Showing posts with label കാര്‍ഷികം. Show all posts
Showing posts with label കാര്‍ഷികം. Show all posts

Wednesday, May 28, 2014

പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുക

കോര്‍പറേറ്റ് നിയന്ത്രിത മുതലാളിത്ത വികസനവഴി കഴുത്തറുപ്പന്‍ ലാഭത്തിന്റേതാണ്. ലാഭമല്ലാതെ മറ്റൊന്നിനും അവിടെ മൂല്യമില്ല. പ്രകൃതിയും കൃഷിയും വ്യവസായവും ലാഭംനോക്കികളുടെ കൈയിലകപ്പെടുമ്പോള്‍ പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ക്രൂരമായി അവഗണിക്കപ്പെടുന്നു. വര്‍ത്തമാനകാലത്ത് പാരിസ്ഥിതികപ്രശ്നങ്ങള്‍ ലോകത്തെയാകെ ഗ്രസിക്കുകയാണ്. അമിതമായ പ്രകൃതിചൂഷണത്തിന് വാതില്‍ തുറന്നിടുന്ന നവ ലിബറല്‍നയങ്ങളുടെ ഉല്‍പ്പന്നവുമാണത്. അത് പരിസ്ഥിതിയെമാത്രമല്ല, കൃഷിയെയും കൃഷിക്കാരെയും ജനജീവിതത്തെയാകെയും ബാധിക്കുന്നു. വികസനത്തിനും വ്യവസായവല്‍ക്കരണത്തിനുമെന്ന പേരില്‍ കൃഷിഭൂമി വന്‍തോതില്‍ ഏറ്റെടുക്കുന്നു. അവശേഷിക്കുന്ന കൃഷിഭൂമി അശാസ്ത്രീയവും നിരുത്തരവാദപരവുമായി വളവും കീടനാശിനികളും ചെന്നുചേരുന്നതിലൂടെ വിഷമയമാകുന്നു. അത് പച്ചപ്പുകളുടെ വളര്‍ച്ച തടയുകയും ജലക്ഷാമത്തിലേക്കും മരുവല്‍ക്കരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ നിയമവിരുദ്ധ ഖനവും വായു- ജല മലിനീകരണവുമടക്കം പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിലൊന്നും കണ്ണുപായിക്കാതെ സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളാക്കാനുള്ള ഇടപെടലാണ് കോര്‍പറേറ്റുകളുടേത്.

കൃഷിച്ചെലവിലെ കുത്തനെയുള്ള വര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും കുത്തകവല്‍ക്കരിക്കപ്പെട്ട വിപണിയും അവധിവ്യാപാരത്തിലെ ചതിക്കുഴികളും കൃഷിക്കാരെ കൃഷിയില്‍നിന്ന് അകറ്റുകയാണ്. ക്രമരഹിതമായ കാലവര്‍ഷം, വരള്‍ച്ച, പ്രളയം എന്നിങ്ങനെയുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് നിരന്തരഭീഷണിയായി തുടരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാനോ ദുരന്തബാധിതരാകുന്ന കര്‍ഷകരെ സഹായിക്കാനോ സര്‍ക്കാരിന് മൂര്‍ത്തമായ പദ്ധതികളൊന്നുമില്ല. തത്വദീക്ഷയില്ലാത്ത ജലചൂഷണം രാജ്യത്തിന്റെ ഭൂഗര്‍ഭ ജലസ്രോതസ്സുകളെ വറ്റിക്കുകയാണ്. ശാസ്ത്രീയമോ പ്രായോഗികമോ ആയ ജലവിഭവനിയന്ത്രണ സംവിധാനം എവിടെയുമില്ല. ശുദ്ധജലശേഖരണവും മലിനജലശുദ്ധീകരണവും അടക്കമുള്ള മാര്‍ഗങ്ങള്‍ ഗൗരവമായി പരീക്ഷിക്കപ്പെടുന്നില്ല. പകരം ശുദ്ധജലവിതരണംപോലും ലാഭക്കച്ചവടമാക്കി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നദികളുടെ സംയോജനം, വഴിതിരിച്ചുവിടല്‍ തുടങ്ങിയ നടപടികളിലൂടെ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതമാര്‍ഗത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.

കൂടുതല്‍ ഉല്‍പ്പാദനത്തിനുവേണ്ടി നടത്തുന്ന ക്രമരഹിതമായ വളം- കീടനാശിനി പ്രയോഗം കൃഷിച്ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഭൂമിയുടെ മലിനീകരണത്തിനും നിരവധി അനുബന്ധപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ച ഭീകരാവസ്ഥ നമുക്കുമുന്നിലുണ്ട്. കര്‍ഷകരുടെയും ജനങ്ങളുടെയാകെയും ആരോഗ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് വിപണിയില്‍ ലഭിക്കുന്ന ഫലമൂലാദികള്‍. ഈ വിഷവസ്തുക്കളുടെ അപകടം സമൂഹത്തെ സാരമായി ബാധിച്ചിരിക്കുന്നു. കാര്‍ഷികരാജ്യമെന്ന് അഭിമാനംകൊള്ളാറുള്ള ഇന്ത്യയില്‍ വളത്തിന്റെ യുക്തിഭദ്രമായ ഉപയോഗമോ ജൈവവളങ്ങളുടെ വ്യാപനമോ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാത്ത സുസ്ഥിരമായ ശാസ്ത്രീയ കൃഷിസമീപനത്തിന്റെ പുരോഗതിയോ ഉറപ്പാക്കപ്പെടുന്നില്ല. അതുസംബന്ധിച്ച് ദേശീയതലത്തില്‍ നയരൂപീകരണം ഉണ്ടാകുന്നില്ല. അമിതലാഭം ലക്ഷ്യമിട്ടുള്ള അഗ്രി ബിസിനസാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുംവിധം ജൈവവൈവിധ്യനിയമത്തിന്റെ പരിധിയില്‍നിന്ന് നിരവധി വിളകളെ ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെ വന്‍കിട അഗ്രി ബിസിനസ് കമ്പനികള്‍ക്ക് ലാഭംകൊയ്യാനും പേറ്റന്റ് നേടാനുമുള്ള വാതിലുകളാണ് തുറന്നിടുന്നത്. വനംകൊള്ള വ്യാപകമാണ്. ധാതുലവണങ്ങള്‍ നിയന്ത്രണമില്ലാതെ ചൂഷണംചെയ്യപ്പെടുന്നു.

അമിതലാഭം ലക്ഷ്യംവച്ചുള്ള നിയമവിരുദ്ധ ഖനവും കല്ലെടുപ്പും മരംവെട്ടും അനധികൃത നിര്‍മാണവും തടയാന്‍ ഇടപെടലുകളുണ്ടാകുന്നില്ല. പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന് കൊള്ളയടിക്കാനുള്ളതല്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍പ്പ് സാധ്യമല്ല. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ തന്റെ ജീവിതപുരോഗതിക്കും നിലനില്‍പ്പിനുതന്നെയും വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. മനുഷ്യന്‍ തന്റെ പണിയായുധങ്ങള്‍കൊണ്ടും ബുദ്ധിശേഷികൊണ്ടും പ്രകൃതിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയാണ് ജീവിക്കുന്നത്; അതിനാണ് നിരന്തരം പ്രയത്നിക്കുന്നത്. പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടല്ലാതെ മനുഷ്യന് ജീവിതമില്ല. ആ ഇടപെടലിന്റെ തോത് ഭ്രാന്തമായി വിപുലപ്പെടുന്നതാണ് ഒരു പ്രശ്നമെങ്കില്‍, പ്രകൃതിസംരക്ഷണത്തിന്റെ മറവില്‍ മനുഷ്യന്റെ ജീവിതസ്വാതന്ത്ര്യംപോലും ഇല്ലാതാക്കാനുള്ള ഭ്രാന്തന്‍ശ്രമങ്ങള്‍ മറുവശത്തും നടക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടടക്കമുള്ള അത്തരം രീതികളും കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്നതാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും കൃഷിയെയും കര്‍ഷകനെയും മാനവരാശിയെ ആകെയും സംരക്ഷിക്കാനുള്ള മുന്‍കൈ ഉയര്‍ന്നുവരേണ്ടത് ഈ സാഹചര്യത്തിന്റെ ആവശ്യമാണ്. 2014ലെ ലോക പരിസ്ഥിതിദിനം (ജൂണ്‍ അഞ്ച്) പരിസ്ഥിതി- കൃഷി സംരക്ഷണദിനമായി ആചരിക്കാനുള്ള അഖിലേന്ത്യാ കിസാന്‍സഭയുടെ തീരുമാനം അതുകൊണ്ടുതന്നെ ശ്ലാഘനീയമായ മുന്‍കൈയാണ്. കിസാന്‍സഭയുടെ ആഹ്വാനം ജനങ്ങളാകെ ഏറ്റെടുക്കേണ്ടതുണ്ട്.
*
ദേശാഭിമാനി മുഖപ്രസംഗം

Friday, May 23, 2014

തകര്‍ക്കരുത് ക്ഷേമനിധിബോര്‍ഡിനെ

ജനജീവിതം ദുസ്സഹമായ അവസ്ഥയിലേക്ക് കേരളത്തെ തള്ളിയിട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒഴിയാന്‍ സാധിക്കില്ല. സാധാരണക്കാരുടെ ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞ മുഖ്യമന്ത്രി എന്നാവും ഉമ്മന്‍ചാണ്ടിയെ ചരിത്രം രേഖപ്പെടുത്തുക. കേരളത്തില്‍ ജീവിക്കണമെങ്കില്‍ അതിസമ്പന്നനാകണം എന്നുള്ള നിലയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അടുത്ത പതിറ്റാണ്ടില്‍ ജനിക്കുന്ന മലയാളിക്കുഞ്ഞുങ്ങള്‍പോലും കടക്കാരായി മാറുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 1000 കോടി രൂപയാണ്. അതിന്റെ കടപത്രമിറക്കിയതോ 9.62 ശതമാനം പലിശയിലും. ഇപ്പോള്‍ വീണ്ടുമൊരു 1000 കോടി രൂപകൂടി കടമെടുക്കാനായി പോകുന്നു. പക്ഷേ, ഈ പണം എവിടെയാണ് ചെലവഴിക്കപ്പെടുന്നത് എന്ന ചോദ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന് ഉത്തരമില്ല. നാടിനെ കടക്കെണിയില്‍ ആഴ്ത്തുന്ന വിധത്തില്‍ കടമെടുക്കുമ്പോഴും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പെന്‍ഷനുകള്‍പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

നികുതികള്‍ പിരിച്ചെടുക്കുന്നതിലുള്ള അനാസ്ഥയും കേന്ദ്രത്തില്‍നിന്ന് ന്യായമായ വിഹിതങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിക്കാത്തതും അധിക വിഭവ സമാഹരണം ഇല്ലാതിരുന്നതും ഭരണധൂര്‍ത്തും അഴിമതിയും ചേര്‍ന്നുണ്ടായതാണ് ഈ പ്രതിസന്ധി. ഇതിന് ജനങ്ങള്‍ ഉത്തരവാദികളല്ല. എങ്ങനെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നതിനേക്കാള്‍ മൂന്നിരട്ടി റവന്യൂകമ്മി വര്‍ധിച്ചത്? ഇത്തരം പ്രതിസന്ധി മറികടക്കാന്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അവര്‍ക്കതിനൊന്നും സാധിക്കുന്നില്ല. കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസി- ദളിത് വിഭാഗമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെയും പിച്ചച്ചട്ടിയില്‍നിന്ന് കൈയിട്ടുവാരുകയാണ് ഈ സര്‍ക്കാര്‍. അത് അനുവദിച്ചുകൊടുക്കാന്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന് സാധിക്കില്ല.

കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ കര്‍ഷകത്തൊഴിലാളികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. എന്നാലിന്ന് കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങളെ കണ്ടില്ലെന്നു നടിച്ച് തീര്‍ത്തും പ്രകോപനപരമായ രീതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ തകിടംമറിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍മുതല്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെ പകയോടുകൂടിയാണ് സമീപിക്കുന്നത്. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്ന കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ ക്ഷേമനിധിബോര്‍ഡാക്കി മാറ്റി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയേ വിതരണം ചെയ്യൂ എന്ന് ശഠിച്ചു. അക്കൗണ്ടെടുക്കാനെത്തുന്ന കര്‍ഷകത്തൊഴിലാളിയുടെ പോക്കറ്റടിക്കുന്നതിന് തൊഴില്‍മന്ത്രി കൂട്ടുനിന്നു.

ആധാര്‍കാര്‍ഡിന്റെ പേരു പറഞ്ഞ് ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തില്ല. സുപ്രീംകോടതി ഇടപെട്ടതോടെ ആധാര്‍കാര്‍ഡ് ആവശ്യമില്ലെന്നു പറയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നിട്ടും സംസ്ഥാനസര്‍ക്കാരും തൊഴില്‍വകുപ്പും ആധാര്‍കാര്‍ഡിന്റെ കാര്യത്തില്‍ പിന്നോക്കം പോകാന്‍ തയ്യാറാകുന്നില്ല. ആധാറിന്റെ പേരു പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള കുടിലബുദ്ധിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ആധാര്‍, ക്ഷേമനിധി വിതരണത്തിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയുള്ള പരിഷ്കാരങ്ങള്‍കൊണ്ട് കര്‍ഷകത്തൊഴിലാളിക്ക് ഒരു നേട്ടവുമില്ല. എന്നാല്‍, ഇവിടെ നിലവിലുള്ള സംവിധാനത്തെയും അത് നിര്‍വഹിച്ചിരുന്ന കടമകളെയും പൊളിച്ചടുക്കാനാണ് ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ തൊഴില്‍വകുപ്പ് പരിശ്രമിക്കുന്നത്. കുത്തക കമ്പനികളില്‍നിന്നും ന്യൂജനറേഷന്‍ ധനസ്ഥാപനങ്ങളില്‍നിന്നും ഭരണവിലാസക്കാര്‍ക്ക് കമീഷന്‍ വാങ്ങുന്നതിനുവേണ്ടി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളില്‍നിന്നുണ്ടാകുന്നതാണ്. കര്‍ഷകത്തൊഴിലാളികളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ ശ്രമിക്കുന്ന പരിപാടികളുമായാണ് തൊഴില്‍മന്ത്രി ഷിബു ബേബിജോണും യുഡിഎഫ് സര്‍ക്കാരും മുന്നോട്ടുപോകുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍വഴി കര്‍ഷകത്തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന്‍ നടപ്പാക്കുന്നത് സകലതും നശിക്കണം എന്നുള്ള മനോഭാവം സംസ്ഥാന സര്‍ക്കാരിനുള്ളതുകൊണ്ടാണ്. ക്ഷേമനിധിബോര്‍ഡിലെ അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് മാറ്റാനെന്ന പേരിലാണ് അക്ഷയകേന്ദ്രംവഴിയുള്ള രജിസ്ട്രേഷന്‍. അവിടെ ഫീസായി ഈടാക്കുന്നത് 40 രൂപ. ഇതില്‍ 15 രൂപ അക്ഷയകേന്ദ്രത്തിനും 25 രൂപ സര്‍ക്കാരിനുമാണ്. തകരാന്‍ പോകുന്ന അക്ഷയകേന്ദ്രത്തെ ജീവിപ്പിക്കാന്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയില്‍നിന്ന് ഊറ്റിയെടുക്കുന്ന ഹൃദയരാഹിത്യം തൊഴില്‍മന്ത്രി പുലര്‍ത്തുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രതീക്ഷയാണ്.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിനെ തകര്‍ക്കാനായി അധികാരത്തില്‍ വരുന്ന സമയത്തെല്ലാം പരിശ്രമിച്ചവരാണ് യുഡിഎഫുകാര്‍. തൊഴില്‍മന്ത്രിയും യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ മാതൃകയാക്കുകയാണുവേണ്ടത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനം അതിനുമുമ്പ് കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ വരുത്തിയ 27 മാസത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു. ഇടതുസര്‍ക്കാര്‍ ഓണനാളില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കി. പാവപ്പെട്ടവരുടെ ദൈന്യത മനസ്സിലാക്കി എല്‍ഡിഎഫ്് സര്‍ക്കാര്‍ ക്ഷേമനിധിബോര്‍ഡിന്റെ അതിവര്‍ഷാനുകൂല്യം വിതരണം ചെയ്യാന്‍ 114.9കോടി രൂപ അനുവദിച്ചു. ഇതെല്ലാം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഷിബു ബേബിജോണ്‍ തയ്യാറാകണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിലേക്ക് ഈ കാര്യങ്ങളൊക്കെ എത്തിക്കാനുള്ള ബാധ്യത തൊഴില്‍മന്ത്രിക്കാണുള്ളത്.

കോടികള്‍ ചെലവിട്ട് നടത്തുന്ന വിദേശയാത്രകള്‍മാത്രമായിപ്പോവുകയാണ് ഷിബുബേബിജോണ്‍ എന്ന മന്ത്രിയുടെ പ്രവര്‍ത്തനം. തൊഴില്‍മന്ത്രിയുടെ വിമാനയാത്രാക്കൂലി കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായി വകമാറ്റിയാല്‍ അത് വലിയൊരാശ്വാസമായി മാറും. പാവപ്പെട്ട ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചു എന്നൊക്കെ പത്രസമ്മേളനങ്ങളില്‍ പറയുന്നതല്ലാതെ ആ തുക കാര്യക്ഷമമായി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഒന്നുംചെയ്തിട്ടില്ല.

മന്ത്രി ഷിബു ബേബിജോണ്‍ പറയുന്നത് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിപോലുള്ള എല്ലാ ബോര്‍ഡുകളും കൂട്ടിയോജിപ്പിക്കണം എന്നാണ്. ഒരൊറ്റ ബോര്‍ഡുമതി എന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ എല്ലാ ക്ഷേമപദ്ധതികളും ഇല്ലാതാക്കണം എന്ന കോര്‍പറേറ്റ് മനോഭാവത്തില്‍നിന്ന് ഉണ്ടാകുന്നതാണ്. ഇത് ഒരിക്കലും കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. ക്ഷേമപദ്ധതികളെ തകര്‍ത്തെറിഞ്ഞ് കുത്തകകള്‍ക്ക് സന്തോഷം പകരാമെന്ന വ്യാമോഹം നടക്കില്ല.

കര്‍ഷകത്തൊഴിലാളികളെ യുഡിഎഫ് സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികളും കാണുന്ന രീതിതന്നെ മാറണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവിതസാഹചര്യത്തില്‍ മാറ്റംവരുത്താനുതകുന്ന പരിഷ്കരണപരിപാടികളിലൂടെ അവര്‍ നേടിയ ഇടത്തില്‍ സാമൂഹ്യ അംഗീകാരത്തോടെ നിലനിര്‍ത്താന്‍ സാധിക്കണം. ആ തലത്തിലേക്ക് സമൂഹത്തിന്റെ ബോധത്തിലും മനോഭാവത്തിലും മാറ്റം വരുത്തുകയാണ് വേണ്ടത്. ആ ബോധ്യം ആദ്യമുണ്ടാകേണ്ടത് വലതുപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികള്‍ക്കാണ്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ നിലവിലുള്ള കര്‍ഷകത്തൊഴിലാളികളെക്കൂടി ഇല്ലാതാക്കാനുള്ള പരിശ്രമമാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കോര്‍പറേറ്റ് ദാസ്യവേല മാറ്റിവച്ച് മണ്ണും മനുഷ്യനും നിലനില്‍ക്കണം എന്ന ആശയത്തെ പ്രകാശിപ്പിക്കുന്നതിനുള്ള പരിപാടി നടപ്പാക്കാന്‍, ഇടപെടലുകള്‍ നടത്താന്‍ യുഡിഎഫ് സര്‍ക്കാരും തൊഴില്‍മന്ത്രിയും തയ്യാറാകണം.

*
എം വി ഗോവിന്ദന്‍

Thursday, May 15, 2014

അടയാളപ്പെടുത്തലുകള്‍ അറിയപ്പെടാതെ പോവില്ല

അരപ്പറ്റ സമരഭൂമിയിലെ മേരിയുടെ കുടില്‍. അവിടെനിന്ന് കഴിച്ച കപ്പ പുഴുങ്ങിയതിന്റെയും കാന്താരിച്ചമ്മന്തിയുടെയും രുചി ഇപ്പോഴും നാവിലുണ്ട്. സമരഭൂവില്‍ വിളഞ്ഞതാണ് ആ വിഭവങ്ങള്‍. ഭക്ഷണത്തോടൊപ്പം മേരി പങ്കുവച്ച സമരവീര്യവും ഞങ്ങളെ ആവേശഭരിതരാക്കി. മെയ് മൂന്നിന്, സമരഭൂമിയില്‍നിന്ന് ഈ ഏഴകളെ പിടിച്ചിറക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സര്‍വസന്നാഹങ്ങളുമായി പൊലീസ്സേന ഇരമ്പിവന്നപ്പോള്‍ മരണം അല്ലെങ്കില്‍ ജീവിതം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് ജീവത്യാഗത്തിന് തയ്യാറായ സ്ത്രീത്വമാണ് മേരി.

അരപ്പറ്റയിലേക്ക് ആക്രോശിച്ചെത്തിയ പൊലീസിന് ഭക്ഷണം ഹാരിസണ്‍സ് എസ്റ്റേറ്റിന്റെ വക. അരപ്പറ്റയിലെ 32 ഏക്കര്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന 140 കുടുംബങ്ങളെ ആട്ടിയിറക്കണം എന്ന് ഹാരിസണ്‍സിനുവേണ്ടി കല്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍. ഗാട്ടും കാണാച്ചരടും എന്ന പേരില്‍ മുതലാളിത്തത്തിന്റെ രീതിശാസ്ത്രങ്ങളെക്കുറിച്ച് പുസ്തകം രചിച്ച എം പി വീരേന്ദ്രകുമാറിന്റെയും മകന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെയും തട്ടകമാണ് വയനാടും കല്‍പ്പറ്റയും. പക്ഷേ, 99 വര്‍ഷത്തെ പാട്ടക്കരാറിനെയും അതവസാനിച്ചിട്ടും നീളുന്ന കാണാക്കരാറിനെയുംകുറിച്ച് ഇക്കൂട്ടര്‍ക്ക് മൗനം. വലതുപക്ഷമൊന്നാകെ ആ മൗനത്തെ പിന്തുടരുന്നു. ഒരുതുണ്ട് ഭൂമിയില്ലാത്ത, കയറിക്കിടക്കാന്‍ കൂരയില്ലാത്ത പാവപ്പെട്ട തൊഴിലാളികളുടെ ജീവല്‍പ്രശ്നങ്ങളെ ഹാരിസണ്‍ കമ്പനി മുതലാളിമാരുടെ കൂടെനിന്ന് യുഡിഎഫ് നേതൃത്വവും അവരുടെ സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുന്നു; പരിഹസിക്കുന്നു; ആക്രമിക്കുന്നു.

വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് അരപ്പറ്റ ഗ്രാമം. ഹാരിസണ്‍ കമ്പനിയുടെ എന്‍സി ഡിവിഷന്‍ പ്രദേശമാണ് താഴെ അരപ്പറ്റ. അവിടെ തൊഴിലാളികള്‍ കൈയേറി കുടില്‍കെട്ടിയത് കൃഷി നശിപ്പിച്ചല്ല. ചായത്തോട്ടമല്ലാത്ത 32 ഏക്കര്‍ ഭൂമിയിലാണ് കുടില്‍ കെട്ടിയത്. ആ ഭൂമിയില്‍ കര്‍പ്പൂരമരങ്ങളാണുള്ളത്. ഈ മരമുള്ള പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യമുണ്ടാവും. വേനല്‍ക്കാലത്ത് ഈ മരത്തിന് കീഴെ അടിക്കാടുപോലും കാണില്ല. കമ്പനി അധികൃതര്‍ ഈ മരം വച്ചുപിടിപ്പിച്ചതിനുപിന്നില്‍ പ്രകൃതിവിരുദ്ധ മനോഭാവമുണ്ടാവാം. ഇവിടത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കെഎസ്കെടിയു പൊതുകിണര്‍ കുഴിച്ചു. അതില്‍ മോട്ടോര്‍വച്ച് എല്ലാ കുടിലിലേക്കും വെള്ളം എത്തിക്കുന്നു. വലതുപക്ഷവും അവരുടെ സര്‍ക്കാരും പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാതെ ചവിട്ടിയരയ്ക്കാന്‍ ശ്രമിക്കുന്ന ഈ തൊഴിലാളികള്‍ക്ക് ദാഹജലം പകരുക എന്നത് കെഎസ്കെടിയുവിന്റെ കടമയാണ്. ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍, ജീവിതം നിലനിര്‍ത്താന്‍ ഏത് പോരാട്ടസീമവരെയും കര്‍ഷക തൊഴിലാളി പ്രസ്ഥാനം മുന്നോട്ടുപോവും.

കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘം, ആദിവാസിക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 2013 ജനുവരി ഒന്നിനാണ് താഴെ അരപ്പറ്റയില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്. അവിടേക്ക് കുടിയേറിയ ഭൂരഹിതരായ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഭൂമി അളന്ന് വീതംവച്ച് നല്‍കി. പിന്നീട് കേരളം അതിശക്തമായ ഭൂസമരത്തിന് സാക്ഷ്യംവഹിച്ചു. അവസാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും സമരസംഘടനകളുടെ നേതൃത്വത്തെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമി വീതം നല്‍കുമെന്ന ഉറപ്പിന്‍മേല്‍ ആ സമരം അവസാനിപ്പിച്ചു. പക്ഷേ, സമയബന്ധിതമായി ഭൂമി വിതരണംചെയ്യാന്‍ വലതുപക്ഷത്തിന്റെ തൊഴിലാളിവിരുദ്ധ മനോഭാവത്തിന് സാധിച്ചില്ല. ആലിക്കുട്ടിയും കുടുംബവും അരപ്പറ്റയിലെ സമരഭൂവില്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമി നിശ്ചയമായും നല്‍കുമെന്ന് പ്രഖ്യാപിച്ച് വളരെയേറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മൂപ്പൈനാട് വില്ലേജ് ഓഫീസര്‍ ആലിക്കുട്ടിയെപ്പോലുള്ള ഭൂരഹിതരോട് കാസര്‍കോട്ടേക്ക് പോകാന്‍ പറഞ്ഞു. അവിടെ കല്ലും പാറയും മാത്രമുള്ള മൂന്നുസെന്റ് ഭൂമിക്കുവേണ്ടി, വെറുതെ ഇട്ടിരിക്കുന്ന ഈ ഭൂമിയില്‍നിന്ന് ഇറങ്ങിപ്പോവാന്‍ ആലിക്കുട്ടിമാര്‍ തയ്യാറായില്ല. എവിടെയെങ്കിലും നട്ടാല്‍ കുരുക്കാത്ത കുറച്ച് ഭൂമി നല്‍കി ഈ മണ്ണ് കമ്പനിക്ക് തിരികെ കൊടുക്കാനുള്ള ത്വരയാണ് ഭരണകൂടത്തിന്.

പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായി ഉപരിപഠനത്തിനു സാധിക്കാതെ അറുപതുരൂപ ദിവസക്കൂലിക്ക് സ്റ്റേഷനറിക്കടയില്‍ ജോലി നോക്കുന്ന റൈഹാനത്ത്, പത്താം ക്ലാസ് കഴിഞ്ഞ് എനിക്ക് ഇനിയും പഠിക്കണം ഉമ്മാ, എന്ന് പറയുന്ന റംസീന. അസുഖങ്ങളാല്‍ വലയുന്ന അവരുടെ ഉമ്മ സുബൈദ. മുതിര്‍ന്ന പെണ്‍കുട്ടികളെയുംകൊണ്ട് ഭര്‍ത്താവ് മരിച്ച ഈ ഉമ്മ എവിടേക്ക് പോവും? ഇവിടെ തളിര്‍ത്തുനില്‍ക്കുന്ന സമരജീവിതങ്ങളെ പരിചയപ്പെടുത്താനുള്ള ധാര്‍മികത മാധ്യമലോകം കാണിച്ചിട്ടില്ല.

അരപ്പറ്റയില്‍ ഭൂസമരത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ നേര്‍ക്ക് മറ്റേതോ നാട്ടിലെ ആര്‍ക്കും വേണ്ടാത്ത മണ്ണുവച്ച് നീട്ടാനുള്ള കുടിലബുദ്ധിക്ക് പകരം ഹാരിസണ്‍സ് കമ്പനി കൈയടക്കിവച്ച ഈ ഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. സുബൈദയുടെ കുടിലിന്റെ ബ്ലേഡ് വച്ച് കീറാവുന്ന ഫ്ളക്സ് ചുവരിന്റെ അരക്ഷിതാവസ്ഥ കര്‍ഷക തൊഴിലാളി യൂണിയന് കണ്ടില്ലെന്നു നടിക്കാനാവില്ല. തോക്കും നീട്ടിപ്പിടിച്ച് സമരസഖാക്കളുടെ നേരെ പൊലീസ് പൊസിഷനെടുത്തപ്പോള്‍, കര്‍ഷക തൊഴിലാളി യൂണിയനും ക്ഷേമസമിതികളും സി കെ ശശീന്ദ്രന്റെയും സുരേഷ് താളൂരിന്റെയും മറ്റും നേതൃത്വത്തില്‍ ഒരു പരിചയായി മാറിയത് അങ്ങനെയാണ്.

മെയ് മൂന്നിന്റെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് കെഎസ്കെടിയു, എകെഎസ്, പികെഎസ് നേതാക്കളുടെയും കണ്ടാലറിയാവുന്ന 200 പേരുടെയും പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് സമരഭൂവില്‍നിന്ന് അസൈനാര്‍, ഷിഹാബ്, ഷാബു, റഹിം, അനീഷ്, ഇസ്മായില്‍, ബാബ്നു എന്നിവരെ അറസ്റ്റുചെയ്തു; പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നുപറഞ്ഞ്. ഇതില്‍ മൂന്നുപേര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനുള്ള വകുപ്പും ചുമത്തി. പൊലീസ് അതിക്രമിച്ച് കയറിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്കുള്ള ശ്രമം ഉണ്ടായത് തങ്ങളുടെ ജീവിതം ഇല്ലാതാവുമെന്ന ഭയപ്പാടില്‍നിന്നാണ്. ഭരണകൂട ഭീകരതയാണ് ഇത്തരമൊരു മനോഭാവത്തിലേക്ക് ഈ പാവങ്ങളെ തള്ളിയിട്ടത്. അവരെ ഇനിയും വേട്ടയാടുന്നത് പൈശാചികമാണ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

അരപ്പറ്റയില്‍ കുടില്‍കെട്ടി പാര്‍ക്കുന്ന ഭൂരഹിതരില്‍ പല കക്ഷി രാഷ്ട്രീയബോധമുള്ളവരുമുണ്ട്. ഇന്നവര്‍ തിരിച്ചറിയുന്നത്, ദുരിതസമയത്ത് അവരുടെ ജീവിതത്തിന് കൈത്താങ്ങാവുന്നത് ആരാണെന്നതാണ്. കാറ്റടിച്ചാല്‍ പറന്നുപോവുന്ന മേല്‍ക്കൂരയ്ക്കുകീഴില്‍ ഇഴജന്തുക്കളെ ഭയന്ന് കഴിയുന്ന കുറെയേറെ കുഞ്ഞുങ്ങള്‍ ഇവിടെയുണ്ട്. അവര്‍ക്ക് ഇത്തിരി വെളിച്ചം പകരാന്‍പോലും പാടില്ല എന്ന് കല്‍പ്പിക്കുന്ന വൈദ്യുതിമന്ത്രിയുള്ള നാടാണ് നമ്മുടേത്. കുത്തകകളുടെ വൈദ്യുതിമോഷണത്തിനുനേരെ കണ്ണടയ്ക്കുന്ന മന്ത്രി, പാവങ്ങളുടെ ജീവിതത്തില്‍ കരിന്തിരി കത്തിക്കാനാണ് ശ്രമിക്കുന്നത്. ഹാരിസണ്‍ കമ്പനി പറയുന്നതെല്ലാം വിഴുങ്ങുന്ന സര്‍ക്കാരിന്റെ മനോഭാവം മാറിയേ മതിയാവൂ. അതുവരെ ഈ സമരം തുടരും.

സംസ്ഥാനമാകെ വന്‍കിട മുതലാളിമാരുടെ കൈയില്‍ രണ്ടുലക്ഷത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഭൂപരിഷ്കരണ ബില്‍ തയ്യാറാക്കുന്ന വേളയില്‍ തോട്ടംഭൂമിക്കും പരിധി നിശ്ചയിക്കണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. തോട്ടങ്ങള്‍ വലിയ രീതിയില്‍ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നതും തോട്ടങ്ങളെ ആശ്രയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജീവിക്കുന്നു എന്നതുമാണ് പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് തടസ്സമായത്. ആ വാദമുഖത്തിനായിരുന്നു ഭൂരിപക്ഷം. പക്ഷേ, പിന്നീട് ഹാരിസണ്‍സ് പോലുള്ള കമ്പനികള്‍ തോട്ടത്തിന് പുറത്തും ഭൂമി കൈയേറി സ്വന്തമാക്കി. കേസ് വന്നപ്പോള്‍ പ്രമുഖ അഭിഭാഷകരെ ഭീമമായ തുക ഫീസ് നല്‍കി കൊണ്ടുവന്ന് അനുകൂല വിധികള്‍ സമ്പാദിച്ചു. ഇന്ന് ഹാരിസണ്‍സ് കമ്പനി പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുനല്‍കാതെ ജനങ്ങള്‍ക്കു നേരെ കോക്രി കാണിക്കുന്നു.

1921ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ചെയ്ത കമ്പനിയാണ് ഹാരിസണ്‍സ്. സംസ്ഥാനത്തെ എട്ട് ജില്ലയിലായി 70,000 ഏക്കറോളം ഭൂമി രേഖകള്‍ ഉള്ളതും ഇല്ലാത്തതുമായി ഹാരിസണ്‍സിന്റെ കൈയിലുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം, ബ്രിട്ടനില്‍ രജിസ്റ്റര്‍ചെയ്ത ഈ കമ്പനിക്ക് രാജ്യത്ത് അംഗീകാരമില്ല. ഇത്തരം തോട്ടങ്ങള്‍ക്ക് നിയമസാധുത വേണമെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണ്‍ട്രോളര്‍ ഓഫ് ക്യാപിറ്റല്‍ ഇഷ്യൂസിന്റെയും അനുമതി വേണം. ഈ രേഖകള്‍ ഇതുവരെ ഹാരിസണ്‍സിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ മിച്ചഭൂമിയായിമാത്രമേ ഇതിനെ കണക്കാക്കാന്‍ പറ്റൂ. ഹാരിസണ്‍സ് ഷെയര്‍ഹോള്‍ഡറായ ഇന്ത്യന്‍ കുത്തക ഗോയങ്കയെ ഏത് വിധേനയും സഹായിക്കുക എന്ന യുഡിഎഫ് സര്‍ക്കാരിന്റെ മനോഭാവമാണ് ഈ ദുര്‍വിധിക്കു പിന്നില്‍. ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഈ ഭൂമിയാകെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ എഴുപതിനായിരത്തോളം ഏക്കര്‍ഭൂമി ജനങ്ങളുടേതാവും. ഈ ഭൂമിയില്‍ ഭൂരിപക്ഷവും തേയിലത്തോട്ടങ്ങളാണ്. തോട്ടം സംരക്ഷിക്കണമെന്ന കാര്യത്തില്‍ കെഎസ്കെടിയുവിന് തര്‍ക്കമില്ല. അതിനായി പ്രത്യേകസംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തണം. തോട്ടങ്ങളല്ലാത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കാര്‍ഷിക ഭൂപരിഷ്കരണ നിയമമനുസരിച്ച് മിച്ചഭൂമിയാണ്. അതുള്‍പ്പെടെ വിറ്റ് ലാഭംകൊയ്യാനാണ് ഗോയങ്ക ശ്രമിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് അരപ്പറ്റയിലെ സമരഭൂവിലെ ചെറുത്തുനില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് ഭൂസംരക്ഷണ സമിതി പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ചത്. കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ പറഞ്ഞതുപോലെ ഈ മണ്ണ് തൊഴിലാളികളുടേതാണ്. വയനാട്ടില്‍ ഹാരിസണ്‍സ് കമ്പനിയാണ് അനധികൃതമായി ഭൂമി കൈയില്‍ വച്ചിരിക്കുന്നത്. നിയമപരമായി പാട്ടക്കാലാവധി തീര്‍ന്ന ഭൂമിയില്‍നിന്ന് ഹാരിസണ്‍സിനെ കുടിയിറക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെടേണ്ടത്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് അവകാശപ്പെട്ടതാണ്. അവിടെയാണ് അവര്‍ കുടില്‍കെട്ടി പാര്‍ക്കുന്നത്. അവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനും വീട്ടുനമ്പര്‍ നല്‍കാനും വൈദ്യുതി എത്തിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനുപകരം പൊലീസ് ഭീകരത അഴിച്ചുവിടാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരളമൊന്നാകെ അരപ്പറ്റയിലെ തൊഴിലാളികള്‍ക്കു മുന്നില്‍ പരിചയായി മാറും.

*
എം വി ഗോവിന്ദന്‍

Saturday, May 10, 2014

ഹിലാലും ബിജിയും പിന്നെ പ്രകൃതികൃഷിയും

കൊച്ചിയിലെ അരിമേളയിലാണ് ഹിലാലിനെ കണ്ടത്. താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുന്നു. തൊട്ടപ്പുറത്ത് തൊട്ടിലില്‍ കിടത്തിയ കുഞ്ഞിനെ നോക്കിക്കൊണ്ട് ബിജിയുമുണ്ട്. രണ്ടുപേരെയും കണ്ടിട്ട് നാളുകളേറെയായി. ഹിലാല്‍ കോട്ടയത്ത് എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായിരുന്നു. സംസ്ഥാന പോളിടെക്നിക് യൂണിയന്റെ ചെയര്‍ പേഴ്സണായിരുന്നു ബിജി. തൊട്ടിലില്‍ കിടക്കുന്നത് നാലാമത്തെ കുട്ടിയാണ്. ഇപ്പോള്‍ രണ്ടുപേരും പ്രകൃതികൃഷിയുടെ പ്രചാരകരാണ്.

ഹിലാല്‍ ഇരിക്കുന്നതിന്റെ അപ്പുറത്ത് മുടി നീട്ടുവളര്‍ത്തി പിന്നിട്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അരിയുടെ മേന്മയെയും പ്രകൃതി കൃഷിയുടെ നേട്ടത്തെയുംകുറിച്ച് ആരോടോ സംസാരിക്കുന്നുണ്ട്. ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് കൃഷി നടത്താന്‍ വന്നതാണ് ആ ചെറുപ്പക്കാരനെന്ന് ബിജി പറഞ്ഞു. ഹിലാലിന്റെ അരിമേളയില്‍ ഇങ്ങനെയുള്ള കുറേ ചെറുപ്പക്കാരുണ്ട്. ചെറുപ്പക്കാരാണ് തന്റെ കൃഷിയുടെ പ്രധാന പ്രചാരകരെന്ന് ഹിലാല്‍ പറഞ്ഞു. മണ്ണിന്റെ മണമുള്‍ക്കൊള്ളാനും വിഷമില്ലാത്ത ഭക്ഷണം സൃഷ്ടിക്കുന്നതിനുവേണ്ടിയും ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംബിഎക്കാരും ഐടി പ്രൊഫഷണല്‍സുമുള്‍പ്പെടെ നിരവധി പേര്‍ ഹിലാലിന്റെ ഈ ദൗത്യത്തില്‍ പങ്കുചേരുന്നുണ്ട്.

പൊയ്യയിലെ പ്രകൃതികൃഷിയുടെ വിളവെടുപ്പിന്റെ പരിപാടിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിലാല്‍ എന്നെ ക്ഷണിച്ചിരുന്നു. അന്ന് മറ്റു പല പരിപാടികളുടെ തിരക്കിലായിരുന്നതിനാല്‍ പോകാന്‍ പറ്റിയില്ല. ഹിലാലിന്റെ ജീവിത രീതികളെ മാറ്റിമറിച്ച പ്രകൃതികൃഷിയുടെ ഉപജ്ഞാതാവ് സുഭാഷ് പലേക്കറും ആ പരിപാടിക്കുണ്ടായിരുന്നു. ഓര്‍ഗാനിക് ഫാമിങ്ങില്‍നിന്നും വ്യത്യസ്തമാണ് പലേക്കറുടെ കൃഷിരീതി. ഓര്‍ഗാനിക്കും വിഷമാണെന്നതാണ് പലേക്കറുടെ വീക്ഷണം. ഹരിത വിപ്ലവത്തിന്റെ കടുത്ത വിമര്‍ശകനാണ് പലേക്കര്‍. മണ്ണിനെയും മനുഷ്യനെയും വിഷമയമാക്കിയെന്നതാണ് ഹരിതവിപ്ലവത്തിന്റെ ഏകനേട്ടമെന്ന് അദ്ദേഹം പറയുന്നു.

ഇന്നു കാണുന്ന പല ജീവിതശൈലി രോഗങ്ങളെയും സൃഷ്ടിച്ചതെന്ന അഭിപ്രായക്കാരനാണ് പലേക്കര്‍. സീറോ ബജറ്റിങ്ങാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ബദല്‍ കൃഷിരീതി. കുത്തകകള്‍ വിത്ത് കയ്യടക്കുകയും കര്‍ഷകന് വിത്തിന്‍മേലുള്ള അവകാശം കവര്‍ന്നെടുക്കുകയും ചെയ്യുന്ന കാലത്ത് വിത്ത് സൗജന്യമായി തന്നെ ഉപയോഗിക്കാമെന്നതാണ് ഇവര്‍ പിന്തുടരുന്ന രീതി. ഹിലാലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ചെറുപ്പ ക്കാരന്‍ കൃഷിരീതികളെക്കുറിച്ച് ചോദിച്ചറിയുന്നതിനായി വന്നു. വിത്ത് എവിടെനിന്ന് വാങ്ങിക്കാന്‍ കഴിയുമെന്ന് അയാള്‍ അന്വേഷിച്ചു. വിത്തിന് പൈസയൊന്നും വേണ്ടെന്നും വിളവെടുക്കുമ്പോള്‍ അതില്‍നിന്നും വാങ്ങിയ വിത്ത് തിരിച്ചുനല്‍കിയാല്‍ മതിയെന്നും ഹിലാല്‍ അയാളോട് പറഞ്ഞു. നമ്മുടെ നാട്ടിലെ കര്‍ഷകര്‍ പണ്ട് പിന്തുടര്‍ന്നുവന്ന രീതിയുടെ തുടര്‍ച്ച. പശു പ്രകൃതികൃഷിയില്‍ ഒഴിവാക്കാനാവാത്തതാണ്. ഈ കൃഷി രീതിയിലെ രണ്ടു പ്രധാന ഘടകങ്ങളായ ബീജാമൃതവും ജീവാമൃതവും തയ്യാറാക്കുന്നതിന് പശുവിന്‍ ചാണകവും മൂത്രവും ആവശ്യമാണ്. വളമോ കീടനാശിനികളോ ഇവര്‍ ഉപയോഗിക്കുന്നില്ല. എന്നിട്ടും നല്ല വിളവ് കിട്ടുമെന്ന് അനുഭവത്തിലൂടെ പലേക്കര്‍ തെളിയിക്കുന്നു. കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയതിനുശേഷമാണ് അദ്ദേഹം മറ്റു സംസ്ഥാനങ്ങളിലേക്കും തന്റെ രീതികള്‍ വ്യാപിപ്പിക്കാന്‍ തുടങ്ങിയത്. പലേക്കറുടെ രീതികളോട് വിയോജിക്കുന്നവരാണ് കാര്‍ഷിക സര്‍വകലാശാലകളിലെ നല്ലൊരു പങ്കും. തന്റെ വിമര്‍ശനത്തിന്റെ ഒരു ഭാഗം ഇത്തരം സര്‍വകലാശാലകള്‍ക്ക് എതിരെ ശക്തമായി തന്നെ അദ്ദേഹവും ഉന്നയിക്കുന്നുണ്ട്.

പ്രകൃതി കൃഷിയുടെ ശാസ്ത്രീയതയെക്കുറിച്ചല്ല ഇവിടെ സൂചിപ്പിക്കുന്നത്. പക്ഷേ, ഉല്‍പ്പന്നത്തില്‍ വിഷമില്ലെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അരിമേളയിലെ പല ഉല്‍പ്പന്നങ്ങള്‍ക്കും നല്ല വിലയുണ്ട്. വയനാട്ടില്‍നിന്നും കൊണ്ടുവന്നിട്ടുള്ള ഗന്ധമുള്ള അരിയുണ്ട്. സുഗന്ധം പരത്തുന്നതിനായി കൃത്രിമമായി ഒന്നും ചേര്‍ത്തിട്ടില്ല. പാരമ്പര്യമായുള്ള വിത്ത് ഉപയോഗിച്ച് അവിടത്തെ സവിശേഷതകള്‍ക്ക് അനുസൃതമായി കൃഷിചെയ്ത് എടുക്കുന്ന താണ്. ഒരു കിലോവിന് 350 രൂപയാണ് വില. ജീരകത്തിന്റെ മണവും സ്വാദുമുള്ള അരിക്കും കൊടുക്കണം ഈ വില.

കഞ്ഞികുടിക്കാന്‍ പറ്റുന്ന അരി മുതല്‍ പലതരത്തിലുള്ള അരി ലഭ്യമാണ്. വില കൂടുതല്‍ കൊടുത്ത് വാങ്ങുന്നതിന് ആളുകള്‍ തയ്യാറാകുന്നുണ്ട്. കര്‍ഷകന് വരുമാനം ഉണ്ടാകണമെന്ന കാര്യത്തില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മരുന്നിനും ചികിത്സക്കും വേണ്ടി പണം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ കുറച്ച് കൂടുതല്‍ പണം മുടക്കിയാലും തെറ്റില്ലെന്നതാണ് ഇവരുടെ വാദം. എന്നാല്‍, നാട്ടിലെ മഹാഭൂരിപക്ഷത്തിനും ഇതു പ്രാപ്യമാകില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ഉള്ള മണ്ണില്‍ കൃഷി നടത്തിയാല്‍ ഇവര്‍ക്കും മുടക്കില്ലാതെ തന്നെ ഇതെല്ലാം ലഭിക്കുമെന്ന മറുവാദവും ഇവര്‍ ഉന്നയിക്കുന്നു. തന്റെ കൃഷിഭൂമിയില്‍ പ്രകൃതി കൃഷി നടത്തിയ നടന്‍ മമ്മൂട്ടിയാണ് ഇതിനു നല്ല പ്രചാരം നല്‍കിയത്. മമ്മൂട്ടിയും ശ്രീനിവാസനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്ല ഇടപെടലുകള്‍ നടത്തുന്നുണ്ട്. ട്രാക്ടര്‍ ഓടിച്ച് പാടം ഉഴുന്ന മമ്മൂട്ടിയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നതാണ്. അരിമേളയുടെ കവാടത്തില്‍ അത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടി നല്ല കര്‍ഷകനാണെന്നാണ് ഹിലാലിന്റെ അഭിപ്രായം. പ്രകടനാത്മ കതയല്ല, ആത്മാര്‍ഥത നിറഞ്ഞ പ്രവൃത്തിയാണ് അദ്ദേഹത്തിന്റേതെന്ന് ഹിലാല്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിലാലിന്റെ കൈയില്‍ ഒരു ഊന്നുവടിയുണ്ട്. ബൈക്കപക ടത്തില്‍പ്പെട്ട കാല്‍ സുഖപ്പെട്ടുവരുന്നേയുള്ളൂ. ഉപ്പൂറ്റിയില്‍നിന്നും വലിയ ഒരു മാംസത്തുണ്ട് മുറിഞ്ഞുപോയി. ചികിത്സയും സ്വന്തമാണ്. ഉപവാസവും ഭക്ഷണ ക്രമീകരണവും കൊണ്ട് മുറിവ് ഉണക്കിയെടുത്തുവെന്നാണ് ബിജി പറയുന്നത്. സുഭാഷ് പലേക്കറും അലോപ്പതിയുടെ കടുത്ത വിമര്‍ശകനാണ്. ആന്റിബയോട്ടിക്കുകള്‍ മനുഷ്യന്റെ സ്വാഭാവികമായ പ്രതിരോധശേഷിയെ തകര്‍ത്തുകളയുന്നുവെന്ന പലേക്കറുടെ വാദം പകര്‍ത്തുകയാണ് ഹിലാലും.

തൊട്ടിലിലെ കുട്ടിയെ ബിജി എടുത്തുകൊണ്ടുവന്നു. ഇവനെ വീട്ടിലാണ് പ്രസവിച്ചതെന്ന് ബിജി പറഞ്ഞു. ഭക്ഷണം ക്രമീകരിച്ചും മറ്റും സ്വയം ശരീരത്തെ ശരിയാക്കിയെടുത്ത് പ്രസവിച്ചു. പണ്ട് കാലത്ത് വയറ്റാട്ടിമാര്‍ വീട്ടിലെ പ്രസവത്തിന് സഹായത്തിനുണ്ടായിരുന്നു. ഇന്ന് അങ്ങനെയൊരു വിഭാഗമേ ഇല്ല. ആരുടേയും സഹായമില്ലാതെ പ്രസവിച്ച് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടിയെന്നാണ് രണ്ടുപേരുടേയും അഭിപ്രായം. വര്‍ത്തമാനത്തിനിടയിലേക്ക് കളിച്ചുകൊണ്ടിരുന്ന മൂന്നുമക്കളും വിയര്‍ത്തുകുളിച്ച് ഓടിവന്നു. മൂത്തവന് പതിനൊന്ന് വയസ്സായി. ഇവരാരും സ്കൂളിലേക്കും പോകുന്നില്ല. പ്രകൃതിയില്‍നിന്നും സാമൂഹ്യഇടപെടലുകളില്‍നിന്നും മക്കള്‍ക്ക് അറിവ് ആര്‍ജിക്കാമെന്നതാണ് ഇവരുടെ ചിന്ത. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പരിസരം അവര്‍ തെരഞ്ഞെടുത്തിരിക്കുന്നു. പ്രകൃതികൃഷിയുടെ വിപണനസാധ്യതകള്‍ കൂടി സമര്‍ഥമായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നതാണ് ഹിലാലിനെയും ബിജിയെയും വ്യത്യസ്തരാക്കുന്നത്.

*
പി രാജീവ് ദേശാഭിമാനി വാരിക

Saturday, April 26, 2014

റബര്‍ കര്‍ഷകര്‍ നിരാശയില്‍ സര്‍ക്കാരിന് നിസ്സംഗത

ഇന്ത്യയ്ക്കാവശ്യമുള്ള റബറിന്റെ 95 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. രാജ്യത്ത് മൊത്തം ആവശ്യമുള്ള റബറില്‍ 59,000 ടണ്ണിന്റെ കുറവേ ഇവിടെയുള്ളൂ. എന്നാല്‍, നിയന്ത്രണമില്ലാതെ അന്യരാജ്യങ്ങളില്‍നിന്ന് സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നു. ആഗോളവല്‍ക്കരണ നയം നടപ്പാക്കിയതിന്റെ ഫലമായി ഇറക്കുമതി ചുങ്കം ഗണ്യമായി വെട്ടിക്കുറച്ചു. അന്താരാഷ്ട്ര കമ്പോളത്തില്‍ ഇപ്പോള്‍ വിലക്കുറവാണ്. സാമ്പത്തിക മാന്ദ്യം കാരണം അവിടങ്ങളില്‍ റബര്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ പ്രേരണ ചെലുത്തി ആവശ്യത്തിലധികം സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്ത് കമ്പോളം നിറയ്ക്കുകയാണ് ടയര്‍ ലോബി. ഇതിന്റെ ഫലമായി 2011ല്‍ കിലോയ്ക്ക് 240 രൂപയുണ്ടായിരുന്ന റബര്‍ വില 130 രൂപയായി കുത്തനെ ഇടിഞ്ഞു. അതുകൊണ്ടുതന്നെ റബര്‍ കര്‍ഷകര്‍ നിരാശരാണ്. കമ്പോളത്തില്‍ റബര്‍വില ഇടിയുമ്പോള്‍ ഉല്‍പ്പാദനച്ചെലവില്‍ കുറവൊന്നുമില്ല. കുറവില്ലെന്ന് മാത്രമല്ല അനുദിനം ചെലവ് കൂടുകയാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ വളം, കീടനാശിനി എന്നിവയുടെ വിലയില്‍ 200 ശതമാനംവരെ വര്‍ധനയാണുണ്ടായത്. ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നതോടെ റബര്‍ കര്‍ഷകര്‍ കടത്തില്‍ മുങ്ങുന്ന സ്ഥിതിയാണുള്ളത്. റബര്‍ കര്‍ഷകരില്‍ വലിയ വിഭാഗം ചെറുകിട കര്‍ഷകരാണ്. അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച സംഭവിക്കുമ്പോള്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം 450 കോടി രൂപയാണ് റബര്‍ കര്‍ഷകരില്‍നിന്ന് വാങ്ങല്‍ നികുതിയായി ഈടാക്കുന്നത്. വിലയിടിയുമ്പോള്‍ റബര്‍ കര്‍ഷകര്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്നതിനായി ബജറ്റില്‍ വകയിരുത്തിയത് 15 കോടി രൂപ മാത്രം. ഇതാകട്ടെ ഒരുദിവസം ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ വാങ്ങാന്‍പോലും മതിയാകില്ല.

തെരഞ്ഞെടുപ്പിനു മുമ്പ് റബര്‍ കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ വാഗ്ദാനങ്ങളുമായി രംഗത്തുവന്നിരുന്നു. അതൊക്കെ പാഴ്വാക്കായി. കമ്പോളവിലയേക്കാള്‍ രണ്ടുരൂപ അധികം നല്‍കി റബര്‍ സംഭരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അത് കോണ്‍ഗ്രസിന്റെ ശീലമാണല്ലോ. തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം പിന്നീട് ഓര്‍മിക്കാറില്ല. അതൊക്കെ വെള്ളത്തില്‍ വരച്ച വരയായി മാറുകയാണ് പതിവ്. റബറിന്റെ താങ്ങുവിലയ്ക്കും അതുതന്നെയാണ് സംഭവിച്ചത്. വാഗ്ദാന ലംഘനവും വഞ്ചനയും യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഈ സാഹചര്യത്തില്‍ റബറിന്റെ കുറഞ്ഞ താങ്ങുവില 250 രൂപയായി നിജപ്പെടുത്തി റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കണം. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ സംഭാവനചെയ്യുന്ന റബര്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നത് ദോഷഫലങ്ങളുണ്ടാക്കുമെന്നോര്‍ക്കണം. രാസവളം, കീടനാശിനി തുടങ്ങിയവ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുമെന്നുറപ്പുവരുത്തണം. തോട്ടം തൊഴിലാളികള്‍ ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാതിരിക്കാന്‍ റബര്‍ ബോര്‍ഡ് നടപ്പാക്കുന്ന തൊഴിലാളിക്ഷേമ പദ്ധതികള്‍ക്കുള്ള ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കണം. വിലസ്ഥിരത ഉറപ്പുവരുത്തിയെങ്കില്‍മാത്രമേ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ കൃഷി മെച്ചപ്പെടുത്താന്‍ കഴിയൂ. ഇപ്പോള്‍ കുരുമുളകിനും നാളികേരത്തിനും മെച്ചപ്പെട്ട വിലയുണ്ടെന്നാശ്വസിക്കാം. എന്നാല്‍, വില ഇടിഞ്ഞ സന്ദര്‍ഭത്തില്‍ കര്‍ഷകര്‍ക്ക് വളമിടാനോ പരിചരിക്കാനോ കഴിയാതെ പോയി. വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ് കര്‍ഷകരെ നാളികേര മേഖലയില്‍നിന്നു പിന്തിരിപ്പിക്കുകയുംചെയ്തു. വില വര്‍ധിച്ചപ്പോള്‍ ഉല്‍പ്പന്നമില്ലാത്ത നിലയാണ്. ഈ സാഹചര്യത്തിലാണ് വിലസ്ഥിരതയും സംരക്ഷണവും അനിവാര്യമാകുന്നത്. സര്‍ക്കാരിന്റെ നിസ്സംഗത ഉടനടി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

*
deshabhimani editorial

Wednesday, April 23, 2014

ദുരിതമൊഴിയാതെ മത്സ്യമേഖല

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത് ദുരിതത്തിന്റെ തീമഴയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പദ്ധതി പരിപ്രേക്ഷ്യം വിഷന്‍ 2030 വ്യക്തമാക്കുന്നു. 2027 ആകുമ്പോഴേക്ക് കേരളത്തിന്റെ കടല്‍മത്സ്യ ലഭ്യത ഇന്നത്തെ 5.60 ലക്ഷം ടണ്ണില്‍നിന്ന് 2.40 ലക്ഷം ടണ്ണായി കുറയും. ഇന്നത്തെ രീതിയില്‍ മത്സ്യമേഖലയെ നിലനിര്‍ത്തണമെങ്കില്‍ 12 ലക്ഷം തൊഴിലാളികളില്‍ എട്ടുലക്ഷം പേര്‍ പുതിയ മേഖലകള്‍ കണ്ടെത്തുകയും യാനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കുകയും വേണം. ഇത്ര ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെങ്കിലും മത്സ്യസമ്പത്തിന്റെ പരിരക്ഷയ്ക്കാവശ്യമായ ക്രിയാത്മകമായ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്നു മാത്രമല്ല അതിനുള്ള ശുപാര്‍ശകളും രേഖയിലില്ല.

കൃഷി, മത്സ്യബന്ധനം, നിര്‍മാണം, ഊര്‍ജം തുടങ്ങി 16 മേഖലകളുടെ 2011-31 കാലഘട്ടത്തിലെ വളര്‍ച്ച ലക്ഷ്യംവച്ച് തയ്യാറാക്കിയ രേഖയില്‍ കടുത്ത തകര്‍ച്ച നേരിടുന്നത് മത്സ്യമേഖലയിലാണ്. കാര്‍ഷികമേഖല 0.5 ല്‍ നിന്ന് രണ്ടിലേക്കും നിര്‍മാണമേഖല അഞ്ചില്‍നിന്നും 8.5 ലേക്കും എല്ലാ മേഖലകളുംകൂടി ശരാശരി 6.4ല്‍ നിന്നും 7.4 ലേക്കും വളരുമ്പോള്‍ മത്സ്യമേഖല 3.5 ല്‍ നിന്നും 1.5 ലേക്കു തകരും. അതായത് ഇന്നുള്ള 5.60 ലക്ഷം ടണ്ണില്‍നിന്നും 2022-26 ല്‍ 4 ലക്ഷം ടണ്ണായും 2027 - 31 ല്‍ 2.40 ലക്ഷം ടണ്ണായും ലഭ്യത കുറയും. അതേസമയം ആളോഹരി വാര്‍ഷിക ഉപഭോഗം 2012 ലെ 1.96 ല്‍ തന്നെ 2027 - 31 ലും തുടരുമെന്നും പറയുന്നു.

വലിയ കുറവു സംഭവിച്ച 1987ല്‍ മത്സ്യലഭ്യത 2.72 ലക്ഷം ടണ്ണായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമായ ട്രോളിങ് നിരോധനം 1988 ല്‍ നടപ്പാക്കി. തുടര്‍ന്ന് ലഭ്യത ക്രമാനുഗതമായി വര്‍ധിച്ച് 1990 ല്‍ 6.63 ലക്ഷം ടണ്‍ എന്ന സര്‍വകാല റെക്കോഡില്‍ എത്തി. ഇത് 2010 വരെ ഏറിയും കുറഞ്ഞും തുടര്‍ന്ന് 2011 ആയപ്പോഴേക്ക് ലഭ്യത 5.60 ലക്ഷം ടണ്ണായി. കേരള തീരക്കടലില്‍ പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ അളവ് 7.50 ലക്ഷം ടണ്ണാണെന്ന പ്രചാരണം യഥാര്‍ഥത്തില്‍ വിദേശ കപ്പലുകളെ ആകര്‍ഷിക്കാനും കരാര്‍ മേഖലയിലേക്ക് പണം ഒഴുക്കാനും വേണ്ടിയാണ്. മത്സ്യലഭ്യത തീരെ കുറഞ്ഞുപോകുന്നുവെന്ന കണക്ക് നിരത്തുമ്പോള്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തോതില്‍ തുക വകയിരുത്തുകയും ചെയ്യുന്നു.

പിടിപ്പുകേടും ദീര്‍ഘവീക്ഷണമില്ലായ്മയുമാണെന്നു തോന്നുമെങ്കിലും മത്സ്യത്തൊഴിലാളികളെ ആട്ടിയോടിച്ച് കടലും തീരവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. രാജ്യത്തെ മൊത്തം മത്സ്യലഭ്യതയുടെ 40 ശതമാനംമാത്രം കടലില്‍നിന്നു ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇത് 82 ശതമാനമാണ്. ലഭ്യതയിലെ കുറവ് പരിഹരിക്കാന്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും ഒരു ദശാബ്ദത്തിനകം തൊഴിലില്ലാതാകുന്ന എട്ടുലക്ഷത്തോളം തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ ഇതു പര്യാപ്തമല്ല. പ്രതിവര്‍ഷം കരയ്ക്കെത്തുന്ന 2500 കോടിയുടെ മത്സ്യം ഉപയോക്താവിന്റെ കൈയിലെത്തുമ്പോള്‍ 4500 കോടിയാകും. വലിയൊരു തൊഴില്‍മേഖലയെ നിലനിര്‍ത്തുന്നത് 2000 കോടി രൂപയുടെ ഈ അന്തരമാണ്.

അമിതചൂഷണവും അശാസ്ത്രീയ മത്സ്യബന്ധന രീതികളും വിദേശകപ്പലുകളുടെ കടല്‍ക്കൊള്ളയും, മത്സ്യങ്ങള്‍ തീരം വിട്ട് പോകുക, പ്രജനം കുറയുക, അമ്ലവല്‍ക്കരണം, കടല്‍മാക്രി തുടങ്ങിയ ആഗോളതാപന ഭീഷണികളും മത്സ്യ പ്രജന- ആവാസകേന്ദ്രങ്ങളായ കണ്ടല്‍ക്കാടുകളുടെയും ഉള്‍നാടന്‍ ജലാശയങ്ങളുടെയും നാശവും മലിനീകരണവും ഒക്കെയാണ് മത്സ്യ സമ്പത്തിന്റെ ശോഷണത്തിന് മുഖ്യകാരണങ്ങളെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അമിത മത്സ്യചൂഷണവും മറ്റുമാണ് ശോഷണത്തിനുള്ള പ്രധാനകാരണങ്ങളായി രേഖ ചൂണ്ടിക്കാട്ടുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, എണ്ണഖനം, ധാതുഖനം, തുറമുഖങ്ങള്‍, വ്യവസായങ്ങള്‍, കടല്‍ഭിത്തി, നഗരവല്‍ക്കരണം തുടങ്ങി വിവിധ രീതിയിലുള്ള കടന്നുകയറ്റങ്ങളുടെ ഭീഷണിയിലാണ് തീരദേശം.

മത്സ്യത്തൊഴിലാളികള്‍ക്ക് നിയന്ത്രണവും കോര്‍പറേറ്റുകള്‍ക്ക് ഇളവുകളും നല്‍കുന്നു. മത്സ്യലഭ്യത ക്രമാതീതമായി കുറയുകയും കടന്നുകയറ്റങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ അരാജകത്വം, കടക്കെണി, ആത്മഹത്യ, പലായനം, കലാപങ്ങള്‍, ക്രിമിനല്‍വല്‍ക്കരണം ഒക്കെ തീരദേശത്തിന് ശാപമാകും. ഭക്ഷ്യസുരക്ഷയും രാജ്യസുരക്ഷയും അപകടത്തിലാകും. ഇതു താങ്ങാനുള്ള കെല്‍പ്പ് കേരളത്തിനുണ്ടാകില്ല. ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ മത്സ്യമേഖലയെ പരുവപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ.

*
വി കെ മധുസൂദനന്‍

Monday, March 17, 2014

പാവപ്പെട്ട കര്‍ഷകരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്

കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ നടന്നുവരുന്ന സമരത്തിന്റെ തീ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും അണയാതെ നില്‍ക്കുകയാണ്. യുഡിഎഫിലെ കക്ഷികള്‍ തമ്മിലും ആ കക്ഷികള്‍ക്കുള്ളിലും ജനലക്ഷങ്ങളെ വഴിയാധാരമാക്കുന്ന ആ പ്രശ്നം അമര്‍ന്നും പകര്‍ന്നും കത്തുകയാണ്. ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന ഗവണ്‍മെന്‍ണ്ടറിന്റെ ആവശ്യപ്രകാരം കേന്ദ്ര പരിസ്ഥിതി വകുപ്പ് അംഗീകരിച്ച് പത്രക്കുറിപ്പും ഓഫീസ് മെമ്മോറാണ്ടവും ഇറക്കി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുമ്പോള്‍, കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ സഭയിലെ തീവ്രവാദികളാണ് കുഴപ്പം ഉണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. ഈ സംഭവവികാസം കോണ്‍ഗ്രസിന്റെയും യുഡിഎഫിെന്‍റയും തിരഞ്ഞെടുപ്പ് മോഹങ്ങളെ തകര്‍ക്കും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കു പൊതുവിലുള്ളത്.

പശ്ചിമഘട്ട മേഖലയിലായാലും മറ്റെവിടെയായാലും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍. വനസംരക്ഷണവും ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍, വന്‍കിട കോര്‍പറേറ്റുകള്‍ക്കായി ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി നശിപ്പിക്കുന്നതിനു പച്ചക്കൊടി കാണിക്കാന്‍ യുപിഎ സര്‍ക്കാരിനു ഒരു മടിയും ഒരിക്കലും ഉണ്ടായിട്ടില്ല. ജയറാം രമേശും ജയന്തി നടരാജനും പരിസ്ഥിതി മന്ത്രിമാരായിരിക്കെ പരിസ്ഥിതി അനുമതി നല്‍കാതെ തടഞ്ഞുവെച്ച ദക്ഷിണകൊറിയന്‍ പോസ്കൊ കമ്പനിയുടെ ഒഡീഷയിലെ പുതിയ ഫാക്ടറിക്ക് ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി വെട്ടിത്തെളിയിക്കാന്‍ ഇപ്പോഴത്തെ പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി പച്ചക്കൊടി കാട്ടി. അങ്ങനെ പലേടങ്ങളിലുമുണ്ടായി. എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളില്‍ ദശാബ്ദങ്ങളായി കൃഷി ചെയ്തു പാര്‍ത്തുവരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ കൃഷിക്കാരുടെ കഞ്ഞികുടി തടയുന്ന രീതിയിലാണ്, അവരുടെ കിടപ്പാടങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ കമ്മിറ്റി വര്‍ഗീകരിച്ചതിനെ അംഗീകരിക്കുന്നത്.

കേരള സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റി പഞ്ചായത്ത് സമിതികളുടെ സഹായത്തോടെ 123 പരിസ്ഥിതി ലോല വില്ലേജുകളില്‍ ചൂണ്ടിക്കാട്ടിയ പാര്‍പ്പിട - കൃഷിയിട - തോട്ട പ്രദേശങ്ങളെ ഒഴിവാക്കിയതായി കേന്ദ്ര പരിസ്ഥിതി - വനം വകുപ്പ് ഓഫീസ് മെമ്മോറാണ്ടവും പത്രക്കുറിപ്പും ഇറക്കി. പക്ഷേ, കഴിഞ്ഞ നവംബര്‍ 13ന് ഇവയാകെ പരിസ്ഥിതി ലോല പ്രദേശമാണെന്ന് കാട്ടി ആ വകുപ്പ് ഇറക്കിയ ഉത്തരവ് തിരുത്താത്തപക്ഷം ഈ ഓഫീസ് മെമ്മോറാണ്ടത്തിനും പത്രക്കുറിപ്പിനും ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടുള്ള സുപ്രീംകോടതിയുടെ ഹരിത ട്രിബ്യൂണല്‍ ഒരു വിലയും കല്‍പിക്കില്ല. അതുകൊണ്ടാണ് ഇടതുപക്ഷവും കേരള കോണ്‍ഗ്രസ് എമ്മും ക്രിസ്തീയ സഭകളും ഒക്കെ ഉടന്‍ നവംബര്‍ 13െന്‍റ ഉത്തരവ് തിരുത്തുന്ന പുതിയ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഇതിന്റെ അനിവാര്യത ഈ പ്രശ്നം കൈകാര്യം ചെയ്യുന്ന മിക്കവരും അംഗീകരിക്കുന്നു. എന്നാല്‍, കേന്ദ്ര പരിസ്ഥിതി വകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കി നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കുന്ന കാര്യത്തില്‍ മടി കാണിക്കുന്നു. അങ്ങനെ വന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര മന്ത്രിമാരായ എ കെ ആന്‍റണിയും വീരപ്പമൊയ്ലിയും മറ്റും നല്‍കുന്ന ആശ്വാസവചനങ്ങളും ഉറപ്പും ജലരേഖയായി മാറും. ഇടുക്കിയിലെ കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയത്തിന്റെ കാര്യത്തില്‍ നേരിടേണ്ടിവന്ന അരക്ഷിതാവസ്ഥ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ലോല പ്രശ്നത്തിലും ആവര്‍ത്തിക്കും. ഇടുക്കിയിലും വയനാട്ടിലും മറ്റും ആദിവാസികളുടെ വനാവകാശത്തിന്റെയും ദരിദ്ര - ഇടത്തരം കൃഷിക്കാരുടെ പട്ടയ പ്രശ്നത്തിന്റെയും കാര്യത്തില്‍ ഉണ്ടായ അവഗണനയുടെ ആവര്‍ത്തനമായിരിക്കും അത്. അതേസമയം, ആ പ്രദേശങ്ങളിലെ കയ്യേറ്റക്കാരായ വന്‍കിടക്കാരുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വങ്ങളും കോടതികളും കാണിക്കുന്ന ഉല്‍ക്കണ്ഠയും ജാഗ്രതയും ഈ പാവപ്പെട്ടവരുടെ കാര്യത്തില്‍ ഒട്ടു കാണാനുമില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൈകാര്യം ചെയ്യപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഇത്തരത്തില്‍ ശതകോടീശ്വരരെയും സാധാരണക്കാരെയും രണ്ടുതട്ടുകളിലായി പരിഗണിച്ച് അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പ്രകടമാണ്. അതിന്റെ ആവര്‍ത്തനമാണ് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച പ്രശ്നത്തോടുള്ള സമീപനത്തിലും കാണാവുന്നത്. ഇതാണ് ഈ പ്രശ്നത്തിലെ രാഷ്ട്രീയത്തിന്റെ മര്‍മം.

പരിസ്ഥിതിലോല പ്രദേശങ്ങളായി ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ ദശകങ്ങളായി താമസിച്ച് കൃഷി ചെയ്യുന്നവരാണ് ഈ പാവപ്പെട്ടവര്‍. അതുകൊണ്ട് അവിടങ്ങളിലെ പരിസ്ഥിതി സംരക്ഷണം ഈ ജനസഞ്ചയത്തിന്റെ നിലനില്‍പ് ഉറപ്പാക്കിക്കൊണ്ട് മാത്രമേ ആകാവൂ. അതിനുതകുന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വിജ്ഞാന മേഖലകളിലെ വിദഗ്ദ്ധരും ജനപ്രതിനിധികളും അടങ്ങുന്ന സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. അങ്ങനെ സമവായം ഉണ്ടാകുന്നതുവരെ പതിറ്റാണ്ടുകളായി പശ്ചിമഘട്ട മേഖലയില്‍ പാര്‍ക്കുന്ന പാവപ്പെട്ടവരുടെ താല്‍പര്യത്തിനെതിരായ ഒരു ഇടപെടലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂട. അത് ഉറപ്പാക്കുന്ന തരത്തില്‍ കഴിഞ്ഞ നവംബര്‍ 13െന്‍റ ഉത്തരവ് ഭേദഗതി ചെയ്യണം എന്നാണ് ആ പ്രദേശങ്ങളിലുള്ള കൃഷിക്കാരുടെയും മറ്റും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്. അത് കേന്ദ്ര സര്‍ക്കാര്‍ ഉടനടി അംഗീകരിച്ച് നടപ്പാക്കിയേ തീരൂ. പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരം വേണ്ടത് അതിനുശേഷമാണ്.

*
Editorial, Chintha Weekly 14 March 2014

Thursday, January 30, 2014

മലയോര കര്‍ഷകരെ ഒറ്റുകൊടുക്കരുത്

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച വിജ്ഞാപനകാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് മന്ത്രിസഭയും നടത്തിപ്പോരുന്ന കള്ളക്കളി കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അപകടപ്പെടുത്തുമെന്ന നില വന്നിരിക്കുന്നു.

കള്ളക്കളി നിര്‍ത്തിവച്ച് സത്യം ജനങ്ങളോടുപറഞ്ഞ് കാര്യമായി ഇടപെടാന്‍ ഈ വൈകിയവേളയിലും ഉമ്മന്‍ചാണ്ടിയും കൂട്ടരും സന്നദ്ധരാവുന്നില്ല. അപായകരമാണ് നില. ഒരു ഉറപ്പും കിട്ടാതെ കേന്ദ്രത്തില്‍നിന്ന് ഉറപ്പുകിട്ടി എന്നുപറയുക. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന പ്രതീതി വരുത്തിവയ്ക്കുക. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി വളര്‍ന്നുവരുന്ന പ്രതിഷേധത്തെ തണുപ്പിക്കുക. ഇതാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്യുന്നത്. ജനങ്ങളുടെ രോഷവും പ്രതിഷേധവുമേറ്റ് ലോക്സഭാതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പൊള്ളരുത് എന്ന ചിന്തമാത്രമാണ് ഈ യുഡിഎഫ് നിലപാടിന് പിന്നിലുള്ളത്. അതിരൂക്ഷമായ പ്രതിഷേധത്തിലൂടെ, സമ്മര്‍ദത്തിലൂടെ ജനതാല്‍പ്പര്യങ്ങള്‍ക്കനുഗുണമായി കേന്ദ്രത്തെക്കൊണ്ട് തിരുത്തിക്കേണ്ട സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ കള്ളം പറഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ജനരോഷത്തെ തണുപ്പിക്കാന്‍ നോക്കുന്നത് അപകടംചെയ്യും. കേരളത്തില്‍ ഒരു പ്രതിഷേധവുമില്ല എന്ന ചിന്തയോടെ ജനവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോവാന്‍ ഇത് കേന്ദ്രത്തിന് പഴുതുനല്‍കും. അവര്‍ അങ്ങനെതന്നെ പോകുന്നുവെന്നതിന് തെളിവു വേണ്ടത്രയായി. എന്നിട്ടും സംസ്ഥാനം തെറ്റിദ്ധരിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്മാറുന്ന മട്ടില്ല. ഈ ഘട്ടത്തിലുയരേണ്ട പ്രതിഷേധത്തെ തല്ലിക്കെടുത്തിയിട്ട്, പിന്നീട് വിലപിച്ചിട്ടു കാര്യമില്ല.

കേരളത്തിലെ മലയോര കര്‍ഷകരോട് ഒന്നും ഭയക്കാനില്ല എന്ന് ഇന്ന് യുഡിഎഫ് പറയുന്നത് ലോക്സഭാതെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടുകിട്ടണമെന്ന ഹ്രസ്വദൃഷ്ടിയുടെമാത്രം അടിസ്ഥാനത്തിലാണ്. ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മലയോര കര്‍ഷകര്‍ കൂട്ടത്തോടെ കുടിയൊഴിയേണ്ട നില വന്നുകൂടാ. അതിന് ഇന്നത്തെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകതന്നെ വേണം. അതിന് തടയിടാന്‍ നോക്കുന്നത് മലയോര കര്‍ഷകജനതയുടെ താല്‍പ്പര്യത്തിലല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ കള്ളക്കളി തിരിച്ചറിയപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച് വിജ്ഞാപനംചെയ്ത പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളുടെ കാര്യത്തില്‍ ഒരു പുനഃപരിശോധനയുമില്ല എന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് നവംബറില്‍ കേന്ദ്രം വിജ്ഞാപനമിറക്കിയപ്പോള്‍ അതിനെതിരായ ജനരോഷം തണുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് അതൊക്കെ പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന വാദത്തിലൂടെയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. എവിടെപ്പോയി ആ ഉറപ്പ്? നവംബര്‍വിജ്ഞാപനം സാധുവായി നിലനില്‍ക്കുന്നുവെന്നും സംസ്ഥാന അഭിപ്രായം തേടിയിട്ടേ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കൂ എന്നതില്‍ കഴമ്പില്ലെന്നുമാണ് ദേശീയ ഹരിത ട്രിബ്യൂണലിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന അഭിപ്രായങ്ങള്‍ നേരത്തേതന്നെ തേടിയിരുന്നുവെന്നും നവംബര്‍വിജ്ഞാപനത്തിന് ഇനി ഒരുവിധ മാറ്റവുമില്ലെന്നും കേന്ദ്രം പറയുന്നു. എന്താണിതില്‍നിന്ന് മനസിലാക്കേണ്ടത്? മുഖ്യമന്ത്രി കേരളത്തോട് പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നല്ലേ? ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധം തടയാനുള്ള വിദ്യയായിരുന്നു അത് എന്നല്ലേ? നവംബറില്‍ മുഖ്യമന്ത്രി പ്രതിഷേധത്തിന് തടയിട്ടു. ആ തടയിടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ അതിശക്തമായ ജനമുന്നേറ്റം ഉണ്ടായേനേ; ഇതിനകംതന്നെ കേന്ദ്രം തെറ്റായ നിലപാട് തിരുത്തിയേനേ. ഇപ്പോള്‍ നവംബര്‍വിജ്ഞാപനത്തില്‍ അണുവിട മാറ്റമില്ല എന്ന് കേന്ദ്രം അസന്ദിഗ്ധമാംവിധം ട്രിബ്യൂണലിനെ അറിയിച്ചശേഷവും മുഖ്യമന്ത്രി പറയുന്നത്, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയശേഷമേ കേന്ദ്രം പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ്. ആരെ തെറ്റിദ്ധരിപ്പിക്കാനാണിത്? കേന്ദ്രം നിലപാടറിയിക്കേണ്ടത് ട്രിബ്യൂണലിനെയാണ്. അക്കാര്യം നടന്നുകഴിഞ്ഞു. പിന്നെയും മുഖ്യമന്ത്രി പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുംവരെ കേരളജനതയെ തെറ്റിദ്ധരിപ്പിച്ചുനിര്‍ത്താനുള്ള കപടവിദ്യയാണിത്. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം മുഖ്യമന്ത്രി പറയുന്നതരത്തിലുള്ളതാണോ എന്ന കാര്യം സംശയിക്കണം.

വനം-പരിസ്ഥിതി മന്ത്രിസ്ഥാനത്തിരുന്ന ജയന്തി നടരാജനും പിന്നീട് ആ ചുമതലയേറ്റെടുത്ത എം വീരപ്പമൊയ്ലിയും നല്‍കിയെന്നുപറയുന്ന ഉറപ്പ് സത്യത്തില്‍ ഉണ്ടായിട്ടുള്ളതാണോ എന്നത് അതിലേറെ സംശയിക്കണം; വീരപ്പമൊയ്ലിതന്നെ പരിസ്ഥിതിലോലപ്രദേശ പുനഃപരിശോധന സാധ്യമാവില്ലെന്ന് ഇടയ്ക്കൊരിക്കല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം നവംബര്‍വിജ്ഞാപനത്തിന്റെ സത്തയില്‍ ഒരു മാറ്റവും വരുത്തുന്ന തരത്തിലുള്ളതല്ല എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ഇക്കാര്യം കേന്ദ്രത്തിനുവേണ്ടി ട്രിബ്യൂണലിന് മുമ്പില്‍ ഹാജരായ നീലം റാത്തോഡ് അടക്കമുള്ള അഭിഭാഷകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനൊക്കെശേഷവും മുഖ്യമന്ത്രി പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്ന് തന്നോട് വീരപ്പമൊയ്ലി പറഞ്ഞുവെന്നാണ്. അത് സത്യമാണ്. പരിസ്ഥിതിലോല പ്രദേശകാര്യത്തില്‍ പുനര്‍നിര്‍ണയമില്ല എന്ന കേന്ദ്രനിലപാടിലാണ് മാറ്റമില്ലാത്തത്. ഇത് ട്രിബ്യൂണല്‍ മുമ്പാകെ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.

മുഖ്യമന്ത്രി കപടതന്ത്രങ്ങളിലൂടെ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. അദ്ദേഹം ആഗ്രഹിക്കുംപോലെ തെറ്റിദ്ധരിപ്പിച്ച് ഈ ഘട്ടത്തില്‍ അടങ്ങിയിരുന്നാല്‍ കേരളം നാളെ വലിയ വില നല്‍കേണ്ടിവരും. 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാക്കിയ വിജ്ഞാപനം സ്ഥിരീകരിക്കപ്പെടും. മലയോരകര്‍ഷകര്‍ കൂട്ടത്തോടെ കുടിയിറങ്ങേണ്ടതായും വരും. ട്രിബ്യൂണല്‍ അടുത്ത വാദം കേള്‍ക്കുന്നതിനുമുമ്പായി അതിശക്തമായ സമ്മര്‍ദമുയര്‍ന്നേ പറ്റൂ. കേന്ദ്രത്തെ തിരുത്തിക്കാന്‍ അതേ വഴിയുള്ളൂ. മുഖ്യമന്ത്രിയെ ഇനിയും വിശ്വസിച്ചുകൊണ്ടിരുന്നാല്‍ ആപത്താണെന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ തെളിവാണ് ബുധനാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ഹര്‍ത്താലുകളും അവയുടെ ഗംഭീരവിജയവും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി ഭയാശങ്കയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരാണ് ഭയാശങ്കയുണ്ടാക്കിയത്? വിജ്ഞാപനത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ട്രിബ്യൂണല്‍ മുമ്പാകെ അറിയിച്ച കേന്ദ്രമല്ലേ? ആ നിലപാടില്‍ ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് സങ്കുചിത രാഷ്ട്രീയംമാത്രം നോക്കിയാണെന്നത് തിരിച്ചറിയാനുള്ള പക്വതയും പരിപാകവും കേരളത്തിനുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, November 30, 2013

കാര്‍ഷികമേഖലയെ സംരക്ഷിക്കുക

സിപിഐ എം സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം

കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. കാര്‍ഷികരംഗത്ത് നിലവിലുണ്ടായിരുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ആ നയം അതേപോലെ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയെ മരുപ്പറമ്പാക്കി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഘട്ടത്തിലാണ് കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടമാടിയിരുന്ന ആത്മഹത്യ ഇല്ലാതാക്കിയത്. കൃഷിക്കാരില്‍ ആത്മവിശ്വാസമുണ്ടാക്കി കാര്‍ഷികമേഖലയെ മുന്നോട്ടുകൊണ്ടുപോയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെ തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് അധികാരത്തിലെത്തിയശേഷം അറുപതോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു. കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാര്‍ഷിക കടാശ്വാസകമീഷന്റെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ നിര്‍ജീവമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെതന്നെ ഇല്ലാതാക്കി. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളെയും അവതാളത്തിലാക്കിയിരിക്കുകയാണ്. മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നതും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. കാര്‍ഷികമേഖലയ്ക്കുള്ള നീക്കിവയ്പ് പടിപടിയായി കുറഞ്ഞ് 12-15 ശതമാനത്തില്‍ എത്തി. ഇതില്‍തന്നെ പകുതിയോളം തുക പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായാണ് ചെലവാക്കിയിരുന്നത്. 30 ശതമാനം പദ്ധതിവിഹിതം ഉല്‍പ്പാദനമേഖലയ്ക്കു ചെലവഴിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയതോടെ ഈ വര്‍ഷം ഏതാണ്ട് അഞ്ചുശതമാനം പദ്ധതിപ്പണം മാത്രമാണ് പഞ്ചായത്തുകള്‍ കാര്‍ഷികമേഖലയ്ക്കായി മാറ്റിവച്ചത്. കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആഗോളകരാറുകള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. നാണ്യവിളകളെ ആസ്പദമാക്കി നില്‍ക്കുന്ന കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി. ആസിയന്‍ കരാര്‍ നമ്മുടെ സമ്പദ്ഘടനയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നേരത്തെതന്നെ പാര്‍ടി മുന്നറിയിപ്പ് നല്‍കിയതാണ്.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവുമായി താരതമ്യപ്പെടുത്തിയാല്‍ വില ഏറെ കുറവാണ്. കാര്‍ഷികമേഖലയിലെ നിക്ഷേപത്തില്‍ കുറവുണ്ടാകുന്നത് കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മൊത്തം റബര്‍ ഉല്‍പ്പാദനത്തിന്റെ 87.3 ശതമാനവും കേരളത്തില്‍നിന്നാണ്. റബറിന്റെ വിലയിടിവ് കേരളത്തിന്റെ തന്നെ ഒരു തനതായ പ്രശ്നം എന്ന നിലയിലാണ് രൂപപ്പെടുന്നത്. ഈ ഘട്ടത്തിലാണ് കേരളത്തില്‍നിന്നുള്ള മന്ത്രിമാരുടെ ഇടപെടലും സമ്മര്‍ദവും കൂടുതല്‍ ആവശ്യമായി വരുന്നത്. ഇക്കാര്യത്തില്‍ അനങ്ങാപ്പാറനയമാണ് ഉണ്ടായിട്ടുള്ളത്. 2013 ജൂലൈവരെ 1,60,000 ടണ്‍ റബര്‍ ഇറക്കുമതിചെയ്തു. 2013 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം 13.5 ശതമാനമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന കര്‍ഷകരോഷത്തിന്റെ ഫലമായി 20 ശതമാനമോ അല്ലെങ്കില്‍ ഇരുപത് രൂപയോ ഇതിലേതാണ് കൂടുതലെങ്കില്‍ അത് ഒരു കിലോയ്ക്ക് ചുമത്തുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍, സര്‍ക്കാര്‍ ഇത് 20 രൂപയാക്കി നിജപ്പെടുത്തുകയാണ് ചെയ്തത്. 20 ശതമാനമാണെങ്കില്‍ അത് 34 രൂപയായിരിക്കും. ഇതിലൂടെ ഇന്ത്യാഗവണ്‍മെന്റ് ടയര്‍ലോബിക്ക് വിടുപണിയും റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയുമാണ് നല്‍കിയത്. വന്‍കിട ടയര്‍ കമ്പനികള്‍ ചുരുങ്ങിയ ചുങ്കത്തില്‍ റബര്‍ ഇറക്കുമതിചെയ്ത് കുന്നുകൂട്ടിയതിന്റെ ഫലമായി ചെറുകിട- ഇടത്തരം വ്യാപാരികളില്‍നിന്ന് വന്‍കിട വ്യാപാരികള്‍ റബര്‍ സംഭരിക്കുന്നില്ല. ഇത് ഗുരുതരമായ പ്രത്യാഘാതം റബര്‍ കര്‍ഷകരില്‍ ഉണ്ടാക്കും. ആസിയന്‍ കരാര്‍ വന്നാലും റബറിനെ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ റബര്‍ കര്‍ഷകരെ രക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ന് വ്യവസായ പ്രമുഖരെയും ടയര്‍ ലോബികളെയും പ്രീണിപ്പിക്കുന്ന നയമാണ് നടത്തുന്നത്.

പ്രതിസന്ധി മറികടക്കാന്‍ റബര്‍ ബോര്‍ഡും സംസ്ഥാനസര്‍ക്കാരും ഉടന്‍ ഇടപെടണം. റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കണം. വ്യാപാരികള്‍ റബര്‍ സംഭരിക്കാത്ത സ്ഥിതിക്ക് മാന്യമായ വിലയ്ക്ക് റബര്‍ ബോര്‍ഡ് ആര്‍പിഎസ് മുഖേന സംഭരിക്കണം. കാര്‍ഷികമേഖല ശക്തിപ്പെടണമെങ്കില്‍ കാര്‍ഷികോല്‍പ്പന്ന സംസ്കരണത്തിനും സംഭരണത്തിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, അക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണകേന്ദ്രങ്ങള്‍ കണ്ടെത്തുന്ന പുതിയ അറിവുകള്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. കേരളത്തിന്റെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. കാര്‍ഷികമേഖലയുടെ അടിത്തറ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

*
ദേശാഭിമാനി

Monday, October 21, 2013

കേരളത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍

കേരളത്തില്‍നിന്ന് കാര്‍ഷികവൃത്തി പടിയിറങ്ങിപ്പോവുകയാണ്. പക്ഷേ, ഈ പ്രവണതയെ സമൂഹം ഗൗരവത്തോടെ അഭിമുഖീകരിച്ചിട്ടില്ല. കാര്‍ഷികസംസ്കൃതി ഇല്ലാതാവുമ്പോള്‍ സമൂഹത്തിലും പരിസ്ഥിതിയിലും മനുഷ്യജീവിതത്തിലും ഉണ്ടാവുന്ന പ്രതിഫലനങ്ങളെ ഗൗരവത്തോടെയാണ് കര്‍ഷക തൊഴിലാളി പ്രസ്ഥാനം വീക്ഷിക്കുന്നത്. ആ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒന്നാമതായി ചെയ്യേണ്ടത് കാര്‍ഷിക സംസ്കൃതിയെ സംരക്ഷിക്കുക എന്നതാണ്. നിലവിലുള്ള നെല്‍വയലുകളും നീര്‍ത്തടങ്ങളും ഇല്ലാതാക്കാന്‍ അനുവദിക്കരുത്. തരിശിട്ട് നികത്താന്‍ പാകത്തില്‍ ഭൂഘടനയില്‍ മാറ്റംവരുത്തുന്ന പ്രവണത തടയണം. കുന്നുകളും മലകളും സംരക്ഷിക്കണം. കൃഷിയിലേക്ക് പുതുതലമുറയെ കൈപിടിച്ചാനയിക്കണം.

കാര്‍ഷികമേഖലയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഉടച്ചുവാര്‍ത്തുകൊണ്ടാവണം ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടത്. തൊഴില്‍ നഷ്ടം ഉണ്ടാവാത്ത വിധത്തില്‍ കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം പ്രധാനമാണ്. കൃഷി പാഠ്യവിഷയമാക്കുന്നതോടൊപ്പം കൃഷി ഉപകരണങ്ങളെയും മണ്ണിനെയും വിളകളെയും പരിചയപ്പെടാനും ഉപയോഗിക്കാനും നിര്‍ബന്ധമായും വിദ്യാര്‍ഥി പഠിക്കണം. ഇത്തരത്തിലുള്ള ഇടപെടലിലൂടെ കാര്‍ഷിക മേഖലയിലെ തൊഴിലിന്റെ സ്വഭാവം മാറ്റിമറിക്കാന്‍ സാധിക്കും. സാമൂഹ്യപദവിയിലും മാറ്റംവരും. യുവജനതയെ ആകര്‍ഷിക്കാതെ കാര്‍ഷികവ്യവസ്ഥ നിലനിര്‍ത്താനാവില്ല. നിലവില്‍ ഫാംതൊഴില്‍ ലഭ്യതയ്ക്കായി അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അപേക്ഷ അയക്കുന്നുണ്ട്. അത് ജോലിസ്ഥിരതയും ശമ്പളവുമുള്ളതുകൊണ്ടാണ്. ആ നിലയിലുള്ള മാറ്റത്തോടൊപ്പം പരമ്പരാഗത അറിവുകളെയും ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള പുതിയ വികാസങ്ങളെയും കൂട്ടിയിണക്കി കൃഷിഭൂമിയില്‍ മുന്നേറ്റമുണ്ടാക്കണം. കാര്‍ഷികമേഖലയെ പുനരുദ്ധരിക്കണം.

തൊഴിലിടങ്ങളില്‍ കര്‍ഷക തൊഴിലാളിയെ കാണുമ്പോള്‍ കുറഞ്ഞവര്‍ എന്ന ബോധം ഉണ്ടാകാന്‍ വേഷവിധാനമടക്കമുള്ള പരമ്പരാഗത രീതികള്‍ കാരണമാകുന്നുണ്ട്. വയലേലകളില്‍ അര്‍ധനഗ്നനായി പണിയെടുക്കുന്നതില്‍ ഇന്നും മാറ്റംവന്നിട്ടില്ല. മണ്ണില്‍പണിയെടുക്കുന്നവന് അന്തസ്സുള്ള യൂണിഫോം വേണം. കൈയുറകളും കാലുറകളും തൊപ്പിയുമടങ്ങുന്ന യൂണിഫോമില്‍ കര്‍ഷക തൊഴിലാളി പച്ചപ്പട്ടാളത്തെപ്പോലെ മണ്ണിനെ കീഴടക്കും. അവിടെ പൊന്ന് വിളയിക്കും. ഗ്രീന്‍ ആര്‍മി എന്ന പേരാവും കര്‍ഷകതൊഴിലാളികള്‍ക്ക് യോജിക്കുക. കര്‍ഷക തൊഴിലാളികളെ ഗ്രീന്‍ ആര്‍മിയായി പരിവര്‍ത്തനംചെയ്യേണ്ടത് സര്‍ക്കാരാണ്. യൂണിഫോമിനൊപ്പം നവീന കാര്‍ഷിക രീതികളിലും ഉപകരണങ്ങളിലും തൊഴിലാളിക്ക് പരിശീലനം നല്‍കണം. ബയോടെക്നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ജൈവകൃഷിരീതികള്‍ നല്ലരീതിയില്‍ പ്രയോഗിക്കണം. നവീനമായ രീതിയില്‍ കാര്‍ഷികമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് മാസശമ്പളമാണ് വേണ്ടത്. കുറഞ്ഞത് 10000 രൂപയായി ശമ്പളം നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യം, ഇഎസ്ഐ സൗകര്യം തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരനുള്ള എല്ലാ ആനുകൂല്യങ്ങളും കര്‍ഷകതൊഴിലാളിക്ക് ലഭിക്കണം. സ്ഥിരംജോലി, വരുമാനം, സാമൂഹ്യസുരക്ഷ എന്നിവ ലഭ്യമാവുന്ന സാഹചര്യം മണ്ണില്‍ പണിയെടുക്കുന്നവന് ഉണ്ടാവണം. കാര്‍ഷികമേഖലയെ ഉടച്ചുവാര്‍ക്കുന്നതിന് സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. സര്‍ക്കാരും കര്‍ഷക- കര്‍ഷക തൊഴിലാളി സംഘടനകളും ഒത്തുചേരുന്ന കൂട്ടായ്മ ഇതിനായി ആവിഷ്കരിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ താല്‍പ്പര്യമുള്ളവരെ രജിസ്റ്റര്‍ചെയ്ത് പരിശീലനം നല്‍കണം. കൃഷിഭൂമിയുടെ വിശദാംശങ്ങളും മറ്റും ശേഖരിച്ച് അവിടെ കൃഷിയിറക്കണം. നിലവിലുള്ള വിഭവഭൂപടങ്ങള്‍ തദ്ദേശഭരണ പ്രദേശങ്ങളിലെ ഭൂമിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കൃഷിക്കാര്‍ക്ക് തൊഴിലാളികളെ നല്‍കേണ്ടതും കൃഷിക്കാരില്‍നിന്ന് കൂലി ശേഖരിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കേണ്ടത് സര്‍ക്കാരാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്ന് നശിക്കാന്‍ പാടില്ല. കുടുംബശ്രീപോലുള്ള സംവിധാനങ്ങള്‍ കൂടാതെ മറ്റ് സംഭരണകേന്ദ്രങ്ങളെയും എക്സ്പോര്‍ട്ടിങ് കമ്പനികളെയും സമീപിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അപ്പപ്പോള്‍ വിറ്റുപോവുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. മണ്ണില്‍ എന്താണ് ചെയ്യുന്നത്, അവിടെനിന്ന് എന്താണ് ലഭിക്കുക, അത് എങ്ങനെ മാര്‍ക്കറ്റ് ചെയ്യും എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാവണം. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍കൂടിമാത്രമേ അത് സാധ്യമാവൂ. നിലവില്‍ പല തദ്ദേശസ്ഥാപനങ്ങളിലും ആവിഷ്കരിച്ച് വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയുംചെയ്ത തൊഴില്‍സേനകളെപ്പറ്റി കൂടുതല്‍ പഠിച്ച് അവയുടെ നേട്ടവും കോട്ടവും മനസിലാക്കി മുന്നോട്ടുപോവുന്നത് നന്നാവും.

കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. ഭൂമിയെ ഇനംതിരിച്ച് അവര്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നു. എമര്‍ജിങ് കേരള പോലുള്ള പരിപാടികളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഭൂമിയുടെ ക്രയവിക്രയമാണ്. അതിന്റെ ഭാഗമായാണ് നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് 2008ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ആ നിയമത്തിന് വിരുദ്ധമായി, 2005ന് മുന്‍പ് വയല്‍ നികത്തി കരഭൂമിയാക്കിയതിനെല്ലാം അംഗീകാരംനല്‍കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ 50,000ത്തോളം ഏക്കര്‍ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈവശം എത്തിയത്. അവശേഷിക്കുന്ന നെല്‍വയലുകള്‍കൂടി നികത്തുക എന്നതാണ് ഭൂമാഫിയയുടെ ലക്ഷ്യം. വയല്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ച് നിരത്തുന്നതും തോട്ടംഭൂമിയില്‍ ടൂറിസം റിസോര്‍ട്ടുകള്‍ പണിയുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോവുന്നത്. കെഎസ്കെടിയു, നെല്‍വയല്‍സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തി ജാഥ ആരംഭിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഒരു യോഗം ചേര്‍ന്നു. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ കര്‍ക്കശ വ്യവസ്ഥകളില്‍ ഇളവ് വരുത്തുന്നതിനെപറ്റിയാണ് അവര്‍ ആലോചിച്ചത്. പൊതുആവശ്യങ്ങള്‍ എന്ന് ധ്വനിപ്പിച്ച് വയലുകള്‍ നികത്തുന്നതിനുള്ള അനുമതി നല്‍കുന്നത് ഉദാരമാക്കണം എന്നതാണ് ഇളവിലൂടെ ഉദ്ദേശിക്കുന്നത്. നിലവില്‍ കരഭൂമിയാക്കിയ വയല്‍പ്രദേശങ്ങളിലേറെയും രേഖകളില്‍ വയലുകള്‍തന്നെയാണ്. അത്തരം സ്ഥലങ്ങളില്‍ നിര്‍മാണം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. നിയമത്തില്‍ ഇളവ് വരുത്തിയാല്‍ ഇവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താനാവും. വയലുകള്‍ വാങ്ങിക്കൂട്ടി നികത്തി കരഭൂമിയാക്കിയ മാഫിയ കോടികള്‍ വലിച്ചെറിഞ്ഞാണ് യുഡിഎഫ് മന്ത്രിസഭയെക്കൊണ്ട് വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ തീരുമാനമെടുപ്പിക്കുന്നത്. നിയമത്തില്‍ വരുത്തേണ്ട ഇളവുകള്‍ ആലോചിച്ച് ശുപാര്‍ശചെയ്യുന്നതിന് അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. നെല്‍വയല്‍ സംരക്ഷണ നിയമംകൊണ്ടുവന്നപ്പോള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും അവരുടെ വക്താക്കളായ വലതുപക്ഷവും ആ നിയമത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു. നെല്‍വയല്‍ നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് തീരുമാനം കൊണ്ടുവന്നാലും കര്‍ഷക തൊഴിലാളി യൂണിയന്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കും. സംസ്ഥാനത്ത് എവിടെ നെല്‍വയല്‍ നികത്താന്‍ ശ്രമിച്ചാലും അതിനെ ചെറുക്കാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഉണ്ടാവും. ഭൂമിയുടെ ഘടനമാറ്റുന്ന രീതിയില്‍ പ്രകൃതിയില്‍ കൈയേറ്റം നടത്തുന്നതിനെയും ശക്തമായി എതിര്‍ക്കും. 1970ല്‍ 8.5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷിയുണ്ടായിരുന്നത് ഇന്ന് വെറും 2.15 ലക്ഷം ഹെക്ടറിലായി ചുരുങ്ങി. ഭൂവിനിയോഗത്തിലുണ്ടായ വ്യത്യാസമാണ് അതിന് പ്രധാന കാരണം. യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിലെ നെല്‍വയലുകളെ വെട്ടിച്ചുരുക്കിയെന്ന് പറയുന്നതാവും ഉചിതം. വിമാനത്താവളമാണ് വികസനത്തിന്റെ പര്യായമെന്ന് പറഞ്ഞ് വന്‍കിട കമ്പനികളെ കൂട്ടുപിടിച്ച് നെല്‍വയലുകള്‍ ഇല്ലാതാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും നീക്കങ്ങള്‍ക്ക് തടയിടാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം മുന്നോട്ടുവരും. ഭൂസമരം ഒത്തുതീര്‍പ്പാക്കുന്ന ഘട്ടത്തില്‍ നെല്‍വയലുകള്‍ വില്‍ക്കുമ്പോള്‍ നെല്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ള ആള്‍ക്കുമാത്രമേ കൈമാറാന്‍ സാധിക്കൂ എന്ന നിലയില്‍ നിയമം കര്‍ക്കശമാക്കണമെന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് സമ്മതിച്ച മുഖ്യമന്ത്രിയാണ് ഇന്ന് മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കി നെല്‍വയലുകള്‍ കച്ചവടംചെയ്യാന്‍ രംഗമൊരുക്കുന്നത്. മുതലാളിത്തവല്‍ക്കരണവും ഉദാരവല്‍ക്കരണ നയങ്ങളും ദുര്‍ബല ജനവിഭാഗങ്ങളായ കര്‍ഷക തൊഴിലാളികള്‍ക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. ഇത്തരം നയങ്ങള്‍ ഇല്ലാതാവുമ്പോള്‍മാത്രമേ കര്‍ഷക തൊഴിലാളികള്‍ക്ക് നടുനിവര്‍ത്താനാവൂ. കര്‍ഷക തൊഴിലാളികള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്, കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളായതുകൊണ്ടാണ്. ഈ നയങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് ആധാര്‍പോലുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കാനും ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശ്ശികതീര്‍ത്ത് വിതരണം ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 100 കോടി രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണമെന്ന നിബന്ധന ഒഴിവാക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷക തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു എന്നുപറഞ്ഞ് അക്ഷയ കേന്ദ്രങ്ങള്‍വഴി നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണം. സമ്പന്നരും അതിസമ്പന്നരും മാത്രം ജീവിച്ചാല്‍ മതി എന്ന സാമ്രാജ്യത്വ മുദ്രാവാക്യം ഏറ്റുവിളിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവന് ജീവിതം നിഷേധിക്കുമ്പോള്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം കാഴ്ചക്കാരായി നോക്കിനില്‍ക്കില്ല.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 21-10-13

Tuesday, October 1, 2013

കാര്‍ഷികകേരളത്തെ സംരക്ഷിക്കാന്‍

കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനമാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനം. കൃഷിഭൂമി കൃഷിചെയ്യാനുള്ളതാണ്. എങ്കില്‍മാത്രമേ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കൂ. അതിനാവശ്യമായ നിക്ഷേപം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കൃഷിക്കാര്‍ക്കുവേണ്ട സഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതിന് കാര്‍ഷികമേഖലയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണം. അപ്പോള്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും, ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കഴിയും, വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ഇത്തരത്തിലുള്ള നടപടികളൊന്നും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

മണ്ണില്‍ പണിയെടുക്കുന്നവരെയും ആദിവാസികളും ദളിതുകളും അടക്കമുള്ള ദുര്‍ബലജനവിഭാഗങ്ങളെയും മനുഷ്യരായി പരിഗണിക്കാത്ത ഭരണാധികാരികളും മുന്നണിയും സംസ്ഥാനം ഭരിക്കുമ്പോള്‍ സമരത്തിന്റെ പാതയിലേക്ക് പോകാതിരിക്കാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന് സാധിക്കില്ല. ഭരണത്തിന്റെ നിറം നോക്കിയല്ല യൂണിയന്റെ സമരങ്ങള്‍; നിലപാട് നോക്കിയാണ്. ഇടതുഭരണകാലത്തും യൂണിയന്‍ സമരമുഖത്ത് ഉണ്ടായിരുന്നു. ഇടതുസര്‍ക്കാരിനെ കൊണ്ട് കെഎസ്കെടിയുവിന്റെ പല മുദ്രാവാക്യങ്ങളും നടപ്പാക്കാന്‍ സാധിച്ചിട്ടുമുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തൊഴിലാളിവര്‍ഗത്തിന്റെ ജീവിതത്തെ പരിഗണിക്കാതെ മുന്നോട്ടുപോകുകയാണ്.

കര്‍ഷകത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുന്നു. ഇതിന്റെ ഉദാഹരണമാണ് കൊട്ടിഘോഷിച്ചുനടത്തിയ ഭൂമിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ചെയ്യിപ്പിച്ചതില്‍ത്തന്നെ സങ്കുചിത രാഷ്ട്രീയ അജന്‍ഡയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഗിമ്മിക്ക് എന്നതിനപ്പുറം ഈ ഭൂവിതരണം യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനാണ് ഭൂപരിഷ്കരണനിയമമടക്കമുള്ള കാര്യങ്ങള്‍ ആദ്യത്തെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചത്. കുടികിടപ്പ് ഒഴിപ്പിക്കുന്നത് നിരോധിച്ചുള്ള ഓര്‍ഡിനന്‍സും തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമങ്ങളും ആ ദിശയിലുള്ളതായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഇത്തരത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ലക്ഷക്കണക്കിന് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാന്‍ തയ്യാറായി. എന്നാല്‍, 2011ല്‍ അധികാരത്തില്‍വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ പദ്ധതി പാടേ ഉപേക്ഷിക്കുകയാണുണ്ടായത്. ആ സാഹചര്യത്തിലാണ് കര്‍ഷകത്തൊഴിലാളി- കര്‍ഷക പ്രസ്ഥാനത്തിന്റെയും പട്ടികജാതി- ആദിവാസി ക്ഷേമസമിതികളുടെയും ആഭിമുഖ്യത്തില്‍ 2013 ജനുവരി മുതല്‍ ഭൂസംരക്ഷണസമരം ആരംഭിച്ചത്. കേരളത്തില്‍ നാലുലക്ഷത്തോളം ഭൂരഹിതരുണ്ടെന്നത് റവന്യൂമന്ത്രിതന്നെ സമ്മതിച്ച കാര്യമാണ്. അവര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള സമരമായിരുന്നു സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം റവന്യൂമന്ത്രി ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ ഭൂരഹിതരുടെ എണ്ണംതന്നെ വെട്ടിക്കുറച്ചു. ആ ലേഖനത്തില്‍ വന്‍കിട കൈയേറ്റഭൂമികളെ കുറിച്ച് പറയുന്നില്ല. പുറമ്പോക്ക് ഭൂമിയെയാണ് മന്ത്രിയും സര്‍ക്കാരും നോട്ടമിട്ടിരിക്കുന്നത്. കൂടാതെ, വന്‍കിട കമ്പനികളുടെയും കോര്‍പറേറ്റ് സെക്ടറുകളുടെയും നേര്‍ക്ക് ഭൂമിപിച്ചയ്ക്ക് കൈനീട്ടുകയാണ് റവന്യൂമന്ത്രി. ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരിന്റെ മന്ത്രിക്ക് ഇങ്ങനെയേ എഴുതാന്‍ സാധിക്കൂ. ഇത്തരത്തിലുള്ളൊരു സര്‍ക്കാര്‍ ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കും എന്ന് കരുതാന്‍ കഴിയില്ല. നിലവില്‍ ഭൂമി വിതരണം ചെയ്യുന്നതിലും നീതിയില്ല. അതത് ജില്ലകളില്‍ അതേ താലൂക്കുകളിലെങ്കിലും ഭൂമി കണ്ടെത്തി നല്‍കാതെ ജില്ലവിട്ടാണ് ഭൂമി വിതരണം. തിരുവനന്തപുരത്തുകാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നത് കാസര്‍കോട്ടാണ്. ഭൂമി വിതരണം ചെയ്യുന്നതിലുള്ള മുന്‍ഗണനയിലും അപാകമുണ്ട്.

അഗതികള്‍, അംഗവൈകല്യമുള്ളവര്‍, വിധവകള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇവര്‍ക്കാണ് മുന്‍ഗണന. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാധുക്കളെ ആ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു. അവരെ ജില്ലവിട്ട് പുനരധിവാസത്തിനുള്ള ഭൂമി വിതരണത്തിന് തെരഞ്ഞെടുത്തത് കൊടുംപാതകമാണ്. ഇത്തരത്തില്‍ ആത്മാര്‍ഥത തൊട്ടുതീണ്ടാത്ത പരിപാടികളുമായാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിനിടയില്‍ മണ്ണില്‍ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങളെ ആവുംപോലെ ഉപദ്രവിക്കുന്നുമുണ്ട്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ആ മനോഭാവം കൊണ്ടാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ക്ഷേമനിധിയെ തകര്‍ക്കാനുള്ള നടപടികളാണുണ്ടായത്. ഭൂവുടമകളുടെ വിഹിതം പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പ്രശ്നം ഇപ്പോഴുമുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെട്ട ക്ഷേമനിധി ബോര്‍ഡിന് 100 കോടി രൂപ യുദ്ധകാലാടിസ്ഥാനത്തില്‍ അനുവദിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് എടുത്താല്‍ മാത്രമേ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകത്തൊഴിലാളിക്ക് ലഭ്യമാകൂ എന്നതാണ് സ്ഥിതി. അക്കൗണ്ട് എടുക്കാനുള്ള ചെലവ് പാവങ്ങള്‍ കണ്ടെത്തണം. സീറോബാലന്‍സ് അക്കൗണ്ട് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത് സാധിക്കില്ല എന്നാണ് ബാങ്കുകള്‍ പറയുന്നത്. പരിഷ്കാരങ്ങള്‍ക്കും വിവരസാങ്കേതിക വിദ്യയ്ക്കും എതിരല്ല കെഎസ്കെടിയു. പക്ഷേ, അവ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. ആധാര്‍കാര്‍ഡില്ലെങ്കില്‍ കര്‍ഷകത്തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നയവും അംഗീകരിക്കാന്‍ കഴിയില്ല. ആധാര്‍കാര്‍ഡിനെ പറ്റി നിരവധി പരാതികളും സംശയങ്ങളും ഉയരുന്നുണ്ട്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഈ വിധിക്കെതിരെ അപ്പീല്‍പോകാന്‍ പോകുകയാണ് കേന്ദ്രസര്‍ക്കാര്‍. പരമോന്നത കോടതിക്കുവരെ ഈ സംവിധാനം ശരിയല്ല എന്ന് തോന്നുമ്പോഴും സര്‍ക്കാര്‍ ആധാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വം സംബന്ധിച്ചുള്ള അധിക വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കെല്‍ട്രോണിനെയാണ്. കെല്‍ട്രോണ്‍ ആ ജോലി അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കുന്നത്. നിലവിലുള്ള വിശദാംശത്തിന്റെ കൂടെ കര്‍ഷകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും കൂട്ടിച്ചേര്‍ക്കണം. ഈ രണ്ട് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് 40 രൂപയാണ് ഫീസ്. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 21,86,613 കര്‍ഷകത്തൊഴിലാളികളില്‍നിന്ന് ഈ ഫീസ് പിരിച്ചെടുക്കുമ്പോള്‍ 8.74 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. സര്‍ക്കാര്‍ വിലാസം തട്ടിപ്പാണ് അക്ഷയകേന്ദ്രങ്ങള്‍ വഴി നടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ ഫലമായി കേരളത്തില്‍ നെല്‍വയലുകള്‍ മൂന്നിലൊന്നായി ചുരുങ്ങി, 2.25 ലക്ഷം ഹെക്ടറായി. അവശേഷിക്കുന്ന നെല്‍വയലുകളെങ്കിലും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കേരളം നെല്‍വയലുകള്‍ ഇല്ലാത്ത സംസ്ഥാനമായി മാറും. കേരളത്തിലെ കാര്‍ഷികവ്യവസ്ഥിതിയെ തിരിച്ചുപിടിക്കാനും നിലനിര്‍ത്താനും കര്‍ഷകത്തൊഴിലാളികള്‍ അവിഭാജ്യഘടകമാണ്. ഇനിയെങ്കിലും ആ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് വലിയ വീഴ്ചയാകും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപ്പാക്കാനുമുള്ള ആര്‍ജവം കാണിക്കേണ്ടതുണ്ട്. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജോലിസുരക്ഷ ഉറപ്പ് വരുത്തണം. മാസത്തില്‍ കുറഞ്ഞത് 10,000 രൂപ ശമ്പളമായി ലഭിക്കണം. ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ, വിദ്യാഭ്യാസ സംവരണം, ഉയര്‍ന്ന തലത്തിലുള്ള പെന്‍ഷന്‍, സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം, ശമ്പളത്തോടുകൂടി പ്രസവാവധി തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍വരുത്തണം. യൂണിഫോമും നല്‍കണം. ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ തീര്‍ച്ചയായും കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ മാറ്റം സംഭവിക്കുമെന്നത് ഉറപ്പാണ്. കാര്‍ഷികമേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ നിലവിലുള്ള രീതികള്‍ ഉടച്ചുവാര്‍ക്കണം. കാര്‍ഷികമേഖലയില്‍ തൊഴിലാളികളുടെ ജോലി നഷ്ടമുണ്ടാക്കാത്ത നിലയില്‍ യന്ത്രവല്‍ക്കരണം കൊണ്ടുവരണം. സ്ഥിരം തൊഴിലും യന്ത്രവല്‍ക്കരണത്തിലൂടെ ബ്ലൂകോളര്‍ രീതിയിലേക്ക് തൊഴില്‍ മാറ്റപ്പെടുകയും ചെയ്യുമ്പോള്‍ തൊഴിലാളികളെ കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല.

പരമ്പരാഗത അറിവുകളെ സ്വാംശീകരിച്ച് ശാസ്ത്ര-സാങ്കേതികരംഗത്തുള്ള പുതിയ വികാസത്തെ പ്രയോഗിക്കുന്നതിന് സാധിക്കുന്ന രീതിയിലുള്ള കാര്‍ഷികരീതികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ, മറ്റ് രാജ്യങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിരക്ഷയെ കുറിച്ച് പഠിക്കുകയും തൊഴില്‍ അവബോധത്തില്‍ മാറ്റംവരുത്തി ജോലിസ്ഥിരത ഉറപ്പാക്കേണ്ടതുമുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തൊഴില്‍സേനകള്‍ ഉണ്ടാക്കുകയും അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി കൃഷി ചെയ്യിക്കാനുള്ള പുതിയ രീതി ആവിഷ്കരിക്കുകയുംവേണം. തൊഴിലാളികള്‍ക്ക് ജോലിക്കുള്ള കൂലി കര്‍ഷകരില്‍നിന്ന് ശേഖരിക്കുകയും കാര്‍ഷികമേഖലയ്ക്കായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന തുകയില്‍നിന്ന് കൃഷിനടത്താനുള്ള സബ്സിഡി കര്‍ഷകര്‍ക്ക് നല്‍കുകയും വേണം. ഇത്തരം ഇടപെടലുകളിലൂടെ ജോലി, വരുമാനം, സാമൂഹ്യസുരക്ഷ എന്നതായിരിക്കണം ലക്ഷ്യം വയ്ക്കേണ്ടത്. ഇതൊക്കെ നടപ്പാക്കുന്നതിന് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണ്.

*
എം വി ഗോവിന്ദന്‍

Tuesday, September 10, 2013

കര്‍ഷകത്തൊഴിലാളിയെ പട്ടിണിക്കിടരുത്

കര്‍ഷകത്തൊഴിലാളികളല്ലേ, എന്തുമാവാം എന്ന മാനസികനിലയിലാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഓണം പടിവാതില്‍ക്കലെത്തിയിട്ടും കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യം ഇനത്തിലുള്ള 140 കോടിയിലധികം രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടികളൊന്നുമില്ല. ആധാര്‍ സംവിധാനത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാനും അക്ഷയകേന്ദ്രങ്ങള്‍ വഴി ക്ഷേമനിധി ബോര്‍ഡിലേക്ക് രജിസ്റ്റര്‍ചെയ്യുന്നു എന്നുപറഞ്ഞ് പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞിക്കലത്തില്‍ കൈയിട്ട് വാരാനും ഈ സര്‍ക്കാരിന് ലജ്ജയില്ല. കേരളത്തിലെ ബാക്കിയുള്ള നെല്‍പ്പാടങ്ങളെ സംരക്ഷിക്കാതെ, അവ നികത്തുന്നതിന് കൂട്ടുനില്‍ക്കുകയുംചെയ്യുന്നു. ക്ഷേമനിധി ബോര്‍ഡിനെ ക്ഷാമനിധി ബോര്‍ഡാക്കി മാറ്റിമറിക്കുന്നതും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയേ വിതരണംചെയ്യൂ എന്ന് ശഠിച്ച്, അക്കൗണ്ടെടുക്കാനെത്തുന്ന കര്‍ഷകത്തൊഴിലാളിയുടെ പോക്കറ്റടിക്കുന്നതും ഈ സര്‍ക്കാര്‍തന്നെ.

ആധാര്‍ കാര്‍ഡിന്റെ പേരുപറഞ്ഞ് ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക കൊടുക്കാതിരിക്കാനുള്ള കുടിലബുദ്ധിയാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണ് എന്നാണ് പറയുന്നത്. മാത്രമല്ല, ക്ഷേമനിധിയുടെ വിതരണം ബാങ്ക് അക്കൗണ്ട് മുഖാന്തരമാക്കാനും തീരുമാനിച്ചു. ഈ പരിഷ്കാരം ആര്‍ക്ക് വേണ്ടിയാണ്? നിലവില്‍ നടന്നുവരുന്ന രീതിയില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ടും പരിമിതിയും എന്താണ്? കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് നിലവിലെ സംവിധാനം തുടരുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. കുത്തക കമ്പനികളെയും പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളെയും സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഈ പരിഷ്കാരങ്ങള്‍ എന്നതില്‍ സംശയമില്ല.

ഇടതുസര്‍ക്കാര്‍ കഴിഞ്ഞതവണ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്, 27 മാസത്തെ കുടിശ്ശികയുള്ള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തീര്‍ത്തു നല്‍കുക എന്നതായിരുന്നു. മാത്രമല്ല, ഓണനാളില്‍ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കുകയുംചെയ്തു. ക്ഷേമനിധിബോര്‍ഡിന്റെ അതിവര്‍ഷാനുകൂല്യം വിതരണംചെയ്യാന്‍ 114.9 കോടി രൂപ അനുവദിച്ചു. അത്തരമൊരു ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് എത്തുമ്പോള്‍ തട്ടിപ്പിന്റെയും തമ്മില്‍ത്തല്ലിന്റെയും കാര്യത്തിലല്ലാതെ ഭരണനിര്‍വഹണ കാര്യത്തില്‍ മികവ് പുലര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നില്ല. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്നതല്ലാതെ, എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച് നല്‍കിയ തുകയില്‍നിന്ന് എന്തെങ്കിലും വര്‍ധനവരുത്തിയതായുള്ള ഒരു സര്‍ക്കാര്‍ ഉത്തരവും ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തിയിട്ടില്ല.

കൃഷിയും കാര്‍ഷികസംസ്കാരവും തിരിച്ചുപിടിക്കണമെന്നൊക്കെ ഒരുഭാഗത്ത് പറയുകയും മറുഭാഗത്ത് കര്‍ഷകത്തൊഴിലാളി എന്നാല്‍ നികൃഷ്ടനാണ് എന്ന മനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്ന രീതി മാറിയേ മതിയാവൂ. അക്ഷയകേന്ദ്രത്തിലായാലും മറ്റ് ഭരണകൂട സംവിധാനങ്ങളിലായാലും അധികൃതരുടെ മനോഭാവം അത്തരത്തിലുള്ളതാണ്. ക്ഷേമനിധി ബോര്‍ഡിലെ അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് മാറ്റാന്‍ വീണ്ടും രജിസ്റ്റര്‍ചെയ്യുമ്പോള്‍ അക്ഷയകേന്ദ്രത്തില്‍ ഫീസായി 40 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 15 രൂപ അക്ഷയ കേന്ദ്രത്തിനും 25 രൂപ സര്‍ക്കാരിനുമാണ്. അക്ഷയകേന്ദ്രത്തിന്റെ ചെലവ് പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയില്‍നിന്ന് പിടിച്ചുവാങ്ങുന്ന ഹൃദയരാഹിത്യം അംഗീകരിക്കാനാകില്ല. അക്ഷയകേന്ദ്രം വഴിയുള്ള അംഗത്വ രജിസ്ട്രേഷന്‍ കരുണയില്ലാത്ത പിടിച്ചുപറിയാണ്. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിനുള്ള ചെലവ് തൊഴിലാളി വഹിക്കണം. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സീറോബാലന്‍സ് അക്കൗണ്ട് കര്‍ഷകത്തൊഴിലാളികള്‍ക്ക് നടപ്പാക്കും എന്ന് ഗീര്‍വാണമടിച്ചു. ആ വാക്ക് വിശ്വസിച്ച് ബാങ്കില്‍ പോയവര്‍ അപമാനിതരായി. സീറോബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല എന്നാണ് ബാങ്കുകളുടെ നിലപാട്. ചുരുക്കിപ്പറഞ്ഞാല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള പണവും തൊഴിലാളി കണ്ടെത്തണം.

ഫോട്ടോയടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ചെലവ് വേറെയാണ്. ആധാര്‍കാര്‍ഡില്ലെങ്കില്‍ ജീവിക്കേണ്ട എന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത്. റേഷന്‍, ക്ഷേമപെന്‍ഷന്‍ തുടങ്ങിയവ സാധിച്ചെടുക്കണമെങ്കില്‍ ആധാര്‍ വേണം. സംസ്ഥാനത്തെ ഭൂരിപക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡില്ല എന്നതാണ് വസ്തുത. ലഭ്യമാകാത്ത കാര്‍ഡ് ഹാജരാക്കണമെന്ന് വാശിപിടിക്കുന്ന, കാര്‍ഡില്ലെങ്കില്‍ ക്ഷേമനിധി ആനുകൂല്യം ഇല്ലെന്ന ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന അധികൃതരുടെ തൊഴിലാളി വിരുദ്ധമനോഭാവം മാറേണ്ടതാണ്. ആധാര്‍കാര്‍ഡ് ലഭിച്ചവര്‍ പറയുന്നത് അതില്‍ വ്യാപകമായ അച്ചടിപ്പിശകുകള്‍ ഉണ്ടെന്നാണ്. വികൃതമലയാളം എന്ന് വിശേഷിപ്പിക്കേണ്ട രീതിയിലാണ് വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള തെറ്റുകള്‍കൊണ്ട് തൊഴിലാളികള്‍ വീണ്ടും ബുദ്ധിമുട്ടുന്നു. ഒരു പ്രാവശ്യം മിനക്കെട്ടാല്‍ സാധിതമാവുന്ന കാര്യത്തെ പതിനാറ് പ്രാവശ്യം നടത്തിച്ച് ബുദ്ധിമുട്ടിക്കുന്നതിനെ പരിഷ്കാരം എന്ന് വിളിക്കുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല. പരിസ്ഥിതിയെ ഏതുവിധേനയും വിറ്റ് കാശാക്കാനുള്ള പദ്ധതികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. സൗരോര്‍ജത്തെപ്പോലും തട്ടിപ്പിനുള്ള ഉപാധിയാക്കി. യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് നെല്‍പ്പാടങ്ങള്‍ നികത്താനുള്ളവയാണ്. നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏതറ്റംവരെയും പോവുമെന്ന നിലപാടാണ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിലൂന്നിയുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കെഎസ്കെടിയു നിര്‍ബന്ധിതരാവുന്നത് സംസ്ഥാനസര്‍ക്കാര്‍ ഇതൊക്കെ സംരക്ഷിക്കുക എന്ന തങ്ങളുടെ കടമ നിര്‍വഹിക്കാത്തതുകൊണ്ടാണ്. കേരളത്തില്‍ നെല്ല് ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. അതിന്റെ പ്രധാന കാരണം കൃഷിഭൂമി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതാണ്. നെല്‍പ്പാടങ്ങള്‍ തരിശിടുന്നതിനെയും മറ്റ് ആവശ്യങ്ങള്‍ക്ക് ദുരുപയോഗംചെയ്യുന്നതിനെയും ഉമ്മന്‍ചാണ്ടിയും സംഘവും പ്രോത്സാഹിപ്പിക്കുകയാണ്. ആറന്മുള വിമാനത്താവള ഭൂമിയുടെ കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് ഇതിനുദാഹരണമാണ്.

നെല്‍വയല്‍- നീര്‍ത്തട സംരക്ഷണനിയമത്തെ അട്ടിമറിക്കാന്‍ കഴിയുന്ന വിധത്തിലെല്ലാം യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജാഗ്രതയോടെ കേരളത്തിന്റെ കാവലാളായി നില്‍ക്കുകയാണ്. ഇത് മനസിലാക്കിയതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തട്ടിപ്പറിക്കുന്ന മനോഭാവം സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇത്തരം നീക്കങ്ങളെ കൈയും കെട്ടി നോക്കിനില്‍ക്കുന്ന പാരമ്പര്യമല്ല കര്‍ഷകത്തൊഴിലാളി യൂണിയന്റേത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി നെല്‍വയലുകള്‍ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സര്‍വോപരി കേരളത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കും വേണ്ടി എണ്ണമറ്റ സമരപോരാട്ടങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് കെഎസ്കെടിയു. കര്‍ഷകത്തൊഴിലാളികളെ നിരന്തരമായി ദ്രോഹിക്കുന്നതിലൂടെ വലതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയമാണ് പുറത്തുവരുന്നത്; അതിലെ തൊഴിലാളിവിരുദ്ധതയാണ് പ്രകടമാവുന്നത്. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് പോകാന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം നിര്‍ബന്ധിതമാവുകയാണ്.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി

Friday, August 30, 2013

രാജ്യവും കര്‍ഷകരും

ഗൂഡല്ലൂരില്‍ നാലുദിവസമായി അഖിലേന്ത്യാ കിസാന്‍ സഭയുടെ സമ്മേളനം നടക്കുകയാണ്. ഈ നാലുദിവസം കൊണ്ട് ഇന്ത്യയിലെ 188 കര്‍ഷകര്‍ ആത്മഹത്യചെയ്തിരിക്കും. 2000 പേര്‍ ആത്മഹത്യാശ്രമം നടത്തിയിരിക്കും (ഓരോ വിജയകരമായ ആത്മഹത്യക്ക് മുമ്പും അതിനായുള്ള 12 ശ്രമങ്ങള്‍ നടന്നിരിക്കുമെന്നാണ് പോലീസ് കണക്കാക്കുന്നത്) 8000 കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുകയോ, അല്ലെങ്കില്‍ കൃഷിക്കാരനെന്ന പദവി അവര്‍ക്ക് നഷ്ടമാകുകയോ ചെയ്ത് കര്‍ഷക തൊഴിലാളിയായി മാറിയിരിക്കും. അതേ സമയം ഇതേ നാലുദിവസത്തില്‍ നികുതി സൌജ്യന്യമായി കേന്ദ്ര സര്‍ക്കാര്‍ 5500 കോടി രൂപ കോര്‍പ്പറേറ്റ് ഇന്‍കം ടാക്സ്, ഇറക്കുമതിചുങ്കം, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനത്തിനായി എഴുതി തള്ളിയിരിക്കും.

2013 മാര്‍ച്ചില്‍ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റില്‍ 5,33,000 കോടി രൂപയാണ് ഈ ഇനത്തില്‍ അവരെഴുതിത്തള്ളിയത്. ഏറ്റവും വലിയ മുതലാളിമാരും, ഏറ്റവും വലിയ കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയാണ് നികുതി സൌജന്യം നേടിയത്.  'ഉപേക്ഷിക്കപ്പെട്ട വരുമാനം' എന്ന വിശേഷണത്തോടെ ബജറ്റിന്റെ അനക്ഷറില്‍ ഈ കണക്ക് നല്‍കിയിട്ടുണ്ട്. നമ്മുടെ ബജറ്റ് കമ്മിയെക്കാള്‍ കൂടിയ തുകയാണിത്. ഈ ധനാഢ്യര്‍ അവരടക്കേണ്ട നികുതി അടച്ചിരുന്നെങ്കില്‍ സമ്പദ് സ്ഥിതിയുടെ കുഴപ്പം ഒഴിവായേനെ. മറ്റൊന്ന് സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കമാണ്. 60,000 കോടി രൂപയാണ് ഈ ഇനത്തില്‍ ഒഴിവാക്കിക്കൊടുത്തത്. കഴിഞ്ഞ 3 വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ മാത്രം 1,50,000 കോടിരൂപയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇപ്പോഴും കറന്റ് അക്കൌണ്ട് കമ്മിയുടെ പേരില്‍ കുഴപ്പം ഒഴിവാക്കാനായി സ്വര്‍ണം ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് ഇവര്‍ തന്നെ ആവശ്യപ്പെടുകയാണ്. 2006 മുതല്‍ 3 ലക്ഷം കോടി രൂപ നികുതി ഒഴിവാക്കി സ്വര്‍ണം ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചതും ഇവര്‍ തന്നെയാണെന്നോര്‍ക്കുക.

വെളുത്ത സ്വര്‍ണം

സ്വര്‍ണത്തിന് കൃഷിക്കാരന്റെ കണക്കില്‍ മറ്റൊരു അളവുണ്ട്. തകര്‍ന്നുകിടക്കുന്ന വിദര്‍ഭയിലെ പഞ്ഞികൃഷി മേഖല നോക്കിയാല്‍ ഈ അളവെന്തെന്ന് നമുക്ക് മനസ്സിലാക്കാം. പഞ്ഞി കൃഷി ചെയ്യുന്ന 60 കളിലെയും 70 കളിലെയും കര്‍ഷകരുടെയും ഇന്നുള്ളവരുടെയും സ്ഥിതിയൊന്നു താരതമ്യം ചെയ്യാം. അന്നവര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരമുണ്ടായിരുന്നു. അവര്‍ കുട്ടികളെ മുംബൈയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലയച്ച് പഠിപ്പിച്ചു. അന്ന് വെളുത്ത സ്വര്‍ണമെന്നാണ് പഞ്ഞിയെ വിശേഷിപ്പിച്ചത്. കാരണം, സ്വര്‍ണത്തെക്കാള്‍ വില പഞ്ഞിക്ക് ലഭിച്ചിരുന്നു. 1974-വരെ ഒരു ക്വിന്റല്‍ പഞ്ഞിയുടെ വില 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയെക്കാള്‍ കൂടുതലായിരുന്നു. പക്ഷെ, ഇന്ന് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ ആറോ, ഏഴോ ക്വിന്റല്‍ പഞ്ഞി വില്ക്കണം. കഴിഞ്ഞ വര്‍ഷം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 10 ക്വിന്റല്‍ പഞ്ഞി വില്ക്കേണ്ടിവന്നു. കാരണം, അത്രയും സ്വര്‍ണത്തിന്റെ വില 30,000 രൂപയ്ക്കുമേലായി. ഇത് കര്‍ഷകന്റെ ജീവിതാവസ്ഥയില്‍ വന്ന മാറ്റം സൂചിപ്പിക്കുന്നു. പ്രകൃതി വാതകത്തിന്റെ വില ഇരട്ടിയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടെ കൃഷിക്കാര്‍ കൂടുതല്‍ കുഴപ്പത്തിലാകും. അത് വൈദ്യുതിയുടെയും വളത്തിന്റെയും വില വര്‍ധിക്കുന്നതിനിടയാക്കും.
കാര്‍ഷിക കുഴപ്പത്തിന്റെ ഒന്നാമത്തെ കാരണം ഈ മേഖലയിലെ നിക്ഷേപത്തില്‍വന്ന ഇടിവാണ്. കൃഷിക്കും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 1989-ല്‍ വി.പി. സിംഗിന്റെ കാലത്ത് കാര്‍ഷികമേഖലയിലെ നിക്ഷേപം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 14 ശതമാനമായിരുന്നു. 2004 ഓടെ അത് 6 ശതമാനമായികുറഞ്ഞു. 2004-ല്‍ ഭരണത്തിലുണ്ടായിരുന്ന സര്‍ക്കാരുകളെയൊക്കെ അന്ന് കൃഷിക്കാര്‍ പരാജയപ്പെടുത്തി. കര്‍ണാടകയില്‍ എസ്.എം. കൃഷ്ണയും, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും പുറത്തായി. ഈ പരാജയങ്ങള്‍ കര്‍ഷകരോട് അവര്‍ സ്വീകരിച്ച സമീപനത്തിന്റെ പ്രതീകാരമായിരുന്നു. കര്‍ഷകര്‍ അവരുടെ ശക്തി അറിയണം. അവര്‍ ദുര്‍ബലരല്ല, ഒറ്റക്കല്ല. സര്‍ക്കാരിനെ കടപുഴക്കാന്‍ കഴിവുള്ളവരാണവര്‍.

ആരാണ് കൃഷിക്കാര്‍

ജനങ്ങള്‍ക്കറിവില്ലാത്ത മറ്റൊരു കാര്യം അവര്‍ കരുതുന്നയത്ര കര്‍ഷകര്‍ രാജ്യത്തില്ല എന്നതാണ്. നമുക്ക് ജഗദീഷ് ഭഗവതി, അരവിന്ദ് മാഗ്രേയ തുടങ്ങി 53 ശതമാനം ഇന്ത്യക്കാരും കര്‍ഷകരാണെന്നവകാശപ്പെടുന്ന സാമ്പത്തിക പണ്ഡിതരുണ്ട്. ജനസംഖ്യയില്‍ 50 ശതമാത്തോളം പേര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നുപറഞ്ഞാല്‍ അവരെല്ലാം കര്‍ഷകരാണെന്നര്‍ത്ഥമില്ല. ഫിലിം വ്യവസായത്തിലുള്ളവരെല്ലാം അഭിനേതാക്കളല്ല, വിദ്യാഭ്യാസ വ്യവസായത്തിലുള്ളവരെല്ലാം വിദ്യാര്‍ത്ഥികളല്ല. സെന്‍സസ് കണക്കെടുപ്പില്‍ കൃഷിക്കാരന് ഒരു നിര്‍വചനം നല്‍കിയിട്ടുണ്ട്. പലതരം കര്‍ഷകരുണ്ട്. വര്‍ഷത്തില്‍ 183 ദിവസം കൃഷി ചെയ്യുന്നവരുണ്ട്. അത്തരമാളുകള്‍ പൂര്‍ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്നവരാണ്. അവരുടെ ജീവിതവും വരുമാനവും തൊഴിലുമൊക്കെ കൃഷിയുമായി ബന്ധപ്പെട്ടാണ്. പിന്നെ 3 മാസം മുതല്‍ 6 മാസം വരെ കൃഷി ചെയ്യുന്നവരുണ്ട്. ഒരു മാസം മുതല്‍ 3 മാസംവരെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുണ്ട്. ഇവരെ മാര്‍ജിനല്‍ കൃഷിക്കാരെന്നു വിളിക്കാം. പിന്നെ കര്‍ഷകതൊഴിലാളികളുണ്ട്. അതില്‍തന്നെ തുടര്‍ച്ചയായി പണിചെയ്യുന്നവരും മാര്‍ജിനല്‍ തൊഴിലാളികളുമുണ്ട്. സെന്‍സസ് കണക്കു പരിഗണിച്ചാല്‍ കര്‍ഷകര്‍ ജനസംഖ്യയുടെ 8 ശതമാനത്തില്‍ താഴെയേവരൂ. മാര്‍ജിനല്‍ കൃഷിക്കാരനെകൂടി കൂട്ടിയാല്‍ അത് 9.9 ശതമാനമാകും. കര്‍ഷകതൊഴിലാളികളെ കൂടി ചേര്‍ത്താലത് 23 ശതമാമായി. ഇവരുടെ എണ്ണം നാടകീയമായി കുറഞ്ഞു കൊണ്ടേയിരിക്കുന്നു. 2001 സെന്‍സസിനും  2011 സെന്‍സസിനും ഇടയില്‍ 7.7 ദശലക്ഷം പേര്‍ കാര്‍ഷികവൃത്തി അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ പ്രധാനകര്‍ഷകരെന്ന വിശേഷണത്തിന് പുറത്താവുകയോ ചെയ്തു. പ്രധാന കര്‍ഷകന്‍ എന്ന സ്ഥാനം എങ്ങനെ അവര്‍ക്ക് നഷ്ടമായി? സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം കുറയുമ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണംകൂടുന്നു. ആന്ധ്രയില്‍ ഒരു വലിയ വിഭാഗം കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയുടെ നിയന്ത്രണം നഷ്ടമാവുകയും പ്രതിവര്‍ഷം 183 ദിവസം കൃഷി ചെയ്യാന്‍ കഴിയാതെവരികയും കര്‍ഷകത്തൊഴിലാളിയായി മാറാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. 60-കളിലും 70-കളിലും, എന്തിന് 80-കളില്‍ വരെ നോക്കിയാല്‍ കൃഷിക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവാണ് കാണുക. എന്നാല്‍  1991 മുതല്‍ 2011 വരെയുള്ള സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം 7.2 ദശലക്ഷം കണ്ട് കുറഞ്ഞു.

അതായത് 20 വര്‍ഷത്തെ സാമ്പത്തിക പരിഷ്ക്കരണത്തോടെ രാജ്യത്ത് കര്‍ഷകര്‍ എന്ന് നാം വിളിച്ചിരുന്ന വിഭാഗത്തില്‍ 15 ദശലക്ഷം പേര്‍ ആ വിശേഷണത്തിന് പുറത്തായി. അതായത് ശരാശരി പ്രതിദിം 2000 കര്‍ഷകരെ നമുക്കു നഷ്ടമായി എന്നര്‍ത്ഥം. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കെടുത്താന്‍ ഇത് ശരാശരി പ്രതിദിനം 2035 ആകും. പ്ളാനിംഗ് കമ്മീഷന്റെ കണക്കുപ്രകാരം 2005-2010ല്‍ കാര്‍ഷിക മേഖലയില്‍ 14 ദശലക്ഷം തൊഴിലാളികളാണ് നഷ്ടമായത്. അതിനാല്‍ ജനസംഖ്യയുടെ 50 ശതമാനം കര്‍ഷകരാണെന്ന കണക്ക് തീര്‍ത്തും തെറ്റാണ്. എന്നാല്‍ ജനസംഖ്യയില്‍ 50 ശതമാനം മുതല്‍ 60 ശതമാനംവരെ കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചാണ് കഴിയുന്നതെന്നുപറഞ്ഞാല്‍ അത് ശരിയായിരിക്കും.

കോര്‍പ്പറേറ്റുകളുടെ കയ്യില്‍

നമുക്ക് കാര്‍ഷികരംഗത്തെ കുഴപ്പം ഒറ്റ വാചകത്തില്‍ വിവരിക്കാം. ഇന്ത്യന്‍ ഭരണവര്‍ഗം കൃഷിയെ ചെറുകിട കര്‍ഷകരില്‍ നിന്നെടുത്ത് രാജ്യത്തെ വന്‍കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിച്ചതാണ് കുഴപ്പത്തിന്റെ കാരണം. ഉദാഹരണത്തിന് ആരൊക്കെയാണ് മഹാരാഷ്ട്രയില്‍ കര്‍ഷകരായി രജിസ്റര്‍ ചെയ്തതെന്നു നോക്കാം. കാര്‍ഷികവായ്പ, ഗ്രാമീണ വായ്പ തുടങ്ങിയവയെല്ലാം രാജ്യത്തെ വന്‍കമ്പനികള്‍ക്ക് ലഭ്യമാകുംവിധം നിയമങ്ങള്‍ മാറ്റി. 2010-ല്‍ മഹാരാഷ്ട്രയില്‍ റിസര്‍വ് ബാങ്കിലെ ഒരുദ്യോഗസ്ഥന്‍ നടത്തിയ വിശകലപ്രകാരം സംസ്ഥാനത്തെ കാര്‍ഷിക വായ്പയുടെ 53 ശതമാനം മുംബൈ നഗരത്തിലെ ശാഖകളാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ ഗ്രാമീണ ശാഖകളില്‍ിന്ന് നല്‍കിയിട്ടുള്ള വായ്പ 38 ശതമാനമാണ്.

എവിടെയാണ് മുംബൈ നഗരത്തില്‍ കൃഷിക്കാരുള്ളത്. മുകേഷ് അംബാനിയും അമിതാഭ് ബച്ചനുമാണവിടത്തെ കര്‍ഷകര്‍. അവരാണ് പുത്തന്‍ കൃഷിക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രമല്ല 90കളില്‍ രാജ്യത്താകമാനം സര്‍ക്കാര്‍ ഗ്രാമത്തിലെ ബാങ്ക് ശാഖകള്‍ പൂട്ടി. 1993ല്‍ കൊമേഴ്സ്യല്‍ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ റൂറല്‍ ബാങ്കുകളടക്കം 60 ശതമാനം ഗ്രാമപ്രദേശങ്ങളിലായിരുന്നു. 2008 ആയപ്പോഴേക്കും അത് 48 ശതമാനമായിക്കുറഞ്ഞു. 2009-10 ആയപ്പോള്‍ ഈ നടപടി സൃഷ്ടിച്ച കുഴപ്പത്തെ തുടര്‍ന്ന് ഏതാനും ശാഖകളവര്‍ തുറക്കാന്‍ ശ്രമിച്ചു. ഒപ്പം ബാങ്കിംഗ് കറസ്പോണ്ടന്റെന്ന ഒരു പുതിയ സംവിധാനം കൊണ്ടുവന്നു. അത് പുതിയതരം പണം വട്ടിപ്പലിശ സമ്പ്രദായമാണ്. ഓരോ പ്രാവശ്യം വായ്പ അനുവദിക്കുകയോ, നല്‍കുകയോ ചെയ്യുമ്പോള്‍ അയാള്‍ കൃഷിക്കാരില്‍ിന്ന് ഒരു നിശ്ചിത നിരക്കിലുള്ള പണം വസൂലാക്കുന്നു.

എന്നാല്‍ കാര്‍ഷികവായ്പയുടെ മൊത്തം തുകയില്‍ കാര്യമായ വര്‍ധവുണ്ടായിട്ടുണ്ട്. പക്ഷെ, അതു കിട്ടുന്നത് ചെറുകിടകൃഷിക്കാരല്ല. കാര്‍ഷിക വായ്പയുടെ കൂട്ടത്തില്‍ ഒട്ടനേകം വിഭാഗങ്ങള്‍കൂട്ടിച്ചേര്‍ത്ത് അതിനുള്ള ന്യായങ്ങളും നിരത്തിയിട്ടുണ്ട്. ചിലതൊക്കെ ഏറെ രസകരമായി അനുഭവപ്പെടും. 2010-ല്‍ ബിസിസുകാരുടെ ഒരു ചെറിയ ഗ്രൂപ്പ് ഔറംഗബാദില്‍ 150 മെഴ്സിഡന്‍സ് ബെന്‍സ് കാറുകള്‍ ഒറ്റയടിക്ക് വാങ്ങിയപ്പോള്‍ ഇതെത്ര വലിയ നഗരമാണെന്ന് എല്ലാവരും അത്ഭുതപ്പെട്ടു. അത് ഗിന്നസ് ബുക്കിലും, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ചേര്‍ക്കേണ്ട ഒരു സംഭവമായി. 150 കാറുകളുടെ വില 66 കോടി രൂപ. ഇതില്‍ 44 കോടി രൂപ നല്‍കിയത് പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യില്‍ിന്ന് 7 ശതമാനം പലിശക്ക്. ഞാന്‍ എസ്.ബി.ഐ.യുടെ അതേ ശാഖയില്‍ ചെന്ന് ചോദിച്ചു. ഞാന്‍ ഒരു കര്‍ഷകാണ്; ഒരു ട്രാക്റ്റര്‍ വാങ്ങാനുദ്ദേശിക്കുന്നു; പലിശ എത്രയാണ്? മറുപടി 14 ശതമാനമെന്നായിരുന്നു. അതായത് ലക്ഷ്വറി കാറിന് പലിശ 7 ശതമാവും കാര്‍ഷികോല്പാദത്തിന്റെ ഘടകമായ ട്രാക്റ്ററിന് 14 ശതമാവും. ഇത് ചെറുകിട കര്‍ഷകനോടുള്ള ഭരണകൂടത്തിന്റെ ശത്രുത വെളിപ്പെടുത്തുന്നു. ഇത് ഇന്നു നടക്കുന്ന വിവേചനത്തിന്റെ കഥ പറയുന്നു. കാര്‍ഷിക വായ്പക്ക് ഇന്നിവര്‍ നല്കുന്ന നിര്‍വചനമനുസരിച്ച് മുകേഷ് അമ്പാനി ചെന്നൈയില്‍ അണ്ണാശാലയില്‍ ഒരു കോള്‍ഡ് സ്റോറേജ് ആരംഭിച്ചാല്‍ 4 ശതമാനം പലിശയ്ക്ക് വായ്പ കിട്ടും. ആ കോള്‍ഡ് സ്റോറേജ് പച്ചക്കറികള്‍ സൂക്ഷിക്കാായതിനാല്‍ അത് കാര്‍ഷിക വായ്പയായി പരിഗണിക്കും. അതേ സമയം ഗ്രാമത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകന്‍ വായ്പ ലഭ്യമല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണ്. പക്ഷെ, സര്‍ക്കാര്‍ കാര്‍ഷിക വായ്പയ്ക്ക് നിര്‍വചനങ്ങള്‍ ചമക്കുകയും ഓരോ ബജറ്റിലും നിര്‍വചനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് കര്‍ഷകര്‍ക്കുള്ള വായ്പ വെട്ടിക്കുറക്കുകയാണ്. രാജ്യത്താകെ ഞാന്‍ സന്ദര്‍ശിക്കുന്ന അനേകം ജില്ലകളില്‍ ജനങ്ങള്‍ പറയുന്നത് ബാങ്കുകള്‍ വളരെ കുറഞ്ഞ പലിശ പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷെ, അവര്‍ വായ്പ ല്‍കുന്നില്ല എന്നാണ്.

ടാറ്റാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫസര്‍ രാംകുമാര്‍ നടത്തിയ പഠനമനുസരിച്ച് 2010 വരെ ദേശീയതലത്തില്‍ 50,000 മുതല്‍ 2 ലക്ഷം വരെയുള്ള ചെറുകിട കര്‍ഷകര്‍ എടുത്തിരുന്ന വായ്പയില്‍ വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. അതേ സമയം മൊത്തം കാര്‍ഷിക വായ്പ ഇരട്ടിക്കുമേല്‍ വര്‍ദ്ധിച്ചു. 10 കോടിക്കുമേല്‍ വരെ വായ്പയും വര്‍ധിച്ചു. അത്തരം വായ്പകള്‍ പോകുന്നത് കര്‍ഷകരിലേക്കല്ല; കോര്‍പ്പറേറ്റുകള്‍ക്കാണ്. അവ കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ലഭ്യമാണ്. കോര്‍പ്പറേറ്റ് മേഖലയുടെ വായ്പകള്‍ എഴുതിത്തള്ളുന്നുമുണ്ട്. ഫിക്കിയുമായി ചേര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് "മില്യണ്‍ ഫാര്‍മര്‍ ഇനിഷ്യേറ്റീവ്'' എന്ന ഒരു സ്കീം ആരംഭിച്ചിട്ടുണ്ട്. 7000 കോടിരൂപ വരുന്ന ഈ പദ്ധതിയില്‍ 3000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് സബ്സിഡിയാണ്. തമിഴ്നാട്ടില്‍ കേന്ദ്ര ഓഫീസ് കൊല്‍ക്കത്തയിലുള്ള ഐ.ടി.സി. എന്ന കമ്പനി ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നു. അതുപ്രകാരം ഈ കമ്പനിയുടെ എം.ബി.എ. ബിരുദക്കാരും മറ്റു എക്സിക്യൂട്ടീവുകളും റാഗി, മുളക്, ജീരകം, പുകയില എന്നിവ എങ്ങനെ വളര്‍ത്തണമെന്ന് നമ്മുടെ കര്‍ഷകരെ പഠിപ്പിക്കാന്‍ പോകയാണ്. ഇത് ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റ് കൃഷിയിലേക്ക് മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തെളിയിക്കുന്നു.

ഇന്നത്തെ കാര്‍ഷിക കുഴപ്പത്തിന്റെ മൂലകാരണം ദശലക്ഷക്കണക്കിന് ജനങ്ങളെ കാര്‍ഷിക വൃത്തിയില്‍ നിന്നകറ്റി ആ മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതുതന്നെയാണ്.

കടക്കെണിയും ആത്മഹത്യയും

അതേ സമയം ഒരു കമ്പോളാധിഷ്ഠിത വില നിര്‍ണയത്തിനുവേണ്ടി സര്‍ക്കാര്‍ നിലകൊള്ളുകയാണ്. ഗ്യാസിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചപോലെ ഏകപക്ഷീയ നീക്കമാണിത്. കമ്പോളത്തിലോ, ഇന്ത്യന്‍ ഉല്പാദരീതിയിലോ ഇതിന് ഒരടിസ്ഥാനവുമില്ല. കൃഷിക്കാവശ്യമായ എല്ലാ വസ്തുക്കളുടെയും വില ഇതുമൂലം വര്‍ധിക്കും. കഴിഞ്ഞ 15 വര്‍ഷമായി വളത്തിന്റെ വിലയില്‍ ഗണ്യമായ വര്‍ധവാണുണ്ടായത്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ (ഡി.എ.പി.) വില ഒരു ബാഗിന് 1991ല്‍ 180 രൂപയായിരുന്നു. 2011-ല്‍ അത് 534 രൂപയായി. ഇന്നതിന് തമിഴ്നാട്ടില്‍ 1250 രൂപയാണ്. രാജ്യമാകെ ജലം സ്വകാര്യവല്‍ക്കരിക്കയാണ്. അങ്ങനെ കൃഷിച്ചെലവ് 5 മടങ്ങു കണ്ടു വര്‍ധിച്ചപ്പോള്‍ കര്‍ഷകന്റെ വരുമാനം 5 മടങ്ങു വര്‍ധിച്ചില്ല. കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അവര്‍ പാപ്പരായി. സ്ഥാപനങ്ങളില്‍ നിന്നവര്‍ക്ക് വായ്പ ലഭിക്കുന്നില്ല. വട്ടിപ്പലിശക്കാരനെ സമീപിക്കേണ്ടിവരുന്ന കര്‍ഷകന്‍ കടത്തില്‍ മുങ്ങിത്താഴുന്നു. മിക്ക കാര്‍ഷിക ആത്മഹത്യകളുടെയും അടിസ്ഥാന കാരണമിതാണ്. ആത്മഹത്യ ചെയ്ത 850 പേരുടെ വീടുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം അവര്‍ക്ക് വന്‍ കടബാധ്യതയുണ്ടായിരുന്നു. കാര്‍ഷിക കടം മാത്രമല്ല; ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി വന്ന കടവുമുണ്ട്. ഇന്ന് ഗ്രാമീണ ഇന്ത്യയില്‍ കുടുംബ ബാധ്യതയില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാനം ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. പുതിയ കടം, പഴയകട ബാധ്യതകള്‍, വായ്പയുടെ ദൌര്‍ലഭ്യം, കൃഷിയുടെ തകര്‍ച്ച, വര്‍ധിച്ച കാര്‍ഷിക ചിലവ്, എല്ലാംകൂടി ചേരുമ്പോള്‍ ആത്മഹത്യയെന്ന പ്രതിവിധിയിലേക്ക് കര്‍ഷകന്‍ ചെന്നെത്തുകയാണ്.

2013 ജൂണ്‍ അവസാം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 1995 മുതല്‍ 2013 വരെയുള്ള 18 വര്‍ഷത്തില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ കൃഷിക്കാരുടെ എണ്ണം 2,84,694 ആണ്. ഇതില്‍ ആത്മഹത്യ ചെയ്ത വനിതാ കൃഷിക്കാരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല. പോലീസും സര്‍ക്കാരും ലക്ഷക്കണക്കിനുവരുന്ന സ്ത്രീകളെ കൃഷിക്കാരായി അംഗീകരിക്കുന്നില്ല. അവരെ കര്‍ഷകരുടെ ഭാര്യമാരായിട്ടാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഔദ്യോഗിക കണക്കില്‍ 8-10 ശതമാം മാത്രമേ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കണക്കില്‍ വരുന്നുള്ളൂ.

അതുപോലെ ഔദ്യോഗിക കണക്ക് എസ്.സി./എസ്.ടി. കര്‍ഷകരെയും ഒഴിവാക്കുന്നു. പലപ്പോഴും പോലീസ് പറയുന്നത് അവര്‍ക്ക് രേഖപ്രകാരമുള്ള പട്ടയമില്ലെന്നാണ്. വനിതകളെയും, എസ്.സി. / എസ്.ടി. വിഭാഗങ്ങളെയും ഒഴിവാക്കിയ ശേഷമുള്ള കണക്കുപ്രകാരം കഴിഞ്ഞ 9 കൊല്ലത്തില്‍ 32 മിനിറ്റില്‍ ശരാശരി ഒരു കര്‍ഷകന്‍ വീതം സ്വയം മരിക്കുന്നു. കുഴപ്പം ആത്മഹത്യയല്ല, അതിലേക്കെത്തിക്കുന്ന കാരണങ്ങളാണ്. കുഴപ്പമെങ്ങനെ തുടങ്ങുന്നുവെന്നതല്ല, അതെവിടേക്കെത്തിക്കുന്നു എന്നതാണ്. ഭരണക്കാരുടെ നവലിബറല്‍ നയങ്ങള്‍ കാര്‍ഷിക മേഖലയിലെ നിക്ഷേപം ഒഴിവാക്കി കാര്‍ഷികവൃത്തി ചെറുകിട കര്‍ഷകരില്‍ിന്ന് വന്‍കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള പദ്ധതിയാണ്. കര്‍ഷകരുടെ ലക്ഷക്കണക്കിനുവരുന്ന ഏക്കര്‍ ഭൂമി അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഈയിടെയാണ് വെറ്റില കൃഷി നടത്തിയിരുന്ന പ്രദേശങ്ങള്‍ ഖനനത്തിനായി POSCO എന്ന കമ്പനിക്ക് കൈമാറുന്നതിനെതിരെ സമരം നടന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ സെന്‍സസ് രേഖകള്‍ പറയുന്നത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളുപേക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറിയെന്നും അത് പുതിയ പ്രശ്ങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നുമാണ്. പുരുഷന്മാര്‍, അവര്‍ ഗ്രാമങ്ങളില്‍ താമസമാണെങ്കിലും കൃഷി ഉപേക്ഷിച്ചിരിക്കുന്നു. അത് സ്ത്രീ കര്‍ഷകരുടെമേല്‍ കൂടുതല്‍ ബാധ്യതകള്‍ വരുത്തിയിരിക്കുന്നു. മുമ്പ് വീട്ടിലവര്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചിരുന്നെങ്കില്‍ ഇന്നതുപേക്ഷിച്ച് കര്‍ഷകത്തൊഴിലാളികളായി. അതിനാല്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. 1997നുശേഷം ആടുമാടുകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി.

സാധ്യമായ പരിഹാരങ്ങള്‍

ഈ സ്ഥിതിയില്‍ കര്‍ഷകരുടെ ദേശീയ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കയാണുവേണ്ടത്. വര്‍ധിച്ചുവന്ന കര്‍ഷക ആത്മഹത്യകളെ തുടര്‍ന്ന് 2004-ല്‍ സര്‍ക്കാര്‍ പ്രൊഫസര്‍ സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചു. 2007-ല്‍ കമ്മീഷന്‍ കൃഷിമന്ത്രി ശരദ് പവാറിന് വിപുലമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി. അതില്‍ ക്രിയാത്മകമായ നിരവധി നിര്‍ദേശങ്ങളുണ്ട്. 6 വര്‍ഷം കഴിഞ്ഞെങ്കിലും പാര്‍ലമെന്റില്‍ ആ റിപ്പോര്‍ട്ടിനെപ്പറ്റി ഒരു ചര്‍ച്ചപോലും നടന്നില്ല. അത് ഇന്നുവരെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ കെ.ജി. ബേസിനിലെ എണ്ണയുടെ നേട്ടം, അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ ആന്ധ്രയിലെ ജനങ്ങളാണെങ്കിലും, മുകേഷ് അമ്പാനിക്കോ അതോ അനില്‍ അമ്പാനിക്കോ നല്‍കേണ്ടതെന്ന കാര്യം ചര്‍ച്ച ചെയ്യാനവര്‍ക്ക് സമയമുണ്ട്. കാര്‍ഷികചിലവും അതിന്റെ 50 ശതമാവും കൂട്ടിയാവണം കര്‍ഷക് ലഭിക്കേണ്ട വിലയെന്നൊരു നിര്‍ദേശമതിലുണ്ട്. കുറഞ്ഞ പലിശയുള്ള വായ്പയെക്കുറിച്ചും, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പലിശരഹിത വായ്പ നല്‍കുന്നതിക്കുറിച്ചും അതില്‍ പറയുന്നുണ്ട്. ഇടതുപക്ഷ പാര്‍ടികളുടെ എം.പി.മാര്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളം വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശരദ് പവാര്‍ അതിന് സമ്മതിച്ചെങ്കിലും കാര്യങ്ങള്‍ ഒരിഞ്ചുനീങ്ങിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷമിന്നുവരെ ശരദ് പവാര്‍ സ്വാമിനാഥനോട് സംസാരിച്ചിട്ടില്ല. കോര്‍പ്പറേറ്റുകള്‍ക്കായുള്ള ഒരു റിപ്പോര്‍ട്ട് തയാറാക്കി നല്‍കാത്തതിാലാവണം സ്വാമിനാഥട് ഇങ്ങനെ പെരുമാറുന്നത്. നാം ചെയ്യേണ്ടത് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.

കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ സമ്മേളം വിളിച്ചുകൂട്ടണമെന്ന ശക്തിയായ നിലപാട് നാം സ്വീകരിക്കണം. കൃഷി ഒരു പൊതുസേവനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടണം. കാര്‍ഷിക മേഖലയിലുള്ളവര്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. കമ്മീഷന്റെ നിര്‍ദേശങ്ങളിലൊന്ന് ഇങ്ങിനെയാണ്. "കാര്‍ഷിക വളര്‍ച്ച കണക്കാക്കേണ്ടത് ഉല്പന്നത്തിന്റെ അടിസ്ഥാനത്തിലല്ല, കൃഷിക്കാരന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്''.

അതോടൊപ്പം മറ്റു രണ്ടു കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹ്യ പ്രശ്ങ്ങള്‍ സംബന്ധിച്ച ഗവേഷണവും സാമ്പത്തിക പ്രശ്ങ്ങളില്‍ കൈക്കൊള്ളേണ്ട നയങ്ങളും. സാമൂഹ്യമേഖലയില്‍ ഗവേഷണത്തില്‍ ശ്രദ്ധയൂന്നണം. ഇന്ന് പൊതുമേഖലയിലുള്ള കാര്‍ഷിക സര്‍വകലാശാലകളും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും വിറ്റുകഴിഞ്ഞു. അവ പൂര്‍ണമായും ഇന്നു പ്രവര്‍ത്തിക്കുന്നത് മൊണ്‍സാന്റോ, കാര്‍ഗില്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടിയാണ്. കര്‍ഷകരെ അവരെന്നോ കൈവെടിഞ്ഞുകഴിഞ്ഞു. ഇന്നവര്‍ പുതിയതെന്നു പറഞ്ഞ് ഈ കുത്തകകളുടെ വിത്തുകളും മറ്റും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കയാണ്. നമ്മുടെ കര്‍ഷകരെ അവര്‍ ചതിയില്‍പ്പെടുത്തുകയാണ്. അതുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ മുന്‍കൈയെടുത്ത് ദേശീയതലത്തിലും, സംസ്ഥാനതലത്തിലും കഴിയുമെങ്കില്‍ ജില്ലാതലത്തിലും ചെറിയതോതിലെങ്കിലും കാര്‍ഷിക ഗവേഷണം സംഘടിപ്പിക്കണം. പരീക്ഷണാര്‍ത്ഥം ഒന്നോ രണ്ടോ ഏക്കറിലായി ഇത് തുടങ്ങിവക്കാം. ഓരോ ജില്ലയിലും മണ്ണിന്റെ ഉല്പാദന ക്ഷമത മുക്കറിയേണ്ടതുണ്ട്. മണ്ണൊലിപ്പ് വര്‍ധിച്ചുവരുന്നു. ഒന്നുകില്‍ ശരിയായ വിഭവം കൃഷി ചെയ്യാത്തതുകൊണ്ടോ കൂടുതല്‍ രാസവളമുപയോഗിക്കുന്നതുകൊണ്ടോ മണ്ണിന്റെ ഉല്പാദനക്ഷമത കുറയാം. ഇതൊക്കെ നിര്‍ണയിച്ചേ തീരൂ. വിവിധ രാജ്യങ്ങളില്‍ കര്‍ഷകരുടെ സംഘടകള്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്നുണ്ട്. വെള്ളത്തിന്റെ ഉപയോഗക്രമത്തിന്റെ കാര്യമുണ്ട്. സംയുക്ത കൃഷി രീതികള്‍ വേണ്ടിവരും. ഉദാഹരണത്തിന് ഒരു പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് സംയുക്തമായി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ നിര്‍ണയിച്ച് പ്രവര്‍ത്തികള്‍ ചെയ്യാനാവും. അപ്പോള്‍ എന്തു കൃഷി ചെയ്യണമെന്നും എത്ര കൃഷി ചെയ്യണമെന്നുമൊക്കെ നല്ല ധാരണ അവര്‍ക്കുണ്ടാവും.

രാഷ്ട്രീയ, സാമ്പത്തിക പ്രശ്ങ്ങള്‍ പരിഗണിച്ചാല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരം ചെയ്യേണ്ടിവരും. 20 വര്‍ഷങ്ങളായി തുടരുന്ന നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടണം. വായ്പാ സംവിധാനം ഉടച്ചുവാര്‍ക്കാനായി ജനകീയ സമരം സംഘടിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രം നോക്കിയാല്‍ നഗര പ്രദേശങ്ങളിലെ നേതാക്കളും വക്കീലന്മാരും മാത്രമല്ല, ഈ രാജ്യത്തെ കര്‍ഷകരും ചേര്‍ന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ കടപുഴക്കിയതെന്ന് കാണാന്‍ കഴിയും. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ കര്‍ഷകരുടെ സംഭാവനയുണ്ട്. 1948-ല്‍ തെലങ്കാനയില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ കര്‍ഷകര്‍ നൈസാമിനെതിരെ സമരം ചെയ്ത് 10 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു. 50-കളില്‍ കേരളത്തില്‍ ഭൂപരിഷ്ക്കരണം കൊണ്ടുവന്നു. 70-കളിലും 80-കളിലും പടിഞ്ഞാറന്‍ ബംഗാളില്‍ ഭൂപരിഷ്ക്കരണം നടപ്പിലാക്കി. ഇനിയും ചെയ്തുതീര്‍ക്കാന്‍ ഏറെ ബാക്കിയുണ്ട്.

ഇന്ത്യയില്‍ 50, 60, 70-കളില്‍ കര്‍ഷകരുടെ വന്‍ ജനകീയ പ്രസ്ഥാനങ്ങളുയര്‍ന്നുവന്നു. 90, 2000 ആയപ്പോള്‍ നാം കാണുന്നത് കര്‍ഷകരുടെ കൂട്ട ആത്മഹത്യയാണ്. ഇതല്ല പരിഹാരം. അത് കീഴടങ്ങലാണ്. അതിനാല്‍ നമുക്ക് 50, 60, 70-കളിലേക്ക് പോകണം. നയങ്ങളെ ചെറുക്കണം. അവകാശങ്ങള്‍ക്കായി പ്രക്ഷോഭം സംഘടിപ്പിക്കണം. കൃഷി കര്‍ഷകന്റെ കൈവശം തുടരുമെന്നും കോര്‍പ്പറേറ്റുകളെ അവിടേക്ക് കടത്തില്ലെന്നും ഉറപ്പുവരുത്തണം. അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യാന്‍ കഴിയുമെന്നുമാണ് കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം തെളിയിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ തെരുവിലിറങ്ങി കോര്‍പ്പറേറ്റുകളെ നേരിടുമ്പോള്‍ അതൊരു ശക്തവും രൂക്ഷവുമായ സമരമായിമാറും. അവിടെ അന്തിമവിജയം കര്‍ഷകര്‍ക്കു തന്നെയായിരിക്കും.

*
പി.സായ്നാഥ്

Saturday, May 18, 2013

തകരുന്ന കൃഷി തളരുന്ന കര്‍ഷകന്‍

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ന്നുവന്നത് കര്‍ഷകജനതയില്‍നിന്നാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും മുമ്പുതന്നെ അതിശക്തമായ കര്‍ഷക കലാപങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. 1793ല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഒരുപിടി ജന്മിമാരില്‍ നിക്ഷിപ്തമാക്കി ഈസ്റ്റിന്ത്യാ കമ്പനി നടപ്പാക്കിയ സ്ഥിരം സെറ്റില്‍മെന്റ് സമ്പ്രദായം, സ്വന്തം ഭൂമിയില്‍ അധ്വാനിച്ചു കഴിയുന്ന കൃഷിക്കാരന് ഭൂമിയില്‍ ഒരവകാശവും ഇല്ലാതാക്കി. ഈ നിയമത്തിനെതിരെ 1807ല്‍ ആരംഭിച്ച കാര്‍ഷിക കലാപം ഡല്‍ഹി കലാപമെന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. 1855 ലെ സന്താള്‍ കലാപവും 1860 ലെ നീലം പണിമുടക്കും സുപ്രധാനങ്ങളായ കാര്‍ഷിക കലാപങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അധികാരികളുടെ കാര്‍ഷിക ചൂഷണങ്ങള്‍ക്കെതിരെ 1736ല്‍ തിരുവിതാംകൂറില്‍ നടന്ന കാര്‍ഷിക കലാപം ഈസ്റ്റിന്ത്യാ കമ്പനി തലവന്‍ ഗിഫോര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ ജീവനാശത്തിലാണ് കലാശിച്ചത്. പഴശ്ശിരാജയുടെയും വേലുത്തമ്പിയുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും കര്‍ഷക ദ്രോഹനടപടികള്‍ക്കെതിരായ അതിശക്തമായ ചെറുത്തു നില്‍പ്പുകളായിരുന്നു. രാജ്യത്തെ കൃഷിഭൂമികളില്‍ വീണ വിയര്‍പ്പുമുത്തുകളില്‍നിന്നും രുധിരകണങ്ങളില്‍നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ടാണ് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ബീജാവാപംചെയ്തത്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ശക്തമായ കാര്‍ഷിക കലാപങ്ങളാണ് 1917 ലെ ചമ്പാരന്‍ സത്യഗ്രഹവും 1921 ലെ മലബാര്‍ കര്‍ഷക കലാപവും 1928 ലെ ബര്‍ദോളി സത്യഗ്രഹവും. ഇതുകൂടാതെ ദേശീയശ്രദ്ധ ആകര്‍ഷിച്ചതും അല്ലാത്തതുമായ നിരവധി കാര്‍ഷിക കലാപങ്ങള്‍ക്ക് സ്വാതന്ത്ര്യപൂര്‍വ ഇന്ത്യ സാക്ഷ്യംവഹിച്ചു. ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന ഇന്ത്യയിലെ ഇടത്തരം- ചെറുകിട- നാമമാത്ര കര്‍ഷകരെല്ലാം 1922ലെ ചൗരിചൗരാ സംഭവത്തിനാധാരമായ നികുതി നിഷേധ സമരം ഏകപക്ഷീയമായി പിന്‍വലിച്ച ഗാന്ധിജിയുടെ നിലപാടിനോട് അസംതൃപ്തിയുള്ളവരായിരുന്നു. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്നുള്ള പ്രക്ഷോഭങ്ങളിലൂടെമാത്രമേ ഇന്ത്യന്‍ കര്‍ഷകന് മോചനം നേടാന്‍ കഴിയുകയുള്ളൂവെന്ന ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പ്രചാരണം കര്‍ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങി. ഇതിന്റെ പരിസമാപ്തിയിലാണ് 1936 ജനുവരി 15ന് മീററ്റില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാന്‍സഭയുടെ ഒന്നാം സമ്മേളനം നടന്നത്. ഇ എം എസ്, നൃപന്‍ ചക്രവര്‍ത്തി, ലാല്‍ബഹദൂര്‍ ശാസ്ത്രി, ജയപ്രകാശ് നാരായണന്‍, സോഹന്‍ സിങ് എന്നീ പ്രമുഖ ദേശീയ നേതാക്കളടങ്ങുന്ന പ്രഥമ കിസാന്‍സഭ ദേശീയ ഘടകത്തിന്റെ പ്രസിഡന്റ് സഹജാനന്ദ സരസ്വതിയും സെക്രട്ടറി എം ജി രംഗയുമായിരുന്നു. 1936 ലെയും 1937 ലെയും മദ്രാസ് പട്ടിണിജാഥകള്‍, 1939-40 ലെ മലബാര്‍ പ്രക്ഷോഭവും കയ്യൂര്‍ സമരവും, 1946 ലെ പുന്നപ്ര-വയലാര്‍, തെലുങ്കാന തേഭാഗ സമരങ്ങള്‍ തുടങ്ങിയ കലാപങ്ങളുടെ പതാകാവാഹകരായത് കിസാന്‍സഭ സമരഭടന്മാരാണെന്നത് ചരിത്രസാക്ഷ്യം.

കേരള സംസ്ഥാന രൂപീകരണംവരെ തിരു-കൊച്ചി കര്‍ഷകസംഘവും മലബാര്‍ കര്‍ഷകസംഘവുമായാണ് കേരളത്തിലെ കര്‍ഷക പ്രസ്ഥാനം പ്രവര്‍ത്തിച്ചത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടതോടെ 1956 ഡിസംബര്‍ 29, 30 തീയതികളില്‍ കേരള കര്‍ഷകസംഘത്തിന്റെ ഒന്നാം സമ്മേളനം ഷൊര്‍ണൂരില്‍ നടന്നു. ഒഴിപ്പിക്കല്‍ തടയുക, ഭൂപരിഷ്കാരങ്ങള്‍ നടപ്പാക്കുക, കടഭാരത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് രണ്ട് കൊല്ലത്തേക്ക് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുക, അതിനിടയില്‍ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരിക എന്നീ സുപ്രധാന നിര്‍ദേശങ്ങളാണ് സമ്മേളനം മുന്നോട്ടുവച്ചത്. തുടര്‍ന്ന് കര്‍ഷക താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനും എതിരായും കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ പതംവരുത്തിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്. അധികാരത്തിലേറി ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കല്‍ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും കേരള നിയമസഭയുടെ ആദ്യ നിയമനിര്‍മാണമായി കേരളാ സ്റ്റേറ്റ്ഓഫ് എവിക്ഷന്‍ പ്രൊസീഡിങ്സ് ആക്ട് എന്ന നിയമനിര്‍മാണം നടപ്പാക്കുകയുംചെയ്തു. 1958 ജൂലൈ 7ന് ജന്മികരം നിര്‍ത്തല്‍ചെയ്യുന്നതിനും കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ അവകാശം നല്‍കുന്നതിനും വേണ്ടി ജന്മികരം പേയ്മെന്റ് അബോളിഷന്‍ ആക്ട് നടപ്പാക്കി. ഭൂപരിഷ്കരണ ബില്‍ 1959 ജൂണ്‍ 10 ന് പാസാക്കി ജന്മിത്വ സമ്പ്രദായത്തെ നിയമപരമായി ഇല്ലായ്മചെയ്തു. 1958 ല്‍ തന്നെ കടാശ്വാസനിയമം പാസാക്കി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സ്വാഭാവികമായും വരേണ്യവര്‍ഗത്തിന്റെ കണ്ണിലെ കരടായി മാറി. അത് സര്‍ക്കാരിന്റെ പിരിച്ചുവിടലിലേക്ക് നയിച്ചത് ചരിത്രം.

എന്നാല്‍, കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രക്ഷോഭങ്ങളായി വളര്‍ത്തി കര്‍ഷകസംഘം മുന്നേറി. ഇതിനിടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ്- ഇടതുപക്ഷ മന്ത്രിസഭകള്‍ പുരോഗമനപരമായ നടപടികളിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും കര്‍ഷകര്‍ക്ക് താങ്ങും തണലുമായെങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ ഭരണമാറ്റം കാര്‍ഷിക മേഖലയുടെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്ന നയനിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷിക മേഖല ഊര്‍ധ്വശ്വാസം വലിക്കുകയാണ്.

1990-91ല്‍ സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ 26.9 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നുവെങ്കില്‍ 2011-12 ല്‍ അത് 9.1 എന്ന സര്‍വകാല തകര്‍ച്ചയിലെത്തി. കാര്‍ഷിക സമ്പദ് വ്യവസ്ഥ എന്ന പേരുതന്നെ നഷ്ടമാകുന്ന ഗുരുതരമായ അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് 9-ാം പഞ്ചവത്സര പദ്ധതിക്കാലം മുതല്‍ കേരളം കടന്നുപോകുന്നത്. കേരളത്തില്‍ ഭൂവിനിയോഗ രീതിയില്‍ വന്ന മാറ്റം കൃഷിഭൂമിയുടെ വിസ്തൃതിയില്‍ വന്‍കുറവ് രേഖപ്പെടുത്തി. ആകെ ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറിന്റെ 56 ശതമാനംമാത്രമാണ് കൃഷിക്കനുയോജ്യമായിട്ടുള്ളത്. ഇതില്‍ 10 ലക്ഷം ഹെക്ടറും കൈകാര്യം ചെയ്യുന്നത് ഏകദേശം 70 ലക്ഷം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഇവരെല്ലാംതന്നെ 10 സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെമാത്രം കൃഷിഭൂമിയുടെ ഉടമകളാണ്.

അരിയുടെ ഉല്‍പ്പാദനവും നെല്‍കൃഷിയുടെ വിസ്തൃതിയും ഓരോ വര്‍ഷവും ഉല്‍ക്കണ്ഠാജനകമായ വിധത്തില്‍ കുറയുകയാണ്. 1974-75 ല്‍ 8.81 ലക്ഷം ഹെക്ടറില്‍ വ്യാപിച്ചിരുന്ന നെല്‍കൃഷി 2011-12ല്‍ 2.08 ലക്ഷം ഹെക്ടറിലായി ചുരുങ്ങി. 2008ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷവും പ്രതിവര്‍ഷം 5000 മുതല്‍ 10,000 വരെ ഹെക്ടര്‍ നെല്‍വയല്‍ അപ്രത്യക്ഷമാവുകയാണ്. 75 ശതമാനം ഭക്ഷ്യകമ്മി അനുഭവപ്പെടുന്ന സംസ്ഥാനത്താണ് ഇത് എന്നത് ശ്രദ്ധേയം.

നാളികേര കൃഷിയുടെ ഭൂവിസ്തൃതിയും വര്‍ഷം തോറും കുറഞ്ഞുവരുന്നു. നാളികേര കര്‍ഷകരെ സംരക്ഷിക്കുന്നതിനോ തദ്ദേശീയമായ ഭക്ഷ്യ എണ്ണ ഉല്‍പ്പാദനത്തിനുള്ള സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ല. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മാത്രമല്ല, ഊഹക്കച്ചവടവും അവധിവ്യാപാരവുമെല്ലാം കേരളത്തിലെ കുരുമുളക്, ഏലം കര്‍ഷകരെയടക്കം വന്‍ പ്രതിസന്ധിയിലാക്കി. രാജ്യത്തിന്റെ മൊത്തം കുരുമുളക് ഉല്‍പ്പാദനത്തിന്റെ 98 ശതമാനവും ഏലം ഉല്‍പ്പാദനത്തിന്റെ 78.8 ശതമാനവും കേരളത്തില്‍നിന്നാണെങ്കിലും കര്‍ഷകന് അര്‍ഹമായ ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തിന്റെ 87.3 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. എന്നാല്‍, വിപണിയെ നിയന്ത്രിക്കുന്ന ഉത്തരേന്ത്യന്‍ ലോബിയുടെ താല്‍പ്പര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത്. കാപ്പി, തേയില, കശുമാവ് അടക്കമുള്ള കൃഷികളെല്ലാം ന്യായമായ വില ലഭിക്കാതെയും കൃഷിക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമല്ലാതെയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അടയ്ക്ക, മരച്ചീനി, വാഴ, പച്ചക്കറി, കരിമ്പ്, പുകയില കര്‍ഷകരും പശു, ആട്, കോഴി, പന്നി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പുഷ്പ കൃഷി, മത്സ്യം വളര്‍ത്തല്‍ എന്നിവ ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരടക്കം ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാതെയും കടക്കെണിയില്‍ അകപ്പെട്ടും ആത്മഹത്യയുടെ വക്കിലാണ്. 69 കേരളീയ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് അവരുടെ ചിതയ്ക്കുമുകളില്‍ നിന്ന് ചുടലനൃത്തം ചവിട്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്.

1991ന് ശേഷം രാജ്യത്ത് നടപ്പാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയം, ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തേക്കാള്‍ വലിയ ദുരന്തങ്ങളിലേക്കാണ് കര്‍ഷക സമൂഹത്തെ നയിക്കുന്നത്. ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍, കാര്‍ഷിക മേഖലയുടെ കോര്‍പറേറ്റ് വല്‍ക്കരണം, സബ്സിഡികള്‍ വെട്ടിച്ചുരുക്കല്‍, കാര്‍ഷിക മേഖലയെ അവഗണിച്ചുള്ള വായ്പാ നയങ്ങള്‍, കര്‍ഷകരെ ശക്തമായി പിന്തുണയ്ക്കുന്ന സഹകരണ മേഖലയെ തകര്‍ക്കല്‍ എന്നിങ്ങനെ ബഹുമുഖ ആക്രമണമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുനേരെ അഴിച്ചുവിടുന്നത്. പ്രകൃതിവിഭവങ്ങളെ യഥേഷ്ടം ചൂഷണംചെയ്ത് കൊള്ളലാഭം കുന്നുകൂട്ടുവാന്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാവിധ ഒത്താശയും നല്‍കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കര്‍ഷകരടക്കമുള്ള സാമാന്യ ജനവിഭാഗങ്ങളെ വീണ്ടും അടിയാളന്മാരാക്കി മാറ്റുന്ന ഭരണവര്‍ഗ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി

Friday, May 3, 2013

അനുകരണീയ മാതൃക

കഴിഞ്ഞദിവസം വന്ന രണ്ടു വാര്‍ത്തകള്‍ കേരളത്തിന്റെ വളര്‍ച്ചയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ആശ്വാസം പകരുന്നതാണ്. നെല്‍കൃഷി വിളവെടുത്തു എന്നതാണൊന്ന്. പേരാമ്പ്രയ്ക്കടുത്ത ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പാടശേഖരത്തില്‍ ഒരേക്കര്‍ സ്ഥലത്ത് ജൈവവളം ഉപയോഗിച്ച് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. നെല്ലിനു പുറമെ വെള്ളരി, ഇളവന്‍, പയര്‍, മത്തന്‍, വാഴ എന്നിവയും കൃഷിചെയ്യുന്നുണ്ട്. നാടന്‍ പശു, മലബാറി ആട്, നാടന്‍ കോഴി എന്നിവയും വളര്‍ത്തുന്നുണ്ട്.

മറ്റൊരു വാര്‍ത്ത പെണ്‍കരുത്തില്‍ തരിശുഭൂമിയില്‍ നൂറുമേനി എന്നതാണ്. കൊയിലാണ്ടിയില്‍നിന്നുള്ള ഈ വാര്‍ത്തയില്‍ നെല്‍കൃഷി ലാഭകരംതന്നെയെന്ന് മേലൂരിലെ ഒരുസംഘം സ്ത്രീകള്‍ തെളിയിച്ചു എന്നാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അപൂര്‍വമായെങ്കിലും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കാനേഷുമാരി കണക്കില്‍ ഇന്ത്യയുടെ ജനസംഖ്യ 121 കോടിയായി വര്‍ധിച്ചെന്ന് കാണുന്നു. എന്നാല്‍, കൃഷിയില്‍നിന്ന് വന്‍തോതില്‍ കര്‍ഷകര്‍ മാറിപ്പോകുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ രണ്ടുലക്ഷത്തില്‍പരം കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ആഗോളവല്‍ക്കരണനയത്തിന്റെ ഫലമാണിതെന്നു പറയാന്‍ മടിക്കേണ്ടതില്ല. കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് പടിപടിയായി കുറച്ചു. വളം ഉള്‍പ്പെടെ സകലതിനും വില വര്‍ധിക്കുകയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഇടിയുകയുംചെയ്തു. എല്ലാം കമ്പോളത്തിന്റെ കൊള്ളയ്ക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഇതുമൂലം കൃഷിയില്‍ താല്‍പ്പര്യം കുറഞ്ഞു. കൃഷി നഷ്ടമാണെന്ന അനുഭവം ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. കൃഷിയാവശ്യത്തിനായി ആരും ഭൂമി വാങ്ങുന്നില്ല എന്നതാണ് കേരളത്തിലെ സ്ഥിതി. ഈ നില തുടരുന്നത് കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കും. ചെറുപ്പക്കാര്‍ കൃഷിയില്‍ താല്‍പ്പര്യമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കര്‍ത്തവ്യമാണ്. സമൂഹം അതുമായി സഹകരിക്കുകയും വേണം. ജനകീയാസൂത്രണം ഈ ലക്ഷ്യത്തിലേക്കുള്ള കാല്‍വയ്പായിരുന്നു. യുഡിഎഫ് ഭരണമാണ് അത് പൊളിച്ചത്. ഇന്നത്തെ നിലയില്‍ മാറ്റം വരുത്തുന്നതിന് ഇടതുപക്ഷ പുരോഗമനശക്തികള്‍ക്കേ കഴിയൂ. തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ സംഭവം യുവാക്കള്‍ക്കൊരു മാതൃകയാണ്, അനുകരണീയമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, April 15, 2013

ഉഴിഞ്ഞാല്‍ : കൂട്ടായ്മയുടെ മറ്റൊരു വിജയകഥ

ഒരു വീണ്ടെടുപ്പിന്റെ മറുപേരാണിന്ന് ഉഴിഞ്ഞാല്‍. കൈവിട്ടുപോകുമായിരുന്ന ഒരു കാര്‍ഷിക സംസ്കൃതിയെ തിരിച്ചുപിടിച്ച കഥയാണ് പുതുക്കാട്ടുകാര്‍ പറയുക. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയില്‍ നെല്‍ക്കൃഷിയില്‍ രചിച്ച വിജയഗാഥയാണ് ഉഴിഞ്ഞാല്‍ പാടശേഖരത്തിന് പറയാനുള്ളത്. ദേശീയപാത 47ല്‍ തൃശൂര്‍ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂരിനടുത്താണ് ഉഴിഞ്ഞാല്‍ പാടശേഖരം. കുറുമാലിപ്പുഴയുടെ തീരത്തുള്ള ഇവിടം എക്കല്‍മണ്ണ് നിക്ഷേപത്താല്‍ സമ്പന്നമാണ്.

കുറുമാലിപ്പുഴയ്ക്ക് സമാന്തരമായി ഊഞ്ഞാല്‍(ഉഴിഞ്ഞാല്‍) രൂപത്തിലാണ് ഈ പാടശേഖരത്തിന്റെ കിടപ്പ്. പുതുക്കാട് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണിത്. കുറുമാലിപ്പുഴയില്‍ വെള്ളം കയറിയാല്‍ ഉഴിഞ്ഞാല്‍ പാടത്തും ജലനിരപ്പുയരും. വെള്ളം അടിച്ചുവറ്റിച്ചുവേണം കൃഷയിറക്കാന്‍. കുറുമാലിപ്പുഴയില്‍നിന്ന് ഒലിച്ചുവരുന്ന വന്‍തോതിലുള്ള എക്കല്‍നിക്ഷേപം ഈ മണ്ണിനെ ഫലഭൂയിഷ്ടടമാക്കുന്നു. ഒപ്പം മലമടക്കുകളിലെ പാടശേഖരങ്ങളായ ഏലകളുടെ സ്വഭാവവും ഇതിനുണ്ട്. 22 ഹെക്ടറാണ് ഉഴിഞ്ഞാല്‍ പാടശേഖരം. മിക്കവാറും തരിശ്. കളിമണ്‍ ഖനനക്കാര്‍ വിലകൊടുത്തുവാങ്ങി തരിശിട്ടിരുന്ന സ്ഥലവും ധാരാളം. ഇവിടെയാണ് കര്‍ഷക കൂട്ടായ്മ വിളയിറക്കി വിജയം കൊയ്തത്. പതിനൊന്ന് ഏക്കറിലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ഷക കൂട്ടായ്മ കൃഷിയിറക്കിയത്. മണ്ണുമാഫിയ വിലകൊടുത്തുവാങ്ങി തരിശിട്ട 50പറ നിലവും ഇതില്‍പ്പെടും. വിവിധയിടങ്ങളില്‍ രൂപീകരിച്ച കര്‍ഷകസമിതികളിലെ അംഗങ്ങള്‍ സ്വയം സമാഹരിച്ച ഒന്നരലക്ഷം രൂപകൊണ്ടാണ് വിളവിറക്കിയത്.

കൊടകര മണ്ഡലം കേന്ദ്രീകരിച്ച് രൂപംകൊടുത്ത നെല്ല് സംസ്കരണ വിപണനകൂട്ടായ്മ വാങ്ങുന്ന നെല്ലിന്റെ വില മുന്‍കൂര്‍ നല്‍കിയാണ് വിളവെടുപ്പിന്റെ ചെലവിനുള്ള പണം കണ്ടെത്തിയത്. പുതുക്കാട് പഞ്ചായത്തില്‍ 100 പറയിലും കൊടകര പഞ്ചായത്തിലെ പുത്തൂക്കാവ് പാടശേഖരത്തിലെ 50 പറയിലുമാണ് കര്‍ഷക കൂട്ടായ്മ വിളയിറക്കിയത്.കൂലിവേലക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐടി വിദഗ്ധര്‍ തുടങ്ങി നാനാമേഖലകളില്‍ നിന്നുമുള്ളവര്‍ പാടത്തിറങ്ങി. ഒരോരുത്തരും അവരവരുടെ ഒഴിവുസമയങ്ങളില്‍ കര്‍ഷകരായി. വെറുതെ കൃഷിയിറക്കുക മാത്രമല്ല. കൊയ്തെടുത്ത നെല്ല് സംഭരിച്ച് അരിയാക്കി അതതു പാടശേഖരത്തിന്റെ പേരില്‍ വിപണനം ചെയ്യുക എന്ന ഉദ്ദേശത്തോടെ നെല്ല് സംസ്കരണ വിപണന കൂട്ടായ്മയും (ജജങഇ) കൊടകരയില്‍ രൂപീകരിച്ചിട്ടുണ്ട്. കൊടകര മേഖലയിലെ 8 പഞ്ചായത്തുകളില്‍ നിന്നുള്ള 100 പേരുടെ കൂട്ടായ്മയാണിത്. കലര്‍പ്പില്ലാത്ത അരി വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവും ഈ കൂട്ടായ്മ കൈവരിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഉഴിഞ്ഞാല്‍ എന്ന ബ്രാന്‍ഡ്നെയിമിലുള്ള അരി വിപണിയിലെത്തി.

ഉഴിഞ്ഞാല്‍പ്പാടത്തെ 100 പറ നെല്‍ക്കൃഷിയില്‍നിന്നും സംഭരിച്ച 4 ടണ്‍ നെല്ലാണ് അരിയാക്കി ഉഴിഞ്ഞാല്‍ അരി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചത്. ഇതിന്റെ വിപണനോദ്ഘാടനം ഏപ്രില്‍ നാലിന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈശാഖനും നെല്ല് സംസ്കരണ വിപണന കൂട്ടായ്മയുടെ പ്രഖ്യാപനം പുതുക്കാട് എംഎല്‍എ പ്രൊഫ.സി രവീന്ദ്രനാഥും നിര്‍വഹിച്ചു. നെല്‍വയലുകളുടെയും നെല്‍കൃഷിയുടെയും വിസ്തൃതി ഭീതിതമാംവിധം കുറയുന്നതുസംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകരയില്‍ നടത്തിയ പഠനമാണ് നെല്‍ക്കൃഷിരംഗത്തെ പുതിയ ചലനങ്ങള്‍ക്ക് വഴിതെളിച്ചത്. കേരളത്തില്‍തന്നെ ഏറ്റവും വലിയ ഗ്രൂപ്പ് ഫാമിങ് സൊസൈറ്റികളിലൊന്നാണ് ഉഴിഞ്ഞാല്‍. ഇരുപതോളം പമ്പ് സെറ്റ്, ട്രില്ലര്‍, മെതിയന്ത്രം, പെട്ടിപറ, ഓഫീസ് കെട്ടിടം എന്നിവ ഉണ്ടെങ്കിലും ഒന്നും കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. വെള്ളം നിയന്ത്രിക്കുന്നതിനുള്ള സ്ലൂയിസ് തകരാറിലാണ്. കൃഷിയിറക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് പ്രക്ഷോഭരംഗത്തിറങ്ങിയുമാണ് ഇവര്‍ വിജയം കൊയ്തത്.

*
കെ എന്‍ സനില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013