Showing posts with label ജലദിനം. Show all posts
Showing posts with label ജലദിനം. Show all posts

Wednesday, October 9, 2013

കുടിവെള്ളം ഭരണഘടനാവകാശം

മനുഷ്യന്റെ കുടിവെള്ളത്തിന്മേലുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച് അംഗീകരിക്കപ്പെടേണ്ടതാണ്. ഈ അവകാശത്തില്‍നിന്നുള്ള വ്യതിയാനം 2002 ലെ കേന്ദ്ര ജലനയത്തിന്റെ തുടര്‍ച്ചയായും 2012ലെ കരടുജലനയത്തിന്റെ ഭാഗമായും സംഭവിച്ചതാണ്. പണമുള്ളവന് വെള്ളം എന്ന അവസ്ഥയില്‍നിന്ന്, ആ പണം വെള്ളത്തിന്റെ ഉല്‍പ്പാദനച്ചെലവ് അനുസരിച്ചും ഈടാക്കപ്പെടേണ്ടതാണെന്നാണ് ഈ നയങ്ങള്‍ ഉദ്ഘോഷിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് ഇന്ത്യാ ഗവണ്‍മെന്റിനെതിരെ നല്‍കിയ കേസില്‍ സുപ്രീംകോടതി ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഏഷ്യാഡ് പദ്ധതികളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളവും താമസ സൗകര്യങ്ങളും ഒപ്പം കുടിവെള്ളവും ഉറപ്പാക്കാന്‍ ഉത്തരവ് നല്‍കി. പണമുള്ളവന് വെള്ളം; ഉല്‍പ്പാദനച്ചെലവിന് അനുസൃതമായി അതിന്റെ വില നിശ്ചയിക്കണം എന്നു പറയുമ്പോള്‍ ആരാണ് ജലം ഉല്‍പ്പാദിപ്പിക്കുന്നത് എന്ന ചോദ്യം ഉയരും.

കുടിവെള്ളം ഉല്‍പ്പന്നമായും ചരക്കായും മാറ്റപ്പെടുകയാണ്. പ്രകൃതിവിഭവങ്ങളുടെമേലുള്ള ജീവജാലങ്ങളുടെ അവകാശം അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല. ഈ നയത്തിന്റെയും സമീപനത്തിന്റെയും ഉല്‍പ്പന്നമാണ് "സിയാല്‍" മോഡല്‍ കുടിവെള്ളക്കമ്പനി, അഥവാ "കേരളാ ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ്" എന്ന പേരില്‍ കേരളത്തില്‍ നടപ്പാക്കുന്നത്. 51 ശതമാനം സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ആ കമ്പനി. അതില്‍നിന്നുതന്നെ താല്‍പ്പര്യങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തം. അത് അറിയുന്നവര്‍തന്നെയാണ് 2012 ഡിസംബര്‍ 31ന് കമ്പനി സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 26 ശതമാനം സര്‍ക്കാര്‍ ഇക്വിറ്റിയും, 23 ശതമാനം വാട്ടര്‍ അതോറിറ്റിയുടെ ഇക്വിറ്റിയും ചേര്‍ന്നാല്‍ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിനു പുറത്താണെന്നും സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ഇതിന്റെ ദുരന്തങ്ങള്‍ കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിഷേധമുയര്‍ത്തി. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ നേതാക്കളും നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടത്തില്‍ ചേര്‍ന്നു. അതോടെയാണ് സര്‍ക്കാരിന് താല്‍ക്കാലികമായെങ്കിലും പിന്നോക്കം പോകേണ്ടിവന്നത്്. നിവൃത്തിയില്ലാതെയാണെങ്കിലും ഏഴ് യുഡിഎഫ് എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ജനാധിപത്യരാജ്യത്ത് പ്രയോഗിക്കാനും കേള്‍ക്കാനും സുഖമുള്ള വാക്കാണ് ജനപങ്കാളിത്തം. ഈ സൗകര്യമുപയോഗിച്ച് പൊതുസേവനമേഖലകളെ ഇല്ലാതാക്കാനും, ദുര്‍ബലപ്പെടുത്താനുമുള്ള ലോകബാങ്കിന്റെ തന്ത്രങ്ങളുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്. "ജലനിധി" പദ്ധതി. 10 ശതമാനം ഗുണഭോക്തൃ വിഹിതം, 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിഹിതം 75 ശതമാനം ലോകബാങ്കിന്റെ വായ്പത്തുക- ഇങ്ങനെ സമാഹരിച്ച് പദ്ധതി നടപ്പാക്കിയാല്‍ ലോകബാങ്ക് തുക തിരിച്ചടയ്ക്കേണ്ടെന്ന പ്രചാരണമാണ് നടത്തിയത്. യാഥാര്‍ഥ്യം മറ്റൊന്നാണ്. കേന്ദ്രസര്‍ക്കാര്‍ പലിശയും മുതലും സംസ്ഥാനത്തിന്റെ പദ്ധതിവിഹിതത്തില്‍നിന്ന് കുറവുചെയ്ത് ലോകബാങ്കിന് നല്‍കും എന്നാണ് ധാരണാപത്രം. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള ഗ്രാന്റില്‍ തുക തട്ടിക്കിഴിക്കും. വ്യക്തികളാരും തുക നേരിട്ടടയ്ക്കുന്നില്ല എന്ന കൗശലമുപയോഗിച്ച്, ഭരണഘടനയുടെ 73,74 ഭേദഗതികളിലൂടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പദ്ധതി എത്തിച്ചേരുന്നു. വേണ്ടത്ര സാങ്കേതിക പഠനങ്ങളൊന്നും നടത്താതെയാണ് പദ്ധതികള്‍ പലതും നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി സ്രോതസ്സുകള്‍ പരാജയപ്പെട്ടും ഗുണനിലവാരം പരിപാലിക്കാന്‍ കഴിയാതെയും വരുന്നു. അങ്ങനെയുള്ള പരാജിത പദ്ധതിയാണ് ഗുണഭോക്താക്കളെ ഏല്‍പ്പിക്കുന്നത്. വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ കഴിയാതെ, പമ്പും മോട്ടോറുകളും ശരിയാക്കാന്‍ കഴിയാതെ, അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ കഴിയാതെ ഗുണഭോക്തൃസമിതികള്‍ പദ്ധതി ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തും.

ജലനിധി ഒന്നാംഘട്ടം നടപ്പാക്കികഴിഞ്ഞപ്പോള്‍ 360 കോടിയിലധികം രൂപ ചെലവാക്കിയെങ്കിലും ബഹുഭൂരിപക്ഷം പദ്ധതികളും പരാജയപ്പെട്ടു എന്നതാണനുഭവം. അട്ടപ്പാടിയില്‍ ആദിവാസി സമൂഹത്തിന് ഗുണഭോക്തൃവിഹിതത്തില്‍ ഇളവുകള്‍ അനുവദിച്ചും അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട് ഏറ്റെടുത്തും പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, തുടര്‍ ചെലവുകള്‍ വഹിക്കാന്‍ ആദിവാസികള്‍ക്ക് കഴിഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ അവര്‍ പദ്ധതിക്കു പുറത്താവുകയോ, പദ്ധതിതന്നെ പരാജയപ്പെടുകയോചെയ്തു. കുടിവെള്ളം കിട്ടാതായപ്പോള്‍ കിട്ടിയ വെള്ളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി. അത് രോഗബാധയിലേക്ക് നയിച്ചു. സര്‍ക്കാര്‍ ഇപ്പോഴും ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. കുടിവെള്ളം എന്ന അവകാശം സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ പോരാട്ടങ്ങളിലേക്കിറങ്ങേണ്ടതിന്റെ അനിവാര്യതയ്ക്കാണ് ഈ അനുഭവങ്ങള്‍ അടിവരയിടുന്നത്.

*
ജെ മോഹന്‍കുമാര്‍ (കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Friday, March 23, 2012

കുടിവെള്ളവും വിലക്കുമ്പോള്‍

എല്ലാവര്‍ക്കും കുടിവെള്ളമെന്ന മുദ്രാവാക്യം കഴിഞ്ഞ കുറെ ദശകങ്ങളായി ലോകമെമ്പാടും പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും, ശുദ്ധജലം അപ്രാപ്യമായവരുടെ എണ്ണം ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കൂടിവരുന്നു. ലോകമെമ്പാടും കുടിവെള്ളം വാണിജ്യവസ്തുവാകുകയും അതിന്റെ നിയന്ത്രണം ബഹുരാഷ്ട്രഭീമന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. കുപ്പിവെള്ള കച്ചവടരംഗത്ത് പെപ്സി, കൊക്കകോള തുടങ്ങിയവര്‍ വ്യാപരിക്കുമ്പോള്‍ കുടിവെള്ളപദ്ധതികള്‍ നടപ്പാക്കാന്‍ ഫ്രഞ്ചുഭീമനായ വിയോളിയയെപ്പോലുള്ളവര്‍ ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ ആധിപത്യം ഉറപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു ബൃഹത്തായ ദേശീയ ജലനയം ഉണ്ടാകുന്നത് 1987ലാണ്. അന്നുമുതല്‍ ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ ജലനയങ്ങളിലും കുടിവെള്ളത്തിന് ഒന്നാംസ്ഥാനം നല്‍കി വരുന്നു. കാരണം, ഏറ്റവുമധികം വിപണന സാധ്യത അതിനാണെന്നുള്ളതാണ്. "87ലെ ജലനയത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് 2002ലെ ജലനയത്തിലുള്ളത്.

സ്വകാര്യ പങ്കാളിത്തം ഈ രംഗത്ത് ഉറപ്പാക്കുന്ന നയമാണ് പ്രഖ്യാപിച്ചത്. അതുപോലെ വെള്ളത്തിന്റെ വില അതിന്റെ പരിപാലനച്ചെലവ് അടങ്ങുന്ന തരത്തില്‍ നിര്‍ണയിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നു. തുടര്‍ന്ന് പത്തുവര്‍ഷത്തിനുശേഷം 2012ല്‍ പുറത്തുവന്ന കേന്ദ്രജലനയത്തിന്റെ കരടിലും അംഗീകാരം നല്‍കിയതിലും സ്വകാര്യ പങ്കാളിത്തത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ സേവന ദാതാവ് എന്ന നിലയില്‍നിന്നു മാറി മാര്‍ഗദര്‍ശിമാത്രമായി മാറണമെന്നും നിഷ്കര്‍ഷിക്കുന്നു. സേവനമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റനയം, കുടിവെള്ളരംഗത്തും ഉണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇവിടെയും പരിപാലനച്ചെലവ് പൂര്‍ണമായും ഉപയോക്താവില്‍നിന്ന് ഈടാക്കാനുള്ള നിര്‍ദേശങ്ങളുണ്ട്. വെള്ളത്തെ വിപണനച്ചരക്കായിക്കണ്ട് പരമാവധി വില ഈടാക്കണമെന്നാണ് അതിനര്‍ഥം. ഭൂഗര്‍ഭജലത്തിന്റെ സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി മുന്നോട്ടുവയ്ക്കുന്ന ഒരു നിര്‍ദേശം വളരെ അപകടകരമാണ്. അത് ഇന്ത്യന്‍ ഈസ്മെന്റ് ആക്ട് 1832 ഭേദഗതി ചെയ്യണമെന്നുള്ളതാണ്. വ്യക്തിക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും അതിനടിയിലുള്ള വെള്ളവും മുകളിലുള്ള വായുവും എല്ലാം പിടിച്ചെടുത്ത് സ്വകാര്യവ്യാപാരികള്‍ക്ക് നല്‍കാന്‍ കഴിയുമോ എന്നുള്ള പരിശോധനവരെ എത്തിയിട്ടുണ്ടാകും!

അതുപോലെയാണ്, വൈദ്യുതിയുടെയും വെള്ളത്തിന്റെയും വിലക്കുറവ്, അത് രണ്ടും ദുരുപയോഗം ചെയ്യാന്‍ പ്രേരകമാകുന്നുണ്ടെന്നും അതിനാല്‍ രണ്ടിന്റെയും വില വര്‍ധിപ്പിക്കണമെന്നുമുള്ള സൂചനയും. വാട്ടര്‍ റഗുലേറ്ററി അതോറിറ്റി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കണമെന്ന കരടിലെ നിര്‍ദേശം പുറത്തുവരുന്നതിനുമുമ്പുതന്നെ 2011 നവംബര്‍ 30ന് സംസ്ഥാനത്ത് കേരള സ്റ്റേറ്റ് വാട്ടര്‍ റിസോഴ്സസ് റഗുലേറ്ററി അതോറിറ്റി ഓര്‍ഡിനന്‍സ് - 2011 പ്രാബല്യത്തില്‍ വന്നു എന്നതുതന്നെ ഈ ജനവിരുദ്ധനയങ്ങള്‍ ഒരു ദിവസം മുമ്പേ നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ വ്യഗ്രതയാണ് കാണിക്കുന്നത്. അതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സപ്തധാരാ പദ്ധതിയില്‍ സിയാല്‍ മോഡല്‍ കുടിവെള്ളക്കമ്പനിയും തൃശൂരില്‍ തളിക്കുളത്ത് ഉദ്ഘാടനം ചെയ്ത പുരപദ്ധതിയും. കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ നയപ്രഖ്യാപനങ്ങളും ബജറ്റുകളും പരിശോധിച്ചാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഒരു പുതിയ പദ്ധതിപോലുമില്ല എന്നു കാണാം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന (മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച) 114 പദ്ധതികള്‍ പൂര്‍ത്തീകരിക്കും എന്നുമാത്രമേ കേരള സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുള്ളൂ. ഇന്ത്യയില്‍ സബ്സിഡികള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പുത്തന്‍ സാമ്പത്തികനയത്തിന്റെ അപ്പോസ്തലന്മാരായ മുതലാളിത്ത ശക്തികള്‍ നിര്‍ദേശിക്കുമ്പോള്‍ അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് നാടുകളില്‍പ്പോലും കുടിവെള്ളം സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.

അതുപോലെ ഗൗരവതരമായ പ്രശ്നമാണ് നദീസംയോജനവുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളും കേരള സര്‍ക്കാരിന്റെ അലംഭാവം നിറഞ്ഞ നിലപാടുകളും.അറബിക്കടലില്‍ പതിക്കുന്ന നദികള്‍ ഒരു ആവാസവ്യവസ്ഥയെ സംരക്ഷിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നു പറഞ്ഞ് വീണ്ടുവിചാരമില്ലാതെ, മറ്റെങ്ങോട്ടു കൊണ്ടുപോയാലും, അത് ഈ സംസ്ഥാനത്തെ മരുഭൂമിയാക്കി മാറ്റും എന്ന കാര്യകൂടി ഓര്‍ക്കണം. 2012ലെ ജലദിനം പിന്നിടുമ്പോള്‍ നാം കടുത്ത വരള്‍ച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കുമാണ് പോകുന്നത്. ജലത്തെ ശരിയായ രൂപത്തില്‍ ഉപയോഗിക്കാനും ദുരുപയോഗം നിയന്ത്രിക്കാനുമുള്ള ജലസാക്ഷരമായ സംസ്കാരം വളര്‍ത്തിയെടുക്കണം. അതിനായി ഇത്തരം കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും കുട്ടികളെമുതല്‍ അവബോധമുളവാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അതോടൊപ്പം സാമ്രാജ്യത്വ, ബഹുരാഷ്ട്ര, തദ്ദേശീയ കുത്തകകള്‍ക്ക് കുടിവെള്ളം തീറെഴുതുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭവും ഉയര്‍ന്നുവരേണ്ടതുണ്ട്.

*
കെ മോഹന്‍കുമാര്‍ (കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 22 മാര്‍ച്ച് 2012

Monday, January 23, 2012

ജലം വാണിജ്യവസ്തുവല്ല

ജലം "അമൂല്യ"മാണെന്നു കേരളീയരെ പഠിപ്പിച്ചത് ലോകബാങ്കാണ്. അമൂല്യമെന്ന് അവര്‍ വിശേഷിപ്പിച്ചത് അതിന്റെ മഹത്വത്തെയല്ല, സാമ്പത്തികാടിസ്ഥാനത്തിലുള്ള മൂല്യത്തെയാണെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകി. ജലത്തെ നീല സ്വര്‍ണമെന്നും ദ്രവസ്വര്‍ണമെന്നും ലോകബാങ്ക് വിശേഷിപ്പിക്കുന്നുണ്ട്. ഒരുവര്‍ഷം ശരാശരി 3055 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന, 44 നദികളുള്ള, ചതുരശ്ര കിലോമീറ്ററിന് ശരാശരി 250 കിണറുള്ള കേരളീയര്‍ക്ക് ഈ വിശേഷണങ്ങളൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല. എന്നാല്‍ , കുടിവെള്ളത്തിന് "സിയാല്‍" മോഡല്‍ കമ്പനി രൂപീകരിക്കാന്‍ തീരുമാനിക്കുകയും വെള്ളത്തിന്റെ ഉപയോഗവും വിലയും നിര്‍ണയിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി വേണമെന്ന് തീരുമാനിക്കുകയും ജലത്തെ സമാവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. കേരളത്തിലെ ഗ്രാമീണ ജനതയുടെ 68 ശതമാനത്തിനും നഗരവാസികളുടെ 87 ശതമാനത്തിനും പൈപ്പുവെള്ളം ലഭ്യമാക്കുന്നുണ്ട്. ഇത് കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കേരളാ വാട്ടര്‍ അതോറിറ്റിയാണ് മുഖേനയാണ്.

1930കളില്‍ രാജഭരണകാലത്ത് തിരുവിതാംകൂറില്‍ നടപ്പാക്കിയ വെല്ലിങ്ടണ്‍ വാട്ടര്‍ വര്‍ക്സും പാലക്കാട് കൊല്ലങ്കോട് രാജാവ് നടപ്പാക്കിയ കുടിവെള്ളപദ്ധതിയിലും തുടങ്ങി, സംസ്ഥാന രൂപീകരണംമുതല്‍ പിഡബ്ല്യുഡി ആയും പിന്നീട് പിഎച്ച്ഇഡി ആയും 1984 ഏപ്രില്‍ ഒന്നുമുതല്‍ കേരളാ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ അതോറിറ്റിയായും 1986 മുതല്‍ കേരളാ വാട്ടര്‍ അതോറിറ്റിയായും അറിയപ്പെടുന്ന സ്ഥാപനത്തിന്റെ നേട്ടമാണത്. ഇന്ന് ഇന്ത്യയില്‍ 24 മണിക്കൂറും പൈപ്പുവഴി ശുദ്ധജലവിതരണമുള്ള ഏക നഗരം തിരുവനന്തപുരമായിരിക്കും. പൊതുമേഖലാ സ്ഥാപനത്തിന്റെ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകാമെങ്കിലും മേല്‍ സൂചിപ്പിച്ച വളര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ച ഈ സ്ഥാപനത്തെ ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇന്ന് വാട്ടര്‍ അതോറിറ്റി വിവിധ സ്രോതസ്സുകള്‍വഴി ഏകദേശം 6000 കോടിരൂപയുടെ പദ്ധതികള്‍ നടത്തുന്ന സ്ഥാപനമാണ്. 11 രൂപ 11 പൈസ ശുദ്ധീകരണ- വിതരണ ചെലവുവരുന്ന ആയിരം ലിറ്റര്‍ വെള്ളം നാലുരൂപ 50 പൈസയ്ക്കാണ് അതോറിറ്റി വിതരണംചെയ്യുന്നത്. 10 കിലോലിറ്റര്‍വരെയുള്ള വെള്ളം ബിപിഎല്‍ വിഭാഗത്തിന് സൗജന്യമാണ്.
സംസ്ഥാനത്തെമ്പാടുമായി ഒന്നരലക്ഷത്തിലധികം പൊതുടാപ്പുകളുണ്ട്. 12 ലക്ഷം കണക്ഷനുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ 60 ശതമാനം ജനങ്ങള്‍ക്കും കൊച്ചി നഗരത്തില്‍ 10 ശതമാനം ജനങ്ങള്‍ക്കും സ്വിവറേജ് സംവിധാനവുമുണ്ട്. 12-ാം പഞ്ചവത്സരപദ്ധതിയില്‍ 100 ശതമാനം പൈപ്പുവഴിയുള്ള കുടിവെള്ളവിതരണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്ഥാപന ശാക്തീകരണത്തിന്റെ ഭാഗമായി വൈവിധ്യവല്‍ക്കരണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി. കുപ്പിവെള്ള ഫാക്ടറികളും പിവിസി പൈപ്പ് ഫാക്ടറിയും തുടങ്ങാനും തീരുമാനിക്കുകയും അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയുംചെയ്തു. ഈ പദ്ധതികളെ അട്ടിമറിക്കാനും സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സപ്തധാരാ പദ്ധതിയിലെ സിയാല്‍ മോഡല്‍ "കുടിവെള്ളക്കമ്പനി". 25 പൈസയ്ക്ക് ഒരുലിറ്റര്‍ വെള്ളം നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതായത് ഒരു ശരാശരി കുടുംബത്തിന് ഒരു കിലോ ലിറ്റര്‍ (10,000 ലിറ്റര്‍) വെള്ളത്തിന് 2500 രൂപ നല്‍കണം. ഇന്നത്തെ നിരക്കില്‍ ഒരു കുടുംബത്തിന് 45 രൂപ ചെലവുവരുന്ന സ്ഥാനത്താണ് ഈ വിലയെന്നോര്‍ക്കണം.

ജലം ആരും ഉല്‍പ്പാദിപ്പിക്കുന്നില്ല. പ്രകൃതി സമ്പത്താണത്. എല്ലാ ജീവജാലങ്ങള്‍ക്കും അവകാശമുള്ള പ്രകൃതിസമ്പത്തിനെ പണമുള്ളവര്‍ കൈയടക്കി, പണമില്ലാത്തവന് നിഷേധിക്കുന്ന പ്രാകൃതമായ കാട്ടുനീതിയാണിത്. വെള്ളത്തെ പൊതുഉടമസ്ഥതയില്‍ നിലനിര്‍ത്തി, അതിന്റെ സന്തുലിതമായ വിതരണം ഉറപ്പാക്കുന്ന ജലനയമുള്ള സംസ്ഥാനത്താണ് ഇത്തരം തീരുമാനങ്ങളുണ്ടാകുന്നത്. വെള്ളത്തെപ്പോലും സ്വകാര്യ വാണിജ്യവസ്തുവാക്കുന്ന രാജ്യത്ത് മറ്റെന്തെല്ലാം ഇനി ഇപ്രകാരം വില്‍ക്കാനുണ്ട് എന്ന്് നോക്കിയാല്‍ മാത്രം മതി. ഇത്തരം നടപടികള്‍ക്ക് ഗതിവേഗം കൂട്ടാനും അതിനാവശ്യമായ തീരുമാനങ്ങള്‍ എടുക്കാനുമാണ് 2011 നവംബര്‍ 30ന് കേരള സംസ്ഥാന ജലവിഭവ റെഗുലേറ്ററി അതോറിറ്റി ഓര്‍ഡിനന്‍സ്-2011 ഇറക്കിയത്. ഇതിന്റെ ഭാവി പ്രവര്‍ത്തനം എന്തായിരിക്കും എന്നതിന് വൈദ്യുതി റെഗുലേറ്ററി കമീഷനും ടെലികോം റെഗുലേറ്ററി അതോറിറ്റിയും നമ്മുടെ മുമ്പിലുണ്ട്.

*
ജെ മോഹന്‍കുമാര്‍ (കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ - സിഐടിയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tuesday, March 22, 2011

ജലസമ്പത്ത് സംരക്ഷിക്കണം

ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കഴിഞ്ഞ മൂന്നു ദശകമായി ചര്‍ച്ചയും പഠനവും നടന്നതിന്റെ അടിസ്ഥാനത്തില്‍ ജലശാസ്ത്രം എന്ന ശാഖതന്നെ ഉദയംചെയ്തിട്ടുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള വാണിജ്യവിഭവമായി ജലത്തെ ഉപയോഗിക്കുന്ന ചിന്താധാരയും ഒരുഭാഗത്ത് ഉയര്‍ന്നുവന്നു. ലോകമെമ്പാടുമുള്ള ധന, മൂലധന ശക്തികള്‍ ജലമേഖലയില്‍ കടന്നുകൂടാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട് എന്ന യാഥാര്‍ഥ്യവും നമുക്ക് മുന്നിലുണ്ട്. ജലത്തെ ജീവലായിനി, ഔഷധം, രോഗവാഹ, ഭീകരരൂപി എന്നിങ്ങനെ നാലായി തിരിക്കാം. ഭൂമിയുടെ അടിസ്ഥാന സ്രോതസ്സ് 'ജലചക്രം' എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ഇത് പ്രകൃതിദത്തമായ വളരെ ബൃഹത്തായ ശുദ്ധീകരണ പ്രക്രിയയാണ്. കേരളത്തില്‍മാത്രം വര്‍ഷം ഏകദേശം 120 ഘന കിലോമീറ്റര്‍ ജലം മഴയായി ലഭിക്കുന്നുണ്ട്. മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലെ അറകളിലും ജലം കിനിഞ്ഞിറങ്ങി സംരക്ഷിക്കപ്പെടുന്നു. ഇങ്ങനെ ബന്ധിത ജലശേഖരവും ബന്ധിതമല്ലാത്ത ജലശേഖരവും രൂപപ്പെടുന്നു. ജലവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ജലത്തിന്റെ അപര്യാപ്തത, മലിനീകരണം, വെള്ളപ്പൊക്കം എന്നിവയാണ്. ഈ മൂന്നു പ്രശ്നവും പരിഹരിക്കാന്‍ ശാസ്ത്രീയമായ ജലമാനേജ്മെന്റ് സംവിധാനം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. കേരള ജലനയത്തില്‍ വിഭാവനംചെയ്തതുപോലെ നീര്‍ത്തടാധിഷ്ഠിത ആസൂത്രണ പ്രക്രിയയിലൂടെ ഇത് സാധ്യമാകും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിത പ്രവര്‍ത്തനം നിയമവിധേയമായി നടപ്പാക്കണം. ദീര്‍ഘകാല ആസൂത്രണം ഈ രംഗത്ത് അനിവാര്യമാണ്. മണല്‍ഘനനം കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് നീര്‍ത്തടങ്ങള്‍ സമ്പുഷ്ടമാക്കണം. വികേന്ദ്രീകൃത സ്വഭാവത്തില്‍ ജലമാനേജ്മെന്റ് സംവിധാനം ഉണ്ടാക്കണം. ഏത് ആവശ്യത്തിന് ഉപയോഗിച്ചാലും ഉപയോഗിക്കുന്നവര്‍ നീര്‍ത്തടങ്ങളിലേക്കുള്ള റീച്ചാര്‍ജിന്റെ ഉത്തരവാദിത്തവും ഏല്‍ക്കണം. ഫലപ്രദമായ മാലിന്യ സംസ്കരണരീതിയിലൂടെ ജലം മലിനീകരിക്കപ്പെടുന്നത് തടയാവുന്നതാണ്.

ജലവിഭവരംഗത്ത് വാണിജ്യതാല്‍പ്പര്യത്തോടെ കടന്നെത്തുന്ന വന്‍കിട കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതാണ് 2002ലെ കേന്ദ്ര ജലനയം. നിയന്ത്രണങ്ങള്‍ നാമമാത്രമാക്കുകയും കമ്പനികള്‍ക്ക് ജലചൂഷണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതിയില്‍നിന്ന് ഇത് മനസ്സിലാക്കാന്‍ കഴിയും.

ജലവിഭവ വിനിയോഗത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത് ഗാര്‍ഹിക ആവശ്യത്തിനാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തുന്നത് പ്രധാനമായും കിണറുകളില്‍നിന്നാണ്. ലോകത്ത് കിണര്‍ സാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏകദേശം 50 ലക്ഷം കിണര്‍ കേരളത്തിലുണ്ട്. നഗരങ്ങളില്‍ പൈപ്പുവഴിയാണ് ജലം വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും പൈപ്പിലൂടെ വെള്ളമെത്തിക്കുക കേരളത്തിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ കിണറുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ജലവിതരണരംഗത്ത് ഏറ്റവും പ്രധാനപ്പെട്ടത് കിണറുകളാണെന്നു മനസ്സിലാക്കി ആവശ്യമായ ഇടപെടല്‍ നടത്തിയാല്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കും. കിണറും കുളവും സംരക്ഷിക്കാനായി ഇവയുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളില്‍ കൊണ്ടൂര്‍ മാപ്പിങ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ടര്‍ഫിങ്, പീച്ചിങ് ഉള്‍പ്പെടെയുള്ള മണ്ണ്, ജലസംരക്ഷണ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും കഴിയും.

പൈപ്പുവഴി ശുദ്ധജലവിതരണം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് കേരള വാട്ടര്‍ അതോറിറ്റി. 1984ലാണ് അതോറിറ്റിനിലവില്‍ വന്നത്. ഈ പൊതുമേഖലാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം മാതൃകാപരമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ജലവിതരണം നടത്തുന്നത്. എന്നാല്‍, കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളമെത്തിക്കുന്നു. സാമ്പത്തിക പരാധീനതമൂലം ഗ്രാമീണ ശുദ്ധജലപദ്ധതി ഫലപ്രദമല്ലാതായിത്തീരുകയും പുതിയവ ഏറ്റെടുത്ത് നടത്താന്‍ കഴിയാതെ വരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ലോകബാങ്കിന്റെ സഹായത്തോടെ ജലനിധി പദ്ധതി തുടങ്ങിയത്. ഇതുകൂടാതെ വാട്ടര്‍ അതോറിറ്റിയുടെ സ്വജല്‍ധാര എന്ന പദ്ധതിയും നടത്തുന്നുണ്ട്. ഈ പദ്ധതികളുടെ പരിപാലന-നിര്‍വഹണം ജനകീയ കമ്മിറ്റികളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഭരണഘടനാപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പെങ്കിലും ഇത് കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്ന അപകടകരമായ സാഹചര്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് ഭരണഘടനാപരമായി നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പുനഃക്രമീകരിക്കേണ്ടതുണ്ട്.

ലോക ജലദിന ചര്‍ച്ചകളില്‍ ജലസമ്പത്തിന്റെ വാണിജ്യവല്‍ക്കരണനയത്തെയും ഇതിന് ബദലായ പൊതുപരിപാലനത്തെയും അടിസ്ഥാനപ്പെടുത്തി ചര്‍ച്ചകളുണ്ടാകണം. ജലസമ്പത്ത് വാണിജ്യവല്‍ക്കരിച്ച് കൊള്ളലാഭം കൊയ്യാനെത്തുന്ന വന്‍കിടക്കാരെ ചെറുത്തുനിന്ന് നമ്മുടെ ജലസമ്പത്ത് സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഈ ജലദിനത്തില്‍ പ്രതിജ്ഞചെയ്യാം.

*
ജെ ശശാങ്കന്‍ (കെഡബ്ള്യുഎഇയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
കടപ്പാട്: ദേശാഭിമാനി ദിനപത്രം 22 മാര്‍ച്ച് 2011