Showing posts with label അഴിമതി. Show all posts
Showing posts with label അഴിമതി. Show all posts

Saturday, May 10, 2014

തൃണമൂലിന്റെ തട്ടിപ്പിന് കോടതിയുടെ പ്രഹരം

പശ്ചിമ ബംഗാളിലെ ശാരദ ചിട്ടിഫണ്ട് കേസ് സിബിഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്, മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. നാല് സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് നിക്ഷേപകരെ ബാധിച്ചതാണ് തട്ടിപ്പ്. പക്ഷേ, മമത ബാനര്‍ജി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. പണംതിരിമറിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെട്ട കൂറ്റന്‍ ഇടപാടിനു പിന്നിലെ രാഷ്ട്രീയബന്ധങ്ങള്‍ പുറത്തുവന്നാല്‍ മമതയുടെ രാഷ്ട്രീയസിംഹാസനം തകരും എന്ന ഭീതിയാണതിന് കാരണം.

ശതകോടികള്‍ മുക്കിയ ശാരദ ചിട്ടി കുംഭകോണം ബംഗാളിലെ വലിയ രാഷ്ട്രീയ പ്രശ്നമാണിന്ന്. ഉന്നതരായ പല തൃണമൂല്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ചിട്ടിനടത്തിപ്പുമായും തിരിമറിയുമായും അടുത്ത ബന്ധമാണുണ്ടായത്. കേരളത്തിലെ സോളാര്‍ തട്ടിപ്പുകേസിലെന്നപോലെ, പശ്ചിമബംഗാള്‍ സംസ്ഥാന സ്പെഷ്യല്‍ പൊലീസ് കുറ്റകൃത്യം മറച്ചുവയ്ക്കാനും കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കാനുമാണ് ശ്രമിച്ചത്. കേന്ദ്ര എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴാണ് സ്ഥിതി മാറിയത്. ചിട്ടിഫണ്ട് ഉടമ സുദീപ്ത സെന്നിന്റെ ഭാര്യയെയും മകനെയും എന്‍ഫോഴ്സമെന്റ് അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോള്‍ നിര്‍ണായകമായ നിരവധി വിവരങ്ങളാണ് ലഭിച്ചത്. ഒരു മന്ത്രിയുള്‍പ്പെടെ ഉന്നത തൃണമൂല്‍ നേതാക്കളാണ് കുറ്റവാളികളെ സംരക്ഷിച്ചതെന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു തെളിവുകിട്ടി. ജനങ്ങളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സുദീപ്ത സെന്നിനെ അറസ്റ്റു ചെയ്തത്. എന്നാല്‍, തിരിമറി നടത്തി കുന്നുകൂട്ടിയ പണത്തെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ പൊലീസ് ശ്രമിച്ചില്ല. സെന്നിന്റെ ഭാര്യയും മകനും ചിട്ടിഫണ്ടിന്റെ പേരിലുള്ള വിവിധ കമ്പനികളുടെ ഡയറക്ടര്‍മാരായിരുന്നിട്ടും അവരെ തൊടാന്‍ മുതിര്‍ന്നില്ല. അങ്ങനെ ആസൂത്രിതമായി കുറ്റവാളികളെ സംരക്ഷിക്കാനും കബളിക്കപ്പെട്ട ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് എന്‍ഫോഴ്സ്മെന്റ് തടയിട്ടതെങ്കില്‍, സുപ്രീംകോടതി തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട്, കൂടുതല്‍ അന്വേഷണത്തിനാണ് വിധിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളായ പലര്‍ക്കും ചിട്ടിഫണ്ടുമായി ബന്ധമുണ്ടായിരുന്നു. ബാലൂര്‍ഹട്ട് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി അര്‍പ്പിത ഘോഷിനെ വോട്ടെടുപ്പ് കഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ടുതവണ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്തു. പ്രമുഖ നാടകനടിയും മമത ബാനര്‍ജിയുടെ ബുദ്ധിജീവി കലാസംഘത്തിന്റെ മുന്‍നിരക്കാരിയുമായ അര്‍പ്പിത, ശാരദ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ തുടങ്ങിയ വിനോദചാനലിന്റെ പ്രോഗ്രാം ഡയറക്ടറായിരുന്നു. ചിട്ടിഫണ്ട് പൊളിഞ്ഞശേഷം അര്‍പ്പിതയെ വാര്‍ത്താസാംസ്കാരിക വിഭാഗത്തില്‍ പ്രത്യേക ശിശു സിനിമാവിഭാഗം രൂപീകരിച്ച് അധ്യക്ഷയായി മമത നിയമിച്ചു. പിന്നെ സ്ഥാനാര്‍ഥിയുമാക്കി. നീതിപൂര്‍വകമായ അന്വേഷണം നടന്നാല്‍, അര്‍പ്പിത പോകാനുള്ളത് കാരാഗൃഹത്തിലേക്കാണ്. ചിട്ടി ഫണ്ടിന്റെ മീഡിയാ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചത് ജയിലില്‍ കഴിയുന്ന തൃണമൂല്‍ എംപി കുനാല്‍ ഘോഷാണ്. തന്നെ കരുവാക്കി യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുകൊള്ളുന്നത് മമത ബാനര്‍ജിയില്‍തന്നെയാണ്. ഗതാഗതമന്ത്രി മദന്‍ മിത്രയ്ക്ക് വെട്ടിപ്പില്‍ പങ്കുണ്ടെന്നും കുനാല്‍ വെളിപ്പെടുത്തി.

തൃണമൂലിന്റെ മറ്റൊരു എംപി സുജന്‍ ബോസ് ശാരദാ മീഡിയയുടെ ഡയറക്ടര്‍മാരിലൊളായിരുന്നു. ശാരദ ചാനലുകളെല്ലാം മമതയുടെ പ്രചാരണമാണ് നടത്തിയത്. മമത ബാനര്‍ജി വരച്ച ചിത്രങ്ങള്‍ കോടികള്‍ നല്‍കിയാണ് ചിട്ടിക്കമ്പനി വാങ്ങിക്കൂട്ടിയത്. മമതയുടെ കുടുംബത്തില്‍പ്പെട്ട പലരും രണ്ടുവര്‍ഷത്തിനുള്ളില്‍ കോടികളുടെ സ്വത്തു സമ്പാദിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. തൃണമൂലും ചിട്ടിക്കമ്പനിയും തമ്മിലുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവന്നത് ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ തൃണമൂലിനെ വലിയ പ്രതിരോധത്തിലാക്കി. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യത്തെ മമത തള്ളിക്കളയുന്നതും തൃണമൂലിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗത്തിനിടയില്‍ സംശയം സൃഷ്ടിച്ചു. രാഷ്ട്രീയപ്രേരിതമായി കേന്ദ്ര ഏജന്‍സികളെ തനിക്കെതിരെ ഉപയോഗിക്കുന്നുവെന്നാണ് മമത പ്രതികരിച്ചത്. ഇപ്പോള്‍ സിബിഐ അന്വേഷണ പ്രഖ്യാപനത്തോടെ തൃണമൂലിന്റെ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ചിട്ടിതട്ടിപ്പില്‍ എല്ലാം നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ 67 പേര്‍ ഇതിനകം ജീവനൊടുക്കി. ലക്ഷക്കണക്കിനാളുകള്‍ സമ്പാദ്യമാകെ നഷ്ടപ്പെട്ട് തെരുവാധാരമായി. ഈ ജനരോഷത്തെയും നിയമത്തിന്റെ കരങ്ങളെയും മറികടക്കാന്‍ അധികാരത്തിന്റെ അഹന്തയും വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളനയുമാണ് മമതയ്ക്ക് തുണയായത്. അത് ഇനി എളുപ്പമാകില്ല എന്നാണ് സുപ്രീം കോടതി വിധി നല്‍കുന്ന സൂചന.

അക്രമത്തിലൂടെയും അധികാര ദുര്‍വിനിയോഗത്തിലൂടെയും ബൂത്തുപിടിത്തത്തിലൂടെയും രക്ഷപ്പെടാമെന്ന വ്യാമോഹത്തിന് നീതിപീഠവും തിരിച്ചടി നല്‍കിയിരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം മമതയുടെ രാഷ്ട്രീയ ചായ്വുകള്‍ തീരുമാനിക്കുന്നതിനുള്ള ആയുധമായി ഈ സിബിഐ അന്വേഷണം ഒരുപക്ഷേ മാറിയേക്കാം. എന്നാല്‍, അവരുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തിയും ഗൗരവവും എത്രയെന്ന് ഈ വിധിയിലൂടെ വ്യക്തമായി എന്ന് നിസ്സംശയം പറയാം.
*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, April 23, 2014

അബ്കാരി അഴിമതി അതിവേഗം

"നിലവാരമില്ലാത്ത" ബാറുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട അറുപതോളം കേസ് വിധിപറയാനിരിക്കെ ജഡ്ജിക്ക് പിന്മാറേണ്ടിവന്നത് അസാധാരണ അനുഭവമാണ്. കോണ്‍ഗ്രസ് നേതാവുകൂടിയായ അഭിഭാഷകന്‍ വീട്ടിലെത്തി സംസാരിച്ചതാണ് പിന്മാറ്റത്തിനുകാരണം. കോടതിയെ സ്വാധീനിച്ചും ഇതില്‍ പലതും നേടാന്‍ കോണ്‍ഗ്രസിനു താല്‍പ്പര്യമുണ്ട്. എക്സൈസ് വകുപ്പ് ഭരണകക്ഷിയുടെ അത്തരം താല്‍പ്പര്യങ്ങളുടെ കൂത്തരങ്ങാണ്.

സംസ്ഥാനത്തെ 418 ബാര്‍ അടഞ്ഞുകിടക്കുന്നു. "നിലവാരമില്ലാ"ത്തതാണ് കാരണം. അടഞ്ഞതിനേക്കാള്‍ നിലവാരം കുറഞ്ഞ നിരവധി ബാറുകള്‍ കൊയ്ത്തുനടത്തുന്നു. അവയില്‍ സംസ്ഥാനമന്ത്രിയടക്കമുള്ളവരുടെ ബാറുകളുണ്ട്. ആരാണ് നിലവാരം പരിശോധിച്ചത്? എന്നാണത് സംഭവിച്ചത്? എന്തായിരുന്നു മാനദണ്ഡം? ഈയടുത്തകാലത്തൊന്നും അങ്ങനെയൊരു പരിശോധനയും പട്ടികതയ്യാറാക്കലും നടന്നിട്ടില്ല. എക്സൈസ് മന്ത്രി കെ ബാബു പറയുന്നു: ""418 ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കിയത് ഈ ഗവണ്‍മെന്റ് അല്ല. കഴിഞ്ഞ ഗവണ്‍മെന്റിന്റെ എക്സൈസ് കമീഷണര്‍ സുബ്ബയ്യ ആയിരുന്നു ലിസ്റ്റ് കൊടുത്തത്. അതിനകത്ത് ഈ ഗവണ്മന്റിന് യാതൊരു ബന്ധവുമില്ല.""

മൂന്നുകൊല്ലംമുമ്പ് ഉണ്ടാക്കിയ ലിസ്റ്റ് ഇന്ന് നിലനില്‍ക്കുന്നതോ അല്ലയോ എന്നുപോലും പരിശോധിക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ലെന്ന് എക്സൈസ് മന്ത്രി ആണയിടുമ്പോള്‍ ഉയരുന്ന അടുത്ത ചോദ്യം, പിന്നെന്തിന് താങ്കള്‍ മന്ത്രിപദവിയില്‍ ഇരിക്കുന്നു എന്നതാണ്. "ലൈസന്‍സ് പുതുക്കിനല്‍കാത്ത ഹോട്ടലുകളില്‍ നിലവാരമുള്ളതും പുതുക്കിനല്‍കിയതില്‍ നിലവാരം ഇല്ലാത്തതും ഉണ്ടെന്ന്" സമ്മതിക്കുന്ന മന്ത്രി, താനിരിക്കുന്നത് അഴിമതിയുടെ മഹാപര്‍വതത്തിനുമുകളിലാണെന്നു സമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പുഘട്ടത്തില്‍ പണക്കൊയ്ത്തിനുള്ള വിളഞ്ഞപാടമായാണ് ബാര്‍ലൈസന്‍സിനെ സര്‍ക്കാര്‍ കണ്ടത്. രൂപപ്പെടുത്തിയ പിരിവുപദ്ധതി ഉചിതസമയത്ത് പ്രയോഗത്തില്‍ വരുത്താന്‍ കഴിയാഞ്ഞതാണ് പ്രശ്നം.

എന്താണ് എക്സൈസ്വകുപ്പില്‍ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ ഒരുദാഹരണംമതി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴഗ്രാമത്തിലുള്ള എലഗന്‍സ് എന്ന ഹോട്ടലിന് വിദേശമദ്യവില്‍പ്പന ലൈസന്‍സ് നല്‍കിയതിലെ അമ്പരപ്പിക്കുന്ന വേഗം "സ്വാധീ"മുള്ളവര്‍ക്ക് എന്തും നടത്താവുന്ന കച്ചവടശാലയാണ് കെ ബാബു ഭരിക്കുന്ന വകുപ്പ് എന്ന വസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്നു. എല്ലാ മാനദണ്ഡവും പാലിച്ച് നല്‍കുന്ന അപേക്ഷകള്‍ "അജ്ഞാത കാരണം" കൊണ്ട് മാറ്റിവച്ച് മാസങ്ങള്‍ താമസിപ്പിക്കുകയും അത് തുടര്‍ച്ചയായ കോടതിവ്യവഹാരങ്ങള്‍ക്കും ഖജനാവ് ചോര്‍ച്ചയ്ക്കും വഴിവയ്ക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് എലഗന്‍സ് ഹോട്ടല്‍ 17 ദിവസംകൊണ്ട് എല്ലാ അനുമതിയും വാങ്ങി മദ്യഷാപ്പ് ലൈസന്‍സ് നേടിയത്.

2012 ഒക്ടോബര്‍ 22ന് ആദ്യ അപേക്ഷ നല്‍കിയ ഈ ഹോട്ടലിന് നവംബര്‍ എട്ടിന് 22 ലക്ഷം രൂപ ഫീസൊടുക്കി ലൈസന്‍സ് നേടാനായത് എക്സൈസ് വകുപ്പിന്റെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത വേഗമാണ്. പുതിയ നിയമം, മദ്യനിയന്ത്രണം, നിരോധനമെന്നൊക്കെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം തത്വംപറയാറുള്ള ഖദര്‍ധാരികള്‍ക്ക് അബ്കാരി പണത്തിന്റെ ചൂരടിക്കുമ്പോള്‍ ആവേശം കയറും. ഇനി മൂന്നു നക്ഷത്രങ്ങള്‍ക്ക് ബാറില്ല, നാലു നക്ഷത്രമില്ലെങ്കില്‍ ബാര്‍ അനുവദിക്കുന്ന പ്രശ്നമില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രി ബാബുവും പറയുന്നത്. പക്ഷേ, എലഗന്‍സിനുവേണ്ടി അപേക്ഷ നല്‍കുമ്പോള്‍ ആ ഹോട്ടലിന് ക്ലാസിഫിക്കേഷന്‍ കിട്ടിയിരുന്നില്ല.

തളിപ്പറമ്പ് എക്സൈസ് സിഐക്ക് ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ നല്‍കിയ അപേക്ഷ ചട്ടപ്രകാരം അവിടെവച്ചുതന്നെ നിരസിക്കപ്പെടേണ്ടതായിരുന്നു. നാലു നക്ഷത്രപദവി ഇല്ലാതിരുന്നിട്ടും "എല്ലാ പരിശോധനകള്‍ക്കുംശേഷം" തൊട്ടടുത്ത ദിവസം അദ്ദേഹം അപേക്ഷ എക്സൈസ് കണ്ണൂര്‍ ഡെപ്യൂട്ടി കമീഷണര്‍ക്ക് കൈമാറി. ഡെ. കമീഷണര്‍ക്കും ക്ഷമയുണ്ടായില്ല. ഒരു ദിവസംകൊണ്ട് അദ്ദേഹം ഹോട്ടലില്‍ നേരിട്ടുചെന്ന് പരിശോധിച്ച് തൃപ്തിപ്പെട്ടു. ഒക്ടോബര്‍ 25ന് അദ്ദേഹം "അപേക്ഷയോടൊപ്പം ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; അടുത്ത ദിവസം സമര്‍പ്പിക്കാമെന്ന് ഏറ്റിട്ടുണ്ട്" എന്ന കുറിപ്പോടെ കോഴിക്കോട്ടേക്ക് ഫയല്‍ അയക്കുന്നു. അതിനര്‍ഥം, ഈ രണ്ട് ഉദ്യോഗസ്ഥരും വിദേശ മദ്യഷാപ്പ് അനുവദിക്കുന്ന ചട്ടവും യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത അബ്കാരി നയവും നഗ്നമായി ലംഘിച്ചാണ് അപൂര്‍ണ അപേക്ഷ മുകളിലേക്കയച്ചത് എന്നാണ്.

ഹോട്ടലുടമയുടെ അടുത്ത കളിക്കളം ഡല്‍ഹിയാണ്. ഒക്ടോബര്‍ 31ന്, കേന്ദ്ര ടൂറിസംമന്ത്രാലയത്തിലെ മെമ്പര്‍ സെക്രട്ടറി ഹോട്ടലിന് നാലു നക്ഷത്രപദവി നല്‍കുന്ന ഉത്തരവില്‍ ഒപ്പുവയ്ചു. ആ സര്‍ട്ടിഫിക്കറ്റ് അന്നുതന്നെ സ്പീഡ് പോസ്റ്റില്‍ മെമ്പര്‍ സെക്രട്ടറി എലഗന്‍സ് ഹോട്ടലിന്റെ ജനറല്‍മാനേജര്‍ക്ക് അയക്കുന്നു. അതേദിവസംതന്നെ 2300 കിലോമീറ്റര്‍ താണ്ടി കണ്ണൂരേക്കും അവിടെനിന്ന് 60 കിലോമീറ്റര്‍ അകലെ ചെറുപുഴയിലെ ഹോട്ടലിലേക്കും എത്തുന്നു. പ്രത്യേക വിമാനത്തില്‍ അയച്ചാല്‍പ്പോലും സാധ്യമല്ലാത്ത മാന്ത്രികവേഗത്തില്‍ സര്‍ട്ടിഫിക്കറ്റിന് നോട്ടറിയുടെ സാക്ഷ്യത്തോടെ അതേദിവസം കണ്ണൂരിലെ എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ മേശപ്പുറത്തേക്ക് സ്ഥലംമാറ്റം. പിറ്റേന്ന് കോഴിക്കോട് ഉത്തരമേഖലാ ജോയിന്റ് കമീഷണര്‍ക്ക് ഫയല്‍ കിട്ടുന്നു. ഫയല്‍ കിട്ടിയ ഉടനെ ജോയിന്റ് എക്സൈസ് കമീഷണര്‍ ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള ശുപാര്‍ശയുമായി തിരുവനന്തപുരത്തേക്ക് അയക്കുന്നു. രണ്ടാംദിവസം എക്സൈസ് കമീഷണര്‍ അത് നികുതിവകുപ്പ് സെക്രട്ടറിക്ക് കൊടുക്കുന്നു. എക്സൈസ്മന്ത്രിയുടെ അംഗീകാരത്തോടെ നവംബര്‍ എട്ടിന് ടാക്സ് സെക്രട്ടറി ബാര്‍ ലൈസന്‍സ് അനുവദിക്കുന്നു. 22 ലക്ഷം രൂപ ഫീസ് ഒടുക്കി ഹോട്ടല്‍ അധികൃതര്‍ അന്നുതന്നെ ലൈസന്‍സ് കൈപ്പറ്റുന്നു. അതായത്, ഫോര്‍സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയില്‍നിന്ന് ലഭിച്ചതിന്റെ എട്ടാംദിവസം എലഗന്‍സ് ഹോട്ടലിന് ബാര്‍ ലൈസന്‍സ്. ചട്ടവിരുദ്ധമായി സമര്‍പ്പിക്കപ്പെട്ട അപേക്ഷ അതിവേഗം ബഹുദൂരം സഞ്ചരിച്ച് ലക്ഷ്യം കാണുന്നു. ഇതാണ് സാമ്പിള്‍. ഇതേ തരത്തില്‍ ബാര്‍ലൈസന്‍സിന് അപേക്ഷിച്ച മറ്റു ചിലര്‍ "പ്രീതിക്കുപാത്രമാകാത്തതിനാല്‍" ഇപ്പോഴും കോടതികയറിയിറങ്ങുകയാണ്. നാനൂറ്റി പതിനെട്ട് ബാറിന്റെ പ്രവര്‍ത്തനം തടയാന്‍ ആധാരമാക്കിയത് മൂന്നുകൊല്ലംമുമ്പത്തെ പട്ടികയാണെന്നു പറയുന്നതുതന്നെ അഴിമതിയുടെ മികച്ച ദൃഷ്ടാന്തമാണ്. ഹോട്ടലിന് നക്ഷത്രപദവി നല്‍കുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ ടൂറിസംവകുപ്പാണ്. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അഞ്ചുവര്‍ഷത്തേക്ക്. അഞ്ചുവര്‍ഷംമാത്രം വിലയുള്ള സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ മൂന്നുകൊല്ലംമുമ്പുണ്ടാക്കിയ ലിസ്റ്റുവച്ച് ഇപ്പോള്‍ തീരുമാനമെടുക്കുന്നതിന്റെ യുക്തി ബാറുടമകളുടെ പണപ്പെട്ടിയുടെ കണക്കുകൊണ്ടേ അളക്കാനാകൂ. മൂന്നുകൊല്ലത്തിനുള്ളില്‍ പഴയ ലിസ്റ്റിലെ എത്രയെണ്ണം നിലവാരം മെച്ചപ്പെടുത്തി, ലിസ്റ്റിനു പുറത്തുള്ള എത്രയെണ്ണത്തിന്റെ നിലവാരം തകര്‍ന്നു എന്ന പ്രാഥമിക പരിശോധന നടത്തിയാണ് ഈ നാടകമെങ്കില്‍ സര്‍ക്കാരിന്റെ വാദത്തിന് നേരിയ സാധൂകരണമെങ്കിലും അവകാശപ്പെടാമായിരുന്നു.

രണ്ടു ലക്ഷ്യങ്ങളാണ്, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പത്തെ ബാര്‍നാടകത്തിനുണ്ടായത്. ആദ്യത്തേത് അബ്കാരി ഫണ്ടുതന്നെ; സംസ്ഥാനത്തെ മുഴുവന്‍ ബാറുകളെയും ബാധിക്കുന്ന പ്രശ്നത്തില്‍ മറിഞ്ഞെത്തുന്ന കോടികള്‍. രണ്ടാമത്തേത്, തെരഞ്ഞെടുപ്പുരംഗത്ത് ഒറ്റപ്പെട്ട കോണ്‍ഗ്രസിനും കെപിസിസി പ്രസിഡന്റിനും താല്‍ക്കാലികമായി "മദ്യവിരുദ്ധ പരിവേഷം" സൃഷ്ടിക്കല്‍. 418 ബാര്‍ പൂട്ടാന്‍ "ധീരമായ തീരുമാ"മെടുത്ത സുധീരന്‍ എന്ന ആഘോഷവചനങ്ങള്‍ വോട്ടെടുപ്പിനുമുമ്പ് കേട്ടിരുന്നു- ഏശിയില്ല എന്നുമാത്രം. ചുരുക്കത്തില്‍ ബാറുകളടപ്പിച്ച് രാഷ്ട്രീയക്കളിക്കിറങ്ങിയവര്‍ പുലിവാല്‍പിടിച്ചിരിക്കുന്നു. നിരുപാധികം ബാറുകള്‍ തുറക്കാന്‍ അനുമതികൊടുത്താല്‍ ഉമ്മന്‍ചാണ്ടിയോടും കെ ബാബുവിനോടുമൊപ്പം ജനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ടുനില്‍ക്കുന്ന വി എം സുധീരനെ കാണാം. മറിച്ചാണ് തീരുമാനമെങ്കില്‍, പണവും പോകും; കോടതിക്കുമുന്നില്‍ തീരുമാനത്തിന്റെ നിയമസാധുത തെളിയിക്കേണ്ടിയും വരും. ഇരുപത്തയ്യായിരത്തോളം തൊഴിലാളികുടുംബങ്ങളുടെ ജീവിതംകൊണ്ടാണ് കളിക്കുന്നത് എന്നത് ആദര്‍ശ കാപട്യങ്ങള്‍ക്കോ ധനമോഹികള്‍ക്കോ വിഷയമാകുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരുവശം. എന്തായാലും "ബാര്‍വിവാദം" എക്സൈസ്വകുപ്പിലെ അഴിമതിയിലേക്കും കുഴപ്പങ്ങളിലേക്കുമുള്ള വാതിലാണ്.

*
പി എം മനോജ്

Monday, April 7, 2014

വലിയ ഉല്‍പ്പാദനശാല; അഴിമതിയുടെ

""ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദനശാലയാക്കും"" എന്ന് പത്തുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷവും ജനങ്ങളോട് പറയാന്‍ ലജ്ജയില്ലാത്ത ഒരു പാര്‍ടിയും നേതൃത്വവും ഉണ്ടായിരിക്കുന്നു എന്നതുതന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഗതികേട്. കഴിഞ്ഞദിവസം കേരളത്തില്‍ പര്യടനം നടത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി യുപിഎ സര്‍ക്കാരിന്റെ ദയനീയതയാണ് തന്റെ ആശയപാപ്പരത്തത്തിലൂടെ വിളംബരംചെയ്തത്. കോണ്‍ഗ്രസ് നയിച്ച ഭരണം ഇന്ത്യയെ ഏറ്റവും വലിയ ഉല്‍പ്പാദനശാലയാക്കിയിട്ടുണ്ട്- അഴിമതിയുടെ. ദരിദ്രരെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തുമെന്ന് തെരഞ്ഞെടുപ്പുരംഗത്ത് വീമ്പുപറയുന്ന രാഹുലിന്റെ കോണ്‍ഗ്രസ് ദരിദ്രരെ ഉയര്‍ത്തിയിട്ടുണ്ട്- പരമദാരിദ്ര്യത്തിലേക്ക്. ജനങ്ങള്‍ ചിന്തിക്കുന്നതും പ്രതികരിക്കുന്നതും സ്വന്തം അനുഭവങ്ങള്‍ വിലയിരുത്തിയാകുമെന്ന മിനിമം തിരിച്ചറിവിന്റെ അഭാവമാണ് രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാക്കുകളില്‍ തെളിയുന്നത്.

"ഗരീബി ഹഠാവോ"മുതല്‍ കോണ്‍ഗ്രസ് മുഴക്കിയ ഡസന്‍കണക്കിന് മുദ്രാവാക്യങ്ങള്‍ കേട്ടുപഴകിയ രാജ്യത്തിന് മുദ്രാവാക്യങ്ങള്‍ ഭക്ഷിച്ച് വയറുനിറയ്ക്കാനാകില്ല. ജനങ്ങളില്‍ 55 ശതമാനം കാര്‍ഷികമേഖലയെ ആശ്രയിക്കുന്നവരാണ്. ഉല്‍പ്പാദനവും വരുമാനവും പല ഇരട്ടിയായി വര്‍ധിച്ചാല്‍മാത്രമേ, ആ മേഖലയെ ആശ്രയിക്കുന്നവര്‍ക്ക് ആത്മഹത്യചെയ്യാതെയും കൊടുംപട്ടിണിക്ക് ഇരയാകാതെയും ജീവിക്കാന്‍ കഴിയൂ. അതിന് ഉപകരിക്കുന്ന വിധത്തില്‍ ഭൂപരിഷ്കരണം നടത്താന്‍ തയ്യാറുണ്ടോ? 16 വര്‍ഷത്തിനകം മൂന്നുലക്ഷത്തിലധികം കൃഷിക്കാര്‍ ആത്മഹത്യചെയ്ത നാട്ടില്‍ കൃഷിയെയും കൃഷിക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ എന്തുചെയ്തു; എന്ത് ചെയ്യാന്‍ പോകുന്നു എന്നാണ് കോണ്‍ഗ്രസ് പറയേണ്ടത്. വര്‍ഗീയത ഇളക്കിവിട്ട് ഭരണംപിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും ഈ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

വിദേശ- നാടന്‍ കുത്തകകളുടെ ഏജന്‍സിജോലിയാണ് രാഹുലിന്റെ പാര്‍ടിയും മോഡിസംഘവും മത്സരിച്ച് നിര്‍വഹിക്കുന്നത്. വ്യവസായ- പശ്ചാത്തല സൗകര്യമേഖല വിദേശ- നാടന്‍ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന നയമാണ് അവരുടേത്. വിദേശമൂലധനം ഇറക്കുമതിചെയ്യാതെ വികസനമേ സാധ്യമല്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍, വിദേശ- നാടന്‍ കുത്തകകളുടെ ഇടപെടലും സഹായവും ചില മേഖലകളില്‍മാത്രമായി പരിമിതപ്പെടുത്തുന്ന ബദല്‍ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിലും ത്രിപുരയിലും പശ്ചിമബംഗാളിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അത് പ്രയോഗത്തില്‍ വരുത്തി തെളിയിച്ചിട്ടുമുണ്ട്. സമീപനത്തിലെ ഈ വ്യത്യാസത്തെക്കുറിച്ച് രാഹുല്‍ഗാന്ധിക്ക് അറിവുണ്ടായേക്കില്ല. അദ്ദേഹം പ്രതിനിധാനംചെയ്യുന്നത്, തെരഞ്ഞെടുപ്പിനെ സൗന്ദര്യമത്സരമായി കാണുന്ന, അതിനായി ചമയങ്ങളൊരുക്കി മികവുകാട്ടുന്ന കാപട്യത്തിന്റെ രാഷ്ട്രീയധാരയെയാണ്.

അഞ്ചരലക്ഷം കോടിയുടെ അഴിമതിയും ആ അഴിമതിപ്പണംകൊണ്ട് ജനവിധി വിലയ്ക്ക് വാങ്ങാമെന്ന വ്യാമോഹവുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ സ്വപ്നലോകത്തെത്തിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കടിപ്പെട്ട, കോര്‍പറേറ്റുതാല്‍പ്പര്യങ്ങളെ സ്വന്തം താല്‍പ്പര്യങ്ങളാക്കി മാറ്റുന്ന സമ്പന്നപ്രീണന നയത്തിന്റെ പ്രതീകമാണിന്ന് കോണ്‍ഗ്രസ്. അതേരൂപഭാവങ്ങളുള്ള വര്‍ഗീയപാര്‍ടിയാണ് ബിജെപി. ജനങ്ങളോട് പ്രതിബദ്ധതയുള്ള സാമ്പത്തികനയം, സാമ്രാജ്യത്വപക്ഷം ചേരാത്ത വിദേശനയം, രാജ്യത്തെ കൃഷിക്കാരെയും ചെറുകിട ഉല്‍പ്പാദകരെയും മുടിക്കാത്ത വിദേശവ്യാപാരനയം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ ആരോഗ്യകരമായ രീതിയിലാക്കുന്ന ഫെഡറല്‍ബന്ധങ്ങള്‍, വര്‍ഗീയതയോടും ഭീകരവാദത്തോടും വിട്ടുവീഴ്ചയില്ലായ്മ- ഇവയൊക്കെ ഏതുപക്ഷത്തുനിന്ന് ഉണ്ടാകുമെന്നാണ് ഈ തെരഞ്ഞെടുപ്പില്‍ ജനം ഉറ്റുനോക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സൃഷ്ടിപരമായ നിലപാട് സ്വീകരിക്കുന്ന പുതിയ കേന്ദ്രസര്‍ക്കാര്‍ വരണമെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.

ആ ജനാഭിലാഷം സാക്ഷാല്‍ക്കരിക്കാനുള്ള ത്രാണിയോ സന്നദ്ധതയോ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിനോ നരേന്ദ്രമോഡി നയിക്കുന്ന ബിജെപിക്കോ ഇല്ല. കോടാനുകോടികള്‍ മുടക്കി പരസ്യങ്ങള്‍ നല്‍കിയും പെയ്ഡ് സര്‍വേകള്‍ സംഘടിപ്പിച്ചും കോര്‍പറേറ്റ് മാധ്യമങ്ങളുടെ പരിലാളനത്തിലൂടെയും കഴിവുകേട് മൂടിവച്ച് തെറ്റായ ഇമേജ് സൃഷ്ടിക്കാനുള്ള മത്സരമാണ് അതുകൊണ്ട് ഇരുപക്ഷവും നടത്തുന്നത്. എന്നാല്‍, ജനപക്ഷബദല്‍ ഉയര്‍ത്തി, രാജ്യത്തെയും ജനതയെയും തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനുള്ള പരിപാടിയാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത ജനാധിപത്യ- മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയില്‍, ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും അതുകൊണ്ടുതന്നെ. അഴിമതിയും വിലക്കയറ്റവും കോര്‍പറേറ്റുപ്രീണനവും വര്‍ഗീയഭീഷണിയുമടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമ്പോള്‍, ആ ബദലിന്റെ കരുത്താണ് വര്‍ധിക്കുകയെന്ന് മനസ്സിലാക്കിയുള്ള വെപ്രാളമാണ് രാഹുലിന്റെ വാക്കുകളില്‍ എന്നു പറയാനാകുന്നത് അതുകൊണ്ടാണ്. പത്തുവര്‍ഷംകൊണ്ട് രാജ്യത്തെ ഇവ്വിധം ദുരിതത്തിലാക്കിയതിന് സമാധാനം പറഞ്ഞിട്ടുപോരേ "ഉല്‍പ്പാദനശാലാ വാഗ്ദാനം" എന്ന് രാഹുലിനോടും എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ അനുയായികളോടും ചോദ്യമുയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
*
ദേശാഭിമാനി മുഖപ്രസംഗം

Saturday, April 5, 2014

കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടി ചാവേറാക്രമണം

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളടങ്ങിയ വന്‍ ഭൂമിതട്ടിപ്പാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജും ബന്ധുക്കളും ചേര്‍ന്ന് നടത്തിയത്. കടകംപള്ളിയിലും തൃക്കാക്കരയിലുമായി 250 കോടിയിലധികം വിലമതിക്കുന്ന ഭൂമിതട്ടിപ്പ് നടത്തി. തട്ടിപ്പിനിരയായ ഷെറീഫയും ബാലുസ്വാമിയും മറ്റും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സലിംരാജിനെതിരെ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. റവന്യൂ, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് അന്വേഷണം ഒരുവര്‍ഷത്തിലധികമായിട്ടും എവിടെയും എത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇരകള്‍ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്്. കേസ് പരിഗണിച്ച ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ഉത്തരവനുസരിച്ച് വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഒരു സാദാ പൊലീസുകാരന് ഉന്നത സ്വാധീനമില്ലാതെ ഇത്തരമൊരു തട്ടിപ്പുനടത്താനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കളങ്കിത വ്യക്തികളുടെ സാന്നിധ്യമുണ്ടെന്ന വസ്തുതകളും കോടതി പരിഗണിച്ച സ്റ്റേറ്റുമെന്റുകളിലും മൊഴികളിലും പ്രതിഫലിക്കുകയും ചെയ്തിരുന്നു. സോളാര്‍തട്ടിപ്പില്‍ ഉള്‍പ്പെട്ട ടെന്നി ജോപ്പന്റെയും മറ്റും വിവരങ്ങള്‍ ഈ കേസിലും വന്നിരുന്നതാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടത്.

സിബിഐ അന്വേഷണത്തിനിടയാക്കിയ സാഹചര്യം കുറ്റവാളികളുടെ ഉന്നതബന്ധമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം, ഇക്കാര്യത്തില്‍ സലിംരാജിന് തുണയായി എന്നത് പകല്‍പോലെ വ്യക്തം. ഇതു ബോധ്യമായതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനല്‍ സാന്നിധ്യത്തെകുറിച്ച് ജസ്റ്റിസിന് പറയേണ്ടിവന്നത്. വിധി പുറത്തായതുമുതല്‍ മന്ത്രി കെ സി ജോസഫ്, ഒരു കോണ്‍ഗ്രസ് വക്താവ് തുടങ്ങിയവര്‍ ന്യായാധിപനെ പരസ്യമായി ആക്ഷേപിക്കാന്‍ തുടങ്ങി. അത് വ്യക്തിപരമായ ആരോപണങ്ങള്‍വരെയായി. അവര്‍ ഉന്നയിക്കുന്ന പ്രധാന വാദം മുഖ്യമന്ത്രിയെ കേട്ടില്ലെന്നാണ്. സംസ്ഥാനസര്‍ക്കാരിന് വേണ്ടിയാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായത്. മാത്രമല്ല, ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതും വാദിക്കുന്നതും എജിയാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയെ കേട്ടില്ല എന്ന വാദത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസുകാര്‍മാത്രമല്ല ഈ വാദമുന്നയിച്ചത്. മലയാള മനോരമ പത്രത്തില്‍ (മാര്‍ച്ച് 30) കാളീശ്വരം രാജ് എഴുതിയ ലേഖനത്തിലും മുഖ്യമന്ത്രിക്ക് നീതി നിഷേധിച്ചതായി പറയുന്നു. ജഡ്ജ്മെന്റ് വായിക്കാതെ ജഡ്ജിയെ വിമര്‍ശിക്കുന്ന പ്രവണത ഖേദകരമാണ്. വിധിയുടെ ഉള്ളടക്കം മനസിലാക്കിയശേഷം വിമര്‍ശിക്കാം. അത് വ്യക്തിപരമാകരുത്. എന്നാല്‍, ഇവിടെ രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കുന്ന രീതിയാണ് മന്ത്രിയും അനുയായികളും അവലംബിക്കുന്നത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിനുള്ള ഫാസിസ്റ്റ് രീതിയാണ് ഇത്. ജസ്റ്റിസ് റഷീദിന്റെ വിധിയുടെ അന്തഃസത്ത നിലനിര്‍ത്തുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നതും ശ്രദ്ധേയമാണ്.

അടിയന്തരാവസ്ഥയില്‍ ഉന്നയിക്കപ്പെട്ട കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടിയുള്ള വാദം ഇപ്പോഴും ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ സംഭവവും തെളിയിക്കുന്നത്. കമ്മിറ്റഡ് ജുഡീഷ്യറി എന്നാല്‍ ഭരണകൂടത്തിന് വിധേയരായ ജഡ്ജിമാര്‍ അടങ്ങുന്ന ജുഡീഷ്യല്‍ സംവിധാനം എന്നാണ്. അതായത് തങ്ങള്‍ക്ക് അനുകൂലമായിമാത്രമേ ഉത്തരവുകള്‍ നല്‍കാവൂ. അല്ലെങ്കില്‍ ജഡ്ജിയെത്തന്നെ മാറ്റിക്കളയും. ഈ വാദം തികച്ചും ജനാധിപത്യവിരുദ്ധവും ജനങ്ങള്‍ തിരിച്ചറിയേണ്ടതുമാണ്.

*
അഡ്വ. ആര്‍ പത്മകുമാര്‍ ദേശാഭിമാനി

Wednesday, April 2, 2014

സലിംരാജ് കേസും ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തവും

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജിനെതിരായി ഉയര്‍ന്ന ഭൂമിതട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധിയില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംബന്ധിച്ച് ഗുരുതരമായ പരാമര്‍ശങ്ങളാണ് നടത്തിയത്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

യഥാര്‍ഥത്തില്‍ നിയമത്തിന്റെ ഒരു അടിസ്ഥാനതത്വം ഓര്‍മിപ്പിക്കുകമാത്രമാണ് കോടതി ചെയ്തത്. യജമാനന്റെ പേരില്‍ ജീവനക്കാരന്‍ നടത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും യജമാനന്‍ ഉത്തരവാദിയാകുകയെന്നുള്ളത് ലോകം മുഴുവന്‍ പിന്തുടര്‍ന്നു പോരുന്ന ടോര്‍ട്ട് നിയമത്തിലെ ഒരു പ്രാഥമിക തത്വമാണ്. വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏത് അപകടത്തിനും ആ വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമസ്ഥന്‍ ഉത്തരവാദിയാണെന്ന മോട്ടോര്‍വെഹിക്കിള്‍സ് ആക്ടിലെ വകുപ്പ് നിയമതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. "ഝൗശ എമരശേ ുലൃമഹശൗാ എമരശേ ുലൃലെ" (ഒല ംവീ മരേെ വേൃീൗഴവ മിീവേലൃ, മരേെ യ്യ ീൃ ളീൃ വശാലെഹള - ഒരാളുടെ ഏജന്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയാണ്) എന്ന നിയമതത്വമാണ് ഇതിന്റെ അടിത്തറ.

ഈ പ്രാഥമികമായ നിയമതത്വം ഓര്‍മിപ്പിച്ചതിനാണ് മുഖ്യമന്ത്രിയെ കേള്‍ക്കാതെയാണ് ഈ പരാമര്‍ശം നടത്തിയതെന്നും, ജഡ്ജി പക്ഷപാതപരമായാണ് പെരുമാറിയതെന്നും, ജഡ്ജിയുടെ പൂര്‍വ ചരിത്രമറിയാമെന്നുമൊക്കെയുള്ള ആക്രോശങ്ങള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയെ കേള്‍ക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു നടത്തിയ തട്ടിപ്പുകള്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ, അദ്ദേഹം അതില്‍ ഉള്‍പ്പെട്ടിരുന്നോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്.

മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായി ഉണ്ടായിരുന്ന ഒരാളാണ് മുഖ്യമന്ത്രിയുമായുണ്ടായിരുന്ന അടുപ്പം ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥരെ വരുതിയിലാക്കിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി യഥാര്‍ഥ ഉടമസ്ഥന്റെ പേരില്‍നിന്ന് മാറ്റാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഈ അതിക്രമത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം പൂര്‍ണമായും ഏറ്റെടുത്തേ തീരു. അതിന് തന്നെ കേട്ടില്ല എന്ന വാദമുയര്‍ത്തി രക്ഷപ്പെടാമെന്ന് കരുതുന്നത് നിയമവാഴ്ചക്കെതിരാണ്. ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും ക്യാബിനറ്റ് ഗവണ്‍മെന്റിനെയും കുറിച്ച് വ്യക്തമായ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ രചിച്ചയാളാണ് ബ്രിട്ടീഷ് ഭരണഘടനാ വിദഗ്ധനായ സര്‍ ഐവര്‍ ജന്നിങ്സ്. അദ്ദേഹത്തിന്റെ "ക്യാബിനറ്റ് ഗവണ്‍മെന്റ്" എന്ന പുസ്തകം ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. സര്‍ ഐവര്‍ ജന്നിങ്്സ് ഒരു മന്ത്രിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് പറയുന്നത് നോക്കൂ.

Within a department there must be substantial delegation of power, but the most essential characteristic of the civil service is the responsibility of the minister for every act close in his department". In practice, the minister can hardly avoid saying that the mistake was that of a subordinate, but parliament censures the minister not the subordinate (page 463 - Cabinet Government - Sir Iver Jennings)

ജനാധിപത്യത്തിന്റെയും ക്യാബിനറ്റ് ഗവണ്‍മെന്റിന്റെയും ഈ അടിസ്ഥാന തത്വം ഓര്‍മിപ്പിക്കുകമാത്രമാണ് ഇപ്പോള്‍ കോടതിയും കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിപക്ഷവും ചെയ്യുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവച്ചത് അദ്ദേഹത്തിന്റെ അനന്തരവന്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ്. കെ കരുണാകരന്‍ രാജിവച്ചതും രാമചന്ദ്രന്‍മാസ്റ്റര്‍ രാജിവച്ചതും കെ പി വിശ്വനാഥന്‍ രാജിവച്ചതും എല്ലാം കോടതി പരാമര്‍ശങ്ങളുടെ പേരിലാണ്്. ചാരക്കേസില്‍ കെ കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍മിക്കുന്നുണ്ടോ? ചാരക്കേസ് സംബന്ധിച്ചും കേരള ഹൈക്കോടതിയിലെ ഒരു ഹര്‍ജിയില്‍ കോടതി സിബിഐ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. കെ കരുണാകരനെക്കുറിച്ച് ഒരു പരാമര്‍ശവും കോടതി നടത്തിയില്ല. എന്നിട്ടും ആ വിധി പൊക്കിപ്പിടിച്ചാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കെ കരുണാകരനെ ഇറക്കിവിട്ടത്. ധാര്‍മികമായും നിയമപരമായും ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ അനുസരിച്ചും ഉമ്മന്‍ചാണ്ടി രാജിവച്ചേ മതിയാകൂ.
*
അഡ്വ. കെ സുരേഷ്കുറുപ്പ്

Saturday, March 29, 2014

അരനിമിഷം തുടരരുത്

കോണ്‍ഗ്രസിനും യുഡിഎഫിനും അന്തസ്സിന്റെയോ മാന്യതയുടെയോ മര്യാദയുടെയോ നേരിയ അംശം അവകാശപ്പെടാന്‍ ബാക്കിയുണ്ടെങ്കില്‍ ഈ മുഖ്യമന്ത്രിയെ ഇറക്കിവിടണം. ഉമ്മന്‍ചാണ്ടിക്കു മുന്നിലുള്ള ഏകവഴി രാജിമാത്രമാണ്. ഭൂമിതട്ടിപ്പുകാരുടെയും കൊള്ളരുതാത്തവരുടെയും താവളമാക്കി സ്വന്തം ഓഫീസ് മാറ്റി എന്ന് ഹൈക്കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയശേഷവും ആ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും മാത്രമല്ല, കേരളീയന്റെ ആത്മാഭിമാനത്തിനുകൂടിയാണ് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഇന്നുവരെ ഇവ്വിധം നീതിപീഠത്തിന്റെ രൂക്ഷവിമര്‍ശം കേള്‍ക്കേണ്ടിവന്നിട്ടില്ല. ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡറെയും സോളാര്‍ തട്ടിപ്പുകാരെയും ഇതര ക്രിമിനല്‍ പശ്ചാത്തലക്കാരെയും സര്‍ക്കാര്‍ ശമ്പളംകൊടുത്ത് തന്റെ ഓഫീസില്‍ കുടിയിരുത്തുക എന്ന ക്രിമിനല്‍കുറ്റമാണ് ഹൈക്കോടതി ഉമ്മന്‍ചാണ്ടിയില്‍ കണ്ടെത്തിയത്. അതിനര്‍ഥം കുറ്റകൃത്യങ്ങളുടെ കേന്ദ്രം ഉമ്മന്‍ചാണ്ടിതന്നെ എന്നാണ്. അത്തരമൊരാള്‍ക്ക് എങ്ങനെ നാടുഭരിക്കാന്‍ അവകാശമുണ്ടാകും? കുറ്റവാളികള്‍ക്ക് നിരങ്ങാനുള്ളതാണോ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം?

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളിയിലും എറണാകുളം ജില്ലയിലെ ഇടപ്പള്ളി പത്തടിപ്പാലത്തും നടന്ന ഭൂമി തട്ടിപ്പുകേസുകളാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് വിട്ടത്. കടകംപള്ളിയില്‍ 18 സര്‍വേ നമ്പരുകളിലായി 44.5 ഏക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത ഗണ്‍മാനായിരുന്ന സലിംരാജും ഭൂമാഫിയയയും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് പരാതി. 200 കോടിയിലേറെ രൂപ വിലവരുന്ന ഭൂമി അത്യുന്നത സ്വാധീനമുപയോഗിച്ച് രേഖകള്‍ തിരുത്തിയും നശിപ്പിച്ചും വ്യാജമായി ഉണ്ടാക്കിയുമാണ് സ്വന്തമാക്കാന്‍ തുനിഞ്ഞത്. ഇരുനൂറോളം കുടുംബം ജനസമ്പര്‍ക്ക പരിപാടിയിലും സുതാര്യ കേരളം പരിപാടിയിലും നല്‍കിയ പരാതി മുഖ്യമന്ത്രിതന്നെ പൂഴ്ത്തി. പത്തടിപ്പാലം ചങ്ങമ്പുഴ നഗറില്‍ 25 കോടി മതിക്കുന്ന സ്ഥലം തട്ടിയെടുക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍തൊട്ട് വില്ലേജ് ഓഫീസറെവരെ ഉപയോഗിച്ചാണ് ക്രിമിനല്‍നീക്കം നടന്നത്. പൊലീസ് സേനയില്‍ ഒരു കോണ്‍സ്റ്റബിളായ സലിംരാജിന് തനിച്ച് ചെയ്യാനാവുന്നതല്ല ഇതൊന്നും. അവിടെയാണ്, എല്ലാ തട്ടിപ്പുകളുടെയും നായകസ്ഥാനത്ത്, തട്ടിപ്പുകാരുടെ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി വരുന്നത്.

കോടതിയില്‍നിന്നുള്ള നേരിയ പ്രതികൂല പരാമര്‍ശംപോലും മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച നാടാണിത്. മന്ത്രിക്ക് വനംമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞപ്പോള്‍ വനംമന്ത്രിപദം രാജിവച്ച കെ പി വിശ്വനാഥന്‍ ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയില്‍ത്തന്നെയാണ് ഇന്നും. അദ്ദേഹം കാണിച്ച മര്യാദയുടെ നൂറിലൊന്നെങ്കിലും സ്വന്തമായുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നേ രാജിവയ്ക്കുമായിരുന്നു. സോളാര്‍തട്ടിപ്പടക്കമുള്ള കേസുകള്‍ അട്ടിമറിച്ചാണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും അനാശാസ്യത്തിന്റെപോലും അരങ്ങാണെന്നത് സമ്മതിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘം മാത്രമേ വിസമ്മതിക്കുന്നുള്ളൂ.

പാമൊലിന്‍ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും പുറത്തുചാടിച്ചാണ് ഉമ്മന്‍ചാണ്ടി തന്റെ സ്ഥാനം രക്ഷിച്ചത്. ടൈറ്റാനിയം, സൈന്‍ബോര്‍ഡ് അഴിമതിക്കേസുകളിലും അട്ടിമറിതന്നെ സംഭവിച്ചു. സലിംരാജിന്റെ പേരിലുള്ള കേസ് പരിഗണിക്കവെ സലിംരാജ് സംസ്ഥാന മുഖ്യമന്ത്രിയാണോ, ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ, ഇവിടെ എന്ത് ജനാധിപത്യമാണുള്ളത് എന്ന് കോടതി ചോദിച്ചതാണ്. ജനാധിപത്യത്തോടും നീതിന്യായവ്യവസ്ഥയോടും അല്‍പ്പമെങ്കിലും മതിപ്പുണ്ടെങ്കില്‍ അന്നുതന്നെ രാജിവക്കേണ്ടതായിരുന്നു. സംസ്ഥാന പൊലീസിലെ ഡിജിപി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ക്രിമിനലുകളുടെ താവളമായെന്നു പറഞ്ഞ അനുഭവവുമുണ്ട്. ഇന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും കെ മുരളീധരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമെല്ലാം ഇതാവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഹൈക്കോടതി ഒരു സംശയത്തിനുമിടയില്ലാതെയാണ് മുഖ്യമന്ത്രിക്കുനേരെ വിരല്‍ചൂണ്ടിയത്. നീതിപീഠത്തിനുമുന്നില്‍ വിചാരണയ്ക്ക് വിധേയനാകേണ്ട, കുറ്റകൃത്യങ്ങളില്‍ പങ്കാളിയെന്ന് പ്രഥമദൃഷ്ട്യാ കരുതപ്പെടുന്ന ഒരാള്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഒരു നാടിനും ഭൂഷണമല്ല. ആദര്‍ശത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോടതി വിധിയോട് പ്രതികരിച്ചത് പരിഹാസ്യമായ രീതിയിലാണ്. ആര്‍ജവം എന്നൊന്നുണ്ടെങ്കില്‍, രാജിവച്ച് പുറത്തുപോയി നിരപരാധിത്വം തെളിയിച്ച് വരൂ എന്നാണ് ഉമ്മന്‍ചാണ്ടിയോട് ആ പാര്‍ടി പറയേണ്ടിയിരുന്നത്. പകരം, എന്തു വന്നാലും രാജിയില്ല എന്ന ലജ്ജാശൂന്യമായ പ്രസ്താവനയ്ക്ക് അവസരമൊരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇങ്ങനെ വിവസ്ത്രമായി നില്‍ക്കുന്ന യുഡിഎഫ് നേതൃത്വത്തെ കള്ളന് കഞ്ഞിവച്ചവര്‍ എന്നാണ് ചരിത്രം രേഖപ്പെടുത്തുക.

ഹൈക്കോടതിയെ ഭീഷണിപ്പെടുത്താനും ജഡ്ജിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനും ഒരുമന്ത്രിയെത്തന്നെ ഇറക്കിയ ഉമ്മന്‍ചാണ്ടി, ഭരണഘടനയെക്കൂടി വെല്ലുവിളിച്ചിട്ടുണ്ട്. ഈ ധാര്‍ഷ്ട്യത്തിനും അധികാരപ്രമത്തതയ്ക്കും നിയമനിഷേധത്തിനും കൊള്ളയ്ക്കും ജനങ്ങളുടെ കോടതിയില്‍ അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടുകൂടാ. ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്ത് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ അനിവാര്യമായ കടമയാണ്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത് ആ കടമ കേരളം ഏറ്റെടുക്കുന്നതിന്റെ തുടക്കമാണ്. ആ ചുവരെഴുത്ത് മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള വിവേകം യുഡിഎഫ് കാണിച്ചാല്‍ നല്ലത്.
*
Deshabhimani Editorial

Tuesday, February 4, 2014

അഴിമതിയുടെ തലപ്പത്ത്

അഴിമതിയുടെ പര്യായമായി കോണ്‍ഗ്രസ് പാര്‍ടിയും അവരുടെ നേതാക്കളും മാറിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ വമ്പന്മാര്‍ ഉള്‍പ്പെട്ട മറ്റൊരു അഴിമതിയുടെകൂടി ചുരുളാണ് അഴിയുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കഥകള്‍ ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. കോണ്‍ഗ്രസ് അഴിമതിപ്പാര്‍ടിയാണെന്ന ബോധ്യം ജനങ്ങളില്‍ വ്യാപകമായി സൃഷ്ടിക്കപ്പെട്ടത് ബൊഫോഴ്സ് അഴിമതിക്കേസിനെതുടര്‍ന്നാണ്. അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാജീവ്ഗാന്ധിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. ബൊഫോഴ്സ് അഴിമതിയെക്കുറിച്ച് ഇന്ത്യക്കാര്‍ അറിയുന്നത് വിദേശത്തുനിന്നാണ്. ഇടപാടില്‍ കമീഷന്‍ നല്‍കിയ കാര്യം ആദ്യം റിപ്പോര്‍ട്ടുചെയ്തത് സ്വീഡിഷ് റേഡിയോയാണ്. ഇപ്പോള്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും വിദേശത്തുനിന്നാണ്. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയ തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്. ബൊഫോഴ്സ്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതികള്‍ പത്താംനമ്പര്‍ ജനപഥുമായി ബന്ധപ്പെട്ടതാണെന്നത് ശ്രദ്ധിക്കണം.

വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ 12 എഡബ്ല്യു 101 ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 3760 കോടി രൂപയുടെ കരാറിനുപിന്നിലെ അഴിമതിക്കഥകളാണ് മറനീക്കി പുറത്തുവന്നത്. 2010 ഫെബ്രുവരിയിലാണ് കരാര്‍ ഒപ്പുവച്ചതെങ്കിലും 2008 മുതല്‍തന്നെ കരാര്‍ ലഭിക്കുന്നതിനുള്ള കോഴപ്പണം ഒഴുകാന്‍ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് ഏകദേശം 24 കോടി രൂപ നല്‍കാന്‍ നിര്‍ദേശിച്ചുള്ള കത്താണ് ഇപ്പോള്‍ വിവാദമായത്. കരാര്‍ ലഭിക്കുന്നതിനുള്ള കോഴപ്പണമാണിത്. 2008ല്‍ അമേരിക്കയുമായി ഒപ്പിട്ട ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ അഴിമതി. പിന്നീട് വോട്ടുകോഴയെന്ന് പ്രസിദ്ധമായ എംപിമാരെ വിലയ്ക്ക് വാങ്ങാനുള്ള പണമായിരുന്നോ ഇതുവഴി കോണ്‍ഗ്രസ് സമാഹരിച്ചതെന്നത് തുടര്‍ന്നുള്ള അന്വേഷണത്തില്‍മാത്രമേ വ്യക്തമാകൂ.

സോണിയയും പട്ടേലുമടക്കമുള്ളവരെ സ്വാധീനിക്കാന്‍ നിര്‍ദേശിച്ച് ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ മൈക്കല്‍, അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഇന്ത്യന്‍ മേധാവി പീറ്റര്‍ ഹുള്ളറ്റിന് 2008 മാര്‍ച്ചില്‍ അയച്ച കത്താണ് പുറത്തുവന്നത്. ഇറ്റാലിയന്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഗിഡിയോ റാള്‍ഫ് ഹാഷ്കെയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെടുത്തത്. പ്രോസിക്യൂട്ടര്‍മാര്‍ ഇത് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചാല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്നും അതിനാല്‍ അവരെ സ്വാധീനിക്കാന്‍ അവരുടെ ഏഴ് വിശ്വസ്തരെ കാണാനാണ് കത്തില്‍ നിര്‍ദേശിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവരെ സ്വാധീനിക്കാനാണ് നിര്‍ദേശം. കോഴപ്പണം എങ്ങനെ വിതരണംചെയ്യണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. പണം നല്‍കേണ്ടവരുടെ ചുരുക്കപ്പേരും തുകയുമാണ് കത്തില്‍. എഎഫ് (എയര്‍ഫോഴ്സ്) 60 ലക്ഷം യൂറോ, ബിയുആര്‍ (ബ്യൂറോക്രാറ്റ്സ്) 84 ലക്ഷം യൂറോ, പിഒഎല്‍ (പൊളിറ്റീഷ്യന്‍സ്) 60 ലക്ഷം യൂറോ, എപി (അഹമ്മദ് പട്ടേല്‍) 30 ലക്ഷം യൂറോ എന്നിങ്ങനെയാണ് പേരും വിതരണംചെയ്യേണ്ട തുകയും സൂചിപ്പിച്ചിട്ടുള്ളത്.

വിവിഐപികള്‍ക്കായി പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള നീക്കത്തിനുപിന്നില്‍ സോണിയ ഗാന്ധിയാണെന്ന് കത്തില്‍ വ്യക്തമായും പറയുന്നുണ്ട്. വിവിഐപികള്‍ ഉപയോഗിച്ചുവരുന്ന റഷ്യന്‍ നിര്‍മിത എംഐ 8 ഹെലികോപ്റ്റര്‍ ഇനിമുതല്‍ സോണിയ ഉപയോഗിക്കില്ലെന്നും സോണിയയെ സ്വാധീനിക്കാനായാല്‍ നമ്മുടെ ഹെലികോപ്റ്ററുകള്‍ വില്‍ക്കാനാകുമെന്നും സോണിയയെയും അവരുടെ ഉപദേശകരെയും സ്വാധീനിക്കാന്‍ ബ്രിട്ടീഷ് ഹൈക്കമീഷണറോട് പറയണമെന്നും മറ്റും കത്തില്‍ നിര്‍ദേശിക്കുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ സോണിയയുടെ ഏഴ് ഉപദേശകര്‍ ആരൊക്കെയെന്ന് കത്തില്‍ വ്യക്തമാക്കുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇറ്റലിയുടെയും ബ്രിട്ടന്റെയും സംയുക്തസംരംഭമായതിനാലാണ് ബ്രിട്ടീഷ് ഹൈക്കമീഷണറുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ സികോര്‍സ്കിയും അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമാണ് ഇടപാടില്‍ അവസാനംവരെ രംഗത്തുണ്ടായിരുന്നു. കരാര്‍ നേടാന്‍ സികോര്‍സ്കിയും ശക്തമായി ശ്രമിച്ചു. ഇത് മനസ്സിലാക്കിയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സോണിയ വഴി കരാര്‍ നേടാന്‍ ശ്രമമാരംഭിച്ചത്. 2010 ഫെബ്രുവരിയില്‍ സികോര്‍സ്കിയെ തഴഞ്ഞ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2012ല്‍ അഗസ്റ്റയുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ സിഇഒ ഗിസപ്പെ ഒര്‍സി കോഴപ്പണം നല്‍കിയതിന് അറസ്റ്റിലായതോടെയാണ് അഴിമതി ഇടപാടുകള്‍ പുറത്തായത്. മുന്‍ വ്യോമസേനാമേധാവി എസ് പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ കോഴപ്പണം വാങ്ങിയതായി പിന്നീട് വാര്‍ത്ത വന്നു. ചില ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇടപാട് വിവാദമായതോടെ കഴിഞ്ഞ ജനുവരി ഒന്നിന് കരാര്‍ റദ്ദാക്കാന്‍ പ്രതിരോധമന്ത്രാലയം നിര്‍ബന്ധിതമായി.

കരാര്‍ റദ്ദാക്കി കൈകഴുകാനുള്ള എ കെ ആന്റണിയുടെ ശ്രമം അപലപനീയമാണ്. അഴിമതി നടത്തിയവരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം. സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അതൊന്നുംതന്നെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട അഴിമതിയായതിനാല്‍ സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതാനുമാകില്ല. രാഷ്ട്രീയ യജമാനന്മാരുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങുന്ന കൂട്ടിലെ തത്തയായി സിബിഐ ഈ കേസിലും മാറുമെന്നതില്‍ സംശയമില്ല. അതൊഴിവാക്കാനുള്ള ജനകീയ ഇടപെടലിന്റെ അനിവാര്യതയാണ് ഈ സംഭവം ജനത്തെ ഓര്‍മിപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, February 1, 2014

സോളാറും പാമൊലിനും , ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാവില്ല

കോണ്‍ഗ്രസ് ഭരണകര്‍ത്താക്കള്‍ അഴിമതി നടത്തി എന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതായിട്ടുണ്ട്. കാരണം, കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന ഭരണകര്‍ത്താക്കളെല്ലാം അഹമഹമികയാ അഴിമതിക്കേസുകളില്‍ അണിനിരക്കുകയാണ്. എന്നാല്‍, അഴിമതി നടത്തുക മാത്രമല്ല, തെളിവുകള്‍ നശിപ്പിച്ച് അത് തേച്ചുമായ്ച്ചുകളയാനും, കേസില്‍നിന്ന് രക്ഷപ്പെടാനും ഭരണസംവിധാനത്തെതന്നെ ദുരുപയോഗം ചെയ്യുന്നു എന്നു വന്നാലോ? അത്തരത്തിലുള്ള ഗൂഢനീക്കങ്ങളിലൂടെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്ത സൃഷ്ടിക്കുന്നത്. അഴിമതി നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുകയും, പിടിവീഴാതിരിക്കാന്‍ പൊലീസിനെ മാത്രമല്ല, കോടതികളെപ്പോലും ദുരുപയോഗംചെയ്യാന്‍ ശ്രമിക്കുകയുമാണ്. എന്നാല്‍പ്പോലും, കോടതികള്‍ പൊതുവില്‍ അഴിമതി അവസാനിപ്പിക്കുന്നതിനുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

കേരളത്തെയാകെ ഞെട്ടിപ്പിക്കുകയും നാണംകെടുത്തുകയുംചെയ്ത സോളാര്‍ അഴിമതിക്കേസില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും തെളിവുകളും ഒന്നിനുപിറകെ ഒന്നായി വന്നപ്പോഴും അധികാരത്തിന്റെ സൗകര്യങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടി ഇക്കാലമത്രയും പയറ്റിയത്. ഉമ്മന്‍ചാണ്ടിയിലേക്കും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വിരല്‍ചൂണ്ടിയാണ് സോളാര്‍ അഴിമതിക്കേസില്‍ ഓരോരോ വിവരങ്ങള്‍ പുറത്തുവന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കിനൊപ്പം, അത് തേച്ചുമായ്ച്ചുകളയാന്‍ പൊലീസിനെയും ഭരണസംവിധാനത്തെയും ദുരുപയോഗം ചെയ്തതിന്റെയും തെളിവുകളാണ് കഴിഞ്ഞവര്‍ഷം ജൂണില്‍ അഴിമതി പുറത്തായ നാള്‍മുതല്‍ ഇന്നുവരെ പ്രതിപക്ഷം ഹാജരാക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പല സന്ദര്‍ഭങ്ങളിലും ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ സരിതയുമായി ബന്ധപ്പെട്ട് പുറത്തുവരുമെന്നു വന്നതോടെ, സരിതയുടെ മൊഴി 21 പേജില്‍നിന്ന് മൂന്നരപ്പേജായി ചുരുങ്ങി. സരിതയെ രായ്ക്കുരാമാനം പത്തനംതിട്ട ജയിലില്‍നിന്ന് അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത്, അവിടെ അമ്മയും മറ്റൊരാളും ജയിലുമായി ബന്ധമില്ലാത്ത ഉന്നത പൊലീസുദ്യോഗസ്ഥനും രഹസ്യമായി സരിതയെ സന്ദര്‍ശിച്ചത്, സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് തയ്യാറാകാതിരുന്നത്, കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സരിതയ്ക്ക് കോടിക്കണക്കിന് രൂപ ലഭ്യമാക്കിയത്, മന്ത്രിമാരടക്കം പല ഉന്നതരുടെയും പേരുകള്‍ പുറത്തുപറയാനുണ്ടെന്ന സരിതയുടെ അമ്മയുടെ വെളിപ്പെടുത്തല്‍, ഏറ്റവും ഒടുവില്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ സരിതയെ എംസി റോഡില്‍നിന്ന് വഴിതിരിച്ച് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത് എന്നിവയെല്ലാം കേസിന്റെ നാള്‍വഴികളില്‍ പ്രകടമായ ദുരൂഹതകളാണ്. കേസ് തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ക്കും തെളിവാണിത്. അതുകൊണ്ടുതന്നെയാണ് ഹൈക്കോടതി നിരവധി സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയത്.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ എന്താണ് മറച്ചുവയ്ക്കുന്നത്? എം കെ കുരുവിള നല്‍കിയ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിച്ചോ? പൊലീസിന്റെ നടപടികള്‍ നാണക്കേടുണ്ടാക്കുന്നവയാണ്. വേണ്ടിവന്നാല്‍ എഡിജിപിയെ കോടതി വിളിച്ചുവരുത്തും. സോളാര്‍ തട്ടിപ്പിലെ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചു? കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ജയിലില്‍ കിടക്കുന്ന സരിതയ്ക്ക് എവിടെനിന്നാണ് ഇത്രയേറെ പണം ലഭിച്ചത്? സരിതയ്ക്ക് ജയിലില്‍ ഇത്രയേറെ ആഡംബര സാരികള്‍ എവിടെനിന്ന് കിട്ടുന്നു? സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷ്യനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടോ? ഭൂമി തട്ടിപ്പുകേസില്‍ ഒരു സാധാരണ പൊലീസുകാരനായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഡിജിപിക്ക് ഭയമാണോ? മുഖ്യമന്ത്രിയും സലിംരാജിനെ ഭയക്കുന്നത് എന്തിനാണ്? സലിംരാജിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്തുവരരുതെന്ന് മുഖ്യമന്ത്രി എന്തിനാണ് വാശികാട്ടുന്നത്? സലിംരാജിന്റെ ഫോണ്‍വിവരങ്ങള്‍ പുറത്തുവരുന്നതു തടയാന്‍ എന്തിനാണ് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനെ നേരിട്ട് കോടതിയില്‍ അയച്ചത്? എന്നിങ്ങനെയൊക്കെയാണ് സര്‍ക്കാരിനെ പ്രഹരിക്കുന്ന മട്ടില്‍ കോടതി അഭിപ്രായപ്പെട്ടത്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധസമരമടക്കം നിരവധി സമരങ്ങള്‍ നടത്തി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ഉമ്മന്‍ചാണ്ടിയുടെ രാജിയും ആവശ്യപ്പെട്ടായിരുന്നു സമരങ്ങള്‍. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണംതന്നെ ഉമ്മന്‍ചാണ്ടി അട്ടിമറിക്കുകയായിരുന്നു. സമാനമായ കള്ളത്തരങ്ങള്‍ കാട്ടിയാണ് ഏറെ കോളിളക്കമുണ്ടാക്കിയ പാമൊലിന്‍ അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. കേസ് കൈകാര്യംചെയ്ത മജിസ്ട്രേട്ടിനെ, ചീഫ്വിപ്പിനെക്കൊണ്ട് ചീത്തപറയിപ്പിച്ച് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. അതിനുശേഷം, അഴിമതി അരങ്ങേറിയ പാമൊലിന്‍ ഇറക്കുമതിക്ക് ധനമന്ത്രിയെന്ന നിലയില്‍ ഫയലില്‍ ഒപ്പിട്ട ഉമ്മന്‍ചാണ്ടിയെക്കൂടി പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഞാന്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കെയാണ് കേസ് അപ്പാടെ പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ 2005ലും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ കേസ് പിന്‍വലിച്ചതാണ്. 2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പിന്നീട് കേസ് തുടര്‍ന്നത്. പാമൊലിന്‍ അഴിമതി പരവതാനിക്കടിയില്‍ വച്ച് ഒതുക്കാവുന്നതല്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണംകൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നത് അത്യന്തം ലജ്ജാകരമാണ്. ഇതിനെതിരെ ഞാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയത്.

ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണ് ഈ വിധി. എന്നാല്‍, ഇതിനുശേഷം വീണ്ടും ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗത്തിലൂടെ തല്‍ക്കാലത്തേക്ക് കേസില്‍ സ്റ്റേ സമ്പാദിച്ചു. ഇതെല്ലാം ഉണ്ടായിട്ടും ഒരു നാണവുമില്ലാതെ ഉമ്മന്‍ചാണ്ടി അധികാരക്കസേരയില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയാണ്. എത്രയൊക്കെ കള്ളത്തരങ്ങളും ഗൂഢനീക്കങ്ങളും നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ഈ അഴിമതിക്കേസില്‍നിന്ന് തടിയൂരാന്‍ കഴിയില്ലെന്നതിന്റെ സാക്ഷ്യപത്രംകൂടിയാണ് കോടതികള്‍ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി സ്വീകരിച്ച നിലപാടുകള്‍. സംസ്ഥാന ഖജനാവ് കൊള്ളചെയ്ത അഴിമതിക്കേസില്‍ എന്തൊക്കെ കൃത്രിമങ്ങള്‍ കാട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ഒടുവില്‍ ഉമ്മന്‍ചാണ്ടി പിടിക്കപ്പെടുകതന്നെ ചെയ്യും. ഇടമലയാര്‍ കേസിന് സമാനമായ പരിണാമഗുപ്തിയാകും സോളാര്‍, പാമൊലിന്‍ കേസുകളിലും ഉണ്ടാവുക.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

Tuesday, January 14, 2014

കോണ്‍ഗ്രസിനെ സിബിഐ രക്ഷിക്കുന്ന വിധം

സിബിഐ തുടരെത്തുടരെ ദുരുപയോഗിക്കപ്പെടുകയാണ്. ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ വീണ്ടും കളമൊരുങ്ങുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് സിബിഐയുടെ അന്വേഷണമെങ്കിലും കേസില്‍ ഇതുവരെ ഒരു കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, തിങ്കളാഴ്ച സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ ക്രമക്കേട് ആരോപിക്കപ്പെട്ട 60 കല്‍ക്കരിപ്പാടങ്ങളുടെ വിതരണം എല്ലാ മാനദണ്ഡവും പാലിച്ചാണെന്ന ക്ലീന്‍ചിറ്റാണ് സിബിഐ നല്‍കിയത്.

സാമ്പത്തികപരിഷ്കരണ നടപടികളുടെ ഭാഗമായി 1993 മുതലാണ് രാജ്യത്ത് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനനം അനുവദിച്ചുതുടങ്ങിയത്. 1993 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 195 കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടോയെന്ന പരിശോധനയാണ് സിബിഐ നടത്തുന്നത്. 60 കല്‍ക്കരിപ്പാടങ്ങളുടെ വിതരണം എല്ലാ മാനദണ്ഡവും പാലിച്ചാണെന്ന് സിബിഐ തന്നെ അവകാശപ്പെടുമ്പോള്‍ സിബിഐ ഇതുവരെ എടുത്ത 16 കേസില്‍ ആറെണ്ണം അപ്രസക്തമാകുകയാണ്. സിബിഐയുടെ കണ്ടെത്തല്‍ സുപ്രീംകോടതി അതേപോലെ അംഗീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

കല്‍ക്കരി വിതരണത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചെന്ന് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി കഴിഞ്ഞദിവസം കോടതിമുമ്പാകെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ കുറ്റസമ്മതമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. അനുവദനീയമായ സമയപരിധി കഴിഞ്ഞിട്ടും ഉല്‍പ്പാദനം ആരംഭിക്കാത്ത കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കിക്കൂടേ എന്ന ചോദ്യം കോടതി എജിയോട് ഉന്നയിച്ചു. ഈ വിഷയം താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അടുത്തുതന്നെ തീരുമാനമുണ്ടാകുമെന്നുമാണ് വഹന്‍വതി പ്രതികരിച്ചത്. എന്നാല്‍, ഈ വിഷയം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസമിതി തീരുമാനമെടുക്കാതെ പിരിയുകയാണുണ്ടായത്. കല്‍ക്കരിപ്പാടങ്ങള്‍ കൈവശം വച്ചിട്ടുള്ള സ്വകാര്യ കമ്പനികളുടെ സമര്‍ദം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തം.

ഇതുവരെ 40 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദുചെയ്തു. 2005നുശേഷം അനുവദിച്ച 15 പാടം ഇതിലുള്‍പ്പെടും. എന്നാല്‍, സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട 41 പാടത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ജിണ്ടാല്‍ സ്റ്റീല്‍ പോലെയുള്ള വമ്പന്‍ കമ്പനികളാണ് ഈ പാടങ്ങളുടെ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ളത്. എല്ലാ ലൈസന്‍സും ഒറ്റയടിക്ക് റദ്ദാക്കുന്നത് നിക്ഷേപത്തെ ദോഷമായി ബാധിക്കുമെന്നും കോര്‍പറേറ്റുകളെ കൂടുതലായി സര്‍ക്കാരില്‍നിന്ന് അകറ്റുമെന്നുമുള്ള ഭയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ വിശദമായ പരിശോധനയ്ക്കുശേഷം മതി തീരുമാനമെന്ന നിലപാടിലാണ് സര്‍ക്കാരിപ്പോള്‍. അതല്ലെങ്കില്‍ 2ജി കേസില്‍ ചെയ്തതുപോലെ കോടതി ഇടപെട്ട് ലൈസന്‍സുകള്‍ റദ്ദാക്കട്ടെയെന്ന കാഴ്ചപ്പാടുമുണ്ട്. 2ജി കേസില്‍ ക്രമക്കേടിലൂടെ വിതരണം ചെയ്ത 122 ലൈസന്‍സാണ് സുപ്രീംകോടതി റദ്ദാക്കിയത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പ് നിയന്ത്രിച്ച ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. വിവാദമായ ഇടപാടുകളത്രയും ഇക്കാലയളവിലാണ്. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യം പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും മന്‍മോഹന്‍സിങ് തെറ്റുചെയ്തിട്ടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്. 2012 മാര്‍ച്ചിലാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ ഒച്ചപ്പാടുയര്‍ന്നതോടെ 2013 മെയില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ കല്‍ക്കരി ഇടപാട് അന്വേഷണം സിബിഐക്ക് വിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ലോക്സഭാ അംഗം നവീന്‍ ജിണ്ടാല്‍, മുന്‍ കേന്ദ്രസഹമന്ത്രി ദസരി നാരായണറാവു, രാജ്യസഭാ അംഗം വിജയ്ദര്‍ദ തുടങ്ങിയവര്‍ പ്രതിസ്ഥാനത്തുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരഖ് എന്നിവരും പ്രതികളാണ്. സിബിഐ അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അശ്വനികുമാറിന് നിയമമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളാന്‍ നിന്ന സിബിഐയെ കോടതി പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കൂട്ടിലടച്ച തത്തയാണോയെന്ന കോടതിയുടെ ചോദ്യം രാജ്യമൊട്ടാകെ വലിയ അലയൊലികള്‍ തീര്‍ത്തു. സിബിഐക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്ന നിലപാടിലേക്ക് എത്തിയ കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കല്‍ക്കരി ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ അപ്രത്യക്ഷമായതും വലിയ വിവാദമായി. പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഫയലുകള്‍ മുക്കിയതാണെന്ന ആക്ഷേപമുയര്‍ന്നു. ഈ വിഷയത്തിലും കേസെടുക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു. പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്തെങ്കിലും സിബിഐ ഇക്കാര്യത്തിലും പിന്നോക്കം പോകുകയാണ്. കാണാതായ ഫയലുകള്‍ മിക്കതും കണ്ടുകിട്ടിയെന്നാണ് ഏജന്‍സി ഇപ്പോള്‍ കോടതിയെ അറിയിച്ചത്. അന്വേഷണം മരവിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രി അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കല്‍ക്കരി, 2ജി പോലുള്ള വന്‍അഴിമതികളെല്ലാം ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന ന്യായമാണ് മുന്നോട്ടുവച്ചത്. ജനങ്ങള്‍ വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചെന്നും അഴിമതി പ്രസക്തമല്ലെന്ന് ആ ജനവിധി തെളിയിച്ചെന്നുമാണ് പ്രധാനമന്ത്രിയുടെ "യുക്തി". അഴിമതികള്‍ സിഎജി പുറത്തുകൊണ്ടുവന്നത് രണ്ടാം യുപിഎ ഭരണകാലത്താണെന്നത് അദ്ദേഹം മിണ്ടിയില്ല. സിബിഐയെ ഉപയോഗിച്ച് എല്ലാ അഴിമതിക്കേസില്‍നിന്നും ഈവിധം രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അഴിമതിക്കെതിരെ രാജ്യത്ത് അലയടിക്കുന്ന ജനവികാരം അവര്‍ കാണുന്നതേയില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, January 13, 2014

പാമൊലിന്‍ പിന്നാമ്പുറം

സര്‍ക്കാര്‍ മന്ത്രവാദികള്‍ പലവട്ടം പരിഹാരക്രിയകള്‍ നടത്തിയിട്ടും പാമൊലിന്‍ കേസ് എന്ന പ്രേതബാധ ഉമ്മന്‍ചാണ്ടിയെ നിഴല്‍പോലെ പിന്തുടരുകയാണ്. കെ കരുണാകരന്റെ മരണശേഷമാണ് പാമൊലിന്‍ ദുര്‍ഭൂതം ഉമ്മന്‍ചാണ്ടിയെ ആവാഹിച്ചത്; കൊണ്ടേ പോകൂ എന്ന നിര്‍ബന്ധബുദ്ധിയോടെ.

1991 നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ മലേഷ്യയിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുടെ കത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറുന്നതുമുതലുള്ള ഭരണനടപടികളാണ് പാമൊലിന്‍ കേസിന് ആധാരം. നവംബര്‍ 27ന് പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നവംബര്‍ ആറിന് കേന്ദ്ര അനുമതി ലഭിച്ചിരുന്നു. 15,000 ടണ്‍ പാമൊലിന്‍ വാങ്ങാനാണ് തീരുമാനിച്ചത്. അന്നത്തെ അന്തര്‍ദേശീയ വില ടണ്ണിന് 392 ഡോളര്‍ മാത്രമായിരുന്നെങ്കില്‍ മലേഷ്യന്‍ കമ്പനി ഈടാക്കിയത് 405 ഡോളറാണ്. സര്‍ക്കാര്‍ ഖജനാവിന് രണ്ടു കോടി 32 ലക്ഷം രൂപ നഷ്ടമായെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഈ ഇടപാടില്‍ ഇടനിലക്കാര്‍ക്ക് വന്‍തുക കമീഷന്‍ ലഭിച്ചതായി ആരോപണമുയര്‍ന്നു.

1991 നവംബര്‍ 27ന് പാമൊലിന്‍ ഫയല്‍ മന്ത്രിസഭാ മുമ്പാകെ വരുന്നതിനുമുമ്പ് ഫയലില്‍ അനുകൂലമായി കുറിപ്പെഴുതുകയും ഒപ്പുവയ്ക്കുകയും ചെയ്തത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എം ഡി ജിജി തോംസണ്‍, സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോമസ്, കമീഷണര്‍ സഖറിയാ മാത്യു, വകുപ്പുമന്ത്രി ടി എച്ച് മുസ്തഫ എന്നിവരാണ്. നവംബര്‍ 27ന് മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പാണ് ധനമന്ത്രി ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവച്ചത്. കോടിക്കണക്കിന് രൂപയുടെ വിദേശ ഇറക്കുമതിയുടെ വിശദാംശങ്ങള്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിഗണിക്കുകയോ ഇറക്കുമതിക്ക് ശുപാര്‍ശചെയ്യുകയോ ചെയ്തിരുന്നില്ല. ചീഫ് സെക്രട്ടറി എസ് കുമാര്‍ കൊണ്ടുവന്ന ഫയലിലാണ് ധനമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവച്ചത്. 1992 ജനുവരി 10 മുതല്‍ ഫെബ്രുവരി 29 വരെയുള്ള ഒന്നരമാസം പാമൊലിന്‍ ഫയല്‍ ധനവകുപ്പിന്റെ കൈവശമുണ്ടായിരുന്നു. ഇറക്കുമതി നടന്നത് ഈ ദിവസങ്ങളിലാണ്. പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ 1991 നവംബര്‍ 27ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും വില നിശ്ചയിച്ചത് ജനുവരി 24നാണ്. ധനവകുപ്പ് കണക്കുകള്‍ മുന്‍കൂട്ടി പരിശോധിച്ച് തിട്ടപ്പെടുത്തിയിരുന്നില്ല. 1991 ഡിസംബര്‍, 1992 ജനുവരി മാസങ്ങളിലാണ് കോണ്‍ഗ്രസിന്റെ വിവിധതലങ്ങളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. ഗ്രൂപ്പ് മത്സരം മൂര്‍ച്ഛിച്ചതോടെ ആന്റണിയുള്‍പ്പെടെയുള്ളവര്‍ നഗരകേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. എ ഗ്രൂപ്പുകാര്‍ പാമൊലിന്‍ പ്രശ്നം കരുണാകരനെതിരായ രാഷ്ട്രീയ ആയുധമാക്കി. പ്രമുഖപത്രങ്ങളില്‍ പാമൊലിന്‍ അഴിമതി വിവാദവിഷയമായി.

മാര്‍ച്ചില്‍ നടന്ന നിയമസഭാസമ്മേളനത്തില്‍ പാമൊലിന്‍ അഴിമതി നിറഞ്ഞുനിന്നു. 1993 ജൂണിലാണ് പാമൊലിന്‍ ഇറക്കുമതിയില്‍ വന്‍ നഷ്ടമുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയത്. 1994 ഫെബ്രുവരിയില്‍ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടില്‍ നഷ്ടം മാത്രമല്ല, ഗുരുതരമായ ക്രമക്കേടുമുണ്ടെന്ന് ചൂണ്ടിക്കാട്ടി. അക്കാലത്ത് കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി എ ഗ്രൂപ്പുകാര്‍ ഏറ്റവുമധികം ഉയര്‍ത്തിക്കാട്ടിയത് പാമൊലിന്‍ അഴിമതിയാണ്. ചാരക്കേസ് വന്നപ്പോള്‍ പാമൊലിന്‍ കേസിന്റെ പ്രഭ മങ്ങി.

1994 ജൂണ്‍ 16ന് ധനമന്ത്രിസ്ഥാനം രാജിവച്ച ഉമ്മന്‍ചാണ്ടി നാടുനീളെ ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചു. പാമൊലിന്‍, ചാരവൃത്തി എന്നീ പ്രശ്നങ്ങളുടെ പേരില്‍ കരുണാകരന്‍ രാജിവയ്ക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പരസ്യമായി ആവശ്യപ്പെട്ടത്. പാമൊലിന്‍ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കരുണാകരവിഭാഗം പിറുപിറുത്തപ്പോഴാണ് പാമൊലിന്‍ പ്രശ്നമാക്കേണ്ടതില്ലെന്ന് എ വിഭാഗം തീരുമാനിച്ചത്. ആന്റണിയും ഉമ്മന്‍ചാണ്ടിയും കൂടി പാമൊലിന്‍ അധ്യായം കൊട്ടിയടച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അന്വേഷണ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. 1996 മാര്‍ച്ച് 16ന് നിയമസഭാതെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് എം എം ഹസ്സന്‍ ചെയര്‍മാനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതുവഴി നാലു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്മിറ്റിയുടെ നിഗമനം. പാമൊലിന്റെ വില ഡോളര്‍ നിരക്കിലാക്കിയതും നാണ്യവിനിമയത്തിലെ അന്തരം പരിഹരിക്കാന്‍ 15 ശതമാനം സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചതും വിലപേശല്‍ കൂടാതെയാണെന്ന് കമ്മിറ്റി കണ്ടെത്തി.

1996 ഒക്ടോബറില്‍ പാമൊലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതിനിരോധന നിയമപ്രകാരം കെ കരുണാകരനും മറ്റ് ആറുപേര്‍ക്കുമെതിരെ നായനാര്‍ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. നവംബര്‍ മൂന്നിന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഡിസംബര്‍ 31ന് തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ പാമൊലിന്‍ കേസ് കോള്‍ഡ് സ്റ്റോറേജില്‍തന്നെയായിരുന്നു. കേസ് പിന്‍വലിക്കാന്‍ ആന്റണി തയ്യാറായില്ല. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ നവംബര്‍ അഞ്ചിന് പാമൊലിന്‍ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. അന്ന് കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയ കരുണാകരനോടുള്ള സ്നേഹബഹുമാനംകൊണ്ടായിരുന്നില്ല, കേസ് തുടര്‍ന്നാല്‍ താന്‍ പ്രതിയാകുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാമായിരുന്നു. 2006 നവംബര്‍ 25ന് വി എസ് സര്‍ക്കാര്‍ കേസ് വിചാരണയ്ക്ക് വീണ്ടും അനുമതി നല്‍കി. 2010 ഡിസംബര്‍ 23ന് കേസിലെ ഒന്നാംപ്രതി കെ കരുണാകരന്‍ നിര്യാതനായതോടെയാണ് പുതിയ സംഭവങ്ങള്‍. 2011 ഫെബ്രുവരി 11ന് ടി എച്ച് മുസ്തഫ പ്രത്യേക കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. ധനപരമായ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണെന്ന് അന്നത്തെ സിവില്‍ സപ്ലൈസ് കമീഷണര്‍ സത്യവാങ്മൂലം നല്‍കി. മാര്‍ച്ച് 14ന് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി വീഴാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് രമേശ് ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചത്. മെയ് 13ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസം വിജിലന്‍സ് ഡയറക്ടര്‍ കോടതി മുമ്പാകെ അന്വേഷണറിപ്പോര്‍ട്ട് നല്‍കി. തിടുക്കത്തില്‍ ചമച്ച ഈ റിപ്പോര്‍ട്ടാണ് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചത്.

തന്റെ മുഖ്യമന്ത്രിക്കസേര കൈയടക്കുമോ എന്ന ഭയപ്പാടിലാണ് ഉമ്മന്‍ചാണ്ടി രമേശിന് ആഭ്യന്തരവും വിജിലന്‍സും നല്‍കാതിരുന്നത്. രമേശിന് താക്കോല്‍സ്ഥാനം നല്‍കണമെന്ന് ആന്റണിയുടെ അറിവോടെ എന്‍എസ്എസുമായുണ്ടാക്കിയ ധാരണ ഉമ്മന്‍ചാണ്ടി കാറ്റില്‍പറത്തി. ആഭ്യന്തരമില്ലെങ്കില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടില്‍ രമേശ് ഉറച്ചുനിന്നു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന 2011 ആഗസ്ത് എട്ടിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി ഓര്‍ക്കാപ്പുറത്തായിരുന്നു. വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂരിന് കൈമാറി വാല്‍മുറിച്ച് ഓടുന്ന പല്ലിയെപ്പോലെ ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു. ജഡ്ജി പി കെ ഹനീഫയെ യുഡിഎഫ് വൈതാളികന്മാര്‍ പരസ്യമായി അധിക്ഷേപിച്ചു. കേസ് തൃശൂര്‍ കോടതിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും പൊന്തിവരുമോയെന്ന ആശങ്കയിലാണ് കേസ് പിന്‍വലിക്കാന്‍ 2013 സെപ്തംബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതി സ്വീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം തൃശൂര്‍ വിജിലന്‍സ് കോടതി 2014 ജനുവരി 10ന് തള്ളിയത്. കേസ് പിന്‍വലിക്കുന്നത് സാമൂഹ്യനീതിക്കും പൊതുതാല്‍പ്പര്യത്തിനും വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനം സോദ്ദേശ്യപരമല്ലെന്നാണ് കോടതി പറയാതെ പറഞ്ഞത്.

2005ല്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത് ദുരുദ്ദേശ്യപരമല്ലേയെന്ന് സുപ്രീംകോടതി അന്ന് ചോദിച്ചിരുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെ തനിക്കെതിരെ വന്ന എല്ലാ കേസുകളും ഒതുക്കിത്തീര്‍ത്ത ഉമ്മന്‍ചാണ്ടി വിജയശ്രീലാളിതനായി നില്‍ക്കുമ്പോഴാണ് പാമൊലിന്‍ ദുര്‍ഭൂതം കോടതിവിധിയിലൂടെ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഫയലില്‍ ഒപ്പുവച്ച ഭക്ഷ്യമന്ത്രിയായ താന്‍ പ്രതിയാണെങ്കില്‍ ഒപ്പുവച്ച ധനമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന ടി എച്ച് മുസ്തഫയുടെ യുക്തിയില്‍ ന്യായമുണ്ട്. ഉമ്മന്‍ചാണ്ടിയിപ്പോള്‍ വാളും പരിചയും നഷ്ടപ്പെട്ട പടനായകനാണ്. ആഭ്യന്തരം, വിജിലന്‍സ് എന്നീ ആയുധങ്ങള്‍ രമേശ് ചെന്നിത്തലയുടെ കൈവശമാണ്. മൂന്നുവര്‍ഷത്തോളം തന്നെ അപമാനിതനാക്കി തെരുവില്‍ നിര്‍ത്തിയ ഉമ്മന്‍ചാണ്ടിയെ സഹായിക്കേണ്ട ബാധ്യത രമേശിനില്ല. ചെന്നിത്തലയിലെ ചേകവര്‍ ഉടവാള്‍ എടുക്കുമോ?

*
ചെറിയാന്‍ ഫിലിപ്പ്

Saturday, January 11, 2014

ഇതുപോലൊരു പതനം ഇതേവരെയില്ലാത്തത്

കേന്ദ്രത്തിലും കേരളത്തിലും ഭരണനേതൃത്വം കോണ്‍ഗ്രസിന്റെ കൈകളിലാണ്. യുപിഎ സര്‍ക്കാരോ യുഡിഎഫ് സര്‍ക്കാരോ ഏതാണ് കൂടുതല്‍ നാറിയത് എന്ന ബഹുജനങ്ങളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വിഷമമാണ്. അധഃപതനത്തിന്റെ കാര്യത്തില്‍ രണ്ടും തുല്യമാണെന്നാണ് ശരിയുത്തരം. കല്‍ക്കരിപ്പാടം സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും അനുവദിച്ച വിഷയമാണ് ഏറ്റവും ഒടുവില്‍ ജനങ്ങളുടെ മനസ്സില്‍ ഉല്‍ക്കണ്ഠ സൃഷ്ടിക്കുന്നത്. സുപ്രീംകോടതിയുടെ മുമ്പില്‍ തെറ്റ് തുറന്നുസമ്മതിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. "കല്‍ക്കരിപ്പാടം: വീഴ്ച പറ്റിയെന്നും", "കല്‍ക്കരി പിഴച്ചു" എന്നും തലക്കെട്ട് നല്‍കി വളരെ പ്രാധാന്യത്തോടെ ഒന്നാംപേജില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ ന്യായീകരിക്കാനും പുകഴ്ത്താനും പാടുപെടുന്ന വലതുപക്ഷ പത്രങ്ങള്‍ തയ്യാറായിരിക്കുന്നു. സുപ്രീംകോടതി ജഡ്ജിമാരായ ആര്‍ എം ലോധ, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുമ്പാകെയാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വഹന്‍വതി കുറ്റസമ്മതം നടത്തിയത്. കുറ്റസമ്മതംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഈ കേസ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ചെയ്തത്, ലേലംവിളിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ഗൗരവമായ പിശകാണെന്നാണ്. സര്‍ക്കാരാണെങ്കില്‍, കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും നിയമാനുസൃതമായ നടപടി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, നിലപാട് മാറ്റാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടി വന്നു. 1,86,000 കോടി രൂപ പൊതുഖജനാവിന് നഷ്ടംവരുത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ട് ചെയ്തത്. 2004-09 കാലഘട്ടത്തില്‍ ലേലനടപടികളില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ വിവിധ കമ്പനികള്‍ക്ക് നേരിട്ട് അനുവദിച്ചതാണ് വിവാദത്തിന് ഇടവരുത്തിയത്. ഇതില്‍ സ്വജനപക്ഷപാതവും വന്‍ അഴിമതിയും നടന്നിട്ടുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. 2ജി സ്പെക്ട്രം അഴിമതിയില്‍ 1,76,000 കോടി രൂപയാണ് പൊതുഖജനാവിന് നഷ്ടമായത്. നാലുമാസത്തിനകം മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്. വീണ്ടും ജനവിധി തേടുന്ന വേളയിലാണ് കോടതിമുമ്പാകെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത കാലത്താണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടന്നതെന്ന് വ്യക്തമായി. ഇതിന്റെ മുഖ്യ ഉത്തരവാദിത്തം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനാണ്. പ്രധാനമന്ത്രിയെ ഇതേവരെ ന്യായീകരിച്ച് സംരക്ഷിച്ച സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

കുറ്റസമ്മതംകൊണ്ടുമാത്രം അവസാനിക്കുന്ന പ്രശ്നമല്ല ഇത്. ഖജനാവിന് നഷ്ടപ്പെട്ട തുക തിരികെ പിടിക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടി ഉടന്‍ സ്വീകരിച്ചേ മതിയാകൂ. അതോടൊപ്പം യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും നിയമാനുസരണം താമസംവിനാ ആരംഭിക്കണം. മന്‍മോഹന്‍ സര്‍ക്കാരിന് ഈ സാഹചര്യത്തില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. നാറിയ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസും മന്ത്രിമാരും കുറ്റമേറ്റെടുത്ത് ജനങ്ങളോട് മാപ്പുപറയണം. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ ഇക്കൂട്ടരെ ജനം അനുവദിക്കില്ല. സമ്മതിദായകര്‍ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നുവേണം കരുതാന്‍. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനൊപ്പം കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും തകര്‍ച്ച നേരിടുകയാണ്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാനായര്‍ക്ക് ജയിലില്‍ ആഡംബരജീവിതം ഒരുക്കിക്കൊടുത്തതില്‍ കേരള ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ ഭൂമിതട്ടിപ്പ് കേസിനോടുള്ള സര്‍ക്കാരിന്റെ അയഞ്ഞ നിലപാടും കോടതിയുടെ നിശിതമായ വിമര്‍ശത്തിന് വിധേയമായി. ഇതിനെല്ലാമുപരിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയിലൂടെയുണ്ടായ കനത്ത തിരിച്ചടി. പാമൊലിന്‍ കേസില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാനുള്ള അനുമതി നല്‍കാനാകില്ലെന്ന നിലപാടാണ് തൃശൂര്‍ വിജിലന്‍സ് കോടതി സ്വീകരിച്ചത്. കേസ് പിന്‍വലിച്ച് ഒളിച്ചോടുകയല്ല, ഉമ്മന്‍ചാണ്ടി നിരപരാധിയാണെങ്കില്‍ അത് വിജിലന്‍സ് കോടതിമുമ്പാകെ തെളിയിക്കുകയാണ് വേണ്ടത്. അതിനുപകരം അധികാരദുര്‍വിനിയോഗം നടത്തി കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ച നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. നീതിനിര്‍വഹണത്തില്‍ നിഷ്പക്ഷമായ നിലപാടാണ് ഏത് സര്‍ക്കാരില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. അതിനുപകരം തികച്ചും തെറ്റായ കീഴ്വഴക്കമാണ് ഉമ്മന്‍ചാണ്ടി സൃഷ്ടിക്കാന്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ അപേക്ഷ വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നടപടികള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ ചോദ്യംചെയ്യുമെന്നതില്‍ സംശയംവേണ്ട.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, December 17, 2013

മുങ്ങുന്ന കപ്പല്‍

2ജി സ്പെക്ട്രം കുംഭകോണത്തില്‍ കോണ്‍ഗ്രസ് നടത്തിയ കള്ളക്കളി വീണ്ടുമൊരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുന്നുണ്ട് കോണ്‍ഗ്രസുമായി ഇനി സഖ്യമില്ലെന്ന ഡിഎംകെ നേതാവ് എം കരുണാനിധിയുടെ പ്രഖ്യാപനത്തിലൂടെ. 1,76,643 കോടിയുടേതായിരുന്നു 2ജി സ്പെക്ട്രം കുംഭകോണം. അത് പുറത്തുവരികയും അതേത്തുടര്‍ന്ന് നിവൃത്തിയില്ലാത്ത ഒരു രാഷ്ട്രീയസാഹചര്യം ഉരുത്തിരിയുകയുംചെയ്ത ഘട്ടത്തില്‍ സ്വന്തം മുഖം രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ചില നടപടികളെടുക്കുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഈ കുംഭകോണത്തിന്റെ സര്‍വ ഉത്തരവാദിത്തവും ആ ഘട്ടത്തില്‍ ടെലികോംമന്ത്രിയായിരുന്ന എ രാജയ്ക്കും കരുണാനിധിയുടെ മകള്‍ കനിമൊഴിക്കുമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കലായിരുന്നു. എന്നാല്‍, രാജയുടെയും കനിമൊഴിയുടെയും വഴിക്കുപോയത് 250 കോടി രൂപയാണെന്ന് കണ്ടെത്താനേ എല്ലാ രാഷ്ട്രീയ സമ്മര്‍ദങ്ങളും ഉണ്ടായിട്ടും സിബിഐക്ക് സാധിച്ചുള്ളൂ. രാജയെയും കനിമൊഴിയെയും ജയിലിലടച്ചു.

എന്നാല്‍, അപ്പോഴും ഉത്തരംകിട്ടാതെ വലിയ ഒരു ചോദ്യം ബാക്കിനിന്നു. 250 കോടി രൂപ ഇവര്‍ കൊണ്ടുപോയി എന്നുതന്നെ ഇരിക്കട്ടെ. ബാക്കി 1,76,393 കോടി രൂപ പോയത് ഏത് വഴിക്കാണ്? ആരിലൂടെയാണ്? ആ വഴിക്ക് അന്വേഷണം പോയില്ല. പ്രധാനമന്ത്രിയുടെ ഓഫീസുവരെ അംഗീകരിച്ച ഫയല്‍പ്രകാരമാണ് 2ജി കാര്യത്തില്‍ ഓരോ നീക്കവും നടന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റെയും കാര്‍മികത്വത്തിലാണ് എല്ലാം നടന്നത്. സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥര്‍വരെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. ആ നിലയ്ക്ക് അന്വേഷണം പുരോഗമിച്ചാല്‍ 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ മഹാസിംഹഭാഗവും ചെന്നെത്തിയത് കോണ്‍ഗ്രസ് നേതാക്കളിലേക്കോ, അതിന്റെ അധികാരികളിലേക്കോ ആണെന്നത് വ്യക്തമാകും. അതുകൊണ്ടുതന്നെ കണ്ണില്‍പൊടിയിടുന്ന വിധത്തില്‍ ഒറ്റ നടപടിയില്‍ കാര്യം കഴിച്ചു- ഡിഎംകെ നേതാക്കള്‍ക്കെതിരായ നടപടിയില്‍!

അങ്ങനെ കോണ്‍ഗ്രസ് നേതാക്കളാകെ രക്ഷപ്പെട്ടു; പ്രധാനമന്ത്രിയും ധനമന്ത്രിയും സോണിയ ഗാന്ധിയും ഒക്കെ. രക്ഷപ്പെടാന്‍വേണ്ടി തങ്ങളെയും തങ്ങളുടെ പാര്‍ടിയെയും ബലികൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് എന്ന ചിന്ത ഡിഎംകെയില്‍ നേരത്തെതന്നെയുണ്ട്. ആ ചിന്തയുടെകൂടി ഫലമായാണ് 2013 മാര്‍ച്ച് 19ന് യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചുള്ള ഡിഎംകെയുടെ പ്രഖ്യാപനം വന്നത്. തങ്ങളുടെ പാര്‍ടിയിലുള്ള 18 ലോക്സഭാംഗങ്ങള്‍ പിന്തുണ പിന്‍വലിക്കുന്നു എന്നു കാണിച്ചുള്ള കരുണാനിധിയുടെ കത്ത് ടി ആര്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറുകയായിരുന്നു. ആ പ്രതിനിധിസംഘം തിരിച്ച് ചെന്നൈയില്‍ വരുന്നതിനുമുമ്പുതന്നെയുണ്ടായി പ്രതികാരനടപടി. കരുണാനിധിയുടെ മകന്‍ സ്റ്റാലിന്റെ വസതിയിലും ഓഫീസുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സിബിഐ-ഇന്‍കം ടാക്സ് വിഭാഗങ്ങളുടെ റെയ്ഡ്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് കാട്ടിക്കൊടുക്കുന്ന വിധത്തില്‍. ആ പ്രതികാര നടപടി കോണ്‍ഗ്രസിനെതിരായ ഡിഎംകെ വികാരം ആളിക്കത്തിക്കാന്‍മാത്രമേ ഉപകരിച്ചുള്ളൂ. എങ്കിലും ആ വികാരമടക്കിനിന്നു അന്ന് ഡിഎംകെ. ഈ അടക്കിപ്പിടിച്ച വികാരത്തിന്റെ സ്ഫോടനമാണ് വഞ്ചിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ് എന്ന കഴിഞ്ഞദിവസത്തെ കരുണാനിധിയുടെ പ്രഖ്യാപനത്തിനു പിന്നിലുള്ളത്. നന്ദിയില്ലാത്ത പാര്‍ടിയാണത് എന്നുകൂടി ഡിഎംകെ നേതാവ് കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേരുന്ന പ്രശ്നമില്ല എന്ന് അസന്ദിഗ്ധമായി കരുണാനിധി പ്രഖ്യാപിച്ചതോടെ ഏതാണ്ട് 12 കൊല്ലമായി തുടരുന്ന ബന്ധമാണ് പൊളിഞ്ഞുവീണത്. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ഘട്ടത്തില്‍പ്പോലും കോണ്‍ഗ്രസുമായി ഇനി ചേരില്ല എന്ന് ഡിഎംകെ പറഞ്ഞിരുന്നില്ല എന്നോര്‍ക്കണം. നന്ദിയില്ലാത്ത കോണ്‍ഗ്രസിനൊപ്പം പോകുന്നതിനേക്കാള്‍ നല്ലത് ഒറ്റയ്ക്ക് മത്സരിക്കുകയാണ് എന്ന കരുണാനിധിയുടെ വിശദീകരണത്തിനു പിന്നില്‍ കോണ്‍ഗ്രസ് സഖ്യത്തിലിരുന്നപ്പോള്‍ കടിച്ചിറക്കേണ്ടിവന്ന കയ്പ് മുഴുവനുമുണ്ട്. 2ജി കുംഭകോണത്തിലെ 1,76,393 കോടി രൂപയും കടത്തിക്കൊണ്ടുപോയവര്‍ 250 കോടി രൂപയുടെ കണക്ക് മറയാക്കി തങ്ങളെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെട്ടതിനെതിരായ അമര്‍ഷം മുഴുവനുമുണ്ട്. രാജയ്ക്കുമാത്രമാണ് എല്ലാത്തിന്റെയും സമ്പൂര്‍ണ ഉത്തരവാദിത്തം എന്ന് അവര്‍ വരുത്തിത്തീര്‍ത്തു. കനിമൊഴിയെ എട്ടുമാസം അവര്‍ ജയിലിലിട്ടു എന്നൊക്കെ കരുണാനിധി പറയുമ്പോള്‍ ആ വരികള്‍ക്കിടയിലെ മൗനം വിരല്‍ചൂണ്ടുന്നത് 2ജി കുംഭകോണത്തിലെ കോണ്‍ഗ്രസിന്റെ വമ്പന്‍ പങ്കിലേക്കുതന്നെയാണ്.

സിബിഐയെ നിയന്ത്രിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന പരാമര്‍ശത്തിലൂടെ കരുണാനിധി കൃത്യമായി ഇത് സ്ഥിരീകരിച്ചിട്ടുണ്ടുതാനും. ഡിഎംകെ ബിജെപിയുമായി സഹകരിക്കാനിടയില്ല എന്നതാണ് കരുണാനിധി നല്‍കുന്ന സൂചന. വാജ്പേയിയുടെ കാലമല്ല ഇത് എന്നും പുതിയ ഒരാളാണ് ബിജെപിയെ നയിക്കുന്നത് എന്നും ഒക്കെ പറയുമ്പോള്‍ ഈ സൂചന ശക്തമാകുന്നുണ്ടുതാനും. ഡിഎംകെ നേതൃയോഗത്തില്‍ വലിയതോതില്‍ ഉയര്‍ന്നുവന്ന വികാരം കോണ്‍ഗ്രസിതര-ബിജെപിയിതര ഭരണസംവിധാനമുണ്ടാകാന്‍ തക്കവിധത്തിലുള്ള നിലപാട് കൈക്കൊള്ളണമെന്നതാണ്. കരുണാനിധി ഒടുവില്‍ എന്തു തീരുമാനിക്കും? രാജ്യം അക്കാര്യം ഇപ്പോള്‍ സജീവമായി ശ്രദ്ധിക്കുകയാണ്. കോണ്‍ഗ്രസ് ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ല എന്ന് അവര്‍ക്കൊപ്പംനിന്നിരുന്ന കൂടുതല്‍ പാര്‍ടികള്‍ തിരിച്ചറിയുകയാണ് എന്നതും ഡിഎംകെയുടെ പുതിയ പ്രഖ്യാപനത്തിലൂടെ വെളിവാകുന്നുണ്ട്. വിശ്വസിക്കാന്‍ കൊള്ളില്ലാത്ത പാര്‍ടി ആശ്രയിച്ചിട്ട് കാര്യമില്ലാത്ത പാര്‍ടികൂടിയാവുകയാണെന്നര്‍ഥം. മുങ്ങുന്ന കപ്പലിലേക്ക് കയറാന്‍ ആര്‍ക്ക് താല്‍പ്പര്യം?

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, November 26, 2013

സൗരോര്‍ജ നയം: ലക്ഷ്യം തട്ടിപ്പുതന്നെ

സംസ്ഥാനം ഏതാനും മാസങ്ങളായി ചര്‍ച്ചചെയ്യുന്ന രണ്ട് വാക്കുകളാണ് സരിതയും സൗരോര്‍ജവും. ഒന്ന് സംസ്ഥാന ഭരണകര്‍ത്താക്കള്‍കൂടി പങ്കാളികളായ അഴിമതിയുടെയും നാണംകെട്ട ഇടപാടുകളുടെയും പ്രതിരൂപമാണെങ്കില്‍ രണ്ടാമത്തേത് നാട് അഭിമുഖീകരിക്കുന്ന രൂക്ഷമായ ഊര്‍ജക്ഷാമം മറികടക്കാനുള്ള ബദല്‍ സംവിധാനമാണ്. പക്ഷേ, ഇന്ന് കൊച്ചുകുട്ടികള്‍പോലും സൗരോര്‍ജം എന്നുകേട്ടാല്‍ കരുതുന്നത് അരുതാത്ത വാക്കായാണ്. ഇതിനിടയാക്കിയത് ഭരണകര്‍ത്താക്കളുടെ വഴിപിഴച്ച പോക്കും നാട് കൊള്ളയടിക്കാനുള്ള ആര്‍ത്തിയുമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ച സൗരോര്‍ജനയത്തിലും തെളിഞ്ഞുകാണുന്നത് അതുതന്നെയാണ്. ദീര്‍ഘകാലത്തേക്ക് ലക്ഷ്യമിടുന്ന ഒരുനയം പ്രഖ്യാപിക്കുമ്പോള്‍ നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണമായും കാണാതിരിക്കുന്നത് യാദൃച്ഛികമല്ല. അതിനുപിന്നില്‍ സംഘടിതമായ ഗൂഢാലോചനയുണ്ട് എന്നു വ്യക്തം.

2030 ഓടെ 2500 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് നയം ലക്ഷ്യമിടുന്നത്. ഒരു കിലോവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി സ്ഥാപിക്കാന്‍ 1.25 ലക്ഷം രൂപയാണ് ശരാശരി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു മെഗാവാട്ട് ആകുമ്പോള്‍ 12.5 കോടിയും 2500 മെഗാവാട്ട് ആകുമ്പോള്‍ 30,000 കോടിയോളമെന്നും കണക്കാക്കുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് കുത്തനെ ഉയരുകയും ചെയ്യും. പാരമ്പര്യേതര ഊര്‍ജപദ്ധതി നടപ്പാക്കുമ്പോള്‍ 40 ശതമാനത്തിലേറെയാണ് സബ്സിഡി. 30,000 കോടിയുടെ ഇടപാട് നടക്കുമ്പോള്‍ സബ്സിഡിയായി മാത്രം ചുരുങ്ങിയത് 10,000 കോടിയിലേറെ രൂപ സ്വകാര്യ കമ്പനികള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയും. കെഎസ്ഇബിയെയും അനെര്‍ട്ടിനെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കി പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന് നയത്തില്‍ പറയുന്നതിനുപിന്നിലെ ലക്ഷ്യം മറ്റൊന്നല്ല എന്നര്‍ഥം.

സൗരോര്‍ജനയത്തിന്റെ മറപറ്റി ശതകോടികള്‍ അടിച്ചുമാറ്റാന്‍ ടീം സോളാര്‍ എന്ന തട്ടിപ്പുകമ്പനി രൂപീകരിച്ച സരിതയും സംഘവും അകത്തായെങ്കിലും സര്‍ക്കാരിന്റെ ഉള്ളിലിരുപ്പില്‍ മാറ്റം വന്നിട്ടില്ല. സരിതയല്ലെങ്കില്‍ മറ്റ് കമ്പനികള്‍ക്ക് ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. ഗുജറാത്തില്‍ നടപ്പാക്കി വിവാദമാകുകയും ശതകോടികളുടെ അഴിമതിക്ക് കളമൊരുക്കുകയും ചെയ്ത അതേ മാതൃകയിലാണ് ഈ നയവും അംഗീകരിച്ചത്. അഞ്ചുമാസംമുമ്പ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഭരണത്തലപ്പത്തുള്ള ഉന്നതന്മാരും ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കിയതും ഇതേ മാതൃകയിലാണ്്. ആ നയത്തിന്റെ കരട് മെയ് അവസാനം ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് അന്തിമരൂപം നല്‍കുന്നതിനുള്ള അണിയറനീക്കം നടക്കവെയാണ് സരിതയും ബിജുവും അകത്താകുകയും പ്രതികളുടെ ഉന്നതബന്ധം മറനീക്കുകയും ചെയ്തത്. അതോടെയാണ് കരടുനയം അംഗീകരിക്കുന്നത് താല്‍ക്കാലികമായി മാറ്റിവച്ചത്. ആറുമാസത്തിന് ശേഷം ഇപ്പോള്‍ നയം അംഗീകരിച്ചതോടെ അന്നുനടന്ന കള്ളക്കളികൂടിയാണ് പുറത്തായത്.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് കെഎസ്ഇബിക്ക് തന്നെ സൗരോര്‍ജത്തിന്റെ ഉല്‍പ്പാദനവും വിതരണവും ഏറ്റെടുക്കാന്‍ കഴിയുമെങ്കിലും ബോര്‍ഡിനെ പൂര്‍ണമായും പുതിയ നയത്തില്‍ തഴഞ്ഞതിന് സര്‍ക്കാരിന് മറ്റൊരു കാരണവും പറയാനുണ്ടെന്ന് തോന്നുന്നില്ല. കെഎസ്ഇബിയില്‍ നിലവില്‍ ആഭ്യന്തര പാരമ്പര്യേതര ഊര്‍ജസെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗരോര്‍ജ പാനലിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും ഊര്‍ജവിതരണത്തിനുമെല്ലാം കെഎസ്ഇബിക്ക് നിര്‍ണായകപങ്ക് വഹിക്കാനും കഴിയും. എന്നിട്ടും കെഎസ്ഇബിയെ കണ്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സിയായ അനെര്‍ട്ടിന്റെ കീഴിലാണ് സബ്സിഡി ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിതരണസംവിധാനവും നിര്‍വഹിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അനെര്‍ട്ടിനെയും സര്‍ക്കാരിന് വേണ്ട. ഇപ്പോള്‍ അംഗീകരിച്ചത് പൂര്‍ണമായും സ്വകാര്യ ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള നയം എന്നുപറഞ്ഞാല്‍ തെറ്റാകില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മറ്റ് മന്ത്രിമാരുടെയും വീടുകളിലും സെക്രട്ടറിയറ്റിലുമെല്ലാം സ്വകാര്യ ഏജന്‍സികളാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള ചുമതല പൂര്‍ണമായും ടീം സോളാറിന് കിട്ടുമെന്നും പ്രചരിപ്പിച്ചായിരുന്നു സരിതയും ബിജുവും നാട്ടുകാരെ പറ്റിച്ചത്. തട്ടിപ്പ് കേസില്‍ അകത്തായില്ലായിരുന്നെങ്കില്‍ ഈ പദ്ധതി പൂര്‍ണമായും അവരുടെ കൈയില്‍ അകപ്പെടുമായിരുന്നു. സരിത ഉടന്‍ പുറത്ത് വരുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാകുന്നത്. അകത്തുകഴിയുന്ന സരിത കോടികള്‍ ഉപയോഗിച്ചാണ് കേസുകള്‍ ഒതുക്കുന്നത്. പുറത്തുവരുന്ന സരിതയ്ക്ക് അതിലും എത്രയോ ഇരട്ടി കരുത്തായിരിക്കും. ഈ "കരുത്തു"പയോഗിച്ച് ഇനിയും കൊള്ളയടിക്കാനിറങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഒരു സരിതയല്ലെങ്കില്‍ മറ്റൊരു സരിത. അതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; അതിനുള്ള നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുള്ള ഈ നയം തിരുത്താനും കെഎസ്ഇബിയെയും അനെര്‍ട്ടിനെയും മറ്റ് സര്‍ക്കാര്‍- പൊതുമേഖലാസ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം

Thursday, October 31, 2013

പാര്‍ലമെന്റിനെ നാണംകെടുത്തുന്ന റിപ്പോര്‍ട്ട്

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിഭരണമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. ടെലികോം അഴിമതി, കല്‍ക്കരി അഴിമതി, റെയില്‍വേ അഴിമതി തുടങ്ങി ലക്ഷംകോടികളുടെ അഴിമതിയാണ് നടന്നത്. ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന അഴിമതിപരമ്പരകള്‍. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചൊവ്വാഴ്ച ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നാല്‍, കുറ്റപ്പെടുത്തുന്നത് മന്‍മോഹന്‍ സര്‍ക്കാരിനെയല്ല, അഴിമതി വെളിച്ചത്തുകൊണ്ടുവന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയാണ് (സിഎജി). നഷ്ടം പെരുപ്പിച്ചുകാട്ടി ഇന്ത്യയെ ലോകത്തിനുമുന്നില്‍ നാണംകെടുത്തി എന്നാണ് സമിതി അധ്യക്ഷന്‍ പി സി ചാക്കോ എഴുതിവച്ചിരിക്കുന്നത്. തന്റെ നേതാക്കളായ മന്‍മോഹന്‍സിങ്ങിനെയും പി ചിദംബരത്തെയും കുറ്റവിമുക്തനാക്കാന്‍ ചാക്കോ രാജ്യത്തിന്റെ ഓഡിറ്റ് സംവിധാനത്തെ പൂര്‍ണമായി തള്ളിപ്പറയുകയാണ്. കോണ്‍ഗ്രസിന്റെ തലപ്പാവില്‍ ഒരു കറുത്ത തൂവല്‍ തിരുകിയിരിക്കയാണ് ഇതിലൂടെ ചാക്കോ യഥാര്‍ഥത്തില്‍ ചെയ്തത്.

ജെപിസിയിലെ പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായത്തെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസിനുവേണ്ടിയുള്ള ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിതെന്ന് സുവ്യക്തം. സിപിഐ എം, സിപിഐ, ബിജെപി, ഡിഎംകെ, എഐഎഡിഎംകെ, ബിജെഡി, തൃണമൂല്‍കോണ്‍ഗ്രസ് എന്നീ പാര്‍ടികളിലെ അംഗങ്ങള്‍ ഒന്നടങ്കം വിയോജനക്കുറിപ്പെഴുതിയിട്ടും അതെല്ലാം അവഗണിച്ചാണ് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ധനമന്ത്രി ചിദംബരത്തിനും അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന നൂറുകണക്കിന് തെളിവുകള്‍ ജെപിസിക്ക് ലഭിച്ചിട്ടും അതെല്ലാം അവഗണിച്ച് ഇരുവര്‍ക്കും പങ്കില്ലെന്ന വിചിത്രമായ വിലയിരുത്തലാണ് അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. രാജ്യസഭയില്‍നിന്ന് സര്‍ക്കാര്‍ അനുകൂല എംപിമാരെ സമിതിയില്‍ തിരുകിക്കയറ്റിയും സിബിഐ അന്വേഷണഭീഷണികാട്ടി എസ്പിയെയും ബിഎസ്പിയെയും കൂടെനിര്‍ത്തിയും കേവലഭൂരിപക്ഷത്തിലാണ് അന്തിമറിപ്പോര്‍ട്ട് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഏഴ് വിയോജനക്കുറിപ്പുകള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അധ്യക്ഷന്റെ അധികാരമുപയോഗിച്ച് ചാക്കോ ഇതില്‍ വെട്ടലും തിരുത്തലും വരുത്തിയിട്ടുണ്ട്. എന്നിട്ടും ഇതിലെല്ലാം മന്‍മോഹന്‍സിങ്ങിന്റെയും ചിദംബരത്തിന്റെയും അഴിമതിയിലെ പങ്ക് വ്യക്തമാകുന്നുണ്ട്. എന്നാല്‍, എല്ലാത്തിനും ഉത്തരവാദി അന്നത്തെ ടെലികോംമന്ത്രി എ രാജ മാത്രമാണെന്ന വിചിത്രവാദമാണ് ചാക്കോയും കൂട്ടരും നടത്തുന്നത്.

2008ല്‍ 2ജി സ്പെക്ട്രം ഉപയോഗിക്കാന്‍ 122 ലൈസന്‍സുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത് 2001ലെ വില കണക്കാക്കിയും ലേലമൊഴിവാക്കിയും ആദ്യംവരുന്നവര്‍ക്ക് ആദ്യം എന്ന വിചിത്ര മാനദണ്ഡം പാലിച്ചുമാണെന്നാണ് സിഎജി കണ്ടെത്തിയത്. ഇതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടി നഷ്ടം സംഭവിച്ചെന്നും സിഎജി കണക്കാക്കി. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അറിവോടെയാണ് താന്‍ എല്ലാം ചെയ്തതെന്ന് രാജ വെളിപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ജെപിസി രൂപീകരിച്ചത്. ലക്ഷം കോടിയുടെ അഴിമതി എന്നത് സിഎജി വെറുതെ എഴുതിയുണ്ടാക്കിയതാണെന്നാണ് ചാക്കോയും കൂട്ടരും ഇപ്പോള്‍ "കണ്ടെത്തിയിരിക്കുന്നത്". ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മാനദണ്ഡങ്ങള്‍മാത്രമാണ് സിഎജി പരിഗണിച്ചതെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഓഡിറ്റ് പ്രാമുഖ്യം നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ടെലികോം മേഖലയ്ക്ക് അന്തിമവാക്കായ "ട്രായി"യെയും സിഎജിയോടൊപ്പം റിപ്പോര്‍ട്ട് തള്ളിപ്പറയുകയാണ്. ഭരണകൂടസംവിധാനങ്ങള്‍ പ്രധാനമന്ത്രികാര്യാലയത്തിന് ബാധകല്ലെന്ന സ്വേച്ഛാനിലപാടും ഇതിലുണ്ട്. എ രാജയെ സിബിഐ പ്രതിചേര്‍ത്തത് പ്രധാനമായും ട്രായ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെച്ചൊല്ലിയുമാണ്. ജെപിസി മുമ്പാകെ ഹാജരാകണമെന്ന് രാജ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. രാജയെ വിളിച്ചുവരുത്തണമെന്ന പ്രതിപക്ഷ ആവശ്യം അധ്യക്ഷന്‍ വോട്ടിനിട്ട് തള്ളി. മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും വിസ്തരിക്കണമെന്ന പ്രതിപക്ഷ ആവശ്യവും അംഗീകരിച്ചില്ല.

ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ടെലികോംമന്ത്രാലയം സ്വീകരിക്കുന്ന നടപടിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ രാജ വഴിതെറ്റിച്ചെന്നാണ് ജെപിസിയുടെ അന്തിമ റിപ്പോര്‍ട്ടിലുള്ളത്. എല്ലാം സുതാര്യമായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് എല്ലാ കത്തുകളിലും രാജ ആവര്‍ത്തിച്ച് നല്‍കിയ ഉറപ്പുകളും പാലിച്ചില്ലത്രേ. പിന്നെന്തിന് ഇങ്ങനെയൊരു പ്രധാനമന്ത്രികാര്യാലയം! അവിടെയിരിക്കുന്ന സെക്രട്ടറിമാരെല്ലാം മന്ദബുദ്ധികളാണോ. ജെപിസിയിലെ സിപിഐ അംഗം ഗുരുദാസ്ദാസ് ഗുപ്ത വിയോജനക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു, ""2008 ജനുവരി ആറിനും ഏഴിനും രാജ കൂട്ടമായി ലൈസന്‍സുകള്‍ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍മാത്രം പ്രധാനമന്ത്രിയുടെ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഫയലില്‍ വിയോജനക്കുറിപ്പെഴുതി. ഈ താമസം ബോധപൂര്‍വമല്ലേ?"" ലൈസന്‍സ് അനുവദിച്ചുകഴിയും എന്നുറപ്പിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയാണ് പ്രധാനമന്ത്രി കാര്യാലയം ചെയ്തത്. കള്ളന് കഞ്ഞിവയ്ക്കുക എന്നുപറയുന്നത് ഇതാണ്. നേരത്തെ ഒപ്പുവച്ച ധാരണാപത്രം കാറ്റില്‍പറത്തിയാണ് ടെലികോംമന്ത്രാലയം വിദേശകമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ""രാജ്യത്തെ ഏറ്റവും പ്രശസ്ത അഭിഭാഷകനായ ചിദംബരത്തിന്, ലൈസന്‍സ് അനുവദിച്ചാല്‍ ധാരണാപത്രം റദ്ദാകുമെന്ന് അറിയാമായിരുന്നില്ലേ. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം നടപടി കൈക്കൊണ്ടില്ല""- ജെപിസിയിലെ സിപിഐ എം അംഗം സീതാറാം യെച്ചൂരി വിയോജനക്കുറിപ്പില്‍ എഴുതി. പാര്‍ലമെന്റിനെയും പാര്‍ലമെന്ററി സംവിധാനത്തെയും നോക്കുകുത്തിയാക്കുന്നതാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗങ്ങളെ വിലയ്ക്കെടുത്ത് മന്‍മോഹന്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയ കോണ്‍ഗ്രസില്‍നിന്ന് ഇതേ പ്രതീക്ഷിക്കാനാവൂ. എന്നാല്‍, അവര്‍ രാജ്യത്തിനേല്‍പ്പിക്കുന്നത് വലിയ ക്ഷതമാണ്. അടിയന്തരാവസ്ഥയുടെ പരോക്ഷരൂപമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, October 30, 2013

"ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി"

ശ്രീധരന്‍നായര്‍ റാന്നി മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പ്രസക്തഭാഗങ്ങള്‍

കോന്നി അട്ടച്ചാക്കലില്‍ ക്രഷറര്‍ യൂണിറ്റ് നടത്തുന്ന എനിക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയോളം വൈദ്യുതി ചാര്‍ജ് വരുമായിരുന്നു. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പവര്‍ ഗ്രിഡിലേക്ക് ഫീഡ് ചെയ്ത് ഉപയോഗിക്കുന്നതിന് ഞാന്‍ ആലോചിച്ചു വരവെയാണ് 2012 മേയില്‍ മലയാള മനോരമയുടെ "വീട്" എന്ന പ്രസിദ്ധീകരണത്തില്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായത്. പരസ്യത്തിലെ മൊബൈല്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ലക്ഷ്മി നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ ഫോണെടുത്തു. ഇവര്‍ ഈ കമ്പനിയുടെ സൗത്ത് സോണ്‍ ചീഫാണെന്നാണ് പറഞ്ഞത്. കമ്പനിയുടെ വിശദാംശങ്ങള്‍ ഫോണിലൂടെ ആരാഞ്ഞപ്പോള്‍ ആകര്‍ഷണീയമായി ഇവര്‍ മറുപടി പറഞ്ഞു. വിശദമായി സംസാരിക്കാന്‍ എന്നോട് ഒരു അപ്പോയ്ന്റ്മെന്റ് ആവശ്യപ്പെട്ടു. അതുപ്രകാരം മെയ് പകുതിക്ക് ശേഷം ഇവര്‍ എന്റെ ഓഫീസില്‍ വന്ന് കണ്ടു. ഇവര്‍ക്കൊപ്പം ശരണ്‍ കെ ശശി എന്നു പറയുന്ന ആളുമുണ്ടായിരുന്നു. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി എന്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ ആധികാരികമായി അവര്‍ മറുപടി തന്നു.

എല്ലാ ജില്ലകളിലും ഓഫീസുണ്ടെന്നും മിക്ക സര്‍ക്കാര്‍ ഏജന്‍സികളുമായി കരാര്‍ എടുത്ത് ജോലി ചെയ്യുകയാണെന്നും പല സംസ്ഥാന മന്ത്രിമാരുടെയും വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി അവരുടെ പെന്‍ഡ്രൈവ് എന്റെ കംപ്യൂട്ടറില്‍ പ്ലേ ചെയ്തു. കമ്പനിയുടെ ബ്രാഞ്ചുകള്‍ സംസ്ഥാന മന്ത്രിമാരും മേയര്‍മാരും എംഎല്‍എമാരും ഉദ്ഘാടനംചെയ്യുന്ന ചിത്രങ്ങളായിരുന്നു അത്. അവയിലെല്ലാം ലക്ഷ്മി നായരെയും കാണാമായിരുന്നു. മന്ത്രിമാരായ പി ജെ ജോസഫ്, കെ പി മോഹനന്‍, ജയലക്ഷ്മി, മേയര്‍ ടോണി ചമ്മിണി, എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവരുടെയെല്ലാം പടം കണ്ടത് ഞാന്‍ ഓര്‍മിക്കുന്നു. തുടര്‍ന്ന് കമ്പനി സിഇഒ എന്ന് പരിചയപ്പെടുത്തി ഡോ. ആര്‍ ബി നായര്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ചിരുന്നു. വീണ്ടും ഒരിക്കല്‍ ലക്ഷ്മിയും ശരണും കൂടി ഓഫീസില്‍ വന്ന് ബ്രോഷറും ബുക്ക്ലെറ്റും തന്നു. ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കെ ലക്ഷ്മി നായര്‍ക്ക് ടെന്നി ജോപ്പന്റെ ഫോണ്‍വന്നു. ഇവര്‍ പുറത്തേക്ക് ഇറങ്ങിയശേഷം അകത്തുവന്ന് സ്പീക്കര്‍ ഫോണിട്ട് സംസാരം തുടര്‍ന്നു. ഇവരുടെ സംഭാഷണം തീര്‍ന്നശേഷം ആരാണെന്ന് ചോദിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ് എന്ന് ലക്ഷ്മി പറഞ്ഞു.

മൂന്ന് മെഗാവാട്ട് സോളാര്‍ പ്രോജക്ടാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇതിന് 45 കോടി രൂപ മുതല്‍മുടക്ക് വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ അഞ്ചു കോടി രൂപ പ്രൊമോട്ടേഴ്സ് മാര്‍ജിന്‍ ആയി തന്നാല്‍ ബാക്കി വായ്പ തരപ്പെടുത്താമെന്നും ലക്ഷ്മി പറഞ്ഞ് വിശ്വസിപ്പിച്ചു. വിലപേശലില്‍ 38 കോടി 75 ലക്ഷം രൂപയ്ക്ക് ഇവര്‍ സമ്മതിച്ചു.

തുടര്‍ന്ന്, വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായ മന്ത്രിയോടോ നേരിട്ട് സംസാരിക്കാമെന്നും ഇവര്‍കൂടി ഒപ്പം വരാമെന്നും പറഞ്ഞു. അല്‍പ്പം സാവകാശം ഞാന്‍ ചോദിച്ചു. 2012 ജൂണ്‍ 22ന് ഇവര്‍ വീണ്ടും എന്റെ ഓഫീസില്‍ വന്നു. പ്രോജക്ടിന്റെ വിശദാംശങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ എത്തി സ്ഥലം കാണാന്‍ തീരുമാനിച്ചു. ജൂണ്‍ 25ന് എന്റെ രണ്ട് ആണ്‍മക്കളും ഞാനും സുഹൃത്ത് അജിത് കുമാറും ഒത്ത് പാലക്കാട് പോയി പ്ലാന്റിനായി മാറ്റിവച്ച പത്ത് ഏക്കറോളം സ്ഥലം കണ്ടു. ഇവര്‍ കാണിച്ചു തന്ന പ്ലോട്ടുകളില്‍ എനിക്ക് സ്വീകാര്യമായി തോന്നിയ നാല് പ്ലോട്ടുകള്‍ ചേര്‍ത്ത് പത്ത് ഏക്കറോളം സ്ഥലം ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്റെ ഇളയ മകന്‍ അജയ് ശ്രീധര്‍ കൈവശം കരുതിയിരുന്ന ചെറിയ വീഡിയോ ക്യാമറയില്‍ ഇതൊക്കെയും പകര്‍ത്തി. ഇത് ഞാന്‍ പൊലീസില്‍ ഏല്‍പ്പിച്ചു. താമസിപ്പിച്ചാല്‍ പ്ലോട്ട് കൈമോശം വരുമെന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്ക്ക് വേണ്ടി എംഒയു തയ്യാറാക്കാനും അതനുസരിച്ച് 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച് ധാരണയായി. ജൂണ്‍ 26ന് ലക്ഷ്മി നായര്‍ വീണ്ടും എന്റെ ഓഫീസില്‍വന്ന് എംഒയു തയ്യാറാക്കി ഒപ്പിട്ടു. 100 രൂപയുടെ മുദ്രപ്പത്രത്തിലാണ് എംഒയു തയ്യാറാക്കിയത്. കമ്പനിയുടെ സിഇഒയെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയുമായോ വ്യവസായ മന്ത്രിയുമായോ സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് മതിയെന്നും 30-ാം തീയതിയിലെ ചെക്ക് മതിയെന്നും അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊള്ളാമെന്നും ഇവര്‍ എനിക്ക് ഉറപ്പ് നല്‍കി. 26ന് 30ലെ തീയതി വച്ച് 10 ലക്ഷം രൂപയുടെയും 15 ലക്ഷം രൂപയുടെയും പത്തനംതിട്ട ഐഡിബിഐ ശാഖയുടെ ഓരോ ചെക്കുകള്‍ ഒപ്പിട്ടു നല്‍കി. ഡല്‍ഹി ഓഫീസിലേക്കും എറണാകുളം ഓഫീസിലേക്കും രണ്ടായി ചെക്ക് വേണമെന്ന് പറഞ്ഞതിനാലാണ് പണം രണ്ട് ചെക്കുകളിലായി കൊടുത്തത്. 15 ലക്ഷത്തിന്റെ മറ്റൊരു ചെക്ക് ഐഡിബിഐ ബാങ്കിലേക്ക് ജൂലൈ 14 തീയതി വെച്ച് ഞാന്‍ കൈമാറി. എന്റെ ഓഫീസില്‍വെച്ചാണ് ഈ മൂന്ന് ചെക്കും കൈമാറിയത്.

തുടര്‍ന്ന് ജൂണ്‍ 28ന് മൂന്ന് ചെക്കുകളും കൈപ്പറ്റിയതായി കാണിച്ചുള്ള മൂന്ന് രസീത് അയച്ചു തന്നു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക് പോയെന്നും ജൂലൈ രണ്ടിനേ മടങ്ങി വരൂവെന്നും വന്നാലുടന്‍ കൂടിക്കാഴ്ച തരപ്പെടുത്താമെന്നും ഇവര്‍ ജൂണ്‍ 27ന് എന്നോട് വിളിച്ചു പറഞ്ഞു. 29ന് വീണ്ടും വിളിച്ച് ഈ മാസത്തെ ടാര്‍ജറ്റ് ആയിട്ടില്ലാത്തതിനാല്‍ ചെക്ക് രണ്ടെണ്ണം മാറിക്കോട്ടെയെന്ന് വിനയപൂര്‍വം ചോദിച്ചു. ഞാനത് സമ്മതിച്ചു. അടുത്ത ചെക്ക് മാറുന്നതിന് മുമ്പ് സിഇഒയെയും മുഖ്യമന്ത്രിയെയും കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 30-ാം തീയതി രണ്ട് ചെക്കുകള്‍ മാറി 25 ലക്ഷം രൂപ ഇവര്‍ എടുത്തു. ജൂലൈ മൂന്നിന്് രാവിലെ ഇവര്‍ ഫോണില്‍വിളിച്ച് മുഖ്യമന്ത്രിയെ കാണുകയാണ് അപ്പോയ്ന്റ്മെന്റെടുത്ത് ഇ-മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ജൂലൈ അഞ്ചിന് രാവിലെ മെയില്‍ കിട്ടി. ഒമ്പതിന് മുഖ്യമന്ത്രിയുടെ അപ്പോയ്ന്റ്മെന്റും 13ന് സിഇഒ എന്നെ നേരിട്ട് വന്ന് കാണുമെന്നുമായിരുന്നു മെയില്‍. ഒമ്പതിന് രാത്രി എട്ടിനായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതിനിടെ ഡോ. ആര്‍ ബി നായര്‍ എന്നെ വിളിച്ച് അടിയന്തരമായി ലണ്ടനിലേക്ക് പോകുകയാണെന്നും ഏഴിനോ എട്ടിനോ വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞു. ഒമ്പതിന് ഞാനും അഡ്വ. അജിത് കുമാറും കൂടി തിരുവനന്തപുരത്ത് പോയി. ഏഴോടെ സെക്രട്ടറിയറ്റ് ഗേറ്റില്‍ ചെന്നു. വഴിമധ്യേ ലക്ഷ്മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ് കടക്കുമെന്ന് ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ആവശ്യപ്പെടുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. സെക്രട്ടറിയറ്റ് ഗേറ്റിനടുത്ത് ചെന്നപ്പോള്‍ സെക്യൂരിറ്റി തടസ്സം പറയാതെ വാഹന നമ്പര്‍ നോക്കിയിട്ട് വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത് ബ്ലോക്കിന് മുമ്പില്‍ ലക്ഷ്മിയെ കണ്ടു. നോര്‍ത്ത് ബ്ലോക്കിന് താഴത്തെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്മിയെയും ഞങ്ങളെയും കടത്തിവിട്ടു.

ലിഫ്റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസ് സ്റ്റാഫിനടുത്ത് എത്തിച്ചു. ഇവിടെയിരുന്നവര്‍ ലക്ഷ്മിയെ വിഷ് ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ജോപ്പന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസില്‍ ഇരുന്നാണ് ഫോണ്‍ വിളിച്ചതെന്നും ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റ് ആണെന്നും മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ എംഒയു ഒപ്പിട്ടു എന്നും പറഞ്ഞു. ഈ ഓഫീസിലെ എന്താവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്മി എന്നോട് പറഞ്ഞു. ഇവിടിരുന്ന് ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി ജോപ്പനോട് വിശദീകരിച്ചു പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. നിങ്ങളുടെ തീരുമാനം നല്ലതാണ്. നല്ല ടീമാണെന്നും പറഞ്ഞു. ലക്ഷ്മിയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങിയ ജോപ്പന്‍ ഇന്ന് മുഖ്യമന്ത്രി ആരെയും കാണുന്നില്ല, കോറിഡോര്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ, അകത്ത് സെല്‍വരാജ് എംഎല്‍എ ഇരിപ്പുണ്ട് നിങ്ങളെയും കാണുമായിരിക്കും എന്നു പറഞ്ഞു. കുറെക്കഴിഞ്ഞ് നോക്കുമ്പോള്‍ ലക്ഷ്മിയും ജോപ്പനും മാറിനിന്ന് രഹസ്യമായി സംസാരിക്കുന്നത് കണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടു. ഈ സമയം എന്നെയും ലക്ഷ്മിയെയും മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ അവസരം വേണമെന്ന് ഞാന്‍ മുമ്പ് ലക്ഷ്മിയോട് പറഞ്ഞിരുന്നു. അത് ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ് എംഎല്‍യും സംസാരിച്ച് ഇരിക്കുന്നത് കണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്മിയും കസേരകള്‍ക്ക് പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്ന് എഴുന്നേറ്റ് ഞങ്ങളെ സമീപിച്ചു. ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റാണ്. മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എംഒയു ഒപ്പിട്ടെന്നും അതിന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന് ക്രഷര്‍ ഓണേഴ്സിന്റെ നിവേദനം തരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇത് വീട്ടില്‍ കൊണ്ടുപോകുന്ന ഫയലില്‍ വയ്ക്കാനായി ജോപ്പനെ പറഞ്ഞേല്‍പ്പിച്ചു.

എന്നോടായി, നിങ്ങളെപ്പോലെ ഉള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാകൂ എന്നും സബ്സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലക്ഷ്മി കൈയില്‍ കരുതിയിരുന്ന രണ്ടു ലക്ഷം രൂപയുടെ ഡിഡി എന്നു പറഞ്ഞ്, ഒരു കവറിങ് ലെറ്റര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചു. അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തു വന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞ് ഇയാള്‍ ഫോണ്‍ നമ്പര്‍ തന്നു. ജൂലൈ 13ന് ഡോ. ആര്‍ ബി നായര്‍ ഡ്രൈവറുമൊത്ത് ഓഫീസില്‍ വന്നു. ഡല്‍ഹിയിലും മറ്റുമുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുമായി വളരെ അടുപ്പമാണെന്നും പറഞ്ഞു. 14-ാം തീയതിവെച്ചുള്ള ചെക്ക് ക്യാഷ് ചെയ്തുകൊള്ളാന്‍ ലക്ഷ്മി വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് നിരന്തരം ലക്ഷ്മി എന്നെ വിളിക്കുകയും ഇ-മെയില്‍ അയക്കുകയും ചെയ്തിരുന്നു. മൂന്ന് നാല് മാസമായിട്ടും കാര്യങ്ങള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ കിന്‍ഫ്രാ ലാന്‍ഡ് ലീസിനാണ് നല്‍കുന്നതെന്നും അത് സ്വന്തം പേരിലാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടക്കുകയാണെന്നും ഒരു മാസത്തിനകം ശരിയാകുമെന്നും ലക്ഷ്മി സൗമ്യമായി ഫോണില്‍ പറഞ്ഞു. 2012 ഡിസംബര്‍വരെ കാത്തുനിന്നിട്ടും ഒന്നും നടന്നില്ല.

2013 ജനുവരി ഒന്നിന് ലക്ഷ്മിക്ക് രജിസ്റ്റേര്‍ഡ് ആയി അയച്ച കത്ത് ഒരു മാസം കഴിഞ്ഞ് മടങ്ങിവന്നു. മാര്‍ച്ച് വരെ കാത്തിരുന്നിട്ടും നീക്കങ്ങള്‍ ഒന്നുമില്ലാത്തതിനെത്തുടര്‍ന്ന് അഡ്വ. മണിലാല്‍ മുഖേന ലക്ഷ്മിക്കും കമ്പനിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. ഏപ്രിലില്‍ ലക്ഷ്മി ഇങ്ങോട്ട് വിളിച്ച് പിതൃസ്ഥാനത്താണ് കരുതുന്നതെന്ന് എന്നോട് പറഞ്ഞു. എന്താണ് തെറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുടെ ഭാര്യയോട് ലക്ഷ്മിയെപ്പറ്റി മോശമായി സംസാരിച്ചതു വഴി അവളോട് എതിര്‍പ്പ് ഉണ്ടായി എന്നും പറഞ്ഞു. അത് കളവാണ്, ഞാന്‍ ക്ലിഫ് ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശു തരാഞ്ഞതിനാലല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്. എന്റെ കാശ് തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തേക്കാം എന്ന് അവര്‍ പറഞ്ഞു. പറഞ്ഞതൊന്നും സാറിന് തിരിച്ചെടുത്തേക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ഇവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു തവണയായി തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും ആദ്യ ഗഡു മെയ് പത്തിനും ബാക്കി മെയ് 25നും തരാമെന്നും പറഞ്ഞു. മെയ് 17ന് കൈലാസത്തില്‍ പോയതിനാല്‍ കുറെ നാള്‍ ഫോളോ അപ്പ് നടന്നില്ല. മെയ് 31ന് മടങ്ങി വന്നു. ജൂണ്‍ ഒന്നിന് രാവിലെ ലക്ഷ്മിയെ വിളിച്ചപ്പോള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഇല്ലാത്തതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്നില്ല എന്ന് പറഞ്ഞു. ഉടന്‍ എന്റെ പാന്‍ നമ്പര്‍ എസ്എംഎസ് ചെയ്തു. ജൂണ്‍ മൂന്നിന് കാശ് ഇടുമെന്നാണ് പറഞ്ഞത്. മൂന്നിന് രാവിലെ വളിച്ചപ്പോള്‍ ലക്ഷ്മി ഫോണ്‍ എടുത്തില്ല. അന്നത്തെ പത്രത്തില്‍ ലക്ഷ്മിയെപ്പോലൊരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ട എന്റെ ഭാര്യ ആ വാര്‍ത്ത എന്നെ കാണിച്ചു. പക്ഷേ സരിത എന്നാണ് പേര് കണ്ടത്. തുടര്‍ന്ന് വായിച്ചപ്പോള്‍ സരിത, ലക്ഷ്മിതന്നെയാണെന്ന് ബോധ്യമായി. തുടര്‍ന്ന് ജോപ്പനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. 12ന് അഡ്വ. സോണി ഭാസ്കര്‍ മുഖാന്തരം പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ ലക്ഷ്മി നായര്‍, ആര്‍ ബി നായര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് എന്ന് ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതിന് മുമ്പില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ് ഞാന്‍ അന്യായം ഒപ്പിട്ടത്. അന്യായം കോന്നി സിഐയ്ക്ക് അന്വേഷണത്തിനായി അയച്ചപ്പോള്‍ പൊലീസ് എന്റെ മൊഴി വാങ്ങി. ഞാന്‍ ബിസിനസുകാരനാണ്. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷ്യത്ത് മനസിലാക്കി എസ്ഐ, സിഐ, ഡിവൈഎസ്പി, എഡിജിപി എന്നിവര്‍ക്ക് മൊഴി കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവെക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നു പറയുകയാണ്.

*
ദേശാഭിമാനി

Friday, October 18, 2013

"ഒന്നാംപ്രതി"

"ഞാന്‍ കുറ്റക്കാരനാണെങ്കില്‍ പ്രധാനമന്ത്രിയോ" എന്ന ചോദ്യം ഉയര്‍ത്തുന്നത് കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖാണ്. കല്‍ക്കരി കുംഭകോണത്തില്‍ സിബിഐ ഫയല്‍ചെയ്ത ആദ്യ എഫ്ഐആറില്‍ വ്യവസായി കുമാര്‍ മംഗലം ബിര്‍ലയോടൊപ്പം "ഗൂഢാലോചന" നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് പരഖ്. തമിഴ്നാട്ടിലെ തിരുനെല്‍വേലി ലിഗ്നൈറ്റ് കോര്‍പറേഷന് (ടിഎല്‍സി) നല്‍കേണ്ട കല്‍ക്കരിപ്പാടം ബിര്‍ലയുടെ ഹിന്‍ഡാല്‍കോയ്ക്ക് അനധികൃതമായി നല്‍കിയെന്നാണ് സിബിഐ പറയുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുന്നതിനുള്ള പരിശോധനാസമിതിയുടെ ചെയര്‍മാന്‍സ്ഥാനംകൂടി വഹിച്ച പരഖ് ആദ്യം ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കാന്‍ വിസമ്മതിച്ചുവെന്നും പിന്നീട് ബിര്‍ലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം മാറ്റിയെന്നുമാണ് സിബിഐ ആരോപിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് ടിഎല്‍സിയുടെ കല്‍ക്കരിപ്പാടത്തിന്റെ 15 ശതമാനം വീതം ഹിന്‍ഡാല്‍കോയുമായും പൊതുമേഖലാസ്ഥാപനമായ മഹാനദി കല്‍കരിഖനിയുമായും (എംസിഎല്‍) പങ്കുവയ്ക്കണം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ കല്‍ക്കരിപ്പാടം ആവശ്യപ്പെട്ടാല്‍ അവര്‍ക്കുനല്‍കിയശേഷം മാത്രമേ സ്വകാര്യമേഖലയെ പരിഗണിക്കാവൂ എന്നാണ് മുന്‍ചട്ടം. ഇത് ലംഘിച്ചത് കല്‍ക്കരി മന്ത്രാലയ സെക്രട്ടറിയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സിബിഐ ഇങ്ങനെ സംശയിച്ചതിനെ കുറ്റംപറയാനാവില്ല. കാരണം അന്വേഷണ ഏജന്‍സി എല്ലാവശങ്ങളും പരിശോധിക്കണം. എന്നാല്‍, ഹിന്‍ഡാല്‍കോയ്ക്ക് അന്തിമഅനുമതി നല്‍കിയത് ആരാണെന്ന് പരിശോധിക്കാനും അന്വേഷണ ഏജന്‍സി തയ്യാറാകണമെന്നാണ് പരഖിന്റെ വാദം. ഒന്നാമതായി, ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ തലാബിര രണ്ട് കല്‍ക്കരിപ്പാടം അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പിട്ടത് കല്‍ക്കരിമന്ത്രിയാണ്. ചിരുധ് വധക്കേസില്‍പ്പെട്ട് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഷിബു സൊറണ്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനാല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ് അന്ന് കല്‍ക്കരിവകുപ്പിന്റെ ചുമതലവഹിച്ചത്. ഒഡിഷയിലെ ഹിരാക്കുഡിലുള്ള വൈദ്യുതനിലയത്തിന്റെ ശേഷി 200 മെഗാവാട്ടുകൂടി വര്‍ധിപ്പിക്കുന്നതിന് തലാബിര രണ്ട് കല്‍ക്കരിപ്പാടവും കൂടി അനുവദിക്കണമെന്നാണ് കുമാര്‍ മംഗലം ബിര്‍ല ആവശ്യപ്പെട്ടത്. മാത്രമല്ല, ആദിത്യ അലുമിനിയം കമ്പനിക്കാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് ഒഡിഷയിലെ ലപാങ്ങയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വൈദ്യുത നിലയത്തിനും കല്‍ക്കരി ആവശ്യമാണെന്നും അതിനാല്‍ രണ്ടാം കല്‍ക്കരിപ്പാടം അനുവദിക്കണമെന്നും ബിര്‍ല ആവശ്യപ്പെട്ടു. ഇന്ത്യയിലെ എറ്റവും വലിയ വ്യവസായി എന്ന നിലയില്‍ ഇത്തരമൊരു കത്ത് എഴുതാനുള്ള സ്വാതന്ത്ര്യം ബിര്‍ലയ്ക്കുണ്ട്. എന്നാല്‍, ഉന്നയിക്കുന്ന ആവശ്യം ശരിയാണോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഇത്തരം അപേക്ഷകള്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് കല്‍ക്കരിവകുപ്പ് സെക്രട്ടറി ചെയര്‍മാനായുള്ള പരിശോധനാസമിതിയുണ്ടായിരുന്നു. ബിര്‍ല കത്ത് കൊടുത്ത ഘട്ടത്തിലെ സമിതിയുടെ ചെയര്‍മാനായിരുന്നു പരഖ്. ബിര്‍ലയുടെ കത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ പരഖ് സമിതി ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കേണ്ടെന്ന് തീരുമാനിച്ചു. ഈ തീരുമാനത്തിലെത്താന്‍ തക്കതായ കാരണവും സമിതി ചൂണ്ടിക്കാട്ടി.

ഹിരാക്കുഡിലെ 67.5 മെഗാവാട്ട് വൈദ്യുതി നിലയത്തിനായാണ് തലാബിര ഒന്ന് കല്‍ക്കരിപ്പാടം ബിര്‍ലയ്ക്ക് നല്‍കിയത്. പത്തുവര്‍ഷത്തിനകം 267.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന്് ബിര്‍ല വാഗ്ദാനം നല്‍കിയിരുന്നു. അത് ലംഘിച്ചുവെന്നുമാത്രമല്ല, അധിക ഉല്‍പ്പാദനത്തിനായി രണ്ടാമതൊരു കല്‍ക്കരിപ്പാടംകൂടി ചോദിക്കുകയായിരുന്നു ബിര്‍ല. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പരഖ് സമിതി പറഞ്ഞത്. ഹിരാക്കുഡ് വൈദുത പദ്ധതിക്കായി പൊതുമേഖലാ സ്ഥാപനമായ എംഎല്‍സിയില്‍നിന്ന് കല്‍ക്കരി ലഭ്യമാകുമ്പോള്‍ തന്നെയാണ് തലാബിര ഒന്ന് കല്‍ക്കരിഖനി അനധികൃതമായി ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതെന്നും സമിതി കണ്ടെത്തി. എംസിഎല്ലില്‍നിന്ന് കല്‍ക്കരി ലഭിക്കുമ്പോള്‍ തലാബിരയില്‍ ബിര്‍ല കുഴിച്ചെടുക്കുന്ന കല്‍ക്കരി എന്തിന് ഉപയോഗിച്ചുവെന്ന ചോദ്യം സ്വാഭാവികം. മാത്രമല്ല, ഒഡിഷയിലെ ലപാങ്ങിലെ ആദിത്യ അലുമിനിയം കമ്പനിക്ക് ആവശ്യമായ 720 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ എംസിഎല്ലില്‍നിന്ന് കല്‍ക്കരി നല്‍കാമെന്ന് നേരത്തേ ധാരണയായിരുന്നു. അപ്പോള്‍ എന്തിനാണ് ബിര്‍ല പുതിയ കല്‍ക്കരിപ്പാടത്തിന് അപേക്ഷ നല്‍കിയതെന്ന ചോദ്യമാണ് 2005 ജനുവരി 10ന് ചേര്‍ന്ന പരിശോധനാസമിതിയില്‍ പരഖ് ചോദിച്ചത്. സ്വാഭാവികമായും ബിര്‍ലയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു. മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന് കല്‍ക്കരിപ്പാടം നല്‍കാന്‍ തീരുമാനിക്കുകയുംചെയ്തു. എന്നാല്‍, ആ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമിതിക്ക് പ്രധാനമന്ത്രി കാര്യാലയം കത്തയച്ചു. ബിര്‍ലയുടെ ആവശ്യം പരിഗണിക്കണമെന്നും പ്രധാനമന്ത്രികാര്യാലയം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുമാസത്തിനുശേഷം 2005 മാര്‍ച്ച് 27 ന് ചേര്‍ന്ന 27-ാമത് പരിശോധനാസമിതി യോഗത്തില്‍ ഹിന്‍ഡാല്‍കോയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായത്.

നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനൊപ്പം ഹിന്‍ഡാല്‍കോയ്ക്കും തലാബിര പാടത്തില്‍നിന്ന് കല്‍ക്കരി നല്‍കാന്‍ അനുമതിനല്‍കി നവംബര്‍ 20ന് ഉത്തരവിറങ്ങി. അതായത്, പ്രധാനമന്ത്രി കാര്യാലയത്തിന്റെ സമ്മര്‍ദഫലമായാണ് ബിര്‍ലയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായതെന്നര്‍ഥം. അര്‍ഹതയില്ലാതിരുന്നിട്ടും ഹിന്‍ഡാല്‍കോയ്ക്ക് പ്രധാനമന്ത്രിയുടെ ഇടപെടല്‍ കാരണം കല്‍ക്കരിപ്പാടം ലഭിച്ചു. ഇതാണിപ്പോള്‍ തെറ്റായ തീരുമാനമായി സിബിഐ ചിത്രികരിച്ചിട്ടുള്ളത്. കല്‍ക്കരിപ്പാടം അനുവദിച്ചത് തെറ്റായ തീരുമാനമാണെങ്കില്‍ അത് തിരുത്താനുള്ള അധികാരം വകുപ്പുമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരഖ് തെറ്റുകാരനാണെങ്കില്‍ മന്‍മോഹന്‍സിങ്ങും തെറ്റുകാരനാണെന്നര്‍ഥം. പക്ഷേ, എന്തുകൊണ്ടാണ് ബിര്‍ലയും പരഖും കുറ്റക്കാരനാണെന്നു കണ്ടപ്പോള്‍ മന്‍മോഹന്‍സിങ്ങിനെ സിബിഐ ഒഴിവാക്കിയത്? കാരണം ലളിതം. സിബിഐ നിലകൊള്ളുന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ്. സ്വന്തം മേധാവിയെ എങ്ങനെയാണ് കേസില്‍ ഉള്‍പ്പെടുത്തുക? സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ സിബിഐ ആദ്യം തയ്യാറാക്കിയ എഫ്ഐആറിന്റെ കരടില്‍ മന്‍മോഹന്‍സിങ്ങിന്റെ പേരും ഉണ്ടായിരുന്നു. സിബിഐ ഡയറക്ടര്‍ രണ്‍ജിത്ത് സിന്‍ഹയാണത്രെ പ്രധാനമന്ത്രിയുടെ പേരുമാറ്റി "ഉന്നതാധികാര അതോറിറ്റി" എന്നാക്കിയത്. മാത്രമല്ല, പ്രധാനമന്ത്രിയെ ചോദ്യംചെയ്യണമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ വേണ്ടെന്ന് രണ്‍ജിത്ത് സിന്‍ഹ പറഞ്ഞു. ഏതായാലും സിബിഐ ഉദ്യേഗസ്ഥര്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടത് അദ്ദേഹത്തിന് ഈ അഴിമതിയില്‍ വ്യക്തമായ പങ്ക് ഉണ്ടെന്ന് കണ്ടതിനാലാണ്. സിഎജിയുടെ കണക്കനുസരിച്ച് 1.86 ലക്ഷം കോടിയുടെ അഴിമതിക്ക് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയാണെന്ന് വ്യക്തം. നേരത്തെ സുപ്രീംകോടതിക്ക് മുമ്പാകെ സിബിഐ നല്‍കിയ സത്യവാങ്മൂലം നിയമമന്ത്രിയായിരുന്ന അശ്വനികുമാര്‍ തിരുത്തിയത് വിവാദമായിരുന്നു. അന്വേഷണത്തിലുള്ള നേരിട്ടുള്ള ഇടപെടലാണ് അശ്വനികുമാര്‍ നടത്തിയത്. അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയെങ്കിലും ക്യാബിനറ്റ് പദവിയില്‍ ജപ്പാന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. മാത്രമല്ല, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകള്‍ സുപ്രീംകോടതിക്ക് നല്‍കാനും സര്‍ക്കാര്‍ വിസമ്മതിച്ചു. 73 കല്‍ക്കരിപ്പാടങ്ങള്‍ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കി സര്‍ക്കാരിന് വന്‍ നഷ്ടവും കമ്പനികള്‍ക്ക് വന്‍ലാഭവും ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരിക്ക് ഖജനാവിലേക്ക് 50 രൂപമാത്രം വാങ്ങി ഖനനാനുമതി നല്‍കുകയാണ് സര്‍ക്കാര്‍ചെയ്തത്. ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ്, 1973ല്‍ ഇന്ദിരാഗാന്ധി ഭരണം ദേശസാല്‍ക്കരിച്ച കല്‍ക്കരിഖനികള്‍ മന്‍മോഹന്‍സിങ് വീതിച്ചുനല്‍കിയത്. കുംഭകോണം നടത്തിയതിനുമാത്രമല്ല, അതിന്റെ തെളിവുനശിപ്പിച്ചതിനുകൂടി കേസ് നേരിടേണ്ടതുണ്ട് മന്‍മോഹനും കൂട്ടരും.

കല്‍ക്കരിപ്പാട അഴിമതിയില്‍ മാത്രമല്ല, 1.76 ലക്ഷം കോടി രൂപയുടെ ടൂജി സ്പെക്ട്രം അഴിമതിയിലും പ്രധാനമന്ത്രി കുറ്റാരോപിതനാണ്. ടൂജി സ്പെക്ട്രം അനുവദിക്കുന്ന ഓരോഘട്ടത്തിലും ടെലികോംമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടും കത്തുവഴിയും അറിയിച്ചിരുന്നു. മന്ത്രി എ രാജ തെറ്റായ വഴി സ്വീകരിക്കുന്നത് തടയാന്‍ ക്യാബിനറ്റിന്റെ തലവന്‍ എന്ന നിലയില്‍ എല്ലാ അധികാരവും പ്രധാനമന്ത്രിക്കുണ്ടായിരുന്നു. രണ്ടു ലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് കോപ്പുകൂട്ടിയപ്പോള്‍ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതുകൊണ്ടുമാത്രം ഈ ഇടപാട് നടന്നില്ല. സ്വകാര്യ മേഖലയെ വഴിവിട്ട് സഹായിക്കുന്ന നവ ഉദാരനയത്തിന്റെ ഭാഗമാണ് ഈ അഴിമതികള്‍ എന്നുകാണാം. പ്രാകൃതമായ മൂലധന കേന്ദ്രീകരണത്തില്‍ തെറ്റെന്തെന്ന് പ്രധാനമന്ത്രി ചോദിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയാണ്. അതുകൊണ്ടാണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സ്വകാര്യസ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ ഗാഢബന്ധമുണ്ടെന്ന് നീര റാഡിയയുടെ ടേപ്പ് സൂചിപ്പിച്ചിട്ടും അതേക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകാതിരുന്നത്. അന്വേഷണം നടത്തുന്നപക്ഷം കോര്‍പറേറ്റുകള്‍ക്ക് രണ്ടാം യുപിഎ സര്‍ക്കാര്‍ ചെയ്തുകൊടുത്ത സൗജന്യങ്ങള്‍ പുറത്തുവരും. ഇപ്പോള്‍ ഈ ടേപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടതും മന്‍മോഹന്‍സിങ്ങിനെ വെട്ടിലാക്കും.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

Wednesday, October 16, 2013

സോളാര്‍ കേസ്സും കേരള ജുഡീഷ്യറിയും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെതായ തലങ്ങളില്‍ പരമാധികാരമുള്ളതും, സ്വതന്ത്രവും വ്യത്യസ്തവുമാണ്. എന്നാല്‍ നീതിന്യായ നിര്‍വ്വഹണ സംവിധാനമായ ജുഡീഷ്യറിയ്ക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധതയ്ക്ക് അപ്പുറം ഒരു പരസ്യ വിചാരണയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ പ്രിവിലേജ്ഡ് ക്ലാസ്സ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാ സ്ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്മതയോടും കൃത്യതയോടും, ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും, സൂക്ഷ്മതയും, കൃത്യതയും, ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നോ എന്ന വിലയിരുത്തല്‍ സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത് ജനാധിപത്യ പ്രക്രിയയെ ശാക്തീകരിക്കാന്‍ പ്രേയാജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

കേരളത്തിലെ നിരവധി നിരപരാധികളായ നിക്ഷേപകരെ സൗരോര്‍ജ്ജ പാനല്‍ തട്ടിപ്പിന് ഇരയാക്കിയതിനെ കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടാനാണ് ജോയി കൈതാരം ഹൈക്കോടതിയില്‍ പൊതു താല്പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയിലെ മിനിമം ആവശ്യം മുഖ്യമന്ത്രിയുടെ ആഫീസിലെ സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും, സര്‍വ്വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കണമെന്നതായിരുന്നു. സി സി റ്റി വി ക്യാമറയും, കമ്പ്യൂട്ടര്‍ ഡിസ്‌കും ആഗസ്റ്റ് 28-ന് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും, ആരോപണ വിധേയനായ ഉത്തരവാദിത്തപ്പെട്ട വ്യക്തി (മുഖ്യമന്ത്രി)യെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നുമാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. എ ജി ഇതു പറഞ്ഞതോടെ ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി infructous ആയി. നിസ്സാരമായ ഈ നിരീക്ഷണത്തോടെ വിധി പറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജു വരുന്ന വിശദമായ വിധി ന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതി വിധി കൂടാതെ സര്‍ക്കാര്‍ പരിഗണിച്ച് നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം.

ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടം മുതല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സി ആര്‍ പി സി 156 (3) അനുസരിച്ച് ശ്രീധരന്‍ നായര്‍ പത്തനംതിട്ട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ കുറ്റാരോപണമുണ്ട്. പ്രസ്തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ, അനുബന്ധ പ്രതിപ്പട്ടികയിലോ പേര് പറയാത്ത ടെന്നി ജോപ്പനെ അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം പ്രതിയായി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് കല്‍തുറുങ്കില്‍ അടച്ചപ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്തിസഹജമായ ചോദ്യത്തിന് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലില്‍ അടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരെ എന്തു കൊണ്ട് കേസ്സെടുക്കുന്നില്ല എന്നതായിരുന്നു ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുന്നതായിരുന്നു റാന്നി മജിസ്‌ട്രേട്ടിന് മുമ്പാകെ ശ്രീധരന്‍ നായര്‍ കൊടുത്ത സി ആര്‍ പി സി 164 സ്റ്റേറ്റ്‌മെന്റ്. അതിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അതാവര്‍ത്തിച്ചു പറയുന്നു. 164 സ്റ്റേറ്റ്‌മെന്റിനു ശേഷം എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ശ്രീധരന്‍ നായര്‍ മൊഴി നല്കിയതായി ഹൈക്കോടതിയില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പോലീസിനോട് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ച് നില്ക്കുന്നു എന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ താന്‍ മൂന്നാം ഗഡു ചെക്ക് ക്ലിയര്‍ ചെയ്തത് 2012 ജൂലൈ 9-ന് രാത്രി 8 മണിക്കു സരിതാ എസ് നായരുമായി മുഖ്യമന്ത്രിയെ കണ്ട് വിശ്വാസ്യത ഉറപ്പ് വരുത്തിയതിന് ശേഷമാണെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയിലും, രണ്ട് മജിസ്‌ട്രേട്ട് കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരും പരാതി ഉന്നയിച്ചില്ലെന്ന് എങ്ങനെ വിധിക്കാന്‍ കഴിയും? കോടതി മുറിയില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഈ കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. 2012 ജൂലൈ 9-ന് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിലും, പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-ന് മുമ്പാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് അസന്നിഗ്ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലൈ 9-ന് രാത്രി 8 മണിക്ക് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്ന് സര്‍വ്വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-ന് മുമ്പാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ? മേല്‍ പറഞ്ഞതിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് വിധിന്യായത്തിലെ 8-ാം ഖണ്ഡിക.
'There are no materials before this court to find that there is assurance on the part of the Chief Minister about the credentials of 'Team Solar' and that encouraged the complaint to do business with Saritha. S.Nair. Even assuming for a moment that he made assurance and encouraged the complaint to do business with Saritha.S.Nair, the same would not amount to any criminal act attracting Section 420 r/w 34 IPC'. മുഖ്യമന്ത്രിയുടെ പ്രേരണയും, പ്രചോദനവും മൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് മുന്‍കൂറായി വിധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതിയുടെ പരിഗണനാ വിഷയമല്ല. ഇത് സംബന്ധമായ കേസ്സുകള്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ Pending ആണ്. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലും അന്വേഷണം പൊലീസിന്റെ ഭാഗത്ത് നടക്കുന്ന സമയത്താണ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്ന വിധി എന്നത് ഗൗരവതരമാണ്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് പോലും സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിചാരണ കോടതിയില്‍ ട്രയല്‍ ആരംഭിക്കുന്നതിന് മുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റവിമുക്തമാക്കി വിധി പ്രസ്താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അന്വേഷണവും കീഴ്‌കോടതികളിലെ വിചാരണയും പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പൊലീസിന്റെ അന്വേഷണത്തിലും മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്സില്‍ വിചാരണ കൂടാതെ ഹൈക്കോടതി വിധി പ്രഖ്യാപിച്ച് പൊലീസ് അന്വേഷണത്തിനും കീഴ്‌ക്കോടതി വിചാരണയും, പൂര്‍ണ്ണമായും അപ്രസക്തമാകും. സംസ്ഥാനത്തെ വിവാദമായ തട്ടിപ്പ് കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കുറ്റ വിമുക്തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതി വിധി അന്വേഷണത്തില്‍ കോടതിയുടെ നഗ്നമായ ഇടപെടലാണ്. സുപ്രിംകോടതിയുടെ നിരന്തരമായ നിര്‍ദ്ദേശങ്ങളും, വിധിന്യായങ്ങളും പരസ്യമായി  ലംഘിക്കുന്നതാണ്. ഈ കേസ്സില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണയ്ക്കും പൊലീസ് അന്വേഷണത്തിനും ഇനി എന്തു പ്രസക്തിയാണുള്ളത്. വിചാരണയ്ക്ക് മുമ്പ് വിധി പ്രഖ്യാപിച്ചതിലൂടെ സോളാര്‍ കേസ്സിന്റെ തുടരന്വേഷണവും ക്രിമിനല്‍ നടപടി ക്രമങ്ങളും പൂര്‍ണ്ണമായും നിരര്‍ത്ഥകമായി കഴിഞ്ഞിരിക്കുന്നു.

സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട് വിചാരണ കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളും സംശയത്തിന്റെയും, ദുരൂഹതയുടെയും കരിനിഴലിലാണ്. കൊച്ചി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതെ കാലവിളംബം ഉണ്ടാക്കിയ നടപടി ഏറെ ചര്‍ച്ചാ വിഷയം ആയതും ഹൈക്കോടതിയുടെ അന്വേഷണത്തിലുള്ളതുമാണ്. 21 പേജുണ്ടായിരുന്ന സരിത എസ് നായരുടെ മൊഴി മൂന്നര പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത് ജനങ്ങളില്‍ വലിയ ആശങ്കയാണ് വളര്‍ത്തിയെടുത്തിയിട്ടുള്ളത്. സി ആര്‍ പി സി 207 അനുസരിച്ച് പ്രതിക്കെതിരെ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി ശ്രീധരന്‍ നായരുടെ 164 മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചത് വിവാദമായതാണ്. മുഖ്യമന്ത്രിക്ക് എതിരായി ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്റ്റേറ്റ്‌മെന്റ് ഇനിയും പുറത്ത് വരാത്തത് കോടതി ഇടപെടലുകളുടെ ഭാഗമാണ്. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്ണന് പരസ്യമായി മജിസ്‌ട്രേറ്റിനോട് മൊഴി പറയണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യമൊഴി എടുത്തതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടേത് സാധാരണ നടപടിയാണെങ്കിലും സോളാര്‍ കേസ്സ് കേട്ടിരുന്ന രണ്ട് ബഞ്ചുകളിലെ ജഡ്ജിമാരുടെ മാറ്റവും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. കൂടാതെ ഭൂമി തട്ടിപ്പ് കേസ്സിലെ പ്രതിയായ സലീം രാജിന്റെ ടെലിഫോണ്‍ കോള്‍ലിസ്റ്റും ശബ്ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ ബഞ്ച് വിധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സ്റ്റേ ലഭ്യമായതും ജനങ്ങളില്‍ സംശയത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു.

ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടായാല്‍ തകരുന്നത് നിയമവാഴ്ചയായിരിക്കും. അതിനവസരം നല്കാതെ ജനാധിപത്യത്തെ ശാക്തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്കൃഷ്ടമായ നീതിബോധവും നിര്‍വ്വഹണവും ജുഡീഷ്യറിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനുള്ള കരുത്ത് നമ്മടെ ജുഡീഷ്യറിക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

*
എന്‍ കെ പ്രേമചന്ദ്രന്‍  (ലേഖകന്‍ മുന്‍മന്ത്രിയും ആര്‍ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്)

കടപ്പാട്: ജനയുഗം ചിത്രം വിക്കിപീഡിയയില്‍ നിന്ന്

Wednesday, October 9, 2013

കാലിത്തീറ്റ കുംഭകോണത്തിന്റെ ഉള്ളറകള്‍

ലാലുപ്രസാദ് യാദവും ബിഹാറിലെ മൃഗസംരക്ഷണ വകുപ്പുമായി ഒരു ജൈവ ബന്ധമുണ്ട്. പട്നയിലെ ബിഎന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ലാലു താമസിച്ചത് ബിഹാര്‍ വെറ്റിനറി കോളേജിലെ പ്യൂണായിരുന്ന സഹോദരന്റെ ക്വാര്‍ടേഴ്സിലായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അതേ വെറ്റിനറി കോളേജിലെ ക്ലാര്‍ക്കായും ലാലു ജോലി നോക്കി. 1990 ല്‍ രാംസുന്ദര്‍ദാസിനെ തഴഞ്ഞ് അന്നത്തെ പ്രധാനമന്ത്രി വിപി സിങ് ലാലുവിനെ മുഖ്യമന്ത്രിയാക്കുന്നതുവരെ ഈ വെറ്റിനറി കോളേജ് ഹോസ്റ്റലിലായിരുന്നു ലാലുവിന്റെ താമസം. എരുമയെ കറന്നും അവയെ പരിപാലിച്ചുമുള്ള കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ബിഹാര്‍ ജനതയുടെ മനസ്സ് കീഴടക്കാന്‍ ലാലുവിന് കഴിഞ്ഞത്.

ഗോപാല്‍ ഗഞ്ച് ജില്ലയിലെ ഫുല്‍വാരിയയില്‍ പാല്‍കച്ചവടം നടത്തി ജീവിക്കുന്ന കുന്ദന്‍ റായിയുടെയും മര്‍ച്ചിയാ ദേവിയുടെയും ആറുമക്കളില്‍ രണ്ടാമനായിരുന്നു ലാലു. 1977 ല്‍ ചപ്രയില്‍ നിന്നും 29 ാമത്തെ വയസ്സില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്ലീപ്പര്‍ ക്ലാസില്‍ സഞ്ചരിച്ച് പാവപ്പെട്ടവരുടെ പ്രതീകമായി മാറിയ ലാലുവിന്റെ പടിയിറക്കത്തിനും കാരണം കന്നുകാലികളുമായി ബന്ധപ്പെട്ട അഴിമതിയാണെന്നത് വിരോധാഭാസം. ചപ്രയുടെ പുതിയ പേരായ സരന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെയാണ് ലാലുവിന്റെ പടിയിറക്കവും. കാലിത്തീറ്റക്കേസില്‍ അഞ്ചു വര്‍ഷം തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് റാഞ്ചിയിലെ സിബിഐ കോടതി ഇപ്പോള്‍ ലാലുവിനെ ശിക്ഷിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയായിരിക്കെ നടത്തിയ കന്നുകാലി കുംഭകോണമാണ് ലാലുവിന് 1997 ല്‍ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടുത്തിയത്. കന്നുകാലിത്തീറ്റ കുംഭകോണത്തിന്റെ തുടക്കം ലാലുവിന്റെ കാലത്തൊന്നുമായിരുന്നില്ല. അതിന് കോണ്‍ഗ്രസ് സര്‍ക്കാരിനോളം വേരുകളുണ്ടായിരുന്നു. വ്യാജരേഖകളും മറ്റും തയ്യാറാക്കി സര്‍ക്കാര്‍ പണം വര്‍ഷങ്ങളായി കൊള്ളയടിച്ച കാലിത്തീറ്റ മാഫിയയ്ക്ക് കൂട്ടുനിന്നതിന്റെ പരിണിതഫലമാണ് ലാലു ഇന്ന് അനുഭവിക്കുന്നത്.

എണ്‍പതുകളില്‍ ബീഹാര്‍ ഭഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളും തുടര്‍ന്ന് അധികാരത്തിലെത്തിയ ലാലു സര്‍ക്കാരും മാഫിയയ്ക്ക് കൂട്ടുനിന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍ശൃംഖലയാണ് കോടികളുടെ ഈ അഴിമതിക്ക് പിന്നിലുണ്ടായിരുന്നത്. ബീഹാര്‍ ട്രഷറിയും വകുപ്പുകളും പ്രതിമാസം സമര്‍പ്പിക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതില്‍ പതിവായി വീഴ്ചവരുത്തുന്നത്. 1985 ല്‍ അന്നത്തെ സിഎജി ടി എന്‍ ചതുര്‍വേദി(പിന്നീട്ഇദ്ദേഹം ബിജെപിയുടെ രാജ്യസഭാംഗമായി) ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പ് പുറത്താകാന്‍ വഴിയൊരുങ്ങിയത്. അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രശേഖര്‍ സിങ്ങിനെ സിഎജി വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ബീഹാറിലെ പണമിടപാടുകള്‍ സിഎജി സൂഷ്മമായി നിരീക്ഷിച്ചുതുടങ്ങി. 1992 ല്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലീസ് ഇന്‍സ്പെക്ടറായ ബി ബി ദ്വിവേദി കാലിത്തീറ്റ കുംഭകോണം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധികം വൈകാതെ ദ്വിവേദി സസ്പെന്‍ഷനിലായി. പിന്നീട് കേസില്‍ നിര്‍ണായക സാക്ഷിയായത് ഈ ദ്വിവേദിയാണ്. 1992-93 കാലയളവ് മുതല്‍ 1995-96 കാലയളവ് വരെയുള്ള സിഎജി റിപ്പോര്‍ട്ടുകളില്‍ കാലിത്തീറ്റ കുംഭകോണം ഇടംപിടിച്ചു. 1995 ല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെയാണ് ഇത് രാഷ്ട്രീയവിവാദമായി ഉയര്‍ന്നത്. 1996 ജനുവരിയില്‍ വെസ്റ്റ് സിങ്ഭും ജില്ലയിലെ ഡെപ്യൂട്ടി കമീഷണര്‍ അമിത് ഖരെ(നിലവില്‍ മനുഷ്യവിഭവശേഷി മന്ത്രാലയത്തിലെ ജോയഇന്റ് സെക്രട്ടറി) ഛായിബാസ പട്ടണത്തിലെ മൃഗസംരക്ഷണ വകുപ്പില്‍ റെയ്ഡ് നടത്തുകയും ഞെട്ടിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനായി കാലിത്തീറ്റയും മറ്റ് ഉപകരണങ്ങളും സംഭരിച്ചുവെന്ന് അവകാശപ്പെട്ടുള്ള വ്യാജരേഖകളാണ് പിടിച്ചെടുത്തത്. കുംഭകോണം അന്വേഷിക്കാന്‍ സമിതിയെ വെയ്ക്കാന്‍ ലാലു നിര്‍ബന്ധിതനായി. എന്നാല്‍ ഈ അന്വേഷണം അട്ടിമറിക്കാന്‍ ലാലു കരുനീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തിനിടയിലാണ് ബിഹാര്‍ ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുന്നത്. പിന്നീട് സുപ്രിംകോടതിയും അന്വേഷണം നിരീക്ഷിച്ചു.

1996 ഏപ്രില്‍ 27 ന് സിബിഐ പ്രാഥമിക കുറ്റപത്രം നല്‍കി. 1997 മെയ് 10 നാണ് സിബിഐ ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ എആര്‍ കിദ്വായിയോട് ആവശ്യപ്പെട്ടത്. അന്ന് പ്രധാനമന്ത്രിയായ ഐ കെ ഗുജ്റാളിന്റെ സമ്മതം ലഭിച്ചതോടെ ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഇതിന്റെ പേരിലാണ് ജനതാദളിനെ പിളര്‍ത്തി ലാലു രാഷ്ട്രീയ ജനതാദളിന് രൂപം നല്‍കിയത്. മുഖ്യമന്ത്രിയായി ഭാര്യ റാബ്രി ദേവിയെ ലാലു നിയമിക്കുകയും ചെയ്തു. എതായാലും ലാലുവും മറ്റ് 55 പേരും കുറ്റക്കാരാണെന്ന് സിബിഐ കുറ്റപത്രം നല്‍കി. ലാലു ജയിലിലുമായി. മൂന്ന് ഘട്ടങ്ങളിലായി അഞ്ച് മാസം ലാലു ജയില്‍വാസമനുഭവിച്ചു. ലാലുവിനൊപ്പം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്രയെയും ജഹാനാബാദില്‍ നിന്നുള്ള ജെഡിയു എംപി ജഗദീഷ് ശര്‍മ്മയെയും റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ലാലുവിനും ജഗദീഷ് ശര്‍മ്മയ്ക്കും ലോക്സഭാംഗത്വം നഷ്ടമാകും. ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുന്ന എംപിമാരുടെ എണ്ണം ഇതോടെ മൂന്നായി ഉയരും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രത്യേക ക്ഷണിതാവും രാജ്യസഭാംഗവുമായ റഷീദ് മസൂദിനെ അഴിമതി കേസില്‍ കുറ്റക്കാരനായി പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ 56 പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ ഏഴ് പേര്‍ മരിച്ചു. സ്വാതന്ത്ര്യസമരസേനാനിയും മുഗസംരക്ഷണ മന്ത്രിയുമായ ഭോലാറാം തൂഫാനിയും ഹരീഷ് ഖണ്ഡേല്‍വാലും ആത്മഹത്യ ചെയ്തു. മുന്‍ കേന്ദ്ര മന്ത്രി ചന്ദ്രദേവ് പ്രസാദ് വര്‍മയും മരിച്ചവരില്‍ ഉള്‍പ്പെടും. ജാര്‍ഖണ്ഡിലെ സിങ്ങ്ഭൂം ജില്ലയിലെ ചായിബാസ ട്രഷറിയില്‍ നിന്നും 37.7 കോടി രൂപ പിന്‍വലിച്ച കേസിലായിരുന്നു ലാലുവിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്. അതേ കേസിലാണ് ഇപ്പോള്‍ റാഞ്ചിയിലെ സിബിഐ കോടതി ലാലുവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുള്ളത്. ഇതോടെ 29-ാം വയസ്സില്‍ എംപിയായ ലാലുപ്രസാദിന്റെ ലോകസഭാംഗത്വവും നഷ്ടമാവുകയാണ്. ക്രിമിനല്‍ കേസുകളില്‍ കുറഞ്ഞത് രണ്ടുവര്‍ഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയാണ് ലാലുവിനും മറ്റും വിനയാകുന്നത്. കോടതി ഉത്തരവ് മറികടക്കുന്നതിന് കേന്ദ്ര മന്ത്രിസഭഭ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഒപ്പിട്ടിട്ടില്ല. പ്രതിപക്ഷവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയും ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നതോടെ ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ അത് പിന്‍വലിച്ചു. മഹാരാജ്ഗഞ്ച് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജെഡിയുവിനെതിരെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഗംഭീരവിജയം നേടി തിരിച്ചുവരവിന്റെ പാതയിലായിരുന്ന ആര്‍ജെഡിക്ക് ലാലുവിനെതിരായ കോടതിവിധി കനത്ത തിരിച്ചടിയായി. ജെഡിയു- ബിജെപി സഖ്യം പൊളിഞ്ഞതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് ആര്‍ജെഡി പ്രതീക്ഷിച്ചിരുന്നു. നേതാവ് ജയിലിലായതോടെ അങ്കലാപ്പിലായ ആര്‍ജെഡി നേതാക്കള്‍ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആശയക്കുഴപ്പത്തിലാണ്. സ്വന്തം അണികളും നേതാക്കളും ജെഡിയുവിലേക്കും ബിജെപിയിലേക്കും പോകാതെ തടയുകയാണ് ആജെഡി നേതൃത്വത്തിനു മുമ്പിലുള്ള വെല്ലുവിളി. രഘുവംശപ്രസാദ്, പ്രഭുനാഥ്സിങ് തുടങ്ങിയ രജപുത്ര നേതാക്കള്‍ ആര്‍ജെഡിക്കുണ്ടെങ്കിലും ലാലുവില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ജെഡിക്ക് വിഷമമാണ്. കാലിത്തീറ്റ കേസില്‍ നേരത്തെ ലാലു ജയിലില്‍ പോയപ്പോള്‍ ഭാര്യ റാബ്രി ദേവിയാണ് പാര്‍ടിയെ നയിച്ചത്. അത് ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത. ഇളയ മകന്‍ തേജസ്വിനിയും നേതൃത്വത്തിലുണ്ടാകും. സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ലാലുവിന് കഴിയും. അപ്പീല്‍ അനുവദിച്ചാല്‍ ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്. അതില്‍ മാത്രമാണ് ആര്‍ജെഡിയുടെ പ്രതീക്ഷ. ലാലു ജയിലിലായതോടെ ഏറ്റവും വിഷമ സന്ധിയിലായത് കോണ്‍ഗ്രസാണ്. രാഹുല്‍ ബ്രിഗേഡിന്റെ തീരുമാന പ്രകാരം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലായി കോണ്‍ഗ്രസ് ലാലുവുമായി സഖ്യത്തിലായിരുന്നില്ല. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ലാലു നില മെച്ചപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ലാലുവുമായി സഖ്യം സ്ഥാപിക്കാനുള്ള അണിയറ നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുകയായിരുന്നു.

സോണിയാഗാന്ധിയെ വിദേശിയെന്ന് ബിജെപിയും മറ്റും ആക്ഷേപിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ ലാലുവിനെ കോണ്‍ഗ്രസിന് പെട്ടെന്ന് തള്ളിപ്പറയാന്‍ കഴിയുമായിരുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ റെയില്‍വെ മന്ത്രിയുമായിരുന്നു ലാലു. മാത്രമല്ല ദുര്‍ബലനായ ലാലുവില്‍ നിന്ന് മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനുമായി കൂട്ടുപിടിച്ചാല്‍ കൂടുതല്‍ തകര്‍ച്ച നേരിടുമോ എന്ന ഭീതിയും കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു. നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പേരില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ജെഡിയു നേതാവ് നിതീഷ് കുമാറുമായി കൈകോര്‍ക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് ആരായുന്നുണ്ട്. അത്തരമൊരു സഖ്യം താല്‍ക്കാലിക വിജയം നല്‍കുമെങ്കിലും കോണ്‍ഗ്രസിന് മത്സരിക്കാന്‍ സീറ്റുകള്‍ കുറവേ ലഭിക്കൂ. മാത്രമല്ല കോണ്‍ഗ്രസിന്റെ സഹായത്തോടെ കൂടുതല്‍ സീറ്റ് നേടുന്ന നിതീഷ് തെരഞ്ഞെടുപ്പിന് ശേഷം മറ്റ് സാധ്യതകള്‍ തേടുമോ എന്ന ഭയവും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്.

ലാലുവിന്റെ സാന്നിധ്യം ബിഹാര്‍ രാഷ്ട്രീയത്തില്‍ തീര്‍ക്കുന്ന ശൂന്യത വലുതായിരിക്കും. എന്നാല്‍ ജയിലില്‍ പോകുന്നതുകൊണ്ട് മാത്രം ലാലുവെന്ന രാഷ്ട്രീയ നേതാവിനെ എഴുതിത്തള്ളാനും കഴിയില്ല. യാദവ വോട്ട് ബാങ്ക് ഇപ്പോഴും ലാലുവിനൊപ്പമുണ്ട്. അദ്വാനിയുടെ രഥയാത്ര സമസ്തപ്പൂരില്‍ വെച്ച് 1990 ല്‍ തടഞ്ഞതുമുതല്‍ മുസ്ലീങ്ങളുടെ പിന്തുണ തേടിയ ലാലുവിനെ അവര്‍ പൂര്‍ണമായും കയ്യൊഴിഞ്ഞിട്ടുമില്ല. നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നേരിട്ട ലാലുവിന് ഇത് തകര്‍ച്ചയുടെ കാലമാണെന്ന് പറയാമെങ്കിലും ആ യുഗം അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രിയും സഹപാഠിയുമായ നിതീഷ് കുമാര്‍ പോലും ലാലുവിനെതിരെയുള്ള കോടതി വിധിയെക്കുറിച്ച് നിയമം അതിന്റെ വഴിക്ക് പോകുന്നു എന്നുമാത്രമാണ് പ്രതികരിച്ചത്.

*
വി ബി പരമേശ്വരന്‍ ചിന്ത വാരിക