Showing posts with label സുകുമാര്‍ അഴീക്കോട്. Show all posts
Showing posts with label സുകുമാര്‍ അഴീക്കോട്. Show all posts

Sunday, January 29, 2012

സമാനതകളില്ലാത്ത സാംസ്കാരികജീവിതം

അഴീക്കോട് മാഷിന്റേത് സമാനതകളില്ലാത്ത സാഹിത്യ സാംസ്കാരിക ജീവിതമാണ്. ഈ വിഷയത്തെ സമഗ്രമായി സമീപിച്ചാല്‍ അതിനുതന്നെ ആയിരക്കണക്കിന് പേജുകള്‍ എഴുതേണ്ടിവരും. കണ്ണൂരിലെ കെ ടി സുകുമാരന്‍ എങ്ങനെ സുകുമാര്‍ അഴീക്കോടായി വളര്‍ന്നുവെന്നത് വിസ്മയകരമായ ഒരു ജീവിതാനുഭവംതന്നെയാണ്.

വാഗ്ഭടാനന്ദസ്വാമികള്‍ കെ ടി സുകുമാരന്റെ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നു. അതിനാല്‍ വാഗ്ഭടാനന്ദന്റെ ഒരു സ്വാധീനം സുകുമാരനില്‍ ബാല്യകാലംമുതലേ ഉണ്ടായിരുന്നു. അയത്നലളിതമായി ആത്മീയകാര്യങ്ങള്‍ അവതരിപ്പിച്ചിരുന്ന വാഗ്ഭടാനന്ദന്റെ സവിശേഷമായ രീതി അഴീക്കോട് മാഷിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിഗഹനമായ വിഷയങ്ങള്‍ തത്ത്വമസിയില്‍ വളരെ ലളിതമായി പ്രതിപാദിക്കാനായത് ഒരുപക്ഷേ വാഗ്ഭടാനന്ദന്റെ അനുഗ്രഹംകൊണ്ടാവണം.

പ്രഭാഷണകലയില്‍ അഴീക്കോട് മാഷിനെ വെല്ലാന്‍ അധികമാരുമുണ്ടെന്നു തോന്നുന്നില്ല. വളരെ കടുപ്പമേറിയ വിഷയങ്ങളും അതിലളിതമായി നര്‍മോക്തി കലര്‍ത്തി അവതരിപ്പിച്ച് ശ്രോതാക്കളെ മണിക്കൂറുകളോളം കൂടെ കൊണ്ടുപോകുന്ന അതിവിശിഷ്ടമായ ശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയുന്നതല്ല. സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെ സ്വതസിദ്ധമായ അപഗ്രഥനവും ആഴമേറിയ വായനയുടെ ഫലമായി ആര്‍ജിച്ച ജ്ഞാനവും മൗലികചിന്തയും സമഞ്ജസമായി സമ്മേളിച്ചുള്ള ആ വാഗ്ധോരണി ഒരിക്കല്‍ കേട്ടവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.

അഴീക്കോട് മാഷിന്റെ ഗുരുവായ കെ രൈരുനായര്‍ എഴുതിയ ശാകുന്തളം പരിഭാഷയ്ക്ക് അവതാരിക എഴുതാന്‍ ചുമതലപ്പെടുത്തപ്പെട്ടത് ശിഷ്യനായ സുകുമാരനായിരുന്നു. ആ കൃത്യം വളരെ ഭംഗിയായി നിര്‍വഹിച്ചതുകൊണ്ടാവണമല്ലോ അത് വായിച്ച കുട്ടികൃഷ്ണമാരാര്‍ "കൊച്ചുന്നാളിലേ ഇയാള്‍ ഒരു പണ്ഡിതനായിക്കഴിഞ്ഞല്ലോ" എന്ന് അഭിപ്രായപ്പെട്ടത്. ചെറിയ പ്രായത്തില്‍തന്നെ കുട്ടികൃഷ്ണമാരാരെപ്പോലെ ഒരാളില്‍നിന്ന് ലഭിച്ച ഈ പ്രശംസ കുട്ടികൃഷ്ണമാരാരുടെ ദീര്‍ഘദര്‍ശിത്വത്തിന്റെയും കൂടി ഒരു നിദര്‍ശനമാണ്.
ഗുരുവിന് അവതാരിക എഴുതിത്തുടങ്ങിയ അഴീക്കോട് മാഷിന്റെ നിരൂപണവിമര്‍ശനശൈലികളും ഭാഷാശൈലിയും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്. മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും നിരൂപണശൈലികള്‍ക്കിടയിലുള്ള ഒന്നാണ് അഴീക്കോട് മാഷിന്റേതെന്ന വാദവും നമുക്ക് ഓര്‍ക്കാം. മലയാളത്തില്‍ നിരൂപണവും വിമര്‍ശനവും ഒരേപോലെ ഗൗരവമായി കൈകാര്യംചെയ്തിട്ടുള്ളത് അഴീക്കോട് മാഷാണ്. അനിതരസാധാരണമാണ് മാഷിന്റെ ഭാഷാശൈലി. തത്ത്വമസിയില്‍ അതിന്റെ പ്രോജ്വലരൂപം ദര്‍ശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുള്ളത്: "എന്റെ മറ്റെല്ലാ പുസ്തകങ്ങളും എനിക്ക് ഒരുപക്ഷേ, വീണ്ടും എഴുതാന്‍ കഴിഞ്ഞേക്കാം. പക്ഷേ തത്ത്വമസി അങ്ങനെ വീണ്ടും എഴുതാനാവില്ല. ആ സര്‍ഗ്ഗമുഹൂര്‍ത്തം ഇനി ലഭ്യമാവില്ല." ഇക്കാരണത്താലാവാം പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ തിരസ്കരിച്ച മാഷ് തത്ത്വമസിക്കു ലഭിച്ച വയലാര്‍ പുരസ്കാരം ഇരുകൈയും നീട്ടി സ്വീകരിച്ചത്.

തനിക്കു ശരിയെന്നു തോന്നുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാടാണ് മാഷ് എന്നും കൈക്കൊണ്ടിട്ടുള്ളത്. രാഷ്ട്രീയത്തിലും ഇതുതന്നെയാണവസ്ഥ. "ഞാന്‍ മരിക്കുംവരെ കോണ്‍ഗ്രസുകാരനായിരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ഞാന്‍ മരിക്കും മുമ്പേ കോണ്‍ഗ്രസ് മരിച്ചു" എന്ന് അദ്ദേഹം വ്യക്തമാക്കി. "ഗുജറാത്തിലെ ക്രൂരതയെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ക്രൂരത ലോകത്തൊരിടത്തുമുണ്ടായിട്ടില്ല. വീണ്ടും അവിടെ ജനിക്കാന്‍ ഗാന്ധിജി ഭയപ്പെടും. ഗര്‍ഭിണിയുടെ വയറ്റില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊന്നത് ഏത് മതത്തിന്റെ പേരിലായാലും അത് മതമല്ല എന്നു പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിക്കണം" എന്നും നിര്‍ഭയമായി തുറന്നടിക്കാന്‍ അഴീക്കോട് മാഷിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? "അമ്പത്തഞ്ചുവര്‍ഷം മുമ്പാണ് ഞാന്‍ പ്രസംഗം ആരംഭിച്ചത്. രാജ്യം അന്ന് ഇത്രയും ചീത്തയായിട്ടില്ല. രാഷ്ട്രമിന്ന് മോശപ്പെട്ട അവസ്ഥയിലെത്തിയതിന് എന്റെ പ്രസംഗവും കാരണമായോ എന്ന് ആശങ്കപ്പെടുകയാണ്." ഇങ്ങനെയാണ് പരിഹാസം തുളുമ്പുന്ന സ്വരത്തില്‍ അഴീക്കേട് നടത്തുന്ന സ്വയംവിമര്‍ശനം. ഇക്കാര്യത്തില്‍ ഞാന്‍ പറയും, പ്രിയപ്പെട്ട അഴീക്കോട് മാഷ്, അങ്ങയുടെ പ്രസംഗങ്ങളും പ്രവൃത്തികളുമാണ് ഈ രാഷ്ട്രത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്താതെ രക്ഷിച്ചത്.

ഒറ്റ വാചകത്തില്‍ ഉപസംഹരിച്ചാല്‍ നാടിനെ ഗ്രസിച്ച പിശാചിനെ നിഗ്രഹിക്കാന്‍ നല്ലവന്റെ രക്തം നല്‍കണം എന്നൊരു ചൊല്ലുണ്ട്. സാഹിത്യജീവിതത്തിനപ്പുറം നമ്മുടെ സാമൂഹികജീവിതത്തില്‍ കാണുന്ന പുഴുക്കുത്തുകള്‍ക്കും നെറികേടുകള്‍ക്കും നീതിരാഹിത്യത്തിനുമെതിരെ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഉള്ളുറപ്പില്‍ എതിരിടാനും പോരിടാനും സദാ കോണ്‍ഗ്രസ് മരിച്ചുപോയി. സമരസജ്ജമായിരുന്നു ആ മനസ്സ്, ആദര്‍ശോജ്വലമായ പൊതുജീവിതം നയിച്ച സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധിയന്‍ മനസ്സ്, സമൂഹശുശ്രൂഷയ്ക്ക് ഇടതുപക്ഷം കരുത്താര്‍ജിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും അതിനായി വാക്കും രചനയും മാറ്റുകയുംചെയ്തു. കമ്യൂണിസ്റ്റ് സഹയാത്രികനാണ് താനെന്ന് തുറന്നുപറയാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. ദാരിദ്ര്യദുഃഖം പേറുന്നവന്റെ അവസാനത്തെ ആശ്വാസമാകാനുള്ള വെമ്പലായിരുന്നു ഗാന്ധിയനായ ഈ സമരോത്സുകന്റെ പൊതുജീവിതം.

(എം എ ബേബി)

ഇണങ്ങിയും പിണങ്ങിയും ഇഴമുറിയാത്ത സൗഹൃദം

ഇണങ്ങിയും പിണങ്ങിയും ഏറെക്കാലം നീണ്ട സൗഹൃദമാണ് സുകുമാര്‍ അഴീക്കോടുമായി എനിക്കുള്ളത്. ഒരുപക്ഷേ, കേരളത്തിലെ വേറെ ഏതൊരാളേക്കാളും നന്നായി അദ്ദേഹത്തെ അറിയുക ഞാനായിരിക്കും, അദ്ദേഹത്തിന്റെ എല്ലാ ശക്തിദൗര്‍ബല്യങ്ങളോടും കൂടി. സുകുമാര്‍ അഴീക്കോടുമായി ഞാന്‍ കലഹിച്ചിട്ടുണ്ട്. എങ്കിലും ആ സമയങ്ങളില്‍ എന്റെ മനസ്സില്‍ അദ്ദേഹത്തോട് ഒരു കാലുഷ്യവുമുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഉള്ളില്‍ അല്‍പ്പംപോലും വിഷം സൂക്ഷിച്ചിരുന്നില്ല. കാലുഷ്യം തീണ്ടാത്ത കലഹമായിരുന്നു ഞങ്ങളുടേത്. ആ മനസ്സിന്റെ നന്മ നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍ . വിയോജിപ്പുകള്‍ തുറന്നു പറയാറുമുണ്ട്. അദ്ദേഹവുമായുള്ള അടുപ്പം തുടങ്ങുന്നതുതന്നെ വിയോജിച്ചുകൊണ്ടാണ്.

1948ലായിരുന്നു അത്. എം ഗോവിന്ദന്‍ , എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തില്‍ മദ്രാസില്‍നിന്നാരംഭിച്ച "നവസാഹിതി"യുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ഒരു സാഹിത്യ സമ്മേളനം നടക്കുകയായിരുന്നു. പൊന്‍കുന്നം വര്‍ക്കി ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ വേദിയിലുണ്ട്. സുകുമാര്‍ അഴീക്കോടിനെ പങ്കെടുപ്പിക്കാത്തതെന്ത് എന്ന് സി പി ശ്രീധരന്‍ ചോദിച്ചു. സംഘാടകനായ ഞാന്‍ അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. "ഞങ്ങള്‍ മലയാളത്തിലെ സാഹിത്യകാരന്മാരെമാത്രമേ ക്ഷണിച്ചിട്ടുള്ളൂ." സംസ്കൃതപദ ജടിലമായ ഭാഷാപ്രയോഗമായിരുന്നു അന്ന് സുകുമാര്‍ അഴീക്കോടിന്റേത്. അതിനെ പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു എന്റെ മറുപടി. പിന്നീട് അദ്ദേഹം ആ ശൈലിയില്‍നിന്നെല്ലാം മാറി.
സുകുമാര്‍ അഴീക്കോടുമായി അടുത്ത സൗഹൃദവും സാഹോദര്യവും കുട്ടിക്കാലം മുതല്‍ക്കേ പുലര്‍ത്തിയിരുന്ന ഒരാളാണ് ഞാന്‍ . ചിറക്കല്‍ രാജാസ് സ്കൂളില്‍ അദ്ദേഹം എന്റെ സീനിയറായിരുന്നു. ഞാന്‍ സ്കൂളിലെത്തുമ്പോഴേക്കും അദ്ദേഹം അവിടത്തെ പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും അടുത്തിടപഴകാനും സൗഹൃദം പങ്കിടാനും കഴിഞ്ഞിരുന്നു. ഒന്നിച്ച് സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സിനിമ കാണാനും സൗഹൃദം പങ്കുവയ്ക്കാനുമെല്ലാമുള്ള അടുപ്പം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

പട്ടാമ്പിയിലെ പ്രശസ്തമായ തറവാടായ കല്ലമ്മാര്‍തൊടിയിലെ കുടുംബാംഗമാണ് എന്റെ ഭാര്യ. പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ ശിഷ്യന്‍ കല്ലമ്മാര്‍തൊടി രാമുണ്ണിമേനോന്‍ പ്രശസ്തനായ കവിയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹ കാലത്ത് അദ്ദേഹമെഴുതിയ കവിതകളാണ് പടപ്പാട്ടുകള്‍പോലെ എ കെ ജിയും കെ കേളപ്പനുമെല്ലാം പാടിയിരുന്നത്. രാമുണ്ണിമേനോന്റെ അനന്തരവളാണ് എന്റെ ഭാര്യ. അവരുടെ തറവാട്ടുവീട്ടില്‍ ഞാനും സുകുമാരനും അന്തിയുറങ്ങിയിട്ടുണ്ട്. ജീവിതത്തിലുടനീളം ഇണങ്ങിയും പിണങ്ങിയും നീണ്ട സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട് ഞങ്ങള്‍ .

മുത്തങ്ങ വെടിവയ്പില്‍ പ്രതിഷേധിച്ച് സുകുമാര്‍ അഴീക്കോട് സാഹിത്യ അക്കാദമി നല്‍കിയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ശ്രീമതി സാറാ ജോസഫിനാല്‍ അനുഗതനായി അംഗീകാരങ്ങളും സ്വര്‍ണപ്പതക്കങ്ങളും അദ്ദേഹം അക്കാദമിക്ക് തിരിച്ചുനല്‍കി. വിശിഷ്ടാംഗം എന്ന നിലയില്‍ ലഭിച്ച സ്വര്‍ണപ്പതക്കം തിരിച്ചു നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. എളുപ്പത്തില്‍ ക്ഷുഭിതനാവുകയും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയ്ക്ക് വിധേയനാവുകയും ചെയ്യുന്ന പ്രകൃതമാണ് അഴീക്കോടിന്റേത്. അതുകൊണ്ടാണ് ഇങ്ങനെ ഇത് സംഭവിച്ചത്.
ഇതേക്കുറിച്ച് ഒരു പ്രമുഖ പത്രത്തോടുള്ള പ്രതികരണത്തില്‍ ആ സ്വര്‍ണപ്പതക്കങ്ങള്‍ ഉരുക്കിക്കളയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് അവര്‍ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്റെ പഴയ സുഹൃത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയുന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. എന്റെ പ്രതികരണം കണ്ടപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി എനിക്കൊരു കത്തയക്കുകയുംചെയ്തു. പക്ഷേ, ഞാന്‍ പറഞ്ഞതുതന്നെ സംഭവിച്ചു. വളരെ വൈകാതെ അദ്ദേഹം ആ പുരസ്കാരങ്ങള്‍ തിരിച്ചു വാങ്ങി.
ഇങ്ങനെയുള്ള സംഭവങ്ങള്‍ നിരവധിയുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താനും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചത് ഞാനാണ്. എനിക്കെതിരെ കുഞ്ഞബ്ദുള്ള വൈദ്യരും വി ആര്‍ സുധീഷുമെല്ലാം ചേര്‍ന്ന് മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ , ഞാനാവശ്യപ്പെടാതെ തന്നെ അത് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത് സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നില്ലെന്നത് വേറെകാര്യം. കേസ് തള്ളിപ്പോവുകയായിരുന്നു.

പൂര്‍ണമായും നന്മയുള്ള ഒരാളും ലോകത്തിലില്ല. ഗുണദോഷ സമ്മിശ്രമായ സ്വഭാവവിശേഷങ്ങളോടുകൂടിയേ വ്യക്തികളുണ്ടാകൂ. എല്ലാം കുട്ടിക്കിഴിച്ചുനോക്കുമ്പോള്‍ സുകുമാരനില്‍ കൂടുതലും ഗുണങ്ങളാണുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളോടും തന്നെ ദ്രോഹിച്ചപ്പോള്‍ക്കൂടി സ്ഥായിയായ വിദ്വേഷം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പലരും പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനായി ദുരുപയോഗംചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളെ വിശ്വസിച്ച അദ്ദേഹത്തിന് അതുകൊണ്ടുതന്നെ പല അപകടത്തിലും ചെന്നുചാടേണ്ടിയും വന്നിട്ടുണ്ട്. ജീവിതാന്ത്യത്തില്‍ ഇതെല്ലാം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒടുവിലത്തെ പ്രസ്താവനയുംമറ്റും അതാണ് സൂചിപ്പിക്കുന്നത്.

എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും ആത്യന്തികമായ നന്മ എന്നും സൂക്ഷിച്ച ആ പഴയ ചങ്ങാതിയുടെ മനസ്സ് ഞാനെന്നും തിരച്ചറിഞ്ഞിട്ടുണ്ട്.

(ടി പത്മനാഭന്‍)

അഴീക്കോട് നിരന്തരം സംസാരിച്ച പ്രക്ഷോഭകന്‍ : കെ ഇ എന്‍

അഴീക്കോടിന്റെ തത്വമസി ഉള്‍പ്പെടെയുള്ള കൃതികള്‍ പ്രഭാഷണ കലയില്‍നിന്ന് രൂപം കൊണ്ടതാണെന്ന് കെ ഇ എന്‍ കുഞ്ഞഹമദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ ഇ എന്‍ .

അഴീക്കോടിന്റെ പ്രബന്ധങ്ങളും പ്രഭാഷണത്തിന്റെ തുടര്‍ച്ചയാണ്. ജീവിതം മുഴുവന്‍ നിരന്തരം സംസാരിച്ച പ്രക്ഷോഭകനാണ് അഴീക്കോട്. നവോഥാന പശ്ചാത്തലമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. നവോഥാന നിലപാടില്‍ പ്രവര്‍ത്തിച്ച അഴീക്കോട് പ്രഭാഷണ ലോകത്ത് നിരന്തരം വ്യാപരിച്ചു. പ്രഭാഷകര്‍ക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിച്ച അഴീക്കോട് അപൂര്‍വ മാതൃകയായി. ജി ശങ്കരക്കുറുപ്പ് മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരെ വിമര്‍ശിച്ച അദ്ദേഹത്തിന്റെ നിലപാട് എക്കാലവും മഹത്തായ ശരിയായി നിലനില്‍ക്കും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും സംസ്കൃത ഭാഷയെ വിഗ്രഹവല്‍ക്കരിച്ചിട്ടില്ലെന്നും കെ ഇ എന്‍ പറഞ്ഞു.

*
ദേശാഭിമാനി, ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ജനുവരി 2012

Thursday, January 26, 2012

തോല്‍വി സമ്മാനിച്ച ജീവിതപാഠം

ജീവിതത്തില്‍ വിജയഗാഥ പാറിച്ച സുകുമാര്‍ അഴീക്കോട് ആദ്യമായും അവസാനമായും മത്സരിച്ച തെരഞ്ഞെടുപ്പില്‍ തോറ്റു. തെരഞ്ഞെടുപ്പിന്റെ വഴിയിലൂടെ പിന്നീട് സഞ്ചരിച്ചില്ലെങ്കിലും പരാജയത്തെ വിലപ്പെട്ട അനുഭവമായാണ് പിന്നീട് അഴീക്കോട് വിലയിരുത്തിയത്. തലശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ 1962ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അഴീക്കോട് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ മത്സരിച്ച എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ടായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 66,000 വോട്ടിനാണ് അഴീക്കോട് പരാജയപ്പെട്ടത്. അന്ന് കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അഴീക്കോട് അംഗമായിരുന്നു.

തെരഞ്ഞെടുപ്പുമത്സരത്തെക്കുറിച്ച് അഴീക്കോട് ആത്മകഥയില്‍ഇങ്ങനെ എഴുതി. "ഞാന്‍ അപേക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത വലിയൊരു സംഗതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം (ടിക്കറ്റ് അല്ല) ലഭിച്ചത്. സ്ഥാനാര്‍ഥിയാകണമെന്ന് അഭ്യര്‍ഥിക്കാന്‍ കെപിസിസി പ്രസിഡന്റ് സാക്ഷാല്‍ സി കെ ഗോവിന്ദന്‍നായര്‍ ഞാന്‍ ജോലി ചെയ്ത കോളേജില്‍ എത്തുന്നു. അതുതന്നെ ഒരു ചെറിയ ജയമല്ലേ? ഇന്നത്തെ അനുഭവംവച്ച് കോണ്‍ഗ്രസുകാര്‍ ഈ സംഭവത്തെ മനസ്സിലാക്കിയാല്‍ നന്ന്. അന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സാമൂഹ്യജീവിതത്തില്‍ ആദര്‍ശധീരതയും വ്യക്തിപരമായ മൂല്യബോധവും അടിസ്ഥാനമാക്കിയാണ്. അത് ഇന്നത്തേതുപോലെ ആയിരുന്നില്ല." പരാജയപ്പെട്ടതറിഞ്ഞ സമയത്തെ അനുഭവം അഴീക്കോടിന്റെ വാക്കുകളില്‍ : "ഞാന്‍ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എനിക്ക് ഒട്ടും പരിചയമോ അടുപ്പമോ ഇല്ലാതിരുന്ന പ്രവര്‍ത്തകര്‍ എനിക്കു ചുറ്റുംകൂടി പൊട്ടിക്കരഞ്ഞു. നിന്നേടത്തു നിന്ന് ഞാന്‍ വീണുപോകുമെന്ന നിലവന്നു. തോറ്റതുകൊണ്ടല്ല, ആ നിഷ്കളങ്കമായ സ്നേഹവായ്പ് താങ്ങാന്‍ പറ്റാത്തതിനാലാണ്. സുഹൃത്തുക്കള്‍ എന്നെ വീട്ടിലെത്തിച്ചു. ആ രാത്രി എന്റെ ജീവിതത്തിലെ മറക്കാനാവാത്ത വികാരത്തിന്റെ വേലിയേറ്റത്തില്‍ ആകെ മുങ്ങിപ്പോയ മുഹൂര്‍ത്തമായിരുന്നു. അക്കാലത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിയുടെ വീട്ടുപടിക്കല്‍ വിജയിക്കുന്ന പാര്‍ടിക്കാര്‍ ആഹ്ലാദം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, എന്തുകൊണ്ടോ അഴീക്കോട്ടെ കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തകര്‍ ആ ചടങ്ങില്‍നിന്ന് എന്നെ ബഹുമാനപൂര്‍വം ഒഴിവാക്കിയിരുന്നു."

"1962ല്‍ സ്ഥാനാര്‍ഥിയായതില്‍ മറ്റൊരു നഷ്ടവുമുണ്ടായി. ബനാറസ് യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രൈവറ്റായി ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ എടുക്കാന്‍ ശ്രമിച്ചത് പൂര്‍ത്തിയായില്ല. തെരഞ്ഞെടുപ്പിന്റെ തിരക്കും ബഹളവും മാത്രമല്ല, മഞ്ഞപ്പിത്തവും ബാധിച്ചതിനാല്‍ പരീക്ഷ എഴുതാനായില്ല. ജീവിതത്തില്‍ തോറ്റെന്നു തോന്നിയാല്‍ ആ പരാജയപ്പിശാച് നമ്മെ എന്നും പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഈ വലിയ ജീവിതപാഠം എന്നെ പഠിപ്പിച്ചത് ആ തെരഞ്ഞെടുപ്പുകാലമണ്."

ഇടതുപക്ഷ സഹയാത്രികനായശേഷം നിരവധി പ്രസംഗങ്ങളില്‍ അഴീക്കോട് തെരഞ്ഞെടുപ്പുപരാജയത്തെ വിശേഷിപ്പിച്ചത് ഇങ്ങനെ: "തെരഞ്ഞെടുപ്പില്‍ അന്ന് തോറ്റത് നന്നായി. തലശേരിയിലെ വോട്ടര്‍മാര്‍ക്ക് എന്നേക്കാള്‍ വിവരമുണ്ടായിരുന്നു. അന്ന് ഞാന്‍ വിജയിച്ച് ഡല്‍ഹിയില്‍ പോയിരുന്നുവെങ്കില്‍ പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ജീര്‍ണതയുടെ ഭാഗമായി ഞാനും മാറിയേനെ".
(വി എം രാധാകൃഷ്ണന്‍)

ചിന്തയുടെ പ്രപഞ്ചം

കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍! സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു.

"ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്. ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം:

"എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".

പ്രിയപ്പെട്ട അവിവാഹിതന്റെ വജ്രശുദ്ധിയാര്‍ന്ന പ്രണയം

ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു. കൈക്കുടന്നയിലേന്തിയ സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന കൈകളിലേക്ക് പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു "ഈ പടുവൃദ്ധനോട് എനിക്കിപ്പോഴും പ്രണയം തന്നെ". 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍ അഴീക്കോടിനെ കാണാന്‍ എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു ഇരുവരും. കഴിഞ്ഞുപോയ കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ. പിന്നെ ചിരിച്ചു. ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു വിലാസിനി. ആ വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്. അരനൂറ്റാണ്ടോളം ഒരു പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ ഈ വജ്രത്തെളിമയെ കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക. മകരനിലാവ് പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ തെളിമയോടെയും എന്നും നെഞ്ചില്‍ കാത്തുവെച്ചിരുന്നു അഴീക്കോട്. പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത് അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ ദുരന്തം. വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം മടിച്ചത് പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക് വഴിമാറാതെ പോയതെന്ന് അഴീക്കോട് പലപ്പോഴും വെളിവാക്കിയിരുന്നു.

ബ്രഹ്മചര്യത്തിന്റെ പ്രകാശം അദ്ദേഹത്തിന്റെ ഉള്ളിലേക്ക് കടന്നുകയറിയതിന് പ്രധാനകാരണം വാഗ്ഭടാനന്ദന്റെ പ്രഭാഷണങ്ങള്‍ തന്നെ. വായനയുടെയും എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും സ്വച്ഛന്ദതയ്ക്ക് കുടുംബം തടസ്സമായേക്കുമെന്ന വേവലാതി, പ്രതിഭയുണ്ടായിട്ടും കുടംബപ്രരാബ്ധത്തിനിടയില്‍ അതു മാറ്റിവെക്കേണ്ടിവന്ന അച്ഛനെക്കുറിച്ചുള്ള ചിന്ത, അവിവാഹിതരായ സഹോദരിമാരെ സംരക്ഷിക്കുന്നതിന് തന്റെ കുടുംബജീവിതം തടസ്സമാകുമോ എന്ന ഭയം... എല്ലാം ബ്രഹ്മചര്യമെന്ന നിലപാടിന് ആക്കം കൂട്ടി. എന്നിട്ടും ഇടക്കെപ്പോഴൊക്കെയോ ചഞ്ചലിച്ചുപോയി മനസ്സ്. മൂത്തകുന്നം ട്രെയിനിങ്ങ് കോളേജില്‍ പ്രാക്ടിക്കല്‍ പരീക്ഷക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അധ്യാപകനോടും തിരിച്ചു തോന്നിയ പ്രണയം. ഊഷരതയിലേക്ക് പെയ്തിറങ്ങിയ മഴനൂലുപോലുള്ള പ്രണയലേഖനങ്ങള്‍ . കാറ്റു വിരുന്നെത്തിയ കടല്‍പോലെ ഇരമ്പിയാര്‍ത്ത സ്വപ്നങ്ങളുടെ കാലം ഏറെ നീണ്ടില്ല. ഏതോ ദുഷ്ടരൂപികളുടെ കടന്നുകയറല്‍ , എല്ലാം ഒടുങ്ങി. പെണ്ണുകാണലോളം എത്തിയ വിലാസിനിയുമായുള്ള പ്രണയത്തിന്റെ അന്ത്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നു; ചിലര്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകളല്ലാതെ.

ഇതിനെ പിന്നീട് ലോകം ആഘോഷിച്ചു. വാര്‍ധക്യത്തില്‍ അഴീക്കോടിനെ ഇകഴ്ത്താനും ഇടിച്ചുതാഴ്ത്താനും മികച്ച ആയുധമായിക്കണ്ട് പലരും പ്രണയത്തെ ആയുധമാക്കി. വിലാസിനി ടീച്ചര്‍ക്കെഴുതിയ കത്തുകള്‍ മഞ്ഞത്താളുകളില്‍ പാറിനടന്നു. പരസ്പരം ആരോപണങ്ങള്‍ . ആത്മകഥ പുറത്തുവന്നപ്പോള്‍ ടീച്ചര്‍ വക്കീല്‍ നോട്ടീസുമയച്ചു. സ്ത്രീയുടെ രൂപസൗന്ദര്യത്തിനപ്പുറത്തുള്ള അന്യസൗന്ദര്യത്തെ ദര്‍ശിക്കാന്‍ കഴിയാത്ത പുരുഷകാഴ്ചകളോട് അഴീക്കോട് എന്നും സഹതപിച്ചുപോന്നു. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ എംഎ വിദ്യാര്‍ഥിനിയായിരുന്ന കന്യാസ്ത്രീയുമായുള്ള പ്രണയവും ഒടുങ്ങിപ്പോയതുതന്നെയാണ്. ഓരോന്ന് ഒടുങ്ങിപ്പോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. തിരിച്ചറിവുകള്‍ തന്റെ നിലപാടുതറയെ ബലപ്പെടുത്തുകയാണ് ചെയ്തതതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രണയത്തെ ഇത്രയേറെ വിശുദ്ധിയോടെ നോക്കിക്കണ്ട ഒരാളെ അതിന്റെ പേരില്‍ത്തന്നെആക്രമിച്ച് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം പാളിപ്പോയതും അതുകൊണ്ടുതന്നെ.

കാറ്റിലിളകാത്ത വിളക്കുമരം പോലെ അഴീക്കോട് അതിനെ നേരിട്ടതും പ്രത്യാക്രമണം നടത്താതിരുന്നതും പെണ്‍മഹിമയുടെ ഉയരത്തോട് എപ്പോഴും സൂക്ഷിച്ച ബഹുമാനം കൊണ്ടുതന്നെ. മനസ്സിന്റെ എല്ലാ തെളിമയും തുറന്നുവെച്ചുതന്നെയായിരുന്നു അഴീക്കോട് തന്റെ പ്രണയത്തെ പകുത്തത്. ഈ വിശുദ്ധിയും ഇണയോടുള്ള ബഹുമാനവും തന്നെയാണ് വിവാഹത്തിന്റെ കാലുഷ്യത്തിലേക്ക് ജീവിതത്തെ എടുത്തെറിയുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയതും. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത ആ മനസ് വിലാസിനി ടീച്ചറുടെ സന്ദര്‍ശനത്തെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകളെയും പിന്നീട് തള്ളിക്കളഞ്ഞു. ഒരു സ്ത്രീ എന്നെ സന്ദര്‍ശിച്ചശേഷം സത്യവിരുദ്ധമായ പലതും പ്രചരിപ്പിച്ചു എന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.
(കെ ഗിരീഷ്)

*
ദേശാഭിമാനി 25 ജനുവരി 2012

എന്നും സഹോദരതുല്യന്‍

അമ്പതുകളുടെ തുടക്കത്തില്‍ തൃശൂരില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിലാണ് ഞാന്‍ സുകുമാറിനെ ആദ്യം കാണുന്നത്. മെക്കാളെയുടെ വിദ്യാഭ്യാസസമ്പ്രദായത്തെ അടിമുടി വിമര്‍ശിച്ച തായാട്ട് ശങ്കരന്‍ വിദ്യാഭ്യാസമേഖലയില്‍ ഗാന്ധിയന്‍ദര്‍ശനങ്ങള്‍ നടപ്പാക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി സംസാരിച്ചതിനുശേഷമാണ് ഞാന്‍ സംസാരിച്ചത്. മെക്കാളെയുടെ ആശയങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ടെന്നും സ്വാതന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനംവഹിച്ച ഗാന്ധി അതിന്റെ ഗുണഭോക്താവാണെന്നും ഞാന്‍ പറഞ്ഞത് സുകുമാറിനെ ചൊടിപ്പിച്ചു. രോഷാകുലനായി സംസാരിച്ച അദ്ദേഹം എന്നെ "ഗര്‍ദഭം" (കഴുത) എന്ന് വരെ പരാമര്‍ശിച്ചു. പക്ഷേ സമ്മേളനത്തിനുശേഷം ഞങ്ങള്‍ ഒന്നിച്ച് കാപ്പികുടിക്കാന്‍ പോയി. "നല്ല ഭക്ഷണം കഴിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല"-എന്ന് ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്ന് കാലടിയില്‍ നടന്ന സാഹിത്യസമ്മേളനത്തില്‍ സുകുമാറിന്റെ വാദഗതികളെ അനുകൂലിച്ച് ഞാന്‍ സംസാരിച്ചു. പിന്നീട് സാഹിത്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചില കത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു. തലശേരിയിലെ സാഹിത്യസമ്മേളനങ്ങള്‍ക്ക് സുകുമാര്‍ എന്നെയും, ആലപ്പുഴയിലും പരിസരങ്ങളിലുമുണ്ടാകുന്ന സമ്മേളനങ്ങള്‍ക്ക് ഞാന്‍ സുകുമാറിനെയും ക്ഷണിക്കുക പതിവായി. മൂത്തകുന്നത്ത് എസ്എന്‍എം ട്രെയിനിങ് കോളേജിന് പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിര്‍ദേശിച്ചത് സുകുമാറിന്റെ പേരാണ്. ആ സ്ഥാനം ഏറ്റെടുത്തശേഷം സുകുമാറും ഞാനും സഹോദരന്‍മാരെപോലെയാണ് കഴിഞ്ഞത്. വെളുപ്പാന്‍കാലം വരെ നീളുന്ന സാഹിത്യചര്‍ച്ചകളും സൗഹൃദസംഭാഷണങ്ങളും പതിവായി.

ജി ശങ്കരകുറുപ്പിനെ വിമര്‍ശിച്ച് സുകുമാര്‍ എഴുതിയ "ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന പുസ്തകം മലയാളസാഹിത്യ ലോകത്ത് കോളിളക്കമുണ്ടാക്കി. നാനാഭാഗത്തുനിന്നും സുകുമാറിനും പുസ്തകത്തിനുമെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ കൗമുദി വാരികയില്‍ "ഒരു വിമര്‍ശന ഗ്രന്ഥവും ചില കോലാഹലങ്ങളും" എന്ന പേരില്‍ ഞാന്‍ ലേഖനമെഴുതി. എല്ലാ വിമര്‍ശങ്ങളേയും ഖണ്ഡിക്കുന്ന രീതിയിലായിരുന്നു ആ ലേഖനം. പിന്നീട് പല കാരണങ്ങളുടെയും പേരില്‍ ഞങ്ങള്‍ മാനസികമായി അകന്നു. "ആശാന്റെ സീതാകാവ്യം" പുറത്തിറങ്ങിയ സമയത്ത് പി കുഞ്ഞിരാമന്‍ നായരുടെ സമഗ്രജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമെഴുതാന്‍ സുകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. കാവ്യതത്ത്വങ്ങളെക്കുറിച്ച് മൂന്നു ഭാഗങ്ങളുള്ള ബൃഹദ് ഗ്രന്ഥമെഴുതാനും ഞങ്ങള്‍ ആലോചിച്ചിരുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ച് സുകുമാറും പാശ്ചാത്യദര്‍ശനങ്ങളെക്കുറിച്ച് ഞാനും എഴുതാനാണ് ആലോചിച്ചത്. യാഥാര്‍ഥ്യമായിരുന്നെങ്കില്‍ സാഹിത്യത്തിന് മുതല്‍ക്കൂട്ടായേനെ ആ പുസ്തകം. ടാഗൂറിന്റെ ശതാബ്ദിവേളയില്‍ "ഗീതാഞ്ജലി"യെക്കുറിച്ച് ഒരാധികാരിക നിരൂപണഗ്രന്ഥം രചിക്കാനും ആലോചനയുണ്ടായിരുന്നു. ഇതിനുവേണ്ടി ഞങ്ങള്‍ കുറേപ്രാവശ്യം ഒത്തുചേര്‍ന്നു. പുസ്തകം ആസ്വദിച്ച് വായിക്കുകയും കുറിപ്പുകളെടുക്കുകയുംചെയ്തു. പക്ഷേ അതും യാഥാര്‍ഥ്യമായില്ല.

കുട്ടികളെ പോലെയായിരുന്നു ചിലപ്പോള്‍ സുകുമാറിന്റെ പെരുമാറ്റം. ചെറിയ കളിതമാശകള്‍ പോലും സഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരിക്കല്‍ ശരീരത്തിന്റെ തൂക്കം നോക്കി. സുകുമാര്‍ സുമാര്‍ 90 റാത്തലും എനിക്ക് 110 റാത്തലും. "കണ്ടില്ലേ, എപ്പോഴും എനിക്കാണ് തൂക്കം കൂടുതല്‍" എന്ന് ഞാന്‍ കളിയായി പറഞ്ഞത് സുകുമാറിനെ ദേഷ്യം പിടിപ്പിച്ചു. പിന്നീടൊരിക്കല്‍ ഞങ്ങള്‍ എറണാകുളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഞാന്‍ മട്ടണ്‍കറിയും സുകുമാര്‍ മീന്‍കറിയും പറഞ്ഞു. സുകുമാറിന് കിട്ടിയ മീന്‍ കേടായിരുന്നു. "അല്ലെങ്കിലും ബുദ്ധിമാന്‍മാര്‍ക്ക് നല്ല മട്ടണ്‍കറിയും അല്ലാത്തവര്‍ക്ക് മോശം മീന്‍കറിയും കിട്ടുന്നു" എന്ന് ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു. കൂടെയുണ്ടായിരുന്ന സി എല്‍ ആന്റണിയാണ് സുകുമാറിനെ തണുപ്പിച്ചത്.

"വിവാഹം കഴിക്കാന്‍ പ്രേരണ തോന്നിയാല്‍ സാനുവിന്റെ വീട്ടില്‍ പോയി നാലഞ്ചുദിവസം താമസിക്കും. അഞ്ചുകുട്ടികളെയും ഭാര്യയെയുംകൊണ്ട് അങ്ങേര്‍ പെടാപ്പാട് പെടുന്നത് കാണുമ്പോള്‍ എന്റെ ആഗ്രഹവും അവസാനിക്കും"-സുകുമാര്‍ കളിയായി പറയാറുണ്ട്. സുകുമാറിന് സാഹിത്യഅക്കാദമി ഫെലോഷിപ്പ് കിട്ടിയപ്പോള്‍ ഞാനും ആ ചടങ്ങില്‍ പങ്കെടുത്തു. നന്ദി പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു- "ഇതാ സാനു. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. ആര്‍ദ്രഹൃദയന്‍ . പക്ഷേ, ഞാന്‍ എന്തിന് ഇയാളുമായി പിണങ്ങി...? എനിക്കറിയില്ല....". എന്തിന് അടുത്തെന്നോ എന്തിന് അകന്നെന്നോ നമ്മള്‍ക്കറിയില്ലല്ലോ എന്ന് എന്റെ മനസ്സും മന്ത്രിച്ചു. എന്റെ ജീവിതത്തെ അടിമുടി പുഷ്ക്കലമാക്കിയ സൗഹൃദമായിരുന്നു അതെന്ന് ഞാന്‍ അനുസ്മരിക്കുന്നു.

*
പ്രൊഫ. എം കെ സാനു ദേശാഭിമാനി 25 ജനുവരി 2012

Wednesday, January 25, 2012

ഞങ്ങളുടെ പ്രൊഫസര്‍

ഞങ്ങളൊക്കെ അന്ന് അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത് "പ്രൊഫസര്‍" എന്ന് മാത്രമാണ്. പില്‍ക്കാലത്ത് മറ്റുള്ളവര്‍ക്ക് മനസിലാവാന്‍വേണ്ടിയാണ് "അഴീക്കോട് മാസ്റ്റര്‍" എന്ന് പറഞ്ഞുതുടങ്ങിയത്. ആ പേര് ഇന്നും ഞങ്ങളില്‍ പലരുടെയും നാവിന് വേണ്ടത്ര വഴങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ പഴയ സഹപാഠികള്‍ കണ്ടുമുട്ടുമ്പോള്‍ ഇപ്പോഴും "പ്രൊഫസര്‍" എന്നേ പറയാറുള്ളൂ. വര്‍ത്തമാനം തുടങ്ങി അഞ്ചുമിനിറ്റിനകം വിഷയം "പ്രൊഫസര്‍" ആയി മാറുകയും ചെയ്യും. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. 1972-74 വര്‍ഷത്തില്‍ ഞാന്‍ അവിടെ എം എ വിദ്യാര്‍ഥി. പ്രൊഫസര്‍ ഇരുന്നാണ് ക്ലാസെടുക്കുന്നത്. നിരന്തരം ഞങ്ങളോട് ചോദ്യം ചോദിക്കും. ഞങ്ങള്‍ ഉത്തരം പറയുന്നതും ഇരുന്നിട്ടാണ്. അദ്ദേഹം ക്ലാസില്‍ വരുന്ന നേരത്ത് മാത്രമേ എഴുന്നേല്‍ക്കേണ്ടതുള്ളൂ. ആ പ്രസംഗവും ക്ലാസും വളരെ വ്യത്യസ്തമാണ്. തീര്‍ത്തും വിരുദ്ധമാണ് എന്നുവരെ പറയാം. നെടുനെടുങ്കന്‍ വാക്യങ്ങളോ ദീര്‍ഘസമാസങ്ങളോ ക്ഷോഭപ്രകടനമോ ആവേശമോ ഒന്നും ക്ലാസ് മുറിയില്‍ ഇല്ല. പ്രതീക്ഷിക്കാന്‍ വയ്യാത്തവിധം സ്വരം താഴ്ന്നിരിക്കും. ക്ലാസെടുക്കുന്നത് വരാന്തയില്‍ നിന്നാല്‍ കേള്‍ക്കുകപോലുമില്ല. ആള്‍ അകത്തുണ്ടെന്ന് മനസ്സിലാവണമെങ്കില്‍ ഇടയ്ക്കിടെ വിദ്യാര്‍ഥികളുടെ പൊട്ടിച്ചിരി കേള്‍ക്കണം.

കൊച്ചുകൊച്ചു വാക്യങ്ങള്‍ . വര്‍ത്തമാനം പറയുന്ന മട്ട്. എങ്കിലും സംസാരഭാഷയല്ല. അദ്ദേഹം സാധാരണ വര്‍ത്തമാനം പറയുമ്പോള്‍പോലും വാമൊഴിയില്ലല്ലോ. കേരളത്തില്‍ ഒരു പ്രദേശത്തെയും വാമൊഴിയല്ല, പകരം വരമൊഴിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന് തീര്‍ത്തും സ്വാഭാവികമായ ആ നിലവാരഭാഷയിലാണ് ക്ലാസ്. സ്ഫുടമായ ഉച്ചാരണം. ഇങ്ങനെയല്ലാതെ ഞങ്ങളാരെങ്കിലും ക്ലാസില്‍ സംസാരിച്ചാല്‍ പരിഹസിച്ചുകൊല്ലും. "നീ" എന്ന് ആരെയും വിളിക്കില്ല. ആള്‍ വടക്കനാണെങ്കിലും "താന്‍" എന്നേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിളിക്കൂ. ശാസിക്കുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ ഒന്നും ഈ നോട്ടമില്ല. ഗുണത്തിലും ദോഷത്തിലുമെല്ലാം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണനയാണ്. ആണ്‍ -പെണ്‍ സമത്വത്തിന്റെ ഈയൊരനുഭവം പില്‍ക്കാല ജീവിതത്തില്‍ ഞങ്ങള്‍ക്ക് വലിയ നേട്ടമായിത്തീര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് അറിവുണ്ടാക്കിത്തരണം എന്ന കാര്യത്തില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പക്ഷേ, ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഏണും കോണും ചെത്തിക്കളഞ്ഞ് അത് വെടിപ്പാക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ. സ്വഭാവത്തിലേക്കാണ് ഉറ്റുനോക്കിയിരുന്നത്. ഞങ്ങള്‍ കള്ളുകുടിക്കുന്നുണ്ടോ, പുകവലിക്കുന്നുണ്ടോ, കളവുപറയുന്നുണ്ടോ, ഉഴപ്പിനടക്കുന്നുണ്ടോ, വിനയംവിട്ട് വര്‍ത്തമാനം പറയുന്നുണ്ടോ, വീട്ടില്‍നിന്ന് ആവശ്യത്തില്‍ കൂടുതല്‍ പണം വാങ്ങുന്നുണ്ടോ? എല്ലാറ്റിലും കണ്ണുവെച്ചിരിന്നു. അല്ലെങ്കില്‍ അങ്ങനെ തോന്നിയിരുന്നു. കിറുകൃത്യമായി, ചിട്ടയില്‍ അന്ന് അവിടെ കാര്യങ്ങള്‍ നടന്നുപോന്നു. ഒരുതരം ഗാന്ധിയന്‍ അച്ചടക്കം. മറ്റു അധ്യാപകരും അനധ്യാപക ജീവനക്കാരുമെല്ലാം അന്ന് ആ ചിട്ടക്ക് സന്തോഷത്തോടെ വഴങ്ങിയിരുന്നു.

പ്രൊഫസര്‍ രണ്ട് കൊല്ലക്കാലം ഞങ്ങളെ പഠിപ്പിച്ചത് പാശ്ചാത്യ സാഹിത്യവിമര്‍ശനവും മലയാളവിമര്‍ശനവും വിവര്‍ത്തനവും പിന്നെ ചില മലയാള കാവ്യങ്ങളുമാണ്. ആശാന്റെ "നളിനി"യായിരുന്നു ഒരു പാഠപുസ്തകം. രണ്ട് കൊല്ലം എടുത്തിട്ടും "നളിനി" തീര്‍ന്നില്ല! പക്ഷേ, അപ്പോഴേക്ക് കവിത്രയത്തിന്റെ മിക്ക കാവ്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് ഒരുപാട് മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. സാഹിത്യത്തിന്റെ പരിമിതികളെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു. ജീവിതത്തിന്റെ ഒരു ഉല്‍പ്പന്നവും ഒരു ഉപാധിയും മാത്രമാണ് സാഹിത്യം എന്ന്, ജീവിതമാണ് പ്രധാനം എന്ന് ഇടക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. ടാഗോറിനേക്കാള്‍ പ്രധാനം ഗാന്ധിയാണെന്നും ഗോര്‍ക്കിയേക്കാള്‍ പ്രധാനം ലെനിന്‍ ആണെന്നും ഒരിക്കല്‍ ഉദാഹരിച്ചത് ഓര്‍ക്കുന്നു. നോട്ട് തരുന്ന സമ്പ്രദായമില്ല. ക്ലാസില്‍ പറയുന്നതില്‍നിന്ന് കുറിപ്പെടുത്ത് ഹോസ്റ്റലില്‍ ചെന്നിരുന്ന് ഞങ്ങള്‍ സ്വയം നോട്ടുണ്ടാക്കുകയായിരുന്നു. ക്ലാസ് എത്രനീണ്ടാലും ആരും ഉറങ്ങുന്നില്ല, മുഷിയുന്നില്ല. രാവിലെ 10 മുതല്‍ ഒരു മണിവരെയും പിന്നെ രണ്ട് മുതല്‍ അഞ്ചുവരെയും ദിവസം മുഴുവന്‍ തുടര്‍ച്ചയായി ക്ലാസെടുത്ത സന്ദര്‍ഭങ്ങള്‍ പലതുണ്ട്. അപ്പോഴും മുഷിഞ്ഞിട്ടില്ല.

നല്ല രസമായിട്ട് ഇങ്ങനെ ക്ലാസെടുക്കുന്നതിന്റെ രീതിശാസ്ത്രം പില്‍ക്കാലത്ത് അപഗ്രഥിച്ചുനോക്കാന്‍ ഞാന്‍ ഉത്സാഹിച്ചിട്ടുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇത്രയുമാണ്. ഒന്ന്: ക്ലാസിലെ ഓരോ വിദ്യാര്‍ഥിക്കും- മിടുക്കനും മണ്ടനുമെല്ലാം -പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നു. വിദ്യാര്‍ഥികളെ ശ്രദ്ധിക്കുന്നതിലും ചോദ്യം ചോദിക്കുന്നതിലുമെല്ലാം ഇത് പ്രകടമാണ്. ഇത് വിദ്യാര്‍ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. രണ്ട്: ഏത് കാര്യവും അതിന്റെ ഗൗരവസ്വഭാവം നിലനിര്‍ത്തി അവതരിപ്പിച്ചുകഴിഞ്ഞ ഉടനെ അതുമായി ബന്ധപ്പെടുത്തി എന്തെങ്കിലും തമാശപറയും. ഇതൊരു "റിലീഫ്" ആണ്. അക്കൂട്ടത്തില്‍ എഴുത്തുകാരും രാഷ്ട്രീയക്കാരുമെല്ലാം പരിഹസിക്കപ്പെടും. ക്ലാസിലുള്ളവരും ഈ പരിഹാസത്തിന് ഇരയായി എന്നുവരാം. മൂന്ന്: പറയുന്ന കാര്യത്തില്‍ പ്രൊഫസര്‍ക്കുള്ള അഗാധമായ ജ്ഞാനം ക്ലാസിന്റെ ആധികാരികതക്ക് പകിട്ട് വര്‍ധിപ്പിക്കുന്നു. ഇത് വിദ്യാര്‍ഥികളുടെ ശ്രദ്ധപിടിച്ചുനിര്‍ത്തും. നാല്: അങ്ങേയറ്റം ഉള്ളില്‍തട്ടിയ കാര്യങ്ങളാണ് പറയുന്നത്. അത്രമാത്രം ആത്മാര്‍ഥമാണത്. പ്രൊഫസര്‍ തന്റെ പക്ഷപാതങ്ങള്‍ മൂടിവെക്കുന്നില്ല. മതിപ്പുള്ളവരെ പുകഴ്ത്തിപ്പറയാനും അതില്ലാത്തവരെ ഇകഴ്ത്തിപ്പറയാനും മടിക്കുന്നില്ല. ആശാനും മാരാരുമൊക്കെ ആദ്യത്തെ പങ്കിലാണെങ്കില്‍ , ജിയും കേസരിയുമൊക്കെ രണ്ടാമത്തെ പങ്കിലാണ്. ആ ശബ്ദം എത്ര താണിരിക്കുമ്പോഴും വികാരവാഹിയാണ്. അങ്ങനെ ക്ലാസ് ഒരു വൈകാരികാനുഭവമായി മാറുന്നു. അഞ്ച്: എല്ലാറ്റിനും മേലെ പ്രസംഗകനെന്ന നിലയിലും പണ്ഡിതനെന്ന നിലയിലും വിമര്‍ശകനെന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും ഒക്കെയുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ക്ലാസിന് ഒരുതരം പരിവേഷം നല്‍കുന്നു. അദ്ദേഹത്തിന്റെ ക്ലാസ് കേട്ടു എന്ന് പറയുന്നത് ഒരന്തസ്സാണല്ലോ. ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത കുറേയേറെ കാര്യങ്ങള്‍ പറഞ്ഞുതന്നു എന്നത് മാത്രമല്ല, ഞങ്ങള്‍ക്ക് പുതിയൊരു ലോകം തുറന്നുതന്നു എന്നതുകൂടിയാണ് ആ ക്ലാസിന്റെ ഏറ്റവും വലിയ നേട്ടം.

വിജ്ഞാനത്തിലല്ല, കാഴ്ചപ്പാടിലായിരുന്നു ഊന്നല്‍ . ഗാന്ധിയെപ്പറ്റി അവസരത്തിലും അനവസരത്തിലും പറയും. ക്ലാസിലെ മറ്റൊരു സ്ഥിരം കഥാപാത്രം ക്രിസ്തുവാണ്. കാളിദാസകവിതകളില്‍നിന്ന് ഉദ്ധരിച്ചതിനെക്കാള്‍ കൂടുതല്‍ ബൈബിളില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. ആ ക്ലാസ് മുറിക്ക് നടുവില്‍ മഹത്വത്തിലേക്ക് ചൂണ്ടിനില്‍ക്കുന്ന ഒരദൃശ്യമായ വിരല്‍ എപ്പോഴും ഉണ്ടായിരുന്നു. ആ ക്ലാസിലൂടെ ഏതോ പരീക്ഷക്ക് എഴുതാനുള്ള പരിശീലനമല്ല, ജീവിതം രൂപപ്പെടുത്തുവാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഉപദേശങ്ങള്‍ക്ക് കഥകളുടെയും പഴഞ്ചൊല്ലുകളുടെയും മഹദ്വചനങ്ങളുടെയും അകമ്പടി എപ്പോഴും കാണും. ഞാന്‍ ഓര്‍ത്തുവെച്ചിരിക്കുന്ന ഒരുപദേശം. "ഏത് സംഘത്തിലും നിങ്ങള്‍ മുടന്തനാകാതെ നോക്കണം. സാര്‍ഥവാഹകസംഘത്തിന്റെ വേഗം മുടന്തനായ ഒട്ടകത്തിന്റെ വേഗമാണ്. നിങ്ങള്‍മൂലം മറ്റുള്ളവര്‍ വൈകി എന്നു വരരുത്."

പ്രൊഫസറുടെ തമാശകള്‍ ഞങ്ങളുടെ ക്ലാസ്മുറികളെ എന്നപോലെ ഒഴിവുവേളകളെയും പ്രസന്നമാക്കി. ഒരിക്കല്‍ ഒരു സഹപാഠി ഏതോ ഇംഗ്ലീഷ് വാക്ക് തെറ്റിച്ചുപയോഗിച്ചു. പതിവുപോലെ കഥവന്നു. "ഒരാള്‍ സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചു: "ഹു ഈസ് ദി സ്റ്റേഷന്‍മാസ്റ്റര്‍". "ഐ ഈസ് ദി സ്റ്റേഷന്‍മാസ്റ്റര്‍ ." "ഓ, യു ആര്‍ ദി സ്റ്റേഷന്‍മാസ്റ്റര്‍ ." "യേസ്, ഐ ആര്‍ ദി സ്റ്റേഷന്‍ മാസ്റ്റര്‍ ." ഞങ്ങള്‍ ചിരിച്ചുമറിയുന്നതിനിടയില്‍ പ്രൊഫസര്‍ ആ സുഹൃത്തിന് "സ്റ്റേഷന്‍ മാസ്റ്റര്‍" എന്ന് പേരിട്ടു. രണ്ട് ദശകംകഴിഞ്ഞിട്ടും അയാളെ ഞങ്ങള്‍ സ്വകാര്യമായി ആ പേരില്‍ പരാമര്‍ശിച്ചുവരുന്നു. വേറൊരു ഗുണദോഷം: ഒരാള്‍ക്ക് ഒറ്റക്ക് നടത്താവുന്ന ചീട്ടുകളിയുണ്ട്. അതില്‍ കള്ളക്കളി കളിക്കുന്ന വീരന്മാരുണ്ട്. അതുപോലെ ആയിക്കളയരുത്.
ഒറ്റവാക്കില്‍ പ്രൊഫസറുടെ ക്ലാസിനെ വിശേഷിപ്പിക്കണമെങ്കില്‍ "ആലോചനാപ്രേരകം" എന്നു പറയാം. പ്രൊഫസറുടെ ക്ലാസില്‍ അല്പകാലമെങ്കിലും ഇരുന്ന ആരിലും അദ്ദേഹത്തിന്റെ സ്വാധീനം സ്വാഭാവികമായും ഉണ്ടാവും. ഉടുപ്പിലും നടപ്പിലും ശരീരഭാഷയിലും വര്‍ത്തമാനത്തിലും ക്ലാസെടുക്കുന്ന സമ്പ്രദായത്തിലുമെല്ലാം അറിഞ്ഞോ അറിയാതെയോ അനുകരിക്കുന്നവരാണ് നല്ലൊരു ശതമാനം ശിഷ്യന്മാരും. ചിലര്‍ മൂപ്പെത്തി ഇതില്‍നിന്ന് ഭാഗികമായി മുക്തരായിരിക്കാം എന്ന് മാത്രം. പ്രൊഫസര്‍ ഒരിക്കല്‍ ഞങ്ങള്‍ക്ക് തന്ന ഉപദേശം: "അധ്യാപകന്റെ ഉത്തരവാദിത്തം ഓരോ ക്ലാസിലും പുതിയ ആളായിരിക്കുക എന്നതാണ്." പ്രൊഫസര്‍ക്ക് ആ ഖദര്‍ ജുബ്ബയും മുണ്ടും താഴ്ത്തിവെട്ടിയ ക്രോപ്പും വീതികുറഞ്ഞ കറുത്ത തോല്‍ചെരിപ്പും പഴയ വാച്ചും മാത്രമേ സ്ഥിരമായി ഉണ്ടായിരുന്നുള്ളൂ. എത്ര അടുത്താലും പിന്നെയും ഒരകലം സൂക്ഷിച്ചുകൊണ്ട്, ക്ഷോഭത്തിന്റെയും നര്‍മത്തിന്റെയും അച്ചടക്കത്തിന്റെയും അപൂര്‍വചേരുവയായി, ജീവിതമഹത്വത്തിന്റെ ശൃംഗഭംഗികളിലേക്ക് കണ്ണയച്ചുകൊണ്ട് ആ ഗുരുനാഥന്‍ ഞങ്ങളില്‍ ബാക്കിയാവുന്നു.

*
എം എന്‍ കാരശ്ശേരി ദേശാഭിമാനി 25 ജനുവരി 2012

"മറയില്ലാതെ" മായുമെങ്കിലും മായില്ലീ ആത്മബന്ധം

ഇടതുപക്ഷത്തിന്റെയും ദേശാഭിമാനിയുടെയും ആത്മമിത്രവും വഴികാട്ടിയുമായിരുന്നു സുകുമാര്‍ അഴീക്കോട്. കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനസ്സുമടുത്ത് വിടചൊല്ലിയതുമുതല്‍ ഈ ഗാന്ധിയന്‍ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സഹയാത്രികനായി. ദേശാഭിമാനിയുമായി മാഷിന് ഗാഢമായ ബന്ധമായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി "മറയില്ലാതെ" എന്ന പ്രതിവാരപംക്തി എഴുതുന്നു. വൈവിധ്യമായ വിഷയങ്ങളില്‍ കനപ്പെട്ട ആശയവും ഉദ്ബോധനവും നിറഞ്ഞ പംക്തിക്ക് വന്‍ സ്വീകാര്യതയാണ്. ഗാന്ധിസവും മാര്‍ക്സിസവും ക്ലാസിക്കുകളും ക്രിക്കറ്റും തുടങ്ങി പ്രാദേശികവിഷയങ്ങള്‍വരെ ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടു. ഏറ്റവും ഒടുവില്‍ ഡിസംബര്‍ ഏഴിന് പ്രസിദ്ധീകരിച്ച "പത്രം പത്രം സര്‍വത്ര" എന്ന തലക്കെട്ടിലുള്ള ലേഖനം പത്ര-മാധ്യമലോകത്തിന്റെ മൂല്യച്യുതിയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ കണ്ണിയായ ശേഷം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കള്ളക്കളി അടുത്ത ലക്കത്തില്‍ തുറന്നുകാട്ടാനായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ , എഴിന് അദ്ദേഹം കുഴഞ്ഞുവീണ് ആശുപത്രിയിലായി. അടുത്തലക്കം ദേശാഭിമാനിക്കായി എഴുതാമെന്നും പറഞ്ഞു. എന്നാല്‍ , ആഗ്രഹിച്ചതുപോലെ ഇനിയും എഴുതാന്‍ കാത്തുനിന്നില്ല.

എത്ര തിരക്കുള്ള സമയമായാലും "മറയില്ലാതെ" മുടക്കമില്ലാതെ മാഷ് എഴുതി. ബുധനാഴ്ച പ്രസിദ്ധീകരിക്കേണ്ട ലേഖനം ഞായറാഴ്ച രാത്രി എഴുതും. തിങ്കളാഴ്ച രാവിലെ ദേശാഭിമാനിയിലേക്ക് വിളിച്ചുപറയും. ഒരിക്കല്‍ ലേഖനം എടുക്കാന്‍ വൈകിയതിനാല്‍ പ്രസിദ്ധീകരിക്കാനായില്ല. കോപാകുലനായ മാഷ് "ഇനി ഞാന്‍ എഴുതില്ലെന്ന്" പറഞ്ഞു. പിന്നീട് മാഷെ സാന്ത്വനപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ടാണ്. ആ ബുധനാഴ്ച അഴീക്കോടിന്റെ ലേഖനം കാണാതെ അദ്ദേഹത്തിനും ദേശാഭിമാനിക്കും വന്ന വിളികള്‍ ഏറെയായിരുന്നു. ഒരിക്കല്‍ ബുധനാഴ്ചക്കു പകരം മറ്റൊരു ദിവസം ലേഖനം പ്രസിദ്ധീകരിച്ചപ്പോഴും അത് ആവര്‍ത്തിക്കരുതെന്ന് മാഷ് മുന്നറിയിപ്പുനല്‍കി.

എരവിമംഗലത്തെ വീട്ടിലേക്ക് താമസം മാറ്റിയശേഷം അഴീക്കോടിനു ലഭിച്ച ആദ്യതപാല്‍ ദേശാഭിമാനിയില്‍നിന്നും ലേഖനങ്ങള്‍ക്കുള്ള പ്രതിഫലത്തിന്റെ ചെക്കായിരുന്നു. ദേശാഭിമാനിയെ സ്വന്തം പത്രമെന്നപോലെയാണ് മാഷ് കണക്കാക്കിയത്. പക്വമതിയായ കാരണവരെപ്പോലെ സ്നേഹം പ്രകടിപ്പിക്കുകയും വിമര്‍ശിക്കുകയുംചെയ്യും. ഒരിക്കല്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ പീറക്കടലാസ് എന്നര്‍ഥം വരുന്ന "റാഗ് പേപ്പര്‍" എന്നതിനു പകരം "റഫ് പേപ്പര്‍" എന്നാണ് അച്ചടിച്ചുവന്നത്. ഇത് നാളെത്തന്നെ ലേഖനം വന്ന എഡിറ്റോറിയില്‍ പേജില്‍ തിരുത്തിനല്‍കണമെന്ന് മാഷ് അറിയിച്ചു. മാഷിന് തെറ്റ് സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ല, പരിഹാരം കണുകതന്നെ വേണം.

വിവിധ വിഷയങ്ങളില്‍ പ്രതികരണത്തിനായി ദേശാഭിമാനിയില്‍നിന്ന് വിളിച്ചാല്‍ എതു പാതിരാത്രിയിലും വിമുഖത കാട്ടാറില്ല. ഫോണിലൂടെ പറഞ്ഞുതരും. 2000 ആഗസ്ത് 31ന് ദേശാഭിമാനി തൃശൂര്‍ എഡിഷന്‍ ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം അഴീക്കോടായിരുന്നു. "ദേശാഭിമാനി തുടങ്ങാന്‍ മാര്‍ക്സിസ്റ്റ് പാര്‍ടി ബക്കറ്റ്പിരിവ് നടത്തിയത് വലിയ അപരാധമായി ചിലര്‍ കാണുന്നുണ്ട്. എന്നാല്‍ ബക്കറ്റ് പിരിവ് നടത്തിയാല്‍ കണക്കുണ്ടാവും. എന്നാല്‍ , കോണ്‍ഗ്രസുകാര്‍ പിരിവു നടത്തിയാല്‍ അത് പോക്കറ്റില്‍ പോകും. അതാണ് വ്യത്യാസം." അദ്ദേഹംപറഞ്ഞു. 2011 ഒക്ടോബര്‍ എട്ടിന് ദേശാഭിമാനി നടത്തിയ ജില്ലാതല അക്ഷരമുറ്റം ക്വിസ് ഉദ്ഘാടനം ചെയ്തതും അഴീക്കോടാണ്. കഴിഞ്ഞ മാര്‍ച്ച് 19ന് ഇ എം എസ് ദിനാചരണത്തിനാണ് ഏറ്റവും ഒടുവില്‍ അഴീക്കോട് തൃശൂര്‍ ദേശാഭിമാനിയില്‍ വന്നത്. ഇ എം എസിന്റെ ഛായാചിത്രം ദേശാഭിമാനി ഹാളില്‍ അദ്ദേഹം പ്രകാശനം ചെയ്തു. ബ്യൂറോയില്‍ സന്ദര്‍ശിച്ചപ്പോള്‍ അഴീക്കോടിന്റെ ബയോഡാറ്റ തയ്യാറാക്കിയത് കാണിച്ചു. അത്ഭുതം കൂറിയ മാഷ് പറഞ്ഞു. "ഇത് ഒരുപാടുണ്ടല്ലോ. ഇതുപോലെ അനേകരുടെ ഉണ്ടാവാം അല്ലേ. എന്തായാലും ഈ പെട്ടി കൊള്ളാം. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം അല്ലേ...." അകക്കണ്ണുള്ള അഴീക്കോട് മാഷ് എല്ലാം മുന്നേ അറിഞ്ഞിരുന്നു. ആ വാക്കുകള്‍ക്ക് ഒരുപാട് അര്‍ഥതലങ്ങളുണ്ടായിരുന്നു.
(വി എം രാധാകൃഷ്ണന്‍)

മായില്ല, ആ സഹസ്രശോഭ

നാലരപ്പതിറ്റാണ്ടുമുമ്പ് 1965- 66 കാലഘട്ടം, തൃശൂര്‍ ടൗണ്‍ഹാളില്‍ വിപുലമായ ഒരു സാഹിത്യ സദസ്സ്. കെ കെ രാജായുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഗംഭീര പരിപാടി. സെമിനാര്‍ , സിമ്പോസിയം, കവിയരങ്ങ്, അനുമോദനയോഗം അങ്ങനെ പ്രൗഢഗംഭീരമായ ഒരു മുഴുദിന പരിപാടി. കേരളത്തിലെ പ്രാമാണികരായ എഴുത്തുകാരും നിരൂപകരുമെല്ലാം അവിടെയുണ്ടെന്നാണ് ഓര്‍മ. കേരളവര്‍മയിലെ അന്നത്തെ വിദ്യാര്‍ഥികളുടെ ഹരമായിരുന്ന കെ വി ശങ്കരന്‍മാസ്റ്റര്‍ പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു. വിദ്യാര്‍ഥിയായ ഞാന്‍ മാഷുടെ സ്വാധീനം മൂലം വളണ്ടിയര്‍മാരില്‍ ഒരാളായി, ചടങ്ങിലെ ആദ്യാവസാനക്കാരില്‍ ഒരാള്‍ , ഒരു സാഹിത്യകുതുകി. വേദിയിലും സദസ്സിലുമുള്ള പ്രാമാണികരില്‍നിന്നെല്ലാം ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട് ആരുമായും പ്രത്യക്ഷത്തില്‍ സൗഹൃദം പങ്കിടാതെ തീര്‍ത്തും ഗൗരവഭാവത്തോടെ കൈയില്‍ ഒരു തടിച്ച ചുവന്ന ചട്ടയുള്ള പുസ്തകവുമായി എല്ലാം സശ്രദ്ധം കാതോര്‍ക്കുന്ന കൃശഗാത്രനായ ഖദര്‍ധാരിയായ ഒരാള്‍ . അഴീക്കോട് മാഷെ ആദ്യമായി അവിടെവച്ച് നേരില്‍ കാണുന്നു.

"ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" പ്രസിദ്ധീകരിച്ച കാലം. തലശേരിയിലെ ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഓര്‍മകള്‍ ആരില്‍നിന്നും മാഞ്ഞിട്ടില്ല. കൗമുദി വാരികയിലുള്‍പ്പെടെ ഏത് കാര്യത്തെക്കുറിച്ചും കര്‍ക്കശമായ അഭിപ്രായമുയര്‍ത്തുന്ന ഖണ്ഡനവിമര്‍ശനമൊന്നേ വിമര്‍ശനമായുള്ളൂ എന്ന് ശാഠ്യം പിടിക്കുന്ന സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്. അന്ന് സാംസ്കാരിക ലോകം പൊതുവേ പ്രോ ശങ്കരക്കുറുപ്പ്- ശങ്കരക്കുറുപ്പ് വിരോധികള്‍ എന്ന മട്ടില്‍ ശക്തമായ ചേരിതിരിവുള്ള കാലം. കെ കെ രാജ അനുമോദനചച്ചടങ്ങുകളില്‍ മഹാഭൂരിപക്ഷവും മഹാകവി ജിയുടെ ആരാധകരായിരുന്നു. ജ്ഞാനപീഠ ലബ്ധിയുടെ സമയം. അവര്‍ക്കിടയില്‍ തലയുയര്‍ത്തി നിശ്ശബ്ദനായി എല്ലാം ശ്രദ്ധിച്ച് അഴീക്കോട് മാഷ്. കാല്‍പ്പനികതയെക്കുറിച്ച് പ്രൊഫ. എം അച്യുതനാണെന്നു തോന്നുന്നു അനവധി ഉദ്ധരണികളുടെ അകമ്പടിയോടെ സംസാരിക്കുന്നു. സംഘാടകരില്‍ ഒരാളായ എം ആര്‍ ബി ചെറിയൊരു കുസൃതിയോടെ അഴീക്കോട് മാഷോട് പറയുന്നു, "കേട്ടോളൂ, എന്താണ് കാല്‍പ്പനികതയെന്ന്" കടുത്ത നിസ്സംഗതയോടെ മാഷ് പറയുന്നു, "അത് എന്നെ ആരും പഠിപ്പിക്കണ്ട". അഴീക്കോട് മാഷുടെ ഓര്‍മകള്‍ എന്നില്‍ ഇവിടെ നിന്നാരംഭിക്കുന്നു. അന്നുച്ചതിരിഞ്ഞ് അതുവരെ അവിടെനിന്നും കേട്ടതില്‍ വ്യത്യസ്ഥമായ ആശയഗതികള്‍ അവതരിപ്പിക്കുന്ന മാഷുടെ സാഗര ഗര്‍ജനം പോലത്തെ അത്യുഗ്രന്‍ പ്രസംഗം. വാദഗതികള്‍ മുഴുവന്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അന്ന് കഴിഞ്ഞിരുന്നില്ലെങ്കിലും മറ്റുള്ളവര്‍ കെട്ടിപ്പൊക്കി കൊണ്ടുവന്ന കാല്‍പ്പനിക ധാരണകളെല്ലാം തകര്‍ത്തു തരിപ്പണമാക്കിയതായിരുന്നു ആ വാക്ധോരണി.

പിന്നീട് എത്രയോ വേദികള്‍ , വിവിധ കോളേജുകളില്‍ , അക്കാദമിയില്‍ , സാംസ്കാരിക- രാഷ്ട്രീയ സദസ്സുകളില്‍ , കൂട്ടായ്മകളില്‍ എല്ലാ വേദികളിലും നിറഞ്ഞുനിന്ന സാന്നിധ്യം. അന്ന് മുണ്ടശേരി മാഷും മാരാരും കുറ്റിപ്പുഴയും ഡോക്ടര്‍ ഭാസ്കരന്‍നായരും എല്ലാം സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു എന്നും ഓര്‍ക്കണം. അവര്‍ക്കിടയില്‍ ഇന്നെന്ന പോലെ അന്നും ...... ശ്രദ്ധേയമായ സ്വരമായി അഴീക്കോട് മാഷ് തലയുയര്‍ത്തി നിന്നു.

ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച അദ്ദേഹം സ്ഥിര താമസത്തിനായി വിയ്യൂര്‍ തെരെഞ്ഞടുത്തത് തേറമ്പില്‍ ശങ്കുണ്ണി മേനോനും സാക്ഷാല്‍ വി കരുണാകരന്‍ നമ്പ്യാരും സമീപവാസികളാണല്ലോ എന്നുകൂടി കരുതിക്കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട്. പണ്ഡിത ശ്രേഷ്ഠനായിരുന്ന കൊച്ചുണ്ണി തമ്പുരാന്റെയും പഴയ തലമുറയിലെ മികച്ച കവികളിലൊരാളായിരുന്ന വെള്ളായ്ക്കല്‍ ഗോവിന്ദമേനോന്റെയും പാദരേണുകള്‍ പതിഞ്ഞ വിയ്യൂരിലേക്ക് ഒരു സാംസ്കാരിക നായകന്‍ അങ്ങനെ ചേക്കേറി. വിയ്യൂരിലെ ആ പഴയ വീട് പുസ്തകങ്ങളും പുരസ്കാരങ്ങളും സൂക്ഷിക്കാന്‍ കൂടി ഉതകുന്ന എരവിമംഗലത്തെ ഇപ്പോഴത്തെ വീട്ടിലേക്ക് മാറുന്നതുവരെ പ്രശസ്തരുടെ സന്ദര്‍ശന കേന്ദ്രവും പല വിവാദങ്ങളുടെയും ആശയസ്ഫോടനങ്ങളുടെയും പ്രഭവകേന്ദ്രവുമായിരുന്നു. പ്രസംഗങ്ങള്‍ക്കായി യാത്രചെയ്ത് റിക്കാര്‍ഡ് തിരുത്തിയ മാഷിന് വല്ലപ്പോഴുമൊന്നു വിശ്രമിക്കാനും എഴുതാനും വേണ്ടി മാത്രമുള്ള സങ്കേതം മാത്രമായിരുന്നു വീടുകള്‍ . എഴുത്തിലും വായനയിലും യാത്രയിലും പ്രസംഗത്തിലും മാത്രം ജീവിതം കണ്ടെത്തിയ അദ്ദേഹത്തെ കാണാന്‍ , കേള്‍ക്കാന്‍ , ആശയഗതികള്‍ പങ്കിടാന്‍ സാംസ്കാരിക ലോകം മുഴുവന്‍ തൃശൂരിലേക്കാണ് ഒഴുകിയത്. നിര്‍ദേശങ്ങള്‍ തേടി ടെലഫോണ്‍ കോളുകളും മാഷെ തേടിയെത്തി.

കുറച്ചുകാലം വിയ്യൂരില്‍ മാഷുടെ പരിചാരകനായ ഉണ്ണിനായരെക്കുറിച്ച് ഒരു കഥയുണ്ട്. സന്ദര്‍ശകരെ കഴിവതും വിരട്ടിയോടിച്ച് മാഷെ അവരില്‍നിന്ന് സംരക്ഷിക്കുന്ന ഉണ്ണിനായര്‍ ഒരിക്കല്‍ യാത്രകഴിഞ്ഞെത്തിയ മാഷോട് പറഞ്ഞുവത്രേ, "ഏതോ ഒരു ആന്റണി രണ്ടുമൂന്ന് പ്രാവശ്യമായി വിളിച്ച് ബുദ്ധിമുട്ടിക്കുന്നു". ആ ആന്റണി സാക്ഷാല്‍ എ കെ ആന്റണി ആയിരുന്നു. അന്നദ്ദേഹം മുഖ്യമന്ത്രിയും. സന്ദര്‍ശകരെ ആളറിഞ്ഞ് തന്ത്രപരമായി സ്വീകരിക്കുന്ന സമീപനം പിന്നീട് സുരേഷ്, മാഷുടെ സന്തതസഹചാരിയായതിനുശേഷമാണ് നിലവില്‍ വന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഴീക്കോട് മാഷെ തേടിയെത്തുന്നവരുടെ പ്രസംഗത്തിനായി, അവതാരികക്കായി, അഭിമുഖത്തിനായി, സ്വകാര്യ ചടങ്ങുകള്‍ക്കു പോലും ക്ഷണിക്കാനായി, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയായി അനുഗ്രഹങ്ങള്‍ തേടാനും സ്ഥാനലബ്ധികള്‍ക്ക് ശേഷം ഉപദേശനിര്‍ദേശങ്ങള്‍ തേടാനും, എന്തിന് വെറുതെ ഒന്നു കാണാനായിപോലും, വഴികാട്ടിയായി പ്രവര്‍ത്തിക്കാന്‍ പലപ്പോഴും ഇടവന്നിട്ടുണ്ട്. പ്രശ്നങ്ങളുടെ ഗുരുലഘുത്വമനുസരിച്ച് മാഷ് ഇതിലെല്ലാം പ്രതികരിക്കാറുമുണ്ട്.

ചില ദീര്‍ഘയാത്രകളില്‍ സഹയാത്രികനായി പോയ അവിസ്മരണീയ അനുഭവങ്ങളും ഉണ്ട്. എന്റെ വീട്ടിലും അതിലേറെ വിയ്യൂരിലുള്ള എന്റെ അനുജന്‍ പ്രൊഫ. എം ഹരിദാസിന്റെ വീട്ടിലും അദ്ദേഹം പലപ്പോഴും സന്ദര്‍ശകനും അതിഥിയുമായി എത്താറുണ്ട്. അഴീക്കോട് മാഷ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രകാശഗോപുരമാണ്. സമൂഹത്തിന്റെ പൊതുസ്വത്താണ്. ഒന്നിലും ഒതുങ്ങുന്നതോ ഒതുക്കാവുന്നതോ അല്ല സഹസ്രശോഭിയായ ആ വ്യക്തിത്വം. എങ്കിലും ഞങ്ങള്‍ , തൃശൂര്‍ക്കാര്‍ സ്വാര്‍ഥത കൊണ്ടാകാം അദ്ദേഹത്തെ തൃശൂരിന്റെ ഏറ്റവും പ്രിയപ്പെട്ട ദത്തുപുത്രനായി കരുതുന്നു. തൃശൂരിന്റെ ശില്‍പ്പിയായ ശക്തന്‍തമ്പുരാനെപ്പോലെ, തൃശൂരില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച് ലോകത്തോളം വളര്‍ന്ന സ. ഇ എം എസിനെപ്പോലെ ജീവിതത്തിന്റെ അവസാനപാദത്തില്‍ തൃശൂരില്‍ കൂടണയാന്‍ വന്ന് ഞങ്ങളോടൊപ്പം ജീവിച്ച അഴീക്കോട് മാഷിനെ ഞങ്ങള്‍ , തൃശൂര്‍ക്കാര്‍ അഭിമാനത്തോടെ, ആവേശത്തോടെ ഞങ്ങളുടെ സ്വന്തമെന്ന് കരുതുന്നു.
(പ്രൊഫ. എം മുരളീധരന്‍)

സാഹിത്യ യൗവനം തിരികെ നല്‍കിയ ഫോട്ടോ

80ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ലഭിച്ച ആ സമ്മാനം സുകുമാര്‍ അഴീക്കോടിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ബാലുശേരി വിവേകാനന്ദ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അഴീക്കോടിനെ ആദരിക്കുന്ന ചടങ്ങിലാണ് ഗൃഹാതുര സ്മരണകളുമായി ആ സമ്മാനം നല്‍കിയത്. അഴീക്കോടിന്റെ 27ാം വയസ്സില്‍ സാഹിത്യ നിരൂപകനും പത്രപ്രവര്‍ത്തക കുലപതിയുമായ കേസരി ബാലകൃഷ്ണപ്പിള്ളയോടൊപ്പമുള്ള അപൂര്‍വ ഫോട്ടോയായിരുന്നു 2005 മാര്‍ച്ച് 27ന് അഴീക്കോടിന് സമ്മാനിച്ചത്. രാജന്‍ ബാലുശേരിയായിരുന്നു അഴീക്കോടിന് മറക്കാനാവാത്ത ആ ഉപഹാരം സമ്മാനിച്ചത്. 1953 സെപ്തംബറില്‍ അഴീക്കോട് കേസരി ബാലകൃഷ്ണപിള്ളയെ കാണാന്‍ അദ്ദേഹത്തിന്റെ പറവൂരിലെ മാടവന വീട്ടിലെത്തിയ നിമിഷത്തിന്റെതായിരുന്നു ആ അപൂര്‍വ ഫോട്ടോ. ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു അന്ന് അഴീക്കോട്.

"അരനൂറ്റാണ്ടിനപ്പുറത്തെ തന്റെ സാഹിത്യ ജീവിതത്തിന്റെ യൗവനം തിരിച്ചുകിട്ടിയതുപോലെ തോന്നുന്നു"- രാജന്‍ ബാലുശേരി നല്‍കിയ ഫോട്ടോ സ്വീകരിച്ചുകൊണ്ട് അഴീക്കോട് പറഞ്ഞു. പിന്നീട് ചില പ്രഭാഷണങ്ങള്‍ക്കിടെ രാജെന്‍റ ഫോട്ടോയെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു. വിവേകാനന്ദ പ്രഭാഷണത്തിന് അഴീക്കോട് ബാലുശേരിയിലെത്തുമായിരുന്നു. രാജന്‍ ബാലുശേരിയുമായുള്ള ആത്മബന്ധമായിരുന്നു ഇതിനുപിന്നില്‍ . കോഴിക്കോട്ടെ പ്രഭാഷണത്തിന് മാഷിനൊപ്പം എപ്പോഴും രാജനുമുണ്ടാവും. പ്രഭാഷണം കഴിഞ്ഞ് കാറില്‍ കയറുമ്പോള്‍ രാജനെ കണ്ടില്ലെങ്കില്‍ "അവനെവിടെ, രാജനോട് കാറില്‍ കയറാന്‍ പറ" എന്ന് പറഞ്ഞ് കാറില്‍കയറ്റാനും അഴീക്കോടിന് മടിയില്ലായിരുന്നു. ഇക്കഴിഞ്ഞ അഴീക്കോടിന്റെ പിറന്നാള്‍ ദിനത്തിലും തൃശൂരിലെ വസതിയിലേക്ക് രാജനെ ക്ഷണിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സുഖവിവരം തിരക്കി പലപ്പോഴും എഴുതുകയും വിളിക്കാറുമുണ്ടായിരുന്നുവെന്ന് രാജന്റെ ഭാര്യ ഗിരിജ പറഞ്ഞു. കോഴിക്കോട് വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ കൂടിയായ രാജന്‍ ബാലുശേരി എന്ന നാട്ടുമ്പുറത്തുകാരന്റെ "ദാര്‍ശനിക ദളങ്ങള്‍" എന്ന പുസ്തകത്തിന് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും അഴീക്കോടായിരുന്നു.
(കെ ഗിരീഷ്)

ശിരസ്സുയര്‍ത്തി മൂത്തകുന്നത്ത്...

"അഴീക്കോട് മാഷ് പ്രവേശിച്ചതോടെ ക്ലാസ്മുറി നിശ്ശബ്ദമായി. മലയാളംക്ലാസിലെ പന്ത്രണ്ടുപേരും ആ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. മെല്ലെത്തുടങ്ങിയ ക്ലാസ് വിമര്‍ശവും വിചിന്തനവുമായി കത്തിക്കയറി. അണമുറിയാത്ത അറിവിന്റെ പ്രവാഹത്തില്‍ ഞങ്ങള്‍ ഓരോരുത്തരും ലയിച്ചു." ഡോ. സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യനും പ്രഭാഷകനും ഗ്രന്ഥകാരനുമായ സി കെ ഗംഗാധരന്റേതാണ് ഈ വാക്കുകള്‍ . മൂത്തകുന്നം എസ്എന്‍എം ബിഎഡ് ട്രെയ്നിങ് കോളേജിലെ തന്റെ പ്രിയപ്പെട്ട അധ്യാപകന്റെ അവിസ്മരണീയമായ ക്ലാസുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം.

ആരുടെ മുന്നിലും തലകുനിക്കാതെ അഭിപ്രായങ്ങള്‍ പറയുന്ന പ്രകൃതം അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ സമ്മാനിച്ചു. മൂത്തകുന്നം ട്രെയ്നിങ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന കാലത്ത് കോളേജ് മാനേജ്മെന്റിനെതിരെയും അദ്ദേഹത്തിന്റെ വിമര്‍ശശരം നീണ്ടു. കോളേജിന്റെ ഓഫീസില്‍ ഫോണില്ലാതിരുന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ക്ലാസിനിടെ എച്ച്എംഡിപി സഭയുടെ ഓഫീസില്‍ പോയി ഫോണ്‍ അറ്റന്‍ഡ്ചെയ്യേണ്ടിവരുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിലും അധികമായിരുന്നു. ഒരിക്കല്‍ ഫോണ്‍ വന്ന വിവരം പറയാനെത്തിയ പ്യൂണിനൊപ്പം പോകാന്‍ കൂട്ടാക്കാതെ അദ്ദേഹം ക്ലാസ് തുടര്‍ന്നു. കേരളത്തില്‍ 19 ട്രെയ്നിങ് കോളേജുകളുള്ളതില്‍ ടെലിഫോണില്ലാത്ത കോളേജ് ഏതെന്നു ചൂണ്ടിക്കാണിക്കാമോയെന്ന ചോദ്യവുമായാണ് അഴീക്കോട് പിന്നെ ക്ലാസിനെ നേരിട്ടത്- ഗംഗാധരന്‍ പറഞ്ഞു.

കോളേജ് മാനേജ്മെന്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പിന്നീട് വഷളായി. അത് തുറന്ന പോരിലേക്കും നയിച്ചു. പൊതുവേദിയില്‍ ഒരിക്കല്‍ അഴീക്കോട് ഇങ്ങനെ പറഞ്ഞു: "നിങ്ങളെല്ലാം കഴുതകളെ കണ്ടുകാണും. കഴുതകളെ ഒരുമിച്ചു കാണണമെങ്കില്‍ മൂത്തകുന്നത്തു വന്നാല്‍മതി". അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചതോടെ പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാന്‍ സഭാ നേതൃത്വം കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പത്തുവര്‍ഷം സേവനമനുഷ്ഠിച്ചശേഷം കലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോവൈസ് ചാന്‍സലറായതോടെയാണ് സ്ഥാനമൊഴിഞ്ഞത്. തത്ത്വമസിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ സ്വീകരണമൊരുക്കിയാണ് എച്ച്എംഡിപി മാനേജ്മെന്റ് ഇതിന് പ്രായശ്ചിത്തംചെയ്തത്- ഗംഗാധരന്‍ ഓര്‍ക്കുന്നു.

ശിഷ്യരോട് എന്നും അഗാധമായ സ്നേഹമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത്. താന്‍ എഴുതിയ ഡോ. പല്‍പ്പുവിന്റെ ജീവചരിത്രഗ്രന്ഥത്തിന് മനോഹരമായ അവതാരിക എഴുതിയതും അതിനാലാണെന്ന് ഗംഗാധരന്‍ പറയുന്നു. ഈ പുസ്തകം വായിക്കാന്‍കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നുവെന്നാണ് അഴീക്കോടിന്റെ വാക്കുകള്‍ . ഈ അവതാരിക കണ്ട ഇ എം എസ് ദേശാഭിമാനി വാരികയില്‍ പുസ്തകത്തെക്കുറിച്ച് ലേഖനമെഴുതിയിരുന്നു. ഈ ഗ്രന്ഥകാരനോട് കേരളീയര്‍ കൃതജ്ഞരായിരിക്കണമെന്ന് ഇഎം എസ് എഴുതിയത് അഴീക്കോടിന്റെ നല്ലവാക്കുകള്‍മൂലമാണെന്നും ഗംഗാധരന്‍ വ്യക്തമാക്കുന്നു.

അക്ഷരങ്ങളുടെ തളര്‍ച്ചയില്‍ ആകുലനായി...

"വായനയുടെയും ചിന്തയുടെയും ലോകത്ത് വന്‍ അസ്തമനങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്"- കൊച്ചിയിലെ അവസാനപ്രഭാഷണത്തില്‍ നിറഞ്ഞ സദസ്സിനെനോക്കി ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. ഡിസംബറില്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം ഉദ്ഘാടനംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. അന്നും അക്ഷരങ്ങളുടെ അസ്തമയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ആകുലതയും. രോഗപീഡകള്‍ തളര്‍ത്തിയ ശരീരത്തിനെക്കുറിച്ചുള്ളതിനേക്കാള്‍ ആകുലത അക്ഷരങ്ങളുടെ തളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ അഴീക്കോടിന്റെ സ്വരത്തിലുണ്ടായിരുന്നു. വേദിയിലേക്കു കയറാനും ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കാനും വല്ലാതെ ക്ലേശിച്ചു. മൈക്കിനു മുന്നിലെത്തിയപ്പോള്‍ പക്ഷേ രോഗപീഡകളെല്ലാം മറന്നെന്ന് തോന്നി. മാറുന്ന ലോകത്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് 15 മിനിറ്റോളം നീണ്ട പ്രഭാഷണത്തിനിടയ്ക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി നീണ്ട ചുമകളെത്തിയപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. "എനിക്ക് തീരെ വയ്യ. സംസാരിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. എന്നാലും ഇവിടെവരെ വന്ന സ്ഥിതിക്ക് ഇത്രയെങ്കിലും പറയണ്ടേ...?" എന്ന് പുഞ്ചിരിയോടെ സദസ്സിനോട് ചോദിച്ചു.

"സാംസ്കാരിക ലോകത്തെ അസ്തമയങ്ങളെ തടയാന്‍ അക്ഷരങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളുവെന്ന വസ്തുത നാം മറക്കരുത്. ഇപ്പോള്‍ കുട്ടികള്‍ക്കൊന്നും വായനയില്ല. 25 വയസ്സിനിടയ്ക്ക് ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കുതന്നെ ഭയം തോന്നുന്നു"- വായനയുടെ പരിണാമത്തെക്കുറിച്ചുള്ള ഗൗരവമേറിയ നിരീക്ഷണങ്ങള്‍ തുടരാന്‍ പക്ഷേ അദ്ദേഹത്തിനായില്ല. പതിഞ്ഞ താളത്തില്‍ തുടങ്ങി കത്തികയറുന്ന സുകുമാരശൈലി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ അദ്ദേഹം നിരാശനാണെന്ന് മുഖഭാവം വ്യക്തമാക്കി. ഒന്നും രണ്ടും മണിക്കൂര്‍ മനോഹര സംഗീതം പോലെ നീളാറുള്ള പ്രഭാഷണം 15 മിനിറ്റില്‍ തീര്‍ന്നതില്‍ സദസ്സും നിരാശരായി.

ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അഴീക്കോട്മാഷ് സന്തുഷ്ടനായിരുന്നു. ഉച്ചയ്ക്ക് കൊച്ചി യൂണിറ്റില്‍ എത്തിയ അദ്ദേഹം ദേശാഭിമാനി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങളോടുമൊപ്പം ഓണം ഉണ്ടു. രണ്ട് ഗ്ലാസ് പാല്‍ പായസം കഴിച്ചു. "മധുരം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. പക്ഷേ ഇത്തരം അവസരങ്ങളില്‍ രണ്ടോ മൂന്നോ ഗ്ലാസ് പായസം കുടിച്ചതുകൊണ്ട് പ്രശ്നമൊന്നുമില്ല"- അഴീക്കോട് സന്തോഷത്തോടെ പറഞ്ഞു. ഓണാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും ഒരു മണിക്കൂറോളം നീണ്ട പ്രഭാഷണത്തിനുശേഷം മാഷ് പറഞ്ഞു- "ഓണത്തിന് മഹാനായ ബലിയെ കാത്തിരിക്കുന്ന നിങ്ങള്‍ ഈ അല്‍പ്പബലിയെ കാണാനും അയാളുടെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിരിക്കാനും കാണിച്ച സന്മനസ്സിന് നന്ദിയര്‍പ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ". നവംബറില്‍ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാളവാരാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി സുകുമാര്‍ അഴീക്കോടിനെ ക്ഷണിച്ചെങ്കിലും ചികിത്സ നടക്കുന്നതിനാല്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹം ഏറ്റുവാങ്ങാന്‍ വാക്കുകളുടെ മഹാബലി ഇനിയില്ലെന്ന ദുഃഖസത്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് കൊച്ചിക്കാര്‍ .

*
ദേശാഭിമാനി 25 ജനുവരി 2012

നിലപാടിലെ നിര്‍ഭയത്വം

ഡോ. അഴീക്കോട് സ്വന്തം നിലയ്ക്ക് ഒരു പ്രസ്ഥാനമായിരുന്നു. പത്രങ്ങള്‍ക്ക് സര്‍ക്കുലേഷനുണ്ടെന്ന് കരുതി തന്നെ വിരട്ടേണ്ടെന്നും പത്രത്തിന്റെ സര്‍ക്കുലേഷന്‍പോലെ തനിക്കുമൊരു സര്‍ക്കുലേഷനുണ്ടെന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. സ്വന്തം നിലപാട് നിര്‍ഭയം പ്രകടിപ്പിക്കുകയും അതിനുണ്ടാകുന്ന എതിര്‍പ്പുകളെ ശക്തമായി ആക്രമിച്ച് തകര്‍ക്കുകയുംചെയ്യുന്ന പോരാളിയായിരുന്നു അഴീക്കോട്. വാഗ്ഭടാനന്ദ ഗുരുവിന്റെ ശിഷ്യസ്ഥാനീയനായ അഴീക്കോട് ശരിക്കും ഒരു വാഗ്ഭടനായിരുന്നു. നീതിക്കുവേണ്ടിയുള്ള സിംഹഗര്‍ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ . 1950 കള്‍ മുതല്‍തന്നെ ഞാന്‍ അഴീക്കോടിനെ ശ്രദ്ധിച്ചിരുന്നു. അന്ന് അദ്ദേഹം ശക്തനായ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. വിമോചന സമരത്തിന്റെ ബൗദ്ധിക നേതൃത്വത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അതിനെത്തുടര്‍ന്നാണ്. യാഥാസ്ഥിതിക വലതുപക്ഷ ശക്തികളുടെ കരുത്തനായ വക്താവായി കേരളം മുഴുക്കെ അഴീക്കോട് അന്ന് കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ പ്രസംഗിച്ചു. എന്നാല്‍ , എണ്‍പതുകളോടെ വമ്പിച്ച മാറ്റമാണ് അഴീക്കോടില്‍ ഉണ്ടായത്. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ് നീതിക്കുവേണ്ടി പൊരുതുന്നതെന്നും നന്മയുടെ പക്ഷത്ത് ഇടതുപക്ഷമാണെന്നുമുള്ള തിരിച്ചറിവിലേക്ക് മെല്ലെ മെല്ലെ അദ്ദേഹം എത്തുകയായിരുന്നു. ഗാന്ധിസവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്നും ലാളിത്യം, അഹിംസ, മതനിരപേക്ഷത, സുതാര്യത, സംശുദ്ധത തുടങ്ങിയ ഗാന്ധിയന്‍മൂല്യങ്ങളെ കോണ്‍ഗ്രസ് കൈവിട്ടുവെന്നും കോണ്‍ഗ്രസ് അഴിമതിപ്പാര്‍ടിയായെന്നും ബോധ്യം വന്നതോടെ അഴീക്കോട് അവര്‍ക്കെതിരെ ആഞ്ഞടിച്ചു. സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ചില കാര്യങ്ങളില്‍ വിമര്‍ശിച്ചുകൊണ്ടിരിക്കെതന്നെ പാര്‍ടിയുമായും പാര്‍ടിയുടെ വര്‍ഗബഹുജന സംഘടനകളുമായും ഏറെ അടുത്തു.

1980ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായശേഷമാണ് ഞാന്‍ അഴീക്കോടുമായി അടുത്ത് ബന്ധപ്പെടുന്നത്. എണ്‍പതുകളുടെ അവസാനത്തോടെ ബാബറി മസ്ജിദ് പ്രശ്നം രൂക്ഷമാവുകയും മതമൗലികവാദം ശക്തിപ്പെടുകയും ഭൂരിപക്ഷ വര്‍ഗീയത ഫാസിസ്റ്റ് രൂപത്തിലേക്ക് വളരുകയും ചെയ്തപ്പോള്‍ അതിനെതിരെ അഴീക്കോട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. മതസൗഹാര്‍ദം വളര്‍ത്താന്‍ അദ്ദേഹം നാടെങ്ങും ഓടിനടന്ന് പ്രസംഗിച്ചു. വര്‍ഗീയതക്കെതിരെ, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ തൊണ്ണൂറുകളില്‍ അഴീക്കോട് നടത്തിയ പ്രസംഗപര്യടനങ്ങള്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്. ബഹുജന ബോധവല്‍ക്കരണത്തില്‍ അഭൂതപൂര്‍വമായി ആ പ്രസംഗങ്ങള്‍ .

1991ല്‍ നരസിംഹറാവു പ്രധാനമന്ത്രിയാവുകയും മന്‍മോഹന്‍സിങ് ധനമന്ത്രിയാവുകയുംചെയ്ത ഘട്ടത്തിലാണല്ലോ ആഗോളവല്‍ക്കരണ നയത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുന്ന ഗാട്ട് കരാറിനെതിരെയും നാടന്‍ വ്യവസായങ്ങളെയും കൃഷിയെയുമെല്ലാം തകര്‍ക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെയും തുറന്നുകാട്ടുന്നതില്‍ അദ്ദേഹം വമ്പിച്ച പങ്ക് വഹിക്കുകയുണ്ടായി. കലാസാംസ്കാരിക രംഗത്ത് കേരളത്തിന്റെ പൊയ്പോയ ഉണര്‍വ് വീണ്ടെടുക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും അവിസ്മരണീയമാണ്. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ കണ്ടമാനം അനുവദിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസം കച്ചവടവല്‍ക്കരിച്ചപ്പോള്‍ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനം നടത്തിയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ അഴീക്കോടിന്റെ വാക്കുകള്‍ ചാട്ടുളികളായി മാറി.

വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് കാല്‍നൂറ്റാണ്ടിലേറെക്കാലമായി ഞങ്ങള്‍ പുലര്‍ത്തിപ്പോന്നത്. നിരവധി വേദികളില്‍ ഒന്നിച്ച് പ്രസംഗിക്കാന്‍ അവസരം ലഭിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരിസ്ഥിതിപ്രശ്നങ്ങളുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. തൃശൂരിലെ പന്നിവളര്‍ത്തല്‍കേന്ദ്രം അവിടെനിന്ന് മാറ്റുന്നതിന് അഴീക്കോടാണ് മുന്‍നിന്ന് പ്രവര്‍ത്തിച്ചത്. ഇടക്കാലത്ത് അല്‍പ്പം അകല്‍ച്ചയുണ്ടായെങ്കിലും അതെല്ലാം വേഗത്തില്‍തന്നെ മാറി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തൃശൂരിലെ വസതിയില്‍ ചെന്നും കഴിഞ്ഞ ദിവസം ആശുപത്രിയില്‍വച്ചും കാണുകയുണ്ടായി. രോഗബാധിതനെങ്കിലും ഏറെ പ്രസന്നമായാണ് സംസാരിച്ചത്. ശരീരത്തിന് അവശതയുണ്ടായിരുന്നെങ്കിലും പതിഞ്ഞ ശബ്ദത്തില്‍ മുല്ലപ്പെരിയാര്‍പ്രശ്നം പരിഹരിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഏറെ ദാര്‍ഢ്യത്തോടെ അദ്ദേഹം പറഞ്ഞു. ആ മുഖത്ത് ആത്മവിശ്വാസം പ്രകടമായിരുന്നു. ആരെയും കൂസാതെ ധീരമായി തലയുയര്‍ത്തിനിന്ന വ്യക്തിത്വമായിരുന്നു അഴീക്കോട്. സാഹിത്യ നിരൂപകന്‍ , ഉല്‍പ്പതിഷ്ണുവായ സാംസ്കാരിക നായകന്‍ , രാഷ്ട്രീയ ചിന്തകന്‍ , സര്‍വോപരി മഹാനായ പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം തലമുറകള്‍ അഴീക്കോടിനെ ഓര്‍ക്കും.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 25 ജനുവരി 2012

അസ്തമിക്കാതെ ആ ഒറ്റ ഫ്ളാഷ്

വാത്സല്യത്തിന്റെ യജമാനന്‍

ശാസിക്കുകയും ശകാരിക്കുകയും അതിലേറെ, ആവശ്യങ്ങളില്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്ത വാത്സല്യത്തിന്റെ "യജമാനനാ"യിരുന്നു സുരേഷിന് അഴീക്കോട് മാഷ്. 24 വര്‍ഷം ഡ്രൈവറും സഹായിയും മാഷ് ആത്മകഥയില്‍ പറഞ്ഞപോലെ സെക്രട്ടറിയുമായി നിഴല്‍പോലെ മാഷിനൊപ്പം നിന്ന സുരേഷ് ആ സ്നേഹവാത്സല്യം പലവട്ടം അടുത്തറിഞ്ഞു. ഏറെ പരിശ്രമിച്ചാണ് പുത്തൂരില്‍ കുറച്ച് സ്ഥലം സുരേഷ് വാങ്ങിയത്. വീടു വയ്ക്കാന്‍ ആവത് ശ്രമിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞില്ല. വീടെന്ന മോഹം ഉപേക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് മാഷ് രക്ഷയ്ക്കെത്തിയത്. "എന്റെ പ്രയാസം ഞാന്‍ പറഞ്ഞല്ലാതെ അറിഞ്ഞ മാഷ് 50,000 രൂപ തന്നു സഹായിച്ചു. പത്തു വര്‍ഷം മുമ്പ് അത് വലിയ തുകയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത എന്റെ വിവാഹം കാരണവരുടെ സ്ഥാനത്തു നിന്നാണ് മാഷ് നടത്തി തന്നത്"- സുരേഷ് ഓര്‍ക്കുന്നു. മാഷിന്റെ സാന്നിധ്യമാണ് 18 വയസ്സു മുതല്‍ ജീവിതത്തില്‍ വഴികാട്ടിയായത്. അഴീക്കോടിന്റെ ഡ്രൈവറാണ് താനെന്നും മാഷിന് ഒരു പേരുദോഷവും താന്‍മൂലം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് തന്നെ നേര്‍വഴിയില്‍ നയിച്ചതെന്നും സുരേഷ് പറയുന്നു.

മാഷ് പിശുക്കനാണെന്ന് പലരുംപറയും. ചെലവ് നിയന്ത്രിക്കുന്ന ഗാന്ധിയന്‍ രീതിമാത്രമായിരുന്നു അത്. വിലകുറഞ്ഞ ജൂബയും മുണ്ടും കീറിയാല്‍ കീറലറിയാതെ ഉടുക്കും. പഴകിയാല്‍ വീട്ടിലുപയോഗിക്കും. ലേഖനമെഴുതാന്‍ കടലാസുപോലും പലമടക്ക് കീറിയാണ് ഉപയോഗിക്കുക. സ്വന്തം കാര്യത്തില്‍ മാത്രമാണ് ആ ചെലവു ചരുക്കല്‍ . സഹായം അര്‍ഹിക്കുന്നവര്‍ക്ക് മാഷ് ധാരാളിയായിരുന്നു.

1987ലാണ് സുരേഷ് അഴീക്കോടിന്റെ ഡ്രൈവറാകുന്നത്. സാഹിത്യ അക്കാദമിയിലെ പോള്‍ എന്ന ജീവനക്കാരനാണ് മാഷിന്റെ ഡ്രൈവറായി സുരേഷിനെ എത്തിച്ചത്. "88ല്‍ മാഷിന്റെ കണ്ണിന് അസുഖമുണ്ടായി. ചികിത്സിക്കാന്‍ പോയത് മധുര അരവിന്ദ് ഹോസ്പിറ്റലില്‍ . കണ്ണിന് ശസ്ത്രക്രിയ നടത്തി. ആ സമയങ്ങളിലാണ് സുരേഷിന്റെ സഹായം മാഷ് അടുത്തറിയുന്നത്. ഉടമയും ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ അതിര്‍വരമ്പ് മാഞ്ഞുതുടങ്ങി. പിന്നീടുള്ള പെരുമാറ്റം ഒരു ഡ്രൈവറൊടെന്നപോലെയായിരുന്നില്ല. ഒരു മുറിയില്‍ കിടത്താന്‍ തുടങ്ങി. ഒരുമിച്ചിരുത്തിയേ ഭക്ഷണം കഴിപ്പിക്കൂ. ആയിരക്കണക്കിന് വേദികളില്‍ മാഷിന്റെ ഒപ്പം പോയിട്ടുണ്ട്. പ്രസംഗങ്ങളെക്കുറിച്ച് ഇടയ്ക്ക് എന്നോടു സംസാരിക്കും. കളിയാക്കുന്നതായിട്ടാണ് അന്ന് തോന്നിയത്. സാധാരണക്കാരനായ എനിക്ക് മനസ്സിലാകുന്നുണ്ടെങ്കില്‍ അത് പൊതുവെ എല്ലാവര്‍ക്കും മനസ്സിലാക്കാനാകുമെന്ന് മാഷിനറിയാമായിരുന്നു. മാഷ് നന്നായി ഡ്രൈവ് ചെയ്തിരുന്നു. വണ്ടി ഓടിക്കുമ്പോള്‍ നിയന്ത്രിക്കേണ്ട ഘട്ടങ്ങളില്‍ ഇടപെടാനും നിര്‍ദേശം തരാനും അദ്ദേഹം മടിച്ചില്ല. അമിതമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവിങ് മാഷിനിഷ്ടമല്ല. മുന്‍കോപമുണ്ടെങ്കിലും ആരോടും പക മാഷിനില്ല. ഇഷ്ടമുള്ളവരോട് സ്നേഹം പ്രകടിപ്പിക്കും. ഇഷ്ടമില്ലാത്തവരോട് കൃത്രിമ ഇഷ്ടം കാണിക്കാന്‍ അദ്ദേഹത്തിനു വശമില്ലായിരുന്നു. മോഹന്‍ലാലിനോട് പകയോ വിദ്വേഷമോ ഇല്ലാത്തതിനാലാണ് ഒറ്റ ഫോണ്‍വിളി കൊണ്ട് അദ്ദേഹം കേസ് പിന്‍വലിക്കാന്‍ നിശ്ചയിച്ചത്. മലയാള ചലച്ചിത്രലോകം തിലകനെ ഒറ്റപ്പെടുത്തുന്നത് മാഷിന് സഹിച്ചില്ല. മൂവാറ്റുപുഴയില്‍ വച്ച് തിലകന്‍ മാഷിനെ കണ്ടു. അനുഗൃഹീതനായ ആ കലാകാരന്റെ ഒറ്റപ്പെടലിന്റെ ദൈന്യതെ മാഷ് ആ മുഖത്ത് വായിച്ചു.

എ പി പി നമ്പൂതിരിയുടെ മരണമാണ് മറക്കാനാകാത്ത അനുഭവം. ചങ്ങനാശേരിയില്‍ ഒരു പരിപാടി കഴിഞ്ഞ് എപിപി മാഷിനൊപ്പം കാറില്‍ കയറി. മാഷിന് മാവേലിക്കരയിലാണ് അടുത്ത പരിപാടി. ആ പരിപാടിയും കഴിഞ്ഞ് തിരികെ മടങ്ങുമ്പോള്‍ തോട്ടപ്പിള്ളിയില്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയതാണ്. റോഡിനരുകില്‍ വീണ എപിപിയുടെ തല പൊട്ടി. മാഷും സുരേഷും ചേര്‍ന്ന് താങ്ങിയെടുത്ത് അടുത്ത ക്ലിനിക്കില്‍ എത്തിച്ചു. അവിടെ രക്ഷയില്ലെന്നു പറഞ്ഞപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മാഷിന്റെ വസ്ത്രം നിറയെ ചോരയായിരുന്നു. ഇവിടെ രക്ഷയില്ല എറണാകുളത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. കൊണ്ടുപോകും മുമ്പേ മരണവും സംഭവിച്ചു. അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ട്. ജഡവുമായി ഞാനും മാഷും മാത്രം. ഏപ്രില്‍ 24ന് എരവിമംഗലത്തേക്ക് മാഷ് മാറിയിട്ട് നാലു വര്‍ഷമാകും. ഞാന്‍ തന്നെയാണ് സ്ഥലം കണ്ട് ടോക്കണ്‍ കൊടുത്തത്. തറകെട്ടി കട്ട്ള വച്ചപ്പോള്‍ മാത്രമാണ് മാഷ് വന്ന് വീടും സ്ഥലവും കണ്ടത്്. മാഷിന് എഴുതാന്‍ പറ്റിയ അന്തരീക്ഷം നോക്കിയാണ് ഞാന്‍ സ്ഥലം കണ്ടുപിടിച്ചത്. ഗ്രാമത്തിലേക്ക് പറിച്ചു മാറ്റിയ ജീവിതം മാഷില്‍ വലിയ മാറ്റംവരുത്തിയെന്നും സുരേഷ് പറയുന്നു. ആശുപത്രിക്കിടക്കയിലും മാഷിന് തുണയായുണ്ടായതും സുരേഷ് തന്നെ, ഒപ്പം സുരേഷിന്റെ ഭാര്യ രമണിയും.
(ജോബിന്‍സ് ഐസക്)

വേലായുധന് നഷ്ടമായത് സഹോദരനെ

വേലായുധന് സഹോദരതുല്യനായിരുന്നു അഴീക്കോട്. ഏത് ആപത്തിലും ആശ്രയിക്കാവുന്ന വന്‍ മരം. അഴീക്കോടിനൊത്തുള്ള നേരങ്ങള്‍ ഓര്‍ക്കുമ്പോള്‍ വേലായുധന്റെ ഉള്ളില്‍ ദുഃഖത്തിന്റെ തീപ്പൊരിയാണ്. സര്‍വകലാശാലയിലെ അധ്യാപകന്‍ -ജീവനക്കാരന്‍ എന്നതിലുപരിയായിരുന്നു മലയാള പഠനവിഭാഗത്തിലെ താളിയോല സൂക്ഷിപ്പുകാരന്‍ പള്ളിക്കല്‍ സ്വദേശി വേലായുധ (57)നും അഴീക്കോടും തമ്മിലുണ്ടായിരുന്ന ബന്ധം. പരിചയപ്പെട്ടത് മുതല്‍ വേലായുധന്‍ അഴീക്കോടിന്റെ നിഴലായിരുന്നു.

1971-ല്‍ സര്‍വകലാശാലയില്‍ മലയാള പഠനവിഭാഗം തുടങ്ങിയ കാലത്ത് വേലായുധന് പ്രായം പതിനാറ്. ജോലിയൊന്നും കിട്ടാതെ അലയുന്ന കാലത്ത് അഴീക്കോടിനെ യാദൃച്ഛികമായി കണ്ടുമുട്ടി. സങ്കടം പറഞ്ഞപ്പോള്‍ വകുപ്പധ്യക്ഷനായ അഴീക്കോട് താളിയോല സൂക്ഷിപ്പുകാരനെന്ന തസ്തികയില്‍ താല്‍ക്കാലികമായി നിയമിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പിവിസിയായപ്പോള്‍ സ്ഥിരംനിയമനം നല്‍കി. അന്ന് മുതല്‍ ഒരുമിച്ച് ഏറെക്കാലം പ്രവര്‍ത്തിച്ചു. കോഴിക്കോട്ടും തേഞ്ഞിപ്പലത്തും എപ്പോള്‍ വരുമ്പോഴും തമ്മില്‍ കാണും. അല്ലാത്തപ്പോഴെല്ലാം ഫോണില്‍ വിവരങ്ങള്‍ പരസ്പരം അറിയും- വേലായുധന്‍ ഓര്‍ക്കുന്നു. ലോകം അറിയപ്പെടുന്ന അധ്യാപകനും നിരൂപകനുമൊക്കെയായി വളര്‍ന്നപ്പോഴും അഴീക്കോട് വേലായുധനെ കൈവിട്ടില്ല. വേലായുധന്റെ മകളുടെ വിവാഹത്തിന് താലിമാല സമ്മനിച്ചത് അഴീക്കോടായിരുന്നു. വിവാഹദിവസം പകല്‍ 11ന് എത്തി വൈകിട്ട് നാലരവരെ വീട്ടില്‍ ചെലവഴിച്ചതും താന്‍ വിരമിച്ചപ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അഴീക്കോട് മുന്‍കൈയെടുത്ത് വിപുലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചതും വേലായുധന്റെ ഉള്ളിലുണ്ട്.

അസ്തമിക്കാതെ ആ ഒറ്റ ഫ്ളാഷ്

പുനലൂര്‍ രാജന്‍ പകര്‍ത്തിയ അഴീക്കോടിന്റെ ആ ചിത്രത്തിന് അസ്തമയ സൂര്യനെക്കാള്‍ തിളക്കമുണ്ട്. വടകര സാന്‍ഡ്ബാങ്ക്സില്‍ അസ്തമയം കാണുന്ന അഴീക്കോടിനെ തന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറ റോളിഫ്ളക്സില്‍ പകര്‍ത്തിയപ്പോള്‍ ജീവിതത്തിലെ ഏറ്റവുമിഷ്ടപ്പെട്ട ഫോട്ടോയായി മാറി അഴീക്കോടിന്. മാഷിന്റെ ജീവിതം അസ്തമിച്ച വേളയില്‍ ഉദയശോഭയോടെ ഓര്‍മിപ്പിക്കയാണ് ആ ഫോട്ടോ. ക്യാമറയില്‍ ആ മുഹൂര്‍ത്തം പകര്‍ത്താനിടയായതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രശസ്ത ഫോട്ടോഗ്രാഫറായ രാജന്റെ മനസ്സിന്റെ വെള്ളിത്തിരയില്‍ ജീവിതചിത്രങ്ങളേറെയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് വി ടി കുമാരന്‍മാസ്റ്റര്‍ അനുസ്മരണമാണെന്നാണോര്‍മ. ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പ്രഭാവര്‍മയ്ക്ക് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങുണ്ട്. സിപിഐ എം ജില്ലാസെക്രട്ടറി എം കെ കേളുവേട്ടന്റെ നിര്‍ദേശാനുസരണമാണ് വടകരയിലെത്തിയത്. അഴീക്കോടും വൈക്കം മുഹമ്മദ് ബഷീറുമൊക്കെ പങ്കെടുക്കുന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം വടകര കടപ്പുറത്തേയ്ക്ക് പോവാനുറച്ചു. ആ തീരുമാനമാണ് അഴീക്കോടിന്റെയും ബഷീറിന്റെയും ഒരുപിടി നല്ലചിത്രങ്ങള്‍ ഒപ്പിയെടുക്കാനായതെന്ന് രാജേട്ടന്‍ പറഞ്ഞു.
അഴീക്കോട് കലിക്കറ്റ് സര്‍വകലാശാലയിലെത്തിയപ്പോഴാണ് അടുത്തിടപെടാന്‍ അവസരമുണ്ടായത്. മുമ്പ് എസ് കെ പൊറ്റെക്കാട്ടിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഞാന്‍ എസ് കെ യുടെ സംഘത്തിലായിരുന്നു. ബഷീറുമായുള്ള ചങ്ങാത്തമാണ് സാഹിത്യലോകവുമായി അടുപ്പിച്ചത്. എംടി, അഴീക്കോട്, എന്‍ പി മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം എം ബഷീര്‍ എന്നിവരുമായി നല്ല ബന്ധമുണ്ടാക്കാനുമായി. ഇവരുടെ നേതൃത്വത്തില്‍ കോര്‍ട്ട് റോഡില്‍ ക്ലാസിക് ബുക്ക് ട്രസ്റ്റ് എന്ന സ്ഥാപനം നടത്തിയിരുന്നു. അവരാണ് അഴീക്കോടിന്റെ "തത്ത്വമസി"യും ബഷീറിന്റെ "അനുരാഗത്തിന്റെ ദിനങ്ങളും" പുറത്തിറക്കിയത്. അനുരാഗത്തിന്റെ ദിനങ്ങള്‍ ഇറങ്ങിയപ്പോള്‍ അഴീക്കോടിന്റെ ആദ്യപ്രതികരണം "അനുരാഗത്തിന്റെ ദീന"ങ്ങളെന്നായിരുന്നു. അന്നൊക്കെ കൂടെ നടക്കുകയായിരുന്നു തന്റെ പതിവ്. അതുകൊണ്ട് ആ സാംസ്കാരിക ജീവിതസന്ദര്‍ഭങ്ങള്‍ ക്യാമറയിലൊപ്പാനായി.

നിറഞ്ഞ സമര്‍പ്പണവും കറതീര്‍ന്ന ആത്മാര്‍ഥതയും കൈമുതലായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ബഷീറിന്റെ ഫോട്ടോ ആല്‍ബം തയ്യാറാക്കിയപോലെ അഴീക്കോടിന്റെയും ആല്‍ബം പ്രസിദ്ധീകരിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. ഇതിനായി കുറെ നല്ല പടങ്ങള്‍ കൂടി പകര്‍ത്തണമെന്നുമുണ്ടായിരുന്നു. മരിച്ചുകിടക്കുന്ന അഴീക്കോടിനെ കാണാനാഗ്രഹമില്ലാത്തതുകൊണ്ട് അവസാന നോക്കുകാണാന്‍ പുനലൂര്‍ രാജന്‍ ടൗണ്‍ഹാളില്‍ എത്തിയില്ല. പലപ്പോഴും പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ കോഴിക്കോട്ട് പോയി കാണുമായിരുന്നു. ഇടയ്ക്കൊക്കെ വീട്ടിലും വരും. ഈയിടെ ഫോണില്‍ വിളിച്ചു സുഖവിവരങ്ങള്‍ തിരക്കി. അഴീക്കോട് ഓര്‍മയായെങ്കിലും പുസ്തകത്താളിലെ മയില്‍പ്പീലിപോലെ അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാട് ഓര്‍മകളോടൊപ്പം സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങളും പുനലൂര്‍ രാജന്റെ ശേഖരത്തിലുണ്ട്.

"വഴക്കിടലും സ്നേഹത്തിന്റെ ഭാവം "

ബേപ്പൂര്‍ : നാല് മാസം മുമ്പ് വീട്ടില്‍ വന്നപ്പോള്‍ വീണ്ടും വരാമെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ബേപ്പൂരിലെ വീട്ടിലിരുന്ന് വൈക്കം മുഹമ്മദ്ബഷീറിന്റെ ജീവിതസഖി ഫാബി ബഷിറിന് പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് അഴീക്കോട് മാഷെ കുറിച്ച് പങ്കുവയ്ക്കാനുണ്ടായിരുന്നത്. തൃശൂര്‍ അമല ആശുപത്രിയില്‍ മാഷിനെ സന്ദര്‍ശിച്ചപ്പോള്‍ അസുഖം മാറിയിട്ട് ഞാന്‍ വരും എന്നാണ് പറഞ്ഞത്. ഫാബി ബഷീറിന്റെ വാക്കുകള്‍ ഇടറി. വൈക്കം മുഹമ്മദ്ബഷീറുമായും കുടുംബവുമായും എന്നും നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്ന അഴീക്കോട് മാഷ് ബഷീറിന്റെ കുടുംബത്തിലെ ഒരംഗംതന്നെയാണ്. "കോഴിക്കോട് സര്‍വകലാശാലയിലായിരുന്നപ്പോള്‍ മാഷ് ഇടയ്ക്കെല്ലാം വീട്ടിലെത്തുമായിരുന്നു. ഗൗരവക്കാരനും കര്‍ക്കശക്കാരനുമായിരുന്ന അഴീക്കോട് മാഷിനെ ആദ്യമൊക്കെ ഭയത്തോടെയാണ് നോക്കിക്കണ്ടതെന്ന് ഫാബി ബഷീര്‍ ഓര്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വരം ഉയരുന്നതും വഴക്കിടുന്നതുമെല്ലാം കലഹമല്ല, സ്നേഹത്തിന്റെ ഭാവമാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. "ഭക്ഷണ പ്രിയനാണ് മാഷ്. ഞാനുണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഏറെ ഇഷ്ടമായിരുന്നു. ഇവിടെയുണ്ടാക്കുന്ന ചായയെക്കുറിച്ച് മാഷ് പലരോടും പറയാറുണ്ടായിരുന്നു. ചെറുചൂടുള്ള ചായ ആസ്വദിച്ച് കുടിക്കുന്നത് കാണാന്‍ തന്നെ രസമായിരുന്നു"-ഫാബിയുടെ ഓര്‍മകളില്‍ നനവാര്‍ന്ന തിളക്കം.

അഴീക്കോട് മാഷിന്റെ പ്രസംഗപാടവത്തെ "ടാറ്റ"യാണ് സാഗരഗര്‍ജനം എന്ന് വിശേഷിപ്പിച്ചത്. മാഷിനുള്ള കത്തുകളില്‍ പ്രിയസാഗരഗര്‍ജനമേ..... എന്നായിരുന്നു ബഷീര്‍ അഭിസംബോധന ചെയ്തിരുന്നത്. മാഷിന്റെ മറുപടികളില്‍ അക്ഷരങ്ങള്‍ കൂട്ടിയെഴുതുന്നത് കാരണം വായിച്ചെടുക്കാന്‍ ബഷീര്‍ നന്നേ ബുദ്ധിമുട്ടി. ഇതിനെ കളിയാക്കി രസികനായ ബഷീര്‍ മറുപടി അടയച്ചതിങ്ങനെയായിരുന്നു: "മരുന്നിന്റെ കുറിപ്പടി കിട്ടി എല്ലാം വാങ്ങിച്ചു". ഓര്‍മകളോടൊപ്പം ഫാബി ഒരു നിമിഷം ആ സുന്ദരകാലത്തേക്ക് തിരിച്ചുപോയി. നീണ്ട സൗഹൃദത്തിനിടെ ഇടയ്ക്കെപ്പോഴോ വന്ന പിണക്കം രണ്ടാളെയും ഏറെ വിഷമിപ്പിച്ചു. അധികനാള്‍ പിണങ്ങിയിരിക്കാന്‍ ആ സുഹൃത്തുക്കള്‍ക്കായിരുന്നില്ല. നിന്റെ രണ്ട് വര്‍ത്തമാനം കേട്ട് ചിരിക്കാതെയും കൂടെയിരുന്ന് ഭക്ഷണം കഴിക്കാതെയും ഇരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അഴീക്കോട് മാഷ് വീട്ടിലേക്ക് കയറിവന്നത് ഇന്നലെ കഴിഞ്ഞതുപോലെ ഫാബിയുടെ കണ്‍മുന്നിലുണ്ട്. ഇനി ഇത് മാത്രമാണ് ഫാബിക്ക് കൂട്ട്. കണ്ണടച്ചാലും ഉള്ളില്‍ നിറയുന്ന മധുരസ്മരണകള്‍ .
(കെ സാജിത)

*
ദേശാഭിമാനി 25 ജനുവരി 2012

ആശാന്റെ സീതാകാവ്യത്തില്‍നിന്ന് ആത്മകഥയിലേക്ക്

ആറുപതിറ്റാണ്ടോളം നീണ്ട സാഹിത്യ ജീവിതത്തില്‍ വിവര്‍ത്തനങ്ങളുള്‍പ്പെടെ 35ലേറെ പുസ്തകങ്ങള്‍ . 1954ല്‍ ആശാന്റെ സീതാകാവ്യത്തില്‍ തുടങ്ങി 2011 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ ആത്മകഥയുടെ രണ്ടാംഭാഗത്തില്‍ എത്തിനില്‍ക്കുന്ന രചനാപര്‍വം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്കാരവുമുള്‍പ്പെടെ വലുതും ചെറുതുമായി നൂറോളം പുരസ്കാരങ്ങള്‍ . എഴുത്തും വായനയും പ്രഭാഷണവും ജീവിത വ്രതമാക്കിയ അഴീക്കോടിന്റെ ജീവിതസമ്പാദ്യവും ഇതുതന്നെ. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, തത്വമസി, മലയാള സാഹിത്യ വിമര്‍ശനം, വിശ്വസാഹിത്യ പഠനങ്ങള്‍ , ഖണ്ഡനവും മണ്ഡനവും, ഗുരുവിന്റെ ദുഃഖം, ഭാരതീയത, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളെല്ലാം അകക്കാമ്പുള്ളവ. വിശ്വസാഹിത്യ വിമര്‍ശംമുതല്‍ ഇന്ത്യന്‍ ദാര്‍ശനികതയുടെ അടിത്തട്ടുതേടിയുള്ള അന്വേഷണംവരെ വ്യാപിച്ചുകിടക്കുന്ന സാഹിത്യ സപര്യയില്‍നിന്നുയിര്‍ക്കൊണ്ടത് 35 ലേറെ പുസ്തകങ്ങള്‍ . ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ഒന്നിലേറെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

മലയാളത്തില്‍ ആദ്യമായി ഒരു ഖണ്ഡകാവ്യത്തെ ആസ്പദമാക്കിയുള്ള സൂക്ഷ്മ വിശകലനമാണ് "ആശാന്റെ സീതാകാവ്യ"ത്തിലൂടെ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചത്. കൊട്ടിഘോഷിക്കപ്പെട്ട കവിയുടെ മോശം കവിതയെന്നാണ് ചങ്ങമ്പുഴയുടെ രമണനെ "രമണനും മലയാള കവിതയും" എന്ന കൃതിയില്‍ വിമര്‍ശിക്കുന്നത്. വിമര്‍ശന സാഹിത്യത്തില്‍ അന്നത്തെ സിംഹങ്ങളായിരുന്ന മുണ്ടശ്ശേരി-കുട്ടികൃഷ്ണമാരാര്‍ - എം പി പോള്‍ ത്രയത്തിന്റെ അരങ്ങിലേക്ക് കൗമാരം വിട്ടിട്ടില്ലാത്ത അഴീക്കോടിനെ കയറ്റിനിര്‍ത്തിയത് ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നീ കൃതികളാണ്.

ഇന്ത്യന്‍ ആത്മീയതയുടെ ദാര്‍ശനികസത്യത്തിന്റെ വേരുതേടിയുള്ള യാത്രയാണ് തത്വമസി. സന്യാസിയല്ലാത്ത ലൗകികന്‍ ആത്മീയതയുടെ ആഴങ്ങളിലേക്ക് നടത്തിയ യാത്രയിലെ കാഴ്ചകളാണ് "തത്വമസി"യായി വായനക്കാരന് മുന്നില്‍ സമര്‍പ്പിച്ചത്. അഴീക്കോടിന് കേന്ദ്രഅക്കാദമി അവാര്‍ഡുള്‍പ്പെടെ 50ലേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തത് ഈ കൃതിയാണ്. പുരോഗമന സാഹിത്യവും മറ്റും, മഹാത്മാവിന്റെ മാര്‍ഗം, മലയാള സാഹിത്യ പഠനങ്ങള്‍ , വായനയുടെ സ്വര്‍ഗത്തില്‍ , മഹാകവി ഉള്ളൂര്‍ , എന്തിനു ഭാരതധരേ, അഴീക്കോടിന്റെ സംഭാഷണങ്ങള്‍ , അഴീക്കോടിന്റെ ഫലിതങ്ങള്‍ , പാതകള്‍ കാഴ്ചകള്‍ തുടങ്ങിയവ ശ്രദ്ധേയ കൃതികളാണ്. 21-ാം വയസ്സില്‍ പുറത്തുവന്ന "ആശാന്റെ സീതാകാവ്യ"ത്തില്‍ നിന്ന് ആത്മകഥയിലേക്കെത്തുമ്പോഴേക്കും ആ ജീവിതം തുറന്ന പുസ്തകംപോലെ കേരളീയര്‍ക്ക് ഹൃദിസ്ഥം. നിറംമങ്ങാത്ത ഓര്‍മകള്‍ സഹൃദയര്‍ക്കുമുന്നില്‍ മാഷ് ആത്മകഥയായി സമര്‍പ്പിച്ചത് 83-ാം വയസ്സില്‍ . അതിന്റെ അവസാനഭാഗം ഡിസംബര്‍ 21ന് അമല ആശുപത്രിയിലെ രോഗക്കിടക്കയില്‍ കിടന്നാണ് പ്രകാശനം ചെയ്തത്.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി പുരസ്കാരം രണ്ടുതവണയും അഴീക്കോടിനെത്തേടിയെത്തി. സമഗ്രസംഭാവനയ്ക്കുള്ള എഴുത്തച്ഛന്‍ പുരസ്കാരവും വയലാര്‍ അവാര്‍ഡും വൈലോപ്പിള്ളി പുരസ്കാരങ്ങളും അഴീക്കോടിനു ലഭിച്ച ബഹുമതികളില്‍പ്പെടും. അബുദാബി ശക്തി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ദല അവാര്‍ഡ്, സംസ്കാരദീപം പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അഴീക്കോടിനെ തേടിയെത്തി.

തത്വമസി - ഡോ. അഴീക്കോടിന്റെ കീര്‍ത്തിസ്തംഭം

പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ പ്രചോദനകേന്ദ്രങ്ങള്‍ പ്രധാനമായും മൂന്നാണ് - സാഹിത്യം, മഹാത്മാഗാന്ധി, ഉപനിഷത്ത്. അദ്ദേഹത്തിന് വികാരാനുഭൂതി നല്‍കിയത് സാഹിത്യവും, കര്‍മാനുഭൂതി നല്‍കിയത് ഗാന്ധിജിയുമാണെങ്കില്‍ , ആത്മീയാനുഭൂതിയുടെ വെളിച്ചം നല്‍കിയത് ഉപനിഷത്താണ്. സാഹിത്യത്തെക്കുറിച്ചാണ് അദ്ദേഹം ഏറെ എഴുതിയത്. ഏറ്റവും കുറച്ച് എഴുതിയത് ഉപനിഷത്തുകളെക്കുറിച്ചുമാണ്. എന്നാല്‍ , 1984ല്‍ രചിച്ച "തത്വമസി" എന്ന ഉപനിഷത് പഠനത്തിലൂടെ അഴീക്കോട് ഏറെ കീര്‍ത്തിമാനായി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ , വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും ഈ ഗ്രന്ഥത്തിന് ലഭിച്ചു. പുസ്തകത്തിന്റെ വളരെയേറ പതിപ്പുകള്‍ വിറ്റഴിഞ്ഞു. തന്റെ ഇരുപതാംവയസ്സില്‍ 1 രൂപ 4 അണ മാത്രം നല്‍കി വാങ്ങിയ നൂറ്റെട്ടുപനിഷത്തുക്കളുടെ തെരഞ്ഞെടുത്ത സമാഹാരം വായിച്ചതു മുതലുള്ള 40 കൊല്ലത്തെ ഇളവില്ലാത്ത ഉപനിഷല്‍ പ്രേമപൂജയുടെ പരിണതഫലമായിരുന്നു തത്വമസി.

"എന്റെ ഒരു ചിരകാലാഭിലാഷത്തിന്റെ സാഫല്യം എന്നെ രൂപപ്പെടുത്തിയ അനശ്വര മഹിമാവാര്‍ന്ന ഒരു തത്വജ്ഞാനത്തിന്റെ നേരെ എന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ഥതയുടെയും ഉപഹാരമാണ് അത്" എന്നാണ് ആ ഗ്രന്ഥത്തെക്കുറിച്ച് അഴീക്കോട് രേഖപ്പെടുത്തിയിട്ടുള്ളത്. എം ടി വാസുദേവന്‍ നായരുടെയും എന്‍ പി മുഹമ്മദിന്റെയും ശക്തമായ പ്രേരണയാലാണ് ക്ലാസിക് ബുക്ട്രസ്റ്റിനുവേണ്ടി അഴീക്കോട് നാലഞ്ച് മാസത്തിനകം അത് എഴുതി ത്തീര്‍ത്തത്. "ആത്മവിദ്യ"യുടെ പ്രവാചകനായ വാഗ്ഭടാനന്ദ ഗുരുദേവനാണ് "തത്വമസി" സുകുമാര്‍ അഴീക്കോട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഗ്രന്ഥം ഉപനിഷത്തുക്കളുടെ പഠനം മാത്രമല്ല, വേദത്തിന്റെയും ശങ്കരാചാര്യ ദര്‍ശനത്തിന്റെയും ആകെക്കൂടിയുള്ള ഒരു സിംഹാവലോകനംകൂടിയാണ്. ഈ ഗ്രന്ഥം സമര്‍ഥിക്കുന്നത് അഴീക്കോടിന്റെതന്നെ വാക്കുകളില്‍ ഇതാണ് -" വേദത്തില്‍നിന്ന് ഏറ്റവും കുത്തനെയുള്ള ഉയര്‍ച്ചയാണ് ഉപനിഷത്ത്. അതിന്റെ ആരോഹണനിരീക്ഷണങ്ങള്‍ മാത്രമാണ് ശങ്കരന്‍ ചെയ്തത്. ആ ഉയര്‍ച്ചയില്‍നിന്ന് വീണപ്പോഴെല്ലാം ഇന്ത്യക്ക് കടുത്ത പരിക്കുകള്‍ പറ്റി" സായണനും ആദിശങ്കരനും ഉപനിഷത്തുകള്‍ക്ക് ഭാഷ്യം രചിച്ചു. ഹ്യൂം, അരവിന്ദഘോഷ്, ഡോ. എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വിസ്തരിച്ചു പഠനമെഴുതി. എന്നാല്‍ പോള്‍ ഡോയ്സന്‍ എന്ന പണ്ഡിതന്റെ നിരുപമ മാതൃകയെയാണ് ഡോ. അഴീക്കോട് പിന്തുടര്‍ന്നത്.

മൂന്ന് ഭാഗങ്ങളിലായി പ്രൊഫസര്‍ തന്റെ പഠനം പൂര്‍ത്തീകരിക്കുന്നു. ഇതില്‍ ഒന്നാം ഭാഗമാണ് ഉപനിഷത്തിന്റെ ശുദ്ധ ചൈതന്യത്തില്‍ പ്രകാശം ചൊരിയുന്നത്. എന്താണ് ഉപനിഷത്തെന്ന് വായനക്കാര്‍ മനസ്സിലാക്കുന്നത് ഇതിലെ ആറ് അധ്യായങ്ങളുടെ വായനയിലൂടെയാണ്. "ഉപനിഷത്തിന്റെ സന്ദേശം" എന്ന അധ്യായമാണ് ഈ ഗ്രന്ഥത്തിലെ മുന്തിയ ലേഖനം. പണ്ഡിതനായ നിത്യചൈതന്യയതിയും ഇത് സമ്മതിച്ചതാണ്. രണ്ടാംഭാഗം ഈശം മുതല്‍ ബൃഹദാരണ്യകംവരെയുള്ള 10 ഉപനിഷത്തുക്കളെക്കുറിച്ചുള്ള വിവരണവും പഠനവുമാണ്. മൂന്നാംഭാഗത്ത് ഡോ. അഴീക്കോട് വിവരിക്കുന്നത് ലോകം ഉപനിഷത്തുക്കളെ എങ്ങനെ കാണുന്നുവെന്നതാണ്. മാക്സ്മുള്ളര്‍ , ആനന്ദകുമാരസ്വാമി, ഡോയ്സണ്‍യേറ്റ്സ്, എമേഴ്സണ്‍ , വില്‍ഡുറന്ത്, ആര്‍ണോള്‍ഡ് ടോയന്‍ബി തുടങ്ങിയ നിരവധി മനീഷകളുടെ വചസ്സുകള്‍ പ്രൊഫസര്‍ക്ക് മാര്‍ഗദീപമാകുന്നുണ്ട്. പിന്നത്തെ ചോദ്യത്തെയും അദ്ദേഹം നേരിടുന്നു. നാളെയോ? നാളെ ഭാരതം ഉപനിഷത്തിന്ന് പ്രസക്തി കല്‍പ്പിക്കുമോ, തന്റെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ? നാളെ ലോകമോ? ഈ വിവേചനത്തിലാണ് അഴീക്കോടിലെ സാമൂഹ്യവിമര്‍ശകന്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. സഹജമായ ശൈലിയില്‍ അഴീക്കോട് എഴുതുന്നു -

"ചരാചരങ്ങളെല്ലാം ഒരേയൊരു സത്യത്തിന്റെ ഉദ്ഭേദങ്ങള്‍ മാത്രമാണെന്ന് വേദോപനിഷത്തുകള്‍ പാടിയതിന്റെ മാറ്റൊലി മാഞ്ഞുപോകുന്നതിനുമുമ്പേ ഇതേ പുരോഹിതസംസ്കാരം മനുഷ്യരെത്തമ്മില്‍ അകറ്റുന്ന അനന്തമായ ജാതിശൃംഖല നിര്‍മിച്ച് ഇന്ത്യയുടെ ആത്മാവിനെ ബന്ധിച്ച് സഹസ്രാബ്ദങ്ങളുടെ കാരാഗൃഹത്തില്‍ വലിച്ചെറിഞ്ഞു. അങ്ങനെ വേദത്തില്‍നിന്ന് നാം ഭേദത്തിലെത്തി. ഭേദവചനങ്ങളായി നമ്മുടെ വേദവചനങ്ങള്‍! യാഗധൂമവും ജാതിശൃംഖലയും വീണ്ടും പ്രബലങ്ങളാകാന്‍ ശ്രമം തുടരുന്ന ഈ അവസരത്തില്‍ , ഉപനിഷത്തിന്റെ നാളെയെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുന്നതെങ്ങനെ?"

ഈ ഗ്രന്ഥത്തിന്റെ ഒരു മേന്മ ഇതില്‍ സാഹിത്യവും ദര്‍ശനവും സമന്വയിക്കുന്നു എന്നതാണ്. ഋഷിവാണിയോടൊപ്പം വാത്മീകിയുടെയും വ്യാസന്റെയും കാളിദാസന്റെയും ടാഗോറിന്റെയും എന്തിന്ന് ആശാന്‍ , വള്ളത്തോള്‍ എന്നീ ഭാഷാകവികളുടെ വചസ്സുകളും നാം കേള്‍ക്കുന്നു. ഡോ. അഴീക്കോട് തത്ത്വശാസ്ത്രത്തെ മാനവീകരിക്കുകയും സമകാലീക പ്രസക്തിയുള്ളതാക്കി മാറ്റുകയും ചെയ്തു. വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും വഴിയിലൂടെയാണ് അദ്ദേഹം നടന്നത്. ഉപനിഷത്തുകള്‍ക്ക് സാമൂഹ്യതലത്തിലുള്ള പാഠാന്തരങ്ങള്‍ അദ്ദേഹം നല്‍കി. ഉപനിഷത്തുക്കളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനം അഴീക്കോടിന്റെ "തത്വമസി"യാണ്. ഒരു പണ്ഡിതന്റെ ഭാഷയില്‍ നമ്മുടെ പാരമ്പര്യത്തില്‍ ഊര്‍ജസ്വലതയുടെയും ജീര്‍ണതയുടെയും കാഴ്ചപ്പാടുകള്‍ ഉള്‍ച്ചേര്‍ന്ന് കിടക്കുന്നുണ്ടെന്നും ഇവയില്‍ ത്യാജ്യഗ്രാഹ്യവിവേകത്തോടെയാണ് ഒരാധുനിക ചിന്തകന്‍ വ്യവഹരിക്കേണ്ടതെന്നും അവധാനപൂര്‍വം പര്യവേക്ഷണം നടത്തിയാല്‍ നമ്മുടെ സമകാലികാസ്തിത്വത്തെ അര്‍ഥപൂര്‍ണമാക്കാന്‍ കെല്‍പ്പുനല്‍കുന്ന ചില ഈടുവയ്പുകള്‍ പ്രാക്തനചിന്തയില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ള അചഞ്ചലമായ വിശ്വാസപ്രമാണത്തില്‍ നിന്നാണ് തത്വമസിപോലുള്ള മികച്ച ക്ലാസിക്കുകള്‍ പിറക്കുന്നത്. ഭാരതീയവും പാശ്ചാത്യവുമായ ചിന്തകള്‍ ഇതിലുണ്ട്. എന്നാല്‍ , സമബുദ്ധിയോടെ, ഉപപത്തികളോടെയാണ് ഡോ. അഴീക്കോട് അവയെ ഉപയോഗിച്ചിട്ടുള്ളത്. ശുഷ്കസിദ്ധാന്ത ചര്‍ച്ചകളല്ല, പ്രബുദ്ധമായ നവോത്ഥാനസ്വരമാണ് അഴീക്കോടിന്റെ ഈ കൃതിയില്‍ മുഴങ്ങുന്നത്. മലയാളത്തില്‍ ദാര്‍ശനികഗ്രന്ഥങ്ങള്‍ തുലോം വിരളമാണ്. നാലപ്പാട്ട് നാരായണമേനോന്റെ "ആര്‍ഷജ്ഞാന"ത്തിനുശേഷം മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഗ്രന്ഥമാണ് സുകുമാര്‍ അഴീക്കോടിന്റെ "തത്വമസി", പലേടത്തും കാവ്യാത്മകതയുടെ കനകനിചോളം ഈ ഗ്രന്ഥത്തെ മധുരമാക്കുന്നുണ്ട്. അതുപോലെ നവോത്ഥാനാശയങ്ങള്‍ ഈ കൃതിയെ ദീപ്തമാക്കുന്നുമുണ്ട്. ഭാവി-ഭൂതകാലത്തെ വിസ്മരിക്കാന്‍ ധൈര്യപ്പെടുന്നതുവരെ ഈ കൃതിയുടെ കീര്‍ത്തി കാലത്തിലൂടെ അലയടിക്കും.
(ഡോ. പി വി കൃഷ്ണന്‍നായര്‍)

*

ദേശാഭിമാനി 25 ജനുവരി 2012

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

ദേശീയവാദിയായ പ്രഭാഷകന്‍

സുകുമാര്‍ അഴീക്കോടിന്റെ 70ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അനുമോദനയോഗത്തില്‍ സംസാരിച്ച തകഴി അഴീക്കോടിന് ഒരു ഉപദേശം നല്‍കി. "പ്രഭാഷണങ്ങള്‍ നിര്‍ത്തി എഴുതിത്തുടങ്ങുക". ഇതിനോട് ഞാന്‍ യോജിക്കുന്നില്ല. പ്രഭാഷണത്തിന്റെയും എഴുത്തിന്റെയും ലക്ഷ്യം ഒന്നു തന്നെയാണല്ലോ. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക. അതിന് ഡോക്ടര്‍ അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം പ്രഭാഷണങ്ങളാണ്. എഴുത്തിനേക്കാള്‍ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാ പ്രസംഗങ്ങള്‍ . പ്രഭാഷണങ്ങള്‍ തന്നെ ടേപ്പ് എടുത്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഇന്ന് സാങ്കേതികമായി യാതൊരു പ്രയാസവുമില്ല. ഡോക്ടര്‍ അഴീക്കോടിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുറെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ അര്‍ഥം അഴീക്കോടിന്റെ ശ്രോതാക്കള്‍ക്കെന്നപോലെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ വായനക്കാര്‍ക്കും അഴീക്കോടിന്റെ ആശയങ്ങള്‍ മനസിലാവുന്നു എന്നാണല്ലോ. അത് കുറേക്കൂടി ക്രമീകൃതമായ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വിഷമവുമില്ല.

എന്നാല്‍ , യഥാര്‍ഥ പ്രശ്നം പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ എന്നല്ല രണ്ടിന്റെയും ഉള്ളടക്കമാണ്. അതിന്റെ കാര്യത്തില്‍ വലിയൊരു ജനസേവനമാണ് അഴീക്കോട് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വിഷയം ഇന്നത്തെ സമൂഹമാണ്. അതില്‍ പ്രകടമാവുന്ന തിന്മകള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ സര്‍വത്ര കാണുന്നത്. തകഴിയേയും എന്നെയും പോലെ ദേശീയ വാദിയായാണ് അഴീക്കോട് തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. തകഴിയും ഞാനും ആദ്യകാലത്തെ ദേശീയതയില്‍ നിന്ന് പിന്നീട് ഇടതുപക്ഷ ദേശീയതയിലേക്ക് മാറി. അഴീക്കോടാകട്ടെ, തുടക്കത്തിലെന്നപോലെ ഇന്നും ദേശീയവാദിയാണ്. പക്ഷെ, ദേശീയവാദികള്‍ക്കിടയില്‍ രൂപംകൊണ്ട അപചയപ്രവണതളോട് വിട്ടുവീഴ്ച ചെയ്യാന്‍ അഴീക്കോട് തയ്യാറായില്ല. സ്വന്തം ജീവിതത്തിലെയും വീക്ഷണത്തിലെയും തിന്മകള്‍ക്ക് ദേശീയതയുടെ ആവരണമിടുന്നവരും "ഗാന്ധിജിയെ മനസ്സിലാക്കാത്ത ഗാന്ധിയന്മാര്‍" എന്നു അഴീക്കോടുതന്നെ വിശേഷിപ്പിക്കുന്നവരുമായ സമകാലീന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തന്റെ മൂര്‍ച്ചയേറിയ നാവ് ചലിപ്പിക്കാന്‍ അഴീക്കോട് ഒരിക്കലും മടികാണിക്കാറില്ല. ഗാന്ധിസത്തില്‍ നിന്ന് തുടങ്ങി ഗാന്ധിസത്തിലൂടെ വളര്‍ന്നുവന്നു, ഗാന്ധിസത്തെ വികലമാക്കുന്നവര്‍ക്കെതിരെ പോരാട്ടം നടത്തുന്നത് തന്റെ ജീവിത ദൗത്യമായി കണക്കാക്കിയിരിക്കയാണ് അഴീക്കോട്. ഇന്നത്തെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഏതെഴുത്തുകാരനും നടത്തുന്നതിനേക്കാള്‍ ഒട്ടും കുറയാത്ത സേവനമാണ് പ്രഭാഷകനായ അഴീക്കോട് നടത്തിക്കൊണ്ടിരിക്കുന്നത്.

*
ഇ എം എസ് (1996 ഏപ്രിലില്‍ ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ചത് )

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല.

ചെറുപ്പംതൊട്ടേ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് കാരണവരും ഗാന്ധിയനുമായ പാമ്പന്‍ മാധവനുമായുള്ള ദീര്‍ഘകാല സൗഹൃദം അഴീക്കോടിന്റെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായി. പാമ്പന്റെ വിശാലമായ ഗ്രന്ഥസമുച്ചയം അഴീക്കോടിന്റെ വൈജ്ഞാനിക ജീവിതത്തിലും നാഴികക്കല്ലായി. അക്കാലത്ത് കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കോണ്‍ഗ്രസ് യോഗങ്ങളിലെയും സ്റ്റഡിക്ലാസുകളിലെയും സ്ഥിരം പ്രാസംഗികരായിരുന്നു പാമ്പനും അഴീക്കോടും. സ്വാതന്ത്യലബ്ധിയെ തുടര്‍ന്ന് സ്വാതന്ത്യത്തിന്റെ മഹത്വത്തെയും ഗാന്ധിസത്തെയും കുറിച്ച് അഴീക്കോട് വ്യാപകമായി സ്റ്റഡി ക്ലാസുകളെടുത്തു. 1961ല്‍ കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അംഗമായി. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരിക്കെ, 1962 ജനുവരിയിലെ പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പ്രശസ്ത സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. 1969ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ഉറ്റ സുഹൃത്ത് പാമ്പന്‍ ഇന്ദിരാഗാന്ധിപക്ഷത്തും അഴീക്കോട് സംഘടനാപക്ഷത്തുമായി. പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനംനൊന്താണ് അഴീക്കോട് ആ സംഘടനയില്‍നിന്ന് വിട ചൊല്ലിയത്.

സജീവകക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്ന അഴീക്കോട് 1983 ല്‍ അക്രമരഹിത സാംസ്കാരികവേദിയുടെ അധ്യക്ഷനായി. അടുത്തവര്‍ഷം ഈ സംഘടന അഴീക്കോടിന്റെ നേതൃത്വത്തില്‍ നവഭാരതവേദിയായി. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനുശേഷം ഈ സംഘടനയും നിര്‍ജീവമായി. വഴിപിഴച്ച കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായി തുടര്‍ന്ന അഴീക്കോട് ഇടതുപക്ഷവേദികളില്‍ സജീവസാന്നിധ്യമായി. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും അഴീക്കോടിനെ ഭയപ്പാടോടെയാണ് കണ്ടത്. മുഖംനോക്കാതെ ആഞ്ഞടിക്കുന്ന ആ വിമര്‍ശശരങ്ങള്‍ക്കു മുന്നില്‍ എല്ലാവിധ കോണ്‍ഗ്രസ് ജാഡകളും തകര്‍ന്നടിഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ള എ കെ ആന്റണിയെ പോലും രോഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അനുഭവമുണ്ട് അഴീക്കോടിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ഇന്ത്യയുടെ എല്ലാ പ്രതാപവും അസ്തമിക്കുമെന്നും ഇന്ത്യയെ അമേരിക്കയ്ക്ക് വില്‍ക്കുമെന്നും പ്രവചിച്ച അഴീക്കോട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും സദാ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും നിസ്സംഗത തുറന്നുകാട്ടി. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ മനുഷ്യമതിലില്‍ കണ്ണിയാകാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയിലായത്.

സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി

ഒരു രാജിക്കത്ത് എപ്പോഴും പോക്കറ്റിലിട്ട് നടന്ന സ്വാതന്ത്ര്യപ്രേമി. തിരിഞ്ഞുനോട്ടത്തിനുപോലും ഇടകൊടുക്കാതെ സ്ഥാനമാനങ്ങളും പുരസ്കാരങ്ങളുമൊക്കെ പുല്ലുപോലെ വലിച്ചെറിയാനുള്ള ഋഷിതുല്യമായ മനസ്സിന്റെ ഉടമ. അതായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. വിലപിടിച്ചതൊക്കെ ത്യജിക്കാനുള്ള മനസ്സ്. എഴുത്തും പ്രഭാഷണവും അധ്യാപനവും വിവാദങ്ങളുമൊക്കെ തിരകളായി അലയടിച്ച ജീവിതക്കടലില്‍ എതിര്‍പ്പിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും വേലിയേറ്റങ്ങളില്‍ കൈവിട്ടുകളഞ്ഞവ പലതാണ്. പത്മ ബഹുമതിയും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ഗവര്‍ണര്‍ പദവിയുമെല്ലാം അതില്‍വരും. യൗവനാരംഭത്തില്‍ തുടങ്ങിയതാണ് ഈ പരിത്യാഗപ്രിയം. ബികോം ബിരുദധാരിയായ അഴീക്കോട് ആദ്യം വേണ്ടെന്നു വച്ചത് കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജോലിയാണ്. പിന്നീട് ഡല്‍ഹിയില്‍ സെക്രട്ടറിയറ്റില്‍ ജോലി തരപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ദില്ലിയില്‍നിന്ന് വാര്‍ധയിലേക്ക് യാത്രയായി. ബാങ്ക് ജോലിയുപേക്ഷിച്ചത് സാഹിത്യത്തോടുള്ള അനുരാഗം മൂലമാണെങ്കില്‍ രണ്ടാമത്തേത് ഉദ്യോഗത്തേക്കാള്‍ , പണത്തേക്കാള്‍ , സ്ഥാനത്തേക്കാള്‍ വലിയ മനശ്ശാന്തി നല്‍കുന്ന ഗുരുവിനെ കാണാനുള്ള ആഗ്രഹംകൊണ്ടായിരുന്നു. ഗാന്ധിജി എന്ന ഗുരുനാഥനെ കാണാന്‍ .

എ കെ നായരുടെ ഉടമസ്ഥതയില്‍ കണ്ണൂരില്‍നിന്നു പുറത്തിറങ്ങിയ "ദേശമിത്രം" വാരികയുടെ പത്രാധിപസ്ഥാനം രാജിവച്ചതാണ് മറ്റൊരു സംഭവം. താനറിയാതെ ദേശമിത്രത്തില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിക്കുന്ന ലേഖനം അച്ചടിച്ചുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പത്രാധിപസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് പ്രകോപനമായത്. പിന്നീട് "ദിനപ്രഭ" എന്ന പത്രത്തിന്റെ പത്രാധിപരായി. തന്നോടു ചോദിക്കാതെ ഡല്‍ഹി ബ്യൂറോയില്‍ പുതിയൊരു ലേഖകനെ പത്രമുടമയും ബന്ധുവുമായ വ്യവസായി നേരിട്ടു നിയമിച്ചതില്‍ കോപിച്ച് ഇറങ്ങിപ്പോന്നു. വി എം നായര്‍ മാതൃഭൂമി പത്രാധിപരായിരുന്നപ്പോള്‍ അഴീക്കോട് "സാഹിത്യ സപര്യ" എന്ന കോളമെഴുതിയിരുന്നു. തളി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കെ കേളപ്പന്റെ നിലപാടുകളെ അനുകൂലിച്ച് അഴീക്കോട് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കണമോ എന്ന് വി എം നായര്‍ സംശയിച്ചതോടെ ആ കോളമെഴുത്തും നിന്നു.

കോഴിക്കോട് സര്‍വകലാശാലയില്‍ പ്രോ വൈസ്ചാന്‍സലര്‍ പദവിയില്‍നിന്ന് വിട്ടുപോന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ മറ്റൊരുദാഹരണം. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രാജിവയ്ക്കാനൊരുങ്ങിയെങ്കിലും കെ പി കേശവമേനോന്റെ അനുനയത്തിനു വഴങ്ങിയ അഴീക്കോട് പ്രോ വിസി കലാവധി പൂര്‍ത്തിയാക്കും മുമ്പ് പുറത്താക്കപ്പെട്ടു. ലോകമലയാള സമ്മേളനത്തില്‍ വച്ച് അന്നത്തെ ഭരണാധികാരികളുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു പ്രസംഗിച്ച് ഡല്‍ഹിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കേട്ടത് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത.

സാഹിത്യരംഗത്ത് ഏറെ വിവാദമായ പുരസ്കാര നിരാസത്തിലെ പ്രതിയായി കുറെക്കാലം. 1992ലായിരുന്നു ഇത്. കേരള സാഹിത്യ അക്കാദമി മികച്ച നോവലിനുള്ള പുരസ്കാരം എം പി നാരായണപിള്ളയുടെ "പരിണാമ"ത്തിനു പ്രഖ്യാപിച്ചു. അവാര്‍ഡ് വേണ്ടെന്ന് നാരായണപിള്ളയും. അക്കാദമിയാകട്ടെ നാരായണപിള്ളയ്ക്കുള്ള അവാര്‍ഡ് പിന്‍വലിച്ചു. അക്കാദമിയുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം വിശിഷ്ടാംഗത്വവും തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡുകളും തിരികെക്കൊടുത്തു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ആറുവര്‍ഷത്തോളം വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് എം ടി അക്കാദമി പ്രസിഡന്റായിരിക്കുമ്പോഴാണ് അഴീക്കോടിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നതും വിശിഷ്ടാംഗത്വം അദ്ദേഹം തിരികെ വാങ്ങിയതും. എന്നാല്‍ , അവാര്‍ഡു തുക തിരികെ വാങ്ങാന്‍ തയ്യാറായില്ല. ആ തുക അവശസാഹിത്യകാരന്മാര്‍ക്ക് നല്‍കാനാണ് അദ്ദേഹം പറഞ്ഞത്. മുമ്പും അക്കാദമി നിര്‍വാഹകസമിതി അംഗത്വം അദ്ദേഹം രാജിവച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അക്കാദമിയുടെ ചെലവില്‍ ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്നതും മറ്റും ഇഷ്ടപ്പെടാതെയായിരുന്നു ഒരു തവണത്തെ രാജി. തകഴി പ്രസിഡന്റായിരിക്കേ സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍വാഹക സമിതിയോഗം നീട്ടിവയ്ക്കുന്നതില്‍ പ്രതിഷേധിച്ചും രാജിവച്ചു. പിന്നീടൊരിക്കല്‍ യു ആര്‍ അനന്തമൂര്‍ത്തിക്കുവേണ്ടി നിരുപാധികം അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറി.

വി പി സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ മന്ത്രി കെ പി ഉണ്ണിക്കൃഷ്ണന്‍ അഴീക്കോടിനെ സമീപിച്ചു, ഗവര്‍ണറാകാന്‍ സമ്മതിക്കണമെന്ന ആവശ്യവുമായി. സ്നേഹപൂര്‍വം അതും നിരസിച്ചു. പത്മശ്രീ പുരസ്കാരം നിരസിച്ചതാണ് ഈ നിരയിലെ മറ്റൊരു വിവാദസംഭവം. 2007ല്‍ അഴീക്കോടിന് പത്മശ്രീ ബഹുമതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഈ വലിയ ബഹുമതി അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞു. ഈ ബഹുമതി ഭരണഘടനാവിരുദ്ധമെന്നായിരുന്നു ന്യായം. "ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടണമെന്നാണ്. എന്നാല്‍ , ഇത്തരം ബഹുമതികളിലൂടെ ഭരണകൂടം പൗരനെ വേറിട്ടുകാണുകയാണ്. ഇത്തരം വിവേചനങ്ങളെ തുറന്നുകാട്ടാനുള്ള അവസരമാണ് പത്മ ബഹുമതിയുടെ നിരാസം" എന്നായിരുന്നു അഴീക്കോടിന്റെ വാദം. ആശയ സ്ഥിരതയുടെയും ആശയസംരക്ഷണത്തിന്റെയും ലക്ഷണമാണ് തന്റെയീ രാജിയും ത്യജിക്കലുമെന്നും അദ്ദേഹം വാദിച്ചു.

*
ദേശാഭിമാനി

അഴീക്കോട് മാഷും ഇടതുപക്ഷവും

അഴിക്കോട് മാഷിനെ കുറച്ചുദിവസംമുമ്പ്സന്ദര്‍ശിച്ചിരുന്നു. പരിക്ഷീണനായാണ് കാണപ്പെട്ടതെങ്കിലും ഇത്രവേഗം അദ്ദേഹത്തിന്റെ വിയോഗമുണ്ടാവുമെന്ന് അന്ന് കരുതിയില്ല. പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മാഷിന്റേത്. അതുകൊണ്ടുതന്നെ ഈ വിയോഗം ജനാധിപത്യ-സാംസ്കാരിക കേരളത്തെ വല്ലാതെ ദരിദ്രമാക്കുന്നു. മാഷിന്റെ സ്നേഹവാത്സല്യങ്ങള്‍ എന്നും അനുഭവിക്കാനിടയായിട്ടുണ്ട്. ആ നിലയ്ക്ക് വ്യക്തിപരമായി ഈ നഷ്ടം കനത്തതാവുന്നു. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ ഇരുട്ടിനെതിരെ ഉയര്‍ന്നുനിന്ന പ്രകാശഗോപുരമായിരുന്നു മാഷ്. അത്തരമൊരു വ്യക്തിത്വത്തില്‍നിന്ന് പ്രസരിച്ച ധീരതയുടെ പ്രകാശം സമൂഹത്തിലാകെ തുടര്‍ന്നും നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം. മാഷിന്റെ കൃതികളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും പ്രസരിച്ച വെളിച്ചം സമൂഹത്തിന് പാത കാണിച്ചുതരിക മാത്രമായിരുന്നില്ല, പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഇരുട്ടിന്റെയും ജീര്‍ണതകളുടെയും ശക്തികളെ പൊളിച്ച് അകറ്റുകകൂടിയായിരുന്നു. ഈ രണ്ട് ധര്‍മങ്ങളും ഒരേസമയം അനുഷ്ഠിക്കുന്ന വ്യക്തികളും കൃതികളും നമുക്ക് അധികമില്ല. അതുകൊണ്ടാണ് മാഷിനും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അപൂര്‍വവും അനിതരസാധാരണവുമായ സവിശേഷ വ്യക്തിത്വമുണ്ട് എന്നു സമൂഹം കണ്ടെത്തുന്നത്. മാഷിന് ഇത്ര വലിയ തോതിലുള്ള സ്വീകാര്യതയുണ്ടായതിന്റെ കാരണവും ഈ വ്യക്തിത്വ സവിശേഷതതന്നെയാണ്.

രാജ്യത്തെയും ജനങ്ങളെയും നീറ്റുന്ന അതിഗുരുതരമായ പ്രശ്നങ്ങളാണ് മാഷ് തന്റെ പംക്തികളില്‍ കൈകാര്യംചെയ്തത്. ദേശീയരാഷ്ട്രീയം, വിദേശരംഗം, സാമൂഹിക-സാംസ്കാരികരംഗം, രാഷ്ട്രത്തെ ഗ്രസിക്കുന്ന അഴിമതി തുടങ്ങിയവയൊക്കെ അദ്ദേഹം കൈകാര്യം ചെയ്തു. ദേശാഭിമാനിയില്‍ മാഷ് എഴുതിവന്ന പ്രതിവാരപംക്തി സമകാലിക സംഭവങ്ങളോടുള്ള മൂര്‍ച്ചയുള്ള പ്രതികരണത്തിന്റെ ദൃഷ്ടാന്തങ്ങളായി. വിമര്‍ശത്തിന്റെ മൂര്‍ച്ച, അപഗ്രഥനപാടവം, ഉള്‍ക്കാഴ്ച എന്നിവകൊണ്ട് ശ്രദ്ധേയമാംവിധം ഉയര്‍ന്നുനില്‍ക്കുന്ന ലേഖനങ്ങളായി ഓരോന്നും. ഏതു പ്രശ്നം കൈകാര്യം ചെയ്യുമ്പോഴും ആ പ്രശ്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അതുമായി ബന്ധപ്പെട്ട കൂടുതല്‍ പശ്ചാത്തലവിവരങ്ങള്‍ ചേര്‍ക്കുന്ന രീതിയുണ്ട് അദ്ദേഹത്തിന്. ആ വിവരങ്ങളാകട്ടെ ജീവിതാനുഭവങ്ങളില്‍നിന്നും സമ്പന്നമായ ചരിത്രവിജ്ഞാനത്തില്‍നിന്നും വിപുലമായ വായനയില്‍നിന്നും വരുന്നതാണ്. മറ്റു പലരുടെയും ലേഖനങ്ങളില്‍നിന്ന് കിട്ടാത്ത വെളിച്ചം ഈ ലേഖനങ്ങളില്‍നിന്ന് വായനക്കാരന് ലഭിച്ചതിനുള്ള കാരണം അതാണ്. നൊബേല്‍ സമ്മാനത്തെക്കുറിച്ച് എഴുതിയപ്പോള്‍ ആ സമ്മാനത്തിന്റെ തുടക്കത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അത് നല്‍കിയതിലെ രാഷ്ട്രീയവിവേചനത്തെക്കുറിച്ചുമെല്ലാം മാഷ് വിശദീകരിച്ചു. ദലൈലാമയ്ക്ക് നൊബേല്‍ സമ്മാനം കൊടുത്തതിനും ഗാന്ധിജിക്ക് അത് നിഷേധിച്ചതിനും പിന്നിലുള്ള രാഷ്ട്രീയമെന്ത് എന്നതു വായനക്കാരനെ ബോധ്യപ്പെടുത്തി. കശ്മീര്‍ താഴ്വര കലുഷമാകുന്നതിനെക്കുറിച്ച് എഴുതിയപ്പോള്‍ പണ്ട് ആ പ്രദേശത്തെ "സന്തോഷത്തിന്റെ താഴ്വര" എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്നതു മാഷ് ഓര്‍മിച്ചെടുത്തു. പഴയ കാലത്തെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ , കശ്മീരിന്റെ ഇന്നത്തെ അവസ്ഥയില്‍ ഏത് ഇന്ത്യാക്കാരനുമുള്ള ദുഃഖം തീവ്രതരമായി. ഇത് പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ക്കു മാത്രം വഴങ്ങുന്ന രചനാതന്ത്രമാണ്. മാഷിനാകട്ടെ, ഇത് അനായാസം സാധ്യമായി.

കേരളത്തില്‍ വന്ന് "അഴിമതി പാടില്ല" എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത് ഈ പ്രധാനമന്ത്രിയാണെന്നു തുറന്നടിച്ചു പറയാന്‍ നമ്മുടെ സാംസ്കാരികരംഗത്ത് അഴീക്കോട് മാഷേ ഉണ്ടായുള്ളൂ. "അഴിമതി പാടില്ലെന്ന്" എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ അഴിമതിക്കെതിരായ മാഷിന്റെ സിംഹഗര്‍ജനമാണ് മുഴങ്ങിയത്. ഇന്ന് ജുഡീഷ്യറിയെ ആരും ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതിയുണ്ട്. വിമര്‍ശിച്ചാലതു കോടതിയലക്ഷ്യമാകും. വിമര്‍ശിച്ചയാളെ ജയിലിലടയ്ക്കും. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴും ന്യായാധിപന്മാര്‍ മനുഷ്യര്‍തന്നെയാണെന്നും അതുകൊണ്ട് അവര്‍ക്ക് തെറ്റുപറ്റാമെന്നും ജുഡീഷ്യറിയിലുള്ളവരെത്തന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട് മാഷ് "ന്യായവും ന്യായാധിപനും" എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ . ധീരമായ ഒരു ശ്രമം എന്നു ഈ ലേഖനത്തെ വിശേഷിപ്പിക്കട്ടെ. ജഡ്ജിമാര്‍ മറന്നുകൂടാത്ത സാമൂഹികധര്‍മങ്ങളെക്കുറിച്ച് മാഷ് ജുഡീഷ്യറിയെ ഓര്‍മിപ്പിച്ചു. സാധാരണ കാഴ്ചപ്പാടിലുള്ള നിയമപാലനം എന്ന കര്‍ത്തവ്യം എന്നതിനപ്പുറത്ത് രാഷ്ട്രം പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള വലിയ കടപ്പാടുകൂടിയുണ്ട് എന്നത് ജഡ്ജിമാരെ ഓര്‍മിപ്പിച്ചു. എം വി ജയരാജനെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിമാര്‍ വിധിക്കുമുമ്പ് മാഷിന്റെ ഈ ലേഖനം വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്. ഈ ലേഖനം പകരുന്ന വെളിച്ചം കോടതിയുടെ മനസ്സില്‍ പടര്‍ന്നിരുന്നെങ്കില്‍ വിധി അങ്ങനെ ആവുമായിരുന്നില്ല എന്നതാണെന്റെ ഉറച്ച വിശ്വാസം.

നവഭാരത നിര്‍മാണത്തിനായി അവസരങ്ങള്‍ ഉപയോഗിക്കണമെന്നാണല്ലോ മാഷ് ആ ലേഖനത്തില്‍ പറഞ്ഞത്. നവഭാരതസൃഷ്ടിയുണ്ടാവണമെങ്കില്‍ അഴിമതിഗ്രസ്തമായ ഇന്നത്തെ ഭരണവും അതിന്റെ ജനദ്രോഹ നടപടികളും തുറന്നുകാട്ടപ്പെടണം. അതിനാകട്ടെ പ്രതിഷേധ പ്രകടനത്തിനും പൊതുസമ്മേളനങ്ങള്‍ക്കും ഒക്കെയുള്ള അവകാശം നിലനില്‍ക്കണം. അത് നിലനിര്‍ത്തി നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് ജയരാജന്‍ നടത്തിയത് എന്നതോര്‍ക്കണം. ജനാധിപത്യമെന്നതാകട്ടെ, നമ്മുടെ ഭരണഘടന ആമുഖത്തില്‍ ഉച്ചൈസ്ഥരം ഉല്‍ഘോഷിക്കുന്ന മൂല്യമാണ് താനും. നവസമൂഹത്തിലേക്കുള്ള പരിവര്‍ത്തനം എന്നതു പാഴ്വാക്കല്ല എന്നും അത് എത്രയുംവേഗം നടപ്പിലാക്കുവാന്‍ എല്ലാ അവസരങ്ങളും ന്യായാധിപന്മാര്‍ ഉപയോഗപ്പെടുത്തണമെന്നും മാഷ് ഉപദേശിച്ചു. നിലവിലുള്ള വ്യവസ്ഥിതി മാറ്റലാണ് നവഭാരതസൃഷ്ടിക്കുള്ള മാര്‍ഗം. വ്യവസ്ഥിതിക്കെതിരായ എല്ലാ പ്രതിഷേധമാര്‍ഗങ്ങളെയും അടച്ചുകളഞ്ഞാല്‍ നവഭാരതനിര്‍മാണം എങ്ങനെ നടക്കും? ന്യായാധിപന്മാരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു മാഷിന്റെ വാക്കുകള്‍ എന്നുമാത്രം പറയട്ടെ.

സാമ്രാജ്യത്വത്തിനെതിരെ, വര്‍ഗീയതക്കെതിരെ, അഴിമതിക്കെതിരെ ഒക്കെ ചാട്ടുളിപോലെ ചെന്നുതറയ്ക്കുന്ന പ്രസംഗങ്ങളാണ് മാഷ് നടത്തിയത്. കേരളത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തുന്നതിന് മാഷിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ വലിയതോതില്‍ പ്രയോജനപ്പെട്ടു. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായി മാഷിന്റെ വാക്കുകള്‍ അംഗീകരിക്കപ്പെട്ടതും ആദരിക്കപ്പെട്ടതും. മാഷിന് അഭിപ്രായമില്ലാത്ത കാര്യമില്ല എന്ന് അദ്ദേഹത്തിന്റെ ചില വിമര്‍ശകര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ മനസിലാക്കേണ്ട പ്രധാനകാര്യം, മാഷ് ഏതുവിഷയത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ മഹാഭൂരിപക്ഷവും കാതോര്‍ത്തിരിക്കുന്നുണ്ട് എന്നതാണ്. സ്വാര്‍ഥതാ സ്പര്‍ശമില്ലാത്തതും സത്യസന്ധത നിറഞ്ഞതുമായ അഭിപ്രായമേ മാഷ് പറയുമായിരുന്നുള്ളു എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആശയക്കുഴപ്പങ്ങളില്‍ തെളിച്ചം പടര്‍ത്താന്‍ ആ അഭിപ്രായം സഹായകമാവും എന്ന് അവര്‍ കരുതി. ഇത്തരത്തിലുള്ള ബോധം സമൂഹത്തിന് അധികമാളുകളെക്കുറിച്ച് ഉണ്ടെന്ന് പറയാനാവില്ല. അതുകൊണ്ടാണ്, അതറിയുന്നതുകൊണ്ടാണ് പ്രധാനപ്പെട്ട ഏതു സംഭവമുണ്ടാവുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടി മാഷിനു മുമ്പിലെത്തിയിരുന്നത്. അതേ മാധ്യമപ്രവര്‍ത്തകര്‍ മാഷിനെ വിമര്‍ശിക്കുന്നവര്‍ക്ക് സമീപം അഭിപ്രായം തേടി ചെല്ലാതിരുന്നത് ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാവാം; അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആ വിമര്‍ശകരുടെ അഭിപ്രായം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാവാം. ഇതു മനസിലാക്കിയാല്‍ ഇക്കാര്യം മുന്‍നിര്‍ത്തി മാഷിനെതിരെ വന്നിരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിയും.

ജനങ്ങള്‍ ആദരിക്കുന്ന തലത്തിലേക്ക് ഏതു വ്യക്തിത്വവും ഉയരുന്നത് ഏതെങ്കിലും മാജിക്കുകൊണ്ടല്ല. മറിച്ച് സുതാര്യവും സത്യസന്ധവുമായ ജീവിതത്തിന്റെ വിശുദ്ധികൊണ്ടാണ്. ആ ജീവിതവിശുദ്ധി എന്നും പരിപാലിച്ചുപോന്ന വ്യക്തിയാണ് മാഷ്. അത്തരമൊരു ജീവിത പശ്ചാത്തലമുള്ള വ്യക്തിക്കേ ഉയര്‍ന്ന ശിരസ്സുമായി നില്‍ക്കാനാവൂ; നിര്‍ഭയമായ മനസ്സുമായി സത്യങ്ങള്‍ തുറന്നുപറയാനുമാവൂ. ഒളിക്കാനുള്ളവര്‍ക്കേ ഭയക്കേണ്ടൂ. മാഷിന് ഒളിക്കാനൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഭയക്കാനും ഒന്നുമുണ്ടായില്ല. വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടാക്കണമെന്നുള്ളവര്‍ക്കേ എല്ലാവര്‍ക്കും പ്രിയങ്കരമാവുമോ എന്നുനോക്കി അഭിപ്രായം പറയേണ്ടതുള്ളു. മാഷിന് ഒരു സ്വാര്‍ഥലാഭവും ഇച്ഛിക്കാത്ത മനസ്സാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്ക് പ്രിയമാവും ആര്‍ക്ക് അപ്രിയമാവും എന്നുനോക്കി സ്വന്തം അഭിപ്രായത്തെ എഡിറ്റ് ചെയ്യേണ്ടിവന്നിട്ടില്ല. ഇതൊക്കെയാണ് മാഷിന്റെ തലയെടുപ്പിനും ധീരമായ അഭിപ്രായപ്രകടനത്തിനും അടിസ്ഥാനമായിരുന്നത്. ഇത്തരം ഉയര്‍ന്ന വ്യക്തിത്വങ്ങളുടെ എണ്ണം സമൂഹത്തില്‍ കുറഞ്ഞുവരികയാണ്. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് മാഷിന്റെ വിയോഗമുണ്ടാക്കുന്ന നഷ്ടം നാം കൂടുതല്‍ തിരിച്ചറിയുന്നത്.

ധീരമായ നിലപാടുകള്‍ കൈക്കൊള്ളുന്നവര്‍ക്ക് ശത്രുക്കളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ , ശത്രുക്കളുടെ പ്രലോഭനങ്ങളില്‍ തളരുന്ന മനസ്സായിരുന്നില്ല മാഷിന്. മാഷിനെതിരെ പലവട്ടം ഭീഷണി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് ഒരു ഘട്ടത്തില്‍ , മാഷിന്റെ പ്രസംഗം തടയാനും അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും ചില വര്‍ഗീയശക്തികള്‍ തീരുമാനിച്ചു. ആ ഭീഷണി വിലപ്പോയോ? പുരോഗമന കേരളമാകെ മാഷിന്റെ മുമ്പില്‍ പ്രതിരോധനിരയായി നിന്നു. വര്‍ഗീയശക്തികള്‍ ഭീഷണി അവസാനിപ്പിച്ച് മാളത്തിലൊളിച്ചു. ഇത്തരം ഭീഷണികള്‍ക്കും ആക്ഷേപങ്ങള്‍ക്കും മുമ്പില്‍ പതറിയാല്‍ അതാഗ്രഹിക്കുന്ന ഇരുട്ടിന്റെ ശക്തികളാവും ജയിക്കുക. അതറിയാമായിരുന്ന മാഷ് എന്നും പൂര്‍വാധികം ശക്തിയോടെ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്നു പൊരുതി. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായിരുന്നു മാഷ്. നമ്മുടെ സംസ്കാരിക രംഗത്തെ ഒറ്റയാന്‍പട്ടാളം എന്നുപറയാം. ഏതെങ്കിലും പാര്‍ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പിന്‍ബലമില്ലാതെ കേരളത്തിലെന്നല്ല, ലോകത്തുതന്നെ അധികമാളുകള്‍ നിത്യേന ഇത്രയേറെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ടാവില്ല. ഓരോ പ്രസംഗവേദിയിലും തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അതിനോട് യോജിക്കുന്നവരുണ്ടാവാം; വിയോജിക്കുന്നവരുണ്ടാവാം. ഒരിക്കല്‍ മലയാളത്തിലെ ഒരു മുഖ്യധാരാപത്രം മാഷിനെ തമസ്കരിക്കാന്‍ തീരുമാനിച്ചു. മാഷ് എത്ര പ്രാധാന്യമുള്ള പ്രസംഗം നടത്തിയാലും ആ പത്രം ഒരക്ഷരം കൊടുക്കില്ല. എത്ര വലിയ പുരസ്കാരം കിട്ടിയാലും പടം കൊടുക്കില്ല. പത്രത്തിന് സ്വീകാര്യമായ വിധത്തില്‍ മാഷ് തന്റെ അഭിപ്രായം മാറ്റാന്‍ നിന്നില്ല. ഒടുവില്‍ , മാഷിനെ തമസ്കരിച്ച് അധികം മുമ്പോട്ടുപോകാനാവില്ല എന്ന് തിരിച്ചറിഞ്ഞ് പത്രംതന്നെ നിലപാട് മാറ്റി. മുഖ്യധാരാ മാധ്യമങ്ങളെപ്പോലും അങ്ങനെ നേരിടാന്‍ സംശുദ്ധമായ ജീവിതമാണ് താന്‍ നയിക്കുന്നത് എന്ന ഉറപ്പുള്ളവര്‍ക്കേ കഴിയൂ. ആ ഉറപ്പു നല്‍കുന്ന ധീരതയെ കാലവും ലോകവും വൈകിയായാലും അംഗീകരിക്കുകതന്നെ ചെയ്തു.

പല തലങ്ങളുള്ള വ്യക്തിത്വത്തിനുടമയാണ് മാഷ് എന്ന് നമുക്കറിയാം. സാഹിത്യ വിമര്‍ശകനാണ്, പണ്ഡിതനാണ്, ശ്രേഷ്ഠനായ അധ്യാപകനാണ്, പ്രഭാഷകനാണ്, ചിന്തകനാണ് അങ്ങനെ പലതുമാണ്. ആശാന്റെ സീതാകാവ്യവും തത്വമസിയുംപോലുള്ള വിശിഷ്ടഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍നിന്നു നമുക്ക് ലഭിച്ചു. അതാകട്ടെ, നമ്മുടെ വിമര്‍ശന സാഹിത്യത്തെ പുതിയ തലത്തിലേക്കുയര്‍ത്തി. പില്‍ക്കാലത്ത് മാഷ് സാഹിത്യവിമര്‍ശന രംഗത്ത് എന്നതിനേക്കാള്‍ സാമൂഹ്യ-സാംസ്കാരിക വിമര്‍ശന രംഗത്ത് കേന്ദ്രീകരിക്കുകയാണ് ചെയ്തത്. സാഹിത്യ വിമര്‍ശന രംഗത്തിന് ഇതുമൂലമുണ്ടായ നഷ്ടം സാമൂഹ്യ-സാംസ്കാരിക വിമര്‍ശനരംഗത്തിനുള്ള നേട്ടമായി. ഗാന്ധിയനായ മാഷ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞവരുണ്ട്. മാഷ് എന്നും ഗാന്ധിയനായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലുള്ള വിശ്വാസവും കോണ്‍ഗ്രസിലെ അംഗത്വവും ഒരുമിച്ചുകൊണ്ടുപോവുക അസാധ്യമാണെന്ന് വന്നപ്പോള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയല്ല, മറിച്ച് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഗാന്ധിയര്‍ ആദര്‍ശങ്ങളിലുറച്ചു നില്‍ക്കുകയാണ് മാഷ് ചെയ്തത്.

മാഷ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിനെ വിമര്‍ശിച്ചവരുമുണ്ട്. ഈ സഹകരണത്തില്‍ അസ്വാഭാവികമായി ഒന്നുമുള്ളതായി തോന്നിയിട്ടില്ല. അത് യഥാര്‍ഥ ഗാന്ധിയന്‍ ചിന്തകളില്‍നിന്നുള്ള വളര്‍ച്ചതന്നെയാണ്. ഗാന്ധിജി ദരിദ്രനാരായണന്മാരെക്കുറിച്ച് പറഞ്ഞു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസല്ല; ഇടതുപക്ഷമാണ്. സ്വാതന്ത്ര്യം, രാജ്യത്തിന്റെ പരമാധികാരം തുടങ്ങിയ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പരിരക്ഷയ്ക്കായി നിലപാടെടുത്തത് കോണ്‍ഗ്രസല്ല, ഇടതുപക്ഷമാണ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ലാളിത്യം, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ കോണ്‍ഗ്രസിലല്ല, ഇടതുപക്ഷത്താണ്. ഗാന്ധിജിയെ മറന്ന കോണ്‍ഗ്രസ്, 2ജി സ്പെക്ട്രംപോലുള്ള കുംഭകോണങ്ങള്‍ക്കുള്ള അവസരമായി രാഷ്ട്രീയത്തെ കണ്ടപ്പോള്‍ സാമൂഹ്യ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടമായി ഇടതുപക്ഷം രാഷ്ട്രീയത്തെ കണ്ടു. മാഷിനെപ്പോലുള്ള ഒരാള്‍ ആരുടെ കൂടെ നില്‍ക്കും? കുംഭകോണക്കാര്‍ക്കൊപ്പമോ, അതോ അത് തുറന്നുകാട്ടി പോരാടുന്ന ഇടതുപക്ഷത്തിനൊപ്പമോ? മാറിയത് മാഷല്ല, കോണ്‍ഗ്രസാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാവും. മാഷ് ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ഗാന്ധിയന്‍മൂല്യങ്ങളെക്കുറിച്ച് പ്രസംഗിച്ചു. അത് കോണ്‍ഗ്രസുകാരില്‍ അസഹിഷ്ണുതയുളവാക്കുന്നുവെങ്കില്‍ തെറ്റുപറ്റിയത് കോണ്‍ഗ്രസിനല്ലേ? മാഷിനുവേണമെങ്കില്‍ ഒരു ദന്തഗോപുരത്തിനുള്ളില്‍ സാഹിത്യംമാത്രം എഴുതിക്കൊണ്ടിരിക്കാമായിരുന്നു. എന്നാല്‍ , സമൂഹത്തെക്കുറിച്ച് കരുതലുള്ള ഒരാള്‍ക്കും സ്വകാര്യതയിലേക്ക് ഒതുങ്ങിക്കൂടാനാവില്ലാത്ത വിധത്തിലുള്ളതാണ് ഇന്ത്യന്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ . അതുകൊണ്ടുതന്നെയാവണം പ്രൗഢോജ്വലങ്ങളായ പ്രസംഗങ്ങളുമായി ജനങ്ങളെ ഉണര്‍ത്താന്‍ മാഷ് സമൂഹമധ്യത്തിലേക്കിറങ്ങിയത്; മൂര്‍ച്ചയുള്ള ലേഖനങ്ങളിലൂടെ അനീതിക്കെതിരെ പൊരുതിക്കൊണ്ടിരുന്നത്.

മാഷ് എക്കാലവും സ്വന്തമായി അഭിപ്രായമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ ചിലതിനോടു ഞങ്ങള്‍ യോജിച്ചിട്ടുണ്ട്. ചിലതിനോട് വിയോജിച്ചു. എന്നാല്‍ , അദ്ദേഹത്തിന്റെ മഹത്വത്തെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും ഒരിക്കലും ആ വിയോജനം തടസ്സമായില്ല. അദ്ദേഹത്തിന് വിയോജനാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തെക്കൂടി പരിരക്ഷിച്ചുകൊണ്ടേ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്താനാവൂ എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.

*
പിണറായി വിജയന്‍ ദേശാഭിമാനി 25 ജനുവരി 2012