Showing posts with label വിമോചനസമരം. Show all posts
Showing posts with label വിമോചനസമരം. Show all posts

Saturday, January 14, 2012

മതനിന്ദാവാദത്തിന്റെ മനഃശാസ്ത്രം

പ്രിന്‍സിപ്പല്‍ : ഇതൊരു മുസ്ലിം മാനേജ്മെന്റ് സ്കൂളല്ലേ മാഷേ! ഇങ്ങനെയൊക്കെ ഇവിടത്തെ കുട്ടികളോട് സംസാരിക്കാന്‍ പാടുണ്ടോ? ഞാനാണ് കുടുങ്ങുന്നത്....!!

ഞാന്‍ : ഞാന്‍ കുട്ടികളോട് എന്താണ് തെറ്റായി സംസാരിച്ചത് സാര്‍ ?...

പ്രിന്‍സിപ്പല്‍ : തെറ്റോ ശരിയോ എന്ന പ്രശ്നമൊന്നുമല്ല മാഷേ! പ്രശ്നം എന്റെ നിലനില്പിന്റേതാണ്...

ഞാന്‍ : ഞാന്‍ സംസാരിച്ചതിന് സാറിന്റെ നിലനില്പ് എങ്ങനെയാണ് പ്രശ്നത്തിലാവുന്നത്?

പ്രിന്‍സിപ്പല്‍ : കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ഒരാളെ സര്‍ഗ സംവാദത്തിന് സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി എന്ന കുറ്റമാവും എന്റെ പേരില്‍ വരിക..

ഞാന്‍ : അതുശരി...! ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന് ചിന്തിക്കാന്‍പോലും കഴിഞ്ഞില്ല സാര്‍ ...! ക്ഷമിക്കണം... എന്റെ സംസാരത്തിലെ ഏതു ഭാഗമാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. പറയാന്‍ പാടില്ലാത്ത ഒന്നും പറഞ്ഞതായി എനിക്കു തോന്നുന്നില്ലല്ലോ...

പ്രിന്‍സിപ്പല്‍ : മാഷിന് തോന്നുന്നുണ്ടാവില്ല. എന്നാല്‍ എനിക്കു തോന്നി. മതനിന്ദയാണ് "മാഷ്" നടത്തിയത്.

ഞാന്‍ : മതനിന്ദയോ? സത്യമായും എനിക്കു മനസ്സിലാകുന്നില്ല.

പ്രിന്‍സിപ്പല്‍ : മാഷ് കുട്ടികളെ പാടിക്കേള്‍പ്പിച്ച ആ സിനിമാഗാനമില്ലേ?... അത് ഏറ്റവും വലിയൊരു മതനിന്ദയാണ്.

ഞാന്‍ : ഏത്? വയലാറിന്റെ സിനിമാഗാനമോ?...

പ്രിന്‍സിപ്പല്‍ : അതേ! അതുതന്നെ...

ദുഃഖവും രോഷവും സഹതാപവും ഞെട്ടലും ഒരേ അളവില്‍ എന്നിലുണര്‍ത്തിയ ഈ സംഭാഷണം അടുത്തകാലത്തു നടന്നതാണ്. എന്റെ പ്രദേശത്ത് ഏറെ അറിയപ്പെടുകയും വിദ്യാഭ്യാസനിലവാരത്തില്‍ പ്രാദേശികമായി ഏറ്റവും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഒരു എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ പ്രിന്‍സിപ്പലും ഞാനും തമ്മില്‍ നടന്ന സംഭാഷണമാണിത്. ഉപയോഗിച്ച വാക്കുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ആശയത്തില്‍ മാറ്റങ്ങളേതുമില്ലാതെയാണ് ഈ സംഭാഷണഭാഗം ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്. പ്രസ്തുത സ്കൂളിലെ വിദ്യാര്‍ഥികളുമായി ഞാന്‍ നടത്തിയ സര്‍ഗസംവാദമായിരുന്നു വിഷയം.

പരാമര്‍ശ വിഷയമായ സിനിമാഗാനം ഏതെന്നല്ലേ! അതാണ് ഏറെ രസകരം.. വര്‍ഷങ്ങള്‍ക്കുമുമ്പ് വയലാറിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത "അച്ഛനും ബാപ്പയും" എന്ന സിനിമയിലെ ഏറെ പ്രശസ്തമായ വരികള്‍ ...

മനുഷ്യന്‍ , മതങ്ങളെ സൃഷ്ടിച്ചു..
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവച്ചു... മനസ്സു പങ്കുവച്ചു...

ഈ വരികള്‍ സര്‍ഗസംവാദത്തിന്റെ ഭാഗമായി ഞാന്‍ പാടിക്കേള്‍പ്പിച്ചതും വരികളിലെ ആശയം സത്യമല്ലേ എന്നു ചോദിച്ചതുമാണത്രേ ഞാന്‍ നടത്തിയ മതനിന്ദ!!

എന്റെ ചോദ്യത്തിന് കുട്ടികള്‍ "അതേ" എന്ന് ഏകകണ്ഠമായി ഉത്തരം പറഞ്ഞതാവാം പ്രിന്‍സിപ്പലിനെ അങ്കലാപ്പിലാക്കിയതെന്ന് ഞാന്‍ ഊഹിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദ അന്തരീക്ഷത്തില്‍ (സംവാദ അന്തരീക്ഷം തീരെ കുറവാണ്) ഏറെ വൈകാരികമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് "മതനിന്ദ". ശ്രദ്ധേയമായ കാര്യം "ദൈവനിന്ദ" എന്ന വാക്ക് അധികമൊന്നും കേള്‍ക്കാനില്ല എന്നതാണ്. ദൈവം എന്ന വാക്കിന് ഒരു മതേതര പ്രതിച്ഛായയുള്ളതാവാം കാരണം. ഇവിടെയാണ് വയലാറിന്റെ വരികള്‍ ഏറെ പ്രസക്തമാകുന്നത്.

മനുഷ്യന്റെ സൃഷ്ടിയായ മതങ്ങള്‍ ഒരു ദൈവത്തെയല്ല, പല ദൈവങ്ങളെയാണ് സൃഷ്ടിച്ചത്. ഈ ദൈവങ്ങളുടെ പേരില്‍ പണ്ടുമുതലേ ചേരിതിരിഞ്ഞ് അവര്‍ മണ്ണും മനസ്സും പങ്കുവച്ചെടുത്തു. ഈ അനീതിയെ ചോദ്യം ചെയ്യാന്‍ തയാറാകുന്ന മനുഷ്യസ്നേഹികളെ അവര്‍ ഇപ്പോഴും "മതനിന്ദകര്‍" എന്ന് മുദ്രകുത്തിക്കൊണ്ടേയിരിക്കുന്നു. ആധുനിക മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്കിയിട്ടുള്ള മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണ് ഏറെയും മതനിന്ദാ ആരോപണത്തിന് വിധേയരായിത്തീര്‍ന്നിട്ടുള്ളത്. ആരോപണവിധേയരാവുക മാത്രമല്ല അപമാനിക്കലിനും ക്രൂരദണ്ഡനങ്ങള്‍ക്കും മരണത്തിനുവരെയും ഇരയായിത്തീര്‍ന്നിട്ടുണ്ട്. ഈ പാതകങ്ങളേറെയും ചെയ്തത് സംഘടിതമതങ്ങളുടെ പേരില്‍ മതപൗരോഹിത്യം മുന്‍നിന്നുകൊണ്ടാണ്. കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ ചരിത്രപാഠങ്ങളെയാണ്, പാഠപുസ്തകത്തിലെ ഏതാനും വരികളില്‍പ്പോലും രേഖപ്പെടുത്താന്‍ സമ്മതിക്കാതെ ഇപ്പോഴും മുള്‍ക്കിരീടം അണിയിച്ച് ചിലര്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. പാഠപുസ്തകരചന നടത്തുന്ന മതവിശ്വാസികളും ദൈവവിശ്വാസികളുമായ അക്കാദമിക് പണ്ഡിതരും ഇപ്പോള്‍ "മതനിന്ദ"കരാണത്രേ!!

പഴയ ചില "മതനിന്ദകരുടെ" ചരിത്രം ചെറുതായൊന്ന് പരിശോധിക്കുന്നത് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.

1. നിക്കോളാസ് കോപ്പര്‍ നിക്കസ് (1478-1543).

പോളണ്ടിലെ ഒരു വൈദികനായിരുന്നു ഇദ്ദേഹം. "ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്" എന്ന പേരില്‍ അറിയപ്പെടുന്ന മഹാന്‍. സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. സൂര്യന്‍ നക്ഷത്രമാണെന്നും സൂര്യനു ചുറ്റും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നു എന്നും ആദ്യമായി തെളിവുസഹിതം സിദ്ധാന്തിച്ചത് ഇദ്ദേഹമായിരുന്നു. 1543-ല്‍ "ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി" എന്ന പുസ്തകം രചിച്ചു. മതകാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധം എന്ന പേരില്‍ നിരവധി മാനസിക പീഡനങ്ങള്‍ മതമേധാവികളില്‍നിന്ന് ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. മരണശേഷം 1616-ല്‍ കത്തോലിക്കാസഭ ഈ പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തി. പിന്നീട് കെപ്ലര്‍ ആണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പൂര്‍ത്തീകരിച്ചത്.

2. ബ്രൂണോ, ജോര്‍ദാനോ (1548-1600):

ഇദ്ദേഹം ഒരു ഇറ്റാലിയന്‍ "പാന്തിസ്റ്റ്" ആയിരുന്നു. "ദൈവം എല്ലാമാണ്, എല്ലാം ദൈവവുമാണ്" എന്ന സിദ്ധാന്തമുയര്‍ത്തിയ ചിന്തകനായിരുന്നു ഇദ്ദേഹം. തത്വചിന്തകന്‍ , കവി, പ്രപഞ്ച വിജ്ഞാനി, ഗണിതശാസ്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത ബഹുമുഖ പ്രതിഭയായിരുന്നു. നാം അധിവസിക്കുന്ന ലോകത്തിന്റെ ബഹുലത, പ്രപഞ്ചത്തിന്റെ അനന്തത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോപ്പര്‍നിക്കസ് രൂപം നല്‍കിയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പഠനം നടത്തി. ഇതിന്റെ വെളിച്ചത്തില്‍ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ചില ഗണിതസിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു. മതനിന്ദയുടെ പേരില്‍ ചിതക്കുറ്റിയില്‍ കെട്ടിയിട്ട് ഇദ്ദേഹത്തെ മതമേധാവികള്‍ ചുട്ടുകൊന്നു. അശാസ്ത്രീയ മതചിന്തകള്‍ക്കെതിരെ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആദ്യ "രക്തസാക്ഷി"യായ മഹാന്‍ എന്ന നിലയില്‍ ബ്രൂണോ പ്രഖ്യാതനായിത്തീര്‍ന്നു.

3. ഗലീലിയോ ഗലീലി (1564-1642).

ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനും ദാര്‍ശനികനുമായിരുന്നു ഇദ്ദേഹം. ഭൂമി സ്വയം ചലിക്കുന്നതാണെന്ന് ഇദ്ദേഹം തെളിയിച്ചു. പെന്‍ഡുലത്തിന്റെ തത്വം കണ്ടുപിടിച്ചതും ഇദ്ദേഹമാണ്. ദൂരദര്‍ശിനി സ്വയം നിര്‍മിച്ച് അതിന്റെ സഹായത്താല്‍ വാനനിരീക്ഷണം നടത്തി. "ഡയലോഗ് ഓഫ് ടോളമിക് ആന്‍ഡ് കോപ്പര്‍നിക്കന്‍ സിസ്റ്റം" എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഗലീലിയോയുടെ കണ്ടുപിടുത്തങ്ങളും അതുമായി ബന്ധപ്പെട്ടു രചിച്ച പുസ്തകവും മതസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇത് മതമേധാവികളെ അസ്വസ്ഥരാക്കി. മതക്കോടതി ഗലീലിയോയെ വിസ്തരിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. തടങ്കലിലെ മാനസിക പീഡനങ്ങള്‍ താങ്ങാനാവാതെ രോഗബാധിതനായി അദ്ദേഹം മരിച്ചു. സയന്‍സിന്റെ മറ്റൊരു "രക്തസാക്ഷി"യായിത്തീര്‍ന്നു ഇദ്ദേഹം.

4. ചാള്‍സ് ഡാര്‍വിന്‍ (1809-1882).

ജീവപരിണാമസിദ്ധാന്തത്തിന് വ്യക്തമായൊരു അടിത്തറ സൃഷ്ടിച്ച ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. വൈദിക വിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയെങ്കിലും വൈദികവൃത്തിയില്‍ പ്രവേശിക്കാന്‍ ഇദ്ദേഹം തയാറായില്ല.1831 മുതല്‍ 1836 വരെ "ബീഗിള്‍" എന്ന നാവികക്കപ്പലില്‍ ലോകം ചുറ്റി. അമേരിക്കയിലെ ഗാലപ്പാഗോസ് ദ്വീപസമൂഹങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ നിര്‍ധാരണം ചെയ്ത് 1859-ല്‍ "ഒറിജിന്‍ ഓഫ് സ്പിഷീസ്" എന്ന പുസ്തകം രചിച്ചു. ഈ പുസ്തകം ആധുനിക ജീവപരിണാമത്തിന്റെ ആധികാരിക രചനയായിത്തീര്‍ന്നു. മതസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടാന്‍ തയാറാകാത്തതിന്റെ പേരില്‍ ശക്തമായ "മതനിന്ദാ" ആരോപണത്തിന് ഇദ്ദേഹവും വിധേയനാകേണ്ടിവന്നു.

5. ആല്‍ബര്‍ട്ട് ഐൻ‌സ്റ്റൈന്‍ (1879-1955).

ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 1905ല്‍ ഫോട്ടോ ഇലക്ട്രിക് എഫക്ട്, ബ്രൗണിയന്‍ ചലനം, ആപേക്ഷികതാ സിദ്ധാന്തം എന്നീ വിഷയങ്ങളെ ആധാരമാക്കി മൂന്നു പ്രബന്ധങ്ങള്‍ രചിച്ചു. ദ്രവ്യത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയുകയില്ല എന്ന ധാരണ ഇദ്ദേഹം തിരുത്തിക്കുറിച്ചു. പ്രപഞ്ചവുമായി ബന്ധപ്പെടുത്തിയുള്ള മതസിദ്ധാന്തങ്ങള്‍ക്ക് തികച്ചും വിരുദ്ധമായിരുന്നു ഇദ്ദേഹത്തിന്റെ ശാസ്ത്രീയ സിദ്ധാന്തങ്ങളും. 1921-ല്‍ നോബല്‍ പ്രൈസ് ലഭിച്ചു. തങ്ങളുടെ മതസിദ്ധാന്തങ്ങളെ കാറ്റില്‍ പറത്തി ശാസ്ത്രം പുരോഗമിക്കുകയാണെന്നും മുന്‍ ശാസ്ത്രജ്ഞന്മാരോടു കാട്ടിയ ക്രൂരതകള്‍ വലിയ എതിര്‍പ്പിനു കാരണമായിട്ടുണ്ട് എന്നും തിരിച്ചറിഞ്ഞതിനാലാവാം മുന്‍ ശാസ്ത്രജ്ഞന്മാര്‍ നേരിട്ടത്ര ശക്തമായ "മതനിന്ദാ" ആരോപണം ഐൻ‌സ്റ്റൈനെതിരെ ഉണ്ടായില്ല.

ഇതില്‍ നിന്നെല്ലാം വെളിപ്പെടുന്ന ചില അപ്രിയസത്യങ്ങളെ കണ്ടില്ലെന്ന് ചിലര്‍ നടിച്ചേക്കാം. പക്ഷേ അനുക്ഷണ വികസ്വരമാകുന്ന പ്രപഞ്ചവിജ്ഞാനത്തിനും മനുഷ്യന്റെ ഭൗതിക പുരോഗതിക്കും അടിത്തറ പാകിയത് മനുഷ്യന്റെ സാഹസികതയും ശാസ്ത്രാന്വേഷണത്വരയും തന്നെയാണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. മതസിദ്ധാന്തങ്ങളുടെ ഭാവനാലോകത്തെ ചക്രവര്‍ത്തിമാരാണോ അവരുടെ ദണ്ഡനങ്ങള്‍ക്ക് വിധേയരായി "മതനിന്ദാ"പ്പട്ടം ഏറ്റുവാങ്ങേണ്ടിവന്ന മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണോ മനുഷ്യസമൂഹത്തിന്റെ ഇതുവരെയുള്ള പുരോഗതിക്ക് ഏറെ സംഭാവന നല്‍കിയത് എന്ന ചോദ്യത്തില്‍നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറുകയാണ് സമൂഹം. ഒരു മറുചോദ്യമുയര്‍ത്തി രക്ഷപ്പെട്ടു നില്‍ക്കുകയാണ് നാം. ചോദ്യമിതാണ്: എങ്കില്‍ എന്തുകൊണ്ട് മതങ്ങളുടെയും മതമേധാവികളുടെയും പ്രസക്തി ഇപ്പോഴും ലോകത്ത് ശക്തമായി നിലനില്‍ക്കുന്നു?

ഈ ചോദ്യത്തിന് ഉത്തരം പറയുംമുമ്പ് മറ്റു ചില കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിക്കേണ്ടതുണ്ട്. വസ്തുനിഷ്ഠ പ്രപഞ്ചത്തെ ക്കുറിച്ചുള്ള മനുഷ്യന്റെ ആത്മനിഷ്ഠ അവബോധമാണ് "ദൈവം" എന്ന അവന്റെ പരികല്പനയുടെ അടിസ്ഥാനം. ആദിമ മനുഷ്യന്റെ അറിവില്ലായ്മയില്‍ പിറവികൊണ്ട ദൈവത്തിനും ആധുനിക മനുഷ്യന്റെ ആഗോള അവബോധത്തില്‍ ആത്മപരിണാമം സംഭവിച്ച ദൈവത്തിനും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. "ദൈവം" എന്ന വാക്കൊഴികെ അതിന്റെ പരികല്പനകളൊക്കെയും കാലാകാലമായി മാറിക്കൊണ്ടിരിക്കുകയുമാണ്. "ദൈവമാണ് സത്യം" എന്ന് ആദ്യകാലത്തു പറഞ്ഞിരുന്ന മഹാത്മാഗാന്ധി, നിരീശ്വരവാദിയായിരുന്ന രാമചന്ദ്രഗോറയുമായി നടത്തിയ നിരന്തരസംവാദത്തിനൊടുവില്‍ "സത്യമാണു ദൈവം" എന്നു തിരുത്തിപ്പറയാന്‍ തയാറായി. ദൈവത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ആത്മനിഷ്ഠ അവബോധത്തിലുണ്ടായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. എന്തായാലും പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ്, ഉടയവന്‍ എന്നീ സ്ഥാനങ്ങളില്‍നിന്ന് ദൈവത്തെ നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാരുടെ എണ്ണം വര്‍ധിച്ചുവരിക തന്നെയാണ്.

കോപ്പര്‍നിക്കസ് മതവിശ്വാസത്തെ തള്ളിപ്പറയുകയോ ചാള്‍സ് ഡാര്‍വിന്‍ പ്രപഞ്ചസ്രഷ്ടാവിനെ നിഷേധിക്കുകയോ ചെയ്തിട്ടില്ല എങ്കിലും ഇവരെ മതനിന്ദാവാദമുയര്‍ത്തി മതപൗരോഹിത്യം നിരാകരിക്കുകയാണുണ്ടായത്. ഇവരുടെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ മതസിദ്ധാന്തങ്ങള്‍ക്ക് എതിരായിരുന്നതും ദൈവാസ്തിത്വം ആ നിരീക്ഷണങ്ങളില്‍ പ്രതിഫലിക്കാതിരുന്നതാണ് കാരണം.

1996-ല്‍ ഫ്രീ തോട്ട് പീഡിയ നടത്തിയ സര്‍വേയില്‍ 60.7 ശതമാനം ശാസ്ത്രജ്ഞരും ദൈവവിശ്വാസികളോ മതവിശ്വാസികളോ അല്ല എന്ന് കണ്ടെത്തുകയുണ്ടായി. മഹാന്മാരായ ശാസ്ത്രജ്ഞരില്‍ 93 ശതമാനം പേരും ഈ വിഭാഗത്തില്‍ വരുന്നു എന്നാണ് ഫ്രീ തോട്ട് പീഡിയയുടെ മറ്റൊരു കണ്ടെത്തല്‍ . വിശ്വപ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് ഈ അടുത്തകാലത്തെഴുതിയ The Grand Design എന്ന കൃതിയില്‍ "പ്രപഞ്ചസൃഷ്ടി സംബന്ധിച്ച ശാസ്ത്രസിദ്ധാന്തങ്ങളില്‍ ദൈവത്തിന് ഒരു പങ്കുമില്ല" എന്ന് അസന്ദിഗ്ധമായി പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഗണ്യമായൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും സത്യവും സ്നേഹവും കരുണയും വഴിഞ്ഞൊഴുകുന്ന ഒരു നീതിമാനായി ദൈവം ജീവിക്കുക തന്നെയാണ്. സത്യവും സ്നേഹവും കരുണയുമൊക്കെയുള്ള സര്‍വശക്തനാണ് ദൈവമെങ്കില്‍ സ്ഥാപനവല്ക്കരിക്കപ്പെട്ട ഒരു മതസിദ്ധാന്തത്തിന്റെയും ഫ്രെയിമിനുള്ളില്‍ അദ്ദേഹത്തിന് ഒതുങ്ങിക്കൂടാനാവില്ല എന്ന് വാദിക്കുന്നവര്‍ ഏറെയുണ്ട്.

"ടൈം" മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു വ്യക്തികളില്‍ ഒരാളായി 2005-ല്‍ തെരഞ്ഞെടുത്ത അയാന്‍ ഹിര്‍സി അലി തന്റെ ജീവരക്തം തൊട്ടെഴുതിയ infidel (അവിശ്വാസി) എന്ന ആത്മകഥയില്‍ ഒരു ഭാഗത്ത് ഇങ്ങനെ ചോദിക്കുന്നു: "നീതിമാനായ അല്ലാഹുവിന് എങ്ങനെ സ്ത്രീകളെ ഇങ്ങനെ കാണാന്‍ കഴിയും? സ്ത്രീകളുടെ സാക്ഷ്യത്തിന് പുരുഷന്റേതിന്റെ പകുതി മൂല്യമേയുള്ളൂ എന്ന് മാ അലിം പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിച്ചു. ദൈവം ദയാനിധിയാണെങ്കില്‍ മനുഷ്യരെ എന്തിനു പൊതുസ്ഥലങ്ങളില്‍ തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്നു. ദൈവം അനുകമ്പയുള്ളവനാണെങ്കില്‍ അവിശ്വാസികളെ എന്തിന് നരകത്തിലേക്കയക്കുന്നു? അല്ലാഹു സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ട് അവിശ്വാസികളെയും വിശ്വാസികളാക്കിക്കൂടാ? എന്തുകൊണ്ട് അവരെയും സ്വര്‍ഗത്തിലേക്ക് എത്തിച്ചുകൂടാ?" ദൈവം സര്‍വശക്തനും കരുണാമയനുമാണെന്ന് പാടിപ്പുകഴ്ത്തുകയും സങ്കുചിത താല്പര്യങ്ങള്‍ക്കുവേണ്ടി ഈ മഹനീയ സാന്നിധ്യത്തിന് കടന്നെത്താന്‍ കഴിയാത്തവിധം മതചട്ടക്കൂടുകള്‍ നിര്‍മിക്കുകയും ദയാരഹിതമായ പെരുമാറ്റ സംഹിതകള്‍ ദൈവവചനങ്ങളെന്നപേരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന മതപൗരോഹിത്യത്തെയാണ് അയാന്‍ ഇവിടെ സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യുന്നത്. ഒരിക്കല്‍ ഒരു പച്ചപ്പാവവും പില്‍ക്കാലത്ത് പെണ്‍കരുത്തിന്റെ ലോകമാതൃകയുമായി മാറിയ അയാന്‍ എന്ന സോമാലിയക്കാരിയുടെ ഈ ആത്മകഥ ലോകത്തെ "ബെസ്റ്റ് സെല്ലറു"കളില്‍ ഒന്നായി മാറിയിരിക്കുന്നു എന്നത് മതനിന്ദാകോലാഹലമുയര്‍ത്തുന്നവര്‍ക്ക് ഒട്ടും ആശ്വാസത്തിന് വക നല്കുന്നില്ല.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മതനിന്ദാകോലാഹലങ്ങള്‍ , മുമ്പ് നിലവിലുണ്ടായിരുന്ന തൊട്ടുകൂടായ്മ പോലെയും തീണ്ടിക്കൂടായ്മ പോലെയും അപകടകരമാംവിധം പ്രതിലോമസ്വഭാവം പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മതനിന്ദാവാദത്തിന് എങ്ങനെയാണ് സമൂഹത്തില്‍ മേല്‍ക്കൈ നേടാനാവുന്നത് എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. തികച്ചും സാധാരണക്കാരായ മതവിശ്വാസികളുടെ മനോഭാവം ഒരു മുഖ്യരാസത്വരകമായി ഇവിടെ പ്രതിപ്രവര്‍ത്തിക്കുന്നതു കാണാം. അയാന്‍ ഹിര്‍സി അലി സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇതു സംബന്ധിച്ചു വ്യക്തമാക്കുന്ന ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്.

"വിശുദ്ധമായി നിങ്ങള്‍ കണക്കാക്കുന്ന ഒരു കാര്യം യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ , അത്തരമൊരു അഭിപ്രായത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ലെങ്കില്‍, നിങ്ങളുടെ വികാരങ്ങള്‍ക്ക് മുറിവേല്‍ക്കുക സ്വാഭാവികം". ചിന്തിക്കാനുള്ള പ്രാപ്തി ലഭ്യമാവും വിധമുള്ള ആശയവിനിമയ സാധ്യത ഉണ്ടാകുമ്പോള്‍ മതവികാരങ്ങള്‍ക്ക് മുറിവേല്ക്കാനുള്ള സാധ്യതയും കുറഞ്ഞുവരും. ഇതു മനസ്സിലാക്കി "ചിന്തകളുടെ പാരസ്പര്യ"ത്തിനുപകരം "ചിന്തകളുടെ ഏകപക്ഷീയത" നിലനിര്‍ത്താനും വികസിപ്പിക്കാനുമാണ് എല്ലാ മതമേധാവികളും തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. "വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് " എന്ന ശ്രീനാരായണഗുരുവിന്റെ പ്രസ്താവനക്ക് പ്രസക്തിയുള്ള മണ്ണായിരുന്നു കേരളത്തിന്റേത്. നവോത്ഥാനകാലഘട്ടത്തിന്റെ ആ വളക്കൂറ് കേരളത്തിന്റെ സാംസ്കാരിക ഭൂമികയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

മതനിന്ദാകോലാഹലവുമായി ബന്ധപ്പെട്ട് എപ്പോഴുമുയര്‍ന്നുകേള്‍ക്കുന്ന ഭീഷണി നിറഞ്ഞ ഒരു പ്രതിരോധപ്രയോഗമാണ് മതവികാരം വ്രണപ്പെടുന്നു എന്നത്. യഥാര്‍ഥത്തില്‍ ഒരു സാധാരണ മതവിശ്വാസിയുടെ വികാരങ്ങള്‍ സ്വയം വ്രണപ്പെടുന്നതേയില്ല. ചില താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി "മതനിന്ദ" എന്ന ആരോപണമുയര്‍ത്തി അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് വിരലിലെണ്ണാവുന്ന ചില മതമേധാവികളോ തല്പരകക്ഷികളോ ആണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. മുസ്ലിം ജനസാമാന്യത്തിനിടയില്‍ തനിക്കു നഷ്ടപ്പെട്ടുപോയ സ്വാധീനം വീണ്ടെടുക്കാന്‍ ഒരു മുന്‍ കേന്ദ്രമന്ത്രി മേല്‍ക്കൊടുത്ത തന്ത്രം പ്രയോഗിച്ചതും അല്പം വൈകിയാണെങ്കിലും അപ്രതീക്ഷിതമായി ഈ തന്ത്രം പുറത്തറിഞ്ഞതും വളരെ കാലപ്പഴക്കമുള്ള കഥയൊന്നുമല്ല. കര്‍ണാടകത്തില്‍ ഏറെ പ്രചാരമുള്ള "ഡെക്കാന്‍ ഹെറാള്‍ഡ്" എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചെറുകഥയായിരുന്നു മതനിന്ദാകോലാഹലത്തിന് വിഷയമായത്. അതും മലയാളത്തില്‍നിന്ന് പരിഭാഷ ചെയ്യപ്പെട്ടത്.

ലഹളയുടെ ഒന്നാം ഘട്ടത്തില്‍ ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഫീസ് എറിഞ്ഞു തകര്‍ക്കപ്പെട്ടു. കര്‍ണാടക ഭരണസിരാകേന്ദ്രമായ ബംഗളൂരുവിലെ വിധാന്‍ സൗധിന്റെ അങ്കണം ദിവസങ്ങളോളം കലാപഭൂമിയായി മാറി. പതിനാറ് നിരക്ഷരരായ മുസ്ലിം സഹോദരന്മാര്‍ അവിടെ വെടിയേറ്റു മരിച്ചു. അവരാരുംതന്നെ ഇംഗ്ലീഷ് ഭാഷ അറിയുന്നവരോ "മതനിന്ദ" ആരോപിക്കപ്പെട്ട ചെറുകഥ വായിച്ചിരുന്നവരോ അല്ല എന്ന് പിന്നീടാണ് വെളിവാക്കപ്പെട്ടത്. ഗൃഹനാഥന്മാര്‍ നഷ്ടപ്പെട്ട 16 മുസ്ലിം കുടുംബങ്ങളിലെ ജീവിച്ചിരുന്ന പാവം മനുഷ്യര്‍, ഇതുകൊണ്ട് നേട്ടമുണ്ടായത് മുസ്ലിം നാമധാരിയായ ഒരു കുബുദ്ധിക്കു മാത്രമാണെന്ന് തിരിച്ചറിഞ്ഞതേയില്ല. "മണ്ടനായ മുഹമ്മദ്" എന്ന ചെറുകഥയെഴുതിയ അത്ര പ്രശസ്തനൊന്നുമല്ലായിരുന്ന മലയാളി എഴുത്തുകാരന്‍ തന്റെ കഥയില്‍ പ്രവാചകസാന്നിധ്യം താന്‍ സ്വപ്നം കാണുകപോലുമുണ്ടായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത് മലയാള ദിനപത്രത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ ഒരു മുസ്ലിമിന്റെയും മതവികാരം വ്രണപ്പെട്ടില്ല എന്നതുതന്നെയാണ്.

"മതവികാരം വ്രണപ്പെടുത്തുക" എന്നതുപോലെതന്നെ എളുപ്പമാണ് അതിലൂടെ നേട്ടം കൊയ്യുക എന്നതും. ചിലരുടെ തലതിരിഞ്ഞ ഈ തിരിച്ചറിവാണ് "മതനിന്ദാ" വാദത്തിനു പിന്നിലെ പ്രേരകശക്തി.

കേരളത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്ന "മതനിന്ദാ" വാദങ്ങളില്‍ പലതും തങ്ങള്‍തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നതാണെന്ന കാര്യം ഇവിടത്തെ മതപൗരോഹിത്യം മറച്ചുവയ്ക്കുന്നതേയില്ല. അത്ര ആത്മവിശ്വാസമാണ് അവര്‍ക്ക് ഇക്കാര്യത്തില്‍ ഇപ്പോഴുമുള്ളത്. "വിശുദ്ധം" എന്നു പൊതുവെ വിശേഷിപ്പിക്കപ്പെട്ടു പോരുന്നതൊന്നും വിശകലന വിധേയമാക്കാനേ പാടില്ല എന്ന ഔദ്ധത്യമാണ് അവര്‍ക്കുള്ളത്. വിഭിന്ന ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകാതിരിക്കാന്‍ ഇവര്‍ പരസ്പരം കൈകോര്‍ത്ത് ശക്തിപകര്‍ന്നു നില്‍ക്കുന്ന കാഴ്ച ഇപ്പോള്‍ കേരളത്തില്‍ പുതുമയുള്ളതല്ല.

വ്യക്തിയെ അവന്റെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പ്രാപ്തനാക്കുക, അവനില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ഉപാധികള്‍ സൃഷ്ടിച്ചുകൊടുക്കുക എന്നീ കാര്യങ്ങളില്‍ ആധുനിക മനഃശാസ്ത്രം വിപ്ലവകരമായ നേട്ടം കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ മനഃശാസ്ത്രസിദ്ധാന്തങ്ങളോട് ഏറെ പൊരുത്തപ്പെട്ടു നില്‍ക്കുന്നവയാണ് മതേതര ജനാധിപത്യ കാഴ്ചപ്പാടുകളും അതുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങളും. എന്നാല്‍ അതിനു നേര്‍വിപരീത ദിശയിലാണ് "വിശുദ്ധ"മെന്ന് വ്യവഹരിക്കപ്പെട്ടുപോകുന്ന പല "മതകല്പന"കളും. "ആട്ടിന്‍പറ്റവും നല്ല ഇടയനും" എന്ന വിശുദ്ധ മതബിംബത്തിന്റെ കാര്യം തന്നെ എടുക്കാം. പുരോഹിതന്‍ എന്ന ഇടയന്റെ ഇച്ഛയ്ക്കനുസരിച്ച് ആട്ടിത്തെളിക്കാന്‍ കഴിയുന്ന ആട്ടിന്‍പറ്റത്തിന്റെ സ്ഥാനം മാത്രമാണ് ഇവിടെ ജനസാമാന്യത്തിന് നല്‍കിയിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടാണ്. മാത്രമല്ല, മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന "മനുഷ്യപുത്ര" സങ്കല്പത്തിനുതന്നെ ഈ ബിംബകല്പന എതിരുമാണ്.

യേശുക്രിസ്തു ഒരു "മിത്തോ" ചരിത്രപുരുഷനോ എന്ന തര്‍ക്കവിഷയത്തെ നമുക്കതിന്റെ വഴിക്ക് വിടാം. ലോകത്ത് ഗണ്യമായൊരു വിഭാഗം ജനമനസ്സുകളില്‍ ഇപ്പോഴും ആരാധനാപാത്രമായി പുലര്‍ന്നുപോരുന്ന വിശുദ്ധരൂപനാണ് ക്രിസ്തു. എന്നാല്‍ ക്രിസ്ത്യന്‍ ജനസാമാന്യം എന്ന വലിയ ആട്ടിന്‍പറ്റത്തിന്റെ "നല്ല ഇടയനായി" ക്രിസ്തുവിനെ സങ്കല്പിക്കുന്നതുതന്നെ അദ്ദേഹത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തലാവും. ഗോത്രകാല സംസ്കൃതിയില്‍ രൂപപ്പെട്ടതായിരുന്നെങ്കിലും സാമ്പത്തികസമത്വവും സമഭാവനയും ക്രിസ്തുവചനങ്ങളുടെ ഉള്‍ക്കരുത്തായിരുന്നു. ജനാധിപത്യത്തിന്റെ അരുണോദയം സ്വപ്നം കാണുന്നതിന്റെ മൂല്യബോധവും അവയിലുണ്ടായിരുന്നു. ക്രിസ്തുമതം പില്ക്കാലത്ത് സ്ഥാപനവല്ക്കരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മൂല്യനിരാസമായിരിക്കാം ഈ പ്രതിലോമ ബിംബകല്പനയുടെ അടിസ്ഥാനം എന്നു കരുതേണ്ടിയിരിക്കുന്നു.

1825 ജൂണ്‍ 25ന്. കാള്‍മാര്‍ക്സ് എഴുതിയ "പള്ളിവിരുദ്ധ പ്രസ്ഥാനം-ഹൈഡ്പാര്‍ക്കിലെ പ്രകടനം" എന്ന കുറിപ്പിലെ ഒരു ഭാഗത്ത് ഈ മൂല്യനിരാസം സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പരാമര്‍ശമുണ്ട്: "പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിന് പുണ്യം കിട്ടാന്‍വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായതെങ്കില്‍ അഭ്യസ്തവിദ്യനായ ആധുനിക പുണ്യാളന്‍ തന്റെ ആത്മാവിന്റെ പുണ്യത്തിനായി സാധാരണ മനുഷ്യരുടെ ദേഹം നിഗ്രഹിക്കുകയാണ് ചെയ്തത്..." 1883 ആഗസ്തില്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയ "വെളിപാട് പുസ്തകം" എന്ന ലേഖനത്തില്‍ ഏണസ്റ്റ് രെനാലിനെ വിമര്‍ശിക്കുമ്പോഴും അദ്ദേഹം പറഞ്ഞ ഒരു നല്ല കാര്യം ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്. അതിങ്ങനെയാണ്: "ആദ്യകാലത്തെ ക്രൈസ്തവയോഗങ്ങളെപ്പറ്റി ശരിയായൊരു ധാരണ വേണമെങ്കില്‍ ഇന്നത്തെ ഇടവകയുമായി അവയെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായാണവയ്ക്ക് കൂടുതല്‍ സാമ്യം".

ഇതൊക്കെ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന ശരിയായൊരു നിഗമനമുണ്ട്. ആദികാല ക്രൈസ്തവ സമൂഹത്തിന്റെ മൂല്യബോധം പിന്നീട് നഷ്ടപ്പെടുകയാണുണ്ടായതെന്ന്. ഇടയന്‍ പുരോഹിതനാണെന്നും മനുഷ്യവര്‍ഗം കുഞ്ഞാടുകളാണെന്നുമുള്ള ജനാധിപത്യവിരുദ്ധ പരികല്പന, "വിശുദ്ധം" എന്ന പേരില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയാണുണ്ടായത് എന്നതിന് മറ്റുചില തെളിവുകളും ഇപ്പോള്‍ ലഭ്യമാണ്.

പില്ക്കാല ക്രൈസ്തവസഭ ഒരിക്കലും വെളിച്ചം കാണാന്‍ അനുവദിക്കാതെ തമസ്കരിച്ചുകളഞ്ഞ ചില സുവിശേഷങ്ങള്‍ ഈ അടുത്തകാലത്തായി പുറത്തുവന്നിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെന്ന് ഇന്ന് അംഗീകരിച്ചുപോരുന്ന യാഥാസ്ഥിതിക വിശ്വാസങ്ങളെയെല്ലാം സമൂലം വിമര്‍ശിക്കുന്ന ആശയങ്ങളാണ് ഈ സുവിശേഷങ്ങളിലുള്ളത്. 52 രേഖകള്‍ അടങ്ങിയ 13 തുകല്‍ ഗ്രന്ഥങ്ങള്‍ ഈജിപ്തിലെ കെയ്റോയ്ക്ക് 300 മൈല്‍ തെക്ക് നൈല്‍ നദീതീരത്തുള്ള നാഗഹമ്മാദി എന്ന ഗ്രാമത്തില്‍ നിന്നാണ് യാദൃച്ഛികമായി കണ്ടെടുക്കപ്പെട്ടത്. യേശു തന്റെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി നല്‍കിയിരുന്ന ഉപദേശങ്ങളായിരുന്നു ഈ ഗ്രന്ഥങ്ങളില്‍ ഏറെയും. ക്രിസ്തുവര്‍ഷാരംഭം മുതലേ വ്യാപകമായി പ്രചരിച്ചിരുന്ന ഇത്തരം ഗ്രന്ഥങ്ങളെ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഓര്‍ത്തഡോക്സ് ക്രിസ്തുമതം "മതനിന്ദ"യായി മുദ്രകുത്തി. പ്രബലരായി മാറിയ ഓര്‍ത്തഡോക്സ് സഭയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ gnostic വിഭാഗം സന്യാസിമാരുടെ ആശയപ്രചരണത്തിന് കഴിഞ്ഞില്ല. ഈ ഗ്രന്ഥങ്ങള്‍ കണ്ടുകെട്ടി നശിപ്പിക്കപ്പെടുംമുമ്പ് അപ്പര്‍ ഈജിപ്തിലെ പച്ചേമിയസിന്റെ ആശ്രമത്തിലെ സന്യാസിമാര്‍ കുഴിച്ചുമൂടുകയാണത്രേ ഉണ്ടായത്. 1700 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സുവിശേഷങ്ങള്‍ ഇപ്പോള്‍ വീണ്ടെടുക്കപ്പെട്ടിട്ടുള്ളത്.

നൂറ്റാണ്ടുകളായി നിശ്ശബ്ദരാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിന് ശബ്ദം തിരിച്ചുകിട്ടിയതിനു തുല്യമായി നഷ്ടപ്പെട്ട ഈ സുവിശേഷങ്ങളുടെ വീണ്ടെടുക്കല്‍ . ഇവയില്‍ ഏറെ ചിന്തോദ്ദീപകമാണ് തോമസിന്റെ സുവിശേഷം. ആട്ടിന്‍പറ്റത്തെപ്പോലെ മനുഷ്യരെ തെളിച്ചുകൊണ്ടുപോകുന്ന ഒരു നല്ല ഇടയനായി യേശുവിനെ ഈ സുവിശേഷം വായിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയില്ല. തോമസിന്റെ സുവിശേഷത്തില്‍നിന്ന് ഏതാനും വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.

"നിങ്ങള്‍ എപ്പോള്‍ നിങ്ങളെത്തന്നെ അറിയുന്നുവോ അന്ന് നിങ്ങള്‍ അറിയപ്പെടുന്നവരാവുകയും ജീവിക്കുന്ന പിതാവിന്റെ പുത്രന്മാര്‍ നിങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു" (വചനം-3).

"നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ നിങ്ങളുടെ ഉള്ളില്‍നിന്ന് പുറത്തുകൊണ്ടുവന്നാല്‍ അത് നിങ്ങളെ രക്ഷിക്കും. (വചനം-70)

എന്റെ വായില്‍നിന്ന് കുടിക്കുന്നവന്‍ ആരോ അവന്‍ എന്നെപ്പോലെ ആയിരിക്കും. ഞാന്‍ സ്വയം അവനായിത്തീരും. മറഞ്ഞിരിക്കുന്ന അവന് സ്വയം വെളിപ്പെടുകയും ചെയ്യും. (വചനം- 108).

ഈ ക്രിസ്തുവചനങ്ങളിലൊക്കെ എല്ലാ മനുഷ്യരെയും തന്നെപ്പോലെ മാനസിക ഔന്നത്യം ഉള്ളവരാക്കി വളര്‍ത്താന്‍ വ്യഗ്രത കാട്ടുന്ന ഒരു ശ്രേഷ്ഠ ഗുരുവിന്റെ മഹനീയ മനോഭാവമാണ് പ്രകടമാകുന്നത്. വിശേഷബുദ്ധിയില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ മനുഷ്യസമൂഹത്തെ തരംതാഴ്ത്തിക്കാണുന്ന സൂചനകളേ ഇല്ല.

ക്ഷയോന്മുഖ ഏകാധിപത്യത്തിന്റെയും ശിഥില മതാധിപത്യത്തിന്റെയും കൊള്ളക്കൊടുക്കലുകളില്‍നിന്നാണ് ക്രൈസ്തവസഭ അതിന്റെ ശക്തി സംഭരിച്ചത് എന്ന് പഴയകാല ചരിത്രം പറയുന്നു. റോമിലെ ഏകാധിപതിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ ക്രൈസ്തവസഭാനേതൃത്വവും സഭാനേതൃത്വത്തെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും കലവറയില്ലാതെ സഹായിച്ചതിലൂടെ ഇരുകൂട്ടരും അപാരമായ ശക്തി സംഭരിക്കുകയായിരുന്നു. ക്ഷയോന്മുഖമായിരുന്ന റോമാസാമ്രാജ്യം ശക്തിപ്രാപിച്ച അതേഅളവില്‍ ശിഥിലമായിക്കൊണ്ടിരുന്ന സഭാനേതൃത്വവും ശക്തി പ്രാപിച്ചു. രണ്ടിനും ഏകാധിപത്യമുഖമാണുണ്ടായിരുന്നത്. ഈ മുഖഭാവത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഈ ജനാധിപത്യയുഗത്തിലും സഭ തയ്യാറല്ല. "ഇടയനും ആട്ടിന്‍പറ്റവും" സഭയ്ക്ക് അനുയോജ്യമായ മതബിംബകല്പനയാകുന്നത് അതുകൊണ്ടാണ്.

പഴയകാല ചക്രവര്‍ത്തിമാരോടെന്നപോലെ പുതുകാലത്ത് വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തോട് സഭ കാട്ടുന്ന ആഭിമുഖ്യത്തിനു പിന്നില്‍ തികഞ്ഞ നിക്ഷിപ്ത താല്പര്യങ്ങള്‍ തന്നെയാണുള്ളത്. ഇതിന്റെ ഫലമായി വിശകലനവിധേയമാക്കാന്‍ അനുവാദമില്ലാത്ത "വിശുദ്ധ" കല്പനകള്‍ ഇടയലേഖനങ്ങളായി പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. ആട്ടിന്‍പറ്റ മനോഭാവത്തിന്റെ അന്ധമായ അനുസരണാശീലത്തെ മുതലെടുക്കുന്ന മതപൗരോഹിത്യവും അതിനെ "വോട്ട്ബാങ്ക് " ആക്കിമാറ്റുന്ന വലതുപക്ഷ രാഷ്ട്രീയ കൗശലവും ഒത്തുചേര്‍ന്ന് മതേതര മാനവികതയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് അടുത്തകാലത്ത് തുടരെത്തുടരെ ഉയര്‍ന്നുവരുന്ന "മതനിന്ദാ" കോലാഹലം. ഇതിനെ നമുക്ക് "ഗോത്രവര്‍ഗകാല വിശ്വാസ സംരക്ഷണത്തില്‍ അധിഷ്ഠിതമായ വിശുദ്ധയുക്തിരാഹിത്യം" എന്ന് വിശേഷിപ്പിക്കാം.

നവോത്ഥാന പരിരക്ഷയിലൂടെയും ജനാധിപത്യ ഭരണവികസന മാതൃകകളിലൂടെയും ഇത്രമേല്‍ പുരോഗതി നേടിയ കേരള സമൂഹത്തിലും മേല്‍പറഞ്ഞ തരം യുക്തിരാഹിത്യം എന്തുകൊണ്ട് മേല്‍ക്കൈ നേടുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് സൂക്ഷ്മതലത്തില്‍തന്നെ വിശകലനവിധേയമാക്കേണ്ട ചില മനഃശാസ്ത്ര യാഥാര്‍ഥ്യങ്ങളിലേക്കാണ്. "ആശയങ്ങളുടെ പാരസ്പര്യം അസാധ്യമാകുന്നിടത്ത് യുക്തിവിചാരവും അസാധ്യമാകുന്നു" എന്നത് ഒരു മനഃശാസ്ത്ര നിരീക്ഷണമാണ്. ആശയങ്ങളുടെ പാരസ്പര്യം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സംവാദസാധ്യതകളെ നിരാകരിക്കലാണ്. ഇപ്പോള്‍ കേരളത്തില്‍ ആശയരംഗത്ത് ഏറെയും നടക്കുന്നത് ഈ സംവാദസാധ്യതകളുടെ നിഷേധമാണ്. പകരം നടക്കുന്നത് അസഹിഷ്ണുതമുറ്റിയ വിവാദങ്ങളുടെ വിഴുപ്പലക്കലും. അത് പാഠപുസ്തകനിഷേധ പ്രസ്താവനകളാലും ഇടയലേഖന വിളംബരങ്ങളാലും വിശ്വാസസംരക്ഷണറാലികളായും ആശയങ്ങളുടെ പാരസ്പര്യത്തിനെതിരെ "മതനിന്ദാ"വാദത്തിന്റെ ഇരുമ്പുമറകള്‍ തീര്‍ക്കുന്നു. മുമ്പില്ലാത്തവിധം അസഹിഷ്ണുത മുറ്റിയ "മതസ്വത്വബോധ"ത്തിന്റെ യുക്തിരഹിത കാര്‍ക്കശ്യമായി അത് രൂപാന്തരപ്പെടുന്നു. "ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍തന്നെ പഠിക്കണം" എന്ന വാദം നമ്മെ കൊണ്ടെത്തിക്കുക "പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുക" എന്ന ഭയാനകവും മനുഷ്യത്വരഹിതവുമായ ചിന്താധാരയിലേക്കായിരിക്കും.

ആശയങ്ങളുടെ പാരസ്പര്യമില്ലായ്മ സൃഷ്ടിക്കുന്ന മാനസിക അസന്തുലിതാവസ്ഥ മനുഷ്യമസ്തിഷ്കത്തിന്റെ ഒരു ഭാഗത്തെ മാത്രം ആവശ്യത്തിലധികം സജീവമാക്കുകയും ബൗദ്ധിക പ്രവര്‍ത്തനകേന്ദ്രമായ സെറിബ്രത്തിന്റെ (cerebrum) പ്രവര്‍ത്തനത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാനസിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിന്റെ അടിത്തറയായ തലാമസില്‍ (thalamus) മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായിത്തീരുന്നു. അതിന്റെ ഫലമായി യുക്തിയുടെയും ബുദ്ധിയുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുകയും അതിവൈകാരികതയുടെ പ്രാഥമികതലം മാത്രം ഏറെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നു. അമിതമായ മതാനുഭൂതിയും വിശ്വാസങ്ങളും ഉണര്‍ന്നു ശക്തമാകാന്‍ ഇതാണ് കാരണമെന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

മേല്‍കൊടുത്ത നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നതാണ് പ്രാക്തന ഗോത്രവര്‍ഗങ്ങളിലെ ചില ആദര്‍ശശാലികളായ മനുഷ്യസ്നേഹികളുടെ നിഷ്കളങ്ക മനസ്സുകളില്‍ രൂപപ്പെട്ടുവന്ന "അതീന്ദ്രിയ അനുഭൂതികള്‍". അവര്‍ ഏകാഗ്രതയോടെ മലമുകളിലും ഗുഹകളിലുമൊക്കെയിരുന്ന് ഏകാന്തധ്യാനം നടത്തിയതിന്റെ ഫലമാണ് അവര്‍ക്ക് ലഭിച്ച "അതീന്ദ്രിയബോധാനുഭവങ്ങള്‍". ആ ബോധാനുഭവങ്ങളാണ് അവരില്‍നിന്ന് "അരുളപ്പാടുകളായി" പുറത്തുവന്നത്. ആ അരുളപ്പാടുകളുടെ സമാഹാരമാണ് വിശുദ്ധ മതഗ്രന്ഥങ്ങള്‍. ഈ അരുളപ്പാടുകളെ മുന്‍നിര്‍ത്തി പില്‍ക്കാലത്ത് സ്ഥാപനവല്ക്കരിക്കപ്പെട്ട മതത്തിലെ പുരോഹിത നേതൃത്വം സ്വതാല്പര്യ സംരക്ഷണാര്‍ഥം ഈ മതഗ്രന്ഥങ്ങളില്‍ നിരവധി തിരിമറികളും കൂട്ടിച്ചേര്‍ക്കലുകളും വ്യാഖ്യാന വ്യതിചലനങ്ങളും തമസ്കരണങ്ങളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റിമറിക്കലുകള്‍ ഒഴിവാക്കിയാല്‍ മതഗ്രന്ഥങ്ങള്‍ പൊതുവെ നിഷ്കളങ്കങ്ങളും നിരുപദ്രവകരങ്ങളും പ്രാക്തന മനുഷ്യബോധത്തിന്റെ ഔന്നത്യം പ്രകടിപ്പിക്കുന്നവയുമാണെന്ന് പറയാം.

പൊതു മാനവികമൂല്യങ്ങളില്‍ അധിഷ്ഠിതമായ പുതുകാല ജനാധിപത്യ ബോധത്തെ സംബന്ധിച്ചിടത്തോളം ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ചില നല്ല അരുളപ്പാടുകള്‍ ഈ മതഗ്രന്ഥങ്ങളില്‍ അവിടവിടെ ചിതറിക്കിടക്കുന്നുണ്ട്. എന്നാല്‍ കാലികപ്രസക്തി നഷ്ടപ്പെട്ടവയും അശാസ്ത്രീയവും ജനാധിപത്യബോധത്തിന് നിരക്കാത്തവയുമാണ് അവയില്‍ ഏറെയും എന്നു കാണാം. രചിക്കപ്പെട്ട കാലത്തിന്റെ പരിമിതി എന്നേ ഈ പോരായ്മകളെക്കുറിച്ച് വിലയിരുത്തേണ്ടതുള്ളൂ.
അപരിഷ്കൃത ഗോത്രസംസ്കൃതിയില്‍നിന്നും നാടുവാഴിത്തത്തില്‍നിന്നുമൊക്കെ മനുഷ്യവര്‍ഗം മോചനം നേടിയിട്ട് നാളേറെയായി. ജനാധിപത്യമെന്ന പൊതുവ്യവസ്ഥ നിലനില്ക്കുന്ന പുതിയ ഭൂമികയില്‍ ആധുനികമനുഷ്യര്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ പഴയവയില്‍നിന്ന് എത്രയോ അര്‍ഥവ്യാപ്തിയേറിയവയാണ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ , ആഗോളമുതലാളിത്തത്തിന്റെ നെറികേടുകള്‍ , സാമ്രാജ്യത്വത്തിന്റെ അധിനിവേശ മോഹങ്ങള്‍ , മതതീവ്രവാദം തുടങ്ങിയ പ്രശ്നങ്ങളുടെ മധ്യത്തിലാണ് നല്ലൊരു വിഭാഗം ജനങ്ങളും. ഗോത്രവര്‍ഗ സംസ്കൃതി നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയില്‍ രൂപപ്പെട്ട മതബോധനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്നത്തെ മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്നു കരുതുന്നത് തികച്ചും തലതിരിഞ്ഞ കാഴ്ചപ്പാടു തന്നെയാണ്; അശാസ്ത്രീയവുമാണ്.

മതഗ്രന്ഥങ്ങളിലെ ആശയങ്ങളില്‍ കാലിക പ്രസക്തിയുള്ളവ, ഇല്ലാത്തവ എന്നിങ്ങനെയുള്ള വേര്‍തിരിച്ചെടുക്കലിന് പോലുമുള്ള കഴിവ് മതാനുയായികളില്‍ പലര്‍ക്കും പൊതുവെ നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം "ബോധാവസ്ഥാവ്യതിയാനം" സാമാന്യജനങ്ങളില്‍ സൃഷ്ടിച്ചെടുക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും മതനേതൃത്വം ഒരു പരിധിവരെ വിജയിച്ചുനില്‍ക്കുന്നു എന്നുതന്നെ പറയാം. വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ ദൗര്‍ബല്യം കൗശലപൂര്‍വം ചൂഷണം ചെയ്തുകൊണ്ടാണ് ഇവര്‍ ഇത് സാധ്യമാക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ "കണ്ടില്ല" എന്ന നയവും ഇതിന് ശക്തി പകരുന്നുണ്ട്.
മനഃശാസ്ത്രജ്ഞന്മാര്‍ വ്യക്തിയെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ദൈവശാസ്ത്രം (Theology) സര്‍വശക്തനായ ദൈവത്തെ ആശ്രയിക്കാനാണ് പഠിപ്പിക്കുന്നത്. ദൈവത്തെ ആശ്രയിക്കുന്നതിനുപകരം സ്വാശ്രയത്വം പഠിപ്പിക്കുന്നത് "ദൈവനിന്ദ"യാണെന്ന് തിയോളജിസ്റ്റുകള്‍ പറയുന്നു. മാനുഷികം (humanistic ) ഫ്രോയിഡിയന്‍ (Freudian) പെരുമാറ്റരീതി (Behaviouristic) തുടങ്ങിയ മനഃശാസ്ത്രപഠനങ്ങളും ചികിത്സാരീതികളും മതേതരകാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായവയാണെന്ന് ജോണ്‍സണ്‍ ഐരൂരിനെപ്പോലുള്ള മനഃശാസ്ത്രവിദഗ്ധന്മാര്‍ പറയുന്നു. ഈ രീതികളിലൊന്നിലും "ആത്മാവി"നെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിതമതങ്ങളായ ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും വ്യക്ത്യതീത മനഃശാസ്ത്രം (Transpersonal psychology) എന്ന സിദ്ധാന്തത്തെ വ്യത്യസ്ത പാഠഭേദങ്ങളോടെ വികസിപ്പിച്ചെടുത്തിരിക്കുന്നു. മാത്രമല്ല ലഘുമനോരോഗങ്ങളെ അന്ധവിശ്വാസരഹിതമായ മനഃശാസ്ത്ര ചികിത്സാരീതികള്‍ ഉപയോഗപ്പെടുത്തി ഭേദമാക്കാമെന്നിരിക്കെ, അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ താത്കാലിക രോഗശാന്തി മാത്രം ഉറപ്പുനല്കുന്ന സാങ്കല്പിക ഔഷധപ്രയോഗം (placebo effect) സാര്‍വത്രികമായി ഉപയോഗിക്കുന്ന സമീപനവും മതപൗരോഹിത്യം വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുമതത്തില്‍ ഈ പ്രതിഭാസം "ആള്‍ദൈവ" രോഗശാന്തി രൂപത്തിലാണ് ഏറെയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.സാമാന്യജനങ്ങളുടെ ബോധമണ്ഡലത്തെ അന്ധവിശ്വാസ ജടിലവും അനാരോഗ്യകരവുമായി നിലനിര്‍ത്താന്‍ ഈ അശാസ്ത്രീയരീതികള്‍ ഒട്ടും ചെറുതല്ലാത്ത പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

വന്‍തോതില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ മതം, മനുഷ്യനന്മ ലക്ഷ്യമാക്കുന്ന മതേതരവും ശാസ്ത്രീയവുമായ ഇടപെടലുകളെ ചെറുക്കാന്‍ വ്യാപകമായി ഉപയോഗിച്ചു മൂര്‍ച്ച കൂട്ടിയെടുത്ത ഒരു വാക്കാണ് "മതനിന്ദ". മതനിന്ദാവാദത്തിനു മുന്നില്‍നിന്ന് സ്ഫുടം ചെയ്തെടുത്ത ഏത് ശാസ്ത്രീയ യുക്തിബോധവും വഴിമാറി പൊയ്ക്കൊള്ളണം എന്നായിട്ടുണ്ട് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

1959ലെ കുപ്രസിദ്ധ വിമോചനസമരത്തിലൂടെ അന്നത്തെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ ഏറെ സന്തോഷിച്ചത് മതമേധാവികളാണ്. കാരണം കേരളത്തിന്റെ സമഗ്രമായ മതേതര പുരോഗതിയെ താത്കാലികമായെങ്കിലും അവര്‍ക്ക് തടയാനായല്ലോ; ശാസ്ത്രീയമായൊരു മതേതര വിദ്യാഭ്യാസപദ്ധതിയുടെ മുളകള്‍ നുള്ളിക്കളയാനായല്ലോ. വിമോചനസമരത്തിന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ പകര്‍ന്ന ചെകിടിപ്പില്‍നിന്ന് പൂര്‍ണമായി മോചനം നേടാന്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന ദുഃഖസത്യം അവശേഷിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിമോചനസമരം നയിച്ചവര്‍ക്ക് ശക്തമായ പിന്തുണ നല്കിയിരുന്ന പലരും തെറ്റേറ്റു പറഞ്ഞ് സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ പില്‍ക്കാലത്ത് തയാറായിട്ടുണ്ട്. ഈ അടുത്തകാലത്ത് വിമോചനസമരത്തെ വീണ്ടും വാഴ്ത്തിപ്പാടാനും "രണ്ടാം വിമോചനസമരം" പ്രഖ്യാപിക്കാനും ചില മതമേധാവികള്‍ ശ്രമിച്ചപ്പോള്‍ അത് വിജയിക്കാതെ പോയത് മതേതരശക്തികള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

വിമോചന സമരത്തിന്റെ ശക്തനായ വക്താവായിരുന്ന ലോനപ്പന്‍ നമ്പാടന്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ തുറന്നെഴുതുന്നു:
"അമേരിക്കന്‍ ചാരസംഘടനയായ സിഐഎയാണ് വിമോചനസമരത്തിനുവേണ്ടി ഫണ്ടൊഴുക്കിയത്. ഇക്കാര്യം 1957ല്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന എന്‍സ്വര്‍ത്ത് ബംഗര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. "അപകടകരമായ പ്രദേശം" എന്ന ഗ്രന്ഥത്തില്‍ ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ സിഐഎയും കേരളത്തിലെ വിമോചന സമരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കേന്ദ്ര കൃഷിമന്ത്രിയായിരുന്ന എസ് കെ പാട്ടീല്‍ വഴിയാണ് വിമോചനസമരത്തിനുള്ള ഫണ്ട് വന്നത്. 1957-59 കാലത്ത് കേരള രാഷ്ട്രീയത്തില്‍ അമേരിക്കന്‍ എംബസി സജീവമായി ഇടപെട്ടിരുന്നു. വിവിധ പ്രദേശങ്ങളില്‍ രൂപപ്പെട്ട പ്രശ്നങ്ങളെ വിമോചനസമരായുധമായി ഉപയോഗിച്ചത് കത്തോലിക്കാസഭയായിരുന്നു.

1959 മെയ് 7ന് കത്തോലിക്കാബിഷപ്പുമാരുടെ ഇടയലേഖനം ഇതിന് തെളിവാണ്... തിരിഞ്ഞുനോക്കുമ്പോള്‍ വിമോചനസമരം വന്‍ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്. വിമോചനസമരം പള്ളിയും പ്രമാണിമാരും അമേരിക്കന്‍ ചാരസംഘടനയും കോണ്‍ഗ്രസ് പാര്‍ടിയും ചേര്‍ന്നു നടപ്പാക്കിയ ഗൂഢാലോചനയായിരുന്നു. അത് അന്ന് എന്നെപ്പോലെയുള്ളവര്‍ തിരിച്ചറിഞ്ഞില്ല... കമ്യൂണിസ്റ്റുകാര്‍ സെല്‍ഭരണമാണ് നടത്തുന്നത് എന്നായിരുന്നു പ്രചരണം. സെല്‍ഭരണമെന്താണെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയില്ലായിരുന്നു. അടുത്തകാലത്ത് മുന്‍ ചങ്ങനാശ്ശേരി ബിഷപ്പ് ജോസഫ് പവ്വത്തില്‍ വിമോചനസമരം പാര്‍ടി സെല്‍ഭരണത്തില്‍നിന്നുള്ള മോചനത്തിനായിരുന്നു എന്നെഴുതിയ ലേഖനം വായിച്ച് ചിരിക്കാനാണ് എനിക്ക് തോന്നിയത്". "സഞ്ചരിക്കുന്ന വിശ്വാസി" - ലോനപ്പന്‍ നമ്പാടന്‍ (പേജ് 22-23).
കൂട്ടം തെറ്റാതെ തങ്ങള്‍ ആട്ടിത്തെളിക്കപ്പെട്ടത് തെറ്റായ വഴിയിലൂടെയാണെന്നു നമ്പാടന്‍മാസ്റ്റര്‍ അല്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. തിരിച്ചറിവു പകര്‍ന്ന നീതിബോധവും ആത്മവിശ്വാസവുമാണ് "ഇടയന്മാരെ" ധിക്കരിക്കാനും ശരിയായ വഴി കണ്ടുപിടിക്കാനും നമ്പാടന്‍മാസ്റ്റര്‍ക്ക് തുണയായത്. "മതനിന്ദാകോലാഹലം" ഉയര്‍ത്തി തെറ്റായ വഴിയേ ആട്ടിത്തെളിക്കപ്പെടുന്നവര്‍ക്ക് നമ്പാടന്‍മാസ്റ്ററുടെ ആത്മകഥ നല്ലൊരു വഴികാട്ടിയാണ്. ചില അഭിവന്ദ്യന്മാര്‍ക്കെതിരെയുള്ള താക്കീതു കൂടിയാണ് ഈ തുറന്നെഴുത്ത്.

മതസ്രഷ്ടാക്കളെന്ന് കരുതപ്പെടുന്ന മനുഷ്യപുത്രന്റെയും മഹാപ്രവാചകന്റെയും മഹാഋഷിമാരുടെയും അതീന്ദ്രിയ ദര്‍ശനങ്ങളില്‍ നിഴലിക്കുന്ന ആത്മാര്‍ഥതയും മനുഷ്യസ്നേഹവും അതോടൊപ്പം തന്നെ അവയില്‍ പലതിന്റെയും അപ്രായോഗികതയും നിരര്‍ഥകതയും കൃത്യമായി തിരിച്ചറിഞ്ഞ് വിശകലനം ചെയ്ത യുഗപ്രഭാവനാണ് കാള്‍മാര്‍ക്സ്. പലതവണ ഉദ്ധരിക്കപ്പെട്ടതെങ്കിലും മതത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടുന്ന സാംസ്കാരിക പശ്ചാത്തലമാണ് കേരളത്തിലിപ്പോള്‍ നിലവിലുള്ളത് എന്നാണ് ഈ ലേഖകന്റെ പക്ഷം. മാര്‍ക്സിന്റെ മതവീക്ഷണത്തെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഉദ്ധരിക്കട്ടെ. "മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചത്; അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്തത്. ഇനിയും സ്വയം കണ്ടെത്താത്തവനോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം... മാനവസത്തയുടെ അയഥാര്‍ഥമായ സാക്ഷാത്കരണമാണത്; കാരണം മാനവസത്തയ്ക്ക് ശരിയായൊരു യഥാര്‍ഥതയില്ലല്ലോ. അതുകൊണ്ട് മതത്തിനെതിരായ പോരാട്ടമെന്നത് മതമെന്ന ആത്മീയ പരിമളത്തോടു കൂടിയ ഈ ലോകത്തിനുകൂടി എതിരായുള്ള പരോക്ഷമായൊരു പോരാട്ടമാണ്. മതം മര്‍ദിത ജീവിയുടെ നിശ്വാസമാണ്; ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന അവീന്‍ (കറുപ്പ്) ആണത്... മനുഷ്യന്‍ തനിക്ക് ചുറ്റും കറങ്ങാത്തിടത്തോളം അവനുചുറ്റും കറങ്ങുന്ന ഭാവനാസൂര്യന്‍ മാത്രമാണ് മതം". ....കാള്‍മാര്‍ക്സ് - "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള നിരൂപണത്തിന് ഒരു സംഭാവന".

മേല്‍ ഉദ്ധരിച്ചതില്‍നിന്ന് "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കോലാഹലം സൃഷ്ടിക്കുന്നത് "മതനിന്ദാവാദം" പോലെ നിന്ദ്യമായൊരു പാതകമാണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.


*****


എ കെ പീതാംബരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Tuesday, October 26, 2010

കൊടുങ്കാറ്റുകള്‍ കൊയ്‌ത് കയറ്റരുത്

ദൈവവും മനുഷ്യനും തമ്മിലുള്ള മത്സരമല്ല ഒരു തെരഞ്ഞെടുപ്പും. ഈശ്വരസാന്നിധ്യം അറിയാനുള്ള ഹിതപരിശോധനയുമല്ല അത്. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതി ആദ്യം ചര്‍ച്ചക്കെടുക്കുന്നത് ദൈവം ഉണ്ടോ, ഇല്ലയോ എന്ന വിഷയമല്ല. വിളക്കു കത്തിക്കാന്‍ വിശ്വാസപ്രമാണങ്ങള്‍ അറിയേണ്ട, വഴി തെളിക്കാന്‍ വേദപഠനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ട. നിരക്ഷരന് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുക്കാന്‍ പത്തുകല്‍പ്പനകള്‍ പഠിക്കേണ്ടതില്ല. എന്നിട്ടും വിശ്വാസികള്‍ക്കേ വോട്ടുചെയ്യാവൂ എന്ന് ഇടയലേഖനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് എന്തിനാണ്?

എങ്കില്‍ നഥുറാം വിനായക ഗോഡ്‌സെയും ജവാഹര്‍ ലാല്‍ നെഹ്റുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ടുചെയ്യണം? വിശ്വാസിയായിരുന്നു ഗോഡ്‌സെ. അവിശ്വാസിയായിരുന്നു നെഹ്റു. നമസ്‌കരിച്ച ശേഷമാണ് രാഷ്‌ട്രപിതാവിന്റെ മെലിഞ്ഞ ശരീരത്തിലേക്ക് ഗോഡ്‌സെ കാഞ്ചി വലിച്ചത്. നെഹ്റുവാകട്ടെ ഇനി അമ്പലം വേണ്ട അണക്കെട്ടുകള്‍ മതി എന്നാണ് പറഞ്ഞത്. 17 വര്‍ഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അണക്കെട്ടുകളല്ല, ആരാധനാലയങ്ങള്‍ തന്നെയാണ് ഉയര്‍ന്നത്. നൂറുകോടി ജനങ്ങള്‍ക്ക് 15 ലക്ഷം സ്‌കൂളും 75,000 ആശുപത്രിയും ഉള്ളപ്പോള്‍ ആരാധനാലയങ്ങള്‍ 25 ലക്ഷമുണ്ട്. അമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവന്‍ തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായിരുന്നു. ശബരിമലയില്‍ ഇപ്പോഴും നടവരവ് വര്‍ഷം തോറും വര്‍ധിക്കുകയാണ്. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്നു. കൊച്ചിയില്‍ ജാതിയോ, മതമോ, ദൈവമോ ഇല്ലാതായില്ല. വല്ലാര്‍പാടം പള്ളി പുതിയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ന്നു. ദൃഢപ്രതിജ്ഞ ചൊല്ലിയാണ് എ കെ ആന്റണി മുഖ്യമന്ത്രിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെയും ടോം വടക്കനെയും സ്ഥാനാര്‍ഥിയാക്കണമെന്ന് നിവേദനം നല്‍കാന്‍ ആന്റണിയുടെ 'അവിശ്വാസപ്രതിജ്ഞ' സഭയ്‌ക്ക് തടസ്സമായില്ല. അപ്പോള്‍ പ്രശ്‌നം വിശ്വാസത്തിന്റേതു തന്നെയോ?

വിശ്വാസിയാണ് നരേന്ദ്രമോഡി. വിശ്വാസിയാണ് യെദ്യൂരപ്പ, അയോധ്യയിലെ മിനാരങ്ങള്‍ ഇരുമ്പുകൂടംകൊണ്ട് തകര്‍ത്തവര്‍ വിശ്വാസികളായിരുന്നു. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ അടിവയര്‍ കീറിയവര്‍ വിശ്വാസികളായിരുന്നു. താജ് ഹോട്ടലിനെ തോക്കിന്‍മുനയില്‍ തൂക്കി നിര്‍ത്തിയവര്‍ വിശ്വാസികളായിരുന്നു. വിക്‌ടോറിയ ടെര്‍മിനസിലും ബംഗളൂരുവിലും ബോംബുപാകിയവര്‍ വിശ്വാസികളായിരുന്നു. ആള്‍ക്കൂട്ടപ്പെരുവഴിയില്‍ പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബുകളും വിശ്വാസികളാണ്. അധ്യാപകന്റെ കൈയറുത്തവരും അറുത്ത കൈ പിടയുമ്പോള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കിയവരും വിശ്വാസികളാണ്. ഏതു വിശ്വാസത്തിന്റെ തിരുവടയാളത്തിലാണ് പൌരബോധത്തിന്റെ ധാര്‍മിക മുദ്ര പതിയേണ്ടത് ?

വിശ്വാസിക്കാണ് ധാര്‍മികബോധമെന്നും അവിശ്വാസികള്‍ അധാര്‍മികരാണെന്നതും ചരിത്രം നിരാകരിക്കുന്നു. അധികാരകേന്ദ്രങ്ങളെ അധാര്‍മികതയുടെ ഗര്‍വ്കൊണ്ട് മൂടിയത് അവിശ്വാസികളേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ്. സിംഹാസനത്തില്‍ ആരൂഢമായപ്പോള്‍ ദൈവത്തേക്കാള്‍ വിശ്വാസികള്‍ വിശ്വസിച്ചത് കൊലമരത്തെയും തൂക്കുകയറിനെയുമായിരുന്നു. ജനറല്‍ സിയാ ഉള്‍ഹഖ് മെക്കയിലെ വിശുദ്ധ കബറിടത്തില്‍ പ്രാര്‍ഥിച്ച് പവിത്ര മനസ്സോടെ തിരികെയെത്തിയാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നത്.

ദൈവനാമത്തിലാണ് ക്രിസ്‌റ്റഫര്‍ കൊളംബസ് യാത്ര തുടങ്ങിയത്. ഹിസ്‌പാനിയോളയില്‍ കൊളംബസ് സ്ഥാപിച്ച സൈനികത്താവളത്തിന് 'ക്രിസ്‌മസ്' എന്നായിരുന്നു പേര്. സ്വര്‍ണം കൊണ്ടുവരാത്ത തദ്ദേശീയരുടെ കൈവെട്ടിയെടുത്തത് ഇവിടെ വച്ചാണ്. കാല്‍വരിയിലെ വിലാപങ്ങള്‍ക്കുമീതെ കത്തിമുന രാകിയ ധാര്‍മികബോധം!

ആഫ്രിക്കയിലെ കറുത്ത മനുഷ്യരെ അടിമകളാക്കി കയറ്റുമതി ചെയ്യുന്നത് തിരുസഭയ്‌ക്ക് നിരക്കുന്നതാണോ എന്ന് സാന്‍ഡോവില്‍ എന്ന പുരോഹിതന്‍ അധികാരികളോട് ചോദിച്ചു. മറുപടി കിട്ടി-'അടിമക്കച്ചവടം നിയമവിരുദ്ധമല്ല'. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായവന്‍, അവരുടെ മുറിവുകള്‍ക്കുമീതെ ഇളങ്കാറ്റായി ലേപനം ചെയ്‌തവന്‍, കുരിശില്‍ ഒരുവട്ടംകൂടി പിടഞ്ഞിട്ടുണ്ടാവും.

ദസ്‌തയോവസ്‌കിയുടെ കാരമസോവ് സഹോദരന്മാരില്‍ മതദ്രോഹവിചാരകന്‍ തടവില്‍ കിടക്കുന്ന യേശുവിനെ ചോദ്യംചെയ്യാന്‍ വരുന്നുണ്ട്. 'നീ ചെയ്‌ത തെറ്റുകളിലൊന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതാണെന്ന്' വിചാരകന്‍ യേശുവിനെ കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട അടിമകളെയാണ് റോമാസമ്രാജ്യം കുരിശില്‍ തൂക്കിയത്. കുരിശില്‍ പിടഞ്ഞ 'സ്‌പാര്‍ട്ടക്കസുമാരുടെ' കണ്ണുകള്‍ കഴുകന്മാര്‍ കൊത്തിപ്പറിച്ചപ്പോള്‍ നീറോ ചക്രവര്‍ത്തിമാര്‍ വീണക്കമ്പികള്‍ മുറുക്കി. ആ കുരിശില്‍ കിടന്ന് മുള്‍മുടിയും മരണവും സ്വീകരിച്ചുകൊണ്ടാണ് യേശുക്രിസ്‌തു മനുഷ്യന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

മതം രാഷ്‌ട്രീയാധികാരത്തോട് ഒട്ടിയപ്പോള്‍ കുരിശ് വഴിയില്‍ ഉപേക്ഷിച്ച് കുതിരപ്പുറത്ത് കയറി. യോഗദണ്ഡ് ചെങ്കോലേന്തിയപ്പോള്‍ താഴികക്കുടങ്ങള്‍ തകര്‍ന്നു. ഇത് വിശ്വാസത്തിന്റെ വഴിതെറ്റലാണ്. രണ്ട് നൂറ്റാണ്ട് നീണ്ട കുരിശുയുദ്ധം വഴിതെറ്റലാണ്. മതപീഡനങ്ങള്‍ വഴിതെറ്റലാണ്. മതദ്രോഹവിചാരണകള്‍ വഴിതെറ്റലാണ്. മധ്യകാലഘട്ടം വഴിതെറ്റലാണ്. അന്ന് ലോകം ഇരുണ്ടു, കുരിശേറ്റം കണ്ട സീയോന്‍ പുത്രികളെപ്പോലെ. വിജ്ഞാനം പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ കണ്ണടച്ചു. ജ്യോതിശാസ്‌ത്രജ്ഞര്‍, ഗവേഷകര്‍, വൈദ്യ വിദ്യാര്‍ഥികള്‍ തീയിലെരിഞ്ഞു. മിഗ്വേല്‍ സെര്‍വെറ്റ് എന്ന ഭിഷഗ്വരന്‍ വേദനയോടെ കുറിച്ചു: 'ഈ ലോകത്ത് സത്യമെന്ന ഒന്നില്ല; കടന്നുപോകുന്നത് നിഴലുകള്‍ മാത്രം!'. രക്തചംക്രമണം കണ്ടുപിടിച്ച ഈ സെര്‍വെറ്റിനെ 1553ല്‍ മതദ്രോഹവിചാരണക്കോടതി തീയില്‍ ചുട്ടു.

മതത്തിന്റെ വൈകാരികത പുരട്ടി അധികാരം പൊതുസമ്മതി തേടുമ്പോള്‍ അതിന് സമനില തെറ്റും. കൃത്രിമക്കാലില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഉറങ്ങാനാവില്ല. ഉയരമില്ലായ്‌മ അവരെ എന്നും വേട്ടയാടും. മറ്റുള്ളവരുടെ മുന്നിലേ സത്യം മൂടിവയ്‌ക്കാനാവൂ, സ്വന്തം മനസ്സ് സത്യത്തിന്റെ സ്‌മാരകശിലകള്‍ തന്നെയായിരിക്കും. ക്യൂബയിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും ഹോണ്ടുറാസിലേക്കും കൊളംബിയയിലേയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലേക്കും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ നീങ്ങിയപ്പോള്‍ എഴുത്തുകാരനായ അംബ്രോസ് ബിയേഴ്‌സ് കുറിച്ചു' 'ഭൂമിശാസ്‌ത്രം പഠിപ്പിക്കാന്‍ ദൈവം കണ്ടെത്തിയ വഴിയാണ് യുദ്ധം!'. അന്ന് അമേരിക്കന്‍ പതാകയിലെ നക്ഷത്രങ്ങളുടെ സ്ഥാനത്ത് മാര്‍ക് ട്വയിന്‍ തലയോടുകള്‍ വരച്ചു.

മതവിശ്വാസം പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയ അധികാരിക്ക് ഒരിക്കലും തലച്ചോറ് വേണ്ട, തലയോടുകള്‍ മതി. നാസിത്തടവറകള്‍ സ്ഥാപിച്ച ഹിറ്റ്ലറിന് കാത്തലിക് സെന്റര്‍ പാര്‍ടിയുടെ പിന്തുണയുണ്ടായിരുന്നു. നാഗസാക്കിയും ഹിരോഷിമയും അഗ്നിഗോളങ്ങള്‍ നക്കിത്തുടച്ചപ്പോള്‍ ബോംബിന്റെ സ്രഷ്‌ടാവായ ഓപ്പന്‍ഹീമര്‍ വാഷിങ്ടണിലിരുന്ന് വിതുമ്പി. പ്രസിഡന്റ് ഹാരിട്രൂമാനോട് പറഞ്ഞു-'എന്റെ കൈയില്‍ രക്തം പുരണ്ടപോലെ' ട്രൂമാന്‍ ഉടനെ സ്‌റ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ചുപറഞ്ഞു 'ആ പിഴച്ചവനെ ഇനി ഈ ഓഫീസില്‍ കാണരുത് !'. ട്രൂമാന്‍ വിശ്വാസിയാണ്. ദൈവങ്ങളുടെ നാടാണ് അമേരിക്ക. ദൈവങ്ങളെ ഇറക്കുമതിചെയ്‌തും കയറ്റുമതിചെയ്‌തും സന്തോഷിക്കുന്നവര്‍.

ട്രൂമാനേക്കാള്‍ വിശ്വാസിയായിരുന്നു ജോര്‍ജ് ബുഷ്. ഇറാഖിലെ 'രഹസ്യായുധങ്ങള്‍' കണ്ടെത്താന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ വിഷം പുരട്ടുമ്പോള്‍ പ്രാര്‍ഥിക്കുകയായിരുന്നു ബുഷ്. പ്രാര്‍ഥനാ മുറിയില്‍നിന്ന് ബുഷ് ഇറങ്ങി. ബാഗ്‌ദാദിലേക്ക് ബോംബുകള്‍ ചീറി. ഇറാഖ് കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം തകര്‍ത്തിട്ടും 'രഹസ്യായുധങ്ങള്‍' കിട്ടിയില്ല. നുണ അധികാരത്തിന്റെ ശക്തിപ്രകടനമാണ്. വിശ്വാസത്തിന്റെ വേഷം ധരിക്കുന്നതോടെ അതില്‍ ആത്മീയ ചൈതന്യവും പുരളുന്നു.

വിയറ്റ്നാമിലെ കൃഷിക്കാരന്റെ നെഞ്ചിലേക്ക് മൈന്‍ വിതറിയ യുദ്ധവും വിശ്വാസിയായ ലിന്‍ഡന്‍ ജോണ്‍സന്റെ തന്ത്രപരമായ നുണയായിരുന്നു. രണ്ട് അമേരിക്കന്‍ കപ്പലുകള്‍ വിയറ്റ്നാംകാര്‍ മുക്കിയതിനാണ് ജോണ്‍സണ്‍ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധംകഴിഞ്ഞപ്പോള്‍ പ്രതിരോധ സെക്രട്ടറി ആല്‍ബര്‍ട്ട് മക്‌നമാറ പറഞ്ഞു: 'അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല!'

നുണകള്‍ ഒരു രാഷ്‌ട്രതന്ത്രമാണ്. അധികാരം അതിന് വിശ്വാസത്തിന്റെ പുതപ്പ് കൂടി നല്‍കുന്നു. മനുഷ്യന്‍ നിലവിളിയും, ദൈവം തലോടലുമാണെങ്കില്‍ അതിനിടയിലെന്തിന് കാപട്യം. പതിനേഴുവര്‍ഷത്തിനുശേഷം ഫാദര്‍ വടക്കന്‍ ഏറ്റുപറഞ്ഞത് അങ്ങനെ ഒരു നുണയെ കുറിച്ചാണ്. 1957ലെ വിമോചന സമരത്തില്‍ അങ്കമാലിയിലെ വെടിവെപ്പിന് ഉത്തരവാദികള്‍ സമരക്കാര്‍തന്നെയെന്ന് ഫാ.വടക്കന്‍ സമ്മതിച്ചു. കുടിച്ച് ലക്കുകെട്ട നുറുകണക്കിനാളുകള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് തുരുതുരാ കല്ലുകള്‍ എറിയുകയായിരുന്നു. വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് അങ്കമാലി കല്ലറയില്‍ ഒപ്പീസു ചൊല്ലിയപ്പോള്‍ ചിലരെങ്കിെലും ഇത് ഓര്‍ത്തിട്ടുണ്ടാവും!

വിശ്വാസികള്‍ അധികാരത്തില്‍ വന്നാല്‍ രാഷ്‌ട്രീയത്തില്‍ ധര്‍മം പുലരും എന്നതും സങ്കുചിതത്വത്തിന്റെ ഒളിച്ചുകടത്തലാണ്. ഒരു തരിയത് കുത്തിത്തൊമ്മനപ്പുറത്തേക്ക് അത് നീളില്ല. കാഴ്‌ചബംഗ്ളാവിലേക്ക് വരയന്‍ കുതിരകളെ വാങ്ങാന്‍ തിരുവിതാംകൂര്‍ അസംബ്ളിയില്‍ ചര്‍ച്ച നടന്നപ്പോള്‍ അതില്‍ രണ്ട് കത്തോലിക്കന്‍ വേണം എന്ന് ആവശ്യപ്പെട്ട കുത്തിത്തൊമ്മന്‍ ഒരു ഫലിത കാഴ്‌ചയാണ്.

രാഷ്‌ട്രീയത്തിലെ ധാര്‍മികതയുടെ ഉരകല്ല് മതസംഹിതകളല്ല. വേദപുസ്‌തകവും, വേദങ്ങളും, മനുസ്‌മൃതിയും, ഭഗവദ്ഗീതയും, വിശുദ്ധ ഖുറാനുമല്ല അതിന്റെ മാനദണ്ഡം. ജനങ്ങള്‍ തന്നെയാണ്, ജനങ്ങളുടെ പൊതുബോധമാണ്, ജനങ്ങളുടെ മനസാക്ഷിയാണ്. വിശ്വാസമല്ല മനസാക്ഷി നല്‍കുന്നത്. വിശ്വാസത്തിനകത്തെ മനുഷ്യത്വമാണ്. ആ മനുഷ്യത്വത്തിന് ജാതിയില്ല. മതമില്ല, പക്ഷെ പേരുണ്ട്- മനുഷ്യന്‍. ഹോട്ടലില്‍ വെച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ വസ്‌ത്രങ്ങള്‍ അഴിപ്പിച്ച മാനേജര്‍ക്ക് പണം നല്‍കി, ബഷീറിന് പഴ്‌സ് തിരിച്ചുനല്‍കി നടന്നുപോയ പോക്കറ്റടിക്കാരന് കിട്ടിയ അതേ പേര് - മനുഷ്യന്‍. മനുഷ്യന്റെ മുഖം കരുണാര്‍ദ്രമാണ്- നിങ്ങള്‍ നഗ്നന് വസ്‌ത്രം നല്‍കുമ്പോള്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുമ്പോള്‍ അത് എനിക്ക് നല്‍കുന്നതിന് തുല്യമാണെന്ന് പറഞ്ഞ സ്‌നേഹസാഗരം. വെട്ടിമുറിക്കാനല്ല ക്രിസ്‌തു വന്നത് കൂട്ടിചേര്‍ക്കാനാണ്. അതുമറക്കാതിരിക്കുക. വൃക്ഷം പൂവിനു വേണ്ടിയും വിറകിനു വേണ്ടിയും വളര്‍ത്താമെന്ന് ടാഗോര്‍ ഓര്‍മ്മിപ്പിച്ചു. എന്തിനാണെന്ന് തീരുമാനിക്കുന്നത് നട്ടുനനച്ച തോട്ടക്കാരന്‍ തന്നെ.


*****


എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി 26-10-2010

Sunday, August 1, 2010

വിമോചനസമര രാഷ്‌ട്രീയം യുഡിഎഫിന്റെ മുഖമുദ്ര

ജാതിയും മതവും രാഷ്‌ട്രീയത്തില്‍ ഇടപെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പ്രബുദ്ധകേരളം കണ്ടറിഞ്ഞ, കുപ്രസിദ്ധ 'വിമോചനസമര'ത്തിന്റെ അമ്പത്തൊന്നാണ്ട് കടന്നുപോകുന്നു. അന്ന് 'ചുടലക്കള'ത്തില്‍ കാവലിരുന്നവരുടെ പ്രേതം ഇന്നും ഇവിടെ ചുറ്റിത്തിരിയുന്നു!

1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് അധികാരമേറ്റ പതിനൊന്നംഗ മന്ത്രിസഭയുടെ ആദ്യതീരുമാനമായി ആറാം നാളില്‍ (ഏപ്രില്‍ 11ന്) കുടിയൊഴിപ്പിക്കല്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചു. സമഗ്രമായ കാര്‍ഷികപരിഷ്‌ക്കരണം ലക്ഷ്യംവച്ച് പിന്നീട് പാസാക്കിയ ഭൂനയബില്‍ പാട്ടക്കാരും വാരക്കാരും കുടിയാന്മാരുമായ ലക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കി.

ദീര്‍ഘവീക്ഷണത്തോടെ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളിലൂടെ യുപിതലംവരെ (പതിനാലുവയസ്സുവരെ)യുള്ള വിദ്യാര്‍ഥികള്‍ക്കെങ്കിലും ആദ്യഘട്ടത്തില്‍ സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം ലഭ്യമാക്കി. എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നേരിട്ട് സര്‍ക്കാരില്‍നിന്ന് ശമ്പളം കിട്ടാന്‍ വ്യവസ്ഥയുണ്ടാക്കി.

ഭൂമിയിലും വിദ്യാഭ്യാസത്തിലും കൈവച്ചപ്പോള്‍ കേരളത്തിലെ പിന്തിരിപ്പന്‍ശക്തികള്‍ സടകുടഞ്ഞെഴുന്നേറ്റു. 'അരക്ഷിതാവസ്ഥ'യും 'ക്രമസമാധനത്തകര്‍ച്ച'യും ആരോപിച്ച് ഗവൺമെന്റിനെതിരെ പടനീക്കി. ജാതി-മതസംഘടനകളെ കോൺഗ്രസ് രംഗത്തിറക്കി. കോൺഗ്രസിന്റെ ഘടനയില്‍തന്നെ ജാതി-വര്‍ഗീയ ചേരിതിരിവ് ഏറെ ശക്തമായി കണ്ടകാലം. മധ്യതിരുവിതാംകൂറിലും പ്രത്യേകിച്ച് മലയോരങ്ങളിലും കോൺഗ്രസ് കമ്മിറ്റികളില്‍ പിടിമുറുക്കിയ ഭാരവാഹികളില്‍ പലരും 'അരമനരാഷ്‌ട്രീയ'ത്തിന്റെ 'കുഞ്ഞാടു'കളായിരുന്നു. ഇവര്‍ ബലിയാടാക്കാന്‍ ശ്രമിച്ചത്, ക്രൈസ്‌തവ സമൂഹത്തിലെ മഹാഭൂരിപക്ഷംവരുന്ന പാവപ്പെട്ടവരെയും ഇടത്തരക്കാരെയുമാണ്.

രണ്ടു ഡസനിലേറെ വരുന്ന സഭാവിഭാഗങ്ങളില്‍ പ്രബലവിഭാഗം ലത്തീന്‍ കത്തോലിക്കരാണ്. തീരമേഖലയില്‍ താമസിക്കുന്ന ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളി, കയര്‍ തൊഴിലാളി കുടുംബങ്ങളില്‍ ഏറെയും കുടികിടപ്പുകാരായിരുന്നു. കാര്‍ഷിക പരിഷ്‌ക്കരണ നിയമംമൂലം ഭൂമിയും വിദ്യാഭ്യാസ നിയമത്തിലൂടെ സൌജന്യ വിദ്യാഭ്യാസവും ലഭിക്കാന്‍ അര്‍ഹരായ ഈ പാവങ്ങളില്‍ ഒരു വിഭാഗത്തെയും വിമോചനസമരത്തിന് കരുക്കളാക്കി! പള്ളികളില്‍ കൂട്ടമണി അടിച്ച് ആളെക്കൂട്ടി. മത്സ്യബന്ധനത്തിന് കടലില്‍പോകാതെയും കുട്ടികള്‍ സ്‌കൂളില്‍പോകാതെയും ഗ്രാമീണാന്തരീക്ഷം കലുഷമാക്കി.

1959 ജൂൺ 12ന് ഹര്‍ത്താലോടെ വിമോചനസമരത്തിന് തുടക്കമായി. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിക്കറ്റിങ്; നാടാകെ റൌഡികളെ സംഘടിപ്പിച്ച അക്രമങ്ങള്‍. അക്രമരാഷ്‌ട്രീയം എന്തെന്ന് ജനങ്ങള്‍ ഏറെ തിരിച്ചറിഞ്ഞത് അന്നാണ്. വടിവാളും കഠാരയും കല്ലും കട്ടയും കുറുവടിയുമായി പ്രകടനം നടത്തിയവര്‍ പലയിടത്തും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നാശനഷ്‌ടമുണ്ടാക്കി. തീവയ്‌പും കവര്‍ച്ചയും വ്യാപകമായി. അക്ഷരം പുരട്ടാനാവാത്ത വാക്കുകളില്‍ മുദ്രാവാക്യം തയ്യാറാക്കുന്നവര്‍ക്കും ഈണത്തില്‍ വിളിച്ചുകൊടുക്കുന്നവര്‍ക്കും പ്രത്യേക പ്രതിഫലം!

ഇ എം എസ് ഗവൺമെന്റിനെ അമര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടം സിഐഎ വഴി ഒഴുക്കിയ ഡോളര്‍ (കോൺഗ്രസ് നേതാക്കള്‍തന്നെ പരസ്യപ്രസ്‌താവനയിലൂടെ ഇക്കാര്യം സമ്മതിച്ചു) ഇവിടെ കോൺഗ്രസ് നേതാക്കളിലും ചില സമുദായ പ്രമാണിമാരിലും മറിയുമ്പോള്‍, സമരരംഗത്തേക്ക് ചാടിയ പാവങ്ങള്‍ക്ക് കിട്ടിയത് ഗോതമ്പും പാല്‍പ്പൊടിയും ദിവസക്കൂലിയായി രണ്ടര രൂപയും! (അക്കാലത്ത് അരി കിലോയ്‌ക്ക് വില: 30 പൈസ, ഊണ്: 30 പൈസ, ചായ: 06 പൈസ)

അക്രമത്തിലൂടെ കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കി ക്രമസമാധാനപ്രശ്‌നം ഉയര്‍ത്തി ഇടപെടലിന് ശ്രമിക്കുകയായിരുന്നു. ഇത്തരം സമരത്തെ തുടക്കത്തില്‍ അനുകൂലിക്കാതിരുന്ന പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു, പുത്രി ഇന്ദിരാഗാന്ധിയുടെ കേരളസന്ദര്‍ശനത്തിനുശേഷം ചുവടുമാറ്റി. 1959 ജൂലൈ 31 ന് ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ വിമോചനസമരത്തിന് അന്ത്യമായി.

1960ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, പിഎസ്‌പി, ലീഗ് എന്നീ കക്ഷികളടങ്ങിയ സഖ്യത്തിന് ഭൂരിപക്ഷം കിട്ടി. കോൺഗ്രസിന് 57ല്‍ കിട്ടിയ 43 സീറ്റില്‍നിന്ന് 20 സീറ്റ് കൂടി. എന്നാല്‍, 65ല്‍ നിന്ന് 29 സീറ്റായി കുറഞ്ഞ കമ്യൂണിസ്‌റ്റ് പാര്‍ടിക്ക് കോൺഗ്രസിനേക്കാള്‍ രണ്ടുലക്ഷത്തോളം വോട്ട് കൂടുതല്‍ ലഭിച്ചു. വിമോചനസമരംകൊണ്ട് കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ ശക്തി ക്ഷയിച്ചില്ല. പാര്‍ടിയുടെ ജനകീയ അടിത്തറ 1957 നേക്കാള്‍ വളരുകയായിരുന്നു.

1967ല്‍ വീണ്ടും ഇ എം എസിന്റെ നേതൃത്വത്തിലുള്ള സപ്‌തകക്ഷി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ഭൂപരിഷ്‌ക്കരണ, വിദ്യാഭ്യാസ നിയമങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. 1957ലും 1967ലും അധികാരത്തില്‍വന്ന 48 മാസം മാത്രം ഭരണം നിര്‍വഹിക്കാനായ ഇടതുപക്ഷ ഗവൺമെന്റുകള്‍ സമഗ്രവികസനത്തിനും ജനക്ഷേമപരിപാടികള്‍ക്കും അടിത്തറയിട്ടു.

വയലാര്‍ രവിയും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത് വിമോചനസമരത്തോടെയാണ്. വിമോചനസമര രാഷ്‌ട്രീയത്തിന്റെ വിപത്ത് തിരിച്ചറിഞ്ഞവരുടെ നിരയിലേക്ക് രവിയും ആന്റണിയും ഇറങ്ങിച്ചെന്ന ഘട്ടങ്ങളുണ്ടായപ്പോള്‍ പലതും ഏറ്റുപറഞ്ഞത് 1980കളില്‍ രാഷ്‌ട്രീയകേരളം കൌതുകത്തോടെ കണ്ടു. അപ്പോഴും തങ്ങളെ നേതൃനിരയിലെത്താന്‍ സഹായിച്ച വിമോചനസമരത്തെയും, അത് കൈയാളിയ ജാതിവര്‍ഗീയ രാഷ്‌ട്രീയത്തെയും തള്ളിപ്പറയാന്‍ അവര്‍ തയ്യാറല്ലായിരുന്നു; സ്വന്തം നിലനില്‍പ്പിന് വിഘാതം സൃഷ്‌ടിക്കുന്ന ഒന്നിനെയും. അരനൂറ്റാണ്ടുമുമ്പ് ഫണമുയര്‍ത്തിയ 'കാളസര്‍പ്പ'ത്തിന്റെ കൂടെ നില്‍ക്കാനും പാലൂട്ടാനും ഒത്തുചേര്‍ന്നവരുടെ കൂടാരത്തില്‍തന്നെയാണ് കോൺഗ്രസും സഖ്യകക്ഷികളും എന്ന് ഇപ്പോഴും തെളിയിക്കുന്നു!

*****

പി വി പങ്കജാക്ഷന്‍

Friday, July 30, 2010

സിപിഐ എമ്മിനോടുള്ള സഭയുടെ സമീപനം

വിമോചനസമരത്തിന്റെ ഭാഗമായി മറ്റു ചിലേടങ്ങളിലെന്നപോലെ അങ്കമാലിയില്‍ നടന്ന അതിക്രമങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടാകുകയും അവിടെ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിമോചനസമരത്തിനു നിദാനമായ കാരണങ്ങള്‍, സംഭവങ്ങള്‍, പ്രേരക-നേതൃ ശക്തികള്‍ എന്നിവയെക്കുറിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് പല പഠനങ്ങളും വെളിപ്പെടുത്തലുകളും വിശകലനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്-വലതുപക്ഷ-ഇടതുപക്ഷ - നിഷ്‌പക്ഷ കാഴ്ചപ്പാടുകളില്‍നിന്നൊക്കെയായി. അവയില്‍ പൊതുവില്‍ ആരും ആ സമരത്തെ ജനാധിപത്യത്തെ പ്രതിരോധിച്ചതിന്റെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടി നയിച്ച ഗവണ്‍മെന്റ് നടപ്പാക്കിയ ചില നിയമങ്ങളെയും പരിഷ്‌ക്കാരങ്ങളെയും സങ്കുചിത താല്‍പര്യപ്രേരിതരായി ചില വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. അവരാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരിക്കലും നടന്നു കൂടാത്ത, ഭരണഘടനാവിരുദ്ധമായ ഒരു കാര്യം - നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ടതും നിയമസഭയില്‍ ഭൂരിപക്ഷ പിന്തുണ ഉള്ളതുമായ മന്ത്രിസഭയെ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യംവെച്ച് പിരിച്ചുവിടുക - ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയത്.

ആ സമരത്തില്‍ പങ്കെടുത്ത രാഷ്‌ട്രീയ നേതാക്കളും പ്രവര്‍ത്തകരും പോലും അത് തെറ്റായിപ്പോയി എന്നു പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്‌ട്രീയരംഗത്ത് അക്കാര്യത്തില്‍ ഒരു സമവായം പിന്നീട് ഉണ്ടായി.

അക്കാലത്ത് തന്നെ വിമോചനസമരത്തിനു പിന്നിലെ യഥാര്‍ത്ഥശക്തി രാഷ്‌ട്രീയ പാര്‍ടികളല്ല, സാമുദായികശക്തികളാണ് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യപരമായ മാറ്റങ്ങളോട് സമരസപ്പെടാന്‍ തയ്യാറില്ലാത്ത അവയുടെ ഫ്യൂഡല്‍ മനോഭാവമാണ് അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനോടുള്ള അന്ധമായ എതിര്‍പ്പായി രൂപാന്തരപ്പെട്ടത്. ഇപ്പോള്‍ കര്‍ദിനാള്‍ വിതയത്തിലിന്റെ പേരില്‍ വിമോചനസമരത്തിന്റെ അമ്പതാംവര്‍ഷം ആചരിക്കുന്നത് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഇടയലേഖനത്തില്‍ വിദ്യാഭ്യാസ നിയമത്തെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ പറയുന്നു: "പാഠ്യപദ്ധതിയും വിദ്യാലയങ്ങളും തികച്ചും സ്വേച്ഛാധിപത്യരീതിയില്‍ നിയന്ത്രിക്കാനുതകുന്ന വ്യവസ്ഥകളാണ് വിദ്യാഭ്യാസ ബില്ലില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നത് ''.

എന്താണ് യാഥാര്‍ഥ്യം? നിയമസഭ പാസാക്കിയ ബില്ലിനെക്കുറിച്ച് ഇവിടുത്തെ സാമുദായിക ശക്തികളും മറ്റും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രപതി ബില്‍ സുപ്രീംകോടതിയുടെ പരിശോധനക്കു വിട്ടു. സുപ്രീംകോടതി അത് പരിശോധിച്ച് പ്രധാനപ്പെട്ട വ്യവസ്ഥകളൊന്നും ഭരണഘടനാവിരുദ്ധമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. അദ്ധ്യാപകരുടെ പട്ടിക വര്‍ഷംതോറും പിഎസ്‌സി തയ്യാറാക്കണമെന്നും അതില്‍നിന്നുവേണം എയ്‌ഡഡ് സ്‌കൂളുകള്‍ അദ്ധ്യാപകരെ നിയമിക്കാനെന്നും പറയുന്ന ബില്ലിലെ 11-ാം വകുപ്പുപോലും ഭരണഘടനാനുസൃതം ആണെന്നും ന്യൂനപക്ഷാവകാശധ്വംസനം അതിലില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. കത്തോലിക്കാസഭയടക്കം ബില്ലിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് അംഗീകരിച്ചുവോ? ഇല്ല. അവര്‍ വിമോചനസമരം നടത്തി. പുതിയ ഗവണ്‍മെന്റിനെ തിരഞ്ഞെടുപ്പിലൂടെ അവരോധിച്ചു. അവരെക്കൊണ്ട് 11-ാം വകുപ്പ് റദ്ദാക്കിച്ചു.

അപ്പോള്‍ ഇവിടെ ആരാണ് ജനാധിപത്യത്തെ മാനിക്കുന്നവര്‍? ഭരണഘടനയെ അനുസരിക്കുന്നവര്‍? കമ്യൂണിസ്റ്റ് പാര്‍ടി "ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും അകത്തുനിന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് കേരളത്തിലെ വിമോചനസമരത്തിനു ഇടയാക്കിയ സാഹചര്യം'' എന്നു ഇടയലേഖനത്തില്‍ പറയുന്നു. വിദ്യാഭ്യാസ ബില്ലില്‍ ശ്രമിച്ചത് വിദ്യാഭ്യാസമേഖലയുടെ കീഴ്‌തലങ്ങളില്‍ ജനപങ്കാളിത്തവും വികേന്ദ്രീകൃത ജനാധിപത്യവും നടപ്പാക്കുന്നതിനല്ലേ? ബ്രിട്ടനില്‍ അക്കാലത്ത് നിലവിലിരുന്ന പ്രാദേശിക വിദ്യാഭ്യാസ കമ്മിറ്റികളുടെ മാതൃകയില്‍ ഇവിടെയും നടപ്പാക്കാനല്ലേ ബില്‍ ശ്രമിച്ചത്? അത് സോവിയറ്റ് യൂണിയന്റെ മാതൃകയിലുള്ളതാണ് എന്ന് വസ്‌തുതാവിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യുകയല്ലേ കത്തോലിക്കാസഭയടക്കം അക്കാലത്ത് ചെയ്‌തത് ? അടിസ്ഥാനരഹിതം എന്ന് പലവുരു തുറന്നു കാട്ടപ്പെട്ട ആ സത്യവിരുദ്ധ പ്രസ്‌താവനകള്‍ അമ്പതാണ്ടു കഴിഞ്ഞും ആവര്‍ത്തിച്ചാല്‍ സത്യമായി അംഗീകരിക്കപ്പെടും എന്നു സഭ വിശ്വസിക്കുന്നുണ്ടോ?

ജനാധിപത്യപ്രക്രിയയില്‍ ഭരണകൂടത്തിന്, ബാക്കി എല്ലാ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കുംമേല്‍ ചില നിയന്ത്രണാധികാരങ്ങള്‍ ഉണ്ട് എന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടി ബഹുകക്ഷി ജനാധിപത്യത്തെയോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയോ പ്രത്യയശാസ്‌ത്രപരമായി അംഗീകരിക്കുന്നില്ല എന്നു കുറ്റപ്പെടുത്തുന്ന കത്തോലിക്കാസഭ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാന്‍ തയ്യാറുണ്ടോ? അവര്‍ സ്വാതന്ത്ര്യസമരത്തെ എന്നു മുതല്‍ക്കാണ് അംഗീകരിക്കാന്‍ തുടങ്ങിയത് എന്ന് സഭയിലെ അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അറിയാം. അതിരിക്കട്ടെ. ഭരണഘടനാ വ്യവസ്ഥകളെയും അവയ്‌ക്ക് സുപ്രീംകോടതി നല്‍കുന്ന വ്യാഖ്യാനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ചതുപോലെ സഭ അംഗീകരിക്കാന്‍ തയ്യാറുണ്ടായിരുന്നെങ്കില്‍ വിമോചനസമരം ഉണ്ടാകുമായിരുന്നുവോ?

ഇന്ത്യന്‍ ഭരണഘടന പറയുന്നത് ഏത് സ്വാതന്ത്ര്യത്തിന്മേലും അവകാശത്തിന്മേലും (ആരുടേതായാലും) ന്യായമായ നിയന്ത്രണങ്ങള്‍ ആകാമെന്നാണ്. ന്യൂനപക്ഷാവകാശം പരമമായ ഒന്നാണ് എന്നല്ലേ സഭയുടെ ചില വക്താക്കള്‍ വാദിക്കുന്നത് ? അതേസമയം അത് ഭൂരിപക്ഷ പൌരന്മാര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അതുപോലെ അനുഭവിക്കാന്‍ ന്യൂനപക്ഷവിഭാഗങ്ങളെ (അത് മതപരമോ ഭാഷാപരമോ ആകാം) പ്രാപ്‌തരാക്കുക മാത്രമാണ് ചെയ്യുന്നത്. ഇതാണ് സുപ്രീംകോടതി പല തവണ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ പൊരുള്‍ അംഗീകരിക്കാന്‍ സഭ തയ്യാറുണ്ടോ? സഭയിലെ തന്നെ പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ക്കുപോലും ന്യൂനപക്ഷാവകാശം പലപ്പോഴും നിഷേധിക്കുന്ന നിലപാട് സഭ ഉപേക്ഷിക്കുമോ? ഭരണകൂടത്തിനു തങ്ങള്‍ അതീതരാണ് എന്ന നിലവിട്ട്, ഭരണഘടനാ വ്യവസ്ഥകള്‍ക്കും ഭരണഘടനാസൃഷ്‌ടികളായ അധികാരസ്ഥാനങ്ങള്‍ക്കും വഴങ്ങാന്‍ അവര്‍ തയ്യാറുണ്ടോ?

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി, ഭരണഘടനയെയും പുരോഗമനാശയങ്ങളെയും മുറുകെപിടിക്കുന്ന മറ്റു പലരുമായി, സഭക്കുള്ള തര്‍ക്കത്തിന്റെ നിയമപരമായ അടിത്തറ അതാണ്. അതാണ് പല സന്ദര്‍ഭങ്ങളിലും തികട്ടിത്തികട്ടി പുറത്തുവരുന്നത്. അമ്പതുവര്‍ഷം മുമ്പ് വിദ്യാഭ്യാസ ബില്ലിനെ ചൊല്ലിയായിരുന്നു തര്‍ക്കമെങ്കില്‍, ഇത്തവണ സ്വാശ്രയ - പ്രൊഫഷണല്‍ കോളേജ് സംബന്ധിച്ചായിരുന്നു തര്‍ക്കം. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ടിയുമായി മാത്രമായിരുന്നില്ല തര്‍ക്കം. മുമ്പത്തെ യുഡിഎഫ് സര്‍ക്കാരുമായും അവര്‍ തര്‍ക്കത്തിലായിരുന്നു. ഭരണകൂടത്തെ മാനിക്കാനോ അതിനു വിധേയമായി പ്രവര്‍ത്തിക്കാനോ അവര്‍ അന്നും തയ്യാറായിരുന്നില്ല.

അതിനാല്‍, സഭ കുറ്റം ചാരേണ്ടത് കമ്യൂണിസ്റ്റ് പാര്‍ടിയിലല്ല. സ്വന്തം നിലപാടില്‍ എന്തെങ്കിലും തകരാറുണ്ടോ എന്നു പരിശോധിക്കണം. എല്ലാ ഗവണ്‍മെന്റുകളുമായും, മൊത്തത്തില്‍ ഭരണകൂടവുമായി, പൊരുത്തപ്പെടാന്‍ തങ്ങള്‍ക്ക് കഴിയാത്തതിനു തങ്ങളുടെ നിലപാടിലും രീതിയിലുമൊക്കെ എന്തെങ്കിലും കാരണമുണ്ടോ എന്നു പരിശോധിക്കാന്‍, ഇക്കാര്യത്തില്‍ തുറന്ന മനസ്സുണ്ടെങ്കില്‍, തയ്യാറാകണം.

"പാഠ്യപദ്ധതികളും വിദ്യാലയങ്ങളും തികച്ചും സ്വേച്ഛാധിപത്യരീതിയില്‍ നിയന്ത്രിക്കാനാണ് '' കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിക്കുന്നത് എന്ന് ഇടയലേഖനത്തില്‍ ആരോപിക്കുന്നു. 1960കളില്‍ എന്‍സിഇആര്‍ടി ദേശീയ പാഠ്യപദ്ധതി രൂപീകരിക്കാന്‍ ശ്രമിച്ചതു മുതല്‍ 2005ലെ എന്‍സിഎഫ് (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്) വരെ ദേശീയമായ പരിഷ്‌ക്കാരങ്ങളെ ഇവിടെ നടപ്പാക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ ഉള്ളപ്പോഴെല്ലാം ശ്രമിച്ചിട്ടുള്ളത്. അപ്പോള്‍ പിന്നെ പാര്‍ടി സ്വേച്ഛാധിപത്യപരമായി നിയന്ത്രിക്കുന്നു എന്നു പറയുന്നതില്‍ വല്ല യുക്തിയുമുണ്ടോ? പണ്ട് ബിഷപ്പ് കുണ്ടുകുളം പറഞ്ഞ ഒരു കാര്യമുണ്ട്. ആര്‍, ആരെ, എന്ത്, എങ്ങനെ പഠിപ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. എന്താണ് ഇതിനര്‍ത്ഥം? വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്കാ സഭ അവരുടേതായ സ്വേഛാധിപത്യം നിലനിര്‍ത്തുന്നു. അത് തടഞ്ഞ് ഗവണ്‍മെന്റിന്റെ, സമൂഹത്തിന്റെ, നിയന്ത്രണം കൊണ്ടുവരാന്‍ മറ്റാരെങ്കിലും ശ്രമിച്ചാല്‍ അവരില്‍ സ്വേഛാധിപത്യം ആരോപിക്കുന്നു. ഇതല്ലേ സത്യം?

കമ്യൂണിസ്റ്റുകാര്‍ ഈശ്വരവിശ്വാസത്തെ തകിടം മറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് ഈശ്വരവിശ്വാസാധിഷ്ഠിതമല്ല. പക്ഷേ, ഇപ്പോള്‍ നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കുക, വിശ്വാസികളുടെമേല്‍ മറ്റുള്ളവര്‍ കുതിര കയറുമ്പോള്‍ അവരെ പ്രതിരോധിക്കാന്‍ സഹായിക്കുക എന്നതാണ് പാര്‍ടി നിലപാട്. ഇത് ക്രിസ്ത്യാനികളുടെ അടക്കം പലരുടെയും വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ അവരോടൊപ്പം നിന്ന് അവരുടെ അവകാശം സംരക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ തെളിയിച്ചിട്ടുമുണ്ട്. വസ്തുത അതായിരിക്കെ കത്തോലിക്കാസഭ മറ്റെന്തോ താല്‍പര്യംവെച്ച് സത്യവിരുദ്ധമായ ആരോപണം പാര്‍ടിയെക്കുറിച്ച് ഉന്നയിക്കുന്നത് മറ്റെന്തോ താല്‍പര്യംവെച്ചാണ് എന്നു തന്നെ കരുതണം.

സിപിഐ എം, കത്തോലിക്കരടക്കം മതവിശ്വാസികളും അവരുടെ മതസംഘടനകളും സ്ഥാപനങ്ങളുമായി സഹവര്‍ത്തിക്കുന്ന നയമാണ് അംഗീകരിച്ചിട്ടുള്ളത്. പക്ഷേ, അധഃസ്ഥിതരുടെയും ചൂഷിതരുടെയും താല്‍പര്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാനും വിപുലീകരിക്കാനും പാര്‍ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയടക്കം മതസ്ഥാപനങ്ങളും സംഘടനകളുമായി പാര്‍ടിക്കു വിയോജിക്കുകയോ എതിരു നില്‍ക്കേണ്ടിവരികയോ ചെയ്യേണ്ടിവരുന്നത് അവര്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ എതിര്‍ചേരിയില്‍ നില്‍ക്കേണ്ടി വരുമ്പോഴാണ്. മതത്തിന്റെയും സമുദായത്തിന്റെയും പേരുപറഞ്ഞ് പാവപ്പെട്ടവരെപ്പോലും പാര്‍ടിക്കെതിരായി അണിനിരത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്.

അങ്കമാലിയില്‍ 50 വര്‍ഷം മുമ്പ് വെടിവെപ്പിന് ഇരയായവര്‍ അത്തരക്കാരായിരുന്നു. അന്ന് വിമോചനസമരത്തിന്റെ കൂടെ നിന്ന ചിലര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് എങ്ങനെയാണ്, എന്തു കള്ളം പറഞ്ഞാണ് സാധുക്കളായ പലരെയും ഗവണ്‍മെന്റിനെതിരായി അതിക്രമത്തിനും മറ്റും പ്രേരിപ്പിച്ച് വെടിവെപ്പിനു ഇടയാക്കിയത് എന്ന്.

മറക്കേണ്ട ഒരു സമീപനമായി, അധ്യായമായി കാണുന്നതിനുപകരം പാവപ്പെട്ടവരെയും നിരപരാധികളെയും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ തിരിച്ചുവിടുന്ന പഴയ പതിവ് തുടരാനാണ് സഭ മുതിരുന്നത് എന്നാണ് ഇടയലേഖനം നല്‍കുന്ന സൂചന.

രാജ്യത്തെ ജനസാമാന്യത്തിന്റെ പുരോഗതിയാണ് സഭ കാംക്ഷിക്കുന്നതെങ്കില്‍, അതില്‍നിന്ന് വേര്‍പെടുത്തി കത്തോലിക്കര്‍ക്ക് മറ്റൊരു അസ്‌തിത്വം നല്‍കി ചൂഷിതര്‍ക്കും പീഡിതര്‍ക്കും എതിരെ ചൂഷകരുടെ കയ്യിലെ ആയുധമായി അവരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും വിഭാവനം ചെയ്യുന്ന നാനാജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ സഭ കാംക്ഷിക്കുന്നുണ്ടെങ്കില്‍, സഭ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റേതുമായ ഈ പാത ഉപേക്ഷിക്കാന്‍ തയ്യാറാകണം. സ്വന്തം പ്രത്യയശാസ്‌ത്രവും വിശ്വാസപ്രമാണങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ, കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പുരോഗതി ഉറപ്പുവരുത്തുന്നതിനു കമ്യൂണിസ്റ്റുകാരുമായി സഹവര്‍ത്തിക്കുന്നതിനു തയ്യാറാകണം. പാര്‍ടിയുടെ സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങള്‍ സഭാ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുള്ളതാണ്, തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണ് എന്ന്. കമ്യൂണിസ്റ്റ് പാര്‍ടിയെ എതിര്‍ത്തു തോല്‍പിച്ചേ അടങ്ങൂ എന്ന് സഭ ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന വികാരം പാര്‍ടിക്ക് സഭയോടില്ല എന്നു കൂടി വ്യക്തമാക്കട്ടെ.

*
സി പി നാരായണന്‍

Sunday, September 13, 2009

അയിത്തഗ്രാമം സമരം അറസ്റ്റ്

ഈ ഗ്രാമത്തിന്റെ ചരിത്രമറിയാന്‍ തമിഴകം വാഴും ജാതിപ്പിശാച് എന്ന പോസ്റ്റ് വായിക്കുമല്ലോ.

ശേഷം....

ജാതിയുടെപേരില്‍ ദളിത് പിന്നോക്കവിഭാഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന തമിഴ്നാട്ടിലെ ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പുറം കൊട്രം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ വൃന്ദയെയും സഹപ്രവര്‍ത്തകരെയും രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചു. യാത്ര തുടരുമെന്ന കര്‍ശന നിലപാടിനെ തുടര്‍ന്ന് വൃന്ദയെ മോചിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി. ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. വൃന്ദ കാരാട്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും പിന്നീട് ഉത്തപുരം ഗ്രാമം സന്ദര്‍ശിച്ചു. തിരുപ്പുറം കൊട്രത്തില്‍ വൃന്ദയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ വഴിയില്‍ തടഞ്ഞാണ് തമിഴ്നാട് പൊലീസ് അറസ്റ്റ്ചെയ്തത്. സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കുന്നത് സ്ഥിതി രൂക്ഷമാക്കുമെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. സംഘര്‍ഷമുണ്ടാക്കുന്ന അക്രമികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും തന്നെയല്ലെന്നും വൃന്ദ പൊലീസിനോട് പറഞ്ഞു. ഉത്തപുരത്ത് പാര്‍ടി പരിപാടിയില്ലെന്നും ദളിത്കുടുംബത്തിലെ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞിട്ടും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. മുന്‍ എംപി പി മോഹന്‍ പ്രശ്നം മുഖ്യമന്ത്രി എം കരുണാനിധിയുടെ ശ്രദ്ധയില്‍പെടുത്തി. പത്തരയോടെ ഉത്തപുരത്തെത്തിയ നേതാക്കള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പൊലീസ് വൃന്ദയെ അനുഗമിച്ചു. വൃന്ദയ്ക്കെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മധുര ജില്ലാ പൊലീസ് കേസെടുത്തിട്ടുണ്ട്.

അയിത്താചാരം രൂക്ഷമായ ഉത്തപുരത്ത് ക്ഷേത്രപ്രവേശനത്തിന് ദളിത് വിഭാഗം നടത്തിയ പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. സവര്‍ണരുടെ പീഡനത്തിനെതിരെ ഇവിടെ ഏറെക്കാലമായി രൂക്ഷമായ പ്രക്ഷോഭം നടക്കുകയാണ്. മധുരയില്‍ വെള്ളിയാഴ്ച സിപിഐ എം നേതൃത്വത്തില്‍ തൊട്ടുകൂടായ്മ നിര്‍മാര്‍ജനസമിതിയും ജനാധിപത്യ മഹിളാ അസോസിയേഷനും ചേര്‍ന്ന് അയിത്തത്തിനെതിരെ വനിതാ കവന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. മധുര ജില്ലയില്‍ അയിത്തം നിലനില്‍ക്കുന്ന നിരവധി ഗ്രാമങ്ങളില്‍നിന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ കവന്‍ഷനില്‍ പങ്കെടുത്തു. ഉത്തപുരം ഗ്രാമത്തിലെ സ്ത്രീകള്‍ കുടുംബസമേതമാണ് എത്തിയത്. ഇതില്‍ പ്രകോപിതരായാണ് ഡിഎംകെ ഭരണകൂടം വൃന്ദയെ അറസ്റ്റ് ചെയ്തത്.

അല്പം കൂടി..

ഉത്തപുരത്തെ സവര്‍ണ വെള്ളാള പിള്ളമാര്‍ ദളിതരായ പള്ളരോട് കാണിക്കുന്ന ജാതീയ അയിത്തം അരനൂറ്റാണ്ടായി തുടരുന്നു. 1964ലാണ് ജാതീയതയുടെ പേരില്‍ വെള്ളാള പിള്ളമാര്‍ ദളിതര്‍ക്കുനേരെയുള്ള ജാതികലഹം തുടങ്ങിയത്. കാലം മാറിയിട്ടും ഉത്തപുരത്ത് തുടരുന്ന പ്രാകൃതമായ ജാതീയസംഘര്‍ഷം 1984ലാണ് അതിന്റെ ഏറ്റവും ഭീകരമായ മുഖം പുറത്തെടുത്തത്. ആറ് ദളിതര്‍ അന്ന് സവര്‍ണരാല്‍ കൊലചെയ്യപ്പെട്ടു. കലാപത്തില്‍ സവര്‍ണവിഭാഗക്കാരുടെ വെടിയുണ്ടകളേറ്റ പാടുകളുമായി, ജീവിക്കുന്ന രക്തസാക്ഷികളായി പത്തോളം ദളിതര്‍ ഉത്തപുരത്തുണ്ട്. സവര്‍ണരെ പേടിച്ച് ദളിതര്‍ വര്‍ഷങ്ങളോളം കാടുകളില്‍ കഴിഞ്ഞിട്ടുമുണ്ട്. മധുരയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഉത്തപുരത്ത് സവര്‍ണരില്‍നിന്ന് ദളിതരെ വേര്‍തിരിക്കാന്‍ 600 മീറ്റര്‍ നീളവും 30 അടിയോളം വീതിയുമുള്ള അയിത്തമതില്‍ നിര്‍മിച്ചിരുന്നു. ക്ഷേത്രത്തില്‍ കയറുന്നതിന് ദളിതരെ വിലക്കി. ജനന-മരണ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നാണ് അയിത്തനിയമങ്ങള്‍ കല്‍പ്പിച്ചത്. ഇതിനെതിരെ തമിഴ്നാട്ടിലെ ദ്രാവിഡപാര്‍ടികളോ കോണ്‍ഗ്രസോ ചെറുവിരല്‍പോലും അനക്കിയില്ല. സിപിഐ എം നേതൃത്വത്തിലുള്ള അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് ഫ്യൂഡല്‍കാലഘട്ടത്തെ വെല്ലുന്ന അയിത്തം ഉത്തപുരത്ത് നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.

മതിലിന്റെ ചിത്രത്തോടെ സിന്ധു, തീക്കതിര്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് പ്രശ്നം സജീവചര്‍ച്ചയായി. പ്രകാശ് കാരാട്ട് 2008 മെയ് ഏഴിന് ഉത്തപുരം സന്ദര്‍ശിക്കുന്നതായി പ്രഖ്യാപിച്ചു. ഇതറിഞ്ഞ് ഡിഎംകെ ഭരണകൂടം മെയ് ആറിന് വൈകിട്ട് 600 മീറ്റര്‍ അയിത്തമതിലിന്റെ മൂന്നരമീറ്റര്‍ ഭാഗം പൊളിച്ചുമാറ്റി. ഏഴിന് പ്രകാശ് കാരാട്ട് ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍, 19 വര്‍ഷമായി കൊട്ടിയടയ്ക്കപ്പെട്ട മതില്‍ പൊളിച്ച സന്തോഷത്തില്‍ ആയിരക്കണക്കിന് ദളിതരാണ് സ്വീകരിക്കാനെത്തിയത്. എന്നും സവര്‍ണരോടൊപ്പം നിന്ന ഡിഎംകെയ്ക്ക് ഈ സംഭവം വന്‍ തിരിച്ചടിയായി. അതിനുശേഷം സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ ഉത്തപുരം ഗ്രാമത്തില്‍ കൊടിയ വിവേചനം നിലനില്‍ക്കുന്നതായി കണ്ടെത്തി. ദളിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. എന്നാല്‍, ഇതൊന്നും നടപ്പായില്ല. തുടര്‍ന്ന് ചെറിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ദളിതരുടെ പൂര്‍ണസംരക്ഷണം സിപിഐ എം ഏറ്റെടുത്തതോടെ അയിത്തത്തിനെതിരെ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുകയാണ്.

Sunday, August 2, 2009

മറക്കുകയോ?

"ഓര്‍മകള്‍ ചിലത് അങ്ങനെയാണ്. മറക്കാന്‍ ആഗ്രഹിച്ചാലും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു ഓര്‍മ ഇനി ഒരിക്കലും മനസ്സില്‍ വരരുതേയെന്ന് കരുതാഞ്ഞിട്ടല്ല. 1959 ജൂലൈ 31. ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത കറുത്ത ദിവസം. ഒരു ജനതയുടെ വിമോചനസ്വപ്നത്തിന് അന്ന് ചിതയെരിഞ്ഞു; ഹൃദയവികാരങ്ങള്‍ക്കും. 36 ലക്ഷം പാവങ്ങളെ കൃഷിഭൂമിയുടെ അവകാശികളാക്കിയ സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ പുണ്യാളന്‍ ചമഞ്ഞ കോണ്‍ഗ്രസ് ഭരണകൂടം ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗിച്ച് താഴെയിറക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ അട്ടിമറിക്കപ്പെട്ടത്, ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നന്മ നിറയേണ്ട കേരളത്തിന് അടിത്തറയിട്ട പാവങ്ങളുടെ സര്‍ക്കാര്‍തന്നെ ജനാധിപത്യക്കശാപ്പിന്റെ ഇരയുമായി. വൃത്തികെട്ട സമരത്തിന് മാധ്യമപരിലാളനയില്‍ 'വിമോചന സമര'മെന്ന പേരും കിട്ടി. വര്‍ഷം 50 കഴിഞ്ഞാലും അതൊരിക്കലും മറക്കാനാകില്ല. ഒരു ജനതയുടെ സ്വപ്നത്തെ ചവിട്ടിയരച്ച ദിവസമാണത്''- രാഷ്ട്രീയാഭാസങ്ങള്‍ അരങ്ങുതകര്‍ത്ത ആ ഇരുണ്ട ദിനങ്ങളെക്കുറിച്ച് അന്നത്തെ കൊട്ടാരക്കര എംഎല്‍എ, പ്രായത്തില്‍ ആദ്യനിയമസഭയിലെ ബേബിയായ ഇ ചന്ദ്രശേഖരന്‍നായര്‍.

അരിഞ്ഞത് ഒരു ജനതയുടെ സ്വപ്നം

സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുമെന്ന് മാധ്യമപ്രചാരണം ശക്തമായിരുന്നു. നടക്കാന്‍പോകുന്നത് എന്താണെന്ന് ഞങ്ങള്‍ക്കും ഏതാണ്ടൊരു ചിത്രമുണ്ടായിരുന്നു. പാവപ്പെട്ട ജനത കണ്ണിലെണ്ണയൊഴിച്ച് അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പിന്‍വാതിലിലൂടെ, അതും ജനാധിപത്യത്തെക്കുറിച്ച് എന്നും തേന്‍പുരട്ടിയ വാക്കുകളാല്‍ സംസാരിക്കുന്നവര്‍ അട്ടിമറിക്കുന്നത് വൈരുധ്യംതന്നെയായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള പ്രചാരണം രാജ്യംമുഴുവന്‍ നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ബോംബെയില്‍ ഞാന്‍ ക്യാമ്പയിനു പോയത്. അവിടെ ചെയ്ത പ്രസംഗം ഇന്നും ഓര്‍മയുണ്ട്. കാരണം സര്‍ക്കാരിനെ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തും എന്നുതന്നെയായിരുന്നു പ്രതീക്ഷ. കാരണം ഒരു ജനതയുടെ സ്വപ്നത്തെ ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയില്ലല്ലോ? അടുത്ത തെരഞ്ഞെടുപ്പില്‍ പട്ടം താണുപ്പിള്ള സഭ കാണില്ലെന്ന് ഞാനവിടെ പ്രസംഗിച്ചു. അഥവാ സഭ കാണണമെങ്കില്‍ സ്പീക്കറുടെ അനുമതിയോടെ ഗ്യാലറിയില്‍ ഇരിക്കേണ്ടിവരുമെന്നും. എസ് എ ഡാങ്കെ അടക്കം പങ്കെടുത്ത മീറ്റിങ്ങിലാണ് പട്ടത്തിനെതിരെ ആഞ്ഞടിച്ചത്. പട്ടം എന്നെ പേരെടുത്ത് ഒരിക്കലും വിളിച്ചിരുന്നില്ല. തിരുവിതാംകൂര്‍ പാര്‍ലമെന്റ് അംഗമായിരുന്ന അച്ഛന്റെ പേരിലായിരുന്നു എന്നെയും വിളിച്ചത്. തിരിച്ചെത്തിയപ്പോള്‍ സി അച്യുതമേനോന്‍ എന്നോടു ചോദിച്ചു. പട്ടം ഇനി സഭ കാണില്ലെന്ന് പ്രസംഗിച്ചോയെന്ന്. ഒട്ടും മടിക്കാതെ ഞാന്‍ അതെയെന്ന് ഉത്തരം പറഞ്ഞു. അന്നത്തെ കേരളത്തിന് ഒരിക്കലും വിശ്വസിക്കാനാകാത്ത ഒരു കാര്യമാണത്. അങ്ങനെയായിരുന്നു അന്ന് പട്ടം.

സര്‍ക്കാരിനെ പിരിച്ചുവിട്ട ദിവസം ഞാന്‍ എന്റെ മണ്ഡലമായ കൊട്ടാരക്കരയിലായിരുന്നു. വലിയ സങ്കടമായിരുന്നു എല്ലാവര്‍ക്കും. ഭീകരമായ ആക്രമണങ്ങളാണ് പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടായത്. ഓഫീസുകള്‍ക്കും മറ്റും സഖാക്കള്‍ ജീവന്‍ പണയംവച്ച് കാവലിരുന്നു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. പലയിടങ്ങളിലും ദുര്‍ബലവിഭാഗത്തില്‍പ്പെട്ട സഖാക്കളെ തെരഞ്ഞുപിടിച്ചാണ് ദ്രോഹിച്ചത്. ഒരുപാട് കള്ളക്കേസും പിന്നാലെയെത്തി.

'വിമോചനസമരം'

കേരളത്തിന്റെ നേര്‍വഴിതന്നെ ശിഥിലമാക്കിയ സമരം. ക്രൈസ്തവസഭയും സാമുദായിക സംഘടനകളും പൊതുപ്രവര്‍ത്തനത്തെ മലിനമാക്കി. വിമോചനസമരം എന്ന പേരുതന്നെ നോക്കുക. മാധ്യമ ലാളനയിലാണ് ജനാധിപത്യത്തെ കുഴിച്ചുമൂടിയ സമരത്തിന് ആ പേരു വന്നത്. അതിന്റെ വിരോധാഭാസം ഒന്ന് ഓര്‍ത്തുനോക്കൂ. ഈ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് കണ്ട അതേ രീതിയിലായിരുന്നു അന്നും സാമുദായിക-രാഷ്ട്രീയ കൂട്ടായ്മ പ്രവര്‍ത്തിച്ചത്. പള്ളിയും ഇടവകക്കാരും വിവിധ സാമുദായിക വിഭാഗങ്ങളും ഒന്നാകെ സര്‍ക്കാരിനും പാര്‍ടിക്കും എതിരെ തെരുവിലിറങ്ങിയ ദിവസങ്ങള്‍.

ഫലപ്രദമായിത്തന്നെ പാര്‍ടി അതിനെ പ്രതിരോധിച്ചിരുന്നു. എന്നാല്‍ സമൂഹമൊന്നാകെ ചേരിതിരിഞ്ഞ സമയം ചെറുത്തുനില്‍പ്പ് എളുപ്പമായിരുന്നില്ല.

അന്ന് സര്‍ക്കാരിനെതിരെ സമരക്കാര്‍ പ്രയോഗിച്ച ഭാഷതന്നെ ഒന്നു നോക്കിയേ. കേട്ടാലറയ്ക്കുന്ന തെറികളും കള്ളക്കഥകളും. മന്നത്ത് പത്മനാഭന്‍വരെ അനുകൂലിച്ചിരുന്നു ഒരുസമയത്ത് സര്‍ക്കാരിന്റെ നയങ്ങളെ. എന്നാല്‍ ക്രിസ്തീയസഭയുടെ തന്ത്രപരമായ ഇടപെടലുകളാണ് വിശാലഐക്യം ഉണ്ടാക്കിയത്. മന്നവും സാമുദായികസഖ്യങ്ങളും പിന്നാലെയെത്തി.

ശൂന്യതയില്‍നിന്നു പടിപടിയായി ജനകീയാംഗീകാരം നേടി അധികാരത്തിലേറിയ ഒരു പാര്‍ടിയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് തല്‍പ്പരകക്ഷികള്‍ വിമോചനസമരമെന്ന സമരാഭാസം തല്ലിക്കൂട്ടി താഴെയിറക്കിയത്. ജനം സമരത്തെ കൈയൊഴിഞ്ഞപ്പോള്‍ ഇന്ദിരഗാന്ധിവരെ രംഗത്തെത്തി. ഒടുവില്‍ സര്‍ക്കാരിന്റെ പിരിച്ചുവിടലിനും അവര്‍ ഒത്താശചെയ്തു.

അക്രമത്തിലൂടെയാണ് സമരം പടര്‍ത്തിയത്. എത്ര സഖാക്കളാണ് ആക്രമിക്കപ്പെട്ടത്. മാധ്യമങ്ങളുടെ അനുഗ്രഹത്താല്‍ അതെല്ലാം മഹത്തായ സമരരൂപമായി. സഭയുടെ നിര്‍ലോഭമായ സഹായം എപ്പോഴും തേടിയെത്തിയിരുന്നു. എത്ര സഖാക്കളാണ് കൊല്ലപ്പെട്ടത്? മര്‍ദനമേറ്റവരെത്ര? കൊടിയ പീഡനമേറ്റവരെക്കുറിച്ചൊന്നും പുറംലോകം അറിഞ്ഞതേയില്ല. മാധ്യമങ്ങള്‍ അറിയിച്ചില്ല.

അന്നും ഇതേ മുഖം

ഒരു മാറ്റവുമില്ല മാധ്യമങ്ങള്‍ക്ക്. അന്നും ഇങ്ങനെത്തന്നെയായിരുന്നു. എല്ലാം ഒരേപോലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ആക്രമിച്ചു. അന്ന് റിപ്പോര്‍ട്ടുകളില്‍ വെള്ളംചേര്‍ക്കുന്ന പതിവില്ല. അവലോകനങ്ങളിലായിരുന്നു താല്‍പ്പര്യങ്ങള്‍ കടന്നുകൂടിയത്. ആഴ്ചാവലോകനത്തിലായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള ബോധപൂര്‍വമായ പ്രചാരവേല. സര്‍ക്കാരിന്റെ തുടക്കത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ സമ്പന്നതാല്‍പ്പര്യങ്ങളെ ഹനിക്കുമെന്നു വന്നപ്പോഴായിരുന്നു വിശ്വരൂപം പുറത്തെടുത്തത്. പട്ടം താണുപ്പിള്ളയുടെ അടുത്ത ആളുകളായിരുന്നു പ്രധാനപ്പെട്ട അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍. സഭയിലെന്നും ഇംഗ്ളീഷില്‍ തകര്‍ക്കുന്ന പട്ടം താണുപ്പിള്ളയ്ക്ക് മന്ത്രി കൃഷ്ണയ്യര്‍ ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തപ്പോള്‍ പിറ്റേന്ന് മാധ്യമങ്ങള്‍ക്ക് അദ്ദേഹം 'വായാടി കൃഷ്ണയ്യരാ'യി.

നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ നിരത്തുന്ന രീതി അന്നും മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. ആന്ധ്രാ അരി കുംഭകോണം ഇത്തരത്തില്‍ വാര്‍ത്തെടുത്ത വിവാദമായിരുന്നു. വിവിധ താല്‍പ്പര്യങ്ങളോടെ മിക്ക പത്രങ്ങളും ഇത് ഏറ്റുപിടിച്ചു. ഒഴിവാക്കാവുന്ന ചെറിയ നഷ്ടം എന്നതാണ് പ്രതിപക്ഷം കണ്ടുപിടിച്ച സര്‍ക്കാരിനെതിരെയുള്ള വലിയ കുറ്റം. കുംഭകോണമായി ഇതിനെ ഊതിവീര്‍പ്പിച്ചു. വേറെ സ്ഥലത്തുനിന്ന് വാങ്ങിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നായിരുന്നു വാദം. അന്ന് സഭയില്‍ 'ജിഞ്ചര്‍ ഗ്രൂപ്പ്' നടത്തിയ പ്രസംഗങ്ങള്‍ സഭയില്‍ പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങളെയെല്ലാം ദുര്‍ബലമാക്കി. ഈ പ്രസംഗങ്ങള്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുന്നതിന് ലഘുലേഖകളായി ഉപയോഗിച്ചു. മൌലികമാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് എല്ലാവരുടെയും കണ്ണിലെ കരടായി സര്‍ക്കാര്‍ മാറിയതും പത്രങ്ങള്‍ ആഞ്ഞടിച്ചതും. നേതാക്കള്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന നുണപ്രചാരണങ്ങളെ അവര്‍ പെരുപ്പിച്ചുകാട്ടി. വിദേശമാധ്യമങ്ങളുടെ സാന്നിധ്യം അതുവരെ കേരളത്തില്‍ അത്യപൂര്‍വമായിരുന്നു. ലോകത്താദ്യമായി കമ്യൂണിസ്റ്റ്് സര്‍ക്കാര്‍ അധികാരത്തിലേറിയ സംസ്ഥാനം എന്ന നിലയിലായിരുന്നു അന്നത്തെ അവരുടെ വരവ്.

കടംവീട്ടിയത് പാര്‍ടി

ഇല്ലായ്മയുടെ വിഷമങ്ങള്‍ ശരിക്കുമറിഞ്ഞായിരുന്നു മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഓരോ ദിവസവും. 500 രൂപയാണ് മന്ത്രിമാരുടെ വേതനം. ഇതില്‍ 350 രൂപ പാര്‍ടിക്ക്. എംഎല്‍എമാരുടെ വേതനമാകട്ടെ 120 രൂപ. ലെവിയെല്ലാം കഴിഞ്ഞ് കിട്ടുന്ന തുകകൊണ്ടാണ് ജീവിതം. പറ്റുകാരായി മാറുന്ന പുതിയ എംഎല്‍എമാര്‍ സേവ്യേഴ്സ് ഹോട്ടലിലുള്ളവര്‍ക്ക് അത്ഭുതമായിരുന്നു. 'പറ്റി'നെ സംബന്ധിച്ച് ഒരു തമാശതന്നെയുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഇക്കാര്യത്തിലെങ്കിലും അനുകരിക്കണമെന്നായിരുന്നു ഞങ്ങളുടെ കഷ്ടപ്പാടു കണ്ട് സേവ്യേഴ്സിലെ ജീവനക്കാരുടെ ആവശ്യം. നിവേദനം നല്‍കാന്‍ വരുന്നവരായിരുന്നു ഊഴമിട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഊണിന്റെ കാശ് നല്‍കിയത്. നിവേദനക്കാര്‍- ചിലപ്പോള്‍ നാലും അഞ്ചും പേര്‍- ഭക്ഷണത്തിന്റെ തുക ഹോട്ടലില്‍ നല്‍കും. ബാക്കി തുകയെല്ലാം പിന്നീട് അഡ്ജസ്റ്റ് ചെയ്യും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടില്‍ പോയാല്‍ ഒരു കപ്പ് ചായപോലും കിട്ടില്ല. പിശുക്കന്‍മാരായതുകൊണ്ടൊന്നുമല്ല. ചായ വാങ്ങിച്ചു കൊടുക്കാനൊന്നും കിട്ടുന്ന വേതനം തികയാത്തതിനാല്‍ ആഗ്രഹിച്ചിട്ടും കാര്യവുമില്ല. തമ്പിസാര്‍ (സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പി), മന്ത്രി പി കെ ചാത്തന്‍ എന്നിവരുടെ ചായക്കടപ്പറ്റ് തീര്‍ത്തത് പാര്‍ടി ഓഫീസില്‍നിന്നാണ്. തമ്പിസാര്‍ ഇത്തിരി ലാവിഷായിരുന്നു. ചെല്ലുന്ന എല്ലാവര്‍ക്കും ചായവാങ്ങിച്ചുകൊടുക്കും. അതായിരുന്നു അദ്ദേഹത്തിന്റെ അധികച്ചെലവ്.

'ജിഞ്ചര്‍ ഗ്രൂപ്പ് '

ഞങ്ങള്‍ ചെറുപ്പക്കാരായ എംഎല്‍എമാര്‍ അന്ന് ഒരു സെറ്റായിരുന്നു. ചില പത്രക്കാര്‍ ജിഞ്ചര്‍ ഗ്രൂപ്പ് എന്ന് ഞങ്ങള്‍ക്ക് പേരിട്ടു. ആദ്യം അനുഭവമില്ലാത്തവര്‍ എന്നായിരുന്നു ആക്ഷേപം. പട്ടം ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ക്കെതിരെ പൊരുതിയപ്പോള്‍ ഞങ്ങളെ അവഗണിക്കാന്‍ പറ്റാതായി. പിന്നെ വിളിച്ചതാണ് ആ പേര്. വാലറ്റക്കാര്‍ എന്നും വിളിച്ചു. മഹത്തായ ഒരഭിലാഷത്തിന്റെ ഭാഗമായ ഒരു സര്‍ക്കാരിനെയാണ് സംരക്ഷിക്കേണ്ടതെന്ന ബോധം യുവാക്കളാണെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നു. പയറ്റിത്തെളിഞ്ഞ പാര്‍ലമെന്റേറിയന്മാരായിരുന്നു പ്രതിപക്ഷത്ത്. എന്നാല്‍ ഒരിടത്തും പതറിയില്ല. സേവ്യേഴ്സിന്റെ മുകളില്‍ തോപ്പില്‍ ഭാസി, എന്‍ രാജഗോപാലന്‍നായര്‍, വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ക്കൊപ്പമാണ് എന്റെ താമസം. താഴെ പി ഗോവിന്ദപ്പിള്ള, കരുനാഗപ്പള്ളി എംഎല്‍എ കാര്‍ത്തികേയന്‍, പന്തളം പി ആര്‍ എന്നിവരും. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. മഹാരഥന്മാരായ പ്രതിപക്ഷത്തെ താപ്പാനകളെ തളയ്ക്കാനുള്ള എല്ലാ വഴികളും കൂട്ടായി ആലോചിക്കാറുണ്ട്. ചോദ്യോത്തരവേളയിലെ ചോദ്യങ്ങളെല്ലാം പഠിക്കും. ഉപചോദ്യങ്ങള്‍ക്കുവരെ കണക്കുകൂട്ടിയുള്ള ഗൃഹപാഠങ്ങള്‍. രാത്രി വൈകുംവരെ ജിഞ്ചര്‍ ഗ്രൂപ്പിന്റെ മുറിയില്‍ തയ്യാറെടുപ്പുകളായിരുന്നു. പത്രങ്ങള്‍ കമ്യൂണിസ്റ്റ്വിരുദ്ധ മനസ്സോടെ ഞങ്ങള്‍ക്കെതിരെ ഇന്നത്തേതിനു സമാനമായ രീതിയില്‍ എഴുതിക്കൊണ്ടിരുന്നു. ഒന്നും ഗൌനിച്ചില്ല.

മഹത്തായ മന്ത്രിസഭ

ഇനിയെപ്പോഴെങ്കിലും ഇതുപോലൊരു മന്ത്രിസഭ ഉണ്ടാകുമോയെന്നറിയില്ല. ഒന്നിനൊന്നു മികച്ചവരായിരുന്നു ആദ്യ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം. ഇ എം എസ് എന്ത് പറയുന്നുവെന്നറിയാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. എതിരാളികളെപ്പോലും കുരുക്കിലാക്കുന്ന ടി വി തോമസ്. സി അച്യുതമേനോനെപ്പോലെ സമര്‍ഥനായ ഭരണാധികാരി, മുണ്ടശേരി, കൃഷ്ണയ്യര്‍, ഡോ. എ ആര്‍ മേനോന്‍... ആ മന്ത്രിസഭയുടെ അടയാളങ്ങള്‍ കേരളത്തിന്റെ മണ്ണിലെന്നും ഉണ്ടാകും. സാമൂഹ്യനീതി, കൃഷിക്കാരന് കൃഷിഭൂമി, കര്‍ഷകത്തൊഴിലാളിക്ക് നിജപ്പെടുത്തിയ കൂലി, സമ്പത്തിന്റെ നീതിപൂര്‍ണമായ വിതരണം... കേരള വികസനമാതൃകയുടെ അടിത്തറ പാകിയത് ഞാന്‍ അംഗമായ കമ്യൂണിസ്റ്റ് പാര്‍ടിയിലൂടെയാണല്ലോയെന്ന അഭിമാനം എന്നുമുണ്ടാകും. അതിന് ചിതയൊരുക്കിയവരും ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും; മായാ കളങ്കത്തിന്റെ കറുത്ത പാടുകളായി.

***


അനില്‍ ജി ടി കെ

കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

Friday, July 31, 2009

വിമോചനം ആര്‍ക്കുവേണ്ടി?

1959ലെ വിമോചനസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷികളും സാമുദായിക സംഘടനകളും വിമോചന കാഹളവുമായി വീണ്ടും അരങ്ങുതകര്‍ക്കുകയാണ് ഇപ്പോള്‍. ഈ നാടകത്തിന് രണ്ട് പ്രധാന ദൃശ്യമുണ്ട്. ഒന്ന്, വിമോചനസമരത്തിന്റെ ആഘോഷം. രണ്ടാമതായി ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെ നിരത്തുന്ന തെരുവുതടസ്സങ്ങള്‍. ജനാധിപത്യ പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യശക്തികള്‍ക്ക് അമ്പരപ്പ് ഉളവാക്കുന്ന ഈ കര്‍മപദ്ധതി വലതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സാരവിഹീനതയെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരിടേണ്ടിവരാവുന്ന അപകടങ്ങളുടെ സൂചനയും. ജനാധിപത്യത്തെ സംരക്ഷിക്കാന്‍വേണ്ടിയാണ് ഈ നീക്കങ്ങളെന്ന് പ്രചരിപ്പിക്കപ്പെടുകയും അതിന് മാധ്യമപിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

ഇന്ത്യന്‍ ജനാധിപത്യത്തിന് പല തിരിച്ചടിയും നേരിടേണ്ടിവന്നിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥ, 84ലെ സിക്കുകാരുടെ കൂട്ടക്കൊല, 2002ലെ ഗുജറാത്തിലെ നരഹത്യ തുടങ്ങിയ ചെറുതും വലുതുമായ പല സംഭവവും ജനാധിപത്യ ചരിത്രത്തിന്റെ തീരാകളങ്കങ്ങളായി ചരിത്രത്തിന്റെ താളുകളില്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അവയില്‍നിന്ന് വ്യത്യസ്തമെങ്കിലും അവയോളംതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിമോചനസമരം. ജനാധിപത്യത്തിന്റെ മൌലിക സ്വഭാവവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ കൂടുതല്‍ പ്രാധാന്യമുള്ളതും. കാരണം, ജനസമ്മതിയാണ് ജനാധിപത്യം. ജനസമ്മതിക്കെതിരായി നിക്ഷിപ്ത താല്‍പ്പര്യം നിറവേറ്റുന്നതിനുവേണ്ടി ജനങ്ങളെത്തന്നെ അണിനിരത്തുകയാണ് വിമോചനസമരം ചെയ്തത്. പക്ഷേ, പങ്കെടുത്ത ജനങ്ങള്‍ ആരായിരുന്നു? അങ്കമാലിയിലെ കല്ലറകളില്‍ അടക്കംചെയ്ത രക്തസാക്ഷികളും വെടിയുണ്ടയേറ്റു മരിച്ച ധീരപോരാളികളും എങ്ങനെ, എന്തുകൊണ്ട് വിമോചന സമരഭടന്മാരായി എന്ന അന്വേഷണം അര്‍ഥവത്താണ്. ആ അന്വേഷണം വിമോചനസമരത്തിന്റെ പ്രത്യയശാസ്ത്ര സ്വാധീനത്തിലേക്കും അതിന്റെ പ്രചാരണത്തില്‍ ജാതി-മത അവബോധം വഹിച്ച പങ്കിലേക്കും വെളിച്ചംവീശുന്നതായിരിക്കും.

വിമോചനസമരത്തില്‍ ഉത്സാഹത്തോടെ പങ്കെടുത്ത ജനം വിമോചനസമരത്തിന്റെ വിധികര്‍ത്താക്കളോ, ഗുണഭോഗികളോ ആയിരുന്നില്ല. വെറും വൈക്കോല്‍ത്തുരുമ്പുകള്‍മാത്രം. ജാതിമത നേതാക്കള്‍ക്ക് ഇഛാനുസരണം കത്തിക്കാന്‍ കഴിയുന്ന വൈക്കോല്‍. അവരെ തെരുവിലിറക്കിയ ചാലകശക്തികളില്‍ പ്രധാനപ്പെട്ടവ മതം നിഷേധിക്കപ്പെടുമെന്നും പള്ളികള്‍ തകര്‍ക്കപ്പെടുമെന്നും കുടുംബബന്ധങ്ങള്‍ നിഷേധിക്കപ്പെടുമെന്നുമുള്ള പ്രചാരണങ്ങളായിരുന്നു. അതായത്, കമ്യൂണിസ്റ്റ് ഭരണം നിലനിന്നാല്‍ ഈശ്വരവിശ്വാസം അസാധ്യമാകുമെന്നും സാമൂഹ്യബന്ധങ്ങള്‍ താറുമാറാകുമെന്നും ഒരു ഗണ്യമായ വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു; മെത്രാന്മാരുടെ ഉപദേശത്തോടെ. അതില്‍നിന്ന് ഉടലെടുത്ത ഭീതി അവരെ യുക്തിഹീനരാക്കുകയും കമ്യൂണിസം എന്ന 'ഭൂത'ത്തെ ചെറുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ പ്രേരണ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിനും സമരസന്നദ്ധതയ്ക്കും ഇടയാക്കി. യുക്തിക്ക് അതീതമായ വിശ്വാസമായിരുന്നു അവരുടെ ഏക ബൌദ്ധികസമ്പത്ത്. ഈ വിഭ്രാന്തി സൃഷ്ടിച്ചത് സ്വയം ജനങ്ങളായിരുന്നില്ല. 1957-59 കാലത്തെ ഭരണനടപടികള്‍ പ്രതിലോമകരമായി ബാധിക്കാന്‍ ഇടയുള്ളവരായിരുന്നു ചാലകശക്തി നല്‍കിയത്. ഭൂപരിഷ്കരണംകൊണ്ട് ഭൂമി നഷ്ടപ്പെടുന്നവര്‍, ഭൂമി നഷ്ടപ്പെടുന്നതുകൊണ്ട് സാമൂഹ്യാധികാരത്തിന് ഉലച്ചില്‍ തട്ടിയവര്‍; വിദ്യാഭ്യാസ പരിഷ്കാരംകൊണ്ട് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടവര്‍. ഈ രണ്ടു വിഭാഗങ്ങളും അന്യോന്യം ബന്ധപ്പെട്ടവരായിരുന്നു. 1959ല്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് അവര്‍ കൈകോര്‍ത്തത്.

പക്ഷേ,ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവുമായിരുന്നു വിമോചനസമരത്തിന്റെ കാരണങ്ങളെന്ന കാഴ്ചപ്പാട് വളരെ ഭാഗികമാണ്. കമ്യൂണിസം പ്രതിനിധാനംചെയ്യുന്ന വര്‍ഗരഹിത ഭാവിയെയായിരുന്നു സമൂഹത്തിലെ സമ്പന്നവര്‍ഗങ്ങള്‍ ഭയപ്പെട്ടത്. അതിനെ തടയിടാനുള്ള കൂട്ടുകെട്ടിന്റെ രാഷ്ട്രീയസമരമായിരുന്നു വിമോചനസമരം. സാമൂഹ്യാധികാരം കൈയാളുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള ശ്രമം. മന്നത്ത് പത്മനാഭനും വടക്കനച്ചനും ആര്‍ ശങ്കറുമൊക്കെ പ്രതിനിധാനംചെയ്തത് ഈ സാമൂഹ്യവിഭാഗത്തെയാണ്. അവരെ സഹായിക്കാന്‍ കേന്ദ്രഭരണവും അമേരിക്കന്‍ സാമ്രാജ്യത്വവും സന്നദ്ധരാവുകയും ചെയ്തു. മതപുരോഹിതന്മാര്‍ അവരുടെ അനുയായികള്‍ക്ക് വിശ്വാസത്തിന്റെ പരിവേഷംചാര്‍ത്തി. കൂടെ 'സ്വാതേന്ത്ര്യേച്ഛുക്ക'ളായ കുറെ ബുദ്ധിജീവികളും. അമേരിക്കന്‍ ചാരസംഘടനയുടെ ജിഹ്വയായ സാംസ്കാരിക സ്വാതന്ത്ര്യവേദിയുമായി ബന്ധപ്പെട്ടവര്‍.

വിമോചനസമരം 'വിജയി'ക്കാന്‍ പ്രധാനകാരണം കേന്ദ്രഭരണത്തിന്റെ ഇടപെടലാണ്. ജനാധിപത്യസംരക്ഷണമായിരുന്നില്ല ആ ഇടപെടലിനു പിന്നില്‍; രാഷ്ട്രീയ അധികാരം പിടിച്ചെടുക്കലുമായിരുന്നില്ല; കേരളത്തിലെ കോൺഗ്രസിനുള്ളില്‍ ഭരണമേറ്റെടുക്കാന്‍ വ്യഗ്രതയുള്ള പലരുമുണ്ടായിരുന്നു എങ്കില്‍കൂടി. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ കാഴ്ചപ്പാടില്‍ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളം ഒരു വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുള്ളതായിരുന്നു. മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ ഒരു വിലങ്ങുതടിയാകുമോ എന്ന് സംശയിച്ചതില്‍ അത്ഭുതപ്പെടാനില്ല. രാഷ്ട്രീയ കാഴ്ചപ്പാടുമാത്രമായിരുന്നെങ്കില്‍ നെഹ്റുവിന്റെ ജനാധിപത്യ പ്രതിബദ്ധത വിജയിക്കുമായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഇടപെടല്‍ രാഷ്ട്രീയേതര ശക്തികളുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.

വിമോചനസമരം ഒരു വിരോധാഭാസമാണ്. ആധുനികതയിലേക്കുള്ള കേരളസമൂഹത്തിന്റെ പുരോഗതിയില്‍ പുറന്തള്ളപ്പെടേണ്ട സാമൂഹ്യശക്തികളാണ് വിമോചനസമരത്തെ നയിച്ചത്. കേരളസമൂഹം വിമോചനം നേടേണ്ടത് അവരില്‍നിന്നായിരുന്നു. അതുകൊണ്ട് വിചോമനസമരം എന്ന പദപ്രയോഗംതന്നെ അര്‍ഥവത്തല്ല. വാസ്തവത്തില്‍ അത് ജാതിമതശക്തികളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും പുനഃപ്രതിഷ്ഠാശ്രമമായിരുന്നു. നവോത്ഥാനത്തില്‍നിന്ന് രൂപംകൊണ്ട സാമൂഹ്യദൃഢീകരണ പ്രസ്ഥാനങ്ങള്‍ അതിന് സഹായകമായി. ഇന്ന് ഒരു രണ്ടാം വിമോചനസമരത്തിന് പ്രസക്തിയില്ലെന്നത് സുവിദിതമാണ്. അതിന്റെ സമര്‍ഥകര്‍ക്കുപോലും. പക്ഷേ, വിമോചനസമരത്തിന്റെ പ്രായോഗികതയല്ല പ്രശ്നം; അതിന്റെ ആശയസാധ്യതയാണ്. കമ്യൂണിസം മുന്നോട്ടുവയ്ക്കുന്ന ജനകീയ വികസനസാധ്യതകള്‍ കാലഹരണപ്പെട്ടെന്നും നിയോലിബറല്‍ മുതലാളിത്ത വ്യവസ്ഥയ്ക്കുമാത്രമേ ഭാവിയുള്ളൂ എന്നുമാണ് പുതിയ കാഴ്ചപ്പാട്. മധ്യവര്‍ഗത്തിന്റെയും സമ്പന്നവര്‍ഗത്തിന്റെയും പിന്തുണയുള്ള ഈ സമീപനത്തെ പൊലിപ്പിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്, കേരളത്തെ ദൈവത്തിന്റെ രാജ്യമാക്കിയില്ലെങ്കിലും, ഒരു വലതുപക്ഷ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ സഹായകമാകും.

രണ്ടാം വിമോചനത്തെക്കുറിച്ച് വലതുപക്ഷ രാഷ്ട്രീയം വാചാലമാകുന്ന ഈ സന്ദര്‍ഭത്തില്‍ വാസ്തവത്തില്‍ കേരളത്തില്‍ ഒരു വിമോചനം ആവശ്യമാണ്. പലതലങ്ങളില്‍ പ്രായോഗികമാകേണ്ടതാണ് ആ വിമോചനം. വലതുപക്ഷ രാഷ്ട്രീയം പറയുകയോ ഏറ്റെടുക്കാനോ സാധ്യതയില്ലാത്ത മേഖലകളിലേക്ക് ഈ വിമോചനത്തിന്റെ സ്വാധീനം കടന്നുചെല്ലേണ്ടതുണ്ട്. ദാരിദ്ര്യരേഖയ്ക്കു കീഴെ പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്ന അഗണ്യമല്ലാത്ത ഒരു ജനവിഭാഗം, ജാതിമത അവബോധത്തില്‍ കുടുങ്ങി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെട്ടുപോയ മധ്യവര്‍ഗം, പുരുഷമേധാവിത്വത്തിന്റെ സ്വാധീനത്തില്‍ നിശ്ശബ്ദരായി കഴിയുന്ന സ്ത്രീകള്‍ തുടങ്ങിയ പല ജനവിഭാഗങ്ങളും വിമോചനം കാത്തുകിടക്കുന്നു. അവര്‍ക്ക് വിമോചനം നല്‍കാനുള്ള സമരമാണ് ഉണ്ടാകേണ്ടത്. സാമൂഹ്യമായി യാഥാസ്ഥിതികരും ധൈഷണികമായി കാലഹരണപ്പെട്ടവരും രാഷ്ട്രീയമായി പ്രതിലോമ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും സാമ്പത്തികമായി മുതലാളിത്തവ്യവസ്ഥയില്‍ വിശ്വസിക്കുന്നവരുമായ വിമോചനക്കാര്‍ അത്തരമൊരു സമരത്തിന് നേതൃത്വം കൊടുക്കാനിടയില്ല. പ്രത്യുത ഈ സാഹചര്യങ്ങളെ കൂടുതല്‍ പൊലിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് വിമോചനം സിദ്ധിക്കേണ്ടത് ഈ വിമോചനക്കാരില്‍നിന്നുതന്നെയാണ്. കാരണം, അവര്‍ പാടിപ്പുകഴ്ത്തുന്ന വിമോചനം ബഹുഭൂരിപക്ഷത്തിനും അരക്ഷിതത്വത്തിലേക്കുള്ള മടക്കയാത്രയാണ്. ഈ മടക്കയാത്രയുടെ വലതുപക്ഷ രാഷ്ട്രീയവും സാംസ്കാരികതയും ആരോഗ്യകരമായ സാമൂഹ്യാവബോധത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവണതയുടെ പുരോഗതിക്ക് തടയിടാന്‍ ഇടതുപക്ഷ സാംസ്കാരികതയുടെയും ധൈഷണികതയുടെയും ഒരു പുതിയ മുന്നേറ്റം അനിവാര്യമാണ്. അതില്‍നിന്നുമാത്രമേ ജനകീയസ്വഭാവമുള്ള, പുരോഗമന ലക്ഷ്യങ്ങളുള്ള വിമോചനം സാധ്യമാകുകയുള്ളൂ. സാമൂഹ്യ വ്യതിരേകത നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ വിമോചനത്തിന്റെ സ്വഭാവവും തത്വശാസ്ത്രവും വിശദീകരിക്കാന്‍ പുരോഗമന രാഷ്ട്രീയ നേതൃത്വത്തിനും ബുദ്ധിജീവികള്‍ക്കും കഴിയേണ്ടതാണ്. എങ്കില്‍ മാത്രമേ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെ കരുക്കളാക്കുന്ന കപട വിമോചന സമരങ്ങള്‍ക്ക് അറുതി ഉണ്ടാകുകയുള്ളൂ.

***

കെ എന്‍ പണിക്കര്‍ ദേശാഭിമാനി,31 ജൂലൈ 2009

വിമോചന സമരം: എന്ത്, എങ്ങനെ

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങളുടെ ഗുണഭോക്താക്കളില്‍ ഒരു വിഭാഗത്തെ അന്ധമായ കമ്യൂണിസ്റ്റ്വിരോധം ഉപയോഗപ്പെടുത്തി ഹാലിളക്കി ജാതി വര്‍ഗീയ ചിന്തകള്‍ കുത്തിപ്പൊക്കാന്‍ വിമോചനസമരത്തിന് കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചു?

ഒന്ന്. കമ്യൂണിസ്റ്റ്സര്‍ക്കാരിന്റെ ആദ്യനാള്‍ മുതല്‍ അരങ്ങേറിയ എതിര്‍പ്പുകള്‍ അനുക്രമമായി ശക്തിപ്രാപിച്ച് സ്വാഭാവികമായി രൂപം കൊണ്ട ഒന്നായിരുന്നില്ല കേരളത്തിലെ വിമോചനസമരം. ഈ എതിര്‍പ്പുകളുടെയെല്ലാം മൂര്‍ച്ച നഷ്ടപ്പെട്ട്, സമരങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത്.

രണ്ട്. വിമോചനസമര നിര്‍മിതിയില്‍ പള്ളിപ്രഭാഷണങ്ങള്‍ക്കൊപ്പം മാധ്യമ പ്രചാരണങ്ങളും സുപ്രധാന പങ്കു വഹിച്ചു. അക്രമങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടവയായിരുന്നു. വലിയ തോതിലുള്ള സ്ത്രീപങ്കാളിത്തമായിരുന്നു സമരത്തിന്റെ വിജയത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്ന്. ധിഷണാശാലികളായ ഒരുപറ്റം കമ്യൂണിസ്റ്റ്വിരുദ്ധ ചിന്തകരുടെയും സാഹിത്യകാരന്മാരുടെയും ആവിര്‍ഭാവവും കമ്യൂണിസ്റ്റ്വിരുദ്ധ നുണപ്രചാരണത്തിന് ആധികാരികത്വം നല്‍കിയ ഘടകമായിരുന്നു.

മൂന്ന്. സര്‍ക്കാരില്‍നിന്ന് ഭാഗികമായ എന്തെങ്കിലും ആവശ്യങ്ങള്‍ നേടുന്നതിനപ്പുറം ഭരണത്തെ സ്തംഭിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇതിനായി രൂപംകൊണ്ട വര്‍ഗീയ കൂട്ടുകെട്ടിന് രാഷ്ടീയ പിന്തുണയും ലഭിച്ചു. കേരളത്തിലെയും കേന്ദ്രത്തിലെയും കോഗ്രസ് സംഘടനാ നേതൃത്വത്തില്‍ വന്ന മാറ്റങ്ങള്‍ ഈ രാഷ്ട്രീയനീക്കത്തിന് സഹായകമായി. കമ്യൂണിസ്റ്റ്ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കേരളത്തെ തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന വേവലാതിയായിരുന്നു ഇതിനു പിന്നില്‍.

നാല്. കേരളത്തിലെ കമ്യൂണിസ്റ്റ്ഭരണത്തിന്റെ വിജയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ മുന്നേറ്റത്തിലേക്ക് നയിച്ചേക്കുമോ എന്ന ഭയമായിരുന്നു അമേരിക്കയെ ഭരിച്ചിരുന്നത്. ഇക്കാലത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന മൂന്നാം ലോക രാജ്യങ്ങളിലെ എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളെയും രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകളിലൂടെ അമേരിക്ക അട്ടിമറിക്കുകയുണ്ടായി. കേരളം മാത്രം ഈയൊരു പ്രവണതയ്ക്ക് അപവാദമാകുന്നതെങ്ങനെ? ആഗോള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലേ കേരളത്തിലെ വിമോചന സമരത്തെ മനസ്സിലാക്കാനാകൂ.

അഞ്ച്. വിമോചനസമരത്തിനു പിന്നില്‍ വിദേശ കമ്യൂണിസ്റ്റ്വിരുദ്ധ ശക്തികളുടെ ആസൂത്രിതമായ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് അസന്ദിഗ്ധമായി തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്ഥിതിഗതികളെ തുടര്‍ച്ചയായി അമേരിക്കന്‍ സുരക്ഷാ കൌസിലിന്റെ ഏറ്റവും ഉന്നത തലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രക്ഷോഭത്തിന് സിഐഎ പണം നല്‍കി സഹായിച്ചു. എന്നാല്‍, മറ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെന്നപോലെ കേരളത്തില്‍ പ്രത്യക്ഷമായി അമേരിക്കന്‍ ചാരസംഘടനയ്ക്ക് ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അമേരിക്കന്‍ ഇടപെടല്‍ ഏറ്റവും ഗോപ്യമായ വിധത്തിലായിരുന്നു. ഇന്നും വളരെ കുറച്ച് രഹസ്യരേഖകള്‍ മാത്രമേ ഇത് സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുള്ളൂ.

ആറ്. കമ്യൂണിസ്റ്റ്ഭരണത്തെ അട്ടിമറിക്കുന്നതിന് ഇന്ത്യയിലെ കേന്ദ്ര രഹസ്യപ്പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്ന നയമാണ് അമേരിക്കന്‍ ചാരസംഘടന കൈക്കൊണ്ടത്. കമ്യൂണിസ്റ്റ്വിരുദ്ധമുന്നണിക്ക് രൂപംനല്‍കുന്നതിലും സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് സ്വീകരിപ്പിക്കുന്നതിലും കേന്ദ്ര രഹസ്യപ്പൊലീസ് നിര്‍ണായകമായ പങ്കുവഹിക്കുകയുണ്ടായി.

ഏഴ് ആഗോള ക്രിസ്ത്യന്‍ പള്ളിയുടെ വിവിധ വിഭാഗങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ്വിരുദ്ധ പ്രക്ഷോഭത്തില്‍ പണംകൊണ്ടും പ്രചാരണ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പങ്കു വഹിക്കുകയുണ്ടായി. കമ്യൂണിസ്റ്റ്വിരുദ്ധ കുരിശുയുദ്ധക്കാരാണ് കേരളദ്ധ്വനി പത്രത്തിനുള്ള പണം നല്‍കിയത്. മിന്‍സെന്റി ഫൌണ്ടേഷനും മറ്റും വഴി കത്തോലിക്കാ പള്ളിക്കും വലിയ തോതില്‍ പണം ലഭിച്ചു. ധാര്‍മിക പുനരുദ്ധാരണ പ്രസ്ഥാനം കേരളത്തില്‍ സജീവമായി ഇടപെടുകയുണ്ടായി.

എട്ട്. വിമോചന സമരത്തിന്റെ തീക്ഷ്ണതയുടെ മുമ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടിയും സര്‍ക്കാരും പകച്ചുപോയി. നെഹ്റുവിന്റെ ചേരിചേരാ നയത്തിലും ജനാധിപത്യ മര്യാദയിലും ഉണ്ടായ അതിരു കവിഞ്ഞ വിശ്വാസംമൂലം ഭരണത്തെ അട്ടിമറിക്കാനുള്ള വിമോചന സമരം അസംഭവ്യമായിട്ടാണ് പാര്‍ടിയും സര്‍ക്കാരും കരുതിയത്. അമൃത്സര്‍ പാര്‍ടി കോണ്‍ഗ്രസ് സൃഷ്ടിച്ച പരിഷ്കരണ വ്യാമോഹവും ഈ തെറ്റിദ്ധാരണയില്‍ ഒരു പങ്കു വഹിച്ചു. സാമുദായിക സംഘടനകളോടും ഇടതുപക്ഷ പാര്‍ടികളോടും എടുത്ത അടവു നയങ്ങളില്‍ അതിരു കവിഞ്ഞ ആത്മവിശ്വാസം പ്രതിഫലിച്ചു കാണാം. ഈ പോരായ്മകള്‍ വിശാലമായ കമ്യൂണിസ്റ്റ്വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് പിന്തിരിപ്പന്മാര്‍ക്ക് സഹായകമായി.

ഒമ്പത്. കേരളത്തിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെ തകര്‍ക്കുന്നതില്‍ വിമോചനസമരം പരാജയപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ കുതിപ്പിന് വിമോചന സമരം കടിഞ്ഞാണിട്ടു. ക്രിസ്ത്യന്‍ സമുദായത്തിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. ഏതാണ്ട് മൂന്ന് ദശാബ്ദത്തിനു ശേഷമാണ് വിമോചനസമര പ്രേതബാധ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒഴിഞ്ഞത്. മുസ്ളിം ലീഗിന്റെ രാഷ്ട്രീയ രംഗപ്രവേശവും പിന്നീട് അതിന് കേരള രാഷ്ട്രീയത്തില്‍ ലഭിച്ച ലബ്ധപ്രതിഷ്ഠയും മുസ്ളിം മതന്യൂനപക്ഷങ്ങള്‍ക്കിടയിലും കമ്യൂണിസ്റ്റ്സ്വാധീനം വര്‍ധിപ്പിക്കുന്നതിന് തടസ്സമായി.

മലങ്കരസഭയിലെ മാര്‍ ബസേലിയോസ് ക്ളിമീസ് തിരുമേനി അഭിപ്രായപ്പെട്ടതുപോലെ: '1959-ലെ സഭയുമല്ല 1959-ലെ പാര്‍ടിയുമല്ല ഇന്നുള്ളത്' ആഗോളമായി വിമോചന ദൈവശാസ്ത്ര ചിന്തകള്‍ പ്രബലമായി. കുറച്ചൊക്കെ ഇതിനോടുള്ള പ്രതിരോധ പ്രതികരണമായിട്ടാണെങ്കിലും പള്ളി കൂടുതല്‍ വികസനോന്മുഖ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇത് സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറന്നു. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ഭാഗത്തുനിന്നാണെങ്കില്‍ വര്‍ഗീയ ഫാസിസത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷ അവകാശസംരക്ഷണം മുഖ്യ ഘടകമായുള്ള ഒരു ദേശീയ രാഷ്ട്രീയ നയം രൂപംകൊണ്ടു. മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രത്യേക മതാന്തരീക്ഷം കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമീപനവും പാര്‍ടി കൈക്കൊണ്ടു. കേവല യുക്തിവാദ സമീപനരീതിയുടെ നിരാകരണം ഇതിന്റെ ഭാഗമാണ്. ജനകീയ പ്രക്ഷോഭസമരങ്ങളും ബഹുജന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും മതന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു. ഈ മാറ്റങ്ങള്‍ ഒട്ടേറെ അര്‍ഥവത്തായ സംവാദങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും വഴി തെളിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന കമ്യൂണിസ്റ്റ്സ്വാധീനത്തിന്റെ ഏറ്റവും വലിയ നാടകീയമായ പ്രഖ്യാപനമായിരുന്നു സമീപകാലത്തെ തെരഞ്ഞെടുപ്പു ഫലങ്ങള്‍. ഇതില്‍ ഖിന്നരായ ചിലര്‍ സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളുമായി ഉയര്‍ന്നുവന്ന തര്‍ക്കത്തെ മതന്യൂനപക്ഷ അവകാശപ്രശ്നമായി ഉയര്‍ത്തി വിമോചന സമര ഹാലിളക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ രാഷ്ട്രീയ സാഹചര്യംതന്നെ മാറിപ്പോയിരിക്കുന്നു എന്നവര്‍ വിസ്മരിക്കുന്നു. 1959 അല്ല 2009.

ചരിത്രത്തില്‍ സംഭവിച്ചുപോയതിനെയൊന്നും തിരുത്താനാവില്ല. എങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പു നടന്ന കാര്യങ്ങളെക്കുറിച്ച് പോലും തെറ്റിന്റെ പിന്തുടര്‍ച്ചക്കാര്‍ കുറ്റസമ്മതം നടത്തുകയും മാപ്പുപറയുകയുംചെയ്ത സന്ദര്‍ഭങ്ങളുണ്ട്. അതൊരു ചരിത്രനീതിയാണ്. ലാറ്റിന്‍ അമേരിക്കയിലെ തദ്ദേശീയരുടെ നരഹത്യക്കും മധ്യകാല യുഗത്തിലെ ഇന്‍ക്വിസിഷനും നാസി കോസെന്‍ട്രേഷന്‍ ക്യാമ്പുകളെ എതിര്‍ക്കാതെ പോയതിനും പള്ളി മാപ്പു പറഞ്ഞിട്ടുണ്ട്. ഈ ഗണത്തില്‍പെടുന്നതാണ് 1959ലെ വിമോചന സമരം. 50 വര്‍ഷം ഒരു പക്ഷേ മാപ്പു പറയാനുള്ള കാലമായി പള്ളിക്കു കരുതാന്‍ കഴിയാത്തതു സ്വാഭാവികമാവാം. പക്ഷേ, തെറ്റു തിരുത്തല്‍ പ്രക്രിയയെക്കുറിച്ച് ആലോചിക്കാനേ കൂട്ടാക്കാതെ, 50 വര്‍ഷം മുമ്പ് നടന്നതിന്റെ പേരില്‍ അഹങ്കരിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ല. പഴയ സമരത്തിന്റെ ഓര്‍മകള്‍ മാഞ്ഞിട്ടില്ലെന്നും വേണ്ടിവന്നാല്‍ അത്തരമൊരു സമരത്തിന് വീണ്ടും തയ്യാറാകുമെന്നുംകൂടി പ്രഖ്യാപിക്കുമ്പോഴാണ് പണ്ടു നടന്നതിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കേണ്ടത് അത്യാവശ്യമാകുന്നത്.

***

ഡോ. ടി എം തോമസ് ഐസക്

Friday, June 26, 2009

വിമോചനസമരത്തിന്റെ അരങ്ങേറ്റം

അന്തിമസമരത്തിനുള്ള സന്നാഹങ്ങള്‍ മറനീക്കി പുറത്തുവന്നപ്പോഴും സംസ്ഥാന സര്‍ക്കാരിന് നെഹ്റുവില്‍ കുറച്ചൊക്കെ പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. പുത്രീവല്‍സലനെങ്കിലും എല്ലാ സീമകളും തകര്‍ക്കുന്ന നിയമലംഘനത്തെയും അരാജകത്വത്തെയും ജനാധിപത്യവാദിയെന്നറിയപ്പെടുന്ന നെഹ്റു പ്രോല്‍സാഹിപ്പിക്കില്ലെന്നു തന്നെ അവര്‍ കരുതി. അതുകൊണ്ടാണ് ഊട്ടിയില്‍ വിശ്രമത്തിനു വന്ന നെഹ്റുവിനെയും ഇന്ദിരയെയും കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പോയിക്കണ്ടത്. കമ്യൂണിസ്റ്റ് എംപിമാരുടെ സംഘവും നിയമമന്ത്രി കൃഷ്ണയ്യരും വെവ്വേറെ പ്രധാനമന്ത്രിയെ കണ്ടു സംസാരിച്ചു. നിയമലംഘന സമരത്തിന് ഹൈക്കമാന്റ് അനുമതി നല്‍കരുതെന്നഭ്യര്‍ത്ഥിച്ചു. കമ്യൂണിസ്റ്റ് ദൌത്യസംഘം നെഹ്റുവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാട്ടില്‍ നെഹ്റുവിന്റെ മൌനാനുവാദത്തോടെയും ഇന്ദിരയുടെ അനുഗ്രഹാശിസ്സുകളോടെയും എല്ലാ ജനാധിപത്യതത്വങ്ങളെയും തകര്‍ക്കുന്ന അക്രമങ്ങള്‍ക്ക് അണിയറയില്‍ കോപ്പു കൂട്ടിത്തുടങ്ങിയിരുന്നു. നെഹ്റുവിനെ മുമ്പേ കണ്ടു മടങ്ങിയ കെപിസിസി നേതൃത്വമാണ്, അനുകൂലിച്ചില്ലെങ്കിലും എതിര്‍ക്കില്ലെന്ന ഉറപ്പുവാങ്ങിയത്. ശങ്കര്‍, ചാക്കോ, പനമ്പിള്ളി, കെ എ ദാമോദരമേനോന്‍, കെ പി മാധവന്‍നായര്‍ തുടങ്ങി പ്രധാനികളെല്ലാം ഊട്ടിയില്‍ പോയിരുന്നു.

നെഹ്റുവിന്റെ എതിര്‍പ്പ് ഒഴിവാക്കാന്‍ കെപിസിസി നിരത്തിയ ന്യായവാദങ്ങള്‍ ഇവയാണ്.

1. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തുടങ്ങിവെച്ചിരിക്കുന്ന സാമുദായിക സംഘടനകളുടെ സമരവുമായി ഇതുവരെ കെപിസിസിക്ക് ഒരു ബന്ധവുമില്ല. ഇനി ബന്ധപ്പെടാനും പോവുന്നില്ല!

2. കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലാത്തത് ഒരു ചെറുന്യൂനപക്ഷത്തിനു മാത്രമാണ്. അതുകൊണ്ട് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങിയില്ലെങ്കില്‍ ജനത്തിനുമുന്നില്‍ ഒറ്റപ്പെടും. അതനുവദിക്കരുത്.

3. ഗവണ്‍മെന്റിനെ താഴെയിറക്കണമെങ്കില്‍ അക്രമസമരത്തിന്റെ ആവശ്യമില്ല. സമാധാന സമരത്തിലൂടെ തന്നെ സര്‍ക്കാരിനെ തുന്നം പാടിക്കാം.

4. (അറ്റകൈ പ്രയോഗം) ഇനി ആദ്യ 3 കാരണങ്ങള്‍ കേട്ടിട്ടും സമരത്തിന് അനുവാദം നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ളീനായി പിളരും! കാരണം ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇപ്പോഴത്തെ സമരത്തിനോട് അനുഭാവമുള്ളവരാണ്. ജനാഭിലാഷം ചെവികൊള്ളാതിരിക്കാന്‍ കെപിസിസിക്കാവില്ല. ഇത്രയും കാരണങ്ങള്‍ക്കുപുറമെ ഇന്ദിരാഗാന്ധിയുടെ ശുപാര്‍ശയും കൂടിയായാല്‍ നെഹ്റു എന്തു ചെയ്യും? ജൂണ്‍ 2ന് ഊട്ടിയില്‍നിന്നു മടങ്ങിയ കെപിസിസി പ്രസിഡന്റ് ശങ്കര്‍ ജൂണ്‍ 3ന് കേരളത്തില്‍ വായ തുറന്നത് സര്‍ക്കാരിനെതിരെ പിഎസ്പിയും മുസ്ളീംലീഗുമായി ചേര്‍ന്ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം പ്രഖ്യാപിക്കാനാണ്.

വിമോചനസമരവും കുറ്റപത്രസമരവും

മന്നവും കൂട്ടരും ആദ്യം മുതല്‍ തന്നെ വിമോചനസമരം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ് - ലീഗ് - പിഎസ്പിക്കാര്‍ക്കത് കുറ്റപത്രസമരം ആയിരുന്നു. വിമോചന സമരക്കാരോട് ബന്ധമില്ലെന്ന് നെഹ്റുവിനു കൊടുത്ത ഉറപ്പു പാലിക്കാന്‍ അതാവശ്യവുമായിരുന്നു. ഇ എം എസ് സര്‍ക്കാരിന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ഒരു കുറ്റപത്രം തയ്യാറാക്കുന്നു, ആ കുറ്റപത്രം രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്നു. സര്‍ക്കാരിനെ സമാധാനപരമായി താഴെയിറക്കുന്നു. ഇതാണത്രെ കുറ്റപത്ര സമരം.

എന്നാല്‍ കുറ്റപത്ര തിരക്കഥയൊക്കെ പ്രഖ്യാപനത്തോടെ തന്നെ അവസാനിച്ചു. ആദ്യദിനം മുതല്‍ വിമോചന സമരക്കാരുടെ ജാഥകളിലും പിക്കറ്റിംഗുകളിലും വഴിതടയലുകളിലും തുടങ്ങി ചാണകവെള്ളം തളിക്കുന്നതില്‍ വരെ കോണ്‍ഗ്രസിന് പ്രത്യക്ഷ പങ്കാളിത്തമുണ്ടായി. പ്രഖ്യാപിച്ചതല്ലേ ഇരിക്കട്ടെ എന്ന മട്ടില്‍ ഒരു കുറ്റപത്രവും തയ്യാറാക്കി രാഷ്ട്രപതിക്കു കൊടുക്കുമ്പോഴേക്ക് ജൂലായ് മാസമായി. കൊടുക്കുമ്പോള്‍ കുറ്റപത്രത്തിന്റെ പേര് മെമ്മോറാണ്ഡമെന്നായി മാറിയിരുന്നു. അപ്പോഴേക്കും പേരില്‍പോലും കുറ്റപത്രസമരത്തിന് വിമോചനസമരവുമായി വ്യത്യാസമില്ലാതായിക്കഴിഞ്ഞിരുന്നു.

സമരം തുടങ്ങുന്നു

ജൂണ്‍ 12ന്റെ കേരള ഹര്‍ത്താലോടെയാണ് വിമോചനസമരം ഔപചാരികമായി തുടങ്ങുന്നത്. മന്നം - പള്ളി - ജന്മി മുതലാളി പൌരോഹിത്യ കൂട്ടുകെട്ടിനും കോണ്‍ഗ്രസ് - പിഎസ്പി - ലീഗ് ബാന്ധവത്തിനും പുറമെ സാക്ഷാല്‍ ആര്‍എസ്പി ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായാണ് ഹര്‍ത്താലില്‍ അണിനിരന്നത്. ജൂണ്‍ പിറന്ന് ഹര്‍ത്താലിലെത്തുന്നതുവരെയുള്ള ദിവസങ്ങളിലെ പത്രങ്ങളൊക്കെ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ആഹ്വാനങ്ങളും കൊണ്ടു നിറഞ്ഞു.

വിമോചനദിനമായ ജൂണ്‍ 12 ആചരിക്കേണ്ടതെങ്ങനെയെന്ന് ജൂണ്‍ എട്ടിനിറങ്ങിയ വിമോചന സമരസമിതിയുടെ പ്രത്യേക അറിയിപ്പില്‍ പറയുന്നു. എത്ര മനോഹരവും മനഃശാസ്ത്രപരവുമായാണ് ആ ദിനം സംവിധാനം ചെയ്യപ്പെട്ടതെന്നു നോക്കാം.

1. രാവിലെ 7.30നും 9നും ഇടക്കുള്ള സമയം എല്ലാ ദേവാലയങ്ങളിലും (ഹിന്ദു, ക്രിസ്ത്യന്‍, പറ്റിയാല്‍ മുസ്ളീം) പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി കേരളത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു വിമോചിപ്പിക്കാന്‍ ഈശ്വരനോട് അപേക്ഷിക്കുക. ഇവ നടത്തുമ്പോള്‍ ദേവാലയ പരിസരങ്ങളില്‍ കഴിവുള്ളിടത്തോളം നാട്ടുകാരെ വിളിച്ചു കൂട്ടേണ്ടതാണ്.

2. രാവിലെ 7 മണിക്ക് ഓരോ ഗ്രാമപ്രദേശത്തും കഴിയാവുന്നിടത്തോളം പൊതുസ്ഥലങ്ങളിലും കെട്ടിടങ്ങളിലും കരിങ്കൊടികള്‍ ഉയര്‍ത്തുക.

3. എല്ലാ കടകളും ചന്തകളും വ്യാപാരകേന്ദ്രങ്ങളും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അടച്ചിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

4. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യവസായികള്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ സമ്പൂര്‍ണമായി പണിനിര്‍ത്താന്‍ മുന്‍കൂര്‍ പ്രേരണ നല്‍കുക.

5. വൈകിട്ട് 4 മണിക്ക് അവിടവിടെ കേന്ദ്രീകരിക്കുന്ന വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ബഹുജനങ്ങളുടെ മൌനജാഥ ഓരോ പ്രദേശത്തും നിശ്ചയിക്കപ്പെട്ട ഒരു പോയിന്റു മുതല്‍ മറ്റൊരു പോയിന്റു വരെ നടത്തുക.

6. ഘോഷയാത്രക്കുശേഷം അവിടവിടെ യോഗങ്ങള്‍ കൂടി താഴെ കാണുന്ന പ്രമേയം പാസ്സാക്കുക. ഇന്നു കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിന് ജനപിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നതിനാലും അവര്‍ ഇനി അധികാരത്തില്‍ തുടരുന്നത് നാടിനു അത്യന്തം ഹാനികരമായതിനാലും ഉടനടി രാജിവെച്ചു പിരിയണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.

7. അന്നത്തെ പരിപാടികളുടെ സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ട് എല്ലാ ദിനപത്രങ്ങള്‍ക്കും അയച്ചുകൊടുക്കുക.

ഈ അവസാനത്തെ ഐറ്റം തന്നെയായിരുന്നു ഏറ്റവും പ്രധാനം. നാലാള്‍ കൂടുന്ന വട്ടമേശ യോഗങ്ങളും പ്രമേയം പാസാക്കലും വരെ പത്രങ്ങളില്‍ ഇടം പിടിച്ചു.

അങ്കമാലിക്കല്ലറയില്‍

ഒരു പോലീസ് വെടിവെപ്പില്‍ 7 പട്ടിണിപ്പാവങ്ങള്‍ കൊല്ലപ്പെടുക. അവരെല്ലാവരും ഒരേ സമുദായക്കാരായിരിക്കുക. സ്വന്തം വിശ്വാസം രക്ഷിക്കാനുള്ള രക്തസാക്ഷിത്വങ്ങളായി കൂടി അവ വ്യാഖ്യാനിക്കപ്പെടുക. 2 മാസം മാത്രം നീണ്ടുനിന്ന ഒരു സമരചരിത്രത്തില്‍ എത്ര അതിവൈകാരികതയാവും ഈ സംഭവം ഉണ്ടാക്കിക്കൊടുക്കുക? അതുതന്നെയായിരുന്നു അങ്കമാലിയുടെ നിയോഗം. 2000 പേരുള്ള ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷന്‍ അക്രമിക്കുന്നെന്നു വെക്കുക. നാമമാത്രമായ പോലീസുകാര്‍ക്ക് സ്വയരക്ഷക്ക് എന്തുചെയ്യാനാകും? അതുതന്നെയാണ് അങ്കമാലിയില്‍ സംഭവിച്ചത്.

ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു സഹകരണസംഘങ്ങളുടെ ഉദയം. പണ്ട് മുതലാളിമാര്‍ കുത്തകയാക്കിയിരുന്ന ഒട്ടനവധി മേഖലകളിലേക്ക് തൊഴിലാളികള്‍ കടന്നുചെന്നു നേതൃത്വമേറ്റെടുത്തു. ചെത്തു തൊഴിലാളി സഹകരണസംഘം കള്ളുഷാപ്പുകള്‍ നടത്തുന്നത് കള്ളു മുതലാളിമാരെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. അങ്ങനെയിരിക്കെയാണ് അങ്കമാലി സംഭവത്തിനു നിമിത്തമായ പറവൂര്‍ ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിനു മുന്നില്‍ പള്ളീലച്ചന്‍മാരുടെ നേതൃത്വത്തിലുള്ള മദ്യവര്‍ജന കമ്മിറ്റി പിക്കറ്റിങ്ങ് തുടങ്ങിയത്. തൊട്ടടുത്തു സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഷാപ്പുകള്‍ക്കുമുന്നില്‍ ഒരു സമരവുമില്ലെന്നതായിരുന്നു ഏറെ തമാശ. സഹകരണ ഷാപ്പില്‍ കുടിക്കാന്‍ പോകുന്നവരെ പാട്ടകൊട്ടുക, അടിക്കുക, തെറിവിളിക്കുക, പനങ്കുല വെട്ടി നശിപ്പിക്കുക തുടങ്ങിയവ സ്ഥിരം കലാപരിപാടികളായി. സംഭവദിവസം കള്ളു കുടിക്കാന്‍ ചെന്ന കൊച്ചുകുട്ടനെ പൌലോസും കണ്ടാലറിയുന്ന മറ്റൊരാളും കൂടെ തല്ലി. കൊച്ചുകുട്ടന്‍ നല്‍കിയ പരാതിയനുസരിച്ച് പൌലോസിനെ അറസ്റ്റുചെയ്തു അങ്കമാലി സ്റ്റേഷനിലെത്തിച്ചു. പൌലോസിനെ വാനിലിട്ടും ശേഷം സ്റ്റേഷനില്‍വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. പൌലോസിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡണ്ട് ഗര്‍വാസീസ്, കാലടി, മണ്ഡലം പ്രസിഡണ്ട് എബ്രഹാം, എം എ ആന്റണി എംഎല്‍എ എന്നിവര്‍ സ്റ്റേഷനിലെത്തി. പോലീസ് എംഎല്‍എയോടുള്‍പ്പെടെ മോശമായാണത്രെ പെരുമാറിയത്. അപ്പോഴേക്കും വിവരം കേട്ടറിഞ്ഞ് മറ്റൂരില്‍നിന്നും മറ്റും ധാരാളം ജനങ്ങള്‍ വന്നെത്തി. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ യോഗം ചേരുകയും പോലീസ് സ്റ്റേഷന്‍ വരെ 'വളരെ സമാധാനപരമായി' ഒരു ജാഥ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ജാഥ സ്റ്റേഷന്റെ 'അടുത്തെത്തുന്നതിനു മുന്‍പേ' പോലീസ് തടഞ്ഞു. ഒരു 'പ്രകോപനവുമില്ലാതെ' യാതൊരു മുന്നറിയിപ്പുമില്ലാതെ തലങ്ങും വിലങ്ങും വെടിവെച്ചു. 7 പേര്‍ തല്‍ക്ഷണം മരിച്ചു.

ഇന്ന് അങ്കമാലിക്കു പിന്നില്‍ നടന്ന ആസൂത്രണത്തെയും നിര്‍വഹണത്തെയുംകുറിച്ച് ഏതാണ്ടെല്ലാം പുറം ലോകത്തിനറിയാം. ദേശാഭിമാനി അന്നു സംശയിച്ചതിനേക്കാള്‍ വലിയ വിഭവസമാഹരണം ഓരോ പ്ളോട്ടിനു പിറകിലും നടന്നതും വെളിച്ചത്തുവന്നു. വിമോചന സമരത്തിന്റെ മുഖ്യകാര്യദര്‍ശികളില്‍ ഒരാളായിരുന്ന ഫാദര്‍ വടക്കന്റെ 1974ല്‍ പുറത്തുവന്ന ആത്മകഥയില്‍ അങ്കമാലിയെക്കുറിച്ചുള്ള കുമ്പസാരം ഇങ്ങനെ. "കൂട്ടത്തില്‍ ഒരു സത്യം വെട്ടിത്തുറന്നു പറയട്ടെ. കമ്യൂണിസ്റ്റുകാര്‍ പല സ്ഥലത്തും അക്രമം ചെയ്തുവെന്നതു ശരിതന്നെ. പക്ഷേ അങ്കമാലിയില്‍ വെടിവെക്കാന്‍ കാരണമുണ്ടാക്കിയതു വിമോചന സമരക്കാര്‍ ആയിരുന്നുവെന്ന് പിന്നീട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. മദ്യപിച്ചു ബോധംകെട്ട നൂറുകണക്കിനാളുകള്‍ പോലീസ് സ്റ്റേഷനിലേക്ക് തുരുതുരാ കല്ലേറു നടത്തിയപ്പോള്‍ സഹികെട്ട് പോലീസുകാര്‍ വെടിവെച്ചതാണവിടെ. വെടിയേറ്റ ഒരാള്‍ തൃശ്ശൂര്‍ ആശുപത്രിയില്‍ കിടന്നാണ് മരിച്ചത്. കണ്ണടയ്ക്കും മുമ്പേ ആ ചെറുപ്പക്കാരന്‍ (മാണിക്യമംഗലം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി കുഞ്ഞവിര പൌലോസ്) ആവേശപൂര്‍വ്വം എന്നോട് പറയുകയാണ്. അച്ചോ ഞാന്‍ മരിച്ചോട്ടെ; എന്നാലും വിമോചനസമരം നമുക്ക് ജയിപ്പിക്കണം...'' ഈ സത്യം വെട്ടിത്തുറന്നു പറയാന്‍ 17 വര്‍ഷമെടുത്തു! വിമോചന പടനായകരില്‍ പ്രമുഖനായ വടക്കനെ സംബന്ധിച്ചിടത്തോളം ഈ കാലതാമസം സ്വാഭാവികം. എന്നാല്‍ പരിക്കേറ്റ 27 പോലീസുകാരെയും, കല്ലേറില്‍ തുളവീണ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തെയും കത്തിനശിച്ച ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെ ജീപ്പിനെയുമെല്ലാം മാധ്യമങ്ങള്‍ കാണാതെ പോയതിന് എന്തു ന്യായീകരണമുണ്ട്?

കൂടുതല്‍ വെടിവെയ്പുകള്‍

2 ദിവസം കഴിഞ്ഞില്ല; അതിനുമുമ്പ് തലസ്ഥാനത്ത് രണ്ടിടത്ത് വെടിപൊട്ടി. ആകെ 5 മരണങ്ങള്‍. ജൂണ്‍ 15 ഉച്ചക്ക് നെയ്യാറ്റിന്‍കര താലൂക്കിലെ പുല്ലുവിളയില്‍ 2.45ന് മിഖായേല്‍ യാക്കൂബും യജ്ഞപ്പനും. നഗരാതിര്‍ത്തിയില്‍ വെട്ടുകാട്ട് 3.45ന് മൈക്കല്‍ ഫെര്‍ണാണ്ടസും ജോണ്‍നെറ്റോയും മറിയനും. അങ്കമാലിയില്‍ കള്ളുഷാപ്പാണെങ്കില്‍ വെട്ടുകാട്ടും പുല്ലുവിളയും സ്കൂളായിരുന്നു പ്രശ്നം. തുറന്ന സ്കൂളുകള്‍ അടപ്പിക്കാനുള്ള സമരക്കാരുടെ ശ്രമമാണ് രണ്ടിടത്തും 'രക്തസാക്ഷികളെ' നേടിക്കൊടുത്തത്. പുല്ലുവിളയില്‍ മുഹമ്മദന്‍സ് ഗവ. എല്‍പി സ്കൂള്‍ അടപ്പിക്കാന്‍ സമരക്കാരെത്തിയപ്പോള്‍ ഹെഡ്മാസ്റ്റര്‍ പോലീസിനെ വിളിച്ചു. അക്രമാസക്തരായ 2000ഓളം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നാമമാത്രരായ നെയ്യാറ്റിന്‍കര എസ്ഐക്കും കൂട്ടര്‍ക്കും വെടിവെയ്പല്ലാതെ മറ്റു വഴിയൊന്നും മുന്നിലില്ലായിരുന്നു.

മാധവപുരം സ്കൂള്‍ പിക്കറ്റിംഗാണ് വെട്ടുകാട് വെടിവെയ്പിലേക്ക് നയിച്ചത്.

സോഷ്യലിസ്റ്റുകളും ലീഗും എത്തുന്നു

ജൂണ്‍ 17 ആയതോടെ ഈ രാജ്യത്തെ ദുര്‍ഭരണത്തിനെതിരായി ഇരമ്പിക്കയറിക്കൊണ്ടിരിക്കുന്ന ബഹുജനമുന്നേറ്റത്തെ കണ്ടില്ലെന്ന് നടിച്ചിരിക്കാന്‍ ആര്‍എസ്പിക്കും സാധ്യമല്ലാതായി. അതിന്റേതായ പങ്കു നിര്‍വഹിക്കാനുള്ള സന്നദ്ധത ആര്‍എസ്പി പ്രഖ്യാപിച്ചത് കൊല്ലം റെയില്‍വെ സ്റ്റേഷന്‍ മൈതാനത്താണ്. "ആര്‍എസ്പിയുടെ അഡ്രസ്സ് കാണുമോ ഇല്ലയോ എന്ന് ചരിത്രം തെളിയിക്കും. എം എന്റെ (എം എന്‍ ഗോവിന്ദന്‍നായര്‍) മേല്‍വിലാസം അന്നുണ്ടാകുമോയെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.'' പ്രഖ്യാപനം നടത്തിയ ടി കെ ദിവാകരന്‍ പറഞ്ഞു. രാജ്യത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണത്തില്‍നിന്ന് രക്ഷിക്കാന്‍ ആയിരക്കണക്കിന് ആര്‍എസ്പി പടയാളികള്‍ സന്നദ്ധ ഭടന്മാരായി മുന്നോട്ടുനീങ്ങുമെന്ന് ടി കെ പ്രഖ്യാപിച്ചപ്പോള്‍ സദസ്യര്‍ ഒന്നടങ്കം കരഘോഷം മുഴക്കി അവരുടെ സന്നദ്ധത പ്രകടമാക്കിയെന്നായിരുന്നു പത്ര റിപ്പോര്‍ട്ടുകള്‍. 'ആര്‍എസ്പിയുടെ അഡ്രസ്സ് മാറ്റാന്‍ എം എന്ന് മീശ കുരുത്തിട്ടില്ലാ', "വിരിമാറ് കാട്ടാന്‍ തയ്യാര്‍ തയ്യാര്‍, തോക്കുകളൊക്കെ മിനുക്കിക്കോ, തയ്യാറാവൂ ഗോവിന്ദാ'' തുടങ്ങിയ മുദ്രാവാക്യങ്ങളെക്കുറിച്ചും പത്രങ്ങള്‍ വാചാലമായി. തുടര്‍ന്ന് മത്തായി മാഞ്ഞൂരാന്റെ കെഎസ്പിയും സമരരംഗത്തെത്തി. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ചെങ്കൊടിയേന്തിയ ചിലര്‍ കൂടി പോരിനിറങ്ങിയതോടെ വിമോചന സമരക്കാര്‍ ആവേശഭരിതരായി. അതുവരെ പിക്കറ്റിംഗില്‍നിന്നു വിട്ടുനിന്ന മുസ്ളീംലീഗ് ജൂണ്‍ 27 മുതല്‍ പിക്കറ്റിംഗുകളില്‍ പങ്കെടുത്തു തുടങ്ങി. ആദ്യദിനം തന്നെ പിക്കറ്റിംഗില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചവരില്‍ മുസ്ളീംലീഗ് എംഎല്‍എമാരായ അഹമ്മദ് കുരുക്കള്‍, അവുക്കാദര്‍ കുട്ടി നഹ എന്നിവരും ഉള്‍പ്പെട്ടു.

നെഹ്റുവിന്റെ വരവ്

ഇതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടു വിലയിരുത്താന്‍ നെഹ്റു എത്തുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടു. ജൂണ്‍ 22നാണ് എത്തുന്നതെന്നും വെളിവായി.

നെഹ്റു കേരളത്തിലെത്തുന്ന വിവരം സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ വിമോചനസമരക്കാര്‍ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന ഒരു പ്രകടനത്തിനു കോപ്പു കൂട്ടി തുടങ്ങി. ഓരോ ജില്ലകളില്‍നിന്നും നെഹ്റുവിനെ കാണാന്‍ പോവുന്നവരുടെ വിവരണങ്ങള്‍ കൊണ്ടു പത്രം നിറഞ്ഞു. ജൂണ്‍ 20ന്റെ മലയാള രാജ്യത്തില്‍ "കോട്ടയം ജില്ലയില്‍നിന്നുമാത്രം 3 ലക്ഷം പേര്‍ പുറപ്പെടുന്നു. അഞ്ചേരില്‍ വര്‍ക്കി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇവര്‍ നാളെ വൈകിട്ട് തിരുവനന്തപുരത്തേക്ക് നീങ്ങിത്തുടങ്ങും. ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ നിര്‍ത്തിവെച്ചാലും കാറുകള്‍ക്കും ലോറികള്‍ക്കും പെര്‍മിറ്റ് അനുവദിക്കാതിരുന്നാലും നടന്ന് എത്താന്‍ ആളുകള്‍ ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഛലോ ഛലോ തിരുവനന്തപുരം എന്ന ശബ്ദം ഇന്നു രാത്രി മുതല്‍ പൊതുനിരത്തുകളില്‍ കേള്‍ക്കാമെന്നാണ് വിമോചന സമരസമിതിയുടെ ഒരു വക്താവ് ഇന്ന് ഈ ലേഖകനോട് പറഞ്ഞത്...''.

ഈ പ്രചാരവേലക്കു ഫലമുണ്ടായി. 2.17ന് 'മേഘദൂതി'ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം രാജ്‌ഭവനിലേക്കു സഞ്ചരിച്ച 4 മൈല്‍ ദൂരവും പ്ളക്കാര്‍ഡുകളേന്തിയ വിമോചനസമരക്കാരാണ് നെഹ്റുവിനെ സ്വീകരിച്ചത്.

നെഹ്റുവിന്റെ കേരളദിനങ്ങളില്‍ സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗങ്ങളുടെ ബഹളമായിരുന്നു. നെഹ്റു തര്‍ജമ ചെയ്ത് ബുദ്ധിമുട്ടേണ്ട എന്നു കരുതിയാവണം മനോരമ ഇംഗ്ളീഷില്‍ തന്നെ മുഖപ്രസംഗമെഴുതി. "കേരള അജിറ്റേഷന്‍ ആന്റ് കോണ്‍സ്റ്റിറ്റ്യൂഷന്‍' എന്ന തലക്കെട്ടില്‍ 24നെഴുതിയ മുഖപ്രസംഗം എന്തുകൊണ്ട് സര്‍ക്കാരിനെ പിരിച്ചുവിടണം എന്നതിന് 6 കാരണങ്ങള്‍ എണ്ണി നിരത്തിക്കൊണാണ് അവസാനിച്ചത്.

1. 3 വര്‍ഷം കൂടി കമ്യൂണിസ്റ്റ് ഭരണം തുടര്‍ന്നാല്‍ ജനങ്ങള്‍ അസ്വസ്ഥരാവും.

2. സര്‍ക്കാരിന്റെ എല്ലാ നിര്‍ണായക പദവികളിലും കമ്യൂണിസ്റ്റുകാര്‍ നുഴഞ്ഞുകയറും.

3. നീണ്ട ഭീഷണിമൂലം കമ്യൂണിസം തിരഞ്ഞെടുക്കാന്‍ ജനം നിര്‍ബന്ധിതരാകും. ഭരിക്കുന്ന പാര്‍ടിയില്‍ ചേര്‍ന്നാലുള്ള ഗുണഫലങ്ങളും ജനത്തിനു പ്രേരണയാകും.

4. വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടി അടുത്ത തിരഞ്ഞെടുപ്പ് പ്രഹസനമാക്കും.

5. ഇന്ത്യയൊട്ടാകെ കമ്യൂണിസ്റ്റ് പ്രചാരണം നടത്താനുള്ള ഫണ്ട് കേരളത്തില്‍നിന്ന് സ്വരൂപിക്കാനാവും.

6. മൂന്നുവര്‍ഷക്കാലം കമ്യൂണിസ്റ്റ് തീവ്രവാദം പരത്തുന്ന ലക്ഷ്യങ്ങള്‍ നടപ്പിലായാല്‍ സന്മാര്‍ഗ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുപോകും.

ഒരുദിവസം വൈകി കേരളഭൂഷണവും 'വി അപ്പീല്‍ ടു പണ്ഡിറ്റ് നെഹ്റു' എന്ന തലക്കെട്ടില്‍ ഇംഗ്ളീഷ് മുഖപ്രസംഗമെഴുതി.

ജൂണ്‍ 25ന് രാവിലെ 8.15ന് അദ്ദേഹം തിരുവനന്തപുരത്തുനിന്നു വിമാനം കയറി. വിമാനത്താവളത്തില്‍ അദ്ദേഹം പത്രപ്രതിനിധികളോട് സംസാരിച്ചു.

ചോദ്യോത്തരങ്ങള്‍ ഇങ്ങനെ:-

കേരളത്തില്‍ കേന്ദ്രം ഇപ്പോള്‍ ഇടപെടുമോ?

"ഭാവിയില്‍ എന്ത് നടക്കുമെന്നെനിക്ക് പറയുക സാധ്യമല്ല. ഇപ്പോള്‍ കേന്ദ്രം ഇവിടെ ഇടപെടുകയല്ല ഉദ്ദേശം. ഏത് സംസ്ഥാനത്തായാലും കഴിയുന്നിടത്തോളം കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം.

കേരളത്തില്‍ ഒരു സാമുദായിക പ്രക്ഷോഭമാണ് നടക്കുന്നതെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ? എന്താണങ്ങയുടെ അഭിപ്രായം?

"എന്റെ അഭിപ്രായത്തില്‍ പല ഗതിയിലുള്ള ഒരു പ്രക്ഷോണമാണിത്. അതില്‍ സാമുദായിക ചായ്വും ഉള്‍പ്പെടുന്നുണ്ട്. പക്ഷേ അതിനപ്പുറത്തായി ഒരു ജനകീയ മുന്നേറ്റമാണിതില്‍ കാണുന്നത്. ഇത് സാമുദായികമാണോ അല്ലയോ എന്നൊക്കെ വിധിയെഴുതുന്നതില്‍ കാര്യമൊന്നുമില്ല.

സമരരീതികളെപ്പറ്റി വളരെയധികം ആക്ഷേപമുണ്ട്. അങ്ങയുടെ അഭിപ്രായമെന്താണ്?

പിക്കറ്റിംഗു നടത്തുന്നതിനോട് പ്രത്യേകിച്ചും സ്കൂളുകളും ബസ്സുകളും മറ്റും പിക്കറ്റു ചെയ്യുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും മറ്റും ഇതില്‍ ഉള്‍പ്പെടുത്തുന്നതും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വഴിയില്‍ തടഞ്ഞിടുന്നതും ശരിയല്ല.

ചോദ്യമില്ലാതെ തന്നെ മലയാള പത്രങ്ങളോട് അദ്ദേഹം ഒരു കാര്യം പറഞ്ഞു.

"ഒരു കാര്യം ഞാനിവിടത്തെ പത്രങ്ങളെ സംബന്ധിച്ച് പറയാനാഗ്രഹിക്കുന്നു. മലയാള പത്രങ്ങള്‍ അവയുടെ ശക്തിക്കും വീറിനും അതീതമായ ഒരു ഭാഷ സ്വീകരിച്ചിരിക്കുന്നതായി തോന്നുന്നു. ചില തര്‍ജ്ജമകളാണ് ഞാന്‍ വായിച്ചത്. കുറേക്കൂടി മിതമായ ഭാഷയില്‍ അവയുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ഞാനവയോടഭ്യര്‍ത്ഥിക്കുന്നു''.

വിമോചന സമരം ജനകീയ മുന്നേറ്റമാണെന്ന ഭാഗം പൊലിപ്പിച്ച് 'കേരളത്തിലേത് ബഹുജനമുന്നേറ്റമാണെന്ന് നെഹ്റു പറഞ്ഞെന്ന്' മനോരമയും ദീപികയും മലയാള രാജ്യവും ചന്ദ്രികയും എന്നുവേണ്ട സകല വിരുദ്ധരും എഴുതി. കേരളത്തിലിപ്പോള്‍ ഇടപെടാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്നതായിരുന്നു കേരള കൌമുദിയുടെ ലീഡ്. പിക്കറ്റിംഗിനെയും വിരുദ്ധ പത്രങ്ങളുടെ ഭാഷാ ശൈലിയെയുമെല്ലാം നെഹ്റു വിമര്‍ശിച്ചത് കമ്യൂണിസ്റ്റ് പത്രങ്ങളും തലക്കെട്ടാക്കി.

പോകുന്നതിനുമുമ്പ് നെഹ്റു മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇ എം എസ് മന്ത്രിസഭക്കു മുന്നില്‍വെച്ചത്.

1. പോലീസ് വെടിവെയ്പുകളെക്കുറിച്ച് അന്വേഷണം നടത്തണം.

2. വിദ്യാഭ്യാസ നിയമത്തിലെ 11-ാം വകുപ്പ് എടുത്തുകളയണം.

3. അശോക്‍മേത്ത പാര്‍ലമെണ്ടില്‍ ഉന്നയിച്ച 32 ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ 101 ശതമാനവും അംഗീകരിച്ചുകൊണ്ടാണ് ഇ എം എസ് മറുപടി നല്‍കിയത്. വെടിവെയ്പിനെക്കുറിച്ച് അന്വേഷിക്കാം. 11-ാം വകുപ്പ് സസ്പെന്റ് ചെയ്യാം. 32 ആരോപണങ്ങളെക്കുറിച്ച് കേന്ദ്രത്തിനു തന്നെ അന്വേഷണം നടത്താം. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ രാജിവെക്കാനും തയ്യാര്‍.

കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തിനായി ഏവരും ആകാംക്ഷയോടെ കാത്തിരുന്നു. 29ന് കേന്ദ്രത്തിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കി തീരുമാനം വന്നു. 'ഗവണ്‍മെന്റ്രാജിവെക്കുക, തിരഞ്ഞെടുപ്പിനെ നേരിടുക'.

സര്‍ക്കാരിനെ തിരുത്തുകയോ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റുകയോ ആയിരുന്നില്ല വിമോചന സമരത്തിന്റെ ലക്ഷ്യമെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാക്കിക്കൊണ്ട് അങ്ങനെ 1959 ജൂണ്‍ അവസാനിച്ചു.

*
എസ് കല കടപ്പാട്: ചിന്ത വാരിക 26 ജൂണ്‍ 2009