Showing posts with label ഇ എം എസ്. Show all posts
Showing posts with label ഇ എം എസ്. Show all posts

Monday, November 25, 2013

1962ല്‍ ഇഎംഎസ് പറഞ്ഞത് ഇന്ന് പ്രധാനമന്ത്രി ശരിവെക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലീ ക്വ ക്വിയാങ്ങും ഇന്ത്യാ - ചൈന അതിര്‍ത്തി സംബന്ധമായി ഒരു സുപ്രധാന കരാറില്‍ ഒപ്പു വച്ചിരിക്കുന്നു. കരാറിലെ വ്യവസ്ഥകള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇങ്ങനെ:

പരസ്പരം ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. ി

ഇരു രാജ്യങ്ങളിലേക്കും സൈനിക സ്ഥാപനങ്ങള്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കും. ി

നദീസംരക്ഷണ കരാറിലും ഒപ്പുവെച്ചു.

ഫ്ളാഗ് മീറ്റിങ്ങുകളും സൈനികാഭ്യാസങ്ങളും പരസ്പരം അറിയിക്കും.

പരസ്പരം ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.

നിയന്ത്രണമേഖലയില്‍ ഇരു വിഭാഗങ്ങളും പൂര്‍ണമായി സഹകരിക്കുക. നിയന്ത്രണമേഖല എന്ന് വിവക്ഷിക്കുന്നത് 1962ല്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെ സൈന്യങ്ങള്‍ ക്യാമ്പ് ചെയ്തിരുന്നിടം എന്നാണ്. അതായത് ചൈനീസ് സൈന്യം ക്യാമ്പു ചെയ്യുന്നിടം ചൈനയുടെയും ഇന്ത്യന്‍സേന ക്യാമ്പ് ചെയ്യുന്നിടം ഇന്ത്യയുടെയും എന്നര്‍ത്ഥം.

1962ല്‍ ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയ്ക്കുള്ളിലേക്ക് കടന്നുകയറി ആക്രമിച്ചുവെന്ന് ഒരു ആക്ഷേപം ഉയര്‍ന്നു. ഇന്ത്യാ - ചൈനാ അതിര്‍ത്തിയ്ക്ക് നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതില്‍ സിംഹഭാഗവും ഹിമാലയന്‍ മലനിരകളിലൂടെയാണ്. ഇരു രാജ്യങ്ങളിലെയും ഒരു ഭരണാധികാരിയും ഈ നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി അളന്നു തിരിച്ച് മതില്‍ കെട്ടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ വേര്‍പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യവും ചൈനയില്‍ സാമ്രാജ്യത്വാനുകൂല കുമിന്താങ് വാഴ്ചയോ ചക്രവര്‍ത്തി ഭരണമോ നിലനിന്നിരുന്ന നാളുകളില്‍ അതിര്‍ത്തി പ്രശ്നം ഉയര്‍ന്നുവന്നു. ബ്രിട്ടീഷുകാരനായ മക്മഹോന്‍ സര്‍വെ നടത്തി ഇന്ത്യയ്ക്കും ചൈനയ്ക്കും മദ്ധ്യേ ഒരു രേഖ അടയാളപ്പെടുത്തിക്കൊണ്ട് ഇതാണ് ഇന്ത്യാ - ചൈനാ അതിര്‍ത്തി എന്ന് വിധിച്ചു. മക്മഹോന്‍ രേഖ എന്നറിയപ്പെട്ടിരുന്ന ഈ രേഖ ഇന്ത്യാ - ചൈനാ അതിര്‍ത്തിയായി സങ്കല്‍പിച്ചുപോന്നു. ഭൂപടത്തില്‍ വരച്ച രേഖ യഥാര്‍ത്ഥ മണ്ണില്‍ ആവുമ്പോള്‍ ഉണ്ടാകുന്ന അവ്യക്തതയും സൂക്ഷ്മരാഹിത്യവും സ്വാഭാവികമാണല്ലോ. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ വിമോചിതയായ ജനകീയ ചൈനയുടെ വളര്‍ച്ച അവിശ്വസനീയമാംവിധം ദ്രുതഗതിയിലായിരുന്നു. ഇന്ത്യന്‍ വ്യാപാരികളുടെയും മറ്റും വിഹാര കേന്ദ്രമായിരുന്ന ടിബറ്റ് വിമോചിതയായി. നമ്മുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിക്കപ്പുറവും ചൈനയുടെ വികസനം കുതിച്ചു പായുകയും അവര്‍ അവരുടെ പ്രദേശത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുകയും ചെയ്യുന്നതിനിടയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്ത് ആക്രമിച്ചു കടന്നു എന്ന ആരോപണം ഉണ്ടായി. സമാധാനപരമായ സഹവര്‍ത്തിത്വവും ""ഇന്ത്യ - ചീന ഭായി - ഭായി"" തുടങ്ങിയ മുദ്രാവാക്യങ്ങളും തല്‍ക്കാലം വിസ്മരിച്ച് ചൈനീസ് സൈന്യത്തെ തിരിച്ചടിക്കാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഉത്തരവു കൊടുത്തു. പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോന്‍ അന്തിച്ചുപോയി. സൈന്യാധിപന്മാരും കണ്ണുമിഴിച്ചുപോയി. ഇന്ത്യാ - ചൈനാ അതിര്‍ത്തി യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ക്രാന്തദര്‍ശിയും സൂക്ഷ്മഗ്രാഹിയുമായ ഇ എം എസ് പറഞ്ഞു: ചൈനക്കാര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന ഭൂമിയുടെ പേരില്‍ യുദ്ധം അരുത്. അതിര്‍ത്തി തര്‍ക്കം സമാധാനപരമായി സംഭാഷണത്തിലെ പരിഹരിക്കണം. 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് എറിഞ്ഞപ്പോള്‍ ലോകമെമ്പാടും ഉണ്ടായ പ്രകമ്പനത്തേക്കാള്‍ അധികം പ്രകമ്പനം ഇന്ത്യയ്ക്കകത്ത് ഉളവാക്കാന്‍ പണ്ഡിറ്റ് നെഹ്റും ഇന്ത്യാ ഗവണ്‍മെന്‍റും കോണ്‍ഗ്രസും മറ്റെല്ലാ കമ്യൂണിറ്റ് വിരുദ്ധ ശക്തികളും മാധ്യമങ്ങളും കഠിനശ്രമം നടത്തുന്നതിനിടയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ തള്ളിമാറ്റി നമ്മുടെ രാജ്യത്തിനുള്ളില്‍ കടന്നു. ആസാമിലെ തേജ്പൂര്‍ വരെ മുന്നേറിയ ചൈനീസ് പട്ടാളം 1962 ഒക്ടോബര്‍ 21ന് ഏകപക്ഷീയമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ച് അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങുന്നതിനുമുമ്പ് അവര്‍ അവസാനം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തേക്ക് പിന്‍വാങ്ങി. ഇതിനിടയില്‍ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനെ സ്ഥാനഭ്രഷ്ടനാക്കുകയും നെഹ്റുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ജാള്യത മായ്ക്കാനായി നെഹ്റു ഗവണ്‍മെന്‍റ് ചൈനീസ് പട്ടാളം പിന്തിരിഞ്ഞുപോയതിനുശേഷം 1962 നവംബര്‍ 21ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു വിഭാഗം നേതാക്കളെ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചു. തുടര്‍ന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഡിസംബര്‍ 8ന് ആണ് എറണാകുളം ജില്ലയില്‍നിന്നും ഇ ബാലാനന്ദന്‍, ടി കെ രാമകൃഷ്ണന്‍ എന്നീ നേതാക്കന്മാരോടൊപ്പം എന്നെയും അറസ്റ്റു ചെയ്തത്. ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചെങ്കിലും, ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും നിര്‍ദേശിച്ചതുപോലെ അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള പോംവഴി യുദ്ധമല്ല സൗഹാര്‍ദപൂര്‍വമുള്ള കൂടിയാലോചനയാണെന്ന തത്വം നെഹ്റുവും ഗവണ്‍മെന്‍റും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റുകളും പഠിച്ചുവെന്നതിന്റെ (അമ്പതുകൊല്ലത്തെ സംഭവവികാസങ്ങള്‍ വിവരിക്കുന്നില്ല) ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഒക്ടോബര്‍ 24ന് ഒപ്പുവെച്ച കരാര്‍. അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് യുദ്ധമല്ല മാര്‍ഗം എന്ന് കമ്യൂണിസ്റ്റ് പാര്‍ടി പറഞ്ഞത് രാഷ്ട്രീയവും രാജ്യതന്ത്രജ്ഞതയും അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ 1962ലെ ഇന്ത്യാ - ചൈനാ അതിര്‍ത്തിയുദ്ധം പരമാബദ്ധമായിപ്പോയെന്നാണ് ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈനിക മേധാവികള്‍ സോദാഹരണം സ്ഥാപിക്കുന്നത്. ബ്രിഗേഡിയര്‍ ജെ പി ദാല്‍വി സ്വന്തം അനുഭവം ഹിമാലയന്‍ ബ്ലണ്ടര്‍ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. പുസ്തകത്തിന് നല്‍കിയിരുന്ന ഹിമാലയന്‍ ബ്ലണ്ടര്‍ - ഹിമാലയന്‍ വിഡ്ഢിത്തം - എന്ന പേര് തന്നെ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നല്ലേ സാക്ഷ്യപ്പെടുത്തുന്നത്. ചൈനയുമായി യുദ്ധം ചെയ്യണമെന്നത് ഇന്ത്യാ ഗവണ്‍മെന്‍റിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് ദാല്‍വി പറയുന്നത്. സൈന്യത്തിന് ആ തീരുമാനത്തില്‍ പങ്കില്ല. അനവസരത്തില്‍, തീരെ സജ്ജമല്ലാതിരുന്നപ്പോള്‍ വേണ്ടത്ര ആയുധങ്ങള്‍പോലും ഇല്ലാതെ ചൈനയെപ്പോലെയുള്ള ഒരു ശക്തിയോട് ഏറ്റുമുട്ടിയത് വിഡ്ഢിത്തം തന്നെ എന്ന് ആര്‍ക്കും മനസ്സിലാകും.

ഇന്ത്യന്‍ സേനയുടെ ജനറല്‍ ആയിരുന്ന ബി എം കൗള്‍ എഴുതിയ പുസ്തകത്തിന്റെ ശീര്‍ഷകം പറയാത്ത കഥ. അക്കാലത്ത് ഇന്ത്യന്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കഥകള്‍ തന്നെയാണിതില്‍. സുപ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി ജെ എസ് ജോര്‍ജ് രചിച്ച വി കെ കൃഷ്ണമേനോെന്‍റ ജീവചരിത്രത്തിലും "62ലെ അതിര്‍ത്തിയുദ്ധത്തില്‍ നെഹ്റു ഗവണ്‍മെന്‍റിന്റെ നയവ്യതിചലനത്തെക്കുറിച്ചും പിണഞ്ഞ അമളികളെക്കുറിച്ചും മറ്റും വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. വിദേശനയത്തില്‍ കാണിച്ച പാളിച്ച തിരുത്തി. വളരെ നന്നായി. യുദ്ധമല്ല, സൗഹാര്‍ദ ചര്‍ച്ചയിലൂടെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചത് അന്യായമായിപ്പോയി എന്ന് ഇനിയെങ്കിലും ഒരു കോണ്‍ഗ്രസുകാരനെങ്കിലും തുറന്നു പറയാനുള്ള ആര്‍ജവവും ധൈര്യവും കാണിക്കുമോ? 1962ല്‍ ചൈനാ ചാര മുദ്രകുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ വച്ചിരുന്നവരില്‍, അടുത്ത ദിവസം തൊണ്ണൂറു പിന്നിട്ട നമ്മുടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തൊണ്ണൂറിന്റെ അരികില്‍ എത്തിനില്‍ക്കുന്ന ഞാനും ഒഴികെ ബാക്കി എല്ലാവരും വിടപറഞ്ഞിരിക്കുന്നു. ആ സഖാക്കളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത വാരിക

Friday, October 25, 2013

ഞങ്ങള്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു

ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. ലോകത്തില്‍ ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യമാണ് ചൈന. രണ്ടാമത്തെ രാജ്യം ഇന്ത്യ. സാമ്പത്തികവളര്‍ച്ചയില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനമാണ് ചൈനയ്ക്കുള്ളത്. അനതിവിദൂരഭാവിയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അമേരിക്കന്‍ സാമ്രാജ്യത്വനയം അക്ഷരംപ്രതി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നത് സത്യമാണ്. അമേരിക്കയുമായുള്ള അന്ധമായ ബന്ധം ഉപേക്ഷിച്ചാല്‍ ആഭ്യന്തരപ്രശ്നങ്ങള്‍ എന്തുതന്നെയായാലും ഇന്ത്യക്കും സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരെന്ന നിലയില്‍ സൗഹൃദബന്ധം നിലനിര്‍ത്തേണ്ടതും പൂര്‍വാധികം ശക്തിപ്പെടുത്തേണ്ടതും അരക്കിട്ടുറപ്പിക്കേണ്ടതും ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഈ വഴിക്കുള്ള ഏതു നീക്കവും ഞങ്ങള്‍ സ്വാഗതംചെയ്യും. സ്വാഗതം ചെയ്യുന്നത് മറ്റുള്ളവരെപ്പോലെയല്ല.

ചൈനയുമായി ഏറ്റുമുട്ടല്‍ അരുത്; നല്ല ബന്ധമാണാവശ്യം; അതിനുള്ള സൗഹാര്‍ദപരവും വിട്ടുവീഴ്ചയോടുകൂടിയുള്ളതുമായ സമീപനം ഇരു രാഷ്ട്രവും സ്വീകരിക്കണമെന്ന് പറഞ്ഞതിനാണ് ഞങ്ങള്‍ പഴി കേള്‍ക്കേണ്ടി വന്നത്. 1962ല്‍ ചൈനാചാരന്മാരെന്ന് മുദ്രകുത്തി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളില്‍ ഒരു വിഭാഗത്തെ തികച്ചും നീതിരഹിതമായി ജയിലിലടച്ചു. സിപിഐ എം രൂപീകരിച്ചതിനെത്തുടര്‍ന്ന് 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്രകമ്മിറ്റി ചേരുന്നതിനെത്തിയവരെയും യാത്രയിലുള്ളവരെയും ചൈനാ ചാരന്മാരെന്ന് പറഞ്ഞ് ജയിലിലടച്ചു. 1962ല്‍ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു, മക്മോഹന്‍ രേഖയായിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി നാലായിരത്തോളം കിലോമീറ്ററാണ്. ആള്‍പ്പാര്‍പ്പില്ലാത്ത മഞ്ഞുമൂടിയ സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്താണ് സാങ്കല്‍പ്പികമായ അതിര്‍ത്തി നിര്‍ണയിച്ചത്. ഇന്ത്യ 1947 ല്‍ സ്വതന്ത്രയായി. 1949ല്‍ ചൈനീസ് വിപ്ലവം വിജയിച്ച് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ഇരു സര്‍ക്കാരും സമാധാനചര്‍ച്ചയിലൂടെ പരസ്പരം ന്യായമായ വിട്ടുവീഴ്ചചെയ്ത് അതിര്‍ത്തിയെപ്പറ്റി കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. 1962ല്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നു എന്നത് നേരാണ്. അതൊഴിവാക്കേണ്ടതായിരുന്നു. അവര്‍ സ്വമേധയാ തിരിച്ചുപോവുകയുംചെയ്തു. ഇതോടെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇരു രാഷ്ട്രവും സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടതായിരുന്നു. സിപിഐ എം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഇ എം എസിന്റെ അക്കാലത്തെ പ്രസ്താവനയുടെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ പാര്‍ടി ശത്രുക്കള്‍ ശ്രമം നടത്തി. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മക്മോഹന്‍ രേഖയെച്ചൊല്ലി ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിക്കൂടാ. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരം കണ്ടെത്തുകമാത്രമാണ് കരണീയം. ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടത്. യുദ്ധം അരുത്, സമാധാനം വേണം എന്ന് പറഞ്ഞതാണ് ഹിമാലയന്‍കുറ്റമായി ആരോപിച്ചത്. ചൈനയുമായി മാത്രമല്ല പാകിസ്ഥാനുമായും ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അന്ന് തെരുവില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രവാക്യം ഓര്‍മിക്കേണ്ടതാണ്. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം മുസ്ലിംലീഗുമായി ധാരണയുണ്ടാക്കി. 1967 ല്‍ അത് ഐക്യമുന്നണിയായി. ""പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളുമൊന്നായി"" എന്നായിരുന്നു പാര്‍ടിശത്രുക്കളുടെ മുദ്രാവാക്യം. ഇടതുപക്ഷ നേതാക്കളെന്ന് പറയുന്നവര്‍പോലും അന്ന് പ്രസംഗിച്ചത്, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുക്കാന്‍ രാവണകുലത്തെ കൊന്നൊടുക്കിയതുപോലെ ചൈന കൈയടക്കിയതായി പറഞ്ഞ 12000 ചതുരശ്രനാഴിക വീണ്ടെടുക്കാന്‍ ചൈനയുമായി തുറന്ന യുദ്ധം വേണമെന്നാണ്. ഇതൊക്കെയുണ്ടായിട്ടും സിപിഐ എം കുലുങ്ങിയില്ല. അയല്‍രാജ്യങ്ങളുമായി യുദ്ധം ഒഴിവാക്കണം, സമാധാനചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരമുണ്ടാക്കണം എന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

ഞങ്ങളെ പഴിപറഞ്ഞവര്‍ക്ക് മറ്റൊരു നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി നേതാവ് വാജ്പേയി ആറുവര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. ലാല്‍കൃഷ്ണ അദ്വാനി വിദേശകാര്യം കൈകാര്യംചെയ്തു. അദ്ദേഹം അക്കാലത്ത് ചൈനാസന്ദര്‍ശനം നടത്തുകയാണുണ്ടായത്. 12000 ചതുരശ്രനാഴികക്കെന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല. അഞ്ച് പതിറ്റാണ്ടിനുശേഷവും ഞങ്ങള്‍ പറഞ്ഞതാണ് ശരി എന്ന് മറ്റുള്ളവര്‍ അംഗീകരിക്കേണ്ടി വന്നു. ചൈനയുമായി ഇന്ത്യ നിരവധി വട്ടം ചര്‍ച്ച നടത്തി. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ച് ഒമ്പത് കരാറുകള്‍ ഒപ്പിട്ടതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; അഭിമാനിക്കുന്നു. ഇപ്പോഴെങ്കിലും സിപിഐ എം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയാത്ത രാജ്യസ്നേഹവും ദീര്‍ഘവീക്ഷണവും ഉള്ള പാര്‍ടിയാണെന്ന് അംഗീകരിക്കണം. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും സേനകള്‍ തമ്മില്‍ വിശ്വാസം ഉറപ്പിക്കാനും ഇന്ത്യയും ചൈനയും നിര്‍ണായകമായ അതിര്‍ത്തിപ്രതിരോധ സഹകരണകരാറില്‍ (ബിഡിസിഎ) ഒപ്പിട്ടതിലുള്ള സന്തോഷവും അഭിമാനവും ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. സിപിഐ എം ആണ് ശരിയെന്ന് ജനങ്ങള്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 25-10-2013

Saturday, September 7, 2013

സുര്‍ജിത് പാര്‍ടി സ്കൂള്‍ ഇ എം എസ് ഗവേഷണകേന്ദ്രം


അഖിലേന്ത്യാതലത്തില്‍ സിപിഐ എമ്മിന്റെ സ്വാധീനം വളര്‍ത്തുന്നതില്‍ പ്രക്ഷോഭസമരങ്ങളും സംഘടനാപ്രവര്‍ത്തനവും എത്രമാത്രം പ്രധാനമാണോ അത്രതന്നെ മുഖ്യസ്ഥാനമാണ് പാര്‍ടി വിദ്യാഭ്യാസത്തിനും പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ളത്. ഈ കാഴ്ചപ്പാടോടെ അഖിലേന്ത്യാതലത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. സെപ്തംബര്‍ 21 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ പഠനക്ലാസ് ഈ ദിശയില്‍ ഏറ്റവുമടുത്ത് നടക്കാന്‍ പോകുന്ന പ്രവര്‍ത്തനമാണ്. കേരളത്തില്‍ ഇ എം എസ് അക്കാദമി കേന്ദ്രീകരിച്ച് പാര്‍ടി വിദ്യാഭ്യാസത്തിനുള്ള സ്ഥിരം സംവിധാനമുണ്ട്. എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവാദങ്ങളും ചര്‍ച്ചകളും നടന്നുപോരുന്നുണ്ട്.

ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാനകേന്ദ്രം ഇത്തരം പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വളരെ മികച്ച മാതൃകയാണ്. ആന്ധ്രയിലെ ജനജീവിതത്തിന്റെ വിവിധ വശങ്ങള്‍ സംബന്ധിച്ച് ആധികാരികമായ പഠനപദ്ധതികള്‍ സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുസാഫര്‍ അഹമ്മദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പശ്ചിമബംഗാളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പശ്ചിമബംഗാള്‍, ത്രിപുര, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടകം തുടങ്ങി ഓരോ സംസ്ഥാനത്തും അതത് സംസ്ഥാനത്തെ സാധ്യതയും ശേഷിയുമനുസരിച്ച് പഠനപരിപാടികള്‍ സംഘടിപ്പിച്ചുപോരുന്നുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും സ്ഥിരവും ആസൂത്രിതവും ആകേണ്ടതുണ്ട്. ഇതിന് അഖിലേന്ത്യാതലത്തില്‍ നേതൃത്വം നല്‍കാനും സാധിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വികസിപ്പിച്ചെടുത്ത മാതൃകകള്‍ കണക്കിലെടുത്ത് അഖിലേന്ത്യാ തലത്തിലെ പാര്‍ടി വിദ്യാഭ്യാസ പരിപാടി രൂപപ്പെടുത്താന്‍ കഴിയും. ഇക്കാര്യത്തില്‍ നിരന്തര താല്‍പ്പര്യമെടുത്തുപോന്ന സ. ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ പേരിലാണ് സ്ഥിരമായ അഖിലേന്ത്യാ പാര്‍ടി സ്കൂളിനുള്ള കേന്ദ്രം നിര്‍മിക്കുന്നത്. പഠിതാക്കള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള സജ്ജീകരണങ്ങളും അനുബന്ധ ക്രമീകരണങ്ങളുമാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തിലെ നാനാമേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായ പഠനത്തിനും വിശകലനത്തിനും വിധേയമാക്കിയാല്‍മാത്രമേ വ്യവസ്ഥയുടെ വിപ്ലവകരമായ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ശക്തമായ പോരാട്ടങ്ങള്‍ ശരിയായ കാഴ്ചപ്പാടോടെ രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സ. പി സുന്ദരയ്യയും സ. ഇ എം എസും എപ്പോഴും പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇ എം എസ് ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത് ഈ കടമ ഏറ്റെടുക്കലാണ്. ഗവേഷണ കേന്ദ്രവും അതിന്റെ ഭാഗമായുള്ള ഗ്രന്ഥശാലയും സെമിനാറുകളും യോഗങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നതിന് 500 പേര്‍ക്കിരിക്കാവുന്ന ആധുനിക സൗകര്യമുള്ള ഓഡിറ്റോറിയവും മന്ദിരസമുച്ചയത്തില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ ഭരണവര്‍ഗവുമായി തന്ത്രപരമായ കൂട്ടുകെട്ടിലേര്‍പ്പെട്ട് അത്യന്തം വിനാശകരമായ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നയങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര യുപിഎ സര്‍ക്കാര്‍ പിന്തുടരുകയും, സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടി വര്‍ഗീയവിഷം വമിക്കുന്ന കുടില രാഷ്ട്രീയനീക്കങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇവര്‍ക്കെതിരെ ഇടതുപക്ഷ മതേതര ജനാധിപത്യ ബദല്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ക്ലേശകരവും ക്ഷമാപൂര്‍ണവുമായ പ്രയത്നത്തിന്റെ അഭേദ്യഭാഗമാണ് സുര്‍ജിത് ഭവന്റെയും ഇ എം എസ് ഗവേഷണ കേന്ദ്രത്തിന്റെയും നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണ പ്രവര്‍ത്തനം.

കഷ്ടപ്പാടും യാതനയും അനുഭവിക്കുന്ന തൊഴിലാളികളും കൃഷിക്കാരും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറയില്‍പെട്ടവരെല്ലാം തങ്ങളുടെ ചെറുതും വലുതുമായ സംഭാവനകള്‍ സെപ്തംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ കേരളത്തില്‍ നടക്കുന്ന ഫണ്ടുശേഖരണ വേളയില്‍ നിര്‍ലോഭം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രിയനേതാക്കളായിരുന്ന സ. ഇ എം എസിന്റെയും സ. സുര്‍ജിത്തിന്റെയും സ്മരണ നിലനിര്‍ത്താന്‍കൂടി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉയര്‍ന്നുവരുന്ന സ്മാരകത്തിലൂടെ കഴിയുമെന്നത് ഉറപ്പാണ്.

*
പ്രകാശ് കാരാട്ട്

Tuesday, March 19, 2013

ഇ എം എസ് എന്നും വഴികാട്ടി

സ. ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ട് തികയുന്നു. കേരളം ലോകത്തിനുനല്‍കിയ മഹാപ്രതിഭയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സ. ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍സാഹചര്യത്തില്‍ പ്രയോഗിക്കുന്നതില്‍ സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ശാസ്ത്രീയ കാഴ്ചപ്പാടോടെ ചുറ്റുപാടുകളെ സൂക്ഷ്മമായി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്നില്ല.

ഏത് പ്രശ്നത്തെയും മാര്‍ക്സിസം- ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് അദ്ദേഹം കാണിച്ച പാടവം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിദ്യാഭ്യാസത്തിന് അമൂല്യസംഭാവനയായി; കേരളീയജനതയെ സാര്‍വദേശീയപ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു.

ജന്മിത്തം കൊടികുത്തിവാണ ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ തീക്ഷ്ണസമരങ്ങളില്‍ ഇടപെട്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇടത്- വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് സഖാവിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടുനീങ്ങിയത്.

ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം ഇ എം എസ് നല്‍കി. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയാണ്. മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃത്വം നല്‍കി. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഇ എം എസ് എന്നും ജാഗ്രതകാട്ടി. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ സഖാവ് നല്‍കിയ സംഭാവന കാലാതിവര്‍ത്തിയാണ്. കലയും സാഹിത്യവും സാധാരണക്കാരുടെ ജീവിതംകൂടി പരാമര്‍ശിക്കേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം മുന്നോട്ടുവച്ചു. ഇത്തരം ഇടപെടലുകളാണ് തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും സംസ്കാരത്തിലും സ്ഥാനം അടയാളപ്പെടുത്തുന്നതിന് ഇടയാക്കിയത്.

കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്തവ്യവസ്ഥ എന്ന തരത്തില്‍ നാമകരണംചെയ്ത് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ വ്യക്തമാക്കുന്നതിനും ഇ എം എസിന് കഴിഞ്ഞു. കേരളചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ഈ സമീപനം വഴികാട്ടിയായി നിലനില്‍ക്കുന്നു. ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യംചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാപഠനത്തിന്റെയും സാംസ്കാരികചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ കുറച്ചുകണ്ടതുമില്ല. കേരളത്തിന് അനുയോജ്യമായ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഇടപെടല്‍ ജീവിതാന്ത്യംവരെ അദ്ദേഹം തുടര്‍ന്നു. മലയാളഭാഷയെ നവീകരിക്കുന്നതിനും വക്രീകരിക്കുന്നതിനെതിരായും നിലപാടെടുത്തു. മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഐക്യമെന്ന ആശയം ഇ എം എസിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാടായിരുന്നു.

മാര്‍ ഗ്രിഗോറിയോസും ഇ എം എസും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംവാദം എന്നും നമുക്ക് വഴികാട്ടിയാണ്. കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന നല്‍കിയ ഇ എം എസ് കേന്ദ്രസംസ്ഥാനബന്ധങ്ങളുടെ ജനാധിപത്യപരമായ രീതിക്കുവേണ്ടി എന്നും നിലകൊണ്ടു. സംസ്ഥാനങ്ങളുടെ ശരിയായ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ഫെഡറല്‍ ഘടനയ്ക്കും ദേശീയ ഐക്യത്തിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. വര്‍ത്തമാനകാലത്ത് ഈ കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികള്‍ ഇന്ത്യന്‍ ജനതയുടെ ദുരിതത്തിന്റെ വഴികളാണ് വെട്ടിത്തുറക്കുന്നത് എന്ന യാഥാര്‍ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്ന ഘട്ടത്തിലാണ് ഇത്തവണ ഇ എം എസ് സ്മരണ പുതുക്കുന്നത്. നവലിബറല്‍ നയങ്ങളുടെ ആഘാതം ജനജീവിതത്തെ അതിഗുരുതരമായി ബാധിച്ചിരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും പെരുകിപ്പെരുകിവരുമ്പോള്‍, വിലക്കയറ്റത്തിന്റെ കടിഞ്ഞാണഴിച്ചുവിട്ട് ജനങ്ങളെ എരിതീയിലേക്ക് നയിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ബിജെപിയാകട്ടെ, തീവ്രഹിന്ദുത്വത്തിന്റെ അജന്‍ഡകള്‍ നിരത്തി പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ജനവിരുദ്ധ സാമ്പത്തികനയങ്ങളില്‍ ഇരുകൂട്ടരും ഒരേ വഴിയിലുമാണ്. ബദല്‍നയങ്ങളുടെയും ബദല്‍ രാഷ്ട്രീയത്തിന്റെയും പ്രസക്തി അനുനിമിഷം വര്‍ധിക്കുന്നു. ആ ബദലിന് മാതൃകയായ ത്രിപുരയിലെ ഇടതുപക്ഷമുന്നണി ഏഴാംതവണ ഗംഭീരവിജയം നേടിയത് ഇത്തരുണത്തിലാണ്.

ബദല്‍നയങ്ങള്‍ ഉയര്‍ത്തി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നാല് അഖിലേന്ത്യാ സമരസന്ദേശ ജാഥകള്‍ രാജ്യത്തെങ്ങും നടത്തിയ പര്യടനം ആവേശകരമായിരുന്നു. ജാഥാസമാപനമായി ഇന്ന് ഡല്‍ഹിയില്‍ അത്യുജ്വലറാലി നടക്കുന്നതോടെ, സിപിഐ എമ്മിന്റെയും പാര്‍ടി ഉയര്‍ത്തുന്ന ബദല്‍ നയങ്ങളുടെയും സ്വീകാര്യതയാണ് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുക. ധനകമ്മി നിയന്ത്രിക്കാനെന്നപേരില്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും ഇന്ധനവില കുത്തനെ ഉയര്‍ത്തിയും പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ചും കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ വാരിക്കോരി കൊടുത്തും രാജ്യത്തെയും ജനങ്ങളെയും അക്രമോത്സുകമായി കൊള്ളയടിക്കുന്നത് തുടരുമെന്നാണ് പാര്‍ലമെന്റില്‍ അവതരിക്കപ്പെട്ട ബജറ്റുകള്‍ പ്രഖ്യാപിച്ചത്.

ഭക്ഷ്യസുരക്ഷ, ഭൂമിയും കിടപ്പാടവും, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നീ വിഷയങ്ങള്‍ വിശദീകരിച്ച് സിപിഐ എം നടത്തുന്ന സമരസന്ദേശ പ്രചാരണങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ, യുപിഎ സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ രൂക്ഷതയെക്കൂടി സൂചിപ്പിക്കുന്നു. ജനദ്രോഹനയങ്ങള്‍ക്കെതിരായ സര്‍വവ്യാപിയായ ജനരോഷമാണ് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20നും 21നും നടന്ന ദ്വിദിന പണിമുടക്കത്തിന്റെ ഐതിഹാസികമായ വിജയം തെളിയിച്ചത്. കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്കും സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും കേരളമാതൃകയ്ക്കും അടിത്തറയിട്ടത് ഇ എം എസ് നേതൃത്വം നല്‍കിയ 1957ലെ സര്‍ക്കാരാണ്. ആ മാതൃകയെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്, വലതുപക്ഷസ്വഭാവമുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ വിലക്കയറ്റത്തിന്റേതും വികസനമുരടിച്ചയുടേതുമാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന കൃഷിയെയും വ്യവസായത്തെയും രക്ഷിച്ചുനിര്‍ത്തുന്നതെങ്ങനെ എന്നതാകണം ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കേന്ദ്രനയംമൂലം തകരുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയും എങ്ങനെ രക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, അതൊന്നും യുഡിഎഫ് സര്‍ക്കാരിന്റെ പരിഗണനകളല്ല. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നൂറുകോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. രണ്ടുമാസത്തെ നഷ്ടംനികത്താന്‍പോലും തികയാത്ത ആ തുകയെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പരസ്യമായി നൈരാശ്യം പ്രകടിപ്പിച്ചു. ബജറ്റിലെ സമീപനത്തിന്റെ നിരര്‍ഥകത എത്രത്തോളമുണ്ടെന്നാണ് അതിലൂടെ വ്യക്തമായത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍നിന്ന് മുഖംതിരിക്കുമ്പോള്‍ത്തന്നെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഹീനമായ അധ്യായങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളരാഷ്ട്രീയത്തില്‍ എഴുതിച്ചേര്‍ക്കുന്നത്. ധാര്‍മികതയുടെയും സദാചാരത്തിന്റെയും അതിരുകള്‍ വിട്ട് ഭരണാധികാരികള്‍തന്നെ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുന്നു. ഭരണത്തെ സംരക്ഷിക്കുക എന്ന ഏകലക്ഷ്യത്തില്‍ തട്ടി ഏതുഹീനകൃത്യവും സംരക്ഷിക്കപ്പെടുന്നു. രാഷ്ട്രീയത്തെ ജാതി-മത ശക്തികളുടെ കൈയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നു.

ജാതി-മതശക്തികളുടെ രാഷ്ട്രീയ ഇടപെടലിനെ തുറന്നുകാട്ടാനും മതനിരപേക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താനുമായിരുന്നു ഇ എം എസിന്റെ നിരന്തരമായ ശ്രമം. ജനങ്ങള്‍ക്ക് ദുരിതം സംഭാവനചെയ്ത ഭരണവര്‍ഗനയങ്ങള്‍ക്കെതിരെ ഇടവേളയില്ലാതെ പൊരുതിയ നേതാവാണ് ഇ എം എസ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ഇത്തരം ബദല്‍ രൂപപ്പെടുത്തുന്നതിനും ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട കാലമാണിത്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ എം എസ് കാണിച്ചുതന്ന പാത നമുക്ക് കരുത്ത് നല്‍കും. ജനകീയതാല്‍പ്പര്യങ്ങള്‍ക്കായി പാര്‍ടി നടത്തുന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാകണം. അതിലൂടെയേ അനുസ്മരണങ്ങളെ പോരാട്ടമാക്കി മാറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് നിറവേറ്റാനാകൂ.

*
പിണറായി വിജയന്‍

Friday, April 20, 2012

മതവും ജാതിയും പുരോഗമനവും

ചോദ്യം:
----------
മനുഷ്യനെ ജാതിയും മതവുമായി വേര്‍ തിരിച്ച് നിര്‍ത്തുന്ന സാഹചര്യത്തില്‍ ജാതിമത സൌഹാര്‍ദ്ദം ഉണ്ടാക്കാന്‍ വേണ്ടി വര്‍ഗീയവിരുദ്ധ സമിതി നടത്തിയ മനുഷ്യച്ചങ്ങല, പ്രതിജ്ഞ തുടങ്ങിയ സമരമുഖങ്ങള്‍ ഇന്നത്തെ വര്‍ഗീയത നശിപ്പിക്കാനുതകുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണല്ലോ. പുരോഗമന കേരളത്തിന്റെ ദശാബ്ദങ്ങള്‍ക്ക് പുറകിലേക്ക് നോക്കിയാല്‍ അയിത്തം, ക്ഷേത്രപ്രവേശനം, വിദേശവസ്ത്ര ബഹിഷ്കരണം തുടങ്ങിയ വിവിധ സംരങ്ങള്‍ കാണാം. ഈ സമരങ്ങള്‍ എന്താണോ ലക്ഷ്യമാക്കിയത് അത് നേടുനന്തില്‍ വിജയിക്കുകയുണ്ടായി.

പക്ഷേ, ജാതിക്കും മതത്തിനും എതിരായ സമരം ഇല്ലാതെ ജാതിയെയും മതത്തെയും നിലനിര്‍ത്തിക്കൊണ്ട് മതസൌഹാര്‍ദ്ദം ഉണ്ടാക്കിയെടുക്കാമെന്ന നിലയിലാണ് കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ ചിന്തിച്ചുവരുന്നത്. ഇവിടെ ജാതിയും മതവും വിശ്വസിച്ചുകൊണ്ട് ജാതിമതങ്ങള്‍ സൃഷ്ടിച്ച ആചാരങ്ങള്‍ ചോദ്യം ചെയ്യാതെ മാനവ സൌഹാര്‍ദം നടപ്പിലാക്കാ കഴിയുമോ? ഉദാഹരണത്തിന് വിദേശവസ്ത്ര ബഹിഷ്കരണം, അയിത്തം, ക്ഷേത്രപ്രവേശനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിജയിച്ചത് വിദേശവസ്ത്രം ധരിച്ചുകൊണ്ടും അയിത്തം മനസില്‍ സൂക്ഷിച്ചുകൊണ്ടുമല്ല. ഇവയെല്ലം സ്വയം ബഹിഷ്കരിച്ചതുകൊണ്ടാണ്. ഇത്തരത്തിലുള്ള ഒരു സമരമുറയല്ലേ വര്‍ഗീയത നശിപ്പിച്ച മാനവ സൌഹാര്‍ദ്ദം വളര്‍ത്താന്‍ ഉപകരിക്കുക? മതവും ജാതിയുമില്ലാത്ത മനുഷ്യന്റെ വര്‍ഗം മാത്രം സൃഷ്ടിക്കാന്‍ പുരോഗമനപ്രസ്ഥാനം മുന്നോട്ട് വരേണ്ടതല്ലേ? എന്തുകൊണ്ട് പുതിയ തലമുറയെ ജാതി-മത രഹിതമായി വളര്‍ത്തിക്കൂടാ?

(കെ.കെ.രാജീവന്‍, കുഴിമ്പാലോട്)

ഉത്തരം:
-----------
ജാതിവിരുദ്ധരും മതനിരപേക്ഷരുമായ വ്യക്തികള്‍ സ്വയം ജീവിതത്തില്‍ നിന്ന് ജാതിയെയും മതത്തെയും ഒഴിവാക്കിയാല്‍ അതുകൊണ്ടുമാത്രം ജാതിയും അയിത്തവും ഇല്ലാതാകുമെന്ന ധാരണയാണ് ചോദ്യകര്‍ത്താവിനുള്ളത്. അത് ശരിയല്ല.

മറ്റെല്ലാ സാമൂഹ്യപ്രതിഭാസങ്ങളുമെന്നപോലെ ജാതിയും മതവും വര്‍ഗ സമൂഹത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് വൈരുദ്ധ്യാത്മ ഭൌതികവാദത്തിന്റെ വക്താവായ മാര്‍ക്സ് ഇങ്ങനെ പ്രഖ്യാപിച്ചത് “ മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങള്‍ക്കെതിരായ സമരമാണ് മതത്തിനെതിരായ യഥാര്‍ത്ഥ സമരം.”

എന്നുവെച്ചാല്‍ വര്‍ഗസമൂഹത്തില്‍ അനുപേക്ഷണീയമായി നടക്കുന്ന ധനിക-ദരിദ്ര സമരത്തില്‍ നിന്ന് വേര്‍പെടുത്തിക്കൊണ്ട് ജാതിയെ നശിപ്പിക്കാനോ മതത്തിന് ജനങ്ങളുടെ ഇടയിലുള്ള സാമൂഹ്യ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനോ കഴിയുകയില്ല. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം മുതലായ പരിപാടികളിലൂടെ ജാതിരഹിതമായ ഒരു പുത്തന്‍ സമൂഹത്തെ സൃഷ്ടിക്കുക, മതത്തെ വ്യക്തികളായ വിശ്വാസികളുടെ സ്വന്തം കാര്യമായി കണ്ട് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കുക - ഇത് രണ്ടും ചെയ്യുന്നതോടൊപ്പം വിവിധ ജാതികളില്‍ പെട്ടവരും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുമെന്നപോലെ ഒരു മതത്തിലും വിശ്വസിക്കാത്തവരും അടങ്ങുന്ന ചൂഷിത വിഭാഗങ്ങളുടെ പ്രസ്ഥാനം സംഘടിപ്പിക്കുക കൂടി വേണം. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റുകാര്‍ സ്വന്തന്ത്രമായി നടത്തുന്ന ഭൌതികവാദാശയങ്ങളുടെ പ്രചാരണത്തോടൊപ്പം മതവിശ്വാസികളായ ഭൂരിപക്ഷം ജനങ്ങളും അവിശ്വാസികളും ചേര്‍ന്ന ഒരു വിശാല ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കണം.

ഇതാണ് കേരളത്തിലെ സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലത്തെ തുടങ്ങി വെച്ചത്. അതിന്റെ സ്ഥാപകനേതാക്കള്‍ ജാതിവിരോധികളും യുക്തിവാദികളുമായിരുന്നു. പക്ഷേ, തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ സംഘടിത ബഹുജനപ്രസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ മാത്രം പ്രയോജനപ്പെടുന്ന നയസമീപനങ്ങളുമായ് അവര്‍ സലാം പറഞ്ഞ് പിരിഞ്ഞു. അവിശ്വാസികളായ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകാരുടെ നേതൃത്വത്തില്‍ മതവിശ്വാസികളായ ബഹുഭൂരിപക്ഷം ജനങ്ങളെ അണിനിരത്താനുള്ള പ്രസ്ഥാ‍നമായി മാര്‍ക്സിസം -ലെനിനിസം വളര്‍ന്നു.

ഇതിന്റെ രാഷ്ട്രീയപ്രാധാന്യമാണ് ചോദ്യകര്‍ത്താവ് കാണാത്തത്. വിപ്ലവകരമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന് ചൂഷകവര്‍ഗങ്ങള്‍ക്കെതിരായ സംഘടിതപ്രസ്ഥാനം വളര്‍ത്തിയെടുക്കലാണ് പ്രധാനമെന്ന് കാണാതെ വിപ്ലവ ബഹുജനപ്രസ്ഥാനത്തില്‍ നിന്ന് മതവിശ്വാസികളായ ബഹുഭൂരിപക്ഷം ജനങ്ങളെ അകറ്റാന്‍ മാത്രം പ്രയോജനപ്പെടുന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്.

(ഇ.എം.എസ്. ചോദ്യോത്തര പംക്തി ചിന്ത 02-07-1993)

മതവിശ്വാസവും കമ്യൂണിസ്റ്റുകാരും - ഇ.എം.എസ് ചിന്ത പബ്ലിഷേഴ്സ്, പേജ് 110-111

*
courtesy: Shri. Sunil Krishnan

Monday, March 19, 2012

അവരുടെ ജ്വലിക്കുന്ന ഓര്‍മ എന്നും നമുക്കാവേശം

മഹാന്മാരായ കമ്യൂണിസ്റ്റ് വിപ്ലവനായകരായ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം യഥാക്രമം മാര്‍ച്ച് 19ഉം 22ഉം ആണല്ലോ. ഇ എം എസ് 1909 ജൂണ്‍ 13ന് ജനിച്ചു. 1998 മാര്‍ച്ച് 19ന് അന്തരിച്ചു. എ കെ ജി 1904 ഒക്ടോബര്‍ ഒന്നിന് ജനിച്ചു. 1977 മാര്‍ച്ച് 22ന്അന്തരിച്ചു. ചരമദിനങ്ങളില്‍ മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവരെ നമുക്കോര്‍ക്കേണ്ടിവരും. ഇ എം എസ് ഇ ന്നും ജീവിച്ചിരുന്നെങ്കില്‍ , എ കെ ജി ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന അവസരം ധാരാളമുണ്ടായിട്ടുണ്ട്. പാര്‍ടിക്കെതിരെ വര്‍ഗശത്രുക്കള്‍ നുണപ്രചാരണം അഴിച്ചുവിടുമ്പോള്‍ ഇ എം എസ് ഉരുളക്കുപ്പേരിയെന്ന നിലയില്‍ നല്‍കുമായിരുന്ന മറുപടി നമ്മള്‍ ഓര്‍മിക്കും. സമരമുഖങ്ങളില്‍ എ കെ ജിയുടെ സാന്നിധ്യവും നേതൃത്വവും ഇടപെടലും ഓരോ സഖാവിന്റെയും ഓര്‍മയില്‍ വരും. ഇ എം എസ് അന്തരിച്ച് 14 വര്‍ഷം കടന്നുപോയി. എ കെ ജി അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞു.

ഇ എം എസ് എഴുതിയ ലേഖനങ്ങളും ലഘുലേഖകളും ഗ്രന്ഥങ്ങളും സമാഹരിച്ച ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ എന്ന നിലയില്‍ 100 സഞ്ചിക എ കെ ജി പഠനഗ വേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിന്ത പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇ എം എസിന്റെ ബൗദ്ധികമായ ഇടപെടല്‍ മനസ്സിലാക്കാന്‍ ഈ കൃതികള്‍ നമുക്ക് വെളിച്ചം നല്‍കുന്നു. ഒരാളുടെ ആയുഷ്ക്കാലം മുഴുവന്‍ ശ്രമിച്ചാലും ഈ 100 ഗ്രന്ഥങ്ങള്‍ കമ്പോട്കമ്പ് ഒരു തവണ വായിച്ചു പഠിക്കാന്‍ പ്രയാസമാണ്. സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തിലൂടെയാണ് ഇ എം എസ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1927ല്‍ 18-ാമത്തെ വയസ്സില്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. 1932 ജനുവരി നാലിന് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ പഠിത്തം അവസാനിപ്പിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തീവണ്ടി കയറി. നിയമം ലംഘിച്ച് ജയലിലടയ്ക്കപ്പെട്ടു. ജയിലില്‍ കഴിയുമ്പോഴാണ് കമ്യൂണിസ്റ്റാശയഗതിയിലേക്ക് മാറിയത്. പി കൃഷ്ണപിള്ളയുമായും പി സുന്ദരയ്യയുമായും പരിചയപ്പെട്ടു.

1934ല്‍ പാറ്റ്നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനത്തില്‍ സഖാവ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. കേരളത്തില്‍ തിരിച്ചുവന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് മുഖപത്രം ആരംഭിച്ചു. സഖാവ് പണം നല്‍കിയാണ് പ്രസ് വാങ്ങിയത്. ഷൊര്‍ണൂരില്‍ നിന്ന് പ്രഭാതം ആരംഭിച്ചു. 1935ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടു. ഇ എം എസ് തന്നെ എഴുതുന്നു: "കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് അന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായ സുന്ദരയ്യയുമായി ഞാന്‍ ബന്ധപ്പെട്ടു. അതിനെ തുടര്‍ന്ന് കൃഷ്ണപിള്ളയും ഞാനും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിച്ചു. 1937 ജൂലൈയിലോ മറ്റോ എന്‍ സി ശേഖര്‍ , കെ ദാമോദരന്‍ , കൃഷ്ണപിള്ള, ഞാന്‍ എന്നിവരടങ്ങുന്ന ഒരു നിയമവിരുദ്ധ കമ്യൂണിസ്റ്റ് കേരളക്കമ്മിറ്റി സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ ഘാട്ടെയുടെ സാന്നിദ്ധ്യത്തില്‍ രൂപപ്പെട്ടു". 1939ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാരെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി. 1942ല്‍ ദേശാഭിമാനി വാരികയായും 1946ല്‍ ദിനപത്രമായും പ്രസിദ്ധീകരിക്കപ്പെട്ടു. ഇ എം എസ് ഒളിവില്‍ കഴിയുമ്പോള്‍ സഖാവിന്റെ സ്വത്ത് കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ ഘട്ടത്തിലാണ് തനിക്ക് ഭാഗിച്ചു കിട്ടിയ സ്വത്ത് പൂര്‍ണമായും ദേശാഭിമാനിക്കും പാര്‍ടിക്കും നല്‍കിയത്. അവസാനം എഴുതിയ ഒസ്യത്തില്‍ സഖാവെഴുതിയ പുസ്തകത്തിന്റെ റോയല്‍റ്റിവരെ പാര്‍ടിക്ക് നല്‍കാന്‍ തീരുമാനിച്ചു. 1957ലും 1967ലും കേരളത്തിലെ മുഖ്യമന്ത്രിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1964ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്ന 32 പേരില്‍ ഇ എം എസും എ കെ ജിയും ഉണ്ടായിരുന്നു എന്ന വിവരം കേരളത്തിലെ പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും ആവേശഭരിതരാക്കി. 1998 മാര്‍ച്ച് 19ന് അന്തരിക്കുന്ന ദിവസം കാലത്ത് ദേശാഭിമാനിക്ക് തുടര്‍ ലേഖന പരമ്പരയിലെ അവസാന ഭാഗം നല്‍കിയതിനു ശേഷമാണ് രോഗം മൂര്‍ഛിച്ച് ആശുപത്രിയിലേക്കു പോകേണ്ടിവന്നത്. ആരംഭം മുതല്‍ അവസാനംവരെ ദേശാഭിമാനിയുടെ എല്ലാമായിരുന്നു ഇ എം എസ്. എ കെ ജി ജനനായകനായിരുന്നു. എ കെ ജിയുടെ ജീവിതത്തില്‍ ആദ്യകാലത്തെ പട്ടിണിജാഥയാണ് മലബാറിനെയാകെ ഇളക്കിമറിച്ചത്. മലബാറിന്റെ വടക്കെ അറ്റത്തു നിന്ന് തെക്കെ അറ്റംവരെയും അവിടെ നിന്ന് തമിഴ്നാട്ടിലൂടെ മദിരാശിവരെയും എ കെ ജിയുടെ നേതൃത്വത്തില്‍ യൂണിഫോം ധാരികളായ 40 വളണ്ടിയര്‍മാര്‍ 800 കിലോമീറ്റര്‍ ദൂരം പട്ടിണിജാഥ നടത്തി. തൊഴിലാളി സംഘടനകളെയും കര്‍ഷകസംഘത്തെയും വളര്‍ത്തുന്നതില്‍ ഈ ജാഥ പ്രധാന പങ്കാണ് വഹിച്ചത്. അതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരായി മാറിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായിരുന്നു. ജാഥയുടെ വിജയകരമായ പരിസമാപ്തി ട്രേഡ്യൂണിയന്‍ കിസാന്‍ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു. എ കെ ജിയ്ക്ക് പലതവണ ജയിലില്‍ കഴിയേണ്ടിവന്നു. അയിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമായി നടത്തിയ ഗുരുവായൂര്‍ സത്യഗ്രഹം സഖാവിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ്. കെ കേളപ്പന്‍ , എ കെ ജി, പി കൃഷ്ണപിള്ള, വിഷ്ണുഭാരതീയന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. സഖാവിന്റെ ജീവിതം ബഹുജനസമരങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു. പാര്‍ലമെന്റില്‍ പങ്കെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സഭയ്ക്കു പുറത്തു വന്നാല്‍ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചാബില്‍ ബെറ്റര്‍മെന്റ് ലെവിക്കെതിരെ നടത്തിയ സമരം, അമരാവതി സമരം, ചുരുളി കീരിത്തോട് സമരം, മുടവന്‍മുകള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന് മിച്ചഭൂമിയില്‍ പ്രവേശിച്ച് നടത്തിയ സമരം തുടങ്ങി നിരവധി സമരങ്ങള്‍ ജനജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമായതാണ്. കുടികിടപ്പില്‍ സ്ഥിരാവകാശം ലഭിക്കുന്നതിനായി നടത്തിയ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കുന്നതിനായി ആലപ്പുഴയില്‍ ചേര്‍ന്ന കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത് എ കെ ജിയായിരുന്നു. പാര്‍ലമെന്റ് യോഗം കഴിഞ്ഞാല്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ലമെന്റിനകത്ത് നടത്തിയ പോരാട്ടം നാട്ടുകാര്‍ക്കിടയില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തും. ബഹുജന സമരനായകനായിരുന്നു എ കെ ജി. അടിയന്തരാവസ്ഥക്കാലത്ത് നാട്ടിലാകെ നടന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ നിര്‍ഭയം പ്രചാരവേല അഴിച്ചുവിട്ടു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തവണ നാം സഖാക്കളുടെ ചരമദിനം ആചരിക്കുന്നത്.

ദേശീയ രാഷ്ട്രീയം വളരെ സങ്കീര്‍ണമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അതിവേഗം ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്. അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ കൊച്ചു സംസ്ഥാനമായ മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ച് സ്വന്തമായ സ്വാധീനത്തില്‍ അധികാരത്തില്‍ വന്നത്. ഉത്തരാഖണ്ഡില്‍ നാലുപേരെ ചാക്കിട്ടു പിടിച്ചാണ് അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസം തന്നെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പദവിക്കുള്ള കടിപിടിയാണ് തുടങ്ങിയത്. പഞ്ചാബില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല. ഗോവയില്‍ ഭരണം നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ 403 അസംബ്ലി സീറ്റുള്ള യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് 27 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അജിത്സിങ്ങിന്റെ പാര്‍ടി കൂടെയുണ്ടായിട്ടും രാഹുല്‍ഗാന്ധിയും പ്രിയങ്കയും യുപിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും പരാജയത്തില്‍ നിന്ന് യാതൊരു പാഠവും പഠിക്കാന്‍ തയ്യാറായിട്ടില്ല. പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. റെയില്‍വേ കടത്ത്കൂലി 20 ശതമാനം വര്‍ധിപ്പിച്ചു. യാത്രാകൂലി 30 ശതമാനമാണ് വര്‍ധിപ്പിച്ചത്. പരാജയത്തിന്റെ മുഖ്യകാരണം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തിരിച്ചറിഞ്ഞു. എന്നിട്ടും വീണ്ടും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നാടിനെ വലിച്ചിഴക്കുന്ന നടപടിയാണ് സ്വീകരിച്ചത്.

മുതലാളിത്തത്തെ ബാധിച്ച ആഴമേറിയ സാമ്പത്തികക്കുഴപ്പത്തില്‍ നിന്നോ അതിനെതിരായ ബഹുജന സമരങ്ങളില്‍ നിന്നോ യാതൊരുപാഠവും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. മറുഭാഗത്തുള്ളത് വര്‍ഗീയ തീവ്രവാദശക്തിയായ ബിജെപിയാണ്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയം തന്നെയാണ് ബിജെപിയും അംഗീകരിക്കുന്നത്. രണ്ടിനും എതിരായ ഒരു മൂന്നാംബദല്‍ ദേശീയ രാഷ്ട്രീയത്തില്‍ രൂപം പ്രാപിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളു. അതിനുള്ള സാഹചര്യം വളര്‍ന്നുവരുന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. അതിനാകട്ടെ ഇടതുപക്ഷ ശക്തികളില്‍ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എം ശക്തിപ്പെടണം. താല്‍ക്കാലികമായ തിരിച്ചടിയില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. ബഹുജന പിന്തുണയും സംഘടനാശേഷിയും വര്‍ധിപ്പിക്കണം. അതിനുതകുന്നതാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്ര രേഖയും. പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സഖാക്കള്‍ ഇ എം എസ്സിന്റെയും എ കെ ജിയുടെയും ജ്വലിക്കുന്ന ഓര്‍മ നമുക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കും.

*
വി വി ദക്ഷിണാമൂര്‍ത്തി ചിന്ത വാരിക

Sunday, March 18, 2012

കാലാതിവര്‍ത്തിയായ നേതൃസാന്നിധ്യം

സ: ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിനാല് വര്‍ഷമായി. ശാസ്ത്രീയ കാഴ്ചപ്പാടോടെ ചുറ്റുപാടുകളെ സൂക്ഷ്മമായി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതില്‍ സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. ഏത് പ്രശ്നത്തെയും മാര്‍ക്സിസം- ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് അദ്ദേഹം കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യ സംഭാവനയായി; കേരളീയജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സ. ഇ എം എസ്.

ജന്മിത്തം കൊടികുത്തിവാണ ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണസമരങ്ങളില്‍ ഇടപെട്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. സിപിഐ എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.

ഇടത്- വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് സഖാവിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടു നീങ്ങിയത്. ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം ഇ എം എസ് നല്‍കി. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കുവാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയാണ്. മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃത്വം നല്‍കി. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ മനസിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഇ എം എസ് എന്നും ജാഗ്രതകാട്ടി. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ സഖാവ് നല്‍കിയ സംഭാവന കാലാതിവര്‍ത്തിയാണ്. കലയും സാഹിത്യവും സാധാരണക്കാരുടെ ജീവിതംകൂടി പരാമര്‍ശിക്കേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം മുന്നോട്ടുവച്ചു. ഇത്തരം ഇടപെടലുകളാണ് തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും സംസ്കാരത്തിലും സ്ഥാനം അടയാളപ്പെടുത്തുന്നതിന് ഇടയാക്കിയത്.

കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന തരത്തില്‍ നാമകരണംചെയ്ത് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ വ്യക്തമാക്കുന്നതിനും ഇ എം എസിന് കഴിഞ്ഞു. കേരള ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ഈ സമീപനം വഴികാട്ടിയായി നിലനില്‍ക്കുന്നു. ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യംചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി നിലയുറപ്പിച്ചു. എന്നാല്‍ , മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരിക ചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ കുറച്ചുകണ്ടതുമില്ല. കേരളത്തിന് അനുയോജ്യമായ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഇടപെടല്‍ ജീവിതാന്ത്യംവരെ അദ്ദേഹം തുടര്‍ന്നു. മലയാളഭാഷയെ നവീകരിക്കുന്നതിനും വക്രീകരിക്കുന്നതിനെതിരായും നിലപാടെടുത്തു. മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഐക്യമെന്ന ആശയം ഇ എം എസിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാടായിരുന്നു. മാര്‍ ഗ്രിഗോറിയോസും ഇ എം എസും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംവാദം എന്നും നമുക്ക് വഴികാട്ടിയാണ്.

കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന നല്‍കിയ ഇ എം എസ് കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരമായ രീതിക്കുവേണ്ടി എന്നും നിലകൊണ്ടു. സംസ്ഥാനങ്ങളുടെ ശരിയായ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ഫെഡറല്‍ ഘടനയ്ക്കും ദേശീയ ഐക്യത്തിനും തന്നെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. വര്‍ത്തമാനകാലത്ത് ഈ കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. കേരളത്തിന്റെ ശരിയായ ആവശ്യങ്ങളെ പരിഗണിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. ഇത് മനസിലാക്കി ഇടപെടുന്ന കാര്യത്തില്‍ വലിയ പോരായ്മ സംസ്ഥാന സര്‍ക്കാരും കാണിക്കുന്നു. അതിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന സമീപനം. കേരളത്തിന്റെ സുരക്ഷയ്ക്കും തമിഴ്നാടിന് ജലം ലഭിക്കുന്നതിനും ഉതകുന്ന തരത്തില്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ , ഇപ്പോള്‍ ഈ കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് കേന്ദ്രം പുലര്‍ത്തുന്നത്. ശരിയായ വിധത്തില്‍ കേന്ദ്രത്തെ ഇടപെടുവിക്കുന്നതിന് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് നിരവധി മന്ത്രിമാര്‍ ഉണ്ടായിട്ടും കഴിയുന്നില്ല.

ഇപ്പോള്‍ പ്രഖ്യാപിച്ച റെയില്‍വേ ബജറ്റില്‍ റെയില്‍വേ സോണ്‍ എന്ന ചിരകാല സ്വപ്നം പൂര്‍ത്തീകരിക്കപ്പെട്ടില്ല എന്നുമാത്രമല്ല പഴയ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ പുതുതായൊന്നും ലഭിച്ചതുമില്ല. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കുന്ന ഘട്ടത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും കേരളം പരിഗണിക്കപ്പെട്ടുവരുന്നുണ്ടായിരുന്നു. കേരളത്തിന്റെ അടിസ്ഥാന വികസനത്തെ പരിഗണിക്കുന്നതിനു പോലും തയ്യാറാവാത്ത റെയില്‍വേ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. കേന്ദ്രബജറ്റിലും കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ബിഹാര്‍ , ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ക്ക് തുക നീക്കിവച്ചു. കര്‍ഷക ആത്മഹത്യ മുതല്‍ എന്‍ഡോസള്‍ഫാന്‍വരെയുള്ള പ്രശ്നങ്ങളില്‍ പ്രത്യേക പാക്കേജ് ലഭിക്കേണ്ട കേരളത്തിനാവട്ടെ അര്‍ഹതപ്പെട്ട ഒന്നും നല്‍കിയില്ല. റിഫൈനറി മുതല്‍ തുറമുഖംവരെയുള്ള വികസന കാര്യത്തിലും കേരളം പരിഗണിക്കപ്പട്ടില്ല.

കേരളത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് നദീജലസംയോജനവുമായി ബന്ധപ്പെട്ടത്. പമ്പ-അച്ചന്‍കോവിലാര്‍ -വൈപ്പാര്‍ പദ്ധതി കുട്ടനാട് ഉള്‍പ്പെടുന്ന മധ്യകേരളത്തെ മരുഭൂമിയാക്കുന്ന സ്ഥിതിയുണ്ടാക്കും. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് സുപ്രീംകോടതിവിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്ന കേരളത്തിന്റെ വികാരം പരിഗണിക്കുന്നതിന് പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂപരിഷ്കരണനടപടികളെ എങ്ങനെ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ ആശ്രയിക്കുന്ന മേഖലയാണ് കാര്‍ഷികമേഖല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ , യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യ തലപൊക്കി. ചുരുങ്ങിയ കാലയളവിനുള്ളില്‍ 46 കര്‍ഷകര്‍ ആത്മഹത്യചെയ്തു. കേന്ദ്രസര്‍ക്കാരാവട്ടെ രാസവളത്തിനുള്ള സബ്സിഡി പിന്‍വലിച്ച് കര്‍ഷകരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയാണ്. ഇക്കാര്യത്തിലും ജനകീയ താല്‍പ്പര്യം സംരക്ഷിച്ച് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ഗൂഢപദ്ധതികളും ആവിഷ്കരിക്കപ്പെടുന്നു.

കേരളത്തിന്റെ പ്രധാന സവിശേഷതയാണ് സാമൂഹ്യസുരക്ഷാ പദ്ധതികള്‍ . ഈ പദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി അട്ടിമറിക്കുകയാണ്. ഇ എം എസ് ഭവനപദ്ധതി ഇല്ലാതാക്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വേണ്ടെന്നു വച്ചു. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഇല്ലാതാക്കി. പിറക്കുന്ന കുട്ടികളുടെ പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിപോലും വേണ്ടെന്നു വച്ചു. 5000 കോടി രൂപ ചെലവുവരുന്ന റോഡ് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതുപോലെ ആഗോളവല്‍ക്കരണ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വച്ച് കേരളത്തെ തകര്‍ക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ കാലുമാറ്റ രാഷ്ട്രീയം പ്രയോഗിച്ച് കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തെ തകര്‍ക്കാനും ശ്രമിക്കുന്നു.

ജനങ്ങള്‍ക്ക് ദുരിതംമാത്രം സംഭാവനചെയ്ത ഭരണവര്‍ഗ നയങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിയ സഖാവായിരുന്നു ഇ എം എസ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ഇത്തരം ബദല്‍ രൂപപ്പെടുത്തുന്നതിനും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട കാലംകൂടിയാണിത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇ എം എസ് കാട്ടിയ പാത നമുക്ക് കരുത്ത് നല്‍കും. ജനകീയ താല്‍പ്പര്യങ്ങള്‍ക്കായി പാര്‍ടി നടത്തുന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കാകണം. അതിലൂടെയേ അനുസ്മരണങ്ങളെ പോരാട്ടമാക്കി മാറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് നിറവേറ്റാനാകൂ.

*
പിണറായി വിജയന്‍

Monday, March 5, 2012

പ്രഭാതം ചുവന്നു, നവ കേരളത്തിന് നാന്ദിയായി

"ഇതൊരു സോഷ്യലിസ്റ്റ് ഗവണ്‍മെന്റോ കമ്യൂണിസ്റ്റ് ഗവണ്‍മെന്റോ അല്ല. ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണ സമ്പ്രദായത്തിന്റെ നാല് അതിരുകള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ്. ഈ ഭരണഘടനയ്ക്ക് വിധേയമായിത്തന്നെ ജനങ്ങള്‍ക്ക് അടിയന്തരമായ ചില ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് പ്രതീക്ഷ"-1957ലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യ മന്ത്രി ഇ എം എസ് ആകാശവാണി വഴി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം. ആ വാക്കുകള്‍ പാഴായില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ കേരളമെന്ന് പറയുമ്പോള്‍ ആദ്യ നിയമസഭയില്‍ അംഗമായിരുന്ന പി ഗോവിന്ദപ്പിള്ളയ്ക്ക് ആവേശം.

ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പി ജിക്ക് വയസ്സ് 31. വാഗ്ദാനങ്ങളോടു പൂര്‍ണമായി നീതി പുലര്‍ത്തുമെന്നുറപ്പിച്ച സര്‍ക്കാരാണതെന്ന് പ്രവര്‍ത്തനം തെളിയിച്ചെന്ന് പി ജി. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് സ്വീകരിച്ച ജനാധിപത്യവിരുദ്ധമാര്‍ഗങ്ങള്‍ കൂടിയാണ് 57ലെ സര്‍ക്കാരിനെക്കുറിച്ചുള്ള ഓര്‍മകള്‍ക്കൊപ്പം മനസ്സില്‍വരിക. തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളെ ഏത് നീചമാര്‍ഗത്തിലൂടെയും അട്ടിമറിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം കൂടിയായിരുന്നു ഭരണഘടനയുടെ 356-ാം വകുപ്പുകയോഗിച്ചുള്ള പിരിച്ചുവിടല്‍ . ജാതി മത പിന്തിരിപ്പന്‍ ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ വിമോചന സമരത്തിന്റെ പേരിലായിരുന്നു പിരിച്ചുവിടല്‍.

അധികാരമേറ്റെടുത്തതിന്റെ ആറാം നാളില്‍തന്നെ കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്. അതുപ്രകാരം എല്ലാ വിധ വസ്തു ഒഴിപ്പിക്കലിനും അറുതി. പാട്ടകൃഷിക്കാര്‍ , വാരകൃഷിക്കാര്‍ , വെറും പാട്ടക്കുടിയാന്മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് പ്രയോജനപ്പെട്ടു. മലബാറിലാണ് ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടായത്. കാരണം അവിടെയായിരുന്നു പഴയ രൂപത്തിലുള്ള ജന്മിത്വം കൊടികുത്തി വാണത് -പി ജി ചൂണ്ടിക്കാട്ടി. സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍കൊണ്ട് പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ ഭൂമിയുടെ ഉടമകളായതോടെ അവരുടെ ജീവിതത്തില്‍ പുതിയ വെളിച്ചം കൈവന്നു. അതിനുപിറകെ കാര്‍ഷികമേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയ മറ്റു നിരവധി നടപടികള്‍ . കര്‍ഷകത്തൊഴിലാളികളുടെ മിനിമം കൂലി നിജപ്പെടുത്തി. ജില്ലകള്‍തോറും സീഡ്ഫാമുകള്‍ . പച്ചിലവളം, കമ്പോസ്റ്റ് വളം എന്നിവ ഉല്‍പ്പാദിപ്പിക്കാന്‍ നടപടി. പമ്പിങ് സബ്സിഡി ഇരട്ടിയാക്കി. ഗ്രാമങ്ങള്‍തോറും കാര്‍ഷിക സഹകരണസംഘങ്ങള്‍.

വിദ്യാഭ്യാസ നിയമം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതിയ വഴികള്‍ തെളിച്ചു. ജാതീയമായ ഉച്ചനീചത്വം അരങ്ങുവാണ അക്കാലം പള്ളിക്കൂടങ്ങള്‍ പ്രമാണിമാരുടെ അധീനത്തിലായിരുന്നു. അധഃസ്ഥിതനും പാവപ്പെട്ടവനും സ്കൂളുകള്‍ അപ്രാപ്യം. ഈ ദുഃസ്ഥിതി അവസാനിപ്പിച്ച് വിദ്യാഭ്യാസം ജാതിമത ഭേദമില്ലാതെ എല്ലാവരുടെയും അവകാശമാണെന്ന് നിയമപരമായി പ്രഖ്യാപിച്ച് നടപ്പാക്കി ഇ എം എസ് സര്‍ക്കാര്‍ . അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും ആവശ്യപ്പെടുന്ന ഏത് സ്കൂളിലും പ്രവേശനം സാധ്യം. സ്കൂള്‍ പ്രവേശനം സാര്‍വത്രികമായി.

രണ്ടു വര്‍ഷത്തെ ഭരണത്തിനിടെ പാസായത് 74 ബില്ലുകള്‍ . ഒഴിപ്പിക്കല്‍ നിരോധനബില്‍ , വിദ്യാഭ്യാസ ബില്‍ , കാര്‍ഷിക കടാശ്വാസബില്‍ , ദേഹണ്ഡ പ്രതിഫലബില്‍ , ഹൈക്കോടതി ബില്‍ , ജന്മിക്കര സഹകരണ നിയമഭേദഗതി ബില്‍ , സിവില്‍കോടതി നിയമപരിഷ്ക്കരണ ബില്‍ തുടങ്ങിയവ. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനുള്ള ആ സര്‍ക്കാരിന്റെ സംരംഭം നടപ്പാക്കാന്‍ കഴിയാതെ പോയി.

1967ല്‍ ഇ എം എസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കാന്‍ പ്രാഥമിക നടപടികള്‍ കൈക്കൊണ്ടിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ പരാതി പറയാന്‍ ചെല്ലുന്നവരോട് അതിക്രമം കാട്ടുന്നതും സര്‍ക്കാര്‍ തടഞ്ഞു. സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് ഇരിക്കാന്‍ വരാന്തയില്‍ ബെഞ്ചുകളിടാന്‍ ആ സര്‍ക്കാര്‍ ഉത്തരവിട്ടതും മനുഷ്യത്വത്തെ മാനിച്ചതിന്റെ ഉദാഹരണം. നാനാമേഖലകളില്‍ ആദ്യ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ നടപടികളില്‍നിന്നാണ് കേരളത്തിന്റെ സാമൂഹ്യജീവിതത്തിന് പുതിയ രൂപഭാവങ്ങളുണ്ടായത്. ഈ ദിശയിലെ മുന്നേറ്റം രാജ്യാന്തരങ്ങള്‍ ചെന്നെത്തിയ കേരളാ മാതൃകയ്ക്ക് നാന്ദിയായി. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യമണ്ഡലത്തിലെ അതികായന്മാരായിരുന്നു ആ മന്ത്രിസഭയുടെ തലപ്പത്ത്. യുഗപ്രഭാവനായ ഇ എം എസിനൊപ്പം ആഭ്യന്തര, നിയമവകുപ്പില്‍ രാജ്യംകണ്ട എക്കാലത്തെയും മികച്ച നിയമ വിശാരദന്‍ വി ആര്‍ കൃഷ്ണയ്യര്‍ , അടിമവേലയില്‍നിന്ന് അധ്യാപകരെ മോചിപ്പിക്കാന്‍ നിയമം നിര്‍മിച്ച പ്രൊഫ. ജോസഫ് മുണ്ടശേരി, ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡോ. എ ആര്‍ മേനോന്‍ , വ്യവസായമേഖലയ്ക്ക് കുതിപ്പു നല്‍കിയ ടി വി തോമസ്, മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമിയില്‍ അവകാശം നല്‍കാന്‍ യത്നിച്ച കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവര്‍ .

1957 ഏപ്രില്‍ അഞ്ചിന് അധികാരമേറ്റപ്പോള്‍ ഇ എം എസ് പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയപരിപാടികള്‍ നടപ്പാക്കുകയല്ല തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ്. രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടങ്ങിവച്ചതും അവര്‍ നടപ്പാക്കാത്തതുമായ കാര്യങ്ങളാണ് തങ്ങള്‍ നടപ്പാക്കുകയെന്നും ഇ എം എസ് പറഞ്ഞു. ഭൂപരിഷ്കരണം നയമായി പ്രഖ്യാപിക്കുകയും അതില്‍നിന്ന് പിന്നോട്ടു പോകുകയുംചെയ്ത കോണ്‍ഗ്രസ്സിനെ ലക്ഷ്യമാക്കിയാണ് ഇ എം എസ് ഇങ്ങനെ പറഞ്ഞത്.

*
ആര്‍ സാംബന്‍ ദേശാഭിമാനി 05 മാര്‍ച്ച് 2012

Sunday, January 15, 2012

മാറാലകള്‍ നീക്കിയ കൊടുങ്കാറ്റ്

തൃശൂര്‍ :

"ഒരനാഥ വിധവ പുനര്‍വിവാഹത്തിന് തയ്യാറായാല്‍ അവരെ കൈക്കൊള്ളാന്‍ ആരെങ്കിലും തയ്യാറുണ്ടോ?" യോഗക്ഷേമസഭ ഉപസഭാ വാര്‍ഷികയോഗത്തില്‍ പാര്‍വതി നെന്മിനിമംഗലം
തൊടുത്ത ചോദ്യം തറച്ചത് നമ്പൂതിരി സമുദായത്തിലെ പുരോഗമന വാദികളായ ചെറുപ്പക്കാരുടെ നെഞ്ചില്‍ . 1930കളുടെ തുടക്കത്തിലായിരുന്നു ഈ വെല്ലുവിളി. പുനര്‍വിവാഹത്തിന് സന്നദ്ധയായി ഒരു വിധവ വന്നാല്‍ സ്വീകരിക്കുമെന്ന് ഇതേ യോഗത്തില്‍ എം ആര്‍ ബിയുടെ പ്രഖ്യാപനം. ഈ വെല്ലുവിളിയും പ്രഖ്യാപനവും കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വിധവാവിവാഹം യാഥാര്‍ഥ്യമായി. 1935 ഏപ്രിലിലാണ് വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരി ഉമയെ എം ആര്‍ ഭട്ടതിരിപ്പാട് വിവാഹംചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനായ പ്രേംജി (എം പി ഭട്ടതിരിപ്പാട്)യും വിധവയെ സ്വീകരിച്ചു. നവോത്ഥാനത്തിന്റെ കാറ്റില്‍ അനാചാരങ്ങളുടെയും യാഥാസ്ഥിതികത്വത്തിന്റെയും മാറാലകള്‍ നീങ്ങിയതോടെ പതിറ്റാണ്ടുകള്‍ക്കകം എണ്ണിയാലൊടുങ്ങാത്ത വിധവാ വിവാഹങ്ങള്‍ .

ഉല്‍പ്പതിഷ്ണുക്കളായ യുവാക്കളുടെ പോരാട്ടമാണ് കൊടിയ പീഡനങ്ങള്‍ക്കിരയായ അന്തര്‍ജനങ്ങളെയും കുടുംബ-സാമ്പത്തികാവകാശങ്ങളില്‍നിന്ന് പുറംതള്ളപ്പെട്ട അപ്ഫന്‍മാരെയും (ഒരു കുടുംബത്തിലെ മൂത്തയാള്‍ ഒഴികെയുള്ള ആണ്‍മക്കള്‍) ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. വി ടിയുടെ നേതൃത്വത്തില്‍ സംഘടിച്ച യുവാക്കള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇരുപതുകളുടെ തുടക്കത്തില്‍ യോഗക്ഷേമസഭാംഗങ്ങളായ ചെറുപ്പക്കാര്‍ "യുവജന സംഘം" രൂപീകരിച്ചു. സമുദായ പരിഷ്കരണരംഗത്തുനിന്ന് ദേശീയ മുന്നേറ്റത്തിലേക്കും കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കും പടര്‍ന്നു ഈ ധാര. സാമൂഹ്യശ്രേണീബന്ധങ്ങളിലെ മേല്‍ക്കോയ്മക്കെതിരെ സമുദായത്തിനകത്തുനിന്നുതന്നെ പ്രക്ഷോഭമുയര്‍ന്നുവെന്നതാണ് വി ടി, ഇ എം എസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളുടെ പ്രത്യേകത. സ്ത്രീവിമോചനത്തിന് പുരുഷന്മാര്‍ മുന്‍കൈയെടുത്ത് ആരംഭിച്ച പ്രസ്ഥാനം എന്ന വ്യത്യസ്തതയും ഇതിനുണ്ട്.

1908ലാണ് ആലുവയില്‍ യോഗക്ഷേമസഭ രൂപംകൊണ്ടത്. സാമുദായിക പരിഷ്കരണം ആ ഘട്ടത്തില്‍ പരിഗണനയില്‍ ഇല്ലായിരുന്നു. വൈദികത്വത്തിനും ജന്മിത്വത്തിനും കോട്ടംതട്ടാതെ സമുദായത്തെ ആധുനിക ലോകത്തേക്ക് കൊണ്ടുവരികമാത്രമായിരുന്നു ലക്ഷ്യം. മാനുഷിക പ്രശ്നങ്ങളിലേക്കും അനാചാരങ്ങളിലേക്കും ശ്രദ്ധതിരിച്ചത് യുവജനസംഘം സജീവമായതോടെ. ആശയപ്രചാരണത്തിന് "ഉണ്ണിനമ്പൂതിരി" മാസിക ആരംഭിച്ചതും ഇഎം എസ് ഉള്‍പ്പെടെയുള്ളവരെ സംഘടനയുമായി ബന്ധിപ്പിച്ചതും വി ടി. വി ടി, ഇ എം എസ്, എം ആര്‍ ബി, പ്രേംജി, മുത്തിരിങ്ങോട്, ഐ സി പി നമ്പൂതിരി, ആര്യാപള്ളം, പാര്‍വതി നെന്മിനിമംഗലം, ദേവകി നരിക്കാട്ടിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വേദപഠനത്തെ തട്ടിമാറ്റി ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് സമുദായത്തില്‍ പ്രചാരം നല്‍കി.

ഈ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്നത് 1929 ഡിസംബറില്‍ എടക്കുന്നിയില്‍ നടന്ന യോഗക്ഷേമസഭാ വാര്‍ഷികത്തില്‍ അരങ്ങേറിയ "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്" നാടകം. മലയാളത്തില്‍ ആദ്യമായി കളിച്ച സോദ്ദേശ നാടകമാണ് അത്. വ്യക്തമായ പൊതുലക്ഷ്യം മുന്‍നിര്‍ത്തി അതിന്റെ പ്രചാരണത്തിന് നാടകം രചിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നത് അതിനുമുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതേത്തുടര്‍ന്ന് അന്തര്‍ജനങ്ങള്‍ ഘോഷ (മൂടുപടം) ബഹിഷ്കരിച്ചു. തങ്ങളുടെ ജീവിതം അരങ്ങില്‍ കണ്ട സ്ത്രീകള്‍ കൂടുതലായി പ്രക്ഷോഭരംഗത്തേക്കിറങ്ങി. നാടകാവതരണം നടക്കുമ്പോള്‍ യാഥാസ്ഥിതികര്‍ ഇറങ്ങിപ്പോയി. അഭിനേതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും പ്രമേയത്തോടുള്ള ബന്ധം നാടകത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. തൊട്ടുമുന്‍വര്‍ഷം 1928ല്‍ കാറല്‍മണ്ണയില്‍ നടന്ന യോഗക്ഷേമസഭാ വാര്‍ഷികത്തിലും ഘോഷ ബഹിഷ്കരിച്ച് അന്തര്‍ജനങ്ങള്‍ പങ്കെടുത്തു. യോഗക്ഷേമസഭയുടെ ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു ആ വാര്‍ഷികം. ആദ്യമായി അവര്‍ണ നേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തതും നമ്പൂതിരിമാര്‍ പന്തിഭോജനം നടത്തിയതും ഇവിടെ. തറവാട്ടിലെ ആദ്യസന്തതി ഒന്നിലേറെ വിവാഹം ചെയ്യുന്നതിനും വൃദ്ധ നമ്പൂതിരിമാര്‍ കന്യകമാരെ സ്വീകരിക്കുന്നതിനുമെതിരെ നടത്തിയ പിക്കറ്റിങ്ങും ശ്രദ്ധേയം.

*
കെ എന്‍ സനില്‍ ദേശാഭിമാനി 15 ജനുവരി 2012

Tuesday, January 3, 2012

ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ട്

1936ല്‍ ലക്നോവില്‍ രൂപം കൊണ്ട പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി വേളയില്‍ ഇ.എം.എസ്. എഴുതിയ പ്രബന്ധം. പാക്കിസ്ഥാന്‍ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ വെബ് സൈറ്റില്‍ നിന്ന് ഇ.എം.എസിന്റെ പൌത്രി സുമംഗല ദാമോദരന്‍ സമ്പാദിച്ചതാണിത്. ഇന്ത്യയില്‍ അച്ചടി മഷി പുരളാത്ത ഇത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക വേളയില്‍ പ്രസിദ്ധീകരിക്കുന്നു.

1936 ഏപ്രിലിലാണ് പുരോഗമന സാഹിത്യ പ്രസ്ഥാനം (പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ - പിഡബ്ല്യുഎ) ലക്നോവില്‍ രൂപം കൊണ്ടത്. ആ സംഘടനയുടെ സുവര്‍ണജൂബിലി ഈയിടെയാണ് (ഏപ്രില്‍ 9 മുതല്‍ 11 വരെ) ലക്നോവില്‍ അതിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന മുല്‍ക്രാജ് ആനന്ദിന്റെ അധ്യക്ഷതയില്‍ ആചരിച്ചത്.

1930 മുതല്‍ക്കുള്ള ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനത്തിന്റെ വികാസത്തെ സംബന്ധിച്ച് പഠിക്കാന്‍ താല്പര്യമുള്ള ആരും "ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനം" എന്ന പേരില്‍ മൂന്നു വോള്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങളുടെ എഡിറ്ററായ സുധിപ്രധാനോട് കടപ്പെട്ടിരിക്കുന്നു. ആ പ്രസ്ഥാനമാവട്ടെ, രാജ്യത്തെ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ , കര്‍ഷക പ്രസ്ഥാനങ്ങളുമായി വളരെ ഇഴയടുപ്പമുള്ള ഒന്നാണ്. വളരെ ക്ഷമാപൂര്‍വം ഏറെ കഷ്ടപ്പെട്ട് അധ്വാനിച്ചാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ ജനകീയ നാടകപ്രസ്ഥാനത്തിന്റെയും ഉത്ഭവത്തെയും വളര്‍ച്ചയെയും പ്രശ്നങ്ങളെയും പറ്റിയുള്ള കിട്ടാവുന്നിടത്തോളം രേഖകള്‍ തേടിപ്പിടിച്ച് ഒന്നിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വോള്യത്തില്‍ ഓരോന്നിനും തന്റെ തന്നെ ആമുഖങ്ങളും അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ കാലമത്രയും പ്രസ്ഥാനത്തില്‍ വളരെ സജീവമായ പങ്കുവഹിച്ച് വ്യക്തിപരമായ ഒട്ടേറെ അനുഭവങ്ങളുള്ള അദ്ദേഹം അതെല്ലാംതന്നെ ഈ സമാഹാരത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വ്യക്തിപരമായ ഒരനുഭവം ഗൃഹാതുരതയോടെ ഓര്‍ക്കുകയാണ്. പരേതനായ ഡോക്ടര്‍ അധികാരിയുടെ സാന്നിധ്യത്തില്‍ നടന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രൊഫ. ഹിരണ്‍ മുഖര്‍ജി ഒരു വോള്യത്തിന്റെ കോപ്പി എനിക്ക് സമ്മാനിച്ചു. ആ പരിപാടിയും ഈ മൂന്നു വോള്യങ്ങളുടെ പഠനവും എന്നെ ഓര്‍മിപ്പിച്ചത് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ കടുത്ത സമരങ്ങളെയാണ്. ആദ്യം പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത എതിരാളികളോടും പിന്നീട് അവര്‍ തമ്മില്‍ തമ്മിലും നടന്ന സമരങ്ങളാണ് പി ഡബ്ല്യു എയെയും ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്ററിനെ യും അതത് സംഘടനകളാക്കി മാറ്റിയത്. ഈ ആശയസമരത്തില്‍ പങ്കാളിയാവുക എന്ന അസുഖകരമായ കടമ എനിക്കുതന്നെ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്; അത് ഏറെക്കുറെ എന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിലും അവിടുത്തെ സാംസ്കാരിക പ്രസ്ഥാനത്തിലും മാത്രമായി ഒതുങ്ങിയിരുന്നതായിരുന്നെങ്കിലും. മൂന്നു വോള്യങ്ങളിലായി സമാഹരിച്ച ഈ രേഖകള്‍ ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയെക്കുറിച്ച് കഴിയാവുന്നത്ര വസ്തുനിഷ്ഠമായ വീക്ഷണത്തിലേക്കെത്താന്‍ വായനക്കാരെ സഹായിക്കും.

ഇടതിന്റെ ആവിര്‍ഭാവം

പുരോഗമന സാഹിത്യപ്രസ്ഥാനം 1936ല്‍ രൂപം കൊണ്ടു എന്നതും അത് ലഖ്നോവില്‍ വെച്ചായിരുന്നു എന്നതും യാദൃച്ഛികമല്ല. സമ്മേളനവേദി കോണ്‍ഗ്രസ് നഗറായിരുന്നു - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനം ചേരാനായി നിര്‍മിച്ച താല്ക്കാലിക ടൗണ്‍ഷിപ്പിലായിരുന്നു അത്. കോണ്‍ഗ്രസ് നയത്തില്‍ ഒരു ഇടത് ആഭിമുഖ്യം ഉണ്ടാക്കിയ സമ്മേളനം അതുകൊണ്ടുതന്നെ ശ്രദ്ധേയമായിരുന്നു.ജവഹര്‍ലാല്‍ നെഹ്റു നടത്തിയ അധ്യക്ഷപ്രസംഗവും സമ്മേളനം പാസാക്കിയ പ്രമേയങ്ങളും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ രണ്ടു പ്രധാന സംഭവങ്ങളുടെ വ്യക്തമായ സ്വാധീനമാണ് വെളിപ്പെടുത്തിയത്.

ഒന്നാമതായി രാജ്യത്താകെ ചിതറിക്കിടന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകീകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യക്ക് സംഘടിതമായ ഒരു കേന്ദ്രനേതൃത്വം രൂപപ്പെട്ടു വന്നത്. രണ്ടാമത്തേത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയുടെ രൂപവത്കരണം. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയും പുതുതായി രൂപം കൊണ്ട സിഎസ്പിയും പ്രചരിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ അധ്യക്ഷപ്രസംഗത്തിലും കോണ്‍ഗ്രസ് സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലും പ്രതിഫലിക്കുക തന്നെ ചെയ്തു. അതേ പട്ടണം (ലഖ്നോ) മറ്റൊരു പ്രധാന സമ്മേളനത്തിനു കൂടി ആതിഥ്യമരുളി-അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ (പിന്നീട് അതിന്റെ പേര് കിസാന്‍ സഭ എന്നായി മാറി) സ്ഥാപക സമ്മേളനം-അതിന്റെ സുവര്‍ണജൂബിലിയും ഈ വര്‍ഷം മെയ് മൂന്നാം വാരത്തില്‍ പാട്നയില്‍ ആചരിക്കപ്പെട്ടു. അര നൂറ്റാണ്ടുകാലം മുമ്പുനടന്ന ഈ മൂന്നു സമ്മേളനങ്ങളില്‍ വച്ച് ഏറ്റവും പ്രധാനമായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനം തന്നെയാണ്-വളരെ കൃത്യമായ ഒരു ഇടതുപക്ഷ ആഭിമുഖ്യം കാണിച്ച ഒന്നാണത്. മറ്റു രണ്ടു സമ്മേളനങ്ങള്‍ കൂടി അതോടൊപ്പം നടന്നില്ലായിരുന്നെങ്കില്‍ അത് ഇത്രക്ക് ഫലപ്രദമാവുമായിരുന്നില്ല.

കിസാന്‍സഭയുടെ ആവിര്‍ഭാവം

സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഫ്യൂഡല്‍ പ്രഭുക്കളുടെ കൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും പിന്നീട് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിലെ ബൂര്‍ഷ്വാ നേതൃത്വത്തിന്റെ കൂടെയും പോരാടിയിരുന്ന ഇന്ത്യന്‍ കര്‍ഷക ജനസാമാന്യം സ്വയം സ്വതന്ത്രമായി സംഘടിക്കുന്നതോടൊപ്പം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലക്ക് തങ്ങളുടെ സഖ്യശക്തികളെ കണ്ടെത്താന്‍ തുടങ്ങുകയാണ് എന്ന് കിസാന്‍സഭയുടെ ആവിര്‍ഭാവം ബോധ്യപ്പെടുത്തി. കോണ്‍ഗ്രസ്സിനകത്തുതന്നെ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു സ്വതന്ത്ര ഇടതുപക്ഷ വിഭാഗം വളരാനും വലതുപക്ഷത്തിന്റെ അധികാരത്തെ ചോദ്യംചെയ്യാനും തുടങ്ങിയിരിക്കുന്നു എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിലായിരുന്നു പുനഃസംഘടിപ്പിക്കപ്പെട്ട സിപിഐയും പുതുതായി രൂപംകൊണ്ട സിഎസ്പിയും യോജിച്ചുള്ള സമരത്തിന്റെ ആവിര്‍ഭാവം. പുതിയ ഇടതുപക്ഷ ആഭിമുഖ്യം രാഷ്ട്രീയവും സാമ്പത്തികവുമായി മാത്രമല്ല, സാംസ്കാരികമേഖലയിലും സ്വന്തം സാന്നിധ്യം തെളിയിക്കുന്നു എന്നാണ് പിഡബ്ല്യുഎ യുടെയും തുടര്‍ന്നുണ്ടായ ഐപിടിഎയുടെയും രൂപവത്കരണം വെളിപ്പെടുത്തിയത്. ഒന്നാം വോള്യത്തിലെ ഒന്നാം ലേഖനം മുല്‍ക്ക്രാജ് ആനന്ദിന്റേതാണ്. അത് വായനക്കാരെ 1935ലെ ലണ്ടനിലെ മൂടല്‍മഞ്ഞ് മൂടിയ നവംബര്‍ ദിനങ്ങളിലേക്ക് കൊണ്ടുപോവും.

"ഇന്ത്യയിലെ വര്‍ഷങ്ങളായുള്ള സഹനം സമ്മാനിച്ച നിരാശയുടെയും ശിഥിലീകരണത്തിന്റെയും നാളുകള്‍ക്ക് ശേഷം 1931ലെ മുതലാളിത്ത പ്രതിസന്ധി നമ്മുടെ മിക്ക മൂല്യങ്ങളെയും തകര്‍ത്തെറിഞ്ഞതിനെക്കുറിച്ച് ബോധവാന്മാരായ ഞങ്ങളില്‍ ചിലര്‍ ബ്ലൂംസ്ബറിയിലെ കഫേകളിലെയും മച്ചറകളിലെയും നൈരാശ്യത്തിന്റെ ചളിക്കുണ്ടില്‍നിന്ന് ഉയര്‍ന്നുവന്നു. പിഡബ്ല്യുഎയുടെ കേന്ദ്രബിന്ദുവിന് രൂപം നല്‍കി. ഡെന്‍മാര്‍ക്ക് സ്ട്രീറ്റിലെ നാന്‍കിങ് റസ്റ്റോറന്റിലെ ചരിത്രപ്രധാനമായ യോഗത്തിനുശേഷം-അവിടെവച്ചാണ് മാനിഫെസ്റ്റോവിന്റെ ആദ്യവായന നടന്നത്- ഈരണ്ടാഴ്ച കൂടുമ്പോള്‍ ലണ്ടന്‍ ബ്രാഞ്ചില്‍ ഏറെപ്പേരുടെ പങ്കാളിത്തത്തോടെ നടന്ന ആകാംക്ഷാഭരിതമായ യോഗങ്ങളില്‍ ലേഖനങ്ങളും കഥകളും കവിതകളും വായിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അത്രയൊന്നും ആളുകളില്ലാത്തതും അത്രക്കൊന്നും ആകാംക്ഷാഭരിതമല്ലാത്തതുമായ തുടര്‍യോഗങ്ങളിലൂടെയും പിന്നെ 1936 ഏപ്രിലില്‍ ലഖ്നോവില്‍ നടന്ന പ്രഥമ പ്രോഗ്രസീവ് റൈറ്റേഴ്സ് കോണ്‍ഫറന്‍സിലൂടെയും അതിനുശേഷം വിവിധ ഭാഷാപ്രവിശ്യകളില്‍ തുടങ്ങിയ അതിന്റെ പ്രാദേശിക ഘടകങ്ങളിലൂടെയും വീണ്ടും വിപുലപ്പെടുത്തപ്പെട്ട അതിന്റെ ശാഖകളിലൂടെയും നമ്മുടെ സംഘം ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരെ മുഴുവന്‍ അതില്‍ അണിനിരത്തിയിട്ടുണ്ട്. അതിന്റെ അംഗസംഖ്യയാണെങ്കില്‍ ലോകത്താകെ സംസ്കാരത്തെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നവരില്‍ ഏറ്റവുംവലിയ ഒരു വിഭാഗമായി മാറിത്തീര്‍ന്നിട്ടുമുണ്ട്" (പേജ് 1, 2, വോള്യം 1).

പിഡബ്ല്യുഎയുടെ മറ്റൊരു സ്ഥാപകാംഗവും ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയുമായിരുന്ന സജ്ജാദ് സാഹിര്‍ തന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നു:

"1935ന് മുമ്പുള്ള രണ്ടു വര്‍ഷങ്ങളെ ഒന്നോര്‍ത്തെടുക്കുക. ലോകത്തെയാകെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ രാഷ്ട്രീയ പ്രത്യാഘാതം ജര്‍മനിയില്‍ ഹിറ്റ്ലറുടെയും നാസിസത്തിന്റെയും രൂപത്തിലാണ് പ്രകടമായത്. ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ടവരോ അവിടെനിന്ന് നാടുവിട്ടോടിപ്പോന്നവരോ ആയ ദുരിതബാധിതരായ നിരവധി അഭയാര്‍ഥികളെയാണ് നാം ലണ്ടനിലും പാരീസിലും നിത്യേന കണ്ടുമുട്ടുന്നത്. എല്ലായിടത്തുനിന്നും ഫാസിസ്റ്റ് അതിക്രമത്തിന്റെ വേദനാപൂര്‍ണമായ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കലയുടെയും വിജ്ഞാനത്തിന്റെയും തിളക്കമാര്‍ന്ന ലോകത്തുനിന്ന്(ജര്‍മനി) പടര്‍ന്ന വേദനാകരമായ ഇരുട്ട് യൂറോപ്പിലാകെ അതിന്റെ ഭീതിജനകമായ നിഴല്‍ വിരിച്ചിരിക്കുന്നു - ഇത് ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലുമുണ്ടായിരുന്ന ആന്തരിക ശാന്തതയെ തകര്‍ത്തെറിഞ്ഞുകളഞ്ഞിരിക്കുന്നു. ആധുനികകാലത്തെ കാടത്തത്തിന്റെ ഈ വേലിയേറ്റത്തിന് തടയിടാന്‍ ഒരു ശക്തിക്കേ കഴിയൂ - ഫാക്ടറിത്തൊഴിലാളികളുടെ സംഘടിതശക്തിക്ക്. ഒന്നിച്ചു പണിയെടുക്കുന്നതുവഴി ഉരുത്തിരിഞ്ഞുവരുന്ന ശക്തി പരസ്പര സഹകരണത്തിലൂടെയും മുതലാളി വര്‍ഗത്തിന്റെ മര്‍ദനത്തിനും ചൂഷണത്തിനുമെതിരെയുള്ള നിരന്തര സമരങ്ങളിലൂടെയും ആര്‍ജിച്ച ശക്തി, നിരന്തരമായ വര്‍ഗസമരത്തിന്റെ അനുഭവം ഈ വര്‍ഗത്തില്‍ ഒരു വിപ്ലവകരമായ വര്‍ഗബോധം സൃഷ്ടിക്കും. അതുവഴി നാഴിക മണികള്‍ പിറകോട്ടു തിരിക്കാനുള്ള മുതലാളിത്തത്തിന്റെ എല്ലാ ശ്രമത്തെയും തകര്‍ത്തുകളയാനും ഒരു പുതിയ സംസ്കാരത്തിന്റെ സ്രഷ്ടാക്കളായി മാറാനും അതിനെ പ്രാപ്തമാക്കുന്നു" (പേജ് 33, 34 വോള്യം 1).

ഈ പുതിയ അവബോധത്തിന് ഒരു കൃത്യമായ രാഷ്ട്രീയരൂപം നല്‍കുകയാണ് പുനഃസംഘടിപ്പിക്കപ്പെട്ട സി പിഐയുടെ നേതൃത്വവും പുതുതായി രുപം കൊണ്ട സിഎസ്പിയും ചെയ്തത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷപ്രസംഗത്തിലും ലഖ്നോസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പാസ്സാക്കപ്പെട്ട പ്രമേയങ്ങളിലും ഇതുതന്നെയാണ് മുഴങ്ങിക്കേട്ടത്. ഇന്ത്യന്‍ കര്‍ഷകരുടെ പുതിയ സംഘടനക്ക് പ്രത്യയശാസ്ത്രപരമായും പരിപാടിയുടെ കാര്യത്തിലും ഉള്ള അടിസ്ഥാനമായിത്തീര്‍ന്നതും ഇതുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ , 1936ലെ ലഖ്നോ ഒരു പുതിയ വര്‍ഗരാഷ്ട്രീയ ശക്തിയുടെ ആവിര്‍ഭാവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു - ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വര്‍ഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലം, എന്നാലോ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നേതൃത്വം നല്കുന്ന സാര്‍വദേശീയ തൊഴിലാളി വര്‍ഗത്തിന്റെ പൊതുമാര്‍ഗ നിര്‍ദേശത്തിലും നേതൃത്വത്തിലും. ഈ പുതുശക്തി ഒരു വെറും രാഷ്ട്രീയ പ്രസ്ഥാനമായിരുന്നില്ല; സര്‍വാശ്ലേഷിയായിരുന്നു. മനുഷ്യന്റെ വ്യക്തിപരമോ സാമൂഹികമോ ആയ ജീവിതത്തിന്റെ യാതൊരു മേഖലയെയും അത് സ്പര്‍ശിക്കാതിരുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , സാംസ്കാരിക മേഖലയിലെ പോരാട്ടം എന്നത് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിലെ പോരാട്ടങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റാനാവില്ല.

സംസ്കാരവും രാഷ്ട്രീയവും അഭിന്നം

പിഡബ്ല്യുഎ യുടെ സ്ഥാപനസമ്മേളനത്തിന് രവീന്ദ്രനാഥ ടാഗോറിനെയും സരോജിനി നായിഡുവിനെയും മുന്‍ഷി പ്രേംചന്ദിനെയും പോലെയുള്ള ഭാരതീയ സാഹിത്യത്തിലെ കുലപതികളുടെ ആശീര്‍വാദമുണ്ടായിരുന്നു.

കോണ്‍ഫറന്‍സില്‍ പ്രേംചന്ദ് അധ്യക്ഷത വഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "ഇതുവരെ ഭാഷയെയും അതിന്റെ പ്രശ്നങ്ങളെയുംപറ്റി ചര്‍ച്ച ചെയ്ത് നാം സ്വയം തൃപ്തരായി. ഉറുദുവിലും ഹിന്ദിയിലും നിലവിലുള്ള വിമര്‍ശന സാഹിത്യം ഭാഷയുടെ വാക്യരചനയെയും ഘടനയെയും പറ്റി മാത്രമാണ് കൈകാര്യം ചെയ്തത്. തീര്‍ച്ചയായും ഇത് ഏറെ പ്രധാനവും ആവശ്യമുള്ളതുമായ പ്രവര്‍ത്തനമായിരുന്നു. നമ്മുടെ സാഹിത്യത്തിലെ കുലപതികള്‍ ഈ പ്രാഥമികാവശ്യം നിറവേറ്റുകയും തങ്ങളുടെ ജോലി പ്രശംസനീയമാംവിധം നിറവേറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഭാഷ ഒരു മാര്‍ഗമാണ്, ലക്ഷ്യമല്ല. ഒരു ഘട്ടമാണ്, യാത്രയുടെ അവസാനമല്ല. അതിന്റെ ഉദ്ദേശ്യം നമ്മുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും രൂപം കൊടുക്കുകയും അവക്ക് ഒരു ശരിയായ ദിശ കാട്ടുകയും ചെയ്യുക എന്നതാണ്. ഇപ്പോള്‍ നമുക്ക് ആലോചിക്കാനുള്ളത് കാര്യങ്ങളുടെ അര്‍ഥത്തെപ്പറ്റിയും ഭാഷ രൂപംകൊണ്ടതിനുപിറകിലുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള വഴി കണ്ടെത്തുന്നതിനെപ്പറ്റിയുമാണ്. ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യം അതാണ്... നമ്മുടെ സാഹിത്യാഭിരുചി ഒരു വമ്പന്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് ജീവിതയാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്.

സമൂഹത്തെയും മനുഷ്യനെയും ഒരു സാമൂഹികഘടകം എന്ന നിലക്ക് നോക്കിക്കാണാനാണ് അത് താല്പര്യപ്പെടുന്നതും. നഷ്ടപ്രണയത്തെക്കുറിച്ചുള്ള ആലാപനങ്ങളില്‍ അത് ഇന്നു സംതൃപ്തമല്ല. നമ്മുടെ അത്ഭുതബോധത്തെ മാത്രം തൃപ്തിപ്പെടുത്തുന്ന രചനകളിലും സംതൃപ്തമല്ല. നമ്മുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ചും സാമൂഹിക മൂല്യമുള്ള പ്രമേയങ്ങളെക്കുറിച്ചുമാണ് അത് വ്യാകുലപ്പെടുന്നത്. നമ്മളില്‍ ഒരു വിമര്‍ശനാത്മക ബോധമുണര്‍ത്താത്തതോ നമ്മുടെ ആത്മീയാവശ്യങ്ങളെ തൃപ്തിപ്പെടുത്താത്തതോ ശക്തിദായകവും ചലനാത്മകവുമല്ലാത്തതോ നമ്മുടെ സൗന്ദര്യബോധത്തെ ഉണര്‍ത്താത്തതോ, ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളെ നേരിടുന്നതിനുള്ള ഉള്ളുറപ്പ് പ്രദാനം ചെയ്യാത്തതോ ആയ സാഹിത്യത്തെക്കൊണ്ട് നമുക്കൊരു പ്രയോജനവുമില്ല. അതിനെ സാഹിത്യമെന്നു വിശേഷിപ്പിക്കാനേ വയ്യ" മതം ഭൂതകാലങ്ങളില്‍ "മനുഷ്യന്റെ ആത്മീയവും ധാര്‍മികവുമായി നേര്‍വഴി കാട്ടുന്നതിനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിരുന്നു" എന്ന കാര്യം സ്മരിച്ചുകൊണ്ട് "ഈ കാര്യത്തില്‍ അത് ഭയത്തെയും മുഖസ്തുതിയെയും പ്രതിഫലത്തെയും പ്രതികാരത്തെയുമൊക്കെ അതിന്റെ പ്രധാന ഉപകരണങ്ങളാക്കി ഉപയോഗിച്ചു" എന്നും പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹം തുടരുന്നു: "ഇന്ന് സാഹിത്യം ഒരു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അതിന്റെ പ്രധാന ഉപകരണമാകട്ടെ, നമ്മുടെ സഹജമായ സൗന്ദര്യബോധമാണ്. നമ്മളിലെ ഈ സൗന്ദര്യബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് അത് അതിന്റെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത്. ഈ ബോധം തന്റെ പ്രകൃതി നിരീക്ഷണത്തിലൂടെ എത്ര കൂടുതലായി ഒരെഴുത്തുകാരന് ഉയര്‍ത്താനാവുന്നുവോ, അത്രക്ക് ഫലപ്രദമായിത്തീരും അദ്ദേഹത്തിന്റെ രചനകള്‍ . വിരൂപവും ഗര്‍ഹണീയവുമായ എല്ലാം, മനുഷ്യത്വവിരുദ്ധമായ എല്ലാം അത്തരമൊരെഴുത്തുകാരന് അസഹ്യമായിത്തീരുന്നു. മനുഷ്യകുലത്തിന്റെ തന്നെ നിലവാര സൂക്ഷിപ്പുകാരനായിത്തീരുന്നു അയാള്‍ . ധാര്‍മികമായ സത്യനിഷ്ഠയുടെയും കുലീനതയുടെയും കാര്യത്തിലും അതെ. അവമതിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ എല്ലാ മനുഷ്യരുടെയും സമുദായങ്ങളുടെയും സഹായത്തിനെത്തുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുക എന്നത് അയാളുടെ കര്‍ത്തവ്യമായിത്തീരുന്നു. അതുതന്നെയാണ് അയാളെപ്പറ്റി വിലയിരുത്തുക. സമുദായത്തിനു മുമ്പാകെയാണ് അയാള്‍ തന്റെ രചന സമര്‍പ്പിക്കുന്നത്. തന്റെ കഥ കൂടുതല്‍ യഥാതഥമായാല്‍ , തന്റെ ചിത്രം ഭാവങ്ങളാലും ചലനങ്ങളാലും തുടിക്കുന്നതായാല്‍ , മനുഷ്യപ്രകൃതിയെക്കുറിച്ചും മനഃശാസ്ത്രത്തെക്കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങള്‍ കൂടുതല്‍ ദൃഢബദ്ധമായാല്‍ , അതിന് കൂടുതല്‍ വലിയ ഫലമുണ്ടാക്കാനാവും എന്ന് അയാള്‍ക്കറിയാം. മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ മാത്രം അയാളുടെ കഥാപാത്രങ്ങള്‍ മനുഷ്യജീവികളോട് സദൃശമായിരുന്നാല്‍ പോരാ. മജ്ജയും മാംസവുമുള്ള യഥാര്‍ഥ മനുഷ്യജീവികളാണ് അവര്‍ എന്ന് നമുക്ക് ബോധ്യപ്പെടണം. ഒരു സാങ്കല്പിക മനുഷ്യനില്‍ നാം വിശ്വസിക്കുന്നില്ല. അയാളുടെ നടപടികളും ചിന്തകളും ഒരു തരത്തിലും നമ്മില്‍ മതിപ്പുളവാക്കുന്നില്ല".

പിഡബ്ല്യുഎയുടെ സ്ഥാപകസമ്മേളനത്തില്‍ മുന്‍ഷി പ്രേം ചന്ദ് നടത്തിയ അധ്യക്ഷപ്രസംഗം ഇന്ത്യയുടെയും ലോകത്തിന്റെയും സംസ്കാരത്തിന്റെ അത്യുന്നതി ഉള്‍ക്കൊള്ളുന്നതായിരുന്നു. അന്തര്‍ദേശീയ മാനവികത ഉള്‍ച്ചേര്‍ന്ന ഇന്ത്യന്‍ സ്വദേശാഭിമാനം അതില്‍ ജ്വലിച്ചിരുന്നു. മുല്‍ക്ക്രാജ് ആനന്ദും സജ്ജാദ് സാഹിറും അവരുടെ സഖാക്കളുമൊക്കെ ഇന്ത്യയിലേക്ക് അതിന്റെ സംസ്കാരത്തിന് അന്യമായ എന്തെങ്കിലും ഇറക്കുമതി ചെയ്യുകയല്ലെന്നും മാക്സിം ഗോര്‍ക്കി, റൊമെയ്ന്‍ റൊളാങ്, ഹെന്‍റി ബര്‍ബൂസ തുടങ്ങിയ വിശ്വസാഹിത്യത്തിലെ അതികായന്മാര്‍ ലോകത്താകെ വിതച്ച വിത്തുകള്‍ സ്വീകരിക്കാനും നട്ടു നനച്ചു വളര്‍ത്താനും മാത്രം നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമായിരിക്കുന്നു എന്നുമാണ് അത് തെളിയിച്ചത്. ഈ സാഹചര്യങ്ങളില്‍ സ്ഥാപിതമായ പിഡബ്ല്യുഎ അംഗീകരിക്കുന്ന മാനിഫെസ്റ്റോ രാഷ്ട്രീയവും സാംസ്കാരികവും കൂടിയായിത്തീര്‍ന്നത് സ്വാഭാവികമാണ്. അത് പ്രഖ്യാപിച്ചതിങ്ങനെയാണ്:

"ഇന്ത്യന്‍ സമൂഹത്തില്‍ മൗലികമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പിന്തിരിപ്പന്‍ ആശയങ്ങള്‍ എത്രതന്നെ പഴഞ്ചനും നാശോന്മുഖവും ആത്യന്തികമായി തകരാനിരിക്കുന്നവയുമാണെങ്കിലും അതിപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. നിലനില്ക്കാനുള്ള ഗതികെട്ട കഠിനപ്രയത്നത്തിലുമാണ്. പൗരാണിക സംസ്കാരത്തിന്റെ തകര്‍ച്ചക്കുശേഷം ഇന്ത്യന്‍ സാഹിത്യത്തില്‍ ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള അപകടകരമായ ഒരു പ്രവണത ദൃശ്യമായിരുന്നു. യാഥാര്‍ഥ്യത്തില്‍ നിന്നകന്ന് അടിസ്ഥാനരഹിതമായ ആത്മീയതയിലും ആശയവാദത്തിലും അഭയം കണ്ടെത്തി. ഫലമോ, അത് ശരീരത്തിലും മനസ്സിലും ഒരേപോലെ രക്തരഹിതമായിത്തീര്‍ന്ന, വളരെ കഠിനമായ ഔപചാരികതയിലേക്കും വിരസവും തലതിരിഞ്ഞതുമായ പ്രത്യയശാസ്ത്ര വൈകൃതത്തിലേക്കും ചെന്നെത്തി".

"ഭാരതീയ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് പ്രകാശനം നല്‍കുകയും സാഹിത്യത്തില്‍ ശാസ്ത്രീയമായ യുക്തിചിന്ത അവതരിപ്പിച്ചുകൊണ്ട് പുരോഗമനാശയങ്ങളെ വളര്‍ത്തുകയും ചെയ്യേണ്ടത് ഇന്ത്യന്‍ സാഹിത്യകാരന്മാരുടെ കടമയാണ്. കുടുംബം, മതം, ലിംഗം, യുദ്ധം, സമുദായം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് പൊതുവില്‍ നിലവിലുള്ള പിന്തിരിപ്പനും തിരുത്തല്‍വാദപരവുമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള സാഹിത്യവിമര്‍ശനം വളര്‍ത്തിയെടുക്കാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്. വര്‍ഗീയതയെയും വംശീയമായ ശത്രുതയെയും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതിനെയും പ്രതിഫലിപ്പിക്കുന്ന സാഹിത്യപ്രവണതകളോട് അവര്‍ എതിരിടണം." (ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്).

"സാഹിത്യത്തെയും മറ്റിതരകലകളെയും ഇത്രയും കാലം അവ ആരുടെ കൈകളില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നോ, ആ പിന്തിരിപ്പന്‍ വര്‍ഗങ്ങളില്‍നിന്ന് മോചിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയായി തിരിച്ചറിയുന്നു. കലകളെ ജനങ്ങളുമായി ഏറെ അടുപ്പിക്കുന്നതിനും അവ ജീവിത യാഥാര്‍ഥ്യങ്ങളെ രേഖപ്പെടുത്തുന്ന ജൈവിക അവയവങ്ങളാക്കി മാറ്റുന്നതിനും നാം ലക്ഷ്യമിടുന്ന ഭാവിയിലേക്ക് നമ്മെ നയിക്കുന്നതിന് അവയെ പ്രാപ്തമാക്കുന്നതിനും ഞങ്ങള്‍ പരിശ്രമിക്കും."

"ഇന്ത്യന്‍ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ നാട്ടിലെ പിന്തിരിപ്പന്‍ ആശയങ്ങളെയും അതിന്റെ സര്‍വ വശങ്ങളെയും ഞങ്ങള്‍ വിമര്‍ശിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വ്യാഖ്യാനാത്മകവും സര്‍ഗാത്മകവുമായ സൃഷ്ടികളെ മുന്‍നിര്‍ത്തി നമ്മുടെ നാടിന് അതാഗ്രഹിച്ചുകൊണ്ടിരിക്കുന്ന നവജീവന്‍ ലഭിക്കുന്നതിനുതകുന്ന എല്ലാത്തിനെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ പുതിയ സാഹിത്യം അടിസ്ഥാനപരമായ സാമൂഹിക പിന്നാക്കാവസ്ഥയെയും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ കരുതുന്നു. നമ്മെ നിഷ്ക്രിയത്വത്തിലേക്കും പ്രവര്‍ത്തനരാഹിത്യത്തിലേക്കും യുക്തിരാഹിത്യത്തിലേക്കും നയിക്കുന്ന എല്ലാത്തിനെയും പിന്തിരിപ്പന്‍ എന്ന നിലയില്‍ നാം തള്ളിക്കളയുന്നു. നമ്മളില്‍ വിമര്‍ശനാത്മക സമീപനമുയര്‍ത്തുന്നതും യുക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെയും ആചാരങ്ങളെയും വിലയിരുത്തുന്നതും പ്രവര്‍ത്തനക്ഷമമാകാനും സ്വയം സംഘടിക്കാനും പരിവര്‍ത്തനം വരുത്താനും നമ്മെ സഹായിക്കുന്നതും ആയ എല്ലാത്തിനെയും ഞങ്ങള്‍ പുരോഗമനപരമെന്ന നിലയില്‍ സ്വീകരിക്കുന്നു (പേജ് 20-21, വോള്യം 1, ഊന്നല്‍ മൂലത്തിലേത്)

രണ്ടാം സമ്മേളനം മേല്‍പ്പറഞ്ഞതില്‍ ചില ഭേദഗതികള്‍ വരുത്തി, വളരെ ഗണ്യമായ തരത്തിലുള്ളവയല്ല അവയൊന്നും. എതിര്‍ക്കപ്പെടേണ്ട സാഹിത്യ പ്രവണതകളുടെ കൂട്ടത്തില്‍ (ഊന്നല്‍ കൂടിച്ചേര്‍ത്തുകൊണ്ട് മുകളില്‍ കൊടുത്തതില്‍) ദേഭഗതിയില്‍ വിഷയലമ്പടത്വത്തെയും കൂട്ടിച്ചേര്‍ത്തു. മറ്റൊരു ഭേദഗതി പിഡബ്ല്യുഎയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയുള്ള കൂട്ടിച്ചേര്‍ക്കലാണ്. അവ താഴെ കൊടുക്കുന്നു. "നമ്മുടെ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ താഴെ പറയുന്നവയായിരിക്കും.

1). വ്യത്യസ്ത മേഖലകള്‍ക്കായി എഴുത്തുകാരുടെ സംഘടനകള്‍ സ്ഥാപിക്കുക, ഈ സംഘടനകളെ സമ്മേളനങ്ങള്‍ നടത്തിയും സാഹിത്യപ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയും ഏകോപിപ്പിക്കുക, കേന്ദ്രസംഘടനയും പ്രാദേശിക സംഘടനകളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുക, സംഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളോട് എതിര്‍ നില്‍ക്കാത്ത സാഹിത്യസംഘടനകളുമായി സഹകരിക്കുക.

2). ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലും സംഘടനയുടെ ശാഖകള്‍ രൂപവല്‍ക്കരിക്കുക.

3) പുരോഗമനപരമായ സാഹിത്യങ്ങള്‍ ഉല്പാദിപ്പിക്കുകയും തര്‍ജമ ചെയ്യുകയും ചെയ്യുക, സാംസ്കാരിക പിന്തിരിപ്പത്തത്തിനെതിരെ പൊരുതുക, അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാമൂഹിക നവീകരണത്തിനുമുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക.

4). പുരോഗമനവാദികളായ എഴുത്തുകാരുടെ താല്പര്യം സംരക്ഷിക്കുക.

5) സ്വതന്ത്രമായി ചിന്തയും അഭിപ്രായവും പ്രകടിപ്പിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുക (പേജ് 97-98 വോള്യം 1).

സര്‍ഗാത്മക സാഹിത്യകാരന്മാരും കലാകാരന്മാരും രാഷ്ട്രീയാതീതരായിരിക്കണമെന്ന അന്നത്തെ കൊണ്ടാടപ്പെട്ട സിദ്ധാന്തവുമായി ഈ സംഘടനയുടെ സ്ഥാപകര്‍ തീര്‍ത്തും അകന്നുനിന്നു എന്ന കാര്യം മുന്‍ഷി പ്രേംചന്ദിന്റെ അധ്യക്ഷപ്രസംഗവും സമ്മേളനം അംഗീകരിച്ച പ്രകടനപത്രികയും കൃത്യമായും വ്യക്തമാക്കി. തങ്ങള്‍ക്ക് ചുറ്റും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ സംവേദനക്ഷമതയുള്ള ഏതൊരു എഴുത്തുകാരനും കലാകാരനും ഉത്കണ്ഠാകുലനായിരിക്കും. ഇന്ത്യയില്‍ വിദേശ ഭരണത്തില്‍ നിന്നുള്ള മോചനത്തിനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ സമൂഹത്തിലെ പഴകിപ്പുളിച്ച സകലതിനും അറുതി വരുത്തുന്നതിനും ഇന്ത്യയുടെ ജീവിതത്തെയും സംസ്കാരത്തെയും ആധുനികവല്‍ക്കരണത്തിന്റെ വഴിയിലൂടെ പരിവര്‍ത്തിപ്പിക്കുന്നതിനുമുള്ള അഭിലാഷം - ഇവയൊന്നും തന്നെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സൗന്ദര്യാത്മകമായ അഭിരുചികളും പ്രതിഭകളുമായി വേര്‍തിരിച്ചു നിര്‍ത്താനാവുന്നവയല്ല. മാനവസമുദായത്തിന്റെ മേല്‍ ഡെമോക്ലസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കുകയായിരുന്ന ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ഭീഷണിയില്‍ ലോകത്തെങ്ങുമുള്ള സുബോധമുള്ള ഒറ്റ മനുഷ്യജീവിക്കും (എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെ) വേവലാതിപ്പെടാതിരിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടാണ്, പുരോഗമന സാഹിത്യസംഘടന (PWA) രൂപം കൊണ്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ , അന്താരാഷ്ട്ര സാഹിത്യകാര സംഘടന IWA) ലണ്ടനില്‍ നടന്നുകൊണ്ടിരിക്കെ, രബീന്ദ്രനാഥ ടാഗോര്‍ , ശരത് ചാറ്റര്‍ജി, മുന്‍ഷി പ്രേംചന്ദ്, പി സി റായ്, ജവഹര്‍ലാല്‍ നെഹ്റു, പ്രമദ ചൗധരി, രാമാനന്ദ ചാറ്റര്‍ജി, നന്ദലാല്‍ ബോസ് തുടങ്ങിയവര്‍ ഒപ്പിട്ട് പി ഡബ്ല്യുഎ അയച്ചുകൊടുത്ത മാനിഫെസ്റ്റോയില്‍ ഇങ്ങനെ പ്രഖ്യാപിച്ചത്:

"ഇന്ന് ലോകമഹായുദ്ധത്തിന്റെ ഭൂതം ലോകത്തെ വേട്ടയാടുകയാണ്. വെണ്ണക്കു പകരം തോക്കുകള്‍ നല്‍കിക്കൊണ്ട് ഫാസിസ്റ്റ് ഏകാധിപതികള്‍ തങ്ങളുടെ ആക്രമണോത്സുകമായ ഉള്ളടക്കം വെളിപ്പെടുത്തിയിരിക്കുന്നു. അബിസീനിയയെ കീഴടക്കുന്ന കാര്യത്തില്‍ ഇറ്റലി പ്രയോഗിച്ച മുറകള്‍ യുക്തിയിലും നാഗരികതയിലും വിശ്വസിക്കുന്ന മുഴുവന്‍ പേരിലും കടുത്ത ഞെട്ടലുണ്ടായിട്ടുണ്ട്. വന്‍ സാമ്രാജ്യത്വശക്തികള്‍ക്കിടയിലുള്ള ശത്രുതയും വൈരുധ്യവും ബോധപൂര്‍വം കുത്തിയിളക്കുന്ന വളരെ അപരിഷ്കൃതമായ സങ്കുചിത ദേശീയബോധം, അതിദ്രുത പുനരായുധവല്‍ക്കരണം ഇതെല്ലാമാണ് നാമിന്ന് എത്തിച്ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥയുടെ ദുശ്ശകുനങ്ങള്‍ . ഞങ്ങളുടെ സ്വന്തം പേരിലും ഞങ്ങളുടെ ജനതയുടെ പേരിലും മറ്റു രാജ്യങ്ങളിലെ ജനങ്ങളോടൊപ്പം ഒരു കാര്യം ഒറ്റശബ്ദത്തില്‍ പ്രഖ്യാപിക്കാന്‍ ഞങ്ങളീ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഞങ്ങള്‍ യുദ്ധത്തെ വെറുക്കുന്നു, അതിനെ നിരാകരിക്കാന്‍ ആണയിടുന്നു.

ഞങ്ങള്‍ക്ക് യുദ്ധത്തില്‍ ഒട്ടും താല്പര്യമില്ല. ഇന്ത്യ ഏതെങ്കിലും സാമ്രാജ്യത്വ യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് ഞങ്ങളെതിരാണ്. അടുത്ത യുദ്ധത്തോടെ, നാഗരികതയുടെ ഭാവി തന്നെയാണ് അപകടത്തിലാവുക എന്ന് ഞങ്ങള്‍ മനസിലാക്കുന്നു."

രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍

പിഡബ്ല്യുഎ രൂപവത്കരിച്ച കാലത്ത് ദേശീയവും അന്തര്‍ദേശീയവുമായി ഉണ്ടായിരുന്ന അനുകൂല സാഹചര്യങ്ങള്‍ ഏറെക്കാലം നിലനിന്നില്ല. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഒരു വശത്തും ഇടതുപക്ഷ കോണ്‍ഗ്രസുകാരില്‍ വലിയൊരു വിഭാഗം മറുവശത്തുമായുണ്ടായിരുന്ന രാഷ്ട്രീയ ഐക്യം മൂന്നുവര്‍ഷത്തിനകം തകര്‍ന്നു. 1939ല്‍ ഏറെ വാശിയോടെ നടന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സുബാഷ് ചന്ദ്രബോസിന്റെ വിജയം കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മിലുള്ള ഭിന്നിപ്പിന്റെ ആരംഭമായി മാറി. ഇരുകൂട്ടരും ബോസിന്റെ അനുയായികളായിരുന്നു. നെഹ്റുവും അദ്ദേഹത്തിന്റെ അനുചരന്മാരും കാണിച്ച കടന്ന ചാഞ്ചാട്ടം കാരണം അവരില്‍ പലരും മഹാത്മാഗാന്ധിയുടെ വിശ്വസ്ത അനുയായികളായി മാറി. ക്വിറ്റിന്ത്യാ സമരത്തോടെ കമ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ നടന്ന കയ്പേറിയ സമരം അതിന്റെ മൂര്‍ധന്യത്തിലെത്തി. ഇത് പി ഡബ്ല്യു എയിലും പ്രതിഫലിച്ചു. ഇക്കാര്യം അതിന്റെ ജനറല്‍ സെക്രട്ടറി സജ്ജാദ് സാഹിര്‍ പി ഡബ്ല്യുഎയുടെ 4-ാം അഖിലേന്ത്യാ സമ്മേളന രേഖകളുടെ സമാഹാരത്തിനെഴുതിയ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. "രാഷ്ട്രീയ മേഖലയിലെന്നപോലെ നമ്മുടെ നാട്ടില്‍ കലയിലും സാഹിത്യത്തിലും കൂടി ഒരു തരത്തിലുള്ള സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നു. 1943 മേയിലെ 4-ാം വാരത്തില്‍ ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ പുരോഗമന സാഹിത്യസമ്മേളനം ഈ സാഹിത്യപരമായ സ്തംഭനാവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചു" (പേജ് 1. വോള്യം 3).

സ്തംഭനാവസ്ഥ തകര്‍ത്തു എന്ന പ്രതീക്ഷ പക്ഷേ ഒരു വ്യാമോഹം മാത്രമായിരുന്നു. രാജ്യത്തെ രാഷ്ട്രീയ മുന്നണിയിലെ വമ്പന്‍ വിടവ് (ക്വിറ്റിന്ത്യ പ്രക്ഷോഭത്തെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള) തുടര്‍ന്നു. അതോടെ, പി ഡബ്ല്യുഎയുടെ സ്ഥാപനത്തില്‍ പങ്കാളികളാവുകയോ അതിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയോ ചെയ്തിരുന്ന പലരും അതിന്റെ കടുത്ത ശത്രുക്കളായി മാറുകയും അത് നിലകൊണ്ട എല്ലാത്തിനും എതിരായിത്തീരുകയും ചെയ്തു. ഇതില്‍ അത്ഭുതപ്പെടാനൊന്നുമുണ്ടായിരുന്നില്ല. പി ഡബ്ല്യു എ ഉടലെടുക്കുമ്പോളുണ്ടായിരുന്ന ഐക്യത്തിന്റെ അടിസ്ഥാനം കേവലം സാംസ്കാരികം മാത്രമായിരുന്നില്ല. അത് രാഷ്ട്രീയ - സാംസ്കാരിക ഐക്യമായിരുന്നു. രാഷ്ട്രീയരംഗത്ത് ദേശീയമായും അന്തര്‍ദേശീയമായും ദിശാമാറ്റം ഉണ്ടായപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന ഐക്യം തകരാതെ പറ്റുമായിരുന്നില്ല.

യുദ്ധാനന്തരം പുതിയ ദേശീയ സംഭവവികാസങ്ങള്‍ -ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിലേക്കെത്തിയപ്പോള്‍ , കലാകാരന്മാര്‍ക്കിടയിലും വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വിലയിരുത്തലുകള്‍ ഒരിക്കല്‍ കൂടെ രൂപം കൊണ്ടു. അതിനുശേഷം ഏതാണ്ട് നാല് ദശകങ്ങളായി, ദേശീയമോ അന്തര്‍ദേശീയമോ ആയ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഏതൊരു ഗതിവിഗതിയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ചിന്തകരെയും ഭിന്ന നിലപാടുകളിലേക്കെത്തിച്ചു - അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു കലാകാരനും എഴുത്തുകാരനും ബുദ്ധിജീവിക്കും ആവുമായിരുന്നില്ല. സ്വാഭാവികമായും പി ഡബ്ല്യുഎയുടെ സ്ഥാപക സമ്മേളനത്തിനു ശേഷമുള്ള അരനൂറ്റാണ്ടുകാലം ആദ്യത്തെ മൂന്നുവര്‍ഷമൊഴികെ, നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ കയ്പേറിയ യുദ്ധങ്ങള്‍ നടന്ന കാലമാണ് - സാംസ്കാരിക പ്രസ്ഥാനത്തിലും രാഷ്ട്രീയ പ്രസ്ഥാനത്തിലും.

ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിലെ സദുദ്ദേശ പ്രേരിതരായ ഒട്ടനവധി പ്രവര്‍ത്തകരും അനുഭാവികളും പുറപ്പെടുവിക്കുന്ന ആത്മനിഷ്ഠമായ ഒരാഗ്രഹം, കഴിഞ്ഞ 50 വര്‍ഷമായി ഉയര്‍ന്നുവന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണം എന്നത് സംബന്ധിച്ച് ഈയവസരത്തില്‍ പരാമര്‍ശിക്കാതെ വയ്യ. ഈയൊരഭിപ്രായത്തിന് രൂപം നല്‍കുന്നവര്‍ ഏതാണ്ട് അഭിപ്രായപ്പെടുന്നത് 50 വര്‍ഷം മുമ്പ് രൂപം കൊണ്ട പി ഡബ്ല്യു എ യും വീണ്ടും ഒരു ദശകം കഴിഞ്ഞ് ഉയര്‍ന്നുവന്ന ഐപിടിഎയും പുനരുദ്ധരിച്ച് ഐക്യപൂര്‍വം ഒന്നിച്ചൊരു സംഘമായി പ്രവര്‍ത്തിക്കാനാവണം എന്നാണ്. ഈ മൂന്നു വോള്യങ്ങളുടെയും പത്രാധിപര്‍ തന്റെ മുഖവുരയിലും വ്യത്യസ്ത വോള്യങ്ങളുടെ ആമുഖക്കുറിപ്പുകളിലുമായി സൂചിപ്പിക്കുന്നത് അദ്ദേഹവും ഈ ദിശയില്‍ ചിന്തിക്കുന്നു എന്നാണ്.

പലേടങ്ങളിലായി അദ്ദേഹമുയര്‍ത്തുന്ന ഒരു വിമര്‍ശനമുണ്ട്. മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് ഭാഗികമായെങ്കിലും ഉത്തരവാദികളാണ്, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും തെറ്റുപറ്റിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ എന്ന്! ഈ വീക്ഷണം ശരിയാണോ? എനിക്കങ്ങനെ തോന്നുന്നില്ല. നേരേമറിച്ച്, ഇക്കഴിഞ്ഞ 50 വര്‍ഷക്കാലത്താണ് സാംസ്കാരികമേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായത്. തന്റെ മൂന്നു വോള്യങ്ങളിലായി സമാഹരിച്ച വിപുലമായ രേഖകളിലൂടെ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഓരോ ഘട്ടത്തിലും അത് "തകരാനും ശിഥിലീകരിക്കാനും" തുടങ്ങിയതിനുശേഷം പോലും - സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റം തുടര്‍ന്നു എന്ന കാര്യം പുറത്തുകൊണ്ടുവന്നതിനുള്ള ബഹുമതി സുധിപ്രധാന് ഉള്ളതാണ്. സാമ്രാജ്യത്വവിരുദ്ധ ജനസാമാന്യത്തില്‍നിന്നുള്ള ഒറ്റപ്പെടലില്‍ നിന്ന് പുറത്തുകടക്കാനുള്ള കഠിനശ്രമത്തിനിടയില്‍ അത് സാഹിത്യത്തെയും നാടകത്തെയും നാടോടിക്കലകളെയുമൊക്കെ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നു.

മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ , രാഷ്ട്രീയ നിലനില്പിനായി യുദ്ധം ചെയ്യേണ്ടി വന്ന അക്കാലത്താണ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഉത്പാദനം കൂടിയത്. മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ അനന്യമായ സംഭാവന, അത് കലാപ്രവര്‍ത്തനവും ആസ്വാദനവും മേലേപ്പാളി ബുദ്ധിജീവികള്‍ക്കായി ഒതുക്കിനിര്‍ത്തിയില്ല എന്നതാണ്. സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്കൊപ്പം ഇതര വിഭാഗം അധ്വാനിക്കുന്ന ജനങ്ങളുടെ പ്രസ്ഥാനങ്ങളും ചേര്‍ന്നതോടെ, ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന മനുഷ്യരെ പുതിയ രാഷ്ട്രീയാവബോധത്തിലേക്ക് മാത്രമല്ല, അവരുടെ സൗന്ദര്യാത്മക സംവേദനത്വവും സര്‍ഗാത്മകമായ കഴിവുകളും വളര്‍ത്തിയെടുക്കുന്നതിലേക്ക് കൂടി നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ എനിക്കുതന്നെ അവസരമുണ്ടായിട്ടുണ്ട്. 1955 ഡിസംബറിലെ ന്യൂഏജില്‍ ഞാനെഴുതിയ ലേഖനം ഇതിന്റെ മൂന്നാം വോള്യത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ഡസന്‍കണക്കിന് കവികള്‍ , കഥാകൃത്തുക്കള്‍ , നാടക സംവിധായകര്‍ , നടന്മാര്‍ , ഗായകര്‍ എന്നിങ്ങനെ കര്‍ഷക-തൊഴിലാളി വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന കലാകാരന്മാരെ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഉപരിവര്‍ഗ ബുദ്ധിജീവികളുടെ ഇടുങ്ങിയ വൃത്തത്തില്‍നിന്ന് സാംസ്കാരിക പ്രവര്‍ത്തനം മാറിത്തീരുന്ന പ്രതിഭാസം വിശദീകരിക്കവേ ഞാന്‍ ഇങ്ങനെ രേഖപ്പെടുത്തി:

"പണിയെടുക്കുന്നവര്‍ക്കിടയിലെ സാംസ്കാരിക പ്രവര്‍ത്തനം ഇത്രക്ക് വിപുലമായി വ്യാപിച്ചതിനുള്ള മുഴുവന്‍ പ്രശംസയര്‍ഹിക്കുന്നത് നിസ്സംശയമായും കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടക്ക് വളരെപ്പെട്ടെന്ന് വളര്‍ന്ന ട്രേഡ് യൂണിയനുകള്‍ക്കും കര്‍ഷക സഭകള്‍ക്കും മറ്റിതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമാണ്. തൊഴിലാളി-കര്‍ഷക ജനസാമാന്യത്തെ വര്‍ഗബോധത്തിലേക്കുണര്‍ത്തിയത്, തങ്ങളുടെ താല്കാലികാവശ്യങ്ങള്‍ക്കും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുമായി അവ നടത്തിയ ഉശിരന്‍ പോരാട്ടങ്ങള്‍ , തങ്ങളുടെ ശക്തി നാട്ടിലെ മറ്റു ദേശാഭിമാന ബോധമുള്ള ജനാധിപത്യ ശക്തികളുമായി യോജിപ്പിച്ചാല്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന ഭാസുരമായ ഭാവിയെക്കുറിച്ച് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അവരുടെ പ്രതീക്ഷയും ആത്മവിശ്വാസവും പൊതുശത്രുവിനെതിരെ നടത്തിയ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ അവര്‍ നേടിയെടുത്ത ശക്തിബോധം - ഇതൊക്കെയും ചേര്‍ന്നാണ് ശതാബ്ദങ്ങളായി അവരില്‍ സുഷുപ്തിയിലായിരുന്ന, ഒളിഞ്ഞുകിടന്നിരുന്ന സര്‍ഗശേഷി പുറത്തുകൊണ്ടുവന്നത്. മറ്റു വിധത്തില്‍ പറഞ്ഞാല്‍ തൊഴിലാളി കര്‍ഷക ജനസാമാന്യം സാമ്പത്തിക രാഷ്ട്രീയ സമരവേദികളില്‍ ഒരു സ്വതന്ത്രശക്തിയായി പ്രവേശിച്ചതാണ് അവരുടെ സാംസ്കാരിക പ്രവര്‍ത്തനത്തെ സാധ്യമാക്കിയത്. "

“ഏതായാലും സംഘടിത തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും വളര്‍ച്ച അതിന്റെ സ്വാധീനം പ്രകടിപ്പിച്ചത് കലയുടെ മേഖലയില്‍ മാത്രമല്ല; പ്രകൃതി ശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും മേഖലയിലും അത് ദൃശ്യമായിരുന്നു. ട്രേഡ് യൂണിയനുകളുടെയും കിസാന്‍ സഭകളുടെയും പണിയെടുക്കുന്നവരുടെ മറ്റിതര ജനാധിപത്യ സംഘടനകളുടെയും ആദ്യത്തെയും ഏറെ പ്രധാനമായതുമായ പ്രവര്‍ത്തനങ്ങളിലൊന്ന് നിശാസ്കൂളുകളും വായനശാലകളും ലൈബ്രറികളും സ്റ്റഡി ക്ലാസുകളും ആരംഭിച്ച് രാഷ്ട്രീയ ധനതത്വശാസ്ത്രത്തിന്റെയും മറ്റു സാമൂഹിക ശാസ്ത്രങ്ങളുടെയും തത്വങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതിനായിരുന്നു. അതുവരെ മലയാള സാഹിത്യം കൈകാര്യം ചെയ്തിട്ടില്ലാത്ത ഗൗരവതരമായ വിഷയങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കാനും അതില്‍ താല്പര്യം ജനിപ്പിക്കാനും ഇതൊക്കെ ഏറെ സഹായകമായി".

"സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന വിജ്ഞാനതൃഷ്ണ, അത്തരം വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താനും ചുരുങ്ങിയ സമയത്തിനകം അവയെല്ലാം വിറ്റഴിക്കാനും എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും അവസരമൊരുക്കി. കേരളത്തിലെ പുസ്തകപ്രസാധനരംഗത്ത് മൗലികമായ മാറ്റത്തിന്റെ സാഹചര്യമാണ് ഇതുണ്ടാക്കിയത്. മുമ്പൊക്കെ നാലോ അഞ്ചോ വര്‍ഷംകൊണ്ട് വിറ്റുതീരുമായിരുന്നേടത്ത് ഇപ്പോള്‍ പുസ്തകങ്ങള്‍ ഒരു വര്‍ഷത്തിനിടെ തന്നെ തീര്‍ന്നുപോവുകയാണ് (പേജ് 482-483. വോള്യം 3)."

ഒരു സംസ്ഥാനത്തിന്റെ കാര്യമാണെങ്കിലും പി ഡബ്ല്യു എയുടെ സ്ഥാപനത്തിനുശേഷമുള്ള രണ്ട് ദശകങ്ങള്‍ക്കകം രാജ്യത്തൊട്ടാകെയുള്ള സാംസ്കാരിക പ്രസ്ഥാനത്തില്‍ എന്തു സംഭവിച്ചു എന്ന കാര്യം അത് വെളിപ്പെടുത്തിത്തരും എന്നതുകൊണ്ടാണ് ഞാനിത് ഉദ്ധരിച്ചത്. സുധി പ്രധാനാകട്ടെ, മിക്ക സംസ്ഥാനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അവയും ഇതേ കഥ തന്നെയാണ് പറയുന്നത്. അതുകൊണ്ട് ഒരു കാര്യം നിസ്സംശയം നിരീക്ഷിക്കാനാവും: സാമ്പത്തിക - രാഷ്ട്രീയ മേഖലകളിലേതെന്ന പോലെതന്നെ, കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും സാധാരണക്കാരെ സാംസ്കാരിക മേഖലയിലും കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. അവര്‍ വര്‍ധിച്ച തോതില്‍ സ്രഷ്ടാക്കളായി മാറുന്നുണ്ട്. അതേപോലെത്തന്നെ സാംസ്കാരിക ഉല്പന്നങ്ങളുടെ വിമര്‍ശകരുമായി വളരുന്നുണ്ട്. ഇതിനെ മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെന്നോ ശിഥിലീകരണമെന്നോ വിശേഷിപ്പിക്കാനാവുമോ? വാസ്തവത്തില്‍ അത് ശ്രദ്ധേയമായ നേട്ടമല്ലേ?

ശരിയാണ്, അരനൂറ്റാണ്ടുമുമ്പ് നിലവില്‍വന്ന പിഡബ്ല്യു എയും കുറച്ചുകഴിഞ്ഞ് രൂപംകൊണ്ട അതിന്റെ സഹോദര സംഘടനയായ ഐപിടിഎയും ഇന്ന് അഖിലേന്ത്യാ സംഘടനകളായി നിലനില്‍ക്കുന്നില്ല. നിലവിലുണ്ടായിരുന്നപ്പോള്‍തന്നെ മറ്റു സംസ്ഥാനങ്ങളിലും സജീവമായ പ്രാദേശിക ഘടകങ്ങള്‍ ഉണ്ടായിരുന്നില്ല. അവ ഹിന്ദി - ഉറുദു - ബംഗാളി ഭാഷാപ്രദേശങ്ങളിലാണ് ഏറെ അറിയപ്പെട്ടിരുന്നത്. അന്നത്തെപ്പോലെതന്നെ ഇന്നും നേരിട്ട് പി ഡബ്ല്യുഎ യിലും ഐപിടിഎ യിലും അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കിലും അന്നും ഇന്നും ആ രണ്ടു സംഘടനകളുടെയും സ്ഥാപക സമ്മേളനങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകള്‍ ഏറെയുണ്ട്. കേരളത്തിലെ പണിയെടുക്കുന്ന ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായിത്തന്നെ ഇക്കാലത്ത് സര്‍ഗാത്മക വിമര്‍ശനങ്ങളുമായി ഏറെ രചനകള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം ഒരുദാഹരണമെന്ന നിലക്ക് ഞാന്‍ ചൂണ്ടിക്കാട്ടുകയാണ്. 1937ല്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ കേരള ഘടകം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന കടുത്ത വിവാദങ്ങളും അതിനുശേഷം കമ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ 1940ല്‍ ഉയര്‍ന്നുവന്ന വിവാദങ്ങളും നോക്കിയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടന്നതിലും ഒട്ടും പിറകിലായിരുന്നില്ല അവ എന്നു കാണാം. മൂന്നു വാള്യങ്ങളിലായി പുറത്തിറങ്ങിയ രേഖകളിലെങ്ങുംതന്നെ ഈ പറഞ്ഞ വിവാദങ്ങള്‍ക്ക് പ്രാതിനിധ്യമേ ഇല്ല. ഇതിനുള്ള പ്രധാന ഉത്തരവാദികള്‍ തീര്‍ച്ചയായും പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ നേതാക്കളും പ്രവര്‍ത്തകരുമാണ്.

1940കളിലും 1950 കളിലും നടന്നവയടക്കം ഈ 50 വര്‍ഷക്കാലത്ത് നടന്ന കടുത്ത ചര്‍ച്ചകളെ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ , മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിലെ ആര്‍ക്കുംതന്നെ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തമ്മില്‍ ഉയര്‍ന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളെ അപലപിക്കാനുള്ള അവകാശമില്ലെന്ന കാര്യത്തില്‍ എനിക്ക് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ അന്ന് വ്യാപൃതരായിരുന്ന മൂര്‍ച്ചയേറിയ തര്‍ക്കങ്ങള്‍ , ജനങ്ങള്‍ക്ക് വേണ്ടി എന്നതുപോലെതന്നെ ജനങ്ങളാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന പുതിയ സാഹിത്യത്തിലും കലയിലും വളര്‍ന്നുവരുന്ന വീര്യമാണ് പ്രകടിപ്പിച്ചത്. പക്ഷേ എന്നാലും, അന്ന് ഉപയോഗിക്കാവുന്നതിലും കടുത്ത വാക്കുകള്‍ പ്രയോഗിച്ച കാര്യത്തിലും അന്ന് തെറ്റായ ആശയങ്ങള്‍ പ്രകടിപ്പിച്ച കാര്യത്തിലും ഞങ്ങളില്‍ പലരും കുറ്റവിമുക്തരാവുന്നില്ല. ഈ ദൗര്‍ബല്യങ്ങളെയും കുറവുകളെയും സംശയരഹിതമായും അംഗീകരിക്കുമ്പോള്‍ത്തന്നെ, മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനമെന്നത് അതിന്റെ രാഷ്ട്രീയ-സാമ്പത്തിക രൂപങ്ങള്‍പോലെതന്നെ ഒരു സജീവ യാഥാര്‍ഥ്യമാണ്.

മാര്‍ക്സിസ്റ്റ് സാംസ്കാരിക പ്രസ്ഥാനത്തിന്റെ ഇന്നത്തെ നിലയെന്താണ്? കണ്ണുള്ളവരെല്ലാം അംഗീകരിക്കുന്ന ഒരു കാര്യമാണ് പിഡബ്ല്യുഎയും ഐപിടിഎ യെപ്പോലുള്ള അഖിലേന്ത്യാ സംഘടനകള്‍ ഇന്ന് പ്രായോഗികമല്ല എന്നത്. രാജ്യത്തൊട്ടാകെ പുരോഗമന സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനകള്‍ ഉണ്ടെങ്കിലും അവക്ക് ഓരോന്നിനും തങ്ങളുടെതായ വ്യതിരിക്ത വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നതുതന്നെ കാരണം. അതിലെ അംഗങ്ങളും പ്രധാന പ്രവര്‍ത്തകരും ഓരോന്നിലും വ്യത്യസ്ത സ്വഭാവം പ്രകടിപ്പിക്കുന്നവയാണ് എന്നതു കൊണ്ടുതന്നെ, അവയെ ഒരൊറ്റ ഭരണഘടന അനുസരിക്കുന്ന ഒരു സംഘടനക്കുകീഴില്‍ ഒരേ നിയമാവലിയനുസരിക്കാന്‍ നിര്‍ബന്ധിച്ച് കൊണ്ടുവരണം എന്നുപറയുന്നത് തീര്‍ത്തും സാങ്കല്പികമാണ്.

ഇതോടൊപ്പം കാണേണ്ട മറ്റൊരു കാര്യമുണ്ട്. രാജ്യം ഒട്ടേറെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വങ്ങളാണ് എന്നുള്ളതു കൊണ്ടുതന്നെ, അവക്കിടയില്‍ സാധ്യമായ ഏറ്റവും നല്ല കാര്യം (ബാധകമായ പ്രമേയങ്ങളൊന്നും തന്നെ അംഗീകരിക്കാതെതന്നെ) ഇടക്കിടക്കുള്ള കൂടിച്ചേരലുകള്‍ വഴിയുള്ള ഏകോപനമാണ്. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനിടക്ക് ഉയര്‍ന്നുവന്ന സംഘടനകളുടെ വൈവിധ്യം തന്നെ 1936 ഏപ്രിലില്‍ ലഖ്നോ നഗരത്തില്‍ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ വീര്യത്തിനുള്ള ആദരമാണ്. പി ഡബ്ല്യുഎ യുടെയും ഐപിടിഎ യുടെയും ആരാധകരില്‍ പലരും സ്വപ്നം കണ്ടതുപോലെ അത് ഒരു വന്‍ വടവൃക്ഷമായി വളര്‍ന്നില്ലെങ്കിലും അതിന്റെ വേരുകള്‍ ഇന്ത്യയുടെ മണ്ണില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; രാജ്യത്ത് നിവസിക്കുന്ന എല്ലാ ഭാഷാസാംസ്കാരിക വിഭാഗങ്ങള്‍ക്കിടയിലും ഇന്നത്തേതും അര നൂറ്റാണ്ടു മുമ്പുള്ളതുമായ സര്‍ഗാത്മക സാഹിത്യത്തിന്റെയും വിമര്‍ശന സാഹിത്യത്തിന്റെയും ഉള്ളടക്കം താരതമ്യം ചെയ്താല്‍ അവ രണ്ടും 1936 സമ്മേളനത്തിന്റെ രേഖകളുമായി തട്ടിച്ചുനോക്കിയാല്‍ മനസ്സിലാകും ഇന്ത്യന്‍ സാംസ്കാരിക രംഗത്ത് അതിന്റെ ഗംഭീരമായ സ്വാധീനം.

ഇവിടെ ചര്‍ച്ചചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു വിഷയം സാംസ്കാരിക പ്രസ്ഥാനവും രാഷ്ട്രീയ പ്രസ്ഥാനവും തമ്മിലുള്ള ബന്ധമാണ്. സ്ഥാപക സമ്മേളനത്തില്‍ മുന്‍ഷി പ്രേംചന്ദ് നടത്തിയ അധ്യക്ഷപ്രസംഗവും സമ്മേളനം അംഗീകരിച്ച പ്രകടനപത്രികയും വ്യക്തമാക്കിയതുപോലെ ദേശീയ - അന്തര്‍ദേശീയ രാഷ്ട്രീയം മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണെന്നിരിക്കെ അത് കലയുടെയും സാഹിത്യത്തിന്റെയും കാര്യത്തിലും അങ്ങനെതന്നെയായിരിക്കുന്നു. അതേസമയം രാഷ്ട്രീയം ജീവിതത്തിന്റെ ഒരു ഭാഗമേ ആവുന്നുള്ളൂ, മുഴുവന്‍ ജീവിതവുമല്ല. ഒരെഴുത്തുകാരനും കലാകാരനും രാഷ്ട്രീയത്തിന് അതീതനാവാന്‍ കഴിയില്ല- സര്‍ഗാത്മക കലാകാരന്‍ എന്ന നിലക്ക് അയാളോ അവളോ അതിനോട് ആത്മനിഷ്ഠമായി പ്രതിജ്ഞാബദ്ധരല്ലെങ്കിലും. മുന്‍ഷി പ്രേംചന്ദും രബീന്ദ്രനാഥ ടാഗോറും ഇന്ത്യന്‍ സാഹിത്യത്തിലെ മറ്റു മഹാരഥന്മാരോ ഗോര്‍ക്കിയും റോമന്‍ റൊളാണ്ടും അതുപോലുള്ള ലോകസാഹിത്യത്തിലെ അതികായന്മാരോ തങ്ങള്‍ക്ക് ചുറ്റുമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരുന്നിട്ടില്ല. എന്നിരിക്കിലും അവര്‍ അടിസ്ഥാനപരമായി സര്‍ഗാത്മക കലാകാരന്മാരാണ് - ഈ വസ്തുത ഇപ്പോള്‍ തുറന്നു സമ്മതിക്കട്ടെ, ഞങ്ങളില്‍ പലരും പരസ്പരമുള്ള തര്‍ക്കത്തിനിടയില്‍ വിസ്മരിച്ച കാര്യമാണിത്. ഈ നിലപാട് മാക്സിം ഗോര്‍ക്കിക്ക് 1919 ജൂലൈ 31 നയച്ച കത്തില്‍ ലെനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലെനിന് ഏറെ സ്നേഹവും ആദരവുമുള്ള ഒരാളായിരുന്നു ഗോര്‍ക്കി എങ്കിലും തന്റെ നിര്‍ഭയമായ വിമര്‍ശനത്തില്‍ അദ്ദേഹം ഗോര്‍ക്കി ജീര്‍ണിക്കുകയാണ് എന്ന് വിശേഷിപ്പിച്ചിരുന്നു. "താങ്കളുടെ കത്ത് കൂടുതലായി വായിച്ചതോടെ ആ കത്തും അതിലെ തീര്‍പ്പുകളും താങ്കളുടെ മതിപ്പും തീര്‍ത്തും രോഗാതുരമാണ് എന്ന നിലപാടിലേക്ക് കൂടുതല്‍ കൂടുതലായി ഞാനെത്തിച്ചേരുകയാണ്". ഇതിന് കാരണമായി ലെനിന്‍ ചൂണ്ടിക്കാട്ടിയത് ഗോര്‍ക്കി അന്ന് കഴിഞ്ഞിരുന്നത് പെട്രോഗ്രാഡിലാണ് എന്നതാണ്. അവിടെയാണെങ്കില്‍ രാഷ്ട്രീയമായി അത്യസാധാരണമാംവിധം കാര്യം ഗ്രഹിക്കുന്നവര്‍ക്കും അതിവിപുലമായ രാഷ്ട്രീയാനുഭവമുള്ളവര്‍ക്കും മാത്രമേ സോവിയറ്റ് യൂണിയനില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു കാണാന്‍ കഴിയൂ എന്നതാണ് കാര്യം.

"നിങ്ങള്‍ക്ക് നിരീക്ഷിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ താഴെ നിന്നു നോക്കിക്കാണണം. പ്രവിശ്യകളിലാകട്ടെ, നാട്ടുമ്പുറങ്ങളിലാകട്ടെ തൊഴിലാളി കേന്ദ്രങ്ങളില്‍ ഒരു പുതുജീവിതം പണിതുയര്‍ത്തുന്നതിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ അപ്പോഴേ കഴിയൂ. അവിടെ ആരും അതിസങ്കീര്‍ണമായ കണക്കുകളുദ്ധരിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. വെറുതേ നോക്കിക്കണ്ടാല്‍ മാത്രം മതി. അതിനുപകരം താങ്കള്‍ സ്വയം ഒരു പ്രൊഫഷണല്‍ പത്രാധിപരുടെയോ തര്‍ജമക്കാരന്റെയോ നില സ്വയം കൈവരിക്കുകയാണ്. അത്തരമൊരവസ്ഥയില്‍ ഒരു പുതിയ ജീവിതത്തിന്റെ പുതിയ നിര്‍മാണം നിരീക്ഷിക്കാന്‍ ആവുകയില്ലതന്നെ. പകരം താങ്കളുടെ മുഴുവന്‍ ശക്തിയും ഒരു രോഗാതുരനായ ബുദ്ധിജീവിയുടെ അസുഖകരമായ പിറുപിറുക്കലുകളായി തകര്‍ന്നു തരിപ്പണമാകും". മനുഷ്യന്‍ പണിതുയര്‍ത്തിയ ഭൗതികവും ആത്മീയവുമായ ലോകത്തിന് എല്ലാ മഹത്വങ്ങളുടെയും യഥാര്‍ഥ സ്രഷ്ടാക്കളായ ജനങ്ങളുമായുള്ള ബന്ധം അറ്റുപോയതിന്റെ പേരില്‍ (അക്കാര്യം ഗോര്‍ക്കി തന്നെ തന്റെ രചനകളില്‍ വിശദീകരിക്കുന്നുണ്ട്)

ഗോര്‍ക്കിയെ ഇങ്ങനെ ശക്തമായി ശകാരിച്ചതിനുശേഷം ലെനിന്‍ കൂട്ടിച്ചേര്‍ക്കുന്നു: "താങ്കളുടെമേല്‍ എന്തെങ്കിലും ഉപദേശം അടിച്ചേല്‍പ്പിക്കുകയല്ല. പക്ഷേ എനിക്കിതു പറയാതെ വയ്യ: താങ്കളുടെ സാഹചര്യങ്ങളെ മൗലികമായി മാറ്റുക. താങ്കളുടെ ചുറ്റുപാടുകളെ, താങ്കളുടെ വസതിയെ, താങ്കളുടെ തൊഴിലിനെ - അല്ലെങ്കില്‍ ജീവിതം താങ്കളെ വെറുത്തേക്കും (ലെനിന്‍ സാഹിത്യത്തെയും കലയെയുംപറ്റി- പ്രോഗ്രസ് പബ്ലിഷേഴ്സ് - പേജ് 224-228).

ലെനിന്‍ ഗോര്‍ക്കിക്ക് നല്‍കുന്ന ഉപദേശം മാര്‍ഗനിര്‍ദേശമായി സ്വീകരിക്കുകയാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകരായ നമ്മളില്‍ പലരും നമ്മുടെ ഉപദേശം പ്രഗത്ഭരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നു പറഞ്ഞുകൂടേ? രാഷ്ട്രീയ പ്രവര്‍ത്തകരെന്ന നിലക്ക് പൊരുതുന്ന സാധാരണ ജനങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ അവരുടേതിനേക്കാള്‍ യാഥാര്‍ഥ്യപൂര്‍ണമായിരുന്നു. ഇക്കാരണത്താല്‍ നമ്മുടെ വിമര്‍ശകരില്‍ പലരും, നമുക്കെതിരെ കുറുവടിയുമായി നില്‍ക്കുന്ന കാലത്ത് പ്രത്യേകിച്ചും, നമ്മുടെ ഉപദേശം വിരുദ്ധരീതിയില്‍ നോക്കിക്കണ്ടിട്ടുണ്ടാകാം. കലാസൃഷ്ടികളുടെയും സാഹിത്യത്തിന്റെയും രചനയുടെ കാര്യത്തിലും ആസ്വാദനത്തിന്റെ കാര്യത്തിലും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പൂര്‍ണമായി വേര്‍തിരിച്ചു കാണാനോ പൂര്‍ണമായി കൂട്ടിക്കുഴയ്ക്കപ്പെടാനോ പാടില്ല - ഈയൊരു വസ്തുതയാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ നമ്മളില്‍ പലരും, അതേപോലെ കലയുടെയും സാഹിത്യത്തിന്റെയും മേഖലയിലെ നമ്മുടെ എതിരാളികളും മറന്നുപോയത്.

*
ഇ എം എസ് (വിവര്‍ത്തനം-എ കെ രമേശ്) ദേശാഭിമാനി വാരിക 01 ജനുവരി 2012

Tuesday, April 5, 2011

വാക്ക് തെറ്റിക്കാത്ത 20 മിനിറ്റ്

തെരഞ്ഞെടുപ്പു മുന്നോടിയായുള്ള പ്രചാരണ പരിപാടികളില്‍ ഒരുമാസം 300 പൊതുയോഗങ്ങളില്‍ സംസാരിച്ച നേതാവ്... ഒരു ദിവസം ശരാശരി പത്തുയോഗങ്ങള്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള പ്രതിഭയുടെ പ്രതിഫലനങ്ങളായിരുന്നു ആ വാക്കുകള്‍. കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ഒരുപക്ഷേ ഈ അസാധാരണവും അപൂര്‍വവുമായ പ്രതിഭാസം എന്നുവിശേഷിപ്പിക്കാന്‍ നമ്മുടെ മനസില്‍ ഇന്നും ഒരു വ്യക്തിത്വമേയുള്ളു. കേരളത്തിന്റെ, മലയാളിയുടെ സ്വന്തം ഇ എം എസ്. സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ ഇഎംഎസിന്റെ സംഭാവനകളെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തം. അക്ഷരങ്ങള്‍ക്കും വരകള്‍ക്കും അപ്പുറം വളര്‍ന്നു പന്തലിച്ച അദ്ദേഹത്തിന്റെ അസാധാരണ വ്യക്തിത്വം ഇന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത്. കേരളത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗം പതുക്കെ പതുക്കെ ചൂടുപിടിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണായി ഇന്നും നാം പ്രതിഷ്ഠിച്ചിട്ടുള്ള ഇഎംഎസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെക്കുറിച്ച് മക്കളായ ഡോ. മാലതിയും രാധയും അനുസ്മരിക്കുകയാണ്.

1987നുശേഷമുള്ള തെരഞ്ഞെടുപ്പുകളാണ് ഡോ. മാലതിയുടെ ഓര്‍മചിത്രത്തില്‍ അധികവും. രാധയുടെ മനസില്‍ 65 മുതലുള്ള തെരഞ്ഞെടുപ്പു പര്യടനത്തിന്റെയും പ്രകടനങ്ങളുടെയും തെളിവുള്ള ഓര്‍മകള്‍. തെരഞ്ഞെടുപ്പു പര്യടനങ്ങള്‍ക്കിടയിലും ഇഎംന്റെ തെറ്റിക്കാത്ത ദിനചര്യകള്‍. നിഷ്ഠയോടെയുള്ള എഴുത്ത്, വായന, വ്യായാമം.....കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെനീളുന്ന പര്യടന പരിപാടികള്‍. ഓരോ തെരഞ്ഞെടുപ്പുകാലം പിന്നിടുമ്പോഴും ആ സ്മൃതികള്‍ ഇന്നും ഒരുജനതയുടെ ആവേശം തന്നെയാണ്.

"1987-ലെ തെരഞ്ഞെടുപ്പു സമയം. ശാന്തിനഗറിലാണ് അന്ന് ഞങ്ങളുടെ താമസം. കൃത്യനിഷ്ഠയുള്ള ജീവിതമായതിനാല്‍ അച്ഛന് അന്ന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. പാര്‍ടി അന്ന് പ്രസംഗത്തിന്റെ ഷെഡ്യൂള്‍ തയ്യാറാക്കിയപ്പോള്‍ ഒരുമാസം 300യോഗങ്ങള്‍. കാടുകയറിയുള്ള പ്രസംഗമല്ല അദ്ദേഹത്തിന്റേത്. 20 മിനിറ്റ് എന്നുപറഞ്ഞാല്‍ കൃത്യമായി 20 മിനിറ്റ് - അതുകഴിഞ്ഞാല്‍ നിര്‍ത്തും."

ശാസ്തമംഗലത്തെ വീട്ടില്‍ ഇഎംഎസിന്റെ മൂത്തമകള്‍ ഡോ. മാലതി നമ്മെ ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

"എന്നാല്‍തന്നെ ദിവസം പത്തു യോഗസ്ഥലങ്ങളിലേക്ക് യാത്രചെയ്ത് എത്തുന്നതിലുള്ള ബുദ്ധിമുട്ട്. ഇക്കാര്യം പാര്‍ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതാരും കൂട്ടാക്കുന്നില്ല. അങ്ങനെ വന്നപ്പോള്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. പി പി ജോസഫിനെ സമീപിച്ചു വിവരം പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശം പാര്‍ടി അംഗീകരിച്ചു. തുടര്‍ന്ന് ഒരുദിവസം അരമണിക്കൂര്‍ വീതമുള്ള മുന്നു പ്രസംഗങ്ങള്‍ മാത്രമായി ചുരുക്കി."

താന്‍ ഡോക്ടറായ ശേഷം അച്ഛന്‍ തന്നെ മകള്‍ എന്നതിനേക്കാളുപരി ഒരു ഡോക്ടര്‍ എന്ന നിലയിലാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാല്‍ ഡോ. പി പി ജോസഫിന്റേതായിരുന്നു അവസാനവാക്ക്, ഡോ. മാലതി പറയുന്നു.

എം വി രാഘവനും ഗൗരിയമ്മയും പാര്‍ടിയില്‍നിന്ന് പുറത്തുപോയശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും പാര്‍ടിക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തെരഞ്ഞെടുപ്പു സമയത്തും ഓരോ വിവാദ വിഷയങ്ങള്‍ ഉയരുമ്പോഴും അക്കാര്യങ്ങളില്‍ ഇടപെടുന്നുതിനും ഒരുദിവസംപോലും മുടങ്ങാതെ കൃത്യമായിതന്നെ "ദേശാഭിമാനി"ക്ക് ലേഖനങ്ങള്‍ നല്‍കി.

"രാവിലെ നാലുമണിയോടെ ഉണര്‍ന്ന് വ്യായാമവും കുളിയും മറ്റു ദിനചര്യകളും പൂര്‍ത്തിയാക്കി ആറുമണിക്കുതന്നെ തുടങ്ങുന്ന പത്രവായന. അത് ഏഴര എട്ടുമണിവരെ നീളും. പിന്നെ എഴുത്ത്. പത്തുമണിയോടെ വീട്ടില്‍നിന്നിറങ്ങിയാല്‍ ദൂരസ്ഥലങ്ങളിലല്ലെങ്കില്‍ ഊണും വീട്ടില്‍നിന്നു തന്നെയാ കും. ഊണിനുശേഷം 20 മിനിറ്റ് ഉറക്കം. അത് ഗാഢനിദ്രയാണ്. പിന്നെ ഉണര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും രാവിലെപ്പോലെ ഉന്‍മേഷവാനായിരിക്കും. വീണ്ടും എഴുതാനുള്ള സമയമാണ്. പിന്നെ വീട്ടില്‍നിന്നിറങ്ങിയാല്‍ തെരഞ്ഞെടുപ്പു സമയത്ത് ചിലപ്പോള്‍ രാത്രി 10-11മണിയോടെയാകും തിരിച്ചെത്തുക."

ഡോ. മാലതി അച്ഛന്റെ ഓര്‍മകളിലൂടെ നീങ്ങി. ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങളില്‍ പാര്‍ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നത് അച്ഛന്റെ ലേഖനങ്ങളിലൂടെയായിരുന്നുവെന്ന് ഇഎംഎസിന്റെ മകള്‍ രാധ ഓര്‍മിക്കുന്നു.

"തെരഞ്ഞെടുപ്പുകാലത്ത് ഒരുപക്ഷേ അന്ന് ഓരോന്നും വിവാദങ്ങളേക്കാള്‍ ഉപരി സംവാദങ്ങളായിരുന്നു. തീര്‍ത്തും ആരോഗ്യകരവും നാടിന്റെ വികസനം ലക്ഷ്യമിടുന്നതുമായ സംവാദങ്ങള്‍. ജനകീയാസൂത്രണം, സ്ത്രീകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ലഭിച്ച 50ശതമാനം സംവരണം എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളുണ്ട്. സമയപരിധിക്കുള്ളില്‍നിന്ന് കാച്ചിക്കുറുക്കിയ പ്രസംഗങ്ങള്‍. ഏതുവിഷയത്തെക്കുറിച്ചും പഠിച്ച് പ്രതികരിക്കുന്ന സ്വഭാവരീതി. 1965-ലെ തെരഞ്ഞെടുപ്പുകാലത്ത് പാര്‍ടിയുടെ പ്രമുഖ നേതാക്കളെല്ലാം ജയിലില്‍ കഴിയുമ്പോള്‍ 120 മണ്ഡലങ്ങളിലാണ് അച്ഛന്‍ പ്രചരണത്തിനിറങ്ങിയത്. അന്ന് 45സീറ്റില്‍ പാര്‍ടി വിജയിച്ചു. ഏറ്റവും ഒടുവില്‍ 1996-ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് അദ്ദേഹം പങ്കെടുത്തത്. അന്ന് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍തന്നെ ആ തെരഞ്ഞെടുപ്പിലും തനിക്കു കഴിയുംവിധം പ്രവര്‍ത്തിച്ചുതന്നെയാണ് അദ്ദേഹം വിടവാങ്ങിയത്." രാധ ഓര്‍ക്കുന്നു.

എവിടെ പോയാലും ദിനചര്യയിലോ ഭക്ഷണത്തിലോ ഒരുമാറ്റവും അദ്ദേഹം വരുത്തിയില്ല. ഒരു കമ്പ്യൂട്ടര്‍പോലെയായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപന ദിവസങ്ങളിലും അദ്ദേഹം ഉല്‍കണ്ഠാകുലനായി തോന്നിയിട്ടില്ലെന്നാണ് ഡോ. മാലതിയുടെ വിലയിരുത്തല്‍.

"ഒരുപക്ഷേ മനസില്‍ അത്തരം ആകാംക്ഷ ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊന്നും അദ്ദേഹം പുറത്തുകാണിച്ചിരുന്നില്ല. ടെലിവിഷനൊക്കെ വന്നപ്പോള്‍ ദൃശ്യങ്ങള്‍ കാണാനാകുമെങ്കിലും കേള്‍വിശക്തി കുറഞ്ഞിരുന്നു. അന്ന് ടിവിയില്‍ വാര്‍ത്ത പറയുമ്പോള്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് ഞങ്ങള്‍ എഴുതികൊടുക്കുമായിരുന്നു."

ഒരു തെരഞ്ഞെടുപ്പുകാലം കൂടി കടന്നുപോകുമ്പോള്‍ കേരളരാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത സാന്നിധ്യമായിരുന്ന അച്ഛന്റെ നിറവാര്‍ന്ന ഓര്‍മകളിലാണ് ഈ മക്കള്‍.

*
തയ്യാറാക്കിയത് ടി എന്‍ സീന കടപ്പാട്: ദേശാഭിമാനി