Wednesday, April 20, 2011
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിത ലക്ഷ്യം കവിയുന്നു
നിലവിലുള്ള 18.75 ലക്ഷം കാര്‍ഡുടമകളില്‍ 17.35 ലക്ഷം ബിപിഎല്‍ വിഭാഗത്തിലും 1.40 ലക്ഷം എപിഎല്‍ വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. ബിപിഎല്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ 30 രൂപയും എപിഎല്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ 778 രൂപയുമാണ് അടയ്ക്കേണ്ടത്. 2010ല്‍ വിതരണംചെയ്ത എല്ലാ സ്മാര്‍ട്ട് കാര്‍ഡുകളുടെയും കാലാവധി 2012 മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്‍ഡ് പുതുക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്.
സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു കുടുംബാംഗം അടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തി കാര്‍ഡ് പുതുക്കണം. കാര്‍ഡ് പുതുക്കാന്‍ കഴിഞ്ഞില്ലെങ്കിലും 30 വരെ ചികിത്സ ലഭ്യമാകും. എന്നാല്‍, 30ന് മുമ്പ് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് പദ്ധതിയില്‍ തുടരാനാകില്ല. അക്ഷയ കേന്ദ്രങ്ങള്‍വഴി രജിസ്റര്‍ചെയ്ത കുടുംബങ്ങളുടെ ഫോട്ടോ എടുപ്പും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുരോഗമിക്കുകയാണ്. രജിസ്റര്‍ചെയ്തവരെല്ലാം ഏപ്രില്‍ 30ന് മുമ്പായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെത്തി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണം.
മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 134 സര്‍ക്കാര്‍ ആശുപത്രിയിലും 165 സ്വകാര്യ ആശുപത്രിയിലും ചികിത്സ ലഭ്യമാണ്. ഇതിനു പുറമെ 60 ആശുപത്രികൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ച നടക്കുകയാണ്. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 30,000 രൂപയുടെ ചികിത്സയ്ക്കു പുറമെ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായി 70,000 രൂപയുടെ അധിക ചികിത്സയും ലഭിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പരിയാരം മെഡിക്കല്‍ കോളേജിലും ഇതിന് സൌകര്യമുണ്ടാകും. തിരുവനന്തപുരം ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളിലും ചികിത്സ ലഭ്യമാക്കാന്‍ ചര്‍ച്ച നടക്കുകയാണ്.
കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി പെന്‍ഷന്‍കാര്‍, കൈത്തറി, ബീഡി, പനമ്പ്, ഖാദി, ചെറുകിട തോട്ടം തൊഴിലാളികള്‍, പട്ടികജാതി, പട്ടികവര്‍ഗ ആശ്രയ കുടുംബങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസം ജോലി ചെയ്തവര്‍ തുടങ്ങിയവരെ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും പദ്ധതി ബാധകമാക്കി. ഈവിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ വരുമാനപരിധി ബാധകമല്ല.
*****
കടപ്പാട് : ദേശാഭിമാനി
Monday, December 27, 2010
പഠന കോണ്‍ഗ്രസ് ജനുവരി ഒന്നിന് കാരാട്ട് ഉദ്ഘാടനം ചെയ്യും
രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടും ആവശ്യക്കാര്‍ ഏറെയായതിനാല്‍ ഒന്നിന് രാവിലെ തല്‍സമയ രജിസ്ട്രേഷനുണ്ടാകും. പ്രതിനിധികള്‍ക്ക് സമ്മേളനരേഖകളും താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൌകര്യം ലഭ്യമാക്കും. ഓരോ മേഖലയിലും ഇടതുപക്ഷ ബദല്‍ സമീപനം രൂപപ്പെടുത്തുകയാണ് പഠന കോണ്‍ഗ്രസിന്റെ ലക്ഷ്യം. കൃഷി, വ്യവസായം തുടങ്ങിയ മേഖലകളോടൊപ്പം പുത്തന്‍ വികസനമേഖലകളും കേരളവികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കും. ഭാവി വികസന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന രേഖ പഠന കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.
2011 ജനുവരി ഒന്നിന് ഉദ്ഘാടനച്ചടങ്ങിനുശേഷം എട്ട് വിഷയങ്ങളില്‍ സിമ്പോസിയങ്ങള്‍ ആരംഭിക്കും. ആഗോളവല്‍ക്കരണകാലത്തെ കൃഷി, നവോത്ഥാനമൂല്യങ്ങള്‍ ഇന്നും നാളെയും, മലയാളിയുടെ മാറുന്ന സംസ്കാരം-ഭാഷ-സാഹിത്യം-സിനിമ, അധികാരവികേന്ദ്രീകരണം-കേരളത്തിന്റെ അനുഭവം, കേരളവും സ്ത്രീസമൂഹവും, സമഗ്ര സാമൂഹ്യസുരക്ഷയിലേക്ക്, കേരളം-വൈജ്ഞാനികസമൂഹം, മാധ്യമപ്രവര്‍ത്തനത്തെ നയിക്കുന്നത് എങ്ങോട്ട് എന്നിവയാണ് വിഷയങ്ങള്‍. എ കെ ജി ഹാള്‍, യൂണിവേഴ്സിറ്റി കോളേജ്, മാര്‍ ഫിലിപ്പിയോസ് ഹാള്‍, ഭാഗ്യമാല ഓഡിറ്റോറിയം എന്നിവിടങ്ങള്‍ വേദിയാകും.
ജനുവരി രണ്ടിന് രാവിലെ ഒമ്പതുമുതല്‍ 75 വിഷയങ്ങളില്‍ ടെക്നിക്കല്‍ സെഷനുകള്‍ ആരംഭിക്കും. ശാസ്ത്രഗവേഷണവും സാങ്കേതികവിദ്യാവിനിയോഗവും, നൂതന സാങ്കേതികവിദ്യകളും നയപരമായ ഫലങ്ങളും, ജൈവവൈവിധ്യവും വനവിഭവവും, പരിസ്ഥിതിസംരക്ഷണവും മലിനീകരണനിയന്ത്രണവും, പ്രകൃതിവിഭവ വിനിയോഗത്തിലെ വൈരുധ്യങ്ങള്‍, ശുചിത്വപരിപാലനവും മാലിന്യസംസ്കരണവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചര്‍ച്ച. കേരളവികസന മാതൃകയ്ക്ക് സംഭാവന നല്‍കിയ വിദേശ പ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരും നേതൃത്വം നല്‍കും. യൂണിവേഴ്സിറ്റി കോളേജിലെ വേദികളിലാണ് സെഷനുകള്‍.
ജനുവരി മൂന്നിന് രാവിലെ ഒമ്പതിന് എ കെ ജി ഹാളില്‍ പ്രവാസലോകം എന്ന വിഷയത്തില്‍ സിമ്പോസിയം. 12ന് അന്താരാഷ്ട്ര പ്രതിനിധിസമ്മേളനം. രണ്ടിന് സമാപനച്ചടങ്ങ്. ഇ എം എസിന്റെ നേതൃത്വത്തില്‍ 1994ല്‍ സംഘടിപ്പിച്ച ആദ്യ കേരളപഠന കോണ്‍ഗ്രസാണ് ജനകീയാസൂത്രണത്തിന് ആദ്യരൂപം നല്‍കിയത്.
Wednesday, August 25, 2010
ഗ്രന്ഥശാലാ സംഘം മാസിക
ശ്രീ എസ്.രമേശന്‍ പുതിയ പത്രാധിപര്‍.
ശതാബ്‌ധിയിലെത്തിയ ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവരെക്കുറിച്ചുള്ള പതിപ്പുകള്‍ ഇറങ്ങി.അടുത്ത പതിപ്പുകള്‍ ആനന്ദ്, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ ജീവിതവും കാലവും ആസ്‌പദമാക്കി. വാര്‍ഷികവരി സംഖ്യ 200 രൂപ. ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും സമ്മാനമായി അയയ്‌ക്കണമെങ്കില്‍ ഓരോ വരിക്കാര്‍ക്കും 200 രൂപ എന്ന നിരക്കില്‍ ഗ്രന്ഥാലോകം, സ്‌റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ഓഫീസ്, കുറവന്‍ കോണം, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ ഡി.ഡി ആയോ എം.ഒ. ആയോ വരിസംഖ്യ അയക്കൂക. മാസിക തപാലില്‍ ലഭിക്കൂം.
കവിതയുടെ സൃഷ്‌ടിരഹസ്യം
"വികാരോത്തേജകമായ ചില നിമിഷങ്ങളില്‍, പ്രകടനോല്‍സുകമായ കവിഹൃദയം തരംഗതരളിതമായിച്ചമയുകയും, അവനറിയാതെ തന്നെ അതു തുളുമ്പിത്തുളുമ്പി വാഗ്‌രൂപത്തില്‍ പുറത്തേക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഒരു യഥാര്‍ഥ കലാകാരന് കലാനിര്‍മിതി ഒരു സ്വപ്‌നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു... അദൃശ്യമായ ഏതോ ഒരു ശക്തി അയാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അങ്ങനെ പ്രവര്‍ത്തിക്കുന്ന അവസരങ്ങളില്‍ അയാള്‍ - അയാളുടെ സത്ത - ആ ശക്തിയുടെ വെറുമൊരു കിങ്കരന്‍ മാത്രം! ആജ്ഞാപിക്കുന്നതെന്തോ, അത് ചെയ്യുന്നു. ഇങ്ങനെ നിശബ്‌ദമായ ഒരാജ്ഞയുടെ ബോധരഹിതമായ ഒരനുസരിക്കലിന് ഒരു യഥാര്‍ഥ കലാകാരന്‍ ഒട്ടുമിക്കപ്പോഴും പാത്രമായിത്തീരും. ആ അദൃശ്യശക്തിയുടെ ആജ്ഞയനുസരിക്കലാണ് അവന്റെ കലാസൃഷ്‌ടി... ശാസ്‌ത്രജ്ഞന്മാരോ നിരൂപകന്മാരോ എന്തുതന്നെ പറഞ്ഞാലും, എന്റെ അനുഭവം ഒരിക്കലും എന്റെ അനുഭവമായിത്തീരാതിരിക്കുകയില്ല. ഞാന്‍ പലപ്പോഴും കവിതയെഴുതിയിട്ടുണ്ട്; ചിലപ്പോള്‍ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയില്‍ രണ്ടാമത്തേതു സംഭവിച്ചിട്ടുള്ള അവസരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു. ഞാന്‍ മുന്‍കൂട്ടി ചിന്തിച്ചിട്ടില്ല; വൃത്തനിര്‍ണയം ചെയ്‌തിട്ടില്ല... ആകസ്മികമായി എന്നില്‍ എവിടെനിന്നോ ഒരു മിന്നല്‍! ഞാന്‍ എഴുതുകയാണ്. വായിക്കുമ്പോള്‍ അതിനു വൃത്തമുണ്ട്... കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തില്‍ എന്റെ ഹൃദയം സംഗീതസമ്പൂര്‍ണമായിരുന്നു. ആ സംഗീതം പോലെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാനതില്‍ താണുമുങ്ങി നീന്തിപ്പുളച്ചുപോകും... ചിലപ്പോള്‍ ഒരു കവിത എഴുതി വരുമ്പോളായിരിക്കും ആ എഴുതിപ്പോകല്‍ ഉണ്ടാകുക. പകുതിയോളം എത്തിക്കാണും; അപ്പോഴാണ് ആ മിന്നലിന്റെ ഉദയം. പിന്നെ എനിക്കു ക്ളേശമില്ല..."
എസ്. രമേശന്‍
പത്രാധിപര്‍
Sunday, January 17, 2010
പ്രവാസികള്‍ക്ക് 1000 രൂപ പെന്‍ഷന്‍
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ച 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. മരിച്ചവരുടെ ആശ്രിതര്‍ക്ക് 500രൂപ കുടുംബപെന്‍ഷന്‍ നല്‍കും. മൂന്നുവര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ച, ശാരീരിക വൈകല്യമുള്ള അംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്റെ 40 ശതമാനം തുക അവശതാപെന്‍ഷനായി നല്‍കും അസുഖം മൂലമോ അപകടത്തിലോ മരിക്കുന്ന വിദേശ മലയാളികളുടെ ആശ്രിതര്‍ക്ക് 50,000രൂപയും അന്യ സംസ്ഥാനങ്ങളിലുള്ളവരുടെ ആശ്രിതര്‍ക്ക് 30,000രൂപയും നല്‍കും.
വിദേശത്തുനിന്ന് മടങ്ങി നാട്ടില്‍ താമസിക്കുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് 25,000രൂപ നല്‍കും. കൂടാതെ, 50,000രൂപ ചികിത്സാസഹായവും നല്‍കും. പെണ്‍മക്കളുടെ വിവാഹച്ചെലവിനും വിധവകളുടെ പുനര്‍വിവാഹത്തിനും 5000രൂപ നല്‍കും. 3000രൂപ നിരക്കില്‍ രണ്ടുതവണ പ്രസവാനുകൂല്യവും ലഭിക്കും. ഭവനവായ്പയും സ്വയംതൊഴില്‍വായ്പയും നല്‍കും. 55 വയസ്സ് കഴിഞ്ഞവരെ ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കാനുള്ള പദ്ധതിയും നടപ്പാക്കും.
പ്രവാസി ക്ഷേമനിധി അംഗത്വത്തിന് യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ക്ഷേമനിധി ഓഫീസില്‍നിന്നും നോര്‍ക്കാ റൂട്സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അറ്റസ്റ്റേഷൻ കേന്ദ്രങ്ങളില്‍നിന്നും അപേക്ഷാഫോറംലഭിക്കും. www.pravasiwelfarefund.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൌൺ ലോഡ് ചെയ്യാം. അപേക്ഷകരുടെ പ്രായം 18നും 55നും മധ്യേയാകണം. പൂരിപ്പിച്ച അപേക്ഷകള്‍ 200രൂപ രജിസ്ട്രേഷന്‍ഫീസ് സഹിതം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, പ്രവാസി ക്ഷേമപദ്ധതി, മണികണ്ഠ ടവേഴ്സ്, ജവഹര്‍ നഗര്‍, കവടിയാര്‍ (പി ഒ), തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ നല്‍കണം. ഫോൺ: 0471 3013401, 3013402.
അംഗത്വം ലഭിച്ചാല്‍ വിദേശത്തുള്ളവര്‍ പ്രതിമാസം 300രൂപയും മറ്റുള്ളവര്‍ 100രൂപയും അംശദായം അടയ്ക്കണം.
Wednesday, September 24, 2008
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദേശീയ സമ്മേളനം വെബ്‌സൈറ്റ്
അദ്ധ്യക്ഷന്‍ ശ്രീ ദിനേശ് മണി സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സാമുഹ്യ പ്രസക്തി ചൂണ്ടിക്കാട്ടി. സ്വാഗതമാശംസിച്ചുകൊണ്ട് സംസാരിച്ച സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഡോ: ജോയ് ജോബ് കുളവേലി സമ്മേളനത്തിന്റെ തീയതികള്‍ നവമ്പര്‍ 15 , 16 ആയിരിക്കുമെന്ന് അറിയിച്ചു.
സമ്മേളനം ചര്‍ച്ചകള്‍ക്ക് മാത്രമുള്ള വേദിയായിരിക്കില്ലെന്നും മറിച്ച് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംബന്ധമായ മൂര്‍ത്തമായ പഠനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംബന്ധിച്ച അവബോധം കൂടുതല്‍ കൂടുതല്‍ ആളുകളിലെത്തിക്കുന്നതിനുള്ള പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് സംഘാടക സമിതിയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സബ്‌കമ്മിറ്റികളുടെ പ്രവര്‍ത്തന പരിപാടികള്‍ക്ക് പൊതുരൂപം നല്‍കി.
വെബ്‌സൈറ്റ് ഇവിടെ
Monday, September 22, 2008
സ്വതന്ത്ര സോഫ്റ്റ് വെയര്‍ രണ്ടാം ദേശീയ സമ്മേളനം കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍
ആധുനിക വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ ആസൂത്രണ സാധ്യത അതുപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വ്യവസായോല്‍പാദനവും വിപണനവും സേവന പ്രദാനവും ഏറെ ആദായകരമാക്കിയിരിക്കുന്നു. അസംസ്കൃത വസ്തുക്കളുടേയും ഉല്‍പന്നങ്ങളുടേയും കടത്തുകൂലി കുറയത്തക്ക തരത്തില്‍ അവയുടെ സ്രോതസും കമ്പോളവും അനുസരിച്ച് ഏറ്റവും അനുയോജ്യ സ്ഥലത്ത് വികേന്ദ്രീകൃതമായി ഉല്‍പാദനം നടത്താം. വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പാദിപ്പിക്കാം. അതുവഴി സ്റ്റോക്കിനാവശ്യമായി വരുന്ന മൂലധനം പരമാവധി കുറയ്ക്കാം. വിറ്റഴിയപ്പെടാത്തവയുടെ ഉല്‍പാദനം പരമാവധി കുറയ്ക്കാം, അങ്ങനെ പാഴ്‌ചെലവ് കുറയ്ക്കാം. ഉല്പാദന കേന്ദ്രങ്ങളുടെ വികേന്ദ്രീകരണത്തിലൂടെ തൊഴിലാളികളുടെ കേന്ദ്രീകരണം, അവരുടെ സംഘടനാ ശേഷി, അവരുടെ വിലപേശല്‍ കഴിവ്, തൊഴിലുറപ്പ് തുടങ്ങിയവയും കുറയ്ക്കാമെന്നായിരിക്കുന്നു. പകരം കാഷ്വല്‍-പാര്‍ടൈം-പുറം കരാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അത്തരത്തിലെല്ലാമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നത്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ ആസൂത്രണ സാധ്യത ലഭ്യമല്ലാത്ത ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ തകര്‍ന്നടിയുന്നു. തൊഴില്‍ നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ച ഇന്ത്യ പോലൊരു രാജ്യത്തിന് താങ്ങാനാവാത്തതാണ്. ചെറുകിട വ്യവസായങ്ങളുടെ ശാക്തീകരണത്തിന് വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യ ഉടമസ്ഥതയും അതിലൂടെ ചെലവ് കുറഞ്ഞ പ്രയോഗവും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.
സേവന മേഖലകളിലെല്ലാം ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഫലങ്ങളും പ്രത്യാഘാതങ്ങളും കൂടുതല്‍ പ്രകടമാണ്. വിവരം കൈകാര്യം ചെയ്യപ്പെടുന്ന സര്‍വ്വ മേഖലകളും പുന:സംഘടനയ്ക്ക് വിധേയമാക്കപ്പെടുന്നു. മത്സ്യ ബന്ധനവും കൃഷിയും മുതല്‍ ഭരണ നിര്‍വഹണം വരെയുള്ള സമസ്ത സേവന മേഖലകളിലും വിവരം കൈകാര്യം ചെയ്യപ്പെടുന്നു. സേവന മേഖലകളിലാകട്ടെ, മൊത്തം കൈകാര്യം ചെയ്യപ്പെടുന്ന വസ്തുക്കളില്‍ വിവരത്തിന്റെ അനുപാതം വളരെ കൂടിയിരിക്കും. ഉല്‍പാദനം, വിപണനം, വിതരണം, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ് തുടങ്ങി ഭരണ നിര്‍വഹണം വരെ വിവരത്തിന്റെ അനുപാതം വര്‍ദ്ധിച്ചുവരുന്നു. കമ്മ്യൂണിക്കേഷന്‍ മേഖലയിലേയ്ക്കെത്തുമ്പോള്‍ കൈകാര്യം ചെയ്യപ്പെടുന്നത് വിവരം മാത്രമാകുന്നു. അതുകൊണ്ട് തന്നെ ആ മേഖല സമൂലം മാറിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗത വിവര വിനിമയ സംവിധാനങ്ങളായ തപാലും ടെലഗ്രാഫും ആധുനിക വിവര സംവിധാനങ്ങള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. വിവര വിനിമയം ഒരു സേവനമേ അല്ലാതായിരിക്കുന്നു. വിവരാധിഷ്ഠിത സേവനങ്ങള്‍ക്ക് പ്രാധാന്യം കൂടി വരുന്നു.
ചുരുക്കത്തില്‍, എല്ലാ മേഖലകളിലും വിവരം ഉപയോഗിക്കപ്പെടുന്നതിനാല്‍ വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യവും ആ രംഗത്തെ മാറ്റങ്ങള്‍ മൂലമുള്ള ഫലങ്ങളും പ്രത്യാഘാതങ്ങളും എല്ലാവരുടേയും ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുന്നു. വിവര സാങ്കേതിക രംഗത്ത് നിലനില്‍ക്കുന്ന കുത്തകാധിപത്യവും അമിത ചൂഷണവും ആ മേഖലയിലേയ്ക്ക് മറ്റെല്ലാ മേഖലകളില്‍ നിന്നും സമ്പത്തിന്റേയും വിഭവങ്ങളുടേയും ഒഴുക്ക് ശക്തമാക്കുന്നു.
ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്ന സോഫ്റ്റ് വെയര്‍ സാങ്കേതിക വിദ്യ അടുത്ത കാലം വരെ അവരുടെ സ്വന്തമായിരുന്നു. മധ്യകാലത്തിലെ കൈത്തൊഴില്‍കാര്‍ക്ക് അവരുടെ പണിയായുധങ്ങള്‍ സ്വന്തമായിരുന്നതു പോലെ. അവരുടെ പണിയായുധങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടാണ് ആദ്യകാല മുതലാളിത്തം വളര്‍ന്നത്. അതുപോലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സോഫ്റ്റ് വെയറുകളും കൈയ്യടക്കി. അവയെ നിഗൂഢവല്‍ക്കരിച്ചു. അവയില്‍ പേറ്റന്‍റ് ഏര്‍പ്പെടുത്തി, കുത്തക സ്ഥാപിച്ച്, നിലനിര്‍ത്തുന്നു. തനത് മേഖലയിലെ മേലേക്കിടയിലുള്ള ഒരു ചെറു ന്യൂനപക്ഷം പേര്‍ക്ക് മാത്രം താരതമ്യേന മെച്ചപ്പെട്ട വേതനം നല്‍കിക്കൊണ്ട് മേഖലയിലെ തന്നെ ബഹുഭൂരിപക്ഷത്തേയും ഇതര മുഴുവന്‍ മേഖലകളേയും കടുത്ത ചൂഷണത്തിനിരയാക്കുകയാണ് ഇന്ന് ഈ രംഗത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചെയ്തുവരുന്നത്. അമിതമായ ലൈസന്‍സ് ഫീ ചെറുകിട-ഇടത്തരം ഐടി സ്ഥാപനങ്ങളുടെ വരുമാനവും ബിസിനസും കുറയ്ക്കുന്നു. ഐടി സേവനങ്ങളുടെ അമിതമായ ചെലവ് അതുപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധുനികവല്‍ക്കരിക്കുന്നതില്‍ നിന്ന് ചെറുകിട ഇടത്തരം വ്യവസായ-വ്യാപാര സ്ഥാപനങ്ങളെ തടയുന്നു. മത്സരത്തില്‍ അവ തകര്‍ന്നടിയുന്നു. മൊത്തത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയും അമിത ലാഭവും തരമായിരിക്കുന്നു. വിവര സങ്കേതിക വിദ്യാ തൊഴിലാളികളുപയോഗിച്ചിരുന്ന, അവരുടെ, പൊതുസ്വത്തായിരുന്നു സോഫ്റ്റ് വെയര്‍ ഉപകരണങ്ങള്‍. അവ തട്ടിയെടുത്ത് ചൂഷണോപധിയാക്കുകയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചെയ്തത്. തങ്ങളുടെ കണ്‍മുമ്പില്‍ നടക്കുന്ന സാമ്രാജ്യത്വ കുടിലതയ്ക്കെതിരെ ആഗോളമായി വിവര സങ്കേതിക വിദ്യാ തൊഴിലാളികളുടെ സ്വാഭാവിക പ്രതികരണമായാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ കൂട്ടായ്മ ഉയര്‍ന്നു വന്നത്.
സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യവും പ്രൊഫഷണലുകളുടെ കൂട്ടായ്മയുമെന്ന ആശയം രൂപപ്പെട്ടതോടെ സോഫ്റ്റ് വെയര്‍ രംഗത്തുണ്ടായ വികാസവും അവയുടെ സാങ്കേതിക മികവിലുണ്ടായ വര്‍ദ്ധനവും അവര്‍ണ്ണനീയമാണ്. ലാഭാധിഷ്ഠിതമായ ഒരു സ്ഥാപനത്തിന്റെ പരിമിതിയും സമൂഹത്തിന്റെ അനന്ത സാധ്യതയും തമ്മിലുള്ള ഗുണപരമായ മാറ്റം ഇവിടെ പ്രകടമാകുന്നു.
ഇന്ത്യയിലും അതിന്റെ അലകള്‍ 1998 മുതല്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്നു. 2000-ല്‍ FSF ന്റെ ശാഖ ആരംഭിച്ചു. മിക്ക പട്ടണങ്ങളിലും ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. സജീവമായി പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ ഫോറം സംഗമത്തോടനുബന്ധിച്ചും പല ട്രേഡ് യൂണിയന്‍ സമ്മേളനങ്ങളോടനുബന്ധിച്ചും സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെമിനാറുകളും സമ്മേളനങ്ങളും നടന്ന് പോന്നിട്ടുണ്ട്. കേരളത്തിലെ കരുത്തുറ്റ സ്കൂള്‍ അദ്ധ്യാപക സംഘടനയുടെ ശക്തമായ ഇടപെടല്‍ മൂലം ഹൈസ്കൂള്‍ ക്ലാസുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പഠനം നടപ്പാക്കപ്പെട്ടു. ഐടി@സ്കൂള്‍ പദ്ധതി ഈ രംഗത്തെ സാമൂഹ്യ ഇടപെടലിന്റെ ലോകോത്തര മാതൃകയായി കണക്കാക്കപ്പെടുന്നു. വൈദ്യുതി ബോര്‍ഡിലും തൊഴിലാളികളുടെ ശക്തമായ ഇടപെടല്‍ മൂലം സ്വതന്ത്ര സോഫ്റ്റ് വെയറിലേയ്ക്കുള്ള മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ നിലവിലുള്ള ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ് വെയറിന്റേയും അറിവിന്റേയും പ്രാധാന്യം മനസിലാക്കി നയം പ്രഖ്യാപിക്കുകയും നടപടികള്‍ നീക്കിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. നാളിതു വരെ സ്വകാര്യ സോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിച്ച് വന്നിരുന്നതിനാല്‍ മാറ്റം വിഷമമേറിയതാകാം. സര്‍ക്കാര്‍ വകുപ്പുകള്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലേയ്ക്ക് മാറിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാന ഐടി മിഷന്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് ഒരു സാര്‍വ്വദേശീയ സെമിനാര്‍ നടത്തുകയാണ്.
2000 ല്‍ തിരുവനന്തപുരത്ത് FSF സ്ഥാപന സമ്മേളനത്തിന് ശേഷം 2007 ല്‍ ഹൈദരാബാദിലാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ മാത്രം വിഷയമാക്കി ഒരു അഖിലേന്ത്യാ സമ്മേളനം ആദ്യമായി ചേര്‍ന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റ തെലുഗു പ്രാദേശികവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന “സ്വേച്ഛ” എന്ന സന്നദ്ധ സംഘടനയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗവും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണത് സംഘടിപ്പിച്ചത്. ഈ രംഗത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സാര്‍വ്വദേശീയ സംഘടനയായ FSF ന്റെ ഇന്ത്യാ ചാപ്റ്റര്‍ അതിന് പിന്തുണ നല്‍കി. അതിന്റെ തുടര്‍ച്ചയായി രണ്ടാം സമ്മേളനം കൊച്ചിയില്‍ നടക്കുകയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (CUSAT), ഐടി@സ്കൂള്‍ പ്രോജക്ട്, അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (ATPS), ഓപ്പണ്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം (OSS ICS) എന്നീ സ്ഥാപനങ്ങളാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്.
സമ്മേളനത്തിന് ആതിഥ്യമരുളുന്ന കൊച്ചി യൂണിവേഴ്സിറ്റി ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ കൊച്ചിയുടേയും കേരളത്തിന്റേയും ഇന്ത്യയുടേയും സാമ്പത്തിക പുരോഗതിക്കായി ജനങ്ങളിലേയ്ക്കെത്തിക്കുന്നതില്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്. കൊച്ചിയിലെ വ്യവസായങ്ങളും മത്സ്യ മേഖലയും പോലെ ജനങ്ങളുമായി അവരുടെ ദൈനംദിന ജീവിതവുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയെന്ന ഖ്യാതി കൂടുതലുറപ്പിക്കാനുതകുന്ന ഒരു പരിപാടിയാണ് സാങ്കേതിക മികവും സാമ്പത്തിക മെച്ചവും നേടാനുതകുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തേയ്കുള്ള ഈ ചുവടുവെയ്പ്. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘമാകട്ടെ, 1998-1999 ലെ ജില്ലാ പഞ്ചായത്തിന്റെ വിവര വിനിമയ പ്രോജക്ടിന്റെ തുടര്‍ച്ചയും ഓപ്പണ്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘത്തിന്റെപിന്തുണാ സംവിധാനവുമാണ്. ഓപ്പണ്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സാങ്കേതിക മികവും അതുപയോഗിച്ചുള്ള ബിസിനസ് മോഡലും പ്രാദേശികമായി തെളിയിച്ച സ്ഥാപനവുമാണ്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവര സാങ്കേതിക മേഖലയില്‍ കൊച്ചിയിലും കേരളത്തിലും വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.
നവമ്പര്‍ മാസത്തില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നടത്താന്‍ പോകുന്ന രണ്ട് ദിവസത്തെ ദേശീയ സെമിനാറിനുള്ള സംഘാടക സമിതിക്ക് 18-09-2008 ന് വൈകുന്നേരം 5 മണിക്ക് കൊച്ചി യൂണിവേഴ്സിറ്റി മറൈന്‍ സയന്‍സ് ഡിപ്പാര്‍ട്മെന്‍റ് സെമിനാര്‍ ഹാളില്‍ രജിസ്ട്രാര്‍ ഡോ. എന്‍. ചന്ദ്രമോഹന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ യോഗം രൂപം നല്കി. ഡോ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ സമ്മേളനത്തിന്റെ പശ്ചാത്തലവും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ ചെറു വിവരണവും ഹൈദരാബാദില്‍ നടന്ന ഒന്നാം സമ്മേളനത്തിന്റെ റിപ്പോര്‍ടും അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ സി.എം.ദിനേശ് മണി, ഡോ. ജോയ് ജോബ് കുളവേലി എന്നിവരും ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ ശ്രീ പി. രാജീവും സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ചും സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചും സംസാരിച്ചു. യോഗത്തിന് അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘാംഗം ശ്രീ ജോസഫ് തോമസ് സ്വാഗതവും ഓപ്പണ്‍ സോഫ്ട് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണസംഘം ഭരണസമിതി അംഗവും സിസ്റ്റം അനലിസ്റ്റുമായ ശ്രീ എം. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. കൊച്ചി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗങ്ങളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൊച്ചിയിലെ വിവിധ വിഭാഗം ജനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരു സംഘാടക സമിതിയാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ബഹുമാനപ്പെട്ട ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യ രക്ഷാധികാരിയും കൊച്ചി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ്, കൊച്ചി മേയര്‍ പ്രൊ. മേഴ്സി വില്യംസ്, രാജ്യ സഭാംഗം ശ്രീ കെ. ചന്ദ്രന്‍ പിള്ള, ലോക സഭാംഗം ശ്രീ സെബാസ്റ്റ്യന്‍ പോള്‍, മുന്‍ മന്തിയും നിയമ സഭാംഗവുമായ ശ്രീ കെ. വി. തോമസ്, നിയമ സഭാംഗം ശ്രീ എ. എം. യൂസഫ് എന്നിവര്‍ രക്ഷാധികാരികളുമാണ്. ബഹുമാനപ്പെട്ട നിയമസഭാംഗവും കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ ശ്രീ സി. എം. ദിനേശ് മണി സംഘാടക സമിതിയുടെ അദ്ധ്യക്ഷനാണ്. കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ശ്രീ ബി. ചക്രപാണി, ശ്രീ എന്‍. കെ. വാസുദേവന്‍, രജിസ്ട്രാര്‍ ഡോ. എന്‍. ചന്ദ്രമോഹന്‍ കുമാര്‍ ഡെപ്യൂട്ടി മേയര്‍ ശ്രീ മണിശങ്കര്‍, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍, ശ്രീമതി ആരിഫ ടീച്ചര്‍ എന്നിവര്‍ ഉപാദ്ധ്യക്ഷന്മാരുമാണ്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗം ലെക്‍ചറര്‍ ശ്രീ ഇഗ്നേഷ്യസ് കുഞ്ഞുമോനാണ്. കൊച്ചി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോയ് ജോബ് കുളവേലിയാണ് ജനറല്‍ കണ്‍വീനര്‍. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘാംഗം ശ്രീ ജോസഫ് തോമസ് കണ്‍വീനറും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ ബി. പ്രദീപും ഇന്ത്യന്‍ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് കൊച്ചിന്‍ ചാപ്റ്ററിന്റെ സ്ഥാപകാംഗം ജെയ് ജേക്കബും ജോയിന്‍റ് കണ്‍വീനര്‍മാരുമാണ്. ഓപ്പണ്‍ സോഫ്ട് വെയര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം സെക്രട്ടറി ശ്രീമതി അയിഷ സോമനാണ് ട്രഷറര്‍.
12 ഉപ സമിതികളുടെ അദ്ധ്യക്ഷന്മാരേയും കണ്‍വീനര്‍മാരേയും യോഗം നിശ്ചയിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും അവ പ്രോത്സാഹിപ്പിക്കുന്നതില്‍ താല്‍പര്യമുള്ളവരുടേയും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ചെറുകിട-ഇടത്തരം വ്യവസായങ്ങളുടേയും വിവര സാങ്കേതിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടേയും പ്രൊഫഷണലുകളുടേയും അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടേയും മറ്റിതര സാമൂഹ്യ സംഘടനകളുടേയും പ്രതിനിധികളും അടങ്ങുന്നതാണ് സംഘാടക സമിതി.
യോഗാനന്തരം ചേര്‍ന്ന സംഘാടക സമിതി എക്സിക്യൂട്ടീവിന്റെ ആദ്യ യോഗം സമ്മേളനത്തിന്റെ ബഡ്‌ജറ്റ് തയ്യാറാക്കി അംഗീകരിക്കുകയും വിഭവ സമാഹരണത്തിനുള്ള പരിപാടി തയ്യാറാക്കുകയും ഓഫീസ് നിശ്ചയിക്കുകയും ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഒരാഴ്ചക്കുള്ളില്‍ വെബ് സൈറ്റ് ഉല്‍ഘാടനം ചെയ്യാനും ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനമായി.
Wednesday, January 9, 2008
സ്നേഹപൂര്‍വം വര്‍ക്കേഴ്സ് ഫോറം.....
പ്രിയ സുഹൃത്തുക്കളെ,
ഇത് വര്‍ക്കേഴ്സ് ഫോറത്തിന്റെ നൂറാമത്തെ പോസ്റ്റ് ആണ്. 2007 ജൂണ്‍ അവസാനം തുടങ്ങിയ ഈ ബ്ലോഗില്‍ ആറുമാസം കൊണ്ട് 100 പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ജോലിത്തിരക്കിന്റേയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും ഇടയില്‍ കിട്ടുന്ന പരിമിതമായ സമയം ഫലപ്രദമായി ഒരു പുതിയ മാധ്യമത്തില്‍ ചെലവഴിക്കുവാന്‍ കഴിഞ്ഞു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രസക്തമായ ചര്‍ച്ചകളും ഉപകാരപ്രദമായ പോസ്റ്റുകളും പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ ഞങ്ങളാല്‍ ആവുംവണ്ണം ശ്രമിച്ചിട്ടുണ്ട്. വിലയിരുത്തേണ്ടത് നിങ്ങളാണ്.
ആമുഖ പോസ്റ്റില്‍ പറഞ്ഞതുപോലെ..
ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..ചുറ്റും ഉള്ള സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ബാങ്ക് ജീവനക്കാരുടെ പ്രസിദ്ധീകരണമായ ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ പ്രവര്‍ത്തകരാണ് കൂടുതലായും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളം കേന്ദ്രമായി. മറ്റു സഹോദര സംഘടനകളുടെ പ്രവര്‍ത്തകരും അവരുടെ സമയം ഞങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. തങ്ങളുടെ ലേഖനങ്ങള്‍ അനുവാദം ചോദിക്കാതെ തന്നെ പ്രസിദ്ധീകരിക്കുവാന്‍ പല സംഘടനകളും തൊഴിലാളികളും സമ്മതം തന്നിട്ടുണ്ട്. അവരോടെല്ലാവരോടും ഞങ്ങളുടെ അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുവാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
ചില ലേഖനങ്ങള്‍ ഞങ്ങള്‍ മൊഴിമാറ്റം നടത്തിയും അല്ലാതെയും പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ വായിക്കണമെന്നും ഭാവിയില്‍ റെഫറന്‍സിനായി ഉപകരിക്കണം എന്നും ഉദ്ദേശിച്ച്. ബ്ലോഗിലെ മറ്റു പോസ്റ്റുകളില്‍ കമന്റിടുവാനോ മറ്റു ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുവാനോ ഏതൊരു കൂട്ടായ്മക്കും ഉണ്ടാകാവുന്ന പരിമിതികള്‍ മൂലം കഴിയാതെ വന്നിട്ടുണ്ട്. എങ്കിലും മിക്കവാറും എല്ലാ പോസ്റ്റുകളും ഇതിനു പിന്നിലെ പ്രവര്‍ത്തകരില്‍ ആരെങ്കിലുമൊക്കെ വായിച്ചിട്ടുണ്ടായിരിക്കും. അതിനെക്കുറിച്ചു ചര്‍ച്ചകളും ഞങ്ങള്‍ നടത്താറുണ്ട്. എന്തായാലും നേരില്‍ കണ്ടിട്ടില്ലാത്ത ഒട്ടേറെപ്പേരുമായി സംവദിക്കുവാന്‍ കഴിഞ്ഞത് നല്ല അനുഭവമായിരുന്നു. കുറെയേറെ ചോദ്യങ്ങള്‍ ചോദിക്കുവാനും, ഒത്തിരി ഉത്തരങ്ങള്‍ കണ്ടെത്തുവാനും കഴിഞ്ഞു ഇക്കാലയളവില്‍ . Really, it was a learning experience for all of us.
ഇത്രയും കാലം ഞങ്ങള്‍ക്ക് പ്രോത്സാഹനം തന്ന നിങ്ങള്‍ ഓരോരുത്തരോടും ഈയവസരത്തില്‍ ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും നിങ്ങളുടെ സാന്നിദ്ധ്യവും വിലയേറിയ നിര്‍ദ്ദേശങ്ങളും ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ബ്ലോഗിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനു നിങ്ങളുടെ സഹായത്തോടെ ഞങ്ങള്‍ക്ക് കഴിയും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു....
Monday, December 10, 2007
ഇ മെയില്‍ തട്ടിപ്പില്‍ കുടുങ്ങരുത്!
ഇ മെയിലില്‍ വരുന്ന വന്‍ തുകകളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) മുന്നറിയിപ്പ് നല്‍കി. അജ്ഞാതമായ ഇത്തരം ഇ മെയില്‍ മല്‍സരങ്ങളിലോ പദ്ധതികളിലോ പങ്കാളിയാവരുതെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു.
വിദേശങ്ങളില്‍നിന്നുള്ള ലോട്ടറി, മറ്റ് സമ്മാനപദ്ധതികള്‍ എന്നിവയില്‍ പങ്കെടുക്കുന്നത് ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്.ഇ.എം.എ) പ്രകാരം വിലക്കിയിട്ടുണ്ട്.
ഇ മെയിലുകളിലൂടെ വന്‍ തുക സമ്മാനം ലഭിച്ചെന്നറിയിച്ച് തുക കൈമാറുന്നതിന് കമീഷന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടക്കുന്നതായി ആര്‍.ബി.ഐ വ്യക്തമാക്കി. കമീഷന്‍ തുക അയച്ച് വഞ്ചിക്കപ്പെടരുത്. ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറരുതെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു.