Showing posts with label ട്രേഡ് യൂണിയന്‍. Show all posts
Showing posts with label ട്രേഡ് യൂണിയന്‍. Show all posts

Saturday, May 31, 2014

തൊഴിലും വ്യവസായങ്ങളും സംരക്ഷിക്കാന്‍ പ്രക്ഷോഭം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ-ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കുത്തരവാദി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങള്‍ മിക്കവയും തകര്‍ച്ചയിലാണ്. ഫാക്ട് പുനരുദ്ധാരണത്തിനായി അംഗീകരിച്ച പാക്കേജനുസരിച്ചുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭ്യമായില്ലെങ്കില്‍, ഫാക്ട് അടച്ചു പൂട്ടപ്പെടും. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തെ യുപിഎ സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്യാര്‍ഡ്, എച്ച്എംടി, എച്ച്ഒസി, ഐആര്‍ഇ, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്.

കേരളത്തിന് വാഗ്ദാനംചെയ്യപ്പെട്ട കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി തുടങ്ങിയ പുതിയ പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ല. റെയില്‍വേയുടെ കാര്യത്തില്‍ കടുത്ത അവഗണന നേരിടുന്ന സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ച എല്ലാ പൊതുമേഖലാ വ്യവസായങ്ങളും പിറകോട്ടു പോയി. ചില സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഒരു പുതിയ നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായി. മാസങ്ങളായി പെന്‍ഷന്‍ വതരണവും നടക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഒരു പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തില്ല. ചീമേനി പദ്ധതി നിശ്ചലമായി. ഒഡിഷയിലെ ബൈതരണിയില്‍, കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം ഈ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ടു. കൂടംകുളം പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാനുള്ള ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.

പുതവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായെങ്കിലും, പൈപ്പ്ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍, ഒരു പദ്ധതിക്കും പ്രകൃതിവാതകം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഭൂഉടമകള്‍ക്ക് ന്യായമായ വില നല്‍കി ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാ വികസന പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ച്ചയിലാണ്. കയര്‍, കശുവണ്ടി, കൈത്തറി, ആര്‍ട്ടിസാന്‍, കള്ളുചെത്ത്, മത്സ്യം, ഖാദി, ബീഡി, ഈറ്റ-പനമ്പ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ നിരന്തരമായി പ്രക്ഷോഭം നടത്തിയിട്ടും, ഈ വ്യവസായങ്ങളെ പുനരുദ്ധരിക്കാനും, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നിര്‍മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ലഭിക്കാന്‍ നരവധി തടസ്സങ്ങളുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സിമന്റ്, കമ്പി എന്നിവയുടെ വിലക്കയറ്റം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് പ്രശ്നം. കളിമണ്ണ് ലഭിക്കാനുള്ള തടസ്സംമൂലം ഓട് - ഇഷ്ടിക നിര്‍മാണ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.

മോട്ടോര്‍ വ്യവസായം വലിയ കുഴപ്പത്തിലാണ്. ടാക്സ് വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കടിയുള്ള വിലവര്‍ധന തുടങ്ങിയവ ഈ മേഖലയെ കലുഷമാക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗത, ഈ മേഖലയിലെ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും, ഉല്‍പ്പന്ന വിലയിടിവും തോട്ടം വ്യവസായത്തെയും ഗുരുതരമായി ബാധിച്ചു.യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയന്‍ കരാര്‍, സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സഹകരണ മേഖല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയംമൂലം തകര്‍ച്ച നേരിടുകയാണ്. സ്വകാര്യവല്‍ക്കരണ ഭീഷണിയില്‍, ബാങ്കിങ് മേഖലയും കുഴപ്പത്തിലാണ്. എസ്ബിഐ-റിലയന്‍സ് കരാര്‍, സ്റ്റേറ്റ് ബാങ്കിനെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതാണ്.

തുച്ഛമായ വേതനം പറ്റുന്ന വിവിധ സ്കീം തൊഴിലാളികളുടെ സ്ഥിതി ദുരിതപൂര്‍ണമാണ്. അങ്കണവാടി, ആഷ, സ്കൂള്‍ പാചക തൊഴിലാളികള്‍, ദേശീയ സമ്പാദ്യ പദ്ധതി പിരിവുകാര്‍ തുടങ്ങിയവരെല്ലാം കടുത്ത ദുരിതത്തിലാണ്. തൊഴിലാളി ക്ഷേമപദ്ധതികള്‍ എല്ലാം താറുമാറായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കെടുകാര്യസ്ഥത, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ താറുമാറാക്കി. ക്ഷേമനിധിഫണ്ട് തിരിമറി നടത്തിയും, ഉദ്യോഗസ്ഥ മേധാവികളുടെ താന്തോന്നിത്തത്തിന് വിധേയമാക്കിയും, എല്ലാ ക്ഷേമപദ്ധതികളും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വ്യാപാര മേഖലയിലും ഐടി മേഖലയിലും മറ്റും കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. തുച്ഛമായ വേതനംമാത്രം നല്‍കി തൊഴിലാളികളെ ചൂഷണംചെയ്യുകയാണ്. ജോലിസ്ഥിരത എന്നത് ഒരിടത്തുമില്ല. പുതുതലമുറ ബാങ്കുകള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്നു. സ്വകാര്യ ആശുപത്രികള്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങിയവയിലും കടുത്ത തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഇതിനെല്ലാം മൂകസാക്ഷിയാവുന്നു. കരാര്‍, പുറംജോലി സമ്പ്രദായം വ്യാപിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, ഐടി മേഖല, വ്യാപാര മേഖല എന്നിവിടങ്ങളിലെല്ലാം ഈ സ്ഥിതി വ്യാപിക്കുന്നു. റെയില്‍വേ, ടെലികോം തുടങ്ങിയ മേഖലകളിലും വിവിധ ജോലികള്‍ കരാര്‍ നല്‍കുന്നു. ജോലിസ്ഥിരതയില്ലാത്തതിനാല്‍, നിയമാനുസൃത അവകാശങ്ങള്‍പോലും ചോദിക്കാന്‍ തൊഴിലാളികള്‍ക്കാവുന്നില്ല. വികസനം സംബന്ധിച്ച് വികലമായ കാഴ്ചപ്പാടാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. "പുകക്കുഴല്‍ വ്യവസായം" വേണ്ട എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം, ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും പുറംതള്ളലാണ്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നടപടിയുമില്ല. എമര്‍ജിങ് കേരളപോലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു രൂപയുടെ കേന്ദ്ര നിക്ഷേപം പോലും നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല.

അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കടുത്ത ആശങ്കയിലാണ്. സ്വകാര്യ-അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് മുടക്കി, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന, യുവതീ യുവാക്കളുടെ മുമ്പില്‍ ഒരു തൊഴിലവസരവും ഇല്ല. സംരംഭകത്വ വികസനമെന്ന വായ്ത്താരിയല്ലാതെ, പുതിയ തൊഴില്‍ സൃഷ്ടിക്കാനോ, നിലവിലുള്ള തൊഴില്‍ സംരക്ഷിക്കാനോ, യുഡിഎഫ് സര്‍ക്കാരിനാവുന്നില്ല. എല്ലാറ്റിനും പരിഹാരം സ്വകാര്യപങ്കാളിത്തം മാത്രമാണെന്ന വിനാശകരമായ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനം കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്.

വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തര സമരത്തിലാണ്. പക്ഷേ, സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഈ സാഹചര്യത്തില്‍, മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി ചേര്‍ന്ന്, പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റ് പോംവഴികളില്ല.

*
(സിഐടിയു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍നിന്ന്)

Friday, April 25, 2014

നവലിബറലിസം വേട്ടയാടുന്ന നഴ്സിങ് മേഖല

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുന്നതിലെ രാഷ്ട്രീയം ശരിയാണോയെന്ന് നാം പരിശോധിക്കേണ്ടതുണ്ട്, ഇത്തരത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകളുടെ രൂപീകരണത്തെ വിലയിരുത്തേണ്ടതുണ്ട്. ആഗോളവല്‍കരണത്തിന്റെ കാലഘട്ടത്തില്‍ പേ ആന്റ് യൂസ് സംവിധാനം ഏറ്റവും കൂടുതല്‍ ദോഷം വരുത്തിയ മേഖലയാണിത്. പണമുള്ളവന് കൂടുതല്‍ പരിചരണം സാധ്യമാകുന്ന രീതിയില്‍ ആരോഗ്യസംവിധാനങ്ങളെ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് സ്വകാര്യമേഖലയില്‍ ആരോഗ്യസ്ഥാപനങ്ങള്‍ തഴച്ചു വളരുന്നത്. തികച്ചും കച്ചവടമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവ രൂപാന്തരം കൊള്ളുന്നു.

വിഷന്‍ -2030 ആരോഗ്യരംഗത്ത് നടപ്പിലാക്കുമ്പോള്‍ ഹെല്‍ത്ത് ഹബ്ബുകള്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യ സാഹചര്യത്തിന്റെ സവിശേഷതപോലെ ജീവിത ശൈലീ രോഗങ്ങളും മറ്റും ആരോഗ്യ വ്യാപാരത്തിന് പറ്റിയ ഇടമാക്കി കേരളത്തെ മാറ്റിയിരിക്കുന്നു. ആതുരപരിചരണം വിലയ്ക്ക് വാങ്ങാന്‍ തക്കവണ്ണം ആരോഗ്യമേഖലയെ പരിവര്‍ത്തനപ്പെടുത്തുന്ന സംരംഭങ്ങളാണ് ഇത്തരം ഹബ്ബുകള്‍ എന്ന് ഓര്‍ക്കണം. ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം കൊടുക്കുന്ന ആരോഗ്യ ചികിത്സാ ഹബ്ബുകള്‍ വേണം എന്ന കാഴ്ചപ്പാട് എതിര്‍ക്കപ്പെടേണ്ടതാണ്. ധര്‍മ്മാശുപത്രി എന്ന സങ്കല്‍പ്പം തകിടം മറിക്കപ്പെടുകയും കേരളമോഡലിന്റെ ആര്‍ജിത നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടുകയും ആണ് ഇതുമൂലം സംഭവിക്കാന്‍ പോകുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്പരരായും സാമൂഹ്യപ്രതിബന്ധതയോടുകൂടിയുമാണ് ജോലി ചെയ്തു വന്നത്.

1990 കള്‍ക്ക് ശേഷം ആരോഗ്യ മേഖലയിലെ നഴ്സിങ് മേഖല സേവനപാത വിട്ട് ഒരു തൊഴില്‍ മേഖലയുടെ പരിവേഷത്തിലേക്ക് കടന്നു. ഡോക്ടര്‍മാരുടെ മേഖലയിലാകട്ടെ ഡോക്ടര്‍ എന്ന പദം ഒരു സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായി മാറുകയും ചെയ്തു. സമൂഹത്തിലെ മിക്ക രക്ഷിതാക്കളും തന്റെ കുട്ടി ഡോക്ടര്‍ ആകണം എന്ന ആഗ്രഹത്താല്‍, വളര്‍ന്നു വരുന്ന കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ഹനിച്ചുകൊണ്ട്, ഡോക്ടര്‍ ആക്കുന്നതിനുവേണ്ടി സജ്ജമാക്കപ്പെട്ട ഫാക്ടറികളിലേക്ക് അവരെ തള്ളിവിടുന്നു. അവിടുത്തെ ഉല്പന്നങ്ങളായി പുറത്തുവരുന്നവര്‍ക്ക് ഉപഭോക്താക്കളായി മാത്രമേ രോഗികളെ കാണാന്‍ കഴിയൂ. ഇതു തന്നെയാണ് നഴ്സിങ് മേഖലയിലും സംഭവിച്ചത്. എന്‍ട്രന്‍സ് എന്ന നടപ്പുദീനം ബാധിച്ച യുവത്വത്തിന് എഞ്ചിനീയറിങ്ങും മെഡിസിനും കിട്ടിയില്ലെങ്കില്‍ പിന്നെ നഴ്സിങ് എന്ന നിലപാടും ഈ രംഗത്ത് വന്‍ സാധ്യത തീര്‍ത്തു. പഠന നിലവാരം പുലര്‍ത്തുന്നവര്‍ ഗവണ്‍മെന്റ് മേഖലയിലും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടവര്‍ വമ്പന്‍ സ്വകാര്യ ആശുപത്രികളിലും അതിനു കഴിയാത്തവര്‍ 5 ഉം 8 ഉം ലക്ഷവും ലോണെടുത്ത് അന്യസംസ്ഥാനങ്ങളിലുംഅഭയം പ്രാപിക്കുന്നു. മൊത്തത്തില്‍ നഴ്സിങ് മേഖലയിലെ തള്ളിക്കയറ്റം കഴിഞ്ഞ ഒരു ദശകത്തിനടുത്ത് ഇരട്ടിയായിരിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായം സ്വകാര്യ ആശുപത്രിയായി മാറുമ്പോള്‍ നഴ്സിങ് സ്കൂളുകള്‍ ഇതിന്റെ അവിഭാജ്യഘടകമായി മാറുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്കാരത്തിന്റെയും മൂലധന ശക്തികളുടെയും കടന്നുവരവിന് ശേഷമാണ് ഈ വ്യവസായം വളര്‍ന്നു പന്തലിച്ചത്. തൊഴില്‍ സാധ്യതകള്‍ പെരുപ്പിച്ചു കാണിച്ചുകൊണ്ടു പുതിയ തലമുറയിലെ മഹാഭൂരിപക്ഷത്തെയും ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്ന നയമാണ്. സ്വകാര്യ ആശുപത്രികളുടേത്. എത്രയും പെട്ടെന്ന് ഒരു ജോലി അല്ലെങ്കില്‍ വിദേശസ്വപ്നം പൂവണിയിക്കാന്‍ ഏറ്റവും നല്ല അവസരം എന്ന നിലയില്‍ ഈ രംഗത്തേക്ക് കടന്നുവരുന്നവരും ധാരാളം. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ നിരവധി പുരുഷന്മാരും ഈ മേഖലയിലേക്ക് ആകൃഷ്ടരായി. ഈ സാമൂഹ്യ സാഹചര്യത്തില്‍ കേരളത്തിലെ പൊതുജന ആരോഗ്യമേഖലയിലെ രാഷ്ട്രീയ നയ സമീപനങ്ങളെ വിലയിരുത്തേണ്ടതുണ്ട്. നീതീകരിക്കാന്‍ ആവാത്ത ഒരു തൊഴില്‍ നയമാണ് ഇന്ന് നിലവിലുള്ളത്. സംസ്ഥാനത്ത് ഏകദേശം മൂവായിരത്തിനടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ജഒഇ തൊട്ട് മെഡിക്കല്‍ കോളേജ് തലം വരെയുണ്ട്.

ഏകദേശം പതിനായിരത്തോളം നഴ്സുമാരാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. കാലഹരണപ്പെട്ട 1961- ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇന്നും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജന ആരോഗ്യമേഖലയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമുണ്ട്. കാരണം ആഗോളതലത്തിലെ നഴ്സുമാരുടെ കണക്കെടുത്താല്‍ ഇതില്‍ 75 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്ന് കാണാം. ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായിട്ടാണ് നഴ്സുമാര്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണ്. ഈ എണ്ണത്തിലെ വര്‍ദ്ധനയ്ക്കു കാരണം മേല്‍ സൂചിപ്പിച്ച നഴ്സിങ് സ്കൂളുകളുടെ ഉല്പാദനമാണ്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക്, വിശേഷിച്ചും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഏറെ ആദരവോടെയാണ് വിദേശ സമൂഹം വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണ് എന്ന സത്യം പുറം ലോകം അറിയാന്‍ ഏറെ വൈകിപ്പോയി. ഇതിന്റെ കാര്യകാരണങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഈ രംഗത്തെ ചൂഷണത്തിന്റെ മൃഗീയഭാവം പുറത്തുവരുന്നത്. നഴ്സിങ് രംഗത്തെ സമരങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച സമരമുഹൂര്‍ത്തങ്ങളായിരുന്നു പോയവര്‍ഷത്തിലും തുടര്‍ന്നും നാം ഈ മേഖലയില്‍ കാണുന്നതും കേള്‍ക്കുന്നതും.

പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം ഡോക്ടറായ ഡോ. രമാകാന്ത് പാണ്ഡ എന്ന കോര്‍പ്പറേറ്റ് നടത്തുന്ന ബോംബെയിലെ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നാണ്. ബീന ബേബി എന്ന തൊടുപുഴക്കാരി സ്വയം ജീവന്‍ ബലിയര്‍പ്പിച്ചതുമുതല്‍ക്കാണ് നഴ്സിങ് സമൂഹം ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചുതുടങ്ങിയത്. നിരവധി ചോദ്യങ്ങള്‍ സമൂഹത്തിനെതിരെ ഉതിര്‍ത്തുകൊണ്ടായിരുന്നു ആ കുട്ടിയുടെ ആത്മഹൂതി. ആ ചോദ്യശരങ്ങളേറ്റുവാങ്ങിക്കൊണ്ട് ബാന്ദ്രയിലെ നഴ്സുമാര്‍ കൊളുത്തിയ സമരാഗ്നി ഇന്ത്യയിലങ്ങോളമിങ്ങോളം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നു. പൊലീസും ഭരണകൂടവും കോര്‍പ്പറേറ്റുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും തെരുവില്‍ രക്തം ചിന്തി അവര്‍ ചെയ്ത സമരമാണ് മറ്റ് സമരങ്ങളുടെ പ്രചോദനം. ഇന്ത്യയില്‍ അടുത്ത കാലത്ത് കോര്‍പ്പറേറ്റുകള്‍ക്കെതിരായി വിജയിച്ച സമരവും ബാന്ദ്രയിലേതായിരുന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് സമമായിട്ടാണീ സമരത്തെ തൊഴിലാളി വര്‍ഗം വിലയിരുത്തുന്നത്. കേരളത്തില്‍ സമരാഗ്നിക്ക് തുടക്കം കുറിച്ചത് അമൃത ഹോസ്പിറ്റല്‍ ആയിരുന്നു. ആഗോള ആരോഗ്യ വിദ്യാഭ്യാസ സൂചികയില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കിയ കേരളത്തിലെ നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞു.

രാഷ്ട്രീയ, സാംസ്കാരിക പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ക്ക് കടക വിരുദ്ധമായ സമീപനങ്ങളാണ് ആശുപത്രി മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ചര്‍ച്ചയ്ക്കു വിളിച്ച് അടച്ചിട്ട മുറിയില്‍ ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ട മനേജുമെന്റിന്റെ സമീപനത്തെ ഏറെ അവജ്ഞയോടെയാണ് പൊതുജനം നോക്കികണ്ടത്. അതുകൊണ്ടുതന്നെ പൊതു സമൂഹത്തിന്റെ ഇടപെടലുകളും മാധ്യമ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്നു. പിന്നീട് സമരം നടന്ന ലേക്ഷോര്‍, അമല, ഗോകുലം, മെഡിക്കല്‍ കോളേജ്, കൊല്ലത്തെ ശങ്കേഴ്സ് ഹോസ്പിറ്റല്‍ എന്നിവ എല്ലാ മാനേജ്മെന്റുകള്‍ക്കും സമരക്കാരുടെ മുമ്പില്‍ ഒരു പരിധി വരെ മുട്ടുമടക്കേണ്ടി വന്നു.

ഏറ്റവും വലിയ പ്രത്യേകത ഈ ആശുപത്രികള്‍ എല്ലാം നടത്തുന്നത്, ലോകസമാധാനത്തിനു വേണ്ടി സംസാരിക്കുകയും വിശക്കുന്നവന് അപ്പവും പാര്‍പ്പിടവും നല്‍കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നവരായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ സമരങ്ങളെല്ലാം സാമുദായിക സംഘടനയ്ക്കെതിരെയുള്ള സമരങ്ങളായി ചിത്രീകരിക്കാന്‍ വലിയ ഗൂഢാലോചനകളാണ് നടന്നത്. നഴ്സുമാരുടെ സ്വകാര്യതകള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താനും സമരം ചെയ്യുന്ന നഴ്സുമാരുടെ ദേഹത്ത് വാഹനങ്ങള്‍ കയറ്റി കൊല്ലാനും വരെയുള്ള ശ്രമങ്ങള്‍ ഉണ്ടായി. നഴ്സുമാര്‍ക്കനുകൂലമായ പൊതുജനത്തിന്റെ പിന്തുണ ഈ സമരങ്ങളുടെ വിജയത്തിന് സഹായകമായി. നഴ്സിങ് സമൂഹം ഏറെ ആദരവോടെയാണ് ഇത് ഓര്‍ക്കുന്നത്.

തികഞ്ഞ അനീതിയാണ് ഈ മേഖലയില്‍ നടക്കുന്നത്. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളോ സാമൂഹിക പരിരക്ഷയോ ഇല്ലാതെയാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്. 2009 -ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 9000 രൂപ പോലും മാസവേതനം നല്‍കാതെ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആശുപത്രി മാനേജ്മെന്റാണ് കേരളത്തിലുള്ളത്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്, ഈ മേഖലയില്‍ വിദഗ്ദ്ധരായ നഴ്സുമാരെ അടിത്തട്ടിലെ ആരോഗ്യപരിപാലനത്തിനായി നിയമിച്ചുകൊണ്ട്, വികസിത രാഷ്ട്രങ്ങളിലെ നേട്ടങ്ങള്‍ ആരോഗ്യപരിപാലനത്തില്‍ കൈവരുത്തുവാന്‍ ശ്രദ്ധിക്കണം. ഇത്തരം സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നും നഴ്സുമാരെ അകറ്റി നിര്‍ത്തുന്ന വരേണ്യവര്‍ഗ തീരുമാനം ഇവിടെ നടപ്പാക്കരുത്. പൊതുമേഖലയുടെ ശക്തിപ്പെടല്‍ ഈ രംഗത്തെ തൊഴില്‍ ചൂഷണത്തിന് അറുതിവരുത്താന്‍ ഒരു പരിധിവരെ സഹായിക്കും.

ആരോഗ്യപരിപാലനത്തെ ഒരു പ്രധാന അജണ്ടയാക്കി മാറ്റിയാല്‍ മാത്രമേ നല്ലൊരു ആരോഗ്യനയം സാദ്ധ്യമാകൂ. ഇത്തരത്തില്‍ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ലേബര്‍ ആക്ട് പ്രകാരമുള്ള 12000 രൂപ എന്ന അടിസ്ഥാന ശമ്പളം അവര്‍ക്കു നല്‍കാന്‍ മടിക്കുന്ന മാനേജുമെന്റുകളുടെ ധിക്കാരപരമായ തീരുമാനത്തെ ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. കാലോചിതമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുമ്പോള്‍ നഴ്സിങ് വിദഗ്ദ്ധരുടെ സാന്നിദ്ധ്യവും സംഘടനകളുടെ പങ്കാളിത്തവും അതിലുണ്ടായാല്‍ മാത്രമേ തിരുത്തലുകള്‍ സാദ്ധ്യമാവൂ.

*
പി കെ ഉഷാദേവി

Tuesday, April 15, 2014

ചരിത്രത്തിന്റെ കവലയില്‍ നട്ടുപിടിപ്പിച്ച ജീവിതം

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുതെന്നും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കേരളത്തിലെ ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കിയപ്പോള്‍ അന്ന് മുഖ്യമന്ത്രി ചോദിച്ചു, നിലവിലുള്ള അധ്യാപകരെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തില്‍ എന്തിന് സമരം ചെയ്യുന്നുവെന്ന്. ആ വിശദീകരണത്തില്‍ അധ്യാപകരില്‍ ചിലര്‍ സമരം ചെയ്യാതിരിക്കാനുള്ള ന്യായം കണ്ടെത്തി.

ജോലി നഷ്ടപ്പെടുത്തിയും ജീവന്‍ അപകടപ്പെടുത്തിയും എത്രപേര്‍ ഒരു കാലത്ത് സമരംചെയ്തു. അവരുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സത്ഫലങ്ങള്‍ അനുഭവിച്ചത് അവരല്ല, നമ്മളാണ്. മണ്ണിനോട് കര്‍ഷകനുതോന്നിയ അതേ അഭിനിവേശം അക്കാലത്തെ അധ്യാപകര്‍ക്ക് മനുഷ്യചരിത്രത്തോടും തോന്നി. ചരിത്രം ചിലര്‍ വരുമ്പോള്‍മാത്രം വഴിമാറുന്നതല്ലെന്നും അത് മനുഷ്യസമൂഹം ഒന്നടങ്കം നിര്‍മിച്ചെടുക്കുന്നതാണെന്നും അവര്‍ മനസിലാക്കി. അതുകൊണ്ട് അവരുടെ അധ്യാപനം ക്ലാസ് മുറിയില്‍ ഒതുങ്ങിയില്ല. മനുഷ്യര്‍ കൂടുന്ന കവലകളിലെല്ലാം അധ്യാപനവൃത്തി തുടര്‍ന്നു. അതോടെ അവര്‍ നാടിന്റെ അധ്യാപകരായി. ചരിത്രത്തിലെ വഴികാട്ടികളായി. കമ്പളത്തു ഗോവിന്ദന്‍നായരുടെ ജീവിതം ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.

1914 ഏപ്രില്‍ 15നാണ് കമ്പളത്തിന്റെ ജനം. ഐതിഹാസികമായ കര്‍ഷകസമരങ്ങള്‍കൊണ്ട് മലബാറിന് തീപിടിച്ച കാലം. നെടിയിരിപ്പ് പ്രൈമറിസ്കൂളിലും ദേവധാര്‍ യുപി സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. നാട്ടില്‍ വിദ്യാപോഷിണി എന്നപേരില്‍ ഒരു വായനശാല തുടങ്ങിയാണ് രാഷ്ട്രീയ-സാമൂഹികജീവിതം ആരംഭിച്ചത്. പാലോത്ത് ഗോപാലന്‍നായര്‍, തെരുവത്ത് രാമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊട്ടൂക്കരയിലാണ് വായനശാല. 1931 ല്‍ ആലുങ്ങല്‍ എയ്ഡഡ് മാപ്പിള സ്കൂളില്‍ അണ്‍ട്രെയ്ന്‍ഡ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഗാന്ധിജിയുടെ നിയമലംഘനപ്രസ്ഥാനവും അധ്യാപകപ്രസ്ഥാനവും അദ്ദേഹത്തെ സ്വാധീനിച്ചു. അധ്യാപക യൂണിയന്‍ നേതാക്കളായ ടി സി നാരായണന്‍ നമ്പ്യാര്‍, പി ആര്‍ നമ്പ്യാര്‍ എന്നിവര്‍ ദേശീയപ്രസ്ഥാനത്തിന്റെയും നേതാക്കന്മാരായിരുന്നു. ഇതിനിടയില്‍ കമ്പളത്ത് ഇ എം എസുമായി പരിചയപ്പെട്ടു. ഇ എം എസുമായുള്ള പരിചയം കമ്പളത്തിനെ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമാക്കി.

കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചഭ"കാഹള"ത്തില്‍ ജന്മിത്തത്തിന്റെ കാലടിയില്‍ എന്ന ലേഖനം എഴുതിയതിന്റെ പേരില്‍ 1941 ജൂണ്‍ 4ന് അറസ്റ്റിലായി. തെരുവത്ത് രാമന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മാസികയാണ് കാഹളം. നിരോധിക്കപ്പെട്ട കര്‍ഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനമാണെന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. ജൂണ്‍ അഞ്ചിന് കമ്പളത്തിന്റെ വീട് റെയ്ഡ് ചെയ്തു. അദ്ദേഹത്തിന്റെ കൈയെഴുത്തിലുള്ള സകല കടലാസുകളും പൊലീസുകാര്‍ കൊണ്ടുപോയി. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലുമായി ഭീകരമര്‍ദനം. കമ്പളത്തിന്റെ വലതുകൈ അടിച്ചൊടിച്ചു, നഖം പിഴുതെടുത്തു. 1941 ഡിസംബര്‍ അവസാനംവരെ കോഴിക്കോട് കോടതിയില്‍ നടന്ന കേസിനൊടുവില്‍ ആറുമാസം കഠിനതടവ്. സാഹിത്യ രചനയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്കും.

ആദ്യകാലത്ത് സജീവമല്ലാതിരുന്ന ഏറനാട്ടിലെ അധ്യാപക പ്രസ്ഥാനത്തിന് ഉശിരും ഉണര്‍വും നല്‍കിയത് കമ്പളത്തിന്റെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും നേതൃത്വം. 1931 മുതല്‍ 1944വരെ മലബാറിലെ വിവിധ എയ്ഡഡ് സ്കൂളുകളില്‍ ജോലി നോക്കിയ കമ്പളത്തിനെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന്റെ പേരിലും ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ പേരിലും പലവട്ടം പിരിച്ചുവിട്ടു. 1944ല്‍ അദ്ദേഹം നെടിയിരിപ്പ് പഞ്ചായത്തില്‍ ക്ലര്‍ക്ക് കം ബില്‍ കലക്ടറായി ജോലിചെയ്തു. അന്നാണ് വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരം. സമരത്തിന് നേതൃത്വം നല്‍കിയതും അതിനായി പടപ്പാട്ടെഴുതിയതും കമ്പളത്ത് ഗോവിന്ദന്‍ നായര്‍. മലബാറിലെ കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് പൊലീസുദ്യോഗസ്ഥനായിരുന്നു ഹിച്ച്കോക്ക്. സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കമ്പളം രണ്ടുവര്‍ഷം ഒളിവില്‍. അതിനിടെ ബില്‍ കലക്ടറുടെ ജോലി പോയി. 1946ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധ്യാപകനായി. അക്കാലത്ത് ഡിസ്ട്രിക്ട് ബോര്‍ഡ് അധ്യാപകര്‍ക്കിടയില്‍ ശക്തമായ സംഘടനയില്ല. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ഇത്തരം സ്കൂളുകളില്‍ ധാരാളം അധ്യാപകരുണ്ടെങ്കിലും അവരില്‍ സംഘബോധം കുറവ്. നിരന്തരപ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്പളത്തിന്റെ നേതൃത്വത്തില്‍ ഈ സംഘബോധം ഉണ്ടാക്കിയെടുത്തത്. ഹെഡ്മാസ്റ്റര്‍മാരും പരിശോധനാ ഉദ്യോഗസ്ഥരും സംഘടനാപ്രവര്‍ത്തനത്തെ ശത്രുതയോടെ കണ്ടു. അതിനെ വെല്ലുവിളിച്ച് ഭൂരിപക്ഷം അധ്യാപകരും സംഘടനയില്‍ അണിനിരന്നു.

1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതോടെ കമ്പളത്തിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. 1952ല്‍ ജോലിയില്‍ തിരികെ പ്രവേശിച്ച അദ്ദേഹം വീണ്ടും സജീവമായി. തുടര്‍ന്നുനടന്ന അവകാശ സമരത്തിലാണ് എല്ലാമാസവും പതിനഞ്ചാം തീയതിക്കുമുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടത്. അടിസ്ഥാനശമ്പളം നൂറുരൂപയാക്കണമെന്ന ആവശ്യവും ഉയര്‍ത്തപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസ് ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധികാരത്തില്‍ വരികയും കമ്പളത്തെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുകയുംചെയ്തു. പിന്നീട് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍വന്നപ്പോഴാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. പിന്നീട് മലബാര്‍, തിരുകൊച്ചി സംസ്ഥാനങ്ങളിലെ അധ്യാപകരെ ഒരുമിച്ചണിനിരത്തി കെജിപിടിയു എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നതില്‍ കമ്പളത്ത് നേതൃപരമായ പങ്കുവഹിച്ചു. യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി. 1969ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. അന്ന് ദേശാഭിമാനിപത്രം അദ്ദേഹത്തെ അഭിവാദ്യംചെയ്ത് എഡിറ്റോറിയല്‍ എഴുതി. വിരമിച്ചതിനുശേഷം കുറച്ചുകാലംകൂടി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. 1983 ഏപ്രില്‍ 30നാണ് മരണം.

കമ്പളത്തിന്റെ സംഘടനാപ്രവര്‍ത്തനം ഏറെ സര്‍ഗാത്മകമായതുകൊണ്ടാണ് അത് കേരളത്തിലുടനീളം ആളിപ്പടര്‍ന്നത്. അദ്ദേഹം കവിയും നാടകപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കവിതാസമാഹാരമായ "ഓണപ്പുടവ"യ്ക്ക് അവതാരികയെഴുതിയ എം എസ് ദേവദാസ്, ജി ശങ്കരക്കുറുപ്പിന്റെ ഇന്ത്യയുടെ പ്രതികാരം എന്ന കവിതയ്ക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കവിതയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ക്ഷാമകാലത്ത് ഭക്ഷണം കഴിക്കാന്‍ വഴിയില്ലാത്തവരുടെ ഓണാഘോഷത്തിന്റെ ദൈന്യമാണ് കവിതയിലെ പ്രമേയം. വിദ്യാരംഭം, അവളുടെ തിരുവാതിര എന്നീ കവിതകളും ഈ സമാഹാരത്തിലുണ്ട്. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും ജനപ്രിയം "ഏറനാടിന്‍ ധീരമക്കള്‍" തന്നെ. 1944ല്‍ ഈ പടപാട്ട് പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി വാരിക കണ്ടുകെട്ടി.

സാഹിത്യവും ജീവിതവും ചരിത്രത്തിന്റെ ഉല്‍പ്പാദനശക്തികളായ സന്ദര്‍ഭത്തിലാണ് കമ്പളത്ത് ജീവിച്ചത്. എഴുത്തും സമരവും അവര്‍ക്ക് രണ്ടല്ല. കാലം മാറി. അധ്യാപകന്റെ നിലയില്‍ മാറ്റം വന്നു. പക്ഷേ, വിദ്യാഭ്യാസ മേഖലയിലെ കോര്‍പറേറ്റ്വല്‍ക്കരണം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ കവരുകയാണ്. വിദ്യാര്‍ഥിയുടെ ചോറ് കട്ടുതിന്നേണ്ട ഗതികേട് ഇന്നത്തെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭൂമാഫിയകളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഒറ്റ രാത്രികൊണ്ട് സ്കൂള്‍കെട്ടിടം ഇടിച്ചുനിരത്താനും അധ്യാപകരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പുറത്താക്കാനും മടിക്കാത്ത മാനേജര്‍മാര്‍ ഇന്നും അരങ്ങുവാഴുന്നു. ചരക്കുകളുടെ പൊലിമയില്‍ കണ്ണു മഞ്ഞളിച്ച, സുരക്ഷിതരെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരോട് ഒരു ചെറിയ അപേക്ഷ: നിങ്ങള്‍ പണികഴിപ്പിച്ച ഇരുനില മാളികക്കരികില്‍ ഏറ്റവും പുതിയ കാറ് നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങി അതിന്റെ വാതില്‍ അടച്ചു എന്ന് ഉറപ്പ് വരുത്താന്‍ റിമോട്ട് സെന്‍സില്‍ വിരലമര്‍ത്തുമ്പോള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍വച്ച് പിഴുതെടുക്കപ്പെട്ട ഒരു വിരലിനെക്കുറിച്ചോര്‍മിക്കണേ. ചോരയിറ്റുന്ന ആ ഓര്‍മയുടെ പേരാണ് കമ്പളത്ത് ഗോവിന്ദന്‍നായര്‍.

*
അനില്‍ ചേലേമ്പ്ര ദേശാഭിമാനി

Saturday, December 14, 2013

ലോകവ്യാപകമായി തൊഴില്‍ സമരങ്ങള്‍ പടരുന്നു

നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകമെമ്പാടും അതിശക്തമായ പോരാട്ടം തുടരുകയാണ്. ഗ്രീസില്‍ സര്‍വകലാശാലാ ജീവനക്കാരുടെ പണിമുടക്കിനെ ഗ്രീക്ക് ജനത ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു. ഗ്രീസിലെ എട്ട് സര്‍വകലാശാലകളിലെയും ജീവനക്കാരുടെ പണിമുടക്ക് ഒരു മാസം പിന്നിടുകയാണ്. സര്‍വകലാശാലയിലെ ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ കൈക്കൊള്ളാത്തതാണ് പണിമുടക്കിനാധാരം. സര്‍ക്കാരിന്റെ ചെലവുചുരുക്കള്‍ നടപടി പൊതുമേഖലാ തൊഴിലാളികളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. 2014 അവസാനിക്കുമ്പോള്‍ ഒന്നരലക്ഷം പൊതുമേഖലാ ജീവനക്കാര്‍ തെരുവിലാകും.

അര്‍ജന്റീനയിലെ ബാങ്ക് ഓഫ് അര്‍ജന്റീന നേഷനിലെ ജീവനക്കാര്‍ ഒക്‌ടോബര്‍ മൂന്നാം തീയതി മുതല്‍ പണിമുടക്കിലാണ്. 2011 മുതല്‍ ഉന്നയിച്ചുവരുന്ന പ്രശ്‌നങ്ങളില്‍ അധികാരികള്‍ പരിഹാരത്തിന് തയ്യാറാകാത്തതുകൊണ്ടാണ് ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് അണിനിരന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം എത്രയോ ഇരട്ടിയാക്കി. ശാഖകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്തത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

അല്‍ബര്‍ടയിലെ 28 വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെ 8500 തൊഴിലാളികള്‍ ഒക്‌ടോബര്‍ ആറാം തീയതി മുതല്‍ പണിമുടക്കി സമരരംഗത്താണ്. കൂലി കുറച്ചതിനു പിന്നാലെ ജോലിസമയവും കുറയ്ക്കാനുള്ള  ഉടമകളുടെ നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ പൊരുതുന്നത്.

കരാറുകാര്‍ ഭീഷണിയും തൊഴിലാളി ദ്രോഹനടപടികളും തുടരുമ്പോള്‍ ഒഹിയോയിലെ കരാര്‍ തൊഴിലാളികള്‍ സെപ്തബര്‍ 24 മുതല്‍ പണിമുടക്കിലാണ്. അമിതമായ ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും കൂലിവര്‍ധന നിക്ഷേധിക്കാനും കരാറുകാര്‍ ശ്രമിക്കുകയാണ്. ആകെ തൊഴിലാളികളില്‍ ഫുള്‍ടൈം തൊഴില്‍ ഉള്ളവര്‍ 15 ശതമാനം മാത്രം.പണിയെടുത്താല്‍ കൃത്യമായി കൂലി ലഭിക്കുന്നില്ല. അങ്ങനെ കുടിശ്ശികയായ കൂലി ലഭിക്കാന്‍ പണിമുടക്കുകയാണ് പോളണ്ടിലെ ഷിപ്‌യാര്‍ഡ് തൊഴിലാളികള്‍. ആഗസ്റ്റ് മാസത്തിലെ കൂലി ഇതുവരെ ലഭിക്കാത്തതുകൊണ്ടാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

കഴിഞ്ഞകാല ഒത്തുതീര്‍പ്പുകള്‍ പാലിക്കാത്ത സര്‍ക്കാരിനെതിരെ നൈജീരിയയിലെ സര്‍വകലാശാല ജീവനക്കാര്‍ ജൂലൈ ഒന്ന് മുതല്‍ പ്രക്ഷോഭത്തിലാണ്. അധ്യാപകരും മറ്റ് ജീവനക്കാരും യോജിച്ച് പോരാടുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയാണ്.

24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയില്‍ നിന്നും മോചനം ലഭിക്കാന്‍ അയര്‍ലന്റിലെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പണിമുടക്ക് മൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്.

നാളിതുവരെ അനുഭവിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സൈപ്രസിലെ നഴ്‌സുമാര്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ജോലി ചെയ്താല്‍ ലഭ്യമായിരുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കിയതാണ് നഴ്‌സുമാരെ പ്രക്ഷോഭത്തിലേയ്ക്ക് നയിക്കുന്നത്.

പത്ത് ശതമാനം വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് ആഫ്രിക്കയിലെ പോസ്റ്റല്‍ ജീവനക്കാര്‍ പണിമുടക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം ജീവിത പ്രയാസങ്ങള്‍ വര്‍ധിക്കുമ്പോള്‍ പണിമുടക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലല്ലോ.

വ്യാവസായിക ബന്ധം വഷളാക്കുന്ന ഉടമകള്‍ക്കെതിരെ സ്‌കോട്ട്‌ലന്റിലെ ഓയില്‍ റിഫൈനറിയില്‍ പ്രക്ഷോഭം തുടരുകയാണ്. ലാഭം പെരുപ്പിക്കുകയും മറുഭാഗത്ത് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന നടപടിയാണ് പണിമുടക്കിനാധാരം.

*
കെ ജി സുധാകരന്‍ ജനയുഗം

Thursday, December 12, 2013

ചരിത്രം തിരുത്തിക്കുറിക്കുന്നത് തൊഴിലാളി വര്‍ഗമായിരിക്കും

അധികാരത്തിന്റെ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് മൂലധനശക്തികളും അവരുടെ രാഷ്ട്രീയ കാര്യസ്ഥന്മാരും ഡല്‍ഹിയില്‍ തല പുകയ്ക്കുകയാണ്. ദേശീയ മാദ്ധ്യമങ്ങള്‍ എന്നു വിളിക്കപ്പെടുന്ന മാന്യസഹജീവികളെല്ലാം ആ പുകയുടെ പൊട്ടും പൊടിയും ചേര്‍ത്ത കഥകള്‍ മെനയുന്ന തിരക്കിലാണ്. അതേ ഡല്‍ഹിയില്‍ ഇന്ന് ലക്ഷക്കണക്കായ പണിയാളര്‍ നാടിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായക നിര്‍ദ്ദേശങ്ങളുമായി അണിനിരക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങളും കൊടി നിറഭേദങ്ങളും മാറ്റിവച്ച് തൊഴിലാളി വര്‍ഗ ഐക്യം എന്ന മഹത്തായ ബാനറിനു കീഴിലാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്മ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലൂടെ ശക്തി പ്രാപിച്ച തൊഴിലാളി വര്‍ഗ മുന്നേറ്റത്തിന്റെ പുതിയ ഘട്ടമാണിത്. സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗ സമര ചരിത്രത്തിലെ പുളകോദഗമനകാരിയായ നവീന അദ്ധ്യായം. അത് രചിക്കാന്‍ എത്തിച്ചേരുന്ന എല്ലാ തൊഴിലാളി സഖാക്കളെയും 'ജനയുഗം' മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്യുന്നു.

അധികാര രാഷ്ട്രീയത്തിന് അലങ്കാര തൊപ്പികള്‍ ചാര്‍ത്താന്‍ മത്‌സരിക്കുന്ന മാധ്യമങ്ങള്‍ തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അവഗണിക്കാനാണു സാധ്യത. കോര്‍പ്പറേറ്റ് വമ്പന്മാരുടെ ലീലാവിലാസങ്ങള്‍ക്ക് മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്ന മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദ്വിദിന പണിമുടക്കും സെപ്തംബറിലെ പ്രതിഷേധദിനവും കണ്ടില്ലെന്നു നടിച്ചവരാണ്. എല്ലാ ജീവിതതുറകളിലും പിടിമുറുക്കി കഴിഞ്ഞ മൂലധന താല്പര്യങ്ങള്‍ നിഷ്പക്ഷമെന്നു പറയപ്പെടുന്ന നമ്മുടെ മാദ്ധ്യമങ്ങളെ കീഴ്‌പ്പെടുത്തിയതിന്റെ ഫലമാണിത്. ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്: ''ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടുന്ന ദരിദ്രന്റെ മുഖം അവരുടെ കണ്ണില്‍ പെടുകയില്ല. എന്നാല്‍ ഓഹരി കമ്പോളത്തില്‍ 2 പോയിന്റ് ഇടിഞ്ഞാല്‍ അവര്‍ മാറത്തടിച്ചു നിലവിളിക്കും!'' ലാഭമോഹം കടിഞ്ഞാണ്‍ പിടിയ്ക്കുന്ന ആ സ്ഥിതിവിശേഷത്തെയും അതിലേക്കു നയിക്കുന്ന സാമ്പത്തിക നയങ്ങളെയും തിരുത്തിക്കുറിക്കാനാണ് തൊഴിലാളിവര്‍ഗം പാര്‍ലമെന്റിനു മുന്നിലേക്കു വരുന്നത്.

1908 ല്‍ ബാലഗംഗാധര തിലകനെ ബ്രിട്ടീഷ് സാമ്രാജ്യത്വം അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചപ്പോള്‍ ''തിലകനെ വിട്ടയക്കുക'' എന്ന ഒറ്റ മുദ്രാവാക്യവുമായാണ് ബോംബെയില്‍ തൊഴിലാളിവര്‍ഗം പണിമുടക്കിയത്. കടലുകളും പര്‍വതങ്ങളും താണ്ടി ആ പണിമുടക്കു വാര്‍ത്ത മോസ്‌കോയില്‍ എത്തിയപ്പോള്‍ ലെനിന്‍ എഴുതി: ''ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിനു പ്രായപൂര്‍ത്തി എത്തിയിരിക്കുന്നു''. ചൂഷകവര്‍ഗത്തിന്റെ കൊള്ള കൊടുക്കലുകള്‍ക്കു മുമ്പില്‍ രാജ്യം സ്തംഭിച്ചു നില്‍ക്കുമ്പോള്‍ കഷ്ടപ്പെടുന്ന മുഴുവന്‍ ജനങ്ങളുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ന് തൊഴിലാളി വര്‍ഗം ഐക്യകൊടികളുമായി ഡല്‍ഹിയില്‍ എത്തുന്നത്. സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗം ഈ വര്‍ഗമുന്നേറ്റത്തിലൂടെ തങ്ങളുടെ പ്രായപൂര്‍ത്തി ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗരാഷ്ട്രത്തിലേക്കുള്ള പ്രായപൂര്‍ത്തി പ്രാപിക്കലായി ഇതു മാറിയാല്‍ ഇന്ത്യയുടെ ചരിത്രം തന്നെ വേറൊന്നാകും.

ശതകോടീശ്വരന്മാരാണ് നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലും ഇന്നു നിരന്നിരിക്കുന്നവരില്‍ ഏറെയും. ലക്ഷണമൊത്ത ക്രിമിനലുകളും അവരില്‍ കുറവല്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് മാര്‍ച്ച് മുന്നോട്ടു വയ്ക്കുന്ന മിനിമം കൂലിയുടെയും പെന്‍ഷന്റെയും സാമൂഹിക സുരക്ഷയുടെയും പ്രശ്‌നങ്ങള്‍ അവര്‍ക്കു മനസിലാകില്ല. വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും റോഡിന്റെയും ആവശ്യകത അവരുടെ മനസില്‍ പതിയുകയില്ല. ''റൊട്ടി ഇല്ലെങ്കില്‍ കേക്ക് തിന്നുകൂടെ?'' എന്നു ചോദിച്ച ഫ്രാന്‍സിലെ മരിയ അന്റോണിയറ്റിന്റെ സംസ്‌കാരവും ചിന്തകളും ഏറ്റു വാങ്ങിയ നവലിബറല്‍ നയങ്ങളുടെ തമ്പുരാക്കന്മാരാണവര്‍. അക്കൂട്ടരുടെ കൈയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാമാന്യജനങ്ങളുടെയും വിപുലമായ ഐക്യം ഊട്ടിവളര്‍ത്തിയേ മതിയാകൂ. ഐക്യത്തിന്റെയും സമരത്തിന്റെയും ഇത്തരമൊരു തത്ത്വശാസ്ത്രമാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ തൊഴിലാളിവര്‍ഗം ഇന്ത്യന്‍ ജനതയ്ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.

അദ്ധ്വാനിക്കുന്നവരായ മഹാ ഭൂരിപക്ഷം ജനങ്ങള്‍ക്കും അടിസ്ഥാന ജീവിതാവശ്യങ്ങള്‍പോലും നിഷേധിച്ചുകൊണ്ടാണ് നവലിബറല്‍ നയങ്ങള്‍ ലോകമെങ്ങും നിലകൊള്ളുന്നത്. മൂലധനത്തിന്റെ ലാഭതാല്‍പ്പര്യങ്ങളും ജനങ്ങളുടെ ജീവിതതാല്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അതുകൊണ്ടു മൂര്‍ച്ഛിച്ചു വരുന്നു. ഇന്ത്യയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇതാണു വിളിച്ചുപറയുന്നത്. ഭക്ഷണവും പാര്‍പ്പിടവും തൊഴിലും ചികിത്‌സയും ഇല്ലാതെ പാവങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അഞ്ചുലക്ഷം കോടിയുടെ സൗജന്യങ്ങളാണ് ഇവിടെ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി കൊടുത്തത്. തിരഞ്ഞെടുപ്പുകളില്‍ ഏറ്റുമുട്ടുന്ന വലതുപക്ഷ പാര്‍ട്ടികള്‍ ഈ ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമാണ്. വന്‍കിട ചൂഷകരുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന കമ്മറ്റി മാത്രമായി അവര്‍ ഭരണകൂടത്തെ അധഃപതിപ്പിച്ചിരിക്കുന്നു.

അറുപത്തിയേഴ് കൊല്ലം കാത്തിരുന്ന, കാത്തിരിപ്പിന്റെ നെല്ലിപ്പലക കണ്ട ഒരു ജനത മനസില്‍ സൂക്ഷിക്കുന്ന ആശയാഭിലാഷങ്ങളുടെ സന്ദേശവാഹകരായാണ് തൊഴിലാളി വര്‍ഗ പ്രതിനിധികള്‍ പാര്‍ലമെന്റ് മാര്‍ച്ചിനെത്തുന്നത്. കഷ്ടപ്പെടുന്ന എല്ലാവരുടെയും സമരനേതാവായി ആ വര്‍ഗം മാറുകയാണ്. സാമ്പത്തിക മാത്രവാദമടക്കമുള്ള നിരവധി ദൗബല്യങ്ങളുടെ പേരില്‍ ട്രേഡ് യൂണിയനുകള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ദൈനംദിന പ്രവര്‍ത്തനശൈലിയില്‍ പുഴുക്കുത്തുകള്‍ വീഴുന്നുവെന്ന നിരീക്ഷണവും ഉണ്ടായിട്ടുണ്ട്. അത്തരം കറുത്തപാടുകള്‍ ചൂണ്ടിക്കാട്ടി തൊഴിലാളിവര്‍ഗത്തെ അടച്ചാക്ഷേപിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഏറെയുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഈ പാര്‍ലമെന്റ് മാര്‍ച്ചും അതില്‍ ട്രേഡ് യൂണിയന്‍ കൂട്ടായ്മ ഉയര്‍ത്തുന്ന മുദ്രാവാക്യവും.

ചരിത്ര നിര്‍മിതിയില്‍ അദ്ധ്വാനം വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധമുള്ളവരെയെല്ലാം ഈ ഐക്യത്തിന്റെ പുറകിലുള്ള വര്‍ഗപരമായ ഉണര്‍വ് ആവേശം കൊള്ളിക്കുന്നു. പാര്‍ലമെന്റ് മാര്‍ച്ചിലെ മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുംവരെ മുന്നോട്ടുപോകാന്‍ ഈ ഐക്യനിരയ്ക്കു സാധിക്കണം. ആ തിരിച്ചറിവോടെ മുന്നേറാന്‍ വിവിധ ട്രേഡ് യൂണിയന്‍ കേന്ദ്രങ്ങള്‍ അനുഭവങ്ങളിലൂടെ തീരുമാനിച്ചിരിക്കുന്നു. പാര്‍ലമെന്റ് മാര്‍ച്ചിന്റെ ചരിത്രപരമായ പ്രാധാന്യം അതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. മാറ്റത്തിനു കൊതിക്കുന്നവരുടെ മുമ്പില്‍ ഈ മഹത്തായ ഐക്യനിര പ്രതീക്ഷയുടെ പുതിയ വെളിച്ചമാണ് കൊളുത്തിവയ്ക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം

Thursday, February 28, 2013

തൊഴിലാളി സമരം വികസനത്തിന് തടസ്സമോ?

പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ചരിത്ര വിജയമായി. സാര്‍വദേശീയ തൊഴിലാളി സംഘടനകളായ ഡബ്ല്യുഎഫ്ടിയു, ഐസിടിയു എന്നിവയും ബ്രിട്ടണ്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളും പണിമുടക്ക് വിജയിപ്പിച്ച ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ അനുമോദിച്ച് സന്ദേശമയച്ചു. ഒന്നേകാല്‍ കോടിയിലധികം തൊഴിലാളികളാണ് കേരളത്തില്‍ പണിമുടക്കില്‍ അണിചേര്‍ന്നത്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ തൊഴിലാളി സമരമായിരുന്നു ഇത്. കര്‍ഷകരും, ചെറുകിട വ്യാപാരികളും ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞു എന്നത് ഈ പണിമുടക്ക് എത്രമാത്രം ന്യായമായിരുന്നു എന്നതിന്റെ വിളംബരമാണ്.

കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവില്‍ സമരത്തെ അനുകൂലിച്ചു. പല പത്രങ്ങളും സമരത്തെ അനുകൂലിച്ച് മുഖ്യപ്രസംഗമെഴുതി. എന്നാല്‍, ഐതിഹാസികമായ ഈ പണിമുടക്ക് മലയാള മനോരമയെ വിറളിപിടിപ്പിച്ചു എന്ന് കരുതാവുന്ന വിധത്തിലാണ് അവരുടെ ചില പ്രതികരണങ്ങള്‍ പുറത്തുവന്നത്. പണിമുടക്ക് ഏറ്റവും ശക്തമായത് കേരളത്തിലായിരുന്നു എന്നും, അത് സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന് ഹാനിവരുത്തി എന്നുമാണ് മനോരമയുടെ കണ്ടെത്തല്‍. ഏത് സമരത്തെയും "രാഷ്ട്രീയ പ്രേരിതം" എന്ന് മുദ്രകുത്തി ആക്ഷേപിക്കാറുള്ള മനോരമയ്ക്ക് ഇത്തവണ അതിനവസരം ലഭിച്ചില്ല. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി പണിമുടക്കില്‍ പങ്കെടുത്തതുകൊണ്ടാണ് മാനോരമയ്ക്ക് പതിവ് വിമര്‍ശം ഉയര്‍ത്താന്‍ കഴിയാതെ പോയത്. അതിന്റെ രോഷം മുഴുവന്‍ തീര്‍ത്തത് പണിമുടക്കിനെ അടച്ചാക്ഷേപിച്ചാണ്. എന്നാല്‍, പണിമുടക്കിനാധാരമായി ഉന്നയിച്ച ഏതെങ്കിലും ഒരാവശ്യം ന്യായമല്ലെന്ന് പറയാന്‍ മനോരമയ്ക്കും സാധിച്ചില്ല. വിദേശ-സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക മാത്രമാണ് വികസനത്തിനുള്ള പോംവഴി എന്നാണ് ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ പറയുന്നത്. അതിന് എല്ലാരംഗത്തും സര്‍ക്കാര്‍ നിയന്ത്രണം നീക്കുകയും ഉദാരസമീപനം കൈക്കൊള്ളുകയും വേണമെന്നവര്‍ വാദിക്കുന്നു.

നിക്ഷേപകരുടെ ലാഭനിരക്കില്‍ ഇടിവ് തട്ടുന്ന ഒന്നും ചെയ്തുകൂടാ. രാജ്യത്തിന്റെ നികുതി ഘടനപോലും, നിക്ഷേപകര്‍ക്കനുകൂലമായി മാറ്റുന്നത് ഈ അടിസ്ഥാനത്തിലാണ്. തൊഴില്‍ നിയമങ്ങള്‍ മൂലധന ശക്തികള്‍ക്കനുകൂലമായി മാറ്റി, തൊഴില്‍ കമ്പോളം അയവേറിയതാക്കുക എന്നതും ആ നയത്തിന്റെ ഭാഗമാണ്. സ്ഥിരം ജോലികള്‍ കുറച്ച് കരാര്‍ സമ്പ്രദായവും പുറംജോലികളും വ്യാപകമാക്കുക, ട്രേഡ് യൂണിയനുകളെ ദുര്‍ബലമാക്കുക തുടങ്ങിയ ആശയങ്ങളും ഉയര്‍ന്നുവരുന്നു. തൊഴിലാളി ക്ഷേമപദ്ധതികള്‍ ദുര്‍ബലമാക്കുകയും യഥാര്‍ഥ വേതനം കുറയ്ക്കുകയും ചെയ്യുന്നു. മുതലാളിത്ത ലോകത്താകെ കണ്ടുവരുന്ന പ്രവണതയാണിത്. ഈ നയങ്ങളില്‍ പൊറുതിമുട്ടിയാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. മനുഷ്യപുരോഗതിക്കും സമ്പദ്ഘടനയുടെ വികസനത്തിനും ഏക പോംവഴി നവ ഉദാരവല്‍ക്കരണമാണെങ്കില്‍, ഈ നയങ്ങള്‍ കഴിഞ്ഞ രണ്ട് ദശകകാലം നിര്‍ബാധം നടപ്പാക്കിയ രാജ്യങ്ങളില്‍ എങ്ങനെയാണ് സാമ്പത്തിക കുഴപ്പം പൊട്ടിപ്പുറപ്പെട്ടത്? 2008ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക കുഴപ്പത്തിന്റെ വ്യാപ്തി പറയേണ്ടതില്ലല്ലോ. യൂറോപ്പിനെയാകെ പിടികൂടിയ സാമ്പത്തിക കുഴപ്പം 1930 കളിലെ ലോകമുതലാളിത്ത സാമ്പത്തിക കുഴപ്പത്തിന് സമാനമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം ഈ കുഴപ്പത്തില്‍നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. നിരവധി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തകര്‍ന്നു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. അടുത്തകാലത്തൊന്നും പ്രതിസന്ധിയില്‍നിന്നും കരകയറാനാവില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കാലത്ത് സമ്പത്ത് ഒരുപിടി കുത്തകകളുടെ കൈയിലമര്‍ന്നു, ഭൂരിപക്ഷം ജനങ്ങളും പാപ്പരായി. അവരുടെ ശബ്ദമാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ഉയര്‍ന്ന് കേട്ടത്- ""ഞങ്ങള്‍ 99 ശതമാനം; സമ്പത്ത് മുഴുവന്‍ കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം പേര്‍"". ഈ നയത്തിന് വേണ്ടിയാണ് മനോരമ വാദിക്കുന്നത്. വിദേശ നിക്ഷേപങ്ങള്‍ക്കായി നയങ്ങള്‍ ഉദാരവല്‍ക്കരിച്ച് എല്ലാ വാതിലുകളും തുറന്ന് കൊടുത്തിട്ടും ഉല്‍പ്പാദന മേഖലയില്‍ നാമമാത്ര നിക്ഷേപമാണ് വന്നത്. വളരെ വേഗം ലാഭം നേടാവുന്ന ബാങ്കിങ്, ഇന്‍ഷുറന്‍സ്, വ്യാപാര മേഖലകളിലേക്കാണ് വിദേശ മൂലധനശക്തികള്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ- സ്വകാര്യ മേഖലാ വ്യവസായങ്ങളുടെ ഓഹരികള്‍ വാങ്ങി അവയെ കൈയടക്കാനും ശ്രമം നടക്കുന്നു. ഇതുകൊണ്ട് ഒരു തൊഴിലും വര്‍ധിക്കുന്നില്ല. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസംഘടന നടത്തുകവഴി ഉള്ള തൊഴില്‍ കുറയുകയാണ് ചെയ്യുന്നത്. ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം രാജ്യത്ത് ഒരു പുതിയ സമ്പത്തും സൃഷ്ടിക്കില്ല. പകരം, ലാഭം വിദേശത്തേക്കൊഴുകുമ്പോള്‍ രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം ചുരുങ്ങും. മറ്റൊരു വിദേശനാണയ പ്രതിസന്ധിയായി മാറാനും സാധ്യതയുണ്ട്.

രണ്ടുപതിറ്റാണ്ടു കാലത്തെ നമ്മുടെ അനുഭവം എന്താണ്? ദേശസാല്‍ക്കരണത്തിന് ശേഷം അഭൂതപൂര്‍വമായ വളര്‍ച്ച നേടിയ ബാങ്കിങ് മേഖലയും രാഷ്ട്രത്തിന്റെ വികസനത്തിന് മികച്ച സംഭാവന നല്‍കിയ ഇന്‍ഷുറന്‍സ് മേഖലയും വിദേശ-നാടന്‍ കുത്തകകള്‍ക്ക് തീറെഴുതി. രാജ്യത്തിന്റെ സമ്പത്തായ കല്‍ക്കരി, ഇരുമ്പയിര്‍, പ്രകൃതിവാതകം തുടങ്ങിയവ കോര്‍പറേറ്റ് കൊള്ളയ്ക്ക് തുറന്നിട്ടു. പേറ്റന്റ് നിയമം ഭേദഗതി ചെയ്ത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവച്ചു. മഹാരത്ന, നവരത്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ചുളുവിലയ്ക്ക് സ്വകാര്യ കുത്തകകള്‍ക്ക് കൈയടക്കാന്‍ അവസരമുണ്ടാക്കി. നയരൂപീകരണത്തില്‍ സാമ്രാജ്യത്വ മൂലധന ശക്തികള്‍ കൈകടത്തുന്നു. ഈ നയങ്ങള്‍ക്കെതിരെ, അധ്വാനിക്കുന്ന വര്‍ഗം ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍പോലും കേട്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ പണിമുടക്കാണോ കേരളത്തിന്റെ വികസനത്തിന് തടസ്സം? യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏത് പദ്ധതിയാണ് കേരളത്തില്‍ വന്നത്? കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി എപ്പോള്‍ നിര്‍മാണം തുടങ്ങുമെന്നുപോലും വ്യക്തമല്ല.

റായ്ബറേലിയില്‍ കോച്ച് ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായി. റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഒരു വികസനവും നടന്നില്ല. കേരളത്തിനനുവദിച്ച ഫണ്ടുകള്‍ തമിഴ്നാട്ടിലാണ് ചെലവഴിച്ചത് എന്ന വാര്‍ത്ത പുറത്തുവരുന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് ഒരു പുതിയ പദ്ധതിയും രൂപം കൊണ്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ യൂണിറ്റുകള്‍ സംസ്ഥാനത്ത് വന്നു. യുഡിഎഫ് ഭരണകാലത്ത് ഒരു സ്ഥാപനംപോലും വന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമൂഹ്യ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. ഇതെല്ലാം ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന പണിമുടക്ക് മൂലമാണോ? കടുത്ത വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ആരാണ് നിക്ഷേപം നടത്തുക? കൊട്ടിഘോഷിച്ച് നടത്തിയ എമര്‍ജിങ് കേരള വഴി എന്ത് നിക്ഷേപമാണ് സംസ്ഥാനത്ത് വന്നത്?

തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വവും ഐഎഎസുകാരായ ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ നിലപാടില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതും വര്‍ധിച്ചുവരുന്ന അഴിമതിയും സംസ്ഥാനത്തിനുണ്ടാക്കിയ പ്രതിച്ഛായ ആശാവഹമാണോ? ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ തരം കിട്ടുമ്പോള്‍ തൊഴിലാളി സമരത്തെ അധിക്ഷേപിക്കുന്നത്, തങ്ങളുടെ വര്‍ഗസ്വഭാവം വിളിച്ചോതുന്നതാണ്. സാമ്പത്തികാവശ്യങ്ങള്‍ക്ക് പുറമെ വിലക്കയറ്റംപോലെ ജനങ്ങളെ ആകെ ബാധിക്കുന്ന പ്രശ്നങ്ങളുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിയത്. ഇത് തൊഴിലാളിവര്‍ഗത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തെയാണ് വെളിവാക്കുന്നത്. തികച്ചും ദേശാഭിമാനപരമായ പോരാട്ടമാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയത്. അതിനാലാണ് അനിതരസാധാരണമായ ഐക്യം ഈ സമരത്തിലുണ്ടായത്. മൂലധന ശക്തികളുടെ ആധിപത്യത്തിനെതിരെ, അധ്വാനിക്കുന്ന വര്‍ഗം ഉയര്‍ത്തിയ വെല്ലുവിളിയില്‍, മലയാള മനോരമ പോലുള്ള കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് നീരസം തോന്നിയത് സ്വാഭാവികം മാത്രം.

*
എളമരം കരീം ദേശാഭിമാനി 28 ഫെബ്രുവരി 2013

Friday, February 22, 2013

ദേശീയ പണിമുടക്ക് കാണാതെപോയ വസ്തുതകള്‍

പത്ത് പ്രധാന ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പതിനൊന്ന് അംഗീകൃത കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ചരിത്രവിജയമായി. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി തൊഴിലാളികളുടെ പോരാട്ടങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡ്യയില്‍ നടന്ന പണിമുടക്ക് തൊഴിലാളി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പണിമുടക്കായി മാറി.

2012 ഫെബ്രുവരി 28-ാം തീയതി ഇതേ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ 11 കോടിയോളം തൊഴിലാളികള്‍ പങ്കെടുക്കുകയുണ്ടായി. ആ പണിമുടക്കത്തിനു മുന്‍പും അതിനുശേഷവും പാര്‍ലമെന്റ് മാര്‍ച്ചും നിയമനിഷേധമുള്‍പ്പെടെയുള്ള നിരവധിയായ സംയുക്ത പ്രക്ഷോഭങ്ങളും ട്രേഡ് യൂണിയനുകള്‍ നടത്തുകയുണ്ടായി. ഈ പ്രക്ഷോഭങ്ങളും സമരങ്ങളും കണ്ടില്ലെന്ന് നടിച്ച ഗവണ്‍മെന്റ് ഉന്നയിക്കപ്പെട്ട മുദ്രാവാക്യങ്ങളെ സംബന്ധിച്ച് ദേശീയ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാനോ, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ ശ്രമിക്കുകയുണ്ടായില്ല.

കേന്ദ്ര തൊഴില്‍കാര്യമന്ത്രി മല്ലികാര്‍ജുന്‍ഭാര്‍ഗെ ഈ മാസം 14-ാം തീയതിയാണ് ദേശീയ നേതാക്കന്മാരുമായി ആശയവിനിമയം നടത്തിയത്. പണിമുടക്കം പിന്‍വലിക്കണമെന്ന അഭ്യര്‍ഥന പുറപ്പെടുവിക്കയല്ലാതെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയിലെ മുന്‍നിരക്കാരായ നാല് മന്ത്രിമാരെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. അതനുസരിച്ച് ഈ മാസം 18-ാം തീയതി പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണിയുടെ വസതിയില്‍ ചര്‍ച്ച നടന്നു. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഭാരവാഹികള്‍ അതില്‍ പങ്കെടുത്തു. കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ അസാന്നിധ്യം പ്രശ്‌നപരിഹാരത്തിനുള്ള ഗവണ്‍മെന്റിന്റെ ആത്മാര്‍ഥതയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി.

സാഹചര്യങ്ങള്‍ ഇതായിരിക്കെ ദേശീയ പണിമുടക്കവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒരു പ്രസ്താവന തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റേതായി ഇന്നലെ മാധ്യമങ്ങളില്‍ പ്രതൃക്ഷപ്പെടുകയുണ്ടായി. അതിന്റെ പ്രഥമ വാചകത്തില്‍ സൂചിപ്പിക്കുന്നത് ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തിലാണ് എന്നാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് കഴിഞ്ഞ ട്രേഡ് യൂണിയന്‍ വെരിഫിക്കേഷനില്‍ കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ച 11 കേന്ദ്ര ട്രേഡ് യൂണിയനുകളേ ഇന്ത്യയില്‍ ഉള്ളൂ. ഇവയെക്കൂടാതെ ബാങ്ക്, ഇന്‍ഷ്വറന്‍സ്, ഡിഫന്‍സ് മേഖലയിലെ സ്വതന്ത്രഫെഡറേഷനുകളും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരും അധ്യാപകരും സംസ്ഥാനതല ട്രേഡ് യൂണിയന്‍ സംഘടനകളും ഒരു കേന്ദ്ര സംഘടനയുമായി അഫിലിയേറ്റ് ചെയ്യാത്ത 3000 ല്‍ അധികം സ്വതന്ത്ര യൂണിയനുകളും പങ്കെടുത്ത സമരം എങ്ങനെയാണ് ഒരു വിഭാഗം തൊഴിലാളികളുടെ പണിമുടക്കാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ ഒരു തൊഴിലാളി കൂട്ടായ്മ വളര്‍ന്ന് വന്നത് എന്ന സത്യം അവഗണിക്കുന്നത് ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്ന നയങ്ങളുടെ ഭാഗമായിതന്നെയാണ്.

തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ഡിമാന്റ് എല്ലാം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്നവയാണ് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ദീര്‍ഘകാലമായി പരിഗണിക്കുന്നു എന്നു പരയുന്ന ആവശ്യങ്ങളുടെ മേല്‍ തീരുമാനമുണ്ടാകുന്നില്ല എന്നതാണ് തൊഴിലാളി സംഘടനകളുടെ പരാതി. തൊഴില്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന മന്ത്രിയുടെ പ്രസ്താവന ഇന്ത്യയിലെ പൊതു സ്വകാര്യമേഖലകളില്‍ സര്‍ക്കാര്‍ നയങ്ങളുടെ ഫലമായി നഷ്ടപ്പെട്ടത് 11 ലക്ഷം പേരുടെ തൊഴിലാണെന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നു.

ഉന്നയിച്ചിട്ടുള്ള പത്ത് ആവശ്യങ്ങള്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകളില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ ഉന്നയിച്ചതാണ് എന്ന് അദ്ദേഹം സമ്മതിച്ചതിന് നന്ദി. എന്നാല്‍ ലേബര്‍ കോണ്‍ഫറന്‍സുകളില്‍ ഉന്നയിച്ച് തീരുമാനമെടുത്ത വിഷയങ്ങളില്‍ നടപടിയുണ്ടായില്ല എന്ന കാര്യം അദ്ദേഹത്തിനും അറിവുള്ളതാണ്.

തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടുകളോട് തൊഴിലാളിയൂണിയനുകള്‍ക്ക് യോജിപ്പില്ലാത്തതുകൊണ്ടാണ് ഇവ കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ട ഉത്തരവാദിത്വം തൊഴില്‍ മന്ത്രാലയത്തിനാണ്. കണ്‍കറന്റ് ലിസ്റ്റ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിന് പകരം തന്റെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണം എന്ന ആവശ്യത്തെ പരിഹസിക്കുന്നതിനു പകരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് പരിശോധിക്കാന്‍ സമയം കണ്ടെത്തുകയല്ലേ നല്ലത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വിറ്റഴിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനം കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലാണ് എന്നു പറയുന്ന മന്ത്രി ഇന്ത്യയില്‍ത്തന്നെയല്ലേ ജീവിക്കുന്നത്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഈ ഇനത്തില്‍ 40000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് മന്ത്രി വിസ്മരിച്ച് കാണാന്‍ ഇടയില്ലല്ലോ.

അഞ്ച് മാസം മുമ്പ് നോട്ടീസ് നല്‍കിയ സമരം മൂലം 26000 കോടി രൂപയുടെ നഷ്ടമാണ് ദേശീയ സമ്പദ്ഘടനയ്ക്കുണ്ടായതെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ എത്രയോ കോടികള്‍ ശമ്പളം നഷ്ടപ്പെടുത്തിയാണ് തൊഴിലെടുക്കുന്നവര്‍ ഈ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതെന്ന് കാണാതെ പോകരുത്. ഈ നഷ്ടങ്ങളുടെ ഉത്തരവാദികള്‍ സമ്പത്ത് ഉല്പാദിപ്പിക്കുന്ന തൊഴിലാളികളുടെ പരാതികള്‍ അവഗണിച്ച സര്‍ക്കാര്‍ തന്നെയാണ്. ഈ 48 മണിക്കൂര്‍ പണിമുടക്കത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ പരിശോധനകള്‍ക്കും തെറ്റു തിരുത്തല്‍ നടപടികള്‍ക്കും ഗവണ്‍മെന്റ് തയാറായാല്‍ രാജ്യതാല്പര്യം സംരക്ഷിക്കാന്‍ അതാകും നല്ലത്.

*
കാനം രാജേന്ദ്രന്‍ ജനയുഗം

ചരിത്രോജ്വലം ഐതിഹാസികം

ജനവിരുദ്ധവും ദേശവിരുദ്ധവുമായ വിധ്വംസക നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുമെന്ന ഭരണാധികാരത്തിന്റെ ഹുങ്കിനെതിരായ അത്യുഗ്ര താക്കീതായി മാറി ദ്വിദിന ദേശീയ പണിമുടക്ക്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ നടന്ന ഉജ്വല തൊഴിലാളി സമരമുന്നേറ്റങ്ങളുടെ ആവേശത്തെ പ്രത്യാനയിക്കുംവിധം കരുത്തുറ്റ മുന്നേറ്റമാണ് കഴിഞ്ഞ 48 മണിക്കൂറുകളില്‍ രാജ്യം കണ്ടത്.

തൊഴിലെടുക്കുന്ന പത്തുകോടി ജനങ്ങള്‍ ഒരു ചരടില്‍ കോര്‍ത്തിണക്കപ്പെട്ട മട്ടില്‍ അസാധാരണമായ ഐക്യത്തോടെ സമരമുഖങ്ങളില്‍ അണിനിരന്നപ്പോള്‍ ഇന്ത്യയെ ചലിപ്പിച്ചുനിര്‍ത്തുന്നത് ഭരണാധികാരികളല്ല, മറിച്ച് വിയര്‍പ്പൊഴുക്കുന്ന തൊഴിലാളിവര്‍ഗമാണ് എന്നത് ഒരാവര്‍ത്തികൂടി ലോകം തിരിച്ചറിയുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക്- 48 മണിക്കൂര്‍ നീണ്ടുനിന്ന സമരം- അങ്ങനെ ഐതിഹാസികമാനം സൃഷ്ടിച്ചു. ഇന്ത്യയുടെ ഇനിയുള്ള വഴി എന്തെന്ന് ഈ തൊഴിലാളി ഐക്യപ്രസ്ഥാനത്തിന്റെ സമരമുന്നേറ്റം സംശയാതീതമായി തെളിയിച്ചു കാട്ടി. അസാധാരണമാംവിധം ഉയര്‍ന്നുവന്ന തൊഴിലാളി ഐക്യത്തെ പലവിധത്തില്‍ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളും സമ്മര്‍ദങ്ങളും ഭീഷണികളുമുണ്ടായി. അതിനെയെല്ലാം ഒറ്റക്കെട്ടായിനിന്ന് തകര്‍ത്ത് പണിമുടക്കിനെ ചരിത്രമഹാസംഭവമാക്കിയവരെ രാജ്യം അഭിവാദ്യംചെയ്യുന്ന മുഹൂര്‍ത്തമാണിത്. അതില്‍ ദേശാഭിമാനിയും പങ്കുചേരുന്നു; സന്തോഷത്തോടെ, അഭിമാനത്തോടെ.

സമരദിവസങ്ങളില്‍ ലാത്തിച്ചാര്‍ജുമുതല്‍ കൊലപാതകങ്ങള്‍വരെയുണ്ടായി. എന്നാല്‍, അതിനൊന്നിനും കെടുത്താനാകാത്ത വീറുറ്റ സമരധൈര്യമാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പ്രകടിപ്പിച്ചത്. ജാതിയോ മതമോ രാഷ്ട്രീയമോപോലും അതിനു തടസ്സമായില്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അധ്വാനിക്കുന്നവരുടെ ഈ മഹാപ്രസ്ഥാനം വരുംകാലത്ത് ഈ രാജ്യത്തെ രക്ഷിക്കുമെന്നതുറപ്പാണ്. ആസേതു ഹിമാലയം അതിശക്തമായ കൊടുങ്കാറ്റുപോലെ ചീറിയടിച്ചു പണിയെടുക്കുന്നവരുടെ സമരാവേശം. ബാങ്കിങ് മേഖലമുതല്‍ ഇന്‍ഷുറന്‍സ് മേഖലവരെ, മില്ലുകള്‍മുതല്‍ ഖനികള്‍വരെ, ടെലികോംമുതല്‍ എണ്ണശുദ്ധീകരണശാലകള്‍വരെ, ഗ്രാമങ്ങള്‍മുതല്‍ മഹാനഗരങ്ങള്‍വരെ സ്തംഭിച്ചു. സ്വകാര്യ, പൊതുമേഖലാ വ്യത്യാസമില്ലാതെ വ്യവസായങ്ങളാകെ മരവിച്ചു. വിയര്‍പ്പൊഴുക്കി ഇന്ത്യയെ സദാ ത്രസിപ്പിച്ചുനിര്‍ത്തുന്നത് തങ്ങളാണെന്നും തങ്ങള്‍ വിചാരിച്ചാല്‍ ദുര്‍നയങ്ങള്‍ തിരുത്തിക്കാന്‍ നിര്‍ബന്ധിതമാകുംവിധം ചലനത്തിന്റെ സമസ്ത ചക്രങ്ങളും നിശ്ചലമാക്കാന്‍ കഴിയുമെന്നും ഭരണാധികാരിവൃന്ദത്തെ ബോധ്യപ്പെടുത്തുന്നതായി പണിമുടക്ക്.

വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മിനിമം കൂലി പ്രതിമാസം 10,000 രൂപയാക്കുക, തുല്യജോലിക്ക് തുല്യവേതനം നല്‍കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, എല്ലാ പ്രസക്തമേഖലകളിലും ട്രേഡ് യൂണിയനുകളെ അംഗീകരിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ഓഹരിവില്‍പ്പനയും കരാര്‍വല്‍ക്കരണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ പണിമുടക്ക് യഥാര്‍ഥത്തില്‍ നാടിനും ജനങ്ങള്‍ക്കും വരുംതലമുറകള്‍ക്കുംവേണ്ടി ആകെയുള്ള ത്യാഗപൂര്‍വമായ സമരമുന്നേറ്റമായിരുന്നു; കരാര്‍ക്കൃഷി സമ്പ്രദായംവഴി കൃഷിഭൂമിയും വിദേശനിക്ഷേപംവഴി ചെറുകിട വ്യാപാരമേഖലയും അന്യാധീനപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള താക്കീതായിരുന്നു. നിത്യേന വില വര്‍ധിപ്പിച്ച് ജീവിതം ദുസ്സഹമാക്കുന്നവര്‍ക്കെതിരെ, രാജ്യത്തിന്റെ വിലപ്പെട്ട വിഭവങ്ങള്‍ കൊള്ളചെയ്യുന്നവര്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ താക്കീത്! ഒറ്റ ദിവസംകൊണ്ട് പണിമുടക്കിലേക്ക് എടുത്തുചാടിയതല്ല. ആപല്‍ക്കരമായ ആഗോളവല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ "91 മുതല്‍ക്കുള്ള തുടര്‍പ്രക്രിയയായിരുന്നു നടന്നത്. അതുമുതലിതുവരെ 15 പണിമുടക്ക് നടത്തി. ദേശീയ സമരകണ്‍വന്‍ഷനുകള്‍ നടത്തി. ഒന്നുകൊണ്ടും കണ്ണുതുറക്കാത്ത സര്‍ക്കാര്‍ സത്യത്തില്‍ തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടുകയായിരുന്നു; നിഷ്ക്രിയത്വത്തിലൂടെ, നിസ്സംഗതയിലൂടെ, കുറ്റകരമായ നയവൈകല്യങ്ങളിലൂടെ. ഇതൊക്കെ അവസാനഘട്ടത്തിലെ ചര്‍ച്ച പ്രഹസനത്തിലും പ്രതിഫലിച്ചു.

രാജ്യമാകെ 48 മണിക്കൂര്‍ പണിമുടക്കിന്റെ വക്കിലെത്തിനിന്ന വേളയില്‍ നടന്ന ചര്‍ച്ചയില്‍പ്പോലും ധനമന്ത്രിക്ക് അതില്‍ പങ്കെടുക്കണമെന്നു തോന്നിയില്ല. ഭരണാധികാരികള്‍ക്ക് കൂറ് രാജ്യത്തോടല്ല എന്നത് വ്യക്തമാകാന്‍ ഇതില്‍പ്പരം എന്തുവേണം? തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച സുപ്രധാനമായ പത്ത് ആവശ്യങ്ങളില്‍ ഒന്നിനോടുപോലും അനുഭാവപൂര്‍വം പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആ സാഹചര്യത്തിലാണ് പതിനൊന്നു കേന്ദ്ര തൊഴിലാളി സംഘടനകളും സ്വതന്ത്രതൊഴിലാളി ഫെഡറേഷനുകളും സംസ്ഥാന തൊഴിലാളി സംഘടനകളുമൊക്കെ പണിമുടക്കുന്നതിന് നിര്‍ബന്ധിതമായത്. കിട്ടാവുന്ന ചിലത് നഷ്ടപ്പെടുത്തി തൊഴിലാളികള്‍ ത്യാഗപൂര്‍വംചെയ്ത സമരമാണിത്.

തൊഴിലാളിയെ അതിന് നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളെ കാണാതെ, തൊഴിലാളി നിവൃത്തിയില്ലാതെ നടത്തുന്ന പണിമുടക്കിനെ "ആഘോഷ"മെന്ന് ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മറയിടുകയാണ്. അവരുടെ ദുഷ്പ്രചാരണങ്ങളെക്കൂടി അതിജീവിച്ചാണ് ചരിത്രം കുറിച്ച ഈ 48 മണിക്കൂര്‍ പണിമുടക്ക് അത്യുജ്വലവും ഐതിഹാസികവുമായ വിജയമായത് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഭരണാധികാരികളുടെ യഥാര്‍ഥ മുഖം കൂടുതല്‍ തിരിച്ചറിയുകയാണ്. പുതുവിഭാഗങ്ങളില്‍ ആ തിരിച്ചറിവ് ഉണ്ടാകുകയാണ്. നെഹ്റുവിന്റെ നയമല്ല ഇവര്‍ നടപ്പാക്കുന്നത് എന്ന് ഐഎന്‍ടിയുസി നേതാവിനുപോലും പരസ്യമായി വിമര്‍ശിക്കേണ്ടിവന്ന സാഹചര്യം കൊടികളുടെ നിറവ്യത്യാസത്തിനുമപ്പുറത്തായി തൊഴിലാളികള്‍ ഒരുമിക്കുന്നതിന്റെ സൂചകമാകുന്നുണ്ട്. ഈ ഐക്യം മുന്നോട്ടുകൊണ്ടുപോകണം, കൂടുതല്‍ കരുത്തോടെ, കൂടുതല്‍ ആവേശത്തോടെ. പണിമുടക്ക് രാജ്യത്തെ ചില പോക്കറ്റുകളിലായി ഒതുങ്ങുമെന്ന സര്‍ക്കാര്‍ പ്രതീക്ഷ തകരുന്നതാണ് കണ്ടത്.

മുംബൈയിലെ ഒരുലക്ഷം തൊഴിലാളികളുടെ സമരമുന്നേറ്റംമുതല്‍ നിശ്ചലമായ ബിഹാറിലെയും യുപിയിലെയും വ്യവസായശാലകള്‍വരെ അത് തെളിയിച്ചു. ഡല്‍ഹിയിലും അസമിലും രാജസ്ഥാനിലും ഒറീസയിലും കശ്മീരിലും ബംഗാളിലും കര്‍ണാടകത്തിലുമൊക്കെ സ്തംഭനാവസ്ഥ സൃഷ്ടിച്ച് തൊഴിലാളികള്‍ തങ്ങളുടെ കരുത്തുകാട്ടി; ഇന്ത്യയിലുടനീളം. അതിഭീകരമായി മര്‍ദനമേറ്റവര്‍മുതല്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നവര്‍വരെയുണ്ട് ഈ സമരപോരാളിനിരയില്‍. നാടിനുവേണ്ടി, ജനതയ്ക്കുവേണ്ടി, വരും തലമുറകള്‍ക്കുവേണ്ടി അവര്‍ചെയ്ത ത്യാഗം വിസ്മരിക്കപ്പെടില്ല. കരുത്തായി വന്ന് അത് ദുര്‍നയങ്ങളെ തിരുത്തുകതന്നെ ചെയ്യും, തീര്‍ച്ച.

*
ദേശാഭിമാനി മുഖപ്രസംഗം 22 ഫെബ്രുവരി 2013

Wednesday, February 20, 2013

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു

1918 ല്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ഉണര്‍വിന്റെ പുതുവഴികള്‍ തേടുമ്പോഴാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്തത്. അന്ന് അതിനെതിരായി ബോംബെയില്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി പണിമുടക്കി തെരുവിലിറങ്ങി. അവരുയര്‍ത്തിയത് ഒറ്റമുദ്രാവാക്യമായിരുന്നു ''തിലകനെ വിട്ടയയ്ക്കുക''.

കാതങ്ങള്‍ക്കകലെയിരുന്ന് ഈ സമരത്തെപ്പറ്റി വായിച്ചറിഞ്ഞ ലെനിന്‍ അന്ന് പറഞ്ഞത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നുവെന്നാണ്. ഇപ്പോള്‍ രാജ്യത്തിന്റെ ജീവത്തായ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടിത തൊഴിലാളി വര്‍ഗം കൊടിഭേദങ്ങള്‍ മറന്ന് ദ്വിദിന പണിമുടക്കിലേയ്ക്ക് ആര്‍ത്തിരമ്പി വരുമ്പോള്‍ ചരിത്രം ഇങ്ങനെയാവും രേഖപ്പെടുത്തുക; സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു. രാഷ്ട്രീയ പ്രേരിതമെന്ന് 1918 ന്റെ പ്രക്ഷോഭത്തെ ബ്രിട്ടീഷ് ഭരണക്കാര്‍ മുദ്രകുത്തി. അവരുടെ ചുവടൊപ്പിച്ചുകൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണക്കാരും ഇന്നത്തെ പണിമുടക്കിന്റെ മേലില്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്രകുത്തുന്നു. ശരിയാണ്, തൊഴിലാളിവര്‍ഗത്തിന് ഈ പ്രക്ഷോഭങ്ങളുടെ പാതയില്‍ രാഷ്ട്രീയ പ്രേരണകളുണ്ട്, അത് ഭരണപക്ഷ പ്രതിപക്ഷ രാഷ്ട്രീയത്തിന്റേതല്ലെന്ന് മാത്രം. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ ഇരുട്ടിലാക്കുന്ന നയങ്ങള്‍ക്കെതിരെ വെളിച്ചത്തിന്റെ രാഷ്ട്രീയമാണ് അധ്വാനിക്കുന്നവര്‍ഗം ഉയര്‍ത്തിപ്പിടിക്കുന്നത്. അതിലൂടെ അവര്‍ ശരിയായ വര്‍ഗരാഷ്ട്രീയത്തിന്റെ പതാക ഉയര്‍ത്തുന്നു. നാടിന്റെ മുഴുവന്‍ വിമോചന ദൗത്യത്തിന്റെ നായകരാകാന്‍ രംഗത്തുവരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കാണ് ആരംഭിച്ചിരിക്കുന്നത്. പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

പണിമുടക്ക് പോലുള്ള ഒരു സമരായുധം ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അവലംബിക്കാന്‍ ഇടയായ സാഹചര്യം ഇപ്പോഴും ബോധ്യപ്പെട്ടതായി ഭരണക്കാര്‍ സമ്മതിക്കുന്നില്ല, അഥവാ ബോധ്യപ്പെടാന്‍ മനസ്സില്ല എന്നതാണ് യാഥാര്‍ഥ്യം. ദുസഹമായ ജീവിതസാഹചര്യങ്ങളില്‍ ഒരു ജനതയെ ആകെ എറിഞ്ഞുകൊടുത്ത് അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡൈസ്‌നോണ്‍ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന ധാര്‍ഷ്ട്യമാണ് കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ പ്രകടിപ്പിക്കുന്നത്.  ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളെപ്പോലും കേന്ദ്രസര്‍ക്കാര്‍ നിഷ്ഠൂരം പരാജയപ്പെടുത്തി ജനങ്ങളെ സമരമുഖത്തേക്ക് തള്ളിവിട്ടിരിക്കുന്നു. പണിമുടക്കിന് നേതൃത്വം നല്‍കുന്നവര്‍ ഉന്നയിക്കുന്ന ജീവല്‍പ്രശ്‌നങ്ങള്‍ ഇന്ന് പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ലല്ലോ. അതിലേക്ക് ജനങ്ങളെ തള്ളിവിട്ട നടപടികള്‍ ഒന്നൊന്നായി വിശദീകരിക്കേണ്ട  കാര്യവുമില്ല. ജനവിരുദ്ധ നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോഴൊക്കെ ഇന്നാട്ടിലെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

പ്രതിലോമകരമായ സാമ്പത്തിക നടപടികള്‍ രാജ്യത്ത് സൃഷ്ടിച്ച വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും എല്ലാവിഭാഗം ജനങ്ങളേയും അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരിക്കുന്നു. തോന്നുംപോലെ യാതൊരു തത്വദീക്ഷയുമില്ലാതെ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിക്കൊണ്ട് എണ്ണക്കമ്പനികളുടെ വക്കാലത്തുമായി ഭരണത്തില്‍ പിടിച്ചുതൂങ്ങുന്ന നെറികെട്ട അധികാര രാഷ്ട്രീയമാണ് യു പി എ നടത്തുന്നത്.

യാത്രാനിരക്ക് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. വൈദ്യുതി സ്വകാര്യവല്‍ക്കരിക്കുന്നു, ജനങ്ങളുടെ ഒരായുസ്സിലെ മുഴുവന്‍ സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് തുക കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചു മാറ്റുന്നു. ചെറുകിട കച്ചവട മേഖലയെ വിദേശനിക്ഷേപകര്‍ക്കുവേണ്ടി ബലിയാടാക്കുന്നു. വനഭൂമികള്‍ ഒന്നൊന്നായി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു.  കര്‍ഷകരെ കൂട്ടമായി ആത്മഹത്യയിലേക്ക് തള്ളിവിടുന്നു, പുതിയ പുതിയ മേഖലകളെകൂടി തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്നു. ചൂതാട്ടത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും വിഹാരരംഗമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിക്കൊണ്ടിരിക്കുന്നു, ആദിവാസി ദളിത് വിഭാഗങ്ങളുടെ ജീവിതസൗഭാഗ്യങ്ങളുടെ ആവാസമേഖലകള്‍ കൊള്ളയടിക്കുന്നു. പരമ്പരാഗത മേഖലയെ തല്ലിത്തകര്‍ക്കുന്നു, എണ്ണിയാലൊടുങ്ങാത്ത ഇത്തരത്തിലുള്ള നിരവധി ഭരണകൂട വെല്ലുവിളികള്‍ നേരിട്ടുകൊണ്ടു ഒരു ജനത എത്രനാള്‍ സഹിഷ്ണുതയുള്ളവരാകും? ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തൊരു കറുത്തകാലം ഇന്നത്തെപ്പോലെ എന്നുണ്ടായിട്ടുണ്ട്?

ഇന്ത്യയെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധ കൊടുങ്കാറ്റാണ് ഈ ദേശീയ പണിമുടക്ക്. ജീവിതത്തിന്റെ സര്‍വ പ്രതീക്ഷകളും നഷ്ടപ്പെട്ട് നിരാലംബരാകുന്ന ഒരു ജനതയുടെ ആത്മരോഷം കൂടിയാണിത്. ഈ രോഷത്തിന്റെ കാഠിന്യവും തോതും തിരിച്ചറിയാന്‍പോലും ഭരണകൂടം കൂട്ടാക്കാതിരുന്നാല്‍ അവര്‍ക്ക് പിന്നീട് വലിയ വില നല്‍കേണ്ടിവരും. ജനവിരുദ്ധ നയങ്ങള്‍ അരുതെന്നുള്ള ജനങ്ങളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ആവശ്യങ്ങളെ നിരാകരിച്ച് അവയുമായി മുന്നോട്ടുതന്നെ പോകുന്ന ദുഷിച്ച ഭരണത്തിന്റെ മരണമണിമുഴക്കം കേട്ടുതുടങ്ങി. ജനങ്ങള്‍ പണിമുടക്കിലൂടെ അത്തരമൊരു താക്കീതാണ് നല്‍കുന്നത്.

ജനരോഷത്തിന് ദിശാമുഖം നല്‍കുന്ന ജനകീയ പ്രസ്ഥാനങ്ങളേയും സംഘടനകളേയും സല്യൂട്ട് ചെയ്യുന്നു. സമരതീച്ചൂളയില്‍ നിങ്ങളോടൊപ്പം ഒരു ജനതയാകെയുണ്ട്-വിജയം വരെ സമരമുഖത്ത് നില്‍ക്കാനുള്ള മുഴുവന്‍ ഊര്‍ജ്ജവുമായി, ധീരമായി മുന്നേറുക.

*
ജനയുഗം മുഖപ്രസംഗം 20 ഫെബ്രുവരി 2013

Wednesday, February 13, 2013

ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു

ഇരുപത്, 21 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിനുള്ള എല്ലാ തയ്യാറെടുപ്പും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 കേന്ദ്ര ട്രേഡ് യൂണിയനും വിവിധ ദേശീയ ഫെഡറേഷനുകളും ആഹ്വാനം നല്‍കിയ പണിമുടക്കിന് മേഖലാതലത്തിലുള്ള ഇതര സംഘടനകളില്‍നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ഇതോടൊപ്പം, ഫാക്ടറിതലത്തിലുള്ള സ്വതന്ത്ര ട്രേഡ് യൂണിയനുകളും മറ്റ് സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും ബദല്‍ നയരേഖ മുന്നോട്ടുവച്ചുമുള്ള ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ഘട്ടം, രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരിക്കുമെന്ന് രാജ്യമെങ്ങുംനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി വി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാര്‍ 1991ല്‍ നവഉദാര നയങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ട്രേഡ് യൂണിയനുകള്‍ ഇതിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ചു. 1980കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്നപ്പോഴേ ട്രേഡ് യൂണിയനുകള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് 1982 ജനുവരി 19ന് നടത്തിയ പൊതുപണിമുടക്കും ഹര്‍ത്താലും വന്‍ വിജയമായി.

ഐക്യട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 1991ലാണ്. ഇന്ത്യന്‍ ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ് കമ്മിറ്റിയുടെയും ബഹുജനസംഘടനകളുടെ ദേശീയവേദിയുടെയും നേതൃത്വത്തിലാണ് 1991 മുതലുള്ള പ്രക്ഷോഭങ്ങള്‍ നടന്നത്. തൊഴിലാളികള്‍ക്കും ചൂഷിതജനവിഭാഗങ്ങള്‍ക്കും നീതി ആവശ്യപ്പെട്ട് 2008 വരെ 12 തവണ രാജ്യവ്യാപക പണിമുടക്കുകളുണ്ടായി. 2009 കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള പുതിയ കുതിപ്പിന് സാക്ഷ്യംവഹിച്ചു, അക്കൊല്ലം സെപ്തംബറില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനോടെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ മൂന്നാംഘട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി.

2010 സെപ്തംബര്‍ ഏഴിന്റെ പൊതുപണിമുടക്കിലും അതിന് മുന്നോടിയായി നടന്ന വന്‍ പ്രചാരണത്തിലും അറസ്റ്റുവരിക്കലിലുമൊക്കെ കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ അണിനിരന്നു. 2011 ഫെബ്രുവരി 23ന് നടന്ന അഭൂതപൂര്‍വമായ, ഉജ്വല പാര്‍ലമെന്റ് മാര്‍ച്ചും മറ്റ് പ്രക്ഷോഭപരിപാടികളും 11 കേന്ദ്രട്രേഡ് യൂണിയന്റെയും മിക്കവാറും എല്ലാ ദേശീയ ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ സംയുക്തവേദി കൂടുതല്‍ ശക്തമാകുന്നതിന് കാരണമായി. ഇതേത്തുടര്‍ന്ന് 2012 ഫെബ്രുവരി 28ന് മറ്റൊരു പൊതുപണിമുടക്ക് നടത്തി, എല്ലാ മേഖലയില്‍നിന്നുമായി 10 കോടി തൊഴിലാളികളാണ് ഇതില്‍ പങ്കെടുത്തത്. ഇത്തരം പ്രക്ഷോഭങ്ങളില്‍ മുന്‍കാലങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത മേഖലകളിലെ തൊഴിലാളികള്‍പോലും അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം അണിചേരാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ആ പണിമുടക്ക് കഴിഞ്ഞ്, ഒരുവര്‍ഷം പിന്നിടുംമുമ്പേ തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കിന് തയ്യാറെടുത്തു.

പണിമുടക്കില്‍ ഉയര്‍ത്തുന്ന അവകാശപത്രികയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കുക തുടങ്ങി ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കൊപ്പം മിനിമം വേതനം പ്രതിമാസം 10,000 രൂപയായി ഉയര്‍ത്തുക, തുല്യജോലിക്ക് തുല്യവേതനം, വന്‍തോതില്‍ ചൂഷണം നടക്കുന്ന കരാര്‍തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക എന്നീ അടിയന്തരാവശ്യങ്ങളും ഉള്‍പ്പെടുന്നു. ഇവയേക്കാളുപരി, യൂണിയന്‍ രൂപീകരിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശവും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയ 2012 ഫെബ്രുവരി കണ്‍വന്‍ഷനുശേഷം തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനത്തും സംസ്ഥാനതല സംയുക്ത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. മിക്ക സംസ്ഥാനങ്ങളിലും ജില്ല-ഏരിയാതല കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു. സംസ്ഥാനതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത കേന്ദ്രട്രേഡ് യൂണിയനുകളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരോട് താഴെതലങ്ങളില്‍വരെ പണിമുടക്ക് സന്ദേശം എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇക്കുറി മേഖലാതലത്തില്‍ സംഘടിപ്പിച്ച സംയുക്ത കണ്‍വന്‍ഷനുകളും പ്രചാരണപരിപാടികളും പുതിയ മാനം കൈവരിച്ചു. ഡിസംബര്‍ 15ന് ചൈന്നൈയില്‍ ചേര്‍ന്ന കേന്ദ്ര പൊതുമേഖല യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എല്‍പിഎഫ് എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സ്വതന്ത്ര യൂണിയനുകളുടെയും ബംഗളൂരുവിലും ഹൈദരാബാദിലും നിന്നുള്ള സംയുക്ത കര്‍മസമിതികളുടെയും പ്രതിനിധികളും പങ്കെടുത്തു. ഉരുക്ക്, കല്‍ക്കരി, പെട്രോളിയം, എന്‍ടിപിസി, പവര്‍ഗ്രിഡ്, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍, പൊതു-സ്വകാര്യ ഗതാഗതമേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സംയുക്ത കണ്‍വന്‍ഷനുകള്‍ നടത്തി. ഇത്തരം കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും അഭൂതപൂര്‍വമായ ഐക്യവും സജീവമായ പങ്കാളിത്തവും പ്രകടമായി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ സംഘടനകള്‍പോലും യോഗങ്ങളില്‍ സംബന്ധിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നാണ് പ്രചാരണം നടത്തുന്നത്; സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയതും. ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 20ന് രാജ്യവ്യാപക പണിമുടക്ക് നടന്ന ബാങ്കിങ് മേഖലയില്‍, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും എല്ലാ യൂണിയനുകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നല്‍കിയ ആഹ്വാനത്തോടെ 48 മണിക്കൂര്‍ പണിമുടക്കില്‍ സമ്പൂര്‍ണ ഐക്യം ഉറപ്പായിരിക്കയാണ്. തൊഴിലാളികളുടെ 13 യൂണിയനുകള്‍ ഒന്നിച്ചുനില്‍ക്കുന്ന ടെലികോം മേഖലയിലും പണിമുടക്ക് പൂര്‍ണമാകും. മുന്‍കാലങ്ങളിലെപോലെ ഇന്‍ഷുറന്‍സ് മേഖലയും സ്തംഭിക്കും.

ദേശീയ ഫെഡറേഷനുകള്‍ സംയുക്തമായി ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളും ഈ രണ്ട് ദിവസം നിശ്ചലമാകും. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരികയും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. അങ്കണവാടി, ആശ, ഉച്ചഭക്ഷണപരിപാടി തുടങ്ങിയ ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും. അങ്കണവാടി മേഖലയില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, ബിഎംഎസ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയതല സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. രാജ്യത്തെ എല്ലാ വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യമേഖലയിലും പണിമുടക്ക് പൂര്‍ണമാകും. ഗുഡ്ഗാവ്, മനേസ്വര്‍, ഗാസിയാബാദ്, തമിഴ്നാട്ടിലെ ശ്രീപെരുംപതൂര്‍, കര്‍ണാടകത്തില്‍ ബംഗളൂരും പരിസരപ്രദേശങ്ങളും, വിശാല ഹൈദരാബാദ് മേഖല എന്നിവിടങ്ങളിലൊക്കെ പൂര്‍ണമായ തോതില്‍ തയ്യാറെടുപ്പ് നടന്നുവരികയാണ്. നിര്‍മാണം, ബീഡി, കൈത്തറി, യന്ത്രത്തറി, ചുമട് മേഖലകളിലും പ്രചാരണപ്രവര്‍ത്തനം ഉഷാറായി നടക്കുന്നു. കണ്‍വന്‍ഷനുകള്‍ക്കു പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന വന്‍ജനപങ്കാളിത്തമുള്ള പൊതുയോഗങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ തൊഴിലാളികളോട് സംസാരിക്കുന്നു. മഹാരാഷ്ട്ര, ഒറീസ, ആന്ധ്രപ്രദേശ്, അസം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേഖലാതല ട്രേഡ് യൂണിയനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളുടെ സംഘടനകളും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും പൊതുപണിമുടക്ക് വന്‍ വിജയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

2012 ഡിസംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിച്ച വഴിതടയല്‍- അറസ്റ്റുവരിക്കല്‍ സമരങ്ങളിലും 20ന്റെ പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ വന്‍ ജനപങ്കാളിത്തം പ്രചാരണത്തിന്റെ സ്വാധീനവും വര്‍ധിച്ച പിന്തുണയും പ്രതിഫലിപ്പിച്ചു. സംയുക്ത പ്രക്ഷോഭ- പ്രചാരണ പരിപാടികളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതിനോടൊപ്പം സിഐടിയു എല്ലാ സംസ്ഥാനങ്ങളിലും മേഖലകളിലും സ്വതന്ത്രമായ പ്രചാരണവും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ലഘുപുസ്തകം വീണ്ടും അച്ചടിക്കുകയും സംസ്ഥാന കമ്മിറ്റികള്‍ ഇത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുംചെയ്തു. സിഐടിയു ആന്ധ്രപ്രദേശ് ഘടകം ഇതിന്റെ 4.5 ലക്ഷം പ്രതികള്‍ വിറ്റഴിച്ച് വിദ്യാഭ്യാസ പരിപാടിയുടെ പുതിയ ഉയരം കുറിച്ചു. മറ്റ് പല സംസ്ഥാന ഘടകങ്ങളും സിഐടിയുവില്‍ അംഗമായ ദേശീയ ഫെഡറേഷനുകളും ഇതിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ പ്രസിദ്ധീകരിച്ചു, ദശലക്ഷക്കണക്കിന് പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചു. ഏപ്രിലില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ജില്ല-സംസ്ഥാനതല സമ്മേളനങ്ങളില്‍, 48 മണിക്കൂര്‍ പണിമുടക്ക് വന്‍ വിജയമാക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയുംചെയ്തു. സമസ്ത മേഖലയിലെയും ഓരോ തൊഴിലാളിയിലും സമരത്തിന്റെ സന്ദേശം എത്തിക്കുന്നതിന് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടനകളായ അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും അവരവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചും ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത് ഇതിനിടയിലുണ്ടായ പ്രധാന സംഭവവികാസമാണ്. പൊതുപണിമുടക്കിന്റെ രണ്ടു ദിവസങ്ങളിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ വന്‍റാലികള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍, വഴി തടയല്‍, ട്രെയിന്‍ തടയല്‍ എന്നിവ നടക്കും. ചുരുക്കത്തില്‍, 48 മണിക്കൂര്‍ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റമാകുമെന്നു മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ഏറ്റവും വലിയ പണിമുടക്കായി മാറും.

പതിനാല് ഏകദിന പണിമുടക്കുകളും മേഖലാതലങ്ങളില്‍ എണ്ണമറ്റ പണിമുടക്കുകളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താനോ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ തയ്യാറായിട്ടില്ല, മറിച്ച് എന്തുവന്നാലും പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനവിരുദ്ധനയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ബദല്‍ നയപരിപാടി മുന്നോട്ടുവയ്ക്കാനുമുള്ള ദേശാഭിമാനപ്രചോദിതമായ പ്രവര്‍ത്തനമാണ് ഈ പണിമുടക്ക്.

ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന ശക്തമായ താക്കീത് ഇതുവഴി ഭരണവര്‍ഗത്തിന് നല്‍കും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാവുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായകമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തോടെയുള്ള പോരാട്ടം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റെല്ലാ ജനവിഭാഗങ്ങളെയും ഭാവിയില്‍ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും.

*
എ കെ പത്മനാഭന്‍ ദേശാഭിമാനി 13 ഫെബ്രുവരി 2013

Thursday, January 17, 2013

നേട്ടങ്ങളെ തമസ്കരിക്കുന്നവര്‍

സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി എട്ടുമുതല്‍ നടത്തിവന്ന പണിമുടക്ക് ആറാംദിവസം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്. ജീവനക്കാര്‍ ഇതിനുമുമ്പ് നടത്തിയിട്ടുള്ള എല്ലാ പണിമുടക്കുംപോലെ ഈ പണിമുടക്കും വിജയമായിരുന്നോ, അതോ കീഴടങ്ങലായിരുന്നോ എന്ന ചര്‍ച്ച സജീവമായിട്ടുണ്ട്.

ജനുവരി എട്ടിന് ആരംഭിച്ച പണിമുടക്ക് 13ന് രാത്രി മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം രാത്രി വളരെ വൈകി, സമരസമിതി നിര്‍ത്തിവയ്ക്കുകയായിരുന്നു. പണിമുടക്ക് തുടങ്ങിയശേഷം സര്‍ക്കാര്‍ സംഘടനാ പ്രതിനിധികളുമായി രണ്ടാംതവണ നടന്ന ചര്‍ച്ചയായിരുന്നു 13ലേത്. ആദ്യചര്‍ച്ച 10ന് രാത്രിയായിരുന്നു. പൊളിഞ്ഞ സമരമെന്ന് സര്‍ക്കാരും കോണ്‍ഗ്രസ് നേതാക്കളും പരിഹസിച്ച പണിമുടക്ക് തുടങ്ങി മൂന്നാംദിവസവും ആറാംദിവസവും ഉറക്കമിളച്ച് എന്തിന് ധനമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്യണം? യാത്രകള്‍ മാറ്റിവച്ചും യാത്രാസംവിധാനങ്ങളില്‍ മാറ്റം വരുത്തിയും ഇത്ര തത്രപ്പാട് എന്തിനായിരുന്നു? ചര്‍ച്ചചെയ്ത് സമവായത്തിലെത്തിയ പ്രശ്നം പിന്നീട് അവഹേളനത്തിന് വിധേയമാക്കുന്ന പതിവുരീതി എന്തിന് ഇവിടെയും പ്രയോഗിക്കുന്നു?

അവകാശസമരങ്ങളെ തള്ളിപ്പറയുകയും നേട്ടങ്ങളെ തമസ്കരിക്കുകയുംചെയ്ത് അപവാദപ്രചാരണം നടത്തുന്നത് നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. സമരങ്ങളെ മാത്രമല്ല, ചില ചരിത്രസത്യങ്ങളെയും ഈ തരത്തില്‍ താറടിക്കുന്നതും കാണാന്‍ കഴിയും. രണ്ടാംലോകമഹായുദ്ധത്തിന്റെ അന്ത്യം ആരുടെ മുന്‍കൈയില്‍ ആരുടെ വിജയത്തോടെ എന്ന കാര്യത്തിലുള്ള തര്‍ക്കം ഇന്നും തീര്‍ന്നിട്ടില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പങ്ക് അംഗീകരിക്കാത്ത ചരിത്രപണ്ഡിതന്മാര്‍ ഇന്നുമുണ്ട്. അഹിംസയും ഉപ്പുകുറുക്കലും കണ്ട് പേടിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെന്ന് വിശ്വസിക്കുന്ന മൂഢന്മാരും, അങ്ങനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കപടവിശകലനക്കാരും ഇന്നും നമ്മുടെ ഇടയിലുണ്ട്.

ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തെ കുറച്ചുകാണുന്നവരുടെ മാനസിക നിലതന്നെയാണ് എല്ലാ സമരങ്ങളെയും തള്ളിപ്പറയുന്നവരിലും ഉള്ളത്. പുന്നപ്ര-വയലാര്‍ സമരവും കയ്യൂര്‍ സമരവും ഇവരുടെ കണ്ണില്‍ അബദ്ധങ്ങളായിരുന്നു. മിച്ചഭൂമി സമരവും ഭൂസംരക്ഷണസമരവും പരാജയസമരങ്ങളാണ്. രാജ്യത്തിന്റെ മാറ്റത്തിന് കാരണമായ ഒട്ടേറെ ചെറുത്തുനില്‍പ്പുകളെ കണ്ടില്ലെന്നു നടിച്ച്, ഇന്ന് ലഭ്യമായ എല്ലാ നന്മകളും ഔദാര്യമായി ലഭിച്ചതാണെന്ന് വിശ്വസിപ്പിക്കാനാണ് ശ്രമം. "നാവടക്കൂ പണിയെടുക്കൂ" എന്ന് ആക്രോശിച്ച് എല്ലാ പൗരാവകാശങ്ങളും നിഷേധിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളും ചെറുത്തുനില്‍പ്പും കണ്ടില്ലെന്നു നടിക്കാനാണ് ഇവര്‍ക്കിഷ്ടം. പിന്തുണച്ചത് തെറ്റായിപ്പോയി എന്ന് പിന്നീട് ഏറ്റുപറഞ്ഞവര്‍പോലും, ജീവനക്കാരെയും തൊഴിലാളികളെയും കണക്കിനു പരിഹസിച്ചതും മറക്കാറായിട്ടില്ല. എല്ലാ സമരങ്ങളെയും തള്ളിപ്പറയുന്നതില്‍ സുഖമനുഭവിക്കുന്നവര്‍തന്നെയാണ് ഈ പണിമുടക്കും കീഴടങ്ങലായി ചിത്രീകരിക്കാന്‍ വെമ്പല്‍കൊള്ളുന്നത്.

1973ലെ 54 ദിവസം നീണ്ടുനിന്ന പണിമുടക്ക് ഒന്നും നേടാതെ, ഒരു ചര്‍ച്ചപോലുമില്ലാതെ അവസാനിച്ച സമരമായിരുന്നു. കേരള എന്‍ജിഒ യൂണിയന്റെ "കഥ കഴിഞ്ഞു" എന്ന് ആശ്വസിക്കാനായിരുന്നു ചിലര്‍ക്ക് ഇഷ്ടം. കേരളത്തില്‍ പിന്നീട് നടന്ന അവകാശപ്പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ കഴിയുന്ന കരുത്തുറ്റ പ്രസ്ഥാനം ആ പണിമുടക്കിനെത്തുടര്‍ന്ന് രൂപംകൊണ്ടു. 1975ല്‍ ഭരണാനുകൂലികളില്‍ ഒരു വിഭാഗത്തെക്കൂടി ചേര്‍ത്ത് അതേ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ നേതൃത്വം നല്‍കിയതും ഈ സംഘടനതന്നെയായിരുന്നു. "73ലെ പണിമുടക്ക് എന്തുനേടി എന്നതിന് ഒറ്റവാചകത്തിലുള്ള ഉത്തരം കപടരാഷ്ട്രീയത്തിന്റെ പൊയ്മുഖം പിച്ചിച്ചീന്തി എന്നുതന്നെയാണ്. 1971ലെ ജീവനക്കാരുടെ യോജിച്ച പണിമുടക്ക് 11 ദിവസം നീണ്ടുനിന്നു. കേന്ദ്ര ഡിഎ ഭാഗികമായി അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനെത്തുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു. "78ല്‍ എ കെ ആന്റണിയുടെ ഭരണകാലത്തും മൂന്നാഴ്ചക്കാലം നീണ്ട പണിമുടക്ക് അവസാനിച്ചതും ഈ നിലയില്‍ത്തന്നെയാണ്. 82ലും 84ലും ജീവനക്കാര്‍ അതിശക്തിയായി പോരാട്ടം നടത്തിത്തന്നെയാണ് അവകാശങ്ങള്‍ സംരക്ഷിച്ചത്.

പതിനൊന്നുവര്‍ഷംമുമ്പ് നടന്ന (2002) പണിമുടക്കുമൂലം ജീവനക്കാര്‍ എന്തുനേടി എന്ന് ഇന്നും സംശയം പ്രകടിപ്പിക്കുന്നവര്‍ ധാരാളം. 2002 ജനുവരി 16ന്റെ ഉത്തരവിലൂടെ നടപ്പാക്കാനിരുന്ന പങ്കാളിത്ത പെന്‍ഷന്‍ 2013 ഏപ്രില്‍ ഒന്നുമുതലേ നടപ്പാകൂ എന്നിടത്തേക്ക് എത്തിച്ചത് ആ പണിമുടക്കായിരുന്നല്ലോ. 13,000 ഒറ്റയടിക്കും പിന്നീട് തുടര്‍ച്ചയായും തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഫലപ്രദമായി തടഞ്ഞതും ആ സമരംമൂലമായിരുന്നു. നിലവിലുള്ളവരെ ബാധിക്കുന്നുവോ എന്നതായിരുന്നില്ല അന്നും മുഖ്യപ്രശ്നം. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഫലപ്രദമായ ചെറുത്തുനില്‍പ്പായിരുന്നു ആ പണിമുടക്ക്.

കമ്യൂണിസ്റ്റുകാരെ 100 വര്‍ഷത്തേക്ക് സെക്രട്ടറിയറ്റിന്റെ പടി ചവിട്ടിക്കില്ലെന്ന് വീരസ്യംപറഞ്ഞ് വലത്തുകാല്‍വച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ അടിവേരിളക്കിയ സമരമായിരുന്നു അത്. അതുതന്നെയാണ് 2013ലെ പണിമുടക്കിലും ആവര്‍ത്തിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളുടെ ഭാഗമാണ്. അതു നടപ്പാക്കാതിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഇടതുപക്ഷം ഭരിച്ചിരുന്നവയാണ്. കേന്ദ്രനയം നടപ്പാക്കിയേ കഴിയൂ എന്ന വാദത്തിന് പ്രസക്തിയില്ലെന്ന് ആ സര്‍ക്കാരുകള്‍ തെളിയിച്ചു. ബദല്‍ നയം ഉയര്‍ത്തിപ്പിടിച്ച് ത്രിപുര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. അതുകൊണ്ടുതന്നെയാണ് ആ ബദല്‍നയങ്ങള്‍ സംരക്ഷിക്കാന്‍ ജീവനക്കാര്‍ മുന്നോട്ടുവരുന്നതും തെറ്റായ നിലപാടുകള്‍ക്കെതിരെ പൊരുതുന്നതും. വകുപ്പ് അധ്യക്ഷന്‍, കോളേജ് അധ്യാപകന്‍, ക്ലാസ് നാല് ജീവനക്കാരന്‍, പാര്‍ട്ടൈം ജീവനക്കാരന്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ ഒരു വിഭാഗത്തെയാണ് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ഉള്‍ക്കൊള്ളുന്നത്്. വര്‍ഗപരമായി ഈ വിഭാഗത്തിന്റെ പരിമിതികളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാത്തവരല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഈ വിഭാഗത്തെയാകെ വര്‍ഗബോധത്തിലേക്കുയര്‍ത്തി പോരാട്ടങ്ങള്‍ക്ക് സജ്ജമാക്കാനുള്ള ശ്രമം എത്രകണ്ട് വിജയിച്ചിട്ടുണ്ട് എന്ന് വിലയിരുത്തേണ്ടത്, പൊതുസാമൂഹ്യമാറ്റത്തിന് അവര്‍ വഹിക്കുന്ന പങ്കിനെക്കൂടി കണക്കിലെടുത്താകണം. സംഘടിതശക്തിയായി ഇവര്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവര്‍തന്നെയാണ് പണിമുടക്ക് പരാജയത്തെക്കുറിച്ച് വാചാലരാകുന്നത്.

ചോദിച്ചതെല്ലാം കരസ്ഥമാക്കിക്കൊണ്ടല്ലല്ലോ, ഒരു അവകാശസമരവും അവസാനിക്കുന്നത്. കോണ്‍ഗ്രസ്, ഇന്ത്യയെ വെട്ടിമുറിക്കാന്‍ അനുവദിച്ചാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നതുകൊണ്ട് 1947 ആഗസ്ത് 15ന് ഇന്ത്യയിലെ 30 കോടിയിലധികം ജനങ്ങള്‍ സ്വാതന്ത്ര്യ ആഘോഷങ്ങളില്‍നിന്ന് മാറിനിന്നില്ല. മറിച്ച് സമരത്തിന് നേതൃത്വംകൊടുത്ത ഗാന്ധിജിയാണ് ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനിന്നത്. വാള്‍സ്ട്രീറ്റ് സമരവും മുല്ലപ്പൂവിപ്ലവവും വിശകലനംചെയ്ത് ബാലന്‍സ് ഷീറ്റില്‍ എന്ത് മിച്ചമുണ്ടെന്ന് ചോദിക്കുന്നതുപോലെയാണ്, പണിമുടക്ക് അവസാനിച്ചപ്പോള്‍ എന്തുനേടി എന്ന ചോദ്യമുന്നയിച്ച് നേട്ടങ്ങളെ തമസ്കരിക്കാന്‍ ശ്രമിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ ചവറ്റുകൊട്ടയില്‍ എറിയാനുള്ള പോരാട്ടത്തിനും നവലിബറല്‍ നയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന ഇടതുപക്ഷമനസ്സിന് ആക്കം വര്‍ധിപ്പിക്കാനും ഈ പണിമുടക്ക് കരുത്താകുകതന്നെചെയ്യും.

*
കെ വരദരാജന്‍ ദേശാഭിമാനി 17 ജനുവരി 2013

Sunday, January 6, 2013

ബാങ്കിംഗ് നിയമ ഭേദഗതി : തമസ്ക്കരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

വെറുമൊരു സാധാരണ സംഭവമായിട്ടാണ് ബാങ്കിംഗ് ഭേദഗതിബില്‍ ലോക്സഭ അംഗീകരിച്ച കാര്യം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും വികാസത്തിനും വേണ്ടി രാജ്യത്ത് ലഭ്യമായ വിഭവശേഷിയെ മുഴുവന്‍ സമാഹരിച്ച പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തിന്റെ കടക്കല്‍ വെക്കുന്ന കത്തിയാണീ ഭേദഗതിയെന്ന കാര്യം ബോധപൂര്‍വ്വം തമസ്ക്കരിക്കപ്പെടുകയാണ്.  വാണിജ്യ ബാങ്കിംഗിനോടൊപ്പം സഹകരണ മേഖലാ ബാങ്കിംഗിന്റെയും പ്രവര്‍ത്തനത്തിലും, സമീപനത്തിലും തീര്‍ത്തും വിനാശകരമായ മാറ്റങ്ങള്‍ക്കാണ് ഈ ഭേദഗതി വഴിയൊരുക്കുന്നത്.  വികസനത്തിന്റെ എന്‍ജിന്‍ എന്ന് പുകള്‍പെറ്റ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയുടെ ജനകീയ സ്വഭാവം പൂര്‍ണ്ണമായി നഷ്ടപ്പെടുത്തുക മാത്രമല്ല, അതിവിപുലമായ നമ്മുടെ ബാങ്കിംഗ് സംവിധാനത്തെ വിദേശമൂലധനത്തിന്റെ കാല്‍ക്കല്‍ അടിയറവെക്കുക കൂടിയാണീ പുതിയ ഭേദഗതി വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.  ആഗോളീകരണ നയങ്ങളുടെ ആരംഭകാലം മുതല്‍ അമേരിക്കന്‍ സര്‍ക്കാരും, മുതലാളിത്തത്തിന്റെ മറ്റു കാവല്‍മാലാഖകളും നിരന്തരം ചെലുത്തിപ്പോരുന്ന ‘സാമ-ദാന-ഭേദ-ദണ്ഡ’ സമ്മർദ്ദങ്ങളുടെ വിജയകരമായ പരിസമാപ്തി കൂടിയാണ് ഈ പുതിയ സംഭവവികാസം.  2005-ല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ പ്രസിഡണ്ട് ബുഷ് മുന്നോട്ട് വച്ച സുപ്രധാന ആവശ്യമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.

ബാങ്കുകളുടെ മേല്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ നിയന്ത്രണാധികാരങ്ങള്‍ നല്‍കുകയാണ് ബാങ്കിംഗ് നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം എന്ന മട്ടിലാണ് മിക്ക മാദ്ധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഇത് യാദൃച്ഛികമോ, ധാരണയില്ലായ്മയോ ആയി കാണാന്‍ കഴിയില്ല.   ഭേദഗതിയുടെ ദൂരവ്യാപകവും രാജ്യതാല്പര്യ വിരുദ്ധവുമായ സത്തയില്‍ നിന്ന് ശ്രദ്ധമാറ്റുന്നതിനു വേണ്ടിത്തന്നെയാണ് റിസര്‍വ് ബാങ്കിന് ലഭിക്കുന്ന പുതിയ അവകാശങ്ങള്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കുന്നതെന്നതാണ് വാസ്തവം.   ബില്‍ പാസ്സായതുകൊണ്ട് ആയിരക്കണക്കിന് പുതിയ ബാങ്ക് ശാഖകള്‍ തുടങ്ങുമെന്നും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഒക്കെ വേറെയും അനവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.   ഇവയ്ക്കൊന്നിനും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ല.

ഭേദഗതി നിര്‍ദ്ദേശങ്ങളുടെ ഉള്ളടക്കം

ബാങ്കിംഗ് മേഖലയെ സംബന്ധിക്കുന്ന മൂന്ന് നിയമങ്ങളാണ് പുതിയ ബില്‍ വഴി ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത്.  ബാങ്കിംഗ് നിയന്ത്രണ നിയമം 1949,  ബാങ്കിംഗ് കമ്പനീസ് ആക്ട് 1970,  ബാങ്കിംഗ് കമ്പനീസ് ആക്ട് 1980  എന്നിവയാണ് പ്രസ്തുത നിയമങ്ങള്‍.  ബാങ്കിംഗ് റെഗുലേഷന്‍  നിയമത്തിലെ പുതിയ വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു:

*    ബാങ്കിംഗ് കമ്പനിയുടെ മൂലധനത്തില്‍ സാധാരണ ഓഹരിക്കു പുറമെ, മുന്‍ഗണനാ ഓഹരിയും ഉള്‍പ്പെടുത്താം.

*    ഏതൊരു ബാങ്കിംഗ് കമ്പനിയുടെയും ഓഹരി ഉടമയ്ക്ക് വിനിയോഗിക്കാവുന്ന വോട്ടവകാശം പരമാവധി 26 ശതമാനമായിരിക്കും.

*    അംഗീക്യത ഈടുകള്‍ (Approved Securities) എന്നാല്‍ കേന്ദ്രസര്‍ക്കാരും,     മറ്റ് സര്‍ക്കാരുകളും പുറപ്പെടുവിക്കുന്ന ഈടുകള്‍ക്ക് പുറമെ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന ഇതര ഈടുകളും ഉള്‍പ്പെടും.

*    ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് ലൈസന്‍സ് സമ്പാദിക്കുന്നില്ലെങ്കില്‍, അവ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം.

*    സഹകരണ ബാങ്കുകളുടെ ഡിമാന്‍ഡ്, ടൈം ബാദ്ധ്യതകളുടെ (നിക്ഷേപങ്ങളുടെ) 40 ശതമാനത്തില്‍ കവിയാത്ത മൂല്യം  റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ആസ്തികളില്‍ സൂക്ഷിക്കണം.

*    ആവശ്യമെന്നു തോന്നുന്ന പക്ഷം, ഏതുസഹകരണ ബാങ്കിന്റേയും കണക്കുകള്‍ പ്രത്യേക ഓഡിറ്റിങ്ങിന് വിധേയമാക്കുന്നതിന് റിസര്‍വ് ബാങ്കിന് അധികാരമുണ്ടായിരിക്കും.  അതിനുവേണ്ടി റിസര്‍വ് ബാങ്കിന് യോഗ്യതയുള്ള ആളെ നിയമിക്കാം.  ഓഡിറ്റിംഗ് റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനു സമര്‍പ്പിക്കണം.

*     മേല്‍ വിവരിച്ച തരത്തിലുള്ള ഓഡിറ്റിന്റെ ചെലവ് ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ വഹിക്കണം.

*    യുക്തമായ സാഹചര്യങ്ങളില്‍, കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുകൊണ്ട് ഏതൊരു ബാങ്കിന്റേയും ഡയറക്ടര്‍ ബോര്‍ഡിനെ ഒരു വര്‍ഷം വരെ സസ്പെന്‍ഡ് ചെയ്യാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടായിരിക്കും.   തല്‍സ്ഥാനത്ത് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിനും റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. 

*    ബാങ്കിംഗ് കമ്പനീസ് നിയമങ്ങളിലെ ഭേദഗതി നിര്‍ദ്ദേശമനുസരിച്ച് ദേശസാല്‍കൃത ബാങ്കുകളിലെ  സ്വകാര്യ ഓഹരി ഉടമകള്‍ക്ക് പരമാവധി പത്ത് ശതമാനം വരെ വോട്ടവകാശം ലഭിക്കും.

പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷം,  പ്രത്യാഘാതം ഗുരുതരം

പുറമെ കാണുമ്പോള്‍ തീര്‍ത്തും സാങ്കേതികമായ കാര്യങ്ങളെന്നു തോന്നാവുന്ന പുതിയ വ്യവസ്ഥകള്‍  യഥാര്‍ത്ഥത്തില്‍ ദൂരവ്യാപകവും സമഗ്രവുമായ പ്രത്യാഘാതങ്ങള്‍ ബാങ്കിംഗ് സംവിധാനത്തില്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്.   മുതലാളിത്ത ശക്തികള്‍ എഴുപതുകളില്‍ ചെന്നകപ്പെട്ട അഗാധമായ കുഴപ്പത്തെ മറികടക്കാന്‍ കണ്ടെത്തിയ ഉപാധിയാണല്ലൊ മൂലധനത്തിന്റെ ആഗോളീകരണം.  ആദിമകാലത്ത് ചൂഷണത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ട പ്രാകൃതമൂലധന സഞ്ചയത്തിന്റെ പരിഷ്കൃതമായ രീതികളാണ് ആഗോളീകരണവും അനുവര്‍ത്തിക്കുന്നത്.  സമൂഹത്തിനാകെയും മുഴുവന്‍ ജനങ്ങള്‍ക്കും, അവകാശപ്പെട്ട വിഭവങ്ങള്‍ ഏതാനും പേര്‍ കൈയ്യടക്കുന്ന പ്രക്രിയയാണിത്.  നമ്മുടെ രാജ്യത്ത് ഭൂമിയടക്കമുള്ള പല മേഖലകളിലും ഈ രൂപത്തിലുള്ള ആക്രമണങ്ങള്‍ വിജയകരമായി അരങ്ങേറിക്കഴിഞ്ഞു.  അതിന്റെ തന്നെ ഭാഗമായിട്ടാണ് നമ്മുടെ പൊതുമേഖലയെ സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറാനുള്ള കുത്സിത നീക്കങ്ങള്‍ നടന്നു പോരുന്നത്.  2 ജി സ്പെക്ട്രം,  കൃഷ്ണ-ഗോദാവരി തടത്തിലെ വാതകം, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കല്‍ക്കരിപ്പാടങ്ങള്‍,  സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെയും, സ്പെഷ്യല്‍ മാനുഫാക്ചറിങ്ങ് സോണിന്റെയും  ഒക്കെപേരില്‍ വാങ്ങിക്കൂട്ടുന്ന ഭൂമി -  ഇതെല്ലാം ഈ നയങ്ങളുടെ ഭാഗമായി നമ്മുടെ ജനതക്ക് നഷ്ടപ്പെടുകയും സ്വകാര്യ കുത്തകകള്‍ കൈയ്യടക്കുകയും ചെയ്ത വിഭവങ്ങള്‍ തന്നെയാണ്.  മേല്പ്പറഞ്ഞ മേഖലകളില്‍ നടപ്പാക്കിയ മൂലധനക്കൊള്ളയുടെ ബാങ്കിംഗ് പതിപ്പിന് അരങ്ങൊരുക്കുകയാണ് പുതിയ നിയമ നിര്‍ദ്ദേശങ്ങള്‍ ചെയ്യുന്നത്.

അംഗീകൃത ഈടുകളെ (Approved Securities) സംബന്ധിക്കുന്ന നിര്‍ദ്ദിഷ്ട ഭേദഗതി പരിശോധിച്ചാല്‍ത്തന്നെ ഇത് വ്യക്തമാകും.  നിലവിലുള്ള വ്യവസ്ഥയനുസരിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഈടുകള്‍,  പ്രധാനമായും കടപ്പത്രങ്ങള്‍, ആണ് അംഗീകൃത ഈടുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്.  ബാങ്കിംഗ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബാങ്കുകള്‍ തങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം (ഇപ്പോള്‍ 24 ശതമാനം) മേല്പ്പറഞ്ഞ അംഗീകൃത ഈടുകളില്‍ നിക്ഷേപിക്കണം.  സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) എന്നാണ് ഈ നിക്ഷേപത്തെ വിളിക്കുക.  പുതിയ ഭേദഗതിയോടെ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന ഇതര ആസ്തികളിലും ബാങ്കുകള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും.  വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഡെറിവേറ്റീവ് ഉല്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ഈ പട്ടികയില്‍ ഇടം പിടിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്.  രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതമാണ് സര്‍ക്കാര്‍ ഈടുകളില്‍ നിക്ഷേപിക്കപ്പെടാറുള്ളത്.  ഈ പണം വിനിയോഗിക്കപ്പെടുന്നതാകട്ടെ സമ്പദ് വ്യവസ്ഥയുടെ ഉദ്ധാരണത്തിനും.  എന്നാല്‍ പുതിയ ഭേദഗതി നടപ്പില്‍ വരുന്നതോടെ നിക്ഷേപങ്ങളുടെ ഒരു നല്ല പങ്ക് സ്വകാര്യ മൂലധനമായി വഴിമാറാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ്.  പൊതു വിഭവം സ്വകാര്യ മൂലധനമാക്കി മാറ്റിയെടുക്കുന്ന ആഗോളീകരണ തന്ത്രം തന്നെയാണ് ഈ നിര്‍ദ്ദേശത്തിന്റെ പിന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല.

ബാങ്കിംഗിന്റെ വിദേശവല്‍ക്കരണം

ദേശസാല്‍കൃത ബാങ്കുകളിലേയും സ്വകാര്യ ബാങ്കുകളിലേയും ഓഹരി ഉടമകള്‍ക്ക് ലഭ്യമായ വോട്ടവകാശത്തിന്റെ പരിധി ഉയര്‍ത്തിയതിന്റെ പിന്നില്‍ ദീര്‍ഘകാല മൂലധന താല്പര്യങ്ങളുണ്ട്.   ദേശസാല്‍കൃത ബാങ്കുകളുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ശതമാനമെന്ന പരിധിയാണ്  പത്ത് ശതമാനമായി വര്‍ദ്ധിക്കാന്‍ പോകുന്നത്.  സ്വകാര്യ ബാങ്കുകളുടെ കാര്യത്തില്‍ പത്ത് എന്ന ഇപ്പോഴത്തെ പരിധി ഇരുപത്താറ് ശതമാനമായി ഉയരും.  വിദേശ സ്ഥാപനങ്ങളുടെ ഒരു ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്.  നിലവില്‍ പൊതുമേഖലാ ബാങ്കില്‍  ഇരുപതു ശതമാനം വരെ വിദേശ നിക്ഷേപം അനുവദനീയമാണ്.  സ്വകാര്യ ബാങ്കുകളില്‍ ഇത് 74 ശതമാനമാണ്.  എന്നാല്‍ വോട്ടവകാശത്തിന്റെ പരിധി നിയന്ത്രണം നിമിത്തം വിദേശ നിക്ഷേപകര്‍ക്ക് ബാങ്കുകളുടെ ഭരണപരമോ, നയപരമോ  ആയ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല.  മുടക്കുന്ന പണത്തിന് പരമാവധി ലാഭം ലഭിക്കണമെന്ന നിഷ്കര്‍ഷയുള്ള വിദേശ മുതലാളിമാര്‍ക്ക് അവരുടെ ഇംഗിതം ഇന്ത്യന്‍ ബാങ്കുകളുടെമേല്‍ അടിച്ചേല്പിക്കാന്‍ ഈ ഭേദഗതി വഴിയൊരുക്കും.  ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളുടെ ഓഹരികളില്‍ മുതല്‍ മുടക്കിയിരിക്കുന്ന വിദേശ നിക്ഷേപകരും സ്ഥാപനങ്ങളും മാസംതോറും നടത്താറുള്ള വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും മറ്റും ബാങ്ക് മേധാവികളുടെ മേല്‍ ചുമത്തുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്.  ഓരോ പാദാന്ത്യത്തിലും കൂടുതല്‍ ഉയര്‍ന്ന ലാഭത്തിന്റെ കണക്കുകളാണ് അവര്‍ക്ക് വേണ്ടത്.  വായ്പകളില്‍ നിന്ന് കൂടുതല്‍ ലാഭക്ഷമമായ മേഖലകളിലേക്ക് ബാങ്ക് നിക്ഷേപങ്ങള്‍ വഴിമാറിയൊഴുകാന്‍ തുടങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല.  കൂടുതല്‍ വോട്ടവകാശം ലഭിക്കുന്നതോടെ സ്വകാര്യ ഓഹരി ഉടമകള്‍ മെച്ചപ്പെട്ട ലാഭത്തിനു വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ശക്തിപ്പെടുത്തും.   കൃഷി അടക്കമുള്ള ഉല്പാദന മേഖലകളില്‍ നിന്നുള്ള ബാങ്കുകളുടെ പിന്മാറ്റം അതോടെ പൂര്‍ണ്ണമാവുകയും ചെയ്യും.

വോട്ടവകാശപരിധി ഉയര്‍ത്തുന്നതോടെ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനുള്ള മത്സരം മുറുകാന്‍ പോവുകയാണ്.  ബില്‍ പാസ്സായതിന്റെ പിറ്റേ  ദിവസം  ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ വന്‍കുതിച്ചു ചാട്ടം അതിന്റെ ദിശാസൂചിയാണ്.  പ്രശ്നം കേവലം ഉടമസ്ഥതയുടെയോ വോട്ടവകാശത്തിന്റേയോ അല്ല.  ഇന്ത്യന്‍ ബാങ്കിംഗിന്റെ മുഖം മാറുന്നു എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം.  

ബാങ്കിംഗ് ഒരു വ്യവസായമാണെങ്കിലും ഇന്ത്യയില്‍ അത് നിര്‍വ്വഹിച്ചു പോന്നത് അതിമഹത്തായ ഒരു ദൌത്യമാണ്.  നമ്മുടെ സമ്പദ് വ്യവസ്ഥ സാക്ഷാല്‍ക്കരിക്കുക എന്ന ചരിത്രദൌത്യം.  കൃഷി, ചെറുകിട വ്യവസായം, ചില്ലറ വ്യാപാരം, പരമ്പരാഗത വ്യവസായങ്ങള്‍,  കരകൌശലം, എന്നിങ്ങനെ സമ്പദ് വ്യവസ്ഥയുടെ സമസ്തമേഖലയിലേക്കും ചെന്നെത്തിയാണ് ബാങ്കിംഗ് ആ ദൌത്യം നിറവേറ്റിയത്.   എന്നാല്‍ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ബാങ്കിംഗ് അനന്തമായ ലാഭസാധ്യതകളുള്ള  ഒരു വ്യവസായമാണ്.    പൊതു നിക്ഷേപത്തെ ഓഹരിക്കമ്പോളത്തിലേക്കും അവധിവ്യാപാരത്തിലേക്കും,  അപകടസാദ്ധ്യത ഏറെയുള്ള ഡെറിവേറ്റീവുകളിലേക്കും ഒഴുക്കിക്കൊണ്ട് വിപണിയെ കൈയ്യിലെടുത്ത് അമ്മാനമാടാനുള്ള ത്വരയാണ് മൂലധന നാഥന്മാരെ നയിക്കുന്നത്.  ഇന്ത്യന്‍ ബാങ്കുകളില്‍ സമാഹ്യതമായ 70 ലക്ഷം കോടിരൂപയോളം വരുന്ന നിക്ഷേപത്തിന്റെ ലാഭസാദ്ധ്യതയാണ്  അവരെ ഉന്മാദം കൊള്ളിക്കുന്നത്.  വോട്ടവകാശം വര്‍ദ്ധിക്കുന്നതോടെ ബാങ്കുകളുടെ നിയന്ത്രണം കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂടും.  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് കരുത്തേകിയ നമ്മുടെ ബാങ്കിംഗ് സമ്പ്രദായം അതോടെ പഴങ്കഥയായി മാറുകയും ചെയ്യും.

സഹകരണ മേഖല : മായുന്ന അതിര്‍വരമ്പുകള്‍

2012-ല്‍ സഹകരണ മേഖലക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണ് ബാങ്കിംഗ് നിയമ ഭേദഗതി.  ഈ വര്‍ഷം തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന 97-ാം ഭരണഘടനാ ഭേദഗതിയാണ് ആദ്യത്തെ അടി.  ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാനപ്പട്ടികയില്‍പ്പെടുന്ന സഹകരണ മേഖലയെ ഈ ഭേദഗതിയിലൂടെ കേന്ദ്രം തട്ടിയെടുത്തു. അതത് സംസ്ഥാനങ്ങളില്‍ സഹകരണ നിയമം നിലനില്‍ക്കെയാണ്,  സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സമഗ്രമായ വ്യവസ്ഥകള്‍ ഭേദഗതിയുടെ ഭാഗമായി അവതരിപ്പിച്ചത്.

97-ാം ഭരണഘടനാ ഭേദഗതിയും,  ബാങ്കിംഗ് നിയമ ഭേദഗതിയിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്ത് വച്ച് നോക്കിയാല്‍ ഒരു കാര്യം നന്നായി ബോദ്ധ്യപ്പെടും.  വാണിജ്യ ബാങ്കിംഗും സഹകരണ ബാങ്കിംഗും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുകയാണ്.  അഥവാ, അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്  പുതിയ ഭേദഗതികള്‍ കൊണ്ടുവന്നതുതന്നെ.  ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണ മേഖല, ബാങ്കിംഗ് മേഖല പോലെ തന്നെ,  കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒന്നായി.   ബാങ്കിംഗ്  നിയമ ഭേദഗതി അംഗീകരിക്കപ്പെട്ടതോടെ,  ബാങ്കിംഗ് മേഖലയുടെ നിയന്ത്രണാധികാരം കയ്യാളുന്ന റിസര്‍വ് ബാങ്കിന് സഹകരണ മേഖലയുടെ മേല്‍ സമ്പൂണ്ണാധിപത്യം ചെലുത്താന്‍ കഴിയുന്ന സാഹചര്യവും ഒരുങ്ങിയിരിക്കുന്നു.   സഹകരണ സംഘത്തിന് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഇനി ബാങ്കിംഗ് ലൈസന്‍സ് എടുത്തേ മതിയാകൂ.  ലൈസന്‍സ് എടുത്താലോ, റിസര്‍വ് ബാങ്കിന് ഏത് സമയത്തും ഇടപെടാം.   ഇനി അതിനു തയ്യാറല്ലെങ്കില്‍,  ബാങ്കിംഗ് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.  അങ്ങനെ വന്നാല്‍ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ സംഘങ്ങള്‍ക്ക് കഴിയില്ല.

സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ശക്തമാക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് നിഷ്ക്കളങ്കമായി ചോദിക്കുന്നവരുണ്ടാകാം.  സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ സ്വഭാവം പാടേ നഷ്ടപ്പെടുമെന്നതാണ് ആ ചോദ്യത്തിനുള്ള ആദ്യത്തെ ഉത്തരം.  ബാങ്കിംഗ് ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്ന ഏതൊരു സ്ഥാപനത്തിന്റെ മേലും ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ എല്ലാ വ്യവസ്ഥകളും ബാധകമാക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്.  അതുപോലെതന്നെ, ദൈനംദിന നടത്തിപ്പ്, മൂലധനപര്യാപ്തത, അക്കൌണ്ടിങ്ങ്,  വായ്പാവിതരണം,  പലിശ നിശ്ചയിക്കല്‍, ഭരണ നിര്‍വ്വഹണം, ശാഖകള്‍ തുറക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കാലാകാലങ്ങളില്‍  റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളും ഈ സ്ഥാപനങ്ങള്‍ക്ക് ബാധകമാകും.    ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹകരണ മേഖലയിലുള്ള നിയന്ത്രണാധികാരങ്ങള്‍ ഇത്തരം  കാര്യങ്ങളില്‍ ഒരു പരിധിവരെ തടയായി നിന്നേക്കാമെങ്കിലും,  97-ാം ഭരണഘടനാ ഭേദഗതി പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുന്നതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണ ചിത്രത്തില്‍ നിന്ന് പുറത്താകുമ്പോള്‍,  സാഹചര്യങ്ങള്‍ അടിമുറി  മാറിയേക്കാം.  മൂലധന മാനദണ്ഡങ്ങളുടെയും മറ്റും  കാര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ വ്യവ്സ്ഥകള്‍ ഇപ്പോള്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെങ്കിലും, നാളെ അത് അങ്ങോട്ട് കൂടി വ്യാപിപ്പിക്കണമെങ്കില്‍  റിസര്‍വ് ബാങ്കിന്റെ ഭരണപരമായ ഒരു ഉത്തരവ് മാത്രം മതിയാകും എന്നോര്‍ക്കുക.  അതിനിനി പാര്‍ലമെന്റിന്റെ മറ്റൊരു അനുമതി ആവശ്യമില്ല. 

ബില്ലിലെ പുതിയ ഭേദഗതി അനുസരിച്ച് റിസര്‍വ് ബാങ്കിന് ഏതു സഹകരണ ബാങ്കിലും ഓഡിറ്റിങ്ങ്  നടത്താം.  നിലവിലുള്ള  ഓഡിറ്റിങ്ങ് സംവിധാനത്തിന്  പുറമേയാണ് ഇത്.  അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് റിസര്‍വ് ബാങ്കിനാണ്.  സംസ്ഥാന സര്‍ക്കാരിന് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍  നിയമത്തില്‍   വകുപ്പില്ല എന്നത് ശ്രദ്ധേയമാണ്.   സ്വാഭാവികമായും, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിന് യുക്തമായ എന്ത് നടപടികളും സ്വീകരിക്കാന്‍ അധികാരമുണ്ടാകും.

മൂലധനപര്യാപ്തതാ മാനദണ്ഡം (Capital adequacy norms), നിഷ്ക്രിയ ആസ്തികള്‍ (Non performing assets) തരം തിരിക്കുന്നതിനെ സംബന്ധിച്ചും അതിലേക്കായി മൂലധനത്തില്‍ നിന്നും വകയിരുത്തുന്നതിനെ സംബന്ധിച്ചുമുള്ള വ്യവസ്ഥകള്‍, ബാസല്‍ ചട്ടങ്ങളനുസരിച്ചുള്ള റിസ്ക് മാനദണ്ഡങ്ങള്‍ തുടങ്ങിയവയൊക്കെ സഹകരണ മേഖലയിലും അന്ധമായി നടപ്പാക്കുന്നതിനുള്ള സാഹചര്യങ്ങളാണ് ഇതിലൂടെ ഉരുത്തിരിഞ്ഞു വരുന്നത്.    സ്വാഭാവികമായും,  വായ്പകള്‍ നല്‍കാനുള്ള ബാങ്കുകളുടെ ശേഷിയെയും, വായ്പാ തീരുമാനങ്ങളെടുക്കാനുള്ള അവയുടെ സ്വാതന്ത്ര്യത്തേയും അത്തരമൊരു സാഹചര്യം ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും.  മറ്റൊരപകടം,  പൊതു വിതരണരംഗത്തും മറ്റും ശക്തമായി ഇടപെടാനുള്ള സഹകരണ മേഖലയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതാണ്.   സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍  ബാങ്കുകള്‍ ഏറ്റെടുക്കുന്ന അത്തരം ദൌത്യങ്ങള്‍ ബാങ്കിംഗ് പ്രവര്‍ത്തനമല്ല എന്ന കാരണത്താല്‍ തടയപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളഞ്ഞുകൂടാ.  റിസര്‍വ് ബാങ്കിനെ ഭരിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയുടെ തത്ത്വങ്ങളല്ലല്ലോ.

സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങളുടെ നാല്പത് ശതമാനത്തില്‍ കവിയാത്ത തുക റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ആസ്തികളില്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തിലും ആഗോളീകരണ അജണ്ട ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.  നിലവിലുള്ള വ്യവസ്ഥയനുസരിച്ച് സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളുടെ 25 ശതമാനം സൂക്ഷിക്കേണ്ടത് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളിലും,  ഇതര സഹകരണ സ്ഥാപനങ്ങളിലുമാണ്.  ആ വ്യവസ്ഥക്ക് പകരമാണ് പുതിയ ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.  പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപമാണ് ജില്ലാ സഹകരണ ബാങ്കുകളുടെ മുഖ്യ വിഭവ സ്രോതസ്സ് എന്നിരിക്കെ,  ഈ പുതിയ വ്യവസ്ഥ ജില്ലാ ബാങ്കുകളുടെ മരണമണിയായി പരിണമിക്കും.   അതുമാത്രമല്ല അപകടം.  റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ആസ്തികള്‍, നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ,  വിദേശിയും സ്വദേശിയുമായ ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ ധനോല്പന്നങ്ങളായിരിക്കും.  ബോണ്ടുകള്‍  മുതല്‍ ഡെറിവേറ്റീവ് വരെയുള്ള ആസ്തികള്‍ അവയില്‍പെടും. ചുരുക്കത്തില്‍, നാട്ടിലെ ജനങ്ങള്‍ അയല്‍പ്പക്കത്തുള്ള സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്ന ധനത്തിന്റെ ഒരു വിഹിതം പോലും ധനമൂലധനത്തിന് വിളയാനുള്ള കളിപ്പന്താകാന്‍ പോകുന്നു ഏന്നതാണ്  ഈ ഭേദഗതിയുടെ കാതല്‍.  ജനങ്ങളോട് ഉത്തരവാദപ്പെട്ട സര്‍ക്കാരുകള്‍ ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയില്ലെന്നതു കൊണ്ടാണ് ഭരണഘടനാ ഭേദഗതി വഴി അവയെ പിന്‍വാതില്‍ വഴി പടികടത്തിവിടുന്നത്.

നേരത്തേ സൂചിപ്പിച്ചതു പോലെ,  സഹകരണ മേഖലക്കും വാണിജ്യ ബാങ്കിംഗിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ ഫലത്തില്‍ ഇല്ലാതാക്കുന്ന നയങ്ങളാണ് ഇവിടെയിനി പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്.  അതിന്റെ ഉദ്ദേശ്യമാകട്ടെ,  ഇരുമേഖലകളില്‍ നിന്നുമുള്ള നിക്ഷേപങ്ങളെ മൂലധനനാഥന്മാരുടെ കാല്‍ക്കല്‍ എത്തിച്ചുകൊടുക്കലും.  അതോടൊപ്പം,  അധികമായികിട്ടുന്ന വോട്ടവകാശം ഉപയോഗപ്പെടുത്തിക്കൊണ്ട് ബാങ്കുകളുടെ നയങ്ങളെ സ്വാധീനിക്കുകയും അതുവഴി തങ്ങളുടെ മുലധന നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടുകയും ചെയ്യാനുള്ള സുവര്‍ണ്ണാവസരം മറുവശത്ത് കാത്തുനില്‍ക്കുന്ന .  ഇവിടെ ഹോമിക്കപ്പെടുന്നത്  ഒരു ജനതയുടെ കുതിപ്പിന്റെ സ്വപ്നങ്ങളാണ്.  ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് നിസ്വരെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നയങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.  ബാങ്കുകളിലെ ജീവനക്കാരുടെ മാത്രം സമരമല്ല,  രാജ്യത്താകെയുള്ള, ജനങ്ങളുടെ പ്രക്ഷോഭമാണ്  ഇതിനെതിരായി ഉയര്‍ന്നുവരേണ്ടത്.


*****


വി. കെ. പ്രസാദ്

Monday, November 26, 2012

അവഗണിക്കപ്പെടുന്ന "ക്ഷേമത്തൊഴിലാളികള്‍"

നവ ലിബറല്‍വാഴ്ചയില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ പുതിയ "പരിപാടികള്‍", "പദ്ധതികള്‍", "പ്രചാരണം", "മിഷനുകള്‍" എന്നിവ കൊട്ടിഘോഷത്തോടെ ആരംഭിക്കാറുണ്ട്. ഈ "അഭിമാന പദ്ധതികളു"ടെ ഉദ്ഘാടനം വലിയ ആഘോഷത്തോടെ നടത്തുമെങ്കിലും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കാറില്ല. ഇത്തരം പദ്ധതികള്‍ നിയമാനുസൃതമുള്ള അവകാശങ്ങളുടെ ഭാഗമോ സാര്‍വത്രികമോ അല്ല. ഏതു സമയത്തും പിന്‍വലിക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഇവ. സമയബന്ധിതമായ ഇത്തരം പദ്ധതികള്‍ പലതും നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ പിന്‍വലിക്കുകയോ നീട്ടുകയോ ചെയ്യും. ലോക ബാങ്ക് പോലുള്ള ഫണ്ടിങ് ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന പ്രകാരമായിരിക്കും ഈ തീരുമാനങ്ങളെടുക്കുക. സാമൂഹ്യപങ്കാളിത്തമെന്ന പേരില്‍ യൂസര്‍ ഫീസ് ഈടാക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികളെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നു.

ഈ പദ്ധതികളുടെ മേന്മ പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍, പദ്ധതികളുടെ നടത്തിപ്പിന് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളടങ്ങുന്ന ലക്ഷക്കണക്കിനുപേരെ തൊഴിലാളികളായോ ജീവനക്കാരായോ അംഗീകരിച്ചിട്ടുപോലുമില്ല. പകരം സാമൂഹ്യപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മിത്രം, അതിഥി, യശോദ, മമത തുടങ്ങി ഭംഗിയുള്ള പേരുകള്‍ അവര്‍ക്ക് നല്‍കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥരുടെ "ക്രിയാത്മകത"യെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. തൊഴിലാളികള്‍ അല്ലെങ്കില്‍ ജീവനക്കാര്‍ എന്ന അംഗീകാരമോ മിനിമം വേതനം, തൊഴില്‍ സുരക്ഷ, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവയോ നല്‍കാതെ ഇവരെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പരിപാടികളിലും പദ്ധതികളിലുമായി ഒരു കോടിയോളം പേര്‍ തൊഴിലെടുക്കുന്നു. ചില പ്രധാന ക്ഷേമപദ്ധതികള്‍ പരിശോധിച്ചാല്‍ ഇവയിലെ വഞ്ചനയും ചൂഷണവും ബോധ്യമാകും. ശിശുക്കള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനും അതുവഴി ശിശുമരണനിരക്ക് കുറയ്ക്കാനുമാണ് സംയോജിത ശിശുവികസനപദ്ധതി (ഐസിഡിഎസ്) ആരംഭിച്ചത്. ഈ പദ്ധതി മൂലം ശിശുമരണനിരക്ക് കുറയ്ക്കാനും പ്രതിരോധ കുത്തിവയ്പ് നിരക്ക് ഉയര്‍ത്താനും സ്കൂളില്‍ കുട്ടികളെ കൂടുതലായി എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും കഴിഞ്ഞെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഐസിഡിഎസ് പദ്ധതിയുടെ താഴേത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും കാട്ടുന്ന സമര്‍പ്പണ മനോഭാവത്തെ സര്‍ക്കാര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ സേവനത്തെ സ്ഥിരം സേവനമായി അംഗീകരിച്ചിട്ടില്ല. സംയോജിത ശിശുവികസന പദ്ധതി ആവശ്യമായ ഫണ്ടില്ലാത്ത പദ്ധതിയായി തുടരുകയാണ്. അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും "സാമൂഹ്യപ്രവര്‍ത്തകര്‍" എന്നാണ് സര്‍ക്കാര്‍ വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവിസമ്പത്തായ കുഞ്ഞുങ്ങളുടെ വികാസത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന 27 ലക്ഷത്തോളം വരുന്ന ഇവര്‍ക്ക് മിനിമം വേതനമില്ല; സാമൂഹ്യസുരക്ഷാ സംവിധാനങ്ങളില്ല.

1975 മുതല്‍ ഐസിഡിഎസ് പദ്ധതി വ്യാപിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഫണ്ട്, ജീവനക്കാര്‍, പശ്ചാത്തലസൗകര്യം എന്നിവ അനുവദിക്കുന്നില്ല. പകുതി അങ്കണവാടി കേന്ദ്രങ്ങള്‍ക്കും ഉറപ്പുള്ള കെട്ടിടമില്ല; കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സ്ഥലമോ കുടിവെള്ളമോ ടോയ്ലെറ്റ് സൗകര്യമോ ഇല്ല. ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ലോകബാങ്ക് നിര്‍ദേശപ്രകാരം "സാമൂഹ്യപങ്കാളിത്തം" എന്ന പേരില്‍ സന്നദ്ധസംഘടനകള്‍, കോര്‍പറേറ്റ് മേഖല, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് ചുമതല കൈമാറി പദ്ധതി പുനഃസംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ക്യാഷ് ട്രാന്‍സ്ഫര്‍ നടപ്പാക്കുന്ന കാര്യവും ഗൗരവമായി ആലോചിക്കുന്നു. മറ്റൊരു പ്രധാന ക്ഷേമപദ്ധതിയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണവിതരണ പരിപാടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് അഭിമാനിക്കുന്നത്. 12.65 ലക്ഷം സ്കൂളുകള്‍/ഇജിഎസ് കേന്ദ്രങ്ങള്‍ വഴി 12 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും അതുവഴി വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ഇത്. പക്ഷേ, ഒരു കുട്ടിക്കുള്ള ഭക്ഷണച്ചെലവായി സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ തുകയാണ്. ഈ പരിപാടിയില്‍ പാചകം ചെയ്യുന്നവരും സഹായികളുമായി 26 ലക്ഷം പേര്‍ പണിയെടുക്കുന്നു. പക്ഷേ, അവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. 2009 വരെ അവര്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കിയിരുന്നില്ല. ഒരു കുട്ടിക്ക് പാചകച്ചെലവിനത്തില്‍ നല്‍കിയിരുന്ന 40 പൈസയില്‍ നിന്നാണ് ഇവരുടെ പ്രതിഫലം നല്‍കിയിരുന്നത്. 2009 മുതല്‍ 1000 രൂപ പ്രതിഫലം നിശ്ചയിച്ചു. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളിലും ഇതു നല്‍കാറില്ല. പല സംസ്ഥാനങ്ങളിലും ഈ 1000 രൂപ പാചകം ചെയ്യുന്ന ആളിനും സഹായിക്കുമായി വിഭജിക്കുന്നു. വര്‍ഷത്തില്‍ 10 മാസം മാത്രമേ ഈ പ്രതിഫലം നല്‍കാറുള്ളൂ. ഇവര്‍ക്ക് അവധി, ക്ഷേമ പദ്ധതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യമൊന്നുമില്ല. ഇപ്പോള്‍ ഈ പദ്ധതി ഇസ്കോണ്‍, നന്ദി ഫൗണ്ടേഷന്‍ തുടങ്ങിയ കോര്‍പറേറ്റ് സന്നദ്ധ സംഘടനകള്‍ക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 2005ല്‍ ആരംഭിച്ച ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) ആണ് മറ്റൊരു അഭിമാന പദ്ധതി. ഗ്രാമീണമേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യസേവനം ലഭിക്കാത്തതു മൂലം പ്രസവത്തില്‍ സംഭവിക്കുന്ന മരണം കുറയ്ക്കാനും പ്രസവം ആശുപത്രികളില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരംഭിച്ചതാണ് പദ്ധതി.

2012ല്‍ അവസാനിക്കേണ്ട ഈ പദ്ധതിയുടെ കാലാവധി നീട്ടുകയും നഗരമേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഈ പദ്ധതിയില്‍ ഇപ്പോള്‍ എട്ടര ലക്ഷം അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ (ആഷ) ജോലിചെയ്യുന്നു. ഈ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയശേഷം ചുമതലകളുടെ വലിയൊരു ചുമടുതന്നെ നല്‍കുന്നു. പദ്ധതി ആരംഭിച്ചശേഷം ആഷമാരുടെ സേവനം മൂലം പ്രസവവുമായി ബന്ധപ്പെട്ട മരണം വന്‍തോതില്‍ കുറഞ്ഞു. പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇവര്‍ക്കും വേതനമില്ല; ആശുപത്രികളില്‍ എത്തിക്കുന്ന ഗര്‍ഭിണിമാരുടെ എണ്ണം, ഇവര്‍ മുഖേന നടത്തിയിട്ടുള്ള പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം എന്നിവ കണക്കാക്കിയുള്ള നാമമാത്ര പ്രതിഫലം മാത്രം. അവര്‍ക്കും മറ്റ് ആനുകൂല്യമൊന്നുമില്ല. ആഷ വര്‍ക്കര്‍മാരുടെ സേവനംമൂലമുണ്ടായ അവബോധം മൂലം രാജ്യത്തെമ്പാടും പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നത് വര്‍ധിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു പകരം പുതിയ "സാമൂഹ്യപ്രവര്‍ത്തക"രെ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കയാണ്. "യശോദ" എന്ന പേരില്‍ ആശുപത്രികളില്‍ നിയമിക്കുന്ന ഈ സാമൂഹ്യസേവകര്‍ ഷിഫ്റ്റില്ലാതെ രാപ്പകല്‍ ജോലിചെയ്യണം. മരുന്ന് എടുത്തുകൊടുക്കല്‍ ഒഴികെ നേഴ്സുമാര്‍ ചെയ്യുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യണം. സന്നദ്ധസേവകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇവര്‍ക്ക് നല്‍കുന്നത് പ്രതിമാസം 3000 രൂപ മാത്രം. പ്രതിഷേധിക്കാതിരിക്കാന്‍ ഇവരില്‍ 20 ശതമാനത്തെ മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റിക്കൊണ്ടിരിക്കും.

വിദ്യാഭ്യാസരംഗത്ത് നിരവധി പദ്ധതിയുണ്ട്. ജില്ലാ പ്രാഥമിക വിദ്യാഭ്യാസപരിപാടി, കസ്തൂര്‍ബാഗാന്ധി ബാലിക വിദ്യാലയ പദ്ധതി, പ്രാഥമികതലത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ വിദ്യാഭ്യാസപരിപാടി, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയവ. ഇവയ്ക്ക് കെട്ടിടം അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നെങ്കിലും ആവശ്യമുള്ള അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. 2010-11ലെ കണക്കനുസരിച്ച് രാജ്യത്താകെ 9,07,951 അധ്യാപക ഒഴിവുണ്ട്. പകുതിയോളം പ്രാഥമിക വിദ്യാലയങ്ങളിലും മൂന്നിലൊന്ന് അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളിലും അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 എന്നതില്‍ കൂടുതലാണ്. ആവശ്യമുള്ള അധ്യാപകരെ നിയമിക്കുന്നതിനു പകരം പാരാ ടീച്ചേഴ്സ്, ശിക്ഷാകര്‍മി, ശിക്ഷാമിത്ര്, വിദ്യാ വളന്റിയര്‍, ശിക്ഷാ സഹായക് എന്നീ പേരുകളില്‍ ആളുകളെ നിയോഗിക്കുകയാണ്. ഇവര്‍ക്ക് നിശ്ചിത തുക പ്രതിഫലമല്ലാതെ മറ്റൊരു ആനുകൂല്യവുമില്ല.

കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണന പരിഗണിക്കാതെ രാജ്യത്തിന്റെ മനുഷ്യവികസന സൂചിക ഉയര്‍ത്തുന്നതിന് സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ് ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍. അങ്കണവാടികളുള്ള മേഖലകളില്‍ പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് ഗുരുതരമായ പോഷകാഹാരക്കുറവ് ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റു സാമൂഹ്യക്ഷേമപദ്ധതികള്‍ മൂലവും ഇത്തരത്തിലുള്ള നേട്ടങ്ങള്‍ അതത് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങളെ പ്രധാനമന്ത്രിയടക്കം പാടിപ്പുകഴ്ത്തുന്നുവെങ്കിലും ഈ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാരവും ജീവിക്കാനാവശ്യമായ വേതനവും ആനുകൂല്യങ്ങളും മാന്യമായ തൊഴിലന്തരീക്ഷവും നിഷേധിക്കുകയാണ്.

അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികള്‍, ആഷ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ പല കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലായി ലക്ഷക്കണക്കിനു പേര്‍ പണിയെടുക്കുന്നു. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷനു കീഴില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കാനും ബാങ്കുകളുമായി അവരെ ബന്ധപ്പെടുത്താനും അക്കൗണ്ടുകള്‍ സൂക്ഷിക്കാനും മറ്റുമായി ലക്ഷക്കണക്കിന് സ്ത്രീകള്‍ ജോലിയെടുക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) മൂന്നു ലക്ഷം സ്ത്രീകളെ കൃഷക് സാഥി, റൈതു മിത്ര എന്നീ പേരുകളില്‍ ജോലി ചെയ്യിക്കുന്നു. ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ അഞ്ചുലക്ഷം സ്ത്രീകള്‍ ജോലിചെയ്യുന്നു. രാജീവ്ഗാന്ധി നാഷണല്‍ ക്രഷെ സ്കീമില്‍ 63,000 സ്ത്രീകള്‍ പണിയെടുക്കുന്നു. പാചകം, ഭക്ഷണം കൊടുക്കല്‍, രോഗികളെയും കുട്ടികളെയും പരിചരിക്കല്‍ എന്നിവ സ്ത്രീകളുടെ ജോലിയാണെന്ന ധാരണയാണ് കേന്ദ്രസര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്. സ്ത്രീകളുടെ ഈ സേവനമനോഭാവത്തെ കൂലി നല്‍കാതെ ഉപയോഗപ്പെടുത്തുകയാണ്. സമൂഹത്തിനു നല്‍കുന്ന സേവനമെന്ന പേരിട്ട് തുച്ഛമായ പ്രതിഫലം മാത്രമാണ് നല്‍കുന്നത്. മാതൃകാ തൊഴില്‍ദായകനായി വര്‍ത്തിക്കേണ്ട സര്‍ക്കാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ സ്വകാര്യ തൊഴില്‍ദായകരോട് മത്സരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഈ തൊഴിലാളികളെ സംഘടിപ്പിച്ച് സിഐടിയു അതിശക്തമായ സമരങ്ങള്‍ നടത്തുകയാണ്. ദേശീയതലത്തില്‍ സിഐടിയു നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ്, മിഡ് ഡെ മീല്‍ വര്‍ക്കേഴ്സ്, ആഷ എന്നിവയുടെ ഏകോപനസമിതി എന്നിവ ശക്തമായ സമരങ്ങള്‍ നടത്തുകയും ചെറിയ ചില നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. എന്നാല്‍, അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബാക്കിയാണ്.

സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനീക്കം കാരണം ഈ തൊഴില്‍ തന്നെ അപകടത്തിലാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുകയും ക്ഷേമപദ്ധതികളിലൂടെ ലഭിക്കുന്ന പരിമിതമായ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം. ക്ഷേമപദ്ധതികളുടെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും തൊഴിലാളികളെ അതിക്രൂരമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് സിഐടിയു നേതൃത്വത്തില്‍ നവംബര്‍ 26നും 27നും ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ വിശാല ധര്‍ണ (മഹാപടാവ്) നടത്തുന്നത്. തൊഴിലാളികളായി അംഗീകാരം നല്‍കുക, ഓണറേറിയം, ഇന്‍സെന്റീവ് എന്നിവയ്ക്ക് പകരം വേതനം നല്‍കുക, സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, 10,000 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഇതില്‍ പങ്കെടുക്കും.

*****

എ കെ പത്മനാഭന്‍

Sunday, November 11, 2012

സോഷ്യലിസത്തിനു വേണ്ടിയുള്ള സമരം

മാനവരാശിയ്ക്ക് വമ്പിച്ച മാറ്റങ്ങള്‍ വരുത്തിവെയ്ക്കുന്നതിന് വഴിപാകിയ മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ 95-ാമത് വാര്‍ഷികദിനമാണ് നവംബര്‍ 7. ലോകത്തെ "പിടിച്ചു കുലുക്കിയ" ഈ മഹത്തായ വിപ്ലവത്തിന്റെ സ്വാധീനം കാരണം, ഐതിഹാസികമായ പരിവര്‍ത്തനങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിയ്ക്കുകയുണ്ടായി. സാറിസ്റ്റ് വാഴ്ചയ്ക്കെതിരായുള്ള വിപ്ലവ സമരങ്ങളില്‍ വിജയം കൈവരിച്ച അധ്വാനിക്കുന്ന ജനങ്ങള്‍, അധ്വാനത്തിന്റെ ഫലം അധ്വാനിക്കുന്നവര്‍ക്കെല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു പുതിയ സമൂഹത്തിന് രൂപം നല്‍കി. ഈ പുതിയ രാഷ്ട്രത്തിന്റെ കഥ കഴിക്കുന്നതിനുവേണ്ടി എല്ലാ തരത്തിലുള്ള പിന്‍തിരിപ്പന്‍ ശക്തികളും ഒത്തൊരുമിച്ചു കൂടി, അവര്‍ നടത്തിയ ശ്രമങ്ങളെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.

തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഈ ശ്രമങ്ങള്‍, രണ്ടാം ലോക മഹായുദ്ധത്തെ ഒരു അവസരമായി കണ്ടു. സോവിയറ്റ് യൂണിയനിലെ തൊഴിലാളികളും കൃഷിക്കാരും സായുധ സേനാംഗങ്ങളും അടക്കം ദശലക്ഷക്കണക്കിന് ധീരദേശാഭിമാനികള്‍, നാസി ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തിക്കൊണ്ട്, തങ്ങളുടെ മാതൃഭൂമിയേയും മാനവരാശിയെ ആകെത്തന്നെയും സംരക്ഷിക്കുന്നതിനായി ധീരതയുടെയും സഹനത്തിന്റെയും ത്യാഗങ്ങളുടെയും പുതിയ അധ്യായങ്ങള്‍ വിരചിച്ചു. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ കിഴക്കന്‍ യൂറോപ്യന്‍ ബ്ലോക്കിന്റെ ആവിര്‍ഭാവത്തിനും മഹത്തായ ചൈനീസ് വിപ്ലവത്തിനും കോളണിവാഴ്ചയുടെ അവസാനത്തിന്റെ ആരംഭത്തിനും ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍, തങ്ങളുടെ അടിത്തറ കൂടുതല്‍ വികസിപ്പിയ്ക്കുകയും ധീരോദാത്തമായ നിരവധി സമരങ്ങള്‍ നയിയ്ക്കുകയും സാമ്രാജ്യത്വ - മൂലധനശക്തികളെ വെല്ലുവിളിക്കുന്നതിനുള്ള അടിത്തറയായിത്തീരുകയും ചെയ്തു.
വിവിധ മേഖലകളില്‍ സോവിയറ്റ് യൂണിയന്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ച് ഇവിടെ വിശദമായി ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ "കമ്യൂണിസത്തിന്റെ മുന്നേറ്റ"ത്തെ തടയുന്നതിനുവേണ്ടി തങ്ങളുടെ രാജ്യങ്ങളില്‍ തൊഴിലില്ലായ്മാ വേതനം, ആരോഗ്യ പരിരക്ഷാപദ്ധതികള്‍, പെന്‍ഷന്‍ ആനുകൂല്യം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് മുതലാളിത്ത ലോകത്തെ നിര്‍ബന്ധിതമാക്കിയത് സോവിയറ്റ് യൂണിയന്‍ കൈവരിച്ച പുരോഗതിയാണ് എന്ന കാര്യം അനിഷേധ്യമാണ്. മുതലാളിത്തവ്യവസ്ഥ ക്ഷേമവ്യവസ്ഥയാണെന്ന് കാണിക്കുന്നതിനുവേണ്ടി ഈ ക്ഷേമനടപടികളെ അണിനിരത്തുകപോലും ചെയ്തു. എന്നാല്‍, 75 വര്‍ഷത്തിന്നുള്ളില്‍ ഈ "പ്രതീക്ഷാഗോപുര"ത്തിന് തിരിച്ചടികള്‍ ഏല്‍ക്കേണ്ടിവന്നു; സോവിയറ്റ് യൂണിയന്റെയും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ ബ്ലോക്കിന്റെയും പതനത്തിനും ലോകം സാക്ഷ്യംവഹിച്ചു. ഈ തിരിച്ചടികള്‍ക്ക് കാരണമായിത്തീര്‍ന്ന വിവിധ ഘടകങ്ങളെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല. എന്നാല്‍ സോഷ്യലിസ്റ്റ് നയങ്ങളും പരിപാടികളും നടപ്പാക്കുന്നതില്‍ സംഭവിച്ച വീഴ്ചകളായി മാത്രമേ ഈ തിരിച്ചടികളെ അഥവാ പരാജയങ്ങളെ കാണാന്‍ കഴിയൂ; സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തന്നെ പരാജയമായി കാണാന്‍ കഴിയുകയില്ല. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ള ഒരേയൊരു ബദലായി ഇപ്പോഴും സോഷ്യലിസം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഈ തിരിച്ചടികളെ തുടര്‍ന്നുള്ള കഴിഞ്ഞ 25 വര്‍ഷക്കാലം, സാമ്രാജ്യത്വശക്തികളുടെ കൂടുതല്‍ ഊര്‍ജ്ജിതമായ കടന്നാക്രമണങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും നവലിബറല്‍ മുതലാളിത്തവും മാനവരാശിയ്ക്ക് മേല്‍ ഒന്നടങ്കം അടിച്ചേല്‍പിക്കപ്പെടുന്നു. മുതലാളിത്ത ലോകം ഇന്ന് അഭിമുഖീകരിയ്ക്കുന്ന പ്രതിസന്ധി, അതിലെ ചില വിഭാഗങ്ങളുടെ "അത്യാര്‍ത്തി"യുടെ ഫലമെന്ന നിലയിലാണ് ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ മുഖം മറച്ചുവെയ്ക്കുന്നതിനുള്ള ശ്രമമാണത്. പരമാവധി ലാഭം ഉണ്ടാക്കുക എന്നതാണ് മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാനം. പരമാവധി ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി അധ്വാനിക്കുന്ന ജനങ്ങളെയും പ്രകൃതിവിഭവങ്ങളെയും കൊള്ള ചെയ്യുന്നത് കൂടുതല്‍ തീവ്രമാക്കുന്നതിനായി ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഒരു തടസ്സവുമില്ലാതെ പ്രവേശിക്കുന്നതിനാണ് മൂലധനം എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുന്നത്. അസമത്വം വര്‍ധിക്കുന്നു സോഷ്യലിസത്തിന്നെതിരായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ഉള്ള കടന്നാക്രമണം ശക്തിപ്പെടുത്താനാണ്, സോവിയറ്റ് യൂണിയനിന്റെ പതനത്തോടുകൂടിയുണ്ടായിട്ടുള്ള ശൂന്യതയെ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മുതലാളിത്തമാണ് ഒരേയൊരു വ്യവസ്ഥ എന്ന സങ്കല്‍പനം ഉയര്‍ത്തിക്കാണിക്കുന്നതിനുള്ള മുതലാളിത്ത വക്താക്കളുടെ ശ്രമങ്ങള്‍, മുതലാളിത്തത്തിന്റെ പ്രതിസന്ധിയും 2008നുശേഷമുള്ള ഇന്നത്തെ ഘട്ടവും കാരണം, കൂടുതല്‍ പ്രയാസമുള്ളതാക്കിത്തീര്‍ന്നിരിക്കുന്നു. സോവിയറ്റ് യൂണിയനിന്റെ പതനത്തെ "ചരിത്രത്തിന്റെ അന്ത്യം" എന്നു പറഞ്ഞ് ആഘോഷിച്ചവര്‍ക്ക് ഒരു വ്യവസ്ഥ എന്ന നിലയ്ക്കുള്ള മുതലാളിത്തത്തിന്റെ മേന്മയെ ഉയര്‍ത്തിപ്പിടിയ്ക്കാന്‍ ഇന്ന് കഴിയാതെ വന്നിരിക്കുന്നു. ഇന്നത്തെ അവസ്ഥയുടെ എല്ലാ വശങ്ങളിലേക്കും കടന്നുചെല്ലാന്‍ ഇവിടെ നാം ഉദ്ദേശിക്കുന്നില്ല.

മുതലാളിത്ത ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും (പ്രത്യേകിച്ചും നമ്മുടെ രാജ്യത്ത്) നാം കണ്ടുകൊണ്ടിരിക്കുന്ന, ജനങ്ങളുടെ വര്‍ധമാനമായ പാപ്പരീകരണവും അസമത്വത്തിന്റെ വളര്‍ച്ചയും, ആ വ്യവസ്ഥയുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമായും കാണിച്ചുതരുന്നുണ്ട്. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ അസമത്വം ഉണ്ടാക്കിയിട്ടുള്ള രോഷവും നിരാശയും, "ഒരുശതമാനത്തിനെതിരെ 99 ശതമാനം" എന്ന മുദ്രാവാക്യത്തില്‍ വ്യക്തമായി തെളിഞ്ഞുകാണാം. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രസ്ഥാനം ഏറെക്കാലം നിലനിന്നില്ലെങ്കില്‍ത്തന്നെയും (പലപ്പോഴും നമ്മുടെ അനുഭവം അതാണല്ലോ) മുതലാളിത്ത ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിയ്ക്കുന്ന കാര്യത്തില്‍ അത് വിജയിക്കുക തന്നെ ചെയ്തു.

ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും വന്‍ സമ്പന്നരുടെ ആസ്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും വികസനത്തിന്റെയും പുരോഗതിയുടെയും സൂചകങ്ങളായിട്ടാണ് എടുത്തു കാണിയ്ക്കപ്പെടുന്നത്. എന്നാല്‍ പോഷകാഹാരക്കുറവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മറ്റും വര്‍ദ്ധിക്കുന്നതും മറ്റ് സൂചകങ്ങളും എടുത്തു കാണിക്കുന്നത് യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണ് എന്നാണ്. വിശപ്പിനെക്കുറിച്ചുള്ള ഈയിടെ നടന്ന ഒരു സര്‍വെ എടുത്തു കാണിക്കുന്നത്, ഇന്ത്യയിലെ 17 ശതമാനം ജനങ്ങളും അതീവ പട്ടിണിക്കാരാണ് എന്നാണ്. അതായത് പ്രതിദിന - പ്രതിശീര്‍ഷ കലോറി ലഭ്യത 1600 വരെ മാത്രമുള്ളവര്‍. അതുകൊണ്ട് അവര്‍ എങ്ങനെയോ ജീവിച്ചു പോകുന്നുവെന്നു മാത്രം. 15 വയസ്സിനും 49 വയസ്സിനും ഇടയിലുള്ളവരില്‍ 34.2 ശതമാനം പ്രായപൂര്‍ത്തി വന്ന പുരുഷന്മാരും 35 ശതമാനം പ്രായപൂര്‍ത്തി വന്ന സ്ത്രീകളും ഏറെക്കുറെ പട്ടിണിക്കാരുടെ അവസ്ഥയിലാണ് ജീവിക്കുന്നത്.

ഒരുവശത്ത് ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും സംഖ്യ വര്‍ധിക്കുമ്പോള്‍ത്തന്നെ, മറുവശത്ത് മഹാഭൂരിപക്ഷം കുട്ടികളും പ്രായപൂര്‍ത്തിവന്നവരും ഏറെക്കുറെ പട്ടിണിയുടെ അവസ്ഥയില്‍ കഴിയുന്ന വൈരുധ്യം നിറഞ്ഞ പരിതഃസ്ഥിതി, മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയും ശൈലിയുമാണ്. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. എല്ലാ മുതലാളിത്ത രാഷ്ട്രങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചെലവില്‍ ഒരു പിടി നിക്ഷേപകരുടെ ലാഭം പരമാവധിയാക്കി വര്‍ദ്ധിപ്പിക്കുക എന്ന നയത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സമൂഹമായതുകൊണ്ട്, ഒരു മുതലാളിത്ത രാജ്യത്തിനും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിയുകയില്ല.

ലോക കാര്യങ്ങള്‍ സ്വന്തം നിയന്ത്രണത്തിന്‍കീഴില്‍ നിര്‍ത്തുന്നതിനായി അമേരിക്കയും മറ്റ് സാമ്രാജ്യത്വശക്തികളും നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങളെ, വെല്ലുവിളിയ്ക്കാന്‍ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ ശക്തിക്ക് കഴിഞ്ഞിരുന്നു. സോവിയറ്റ് യൂണിയന്റെ ഈ ശ്രമങ്ങളാണ്, യുദ്ധത്തിനെതിരായും സമാധാനത്തിനുവേണ്ടിയും ഉള്ള സമരങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹായകമായിത്തീര്‍ന്നത്. അമേരിക്കയുടെ സൈനിക ഇടപെടലുകളെ ഫലപ്രദമായി വെല്ലുവിളിക്കുന്നതിനും നിരവധി രാജ്യങ്ങളിലെ വിമോചന സമരങ്ങള്‍ക്ക് സഹായഹസ്തം നീട്ടിക്കൊടുക്കുന്നതിനും കഴിഞ്ഞു. ഇന്ന് ലോകമൊട്ടുക്കും തങ്ങളുടെ ആധിപത്യ ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കഴിയുന്നു. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സൈനികമായും ലോകത്തിനുമേല്‍ മേധാവിത്വം സ്ഥാപിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍, ഏറെക്കുറെ എതിര്‍പ്പില്ലാതെ ഇന്നു നടന്നുകൊണ്ടിരിക്കുകയാണ്.

ലാറ്റിന്‍ അമേരിക്കയിലെ സംഭവവികാസങ്ങള്‍ ഇത്തരമൊരു പരിതഃസ്ഥിതിയില്‍പോലും ലാറ്റിന്‍ അമേരിക്കയിലെ സംഭവവികാസങ്ങള്‍ ആശാവഹമാണ്. ഈ മേഖലയിലെ രാജ്യങ്ങളെ ഇതുവരെ അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങളുടെ പിന്നാമ്പുറമായിട്ടാണ് പരിഗണിച്ചുവന്നിരുന്നത്. ആ രാജ്യങ്ങളിലെ സ്വേച്ഛാധിപതികള്‍ക്കും തങ്ങളുടെ കങ്കാണിമാര്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വം സര്‍വവിധ പിന്തുണയും നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ആ രാജ്യങ്ങള്‍ ഇപ്പോള്‍ തങ്ങളുടെമേലുള്ള ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ്, ജനാധിപത്യവ്യവസ്ഥ സ്ഥാപിച്ചിരിക്കുന്നു. ഈ യുവ ജനാധിപത്യ രാഷ്ട്രങ്ങളില്‍ പലതും ക്യൂബയുമായി ചേര്‍ന്ന്, അമേരിക്കന്‍ മേധാവിത്വത്തെ വെല്ലുവിളിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു; "ബൊളീവേറിയന്‍ സോഷ്യലിസം", അഥവാ "ബൊളീവേറിയന്‍ ബദല്‍" എന്ന് അവര്‍ പേരിട്ടിരിക്കുന്ന ബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ, നാം ഇതിനകം നിക്കരാഗ്വയിലും വെനസ്വേലയിലും കണ്ടപോലെ, ഈ ഗവണ്‍മന്റെുകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള ഭീഷണിയ്ക്കു കീഴിലാണുതാനും. ലാറ്റിന്‍ അമേരിക്കയിലെ സംഭവവികാസങ്ങള്‍ സാമ്രാജ്യത്വശക്തികള്‍ക്കുള്ള തിരിച്ചടിയാണ്; അതേ അവസരത്തില്‍ത്തന്നെ, സാര്‍വദേശീയ മണ്ഡലത്തില്‍ അത് സ്വാഗതാര്‍ഹമായ ഒരു സംഭവവികാസവുമാണ്. ഏകധ്രുവത സൃഷ്ടിക്കുന്നതിനുള്ള സാമ്രാജ്യത്വയത്നങ്ങള്‍ക്കെതിരായ സമരത്തില്‍, ഷാങ്ഹായ് സഹകരണം, ബ്രിക്സ് (BRICS) തുടങ്ങിയ മേഖലാ ബ്ലോക്കുകളുടെ രൂപീകരണവും ശാക്തീകരണവും രചനാത്മകമായ സംഭവവികാസങ്ങളാണ്; ബഹുധ്രുവതയ്ക്ക് ശക്തി കൂട്ടാന്‍ അതിനു കഴിയും.

ഒക്ടോബര്‍ വിപ്ലവത്തിന്റെ പാഠങ്ങള്‍

സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ സന്ദര്‍ഭത്തില്‍ ആഘോഷം നടത്തിയവര്‍പോലും, ഇന്നിപ്പോള്‍ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഒരു ബദല്‍ ഉയര്‍ന്നുവരാത്തതിനെച്ചൊല്ലി പരിതപിക്കുന്നതായി കാണാം. ഒക്ടോബര്‍ വിപ്ലവത്തിന്റെ പാഠങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നത് ഇവിടെയാണ്. അധ്വാനിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതിനോ മുതലാളിത്തത്തിന് ഒരിയ്ക്കലും കഴിയുകയില്ല. നമ്മുടെ ദൈനംദിന ആവശ്യങ്ങളും പ്രശ്നങ്ങളും ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍, മൗലികമായ വസ്തുത നാമൊരിക്കലും വിസ്മരിക്കരുത്. മാനവരാശിയുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്. ഈ സമരങ്ങള്‍, വര്‍ഗാടിസ്ഥാനത്തില്‍ അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യം വളര്‍ത്തിക്കൊണ്ടുവരണം. വര്‍ഗാടിസ്ഥാനത്തില്‍ ലക്ഷ്യബോധമുള്ള ഐക്യതൊഴിലാളിവര്‍ഗത്തിനു മാത്രമേ, അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയൂ.

ചൂഷണരഹിതമായ ഇന്ത്യ എന്ന നമ്മുടെ ആത്യന്തിക ലക്ഷ്യവുമായി ശരിയായ വിധത്തില്‍ ബന്ധിപ്പിയ്ക്കപ്പെട്ടവയായിരിയ്ക്കണം ഈ യോജിച്ച സമരങ്ങള്‍. 1970ലെ സ്ഥാപക സമ്മേളനത്തില്‍വെച്ച് അംഗീകരിച്ച ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള സിഐടിയുവിന്റെ ലക്ഷ്യം ഇതാണ്: അതില്‍ ഇങ്ങനെ പ്രഖ്യാപിച്ചിരിക്കുന്നു: "എല്ലാ ഉല്‍പാദന - വിതരണ - വിനിമയ ഉപാധികളും സാമൂഹ്യവല്‍ക്കരിക്കുകയും ഒരു സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ തൊഴിലാളിവര്‍ഗത്തിനുമേലുള്ള ചൂഷണം അവസാനിപ്പിയ്ക്കാന്‍ കഴിയൂ എന്ന് സിഐടിയു വിശ്വസിക്കുന്നു. സോഷ്യലിസത്തിന്റെ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട്, സമൂഹത്തെ എല്ലാ ചൂഷണങ്ങളില്‍നിന്നും പൂര്‍ണമായും വിമോചിപ്പിക്കുന്നതിനുവേണ്ടിയാണ് സിഐടിയു നിലകൊള്ളുന്നത്". അതിനാല്‍ ഈ സമരം സോഷ്യലിസത്തിനുവേണ്ടിയുള്ളതാണ്. നമുക്ക് നമ്മുടെ ലക്ഷ്യത്തിലേക്ക് മുന്നേറാം.

*****

എ കെ പത്മനാഭന്‍