Showing posts with label ഇടയലേഖനം. Show all posts
Showing posts with label ഇടയലേഖനം. Show all posts

Tuesday, October 26, 2010

കൊടുങ്കാറ്റുകള്‍ കൊയ്‌ത് കയറ്റരുത്

ദൈവവും മനുഷ്യനും തമ്മിലുള്ള മത്സരമല്ല ഒരു തെരഞ്ഞെടുപ്പും. ഈശ്വരസാന്നിധ്യം അറിയാനുള്ള ഹിതപരിശോധനയുമല്ല അത്. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതി ആദ്യം ചര്‍ച്ചക്കെടുക്കുന്നത് ദൈവം ഉണ്ടോ, ഇല്ലയോ എന്ന വിഷയമല്ല. വിളക്കു കത്തിക്കാന്‍ വിശ്വാസപ്രമാണങ്ങള്‍ അറിയേണ്ട, വഴി തെളിക്കാന്‍ വേദപഠനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ട. നിരക്ഷരന് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുക്കാന്‍ പത്തുകല്‍പ്പനകള്‍ പഠിക്കേണ്ടതില്ല. എന്നിട്ടും വിശ്വാസികള്‍ക്കേ വോട്ടുചെയ്യാവൂ എന്ന് ഇടയലേഖനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് എന്തിനാണ്?

എങ്കില്‍ നഥുറാം വിനായക ഗോഡ്‌സെയും ജവാഹര്‍ ലാല്‍ നെഹ്റുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ടുചെയ്യണം? വിശ്വാസിയായിരുന്നു ഗോഡ്‌സെ. അവിശ്വാസിയായിരുന്നു നെഹ്റു. നമസ്‌കരിച്ച ശേഷമാണ് രാഷ്‌ട്രപിതാവിന്റെ മെലിഞ്ഞ ശരീരത്തിലേക്ക് ഗോഡ്‌സെ കാഞ്ചി വലിച്ചത്. നെഹ്റുവാകട്ടെ ഇനി അമ്പലം വേണ്ട അണക്കെട്ടുകള്‍ മതി എന്നാണ് പറഞ്ഞത്. 17 വര്‍ഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അണക്കെട്ടുകളല്ല, ആരാധനാലയങ്ങള്‍ തന്നെയാണ് ഉയര്‍ന്നത്. നൂറുകോടി ജനങ്ങള്‍ക്ക് 15 ലക്ഷം സ്‌കൂളും 75,000 ആശുപത്രിയും ഉള്ളപ്പോള്‍ ആരാധനാലയങ്ങള്‍ 25 ലക്ഷമുണ്ട്. അമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവന്‍ തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായിരുന്നു. ശബരിമലയില്‍ ഇപ്പോഴും നടവരവ് വര്‍ഷം തോറും വര്‍ധിക്കുകയാണ്. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്നു. കൊച്ചിയില്‍ ജാതിയോ, മതമോ, ദൈവമോ ഇല്ലാതായില്ല. വല്ലാര്‍പാടം പള്ളി പുതിയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ന്നു. ദൃഢപ്രതിജ്ഞ ചൊല്ലിയാണ് എ കെ ആന്റണി മുഖ്യമന്ത്രിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെയും ടോം വടക്കനെയും സ്ഥാനാര്‍ഥിയാക്കണമെന്ന് നിവേദനം നല്‍കാന്‍ ആന്റണിയുടെ 'അവിശ്വാസപ്രതിജ്ഞ' സഭയ്‌ക്ക് തടസ്സമായില്ല. അപ്പോള്‍ പ്രശ്‌നം വിശ്വാസത്തിന്റേതു തന്നെയോ?

വിശ്വാസിയാണ് നരേന്ദ്രമോഡി. വിശ്വാസിയാണ് യെദ്യൂരപ്പ, അയോധ്യയിലെ മിനാരങ്ങള്‍ ഇരുമ്പുകൂടംകൊണ്ട് തകര്‍ത്തവര്‍ വിശ്വാസികളായിരുന്നു. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ അടിവയര്‍ കീറിയവര്‍ വിശ്വാസികളായിരുന്നു. താജ് ഹോട്ടലിനെ തോക്കിന്‍മുനയില്‍ തൂക്കി നിര്‍ത്തിയവര്‍ വിശ്വാസികളായിരുന്നു. വിക്‌ടോറിയ ടെര്‍മിനസിലും ബംഗളൂരുവിലും ബോംബുപാകിയവര്‍ വിശ്വാസികളായിരുന്നു. ആള്‍ക്കൂട്ടപ്പെരുവഴിയില്‍ പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബുകളും വിശ്വാസികളാണ്. അധ്യാപകന്റെ കൈയറുത്തവരും അറുത്ത കൈ പിടയുമ്പോള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കിയവരും വിശ്വാസികളാണ്. ഏതു വിശ്വാസത്തിന്റെ തിരുവടയാളത്തിലാണ് പൌരബോധത്തിന്റെ ധാര്‍മിക മുദ്ര പതിയേണ്ടത് ?

വിശ്വാസിക്കാണ് ധാര്‍മികബോധമെന്നും അവിശ്വാസികള്‍ അധാര്‍മികരാണെന്നതും ചരിത്രം നിരാകരിക്കുന്നു. അധികാരകേന്ദ്രങ്ങളെ അധാര്‍മികതയുടെ ഗര്‍വ്കൊണ്ട് മൂടിയത് അവിശ്വാസികളേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ്. സിംഹാസനത്തില്‍ ആരൂഢമായപ്പോള്‍ ദൈവത്തേക്കാള്‍ വിശ്വാസികള്‍ വിശ്വസിച്ചത് കൊലമരത്തെയും തൂക്കുകയറിനെയുമായിരുന്നു. ജനറല്‍ സിയാ ഉള്‍ഹഖ് മെക്കയിലെ വിശുദ്ധ കബറിടത്തില്‍ പ്രാര്‍ഥിച്ച് പവിത്ര മനസ്സോടെ തിരികെയെത്തിയാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നത്.

ദൈവനാമത്തിലാണ് ക്രിസ്‌റ്റഫര്‍ കൊളംബസ് യാത്ര തുടങ്ങിയത്. ഹിസ്‌പാനിയോളയില്‍ കൊളംബസ് സ്ഥാപിച്ച സൈനികത്താവളത്തിന് 'ക്രിസ്‌മസ്' എന്നായിരുന്നു പേര്. സ്വര്‍ണം കൊണ്ടുവരാത്ത തദ്ദേശീയരുടെ കൈവെട്ടിയെടുത്തത് ഇവിടെ വച്ചാണ്. കാല്‍വരിയിലെ വിലാപങ്ങള്‍ക്കുമീതെ കത്തിമുന രാകിയ ധാര്‍മികബോധം!

ആഫ്രിക്കയിലെ കറുത്ത മനുഷ്യരെ അടിമകളാക്കി കയറ്റുമതി ചെയ്യുന്നത് തിരുസഭയ്‌ക്ക് നിരക്കുന്നതാണോ എന്ന് സാന്‍ഡോവില്‍ എന്ന പുരോഹിതന്‍ അധികാരികളോട് ചോദിച്ചു. മറുപടി കിട്ടി-'അടിമക്കച്ചവടം നിയമവിരുദ്ധമല്ല'. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായവന്‍, അവരുടെ മുറിവുകള്‍ക്കുമീതെ ഇളങ്കാറ്റായി ലേപനം ചെയ്‌തവന്‍, കുരിശില്‍ ഒരുവട്ടംകൂടി പിടഞ്ഞിട്ടുണ്ടാവും.

ദസ്‌തയോവസ്‌കിയുടെ കാരമസോവ് സഹോദരന്മാരില്‍ മതദ്രോഹവിചാരകന്‍ തടവില്‍ കിടക്കുന്ന യേശുവിനെ ചോദ്യംചെയ്യാന്‍ വരുന്നുണ്ട്. 'നീ ചെയ്‌ത തെറ്റുകളിലൊന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതാണെന്ന്' വിചാരകന്‍ യേശുവിനെ കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട അടിമകളെയാണ് റോമാസമ്രാജ്യം കുരിശില്‍ തൂക്കിയത്. കുരിശില്‍ പിടഞ്ഞ 'സ്‌പാര്‍ട്ടക്കസുമാരുടെ' കണ്ണുകള്‍ കഴുകന്മാര്‍ കൊത്തിപ്പറിച്ചപ്പോള്‍ നീറോ ചക്രവര്‍ത്തിമാര്‍ വീണക്കമ്പികള്‍ മുറുക്കി. ആ കുരിശില്‍ കിടന്ന് മുള്‍മുടിയും മരണവും സ്വീകരിച്ചുകൊണ്ടാണ് യേശുക്രിസ്‌തു മനുഷ്യന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

മതം രാഷ്‌ട്രീയാധികാരത്തോട് ഒട്ടിയപ്പോള്‍ കുരിശ് വഴിയില്‍ ഉപേക്ഷിച്ച് കുതിരപ്പുറത്ത് കയറി. യോഗദണ്ഡ് ചെങ്കോലേന്തിയപ്പോള്‍ താഴികക്കുടങ്ങള്‍ തകര്‍ന്നു. ഇത് വിശ്വാസത്തിന്റെ വഴിതെറ്റലാണ്. രണ്ട് നൂറ്റാണ്ട് നീണ്ട കുരിശുയുദ്ധം വഴിതെറ്റലാണ്. മതപീഡനങ്ങള്‍ വഴിതെറ്റലാണ്. മതദ്രോഹവിചാരണകള്‍ വഴിതെറ്റലാണ്. മധ്യകാലഘട്ടം വഴിതെറ്റലാണ്. അന്ന് ലോകം ഇരുണ്ടു, കുരിശേറ്റം കണ്ട സീയോന്‍ പുത്രികളെപ്പോലെ. വിജ്ഞാനം പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ കണ്ണടച്ചു. ജ്യോതിശാസ്‌ത്രജ്ഞര്‍, ഗവേഷകര്‍, വൈദ്യ വിദ്യാര്‍ഥികള്‍ തീയിലെരിഞ്ഞു. മിഗ്വേല്‍ സെര്‍വെറ്റ് എന്ന ഭിഷഗ്വരന്‍ വേദനയോടെ കുറിച്ചു: 'ഈ ലോകത്ത് സത്യമെന്ന ഒന്നില്ല; കടന്നുപോകുന്നത് നിഴലുകള്‍ മാത്രം!'. രക്തചംക്രമണം കണ്ടുപിടിച്ച ഈ സെര്‍വെറ്റിനെ 1553ല്‍ മതദ്രോഹവിചാരണക്കോടതി തീയില്‍ ചുട്ടു.

മതത്തിന്റെ വൈകാരികത പുരട്ടി അധികാരം പൊതുസമ്മതി തേടുമ്പോള്‍ അതിന് സമനില തെറ്റും. കൃത്രിമക്കാലില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഉറങ്ങാനാവില്ല. ഉയരമില്ലായ്‌മ അവരെ എന്നും വേട്ടയാടും. മറ്റുള്ളവരുടെ മുന്നിലേ സത്യം മൂടിവയ്‌ക്കാനാവൂ, സ്വന്തം മനസ്സ് സത്യത്തിന്റെ സ്‌മാരകശിലകള്‍ തന്നെയായിരിക്കും. ക്യൂബയിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും ഹോണ്ടുറാസിലേക്കും കൊളംബിയയിലേയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലേക്കും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ നീങ്ങിയപ്പോള്‍ എഴുത്തുകാരനായ അംബ്രോസ് ബിയേഴ്‌സ് കുറിച്ചു' 'ഭൂമിശാസ്‌ത്രം പഠിപ്പിക്കാന്‍ ദൈവം കണ്ടെത്തിയ വഴിയാണ് യുദ്ധം!'. അന്ന് അമേരിക്കന്‍ പതാകയിലെ നക്ഷത്രങ്ങളുടെ സ്ഥാനത്ത് മാര്‍ക് ട്വയിന്‍ തലയോടുകള്‍ വരച്ചു.

മതവിശ്വാസം പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയ അധികാരിക്ക് ഒരിക്കലും തലച്ചോറ് വേണ്ട, തലയോടുകള്‍ മതി. നാസിത്തടവറകള്‍ സ്ഥാപിച്ച ഹിറ്റ്ലറിന് കാത്തലിക് സെന്റര്‍ പാര്‍ടിയുടെ പിന്തുണയുണ്ടായിരുന്നു. നാഗസാക്കിയും ഹിരോഷിമയും അഗ്നിഗോളങ്ങള്‍ നക്കിത്തുടച്ചപ്പോള്‍ ബോംബിന്റെ സ്രഷ്‌ടാവായ ഓപ്പന്‍ഹീമര്‍ വാഷിങ്ടണിലിരുന്ന് വിതുമ്പി. പ്രസിഡന്റ് ഹാരിട്രൂമാനോട് പറഞ്ഞു-'എന്റെ കൈയില്‍ രക്തം പുരണ്ടപോലെ' ട്രൂമാന്‍ ഉടനെ സ്‌റ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ചുപറഞ്ഞു 'ആ പിഴച്ചവനെ ഇനി ഈ ഓഫീസില്‍ കാണരുത് !'. ട്രൂമാന്‍ വിശ്വാസിയാണ്. ദൈവങ്ങളുടെ നാടാണ് അമേരിക്ക. ദൈവങ്ങളെ ഇറക്കുമതിചെയ്‌തും കയറ്റുമതിചെയ്‌തും സന്തോഷിക്കുന്നവര്‍.

ട്രൂമാനേക്കാള്‍ വിശ്വാസിയായിരുന്നു ജോര്‍ജ് ബുഷ്. ഇറാഖിലെ 'രഹസ്യായുധങ്ങള്‍' കണ്ടെത്താന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ വിഷം പുരട്ടുമ്പോള്‍ പ്രാര്‍ഥിക്കുകയായിരുന്നു ബുഷ്. പ്രാര്‍ഥനാ മുറിയില്‍നിന്ന് ബുഷ് ഇറങ്ങി. ബാഗ്‌ദാദിലേക്ക് ബോംബുകള്‍ ചീറി. ഇറാഖ് കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം തകര്‍ത്തിട്ടും 'രഹസ്യായുധങ്ങള്‍' കിട്ടിയില്ല. നുണ അധികാരത്തിന്റെ ശക്തിപ്രകടനമാണ്. വിശ്വാസത്തിന്റെ വേഷം ധരിക്കുന്നതോടെ അതില്‍ ആത്മീയ ചൈതന്യവും പുരളുന്നു.

വിയറ്റ്നാമിലെ കൃഷിക്കാരന്റെ നെഞ്ചിലേക്ക് മൈന്‍ വിതറിയ യുദ്ധവും വിശ്വാസിയായ ലിന്‍ഡന്‍ ജോണ്‍സന്റെ തന്ത്രപരമായ നുണയായിരുന്നു. രണ്ട് അമേരിക്കന്‍ കപ്പലുകള്‍ വിയറ്റ്നാംകാര്‍ മുക്കിയതിനാണ് ജോണ്‍സണ്‍ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധംകഴിഞ്ഞപ്പോള്‍ പ്രതിരോധ സെക്രട്ടറി ആല്‍ബര്‍ട്ട് മക്‌നമാറ പറഞ്ഞു: 'അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല!'

നുണകള്‍ ഒരു രാഷ്‌ട്രതന്ത്രമാണ്. അധികാരം അതിന് വിശ്വാസത്തിന്റെ പുതപ്പ് കൂടി നല്‍കുന്നു. മനുഷ്യന്‍ നിലവിളിയും, ദൈവം തലോടലുമാണെങ്കില്‍ അതിനിടയിലെന്തിന് കാപട്യം. പതിനേഴുവര്‍ഷത്തിനുശേഷം ഫാദര്‍ വടക്കന്‍ ഏറ്റുപറഞ്ഞത് അങ്ങനെ ഒരു നുണയെ കുറിച്ചാണ്. 1957ലെ വിമോചന സമരത്തില്‍ അങ്കമാലിയിലെ വെടിവെപ്പിന് ഉത്തരവാദികള്‍ സമരക്കാര്‍തന്നെയെന്ന് ഫാ.വടക്കന്‍ സമ്മതിച്ചു. കുടിച്ച് ലക്കുകെട്ട നുറുകണക്കിനാളുകള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് തുരുതുരാ കല്ലുകള്‍ എറിയുകയായിരുന്നു. വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് അങ്കമാലി കല്ലറയില്‍ ഒപ്പീസു ചൊല്ലിയപ്പോള്‍ ചിലരെങ്കിെലും ഇത് ഓര്‍ത്തിട്ടുണ്ടാവും!

വിശ്വാസികള്‍ അധികാരത്തില്‍ വന്നാല്‍ രാഷ്‌ട്രീയത്തില്‍ ധര്‍മം പുലരും എന്നതും സങ്കുചിതത്വത്തിന്റെ ഒളിച്ചുകടത്തലാണ്. ഒരു തരിയത് കുത്തിത്തൊമ്മനപ്പുറത്തേക്ക് അത് നീളില്ല. കാഴ്‌ചബംഗ്ളാവിലേക്ക് വരയന്‍ കുതിരകളെ വാങ്ങാന്‍ തിരുവിതാംകൂര്‍ അസംബ്ളിയില്‍ ചര്‍ച്ച നടന്നപ്പോള്‍ അതില്‍ രണ്ട് കത്തോലിക്കന്‍ വേണം എന്ന് ആവശ്യപ്പെട്ട കുത്തിത്തൊമ്മന്‍ ഒരു ഫലിത കാഴ്‌ചയാണ്.

രാഷ്‌ട്രീയത്തിലെ ധാര്‍മികതയുടെ ഉരകല്ല് മതസംഹിതകളല്ല. വേദപുസ്‌തകവും, വേദങ്ങളും, മനുസ്‌മൃതിയും, ഭഗവദ്ഗീതയും, വിശുദ്ധ ഖുറാനുമല്ല അതിന്റെ മാനദണ്ഡം. ജനങ്ങള്‍ തന്നെയാണ്, ജനങ്ങളുടെ പൊതുബോധമാണ്, ജനങ്ങളുടെ മനസാക്ഷിയാണ്. വിശ്വാസമല്ല മനസാക്ഷി നല്‍കുന്നത്. വിശ്വാസത്തിനകത്തെ മനുഷ്യത്വമാണ്. ആ മനുഷ്യത്വത്തിന് ജാതിയില്ല. മതമില്ല, പക്ഷെ പേരുണ്ട്- മനുഷ്യന്‍. ഹോട്ടലില്‍ വെച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ വസ്‌ത്രങ്ങള്‍ അഴിപ്പിച്ച മാനേജര്‍ക്ക് പണം നല്‍കി, ബഷീറിന് പഴ്‌സ് തിരിച്ചുനല്‍കി നടന്നുപോയ പോക്കറ്റടിക്കാരന് കിട്ടിയ അതേ പേര് - മനുഷ്യന്‍. മനുഷ്യന്റെ മുഖം കരുണാര്‍ദ്രമാണ്- നിങ്ങള്‍ നഗ്നന് വസ്‌ത്രം നല്‍കുമ്പോള്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുമ്പോള്‍ അത് എനിക്ക് നല്‍കുന്നതിന് തുല്യമാണെന്ന് പറഞ്ഞ സ്‌നേഹസാഗരം. വെട്ടിമുറിക്കാനല്ല ക്രിസ്‌തു വന്നത് കൂട്ടിചേര്‍ക്കാനാണ്. അതുമറക്കാതിരിക്കുക. വൃക്ഷം പൂവിനു വേണ്ടിയും വിറകിനു വേണ്ടിയും വളര്‍ത്താമെന്ന് ടാഗോര്‍ ഓര്‍മ്മിപ്പിച്ചു. എന്തിനാണെന്ന് തീരുമാനിക്കുന്നത് നട്ടുനനച്ച തോട്ടക്കാരന്‍ തന്നെ.


*****


എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി 26-10-2010

Saturday, October 23, 2010

വിശ്വാസികള്‍ ആര്, അവിശ്വാസികള്‍ ആര്

'ഞങ്ങളില്‍ ചിലര്‍ക്ക് (പുരോഹിതര്‍) ഒരു ഭീമമായ തെറ്റിദ്ധാരണയുണ്ട്. ഞങ്ങള്‍ പള്ളിയില്‍ പറയുന്നതെല്ലാം വിശ്വാസികള്‍ അപ്പാടെ വിഴുങ്ങുമെന്നാണത്. ഞായറാഴ്‌ചകളില്‍ പള്ളികളെല്ലാം ഹൌസ് ഫുള്‍ ആകുമ്പോള്‍ ആ ധാരണ ഒന്നുകൂടി ശക്തിപ്പെടും. അവിടെ പുരോഹിതര്‍ എന്തു പറഞ്ഞാലും ആരും ഒന്നും തിരിച്ചു പറയില്ല. ഇവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് ? ആരും ഒന്നും വിഴുങ്ങുന്നില്ല. പള്ളിയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതി അവര്‍ സമാധാനപരമായി തിരിച്ചുപോകുന്നു. എന്നാല്‍, അവരുടെ ഉള്ളറിയാതെ പള്ളികളില്‍ ഇടയലേഖനങ്ങള്‍ വായിച്ചുകൊണ്ടേയിരിക്കുന്നു. മെത്രാന്മാരുടെ വിശ്വാസമാണ് വിശ്വാസികള്‍ക്കും എന്നു വരുത്തിത്തീര്‍ക്കുന്നതിനു പിന്നില്‍ വലിയൊരു രാഷ്‌ട്രീയ അജന്‍ഡയുണ്ട്.'- മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറയുന്നു.

അടുത്ത കാലത്തായി കൂടിക്കൂടി വരുന്നതും വിവാദമാകുന്നതുമായ കത്തോലിക്ക സഭയുടെ ഇടയലേഖനങ്ങളെല്ലാം വിലകുറഞ്ഞ രാഷ്‌ട്രീയ ലേഖനങ്ങളും സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കുതന്ത്രങ്ങളുമാണ്. ഇടയലേഖനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിനു പകരം, വിശ്വാസികളുമായുള്ള സംവാദാത്മകമായ ഇടപെടലിലൂടെ അവരുടെ വികാരം ഉള്‍ക്കൊള്ളാനാണ് സഭാമേധാവികളും പുരോഹിതന്മാരും ശ്രമിക്കേണ്ടത്.

മെത്രാപോലീത്തയുമായി ദേശാഭിമാനി നടത്തിയ അഭിമുഖത്തില്‍നിന്ന്: "അവിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും വോട്ട് ചെയ്യരുതെന്നാണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുറത്തു വന്ന ഇടലേഖനത്തിലെ ആഹ്വാനം. ഇതു പറയുന്നതിനു മുമ്പ് ആരാണ് വിശ്വാസികള്‍, ആരാണ് അവിശ്വാസികള്‍ എന്നത് ആദ്യം വിവക്ഷിക്കണം. ചില ബിഷപ്പുമാര്‍ മുദ്രകുത്തുന്ന രാഷ്‌ട്രീയപ്പാര്‍ടിക്കാരെല്ലാം അവിശ്വാസികള്‍, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെല്ലാം വിശ്വാസികള്‍ എന്ന സമീപനത്തില്‍ എന്താണ് നീതി? വിശ്വാസികള്‍ എന്ന് അഭിമാനിക്കുന്നവരെല്ലാം വിശ്വാസികളും അവിശ്വാസികള്‍ എന്ന് മുദ്രകുത്തപ്പെടുന്നവരെല്ലാം അവിശ്വാസികളുമാണെന്ന ധാരണയും അസംബന്ധം. അവിശ്വാസം പാപം, വിശ്വാസം നല്ലത് എന്ന വീക്ഷണവും തെറ്റാണ്.. ദൈവവിശ്വാസമില്ലാത്തവര്‍ക്കും മറ്റനേകം നന്മകളില്‍, കര്‍മങ്ങളില്‍, ദൌത്യങ്ങളില്‍ വിശ്വാസമുണ്ടാകാം. അടിസ്ഥാനപരമായി വിശ്വാസം എന്തിനെ ലക്ഷ്യമാക്കുന്നു എന്നതാണ് പ്രധാനം. എല്ലാ പ്രവാചകരുടെയും ആഹ്വാനങ്ങള്‍ അന്തിമമായി വിരല്‍ചൂണ്ടുന്നത് മനുഷ്യരുടെ വിമോചനമാണ്. അതു ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ മാത്രം ആവശ്യമല്ല, മുഴുവന്‍ ജനങ്ങളുടെയുമാണ്. അവിശ്വാസികള്‍ എന്നു മുദ്രകുത്തി ഒരുകൂട്ടരെ അകറ്റി നിര്‍ത്തുമ്പോള്‍ വലിയൊരു ജനകീയ കൂട്ടായ്‌മയുടെ സാധ്യതയാണ് നഷ്‌ടപ്പെടുത്തുന്നത്. ഇത് ക്രിസ്‌തുവിരുദ്ധവും ദൈവവിരുദ്ധവുമാണ്.

യേശു വിഭാവനംചെയ്‌തത് വിവേചനമില്ലാത്ത സര്‍വലോകത്തിന്റെയും മഹാസന്തോഷമാണ്. ഇടയലേഖനമെന്നാല്‍ ഇടയന്റെ ലേഖനമെന്നാണര്‍ഥം. ഇടയന്‍ ക്രിസ്‌തുവാണ്. ക്രിസ്‌തുവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകണം ഇടയലേഖനങ്ങള്‍. അല്ലാതെ ശുഷ്‌കമായ രാഷ്‌ട്രീയ ലേഖനങ്ങളല്ല. വിശ്വാസികള്‍ ഇതെല്ലാം അംഗീകരിക്കുമെന്നത് പതിനാറാം നൂറ്റാണ്ടിലെ വിശ്വാസമാണ്. ഓരോ പ്രസ്‌താവനയുടെയും ലക്ഷ്യമെന്തെന്ന് വിശ്വാസികള്‍ സ്വയം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എണ്ണയ്‌ക്ക് എന്തുകൊണ്ട് വിലകൂടുന്നു എന്ന് വാഹനമുള്ളവര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം അറിയാം. സ്വാശ്രയ വിദ്യാഭ്യാസമെന്നത് കണക്കു കൂട്ടിയുള്ള കച്ചവടമാണെന്ന് ജനം മനസിലാക്കിയിരിക്കുന്നു. സാധാരണക്കാര്‍ക്കു വേണ്ടി ആരെല്ലാം നിലകൊള്ളുന്നു എന്നും അറിയാം. ഓരോരുത്തര്‍ക്കും വ്യക്തമായ രാഷ്‌ട്രീയ ധാരണകളുമുണ്ട്. അതെല്ലാം കേവലം ഒരു ഇടയലേഖനംകൊണ്ട് മാറ്റിക്കളയാമെന്നു കരുതുന്നത് മൌഢ്യമാണ്. കൂട്ടത്തില്‍ പറയട്ടെ ഞങ്ങളുടെ മലങ്കര ഓര്‍ത്തഡോകസ് സഭ ഈസ്‌റ്ററിനും ക്രിസ്‌മസിനും മാത്രമേ ഇടയലേഖനങ്ങള്‍ ഇറക്കാറുള്ളൂ. അതും ക്രിസ്‌തുവിന്റെ സന്ദേശം അറിയിക്കാനാണ്. അല്ലാതെ സ്വശ്രയ കോളേജ് മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളില്‍ ആരെയെങ്കിലും അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല. സ്വന്തം കസേരയ്‌ക്ക് ഇളക്കം തട്ടാതിരിക്കാനാണ് ചിലര്‍ കൂടെക്കൂടെ ഇടയേലഖനങ്ങള്‍ ഇറക്കുന്നത്. എന്നാല്‍, അവര്‍ അറിയാതെ വിശ്വാസികളുടെ മനസ്സില്‍നിന്ന് അവരുടെ കസേരകള്‍ ഇളകിക്കൊണ്ടിരിക്കുകയാണ്.

ഇത്രയൊക്കെ അച്ചടക്കത്തിന്റെ പടവാള്‍ ഉയര്‍ത്തിക്കാട്ടിയിട്ടും കന്യാസ്‌ത്രീകള്‍ വരെ പ്രതിഷേധവും പ്രതിരോധവുമായി രംഗത്തുവരുന്നത് ഇവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. സിസ്‌റ്റര്‍ ജെസ്‌മി തിരുവസ്‌ത്രം ഉപേക്ഷിച്ച് മഠത്തിന്റെ പടിയിറങ്ങി. മറ്റൊരു കന്യാസ്‌ത്രീ സ്വന്തം അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനായി ഒരാഴ്‌ച മഠത്തില്‍ നിരാഹാരം കിടന്നു. സഭയ്‌ക്കുള്ളില്‍തന്നെ അനീതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രതികരണങ്ങള്‍ പറുത്തുവന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ രാഷ്‌ട്രീയ ലക്ഷ്യംവച്ചുള്ള ഇടയലേഖനങ്ങളെ വിശ്വാസികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കൂടുതല്‍ വിവരിക്കേണ്ടതില്ല.

തീവ്രവാദികള്‍ കൈവെട്ടിയെടുത്ത ന്യൂമാന്‍ കോളേജിലെ അധ്യപകനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സഭാമേധാവികളുടെ നടപടി അങ്ങേയറ്റം ക്രൂരമാണ്. ചെയ്‌ത തെറ്റിനു ക്ഷമ പറഞ്ഞ അധ്യാപകനെ മനസിലാക്കാനുള്ള ഹൃദയവിശാലത സഭ കാണിക്കണമായിരുന്നു. ഈ വിഷയം ശുഷ്‌കമായ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കണ്ട് അവിശുദ്ധമായ ചില കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനുള്ള നീക്കമാണിതിനു പിന്നില്‍. ചില സഭകളുടെ കമ്യൂണിസ്‌റ്റ് വിരോധം കുപ്രസിദ്ധമാണ്. കമ്യൂണിസ്‌റ്റുവിരോധവുമായി അധികകാലം ഒരു സഭയ്‌ക്കും മുന്നോട്ടുപോകാനാവില്ല. തങ്ങളെ സഹായിക്കുന്നവരെ തങ്ങളും സഹായിക്കുമെന്ന സിദ്ധാന്തവും അധികകാലം വിലപ്പോവില്ല.

അധികാരവികേന്ദ്രീകരണം യഥാര്‍ഥ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയത് കേരളത്തിലാണ്. വിദേശികള്‍വരെ ഇതു കണ്ടുപഠിക്കാന്‍ കേരളത്തിലെത്തുന്നു. സമ്പത്തും അധികാരവും വികേന്ദ്രീകരിക്കുക വഴി സാധാരണക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു. പ്രാദേശിക ആവശ്യങ്ങളും ദേശീയ വികസന ലക്ഷ്യവും സമ്മേളിക്കുകയാണിവിടെ. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ജനങ്ങള്‍ക്ക് പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട തഴേക്കിടയിലുള്ളവരെ പങ്കെടുപ്പിച്ചൂകൊണ്ടുള്ള വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പുതിയ വികസന സംസ്‌കാരം ഇടതുപക്ഷത്തിന്റെമാത്രം സംഭാവനയാണ്. അതു ജനം തിരിച്ചറിയുന്നുണ്ട്. ഈ വികസനത്തിന് തുടര്‍ച്ചയുണ്ടാവണം എന്ന് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. അല്ലാതെ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പോരാട്ടമല്ല തെരഞ്ഞെടുപ്പ്.

ചിന്തിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടലുകളെ കാണാതിരിക്കാനാവില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്. പാർലമെന്റില്‍ ആണവബില്‍ വന്നപ്പോള്‍ ഇടതുപക്ഷം മാത്രമാണ് അതിനെ എതിര്‍ക്കാനുണ്ടായതെന്ന കാര്യം കാണാതിരിക്കാനാവില്ല. കുത്തകകള്‍ക്ക് സൌകര്യമൊരുക്കുന്ന രാഷ്‌ട്രീയ വ്യവസ്ഥിതി ഉള്ളിടത്തോളം കാലം ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറെയാണ്. കേരളത്തില്‍ ഭൂപരിഷ്‌കരവണവും സാര്‍വത്രികമായ വിദ്യാഭ്യാസവും തുടങ്ങി അധികാര വികേന്ദ്രീകരണംവരെ ഇടതുപക്ഷ സംഭാവനകളാണ്. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുകയാണ് ക്രിസ്‌തു ചെയ്‌തത്. മറ്റൊരര്‍ഥത്തില്‍ കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷവും ചെയ്‌തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസിക്ക് ഇടതുപക്ഷക്കാരാവാനേ പറ്റൂ. ഇത് കേവലം പാര്‍ടി രാഷ്‌ട്രീയാഭിമുഖ്യത്തിന്റെ പ്രശ്‌നം മാത്രമല്ല, ഉള്ളവനും ഇല്ലാത്തവനും എന്ന ദേഭമില്ലാത്ത സമത്വസുന്ദരമായ ലോകം ഉണ്ടാവണമെന്ന സോഷ്യലിസ്‌റ്റ് സമീപനംകൂടിയാണ്. ക്രിസ്‌തു അത്തരം ദൈവരാജ്യത്തെയാണ് വിഭാവനംചെയ്‌തത്.

*****

വി എം രാധാകൃഷ്ണന്‍

Saturday, July 31, 2010

ഇടയന്മാര്‍ ഇടയരുത്

മലയാളത്തില്‍ ഇപ്പോള്‍, ഒന്നുരണ്ടാഴ്‌ചയായി, എല്ലാ ലേഖനങ്ങളുടെയും പ്രാധാന്യം കുറഞ്ഞ് ഒരുതരം ലേഖനംമാത്രം പത്രങ്ങളിലും ചര്‍ച്ചകളിലും പ്രഥമപ്രാധാന്യം നേടിയിരിക്കുകയാണ്. അതാണ് ഇടയലേഖനം. മലയാളി അറിയുന്ന 'ഇടയന്‍' തമിഴില്‍നിന്ന് പണ്ടേ വന്നവനാണ്. ആടുമാടുകളെ നോക്കുന്നവനാണ് ഇടയന്‍. മനുഷ്യവര്‍ഗത്തിലെ ആദിമമായ തൊഴിലുകളില്‍ ഒന്നാണ് ഇത്.

ലാറ്റിന്‍ ഭാഷയില്‍നിന്ന് ആഗമിച്ച 'പാസ്റ്റൊറല്‍ എപ്പിസില്‍' എന്ന വാക്കാണ് ബൈബിള്‍ വിവര്‍ത്തനത്തിലൂടെ നമുക്ക് ഇടയലേഖനമായി ലഭിച്ചിരിക്കുന്നത്. (Epistle എന്നുവെച്ചാല്‍ എഴുത്ത്) 'പാസ്റ്റൊറല്‍' എന്നതിന് ഗ്രാമീണം, ആരണ്യകം എന്നാണ് ശബ്‌ദാഗമമനുസരിച്ചുള്ള അര്‍ഥം. പിന്നീട് ക്രൈസ്‌തവരുടെ ഇടവകയുടെ ഭരണം നടത്തുന്ന വൈദികന് ആ പേര് കിട്ടി.

ഗ്രാമീണം എന്ന അര്‍ഥം വന്നത് പാസ്റ്റൊറല്‍ എന്നതിന് ലാറ്റിന്‍ ഭാഷയില്‍ ആട്ടിടയന്‍ എന്നുള്ള അര്‍ഥത്തിലൂടെയാണ്. യൂറോപ്പില്‍ അജപാലരുടെ ജീവിതത്തിലെ പ്രേമവിഷാദങ്ങളെ ചിത്രീകരിക്കുന്ന ഒരു സാഹിത്യവിഭാഗം തന്നെയുണ്ടായി പാസ്റ്റൊറല്‍ കവിത. ഇംഗ്ളീഷില്‍ മില്‍ട്ടന്‍, ഷെല്ലി, മാത്യു ആര്‍നോള്‍ഡ് തുടങ്ങി വളരെ വമ്പന്മാരായ കവികള്‍ അജപാലഗാഥകള്‍ രചിച്ചവരാണ്. മലയാളസാഹിത്യത്തില്‍ 'പാസ്റ്റൊറല്‍' എന്ന ഇനത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു അനശ്വരകൃതിയുണ്ട്. അതാണ് ചങ്ങമ്പുഴയുടെ 'രമണന്‍'. രമണനും മദനനുമൊക്കെ ആട്ടിടയന്മാരാണ്. പ്രൊഫ. മുണ്ടശ്ശേരി ഈ കൃതിയെ 'ആരണ്യകവിലാപം' (പാസ്റ്റൊറല്‍ എലിജി) എന്ന് വിളിച്ചത് ഓര്‍ക്കുക. ഇടയലേഖനത്തിലെ ഇടയന്റെ വരവ് ഇങ്ങനെയാണ്. ബൈബിളില്‍ അങ്ങിങ്ങ് യഹോവയെയും ക്രിസ്‌തുദേവനെയും ആട്ടിടയന്മാരായി പറയുന്നുണ്ട്. അവരില്‍ വിശ്വസിക്കുന്ന പാവപ്പെട്ട മനുഷ്യരെ അജഗണം (ആട്ടിന്‍കൂട്ടം) എന്നും.

ഒന്നാമതായി ഇടയലേഖനം എഴുതിയത്, വളരെക്കാലത്തെ ആ വിശ്വാസത്തിനുശേഷം ക്രിസ്‌തുമതം വിശ്വസിച്ച പോള്‍ (പൌലോസ്) ആണ്. തന്റെ അടുത്ത അനുചരനായ തിമോത്തിക്ക് അയച്ച രണ്ട് എഴുത്തുകളാണ് ആദ്യത്തെ പാസ്റ്റൊറല്‍ എഴുത്തുകള്‍ എന്ന് പറയപ്പെടുന്നു. ഇതിന്റെ കര്‍തൃത്വത്തെപ്പറ്റി തര്‍ക്കമില്ലാതില്ല. കത്തോലിക്കാസഭ ഈ കത്തുകള്‍ എഴുതിയത് പോള്‍ ആണെന്ന് വിശ്വസിക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭക്ക് സംശയമുണ്ട്. പോളിന്റെ ശൈലിയല്ല ഇവയില്‍ കാണുന്നതെന്ന വാദം ശാസ്‌ത്രീയമാണ്.

ഈ എഴുത്തുകളുടെ ചുവടുപിടിച്ച് വൈദികര്‍ക്ക് സഭാനേതൃത്വത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ അയച്ചുവന്നു. അതുപോലെ ഇടവകയിലെ അംഗങ്ങള്‍ക്ക് വിശ്വാസം, ആചാരം എന്നിവയെപ്പറ്റി സന്ദിഗ്ധഘട്ടങ്ങളില്‍ എഴുതുന്ന കുറിപ്പുകളും ഈ പേരില്‍ അറിയപ്പെട്ടു. ഇങ്ങനെ ഇപ്പോള്‍ വൈദികലേഖനങ്ങള്‍ രചിക്കുമ്പോള്‍, പൌലോസ് ചൂണ്ടിക്കാണിച്ച അതിരുകള്‍ ലംഘിക്കാതിരിക്കുക ഇടയന്മാരുടെ കടമയാണ്. ആദ്യത്തെ ഇടയന്‍ പൌലോസിന് ആധാരമായത് ക്രിസ്‌തുദേവന്‍ തന്നെ. യഹോവയെ ഇടയന്‍ എന്ന് വിളിക്കുന്നത് ജഗന്നിയന്താവ്, ജീവരക്ഷകന്‍ എന്നെല്ലാമുള്ള ദൈവത്തിന്റെ മഹത്വം ഓര്‍മിച്ചുകൊണ്ടാണ്.

ക്രിസ്‌തുദേവന് ആട്ടിടയന്മാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ജനിച്ചതുതന്നെ കാലിത്തൊഴുത്തില്‍. ആ ദിവ്യജനനത്തിന്റെ ശുഭവാര്‍ത്ത ആദ്യമായറിയുന്നത് മാലാഖമാരുടെ മൊഴിയില്‍നിന്ന് ആട്ടിടയന്മാരാണ്. ആട് വളരെ നിരുപദ്രവമായ ജന്തുവാണ്. (ബുദ്ധദേവന്‍ ആട്ടിന്‍കിടാവിനെ കൊല്ലരുത് എന്ന് രാജാവിനോട് പറഞ്ഞ്, പകരം സ്വന്തം കഴുത്ത് നീട്ടിയ കഥ ഓര്‍ക്കുക) മഹാകവി കാളിദാസന്‍ ആട്ടിടയനായിരുന്നു. ആട് മേച്ചുകഴിയുന്നവര്‍ ഏറ്റവും പാവങ്ങളും അധഃകൃതരുമാണ്. ക്രിസ്‌തുദേവന്റെ പ്രബോധനങ്ങള്‍ കേട്ടവര്‍ കൂടുതലും ഇത്തരം താണവരാണ്. സ്വത്തെല്ലാം വിറ്റ് പാവങ്ങള്‍ക്ക് വീതിച്ചുകൊടുക്കാന്‍ ധനികരോട് ആജ്ഞാപിച്ച ക്രിസ്‌തുഭഗവാന്റെ ഉള്ളില്‍ ദൈവം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇവര്‍ക്കാണ്. ഇവരുടെതാണ് സ്വര്‍ഗരാജ്യം. ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കാനാകുമ്പോഴേ പണക്കാരന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നൊക്കെ പാവങ്ങളോട് ദയയും ഉച്ചതീചത്വങ്ങള്‍ ഇല്ലാത്ത സമത്വാവസ്ഥയും എല്ലാം ക്രിസ്‌തുവചനങ്ങള്‍ക്ക് അന്യമല്ല.

സെയിന്റ്പോളിന്റെ എഴുത്തുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിശ്വാസം ഏതാണ് ? പള്ളികളിലെ ആചാരാനുഷ്ഠാനങ്ങളും ആരാധനാരീതികളും അവയുടെ പരിഷ്‌ക്കരണവും ഒന്നുമല്ല. ഈ പാവങ്ങളോടുള്ള സ്‌നേഹത്തിന്റെ ഉറപ്പാണ്. അതുള്ളവര്‍ ദൈവത്തെ അറിയുന്നു. ആ സ്‌നേഹമാണ് വിശ്വാസത്തിെന്റ അടിസ്ഥാനം.

അപ്പോസ്‌തലനായ പോളിന്റെ ഒന്നാമത്തെ എഴുത്തില്‍ ധനാഢ്യരുടെ അതിമോഹങ്ങള്‍ക്ക് നിയന്ത്രണം വേണം എന്ന് എടുത്ത് പറയുന്നുണ്ട്. 'ഭക്ഷണവും വസ്‌ത്രവും ഉണ്ടായാല്‍ നമുക്ക് അതുകൊണ്ട് സംതൃപ്‌തരാവുക' മനുഷ്യരെ നാശത്തിലും നരകത്തിലും എത്തിക്കുന്നത് പ്രലോഭനങ്ങളുടെ കെണിയില്‍വീണ് മനുഷ്യന്‍ പ്രകടിപ്പിക്കുന്ന സംഹാരാത്മകങ്ങളായ ദുര്‍മോഹങ്ങളാണ് എന്ന് പോള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം വിട്ട് ധര്‍മം, നന്മ, സ്‌നേഹം, ക്ഷമ, വിനയം, വിശ്വാസം എന്നിവയ്‌ക്കുവേണ്ടി പ്രയത്നിക്കാനും യുദ്ധംചെയ്യാനും പോള്‍ ഉദ്ബോധിപ്പിക്കുന്നു. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് വെറുതെ തര്‍ക്കങ്ങള്‍ ഉണ്ടാക്കരുത്. 'എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കണം എന്നാണ് ഉപദേശം'.

സ്‌നേഹം തുടങ്ങിയ നന്മകളില്‍ ഉള്ള നിഷ്ഠയാണ് വിശ്വാസം. അത് ദൈവത്തില്‍ പര്യവസാനിക്കുന്നു എന്നത് ക്രൈസ്‌തവദൈവശാസ്‌ത്രപരമായ ഒരു ചിന്തയാണ്. സ്‌നേഹാദികളില്‍ പ്രതിഷ്ഠയുള്ള മനസ്സ് ആര്‍ക്കെല്ലാമുണ്ടോ അവരെല്ലാം ക്രിസ്‌തുമാര്‍ഗത്തിലൂടെ ചരിക്കുന്നു. അപ്പോസ്‌തലനായ പോള്‍ തിമോത്തിക്ക് അയച്ചതുപോലെ ടൈറ്റസ്, ഫിലമോന്‍ എന്നിവര്‍ക്കയച്ച എഴുത്തുകളിലും ഇതേവികാരം മാറ്റൊലിക്കൊള്ളുന്നു.

മേലെ ചൂണ്ടിക്കാട്ടിയ സത്യങ്ങളും തത്വങ്ങളും ആണ് ഇടയലേഖനത്തിന്റെ ചിന്താപരമായ അതിരുകള്‍. അവ ലംഘിക്കാന്‍ പിന്നീട് വന്ന ഒരു വൈദിക നേതൃത്വത്തിനും അധികാരമില്ല എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഈ അതിരുകള്‍ അതിക്രമിച്ചതുകൊണ്ടാണ് ഈ ജൂലൈ മാസത്തില്‍ കേരള കത്തോലിക്ക ബിഷപ് കൌൺസില്‍ പുറപ്പെടുവിച്ച ഇടയലേഖനം ക്രൈസ്‌തവര്‍ക്കിടയിലും പുറത്തും വലിയ എതിര്‍പ്പിന്റെ തിരകള്‍ ഉയര്‍ത്തിവിട്ടത്. സ്‌നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന ഒരു ഇടയലേഖനം ഇറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ക്രിസ്‌തുവിന്റെ ദര്‍ശനത്തില്‍നിന്നും സെയിന്റ് പോളിന്റെ വാക്കുകളില്‍നിന്നും അവര്‍ അകന്നുപോയതുകൊണ്ടാണ്. അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു.

കെസിബിസി എന്ന മെത്രാന്‍സംഘത്തിന് ഇങ്ങനെ ചിലരെ ശപിക്കാനും മാറ്റിനിര്‍ത്താനും ആരാണ് അധികാരം നല്‍കിയത്. ക്രിസ്‌തുദേവനോ അപ്പോസ്‌തലന്മാരോ ആയിരിക്കാന്‍ വഴിയില്ല. യഥാര്‍ഥ ക്രൈസ്‌തവന് രണ്ട് തലങ്ങളോട് ഉത്തരവാദിത്തമുണ്ട് -തന്റെ വിശ്വാസത്തോടും തന്റെ രാജ്യത്തോടും. 'സീസറിനുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന് വേര്‍തിരിച്ച് പറഞ്ഞത് അതുകൊണ്ടാണ്.

സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ 1947 ആഗസ്‌ത് 15 അര്‍ധരാത്രി മുതല്‍ 'ഒരു സീസര്‍' ഉണ്ട്. അതായത്, ഇവിടെ ഒരു ഭരണകൂടമുണ്ട്, അവര്‍ക്ക് ഒരു ഭരണഘടനയുണ്ട്. ക്രൈസ്‌തവര്‍ക്ക് ബൈബിളും മുസ്ളിങ്ങള്‍ക്ക് ഖുറാനും ഹിന്ദുക്കള്‍ക്ക് ഉപനിഷത്തുക്കളും പോലെ ഭൌതികതലത്തില്‍ ഇന്ത്യയിലെ പൌരന്മാര്‍ ചാഞ്ചല്യം കൂടാതെ അനുസരിക്കേണ്ട തത്വനിയമസംഹിതയാണ് അത്. അത് ലംഘിക്കുവാന്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അധികാരമില്ല.

ഇടയലേഖനത്തിന്റെ ഉള്ളടക്കം മുഴുവന്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയകക്ഷിക്കെതിരെ ഒരു ചൂണ്ടുവിരല്‍പോലെ നീണ്ടുനില്‍ക്കുന്നു. ദൈവവിശ്വാസം വേണമെന്ന് ഉറപ്പിച്ചതിനുശേഷം ദൈവവിശ്വാസികളല്ലാത്തവര്‍ക്കെല്ലാം എതിരായി കേരളത്തിലെ ക്രൈസ്‌തവസമൂഹം (സീറോ മലങ്കരസഭകളില്‍പ്പെട്ടത്) നീങ്ങണം എന്നാണ് ലേഖനത്തിന്റെ ആത്യന്തികമായ നിര്‍ദേശം.

ഇന്ത്യ പണ്ടുമുതലേ ഭിന്നമതങ്ങളുടെ സംഗമഭൂമിയാണ്. ലോകത്തിലെ രാജാക്കന്മാരില്‍ അതിശ്രേഷ്ഠരായി അശോകനും അൿബറും കണക്കാക്കപ്പെടുന്നത്, അവരുടെ അന്യമതാദരമാണ്. ഇന്ത്യയുടെ അധ്യാത്മികസ്രോതസ്സുകളായ വേദവും ഉപനിഷത്തും ഗീതയും ഏകസത്യത്തിന് വചനബഹുത്വം ഉണ്ടെന്ന് വിശ്വസിക്കുന്നു. ആ ആശയം ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയ സംസ്‌ക്കാരം. ഇന്ന് കലാപം സൃഷ്‌ടിക്കുന്ന ഹൈന്ദവ രാഷ്‌ട്രീയ സംഘടനകള്‍ ഈ ബഹുസംസ്‌ക്കാര സഹിഷ്‌ണുത ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്. കേരളത്തിലും ഇന്ത്യയിലും മതത്തിന്റെ പേരുപറഞ്ഞ് അറുകൊല നടത്തുന്ന യുവാക്കളും ഇക്കാലത്ത് അഴിഞ്ഞാടുന്നു.

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സഭയില്‍പ്പെട്ടവര്‍ ഇന്നയാള്‍ക്ക് വോട്ട് കൊടുക്കണമെന്നും കൊടുക്കരുതെന്നും മതമുദ്രവച്ച ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഇന്ത്യയുടെ സര്‍വമതമൈത്രി എന്ന ബഹുസ്വരതയുടെ സംസ്‌ക്കാരമാണ് എതിര്‍ക്കപ്പെടുന്നത്. ഭരണഘടനയും ജനപ്രാതിനിധ്യനിയമവും ഒന്നും ഈ ലേഖനത്തിന് പിന്തുണ നല്‍കില്ല. സഭാമേലധ്യക്ഷന്മാര്‍ പ്രത്യക്ഷമായ ഭരണഘടനാലംഘനം നടത്തിയിരിക്കുകയാണ്. ഇത് തുറന്നുകാട്ടാന്‍ സാധാരണ രാഷ്‌ട്രീയ പ്രതിഷേധങ്ങള്‍പോരാ. നിയമതലത്തില്‍വച്ച് ഇത് തുറന്നു കാണിക്കപ്പെടേണ്ടതാണ്.

ദൈവവിശ്വാസം എന്ന ഉലക്കകൊണ്ട് താഡിക്കപ്പെടുന്നത് പ്രധാനമായും മാർൿസിസ്‌റ്റ് കക്ഷിയെയും ഇടതുകക്ഷികളെയുമാണ്. അവര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമില്ല. അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നാട് ഭരിക്കുന്നതും. അത് സഹിക്കാത്തതുകൊണ്ട് അവരെ തോല്‍പ്പിക്കാന്‍ ഇടതിനെതിരായ വലതുപക്ഷങ്ങള്‍ അന്തിമായുധം പുറത്തെടുത്തതാണോ ഈ ഇടയലേഖനം? തെരഞ്ഞെടുപ്പുകമീഷന്റെ നിയമപരീക്ഷണങ്ങളെല്ലാം കഴിഞ്ഞതിനുശേഷമേ ഒരു കക്ഷിക്ക് ഇന്നാട്ടില്‍ മത്സരരംഗത്ത് കയറിയിരിക്കാന്‍ അര്‍ഹത ലഭിക്കുകയുള്ളൂ. ആ പരീക്ഷണങ്ങളിലൊക്കെ പാസായ ഒരു രാഷ്‌ട്രീയവിഭാഗത്തെ പുറന്തള്ളണമെന്ന് ഒരു മതവിഭാഗത്തിന്റെ കുറെയാളുകള്‍ പറഞ്ഞാല്‍ അത് മതേതരത്വ രാജ്യത്ത് അംഗീകരിക്കാവുന്ന കാര്യമല്ല. മതത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ വിലസുന്നതിനുള്ള വേദിയാക്കാന്‍ ഇവിടെ അനുവാദം നിഷേധിക്കേണ്ടതാണ്.

ക്രിസ്‌തുമതസഭാ നേതാക്കള്‍ ചെയ്‌തതുപോലെ ഹിന്ദു-മുസ്ളിം മതനേതൃത്വങ്ങളും തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഈ ഇടയന്മാര്‍ക്ക് ഇഷ്‌ടമാകുമോ? അവര്‍ ഈ വാദത്തിന്റെ ബലത്തില്‍ രാഷ്‌ട്രീയകക്ഷികളുമായി ഇടയരുത്. ഇത്തരം സംഘര്‍ഷത്തെ ഒഴിവാക്കാനാണ് ഇന്ത്യ മതേതരത്വം ദേശീയനയമായി അംഗീകരിച്ചത്. മതമില്ലാത്തവര്‍ക്കും ഇവിടെ ഭരണസൃഷ്‌ടിയില്‍ പങ്കുണ്ട്. മതമില്ലാത്തവര്‍ക്കും മനുഷ്യദര്‍ശനത്തിന്റെ ഒരു മതമുണ്ട്. ഈശ്വര വിശ്വാസമുള്ള പലരും മനുഷ്യദര്‍ശനം നഷ്‌ടപ്പെട്ടവരാണ്. അത്തരക്കാര്‍ നമ്മുടെ ഇടയന്മാര്‍ക്ക് അഭിമതരാണ് !

ദൈവവിശ്വാസികളാണ് ഹിന്ദുക്കളും മുസ്ളിങ്ങളും. അവരുടെ ദൈവ സങ്കല്പങ്ങളെ സഭ അംഗീകരിക്കുന്നുണ്ടോ? ഹിന്ദുക്കൾക്ക് വോട്ടുകൊടുക്കുക ഈ പശ്‌ചാത്തലത്തിൽ പ്രയാസമാണ്. ഇങ്ങനെപോയ്യാൽ ഇവിടെ തെരെഞ്ഞെടുപ്പിൽ ജയിക്കുക ഹിന്ദു, മുസ്ലീം, ക്രൈസ്‌തവ മത സംഘടനകൾ ആയിരിക്കും. ഈ പരിഹാസ്യത ഇല്ലാതാക്കാനാണ് ഇന്ത്യ മതേതരത്വം അംഗീകരിച്ചത്.

അതോടെ ജനാധിപത്യവും തെരെഞ്ഞെടുപ്പും എല്ലാം അവസാനിക്കും. ഇടയലേഖനത്തിന്റെ പ്രത്യാഘാതങ്ങൾ ക്രൈസ്‌തവ സമൂഹത്തിൽ ഒതുങ്ങുമെന്ന വൈദികരുടെ ‘വിശ്വാസം’ അവരെ രക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

തൊണ്ടയിലൊതുങ്ങാത്തത് സഭാനേതൃത്വം കൊത്തിയെടുക്കാൻ തുനിയരുത്. സമത്വവാദവും മനുഷ്യന്റെ ഐക്യവും അംഗീകരിയ്‌ക്കാൻ പ്രയാസമുള്ള സഭയ്‌ക്ക് ക്രൈസ്‌തവം എന്ന വിശേഷണം ചേരുമോ? ബൈബിൾ പണ്ഡിതരായ അവർ വീണ്ടും ഒന്നാലോചിച്ചാൽ കൊള്ളാം. ഭരണഘടനയുടെ 89-ആം വകുപ്പ് സമുദായത്തിൽ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ നിലനിർ‌ത്തുന്ന ഒരു വ്യവസ്ഥ ഇവിടെ പാടില്ലെന്ന് സ്‌നേഹരഹിതമായി പറയുന്നുണ്ട്. സഭ ഭരണഘടനയ്‌ക്ക് എതിരായും ഇടയലേഖനം ഇറക്കേണ്ടി വരും, ഇക്കണക്കിനു പോയാൽ.

ആ ഘട്ടത്തിൽ സഭയെ ഇന്ത്യയിൽ നിലനിർത്താനാകുമോ? എല്ലാ ക്രൈസ്‌തവരും ചിന്തിക്കേണ്ടി വരും ഈ വക ഭവിഷ്യത്തുകളെപ്പറ്റി. ബോധപൂർവം മനസ്സിലാക്കിയിട്ടുവേണം സഭയുടെ രാഷ്‌ട്രീയ പ്രതികരണങ്ങൾ എന്ന് എളിമയോടെ അവരെ അറിയിച്ചുകൊള്ളുന്നു.

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി