Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

Saturday, May 10, 2014

അമ്മ; സ്നേഹവും സാന്ത്വനവും

അറിയുമോ ഈ അമ്മയെ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍നിന്നു തുടങ്ങട്ടെ. വനിതാ സെല്‍ ഉദ്യോഗസ്ഥര്‍ വൃദ്ധസദനത്തിലാക്കിയ ഈ അമ്മയ്ക്ക് മക്കളും കുടുംബവുമുണ്ട്. എന്നിട്ടും ഇവര്‍ ബസ്സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ടു. വീട്ടമ്മയെ നടുറോഡില്‍ കൊലപ്പെടുത്തി, അമ്മൂമ്മയെയും കൊച്ചുമകളെയും വെട്ടിക്കൊന്നു, വൃദ്ധമാതാവിനെ പീഡിപ്പിച്ചു എന്നിങ്ങനെ പോകുന്നു വാര്‍ത്തകള്‍. ഇന്ന് ലോകം മാതൃദിനം ആചരിക്കുകയാണ്. സ്നേഹവാത്സ്യങ്ങള്‍കൊണ്ട് ആര്‍ദ്രമായ അമ്മമാര്‍ക്കുവേണ്ടി ലോകം പ്രാര്‍ഥിക്കുമ്പോഴും നമ്മുടെ ദിനങ്ങള്‍ അമ്മമാര്‍ അനുഭവിക്കുന്ന പീഡനവാര്‍ത്തകളുമായി ഉണരുന്നു.

അമ്മ മനുഷ്യചേതനയെ പ്രപഞ്ച യാഥാര്‍ഥ്യവുമായി ബന്ധിപ്പിക്കുന്ന മഹോന്നത ശക്തിയാണ്. അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. അമ്മിഞ്ഞപ്പാല് നല്‍കി പിച്ചവച്ച് നടത്തിച്ച് താരാട്ടുപാടി ഉറക്കിയ മാതാക്കളോട് മക്കളുടെ സമീപനം വെറുക്കപ്പെട്ട രീതിയിലാകരുത്. പത്രപംക്തികള്‍ അമ്മമാരുടെ കണ്ണീരുകൊണ്ട് നനയരുത്.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി കൊണ്ടാടുന്നത്. അമ്മമാരുടെ പ്രസക്തി തിരിച്ചറിയുകയും കുടുംബത്തിലും സമൂഹത്തിലും അവര്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് ദിനാചരണത്തിന്റെ ഉദ്ദേശ്യം. ആദ്യമായി മാതൃദിനം ആചരിച്ചത് ഗ്രീസിലത്രേ. ഇംഗ്ലണ്ടിലും "മദറിങ് സണ്‍ഡേ"കള്‍ ആചരിച്ചിരുന്നു. അക്കാലത്ത് വീടുവിട്ട് വിദൂരങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഞായറാഴ്ചകളില്‍ അമ്മമാരെ കാണാന്‍ അവധി അനുവദിച്ചിരുന്നു. അന്ന് തൊഴിലാളികള്‍ ആഹ്ലാദത്തോടെ വീട്ടിലെത്തുകയും അമ്മയുടെ സ്നേഹവാത്സ്യങ്ങള്‍ നുകരുകയുംചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യാനുള്ള ആത്മബലം മാതൃസാന്നിധ്യം പകര്‍ന്നുതരുമെന്നാണ് വിശ്വസിച്ചിരുന്നത്.

മഹാന്മാരുടെ ജീവിതത്തിലെല്ലാം അമ്മ ശക്തിയും ചൈതന്യവുമായി നിലകൊണ്ടിരുന്നു. ഗോര്‍ക്കിയുടെ പ്രസിദ്ധമായ നോവലിന്റെ പേരുതന്നെ "അമ്മ" എന്നാണ്. നാടിനുവേണ്ടി ഒളിപ്രവര്‍ത്തനം നടത്തുന്ന മകനെ അമ്മ അഭിമാനത്തോടെ ആശ്ലേഷിക്കുന്നു. മകന്റെ പ്രസംഗമടങ്ങിയ ലഘുലേഖ ജനങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുന്നു. ചാരന്മാരുടെ അടിയേറ്റ് മറിഞ്ഞുവീഴുമ്പോഴും അമ്മ ഉറക്കെ വിളിച്ചുപറഞ്ഞത്- നാട്ടുകാരേ, മുഴുവന്‍ ശക്തിയും സംഭരിച്ച് ഒറ്റക്കെട്ടായി നില്‍ക്കുക എന്നാണ്. ഗാന്ധിയുടെയും എബ്രഹാം ലിങ്കന്റെയും ജീവിതത്തിലും മാതൃഭാവം തുടിച്ചുനിന്നു. എ കെ ജിക്കും ഇ എം എസിനും അമ്മയുടെ സ്നേഹം ഉണര്‍വും ഉത്സാഹവും പകര്‍ന്നിരുന്നു. അമ്മയാണ് രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതെന്ന് എ കെ ജി എഴുതി. എ കെ ജി ജയിലിലായപ്പോള്‍ മകന്റെ വിവരം അറിയാന്‍ അമ്മ പതിവായി പത്രം വായിച്ചു. അമ്മയുടെ ഏറ്റവും വലിയ രാഷ്ട്രീയം സ്നേഹമാണെന്നും എ കെ ജി എഴുതുന്നു.

വിഷ്ണുദത്ത അന്തര്‍ജനത്തിന്റെ നാലാമത്തെ പുത്രനാണ് ഇ എം എസ്. മകന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്ന ഘട്ടമെത്തിയപ്പോള്‍ ആ അമ്മ മൂകയായി കരഞ്ഞുതീര്‍ക്കുകയായിരുന്നു. ജയിലില്‍ പോകുന്നതിനേക്കാള്‍ ആ അമ്മയെ ഭയപ്പെടുത്തിയത് പൊലീസിന്റെ തല്ലുകൊള്ളുമെന്ന ചിന്തയാണ്. നമ്മുടെ ഇതിഹാസപുരാണങ്ങളിലും മാതൃഭാവത്തിന് സുപ്രധാന സ്ഥാനമുണ്ട്. കൈകേയിയും കൗസല്യയും സീതയും ഗാന്ധാരിയും മറ്റും മാതൃഭാവത്തിന്റെ മൂര്‍ത്തീകരണങ്ങളാണ്. മഹാഭാരതത്തില്‍ ഖാണ്ഡവ വനത്തിന് തീപിടിച്ചപ്പോള്‍ ജരിത എന്ന അമ്മപ്പക്ഷി നാലു മക്കളെയുംകൊണ്ട് കാട്ടുതീയില്‍ വെന്തുമരിക്കാന്‍ തീരുമാനിക്കുന്ന കഥയുണ്ട്. അമ്മയും മക്കളും തമ്മില്‍ ഉദാത്ത ഭാവത്തിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. കഥാകൃത്ത് ടി പത്മനാഭന്റെ ജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അമ്മ ജീവിതത്തിലും സാഹിത്യത്തിലും നന്മയുടെ തൂവല്‍സ്പര്‍ശമായി ആശ്വാസം പകര്‍ന്നു എന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങളിലും അമ്മമാരുടെ സജീവസാന്നിധ്യമുണ്ട്. ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ച നേതാക്കളെ അമ്മമാര്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. ഉറക്കംകെടുത്തിയ പൊലീസിന്റെയും ഗുണ്ടകളുടെയും ഭീഷണി അവഗണിച്ചും പ്രസ്ഥാനത്തെ പാലൂട്ടിയ അമ്മമാരുടെ കഥകളുണ്ട്.

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നതാണ് ഏറ്റവും ചിന്തിപ്പിക്കുന്ന കാര്യം. കര്‍മപഥത്തിലെ കരുത്തായി മക്കള്‍ വളര്‍ന്നുവരണമെന്നാണ് അമ്മമാരെല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള അമ്മമാര്‍ ബസ് സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കപ്പെടുന്നവരാകരുത്. അടുക്കളയില്‍ പുകഞ്ഞുതീരേണ്ടതല്ല അമ്മമാരുടെ ചൈതന്യമെന്ന് പുതുതലമുറ തിരിച്ചറിയണം.

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

Saturday, April 19, 2014

കൊല്ലാനാകാത്ത ചിത്രങ്ങള്‍

ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം എന്ന വാചകം അന്വര്‍ഥമാക്കുന്നതാണ് അന്‍യ നീദ്രിങോസ്(Anja Niedringhaus) പകര്‍ത്തിയ ലോകം. ഇങ്ങനെയൊരു ജര്‍മന്‍ ഫോട്ടോഗ്രാഫറെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്കുപോലും അവരുടെ ചിത്രങ്ങള്‍ പരിചിതമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒരു "പൊലീസ് ഭീകരന്റെ" വെടിയേറ്റ് നാല്‍പ്പത്തെട്ടുകാരിയായ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടതറിഞ്ഞ് ഇന്റര്‍നെറ്റില്‍ പരതിയവര്‍ ആ ചിത്രങ്ങള്‍ കണ്ട് തരിച്ചിരുന്നു. അന്‍യ എന്തുകൊണ്ടാണ് കൊല്ലപ്പെട്ടതെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഓരോ ചിത്രവും.

യുദ്ധങ്ങളുടെ ചിത്രീകരണമായിരുന്നു അന്‍യയുടെ ജീവിതം. യുദ്ധങ്ങളുടെ നിരര്‍ഥകതയും നിര്‍ദാക്ഷിണ്യമുഖവും അവര്‍ പകര്‍ത്തിവച്ചു. അധിനിവേശങ്ങളുടെയും സംഘര്‍ഷങ്ങളുടെയും യഥാര്‍ഥ മുഖം അടയാളപ്പെടുത്താന്‍ ചരിത്രം സൃഷ്ടിച്ച ഏറ്റവും നല്ല സാക്ഷിയായിരുന്നു അന്‍യയുടെ ക്യാമറ ലെന്‍സെന്നാണ് ട്വിറ്ററില്‍ ഒരു ആരാധകന്‍ കുറിച്ചത്. പരാജയപ്പെട്ട മനുഷ്യത്വത്തിന്റെ ദൃഷ്ടാന്തംകൂടിയായിരുന്നു അന്‍യയുടെ മാസ്മരികമായ ഷോട്ടുകള്‍. യുദ്ധത്തിന്റെ ഭീകരതയും വേദനയും ദുരന്തമുഖങ്ങളില്‍നിന്ന് അവര്‍ ഒപ്പിയെടുത്തു.
1990കളില്‍ ബാള്‍ക്കനില്‍ തുറന്ന ആ ക്യാമറക്കണ്ണുകള്‍ പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സഞ്ചരിച്ചു. പാശ്ചാത്യലോകത്തിന്റെ യുദ്ധവെറി, അഭയാര്‍ഥികളാക്കപ്പെടുന്ന ജനതയുടെ ദൈന്യത, സയണിസ്റ്റ് ക്രൂരതയുടെ പിടയുന്ന ശേഷിപ്പുകള്‍... അങ്ങനെ അന്‍യയുടെ ക്യാമറ കണ്ടതും പകര്‍ത്തിയതുമൊക്കെയും ലോകത്തിന് തിരിച്ചറിവ് പകരുന്നതായി. തീ തുപ്പാന്‍ വിമാനങ്ങള്‍ ആകാശത്തിലെത്തുമ്പോള്‍ അഭയമില്ലാതെ ഓടുന്ന ഗാസയിലെ ബാല്യങ്ങളുടെ മുഖം ലോകത്തോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. യുദ്ധവിരുദ്ധ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി അന്‍യ നീദ്രിങോസ് ഒരു പുസ്തകംതന്നെ പുറത്തിറക്കി. 1965 ഒക്ടോബര്‍ 12ന് നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ ഹോക്സ്റ്ററിലായിരുന്നു അന്‍യയുടെ ജനനം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പതിനേഴാം വയസ്സില്‍ത്തന്നെ അവള്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി.
1989ല്‍ ജര്‍മന്‍ മതിലിന്റെ തകര്‍ച്ച ഒരു ജര്‍മന്‍ പത്രത്തിനുവേണ്ടി കവര്‍ചെയ്തതാണ് പ്രൊഫഷണല്‍ ജീവിതത്തില്‍ വഴിത്തിരിവായത്. 1990ല്‍ അന്‍യ ഫ്രാങ്ക്ഫര്‍ട്ടില്‍ യൂറോപ്യന്‍ പ്രസ്ഫോട്ടോ ഏജന്‍സിയുടെ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലിയില്‍ ചേര്‍ന്നു. കരിയറിന്റെ ആദ്യ ദശകം മുഴുവന്‍ മുന്‍ യൂഗോസ്ലാവ്യയിലെ യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കുമിടയിലായിരുന്നു അന്‍യയുടെ ക്യാമറക്കണ്ണുകള്‍ മിന്നിയത്. 2001ല്‍ അമേരിക്കയെ നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ "തുടര്‍ചലനങ്ങള്‍" ന്യൂയോര്‍ക്ക് നഗരത്തിന്റെ മുക്കിലും മൂലയിലുംനിന്ന് ഒപ്പിയെടുത്ത അന്‍യ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയി. ഭരണത്തില്‍നിനിന്ന് താലിബാന്റെ പതനത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവര്‍ ലോകത്തിനു നല്‍കി. 2002ലാണ് അന്‍യ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസില്‍ ചേര്‍ന്നത്. എപിക്കുവേണ്ടി ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഗാസ, ഇസ്രയേല്‍, കുവൈത്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നെല്ലാം ജീവിതദൃശ്യങ്ങള്‍ പകര്‍ത്തി. വര്‍ഷങ്ങളായി അഫ്ഗാനിലെ സ്ഥിതിഗതികള്‍ ലോകത്തെ അറിയിക്കുകയായിരുന്നു അന്‍യ.

ഇറാഖ് അധിനിവേശത്തിന്റെ കവറേജിന് 2005ല്‍ ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫിക്ക് വിഖ്യാതമായ പുലിറ്റ്സര്‍ സമ്മാനം നേടിയ പതിനൊന്നംഗ എപി സംഘത്തിലെ ഏക പെണ്‍തരിയായിരുന്നു അന്‍യ. അതേവര്‍ഷംതന്നെ ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷന്റെ "കറേജ് ഇന്‍ ജേര്‍ണലിസം" പുരസ്കാരവും അവര്‍ സ്വന്തമാക്കി. 2007ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല നീമാന്‍ ഫെലോഷിപ് നല്‍കി. 1938ല്‍ സ്ഥാപിതമായ നീമാന്‍ ഫെലോഷിപ് മാധ്യമപ്രവര്‍ത്തകരുടെ കരിയറിന്റെ മധ്യത്തില്‍ ലഭ്യമാകുന്ന ഏറ്റവും പുരാതനമായ ഫെലോഷിപ്പാണ്. ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അന്‍യയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കവറേജിനിടെ പൊലീസുകാരന്റെ വെടിയേറ്റാണ് അന്‍യ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എപി ലേഖിക കാത്തി ഗാനന് പരിക്കേല്‍ക്കുകയുംചെയ്തു. താനി ജില്ലയിലെ ഖോസ്ത് നഗരത്തില്‍നിന്ന് ഗ്രാമീണമേഖലകളിലേക്ക് ബാലറ്റ് എത്തിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഇരുവരും. അതീവസുരക്ഷയുള്ള ജില്ലാ ആസ്ഥാനമന്ദിരവളപ്പില്‍ യാത്ര തുടങ്ങാനായി കാറില്‍ കാത്തിരുന്ന ഇരുവര്‍ക്കുംനേരെ പൊലീസ് യൂണിറ്റ് കമാന്‍ഡര്‍ നാഖിബുല്ല വെടിയുതിര്‍ക്കുകയായിരുന്നു.

*
വിജേഷ് ചൂടല്‍ Deshabhimani Varanthapathipp
Picutres Courtesy: Anja Niedringhaus

Sunday, March 23, 2014

തെക്കേത്തല വറീതിന്റെ അഞ്ചാമത്തെ മോന്‍

മണവും സ്വാദുമുള്ള അപ്പന്‍

രാത്രിയില്‍ കയറി വന്ന് ഊണും കഴിഞ്ഞ് ഭാര്യയെയും എട്ടു മക്കളെയും വിളിച്ചിരുത്തി വാതോരാതെ സംസാരിക്കുന്ന ഒരപ്പനുണ്ടായിരുന്നു. പുതിയ വാക്കുകള്‍, പുതിയ കാര്യങ്ങള്‍, പേരുകള്‍- അമ്മയ്ക്കും മക്കള്‍ക്കും ഒന്നും മനസ്സിലാകില്ല. പക്ഷേ, മക്കളില്‍ അഞ്ചാമന്‍ എന്നും അപ്പന്റെ വരവ് കാത്തിരുന്നു. അപ്പന്റെ മണം അവനിഷ്ടമായിരുന്നു. അദ്ദേഹം നല്‍കുന്ന ചോറുരുളയിലൂടെ അവന്‍ ഒന്നുകൂടി അറിഞ്ഞു. അപ്പന് മണംമാത്രമല്ല, സ്വാദുമുണ്ട്. സോക്രട്ടീസ്, മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം- ഓരോന്നു പറയുമ്പോഴും അപ്പന്റെ കണ്ണിലെ തീയും മുഖത്തെ തെളിച്ചവും കണ്ടിരിക്കാന്‍ അവന് ഇഷ്ടമായിരുന്നു. കേള്‍ക്കാനിഷ്ടം കാണിച്ച മകന് അപ്പന്‍ പിന്നെയും കഥ പറഞ്ഞുകൊടുത്തു. ടോള്‍സ്റ്റോയ്, കൂടല്‍മാണിക്യംക്ഷേത്രം ഐതിഹ്യം, സമരങ്ങള്‍, താന്‍ കണ്ട നാടകങ്ങളുടെ കഥകള്‍. ചില രാത്രികളില്‍ അപ്പന്‍ റാന്തല്‍വിളക്കുമായി ഇറങ്ങും. കുട്ടാപ്പു മൂശാരി, ചാത്തുമാഷ്, നാരായണന്‍ മൂശാരി എന്നിവര്‍ കൂട്ട്. അമ്മ അതുകണ്ട് കണ്ണീര്‍ വാര്‍ക്കും. മുതിര്‍ന്നപ്പോളവനറിഞ്ഞു. അപ്പന്‍ കമ്യൂണിസ്റ്റാണ്. അപ്പനെ തൊട്ട് മകന്‍ ലോകമറിഞ്ഞു, മനുഷ്യനെയറിഞ്ഞു. ആ കഥകളിലെ സാരോപദേശങ്ങള്‍ അവന്റെയുള്ളില്‍ വിത്തായി വീണു. അവന്റെ ലോകത്തിന് അപ്പന്റെ രൂപവും ശബ്ദവുമായി. അപ്പന്‍ അവന്റെ വഴിയും വിളക്കും വെളിച്ചവുമായി. ഇരിങ്ങാലക്കുടയ്ക്കപ്പുറം പോയിട്ടില്ലെങ്കിലും മഹാത്മാ വായനശാലയിലിരുന്ന് ലോകം മുഴുവന്‍ കണ്ട അപ്പന് പേര് തെക്കേത്തല വറീത്.

അഞ്ചാമന്‍ ഇന്നസെന്റ്

മക്കളില്‍ അഞ്ചാമന്‍ പക്ഷേ സഹോദരങ്ങളെപ്പോലെയായില്ല. പഠിപ്പില്‍ തിളങ്ങിയില്ല. ജീവിതവും മനുഷ്യരെയും കാണാനും പഠിക്കാനുമായിരുന്നു അവന് ശ്രദ്ധ. പല നഗരങ്ങളിലായി അവന്‍ അലഞ്ഞു- വറീതിന്റെ അഞ്ചാമത്തെ മകന് പേര് ഇന്നസെന്റ്. അവന്റെ ഉള്ളില്‍ അപ്പന്‍ കുത്തിയിട്ട വിത്ത് കരിയാതെ മുളപൊട്ടിനിന്നു. ഓരോ ചുവടിലും, പിഴച്ചാലും ജയിച്ചാലും, അവന് വഴികാട്ടാന്‍ അപ്പന്റെ വാചകങ്ങള്‍, കഥകള്‍, സാരോപദേശങ്ങള്‍ തെളിഞ്ഞുനിന്നു. തന്നേക്കാള്‍ മോശപ്പെട്ട ജീവിതങ്ങള്‍ ഈ മണ്ണിലുണ്ടെന്ന് അവനോര്‍ത്തു. താന്‍ അനുഭവിച്ച പട്ടിണിയേക്കാള്‍ തീക്ഷ്ണമായ ദാരിദ്ര്യം മണ്ണിലുണ്ടെന്ന് അവനോര്‍ത്തു. മനുഷ്യസ്നേഹത്തിന്റെ മഹാനീരുറവ അവനെ നയിച്ചു.

കെട്ടിയ വേഷങ്ങള്‍

ഇന്നസെന്റ് ജീവിതത്തില്‍ കെട്ടിയ വേഷങ്ങള്‍ നിരവധി. കച്ചവടക്കാരന്‍, വോളിബോളറിയാത്ത വോളികോച്ച്, കോടമ്പാക്കത്തെ പട്ടിണിക്കാരനായ ഭാഗ്യാന്വേഷി, മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചിട്ടും രക്ഷപ്പെടാതെപോയ നിര്‍മാതാവ്്, കര്‍ണാടകത്തിലെ ദാവണ്‍ഗെരെ ശാബന്നൂരിലെ തീപ്പെട്ടിക്കമ്പനി നടത്തിപ്പുകാരന്‍. ഇതിനിടയില്‍ കണ്ടുമുട്ടിയ ജീവിതങ്ങളെ ഇന്നസെന്റ് ഓര്‍ത്തുവച്ചു. മദ്രാസില്‍ ഉമ ലോഡ്ജിനു മുന്നില്‍ നൂറുകണക്കിനാളുകളെ പട്ടിണിയില്‍നിന്നു രക്ഷിക്കാനായി പലിശക്കു പണം കടംവാങ്ങി ചായക്കട നടത്തിയ ഇക്ക, ദാവണ്‍ഗെരെയിലേക്കുള്ള ട്രെയിന്‍യാത്രയ്ക്കിടയില്‍ കൊടുംപനികൊണ്ട് തളര്‍ന്നുവീണപ്പോള്‍ താങ്ങാകുകയും ശുശ്രൂഷിച്ച് റിക്ഷയില്‍ കയറ്റിവിടുകയുംചെയ്ത വേശ്യ, ശാബന്നൂരിലെ അടിമകളായ മനുഷ്യര്‍, കീടനാശിനി കുടിച്ച് ആത്മഹത്യചെയ്ത മൈലപ്പ, വിശപ്പ് സഹിക്കാതെ തീപ്പെട്ടിയെടുത്തു വിറ്റ പന്ത്രണ്ടുകാരന്‍ ചന്ദ്രപ്പ. ഇങ്ങനെ ഒട്ടേറെ പേര്‍. ഇപ്പോഴും ചില രാത്രികളില്‍ ഇവര്‍ വന്ന് ഇന്നസെന്റിനെ വിളിച്ചുണര്‍ത്തും.

ഹാസ്യം തമാശക്കളിയല്ല

ജീവിതത്തോട് അങ്ങനെ നേരിട്ട് ഏറ്റുമുട്ടിയപ്പോഴൊക്കെ ഇന്നസെന്റിനെ പിടിച്ചുനിര്‍ത്തിയത് ഉള്ളില്‍നിറഞ്ഞ ഹാസ്യം. എന്തിനെയും ഏതിനെയും തമാശയോടെ നേരിടുന്ന ഹാസ്യം. രസങ്ങളില്‍ തീവ്രം ഹാസ്യംതന്നെ. ഹാസ്യം ഒരു തമാശക്കളിയല്ല. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കയറിയിറങ്ങിയവനേ നല്ല ഹാസ്യം സൃഷ്ടിക്കാനാകൂ. ""എനിക്കെപ്പോഴും മഴയത്ത് നടക്കാനാണിഷ്ടം, കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ"" എന്നു പറഞ്ഞ ചാര്‍ലി ചാപ്ലിന്‍മുതലുള്ളവര്‍ അനുഭവിച്ചുതീര്‍ത്തതൊക്കെയും കണ്ണീര്‍ക്കാലമായിരുന്നു. ആ അനുഭവതീക്ഷ്ണതതന്നെയാണ് അവരെ നിഷ്കളങ്കമായ ഹാസ്യം ജനിപ്പിക്കുന്നവരാക്കിയത്. ആ ജീവിതംതന്നെയാണ് അവര്‍ക്കുള്ളില്‍ രാഷ്ട്രീയം നിറച്ചത്. അവര്‍ക്ക് ജീവിതം തമാശയല്ല. പലരുടെയും തിരക്കഥാ രചനയില്‍ സിനിമാചര്‍ച്ചയില്‍ ഇന്നസെന്റ് അവിഭാജ്യഘടകമായി. ഭരതനും അരവിന്ദനും ആ സാന്നിധ്യം ആവശ്യപ്പെട്ടു. ജീവിതമാണ് ഇന്നസെന്റ് പറയുന്നത്. ഇത്രത്തോളം മനുഷ്യരെ അറിഞ്ഞ, ജീവിതമറിഞ്ഞ ഒരാള്‍ അപൂര്‍വം. തെളിഞ്ഞ ഹാസ്യത്തിനിടയില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ച മഴവില്‍ക്കാവടിയിലേതുള്‍പ്പെടെ മിന്നുന്ന ക്യാരക്ടര്‍റോളിലെത്തി വിസ്മയിപ്പിച്ചു. അറുനൂറോളം ചിത്രങ്ങള്‍ പിന്നിട്ട് ആ യാത്ര നീളുന്നു. ഇതിനിടെ പുസ്തകങ്ങളുമെഴുതി ഇന്നസെന്റ്. അതും അനുഭവിച്ച ജീവിതത്തെ മുന്‍നിര്‍ത്തിതന്നെയാണ്. "മഴക്കണ്ണാടി", "ഞാന്‍ ഇന്നസെന്റ്", "ചിരിക്കു പിന്നില്‍" ഒടുവില്‍ "ക്യാന്‍സര്‍ വാര്‍ഡിലെ ചിരി".

വേദനയും സാന്ത്വനവും

ഉയര്‍ച്ചയുടെ പടവുകളിലും ഉള്ളില്‍ അപ്പനുണ്ടായിരുന്നു. കഴിച്ചുകൂട്ടിയ ജീവിതവും ലോകത്തിന്റെ വേദനയുമുണ്ടായിരുന്നു. അതാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ അമരത്ത് എത്തിച്ചത്. താരത്തിന്റെയും ധനാഢ്യന്റെയും പ്രഭാവലയങ്ങള്‍ തകര്‍ന്നുവീഴുന്ന രോഗികളുടെ ലോകത്ത്, സ്വതസിദ്ധമായ വര്‍ത്തമാനങ്ങളിലൂടെ സാന്ത്വനം പകര്‍ന്ന് ഓടിനടന്നു വറീതിന്റെ മോന്‍. രോഗികള്‍ക്കായി പണം സ്വരൂപിക്കാന്‍, അവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍. അവരുടെ മനസ്സിനെ ഉണര്‍ത്തിനിര്‍ത്താനും വേദനയെ അതിജീവിക്കാന്‍ സഹായിക്കാനും തന്റെ എല്ലാ ശേഷിയും ബന്ധവും ഉപയോഗിച്ചു. കേരളത്തിലെതന്നെ ഏറ്റവും വലിയൊരു പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി ഇപ്പോഴും പാഞ്ഞുനടക്കുന്നു.

അര്‍ബുദം! കലക്കീട്ട്ണ്ട് കലക്കീട്ട്ണ്ട്...

ഒടുവില്‍ രോഗം അയാളെയും തേടിയെത്തി. ക്യാന്‍സറിന്റെ രൂപത്തില്‍. അര്‍ബുദത്തെ നോക്കി ഇന്നസെന്റ് കുലുങ്ങിച്ചിരിച്ചു. ചികിത്സകരെപ്പോലും അമ്പരപ്പിച്ച ചിരി. ചികിത്സിച്ച ഡോ. ഗംഗാധരന്‍ പറഞ്ഞു. "ആ ചിരിയാണ് അയാളെ രക്ഷിച്ചത്." രോഗമുണ്ടെന്നറിഞ്ഞാല്‍ ആദ്യം തളരുന്നത് രോഗിയുടെ മനസ്സാണ്. പലരും പുറത്തുപറയാതെ ഒളിച്ചുവയ്ക്കും. ഉള്ളിലിട്ട് നീറ്റും. തളര്‍ന്നമനസ്സുള്ള ശരീരത്തിലേക്ക് രോഗം കത്തിക്കയറും. വറീതിന്റെ മോനെ അതിന് കിട്ടില്ല. വിവരം സ്ഥിരീകരിച്ച ഉടന്‍ ഇന്നസെന്റ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു. "ഇനിയ്ക്കും കിട്ടീട്ടാ". എന്ത്?. "ക്യാന്‍സറ്". ധ്യാനകേന്ദ്രത്തിലും പള്ളിയിലും മുട്ടുകുത്തി മുട്ടുകുത്തി കണ്ണീരില്‍ നനഞ്ഞില്ല ഇന്നസെന്റ്. തികഞ്ഞ വിശ്വാസിയാണ്. എന്നാല്‍, കാര്യം കാണാന്‍ ഓടിയെത്തി പിടിക്കാനുള്ള കാലല്ല ദൈവമെന്ന് ഇന്നസെന്റിനറിയാം. അത് അതിനപ്പുറത്തെ ചിലതാണ് അദ്ദേഹത്തിന്. ഒരനുഭവം. ഒരു തിരിച്ചറിവ്്. വിളിക്കാതെ വന്ന് ചിലപ്പോള്‍ കൈപിടിച്ചു കയറ്റുന്നവന്‍. ഒടുവില്‍ രോഗം തോറ്റു. ഇത്രയും ഒരു ട്രെയിലറാണ്. ആ ജീവിതത്തിന്റെ ചില ഹൈലൈറ്റുകള്‍. ഇക്കഴിഞ്ഞ 17ന് പകല്‍ ഇരിങ്ങാലക്കുടയിലെ വീടായ പാര്‍പ്പിടത്തില്‍ കാണുമ്പോള്‍ ഇന്നസെന്റ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി. സമയം നാല്. രാവിലെ ഏഴിന് തുടങ്ങിയ തെരഞ്ഞെടുപ്പു പര്യടനത്തിനൊടുവില്‍ ഭക്ഷണത്തിന്റെ ഇടവേള. രണ്ടേ രണ്ടു ചോദ്യം "എന്തേ ഇടതു പക്ഷത്തോടൊപ്പം? ഇപ്പോ എന്തു തോന്നുന്നു?" മറുപടിയായി ഒരു കഥ:

""അപ്പന്‍ ഒരു കഥ പറഞ്ഞ് തന്നിട്ട്ണ്ട്. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ വി കെ വാര്യര്‍ ഒളിവിലിരുന്ന കഥ. കുടിലില്‍ അമ്മയും അഞ്ചുവയസ്സുകാരി മകളും. ഒരു കിണ്ണത്തില്‍ അല്‍പ്പം ചോറ് അടച്ചുവച്ചിരിക്കുന്നു. സഖാവിനുണ്ണാന്‍. കുഞ്ഞിനോട് വാര്യര്‍ ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ചു. മാമന്റെ കഴിഞ്ഞാല്‍ ബാക്കിയുണ്ടെങ്കില്‍ തരാമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് കുഞ്ഞിന്റെ മറുപടി. താന്‍ വരുന്ന വഴിയില്‍നിന്ന് കഴിച്ചുവെന്നും ഭക്ഷണം അമ്മയും മോളും കഴിക്കണമെന്നും ആവശ്യപ്പെട്ട് വാര്യര്‍ ഉറങ്ങി. പുലര്‍ച്ചെ കണ്‍തുറന്നപ്പോള്‍ ചുമര് ചാരിയിരുന്നുറങ്ങുന്ന അമ്മയെയും കുഞ്ഞിനെയുമാണ് കണ്ടത്. ഭക്ഷണം അതേപടിയിരിക്കുന്നു. എന്തേ കഴിച്ചില്ല എന്നായി വാര്യര്‍. രാത്രിയില്‍ സഖാവുണരുമ്പോള്‍ വിശന്നാലോ എന്നു കരുതിയെന്ന് അമ്മ. കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സഖാവിനോട് ഈ വിവരം പറഞ്ഞ് കനകമലയുടെ താഴ്വരയില്‍നിന്ന് വാര്യര്‍ വാവിട്ട് കരഞ്ഞു. അപ്പന്‍ പറഞ്ഞു: അത്തരം കമ്യൂണിസ്റ്റുകാരെയും അദ്ദേഹം അന്നു പറഞ്ഞ ആ അനുഭവത്തിലേതുപോലുള്ള മനുഷ്യരെയും നിന്റെ വഴിയില്‍ നീ കണ്ടെന്നുവരില്ല. കമ്യൂണിസം പാര്‍ടിയോ ജാഥയോ തെരഞ്ഞെടുപ്പോ ഒന്നുമല്ല ഇന്നസെന്റേ, മനുഷ്യത്വം മാത്രമാണ്. മനുഷ്യത്വമുള്ളവരെല്ലാം നല്ല കമ്യൂണിസ്റ്റുകാരാണ്. മനുഷ്യത്വത്തിന്റെ പുസ്തകമാണ് മാര്‍ക്സിസം"".

ഇരിങ്ങാലക്കുട കിഴക്കേപ്പള്ളിയിലെ അപ്പന്റെ കുഴിമാടത്തില്‍ ചെന്നുനില്‍ക്കുമ്പോഴെല്ലാം അത്തരം മനുഷ്യരെയോ കമ്യൂണിസ്റ്റുകാരെയോ നീ കണ്ടുമുട്ടിയോ എന്ന അപ്പന്റെ ചോദ്യം കേള്‍ക്കാമെന്ന് ആത്മകഥയില്‍ (ചിരിക്കുപിന്നില്‍) ഇന്നസെന്റ് പറയുന്നുണ്ട്. അങ്ങനെ കണ്ടുമുട്ടുന്ന ദിവസം അപ്പന്റെ കുഴിമാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉച്ചത്തില്‍ "ഇങ്ക്വിലാബ്"വിളിക്കുമെന്നും അപ്പോള്‍ അപ്പന്‍ "സിന്ദാബാദ്", വിളിക്കുന്നത് തനിക്ക് കേള്‍ക്കാമെന്നും സ്വപ്നം കാണുന്നുമുണ്ട്. അക്കാര്യം ഓര്‍ത്ത് സ്വന്തം ശൈലിയില്‍ തലചെരിച്ച് അദ്ദേഹം നമ്മോട് പറയുന്നു. ""ഇപ്പൊ ഞാന്‍ കണ്ടു ആ സ്നേഹം. പണ്ടും ആളു കൂടുമായിരുന്നു. തിക്കിത്തിരക്കുമായിരുന്നു. ഇപ്പോളതല്ല. ഞാന്‍ കമ്യൂണിസ്റ്റുകാരെ കണ്ടു. അവരുടെ സ്നേഹവും അച്ചടക്കവും കണ്ടു. രോഗം എനിക്കുതന്ന തിരിച്ചറിവ് വേറൊന്നാണ്. ഞാന്‍ അനുഭവിച്ച പരിഗണന, ധനം ഇതൊന്നുമല്ല ജീവിതം. ഇനിയെന്റെ ജീവിതം നിസ്വര്‍ക്കുവേണ്ടിയാണ്. അവര്‍ക്കായുള്ള സേവനമാണ്." ഇനിയെനിക്ക് അപ്പന്റെ കുഴിമാടത്തിലെത്തി പറയാം. "അപ്പാ ഞാനവരെ കണ്ടൂട്ടാ, ഇങ്ക്വിലാബ് സിന്ദാബാദ്"

*
കെ ഗിരീഷ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

Tuesday, February 4, 2014

ഖത്തറിലെ ആളുജീവിതം

പുതുവര്‍ഷപ്പുലരിയില്‍ ദോഹയില്‍നിന്ന് ഉണ്ണി മടവൂര്‍ വിളിച്ചു. "സമന്വയ"ത്തിന്റെ വാര്‍ഷികം ജനുവരി 9-10 തീയതികളിലാണ്. കഥാമത്സരത്തില്‍ ജയിച്ച ജോസഫ് അതിരുങ്കലിന് പുരസ്കാരം നല്‍കുന്ന ചടങ്ങാണ് ആദ്യത്തെ ദിവസം. അതിഥിയായി ചെല്ലേണ്ട പി വത്സലയ്ക്ക് ചില സാങ്കേതികകാരണങ്ങളാല്‍ വിസ ശരിയായില്ല. മറ്റൊരു വിധികര്‍ത്താവായ സി രാധാ കൃഷ്ണന്‍ രണ്ടു വര്‍ഷം മുമ്പ് ഈ പരിപാടിക്ക് വന്നിട്ടുള്ള ആളാണ്. അതുകൊണ്ട് മൂന്നാമനായ എനിക്ക് വരാന്‍ പറ്റുമോ എന്ന് ആരാഞ്ഞുകൊണ്ടായിരുന്നു ഉണ്ണിയുടെ വിളി. ആലോചിക്കാന്‍ സമയമില്ല. ഒരാഴ്ചയ്ക്കകം ഖത്തറില്‍ എത്തണം. പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ബിരുദപത്രവും സ്കാന്‍ ചെയ്ത് അയക്കണം. ഒന്നോ രണ്ടോ കഥയും വേണം. ചടങ്ങിനൊപ്പം കഥയാട്ടമായി അവതരിപ്പിക്കാനാണ്. എല്ലാം ഞൊടിയിടയില്‍ ത്തന്നെ അയച്ചു. നൂതനസാങ്കേതികവിദ്യയ്ക്ക് നമസ്കാരം.

യാത്രയുടെ തലേന്ന് വിസ അനുവദിച്ചു കിട്ടി. ടിക്കറ്റും കൈപ്പറ്റി. അപരിചിതമായ നാട്ടില്‍ ചെല്ലുന്നതിന്റെ ബേജാറ് വേണ്ടെന്നും ഒരു ബന്ധുവീട്ടിലേക്കു വിരുന്നു വരുന്നതിന്റെ ലാഘവത്തോടെ പുറപ്പെട്ടാല്‍ മതിയെന്നും ഷീജ ഉണ്ണികൃഷ്ണന്‍ (ഉണ്ണി മടവൂരിന്റെ ഭാര്യ) ഫെയ്സ്ബുക്ക് വഴി അറിയിച്ചു. ഷീജയാണ് കഥയാട്ടം പരിപാടിയില്‍ "വിപരീതചിഹ്നങ്ങള്‍" എന്ന എന്റെ കഥ വേദിയില്‍ ആടുന്നതെന്നും സന്ദേശമയച്ചു. ഒരു യാത്രയ്ക്ക് ഇതില്‍പ്പരം സന്തോഷകരമായ തുടക്കം എങ്ങനെ കിട്ടാനാണ്! ദോഹ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ കുടുംബസമേതമെത്തിയ സമന്വയം പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ ജാനുവമ്മ പറഞ്ഞതു പോലെ ""ഞാനങ്ങട് ഇല്യാണ്ടായി."" അല്ലറചില്ലറ എഴുത്തുകൊണ്ട് എത്ര വലിയ സ്നേഹസാമ്രാജ്യമാണ് ഞാന്‍ ആര്‍ജിച്ചിരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ ചെറുതായൊന്ന് നയുകയും ചെയ്തു.

പുറത്ത് ചെറിയ തണുപ്പുണ്ട്. 9-ഉം 10-ഉം നല്ല തണുപ്പുള്ള ദിവസങ്ങളാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വിമാനത്താവളത്തിനടുത്തുള്ള ഗ്രാന്‍ഡ് റീഗല്‍ ഹോട്ടലില്‍ ആയിരുന്നു താമസം ഏര്‍പ്പെടുത്തിയിരുന്നത്. മുറിയില്‍ എത്തിയപ്പോഴേയ്ക്കും രാത്രി വൈകിയിരുന്നു. ചില്ലു ജാലകത്തിന്റെ തിരശ്ശീല നീക്കിനോക്കി. നഗരത്തിലെ ഉയരമുള്ള കെട്ടിടക്കൂട്ടങ്ങള്‍ വൈദ്യുതപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ദോഹയില്‍ എന്റെ ആദ്യത്തെ രാത്രി. പിറ്റേന്നു വൈകുന്നേരം നടക്കുന്ന സമന്വയം സാഹിത്യവേദിയുടെ സമ്മേളനത്തിനു മുമ്പ് പകല്‍ കുറച്ചു പണികളുണ്ടെന്ന് ഉണ്ണി അറിയിച്ചിരുന്നു. എം ഇ എസ് സ്കൂളില്‍ കുട്ടികളുമായി ഇത്തിരി നേരം ഇരിക്കുന്നതാണ് ആദ്യത്തേത്. അവിടത്തെ കുട്ടികള്‍ക്കായി സമന്വയം നടത്തിയ കഥാമത്സരത്തിലെ രചനകള്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യക്കു പുറത്തെ നമ്മുടെ കുട്ടികള്‍ ഇത്ര ഭംഗിയായി മലയാളം എഴുതിക്കണ്ടപ്പോള്‍ സന്തോഷം തോന്നി. അഫീദാ ഫെര്‍മിസ് എന്ന കുട്ടിയുടെ "ഗമനം" എന്ന കഥയായിരുന്നു സമ്മാനാര്‍ഹമായത്. സ്കൂളിലെ വലിയ ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. മലയാളം പഠിക്കാന്‍ ഇത്രയധികം കുട്ടികളോ എന്ന് ചിന്തിക്കുമ്പോള്‍ ഹാളില്‍ എല്ലാവരേയും ഇരുത്താന്‍ കഴിയാത്തതുകൊണ്ട് എട്ടാം ക്ലാസുകാര്‍ മാത്രമേയുള്ളൂ എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പതിനായിരത്തില്‍ പ്പരം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് അത്. അഞ്ചു മലയാള പത്രങ്ങളെങ്കിലും ദോഹയില്‍നിന്ന് ഇറങ്ങുന്നുണ്ട്. "മാധ്യമം", "ചന്ദ്രിക", "വര്‍ത്തമാനം", "തേജസ്". ഈ വര്‍ഷം ഒന്നാം തീയതി മുതല്‍ "മലയാള മനോരമ"യും. പത്രസമ്മേളനത്തില്‍ അവരുടെ പ്രതിനിധികളോടൊപ്പം മലയാളം ചാനലുകാരും പങ്കെടുത്തു. ഏഷ്യാനെറ്റ് റേഡിയോവിനു വേണ്ടി ഉണ്ണി മടവൂര്‍ നടത്തിയ ഒരു അഭിമുഖസംഭാഷണം കൂടി കഴിഞ്ഞതോടെ സമ്മേളനത്തിനുള്ള സമയമായി. സമയനിഷ്ഠയില്‍ സമന്വയം വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാവണം ആറു മണിക്കു മുമ്പു തന്നെ അശോകാഹാള്‍ നിറഞ്ഞിരുന്നു. പുരസ്കാരം സ്വീകരിക്കാന്‍ ജോസഫ് അതിരുങ്കല്‍ സൗദി അറേബ്യയില്‍ നിന്നെത്തിയിരുന്നു. അഫീദാ ഫെര്‍മിസ് അച്ഛനമ്മമാരോടൊപ്പം സദസ്സില്‍ ഇടം പിടിച്ചു. പ്രസിദ്ധകവി റഫീഖ് അഹമ്മദിന്റെ ജ്യേഷ്ഠന്റെ പേരക്കുട്ടിയാണ് അഫീദ. പ്രഭാഷണങ്ങള്‍ക്കു ശേഷം കഥയാട്ടം. വത്സലടീച്ചറുടെ "വേനല്‍പ്പരീക്ഷക"ളും "പരശുപുരം ചന്ത"യും എന്റെ "വിപരീതചിഹ്നങ്ങ"ളും. അലീന എസ് കൃഷ്ണയുടെയും രാജേഷ് രവീന്ദ്രനാഥന്റെയും ഷീജാ ഉണ്ണികൃഷ്ണന്റെയും ഉജ്വലമായ ഏകാംഗപ്രകടനം. സംവിധായകന്‍ രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ അണിയറയില്‍ എവിടെ യോ ഒളിച്ചുനിന്നു. പിറ്റേന്നു രാവിലെ നേരത്തെത്തന്നെ ഉണ്ണി-ഷീജമാരോടൊപ്പം ഖത്തറിന്റെ പുതിയ മുഖമായ കോര്‍ണിഷിലേയ്ക്ക് ഒരു യാത്ര.

കാലങ്ങള്‍ക്കു മുമ്പ് ഉണ്ണാനും ഉടുക്കാനുമുള്ള വിഭവങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍നിന്നുള്ള കപ്പല്‍ കാത്തിരിക്കാറുള്ള ഒരു ദരിദ്രരാജ്യമായിരുന്നു ഖത്തര്‍ എന്ന് തലേന്ന് ഒരു യാത്രയ്ക്കിടെ സുധീഷ് ദാമോദരന്‍ പറഞ്ഞിരുന്നു. ഈന്തപ്പഴവും മീനുമായിരുന്നുവത്രേ അന്നത്തെ ഖത്തറുകാരുടെ ഭക്ഷണം. കടലില്‍നിന്നു ശേഖരിക്കുന്ന മുത്തും പവിഴവും പകരം കൊടുത്താണ് കപ്പലിലെ വിഭവങ്ങള്‍ അവര്‍ വാങ്ങിയിരുന്നത്. വിനിമയോപാധി പോലും ഇന്ത്യന്‍ രൂപയായിരുന്നുവത്രേ. അതെല്ലാം പഴയ കഥ.

1940-ല്‍ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയതോടെ ഖത്തറും സമ്പന്നതയിലേക്കു കുതിക്കാന്‍ തുടങ്ങി. ഇന്ന് ലോകത്തിലെത്തന്നെ സമ്പന്നരാജ്യങ്ങളിലൊന്നാണത്രേ ഖത്തര്‍. ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള രാജ്യവും ഖത്തര്‍ തന്നെ. ഒരു തരത്തിലുള്ള നികുതിയുമില്ലാത്ത രാജ്യമാണ്. അതോടെ ലോകത്തില്‍ ഒരു രാജ്യമെന്ന നിലയ്ക്കുള്ള സ്വന്തം അസ്തിത്വം അടയാളപ്പെടുത്താനായി ഖത്തറിന്റെ പരിശ്രമം. കോര്‍ണിഷിന്റെ അടുത്തുള്ള "ഖത്തറ" എന്ന സ്ഥലത്ത് ദോഹയെ അറബ് സംസ്കാരത്തിന്റെ തലസ്ഥാനമാക്കാനുള്ള പരിശ്രമം കാണാം. നിരവധി പ്രദര്‍ശനശാലകളും ഒരു ആംഫി തീയറ്ററും ഇവിടെയുണ്ട്. (ഒരു ഗ്യാലറിയില്‍ മീന്‍പിടുത്തത്തിനുപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ കൂട്ടത്തില്‍ രണ്ടു ചുള്ളിക്കമ്പുകള്‍ ചായം പൂശി വച്ചിരിക്കുന്നതു കണ്ട് ഞങ്ങള്‍ ശരിക്കും ചിരിച്ചുപോയി.) ഒപ്പം ഇതിനെ സംസ്കാരത്തിന്റെ താഴ്വരയെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഏതായാലും കേരളത്തിലെ രണ്ടോ മൂന്നോ ജില്ലകള്‍ ചേര്‍ത്താലുള്ള വലിപ്പം മാത്രമുള്ള ഒരു ചെറിയ രാജ്യത്തെ ലോകശ്രദ്ധയിലേയ്ക്കു കൊണ്ടുവരാന്‍ ഈ പരിശ്രമങ്ങള്‍കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് ഉണ്ണി പറഞ്ഞു.

ഇവിടെ എല്ലാ വര്‍ഷവും കടല്‍ജീവിതങ്ങളെ ഓര്‍മിപ്പിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ നടക്കാറുണ്ട്. ഒപ്പം ചിത്രരചനയുള്‍പ്പെടെയുള്ള കലകളുടെ പ്രദര്‍ശനവും ശില്‍പശാലകളും പുറംനാട്ടില്‍നിന്നുള്ള കലാപരിപാടികളും കലാകാരന്മാരുടെ സംവാദങ്ങളും .... കലയ്ക്കും സംസ്കാരത്തിനും ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ഇടമാണത്രേ "ഖത്തറ". പണ്ട് സമ്പന്നരായ നമ്മുടെ നാട്ടുരാജാക്കന്മാര്‍ പ്രൗഢി കാണിക്കാന്‍ വേണ്ടി നടത്തിയിരുന്ന അഭ്യാസങ്ങള്‍ ഓര്‍മിച്ചുപോയി. അവിടെയും നില്‍ക്കുന്നില്ല. കായികപരിശീലനങ്ങള്‍ക്ക് അളവറ്റ പ്രോത്സാഹനമാണ് ഇപ്പോള്‍ കൊടുക്കുന്നത്.

1993-ല്‍ ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് തുടങ്ങി. 2006-ലെ ഏഷ്യന്‍ ഗെയിംസ് വേദി നേടിയെടുത്തു. 2020-ലെ ലോകകപ്പ് ഫുട്ബാള്‍ വേദി ഖത്തറാണ്. അതിനു വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ അതിദ്രുതം നടന്നുകൊണ്ടിരിക്കുന്നത്. കെട്ടിടങ്ങള്‍ പണിയുകയും പൊളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ നീന്തല്‍ക്കുളം കാണുമെന്ന കാരണം കൊണ്ട് റെഗീസ് ഹോട്ടല്‍ പൊളിച്ചു മാറ്റിയത് 99 കൊല്ലം കൊണ്ട് അതില്‍നിന്നു കിട്ടിയേക്കാവുന്ന പൂര്‍ണവരുമാനം നഷ്ടപരിഹാരമായി കൊടുത്തുകൊണ്ടാണ്. ""നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഗ്രാന്‍ഡ് റീഗല്‍ ഹോട്ടല്‍ പണി കഴിഞ്ഞിട്ട് മൂന്നു കൊല്ലമേ ആയുള്ളൂ,"" സുധീഷ് പറഞ്ഞിരുന്നു. ""ഒരുപക്ഷേ ഇനി നിങ്ങള്‍ ഇവിടേയ്ക്കു വരുമ്പോള്‍ ആ ഹോട്ടല്‍ അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല.""

ഇന്ന് അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ഖത്തറാണ്. പലേ അറബ് രാജ്യങ്ങളിലും മുല്ലപ്പൂ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ക്ക് പണവും പിന്തുണയും കൊടുത്തു ഖത്തര്‍. ഖത്തറിലെ ജനസംഖ്യ 18 ലക്ഷമാണ്. അതില്‍ ഖത്തറുകാര്‍ 2.5 ലക്ഷമേയുള്ളൂ. ജനസംഖ്യയില്‍ 24 ശതമാനം ഇന്ത്യക്കാരാണ്. അതില്‍ത്തന്നെ 90 ശതമാനം മലയാളികളും! കോര്‍ണിഷ് അംബരചുംബികളായ കെട്ടിടങ്ങളുടെ കൂട്ടമാണ്. പണികള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കകം അവിടം മറ്റൊരു നരിമാന്‍ പോയന്റോ മരീനാ ബേയോ ആയി മാറിയേക്കാമെന്നു തോന്നി. ഖത്തര്‍ നിവാസികള്‍ക്ക് അല്‍പം നടക്കാനും കാറ്റു കൊള്ളാനുമുള്ള സ്ഥലരാശിയാണ് കോര്‍ണിഷ്. ഹൗസ് ബോട്ടുകളുടെ നീണ്ട നിര സന്ദര്‍ശകരെ കാത്തു കിടക്കുന്നുണ്ട്. ഹൗസ് ബോട്ടുകള്‍ പണിയുന്നത് അധികവും കോഴിക്കോട്ടുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വന്നവരാണ്.

കൊയിലാണ്ടിക്കാരനായ മുഹമ്മദിന്റെ സൗജന്യത്തില്‍ ഒരു ബോട്ടിന്റെ അകത്തു കയറി ഷേക്കുമാര്‍ക്കുള്ള സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കാനുള്ള അവസരവും കിട്ടി. മുഹമ്മദ് ഈ പണിയെടുത്തു തുടങ്ങിയിട്ട് മുപ്പതു കൊല്ലത്തിലധികമായി. ഭാര്യയും മക്കളും നാട്ടിലാണ്. നാലു മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അപ്പോള്‍ ഞാന്‍ ജോസഫ് അതിരുങ്കലിന്റെ സമ്മാനാര്‍ഹമായ "ഇണയന്ത്രം" എന്ന കഥ ഓര്‍മിച്ചുപോയി. ഭാര്യയെ പിരിഞ്ഞു ജീവിയ്ക്കുന്നവര്‍ക്ക് "പ്രിയതമയെപ്പോലൊരു പാവ" വിതരണം ചെയ്യുകയാണ് ഒരു ചൈനീസ് കമ്പനി. ഭാര്യയുടെ ചിത്രവും അഴകളവുകളും "അപ്ലോഡ്" ചെയ്താല്‍ കൊറിയര്‍ വഴി നമുക്ക് ഭാര്യയേപ്പോലെത്തന്നെയുള്ള ഒരു പാവയെ കിട്ടുന്നു. അതോടെ ഭാര്യയെ കാണാനുള്ള ജ്വരം നഷ്ടപ്പെടുന്ന ആണുങ്ങള്‍ നാട്ടിലേയ്ക്ക് പോവാതെയായി. ഒടുവില്‍ ഭര്‍ത്താക്കന്മാരുടെ രൂപത്തിലുള്ള പാവകള്‍ നാട്ടിലെ ഭാര്യമാരേയും തേടിയെത്തുന്നിടത്താണ് "ഇണയന്ത്രം" അവസാനിക്കുന്നത്. പ്രവാസികളുടെ ലൈംഗികദാരിദ്ര്യം തീക്ഷ്ണമായി ആവിഷ്കരിക്കുന്ന കഥ. മിക്കവാറും എല്ലാ നഗരങ്ങള്‍ക്കും സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും മുഖങ്ങളുണ്ട്. നമ്മള്‍ പണിയുന്ന കെട്ടിടങ്ങളിലേയ്ക്കും ഹോട്ടലുകളിലേയ്ക്കുമുള്ള പ്രവേശനം പണി തീരുന്നതോടെ നമുക്കു നഷ്ടപ്പെടും എന്ന് "ഇണയന്ത്ര"ത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ലേബര്‍ ക്യാമ്പിലെ ജീവിതവും കഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കോര്‍ണിഷില്‍നിന്നുള്ള മടക്കയാത്രയില്‍ ഒരു കാഴ്ച കാണിച്ചു തരാന്‍ വേണ്ടി ഉണ്ണി വാഹനം മറ്റൊരു വഴിക്കു വിട്ടു. ഉച്ചയ്ക്കു ശേഷം കോര്‍ണിഷില്‍ ദമ്പതികള്‍ക്കേ പ്രവേശനമുള്ളുവത്രേ. ഖത്തറില്‍ കുടുംബസമേതം താമസിക്കാന്‍ വകയില്ലാത്തവര്‍ക്ക് അവിടേയ്ക്ക് പ്രവേശനമില്ല. സമയം കഴിഞ്ഞിട്ടും അവിടെ പരുങ്ങുന്നവരെ ആട്ടിയോടിക്കാന്‍ പൊലീസ് എത്തും.

രണ്ടാം ദിവസം സമന്വയത്തിന്റെ വാര്‍ഷികാഘോഷമായിരുന്നു. പ്രധാനമായി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. അതിനു ശേഷം "വിവേകഭാരതം" എന്ന പേരില്‍ ഒരു നാടകാവതരണം. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ സമാപനമായിരുന്നു അത്. രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ എഴുതി അവതരിപ്പിച്ച ആ നാടകം രണ്ടു ദിവസത്തെ ആഘോഷങ്ങളുടെ സാര്‍ഥകമായ പരിസമാപ്തിയായി. മൂന്നു ദിവസത്തെ താമസത്തിനിടയ്ക്ക് ഖത്തറിലെ മരുപ്രദേശങ്ങള്‍ കാണാന്‍ സമയം കിട്ടിയില്ല. ലേബര്‍ ക്യാമ്പിലെ ജീവിതം കാണാനും അവസരമുണ്ടായില്ല. ബെന്യാമിന്റെ "ആടുജീവിതം" സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണല്ലോ. ഖത്തറിലും അത്തരം ജീവിതങ്ങളുണ്ടോ എന്ന് ഉണ്ണിയോട് അന്വേഷിച്ചു. ആടുഫാമുകളും ഒട്ടകഫാമുകളും ഇവിടെയുമുണ്ട് എന്നു മറുപടി.

നജീബിന്റേതിനു സമാനമായ ജീവിതങ്ങളുമുണ്ട്. ആരും അതൊന്നും അന്വേഷിക്കാറില്ലെന്നു മാത്രം. അറബിയുടെ ഫാം ഹൗസില്‍ മാസങ്ങളായി സ്പോണ്‍സര്‍ എത്താതെ കഷ്ടപ്പെടുന്ന ശ്രീലങ്കക്കാരന് നാട്ടിലേയ്ക്കു വിളിക്കാന്‍ ഉണ്ണി തന്നെ ഒരിക്കല്‍ ഒരു മൊബൈല്‍ ഫോണ്‍ കൊടുത്ത കഥ പറഞ്ഞു. ഖത്തര്‍ ഇത്ര ചെറിയ രാജ്യമായിരുന്നിട്ടും മുഴുവന്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഷീജ ദുഃഖിച്ചു. മ്യൂസിയം ഇതുവരെ കണ്ടിട്ടില്ല. ഉണ്ണിയുടെ അലക്കൊഴിഞ്ഞ് സമയം കിട്ടിയിട്ടു വേണ്ടേ! മൂന്നാം ദിവസം അതിനുള്ള ഒരു പദ്ധതിയിട്ടുവെങ്കിലും നടന്നില്ല. ഖത്തറില്‍ മഴ കോരിച്ചൊരിഞ്ഞ ദിവസമായിരുന്നു അത്. അന്ന് ഖത്തറില്‍ സൂര്യനുദിച്ചതേയില്ല. വക്രയിലെ ഒരു ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഖത്തറിലെ മഴ കാണാനുള്ള ഭാഗ്യവും ഉണ്ടായി. മഴ പെയ്താല്‍ തണുപ്പു കൂടുമെന്ന് ഖത്തര്‍ നിവാസികള്‍ പറഞ്ഞിരുന്നു. നാലാമത്തെ രാത്രി വിമാനത്താവളത്തിലേയ്ക്കു പുറപ്പെടുമ്പോള്‍ പുറത്ത് നല്ല തണുപ്പനുഭവപ്പെട്ടു. വേണ്ടപ്പെട്ടവരെ വിട്ടു പോരുന്നതു പോലെയായിരുന്നു മടക്കയാത്ര. ഷീജ പറഞ്ഞതു ശരിയായിരുന്നു. അടുത്ത ബന്ധുവിനോടെന്നതു പോലെയായിരുന്നു അവരുടെ പെരുമാറ്റം. ഓരോ ദിവസവും ഓരോ വീട്ടിലായിരുന്നു ഉച്ചയൂണ്.

പോരുന്ന ദിവസം ഉണ്ണിയുടെ വീട്ടില്‍ കുറേപ്പേര്‍ ഒത്തുകൂടി. തുടര്‍ന്ന് സമന്വയത്തിന്റെ പ്രസിഡന്റ് ശശി പൊന്നാറമ്പിലിന്റെ വീട്ടില്‍ മറ്റു ചിലരുമെത്തി. അവിടെനിന്നാണ് പെട്ടിയെടുത്ത് ഇറങ്ങിയത്. വര്‍ത്തമാനത്തിനിടെ ഒന്നു ശ്രദ്ധിച്ചു. കേരളത്തിനു പുറത്തു താമസിക്കുന്നവരില്‍ സാധാരണ കാണുന്നതു പോലെത്തന്നെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പേറുന്നവരാണ് ഖത്തറിലെ മലയാളികളും. നമ്മുടെ നാടിന്റെ പോക്ക് ശരിയല്ല എന്നു വേവലാതിപ്പെടുന്നവര്‍. അതു കൊണ്ടാണാവോ, ആര്‍ക്കും കേരളത്തിലേയ്ക്കു തിരിച്ചുവരാന്‍ ആഗ്രഹമുള്ളതായി തോന്നിയില്ല. അത് ഞാന്‍ ഇടപഴകിയ വിഭാഗത്തിന്റെ മാത്രം മനോഭാവമാവാനും വഴിയുണ്ട്.

ഖത്തറില്‍ കുറച്ചൊക്കെ സൗകര്യമുള്ള ജീവിതം നയിക്കുന്നവരുടെ കൂടെയായിരുന്നു എന്റെ വ്യവഹാരങ്ങള്‍. ഖത്തറിലെ ജീവിതം അവര്‍ക്ക് അത്രമേല്‍ സുരക്ഷിതത്വം നല്‍കുന്നുണ്ടാവണം. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്ന് അണുകുടുംബം എന്ന രീതി നിലവില്‍ വന്നതോടെ നാട്ടിലേയ്ക്ക് പിടിച്ചുവലിക്കുന്ന ഊഷ്മളബന്ധങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ. മാത്രമല്ല കേരളത്തിലെ രാഷ്ട്രീയത്തിന്റെ അതിപ്രസരവും മാറിയ കാലം ഉണ്ടാക്കുന്ന അരക്ഷിതത്വവും അവരെ നാട്ടില്‍നിന്ന് അകറ്റുന്നുണ്ടോ എന്നും സംശയം തോന്നി. മടക്കയാത്രയില്‍ എന്റെ അടുത്തിരിക്കുന്ന വടക്കാഞ്ചേരിക്കാരന്‍ ജിജോ ജോസഫ് പക്ഷേ അത്ര സന്തുഷ്ടനാണെന്നു തോന്നിയില്ല. ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനും പെങ്ങളുടെ കല്യാണത്തിനുമായി നാട്ടിലേയ്ക്കു വരികയായിരുന്നു അയാള്‍. പതിനൊന്നു വര്‍ഷമായി അയാള്‍ ഖത്തറിലാണ്.

""എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നുണ്ട്,"" അയാള്‍ പറഞ്ഞു. ""കുറേ ശ്രമിച്ചെങ്കിലും പറ്റിയ ജോലിയൊന്നും കിട്ടുന്നില്ല.""

ഇരുപതു ദിവസത്തെ അവധിയില്‍ നാട്ടിലേയ്ക്കു വരികയായിരുന്നു ജിജോ. കുടുംബത്തെ പിരിഞ്ഞിരിക്കുന്ന നിരവധി പേരുടെ പ്രതിനിധി. പാനോപചാരങ്ങളും അത്താഴവും കഴിഞ്ഞ് വിമാനത്തിലെ വിളക്കുകള്‍ കെടുത്തിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരുന്നു. അഞ്ചു മണിക്ക് വിമാനം കൊച്ചിയിലിറങ്ങും. സീറ്റു ബെല്‍ട്ട് മുറുക്കാനുള്ള നിര്‍ദേശം കേട്ടാണ് ഞാന്‍ മയക്കമുണര്‍ന്നത്. ജിജോ അപ്പോഴും കണ്ണുതുറന്ന് ഇരിക്കുകയായിരുന്നു. ""കൂട്ടിക്കൊണ്ടു പോവാന്‍ അനിയന്‍ വരും,"" അയാള്‍ പകുതി തന്നോടുതന്നെയെന്നെ പോലെ പറഞ്ഞു. തന്റെ ഊഴം കഴിഞ്ഞതോടെ എമിഗ്രേഷന്‍ ക്ലിയറന്‍സിനു നില്‍ക്കുന്ന വരിയില്‍നിന്ന് അയാള്‍ പൊടുന്നനെ അപ്രത്യക്ഷനായി.

*
അഷ്ടമൂര്‍ത്തി ദേശാഭിമാനി വാരിക

Monday, December 2, 2013

അവസാനിക്കുന്നില്ല ഈ അവഗണന

രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമാണ് ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍; അഥവാ അംഗപരിമിതര്‍. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിദ്യാഭ്യാസം നേടി, അര്‍ഹതപ്പെട്ട തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോള്‍ ഈ വിഭാഗത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട മൂന്ന് ശതമാനം സംവരണംപോലും അട്ടിമറിക്കപ്പെടുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷയനുഭവിക്കുന്ന ഹതഭാഗ്യരായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കേണ്ടത് ആരോഗ്യമുള്ള ജനസമൂഹത്തിന്റെ കടമയല്ലേ? അത് നടപ്പാക്കുന്നതിന് പകരം മുഖംതിരിഞ്ഞ് നില്‍ക്കുന്നതാണോ പരിഷ്കൃത സമൂഹത്തിന്റെ സമീപനം?

മൂന്ന് പതിറ്റാണ്ടുമുമ്പ് 1981ല്‍ അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഇന്ത്യയിലും കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും മൂന്ന് ശതമാനം ഉദ്യോഗസംവരണം അംഗപരിമിതര്‍ക്കായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. ഈ നിയമന തീരുമാനം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേന്ദ്രസ്ഥാപനങ്ങളില്‍പ്പോലും ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തിന്, സമൂഹികനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി 1995ല്‍ പിഡബ്ല്യുഡി ആക്ട് (പേഴ്സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് ആക്ട്) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. ഈ നിയമത്തിലൂടെ അംഗപരിമിതരുടെ വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍ പുനരധിവാസം, സംരക്ഷണം, തുല്യനീതി, തുല്യസമത്വം മുതലായ എല്ലാ വിഷയങ്ങളും പരാമര്‍ശിച്ചാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്ട് പാസാക്കിയത്. 1981ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുശതമാനം ഉദ്യോഗസംവരണം ആക്ടിലും ഉണ്ടായിരുന്നു. ഇങ്ങനെ നിയമം ഉണ്ടായിരുന്നിട്ടുപോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്ന ദുര്‍ബലരെ അവഗണിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയിലും ബാങ്കിങ്, ടെലികോം, ഇന്‍ഷുറന്‍സ് മേഖലയിലും നിയമപരമായ നിയമനം നടക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി മുകളില്‍ പ്രതിപാദിച്ച മേഖലകളില്‍ ഒരു അംഗപരിമിതനെപ്പോലും നിയമിച്ചിട്ടില്ല. 1995ലെ പിഡബ്ല്യുഡി ആക്ടില്‍ മൂന്ന് ശതമാനം ഉദ്യോഗസംവരണം സ്വകാര്യമേഖലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം കാറ്റില്‍പ്പറത്തിയതിനാല്‍, സ്വകാര്യ സ്ഥാപനങ്ങളിലൊന്നുംതന്നെ നിയമനം നടക്കുന്നില്ല. ഈ ജനവിഭാഗത്തിന് തൊഴില്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി സദാശിവം ഒരുമാസംമുമ്പ് ഒരു കേസ് വിചാരണവേളയില്‍ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയില്‍ കഴിഞ്ഞ കാലഘട്ടങ്ങളിലെ വികലാംഗരുടെ നിയമനത്തിന്റെ കണക്ക്, ബാക്ലോഗ് ഉള്‍പ്പെടെ പരിശോധിച്ച് രണ്ടുമാസത്തിനകം, നിയമനം നടത്തി റിപ്പോര്‍ട്ടുചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. 1955ലെ ആക്ടില്‍ പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ശാരീരിക വൈകല്യമുള്ളവരുടെ മാഗ്നകാര്‍ട്ടയാണ്. സംസ്ഥാനത്ത് 29 ലക്ഷം വികലാംഗരുണ്ടെന്ന കണക്ക് കേരള മുഖ്യമന്ത്രി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്.

രാജ്യത്ത് അംഗപരിമിതര്‍ 18 കോടിയുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ കണക്കാണ്. ഈ കണക്ക് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. വൈകല്യമുള്ള ആളുകളുടെ കണക്ക് തിട്ടപ്പെടുത്തിയാല്‍മാത്രമേ ഈ വിഭാഗത്തിന് നല്‍കേണ്ട ആനുകൂല്യങ്ങളുടെ തുക നീക്കിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയൂ. ഈ ലോക വികലാംഗദിന വേളയിലെങ്കിലും, വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സഹോദരങ്ങള്‍ക്ക് ചെറിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനസഹായവും പലിശരഹിത വായ്പയും പഞ്ചായത്തുകള്‍ വഴിയും ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും നല്‍കാനുള്ള നടപടി സ്വീകരിക്കണം. വിദ്യാഭ്യാസം നേടിയ ആളുകള്‍ക്ക് യോഗ്യതയനുസരിച്ച് സംവരണതത്വപ്രകാരം നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് ഈ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതുണ്ട്.

*
പരശുവയ്ക്കല്‍ മോഹനന്‍ (ഡിഎഡബ്ല്യുഎഫ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Sunday, October 20, 2013

അജ്ഞാതനായ ഒരു ജ്ഞാനി

നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു അനുഭവം പറയാം. തമിഴ്നാട്ടിലെ ജോലാര്‍പേട്ട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനാണ് രംഗം. തിരുവനന്തപുരം മദിരാശി റൂട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ജങ്ഷനാണ് ജോലാര്‍പേട്ട്. കേരളത്തില്‍നിന്ന് ബംഗളൂരുവിലേയ്ക്ക് പോകുന്ന വണ്ടികള്‍ ജോലാര്‍പേട്ടയില്‍നിന്നാണ് ദിശതിരിഞ്ഞ് പോകുന്നത്. ജോലാര്‍പേട്ടയില്‍നിന്ന് എന്‍ജിന് വെള്ളം പിടിക്കണം. അവിടെനിന്ന് ബംഗാരപ്പേട്ട വരെ കയറ്റം കയറിയാണ് പോകേണ്ടത്. ഈ കയറ്റം കയറാന്‍ സഹായത്തിന് തീവണ്ടിയുടെ പിന്നിലും ഒരു എന്‍ജിന്‍ ഘടിപ്പിച്ചിരിക്കും. ബാങ്കര്‍ എന്‍ജിന്‍ എന്നാണ് അതിന്റെ പേര്. ബംഗാരപ്പേട്ട വരെ പിന്നില്‍നിന്ന് വണ്ടിയെ തള്ളിയ എന്‍ജിന്‍ അവിടെവച്ച് യാത്ര അവസാനിപ്പിക്കും. ബാങ്കര്‍ എന്‍ജിന്‍ തിരിച്ച് ജോലാര്‍പേട്ടയ്ക്ക് തന്നെ പോരും. ചിലപ്പോള്‍ ഗാര്‍ഡിന്റെ പെട്ടിയായ ബ്രേക്ക് വാനും ഘടിപ്പിച്ച് ആയിരിക്കും മടക്കം. ഇങ്ങനെ "എന്‍ജിന്‍ ആന്‍ഡ് ബ്രേക്ക് വാന്‍" ആയി ഓടിവരുന്ന ഡ്രൈവറും ഗാര്‍ഡുമാണ് നമ്മുടെ കഥാപാത്രങ്ങള്‍.

ആംഗ്ലോ ഇന്ത്യന്‍ ഡ്രൈവറെ റോക്കി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഗാര്‍ഡ് വരദന്‍. രണ്ടുപേരുംകൂടി നടത്തിയ ഒരു വ്യാപാരമാണ് ഇവിടത്തെ പ്രശ്നം. മൂലാനൂര്‍ എന്ന സ്റ്റേഷന്‍ കടന്നാണ് ജോലാര്‍പേട്ടയ്ക്ക് വരേണ്ടത്. ഈ സ്റ്റേഷന്റെ ചുറ്റുപാടും വനമാണ്. വനത്തില്‍നിന്നും വിറക് ശേഖരിച്ച് വലിയ കെട്ടുകളാക്കി ചുമന്നുകൊണ്ടുവരുന്ന ആദിവാസികള്‍ സ്റ്റേഷന്‍ പരിസരത്ത് കാത്തുനില്‍ക്കും. ഇതറിയാവുന്ന റോക്കിയും വരദനും കൂടി എന്‍ജിന്‍ നിര്‍ത്തി വാങ്ങാവുന്നിടത്തോളം വിറകുകെട്ടുകള്‍ വാങ്ങിക്കൂട്ടും. നിസ്സാരവിലയ്ക്ക് വാങ്ങിയ വിറകുകെട്ടുകള്‍ എന്‍ജിനിലും ബ്രേക്ക് വാനിലും കുത്തിനിറച്ച് ജോലാര്‍പേട്ടയില്‍ എത്തിക്കും. അവിടെ വിറകിന് നല്ല വില കിട്ടും. ജങ്ഷനിലേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് എന്‍ജിന്‍ നിര്‍ത്തി പൊരിഞ്ഞ കച്ചവടം. ഇങ്ങനെ കിട്ടിയ പണം പങ്കുവയ്ക്കുന്നതിലാണ് പ്രശ്നമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ രണ്ടുപേരും അല്പം "വാറ്റ്" ഒക്കെ കഴിച്ച് ഉഷാറിലായിരുന്നു. ഇവര്‍ പണം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് തര്‍ക്കിച്ച് പ്ലാറ്റ്ഫോമില്‍ വരെ എത്തി. പരിസരബോധം ഇല്ലാതെ ഇംഗ്ലീഷിലും തമിഴിലും ഉള്ള കൊള്ളാവുന്ന തെറിപ്പദങ്ങള്‍ പരസ്പരം വര്‍ഷിച്ചുകൊണ്ടാണ് രണ്ടുപേരും പ്ലാറ്റ്ഫോമില്‍ എത്തിയത്.

യാത്രക്കാര്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിനിന്നു. രണ്ടുപേരും ഉന്തുംതള്ളുമായി. അപ്പോഴേയ്ക്കും എങ്ങനെയോ കേട്ടറിഞ്ഞ് രണ്ടുപേരുടെയും ഭാര്യമാരും മക്കളും പ്ലാറ്റ്ഫോമിലെത്തി. രംഗം വഷളാവുന്നു എന്ന് ഒരു പോര്‍ട്ടര്‍ എന്നോടു വന്നു പറഞ്ഞു. അവരെ വിളിച്ചുകൊണ്ടുവരാന്‍ സീനിയര്‍ സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടതുപ്രകാരം പോര്‍ട്ടര്‍ രണ്ടുപേരെയും വിളിച്ചുകൊണ്ടുവന്നു. സീനിയര്‍ സ്റ്റേഷന്‍മാസ്റ്ററുടെയും എന്റെയും മുന്നില്‍ രണ്ടുപേരും കുറ്റവാളികളെപ്പോലെ കൈയുംകെട്ടി നില്‍പ്പായി. സീനിയര്‍ കുറ്റവാളികളോട് ചോദ്യങ്ങള്‍ ചോദിച്ചു. വിറകുകച്ചവടത്തിന്റെ കാര്യം രണ്ടുപേരും സമ്മതിച്ചു. വാറ്റ് കുടിച്ച കാര്യവും സമ്മതിച്ചു. സീനിയര്‍ക്ക് നന്നേ കലികയറി. അദ്ദേഹം എന്നോടു പറഞ്ഞു. ""ഒരു മെമ്മോ എഴുതൂ; പൊലീസിന്."" ഞാന്‍ കടലാസ് എടുത്ത് മുന്നില്‍വച്ച് ചുറ്റും നോക്കി.

ആകെ നിശ്ശബ്ദം. റോക്കിയുടെയും വരദന്റെയും ഭാര്യമാരും കുട്ടികളും യാചനാഭാവത്തില്‍ നോക്കിനില്‍ക്കുന്നു. പൊലീസ് എത്തി രക്തപരിശോധന നടത്തിയാല്‍ ശിക്ഷ ഉറപ്പ്. യാത്രക്കാരുടെ മുന്നില്‍വച്ച് റെയില്‍വേയ്ക്ക് അപമാനം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. ചിലപ്പോള്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. ഞാന്‍ പൊലീസിനുള്ള മെമ്മോ എഴുതാന്‍ പേനയെടുത്തു. എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരു ശബ്ദം.

""അയ്യാ... ഇന്തവാട്ടി മന്ദിച്ചിടുങ്കോ. രണ്ടും നമ്മ കണ്ണുങ്ക താനേ."" ഇത്തവണ മാപ്പുകൊടുക്കൂ സര്‍. രണ്ടുപേരും നമ്മടെ കണ്ണുകളല്ലേ?

നാടന്‍ തമിഴ്ശൈലിയില്‍ ഇങ്ങനെ പറഞ്ഞത് ആരാണെന്ന് ഞാന്‍ നോക്കി. കുറേ മുമ്പ് റിട്ടയര്‍ ചെയ്ത ഒരു പോര്‍ട്ടര്‍. വൃദ്ധന്‍. നരച്ച കൊമ്പന്‍ മീശയും സൗമ്യമായ ചിരിയും. എന്തോ ആവശ്യത്തിന് സ്റ്റേഷനില്‍ എത്തിയതാവും. അയാളുടെ വാക്കുകള്‍ അന്തരീക്ഷത്തെ തണുപ്പിച്ചു. ഞാന്‍ പേന ക്യാപ്പിട്ടു വച്ചു. സീനിയറിന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു. ""തല്‍ക്കാലം ഒരു രേഖയ്ക്ക് രണ്ടുപേരുടെയും എക്സ്പ്ലനേഷന്‍ എഴുതിവാങ്ങി വിട്ടാലോ?"" സീനിയര്‍ സമ്മതിച്ചു. റോക്കിയും വരദനും നടന്നതെല്ലാം എഴുതി ഒപ്പിട്ടുതന്നു. അനുസരണയുള്ള സ്കൂള്‍ കുട്ടികളെപ്പോലെ കുടുംബത്തോടൊപ്പം മടങ്ങി. ഞാന്‍ വൃദ്ധനായ ആ പോര്‍ട്ടറെ അവിടെയെല്ലാം തിരഞ്ഞു. അയാള്‍ എപ്പോഴോ പോയ്ക്കഴിഞ്ഞിരുന്നു.

അയാളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്നു. മനുഷ്യന് ചിലപ്പോള്‍ തെറ്റുകള്‍ പറ്റാം. തിരുത്താന്‍ ഒരു അവസരം കൊടുക്കേണ്ടേ? രണ്ടു കണ്ണുകളില്‍ ഒരു കണ്ണിന് കേട് പറ്റിയാല്‍പോലും നമുക്കല്ലേ നഷ്ടം? മാനുഷികമായ വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും ഒരു ദര്‍ശനം എന്നെ പഠിപ്പിച്ചത് വലിയ വിവരവും വിദ്യാഭ്യാസവും ഒന്നുമില്ലാത്ത അജ്ഞാതനായ ആ പോര്‍ട്ടറാണ്. ഒരുവര്‍ഷം മുമ്പ് നടത്തിയ ഗള്‍ഫ് യാത്രയില്‍ അബുദാബിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചായസല്‍ക്കാരത്തിന് പോയി. മലയാളിസുഹൃത്തുക്കള്‍ സംസാരത്തില്‍ മുഴുകിയിരുന്നപ്പോള്‍ ആ വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്ന ഒരു വാചകം ശ്രദ്ധിച്ചു. ആള്‍ഡസ് ഹക്സ്ലിയുടെ ഒരു വാചകം. ഇംഗ്ലീഷിലുള്ള ആ വാചകം ഏകദേശം ഇങ്ങനെ പരിഭാഷപ്പെടുത്താം.

""ഒരാളുടെ അനുഭവം എന്ന് പറയുന്നത് അയാള്‍ക്ക് എന്തു സംഭവിച്ചുവോ എന്നതല്ല, ആ സംഭവത്തോട് അയാള്‍ എങ്ങനെ പ്രതികരിച്ചു എന്നതാണ്."" ജീവിതത്തില്‍ അനുഭവങ്ങള്‍ തരുന്ന പാഠങ്ങള്‍ വളരെ പ്രധാനമാണ്. സ്വതന്ത്രമായി ചിന്തിക്കാന്‍ മിനക്കെടുന്നവര്‍ക്ക് ഈ അനുഭവപാഠങ്ങള്‍ ഒരു ദര്‍ശനം ഉണ്ടാക്കിയെടുക്കാന്‍ ഒരുപാട് സഹായകരമാകും. "വലിയ വിവരവും വിദ്യാഭ്യാസവും" ഒന്നും ഇല്ലാത്ത സര്‍വസാധാരണക്കാര്‍ക്ക് മാത്രമല്ല ഉന്നതവിദ്യാഭ്യാസവും മറ്റും ശീലമാക്കിയവര്‍ക്ക് അവര്‍ വായിച്ച പുസ്തകങ്ങളിലെ ആശയങ്ങള്‍ ഈ ദര്‍ശനരൂപീകരണത്തില്‍ സഹായകമാകാം. ജീവിതപരിതസ്ഥിതികള്‍, മതദര്‍ശനങ്ങള്‍, അധ്യാപകര്‍ പകര്‍ന്ന ആശയങ്ങള്‍, സുഹൃത്തുക്കളുടെ വാക്കുകള്‍ എന്നിവയെല്ലാം ദര്‍ശനത്തെ സ്വാധീനിക്കുമല്ലോ. തന്നെക്കുറിച്ച്, ചുറ്റുമുള്ള മനുഷ്യരെക്കുറിച്ച്, മറ്റു ജീവജാലങ്ങളെയും പ്രകൃതിയെയും കുറിച്ച് എന്നിങ്ങനെ വികസിച്ച് പ്രപഞ്ചത്തെക്കുറിച്ചുവരെ ഈ ദര്‍ശനം വികസ്വരമായി വളരാം. ഇത്രയൊന്നും ചിന്തിക്കാത്ത സാധാരണക്കാര്‍ക്കും അറിഞ്ഞോ അറിയാതെയോ ഒരു ദര്‍ശനം ഉണ്ടായിരിക്കും.

*
വൈശാഖന്‍ deshabhimani weekly 20-10-13

Wednesday, October 2, 2013

ജ്ഞാനിയായ നടന്‍

ജീവിതവുമായി ബന്ധമുള്ള ഇരിഞ്ഞാലക്കുട പട്ടണത്തെക്കുറിച്ച് ഞാന്‍ വല്ലപ്പോഴും എഴുതാറുണ്ട്. അങ്ങനെ എഴുതുമ്പോള്‍ ഉണ്ണായിവാര്യരും, കെ വി കെ വാര്യരും, അമ്മന്നൂര്‍ ചാക്യാന്മാരും, ഗായകന്‍ ജയചന്ദ്രനും കെ വി രാമനാഥന്‍മാഷുമെല്ലാം പരാമര്‍ശിക്കപ്പെടും. പിന്നെ നടന്‍ ഇന്നസെന്റും. അടുത്ത കാലത്ത് ഞാന്‍ എഴുതിയ ഒരു കുറിപ്പില്‍ "ജ്ഞാനിയായ നടന്‍ ഇന്നസെന്റ്" എന്ന് എഴുതി. പത്രത്തില്‍ ലേഖനം അച്ചടിച്ചുവന്നാല്‍ ചൂടോടെ ഒന്നു വായിച്ചു നോക്കുമല്ലോ. വായിച്ചു. അതില്‍ "ജ്ഞാനിയായ" എന്ന വാക്ക് ഇല്ല. "നടന്‍ ഇന്നസെന്റ്" എന്നു മാത്രം. ജ്ഞാനിയെ പത്രാധിപര്‍ വെട്ടി വീശിയിരിക്കുന്നു.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പത്രാധിപന്മാരുടെ പേന എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. ഒട്ടും ഭാഷാ വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ട് ചിലപ്പോഴൊക്കെ പ്രമാദമായ വ്യാകരണപ്പിശകുകള്‍ വന്നുപെടും. പത്രാധിപര്‍ എന്നു പറയുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടേട്ടനായി പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞുണ്ണിമാഷെ്ടെ പച്ചമഷിയാണ് ആദ്യം ഓര്‍മ വരുന്നത്. ബാലപംക്തിയിലേക്ക് അയക്കുന്ന കഥകള്‍ അദ്ദേഹം വെട്ടിത്തിരുത്തി വെടിപ്പാക്കിയാണ് പ്രസിദ്ധീകരിക്കുക. പ്രസിദ്ധീകരിക്കാത്തവ തിരുത്തിയും അടിവരയിട്ടും കമന്റെഴുതിയും തിരികെ അയച്ചുതരും. ദേശാഭിമാനിയിലെ എം എന്‍ കുറുപ്പും, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടും ഇങ്ങനെ പേനകൊണ്ട് എന്നെ അനുഗ്രഹിച്ചവരാണ്. ഇന്നസെന്റിന്റെ മുന്നിലെ ജ്ഞാനിയെ വെട്ടിയ പത്രാധിപരോട് എനിക്ക് യാതൊരു വിദ്വേഷവും തോന്നിയില്ല. അദ്ദേഹത്തിനും കേരളത്തിലെ തൊണ്ണൂറു ശതമാനം ജനങ്ങള്‍ക്കും അറിയാവുന്നത് സിനിമയില്‍ തമാശാ വേഷത്തില്‍ എത്തുന്ന ഇന്നസെന്റിനെയാണല്ലോ. ഒരു തമാശക്കാരന്‍ എങ്ങനെ ജ്ഞാനിയാകും? മറ്റൊരു നിലയ്ക്ക് മനസ്സിലാകണമെങ്കില്‍ ഈ നടനെ വ്യക്തിപരമായി അടുത്തറിയണം. അല്ലെങ്കില്‍ ഇരിഞ്ഞാലക്കുടക്കാരനായിരിക്കണം. ഞാന്‍ അദ്ദേഹത്തെ അത്ര അടുത്തറിയുന്ന ഒരാളല്ല. പക്ഷേ ഇരിഞ്ഞാലക്കുടക്കാരനാണ്. സിനിമയിലെ നടനും നാടകത്തിലെ നടനും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കലയെ ഉള്ളറിഞ്ഞു പരിശോധിച്ച ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. രചയിതാവും സംവിധായകനും കര്‍ട്ടന്‍ വലിക്കുന്നവനും ഉള്‍പ്പെടെ വലിയൊരു സംഘം കൂടെയുണ്ടാകുമെങ്കിലും നാടകം നടന്റെ കലയാണെന്നാണ് അവര്‍ പറയുന്നത്. സിനിമയാകട്ടെ തികച്ചും സംവിധായകന്റെ കലയും. സംവിധായകന്റെ ആത്മാവിഷ്ക്കാരങ്ങളാണ് നടന്റെ, നടിയുടേയും രൂപത്തില്‍ നാം കാണുന്നത്. സംവിധായകന് യഥേഷ്ടം ശില്പമുണ്ടാക്കാന്‍ പാകത്തിനുള്ള കളിമണ്ണായിരിക്കുക എന്നതാണ് അവിടെ നടന്റെ പ്രതിഭ. ഒരു ദൃശ്യം പ്രേക്ഷകര്‍ എങ്ങനെ കാണണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. തീരെ ചെറിയ കുട്ടികള്‍ തകര്‍ത്തഭിനയിച്ചിട്ടുള്ള പല സിനിമകളും ഉണ്ട്. ബൈസിക്കള്‍ തീവ്സും പഥേര്‍ പഞ്ചാലിയും ഓര്‍മ വരുന്നു. സംവിധായകന്റെ യുക്തിക്കനുസരിച്ച് പാകപ്പെടുത്താന്‍ കഴിയുംവിധം നിഷ്ക്കളങ്കരാണ് എന്നതാവാം കുട്ടികളുടെ സൗഭാഗ്യം. സിനിമയോ നാടകമോ ഒന്നും കണ്ടു ശീലമില്ലാത്ത മൃഗങ്ങള്‍ പോലും സിനിമയില്‍ നന്നായി പെര്‍ഫോം ചെയ്യപ്പെട്ടിട്ടുണ്ട്. ഓര്‍മ വരുന്നത് അരവിന്ദന്റെ "കുമ്മാട്ടി" ആണ്. അതിലെ വികൃതിക്കുട്ടിയായ നായകന്‍ ഇടയ്ക്കുവച്ച് ഒരു നായയായി രൂപാന്തരപ്പെടുന്നു. പിന്നീടുള്ള പകുതി മുഴുവന്‍ ഒരു നായയാണ് അഭിനയിച്ചിട്ടുള്ളത്. വീട്ടില്‍ വരുന്ന അവനെ വളര്‍ത്തു തത്ത തിരിച്ചറിയുന്നു. അച്ഛനമ്മമാര്‍ അവനെ മകനെപ്പോലെ പരിചരിക്കുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം ഒന്നിച്ചിരുത്തി ഭക്ഷണം കൊടുക്കുന്നു. ഉറക്കുന്നു. ആ സമയത്തൊക്കെ എന്തൊരു ഭാവാഭിനയമാണ് ആ നായ പ്രകടിപ്പിച്ചിട്ടുള്ളതെന്ന് വിസ്മയിക്കാതിരിക്കാന്‍ നിവൃത്തിയില്ല. എന്നുവച്ച് എല്ലാവര്‍ക്കും സിനിമാനടനായി ശോഭിക്കാന്‍ കഴിയുമോ? കഴിയുമെന്നായിരുന്നു അടുത്തകാലം വരെ എന്റെ അന്ധവിശ്വാസം. അതു തീര്‍ന്നത് സ്ക്രീനില്‍ നമ്മുടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കാണാന്‍ തുടങ്ങിയതോടെയാണ്.

വൈലോപ്പിള്ളിക്കുശേഷം എഴുതിയവരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിയാണ് ബാലചന്ദ്രന്‍. അദ്ദേഹത്തിന്റെ സമകാലികനായി ജീവിക്കുക എന്നത് എന്റെ വലിയ അഭിമാനമാണ്. പക്ഷേ ആ അഭിനയമുണ്ടല്ലോ. അതൊരു വക ദുരന്തമാണ്. നടന്‍ എന്ന നിലയില്‍ ബാലചന്ദ്രന്റെ ആരാധകര്‍ എന്റെ ഈ പംക്തി വായിക്കാനിടയില്ല എന്ന ധൈര്യത്തിലാണ് ഞാന്‍ ഇതെഴുതുന്നത്. ഏത് കൊലകൊമ്പന്‍ സംവിധായകന്‍ വന്ന് പരിശ്രമിച്ചാലും ഇതെഴുതുന്നയാളെ ഒരു നടനാക്കാന്‍ കഴിയുകയില്ല എന്ന കാര്യത്തിലും എനിക്ക് ഉറപ്പുണ്ട്. ഞാന്‍ പറയുന്നത് ഇന്നസെന്റിന്റെ മുന്നിലെ "ജ്ഞാനി"യെ വെട്ടിക്കളഞ്ഞതിന് പത്രാധിപരെ കുറ്റപ്പെടുത്താന്‍ കഴിയില്ല എന്നാണ്. സ്ക്രീനില്‍ മുന്നിലിരിക്കുന്ന പ്രേക്ഷകരെ ഉല്ലാസത്തിന്റെ പരകോടിയില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് സത്യം. പക്ഷേ അതെല്ലാം തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരുന്നുവല്ലോ. അതുകൊണ്ടൊന്നും ഒരാളെ ജ്ഞാനി എന്നു വിളിക്കാന്‍ കഴിയില്ല. ഒരുപക്ഷേ അമ്മന്നൂര്‍ മാധവചാക്യാരെ ജ്ഞാനി എന്നു വിശേഷിപ്പിച്ചാല്‍ വായനക്കാര്‍ സഹിക്കുമായിരിക്കും. അമ്മന്നൂര്‍ മാധവചാക്യാരെയും ഇന്നസെന്റിനെയും സാദൃശ്യപ്പെടുത്തുന്നത് കലാ മര്‍മജ്ഞര്‍ പൊറുക്കുമോ എന്ന് അറിയില്ല. എങ്കിലും രണ്ടുപേരും ഇരിഞ്ഞാലക്കുടക്കാരാണല്ലോ. രണ്ടുപേര്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. മാധവചാക്യാര്‍ പണ്ടുണ്ടായിരുന്ന നായര്‍സമാജം സംസ്കൃത സ്കൂളില്‍ പോയിട്ടുണ്ടെന്നറിയാം. പിന്നെ കൊടുങ്ങല്ലൂര്‍ കളരിയിലും അഭ്യസിച്ചിട്ടുണ്ട്. എന്നാലും അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസം ഇന്നസെന്റിന്റെ പ്രസിദ്ധമായ "എട്ടാംക്ലാസി"ന്നപ്പുറത്തേക്ക് കടന്നിരിക്കാന്‍ സാധ്യതയില്ല. രണ്ടുപേരും അഭിനേതാക്കളാണ്. മുഖമായിരുന്നു പ്രധാന മാധ്യമം. അഭിനയത്തില്‍ തന്നെ ഹാസ്യമായിരുന്നു സ്പെഷലൈസേഷന്‍. ജ്ഞാനത്തിന്റെ മറുവശമാണോ ഹാസ്യം എന്ന് എനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പ്രധാനമായും ശ്രീനാരായണഗുരുവിനെക്കുറിച്ചു വായിക്കുമ്പോഴാണത്. ഭാഗ്യവശാലാവണം ഗുരു ഒരു ഹാസ്യസാഹിത്യകാരനായി അറിയപ്പെടാതിരുന്നത്. സഞ്ജയനെ വായിക്കുമ്പോഴും ഇങ്ങനെ തോന്നിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടയ്ക്കു വല്ലപ്പോഴും തൃശൂരില്‍നിന്നു ബസ്സു പിടിച്ച് തിരുവില്വാമലയില്‍ ഇറങ്ങി ഒരു പകല്‍ മുഴുവന്‍ സാക്ഷാല്‍ വി കെ എന്‍ എന്ന മഹാത്ഭുതത്തിന്റെ മുന്നിലിരിക്കുമ്പോഴും ലോകത്തെക്കുറിച്ചുള്ള സമസ്ത ജ്ഞാനത്തിന്റെയും ബഹിസ്ഫുരണമാണ് ഹാസ്യം എന്നു മനസ്സിലായിട്ടുണ്ട്. ഒരു ബീഡി കത്തിച്ചു കഴിഞ്ഞാല്‍ വി കെ എന്‍ പറയും. "ഇപ്പഴത്തെ ബീഡി വല്യ കഷ്ടാണ്. ആഞ്ഞു വലിച്ചാലേ ത്തിരി പുക കിട്ടൂ. ഒരാളെ കൂലിക്കു നിറുത്തി വലിക്കണ്ടി വരും." ജ്ഞാനത്തിന്റെ മാത്രമല്ല ദുഃഖത്തിന്റെയും സന്തത സഹചാരിയാണ് ഹാസ്യം. ലോകപ്രശസ്തരായ പല കൊമേഡിയന്മാരും സ്വന്തം ജീവിതത്തില്‍ കൊടും യാതനകളുടെയും തീരാത്ത വേദനകളുടെയും കടലുകള്‍ നീന്തിക്കടന്നവരാണ്. അശാന്തമായ ജീവിതാനുഭവങ്ങളുടെ നിറഞ്ഞു തുളുമ്പലാണ് അവരുടെ ഹാസ്യം എന്നുപറയാം.

നമ്മുടെ പ്രിയപ്പെട്ട ബഹദൂര്‍ പണ്ട് ചിത്രകാര്‍ത്തിക ആഴ്ചപ്പതിപ്പില്‍ തന്റെ ഓര്‍മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ലോക പ്രശസ്തനായ ഒരു കോമാളിയുടെ -ചാര്‍ളി ചാപ്ലിന്‍ ആണോ?- ഒരു ജീവിതാനുഭവം അന്ന് അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നു. കോമഡി ഷോ അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറാന്‍ നില്‍ക്കുന്ന സമയത്താണ് തന്റെ അമ്മ മരിച്ച വിവരം അദ്ദേഹത്തിന് ലഭിക്കുന്നത്. ഷോ നടത്താനാവില്ല. ഉടന്‍ വീട്ടില്‍ പോകണം. വിവരമറിയിച്ചപ്പോള്‍ സംഘാടകര്‍ പറഞ്ഞു. ഞങ്ങള്‍ പറഞ്ഞാല്‍ സദസ്യര്‍ വിശ്വസിക്കുകയില്ല. നിങ്ങള്‍ തന്നെ അവരുടെ മുന്നില്‍ ചെന്നു പറയൂ. അദ്ദേഹം സമ്മതിച്ചു. അങ്ങനെ കര്‍ട്ടണ്‍ ഉയര്‍ന്നു. കൊമേഡിയന്‍ രംഗത്തു വന്നു. ആകാംക്ഷയോടെ തന്നെ ഉറ്റു നോക്കുന്ന പ്രേക്ഷകരുടെ മുന്നില്‍ നിന്നപ്പോള്‍ അദ്ദേഹത്തിന് ദുഃഖം അടക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: "എന്റെ അമ്മ മരിച്ചു." സദസ്സ് ആര്‍ത്തു ചിരിച്ചു.

സിനിമയില്‍ നിന്നു പുറത്തിറങ്ങി നടക്കുമ്പോഴും ആളുകള്‍ നോക്കിനിന്നു ചിരിക്കുന്നതിലുള്ള അലോസരം സ്വകാര്യ സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും ഇന്നസെന്റ് പ്രകടിപ്പിക്കാറുണ്ട്. തന്റെ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പങ്കുവച്ച കൂട്ടത്തില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒരു അനുഭവം അദ്ദേഹം എഴുതി. പരിശോധനകള്‍ക്കു ശേഷം ഡോക്ടറെ കണ്ട് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം അദ്ദേഹം ലേക്ഷോര്‍ ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയാണ്. ഭാവിജീവിതത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്യുന്ന മകന്‍ പതിവിനു വിപരീതമായി തികഞ്ഞ മൗനത്തിലാണ്. അപ്പോള്‍ ഒരു പറ്റം സ്ത്രീകള്‍ മറ്റൊരു കാറില്‍ അദ്ദേഹത്തിനു സമീപത്തെത്തി. ഇന്നസെന്റിനെ കണ്ടപാടെ അവര്‍ ചിരിക്കാന്‍ തുടങ്ങി. അദ്ദേഹം എഴുതുന്നു: "ട്രാഫിക് സിഗ്നലില്‍ എത്തിയപ്പോള്‍ അവരുടെ വണ്ടി ഞങ്ങളുടെ വണ്ടിക്കു സമാന്തരമായി വന്നുനിന്നു. സ്ത്രീകള്‍ തല പുറത്തേക്കിട്ടു ചിരിച്ചു.... ഞാന്‍ കണ്ണിന്റെ തുമ്പിലൂടെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന മകന്‍ സോണറ്റിനെ നോക്കി. അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുകയാണ്."

സിനിമയിലെ നടന്‍ എന്നതിനപ്പുറം ഇന്നസെന്റ് ആരാണെന്നും എന്താണെന്നും ഇരിഞ്ഞാലക്കുടക്കാര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് അദ്ദേഹം അങ്ങാടിയിലൂടെ നടക്കുമ്പോഴും പെരുന്നാളിനു വരുമ്പോഴും ചായക്കടയില്‍ വച്ചു കാണുമ്പോഴും അവര്‍ നോക്കി ചിരിക്കുകയില്ല. അമ്മന്നൂര്‍ മാധവചാക്യാരെ കാണുമ്പോഴെന്ന പോലെ ആദരവു പ്രകടിപ്പിക്കുകയേ ഉള്ളൂ. ഒരിക്കല്‍ പട്ടണത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍ കലാസമിതി വാര്‍ഷികത്തിന് ഞങ്ങള്‍ രണ്ടുപേരും പ്രഭാഷകരായി ഉണ്ടായിരുന്നു. ഇന്നസെന്റ് വരാന്‍ കുറച്ചു വൈകി. അപ്പോഴേക്കും എന്റെ പ്രസംഗം തീര്‍ന്നിരുന്നു. അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. ""ഞാന്‍ വന്നിട്ടു കുറച്ചു സമയമായി. തൊട്ടടുത്ത വീട്ടില്‍ ഇരിക്കുകയായിരുന്നു. അശോകന്റെ പ്രസംഗം കഴിയാന്‍ കാത്തിരുന്നതാണ്. അദ്ദേഹം വല്ല നല്ല കാര്യങ്ങളൊക്കെ പറയാന്‍ സാധ്യതയുണ്ട്. അതിനിടയില്‍ ഞാന്‍ വന്നു കയറിയാല്‍ ആകെ അലങ്കോലമാവും. ആളുകള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങും. ഞാന്‍ സിനിമക്കാരനും പോരാത്തതിന് ഹാസ്യനടനും ആണല്ലോ.""

രോഗത്തിന്റെയും ചികിത്സയുടെയും ചെറിയൊരു ഇടവേള പിന്നിട്ട് പൂര്‍വാധികം ഉഷാറോടെ ഇന്നസെന്റ് ഇരിഞ്ഞാലക്കുടയുടെ പട്ടണപാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. രോഗകാലത്തെ അനുഭവങ്ങളാണ് ഇപ്പോഴത്തെ പ്രധാന കൈമുതല്‍. അക്കാലത്തെ വേദനകളെയും ആത്മസംഘര്‍ഷങ്ങളെയും തമാശയില്‍ കലര്‍ത്തി തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടതെന്ന് നിശ്ചയമില്ലാതെ ഇരിഞ്ഞാലക്കുടക്കാര്‍ അമ്പരക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിണറായി വിജയനും എം എ ബേബിയും ഉള്‍പ്പെടെ ധാരാളം പ്രശസ്ത വ്യക്തികള്‍ അദ്ദേഹത്തെ രോഗകാലത്ത് സന്ദര്‍ശിച്ചു. ഏതാണ്ട് അവസാനം എത്തിയ രമേശ് ചെന്നിത്തലയോട് അദ്ദേഹം പറഞ്ഞു: ""രോഗം ഇത്രവേഗം ദേദമാവേണ്ടിയിരുന്നില്ല. കൊറച്ചുകൂടി ആള്‍ക്കാരൊക്കെ വരാനുണ്ടല്ലോ. ആ പയ്യനെക്കൂടി വേഗം ഒന്നു കൊണ്ടു വരണം."" ""ഏതു പയ്യനെ?"" രമേശ് ചോദിച്ചു. ""ആ രാഹുല്‍ഗാന്ധീല്ലേ, അയാളെ. സോണിയാഗാന്ധീടെ കാര്യം പിന്നെ ആലോചിക്കാം.""

ഈ അടുത്ത ദിവസം ഞാന്‍ പഠിച്ച സ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വിശിഷ്ടാതിഥിയായി ഇന്നസെന്റ് വന്നു. അന്നാണ് അദ്ദേഹവും അവിടത്തെ പൂര്‍വവിദ്യാര്‍ഥിയാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. താന്‍ ഇരിഞ്ഞാലക്കുടയിലെ എല്ലാ സ്കൂളുകളിലും പഠിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് ഓര്‍മക്കുറിപ്പുകളില്‍ എഴുതിയിരുന്നു. പക്ഷേ ഞാന്‍ രണ്ടു വര്‍ഷം പഠിച്ച എസ്എന്‍ ഹൈസ്കൂളില്‍ അദ്ദേഹം പഠിച്ചിരുന്ന വിവരം മുമ്പ് മനസ്സിലാക്കിയിരുന്നില്ല. അധ്യാപകര്‍ ആരും ഇങ്ങനെ ഒരു കക്ഷി അവിടെ ഉണ്ടായിരുന്ന കഥ പറഞ്ഞിരുന്നില്ല. പഠിച്ചിരുന്നു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ പ്രസിദ്ധമായ എട്ടാംക്ലാസ് അവിടെയായിരുന്നു. ഇന്നസെന്റിന്റെ വാട്ടര്‍ലൂ എന്ന് ആ വിദ്യാലയത്തെക്കുറിച്ചു പറയാം. എട്ടാംക്ലാസുവരെ പഠിച്ചു പരാജയപ്പെട്ടു പിന്‍വാങ്ങിയ തന്നെ ബാന്റ് വാദ്യവും താലപ്പൊലിയുമായി സ്വീകരിച്ച് ആനയിക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ചിരി പൊട്ടി വിടരുന്നുണ്ടായിരിക്കണം. ഉള്ളില്‍ ചിരി നിറയുമ്പോള്‍ ഇന്നസെന്റ് കൂടുതല്‍ ഗൗരവക്കാരനാവുന്നതു കണ്ടിട്ടുണ്ട്. സ്കൂളില്‍ വന്നപാടെ അദ്ദേഹം മാനേജര്‍ ഡോ. സി കെ രവിയോട് അന്വേഷിക്കുന്നതു കേട്ടു. ""രാമന്‍മാഷെവിടെ? രാജന്‍ മാഷെവിടെ? സുഭദ്രടീച്ചര്‍ വന്നിട്ടില്ലേ?"" അതുകേട്ട് എനിക്ക് ഉള്ളില്‍ ചിരിവന്നു. എന്തിനാണാവോ തിടുക്കത്തിലുള്ള ഈ അന്വേഷണം? ഡല്‍ഹൗസിപ്രഭുവിന്റെ ഭരണപരിഷ്ക്കാരത്തെക്കുറിച്ച് വല്ല സംശയവും ചോദിക്കാനുണ്ടോ? മനസ്സില്‍ അമര്‍ത്തിവച്ച ചിരിയാണ് പിന്നെ അദ്ദേഹത്തിന്റെ പ്രസംഗമായി പുറത്തു വന്നത്. രോഗകാലത്ത് കാണാന്‍ വന്ന സന്ദര്‍ശകരെക്കുറിച്ചായിരുന്നു വിവരണം. ഓരോ വാക്കു പറയുമ്പോഴും സദസ്സില്‍ ചിരി പടര്‍ന്നു. പക്ഷേ അപ്പോഴും ഇന്നസെന്റ് തന്റെ ഗൗരവഭാവം ഉപേക്ഷിക്കുകയില്ല. നല്ല പകല്‍വെളിച്ചത്തിലാണ് ആ സമ്മേളനം നടന്നത്. ചിരിക്കുന്ന മുഖങ്ങളിലേക്ക് ഞാന്‍ കൗതുകത്തോടെ നോക്കി. അതു വെറും ചിരിയല്ല. എല്ലാ കണ്ണുകളും നനയുന്നുണ്ട്.

ഇന്നസെന്റിനെക്കുറിച്ച് ഞാന്‍ ആദ്യം അറിയുന്നത് അദ്ദേഹം ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന കാലത്താണ്. എണ്‍പതിലോ മറ്റോ ആണ്. പട്ടണത്തിലെങ്ങും "സ്വതന്ത്ര സ്ഥാനാര്‍ഥി ടി വി ഇന്നസെന്റിന് വോട്ടു ചെയ്യുക" എന്നടിച്ച പോസ്റ്ററുകള്‍ പതിച്ചിരുന്നു. പടവും ഉണ്ടായിരുന്നു എന്നാണ് ഓര്‍മ. രണ്ടു മുന്നണികള്‍ ശക്തമായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കാലമാണ്. രാഷ്ട്രീയ പ്രബുദ്ധമായ ഇരിഞ്ഞാലക്കുട പോലൊരു പട്ടണത്തില്‍ പാര്‍ടികളുടെ ഒന്നും പിന്‍ബലമില്ലാത്ത ഒരു സ്വതന്ത്രന്റെ ഗതി ഊഹിക്കാവുന്നതേയുള്ളൂ. എന്നാലും കുറേ സ്വതന്ത്രര്‍ എല്ലായ്പ്പോഴും രംഗത്തു വരും. ചിലര്‍ക്ക് മത്സരം ഒരു തമാശയാണ്. പക്ഷേ ഇന്നസെന്റിന്റെ അന്നത്തെ തമാശ ഫലവത്തായി. രണ്ടു മുന്നണികളെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വിജയിച്ചു. തന്റെ സിനിമാ മോഹവും തീപ്പെട്ടിക്കമ്പനിയും പൂട്ടി കടം കയറി നിരാശാഭരിതനായി അലയുന്ന കാലത്താണ് ഒരു പിടിവള്ളി എന്ന നിലയില്‍ -മുങ്ങിച്ചാവുന്നവന് കച്ചിത്തുരുമ്പ് എന്നതുപോലെ- തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയതെന്ന് പിന്നീട് അദ്ദേഹം എഴുതിയിട്ടുണ്ട്. മുനിസിപ്പല്‍ കൗണ്‍സിലറായി അദ്ദേഹം ശോഭിച്ചുവോ എന്നൊന്നും എനിക്കു നിശ്ചയമില്ല. പക്ഷേ തന്നെ ഇരിഞ്ഞാലക്കുടക്കാര്‍ തിരിച്ചറിഞ്ഞു എന്ന ആത്മവിശ്വാസം പിന്നീടുള്ള യാത്രയില്‍ അദ്ദേഹത്തിനു കരുത്തു നല്‍കിയിട്ടുണ്ടാവണം. ഇന്നസെന്റ് എന്ന നടന്റെ ജൈത്രയാത്രകള്‍ ആരംഭിക്കുന്നത് അതോടെയാണ്.

തന്റെ രാഷ്ട്രീയച്ചായ്വുകളൊന്നും ഇന്നസെന്റ് പുറത്തു കാണിക്കുക പതിവില്ല. മുഖ്യധാരാ സിനിമയുടെയും വ്യവസായത്തിന്റെയും അനിവാര്യ ഭാഗമായി നില്‍ക്കുമ്പോള്‍ അതു വെളിപ്പെടുത്താതിരിക്കുന്നതാവും ഉചിതം എന്നദ്ദേഹം കരുതുന്നുണ്ടാവണം. യൗവനകാലത്ത് ഇരിഞ്ഞാലക്കുടയില്‍ ആര്‍എസ്പി നേതാവായി നടന്ന കഥ അദ്ദേഹം ഇടയ്ക്കു പറയാറുണ്ട്. അതൊരു തമാശക്കാലമായിട്ടാണ് അദ്ദേഹം വിവരിക്കുന്നത്. പക്ഷേ ആത്മകഥകളിലും ഓര്‍മക്കുറിപ്പുകളിലും പ്രഭാഷണങ്ങളിലും തന്റെ അപ്പന്‍ തെക്കേത്തല വറീതിനെ വിടാതെ പിന്തുടരുന്ന ഒരു മകന്‍ എന്ന നിലയില്‍ അദ്ദേഹം തന്നെ വരച്ചു വയ്ക്കുന്നുണ്ട്. തന്റെ അപ്പനെന്ന നിലയില്‍ മാത്രമല്ല അത്. സ്നേഹസമ്പന്നനായ ഒരു മനുഷ്യന്‍ എന്ന നിലയിലുമല്ല. ഒരു ആദ്യകാല കമ്യൂണിസ്റ്റ് എന്ന നിലയിലാണ് ഇന്നസെന്റ് തന്റെ അപ്പനെ ആദരിക്കുന്നത്. ഇരിഞ്ഞാലക്കുട വലിയ പള്ളിയിലെ സെമിത്തേരിയില്‍ അപ്പന്‍ വിശ്രമിക്കുന്ന കുഴിമാടത്തിനരികെ താന്‍ ചെല്ലുന്നതും മനസ്സുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിക്കുന്നതുമായ രംഗം തന്റെ ആത്മകഥയില്‍ തികച്ചും വികാരഭരിതമായ ഒരു ഭാഷയില്‍ അദ്ദേഹം എഴുതുന്നുണ്ട്. നടന്‍ എന്നതിനപ്പുറം ഞാന്‍ ഇന്നസെന്റിനെ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെയാണ്. അത്യപൂര്‍വമായി വീണുകിട്ടുന്ന ചില സ്വകാര്യ വര്‍ത്തമാനങ്ങളിലൂടെയും. എന്റെ സുഹൃത്ത് സത്യന്‍ അന്തിക്കാടുമായുള്ള സംഭാഷണങ്ങളില്‍നിന്ന് ഞാന്‍ ഊഹിച്ചെടുത്ത ഒരു ധാരണയുണ്ട്. നമ്മുടെ സിനിമാലോകം തങ്ങള്‍ക്കിടയിലെ ഏറ്റവും അറിവും അനുഭവവുമുള്ള ഒരാള്‍ എന്ന നിലയിലാണ് ഇന്നസെന്റിനെ കണക്കാക്കുന്നത്്. പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ സമീപിക്കുന്നു. ഈയിടെ സത്യന്‍ തന്നെ എഴുതിയിരുന്നുവല്ലോ. അദ്ദേഹത്തിന്റെ മാത്രമല്ല, മറ്റു പല സംവിധായകരുടെയും സിനിമാ സംബന്ധമായ ആലോചനകളില്‍ ഇന്നസെന്റിന്റെ പങ്കാളിത്തം ഉണ്ടാവാകാറുണ്ട് എന്ന്. അത് സിനിമ കാണുന്ന ഞങ്ങള്‍ ഇരിഞ്ഞാലക്കുടക്കാര്‍ക്കു പെട്ടെന്നു മനസ്സിലാവും. കുറച്ചു കാലമായി മലയാള സിനിമയില്‍ അവിടവിടെയായി ഞങ്ങളുടെ നാടിന്റെ ഒരു സ്പര്‍ശം കാണാനുണ്ട്. എം എന്‍ വിജയന്‍മാഷും സുകുമാര്‍ അഴീക്കോടും വിട്ടുപോയതുകൊണ്ട് ധൈര്യമായിട്ടു പറയാം.

ഇന്നു മലയാളഭാഷയിലെ ഏറ്റവും മികച്ച പ്രഭാഷകനാണ് ഇന്നസെന്റ്. വാക്കും ജീവിതവും ഇത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു വേള മറ്റാരുടെ പ്രസംഗത്തിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇരിഞ്ഞാലക്കുടയിലെ ഏതാണ്ട് എല്ലാ സ്കൂള്‍ വര്‍ഷികങ്ങള്‍ക്കും യാത്രയയപ്പുകള്‍ക്കും ഇന്നസെന്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. അവിടെയെല്ലാം അദ്ദേഹം പഠിച്ചിട്ടുണ്ടല്ലോ. പലപ്പോഴും ഇന്നസെന്റിന്റെ പ്രസംഗങ്ങള്‍ നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ പ്രക്രിയക്കെതിരായ കാതലുള്ള വിമര്‍ശനമായി മാറുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം അതൊരുപക്ഷേ ഉദ്ദേശിക്കുന്നുണ്ടാവില്ല. തന്നെയും തന്റെ പരിമിതികളെയുമാണ് അദ്ദേഹം പരിഹസിക്കുന്നത്. അസാമാന്യ മിഴിവുള്ള ഒരു അന്തരീക്ഷം അദ്ദേഹം പ്രസംഗമധ്യേ സൃഷ്ടിക്കും. അതിനദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ സൂക്ഷ്മത കണ്ട് കഥാകൃത്ത് എന്ന നിലയില്‍ അഹങ്കരിക്കുന്ന ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അത്രതന്നെ സൂക്ഷ്മമായും മൗലികമായും അല്ല അദ്ദേഹത്തിന്റെ ആത്മകഥയും ഓര്‍മക്കുറിപ്പുകളും പകര്‍ത്തപ്പെട്ടിട്ടുള്ളത് എന്നുകൂടി ഞാന്‍ പറയും.

ഒരു മൗലിക പ്രതിഭയെ കണ്ടെത്തുന്നതില്‍ നമ്മുടെ ഔപചാരിക വിദ്യാഭ്യാസം എങ്ങനെ പരാജയപ്പെടുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവായാണ് ഇന്നസെന്റ് സ്കൂള്‍ സദസ്സുകള്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെടുന്നത്. പരിഷ്ക്കാരങ്ങള്‍ പലതും നടന്നെങ്കിലും ഒരു ഇന്നസെന്റിനേയോ ഒരു മാധവചാക്യാരെയോ തിരിച്ചറിയാനുള്ള പക്വത നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഇനിയും നേടിയിട്ടില്ല. ഒരു ഐന്‍സ്റ്റിന്‍ പോലും ക്ലാസുമുറിയില്‍ നടക്കുന്ന പരീക്ഷയിലൂടെ ജയിച്ചു കയറണമെന്നില്ല. പരീക്ഷയെന്ന അരിപ്പയിലൂടെ നാം ആരെയൊക്കെയാണ് അരിച്ചെടുക്കുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അമ്പരക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലും മലയാള ഭാഷയിലുള്ള ഒരു ആഴ്ചപ്പതിപ്പോ, മാസികയോ വായിച്ചിട്ടില്ലാത്ത മലയാള സാഹിത്യ ഗവേഷകരെ കണ്ടുമുട്ടാറുണ്ട്. സ്വന്തം ജില്ലയിലെ ഏതെങ്കിലും സ്വാതന്ത്ര്യ സമരസേനാനിയുടെ പേരു പറയാനറിയാത്ത ഹിസ്റ്ററി എമ്മേക്കാരന്‍. എല്ലാവരും ഡിസ്റ്റിങ്ഷനോടെ പാസ്സായവരാണ്. ഇന്നസെന്റാകട്ടെ പരാജയപ്പെട്ടവനും.

തൃശൂരിലെ പ്രസിദ്ധമായ ഫൈന്‍ ആര്‍ട്സ് കോളേജിന് എതിര്‍വശത്തുള്ള സര്‍ക്കാര്‍ ആപ്പീസില്‍ ഞാന്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. കോളേജിലെ ചിത്രപ്രദര്‍ശനങ്ങള്‍ ഇടയ്ക്ക് കാണാന്‍ പോകും. ഒരിക്കല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എത്തിയിരുന്നു. അദ്ദേഹം അവിടത്തെ പൂര്‍വ വിദ്യാര്‍ഥിയാണ്. പ്രശസ്തനായ ആ ചിത്രകാരന്‍ തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായിരുന്നു എന്നതിലുള്ള അഭിമാനം സ്വാഗത പ്രാസംഗികനും അധ്യക്ഷനും പ്രകടിപ്പിച്ചു. തന്റെ പ്രസംഗത്തില്‍ നമ്പൂതിരി പറഞ്ഞു: ""ഇവിടത്തെ ഒരു പൂര്‍വവിദ്യാര്‍ഥിയാണ് എന്നതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്. യഥാകാലം ഞാന്‍ ഇവിടെ പഠിച്ചെങ്കിലും പരീക്ഷകളൊന്നും നേരാംവണ്ണം പാസ്സാകാതെയാണ് ഇവിടെന്നു പോയത്."" ചുരുക്കിപ്പറഞ്ഞാല്‍ തോറ്റു മടങ്ങി എന്നര്‍ഥം. ആ സ്ഥാപനത്തില്‍ നിന്നു നല്ല നിലയില്‍ വിജയിച്ച വിദ്യാര്‍ഥിയെ എനിക്കപ്പോള്‍ ഓര്‍മ വന്നു. നമ്പൂതിരിയേക്കാള്‍ പ്രശസ്തനായി അദ്ദേഹം. പിന്നീട് നമ്മുടെ മുഖ്യമന്ത്രി ആയി മാറിയ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍.

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

Sunday, September 29, 2013

ഈ അച്ഛനാണ് സത്യം

അഹമ്മദാബാദിനും നൂറനാടിനുമിടയിലുള്ള ദൂരം മണലാടിതെക്കതില്‍ ഗോപിനാഥപിള്ളയ്ക്ക് പോയിന്റ് ബ്ലാങ്കില്‍ ഒരു വെടിയുണ്ട തന്റെ മകന്‍ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ഗുലാം ഷേഖിന്റെ നെഞ്ചിലേക്ക് സഞ്ചരിച്ച ചെറുദൂരംമാത്രമാണ്. പക്ഷേ, മകനെ തീവ്രവാദിയെന്നു മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവച്ച് കൊലപ്പെടുത്തിയ വര്‍ഗീയഭരണകൂടത്തിനെതിരായ നിയമപോരാട്ടവുമായി നൂറനാട്ടുനിന്ന് എഴുപത്തിരണ്ടുകാരനായ അദ്ദേഹം സഞ്ചരിച്ച ദൂരം ചെറുതല്ല.

ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദപ്രകടനങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ സാമുദായിക സൗഹാര്‍ദം വീണ്ടെടുക്കാന്‍ പ്രാര്‍ഥനായോഗങ്ങളില്‍നമുഴുകിയ മഹാത്മാഗാന്ധിയുടെ ജന്മനാട്ടില്‍, രാജ്യത്തിന്റെ തെക്കേയറ്റത്ത് ആലപ്പുഴ ജില്ലയില്‍നിന്നുള്ള ഒരു സാധാരണകര്‍ഷകന്‍ തുടങ്ങിവച്ച പോരാട്ടം ഇന്ന് മനുഷ്യസ്നേഹികള്‍ പലരും അണിചേര്‍ന്ന് ശക്തിപ്രാപിച്ചിരിക്കുന്നു. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠംതന്നെ നിശിതമായ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം 18 സംഭവങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി ഒരു ജഡ്ജിയെത്തന്നെ ചുമതലപ്പെടുത്തി.

പ്രാണേഷ്കുമാറിന്റെയും ഇസ്രത് ജഹാന്റെയും കൊലപാതകം സിബിഐതന്നെ അന്വേഷിക്കുകയാണ്. നരേന്ദ്രമോഡി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. വ്യാജ ഏറ്റുമുട്ടലുകളുടെ നടത്തിപ്പുകാരനായി കുപ്രസിദ്ധി നേടിയ പൊലീസുദ്യോഗസ്ഥന്‍ വന്‍സാരയുള്‍പ്പെടെ നിരവധിപേര്‍ അഴികള്‍ക്കുള്ളിലാണ്. ഗോപിനാഥപിള്ള എന്ന അച്ഛന്‍ പുണെ ഗോപിനാഥപിള്ളയുടെ രണ്ടാം വീടാണ്. അമ്പതുകളുടെ ഒടുവില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി പരീക്ഷയില്‍ തോറ്റ് നാടുവിട്ടാണ് പിള്ള പുണെയിലെത്തുന്നത്. അമ്മയുടെ മാല പണയംവച്ച് പതിവുശൈലിയില്‍ ഒരു കത്തുമെഴുതിവച്ചിട്ടൊരു മുങ്ങല്‍. അവിടെയുള്ള ബന്ധുവിന്റെ സഹായത്തോടെ ഒരു ജോലി തരപ്പെടുത്താമെന്നായിരുന്നു ചിന്ത. പക്ഷേ, പിള്ളയ്ക്കുമുമ്പേ അദ്ദേഹത്തിന്റെ അച്ഛന്റെ നിര്‍ദേശം ബന്ധുവിന് കിട്ടിക്കഴിഞ്ഞിരുന്നു. ജോലിയൊന്നും വാങ്ങിക്കൊടുക്കരുത്. പഠിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് സഹായം ചെയ്തുകൊടുക്കണം.

പിള്ളയുടെ അച്ഛന്‍ പ്രതാപിയാണ്. അടൂര്‍ തട്ടയിലാണ് അച്ഛന്റെ കുടുംബമായ ഇടയിരേത്ത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ കരയോഗം രൂപീകരിക്കുന്നത് ഈ തറവാടിന്റെ വരാന്തയിലാണ്. മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെ പങ്കെടുത്ത് രൂപീകരിച്ച ഒന്നാംനമ്പര്‍ കരയോഗം. അച്ഛന്റെ ഇച്ഛാനുസരണം മഹാരാഷ്ട്രയില്‍ ഐടിഐ കോഴ്സിന് ചേര്‍ന്നു. പാസായ ഉടന്‍ ജോലിയുമായി. ഭോപാലില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍. ഇക്കാലത്ത് സരസ്വതിയമ്മയെ വിവാഹം കഴിച്ചു. ഗര്‍ഭിണിയായതോടെ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. 1971 ഏപ്രില്‍ 13ന് രണ്ടാമത്തെ ആണ്‍കുട്ടിയായി പ്രാണേഷും ജനിച്ചതോടെ ഭോപാലിലെ ജോലി ഉപേക്ഷിച്ച് പിള്ളയും വന്നു. കൃഷിക്കാരനാകാനായിരുന്നു തീരുമാനം. പക്ഷേ, കൃഷിയില്‍നിന്ന് വേണ്ടത്ര വരുമാനം കിട്ടാതായതോടെ ഉത്തരേന്ത്യയിലേക്കുതന്നെ മടങ്ങി. ഇക്കുറി പുണെയില്‍. പത്താംക്ലാസ് പാസായശേഷം പ്രാണേഷും പുണെയില്‍ അച്ഛന്റെയടുത്തെത്തി. 1989ല്‍ ഐടിഐ പാസായശേഷം അച്ഛന്റെ കമ്പനിയില്‍തന്നെ ജോലിക്കാരനായി. മകന് ജോലി ലഭിച്ചതോടെ ഗോപിനാഥപിള്ള മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിലേക്കെത്തി. നൂറനാട്ട് താമസമാക്കി.

പുണെയില്‍ പ്രാണേഷിന്റെ ഏകാന്തതയിലക്ക് ഒരു പെണ്‍കുട്ടി കടന്നുവന്നു; അയല്‍ക്കാരി സാജിദ. പ്രണയതീക്ഷ്ണതയില്‍ അവന്‍ മതംമാറി മുസ്ലിമായി. ജാവേദ് ഗുലാം ഷേഖ് എന്ന പേര് സ്വീകരിച്ചു. ഇതൊന്നും നാട്ടിലാരും അറിഞ്ഞില്ല. ഒടുവില്‍ ജ്യേഷ്ഠന്‍ അരവിന്ദിന്റെ വിവാഹപ്പന്തലിലേക്ക് മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് അവന്‍ കയറിവന്നു. അടുത്തചില ബന്ധുക്കളോട് അപ്പോള്‍ വിവരമെല്ലാം പറഞ്ഞു. വൈകിട്ട് തീവണ്ടികയറി പോകുംവരെ അച്ഛന്‍ ഒന്നുമറിയരുതെന്ന് ശട്ടംകെട്ടി. എല്ലാമറിഞ്ഞിട്ടും ഗോപിനാഥപിള്ള ഒന്നുമറിയാത്തതുപോലെ പെരുമാറി. അമ്മ ക്യാന്‍സറിന്റെ പിടിയിലായപ്പോള്‍ അവന്‍ വീണ്ടും വന്നു. രോഗക്കിടക്കയില്‍വച്ച് അമ്മയോടാണ് തനിക്കൊരു മകന്‍ ജനിച്ച വിവരം പറഞ്ഞത്. മരുമകളെയും ചെറുമകനെയും കാണണമെന്ന് അവര്‍ ആഗ്രഹിച്ചതനുസരിച്ച് സാജിദയെയും കുഞ്ഞിനെയും കൂട്ടി പ്രാണേഷ് വീണ്ടും വന്നു. അറ്റുപോയ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ക്കപ്പെടുകയായിരുന്നു അപ്പോള്‍. ഒരു മാസം ആശുപത്രിക്കിടക്കയില്‍ അമ്മയെ ശുശ്രൂഷിച്ച് സാജിദ നിന്നു. ഭാഷയുടെയോ മതത്തിന്റെയോ ഭേദങ്ങളൊന്നും അവര്‍ക്ക് തടസ്സമായില്ല. പ്രാണേഷ് പിന്നീട് ദുബായിലേക്ക് പോയി. സരസ്വതിയമ്മ ഈ ലോകത്തോട് വിടപറയുമ്പോള്‍ മകന്‍ നാട്ടിലുണ്ടായിരുന്നില്ല. സാജിദയും കുട്ടിയും സംസ്കാരച്ചടങ്ങിനെത്തിയിരുന്നു. ഉറച്ച ഹിന്ദുമത വിശ്വാസവും കരയോഗം, അമ്പലക്കമ്മിറ്റി തുടങ്ങിയ സാമുദായിക ബന്ധങ്ങളുമൊന്നും ഇസ്ലാംമതത്തിലേക്കുമാറിയ മകനെയോ കുടുംബത്തെയോ സ്വീകരിക്കാന്‍ ഗോപിനാഥപിള്ളയ്ക്ക് തടസ്സമായില്ല. വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരമൂല്യങ്ങള്‍ക്കും സ്നേഹത്തിനുമാണ് അദ്ദേഹം വിലകല്‍പ്പിച്ചത്്.

തീവ്രവാദി എന്നപേരില്‍ പ്രാണേഷ് കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ത്തന്നെ ഗോപിനാഥപിള്ള പറഞ്ഞു- ""അവന്‍ തീവ്രവാദിയല്ല. സ്നേഹത്തിനുവേണ്ടിയാണ് അവന്‍ മതംമാറിയത്. ആരെയും വെറുക്കാനല്ല."" അപ്പൂപ്പന്‍ പ്രാണേഷിനും സാജിദയ്ക്കും മൂന്നു കുട്ടികളാണ്. മൂത്തയാള്‍ അബൂബക്കര്‍ സിദ്ധിഖ്. പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്. രണ്ടാമത്തേത് മകളാണ്. എട്ടാംക്ലാസില്‍ പഠിക്കുന്ന സൈനബ്. മൂന്നാമത്തെ കുട്ടി അഞ്ചാംക്ലാസില്‍ പഠിക്കുന്ന മൂസ. പ്രാണേഷ് കൊല്ലപ്പെട്ടതോടെ പുണെയില്‍ പഠിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ അബൂബക്കറിനെ ഗോപിനാഥപിള്ള കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. രണ്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന അവനെ തുടര്‍ന്നു പഠിപ്പിച്ചാല്‍ സ്കൂളിന് ബോംബ് വയ്ക്കുമെന്ന് വര്‍ഗീയവാദികള്‍ ഭീഷണിമുഴക്കി. തീവ്രവാദിയുടെ മകനെ പഠിപ്പിക്കാനാകില്ലെന്ന് പുണെയിലെ സ്കൂള്‍ അധികൃതര്‍ തറപ്പിച്ചുപറഞ്ഞു. കേരളത്തിലെത്തി അടുത്തുള്ള ഒരു സ്വകാര്യ ക്രിസ്ത്യന്‍ സിബിഎസ്ഇ സ്കൂളിനെ സമീപിച്ചപ്പോള്‍ അവരും ആട്ടിയകറ്റി. പക്ഷേ, മറ്റൊരു സ്കൂള്‍ കുട്ടിയെ സ്വീകരിച്ചു. ഒരുവര്‍ഷം അവന്‍ അവിടെ പഠിച്ചു. ഒടുവില്‍ പ്രാണേഷ് തീവ്രവാദിയല്ലെന്ന് തെളിഞ്ഞതോടെയാണ് കുട്ടി തിരിച്ചുപോയത്. പഴയ സ്കൂള്‍ അവനെ സ്വീകരിക്കുകയുംചെയ്തു.

മുത്തച്ഛനും പേരക്കുട്ടിയും തമ്മില്‍ ആഴത്തിലുള്ള ഹൃദയബന്ധം ഉണ്ടായിരുന്നു. അബൂബക്കറിനെ പള്ളിയില്‍ നമസ്കാരത്തിന് കൊണ്ടുപോകുന്നത് ചന്ദനക്കുറിയണിഞ്ഞ ഗോപിനാഥപിള്ളയായിരുന്നു. അവന്‍ പ്രാര്‍ഥന കഴിഞ്ഞ് വരുന്നതുവരെ മുത്തച്ഛന്‍ പുറത്ത് കാത്തുനില്‍ക്കും. അടുത്തുള്ള ക്ഷേത്രത്തില്‍ പോകാനും അബൂബക്കറിന് താല്‍പ്പര്യമായിരുന്നുവെന്ന് ഗോപിനാഥപിള്ള ഓര്‍ക്കുന്നു. ഇപ്പോഴും ഗോപിനാഥപിള്ള ഇടയ്ക്കിടെ പുണെയില്‍ മരുമകളെയും പേരക്കുട്ടികളെയും കാണാന്‍ പോകും. സാജിദയ്ക്കും കുട്ടികള്‍ക്കും ഇദ്ദേഹം "ദാദ"യാണ്. ദാദയെന്നാല്‍ മുത്തച്ഛന്‍. എന്തും ദാദയോട് ചോദിച്ചിട്ടേ ചെയ്യൂ. ഗോപിനാഥപിള്ള പുണെയിലെത്തിയാല്‍ സാജിദയുടെ ബന്ധുക്കളെല്ലാം ഒത്തുചേരും. മരുമകള്‍ അടുത്തിടെ പുനര്‍വിവാഹിതയായി. അതിനും ദാദയുടെ അനുവാദം ചോദിച്ചിരുന്നു. ഗോപിനാഥപിള്ളയ്ക്കും അറിയാവുന്ന ബന്ധുവായ യുവാവിനെയാണ് അവര്‍ വിവാഹം കഴിച്ചത്. കുട്ടികള്‍ക്ക് ഒരു കുഴപ്പവും വരാന്‍ അയാള്‍ സമ്മതിക്കില്ലെന്ന് പിള്ളയ്ക്ക് ഉറപ്പുണ്ട്. അതിനാല്‍ പൂര്‍ണമനസ്സോടെ സമ്മതിച്ചു. നാട്ടിലുള്ള റബര്‍തോട്ടം വിറ്റ് മൂന്ന് പേരക്കുട്ടികളുടെയും പേരിലായി പുണെയില്‍ മൂന്ന് ഫ്ളാറ്റ് വാങ്ങിക്കൊടുത്തു. കുടുംബസ്വത്തിലെ പ്രാണേഷിന്റെ വീതമാണ് വിറ്റത്. ഇതില്‍ ഒരു ഫ്ളാറ്റില്‍ സാജിദയും കുട്ടികളും താമസിക്കുന്നു. രണ്ടെണ്ണം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ദാദയും ഇനിയുള്ള കാലം തങ്ങളോടൊപ്പം താമസിക്കണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, ഇവിടത്തെ കൃഷിക്കാര്യങ്ങള്‍ വിട്ടുപോകാന്‍ മടിച്ചിട്ടാണ്. ഈ മാസം ഒന്നാംതീയതിമുതല്‍ ഒരാഴ്ച അവരോടൊപ്പമായിരുന്നു.

കുട്ടികളുടെ കാര്യത്തില്‍ ഗോപിനാഥപിള്ളയ്ക്ക് ഒരു ദുഃഖമേയുള്ളൂ. അവര്‍ക്ക് മലയാളം അറിയില്ല. ""അപ്പൂപ്പന്‍... എന്നു വിളിക്കാന്‍തന്നെ അവര്‍ മറന്നുപോയിരിക്കുന്നു."" സാജിദയ്ക്കുമാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഗോപിനാഥപിള്ള കാരണവരാണ്. 2012 ഏപ്രില്‍ 18ന് 14 പേരടങ്ങുന്ന ഒരു സംഘമാണ് പുണെയില്‍നിന്ന് മണലാടിയില്‍ എത്തിയത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും 10 ദിവസം അവര്‍ ഇവിടെ തങ്ങി. ആലപ്പുഴയിലെ കായലിലൂടെ ഹൗസ്ബോട്ട് സവാരി നടത്തി. കന്യാകുമാരിയിലും പോയി. ദേശഭാഷാമതങ്ങള്‍ക്കപ്പുറം ഹൃദയംകൊണ്ട് രണ്ടു കുടുംബങ്ങള്‍ ബന്ധപ്പെടുന്ന മനോഹരമായ ഈ അവസ്ഥ ഗോപിനാഥപിള്ളയുടെ തെളിഞ്ഞ മനസ്സിന്റെയും മതേതരബോധത്തിന്റെയും സൃഷ്ടിയാണ്.

തളരാത്ത പോരാളി ഒരു മാത്ര പകച്ചുപോയിരുന്നു. 2004 ജൂണ്‍ ആദ്യവാരം തന്നെ കണ്ടുമടങ്ങിയ മകനെ ഏതാണ്ട് 15-ാം തീയതിയോടെ കാണാതായെന്നും പിന്നീട് അഹമ്മദാബാദിലെ കോസ്തര്‍പുറില്‍ കൊല്ലപ്പെട്ടെന്നുമാണ് ഗോപിനാഥപിള്ളയ്ക്ക് ലഭിച്ച വിവരം. മോഡിയെ കൊല്ലാന്‍ പോയ ലഷ്കര്‍ ഇ തോയ്ബക്കാരനായി പ്രാണേഷ് ചിത്രീകരിക്കപ്പെട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെയായി. തീവ്രവാദിയുടെ അച്ഛന്‍ എന്ന മുദ്രചാര്‍ത്തി വേണ്ടപ്പെട്ടവര്‍ ഒറ്റപ്പെടുത്തി. പക്ഷേ, തന്റെ മകനെപ്പറ്റി ഉത്തമബോധ്യമുണ്ടായിരുന്ന ആ പിതാവ് ഏറെ വൈകാതെ സത്യം തെളിയിക്കാന്‍ നിശ്ചയിക്കുകതന്നെ ചെയ്തു. മനുഷ്യാവകാശപ്രവര്‍ത്തകരുടെ പിന്തുണ പിള്ളയ്ക്ക് ആത്മവിശ്വാസം നല്‍കി. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, തളര്‍ന്നുപോകുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഊര്‍ജം നല്‍കുന്ന ബാറ്ററിയായി.

ഗുജറാത്തില്‍ കേസ് നടത്താനെത്തിയ ഗോപിനാഥപിള്ളയ്ക്ക് പലതരം ഭീഷണികളെ അതിജീവിക്കേണ്ടിവന്നു. ഐപിഎസുകാരടക്കമുള്ള പൊലീസുകാരോടും മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ ആയിരങ്ങളെ വംശഹത്യചെയ്ത നരേന്ദ്രമോഡിയുടെ ഭരണസംവിധാനത്തോടുമായിരുന്നല്ലോ ഏറ്റുമുട്ടല്‍. സാധാരണക്കാരായ പൊലീസുകാര്‍ പിള്ളയ്ക്ക് പലവിവരങ്ങളും നല്‍കി. പക്ഷേ, അവരാരൊക്കെയാണെന്നറിയില്ല. കാരണം ഷര്‍ട്ടില്‍ കുത്തിയിട്ടുള്ള നെയിംപ്ലേറ്റ് അഴിച്ചുവച്ചശേഷമേ അവര്‍ സംസാരിക്കൂ.

ഒരിക്കല്‍ അഭിഭാഷകര്‍തന്നെ ചോദിച്ചു. ""പിള്ളേ നിങ്ങള്‍ക്ക് ഭയമില്ലേ"" എന്ന്. ""എന്റെ മകനോട് ചെയ്തതിലപ്പുറമൊന്നും എന്നോട് ചെയ്യാനില്ലല്ലോ"" എന്നായിരുന്നു ഗോപിനാഥപിള്ളയുടെ മറുപടി. പ്രാണേഷ് മോഡിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു കേസ് പൊലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടായിരുന്നു, അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍. കോടതിയുടെ സമന്‍സ് പ്രകാരം ഈ കേസില്‍ മൊഴിനല്‍കാന്‍ ഗോപിനാഥപിള്ള അവിടെയെത്തി. കോടതിക്കു പുറത്ത് ഗജ്ജാര്‍ എന്ന കുപ്രസിദ്ധനായ പൊലീസ് കമീഷണര്‍ കാത്തുകിടന്നിരുന്നു. രഹസ്യമായി അന്വേഷിച്ചപ്പോള്‍ തന്നെ അറസ്റ്റുചെയ്ത് കൊണ്ടുപോകാനാണെന്ന് പിള്ളയ്ക്ക് മനസിലായി. വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കോടതി ഇടപെട്ടു. പൊലീസിനോട് സമന്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടു. അഭിഭാഷകരുടെ സാന്നിധ്യത്തിലേ മൊഴിയെടുക്കാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സാജിദയോടും ഗുജറാത്ത് പൊലീസ് തീര്‍ത്തും മോശമായാണ് പെരുമാറിയതെന്ന് ഗോപിനാഥപിള്ള പറയുന്നു. രാവിലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തും. വൈകുന്നതുവരെ നിര്‍ത്തും. വെള്ളംകുടിക്കാനോ പിഞ്ചുകുട്ടിക്ക് മുലകൊടുക്കാനോ സമ്മതിക്കില്ല. ഇത് ദിവസങ്ങളോളം ആവര്‍ത്തിച്ചു. തീവ്രവാദിയുടെ ഭാര്യയല്ലേ. ആരും പ്രതികരിച്ചില്ല. ഇപ്പോള്‍ എല്ലാം വ്യക്തമായിരിക്കുന്നു. ആരാണ് തീവ്രവാദിയെന്ന് കോടതികളും അന്വേഷണസംവിധാനങ്ങളും ജനങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു.

ആദ്യകാലത്ത് കേസ് നടത്താന്‍ ഗുജറാത്തിലെത്തുമ്പോള്‍ താമസിക്കാന്‍ ഇടം ലഭിക്കാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഹോട്ടലുകാര്‍ വാടകവാങ്ങാന്‍ മടിക്കുന്നു. ദിവസം രണ്ടായിരംരൂപവരെ വാടകയുള്ള മുറിയാണ്. വാടക ഞങ്ങള്‍ വാങ്ങിക്കൊള്ളാം , പിന്നീട് എന്നുപറഞ്ഞ് ഒഴിയും ഇപ്പോള്‍. 2002 മുതല്‍ 2007 വരെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയം നടപ്പാക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് വ്യാജ ഏറ്റുമുട്ടലുകളുടെ സൂത്രധാരനായ വന്‍സാര വെളിപ്പെടുത്തിയിരിക്കുന്നു. തനിക്കെതിരെ അക്കാലത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയഭീഷണികളെ അതിജീവിക്കാനാണ് നരേന്ദ്രമോഡി ലഷ്കര്‍ ഇ തോയ്ബ വധഭീഷണിക്കഥകള്‍ മെനഞ്ഞ് ജാവേദുമാരെയും സൊഹ്റാബ്ദീന്‍മാരെയും കൗസര്‍ബീമാരെയും കൊലപ്പെടുത്തിയതെന്ന് പകല്‍പോലെ വ്യക്തമായി. എല്ലാ വധശ്രമങ്ങളും വന്‍സാരമാത്രം എങ്ങനെ രഹസ്യമായി അറിഞ്ഞു? എന്തുകൊണ്ട്? ഏറ്റുമുട്ടലുകളെല്ലാം ഒരു ദൃക്സാക്ഷിപോലുമില്ലാത്ത ആളൊഴിഞ്ഞ ഇടങ്ങളില്‍ അര്‍ധരാത്രിയില്‍തന്നെ സംഭവിച്ചു? എന്തുകൊണ്ട് നരേന്ദ്രമോഡിക്കുമാത്രം വധഭീഷണി ഉണ്ടായി? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വന്‍സാരയുടെ കത്തിലുണ്ട്.

ഇന്ത്യന്‍ ജനാധിപത്യവും നിയമവാഴ്ചയും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഗോപിനാഥപിള്ള നടത്തുന്നതെന്ന് ആര്‍ ബി ശ്രീകുമാര്‍ പറയുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ അതുകൊണ്ടുതന്നെ ഗോപിനാഥപിള്ളയോട് കടപ്പെട്ടിരിക്കുന്നു. നൃശംസതയുടെ ഉപാസകര്‍ അധികാരദുരയുമായി വരുമ്പോള്‍ ഗോപിനാഥപിള്ള ഒരു മുന്നറിയിപ്പാണ്. മകന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഒരു ദശകത്തോളമായി വിശ്രമമില്ലാതെ പോരാടുന്ന ഗോപിനാഥപിള്ളയ്ക്ക് സഹജീവികള്‍ക്കുമുമ്പില്‍ വയ്ക്കാന്‍ ഒരു പ്രാര്‍ഥനമാത്രം; മഹാവിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കണം.

*
അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 സെപ്തംബര്‍ 2013

Tuesday, June 25, 2013

വൈകി പറന്ന നിലാപ്പക്ഷി

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കൂട്ടിലായ അക്ഷരങ്ങളെ 52-ാം വയസ്സിലും സുല്‍ഫത്ത് മുറുകെ പിടിക്കുന്നു. ദാരിദ്ര്യം പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചപ്പോഴും അവള്‍ എഴുതിക്കൊണ്ടേ യിരുന്നു. അവയില്‍ പലതും അഴകും മിഴിവും നിറഞ്ഞതായിരുന്നു. ആദ്യകാലത്ത് മയില്‍പീലിത്തുണ്ടുപോലെ കാത്തുസൂക്ഷിച്ചിരുന്ന അവ പിന്നീട് ജീവിതപങ്കാളി ബഷീറും മക്കളുമാണ് പുറംലോകത്തെത്തിച്ചത്. അങ്ങനെ പതിറ്റാണ്ടുകള്‍ ക്കിപ്പുറം അവയില്‍ പലതിനും അക്ഷരമഷിയുടെ പുതുജീവന്‍ ലഭിച്ചു.

പച്ച വിറകില്‍ ചൂട്ടും ചിരട്ടയും ചേര്‍ത്തുവച്ച് ഊതിയൂതി കത്തിക്കുന്ന ഉമ്മയുടെ കണ്ണീര് അടുപ്പിലെ പുകയോ ദുരിതജീവിതമോ സൃഷ്ടിച്ചതെന്ന് വേര്‍തിരിച്ചറിയാന്‍ കുഞ്ഞ് സുല്‍ഫത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും പുലര്‍ച്ചെ മുതല്‍ അടുപ്പുമായി മല്ലിട്ട് ഉമ്മ പുട്ടും അപ്പവും നിറയെ ചുട്ടിട്ടും പാതിവയറുമായി തങ്ങള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരുന്നതെന്തെന്നും പുത്തന്‍ ഉടുപ്പിട്ട കൂട്ടുകാരികള്‍ക്കിടയിലും തനിക്കും സഹോദരങ്ങള്‍ക്കും പിഞ്ഞിയ ഉടുപ്പ് എന്തുകൊണ്ടെന്നുമുള്ള ചിന്ത ആ ചെറുമനസ്സിനെ വേട്ടയാടി. കണ്ണീരിന് പകരം ഏറെ സ്നേഹിച്ച അക്ഷരങ്ങളിലാണ് അവള്‍ ആ കദനം ഇറക്കി വച്ചത്. കവിതയോ, കഥയോ, കുറിപ്പുകളോ എന്ന് വേര്‍തിരിക്കാനാകാത്ത ആ ജീവിത സാക്ഷ്യങ്ങളാണ് ഈ എഴുത്തുകാരിയുടെ ആദ്യസൃഷ്ടികള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കൂട്ടിലായ അക്ഷരങ്ങളെ 52-ാം വയസ്സിലും സുല്‍ഫത്ത് മുറുകെ പിടിക്കുന്നു. ദാരിദ്ര്യം പത്താം ക്ലാസില്‍ പഠനമവസാനിപ്പിച്ചപ്പോഴും അവള്‍ എഴുതിക്കൊണ്ടേയിരുന്നു. അവയില്‍ പലതും അഴകും മിഴിവും നിറഞ്ഞതായിരുന്നു. ആദ്യകാലത്ത് മയില്‍പീലിത്തുണ്ടുപോലെ കാത്തുസൂക്ഷിച്ചിരുന്ന അവ പിന്നീട് ജീവിതപങ്കാളി ബഷീറും മക്കളുമാണ് പുറംലോകത്തെത്തിച്ചത്. അങ്ങനെ പതിറ്റാണ്ടുകള്‍ക്കിപ്പുറം അവയില്‍ പലതിനും അക്ഷരമഷിയുടെ പുതുജീവന്‍ ലഭിച്ചു. ആ കവിതകളിലൂടെ, കഥകളിലൂടെ, ലേഖനങ്ങളിലൂടെ ഇന്ന് ഈ നാട് തിരിച്ചറിയുന്നു സുല്‍ഫത്ത് ബഷീര്‍ എന്ന കൊച്ചിയുടെ ജനകീയ എഴുത്തുകാരിയെ.

ഇതിനകം ആയിരത്തോളം കവിതകളാണ് ഈ തൂലികയില്‍ പിറന്നത്. ഇരുനൂറോളം ഗസലുകള്‍, നൂറോളം മാപ്പിളപ്പാട്ടുകള്‍, കഥകള്‍, ലേഖനങ്ങള്‍ എന്നിവ വേറെയും. ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ഇറങ്ങുന്ന ചെറുപ്രസിദ്ധീകരണങ്ങളിലെ ഒഴിവാക്കാനാവാത്ത എഴുത്തുകാരിയാണ് ഇവര്‍. ഫോര്‍ട്ടുകൊച്ചിയിലെ പഴയകാല ചേരിപ്രദേശമായിരുന്ന തുരുത്തിയിലെ ചേന്നരയില്‍ വീട്ടില്‍ തുര്‍ക്കി ഹമീദിന്റെയും ഐശുമ്മയുടെയും മകളായാണ് സുല്‍ഫത്ത് ജനിച്ചത്. തുര്‍ക്കിയില്‍ നിന്നുമെത്തിയ പട്ടാളക്കാരനായ അന്‍വര്‍ പാഷയായിരുന്നു ഹമീദിന്റെ ബാപ്പ. തുരുത്തിക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ തങ്ങിയ അദ്ദേഹം പിന്നീട് സൈന്യം വിളിച്ചപ്പോള്‍ മടങ്ങി. കൊച്ചിക്കാരനായ ഹമീദിനും ബാപ്പയിലൂടെ തുര്‍ക്കി എന്ന വിളിപ്പേരും ലഭിച്ചു. ഐശുമ്മയെ കൂടാതെ ഹമീദിന് മറ്റൊരു ഭാര്യയും അതില്‍ മക്കളുമുണ്ടായിരുന്നു. എന്നാല്‍ ഇരു ഭാര്യമാരേക്കാളും കുടുംബത്തേക്കാളും ഹമീദിന് പ്രിയം മദ്യത്തോടായിരുന്നു.

കണ്ണീരിന് മക്കളെ പോറ്റാന്‍ ആവില്ലാത്തതിനാല്‍ ഐശുമ്മ അതിനൊപ്പം അപ്പച്ചട്ടിയും പുട്ടുകുടവും കണയുമെല്ലാം കൈയിലെടുത്തു. അങ്ങനെ ചുട്ട പുട്ടും വെള്ളാപ്പവും ഇടിയപ്പവുമൊക്കെ കൊണ്ടുനടന്ന് വിറ്റു. കുഞ്ഞു സുല്‍ഫത്ത് ഉള്‍പ്പെടെ നാല് പെണ്‍മക്കള്‍ക്കും ഏക ആണ്‍മകനും ആ ഉമ്മയുടെ സഹായികളാകേണ്ടി വന്നു. ജോലിക്കും പഠനത്തിനുമിടയിലേ സുല്‍ഫത്ത് പുസ്തകങ്ങളോടും അടുത്തിരുന്നു. ജനപ്രിയ ആഴ്ചപ്പതിപ്പുകളായിരുന്നു ആദ്യകാല ആശ്രയം. ജോയ്സി, മുട്ടത്തുവര്‍ക്കി തുടങ്ങിയവരായിരുന്നു ആദ്യകാലത്തെ ഇഷ്ട എഴുത്തുകാര്‍. പിന്നീട് പുരോഗമന എഴുത്തുകാരന്‍ കെ പി ഖാലിദ്, മാധവിക്കുട്ടി, എം ടി തുടങ്ങിയവരുടെ പുസ്തകങ്ങളുമായും അടുത്തു. സുല്‍ഫത്തിലെ കവയിത്രിയെ കണ്ടെത്തിയതും അയല്‍വാസികൂടിയായിരുന്ന കെ പി ഖാലിദാണ്. പൂമ്പാറ്റയോടും കാറ്റിനോടുമെല്ലാം ദുഃഖം പങ്കുവച്ചുള്ള സുല്‍ഫത്തിന്റെ കുഞ്ഞക്ഷരങ്ങള്‍ക്ക് കാവ്യവഴി കാട്ടിയത് ഇദ്ദേഹമായിരുന്നു. പഠിച്ചിരുന്ന കല്‍വത്തി ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍ അന്ത്രമാന്‍ മാഷും പ്രോത്സാഹനമേകി.

എന്നാല്‍, കവിതകളും കഥകളുമൊക്കെ കുറിച്ച നോട്ടു പുസ്തകങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു സുല്‍ഫത്തിന്റെ പതിവ്. എങ്കിലും എഴുത്ത് മുടങ്ങിയിരുന്നില്ല. ചിലപ്പോള്‍ പാതിരാവിലാകും കവിതയുടെ ആശയം മിന്നുക. അപ്പോള്‍ത്തന്നെ കുറിച്ചു വയ്ക്കും. വീട്ടുജോലിക്കിടയിലായാലും അങ്ങനെതന്നെ. ചെറുപ്പത്തിലെ ആ ശീലം ഇന്നും തുടരുകയാണ്. മകളുടെ എഴുതുന്ന ശീലം കാണുമ്പോള്‍ പണ്ടൊക്കെ ഉമ്മ അവളോട് പറയുമായിരുന്നു "നീ എന്റെ കഥയെഴുത്, അതു വായിച്ചാല്‍ സ്ത്രീകള്‍ നെഞ്ചുപൊട്ടി തകരും". സുല്‍ഫത്ത് ഉമ്മയുടെ കഥയെഴുതിയില്ലെങ്കിലും ആ എഴുത്തില്‍ കൂടുതലും അമ്മമാരുടെ കദനംതന്നെ. പിന്നെ പ്രണയവും. അതിനുള്ള ക്രെഡിറ്റ് ജീവിതപങ്കാളി തുരുത്തി ഇരട്ടക്കുളം വീട്ടില്‍ ഇ കെ ബഷീറിനാണ്. ബഷീര്‍ പക്ഷേ ഇത് സമ്മതിച്ചു തരില്ല. തന്നെ പാട്ടിലാക്കിയതും സുല്‍ഫത്തിന്റെ എഴുത്താണെന്നാണ് ഈ പഴയ കാമുകന്‍ പറയുന്നത്. ഒരിക്കല്‍ സുല്‍ഫത്ത് ഇദ്ദേഹത്തിന് കൈമാറിയത് 16 പേജ് നീണ്ട പ്രണയലേഖനമായിരുന്നു. ആ മധുവൂറും കാവ്യമനസ്സിനെ അദ്ദേഹം മറ്റാര്‍ക്കും വിട്ടുകൊടുത്തതുമില്ല.

ദുരിത ജീവിതത്തോണിയാണ് ഇവര്‍ക്ക് ആദ്യകാലത്ത് തുഴയേണ്ടി വന്നത്. പായ് വഞ്ചിയിലും തോണിയിലുമൊക്കെയെത്തുന്ന സാധനങ്ങള്‍ ഇറക്കുകയായിരുന്നു അന്ന് ബഷീറിന് ജോലി. ചിലപ്പോള്‍ കൊല്ലത്തില്‍ മൂന്നുമാസംമാത്രമാണ് ജോലി. അപ്പോഴൊക്കെ ബഷീറിന് സുല്‍ഫത്തും ഇവര്‍ക്ക് കവിതയും താങ്ങായി. പിന്നീട് ബഷീറിന് തുറമുഖത്തെ വാര്‍ഫിലും മറ്റും ജോലി ലഭിച്ചപ്പോഴാണ് കുടുംബം പച്ചപിടിച്ചത്. ഭാര്യയുടെ എഴുത്തിനോടുള്ള ബഷീറിന്റെ പ്രണയമാണ് ഇവയില്‍ അച്ചടിമഷി പുരട്ടിയത്. കുടുംബശ്രീയുടെ സിഡിഎസ് ന്യൂസ് ബുള്ളറ്റിന്റെ 2002 സെപ്തംബര്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച "മോഹപ്പക്ഷികള്‍" എന്ന കവിതയായിരുന്നു ആദ്യത്തേത് "മോഹപ്പക്ഷികള്‍ എന്നും വിതച്ചതോ, നിരാശതന്‍ പാഴ്വിത്തുകള്‍മാത്രം" അങ്ങനെ പോകുന്നു അതിലെ വരികള്‍. പില്‍ക്കാലത്ത് ചീഫ്ഗസ്റ്റ്, ആരാമം, ഹിമ്മത്ത്, കേരളനാട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും സുല്‍ഫത്തിന്റെ കവിതകളും കഥകളും ലേഖനങ്ങളുമൊക്കെ പതിവായി എത്തി.

നിര്‍ധനരുടെയും ആലംബഹീനരുടെയും ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവയാണ് ഇവരുടെ ഭൂരിഭാഗം കവിതകളും. ""ഭൂമി അവകാശികളില്ലാതെ പിറന്നത് പ്രപഞ്ചം ശില്‍പ്പികളില്ലാതെ വാര്‍ത്തത് അനാദികാലത്തില്‍ ഭാഗം വളച്ചുകെട്ടി മനുഷ്യര്‍ പറഞ്ഞു ഇതെന്റേത്, ഇതെന്റേത്"" (കേള്‍ക്കാത്ത ശബ്ദം) എന്ന കവിതയിലൂടെ ഇവര്‍ ഭൂമിയുടെ രോദനത്തെയാണ് തൊട്ടറിയുന്നത്. ഗോവിന്ദച്ചാമി എന്ന കാമഭ്രാന്തന്‍ പിച്ചിച്ചീന്തിയ സൗമ്യയുടെ സ്മരണയില്‍ ഇവരെഴുതിയ "സൗമ്യയ്ക്കായ്" എന്ന കവിതയാകട്ടെ സ്ത്രീപക്ഷത്തു നിന്നുള്ള കരുത്തുറ്റ രചനയുമാകുന്നു. "എറുമ്പല്ലിവള്‍ ഊതിപ്പറപ്പിക്കാന്‍, എറിഞ്ഞുടയ്ക്കാന്‍ മണ്‍പാത്രവുമല്ല, അബലയാണിവള്‍ സഹനമാണിവള്‍, കൈതൊട്ടാല്‍ പൊള്ളുന്ന സ്ത്രീത്വത്തിന്‍ കനലിവള്‍" ഇങ്ങനെ പോകുന്നു അതിന്റെ തുടക്കം. "ചേരിയിലെ കാഴ്ചകള്‍" എന്ന കവിതയാകട്ടെ താനുള്‍പ്പെടെ അനുഭവിച്ച ജീവിതദുരിതമാണ് വരച്ചു കാട്ടുന്നത്. "പട്ടിണി നക്കിയ മനുഷ്യക്കോലങ്ങള്‍, പഴന്തുണി മറച്ച കുളിപ്പുരകള്‍, നഗ്നത മറയ്ക്കാത്ത ബാല്യങ്ങളും" എന്നിങ്ങനെയാണ് ആ കാഴ്ചകള്‍ നീളുന്നത്. ഇവരുടെ തെരഞ്ഞെടുത്ത മുന്നൂറോളം കവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്.

എന്നാല്‍, ഗസലുകളില്‍ സുല്‍ഫത്ത് മറ്റൊരാളാകുന്നു. "ഓമനേ നിന്നെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍, ആദ്യാനുരാഗത്തിന്‍ നോവറിഞ്ഞു, ആനന്ദതുന്ദിലമാം എന്‍ ചിത്തത്തില്‍, ഹര്‍ഷ മുകുളങ്ങള്‍ നിറയുകയായ്" എന്ന് ആ പ്രേമഹൃദയം പാടുന്നു. "എന്തിനു വേണ്ടി നീ കരഞ്ഞു, എങ്ങുപോയ് എങ്ങുപോയ് നീ മറഞ്ഞു, ഇരുളിന്‍ തുരുത്തില്‍ അലിയുന്നുവോ, നിന്‍ തപ്ത നിശ്വാസം" എന്നിങ്ങനെ ആ വിരഹിണി കേഴുന്നു. സുല്‍ഫത്തിന്റെ ശ്രദ്ധേയമായ ഗസലുകള്‍ കോര്‍ത്തിണക്കി "നിലാപക്ഷി" എന്ന ആല്‍ബവും പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യകാല പിന്നണി ഗായകനും സംഗീതജ്ഞനുമായ സീറോബാബു ഈണം പകര്‍ന്ന ആല്‍ബത്തിനായി സീറോ ബാബുവിനു പുറമെ ശ്രദ്ധേയ ഗായകരായ അഫ്സല്‍, അമൃതാ സുരേഷ് എന്നിവരാണ് ആലപിച്ചിട്ടുള്ളത്. വയലാര്‍, ദേവരാജന്‍ മാഷ്, മെഹ്ബൂബ്, യേശുദാസ്, ജയചന്ദ്രന്‍ മുതല്‍ നാട്ടുകാരനായ ഗസല്‍ ഗായകന്‍ ഉമ്പായിവരെയുള്ളവരാണ് പാട്ടിന്റെ വഴിയിലെ സുല്‍ഫത്തിന്റെ ഇഷ്ടക്കാര്‍. എഴുത്തുകാരില്‍ കൊച്ചിയുടെ നാടകകാരന്‍ ടിപ് ടോപ് അസീസിനെയും ഇവര്‍ ഹൃദയത്തോട് ചേര്‍ക്കുന്നു. ഭൂതകാല കദനത്തില്‍നിന്ന് കരകയറിയ ഈ കുടുംബത്തില്‍ ഇപ്പോള്‍ കാവ്യസംഗീതത്തിനാണ് മുന്‍കൈ.

തുരുത്തിയില്‍നിന്നകന്ന് ഫോര്‍ട്ടുകൊച്ചി അമരാവതിയിലെ വാടകവീട്ടിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ദാരിദ്ര്യം വിദ്യ നിഷേധിച്ച സുല്‍ഫത്തിന്റെയും ബഷീറിന്റെയും മൂത്ത മകന്‍ ഷൈജു ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഷബാബ് (ബിസിനസ്), സഫ്വാന്‍ (ഗള്‍ഫ്) എന്നിവരാണ് മറ്റ് മക്കള്‍. ഷബീന, മിന്‍ഹാസ് എന്നീ മരുമക്കളും കൊച്ചുമക്കളായ ഫര്‍വീന്‍ അസ്മി (കുഞ്ഞാറ്റ), ഐസാ മെഹ്റിന്‍ എന്നിവര്‍പോലും വല്യുമ്മയുടെ കവിതയും പാട്ടും ഏറെ ഇഷ്ടപ്പെടുന്നവരാണ്. നാട്ടുകാരാകട്ടെ നാലകത്ത് സലീം പുരസ്കാരം, ലജ്നത്തുല്‍ മുഹിയുദ്ദീന്‍ സംഘ പുരസ്കാരം, മൗലാനാ ആസാദ് ലൈബ്രറി പുരസ്കാരം തുടങ്ങിയവ സമ്മാനിച്ചും ഈ എഴുത്തുകാരിയെ ആദരിച്ചു. ഒട്ടേറെ വ്യഥ കുടിച്ചുതീര്‍ത്ത ആ മനസ്സ്, ഉരലില്‍ അരിയിടിച്ച് തഴമ്പിച്ച വിരലുകളില്‍ പേന ചേര്‍ത്ത് എഴുതുന്നു
"തീരാത്ത മോഹമാണെന്നും ജീവിതം,

തോരാത്ത കണ്ണുനീരാണാനുരാഗം,

വറ്റാത്ത പുഴപോലെയീ മാതൃത്വം,

ഒടുങ്ങാത്ത ഓളങ്ങളാണോര്‍മകള്‍."

*
ഷഫീഖ് അമരാവതി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Wednesday, April 24, 2013

പിരിയാനാകാതെ

രണ്ടു ശരീരത്തിലായി പകുത്തുവച്ച ഒരു ജീവന്‍ ഒമ്പതുമാസമായി ഇന്ത്യന്‍ സുപ്രീംകോടതിയുടെ വ്യഥയാണ്. മരണത്തിലേക്ക് നീങ്ങുന്ന ഈ ഇരട്ടകള്‍ക്കായി പല നിയമങ്ങള്‍ തലനാരിഴ കീറിയിട്ടും കോടതിക്ക് ചെയ്യാനാകുന്നത് പരിമിതമായ കാര്യങ്ങള്‍ മാത്രം. ഈ നിസ്സഹായത പങ്കുവച്ചും കുറെയേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചും കേസില്‍ കോടതി കൈക്കൊണ്ട തീര്‍പ്പിനെപ്പറ്റി...

ഒരു പരിഹാരം കണ്ടെത്താന്‍ ഉറക്കമില്ലാത്ത രാത്രികളാണ് ഞങ്ങള്‍ ചെലവിട്ടത്. ഇത്തരം ഘട്ടങ്ങളില്‍; പ്രത്യേകിച്ച്, ഒരു ജീവന്‍ എടുത്തുമാറ്റണമോ അതോ നിലനിര്‍ത്തണമോ എന്ന പ്രശ്നം പരിഗണിക്കുമ്പോള്‍, ജഡ്ജിമാര്‍ കടന്നുപോകുന്ന മാനസികവും മനഃശാസ്ത്രപരവുമായ വ്യഥ സമൂഹം മിക്കപ്പോഴും പരിഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല.

സുപ്രീംകോടതി ജഡ്ജി ജ. കെ എസ് രാധാകൃഷ്ണന്റെ ഈ വാക്കുകള്‍ ഒരു വധശിക്ഷാവിധിയുടെ ആമുഖക്കുറിപ്പല്ല. രണ്ടു ശരീരത്തിലായി പകുത്തുവച്ച ഒരു ജീവന്‍ സംരക്ഷിക്കാനുള്ള കോടതിയുടെ വേവലാതിയാണ് ഈ വരികളില്‍. സബയും ഫറയും ഇന്ന് സുപ്രീംകോടതിയുടെ ദത്തുമക്കളാണ്. പക്ഷേ, നിയമത്തിന്റെ പതിവു വഴികളില്‍നിന്നു മാറി തെരഞ്ഞിട്ടും അവരുടെ യാതനയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ കോടതിക്കായില്ല. എങ്കിലും രണ്ടു ശരീരങ്ങളിലായി ആ ജീവന്‍ നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണത്തില്‍ സുപ്രീംകോടതി ഒരുപരിധിവരെ വിജയിച്ചു. ഒമ്പതുമാസമായി പരിഗണിക്കുന്ന കേസില്‍ താല്‍ക്കാലികമായെങ്കിലും ഒരു തീര്‍പ്പുണ്ടാക്കാന്‍ 2013 ഏപ്രില്‍ പത്തിന് കോടതിക്കായി.
 
സബയും ഫറയും സയാമീസ് ഇരട്ടകളായി (Conjointed twins) പിറന്നിട്ട് 17 വര്‍ഷമായി. തലയോട്ടികള്‍ കൂടിച്ചേര്‍ന്ന തരത്തിലുള്ള (Craniopagus) ഇരട്ടകള്‍ കൂടിയാണ് ഇവര്‍. ഏതെങ്കിലും ശസ്ത്രക്രിയയിലൂടെ ഇത്തരക്കാരെ വേര്‍പെടുത്താന്‍ എളുപ്പമല്ല. കുട്ടികളുടെ ചികിത്സയുടെ വിശദാംശങ്ങള്‍ 19 ഖണ്ഡികകളുള്ള വിധിയില്‍ വിശദീകരിക്കുന്നു. ഈ രംഗത്തെ അമേരിക്കയിലെ വിദഗ്ധ ഡോക്ടറായ ബെഞ്ചമിന്‍ കാഴ്സണ്‍ കുട്ടികളെ പരിശോധിച്ചിരുന്നു. തലച്ചോറിലെ അതിപ്രധാനമായ ഒരു ഞരമ്പ് ഇരുവര്‍ക്കുമായി ഒന്നേയുള്ളൂ എന്ന് അദ്ദേഹം കണ്ടെത്തി. ഫറയ്ക്ക് രണ്ട് വൃക്കയുണ്ട്. സബയ്ക്ക് വൃക്കയേ ഇല്ല. ഒമ്പതുമാസ കാലത്തായി അഞ്ചോ ആറോ ശസ്ത്രക്രിയ നടത്തിയാല്‍ ഇവരെ വേര്‍പെടുത്താനായേക്കും എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, എല്ലാ ഘട്ടത്തിലും അപകടസാധ്യത ഏറെയാണ്. ചിലപ്പോള്‍ ഒരാള്‍ അല്ലെങ്കില്‍ രണ്ടാളും മരിച്ചെന്നു വരാം.

2012 ജൂലൈയില്‍ കേസ് ആദ്യം കേട്ടപ്പോള്‍ ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടികളെ എത്തിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എയര്‍ ആംബുലന്‍സില്‍ കുട്ടികളെയും രക്ഷിതാക്കളെയും കൊണ്ടുപോകാനും നിര്‍ദേശം നല്‍കി. പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കാനും പറഞ്ഞിരുന്നു. പക്ഷേ, കുട്ടികളെ ഡല്‍ഹിയിലേക്ക് അയക്കാന്‍ അച്ഛനമ്മമാര്‍ വിസമ്മതിച്ചു. ബിഹാറിലെത്തി കുട്ടികളെ പരിശോധിച്ച് ഡോക്ടര്‍മാര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. വിശദമായ പരിശോധന നടത്താതെ കുട്ടികളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയയുടെ വിജയസാധ്യതയെപ്പറ്റി ഒന്നും പറയാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ എന്നിവയടക്കം പല പരിശോധനകളും വേണം. അവയ്ക്കൊക്കെത്തന്നെ അപകടസാധ്യതയുണ്ട്. അതുകൊണ്ട് പരിശോധനയ്ക്ക് വീട്ടുകാര്‍ തയ്യാറല്ല. കുട്ടികള്‍ക്ക് സാന്ത്വന പരിചരണവും ചെലവിന് പണവും കിട്ടിയാല്‍ മതി എന്നും അവര്‍ പറയുന്നു- മെഡിക്കല്‍ സംഘം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ വളര്‍ത്താന്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് അമ്മ എഴുതിയ കത്തും കോടതിയിലെത്തി. പ്രായപൂര്‍ത്തിയാകാത്തവരുടെ അവകാശങ്ങള്‍, ജീവിക്കാനുള്ള അവകാശം, മനുഷ്യജീവന്റെ വില, രക്ഷിതാക്കളുടെ കാഴ്ചപ്പാടുകള്‍, ഡോക്ടര്‍മാരുടെ ധര്‍മം, കോടതിയുടെ ചുമതല തുടങ്ങി ഒരുപിടി വിഷയങ്ങള്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

പല നിയമങ്ങളിലായി വേരുകളുള്ള പ്രശ്നങ്ങളാണിവ. ആരോഗ്യപാലന നിയമം, കുടുംബനിയമം, ക്രിമിനല്‍ നിയമം, മനുഷ്യാവകാശ നിയമം എന്നിവയൊക്കെ ഇതില്‍ ബന്ധപ്പെടുന്നു. കോടതി ആരുടെ താല്‍പ്പര്യം സംരക്ഷിക്കണം? ഫറയുടെയോ സബയുടെയോ? അതോ രണ്ടുപേരുടെയുമോ? രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ മറികടന്ന് കുട്ടികളുടെ ജീവന്‍ അല്ലെങ്കില്‍ ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ?- വിധിയില്‍ ചോദിക്കുന്നു. ചികിത്സ കിട്ടേണ്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അതുകൊണ്ട് അവര്‍ക്ക് ശസ്ത്രക്രിയക്കായി സ്വയം അനുമതി നല്‍കാന്‍ കഴിയില്ല. രക്ഷിതാക്കള്‍ അനുമതി നല്‍കാന്‍ തയ്യാറുമല്ല. അനുമതി കൂടാതെ ശസ്ത്രക്രിയ ചെയ്താല്‍ അത് അപൂര്‍വ സാഹചര്യങ്ങളിലൊഴികെ നിയമവിരുദ്ധവുമാകും.

ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് നല്‍കുന്നുണ്ട്. ഇവിടെ പക്ഷേ ശസ്ത്രക്രിയ ചെയ്താല്‍ ഒരാളെങ്കിലും ജീവിക്കുമെന്ന് ഉറപ്പുപറയാന്‍ കഴിയുമോ? ഒരാള്‍ മരിച്ചാല്‍ മരിക്കട്ടെ എന്നു കരുതി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കോടതിക്ക് അവകാശമുണ്ടോ? ഒരാളെങ്കിലും ജീവിക്കും എന്ന് ആധികാരികമായ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍, രക്ഷിതാക്കള്‍ സമ്മതിച്ചില്ലെങ്കിലും ശസ്ത്രക്രിയക്ക് കോടതിക്ക് അനുമതി നല്‍കാമായിരുന്നു. ഇവിടെ ആ ഉറപ്പും ഇല്ല. രക്ഷിതാക്കളും സഹോദരനും ശസ്ത്രക്രിയക്ക് എതിരാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ മേലുള്ളത് പരമാധികാരമൊന്നുമല്ലെന്ന് കോടതി മുമ്പ് വിധിച്ചിട്ടുണ്ട്. ആ അധികാരം നിയന്ത്രിക്കാനും പുനഃപരിശോധിക്കാനും കോടതികള്‍ക്ക് അധികാരവുമുണ്ട്. കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി അങ്ങനെ ചെയ്യാനാകും.

ഫറയും സബയും സുപ്രീംകോടതിയുടെ സംരക്ഷണയിലുള്ള കുട്ടികളാണ് (Wards of the court). അത്തരത്തിലുള്ള അധികാരം വിനിയോഗിക്കാനും കോടതിക്കാകും. മുന്‍കാല കേസുകളില്‍ അങ്ങനെ ചെയ്തിട്ടുമുണ്ടെന്ന് കേസുകള്‍ ഉദ്ധരിച്ച് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ആനുകൂല്യം രണ്ടു കുട്ടികള്‍ക്കും ഒരുപോലെയാണ്. പക്ഷേ, പരിശോധനകള്‍ നടത്തിവരുമ്പോള്‍ ഒരുപക്ഷേ ഒരാളുടെ ജീവന്‍ ഉപേക്ഷിച്ചാലേ മറ്റേ ആളെ രക്ഷിക്കാനാകൂ എന്നുവന്നേക്കാം. അങ്ങനെ വന്നാല്‍ രണ്ടാളും മരിക്കുന്നതിനേക്കാള്‍ ജീവിക്കാന്‍ വളരെ കൂടുതല്‍ സാധ്യതയുള്ളയാളെ രക്ഷിക്കാം എന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയും. ഇവിടെ പക്ഷേ അതുപോലും നിര്‍ണയിക്കാനാകുന്നില്ല.

പരിശോധനതന്നെ അപകടമായേക്കാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധനയേ വേണ്ടെന്ന് രക്ഷിതാക്കളും പറയുന്നു. സാമ്പത്തിക സഹായമാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് ആവശ്യവുമാണ്. പക്ഷേ, കുട്ടികളുടെ ജീവന്‍ അപകടത്തിലാകുന്ന സ്ഥിതി പരിഹരിക്കാന്‍ അതുകൊണ്ട് കഴിയില്ല. ഇരട്ടകള്‍ അനുഭവിക്കുന്ന വേദനയും യാതനയും ആരും കാര്യമാക്കുന്നില്ലെന്ന ഖേദപ്രകടനത്തോടെയാണ് വിധിയുടെ അവസാന ഭാഗത്തേക്ക് കോടതി കടക്കുന്നത്. രക്ഷിതാക്കള്‍ പണത്തെപ്പറ്റിയും സാന്ത്വന പരിചരണത്തെപ്പറ്റിയുംമാത്രം പറയുന്നു. ഒരാളെയെങ്കിലും രക്ഷിക്കാന്‍ കഴിയുമോ എന്ന് വിദഗ്ധാഭിപ്രായം നല്‍കാന്‍പോലും ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല- കോടതി ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ചെയ്യാനാകുന്ന കാര്യങ്ങള്‍ എന്ന നിലയില്‍ നാല് നിര്‍ദേശം നല്‍കിയാണ് വിധിന്യായം ജഡ്ജിമാര്‍ അവസാനിപ്പിക്കുന്നത്.

1. പട്നയിലെ സിവില്‍ സര്‍ജന്‍ കുട്ടികളെ ഇടയ്ക്കിടെ പരിശോധിക്കണം. മൂന്നുമാസത്തിലൊരിക്കലെങ്കിലും റിപ്പോര്‍ട്ട് എഐഎഎംഎസിലേക്ക് അയക്കണം.

2. ബിഹാര്‍ സര്‍ക്കാര്‍ കുട്ടികളുടെ ചികിത്സാചെലവ് പൂര്‍ണമായി വഹിക്കണം. കുടുംബത്തിന് പ്രതിമാസം 5000 രൂപയും നല്‍കണം.
3. കുട്ടികളുടെ സ്ഥിതിയും ഇവര്‍ക്ക് നല്‍കിയ ചികിത്സയും ആറുമാസത്തിലൊരിക്കല്‍ സുപ്രീംകോടതിയെ അറിയിക്കണം.

4. കൂടുതല്‍ നിര്‍ദേശങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണം. ആധുനികവും കൂടുതല്‍ ശാസ്ത്രീയവുമായ ചികിത്സ കുട്ടികള്‍ക്ക് നല്‍കാനുള്ള സാധ്യതകളും ആരായണം- വിധിയില്‍ പറഞ്ഞു.
 
യാതനയുടെ 17 വര്‍ഷം

ബിഹാറിലെ സമാന്‍പുരയില്‍ മുഹമ്മദ് ഷക്കീല്‍ അഹമ്മദിന്റെയും റാബിയ ഖാത്തുന്റെയും മക്കളാണ് സബയും ഫറയും. ഷക്കീല്‍ അഹമ്മദിന്റെ ചെറിയ ചായക്കടയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. പത്തംഗ കുടുംബത്തിന്റെ പ്രാരാബ്ധത്തിനു നടുവില്‍ ഈ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ അഹമ്മദിന് താങ്ങാനാകുന്നില്ല. ഇടയ്ക്കിടെ സഹായങ്ങള്‍ കിട്ടിയിരുന്നു. കുട്ടികള്‍ക്ക് 10 വയസ്സുള്ളപ്പോള്‍ അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് കുട്ടികളുടെ ചികിത്സയ്ക്ക് സഹായം നല്‍കി. അമേരിക്കയില്‍ ഈ രംഗത്തെ വിദഗ്ധനായ ബെഞ്ചമിന്‍ കാഴ്സണെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചു. ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് രാജകുമാരന്‍ ഉറപ്പ് നല്‍കിയെങ്കിലും അപകടസാധ്യതമൂലം കാഴ്സണ്‍ പിന്മാറി. വീട്ടുകാര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല.

കുട്ടികള്‍ പലപ്പോഴും കടുത്ത വേദന അനുഭവിക്കുന്നു. തലവേദന മിക്കപ്പോഴുമുണ്ട്. കൈകാലുകള്‍ വളഞ്ഞുതിരിഞ്ഞ് പ്രശ്നമാകുന്നു. ആദ്യമൊക്കെ ചെറിയ വീട്ടുജോലികള്‍ ചെയ്തിരുന്ന ഇരുവരും ഇപ്പോള്‍ ഏറെ നേരം കിടപ്പാണ്. കിടന്നാല്‍ പിന്നെ അനങ്ങാന്‍ കഴിയില്ല. അതിനിടയിലും അവര്‍ സാധാരണ കുട്ടികളെപ്പോലെ മോഹിക്കുന്നു. സബയ്ക്ക് ഡോക്ടറാകണം; ഫറയ്ക്ക് അധ്യാപികയും. നടന്‍ സല്‍മാന്‍ ഖാനാണ് ഇരുവരുടെയും ആരാധനാപാത്രം. ഖാന്‍ ഒരിക്കല്‍ രണ്ടുപേരെയും കണ്ടിരുന്നു. 50,000 രൂപയും നല്‍കി. പിന്നെ ലഭിച്ചതെല്ലാം വാഗ്ദാനങ്ങള്‍മാത്രം. ഭക്ഷണകാര്യത്തില്‍ വരെ പ്രത്യേക പരിഗണന വേണ്ട കുട്ടികളെ നിലനിര്‍ത്താന്‍ കുടുംബത്തിന് കഴിയുന്നില്ല. കുട്ടികളെ ദയാവധം നടത്തണമെന്നുപോലും അവര്‍ ആവശ്യപ്പെടുന്ന സ്ഥിതിവന്നു.

2012 ജൂലൈയില്‍ പുണെയിലെ സിംബയോസിസ് ലോ സ്കൂളിലെ വിദ്യാര്‍ഥിനിയായ ആരുഷി ധസ്മാനയാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിലെത്തിയിച്ചത്. പത്രവാര്‍ത്ത കണ്ടാണ് പൊതുതാല്‍പ്പര്യഹര്‍ജി നല്‍കിയത്. കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടികളുണ്ടാകണമെന്നും ജീവിതച്ചെലവിന് പണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. അന്നുമുതല്‍ ഇടയ്ക്കിടെ കേസ് പരിഗണിക്കുന്ന കോടതി നിരവധി ഉത്തരവുകള്‍ പലപ്പോഴായി നല്‍കിയിരുന്നു. 2013 ഏപ്രില്‍ 10ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് ദീപക് മിശ്രയും അടങ്ങുന്ന ബെഞ്ച് വിശദമായിത്തന്നെ പരിഗണിക്കുകയായിരുന്നു.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി

Tuesday, March 26, 2013

മൂന്ന് സെന്റും മനസ്സും

മൊകേരി വില്ലേജില്‍ ഭൂരഹിതരായവരുടെ കണക്കെടുപ്പാണ് ഇത്തരമൊരു ചിന്തയ്ക്ക് പ്രേരണയായത്. കിടപ്പാടമില്ലാത്ത ഇവരുടെ സങ്കടവും കണ്ണീരും നസീമയുടെ മനസ്സിന്റെ നീറ്റലായി. അരസെന്റ് ഭൂമിക്കുവേണ്ടി സുപ്രീംകോടതിവരെ പോയി യുദ്ധം നടത്തുന്ന നാട്ടില്‍, ഭൂമിയുടെ അളവ് സെന്റീമീറ്ററില്‍ കണക്കാ ക്കുംവിധം ലഭ്യമല്ലാത്ത വസ്തുവായി മാറുന്ന നാട്ടില്‍ ഇതൊരു ചെറിയ സംഭവമല്ല

തലചായ്ക്കാനിടമില്ലാത്തവര്‍ക്കായി ഭൂമി ദാനംചെയ്തപ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഭാവമായിരുന്നു വി പി നസീമയ്ക്ക്. അനുമോദനത്തിന്റെ പൂച്ചെണ്ടുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചുറ്റും കൂടിയപ്പോഴും തന്നാലാകുന്നത് ചെയ്തുവെന്ന സംതൃപ്തിമാത്രമാണ് നസീമ പങ്കിട്ടത്. തലശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ രത്തന്‍ഖേല്‍കര്‍ക്ക് ഭൂമിദാനത്തിന്റെ സമ്മതപത്രം കൈമാറുമ്പോള്‍ സിവില്‍സര്‍വീസില്‍തന്നെ വേറിട്ട ഒരു സംസ്കാരത്തിന്റെ കൈത്തിരി തെളിക്കുകയാണ് ഈ വില്ലേജ് ഓഫീസര്‍. മൊകേരി വില്ലേജ് ഓഫീസര്‍ വി പി നസീമയാണ് ഭൂമിദാനത്തിലൂടെ മഹത്തായ മാതൃക സൃഷ്ടിച്ച ഉദ്യോഗസ്ഥ. മാര്‍ച്ച് നാലിനാണ് ദാനത്തിന്റെ മഹത്വം സഹജീവികളെ ഓര്‍മിപ്പിച്ച് നസീമ സര്‍ക്കാരിന് ഭൂമി കൈമാറിയത്. ആരുമറിയാതെ ഭൂമി കൈമാറണമെന്നാണ് ആഗ്രഹിച്ചത്. ഒരു സുഹൃത്താണ് പണിപറ്റിച്ചത്. അല്ലായിരുന്നെങ്കില്‍ ആരും ഒന്നും അറിയില്ലായിരുന്നു. തെല്ലു പരിഭവത്തോടെ വി പി നസീമ പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന എന്‍ജിഒ യൂണിയന്റെ ആദ്യകാല നേതാവ് വി പി കൃഷ്ണന്റെ മകള്‍ക്ക് ഇങ്ങനെയൊക്കയേ ചിന്തിക്കാനാകൂ. വില്ലേജ് ഓഫീസര്‍ ഭൂമി ദാനംചെയ്ത വാര്‍ത്ത പുറത്തുവന്നതുമുതല്‍ നസീമയുടെ ഫോണിന് വിശ്രമമില്ല. അഭിനന്ദനംകൊണ്ട് മൂടുകയാണ് നാടും സഹപ്രവര്‍ത്തകരും. പഴയ സഹപാഠികള്‍മുതല്‍ നാട്ടുകാര്‍വരെ ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ സംസാരവിഷയം ഈ വില്ലേജ് ഓഫീസറാണ്. ഔദ്യോഗികപദവി ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയായി കാണുന്നവര്‍ക്കിടയില്‍ ഈ ഭൂദാനത്തിന് ഏറെ അര്‍ഥതലങ്ങളുണ്ട്. സഹപ്രവര്‍ത്തകര്‍ അഭിനന്ദനംകൊണ്ട് മൂടുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ പതിവ് ജോലിത്തിരക്കിലാണ് വില്ലേജ് ഓഫീസര്‍.

കൈക്കൂലിക്കാര്‍ മാത്രമല്ല

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ജീവനക്കാരെക്കുറിച്ചുമാത്രം കേള്‍ക്കുന്ന നാട്ടിലാണ് ഒരു വനിതാ വില്ലേജ് ഓഫീസര്‍ അനുപമമായ മാതൃക തീര്‍ക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല, നാടിനുതന്നെ മാതൃകയാണ് ഈ ദാനം. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകകൂടിയാണ് ഈ ഓഫീസര്‍. മൊകേരി വില്ലേജില്‍ ഭൂരഹിതരായവരുടെ കണക്കെടുപ്പാണ് ഇത്തരമൊരു ചിന്തയ്ക്ക് പ്രേരണയായതെന്ന് നസീമ പറഞ്ഞു. ഭൂരഹിതരായ ഇരുപതോളംപേരാണ് മൊകേരി വില്ലേജിലുള്ളത്. കിടപ്പാടമില്ലാത്ത ഇവരുടെ സങ്കടവും കണ്ണീരും മനസ്സിന്റെ നീറ്റലായി. അന്നേ മനസ്സില്‍ കരുതിയതാണ് ഇവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന്. ഒടുവില്‍ ഏറെ ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കുടുംബസ്വത്തായി തനിക്ക് ലഭിച്ച തൃപ്രങ്ങോട്ടൂര്‍ വില്ലേജിലെ പൊയിലൂര്‍ മടപ്പുരക്കടുത്ത സ്ഥലമാണ് "ഭൂരഹിതര്‍ക്ക് പാര്‍പ്പിടഭൂമി" എന്ന പദ്ധതിക്കായി നല്‍കിയത്. കിടപ്പാടമില്ലാത്ത ഒരു കുടുംബത്തിനെങ്കിലും തന്റെ മൂന്ന് സെന്റിലൂടെ ആശ്വാസം പകരാനായാല്‍ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി നസീമ കാണുന്നത്.

വാക്കില്‍മാത്രമല്ല മതേതരം

പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ളതാണ് നസീമയുടെ കുടുംബം. കണ്ണൂര്‍ ജില്ലയിലെ എന്‍ജിഒ യൂണിയന്‍ നേതാവായിരുന്നു അച്ഛന്‍ വി പി കൃഷ്ണന്‍. കൊളവല്ലൂര്‍ വില്ലേജ് അസിസ്റ്റന്റായി ജോലിചെയ്യുമ്പോഴാണ് അടിയന്തരാവസ്ഥക്കാലത്ത് ഡിഐആര്‍പ്രകാരം ജയിലിലടച്ചത്. ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് നസീമയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ഹിപ്പോപ്ലാസ്റ്റിയ എന്ന അസുഖംബാധിച്ച് പത്തുവര്‍ഷത്തോളം കഴിഞ്ഞായിരുന്നു മരണം. അന്ന് കൊളവല്ലൂര്‍ വില്ലേജ് ഓഫീസറായിരുന്നു. സഹജീവികളെ സ്നേഹിക്കാനും മതനിരപേക്ഷമായി ജീവിക്കാനും തങ്ങളെ പഠിപ്പിച്ചത് അച്ഛനാണെന്ന് അഭിമാനത്തോടെ നസീമ പറയുന്നു. സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മതമോ ജാതിയോ ഒന്നും രജിസ്റ്ററില്‍ അച്ഛന്‍ ചേര്‍ത്തിരുന്നില്ല. മക്കളായ ഞങ്ങളുടെ പേരില്‍പ്പോലും മതനിരപേക്ഷമായ ഒരു സങ്കല്‍പ്പം അച്ഛനുണ്ടായിരുന്നുവെന്ന് തോന്നുന്നു. നസീമ എന്ന പേര് കേട്ട് പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ഭൂമി ദാനംചെയ്ത വാര്‍ത്തയറിയാന്‍ വിളിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉപ്പയുടെ പേരാണ് ചോദിച്ചത്. മതവും ജാതിയും പറയുന്നതിനോട് എല്ലായ്പോഴും എതിര്‍പ്പാണ്. ആരെങ്കിലും മതം പറയുമ്പോള്‍ വല്ലാതെതോന്നും. ഞങ്ങള്‍ ജനിച്ചുവളര്‍ന്ന സാഹചര്യം അതായതുകൊണ്ടാകും. ചൊക്ലി രാമവിലാസം സ്കൂള്‍ അധ്യാപികയായ നാദിയ സഹോദരിയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തിലുള്ള താലിചാര്‍ത്തിയാണ് അമ്മ ലീലയെ അച്ഛന്‍ ജീവിതപങ്കാളിയാക്കിയത്. അതായിരുന്നു അച്ഛന്‍. രാഷ്ട്രീയവിശ്വാസം അച്ഛന് ജീവിതമായിരുന്നു. തന്റെ വിശ്വാസത്തില്‍ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ചചെയ്തില്ല. ഭൂമി കൈമാറാനുള്ള തീരുമാനമെടുക്കുമ്പോഴും അച്ഛന്റെ ഓര്‍മമാത്രമായിരുന്നു മനസ്സില്‍. മൊകേരി രാജീവ്ഗാന്ധി സ്കൂള്‍ അധ്യാപകന്‍കൂടിയായ ഭര്‍ത്താവ് വി കെ സ്മിതാനന്ദും തീരുമാനത്തിന് ഉറച്ച പിന്തുണ നല്‍കിയതായി നസീമ പറഞ്ഞു. അനുജത്തി നാദിയയോടും ചര്‍ച്ചചെയ്തു.

ആയുര്‍വേദ ഡോക്ടറാക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ, അതിന് സാധിച്ചില്ല. അതില്‍ നിരാശയില്ല. അച്ഛന്റെ പാതയില്‍തന്നെ ജനങ്ങളെ സേവിക്കാനും സഹായിക്കാനും കഴിയുന്നു. 18-ാംവയസ്സില്‍ റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. പാനൂര്‍ വില്ലേജ് ഓഫീസിലായിരുന്നു ആദ്യനിയമനം. തലശേരി താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായും പിന്നീട് യുഡി ക്ലര്‍ക്കായും ജോലിചെയ്തു. പാട്യം വില്ലേജ് ഓഫീസറായി ആറരവര്‍ഷമുണ്ടായി. മൊകേരി വില്ലേജ് ഓഫീസറായി ചുമതലയേറ്റിട്ട് രണ്ടുവര്‍ഷമായി.

ഫയലുകളില്‍ അന്നന്ന് തീര്‍പ്പ്

ഫയലുകളില്‍ അന്നന്ന് തീര്‍പ്പുകല്‍പ്പിക്കുന്ന ശീലമാണ് നസീമയുടേത്. ഓരോ ഫയലിലും പാവങ്ങളുടെ ജീവിതമാണ് കാണുന്നത്. ക്യാന്‍സര്‍രോഗത്തിന് ചികിത്സിച്ച് ജീവിതംതന്നെ വഴിമുട്ടിനില്‍ക്കുന്ന എത്രയോപേര്‍ സര്‍ക്കാരിന്റെ ധനസഹായത്തിനുള്ള അപേക്ഷയുമായി വരാറുണ്ട്. ചികിത്സിച്ച് കടംകേറി ഏറെ കഷ്ടപ്പെടുന്നവര്‍. ഒരു വീട്ടിലെ മൂന്നുപേര്‍ക്കും ക്യാന്‍സര്‍ ബാധിച്ച് ചികിത്സിച്ച് ജീവിതം വഴിമുട്ടിയത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. അവരെയൊക്കെ എങ്ങനെ സഹായിക്കാമെന്ന ചിന്തമാത്രമായിരുന്നു മനസ്സില്‍. ദുരിതം അനുഭവിക്കുന്നവരെയെല്ലാം ആകുന്നതുപോലെ സഹായിച്ചിട്ടുണ്ട്. സ്ത്രീയാണെന്നതൊന്നും വില്ലേജ് ഓഫീസറെന്ന നിലയിലുള്ള തന്റെ ഔദ്യോഗികജോലിക്ക് ഒരിക്കലും തടസ്സമായിട്ടില്ലെന്ന് നസീമ പറഞ്ഞു. വയല്‍നികത്തുന്നതറിഞ്ഞ് അര്‍ധരാത്രി തടയാന്‍ പോയിട്ടുണ്ട്. വയല്‍നികത്തല്‍ തടഞ്ഞതിന്റെ പേരില്‍ ചിലര്‍ക്കൊക്കെ തന്നോട് ശത്രുതയുമുണ്ട്. ഇന്നുവരെ ഒരാളോടും ഒരു ചില്ലിക്കാശും വാങ്ങിയിട്ടില്ലെന്ന് തലയുയര്‍ത്തി പറയാനാകും. ജോലിചെയ്ത ഓഫീസ് കൈയില്‍നിന്ന് പണം ചെലവഴിച്ച് പെയിന്റടിച്ച ചരിത്രമേ ഉള്ളൂ. തന്റെ എല്ലാ തീരുമാനത്തിനും പിന്നില്‍ താങ്ങും തണലുമായി എന്നും ഭര്‍ത്താവുണ്ടെന്ന് നസീമ പറഞ്ഞു. ഗണിതശാസ്ത്ര അധ്യാപകനായ ഭര്‍ത്താവ് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ടീച്ചിങ് എയ്ഡ് വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പലവട്ടം പങ്കെടുത്തിട്ടുണ്ട്. മൊകേരി രാജീവ്ഗാന്ധി സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മകള്‍ നസ്മി. പാട്യം കോങ്ങാറ്റയിലെ വികെ നിവാസില്‍ ഭര്‍തൃമാതാവ് സൗമിനി ടീച്ചര്‍ക്കൊപ്പമാണ് കുടുംബസമേതം നസീമ താമസിക്കുന്നത്.

*
പി ദിനേശന്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Monday, February 11, 2013

നരിച്ചീറുകള്‍ക്കൊപ്പം ജീവിതം.

ചോരയൂറ്റിക്കുടിക്കുന്ന ഭീകരന്‍. ഭൂതപ്രേതാദികളുടെ സഹയാത്രികന്‍. ഭീതിയുടെ പര്യായമാണ് സാധാരണക്കാരന് വവ്വാല്‍. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇവന്‍ സാക്ഷാല്‍ ഡ്രാക്കുള. ലോകപ്രസിദ്ധമായ ഡ്രാക്കുള സിനിമകളില്‍ മുതല്‍ തെന്നിന്ത്യയിലെ തട്ടുപൊളിപ്പന്‍ പ്രേതസിനിമകളില്‍വരെ കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ട് ഈ കുഞ്ഞുപക്ഷിയുണ്ട്. എന്നാല്‍, ഡോ. എ മാധവന്‍ എന്ന വെങ്ങിണിശേരിക്കാരുടെ മാധവന്‍മാഷോട് ചോദിച്ചുനോക്കൂ, ഒരു നിറഞ്ഞ ചിരിയായിരിക്കും മറുപടി. "ഒക്കെ വെറുതേ പറയുന്നതാണ്. പാവങ്ങളാണിവ. മനുഷ്യന്റെ അടുത്ത സുഹൃത്ത്." കൃഷിയിടങ്ങളിലെ കീടങ്ങളെ കൊന്നുതിന്നുന്ന ഇവ കര്‍ഷകന്റെ ഉറ്റ മിത്രമാണ്. അജന്ത എല്ലോറ ഗുഹകളില്‍ ടൂറിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടവാതിരിക്കാന്‍ വവ്വാലുകളെ പുകച്ചു പുറത്തേക്കു ചാടിച്ചു. അടുത്ത സീസണില്‍ ഔറംഗബാദ് മേഖലയില്‍ കനത്ത വിളനാശമുണ്ടായി.-അദ്ദേഹം വെളിപ്പെടുത്തി.

ആളുകള്‍ ഭയത്തോടെമാത്രം കാണുന്ന വവ്വാലുകള്‍ അഥവാ നരിച്ചീറുകള്‍ക്കൊപ്പമാണ് മാധവന്‍മാഷിന്റെ ജീവിതം. ഇന്ത്യയിലെ നരിച്ചീര്‍ ഗവേഷണരംഗത്തെ ആദ്യ പഥികരിലൊരാള്‍. ഇന്നും ഈ രംഗത്ത് ഗവേഷണം നടത്തുന്ന രാജ്യത്തെ അപൂര്‍വം വ്യക്തികളിലൊരാള്‍. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട നരിച്ചീര്‍ ഗവേഷകന്‍. അമേരിക്കയിലെ നാച്വറല്‍ മ്യൂസിയത്തിലും ബ്രിട്ടീഷ് നാച്വറല്‍ മ്യൂസിയത്തിലും നിങ്ങള്‍ക്ക് ഡോ. എ മാധവന്‍, വെങ്ങിണിശേരി, തൃശൂര്‍ എന്ന് രേഖപ്പെടുത്തിയ സ്പെസിമെനുകള്‍ കാണാം. തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിനടുത്ത് വെങ്ങിണിശേരി ഗ്രാമത്തിലെ അറയ്ക്കല്‍ വീട്ടില്‍ മാധവന്‍ എന്ന ഡോ. എ മാധവന്‍ നരിച്ചീറുകളെപ്പറ്റി പഠിക്കാന്‍ തുടങ്ങിയത് യാദൃച്ഛികം. കാരക്കുടിയില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഒരു അധ്യാപകനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് മാധവനെ പിന്നീട് ഈ മേഖലയിലേക്ക് തിരിച്ചത്. വവ്വാല്‍ ഗവേഷണം 1950-52 കാലം. എ മാധവന്‍ അന്ന് കാരക്കുടി അളകപ്പച്ചെട്ടിയാരുടെ കോളേജില്‍ ജന്തുശാസ്ത്രം ബിരുദ വിദ്യാര്‍ഥി. ഒരു ദിവസം ചില സംശയങ്ങള്‍ തീര്‍ക്കാനായി ഡോ. എന്‍ ബാലകൃഷ്ണന്‍ നായരുടെ വീട്ടിലേക്ക് സുഹൃത്തുമൊത്ത് പോയി. വിളിച്ചപ്പോള്‍ പുറത്ത് കാത്തിരിക്കുക എന്ന് മറുപടി. ഏറെനേരം കഴിഞ്ഞാണ് വാതില്‍ തുറന്നത്. വാതിലടച്ചിട്ട് എന്തുചെയ്യുകയായിരുന്നു എന്നായി ശിഷ്യരുടെ ചോദ്യം. ഒന്നും പറയാതെ പഴയ അടച്ചിട്ടമുറിയിലേക്ക് ബാലകൃഷ്ണന്‍ നായര്‍ ശിഷ്യരേയും കൊണ്ടുപോയി. മുറിയില്‍ തലങ്ങും വിലങ്ങും കമ്പി വലിച്ചുകെട്ടിയിരിക്കുന്നു. അതിനിടയിലൂടെ അദ്ദേഹം നരിച്ചീറുകളെ പറപ്പിക്കുന്നു. ഒരുതരം ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി മുഖത്തടിക്കുമ്പോള്‍ തങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ഗത്തിലെ തടസ്സം, അവയിലേക്കുള്ള ദൂരം എന്നിവ വവ്വാലുകള്‍ക്ക് മനസ്സിലാക്കാനാവും എന്ന പഠനം ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം അത് പരീക്ഷിക്കുകയായിരുന്നു. 40കളില്‍ ജര്‍മനിയില്‍ നടന്ന പഠനത്തിലുടെ പുറത്തുവന്ന ഈ വിവരം 50കളുടെ തുടക്കത്തിലാണ് ഇന്ത്യയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കീടങ്ങളെ തിന്നുന്ന നരിച്ചീറുകള്‍ക്കാണ് ഈ കഴിവ് കൂടുതല്‍. ഇത് തന്റെ മനസ്സില്‍ അറിയാതെ സ്വാധീനം ചെലുത്തിക്കാണണം. ഒരു പതിറ്റാണ്ട് പിന്നെയും കഴിഞ്ഞാണ് ഈ രംഗത്തേക്ക് പഠനം കേന്ദ്രീകരിക്കുന്നത്. ഇതിനിടയില്‍ എംഎസ്സി പൂര്‍ത്തിയാക്കി. പല ജോലികളും ചെയ്തു.

1963-64 കാലം. ഔറംഗബാദില്‍ വച്ച് ഡോ. ഗോപാല്‍ കൃഷ്ണയെ പരിചയപ്പെട്ടതോടെയാണ് വീണ്ടും വവ്വാല്‍ ഗവേഷണം മനസ്സിലേക്കെത്തുന്നത്. ഇന്ത്യയിലെ വവ്വാല്‍ (നരിച്ചീര്‍, കടവാതില്‍) ഗവേഷണത്തിന്റെ പിതാവാണ് ഡോ. ഗോപാല്‍ കൃഷ്ണ. പരിചയപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് ഗവേഷണ താല്‍പ്പര്യമറിയിച്ചു. അദ്ദേഹം അപേക്ഷ സ്വീകരിച്ചതോടെ എ മാധവന്‍ എന്ന നരിച്ചീര്‍ ഗവേഷകന്‍ പിറവിയെടുത്തു. 1969ല്‍ നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നരിച്ചീറുകളുടെ പ്രജനത്തെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കീടഭോജികളിലായിരുന്നു അന്ന് പഠനം. പിന്നീട് പഴംതീനികളിലും പഠനം തുടര്‍ന്നു. ഇന്ത്യയില്‍ ഇതുവരെയായി 100പ്പരം വവ്വാല്‍ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 18 കുടുംബങ്ങളിലായാണിത്. കേരളത്തില്‍ 6 വവ്വാല്‍ കുടുംബങ്ങളാണുള്ളത്. താന്‍ തൃശൂര്‍ ജില്ലയില്‍നിന്നുതന്നെ 24 വവ്വാല്‍ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. മാധവന്‍ പറയുന്നു.

സാധാരണക്കാരന്റെ പേടിസ്വപ്നമായ ചോരകുടിയന്‍മാര്‍(ഡ്രാക്കുളകള്‍) ഇന്ത്യയിലില്ല. മെക്സിക്കോപോലുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. പറഞ്ഞുപറഞ്ഞ് ഭീകരന്മാരായി മാറിയ ചോരകുടിയന്‍ വവ്വാലുകളുടെ ആകെ തൂക്കം അഞ്ചുഗ്രാം മാത്രമാണെന്നറിയുമ്പോള്‍ അവയുടെ വലുപ്പം ഊഹിക്കാവുന്നതേയുള്ളൂ. ഇവ മനുഷ്യ രക്തം കുടിച്ച സംഭവങ്ങള്‍ വളരെ വിരളമാണ്. ഇവയെ കണ്ടെത്തിയശേഷം ആകെ 50ല്‍താഴെ സംഭവങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കുതിരകളും മറ്റ് ധാരാളം വളര്‍ത്തുമൃഗങ്ങളും ചോരകുടിയന്മാരുടെ ആക്രമണത്തില്‍ ചത്തിട്ടുണ്ട്. കൂട്ടമായാണ് ഇവ എത്തുക. ആക്രമിക്കപ്പെടുന്ന മൃഗ ശരീരത്തിലെ മൃദുല ഭാഗങ്ങളിലാണിവ കടിക്കുന്നത്. കടിക്കുന്നതോടൊപ്പം ഒരുതരം ദ്രാവകം കുത്തിവയ്ക്കും. പിന്നെ ആ മുറിവായില്‍ രക്തം കട്ടിയാവില്ല. വേദന അറിയുകയുമില്ല. വയറുനിറച്ച് ചോരകുടിച്ചുകഴിഞ്ഞാല്‍ നിലത്തുവീണ് മൂത്രമൊഴിക്കും. വീണ്ടും കുടി തുടങ്ങും. ഇത് പലവട്ടം ആവര്‍ത്തിക്കും. ആക്രമിക്കപ്പെടുന്ന മൃഗം അങ്ങനെ ചോരവാര്‍ന്ന് ചാവും. ഗവേഷണാവശ്യങ്ങള്‍ക്കായി ഒരുകാലത്ത് 70 വവ്വാലുകളെവരെ ഡോ. മാധവന്‍ വളര്‍ത്തിയിരുന്നു. ഇപ്പോള്‍ പഠനാവശ്യത്തിന് മൂന്നു കുടുംബങ്ങളില്‍പ്പെട്ടവ മാത്രമേ കൈവശമുള്ളൂ. വലിയ തീറ്റക്കാരായ ഇവയെ വളര്‍ത്തല്‍ സാമ്പത്തികച്ചെലവുള്ളതാണ്. ഇത് താങ്ങാനാവാതെവന്നപ്പോള്‍ കുറേയെണ്ണത്തിനെ പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടുവിട്ടു. ഗവേഷണത്തിനായി സ്വന്തമായി ചെറിയൊരു ലാബും ലൈബ്രറിയും ഇദ്ദേഹം വെങ്ങിണിശേരിയിലെ വീട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭാര്യ ശാരദയുടെ മരണശേഷം സ്ഥിരമായി ലാബില്‍ പോകാറില്ല. മികച്ച വായനക്കാരന്‍കൂടിയായ ഡോ. മാധവന്‍ താന്‍ വായിച്ചു തുടങ്ങിയകാലം മുതലുള്ള ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ എല്ലാ ലക്കവും സൂക്ഷിച്ചിട്ടുണ്ട്. അവസാന ലക്കം ഉള്‍പ്പെടെ.

മോഹിപ്പിച്ചത് അധ്യാപനം

പിന്നീട് അറിയപ്പെടുന്ന ഗവേഷകനായെങ്കിലും എ മാധവന്റെ എക്കാലത്തേയും മോഹം അധ്യാപകനാവാനായിരുന്നു. മഹാരാഷ്ട്രയില്‍ വിവിധ ഗവേഷണസ്ഥാപനങ്ങളിലും കോളേജുകളിലും ജോലിനോക്കിയ അദ്ദേഹം 1970ല്‍ തൃക്കാക്കര ഭാരത്മാത കോളേജ് തുടങ്ങിയപ്പോള്‍ അവിടെ സുവോളജി വിഭാഗം മേധാവിയായി. 1987വരെ അവിടെ തുടര്‍ന്നു. എംജി സര്‍വകലാശാല തുടങ്ങിയപ്പോള്‍ ആദ്യ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായി. മകള്‍ ശ്രീദേവി നരിച്ചീര്‍ ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ദുബായില്‍ ജോലിചെയ്യുന്നു. ഭാര്യ ശാരദ 2004ല്‍ മരിച്ചു. പാറളം എംഎല്‍പി സ്കൂളില്‍ പ്രധാനാധ്യാപികയായിരുന്നു. മൂത്ത മകന്‍ ശശിധരന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്യുന്നു. രണ്ടാമത്തെ മകനും കാര്‍ട്ടൂണിസ്റ്റുമായ ഭരതന്‍ ബോട്സ്വാനയിലെ ജോലിസ്ഥലത്ത് മരിച്ചു. അവിടെ കംപ്യൂട്ടര്‍ അനലിസ്റ്റായി ജോലിചെയ്യുകയായിരുന്നു. എട്ട്പതിറ്റാണ്ട് ജീവിതം പിന്നിട്ട ഡോ. എ മാധവന്‍ ഇന്നും ചില ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

*
കെ എന്‍ സനില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്