Showing posts with label സൈനിക താവളം. Show all posts
Showing posts with label സൈനിക താവളം. Show all posts

Friday, September 3, 2010

വരുന്നൂ ആയുധ പ്രളയം

Come you masters of war
You that build all the guns
You that build the death planes
You that build the big bombs
You that hide behind walls
You that hide behind desks
I just want you to know
I can see through your masks

Bob Dylan about the US weapons industry in the song Masters of War.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിക്കവെ 1961ല്‍ നടത്തിയ പ്രസംഗത്തില്‍ ഐസന്‍ഹോവര്‍ 'സൈനികവ്യവസായ ശൃംഖലയുടെ' സമഗ്രസ്വാധീനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ഇതിന്റെ സ്വാധീനം അപാരമാണ്...സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായി പോലും...അമേരിക്കയിലെ ഓരോ നഗരത്തിലും ഓരോ സംസ്ഥാനത്തും ഓരോ ഓഫീസിലും ഇത് അനുഭവപ്പെടുന്നു''. സര്‍വസൈന്യാധിപനും യുദ്ധവീരനുമായിരുന്ന ഐസന്‍ഹോവര്‍ ആഭ്യന്തരവ്യവസായത്തില്‍ പിടിമുറുക്കുന്ന സൈനികപേശീബലം തിരിച്ചറിഞ്ഞു. അദ്ദേഹം താക്കീത് നല്‍കി: "ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് മനസിലാക്കുന്നതില്‍ നമുക്ക് വീഴ്ച ഉണ്ടാകരുത്...സര്‍ക്കാര്‍ സംവിധാനത്തില്‍ സൈനികവ്യവസായ ശൃംഖല ചെലുത്തുന്ന സമ്മര്‍ദത്തെ നാം ചെറുക്കണം''.

അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ കുപ്രസിദ്ധമായ സൈനികവ്യവസായ ശൃംഖലയുടെ സ്വാധീനം കുറയുകയല്ല, വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. തുടര്‍ച്ചയായി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത്, വിയറ്റ്നാം യുദ്ധത്തിനുശേഷം ആയുധവ്യാപാരം നിയന്ത്രിക്കുമെന്ന് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ ജിമ്മി കാര്‍ട്ടറുടെ ഭരണത്തിനുപോലും സൈനികവ്യവസായ ശൃംഖലയുടെ വളര്‍ച്ച തടയാനായില്ല. റിപ്പബ്ളിക്കന്മാരുടെ ഭരണകാലത്താണ് ആയുധവ്യാപാരം തഴച്ചുവളരുന്നതെന്ന പൊതുധാരണയ്ക്ക് വിപരീതമായി ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളും ആയുധവ്യവസായികള്‍ക്ക് മുന്നില്‍ കുമ്പിടുന്നു. റൊണാള്‍ഡ് റെയ്ഗണിന്റെ ഭരണത്തില്‍ ആയുധവ്യാപാരം സര്‍വ അതിരുകളും ലംഘിച്ചു. ആഭാസകരമായ അഴിമതികള്‍ അരങ്ങേറി. ക്ളിന്റന്‍ സര്‍ക്കാരും ഇതേ ശൈലി തുടര്‍ന്നു. പിന്നീട് സെപ്തംബര്‍ 11...ഇറാഖ്...അഫ്ഗാനിസ്ഥാന്‍...പാകിസ്ഥാനിലും. ഇപ്പോള്‍ ഈ ഭീകരജീവിയുടെ നിഴല്‍ ഇന്ത്യക്കുമേലാണ് പതിഞ്ഞിരിക്കുന്നത്.

എല്ലാ ഏറ്റുമുട്ടലുകളുടെയും പ്രയോജനം 'യുദ്ധത്തിന്റെ യജമാനന്മാര്‍ക്കാണ്' ലഭിക്കുന്നത്. ഡൊമിനിക്കന്‍ എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ജുവാന്‍ ബോക്സ് ദശകങ്ങള്‍ക്കുമുമ്പ് എഴുതിയ'പെന്റഗണിസം: സാമ്രാജ്യത്വത്തിന് പകരമുള്ളത്' എന്ന ലേഖനത്തില്‍ അമേരിക്കയെ 'പെന്റഗവല്‍ക്കരിക്കപ്പെട്ട സമൂഹമായി' വിശേഷിപ്പിച്ചു. ഇവിടെ രാജ്യാന്തരനയം നിയന്ത്രിക്കുന്നത് സിവില്‍ ഭരണസംവിധാനമല്ല, കൂടെക്കൂടെ യുദ്ധം നടക്കണമെന്ന് ആഗ്രഹിക്കുന്ന പെന്റഗ ആണ്. യുദ്ധങ്ങള്‍ ആവര്‍ത്തിച്ചാലേ ഇവര്‍ക്ക് കൂടുതല്‍ ആയുധക്കരാറുകള്‍ നേടാനും വ്യവസായം വിപുലമാക്കാനും കഴിയൂ. 2003ല്‍ പ്രസിദ്ധീകരിച്ച 'സ്കെയര്‍ ക്രൌ' എന്ന നോവലില്‍ ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ മാത്യു റീലി സൈനികവ്യവസായ ശൃംഖലയുടെ ലോകവ്യാപകമായ ബന്ധങ്ങള്‍ വെളിപ്പെടുത്തി. 2005ല്‍ പുറത്തിറങ്ങിയ, ആംനെസ്റി ഇന്റര്‍നാഷണല്‍ അംഗീകരിച്ച 'ലോര്‍ഡ് ഓഫ് വാര്‍' എന്ന ചലച്ചിത്രത്തിന്റെ പ്രമേയം സൈനികവ്യവസായ ശൃംഖല നടത്തുന്ന ആയുധ ഇടപാടുകളാണ്.

വിമര്‍ശനാത്മകമായോ സത്യസന്ധത വെടിഞ്ഞോ പറയുകയല്ല; യുദ്ധങ്ങളോ തുടര്‍ച്ചയായ സംഘര്‍ഷത്തിന്റെയും സംഘര്‍ഷസാധ്യതയുടെയും അവസ്ഥകളോ ആയുധവ്യവസായത്തിന് ഗുണകരമാണ്. സെപ്തംബര്‍ 11 സംഭവത്തിനുശേഷം അമേരിക്കയിലുണ്ടായ സാമ്പത്തിക കലക്കങ്ങളുടെയും മാന്ദ്യത്തിന്റെയും ദശകത്തിലും സൈനികവ്യവസായ ശൃംഖലയിലെ പ്രമുഖര്‍-അഞ്ച് പ്രധാന കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റപ്പ് ഗ്രൂമാന്‍, റെയ്തിയോ, ബോയിങ് ജനറല്‍ ഡൈനാമിക്സ് എന്നിവര്‍-പരസ്പരം പോര്‍വിളിക്കുന്ന രാജ്യങ്ങള്‍ക്ക് ആയുധങ്ങളും സാങ്കേതികവിദ്യയും വിറ്റഴിച്ച് വന്‍തോതില്‍ പണം സമ്പാദിച്ചു. ഒരേസമയം, ഇസ്രയേലിനും അവരുടെ അറബ് എതിരാളികള്‍ക്കും ഗ്രീസിനും തുര്‍ക്കിക്കും ദീര്‍ഘകാലമായി അമേരിക്കന്‍ ആയുധവ്യവസായത്തിന്റെ വിശ്വസ്ത ഇടപാടുകാരായ പാകിസ്ഥാനും അടുത്തിടെ കൂറുമാറിയ ഇന്ത്യക്കും. ഇരുതലമൂര്‍ച്ചയുള്ള ഈ കളിയുടെ ഒടുവിലത്തെ ഇരയാണ് ഇന്ത്യ.

ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റുമെന്ന വാഗ്ധോരണിയുടെ പേരില്‍ നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണകാലത്തും സ്ഥിതിഗതിയില്‍ തീരെ മാറ്റമില്ല. തിരക്കഥയില്‍ കുറച്ച് വ്യത്യാസമുണ്ടെങ്കിലും വ്യവസായം പതിവുപോലെ മുന്നേറുന്നു. വര്‍ധിച്ച തോതില്‍ സങ്കീര്‍ണമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും (ഡ്രോ വിമാനങ്ങള്‍, റോബോട്ടുകള്‍, ബാലിസ്റിക് പ്രതിരോധ മിസൈലുകള്‍) വിരാമമില്ലാത്ത സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ആയുധവ്യവസായികളുടെ മടിശീലയ്ക്ക് കനം കൂട്ടുന്നു.

അമേരിക്കയുടെ സാമ്പത്തികശക്തി ഉലഞ്ഞുതുടങ്ങിയിട്ടും അവരുടെ സൈനികപേശീബലത്തിന് ഇടിവൊന്നുമില്ല. 2010ല്‍ ലോകവ്യാപകമായി സൈനികച്ചെലവ് 1.4 ലക്ഷം കോടി ഡോളര്‍ വരുമെന്ന് കണക്കാക്കുന്നു. ഇതില്‍ പകുതിയിലേറെ (70,000 കോടി ഡോളറില്‍പ്പരം) അമേരിക്കയുടെ പങ്കായിരിക്കും. ലോകത്തെ മറ്റു രാജ്യങ്ങളുടെ പ്രതിരോധച്ചെലവ് മൊത്തത്തില്‍ കൂട്ടിയാല്‍പോലും അമേരിക്കയുടെ സൈനികബജറ്റോളം വരില്ല. ഇതില്‍ ഏറിയപങ്കും ആഗോളതലത്തില്‍ നടക്കുന്ന യുദ്ധങ്ങളില്‍നിന്ന് സൈനികവ്യവസായ ശൃംഖലയ്ക്ക് ലഭിക്കുന്നതാണ്. അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനവും രാജ്യത്ത് കൂടുതല്‍ തൊഴിലവസരവും ഉണ്ടാകാന്‍ ഇത് ഇടയാക്കുമെന്ന് അവിടത്തെ ജനപ്രതിനിധികള്‍ കരുതുന്നു.

അമേരിക്കയിലെ സ്വകാര്യമേഖലയില്‍ 1999 മെയ് മുതല്‍ 2009 മെയ് വരെ തൊഴിലവസരത്തില്‍ ഉണ്ടായ വര്‍ധന 1.1 ശതമാനം മാത്രമാണ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വര്‍ധനനിരക്കാണിത്. ആരോഗ്യമേഖലയില്‍ വളര്‍ച്ച താഴോട്ട്. നിര്‍മാണമേഖല 20 ശതമാനം ചുരുങ്ങി. വളര്‍ച്ച എങ്ങനെ നേടാനാകുമെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍, സൈനികവ്യവസായത്തില്‍ 2000നുശേഷം വളര്‍ച്ച ഇരട്ടിയായി. പതിനായിരക്കണക്കിന് പുതിയ തൊഴിലുകളുണ്ടായി.

സൈനികവ്യവസായ ശൃംഖലയ്ക്ക് വരുമാനത്തില്‍ 10 ശതമാനം മാത്രമാണ് കയറ്റുമതിയില്‍നിന്ന് ലഭിക്കുന്നത്. എന്നാല്‍, യുദ്ധാരവങ്ങള്‍ വിദേശത്തെ വില്‍പ്പന സജീവമാക്കുന്നു. ഉദാഹരണത്തിന്, അമേരിക്കന്‍ വ്യോമസേന പുതുതലമുറ യുദ്ധവിമാനങ്ങളിലേക്ക് മാറിയിട്ടും ലോക്ഹീഡ് മാര്‍ട്ടിന്റെ ടെക്സാസിലെ ഫോര്‍ട്ട്വേര്‍ത്ത് നിര്‍മാണശാലയില്‍നിന്ന് പാകിസ്ഥാനും തയ്വാനും വന്‍തോതില്‍ എഫ്-16 വിമാനങ്ങള്‍ വാങ്ങുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് 1030 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാമെന്ന് വാഷിങ്ട സമ്മതിച്ചിട്ടുള്ളതായി 2006ല്‍ അമേരിക്കന്‍ കോഗ്രസ് ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ മൊത്തം നടക്കുന്ന ഇടപാടിന്റെ 35.8 ശതമാനം. ആരാണ് വാങ്ങുന്നത്? കരാര്‍പ്രകാരം പാകിസ്ഥാന്‍. അവര്‍ 510 കോടി ഡോളറിന്റെ ആയുധം വാങ്ങുന്നു. രണ്ടാംസ്ഥാനത്ത് ഇന്ത്യ-350 കോടി ഡോളറിന്റെ ഇടപാട്, മൂന്നാമത് സൌദി അറേബ്യ-320 കോടി ഡോളര്‍. കാലം കുറച്ചു പിന്നിട്ടപ്പോള്‍ തിരക്കഥയില്‍ മാറ്റം. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനുള്ള ആയുധവില്‍പ്പനയില്‍ അമേരിക്ക കുറവ് വരുത്തി, ഇന്ത്യ ഉയര്‍ത്തുന്ന ഭീഷണിയെന്ന പേരില്‍ ഇതിനെതിരെ വാദങ്ങള്‍ ഉയര്‍ന്നെങ്കിലും. പകരം അമേരിക്ക ഇന്ത്യയില്‍ പുതിയ കമ്പോളം തുറന്നു.

കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കന്‍ കമ്പനികളും അവരുടെ യൂറോപ്യന്‍ പ്രതിയോഗികളും ന്യൂഡല്‍ഹിയില്‍ ശതകോടികളുടെ ആയുധവ്യാപാരത്തിനായി മേഞ്ഞുനടക്കുകയാണ്. ഇപ്പോഴും ഇന്ത്യയുടെ സൈനികച്ചെലവ് (മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ടുശതമാനം) പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണെങ്കിലും ഓരോ വര്‍ഷവും സൈനികബജറ്റ് 3000 കോടി ഡോളര്‍വീതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. പുതിയ ആയുധങ്ങളും യുദ്ധസാങ്കേതികവിദ്യയും കരസ്ഥമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.

2010 ഇന്ത്യക്ക് നിര്‍ണായക വര്‍ഷമാണ്. ചൈനയെയും പാകിസ്ഥാനെയും നേരിടാനെന്ന പേരില്‍ പുത്തന്‍ ആയുധങ്ങള്‍ സംഭരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇക്കൊല്ലം ബറാക് ഒബാമയെ മാത്രമല്ല ന്യൂഡല്‍ഹി വരവേല്‍ക്കുക; ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് ഭരണത്തലവന്മാര്‍ എത്തുന്നു-ആയുധവ്യാപാരത്തില്‍ വളരെ സജീവമാണ് ഇവരെല്ലാം. ചൈനീസ് ഭീഷണിയെന്ന പേരില്‍ ഇന്ത്യയിലെ ചില കേന്ദ്രങ്ങള്‍ ആവര്‍ത്തിക്കുന്ന മുറവിളി ഇതിനോട് ചേര്‍ത്തു വായിക്കണം.

സൈനികശക്തി വിപുലമാക്കുന്നതിന്റെ ഭാഗമായി 126 ബഹുലക്ഷ്യ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ അടുത്തിടെ തീരുമാനിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഇടപാടായിരിക്കും. സെന്റര്‍ ഫോര്‍ പോളിസി ഓള്‍ട്ടര്‍നേറ്റീവ്സിന്റെ ഡയറക്ടര്‍ മോഹന്‍ ഗുരുസ്വാമി തന്റെ 'വ്യാളിക്ക് പിന്നാലെ: ചൈനയോട് കിടപിടിക്കാന്‍ ഇന്ത്യക്ക് കഴിയുമോ' എന്ന പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഈയിടെ അമേരിക്കയില്‍ എത്തിയപ്പോള്‍ പറഞ്ഞു: "വിമാനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യക്ക് കിടപിടിക്കാന്‍ കഴിയുക പാകിസ്ഥാനോട് മാത്രം''. അദ്ദേഹം തുടര്‍ന്നു, "ചൈനയാണ് ഇന്ന് ഇന്ത്യക്ക് ഭീഷണി''. അതുകൊണ്ട്, പുതിയ സാഹചര്യത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പാകിസ്ഥാനില്‍നിന്ന് മാറി ചൈനയെ കേന്ദ്രീകരിച്ചാണ് അമേരിക്കയുടെ ആയുധവില്‍പ്പന.

ചൈന ഇന്ത്യക്ക് ഭീഷണിയാണെന്ന ആശയഗതി ന്യൂഡല്‍ഹിക്കുമേല്‍ കുത്തിനിറച്ചത് ബുഷ് ഭരണകൂടമാണെന്ന് കരുതുന്നവരുണ്ട്-എന്നാല്‍ സത്യം കുറച്ചുകൂടി അകലെയാണ്. 1998ല്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാട്ടിയത് ചൈനയുടെ സൈനികബലമാണ്. ബുഷ് ഭരണകൂടം ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കിയപ്പോഴാണ് ചൈന ജാഗരൂകമായത്. അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവരുമായി ഇന്ത്യ അടുത്തബന്ധം സ്ഥാപിക്കുമ്പോള്‍ ചൈനയ്ക്ക് സ്വാഭാവികമായും സംശയം ഉണ്ടാകും.

ഇതെല്ലാം ചേര്‍ന്ന് അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയ്ക്ക് ആഘോഷിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നു-റിപ്പബ്ളിക്കന്മാര്‍ ഭരിച്ചാലും ഡെമോക്രാറ്റുകള്‍ വാണാലും. സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസിയില്‍നിന്നുള്ള (സിഎസ്പി) ബുദ്ധിജീവികളും സൈനികവ്യവസായ ശൃംഖലയുടെ വക്താക്കളും ഗുണഭോക്താക്കളുമായ പാര്‍ലമെന്റ് അംഗങ്ങളും ആയുധവ്യാപാരികളും രൂക്ഷമായ നിലപാടുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് ആയുധപന്തയത്തിന് തീവ്രത കൂട്ടുന്നു. ബുഷ്ഭരണകാലത്ത് സിഎസ്പിയില്‍നിന്നുള്ള 22 പേരാണ് സര്‍ക്കാരില്‍ നിര്‍ണായക പദവികളില്‍ ഉണ്ടായിരുന്നത്. ഇതേപ്പറ്റി ഒരു തമാശ പ്രചരിക്കുന്നുണ്ട്. സിഎസ്പിയിലെ ഒരു വിരുന്നില്‍ പങ്കെടുക്കവെ യുഎസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാള്‍ഡ് റംസ്ഫെഡ് പറഞ്ഞുവത്രെ: "ഇന്നു ഞാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനിരുന്നതാണ്. പക്ഷേ, നാളത്തേക്ക് മാറ്റേണ്ടിവന്നു''. ആയുധനിര്‍മാണ വ്യവസായവുമായി നേരിട്ട് ബന്ധമുള്ള 32 പേരെ ബുഷ്സര്‍ക്കാര്‍ നിര്‍ണായക തസ്തികകളില്‍ നിയമിച്ചിരുന്നു. ഇതില്‍ എട്ടുപേര്‍ ലോക്ഹീഡ് മാര്‍ട്ടിന്റെ ഉദ്യോഗസ്ഥരായിരുന്നു. സൈനികപരമായ ബഹിരാകാശ സംവിധാനങ്ങളുടെ ചുമതല നിര്‍വഹിച്ച വ്യോമസേന അണ്ടര്‍ സെക്രട്ടറിയായിരുന്ന പീറ്റര്‍ ടീട്ട്സ്, ഡേശീയ അണവ സുരക്ഷാ ഏജന്‍സിയില്‍ അണുവായിധങ്ങളുടെ ചുമതല ഏറ്റെടുത്ത എവറസ്റ്റ് ബെക്ക്നര്‍ എന്നിവര്‍ ഉദാഹരണം.

“ചുരുക്കത്തില്‍ ആണവായുധ വ്യവസായത്തിന് ബുഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവര്‍ തന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ ബുഷ് സര്‍ക്കാര്‍.” - ‘ഹൌ മച്ച ആര്‍ യു മേക്കിങ്ങ് വാര്‍ ഡാഡി’ എന്ന പുസ്തകത്തിന്റെ രചയിതാവ് വില്യം ഹാറങ്ങ് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

ശീതയുദ്ധത്തിന്റെ ലഹരിയില്‍ കഴിയുന്നവര്‍ മാത്രമല്ല പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ താല്പര്യമുള്ള കോണ്‍ഗ്രസ് അംഗങ്ങളും ആയുധപ്പന്തയത്തിന് ഒത്താശ ചെയ്യുന്നു. ആയിരത്തിലേറെ കോടി ഡോളര്‍ ചെലവിട്ട് ഇത്യ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഒരു നിമിഷം കളയാതെ മിസ്സോറിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കിറ്റ് ബോണ്ട് ന്യൂഡല്‍ഹിയിലെത്തി, കാരണം ബോയിങ്ങ് കമ്പനി എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റ് ജെറ്റുകള്‍ നിര്‍മിക്കുന്നത് മിസ്സോറിയിലെ സെന്റ് ലൂയിസിലാണ്. ഇന്ത്യ ഇത്തരം 126 വിമാനങ്ങള്‍ വാങ്ങിയാല്‍ മിസ്സോറിയില്‍ 25,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ബോയിങ്ങ് കമ്പനിക്ക് കിട്ടുന്ന ലാഭം പറയേണ്ട കാര്യമില്ല.

പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ദേശീയസുരക്ഷാ ഉപദേഷ്ടാവ്, വിദേശമന്ത്രി എന്നിവരെ ഉള്‍പ്പെടെ കണ്ടാണ് ബോണ്ട് എഫ്-18 വിമാനങ്ങള്‍ക്കുവേണ്ടി പരസ്യമായി സമ്മര്‍ദ്ദം ചെലുത്തിയത്. “പൌണ്ടിനു പകരം പൌണ്ട്, ഡോളറിനു പകരം ഡോളര്‍. എഫ്-15, എഫ്/എ-18 വിമാനങ്ങള്‍ ഞങ്ങളുടെ രാജ്യത്തിനും ഞങ്ങള്‍ഊടെ സഖ്യരാഷ്ട്രങ്ങള്‍ക്കും ഏറ്റവും മികച്ച പ്രതിരോധസാമഗ്രികളാണ്.” ഒരു ഘട്ടത്ഥില്‍ ബോണ്ട് പറഞ്ഞു. “ ഞങ്ങളുടെ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ കമ്പോളം മാത്രമായല്ല ഇന്ത്യയെ അമേരിക്ക കാണുന്നത്, സാങ്കേതികവിദ്യ, വ്യോമ-ബഹിരാകാശ, തന്ത്രപ്രധാനമേഖലകളില്‍ ഭാവിസംരംഭങ്ങള്‍ക്കുള്ള പങ്കാളിയായിട്ടാണ്.” ബോണ്ട് പ്രലോഭനം തുടര്‍ന്നു. ഈ ഇടപാട് ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവരും രംഗത്തുണ്ട്. പക്ഷേ, അമേരിക്ക പിന്നിലാകുമെന്ന് കരുതേണ്ട.

അമേരിക്ക ഇന്ത്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനു പിന്നിലുള്ളത് സൈനികവ്യവസായ ശൃംഖലയുടെ സാമ്പത്തികതാല്പര്യം മാത്രമല്ല. വാഷിങ്ങ്ടണിന്റെ തന്ത്രപരമായ താല്പര്യവുമുണ്ട്. എഫ്-18 വിമാനങ്ങളുടെ കാര്യത്തില്‍ ബോയിങ്ങ് കൂടുതല്‍ ഉത്സാഹം കാട്ടിയത് കോണ്ടലീസ റൈസിന്റെ ജാഗ്രതാനിര്‍ദ്ദേശം ലഭിച്ചശേഷമാണ്. പാക്കിസ്ഥാനുമായി എഫ്-16 ഇടപട് ഉറപ്പിച്ചതിനുശേഷമാണ് ഇന്ത്യക്ക് എഫ്-18 നല്‍കാന്‍ വ്യഗ്രത കാട്ടുന്നത്. അമേരിക്കയുടെ ഇരട്ടതന്ത്രം ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞമാസം അമേരിക്കന്‍ പ്രതിരോധസെക്രട്ടറി റോബര്‍ട്ട്ഗേറ്റ്സ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേപ്പറ്റി ആരാഞ്ഞു. റോബര്‍ട്ട് ഗേറ്റ്സ് വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“ഇത്തരം തീരുമാനങ്ങള്‍ നീതിപൂര്‍വം എടുക്കണമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, സൈനികബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇക്കാര്യത്തില്‍ ധര്‍മബോധം തടസ്സം നില്‍ക്കേണ്ടതുമില്ല.”

അങ്കിള്‍ സാമിന് എല്ലാം അറിയാം.

*
126 ജെറ്റ് വിമാനങ്ങളുടെ വില 1000-1200 കോടി ഡോളറാണ്. ഇവയുടെ ഭാവിപരിചരണത്തിനായി പിന്നീട് 3500 കോടി ഡോളര്‍ കൂടി നല്‍കേണ്ടി വരും. കിറ്റ് ബോണ്ട് അത്യുത്സാഹം കാട്ടിയതില്‍ അതിശയമില്ല.

*
1950-60 കളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ ഇടപാടില്ലായിരുന്നു. ഇരുരാജ്യവും തമ്മില്‍ 2009ല്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ടതോടെ ഇടപാടുകള്‍ സജീവമായി. കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹി 570 കോടി ഡോളറിന്റെ ആയുധം വാങ്ങിയതോടെ അമേരിക്കയുടെ താല്പര്യം പെരുകി.

*
കടപ്പാട് ദേശാഭിമാനി 03-09-2010

എക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ചUncle Sam's War-Martഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

അധികവായനയ്ക്ക്

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

അധിനിവേശത്തിന്റെ താവളങ്ങള്‍

ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍

Sunday, June 20, 2010

അമേരിക്കയ്ക്കെതിരെ ജപ്പാനില്‍ ജനരോഷം

ചൈനാ സമുദ്രത്തില്‍, ജപ്പാന്റെ ഭാഗമായുള്ള ഒരു ദ്വീപസമൂഹത്തിലെ അല്‍പം വലിയ ഒരു ദ്വീപാണ് ഓകിനാവ. 112 കി.മീ. നീളവും 11 കി.മീ. വീതിയും 1199 ചതുരശ്ര കി. മീ. വിസ്തീര്‍ണ്ണവുമുള്ള ഈ കൊച്ച് ദ്വീപും അവിടത്തെ ജനങ്ങളും ഇന്ന് ജപ്പാന്‍ രാഷ്ട്രീയത്തിലും ലോക രാഷ്ട്രീയത്തിലും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഏഷ്യന്‍ വന്‍കരയ്ക്ക് അഭിമുഖമായി ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ തന്നെ ഒരു കൂട്ടം ദ്വീപുകള്‍ ചേര്‍ന്നതാണ്. ലോക ജനസംഖ്യയുടെ മൂന്ന് ശതമാനമേ ഈ ദ്വീപ സമൂഹത്തില്‍ ഉള്ളൂവെങ്കിലും ലോക സമ്പത്തിന്റെ 10 ശതമാനത്തിന്റെ ഉടമസ്ഥരാണ്. അടുത്ത കാലത്ത് ചൈന മുന്നിലെത്തുന്നതുവരെ ജപ്പാനായിരുന്നു അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തി. ലോകത്തിലെ അതിഭീമന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ ചിലതിന്റെ ആസ്ഥാനവും ജപ്പാന്‍ തന്നെ. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഏറെക്കാലമായി, കൃത്യമായി പറഞ്ഞാല്‍ രണ്ടാംലോക യുദ്ധാനന്തരം, ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിനുശേഷം, ജപ്പാന്‍ അമേരിക്കയുടെ സൈനിക നിയന്ത്രണത്തില്‍ കഴിയുകയാണ്.

ഭരണാധികാരികള്‍ അമേരിക്കയ്ക്ക് മുന്നില്‍ വിധേയരായി നില്‍ക്കാന്‍ സന്നദ്ധരായിരുന്നെങ്കിലും ജപ്പാനിലെ ജനങ്ങളുടെ മനസ്സില്‍ അമേരിക്കയോടുള്ള എതിര്‍പ്പ് ഉമിത്തീ പോലെ നീറി നില്‍ക്കുകയായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ 50 വര്‍ഷത്തോളം നീണ്ടുനിന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി (എല്‍ഡിപി)യുടെ ഭരണം അവസാനിപ്പിച്ച് ഭൂരിപക്ഷം നേടാന്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ജപ്പാനെ (ഡിപിജെ) സഹായിച്ചത്, ജപ്പാന്‍ ജനതയുടെ മനസ്സില്‍ കെടാതെ നിന്ന ഈ അമേരിക്കന്‍ വിരോധമായിരുന്നു. ജപ്പാനിലെ അമേരിക്കന്‍ താവളങ്ങള്‍ അടച്ചു പൂട്ടിക്കും എന്നും ജപ്പാന്‍ രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം ഉണ്ടാക്കും എന്നുമായിരുന്നു ഡിപിജെയുടെയും അതിന്റെ നേതാവ് യൂക്കിയൊ ഹട്ടോയാമയുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനം. ഈ വാഗ്ദാനങ്ങള്‍ പാലിക്കനാവാതെ, ഒരു വര്‍ഷം മുമ്പ് 70 ശതമാനം ജനപിന്തുണ ഉണ്ടായിരുന്ന ഹട്ടോയാമ, അത് 20 ശതമാനമായി ഇടിയുകയും സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, ജൂണ്‍ 2ന് രാജിവെച്ച് ഒഴിയുകയും ഉപപ്രധാനമന്ത്രി നവോട്ടോ കാന്‍ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുക്കുകയും ചെയ്തതാണ് ജപ്പാന്‍ രാഷ്ട്രീയത്തിലെ ഒടുവിലത്തെ നില.

പ്രധാനമന്ത്രിയും മന്ത്രിസഭയും കാലാവധി പൂര്‍ത്തിയാക്കാതെ അധികാരം ഒഴിയുന്നത് ജപ്പാനില്‍ പുത്തരിയല്ല. കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടയില്‍ കാലാവധി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിലധികം തുടര്‍ച്ചയായി അധികാരത്തിലിരിക്കാന്‍ കഴിഞ്ഞ ഏക പ്രധാനമന്ത്രി എല്‍ഡിപി നേതാവ് ജൂനിച്ചിറൊ കൊയ്സുമി ആയിരുന്നു. എന്നാല്‍ 2006ല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്ന കൊയ്സുമിക്കും ഒടുവില്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ അധികാരം ഒഴിയേണ്ടതായി വന്നിരുന്നു. 2006നുശേഷം അധികാരത്തില്‍ എത്തുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ അധികാരമേറ്റ നവോട്ടോ കാന്‍. യൂക്കിയോ ഹട്ടോയാമ 259 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. സമഗ്രമായ മാറ്റമാണ് ഡിപിജെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഒരു മാറ്റവും വരുത്താന്‍ ഹട്ടോയാമയ്ക്കോ ഡിപിജെ സെക്രട്ടറി ജനറല്‍ ഇച്ചിറൊ ഒസാവയ്ക്കോ കഴിഞ്ഞില്ലെന്നു മാത്രമല്ല, ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഭരണം അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തപാല്‍ സര്‍വീസും ഇന്‍ഷ്വറന്‍സ് കമ്പനിയും ആയ ജപ്പാന്‍ പോസ്റ്റിനെ കൊയ്സുമിയുടെ ഭരണകാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരിച്ച നടപടി റദ്ദ് ചെയ്യുമെന്ന വാഗ്ദാനംപോലും പാലിക്കാനായില്ല. അതിനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും സ്വകാര്യ കുത്തകകളില്‍നിന്നുള്ള സമ്മര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് തീരുമാനമെടുക്കാതെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

ഓകിനാവയിലെ അമേരിക്കന്‍ സൈനിക താവളമാണ് ഇതിനെല്ലാം ഉപരിയായി ജപ്പാന്‍ രാഷ്ട്രീയത്തിലും അമേരിക്കയും ജപ്പാനും തമ്മിലുള്ള ബന്ധത്തിലും കീറാമുട്ടി ആയി തുടരുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഓകിനാവ തന്ത്രപ്രധാനമായ ഒരു സൈനികത്താവളമാണ്. ചൈനയുമായും ഉത്തരകൊറിയയുമായുള്ള അതിന്റെ സാമീപ്യമാണ് ഈ താവളത്തിന് ഏറെ പ്രാധാന്യം നല്‍കുന്നത്. അമേരിക്കക്കാരെ ഇവിടെനിന്ന് ഒഴിപ്പിക്കണമെന്നത് ഓകിനാവയിലെ ജനങ്ങള്‍ നിരവധി വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍ ജപ്പാന്‍ ഭരണാധികാരികള്‍ അത് ചെവിക്കൊണ്ടിരുന്നില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ ഹട്ടോയാമയുടെയും ഡിപിജെ സഖ്യത്തിന്റെയും തുറുപ്പുചീട്ടുകളില്‍ പ്രധാനം ഓകിനാവയിലെ അമേരിക്കന്‍ താവളം ഒഴിപ്പിക്കുമെന്നതായിരുന്നു. അതനുസരിച്ച് ജനവിധി നേടിയ ഹട്ടോയാമയ്ക്ക് കാര്യത്തോടടുത്തപ്പോഴാണ് സംഗതിയുടെ പുളിപ്പ് പിടികിട്ടിയത്.

രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാനും അമേരിക്കയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന സ്ഥലമാണ് ഓകിനാവ. 1945ല്‍ ഇരുകൂട്ടര്‍ക്കും കനത്ത ആള്‍നാശം വരുത്തിയ, മൂന്ന് മാസം നീണ്ടുനിന്ന സംഘട്ടനത്തിനൊടുവില്‍ അമേരിക്കന്‍ പട്ടാളം ദ്വീപിന്റെ നിയന്ത്രണം പിടിച്ചടക്കി. 1972 വരെ ഓകിനാവയുടെ ഭരണപരമായ നിയന്ത്രണം അമേരിക്കന്‍ സൈന്യത്തിനായിരുന്നു. ഓകിനാവയുടെ ഭരണപരമായ നിയന്ത്രണം ജപ്പാന് കൈമാറിയെങ്കിലും അമേരിക്കന്‍ സൈനിക താവളം അവിടെ തന്നെ തുടര്‍ന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഒന്നാണ് ഇവിടെ ഉള്ളത്. ജപ്പാനില്‍ ഇപ്പോഴുള്ള 50,000 അമേരിക്കന്‍ സൈനികരില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഇവിടെയാണുള്ളത്. അത് ഒഴിഞ്ഞുപോകാന്‍ അമേരിക്ക തയ്യാറല്ല; അവരെ ഒഴിപ്പിച്ചുവിടാന്‍ ജപ്പാന്‍ ഭരണാധികാരികള്‍ക്ക് അത്ര എളുപ്പം കഴിയുകയുമില്ല.

1952ല്‍ ജപ്പാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച സുരക്ഷാസന്ധിയുടെ മൂന്നാം വകുപ്പ് പ്രകാരം അമേരിക്കയ്ക്ക് ജപ്പാനിലെ അവരുടെ താവളങ്ങളില്‍ എല്ലാ "അവകാശവും അധികാരവും ആധികാരികതയും'' ഉണ്ട്; അവിടെ സൈനികത്താവളം സ്ഥാപിക്കാനും അത് ഉപയോഗിക്കാനും പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട്. 1960ല്‍ ഈ കരാര്‍ സ്റ്റാറ്റസ് ഓഫ് ഫോഴ്സസ് എഗ്രിമെന്റ് എന്ന പേരില്‍ പുതുക്കിയപ്പോഴും ജപ്പാനില്‍ സൈനികത്താവളം സ്ഥാപിക്കാനും യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാനുമുള്ള അധികാരം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ജപ്പാന്‍ ഭരണാധികാരികള്‍ ഈ കരാര്‍ ഇതേവരെ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ഹട്ടോയാമ പ്രധാനമന്ത്രി ആയപ്പോള്‍ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ച തുടങ്ങിയതോടെയാണ് 1952ലെയും 1960ലെയും സുരക്ഷാ കരാറുകള്‍ പുറത്തായത്.

മെയ്മാസം ആദ്യ ആഴ്ചയില്‍ ഓകിനാവ സന്ദര്‍ശിച്ച യൂക്കിയൊ ഹട്ടോയാമ, അമേരിക്കന്‍ നാവികസേനയുടെ ഫുട്ടേന്‍മ വ്യോമത്താവളത്തിന്റെ ഒരു ഭാഗം ഓകിനാവയില്‍ തന്നെ മറ്റൊരിടത്തേയ്ക്കും കാഗോഷിമ പ്രവിശ്യയിലെ തോക്കുനോഷിമ ദ്വീപിലേക്കും മാറ്റുന്നതിനുള്ള പുതിയ ഒരു ഒത്തുതീര്‍പ്പ് പദ്ധതി പ്രഖ്യാപിച്ചു. ഇത് അമേരിക്കയ്ക്കും ഓകിനാവയിലെ ജനങ്ങള്‍ക്കും സ്വീകാര്യമായില്ല എന്നു മാത്രമല്ല കാഗോഷിമ പ്രവിശ്യയിലുള്ള ജനങ്ങളും തെരുവിലിറങ്ങുന്ന സ്ഥിതിയിലെത്തിച്ചു. ഓകിനാവയ്ക്കുള്ളില്‍ തന്നെ മറ്റെവിടേയ്ക്കെങ്കിലും സൈനികത്താവളം മാറ്റി സ്ഥാപിക്കുന്നതിനെതിരെ ഒരു ലക്ഷത്തോളം വരുന്ന ഓകിനാവ നിവാസികളും പ്രവിശ്യാ സര്‍ക്കാരും നഗരസഭകളും ഒന്നടങ്കം എതിര്‍ക്കുകയാണ്.

അമേരിക്കന്‍ നാവികസേനയുടെ ആയിരം ഹെലികോപ്റ്ററുകള്‍ അടങ്ങുന്ന ഒരു യൂണിറ്റാണ് തോക്കുനോഷിമയിലേക്ക് മാറ്റാന്‍ പദ്ധതി തയ്യാറാക്കിയത്. ആ ദ്വീപ് നിവാസികളായ 26,000 ആളുകളും അതിനെതിരെ ഒപ്പുശേഖരണവും മറ്റ് പ്രത്യക്ഷ സമരപരിപാടികളും ആരംഭിച്ചു കഴിഞ്ഞു. കാഗോഷിമ പ്രവിശ്യാ സര്‍ക്കാരും നാല് നഗരസഭകളും ഈ നീക്കത്തില്‍നിന്ന് പിന്തിരിയാന്‍ ജപ്പാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. "ഇവിടെ എന്തിനാ ഒരു അമേരിക്കന്‍ സൈനികത്താവളം? അമേരിക്കന്‍ സൈന്യത്തിന് ഭീകരതയെ തടയാനും സുരക്ഷ ഉറപ്പാക്കാനും ആവില്ലെന്ന് അഫ്ഗാനിസ്ഥാനിലെ അനുഭവം തെളിയിക്കുന്നല്ലോ'' എന്ന് ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞതായാണ് ജാപ്പനീസ് കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ 'അക്കാഹത്ത' റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി മാറിയെങ്കിലും ജപ്പാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് പരിഹാരം കാണാന്‍ പ്രയാസമുള്ള ഒരു കീറാമുട്ടിയായി ഓകിനാവ സൈനികത്താവളത്തിന്റെ പ്രശ്നം മാറിയിരിക്കുകയാണ്. ജനങ്ങള്‍ അമേരിക്കന്‍ താവളങ്ങള്‍ പൊളിച്ചു മാറ്റാന്‍ ശക്തമായ സമ്മര്‍ദ്ദം തുടരുമ്പോള്‍, മറുവശത്ത് സുരക്ഷാ കരാറിന്റെ പിന്‍ബലത്തില്‍ താവളം മാറ്റുന്നതിന് വിസമ്മതിക്കുകയാണ് അമേരിക്ക. ജൂണ്‍ 11നു നടക്കുന്ന ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ പ്രശ്നം ഒരു പ്രധാന വിഷയമായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ എല്‍ഡിപിയുടെ നിലപാടും അമേരിക്കയ്ക്ക് അനുകൂലമായതിനാല്‍ അമേരിക്കന്‍ വിരുദ്ധ ജനവികാരത്തിന്റെ ആനുകൂല്യം ചെറിയ പാര്‍ടികള്‍ക്ക് ലഭിക്കാനാണ് സാധ്യത.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ലോകമേധാവിത്വം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഏറ്റുകൊണ്ടിരിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ സാമ്പത്തികമായും സൈനികമായും മുഖ്യ എതിരാളിയായി അമേരിക്ക കാണുന്ന ചൈനയെ വലയം ചെയ്യുന്നതിനായി അവര്‍ ഒരുക്കുന്ന താവളങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണ് കാണുന്നത്. മധ്യേഷ്യയിലെ കിര്‍ഗിസ്ഥാനില്‍ രണ്ടാമതൊരു താവളം കൂടി വേണമെന്ന ആവശ്യം നിരസിച്ച അവിടത്തെ പുതിയ സര്‍ക്കാര്‍, നിലവിലുള്ള താവളംപോലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനു പുറമെയാണ് തന്ത്രപ്രധാനമായ ഓകിനാവ താവളത്തിനെതിരെ ജപ്പാനില്‍ ജനവികാരം ഉയരുന്നത്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക

പ്രസക്തമായ മറ്റൊരു പോസ്റ്റ്

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

Tuesday, December 23, 2008

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ ആക്രമണാത്മകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത് . യുദ്ധം, അധിനിവേശം, ദേശീയ സുരക്ഷാ പ്രത്യയശാസ്‌ത്രങ്ങൾ, എതിരഭിപ്രായങ്ങളെ - നാട്ടിലും വിദേശത്തും- മർദ്ദിച്ചൊതുക്കൽ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെ അനന്തസാദ്ധ്യതകളാണ് സൃഷ്‌ടിക്കുന്നത്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ തോമസ് ഫ്രീഡ്‌മാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ അതിനെ കൃത്യമായി ഇങ്ങനെ വിലയിരുത്തുന്നു:“കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ക്ക് അദൃശ്യമായൊരു മുഷ്‌ടി ഇല്ലാതെ ഒരിക്കലും പ്രവര്‍ത്തിക്കാനാകുകയില്ല. മക്‍ഡോണാള്‍ഡ് ഡഗ്ലസ് എന്ന എഫ്-15 വിമാനങ്ങളുടെ നിര്‍മ്മാതാവില്ലാതെ മക്‍ഡോണാള്‍ഡിനു പ്രവര്‍ത്തിക്കാനാകുകയില്ല. അതുപോലെ, സിലിക്കന്‍ വാലിയിലെ സാങ്കേതികവിദ്യകളെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ആ അദൃശ്യമുഷ്‌ടിയാണ് യു എസ് ആര്‍മി, വ്യോമസേന, മറൈന്‍ കോര്‍പ്പ്സ് എന്നിവ.“

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം:സൈനിക വ്യാവസായിക സമുച്ചയം 2008ൽ

2008ൽ സൈനിക വ്യാവസായിക സമുച്ചയം എന്നാല്‍ എന്താണ് മനസ്സിലാവുക? അതെവിടെയാണ് ? അതിന്റെ രൂപമെന്താണ്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍‌ഹോവര്‍ 1961ല്‍ ഉപയോഗിച്ച സൈനിക വ്യാവസായിക സമുച്ചയം എന്ന പദപ്രയോഗത്തിന് യുദ്ധത്തിന്റെയും സുരക്ഷാവ്യവസായത്തിന്റെയും വിവിധ മുഖങ്ങളേയോ, അതിന്റെ വിവിധ നീരാളിക്കൈകളെയുമോ, അതുപോലെ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയസഖ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയോ കൃത്യമായി വിശദീകരിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 'പ്രതിരോധവ്യവസായം’, ആയുധക്കച്ചവടം’ തുടങ്ങിയ വാക്കുകള്‍ ഇന്ന് യുദ്ധങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഇവരുടെ വിനാശകരമായ സ്വാധീനം ആയുധനിര്‍മ്മാണത്തിലും അവയുടെ കയറ്റുമതിയിലും എന്നപോലെ തന്നെ വെസ്റ്റ് ബാങ്കിനെയും ഗാസയെയും വേര്‍തിരിക്കുവാന്‍ ഇസ്രായേല്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഹൈടെക്ക് വംശീയമതിലിലും, അതിന്റെ പശ്ചിമാര്‍ദ്ധഗോളത്തിലെ പതിപ്പായി അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിൽ ഉയരുന്ന മതിലിലും, കാനഡയുടെ സി എ ഇ (CAE) എന്ന കമ്പനി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാമുകളിലും, ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും മറ്റിടങ്ങളിലും വിന്യസിച്ചിട്ടുള്ള Blackwater, DynCorp, Aegis7 തുടങ്ങിയ സ്വകാര്യ സൈനിക സംഘങ്ങളിലും, പുറംകരാർ നൽകപ്പെട്ട ഇന്റലിജന്‍സിലും, L-3 / Titan തുടങ്ങിയ സിവിലിയന്‍ കോണ്‍‌ട്രാൿറ്റ് കമ്പനികള്‍ ചെയ്യുന്ന വിവര്‍ത്തനം, ചോദ്യം ചെയ്യല്‍ എന്നീ കൃത്യങ്ങളിലും, ഇസ്രായേലിനും, പാക്കിസ്ഥാനും ഈജിപ്‌തിനും കൊളംബിയക്കുമൊക്കെ അമേരിക്ക നല്‍കുന്ന ഭീമമായ സൈനിക സാമ്പത്തിക സഹായങ്ങളിലും, ഫിലിപ്പൈന്‍സിൽ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം മിന്‍ഡനാവോയിലും മറ്റും നടത്തുന്ന 'hearts and minds' എന്ന -വൈദ്യ, ദന്ത, സാമൂഹ്യസഹായങ്ങൾ ഉൾപ്പെടെ- മനുഷ്യത്വപരമായ സേവനങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്ക് പാശ്ചാത്തലസൌകര്യം ഒരുക്കുന്ന പദ്ധതികളിലും തെളിഞ്ഞുകാണാം. ഇതില്‍ പലതും സര്‍ക്കാരുകള്‍ ചെയ്യേണ്ടതായ കാര്യങ്ങളുമാണ്.

മറ്റെല്ലാ രാജ്യാന്തര കോര്‍പ്പറേഷനുകളെയും പോലെ ഈ കമ്പനികളും ഗവര്‍മ്മെണ്ടുകളിലെയും, അവയുടെ സായുധ സേനകളിലെയും ഉന്നതാധികാരികളുടെ രക്ഷാകര്‍തൃത്വവും, അവരുമായി അന്യോന്യാശ്രയ ബന്ധങ്ങളും ഉള്ളവയാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് അവയുടെ ലാഭത്തിന്റെ കാര്യമാണ്. നികുതി ഒഴിവുകൾ, കയറ്റുമതിക്കുള്ള സഹായം, മറ്റു തരം സഹായങ്ങള്‍ എന്നിവ അവരെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു‍. അമേരിക്കയിലെ ഭരണസംവിധാനങ്ങളെല്ലാം തന്നെ, അത് ഏത് രാഷ്‌ട്രീയ കക്ഷിയുടേതാണെങ്കിലും, പ്രതിരോധവ്യവസായത്തില്‍ നിക്ഷേപങ്ങളും കച്ചവടതാല്പര്യങ്ങളും ഉള്ള രാഷ്‌ട്രീയക്കാരാലും യുദ്ധത്തില്‍ നിന്നും ലാഭമൂറ്റുന്നവരാലും നിറയ്‌ക്കപ്പെട്ടവയാണ്. ഡിക്‍ചെനിക്ക് ഹാലിബര്‍ട്ടനുമായുള്ള ബന്ധവും, 2003ലെ ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കന്‍ സൈന്യത്തിന് വേണ്ട സേവനങ്ങളും മറ്റും എത്തിച്ചുകൊടുക്കാനായി പ്രസ്‌തുത കമ്പനിക്ക് ലഭിച്ച സഹസ്രകോടി ഡോളർ വരുന്ന കരാറുകളും ഇതിന്റെ കൃത്യമായ സൂചനയാണ്. എങ്കിലും, അമേരിക്കയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവു ബിസിനസ് മാത്രമാണ്. സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിൿസിന്റെ 2008 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സൈന്യത്തിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി നൂറുകണക്കിനു മില്യണ്‍ ഡോളറുകള്‍ ദിവസേന ലഭിക്കുന്ന കരാറുകള്‍ പെന്റഗണില്‍ നിന്ന് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഏകദേശം196 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ മുതല്‍ മരുന്നുകളും, ലഘുപാനീയങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ വരെ ഇതില്‍പ്പെടും. ഇത്തരത്തിലുള്ള പരസ്‌പരസഹായത്തിന്റെ ചില ഉദാഹരണങ്ങളാണ് ജനറല്‍ ഡൈനാമിൿസിന്റെ ഡയറൿടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അമേരിക്കയുടെ ഒരു മുന്‍ വൈസ് ചീഫ് ഓഫ് ആര്‍മിയും, ഒരു മുന്‍ നാവികസേനാ ജനറലും, നാവികസേനയുടെ ഒരു മുന്‍ നാവല്‍ ചീഫ് ഓഫ് ഓപ്പറേഷനും, ബ്രിട്ടന്റെ ഒരു മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്റും ഉള്‍പ്പെടുന്നുണ്ട് എന്നത്. അതുപോലെ തന്നെ കാനഡയിലെ CAEയുടെ ഇപ്പോഴത്തെ (മുന്‍പത്തെയും) എക്സിക്യൂട്ടീവുകളില്‍ കനഡയുടെ അന്താരാഷ്‌ട്ര വ്യാപാരങ്ങളുടെ ചുമതല വഹിച്ചിരുന്ന ഒരു മുന്‍മന്ത്രിയും, മുൻ പ്രധാനമന്ത്രിയായിരുന്ന മുള്‍‌റോണിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ തലവനും ഉണ്ട്.

വാടക ഗുണ്ടകൾ‍‍, പൂത്ത പണം, നിയമരാഹിത്യം

സര്‍ക്കാരുകളാലും കമ്പനികളാലും വാടകക്കെടുക്കപ്പെട്ട സ്വകാര്യസേനകള്‍ പുതിയ കാര്യമൊന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങള്‍ക്കു വേണ്ടി യുദ്ധങ്ങള്‍ ചെയ്യുവാനും ഇന്ത്യയുടെ മേല്‍ ആധിപത്യം നേടുവാനും സ്വകാര്യസേനകളെ വാടകയ്‌ക്കെടുത്തിരുന്നു. എങ്കിലും തങ്ങളുടെ ബിസിനസ്സിന്റെ 90 ശതമാനവും അമേരിക്കയുടെ സര്‍ക്കാര്‍ കോണ്‍‌ട്രാ‌‌ടുകളില്‍ നിന്ന് നേടുന്ന ബ്ല്ലാക്ക് വാട്ടര്‍, ഡിന്‍‌കോര്‍പ്പ് എന്നിവയിലൂടെ സ്വകാര്യ സുരക്ഷാവ്യവസായ കോണ്‍‌ട്രാൿടര്‍മാര്‍ക്കുണ്ടായ ഊഹിക്കാൻ പോലുമാവാത്ത വളർച്ചയും, അത്തരം സ്വകാര്യ സേനകളുടെ ആധുനികവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഔദ്യോഗിക സൈനികര്‍ക്കു പോലും പലപ്പോഴും കൊലപാതകത്തിനു ഉത്തരം പറയേണ്ടി വരാറില്ല എന്നിരിക്കെ, സര്‍ക്കാരുകൾ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നവരും പൊതുഖജനാവില്‍ നിന്ന് പണം പറ്റുന്നവരുമാണെങ്കിലും, ഇത്തരം കരാർ സൈനികരെ നിരീക്ഷിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനോ ഉള്ള സംവിധാനം ഇല്ലാത്തതിനാൽ ഈ സ്വകാര്യ സേനകള്‍ എന്തില്‍ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ടാവില്ല? ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും അവർക്കില്ല എന്നു മാത്രമല്ല, തങ്ങളിൽ കുറ്റങ്ങൾ ആരോപിക്കാൻ ആർക്കും ആവില്ല എന്നും അവർ ഉറച്ച് വിശ്വസിക്കുകയാണ്. ലോകത്തിലെല്ലായിടത്തു നിന്നും ഇത്തരം സേനകൾ വിമുക്ത സൈനികരെയും, പോലീസുകാരെയും റിക്രൂട്ട് ചെയ്യുകയാണ്. ഇവരിൽ പലരും ലോകത്തിലെത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ മർദ്ദക/കൊലയാളി സ്വഭാവമുള്ള സേനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ബാഗ്‌ദാദിലെ നിസൌര്‍ ചത്വരത്തില്‍ വെച്ച് 17 ഇറാഖികളെ വെടിവെച്ച് കൊന്നതില്‍ ജനരോഷം ഇരമ്പിയിട്ടും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പുതുക്കിക്കൊടുത്ത ബ്ലാക്ക് വാട്ടര്‍ അവരുടെ വെബ് ‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്.

ഞങ്ങള്‍ മറ്റുള്ളവരോട് അങ്ങേയറ്റം മാന്യമായും സമഭാവനയോടും വിശ്വസ്‌തതയോടുമാണ് പെരുമാറുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും വിലമതിക്കുന്നു.“

എന്നാല്‍ വസ്‌തുതയെന്താണ് ?

ബ്ലാക്ക് വാട്ടറിന് ഇറാഖി ജനങ്ങളെ യാതൊരു വിലയുമില്ല” ഇറാഖി ആഭ്യന്തിര വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ 2007ല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞു. “അവര്‍ ഇറാഖികളെ മൃഗതുല്യരായാണ് കാണുന്നത്, ഒരു പക്ഷെ മൃഗങ്ങളോട് അവർ കൂടുതല്‍ ആദരവ് കാട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെരുവുകളില്‍ അവര്‍ കാണിക്കുന്നത് ഞങ്ങള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. വെടിവെയ്‌ക്കാത്ത അവസരങ്ങളിൽ അവര്‍ ജനങ്ങള്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിയുകയും അസഭ്യം പറയുകയുമാണ്. ഒരാൾ ഒരു കുഞ്ഞിനെയോ പ്രായം ചെന്ന സ്‌ത്രീയെയോ ഭീതിയിലാഴ്ത്തുകയോ സ്വയം കാറോടിച്ച് പോകുന്ന നിരപരാധിയെ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നുവെങ്കില്‍, അത് ഭീകരപ്രവര്‍ത്തനം തന്നെയല്ലേ?

ഡോളര്‍ ഡോളര്‍ സർവ്വത്ര, ബോധം തെല്ലും ഇല്ലത്രെ

ആയുധ നിയന്ത്രണ നിർവ്യാപന കേന്ദ്രത്തിന്റെ (Center for Arms Control and Non-proliferation) 2008 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പെന്റഗണിന്റെ 2009 സാമ്പത്തികവര്‍ഷത്തെ ബജറ്റ് , പണപ്പെരുപ്പം കണക്കിലെടുത്തിട്ടു പോലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ ബജറ്റാണ്. 515.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമിത്‍. വിയറ്റ്നാം, കൊറിയന്‍ യുദ്ധ കാലഘട്ടത്തിലെയോ, റീഗന്റെ ശീതയുദ്ധം മുറുകിയിരുന്ന സമയത്തെയോ ബജറ്റിനേക്കാള്‍ അധികമാണിത്. തൊട്ടു താഴെയുള്ളാ 45 രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയേക്കാള്‍ അധികം തുക അമേരിക്ക ചിലവഴിക്കുന്നുണ്ട്. ചൈനയുടെ 5.8 മടങ്ങും, റഷ്യയുടെ 10.2 മടങ്ങും ഇറാന്റെ 98.6 മടങ്ങും വരും ഈ തുക. ലോകത്തിലെ ആകെ സൈനിക ചിലവിന്റെ 48%. US Office of Management and Budget ന്റെ ഒരു എസ്റ്റിമേറ്റിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് 2013 ഓടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിനു മാത്രമായുള്ള വാര്‍ഷിക ഫണ്ടിങ്ങ് 546 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും. ഇത് വളരെ മിതമായ രീതിയിലുള്ള അനുമാനമാണ്. ഊര്‍ജ്ജവകുപ്പിനുള്ള തുകയോ, 2009 മുതല്‍ 2013 വരെ സൈനിക മുന്നേറ്റങ്ങള്‍ക്കു വേണ്ടി വരുന്ന യഥാര്‍ത്ഥ ചിലവോ കണക്കിലെടുക്കാതെ തന്നെ പെന്റഗണിന്റെ മൊത്തം ചിലവ് 2.6 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാകും. (പരിഭാഷകന്റെ കുറിപ്പ്: ട്രില്യണില്‍ 12 പൂജ്യം ഉണ്ടാകും) കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്‍ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) കണക്കാക്കിയത് പ്രകാരം 2006ലെ ആഗോള സൈനിക ചിലവ് 1204 ബില്യണില്‍ എത്തിയിരുന്നു. 2005നേക്കാള്‍ 3.5% അധികം, 1997 മുതലുള്ള 10 വര്‍ഷത്തെ കണക്കിൽ 37% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതൽ തുക സൈനികാവശ്യങ്ങൾക്കായി ചിലവിടുന്നആദ്യത്തെ 15 രാജ്യങ്ങളുടെ സൈനിക ചിലവ് ലോകത്തിലെ മൊത്തം സൈനിക ചിലവിന്റെ 83 ശതമാനം ആയിരുന്നു.

അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയവും(US military-industrial complex) സൈനിക ചിലവുകളും ലോകത്തിലെ മറ്റെല്ലാ രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്നിരിക്കെ, അതും അവരുടെ സൈനിക സഹായ പാക്കേജുകളും, ആഗോള സുരക്ഷയെക്കുറിച്ച് അവരുയർത്തുന്ന ഹിസ്റ്റീരിയയും ഒക്കെ ചേരുമ്പോൾ മറ്റു രാഷ്‌ട്രങ്ങളുടെ സൈനിക ചിലവുകളും വലിയ തോതില്‍ ഉയരുകയാണ് . ജപ്പാന്‍ ഈയിടെ വന്‍ തോതിലുള്ള സൈനിക നവീകരണ പരിപാടി (military upgrades) പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നിവരൊക്കെയും സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലാകട്ടെ 2008 ൽ റെക്കോര്‍ഡ് വർദ്ധനവാണ് പ്രതിരോധ ചിലവിൽ ഉണ്ടായിട്ടുള്ളത് . 2006ല്‍ ലോകത്തിലെ നൂറ് പ്രമുഖ ആയുധ ഉല്പാദക സ്ഥാപനങ്ങളില്‍ 4 എണ്ണം ഇസ്രായേലിന്റെതായിരുന്നു: ഇസ്രായേലി എയര്‍ക്രാഫ്‌ട് ഇന്‍ഡസ്‌ട്രീസ്, ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്‌ട്രീസ്, എല്‍ബിറ്റ് സിസ്റ്റംസ്, റഫായേല്‍ എന്നിവയാണവ. സൈനിക പ്രധാനമായ കയറ്റുമതിയെ സംബന്ധിച്ച കസ്റ്റംസ് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2007 ഒൿടോബറിലെ സി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ആയുധവിതരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ആറാം സ്ഥാനക്കാരായ കാനഡയുടെ ആയുധകയറ്റുമതി 2000 നും 2006 നും ഇടക്ക് 3.5 മടങ്ങ് വര്‍ദ്ധിച്ചു. അവര്‍ 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സൈനിക ചരക്കുകള്‍ കയറ്റുമതി ചെയ്‌തു. 2002 മുതലുള്ള ആയുധക്കയറ്റുമതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഫെഡറല്‍ ഗവര്‍മ്മെണ്ട് ഇനിയും പാര്‍ലിമെന്റിന് സമര്‍പ്പിച്ചിട്ടില്ല എന്നതിനാലും, ആയുധ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അത്ര സുതാര്യതയില്ലാത്തതിനാലും, കനഡയുടെ സൈനിക കയറ്റുമതിയെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ലഭിക്കുക എന്നത് വിഷമകരമാണ്. ഉദാഹരണത്തിന് മോൺ‌ട്രിയോൾ ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ്‌ലിന്റെ സബ്‌സിഡറി ആയ എസ്.എന്‍.സി.ടെക് അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നുണ്ട്. (ഇറാഖിലെ അമേരിക്കന്‍ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് കനേഡിയന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധമുണ്ടെന്ന കാര്യം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് എസ്.എന്‍.സി.ടെക്കിനെ 2006ല്‍ ജനറല്‍ ഡൈനാമിൿസിനു വില്‍ക്കുകയുണ്ടായി.)

കൊല്ലാനുള്ള ലൈസന്‍സ് : ആയുധ നിയന്ത്രണത്തിന്റെ മുഖം‌മൂടി

സര്‍വവിനാശായുധങ്ങളുടെ വിവിധ നീരാളിക്കൈകളേയും, അവയുടെ ഏജന്റുമാരെയും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുക എന്നത് അത്യധികം വിഷമമേറിയതാണ്. പ്രതിരോധചിലവിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകതയെയും സുതാര്യതയില്ലായ്‌മയെയും സംബന്ധിച്ച ഒട്ടേറെ വിമര്‍ശനങ്ങൾ ഉയർത്തുന്ന ഒന്നാം ലോകരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവയിലും ആയുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ധാരാളം പഴുതുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലേക്കുള്ള കനഡയില്‍ നിന്നുള്ള സൈനിക ഷിപ്പ്മെന്റുകള്‍ ട്രാക്ക് ചെയ്യപ്പെടാറില്ല. ഒട്ടാവയും വാഷിങ്ങ്ടണും തമ്മില്‍ 1940ല്‍ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി അനുസരിച്ച് അവയ്‌ക്ക് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. കയറ്റുമതി ലൈസന്‍സിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ വളരെ അയവേറിയവയായതിനാൽ യുദ്ധോപകരണങ്ങള്‍ മൂന്നാം കക്ഷിയുടെ പക്കല്‍ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ചില യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ ദേശീയ കയറ്റുമതി മാനദണ്ഡങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ ആയുധക്കയറ്റുമതിയെ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുകയും, ഒഴിവാക്കുകയും, അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌പെയിനും മറ്റു ചില രാജ്യങ്ങളും(അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ) കൊളംബിയയിലേക്ക്, തദ്വാരാ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ അവിടുത്തെ സുരക്ഷാസേനക്കും അര്‍ദ്ധ സൈനികവിഭാഗത്തിനും, ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറ്റം ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അള്‍ജീരിയ, കൊളംബിയ, എരിത്രിയ, ഇന്‍ഡോനേഷ്യ, ഇന്ത്യ, ഇസ്രായേൽ, കസാക്കിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, സിയറ ലിയോണ്‍ തുടങ്ങി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതോ മനുഷ്യാവകാ‍ശലംഘനം നടക്കുന്നതോ ആയ രാജ്യങ്ങളിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമായ ചെറുകിട ആയുധങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മാര്‍ക്ക് തോമസ് ബ്രിട്ടീഷ് ഹൈ-ടെക് കമ്പനിയായ റാഡ്‌സ്‌ട്രോണിന് ‘പ്രെഡേറ്റര്‍ ഡോണ്‍ ’ എന്ന പൈലറ്റില്ലാത്ത വ്യോമ വാഹനത്തിന്റെ തലച്ചോര്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ജനറല്‍ ഏറോനോട്ടിക്കല്‍ സിസ്റ്റംസ് നിര്‍മ്മിക്കുന്ന ഈ വാഹനം യെമനിലെ അല്‍ ക്വയ്‌ദക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് 2002ലും, പാക്കിസ്ഥാനിലെ Federally Administered Tribal Area യില്‍ 2006ലും സി.ഐ.എ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞ ആക്രമണത്തില്‍ 5 സ്‌ത്രീകളും 5 കുട്ടികളും ഉള്‍പ്പെടെ ഇരുപത്തിഅഞ്ചോളം പേര്‍ മരണമടഞ്ഞിരുന്നു.

ബ്രിട്ടീഷ് ഗവേഷകയായ അന്ന സ്റ്റാവ്രി അനകിസ് പറയുന്നു, “ആയുധക്കയറ്റുമതി നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് താൽ‌പ്പര്യമില്ല. ഇത്തരം കയറ്റുമതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ അവ്യക്തമാണെന്ന് മാത്രമല്ല അവയൊക്കെ കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയുമാണ്. മാറി മാറി വരുന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള കയറ്റുമതി അനുകൂല നിലപാടുകൾ, ആയുധവ്യവസായവുമായി അവര്‍ക്കുള്ള അടുത്ത ബന്ധം, ആഗോള തലത്തില്‍ തങ്ങളുടെ പ്രെസ്റ്റീജിന്റെ സൂചകമായി സൈനികശക്തിയെ കാണുന്നത്, ഇവയെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവയൊക്കെയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറുന്നത്.”

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2006ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 200ല്‍പ്പരം ചൈനീസ് ട്രക്കുകള്‍ 2005 ആഗസ്റ്റില്‍ സുഡാനിലേക്ക് കയറ്റി അയക്കപ്പടുകയുണ്ടായി. അമേരിക്കന്‍ നിര്‍മ്മിതമായ കുമ്മിന്‍സ് എഞ്ചിന്‍ ആണ് ഇവയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ ആയുധ ഉപരോധം ബാധകമായിരിക്കുകയും, ഇത്തരം വാഹനങ്ങള്‍ ദാഫറില്‍ സാധാരണക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഈ കയറ്റുമതി നടന്നത്. ചൈനയില്‍ നിന്നും സ്ഥിരമായി ബര്‍മ്മയിലേക്ക് സൈനികസാമഗ്രികള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. മ്യാൻ‌മര്‍ ആര്‍മിക്ക് 2005ല്‍ നല്‍കിയ 400 സൈനികട്രക്കുകളും ഇതില്‍പ്പെടും. ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നേപ്പാളി സുരക്ഷാ സേനക്കായി 2005ലും 2006ലും ചൈനയില്‍ നിന്ന് റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. ആസ്‌ട്രേലിയ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ദക്ഷിണ ആഫ്രിക്കയില്‍ പ്രത്യേകിച്ചും ചൈനീസ് നിര്‍മ്മിത നോരിന്‍‌കോ തോക്കുകളുടെ വ്യാജവില്‍പ്പന നടക്കുന്നതില്‍ ചൈനക്കും പങ്കുണ്ട്. ഈ ആയുധങ്ങള്‍ കൊള്ളയും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

പ്രതിഷേധങ്ങളെ സൈനികമായി മർദ്ദിച്ചൊതുക്കലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും

പല സര്‍ക്കാരുകളും, ഫിലിപ്പൈന്‍സ് മുതല്‍ ഇന്ത്യയും കൊളംബിയയും വരെ, പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധര്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലാണ്. ആഭ്യന്തിരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും, സുരക്ഷാപരമായ അടിച്ചമര്‍ത്തലുകള്‍ക്കും, ‘രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ ’ - ദരിദ്രർ‍, സ്‌ത്രീ കൂട്ടായ്‌മ, ആദിവാസികൾ, ഭൂരഹിതർ‍, കര്‍ഷകർ തൊഴിലാളികള്‍ എന്നിവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളെയും, നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും- ഒതുക്കുന്നതിനും ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. മൈനിങ്ങ്, എണ്ണ, ഗ്യാസ്, വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി, വനം വ്യവസായം തുടങ്ങി മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളുടെ സൈനികവല്‍ക്കരണം ഭൂമി, പ്രകൃതിസമ്പത്തിന്മേലുള്ള തുല്യാവകാശം എന്നിവയ്‌ക്കായുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഷെവ്‌റോണ്‍ (എണ്ണ കുത്തക) തങ്ങളുടെ നൈജര്‍ ഡെല്‍റ്റ മേഖലയിലെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധ സമരക്കാരെ വെടിവെക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി നൈജീരിയന്‍ സൈന്യത്തിനും പോലീസിനും പണവും ഉപകരണങ്ങളും നല്‍കിയിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കയിലെ ഒരു ജില്ലാ ജഡ്‌ജി (US District court judge) തന്നെ സമ്മതിക്കുന്നുണ്ട്. ഫ്രീപോര്‍ട്ട് മക്‍മോറന്‍ എന്ന സ്ഥാപനം അവരുടെ ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ, ചെമ്പ് ഖനികള്‍ക്ക് ചുറ്റുമുള്ള തദ്ദേശവാസികളെ ആക്രമിക്കുന്നതിന് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിനും, പോലീസിനും, സ്വകാര്യ സുരക്ഷാ സേനകള്‍ക്കും പണം നല്‍കിയിരുന്നു. അതുപോലെ ഏജീസ്(Aegis)ന്റെ സ്ഥാപകനും ചീഫ് എൿസിക്യൂട്ടീവും ആയ ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് കേണല്‍ ടിം സ്‌പൈസർ സ്ഥാപിച്ച സാൻഡ്‌ലൈൻ എന്ന കൂലിപ്പട്ടാള കമ്പനിയെ പാപ്പുവ ന്യൂ ഗിനിയയിലെ സർക്കാർ ഏകദേശം പത്തു വർഷം മുമ്പ് 36 മില്യൺ യു എസ് ഡോളർ നൽകി തദ്ദേശവാസികളുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അടിച്ചമർത്താനായി ഉപയോഗിച്ചിരുന്നു. ഈ പ്രക്ഷോഭം മൂലം റിയോ ടിന്റോ എന്ന ബഹുരാഷ്‌ട്ര ഭീമന്റെ ഒരു സബ്‌സിഡിയറിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെമ്പു ഖനിയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതിന്റെ പ്രതികാരമായിരുന്നുവത്രെ പ്രസ്‌തുത നടപടി. ശരിക്കും പണം പട്ടാളമായി മാറുകയായിരുന്നു.

ഉറുഗ്വേയിലെ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ റൌള്‍ സിബേച്ചി (Raul Zibechi) എഴുതുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ നഗരാതിര്‍ത്തികള്‍ യുദ്ധമേഖലകള്‍ ആയിട്ടുണ്ടെന്നും അവിടെ ഭരണകൂടങ്ങള്‍ ദരിദ്രരെ ‘സാധാരണ’ സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന തരത്തില്‍ ഒരു തരം “ശുചിത്വ നാട ‍”('sanitary cordon') വലിച്ചുകെട്ടി ഒരു പ്രത്യേകക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ ദരിദ്രരെ സൈനികശക്തി ഉപയോഗിച്ച് ഒതുക്കുന്നതില്‍ പ്രതിഫലിക്കുന്നത് ഭരണകൂടശക്തിക്കെതിരെ ദരിദ്രരായ നഗരവാസികളുടെ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിലെ ഉന്നതര്‍ക്ക് ഉള്ള ഭീതിയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭരണകൂടങ്ങള്‍ക്കുള്ള കഴിവിനെ ക്രമാനുഗതമായി തകര്‍ക്കുന്നതും, ദേശീയ ബജറ്റ് വിഹിതത്തില്‍ നിന്നും ചെലവഴിക്കാവുന്നതിലും കൂടുതല്‍ പങ്ക് സൈന്യത്തെ സൈനികവല്‍ക്കരിക്കുന്നതിനായി (military militarization) ചിലവഴിക്കുന്നതും ചേര്‍ന്ന് ദാരിദ്ര്യവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ്.

അധിനിവേശിത പാലസ്‌തീനിലെ വംശവിദ്വേഷ മതിലിന്റെ നിര്‍മ്മാതാക്കളായ Elbit എന്ന ഇസ്രായേലി കമ്പനിയുടെ സബ്‌സിഡറി കോൾസ്‌മാന്‍ ഇന്‍‌കോര്‍പ്പറേറ്റഡ് എന്ന ന്യൂ ഹാം‌പ്‌ഷയര്‍ ആസ്ഥാനമായ സ്ഥാ‍പനവും ബോയിങ്ങ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ബോയിങ്ങിന്റെ സബ്‌സിഡറിയും ചേർന്ന കണ്‍സോര്‍ഷ്യത്തിന് Secure Border Initiative എന്ന പദ്ധതിയുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്കും യു.എസ്.-കാനഡ അതിര്‍ത്തിയിലേക്കും വേണ്ടതായ SBInet എന്ന ഹൈടെക്ക് സുരക്ഷാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി കരാര്‍ നല്‍കിയത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്‍ഡ് സെക്യൂരിറ്റി ആയിരുന്നു. ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളായ Ad Hoc Coalition for Justice in the Middle East ഉം Desis Rising Up & Moving (DRUM) ഉം ഇതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “എല്‍ബിറ്റ്(Elbit) പാ‍ലസ്തീനികളില്‍ പരീക്ഷിച്ച ഇസ്രായേലി സൈനിക സാങ്കേതിക വിദ്യ ഇവിടുത്തെ പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നേരെ പ്രയോഗിക്കാനായി ഇറക്കുമതി ചെയ്യും.”

തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കി രാജ്യങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് ‘സുരക്ഷിത’മായ ഒന്നാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ് സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കവും സൈനികവല്‍ക്കരണവും. WTO കരാറുകള്‍ സാമൂഹ്യവും പാരിസ്ഥിതികവുമായ പരിഗണനകൾ മൂലം ചില പ്രത്യേക സന്ദർഭങ്ങളിൽ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കനുകൂലമയ നയസമീപനങ്ങൾ കൈക്കൊള്ളുവാനുള്ള അനുവാദം പോലും നിരാകരിക്കുന്നു. എന്നാല്‍ അത് യുദ്ധവ്യവസായത്തെ ഗാട്ട് കരാറിലെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ചുള്ള “സുരക്ഷാ ഒഴിവുകൾ” (security exception) വഴി സംരക്ഷിക്കുന്നു. ഈ security exception പറയുന്നത് ഇങ്ങനെയാണ്.

‘a country cannot be stopped from taking any action it considers necessary to protect its essential security interests; actions 'relating to the traffic in arms, ammunition and implements of war and such traffic in other goods and materials as is carried on directly for the purpose of supplying a military establishment (or) taken in time of war or other emergency in international relations'

ഘടനാപരമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ, നിക്ഷേപ മേഖലകളിലെ ഉദാരവല്‍ക്കരണവും ഏഷ്യാ പസഫിക് മേഖലകളിലും അതിനപ്പുറമുള്ള മേഖലകളിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ബജറ്റുകള്‍ വെട്ടിച്ചുരുക്കപ്പെടുകയും, തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കുമുള്ള സഹായം നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ക്ഷേമവും, പ്രതിരോധവ്യവസായത്തിനുള്ള സബ്‌സിഡിയും, ഉന്നതതല സൈനിക ചിലവുകളും ഒക്കെ തുടരുക തന്നെയാണ്.

മുതലാളിത്തത്തിന്റെ കൊലപാതകയന്ത്രങ്ങൾ‍ക്ക് ലിംഗപരമായ പക്ഷപാതമോ?

യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ‍, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്. സിന്തിയ എന്‍ലോ (Cynthia Enloe) എഴുതുന്നത് വീട്ടിനകത്തെ ആക്രമങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ " സൈന്യത്തിലെ ജോലി മറ്റേത് ജോലിയേക്കാളും അധികം വീട്ടിനകത്തെ ആക്രമത്തിന് ഇട നല്‍കുന്നു എന്ന് അംഗീകരിക്കുന്നു" എന്നാണ്. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പ്രാഥമിക ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ വിമോചിതരാക്കുക എന്നതാണെന്ന അവകാശവാദം നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള പ്രതികരണമായി സുനേറ തൊബാനി (Sunera Thobani) ഇങ്ങനെ എഴുതുന്നു;

ലിംഗപരമായ ബന്ധങ്ങളുടെ തലത്തിൽ ആശയപരമായ ഒരു യുദ്ധം നടത്തുക വളരെ അത്യന്താപേക്ഷിതമായിരുന്നു, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സ്രോതസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അഫ്‌ഗാനിസ്ഥാനിലെ മുസ്ലീം സ്‌‌ത്രീകളെ വിമോചിപ്പിക്കുന്നതിനു വേണ്ടി പാശ്ചാത്യ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്നത്.”

മാനുഷികമായ പരിഗണനകള്‍ എന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സാമ്രാജ്യത്വ യുദ്ധത്തിനുള്ള ദുര്‍ബലമായ ന്യായീകരണമായി മാറുന്നതുപോലെത്തന്നെ, സൈനിക കോണ്‍‌ട്രാൿടര്‍മാരും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരും തങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും (inclusive), സാമൂഹികമായി പുരോഗമനേച്ഛുക്കളും, ലിംഗസമത്വത്തില്‍ ഊന്നുന്നവരും ആയി സ്വയം ചിത്രീകരിക്കാറുണ്ട്. അവരുടെ കോര്‍പ്പറേറ്റ് വെബ് സൈറ്റുകളില്‍ തങ്ങളുടെ മുഖ്യ ബിസിനസ്സിനെ 'സൌന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ പൂശി' അവതരിപ്പിക്കുന്നത് ഇതൊക്കെ യുദ്ധത്തിനായാണെന്നും ജനങ്ങളെ കൊല്ലുന്നതിനായുള്ളതാണെന്നുമുള്ള വസ്‌തുത മറന്നുപോകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ഉദാഹരണമായി പെന്റഗണിന്റെ കോണ്‍‌ട്രാൿടര്‍മാരിലൊന്നായ നോര്‍ത്ത് റോപ്പ് ഗ്രുമ്മന് (Northrop Grumman) തങ്ങളുടെ സ്ഥാപനത്തിലെ‍ " തൊഴില്‍ശക്തിയിലെ വൈവിധ്യ"ത്തെക്കുറിച്ച് ഗീര്‍വാണമടിക്കുകയും തങ്ങളുടെ വനിതാ എൿസിക്യൂട്ടീവുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കനഡയിലേയും അമേരിക്കയിലെയും പ്രതിരോധ വ്യവസായസ്ഥാപനങ്ങള്‍ Women in Defence and Security (WiDS) പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും, കനഡയുടെ ദേശീയ പ്രതിരോധ വകുപ്പുമായി ചില ധാരണാ പത്രങ്ങൾ (memoranda of understanding) ഒപ്പിടുകയും ചെയ്യുന്നു. ഇവരൊക്കെത്തന്നെ "കനഡയില്‍ പ്രതിരോധത്തിലും സുരക്ഷാ പ്രൊഫഷനിലും ഒക്കെ നേതൃസ്ഥാനത്തുള്ള വനിതകളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി" 550 ഓളം പ്രതിരോധ സുരക്ഷാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള Canadian Association of Defence and Security Industries (CADSI)ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളവരുമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നിരവധിപേരുടെ മരണത്തിനിടയാക്കിയ "ബങ്കര്‍ ബസ്റ്റർ‍" ബോംബുകളുടെയും ടോം ഹാക്ക്, പാട്രിയറ്റ് മിസൈലുകളുടെയും നിര്‍മ്മാതാക്കളായ റേതിയോണ്‍ (Raytheon) പ്രഖ്യാപിക്കുന്നത്

"Diversity at Raytheon is about inclusiveness — providing an atmosphere where everyone feels valued and empowered to perform at a peak level, regardless of the many ways people are different" എന്നാണ്.

റേതിയോണില്‍ വൈവിധ്യം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലാണ് - പല രീതികളിലും ആളുകള്‍ വ്യത്യസ്തരാണെങ്കിലും, ഓരോരുത്തര്‍ക്കും തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന് തോന്നുന്ന, ഓരോരുത്തരെയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തരാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍.”

സി.ഐ.എ, എൻ‍.എസ്.എ, Defence Intelligence Agency (DIA), US Department of Defence, Department of Homeland Security എന്നിവയ്‌ക്കൊക്കെ സാങ്കേതികവിദ്യയും ആളുകളെയും നല്‍കുന്നതില്‍ ഏറ്റവും മുന്നിലുള്ള Booz Allen Hamilton എന്ന വെര്‍ജീനിയ ആസ്ഥാനമായ കമ്പനിയും (സി.ഐ.എയുടെ മുന്‍ ഡയറക്ടര്‍ ആയിരുന്ന R. James Woolsey ഇപ്പോള്‍ Booz Allen ന്റെ വൈസ് പ്രസിഡന്റ് ആണ്.) തൊഴില്‍ശക്തി വൈവിധ്യത്തെക്കുറിച്ച് മേന്മ നടിക്കുന്നവരാണ്. അവര്‍ പറയുന്നത്

"because we believe that diversity of backgrounds contributes to different ideas, which in turn drives better results for clients. To us, diversity means all the ways individuals differ from one another—race, gender, ethnicity, physical abilities, educational background, country of origin, age, sexual orientation, skills, income, marital status, parental status, religion, work experience, and military service" എന്നാണ്.

Aegis Defence Services എന്ന കമ്പനിയും മോശമല്ല. ഇവരുടെ ജീവനക്കാര്‍ ബാഗ്ദാദിലെ എയര്‍‌പോര്‍ട്ട് റോഡില്‍ വെച്ച് സാധാരണക്കാര്‍ക്ക് നേരെ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നിറയൊഴിക്കുന്നത് വീഡിയോ ക്യാമറയില്‍ പെട്ടിരുന്നു. ഈ കമ്പനി പറയുന്നത് "Our equal-opportunity policy emphasizes our aim to create a work environment that is inclusive and non-discriminatory, where all employees are empowered by their individuality and encouraged to use it in order to achieve success" എന്നത്രെ. പാരിസ്ഥിതിക്ക് നാശം വരുത്തുന്ന കോര്‍പ്പറേഷനുകളെ "ഗ്രീന്‍ വാഷ് " ചെയ്യുന്നത് തന്നെ അധാര്‍മ്മികമാണ്. എന്നിരിക്കെ ഇത്തരം കോര്‍പ്പറേഷനുകള്‍ മുകളില്‍ പറഞ്ഞതുപോലുള്ള mission and values statements നൽകുന്നതിന്റെയും വൈവിധ്യത്തിനോട് തങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെയും ഒക്കെ പിറകില്‍ തികഞ്ഞ അശ്ലീലത ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ സൈന്യങ്ങള്‍ തങ്ങള്‍ അഫ്‌ഗാന്‍ വനിതകളെ വിമോചിതരാക്കുകയാണ് എന്നു അവകാശപ്പെടുന്നത് ഇതിന്റെ പൂരകമാണ്.

ഉപസംഹാരം

ആഗോള ആയുധവ്യാപാര ഉടമ്പടി (Global Arms Trade Treaty) പോലുള്ള ചില ഉടമ്പടികള്‍ക്കായി പല എൻ‍.ജി.ഒകളും പ്രചരണം നടത്തുന്നുണ്ട്. എങ്കിലും സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വ്യവസായങ്ങളുടേയും രാഷ്‌ട്രീയക്കാരുടേയും(political actors) കൂട്ടുകെട്ടും, അമേരിക്കയും ഇസ്രായേലും അതുപോലെ ക്ലസ്റ്റര്‍ ആയുധങ്ങളുടെ (cluster munitions) മറ്റു പ്രധാന ഉല്പാദകരും ഉപയോക്താക്കളും കഴിഞ്ഞ മാസം നടന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്‌ട്ര ഉടമ്പടി പാസാക്കിയതുമായ ഡബ്ലിന്‍ ഡിപ്ലോമാറ്റിക് കോണ്‍ഫെറെന്‍സ് ഓണ്‍ ക്ലസ്റ്റര്‍ മ്യൂനിഷനില്‍ നിന്ന് വിട്ടു നിന്ന രീതിയും കാണുന്ന നമുക്ക് സൈനിക കരാറുകളിലൂടെയും യുദ്ധാനുബന്ധലാഭത്തിലൂടെയും വലിയൊരു വിഭാഗത്തിന്റെ ചിലവില്‍ കുറച്ചുപേര്‍ അശ്ലീലമായ ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥക്കെതിരെ ഇത്തരം തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നാം പോകേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വ്യവസ്ഥയുടെ പേര്‍ മുതലാളിത്തം എന്നാണ്. നമ്മെപ്പോലെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുതലാളിത്തത്തിന്റെ സൈനികവല്‍ക്കരണത്തെയും ആക്രമണാത്മകതയെയും, അതിന്റെ എല്ലാ രൂപങ്ങളെയും, നമ്മുടെ സമൂഹങ്ങളിൽ‍, രാജ്യത്തിനകത്തും പുറത്തും, എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ‍, യുദ്ധങ്ങളുടെ പരസ്‌പരബന്ധം, നവലിബറല്‍ ആഗോളവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ ലാഭം, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതികൾ, "സമാധാനപാലനം", "പുനര്‍ നിര്‍മ്മാണം", കുടിയേറ്റത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും സൈനികവല്‍ക്കരണവും(criminalization and militarization of immigration) സ്‌ത്രീകള്‍ക്കെതിരായ ആക്രമം, കോളനിവല്‍ക്കരണം എന്നിവയെ മനസ്സിലാക്കാന്‍ കഴിവുള്ള ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും, രൂപീകരിക്കുകയും, നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യത ആയി മാറുന്നു.

*

പ്രൊഫസർ അസീസ് ചൌധരി എഴുതിയ The Military-Industrial Complex: Impacts on the Third World എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ലേഖനത്തോടനുബന്ധിച്ചുള്ള കുറിപ്പുകള്‍ക്കും ലിങ്കുകള്‍ക്കും ദയവായി ഇംഗ്ലീഷിലുള്ള ലേഖനം നോക്കുക.

അധിക വായനക്ക്

അധിനിവേശത്തിന്റെ താവളങ്ങള്‍

ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍

Wednesday, September 5, 2007

അധിനിവേശത്തിന്റെ താവളങ്ങള്‍

കോളനി രാജ്യങ്ങളുടെ എണ്ണം നോക്കി സാമ്രാജ്യത്തിന്റെ വലിപ്പവും മഹത്വവും നിര്‍ണയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അമേരിക്കയുടെപുതിയ വ്യാഖ്യാനമനുസരിച്ച് കോളനികളെ നിര്‍ണ്ണയിക്കുന്നത് സൈനിക താവളങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. താവളങ്ങളുടെ എണ്ണം ഇപ്പോള്‍ 700 നു് മുകളിലാണ്. നാറ്റോ സഖ്യ രാജ്യങ്ങളിലുള്ള താവളങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 130 രാജ്യങ്ങളില്‍ അമേരിക്ക നിയന്ത്രിക്കുന്ന സൈനിക താവളങ്ങളുടെ ശൃംഖല ഇന്നു നിലവിലുണ്ട്. സുരക്ഷാ വാഗ്ദാനത്തിന്റെ മറവില്‍ അമേരിക്ക പടുത്തുയര്‍ത്തിയിട്ടുള്ള താവളങ്ങള്‍ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് ഭൂഗോളം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് ഒരു പക്ഷേ അമേരിക്കന്‍ പൌരന്മാര്‍ പോലും അറിഞ്ഞിരിക്കണമെന്നില്ല.

"ബ്ലോബാക്ക് ”(Blowback), “സോറോസ് ഓഫ് ദി എം‌പയര്‍“ (Sorrows of the Empire) എന്നീ കൃതികളുടെ കര്‍ത്താവായ ചാള്‍മേഴ്സ് ജോണ്‍സണ്‍ (Chalmers Johnson) അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നു “അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള വിപുലമായ അമേരിക്കന്‍ താവളങ്ങള്‍ ഒരു പുതിയ സാമ്രാജ്യത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തമായി ഭൂമിശാസ്ത്രമുള്ള താവളങ്ങളുടെ ഒരു സാമ്രാജ്യം. ലോകത്തിലെ ഒരു ഭൂമിശാസ്ത്ര പാഠപുസ്തകത്തിലും ഈ സാമ്രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടാകുവാന്‍ സാദ്ധ്യതയില്ല. ഈ ആഗോള സൈനിക താ‍വളങ്ങളുടെ വ്യാപ്തിയും സ്വഭാവവും മനസ്സിലാക്കാതെ, സാമ്രാജ്യത്വ അഭിലാഷങ്ങളുടെ പുതുപുത്തന്‍ അധീശമനോഭാവത്തെയോ, അനിയന്ത്രിതമായ പുത്തന്‍ സൈനികവല്‍ക്കരണം നമ്മുടെ ഭരണഘടനാ ക്രമങ്ങളെ എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നോ തെല്ലും ഉള്‍ക്കൊള്ളാനാവില്ല”

"This vast network of of American bases on every continent except Antartica actually constitutes a new form of empire-an empire of bases with its own geography not likely to be taught in any high school geography class.Without grasping the dimensions of this globegirdling Baseworld, one cannot begin to understand the size and nature of imperial aspirations or the degree to which a new kind of militarism is undermining our constitutional order."

ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന രഹസ്യസ്വഭാവം മൂലവും ബോധപൂര്‍വം മറച്ചു വച്ചിരിക്കുന്നതിനാലും എത്ര സൈനിക താവളങ്ങള്‍ അമേരിക്ക നിലനിര്‍ത്തുന്നുവെന്നോ എന്തിനാണവയെ നിലനിര്‍ത്തുന്നതെന്നോ കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും, ഒരു കാര്യമുറപ്പാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പാദമുദ്രകള്‍ മറ്റു രാജ്യങ്ങള്‍ക്കും ജനതയ്ക്കും, ഒപ്പം സമാധാനം മാത്രം ആഗ്രഹിക്കുന്ന സാധാരണ അമേരിക്കക്കാരനും, അനവധി അസൌകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭൂഗോളത്തിന്റെ എല്ലാ ഇടങ്ങളിലുംഎണ്ണമറ്റ രീതിയില്‍ പതിഞ്ഞിരിക്കുന്നു. ഔദ്യോഗിക രഹസ്യമെന്ന നിലയില്‍ സൈനിക താവളങ്ങളുടെ സാമ്രാജ്യം നിലനിര്‍ത്താന്‍ എന്ത് ചെലവുവരുന്നു എന്നും മറ്റുമുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങള്‍ ഗോപ്യമായി വെക്കുമ്പോള്‍ , അവയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്താന്‍ താവളങ്ങളുടെ ആകെ അഴിച്ചുപണി നടത്തുകയാണ് പെന്റഗണ്‍.

ആമ്പലിലയും കുതിക്കുന്ന തവളകളും

മുന്‍ യു.എസ്. പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് (Donald Rumsfeld) സൈനിക താവളങ്ങളെ “ ലില്ലിപാഡു”(Lilypad) എന്നാണ് വിശേഷിപ്പിക്കുന്നത്. “അമേരിക്കന്‍ സൈനികവ്യൂഹത്തിനും ആയുധങ്ങള്‍ക്കും മാതൃരാജ്യത്തു നിന്നും യുക്തമായ താവളത്തിലേക്കും അവിടെ നിന്ന് വളരെയടുത്തുള്ള ഒരു യുദ്ധമുന്നണിയിലേക്കും ഒരു "തവളച്ചാട്ടം" (leapfrog) പോലെ കൃത്യസമയത്ത് എത്തിച്ചേരാനുള്ള ഒരിടം”. മാരക ശേഷിയുള്ള ആയുധങ്ങളും ഉപകരണങ്ങളുമായി ദ്രുതവേഗവും സമയവും കൊണ്ടുള്ള ഒരു കളിയാണത്”. മാരകായുധങ്ങളുമായി കുതിച്ചു ചാടുന്ന അമേരിക്കന്‍ സൈന്യമെന്ന “തവളയ്ക്ക് “സുരക്ഷിതമായി ഒന്നിരിക്കാനുള്ള “ആമ്പലില”യാണ് ഓരോ സൈനികതാവളവുമെന്നു സാരം.

റൈറ്റ് വിങ്ങ് അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിട്യൂട്ട് ( Right-Wing Think Tank-American Enterprises Institute) ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത് " ഭൂഗോളത്തിന്റെ അതിര്‍ത്തി രേഖകളിലൂടെ സവാരി നടത്തി ചീത്തകുട്ടികളെ വെടിവച്ചു കൊല്ലുന്ന ആഗോള കാലാള്‍പ്പട“യെന്നാണ്. ചെങ്കടലിന്റെ കവാടത്തിലുള്ള ദിഗ്‌ബോയ് സൈനിക താവളത്തിന്റെ ക്യാമ്പ് കമാന്‍ഡര്‍ മറൈന്‍ ബ്രിഗേഡിയര്‍ ജനറല്‍ മാസ്റ്റിന്‍ റോബ്‌സണ്‍(Mastin Robson) വിശദീകരിക്കുന്നതിങ്ങനെ: “ പ്രതിരോധയുദ്ധം പ്രാവര്‍ത്തികമാകണമെങ്കില്‍ അമേരിക്കക്ക് ആഗോള സാന്നിധ്യം ഉറപ്പാക്കിയേ പറ്റൂ. അമേരിക്കന്‍ പ്രതിരോധവ്യവസ്ഥയുടെ തള്ളവിരല്‍ പതിയാത്ത എല്ലാ സ്ഥലങ്ങളിലും താവളങ്ങള്‍ സ്ഥാപിക്കണം”.

സാമ്രാജ്യത്വ താവളങ്ങള്‍

അമേരിക്കയിലും വിദേശരാജ്യങ്ങളിലും നിലവിലുള്ള അമേരിക്കന്‍ സൈനിക സ്ഥാവര സ്വത്തുക്കളെക്കുറിച്ച് 2003 ലെ താവളങ്ങളെ സംബന്ധിച്ച ഘടനാ(Base Structural Report) റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. 130 രാജ്യങ്ങളിലായി 720 സൈനിക താവളങ്ങള്‍ സ്വന്തമായോ വാടകയ്ക്കോ നിലനില്‍ക്കുന്നതായി പെന്റഗണ്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലും അതിന്റെ അധീശത്വത്തിന്‍ കീഴിലും നിലനില്‍ക്കുന്ന ആറായിരം സൈനിക താവളങ്ങള്‍ക്കു പുറമേയുള്ള കണക്കാണിത്. ഇവിടങ്ങളിലായി യൂണിഫോമിലുള്ള 2,53,288 സൈനികരും ഏകദേശം അത്രയും തന്നെ ആളുകള്‍ സഹായികളായും ഉണ്ട്. കൂടാതെ, പ്രതിരോധ വകുപ്പിന്റെയും സാങ്കേതിക രംഗത്തെയും ജീവനക്കാരും. ഇവരെ കൂടതെ, അതാത് പ്രദേശങ്ങളില്‍ നിന്നും വാടകയ്ക്കെടുത്തിട്ടുള്ള വിദേശികളുടെ എണ്ണം 44,436. ഈ താവളങ്ങളിലായി 49,870 ബാരക്കുകള്‍, സൈനിക കോടതികള്‍, ആശുപത്രികള്‍ എന്നിവയുമുണ്ട് വേറെ. ഇത്രയും ഭീമമായ സൈനിക ശക്തി നിലനിര്‍ത്തുവാന്‍ 113.2 ബില്യന്‍ ഡോളറാണ് പ്രതിരോധ മന്ത്രാലയം പ്രതിവര്‍ഷം നീക്കിവയ്ക്കുന്നത്. ഇന്നു നിലവിലുള്ള മിക്ക രാജ്യങ്ങളുടെയും ആഭ്യന്തര ഉല്പാദന(GDP)ത്തേക്കാള്‍ കൂടിയ തുകയാണിത്.

“അസ്ഥിരതാ ചാപ“ത്തിനുള്ളിലെ സാമ്രാജ്യത്വ കോട്ടകള്‍(Imperial fortress in the arc of Instability)

ഈ ഭീമാകാരം പൂണ്ട തുകയും കണക്കുകളും ഒന്നും പൂര്‍ണ്ണമായ ഒരു ചിത്രം തെളിച്ചു കാട്ടുന്നില്ല.ആഗോളതലത്തില്‍ അമേരിക്ക നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ താവളങ്ങളെയും ഈ കണക്കുകള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതു തന്നെ കാരണം.

ഉദാഹരണമായി ഹാലി ബര്‍ട്ടന്‍ കോര്‍പ്പറേഷന്റെ ഉപ സ്ഥാപനമായ കെല്ലോഗ്, ബ്രൌണ്‍ ആന്റ് റൂട്ട് (Kellog, Brown & Root) 1999 മുതല്‍ കൊസോവോയില്‍ നിലനിര്‍ത്തി വരുന്ന താവളം 2003 ലെ Basic structural report -ല്‍ പ്രതിഫലിക്കുന്നില്ല. അതേ പോലെ അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്, ഇസ്രായേല്‍, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, ഖത്തര്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ 9/11 നു ശേഷം “അസ്ഥിരതാ ചാപ“ത്തെ(arc of instability) നേരിടാന്‍ ഉയര്‍ത്തിയ താവളങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടില്ല. യഥാര്‍ത്ഥത്തില്‍ “അസ്ഥിരതാ ചാപ“ത്തിന്റെ സൂത്രധാരനും സൃഷ്ടാവും അമേരിക്ക തന്നെയാണെന്ന് അമേരിക്കന്‍ ജനതക്ക് ഇനിയും മനസ്സിലായിട്ടില്ല.

പുതിയതായി നിര്‍വചിക്കപ്പെട്ട “അസ്ഥിരതാ ചാപ“ത്തിന്റെ ചുറ്റുമുള്ള സെന്‍സിറ്റീവ് ആയ ഓരോ സ്ഥാനങ്ങള്‍ക്കും സമീപം സൈന്യത്തെ വിന്യസിക്കുക എന്നതിന്റെ മറപറ്റി ഇറാഖില്‍ മാത്രം നാലു മുതല്‍ ആറു വരെ സ്ഥിരം താവളങ്ങള്‍ മാറ്റി സ്ഥാപിക്കപ്പെടുന്നതായാണ് അനുമാനിക്കപ്പെടുന്നത്. ഇവയില്‍ മിക്കതും ഇപ്പോള്‍ നിര്‍മാണദശയിലാണ്.

ബാഗ്‌ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും നസേറിയായിലെ റ്റാല്‍ ഇല്‍ ( Tallil Airbase) എയര്‍ ബേസിലും, സിറിയന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ മരുഭൂമിയിലും കുര്‍ദ്ദിഷ് മേഖലയിലെ ബാഷര്‍ എയര്‍ ഫീല്‍ഡിലും(Bashur Air field) താവളങ്ങള്‍ പൂര്‍ണ്ണ സജ്ജമായിക്കൊണ്ടിരിക്കുന്നു. കൂടാതെ ഇപ്പോള്‍ താല്‍ക്കാലികമായി ഓപ്പറേറ്റിംഗ് ബേസ് ആ‍യി ഉപയോഗിക്കുന്ന ` അന്നകൊണ്ട ‘യെ (വലിപ്പം കൊണ്ട് -25 സ്ക്വയര്‍ കി മീ- സ്വന്തം പേരിനെ അന്വര്‍ത്ഥമാക്കുന്നു എങ്കിലും) താമസംവിനാ ഒരു സ്ഥിരം താവളമായി മാറ്റാനാണ് പദ്ധതി. ഇതിനെല്ലം ഉപരിയായി, കുവൈറ്റിന്റെ ആകെ വിസ്തീര്‍ണ്ണമായ 6900 സ്ക്വയര്‍ മൈലില്‍ ഏകദേശം 1600 സ്ക്വയര്‍ മൈല്‍ ഭാവി താവള സൃഷ്ടിക്കായി കൈയടക്കിക്കഴിഞ്ഞിരിക്കുന്നു. ഇറാഖിലെ സേനകള്‍ക്ക് വിഭവങ്ങള്‍ എത്തിക്കാനുള്ള താവളമായും സൈനികത്തലവന്മാര്‍ക്കും നേതാക്കന്മാര്‍ക്കും യുദ്ധത്തിനിടയിലും സുരക്ഷിതമായ വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ള `ഹരിത മേഖല’(Green Zone) ആ‍യും ഇത് ഉപയോഗിക്കപ്പെടുന്നു.

താവള കുടുംബ“ത്തിലെ മറ്റുള്ളവര്‍

“അമേരിക്കന്‍ താവളങ്ങളുടെ കുടുംബത്തില്‍ നിന്നും ഒരു ഭൂഖണ്ഡവും ഒഴിവാക്കപ്പെടുന്നില്ല“ കോളിന്‍ പവ്വല്‍ പറയുന്നു. പുത്തന്‍ യൂറോപ്പിലെ അംഗരാജ്യങ്ങളില്‍ റുമേനിയ, പോളണ്ട്, ബള്‍ഗേറിയ, ബോസ്നിയ, ജോര്‍ജിയ എന്നിവിടങ്ങളിലും താവളങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സെര്‍ബിയയില്‍ നിന്നും കൊസോവയെ വേര്‍പെടുത്തി അവിടെ താവളം ശക്തിപ്പെടുത്തിയതിലൂടെ റഷ്യയെ പൂര്‍ണ്ണമായും ചുറ്റിവളയുവാന്‍ അമേരിക്കന്‍ സൈനികശക്തിക്ക് സാധിച്ചിരിക്കുന്നു. ഊര്‍ജ്ജസ്രോതസ്സുകളാല്‍ സമ്പന്നവും സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതുമായ റഷ്യയെ പ്രകോപിക്കാനുള്ള ഏതു ശ്രമവും പുതിയ സംഘര്‍ഷങ്ങള്‍ക്കും ആയുധ പന്തയങ്ങള്‍ക്കും വഴി വക്കും.

ഏഷ്യയിലാവട്ടെ പാകിസ്ഥാനില്‍ നിലവിലുള്ള നാലു താവളങ്ങള്‍ കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ് , വിയറ്റ്നാം(അവിശ്വസനീയം അല്ലേ?) എന്നിവിടങ്ങളില്‍ കൂടി കാലുറപ്പിക്കുവാന്‍ പെന്റഗണിനു കഴിഞ്ഞിരിക്കുന്നു. വടക്കേ ആഫ്രിക്കയിലാവട്ടെ, അള്‍ജീരിയയില്‍ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം വളരെ പ്രകടമായിക്കഴിഞ്ഞു. യുഎസ്-ഫ്രാന്‍സ് പിന്തുണയോടെ സൈന്യം തെരെഞ്ഞെടുപ്പിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് 1992 നു ശേഷം പതിനായിരത്തോളം സാധാരണ പൌരന്മാരണ് കൊലചെയ്യപ്പെട്ടത്. പടിഞ്ഞാറന്‍ ആ‍ഫ്രിക്കയില്‍, സെനഗല്‍, ഘാന, മാലി എന്നിവയിലും 1991 മുതല്‍ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം നടന്നു വരുന്ന സിറലിയോണിലും താവളങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സ്വീകരിച്ച മാതൃകയില്‍ താവളങ്ങളുടെ ഒരു ശൃംഖലയാണ് ഇവിടെയും കാണാന്‍ കഴിയുക.ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമാവട്ടെ, ഹെയ്ത്തി, കൊളംബിയ എന്നിടങ്ങളില്‍ താവളങ്ങളുണ്ട്. അമേരിക്കയുടെ മററ്റൊരു പ്രധാന വ്യോമതാവളം ഗുവാമിലും സബ്‌മറൈന്‍ താവളം ദീഗോഗാര്‍ഷ്യയിലും സ്ഥിതി ചെയ്യുന്നു.ആസ്ട്രേലിയയിലും ശക്തമായ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം ഉണ്ട്.

സമ്പന്നരാജ്യങ്ങളായ ജര്‍മനി, ഇറ്റലി, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ താവളങ്ങളെ കുറച്ചുകൊണ്ടു വരികയോ അവയെ ജനാധിപത്യ വിരുദ്ധ -സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നിലവിലുള്ള മൂന്നാം ലോകരാജ്യങ്ങളിലേക്ക് പറിച്ചുനടുകയോ ചെയ്യുവാനുള്ള പദ്ധതിയും അമേരിക്കക്കുണ്ട്. സൌദി ഭരണാധികാരികളുടെ ശ്രദ്ധപിടിച്ചുപറ്റാനും അവരുടെ പിന്തുണ ഉറപ്പു വരുത്താനും ഉദ്ദേശിച്ച് അവിടെ നിലവിലുള്ള താവളങ്ങള്‍ പറിച്ചുനടുമെന്ന ഭീഷണിയും അമേരിക്ക ഇടക്കിടെ മുഴക്കാറുണ്ട്. ഇതിന് പല കാരണങ്ങള്‍ കാണാമെങ്കിലും ഭീകരതെക്കെതിരായ തങ്ങളുടെ പോരാട്ടത്തോട് വേണ്ടരീതിയില്‍ സഹകരിക്കാത്തവരെ ശിക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനമാകാം അതില്‍ പ്രധാനം. മറ്റൊന്ന് ഇപ്പോള്‍ ഇറാഖില്‍ നിലവിലുള്ള അധിനിവേശ സേനയിലെ പട്ടാളക്കാരേയും ഉപകരണങ്ങളേയും പുനര്‍വിന്യസിക്കാനുദ്ദേശിച്ചുമാകാം ഈ പറിച്ചുനടല്‍. (അവലംബം: http://www.globalsecurity.org)/

ഒക്കിനാവ - യുദ്ധക്കുതിപ്പിനുള്ള സ്പ്രിംഗ് ബോര്‍ഡ്

കഴിഞ്ഞ 58 വര്‍ഷമായി നിലനില്‍ക്കുന്ന ജപ്പാനിലെ “ഒക്കിനാവ അമേരിക്കന്‍ മിലിറ്ററി കോളനി” വെറുമൊരു താവളം മാത്രമല്ല. ജപ്പാന്റെ കണ്ണിലെ കരടായി, ജാപ്പ് ദേശീയതക്ക് മാനക്കേടായി തുടരുന്ന ഈ വമ്പന്‍ സൈനിക കേന്ദ്രം “ക്യാമ്പ് ബട്ട്‌ലര്‍” എന്ന പേരില്‍ ഒരു കപ്പല്‍ താവളം മാത്രമായാണ് ഈ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ 10 നാവിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാവിക വിമാനത്താവളമായ Futenma മാത്രം 1186 ഏക്കര്‍ വ്യാപിച്ചു കിടക്കുന്നു. വിശാലമായ മാന്‍‌ഹാട്ടന്‍ സെന്‍‌ട്രല്‍ പാര്‍ക്ക് പോലും 843 ഏക്കര്‍ മാത്രമാണെന്നറിയുമ്പോഴാണ് ഈ വ്യോമ കേന്ദ്രത്തിന്റെ വലിപ്പം ഊഹിക്കാന്‍ കഴിയുക. ഒക്കിനാവയിലെ ഹാര്‍ബറില്‍ മാത്രം 50,000 അമേരിക്കന്‍ പട്ടാളക്കാരേയും കാറ്റീന എയര്‍ ബേസില്‍ (Katina air base) )എഫ് 22 വിമാനങ്ങളുടെ നിരയേയും സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു.

യൂണിയന്‍ ജാക്കിന്റെ മറവില്‍

ബ്രിട്ടന്റെ സ്വന്തം “റോയല്‍ എയര്‍ ഫോര്‍സ് ”എന്ന മറവില്‍ യു കെ യുടെ ഭൂപ്രദേശത്ത് ഏകദേശം 5 ബില്യന്‍ ഡോളര്‍ മുടക്കി ഒരുക്കി നിര്‍ത്തിയിരിക്കുന്ന സൈനിക-ചാര സംവിധാനങ്ങളെ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

യഥാര്‍ത്ഥത്തില്‍ പല വലിപ്പത്തിലും രൂപങ്ങളിലുമായി മറ്റു രാജ്യങ്ങളുടെ മണ്ണില്‍ ആ‍യിരത്തിലേറെ സൈനികതാവളങ്ങള്‍ അമേരിക്ക നിലനിര്‍ത്തിവരുന്നു എന്നു പറയുന്നത് അതിശയോക്തിയല്ല. നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ താവളങ്ങളുടെ എണ്ണം അമേരിക്കന്‍ ഭരണകൂടത്തിനോ എന്തിന് പെന്റഗണിനു പോലുമോ കൃത്യമായി പറയാനാകില്ല. പ്രതിരോധ- സുരക്ഷാ സംവിധാനങ്ങളുടെ ഭരണ നിര്‍വഹണത്തിനായുള്ള വിവിധ വകുപ്പുകളുടെ അന്യാവലംബ-രഹസ്യ പ്രവര്‍ത്തന സ്വഭാവം മനസ്സിലായാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല.

ആവാഹക ശക്തി (The carrier force)

സമുദ്രങ്ങള്‍ പോലും താവളവല്‍ക്കരണ പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ”സമുദ്രങ്ങളെ നിയന്ത്രിക്കുന്നവന്‍ ലോകത്തെ അടക്കി ഭരിക്കും” ( he who rules the oceans would rule the world) എന്ന പഴയ സൈനിക സൂത്രവാക്യം ദീര്‍ഘദൂര- ഭൂഖണ്ഡാന്തര മിസൈലുകളുടെ ഈ യുഗത്തില്‍ പോലും ഇന്നും പ്രസക്തമാണ്. ഈ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കാനായി അമേരിക്കന്‍ സൈനിക പൈതൃകത്തിന്റെ പേരു വഹിക്കുന്ന വിമാനവാഹിനികള്‍ കേന്ദ്രീകരിച്ച് 13 നാവിക കാര്യ ദളങ്ങളാണ് ( naval task force) ഒരുക്കിയിരിക്കുന്നത്. കിറ്റിഹാക്, കോണ്‍സ്റ്റലേഷന്‍, എന്റര്‍പ്രൈസ്, ജോണ്‍ എഫ് കെന്നഡി, നിമിറ്റ്സ്, ഡ്വൈറ്റ് ഡി, ഐസന്‍‌ഹോവര്‍, കാള്‍ വിന്‍സണ്‍, തിയോദോര്‍ റൂസ്‌വെല്‍റ്റ്, എബ്രഹാം ലിങ്കന്‍, ജോര്‍ജ് വാഷിംഗ്‌ടണ്‍, ജോണ്‍ സി . സ്റ്റെന്നിസ്, ഹാരി എസ്. ട്രൂമാന്‍, റൊനാള്‍ഡ് റീഗണ്‍ എന്നിവരുടെ പേരുകളിലാണ് ഈ വ്യോമ-നാവിക സന്നാഹമൊരുക്കിയിട്ടുള്ളത്.

ആണവ ഉമ്മാക്കി(The nuclear blackmail)

സൈനിക താവളങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നല്‍കുന്ന തുല്യപ്രാധാന്യത്തോടെയോ ഉപരിയായോ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് അമേരിക്കയുടെ ആണവായുധ ശേഷിയും അതിന്റെ വ്യാപനവും. ”ശീത യുദ്ധം” അവസാനിച്ച ശേഷവും ജീവലോകത്തിന് എണ്ണിയാല്‍ ഒടുങ്ങാത്ത ബാദ്ധ്യതയും, അപകട സാദ്ധ്യതകളും വമ്പിച്ച ചിലവും ഉണ്ടാക്കിവയ്ക്കുന്ന ആണവ ആ‍യുധ ശേഖരം അമേരിക്ക നിലനിര്‍ത്തി വരുന്നു. ശീത യുദ്ധത്തിന്റെ നാളുകളില്‍ കമ്യൂണിസ്റ്റുകാരില്‍ നിന്നും ഉണ്ടായേക്കാന്‍ ഇടയുള്ള ആ‍ക്രമണത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ സ്വന്തം പൌരന്മാരുടെ ഇടയില്‍ ദിനം‌പ്രതി പ്രചരിപ്പിച്ചുകൊണ്ടിരുന്നപ്പോഴും വാസ്തവത്തില്‍ കമ്യൂണിസ്റ്റ് ഉമ്മാക്കി ഉയര്‍ത്തിക്കാട്ടി ലോകത്തെ മുഴുവന്‍ തങ്ങളോടൊപ്പം നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു അമേരിക്കന്‍ സാമ്രാജ്യത്വം.

ആ‍റ്റം ബോംബ് ഉപയോഗിച്ച രാജ്യം

1945 ആഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആണവ‍ ആ‍യുധം മനുഷ്യരുടെമേല്‍ ആദ്യമായി,ഒരിക്കലല്ല രണ്ടു വട്ടം, പ്രയോഗിച്ച “പരിഷ്കൃത രാജ്യം” അമേരിക്കയാണെന്നത് വീണ്ടും വീണ്ടും ഓര്‍മ്മിച്ചുവക്കേണ്ടതുണ്ട്. അതും ജപ്പാന്‍ യുദ്ധത്തില്‍ പരാജയപ്പെടുകയും കീഴടങ്ങുകയും ചെയ്തതിനും ശേഷം! കീഴടങ്ങുവാനുള്ള സന്നദ്ധത ജപ്പാന്‍ രാജാവ് കൈമാറിക്കഴിഞ്ഞിരുന്നു എന്നതിന് ശക്തമായ തെളിവുകള്‍ പിന്നീട് ലഭ്യമാവുകയും ചെയ്തു. മനുഷ്യ ദുരന്തത്തെ കുറ്റകരമായി നിസ്സാരവല്‍ക്കരിച്ചുകൊണ്ട് യഥാര്‍ത്ഥ സാമൂഹ്യ സാഹചര്യത്തില്‍ ആറ്റം ബോംബ് പരീക്ഷിക്കപ്പെടുകയായിരുന്നു എന്ന് നിസ്സംശയം തെളിഞ്ഞു.

മനുഷ്യവര്‍ഗത്തിനും അവന്റെ നേട്ടങ്ങള്‍ക്കും മേല്‍ ആറ്റം ബോംബ് വിതറിയ നാശത്തിന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഹൃദയസ്‌പൃക്കായി രേഖപ്പെപ്പെടുത്തപ്പെട്ടു. ഇനിയൊരിക്കലും ഇങ്ങനെ ഒരു ബോംബ് നിര്‍മ്മിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നത് അതിന്റെ നിര്‍മാതാക്കളെയും രാജ്യത്തെയും കൊടിയ അപമാനത്തിലേക്കും സാമൂഹ്യ നിരാസത്തിലേക്കും നയിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ, ഇതില്‍ നിന്നും ഒരു പാഠവും പഠിക്കാന്‍ തയ്യാറാകാത്ത അമേരിക്ക അവരുടെ സാമ്രാജ്യത്വപദ്ധതികളില്‍ അണുവായുധത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

അണുവായുധം പരീക്ഷിക്കാന്‍ അമേരിക്ക ഒരുമ്പെട്ട ഏക സംഭവമല്ല 1945 ലേത്. ഡൈന്‍-ബീന്‍-ഫൂവില്‍ (Dien-bien-phu-വിയറ്റ്നാം) 1954 ല്‍ ഫ്രാന്‍സ് അതിദയനീയമായ പരാജയം നേരിട്ടപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍‌ഹോവര്‍ അണുവായുധം നല്‍കുവാനുള്ള സന്നദ്ധത അറിയിച്ചു. ഫ്രാന്‍സ് ആ വാഗ്ദാനം നിരസിച്ചതുകൊണ്ട് മാത്രമാണ് വീണ്ടുമൊരു ദുരന്തം അരങ്ങേറാതിരുന്നത്. 1955 ല്‍ ചൈനക്കെതിരെ ആണവഭീഷണി ഉയര്‍ത്തിയതും ഐസന്‍‌ഹോവര്‍ തന്നെ. ക്യൂമോയ്, മാറ്റ്സു (Quemoy and Matsu islands)ദ്വീപുകള്‍ കേന്ദ്രീകരിച്ച് വന്‍‌കരക്കെതിരെ യുദ്ധസന്നാഹമൊരുക്കിയ നാഷണലിസ്റ്റ് ചൈനീസ് പ്രവര്‍ത്തകരെ തുരത്തുവാന്‍ ചൈന ഒരുങ്ങിയപ്പോഴായിരുന്നു ഈ ഭീഷണി. 1960-1970 കാലയളവില്‍ വിയറ്റ്നാമില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടപ്പോഴും അണുവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് പെന്റഗണ്‍ ആലോചിച്ചിരുന്നു. 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ സോവിയറ്റ് യൂണിയനെതിരെ അണുവായുധംപ്രയോഗിക്കുവാന്‍ കെന്നഡിയുടെ കാലത്ത് തീരുമനിച്ചിരുന്നതായി “ ആയുധമില്ലാത്ത വിജയം” (Unarmed Victory) എന്ന പുസ്തകത്തില്‍ ബര്‍ട്രാന്റ് റസ്സല്‍ വിശദീകരിക്കുന്നുണ്ട്.

1945 നും 1990 നും ഇടക്ക് 950 ന്യൂക്ലിയര്‍ സ്ഫോടന പരീക്ഷണങ്ങള്‍ അമേരിക്ക നടത്തിയതായി പെന്റഗണ്‍ പറയുന്നു. അതായത് ഓരോ 18 ദിവസങ്ങളിലും ഓരോ സ്ഫോടനങ്ങള്‍. ഇതു കൂടാതെ ഒട്ടനവധി സ്ഫോടന പരീക്ഷണങ്ങള്‍ രഹസ്യമായും നടത്തിയിട്ടുണ്ട് എന്നത് സുവിദിതമാണ്.

ബാക്കിയുള്ള എല്ലാ ന്യൂക്ലിയര്‍ രാജ്യങ്ങളും നടത്തിയ പരീക്ഷണങ്ങളേക്കാള്‍ എത്രയോ മടങ്ങ് അധികമാണിത് ! ഔദ്യോഗികമായി സമ്മതിക്കുന്ന പരീക്ഷണങ്ങള്‍ ഇത്രയുമാകുമ്പോള്‍, രഹസ്യമായി നടത്തിയിട്ടുള്ളവ എത്രയായിരിക്കും എന്ന് ഊഹിക്കുവാന്‍ മാത്രമേ കഴിയൂ . ആണവ നിര്‍വ്യാപന കരാറില്‍ (NPT) അംഗമായിട്ടുള്ള അഞ്ച് അംഗീകൃത രാജ്യങ്ങളിലൊന്നായ അമേരിക്ക 4500 ന്യൂക്ലിയര്‍ ആയുധങ്ങളാണ് അന്യരാജ്യങ്ങളിലെ വിവിധ താവളങ്ങളില്‍ നിരത്തിയിട്ടുള്ളത്. അമേരിക്ക ഇന്നും നിലനിര്‍ത്തിയിട്ടുള്ള 10000 ആണവ പോര്‍മുനകളില്‍ 6000 എണ്ണം ഏതു നിമിഷവും യുദ്ധസജ്ജമായവയും ബാക്കിയുള്ളവ ഏതു സമയത്തും ഉണര്‍ത്താവുന്ന “ഉറക്ക“ത്തിലുള്ളവയുമാണ്.

1700 ന്യൂക്ലിയര്‍ പോര്‍മുനകള്‍ ഭൂതലമിസൈല്‍ സംവിധാനമായും, 1098 മുനകള്‍ ബോംബറുകളിലും 3168 എണ്ണം ഒഹിയോ-ക്ലാസ് അന്തര്‍വാഹിനികളിലും ഏതു ദൌത്യവും ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഏകദേശം 800 പോര്‍മുനകള്‍ ടോം ഹ്വോക് ക്രൂയിസ് മിസൈലുകളിലും ബി 61 ബോംബറുകളിലുംആ‍യി വിന്യസിക്കപ്പെട്ടിരിക്കുന്നു. (അവലംബം:Nuclear Threat Initiative (NTI) - Working for a Safe World- updated upto Nov.2006)

1999 ഒക്ടോബറില്‍ യു.എസ് സെനറ്റ് CTBT (Comprehensive Test Ban Treaty) പ്രഖ്യാപനത്തില്‍ അമേരിക്ക പങ്കാളിയാകേണ്ടെന്ന് ഒരു വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. സെനറ്റിന്റെ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ബുഷ് ഭരണകൂടം ആവശ്യപ്പെട്ടില്ല. പക്ഷെ, 1992 മുതല്‍ നിലവിലുള്ള ആണവപരീക്ഷണങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ന്യൂക്ലിയര്‍ ആയുധങ്ങളുടെ വമ്പിച്ച ശേഖരവും വേണ്ടിടത്തെല്ലാം അവയെ എത്തിക്കാനുള്ള സംവിധാനവുമുള്ളപ്പോള്‍ അമേരിക്ക എന്തിനിനി അണുസ്ഫോടന പരീക്ഷണം നടത്തണം? പ്രത്യേകിച്ചും മറ്റു യാതൊരു കേന്ദ്രത്തില്‍ നിന്നും ഭീഷണിയൊന്നുമില്ലാതിരിക്കെ? പക്ഷെ ഓരോ ആണവപരീക്ഷണങ്ങളില്‍ നിന്നും വമ്പിച്ച ലാഭം കൊയ്തിരുന്ന പല കമ്പനികളും ഈ പ്രഖ്യാപനത്തില്‍ നിരാശരാണ്.

“മിനിറ്റ്മാനും“ “പീസ്‌കീപ്പറും”

ഖര-ദ്രാവക ഇന്ധനമുപയോഗിച്ചുള്ള മിസൈലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അമേരിക്ക വളരെ കാ‍ലം മുന്‍പ് തന്നെ നേടിയിരുന്നു. മൊണ്ടാന (Montana), വടക്കന്‍ ഡക്കോട്ട(North Dakota), വ്യോമിംഗ് (Wyoming ) എന്നീ താവളങ്ങളില്‍ “പീസ്‌കീപ്പര്‍” എന്ന 10 മദ്ധ്യദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലുകളും (MX-Inter continental ballistic missile) “മിനിറ്റ്മാന്‍“എന്ന് പേരിട്ട അഞ്ഞൂറോളം മിസൈലുകളും ആണവപോര്‍മുനയുമായി ആക്രമണത്തിനു തയ്യാറെടുപ്പോടെ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണമായ നര്‍മ്മഭാവനയുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സര്‍വനാശത്തിന്റെ മിസൈലിന് സമാധാനപാലകന്‍(“പീസ്‌കീപ്പര്‍”) എന്ന് പേരിടാനാകുക?

സ്റ്റാര്‍ട്ട് II (Strategic Arms reduction Treaty II) ധാരണപ്രകാരം യുദ്ധാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ആയുധങ്ങളില്‍ കുറവു വരുത്താനുള്ള ബാദ്ധ്യത അമേരിക്കയ്കുണ്ട്. ഈ ധാരണയില്‍ നിന്നും പെന്റഗണ്‍ സാവധാനം തലയൂരുകയാണ്. 2002 ഒക്ടോബര്‍ മുതല്‍ 17 MX“പീസ്‌കീപ്പര്‍” മിസൈലുകള്‍ നിര്‍വീര്യമാക്കുകയും2005 ഒക്ടോബര്‍ 1 ഓടെ മറ്റു 10 മിസൈലുകള്‍ വിക്ഷേപണത്തറയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്യേണ്ടതായിരുന്നു. അവശേഷിക്കുന്ന മിസൈലുകളും ഘട്ടം-ഘട്ടമായി നശിപ്പിക്കണമെന്ന് ഈ ധാരണയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ട് II ന്റെ ധാരണകള്‍ക്ക് വിരുദ്ധമായി ശൂന്യാകാശ വാഹനങ്ങളെയും ലക്ഷ്യവേധവാഹനങ്ങളെയും മറ്റും തൊടുത്തു വിടുവാനും, പുനര്‍വിന്യാസത്തിനും ആയി ഈ മിസൈലുകളെ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കയാണ്. എന്നു മാത്രമല്ല “മിനിറ്റ്മാന്‍” മിസൈലിന്റെ കൃത്യതയുംവിശ്വസനീയതയും ഉറപ്പുവരുത്താനും 2020 വരെയെങ്കിലും അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചുകിട്ടാനും ആറു ബില്യണ്‍( $6 billion) ഡോളറിന്റെ ആധുനികവല്‍ക്കരണ നടപടിയാണ് പെന്റഗണ്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നു മാത്രമല്ല കൂടുതല്‍ ദൂരം താണ്ടാന്‍ ശേഷിയുള്ള മറ്റൊരു മിസൈലിന്റെ നിര്‍മാണം 2008 ല്‍ പൂര്‍ത്തീകരിക്കുവാനും പെന്റഗണ്‍ തീരുമാനിച്ചു കഴിഞ്ഞു.

മുങ്ങിക്കപ്പലുകളും അതിലെ ചാട്ടുളികളും(The Subs and its Tridents)

യു എസ് നാവികസേനയുടെ പക്കല്‍ ആണവപോര്‍മുനയുമായി എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാവുന്നരീതിയില്‍ ഒരുക്കിനിറുത്തിയിരിക്കുന്ന 14 (SSBN)അന്തര്‍വാഹിനികളുണ്ട്. നേരത്തെ ഇത്തരം 18 അന്തര്‍വാഹിനികളാണ് ഉണ്ടായിരുന്നത്. അതില്‍ 4 എണ്ണത്തില്‍ ആണവേതര ക്രൂയിസ് മിസൈലുകള്‍ വഹിക്കാന്‍ വേണ്ട രീതിയില്‍ പരിവര്‍ത്തനം വരുത്തുകയുണ്ടായി. പ്രയോഗക്ഷമമായ 14 അന്തര്‍വാഹിനികളിലുമായി 336 ട്രൈഡന്റു-I ഉം ട്രൈഡന്റു-II മിസൈലുകള്‍ ഒരുക്കി നിറുത്തിയിരിക്കുന്നു. ഓരോ മിസൈലിലും 6-8 പോര്‍മുന എന്ന പ്രകാരം ഏകദേശം 2016 ആണവപോര്‍മുനകളാണ് ഇവയില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ട്രൈഡന്റു-II വിഭാഗത്തില്‍പ്പെട്ട മിസൈലുകളുടെ കാലാവധി 39 വര്‍ഷത്തില്‍ നിന്നും 40 വര്‍ഷമായി ഈയിടെ വര്‍ദ്ധിപ്പിച്ചു. 2029 ഓടുകൂടി നിലവിലുള്ള മിസൈലുകള്‍ കണ്ടം ചെയ്യേണ്ടിവരുമ്പോള്‍ പുതിയ സീരീസിലുള്ള മിസൈലുകള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി തയ്യാറയിക്കഴിഞ്ഞു. ഇവയില്‍ ഒന്‍പത് അന്തര്‍വാഹിനികള്‍ ശാന്ത സമുദ്രത്തിലും അഞ്ച് എണ്ണം അറ്റ്ലാന്റിക് സമുദ്രത്തിലുമായി നിലനിര്‍ത്തും. യു എസ് നാവികസേനയുടെ ഉന്നം ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

മരണത്തെ ഗര്‍ഭം ധരിച്ച ബോംബര്‍ വിമാനങ്ങള്‍

നോര്‍ത്ത് ഡക്കോത്ത (North Dakota) എയര്‍ഫോഴ്സ് ബേസ് , ലൂസിയാനയിലെ ബാര്‍ക്സ് ഡെയില്‍ എയര്‍ഫോഴ്സ് ബേസ് (Barksdale Air Force Base) എന്നിവിടങ്ങളില്‍ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി ബി-52 വിഭാഗത്തില്‍പ്പെട്ട 94 ബോംബര്‍ വിമാനങ്ങള്‍ ഉണ്ട്. ഇതു കൂടാതെ 1990 ല്‍ ഏകദേശം 31 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച മിസൌറിയിലുള്ള വൈറ്റ്മെന്‍ എയര്‍ഫോഴ്സ് ബേസില്‍ (Whiteman Airforce Base) 21 ബി-2 പ്രച്ഛന്ന ബോംബറുകള്‍ (Stealth Bombers) സജ്ജരായിരിക്കുന്നു. ഇതാകട്ടെ എഫ് ബി -111, ബി -1ബി എന്നീ ആക്രമണ(Combat) എയര്‍ക്രാഫ്റ്റുകള്‍ക്ക് പുറമേയാണ്. ബി-52 ബോംബറുകളാവട്ടെ, വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈലുകള്‍ (ALCM-Air Launched Cruise Missile)അഡ്വാന്‍സ്‌ഡ് ക്രൂയിസ് മിസൈലുകള്‍ (ACM), വമ്പന്‍ സ്ഫോടക ശക്തിയുള്ള ഗ്രാവിറ്റി ബോംബുകള്‍ എന്നിവ വര്‍ഷിക്കാന്‍ എപ്പോഴും സുസജ്ജമാണ്. വിവിധ താവളങ്ങളിലായി 400 ACM, 450 ALCM മിസൈലുകളും വിന്യസിക്കപ്പെട്ടിട്ടുണ്ട്. ACM മിസൈലുകള്‍ ALCM മിസൈലുകളേക്കാള്‍ ദൂരം താണ്ടുന്നവയും, കൃത്യത പുലര്‍ത്തുന്നവയും എതിരാളികള്‍ക്ക് ഭേദിക്കാനാവാത്തതുമാണ്. അമേരിക്കന്‍ വ്യോമസേനയാകട്ടെ കാലം കഴിഞ്ഞ ബോംബുകളെയും മിസൈലുകളെയും കാലാനുസൃതമായി നവീകരിക്കുന്നതിനുള്ള തീവ്രയത്ന പരിപാടിയിലുമാണ്. മിസൈല്‍ ടെക്നോളജി കണ്‍‌ട്രോള്‍ റെജിമിലെ (Missile Technology Control Regime-MTCR) ഏറ്റവും ശക്തനായ അംഗം അമേരിക്ക തന്നെയാണ്. സര്‍വസംഹാരിയായ ആ‍യുധങ്ങളും (Weapons of Mass Destruction)ആ‍ണവക്ഷമതയുള്ള മിസൈലുകളും (Nuclear Capable Missiles) വന്‍ തോതില്‍ ശേഖരിച്ചു വച്ചിരിക്കുകയും അവയെ കൃത്യമായ ലക്ഷ്യങ്ങളില്‍ എത്തിക്കുവാനുമുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ചെയ്ത അമേരിക്ക തന്നെ ഇതേ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ സ്വന്തമാക്കുന്നതിനേയോ പരിപോഷിപ്പിക്കുന്നതിനേയോ MTCR ലെ അംഗത്വം ഉപയോഗിച്ച് തടയിടുന്നു.

ആയുധങ്ങളുടെ കാലാനുസൃതമായ പരിഷ്ക്കരണം

ശീതയുദ്ധം അവസാനിച്ചശേഷവും അമേരിക്ക, സൈനിക ഭാഷയില്‍ പറഞ്ഞാല്‍ , അവരുടെ ആയുധങ്ങളേയും ആയുധം വഹിക്കുന്ന വാഹനനങ്ങളെയും കാലാനുസൃതമായി പരിഷ്ക്കരിച്ച് “കപ്പല്‍ ശൈലിയില്‍”(Ship-Shape) നിലനിര്‍ത്തി വരുന്നു. ഇതിനായി എല്ലായ്പ്പോഴും ഒരു യുദ്ധകാല അന്തരീക്ഷം നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. എല്ലാ അധീശത്വവും സൈനിക മേല്‍ക്കോയ്മയും നിലനിര്‍ത്തപ്പെടുന്നതും ഇങ്ങനെ തന്നെയാണ്.

അമേരിക്കന്‍ സൈനിക കമാന്‍ഡ് ഈ ഭൂഗോളത്തിനു ചുറ്റും വിന്യസിച്ചിരിക്കുന്ന അല്ലെങ്കില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന ആണവ പോര്‍മുനകളുടെ എണ്ണത്തില്‍ ഇപ്പോള്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും, ആണവ ആയുധങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സാങ്കേതികവിദ്യയില്‍ ഉണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി മൂലം അത് അപ്രസക്തമാകുന്നു. ചുരുക്കത്തില്‍ അക്രമണാത്മകമായ സമീപനത്തില്‍ തെല്ലും കുറവുണ്ടായിട്ടില്ല തന്നെ.

ഈ പശ്ചാത്തലത്തില്‍ നിന്നു വേണം ആ‍ണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയോടും കുറെക്കൂടി ഉയര്‍ന്ന രൂപത്തില്‍ ഇറാനോടും വടക്കന്‍ കൊറിയയോടും ഉള്ള അമേരിക്കന്‍ സമീപനത്തെ വിലയിരുത്തേണ്ടത്. ഈ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ആരോപിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും സര്‍വോപരി തല തിരിഞ്ഞതുമാണ്. മറ്റു രാജ്യങ്ങളെയാകെ ഭീഷണിപ്പെടുത്തുന്ന, ബ്ലാക്ക്മെയില്‍ ചെയ്യുന്ന, നിരോധിക്കപ്പെട്ട ആ‍ണവ ആയുധങ്ങളുള്ള രാജ്യങ്ങളുടെ ഒരു ചെറിയ ക്ലബ്ബിനെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് മാനവികതയും ലോകമാകെയും ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന്. ഇതിന് സമ്പൂര്‍ണ്ണ ആണവ നിരായുധീകരണമല്ലാതെ മറ്റൊരു പരിഹാരമില്ല താനും.

മരണത്തിന്റെ വ്യാപാരികള്‍

സ്റ്റോക് ഹോമിലുള്ള ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (Stockholm International Peace Research Institute- SIPRI) പഠനം അനുസരിച്ച് 1996 നും 2000 നും ഇടയ്ക്ക് വിനിമയം ചെയ്യപ്പെട്ട പരമ്പരാഗത ആയുധങ്ങളുടെ 50 ശതമാനം അമേരിക്കയുടേതാണ് . റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ 10 ശതമാനം വീതവും ബ്രിട്ടനും ജര്‍മ്മനിയും കൂടി 15 ശതമാനവും ബാക്കിയുള്ള 15 ശതമാനം ആയുധങ്ങള്‍ നെതര്‍ലാന്‍ഡ്, ഉക്രൈന്‍, ഇറ്റലി, ചൈന, ബലേറുസ്, സ്പെയിന്‍, ഇസ്രായേല്‍ എന്നീ ഏഴ് രാജ്യങ്ങളുമാണ് കയറ്റുമതി ചെയ്തത്.

സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ (Weapons of Mass Destruction) എന്നാല്‍ എന്താണ്?

കുറെയേറെ വിശദീകരണങ്ങള്‍ സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങളെക്കുറിച്ച് ഇതിനകം ഉണ്ടായിട്ടുണ്ട്. ഫ്രീ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപ്പീഡിയ പറയുന്നു,

“ യു എസ് പ്രതിരോധ മന്ത്രാലയം Weapons of Mass Destruction -നെക്കുറിച്ച് ഇങ്ങനെയാണ് നിര്‍വചിക്കുന്നത്. പൊട്ടിത്തെറിക്കുന്ന എന്തും, കത്തുന്ന എന്തും, വിഷവാതകം, ബോംബ്, 4 ഔണ്‍സില്‍ (113 ഗ്രാമില്‍) കൂടുതല്‍ പ്രൊപ്പല്ലന്റ് ശക്തിയുള്ള ഗ്രനേഡ് അഥവ റോക്കറ്റ്, മിസൈല്‍ ആ‍ണെങ്കില്‍ കാല്‍ ഔണ്‍സ് (7 ഗ്രാം) സ്ഫോടനശേഷിയോ ജ്വലനശേഷിയോ മുകളില്‍ പറഞ്ഞവയ്ക്ക് തുല്യമായതോ (2) വിഷവാതകം (3) രോഗം പരത്താവുന്ന ജൈവപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ആയുധം(4) മനുഷ്യജീവനു മാരകമാകാവുന്ന വിധത്തില്‍ റേഡിയേഷന്‍ സൃഷ്ടിക്കാവുന്ന പ്രത്യേക ലക്ഷ്യവേധ ആയുധങ്ങള്‍.“(അവലംബം: യു എസ് ലോ, 18 യു എസ് സി , സെക്ഷന്‍ 2332 എ യും 18 യു എസ് സി 921).ട്രക്ക് ബോംബുകള്‍, പൈപ്പ് ബോംബുകള്‍, ഷൂ ബോംബുകള്‍, ബോട്ടുലിന്‍ വിഷം പുരട്ടിയ കള്ളിമുള്‍ച്ചെടി (cactus needles coated with botulin toxin) തുടങ്ങിയവ കൈവശം വയ്ക്കുക, ഉപയോഗിച്ചതായി തെളിയിക്കപ്പെടുക എന്നിവ ഈ നിയമങ്ങളുടെ കീഴില്‍ ശിക്ഷാര്‍ഹമാണ്.

പരമ്പരാഗത ആയുധങ്ങള്‍ (ബോംബുകള്‍) എപ്പോഴാണ് സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ ‍(Weapons of Mass Destruction) ആ‍യി മാറുന്നത് എന്ന് അമേരിക്കയില്‍ തന്നെയുള്ള FBI പറയുന്നതിങ്ങനെ,

“ പ്രാദേശിക അതിര്‍ത്തികളെ അതിലഘിച്ചുകൊണ്ട് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബോംബുകള്‍ സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങളുടെ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.”

ചെറുകിട -ലഘു ആയുധങ്ങളുടെ അനധികൃത വ്യാപാരത്തെ സംബന്ധിച്ച 2001 ലെ യു എന്‍ കോണ്‍ഫറന്‍സില്‍ കൊളംബിയന്‍ വൈസ് പ്രസിഡന്റ് ഗുസ്താവോ ബെല്‍ ലീമസ് സമര്‍പ്പിച്ച മില്ലേനിയം റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് യു എന്‍ സെക്രട്ടറി ജനറല്‍ ശ്രീ കോഫി അന്നന്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്,

“ ചെറുകിട ആയുധങ്ങളെ Weapons of Mass Destruction ആയി കണക്കാക്കേണ്ടി വരുന്നത് - അവ സൃഷ്ടിക്കുന്ന വിനാശങ്ങള്‍ നാളിതു വരെയുള്ള സകല ആയുധങ്ങള്‍ സൃഷ്ടിച്ചതിലും അധികം- പ്രത്യേകിച്ചും ഹിരോഷിമായിലും നാഗസാക്കിയിലും വര്‍ഷിച്ച ആറ്റം ബോംബുകള്‍ കൊന്നൊടുക്കിയ ആളുകളുടെ എണ്ണത്തെയും കവച്ചുവയ്ക്കുന്ന വിനാശങ്ങള്‍ എല്ലാ വര്‍ഷവും നടത്തിക്കൊണ്ടിരിക്കുന്നതിനാലാണ് ”(അവലംബം : വിക്കിപീഡിയ)

എത്രയായാല്‍ മതിവരും?

അമേരിക്കന്‍ അധിനിവേശത്തിന്റെ “ ആമ്പലിലകളേയും കുതിക്കുന്ന തവളകളേയും” കുറിച്ച് ഇങ്ങനെ എത്ര വേണമെങ്കിലും നമുക്ക് പറഞ്ഞുകൊണ്ടേയിരിക്കാം. മരണം വിതറുന്ന കളിപ്പാട്ടങ്ങളുടെ ഈ ലിസ്റ്റ് എത്ര എടുത്താലും അവസാനിക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മരണത്തിന്റെ ഈ വ്യാപാരികള്‍ എത്ര മാത്രം രക്തദാഹികളാണെന്നും മനുഷ്യന്റെ ദുരിതത്തില്‍ നിന്നും അവന്റെ രക്തത്തില്‍ നിന്നും അവര്‍ പിഴിഞ്ഞെടുത്തുകൊണ്ടിരിക്കുന്ന “ പെന്നികളും ഡോളറുകളും ” എത്രയാണെന്നും നമുക്ക് വിശദീകരിച്ചു കൊണ്ടേയിരിക്കാം. ഈ സാമ്രാജ്യത്വ കഴുകന്മാര്‍ക്ക് എത്രയായാലാണ് മതി വരിക? ഉത്തരം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒരിക്കലും... ഒരിക്കലും ...മതി വരില്ലെന്നു തന്നെയാണ്.

(ലേഖകന്‍: ശ്രീ. എന്‍.എം.സുന്ദരം, പ്രസിഡന്റ്, All India Insurance Employees' Association)

(സ്വതന്ത്ര വിവര്‍ത്തനം:ശ്രീ.പി.ആര്‍.ശശി, വൈസ് പ്രസിഡന്റ് , KSGIEU)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)