Showing posts with label ബ്രസീല്‍. Show all posts
Showing posts with label ബ്രസീല്‍. Show all posts

Sunday, September 22, 2013

ദില്‍മയുടെ രാഷ്ട്രീയധീരത

ബ്രസീലില്‍ അഭയം കണ്ടെത്തിയ ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകന്റെ മകളാണ് ദില്‍മ റൂസേഫ്. എന്നാല്‍, ദില്‍മയെ മാര്‍ക്സിസത്തിലേക്ക് നയിച്ചത് ഫ്രഞ്ച് രാഷ്ട്രീയചിന്തകനായ റജിസ് ദെബ്രെയുടെ രചനകളാണ്. അഭയാര്‍ഥിയായി എത്തിയ ദില്‍മയുടെ പിതാവ് പെദ്രോ റൂസേഫിന് ബ്രസീലില്‍ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമായിരുന്നു. ചെറുകിട കരാര്‍പണികള്‍ ചെയ്ത് അദ്ദേഹം കുടുംബം പുലര്‍ത്തി. പോര്‍വീര്യം രക്തത്തില്‍ കലര്‍ന്ന ദില്‍മ ഹൈസ്കൂളില്‍ പഠിക്കവെതന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ടയായി. സൈനിക ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരായി പൊരുതി വളര്‍ന്ന ദില്‍മയ്ക്ക് അനീതികളോട് അനുരഞ്ജനപ്പെടാന്‍ ഒരിക്കലും കഴിയുമായിരുന്നില്ല. ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് എന്ന പദവിയില്‍ എത്താനും ഇപ്പോള്‍ അമേരിക്ക തന്റെ രാജ്യത്തോട് കാണിച്ച അപമര്യാദയ്ക്ക് ചുട്ട മറുപടി നല്‍കാനും ദില്‍മയ്ക്ക് കഴിഞ്ഞത് ഈ രാഷ്ട്രീയനിലപാടിന്റെ ബലത്തിലാണ്. അമേരിക്ക ബ്രസീലില്‍ നടത്തിയ ചാരപ്പണിയില്‍ പ്രതിഷേധിച്ച് ദില്‍മ റൂസേഫ് വാഷിങ്ടണ്‍ സന്ദര്‍ശനം റദ്ദാക്കിയത് ലോകരാഷ്ട്രീയത്തില്‍ നിര്‍ണായക സംഭവവികാസമായി. ഇന്ത്യയിലുംഅമേരിക്ക വ്യാപകമായ ചാരപ്പണി നടത്തുന്നതായി എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കി. എന്നാല്‍, ഇന്ത്യന്‍ ഭരണാധികാരികള്‍ ലജ്ജാകരമായ മൗനത്തിലാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒക്ടോബര്‍ 27ന് അമേരിക്ക സന്ദര്‍ശിക്കുകയുമാണ്. ദില്‍മയുടെ ധീരമായ നിലപാടിന്റെ പ്രസക്തി ഇവിടെയാണ്.

ബ്രസീലില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ഓരോ കാലത്തും ദില്‍മ തീക്ഷ്ണമായി പ്രതികരിച്ചിട്ടുണ്ട്. 1961ല്‍ ബ്രസീലില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരിനെ 1964ല്‍ സൈന്യം അട്ടിമറിച്ചു. അമേരിക്ക ഈ അട്ടിമറിക്ക് പിന്തുണ നല്‍കി. സൈനികസര്‍ക്കാര്‍ രാജ്യത്ത് പൗരാവകാശങ്ങള്‍ നിഷേധിക്കുകയും പൊതുപ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടുകയും ചെയ്തു. വിദ്യാഭ്യാസബജറ്റ് വിഹിതം പകുതിയായി വെട്ടിക്കുറച്ചു. അന്ന് വിദ്യാര്‍ഥിനിയായിരുന്ന ദില്‍മ ഇതിനെതിരായ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. തുടര്‍ന്ന് മാര്‍ക്സിസ്റ്റ് ഒളിപ്പോരാളിയായി. രഹസ്യപ്രവര്‍ത്തനത്തിനിടെ 1970ല്‍ സാവോപോളോയില്‍ അറസ്റ്റിലായ ദില്‍മയെ സൈന്യം ഞെട്ടിപ്പിക്കുന്ന മര്‍ദനമുറകള്‍ക്ക് വിധേയയാക്കി. വൈദ്യുതിഷോക്ക് അടിപ്പിക്കുകയും ലാത്തിപോലുള്ള ആയുധംകൊണ്ട് ദേഹമാസകലം ഉരുട്ടുകയുംചെയ്തു. 22 ദിവസം നീണ്ട പീഡനത്തിനുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി ആറുവര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും 1973ല്‍ മോചിപ്പിച്ചു. സമരസഖാവും ജീവിതപങ്കാളിയുമായ കാര്‍ലോസ് അരൗജോയുടെ സ്ഥലമായ പോര്‍ട്ടോ അലിഗ്രയിലെത്തി പഠനം തുടര്‍ന്ന ദില്‍മ "77ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. ഇതിനിടെ, ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായി. ഇപ്പോള്‍ അഭിഭാഷകയായ പൗള റൂസേഫ്. കുറച്ചുകാലം ജോലിചെയ്ത ദില്‍മ പിന്നീട് അത് ഉപേക്ഷിച്ച് പഠനം തുടര്‍ന്നു.

എണ്‍പതുകളുടെ ആദ്യം ദില്‍മയും അരൗജോയും ലയണല്‍ ബ്രിസോളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടിയില്‍ (പിഡിടി) ചേര്‍ന്നു. സൈനികഭരണം തകര്‍ന്ന് തെരഞ്ഞെടുപ്പിലൂടെ പിഡിടി അധികാരത്തില്‍ വന്നതോടെ ദില്‍മയ്ക്ക് സര്‍ക്കാരില്‍ പല ചുമതലകളും ലഭിച്ചു. ഊര്‍ജസെക്രട്ടറിയായും ഊര്‍ജമന്ത്രിയായും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. രാജ്യത്തിന്റെ ഊര്‍ജോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഖനി, വാര്‍ത്താവിനിമയം തുടങ്ങിയ വകുപ്പുകളും കൈകാര്യംചെയ്തു.

പിഡിടിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന്, 2001ല്‍ ലുല ഡിസില്‍വയുടെ നേതൃത്വത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ടിയില്‍ ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷം ലുല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ പ്രചാരണത്തിന്റെ ചുമതല ദില്‍മയാണ് വഹിച്ചത്. ലുല മന്ത്രിസഭയില്‍ ദില്‍മ വീണ്ടും ഊര്‍ജമന്ത്രിയായി. പ്രസിഡന്റിന്റെ ഓഫീസ് മേധാവിക്ക് 2005ല്‍ ഒരു ആരോപണത്തെതുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നപ്പോള്‍ ദില്‍മ ആ സ്ഥാനത്തെത്തി. 2009ല്‍ അര്‍ബുദരോഗബാധിതയായ ദില്‍മ ആ വെല്ലുവിളിയും അതിജീവിച്ചു. രോഗവിവരം പരസ്യമായി പ്രഖ്യാപിച്ചശേഷമാണ് ചികിത്സ തേടിയത്. ലുലയുടെ ഭരണകാലാവധി പൂര്‍ത്തിയായപ്പോള്‍ അദ്ദേഹംതന്നെയാണ് തന്റെ പിന്‍ഗാമിയായി ദില്‍മയെ പ്രഖ്യാപിച്ചത്. ലുലയുടെ ജനക്ഷേമ സാമ്പത്തികനയങ്ങള്‍ പിന്തുടരുമെന്നു പ്രഖ്യാപിച്ച ദില്‍മയെ ജനങ്ങള്‍ അംഗീകരിച്ചു. ഈ ജനപിന്തുണയുടെ കരുത്തിലാണ് ദില്‍മ അമേരിക്കയുടെ അഹന്തയ്ക്ക് അര്‍ഹിക്കുന്ന പ്രഹരം നല്‍കിയത്.

*
സാജന്‍ എവുജിന്‍

Wednesday, January 26, 2011

ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം

"ഈ പ്രക്രിയ ഇനി ഒരിക്കലും ആര്‍ക്കും പിന്തിരിപ്പിക്കാനാവാത്തതാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. മാറ്റത്തിന്റേതും ഉടച്ചുവാര്‍ക്കലിന്റേതും വിപ്ളവത്തിന്റേതുമായ ഈ പ്രസ്ഥാനത്തെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനുമാവില്ല. ഇതിന്റെ ദിശമാറാനുള്ള സാധ്യതയുമുണ്ട്. ഇത് മറ്റൊരു പാതയിലേക്ക് വഴി തിരിയും''. 2002ല്‍ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ പിന്തുണയോടെ ഒരു സംഘം സൈനികമേധാവികളും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തിയ നീക്കം പരാജയപ്പെടുത്തപ്പെട്ടതിനുശേഷം ലാറ്റിന്‍ അമേരിക്കയിലെ പ്രശസ്ത ഇടതുപക്ഷ ചിന്തകരില്‍ ഒരാളായ മാര്‍ത്താ ഹര്‍ണേക്കര്‍, ഹ്യൂഗോ ഷാവേസുമായി നടത്തിയ അഭിമുഖത്തില്‍ ഷാവേസ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്. (Understanding the Venezuelan Revolution Hugo Chavez Talk on Marta Harnecker. Page 103)

സ്വന്തം അടുക്കളമുറ്റമായി കരുതിയിരുന്ന ലാറ്റിന്‍ അമേരിക്കയില്‍ (തെക്കേ അമേരിക്കയും മധ്യഅമേരിക്കയും കരീബിയന്‍ ദ്വീപുകളും) അമേരിക്കയുടെ പിടി അയഞ്ഞുപോകുന്നതിന്റെയും അവിടെ സാമ്രാജ്യത്വത്തിനും നവലിബറല്‍ മുതലാളിത്തത്തിനും എതിരായ ഈടുറ്റ ബദലുകള്‍ വളര്‍ന്നുവരുന്നതിന്റെയും കാഴ്ചയാണ് 21-ാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിന്റെ ആവേശകരമായ സവിശേഷത.

"പശ്ചിമാര്‍ദ്ധഗോളത്തിലെ ഏതെങ്കിലുമൊരു രാജ്യത്തെ നിയന്ത്രിക്കാന്‍ ഏതെങ്കിലും ഒരു യൂറോപ്യന്‍ ശക്തി മുതിരുകയാണെങ്കില്‍ അത് അമേരിക്കയ്ക്കെതിരായുള്ള ശത്രുതാപരമായ നടപടിയായി കണക്കാക്കപ്പെടും'' എന്ന അമേരിക്കന്‍ പ്രസിഡന്റ് ജയിംസ് മണ്‍റോയുടെ 1823ലെ നയപ്രഖ്യാപനത്തോടെയാണ് ലാറ്റിന്‍ അമേരിക്കയില്‍ ഇടപെടാനും പിടിമുറുക്കാനും അമേരിക്ക തുടക്കമിട്ടത്. 1904-ലെ പ്രസിഡന്റ് തിയഡോര്‍ റൂസ്വെല്‍റ്റിന്റെ പ്രസ്താവനയോടെ സംഗതി കുറെക്കൂടി സ്പഷ്ടമായി: "ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യം ഗൌരവതരമായ തെറ്റുചെയ്താല്‍ അമേരിക്കയ്ക്ക് ആ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശമുണ്ടായിരിക്കും.'' മണ്‍റോ സിദ്ധാന്തവും റൂസ്വെല്‍റ്റിന്റെ അനുബന്ധവുമാണ് അമേരിക്ക ഇന്നും ലാറ്റിന്‍ അമേരിക്കയില്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്.

രണ്ടാംലോക യുദ്ധാനന്തരം 1954-ല്‍ ഗ്വാട്ടിമാലയില്‍ ജേക്കബ് അര്‍ബന്‍സിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിക്കൊണ്ട് അമേരിക്ക ഈ നയം നടപ്പാക്കുകയാണുണ്ടായത്. ജനാധിപത്യവും ജനഹിതവും തലപൊക്കാന്‍ അനുവദിക്കാതെ, സൈനികസ്വേച്ഛാധിപതികളെ ഒന്നിനു പിറകെ ഒന്നായി വാഴിച്ചുകൊണ്ട് അമേരിക്കന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ വിഹാരരംഗമായി അമേരിക്ക ലാറ്റിന്‍ അമരിക്കയെ നിലനിര്‍ത്തിവരികയായിരുന്നു. 1959ലെ ക്യൂബന്‍ വിപ്ളവം അമേരിക്കയുടെ ഈ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇനി 'മറ്റൊരു ക്യൂബയെയും' ഈ ഭൂഖണ്ഡത്തില്‍ വച്ചുവാഴിക്കില്ല എന്നതായി തുടര്‍ന്നുള്ള അമേരിക്കന്‍ നയം. 1970കളുടെ തുടക്കത്തില്‍ ചിലിയില്‍ സാല്‍വദോര്‍ അലന്‍ഡെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയപ്പോള്‍ 1973 സെപ്റ്റംബര്‍ 11ന് പട്ടാള അട്ടിമറിയിലൂടെ ആ ഇടതുപക്ഷ സര്‍ക്കാരിനെയും അട്ടിമറിക്കുവാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. നിക്കരാഗ്വയിലെയും എല്‍സാല്‍വദോറിലെയും ഇടതുപക്ഷ മുന്നേറ്റങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ 1980കളില്‍ അമേരിക്കയ്ക്ക് സാധിച്ചു. അമേരിക്കയുടെ ഈ വിജയ ഗര്‍വിനാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്നത്.

നവലിബറല്‍ നയങ്ങളുടെ പരീക്ഷണശാലയായിരുന്നു ലാറ്റിന്‍അമേരിക്ക. മാര്‍ഗററ്റ് താച്ചര്‍ ബ്രിട്ടനില്‍ ഈ നയങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിക്കുന്നതിനുമുമ്പ് ചിലിയിലാണ് ഇത് പരീക്ഷിക്കപ്പെട്ടത്. ചിലിയില്‍ ജനറല്‍ പിനോഷെയുടെ നേതൃത്വത്തില്‍ അരങ്ങേറിയ രക്തരൂഷിതമായ അട്ടിമറിയെത്തുടര്‍ന്ന് സൈനിക സ്വേച്ഛാധിപത്യത്തിന്‍കീഴിലാണ് നവലിബറല്‍ നയങ്ങള്‍ പരീക്ഷണവിധേയമാക്കിയത്. തുടര്‍ന്ന് അത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാകെ പരീക്ഷിക്കപ്പെടുകയുണ്ടായി-പട്ടാളവാഴ്ചകള്‍ക്കും ഏകാധിപതികള്‍ക്കും കീഴിലായിരുന്നു പരീക്ഷണം. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചതും വിജയകരമായ ബദലുകള്‍ ഉയര്‍ന്നുവന്നതും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍തന്നെയായിരുന്നു. സ്വേച്ഛാധിപത്യവാഴ്ചകള്‍ക്കെതിരായ പോരാട്ടവുമായി ഇഴുകിച്ചേര്‍ന്നുകൊണ്ടാണ് അവ ഉയര്‍ന്നുവന്നത്

1989-ല്‍ ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്, സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും പതനത്തെയും ശിഥിലീകരണത്തെയും തുടര്‍ന്ന്, സോഷ്യലിസത്തിന്റെ കഥകഴിഞ്ഞുവെന്നും നവലിബറല്‍ മുതലാളിത്തമല്ലാതെ അതിന് മറ്റൊരു ബദലുമില്ല എന്നും ചരിത്രത്തിലെ അവസാനത്തെ സാമൂഹ്യവ്യവസ്ഥയാണ് ഇതെന്നും മൂലധനശക്തികളും അവരുടെ വൈതാളികരായ ബുദ്ധിജീവികളും തിമിര്‍ത്താടുകയാണുണ്ടായത്. നാശത്തിന്റെയും പഴമയുടെയും അത്തരം പ്രവാചകരെ അന്ധാളിപ്പിച്ചുകൊണ്ടാണ് ലാറ്റിന്‍ അമേരിക്കയില്‍ പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ഇടതുപക്ഷം സോഷ്യലിസംതന്നെ ബദല്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉയര്‍ന്നുവന്നത്.

ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ട 1989ല്‍ തന്നെയാണ്, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനായുള്ള പോരാട്ടത്തിന്റെ ബീജാവാപവും നടന്നത് എന്ന വസ്തുത ചരിത്രത്തിലെ വിരോധാഭാസങ്ങളില്‍ ഒന്നാണ്. 1989 ഫെബ്രുവരി 27നാണ് ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ബസ് യാത്രക്കൂലി 100 ശതമാനംകണ്ട് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കാരക്കാസില്‍ ആരംഭിച്ച കലാപം മണിക്കൂറുകള്‍ക്കുള്ളില്‍ വെനസ്വേലയിലെ പട്ടണങ്ങളിലാകെ പടര്‍ന്നുപിടിക്കുകയാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളാണ് ഓരോ പട്ടണത്തിലും, വീടുവിട്ട് തെരുവിലിറങ്ങിയത്. "ജനങ്ങളുടെ ഉത്സവമാണ് വിപ്ളവം'' എന്ന ലെനിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുംവിധമായിരുന്നു വെനസ്വേലന്‍ തെരുവുകളിലെ കലാപം. ജനക്കൂട്ടം ബസ്സുകള്‍ക്ക് തീകൊടുക്കുകയും കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും കൊള്ളയടിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും മറ്റും കൈക്കലാക്കുകയും ചെയ്തു. "കുന്നിന്‍പുറങ്ങളില്‍നിന്നും ചേരികളില്‍നിന്നും ദരിദ്രര്‍ താഴേക്കിറങ്ങിയദിവസം'' എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. പതിറ്റാണ്ടുകളായി തങ്ങളില്‍നിന്ന് തട്ടിപ്പറിച്ച് എടുത്തവയുടെ ഒരു ചെറിയ ഭാഗം തിരിച്ചുപിടിച്ച് പുനര്‍ വിതരണം നടത്തി സാമൂഹ്യനീതി നടപ്പാക്കുകയായിരുന്നു അന്ന് എന്നാണ് ദരിദ്രരായ വെനസ്വേലന്‍ ജനതയുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും അഭിപ്രായം. പട്ടാളത്തെ ഇറക്കിയാണ് ഈ കലാപത്തെ അടിച്ചമര്‍ത്തിയത്. "ചലിക്കുന്ന എന്തിനെയും വെടിവെച്ചിടാ''നാണ് പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രേ പെരെസ് പട്ടാളത്തിന് നല്‍കിയ ഉത്തരവ്. ആയിരക്കണക്കിനാളുകളാണ് പട്ടാളത്തിന്റെ തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടത്. സമ്പന്നന്റെ 'ജനാധിപത്യ'ത്തിന്റെ ഭീകരമായ തനിനിറമാണ് വെനസ്വേലയിലെ ജനങ്ങള്‍ക്കുമുന്നില്‍ അന്ന് തുറന്നു കാട്ടപ്പെട്ടത്. "വെനസ്വേലയില്‍ പഴയ ഭരണത്തിന്റെ അന്ത്യത്തിന്റെ ആരംഭം'' എന്നാണ് പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റിച്ചാര്‍ഡ് ഗോട്ട് കാരക്കാസിലെ കലാപത്തെ വിശേഷിപ്പിച്ചത് (ഞശരവമൃറ ഏീ, കി വേല ടവമറീം ീള വേല ഘശയലൃമീൃ). എന്നാല്‍ ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതിനെ ആഘോഷമാക്കുകയും ചരിത്രത്തില്‍ ഇടം കണ്ടെത്തുകയും ചെയ്ത മാധ്യമങ്ങള്‍ കാരക്കാസിലെ കലാപത്തിനുനേരെ കണ്ണടയ്ക്കുകയും അതിനെ തമസ്കരിക്കുകയുമാണുണ്ടായത്. പക്ഷേ മാധ്യമങ്ങള്‍ കണ്ണടച്ചതുകൊണ്ടുമാത്രം ഇരുട്ടാവില്ലല്ലോ. കാരക്കാസോ അഥവാ സാക്കുഡോണ്‍ (വലിയ കലാപം) എന്നറിയപ്പെട്ട ഈ ജനകീയ പോരാട്ടത്തിന്റെ 10-ാം വര്‍ഷത്തില്‍ ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ലാറ്റിന്‍ അമേരിക്കന്‍ വിമോചന പോരാളി ആയിരുന്ന സൈമണ്‍ ബൊളിവറുടെ 200-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെനസ്വേലന്‍ സൈന്യത്തിനുള്ളില്‍ ഹ്യൂഗോഷാവേസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവ സൈനിക ഓഫീസര്‍മാര്‍ ചേര്‍ന്ന് അതീവരഹസ്യമായി രൂപീകരിച്ച ബൊളിവേറിയന്‍ വിപ്ളവ പ്രസ്ഥാനമാണ് ഫിഫ്ത് റിപ്പബ്ളിക് മൂവ്മെന്റ് എന്ന പേരില്‍ ജനകീയ പ്രസ്ഥാനമായി വളര്‍ന്ന് 1998ലെ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുനേടി ഷാവേസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ അവസരമൊരുക്കിയത്. അതിനുശേഷം 16 തെരഞ്ഞെടുപ്പുകളെയാണ് ഷാവേസും ബൊളിവേറിയന്‍ വിപ്ളവപ്രസ്ഥാനവും (ഇപ്പോള്‍ യുണൈറ്റഡ് സോഷ്യലിസ്റ്റ്പാര്‍ടി ഓഫ് വെനസ്വേല) നേരിട്ടത്. ഇതില്‍ 2007ല്‍ നടന്ന ഭരണഘടനാഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ ഒഴികെ 15 തവണയും ഷാവേസും ഇടതുപക്ഷവും തന്നെയാണ് വിജയിച്ചത്. ഹിതപരിശോധനയില്‍ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണഘടനാ ഭേദഗതികളില്‍ വീണ്ടും മാറ്റം വരുത്തുകയും ഒരു വട്ടം കൂടി ഹിതപരിശോധന നടത്തി വിജയശ്രീ ലാളിതനാവുകയുമാണുണ്ടായത്.

വെനസ്വേലയില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തവും ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ 2010ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 66.45% പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. വെനസ്വേലയെ ഏകാധിപത്യ രാജ്യമായി മുദ്രകുത്തുന്ന അമേരിക്കയിലാകട്ടെ 50 ശതമാനം ആളുകള്‍ എങ്കിലും വോട്ടുചെയ്ത ചരിത്രം അപൂവ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും. 2010 സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയം ആവര്‍ത്തിച്ചെങ്കിലും വോട്ടും സീറ്റും കുറഞ്ഞത് ലോകമെങ്ങുമുള്ള ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ദിവസങ്ങളോളം ആഘോഷിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രതിപക്ഷം ഭിന്നിച്ച് നില്‍ക്കുകയായിരുന്നു. എന്നു മാത്രമല്ല, അവസാനഘട്ടത്തില്‍ പ്രധാന പ്രതിപക്ഷകക്ഷികള്‍ തെരഞ്ഞെടുപ്പുരംഗത്തുനിന്ന് പിന്മാറുകയും ചെയ്തിരുന്നു. മാത്രമല്ല, ഇപ്പോള്‍ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിയില്‍നിന്ന് ഒരു വിഭാഗം വിഘടിച്ച് പ്രത്യേകം മത്സരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇടതുപക്ഷത്തിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനായില്ല എന്നത് തിരിച്ചടിയാണെന്നതില്‍ സംശയമില്ല. കാരണം, തടസ്സം കൂടാതെ പുരോഗമനപരമായ നയങ്ങള്‍ നടപ്പാക്കണമെന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ്. എന്നാലും, 65 അംഗ പാര്‍ലമെന്റില്‍ 96 സീറ്റ് കരസ്ഥമാക്കാന്‍ ഇടതുപക്ഷ സഖ്യത്തിന് കഴിഞ്ഞത് വലിയ നേട്ടമായിത്തന്നെയാണ് കരുതപ്പെടുന്നത്. കാരണം, അമേരിക്ക ആളും അര്‍ത്ഥവും നല്‍കി നേരിട്ട് ഇടപെട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. പ്രതിപക്ഷത്തെ കൂട്ടി യോജിപ്പിക്കുന്നതിലും അവരുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിലുമെല്ലാം അമേരിക്കയുടെ പ്രത്യക്ഷത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ട റിപ്പോര്‍ട്ടുകളുണ്ട്. അതിനുപുറമെയാണ് അമേരിക്കന്‍ പണം ഒഴുകിയെത്തിയത്. 2003നും 2009നും ഇടയ്ക്ക് അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കന്‍ ഏജന്‍സി (USAID) വെനസ്വേലയില്‍ ഫണ്ട് കൊടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 66ല്‍നിന്ന് 623 ആയി വര്‍ദ്ധിച്ചു. 200 കോടി ഡോളറാണ് ഇതിനായി ചെലവഴിക്കപ്പെട്ടത്. സര്‍ക്കാരിതര ഏജന്‍സികളിലൂടെ ഒഴുകിയെത്തുന്ന ഈ പണം ഇടതുപക്ഷ വിരുദ്ധ പ്രചരണത്തിനും അട്ടിമറികള്‍ക്കുമായാണ് വിനിയോഗിക്കപ്പെടുന്നത്. 2010ല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുമാത്രം 5 കോടിയില്‍ അധികം ഡോളര്‍ അമേരിക്ക വെനസ്വേലയില്‍ ചെലവഴിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളുടെ പിന്തുണയോടെ വെനസ്വേലയിലെ സ്വകാര്യ മാധ്യമങ്ങള്‍ നടത്തിയ ഷാവേസ് വിരുദ്ധ നുണപ്രചരണങ്ങളും ഈ തെരഞ്ഞെടുപ്പില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

2002ലെ പരസ്യമായ സൈനിക അട്ടിമറി നീക്കം ഉള്‍പ്പെടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരവധി അട്ടിമറി നീക്കങ്ങളെ അതിജീവിച്ചാണ് വെനസ്വേലയില്‍ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ശക്തമായ മുന്നേറ്റം നടത്തുന്നത്. 2002 ആയപ്പോള്‍ ക്യൂബയ്ക്കും വെനസ്വേലയ്ക്കും പുറമെ ചിലിയില്‍ റിക്കാര്‍ഡോ ലാഗോസും ബ്രസീലില്‍ ലൂയി ഇനാഷ്യോ ഡ സില്‍വയും തെരഞ്ഞെടുക്കപ്പെട്ടതോടെ ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷ മുന്നേറ്റം കൂടുതല്‍ കരുത്തുറ്റതായി. 2003ല്‍ അര്‍ജന്റീനയില്‍ നെസ്റ്റര്‍ കിര്‍ച്ച്നര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ഉറുഗ്വേയില്‍ സംയുക്ത ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി തബാരെ വാസ്ക്വെസും 2006ല്‍ ബൊളീവിയയില്‍ ഇവൊ മൊറേത്സും ഇക്വഡോറില്‍ റാഫേല്‍ കോറിയയും നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ടേഗയും തെരഞ്ഞെടുക്കപ്പെട്ടു. 2007ല്‍ ഗ്വാട്ടിമാലയില്‍ അല്‍വാരൊ കൊളോമിന്റെയും ഹോണ്ടുറാസില്‍ സെലായയുടെയും 2008 പരാഗ്വയില്‍ ഫെര്‍നാന്‍ഡൊ ലൂഗോയുടെയും 2009ല്‍ എല്‍ സാല്‍വദോറില്‍ മൌറീഷ്യോ ഫ്യൂണ്‍സിന്റെയും വിജയം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം കൂടുതല്‍ വ്യാപകവും കരുത്തുറ്റതുമാക്കി. ചിലിയില്‍ റിക്കാര്‍ഡോ ലാഗോസിന്റെ പിന്‍ഗാമിയായി 2006ല്‍ മിഷേല്‍ ബാഷ്ലെയും 2007ല്‍ അര്‍ജന്റീനയില്‍ കിര്‍ച്ച്നറുടെ പിന്‍ഗാമിയായി ക്രിസ്റ്റീന ഫെര്‍ണാണ്ടസും 2009ല്‍ ഉറുഗ്വേയില്‍ വാസ്ക്വസിന്റെ പിന്‍ഗാമിയായി ഹോസെ മുഹിക്കയും തെരഞ്ഞെടുക്കപ്പെടുകയും ഇക്വഡോറില്‍ റാഫേല്‍ കോറിയയും ബൊളീവിയയില്‍ ഇവോ മൊറേത്സും വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തത് ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ ഉറച്ചതായി വ്യക്തമാക്കപ്പെട്ടു.

എന്നാല്‍ 2010 ആദ്യം ചിലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മിഷേല്‍ ബാഷ്ലെ പരാജയപ്പെട്ടതും വലതുപക്ഷ സ്ഥാനാര്‍ത്ഥിയായി വ്യാവസായിക പ്രമുഖനായ സെബാസ്റ്റ്യന്‍ പെനേറ തെരഞ്ഞെടുക്കപ്പെട്ടതും കൊളംബിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷ സ്ഥാനാര്‍ത്ഥിതന്നെ വീണ്ടും അധികാരത്തില്‍ എത്തിയതും ചൂണ്ടിക്കാട്ടി ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം അസ്തമിച്ചതായി സാമ്രാജ്യത്വ മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങി. അതിന്റെ ഒപ്പമാണ് ഹോണ്ടുറാസില്‍ പട്ടാളത്തിന്റെ പിന്‍ബലത്തില്‍ സെലായയെ വലതുപക്ഷം അട്ടിമറിച്ചത്. ഈ അട്ടിമറിക്കുപിന്നില്‍ സിഐഎയുടെ സജീവ ഇടപെടല്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഈ വലതുപക്ഷ ആഘോഷങ്ങള്‍ക്ക് തിരിച്ചടി ഏല്‍പിച്ചുകൊണ്ടാണ് വെനസ്വേലയില്‍ ഷാവേസും ബ്രസീലില്‍ ലുലയുടെ പിന്‍ഗാമിയായി ദില്‍മയും തെരഞ്ഞെടുക്കപ്പെട്ടതും ഇക്വഡോറില്‍ റാഫേല്‍ കോറിയയെ അട്ടിമറിക്കാന്‍ സുരക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തെ ജനകീയ മുന്നേറ്റത്തിലൂടെ തകര്‍ത്തതും. ഇക്വഡോറിലെ അട്ടിമറി നീക്കത്തിനു പിന്നിലും അമേരിക്കയുടെയും ഇക്വഡോറിലെ വലതുപക്ഷത്തിന്റെയും സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ബ്രസീലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ലാറ്റിന്‍ അമരിക്കയിലെ തെരഞ്ഞെടുപ്പുകളിലും ദൈനംദിന രാഷ്ട്രീയത്തിലും കുത്തിത്തിരിപ്പുകളും അട്ടിമറിശ്രമങ്ങളും അമേരിക്ക ഇപ്പോഴും നടത്തുന്നതിന്റെ ഒട്ടേറെ തെളിവുകള്‍ ഇതിനകം വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

ലാറ്റിന്‍ അമേരിക്കയിലെ ഈ ഇടതുപക്ഷ മുന്നേറ്റങ്ങളും ഭരണങ്ങളും സമാന സ്വഭാവത്തിലുള്ളതോ സമാന രാഷ്ട്രീയ ഘടന ഉള്ളതോ അല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് ഈ എല്ലാ രാജ്യങ്ങളിലും അധികാരമാറ്റമുണ്ടായത്. എല്ലായിടത്തും ഇടതുപക്ഷത്തിന്റേതായ ബദല്‍ മുന്നണിയോ പാര്‍ടിയോ അല്ല അധികാരത്തില്‍ എത്തിയത്. ഹോണ്ടുറാസിലും അര്‍ജന്റീനയിലും നിലവിലുള്ള ഭരണകക്ഷിയിലെ സാമ്രാജ്യത്വ വിരുദ്ധരായ ഇടതുപക്ഷ പുരോഗമന വിഭാഗത്തിന്റെ പ്രതിനിധികളാണ് ഇടതുപക്ഷത്തിന്റെകൂടി പിന്തുണയോടെ അധികാരത്തില്‍ എത്തിയത്. തൊഴിലാളിവര്‍ഗ രാഷ്ട്രീയപാര്‍ടികളും തൊഴിലാളിവര്‍ഗ്ഗ സംഘടനകളും മാത്രമല്ല ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ പോരാട്ടങ്ങളില്‍നിന്നാണ് ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം സാധ്യമായത്. ഉദാഹരണത്തിന്, ബൊളീവിയയില്‍ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും പ്രകൃതിവാതകത്തിനുമേലുള്ള നിയന്ത്രണം ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കുന്നതിനെതിരെയും നടത്തിയ പോരാട്ടം, അര്‍ജന്റീനയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാരും പെന്‍ഷന്‍കാരും ചെറുകിട കച്ചവടക്കാരും തൊഴില്‍ രഹിതരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍, ചിലിയിലെ കറുത്ത പാന്റും വെള്ള ഷര്‍ട്ടും ധരിച്ച "പെന്‍ഗ്വിനുകള്‍'' എന്ന പേരില്‍ അറിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം, പരിസ്ഥിതി പ്രസ്ഥാനക്കാര്‍, ബ്രസീലിലെ ഭൂരഹിത കര്‍ഷകരുടെ പ്രസ്ഥാനം, ആദിവാസി പ്രക്ഷോഭം എന്നിവ. നവലിബറല്‍ നയങ്ങള്‍ ആദ്യം നടപ്പാക്കിത്തുടങ്ങിയ രാജ്യങ്ങള്‍ എന്ന നിലയില്‍ അതിന്റെ കെടുതികള്‍ക്കിരയായ ഇടത്തരക്കാരടക്കമുള്ള വലിയൊരു ജനവിഭാഗത്തിന്റെ മുന്നേറ്റമാണ് ഇന്ന് ലാറ്റിന്‍ അമേരിക്കയില്‍ കാണുന്നത്. ഇടതുപക്ഷം അധികാരത്തില്‍ എത്താത്ത മെക്സിക്കോ, കൊളമ്പിയ എന്നിവിടങ്ങളില്‍പ്പോലും ഈ ജനകീയ പ്രസ്ഥാനങ്ങളുടെ സജീവ സാന്നിധ്യവും സ്വാധീനവും കാണാവുന്നതാണ്. ഹോണ്ടുറാസിലെ പട്ടാള അട്ടിമറിക്കെതിരെയും ബൊളിവിയയിലെ വലതുപക്ഷ അട്ടിമറികള്‍ക്കെതിരെയും ക്യൂബയെ അമേരിക്കന്‍ രാഷ്ട്ര സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ നിലപാടിനെതിരെ ഒറ്റക്കെട്ടായി നിന്നത് ഈ സ്വാധീനത്തിന്റെ പ്രതിഫലനമാണ്.

ഇടതുപക്ഷം അധികാരത്തില്‍ എത്തിയിട്ടുണ്ടെങ്കിലും മുതലാളിത്ത ഭരണകൂടത്തിന്റെ പരിമിതിക്കുള്ളില്‍നിന്നാണ് ഈ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ക്കുള്ള ബദല്‍ മാതൃകകള്‍ ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കും രാഷ്ട്രീയ ബലാബലത്തിനും അനുസരിച്ച് നടപ്പാക്കുന്നുണ്ട്. വെനസ്വേലയില്‍ ഭരണഘടനയില്‍ അതിവിപുലമായ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ബൊളീവിയയിലും ഇക്വഡോറിലും കുറച്ചുകൂടി ഒത്തുതീര്‍പ്പുകള്‍ വേണ്ടിവന്നു. ബ്രസീലാകട്ടെ ക്രമാനുഗതമായി ശക്തമായ ഇടതുപക്ഷ നിലപാടിലേക്ക് നീങ്ങുകയുമാണ്. പൊതുമേഖലയ്ക്കു നല്‍കുന്ന ഊന്നല്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ക്ഷേമപദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ പൊതു ഇടപെടല്‍, സാമ്രാജ്യത്വവിരുദ്ധ നിലപാട് എന്നിവയെല്ലാമാണ് ഏറിയും കുറഞ്ഞും ഈ രാജ്യങ്ങളില്‍ നടപ്പാക്കുന്ന നയങ്ങള്‍. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിലേക്കുള്ള സംക്രമണകാല ഭരണ സമ്പ്രദായങ്ങളായി ലാറ്റിന്‍ അമേരിക്കയിലെ ഈ പുതിയ മുന്നേറ്റത്തെ കാണാവുന്നതാണ്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 21 ജനുവരി 2011

Wednesday, May 26, 2010

ബ്രസീല്‍ എന്ന അനുഭവം

ആദ്യ ഭാഗം - ലോക കപ്പ് ഫുട്ബോള്‍ - വിവാദങ്ങളിലൂടെ; ദുരന്ത സ്മൃതികളിലൂടെ ഇവിടെ

1982 സ്പെയിന്‍ ലോകകപ്പിന്റെ രണ്ടാം റൌണ്ടില്‍ ബ്രസീല്‍ - ഇറ്റലി പോരാട്ടം. അഞ്ചുമിനിറ്റ് എണ്ണിതീര്‍ന്നതേയുള്ളു. പോളോറോസ്സിയുടെ ഗോള്‍ ഇറ്റലിയെ മുന്നിലെത്തിച്ചു. സടകുടഞ്ഞെഴുന്നേറ്റ മഞ്ഞപ്പട ഏഴ് മിനിറ്റിനകം സോക്രട്ടീസിന്റെ അതിമനോഹരമായ ലോങ്റേഞ്ചറിലൂടെ സമനിലകണ്ടു. എന്നാല്‍ വീണ്ടും കടന്നാക്രമണം നടത്തിയ റോസ്സി 25-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്രസീലിനെ വീണ്ടും ഇരുത്തിക്കളഞ്ഞു. കൊണ്ടും കൊടുത്തും നീങ്ങിയ ബലാബലത്തില്‍ ഫല്‍ക്കാവൊയുടെ ഗോളിലൂടെ ബ്രസീല്‍ ഒരിക്കല്‍കൂടി ഒപ്പമെത്തിയെങ്കിലും അവസാനചിരി ഇറ്റലിയുടേതായിരുന്നു. എഴുപത്തിയഞ്ചാം മിനിറ്റില്‍ ബ്രസീലിന്റെ സകല മോഹങ്ങളും തകര്‍ത്ത തന്റെ മൂന്നാമത്തെ ഗോളിലൂടെ റോസ്സി ഇറ്റലിയെ സെമിഫൈനലിലേക്കു നയിച്ചു.

അങ്ങനെ ബ്രസീലിനെതിരെ ചരിത്രത്താളുകളില്‍ കുറിച്ച അസുലഭ ധന്യമായ ഹാട്രിക്കിന്റെ നിറവില്‍ റോസ്സിയുടെ ഇറ്റലി ബര്‍ണാബുവിലെ ന്യൂകാംബ് സ്റ്റേഡിയത്തില്‍ ജയഭേരി മുഴക്കുമ്പോള്‍ മഞ്ഞയും നീലയും കലര്‍ന്ന വസ്ത്രങ്ങളണിഞ്ഞ ബ്രസീലിന്റെ എണ്ണമറ്റ ആരാധകര്‍ അവിശ്വസനീയതയോടെ കണ്ണീര്‍വാര്‍ക്കുകയായിരുന്നു. ടിവിയില്‍ ആ ദൃശ്യങ്ങള്‍ കണ്ട എച്ചിരിയോ പോര്‍ത്തയ്ക്ക് വല്ലാത്തൊരു നഷ്ടബോധം തോന്നി. പിന്നെയൊന്നും ആലോചിച്ചില്ല. മെക്സിക്കോവിലെ പാമ്പാസില്‍ നിന്ന് ബൊളിവിയയിലെ ലാപാസില്‍ കുടിയേറിയ ആ ദന്തഡോക്ടര്‍ മേശവലിപ്പ് തുറന്ന് പിസ്റ്റളെടുത്ത് നിറയൊഴിച്ചു; സ്വന്തം നെഞ്ചിലേക്ക്. ബ്രസീലുകാരനല്ലായിരുന്നിട്ടും പോര്‍ത്ത താന്‍ ഹൃദയത്തോടുചേര്‍ത്തു പിടിക്കുന്ന നെരൂദയുടെ കവിതകളെപ്പോലെ സാംബസോക്കറിനെയും സ്നേഹിച്ചു. അതുകൊണ്ട് 50കാരനായ പോര്‍ത്തയ്ക്ക് ആ തോല്‍വിയുടെ ആഘാതം കനത്തതായിരുന്നു.

ലോകമെമ്പാടും പോര്‍ത്തയെപ്പോലുള്ള ആരാധകരുള്ള ഏക ഫുട്ബോള്‍ രാഷ്ട്രമാകുന്നു ബ്രസീല്‍. ബ്രസീല്‍ ഫുട്ബോള്‍ യുദ്ധങ്ങളില്‍ ജയിക്കുമ്പോഴെന്നപോലെ പരാജിതരായി പിന്‍വാങ്ങുമ്പോഴും ഈ എണ്ണമറ്റ അജ്ഞാതരായ കാണികളുടെ മനസ് നിറയുകയോ വിതുമ്പുകയോ ചെയ്യും. കാരണം അവരുടെ ഫുട്ബോള്‍ നിഘണ്ടുവിലെ അവസാനവാക്ക് ബ്രസീലാകുന്നു. ഫുട്ബോളിന്റെ പരമപീഠമായ ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ ജയിച്ചു. എക്കാലത്തെയും കിടയറ്റ കളിക്കാരെ സൃഷ്ടിച്ചു. കാലദേശാതിര്‍ത്തികളില്ലാതെ ലോകത്തെങ്ങും ആരാധകരെ നേടിയെടുത്തു. ബ്രസീലിന്റെ നേട്ടങ്ങളെല്ലാം ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. എന്തുകൊണ്ട് ബ്രസീല്‍? എന്താണവരെ വ്യത്യസ്തരാക്കുന്നത്; അജയ്യരാക്കുന്നത്.

ബ്രസീലിന്റെ ഫുട്ബോള്‍ പെരുമകളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് അവസാനിപ്പിക്കാനാവില്ല. അഞ്ച് ലോകകപ്പ്, എട്ട് കോപ്പ, കോണ്‍ഫെഡറേഷന്‍ കപ്പുകള്‍... ഈ കണക്കുകള്‍ കൊണ്ടുമാത്രം അവരുടെ ഫുട്ബോള്‍ ചരിത്രത്തെ വരച്ചുകാട്ടാനാവില്ല. ഈ വിജയങ്ങള്‍ക്കെല്ലാം അപ്പുറം കളിയുടെ ശൈലിയും സൌന്ദര്യവുമാണ് ബ്രസീലിനെ വേര്‍തിരിച്ചുനിര്‍ത്തുന്നത്. മറ്റേതെങ്കിലും സ്പോര്‍ട്സ് ടീമുകളോ, ഗായകനൃത്തസംഘങ്ങളോ ഒന്നും ഈ ജനപിന്തുണയിലും സ്വീകാര്യതയിലും ബ്രസീല്‍ ടീമിനോളം വരില്ല. ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ വന്‍ പുരോഗതി കളിക്കാരുടെ പരിശീലനരീതിയിലും ജീവിതക്രമങ്ങളിലും ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഫുട്ബോളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഇന്നും ജന്മസിദ്ധമായ കഴിവും ബുദ്ധിയും തന്ത്രങ്ങളുമൊക്കെ തന്നെയാണ്. പന്തിനെ മാന്ത്രികനെപ്പോലെ പരിലാളിക്കുന്ന ബ്രസീലുകാരുടെ സിദ്ധിയും നൈപുണിയും അഭിനിവേശവും സൌന്ദര്യാത്മകമായ കേളീശൈലിയും ജന്മസിദ്ധമായ വരങ്ങളാണ്.

ഫുട്ബോളിനും സാംബാനൃത്തത്തിനും പുറമെ പുറംലോകം അധികമറിയാത്ത ഒരു വലിയ രാജ്യമാണ് ബ്രസീല്‍. പ്രപഞ്ചരഹസ്യങ്ങളുടെ നിഗൂഢകേന്ദ്രമെന്ന വിശേഷണമുള്ള ആമസോണ്‍ മേഖലയിലെ നിബിഡവനങ്ങള്‍ ബ്രസീലിന്റെ ആത്മാവ് മാത്രമല്ല പ്രകൃതിയുടെ അമൂല്യസമ്പത്തും ശ്വാസകോശവും കൂടിയാണ്. ബ്രസീലിന്റെ ചരിത്രമന്വേഷിക്കുന്ന ഒരു ഗവേഷണവിദ്യാര്‍ഥിക്ക് അത്ഭുതകരമായ രഹസ്യങ്ങള്‍ ഇവിടെ നിന്നു ലഭിക്കും. ആമസോണ്‍ എന്ന മണ്‍സൂണ്‍ വനം ലാറ്റിനമേരിക്കയുടെ മൊത്തം അഭിമാനമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ അത് പൂര്‍ണമായി നശിപ്പിക്കാനും ധനശേഷി കവര്‍ന്നെടുക്കാനുള്ള ലക്ഷ്യവുമായി വിദേശരാഷ്ട്രങ്ങള്‍ കടന്നുവന്നു. 1500ലാണ് വിദേശികള്‍ ആദ്യമായി ബ്രസീലിലേക്ക് വന്നത്. വന്നു, കണ്ടു, കീഴടക്കി എന്ന പ്രയോഗം ശരിയെന്നു തെളിയിക്കുംവിധമായിരുന്നു പിന്നീടുള്ള കാലഘട്ടം. 1808ല്‍ ബ്രസീലില്‍ ആസ്ഥാനമാക്കി ഭരണം നിര്‍വഹിച്ചിരുന്ന പോര്‍ച്ചുഗീസുകാര്‍ 1889ല്‍ പിന്‍മാറിയെങ്കിലും അവരുടെ ഒരുതരം നിയന്ത്രണം 20-ാം നൂറ്റാണ്ടിന്റെ ആദ്യംവരെയുണ്ടായിരുന്നു. എന്നാല്‍ ആധുനിക ജീവിതശൈലിക്ക് വേണ്ടതൊക്കെ ബ്രസീലിലെത്തിച്ചത് പോര്‍ച്ചുഗീസുകാരായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്.

ആ പോര്‍ച്ചുഗീസ് ഇറക്കുമതിയുടെ ഭാഗമായാണ് കാല്‍പന്തുകളിയും ബ്രസീലിലെത്തിയത്. ഫുട്ബോളിന് നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി ആധുനിക വിനോദമാക്കി മാറ്റിയത് ഇംഗ്ളണ്ടാണെങ്കില്‍ ആ കായികവിനോദത്തിന് ആസ്വാദ്യമധുരിമ നല്‍കിയത് ബ്രസീലും അര്‍ജന്റീനയും ഉറുഗ്വായ്യും ഉള്‍പ്പെടെ ലാറ്റിന്‍ രാജ്യങ്ങളാണ്. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ അധിനിവേശം നടത്തുമ്പോള്‍ ബ്രസീലിലെ വളരെ കുറച്ചുവരുന്ന ജനസംഖ്യ ചിതറിക്കിടക്കുകയായിരുന്നു. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് അടിമകളും ഉടമകളുമായി വലിയൊരു ജനസഞ്ചയം ബ്രസീലിലെ കരിമ്പിന്‍തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും മറ്റു പണിയിടങ്ങളിലുമെത്തി. ഇതിനിടെ ചാള്‍സ്മില്ലര്‍ എന്ന ഇംഗ്ളീഷുകാരന്‍ 1885ല്‍ ബ്രസീലിലെത്തിച്ച പന്തുകളി 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചത്.

താളാത്മകമായ ബ്രസീലുകാരുടെ സാംബാ ചുവടുകള്‍ക്കു മുമ്പിലേക്ക് ഉരുളുന്ന പന്തെത്തിയതോടെ കളിക്ക് പുതിയ സൌന്ദര്യവും ശോഭയും കൈവന്നു. പട്ടിണിയെയും പരാധീനതകളെയും അതിജീവിക്കാന്‍ ഭാവനയുടെയും സര്‍ഗാത്മകതയുടെയും പുതിയ ശരീരഭാഷ അവര്‍ ഫുട്ബോളിലൂടെ കണ്ടെത്തുകയായിരുന്നു. നാട്ടിന്‍പുറങ്ങളിലും സ്കൂളുകളിലും കടല്‍ത്തീരങ്ങളിലും ഫാക്ടറികളിലും പന്തുകളി വ്യാപകമായി. പന്തിന് ചുറ്റും ആരവം മുഴക്കി ഒരു ജനത സഞ്ചരിച്ചു. ഈ കളിയിലെ എല്ലാ നിനവുകളും ആ മണ്ണിലേക്ക്, അവരുടെ കാലുകളിലേക്ക് ഒഴുകിയിറങ്ങി. അത് ഇന്നും തുടരുന്നു. പെലെയും ദീദിയും വാവയും ഗരിഞ്ചയും റൊമാരിയോയും സീക്കോയും സോക്രട്ടീസും റൊണാള്‍ഡോയും റൊണാള്‍ഡിന്യോയും ഒക്കെ പിറന്നു. അവരുടെയൊക്കെ പിന്‍മുറക്കാരും ഫുട്ബോളിന്റെ ലളിത വൃത്തത്തില്‍ തീക്ഷ്ണവും സുന്ദരവുമായ കവനങ്ങള്‍ രചിച്ച് ലോകം കീഴടക്കിക്കൊണ്ടിരിക്കുന്നു.

1930ലെ ആദ്യ ലോകകപ്പില്‍ തപ്പിത്തടഞ്ഞ കാനറിപക്ഷികള്‍ നാലുകൊല്ലത്തിനുശേഷം ഇറ്റലിയിലും ഫുട്ബോളിന്റെ ഗണിതശാസ്ത്രങ്ങളും വ്യാകരണങ്ങളും കൃത്യമായി പഠിച്ചിരുന്നില്ല. എന്നാല്‍ 1938ല്‍ ലിയോണിഡസ് ഡാസില്‍വ എന്ന സെന്റര്‍ ഫോര്‍വേഡിന്റെ കീഴില്‍ ഉജ്വലമായ ഒരു ടീം ഉദയംചെയ്തു. ഫ്രാന്‍സിലെ മൈതാനങ്ങളില്‍ മികച്ച കളിയിലൂടെ അവര്‍ സെമിയില്‍ കടന്നെങ്കിലും ഇറ്റലിയോട് 2-1ന് കീഴടങ്ങി. പിന്നീട് സ്വീഡനുമായി പ്ളേ ഓഫ് കളിച്ച് മൂന്നാംസ്ഥാനം നേടി. 1950ല്‍ സ്വന്തം നാട്ടില്‍ ഉറുഗ്വായ്യോട് തോറ്റതിനുശേഷം അഞ്ചുതവണ ജേതാക്കളായി. 1958 സ്വീഡന്‍, 1962 ചിലി, 1970 മെക്സിക്കോ, 1994 യുഎസ്എ, 2002 ജപ്പാന്‍ - കൊറിയ. 2006ലെ ലോകകപ്പ് മറക്കാനാണ് ബ്രസീല്‍ ആഗ്രഹിക്കുന്നതെങ്കിലും തങ്ങളുടെ അഞ്ച് കിരീടത്തിനുമേല്‍ ഒരു രത്നംകൂടി ചാര്‍ത്താനുള്ള ഉല്‍ക്കടമായ അഭിലാഷത്തോടെയാണ് മഞ്ഞക്കിളികള്‍ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്.

ഫുട്ബോളില്‍ വിജയം ബ്രസീലിന് ഒരു ജീവിതചര്യയായി മാറിയിരിക്കുന്നു. ബുദ്ധിപൂര്‍വമായ ആസൂത്രണവും വേഗമേറിയ മുന്നേറ്റങ്ങളും അപകടകരമായ സ്ഥാനചലനങ്ങളും കിടയറ്റ ഷൂട്ടിങ്ങുമാവുമ്പോള്‍ അവരെ പിടിച്ചുനിര്‍ത്തുക പ്രയാസം. തങ്ങളുടേതായ ദിവസങ്ങളില്‍ കൊടുങ്കാറ്റായി മാറുന്ന ബ്രസീലിനുമുമ്പില്‍ നിലനില്‍ക്കുക മറ്റ് ശക്തികള്‍ക്കു ദുഷ്കരംതന്നെ. 2002ലെ ലോകകപ്പ് ഫൈനലില്‍ എന്താണ് സംഭവിച്ചത്. യൂറോപ്പിന്റെ കരുത്ത് മുഴുവന്‍ ആവാഹിച്ചെടുത്ത ജര്‍മനിയുടെ പൊടിപോലും ബാക്കിയുണ്ടായില്ല. ലാറ്റിനമേരിക്കയുടെ സഹജമായ കലാവാസനയോടെ ബ്രസീല്‍ അത് നിസ്സാരമാക്കി. ജര്‍മന്‍ മനുഷ്യമതിലായ ഒളിവര്‍ഖാനും ബ്രസീലിയന്‍ ഗോളടിയന്ത്രം റൊണാള്‍ഡോയും തമ്മിലായിരുന്നു കടശ്ശിക്കളി. ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയതായിരുന്നു ഖാന്റെ പോസ്റ്റില്‍ ഗോളടിക്കുകയെന്നത്. പക്ഷേ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ഒന്നല്ല, രണ്ടുവട്ടം ആ കോട്ട ഭേദിച്ചു. നാലുവര്‍ഷംമുമ്പ് ഫ്രാന്‍സില്‍ നേരിട്ട ദുരന്തത്തിന് റൊണാള്‍ഡോയും ബ്രസീലും അതേ ചരിത്രപഥത്തില്‍ യൂറോപ്യന്‍മാരോട് പകവീട്ടിയത് ആധികാരികമായി തന്നെയായിരുന്നു.


ബ്രസീലിന്റെ ഇന്നത്തെ കേളീശൈലി വര്‍ഷങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണ്. ബ്രസീലുകാരുടെ പ്രധാന ഉല്‍പന്നം ഫുട്ബോള്‍ താരങ്ങളാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതാണ് ബ്രസീലും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. ഫുട്ബോളില്‍ വളരെ വേഗത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിനനുസരിച്ച് തങ്ങളുടെ ശൈലി ചിട്ടപ്പെടുത്താന്‍ ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിന്റെ അതിജീവനതന്ത്രങ്ങളെ എങ്ങനെ മറികടക്കണമെന്നതില്‍ ബ്രസീലിന്റെ പരിശീലകര്‍ വിജയിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് തൊണ്ണൂറുകള്‍ മുതലുള്ള അവരുടെ ലോകകപ്പിലെയും മറ്റും പ്രകടനം.

ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഒരു വിശിഷ്ടരാജ്യമാണ് ബ്രസീല്‍. ഫുട്ബോള്‍ ആ നാടിന്റെ മജ്ജയും മാംസവുമാകുന്നു. അപ്പവും വീഞ്ഞുമാകുന്നു. അപ്രതീക്ഷിതമായി ബ്രസീല്‍ തോല്‍ക്കുമ്പോള്‍ അതൊരു ദേശീയ ദുരന്തമായി മാറുന്നു. വിജയങ്ങള്‍ ആ ജനതക്ക് ഒലിവിലകളും അവസാനിക്കാത്ത രാത്രികളും സമ്മാനിക്കുന്നു. ചരിത്രത്തില്‍ ഒട്ടേറെ വിപര്യങ്ങള്‍ ബ്രസീലിനെ കാത്തുനിന്നിട്ടുണ്ടെങ്കിലും പന്തുകളിയില്‍ ബ്രസീലുകാര്‍ക്ക് പകരക്കാരില്ല. അതേ, ബ്രസീല്‍ ഒരു അനുഭവമാണ്.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക