Showing posts with label സ്ത്രീ. Show all posts
Showing posts with label സ്ത്രീ. Show all posts

Tuesday, April 29, 2014

അടിച്ചമര്‍ത്തിയോ " ശാക്തീകരണം"

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് നരേന്ദ്രമോഡി പറയുന്നത്. ഗുജറാത്തിലെ സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമം ഇരുകൂട്ടരും തുടക്കംമുതല്‍ നടത്തുകയാണ്. രാജ്യത്തെ സ്ത്രീകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസിനും ബിജെപിക്കും തുല്യഉത്തരവാദിത്തമുണ്ട്. സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ കൂടുതല്‍ അദൃശ്യവും വില കുറയ്ക്കപ്പെട്ടതുമായി മാറുന്നു. വീട്ടുജോലിക്കാര്‍, വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍, കരാര്‍ തൊഴിലാളികള്‍ എന്നീ നിലകളില്‍ അംസഘടിത മേഖലയിലേക്ക് സ്ത്രീകള്‍ തള്ളി നീക്കപ്പെടുന്നു. കുറഞ്ഞകൂലി, നിയമസംരക്ഷണമില്ലായ്മ, കടുത്ത ചൂഷണം എന്നിവയാണ് ഈ മേഖലയുടെ സവിശേഷത. ചില്ലറ വ്യാപാര മേഖലയിലേക്ക് എഫ്ഡിഐയുടെ കടന്നുവരവ് സ്വയം തൊഴില്‍ചെയ്തിരുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ഉപജീവന മാര്‍ഗത്തിന് ഭീഷണിയായി. ദരിദ്രസ്ത്രീകള്‍ സുരക്ഷിതമല്ലാത്തതും ചൂഷണാധിഷ്ഠിതവുമായ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കേണ്ടിവരുന്നു; മനുഷ്യക്കടത്തിനിരയാകാന്‍ നിര്‍ബന്ധിതരാകുന്നു.

2004-05നും 2009-10 നും ഇടയ്ക്ക് രണ്ടു കോടിയിലധികം സ്ത്രീകള്‍ തൊഴില്‍രംഗത്തുനിന്ന് പുറന്തള്ളപ്പെട്ടു. സര്‍ക്കാര്‍തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുത വെളിപ്പെടുത്തിയത്. കാര്‍ഷിക പ്രതിസന്ധി ഗ്രാമീണമേഖലയില്‍ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചു. കര്‍ഷക ആത്മഹത്യകളുടെ നിരക്ക് വര്‍ധിച്ചു. എന്‍സിആര്‍ബി ഡാറ്റ പ്രകാരം മൊത്തം 2,70,940 ഇന്ത്യന്‍ കര്‍ഷകരാണ് 2001നും 2011നും ഇടയ്ക്ക് ആത്മഹത്യചെയ്തത്. പ്രതിവര്‍ഷ ശരാശരി 16,743; പ്രതിദിനം 46. കുടുംബത്തിലെ മുഖ്യവരുമാന സ്രോതസ്സായിരുന്നയാള്‍ നഷ്ടപ്പെട്ടത് കുടുംബങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചതും വിധവകളുടെമേല്‍ സര്‍വബാധ്യതകളും പതിച്ചതും നവലിബറല്‍ നയങ്ങളുടെ ദുരന്ത യാഥാര്‍ഥ്യമാണ്. അതിനും പുറമെ, സ്ത്രീകള്‍, കര്‍ഷകരെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതുമില്ല; കൃഷിക്കാരായി രജിസ്റ്റര്‍ചെയ്യപ്പെട്ടിട്ടുമില്ല. അവര്‍ വായ്പാക്ഷമതാ നിലവാരത്തിന് പുറത്താക്കപ്പെടുന്നു; കടം എഴുതിത്തള്ളല്‍ പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക നടപടികള്‍ ഉള്‍പ്പെടുത്തപ്പെട്ട സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടു.

ഗ്രാമീണ തൊഴിലില്ലായ്മയും ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള സുപ്രധാന ഉപകരണമെന്ന നിലയില്‍ 2007-08ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗീകരിക്കാന്‍ സിപിഐ എം സമ്മര്‍ദം ചെലുത്തിയിരുന്നു. 2006-07 ലെ 41 ശതമാനത്തില്‍നിന്ന് 2012-13 ആയപ്പോള്‍ എംഎന്‍ആര്‍ഇജിഎയിലെ സ്ത്രീ പങ്കാളിത്തം 52 ശതമാനമായി ഉയര്‍ന്നത് ദരിദ്രരായ സ്ത്രീകളില്‍നിന്നുള്ള സൃഷ്ടിപരമായ പ്രതികരണമായാണ് കരുതേണ്ടത്. പൊതുവില്‍ സ്ത്രീകള്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതാ നിലവാരം പ്രകടമാക്കുമ്പോഴും അവര്‍ക്ക് മിനിമം കൂലി നിഷേധിക്കുന്നു. നിയമപ്രകാരം 100 ദിവസം തൊഴില്‍ ഉറപ്പ് നല്‍കിയിട്ടും പ്രതിവര്‍ഷം 45 ദിവസത്തോളംമാത്രമേ ലഭ്യമായിട്ടുള്ളൂ. ഇപ്പോള്‍ എന്‍ആര്‍ഇജിഎയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശമാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പരിപാടികളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീത്തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുക എന്ന അവകാശംപോലും നിഷേധിക്കുന്നു. തൊഴിലാളികള്‍ എന്ന നിലയില്‍ അവരെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം.

അഞ്ച് സ്ത്രീകളില്‍ മൂന്നുപേര്‍ക്കും വിളര്‍ച്ചരോഗം, മൂന്നുവയസ്സില്‍ താഴെയുള്ള ഓരോ രണ്ടാമത്തെ കുട്ടിക്കും തൂക്കക്കുറവ്, ഓരോ മൂന്നാമത്തെ കുട്ടിക്കും മുരടിപ്പ്, ഓരോ അഞ്ചാമത്തെ കുട്ടിക്കും ബലഹീനത- ഇങ്ങനെയുള്ള രാജ്യത്ത് 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ എല്ലാ പ്രധാനപദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമുള്ള വിഹിതത്തില്‍ 32000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സര്‍ക്കാര്‍സഹായത്തോടെ കോര്‍പറേറ്റുകള്‍ നടത്തുന്ന പ്രകൃതിവിഭവങ്ങളുടെ കൊള്ളമൂലം ഏറ്റവുമേറെ ദുരിതമനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്. കന്നുകാലിത്തീറ്റ, വിറക്, വെള്ളം, ചെറുകിട വനോല്‍പ്പന്നങ്ങള്‍ മുതലായവ ശേഖരിക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം അവരുടെമേലാണ്. പ്രകൃതിവിഭവങ്ങള്‍ വന്‍തോതില്‍ കൈയേറുകയും ഏറ്റെടുക്കുകയും ചെയ്യുന്നതിനാലും വന്‍കിട പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാല്‍ വാസസ്ഥലം വിട്ട് പോകേണ്ടിവരുന്നതിനാലും ഈ വിഭവങ്ങള്‍ അനഭിഗമ്യമാവുകയും കൂടുതല്‍ ചെലവേറിയതായിത്തീരുകയും ചെയ്യുന്നു. അതേസമയംതന്നെ, സാമൂഹ്യമേഖലാ ചെലവുകളില്‍ വരുത്തുന്ന വെട്ടിക്കുറവിന്റെ ഭാഗമായി സ്ത്രീകളുടെ ഗാര്‍ഹികജോലിയുടെ ഉത്തരവാദിത്തവും പരിചരണച്ചെലവുകളും വര്‍ധിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗൗരവതരമായ വീഴ്ചകള്‍ വ്യാപകമായ എതിര്‍പ്പാണുണ്ടാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് എതിരായ വലതുപക്ഷ വര്‍ഗീയവാദ ശക്തികളെ പ്രതിനിധാനംചെയ്യുന്നതും കോര്‍പറേറ്റുകളാല്‍ പിന്തുണയ്ക്കപ്പെടുന്നതുമായ ബിജെപിയാണ് ഇത് ഉപയോഗപ്പെടുത്തുക. ആര്‍എസ്എസും ഹിന്ദുത്വശക്തികളും പ്രതിനിധാനംചെയ്യുന്ന വര്‍ഗീയശക്തികള്‍ സ്ത്രീകളെ പുരുഷന്റെ അനുബന്ധം മാത്രമായാണ് കാണുന്നത്. അവര്‍ പിന്തിരിപ്പന്‍ ആശയങ്ങളെയും ആചാരങ്ങളെയും പാരമ്പര്യത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്ത്രീകളുടെ സ്വതന്ത്ര പൗരത്വ പദവിക്കെതിരായ വലിയ വെല്ലുവിളിയാണ് ഈ ശക്തികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസായാലും ബിജെപിയായാലും സ്ത്രീകള്‍ക്കുവേണ്ടി ശബ്ദിക്കുന്നതില്‍ പരിപൂര്‍ണ കാപട്യമാണ് എന്ന് തെളിയിക്കുന്ന വസ്തുതകളാണിവയെല്ലാം.
*
deshabhimani editorial

Tuesday, April 22, 2014

മുസ്ലിം സ്ത്രീകളുടെ വര്‍ത്തമാനം

സ്ത്രീക്കുമേല്‍ പുരുഷന്റെ നിയന്ത്രണം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന മതമാണ് ഇസ്ലാം. എന്നാല്‍, നിയമപ്രകാരം അവകാശമായ സ്വത്തിനുമേല്‍ ഖുര്‍-ആന്‍സ്ത്രീക്ക് പൂര്‍ണാധികാരം നല്‍കുന്നുമുണ്ട്. വേദഗ്രന്ഥമായ ഖുര്‍-ആനില്‍ സുദീര്‍ഘമായ ഒരധ്യായംതന്നെ സ്ത്രീകളെക്കുറിച്ചാണ്. നൂറ്റിയെഴുപത്താറ് വാക്യങ്ങളുള്ള നാലാമധ്യായം-അന്നിസാഅ്-സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതെങ്ങനെയായാലും പ്രായോഗികതലത്തില്‍, അടുത്തകാലംവരെ, മുസ്ലിംസ്ത്രീ അടുക്കളയിലെ വീട്ടുപകരണത്തിനപ്പുറം മറ്റൊന്നുമായി പരിഗണിക്കപ്പെട്ടില്ല.

കേരളജനതയുടെ ഇരുപത്താറുശതമാനത്തിലധികം വരുന്ന മുസ്ലിങ്ങള്‍ക്കിടയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുസ്ലിംസ്ത്രീയെ സംവാദവിഷയമായി അവതരിപ്പിക്കാന്‍ ആദ്യം ധൈര്യം കാട്ടിയത് സാക്ഷാല്‍ ഇ എം എസാണെന്ന് ഓര്‍ക്കണം. ശരി-അത്ത് വിവാദത്തിന്റെ കാലത്ത് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായപ്രകടനങ്ങള്‍ ഇരുട്ടുമൂടിയ ഒരു ഭാഗത്തേക്ക് കടന്നുചെന്ന ആദ്യ പ്രകാശകിരണങ്ങളായി. എന്നാല്‍, മുസ്ലിംസ്ത്രീകളെപ്പറ്റി ആഴത്തില്‍ വിലയിരുത്തുന്ന ഒരു പുസ്തകം അപ്പോഴും ഉണ്ടായില്ല. മുസ്ലിങ്ങളുടെ ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന ആദ്യ പുസ്തകമായി എന്റെ ശ്രദ്ധയില്‍ വരുന്നത് കാല്‍ നൂറ്റാണ്ടുകാലം മലബാറില്‍ ജീവിച്ച കനേഡിയന്‍ പണ്ഡിതന്‍ റൊണാള്‍ഡ് ഇ മില്ലറിന്റെ "മാപ്പിള മുസ്ലിംസ് ഓഫ് കേരള"യാണ്. 1976ല്‍ പുറത്തിറങ്ങിയ അതില്‍ കൗതുകകരമായ ഒരു രചനയെ മില്ലര്‍ ഉദ്ധരിക്കുന്നുണ്ട്. പി മുഹമ്മദ് കുട്ടാശേരി 1964 ഒക്ടോബറില്‍ "മാപ്പിളനാടി"ലെഴുതിയ "മുസ്ലിംസ്ത്രീയുടെ ദയനീയചിത്രം" എന്ന കുറിപ്പാണത്. ഇത്തരം ചില പരാമര്‍ശങ്ങളൊഴിച്ചാല്‍ മില്ലറും മുസ്ലിംസ്ത്രീയെപ്പറ്റി അജ്ഞനാണ്. അകത്തേക്ക് പുരുഷനും പുറത്തേക്ക് സ്ത്രീക്കും പ്രവേശനമില്ലാത്ത ലോകത്തെക്കുറിച്ചുള്ള ആധികാരികവിവരങ്ങളുടെ ശൂന്യതയിലേക്ക് ഇതാ ഒരു പുസ്തകം- "കേരളത്തിലെ മുസ്ലിംസ്ത്രീകളുടെ വര്‍ത്തമാനകാലം". കഥാകൃത്തും ബാലസാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനും അധ്യാപകനുമായി പ്രശസ്തനായ എന്‍ പി ഹാഫിസ് മുഹമ്മദാണ് രചയിതാവ്. വേഷവിധാനം, വിവാഹക്കമ്പോളത്തിലെ ചരക്കാക്കിത്തീര്‍ക്കല്‍, തലാഖിലൂടെയുള്ള അനാഥത്വം, വിദ്യാഭ്യാസം, പഠിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രായോഗികബുദ്ധിമുട്ടുകള്‍, തൊഴില്‍, പൊതുരംഗത്തെ ഇടപെടലുകള്‍, ബഹുഭാര്യാത്വത്തിന്റെ ഭാഗമായി പുരുഷാസക്തിയുടെ ഇരയാക്കപ്പെടല്‍, പള്ളിപ്രവേശം, മാതൃദായക്രമം, ആചാരങ്ങള്‍, പുതിയ തലമുറയുടെ സാധ്യതകളും പരിമിതികളും തുടങ്ങി മുസ്ലിംസ്ത്രീയുമായി ബന്ധപ്പെട്ട മിക്കവാറുമെല്ലാ വിഷയങ്ങളും ഹാഫിസ് മുഹമ്മദ് ചര്‍ച്ചചെയ്യുന്നു.

സ്ത്രീയുടെ വേഷം പലപ്പോഴും പുരുഷസംവാദകരുടെ പ്രിയവിഷയമാണ്. മൗലികവാദികളെ വേഷം വേഗം പ്രകോപിപ്പിക്കും. കഴിഞ്ഞവര്‍ഷം കാസര്‍കോട്ട് റയാന ഖാസി എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ജീന്‍സ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ പുകിലെത്ര! ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയും മുസ്ലിംസ്ത്രീയുടെ പൊതുവേഷമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന പര്‍ദയ്ക്കുപിന്നിലെ വാണിജ്യതാല്‍പ്പര്യം ഹാഫിസ് തുറന്നുകാട്ടുന്നു. ലോകത്തെങ്ങും മുസ്ലിങ്ങള്‍ക്ക് ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന "ഹിജാബ്" എന്ന പൊതുരീതി സ്വീകരിക്കണമെന്നല്ലാതെ മറ്റൊരു വേഷനിബന്ധനയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ പല പ്രശ്നങ്ങളുടെയും കാണാപ്പുറങ്ങള്‍ ഹാഫിസ് കാട്ടിത്തരുന്നു. ഉദാഹരണം സ്ത്രീധനം.

നിയമംമൂലം നിരോധിക്കപ്പെട്ട സ്ത്രീധനം. ചിലര്‍ ഇപ്പോഴും അത് നേരിട്ട് ചോദിക്കും. മറ്റു ചിലരുണ്ട്. പെണ്ണുകാണാന്‍ വരുമ്പോള്‍ വരന്റെ ബന്ധുക്കള്‍ ഓരോരുത്തരായി പെണ്‍കുട്ടിക്ക് ഓരോ ആഭരണം ഇടും. അന്‍പതുപേര്‍ ഓരോ പവന്‍ ഇട്ടെന്നു കരുതുക. അതവരുടെ നിലവാരപ്രദര്‍ശനമാണ്. കല്യാണദിവസം ഇതിന്റെ മൂന്നോ അഞ്ചോ ഇരട്ടി വധു ധരിക്കാതെ പറ്റുമോ? മുഴുവന്‍ ആഭരണവും കല്യാണദിവസം വരന്റെ വീട്ടുകാര്‍ക്ക് ലഭിക്കുകയും ചെയ്യും! മുസ്ലിംസ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങളും ഹാഫിസ് കാട്ടിത്തരുന്നു. വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് പെണ്‍കുട്ടികള്‍ ആണുങ്ങളെ മറികടന്നു പോയിക്കഴിഞ്ഞിരിക്കുന്നു. ശരാശരി ആറുനൂറോളം മുസ്ലിംപെണ്‍കുട്ടികള്‍ പ്രതിവര്‍ഷം ഡോക്ടര്‍മാരായി പുറത്തുവരുന്നു, കേരളത്തില്‍. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം 18000. മലബാറിലെ കോളേജുകളില്‍ 70 ശതമാനം പെണ്‍കുട്ടികളാണ്. ഇതേ കാലത്തുതന്നെയാണ് അറബിക്കല്യാണങ്ങളും മൈസൂര്‍ കല്യാണങ്ങളും ടെലിഫോണ്‍ തലാക്കുകളും അരങ്ങുവാഴുന്നത്. സമുദായസംഘടനകളുടെയും അവരുടെ വനിതാവിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഗ്രന്ഥകാരന്‍ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നു.

മുസ്ലിംവനിതാസംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. അതുകൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ യജമാന്മാരുടെ സ്ത്രീപീഡനങ്ങളെപ്പോലും ന്യായീകരിക്കേണ്ട ഗതികേടിലേക്ക് അവര്‍ എത്തപ്പെടുന്നത്. മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിനെ ഹാഫിസ് പേരെടുത്ത് വിമര്‍ശിക്കുന്നത് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംവരണേതര വിഭാഗങ്ങളില്‍ ഒരു പെണ്‍കുട്ടിയെപോലും മത്സരിപ്പിക്കാന്‍ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ്. സ്ഥിതിവിവരക്കണക്കുകളുടെ ഭാരമില്ലാതെ വസ്തുതകളിലേക്ക് നേരിട്ടുകടന്നാണ് ഹാഫിസ് മുഹമ്മദ് മുസ്ലിംസ്ത്രീയുടെ വര്‍ത്തമാനജീവിതം കാട്ടിത്തരുന്നത്. വ്യക്തിപരമായ അനുഭവങ്ങള്‍ വിവരണങ്ങളെ ആധികാരികമാക്കുന്നു. മുസ്ലിം സമുദായത്തില്‍ എഴുത്തുകാരനുള്ള അംഗീകാരം യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഗവേഷണപരിചയവും മതേതരനിലപാടും സത്യസന്ധതയും പുസ്തകം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.

*
ബി അബുരാജ്

Monday, April 21, 2014

മാതൃകയാകട്ടെ ശക്തിമില്‍ക്കേസ് വിധി

ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ സുപ്രധാനമായൊരു വിധിയാണ് മുംബൈ ശക്തിമില്‍ കൂട്ട ബലാത്സംഗക്കേസില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ മൂന്ന് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ബലാത്സംഗക്കുറ്റത്തിന് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്. 2013 ആഗസ്റ്റ് 22നാണ്, തന്റെ ജോലിയുടെ ഭാഗമായി മുംബൈ ശക്തി മില്‍ പരിസരത്തെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ പ്രതികള്‍ അഞ്ചുപേരും ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളെ ദിവസങ്ങള്‍ക്കകംതന്നെ കണ്ടുപിടിച്ച് അറസ്റ്റ്ചെയ്തു. ചോദ്യംചെയ്യലില്‍ പ്രതികള്‍ നിരവധി തവണ ഇതേ കുറ്റകൃത്യം നടത്തിയതായി തെളിഞ്ഞിരുന്നു.

സംഭവം നടന്ന ഇതേ ശക്തി മില്‍ പരിസരത്തുവെച്ച് 2013 ജൂലൈ 31ന് മുംബൈയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന മറ്റൊരുപെണ്‍കുട്ടിയെ ഇതേ പ്രതികള്‍ കൂട്ട ബലാല്‍സംഗംചെയ്തിരുന്നു. ആ പെണ്‍കുട്ടിയും പരാതിനല്‍കിയതോടെ കോടതി നടപടികള്‍ക്ക് വേഗതയേറി. വിചാരണയ്ക്കിടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കോടതി മുറിയില്‍ മോഹാലസ്യപ്പെട്ടുവീണു. മറ്റേ പെണ്‍കുട്ടി തനിക്ക് പ്രതികളെ കായികമായിത്തന്നെ ആക്രമിക്കണമെന്നതരത്തില്‍ വികാരവിക്ഷുബ്ധയായി. ഇരകള്‍ക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ പ്രതിഫലനങ്ങള്‍ വിചാരണവേളയിലുടനീളം കോടതിക്ക് നേരിട്ടുബോധ്യപ്പെട്ടു. അങ്ങനെയാണ് പ്രതികള്‍ പരമാവധി ശിക്ഷയര്‍ഹിക്കുന്നതായി കോടതി തീരുമാനമുണ്ടായത്. ആദ്യത്തെ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

രണ്ടാമത്തെ കേസ് പരിഗണിച്ചപ്പോള്‍ ആദ്യംചെയ്ത അതേ കുറ്റംതന്നെ പ്രതികള്‍ ആവര്‍ത്തിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇതേ തെറ്റുതന്നെ ആവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. മാത്രവുമല്ല, ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് ബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭരണഘടനാ വകുപ്പിന്റെ 376-ഇ അനുച്ഛേദപ്രകാരം, ഒന്നിലധികം തവണ ബലാല്‍സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാമെന്നാണ്. അതനുസരിച്ച് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷതന്നെ വിധിക്കുകയായിരുന്നു. ഡല്‍ഹി സംഭവത്തിനുശേഷം ബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയും പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതും അതു വേഗത്തിലാണെന്നതും ആശ്വാസദായകമാണ്. എന്നാല്‍ വൈകിക്കിട്ടുന്ന നീതി അനീതിക്ക് തുല്യമാണെന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട്, ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടവരുടെ അനേകം കേസുകള്‍ രാജ്യത്തെ വിവിധ കോടതികളിലായി ഇനിയും തീര്‍പ്പാക്കാതെ കിടപ്പുണ്ട്.

പൊതുജനരോഷമുയര്‍ന്ന പ്രമാദമായ കേസുകളില്‍ വേഗം തീര്‍പ്പുകല്‍പിക്കുകയും ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷവരെ പ്രതികള്‍ക്ക് നല്‍കുകയും ചെയ്യുന്ന നീതിന്യായ വ്യവസ്ഥ സമാനമായ അല്ലെങ്കില്‍ അതിനേക്കാള്‍ ക്രൂരമായി ഇരകളാക്കപ്പെട്ടവരുടെ കേസുകളില്‍ പലതിലും നടപടികള്‍ നിരന്തരം മാറ്റിവെച്ച് നീട്ടിക്കൊണ്ടുപോയി കേസുതന്നെ ഇല്ലാതാക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ചില കേസുകളില്‍ നിരന്തരമായ വിചാരണകളും അതുമൂലമുണ്ടാകുന്ന മാനസിക പീഡനവും അപമാനവുംമൂലം മനംമടുത്ത് ഇരകള്‍തന്നെ എങ്ങനെയെങ്കിലും കേസ് അവസാനിപ്പിക്കാന്‍ സ്വയം നിര്‍ബന്ധിതരായിത്തീരാറുണ്ട്. 18 വര്‍ഷം നീണ്ടുനിന്ന വിതുരക്കേസില്‍ ഒടുവില്‍ പ്രതികളെയെല്ലാം തിരിച്ചറിയാന്‍ കഴിയാതെ പെണ്‍കുട്ടി സ്വയം പരാജിതയായി, ഗതികെട്ട് കൂറുമാറിയതോടെ കേസുതന്നെ അവസാനിക്കുകയാണുണ്ടായത്.

പ്രമുഖര്‍ പങ്കാളികളാണെന്ന് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസ് അവസാനിപ്പിച്ച്, പ്രതികള്‍ രക്ഷപ്പെടാനുള്ള അവസ്ഥ സംജാതമാക്കിയത് നമ്മുടെ നീതിന്യായ സംവിധാനത്തിലെ അന്യായ വ്യവസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ്. പശ്ചിമബംഗാളില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഒന്നിലേറെ തവണ കൂട്ട ബലാല്‍സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ അതേ അക്രമികള്‍തന്നെ അവളെ ചുട്ടുകരിച്ചുകൊന്ന സംഭവത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടായപ്പോഴാണ് പ്രതികളെ അറസ്റ്റ്ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. പിന്നീടാരും കേസിനെക്കുറിച്ചോ അന്വേഷണ പുരോഗതിയെക്കുറിച്ചോ കേള്‍ക്കുകയുണ്ടായില്ല. മറ്റൊരുകേസില്‍ (പറവൂര്‍ പീഡനക്കേസ്) കേസന്വേഷണത്തിനിടയില്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അന്വേഷണസംഘത്തെ മാറ്റി, ഇരയെ ആ വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നതും (നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റി യുഡിഎഫ് ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരം മറ്റൊരു അന്വേഷണസംഘത്തെ ഏല്‍പിക്കുന്നതിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു) നാം കണ്ടതാണ്.

ഡല്‍ഹിയില്‍ 2012ല്‍ മാത്രം 754 പേരെ ബലാല്‍സംഗക്കുറ്റത്തിന് അറസ്റ്റ്ചെയ്തിരുന്നു. അതില്‍ ഒരാള്‍ മാത്രമാണ് ആ വര്‍ഷം ശിക്ഷിക്കപ്പെട്ടത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനുമായി നിലകൊള്ളുന്നുവെന്നു പറയപ്പെടുന്ന ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകളിലെ അധ്യക്ഷമാര്‍പോലും അതിക്രൂരമായി ആക്രമിക്കപ്പെട്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ പെണ്‍കുട്ടികളുടെ അസമയത്തെ സഞ്ചാരത്തെയും വസ്ത്രധാരണത്തിന്റെ പ്രകോപനപരതയെയും മറ്റും എടുത്തുകാട്ടി, തികച്ചും സ്ത്രീവിരുദ്ധവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തി കേസിന്റെ ഗൗരവംപോലും ചോര്‍ത്തിക്കളയുന്നതരത്തില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമൂഹം സാക്ഷിയായി. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും സിറ്റിങ് ജഡ്ജിമാരെക്കുറിച്ചുള്ള ലൈംഗികപീഡന ആരോപണങ്ങള്‍ ഭരണഘടനയുടെ 124-ാം അനുച്ഛേദപ്രകാരം അമിക്കസ്ക്യൂറിയെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ സമയബന്ധിതമായും നീതിപൂര്‍വകമായും നടപടികള്‍ പൂര്‍ത്തിയാക്കപ്പെടുന്നുണ്ടോ എന്നത് സംശയകരമാണ്.

രാജ്യത്തെ വിവിധ കോടതികളിലായി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയ, തീര്‍പ്പാക്കാനായി കിടക്കുന്ന കേസിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. തീര്‍പ്പാക്കപ്പെട്ട കേസുകള്‍തന്നെ എത്രത്തോളം നീതിപൂര്‍വകമായി കൈകാര്യംചെയ്യപ്പെട്ടു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഡല്‍ഹിക്കേസിലും മുംബൈ ശക്തിമില്‍ കേസിലും എത്രയുംവേഗം വിചാരണ പൂര്‍ത്തിയാക്കി മാതൃകാപരമായി പ്രതികള്‍ക്ക് ശിക്ഷവിധിച്ചത് സ്വാഗതാര്‍ഹംതന്നെ. എന്നാല്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ട് നീതിക്കായി കാത്തിരിക്കുന്നവര്‍ക്കെല്ലാം നീണ്ടകാലത്തെ കാത്തിരിപ്പില്ലാതെയും നീതിപൂര്‍വകമായും പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ നീതി എന്ന വാക്കിന് പൂര്‍ണമായും അര്‍ഥമുണ്ടാവുകയുള്ളൂ. അതാണ് സ്ത്രീസമൂഹം, ആത്യന്തികമായും മനുഷ്യസമൂഹംതന്നെ ആഗ്രഹിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശം എന്നതിലുമപ്പുറം പരിഷ്കൃത സമൂഹത്തിന്റെ ആവശ്യകതയും സ്റ്റേറ്റിന്റെ ഉത്തരവാദിത്വവും കൂടിയാണ്.

*
കെ ആര്‍ മായ ചിന്ത വാരിക

Sunday, April 20, 2014

അവളുടെ കഥ കേള്‍ക്കാനറിയണം പുതിയൊരു ഭാഷ

കൊഴിഞ്ഞുപോയ കാലമേ നീയെന്താണൊന്നുമുരിയാടാത്തത്?
നിനക്ക് ആദിയില്ലല്ലോ അന്തവും
കഥകളനേകം ചൊരിയുന്നുണ്ട് തലമുറകള്‍
നിന്നിലേക്ക് ജീവിതനദികളനേകം കലര്‍ന്നൊഴുകുന്നുണ്ട് നിന്നിലേക്ക്
മൂകഭീതിദമായൊരു സാഗരമാണു നീ
എന്താണ് നീയൊന്നുമുരിയാടാത്തത്?
എനിക്കറിയാം നീ അബോധത്തിലല്ലെന്ന്
ഓരോരോ കാലത്ത് ഇളക്കിമറിച്ചിട്ടുണ്ട്
നീയെന്റെ ഹൃദയത്തെ കാലത്തിന്റെ നിഗൂഢതകളെ
ഉഴുതുമറിച്ച് നിധികുംഭങ്ങളെനി- ക്കായി
തുറന്നുവച്ചിട്ടുണ്ട്
കരുത്തു പകരാന്‍ പല കാലത്ത് പല നാടുകളില്‍
ശബ്ദമില്ലാത്തവളായി നീ പണിയെടുത്തു
എങ്കിലും നീ മൂകയും പ്രച്ഛന്നയുമല്ലോ
എന്റെ ഹൃദയത്തോട് പറയൂ എല്ലാവരും വിസ്മരിച്ചത്
എന്നോട് പറയൂ നീ കുറിച്ചിട്ടിരിക്കുന്ന അവരുടെ കഥകള്‍
വായിക്കാനെനിക്കൊരു ഭാഷ വേണം
കേള്‍ക്കാനെനിക്കൊരു ഭാഷ വേണം എന്റെ ദൈവമേ!
എന്നോടു പറയൂ എനിക്കായി കരുണ ചൊരിയൂ
ആ ഓര്‍മ്മകള്‍ പകര്‍ത്താനെ- നിക്കൊരു ഭാഷ തരൂ
ആ ഓര്‍മ്മകളേറ്റു പാടാനെ- നിക്കൊരു ശബ്ദം തരൂ
(കടപ്പാട് "ദി പാസ്റ്റ്" രവീന്ദ്രനാഥടാഗോര്‍)

2014 ഏപ്രില്‍ 4-ന് ജസ്റ്റിസ്മാരായ കെ. ടി. ശങ്കരനും എം. എല്‍. ജോസഫും ഉള്‍പ്പെടുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ സൂര്യനെല്ലികേസ് വിധിപ്രസ്താവം നിയമപോരാട്ടങ്ങളുടെ ചരിത്രവഴിയില്‍ നാഴികക്കല്ലാകുകയാണ്. ഇപ്പോള്‍ ഈ കോടതി വിധി വരുമ്പോള്‍ കാലമേറെ മാറിയിരിക്കുന്നു. സമൂഹമനസ്സും മാറിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ധാരാളം നിയമനിര്‍മ്മാണങ്ങളും ഇടപെടലുകളും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ദില്ലി കൂട്ടബലാത്സംഗവും പെണ്‍കുട്ടിയുടെ മരണവും ഇന്ത്യന്‍സമൂഹമനസ്സാക്ഷിയെ ആഴത്തില്‍ സ്പര്‍ശിക്കുകയും അതിനെതിരെ സമൂഹം ഒന്നാകെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന പ്രതീതിയുണ്ടാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സൂര്യനെല്ലിക്കേസിന്റെ പുതിയവിധി. "ഇരയുടെ മൊഴി ഒരിക്കലും അവിശ്വസിക്കേണ്ടതില്ലെന്ന" പ്രസ്താവന നീതി നിര്‍വ്വഹണമെന്നതിലുപരി അവള്‍ക്കും അവളുടെ കുടുംബത്തിനും വൈകി ലഭിച്ച ഒരു സാമൂഹികനീതി കൂടിയാണ്.

2005 ജനുവരി 20-ന് ജസ്റ്റിസ്മാരായ കെ അബ്ദൂള്‍ ഗഫുറൂം ആര്‍ ബസന്തും ഉള്‍പ്പെടുന്ന ഹൈക്കോടതി ബഞ്ച് വിചാരണക്കോടതിയുടെ വിധിയെ തത്ത്വത്തില്‍ അപ്പാടെ റദ്ദുചെയ്യുകയും ധര്‍മ്മരാജന് മാത്രം കേവലം അഞ്ചുവര്‍ഷം ശിക്ഷ നല്‍കുകയും ചെയ്തു. 40 ദിവസം നീണ്ടുനിന്ന പീഡനങ്ങളെയും തട്ടിക്കൊണ്ടുപോകലിനെയും ആ കുപ്രസിദ്ധവിധി വിശേഷിപ്പിച്ചത്, "ഒരു വഷളുപെണ്‍കുട്ടിയുടെ ഉല്ലാസയാത്രയായാണ്". മറ്റുപ്രതികളെ സംബന്ധിച്ച് ചെറിയൊരു സദാചാരപ്രശ്നമേ ഉള്ളൂ എന്നാണ് കോടതി നിരീക്ഷിച്ചത്. ഒരു പതിനാറുകാരിക്ക് നേരിടേണ്ടിവന്ന ക്രൂരമായ ലൈംഗികപീഡനവും ശാരീരികപീഡനവും അവളുടെയും കുടുംബത്തിന്റെയും ജീവപര്യന്തഏകാന്തത്തടവായും അവഹേളനമായും ആയിമാറുന്നത് 2005-ലെ ഈ ഹൈക്കോടതി വിധിയിലൂടെയാണ്. 9 വര്‍ഷത്തിനുശേഷം അതേ കോടതിയിലെ മറ്റൊരുബെഞ്ച് നീതിയോട് കാണിച്ച പ്രത്യേക കരുതല്‍ ആ കറുത്തപാടുകളെ കുറഞ്ഞൊന്ന് ഉരച്ച് മായിച്ച് കളയും. 1996 ജനുവരി 16. അന്നായിരുന്നു കേരളത്തിനെ കീഴ്മേല്‍ മറിച്ച ആ സംഭവങ്ങളുടെ തുടക്കം. മൂന്നാര്‍ ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍ അന്ന്. സ്കൂള്‍ ബോര്‍ഡിംഗില്‍ താമസം. അവളുടെ പപ്പ മൂന്നാര്‍ ടൗണിലെ പോസ്റ്റ്മാസ്റ്റര്‍. ആഴ്ച അവസാനം അവളും പപ്പയോടൊപ്പം സൂര്യനെല്ലിയിലേക്ക് പോകും. തിങ്കളാഴ്ച തിരിച്ച് സ്കൂളിലേക്ക് വരും. അതായിരുന്നു പതിവ്.

അന്ന് ആ ജനുവരി 16-ന് രാവിലെ പപ്പയോടൊപ്പം അവള്‍ വീട്ടില്‍നിന്ന് വന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് വൈകുന്നേരമാകുമ്പോഴേക്കും ബോര്‍ഡിംഗില്‍നിന്ന് ഒരു ഫോണ്‍ വന്നു. കുട്ടി ഇതുവരെ ബോര്‍ഡിംഗില്‍ എത്തിയിട്ടില്ലെന്നായിരുന്നു സന്ദേശം. തളര്‍ന്ന് ഇരുന്നുപോയെങ്കിലും തൊഴിലാളിസംഘടനാപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ആ പിതാവ് മൂന്നാര്‍ പൊലീസ്സ്റ്റേഷനിലെത്തി പരാതി കൊടുത്തു. ഒന്നാംപ്രതി രാജുവിനോടൊപ്പമാണ് അവളെ കാണാതായതെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 19-ന് പൊലീസ് രാജുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആ പിതാവിന്റെ മുഖത്ത് നോക്കി ഒരു പരിഹാസച്ചിരിയോടെ അയാള്‍ അപ്പോഴെ അവിടെനിന്ന് ഇറങ്ങിപ്പോയി. പിന്നീടുള്ള 40 ദിവസം!! പൊലീസ് കാര്യമായൊന്നും ചെയ്തില്ല. ഇടയ്ക്കിടെ വരുന്ന അജ്ഞാതഫോണ്‍കോളുകള്‍, ഭീഷണികള്‍, ഫോണില്‍ക്കൂടിയുള്ള അവളുടെ നിലവിളികള്‍.... ഭ്രാന്തുപിടിച്ചതുപോലെ ആ പിതാവ് നാട്ടില്‍ നെടുകെയും കുറുകെയും പാഞ്ഞുനടന്നു. 40 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26ന് പിതാവിന്റെ ഓഫീസിനുമുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അവളെ കണ്ടുപിടിക്കാനായില്ല. ജീര്‍ണ്ണിച്ചു ചീര്‍ത്ത ശരീരവുമായി തിരിച്ചെത്തിയ പെണ്‍കുട്ടി കഴിഞ്ഞ 40 ദിവസങ്ങളില്‍ എന്തുസംഭവിച്ചു എന്ന് പറഞ്ഞു. സൂര്യനെല്ലി-മൂന്നാര്‍ ബസ്സിലെ ക്ലീനറായിരുന്നു രാജു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് അവന്‍ വശത്താക്കി. അവനോടൊപ്പം ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജു കൈവശപ്പെടുത്തിയ അവളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പപ്പായുടെ ഓഫീസിനുമുമ്പില്‍ ഒട്ടിക്കുമെന്ന് ഭയപ്പെടുത്തി.

കല്യാണം കഴിച്ച് എവിടെയെങ്കിലും ജീവിക്കാമെന്ന് പ്രലോഭിപ്പിച്ച് അവളെ കോതമംഗലം ബസ്സില്‍ കയറ്റി. അത് ജനുവരി 16 നായിരുന്നു. കോതമംഗലത്ത് എത്തിയപ്പോള്‍ രാജുവിനെ കാണാതെ പെണ്‍കുട്ടി പരിഭ്രാന്തയായി. ബസ്സില്‍ കാലേകൂട്ടി അവളുടെ സീറ്റിനടുത്ത് ഇരിപ്പുറപ്പിച്ചിരുന്ന ഉഷ, സഹായിക്കാനെന്നോണം അടുത്തുകൂടുകയും പെണ്‍കുട്ടിയെ കോട്ടയത്ത് വച്ച് അഡ്വ. ധര്‍മ്മരാജന് കൈമാറുകയും ചെയ്തു. ധര്‍മ്മരാജന്‍ ലോഡ്ജ്മുറിയില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. പിന്നിടുള്ള 40 ദിവസം കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധകേന്ദ്രങ്ങളിലായി പെണ്‍കുട്ടി കൂട്ടബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി. അവളുടെ ചെറിയ കുണുക്കു കമ്മലുകളും വെള്ളിപ്പാദസരങ്ങളും വരെ ധര്‍മ്മരാജന്‍ പിടിച്ചു വാങ്ങി വിറ്റു. അവസാനം കടിച്ചുപറിച്ച പാടുകളും മാന്തിക്കീറിയ മുറിവുകളുമായി രക്തവും പഴുപ്പും സ്രവിക്കുന്ന ശരീരവുമായി അവളെ മൂന്നാറിലേക്കുള്ള ബസ്സില്‍ കയറ്റിവിട്ടു. ശരീരം ഇറുന്നപോകുന്ന വേദനയോടുകൂടി വേച്ച്വേച്ച് നടക്കുന്ന അവളെയുംകൂട്ടി അടിമാലി ടൗണിലും മൂന്നാര്‍ ടൗണിലും പൊലീസ് തെളിവെടുപ്പ് നടത്തി. ആ മാതാപിതാക്കളും പെണ്‍കുട്ടിയും കുനിഞ്ഞ ശിരസ്സോടെ ആര്‍ത്തിരമ്പുന്ന ആയിരക്കണക്കിനാളുകളുടെ നടുവിലൂടെ പലവട്ടം വേച്ചുവേച്ചു നടന്നു. ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയില്‍ ചിതറിയോടുന്ന ആ ജീവിതങ്ങള്‍ക്ക് ഇന്നുവരെയും ആ ശിരസ്സുകളൊന്ന് ഉയര്‍ത്തിപ്പിടിക്കാനായിട്ടില്ല. ഞങ്ങളല്ല, ഞങ്ങളുടെ മകളല്ല തെറ്റുചെയ്തതെന്ന് ഉറച്ചുപറയാന്‍, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഉറപ്പിച്ചുപറയാന്‍ എത്ര തീ നിലങ്ങളാണ് അവര്‍ക്ക് തരണം ചെയ്യേണ്ടിവന്നത്. മനസ്സ് കല്ലായിപ്പോയെങ്കിലും സ്വന്തം അമ്മ മരിച്ചിട്ടുകൂടി കാണാന്‍ അനുവാദമില്ലാതെ വന്നത് ഓര്‍ക്കുമ്പോള്‍ ആ പിതാവിന്റെ നെഞ്ച് ഇപ്പഴും കനക്കുന്നുണ്ട്. അദ്ദേഹത്തിന് ഹൃദ്രോഗവും പ്രമേഹവും; അമ്മയ്ക്ക് പ്രഷറും ഹൃദ്രോഗവും; രണ്ടുപേരും ബൈപാസ് സര്‍ജറി കഴിഞ്ഞവര്‍; നിരന്തരം രോഗാവസ്ഥയില്‍....

പള്ളിയും ആസ്പത്രിയുമാണ് അവരുടെ സാമൂഹിക ഇടങ്ങള്‍. അവസാനം പള്ളികൂടി അവരെ തള്ളിപ്പറയുന്ന ഒരു കാലഘട്ടമുണ്ടായി. കേസ് ഒക്കെ തീര്‍ന്നിട്ടുമതി പള്ളിയില്‍ വരുന്നത് എന്ന് പള്ളിയില്‍നിന്ന് ശാസനയുണ്ടായി. അതവരെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. 2012 ഫെബ്രുവരി 6-ന് അവള്‍ ബസ്സുകയറാന്‍ നിന്നിടത്തുനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അവളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴാണ് കോട്ടയത്തെ അവരുടെ പുതിയ വീടിന്റെ അയല്‍വാസികള്‍ അവളെ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് തിരിച്ചറിയുന്നത്. 2006 മുതല്‍ കോട്ടയത്ത് ഏതാണ്ടൊരു ഒളിവുതാമസമായിരുന്നു അവരുടേത്. ഏറെ ആഗ്രഹിച്ച് മൂന്നാറില്‍ വച്ച വീട് കിട്ടിയ വിലയ്ക്ക് വിറ്റ് രായ്ക്കുരായ്മാനം പോന്നതാണ് കോട്ടയത്തേക്ക്. നിവൃത്തിയില്ലാഞ്ഞിട്ടാണ് ലൗവ് ഡേയില്‍ എന്നു പേരിട്ടിരുന്ന മൂന്നാറിലെ വീട് വിറ്റത്. അത്രയ്ക്ക് ഒറ്റപ്പെട്ടതും അപമാനിതവുമായ ജീവിതമായിരുന്നു അവിടുത്തേത്. ആ വീടിന്റെ പാലുകാച്ചലിനെക്കുറിച്ച് പറയുമ്പോള്‍ അവളുടെ അമ്മയുടെ കണ്ണ് ഇപ്പോഴും നിറയും.

പപ്പായുടെ പെന്‍ഷന്‍ പണം സ്വരുക്കൂട്ടിയാണ് വീട് വച്ചത്. കേസ്സുകാലത്ത് കൂടെയുണ്ടായിരുന്നവരേയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുംമെല്ലാം പാലുകാച്ചലിന് ക്ഷണിച്ചു. 800 പേര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ ഒരുക്കി. പക്ഷേ, സംഭവിച്ചത് അവര്‍ 4 പേര്‍ മാത്രമായി കയറിത്താമസിക്കേണ്ടിവന്നു. ഈ അനുഭവം ജീവിതത്തില്‍ ഉടനീളം ഏറിയും കുറഞ്ഞും അവര്‍ അനുഭവിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് അവള്‍ ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി ഇന്‍കംടാക്സ് ഓഫീസിലെ പണാപഹരണപ്രശ്നം. കരുതിക്കൂട്ടി അവളെ പ്രതിയാക്കുകയായിരുന്നു എന്നതിന് സംശയമില്ല. രണ്ടുലക്ഷത്തിഇരുപത്തിയാറായിരം രൂപ അവള്‍ അപഹരിച്ചുവെന്നായിരുന്നു ആരോപണം. വകുപ്പുതല അന്വേഷണത്തില്‍ മേലുദ്യോഗസ്ഥരുള്‍പ്പെടെ 4 പേരെ നിര്‍ബന്ധിതസ്ഥലമാറ്റത്തിന് വിധേയമാക്കി. ഇതിനിടയില്‍ ഒരുദിവസം അവളെ ഓഫീസില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി ഈ തുക അത്രയും അടപ്പിക്കുകയും ചെയ്തു. മാത്രമല്ല അവളെക്കൊണ്ട് താനാണ് ഈ പണമെടുത്തതെന്നും അത് തിരിച്ചടയ്ക്കുന്നുവെന്നും രേഖയുണ്ടാക്കി ഒപ്പുവയ്പ്പിക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് യാദൃച്ഛികമായ അറസ്റ്റ്. ഉമ്മന്‍ചാണ്ടി ഗവണ്മെന്റ് അധികാരമേറ്റിട്ട് 2 മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 7 ദിവസം പൂര്‍ണമായും അവളെ കസ്റ്റഡിയില്‍ വെച്ചു. 8-ാം ദിവസം ജാമ്യം കൊടുത്തെങ്കിലും എല്ലാ ആഴ്ചയും ക്രൈബ്രാഞ്ച് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. അതോടെ അവളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ആ സസ്പെന്‍ഷന്‍ എട്ടുമാസം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇതൊക്കെ കണ്ട് നിശബ്ദമായി നിന്ന സമൂഹത്തില്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരുപറ്റം ആള്‍ക്കാരുടെ ശക്തമായ ഇടപെടല്‍കാരണമാണ് അവളെ തിരിച്ച് ജോലിയില്‍ എടുത്തത്. അവള്‍ക്കും അവളുടെ കുടുംബത്തിനും നേരിടേണ്ടിവന്ന ചില പ്രതിസന്ധികള്‍മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. സൂര്യനെല്ലി കേസില്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പി ജെ കുര്യന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി ആരോപിക്കുന്നതോടെയാണ് ഒന്നിനുമേല്‍ ഒന്നായി കെണികളൊരുങ്ങുന്നത്. അഭയാകേസില്‍ എന്തിനാണ് അവളെ ചോദ്യംചെയ്തത്? അഭയ കൊല്ലപ്പെടുമ്പോള്‍ അവള്‍ക്ക് വെറും പതിനൊന്ന് വയസ്സ്. ഒരേ ഹോസ്റ്റലില്‍പോലും അവര്‍ ഒന്നിച്ച് താമസിച്ചിട്ടില്ല. സൂര്യനെല്ലിക്കേസിലെ ഒരു പ്രതിയായ മേരിയുടെ വാക്കുകളായിരുന്നു അന്ന് സിബിഐക്ക് വേദവാക്യം. 2005 മാര്‍ച്ച് മാസത്തിലെ മാതൃഭൂമി പത്രത്തിലാണ് പെണ്‍കുട്ടി പി ജെ കുര്യന്റെ ഫോട്ടോ കണ്ടത്. പി ജെ കുര്യന്‍ ആരാണെന്നോ അദ്ദേഹം രാഷ്ട്രീയ നേതാവാണെന്നോ ഒന്നും തിരിച്ചറിയാതെയാണ് അവള്‍ ഇദ്ദേഹവും എന്നെ പീഡിപ്പിച്ചവരില്‍ പെടുന്ന ആളാണെന്ന് പറയുന്നത്. എന്നാല്‍ അന്വേഷണഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ പി. ജെ. കുര്യന്റെ പേര് ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല.

കുമളി ഗസ്റ്റ്ഹൗസില്‍ കുര്യന്‍ വന്നു എന്ന് പെണ്‍കുട്ടി പറയുന്ന സമയം അദ്ദേഹം തന്റെകൂടെ ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു എന്ന് സുകുമാരന്‍നായര്‍ മൊഴികൊടുത്തു. ആ "അലിബി" തെളിവായി എടുത്ത് പി ജെ കുര്യനെ കേസില്‍നിന്ന് ഒഴിവാക്കി. അതുകൊണ്ടാണ് പെണ്‍കുട്ടിക്ക് പി ജെ കുര്യന് എതിരെ വ്യക്തിപരമായി കേസ് കൊടുക്കേണ്ടിവന്നത്. തൊടുപുഴ കോടതി കുര്യന് എതിരെ പ്രഥമദൃഷ്ട്യാകേസ് നിലനില്ക്കും എന്ന് കണ്ടെത്തി. എന്നാല്‍ നിയമത്തിന്റെ പഴുതുകളും അധികാരത്തിന്റെ ശക്തിയും ഉപയോഗിച്ച് പരമോന്നത നീതിപീഠംവരെ പോയി കേസില്‍നിന്ന് പി. ജെ. കുര്യന്‍ ഒഴിവായി. ഈയൊരു പ്രക്രിയയില്‍ പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാനോ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനോ നമ്മുടെ നിയമവ്യവസ്ഥ ഇതുവരെ തയ്യാറായിട്ടില്ല. അതിനെതിരെ പെണ്‍കുട്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ പി ജെ കുര്യന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള ധര്‍മ്മരാജന്റെ വെളിപ്പെടുത്തലുകളും പി ജെ കുര്യന് അനുകൂലമായ അന്നത്തെ മൊഴികളിലെ വൈരുധ്യങ്ങളും പുറത്തുവരികയുണ്ടായി.

ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭവും അതിന്റെ ഫലമായി സര്‍ക്കാര്‍ നിയോഗിച്ച വര്‍മാകമ്മീഷനും പുതിയ നിയമനിര്‍മാണവും സ്ത്രീപോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയുണ്ടായി. ഈ പുതിയ നിയമം രാജ്യസഭയുടെ അംഗീകാരത്തിനായി വരുമ്പോള്‍ അതിന് അദ്ധ്യക്ഷപദവി നിര്‍വഹിക്കാന്‍ നമ്മുടെ ഭരണകൂടം നിയോഗിച്ചിരുന്ന വ്യക്തി പീഡനക്കേസിലെ കുറ്റാരോപിതനായ പി ജെ കുര്യനാണ് എന്നത് കോണ്‍ഗ്രസ്സിന്റെയും അത് നേതൃത്വം നല്‍കുന്ന ഗവണ്മെന്റിന്റെയും കപടമുഖം വെളിവാക്കുന്നതാണ്. പെണ്‍കുട്ടിയും അമ്മയും പി ജെ കുര്യന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പലകുറി സംസ്ഥാനസര്‍ക്കാരിനോടും അദ്ദേഹത്തെ രാജ്യത്തിന്റെ നിയമനിര്‍മാണസഭയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയോടും അപേക്ഷിക്കുകയുണ്ടായി. എന്നാല്‍ ഒരുതരം വാശിയോടെ "വിമന്‍ ഡെലിവര്‍" കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ നിയോഗിക്കുകയാണ് ഉണ്ടായത്. ഇതിനെ ഇന്ത്യന്‍ സ്ത്രീപോരാട്ടചരിത്രത്തെ മുഴുവന്‍ അധിക്ഷേപിക്കുന്നതിന് തുല്യമായാണ് സ്ത്രീസംഘടനകള്‍ വിലയിരുത്തിയത്.

പുതിയ മാര്‍പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങില്‍ രാഷ്ട്രത്തെയും ഇന്ത്യയിലെ വിശ്വാസികളെയും പ്രതിനിധീകരിക്കാന്‍ നിയോഗിക്കപ്പെട്ടതും സ്ത്രീപീഡനത്തിലെ ഈ കുറ്റാരോപിതനെയാണ്. നിരന്തരം നിയമനിര്‍മാണങ്ങള്‍ നടത്തുകയും ജനാധിപത്യപോരാട്ടങ്ങള്‍ നടത്തുകയും ചെയ്യുകവഴി സമൂഹത്തിലെ അശരണക്കര്‍ക്കും പാര്‍ശ്വവത്ക്കൃതര്‍ക്കും നീതി ഉറപ്പാക്കേണ്ട ജനപ്രതിനിധികള്‍ സ്ത്രീപീഡകരാകുന്നത് സ്ത്രീമുന്നേറ്റത്തെ മാത്രമല്ല മനുഷ്യമുന്നേറ്റത്തെയും പ്രതികൂലമായി ബാധിക്കും. ഏറ്റവും അവസാനം പി ജെ കുര്യനെ കേന്ദ്രഗവണ്മെന്റ് ആദരിച്ചത് ക്യാബിനറ്റ് റാങ്കില്‍ അദ്ദേഹത്തിനെ അവരോധിച്ചുകൊണ്ടാണ്.

2012ല്‍ പി ജെ കുര്യനെതിരെ പീരുമേട് കോടതിയില്‍ കേസ് കൊടുക്കുന്നതോടുകൂടിയാണ് പെണ്‍കുട്ടിക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണം ശക്തമാകുന്നത്. ജസ്റ്റിസ് ബസന്ത് ഒരു ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവള്‍ ബാലവേശ്യയായിരുന്നുവെന്നും പണത്തിനുവേണ്ടി സ്വന്തം ഇഷ്ടത്താലാണ് പ്രതികള്‍ക്കൊപ്പം പോയതെന്നും പറഞ്ഞത് വലിയ വിവാദമായി. ഇടതുപക്ഷസംഘടനകളും യുവസംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നു. എന്നാല്‍ എംപിയായ കെ സുധാകരന്‍ കുറേക്കൂടി കടുത്തഭാഷയില്‍ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. ചീഫ്വിപ്പ് പി സി ജോര്‍ജും പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആക്ഷേപം ഉന്നയിച്ചു. രാഷ്ട്രീയനേതാക്കളുടെ ഇത്തരം നിലപാടുകള്‍ സമൂഹത്തിന്റെ യാഥാസ്ഥിതിക സദാചാരബോധങ്ങളെ കൂടുതല്‍ മൂര്‍ത്തമാക്കാനാണ് സഹായിച്ചിട്ടുള്ളത്. ഒരേപോലെ വേട്ടക്കാരനും സംരക്ഷകനുമായ പുരുഷാധിപത്യറോളാണ് മാധ്യമങ്ങള്‍ സൂര്യനെല്ലിക്കേസില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളത്.

*
സുജ സൂസന്‍ ജോര്‍ജ് ചിന്ത വാരിക

Saturday, April 5, 2014

സൂര്യനെല്ലി, മുംബൈ: പീഡകര്‍ക്ക് താക്കീത്

രണ്ടു കോടതിവിധികള്‍ ഒരേ ദിവസമായത് യാദൃച്ഛികമാകാം- സൂര്യനെല്ലി പീഡനക്കേസിലും മുംബൈ ബലാത്സംഗക്കേസിലും. സൂര്യനെല്ലി കേസില്‍ ഒന്നാംപ്രതി ധര്‍മരാജനടക്കം 23 പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാല്‍സംഗംചെയ്ത കേസില്‍ മൂന്നു പ്രതികളെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കുനേരെ രാജ്യത്ത് നടമാടുന്ന അതിക്രമങ്ങള്‍ക്കും കുറ്റവാളികളെ സംരക്ഷിക്കാനുണ്ടാകുന്ന ഇടപെടലുകള്‍ക്കുമുള്ള ശക്തമായ താക്കീതാണ് ഇരുവിധികളും. സൂര്യനെല്ലി കേസിലേത് വൈകിയെത്തിയ നീതിയാണെങ്കില്‍ മുംബൈ കേസ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയാണുണ്ടായത്.

പതിനാറ് വയസ്സുമാത്രമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിച്ചതാണ് സൂര്യനെല്ലി കേസ്. 39 പ്രതികളെ വിചാരണചെയ്തതില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍, അപ്പീലില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വിടുകയായിരുന്നു. പ്രധാനപ്രതി ധര്‍മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കുകയുംചെയ്തു. പോരാഞ്ഞ്, പെണ്‍കുട്ടിയെ "ബാലവേശ്യ" യായി ചിത്രീകരിക്കാനും കോടതി തയ്യാറായി. അന്നത്തെ ആ വിധിന്യായത്തെ ന്യായീകരിച്ച് വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ആര്‍ ബസന്ത് പിന്നീട് നടത്തിയ പ്രതികരണം സമൂഹത്തില്‍ കടുത്ത അമര്‍ഷമാണുണ്ടാക്കിയത്. നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി തുടര്‍ന്നും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ ഫലം കാണുന്നത്.

പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ജനാധിപത്യ മഹിളാ അസോസിയേഷനും നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയുടെ അന്നത്തെ വിധി റദ്ദാക്കിയാണ്, പ്രതികളുടെ അപ്പീലുകള്‍ വീണ്ടും വാദംകേട്ട് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതി അന്നുയര്‍ത്തിയ നിശിതമായ വിമര്‍ശം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. വിചാരണക്കോടതി കണ്ടെത്തിയ കാര്യങ്ങളാണ് പുനഃപരിശോധനയില്‍ സാധൂകരിക്കപ്പെട്ടത്. മുഖ്യപ്രതി ധര്‍മരാജന് നല്‍കിയ ജീവപര്യന്തം ശിക്ഷ ശരിവച്ചു. എഴുവര്‍ഷം ശിക്ഷ ഏറ്റുവാങ്ങിയവരില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫനും ഉള്‍പ്പെടുന്നു.

പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധമുണ്ടായതെന്നതടക്കം മുമ്പത്തെ വിധിയിലെ അനുചിത പരാമര്‍ശങ്ങളെല്ലാം നീക്കി. ആ വിധിയില്‍ പറഞ്ഞതുപോലെ വേശ്യാവൃത്തിയല്ല നടന്നതെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ സാധ്യതയില്ലായിരുന്നു. കൂട്ടബലാല്‍സംഗം നടന്നതിന് തെളിവുണ്ട്. പീഡനത്തിനിരയായ 40 ദിവസക്കാലത്തിനിടയ്ക്ക് പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്ന വാദം നിലനില്‍ക്കില്ല. ധര്‍മരാജനില്‍ നിന്ന് പെണ്‍കുട്ടിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നു. മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാം എന്ന പരാമര്‍ശം ഈ കേസിലെ തുടര്‍ന്നുള്ള നിയമനടപടികളില്‍ നിര്‍ണായകമാണ് എന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. ഉന്നത രാഷ്ട്രീയബന്ധങ്ങള്‍ ആരോപിക്കപ്പെട്ട കേസാണിത്. അട്ടിമറിശ്രമങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് കേസന്വേഷണത്തിലും കോടതിയില്‍ ഇരയ്ക്കായി വാദിക്കുന്നതിലും ജാഗ്രത കാണിച്ചത്; ഈ സംഭവത്തോടെ ഭാവിജീവിതംതന്നെ ഇരുളടഞ്ഞ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പെണ്‍കുട്ടിക്കെതിരെ വീണ്ടും നീക്കമുണ്ടായി. സെയില്‍സ് ടാക്സ് വകുപ്പില്‍ പ്യൂണായി ജോലിചെയ്യവെ പണാപഹരണം ആരോപിച്ച് 2012 ഫെബ്രുവരിയില്‍ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എട്ടു മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. ഇങ്ങനെ നാനാതലത്തില്‍നിന്നും പീഡനമേറ്റുവാങ്ങിയശേഷമാണ്, ഇരയ്ക്ക് നീതി ലഭ്യമാകുന്നത്. അതിനിടയില്‍ അവരും കുടുംബവും അനുഭവിച്ച മാനസിക പീഡനവും സമ്മര്‍ദവും ഒരിടത്തും കണക്കാക്കപ്പെടുന്നില്ല.

ഡല്‍ഹി സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ് 376 (ഇ) പ്രകാരമാണ് മുംബൈ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ വിധിച്ചത്. നഗരമധ്യത്തിലെ ശക്തിമില്‍ പരിസരത്ത് വനിതാ പത്രഫോട്ടോഗ്രാഫറെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗംചെയ്ത കേസില്‍ നാലുപ്രതികളുള്ളതില്‍ ഒരാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2013 ആഗസ്ത് 22നാണ് കുറ്റകൃത്യമുണ്ടായത്്. എട്ടുമാസമാകുമ്പോള്‍തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കാനായത് ഈ കേസിന്റെ പ്രത്യേകത.

സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന സാംസ്കാരിക ശൂന്യതയിലേക്ക് നാടിനെ നയിക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെയും നിന്ദ്യവും ക്രൂരവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെയും മലീമസമായ സാംസ്കാരിക ചിന്താഗതിക്കെതിരെയും പൊരുതുന്ന സര്‍വര്‍ക്കും ആശ്വാസംപകരുന്ന വിധികളാണ് രണ്ടും എന്നതില്‍ സംശയമില്ല. വധശിക്ഷ നല്‍കുന്നതിലെ അഭിപ്രായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിവേഗം ഇരയ്ക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞതിനെ ശ്ലാഘിക്കാനാകും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തിനുനേരെ അധിക്ഷേപത്തിന്റെയും നീതികേടിന്റെയും ആയുധമോങ്ങുന്ന ഏവര്‍ക്കും തിരിച്ചടിയും താക്കീതുമാണ് സൂര്യനെല്ലി കേസിലെ വിധി എന്നും പറയാനാകും.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, March 18, 2014

ഒരു ബില്ലിന്റെ ദുര്യോഗം

സ്ത്രീകള്‍ അധികാരസ്ഥാനത്തേക്ക് വരുന്നത് പുരുഷലോകം എത്രയധികം ഭയപ്പെടുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണ്, സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സഭകളില്‍ 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള വനിതാസംവരണ ബില്ല് പാസാകാതെ പോയത്. 2010-ല്‍ രാജ്യസഭ ഈ ബില്ല് അംഗീകരിച്ചുവെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയ പതിനഞ്ചാം ലോക്സഭയും അത് അംഗീകരിക്കാതെ പിരിഞ്ഞു. ആന്ധ്രാസംസ്ഥാനം വെട്ടിമുറിക്കാനുള്ള തെലുങ്കാനബില്ല് കഠിനമായ എതിര്‍പ്പുകളുണ്ടായിട്ടും അവതരിക്കുകയും പാസാക്കുകയും ചെയ്തു. അതിന്റെ പേരില്‍ നടന്ന കയ്യാങ്കളിയും പരാക്രമങ്ങളും ജനാധിപത്യത്തിനു നാണക്കേടുണ്ടാക്കുന്ന മട്ടില്‍ സഭയില്‍ അരങ്ങേറി.

യുപിഎയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വനിതാസംവരണ ബില്ല് പാസാക്കുക എന്നത്. അടുത്തതായി നിലവില്‍ വരുന്ന 16-ാം ലോക്സഭ വനിതാ സംവരണവുമായാണ് പിറക്കുക എന്ന പ്രതീക്ഷയ്ക്കും അടിസ്ഥാനമില്ല. ലോക്സഭ പാസാകാത്ത ബില്ലുകളെല്ലാം അതിന്റെ അവസാനത്തില്‍ അസാധുവായിത്തീരും. അടുത്തതവണ വീണ്ടും പരിഗണിക്കേണ്ടി വരും. നീണ്ട പതിനെട്ടു വര്‍ഷത്തിന് ശേഷവും ഈ ബില്ല് കാത്തിരിക്കേണ്ടി വരുമെന്ന് സാരം. കോര്‍പറേറ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ താല്‍പ്പര്യമില്ലാത്തതാവാം, ഭയമാവാം, കാരണം. പിറവിക്കുമുമ്പേ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഒരു രാജ്യത്ത് ഇതിലേറെ പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ഥം!

543 അംഗങ്ങളുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ 22 ശതമാനം പട്ടികജാതി- പട്ടികവര്‍ഗ സംവരണമാണ്. പിന്നെ 33 ശതമാനം വനിതാ സംവരണം കൂടി വന്നാല്‍ 55 ശതമാനം സീറ്റുകളാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളുടെ സവര്‍ണപുരുഷന്മാരായ നേതാക്കള്‍ക്കു നഷ്ടപ്പെടുക. അതായത് 303 സീറ്റുകള്‍! ഈ ഭീമമായ നഷ്ടം എങ്ങനെ സഹിക്കും? അവരുടെ പ്രവര്‍ത്തനങ്ങളിലും ഓഫീസുകളിലും പെണ്ണുങ്ങള്‍ വന്നു നിറയുന്നത്, അതും, പുതുമുഖങ്ങളായ പെണ്ണുങ്ങള്‍ വരുന്നത് ആര്‍ക്ക് സഹിക്കാന്‍ പറ്റും? സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പെണ്ണുങ്ങള്‍ കുറവല്ലേ? അവരെ ഭരണം എങ്ങനെ ഏല്‍പ്പിക്കും? എംപിയും എംഎല്‍എയുമായി, മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സ്ത്രീകള്‍ മാറുന്നത് സമൂഹം എങ്ങനെ സഹിക്കും? അവരുടെ കുടുംബം എങ്ങനെ തയ്യാറെടുക്കും? പകല്‍ 9 മുതല്‍ 5 വരെ ചെയ്യുന്ന ഓഫീസ് ജോലിയോ, കുടുംബശ്രീയോ കൃഷിപ്പണികളോ പോലെയല്ല ഇത്. രേണുകാ ചൗധരിയുടെ പക്കല്‍നിന്ന് ഒരു പാര്‍ലമെന്റംഗം ഈ ബില്ലിന്റെ പകര്‍പ്പ് തട്ടിപ്പറിച്ച് വലിച്ചുകീറാന്‍ ശ്രമിച്ചതും പിടിവലി നടന്നതും ഓര്‍മയില്ലേ? ജനസംഖ്യയിലെ പാതിയോളം വരുന്ന സ്ത്രീകള്‍ക്ക്, അതും ശബ്ദം നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി അധികാരികള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് മനസ്സിലാക്കാന്‍ ഇനി എന്തുവേണം?

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി എന്നിങ്ങനെ നിര്‍ണായക അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ സ്ത്രീകളുള്ള രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ദുര്യോഗം. ഈ ലോക്സഭയില്‍ 11 ശതമാനമാണ് സ്ത്രീകളുടെ എണ്ണം. കഴിഞ്ഞ സഭയില്‍ ഒന്‍പതേ ഉണ്ടായിരുന്നുള്ളൂ. 1993 മുതല്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്ത്രീകള്‍ക്ക് സംവരണം നിലവിലുണ്ട്. അതില്‍ സ്ത്രീകളുടെ പങ്കിനെപ്പറ്റിയും അവരുടെ കാര്യക്ഷമതയെപ്പറ്റിയും ആര്‍ക്കും ആക്ഷേപവും എതിര്‍പ്പും ഇല്ലെന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികളാവുകയും വീട് ഭരിക്കുംപോലെ ആത്മാര്‍ഥമായി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കുകയും ചെയ്യുന്നു. സംവരണമില്ലാതെ സ്ത്രീകള്‍ക്ക് സഭയില്‍ എത്താന്‍ പറ്റുമോ? (സ്ത്രീകള്‍ സഭയില്‍ സംസാരിക്കരുത് എന്ന ബൈബിള്‍ വചനം ഓര്‍മവരുന്നു!) സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളപ്പെടാറുണ്ട്. ഉദാഹരണമായി, സഹവിദ്യാഭ്യാസം നിലനില്‍ക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ സംവരണം ചെയ്യപ്പെട്ടതല്ലാത്ത ഒരു സീറ്റും സ്ത്രീകള്‍ക്ക് കിട്ടാറില്ല. ട്രേഡ് യൂണിയന്‍, മറ്റു സംഘടനകള്‍ എന്നിവയിലെല്ലാം സ്ഥാനമാനങ്ങള്‍ വിരളമാണ്. 1996 മുതല്‍ പലതവണ 33 ശതമാനം വനിതാ സംവരണബില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും എതിര്‍പ്പുമൂലം പസാക്കാതെപോവുകയായിരുന്നു.

2002-ലും 2003-ലും ലോക്സഭ തള്ളി. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ (22 ശതമാനം), അഫ്ഗാനിസ്ഥാന്‍ (27 ശതമാനം), നേപ്പാള്‍ (33 ശതമാനം) എന്നീ പിന്നോക്ക രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയില്‍ ലോക്സഭയില്‍ സ്ത്രീ പ്രാതിനിധ്യം. സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ഈ രാജ്യങ്ങളിലേതിനേക്കാള്‍ പരിതാപകരമാണല്ലോ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് മേനിനടിക്കുന്ന ഇന്ത്യയുടെ സ്ഥിതി! തീരുമാനമെടുക്കാനുള്ള നിര്‍ണായക സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വന്നാല്‍ മാത്രമേ അവര്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ സൃഷ്ടിക്കപ്പെടൂ. സ്ത്രീ ശക്തിയെക്കുറിച്ചുള്ള മുന്‍വിധികള്‍ തിരുത്തപ്പെടൂ. ഓരോ നിയോജകമണ്ഡലത്തിലെയും മൂന്നു തെരഞ്ഞെടുപ്പുകളില്‍ ഒന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടണമെന്ന വ്യവസ്ഥ വനിതാ സംവരണ ബില്ലില്‍ ഉണ്ട്. അപ്പോള്‍ സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്തേക്ക് വരും. വേറിട്ട അഭിപ്രായങ്ങളും നിലപാടുകളും ശബ്ദമെടുക്കും. അഴിമതിയും സഭകളിലെ കയ്യാങ്കളിയും പരാക്രമങ്ങളും കുറയാനും സാധ്യതയുണ്ട്.സ്ത്രീകള്‍ പൊതുധാരയിലേക്ക് വരുന്നത് പുരുഷന്മാര്‍ക്ക് ഭയമാണ്. അതാണ് സ്ത്രീകളെ അവര്‍ ആക്രമിക്കുന്നത്. ആക്രമണങ്ങള്‍ പെരുകുന്നത്. കൂട്ടബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോകലുകളും പെരുകുന്നത്.

*
ഗീതാഞ്ജലി കൃഷ്ണന്‍ ദേശാഭിമാനി വാരിക

Saturday, March 8, 2014

രാജ്യം സ്ത്രീകളോട് ആവശ്യപ്പെടുന്നത്

വ്യാവസായികവിപ്ലവം നല്‍കിയ ഉണര്‍വും സോഷ്യലിസ്റ്റ് ആശയഗതിയുടെ വ്യാപനവുമാണ് ലോകമെമ്പാടും സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍ക്ക് ആവേശം നല്‍കിയത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിന്റെ വമ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം സാക്ഷ്യം വഹിച്ചു. 1908ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ 15000ലേറെ സ്ത്രീതൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടന്നു. തൊഴില്‍സമയം കുറയ്ക്കുക, കൂലി വര്‍ധിപ്പിക്കുക, സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍. സമരത്തിനുനേരെ ഭരണാധികാരികള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശപ്രകാരം എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച സ്ത്രീകളുടെ ദേശീയ അവകാശദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ ന്യൂയോര്‍ക്ക് നഗരത്തില്‍ തൊഴില്‍സ്ഥലത്ത് ഉണ്ടായ ദുരന്ത(ട്രയാംഗിള്‍ ഫയര്‍)ത്തില്‍ 140 സ്ത്രീതൊഴിലാളികള്‍ ദയനീയമായി കൊല്ലപ്പെട്ടു. തൊഴിലിടങ്ങളിലെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നു. 1910ല്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ രണ്ടാം സാര്‍വദേശീയസമ്മേളനം ജര്‍മനിയിലെ കോപ്പന്‍ ഹേഗനില്‍ ചേര്‍ന്നു. 17 രാജ്യങ്ങളില്‍നിന്ന് 100 സ്ത്രീകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി നേതാവ് ക്ലാരാസെത്കിന്‍ പങ്കെടുത്തു. ലോകമെമ്പാടും ഒരുദിവസം സ്ത്രീകളുടെ അവകാശപ്രഖ്യാപനത്തിനുള്ള വനിതാദിനമായി ആചരിക്കണമെന്ന് ക്ലാരാസെത്കിന്‍ നിര്‍ദേശിച്ചു. സമ്മേളനം അത് ഏകകണ്ഠമായി അംഗീകരിക്കുകയും മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനമായി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ 1975ല്‍ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി അംഗീകരിക്കുകയും ആ വര്‍ഷം വനിതാവര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളടക്കമുള്ള നിരവധി രാജ്യങ്ങള്‍ മാര്‍ച്ച് എട്ട് പൊതു അവധിദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകളായുള്ള പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സ്ത്രീസംരക്ഷണനിയമങ്ങള്‍ തുടങ്ങിയവ നേടിയെടുക്കാന്‍ സഹായകമായെങ്കിലും അടിച്ചമര്‍ത്തലില്‍നിന്ന് പൂര്‍ണമായും മോചിതരാകാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ലോകമെങ്ങും പുത്തന്‍ മുതലാളിത്ത അധിനിവേശത്തിന്റെ ഭാഗമായുള്ള ചൂഷണം വര്‍ധിക്കുന്നു. പട്ടിണി, തൊഴിലില്ലായ്മ, യുദ്ധങ്ങള്‍, വര്‍ഗീയ ലഹളകള്‍, ഫ്യൂഡല്‍ അനാചാരങ്ങള്‍ എല്ലാം ചേര്‍ന്ന് സ്ത്രീയുടെ ജീവിതം നരകതുല്യമായി മാറുന്നു. ഇന്ത്യയിലും സ്ത്രീസമൂഹത്തിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. 16-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ നമ്മുടെ രാജ്യത്ത് മാര്‍ച്ച് എട്ട് ആചരിക്കുന്നത്.

രാജ്യത്തുടനീളം വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍, സ്ത്രീധന കൊലപാതകങ്ങള്‍, ദുരഭിമാനഹത്യകള്‍, ആസിഡ് ആക്രമണം, ദളിത് പീഡനം, ആദിവാസി-ന്യൂനപക്ഷ പീഡനം തുടങ്ങിയവയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നു. വര്‍ധിച്ചുവരുന്ന വിലക്കയറ്റം, അഴിമതി, പ്രകൃതിവിഭവങ്ങളുടെയും പൊതുവിഭവങ്ങളുടെയും ചൂഷണം, കോര്‍പറേറ്റുകള്‍ക്ക് കൊള്ള ചെയ്യാനുള്ള അവസരമൊരുക്കല്‍, പൊതുജനങ്ങളുടെ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ ജനവിരുദ്ധനയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരുന്നുണ്ട്. എന്നാല്‍, ഈ ജനരോഷത്തില്‍നിന്ന് മുതലെടുക്കാന്‍ ബിജെപിയെ അനുവദിച്ചുകൂടാ. ബിജെപിയുടെ സാമ്പത്തികനയങ്ങള്‍ മുതലാളിത്തനയങ്ങള്‍തന്നെയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എന്തെല്ലാം വിടുപണികള്‍ കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടോ അത്രതന്നെ ബിജെപിയുടെ ഭരണകാലത്തും ചെയ്തു. അതോടൊപ്പം ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെ അതിന്റെ ഭയാനകമായ വര്‍ഗീയമുഖം ഒന്നുകൂടി വെളിവാകുകയും ചെയ്തു. സംഘപരിവാറിന്റെ യാഥാസ്ഥിതിക സ്ത്രീവിരുദ്ധ സമീപനങ്ങള്‍ സ്ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത വിപത്തുകളായിരിക്കും. അതിനാല്‍ കോണ്‍ഗ്രസോ ബിജെപിയോ അല്ലാത്ത ഇടതു മതനിരപേക്ഷ ജനാധിപത്യ ബദല്‍ സംവിധാനത്തിന് ശക്തിപകരാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണം.

ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണ്. കാര്‍ഷികമേഖലയിലെയും പൊതുമേഖലാ വ്യവസായങ്ങളിലെയും തകര്‍ച്ചയാണ് ഇതിന് പ്രധാന കാരണം. അസംഘടിതമേഖലയില്‍ നാമമാത്രമായ കൂലിക്ക് ജോലിചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ പരമദയനീയമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദം കാരണം ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി ഇപ്പോള്‍ നോക്കുകുത്തിയായി. തൊഴില്‍ദിനം 100 എന്ന പരിധി എടുത്തുകളഞ്ഞ് അവധിദിവസങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ ദിവസങ്ങളിലും തൊഴില്‍ നല്‍കുകയും മിനിമം കൂലി ഉറപ്പാക്കുകയും വേണം. അങ്കണവാടി, ആശ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പ്രതിമാസം ചുരുങ്ങിയത് 10,000 രൂപയെങ്കിലും ശമ്പളം നല്‍കണം. നേഴ്സിങ് മേഖലയിലും വസ്ത്രനിര്‍മാണ-വിതരണ മേഖലയിലും സ്ത്രീതൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണം ഇല്ലാതാക്കണം. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് തുല്യവേതനവും തൊഴിലവകാശങ്ങളും ഉറപ്പുവരുത്തണം. കുടുംബശ്രീയെ നശിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ ബാങ്കില്‍നിന്ന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള സംവിധാനം ഉണ്ടാകണം. ബജറ്റില്‍ ആവശ്യമായത്ര നീക്കിയിരിപ്പ് ഉണ്ടാകണം. സര്‍ക്കാര്‍ പദ്ധതികള്‍ കോണ്‍ഗ്രസിന്റെ സ്വകാര്യസംഘടനയായ ജനശ്രീ വഴി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. വിധവാപെന്‍ഷനടക്കമുള്ള സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 2000 രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണം. ഇതിനാവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കണം. വിദ്യാഭ്യാസത്തിനുവേണ്ടി ജിഡിപിയുടെ ആറു ശതമാനവും ആരോഗ്യമേഖലയില്‍ അഞ്ചു ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തണം. ഈ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്വകാര്യവല്‍ക്കരണശ്രമങ്ങള്‍ ഉപേക്ഷിക്കണം.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ഭക്ഷ്യസുരക്ഷാനിയമം കേരളത്തെയാണ് ഏറ്റവും അപകടകരമായി ബാധിക്കുക. എപിഎല്‍ കാര്‍ഡുകാരെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഭക്ഷ്യസബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും സാര്‍വത്രിക പൊതുവിതരണം അട്ടിമറിക്കുകയും ചെയ്തു. പാചകവാതക സബ്സിഡി വെട്ടിക്കുറയ്ക്കുന്നു. പൊതുവിതരണം ശക്തമാക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ നാം തുടരേണ്ടതുണ്ട്. തീരുമാനമെടുക്കുന്ന വേദികളില്‍ സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞുവരികയാണ്. പാര്‍ലമെന്റിലും അസംബ്ലിയിലും വനിതാജനപ്രതിനിധികളുടെ എണ്ണം ലജ്ജാകരമാംവിധം കുറവായ രാജ്യമാണ് ഇന്ത്യ. വനിതാസംവരണ ബില്‍ പാസാക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം ഭരണാധികാരിവര്‍ഗത്തിനെതിരെ ഉയര്‍ത്തേണ്ടതുണ്ട്.

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. "റോയിട്ടേഴ്സി"ന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മൊത്തം ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ "സ്ത്രീകള്‍ക്ക് ഏറ്റവും അപായകരമായ" രാജ്യങ്ങളില്‍ നാലാംസ്ഥാനത്ത് ഇന്ത്യയാണ്. ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ തലസ്ഥാനം ഏറ്റവും ഭീകരനഗരമാണ്. ഡല്‍ഹിയില്‍ ജ്യോതിസിങ്ങിന്റെ കൊലപാതകത്തിനുശേഷവും തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. നയന സാഹ്നി, ജസീക്കാലാല്‍ എന്നിവരുടെ അനുഭവം നമുക്കു മുന്നിലുണ്ട്. അതില്‍ ഒടുവിലത്തേതാണ് സുനന്ദ പുഷ്കറുടെ ദുരൂഹ മരണം. ഇതിനൊക്കെ പിന്നില്‍ ഉന്നതരായ ഭരണാധികാരികളും നേതാക്കളുമായിരുന്നു. എത്ര സമര്‍ഥമായാണ് കേസുകള്‍ അട്ടിമറിച്ചത്. ഭരണകൂടം സ്ത്രീപീഡകര്‍ക്കുവേണ്ടി വിടുപണി ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പ്രതിഷേധിക്കണം.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സ്ത്രീ പീഡനങ്ങള്‍ പതിന്മടങ്ങ് പെരുകുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്ത് മുപ്പതിനായിരത്തിലേറെ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതിനായിരത്തിലേറെ ബലാത്സംഗ കേസുകളും. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് ഓഫീസില്‍വച്ച് സ്ത്രീയെ പൈശാചികമായി കൊലപ്പെടുത്തിയിട്ടും പ്രതികള്‍ സുരക്ഷിതരായി കഴിയുന്നു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാകാതിരിക്കുമ്പോള്‍ എല്ലാവിധ സാമൂഹ്യഅനാചാരങ്ങളും ശക്തമാകുകയാണ്. ആള്‍ദൈവങ്ങളും ആത്മീയചൂഷണകേന്ദ്രങ്ങളും അതിന്റെ ഉദാഹരണമാണ്. അമൃതാനന്ദമയിയുടെ ആശ്രമത്തെക്കുറിച്ച് ശിഷ്യയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം. ഇതു സംബന്ധിച്ച സമഗ്രമായ അന്വേഷണം നടക്കണം. അവിടെ സ്ത്രീകളെ ബലാല്‍ക്കാരമായി കീഴ്പ്പെടുത്തുന്നു എന്ന് ആരോപിക്കപ്പെട്ട പുരുഷന്മാര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. മുമ്പ് തമിഴ്നാട്ടിലെ പ്രേമാനന്ദയുടെ ആശ്രമത്തിനെതിരെ ആരോപണമുണ്ടായപ്പോള്‍ ആദ്യം ആളുകള്‍ നെറ്റിചുളിച്ചു. അന്വേഷണത്തില്‍ പ്രേമാനന്ദ ലൈംഗിക കുറ്റവാളിയാണെന്ന് തെളിയുകയും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. ഇത്തരം ആശ്രമങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളും വെളിച്ചത്ത് കൊണ്ടുവരണം.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുക, അതിവേഗ കോടതികള്‍ സ്ഥാപിക്കുക, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നാം മുന്നോട്ടുവയ്ക്കുന്നു. ഐപിസിയുടെ 498 എ വകുപ്പിന് സംരക്ഷണം നല്‍കുക, തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയുന്നതിനുള്ള നിയമം, ബലാത്സംഗത്തിനെതിരായ പുതിയ നിയമം, ഗാര്‍ഹികപീഡനം തടയുന്നതിനുള്ള നിയമം തുടങ്ങി എല്ലാ സ്ത്രീസംരക്ഷണ നിയമങ്ങളും കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം.

സ്ത്രീകള്‍ക്ക് ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച കോണ്‍ഗ്രസ് ഭരണത്തിനെതിരെ വിധിയെഴുതാനുള്ള തെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്. ഈ അവസരം കൃത്യമായി വിനിയോഗിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ഒപ്പം ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനും.

*
കെ കെ ശൈലജ

Thursday, March 6, 2014

പൗരസമൂഹത്തെ വിലയ്ക്കെടുക്കുമ്പോള്‍

ആധുനികസമൂഹത്തെയാകെ രണ്ട് തലങ്ങളിലാണ് അന്റോണിയോ ഗ്രാംഷി എന്ന ഇറ്റാലിയന്‍ ചിന്തകന്‍ വിഭജിക്കുന്നത്. ഒന്ന്, പൗരസമൂഹം. അത് പൊതുസമ്മതത്തിന്റെയും പരസ്പരപ്രേരണയുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട്, രാഷ്ട്രീയ സമൂഹം അഥവാ ഭരണകൂടം. അതാവട്ടെ, ആത്യന്തികമായി അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. കോടതി, പട്ടാളം, പൊലീസ്, നിയമങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഈ ബലപ്രയോഗം സാധിക്കുന്നത്. ഇത്തരം ബലപ്രയോഗങ്ങളൊന്നുമില്ലാതെ പൊതുസമ്മതിയും പ്രേരണയും ഉപയോഗിച്ചാണ് പൗരസമൂഹം നിലനില്‍ക്കുക. ആശയപരമായ സ്വാധീനത്തിന്റെ നേതൃത്വമാണ് പൗരസമൂഹത്തിന്റെ കെട്ടുറപ്പിനാധാരം. ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാന്‍ രാഷ്ട്രീയ സമൂഹ(ഭരണകൂട)ത്തിന് കഴിയുമെങ്കിലും പൗരസമൂഹത്തില്‍ ആശയപരമായ സ്വാധീനം കൂടിയുണ്ടെങ്കില്‍മാത്രമേ അതിന്റെ നിലനില്‍പ്പ് സുരക്ഷിതമാവൂ. ആധുനികകാലത്ത്, ഈ സ്വാധീനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാനശക്തിയാണ് മാധ്യമങ്ങള്‍. പൊതുസമ്മതിയിലൂടെയും പ്രേരണാശക്തിയിലൂടെയും പൗരസമൂഹത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ബലപ്രയോഗരഹിതമായ നിയന്ത്രണം വളരെ പ്രകടമായിരിക്കുന്നു.

കേരളത്തില്‍ അടുത്തകാലത്ത് ചര്‍ച്ചാവിഷയമായ, രണ്ട് സ്ത്രീകളുടെ മരണങ്ങളോടുള്ള മാധ്യമസമീപനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഒരാളുടേത് അസ്വാഭാവികമരണവും മറ്റൊരാളുടേത് കൊലപാതകവും ആയിരുന്നു. അസ്വാഭാവികമരണത്തിനിരയായ സുനന്ദ പുഷ്കര്‍, മരണത്തിനുമുമ്പ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. മരണാനന്തരം മൂന്നുനാലുദിവസങ്ങള്‍ക്കുള്ളില്‍ അവരെ മാധ്യമങ്ങള്‍ അടക്കംചെയ്തു. അസ്വാഭാവികമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ സുനന്ദയെക്കുറിച്ചുള്ള പുതിയപുതിയ കഥകള്‍ മെനഞ്ഞ് ആ മരണത്തെ ആഘോഷിച്ച മാധ്യമങ്ങള്‍, റിപ്പോര്‍ട്ട് വന്നതോടെ പിന്‍വാങ്ങി. അങ്ങനെ വിസ്മരിക്കേണ്ടവരായിരുന്നില്ല ആ സ്ത്രീ എന്നും അങ്ങനെ അടക്കംചെയ്യേണ്ടതായിരുന്നില്ല അവരുടെ അസ്വാഭാവികമരണമെന്നും അറിയാതെയല്ല മാധ്യമങ്ങള്‍ അതിനു തുനിഞ്ഞത്. രാധ എന്ന സ്ത്രീ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത് അച്ചടിദൃശ്യമാധ്യമങ്ങളില്‍ ഭൂരിഭാഗത്തിനും പ്രധാനവാര്‍ത്തയേ ആയില്ല. കൊലപാതകത്തിനു പിന്നിലെ ചില രാഷ്ട്രീയനേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അവര്‍ അവഗണിച്ചു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സ്ത്രീകളെ സംബന്ധിക്കുന്ന പൊതുബോധത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്തരം മാധ്യമങ്ങള്‍ സ്വീകരിച്ചത്.

സ്ത്രീകളെ സംബന്ധിക്കുന്ന നമ്മുടെ പൊതുബോധം അങ്ങേയറ്റം പിന്തിരിപ്പനാണ്. ഉദാഹരണത്തിന്, സുനന്ദ പുഷ്കറുടെ മൂന്നാമത്തെ വിവാഹമായിരുന്നു ശശി തരൂരുമായിട്ടുള്ളത് എന്നതിനാണ് ബിസിനസ് രംഗത്തെ അവരുടെ നേട്ടത്തെക്കാള്‍ സമൂഹത്തില്‍ പ്രാധാന്യം ലഭിക്കുന്നത്. അവിടെ സുനന്ദ എന്ന വ്യക്തിയുടെ ബൗദ്ധികവും നേതൃപരവുമായ കഴിവുകള്‍ അപ്രസക്തമാവുകയാണ്. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയായിരിക്കെ, ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തിന്റെ പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനിടയിലാണല്ലോ അവരുടെ അസ്വാഭാവികമരണം. ആ വസ്തുത പൊതുസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തക്കവിധം ശക്തമാണ് സുനന്ദയുടെ പൂര്‍വവിവാഹത്തെയും സ്വകാര്യജീവിതത്തെയും സംബന്ധിക്കുന്ന കഥകളുടെ പ്രചാരണം. അക്കാര്യത്തില്‍ മത്സരബുദ്ധിയാണ് മുഖ്യധാരാമാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്.

വസ്തുതയില്‍നിന്ന് അകന്നുപോകുന്ന പൗരസമൂഹം സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ അവള്‍ക്കിതുതന്നെ വേണം എന്ന നിഗമനത്തിലെത്തുന്നു. രാധയുടെ കാര്യത്തില്‍, അവരൊരു തൂപ്പുകാരിയാണെന്നും കൊലയാളികളോട് അടുപ്പമുണ്ടായിരുന്നുവെന്നുമുള്ള വാര്‍ത്ത മാത്രംമതി, പൗരസമൂഹത്തിനു മുന്നില്‍, രാധയുടെ സദാചാരം ചര്‍ച്ചയാകുവാനും കൊലചെയ്യപ്പെട്ടതുപോലും പൊറുക്കപ്പെടാനും. തൂപ്പുകാരും വീട്ടുവേലക്കാരും മറ്റുമായി, അടിസ്ഥാനതൊഴിലുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ച് എന്നും സംശയവും വേവലാതിയുമാണ് പൊതുസമൂഹത്തിന്. ഇവിടെ രണ്ടുപേരും രണ്ടു വര്‍ഗത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. സ്ത്രീയെക്കുറിച്ചുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാട് ഏതു വര്‍ഗത്തില്‍പ്പെട്ട സ്ത്രീക്കും ഒരുപോലെ ബാധകമാണെന്ന് ഈ രണ്ടു സംഭവങ്ങളോടുമുള്ള സമീപനം തെളിയിക്കുന്നു. ഇക്കാര്യത്തില്‍ നേതൃപരമായ പങ്കാണ് ആ മാധ്യമങ്ങള്‍ വഹിച്ചത്.

സ്ത്രീകളുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ചില സമരങ്ങളിലും മാധ്യമങ്ങളുടെ ബലപ്രയോഗരഹിതമായ മേല്‍ക്കൈ പ്രകടമാണ്. ജസീറ, സന്ധ്യ, രമ എന്നീ പേരുകള്‍ മാധ്യമങ്ങളിലൂടെയാണ് പൊതുസമൂഹം ശ്രദ്ധിച്ചത്. ക്ലിഫ്ഹൗസ് ഉപരോധം കാരണം വഴിയാത്ര തടസ്സപ്പെടുന്നുവെന്ന് ആരോപിച്ച് സന്ധ്യ എന്ന സ്ത്രീ പ്രതികരിച്ചപ്പോള്‍ അവരെ അനുകൂലിക്കാനും അവര്‍ക്ക് പിന്തുണ നല്‍കി പ്രധാന ചര്‍ച്ചകള്‍ നടത്താനും ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തയ്യാറായി. വഴി തടയലുള്‍പ്പെടെയുള്ള സമരങ്ങള്‍ നയിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്ത രാഷ്ട്രീയസാമൂഹ്യനേതാക്കളുടെ നേതൃത്വത്തില്‍ തുടങ്ങിയ പത്രങ്ങള്‍പോലും ഇക്കാര്യത്തില്‍ ചരിത്രനിഷേധികളായി. വഴിനടക്കാനുള്ള അവകാശം നേടിയതു സമരത്തിലൂടെയായിരുന്നുവെന്ന ചരിത്രം സന്ധ്യക്ക് അറിയില്ലായിരിക്കാം. പക്ഷേ, മാധ്യമങ്ങള്‍ക്ക് അത് അറിയാത്തതല്ല. വല്ലപ്പോഴും തടസ്സപ്പെടുന്ന വഴിയാത്ര, പൊതുവായ അവകാശങ്ങള്‍ക്കു വേണ്ടിയും ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന അഴിമതി തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെയുമാണെന്ന വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം, ഇന്നില്‍മാത്രം ജീവിക്കുന്ന മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താനാണ് ആ മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിലൂടെ, രാഷ്ട്രീയസമൂഹ(ഭരണകൂട)ത്തെ ഉലയാതെ നിലനിര്‍ത്തുകയെന്നതും.

ചിറ്റിലപ്പിള്ളി എന്ന ബിസിനസുകാരന്‍ സന്ധ്യക്ക് പാരിതോഷികവും നല്‍കി. താന്‍ രാഷ്ട്രീയക്കാരനല്ലായെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് സന്ധ്യക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നതെന്നുമാണ് ചിറ്റിലപ്പിള്ളി പറഞ്ഞത്. വീഗാലാന്‍ഡ് എന്ന വാട്ടര്‍തീം പാര്‍ക്കിലെ തൊഴിലാളികള്‍ മാസങ്ങളായി നടത്തുന്ന അവകാശസമരത്തെ കണ്ടില്ലെന്നു നടിക്കുന്ന വ്യക്തിയാണ് ചിറ്റിലപ്പിള്ളി. അവരുടെ സമരം ചിറ്റിലപ്പിള്ളിയുടെ ഭാഷയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നല്ല. പക്ഷേ, അവരുടെ കുടുംബങ്ങള്‍ മാസങ്ങളായി പട്ടിണിയിലാണ്. അവരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാത്ത ചിറ്റിലപ്പിള്ളിയുടെ രാഷ്ട്രീയം വ്യക്തമാണല്ലോ. അതും മാധ്യമങ്ങള്‍ക്ക് ചിറ്റിലപ്പിള്ളിക്കനുകൂലമായ ആഘോഷമായി. അതേസമയം ജസീറയുടെ സമരം ചിറ്റിലപ്പിള്ളിക്കെതിരെ വന്നപ്പോള്‍, ജസീറയ്ക്ക് മനോവിഭ്രാന്തിയുണ്ടെന്നുപോലും വരുത്തിത്തീര്‍ക്കാനുള്ള തിടുക്കപ്പെട്ട ശ്രമങ്ങളില്‍ മാധ്യമങ്ങളും നല്ല പങ്കുവഹിച്ചു.
കോടതിവിധിക്കുശേഷം ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട രമ നടത്തിയ നിരാഹാരസമരവും മാധ്യമങ്ങള്‍ ഏറ്റെടുത്തു. മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ക്ക് ദിവസങ്ങളോളം മുഖ്യവാര്‍ത്തയായിരുന്നു അത്. ഒരു രാഷ്ട്രീയപ്പാര്‍ടിക്ക് ഒരു വര്‍ഷത്തിലേറെയായി ഒരേയൊരു അജന്‍ഡമാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യംപോലും മാധ്യമങ്ങള്‍ കാണാതെപോയി. ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാത്രം നിരന്തരം ആവശ്യപ്പെടുന്നതും അതിനായിമാത്രം സമരംചെയ്യുന്നതും ആ കൊലപാതകത്തെ ആസ്പദമാക്കി രൂപീകരിക്കപ്പെടുന്ന സമിതികളോ സംഘടനകളോ ആണ്. ആര്‍എംപി ഒരു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളോട് ആ പാര്‍ടിക്ക് പ്രതികരണങ്ങളേയില്ല. അത്രമാത്രം അപ്രസക്തമായ ഒരു രാഷ്ട്രീയപാര്‍ടി നടത്തുന്ന സമരംപോലും മാധ്യമങ്ങള്‍ക്ക് പ്രധാനമായിരുന്നു. ഇവിടെ സുനന്ദ, രാധ, ജസീറ, സന്ധ്യ, രമ തുടങ്ങിയ പേരുകള്‍ കേവലം പേരുകളല്ല, വിവിധ ആശയങ്ങളുടെയും പ്രത്യയശാസ്ത്രബോധത്തിന്റെയും പ്രതിനിധികളാണവര്‍. അവരോടുള്ള മാധ്യമസമീപനത്തിലെ വിവേചനത്തിനു പക്ഷേ, അധാര്‍മികമെന്ന വിശേഷണംമാത്രമേ ആവശ്യമുള്ളൂ. ഈ അധാര്‍മികത പൗരസമൂഹത്തില്‍ പൊതുസമ്മതി നിലനിര്‍ത്തുന്നതിനും അതിലൂടെ ഭരണകൂടത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. രാഷ്ട്രീയസമൂഹത്തിന് (ഭരണകൂടത്തിന്) അനുകൂലമാക്കുവാനുള്ള ആശയപരമായ മേധാവിത്തം പൗരസമൂഹത്തില്‍ ഭരണകൂടം ചെലുത്തിക്കൊണ്ടിരിക്കും. ഈ മേധാവിത്തം നിലനില്‍ക്കുന്നിടത്തോളം ഭരണകൂടം പൗരസമൂഹത്തില്‍ ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ അനുവദിക്കും. എന്നാല്‍, ആശയപരമായ മേല്‍ക്കൈക്ക് ഉലച്ചില്‍ തട്ടുന്നുണ്ടെന്നു തോന്നിയാല്‍ സഹായകഘടകങ്ങളെ ശക്തിപ്പെടുത്തി സമഗ്രാധിപത്യത്തിലേക്ക് നീങ്ങും. അക്കാര്യത്തില്‍ ബലപ്രയോഗരഹിതമായ നിയന്ത്രണത്തിന് ശക്തമായ ഉപകരണങ്ങളാണ് മാധ്യമങ്ങള്‍. ഉദാഹരണമായി പാര്‍ടി ഓഫീസുകളില്‍ നടക്കുന്ന വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശം, മലയാളമനോരമയുടെ ഒന്നാം പേജിലെ വാര്‍ത്തയായത് ഇങ്ങനെ: സിപിഎം ഓഫീസില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകം പ്രധാനവാര്‍ത്തയേ ആകുന്നില്ല എന്നു കാണുക. മറ്റ് രാഷ്ട്രീയപാര്‍ടികളുടെ ഓഫീസില്‍ നടക്കുന്ന വിവാഹത്തിന് നിയമസാധുതയുണ്ടെന്ന തോന്നലാണല്ലോ ഈ തലക്കെട്ട് നല്‍കുക.

കോടതി വ്യക്തമായി പറഞ്ഞത്, എല്ലാ രാഷ്ട്രീയപാര്‍ടിക്കും ബാധകമായ കാര്യമാണ്. സിപിഐഎം ഓഫീസില്‍ നടന്ന ഒരു വിവാഹത്തെ സംബന്ധിച്ച പരാതി പരിഗണിക്കുന്നതിനിടയിലാണ് ഈ പരാമര്‍ശം നടത്തിയതെന്നു മാത്രം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖപത്രമല്ല മനോരമ എന്നതും ഓര്‍ക്കണം. ഇങ്ങനെ സ്ത്രീവിരുദ്ധതയുടെ പ്രചാരകരും (സുനന്ദ, രാധ എന്നിവരുടെ കാര്യങ്ങളില്‍) സാമ്പത്തിക മാഫിയകളുടെ വക്താക്കളും (ജസീറയുടെ സമരം), രാഷ്ട്രീയകക്ഷികളോട് പക്ഷം പിടിക്കുന്നവരും (കെ കെ രമയുടെ സമരം) ആത്യന്തികമായി മുതലാളിത്ത ആശയങ്ങളുടെ കാവലാളുകളുമായി ആ മാധ്യമങ്ങള്‍ മാറി. പൗരസമൂഹത്തെ വിലയ്ക്കെടുക്കാനുള്ള ശേഷി ഭരണകൂടത്തിന്റെ കൂടി പിന്തുണയോടെ അവ ശക്തമാക്കി. മാധ്യമങ്ങളുടെ സമീപനത്തിലും ഇടപെടലിലുമുള്ള ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

*
ഡോ. പി എസ് ശ്രീകല

Monday, January 6, 2014

അടുക്കളപ്പുകയില്‍ എരിയുന്ന ഇന്ത്യന്‍സ്ത്രീ

അടുക്കളപ്പുകയില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍മൂലം ഇന്ത്യയില്‍ ഒരുവര്‍ഷം 5,00,000 പേര്‍ മരിക്കുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ മുഖ്യകാരണം ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അടുക്കളപ്പുക ആയിരം സിഗററ്റില്‍നിന്നുള്ള പുകയ്ക്ക് തുല്യമാണത്രേ! ലോകമെമ്പാടും 20 ലക്ഷം പേരാണ് അപകടകരമായ പാചക ഇന്ധനംമൂലം മരണമടയുന്നത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൂന്നാമത്തെ ഘടകമാണ് അടുക്കളപ്പുക! ക്ഷയം, ശ്വാസകോശ അര്‍ബുദം, മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് വിറക്, ചാണകവറളി തുടങ്ങിയ വസ്തുക്കള്‍ കത്തിക്കുന്നത് കാരണമാകുന്നു. സ്ത്രീകളിലെ തിമിരത്തിന്റെയും ഒരു കാരണം വിഷലിപ്തമായ പുകതന്നെയാണ്. ഏറ്റവും കൂടുതല്‍ തിമിരരോഗികളായ സ്ത്രീകളുള്ള രാജ്യമാണ് ഇന്ത്യ.

ഇന്നും ഇന്ത്യയിലെ 70 ശതമാനം വീടുകളിലും പാചകത്തിന് ഉപയോഗിക്കുന്നത് വിറകും ചാണകവറളിയും മറ്റ് വസ്തുക്കളുമാണ്. കടുത്ത വായുമലിനീകരണത്തിനും ആഗോളതാപനത്തിനും ലക്ഷക്കണക്കിന് വീടുകളില്‍നിന്ന് ഉയരുന്ന പുക ഇടവരുത്തുന്നു. വിറകിനായി മരങ്ങളും കാടുകളും നശിപ്പിക്കുന്നു. ഒരുദിവസം എത്രയോ ലക്ഷം മരങ്ങള്‍ ആയിരിക്കാം അടുക്കളകളില്‍ എരിഞ്ഞുതീരുന്നത്!

കൂടാതെ വിറകുപയോഗിച്ചുള്ള പാചകം സ്ത്രീകളുടെ ജീവിതത്തെ പലതരത്തില്‍ വിനാശകരമായി ബാധിക്കുന്നു. സംഘര്‍ഷ, യുദ്ധമേഖലകളില്‍ വിറകുശേഖരിക്കാന്‍ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അതീവ ഉല്‍ക്കണ്ഠയോടെയാണ് കാണുന്നത്. ഒരുനേരത്തെ അത്താഴത്തിന് ഒരു പെണ്‍കുട്ടി നല്‍കുന്നത് ചിലപ്പോഴെങ്കിലും അവളുടെ മാനമാണെന്ന സ്ഥിതി!

സാധാരണനിലയിലും സ്ത്രീകള്‍ വിറകുശേഖരണത്തിനു പോകുന്നത് പലതരത്തിലുള്ള അപകടങ്ങളിലൂടെയാണ്. കാട്ടുമൃഗങ്ങളുമായും സാമൂഹ്യവിരുദ്ധരുമായും കൊള്ളക്കാരുമായും സ്ത്രീകള്‍ മുഖാമുഖം കാണേണ്ടിവരുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നുണ്ട്. രൂക്ഷമായ കാലാവസ്ഥകളില്‍ വിറകുശേഖരണം സ്ത്രീകളെ ഭയപ്പെടുത്തുന്നു. വിറകുശേഖരിക്കുക, വിറകുപയോഗിച്ച് അടുപ്പുകത്തിക്കുക, വിറകടുപ്പില്‍നിന്നുണ്ടാകുന്ന കരി പാത്രങ്ങളില്‍നിന്ന് കഴുകിക്കളയുക എന്നത് സ്ത്രീയുടെ ഒരുദിവസത്തെ സമയത്തിന്റെ പ്രധാന ഭാഗം കവര്‍ന്നെടുക്കുന്നു. വിറക് എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം വിരസവും കഠിനവും അനാരോഗ്യകരവുമായ അധ്വാനമാണെന്നര്‍ഥം. വിറകു ചുമന്നു നടന്ന് കഴുത്തിനും നട്ടെല്ലിനും പരിക്കും ക്ഷീണവും സംഭവിച്ച് അകാലരോഗികളാകുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ചാണകവറളിയുടെ പുകയാകട്ടെ കൂടുതല്‍ ഹാനികരമാണ്. ഇന്ത്യയില്‍ പത്ത് ശതമാനം പേര്‍ ചാണകവറളി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

ശുചിയായ പാചക അടുപ്പുകള്‍ എന്നത് പരിസ്ഥിതിവാദികളും സ്ത്രീവിമോചകരും ഒരുപോലെ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ്. ദാരിദ്ര്യം കുറയ്ക്കുന്നതിനും ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സുരക്ഷിതമായ പാചക ഇന്ധനം ആവശ്യമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഊര്‍ജനയത്തില്‍ സ്ത്രീയുടെ ഊര്‍ജാവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന വീക്ഷണം ഇതിന്റെ ഭാഗമായി ഉണ്ടായതാണ്. ഊര്‍ജ ദാരിദ്ര്യം സൃഷ്ടിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്രസഭപോലും ഗൗരവമായി കണക്കിലെടുക്കുന്നു. "ശുദ്ധമായ പാചക അടുപ്പുകള്‍ക്കു വേണ്ടിയുള്ള ആഗോളസഖ്യം" എന്ന പ്രസ്ഥാനം 2020 ആകുമ്പോഴേക്കും 100 ലക്ഷം വീടുകളില്‍ സുരക്ഷിതവും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ അടുപ്പുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. സാമൂഹ്യപുരോഗതിക്കുതന്നെ സുരക്ഷിതമായ അടുപ്പുകള്‍ അനിവാര്യമായതിനാല്‍ പല രാജ്യങ്ങളും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ മേഖലയില്‍ ഇടപെടല്‍ നടത്തുന്നു. കേരളത്തിലെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുകയില്ലാത്ത അടുപ്പുകളുടെ പ്രസക്തിയും ഇവിടെയാണ്.

എന്നാല്‍, ഇന്ത്യാ സര്‍ക്കാര്‍ പാചകവാതകത്തിന്റെ വില ക്രമാതീതമായി വര്‍ധിപ്പിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സുരക്ഷിതമായ പാചക ഇന്ധനം നല്‍കുക എന്ന ഉത്തരവാദിത്തത്തില്‍നിന്ന് പിന്നോട്ടുപോകുകയാണ്. ആധാര്‍ എന്ന അശാസ്ത്രീയ നടപടിയിലൂടെ സബ്സിഡികള്‍ നല്‍കാതിരിക്കാനുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ മെനഞ്ഞിരിക്കുന്നത്. "ഇന്ത്യയിലെ നഗരവാസികള്‍മാത്രം ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ സബ്സിഡികൊണ്ട് ഒരു ഫലവും ഇല്ലെന്നും ഈ മേഖലയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ച് എല്‍പിജിയുടെ വിതരണം കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും" ലോകബാങ്ക് 2006ല്‍ ഒരു പഠന റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു ചേര്‍ന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗംതന്നെയാണ് ആധാറും പാചകവാതകത്തിന്റെ വിലവര്‍ധനയും.

പാചകവാതകത്തിന് ഇന്ത്യയില്‍ ക്ഷാമം ഇല്ലാതിരുന്നിട്ടും സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ അടുക്കളയില്‍ കയറി അതിക്രമം കാട്ടുമ്പോള്‍ തകരുന്നത് സ്ത്രീകളുടെ സുരക്ഷിതജീവിതമാണ്. ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും കുറഞ്ഞവിലയ്ക്ക് സുരക്ഷിതമായ പാചക ഇന്ധനം നല്‍കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ആവശ്യത്തിന് പാചകവാതകം (എല്‍പിജി) ലഭ്യമാക്കുന്നതിന് സഹായകമായ വിധത്തില്‍ ഊര്‍ജനയം രൂപീകരിക്കുകയാണ് വേണ്ടത്. 2000ലെ കണക്കുപ്രകാരം ഇന്ത്യയിലെ ഗ്രാമങ്ങളിലെ ഇന്ധന ഉപയോഗത്തിന്റെ തോത് താഴെ പറയുംപ്രകാരമാണ്. വിറക്- 75.4 ശതമാനം, എല്‍പിജി- 5.4 ശതമാനം, ചാണകവറളി- 10.6 ശതമാനം, മണ്ണെണ്ണ - 2.7 ശതമാനം, വൈദ്യുതി- .1 ശതമാനം.

അടുക്കളയില്‍ സ്വന്തം ശരീരമാണ് എരിഞ്ഞുതീരുന്നത് എന്നറിയാതെ ഭാരതസ്ത്രീകള്‍ തങ്ങളുടെ "സ്ത്രീധര്‍മം" അനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്നു. സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി എന്ന മട്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങളുടെ പൊള്ളത്തരമാണ് പാചക ഇന്ധന നിയന്ത്രണത്തിലൂടെ വ്യക്തമാകുന്നത്.

*
ആര്‍ പാര്‍വതീദേവി

Wednesday, December 18, 2013

ഗോവിന്ദച്ചാമിക്കൊപ്പം കുറ്റം പങ്കിട്ടവര്‍

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഓര്‍മിപ്പിച്ച ചില കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതാണ്. സഹയാത്രികര്‍ സഹായിച്ചിരുന്നെങ്കില്‍ സൗമ്യ രക്ഷപ്പെടുമായിരുന്നു; സഹയാത്രക്കാരുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയ ഒരുകാര്യം. റെയില്‍വേയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായത് എന്ന നിരീക്ഷണമാണ് മറ്റൊന്ന്. ദരിദ്ര കുടുംബത്തിലെ കുട്ടിയായ സൗമ്യ തന്റെ വിവാഹം ഉറപ്പിക്കുന്നതിനായാണ് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് ഷൊര്‍ണൂരിലെ വീട്ടിലേക്ക് യാത്രതിരിച്ചത്. ആ യാത്രയിലാണ് അവള്‍ തീവണ്ടിയില്‍ പിച്ചിച്ചീന്തപ്പെട്ടത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ ലേഡീസ് കംപാര്‍ട്മെന്റില്‍ അതിക്രമിച്ചു കയറിയ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അഞ്ചുദിവസം അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സൗമ്യ ഫെബ്രുവരി 6ന് മരണമടഞ്ഞു.

തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബര്‍ 11നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ആ ശിക്ഷ അയാള്‍ അര്‍ഹിക്കുന്നതുതന്നെയെന്ന് ഇപ്പോള്‍ ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നു. അതോടൊപ്പം ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടതുകൊണ്ടുമാത്രം അവസാനിക്കുന്ന കേസല്ല സൗമ്യാവധത്തിന്റേതെന്നാണ് നീതിപീഠം അര്‍ഥശങ്കയില്ലാതെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നത്. സൗമ്യ ആക്രമിക്കപ്പെട്ട വണ്ടിയില്‍ യാത്രചെയ്തിരുന്നവര്‍ തക്കസമയത്ത് പ്രതികരിച്ചിരുന്നുവെങ്കില്‍, സഹജീവിയുടെ ജീവന് വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ആ ദുരന്തത്തിന്റെ തീവ്രത ഇത്ര വലുതാകില്ലായിരുന്നു എന്നാണ് ആ നിരീക്ഷണത്തിന്റെ സാരം. ജനങ്ങള്‍ക്ക് സഞ്ചാരസൗകര്യം നല്‍കാന്‍ നിയുക്തമായ ഇന്ത്യന്‍ റെയില്‍വേക്ക്, യാത്രയിലെ സുരക്ഷിതത്വം ഗൗരവമായ അജന്‍ഡയായിരുന്നുവെങ്കില്‍ സൗമ്യയുടെ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും കോടതി മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു.

റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടിയ കോടതി, ലേഡീസ് കംപാര്‍ട്മെന്റുകള്‍ ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റണമെന്നും സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂര്‍ത്തമായ നടപടി വേണമെന്നും റെയില്‍വേക്ക് നിര്‍ദേശം നല്‍കുന്നു. ആ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്നുറപ്പാക്കാന്‍ വിധിപ്പകര്‍പ്പ് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. പലരുടെയും കണ്ണുതുറപ്പിക്കേണ്ട നടപടിയാണിത്. സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുറവിളികള്‍ ഇന്നു നാം പല കണ്ഠങ്ങളില്‍നിന്ന് കേള്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി ഒരുക്കിയ സൗകര്യം ഉപയോഗപ്പെടുത്തി യാത്രചെയ്യാന്‍ സ്വാതന്ത്ര്യമില്ല എന്നു മാത്രമല്ല; ആ യാത്ര അവളുടെ ജീവനെടുക്കുന്നതുകൂടിയാകും എന്ന ഭയാനകമായ യാഥാര്‍ഥ്യമാണ് സൗമ്യയുടെ അനുഭവം വരച്ചുകാട്ടുന്നത്. മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധമാണത്. ആ സ്വാതന്ത്ര്യം സ്ഥാപിച്ചുകിട്ടാനുള്ള സമരമാണ്; അല്ലാതെ, രാഷ്ട്രീയ പ്രതികരണ നാടകങ്ങള്‍ക്കുള്ള ദുഃസ്വാതന്ത്ര്യമല്ല കേരളീയ സമൂഹത്തിന്റെ പരിഗണനാ വിഷയമാകേണ്ടത് എന്നുകൂടി കോടതിവിധി ഓര്‍മിപ്പിക്കുന്നു. ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് വിചാരണക്കോടതി പറഞ്ഞിരുന്നു. വധശിക്ഷയോട് വിയോജിപ്പുള്ളവര്‍ക്കുപോലും ആ വിധിയെ തള്ളിപ്പറയാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിന് ഒരു വയസ്സു തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് സൗമ്യ കേസിലെ ഹൈക്കോടതി തീര്‍പ്പ് എന്നത് യാദൃച്ഛികതയാകാം. നിര്‍ഭയ അവസാനത്തെ ഇരയാകുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്കിരയാകുന്നത് വിരാമമില്ലാത്ത തുടര്‍ച്ചയാവുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അനുദിനം പെരുകുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍വരെ ആക്രമിക്കപ്പെടുന്നു. അരക്ഷിതമായ ലേഡീസ് കംപാര്‍ട്മെന്റുകളുമായാണ് തീവണ്ടികള്‍ ഇന്നും ഓടുന്നത്. റെയില്‍വേയുടെ കണ്ണ് തുറന്നിട്ടില്ല. ഏതുസമയവും തീവണ്ടികളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാവുന്ന അവസ്ഥ തുടരുന്നു. ബസ്സ്റ്റാന്‍ഡുകളടക്കമുള്ള പൊതുസ്ഥലങ്ങളും ബസുകളും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വേദിയാകുന്നു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപത്തുള്ള ബസ്സ്റ്റോപ്പുകളില്‍പ്പോലും പരസ്യമായി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സംഘങ്ങള്‍ നിര്‍ബാധം വിലസുന്നു. തൊഴിലിടങ്ങളിലും വാഹനങ്ങളിലും വിദ്യാലയങ്ങളിലും സ്വന്തം വീടുകളില്‍പ്പോലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്ന അവസ്ഥയില്‍നിന്ന് നാടിനെ രക്ഷപ്പെടുത്താനുള്ള കൂട്ടായ മുന്നേറ്റത്തിന്റെ അനിവാര്യതയാണ് സൗമ്യസംഭവം ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നത്.

സെക്സ് റാക്കറ്റുകള്‍ പട്ടണങ്ങളില്‍മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും തമ്പടിച്ച് പെണ്‍കുട്ടികളെ വേട്ടയാടുന്ന അനുഭവമാണ് ഇന്ന് കേരളത്തിലുള്ളത്. വിദേശങ്ങളിലേക്ക് സ്ത്രീകളുടെ ശരീരം വില്‍പ്പനയ്ക്കായി കയറ്റി അയക്കുന്ന വന്‍ റാക്കറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റെല്ലാ മാഫിയകള്‍ക്കുമെന്നതുപോലെ സെക്സ് മാഫിയക്കും നിര്‍ബാധം അഴിഞ്ഞാടാന്‍ കഴിയുന്നു. ഇങ്ങനെ എല്ലാ നിലയ്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത നാടായി മാറിയ കേരളത്തെ തിരിച്ചുപിടിക്കാനുള്ള സമരത്തിന് അത്യധികമായ ഊര്‍ജം നല്‍കുന്നതാണ് ഹൈക്കോടതി വിധി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ അതിക്രമം കാണിക്കുന്ന സാംസ്കാരിക ശൂന്യതയിലേക്ക് കേരളത്തെ നയിക്കുകയും എല്ലാ പൈശാചികതകളെയും നിശ്ചേഷ്ടം നോക്കിനില്‍ക്കുകയുംചെയ്യുന്ന ഭരണാധികാരികള്‍ക്കെതിരായ വികാരം അലയടിച്ചുയരേണ്ടതുണ്ട്. ഉത്തരവാദിത്തം മറന്നുപോകുന്ന റെയില്‍വേയെയും പൊലീസിനെയും മറ്റധികാരികളെയും കഴുത്തിനു പിടിച്ച് ജനങ്ങള്‍ ചോദ്യംചെയ്യേണ്ടതുണ്ട്. കണ്‍മുന്നില്‍ കാണുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവാതെ, അത്തരം പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കാതെ സമൂഹത്തിന് ആരോഗ്യകരമായി മുന്നോട്ടുപോകാനാവില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, December 16, 2013

അനിശ്ചിതമാകുന്ന പെണ്‍ജീവിതങ്ങള്‍

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ബസില്‍ യാത്രചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. മനുഷ്യത്വരഹിതമായ ക്രൂരതകള്‍ ഏല്‍പ്പിച്ച ശാരീരികാഘാതത്തില്‍നിന്ന് രക്ഷപ്പെടാനാകാതെ ഡിസംബര്‍ 29ന് അവള്‍ ജീവിതത്തോട് വിടപറഞ്ഞു. സ്ത്രീകളും വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന വിവിധ സംഘങ്ങളുടെ പ്രതിഷേധം രാജ്യമാകെ വ്യാപിച്ചു. തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിനും കടുത്തശിക്ഷ ഉറപ്പാക്കുന്നതിനുമായി നിലവിലുള്ള ക്രിമിനല്‍നിയമത്തില്‍ മാറ്റംവരുത്തുകയെന്ന ഉദ്ദേശ്യത്തോടെ, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗകമ്മിറ്റിയെ നിയോഗിച്ചു. ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. റിപ്പോര്‍ട്ട് പൂര്‍ണമായി സ്വീകരിച്ചില്ലെങ്കിലും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീസുരക്ഷാനിയമം പരിഷ്കരിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി.

എന്നാല്‍, ലോകത്ത് സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ എന്ന അപമാനകരമായ അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ നിയമത്തിന് കഴിഞ്ഞിട്ടില്ല. ക്രൈം ക്യാപിറ്റല്‍ എന്ന വിശേഷണത്തില്‍നിന്ന് ഡല്‍ഹി മുക്തമായിട്ടുമില്ല. നിയമം നിലവില്‍വന്നശേഷമുള്ള പത്തുമാസത്തിനുള്ളില്‍ 1330 ബലാത്സംഗമാണ് ഡല്‍ഹിയില്‍മാത്രം റിപ്പോര്‍ട്ടുചെയ്തത്. 2012നേക്കാള്‍ 624 എണ്ണത്തിന്റെ വര്‍ധന. മറ്റ് ലൈംഗികാതിക്രമങ്ങള്‍ 2012ല്‍ 727 എണ്ണം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ ഇക്കൊല്ലം 2844 ആയി. അതേസമയം, ഡിസംബര്‍ 16ലെ കൂട്ടബലാത്സംഗക്കേസൊഴികെ മറ്റൊന്നിനും ഇതേവരെ തീര്‍പ്പുണ്ടായിട്ടില്ല. നിയമം പരിഷ്കരിച്ചെങ്കിലും വേഗമുള്ള വിചാരണയോ പ്രതികള്‍ക്കുള്ള കടുത്തശിക്ഷയോ പ്രയോഗത്തില്‍ വന്നിട്ടില്ല എന്നര്‍ഥം.

സ്ത്രീധനനിരോധനവും (1961) ഭ്രൂണപരിശോധനാ നിരോധനവും (1994) ബാലവിവാഹ നിരോധനവും (2006) അടക്കം സ്ത്രീകള്‍ക്ക് അനുകൂലമായ നിരവധി നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍, അവ കൃത്യമായി നടപ്പാക്കുന്നില്ല. അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയും സമൂഹത്തിന്റെ സ്ത്രീവിരുദ്ധമനോഭാവവും ഇതിന് കാരണമാണ്. സ്ത്രീധനപ്രശ്നം കാരണം ഓരോ ഒന്നരമണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ. 1951ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 983 പെണ്‍കുട്ടികള്‍ എന്നതായിരുന്നു അനുപാതമെങ്കില്‍, 2011 ആയപ്പോഴേക്കും അത് 1000ന് 914 ആയി കുറഞ്ഞു. ഇന്ത്യയിലെ 80 ശതമാനം ജില്ലകളിലും സ്ത്രീകളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ പുരുഷന്മാരാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തുല്യപരിഗണനയും അംഗീകാരവും കൊടുക്കുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ. പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുകയാണെന്ന് വ്യക്തം. ലോകത്താകെ നടക്കുന്ന ബാലവിവാഹത്തിന്റെ 40 ശതമാനവും ഇന്ത്യയിലാണ്. ദിവസം ശരാശരി 39,000 ബാലവിവാഹമാണ് ഇവിടെ നടക്കുന്നത്. 16, 18 വയസ്സിനിടയില്‍ 22 ശതമാനം പെണ്‍കുട്ടികളും 13, 16 വയസ്സിനിടയില്‍ 20 ശതമാനം പെണ്‍കുട്ടികളും 13 വയസ്സിനുമുമ്പ് രണ്ടുമുതല്‍ ആറ് ശതമാനംവരെ പെണ്‍കുട്ടികളും വിവാഹിതരാകുന്നു. എന്നിട്ടും, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയില്‍ ബാലവിവാഹത്തിനെതിരായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അനുകൂലിക്കാതിരുന്നു എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നു.

എല്ലാ രംഗത്തും പുരുഷന് സ്ത്രീയേക്കാള്‍ പ്രാധാന്യം നല്‍കുന്ന സാമൂഹ്യസാഹചര്യമാണ് നിലവിലുള്ളത്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഈ പ്രവണത, ഭരണഘടനയിലെ തുല്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും അനുശാസനങ്ങളെ അതിജീവിച്ചുനില്‍ക്കുകയാണ്. അതിന്റെ സ്വാധീനം നീതിന്യായവ്യവസ്ഥയിലുള്‍പ്പെടെ പ്രബലമാണ്. പൊതുപ്രവര്‍ത്തനം, വിദ്യാഭ്യാസം, തൊഴില്‍, സാഹിത്യം, കല എന്നിങ്ങനെ വ്യാപരിക്കുന്ന രംഗങ്ങളിലെല്ലാം അപമാനത്തിന്റെ വിവിധതലങ്ങള്‍ വ്യത്യസ്തമാനങ്ങളില്‍ ഓരോ സ്ത്രീയും അനുഭവിക്കുന്നുണ്ട്. അത് നോട്ടമായും കമന്റുകളായും ചേഷ്ടകളായും അപവാദകഥകളായും പ്രകടമാകുന്നു. സദാചാരമെന്ന പുരുഷാധിപത്യസൃഷ്ടി സങ്കല്‍പ്പത്തിന്റെ സംരക്ഷകരായി സ്ത്രീകളെ അവരോധിക്കുന്ന പൊതുബോധത്തിനുള്ളില്‍ സ്ത്രീകളെ സംബന്ധിക്കുന്ന അപവാദകഥകള്‍ക്ക് വലിയതോതിലുള്ള സ്വീകാര്യതയും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്. സ്ത്രീസാന്നിധ്യത്തിലുള്ള അസ്വസ്ഥതയാണ് അതിന് അടിസ്ഥാനം. നിയമനിര്‍മാണസഭകളിലെ സംവരണത്തെ എതിര്‍ക്കുന്ന അതേമനഃശാസ്ത്രംതന്നെയാണ് എല്ലാ രംഗത്തും പ്രതിഫലിക്കുന്നത്. കുടുംബത്തിനുള്ളിലുള്‍പ്പെടെ കാലങ്ങളായി അനുഭവിച്ചുവരുന്ന സാമൂഹ്യാധികാരത്തിന് ഇളക്കംതട്ടുമെന്ന് പുരുഷമേല്‍ക്കോയ്മ ഭയപ്പെടുന്നു. ആ ഭയം പ്രകടമാകാതിരിക്കാനും യാഥാര്‍ഥ്യമാകാതിരിക്കാനും സ്ത്രീകളെ നിസ്സാരവല്‍ക്കരിക്കാനും അപമാനിക്കാനും പുരുഷാധിപത്യ സമൂഹം തിടുക്കംകാട്ടുന്നു. ഭൂരിഭാഗം സ്ത്രീകളുടെയും പുരുഷന്മാരുടെയും പൊതുബോധം അതിനനുകൂലമായാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കെതിരായ നോട്ടംമുതല്‍ കൂട്ടബലാത്സംഗവും കൊലപാതകവുംവരെയുള്ള അനുഭവങ്ങള്‍ സ്ത്രീകള്‍ ക്ഷണിച്ചുവരുത്തുന്നവയായി സ്ഥാപിക്കപ്പെടുന്നു. അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് സ്ത്രീകളാണെന്ന ധാരണയ്ക്ക് പ്രചാരം നല്‍കുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ചെയ്യാന്‍പോലും തയ്യാറാകാത്ത അനീതി ചോദ്യംചെയ്യപ്പെടാതെ നിലനില്‍ക്കുന്നു. 2012 നവംബറിലാണ് പഞ്ചാബിലെ ഒരു ഗ്രാമത്തില്‍നിന്ന് 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തത്. പരാതിപ്പെട്ട് 14 ദിവസത്തിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ തയ്യാറായത്. ഇതിനിടയില്‍ പലതവണ ആ പതിനേഴുകാരിയെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ബലാത്സംഗത്തിലൂടെ ഏറ്റ ശാരീരിക- മാനസിക ആഘാതത്തേക്കാള്‍ ക്രൂരമായിരുന്നു സമൂഹത്തിന്റെയും ക്രമസമാധാനപാലകരുടെയും സമീപനം. നമ്മളെ മനസ്സിലാക്കാന്‍ ആരുമില്ലെന്ന് അമ്മയോട് ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആ പെണ്‍കുട്ടി ഡിസംബര്‍ 26ന് ജീവനൊടുക്കി. ഇരകള്‍ പിന്നെയും പിന്നെയും പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തം. അതേസമയം, സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും നേര്‍ക്കുള്ള വെല്ലുവിളി എന്നനിലയില്‍ ഇവയെ സമീപിക്കാന്‍ ഒരു സ്ത്രീ തയ്യാറായാല്‍ അവള്‍ക്ക് നേരിടേണ്ടിവരുന്നത് കൂടുതല്‍ അപമാനകരമായ അനുഭവങ്ങളായിരിക്കും.

അരാഷ്ട്രീയ മധ്യവര്‍ഗത്തിന് സ്വാധീനമുള്ള സമൂഹത്തില്‍ ജനാധിപത്യസമരരൂപങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നതും ഭരണകൂടത്തിന് അനുകൂലമാകുന്നു. അസമത്വവും വിവേചനവും വര്‍ധിപ്പിക്കുന്ന ഭരണകൂടനയങ്ങള്‍ക്ക് അരാഷ്ട്രീയതയും പുരുഷാധിപത്യമൂല്യവും നല്‍കുന്ന പിന്തുണ മുതലാളിത്തത്തിന്റെ നിലനില്‍പ്പ് പ്രബലമാക്കുന്നു. സ്ത്രീകളുടെ ജീവിതത്തിന്റെ സുരക്ഷിതത്വവും അവകാശസംരക്ഷണവും ലളിതക്രിയകളിലൂടെ സാധ്യമാകില്ലെന്നാണ് ഈ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭരണകൂടത്തിനും സാമൂഹ്യപൊതുബോധത്തിനും എതിരായ സങ്കീര്‍ണ സമരരൂപങ്ങള്‍ നിരന്തരം അനിവാര്യമാകുന്നു. അവയെ പുരുഷനെതിരായ സമരം എന്നനിലയില്‍ സങ്കുചിതമായി വ്യാഖ്യാനിക്കുന്ന തന്ത്രത്തെയും നേരിടേണ്ടതുണ്ട്. പുരുഷനും സ്ത്രീയുമുള്‍പ്പെടെ അനുവര്‍ത്തിക്കുന്ന പുരുഷാധിപത്യമൂല്യബോധമാണ് അനിശ്ചിതമാകുന്ന സ്ത്രീജീവിതങ്ങളുടെ അടിസ്ഥാനം. പുരുഷാധിപത്യമൂല്യബോധത്തില്‍നിന്ന് സമൂഹത്തെ മോചിപ്പിച്ചുമാത്രമേ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും നിയമങ്ങള്‍ ഗുണകരമായ വിധത്തില്‍ നടപ്പാക്കാനും സ്ത്രീവിരുദ്ധനയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ തകര്‍ക്കാനുമുള്ള സമരം ശക്തമാക്കാനാകൂ.

*
ഡോ. പി എസ് ശ്രീകല

Wednesday, December 11, 2013

ജഗ്മതി പൊരുതുന്നു

ദക്ഷിണകൊറിയയിലെ സോളില്‍ 1980ല്‍ നടന്ന ഏഷ്യന്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ടീമില്‍ അംഗമായിരുന്നു ജഗ്മതി. ടീമിന്റെ നേട്ടം കൂട്ടുകാര്‍ ആഘോഷിക്കുമ്പോള്‍ ജഗ്മതിക്ക് ഉത്സാഹമൊന്നും തോന്നിയില്ല. മാത്രമല്ല, ദുഃഖത്തിലുമായിരുന്നു. എന്തെന്നാല്‍, നേരത്തെ ജില്ലാടീമില്‍ കളിച്ചിരുന്നപ്പോള്‍ അതില്‍ നാലാമത്തെ മികച്ച കളിക്കാരിമാത്രമായിരുന്നു താന്‍. തന്നേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന മൂന്നു പെണ്‍കുട്ടികളുടെ വിവാഹം കൗമാരത്തില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനോ കായികപരിശീലനത്തിനോ അവസരമുണ്ടായില്ല. അവര്‍ക്കും കായികരംഗത്ത് തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രാജ്യത്തിന് സ്വര്‍ണമെഡല്‍ കിട്ടിയേനേ.

സ്ത്രീകള്‍ക്ക് നീതിയും അവസരങ്ങളും നിഷേധിക്കുന്നതിന്റെ ഭവിഷ്യത്ത് ബോധ്യപ്പെട്ട ജഗ്മതി തന്റെ ജീവിതം സ്ത്രീകളെ സംഘടിപ്പിക്കുന്നതിനായി സമര്‍പ്പിക്കാന്‍ അന്നാണ് തീരുമാനിച്ചത്. അതിന്റേതായ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് മൂന്നു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ജഗ്മതി സങ്വാനെ ഇന്ന് രാജ്യം മറ്റൊരു പോര്‍മുഖത്താണ് കാണുന്നത്. ഹരിയാനയിലെ കുപ്രസിദ്ധമായ ദുരഭിമാനഹത്യകള്‍ക്കെതിരായ പോരാട്ടം വിജയകരമായി നയിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായി. കഴിഞ്ഞമാസം ബിഹാറിലെ ബോധ്ഗയയില്‍ ചേര്‍ന്ന അസോസിയേഷന്‍ പത്താം ദേശീയസമ്മേളനം പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ജഗ്മതി തന്റെ പോരാട്ട അനുഭവങ്ങള്‍ പങ്കുവച്ചു. ഡല്‍ഹിയില്‍ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ജഗ്മതിയുടെ ജീവിതാനുഭവങ്ങളിലേക്ക്. പോരാട്ടം പ്രബലശക്തികളോട് ഹരിയാനയില്‍ 1985ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഘടകം രൂപീകരിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസം നേടിയവരും തൊഴിലെടുക്കുന്നവരും സ്വന്തം തീരുമാനപ്രകാരം ജീവിതപങ്കാളിയെ കണ്ടെത്തിയവരും ആയിരുന്നു. അതുകൊണ്ടുതന്നെ സാമൂഹികപ്രശ്നങ്ങളില്‍ ആര്‍ജവത്തോടെ ഇടപെടാനുള്ള ചിന്താസ്വാതന്ത്ര്യവും സാമ്പത്തികസ്വാതന്ത്ര്യവുമുണ്ടായി. പ്രണയവിവാഹം ചെയ്യുന്ന ദമ്പതികളുടെ അരുംകൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നേ ലഭിച്ചിരുന്നു. ഇതിനെതിരെ പൊരുതാന്‍ അസോസിയേഷന്‍ നിശ്ചയിച്ചെങ്കിലും മുന്നോട്ടുനീങ്ങുന്നത് ദുഷ്കരമായിരുന്നു. സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളാണ് ദുരഭിമാനഹത്യകള്‍ക്കു പിന്നില്‍. മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളുടെയും പൊലീസിന്റെയും പിന്തുണ അവര്‍ക്കുണ്ട്. ഇത്തരം ഹത്യകളെക്കുറിച്ച് ആഴത്തില്‍ നിരീക്ഷിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഗോത്രപരമായ അഭിമാനത്തിന്റെ പേരിലാണ് ദുരഭിമാനഹത്യകള്‍ നടക്കുന്നതെങ്കിലും കൂടുതല്‍ കൊലകളും സംഭവിക്കുന്നത് സവര്‍ണജാതിയില്‍പ്പെട്ട പെണ്‍കുട്ടികളും ദളിതരോ ഭൂരഹിതരോ ആയ യുവാക്കളും തമ്മില്‍ പ്രണയവിവാഹം നടക്കുമ്പോഴാണ്. ഇതേപ്പറ്റി ഖാപ് പഞ്ചായത്തുകളുടെ (ഗോത്രാധികാരസഭ) നേതാക്കളോട് സംസാരിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ""ഇതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കല്ല. നെഹ്റുവിനാണ്. പെണ്‍കുട്ടികള്‍ക്ക് കുടുംബസ്വത്തില്‍ അവകാശം നല്‍കുന്ന ബില്‍ കൊണ്ടുവന്നത് നെഹ്റുവാണ്."" പക്ഷേ, ഈ മറുപടിയില്‍നിന്ന് ദുരഭിമാനഹത്യകളുടെ യഥാര്‍ഥ കാരണം പുറത്തുവന്നു. പ്രണയവിവാഹംചെയ്യുന്ന പെണ്‍കുട്ടി കുടുംബസ്വത്തിന്റെ ഓഹരി ചോദിക്കുമെന്ന ഭീതിയില്‍നിന്നാണ് അരുംകൊലകള്‍. വര്‍ഗം, ജാതി, ലിംഗപദവി എന്നിവയില്‍ ആധിപത്യം നിലനിര്‍ത്താനാണ് ഖാപ് പഞ്ചായത്തുകള്‍ ദുരഭിമാനഹത്യകള്‍ നടത്തുന്നത്. അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന ബോധം സമൂഹത്തിലില്ല. പൊലീസുകാരാകട്ടെ വന്‍ തുക കോഴവാങ്ങാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കുന്നു. ഏതെങ്കിലും പെണ്‍കുട്ടി പ്രണയവിവാഹം ചെയ്തെന്ന പരാതി കിട്ടിയാല്‍ പൊലീസുകാര്‍ക്ക് വലിയ ഉത്സാഹമാണ്. അവര്‍ തിരക്കിട്ട് അന്വേഷിച്ച് പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കും. കോടതികളും ഇത്തരം കേസുകളില്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് എടുക്കുക. പെണ്‍കുട്ടികളെ മഹിളാമന്ദിരത്തിലേക്കോ മറ്റോ മാറ്റാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പിന്നീട് ഇവരുടെ മരണവാര്‍ത്തയാണ് കേള്‍ക്കുക. പൊലീസുകാര്‍ പണംവാങ്ങി കേസൊതുക്കും.

പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് ചമച്ച് കോടതിയില്‍ ഹാജരാക്കി അവരെ വിവാഹംകഴിച്ചവരെ ബലാത്സംഗക്കേസില്‍ കുടുക്കുന്ന സംഭവങ്ങളുമേറെ. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന നില. എന്നാല്‍, ഞങ്ങള്‍ പിന്മാറാന്‍ തയ്യാറായില്ല. ഭീഷണികള്‍ ഞങ്ങള്‍ക്കുനേരെ നിരന്തരം ഭീഷണി ഉയര്‍ന്നു. ഞാന്‍ ജോലി ചെയ്തിരുന്ന സര്‍വകലാശാലയിലേക്ക് കത്തുകളും ഇ-മെയിലുകളും വന്നിരുന്നു. സമൂഹം അംഗീകരിച്ച ആചാരത്തെ വെല്ലുവിളിക്കുന്ന സ്ത്രീയെ അധ്യാപികയായി തുടരാന്‍ അനുവദിക്കരുതെന്നായിരുന്നു ഖാപ് നേതാക്കളുടെയും അനുകൂലികളുടെയും പ്രധാന ആവശ്യം. വധഭീഷണിപോലും പലപ്പോഴും ഉണ്ടായി. ഒഴുക്കിനെതിരെയാണ് ഞങ്ങള്‍ നീന്തിയത്.

സോണിയ-രാംപാല്‍ സംഭവം ഇതിനിടെ 2000ല്‍ ഉണ്ടായ സോണിയ-രാംപാല്‍ സംഭവത്തോടെയാണ് അസോസിയേഷന്റെ ഇടപെടലിന് ഫലം കണ്ടുതുടങ്ങിയത്. പ്രണയവിവാഹംചെയ്ത സോണിയയെയും രാംപാലിനെയും ബന്ധുക്കള്‍ പിടികൂടി ഖാപ് പഞ്ചായത്തിനുമുമ്പാകെ ഹാജരാക്കി. അപ്പോള്‍ സോണിയ നാലുമാസം ഗര്‍ഭിണിയായിരുന്നു. ഇരുവരും പരസ്പരം രാഖി കെട്ടി സഹോദരിയും സഹോദരനുമായി മാറണമെന്നും അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകണമെന്നും ഉത്തരവുണ്ടായി. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടു. ഖാപ് പഞ്ചായത്തിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് സോണിയയും രാംപാലും അതേ ഗ്രാമത്തില്‍ ദമ്പതികളായി കഴിയുമെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കി. അസോസിയേഷന്റെ സഹായത്തോടെ ദമ്പതികള്‍ കോടതിയെ സമീപിച്ചു. സോണിയക്കും രാംപാലിനും ദമ്പതികളായി കഴിയാന്‍ എല്ലാ അവകാശവുമുണ്ടെന്നും ഖാപ് പഞ്ചായത്ത് ഇവരെ ഉപദ്രവിക്കരുതെന്നും ചണ്ഡീഗഢ് ഹൈക്കോടതി വിധിച്ചു. ഇതോടെ പല യുവദമ്പതികളും അസോസിയേഷന്‍ പ്രവര്‍ത്തകരെ സമീപിക്കാന്‍ തുടങ്ങി. ഇവരുടെ സംരക്ഷണത്തിനായി കഴിയുന്നത്ര സഹായം അസോസിയേഷന്‍ നല്‍കി. എന്നാല്‍, ജാതിമേധാവികളും അവര്‍ക്ക് ഒത്താശചെയ്യുന്ന ഭരണവ്യവസ്ഥയും തീരെ വഴങ്ങിയില്ല. സ്ത്രീകള്‍ ജീവിതപങ്കാളിയെ സ്വന്തം തീരുമാനപ്രകാരം കണ്ടെത്തുന്ന സ്ഥിതി വരുന്നത് സമൂഹത്തില്‍ തങ്ങളുടെ അധികാരം ഇല്ലാതാക്കുമെന്ന് ജാതിശക്തികള്‍ ഭയക്കുന്നു.

സ്ത്രീകളുടെ ശരീരത്തിന്മേലുളള നിയന്ത്രണം നിലനിര്‍ത്തുന്നതിലൂടെ തങ്ങളുടെ അധികാരവും സമ്പത്തും സംരക്ഷിക്കാമെന്ന് ജാതിമേധാവികളും അവരുടെ കൂട്ടാളികളായ രാഷ്ട്രീയപാര്‍ടികളും കരുതുന്നു. മനോജ്-ബബ്ലി കേസ് ഇത്തരത്തില്‍ പ്രതികൂല സാഹചര്യത്തില്‍ അസോസിയേഷന്‍ പോരാട്ടം തുടരവെയാണ് 2007ല്‍ മനോജ്-ബബ്ലി ദമ്പതികളെ ഖാപ് പഞ്ചായത്ത് നിര്‍ദേശിച്ചപ്രകാരം വധിച്ച കേസില്‍ പ്രതികള്‍ക്ക് നീതിപീഠം വധശിക്ഷ നല്‍കിയത്. ബബ്ലിയുടെ കുടുംബമാണ് ഖാപ് പഞ്ചായത്തിനെ സമീപിച്ചത്. ഇവര്‍ കോടതിയെയും സമീപിച്ചു. എന്നാല്‍, തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായവരാണെന്നും ബബ്ലി ഹരിയാനയിലെ കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിവാഹശേഷം മനോജും ബബ്ലിയും ഡല്‍ഹിയിലായിരുന്നു. കോടതിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പൊലീസ് അകമ്പടിയില്‍ ദമ്പതികള്‍ മടങ്ങി. എന്നാല്‍, വഴിമധ്യേ പൊലീസുകാര്‍ അപ്രത്യക്ഷരായി. ദമ്പതികള്‍ സഞ്ചരിച്ച ബസ് തടഞ്ഞ് അക്രമിസംഘം അവരെ തട്ടിക്കൊണ്ടുപോയി വധിച്ചു. ദമ്പതികളെ വധിച്ച കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ദുരഭിമാനഹത്യക്കേസില്‍ വധശിക്ഷ വിധിച്ചത് ആദ്യമായാണ്. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും ദുരഭിമാനഹത്യക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഖാപ് പഞ്ചായത്ത് തീരുമാനത്തിന്റെ പേരില്‍ ചെയ്തുവരുന്ന ക്രൂരതകള്‍ ശിക്ഷാര്‍ഹമാണെന്ന ധാരണ സമൂഹത്തില്‍ അതോടെ ഉണ്ടായി. എന്നാല്‍, ഈ ക്രൂരത ഫലപ്രദമായി തടയുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയിട്ടില്ല. ബില്‍ സംബന്ധിച്ച് മഹിളാ അസോസിയേഷന്‍ തയ്യാറാക്കിയ കരട് ശുപാര്‍ശ ദേശീയ വനിതാ കമീഷന് സമര്‍പ്പിച്ചിട്ട് നാലുവര്‍ഷമായി. ഒന്നും ഉണ്ടായില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിനായി മന്ത്രിതല സമിതിയെ നിയോഗിച്ചു. ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയായിരുന്നു അധ്യക്ഷന്‍. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി പോയശേഷം ഈ സമിതിക്ക് നായകനില്ല. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ശിക്ഷാര്‍ഹമാക്കുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പോരാട്ടം തുടരുന്നു.

*
സാജന്‍ എവുജിന്‍ ദേശാഭിമാനി

Monday, December 2, 2013

ലൈംഗിക പീഡനത്തിന്റെ പ്രശ്നങ്ങള്‍ തെഹല്‍ക്കാ കേസ്

ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ തെഹല്‍ക്കാ മാഗസിനിലെ തെന്‍റ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച മുഖ്യപത്രാധിപരായ തരുണ്‍ തേജ്പാലിന്നെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്ത ഗോവാ പൊലീസും ഗവണ്‍മെന്‍റും ചെയ്തത് ശരിയായ നടപടി തന്നെയാണ്. ലൈംഗികമായ അതിക്രമങ്ങള്‍ നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാണ്; പൊതുസ്ഥലങ്ങളില്‍വെച്ച് അത്തരം കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന വിവരം ലഭിച്ചാല്‍ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്‍റിനുണ്ട്. സ്ത്രീകളുടെയും പ്രാന്തവല്‍ക്കരിയ്ക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടി പലപ്പോഴും വാദിയ്ക്കാറുള്ള പ്രസിദ്ധീകരണമാണ് തെഹല്‍ക്ക. അതിനാല്‍ അതിന്റെ ആരാധകര്‍, അതിന്റെ ധാര്‍മികവും നൈതികവുമായ അധഃപതനത്തില്‍ ഞെട്ടുകയും കുപിതരാവുകയും ചെയ്തു; മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിനുവേണ്ടി എന്തു ചെയ്യണമെന്നാണോ തെഹല്‍ക്ക ആവശ്യപ്പെട്ടുകൊണ്ടിരുന്നത്, അതുതന്നെ സ്വന്തം കാര്യത്തിലും തെഹല്‍ക്ക ചെയ്യണം എന്നും അവര്‍ ആവശ്യപ്പെട്ടു.

അതിക്രമത്തിന്റെ സ്വഭാവം വെച്ചുനോക്കുമ്പോള്‍, ഇത്തരം കുറ്റത്തിന്നിരയായ സ്ത്രീക്ക് അതിനെപ്പറ്റി സംസാരിയ്ക്കാന്‍ കഴിയുമോ, ആവലാതിപ്പെടാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചാണ്, മിക്കപ്പോഴും അതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒന്നാണ് ഹീനമായ ഈ കുറ്റകൃത്യവും എന്നത്, അതിനാല്‍ ഞെട്ടിപ്പിയ്ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. അതിന് പല കാരണങ്ങളുമുണ്ട്. സാമൂഹ്യമായ അപമാനം, ഭീതിജനകമായ നിയമനടപടികള്‍, ഉദ്യോഗസ്ഥന്മാരുടെ ശത്രുതാപരമായ നിലപാട്, കേസ് നടത്തിക്കൊണ്ടു പോകുന്നതിന്റെ വിഷമത്തില്‍നിന്ന് ഇരയെ സംരക്ഷിയ്ക്കണം എന്ന് ആഗ്രഹിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നിരുല്‍സാഹിപ്പിയ്ക്കുന്നത് - കുറ്റകൃത്യത്തെ നിശ്ശബ്ദമാക്കിത്തീര്‍ക്കുന്നതിന് പലപ്പോഴും നിര്‍ബന്ധിതമാക്കുന്ന ഘടകങ്ങളില്‍ ചിലത് ഇവയൊക്കെയാണ്. ഫലത്തില്‍ കുറ്റവാളികള്‍ക്ക് ഗുണകരമായിത്തീരുന്നതാണ് ഇവയൊക്കെ.

തൊഴിലെടുക്കുന്ന സ്ത്രീകളുടെ കാര്യത്തില്‍, ലൈംഗികമായി ദ്രോഹിച്ച വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ""ഇര""യെങ്കില്‍, കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതുതന്നെ, മിക്കപ്പോഴും പ്രയാസകരമായിത്തീരുന്നു. കാരണം അങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റെല്ലാറ്റിനും പുറമെ ""ഇര""യുടെ ഉപജീവനമാര്‍ഗം ഇല്ലാതായിത്തീരുന്നതിനും കാരണമായേയ്ക്കും എന്ന ആശങ്ക നിലനില്‍ക്കുന്നു. ഏതാണ്ടെല്ലാ കേസുകളിലും സംഭവിക്കുന്നത് ഇതാണ്. തെന്‍റ മേലുദ്യോഗസ്ഥന്നെതിരായി ലൈംഗികപീഡനത്തെക്കുറിച്ച് പരാതി ഉന്നയിയ്ക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീക്ക്, തൊഴില്‍ നഷ്ടപ്പെടുന്നു. തെഹല്‍ക്കയിലെ യുവ പത്രപ്രവര്‍ത്തക, തനിക്ക് നേരെയുണ്ടായ കുറ്റകൃത്യത്തെക്കുറിച്ച്, സ്ഥാപനത്തിലെ രണ്ടാം സ്ഥാനക്കാരിയായ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അസാമാന്യമായ ധൈര്യം കാണിച്ചു. എന്നാല്‍ ആ യുവതി ആരിലാണോ വിശ്വാസം അര്‍പ്പിച്ചത്, അവര്‍ ആ യുവതിയെ നിരാശപ്പെടുത്തുകയാണുണ്ടായത്. ആ യുവതിയുടെ പരാതി കൈപ്പറ്റിയ ഷോമാ ചൗധരി, തേജ്പാല്‍ നടത്തിയ മാപ്പപേക്ഷ എന്ന പ്രഹസനം അംഗീകരിച്ചുകൊണ്ട്, കുറ്റകൃത്യത്തെ വെള്ളപൂശുന്നതിനാണ് തുനിഞ്ഞത്; തേജ്പാല്‍ സ്വയം തീരുമാനിച്ച്, സ്വയം നടപ്പാക്കിയ, ആറുമാസക്കാലം പദവിയില്‍നിന്ന് സ്വയം ഒഴിഞ്ഞുനില്‍ക്കുക എന്ന നടപടി അംഗീകരിക്കുകയും ചെയ്തു. എന്നു മാത്രമല്ല, ""ആവശ്യപ്പെട്ടതിനേക്കാള്‍ എത്രയോ അധികമാണത്"" എന്ന അന്യായമായ പ്രസ്താവന നടത്തിക്കൊണ്ട്, ഷോമ തെന്‍റ തീരുമാനത്തെ സ്വയം ന്യായീകരിക്കുകയും ചെയ്തു.

തേജ്പാല്‍ മാപ്പു പറയുക മാത്രമല്ല ചെയ്തത്, മറിച്ച് ആറ് മാസക്കാലം മുഖ്യ പത്രാധിപ സ്ഥാനം വഹിയ്ക്കുകയില്ല എന്ന പ്രായശ്ചിത്തം കൂടി അതിനൊപ്പമുണ്ടല്ലോ എന്നാണ് അവരുടെ വാദം. ജയിലില്‍ അടയ്ക്കപ്പെട്ട മറ്റ് ബലാല്‍സംഗ കുറ്റവാളികള്‍ക്ക് ഈ സമീപനത്തിന്റെ ആനുകൂല്യം ലഭിയ്ക്കുകയാണെങ്കില്‍, അവര്‍ തങ്ങളുടെ ഇരകളുടെ വീട്ടുവാതിലില്‍ വരിവരിയായി നില്‍ക്കും; മാപ്പിരക്കും; ഏതാനും മാസക്കാലത്തെ പ്രായശ്ചിത്തത്തിനും തയ്യാറാവും. എത്രയെന്തൊക്കെയായാലും, നിയമനടപടികള്‍ നേരിട്ട്, താന്‍ ചെയ്ത കുറ്റത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിയ്ക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണല്ലോ, തന്നെ ഇഷ്ടപ്പെടുന്ന സ്നേഹിതന്മാര്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രായശ്ചിത്തം ചെയ്യുന്നത്! കുറ്റം ബലാല്‍സംഗമാണ് ഒരു കാര്യം സംശയരഹിതമായി നാം മനസ്സിലാക്കണം: ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡിലെ 375 ബി വകുപ്പില്‍ (ഒന്നാം വിശദീകരണമടക്കം) ബലാല്‍സംഗത്തിന് നല്‍കുന്ന നിര്‍വചനം അനുസരിച്ച്, ഇരയുടെ പരാതി വെച്ചു നോക്കുമ്പോള്‍, പ്രതി ചെയ്ത കുറ്റം ബലാല്‍സംഗമാണ്; കുറ്റം തെളിയിയ്ക്കപ്പെടുകയാണെങ്കില്‍ പ്രതിക്ക് ചുരുങ്ങിയത് ഏഴുവര്‍ഷം ജയില്‍ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണത്. എന്നുതന്നെയല്ല ഭേദഗതി ചെയ്യപ്പെട്ട നിയമം അനുസരിച്ച്, ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (2) (എഫ്) വകുപ്പ് അനുസരിച്ച് ""ബലാല്‍സംഗം ചെയ്യുന്നത് ബന്ധുവോ രക്ഷിതാവോ അധ്യാപകനോ വിശ്വസ്ത സ്ഥാനത്തോ അധികാരസ്ഥാനത്തോ ഇരിക്കുന്ന വ്യക്തിയോ ആണെങ്കി""ലും 376 (2) (കെ) വകുപ്പനുസരിച്ച് ""സ്ത്രീയ്ക്ക് മേല്‍ നിയന്ത്രണമോ ആധിപത്യമോ ചെലുത്താന്‍ കഴിയുന്ന സ്ഥാനത്തിരിക്കുന്ന ആളാണ് സ്ത്രീയ്ക്ക് നേരെ ബലാല്‍സംഗക്കുറ്റം ചെയ്യുന്നതെങ്കിലും"" ആ കുറ്റകൃത്യം കൂടുതല്‍ ഗൗരവസ്വഭാവത്തോടുകൂടിയ ബലാല്‍സംഗമായി കണക്കാക്കപ്പെടുന്നതാണ്; അതിനുള്ള ശിക്ഷ ചുരുങ്ങിയത് പത്ത് വര്‍ഷമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. തെഹല്‍ക്കാക്കേസിന് ഈ വകുപ്പുകള്‍ ബാധകമാകുന്നതാണ്.

കുറ്റകൃത്യത്തിന്റെ ഗൗരവം മറ്റൊരു വിധത്തിലും മറച്ചുവെയ്ക്കാന്‍ തെഹല്‍ക്ക ശ്രമിയ്ക്കുകയുണ്ടായി. നിരവധി ചാനലുകളില്‍ ചര്‍ച്ചയ്ക്കെത്തിയ ചില വനിതാ പ്രവര്‍ത്തകരും വനിതാ അഭിഭാഷകരും അവരുടെ തെറ്റായ വാദങ്ങളിലൂടെ വഞ്ചനാപരമായ ഈ അഭ്യാസത്തില്‍ പങ്കാളികളായിത്തീരുകയും ചെയ്തു. ജോലി സ്ഥലങ്ങളിലെ ലൈംഗികപീഡനത്തിന്റെ കാര്യത്തില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ സ്ഥാപനത്തിനകത്തുതന്നെയുള്ള ഒരു കമ്മിറ്റിയ്ക്ക് വിടുന്നതാണ് പരാതിക്കാരിക്കു തന്നെ സ്വീകാര്യമാവുക എന്ന വാദമാണത്. നിയമത്തിന്നനുസരിച്ചുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് പരാജയപ്പെട്ടതിനാല്‍ നിയമത്തിനുതന്നെ വലിയ ദൗര്‍ബല്യമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തെഹല്‍ക്കയില്‍ അത്തരമൊരു കമ്മിറ്റി ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ അവര്‍ അത്തരമൊന്നുണ്ടാക്കി. യുവപത്രപ്രവര്‍ത്തകയുടെ പരാതി പരിഹരിക്കുന്നതിനുള്ള തെഹല്‍ക്കയുടെ തീവ്ര ശ്രമമായി, ഇത് പൊക്കിക്കാണിയ്ക്കപ്പെട്ടു.

2013 ലെ നിയമത്തിന്റെ പരിധി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന ലൈംഗികപീഡന (തടയലും നിരോധിയ്ക്കലും പരിഹാരവും) നിയമം 2013 എന്ന ഈ നിയമം സുപ്രീംകോടതിയുടെ വിശാഖക്കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരു കോടതിയിലെ കേസിന്റെ ദീര്‍ഘമായ നടപടിക്രമങ്ങളൊന്നുമില്ലാതെ സ്ത്രീ ജീവനക്കാര്‍ക്ക് വളരെ വേഗത്തില്‍ നീതി ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്- ഇന്ത്യന്‍ പീനല്‍ കോഡിലെ ""ലൈംഗികമായ ഉപദ്രവത്തിന്നെതിരായ"" വകുപ്പില്‍ വരുന്ന, അത്ര തന്നെ കടുപ്പമല്ലാത്ത ലൈംഗികദ്രോഹം സംബന്ധിച്ച കേസുകളാണിവ. ""ശാരീരികമായ അടുപ്പം"" അഥവാ ""നീക്കം"", ""ലൈംഗികമായ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ഥന"", ""ലൈംഗികച്ചുവയുള്ള പ്രസ്താവങ്ങള്‍"" എന്നിങ്ങനെയുള്ള ""ലൈംഗിക ഉപദ്രവങ്ങളെ""ക്കുറിച്ച്, ആ നിയമത്തിലുള്ള നിര്‍വചനങ്ങളില്‍നിന്ന് അത് വ്യക്തമാണ്. അവയൊക്കെ സ്വയം കുറ്റകൃത്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ബലാല്‍സംഗം എന്ന കുറ്റകൃത്യത്തോളം കടുത്തതല്ല താനും. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രധാനമായിട്ടുള്ളത്, സിവില്‍ പരിഹാരം കാണുന്നതിന് ഉദ്ദേശിച്ചുകൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ള ഈ നിയമത്തില്‍, ഇതിനുകീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ നേരിട്ട് കേസെടുക്കാവുന്ന ഗണത്തില്‍പെടുന്നവയല്ല എന്ന വകുപ്പ് ഉണ്ട് എന്നുള്ളതാണ്.

2013 ലെ ഈ നിയമത്തിലെ 27 (1) വകുപ്പ് ഇങ്ങനെ അനുശാസിക്കുന്നു: ""അപമാനിതയായ സ്ത്രീയുടെയോ അഥവാ സ്ഥാപനത്തിനുള്ളിലെ കമ്മിറ്റിയുടെയോ രേഖാമൂലമുള്ള പരാതിയില്ലെങ്കില്‍, ഈ നിയമത്തിന്‍കീഴില്‍ ശിക്ഷാര്‍ഹമായ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഒരു കോടതിയും കേസെടുക്കേണ്ടതില്ല"". എന്നുതന്നെയല്ല, ഈ നിയമത്തിന്‍കീഴില്‍ വരുന്ന ഓരോ കുറ്റകൃത്യവും ""നേരിട്ട് കേസെടുക്കേണ്ടതല്ലാത്തവയാകുന്നു"" എന്നും 27 (3) വകുപ്പ് പ്രത്യേകം എടുത്തു പറയുന്നുണ്ട്. തെഹല്‍ക്കാക്കേസില്‍ കാണുന്ന പോലെയുള്ള, നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യത്തില്‍ സ്വമേധയാ കേസെടുക്കാനുള്ള സ്റ്റേറ്റിന്റെ നിര്‍ബന്ധിത ചുമതലയെ അസാധുവാക്കുന്നതായി കണക്കാക്കാന്‍ കഴിയുന്ന, അര്‍ഥവ്യക്തതയില്ലാത്ത വകുപ്പുകളാണ് ഇവ. പ്രസക്തമായ ബലാല്‍സംഗവിരുദ്ധ നിയമങ്ങളിലെ വകുപ്പുകള്‍ അനുസരിച്ച് വിചാരണ ചെയ്യപ്പെടേണ്ട ബലാല്‍സംഗം പോലെയുള്ള, സ്വയം കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുടെ കടുപ്പം കുറയ്ക്കുന്നതിനുള്ള ഉപകരണമായി ഈ നിയമം മാറുകയാണെങ്കില്‍, നീതി ലഭിയ്ക്കുന്നതിനുവേണ്ടി തൊഴിലെടുക്കുന്ന സ്ത്രീകള്‍ നടത്തുന്ന സമരം പരിഹാസ്യമായിത്തീരും. ഇത്തരമൊരു കേസ്, സ്ഥാപനത്തിനുള്ളിലെ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കില്‍, അത് ഇരയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയായിരിക്കുകയില്ല; മറിച്ച് കുറ്റവാളിയെ രക്ഷിക്കുന്നതിനുവേണ്ടിയായിരിക്കും. പക്ഷേ, കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നതിനുള്ള ശ്രമങ്ങളെ, തുടര്‍ന്നുള്ള സംഭവങ്ങള്‍ തകിടം മറിച്ചിരിക്കുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്യപ്പെട്ടതോടെ നിയമപ്രക്രിയ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സ്വന്തം തീരുമാനവും നിയമവും പരാതിക്കാരിയ്ക്ക് സ്വന്തം തീരുമാനം കൈക്കൊള്ളാനുള്ള കഴിവുണ്ട്, അതുകൊണ്ട് കുറ്റകൃത്യത്തെക്കുറിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട എന്ന് അവര്‍ തീരുമാനിക്കുകയാണെങ്കിലോ, അഥവാ നീതി നേടാന്‍ മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുകയാണെങ്കിലോ, അതുമല്ലെങ്കില്‍ നിശ്ശബ്ദത പാലിയ്ക്കുകയാണെങ്കില്‍ത്തന്നെയോ, അത് അവളെ മാത്രം ബാധിയ്ക്കുന്ന കാര്യമാണ്, അതിനെ മാനിയ്ക്കണം എന്നതാണ്, ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ തെഹല്‍ക്ക സ്വീകരിച്ച നടപടിയെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിയ്ക്കുന്ന ന്യായവാദം. തന്നെ ദ്രോഹിച്ചവന്നെതിരെ കൈക്കൊള്ളേണ്ട നടപടിയുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ബലാല്‍സംഗത്തിന്നിരയായ യുവതി സ്വയം തീരുമാനിക്കുന്നതിനെക്കുറിച്ച് ഊന്നിപ്പറയുമ്പോള്‍ ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്: വിവിധ നിയമങ്ങളെക്കുറിച്ച് അവള്‍ക്ക് പൂര്‍ണമായ അറിവുണ്ടോ? കാര്യങ്ങളെക്കുറിച്ച് സമഗ്രമായി ചിന്തിയ്ക്കാനുള്ള, പരാതി പറയാന്‍ പൊലീസിനെ സമീപിയ്ക്കാതിരിയ്ക്കുന്നതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിയ്ക്കാനുള്ള സമയമുണ്ടോ? ലൈംഗികപീഡനത്തെക്കുറിച്ചുള്ള 2013ലെ നിയമം കടുപ്പം കുറഞ്ഞ കുറ്റകൃത്യങ്ങളെക്കുറിച്ചാണ് പറയുന്നത് എന്ന് അവള്‍ക്കറിയാമോ?

തനിക്കുനേരെയുണ്ടായ കുറ്റകൃത്യവുമായി യാതൊരുവിധത്തിലും യോജിയ്ക്കാത്ത ശിക്ഷയാണ് ആ നിയമത്തിന്‍കീഴില്‍ നല്‍കപ്പെടുന്നത് എന്ന് അവള്‍ക്കറിയാമോ? തെന്‍റ ജോലി നിയമംവഴി സംരക്ഷിയ്ക്കപ്പെടുന്നുണ്ട് എന്ന് അവള്‍ക്ക് അറിയാമോ? നീതിയ്ക്കുവേണ്ടി പോരാടുന്നതിന് ഏറ്റവും നല്ല നിയമോപദേശവും പിന്തുണയും ആണോ അവള്‍ക്ക് ലഭിച്ചിട്ടുള്ളത്? അറിവിെന്‍റ അത്തരമൊരു ചട്ടക്കൂടില്ലെങ്കില്‍, ഇരയ്ക്ക് സ്വയമായി കഴിവുണ്ട് എന്ന വാദഗതിയുടെ പ്രയോഗം ഒടുവില്‍ ചെന്നെത്തുക, ബലാല്‍സംഗവിരുദ്ധ നിയമത്തിന്‍കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നതില്‍നിന്ന് പ്രതിയ്ക്ക് സംരക്ഷണകവചം തീര്‍ക്കപ്പെടുന്നതിലാണ്. ഗുജറാത്തിനെപ്പറ്റി ഇതിന്നൊരു രാഷ്ട്രീയ മാനം കൂടിയുണ്ട്. ഭാരതീയ ജനതാ പാര്‍ടിയുടെ അഴിമതികളെയും വഴിവിട്ട നടപടികളെയും തുറന്നു കാണിക്കുന്നതിന് തെഹല്‍ക്കയുടെ സ്റ്റിങ് ഓപ്പറേഷന് കഴിഞ്ഞിട്ടുണ്ട് എന്നതിനാല്‍, ഇപ്പോഴത്തെ കേസ്, തിരിച്ചടിയ്ക്കുന്നതിനുള്ള ഒരു അവസരം ബിജെപിയ്ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ആ പാര്‍ടി പ്രയോഗിയ്ക്കുന്ന ഇരട്ടത്താപ്പ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നുണ്ട്.

ഈ കേസില്‍ ബിജെപി ഭരിക്കുന്ന ഗോവാ ഗവണ്‍മെന്‍റ് സ്വയം കേസെടുക്കുകയാണെങ്കില്‍, ബിജെപി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ അതേ വിധത്തിലുള്ള ഉല്‍സാഹം കാണിയ്ക്കാത്തതെന്താണ്? അവിടെ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരിചയമുള്ള ഒരു യുവതിയെ, അദ്ദേഹത്തിന്റെ കല്‍പനപ്രകാരം, നിയമത്തെയാകെ ലംഘിച്ചുകൊണ്ട്, ഭീകരവിരുദ്ധ സ്ക്വാഡിെന്‍റ ഊര്‍ജിതമായ നിരീക്ഷണത്തിന് വിധേയയാക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുണ്ടല്ലോ. നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റകൃത്യം തന്നെയാണിത്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമത്തിലെ 5.2 വകുപ്പും ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡിലെ 354 (ഡി) (2) വകുപ്പും (ഒരു സ്ത്രീയെ വേട്ടയാടുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പാണിത്) ലംഘിയ്ക്കുന്നതിന് ഗവണ്‍മെന്‍റ് എഫ്ഐആര്‍ ഫയല്‍ ചെയ്യേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യം വ്യത്യസ്തമാണെങ്കിലും രണ്ടും സ്വയം കേസെടുക്കാവുന്ന കുറ്റങ്ങളാണ്. അതുകൊണ്ട് ഗോവയിലും ഗുജറാത്തിലും ഒരേ നിയമ പ്രക്രിയ തന്നെയാണ് പ്രയോഗത്തില്‍ വരുത്തേണ്ടത്.

*
വൃന്ദാ കാരാട്ട് ചിന്ത 06 ഡിസംബര്‍ 2013

Thursday, November 28, 2013

സ്ത്രീവേട്ടക്കാരെ ചങ്ങലയ്ക്കിടണം

സ്ത്രീത്വം ചവിട്ടിയരയ്ക്കപ്പെടുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നു. കൂട്ടബലാത്സംഗങ്ങള്‍, തൊഴിലിടങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഗൃഹങ്ങളിലെയും ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളോടുള്ള മേധാവിത്വമനോഭാവം, ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തല്‍, കപടസദാചാരവാദികളുടെ പീഡനങ്ങളും അപമാനപ്പെടുത്തലും, വസ്ത്രധാരണത്തില്‍പോലും അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍, പെണ്‍ഭ്രൂണഹത്യ- ഇങ്ങനെ നാനാമുഖമായ ആക്രമണങ്ങള്‍ക്കാണ് ഇന്ത്യയിലെ സ്ത്രീകള്‍ ഇരയാകുന്നത്. സിപിഐ എം ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഈ പ്രശ്നത്തെ സവിസ്തരം പ്രതിപാദിക്കുന്നു. ""ലൈംഗികവസ്തുക്കള്‍ എന്ന നിലയില്‍ സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സംസ്കാരങ്ങളെ നവ ഉദാരവല്‍ക്കരണം പെരുപ്പിക്കുകയാണ്. പുതിയ പുതിയ രൂപങ്ങളിലുള്ള ചൂഷണവും സൈബര്‍ കുറ്റങ്ങള്‍പോലെയുള്ള ഭീഷണിപ്പെടുത്തലുകളും വര്‍ധിച്ചുവരുന്നു. ഇവയെ കൈകാര്യംചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാകട്ടെ തികച്ചും അപര്യാപ്തമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദമ്പതികളെ ദുരഭിമാനത്തിന്റെ പേരില്‍ കൊലപ്പെടുത്തുന്നത് എന്നിവയുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കിടക്കുന്ന, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുമുള്ള നിയമങ്ങളും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമവും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാര്‍ലമെന്റില്‍ കൊണ്ടുവരാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒട്ടേറെ ഉറപ്പുകള്‍ പറഞ്ഞിട്ടും, ദുരഭിമാന ഹത്യകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.."" (2.83)

വിശാഖ കേസില്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിപ്രസ്താവം വന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമം യാഥാര്‍ഥ്യമായിരിക്കുന്നു. 2013 ഏപ്രിലില്‍ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരമായി. എന്നാല്‍, ചട്ടങ്ങള്‍ക്ക് ഇതുവരെ രൂപമായില്ല. തൊഴിലെടുക്കുന്ന സ്ത്രീകള്‍ അനുദിനം നേരിടുന്ന ഒരു സുപ്രധാന പ്രശ്നത്തോട് സര്‍ക്കാര്‍ കാട്ടുന്ന താല്‍പ്പര്യമില്ലായ്മ ഇതില്‍നിന്ന് വ്യക്തം. ഈയിടെ പുറത്തുവന്ന രണ്ട് സംഭവങ്ങള്‍ വിഷയത്തിന്റെ ഗൗരവാവസ്ഥ വെളിവാക്കുന്നതാണ്. ഒന്ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുമായി ബന്ധപ്പെട്ടതും അടുത്തത് തെഹല്‍ക വാരികയുടെ മുന്‍ ചീഫ്എഡിറ്ററുമായി ബന്ധപ്പെട്ടതുമാണ്. വിവിധ കേന്ദ്രങ്ങളുടെ ഏറ്റവും ഉന്നതങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥ ബോധ്യപ്പെടുത്തുന്ന ഈ രണ്ട് സംഭവങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇരകളായ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്താനാകും വിധം നിയമപരമായി സ്ഥാപിതമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം. സ്ത്രീകള്‍ തുടര്‍ച്ചയായി ലൈംഗിക ചൂഷണം അനുഭവിക്കേണ്ടിവരുന്നതിന്റെ മുഖ്യകാരണം ഇതാണ്. മാത്രമല്ല പരാതി ഉയര്‍ത്തിയാല്‍ കടുത്ത പകപോക്കലിന് ഇരയാകപ്പെടും എന്നതിനു പുറമെ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്.

കരട് നിയമത്തിന് ഒട്ടനവധി ഭേദഗതികള്‍ വിവിധ വനിതാ സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ പലതും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും പൈശാചികമായ ഒരു വകുപ്പ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. വ്യാജപരാതിയാണെങ്കില്‍ പരാതിക്കാര്‍ക്കും സാക്ഷികള്‍ക്കുമെതിരെ അധികൃതര്‍ക്ക് നടപടികളുമായി മുന്നോട്ടുപോകാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഈ വകുപ്പ്. വിശാഖ ഉത്തരവിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഈ വ്യവസ്ഥ. കള്ള സാക്ഷിമൊഴികളോ വ്യാജപരാതികളോ നേരിടുന്നതിനുള്ള വ്യവസ്ഥകള്‍ മറ്റ് നിയമങ്ങളിലൊന്നുമില്ല. ഈയൊരു നിയമത്തില്‍മാത്രം ഇത്തരമൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിക്കുന്നത് നിശ്ചയമായും ഇരകളെ ഭയപ്പെടുത്തുകയും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയുംചെയ്യും. മാത്രമല്ല, പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട അന്വേഷണനടപടികള്‍ എങ്ങനെ വേണമെന്ന് പ്രധാന നിയമത്തില്‍ വ്യവസ്ഥചെയ്യുന്നില്ല. അതെല്ലാം ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനായി വിട്ടിരിക്കയാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെ വേണം അന്വേഷണ നടപടികള്‍ പുരോഗമിക്കേണ്ടത്. അല്ലാതെ വകുപ്പുതല അന്വേഷണങ്ങളുടെ നടപടികളെ യാന്ത്രികമായി പിന്തുടരുകയല്ല. കൃഷിയിടം, അസംഘടിത മേഖലയിലെ മറ്റ് തൊഴിലിടങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ജോലിയെടുക്കുന്ന വിവിധ മേഖലകള്‍ തൊഴലിടങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന വിവേചനവുമുണ്ട്. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഈ പോരായ്മകള്‍ പരിഹരിക്കപ്പെടണം.

എത്രയും വേഗം ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹാര സമിതികള്‍ക്ക് രൂപം നല്‍കുന്ന നടപടി വേഗത്തിലാക്കുകയും വേണം. നിയമത്തിന് പരമാവധി പ്രചാരം നല്‍കുകയും പരാതികളോട് പ്രതികരിക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം. സ്ത്രീകള്‍ക്ക് നിര്‍ഭയം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടാത്തത് മാനവികമൂല്യങ്ങളുടെ നിരാസംതന്നെയാണ്. സമൂഹത്തിലെ അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ശക്തിയുക്തം പോരാടുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീത്വം എങ്ങനെ കൈകാര്യംചെയ്യപ്പെടുന്നു എന്നതിനുദാഹരണമാണ് തെഹല്‍ക സംഭവം. ആതുര ശുശ്രൂഷയടക്കമുള്ള മറ്റു പല മേഖലകളിലുമെന്നപോലെ അനേകം സ്ത്രീകള്‍ ജോലിചെയ്യുന്നതാണ് മാധ്യമരംഗം. മുംബൈയില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായത് ഈയിടെയാണ്. തെഹല്‍കയില്‍ ഉയര്‍ന്ന പരാതി ആ സ്ഥാപനത്തിന്റെ അധിപന്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി എന്നാണ്. രാവും പകലും ഭേദമില്ലാതെ വാര്‍ത്താശേഖരണത്തിന് എവിടെയും കയറിച്ചെല്ലാന്‍ നിര്‍ബന്ധിതരാകുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പോരാട്ടം നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പത്രാധിപന്മാര്‍തന്നെ സഹപ്രവര്‍ത്തകരായ വനിതകളെ വേട്ടയാടിപ്പിടിക്കുന്ന അനുഭവം അമ്പരപ്പിക്കുന്നതാണ്. തീര്‍ച്ചയായും, സ്ത്രീകളുടെ മാത്രം പ്രശ്നമല്ലിത്. മാധ്യമ രംഗത്ത് ഒതുക്കിക്കാണേണ്ട പ്രശ്നവുമല്ല. സമൂഹമാകെ ഉത്തരവാദിത്തബോധത്തോടെ ഏറ്റെടുക്കേണ്ട വിഷയമാണ്. വനിതാ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമസ്ഥാപനങ്ങളുമടക്കം യോജിച്ച് പ്രതികരിക്കേണ്ട വിഷയവുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, November 4, 2013

ശ്വേത മേനോന്‍ സംഭവം നല്‍കുന്ന സന്ദേശം

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്ന സമയമാണിത്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന അതിക്രൂരമായ ബലാത്സംഗം രാജ്യത്തെ മുഴുവന്‍ ഞെട്ടിക്കുകയും വളരെ ശക്തമായ പ്രതികരണങ്ങളുളവാക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ ഉയര്‍ന്നുവന്ന ഈ പ്രക്ഷോഭങ്ങള്‍ ഇത്തരത്തിലുള്ള അതിക്രമങ്ങളെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകളിലേയ്ക്ക് നയിച്ചു. സ്ത്രീപീഡനങ്ങളെ തടയുന്ന നിയമ നിര്‍മാണത്തിലേയ്ക്കും (ആന്റി റേപ്പ് ബില്‍ - 2013) മറ്റു നീതിന്യായ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുതകുന്ന അടിയന്തര മാര്‍ഗങ്ങളിലേയ്ക്കും ഭരണകൂടം നീങ്ങുകയുണ്ടായി. തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന ബില്ലും ഈ വര്‍ഷം തന്നെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. ഡല്‍ഹി പ്രത്യേക കോടതി 9 മാസം കൊണ്ട് ഈ കേസിലെ ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനും നമ്മള്‍ സാക്ഷികളായി.

ഈ പ്രക്രിയകളൊക്കെ നടന്നുകൊണ്ടിരിക്കുമ്പോഴും ഇതിലും ക്രൂരമായ പീഡനങ്ങള്‍ നമ്മുടെ മുമ്പില്‍ കൂടി കടന്നുപോയി. ഹരിയാനയില്‍ ദളിത് പെണ്‍കുട്ടി വളരെ ക്രൂരമായി ബലാത്സംഗത്തിലൂടെ കൊല്ലപ്പെടുകയുണ്ടായി. ബിഹാറില്‍ ട്രെയിനില്‍ യാത്രചെയ്തിരുന്ന യുവതിയെ വലിച്ചിറക്കി ബലാത്സംഗം ചെയ്തുകൊന്നു. എന്തിനേറെ പറയണം നമ്മുടെ മുമ്പില്‍ കഴിഞ്ഞയാഴ്ച അക്‌സ എന്ന പിഞ്ചോമന അമ്മയുടെ കാമുകന്മാരാല്‍ വളരെ ക്രൂരമായ ലൈംഗിക പീഡനത്തിലൂടെ കൊല്ലപ്പെടുകയുണ്ടായി. യാത്രാവേളകളിലും പൊതുസ്ഥലങ്ങളിലും കുടുംബങ്ങള്‍ക്കുള്ളിലും അതിക്രമ വിധേയരാവുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. പൊതുയിടങ്ങള്‍ സ്ത്രീ സൗഹാര്‍ദ്ദപരമാകണണെന്ന് അടിവരയിട്ടു പറയുമ്പോഴും അതിനു വിപരീതമായ അനുഭവങ്ങള്‍ എന്നും നമുക്ക് നേരിടേണ്ടി വരുന്നു.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി 'സാംസ്‌ക്കാരിക - രാഷ്ട്രീയ' പ്രബുദ്ധ കേരളം അതീവ ജാഗ്രതയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയം പ്രസക്തമാവുന്നത്. പ്രമുഖ നടി ശ്വേത മേനോന്‍ കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കവേ ആ പൊതുപരിപാടിയില്‍വച്ച് പ്രമുഖനായ രാഷ്ട്രീയനേതാവ് തന്നെ സഭ്യമല്ലാത്ത രീതിയില്‍ ശല്യപ്പെടുത്തി എന്ന് പരാതി പറഞ്ഞത്. ഈ പരിപാടിയില്‍ വച്ച് തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ ജില്ലയുടേയും പരിപാടിയുടേയും പ്രധാന ചുമതലയുള്ള ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സാംസ്‌ക്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാണ് കൊല്ലത്തെ പ്രമുഖനായ ജനപ്രതിനിധിയില്‍ നിന്നും തനിക്കുണ്ടായതെന്നാണ് ശ്വേത പറയുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതുമുതല്‍ മടങ്ങി പോകുന്നതുവരെ ഈ വ്യക്തി തന്റെ ഒപ്പം നടന്ന് ശല്യം ചെയ്തതായി അവര്‍ പറഞ്ഞു. തനിക്കുണ്ടായ ഈ ദുരനുഭവം അവര്‍ മാധ്യമങ്ങളോട് പറഞ്ഞ സമയം മുതല്‍ ആ പരിപാടിയുടെ ദൃശ്യങ്ങള്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സൂക്ഷ്മമായി കാണിക്കുവാന്‍ തുടങ്ങി. ഈ ദൃശ്യങ്ങള്‍ അവിടെ എന്താണ് നടന്നതെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലുള്ളതായിരുന്നു.

എന്നാല്‍ പൊടുന്നനെ അവര്‍ ഉയര്‍ത്തിയ ഈ ആരോപണങ്ങളെ കീറിമുറിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ വിവിധയിടങ്ങളില്‍ നിന്നുണ്ടായി. എന്നത്തേയും പോലെ കുറ്റാരോപിതന്‍ അത് നിഷേധിക്കുന്നു, അതിനു പിന്തുണയുമായി നേതാവിന്റെ രാഷ്ട്രീയ-വ്യക്തി ചരിത്രം മുഴുവന്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തെ സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകകരും. ഇത്രയധികം പ്രായമുള്ള എല്ലാവരും ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ നേതാവില്‍ നിന്നും ഇങ്ങനെ ഒരനുഭവം ചിന്തിക്കാന്‍പോലും ആവില്ല എന്നായിരുന്നു പ്രതികരണങ്ങളേറെയും. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് നേതാവ് ശ്വേതയുടെ അടുത്ത് നിന്ന് അവരെ മറ്റുള്ളവരില്‍ നിന്ന് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നു വിശദീകരണം. വളരെയധികം വാത്സല്യത്തോടെ അവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്ന 'രാഷ്ട്രീയ അപ്പൂപ്പന്റെ' തലോടലായി അതിനെ വ്യാഖ്യാനിക്കുവാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ മത്സരിക്കുകയായിരുന്നു. ഇത്തരം ഒരു പൊതുവേദിയില്‍ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്ന പൊതുവികാരവും ഉണ്ടായി.മറുവശത്ത് തന്റെ തൊഴിലില്‍ വ്യത്യസ്തമായ അഭിനയശേഷി കൊണ്ട് വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് തയ്യാറായ ശ്വേതയെ മോശം സ്ത്രീയായി വ്യാഖ്യാനിക്കുന്നതിനുള്ള മത്സരങ്ങളും കാമവും പ്രണയവും മാതൃത്വവും വാര്‍പ്പുമാതൃകകളായി നിലനില്‍ക്കുന്ന സമൂഹത്തില്‍ അതിനെ തന്റെ അഭിനയത്തിലൂടെ പൊളിച്ചെഴുതിയ സ്ത്രീയായത് കൊണ്ട് അവളെ ആക്രമിക്കാന്‍ തയാറായി നില്‍ക്കുന്ന നിരവധിപേരെ സോഷ്യല്‍ മീഡിയകളിലൂടെ കാണാന്‍ കഴിഞ്ഞു. അവളിതല്ല ഇതിനപ്പുറവും പറയും എന്ന പ്രതികരണങ്ങളായിരുന്നേറെയും.
കേരള സമൂഹത്തിന്റെ പൊതുഅവസ്ഥയെയാണ് ഈ വാദഗതികളെല്ലാം തുറന്ന് കാട്ടുന്നത്. തനിക്ക് അന്യപുരുഷനില്‍ നിന്ന് ഉണ്ടാവുന്ന സ്പര്‍ശനങ്ങള്‍ ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിയുന്നതിനുള്ള സാമാന്യബോധം ഏതു സ്ത്രീക്കുമുണ്ട്. പിതൃവാത്സല്യത്തെ ലൈംഗിക ചേഷ്ടയായി വ്യാഖ്യാനിക്കേണ്ട ഒരു സാഹചര്യവുമിവിടെ ഇല്ല. 'അപര'യോട് ഇടപെടേണ്ട നൈതിക ബോധമാണ് ഇവിടെ പ്രശ്‌നം. ആ നൈതികതയെ അവളുടെ അഭിനയശേഷിയുടെ പ്രതിഫലനങ്ങളുമായി കൂട്ടിയോജിപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ട വികാരമായി ഇവിടെ വ്യാഖ്യാനിക്കാം. കുറച്ചു കൂടി വിശദീകരിച്ചാല്‍ ഇത്രയധികം 'പ്രലോഭിപ്പിച്ച സ്ത്രീ' നേരിട്ട് അടുത്ത് വരുമ്പോള്‍ ഉണ്ടായ വികാരം. സിനിമാ നടിമാരെ പൊതുപരിപാടികളില്‍ കാണുമ്പോള്‍ കേരളത്തിലെ പൊതുജനം കാണിക്കുന്ന ആവേശം - അവരെ തൊടാനും തലോടാനും - ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌ക്കറോട് കാണിച്ച വികാരവും ഇത് തന്നെ.

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെയും മറ്റ് പൊതുബോധങ്ങളിലൂടെയും രൂപപ്പെടുന്ന ഉപഭോഗതൃഷ്ണയുടെ ഒരു മുഖമാണിവിടെ വ്യക്തമാകുന്നത്. സ്ത്രീയുടെ ലൈംഗികതയെ അമിതമായി സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക അധിനിവേശ തന്ത്രമാണിത്. അതിക്രമങ്ങളുടെ മനഃശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോള്‍ പലപ്പോഴും അതിനെ 'ഞരമ്പു രോഗമായി' കണ്ട് നിരന്തരമായി തള്ളിക്കളയാന്‍ നമ്മുടെ സമൂഹം താല്‍പര്യപ്പെടുന്നു. എന്നാല്‍ നഷ്ടപ്പെടുന്ന സാമാന്യ ബന്ധങ്ങളുടെ കുത്തൊഴുക്കില്‍ ആണ്‍കോയ്മയുടെയും സ്ത്രീശരീരത്തിന്റെ 'മാദകത്വത്തിന്റെയും' എല്ലാറ്റിനെയും ലാഭമായി രൂപപ്പെടുത്തുന്ന ചട്ടക്കൂട്ടിലേക്കുള്ള സംയോജനമാണ് നടക്കുന്നത് എന്ന വിശകലനം ഉണ്ടാവുന്നില്ല.

അവിടെ വീണ്ടും സ്ത്രീയുടെ സംരക്ഷകര്‍ തലപൊക്കുകയാണ്. സ്ത്രീയെ സംരക്ഷിക്കേണ്ടവരായി കാണാനാണ് പൊതുവേ താല്‍പര്യം. നിര്‍ദ്ദയമായി യാത്ര ചെയ്യാനോ, പൊതു ഇടങ്ങളില്‍ ഇടപെടുന്നതിനോ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ സ്വാഭിമാനത്തോടെ പങ്കാളിയാവുന്നതിനോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സംരക്ഷണ സ്വഭാവം സ്ത്രീയുടെ മുന്നോട്ട്‌പോക്കിന് തന്നെ ഭീഷണിയാണ്. കഴുകന്റെ കണ്ണുകളുമായി തന്നെ കാത്തു നില്‍ക്കുന്നവര്‍ തന്റെ ചുറ്റിനും എപ്പോഴും ഉണ്ടെന്ന പൊതുവികാരമാണ് സ്ത്രീയെ ഈ ഭയത്തിലേക്ക് നയിക്കുന്നത്. മറ്റൊരാളുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് തെറ്റാണ് എന്ന ബോധം എന്നാണ് ഇനി ഉണ്ടാവുക? സ്വന്തം ശരീരത്തിന്മേല്‍ തനിക്കുള്ള അവകാശം ഉറപ്പിച്ചുകൊണ്ട് തനിക്ക് താല്‍പര്യമില്ലാത്ത രീതിയില്‍ ഉണ്ടാവുന്ന ചേഷ്ടകളോട് പ്രതികരിക്കുക ഏതൊരു സ്ത്രീയുടേയും മൗലികാവകാശമാണ്. അത് പലപ്പോഴും പൊതുസമൂഹം അംഗീകരിക്കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളില്‍ ചെന്നെത്തുന്നത്.

ഇരകളാക്കപ്പെട്ട സ്ത്രീയുടെ പ്രതികരണങ്ങളെ പലപ്പോഴും സംശയാസ്പദമായി നോക്കിക്കൊണ്ട് അവരെ 'മോശം' സ്ത്രീകളായി ചിത്രീകരിക്കുന്ന സാഹചര്യങ്ങളാണ് നാം പലപ്പോഴും കാണുന്നത്. കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട സൂര്യനെല്ലി, വിതുര, കവിയൂര്‍ , ഐസ്‌ക്രീംപാര്‍ലര്‍ തുടങ്ങിയ ലൈംഗിക പീഡനക്കേസുകള്‍ തന്നെ നമ്മുടെ മുമ്പില്‍ ഉദാഹരണങ്ങളാണ്. വളരെ നീചമായി  ബലാത്സംഗം ചെയ്യപ്പെട്ട ഈ പെണ്‍കുട്ടികളെല്ലാം തന്നെ ഇന്നും 'നീതി' തേടി അലയുകയാണ്. സ്ത്രീസംഘടനകളോ സാമൂഹ്യ സംഘടനകളോ ഒക്കെ ഈ വിഷയം ഉയര്‍ത്തിയെങ്കിലും അര്‍ഹിക്കപ്പെട്ട ശിക്ഷ ഈ പീഡകര്‍ക്കൊന്നും നല്‍കുന്നതിന് നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇതില്‍ കുബുദ്ധികളായിട്ടുള്ളവരുടെ അധികാരം, രാഷ്ട്രീയ പിന്തുണ, തുടങ്ങിയവ പലപ്പോഴും ഈ കേസുകളെ വളച്ചൊടിച്ച് കൊണ്ട് ഇരകളെ വീണ്ടും ശിക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ്. അവസാനം തളരാതെ ധൈര്യപൂര്‍വം പൊരുതുന്നവര്‍ എത്ര പേരുണ്ടാവും?
ഇന്നലെ തന്നെ ശ്വേത ഈ ആരോപണങ്ങളുമായി എത്തിയപ്പോള്‍ മുതല്‍ അതിനെ ഖണ്ഡിച്ചുകൊണ്ട് അവരുടെ ആത്മവിശ്വാസം കെടുത്തുന്ന പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ കുറ്റാരോപിതനായ നേതാവിന്റെ രാഷ്ട്രീയപിന്‍ബലം അവരുടെ സ്ത്രീസംഘടനാ നേതാക്കള്‍ക്കുപോലും അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യതയുളവാക്കി. പ്രബുദ്ധ കേരളം ആശങ്കയോടെ നോക്കിക്കാണുന്ന അവസ്ഥകളാണിത്. കക്ഷി രാഷ്ട്രീയ ചട്ടക്കൂടിനപ്പുറത്തുനിന്നും ജനസംഖ്യയില്‍ പാതിയിലേറെ വരുന്ന സ്ത്രീകളുടെ അവകാശങ്ങളെ ചര്‍ച്ച ചെയ്യേണ്ട ബാധ്യത ജനാധിപത്യ ഭരണസംവിധാനത്തിനില്ലേ! ഭരണകൂടത്തിനില്ലേ! ഇത്രയധികം കോലാഹലം ഉണ്ടായിട്ടും പരാതിവരട്ടേ, ഞങ്ങള്‍ അന്വേഷിക്കാം എന്ന് പറയുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. താന്‍ കളക്ടറോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്നു പറയുമ്പോള്‍ അത് നിഷേധിക്കുന്ന കളക്ടര്‍, ഏറ്റവും അവസാനം അതീവ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞു എന്നും പറഞ്ഞുകൊണ്ട് പരാതിയില്‍ നിന്ന് പിന്മാറിയ ശ്വേത മേനോന്‍! കേരളത്തിനെന്തെങ്കിലും അഭിമാനിക്കാനുണ്ടോ ഇതില്‍.

സ്ത്രീകളുടെ സുരക്ഷയേയും അവകാശങ്ങളേയും കുറിച്ച് സംസാരിക്കുമ്പോള്‍ മാത്രം കാണുന്ന ഈ നിസംഗതയ്ക്ക് എന്താ മറുപടി പറയുക. സ്ത്രീയെ രണ്ടാം തരമായി കാണുന്ന ഒരു സമൂഹത്തിനും സ്ത്രീയുടെ കുറ്റങ്ങളെ മുഴപ്പിച്ചുകൊണ്ട് ഘോരഘോരമായി സംസാരിക്കുവാന്‍ യാതൊരു മടിയുമില്ല. ഈ അടുത്തകാലത്ത് പലതരത്തിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കുറേ സ്ത്രീകളെ കേരള സമൂഹം ആഘോഷിച്ചു. സ്ത്രീകള്‍ അതില്‍ പ്രധാന പ്രതികളായതുകൊണ്ട് സാമാന്യത്തിലധികം 'സെന്‍സേഷണലിസം' ഈ സംഭവങ്ങളിലെല്ലാമുണ്ടായി. എന്നാല്‍ കുറ്റവാളികളെ കുറ്റവാളികളായി തന്നെ കാണുന്നതിനും സ്ത്രീപുരുഷഭേദമെന്യേ ശിക്ഷിക്കുന്നതും ആരും പ്രശ്‌നമാക്കില്ല. സ്ത്രീകളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ഇത്തരം പ്രവണതകളെ നഖശിഖാന്തം എതിര്‍ക്കുക തന്നെ വേണം. അതേസമയം സ്ത്രീകളെല്ലാവരും കുഴപ്പക്കാരാണെന്ന് പറയുന്ന സാമൂഹ്യബോധത്തെയും എതിര്‍ക്കേണ്ടതുണ്ട്.

സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഇവിടെ തന്റെ നേരെ നടന്ന മോശമായ പെരുമാറ്റങ്ങളെക്കുറിച്ച് പരാതി പറഞ്ഞത്. എന്നാല്‍ അവര്‍ക്കുപോലും പിടിച്ചു നില്‍ക്കാനാവാത്ത സമ്മര്‍ദ്ദമുണ്ടായി പരാതി പന്‍വലിക്കേണ്ടി വന്നു എന്നുള്ളത് സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണുണര്‍ത്തുന്നത്.
നിയമം പാലിക്കേണ്ടവര്‍ തന്നെ പീഡകരായി മാറുന്ന സാഹചര്യങ്ങളും നമ്മുടെ മുമ്പില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ ഈ വര്‍ഷം 'ബലാത്സംഗ വിരുദ്ധ' (ആന്റി റേപ്) ബില്‍ പാസാക്കുന്ന നിയമനിര്‍മാണ സഭയില്‍ പങ്കാളിയായ 'ബഹുമാനപ്പെട്ട' പാര്‍ലമെന്റ് അംഗം തന്നെ പ്രതിയാക്കപ്പെടുമ്പോള്‍ നിയമവ്യവസ്ഥകള്‍ക്ക് സ്ത്രീകളെ രക്ഷിക്കാനാകുമോ?

തങ്ങളുടെ തൊഴിലിന്റെ ഭാഗമായും മറ്റ് ആവശ്യങ്ങള്‍ക്കുമായി ധാരാളം യാത്ര ചെയ്യേണ്ടിവരുന്ന ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരുന്ന, പൊതുസ്ഥലങ്ങളില്‍ ഇടപെടേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നു. തദ്ദേശസ്വയംഭരണസ്ഥാപങ്ങളില്‍ 50 ശതമാനം സ്ത്രീപങ്കാളിത്തം, കുടുംബശ്രീ പോലെയുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങള്‍-ഇവയെല്ലാം സ്ത്രീകളുടെ പൊതുരാഷ്ട്രീയ പങ്കാളിത്തം കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പുരുഷനോടൊപ്പം എല്ലായിടത്തും തുല്യമായി ഇടപെട്ടുകൊണ്ട് തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ മുമ്പിലുണ്ട്. പരസ്പര വിശ്വാസത്തോടെ ബഹുമാനത്തോടെ ഇടപെടേണ്ട സഹപ്രവര്‍ത്തകരില്‍ നിന്നും ഒരു സ്ത്രീയും മോശം പെരുമാറ്റം ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ അവകാശങ്ങളും നിലനില്‍പ്പും കേവലം കക്ഷിരാഷ്ട്രീയ പ്രശ്‌നമായല്ല മറിച്ച് മനുഷ്യന്റെ നിലനില്‍പിനു സാധ്യമാകേണ്ട രാഷ്ട്രീയ വിഷയസംവാദമാണുണ്ടാകേണ്ടത്.

തുല്യതയോടെ, സഹജീവിയായി, മനുഷ്യരായി സ്ത്രീകളെ കാണുന്നതിനും അവരുടെ കഴിവുകളെ ബഹുമാനിക്കുന്നതിനും അവരുടെ വളര്‍ച്ച സാധ്യമാക്കുന്ന പൊതുഇടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സാംസ്‌ക്കാരിക - രാഷ്ട്രീയ പരിവര്‍ത്തനം ഇവിടെ സാധ്യമാവുമോ? ഈ ഒരു പരിവര്‍ത്തനത്തിന്റെ ഉള്‍ക്കാഴ്ച എല്ലാവരിലും നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയിലേയ്ക്ക് നമുക്ക് ഇനിയെങ്കിലും മനഃപൂര്‍വം നീങ്ങാം. ആ പ്രക്രിയയില്‍ കണ്ണിചേരാന്‍ ഇവിടുത്തെ സ്ത്രീപ്രസ്ഥാനങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്.

*
സോണിയ ജോര്‍ജ് (ലേഖിക സേവായൂണിയന്റെ സംസ്ഥാന സെക്രട്ടറിയാണ്)

ജനയുഗം