Showing posts with label സ്മരണ. Show all posts
Showing posts with label സ്മരണ. Show all posts

Sunday, March 6, 2011

കണ്ണന്‍നായരെ സ്മരിക്കുമ്പോള്‍

സഖാവ് കണ്ണന്‍നായര്‍ അന്തരിച്ചിട്ട്2011 മാര്‍ച്ച് ആറിന് 21 വര്‍ഷം പിന്നിടുന്നു. വടക്കേമലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണന്‍നായര്‍ മരണമടയുമ്പോള്‍ 'ദേശാഭിമാനി'യുടെ അമരക്കാരനായിരുന്നു. കേരളത്തില്‍ മറ്റേത് പത്രത്തേക്കാളും ബഹുജനപിന്തുണയാര്‍ജിച്ച പത്രമാണ് ദേശാഭിമാനി. സ്വാതന്ത്ര്യസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നല്‍കാനാണ് ദേശാഭിമാനി പ്രവര്‍ത്തിച്ചത്. 1939ല്‍ പരസ്യപ്രവര്‍ത്തനം ആരംഭിച്ച കമ്യൂണിസ്റ്പാര്‍ടിയുടെ പില്‍ക്കാല വളര്‍ച്ചയുടെയും സംഭാവനകളുടെയും ചരിത്രം ദേശാഭിമാനിയുടെ ചരിത്രംകൂടിയാണ്. ജന്മി-നാടുവാഴി അടിച്ചമര്‍ത്തലുകള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവരെയും ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെ ദേശീയപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ആശയപരവും സംഘടനാപരവുമായ നേതൃത്വം ദേശാഭിമാനി നല്‍കി. കേരളത്തെ പിടിച്ചുകുലുക്കിയ കര്‍ഷക-കമ്യൂണിസ്റ് മുന്നേറ്റങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍, അമതിതാധികാര വാഴ്ചയ്ക്കും വര്‍ഗീയ വിപത്തിനുമെതിരായ ചെറുത്തുനില്‍പ്പുകള്‍- ഇവയിലെല്ലാം നേതൃപരമായ പങ്കാളിത്തമാണ് ദേശാഭിമാനിക്ക് വഹിക്കാനായത് എന്ന് അഭിമാനപുരസ്സരം പറയാനാകും.

ഇന്ന് ദേശാഭിമാനിക്ക് കേരളത്തിനകത്ത് ഏഴ് എഡിഷനുണ്ട്. ഗള്‍ഫ് നാടുകളിലേക്ക് ബഹ്റൈനില്‍നിന്ന് പത്രം പ്രസിദ്ധീകരിക്കുന്നു. ഇന്ത്യക്കകത്ത് ബംഗളൂരു നഗരത്തില്‍നിന്ന് പത്രം അച്ചടിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വര്‍ധനയ്ക്കനുസൃതമായി സംസ്ഥാനത്തിനകത്ത് ഓരോ ജില്ലയിലും പുതിയ എഡിഷനുകള്‍ ആരംഭിക്കാനുള്ള വളര്‍ച്ചയിലേക്കാണ്. ശാസ്ത്ര-സാങ്കേതികരംഗത്തെയും മാധ്യമമേഖലയിലെയും മാറ്റങ്ങളും വളര്‍ച്ചയും ഉള്‍ക്കൊണ്ട് ദേശാഭിമാനി പുതിയ തലത്തിലേക്കുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് പ്രചാരത്തില്‍ മൂന്നാമത് നില്‍ക്കുന്ന പത്രമാണിത്. എന്നാല്‍, പുതിയ വായനക്കാരെ ആര്‍ജിക്കുന്നതില്‍ ദേശാഭിമാനി ഒന്നാംസ്ഥാനത്തുതന്നെയാണ്. മാത്രമല്ല, മറ്റേതു പത്രത്തേക്കാളും കൂടുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ പ്രാപ്തിയുള്ള പത്രവുമാണിത്. കാലാനുസൃത മാറ്റങ്ങളുള്‍ക്കൊണ്ട് സമ്പൂര്‍ണ ദിനപത്രമായി ഉയര്‍ന്ന

ദേശാഭിമാനിയുടെ നാള്‍വഴിയില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതംതന്നെ സമര്‍പ്പിച്ച സഖാവ് കണ്ണന്‍നായരുടെ സംഭാവന അതുല്യമാണ്. തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം എല്ലാ സൂക്ഷ്മതലങ്ങളിലും കൃത്യതയോടെനിര്‍വഹിച്ച് കമ്യൂണിസ്റുകാരന്റെ സന്നദ്ധതയ്ക്കുമുമ്പില്‍ ഏത് ഉത്തരവാദിത്തവും വഴങ്ങുമെന്നു തെളിയിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രാഥമിക വിദ്യാഭ്യാസംമാത്രമുള്ള സഖാവിന് പത്രരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍കൈവരിക്കാന്‍ കഴിഞ്ഞത് വിപ്ളവബോധവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറുംകൊണ്ടാണ്. എണ്ണമറ്റ തൊഴിലാളി-കര്‍ഷക പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം തികഞ്ഞവിപ്ളവകാരിയായി മാറിയത്. 1943ല്‍ പാര്‍ടി അംഗമായി. 1948ലെ മെയ്ദിനത്തില്‍ മുനയന്‍കുന്നില്‍ നടന്നസായുധപൊലീസിന്റെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുനയന്‍കുന്ന് പോരാട്ടത്തിലെജീവിക്കുന്ന രക്തസാക്ഷിയായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. പൊലീസ് മര്‍ദനംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1946ല്‍കരിവെള്ളൂര്‍ കേസില്‍ പ്രതിയായ സഖാവിനെപൊലീസ് ക്രൂരമായി മര്‍ദിച്ചു. അന്നും തടവറയില്‍കിടക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950ല്‍ ഏതാനുംമാസം സഖാവിനെ ജയിലിലടച്ചു.പിന്നീട് 1964ല്‍ 16 മാസം ജയിലില്‍ കഴിയേണ്ടിവന്നു.

ദേശാഭിമാനിയുടെ ചുമതലക്കാരനെന്ന നിലയില്‍ കൊച്ചിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയതോടെ, പത്രത്തിന്റെ വളര്‍ച്ചയായി സഖാവിന്റെ ഏക ലക്ഷ്യം. കണ്ണന്‍നായര്‍ ത്യാഗപൂര്‍വം വളര്‍ത്തിയ ദേശാഭിമാനിഇന്ന് ബഹുദൂരം മുന്നോട്ടുപോയി. 1990 മാര്‍ച്ച് ആറിന് കണ്ണന്‍നായര്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ദേശാഭിമാനിക്ക് കൊച്ചിയിലും കോഴിക്കോട്ടുംതിരുവനന്തപുരത്തുമാണ് എഡിഷന്‍ ഉണ്ടായിരുന്നത്. സഖാവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ സമീപനം ഈ മുന്നേറ്റത്തിന്റെ പ്രധാന പ്രേരകശക്തിയാണ്.

കലുഷമായ സമകാലിക മാധ്യമ-രാഷ്ട്രീയ ഭൂമികയില്‍ ദേശാഭിമാനിയുടെ പ്രസക്തി വളരെ വലുതാണ്. രാജ്യത്തെ തകര്‍ക്കുന്ന ജനവിരുദ്ധസാമ്പത്തിക നയങ്ങള്‍ക്കെതിരെയും ജനകീയ വികസനമാര്‍ഗത്തിനുവേണ്ടിയുംനിരന്തരം പോരാടുന്ന പത്രമാണ് ദേശാഭിമാനി.വന്‍ പ്രചാരം അവകാശപ്പെടുന്ന പ്രമുഖ മലയാളപത്രങ്ങള്‍ വര്‍ഗീയതയുടെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും പ്രചാരകരായി മാറിയപ്പോള്‍,ഒഴുക്കിനെതിരെ നീന്തിയാണ് ദേശാഭിമാനി വളര്‍ന്നത്. വാര്‍ത്താവിനിമയരംഗത്തെ സാങ്കേതികശേഷി, ധാര്‍മിക-രാഷ്ട്രീയ അന്തരീക്ഷം മികവുറ്റതാക്കാനും സാമൂഹ്യപുരോഗതിയെ ഉത്തേജിപ്പിക്കാനും ഉപയോഗിക്കുന്നതിനു പകരം ആശയപരമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സിപിഐ എമ്മിനെ ലക്ഷ്യമിട്ടുനടക്കുന്ന ഗീബല്‍സിയന്‍ പ്രചാരണങ്ങള്‍ തുറന്നുകാട്ടാനും മഹാഭൂരിപക്ഷം ജനങ്ങളെയും നേരിന്റെ കൂടെ നിര്‍ത്താനും ദേശാഭിമാനിക്ക് ഫലപ്രദമായി സാധിക്കുന്നുവെന്നതു നിസ്സാരകാര്യമല്ല. പച്ചയായ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ തമസ്കരിച്ചും തിരസ്കരിച്ചും നിസ്സാരവല്‍ക്കരിച്ചും ജനങ്ങളെ ആലസ്യത്തിലേക്കും അരാഷ്ട്രീയത്തിലേക്കും തള്ളിയിടുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളോട് ഇഞ്ചിനിഞ്ച് പൊരുതിയാണ് ദേശാഭിമാനി മുന്നേറുന്നത്. കോര്‍പറേറ്റ് മൂലധനത്തിന്റെ സംരക്ഷകരായ കുത്തക പത്രങ്ങളും ചാനലുകളും ജനവിരുദ്ധനയങ്ങളുടെ പ്രചാരകരാവുകയും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങുകയും ചെയ്യുമ്പോള്‍, നിര്‍ഭയമായി ജനങ്ങളോട് സത്യം വിളിച്ചു പറയാന്‍ ദേശാഭിമാനിക്ക് കഴിയുന്നു.

ഇന്ന് നാം ജീവിക്കുന്ന കേരളം നേടിയ പുരോഗതിയുടെ വലിയൊരളവ് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. നിലനില്‍ക്കുന്ന പരിമിതികളെ അതിജീവിച്ച് പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഐക്യകേരള രൂപീകരണത്തിനുമുമ്പുതന്നെ കമ്യൂണിസ്റ് പാര്‍ടി ഉയര്‍ത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ നവകേരളസൃഷ്ടിക്കായി പ്രവര്‍ത്തിച്ചതുമാണ്. പുരോഗമനശക്തികള്‍ക്ക് ആഹ്ളാദം പകരുന്നതും യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് ദൈനംദിനം വന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് ഭരണത്തിന്റെ കൊള്ളരുതായ്മ എത്ര ആഴത്തിലുള്ളതാണെന്നു ബോധ്യപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് കുഞ്ഞാലിക്കുട്ടി-റൌഫ് കഥകള്‍, ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്കിനെപ്പറ്റിയുള്ള പാമൊലിന്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകള്‍, ഇടമലയാര്‍ അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്ണപിള്ള ജയിലിലടയ്ക്കപ്പട്ടത്, സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതു സംബന്ധിച്ച് പാര്‍ലമെന്റ് അംഗമായ കെ സുധാകരന്‍ നടത്തിയ പ്രസംഗം തുടങ്ങിയവ. ഇതെല്ലാം സൃഷ്ടിച്ച പ്രതിസന്ധി യുഡിഎഫിനെ കൂടുതല്‍ ദുര്‍ബലമാക്കുന്നു.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചും മതവികാരം ആളിക്കത്തിച്ചും തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാന്‍ മുന്‍കാലങ്ങളിലെപ്പോലെ യുഡിഎഫ് ശ്രമമാരംഭിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ നിദര്‍ശനമാണ്, നാദാപുരത്തിനടുത്ത് മുസ്ളിംലീഗിന്റെ ബോംബുനിര്‍മാണകേന്ദ്രത്തിലെ ഉഗ്ര സ്ഫോടനവും കൂട്ടമരണവും. കേരളത്തില്‍, ജനങ്ങളാല്‍ അങ്ങേയറ്റം വെറുക്കപ്പെട്ട യുഡിഎഫ് എല്ലാത്തരം ഹീനമാര്‍ഗങ്ങളിലൂടെയും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. എന്നാല്‍, യുഡിഎഫില്‍നിന്ന് കൂടുതല്‍ ജനങ്ങള്‍ അകലുകയും സ്വാനുഭവത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് എല്‍ഡിഎഫിനൊപ്പം അണിനിരക്കുകയുമാണ്.

ദേശീയമായി പുതിയൊരു രാഷ്ട്രീയാന്തരീക്ഷം രൂപപ്പെടുകയാണ്. കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ ഭരണത്തിലെ അഴിമതിക്കും ജനജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തികനയത്തിനുമെതിരെ ജനവികാരം ആഞ്ഞടിക്കുന്നു. ഇതുകാരണം ഭരണാധികാരിവര്‍ഗത്തിന് പഴയ രീതിയില്‍ ഭരണം തുടരാന്‍ കഴിയാതെ വന്നിരിക്കുന്നു. ദുര്‍ഭരണം പൊറുക്കാന്‍ തയ്യാറല്ലാത്ത ജനങ്ങള്‍ പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും വഴിയിലേക്ക് വന്‍തോതില്‍ എത്തുന്നു.

കേരളത്തിന്റേത് ഇതില്‍നിന്നു വ്യത്യസ്തമായചിത്രമാണ്. സമഗ്രവികസനകാഴ്ചപ്പാടും ജനക്ഷേമനടപടികളുമായി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്കുതന്നെ ബദല്‍ മാതൃകയായി. സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും നമുക്ക് കഴിയേണ്ടതുണ്ട്. അത്തരത്തില്‍ കേരള വികസനം മുന്നോട്ടുപോകണമെങ്കില്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒരു തുടര്‍ച്ച അനിവാര്യമാണ്. കഴിഞ്ഞ കാലങ്ങളില്‍ അത്തരമൊരു തുടര്‍ച്ച ഉണ്ടായില്ല എന്നതാണ് കേരളം നേരിട്ട പ്രധാനപ്പെട്ട ഒരു പ്രശ്നം. അത് തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ടതുണ്ട്. അതിനായി എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുക എന്നത് പ്രധാനപ്പെട്ട ലക്ഷ്യമായി കാണാന്‍ കഴിയണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അത്തരത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും തുടര്‍വികസന മുന്നേറ്റത്തിനുള്ള ഊര്‍ജവുമാക്കി മാറ്റാനാകണം. ഈ പ്രവര്‍ത്തനമാണ് നാടിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഏറ്റെടുക്കാനുള്ളത്.

തുടര്‍ച്ചയായ എല്‍ഡിഎഫ് ഭരണം എന്ന കേരളത്തിന്റെ സര്‍വ തലങ്ങളിലുമുള്ള ആവശ്യവും ആഗ്രഹവും സാക്ഷാല്‍ക്കരിക്കാനുള്ള ചരിത്രമുഹൂര്‍ത്തമാണ് സമാഗതമാകുന്നത്. അതിന് എല്‍ഡിഎഫ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സിപിഐ എമ്മിന്റെ സ്വതന്ത്രമായ ശക്തി കൂടുതല്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് സാമാന്യജനത്തിനിടയില്‍ പാര്‍ടി നേരിട്ട് ഊര്‍ജിതമായും വര്‍ധിച്ച തോതിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. അതോടൊപ്പം എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ടി പതാകയ്ക്കുകീഴില്‍ അണിനിരത്താന്‍ ഓരോരുത്തരും ത്യാഗപൂര്‍വം പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ. കണ്ണന്‍നായരുടെ സ്മരണ അത്തരം അവിശ്രമ പോരാട്ടത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരും.

*
ഇ പി ജയരാജന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 06 മാര്‍ച്ച് 2011

Friday, September 25, 2009

നൂറ്റാണ്ടുമുമ്പത്തെ നാടുകടത്തല്‍

സ്വദേശാഭിമാനിയെ നാടുകടത്തിയിട്ട് നൂറുവര്‍ഷം തികയുന്നു. ആ മഹാനുഭാവന്റെ ചങ്കൂറ്റത്തെ പടിയടച്ച് പിണ്ഡംവച്ചിട്ട് എത്രകാലമായി എന്ന് മാധ്യമലോകം ആത്മപരിശോധന നടത്തേണ്ട ഘട്ടംകൂടിയാണിത്. കുമ്പളത്ത് ശങ്കുപിള്ള കോണ്‍ഗ്രസുകാരനായിരുന്നു. തന്റെ ആത്മകഥയില്‍ (എന്റെ കഴിഞ്ഞകാല സ്മരണകള്‍) അദ്ദേഹം ഇങ്ങനെ എഴുതി:

"നാല്‍പ്പതുകൊല്ലംമുമ്പ് ശ്രീ കെ രാമകൃഷ്ണപിള്ളയെ ഇവിടുത്തെ അധികാരിവര്‍ഗം നാടുകടത്തി. അന്ന് അദ്ദേഹം കൊളുത്തിയിരുന്ന ദീപം പിന്‍തലമുറക്കാരായ നാം പൊലിഞ്ഞുപോകാതെ സൂക്ഷിക്കുകയും, യാതൊന്നിനെതിരായി അദ്ദേഹം സമരകാഹളം മുഴക്കിയോ ആ ദിവാന്‍ പദം എന്നേക്കുമായി അവസാനിപ്പിക്കുകയും തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിക്കുകയും ചെയ്തു. ഇവിടെ ജനകീയഭരണം സ്ഥാപിച്ച പ്രഥമവര്‍ഷത്തിലാണ് അദ്ദേഹത്തെ നാടുകടത്തി കന്നി പത്താംതീയതിയായ ഇന്ന് കണ്ണൂര്‍ കടല്‍ക്കരയില്‍നിന്ന് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഇവിടത്തെ മന്ത്രിസഭയുടെ പൂര്‍ണമായ സഹകരണം ഇക്കാര്യത്തിനുണ്ടായിരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു... ശ്രീ രാമകൃഷ്ണപിള്ളയുടെ ഭൌതികാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുവാനും, ഒരു സ്മാരകം സ്ഥാപിക്കുവാനും രണ്ട് സെന്റ് സ്ഥലം സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതെനിക്ക് ചീനി നടാനും വാഴ വയ്ക്കാനുമൊന്നുമല്ലെന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. എന്റെ അപേക്ഷയ്ക്ക് ഒരു മറുപടി തരികയെന്ന സാമാന്യമര്യാദപോലും കാണിച്ചില്ലെന്ന് ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ തരാമെന്ന് പ്രധാനമന്ത്രി പട്ടം പറഞ്ഞു. തുടര്‍ന്നുള്ള ആലോചനയ്ക്കുശേഷം അദ്ദേഹം സാധ്യമല്ലെന്നു പറഞ്ഞു. എന്ത് പ്രധാനമന്ത്രിയാണ് ഈ പട്ടമെന്ന് ഞാന്‍ ചോദിക്കുകയാണ്? ഒരു പരമാധികാരവാദമാണുപോല്‍ അദ്ദേഹത്തിനു പ്രതിബന്ധമായി നില്‍ക്കുന്നത്. ഇതെന്തൊരു ഭോഷ്കാണ്?''

സ്വദേശാഭിമാനിയുടെ പാരമ്പര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും കുറിച്ച് വീറുറ്റ വാദങ്ങളുമായി ഇന്ന് നമ്മുടെ മുന്നിലെത്തുന്ന പലരുടെയും പൂര്‍വകാലം സ്വദേശാഭിമാനിയുടെ ചിതാഭസ്മത്തെപ്പോലും സഹിക്കുന്നതായിരുന്നില്ല എന്നര്‍ഥം.

ഈശ്വരന്‍ തെറ്റുചെയ്താലും ഞാനത് റിപ്പോര്‍ട്ടുചെയ്യുമെന്നാണ് സ്വദേശാഭിമാനി പറഞ്ഞത്. ഇന്ന് ഞങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതാണ് ശരി; അതുമാത്രമാണ് ജനങ്ങള്‍ അറിയേണ്ടത് എന്ന പ്രതിജ്ഞയാണോ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രവേശനകവാടത്തില്‍ കൊത്തിവച്ചിരിക്കുന്നതെന്ന് നമുക്ക് ചിന്തിക്കാം. വിമര്‍ശനം ഞങ്ങള്‍ക്കാകാം; നുണപറച്ചില്‍ ഞങ്ങള്‍ക്കാകാം; തമസ്കരണം ഞങ്ങള്‍ക്കാകാം-ഞങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണ് സമകാലിക മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യമുദ്രാവാക്യമെന്ന് വരുന്നു. അനീതിക്കും അസത്യങ്ങള്‍ക്കുമെതിരായ യുദ്ധമായിരുന്നു സ്വദേശാഭിമാനിയിലെ പത്രാധിപരുടേതെങ്കില്‍, നീതിയെ അനീതിയാക്കാനും സത്യത്തിനുമേല്‍ അസത്യത്തെ കയറ്റിവയ്ക്കാനും പാടുപെടുന്ന പ്രവര്‍ത്തനം മാധ്യമമുഖ്യധാരയായി മാറുന്ന പുതിയ കാലം സ്വദേശാഭിമാനിയുടെ പാരമ്പര്യത്തിന്റെ വേരറുക്കുകയാണ്. രാഷ്ട്രീയതാല്‍പര്യംവെച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അതിനെ മാധ്യമ സ്വാതന്ത്ര്യത്തിന്റെപേരില്‍ ന്യായീകരിക്കുന്നതുമാണ് പുതിയ 'സ്വദേശാഭിമാനിത്വ'മെന്നതും അതാണ് കൊട്ടിഘോഷിക്കപ്പെടുന്നത് എന്നതും ലജ്ജാകരംതന്നെ.

ആ ലജ്ജയില്‍നിന്ന് മുക്തിനേടി നട്ടെല്ലുയര്‍ത്തിനില്‍ക്കാനും സത്യം സത്യമായി വിളിച്ചുപറയാനുള്ള ചങ്കൂറ്റം തിരികെപ്പിടിക്കാനുമുള്ള മാധ്യമങ്ങളുടെ പുനരാലോചനയാകട്ടെ സ്വദേശാഭിമാനിയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികാചരണം.

*
ദേശാഭിമാനി

Thursday, April 2, 2009

ചില തെരഞ്ഞെടുപ്പ് സ്മരണകള്‍

ബാലറ്റുപെട്ടിക്ക് സ്ഥാനാര്‍ഥിയുടെ ചെലവില്‍ കാവല്‍
കെ.എ. ഭാനുപ്രകാശ് (സ്വാതന്ത്ര്യ സമര സേനാനി)

പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം രാജ്യത്ത്നടന്ന 1951ലെ ആദ്യ തെരഞ്ഞെടുപ്പ്. തിരു-കൊച്ചി സംസ്ഥാനത്തെ ഇരവിപുരത്ത് മുഖ്യമന്ത്രി സി. കേശവന്‍ ലെജിസ്ളേറ്റീവ് അസംബ്ളിയിലേക്ക് മല്‍സരിക്കുന്നു(തിരു.-കൊച്ചി മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി എന്നാണ് അറിയപ്പെട്ടത്). എതിര്‍ സ്ഥാനാര്‍ഥികളിലൊരാള്‍ വ്യവസായ പ്രമുഖന്‍ വെണ്ടര്‍ കൃഷ്ണപിള്ളയായിരുന്നു. ഭരണസ്വാധീനമുപായാഗിച്ച് തിരിമറിക്ക് സാധ്യതയുള്ളതിനാല്‍ തനിക്ക് വിശ്വാസമുള്ള പോലീസുകാരെ ബാലറ്റുപെട്ടിക്ക് കാവല്‍ നിര്‍ത്തണമെന്ന ആവശ്യവുമായി കൃഷ്ണപിള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം സര്‍ക്കാര്‍ നിയോഗിക്കുന്ന പോലീസുകാരാണ് പെട്ടിക്ക് കാവല്‍ നില്‍ക്കുക. എന്നാല്‍ കൃഷ്ണപിള്ളയുടെ ആവശ്യം ന്യായമാണെന്ന് കണ്ട കമീഷന്‍ സ്വന്തം ചെലവില്‍ കാവല്‍ നിര്‍ത്താന്‍ അനുമതി നല്‍കി. ഇത് പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച തുക ട്രഷറിയില്‍ കെട്ടിവെച്ച് കൃഷ്ണപിള്ള പെട്ടിക്ക് കാവല്‍ ഏര്‍പ്പെടുത്തി. പെട്ടിപൊട്ടിച്ചപ്പോള്‍ സി. കേശവനാണ് വിജയിച്ചതെന്നത് വേറെ കാര്യം. 21വയസ് പൂര്‍ത്തിയായവര്‍ക്ക് ആയിരുന്നു അന്ന് വോട്ടവകാശം ഉണ്ടായിരുന്നത്. 104 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 440 പേരാണ് മത്സരിച്ചത്. പാര്‍ലമെന്റിലെ 12 സീറ്റിലേക്കും വോട്ടെടുപ്പ് ഉണ്ടായിരുന്നു.1951 ഡിസംമ്പര്‍ 10 ന് ആരംഭിച്ച തെരഞ്ഞെടുപ് 1952 ജനുവരി 5 നാണ് പൂര്‍ത്തിയായത്.

കണക്കുകൂട്ടല്‍ തെറ്റിച്ച വിജയം
ലോനപ്പന്‍ നമ്പാടന്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം മറക്കാന്‍ പറ്റില്ല. അന്ന് വീട്ടിലിരിക്കാമെന്ന് കരുതി. ജയിക്കാന്‍ സാധ്യതയൊന്നും കാണുന്നില്ല തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ കെ കരുണാകരന് 54,000 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലം.
മുകുന്ദപുരത്ത് ഞാന്‍ ജയിക്കുമെന്ന് സത്യം പറഞ്ഞാല്‍ കരുതിയതല്ല. ജയിക്കാന്‍ അര്‍ഹതയില്ലാഞ്ഞിട്ടല്ല. പക്ഷേ 1980നുശേഷം ഒരു കമ്യൂണിസ്റ്റുകാരനും ജയിച്ചിട്ടില്ല. എനിക്കറിയാവുന്ന കണക്കൊക്കെ കൂട്ടിയും കിഴിച്ചും നോക്കി. ഒരു രക്ഷയുമില്ല.

മാത്രമല്ല, മത്സരിക്കുന്നത് അരിവാള്‍, ചുറ്റിക, നക്ഷത്രം അടയാളത്തിലും. ചുവന്ന കൊടികാണുമ്പോഴേ ഹാലിളകുന്നവരാണ് അധികവുമെന്നായിരുന്നു ധാരണ. ഞാനാകട്ടെ ആദ്യമായാണ് ഈ ചിഹ്നത്തില്‍ മത്സരിക്കുന്നത്.

അങ്ങനെ വീട്ടിലിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ച നാട്ടുകാരില്‍ ചിലര്‍ വന്നു വിളിച്ചു. മാഷേ, വിജയാഹ്ളാദപ്രകടനം നടത്തണ്ടേ എന്നു ചോദിച്ചു. മാഷ് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. എന്നിട്ടും എനിക്ക് വിശ്വാസം പോരാ.

കുറച്ചു സമയംകൂടി കഴിഞ്ഞു. പിന്നെയും അവര്‍ വിളിച്ചു. മാഷ് വരണം എന്നു പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഇറങ്ങി. പോകുന്ന വഴിക്കൊക്കെ വിവരമറിയുന്നുണ്ടായിരുന്നു. ലീഡ് നൂറ്, ആയിരം, പതിനായിരം, 50,000 എന്നിങ്ങനെ കൂടുകയാണ്. വീണ്ടും എനിക്ക് സംശയം. ഇത് ഈ മണ്ഡലത്തിന്റെ കാര്യം തന്നെയാണോ?.

ഒടുവില്‍ ഫലം വന്നു. ഒരുലക്ഷത്തി പതിനെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം. പത്മജ പോയ വഴി കാണാനില്ല. എന്റെ വോട്ടര്‍മാരോട് ഇത്രയേറെ സ്നേഹം തോന്നിയ മറ്റൊരു നിമിഷവും ഇതിനൊപ്പം വയ്ക്കാനില്ല. ഞാനാണ് അവരെ തെറ്റിദ്ധരിച്ചത്. ആ തിരിച്ചറിവ് വല്ലാത്ത ഒരു അനുഭവമായിരുന്നു.


പനമ്പിള്ളിയുടെ വെല്ലുവിളിക്ക് 'മെഗഫോണ്‍' മറുപടി'
എം.എം.ലോറന്‍സ്

ആറു പതിറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തനത്തിനിടയില്‍ പല തെരഞ്ഞെടുപ്പിലും മത്സരിച്ചു. എന്നാല്‍, സ്ഥാനാര്‍ഥിയാകാതെതന്നെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയപ്പോഴുണ്ടായ ഒരനുഭവം രസകരമാണ്.

1948ല്‍ അന്നത്തെ കൊച്ചി രാജ്യത്തിലെ തെരഞ്ഞെടുപ്പ്. തൃപ്പൂണിത്തുറയില്‍നിന്ന് അരയന്‍കാവുവരെ നീളുന്ന കണയന്നൂര്‍ മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി അയ്യപ്പനാണ്. കല്‍ക്കത്ത തീസിസിനെത്തുടര്‍ന്ന് പാര്‍ടി നിരോധനത്തിന്റെ നിഴലിലായതുകൊണ്ട് അയ്യപ്പനെ പുലയമഹാസഭയുടെ പേരിലാണ് നിര്‍ത്തിയത്. അന്ന് വിദ്യാര്‍ഥിയായിരുന്ന ഞാന്‍, വിശ്വനാഥമേനോന്‍, പാട്ടുകാരനായിരുന്ന പി കെ ശിവദാസന്‍, എം ഐ സത്യവ്രതന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രചാരണത്തിനിറങ്ങിയത്.

ആമ്പല്ലൂരില്‍ കോണ്‍ഗ്രസിന്റെ യോഗം നടക്കുന്നു. പ്രസംഗിക്കാന്‍ മന്ത്രിമാരായ പനമ്പിള്ളി ഗോവിന്ദമേനോന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മെഗഫോണുമായി പോയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരായ ഞങ്ങള്‍ പ്രസംഗം കേള്‍ക്കാന്‍ കൂടി. കമ്യൂണിസ്റുകാര്‍ അക്രമമാര്‍ഗം സ്വീകരിച്ചവരാണെന്നായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്റെ ചുരുക്കം. റഷ്യയില്‍ മതസ്വാതന്ത്യ്രമില്ലെന്നും അവിടെ കുടുംബബന്ധമില്ലെന്നുമൊക്കെ പനമ്പിള്ളി പ്രസംഗിച്ചു. ഇതു നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന് പനമ്പിള്ളി വെല്ലുവിളിച്ചു. കൂടെയുണ്ടായിരുന്നവരുടെ വിലക്ക് ലംഘിച്ച് ഞാന്‍ മെഗഫോണിലൂടെ വിളിച്ചുപറഞ്ഞു പനമ്പിള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നെന്ന്. ഞങ്ങള്‍ക്കു പറയാനുള്ളതു കേട്ടിട്ടുവേണം പനമ്പിള്ളിയും മറ്റും പോകാനെന്നും പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായ ഈ പ്രസ്താവന കേട്ട് എല്ലാവരും ഒരു നിമിഷം പതറി. ആകെ ബഹളം. കോണ്‍ഗ്രസുകാര്‍ ഞങ്ങള്‍ക്കു നേരെ കല്ലും മണ്ണുമൊക്കെ വലിച്ചെറിഞ്ഞു. ബഹളത്തിനിടയില്‍ യോഗം പിരിച്ചുവിട്ടു. പിറ്റേ ദിവസം ഇതേ സ്ഥലത്ത് യോഗം ചേര്‍ന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു.

വോട്ടെടുപ്പിന് ഞങ്ങള്‍ ഏജന്റുമാരായിരുന്നു. പോളിങ് കഴിഞ്ഞ് ബൂത്തില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അടിക്കാന്‍ കോണ്‍ഗ്രസുകാര്‍ പദ്ധതിയിട്ടു. അതുകൊണ്ട് ബൂത്തുകളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ജാഥയായി പോകാന്‍ തീരുമാനിച്ചു. മുദ്രാവാക്യം വിളിച്ച് ജാഥയായി ഞങ്ങള്‍ പോകുന്നതുകണ്ട് ആക്രമണശ്രമം ഉപേക്ഷിച്ച് കോണ്‍ഗ്രസുകാര്‍ തിരികെപോയി.

മൂന്ന് മത്സരം ജയിലില്‍ നിന്ന്; രണ്ടില്‍ വിജയം
ഗൌരി അമ്മ

കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ ഒന്നിച്ച് സിപിഐ എമ്മായിനില്‍ക്കാനാണ് ഞാനും ടി വി തോമസും തീരുമാനിച്ചിരുന്നത്. എന്നാല്‍, എം എന്‍ ഗോവിന്ദന്‍നായരോടൊപ്പം സംസ്ഥാനകമ്മിറ്റിക്കു പോയ ടി വി മടങ്ങിയത്് സിപിഐക്കൊപ്പം നില്‍ക്കണമെന്ന തീരുമാനവുമായാണ്.

പിന്നാലെ 1965ലെ തെരഞ്ഞെടുപ്പ് വന്നു. സിപിഐ എമ്മിനൊപ്പം നിന്ന ഞാന്‍ ചൈനാചാരന്മാരുടെ പട്ടികയില്‍പെട്ട് അറസ്റ്റിലായി. ജയിലില്‍ കിടന്ന് അരൂരില്‍നിന്ന് വിജയിച്ചു. ദേവകികൃഷ്ണനെ (വയലാര്‍ രവിയുടെ അമ്മ)യാണ് പരാജയപ്പെടുത്തിയത്. സിപിഐക്ക് ഒപ്പംനിന്ന് ആലപ്പുഴയില്‍ മത്സരിച്ച ടി വി തോറ്റു.

1948ല്‍ 28-ാം വയസ്സില്‍ അരൂരില്‍നിന്നാണ് തെരഞ്ഞെടുപ്പ് മത്സരം തുടങ്ങിയത്. ജയിലില്‍ കിടന്നുള്ള ആദ്യമത്സരത്തില്‍ ഉറുമീസ് തരകനോട് തോറ്റു. 1952ല്‍ മത്സരിക്കുമ്പോഴും ജയിലിലായിരുന്നു.

ഒളിവിലായിരുന്ന ഞാന്‍ ചേര്‍ത്തല ടിബിയില്‍ തെരഞ്ഞെടുപ്പുപത്രിക നല്‍കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. അന്ന് തുറവൂരില്‍നിന്ന് ആദ്യജയം.

1954ല്‍ മാരാരിക്കുളത്തുനിന്നും '57ല്‍ ചേര്‍ത്തലയില്‍നിന്നും വിജയിച്ചു. 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിയുമായി. 1977ല്‍ ഒഴികെ 2001 വരെ വിജയം തുടര്‍ന്നു. 2006ല്‍ അരൂരില്‍ തോറ്റു. അതിന് വഴിവച്ചത് കോണ്‍ഗ്രസിലെ ചിലര്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടും. യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. വാര്‍ഡ് കമ്മിറ്റിപോലും രൂപീകരിച്ചില്ല. കോണ്‍ഗ്രസിലെ ചിലര്‍ വ്യാപകമായി എനിക്കെതിരെ പ്രചാരണങ്ങളും നടത്തി.

ഒരു കള്ളക്കേസിന്റെ ശുഭാന്ത്യം
ജനാര്‍ദനക്കുറുപ്പ്

എതിര്‍സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍നിന്ന് രക്ഷിച്ച സന്ദര്‍ഭമാണ് തെരഞ്ഞെടുപ്പുരംഗത്തെ നിരവധി ഓര്‍മകളില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നത്.

1971ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് രംഗം. അന്ന് എറണാകുളത്ത് ഗവണ്‍മെന്റ് പ്ളീഡറായിരുന്ന എന്നെ ഇ എം എസും എ കെ ജിയും ചേര്‍ന്നാണ് കൊല്ലം സീറ്റില്‍ മത്സരത്തിനു നിയോഗിച്ചത്. ഗവണ്‍മെന്റ് പ്ളീഡര്‍ ജോലി രാജിവച്ചാണ് മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ആര്‍എസ്പിയിലെ എന്‍ ശ്രീകണ്ഠന്‍നായര്‍.

വള്ളിക്കാവിലെ ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ പോവുകയായിരുന്നു. മുന്നില്‍ അനൌണ്‍സ്മെന്റ് വാഹനം. കാര്‍ പോകുന്ന വഴിയില്‍ ഒരിടത്ത് ആര്‍എസ്പിക്കാരുടെ യോഗം നടക്കുന്നു. അപ്പോഴുണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കാറിനടുത്തേക്കു വന്നു. സ്വാഭാവികമായും ആര്‍എസ്പിക്കാരുടെ യോഗം അലോസരപ്പെട്ടു. ഇതിന്റെ ദേഷ്യത്തില്‍ അവര്‍ എന്റെ കാറിനടുത്തേക്കു പാഞ്ഞുവന്നു. ആക്രമിക്കുമെന്ന സ്ഥിതിയായി. ഞാന്‍ കാറില്‍നിന്ന് പുറത്തിറങ്ങി. എന്നെ ആക്രമിച്ചാല്‍ നിങ്ങളുടെ ശ്രീകണ്ഠന്‍ചേട്ടനെ ശരിപ്പെടുത്തിക്കളയുമെന്ന് ഞാന്‍ ഉറച്ച ശബ്ദത്തില്‍ ഭീഷണി മുഴക്കി. പാര്‍ടി പ്രവര്‍ത്തകരും ചുറ്റും കൂടി. ഇതിനിടയില്‍ ആര്‍എസ്പിയുടെ നേതാക്കള്‍ വന്ന് രംഗം ശാന്തമാക്കി. ഞാന്‍ പ്രസംഗസ്ഥലത്തേക്കു പോവുകയും ചെയ്തു.

അന്നു രാത്രി ആര്‍എസ്പിക്കാര്‍ എന്റെ ഓഫീസ് ആക്രമിച്ചു. സമീപത്തുള്ള മകളുടെ വീട്ടിലായിരുന്നതുകൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല. എന്നാല്‍ എന്നെ ആക്രമിച്ചു എന്നു പറഞ്ഞ് കേസ് കോടതിയിലെത്തി. ഇതു പക്ഷേ, കള്ളക്കേസായിരുന്നു. വിസ്താരം നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചെറുപ്പക്കാര്‍ എന്നെ ആക്രമിച്ചിട്ടില്ല. അവര്‍ സത്യത്തില്‍ അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളികളോടു കാട്ടിയ ഈ സൌമനസ്യം എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയമായി അന്ന് ശത്രുപക്ഷത്തായിരുന്നെങ്കിലും ആ വൈരാഗ്യമൊന്നും കാണിക്കാതെ അവരെ രക്ഷപ്പെടുത്തിയതില്‍ അവര്‍ക്ക് അത്ഭുതവും ആശ്വാസവും തോന്നി. എന്റെ കാല്‍ തൊട്ടു നമസ്കരിച്ചശേഷമാണ് അവര്‍ കോടതിവളപ്പില്‍നിന്ന് പോയത്.

സമാധാനവും വേദനയും പകര്‍ന്ന് പുഴയും വെള്ളവും
മുരളി

പുഴയും വെള്ളവും എന്റെ ചിന്തകളില്‍ പലപ്പോഴും കടന്നുവരാറുണ്ട്. സിനിമയുടെ ഭാഗമായി സഞ്ചരിച്ച പല ദൂരങ്ങളില്‍ പലപ്പോഴും ഈ ചിന്തകള്‍ ശക്തമാവുകയും അത് എന്നെ സ്വാധീനിക്കുകയും ചെയ്യും. മെലിഞ്ഞ് മലിനമായി ഒഴുകുന്ന കേരളത്തിലെ പല നദിയും എന്റെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നതും അതുകൊണ്ടുതന്നെ. ചെന്നൈയിലും ആന്ധ്രയിലും മറ്റും വരണ്ടുണങ്ങിയ ഭൂമിയെ കണ്ടിട്ടുണ്ട്. ഒപ്പം കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന ശുദ്ധിയില്‍ പാരീസിലെ റോട്ടര്‍ദാമിലെ പള്ളിക്കു മുന്നിലൂടെ ഇളകിയൊഴുകുന്ന പുഴ എന്റെ ഓര്‍മയില്‍ കടന്നുവരാറുമുണ്ട്. എന്റെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍ എങ്ങനെയോ വെള്ളവും പുഴയും കായലുമായി അടുത്തുനില്‍ക്കുന്നു.

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ഞാന്‍ അമ്പലപ്പുഴയില്‍ പര്യടനത്തിലായിരുന്നു ആ ദിവസം. ചെറിയ ദ്വീപായ കൈനകരി. ബോട്ട് മാത്രമാണ് യാത്രാമാര്‍ഗം. കായലരികിലെ നിവാസികള്‍ക്ക് കുളിക്കാനും മലമൂത്രവിസര്‍ജനത്തിനും തുണിയലക്കാനും ഭക്ഷണം പാകംചെയ്യാനും ഒപ്പം കുടിക്കാനും ഈ വെള്ളംമാത്രമാണ് ആശ്രയമെന്ന് എനിക്ക് മനസ്സിലായി. പ്രസംഗം കഴിഞ്ഞ് ബോട്ടില്‍ ഞങ്ങള്‍ പോകുമ്പോള്‍ അക്കരെ കരയില്‍നിന്ന് ബോട്ടിനൊപ്പം ഒരു പെണ്‍കുട്ടി ഓടുന്നതു കണ്ടു. ഞങ്ങള്‍ക്ക് കുറച്ച് കുടിവെള്ളം ഇവിടെ കൊണ്ടുവരാന്‍ കഴിയുമോ എന്ന് അവള്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ പരമാവധി ശ്രമിക്കുമെന്ന് വേദനയോടെ പറഞ്ഞു. യാത്ര വഴിമുട്ടി നില്‍ക്കുന്ന നീരേറ്റുപുറത്തും പെരുമ്പടംദ്വീപിലും എത്തിയപ്പോള്‍ വെള്ളം എന്റെ അസ്വസ്ഥതയായി മാറിക്കൊണ്ടിരുന്നു. പെരുമ്പടംദ്വീപില്‍ അഞ്ചു കിലോമീറ്റര്‍ ദൂരംവരെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു. അവിടെനിന്ന് നടന്നായിരുന്നു യാത്ര. ഷൂട്ടിങ് വേളയില്‍ എവിടെയായാലും പൈപ്പില്‍നിന്നുപോലും വെള്ളം കുടിച്ചിരുന്ന എനിക്ക് അവിടത്തെ വെള്ളം ഭയപ്പാടായിരുന്നു. ശുദ്ധജലപ്രശ്നം പൂര്‍ണമായും ഇനിയും പരിഹരിക്കപ്പെട്ടില്ല. കുടിവെളളം വില്‍ക്കാന്‍ ഒരുങ്ങിയ ടി എം ജേക്കബിന്റെ പ്രശ്നങ്ങള്‍ അന്ന് ചര്‍ച്ചയായിരുന്നു. ഇന്നും വെള്ളം ചര്‍ച്ചയാണ്.

അന്നത്തെ തെരഞ്ഞെടുപ്പുവേളയില്‍ പര്‍ദയിട്ട മുസ്ളിംസ്ത്രീകള്‍ കൂട്ടത്തോടെ സ്ഥാനാര്‍ഥിയെ തിരക്കി എത്തിയിരുന്നു.

രണ്ടു മത്സരം; ഒന്ന് ഓര്‍ക്കാന്‍, ഒന്ന് മറക്കാന്‍
എസ്.സി.എസ്.മേനോന്‍

വോട്ടെണ്ണല്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. മുകുന്ദപുരം മണ്ഡലത്തിലെ അന്നത്തെ നിയമസഭാമണ്ഡലങ്ങളായ അങ്കമാലി, വടക്കേക്കര, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെല്ലാം എനിക്കായിരുന്നു മുന്‍തൂക്കം. ജയം എനിക്കുതന്നെ എന്ന് ഞാന്‍ മാത്രമല്ല, എതിരാളികളും ഉറപ്പിച്ചു. എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പ്രമുഖനായ എ സി ജോര്‍ജ് എനിക്കടുത്തെത്തി, 'ഇത്തവണ മേനോന്‍തന്നെ, പോകട്ടെ' എന്ന് പറയുകയും ചെയ്തു.

എന്നാല്‍ ഫലംവരാന്‍ ശേഷിച്ചിരുന്ന കൊടുങ്ങല്ലൂര്‍ തുണച്ചത് എ സി ജോര്‍ജിനെ. 4220 വോട്ടുകള്‍ക്ക് ഞാന്‍ പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പിലെ ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷവും ഇതായിരുന്നു. 1977-ലെ ആ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഏറെ അവിസ്മരണീയമാണ്.

1954-ല്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്രനായി മത്സരിച്ചതാണ് അതിനുമുമ്പത്തെ എന്റെ തെരഞ്ഞെടുപ്പു പാരമ്പര്യം. തിരു-കൊച്ചി സംസ്ഥാനത്തിലെ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പറവൂര്‍ ടി കെ നാരായണപിള്ള എന്റെ സഹോദരീഭര്‍ത്താവാണെങ്കിലും എനിക്ക് കോണ്‍ഗ്രസിനോടല്ല, ഇടതുപക്ഷത്തോടായിരുന്നു ആഭിമുഖ്യം. എന്നും കമ്യൂണിസ്റ്റ് അനുഭാവിയുമായിരുന്നു ഞാന്‍. അന്ന് ഫാക്ട് എംപ്ളോയീസ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു ഞാന്‍. സമരത്തിന് യൂണിയന്‍ തയ്യാറെടുത്തു. തീരുമാനത്തെ കമ്യൂണിസ്റ്റ് പാര്‍ടി പിന്തുണച്ചില്ല. അതുകൊണ്ട് യൂണിയന്‍ തീരുമാനപ്രകാരം ഞാന്‍ സ്ഥാനാര്‍ഥിയായി. കമ്യൂണിസ്റ്റ് പാര്‍ടി എന്റെ എതിര്‍സ്ഥാനാര്‍ഥിയെ പിന്തുണച്ചു. രണ്ടായിരത്തോളം വോട്ടുകള്‍ക്ക് ഞാന്‍ ആദ്യപരാജയമറിഞ്ഞു.

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ശരിയായില്ല, എന്ന ചിന്തയാണ് എനിക്ക് പില്‍ക്കാലത്തുണ്ടായത്. 1977-ല്‍ പൂര്‍വകാലം മറന്ന് സിപിഐ എം എന്നെ മുകുന്ദപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതും ഈ ചിന്തയ്ക്ക് ആക്കം കൂട്ടി. അങ്ങനെ ഇപ്പോള്‍ എനിക്ക് രണ്ട് തെരഞ്ഞെടുപ്പ് ഓര്‍മകളാണുള്ളത്. ഒന്ന് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും മറ്റൊന്ന് ആഗ്രഹിക്കാത്തതും.

*
കടപ്പാട്: ദേശാഭിമാനി

Wednesday, October 8, 2008

അയ്യങ്കാളിയും കേരള നവോത്ഥാനവും

ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയല്ല നവോത്ഥാനം. അത് സമൂഹത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന നെടിയ ഒരു പ്രക്രിയാപരമ്പരയാണ്. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ നവോത്ഥാനവും അങ്ങനെ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ പുത്തന്‍ ഉണര്‍വായിരുന്നു കേരള നവോത്ഥാനത്തിന്റെ കാതല്‍. ജാതിപ്പിശാചിന്റെ കരവലയത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന്റെ ചിത്രമാണ് അന്ന് എങ്ങും കാണാനുണ്ടായിരുന്നത്. പട്ടിക്കും പൂച്ചക്കും ഇഷ്ടംപോലെ നടക്കാവുന്ന വഴിയില്‍ക്കൂടിപ്പോലും ചില മനുഷ്യര്‍ക്ക് നടന്നുകൂടാത്ത അവസ്ഥ. ചിലരെന്ന് പറഞ്ഞാല്‍ എണ്ണത്തില്‍ കുറഞ്ഞവരെന്നല്ല അര്‍ഥം; സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന, പാടത്തും പറമ്പിലും പണിയെടുത്ത് ജനതയ്‌ക്കാകെ ഉണ്ണാന്‍ ഉണ്ടാക്കുന്ന അധഃസ്ഥിതരായിരുന്നു അവര്‍. അവരെക്കുറിച്ചാണ് മഹാകവി കുമാരനാശാന്‍ പാടിയത്:

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍.

അത്തരക്കാരുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ട മഹാനാണ് അയ്യങ്കാളി. അയ്യങ്കാളി പൊതുപ്രവര്‍ത്തനരംഗത്ത് ഇറങ്ങുന്നതിന് മുമ്പുതന്നെ കേരള നവോത്ഥാനത്തിന്റെ നാന്ദി കുറിച്ചുകഴിഞ്ഞിരുന്നു. ഇന്നോളം കേരളത്തിന്റെ ചരിത്രത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലാത്ത ചിലരാണ് അത് ചെയ്തത്. അന്നത്തെ തെക്കന്‍ തിരുവിതാംകൂറില്‍ 1822-23, 1828-30, 1855-59 കാലങ്ങളില്‍ നടന്ന 'മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമര'മായിരുന്നു ഏറെ ശ്രദ്ധേയം. അതിന് ആദ്യകാല നേതൃത്വം വഹിച്ചത് അയ്യാ വൈകുണ്ഠസ്വാമികള്‍ (1809-1851) ആയിരുന്നു.

നവോത്ഥാന പ്രകിയക്ക് പുതിയ മാനം കൈവന്നത് ശ്രീനാരായണ ഗുരുവിന്റെ (1855-1928) രംഗപ്രവേശത്തോടുകൂടിയാണ്. അദ്ദേഹം 1888 ല്‍ അരുവിപ്പുറത്ത് നടത്തിയ ശിവക്ഷേത്രപ്രതിഷ്ഠ ഒരു മഹാസംഭവമായിരുന്നു. തുടര്‍ന്നു 1898 ല്‍ 'അരുവിപ്പുറം ക്ഷേത്രയോഗം' എന്ന പേരില്‍ ഒരു സംഘടന രൂപീകൃതമായി. അതാണ് പിന്നീട് 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗ (എസ് എന്‍ ഡി പി) മായി രൂപാന്തരപ്പെട്ടത്. മഹാകവി കുമാരനാശാന്‍ യോഗത്തിന്റെ സെക്രട്ടറിയും ഗുരു അധ്യക്ഷനുമായി. മൊത്തം സംഘാടനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യചാലകശക്തി ഡോ. പല്പു ആയിരുന്നു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വമ്പിച്ച മുന്നേറ്റം കേരളത്തിലെ എല്ലാ ജാതിമതസംഘടനകളുടെയും ഉല്‍പ്പത്തി വികാസങ്ങള്‍ക്ക് കാരണമായി. പുലയരുടെയിടയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘാടകനും നേതാവും അയ്യങ്കാളി (1863-1941) യായിരുന്നു.

തിരുവനന്തപുരത്തു വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ഗ്രാമത്തിലെ ഒരു പുലയകുടുംബത്തില്‍ 1863 ആഗസ്ത് 28-ാം തീയതി അയ്യന്റെയും മാലയുടെയും മകനായി ജനിച്ച കാളി എന്ന ആണ്‍കുട്ടിയാണ് പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന അയ്യങ്കാളി. അദ്ദേഹം ജനിച്ച കാലത്ത് കേരളത്തില്‍ നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും വിശദീകരിക്കുവാന്‍ ഇവിടെ ഇടം പോരാ.

പുലയരുടെ സ്ഥിതി

പാടത്തെ പണിയായിരുന്നു പുലയരുടെ മുഖ്യതൊഴില്‍. നെല്‍ക്കൃഷിയായിരുന്നു അന്നു പ്രധാനം. പാടങ്ങള്‍ അധികവും ജന്മിമാരുടേതായിരുന്നു. പാടങ്ങളില്‍ സമയത്ത് കൃഷിയിറക്കുക, നെല്ലു മുളച്ചുവരുമ്പോള്‍ പ്രാവിനെ ഓടിക്കുന്നത് മുതല്‍ വിളവിന്റെ സകല ദശകളിലും വിളവു സൂക്ഷിക്കുക. വിളവ് മൂപ്പെത്തിയാല്‍ നെല്ലറുക്കുക, കറ്റകെട്ടുക, മെതിക്കുക, പതിരകറ്റുക, എന്നുവേണ്ട ജന്മിയുടെ വീട്ടുമുറ്റത്ത് നെല്ലെത്തുന്നതുവരെയുള്ള എല്ലാ പണികളും പ്രധാനമായി പുലയരുടേത് തന്നെയായിരുന്നു. ചുരുക്കത്തില്‍, പുലയര്‍ പണിയെടുത്തില്ലെങ്കില്‍ ജന്മിമാര്‍ പട്ടിണിയിലാവും. എങ്കിലും പട്ടിണികിടന്നത് ജന്മിമാരല്ല, മറിച്ച് പുലയന്മാര്‍ തന്നെ. കാരണം, അവര്‍ക്ക് കൂലിയായി കിട്ടിയിരുന്നത് കുറച്ചു നെല്ലുമാത്രം. അയ്യങ്കാളിയുടെ കുടുംബത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. സ്വന്തം ജന്മിയുടെ പുരോഗമനോന്മുഖത്വംകൊണ്ട് എട്ടേകാല്‍ ഏക്കര്‍ പാടത്തിന്റെ ഉടമയായിരുന്നു അയ്യങ്കാളിയുടെ പിതാവായ അയ്യന്‍. എന്നാല്‍ സാധാരണ പുലയരുടെ സ്ഥിതി ദാരിദ്ര്യത്തിന്റെതായിരുന്നു.

സാമൂഹികമായ അധഃസ്ഥിതാവസ്ഥയായിരുന്നു ഏറ്റവും ദയനീയം. "നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍'' എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞില്ലേ? അതേ, മഹാകവിയെക്കൊണ്ട് അങ്ങനെ പറയിച്ച അവസ്ഥയായിരുന്നു അന്ന് പുലയരുടേത്. അവര്‍ക്ക് വഴിനടക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. ആ അവസ്ഥ സ്വന്തം ജീവിതത്തിലൂടെ നേരിട്ടനുഭവിച്ചു വളര്‍ന്നുവന്ന ആളായിരുന്നു അയ്യങ്കാളി. പള്ളിക്കൂടത്തില്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍പോലും അന്ന് അയ്യങ്കാളിക്ക് കഴിയുമായിരുന്നില്ല. പുലയര്‍ക്ക് പള്ളിക്കൂടത്തില്‍ പ്രവേശിക്കുവാന്‍ അന്ന് അവകാശമില്ലായിരുന്നു. അതുകൊണ്ട്, സ്ലേറ്റും പുസ്തകവുമായി പള്ളിക്കൂടത്തില്‍ പോകുന്ന കുട്ടികളെ നോക്കിനിന്നു സങ്കടപ്പെടുവാനേ കുട്ടിക്കാലത്ത് അയ്യങ്കാളിക്ക് കഴിഞ്ഞുള്ളൂ. പക്ഷേ, അനീതിക്കെതിരെ അയ്യങ്കാളിയുടെ മനസ്സില്‍ രോഷത്തിന്റെ തീപ്പൊരി വീണു.

തന്റെ സമുദായത്തിന്റെയും സമാന സമുദായങ്ങളുടെയും ദുരവസ്ഥ മാറ്റിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജീവിതം ഉഴിഞ്ഞുവെക്കാന്‍ അയ്യങ്കാളി തീരുമാനിച്ചു. പുലയര്‍, പറയര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുക എന്നതിനായിരുന്നു ആദ്യപരിഗണന. നല്ല തടിമിടുക്കുണ്ടായിരുന്ന അയ്യങ്കാളി അതേ തരക്കാരായ ഒരുസംഘം പുലയയുവാക്കളെയും കൂട്ടി അടിതട, ഗുസ്തി, മര്‍മവിദ്യ തുടങ്ങിയവ അഭ്യസിച്ചു. സാമൂഹികമായ അനീതികളെ വേണ്ടിവന്നാല്‍ ശാരീരികമായിത്തന്നെ നേരിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ആയിടയ്‌‌ക്കാണ് ആ മഹാസംഭവം നടന്നത്. 1888 ലെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. അത് നടത്തിയ ശ്രീനാരായണഗുരുവിനെ അയ്യങ്കാളിയും സംഘവും നേരിട്ടുചെന്നുകണ്ടു. ധൈര്യമായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ ഗുരു നല്‍കിയ ആഹ്വാനം അയ്യങ്കാളിക്കും കൂട്ടര്‍ക്കും വലിയ പ്രചോദനമായി. അടുത്തവര്‍ഷം തന്നെ, അതായത് 1889ല്‍, അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ജാഥ നടന്നു. ബാലരാമപുരത്ത് ചാലിയത്തെരുവില്‍ വലിയ ലഹളക്ക് അത് കാരണമായി, പക്ഷേ അയ്യങ്കാളിയും സംഘവും പതറിയില്ല, ജാഥ പൂര്‍ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രം.

കാറും ബസ്സുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കാളകളെ പൂട്ടിയ വില്ലുവണ്ടിയായിരുന്നു പ്രധാന വാഹനം. അത് ആഢ്യന്മാര്‍ക്കേ ഉപയോഗിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അയ്യങ്കാളി അതിനെ ചോദ്യം ചെയ്തു. 1893-ല്‍ അദ്ദേഹം സ്വന്തമായി ഒരു വില്ലുവണ്ടി വിലയ്ക്കുവാങ്ങി. ഒരു സുപ്രഭാതത്തില്‍ വെള്ളക്കാളകളെ പൂട്ടിയ അയ്യങ്കാളിയുടെ വില്ലുവണ്ടി വെങ്ങാനൂരിലെ പൊതുനിരത്തിലൂടെ മണിയൊച്ച മുഴക്കി ഓടാന്‍ തുടങ്ങി. വണ്ടി തെളിച്ചത് കൊച്ചപ്പി എന്ന ഒരു പുലയ യുവാവ്. വണ്ടിക്കുള്ളില്‍ ജന്മിയെപ്പോലെ അയ്യങ്കാളി. ധിക്കാരം മേലാളര്‍ക്ക് പൊറുക്കാനാവുമോ? സവര്‍ണരായ ഏതാനും യുവാക്കള്‍ ചേര്‍ന്നു സായുധരായി വണ്ടി തടഞ്ഞു. വണ്ടിക്കുള്ളില്‍നിന്ന് സായുധനായ അയ്യങ്കാളിയുടെ ഗര്‍ജനംകേട്ട് അവര്‍ ഞെട്ടിത്തെറിച്ചു പിന്മാറി. അയ്യങ്കാളിയുടെ വില്ലുവണ്ടി ഒരു യാഗാശ്വമെന്നപോലെ സഞ്ചരിച്ചു വെങ്ങാനൂരില്‍ തിരിച്ചെത്തി.

അതൊരു വന്‍ വിജയമായിരുന്നു. അയ്യങ്കാളി വളരെ പെട്ടെന്ന് അധഃസ്ഥിതരുടെ നേതാവായി. അവര്‍ ആവലാതി ബോധിപ്പിക്കാന്‍ അയ്യങ്കാളിയെ സമീപിച്ചുതുടങ്ങി. സ്വാതന്ത്ര്യം ഓരോന്നായി പിടിച്ചുവാങ്ങുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അയിത്തജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയെടുക്കുന്നതിനായി അടുത്ത ശ്രമം. സ്വന്തമായി കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് അവിടെ പുലയക്കുട്ടികളെയും അതുപോലെയുള്ള അധഃസ്ഥിതരുടെ കുട്ടികളെയും അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യം സവര്‍ണര്‍ പള്ളിക്കൂടം അടിച്ചുപൊളിച്ചെങ്കിലും പിന്നീടും പള്ളിക്കൂടം കെട്ടി 'അയ്യങ്കാളിപ്പട' കാവല്‍നിന്നതിനാല്‍ അത് ആവര്‍ത്തിച്ചില്ല.

എല്ലാ അവകാശങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രസമരപരിപാടിയായിരുന്നു അയ്യങ്കാളിയുടേത്. വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത അയ്യങ്കാളിക്ക് ഇത്ര ശാസ്ത്രീയമായ സമീപനം എങ്ങനെ കൈവന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ജീവിതമാകുന്ന സര്‍വകലാശാലയില്‍നിന്ന് അയ്യങ്കാളി ആര്‍ജിച്ച അത്ര വിദ്യാഭ്യാസം മാര്‍ക്സിംഗോര്‍ക്കിയെപ്പോലെയുള്ള ചിലര്‍ക്കേ ഉണ്ടായിരുന്നുള്ളൂ.

1898 ല്‍ ആറാലുംമൂട്ടില്‍ നടന്ന സായുധ സമരം സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വമ്പിച്ച മുന്നേറ്റമായിരുന്നു. 1904 ല്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനവര്‍ധനവിനുവേണ്ടി നടന്ന സമരവും കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമരമായിരുന്നു അത്. സമരത്തിന്റെ ഒരു ഘട്ടത്തില്‍, പട്ടിണിയിലായ കര്‍ഷകത്തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളികളുമായി ആലോചിച്ചും അവരുടെ നേതൃത്വത്തിലും സഹായമെത്തിക്കാന്‍ കഴിഞ്ഞതും കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സമരചരിത്രത്തിലെ ഒന്നാമത്തെ അധ്യായമായിരുന്നു. 'ഐക്യമെന്നാല്‍ സമര ഐക്യം', 'സമരമെന്നാല്‍ വര്‍ഗസമരം' എന്നൊക്കെ കേരളത്തില്‍ പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത്. അയ്യങ്കാളിക്ക് ശിഷ്യപ്പെട്ടിരിക്കുന്നു കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനം.

സാധുജന പരിപാലനസംഘം

1903ല്‍ 'ശ്രീനാരായണ ധര്‍മപരിപാലന യോഗം' ഉണ്ടായത് കേരളത്തിലെ സമുദായസംഘടനകളുടെ പിറവിക്ക് കാരണമായി. ശ്രീനാരായണനുമായി വിശദമായി ആലോചിച്ചാണ് അയ്യങ്കാളി 1905 ല്‍ 'സാധുജനപരിപാലനസംഘം' സ്ഥാപിച്ചത്. അധഃസ്ഥിതര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനത്തിനുള്ള വിളംബരം 1907ല്‍ത്തന്നെ ഉണ്ടായി എങ്കിലും അത് തല്‍പ്പരകക്ഷികള്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. അയ്യങ്കാളിയുടെയും മറ്റും നിരന്തരവും സംഘടിതവുമായ സമരത്തിന്റെ ഫലമായി 1910ല്‍ അധഃസ്ഥിതര്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിച്ചുകൊണ്ടുളള കര്‍ശനമായ ഉത്തരവ് ഉണ്ടായി.

1911 ല്‍ അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നിയമിച്ചു. ഉന്നതവിദ്യാസമ്പന്നരായ ഇന്നത്തെ പാര്‍ലമെന്ററി പ്രവര്‍ത്തകര്‍ക്കുപോലും വഴികാട്ടിയാണ് അയ്യങ്കാളി അന്ന് നടത്തിയ പ്രവര്‍ത്തനം. പാവപ്പെട്ടവര്‍ക്ക് ഫീസാനുകൂല്യത്തിനും ഭൂമി പതിച്ചുകിട്ടുന്നതിനും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനത്തിനുമൊക്കെവേണ്ടി നിരന്തരമായി അയ്യങ്കാളി പ്രജാസഭാംഗത്വം ഉപയോഗപ്പെടുത്തി. ഹരിജനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ സ്ഥാനം നല്‍കാനാവശ്യപ്പെട്ട് 1913ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം ശ്രദ്ധേയമായിരുന്നു. നിയമംമൂലം വിദ്യാലയപ്രവേശനത്തിനുളള അവകാശം നേടിയെടുത്തെങ്കിലും ഫലത്തില്‍ പല സ്കൂളുകളിലും സവര്‍ണാധിപത്യം തുടര്‍ന്നു. അക്കാരണത്താല്‍ പല സ്ഥലത്തും വലിയ ലഹളകള്‍ ഉണ്ടായി. 'ശഠന്മാരോട് ശാഠ്യം' എന്നതായിരുന്നു അയ്യങ്കാളിയുടെ രീതി. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ചന്തകളില്‍ അയിത്തജാതിക്കാര്‍ക്ക് കല്‍പ്പിച്ചിരുന്ന പ്രവേശനനിഷേധം സംഘം ചേര്‍ന്ന് അടിച്ചൊതുക്കുകയാണ് പലപ്പോഴും അയ്യങ്കാളിയും കൂട്ടരും ചെയ്തത്. നെടുമങ്ങാട്, ആറാലുംമൂട്, നെയ്യാറ്റിന്‍കര, ഉദിയന്‍കുളങ്ങര, ധനുവച്ചപുരം, മാരായമുട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ചന്തപ്രവേശനത്തിനുവേണ്ടി സമരം നടന്നു.

പുലയരെയും അധഃസ്ഥിതജനവിഭാഗങ്ങളെയും മനുഷ്യസമൂഹം ഉള്‍ക്കൊള്ളണമെന്ന വാശിയോടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അസാധാരണമായ അധ്യായമാണ്. ആചാര പരിഷ്കാരത്തിനുവേണ്ടിയും സമരം നടന്നു. പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചുകൂട. അവര്‍ക്ക് കഴുത്തില്‍ കല്ലയും മാലയും ധരിക്കാം. കല്ലുകള്‍ കോര്‍ത്തു കെട്ടിയ മാലയും ഇരുമ്പുകമ്പികൊണ്ടുള്ള കുണുക്കും കൈവളയങ്ങളും-ഇതായിരുന്നു വേഷം. അയ്യങ്കാളി നാട്ടിലെങ്ങും നടന്നു വമ്പിച്ച യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കല്ലയും മാലയും വലിച്ചു ദൂരെ കളയിച്ചു. അതിന്റെ പേരിലും സവര്‍ണരുടെ എതിര്‍പ്പുണ്ടായി. 1915 ല്‍ കൊല്ലത്തു പെരിനാട്ടു നടന്ന ലഹള വളരെ വലുതായിരുന്നു.

കല്ലയും മാലയും വലിച്ചെറിയാന്‍ തുടങ്ങിയ പുലയസ്ത്രീകളെ സവര്‍ണര്‍ എതിര്‍ത്തു. ലഹളയായി. ഗോപാലദാസന്‍ എന്നൊരു പുലയയുവാവ് പുലയര്‍ക്ക് നേതൃത്വംകൊടുത്തു. സവര്‍ണരും അധഃസ്ഥിതരും തമ്മില്‍ സായുധ സംഘര്‍ഷം നടന്നു. ലഹളക്കുശേഷമാണ് അയ്യങ്കാളിക്ക് അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞത്. ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

ഗാന്ധി ദര്‍ശനം

1924ലെ വൈക്കം സത്യഗ്രഹത്തിലും ക്ഷേത്രപ്രവേശനത്തിനുവേണ്ടിനടന്ന സമരങ്ങളിലും അയ്യങ്കാളി പങ്കെടുത്തു. പൊയ്‌കയില്‍ യോഹന്നാന്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയവരുമായി യോജിച്ചും ആലോചിച്ചുമാണ് അയ്യങ്കാളി പ്രവര്‍ത്തിച്ചത്. കേരള നവോത്ഥാനത്തിനു വമ്പിച്ച സംഭാവന നല്‍കിയ അയ്യങ്കാളി 1936ലെ ക്ഷേത്രപ്രവേശന വിളംബരമാകുമ്പോഴേക്കും പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. 1937ല്‍ മഹാത്മാഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. പുലയരുടെ രാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അയ്യങ്കാളി 1941ല്‍ 77ാം വയസ്സില്‍ അന്തരിച്ചു.

2007 ജനുവരി മാസത്തില്‍ വെങ്ങാനൂരില്‍ വമ്പിച്ച ആഘോഷങ്ങള്‍ നടന്നു. കേരളം കണ്ട ആദ്യത്തെ കര്‍ഷകസമരത്തിന്റെ നൂറാം വാര്‍ഷികം, സാധുജനപരിപാലന സംഘത്തിന്റെ നൂറാം വാര്‍ഷികം; മഹാത്മാഗാന്ധി അയ്യങ്കാളിയെ സന്ദര്‍ശിച്ചതിന്റെ എഴുപതാം വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കയുണ്ടായി.

നവോത്ഥാനമൂല്യങ്ങള്‍ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കേരളത്തില്‍ അയ്യങ്കാളിയുടെ സ്‌മരണ തീര്‍ച്ചയായും ആവേശകരമാണ്. മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനും സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കുംവേണ്ടി നമുക്ക് പ്രതിജ്ഞയെടുക്കാം.

*****

കെ മഹേശ്വരന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

Thursday, October 2, 2008

ഗാന്ധിജിയെ ഓര്‍മിക്കുമ്പോള്‍

ബുദ്ധനുശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യക്തി ആരാണെന്ന് ഇന്ത്യയുടെ പല ഭാഗത്തുമുളള വിദ്യാര്‍ഥികളോട് ഞാന്‍ പലപ്പോഴും ചോദിക്കുകയുണ്ടായിട്ടുണ്ട്. ഉത്തരത്തിന് ഒരിക്കലും കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല. എല്ലാവരുടെയും ഉത്തരം ഗാന്ധിജി എന്നുതന്നെയായിരുന്നു.

എന്തുകൊണ്ട് ഗാന്ധിജി എന്ന തുടര്‍ചോദ്യത്തിന് മറുപടി അത്രതന്നെ ഏകകണ്ഠവും വ്യക്തവുമായിരുന്നില്ല. ആഗോളവല്‍ക്കരണപ്രക്രിയയിലൂടെ മുതലാളിത്തസംസ്കാരത്തിന്റെ സ്വാധീനം കൊടികുത്തിവാഴുന്ന സമൂഹത്തില്‍ ജീവിക്കുന്ന കുട്ടികളാണ് ഇവരെല്ലാവരും. അവരുടെ ജീവിതം ഗാന്ധിജി നിഷ്കര്‍ഷിച്ച ലളിതമായ ജീവിതത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണുതാനും. അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനമില്ല, എങ്കിലും ഗാന്ധിജിയെ അവര്‍ ആരാധിക്കുന്നു.

ഗാന്ധിസം ഇന്ത്യന്‍ സമൂഹത്തിന് തികച്ചും അന്യമായി കഴിഞ്ഞിരിക്കുന്നെങ്കിലും ഗാന്ധിജി ജനമനസ്സുകളില്‍ ഇനിയും മായാതെതന്നെ കിടക്കുന്നു; ആദര്‍ശപരതയുടെ പ്രതീകമായി. ഇതൊരു വിരോധാഭാസമായി തോന്നാം. പക്ഷേ, ഗാന്ധിസം തിരസ്കരിച്ച സമൂഹം ഗാന്ധിജി എന്ന വ്യക്തിയോട് ആദരവ് പുലര്‍ത്തുന്നു എന്നര്‍ഥം. ഒരുപക്ഷേ, അതിനു കാരണം ഗാന്ധിജി പ്രതിനിധാനംചെയ്ത ആശയങ്ങളുടെ പ്രാധാന്യം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നതു മാത്രമല്ല, ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോളസന്ദര്‍ഭത്തില്‍ അവയ്ക്ക് പ്രതിരോധസാധ്യതയുണ്ട് എന്നതുകൂടിയാണ്.

ആദര്‍ശങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍മാത്രമേ പ്രതിരോധം സാധ്യമാകുകയുളളൂ. ഗാന്ധിജിയുടെ ജീവിതം ഒരാദര്‍ശമാണ്. ആ ആദര്‍ശം പിന്തുടരുന്നവര്‍ ആരും ഒരുപക്ഷേ ഇന്ത്യയില്‍ ഉണ്ടാകുകയില്ല. ഗാന്ധിയനായി ഗാന്ധി മാത്രമാണല്ലോ ഉണ്ടായിരുന്നത്? പക്ഷേ, ആ ആദര്‍ശത്തിന്റെ മായാതെ കിടക്കുന്ന സാമൂഹ്യാവബോധമാണ് വിദ്യാര്‍ഥികളിലൂടെ പ്രകടമായതെന്ന് വ്യാഖ്യാനിക്കാവുന്നതാണ്.

ഗാന്ധിജിയുടെ ആദര്‍ശം നൈതികതയാണ്. സാമ്രാജ്യത്വത്തെ ചെറുക്കാന്‍ ഗാന്ധിജിക്ക് ശക്തിനല്‍കിയത് അതുതന്നെ. സാമ്രാജ്യത്വം എന്ന അധിനിവേശവ്യവസ്ഥ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ അനീതിയാണെന്ന് ഗാന്ധിജി വിശ്വസിച്ചു. നൈതികതയെ ആയുധമാക്കിക്കൊണ്ടു മാത്രമേ അതിനെ ചെറുക്കാന്‍ കഴികയുള്ളൂ എന്നതായിരുന്നു ഗാന്ധിജിയുടെ പരിപ്രേക്ഷ്യം. ദക്ഷിണാഫ്രിക്കയിലെ അനുഭവത്തിലൂടെ വളര്‍ത്തിയെടുത്ത ഈ ആശയം ശക്തമായ ഒരു സമരായുധമായി വളര്‍ത്തിയെടുത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പല ഘട്ടങ്ങളിലും ഏറ്റെടുത്ത പരിപാടിയിലൂടെയാണ്. ഈ സമരത്തിന്റെ രൂപമായിരുന്നു സത്യഗ്രഹം. അതിലൂടെ സാമ്രാജ്യത്വത്തിന് മറ്റെങ്ങും നേരിടേണ്ടിവരാത്ത പ്രതിരോധമുറകളെയും ജനശക്തിയെയും അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഗാന്ധിജി ഏറ്റെടുക്കുന്നതോടുകൂടി അതിന്റെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും അടിസ്ഥാനപരമായ മാറ്റമാണ് സംഭവിച്ചത്. ഇത് എങ്ങനെ, എന്തുകൊണ്ട് സാധ്യമായി എന്നത് വളരെയേറെ വിശകലനം ചെയ്യപ്പെട്ടിട്ടുളള പ്രശ്നമാണ്. കര്‍ഷകരും തൊഴിലാളികളും ഹിന്ദുക്കളും മുസ്ലിങ്ങളും ബ്രാഹ്മണരും ഹരിജനങ്ങളുമൊക്കെ ഗാന്ധിജിയുടെ അനുയായികളായി. ഖിലാഫത്ത് പ്രസ്ഥാനത്തെ തുണച്ചുകൊണ്ടാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അതിനുശേഷം ഹിന്ദു-മുസ്ലിം മൈത്രി എന്നത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറുകയും ചെയ്തു. സമുദായസൌഹാര്‍ദത്തിന്റെ പ്രാധാന്യം ഇത്രയും തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മിച്ച ചലച്ചിത്രത്തില്‍ ഗാന്ധിജി ഇന്ത്യയെ അറിയാന്‍വേണ്ടി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. തന്റെ രാഷ്ട്രീയഗുരുവായി സ്വീകരിച്ച ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശമനുസരിച്ചായിരുന്നു ഗാന്ധിജി ‘ഇന്ത്യ കാണാന്‍’ ഇറങ്ങിയത്. അര്‍ധനഗ്നരും ദരിദ്രരുമായ നാട്ടുകാരെ കണ്ട് അദ്ദേഹം തന്റെ മേല്‍വസ്ത്രം നദിയിലൊഴുക്കുന്നതായി ആറ്റന്‍ബറോ ചിത്രീകരിച്ചിരിക്കുന്നു. മേല്‍മുണ്ട് ത്യജിക്കുന്നതിലൂടെ ഗാന്ധിജി ഇന്ത്യയിലെ കോടിക്കണക്കിലുളള ദരിദ്രനാരായണന്മാരുടെ പക്ഷത്ത് ചേരുകയാണ് ചെയ്തത്. ഗാന്ധിജിയുടെ ജനപ്രിയതയ്ക്കുളള കാരണവും അതുതന്നെ. ഗാന്ധിജി സഞ്ചരിച്ചിടത്തൊക്കെ ജനലക്ഷങ്ങള്‍ തടിച്ചുകൂടിയിരുന്നതിനു പിന്നില്‍ കിംവദന്തിയുടെ സ്വാധീനമുണ്ടായിരുന്നെന്ന് ഷാഹിദ് അമീന്‍ എന്ന ചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അടിത്തറയില്ലാതെ കിംവദന്തി സൃഷ്ടിക്കാന്‍ കഴിയുകയില്ല. ജനതാല്‍പ്പര്യവുമായി ഗാന്ധിജി ആര്‍ജിച്ച താദാത്മ്യമായിരുന്നു ആ അടിത്തറ.

കമ്യൂണിസം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് ഗാന്ധിജി ഒരിക്കല്‍ പറയുകയുണ്ടായി. കമ്യൂണിസം എന്താണെന്നു‘പഠിപ്പിക്കാന്‍ ’കമ്യൂണിസ്റ്റ് നേതാവായ പി സി ജോഷിയെ അദ്ദേഹം ക്ഷണിക്കുകയുണ്ടായി. ജോഷി മൂന്നുദിവസം കമ്യൂണിസം പഠിപ്പിച്ചെന്നാണ് കഥ. ഇതാണ് കമ്യൂണിസമെങ്കില്‍ താന്‍ എന്നോ കമ്യൂണിസ്റ്റുകാരനായിരുന്നെന്ന് ഗാന്ധിജി പറഞ്ഞുവത്രേ. അതായത്, ദരിദ്രരുടെയും ചൂഷിതരുടെയും പക്ഷത്തു നില്‍ക്കുന്ന വ്യക്തി എന്ന അര്‍ഥത്തില്‍.

ഗാന്ധിജി നയിച്ച കൊളോണിയല്‍ വിരുദ്ധസമരം സാമ്രാജ്യത്വം എന്ന ചൂഷണവ്യവസ്ഥയ്ക്ക് എതിരായിരുന്നു. അതുകൊണ്ട് സ്വാതന്ത്ര്യത്തെയും സ്വരാജ്യത്തെയും ഗാന്ധിജി വേര്‍തിരിച്ചുകണ്ടു. സ്വാതന്ത്ര്യം നേടിയാലും സ്വരാജ്യം സിദ്ധിക്കണമെന്നില്ലെന്ന് ഗാന്ധിജി വിശ്വസിച്ചു. അതുകൊണ്ടാണ് സ്വരാജ്യം സിദ്ധിക്കാനുളള സമരമായി സ്വാതന്ത്ര്യസമരത്തെ ഉപയോഗിക്കണമെന്ന് ഗാന്ധിജി ശഠിച്ചത്. ജനങ്ങളെ സ്വരാജ്യത്തിനുവേണ്ടി സജ്ജമാക്കുകയെന്നതായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയപരിപാടി. അതിന്റെ ഭാഗമായാണ് ഗാന്ധിജി രാഷ്ട്രീയസമരത്തെയും സാംസ്കാരികസമരത്തെയും കൂട്ടിയിണക്കാന്‍ ശ്രമിച്ചത്. സസ്യഭക്ഷണക്രമവും ശുചിത്വനിബന്ധനയുമൊക്കെ സമൂഹത്തെ സാംസ്കാരികമായി സജ്ജമാക്കുന്ന പ്രക്രിയയുടെ ഭാഗമായിരുന്നു. സാംസ്കാരിക അവബോധം രാഷ്ട്രീയമുന്നേറ്റത്തിന്റെ അനിഷേധ്യഘടകമാണെന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചിലരിലൊരാളാണ്- ഒരുപക്ഷേ ഏക സ്വാതന്ത്ര്യസമരനേതാവാണ്- ഗാന്ധിജി. ഈ കാഴ്ച്ചപ്പാടിനെ മുന്നോട്ടു നയിക്കാന്‍ കഴിയാതെപോയത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഒരു വലിയ ദൌര്‍ബല്യമായിരുന്നു എന്ന വിലയിരുത്തല്‍ അസ്ഥാനത്തല്ല.

നൈതികതയുടെ അടിത്തറയില്ലാത്ത രാഷ്ട്രീയം ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല. മതത്തിന്റെ സ്വാധീനമില്ലാത്ത രാഷ്ട്രീയം ഉണ്ടായിക്കൂടെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. പക്ഷേ, മതം എന്നതുകൊണ്ട് ഗാന്ധിജി അര്‍ഥമാക്കിയത് നൈതികതയെയാണ്. മതവിശ്വാസത്തെ രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത എന്നല്ല. ഗാന്ധിജിയുടെ രാമരാജ്യം ഹിന്ദുരാഷ്ട്രമായിരുന്നില്ല. അങ്ങനെ വ്യാഖ്യാനിക്കുന്നവര്‍ ഒന്നുകില്‍ ഗാന്ധിജിയെ ശരിയായി മനസ്സിലാക്കാത്തവരാണ്, അല്ലെങ്കില്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ്. ആദര്‍ശപൂര്‍ണമായ നൈതികരാഷ്ട്രം എന്നാണ് ഗാന്ധിജി അര്‍ഥമാക്കിയത്. ആ നൈതികരാഷ്ട്രത്തിന്റെ മുഖമുദ്ര മതേതരത്വമായിരുന്നു.

മതേതരത്വത്തെ ഗാന്ധിജി സമുദായമൈത്രിയായി ചുരുക്കിക്കണ്ടോയെന്ന് സംശയിക്കുന്നവരുണ്ടാകാം. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സമുദായങ്ങള്‍ തമ്മിലുളള അന്യോന്യബഹുമാനം മതേതരത്വത്തിന് അനിവാര്യമായിരുന്നു. ഹിന്ദുവര്‍ഗീയതയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു ഗാന്ധിജി. കാരണം, ഗാന്ധിജി ഒരു യഥാര്‍ഥ സനാതനഹിന്ദുവായിരുന്നു എന്നതാണ്. ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ ഹിന്ദുമതത്തെ സ്വായത്തമാക്കാന്‍ വര്‍ഗീയതയ്ക്ക് സുസാധ്യമായിരുന്നില്ല. അതുകൊണ്ടായിരുന്നു ഗാന്ധിജിയെ വധിക്കാനുളള ശ്രമങ്ങളുണ്ടായത്. ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ആയിരുന്നില്ല, ഹിന്ദുവര്‍ഗീയതയായിരുന്നു.

ഹിന്ദുവര്‍ഗീയതയ്ക്ക് ഗാന്ധിജിയെ പൊറുക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, ഗാന്ധിജിയുടെ ഹിന്ദുമതവും വര്‍ഗീയതയുടെ ഹിന്ദുത്വവും പരസ്പരവിരുദ്ധമായിരുന്നു. ഗാന്ധിജി പ്രചരിപ്പിച്ചിരുന്ന ഹിന്ദുമതത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ വര്‍ഗീയതയുടെ ഹിന്ദുത്വത്തിന് മുന്നേറാന്‍ കഴിയുമായിരുന്നുള്ളൂ. ഈ വൈരുധ്യം നിലനില്‍ക്കെ വര്‍ഗീയശക്തികള്‍ ഗാന്ധിജിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നത് വിരോധാഭാസമാണ്. മതപരിവര്‍ത്തനത്തിന് ഗാന്ധിജി എതിരായിരുന്നെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഉദാഹരണം.

ഗാന്ധിജിയെ യുഗപുരുഷനായി വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, ഗാന്ധിജി ഭാവിയുടെ പ്രവാചകനായിരുന്നു. 1909ല്‍ എഴുതിയ ഹിന്ദുസ്വരാജ് പാശ്ചാത്യനാഗരികതയുടെ ദൌര്‍ബല്യത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നതല്ല, നാഗരികതയുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അതില്‍ നിഴലിക്കുന്നു. അതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍, യന്ത്രവല്‍ക്കൃതയുഗത്തിന്റെ ഭീകരതകള്‍, ഇന്ന് യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുയാണ്. ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏറ്റവും ദൂരദര്‍ശിത്വമുളള ഗ്രന്ഥമായി ഹിന്ദുസ്വരാജിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.

പ്രകൃതിയെ ബഹുമാനിക്കേണ്ട ആവശ്യം ജീവിതചര്യകളിലൂടെ സമര്‍ഥിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാട് ആഗോളവല്‍ക്കരണത്തിന്റെ ഭീഷണിനേരിടുന്ന, ആഗോളതാപനം അനുഭവിക്കുന്ന സമകാലീനസമൂഹം ഓര്‍മിക്കേണ്ടതാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുത്തതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് ഗാന്ധിജി ആയിരുന്നെങ്കിലും ഗാന്ധിജി ഒരു ‘പരാജയപ്പെട്ട’ രാഷ്ട്രീയനേതാവായിരുന്നു എന്നു പറഞ്ഞാല്‍ സ്വീകരിക്കാന്‍ വിഷമമുണ്ടാകും. പക്ഷേ, സമകാലീന ഇന്ത്യയുടെ ചരിത്രം ഗാന്ധിജിയുടെ ജീവിതദൌത്യങ്ങള്‍ നിറവേറ്റപ്പെടാതെ പോയതിന് സാക്ഷ്യം വഹിക്കുന്നു. ''എന്റെ ശവത്തിനു മേല്‍ മാത്രം വിഭജനം'' എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. വിഭജനത്തെ സ്വാതന്ത്ര്യമായി രാഷ്ട്രം ആഘോഷിച്ചു. സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 കൊല്ലത്തിനുശേഷവും ‘സ്വരാജ്യം’സിദ്ധിച്ചിട്ടില്ല. പോരാതെ, ഗാന്ധിജി പുറംതള്ളാന്‍ ശ്രമിച്ച സാമ്രാജ്യത്വം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഗാന്ധിജിയുടെ പരാജയത്തിന് ഇനി എന്ത് തെളിവുവേണം?

പക്ഷേ, ഗാന്ധിജിയുടെ ‘പരാജയത്തിന്റെ’ തെളിവ് കഴിഞ്ഞില്ല. ഗാന്ധിജി ജീവിതം ഉഴിഞ്ഞുവച്ചത് സമുദായസൌഹാര്‍ദത്തിനുവേണ്ടിയായിരുന്നല്ലോ? ഇന്ന് ഹിന്ദുവര്‍ഗീയവാദികള്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ദയനീയസ്ഥിതിയാണ് പല സംസ്ഥാനത്തിലും. ഗാന്ധിജി വളര്‍ത്തിയെടുത്ത കോണ്‍ഗ്രസ് അതിനെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ കഴിയാതെ നിസ്സഹായമായി നോക്കിനില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ കൊല്ലമായി കോണ്‍ഗ്രസിന് സംഭവിച്ച മൂല്യച്ചുതിയുടെ പരിണതഫലമാണ് ഇത്. ഇന്ന് കോണ്‍ഗ്രസ് എന്ന മതേതരകകഷി വര്‍ഗീയതയോട് തുടര്‍ച്ചയായി സന്ധിചെയ്തുകൊണ്ടിരിക്കുന്നു. പലപ്പോഴും മൃദുഹിന്ദുത്വത്തെ തോളിലേറ്റാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെ ആദര്‍ശമെല്ലാം അദ്ദേഹത്തിന്റെതന്നെ പ്രസ്ഥാനത്തിന് അന്യമായി കഴിഞ്ഞിരിക്കുകയാണ്. ഈ സാധ്യത തിരിച്ചറിയാനുളള ദൂരദര്‍ശിത്വം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. അതുകൊണ്ടാണല്ലോ അദ്ദേഹം കോണ്‍ഗ്രസിലെ അംഗത്വം രാജിവച്ചത്. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്.

ഈ രാഷ്ട്രീയപരാജയം ഗാന്ധിജിയെ അപ്രസക്തനാക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടുകൊല്ലത്തില്‍ ഗാന്ധിജിയെക്കുറിച്ച് ചുരുങ്ങിയത് 25 ഗ്രന്ഥമെങ്കിലും ഇംഗ്ലീഷില്‍ എഴുതപ്പെട്ടിട്ടുണ്ട്. അതിന് ഒരുകാരണം ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ വളരെ പ്രസക്തമാണ് എന്നതായിരിക്കണം. അതുകൊണ്ട് ഇന്ന് ഗാന്ധിജി പുനര്‍വായിക്കപ്പെടേണ്ടതാണ്. ആ വായനയുടെ രീതിശാസ്ത്രം സങ്കീര്‍ണവും സമഗ്രവുമായിരിക്കണം. അതിലൂടെ ഉരുത്തിരിയുന്ന ഒരു പുതിയ തിരിച്ചറിവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

****

ഡോ. കെ എന്‍ പണിക്കര്‍, കടപ്പാട് : ദേശാഭിമാനി

കൂടുതല്‍ വായനയ്ക്ക് :

1. ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു...
2. ഞാന്‍ അറിഞ്ഞ ഗാന്ധി
3. കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

Saturday, August 23, 2008

മഹമൂദ് ദാര്‍വീഷിന്റെ കവിതകള്‍

1. ഐഡന്റിറ്റി കാര്‍ഡ്

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്ക് എട്ടു മക്കള്‍
ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്.
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന
സഖാക്കള്‍ക്കൊപ്പം പണി.
എനിക്ക് എട്ടു മക്കള്‍
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്
അപ്പക്കഷണം പിടിച്ചെടുക്കുന്നു,
ഉടുപ്പുകളും നോട്ടുബുക്കുകളും.
നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്
ഞാന്‍ പിച്ച തെണ്ടുന്നില്ല.
നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി
ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര്
എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന
ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍
എന്റെ വേരുകളുറച്ചു
കാലത്തിന്റെ പിറവിക്കും മുമ്പ്,
യുഗങ്ങള്‍ പൊന്തിവരും മുമ്പ്,
ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്,
കളകളുടെ പെരുക്കത്തിനും മുമ്പ്.
എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന്
ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല
എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു
കുലവും വംശാവലിയുമില്ലാത്തവന്‍
എന്റെ വീട് കാവല്‍ക്കാരന്റെ കൂര,
കമ്പും മുളയുംകൊണ്ട് കൂട്ടിയത്.
എന്റെ പദവികൊണ്ട് തൃപ്തിയായോ ആവോ?
വീട്ടുപേരില്ലാത്ത വെറും പേരാണു ഞാന്‍
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.

മുടിയുടെ നിറം: മഷിക്കറുപ്പ്
മണ്ണിന്റെ നിറം: തവിട്ടുനിറം
തിരിച്ചറിയാനുള്ള അടയാളങ്ങള്‍:
എന്റെ തലയില്‍ക്കെട്ടിനു മീതേ ചരടുകള്‍,
തൊടുന്നവനെ മാന്തുന്നവ.
എന്റെ വിലാസം:
ഞാന്‍ നാട്ടിന്‍പുറത്തുനിന്നാണ്.
അകലെ, മറക്കപ്പെട്ട ഒന്ന്
അതിന്റെ തെരുവുകള്‍ക്ക് പേരില്ല
ആളുകളൊക്കെ വയലിലും മടയിലും
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ
രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!

*

2. നടത്തം

ഞങ്ങള്‍ നടക്കുന്നു,
ഞങ്ങളുടെ മാംസമല്ലാത്ത ഒരു നാട്ടിലേക്ക്
അത്തിമരങ്ങള്‍ ഞങ്ങളുടെ അസ്ഥിയല്ലാത്തിടത്തേക്ക്
അതിന്റെ കല്ലുകള്‍ സോളമന്റെ ഗീതത്തിലെ
ചുരുള്‍രോമമുള്ള ചെമ്മരിയാടുകളെപ്പോലെ.
ഞങ്ങള്‍ നടക്കുന്നു
ഞങ്ങക്കായി വിശേഷിച്ചൊരു സൂര്യനെയും
ഞാത്തിയിടാത്ത ഒരു നാട്ടിലേക്ക്:
പുരാണങ്ങളിലെ സ്ത്രീകള്‍ കൈകൊട്ടുന്നു:
ഞങ്ങള്‍ക്കു ചുറ്റും ഒരു കടല്‍.
ഞങ്ങള്‍ക്കു മീതേ ഒരു കടല്‍.
ഗോതമ്പും വെള്ളവും അങ്ങോട്ടെത്തുന്നില്ലെങ്കില്‍
ഞങ്ങളുടെ സ്നേഹം ഭക്ഷിക്കൂ, ഞങ്ങളുടെ കണ്ണീര്‍ കുടിക്കൂ.
കവികള്‍ക്ക് ദുഃഖാചരണത്തിന്റെ കറുത്ത മുഖപടങ്ങള്‍
നിങ്ങള്‍ക്ക് നിങ്ങളുടെ വിജയങ്ങള്‍
ഞങ്ങള്‍ക്ക് ഞങ്ങളുടേത്
കണാനാകാത്തതു മാത്രം കാണുന്ന
ഒരു നാടുണ്ട് ഞങ്ങള്‍ക്ക്.

*

3. ആഗ്രഹങ്ങളെക്കുറിച്ച്

പറയരുതേ:
ഞാന്‍ അല്‍ജിയേഴ്സില്‍ ഒരു റൊട്ടിക്കാരനായിരുന്നെങ്കില്‍
ഒരു കലാപകാരിയോടൊപ്പം ഞാനപ്പോള്‍ പാടിയേനെ
പറയരുതേ:
ഞാന്‍ യെമനിലൊരു ഇടയനായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ കാലത്തിന്റെ
വിറയ്ക്കൊപ്പം പാടിയേനെ
പറയരുതേ:
ഞാന്‍ ഹവാനയിലെ ചായക്കടയില്‍
വെയിറ്ററായിരുന്നെങ്കില്‍
കരയുന്ന സ്ത്രീകളുടെ വിജയത്തിനായി ഞാനപ്പോള്‍
പാടിയേനെ.

പറയരുതേ:
ആസ്വാനില്‍ ഞാനൊരു യുവതൊഴിലാളിയായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ പാറകളോട് പാടിയേനെ
എന്റെ സുഹൃത്തേ.
നൈല്‍ നദി വോള്‍ഗയിലേക്കൊഴുകുകയില്ല.
കോംഗോ നദിയും ജോര്‍ദാന്‍ നദിയും
യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല
ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,
അതിന്റെ വഴി, അതിന്റെ ജീവിതം.
എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല
ഓരോ നാടിനും ജനിക്കാനൊരു മുഹൂര്‍ത്തമുണ്ട്.
ഓരോ പുലരിക്കും കലാപകാരിയുമായി
ഒരു കൂടിക്കാഴ്ചയുണ്ട്.

*

4. ഇര, നമ്പര്‍ 48

അവരവന്റെ മാറില്‍ കണ്ടു
പനിനീര്‍പ്പൂക്കളുടെ ഒരു വിളക്ക്, ഒരു ചന്ദ്രനും.
അവന്‍ കല്ലുകള്‍ക്കു മീതേ
കൊല്ലപ്പെട്ടുകിടന്നു.
അവരവന്റെ കീശയില്‍ കണ്ടു
അല്പം ചില്ലറ, ഒരു തീപ്പെട്ടി,
യാത്രക്കുള്ള ഒരു പാസ്, അവന്റെ
ചെറുപ്പം മുറ്റിയ കൈയില്‍ പച്ചകുത്തിയ പാട്.

അവന്റെ അമ്മ അവനെയോര്‍ത്തു തേങ്ങി,
ആണ്ടോടാണ്ട് അവനായി വിലപിച്ചു
അവന്റെ മിഴികളില്‍ തൊട്ടാവാടി മുളച്ചു
ഇരുട്ട് തഴച്ചുമുറ്റി.
അവന്റെ അനുജന്‍ വളര്‍ന്നു
നഗരച്ചന്തയില്‍ പണി തേടിപ്പോയപ്പോള്‍
അവരവനെ ജയിലിലടച്ചു:
അവന്റെ കൈയില്‍ യാത്രക്കുള്ള പാസില്ലായിരുന്നു
തെരുവിലവന്‍ വഹിച്ചത്
ഒരു പെട്ടി ചവറുമാത്രം,
പിന്നെ മറ്റു പെട്ടികളും

അതെ, എന്റെ നാട്ടിലെ കുഞ്ഞുങ്ങളേ,
അങ്ങനെയാണ് ചന്ദ്രന്‍ മരിച്ചത്.

*

5. വാക്കുകള്‍

എന്റെ വാക്കുകള്‍ ഗോതമ്പുമണികളായിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു
എന്റെ വാക്കുകള്‍ അമര്‍ഷമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ പുഴയായിരുന്നു
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്റെ ചുണ്ടു പൊതിഞ്ഞു.

*

6 എന്റെ അമ്മ

എന്റെ അമ്മയുടെ അപ്പത്തിനു ഞാന്‍ കൊതിക്കുന്നു
എന്റെ അമ്മയുടെ കാപ്പിക്ക്
അവരുടെ സ്പര്‍ശത്തിന്
നാള്‍തോറും ബാല്യകാലസ്മരണകള്‍
എന്നില്‍ വളര്‍ന്നുവരുന്നു
മരിക്കുമ്പോള്‍ എന്റെ ജീവിതത്തിന്
ഞാന്‍ അര്‍ഹത നേടിയിരിക്കണം
എന്റെ അമ്മയുടെ കണ്ണീരിന്നും.

ഒരു നാള്‍ ഞാന്‍ തിരിച്ചുവന്നാല്‍
എന്റെ ഒരു മൂടുപടം പോലെ
നിന്റെ കണ്ണിമകളിലേക്കുയര്‍ത്തുക
നിന്റെ കാലടികളാല്‍ അനുഗൃഹീതമായ
പുല്ലുകൊണ്ട് എന്റെ അസ്ഥികള്‍ മൂടുക
നിന്റെ ഹൃദയത്തിന്റെ ഒരു നാരുകൊണ്ട്
നമ്മെ ഒന്നിച്ചു കൂട്ടിക്കെട്ടുക.
നിന്റെ ഉടുപ്പിന് പിറകില്‍ തൂങ്ങുന്ന ഒരിഴകൊണ്ട്.
നിന്റെ ഹൃദയത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ചാല്‍
ഞാന്‍ അനശ്വരനായേക്കും,
ഒരു ദൈവമായേക്കും.

ഞാന്‍ തിരിച്ചുവന്നാല്‍ എന്നെ
നിനക്ക് തീക്കൂട്ടാനൊരു വിറകുകൊള്ളിയാക്കുക
നിന്റെ മേല്‍ക്കൂരയിലൊരു അയയാക്കുക
നിന്റെ അനുഗ്രഹമില്ലാതെ
എനിക്ക് നിവര്‍ന്നു നില്‍ക്കാനേ ആവില്ല
എനിക്ക് വയസ്സായി
കുട്ടിക്കാലത്തെ നക്ഷത്രഭൂപടങ്ങളെനിക്ക്
തിരിച്ചു തരിക.
കുരുവികള്‍ക്കൊപ്പം ഞാന്‍
നിന്റെ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള
വഴി കണ്ടെത്തട്ടെ.

*

7.ശിരസ്സും അമര്‍ഷവും

എന്റെ ജന്മനാടേ!
ഈ മരയഴികളിലൂടെ
തീക്കൊക്കുകള്‍ എന്റെ മിഴിയിലാഴ്ത്തി
തണുപ്പിക്കുന്ന ഗരുഡന്‍ നാടേ!
എനിക്ക് മരണത്തിന് മുന്നിലുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

എന്റെ മരണപത്രത്തില്‍
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.
ഹേ, ഗരുഡന്‍, നിന്റെ ചിറകുകള്‍
ഞാനര്‍ഹിക്കുന്നില്ല.
എനിക്കിഷ്ടം ജ്വാലയുടെ കിരീടം.

എന്റെ ജന്മനാടേ!
ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് നിന്റെ മുറിവുകളില്‍,
ഞങ്ങള്‍ ഓക്കുമരത്തിന്റെ കായ്കള്‍ തിന്നതും;
എല്ലാം നീ ചിറകടിച്ചുയരുന്നത് കാണാന്‍.
ഒരു യുക്തിയുമില്ലാതെ ചങ്ങലകളില്‍
പിടയുന്ന ഹേ ഗരുഡാ,
ഞങ്ങളെ കൊതിപ്പിക്കാറുള്ള
ഇതിഹാസങ്ങളിലെ വീരമൃത്യു
നിന്റെ ചുവന്ന കൊക്ക്
അഗ്നിഖഡ്ഗം പോലെ
എന്റെ കണ്ണുകളിലിപ്പോഴുമുണ്ട്
നിന്റെ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല.
മരണത്തിന് മുന്നില്‍ എനിക്കുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

*
വിവര്‍ത്തനം: സച്ചിദാനന്ദന്‍

സച്ചിദാനന്ദന്‍ എഴുതിയ ഞാന്‍ എന്റേതല്ല എന്ന ദാര്‍വിഷ് അനുസ്മരണം ഇവിടെ

ഞാന്‍ എന്റേതല്ല

"അവര്‍ അവന്റെ വായില്‍
ചങ്ങലകൊണ്ടു തൊങ്ങല്‍വെച്ചു.
കൈകള്‍ മരിച്ചവരുടെ പാറമേല്‍ കൂട്ടിക്കെട്ടി
എന്നിട്ടവര്‍ പറഞ്ഞു: നീ കൊലയാളിയാണ്.

അവരവന്റെ തീറ്റിയും ഉടുപ്പും കൊടിയും തട്ടിപ്പറിച്ചു,
അവനെ മരിച്ചവരുടെ കിണറ്റിലെറിഞ്ഞു
എന്നിട്ടവര്‍ പറഞ്ഞു: നീ കള്ളനാണ്

അവരവനെ എല്ലാ തുറമുഖങ്ങളില്‍നിന്നും പുറത്താക്കി,
അവന്റെ യുവപ്രണയിനിയെ തട്ടിക്കൊണ്ടുപോയി
എന്നിട്ടവര്‍ പറഞ്ഞു: നീ അഭയാര്‍ഥിയാണ്.''

2003 ല്‍ ഫ്രാന്‍സിലെ 'ലാ റോഷേല്‍' പട്ടണത്തില്‍വെച്ചു പലസ്തീന്‍ കവി മഹമൂദ് ദാര്‍വീഷിനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഞാനോര്‍ത്തത് ഈ കാവ്യശകലമായിരുന്നു. 'പ്രാങ്തോംപ് ദ് പോയെറ്റ് (കവികളുടെ വസന്തം) എന്ന ഫ്രഞ്ച് കാവ്യവസന്തോത്സവത്തില്‍ അഞ്ചു നഗരങ്ങളില്‍ കവിത വായിക്കാന്‍ ക്ഷണിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. അദ്ദേഹത്തിന്റെ പല കവിതകളും ഞാന്‍ വായിച്ചിട്ടുണ്ടെന്നും ചിലതു പരിഭാഷ ചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ അദ്ദേഹത്തിന് ആരാധകരുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. ദാര്‍വീഷ് നന്നായി ഇംഗ്ളീഷ് സംസാരിച്ചിരുന്നു, അതിലും നന്നായി ഫ്രഞ്ചും. വികാരവത്തായിരുന്നു അദ്ദേഹത്തിന്റെ കവിതവായന. ഏറെയും മുക്തഛന്ദസ്സില്‍; പാടാവുന്നവയും ചിലത്. പല അറബി സംഗീതജ്ഞരും ദാര്‍വീഷിന്റെ ഒലീവും തുളസിയും മണക്കുന്ന കവിതകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്; അറബി സാഹിത്യം പഠിപ്പിക്കുന്നിടത്തെല്ലാം ദാര്‍വീഷിന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലുമുണ്ട്.

മഹമൂദ് ദാര്‍വീഷ് നാടുകടത്തലിന്റെയും ചെറുത്തുനില്പിന്റെയും കവിയാണ്. നാടുകടത്തലെന്നത്, എഡ്വേഡ് സയ്ദിന്റെ ഭാഷയില്‍, ഒരു മനുഷ്യനും ജന്മദേശവും തമ്മിലും സ്വത്വവും അതിന്റെ യഥാര്‍ഥ ഗേഹവും തമ്മിലുമുള്ള ചികിത്സിച്ചുണക്കാനാകാത്ത വേര്‍പെടലാണ്. സയ്ദ് തന്നെ പറയുന്നുണ്ട്, നാടുകടത്തലിന്റെ അപഭംഗങ്ങളിലും വിഛേദങ്ങളിലും നിന്ന് ഒരു സ്വത്വത്തെ പുനഃസ്വരൂപിക്കുവാനുള്ള ത്വരയാണ് ദാര്‍വീഷിന്റെ ആദ്യകാല കവിതകളുടെ പ്രചോദനം എന്ന്. 'നഷ്ടത്തിന്റെ ഭാവഗീതങ്ങളെ അനന്തമായി നീട്ടിവെയ്ക്കപ്പെടുന്ന' തിരിച്ചുവരവിന്റെ നാടകമായി മാറ്റുവാനുള്ള മഹാകാവ്യതുല്യമായ പരിശ്രമം' എന്നാണ് സയ്ദ് തന്റെ ആത്മസുഹൃത്തായിരുന്ന ദാര്‍വീഷിന്റെ കാവ്യസാകല്യത്തെ വിശേഷിപ്പിക്കുന്നത് (Reflections on Extie). തന്റെ വീടില്ലായ്മയെ അപൂര്‍ണമോ പൂര്‍ത്തിയാക്കപ്പെടാത്തതോ ആയ വസ്തുക്കളുടെയും കാര്യങ്ങളുടെയും ഒരു പട്ടികയിലൂടെ ദാര്‍വീഷ് അവതരിപ്പിക്കുന്നുണ്ട്:

'പക്ഷേ ഞാന്‍ നാടുകടത്തപ്പെട്ടവനാണ്

എന്നെ നിന്റെ കണ്ണുകള്‍കൊണ്ടു മുദ്രവെയ്ക്കുക
നീ എവിടെയായാലും അവിടേയ്ക്ക് എന്നെ കൊണ്ടുപോവുക
നീ എവിടെയായാലും അവിടേയ്ക്ക് എന്നെ കൊണ്ടുപോവുക
എനിക്കെന്റെ മുഖത്തിന്റെ നിറം തിരിച്ചുതരിക

ഉടലിന്റെ ഊഷ്മളതയും
ഹൃദയത്തിന്റെയും കണ്ണുകളുടെയും പ്രകാശവും
അപ്പത്തിന്റെയും താളത്തിന്റെയും ലവണവും
മണ്ണിന്റെ രുചിയും... ജന്മനാട്

നിന്റെ കണ്ണുകള്‍കൊണ്ടെന്നെ കാക്കുക
വിഷാദത്തിന്റെ കൊട്ടാരത്തില്‍ നിന്ന്
ഒരവശിഷ്ടംപോലെ എന്നെ എടുക്കുക

എന്റെ ദുരന്ത നാടകത്തില്‍ നിന്ന്
ഒരു പദ്യത്തെപ്പോലെ എന്നെ എടുക്കുക
ഒരു കളിപ്പാട്ടമായി, വീട്ടില്‍നിന്നൊരിഷ്ടികയായി
എന്നെ എടുക്കുക, നമ്മുടെ കുട്ടികള്‍
തിരിച്ചു വരാനോര്‍മിക്കട്ടെ.'

മണ്ണിന്റെ ഖരതയും സംതൃപ്തിയുമായുള്ള ബന്ധം അറ്റുപോകുന്നതാണ് നാടുകടത്തലിന്റെ ദുരന്തമെന്ന് ദാര്‍വീഷിനു നന്നായറിയാമായിരുന്നു, തിരിച്ചുവരവ് അസാധ്യമെന്നും.

മഹമൂദ് ദാര്‍വീഷ് പ്രാഥമികമായും ഒരു രാഷ്ട്രീയകവിയായിരുന്നു, ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഢതയില്‍നിന്നദ്ദേഹം മുഖം തിരിച്ചില്ലെങ്കിലും. 1984 ലെ ആദ്യത്തെ ഹൃദയാഘാതത്തിനുശേഷം താന്‍ 'അനന്തത' എന്നു വിളിക്കുന്ന മരണം അദ്ദേഹത്തിന്റെ മുഖ്യപ്രമേയങ്ങളിലൊന്നായിരുന്നു. 'ചുവര്‍ചിത്രം' എന്ന കവിതയിലദ്ദേഹമെഴുതി, "യാത്ര പറയാനുള്ള സാധ്യമായ എല്ലാ ഹേതുക്കളും എന്നില്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് ഞാന്‍ പറയട്ടെ: ഞാന്‍ എന്റേതല്ല, ഞാന്‍ എന്റേതല്ല, ഞാന്‍ എന്റേതല്ല.'' ഈ വരികള്‍ 'ഞാന്‍ ഇനിമേല്‍ എന്നില്‍തന്നെ ഒടുങ്ങുന്നില്ല' എന്ന പാബ്ളോനെരൂദയുടെ വരിയെ ('എന്റെ രാഷ്ട്രീയ കക്ഷിക്ക്') അനുസ്മരിപ്പിക്കുന്നുവെങ്കില്‍ അതിലത്ഭുതപ്പെടാനില്ല: ദാര്‍വീഷ് ആദ്യം വായിച്ച മൂന്നു കവികള്‍ ഹീബ്രൂ പരിഭാഷയിലൂടെ കണ്ടെത്തിയ ലോര്‍ക്കയും നെരൂദായും ഹിബ്രൂകവിയായ യെഹൂദാ അമിച്ചായിയും ആയിരുന്നു. തന്റെ കവിതയുടെ വിരുദ്ധാകര്‍ഷണങ്ങളെക്കുറിച്ച് ദാര്‍വീഷിനു നന്നായറിയാമായിരുന്നു. 'ന്യൂയോര്‍ക്ക് ടൈംസി'നു നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്: "ഞാന്‍ ശുദ്ധകവിതയോടു കൂടുതലടുക്കുമ്പോള്‍ പലസ്തീന്‍കാര്‍ പറയും, താങ്കളെന്തായിരുന്നുവോ അതിലേയ്ക്കു തിരിച്ചുപോകാന്‍. പക്ഷേ ഞാന്‍ അനുഭവത്തില്‍നിന്ന് ഒരു കാര്യം പഠിച്ചിട്ടുണ്ട്. വായനക്കാര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എനിക്കവരെ എന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയും. എനിക്കു ആത്മാര്‍ഥതയുണ്ടെങ്കില്‍ എനിക്കെന്റെ ആധുനികത സൃഷ്ടിക്കാനും എന്റെ കളികള്‍ കളിക്കാനും കഴിയും''. ആധുനികനായിരിക്കെത്തന്നെ ദാര്‍വീഷിന് ആധുനികതയുടെ തീവ്രരൂപങ്ങളോട് ആഭിമുഖ്യമില്ലായിരുന്നു; അറബിക്കവിതയുടെ സ്രോതസ്സുകളെയും പാരമ്പര്യങ്ങളെയും കൈവിടാതെതന്നെ അതിനെ ലോകകവിതയ്ക്കു സമശീര്‍ഷമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം എഴുതുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയമായ ബിംബാവലി, അടിയന്തര പ്രാധാന്യമുള്ള പ്രമേയങ്ങള്‍, ഭാവഗീതാത്മകമായ ലാളിത്യം, സ്വത്വപരമായ ഉത്കണ്ഠ ഇവയാണ് ദാര്‍വീഷിന്റെ ആദ്യകാല കവിതയെ നിര്‍വചിച്ചത്. പിന്നീടദ്ദേഹത്തിന്റെ കവിത കൂടുതല്‍ സാന്ദ്രമാകുന്നു, ബിംബങ്ങള്‍ സങ്കീര്‍ണമാകുന്നു, ഘടനകള്‍ക്ക് പല തലങ്ങള്‍ കൈവരുന്നു. പ്രധാനകാര്യം ആധുനിക കാലത്തെ അറബിയുടെ ഭൌതികവും ആന്തരികവുമായ ജീവിതം ആവിഷ്കരിക്കാനുതകുന്ന ഒരു അറബികാവ്യ ശൈലി അദ്ദേഹം സ്വരൂപിച്ചു എന്നതാണ്; അങ്ങനെ 'അറബിഭാഷയുടെ രക്ഷകന്‍' എന്ന പദവി അദ്ദേഹം നേടി. പലസ്തീനിയന്‍ അവബോധം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു; അദ്ദേഹത്തിന്റെ രചനകള്‍ ആധുനിക അറബിസംസ്കാരത്തിന്റെ തന്നെ ഇഴകളായി മാറുകയും ചെയ്തു. രൂപമാത്രവാദികളായ കവികള്‍ക്ക് ഒരു മറുപാഠം.

രണ്ട്

മഹമൂദ് ദാര്‍വീഷ് ബിര്‍വാ ഗ്രാമത്തിലാണു ജനിച്ചത്, 1941 മാര്‍ച്ച് 15 ന്. മാതാപിതാക്കള്‍ കര്‍ഷകവൃത്തിയില്‍ മുഴുകിയിരിന്നതിനാല്‍ മുത്തച്ഛനാണ് ദാര്‍വീഷിനെ വളര്‍ത്തിയത്. ആറാംവയസ്സില്‍ ഇസ്രയേല്‍ തന്റെ ഗ്രാമത്തെ ആക്രമിച്ചതിനെത്തുടര്‍ന്ന് ദാര്‍വീഷിന് മാതാപിതാക്കള്‍ക്കൊപ്പം ലെബനോണിലേക്ക് ഓടിപ്പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ ഗ്രാമം മുഴുവന്‍ നശിച്ചിരുന്നു; വയലുകളും നഷ്ടമായ കുടുംബം ഗലീലിയില്‍ താമസമാക്കി. വീട്ടില്‍ പുസ്തകങ്ങളില്ലായിരുന്നു; ഇസ്രയേലി പട്ടാളത്തില്‍നിന്ന് ഓടിപ്പോന്ന് അലയുന്ന ഒരു പാട്ടുകാരന്റെ പാട്ടുകള്‍ ആയിരുന്നു ദാര്‍വീഷിന്റെ ആദ്യ കാവ്യാനുഭവം; സഹോദരന്റെ പ്രേരണയിലാണ് ആദ്യം കവിതകളെഴുതിയത്. 1948 മുതല്‍ 86 വരെ ഇസ്രയേലിലെ അറബികള്‍ രണ്ടാംകിട പൌരന്മാരായിരുന്നു. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഇല്ലായിരുന്നു. ഇസ്രയേലിന്റെ സ്ഥാപനദിനാഘോഷങ്ങളോട് ദാര്‍വീഷ് വിമുഖനായിരുന്നു; സ്കൂളില്‍വെച്ചഴുതിയ ആദ്യകവിതതന്നെ ഒരു മുസ്ലിം കുട്ടിയും ജൂതക്കുട്ടിയും തമ്മിലുള്ള സംഭാഷണമായിരുന്നു. നാടും കളിയും കളിപ്പാട്ടവും ആഘോഷങ്ങളുമില്ലാത്ത താന്‍ ഇതെല്ലാമുള്ള അവന്റെ കൂടെ കളിച്ചോട്ടേ എന്ന് മുസ്ലിം ബാലന്‍ യഹൂദബാലനോടു പറയുന്നു. ഈ കവിത അധികാരികളെ പ്രകോപിപ്പിച്ചു; മിലിട്ടറിഗവര്‍ണര്‍ കുട്ടിയെ വിളിച്ച് ഇനി ഇങ്ങനെ എഴുതിയാല്‍ അച്ഛന് കല്ലുവെട്ടുന്ന ജോലി നഷ്ടപ്പെടുമെന്നു താക്കീതു നല്‍കി. ബെയ്റൂത്തില്‍ 'അല്‍-ഷീര്‍' എന്ന മാസികയ്ക്കു ചുറ്റും അഡോണിസ്, നിസാര്‍ ഖബ്ബാനി തുടങ്ങിയവരുടെ മുന്‍കൈയില്‍ ആധുനികമായ ഒരറബിക്കവിത വളര്‍ന്നുവരുന്ന സമയമായിരുന്നു അത്. എന്നാല്‍ ദാര്‍വീഷ് അതൊന്നുമറിഞ്ഞിരുന്നില്ല. ഹീബ്രുവിലെ ആധുനിക കവികളും ഹീബ്രു പരിഭാഷയിലൂടെ പരിചയിച്ച യൂറോപ്യന്‍ കവികളുമാണ് പുതിയ കാവ്യ സമ്പ്രദായത്തെക്കുറിച്ച് ദാര്‍വീഷിന് അറിവുനല്‍കിയത്. ദാര്‍വീഷിന്റെ ആദ്യകവിതകള്‍ ക്ളാസ്സിക്കല്‍ രൂപങ്ങളാണുപയോഗിച്ചത്. 'ഒലീവിലകള്‍' (1965), പലസ്തീനിയന്‍ കാമുകന്‍ (1966), 'രാത്രിയുടെ അവസാനം (1967) എന്നീ സമാഹാരങ്ങള്‍ ഇസ്രയേലില്‍തന്നെ പ്രസിദ്ധീകരിച്ചു. അറുപതുകളുടെ പാതിയാകുമ്പോഴേക്കും- നമ്മുടെ കവിതയും ആധുനികമാകുന്ന കാലം-ദാര്‍വീഷ് സ്വന്തമായ ഒരു നവീന ശൈലി രൂപപ്പെടുത്തിയിരുന്നു. അപ്പോഴേക്കും അദ്ദേഹം 'റാക്കാ' (Rakah) എന്നറിയപ്പെടുന്ന ഇസ്രയേല്‍ കമ്യൂണിസ്റ്റു പാര്‍ടിയില്‍ അംഗമായിരുന്നു, പാര്‍ടിപ്പത്രത്തിന്റെ അറബിപ്പതിപ്പായ 'അല്‍-ഇത്തിഹാദി'ന്റെ പത്രാധിപരും.

ഇതേകാലത്താണ് അമര്‍ഷവും ഐറണിയും അനീതിയോടുള്ള പ്രതിഷേധവും കലര്‍ന്ന, വാക്കുകൊണ്ടുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കവിതകളും അദ്ദേഹമെഴുതുന്നത്. പലസ്തീന്‍ പ്രശ്നം തന്റെ അന്തര്‍ദേശീയ വികാരം പ്രകടിപ്പിക്കാനുള്ള ഒരു പ്രിസം-കാചം-ആയിരുന്നു ദാര്‍വീഷിന്; പലസ്തീന്‍ നാടും അതിന്റെ ചരിത്രവും ലോകചരിത്രത്തിന്റെതന്നെ സംക്ഷേപമായാണ് അദ്ദേഹത്തിനനുഭവപ്പെട്ടത്. കാനാന്‍, ഹിബ്രു, ഗ്രീക്ക്, റോമന്‍, തുര്‍ക്കി, ബ്രിട്ടീഷ് സ്വാധീനങ്ങളിലൂടെ പരിണമിക്കുമ്പോഴും അതിന്റെ കാതല്‍ സ്ഥിരമായിരുന്നെന്ന് അദ്ദേഹത്തിന്നനുഭവപ്പെട്ടു. ഈ ഇരട്ട ബോധമാണ് അദ്ദേഹത്തിന്റെ അറബി സ്വത്വബോധത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ അത് അടഞ്ഞ ഒരു തനിമാവാദമായി അപചയിച്ചില്ല, ലോകത്തോടു തുറന്നതും ഭിന്നസംസ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ളതുമായിരുന്നു ആ സ്വത്വബോധം.

പല ജയില്‍വാസങ്ങള്‍ക്കും വീട്ടുതടങ്കലുകള്‍ക്കും ശേഷം 1971 ല്‍ ദാര്‍വീഷ് മോസ്കോ സര്‍വകലാശാലയില്‍ ചേര്‍ന്നു; പിന്നീട് ബെയ്റൂത്തിലെ പലസ്തീനിയന്‍ ഗവേഷണകേന്ദ്രത്തില്‍; തുടര്‍ന്ന് ട്യൂണിസ്സിലും പാരീസിലും. 1987 ലാണ് അദ്ദേഹം പിഎല്‍ഒ (പലസ്തീനിയന്‍ വിമോചന സംഘടന) യുടെ നിര്‍വാഹക സമിതി അംഗമാകുന്നത്. ഒപ്പം 'അല്‍-കാര്‍മെല്‍' എന്ന സാഹിത്യമാസികയും എഡിറ്റു ചെയ്തുകൊണ്ടിരുന്നു. 'പലസ്തീനിയന്‍ രാഷട്ര്പ്രഖ്യാപനം' എഴുതിയുണ്ടാക്കിയത് ദാര്‍വീഷും അറബി നോവലിസ്റ്റ് ഏലിയാസ് ഖൌറിയും ചേര്‍ന്നായിരുന്നു. അത് പുതുക്കി ഇംഗ്ളീഷിലാക്കിയത് എഡ്വേഡ് സയ്ദും. പ്രസ്താവത്തെ രാഷ്ട്രീയക്കാര്‍ വളച്ചൊടിക്കുമോ എന്ന ഭയം തങ്ങള്‍ പങ്കുവെച്ചിരുന്നതായി സയ്ദ് രേഖപ്പെടുത്തുന്നുണ്ട്. തങ്ങളുടെ 'രാഷ്ട്രം' ഇപ്പോഴും സാങ്കല്പികം മാത്രമാണല്ലോ എന്ന അമ്പരപ്പും. ലെബനോണ്‍ പലസ്തീന്റെ വഴിക്കു പോകുമെന്ന് ഖൌറി ഭയപ്പെട്ടിരുന്നതായും സയ്ദ് എഴുതുന്നു. (After Mahfouz എന്ന ലേഖനം ). പിഎല്‍ഒയില്‍ വിഭാഗീയതയും ചേരിപ്പോരും തുടങ്ങിയപ്പോള്‍ ദാര്‍വീഷ് മാറിനിന്നു. "യാഥാര്‍ഥ്യത്തെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുള്ള ഒരു കവിയാണു ഞാന്‍'' എന്നാണദ്ദേഹം പറഞ്ഞത്: നമ്മുടെ സന്ദര്‍ഭത്തില്‍ പ്രസക്തമായ നിലപാട്. അക്കാലത്തദ്ദേഹം കാവ്യാത്മകമായ ചില ചെറുകഥകളുമെഴുതി. 1980കളിലെ പ്രതികൂല കാലാവസ്ഥയിലും ദാര്‍വീഷ് തന്റെ ശുഭപ്രതീക്ഷ നിലനിര്‍ത്തി:

"ബോംബുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍
തെരുവുകള്‍ നമ്മെ വളയുന്നു
നിങ്ങള്‍ക്ക് മരണവുമായി പരിചയമുണ്ടോ?
എനിക്ക് ജീവിതമാണു പരിചിതം,
ഒടുങ്ങാത്ത ആഗ്രഹവും
നിങ്ങള്‍ക്ക് മരിച്ചവരെ അറിയാമോ?
എനിക്കറിയാവുന്നത് പ്രേമിക്കുന്നവരെ.''

പാരീസില്‍വെച്ച് ദാര്‍വീഷ് എഴുതിയ ബെയ്റൂത്ത് സ്മരണകള്‍- 'മറവിക്ക് ഓരോര്‍മ' -ദീര്‍ഘമായ ഒര ഗദ്യകാവ്യമാണ്. അമര്‍ഷവും പരിഹാസവും ഹിംസയെയും ഭ്രഷ്ടിനെയുംക്കുറിച്ചുള്ള ധ്യാനങ്ങളും നിറഞ്ഞ ഒന്ന്. 1984 ലും 98 ലും ഉണ്ടായ ഹൃദയാഘാതങ്ങള്‍ അദ്ദേഹത്തിനു ലഭിച്ച മരണത്തിന്റെ താക്കീതുകളായിരുന്നു. 1993 ല്‍ ദാര്‍വീഷ് പിഎല്‍ഒ നിര്‍വാഹക സമിതിയില്‍നിന്നു രാജിവെച്ചു. ഇസ്രയേലുമായി പിഎല്‍ഒ ഉണ്ടാക്കിയ ഓസ്ലോ കരാര്‍ കുഴപ്പം പിടിച്ചതായി അദ്ദേഹം കരുതി. അത് നേരാണെന്നു പിന്നീട് തെളിഞ്ഞപ്പോള്‍ ദുഃഖിക്കുകയും ചെയ്തു. 1995 ല്‍ ദാര്‍വീഷ് അമ്മയെ കാണാന്‍ ഇസ്രയേലിലേക്കു തിരിച്ചുപോയി; വലിയൊരു സദസ്സിനുമുന്നില്‍ കവിത വായിച്ചു; തെരഞ്ഞെടുത്ത കവിതകള്‍ ഹീബ്രുഭാഷയില്‍ 2007 ജൂലൈയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പലസ്തീന്‍ വെസ്റ്റ് ബാങ്കിന്റെ സ്വയം ഭരണ പ്രദേശങ്ങളില്‍ എത്രകാലവും താമസിക്കാന്‍ ഇസ്രയേല്‍ അദ്ദേഹത്തെ അനുവദിച്ചുവെങ്കിലും അവസാനകാലം അമ്മാനിലാണദ്ദേഹം ചെലവിട്ടത്. ഗാസയിലെ ഹാമാസിന്റെ വിജയത്തെ അദ്ദേഹം അപലപിച്ചു. "ഞങ്ങളിപ്പോള്‍ ആരാച്ചാരന്മാരുടെ വസ്ത്രമാണ് ധരിക്കുന്നത്'' എന്ന് പരസ്പരം കണ്ടുകൂടാത്ത രണ്ടു രാഷ്ട്രങ്ങളെ നോക്കി അദ്ദേഹം പരിഹസിച്ചു.

ടെക്സാസിലെ ഒരാശുപത്രിയില്‍വെച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ഈ ആഗസ്ത് ഒമ്പതിന് അന്തരിക്കുമ്പോഴേക്കും ദാര്‍വീഷ് സാര്‍വദേശീയ പ്രശസ്തി നേടിയിരുന്നു. ലോട്ടസ് സമ്മാനം, ലെനിന്‍ സമാധാന സമ്മാനം, സാംസ്കാരിക സ്വാതന്ത്ര്യത്തിനുള്ള സംഭാവനക്ക് ലെന്നന്‍ പുരസ്കാരം, ഓസ്ട്രിയയിലെ 'പ്രിന്‍സ് ക്ളോസ് ഫണ്ടി'ന്റ 'പ്രിന്‍സിപ്പല്‍ പ്രൈസ്.' ഫ്രഞ്ചു ഗവണ്‍മെന്റ് നല്‍കിയ നൈറ്റ്ഹുഡ്, മൊറോക്കോവില്‍നിന്ന് ധിഷണാവൈഭവത്തിനുള്ള 'വിസ്സാം' ബഹുമതി, ഇവയെല്ലാം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ടുതവണ വിവാഹം കഴിച്ചിരുന്നെങ്കിലും ദാര്‍വീഷിന് കുട്ടികളില്ലായിരുന്നു; ആദ്യപത്നി റാനാ കബ്ബാനിയാണ് ദാര്‍വീഷിന്റെ ഏറെ കവിതകളും ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ദാര്‍വീഷ് മരിച്ചപ്പോള്‍ ഇസ്രയേല്‍ വിദ്യാഭ്യാസമന്ത്രി ഗുഷ് ഷാലോം, കവിയെ ഭ്രഷ്ടിലേക്കു തള്ളിയിട്ടതിന്റെ അപമാനം ഇസ്രയേലിന്റേതാണെന്ന് ഏറ്റുപറഞ്ഞു; അദ്ദേഹത്തിന്റെ കവിതകള്‍ ഇപ്പോഴെങ്കിലും സ്കൂളുകളില്‍ പഠിപ്പിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു: രണ്ടായിരാമാണ്ടില്‍ ആ നിര്‍ദേശം ഉന്നയിച്ചിരുന്നെങ്കിലും വലതുപക്ഷക്കാര്‍ എതിര്‍ത്തതിനാല്‍ നടപ്പാക്കാനായിരുന്നില്ല.

മൂന്ന്

ഇസ്രയേലില്‍ ജീവിക്കുന്ന ഒരു പലസ്തീന്‍കാരന്റെ വിരുദ്ധ സ്വത്വം ദാര്‍വീഷിനെ നിരന്തരം വേട്ടയാടിയിരുന്നു. 'ചുവര്‍ച്ചിത്ര'ത്തിലെ വരികള്‍ കാണുക:

എന്നെ തേടുമ്പോഴെല്ലാം
ഞാന്‍ മറ്റുള്ളവരെ കണ്ടെത്തുന്നു
അവരെ തേടുമ്പോഴോ,
എന്റെതന്നെ അന്യസ്വത്വത്തെ
അപ്പോള്‍ ഞാന്‍ വ്യക്തിയോ, ആള്‍ക്കൂട്ടമോ?

പ്രശസ്തമായ 'ഐഡന്റിറ്റി കാര്‍ഡി'ലെ 'അതെ, എഴുതിവെയ്ക്കു, ഞാന്‍ അറബിയാണ്'എന്ന പ്രസ്താവത്തിന്റെ ഉറപ്പ് ഇവിടെയില്ല. അറബി സ്വത്വത്തിന്റെ നാനാത്വം ദാര്‍വീഷ് കവിതയിലെ നിരന്തരസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ കവിത വിഭിന്നസംസ്കാരങ്ങള്‍ തമ്മിലുള്ള ഒരു സംഭാഷണമാണ്; ക്രിസ്ത്യന്‍-മുസ്ലിം-യഹൂദ മിത്തുകള്‍ അവയുടെ അടിയൊഴുക്കാണ്, ഈജിപ്തുകാരുടെ 'മരിച്ചവരുടെ പുസ്തക'വും ബൈബിളിലെ ജെറേമയായുടെ പുസ്തകവും ഗിഹമേഷിന്റെ ഇതിഹാസവും ഇവിടെ ഒരു സംയുക്ത സ്വത്വബോധത്തിന്റെ അടയാളമാകുന്നു. എന്തിന് റെഡ്ഡിന്ത്യക്കാരു അവസ്ഥയില്‍പോലും കവി പലസ്തീന്‍കാരന്റെതന്നെ രൂപകമാണു തേടുന്നത്. 'ഇന്ത്യന്‍ സ്പീച്ച്' എന്ന ദീര്‍ഘകാവ്യം ഉദാഹരണം. ഒരു ഭാഗത്ത് മനുഷ്യന്റെ ശാശ്വതമായ പാരതന്ത്ര്യത്തിന്റെയും മറുഭാഗത്ത് പലസ്തീന്‍കാരുടെ ഭീഷണമായ ചരിത്ര യാഥാര്‍ഥ്യത്തിന്റെയും രൂപകമായി മാറുന്നു റെഡ്ഡിന്ത്യക്കാരുടെ വര്‍ത്തമാനാവസ്ഥ.

"കാറ്റ് ഞങ്ങളുടെ ആദിയും അന്ത്യവും ചൊല്ലിത്തരും
ഞങ്ങളുടെ വര്‍ത്തമാനം ചോരയൊലിപ്പിക്കുകയാണെങ്കിലും
ഞങ്ങളുടെ നാളുകള്‍ ഐതിഹ്യത്തിന്റെ
ചാരം മൂടിക്കിടക്കയാണെങ്കിലും...''

ഏതോ അപരിചിതന്‍ കടന്നുകയറി പൂന്തോപ്പുകള്‍ നശിപ്പിച്ച് ലോഹത്തിന്റെ പൂക്കള്‍ വാഗ്ദാനം ചെയ്യുന്ന അനുഭവമാണ് ഇന്‍ഡ്യന്റേത്. "രാത്രി വേണ്ടത്ര എടുത്തോളൂ, പക്ഷേ രണ്ടു നക്ഷത്രങ്ങള്‍ ബാക്കിയിടൂ. കടലെടുത്തോളൂ, മീന്‍ പിടിക്കാന്‍ ചില തിരകള്‍ ബാക്കിയിടൂ, ഭൂമിയുടെ പൊന്നു മുഴുവനെടുത്തോളൂ, കാരണവന്മാരുടെ ഒരുപിടിമണ്ണ് ബാക്കിയിടൂ'' ഇങ്ങനെ പോകുന്നു അവരുടെ പ്രാര്‍ഥന.

'ഞങ്ങള്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍
എണ്ണയും ഉപ്പുംപോലെ ഭരണികളില്‍ സൂക്ഷിക്കുന്നു
അവരുടെ പേരുകള്‍ ഞങ്ങള്‍ നീര്‍പ്പക്ഷികളുടെ
വാലുകളില്‍ കെട്ടിയിടുന്നു.

ഇംഗ്ളീഷ് തോക്കുകള്‍ക്കും ഫ്രഞ്ചു വീഞ്ഞിനും ഇന്‍ഫ്ളുവന്‍സയ്ക്കും മുമ്പ് മാനുകളോടൊത്തു സ്വന്തം വാമൊഴിച്ചരിത്രം പഠിച്ചിരുന്ന സ്വന്തം വംശത്തിന്റെ പ്രതാപകാലം അവരോര്‍മിക്കുന്നു. എങ്കിലും വിദ്വേഷത്തിലല്ല. ഇരുവര്‍ക്കും ഇടമുള്ള ഒരുദ്ഗ്രഥിത രാഷ്ട്രത്തിന്റെ സ്വപ്നത്തിലാണ് കവിത അവസാനിക്കുന്നത്. ദാര്‍വീഷ് യഹൂദരെ സമീപിച്ചതും ഇതുപോലെയായിരുന്നു. അവരുടെ ഇടം ഇല്ലാതാക്കാനല്ല, തങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താനുള്ള വാഞ്ഛയോടെ. മനുഷ്യരുടെ സഹിഷ്ണുതയിലും സംസ്കാരങ്ങളുടെ ഉദ്ഗ്രഥന സാധ്യതയിലും അദ്ദേഹം ഒടുക്കംവരെ വിശ്വസിച്ചു.

അറിബക്കവിതയില്‍ പുതിയൊരു സ്ഥലപരമായ കാവ്യമീമാംസ ദാര്‍വീഷ് സൃഷ്ടിച്ചു. പലസ്തീനിലെ സ്ഥലങ്ങള്‍, മണ്ണ്, മരങ്ങള്‍, മൃഗങ്ങള്‍, ഭക്ഷണം, ഗന്ധങ്ങള്‍ ഇവയെയെല്ലാം സൂക്ഷ്മവും ഗാനാത്മകവുമായി ആവിഷ്കരിക്കുന്നതായിരുന്നു ഈ കാവ്യശാസ്ത്രം. 'കസീദത്-അല്‍-അര്‍ദ്' (നാടിന്റെ കവിത) തുടങ്ങിയ രചനകളിലദ്ദേഹം സൂഫിപ്രണയകവിതകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തുന്നു. പലസ്തീന്‍ ദിനത്തില്‍ പ്രകടനത്തില്‍ പങ്കെടുത്ത അഞ്ചു പെണ്‍കുട്ടികള്‍ വെടിവെച്ചുകൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹമെഴുതി: "മാര്‍ച്ചുമാസത്തില്‍, കലാപത്തിന്റെ വര്‍ഷത്തില്‍, ഭൂമി ഞങ്ങളോട് അവളുടെ ചോരയുടെ രഹസ്യങ്ങള്‍ പറഞ്ഞു. മാര്‍ച്ചുമാസത്തില്‍ അഞ്ചുപെണ്‍കുട്ടികള്‍ സ്കൂള്‍ പടിവാതില്‍ കടന്ന്, വയലറ്റുപൂക്കള്‍ കടന്ന്, തോക്കുകള്‍ കടന്ന്, ജ്വാലകളായി പൊട്ടിവിടര്‍ന്നു. പനിനീര്‍പ്പൂക്കളും സുഗന്ധപ്പച്ചയുംകൊണ്ട് അവര്‍ മണ്ണിന്റെ പാട്ടുതുറന്ന് ഭൂമിയില്‍ പ്രവേശിച്ചു... ഞങ്ങളുടെ നാട്ടില്‍ മാര്‍ച്ചുമാസം വരുന്നത് പെണ്‍കുട്ടികളുടെ നൃത്തത്തില്‍നിന്നാണ്; വയലറ്റുകള്‍ അല്പം കുനിഞ്ഞുകൊടുത്തു, പെണ്‍കുട്ടികളുടെ ശബ്ദങ്ങള്‍ക്കു കടന്നുപോകാന്‍. പക്ഷികള്‍ പാട്ടിലേയ്ക്കും എന്റെ ഹൃദയത്തിലേയ്ക്കും കൊക്കുകള്‍ കൂര്‍പ്പിച്ചു...'' മണ്ണിനെ തന്റെ ആത്മാവിന്റെയും റോസിനെ മുറിവുകളുടെയും വിസ്താരമായാണ് കവി കാണുന്നത്. നെഞ്ചിലെ അത്തിമരത്തില്‍നിന്ന് ഒരു കൊമ്പു പറിച്ചെറിഞ്ഞ് അക്രമിയുടെ പീരങ്കി പൊട്ടിത്തെറിപ്പിക്കാനദ്ദേഹം ശ്രമിക്കുന്നു. തന്റെ ശകലീകൃതമായ ലോകത്തെ മാന്ത്രികമായി പുനര്‍നിര്‍മിക്കാനുള്ള ഒരുപാധിയാണ് ദാര്‍വീഷിന് രൂപകം. അദ്ദേഹത്തിന്റെ സംഗീതാത്മകമായ പ്രപഞ്ചത്തില്‍ കല്ല് കാറ്റാവുന്നു, തടവറ പുഷ്പിക്കുന്നു.

ചിലപ്പോഴൊക്കെ ഈ ഭാവഗീതാത്മകത വിരുദ്ധോക്തിക്കു വഴി മാറുന്നു: "എന്റെ നാട് ചങ്ങലയില്‍ കിടക്കുന്നതിന്റെ ആനന്ദത്തിലാണ്, തപാലിലയക്കുന്ന ചുംബനത്തിന്റെയും. എന്നെ കാശപ്പു ചെയ്ത രാജ്യത്തില്‍നിന്ന് എനിക്കുവേണ്ടത് എന്റെ അമ്മയുടെ തൂവാലയും പുതിയൊരു മരണത്തിനുവേണ്ട കാരണങ്ങളും മാത്രം. 'ദി സ്റ്റേറ്റ് ഓഫ് സീജ്' എന്ന ഒരന്ത്യകാല കവിതയില്‍ തന്റെ കാവ്യ സങ്കല്പം അദ്ദേഹം അവതരിപ്പിക്കുന്നു: "കവിതയെ വിശ്വസിക്കരുത്, അത് അസാന്നിധ്യത്തിന്റെ പുത്രിയാണ്. അത് ഉള്‍ക്കണ്ണല്ല, ചിന്തയുമല്ല, അഗാധതയെക്കുറിച്ചുള്ളൊരു ബോധമാണ്.''

ദാര്‍വീഷിന്റെ ഇരുപതാമത്തെ കവിതാ സമാഹാരമായ 'ചുവര്‍ച്ചിത്രം' അനന്തതയെക്കുറിച്ചൊരു ധ്യാനമാണ്. എന്നാല്‍ 2001-2002 കാലത്തെ 'മൊഹമ്മദ്', 'ബലി,' 'എ സ്റ്റേറ്റ് ഓഫ് സീജ്' (ശത്രുവിനാല്‍ വളയപ്പെട്ട അവസ്ഥ) തുടങ്ങിയ കവിതകളില്‍ ആദ്യകാല കവിതകളുടെ ആവിഷ്ടാവസ്ഥ തിരിച്ചുവരുന്നു. 'എ സ്റ്റേറ്റ് ഓഫ് സീജി'ലെ ചില വരികള്‍ കാണുക:

"ഒരു സ്ത്രീ മേഘത്തോടു യാചിച്ചു:
എന്റെ പ്രിയപ്പെട്ടവരെ വന്നു മുടുക
എന്റെ വസ്ത്രം അവന്റെ
രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു.
മഴയാവാനായില്ലെങ്കില്‍, പ്രിയപ്പെട്ടവനേ
ഈര്‍പ്പം നിറഞ്ഞ മരങ്ങളാവുക, കല്ലാവുക,
കല്ലാകാനായില്ലെങ്കില്‍, പ്രിയപ്പെട്ടവനേ,
ഒരു ചന്ദ്രനാവുക, പ്രിയപ്പെട്ടവളുടെ
സ്വപ്നത്തിലെ
ഒരു ചന്ദ്രനാവുക, ഇങ്ങനെ പറഞ്ഞു
ഒരു സ്ത്രീ, തന്റെ മകനോട്,
അവന്റെ ശവമടക്കുമ്പോള്‍.''

പ്രിന്‍സ് ക്ളോസ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മഹമൂദ് ദാര്‍വീഷ് നടത്തിയ പ്രഭാഷണത്തില്‍നിന്നൊരു ഭാഗമുദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ: "ഒരാള്‍ക്ക് ഒരിടത്തേ പിറക്കാനാവൂ, എന്നാല്‍ അയാള്‍ക്ക് മറ്റെവിടെയെങ്കിലും പലകുറി മരിക്കാനാകും, നാടുകടത്തപ്പെട്ട്, ജയിലുകളില്‍, അക്രമവും അടിച്ചമര്‍ത്തലുംകൊണ്ട് ദുഃസ്വപ്നമായി മാറിയ ജന്മനാട്ടില്‍പോലും. ഒരു പക്ഷേ കവിത മനോഹരമായൊരു മിഥ്യയെ ലാളിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന എന്തോ ആണ്: നമുക്കകത്തുനിന്നുതന്നെ വീണ്ടും വീണ്ടും പിറവിയെടുക്കാന്‍, കൂടുതല്‍ നല്ലൊരു അയഥാര്‍ഥ ലോകം നിര്‍മിക്കാനായി വാക്കുകളുപയോഗിക്കാന്‍, ജീവിതവുമായി സ്ഥിരവും സമഗ്രവുമായ സമാധാനത്തിന്നായി ഒരു കരാറൊപ്പുവെയ്ക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്ന്.''

*
സച്ചിദാനന്ദന്‍ , കടപ്പാട്: ദേശാഭിമാനി

സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത ദാര്‍വിഷ് കവിതകള്‍ ഇവിടെ

Thursday, August 7, 2008

പള്ളിച്ചട്ടമ്പികളും കമ്യൂണിസ്റ്റുകാരും

ഞാന്‍ മുരിങ്ങശ്ശേരി ഫ്രാന്‍സിസ് മകന്‍ ബേബി എന്ന അഗസ്റ്റിന്‍. വയസ്സ് 67. 1955ല്‍ തൃശൂര്‍ സെന്റ് തോമസ് ഹൈസ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ എട്ടാംക്ലാസില്‍ പഠിപ്പ് മതിയാക്കി. സഹോദരി സിസിലിയെ തൃശൂരിലെ ഒരു കോണ്‍വെന്റിലും എന്നെ അമ്മയുടെ ജന്മദേശമായ ആമ്പല്ലൂരില്‍ അപ്പൂപ്പന്റെ അടുത്തും ആക്കിയശേഷം അമ്മ അപ്പച്ചന്റെ ജോലിസ്ഥലമായ നീലഗിരിയിലേക്കു പോയി. ആമ്പല്ലൂരില്‍ എത്തുമ്പോള്‍ എനിക്ക് വയസ്സ് 15. ആമ്പല്ലൂരിലെ അളഗപ്പാ മില്ലില്‍ ജോലിക്കാരനായിരുന്നു അപ്പൂപ്പന്‍.

ഞാന്‍ നേരംപോകാന്‍ ആമ്പല്ലൂരിലെ ഐഎന്‍ടിയുസി ഓഫീസിന്റെ വരാന്തയില്‍ പോയി ഇരിക്കും. മുകളിലത്തെ നിലയിലുള്ള ഓഫീസിന്റെ വരാന്തയിലിരുന്നാല്‍ റോഡിലൂടെ പോകുന്ന വണ്ടികളെയും കാല്‍നടക്കാരെയും കണ്ടുകൊണ്ടിരിക്കാം. ഇതു പതിവുപരിപാടിയായി. അവിടെവച്ചാണ് ജേക്കബ് ചേട്ടനെ പരിചയപ്പെടുന്നത്. ജേക്കബ് ചേട്ടന്‍ അളഗപ്പാ മില്ലിലെ തൊഴിലാളിയും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഖദര്‍ ജൂബയും മുണ്ടും മാത്രമേ ധരിക്കൂ. എനിക്ക് വരയ്ക്കാനും എഴുതാനുമുള്ള താല്‍പ്പര്യമുണ്ടെന്ന് ജേക്കബ് ചേട്ടനോട് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഒരിക്കല്‍ യൂണിയന്റെ പൊതുയോഗത്തിനുവേണ്ടി ഒരു ബോര്‍ഡ് എഴുതാന്‍ പറഞ്ഞു. ക്രമേണ ഞാന്‍ പ്രാദേശികമായി അറിയപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റായി. യൂണിയന്‍ ഓഫീസിന്റെ വരാന്തയില്‍ എഴുതാനുള്ള സൌകര്യമുണ്ടായിരുന്നതുകൊണ്ട് മിക്കവാറും ഞാനവിടെ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ എന്നെ കോണ്‍ഗ്രസുകാരനായാണ് എല്ലാവരും കരുതിയിരുന്നത്.

സത്യത്തില്‍ രാഷ്ട്രീയത്തില്‍ ബാലപാഠംപോലും എനിക്ക് അറിയില്ലായിരുന്നു. ഒരിക്കല്‍ അളഗപ്പാ മില്ലില്‍ പകല്‍ മൂന്നുമണിക്കുള്ള ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികള്‍ പുറത്തുവരുമ്പോള്‍ എവിടെനിന്നോ പാഞ്ഞുവന്ന മൂന്നുപേര്‍ പെട്ടെന്ന് ജേക്കബ് ചേട്ടനെയും കൂട്ടുകാരെയും ആക്രമിക്കുന്നത് ഒരു കടയുടെ മുന്നില്‍ നിന്ന ഞാന്‍ കണ്ടു. ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒരുവന്‍ ഒരു തടിക്കഷണംകൊണ്ട് ജേക്കബ് ചേട്ടനെ പിന്നില്‍നിന്നു തലയില്‍ ആഞ്ഞടിക്കാനോങ്ങുന്നത് ഞാന്‍ കണ്ടു. മിന്നല്‍വേഗത്തില്‍ച്ചെന്ന് ചാടിക്കൊണ്ട് ഞാന്‍ അയാളുടെ കഴുത്തില്‍ ഒറ്റ ചവിട്ട്. അയാളതാ കമിഴ്ന്നടിച്ചു നിലത്തുകിടക്കുന്നു. ജേക്കബ് ചേട്ടന്‍ അടുത്തുള്ള വീട്ടില്‍ കയറി. പിന്നാലെ പോയ ഞാന്‍ വെറുതെ ഒന്നു തിരിഞ്ഞുനോക്കി. കമിഴ്ന്നു വീണയാള്‍ എണീക്കാന്‍ ശ്രമിക്കുന്നതു കണ്ടു. ദൃഢഗാത്രനായ അയാള്‍ എഴുന്നേറ്റുവന്നാല്‍ എന്റെ കഥ കഴിഞ്ഞതുതന്നെ. മറ്റൊന്നും ചിന്തിച്ചില്ല. ഓടിച്ചെന്ന് അയാളുടെ പിടലിയില്‍ കാലുമടക്കി ആഞ്ഞടിച്ചു. അയാള്‍ മലര്‍ന്നുവീണു. വായിലും മൂക്കിലുംനിന്നു രക്തം വന്നു. പാര്‍ടി വൈരാഗ്യമായിരുന്നു ഈ സംഘട്ടനത്തിനു പിന്നിലെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.

ആപത്തില്‍പ്പെട്ട സുഹൃത്തിനെ സഹായിക്കുക എന്നതിലുപരി മറ്റൊരു ചിന്തയും എനിക്ക് ഉണ്ടായിരുന്നില്ല. സുഹൃത്ത് കോണ്‍ഗ്രസുകാരനായിരുന്നതുകൊണ്ടും ആ സുഹൃത്തിനെ സഹായിച്ചതുകൊണ്ടും ജനം എന്നെ കോണ്‍ഗ്രസുകാരനായി കണ്ടതുകൊണ്ടും ഫലത്തില്‍ ഞാന്‍ കമ്യൂണിസ്റ്റുകളുടെ നോട്ടപ്പുള്ളിയായി. വിവരമറിഞ്ഞ അപ്പൂപ്പന്‍ യൂണിയന്‍ ഓഫീസില്‍വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. "ഇനി നീ ഇവിടെ നില്‍ക്കണ്ട. നാളെ രാവിലെ നീലഗിരിക്ക് പൊയ്ക്കോ'' എന്നുപറഞ്ഞു. എതിര്‍ക്കാനൊന്നും നിന്നില്ല. പിറ്റേന്നു രാവിലെതന്നെ ഞാന്‍ യാത്രയായി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: "അവലഞ്ച് എന്ന സ്ഥലത്ത് ഒരു ഡാം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അവിടെ പോയാല്‍ വല്ല ജോലിയും തരപ്പെടും.'' അടുത്ത ദിവസം അങ്ങോട്ടുപോയി. അവിടെ പെയിന്റര്‍ തസ്തികയില്‍ കാഷ്വല്‍ ലേബറായിട്ടായിരുന്നു നിയമനം. ഒരു ദിവസം ജേക്കബ് ചേട്ടന്റെ കത്തുകിട്ടി. ഫാദര്‍ വടക്കന്റെ നിര്‍ദേശപ്രകാരം ഞാന്‍ ഉടനെ നാട്ടിലെത്തണമെന്നും ഒഴികഴിവുകളൊന്നും പറയരുതെന്നും എനിക്ക് ഭാവിയില്‍ ഗുണമുള്ള കാര്യമാണെന്നും കാണിച്ചായിരുന്നു കത്ത്. അടുത്ത ആഴ്ചയിലെ കൂലി വാങ്ങി. വളരെ അത്യാവശ്യമായി നാട്ടില്‍ പോകേണ്ടതുണ്ടെന്നും 15 ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നും പറഞ്ഞ് ലീവെഴുതി കൊടുത്ത് നാട്ടിലേക്ക് വണ്ടികയറി.

ജേക്കബ് ചേട്ടനെ കണ്ടു. പിറ്റേന്നു രാവിലെ പുതുക്കാട് പള്ളി ഇടവക വികാരിയച്ചന്റെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. മധ്യവയസ്കനായ അച്ചന്‍ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. "നാട്ടില്‍ കമ്യൂണിസ്റ്റുകാരുടെ ഭരണമാണ് നടക്കുന്നത്. പള്ളിക്കും പട്ടക്കാര്‍ക്കും പള്ളികള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞിരിക്കുന്നത്. കമ്യൂണിസ്റ്റ് ചെകുത്താന്മാരില്‍നിന്നു സഭയെയും സ്ഥാപനങ്ങളെയും രക്ഷിക്കാന്‍ നിന്നെപ്പോലെയുള്ള ചുണക്കുട്ടന്മാരെയാണ് ഇപ്പോള്‍ ആവശ്യം. ഞാനൊരു കത്തുതരാം. അതു വടക്കനച്ചനെ ഏല്‍പ്പിക്കണം. നിന്നെ ദൈവം അനുഗ്രഹിക്കും.'' എനിക്കൊന്നും മനസ്സിലായില്ല. പള്ളിയില്‍ കയറി പ്രാര്‍ഥിച്ചശേഷം തൃശൂര്‍ക്കുള്ള ബസില്‍ കയറി.

യാത്രയ്ക്കിടെ എന്റെ ചിന്ത മുഴുവന്‍ കമ്യൂണിസ്റ്റുകാരെപ്പറ്റിയായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് പള്ളിയോടും സഭാസ്ഥാപനങ്ങളോടും എന്താണ് ഇത്ര വിരോധം, അങ്ങനെ വിരോധമുണ്ടെങ്കില്‍ത്തന്നെ എനിക്കെന്തു ചെയ്യാന്‍ പറ്റും എന്നൊക്കെ. ബസിറങ്ങി. മരിയാപുരത്ത് മലബാര്‍ മിഷണറീസ് ആശ്രമത്തിലെത്തി. ഈ ആശ്രമത്തിലായിരുന്നു അന്ന് വടക്കനച്ചന്‍ താമസിച്ചിരുന്നത്. ജേക്കബ് ചേട്ടന്‍ അച്ചന്റെ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ആറടിയോളം ഉയരം, ഒത്ത ശരീരം, ക്ലീന്‍ഷേവ് ചെയ്ത മുഖം, പൌരുഷം തുളുമ്പുന്ന ശബ്ദം. വിടര്‍ന്ന കണ്ണുകള്‍. ആജ്ഞാശക്തിയുള്ള സംസാരം. തലയെടുപ്പുള്ള നടത്തം. അച്ചനെ ആരും ഒന്ന് ശ്രദ്ധിച്ചുപോകും.

കത്തുവായിച്ചശേഷം അച്ചന്‍ എന്റെ തോളില്‍തട്ടി. ഞങ്ങള്‍ ചായ കുടി കഴിഞ്ഞ് ഒരു ഹാളിലെത്തി. അവിടെ നിറയെ ചെറുപ്പക്കാരുണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ ഇടവകകളില്‍നിന്നുള്ളവരായിരുന്നു അവര്‍. പുതുക്കാട്ട് നിന്നുള്ളവരും ഉണ്ട്. ജേക്കബ് ചേട്ടന്‍ എന്നെ പരിചയപ്പെടുത്തി. അവര്‍ പരസ്പരം എന്തോ അടക്കം പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരുടെ അടുത്തായി ഞങ്ങള്‍ ഇരുന്നു. വടക്കനച്ചന്റെ പ്രസംഗം തുടങ്ങി. കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ ക്രൈസ്തവര്‍ അനുഭവിച്ചുവരുന്നതും തുടര്‍ന്ന് അനുഭവിക്കാനിരിക്കുന്നതുമായ നരകയാതനകളെക്കുറിച്ചായിരുന്നു തുടക്കം.

കമ്യൂണിസ്റ്റുകാര്‍ അന്തിക്രിസ്തുക്കളാണെന്നും സാത്താന്റെ സന്തതികളാണെന്നും അവരെ ഇല്ലായ്മചെയ്യാന്‍-നശിപ്പിക്കാന്‍ വീണ്ടുമൊരു കുരിശുയുദ്ധം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും അച്ചന്‍ പറഞ്ഞു. അങ്കമാലി ഫ്ലോറി എന്ന ഗര്‍ഭിണിയെ ഇ എം എസിന്റെ പൊലീസ് വെടിവച്ചുകൊന്ന മൃഗീയമായ കൊലപാതകത്തെപ്പറ്റി വിശദീകരിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് ക്രിസ്ത്യന്‍ പള്ളികളെ ആക്രമിക്കുകയും നൂറുകണക്കിന് പുരോഹിതരെ 'ഗില്ലറ്റ്' ഉപയോഗിച്ച് തലവെട്ടുകയും ചെയ്ത കമ്യൂണിസ്റ്റ് കിരാതരുടെ പരമ്പരയില്‍പ്പെട്ടവരാണ് ഇപ്പോള്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. രക്തദാഹികളായ ഇവരുടെ കിരാതഭരണത്തിന്‍കീഴില്‍ ക്രിസ്ത്യാനികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും രക്ഷയില്ല. ഈ അന്തിക്രിസ്തുക്കളെ നശിപ്പിക്കേണ്ടത് ക്രിസ്ത്യാനികളുടെ കടമയാണ്.

പള്ളികള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനാണ് അടുത്ത നീക്കം. അതു നാം അനുവദിച്ചുകൂടാ. കത്തോലിക്കാ മതത്തിനും മതസ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഈ കടന്നുകയറ്റത്തെ ജീവന്‍ കൊടുത്തും നാം ചെറുക്കണം. ക്രിസ്ത്യാനികള്‍ക്കെതിരെ ശത്രുക്കള്‍ നടത്തിയ ആക്രമണത്തില്‍ അവസാനനിമിഷം വരെ പോരാടി ധീരരക്തസാക്ഷികളായവരാണ് സെന്റ് സെബാസ്റ്റ്യനും സെന്റ് ജോര്‍ജും. അവര്‍ക്ക് സ്വര്‍ഗരാജ്യം കിട്ടി; പുണ്യവാളന്മാരായി. ശത്രു നമ്മെ ആക്രമിക്കുമ്പോള്‍ കൈയും കെട്ടിനിന്ന് അതെല്ലാം സഹിക്കുകയും നാം മരണപ്പെടുകയും ചെയ്താല്‍, അത് ആത്മഹത്യക്ക് തുല്യമായിരിക്കും. ആത്മഹത്യ പാപമാണ്; അതിനുള്ള ശിക്ഷ നരകവും. സര്‍വശക്തനായ ദൈവം നമുക്ക് കൈയും കാലും തന്നിട്ടുള്ളത് ഭക്ഷണം കഴിക്കാനും പണിയെടുക്കാനും നടക്കാനും മാത്രമല്ല; നമ്മുടെ ശരീരത്തെ രക്ഷിക്കാനും കൂടിയാണ്. വീഴുമ്പോള്‍ കൈ കുത്തുന്നതും അടിക്കുമ്പോള്‍ തടുക്കുന്നതും നമ്മുടെ ശരീരത്തെ പരിക്കുപറ്റാതെ സംരക്ഷിക്കാനാണ്. നമ്മുടെ തിരുസഭയെയും സഭാസ്ഥാപനങ്ങളെയും കമ്യൂണിസ്റ്റ് കിരാതന്മാരില്‍നിന്നു സംരക്ഷിക്കാന്‍ എന്തിനും തയ്യാറായ യുവപോരാളികളെ നമുക്കാവശ്യമുണ്ട്. അവരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് ഇന്നു നാം ഇവിടെ കൂടിയിരിക്കുന്നത്. തിരുസഭയ്ക്കു വേണ്ടി- ക്രിസ്തുവിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ളവര്‍ കൈ പൊക്കുക-അച്ചന്‍ പറഞ്ഞുനിര്‍ത്തി.

തിരുസഭയുടെ ചട്ടക്കൂടുകളില്‍ ജീവിച്ചിരുന്നവരായതുകൊണ്ട് പള്ളിയുമായിട്ടുള്ള ബന്ധം ഞങ്ങളുടെ കുടുംബത്തിനുണ്ടായിരുന്നു. ഒമ്പതുവയസ്സുമുതല്‍ പള്ളിയിലെ തിരുകര്‍മങ്ങളില്‍ ശുശ്രൂഷകനായും പാട്ടുകാരനായും മറ്റും ഞാന്‍ സഹകരിച്ചിരുന്നു. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയോടും പുരോഹിതന്മാരോടും എനിക്ക് ആദരവും ഭക്തിയും ബഹുമാനവുമുണ്ടായിരുന്നു. ഞാന്‍ നിലനിര്‍ത്തിപ്പോന്നിരുന്ന വിശ്വാസങ്ങളെയും മൂല്യങ്ങളെയും ഹനിക്കുന്ന തരത്തിലുള്ള കിരാതനടപടികളാണ് കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വടക്കനച്ചന്റെ പ്രസംഗത്തില്‍നിന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആവേശഭരിതനായി. കമ്യൂണിസ്റ്റ് ഭരണത്തോടും കമ്യൂണിസ്റ്റുകാരോടും വെറുപ്പും ശത്രുതയും എന്നില്‍ ഉടലെടുത്തു. ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല. കൈ പൊക്കി. മറ്റുള്ളവരെ ശ്രദ്ധിച്ചു. പകുതിയോളം പേര്‍ മാത്രമേ കൈ പൊക്കിയിട്ടുള്ളൂ. കൈ പൊക്കാത്തവരെല്ലാം പുറത്തുപോകണമെന്ന് അച്ചന്‍ പറഞ്ഞു. അവരെല്ലാം പോയി.

ശേഷിച്ചവര്‍ അറുപതോളം പേര്‍. ഇടവക തിരിച്ച് സമരഭടന്മാരെ തെരഞ്ഞെടുത്തു. എന്നെ പുതുക്കാട് ഇടവകയുടെ കീഴില്‍ വിമോചനസേനയുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുന്നതിനുവേണ്ടി പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ക്രിസ്ത്യന്‍ പള്ളിക്കാര്‍ നടത്തുന്ന വിമോചനസമരത്തില്‍ പുതുക്കാട് ഇടവകയിലെ സമരഭടന്മാരുടെ ക്യാപ്റ്റനായി നിയമിക്കുന്നതിനുവേണ്ടിയായിരുന്നു എന്നെ നീലഗിരിയില്‍നിന്നു വരുത്തിയതെന്ന് അപ്പോഴാണ് മനസ്സിലായത്. വടക്കനച്ചന്റെ വാചാലതയില്‍ വശംവദനായി ഞാനൊരു കമ്യൂണിസ്റ്റ് വിരുദ്ധനായി മാറിക്കഴിഞ്ഞു. ഞാനും ജേക്കബ്ബേട്ടനും പുതുക്കാട് പള്ളിയിലെത്തി വിവരങ്ങളെല്ലാം വികാരിയച്ചനെ അറിയിച്ചു. അച്ചന്‍ തലയില്‍ കൈവച്ച് എന്നെ അനുഗ്രഹിച്ചു. ജേക്കബ്ബേട്ടന്‍ പോയി. ഞാന്‍ എനിക്കനുവദിച്ച മുറിയിലേക്കും.

അടുത്തദിവസംതന്നെ കോണ്‍ഗ്രസ് പാര്‍ടി ഓഫീസില്‍ യോഗം ചേര്‍ന്നു. പുതുക്കാട് സ്വദേശിയും ക്രിസ്ത്യാനിയും അധ്യാപകനുമായ കോണ്‍ഗ്രസ് നേതാവടക്കം പങ്കെടുത്ത യോഗത്തില്‍ എന്നെയും എന്റെകൂടെ പ്രവര്‍ത്തിക്കേണ്ടവരായ സേനാംഗങ്ങളെയും പരിചയപ്പെടുത്തി. പാലാക്കാരനായ ഏതോ എസ്റ്റേറ്റ് ഉടമ വിട്ടുകൊടുത്ത ജീപ്പും ഡ്രൈവറും എന്റെ ആവശ്യത്തിന് ഉപയോഗിക്കാന്‍ തയ്യാറായി നിന്നിരുന്നു. അത്യാവശ്യം വേണ്ട ആയുധങ്ങള്‍ ജീപ്പിലുണ്ട്. കോണ്‍ഗ്രസ് പാര്‍ടി ഓഫീസായിരുന്നു ഞങ്ങളുടെ സങ്കേതം. കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്യുക എന്നതാണ് ഞങ്ങളുടെ കടമ. കൈകാര്യം ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പറഞ്ഞുതരും. കമ്യൂണിസ്റ്റുകാരെപ്പറ്റിയും അവരുടെ നീക്കങ്ങളെപ്പറ്റിയും സൂക്ഷ്മനിരീക്ഷണം നടത്തി എന്നെ അറിയിക്കും. അതിനായി ഒരു വ്യക്തിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അയാള്‍ തരുന്ന വിവരങ്ങള്‍ അതീവരഹസ്യമായിരിക്കണം. സേനയിലെ മറ്റംഗങ്ങള്‍ക്കുപോലും ഈ വിവരങ്ങള്‍ കൈമാറരുത്. ഹോട്ടലിലും ചാരായഷാപ്പിലും കള്ളുഷാപ്പിലും അക്കൌണ്ട് ഏല്‍പ്പിച്ചുതന്നു.

നീലഗിരിയില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെ തണുപ്പ് സഹിക്കാതെ വന്നപ്പോള്‍ കൂടെ താമസിച്ചിരുന്നവര്‍ വൈകുന്നേരങ്ങളില്‍ വാറ്റുചാരായം കുടിച്ചിരുന്നു. തുടക്കത്തില്‍ ഞാനതില്‍നിന്നെല്ലാം ഒഴിഞ്ഞുനിന്നിരുന്നു. ക്രമേണ അവരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അല്‍പ്പാല്‍പ്പമായി മദ്യപിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും അതൊരു ശീലമാക്കിയിരുന്നില്ല. ആക്ഷന് പോകുന്നതിനുമുമ്പ് സേനയിലെ അംഗങ്ങള്‍ ഉത്തേജനത്തിനായി അല്‍പ്പം മദ്യം അകത്താക്കാറുണ്ട്. ഞാന്‍ തിരിച്ചെത്തിയശേഷമേ മദ്യപിക്കാറുള്ളൂ. ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരെയാണ് ശത്രുക്കളെപ്പോലെ ആക്രമിക്കേണ്ടിവന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്നവരെ പരിചയഭാവത്തില്‍ പേരുവിളിച്ചുണര്‍ത്തി വാതില്‍ തുറപ്പിച്ചശേഷം അകത്തേക്ക് തള്ളിക്കയറി ആക്രമിക്കുക, എതിര്‍ക്കുന്ന വീട്ടുകാരെയും കൈകാര്യംചെയ്യുക. പകലന്തിയോളം പണിയെടുത്ത് വീട്ടിലേക്ക് മടങ്ങുന്നവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുക, സെക്കന്‍ഡ് ഷോ സിനിമകഴിഞ്ഞ് മടങ്ങുന്നവര്‍, ആശുപത്രിയില്‍ കിടക്കുന്ന രോഗിക്ക് ഭക്ഷണമോ മരുന്നോ കൊണ്ടുവരുന്ന ബന്ധുക്കള്‍ ഇവരെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു എന്ന ഒറ്റക്കാരണംകൊണ്ട് മാത്രമാണ് മര്‍ദനമേല്‍ക്കേണ്ടിവന്നത്.

വിമോചനസമരമെന്ന പേരില്‍ വിമോചനസേനയെന്ന പള്ളിപ്പട ചെയ്തുകൂട്ടിയ ക്രൂരതകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മറ്റു പ്രദേശങ്ങളില്‍നിന്നു വരുന്ന കമ്യൂണിസ്റ്റുകാരെ തിരിച്ചറിയുന്നതിന് അതത് പ്രദേശങ്ങളില്‍ ചാരന്മാരെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ പിന്‍ഭാഗത്തായി ചുവന്ന മഷി തെറിപ്പിക്കുക, ഈ അടയാളം കണ്ടാല്‍ പള്ളിപ്പട അവരെ കൈകാര്യംചെയ്യും. കമ്യൂണിസ്റ്റുകാരെ മാത്രമല്ല, വ്യക്തിവൈരാഗ്യമുള്ളവരെയും ഈ അവസരമുപയോഗിച്ച് കൈകാര്യംചെയ്തിട്ടുള്ള ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ ക്രിസ്ത്യാനിയായ ഒരു സബ് ഇന്‍സ്പെക്ടര്‍ അന്ന് പുതുക്കാട് പള്ളിയിലെ വികാരിയച്ചന്റെ നിത്യസന്ദര്‍ശകനായിരുന്നു. രാത്രിസമയത്തായിരിക്കും സന്ദര്‍ശനം. സബ് ഇന്‍സ്പെക്ടര്‍ക്ക് വികാരിയച്ചന്‍ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. പള്ളിപ്പട നടത്തുന്ന ക്രൂരമായ നരനായാട്ടിന് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മൌനസമ്മതമുണ്ടായിരുന്നു.

സമാനമായ അവസ്ഥതന്നെയായിരുന്നു മറ്റു പല പ്രദേശങ്ങളിലും. അതുകൊണ്ടുതന്നെ വിമോചനസമരമെന്ന പേരില്‍ നടന്ന നിഷ്ഠുരവും പൈശാചികവുമായ ഈ ആക്രമണത്തിനെതിരെ ഒരു കേസുപോലും ചാര്‍ജ്ചെയ്യപ്പെടാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല. ദേശവ്യാപകമായി അക്രമങ്ങളും അരാജകത്വവും അഴിച്ചുവിട്ടുകൊണ്ട് ജനജീവിതം ദുഷ്കരമാക്കിയപ്പോള്‍, വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ 1959 ജൂലൈ 31ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവായി. അങ്ങനെ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ താഴെവീണു.

വിമോചനസമരത്തിന്റെ വിജയാഘോഷങ്ങള്‍ സംസ്ഥാനമൊട്ടാകെ നടക്കുമ്പോഴും സഹപ്രവര്‍ത്തകരോടൊപ്പം കുടിച്ചുല്ലസിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഒരു നൊമ്പരം അനുഭവപ്പെടുന്നുണ്ടായിരുന്നു. വ്യക്തിപരമായി ഒരു ശത്രുതയുമില്ലാത്ത എത്രയോ നിരപരാധികള്‍ വിമോചനസേനയെന്ന പള്ളിപ്പടയുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഇന്നും അത് എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരോര്‍മയായി അവശേഷിക്കുന്നു. വിമോചനസമരം പിന്നീടുള്ള എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഞാനൊരു കലാപകാരിയായി മാറി. അതിന്റെ ഭാഗമായി നാട്ടില്‍ ചില അനിഷ്ടസംഭവങ്ങളുണ്ടായി. മനസ്സ് സംഘര്‍ഷഭരിതമായി. ആരോടും യാത്രപറയാതെ ഞാന്‍ വീണ്ടും നാടുവിട്ടു.

കുത്തകകളില്‍നിന്ന് വിദ്യാഭ്യാസമേഖലയെ രക്ഷിച്ച് പാവപ്പെട്ടവനും സാധാരണക്കാരുമായവരുടെ മക്കള്‍ക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന സദുദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ബാധിക്കുന്നത് വിദ്യാഭ്യാസക്കച്ചവടക്കാരായിരുന്ന ക്രിസ്ത്യന്‍-നായര്‍ പ്രമാണിമാരെയായിരിക്കും. അതുകൊണ്ടുതന്നെ, അന്നത്തെ പ്രതിപക്ഷകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുകയെന്നത് വിദ്യാഭ്യാസ കുത്തകകളുടെ ആവശ്യമായിരുന്നു. അതിനുള്ള തന്ത്രമായാണ് വിമോചനസമരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അക്രമപ്രവര്‍ത്തനങ്ങളും പേക്കൂത്തുകളും എന്ന് ഏറെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്.

ഇക്കഴിഞ്ഞ 2007ല്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലിനെതിരെ രണ്ടാം വിമോചനസമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിഷപ്പുമാരുടെ പ്രഖ്യാപനവും ഇടയലേഖനങ്ങളും സമരാഭാസങ്ങളും കണ്ടപ്പോള്‍, ഒന്നാം വിമോചനസമരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ ഞാന്‍ ഓര്‍ത്തുപോകുകയാണ്.

എം എഫ് അഗസ്റ്റിന്‍

(കടപ്പാട്: പച്ചക്കുതിര, ജൂലൈ 2008)

Saturday, August 2, 2008

ടി കെ രാമചന്ദ്രനെ വീണ്ടും വായിക്കുമ്പോള്‍

കാലത്തിനുമുമ്പേ നടന്ന മൌലിക പ്രതിഭയായിരുന്നു അകാലത്തില്‍ കൊഴിഞ്ഞ സഖാവ് ടി കെ രാമചന്ദ്രന്‍. മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെയും ദര്‍ശനത്തെയും ഇത്രമേല്‍ സ്വായത്തമാക്കിയവര്‍ പുതുതലമുറയില്‍ കുറവായിരിക്കും. സാഹിത്യത്തിലും ദര്‍ശനത്തിലുമുള്ള അഗാധമായ ഉള്‍ക്കാഴ്ചയാണ് സമൂഹം ആരാധിച്ചുവന്ന വിഗ്രഹങ്ങളെ മുഖം നോക്കാതെ ഭഞ്ജിക്കുവാന്‍ അദ്ദേഹത്തെ തുണച്ചിരുന്നത് . മാര്‍ക്സിസത്തിലും മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിലും ഗാഢവും സൂക്ഷ്മവുമായ വായനയും പഠനവും നടത്തിയ അദ്ദേഹത്തിന്റെ ചിന്തകളും വ്യാഖ്യാനങ്ങളും തീര്‍ത്തും ശാസ്ത്രീയവും കാലോചിതവും ഗണനീയവുമായിരുന്നു.

തൊണ്ണൂറുകളില്‍ ഇന്ത്യയെ കീഴടക്കാനിരുന്ന ഹിന്ദു-സവര്‍ണ-ബ്രാഹ്മണ ഫാസിസ്റ്റ് അധിനിവേശത്തെ സഖാവ് ടി കെ രാമചന്ദ്രന്‍ എണ്‍പതുകളില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ആ അധിനിവേശം ന്യൂനപക്ഷങ്ങളെ, ദളിതരെ, സ്ത്രീകളെ, കമ്യൂണിസ്റ്റുകാരെ, തൊഴിലാളി പ്രവര്‍ത്തകരെ, ബുദ്ധിജീവികളെ, കലാകാരന്മാരെ, സര്‍ഗാത്മകതയെ, സ്വതന്ത്ര ചിന്തയെ എല്ലാം കൊന്നു തിന്നുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

വിടപറഞ്ഞ സഖാവിന്റെ ഒരു പഴയ ലേഖനം പുന:പ്രസിദ്ധീകരിച്ചുകൊണ്ട് വര്‍ക്കേസ് ഫോറം അദ്ദേഹത്തോടുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

*

കേരളത്തിലെ സാംസ്ക്കാരിക രംഗം: ഒരു മാര്‍ക്സിയന്‍ വിശകലനം

നാം ബൂര്‍ഷ്വാസിയുടെ കലയെയല്ല, കലയെക്കുറിച്ചുള്ള അവരുടെ സിദ്ധാന്തത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടത്.
- പിയറി മാഷറി

വിമര്‍ശനത്തില്‍ ശരിയായ വിലയിരുത്തലുകള്‍ ഉണ്ടാവുന്നത് ദൈനംദിന ജീവിതത്തെ ആത്മീയമായി അലിയിച്ച് ഇല്ലാതാക്കുന്നതിലൂടെയല്ല, മറിച്ച് അതുമായി ആര്‍ജവത്തോടെ കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെയാണ്.

- ടെറി ഈഗിള്‍ടണ്‍

ആമുഖം

കേരളത്തിലെ സാംസ്ക്കാരിക രംഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഒട്ടുമുക്കാലും സാംസ്ക്കാരിക ജീര്‍ണതയെക്കുറിച്ചുള്ള പ്രലപനങ്ങളായാണ് ഒടുങ്ങുന്നത്.’പൈങ്കിളി സാഹിത്യത്തിനും’ ‘കച്ചവട സിനിമയ്ക്കും’ കൈവന്നിട്ടുള്ള വളര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ഒരു വശത്ത്. അടയ്ക്കാക്കത്തിയും കഥകളിത്തലയും എന്തിന് , പഴയ തുപ്പല്‍ക്കോളാമ്പിപോലും സ്വീകരണമുറിയില്‍ അലങ്കാര വസ്തുക്കളായി പ്രദര്‍ശിപ്പിക്കുന്ന മധ്യവര്‍ഗ ബുദ്ധിജീവികളുടെ ‘സംസ്ക്കാര’നാട്യം മറു വശത്ത്. ഇതിനെല്ലാം ഇടയില്‍ വിസ്‌മൃതമായിക്കൊണ്ടിരിക്കുന്ന കേരളീയ പാരമ്പര്യം(!?)-ഇങ്ങനെ പോകുന്നു നമ്മുടെ പണ്ഡിത സദസ്സുകളിലെ ഗാന്ധാരി വിലാപം. ഇപ്പോള്‍ തകര്‍ന്നു തുടങ്ങിയിട്ടുള്ള ബ്ലേഡ് കമ്പനികളുടെയും ഊഹക്കച്ചവടക്കാരുടെയും തണലില്‍ വളര്‍ന്ന ‘മ’ പ്രസിദ്ധീകരണങ്ങള്‍ ഇടക്കാലത്ത് കൈവരിച്ചിട്ടുള്ള പ്രചാരം വിസ്‌മയാവഹമാണ്. പ്രദര്‍ശന വിജയം നേടുന്നവ ഏറെ ഉണ്ടാവില്ലെങ്കിലും മലയാളത്തില്‍ വര്‍ഷം തോറും ഇറങ്ങുന്ന സിനിമകളുടെ എണ്ണവും ചെറുതല്ല. ഇതോടൊപ്പം തന്നെ പൈങ്കിളി വിരുദ്ധരും ‘മ’ പ്രസിദ്ധീകരണ വിരുദ്ധരും ഒക്കെയായ ഒട്ടേറെ യുവജനങ്ങളും നമുക്കിടയിലുണ്ട്. ഇടതുപക്ഷ വീക്ഷണം പുലര്‍ത്തുന്നവരും ആദര്‍ശശാലികളുമാണ് ഇവരില്‍ പലരും. പണ്ടൊക്കെ- അതായത് അറുപതുകളുടെ അവസാനത്തിലും ‘കമ്പോള കലയേയും’ ‘കമ്പോളസിനിമയേയും’ വിമര്‍ശിച്ചുകൊണ്ട് ചെറിയ മാസികകളും അല്പായുസ്സായ ഫിലിം സൊസൈറ്റികളും കൊച്ചു കൊച്ചു ചര്‍ച്ചായോഗങ്ങളും ആയി ഒതുങ്ങിക്കൂടിയിരുന്ന വിഭാഗത്തിന്റെ സ്വാധീനം ഇന്ന് വിപുലമായിത്തീര്‍ന്നിട്ടുണ്ട്. മ’ പ്രസിദ്ധീകരണള്‍ക്കെതിരെ പ്രചാരണജാഥകളും അശ്ലീല പോസ്റ്ററുകള്‍ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളും ഇടതുപക്ഷ യുവജനസംഘടനകളുടെ മുന്‍‌കൈയില്‍ ഇന്ന്‍ നടക്കുന്നുണ്ട്. ഇത് ഒരു നല്ല കാര്യം തന്നെയാണ്.

എന്നാല്‍ ‘സാംസ്ക്കാരിക രംഗത്തെ’ ജീര്‍ണതെക്കെതിരായുള്ള പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക അടിത്തറ എത്രത്തോളം ഭദ്രമാണ് ? ഇവയുടെ സങ്കല്പനോപാധികളും വിശകലന രീതികളും മാക്സിയന്‍ കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ പിഴവറ്റതാണോ? ഈ പ്രസ്ഥാനങ്ങളുടെ മുന്‍‌വിധികളെ എങ്ങനെയാണ് നാം വിലയിരുത്തേണ്ടത്? ഈ ചോദ്യങ്ങള്‍ ഇന്ന് അത്യന്തം പ്രസക്തമായിട്ടുണ്ട്. ‘മ’ പ്രസിദ്ധീകരണ വിരുദ്ധസമരം മാസികകള്‍ തീയിടുന്നതിലേക്കും പൈങ്കിളി വിരുദ്ധ പ്രസ്ഥാനം ‘പൈങ്കിളി വായിക്കൂ, പ്രേമിക്കൂ, ആത്മഹത്യ ചെയ്യൂ’ തുടങ്ങിയ അബദ്ധമായ ചില സൂത്രവാക്യങ്ങള്‍ ഉന്നയിക്കുന്നതിലേയ്ക്കും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായുള്ള (തികച്ചും ന്യായമായ) വാഞ്‌ഛയും മത ഭ്രാന്തു പോലെ അന്ധമായ (മാക്സിസത്തിന് തീരെ അന്യമായ) യുക്തിവാദവും കൂടിക്കുഴഞ്ഞ് സാമുദായിക കലാപങ്ങള്‍ക്കുവരെ വഴിമരുന്നിടുന്ന അപകടകരമായ അവസ്ഥയിലേക്കുമൊക്കെ ഈ യുവജനവിഭാഗം ഇടയ്ക്കൊക്കെ നീങ്ങിപ്പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സാംസ്ക്കാരിക അവസ്ഥയെപ്പറ്റിയും അതിനെ വിമര്‍ശന വിധേയമാക്കാനുള്ള സങ്കല്പനോപാധികളെപ്പറ്റിയും മാര്‍ക്സിസ്റ്റുകള്‍ക്കും പുരോഗമനവാദികള്‍ക്കും ഇടയില്‍ നിഷ്‌കൃഷ്ടവും തുറന്നതുമായ സൈദ്ധാന്തിക ചര്‍ച്ചകള്‍ അത്യാവശ്യമാണ്. അത്തരത്തില്‍ ഒരു ചര്‍ച്ചക്ക് തുടക്കം കുറിക്കാന്‍ മാത്രമേ ഈ ലേഖനത്തില്‍ ശ്രമിക്കുന്നുള്ളൂ.

സാംസ്‌കാരിക വിമര്‍ശം: മാര്‍ക്സിസ്റ്റ് മാനദണ്ഡം

‘സംസ്‌കാരമെന്ന വാക്കു കേട്ടാല്‍ ഉടനെ തോക്കെടുക്കാനാണ് എനിക്ക് തോന്നുന്നത് ’എന്ന് ഹിറ്റ്ലറുടെ സാംസ്‌കാരിക വകുപ്പ് മേധാവി പറഞ്ഞത് ആകസ്മികമല്ല. കാരണം, സംസ്‌കാരമെന്ന പദം തന്നെ മൂക്കറ്റം പ്രത്യയശാസ്ത്രത്തില്‍ മുങ്ങി നില്‍ക്കുന്ന ഒന്നാണ്. ഒറ്റയ്ക്കും പദസംഘാതങ്ങളിലും നാനാര്‍ത്ഥവാചിയായി പ്രത്യക്ഷപ്പെടുന്ന ‘സംസ്‌കാര’ ശബ്ദത്തിന് സഭവിച്ചിട്ടുള്ള അര്‍ത്ഥപ്പകര്‍ച്ചയുടെ ചരിത്രം തന്നെ ഈ വാക്കിന്റെ പ്രത്യയശാസ്ത്രപരതയുടെ പ്രകടമായ തെളിവാണ്. ‘സംസ്കരിക്കുക, സംസ്കരിച്ചെടുക്കുക ’ തുടങ്ങിയ ശുദ്ധീകരണത്തേയും സ്‌ഫുടപാകത്തേയും സൂചിപ്പിക്കുന്ന പ്രയോഗങ്ങളില്‍ ഇതിന്റെ മൂലാര്‍ത്ഥം ഇപ്പോഴും ഒളിമിന്നുന്നുണ്ട്. നാം ഉപയോഗിക്കുന്ന സംസ്-കാരം എന്ന വാക്കിന്റെ തത്‌സമമായ ‘കള്‍ച്ചര്‍‘ എന്ന ഇംഗ്ലീഷ് പദത്തിന് സംഭവിച്ചിട്ടുള്ള അര്‍ത്ഥമാറ്റങ്ങളും ഏതാണ്ടിതുപോലെ തന്നെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. റെയ്‌മണ്ട് വില്യംസ് തന്റെ ‘കള്‍ച്ചര്‍‘ (ഫൊണ്ടാന, 1983 പതിപ്പ്) എന്ന ഗ്രന്ഥത്തില്‍ ഇതേപ്പറ്റി ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നുണ്ട്. (പേജുകള്‍ 10-16).

വിത്തുകളെയും ചെടികളെയും സംസ്കരിച്ചെടുക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്ന ഒരു പദമായാണത്രെ ഇംഗ്ലീഷില്‍ ‘കള്‍ച്ചര്‍‘ എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇംഗ്ലീഷിലും ജര്‍മ്മന്‍ ഭാഷയിലും ആത്മാവിഷ്ക്കാരത്തെ സൂചിപ്പിക്കുന്ന ഒരു നാമപദമായും മനുഷ്യമനസ്സിനെ വികസ്സിപ്പിച്ചെടുക്കുക എന്ന അര്‍ത്ഥത്തില്‍ ക്രിയാപദമായും ഇത് ഉപയോഗിക്കപ്പെട്ടു തുടങ്ങി. പ്രധാനമായും മൂന്ന് ഭിന്നാര്‍ത്ഥങ്ങളാണ് ഇംഗ്ലീഷില്‍ ഇന്ന് ഈ പദത്തിനുള്ളത്.

ഒന്ന് : വികസിതമായ മാനസികാവസ്ഥ( ഉദാ: സംസ്‌കാരമുള്ളവന്‍ Man of Culture)
രണ്ട് : ഈ അവസ്ഥയിലേക്കുള്ള വികാസ പ്രക്രിയ ( ഉദാ: സംസ്കാരത്തിലുള്ള താത്‌പര്യം, സാസ്കാരിക പ്രവര്‍ത്തനങ്ങള്‍ - cultural interests, cultural activities)
മൂന്ന് : ഈ പ്രക്രിയക്ക് സഹായകമാകുന്ന ഉപാധികള്‍ ( ഉദാ: കല, മാനുഷിക ബൌദ്ധിക വ്യാപാരങ്ങള്‍ -The arts, Human Intellectual works).

ഇതില്‍ മൂന്നാമത്തെ അര്‍ഥത്തിനാണ് ഇന്ന് മുന്‍‌തൂക്കമെന്ന് വില്യംസ് പറയുന്നുണ്ട്. ഇംഗ്ലീഷില്‍ ‘കള്‍ച്ചര്‍’ എന്ന പദത്തിന് സംഭവിച്ചിട്ടുള്ള അര്‍ത്ഥപ്പകര്‍ച്ച ഇത്തരത്തിലായിരുന്നുവെങ്കിലും ഈ മുഖ്യധാരയ്ക്കൊപ്പം തന്നെ, കുറെക്കൂടി വിപുലമായ മറ്റൊരര്‍ത്ഥം കൂടി ഒരു അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഒരു ജനതയുടെ മുഴുവന്‍ ജീവിത ശൈലിയേയും സൂചിപ്പിക്കുന്ന ഒന്നായി ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ താരതമ്യപഠനപരമായ നരവംശ ശാസ്ത്രത്തിന്റെ വികാസത്തോടെ ഈ അര്‍ത്ഥത്തിന് ഊന്നല്‍ ലഭിക്കുകയുണ്ടായി. ഇന്നും സാമൂഹികശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും ഈ അര്‍ത്ഥം സജീവമായി നിലനില്‍ക്കുന്നുണ്ട്.

മലയാളത്തിലും ‘സംസ്കാര’ശബ്‌ദത്തിന്റെ ഭിന്നാര്‍ത്ഥങ്ങളെ ഈ രീതിയില്‍ വിശകലനം ചെയ്യാവുന്നതാണ്. ഏറെ വിപുലവും സാമാന്യം ഇടുങ്ങിയതുമായ രണ്ട് വ്യത്യസ്ത അര്‍ത്ഥങ്ങളിലാണ് നാം ഈ പദം ഉപയോഗിച്ചുപോരുന്നത്. ഒരു ജനതയേയോ ഒരു വിഭാഗത്തേയോ പൊതുവില്‍ ഭരിക്കുന്ന ആചാരങ്ങളും പെരുമാറ്റരീതിയും മൂല്യസങ്കല്പങ്ങളും എല്ലാം ചേര്‍ന്ന ഒന്നിനെയാണ് വിപുലമായ അര്‍ത്ഥത്തില്‍ സംസ്കാരമെന്ന പദം കൊണ്ട് നാം വിവക്ഷിക്കാറ്. തൊഴിലാളി വര്‍ഗസംസ്കാരം, ബൂര്‍ഷ്വാ സംസ്കാരം തുടങ്ങിയ പ്രയോഗങ്ങള്‍ ഇത്തരത്തിലുള്ളതാണ്. എന്നാല്‍ സാഹിത്യാദി കലാരൂപങ്ങളിലെ ഉത്കൃഷ്ടമാതൃകകളുടെ സംഘാതത്തെ മുന്‍‌നിറുത്തിയും സംസ്കാരമെന്ന വാക്ക് നാം ഉപയോഗിക്കാറുണ്ട്. സാംസ്കാരിക പൈതൃകം, കേരളസംസ്കാരം തുടങ്ങിയ സംജ്ഞകളില്‍ ഈ ഇടുങ്ങിയ അര്‍ത്ഥമാണ് മുന്നിട്ട് നില്‍ക്കുന്നത്. സംസ്കാരമുള്ളവന്‍ അല്ലെങ്കില്‍ സംസ്കാരശൂന്യന്‍ ഇത്യാദി പ്രയോഗങ്ങളിലാവട്ടെ സംസ്ക്കാരവും മൂല്യസങ്കല്പങ്ങളുമായുള്ള ഗാഢബന്ധം വ്യക്തമാണ്. ഈ ഭിന്നപ്രയോഗങ്ങളെല്ലാം പ്രത്യയശാസ്ത്രപരമായ മുന്‍‌ധാരണകളുമായി കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നത്. ഒറ്റ നോട്ടത്തില്‍ അതി വ്യത്യസ്തമെന്ന തോന്നലുളവാക്കുന്നവയാണ് ഈ പ്രയോഗങ്ങള്‍. എന്നാല്‍ സമൂഹത്തെയാകെ ഒരു ജൈവപൂര്‍ണതയായി കാണുന്ന മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സംസ്ക്കാരശബ്‌ദത്തില്‍ നാനാര്‍ത്ഥങ്ങള്‍ അന്യോന്യ പൂരകങ്ങളാണ്. ദൈനംദിന ജീവിതത്തിന്റെ സൂഷ്‌മതലം മുതല്‍ രാഷ്ട്രീയം, തത്ത്വചിന്ത, സാഹിത്യവിചാരം തുടങ്ങിയ പ്രക്രിയകളുടെ സമഗ്രതലം വരെ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നത് എന്ന തിരിച്ചറിവ് അടിസ്ഥാനപരമാണ്. ‘എല്ലാവരും തത്വചിന്തകരാണ് ’ എന്ന അറ്റോണിയോ ഗ്രാംഷിയുടെ നിദര്‍ശനത്തിന്റെ വ്യാപ്തിയും പ്രസക്തിയും ഇവിടെയാണ് പ്രകടമാവുന്നത്.

സാംസ്കാരികപൈതൃകം തുടങ്ങിയ താരതമ്യേന നിര്‍ദ്ദോഷവും രാഷ്ട്രീയ വിവക്ഷകളില്ലാത്തതെന്ന പ്രതീതിയുളവാകുന്നതുമായ സങ്കല്പങ്ങളുടെ ആശയവാദപരമായ ഉള്ളടക്കം അല്പം ചുഴിഞ്ഞുനോക്കിയാല്‍ വ്യക്തമാവും. ജനജീവിതത്തിന്റെ സമഗ്രമണ്ഡലത്തെ പൂര്‍ണ്ണമായും വിസ്മരിച്ച് അതില്‍ നിന്നും പിറവിയെടുക്കുന്ന ചില കലാമാതൃകകളെ മാത്രം അടര്‍ത്തിയെടുത്ത് കൃത്രിമമായും ചരിത്രനിരപേക്ഷമായും ആദര്‍ശവല്‍ക്കരിച്ചാണ് ഉപരിവര്‍ഗപ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഈ പൈതൃക സങ്കല്പത്തെ മെനഞ്ഞെടുക്കുന്നത്. സംസ്കാരം എന്ന പദം തന്നെയാണ് കള്‍ച്ചറിനും സിവിലൈസേഷനും നാം ഉപയോഗിച്ചു പോരുന്നത് എന്നതില്‍ നിന്നു തന്നെ ഈ പ്രത്യയ ശാസ്ത്രമിഥ്യയുടെ സ്വാധീനം എത്ര ആഴത്തിലുള്ളതാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ചോദ്യം ചെയ്യേണ്ടതുപോലുമില്ലെന്ന രീതിയില്‍ നമ്മുടെ സാംസ്കാരികനായകന്മാരും നിരൂപകരും ചിന്തകരുമെല്ലാം അംഗീകരിച്ചുപോരുന്ന ഈ പ്രത്യയശാസ്ത്രധാരണയുടെ ചരിത്രവും അതിദീര്‍ഘമാണ്. അയോണിലും (ion) മറ്റും ആവിഷ്കൃതമാകുന്ന പ്ലാറ്റോയുടെ കാവ്യസങ്കല്പങ്ങളോളവും ലോഞ്ചയിനസിന്റെ ഉദാത്തവത്ക്കരണ സിദ്ധാന്തത്തോളവും പ്രാചീന കാവ്യമീമാംസയോളവും പഴക്കമുള്ളതാണ് ഈ ആശയവാദമിഥ്യ. കോള്‍‌റിഡ്‌ജിന്റെയും ഷെല്ലിംഗിന്റെയും മറ്റും കാല്‍പ്പനിക സിദ്ധാന്തങ്ങളുടെ വിരല്‍പ്പാടുകളും ഇതില്‍ തെളിഞ്ഞുകാണാനുണ്ട്. എലിയട്ടിനെയും എസ്രാപൌണ്ടിനെയും പോലുള്ള പ്രതിലോമകാരികളായ സാഹിത്യമീമാംസകരുടെ വരേണ്യവാദപരമായ (Elitist) സമീപനങ്ങളും സംസ്കാരപദത്തെ സാമാന്യ ജീവിതത്തിന്റെ ഊഷരഭൂമിയില്‍ നിന്നടര്‍ത്തിയെടുത്ത് അമൂര്‍ത്തവല്‍ക്കരണങ്ങളുടെ സങ്കുചിതമായ അറകളില്‍ തളച്ചിടുന്നതില്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ആധുനികതയുടെ സൈദ്ധാന്തികരായി മലയാള സാഹിത്യരംഗത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന - അക്കാദമീയ തലങ്ങളില്‍ ഈ രോഗം അടുത്തൊന്നും മാറുന്ന ലക്ഷണവുമില്ല- നിരൂപകരായിരുന്നു എലിയട്ടും എസ്രാപൌണ്ടുമെന്നത് സ്മരണീയമാണ്.

ജനതയുടെ ജീവിതത്തില്‍ നിന്ന് വിഗ്രഹമോഷ്ടാക്കളെപ്പോലെ കലാരൂപങ്ങളെ അപഹരിച്ച് മ്യൂസിയത്തിലെ ചില്ലലമാരകളിലും മുതലാളിമാരുടെ സ്വീകരണമുറികളിലും അടച്ച് ‘ഇതാ സംസ്കാരം, ഇതാ പൈതൃകം’ എന്ന് പ്രഖ്യാപിക്കുന്നിടത്ത് ഇവരുടെ പ്രത്യയശാസ്ത്രപ്രവര്‍ത്തനം അവസാനിക്കുന്നില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത ഈ രൂപങ്ങളെ അമൂര്‍ത്തവല്‍ക്കരണങ്ങളുടെ വിഭ്രാത്മകമായ ആടയാഭരണങ്ങള്‍ ആണിയിച്ച് “ഇതാ നിങ്ങള്‍ അനുകരിക്കേണ്ട മാതൃകകള്‍” എന്ന രീതിയില്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ധാര്‍ഷ്‌ട്യവും ഇവര്‍ പ്രകടിപ്പിക്കുന്നു. ‘ദൂരദര്‍ശനിലും’ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലുമൊക്കെ സസ്കാരത്തെ അത്യുല്‍ഗ്രഥനപര്‍വും ഒട്ടൊക്കെ ആക്രമോത്സുകവുമായ ദേശീയവാദത്തിന്റെ പ്രചരണോപാധിയായി ഉപയോഗിക്കുവാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുന്നുണ്ട്. ദൈനംദിനമെന്നോണം ജീവനോടെ ചുട്ടുകരിക്കപ്പെടുന്ന കര്‍ഷകരോട് ഇന്ത്യയുടെ മഹത്തായ ആത്മീയ സഹന പൈതൃകത്തെപ്പറ്റിയും പീഡിപ്പിക്കപെടുന്ന സ്ത്രീജനങ്ങളോട് ഭാരതീയ സ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റിയും , എല്ലാ വര്‍ഗീയ കലാപങ്ങളിലും അവസനം ഇരകളായിത്തീരുന്ന ന്യൂനപക്ഷങ്ങളോട് ഭാരതത്തിന്റെ മതസഹിഷ്ണുതാ പാരമ്പര്യത്തെപറ്റിയുമുള്ള ഉദ്‌ഘോഷങ്ങള്‍ എത്ര ക്രൂരമാണെന്ന് നാം ആലോചിക്കാറുപോലുമില്ല എന്നത് ചിന്താര്‍ഹമാണ്. ‘ദൂരദര്‍ശനെ’ പ്പറ്റി പൊതുവെ വിമര്‍ശനാത്മകമായ സമീപനം സ്വീകരിക്കുന്ന സ്ത്രീകളായ വിമര്‍ശകര്‍ പോലും ഉച്ചാരണതെറ്റുകളും കലാപരമായ പാളിച്ചകളും ചൂണ്ടിക്കാട്ടി തങ്ങളുടെ പതിവ് കോളങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്നത് ഖേദകരമാണ്. നമ്മുടെ സംസ്ക്കാരത്തിന്റെ വമ്പിച്ച നേട്ടങ്ങളായി കൊണ്ടാടപ്പെടുന്ന ക്ഷേത്രശില്‍പ്പങ്ങളുടെയും ചുവര്‍ചിത്രങ്ങളുടെയും യഥാര്‍ഥ സൃഷ്ടാക്കളുടെ പേരുകള്‍ പോലും നമുക്കിന്ന് അജ്ഞാതമാണ് എന്നോര്‍ക്കുമ്പോഴാണ് ഈ ക്രൂരമായ വഞ്ചനയുടെ വിശ്വരൂപം വെളിവാകുന്നത്. ഈ ശില്പികള്‍ മിക്കവാറും താഴ്ന്നജാതിക്കാര്‍ തന്നെയായിരുന്നു എന്നതു തന്നെയാണ് അവര്‍ക്ക് പേരില്ലാതെ പോകാനിടയാക്കിയത്. പക്ഷെ, വര്‍ഗപരവും
വര്‍ണപരവുമായ അടിച്ചമര്‍ത്തലിന്റെ ഭീഷണമായ ചരിത്രം, ഭാരതീയ ആത്മീയതയുടെ ആവിഷ്കാരങ്ങളായി, ഈ കലാരൂപങ്ങളെ വിശദീകരിച്ച് തൃപ്തിയടയുന്ന ആനന്ദ കുമാരസ്വാമിയെപ്പോലെയുള്ള ആശയവാദികള്‍ പൂര്‍ണമായും വിട്ടു കളയുന്നു എന്നതും ആകസ്മികമല്ല.1

ഇങ്ങനെ നോക്കുമ്പോള്‍ സംസ്കാരം എന്ന പദത്തെ പ്രത്യയശാസ്ത്രത്തിന്റെ പുകമറയില്‍ നിന്ന് പുറത്തുകൊണ്ടുവരിക എന്നതു തന്നെ വര്‍ഗസമരത്തിന്റെ ഒരു സവിശേഷ ദൌത്യമായിത്തീരുന്നുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനെന്ന് അഭിമാനിക്കുന്ന തന്റെ സുഹൃത്ത് സ്വീകരണമുറിയിലെ വെറ്റിലച്ചെല്ലവും കഥകളിത്തലയുമെല്ലാം അഭിമാനപൂര്‍വം കാട്ടിക്കൊടുത്തപ്പോള്‍ ‘ ഇതൊക്കെക്കൊണ്ടു പോയി കള കേരളത്തില്‍ രണ്ടേ രണ്ടു സാംസ്കാരിക ചിഹ്നങ്ങളേയുള്ളു- ഈഴവ ശിവനെ പ്രതിഷ്ഠിക്കാന്‍ നാരായണഗുരു എടുത്ത പാറക്കല്ലും പുന്നപ്ര- വയലാറിലെ വാരിക്കുന്തവും : വേണമെങ്കില്‍ അത് കൊണ്ടുവന്ന് വെക്കാന്‍ നോക്കൂ’ എന്ന് കോപിച്ച ഇടതുപക്ഷ പ്രവര്‍ത്തകന്റെ വാക്കുകളില്‍ , അത്യുക്തിയാണെങ്കില്‍‌പോലും ജ്വലിച്ച് നില്‍ക്കുന്നത് ഈ ബോധം തന്നെയാണ്. തീര്‍ച്ചയായും ഇന്നിതൊരു സജീവ രാഷ്ട്രീയ പ്രശ്നം തന്നെയാണ്. ബി എം ഗഫൂറിന്റെ പോക്കറ്റ് കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. ‘മുണ്ടു മടക്കിക്കുത്തി, തലേക്കെട്ടും കെട്ടി മുറിബീഡിയും വലിച്ച് ’ നില്‍ക്കുന്ന ചുമട്ടുതൊഴിലാളികളുടെ ഹാസ്യചിത്രം ഉപരിവര്‍ഗങ്ങള്‍ക്കിടയില്‍ ഉണര്‍ത്തുന്ന ചിരി ഒരേ സമയം തൊഴിലാളിവര്‍ഗസംസ്കാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെയും ഉപരിവര്‍ഗത്തിന്റെ പ്രത്യയശാസ്ത്ര ധാര്‍ഷ്ട്യത്തെ ചെറുക്കേണ്ട ആവശ്യകതയെയും കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘സിഗരറ്റു പോലും വലിക്കാത്ത ’ചുളി വീഴാത്ത മഞ്ഞളിച്ച ഷര്‍ട്ടും ഗോപിക്കുറിയുമായി അമ്പലമുറ്റത്തും ഭാരതീയ സംസ്കാരത്തെ മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന തപസ്യായോഗങ്ങളിലും പ്രത്യക്ഷപ്പെട്ട് ഹൈന്ദവ വര്‍ഗീയതയുടെ വിഷബീജങ്ങള്‍ പ്രസരിപ്പിക്കുന്ന യുവജനങ്ങള്‍ മാന്യതയുടേയും സംസ്കാരത്തിന്റേയും പ്രതീകമായി വ്യാപകമായി വിവാഹാലോചനയുടെ സമയത്ത് ഇടതുപക്ഷ കുടുംബങ്ങളില്‍‌പോലും തെറ്റിദ്ധരിക്കപ്പെട്ടുപോരുന്നുണ്ട് എന്നതും ആശങ്ക ഉണര്‍ത്തുന്നു. ആട്ടക്കഥകളുടെ തടിച്ച ‘വാല്യങ്ങളും’ ഭേസി കളിയരങ്ങിനു മുമ്പില്‍ നിസ്തേജരായിരുന്നു കഥയറിയാതെ ആട്ടം കാണുന്ന ഇവരുടെ ദൈന്യം കലര്‍ന്ന ഹാസ്യചിത്രം ഒരു കാര്‍ട്ടൂണിസ്റ്റിന്റേയും ദൃഷ്ടിയില്‍ ഇനിയും പെട്ടിട്ടില്ല എന്നത് യാദൃച്ഛികമല്ല. സാംസ്കാരിക രംഗത്ത് പണിക്കന്മാരേയും മാടമ്പികളേയും വെറുപ്പിക്കാവുന്നിടത്തോളം ശക്തമല്ലല്ലോ നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളുടെ നര്‍മ/ധര്‍മ ബോധം.

മാര്‍ക്സിയന്‍ സമീപനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍

‘മ’ പ്രസിദ്ധീകരണ വിരുദ്ധ പ്രചാരണങ്ങളിലും സാംസ്കാരികരംഗത്തെ ജീര്‍ണ്ണതക്കെതിരായ പ്രഖ്യാപനങ്ങളിലും പ്രകടമാവുന്ന ചിന്താകാലുഷ്യവും അവ്യക്തതയും, സാംസ്കാരിക പ്രതിഭാസങ്ങളെ വിശകലനം ചെയ്യാന്‍ , നിഷ്‌കൃഷ്ടവും, സങ്കോചം കൂടാതെ വര്‍ഗപക്ഷപാതം പ്രകടിപ്പിക്കുന്നതുമായ ഒരു വൈരുദ്ധ്യാത്മക രീതിശാസ്ത്രം കരുപ്പിടിപ്പിക്കേണ്ടതിന്റെ അടിയന്തിര പ്രസക്തിയിലേക്കുള്ള ചൂണ്ടുപലകകളാണ്. ഇടതുപക്ഷ സംഘടനകളുടെ ഗൌരവസ്വഭാവമാര്‍ന്ന സാംസ്കാരിക യോഗങ്ങളില്‍ പോലും ‘സിദ്ധാന്തമായി’ അവതരിപ്പിക്കപ്പെടുന്നത് ബൂര്‍ഷ്വാ അക്കാദമീയ കലാസങ്കല്പങ്ങളുടെയും പാതിവെന്ത മാര്‍ക്സിയന്‍ പരികല്‍പ്പനകളുടേയും അവിയല്‍ പരുവത്തിലുള്ള ചേരുവകളാണെന്ന് പറയാതെ വയ്യ. ഇതിനപവാദങ്ങളില്ലെന്നല്ല. പക്ഷെ, മിക്കപ്പോഴും മഹാഭാരതത്തിന്റെ കലാമേന്മയിലും ഭാരതീയ തത്വചിന്തയുടെ - ശങ്കരാചാര്യരുടേതടക്കം(!!!)- മഹത്വത്തിലും ഒക്കെ അഭിരമിച്ച് ചര്‍ച്ച ചെയ്യുന്ന നമ്മുടെ ‘ഇടതുപക്ഷ’ സാംസ്കാരിക പണ്ഡിതര്‍ സംസ്കാരത്തെപ്പറ്റിയുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടിനെപ്പറ്റി അധികമൊന്നും പറയാന്‍ സമയം കണ്ടെത്താറില്ലെന്നത് തീര്‍ച്ചയായും വിമര്‍ശനീയമാണ്. അടുത്തകാലത്ത് നടന്ന ഒരു സര്‍വീസ് സംഘടനയുടെ യോഗത്തില്‍ ഭാരതീയ (ഹൈന്ദവ)പാരമ്പര്യത്തിന്റെ മഹത്വത്തെപ്പറ്റി ദീര്‍ഘമായിത്തന്നെ സഖാക്കളെ ബോധവത്ക്കരിച്ച ഒരു സാഹിത്യകാരന്‍ തന്റെ ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ചത്-‘ ഇതിനെയൊക്കെ പുനരുദ്ധരിക്കാന്‍ ഇവിടെ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഇതിനെതിരായി നാം ജാഗ്രത പുലര്‍ത്തണം’എന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. ഇതൊക്കെ ഇത്ര മഹത്താണെങ്കില്‍ പിന്നെ അവ പുനരുദ്ധരിക്കപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്ന അങ്കലാപ്പാണ് പല സഖാക്കളിലും ഇത് അവശേഷിപ്പിച്ചത്. അതുപോലെ തന്നെ, ശങ്കരാചാര്യരെ വിലയിരുത്തുമ്പോള്‍ പഴയ ഇന്തോളജിസ്റ്റുകളുടെ ശൈലിയില്‍ അദ്ദേഹത്തിന്റെ തത്വചിന്തകനെന്ന നിലയിലുള്ള ഔന്നത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ആ തത്വചിന്തയുടെ പ്രതിലോമസ്വഭാവത്തെപ്പറ്റിയും ചരിത്രത്തില്‍ അതു വഹിച്ച വര്‍ഗപരമായ പങ്കിനെപ്പറ്റിയും നിശബ്ദത പാലിക്കുകയും ചെയ്യുന്ന ഇവര്‍ ശങ്കരനെ മതഭ്രാന്തനെന്നും ഒരു അസ്സല്‍ ദക്ഷിണേന്ത്യന്‍ ശാന്തിക്കാരന്‍ എന്നും വിശേഷിപ്പിച്ച വിവേകാനന്ദന്റെ ലിബറല്‍ ദര്‍ശനത്തോളം പോലും ഉയരുന്നില്ല എന്നതും ആശ്ചര്യജനകമാണ്.

ജനപ്രിയ കലാരൂപങ്ങളുടെ പ്രതിലോമസ്വഭാവത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലും ഇത്തരം ആശയക്കുഴപ്പങ്ങള്‍ സുലഭമായി കാണാനുണ്ട്. കമ്പോള സിനിമ / ആര്‍ട്ട് സിനിമ, പൈങ്കിളി സാഹിത്യം / ഗൌരവ സാഹിത്യം തുടങ്ങിയ മാര്‍ക്സിയന്‍ നിരൂപണത്തിന് തികച്ചും അന്യമായ ബൂര്‍ഷ്വാ നിരൂപണ ഗുണങ്ങളില്‍ നിന്നാണ് പലരും ആരംഭിക്കുന്നത്. അടിസ്ഥാനപരമായ ഒരു ഇരട്ടത്തെറ്റിലാണ് ഈ കലാവീക്ഷണത്തിന്റെ ഉറവിടം. ഒന്നാമതായി കലാവ്യാപാരത്തെ ഇത് വര്‍ഗനിരപേക്ഷമായി കാണുന്നു. ബൂര്‍ഷ്വാ വിമര്‍ശകരെപോലെ ‘തികച്ചും’ സൌന്ദര്യശാസ്‌ത്രപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയത്തിന് ഒരുമ്പെടുന്നു. അപ്പോള്‍ ഒ വി വിജയനേയും അരവിന്ദനേയും പോലുള്ള പ്രതിലോമകാരികള്‍ക്ക്, എതായാലും അവര്‍ ‘നല്ല കലാകാരന്മാരാണല്ലോ’ എന്ന രീതിയില്‍ ഒരു സമ്മാന്യമായ സ്ഥാനവും പ്രത്യേക പരിഗണനയും ആദ്യം മുതല്‍ക്കേ കല്പിച്ചു കിട്ടുന്നു. ‘ഭാരതത്തിന്റെ അഭിമാനമായി’ ഇടതുപക്ഷ പത്രങ്ങള്‍പോലും അവരെ കൊണ്ടാടുന്നു. ഇവരുടെ സൃഷ്ടികള്‍ പ്രസരിപ്പിക്കുന മാരകമായ പ്രത്യയശാസ്ത്രം മിക്കവാറും വിമര്‍ശിക്കപ്പെടാതെ പോകുന്നു. മാത്രവുമല്ല അതീവ പരിഷ്‌കൃതമായ ഗോപനക്രിയകളിലൂടെ ആച്ഛാദിതമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഈ പ്രത്യയശാസ്ത്രരൂപങ്ങളും ജനപ്രിയ കലാമാദ്ധ്യമങ്ങളില്‍ അവതരിക്കുന്ന ഇവയുടെ സരളരൂപങ്ങളും തമ്മിലുള്ള നാഭീനാളബന്ധം വിസ്‌മൃതമാവുന്നു. ഉത്‌പാദന വ്യവസ്ഥയെയും രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കലാസാംസ്കാരിക പ്രതിഭാസങ്ങളെയുമെല്ലാം സുഘടിതമായൊരു ജൈവസമഗ്രതയായി തിരിച്ചറിയുന്നതില്‍ നമ്മുടെ ഇടതു പക്ഷനിരൂപകര്‍ക്ക് സംഭവിക്കുന്ന പരാജയമാണ് ഇതിന് കാരണം. ഈ അവസ്ഥയെ മറികടാക്കാന്‍ ജനപ്രിയകലയെപ്പറ്റിയുള്ള അന്റോണിയോ ഗ്രാംഷിയുടെ സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ ഏറെ സഹായകമാണ്. ‘മഹാന്മാരായ’ തത്ത്വചിന്തകരുടെ താഴികക്കുടങ്ങള്‍ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ക്രോഡീകൃതമായ ചിന്താപദ്ധതികളും സാമാന്യബോധത്തിന്റെയും പഴഞ്ചൊലുകളുടെയും ആപ്തവാക്യങ്ങളുടെയും അന്യാപദേശ കഥകളുടെയും ഒക്കെ രൂപത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള ഉപരിവര്‍ഗ ആശയങ്ങളും ഒരേ പ്രത്യയശാസ്ത്ര പ്രാകാരത്തിന്റെ തന്നെ ഭിന്നഭാഗങ്ങളാണെന്ന് ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നു.

ഒരുദാഹരണത്തിലൂടെ ഗ്രാംഷിയുടെ ഈ ആശയം വ്യക്തമാക്കാമെന്നു തോന്നുന്നു. ആദിമ മൂലധന സംഭരണം (Primitive accumulation of Capital) എങ്ങനെയുണ്ടായി എന്നത് ക്ലാസിക്കല്‍ സാമ്പത്തിക വിചക്ഷണരെ ഏറെ കുഴക്കിയ ചോദ്യമായിരുന്നു. ആഡംസ്‌മിത്തും റികാര്‍ഡോയുമെല്ലാം വിശദമായിത്തന്നെ ഇതേപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. എന്താണ് അവര്‍ എത്തുന്ന നിഗമനം? ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ചിലര്‍ മുതലാളികളും ചിലര്‍ തൊഴിലാളികളുമായി ആയിത്തീര്‍ന്നതെങ്ങനെയാണ് ? പണം സൂക്ഷിച്ചു ചിലവാക്കിയിരുന്നവര്‍, അധികച്ചെലവ് ഒഴിവാക്കി സമ്പാദിക്കാന്‍ ശ്രമിച്ചവര്‍ മൂലധനം സൃഷ്ടിച്ചു എന്നതാണ് ഒരുത്തരം. പാഠപുസ്തക സാമ്പത്തികശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മിതവ്യയം (thrift) ആയിരുന്നുവത്രെ മൂലധനത്തിന്റെ ഒരടിസ്ഥാനം. പിന്നെ ചിലര്‍ സാമ്പത്തികകാര്യങ്ങള്‍ കൂടുതല്‍ നന്നായി നോക്കിനടത്തുവാനുള്ള സവിശേഷമായ കഴിവ് (Managerial Capacity) ഉള്ളവരായിരുന്നു പോലും. അവര്‍ അദ്ധ്വാനശീലരായിരുന്നു. സാമ്പത്തികകാര്യങ്ങളില്‍ കുശാഗ്രമതികളായിരുന്നു. ധീരമായ ‘നഷ്ടസംഭാവ്യ’ പണമിടപാടുകളില്‍ ഏർപ്പെടാൻ തക്ക സാഹസികത്വം ഉള്ളവരുമായിരുന്നു (നമ്മുടെ ബ്ലേഡ് കമ്പനിയുടമകളുടെ calculated risk എടുക്കാനുള്ള മിടുക്ക് ഓർമ്മിക്കുക). ഇങ്ങനെ പോവുന്നു ബൂർഷ്വാ സാമ്പത്തിക വിചക്ഷണന്മാരുടെ ‘അഗാധ’ സിദ്ധാന്തങ്ങൾ. മുണ്ടു ‘മുറുക്കിയുടുത്ത്’ ‘എല്ലുമുറിയെ’ പണിയെടുത്ത് കാശുണ്ടാക്കി അതു സൂക്ഷിച്ചു പിടിച്ചു പണക്കാരനാകുന്ന ബുദ്ധിമാന്റേയും, കിട്ടുന്നതെല്ലാം തുലച്ച് നാടിനും വീടിനും കൊള്ളാതവനായി ആദർശവും പറഞ്ഞുനടക്കുന്നവന്റേയും ഒക്കെ എത്രയെത്ര ചിത്രങ്ങളാണ് നമ്മുടെ മനസ്സുകളിൽ പച്ചപിടിച്ച് നില്‍ക്കുന്നതെന്നാലോചിക്കുമ്പോൾ ഉപരിവർഗപ്രത്യയശാസ്ത്രത്തിന്റെ വിഷലിപ്തമായ വേരുകൾ എത്ര ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന് വ്യക്തമാവും. ഇവിടെയാണ് സാമാന്യ ബോധത്തിന്റെ സൂക്ഷ്മതലവും ക്രോഡീകൃത ചിന്താപദ്ധതികളുടെ അമൂർത്തമണ്ഡലവും തമ്മിലുള്ള അനന്യത പ്രകടമാവുന്നത്.
പക്ഷേ, പ്രചീന മൂലധനസംഭരണത്തിന്റെ ചരിത്രം ഈ ‘യക്ഷിക്കഥ‘കളിൽ നിന്ന് എത്രയോ വ്യത്യസ്തമായിരുന്നു എന്നത് മുതലാളിത്തത്തിന്റെ ഈറ്റില്ലമായിരുന്ന ഇംഗ്ലണ്ടിന്റെ സാമ്പത്തിക ചരിത്രം ഓടിച്ചു വായിക്കുന്ന ഒരാൾക്കു പോലും വ്യക്തമാവും. മാർക്സ് പറയും പോലെ പ്രാചീന മൂലധന സംഭരണത്തിന്റെ ചരിത്രം ഉരുക്കിന്റെയും ചോരയുടെയും ചരിത്രമായിരുന്നു. നഗ്നമായ ചൂഷണത്തിന്റെയും ക്രൂരമായ നിയമങ്ങളുടെയും ചരിത്രമായിരുന്നു. യന്ത്രവത്കൃത കൃഷി നടപ്പാക്കപ്പെടുന്ന ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെ ഇളവില്ലാത്ത വേലയിലേക്ക് ആട്ടിത്തെളിക്കപ്പെടുന്ന നിസ്വരായ കർഷകജനതയുടെ കണ്ണീരിന്റെയും വിശപ്പിന്റെയും ചരിത്രമായിരുന്നു.എംഗത്സും ഇ.പി.തോംസണും എ.എൽ.മോർട്ടണും ഈ തുറുകണ്ണൻ കാലത്തിന്റെ ദാരുണ ചിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മുതലാളിത്തത്തിന്റെ മഹത്ത്വത്തെപ്പറ്റിയും ആദ്യകാല മുതലാളിമാരുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റിയും വാചാലമാകുന്ന നമ്മുടെ പഠപുസ്തക സാമ്പത്തിക കാലഘട്ടഅത്തിൽ ഗർഭിണികളായ സ്ത്രീകൾ വണ്ടിക്കാളകളെപ്പോലെ അരയിൽ പട്ടകെട്ടി ഭാരം വലിക്കേണ്ടി വന്നിരുന്നുവെന്നും അഞ്ചും ആറും വയസ്സിൽ പിഞ്ചുകുഞുങ്ങൾ ചിമ്മിനിതൂപ്പുകാരായിത്തീരാൻ നിര്‍ബന്ധിതരായിരുന്നുവെന്നും മറ്റുമുള്ള തിക്തസത്യങ്ങളെപ്പറ്റി അതു പണ്ഡിതോചിതമായ മൌനം പാലിക്കുന്നു.

ആവിയന്ത്രത്തിന്റെയും യന്ത്രത്തറിയുടെയും നിർമാതാക്കളുടെ ജീനിയസിനെപ്പറ്റി നാം പഠിക്കാറുണ്ട്. പക്ഷേ, ആ കാലഘട്ടത്തിൽ മരണശിക്ഷ വിധിക്കാവുന്നതായ നാനൂറിലേറെ കുറ്റങ്ങളുണ്ടായിരുന്നുവെന്നും, ഇവയിൽ ഭൂരിഭാഗവും സ്വകാര്യസ്വത്തിനെസംരക്ഷിക്കുവാൻ ഉദ്ദേശിക്കപ്പെട്ടവയായിരുന്നുവെന്നും, എന്തിനു വിശപ്പടക്കാൻ ഒരു റൊട്ടിക്കഷണം മോഷ്ടിക്കുന്ന ഏഴുവയസ്സുള്ള ഒരു കുട്ടിയെ സുപ്രസിദ്ധമായ ബ്രിട്ടീഷ് നിയമത്തിന്റെ പൂര്‍ണമായ അംഗീകാരത്തോടെ തൂക്കിക്കൊല്ലാനാവുമായിരുന്നെന്നും നാം അറിയാതെ പോവുന്നു. മൃഗസമാനമായ അവസ്ഥയിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടിരുന്ന ജനലക്ഷങ്ങളുടെ രോഷത്തിൽനിന്ന് ആരംഭദശയിൽ ബ്രിട്ടീഷ് മുതലാളിത്തത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നത് ഈ നിഷ്ഠൂരമായ ദണ്ഡനീതിയായിരുന്നുവെന്ന അറിവ് തൊഴിലാളിവർഗത്തിന്റെ ചുമലിൽ വ്യവസായവത്കരണത്തിന്റെ മുഴുവൻ ഭാരവും അടിച്ചേൽ‌പ്പിക്കാനുള്ള പദ്ധതികള്‍ സജ്ജമായി ക്കൊണ്ടിരിക്കുന്ന ഇന്ത്യയുടേതുപോലുള്ള അവികസിത രാജ്യങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണ്. എന്നാല്‍ വിജ്ഞാനത്തിൽ നിന്ന് അതിന്റെ വിമോചക ധർമത്തെ ആവുന്നത്ര ചോർത്തിക്കളഞ്ഞ് വിദ്യാഭ്യാസ പ്രക്രിയയെത്തന്നെ മനുഷ്യശേഷിയെ വർഗചൂഷണത്തിനുതകുന്ന വിഭവമാക്കി പാകപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റാനാണ് പുതിയ വിദ്യാഭ്യാസനയത്തിലൂടെയും മറ്റും ഇന്ത്യയിലെ ഭരണവർഗം ശ്രമിച്ചുവരുന്നത്. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രതിലോമപരമായ ഉള്ളടക്കവും, അതിന്റെ മാരകമായ പ്രത്യയശാസ്ത്രദൌത്യവും തുറന്നുകാണിക്കുക എന്നത് ഇടതുപക്ഷത്തിന്റെ അടിയന്തിരകടമയായിത്തീർന്നിട്ടുണ്ട്.

ബൂർഷ്വാപണ്ഡിതന്മാരുടേയും തത്ത്വജ്ഞാനികളുടെയും സുഘടിതമായ ചിന്താപദ്ധതികളും സാമാന്യബോധത്തിന്റെ നിർദോഷരൂപത്തിൽ ജനങ്ങള്‍ക്കിടയിൽ പ്രചരിപ്പിച്ചിട്ടുള്ള ഉപരിവർഗമിഥ്യകളും തമ്മിലുള്ള ഗാഢബന്ധം നാം കാണുകയുണ്ടായി. ഇതുപോലെ തന്നെ നമ്മുടെ കലാസാഹിത്യത്തിൽ ഏറെ പുകഴ്ത്തപ്പെടുന്ന ‘ഗൌരവകലയും ഇകഴ്ത്തപ്പെടുന്ന ‘കമ്പോളകലയും’ തമ്മിലും ‘പാരസ്പര്യം’ നിലനില്‍ക്കുന്നുണ്ട്. ഗൌരവ / പൈങ്കിളി, ആർട്ട്സിനിമ / കമ്പോള സിനിമ തുടങ്ങിയ ബൂര്‍ഷ്വാനിരൂപണഗണങ്ങൾ ഈ യാഥാർഥ്യത്തെ മറച്ചുപിടിക്കുന്നുണ്ട്. ഈ ഗണങ്ങളെ തള്ളിക്കളയാതെ വിപ്ലവോന്മുഖമായ ഒരു സാംസ്കാരിക വിമർശന പദ്ധതിക്ക് രൂപം കൊടുക്കാനാവില്ല. പക്ഷേ, ഈ രംഗത്തും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർക്ക് വൈരുധ്യാത്മകമായ ഒരു രീതിശാസ്ത്രം മെനഞ്ഞെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒ.വി.വിജയനോടും, അരവിന്ദനോടുമൊക്കെയുള്ള ഇടതുപക്ഷ സമീപനത്തിന്റെ അപര്യാപ്തത നേരത്തെ സൂചിപ്പിച്ചുവല്ലോ. അവരുടെ കൃതികളെപ്പറ്റിയുള്ള വിശദമായ വിമർശനപഠനങ്ങളിലൂടെ ഇത് സ്ഥാപിച്ചെടുക്കേണ്ടതാണ്. അത്തരമൊരു പഠനം ഈ ലേഖനത്തിന്റെ സാധ്യതകൾക്കു പുറത്താണ്. എങ്കിലും പ്രകടമായിത്തന്നെ അനുഭവപ്പെടുന്ന വസ്തുതകളെപ്പറ്റി മാത്രം എടുത്തു പറയട്ടെ. ഏറെ പ്രസിദ്ധമായ ‘ചിദംബരം’ തന്നെയെടുക്കാം. ദേശീയതലത്തിലുള്ള ബഹുമതി, ചിദാനന്ദദാസ് ഗുപ്തയെപ്പോലുള്ള സിനിമാനിരൂപണത്തിന്റെ തലതൊട്ടപ്പന്മാരുടെആശീർവാദം, മലയാളത്തിലെ നിരൂപകരുടെ(?) അത്യുക്തിയും ഭക്തിയുംകലർന്ന സങ്കീർത്തനങ്ങൾ, ഈ ഘോഷത്തിന്റെയെല്ലാം നടുവിൽ പുരോഗമനവും, സ്ത്രീവിമോചനവുമൊക്കെ അധ്യാരോപിച്ച് ആശ്വസിക്കാൻ ശ്രമിക്കുന്ന ചില ഇടതുപക്ഷ നിരൂപകരുടെ ദൈന്യം-ഫലത്തിൽ അധികമാരും ആ സിനിമയെ ഒരു മാർക്സിയൻ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യാൻ ശ്രമിച്ചില്ല എന്നത് തീരച്ചയായും അഭിമാനകരമല്ല.

ഈ സിനിമയെ വിമർശിക്കണമെന്ന് നാം ശാഠ്യം പിടിക്കുന്നതെന്തിന് എന്ന ചോദ്യം ഇത്തരുണത്തിൽ സ്വാഭാവികമാണ്. ഒറ്റ നോട്ടത്തിൽ അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖത്തിലെപ്പോലെയോ, ഐ.വി.ശശിയുടെ ഈ നാടിനെപ്പോലെയോ പ്രകടമായ രാഷ്ട്രീയ വിവക്ഷകളൊന്നും ചിദംബരത്തിൽ കണ്ടേക്കില്ല. വ്യക്തമായും ഇടതുപക്ഷത്തുനിൽക്കുന്ന സി.വി.ശ്രീരാമന്റെ ഒരു ചെറുകഥയാണ് അരവിന്ദൻ സിനിമയുടെ പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷ കലാനിരുപകരുടെ ദൃഷ്ടിയിൽ പെടാതെ പോയ ഒരു പാളിച്ചയെക്കുറിച്ച് ഇ.എം.എസ്. ആനുഷംഗികമെങ്കിലും ഒരു അഭിമുഖസംഭാഷണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്: ‘ചിദംബര’ത്തില്‍ ജീവിതമില്ല’. അദ്ദേഹം തന്റെ വിമർശനം വിശദീകരിക്കാതെ വിടുകയാണ്. പക്ഷേ, മലയാളത്തിലെ ആധുനികതയെപ്പറ്റി പൊതുവിലും അരവിന്ദന്റെ ‘ചിദംബര’ത്തെപ്പറ്റി പ്രത്യേകിച്ചും ആഴത്തിലുള്ള ഉൽക്കാഴ്ച ഈ വിമർശനത്തിൽ ഒളിമിന്നുന്നുണ്ട്.

ഒരു ജീവിത സന്ദർഭത്തെയല്ലേ അരവിന്ദൻ ആവിഷ്കരിക്കുന്നത്, പിന്നെയെങ്ങനെ അതിൽ ജീവിതമില്ലെന്ന് പറയാനാവും എന്ന മറുചോദ്യം തീർച്ചയായും സാധ്യമാണ്. ജീവിതത്തെപ്പറ്റിയും കലയെപ്പറ്റിയും അവ തമ്മിലുള്ള ബന്ധത്തെപ്പറ്റിയുമൊക്കെയുള്ള വീക്ഷണവൈരുധ്യമാണ് ഈ ചോദ്യത്തിന്റെ നിദാനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആശയവാദ ഭൌതികവാദ വീക്ഷണങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം തന്നെയാണ് ഇവിടെയും പ്രശ്നമാകുന്നത്. മാർക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു ചരിത്രനിരപേക്ഷമായ അമൂർത്തവത്കരണമല്ല. മാറ്റമില്ലാത്ത ഒരു മനുഷ്യസത്തയുടെ ആവിഷ്കാരമോ, അനാദിയായ ആത്മീയതയുടെ ബഹിർസ്‌ഫുരണമോ അല്ല. നിർദിഷ്ടമായ ചരിത്രഘട്ടങ്ങളിൽ നിയതസാഹചര്യങ്ങളിൽ വർത്തിക്കുന്ന മനുഷ്യരുടെ അവസ്ഥയായേ അവർക്ക് ജീവിതത്തെ കാണാനാവൂ. മനുഷ്യസത്തയാകട്ടെ, കേവലമോ, നിത്യമോ ഒരു അമൂർത്തതയോ അല്ല, സാമൂഹികബന്ധങ്ങളുടെ സംഘാതമാണ്. ഈ ജീവിതത്തെ ആവിഷ്കരിക്കുന്ന യഥാർത്ഥ കലാരൂപങ്ങൾക്ക് അനിവാര്യമായും ചരിത്രസാമൂഹിക യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാതെ വയ്യ. നാച്വറലിസത്തിന്റെയോ സോഷ്യലിസ്റ്റ് റിയലിസത്തിന്റെയോ യഥാതഥമായ ആഖ്യാനരീതി ഒരു കലാകാരൻ സ്വീകരിക്കുന്നുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. റിയലിസത്തെ ഏതെങ്കിലുമൊരു ശൈലിയാക്കി ചുരുക്കുന്നത് മൌഢ്യമാവും. മുപ്പതുകളിലും മറ്റും മാക്സിസ്റ്റ് വിമർശനത്തിൽ കടന്നുകൂടിയിരുന്ന ഇടുങ്ങിയ ഫോർമലിസ്റ്റ് പ്രവണതകളെ തിരസ്കരിക്കണം എന്നത് ശരിയാണ്. പക്ഷേ, കലാസൃഷ്ടികളിൽ ഉൾച്ചേർന്നിട്ടുള്ള ജീവിതചിത്രം യഥാർഥമാണോ അല്ലയോ എന്നും, അതു പ്രസരിപ്പിക്കുന്ന പ്രത്യയശാസ്ത്രം പുരോഗമനപരമാണോ എന്നും അന്വേഷിക്കാതിരിക്കുന്നത് തെറ്റാവും.

ഇനി അരവിന്ദന്റെ ‘ചിദംബര’ത്തിലേക്ക് കടക്കാം. സി.വി.ശ്രീരാമന്റെ ചെറുകഥയിൽനിന്ന് ഈ സിനിമയിലേക്കുള്ള ദൂരം, സാധാരണ മനുഷ്യരുടെ ഊഷ്മളവും തിക്തവുമായ അതി സാധാരണ ജീവിതത്തിൽനിന്ന് മിത്തുകളും പ്രതീകങ്ങളുമായി ഉറഞ്ഞുപോയ അമൂർത്തമായ മനുഷ്യാവസ്ഥയുടെ വിഭ്രാമകദൃശ്യങ്ങളിലേക്കുള്ള ദൂരമാണ്. പോർട്ട് ബ്ലെയറിലെ തികച്ചും ഭൌമമായ ചൂടിലും ചൂരിലും നിന്ന് ആധ്യാത്മികതയുടെ തണുത്ത മഞ്ഞുപുതച്ചു നിൽക്കുന്ന അതീതമണ്ഡലങ്ങളിലേക്കുള്ള തീർഥയാത്രയാണ് അരവിന്ദന്റെ സിനിമയിൽ സംഭവിക്കുന്നത്. കഥാപാത്രങ്ങളുടെ പേരുകള്‍ പോലും പ്രതീകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. തികച്ചും സാമൂഹികമായ പരിതസ്ഥിതികളും മൂല്യസങ്കൽ‌പ്പങ്ങളും ചേർന്നു സൃഷ്ടിച്ച ഒരു ദുരന്തം മനുഷ്യാവസ്ഥയുടെ അവ്യാഖ്യേയമായ ദുരന്തമായി അമൂർത്തവത്കരിക്കപ്പെട്ടിരിക്കുന്നു. ഈ പ്രവണതകൾ പ്രത്യയശാസ്ത്ര നിര്‍മുക്തമല്ല എന്നത് പ്രധാനമാണ്. ല്യൂക്കാച്ച് ചൂണ്ടിക്കാട്ടും‌പോലെ ആധുനികതയുടെ റിയലിസ്റ്റ് വിരുദ്ധ നിലപാടിനു പിന്നിൽ തികച്ചും വികലവും പ്രതിലോമപരവുമായ ഒരു പ്രത്യയശാസ്ത്രം ഒളിഞ്ഞു കിടപ്പുണ്ട്. എന്താണ് ഈ പ്രത്യയശാസ്ത്രത്തിന്റെ സ്വഭാവം?

*

1. പ്രാചീന ക്ഷേത്രശില്പികള്‍ എന്തുകൊണ്ട് അജ്ഞാതനമാക്കളായി എന്ന പ്രശ്‌നം സങ്കീര്‍ണമാണ്. വര്‍ഗപരമായ ഉച്ചനീചത്വത്തോടൊപ്പം കലയെയും കലാകാരനെയും പറ്റിയുള്ള പ്രത്യയശാസ്ത്രധാരണകളും ഇതിന് കാരണമായിട്ടുണ്ട് എന്ന് വിസ്മരിക്കുന്നില്ല. പക്ഷെ ഇതെക്കുറിച്ചുള്ള ഒരു വിശദമായ ചര്‍ച്ച ഈ ലേഖനത്തിന്റെ വിഷയനിരൂപണത്തിന് പുറത്താണ്. ഈ പ്രശ്നത്തിലേക്ക് എന്റെ ശ്രദ്ധ ആദ്യമായി തിരിച്ച ആര്‍ നന്ദകുമാറിനോട് കടപ്പാട്.

2. വിവേകാനന്ദന്‍ ശങ്കരനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക - ‘എത്ര കഠിനഹൃദയനായിരുന്നു അദ്ദേഹം. നിരവധി ബുദ്ധഭിക്ഷുക്കളെ അദ്ദേഹം ചുട്ടുകൊല്ലിച്ചിട്ടുണ്ട്. ..മതഭ്രാന്ത് എന്നല്ലാതെ ശങ്കരന്റെ ഈ കൃത്യത്തെ നാമെന്താണ് വിളിക്കേണ്ടത്?- ‘Complete works of Swami Vivekananda, Almora’, 1950 , എട്ടാം പതിപ്പ്, വാല്യം ഏഴ്, പേജുകള്‍ 115, 116. വിശദമായ ചര്‍ച്ചയ്ക്ക് മുരളീധരന്റെ ‘ഇന്നത്തെ മതപരമായ പുനരുദ്ധാരണശ്രമങ്ങള്‍- ഒരു പ്രത്യയശാസ്ത്രത്തിന്റെ വര്‍ഗസ്വഭാവും സാമൂഹ്യമായ വേരുകളും’-കലാവിമര്‍ശനം മാര്‍ക്‍സിസ്റ്റ് മാനദണ്ഡം, നിള 1983-നോക്കുക

- വിചിന്തനം 1987 ഏപ്രില്‍ ലക്കം

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ.ടി.കെ.രാമചന്ദ്രന്റെ “കാഴ്ചയുടെ കോയ്മ എന്ന പുസ്തകത്തില്‍ നിന്ന്)

അധിക വായനയ്ക്ക്

Dr. T.K.Ramachandran - Adieu to a friend

A Tribute to Dr.T.K.Ramachandran

Film Ban: Cultural activists to launch mass campaign