Showing posts with label പു ക സ. Show all posts
Showing posts with label പു ക സ. Show all posts

Monday, February 24, 2014

മരിക്കാത്ത ഓര്‍മകള്‍

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പത്താം സംസ്ഥാന സമ്മേളനം മൂന്നുമാസം മുമ്പ് പാലക്കാട്ട് നടന്നപ്പോള്‍ പ്രതിനിധികള്‍ക്കുമുമ്പില്‍ പ്രൊഫ. എരുമേലിയുടെ ഹൃദയസ്പര്‍ശിയായ ഒരു കത്ത് ഞാന്‍ വായിച്ചു. ""എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനമാണിതെന്നുകൂടി വളരെ വേദനയോടെ അറിയിക്കട്ടെ"" എന്ന കത്തിലെ ഭാഗം സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ഞൂറിലധികം പ്രതിനിധികളില്‍ ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിച്ചു. സംഘവും പ്രൊഫ. എരുമേലിയും തമ്മിലുള്ള ആത്മബന്ധം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. ""ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന "പുരോഗമന സാഹിത്യപ്രസ്ഥാനം - ചരിത്രവഴികള്‍" എന്ന പുസ്തകം ഈ സമ്മേളനത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല എന്ന ദുഃഖവുമുണ്ട്. ആരോഗ്യം തിരികെ കിട്ടിയാലുടന്‍ തന്നെ പുസ്തകം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതാണ്. അതിന് സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ഥിക്കുന്നു. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തീരട്ടെ പാലക്കാട്ടു സമ്മേളനം"" എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്.

സംസ്ഥാന സമ്മേളനം നടത്താന്‍ പാലക്കാട് തെരഞ്ഞെടുത്തതിലുള്ള സന്തോഷവും അവിടെ സംഘം മുമ്പ് നടത്തിയിട്ടുള്ള നിരവധി സാംസ്കാരിക പ്രവര്‍ത്തനങ്ങളും കത്തിന്റെ തുടക്കത്തില്‍ വിവരിക്കുന്നുണ്ട്. ""കെ വിശ്വത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടന്‍ കലാ പഠനക്യാമ്പുകള്‍"" കത്തില്‍ പ്രത്യേകം ഓര്‍മിക്കുന്നു. നമ്മുടെ ദുഃഖം ഇപ്പോള്‍ ഇരട്ടിക്കുകയാണ്. എരുമേലി എടുത്തുപറഞ്ഞ കെ വിശ്വവും അടുത്തകാലത്ത് നമ്മെ വിട്ടുപോയി. ഒറീസയിലെ കന്ദമാലില്‍ സംഘപരിവാര്‍ വര്‍ഗീയകലാപം അഴിച്ചുവിട്ടപ്പോള്‍ അവിടേക്ക് കേരളത്തില്‍ നിന്നും ആദ്യം ഓടിയെത്തിയ സമാധാന സന്ദേശസംഘം പുരോഗമന കലാ സാഹിത്യസംഘത്തിന്റേതായിരുന്നു. പ്രൊഫ. എരുമേലിയായിരുന്നു ഞങ്ങളുടെ നേതാവ്. കലാപത്തിനുശേഷം അവിടെ നടന്ന ആദ്യത്തെ സമാധാനയാത്രയില്‍ മലയാളത്തിലും മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

ഒറീസയിലെ പ്രമുഖ എഴുത്തുകാരെ ഞങ്ങള്‍ കണ്ടു. ഭുവനേശ്വറില്‍ പത്രസമ്മേളനം നടത്തി. കന്ദമാലില്‍ കണ്ടതെല്ലാം ജനങ്ങളെ അറിയിച്ചു. ഇതിലെല്ലാം എരുമേലി നല്‍കിയ നേതൃത്വം വിലപ്പെട്ടതായിരുന്നു. എരുമേലിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രൊഫ. എം കെ സാനു അദ്ദേഹത്തിന്റെ ആത്മകഥയായ "കര്‍മഗതി"യില്‍ പറയുന്നുണ്ട്. ""അസാമാന്യമായ സംഘടനാവൈഭവവും പരിശ്രമശീലവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു എരുമേലിയുടേത്. അതുകൊണ്ട് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും സംഘാംഗങ്ങളെ ഉത്സാഹഭരിതമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. എരുമേലിയോടൊപ്പമുള്ള പ്രവര്‍ത്തനം സാനുമാസ്റ്റര്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ""പ്രവര്‍ത്തനം രണ്ടു കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. അധികമധികം ജനങ്ങളെ സാഹിത്യാസ്വാദനത്തിന്റെ അവകാശികളാക്കുക, നിലവാരമുള്ള വായനയെ പ്രോത്സാഹിപ്പിക്കുക, ചര്‍ച്ചകളിലൂടെ വിവേചിച്ചറിയാനുള്ള കഴിവ് പരിപോഷിപ്പിക്കുക എന്നതാണ് അതിന് അവലംബിച്ച മാര്‍ഗം. സാധാരണ വായനക്കാരില്‍ സാഹിത്യകൃതികള്‍ ചെലുത്തുന്ന സ്വാധീനമെന്ത്? ആ ചോദ്യത്തിനും അന്നു പ്രാധാന്യമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കൃതികളുടെ മൂല്യം നിര്‍ണയിക്കാനുള്ള പരിശ്രമം നിരന്തരം നടന്നു. അതിനും ഫലമുണ്ടാകാതിരുന്നില്ല.

അനുവാചകരെ മാനസികാരോഗ്യത്തിലേക്ക് വളര്‍ത്തുന്ന രീതിയില്‍ കൃതികള്‍ക്ക് രൂപം നല്‍കാനുള്ള പ്രവണത പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഉത്തരാധുനികതയുടെ ആവിര്‍ഭാവത്തിന് വഴിതെളിക്കുന്നതില്‍ ആ പ്രവണത സാരമായ പങ്കുവഹിച്ചു"". പ്രൊഫ. എരുമേലി ഏതു തരത്തിലാണ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തതെന്ന കൃത്യമായ നിരീക്ഷണമാണ് സാനുമാഷിന്റെ ഈ വിലയിരുത്തലില്‍ വ്യക്തമാകുന്നത്. സാഹിത്യ നിരൂപകന്‍, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അധ്യാപകന്‍, സാഹിത്യ ചരിത്രകാരന്‍ - ഈ മേഖലകളിലെല്ലാം നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ച പ്രൊഫ. എരുമേലി എന്നും ലാളിത്യത്തിന്റെ ആള്‍രൂപമായിരുന്നു. സംഘടനാപരമായ കണിശത, പ്രത്യയശാസ്ത്രപരമായ സത്യസന്ധത, സാമ്പത്തിക അച്ചടക്കം, ദരിദ്രജന പക്ഷപാതിത്വം - ഇതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. 1970കളില്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ഉയര്‍ന്നുവന്നതോടെയാണ് എരുമേലിയുടെ പ്രവര്‍ത്തനം കേരളമാകെ വ്യാപിക്കുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോന്‍, എം കെ സാനു, പി ഗോവിന്ദപ്പിള്ള, എം എന്‍ കുറുപ്പ് എന്നിവരോടൊപ്പം ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി എരുമേലിയും ഉണ്ടായിരുന്നു.

അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഘട്ടത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ ധീരമായി നയിച്ചവരില്‍ പ്രധാനിയായിരുന്നു എരുമേലി. അന്ന് ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ പൊലീസ് നോട്ടപ്പുള്ളിയാക്കി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അദ്ദേഹം പഠിപ്പിച്ചിരുന്ന ഫാറൂഖ് ട്രെയ്നിങ് കോളേജില്‍ അടിയന്തരാവസ്ഥക്കെതിരെ ക്ലാസ് മുറികളില്‍ സംസാരിച്ചുവെച്ച കുറ്റം ചുമത്തി അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ എരുമേലി പതറിയില്ല. ഒരു ജനകീയ അധ്യാപകന്റെയും സാംസ്കാരിക പ്രവര്‍ത്തകന്റെയും ധീരത ഏത് അപകടസന്ധിയെയും തരണം ചെയ്യാനുള്ള മനക്കരുത്ത് അദ്ദേഹത്തിന് നല്‍കിയിരുന്നു. സംഘടനയുടെ പ്രത്യയശാസ്ത്രകാരനും ചരിത്രകാരനും ആയിരിക്കുമ്പോള്‍ത്തന്നെ യൂണിറ്റ് തലം വരെ എത്തി സാധാരണക്കാരുമായി സാംസ്കാരിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജനകീയനായ ഒരു സാംസ്കാരികപ്പോരാളിയായിരുന്നു എരുമേലി. ഇന്നു കേരളത്തില്‍ സമാനതകളില്ലാത്ത സാംസ്കാരിക പ്രസ്ഥാനമാണ് പുരോഗമന കലാ സാഹിത്യസംഘം. ആയിരത്തിലധികം യൂണിറ്റുകളും ഇരുന്നൂറിലധികം മേഖലാ കമ്മിറ്റികളുമായി വളര്‍ന്നുനില്‍ക്കുന്ന ഈ സംഘടന, ഇത്തരമൊരു മുന്നേറ്റം സൃഷ്ടിച്ചതിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് പ്രൊഫ. എരുമേലിയോടാണ്. അദ്ദേഹം കാണിച്ചുതന്ന വഴിയേ നമുക്ക് മുന്നേറാം.

*
പ്രൊഫ. വി എന്‍ മുരളി ദേശാഭിമാനി വാരിക

Monday, February 17, 2014

എരുമേലി

എരുമേലി പരമേശ്വരന്‍പിള്ള ജീവിതത്തിന്റെ തൂലിക അടച്ചുവച്ചു; എന്നെന്നേക്കുമായി. ഇനി നിത്യവിശ്രമം. ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടായിരുന്നെങ്കില്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആ പതാകവാഹകന്‍ ഒരുപിടി പുസ്തകങ്ങള്‍കൂടി മലയാളത്തിന് സംഭാവനചെയ്യുമായിരുന്നു. എഴുപതുകളുടെ തുടക്കംമുതല്‍ കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ പ്രതിജ്ഞാബന്ധതയുടെ നേര്‍വഴികള്‍ തെളിച്ച പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം തീര്‍ച്ചയായും അവയിലുള്‍പ്പെട്ടേനെ. തായാട്ട് ശങ്കരന്റെ "ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ" എന്ന പ്രൗഢഗ്രന്ഥത്തിനുശേഷം കനപ്പെട്ട ഒരു വിദ്യാഭ്യാസ ചരിത്രപുസ്തകവും നമുക്ക് ലഭിച്ചേനെ. ഇതിനായി ഏതാനും കുറിപ്പുകള്‍ എരുമേലി തയ്യാറാക്കുകയുംചെയ്തു. രോഗം ഭേദമായാലുടന്‍ ആത്മകഥ എഴുതിത്തുടങ്ങണമെന്നും അദ്ദേഹം തീരുമാനിച്ചിരുന്നു. രോഗപീഡകളുടെ പാരമ്യത്തിലും ചെയ്തുതീര്‍ക്കാനുള്ള ജോലികളെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ വാക്കിനു വഴങ്ങാന്‍ മടിക്കുന്ന നാവിന്റെ ശാഠ്യത്തെ മെരുക്കുന്ന ആ നിശ്ചയദാര്‍ഢ്യം കേട്ടിരിക്കുന്നവരെയും ദൃഢചിത്തരാക്കും.

തന്നെ സന്ദര്‍ശിക്കനെത്തുന്നവര്‍ രോഗത്തെപ്പറ്റി ഉല്‍ക്കണ്ഠാകുലരാകുമ്പോള്‍ "ഇപ്പോള്‍ അസുഖം എത്ര ഭേദമുണ്ട്. ഇനിവേഗം സുഖപ്പെടും" എന്ന പ്രത്യാശകൊണ്ട് എരുമേലി തനിക്കു ചുറ്റുമുള്ളവരില്‍ ഊര്‍ജം നിറച്ചു. തികഞ്ഞ ആത്മവിശ്വാസമാണ് ആ വാക്കുകളിലുണ്ടായിരുന്നത്. ശരീരത്തിന്റെ ചലനശേഷി ഒരു പരിധിവരെ നഷ്ടമായെങ്കിലും ഓര്‍മയ്ക്ക് ക്ഷതമേറ്റിരുന്നില്ല. എന്നുമാത്രമല്ല, അതിശയിപ്പിക്കുന്ന ഓര്‍മശക്തി അദ്ദേഹം പ്രകടിപ്പിക്കയുംചെയ്തു. സാഹിത്യസംഘത്തിലെ സഹപ്രവര്‍ത്തകരുടെയെല്ലാം ഫോണ്‍നമ്പര്‍ ഹൃദിസ്ഥം. വൈജ്ഞാനികസാഹിത്യത്തിലും ക്രിയാത്മക സാഹിത്യത്തിലും ഒരുപോലെ ശക്തമായ സാന്നിധ്യമാവുക എളുപ്പമല്ല. പ്രതിഭയ്ക്കൊപ്പം കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഉള്ളൂര്‍ മുതല്‍ എം പി പോള്‍വരെ സമ്പന്നമാക്കിയ സാഹിത്യചരിത്രശാഖയ്ക്ക് മുതല്‍ക്കൂട്ടായ "മലയാളസാഹിത്യചരിത്രം കാലഘട്ടങ്ങളിലൂടെ" എഴുതിയ എരുമേലി പരമേശ്വരന്‍പിള്ളതന്നെയാണ് ഒരു പ്രേമത്തിന്റെ കഥ എന്ന നോവലുമെഴുതിയത്. പെണ്ണ്, നിഴലുകള്‍, ലേഡി റ്റീച്ചര്‍, മലയിലെ മങ്ക എന്നിവയാണ് എരുമേലിയുടെ ഇതരനോവലുകള്‍. തെളിയാത്ത കാല്‍പ്പാടുകള്‍പോലെ ഏതാനും കഥാസമാഹാരങ്ങള്‍ വേറെ.

ബാലസാഹിത്യത്തിലുമുണ്ട് എരുമേലിയുടെ വിരല്‍പ്പാടുകള്‍. അദൃശ്യമനുഷ്യനും കൊച്ചുകൊമ്പനുമൊക്കെ കുട്ടികളെ ആകര്‍ഷിച്ച രചനകളാണ്. പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കംമുതല്‍ എരുമേലി നേതൃസ്ഥാനത്തുണ്ട്. ആദ്യം ദേശാഭിമാനി സ്റ്റഡി സര്‍ക്കിളില്‍. പിന്നീട് പുരോഗമനകലാസാഹിത്യസംഘത്തില്‍. ദേശാഭിമാനി വാരികാ പത്രാധിപര്‍ എം എന്‍ കുറുപ്പാണ് അക്കാലത്ത് സാംസ്കാരികരംഗത്തെ ഉന്നതശീര്‍ഷനായ സംഘാടകന്‍. എരുമേലിയുടെ ഉറ്റസുഹൃത്ത്. കോഴിക്കോട്ടെ എം എന്‍ കുറുപ്പിന്റെ മുറിയിലാണ് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ രൂപീകരണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകനായ എരുമേലി, ഇ എം എസ് ഉള്‍പ്പടെ ഉണ്ടായിരുന്ന ആ യോഗത്തില്‍ സജീവമായി പങ്കെടുക്കുകയും ചര്‍ച്ചകളില്‍ ഇടപെടുകയുംചെയ്തു. ശേഷം എരുമേലിയുടെ ജീവിതചരിത്രം ഏവര്‍ക്കും അറിയാവുന്നതായതിനാല്‍ വിവരിക്കേണ്ടതില്ല. മലബാര്‍മേഖലയില്‍ പുരോഗമനകലാസാഹിത്യപ്രസ്ഥാനം ശക്തിപ്രാപിക്കാന്‍ എരുമേലി പരമേശ്വരന്‍പിള്ളയുടെ കോളേജധ്യാപക ജോലി വളരെ സഹായകമായെന്ന് പുരോഗമനകലാസാഹിത്യസംഘത്തിന്റെ നേതാവും വാഗ്മിയുമായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ അനുസ്മരിക്കുന്നു.

""ആ ഭാഗത്ത് എരുമേലിയുടെ ശിഷ്യരല്ലാത്ത സ്കൂള്‍ അധ്യാപകരേയില്ല. ഈ അധ്യാപക ശിഷ്യന്മാരിലൂടെ എരുമേലി സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കി"". തന്റെ ദൗര്‍ബല്യങ്ങളെ മറച്ചുവയ്ക്കാത്തവിധം സത്യസന്ധനായിരുന്നു എരുമേലി. അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം തന്നെ രഹസ്യപൊലീസ് ചോദ്യംചെയ്ത കഥ പറഞ്ഞു. ക്ലാസില്‍ അടിയന്തരാവസ്ഥയ്ക്കെതിരായി സംസാരിച്ച വിവരം പൊലീസിന്റെ ചെവിയിലെത്തി. രഹസ്യപൊലീസുകാരന്‍ വന്ന് പരമേശ്വരന്‍പിള്ളയെ കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. ചോദ്യംചെയ്യല്‍ ഇവിടെവച്ചാകാമെന്നായി. സ്റ്റാഫ് റൂമിനടുത്ത് മറ്റൊരുമുറിയില്‍ ചോദ്യംചെയ്യല്‍ തുടങ്ങി. താന്‍ ഭയന്നു എന്നാണ് എരുമേലി ഇതേപ്പറ്റി പറഞ്ഞത്. പൊലീസുകാരനു മുന്നില്‍ താന്‍ കരഞ്ഞുപോയി എന്നും അദ്ദേഹം വെളിപ്പെടുത്തി.

വേണമെങ്കില്‍ "ധീരതയോടെ ഞാന്‍ അയാളെ വെല്ലുവിളിച്ചെന്നോ", "ഞാനൊട്ടും പതറിയില്ല" എന്നോ മറ്റോ പറയാമായിരുന്നു. ഒടുവില്‍, വിദ്യാര്‍ഥി ഫെഡറേഷന്റെ പഴയ പ്രവര്‍ത്തകനായ പൊലീസുകാരന് എരുമേലിയെ സമാധാനിപ്പിക്കേണ്ടിവന്നു. എന്‍എസ്എസ് കോളേജില്‍ ജോലി നിഷേധിക്കപ്പെട്ട ഒരു സംഭവവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1962ലാണ്. ഇന്റര്‍വ്യൂ നടത്തുന്നത് സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍. എഴുത്തുകാരനാണ് എന്ന് ആരോ പരിചയപ്പെടുത്തി. "ആധാരം എഴുത്താണോ" എന്ന് മന്നത്തിന്റെ പരിഹാസചോദ്യം. കേരള കൗമുദിയുടെ എഡിറ്റ് പേജില്‍ എഴുതിയ ഒരു ലേഖനമാണ് മന്നത്തിനെ ചൊടിപ്പിച്ചതത്രേ!

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസബില്ലിനെക്കുറിച്ചായിരുന്നു ലേഖനം. എന്‍എസ്എസും മന്നവും ആദ്യം ബില്ലിനനുകൂലമായിരുന്നു. പിന്നീട് എതിര്‍പ്പായി. "വേഷം മാറ്റം ഭൂഷണമല്ല" എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എരുമേലി മന്നത്തിന്റെ നിലപാടുമാറ്റത്തെ വിമര്‍ശിച്ചു. "നിന്നെപോലൊരു കമ്യൂണിസ്റ്റിന് ഇവിടെ ജോലിതരില്ല" എന്ന് മന്നം പറഞ്ഞു. സാംസ്കാരികപ്രവര്‍ത്തകരുമായി അവരുടെ രാഷ്ട്രീയനിലപാടുകള്‍ പരിഗണിക്കാതെയുള്ള ആത്മബന്ധം പുലര്‍ത്താന്‍ എരുമേലിക്ക് കഴിഞ്ഞു. നിരൂപകന്‍ സി പി ശ്രീധരനുമായുള്ള സൗഹൃദം ഇതിനുദാഹരണമാണ്. സാഹിത്യത്തിലും രാഷ്ട്രീയത്തിലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും എതിര്‍പക്ഷത്തെ കേള്‍ക്കാനുള്ള ജനാധിപത്യബോധമുണ്ടായിരുന്നതിനാലാണ് ഇത് സാധ്യമായത്. ആധുനികരുടെ നിഷേധാത്മകതയെ എതിര്‍ക്കുമ്പോഴും തന്റെ ചരിത്രഗ്രന്ഥത്തില്‍ ആ പ്രസ്ഥാനത്തിന് വേണ്ടത്ര ഇടം നല്‍കി വ്യത്യസ്തമായ സൗന്ദര്യബോധത്തെ തിരിച്ചറിയാന്‍ എരുമേലിക്ക് സാധിച്ചു.

*
ബി അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, November 24, 2013

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം

പുരോഗമന കലാസാഹിത്യസംഘത്തിന്റെ പത്താമത് സംസ്ഥാന സമ്മേളനം 2013 നവംബര്‍ 1, 2, 3 തീയതികളില്‍ പാലക്കാട്ട് നടന്നു. തീര്‍ച്ചയായും സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു സമ്മേളനം എങ്കിലും ഇത് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക ആത്മാര്‍ഥവും തീക്ഷ്ണവുമായ സമകാലിക വിമര്‍ശനംകൊണ്ടും ആത്മവിമര്‍ശനംകൊണ്ടുമായിരിക്കും. സമ്മേളനത്തിനിടയില്‍ ഒരു സെമിനാറില്‍ അശോകന്‍ ചരുവില്‍ സൂചിപ്പിച്ചതുപോലെ പുരോഗമനസാഹിത്യം സമകാലിക വിമര്‍ശംപോലെ ആത്മവിമര്‍ശവുമായിരിക്കണം. എന്നാല്‍ സമ്മേളനത്തിനു തൊട്ടുപിറ്റേന്ന് നവംബര്‍ നാലിന് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം സമ്മേളനത്തിലുയര്‍ന്ന സമകാലിക വിമര്‍ശനങ്ങളെ മുഴുവന്‍ വെട്ടുവഴിക്കവിതകളിലേക്കും ചില വ്യക്തികളിലേക്കും ഒതുക്കാന്‍ ഒരു വ്യര്‍ഥശ്രമം നടത്തുന്നത് കണ്ടു. കേരളത്തിന്റെ സമകാലിക അവസ്ഥകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു നയരേഖ വിശദമായി ചര്‍ച്ച ചെയ്ത് ഒരു കമ്മിറ്റി തയ്യാറാക്കിയത് സമ്മേളനത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടതൊന്നും ശ്രദ്ധയില്‍പെടാതെ എവിടെനിന്നോ കിട്ടുന്ന പൊട്ടുംപൊടിയും വിളക്കിച്ചേര്‍ത്ത് അതിശയീകരിക്കപ്പെട്ട വാര്‍ത്തകള്‍ ചമയ്ക്കുന്ന പതിവുരീതി ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. പുരോഗമനകലാ സാഹിത്യസംഘത്തെ ഏതെങ്കിലും വ്യക്തികളല്ല, മനുഷ്യനന്മയിലും പുരോഗതിയിലും വിശ്വസിക്കുന്ന ഇടതുപക്ഷ വിശ്വാസികളും പുരോഗമന ചിന്താഗതിക്കാരുമായ ആയിരക്കണക്കിനാളുകളുടെ കൂട്ടായ നേതൃത്വമാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്ന സത്യം തമസ്കരിക്കാനുള്ള ഒരു വൃഥാവ്യായാമം ആ വാര്‍ത്താശകലത്തില്‍ കാണാം. അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെങ്കിലും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കാരിക്കേച്ചറിലൊതുക്കി ലഘൂകരിക്കുന്ന പ്രവണതക്കു പിറകില്‍ ഒരു അജണ്ടയുണ്ടെന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.

കരടു നയരേഖയുടെ പരിമിതികള്‍ നിശിതമായിത്തന്നെ വിലയിരുത്തപ്പെട്ടു. ഇന്ത്യയുടെ മുമ്പിലുള്ള ഇന്നത്തെ മൂര്‍ത്തമായ പ്രശ്നം എല്ലാത്തരം കോര്‍പറേറ്റ് ശക്തികളുടെയും യാഥാസ്ഥിതിക താല്‍പ്പര്യങ്ങളുടെയും ഒത്താശകളോടെ ആനയും അമ്പാരിയുമായി എഴുന്നള്ളിക്കപ്പെടുന്ന ഭൂരിപക്ഷ വര്‍ഗീയ ഫാസിസം തന്നെയാണെന്ന് സമ്മേളനം ഏകകണ്ഠമായിത്തന്നെ അംഗീകരിച്ചു. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയോടൊപ്പം തന്നെ ന്യൂനപക്ഷ വര്‍ഗീയതയും അപലപിക്കപ്പെടേണ്ടതുണ്ടെന്ന് കോര്‍പറേറ്റ് താല്‍പര്യങ്ങളുമായി കൈകോര്‍ക്കുന്നതില്‍ രണ്ടുതരം വര്‍ഗീയതകളും മത്സരിക്കുന്നതും കാണേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മൂര്‍ത്തമായ സാംസ്കാരികാവസ്ഥയില്‍ ധനാധിപത്യംകൊണ്ടും ആത്മീയാധികാര ശേഷികള്‍കൊണ്ടും ഇസ്ലാമിക വര്‍ഗീയത ഇടപെടല്‍ശേഷി വര്‍ധിപ്പിക്കുന്നതിനെയും അത് ഇടതുപക്ഷത്തിനെതിരെ സമര്‍ഥമായി ഉപയോഗിക്കുന്നതിനെയും കാണാതെ പൊയ്ക്കൂട എന്ന് പ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. വര്‍ഗ വിശകലനങ്ങള്‍ക്കും വര്‍ഗസമരങ്ങള്‍ക്കും ഒപ്പം ചേര്‍ന്നുനിന്നുകൊണ്ട് നടത്തപ്പെടേണ്ട ചരിത്ര സാംസ്കാരിക വിലയിരുത്തലുകള്‍ സ്വത്വപരിഗണനകള്‍ കൊണ്ടു കലുഷിതമായിപ്പോകാതെ പരിരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ടെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞത്. സംസ്കാരത്തിന്റെ എല്ലാത്തരം പ്രതിനിധാനരൂപങ്ങളെയും ഇത്തരം കാഴ്ചപ്പാടില്‍ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ടേ സംഘത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്ന കാഴ്ചപ്പാടാണ് സമ്മേളനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. വെട്ടുവഴിക്കവിതകള്‍ സംസ്കാരചരിത്രത്തിലെ ഒരു വെറും നോക്കുകുത്തി മാത്രമാണ്. ആയിരം കഠാരിക്കുത്തുകള്‍ മാനവികതയുടെ മേല്‍ ആഞ്ഞുവീഴുമ്പോഴും നിര്‍വികാരമായി നിലക്കൊള്ളുന്ന കവി മനസ്സുകള്‍ക്ക് ചില പ്രസാധക പ്രമുഖരുടെ മോതിരവിരല്‍ത്തഴുകലുകള്‍ ലഭിക്കാന്‍ കിട്ടിയ ഒരു സുവര്‍ണാവസരമായിരുന്നു അത്. സംഘത്തിന്റെ സംസ്ഥാനസമ്മേളനം അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ തള്ളിക്കളയുകയാണ് സത്യത്തില്‍ ചെയ്തത്.

എക്കാലത്തെയുംപോലെ കരുത്തുറ്റ കൈകളില്‍ സംഘത്തിന്റെ സംസ്ഥാന നേതൃത്വം തുടരുന്നു. "വണ്ടി വേഷങ്ങളും" "വേലിമുല്ലയും" "യമക"വും "സൈലന്‍സും" എഴുതിയ വൈശാഖന്‍ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി വന്നിരിക്കുന്നു. വൈലോപ്പിള്ളി മാഷില്‍നിന്ന് വൈശാഖനിലെത്തുമ്പോള്‍ സംഘം അതിന്റെ കൊടിക്കൂറ ഉയര്‍ത്തിത്തന്നെയാണ് പിടിക്കുന്നത്. ""കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടതു മര്‍ത്ത്യപുരോഗതിമാര്‍ഗങ്ങള്‍"". ഇടശ്ശേരിയെപ്പോലെ സംഘവും ചോദിക്കുന്നു ""ഋത്വിക്കുകളേ, ചോര പുരണ്ടൊരു കത്തികള്‍ പൂഴ്ത്തിടുമുയിരോടെ, നിങ്ങള്‍ പിന്‍വാങ്ങിപ്പോം ശാലകള്‍ എന്നിരുള്‍മൂടും മേഖലകള്‍."" സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാരികയുടെ അഭിവാദ്യങ്ങള്‍.

*
കെ പി മോഹനന്‍ ദേശാഭിമാനി വാരിക

Thursday, October 31, 2013

കാലം ആവശ്യപ്പെടുന്ന സാംസ്കാരികമുന്നണി

ഫാസിസം പടിവാതില്‍ക്കല്‍ എന്ന മുന്നറിയിപ്പ് നല്‍കുന്നത് പ്രമുഖസാഹിത്യകാരന്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിയാണ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ എനിക്ക് ഇന്ത്യ വിട്ടുപോകേണ്ടിവരുമെന്ന അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ ഓരോ എഴുത്തുകാരനും എന്നല്ല ഓരോ ഇന്ത്യക്കാരനും പങ്കുവയ്ക്കേണ്ടതുണ്ട്. ഈ വലിയ വിപത്തിനെതിരെ എഴുത്തുകാര്‍, കലാകാരന്മാര്‍, സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുടെ അതിവിശാലമായ സാംസ്കാരികമുന്നണിയാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. എങ്കിലേ സാമ്രാജ്യത്വത്തിന്റെ ഈ സാംസ്കാരികയുദ്ധത്തെ  തോല്‍പ്പിക്കാന്‍ കഴിയൂ. ബഹുജനപ്രസ്ഥാനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണയും പങ്കാളിത്തവും ഇതിന് ആവശ്യമാണ്.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിനായാണ് 1930കളില്‍ പുരോഗമനസാഹിത്യം ലോകത്ത് പിറവികൊള്ളുന്നത്. മാക്സിംഗോര്‍ക്കിയുടെ അന്നത്തെ ചോദ്യം- "സാഹിത്യകാരന്മാരേ നിങ്ങള്‍ ഏതു ചേരിയില്‍: ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ചേരിയിലോ അതോ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലോ?- ഇന്നും പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്ത്യയുടെ സങ്കീര്‍ണമായ സമകാലിക രാഷ്ട്രീയാവസ്ഥയില്‍. ജര്‍മനിയില്‍ ഉടലെടുത്ത കോര്‍പറേറ്റ് മുതലാളിത്തമായിരുന്നു നാസിസത്തിന്റെ പിന്നിലെ സാമ്പത്തികശക്തി. ആര്യസംസ്കാരവാദവും ജര്‍മന്‍വംശീയതയും പ്രത്യയശാസ്ത്രമാക്കി ജൂതന്മാരെ മാത്രമല്ല തൊഴിലാളിവര്‍ഗത്തെയും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച ചിന്തകരെയും എഴുത്തുകാരെയും കൊന്നൊടുക്കിയ കാലട്ടത്തിലാണ് ഫാസിസ്റ്റ്താണ്ഡവത്തെ ചെറുക്കാന്‍ മനുഷ്യസ്നേഹികളായ എഴുത്തുകാരുടെ കൂട്ടായ്മ പാരീസിലുണ്ടായത്. ആ സമ്മേളനത്തിന്റെ സംഘാടകര്‍ എല്ലാവരും കമ്യൂണിസ്റ്റുകളോ മാര്‍ക്സിസ്റ്റുകളോ ആയിരുന്നില്ല. റൊമാങ് റൊളാങ്, ആന്ദ്രേമല്‍റോ, തോമസ്മാന്‍, മാക്സിംഗോര്‍ക്കി തുടങ്ങിയ ലോകസാഹിത്യകാരന്മാരായിരുന്നു മുന്നണിയില്‍ നിലയുറപ്പിച്ചത്. ഫാസിസവും മുതലാളിത്തവും മനുഷ്യസംസ്കാരത്തിനുമേല്‍ ഏല്‍പ്പിക്കുന്ന രാക്ഷസീയ പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയാണ് സംസ്കാരത്തെ സംരക്ഷിക്കാന്‍ എഴുത്തുകാരുടെ അഖിലേന്ത്യാ കോണ്‍ഗ്രസ് എന്ന മഹാസമ്മേളനം സംഘടിപ്പിച്ചത്.

മൂലധനചൂഷണവും മുതലാളിത്തവും എക്കാലത്തും മനുഷ്യവിരുദ്ധമാണ്. 1935ല്‍ ചേര്‍ന്ന എഴുത്തുകാരുടെ കൂട്ടായ്മ മതനിരപേക്ഷവും വംശീയനിരപേക്ഷവുമായ മനുഷ്യസംസ്കാരത്തെ സംരക്ഷിക്കാനായിരുന്നെങ്കില്‍ ഇന്ന് അതേ ലോകസാഹചര്യത്തിലേക്ക് ആഗോളമുതലാളിത്തം എഴുത്തുകാരെയും കലാകാരന്മാരെയും കൊണ്ടെത്തിച്ചിരിക്കുന്നു. ലോകമെമ്പാടും മതമൗലികവാദവും വംശീയവെറിയും സ്വത്വവാദാധിഷ്ഠിതമായ സാംസ്കാരിക രാഷ്ട്രീയവും പ്രതിലോമഭരണകൂടങ്ങളും ശക്തിപ്രാപിച്ചിരിക്കുന്നു. മനുഷ്യസ്നേഹികളായ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും ക്രൂരമായി വേട്ടയാടപ്പെടുന്നു; പലരും കൊലചെയ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരുന്ന ബംഗാളി എഴുത്തുകാരി സുഷ്മിതാ ബാനര്‍ജി 2013 സെപ്തംബര്‍ അഞ്ചിന് താലിബാന്‍ ഭീകരരാല്‍ കൊല്ലപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജീവിതം മുഴുവന്‍ പോരടിച്ച മഹാരാഷ്ട്രയിലെ യുക്തിവാദപ്രസ്ഥാന പ്രചാരകന്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ 2013 ആഗസ്ത് 20ന് സവര്‍ണ ഭീകരരുടെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു. കര്‍ണാടകത്തിലെ നോവലിസ്റ്റ് യോഗേഷ് മാസ്റ്ററെ ശ്രീരാമസേനക്കാര്‍ വേട്ടയാടുകയും സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ഉണ്ടായി. ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഹിന്ദുത്വവാദികളും ഇസ്ലാമിക മതമൗലികവാദികളും ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ പ്രസ്ഥാനക്കാരുമെല്ലാം മതപരവും വംശീയവുമായ "വെറി"രാഷ്ട്രീയത്തെ ഉപയോഗിച്ച് മൂലധനശക്തികളുടെ സ്പോണ്‍സര്‍ഷിപ്പോടുകൂടി, ജനാധിപത്യപൗരസമൂഹങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. സര്‍വരാജ്യകലാകാരന്മാരുടെ കൂട്ടായ്മ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലഘട്ടമാണിത്.

ഇന്ത്യയില്‍ 1936ല്‍ രൂപംകൊണ്ട അഖിലേന്ത്യാ പുരോഗമനസാഹിത്യസംഘടന ജനാധിപത്യവാദികളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും കമ്യൂണിസ്റ്റുകാരുമൊക്കെ അടങ്ങുന്ന മനുഷ്യസ്നേഹികളുടെ കൂട്ടായ്മയായിരുന്നു. ആചാര്യനരേന്ദ്രദേവ്, ജയപ്രകാശ് നാരായണന്‍, മൗലാനാ ഹസറത്ത് മൊഹാനി, കമലാദേവി ചതോപാധ്യായ, സരോജിനി നായിഡു തുടങ്ങിയ ദേശീയ നേതാക്കളും ഫയസ് അഹമ്മദ് ഫയസ്, കെ എ അബ്ബാസ്, കൈഫി അസ്മി, കിഷന്‍ ചന്ദര്‍ തുടങ്ങിയ എഴുത്തുകാരും അവിടെ പങ്കെടുത്തു. രവീന്ദ്രനാഥടാഗോര്‍, ജവാഹര്‍ലാല്‍നെഹ്റു, മഹാകവി മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആധുനിക ഇന്ത്യയുടെ നിര്‍മിതിയില്‍ പുരോഗമന സാഹിത്യകാരന്മാര്‍ പ്രധാനപങ്കാണ് നിര്‍വഹിച്ചത്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ മുതലാളിത്തം ശക്തിപ്രാപിച്ചപ്പോള്‍ മനുഷ്യന്റെ ദുഃഖങ്ങളും ദുരിതങ്ങളും വര്‍ധിക്കുകയാണുണ്ടായത്. ജാതീയമായ പീഡനങ്ങള്‍, കാര്‍ഷിക ജീവിതത്തകര്‍ച്ച, സ്ത്രീപീഡനങ്ങള്‍, വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയ ദുരന്തങ്ങള്‍ ഭരണകൂട പിന്തുണയോടെ കൂടുതല്‍ രൂക്ഷമായി തുടരുന്നു. അതുകൊണ്ടുതന്നെ പുരോഗമന സാഹിത്യകാരന്റെ എഴുത്തിന് കൂടുതല്‍ ശക്തിവരേണ്ട കാലമാണിത്. 1935ലെ പാരീസ് സമ്മേളനകാലത്ത് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വാധിപത്യമല്ലാതെ ഫാസിസ്റ്റ് ഭീഷണി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്നതല്ല സ്ഥിതി. മതമൗലികവാദികളും വര്‍ഗീയഭ്രാന്തന്മാരും അവരുടെ രാഷ്ട്രീയ-ഭീകരപ്രവര്‍ത്തനങ്ങളും, ഭാരതീയ ജനതയെ ശിഥിലീകരിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുകയും ചെയ്യുകയാണ്. ഫാസിസവും നാസിസവും പുതിയ രൂപത്തില്‍ സാമൂഹ്യജീവിതത്തെ കീഴ്മേല്‍ മറിച്ചുതുടങ്ങി. ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകഴിച്ച കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ സേവകരായി ഇന്ത്യന്‍ ഭരണകൂടം മാറിക്കഴിഞ്ഞു. സ്വാതന്ത്ര്യസമര സംഘടനയായി വളര്‍ച്ച നേടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ജനാധിപത്യത്തെ, അഴിമതി - മാഫിയാസംഘങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും അടിയറവച്ചിരിക്കുകയാണ്. അധികാരത്തിലെത്താന്‍ ജാതി-മതശക്തികളെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുന്നു. ജാതിപ്പഞ്ചായത്തുകളെയും മതസംഘടനകളെയും പ്രീണിപ്പിക്കാന്‍ ബാലികാവിവാഹവും മറ്റ് ദുരാചാരങ്ങളും നിയമപരമാക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ ഭാരതത്തെ സാംസ്കാരികമായി മധ്യകാലയുഗത്തിലേക്ക് കൊണ്ടുപോവുകയാണ്. പുരോഗമന സാഹിത്യപ്രസ്ഥാനം 75 വര്‍ഷം പൂര്‍ത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചരിത്രസന്ദര്‍ഭമാണിത്. മതനിരപേക്ഷവും മാനവികവുമായ ഒരു പുതിയ സമൂഹത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഈ പ്രസ്ഥാനം നടത്തിവന്നത്. ചൂഷണവ്യവസ്ഥയെയും അതിന്റെ നിര്‍മിതികളായ ഫ്യൂഡല്‍- മുതലാളിത്ത സൗന്ദര്യ സൃഷ്ടികളെയും അത് ചോദ്യംചെയ്തു. മലയാളസാഹിത്യത്തെ മനുഷ്യവല്‍ക്കരിച്ചത് പുരോഗമനസാഹിത്യമാണ്. ഭാഷയെയും സാഹിത്യത്തെയും ജനാധിപത്യവല്‍ക്കരിക്കാനും കഴിഞ്ഞു. സാഹിത്യവും കലയും ചരിത്രവല്‍ക്കരിച്ചും രാഷ്ട്രീയവല്‍ക്കരിച്ചുമാണ് ഈ വിജയം കൈവരിച്ചത്. ചരിത്രം സാമൂഹികപോരാട്ടങ്ങള്‍കൊണ്ട് നിറഞ്ഞതാണെന്നും ആ പോരാട്ടങ്ങളില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതാണ് പുരോഗമനസാഹിത്യവും കലയും എന്നും ഒട്ടേറെ സംവാദങ്ങള്‍ക്കുശേഷമാണെങ്കിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രചനയുടെ രൂപഭാവങ്ങള്‍മുതല്‍ വായനാരീതികളില്‍വരെ മൗലികമായ മാറ്റം സൃഷ്ടിക്കാനും കഴിഞ്ഞു.

പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സാഹിത്യത്തിലേക്ക് വഴിതുറന്നതും ഈ പ്രസ്ഥാനംതന്നെ. പുരോഗമന സാഹിത്യം പ്രചാരണ സാഹിത്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍, ഇന്നത്തെ ഏറ്റവും വലിയ പ്രചാരണം നടക്കുന്നത് മൂലധനശക്തികളുടെ നേതൃത്വത്തിലാണെന്ന് തിരിച്ചറിയണം. അവരുടെ ചാനലുകളും പത്രങ്ങളും മറ്റ് മാധ്യമങ്ങളുമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രചാരണസാഹിത്യത്തിന്റെയും കലയുടെയും അധിപന്മാര്‍. പണമുണ്ടെങ്കില്‍ എന്ത് അസംബന്ധവും സംബന്ധമാകും. ഒരുപറ്റം എഴുത്തുകാര്‍ ഇന്ന് വലതുപക്ഷശക്തികള്‍ക്ക് അനുകൂലമായ അനുഭൂതി നിക്ഷേപമാണ് അവരുടെ കൃതികളിലൂടെ നടത്തുന്നത്. മനുഷ്യപ്പറ്റുള്ളതല്ല വലതുപക്ഷ സാഹിത്യം. അതിന് മൂലധനപ്പറ്റേയുള്ളൂ. സത്യം കാണാതെ നിറംപിടിപ്പിച്ച നുണകള്‍ക്കു പുറകെയാണ് പല എഴുത്തുകാരും ഇന്ന് സഞ്ചരിക്കുന്നത്. ഇടതുപക്ഷം, വലതുപക്ഷം എന്ന വിഭജനംപോലും ബോധപൂര്‍വം മറച്ചുവയ്ക്കുന്ന ഈ എഴുത്തുകാര്‍ ലോകത്ത് നടക്കുന്ന സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെക്കുറിച്ച് മിണ്ടുന്നതേയില്ല.

സംസ്കാരത്തെ സംഘര്‍ഷമേഖലയാക്കി മാറ്റിയെടുത്താണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ കീഴ്പ്പെടുത്താന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും നവലിബറല്‍ പരിഷ്കാരങ്ങളും നമ്മുടെ സമൂഹത്തെ കീഴ്മേല്‍ മറിച്ചു. തിരിച്ചറിയാനാകാത്തവിധം നമ്മുടെ സാംസ്കാരികരംഗമാകെ മാറിപ്പോയി. പുതിയ സാമ്രാജ്യത്വം ജനങ്ങളെ നേരിടുന്നത് പ്രധാനമായും സാംസ്കാരിക കടന്നാക്രമണങ്ങളിലൂടെയാണ്. രാഷ്ട്രീയ നേതൃത്വത്തിനുപകരം സാംസ്കാരികനേതൃത്വമാണ്, സാംസ്കാരിക വ്യവസായികളാണ് ഇന്ന് സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് സമ്മതി നിര്‍മിച്ചെടുക്കുന്നത്. ഈ യുദ്ധത്തിന്റെ മുന്‍നിരയില്‍ മൂലധനാധിപത്യമുള്ള മാധ്യമങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നതുകാണാം. രണ്ട് ദശാബ്ദക്കാലത്തെ ആസൂത്രിതമായ ശ്രമംകൊണ്ട് ഇന്ത്യയില്‍ ധൈഷണികജീവിതത്തെ മരവിപ്പിക്കാനും വരുതിയിലാക്കാനും സാമ്രാജ്യത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം.

എഴുത്തിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടേണ്ട കാലഘട്ടത്തിലാണ് ഇന്ത്യയിലെ എഴുത്തുകാര്‍ ജീവിക്കുന്നത്. ജനപക്ഷത്തുനില്‍ക്കുന്ന പുരോഗമന സാഹിത്യത്തിന് സ്വന്തം മണ്ണില്‍ ഉറച്ചുനിന്നുകൊണ്ടുമാത്രമേ പോരാടാനാവുകയുള്ളൂ. അതുകൊണ്ട് അഴിമതിയും അക്രമവും മൂലധനവികസനോപാധിയാക്കിയ കോര്‍പറേറ്റ് മുതലാളിത്തത്തിനും അതിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രരൂപങ്ങള്‍ക്കും ഭരണകൂടത്തിനും എതിരെ പോരാടുക എന്നതാണ് പാരീസ് സമ്മേളനത്തിന്റെ പൈതൃകം സൂക്ഷിക്കുന്ന ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഇന്നത്തെ ചരിത്രപരമായ കടമ.

*
പ്രൊഫ. വി എന്‍ മുരളി (പുരോഗമന കലാസാഹിത്യസംഘം ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി

Wednesday, October 2, 2013

വയനാട്ടില്‍ നിന്ന് വള്ളിക്കാവിലേക്ക്

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പി വത്സലയുടെ മാതൃഭൂമി ലേഖനം വായിച്ച് പലരും അത്ഭുതത്തോടെ പ്രതികരിച്ചതായി കണ്ടു. കഥകളിലൂടെയും നോവലുകളിലൂടെയും പി വത്സല എന്ന എഴുത്തുകാരിയെ പിന്തുടരുന്ന വായനക്കാര്‍ക്ക് അത്ഭുതവും ചിലപ്പോള്‍ നിരാശയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വത്സലടീച്ചറുമൊത്ത് കുറച്ചുകാലം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് അങ്ങനെ അത്ഭുതം തോന്നിയില്ല. ഇന്ത്യന്‍ സമൂഹത്തില്‍ ആഗോള കോര്‍പ്പറേറ്റ് പിന്തുണയോടെ മേധാവിത്തം നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദത്തോട് ടീച്ചര്‍ കുറച്ചു കാലമായി പുലര്‍ത്തിക്കൊണ്ടിരിക്കുന്ന മൃദു സമീപനം നേരത്തേ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആത്മീയതയോടും ഇന്ത്യയുടെ മഹത്തായ പുരാതന സംസ്കാരത്തോടുമൊക്കെയുള്ള ആദരവിന്റെ രൂപത്തിലാണ് ആ ചായവ് പ്രകടമാകുന്നതെങ്കിലും ഫലത്തില്‍ അത് സമകാലിക ഇന്ത്യ നേരിടുന്ന മുഖ്യ വെല്ലുവിളി ആയ ഹിന്ദു തീവ്രവാദത്തോടാണ് സന്ധി ചെയ്യുന്നത്. ഇത് ഒരു എഴുത്തുകാരിയുടെ ആത്മസംഘര്‍ഷമായിരിക്കാം.

ഒരു എഴുത്തുകാരന്‍/എഴുത്തുകാരി ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഒരു പുരോഗമന -ജാധിപത്യ -മതേതരവാദിയായിരിക്കും എന്ന ഒരു തെറ്റിദ്ധാരണ കേരളീയ സമൂഹം വെച്ചു പുലര്‍ത്തുന്നുണ്ട്. നല്ലൊരു പ്രതീക്ഷയാണ് അത്. എന്നാല്‍ ഏറ്റവുമേറെ പിന്തിരിപ്പനാകാന്‍ സാധ്യതയുള്ള ഒരു വംശാവലിയിലാണ് എഴുത്തുകാരന്റെ സ്ഥാനം. മറ്റു കലകളുടേതു പോലെ അത്ര പഴക്കമൊന്നുമില്ല എഴുത്ത് എന്ന കലക്ക്. ഭൂവുടമസ്ഥതയെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ട മൂല്യങ്ങളെ സംരക്ഷിക്കുക എന്ന മഹനീയ കര്‍ത്തവ്യമാണ് എഴുത്തുകാര്‍ ആദിമ ഘട്ടങ്ങളില്‍ നിര്‍വ്വഹിച്ചിരുന്നത്. പിന്നീട് സാമാന്യ മനുഷ്യന്‍ കഥാപാത്രങ്ങളായി കയറിച്ചെന്ന് എഴുത്തിനെ തിരുത്തുന്നുണ്ട്. വ്യവസായിക വിപ്ളവവും ഫ്യൂഡലിസ്റ് മൂല്യങ്ങളെ മൂലക്കിരുത്തിക്കൊണ്ടുള്ള യൂറോപ്യന്‍ മുതലാളിത്തത്തിന്റെ കടന്നു വരവും എഴുത്തിനെ മാറ്റിപ്പണിതു.

സാമാന്യ ജനങ്ങള്‍ ക്രിയാത്മകമായി ഇടപെടുമ്പോള്‍ മാത്രമാണ് രാഷ്ട്രീയ നേതൃത്വം സംശുദ്ധമാകുന്നതും കര്‍മ്മനിരതമാകുന്നതും. അതുപോലെ താന്‍ ആവിഷ്ക്കരിക്കുന്ന സമകാല ജീവിതവും ചിത്രീകരിക്കുന്ന കഥാപാത്രങ്ങളുമാണ് എഴുത്തുകാരെ പുരോഗമനവാദിയാക്കുന്നത്. ആശയപരമായി അയാളെ രൂപപ്പെടുത്തുന്നത് ചുററുമുളള ഇരമ്പുന്ന ജീവിതമാണെന്നര്‍ത്ഥം. കാലത്തെ ഉള്‍ക്കൊള്ളാതെ എഴുതിയാല്‍ നവീനനാകാനാവില്ല. പക്ഷേ കാലാന്തരത്തില്‍ എഴുത്തുകാരന്‍ തന്റെ എഴുത്തില്‍ നിന്നു മുക്താകും. എഴുത്ത് അയാളെ ആവേശിച്ച ഒരു ബാധയെ ഒഴിവാക്കാനുള്ള ആഭിചാരമാണെന്നും പറയാം. എഴുതിക്കഴിഞ്ഞാല്‍ കഥ അല്ലെങ്കില്‍ നോവല്‍ പിന്നെ വായക്കാരന്റെ മാത്രം ബാധ്യതയാണ്. റോയല്‍റ്റി കൈപ്പറ്റുക എന്ന നിസ്സാര അവകാശം/ബാധ്യത മാത്രമേ എഴുത്തുകാരനു പിന്നീടുള്ളു. കാലം പിന്നിടുമ്പോള്‍ തിരുനെല്ലിയിലെ ആദിവാസിയെക്കുറിച്ച് നമ്മള്‍ ആരെങ്കിലും വള്ളിക്കാവില്‍ ചെന്ന് വത്സലടീച്ചര്‍ക്കു പറഞ്ഞു കൊടുക്കേണ്ടി വരും.
കുങ്കുമത്തില്‍ പ്രസിദ്ധീകരിച്ച നെല്ലും ദേശാഭിമാനിയില്‍ വന്ന  നിഴലുറങ്ങുന്ന വഴികളും വായിച്ചാണ് ഞാന്‍ വത്സല ടീച്ചറെ അറിയുന്നത്. കുട്ടിക്കാലത്തു തന്നെ അവരെ കാണാനുള്ള ഭാഗ്യവുമുണ്ടായി. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്തിയ കഥാസാഹിത്യ ക്യാമ്പില്‍ മാര്‍ഗ്ഗദര്‍ശകയായി അവര്‍ ഉണ്ടായിരുന്നു. പിന്നീട് പലവട്ടം കാണുകയും അനന്തര തലമുറയിലെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അവരുടെ സ്നേഹവും വാത്സല്യവും ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയില്‍ അവര്‍ വൈസ് പ്രസിഡണ്ടും പിന്നീട് പ്രസിഡണ്ടും ആയ ഘട്ടത്തിലാണ് ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍  അവസരമുണ്ടായത്. അക്കാദമിക്കകത്തെ ചര്‍ച്ചകളില്‍ സമകാലികരായ സാഹിത്യകാരന്മാരും അവരുടെ കൃതികളും ആശയങ്ങളും വിഷയമാകാറുണ്ട്. അന്നേരമാണ് ഒരു വക ‘മൃദുഹിന്ദുത്വം’ ടീച്ചറെ ബാധിച്ചിരിക്കുന്നതായി ഞാന്‍ മസ്സിലാക്കുന്നത്. സവര്‍ണ്ണ പൌരോഹിത്യ ആശയങ്ങള്‍ പിന്തുടരുന്ന എഴുത്തുകാരെ മാനിക്കുന്നതില്‍ തെറ്റില്ല. എന്നു വെച്ച് അവരെ ശരിവെക്കേണ്ടതില്ലല്ലോ. അതേ സമയം സി അയ്യപ്പന്‍ എന്ന കഥാകൃത്തിനെക്കുറിച്ച് ടീച്ചറെ ബോധ്യപ്പെടുത്താനുള്ള എന്റെ തീവ്രശ്രമം ഒരിക്കല്‍ പരാജയപ്പെട്ടതും ഓര്‍ക്കുന്നു. ബോധ്യപ്പെടുത്തുന്നതിലുള്ള എന്റെ കഴിവു കുറവാകും അതിനു കാരണമെന്നാണ് ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത്.

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പി വത്സല ഒരു ലേഖനം എഴുതി എന്നതല്ല വിഷയം. അധസ്ഥിത സമൂഹത്തില്‍ നിന്നും ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടി ലോകം ആരാധിക്കുന്ന ഒരു സന്യാസിനിയായി മാറിയതില്‍ എനിക്ക് അത്ഭുതവും ആദരവും ഉണ്ട്. ആഗോളഭീമന്മാര്‍ സാമാന്യ മനുഷ്യനെ കൊള്ളയടിക്കുന്ന കാലമാണ് ഇത്. സ്വന്തം ആത്മാവു നഷ്ടപ്പെട്ട ജനതയും സമൂഹവുമാണ് നമുക്കു മുന്നിലുള്ളത്. കുട്ടിക്കാലം പിന്നിട്ടാല്‍ പിന്നെ അമ്മയുടെ സ്പര്‍ശം എന്ന മൃതസജ്ഞീവിനി നഷ്ടപ്പെടുന്നു എന്നത് മുഷ്യന്റെ ദുരന്തമാണ്. ജീവിത സംഘര്‍ഷങ്ങളുടെ മണലാരണ്യത്തില്‍ ഗതികിട്ടാതെ അലയുന്ന മനുഷ്യന് അമൃതാനന്ദമയിയുടെ സ്പര്‍ശം ഒരു അവലംബമാകുന്നുണ്ടെങ്കില്‍ അതു നല്ല കാര്യമാണ്. മാര്‍ക്സ് പറഞ്ഞതു പോലെ അവലംബം നഷ്ടപ്പെട്ട മനുഷ്യനു ലഭിക്കുന്ന അവലംബം. ആശ നഷ്ടപ്പെട്ടവന്റെ പ്രത്യാശ. എന്നാല്‍ അത്യന്തം നിഷ്ക്കളങ്കമാണെങ്കില്‍ തന്നെയും ആ സ്പര്‍ശത്ത്ന് ഇന്ത്യയിലെ പ്രശ്നങ്ങള് പരിഹരിക്കാന്‍ സാധിക്കും എന്നു കണ്ടെത്തുന്നവരുടെ കാഴ്ച പരിശോധിക്കുക തന്നെ വേണം. പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ബദലായി അതിനെ അവതരിപ്പിക്കുന്നത് തികഞ്ഞ വങ്കത്തമാണ്.

പ്രത്യക്ഷ യാഥാര്‍ത്ഥ്യത്തിനപ്പുറത്തേക്ക് കടന്നു ചെല്ലാന്‍ എഴുത്തുകാര്‍ക്ക് കഴിയേണ്ടതുണ്ട്. പാവം മാതാ അമൃതാനന്ദമയിയെ മുന്നില്‍ നിര്‍ത്തി അവര്‍ക്കു പിന്നില്‍ സംയോജിക്കുന്ന ആഗോള കോര്‍പ്പറേറ്റ് മൂലധനത്തേയും ഹിന്ദുത്വ തീവ്രവാദത്തെയും പി വത്സല കാണുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. മുസ്ളീം സമൂഹത്തില്‍ ജനിച്ചു എന്ന കുറ്റത്തിന് ആയിരക്കണക്കിന് നിസ്സഹായ മനുഷ്യരെ ഭേദ്യം ചെയതു കൊന്നതിന്റെ ചോരയുണങ്ങാത്ത കൈകളുമായി ഒരാള്‍ ശിവഗിരിയിലും വള്ളിക്കാവിലും സ്വീകരിക്കപ്പെടുന്ന കാലത്താണ് താന്‍ പേനയെടുക്കുന്നതെന്ന് ഓരോ എഴുത്തുകാരും തിരിച്ചറിയേണ്ടതുണ്ട്.

*
അശോകന്‍ ചരുവില്‍

Tuesday, October 1, 2013

പി വത്സലയുടെ ക്ഷോഭപ്രകടനം

മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളില്‍ അവരെ സ്തുതിച്ചുകൊണ്ട് ശ്രീമതി പി വത്സല മാതൃഭൂമി പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. തൊട്ടുണര്‍ത്താന്‍ ഒരു ചെറു വിരല് എന്ന പേരില്‍.

മലയാളത്തിലെ പുരോഗമനവാദി ആയ ഒരു എഴുത്തുകാരിയാണ് ശ്രീമതി പി വത്സല. സമൂഹത്തിലെ നിസ്വരുടെ ജീവിതത്തെക്കുറിച്ചെഴുതുന്ന എഴുത്തുകാരിയായാണ് അവര്‍ ശ്രദ്ധേയയായത്. കേരളത്തിലെ മതേതര പുരോഗമന രാഷ്ട്രീയത്തിന്‍റെ ഒപ്പം എന്നും നിന്നിട്ടുള്ള എഴുത്തുകാരിയുമാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ഉപാദ്ധ്യക്ഷ ആയിരുന്നിട്ടുള്ള പി വത്സല ഇപ്പോള്‍ പുകസയുടെ ഉപദേശക സമിതി അംഗവും പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയുമാണ്.

പി വത്സലയ്ക്ക് മാതാ അമൃതാനന്ദമയിയുടെ ഭക്ത ആവാനോ അവരെക്കുറിച്ചഴുതാനോ ഉള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. ഒരു എഴുത്തുകാരിക്ക് മാതാ അമൃതാനന്ദമയിയുടെ ആത്മീയതയിലും പൊതു പ്രവര്‍ത്തനത്തിലും മികവ് തോന്നിയെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യം. അത്തരം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടമുള്ള ഒരു സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. അമൃതാനന്ദമയി എന്ന ആള്‍ദൈവം കേരള സമൂഹത്തിന്‍റെ ഒരു പിന്നോട്ടു നടക്കലാണ് എന്നു കരുതുന്നവരാണ് പുകസയില്‍ ഏതാണ്ടെല്ലാവരും. എങ്കിലും എഴുത്തുകാരുടെ വിശ്വാസങ്ങള്‍ സംബന്ധിച്ച് വ്യത്യസ്തതയ്ക്ക് ഇടം നല്കുന്നതാവണം സംഘടന എന്നു സംഘം‍ കരുതുന്നു.

പക്ഷേ, പുരോഗമന കലാസാഹിത്യ സംഘത്തിന് ചില പൊതു നിലപാടുകളുണ്ട്. ആത്മീയവ്യവസായത്തിനും ആള്‍ദൈവങ്ങള്‍ക്കും എതിരായിട്ടുള്ളതാണ് പുകസയുടെ നിലപാട്. അന്ധവിശ്വാസങ്ങള്‍ക്കും ജാതിമത വിവേചനത്തിനും എതിരാണ് പുകസ. വര്‍ഗീയതയാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും അതിനെതിരായ നിലപാടാണ് ഒരു സാംസ്കാരിക സംഘടനയുടെ ഏറ്റവും പ്രധാന കടമയെന്നും പുകസ കരുതുന്നു. സന്ധിയില്ലാത്തതാണ് ഇക്കാര്യത്തിലെ സംഘത്തിന്‍റെ കാഴ്ചപ്പാട്. വര്‍ഗീയതയ്ക്കും വളര്‍ന്നു വരുന്ന ഫാസിസ്റ്റ് ഭീഷണിക്കും എതിരെ എഴുത്തുകാരെയും കലാകാരെയും അണി നിരത്താന്‍ സംഘം പരിശ്രമിക്കുന്നു.

ഈ സാഹചര്യത്തിലാണ് പി  വത്സലയുടെ അമൃതാനന്ദമയി സ്തുതിയെക്കുറിച്ച് വത്സലയുടെ കഥാസമാഹാരത്തിന്‍റെ അവതാരികാകാരന്‍ കൂടെയായ സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ട്‍ ശ്രീ ഇ പി രാജഗോപാലന്‍ഒരു യോഗത്തില്‍ പ്രതികരിച്ചത്. കേരളത്തിലെ പുരോഗമനവാദികളായ നിരൂപകരില്‍ പ്രമുഖനാണ് ശ്രീ ഇപി രാജഗോപാലന്‍. അതുകൊണ്ടാണല്ലോ അദ്ദേഹത്തെക്കൊണ്ട് വത്സല തന്‍റെ കഥാ സമാഹാരത്തിന് അവതാരിക എഴുതിച്ചത്. നരേന്ദ്ര മോഡി ആശ്രമത്തില്‍ വന്ന നാളില്‍,‍ മഠാധിപതിയെ പുകഴ്ത്തി ലേഖനം എഴുതുന്നതിലൂടെ, മോഡിയെ ക്ഷണിച്ച അമൃതാനന്ദമയിയോടുള്ള അമര്‍ഷവുമായി നില്ക്കുന്ന മതേതര കേരളത്തിന്‍റെ മുഖത്തടിച്ചു വത്സല. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ മറുകണ്ടം ചാടി മോഡി ഭക്തരുടെ താവളത്തിലേക്ക് പോകുന്നതു കണ്ട ശ്രീ രാജഗോപാലന്‍റെ സങ്കടത്തിലും നിസ്സഹായാവസ്ഥയിലും നിന്നാവും അദ്ദേഹം താന്‍ വത്സലയുടെ കഥകള്‍ക്കെഴുതിയ അവതാരിക പിന്‍വലിക്കുന്നു എന്നു പ്രഖ്യാപിച്ചത്. ഇതിനെക്കാളും സര്‍ഗാത്മകമായി എങ്ങനെയാണ് പ്രതിഷേധിക്കുക?

പക്ഷേ, ഇതിനെത്തുടര്‍ന്ന് സംഘത്തിനെതിരെ ശാപവാക്കുകളുമായി ക്ഷുഭിതയായി കലിതുള്ളുകയാണ് വത്സല ചെയ്തത്. വത്സലയുടെ ബാലിശങ്ങളായ ഈ കുപിതവചനങ്ങള്‍ പെട്ടെന്നുള്ള വികാരപ്രകടനം ആയിരിക്കും എന്നു കരുതുന്നു. ശാന്തയായ ശേഷം ഈ വാക്കുകള്‍ അവര്‍ പിന്‍വലിക്കുമെന്നും ആശിക്കുന്നു. പുകസയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നാണ് വത്സല പൊടുന്നനെ ഇന്നലെ കണ്ടുപിടിച്ചത്.  അമൃതാനന്ദമയിക്കനുകൂലമായി വത്സല എഴുതുന്നത് ആദ്യമായല്ല.  അതിനു പോലും സ്വാതന്ത്ര്യമുള്ള സംഘടനയെക്കുറിച്ചാണ് പെട്ടെന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിനിടുന്നത് എന്ന ആരോപണമുന്നയിക്കുന്നത്. പുകസ നാലാംകൂലി എഴുത്തുകാരുടെ സംഘടന ആണെന്നാണ് മറ്റൊരു പുലഭ്യം. എഴുത്തുകാര്‍ ഏതു കൂലിക്കാരാണെന്ന് വത്സല നിര്‍ണയിക്കാന്‍ തുടങ്ങിയത് നന്നായി, പക്ഷേ, ഇന്നലെ വരെ സ്വയം പുകസയുടെ ഭാഗമായിരുന്നപ്പോള്‍‍ ഏതുകൂലിക്കാരിയായിരുന്നു വത്സല? ഇനി അമൃത പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍, മാതൃഭൂമിയുടെ പരിലാളനമേല്‍ക്കുമ്പോള്‍‍ വത്സല ഒന്നാം കൂലിയാകുമെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. അപ്പോഴും നെല്ലും കൂമന്‍കൊല്ലിയും കലാപവുമൊക്കെ എഴുതിയ എഴുത്തുകാരി തന്നെ ആയിരിക്കുമല്ലോ? അതോ ആ കൃതികള്‍ തന്നെ പിന്‍വലിക്കുമോ?  അവയിലെഴുതപ്പെട്ട സമീപനവും മോഡിയോട് കളി പറഞ്ഞ് ചിരിക്കുന്ന മഠാധിപതിയോടുള്ള ഭക്തിയും ചേര്‍ന്നു പോകാതെ വരുമ്പോള്‍ എന്തു ചെയ്യും? തന്‍റെ എഴുത്തിനെ പുകസ വിചാരിച്ചാല്‍ നശിപ്പിക്കാനാവില്ല എന്നാണ് വത്സലയുടെ മറ്റൊരു പ്രഖ്യാപനം. പുകസ എഴുത്തുകാരുടെ എഴുത്തിനെ നശിപ്പിക്കാനുള്ള സംഘടനയല്ല. പക്ഷേ, വത്സലയുടെ എഴുത്തിനെ മുഴുവന്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നത് വത്സല തന്നെയല്ലേ? പുകസയ്ക്ക് ആളു കിട്ടുന്നില്ല എന്നാണ് വത്സലയുടെ ഒരു കുറ്റം പറച്ചില്‍.  പക്ഷേ ഇത്രയും നാള്‍ പുകസയുടെ വേദികളില്‍ വത്സല പറഞ്ഞിരുന്നത് അങ്ങനെയല്ലല്ലോ? എന്താ പെട്ടെന്നിത്ര മോശം അഭിപ്രായമുണ്ടാവാന്‍?

“ജാതിയുടെ മേല്‍ക്കീഴ് വ്യവസ്ഥ, ഇവിടത്തെ കുടുംബജീവിതമണ്ഡലത്തില്‍ മാത്രം നിലനില്‍ക്കാന്‍ കൂട്ടാക്കാതെ വിപ്ലവപ്പാര്‍ട്ടികളുടെ രാഷ്ട്രീയ ശിഖരങ്ങളില്‍പോലും കയറിപ്പറ്റി കൊടിപറത്തുന്നതാണ്.” എന്നാണ് വത്സല മാതൃഭൂമി ലേഖനത്തില്‍ എഴുതുന്നത്. എന്നിട്ട് അതിനൊക്കെ പരിഹാരം മാതാ അമൃതാനന്ദമയിയുടെ സ്ഥാപനത്തിലാണ് വത്സല കാണുന്നത്. “കേരള ചരിത്രം നോക്കുക. എന്തെന്ത് പുരോഗമന പ്രസ്ഥാനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, രക്തസാക്ഷിത്വം, സാംസ്‌കാരിക മുന്നേറ്റം, സമ്പത്ത്, രാഷ്ട്രീയം, സംസ്‌കാരം, കലകള്‍, മനുഷ്യസമൂഹം, അധ്വാനശേഷി, ബുദ്ധിപാടവം, വൈകാരിക ജ്വലനം – എന്തിനും വളര്‍ച്ച. എന്നിട്ടെന്തേ നാം ഇങ്ങനെ? അത് ചോദിക്കാനാണ്, ഉത്തരം കണ്ടെത്താനാണ് കടല്‍ത്തീരഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍ജന്മം, അമൃതാനന്ദമയിയായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.”

വത്സലയുടെ ഈ വെളിപാട് അത്ര നിഷ്കളങ്കമാണോ? രാഷ്ട്രീയ ഫാസിസത്തിന്‍റെ വരവിന് ഒരു സാംസ്കാരിക പാതയൊരുക്കാനുള്ള വിപുല പദ്ധതിയുടെ ഭാഗമാണോ ഇത്?

വത്സലയ്ക്ക് അമൃതാനന്ദമയി സ്ത്രീ  സ്വാതന്ത്ര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും പിന്നോക്ക ജാതി ഉന്നമനത്തിന്‍റെയും ഒക്കെ പ്രതീകമായിരിക്കാം. പക്ഷേ, ഹൈന്ദവ വര്‍ഗീയതയ്ക്ക് കേരളത്തില്‍ താവളമൊരുക്കുന്ന ഒരു മാഫിയയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സന്യാസിനി ആവാം  പുരോഗമനവാദികള്‍ക്ക്. മോഡിയുടെ കേരള പ്രവേശനത്തിന് ആതിഥ്യമരുളുന്നതിലൂടെ അവരിത് തെളിയിക്കുകയും ചെയ്തു. അമൃതാനന്ദമയിയുടെ ഈ പ്രവൃത്തിയെക്കുറിച്ച വത്സലയ്ക്ക് എന്താണ് പറയാനുള്ളത്?  അതെ, അമൃതാനന്ദമയിയുടെ മോഡി പക്ഷത്തുചേരലിനെ വത്സലയും പിന്തുണയ്ക്കുന്നുണ്ടോ? വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഒക്കെ അടങ്ങുന്ന വലിയൊരു ബിസിനസ് ശൃംഖലയുടെ അധിപയാണവര്‍. വലിയൊരു പണസാമ്രാജ്യത്തിന്‍റെ ഉടമ. ഈ ആള്‍ദൈവത്തിന്‍റെ കൊച്ചിയിലെ ആശുപത്രിയില്‍ മിനിമം കൂലിക്കായി സമരം ചെയ്ത നഴ്സുമാരെ ഈ മാഫിയ ഗുണ്ടകളെക്കൊണ്ട് തല്ലിച്ചതച്ചു. കൂലിക്കു വേണ്ടി സമരം ചെയ്ത നഴ്സുമാര്‍ക്ക് മറ്റൊരാശുപത്രിയിലും ഇത്തരം നിഷ്ഠൂരസമീപനം നേരിടേണ്ടി വന്നില്ല. ആദ്ധ്യാത്മിക വ്യാപാരത്തിനു ലഭിക്കുന്ന പിന്തുണ ഉപയോഗിച്ചാണ് ഈ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. അവരുടെ കൂലിയില്‍ നിന്ന് ഒരു പങ്ക് പിടിച്ചു പറിക്കുന്നത്. അതിനോട് വത്സലയ്ക്ക് യോജിപ്പാണോ? അതൊക്കെ പോട്ടെ. ബിഹാറില്‍ നിന്നു വന്ന മാനസിക പ്രശ്നമുണ്ടായിരുന്ന പ്രതിഭാശാലിയായ സത്നാംസിങിന്‍റെ ജീവന് ആര് ഉത്തരം പറയും? മനുഷ്യത്വമുള്ല എല്ലാ മലയാളികളും അപമാനം കൊണ്ട് തലകുമ്പിട്ട വേളയല്ലേ അത്? സത്നാം സിങ്ങിന്‍റെ തരുണ ശരീരത്തിലേക്ക് എത്താത്ത ഈ ചെറുവിരല്‍ സ്പര്‍ശം വത്സലയെയും സ്പര്‍ശിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

പി വത്സലയുടെ മാതൃഭൂമി ലേഖനം ഇവിടെ വായിക്കാം:


*
പത്രാധിപക്കുറിപ്പുകള്‍, പുകസ ഓണ്‍ലൈന്‍

സ്നേഹവ്യവസായം

ഏതു വിശ്വാസം പുലര്‍ത്താനും ജനദ്രോഹകരമല്ലാത്ത രീതിയില്‍ വിശ്വാസത്തെ പ്രചരിപ്പിക്കുവാനും ഒക്കെയുള്ള അവകാശം നമ്മുടെ ജനാധിപത്യത്തില്‍ ഏവര്‍ക്കും ഉണ്ട്. ജീവിതാവസ്ഥകളെ നിയന്ത്രിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞുകൊണ്ട് സൂക്ഷ്മ നിരീക്ഷണത്തിലൂടെ മനസ്സിലാകുന്ന സത്യങ്ങളെ മറ്റുള്ളവര്‍ക്കുവേണ്ടി സര്‍ഗ്ഗാത്മകരചനകളിലൂടെ  പ്രകാശിപ്പിക്കുന്നവരാണ് എഴുത്തുകാര്‍ എന്നതുകൊണ്ടാണ് ജനങ്ങള്‍ അവരില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നത്.

മാതാ അമൃതാനന്ദമയിക്ക് സ്തുതിവചനങ്ങള്‍ എഴുതിയ സര്‍ഗ്ഗധനയായ എഴുത്തുകാരി പി വത്സലടീച്ചറുടെ മൂന്ന് വാചകങ്ങള്‍ ഉദ്ധരിക്കട്ടെ:

‘സത്യത്തില്‍ നമുക്കെന്താണ് വേണ്ടതെന്ന് നാം തന്നെ അറിയുന്നില്ല. ഈ തീരം ഒഴിച്ചുപോക്കിന്റേതാണ്. വരവ് താല്കാലിക ആര്‍ത്തികളുടേതും.’

ഈ വാചകങ്ങള്‍ എഴുതേണ്ടിയിരുന്നത് അമൃതാനന്ദമയീ സ്തുതിലേഖനത്തില്‍ ആയിരുന്നുവോ?  വൈകുണ്ഠസ്വാമികള്‍, ബ്രഹ്മാനന്ദശിവയോഗി, ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി എത്രയോ മഹാത്മാക്കള്‍ സാമൂഹ്യപുരോഗതിക്കുവേണ്ടി ജീവിതം അര്‍പ്പിച്ച് മണ്‍മറഞ്ഞ കേരളത്തിലാണല്ലോ ഒരു ‘അമ്മ’ യുടെ ദര്‍ശനപുണ്യത്തിനുവേണ്ടി രാപ്പകല്‍ നീളുന്ന ക്യൂ രൂപം കൊള്ളുന്നത്. ഇപ്പറഞ്ഞവര്‍ ആരുംതന്നെ ആലിംഗം ചെയ്തിട്ടല്ല സുഖപ്പെടലിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക് സമൂഹത്തെ നയിച്ചത്.  നമുക്ക് എന്താണ് വേണ്ടത് എന്ന് നാം തന്നെ അറിയുന്നില്ല എന്ന് പറയുന്നതിനു പകരം നമ്മുടെ ആളുകള്‍ എന്തുകൊണ്ട് ഇങ്ങനെ ശരണാര്‍ത്ഥികളായി ക്യൂ നില്‍ക്കുന്നു എന്നാണ് ഒരു എഴുത്തുകാരി ചിന്തിക്കേണ്ടിയിരുന്നത്.  ഇത്രയും നീണ്ട മണിക്കൂറുകള്‍ ഇരുന്ന് അനുഗ്രഹം ചൊരിഞ്ഞ് ക്ഷീണിതയാകുന്ന ഒരു മനുഷ്യസ്ത്രീയുടെ  മുഖദര്‍ശനം ഒരു എഴുത്തുകാരിയുടെ ചിത്തത്തെ വ്യാകുലപ്പെടുത്തേണ്ടതാണ്. ആരുടെയൊക്കെയോ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്താലും വിദേശഫണ്ടിന്റെയും ചില മാധ്യമങ്ങളുടെ പിന്‍ബലത്താലും നിര്‍മ്മിച്ചെടുക്കുന്ന ദിവ്യപരിവേഷത്തില്‍ വിദ്യാഭ്യാസ-ചികിത്സാരംഗങ്ങളില്‍ കോര്‍പ്പറേറ്റ് വ്യവസായവിജയം കൈവരിച്ചിരിക്കുന്നു എന്നതിനാണോ ഈ സ്തുതിഗീതം?

കാരുണ്യം, ദയ, സ്നേഹം എന്നീ ഗുണങ്ങളുള്ള അനേകം സാധാരണക്കാരായ അമ്മമാര്‍ മാത്രമല്ല അച്ഛന്മാരും ഉണ്ടാവും ഈ ഭൂമിയില്‍. പക്ഷേ, അവര്‍ക്ക് ആര്‍ക്കും ഇതുപോലുള്ള അധികാര പിന്ബലവും ഫണ്ടും ഉണ്ടായിരിക്കില്ല. ബില്‍ഗേറ്റ്സും നമ്മുടെ ടാറ്റായെപ്പോലുള്ളവരും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടല്ലോ. ഹെലന്‍കെല്ലറും മദര്‍തെരേസയും അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകര്‍ന്നിട്ടുണ്ട്.  സ്വാമി വിവേകാനന്ദന്റെ  പുണ്യദര്‍ശത്തനത്തിന് ഇതുപോലെ രാപ്പകല്‍ ക്യൂ ഉണ്ടായതായി അറിവില്ല. രാജസ്ഥാനില്  ശൈശവവിവാഹത്തിനെതിരെ പോരാടിയതിന് കൊടുംപീഢനങ്ങള്‍ സഹിക്കേണ്ടിവന്ന ബന്‍വാരിദേവിയ്ക്കോ, ഒരുപാട് പാവപ്പെട്ടവരുടെ ജീവന്‍ വെള്ളത്തിലാവാതിരിക്കാന്‍ പോരാടുന്ന മേധാ പട്കര്‍ക്കോ, പരിസ്ഥിതിശീകരണത്തിതിനെതിരെ പോരാടുകയും അശരണരായ സ്ത്രീകളെ സംരക്ഷിക്കുകയും ചെയ്യുന്ന സുഗതകുമാരി ടീച്ചര്‍ക്കോ ഒരു ദിവ്യപരിവേഷവും ഇല്ലല്ലോ.

വഴിമാറി ചിന്തിക്കാനും മനുഷ്യന്മയ്ക്കായി പുതുവഴികള്‍ തേടാനും കഴിവുള്ള സര്‍ഗ്ഗധനരായ എഴുത്തുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട ഉന്നതമായ ആത്മീയതയുടെ ഭാവം ഇങ്ങനെ ആയിപ്പോകുന്നതില്‍ ആശങ്കയുണ്ട്. സമൂഹത്തിലെ സാമ്പത്തികവും സാംസ്കാരികവുമായ അസന്തുലനം സൃഷ്ടിക്കുന്ന മാനസിക അരക്ഷിതാവസ്ഥയ്ക്കും രോഗാതുരതയ്ക്കും ഇത്തരം പുണ്യദര്‍ശനമേളയാണോ പരിഹാരം?

എത്രയോ ഭവനരഹിതര്‍ക്കും, ചേരിനിവാസികള്‍ക്കും വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുകയും ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കി പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുന്ന സമ്പന്നവ്യവസായപ്രമുഖര്‍ നിരവധിയുണ്ട്, കേരളത്തിലും. അവരെ കാണാന്‍ അക്ഷര പൂജയുമായി എഴുത്തുകാരാരും വരി നില്‍ക്കുന്നില്ല.

*
വൈശാഖന്‍ കടപ്പാട്: പുകസ ഓണ്‍‌ലൈന്‍

Wednesday, January 9, 2013

ആദരവോടെ ഒരു വിയോജിപ്പ്


ചെമ്മനം ചാക്കോ സാറിനെ ഒരു വേദിയില്‍വച്ചു കണ്ട പരിചയമേ എനിക്കുള്ളൂ. അദ്ദേഹത്തിന്റെ രചനകള്‍ മുഴുവനും വായിച്ചിട്ടുമില്ല. എന്നാലും സാഹിത്യ തല്പരനായ ആരെങ്കിലും പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകനായ ആരാണീ ചെമ്മനം ചാക്കോ എന്നു ചോദിച്ചാല്‍ എന്റെ നിസ്സംശയമായ മറുപടി ഇന്നത്തെ മലയാളത്തിലെ കുഞ്ചന്‍ നമ്പ്യാര്‍ എന്നായിരിക്കും. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മാധ്യമരംഗങ്ങളില്‍ ഇന്ന് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന വിപല്‍ക്കര പ്രവണതകളെ നിര്‍ദയം നിശിതമായി പരിഹസിക്കുന്ന ചെമ്മനം ചാക്കോയെപ്പോലെ ഒരു കവി ഉണ്ടോ എന്ന് സംശയമാണ്. കാവ്യം യശസ്സേര്‍ഥകൃതേ അല്ല; താന്‍ വ്യാപരിക്കുന്ന സമൂഹത്തെ കാര്‍ന്നുതിന്നുന്ന മാരകാര്‍ബുദത്തെ മുറിച്ചുനീക്കി സംശുദ്ധമാക്കാനുള്ള ശസ്ത്രം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അതുപ്രകാരം തന്റെ സര്‍ഗപ്രതിഭയെ വിനിയോഗിക്കുകയും ചെയ്യുന്ന കവിയാണ് ചെമ്മനം. അക്കാരണങ്ങളാല്‍ തന്നെയാണ് ഈയുള്ളവനെപ്പോലുള്ളവരുടെ ആദരവ് ചാക്കോസാര്‍ പിടിച്ചുപറ്റീട്ടുള്ളതും.

എന്നാല്‍ ""സാഹിത്യ കലാരംഗങ്ങളില്‍ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം അനുവദിക്കരുതെ""ന്ന്, പതിനഞ്ചാമത് അന്താരാഷ്ട്രീയ പുസ്തകോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് നവംബര്‍ രണ്ടാംവാരത്തില്‍ കൊച്ചിയില്‍ അദ്ദേഹം പ്രസംഗിച്ചതായുള്ള പത്രവാര്‍ത്ത കണ്ടപ്പോള്‍ സ്വാഭാവികമായും അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നു തോന്നി. വാര്‍ത്ത ഇതുവരെ നിഷേധിച്ചിട്ടില്ല. സാഹിത്യവും കലയും രാഷ്ട്രീയവും എല്ലാം സമൂഹത്തിന്റെ ഉല്പന്നമല്ലേ? രാഷ്ട്രീയത്തെയും സമൂഹത്തില്‍നിന്ന് അടര്‍ത്തി മാറ്റാന്‍ ആവുമോ? സാഹിത്യകാരനും കലാകാരനും രാഷ്ട്രീയക്കാരനും സമൂഹത്തിന്റെതന്നെ ഉല്‍പ്പന്നങ്ങളല്ലേ? (അവരുടെ വ്യക്തിഗത പ്രതിഭകളെ നിഷേധിക്കുകയോ കുറച്ചു കാണുകയോ ചെയ്യുന്നില്ല). സാഹിത്യവും കലയും രാഷ്ട്രീയവും എല്ലാം പരസ്പരം ബന്ധപ്പെടാതെ വെള്ളം കേറാത്ത പ്രത്യേകം അറകളിലാണോ നിലനില്‍ക്കുന്നത്? കലാസാഹിത്യാദി രംഗങ്ങളിലേക്കു രാഷ്ട്രീയക്കാര്‍ തള്ളിക്കയറുന്നുണ്ടോ? കലാസാഹിത്യാദിരംഗങ്ങളിലേക്ക് രാഷ്ട്രീയക്കാരന് പ്രവേശനം അനുവദിക്കാനും അല്ലെങ്കില്‍ നിഷേധിക്കാനും ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? ചുമതലപ്പെടുത്താന്‍ ആര്‍ക്കാണ് അധികാരം? സാഹിത്യകാരന്‍ തന്റെ തൂലിക പടവാള്‍ ആയി സങ്കല്‍പ്പിച്ച് രചനകളില്‍ മുഴുകിയാല്‍ മാത്രം സമൂഹത്തിലെ വിനകള്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ട് പുത്തന്‍ സമൂഹം രൂപംകൊള്ളുമോ? മുല്‍ക്രാജ് ആനന്ദിന്റെ ""കൂലി"", തകഴിയുടെ ""രണ്ടിടങ്ങഴി"", കേശവദേവിന്റെ ""ഓടയില്‍നിന്ന്"", ആശാന്റെ ""ദുരവസ്ഥ"", ചങ്ങമ്പുഴയുടെ ""വാഴക്കുല"" തുടങ്ങി ഒട്ടനവധി രചനകള്‍ സാമൂഹ്യ പരിവര്‍ത്തനസംരംഭങ്ങള്‍ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. എന്നാല്‍ അവ മാത്രം മതിയോ സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കാന്‍? പണ്ട് ആരോ പറഞ്ഞതുപോലെ ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണമെന്നതല്ലേ സത്യം?

വര്‍ഗസമരം ആണ് ഓരോ സാമൂഹ്യ പരിവര്‍ത്തനങ്ങളുടെയും പിന്നിലെ മുഖ്യ ചാലകശക്തി എന്ന സത്യം ഇതഃപര്യന്തമുള്ള മാനവസമുദായ ചരിത്രം അവിതര്‍ക്കിതമായി തെളിയിച്ചിട്ടുണ്ട്. വര്‍ഗസമരത്തിന്റെ മുഖ്യ ചാലകശക്തിയോ സാമ്പത്തികാസമത്വവും. ഉല്‍പ്പാദനോപകരണങ്ങളും മറ്റു വിഭവങ്ങളും എല്ലാം കൈയടക്കി വച്ചിട്ടുള്ള പ്രമാണിവര്‍ഗത്തിനെതിരെ ചൂഷിതവര്‍ഗം നിലനില്‍പ്പിനുവേണ്ടി നടത്തുന്ന സമരങ്ങളിലൂടെയാണ് പഴയ വ്യവസ്ഥ തകര്‍ന്നുവീഴുന്നതും പുതിയ സമൂഹം പിറവി കൊള്ളുന്നതും. സാമൂഹ്യപരിവര്‍ത്തന പ്രക്രിയയിലെ മറ്റൊരു സവിശേഷത പഴയതിനെ നിശ്ശേഷം തുടച്ചുമാറ്റിക്കൊണ്ടല്ല പുത്തന്‍ വ്യവസ്ഥയുടെ പിറവി എന്നതാണ്.

സാമ്പത്തികാടിത്തറയും ആശയപരമായ മേല്‍പ്പുരയും എന്നീ രണ്ടു ഘടകങ്ങളുണ്ട് ഓരോ സാമൂഹ്യ വ്യവസ്ഥയ്ക്കും. പഴയതിന്റെ അടിത്തറ തകര്‍ക്കപ്പെട്ടാലും ആശയപരമായ മേല്‍പ്പുരയോ അതിന്റെ അവശിഷ്ടങ്ങളോ കുറേക്കാലത്തുകൂടി നിലനില്‍ക്കുകയും അതിന്റേതായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതിന്റെ മികച്ച ഉദാഹരണമാണ് ഗ്രേറ്റ് ബ്രിട്ടന്‍. ആ രാഷ്ട്രം ഫ്യൂഡലിസം തകര്‍ത്ത് മുതലാളിത്ത ഘട്ടത്തിലേക്ക് കടന്ന് മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായ സാമ്രാജ്യത്വത്തില്‍ എത്തിയിട്ടും ഫ്യൂഡലിസത്തിന്റെ പ്രതീകമായ രാജാവ്, പരിമിതമായ അധികാരത്തോടുകൂടിയാണെങ്കിലും ഒരു ഭൂഷണമായിട്ടാണെങ്കിലും ഇന്നും നിലനില്‍ക്കുന്നതു കാണുന്നില്ലേ? വാനരനില്‍നിന്ന് പരിണാമത്താല്‍ രൂപംകൊണ്ട നരന്‍ പ്രാകൃത ദശയെ പിന്നിട്ട് അടിമയുഗവും ഫ്യൂഡലിസവും പിന്‍തള്ളി മുതലാളിത്ത വ്യവസ്ഥയെയും വെല്ലുവിളിച്ച് സോഷ്യലിസത്തില്‍ എത്തിനില്‍ക്കുകയാണിന്ന്. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള ആദ്യപടി എന്ന നിലയില്‍ 1917 ഒക്ടോബറില്‍ സാറിസ്റ്റ് റഷ്യയില്‍ നടന്ന സായുധ വിപ്ലവം ആഗോള ചലനം തന്നെ സൃഷ്ടിച്ചു. മനുഷ്യന്‍ ഇച്ഛിക്കുന്ന രൂപത്തില്‍ തന്നെ സര്‍വവിധ സമ്പൂര്‍ണ സമത്വസുന്ദരമായ സാമൂഹ്യവ്യവസ്ഥ കെട്ടിപ്പൊക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിപ്ലവം ഇദംപ്രഥമമായി ലോകത്തെ പഠിപ്പിച്ചു. 1991ല്‍ സോവിയറ്റ് പതനത്തെതുടര്‍ന്ന് മുതലാളിത്ത വ്യവസ്ഥ തന്നെയാണ് സാമൂഹ്യവളര്‍ച്ചയുടെ അവസാന ഘട്ടം എന്ന് ചിലര്‍ വാദിച്ചത് അറിയായ്കയല്ല, ഒരു ദശകം പിന്നിടുംമുമ്പേ തന്നെ അവരെ നിരാകരിക്കുന്ന സംഭവവികാസങ്ങളാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന സത്യം കൂടുതല്‍ കൂടുതല്‍ തെളിയുകയാണല്ലോ. റഷ്യയെ ഒക്ടോബര്‍ വിപ്ലവത്തിലേക്ക് നയിച്ചവര്‍ അവലംബമാക്കിയിരുന്ന തത്വശാസ്ത്രം അംഗീകരിച്ച പാര്‍ടികള്‍ അതതു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സാമൂഹ്യപരിവര്‍ത്തനത്തിനായി യത്നിക്കുന്നുണ്ട്. സോഷ്യലിസത്തിന്റെ അംഗീകാരവും സ്വാധീനവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അപ്പോള്‍ സോഷ്യലിസത്തിന്റെ ബദ്ധശത്രുക്കള്‍ പോലും തങ്ങളുടെ പാര്‍ടി സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുന്നു എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുവാന്‍ പാടുപെടുന്നു. രാഷ്ട്രീയ പാര്‍ടികള്‍ക്കിടയിലും കള്ളനാണയങ്ങളും അത്ര വിരളമല്ല. ഇവിടെ വിവക്ഷിക്കുന്നത്, സാമൂഹ്യ പരിവര്‍ത്തനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള രാഷ്ട്രീയ പാര്‍ടികളുടെ സാന്നിധ്യം അനിവാര്യമെന്നാണ്. രാഷ്ട്രീയമെന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചുള്ളവയാണ്. രാഷ്ട്രീയ പാര്‍ടികള്‍ പറയുന്നതുമാത്രം രാഷ്ട്രീയമായി ചുരുക്കിക്കാണാന്‍ വയ്യ. ഓരോ രാജ്യത്തിലും അനേകം രാഷ്ട്രീയ പാര്‍ടികള്‍. അവ ഓരോന്നിലും ലക്ഷക്കണക്കിന് അംഗങ്ങള്‍ കണ്ടേക്കാം. അവര്‍ എല്ലാവരും സഹൃദയര്‍ ആയിക്കൊള്ളണമെന്നില്ല. സഹൃദയരായവരില്‍ തന്നെ സര്‍ഗചേതനയുള്ളവര്‍ മഹാന്യൂനപക്ഷമായിരിക്കുമെന്നതില്‍ സംശയിക്കാനില്ല. ഇക്കൂട്ടര്‍ എല്ലാം സാഹിത്യ കലാദിരംഗങ്ങളില്‍ അവരവരുടെ ശേഷിയനുസരിച്ച് സംഭാവന ചെയ്താല്‍ തന്നെ അതിനെ തള്ളിക്കേറ്റമായി കാണാന്‍ കഴിയുമോ?

ചാക്കോ സാര്‍ മലയാള സാഹിത്യത്തെ ആയിരിക്കാം ഉദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ കേരളക്കരയിലെ പ്രമുഖമായ രാഷ്ട്രീയ പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ടി എന്നതില്‍ തര്‍ക്കമില്ലല്ലോ. രാഷ്ട്രീയരംഗത്തും സാഹിത്യമണ്ഡലത്തിലും ഒരുപോലെ ശോഭിച്ച ഇ എം എസ്സിനെയാണ് ആദ്യം ഓര്‍ക്കുക. കാവ്യനാടകാഖ്യാനാദി രചനകള്‍ ഇ എം എസ്സിന്റേതായി ഇല്ലെന്നുള്ളത് ശരിതന്നെ. മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ സാഹിത്യകാരന്മാര്‍ക്ക് മാത്രമല്ല നിരൂപകര്‍ക്കും പാഠപുസ്തകമാണ്. മലയാളസാഹിത്യത്തിലെ അനേകം കൃതികളെക്കുറിച്ചുള്ള ഇ എം എസ്സിന്റെ നിരൂപണങ്ങള്‍ പ്രസിദ്ധങ്ങളാണ്. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ഈ അത്യപൂര്‍വ പ്രതിഭാസം തള്ളിക്കേറി വന്നുവെന്ന് ചാക്കോസാര്‍ പറയുമോ? കെ ദാമോദരന്‍, പി ഗോവിന്ദപ്പിള്ള, സി അച്യുതക്കുറുപ്പ്, സി അച്യുതമേനോന്‍, കെ പി ജി, ചെറുകാട്, തോപ്പില്‍ ഭാസി, പി ജെ ആന്റണി തുടങ്ങി എത്രയോ കമ്യൂണിസ്റ്റുകാര്‍ സാഹിത്യകലാരംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇവരെല്ലാം ആരുടെയും ക്ഷണക്കത്ത് ഇല്ലാതെതന്നെ സാഹിത്യ കലാരംഗങ്ങളില്‍ തിളങ്ങിനിന്നവരാണ്. വാഗ്ദാനമുള്ള നവമുകുളങ്ങള്‍ വേറെയുമുണ്ട്. സിപിഐ എം പ്രവര്‍ത്തകര്‍കൂടി ഭാരവാഹികള്‍ ആയിട്ടുള്ള പുരോഗമന കലാസാഹിത്യ സംഘത്തെക്കുറിച്ചാണ് ചാക്കോ സാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ അവിടെയും തെറ്റിപ്പോയിരിക്കുന്നു. മാനവികതയെ മാനിക്കുകയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുംചെയ്യുന്ന സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ആസ്വാദകരുടെയും മഹാമുന്നണിയാണ് പുരോഗമന കലാസാഹിത്യസംഘം. തത്വത്തിലെന്നപോലെ പ്രയോഗത്തിലും വീക്ഷണത്തിലെന്നപോലെ വിലയിരുത്തലിലും വിഭാഗീയത വികലമാക്കാത്ത യോജിച്ച മഹാ സാംസ്കാരിക പ്രസ്ഥാനമാണ് സംഘം. അത് ചാക്കോ സാറിന്റേതു കൂടിയാണ്. തനതായി സൃഷ്ടികള്‍ സംഭാവന ചെയ്തിട്ടില്ലെങ്കിലും ആസ്വാദകരായ സിപിഐ എം പ്രവര്‍ത്തകര്‍ സംവാദത്തിനുള്ള വേദി ഒരുക്കുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതല്ലേ? ഒരു കൃതിയുടെ മേന്മ തിട്ടപ്പെടുത്തുന്നതാരാണ്? ആരാണ് യഥാര്‍ഥ നിരൂപകന്‍? വിധികര്‍ത്താവ്?

ബഹുജനങ്ങളുടെ ഉള്ളില്‍ തട്ടിയ കൃതികള്‍ നിലനില്‍ക്കും, മറ്റുള്ളവയുടെ സ്ഥാനം കുപ്പത്തൊട്ടിയില്‍ ആണ്. നിരന്തരമുള്ള സംവാദസദസ്സുകളിലൂടെ ഉയര്‍ന്ന സംവേദനക്ഷമതയുള്ള ആസ്വാദക വൃന്ദത്തെയും തദ്വാരാ സ്വാധീനഫലമായി ഉത്തമ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതും പു ക സാ സംഘത്തിന്റെ കാഴ്ചപ്പാടാണ്. സാഹിത്യത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും മറ്റും ഉള്ള വിവാദങ്ങള്‍ ഉയരുന്നതിന് എത്രയോമുമ്പേ, കവിത്രയങ്ങളില്‍ വച്ച് താരതമ്യേന യാഥാസ്ഥിതികനായിരുന്ന മഹാകവി ഉള്ളൂര്‍ പാടി: ""പേശലമല്ലൊരു വസ്തുവുമുലകില്‍ പ്രേക്ഷകരില്ലാഞ്ഞാല്‍"" കോഴിക്കോട് സാമൂതിരിപ്പാടിന്റെ പണ്ഡിത സദസ്സിലും നാടുവാഴികളുടെ നാലുകെട്ടിനുള്ളിലും കുടുങ്ങിക്കിടന്നിരുന്ന മലയാള സാഹിത്യത്തെ പിടിച്ചിറക്കി ജനമധ്യത്തിലേക്ക് കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. അതിനുമുമ്പ്, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ്, അക്ഷരവിദ്യയിലെ ആഢ്യന്മാര്‍ കല്‍പ്പിച്ചിരുന്നത് ശൂദ്രം അക്ഷരസംയുക്തം ദൂരാത്പരിത്യജേത് എന്നായിരുന്നു.

ശൈലാര്‍ണവര്‍ത്തു വര്‍ണനയോടെയേ കാവ്യം ആരംഭിക്കാവൂ, നായകന്‍ ധീരോദാത്തനും വീരശൂര പരാക്രമിയും ആയിരിക്കണം, നായിക കുലീന ജാത സുന്ദരിയായിരിക്കണം എന്നിത്യാദി സങ്കല്പങ്ങളെല്ലാം കാലഹരണപ്പെട്ടിട്ട് വര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടിരിക്കുന്നു. സാമാന്യ ജനങ്ങളുടെ മനസ്സു തൊട്ടുണര്‍ത്താന്‍ കഴിവുള്ള ഏതൊരു എഴുത്തുകാരനെയും ജനം സ്വീകരിക്കുന്നു. ആയതിലേക്ക് ആരുടെയും തിട്ടൂരം ആവശ്യമില്ല. സാഹിത്യവും കലയും രാഷ്ട്രീയവും സമൂഹവുമെല്ലാം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും സ്ഥിതിചെയ്യുന്നു എന്നതു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

*
പയ്യപ്പിള്ളി ബാലന്‍ ദേശാഭിമാനി വാരിക 11 ജനുവരി 2013

Saturday, December 8, 2012

പി ജിയുടെ സ്വന്തം പുകസ

തുറന്ന സംവാദവേദിയായി പുരോഗമന കലാസാഹിത്യസംഘം നിലകൊള്ളണമെന്നാണ് പി ജി എന്നും ആഗ്രഹിച്ചിരുന്നത്. ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ പുരോഗമന കലാസാഹിത്യസംഘമായി വളരുന്നതില്‍ പി ജി പ്രധാന പങ്കു വഹിച്ചു.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെപ്പറ്റി അറിയിച്ചപ്പോള്‍ വിശദമായ ഒരു കത്തിലൂടെ നിരവധി നിര്‍ദേശങ്ങള്‍ അദ്ദേഹം സംഘത്തിന് അയച്ചുതരികയുണ്ടായി. നമ്മുടെ പ്രസ്ഥാനത്തിന് ഒരു പുതിയ ഉത്തേജനം നല്‍കാന്‍ പ്ലാറ്റിനം ജൂബിലി പരിപാടികള്‍ സഹായകമാകുമെന്നാണെന്റെ പ്രതീക്ഷ എന്നുപറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. പഴയ പുരോഗമന സാഹിത്യസംഘം കലാസാഹിത്യസംഘമാക്കി മാറ്റിയതിന്റെ ലക്ഷ്യം മറന്നുപോകരുതെന്ന് പി ജി ഓര്‍മിപ്പിക്കുന്നുണ്ട്. ചലച്ചിത്രം, ചിത്രരചന, സംഗീതം, നൃത്തം, നാടകം, നാടന്‍കലകള്‍ - ഇവ സംബന്ധിച്ച് ചര്‍ച്ചകളും പഠനങ്ങളും പ്രസിദ്ധീകരണങ്ങളും കൂടുതലായി ഉണ്ടാകണമെന്ന ആഗ്രഹമാണ് പി ജി പിന്നീട് വിശദീകരിക്കുന്നത്. സാഹിത്യമേഖലയില്‍ മാത്രം സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിപ്പോകരുത്. ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപത് മണിക്കൂറും സംഗീതം കേള്‍ക്കുന്ന പുതിയ തലമുറയെ ആകര്‍ഷിക്കാനായി ഒരു "സംഗീതസംഘം" രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കത്തില്‍ പറയുന്നുണ്ട്. പുരോഗമന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പാട്ടും സംഗീതവും വഹിച്ച പങ്ക് ചെറുതല്ല. പാട്ടുകാരനാണ് നാളെയുടെ ഗാട്ടുകാരന്‍ എന്ന ഒഎന്‍വിയുടെ വാക്കുകള്‍ ഓര്‍ക്കണം. ലോകത്തെവിടെയും പൊരുതുന്ന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തും ആവേശവും നല്‍കാന്‍ സംഗീതം കൂട്ടുണ്ടായിരുന്നു. ഇവിടെ നാടന്‍പാട്ടുകളെപ്പോലും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്നാണ് പി ജിയുടെ പരാതി.

ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ചലച്ചിത്ര നിര്‍മാണ രംഗത്തിടപെടുക, നാടകങ്ങള്‍ അവതരിപ്പിക്കുക -ഇതെല്ലാം പുകസ യുടെ പ്രധാന പരിപാടികളായി മാറണമെന്ന നിര്‍ദേശമാണ് അദ്ദേഹം സംഘം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. പുരോഗമന സാഹിത്യസംഘത്തിന്റെ ലക്ഷ്യങ്ങളെ രണ്ടായി തിരിച്ചുകാണണമെന്ന് പി ജി പറയുന്നു: "സാഹിത്യത്തിലും വായനയിലും ജനങ്ങളെ പ്രത്യേകിച്ചും യുവാക്കളെ തല്പരരാക്കുക എന്നതാണ് ഒരു ലക്ഷ്യം. ശില്‍പശാലകള്‍ നടത്തിയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സഹായിച്ചും ചെറുപ്പക്കാരായ സഹൃദയരെയും എഴുത്തുകാരെയും പരിശീലിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് രണ്ടാമത്തേത്. പുതിയ സാഹിത്യചിന്തകളും വിശ്വസാഹിത്യരംഗത്തെ സംഭവവികാസങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക മറ്റൊരു ലക്ഷ്യമാണ്. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ നിര്‍വഹിക്കാതെ യോഗങ്ങളും പ്രസ്താവനകളും മറ്റു ചടങ്ങുകളും കൊണ്ട് പ്രസ്ഥാനം വളരില്ല എന്ന പി ജിയുടെ അഭിപ്രായം സ്വയംവിമര്‍ശനത്തോടെ സംഘം പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളേണ്ടതു തന്നെയാണ്. പി ജി കേവലം ദാര്‍ശനികന്‍ മാത്രമല്ല - വലിയൊരു സാംസ്കാരികപ്പോരാളിയായിരുന്നു. സാംസ്കാരിക പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ വൈജ്ഞാനിക മണ്ഡലങ്ങളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. വായിക്കുന്നതോടൊപ്പം മലയാളിയെ വായിപ്പിക്കാനും മലയാളിക്കാവശ്യമായ വിജ്ഞാനസാഹിത്യം പകര്‍ന്നുനല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു. ജനങ്ങളെ രാഷ്ട്രീയവും കലയും സാഹിത്യവുമെല്ലാം അദ്ദേഹം പഠിപ്പിച്ചത് ഭൗമരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയവും ഭൗമരാഷ്ട്രീയമായിരുന്നു. ഭൂപടവും ഗ്ലോബും ഒക്കെയായി വന്ന് ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ-സാംസ്കാരിക സവിശേഷതകള്‍ ചൂണ്ടിക്കാട്ടി ക്ലാസെടുക്കുന്ന പി ജി നമുക്കെല്ലാം അപൂര്‍വ അനുഭവമായിരുന്നു. മാര്‍ക്സിസത്തിന്റെ മഹത്തായ പ്രപഞ്ചവീക്ഷണം ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രശ്നങ്ങളെ സമീപിച്ചിരുന്നത്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുന്ന പെരുമ്പാവൂര്‍ രേഖ തയ്യാറാക്കുന്നതില്‍ ഇ എം എസിനോടൊപ്പം പ്രധാന പങ്കുവഹിച്ചത് പി ജി ആണ്. ആ രേഖയുടെ ഹൃദയം ഇതാണ്: ""തത്വത്തിലെന്നപോലെ പ്രയോഗത്തിലും വീക്ഷണത്തിലെന്നപോലെ വിലയിരുത്തലിലും വിഭാഗീയത വികലമാക്കാത്ത യോജിച്ച ഒരു മഹാ സാംസ്കാരിക പ്രസ്ഥാനമാണ് കാലഘട്ടത്തിന്റെ ആവശ്യം."" ജാതിമത ചിന്തകള്‍ക്കും സങ്കുചിത കക്ഷിതാല്‍പര്യങ്ങള്‍ക്കും അതീതമായ ജനകീയ സംസ്കാര ബൃഹത് പ്രസ്ഥാനം വേണമെന്നും രേഖ പറയുന്നു. അധഃസ്ഥിത മോചനവും സാര്‍വത്രിക സ്വാതന്ത്ര്യവും സാംസ്കാരികാഭ്യുന്നതിയുമാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതു സൃഷ്ടിക്കാന്‍ നമുക്ക് കൈമുതലായുള്ളത് മാനവികതയുടെ മഹത്വമാണെന്നും രേഖ അഭിമാനത്തോടെ ഓര്‍മിപ്പിക്കുന്നു. ഈ സമീപനം നടപ്പിലാക്കാന്‍ സമര്‍പ്പിത മനസ്സുകളായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് പി ജി വെട്ടിത്തുറന്ന വഴിയേ നമുക്ക് ഇനിയും മുന്നേറാന്‍ കഴിയുക.

പി ജിയും പുരോഗമന കലാസാഹിത്യസംഘവും തമ്മിലുള്ള ബന്ധത്തില്‍ എടുത്തുപറയേണ്ട മറ്റൊരു വസ്തുത അവസാനകാലത്ത് പി ജിയെ തേടിയെത്തിയ നിരവധി അവാര്‍ഡുകളിലെ ചെറുതും വലുതുമായ തുകകള്‍ അദ്ദേഹം സംഘത്തിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് നല്‍കിയിരുന്നു എന്നതാണ്. ഇതില്‍ സമഗ്ര സംഭാവനക്കുള്ള ടി കെ രാമകൃഷ്ണന്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും ഉള്‍പ്പെടുന്നു. പി ജിയുടെ മറ്റൊരഭിലാഷം തിരുവനന്തപുരം കേന്ദ്രമാക്കി പ്രഫ. ജോസഫ് മുണ്ടശ്ശേരിക്ക് സ്മാരകമുണ്ടാകുക എന്നതായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍കൈയില്‍ മുണ്ടശ്ശേരി സ്മാരകത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി അതിന്റെ അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് പി ജി വിടവാങ്ങുന്നത്.

*
പ്രൊഫ. വി എന്‍ മുരളി ദേശാഭിമാനി വാരിക

Saturday, October 20, 2012

കെ ദാമോദരന്‍ ധിഷണാശാലിയായ കമ്യൂണിസ്റ്റ്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്ത ദാര്‍ശനികരില്‍ പ്രധാനിയാണ് കെ ദാമോദരന്‍. സി അച്യുതമേനോന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഉന്നതനായ ബുദ്ധിജീവിയുടെ ചിന്താപരതയും പ്രഗത്ഭനായ പ്രക്ഷോഭകാരിയുടെ വൈകാരികതയും ഒത്തിണങ്ങിയ അപൂര്‍വ വ്യക്തിയാണ് കെ ദാമോദരന്‍. ഇഎംഎസ് കഴിഞ്ഞാല്‍ രാജ്യത്തെ അറിയപ്പെടുന്ന മലയാളി കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം വ്യാപരിക്കാത്ത മേഖലകളില്‍ ഇല്ലെന്നു പറയുന്നതാവും ശരി. 1912 മുതല്‍ 1976 വരെ നീണ്ടുനിന്ന ജീവിതവും ദാര്‍ശനിക സംഭാവനകളും ആഴത്തില്‍ വിലയിരുത്തേണ്ടിയിരിക്കുന്നു. ജന്മശതാബ്ദി അതിനു പറ്റുന്ന സന്ദര്‍ഭം കൂടിയാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ നല്ല പങ്കും വിപണിയില്‍ ലഭ്യമല്ല. എന്നാല്‍, പ്രഭാത് ബുക്സ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. താരിഖ് അലി, കെ ദാമോദരനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും രാഷ്ട്രീയനിലപാടുകളുടെയും പ്രത്യയശാസ്ത്ര സമീപനങ്ങളുടെയും വ്യത്യസ്ത ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്നതാണ്. ദാമോദരന്റെ ശക്തിയും ദൗര്‍ബല്യവും ഈ അഭിമുഖം വരച്ചിടുന്നു.

പിജി എഴുതിയ ജീവചരിത്രം അദ്ദേഹത്തെ ശരിയായി തിരിച്ചറിയുന്നതിന് സഹായകരമാണ്. ദാര്‍ശനികന്‍, മാര്‍ക്സിസ്റ്റ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, നാടകകൃത്ത്, പുരോഗന സാഹിത്യകാരന്‍, എന്നിങ്ങനെ എത്ര തലങ്ങളിലാണ് ദാമോദരന്‍ തന്റെ ജീവിതത്തെ മാറ്റിതീര്‍ത്തത്. മാര്‍ക്സ് സൂചിപ്പിച്ചതുപോലെ മനുഷ്യനെ സംബന്ധിച്ച ഒന്നും തനിക്ക് അന്യമല്ലെന്ന വാക്കുകള്‍ എല്ലാ തരത്തിലും ദാമോദരന് ബാധകമായിരുന്നു. പ്രകടപരതയുടെ പൊടിക്കൈകള്‍ ഒന്നുമില്ലാതെ കാമ്പുള്ള പ്രസംഗം കൊണ്ട് കേള്‍വിക്കാതെ തന്നിലേക്ക് ചേര്‍ത്ത് പിടിക്കാന്‍ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. തിരുവന്തപുരത്തെ യൂത്ത് ലീഗ് പ്രസംഗവും 1959ലെ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം നടത്തിയ പ്രസംഗവും പലരും പ്രത്യേകം പരാമര്‍ശിക്കുന്നതാണ്. അദ്ദേഹത്തിന്റെ ദാര്‍ശനിക ഇടപ്പെടലില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടേണ്ടത് "ഇന്ത്യയുടെ ആത്മാവും ഭാരതീയ ചിന്ത"യുമാണ്. ചരിത്രപരമായ ബൗദ്ധികവാദത്തിന്റെ അടിസ്ഥാനത്തില്‍ പ്രാചീന ഇന്ത്യയുടെ ദര്‍ശനത്തെ പരിശോധിക്കുകയാണ് ദാമോദരന്‍ ചെയ്യുന്നത്. ഇന്ന് നോക്കുമ്പോള്‍ അതില്‍ ചില പരിമിതികള്‍ കണ്ടെന്നുവരും. എന്നാല്‍, അത് വിപ്ലവകരമായ ഒരു ദാര്‍ശനിക ഇടപ്പെടലായിരുന്നു. പഴയതിനെയെല്ലാം നിഷേധിക്കുകയും അതിനെ മൗലിക വാദികള്‍ക്കും വര്‍ഗീയശക്തികള്‍ക്കും വിട്ടുകൊടുക്കുകയും ചെയ്യുന്ന രീതിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രീതിയാണ് ദാമോദരന്‍ പിന്തുടര്‍ന്നത്. പ്രാചീന ഭാരതീയ ദര്‍ശനങ്ങള്‍ ആത്മീയവാദത്തിന്റെ മാത്രം രംഗമാണെന്ന ചിലരുടെ പ്രചാരവേലയെ പൊളിച്ചെഴുതുകയാണ് ഈ കൃതികളിലൂടെ ചെയ്യുന്നത്. എന്നാല്‍, ആശയവാദത്തിന്റെ സംഭാവനകളെയും പൂര്‍ണമായും നിരാകരിക്കുന്നില്ല. സാഖ്യം, വൈശേഷികം, ന്യായം, യോഗം, മീമാംസ തുടങ്ങിയ ദര്‍ശനങ്ങളെ സംബന്ധിച്ചും ഉപനിഷത്തുകളും ഭഗവദ്ഗീതയും വേദാന്തങ്ങളും അദൈ്വതവും വിമര്‍ശനവും തുടങ്ങി എല്ലാ തലങ്ങളിലൂടെയും സഞ്ചരിച്ച് വിമര്‍ശനാത്മക അവബോധം രൂപപ്പെടുത്തുന്നതിനാണ് ശ്രമിച്ചത്. ഇവയുടെയെല്ലാം സാമൂഹ്യ സാമ്പത്തിക അടിത്തറയും ദാമോദരന്‍ വിമര്‍ശനവിധേയമാക്കുന്നു. ചാര്‍വാക ദര്‍ശനത്തെ സംബന്ധിച്ചും അവയുടെ മുന്‍ഗാമിയായി പരിഗണിക്കപ്പെടുന്ന അജിതകേശബലിയുടെ ദള്‍ശനത്തെ സംബന്ധിച്ചുംവരെ അദ്ദേഹം ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

നാലു ഭൗതിക പദാര്‍ഥങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യനെന്നും മനുഷ്യന്‍ മരിക്കുമ്പോള്‍ ദേഹത്തോടൊപ്പം ദേഹിയും നാമവശേഷമാകുന്നുവെന്നും പിന്നെയൊന്നും അവശേഷിക്കുന്നില്ലെന്നുമുള്ള കേശബലിയുടെ കാഴ്ചപാടില്‍നിന്ന് ആരംഭിച്ച് ലോകയാതത്തിലൂടെ സഞ്ചരിച്ച് ഭാരതീയദര്‍ശനത്തിന്റെ ഭൗതികപാരമ്പര്യത്തെ ഉയര്‍ത്തിപിടിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ എംഗല്‍സ് ആന്റിദൂറിങ്ങില്‍ സൂചിപ്പിച്ച പ്രാചീന ചരിത്രാന്വേഷണത്തിന്റെ പ്രധാന്യം ദാമോദരന്‍ തിരിച്ചറിഞ്ഞു. ത്വാതികമായ ചിന്ത മനുഷ്യന്റെ സഹജമായ ശക്തിയെന്ന നിലക്ക് അവനില്‍ അന്തര്‍ലീനമായ ഒരു ഗുണവിശേഷമാണ്. ഈ സഹജമായ ശക്തിയെ വളര്‍ത്തുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുന്‍കാല തത്വചിന്തയുടെ പഠനത്തേക്കാളും സഹായകരമായ മറ്റൊരു മാര്‍ഗമില്ല. ഏംഗല്‍സിന്റെ ഈ കാഴ്ചപാടിന് അനുസൃതമായി ഭാരതീയ ചിന്തയെ വിലയിരുത്തി ദാമോദരന്‍ എത്തിച്ചേരുന്ന നിഗമനം ഇങ്ങനെയാണ്. വിശ്വചിന്താഭണ്ഡാരത്തിലേക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഭാരതീയ തത്വചിന്തയില്‍ ആത്മീയവാദമുണ്ട്, ഭൗതികവാദമുണ്ട്. പ്രതിലോമപരവും, പുരോഗമനപരവുമായ ഘടകങ്ങളുമുണ്ട്. ഇന്ത്യന്‍ ജനത ശതാബ്ദങ്ങളിലൂടെ ആര്‍ജിച്ച സൈദ്ധാന്തിക അനുഭവങ്ങളാണവ. അവയാണ് ആധുനിക ഭാരതീയ ചിന്തയുടെ അടിത്തറ. അവയിലടങ്ങളിയ പുരോഗമാത്മകങ്ങളായ ഉല്‍കൃഷ്ടാംശങ്ങളെ സ്വാംശീകരിക്കാതെ ഭാരതീയ സംസ്കാരത്തെ ആധുനിക സാമൂഹ്യജീവിതത്തിന് അനുയോജ്യമായി വളര്‍ത്താന്‍ കഴിയില്ല.

തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഈ പഠനം ഒഴിവാക്കാനാവാത്തതാണ്. രാഹുല്‍ സാംകൃതായനും ദേവീപ്രസാദ് ചതോ്യപാധ്യായും മറ്റും നടത്തിയ ദാര്‍ശനിക പഠനത്തിന്റെയും കൊസാംബിയുടേയും റോമിലഥാപ്പറുടേയും മൂന്‍കാല ഇന്ത്യയുടെ ചരിത്രാന്വേഷണത്തിന്റെയും ആധികാരികതയുമായി താരതമ്യം ചെയ്യുവാന്‍ കഴിയുംവിധം സമ്പന്നമായ അന്വേഷണങ്ങളാണ് ദാമോദരന്‍ നടത്തിയത്. ഇത്രയും ആഴത്തില്‍ ഭാരതീയ സംസ്കാരത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യന്‍ കമ്യൂണിസ്റ്റ് ഉണ്ടോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ പരിമിതികളെ മറികടന്ന് അത് ചെന്നെത്തിയ നിഗമനങ്ങളെ സ്വാശീകരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കഴിഞ്ഞോയെന്നത് ഗൗരവമായി പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്.

ഇന്നത്തെ ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ സംസ്കാരത്തെ തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്കായി അപകടകരമായി ദുരുപയോഗം ചെയ്യുന്നുവെന്നു കൂടി തിരിച്ചറിയുമ്പോള്‍ ഈ വിമര്‍ശനം കൂടുതല്‍ പ്രസക്തമാണ്. ദാര്‍ശനികമായ അന്വേഷണങ്ങള്‍ കേവലമായ ധൈഷണിക വ്യായാമമല്ല. അത് പ്രയോഗത്തിനുള്ള വഴികാട്ടിയാണ്. പല ഘട്ടങ്ങളിലും കമ്യൂണിസ്റ്റ് ദാര്‍ശനികന്‍മാര്‍ അത്തരം ഇടപ്പെടലുകള്‍ നടത്തുന്നത് പ്രയോഗ പ്രതിസന്ധിയെ മറികടക്കുന്നതിനു കൂടിയാണ്. പ്രാചീന ഭാരതീയ സംസ്കാരത്തെ കുറിച്ചുള്ള മാര്‍ക്സിയന്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രയോഗം കൂടി ആവിഷ്കരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് കഴിയേണ്ടതാണ്. ഇത്തരം പ്രയോഗങ്ങള്‍ പുതിയ സംഘടനാരൂപങ്ങളിലേക്കും നയിച്ചെന്നുവരാം. അക്കാര്യത്തില്‍ പല പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്ന സ്വയം വിമര്‍ശനം പലപ്പോഴും നടത്തിയിട്ടുണ്ടെങ്കിലും ഈ ദര്‍ൗബലം ഇപ്പോഴും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. അത്തരം ഇടപെടലുകളുടെ അഭാവം തുറന്നിട്ട സാധ്യത ഉപയോഗിച്ചാണ് സ്വത്വരാഷ്ട്രീയം ഉള്‍പ്പെടെയുള്ളവയും ശക്തിപ്രാപിക്കാന്‍ ശ്രമിക്കുന്നത്. സ്വത്വപ്രശ്നം കൈകാര്യം ചെയ്യുന്നതിലും ഇടപ്പെടുന്നതിലും കമ്യൂണിസ്റ്റ് പാര്‍ടിക്ക് വേണ്ടത്ര കഴിയാതെ പോയത് ഇത്തരം അന്വേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും അതിനെ രാഷ്ട്രീയ പ്രയോഗമായി വികസിപ്പിക്കുന്നതിലും പറ്റിയ പാളിച്ചകളുടെ കൂടി ഭാഗമാണ്. സിപിഐഎമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് സ്വത്വരാഷ്ട്രീയത്തെ ശക്തമായി തുറന്നുകാട്ടുന്നതോടൊപ്പം ഈ പരിമിതി കൂടി എടുത്തുപറയുന്നുണ്ട്.

മാര്‍ക്സിസത്തെ മാര്‍ക്സിലും എംഗല്‍സിലും ലെനിനിലും സ്റ്റാലിനിലും മറ്റും മാത്രമായി പരിമിതപ്പെടുത്താന്‍ ദാമോദരന്‍ തയ്യാറായിരുന്നില്ല. ഗ്രാംഷിയും ലൂക്കാച്ചും റോസാ ലക്സംബര്‍ഗും മറ്റും ഉള്‍പ്പെടുന്ന മാര്‍ക്സിസ്റ്റ് ചിന്തകരുടെ ഇടപ്പെടലുകളെ പഠിക്കുന്നതിനും വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനും ആവശ്യമായവയെ ഗുണപരമായി സ്വാംശീകരിക്കുന്നതിനും തയ്യാറാകണമെന്ന നിലപാട് 1975ല്‍ താരിഖ് അന്‍വറുമായി നടത്തിയ അഭിമുഖത്തില്‍ ദാമോദരന്‍ ഊന്നിപ്പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ അക്കാലത്ത് എത്ര മാര്‍ക്സിസ്റ്റുകാര്‍ ഗ്രാംഷിയെയും മറ്റും കുറിച്ച് കേട്ടിട്ടുണ്ടാകും. മലയാളത്തില്‍ ഗ്രാംഷിയെ സംബന്ധിച്ച പരിമിതമായ രചനകള്‍ വരുന്നതുതന്നെ എത്ര കാലം കഴിഞ്ഞാണ്. നിരന്തരം നവീകരിച്ചും പ്രയോഗത്തിന്റെ അനുഭവത്തില്‍ നിരന്തരം തിരുത്തിയും മെച്ചപ്പെടുത്തിയും മാത്രമേ മാര്‍ക്സിസത്തിനു മുന്നോട്ടുപോകാനാവൂവെന്ന് ദാമോദരന്‍ മനസിലാക്കിയിരുന്നു. മാര്‍ക്സിന്റെ മൂലധനവും മറ്റു കൃതികളും ആഴത്തില്‍ മനസിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തില്‍ അര്‍ഥശാസ്ത്രമേഖലയിലും അദ്ദേഹം സംഭാവനകള്‍ നല്‍കി. അക്കാലത്ത് ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് അധികമാളുകള്‍ ഉണ്ടായിരുന്നില്ല. അര്‍ഥശാസ്ത്ര സൂചികകളെ ലളിതമായി പഠിപ്പിക്കുന്നതിനും മുതലാളിത്ത ചൂഷണത്തെ തുറന്നുകാണിക്കുന്നതിനും ദാമോദരന്റെ കൃതികള്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇഎംഎസിനെ പോലെ ദാമോദരനും തിരിച്ചറിഞ്ഞിരുന്നു. അതിനു കഴിയണമെകില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ആശയപരമായി സജ്ജമാക്കേണ്ടതുണ്ട്. അതിനായുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ രചനകള്‍. ദാമോദരന്റെ രാഷ്ട്രീയ നിലപാടുകളുടെ ചരിത്രം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ആദ്യം കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും കമ്യൂണിസ്റ്റ് പാര്‍ടിയിലുമായി രാഷ്ട്രീയ പ്രവര്‍ത്തനം. കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിലയുറപ്പിച്ചു. ഒടുവില്‍ പല കാരണങ്ങളാലും അവരുമായി ഇടഞ്ഞു. എങ്കിലും സിപിഐ അംഗമായി ജീവിതാവസാനം വരെ തുടര്‍ന്നു. തുടക്കത്തില്‍ ശക്തനായ സ്റ്റാലിന്‍ ആരാധകനായിരുന്നു ദാമോദരന്‍. പിന്നീട് കടുത്ത സ്റ്റാലിന്‍ വിരുദ്ധനായി. ആ ഘട്ടത്തില്‍ അന്ധമായി ക്രൂഷ്ചേവിനെ പിന്തുണച്ചു. പിന്നീട് അതിലും നിരാശനായി. ഇത്തരം സന്ദര്‍ഭങ്ങളെ മനസില്‍വെച്ച് ആന്തരിക വിമര്‍ശകനായിരുന്നു കെ ദാമോദരന്‍ എന്ന് കെ എന്‍ പണിക്കര്‍ വിലയിരുത്തുന്നുണ്ട്. അത്തരം ആന്തരിക വിമര്‍ശകരെ ഉള്‍ക്കൊള്ളുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാസംവിധാനം പ്രാപ്തമല്ലെന്ന വിമര്‍ശനം ചില സുഹൃത്തുക്കള്‍ ക്രിയാത്മകമായി ഉയര്‍ത്തുന്നുമുണ്ട്.

എന്നാല്‍ ദാമോദരന്റെ നിലപാടുകളെ സംബന്ധിച്ച് കുറെക്കൂടി ശരിയായ വിലയിരുത്തല്‍ നടത്തിയിട്ടുള്ളത് സി അച്യുതമേനോനായിരിക്കും. അതിങ്ങനെയാണ്: ""ദാമോദരന്റെ സ്വഭാവത്തിന്റെ ഒരു സവിശേഷത ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ഓരോകാലത്ത് ഓരോ നിലപാട് എടുക്കുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ തന്റെ ബുദ്ധിയുടെ ആവനാഴിയിലുള്ള സകല അസ്ത്രങ്ങളും എടുത്ത് പ്രയോഗിക്കും. ആ അഭിപ്രായങ്ങളുടെ അങ്ങേ തലയ്ക്കലായിരിക്കും അദ്ദേഹം നില്‍ക്കുക. പക്ഷേ അഭിപ്രായം തെറ്റിപ്പോയിയെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ പലപ്പോഴും പോകുന്നത് വിരുദ്ധാഭിപ്രായത്തിന്റെ അങ്ങേത്തലക്കലായിരിക്കും.

പഴയപോലെ വീറോടെ തന്റെ ആയുധങ്ങള്‍ ഇങ്ങോട്ടുതിരിച്ചുവെയ്ക്കുകയായി. ഒരു മധ്യമാര്‍ഗം എന്നുള്ളത് രാഷ്ട്രീയ ജീവിതത്തില്‍ കാണാനാവില്ല"". ഇതു കാണിക്കുന്നത് ദാമോദരന്റെ ആന്തരിക വിമര്‍ശനത്തിന്റെ ആത്മാര്‍ഥതയും അതിന്റെ ദൗര്‍ബല്യവുമാണ് . സ്റ്റാലിന്‍ എന്ന വിഗ്രഹം തകര്‍ന്നതിനെപ്പറ്റി താരിഖ് അന്‍വറുമായുള്ള അഭിമുഖത്തില്‍ ദാമോദരന്‍ വിശദീകരിക്കുന്നുണ്ട്. സ്റ്റാലിനോടുള്ള അന്ധമായ ആരാധനയുടെ ഘട്ടത്തില്‍ ലെനിന്‍ കണ്ട ദൗര്‍ബല്യങ്ങള്‍ പോലും തിരിച്ചറിയാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞില്ലെന്ന ദൗര്‍ബല്യം ദാമോദരന്റെ സമീപനത്തിലും പ്രതിഫലിക്കുന്നുണ്ട്. കലയെയും സാഹിത്യത്തെയും തുടങ്ങി സമ്പദ്ഘടനയും സംഘടനയും ഉള്‍പ്പെടെ എല്ലാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും വിശകലനം ചെയ്യുന്നതില്‍ ദാമോദരന്‍ ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ധരിച്ചിരുന്നത് സ്റ്റാലിനെയാണ്. എന്നാല്‍, സ്റ്റാലിനെ സംബന്ധിച്ച അന്ധമായ വിമര്‍ശനത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ പൂര്‍ണ്ണമായും കാണാതിരിക്കുന്ന രീതിയുമുണ്ട്. ഈ സംഭാവനകള്‍ നേരത്തെ അദ്ദേഹം തന്നെ നന്നായി പ്രചരിപ്പിച്ചിരുന്നവയാണുതാനും.

ആന്തരിക വിമര്‍ശനങ്ങളെ ഗുണപരമായി സ്വാംശീകരിക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനാധിപത്യ സംവിധാനത്തിനു കഴിവുണ്ടോ? അത്തരം വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുകയും അത് ഉന്നയിച്ചവരെ ഇല്ലാതാക്കുകയും ചെയ്യുന്ന സംഘടനാസംവിധാനമാണോ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുള്ളതെന്ന കാര്യം ഇന്നും ഗൗരവമായി സമിപിക്കേണ്ട ചോദ്യമാണ്. എല്ലാ വിമര്‍ശനങ്ങളും ഉന്നയിക്കുന്നതിനുള്ള സ്വാതന്ത്ര്യം കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനാധിപത്യകേന്ദ്രീകരണം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍, അത് അരാജകത്വത്തിലേക്കോ ഏകാധിപത്യത്തിലേക്കോ വഴുതി വീഴാതിരിക്കുന്നതിനുള്ള നിരന്തരമായ ജാഗ്രത ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂട്ടായി എടുക്കുന്ന തീരുമാനങ്ങളില്‍ ചിലത് പ്രയോഗത്തില്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നു വരാം. പിന്നീട് അത് ഉള്‍ക്കൊള്ളുകയും തിരുത്തുകയും ചെയ്യേണ്ടിവരും. തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ അതിനെ വിമര്‍ശിച്ച ന്യൂനപക്ഷം സ്വകരിച്ച നിലപാടായിരുന്നു ശരിയെന്ന് ചിലപ്പോള്‍ കണ്ടെത്തിയെന്നുവരാം. എന്നാല്‍, അതുകൊണ്ട് ന്യൂനപക്ഷനിലപാട് സ്വീകരിച്ചിരുന്നവര്‍ക്ക് പ്രയോഗത്തിന്റെ ഘട്ടത്തില്‍തന്നെ പരസ്യമായി അതിനെ എതിര്‍ക്കാന്‍ കഴിയുമോ? അങ്ങനെയൊരു വിശാല സ്വാതന്ത്ര്യം വിപ്ലവലക്ഷ്യം നിറവേറ്റുന്നതിനു സഹായകരമായിരിക്കില്ലെന്നു മാത്രമല്ല വര്‍ഗശത്രുക്കളെ സഹായിക്കുക കൂടിയായിരിക്കും.

ദാമോദരന്റെ രാഷ്ട്രീയ ജീവിതത്തില്‍ എടുത്ത എല്ലാ വ്യക്തിപരമായ നിലപാടുകളും ശരിയെന്നു പിന്നീട് തെളിഞ്ഞിട്ടുണ്ടോ? പാലക്കാട് പാര്‍ടി കോണ്‍ഗ്രസില്‍ പി സി ജോഷിയുടെ നേതൃത്വത്തില്‍ അദ്ദേഹം അവതരിപ്പിച്ച രേഖയിലെ നിഗമനങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ എന്തായിരിക്കും കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥിതിയെന്ന വിമര്‍ശനവും പ്രസക്തം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളെ തന്നെ പാര്‍ടി തള്ളികളഞ്ഞ നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. ആന്തരിക വിമര്‍ശനങ്ങള്‍ നേതൃത്വ നിലപാടുകള്‍ തിരുത്തുന്നതിലേക്ക് വരെ നയിച്ച ചരിത്ര സന്ദര്‍ഭങ്ങളാണവ. അവയോരോന്നും അക്കമിട്ട് വിവരിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ തുനിയുന്നില്ല. ഇഎംഎസ് വ്യക്തിപരമായി സ്വീകരിച്ച പല നിലപാടുകളെയും പാര്‍ടി കൂട്ടായി ചര്‍ച്ച ചെയ്ത് തിരുത്തിയ സന്ദര്‍ഭങ്ങളും കാണാന്‍ കഴിയും. താന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പാര്‍ടി നിലപാട് വിശദീകരിക്കുന്ന ഇഎംഎസിനെയായിരിക്കും പിറ്റേ ദിവസം ദേശാഭിമാനിയില്‍ കാണുക. എന്നാല്‍, പാര്‍ടിക്കകത്തെ നയരൂപികരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അവയെ ഭിന്നിപ്പായും മറ്റും ചിത്രീകരിക്കുന്നവര്‍ ഈ പ്രക്രിയയെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്. അതുപോലെ നയരൂപീകരണത്തിനുശേഷവും തന്റെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അതു തന്നെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഒരു സംഘടനക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അത് പല ഘട്ടങ്ങളിലും ഇഎംഎസിനെ പോലെ തന്നെ ദാമോദരനും പഠിപ്പിച്ച പാഠമാണ്. പാര്‍ടിയോടുള്ള വിധേയത്വത്തിന്റെ കാര്യത്തില്‍ ദാമോദരനും വിട്ടുവീഴ്ചകള്‍ കാണിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. താന്‍ വ്യക്തിപരമായി കൈകൊണ്ട നിലപാടിന് കടകവിരുദ്ധമായി പാര്‍ടി കൂട്ടായി എടുത്ത തീരുമാനം പ്രചരിപ്പിക്കുന്നതില്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന കെ ദമോദരനെയാണ് പാര്‍ടി എക്കാലത്തും അനുസ്മരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സിപിഐയിലാണ് നിന്നത്. എന്നാല്‍, അത് പാര്‍ടി പിളരുതെന്ന വൈകാരിക സമീപനത്തിന്റെ ഭാഗമായി എടുത്ത തീരുമാനമാണെന്ന് അദ്ദേഹം താരിഖ് അലിയോട് പറയുന്നുണ്ട്. ആ അഭിമുഖത്തില്‍ രണ്ടു പാര്‍ടികളുടെ സമീപനങ്ങളോടും വിയോജിക്കുകയാണ് ചെയ്യുന്നത്. എന്നുവെച്ച് സിപിഐഎയില്‍ നിന്നത് തെറ്റാണെന്ന് അദ്ദേഹം കാണുകയും ചെയ്യുന്നില്ല.

ദാമോദരന്റെ ഇടപെട്ട മറ്റൊരു പ്രധാന മേഖല സാഹിത്യമാണ്. അദ്ദേഹം കഥയും കവിതയും നാടകവും എഴുതി. കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി ഇഎംഎസിന്റെ നിര്‍ദ്ദേശമനുസരിച്ച് എഴുതിയ നാടകം പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. മലയാളത്തിലെ വിജയിച്ച ആദ്യരാഷ്ട്രീയ നാടകമായാണ് സി ജെ തോമസ് പാട്ടബാക്കിയെ കണ്ടത്. പാട്ടബാക്കിക്ക് ഒരു ചരിത്രരേഖയുടെ വിലകല്‍പ്പിച്ചാല്‍ മാത്രം പോരെന്നും അത് സാഹിത്യത്തിലെന്നപോലെ സമൂഹത്തിലും കോളിളക്കമുണ്ടാക്കിയെന്നും എസ് ഗുപ്തന്‍നായര്‍ വിശദീകരിച്ചിരുന്നു. ലക്ഷ്യം പൂര്‍ണമായും നിറവേറ്റിയെന്നു പറയാവുന്ന ഈ നാടകത്തില്‍ കെ ദാമോദരനും അഭിനയിച്ചിരുന്നു. മാര്‍ക്സിയന്‍ വീക്ഷണത്തില്‍ സാഹിത്യത്തെ സമിപിച്ചവരില്‍ പ്രധാനിയാണ് കെ ദാമോദരന്‍. സാമൂഹ്യജീവിതത്തിന്റെ പ്രതിഫലനമാണ് സാഹിത്യം എന്ന് അദ്ദേഹം വിശ്വസിച്ചു. പുരോഗമനസാഹിത്യത്തിനെതിരായി ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് ആധികാരികമായി മറുപടി പറഞ്ഞ് സംവാദം ശക്തിപ്പെടുത്തുന്നതില്‍ ദാമോദരന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ബല്‍സാക്ക് വായനയും ലെനിന്റെ ടോള്‍സ്റ്റോയി വിലയിരുത്തലും ദാമോദരന്‍ പിന്തുടരുന്നത് കാണാന്‍ കഴിയും. പുകസയുടെ പെരുമ്പാവൂര്‍ രേഖയുടെ സമീപനത്തിന്റെ ചില സൂചനകള്‍ അന്നേ ദാമോദരന്റെ രചനകളില്‍ കാണാന്‍ കഴിയും. എന്നാല്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ തൃശ്ശൂര്‍ സമ്മേളനത്തെയും അതിനെ തുടര്‍ന്നുണ്ടായ സംവാദങ്ങളെയും സംബന്ധിച്ച് പിന്നീട് ദാമോദരന്‍ സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു. പാര്‍ടി പിളര്‍ന്നതിനുശേഷം, ഇഎംഎസുമായി ഇതു സംബന്ധിച്ച് പരസ്യസംവാദങ്ങള്‍ നടത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്. പുരോഗമനസാഹിത്യം പഴമയുടെ നിരാകരണമാണെന്ന ചിലരുടെ വാദം നിഷ്കരുണം ദാമോദരന്‍ തള്ളിക്കളഞ്ഞു.

1953ലെ അഖിലേന്ത്യാപുരോഗമന സാഹിത്യസമ്മേളനത്തിന്റെ മാനിഫെസ്റ്റോ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു സാംസ്കാരിക പൈതൃകമുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ വിമര്‍ശിച്ചവര്‍ കമ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസിന്റെ ആര്‍ഷസംസ്കാരത്തെ പിന്തുണക്കുന്നുവെന്നുവരെ ആരോപിച്ചു. ഇതിനെ ശക്തമായി വിമര്‍ശിച്ച ദാമോദരന്‍ പാരമ്പര്യത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള മാര്‍ക്സിയന്‍ നിലപാടുകള്‍ ഉയര്‍ത്തിപിടിച്ചു. സാംസ്കാരിക പൈതൃകത്തിലെ മഹത്തരവും മനോഹരവുമായ ഘടകങ്ങളെപ്പോലും എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഭുതത്തോടല്ല, ഭാവിയോടാണ് യുദ്ധം വെട്ടുന്നത്. എന്തുകൊണ്ടെന്നാല്‍ മനുഷ്യസമുദായത്തിന് ഇതുവരെ ഉണ്ടായ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഭാവി കെട്ടുപ്പെടുക്കാന്‍ കഴിയില്ല. വര്‍ത്തമാനകാലത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് മനുഷ്യന്‍ ഭാവിയുടെ മാളിക കെട്ടിപ്പൊക്കുന്നത്. വര്‍ത്തമാനത്തിന്റെ വേരുകളാകട്ടെ ഭൂതകാലത്തില്‍ ആണ്ടിറങ്ങികിടക്കുകയും ചെയ്യുന്നു. രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ടെക്നിക്കുകള്‍ക്കും വര്‍ത്തമാനം ഭൂതത്തെ ആശ്രയിക്കുന്നു. പാരമ്പര്യത്തോടുള്ള ബഹുമാനം ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കലല്ല, ഭാവിയിലേക്ക് പോകാനുള്ള വഴിയൊരുക്കലാണ്. പാരമ്പര്യം ഉപയോഗിക്കാതെ ഭാവികെട്ടിപ്പെടുക്കാനാവില്ല. ഈ കാഴ്ചപ്പാട് എത്രമാത്രം പ്രായോഗികമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പിന്നീട് കഴിഞ്ഞുവെന്നത് പരിശോധനയുടെ വിഷയമാണ്.

സാഹിത്യത്തിലും മറ്റും തൊഴിലാളിയെ ചിത്രീകരിക്കുമ്പോള്‍ സദ്ഗുണസമ്പന്നമായിരിക്കണമെന്ന ചിലരുടെ വാശിയെ പരിഹസിക്കുന്നുണ്ട് അദ്ദേഹം. സാഹിത്യ സൃഷ്ടിയെ നിരൂപണം ചെയ്യുമ്പോള്‍ അതു രചിക്കപ്പെട്ട കാലഘട്ടത്തെയും സാമൂഹ്യജീവിതത്തെയും കണക്കിലെടുക്കണമെന്ന് ദാമോദരന്‍ നിഷ്കര്‍ഷിക്കുന്നത് മാര്‍ക്സിന്റെ വാദങ്ങളെ പിന്തുടര്‍ന്നാണ്. എന്നാല്‍, സിനിമയിലോ സാഹിത്യത്തിലോ ഏതെങ്കിലും കഥാപാത്രം ഉപയോഗിക്കുന്ന ഒരു വാക്കോ പ്രതീകമോ അടര്‍ത്തിയെടുത്ത് അത്തരം സൃഷ്ടികള്‍ പുരോഗമനവിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ചില നിരൂപകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടാകുമോ? നിരൂപകരെ പലപ്പോഴും രൂക്ഷവിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. സാഹിത്യകാരന്റെ സര്‍ഗപ്രതിഭയെ സ്വന്തം സങ്കുചിതത്വം കൊണ്ട് അളക്കാനാണ് മിക്കവാറും നിരൂപകരും ശ്രമിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച അഴിക്കോടിനെയും മുണ്ടശ്ശേരിയെയും അതിനിശിതമായി വിമര്‍ശിക്കുന്ന നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. വൃത്തത്തെയും പദ്യരൂപത്തെയും നിഷേധിച്ച പുതിയ തലമുറയെ വിമര്‍ശിച്ച് പദ്യരൂപത്തിലുള്ള കവിതയുടെ പ്രാധാന്യത്തെ ആധികാരികമായി അവതരിപ്പിച്ച ദാമോദരന്റെ സമീപനം ചില ഘട്ടങ്ങളില്‍ മറ്റു രൂപത്തിലുള്ള കവിതകളെ തള്ളിക്കളയുന്നതിലേക്ക് വരെ എത്തിയെന്നത് വിമര്‍ശനാത്മക പരിശോധനയുടെ ഒരു ഭാഗമാണ്. എന്നാല്‍, ഇതേ ദാമോദരന്‍ മറ്റു പുരോഗമന ചിന്താഗതിക്കാരില്‍നിന്ന് വ്യത്യസ്തമായി ആധുനികതാ പ്രസ്ഥാനത്തെ അന്ധമായി എതിര്‍ക്കാതെ അതിനെ അസ്വസ്ഥതയുടെ പ്രതിഫലനമായി വിലയിരുത്തുകയും ചെയ്യുന്നത് ഒറ്റ നോട്ടത്തില്‍ വിരോധാഭാസമായി തോന്നിയേക്കാം. ഭാഷയെ സംബന്ധിച്ച വിലയിരുത്തലിന് ദാദോദരന്‍ കൂടുതലായി ആശ്രയിച്ചത് സ്റ്റാലിന്റെ മാര്‍ക്സിസവും ഭാഷശാസ്ത്രവും എന്ന കൃതിയെയാണ്.

ഭാഷയുടെ വളര്‍ച്ചയെ സംബന്ധിച്ച് സ്റ്റാലിന്റെ നിഗമനം അദ്ദേഹം പലപ്പോഴും ഉദ്ധരിക്കുന്നുണ്ട്. പൊട്ടിത്തെറിയിലൂടെയല്ല, നിലവിലുള്ള ഭാഷയെ നശിപ്പിച്ച് പുതിയത് സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെയല്ല പ്രത്യുത പുതിയ ഗുണത്തിന്റെ ഘടകങ്ങള്‍ ക്രമത്തില്‍ ശക്തിപ്പെട്ടുവരികയും പഴയ ഗുണത്തിന്റെ ഘടകങ്ങള്‍ ക്രമത്തില്‍ മാഞ്ഞുപോകുന്നതിലൂടെയുമാണ് പഴയതില്‍നിന്ന് പുതിയതിലേക്ക് ഭാഷയുടെ മാറ്റം സംഭവിക്കുന്നത്. ഭാഷയെ ഇത്രമാത്രം ആഴത്തില്‍ മാര്‍ക്സിയന്‍ സമീപനത്തില്‍ വിശകലനത്തിനു വിധേയമാക്കിയ മറ്റൊരാള്‍ മലയാളത്തില്‍ ഉണ്ടെന്നുപറയാനാവില്ല. എന്നാല്‍, വാക്കിനെയും ഭാഷയെയും സംബന്ധിച്ച വിശകലനങ്ങള്‍ പിന്നെയും വികസിച്ചുകൊണ്ടിരുന്നുവെന്നത് കാണാതിരുന്നുകൂടാ. വാക്കിന്റെ രാഷ്ട്രീയ പ്രയോഗങ്ങളെ സംബന്ധിച്ച ആധുനിക മാര്‍ക്സിസ്റ്റ് വിശകലനങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കടമയാണ് ഇന്നത്തെ തലമുറക്കുള്ളത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളത്തിലെ ആദ്യഘടകത്തിലെ അംഗമായിരുന്ന കെ ദാമോദരന് ഹൃസ്വകാല പാര്‍ലമെണ്ടറി അനുഭവവും ഉണ്ടായിരുന്നു.

നിയമസഭയിലേക്കും ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാനായില്ല. പിന്നീട് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആ കാലയളവില്‍ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാന്‍ ശ്രമിച്ച മികച്ച പാര്‍ലമെന്റേറിയന്‍ ആയിരുന്നു. ജീവിതത്തിന്റെ അവസാനകാലം ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച് താന്‍ ശുഭാപ്തിവിശ്വാസിയാണെന്ന് താരിഖ് അലിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ഊന്നിപറയുന്നുണ്ട്. നിലപാടുകളോട് വിയോജിക്കുന്നവര്‍ക്കും ആദരിക്കാതിരിക്കാന്‍ കഴിയാത്തവിധം കറകളഞ്ഞ ആത്മാര്‍ഥതയുടേയും പ്രതിബദ്ധതയുടേയും ഉടമയായിരുന്നു ദാമോദരന്‍. അദ്ദേഹത്തിന്റെ സംഭാവനകളെ സംബന്ധിച്ച ആഴത്തിലുള്ള പഠനവും വിമര്‍ശനാത്മക പരിശോധനയും ഇന്നത്തെ കേരളത്തില്‍ കൂടുതല്‍ പ്രസക്തമാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക 21 ഒക്ടോബര്‍ 2012

കെ ദാമോദരനും പുരോഗമനസാഹിത്യവും

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുഖ്യസൈദ്ധാന്തികനും സംഘാടകനും ആയിരുന്ന കെ ദാമോദരന്‍, ""പാട്ടബാക്കി""യുടെ രചയിതാവെന്ന നിലയ്ക്ക്, നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഗതിയെ സ്വാധീനിച്ച എഴുത്തുകാരന്‍ കൂടി ആയിരുന്നു. അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തങ്ങളും സങ്കല്‍പ്പങ്ങളും മുന്നോട്ട്വച്ച വാദഗതികളും താരതമ്യേന പക്വവും വ്യക്തവും യുക്തിഭദ്രവുമായിരുന്നു. മാര്‍ക്സിസ്റ്റ് കലാചിന്തകളില്‍ വൈവിധ്യം മാത്രമല്ല, വൈരുധ്യംപോലും സംദൃശ്യമാണ്. എന്നാല്‍ വാക്കും ലോകവും  തമ്മിലും കലയും കാലവും തമ്മിലും ഉള്ള ബന്ധത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഏതു സാഹിത്യവും സാമൂഹ്യ ജീവിതത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന ആശയം തന്നെയാണ് ദാമോദരനും മുറുകെപ്പിടിക്കുന്നത്.

ഫ്രാന്‍സിലെ സമൂഹജീവിതത്തെക്കുറിച്ച് ധനശാസ്ത്രജ്ഞന്മാര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ സ്ഥിതിവിവരക്കണക്കുകള്‍ക്കോ നല്‍കാന്‍ കഴിയാത്ത വിവരങ്ങള്‍, ബല്‍സാക്കിന്റെ നോവലുകളിലുണ്ടെന്ന എംഗല്‍സിന്റെ നിരീക്ഷണം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. സാഹിത്യം, സാമൂഹ്യബോധത്തിന്റെ ഒരു രൂപമാണ് എന്നും ബാഹ്യയാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാനുള്ള ഉപകരണമാണ് എന്നും തുടര്‍ന്നദ്ദേഹം വിശദമാക്കുന്നു. ഇവിടെ പ്രതിഫലനം, ഉപകരണം തുടങ്ങി ഇന്ന് നമുക്ക് പഥ്യമാകാനിടയില്ലാത്ത ചില പരികല്‍പ്പനകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതീവ സങ്കുചിതമായല്ല, അതാതിന്റെ അതിരുകള്‍ ദാമോദരന്‍ ആവോളം വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. "പ്രതിഫല"മെന്നാല്‍ സാമൂഹ്യ യാഥാര്‍ഥ്യത്തിന്റെ വെറും കണ്ണാടിച്ചിത്രമല്ല, പ്രതിരൂപാത്മകമായ പ്രകാശനമാണെന്ന് ദാമോദരന്‍ എഴുതുന്നു. ചന്തുമേനോന്‍ "മരുമക്കത്തായ"ത്തിന്റെ തകര്‍ച്ചയെ ചിത്രീകരിക്കുന്നത് "ഇന്ദുലേഖ, മാധവന്‍, സൂരി" തുടങ്ങിയ പ്രതിരൂപങ്ങളിലൂടെയാണ്. കണ്‍മുന്നില്‍ കാണുന്നതു മുഴുവന്‍ അതേപടി ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫറോ പത്രറിപ്പോര്‍ട്ടറോ അല്ല സാഹിത്യകാരന്‍. സാമൂഹ്യ ജീവിതത്തിന്റെ സാമാന്യ സ്വഭാവങ്ങളെ, കേന്ദ്രസത്യങ്ങളെയാണ് അവതരിപ്പിക്കുന്നത്. അപ്രധാനമായ വിശദാംശങ്ങള്‍ പലതും വിട്ടുകളയുകയും സവിശേഷ സ്വഭാവ ചിത്രീകരണത്തിന് ആവശ്യമായ ചിലത് കൂട്ടിച്ചേര്‍ക്കുകയും വേണ്ടിവരും. വര്‍ഗം, വര്‍ഗതാല്‍പ്പര്യം, വര്‍ഗപക്ഷപാതം തുടങ്ങിയ ചില പുതിയ "ഗണ"ങ്ങള്‍ സാഹിത്യചര്‍ച്ചയിലേക്ക് ദാമോദരന്‍ കൊണ്ടുവരുന്നു. എഴുത്തുകാരന്റെ വര്‍ഗപക്ഷപാതങ്ങള്‍ കൃതിയുടെ ഭാവിരൂപങ്ങളെ സ്വാധീനിക്കുമെന്നും അതുകൊണ്ട് സാഹിത്യം നിഷ്പക്ഷമല്ലെന്നും അദ്ദേഹം പറയുന്നു.

ബാലാമണിയമ്മയുടെ ""അമ്മ"" എന്ന കവിതയില്‍ മാതൃഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ മുഴങ്ങുന്നുണ്ട്. ആ അമ്മ പട്ടിണിയും പാടുമില്ലാത്ത ഒരിടത്തരക്കാരിയാണ്. പാവപ്പെട്ട തൊഴിലാളി സ്ത്രീയാണ് ""അമ്മ"" എഴുതിയതെങ്കില്‍ ആ കവിതയില്‍നിന്ന് നാം കേള്‍ക്കുന്നത് മറ്റൊരുതരം ഹൃദയത്തുടിപ്പുകളായിരിക്കും. ഇമ്മട്ടില്‍, കാവ്യകര്‍തൃത്വത്തിന്റെ വര്‍ഗപരമായ വിവക്ഷകളെപ്പറ്റി മലയാളത്തില്‍ ആദ്യം പറയുന്നത് ദാമോദരനാണ്. എന്നാല്‍ എഴുത്തുകാരന്റെ വര്‍ഗതാല്‍പ്പര്യങ്ങള്‍ അതേപടി സങ്കുചിതമായും പരിമിതമായും പ്രതിഫലിപ്പിക്കുകയല്ല സാഹിത്യകൃതികള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ക്സ് ബല്‍സാക്ക് വായിച്ചതുപോലെ സാഹിത്യകൃതികളെ വിശകലനം ചെയ്യണം. രാജഭക്തനായിരുന്നു ബല്‍സാക്ക്. എന്നാല്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കൃഷിക്കാരും നാടുവാഴികളും തമ്മിലുള്ള വര്‍ഗസംഘര്‍ഷവും പ്രഭുകുലത്തിന്റെ തകര്‍ച്ചയും ചിത്രീകരിച്ചിരിക്കുന്നു. എഴുത്തുകാരന്റെ ആത്മനിഷ്ഠമായ ഉദ്ദേശ്യവും കൃതിയുടെ വസ്തുനിഷ്ഠമായ അര്‍ഥവും തമ്മില്‍ ഉണ്ടാവുന്ന വൈരുധ്യങ്ങളെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ പില്‍ക്കാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മാര്‍ക്സിന്റെ ബല്‍സാക്ക് നിരൂപണത്തില്‍ മിന്നിത്തെളിയുന്ന കലാദര്‍ശനത്തിന്റെ പ്രകാശം സ്വാംശീകരിച്ച ആദ്യത്തെ മലയാള മാര്‍ക്സിസ്റ്റ് വിമര്‍ശകന്‍ കെ ദാമോദരനായിരുന്നു.

ആശാനും വള്ളത്തോളും വ്യക്തിപരമായി പറഞ്ഞാല്‍ രാജഭക്തന്മാരും ""അന്നദാതാക്കളായ പൊന്നുതമ്പുരാന്മാര്‍ക്ക്"" മംഗള ശ്ലോകമെഴുതിയവരുമാണ്. ഒപ്പം തങ്ങളുടെ പ്രകൃഷ്ട രചനകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കേരളത്തില്‍ നാമ്പെടുക്കാന്‍ തുടങ്ങിയ ശക്തികളെ കണ്ടെത്തുകയും കൊണ്ടാടുകയും ചെയ്യുന്നുണ്ട്. അതുതന്നെയാണ് അവരുടെ കൃതികളുടെ മഹത്വമെന്ന് ദാമോദരന്‍ പറയുന്നു. അപ്പോള്‍ ബാഹ്യയാഥാര്‍ഥ്യത്തിന്റെ കേവല ചിത്രീകരണം മാത്രം മതിയാവുകയില്ല. സമൂഹത്തിലെ വളരുന്ന ശക്തികളെ വിവേചിച്ചറിയാന്‍ എഴുത്തുകാരന് കഴിയണം. ഈ ആശയം സുവ്യക്തമാക്കാന്‍ വി ടിയുടെ നാടകവും ബഷീറിന്റെ നോവലും ദാമോദരന്‍ ഉദാഹരിക്കുന്നു. ""അടുക്കളയില്‍ നിന്നരങ്ങത്തേക്ക്"" എന്ന പ്രമേയം "അന്തര്‍ജ്ജ"യുവതി അരങ്ങത്തുവച്ച് "ഘോഷ"ബഹിഷ്കരിക്കുന്ന, മൂടുപടം ഉപേക്ഷിക്കുന്ന രംഗക്രിയയിലൂടെയാണ് വി ടി അവതരിപ്പിക്കുന്നത്. അന്നത്തെ കേരളത്തില്‍ എവിടേയും "അന്തര്‍ജ"ങ്ങള്‍ (നമ്പൂതിരി സ്ത്രീകള്‍) മറയില്ലാതെ വെളിയില്‍ വരാന്‍ തുടങ്ങിയിരുന്നില്ല. അപ്പോള്‍ കാലത്തിന്റെ ഗോപുരവാതിലില്‍ വൈകാതെ വന്നെത്തുമെന്നുറപ്പുള്ള ഒരു നവലോകത്തിന്റെ സ്വപ്നചിത്രമാണ് ആ നാടകാന്ത്യത്തില്‍ വി ടി വരഞ്ഞുവച്ചത്. ""ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാര്‍ന്നൂ""വിലെ കുഞ്ഞിപ്പാത്തുമ്മ അന്ന് ഏത് മുസ്ലിം കുടുംബത്തിലും കാണാവുന്ന സാധാരണ പെണ്‍കുട്ടിയാണ്. എന്നാല്‍ കുഞ്ഞിപ്പാത്തുമ്മയോടൊപ്പം ബഷീറിന്റെ നോവലില്‍ ഒരായിഷ കൂടിയുണ്ട്. ധീരയും വിദ്യാസമ്പന്നയുമായ പുതുകാലത്തിന്റെ ദൂതിയായ ആയിഷയെപ്പോലൊരു പെണ്‍കുട്ടിയെ അന്ന് മലയാള നാട്ടില്‍ കണികാണാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെ സമൂഹത്തില്‍ വളരുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഉചിതമായ പ്രതിരൂപങ്ങളിലൂടെ പ്രകാശിപ്പിക്കുന്നിടത്താണ് കേവലമായ സാഹിത്യം പുരോഗമന സാഹിത്യമായിത്തീരുന്നതെന്ന് തന്നെയാണ് കെ ദാമോദരന്‍ പറഞ്ഞുവച്ചത്.
ഇവിടെയാണ് കര്‍ഷകരുടേയും വിശിഷ്യ തൊഴിലാളികളുടെയും ജീവിത കഥാഖ്യാനത്തിന്റെ പ്രാധാന്യം പ്രസ്പഷ്ടമാവുന്നത്. തൊഴിലാളിയെ സല്‍ഗുണ സമ്പന്നനായി, മനുഷ്യസഹജമായ ഒരു ദൗര്‍ബല്യവുമില്ലാത്തവനായി അവതരിപ്പിക്കണമെന്നല്ല താന്‍ അര്‍ഥമാക്കുന്നതെന്ന് അദ്ദേഹം എടുത്തുപറയുന്നു. അതുകൊണ്ട് ഒരു കൃതി പുരോഗമന സാഹിത്യമാവില്ല. ഗോര്‍ക്കിയും ഷൊളോഖോവും തൊഴിലാളികളെ ചിത്രീകരിച്ചത് അങ്ങനെയൊന്നുമല്ലല്ലോ. എന്നാല്‍ തൊഴിലാളിവര്‍ഗം വളരുന്ന വര്‍ഗമാണ്. മുതലാളിത്ത ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ നായകപദവിയിലാണ് ആ വര്‍ഗം നമ്മുടെ സവിശേഷ ചരിത്രഘട്ടത്തില്‍, വന്നുനില്‍ക്കുന്നത്. സാമൂഹ്യസമത്വവാദം മലയാള സാഹിത്യത്തെ കാലേതന്നെ സ്വാധീനിച്ചുകഴിഞ്ഞിരുന്നു. അതിനോട് വര്‍ഗപരമായ ഒരു പരിപ്രേക്ഷ്യം വിശേഷവിധിയായി കൂട്ടിച്ചേര്‍ക്കാനാണ് ഇ എം എസ്സും കെ ദാമോദരനും മറ്റും സാഹിത്യവിചാരം ചെയ്തത്. കുട്ടികൃഷ്ണമാരാരെയും സഞ്ജയനെയും ജോസഫ് മുണ്ടശ്ശേരിയെയും പോലുള്ള സാഹിത്യ വിമര്‍ശനരംഗത്തെ കുലപതികളോടാണ് അന്ന് "മീശ" മുളയ്ക്കാത്ത പയ്യന്മാരായ ഇ എം സ്സും കെ ദാമോദരനും എല്ലാം ഏറ്റുമുട്ടിയത്. മാരാര്‍ പ്രഭൃതികള്‍ വായനയും എഴുത്തും വിമര്‍ശനവും ജീവിതവ്രതമാക്കിയവരാണ്. മറിച്ച് ദാമോദരനെപ്പോലുള്ളവര്‍ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍. അവരുടെ താവളങ്ങള്‍ ഒന്നുകില്‍ ജയിലോ അല്ലെങ്കില്‍ ഒളിയിടങ്ങളോ ആയിരുന്നു. എന്നിട്ടും ഈ യുവ കമ്യൂണിസ്റ്റുകളുടെ വാദങ്ങളെ, ആദ്യം അവഗണിക്കാനും പരിഹസിച്ച് തള്ളാനും മുതിര്‍ന്ന നമ്മുടെ "നിരൂപകകേസരി"കള്‍ക്ക് ഒടുവില്‍ അവരെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുക തന്നെ വേണ്ടിവന്നു. ഇ എം എസ്സിനും കെ ദാമോദരനും എം എസ് ദേവദാസിനുമെല്ലാം അന്ന് സാഹിത്യ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പിശകുകള്‍ ധാരാളം പറ്റിയിട്ടുണ്ടാവാം. എങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ച കലാദര്‍ശനത്തിന്റെ കരുത്തുകൊണ്ട്, മലയാള വിമര്‍ശനരംഗത്തെ മഹാരഥന്മാരെ പ്രത്യക്ഷമായും പരോക്ഷമായും തങ്ങളുടെ നിലപാടുകള്‍ പലതും തിരുത്തിക്കുന്നതില്‍ ദാമോദരനെപ്പോലുള്ളവര്‍ക്ക് കഴിഞ്ഞു എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. കേരളം ചുവക്കാന്‍ തുടങ്ങിയ ദശകങ്ങളില്‍ കെ ദാമോദരനും ഇ എം എസ്സും സഖാക്കളും നയിച്ച സമരോത്സുകമായ സാഹിത്യ-സാംസ്കാരിക ജീവിതം സഫലവും ധന്യവുമായിരുന്നുവെന്ന് പുരോഗമന സാഹിത്യത്തിലെ പുതുതലമുറക്ക് ഒട്ടും പതറാതെ തന്നെ പറയാനാവും.

""ലോകസമാധാനംപോലുള്ള ക്ഷണികസദാചാരങ്ങളെ അല്ല, അഹിംസാ സിദ്ധാന്തംപോലുള്ള ശാശ്വത മൂല്യങ്ങളെ ലക്ഷ്യംവച്ചാലേ കലാപരമായ മേന്മയുണ്ടാവൂ"" എന്ന മാരാരുടെ വാദത്തെ ഇഴകീറി ദാമോദരന്‍ പരിശോധിക്കുന്നുണ്ട്. സമാധാനം വേണം, രക്തച്ചൊരിച്ചില്‍ വേണ്ട, യുദ്ധം വേണ്ട എന്നെല്ലാം പറയുന്നത് ക്ഷണിക സദാചാരം! ജന്മിത്തത്തെ എതിര്‍ക്കുന്നത് ഹിംസ. ഭൂദാന പ്രസ്ഥാനം അഹിംസ. അതിനെ പാടിപ്പുകഴ്ത്തുന്ന കൃതിയ്ക്ക് ശാശ്വത മൂല്യമുണ്ടെന്ന് പറയുന്ന മാരാരെ, ദാമോദരന്‍ നിശിതമായ യുക്തിവിചാരംകൊണ്ട് നിലംപരിശാക്കുന്നുണ്ട്. അഹിംസാവാദിയായ ടോള്‍സ്റ്റോയിയെ ദാമോദരന്‍ കൂട്ടുപിടിക്കുന്നു. ഭരണകൂടവും പൗരോഹിത്യവും പ്രഭുത്വവും ടോള്‍സ്റ്റോയിക്ക് ഹിംസയുടെ രൂപങ്ങളാണ്. എന്നാല്‍ മാരാര്‍ക്ക് പൊലീസിനും ജന്മികള്‍ക്കും മതമേധാവിത്വത്തിനും എതിരെ പൊരുതുന്നതാണ് ഹിംസ! അപ്പോള്‍ മാരാര്‍ വിചാരിക്കുംപോലെ ""മാനുഷിക മൂല്യങ്ങളെ അളക്കാന്‍ ശാശ്വതവും സാര്‍വജനീനവും കാലദേശാതിവര്‍ത്തിയുമായ മാനദണ്ഡങ്ങള്‍ ഇല്ലെ""ന്ന് ദാമോദരന്‍ വ്യക്തമാക്കുന്നു. ""ഞാന്‍ ബോധപൂര്‍വവും ഉദ്ദേശ്യപൂര്‍വവുമായ സാഹിത്യപരിശ്രമം തുടങ്ങിയത് 1937 കാലത്ത് കേരളത്തില്‍ ഒരു "ജീവല്‍സാഹിത്യ" പ്രസ്ഥാനം പിറന്ന് പടയ്ക്ക് പുറപ്പെട്ടതു മുതല്‍ക്കാണ്. അതിനെ കണ്ടേടത്തുവച്ചെല്ലാം എതിര്‍ക്കുന്നത് ഒരു സാഹിത്യ പ്രണയിയുടെ ചുമതലയാണെന്ന് ഞാന്‍ വിചാരിച്ചു"" എന്ന് ഒരിക്കല്‍ പുരോഗമന സാഹിത്യത്തിന്റെ ജന്മശത്രുവായി സ്വയം പ്രഖ്യാപിച്ച മാരാര്‍ക്ക് പിന്നീട് ""ഇന്ന് ഏതു നിരൂപകനും ഒരു പുസ്തകമെടുത്താല്‍ അതില്‍ മറ്റെന്തു നോക്കിയില്ലെങ്കിലും അതിന് ജീവിതവുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കാതെ പോകുന്നില്ല"" എന്നും, ""ആശാന്‍ പ്രഭൃതികളുടെ കാലം നിരൂപകന്മാര്‍ക്ക് സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തിലേക്ക് ഒരു വിദൂര വീക്ഷണം നല്‍കി എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ ദൂരക്കാഴ്ച വേണ്ടുവോളം, ഒരുപക്ഷേ വേണ്ടതിലധികം തന്നെ, അടുപ്പിച്ചു തന്നതാണ് ഈ പുതുപ്രസ്ഥാനക്കാര്‍ ചെയ്ത വലിയ ഉപകാരം. അനിഷേധ്യവും അതുവരെ അനിരൂപിതവുമായ ഒരു മഹാസത്യമാണ് അവര്‍ സാഹിത്യകാരന്മാര്‍ക്കു മുമ്പില്‍ വലിച്ചിട്ടത്"" എന്നും ഏറ്റുപറഞ്ഞുകൊണ്ട് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മൗലികമായ സംഭാവനയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യേണ്ടിവരുന്നു.

മുണ്ടശ്ശേരിയുടെ "രൂപഭദ്രതാ" വാദത്തെ അഖിലേന്ത്യാ പുരോഗമന സാഹിത്യകാര സംഘടനയുടെ അമരക്കാരനായിരുന്ന സജ്ജാദ് സാഹീറിന്റെ പ്രസംഗം ഉദ്ധരിച്ച് ദാമോദരന്‍ പ്രതിരോധിക്കുന്നു. ""കല ഒരു വാളാണെങ്കില്‍ അതിന്റെ ഉരുക്കിന് ഉറപ്പോ വായ്ത്തലയ്ക്ക് മൂര്‍ച്ചയോ പോരാതെ വന്നാല്‍, എന്തെങ്കിലുമൊരു പന്തികേട് അതിനുണ്ടായാല്‍, പിന്നെ അതെന്തിനു കൊള്ളാം?"" എന്ന് സജ്ജാദ് സാഹിര്‍ ചോദിക്കുന്നു. മുണ്ടശ്ശേരിയും മാരാരും കലാവീക്ഷണത്തിന്റെ കാര്യത്തില്‍, ഒരേ വഞ്ചിയിലെ സഞ്ചാരികളാണെന്ന് മുണ്ടശ്ശേരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ദാമോദരന്‍ സമര്‍ഥിക്കുന്നു.

ഇ എം എസ്, കെ ദാമോദരന്‍, കെ കെ വാരിയര്‍ തുടങ്ങിയ യുവകമ്യൂണിസ്റ്റുകാര്‍ മുന്‍കൈയെടുത്ത് അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ കേരള ഘടകമെന്ന നിലയ്ക്ക് 1937ല്‍ രൂപം കൊടുത്തതാണ് "ജീവല്‍സാഹിത്യ" സംഘടന എന്നത് ശരിയാണെങ്കിലും മലയാള പുരോഗമന സാഹിത്യം കാലേതന്നെ പുഷ്ക്കലമായിരുന്നുവെന്ന് ദാമോദരന്‍ നിരീക്ഷിക്കുന്നു. ആശാന്റെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും കവിതകളില്‍, ചന്തുമേനോന്റെ നോവലുകളില്‍, ദേവിന്റെയും തകഴിയുടെയും കഥകളില്‍, "വി ടി"യുടെയും "എം ആര്‍ ബി"യുടെയും നാടകങ്ങളില്‍, കേസരി ബാലകൃഷ്ണപിള്ളയുടെ സാഹിത്യരൂപ പഠനങ്ങളില്‍ എല്ലാം പുരോഗമന സാഹിത്യസങ്കല്‍പ്പങ്ങള്‍ പലതും സാക്ഷാല്‍ക്കരിക്കപ്പെട്ടിരുന്നു. കവിതയെഴുതിയതിന്റെ പേരില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ അധികാരികള്‍ ശിക്ഷിച്ച് ജയിലിലടയ്ക്കുക പോലും ചെയ്തിരുന്നു. മറുഭാഗത്ത് പെട്ടരഴിയം ചെറിയ രാമനെളയതിനെപ്പോലുള്ളവര്‍ പദ്യരചനയിലൂടെ ജാതിമേല്‍ക്കോയ്മയെ നിര്‍ലജ്ജം നീതിവത്കരിക്കാന്‍ മുന്നോട്ട് വന്നിരുന്നു. വി ടി പത്രാധിപരായ ""ഉല്‍ബുദ്ധ കേരള""ത്തില്‍ കുട്ടികൃഷ്ണമാരാര്‍ ""കല കലയ്ക്കുവേണ്ടി"" (1936) എന്ന പ്രബന്ധം പ്രസിദ്ധപ്പെടുത്തുന്നു. ""കലയ്ക്ക് കലയാവുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ഉദ്ദേശ്യവുമില്ല. സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ല"" എന്നദ്ദേഹം വാദിക്കുന്നു. അതിനെ ഖണ്ഡിച്ച് ഇ എം എസും കെ ദാമോദരനും "ഉല്‍ബുദ്ധ കേരള"ത്തില്‍ എഴുതുന്നു.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് 1937ല്‍ തൃശൂരില്‍ "ജീവല്‍സാഹിത്യ" സമ്മേളനം ചേരുന്നത്. സമ്മേളനത്തില്‍ അവതരിപ്പിച്ച നാലു പ്രബന്ധങ്ങളില്‍ ഏറ്റവും ദീര്‍ഘിച്ച, ""പഴയ സാഹിത്യവും നമുക്കാവശ്യമുള്ള പുതിയ സാഹിത്യവും"" എന്ന ദാമോദരന്റെ ലേഖനം, സഞ്ജയന്‍ തന്റെ "കേരള പത്രിക"യില്‍ മൂന്നു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുകയും "ചാവല്‍ സാഹിത്യ"ത്തിനെതിരെ "കുരിശുയുദ്ധം" തന്നെ തുടങ്ങുകയും ചെയ്തു. ജീവല്‍സാഹിത്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പത്രപംക്തികളിലും സാഹിത്യ സമ്മേളനങ്ങളിലും വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. ജി ശങ്കരക്കുറുപ്പും പി ശങ്കരന്‍ നമ്പ്യാരും ജീവല്‍സാഹിത്യത്തെ അനുകൂലിച്ച് ലേഖനങ്ങള്‍ എഴുതി. ഇതിന്റെയെല്ലാം ഗുണഫലമെന്നോണം, മാരാര്‍ "കല കലയ്ക്കുവേണ്ടി" എന്ന നിലപാട് ഉപേക്ഷിക്കുകയും "കല ജീവിതം തന്നെ" എന്ന പുതിയ നിലപാട് സ്വീകരിക്കുകയും ചെയ്തു.

1939ല്‍ ബക്കളം സമ്മേളനത്തില്‍ ജീവല്‍സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി കെ ദാമോദരന്‍ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേയ്ക്കും രണ്ടാം ലോകയുദ്ധം ആരംഭിച്ചിരുന്നു. ദാമോദരനും മറ്റും ഒന്നുകില്‍ ജയിലിലാവുകയോ അല്ലെങ്കില്‍ ഒളിവില്‍പ്പോവുകയോ ചെയ്തു. ജീവല്‍സാഹിത്യസംഘം ശിഥിലമായി. എന്നാല്‍ അത് ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളും നിലപാടുകളും എഴുത്തുകാരിലും വായനക്കാരിലും സ്വാധീനം ചെലുത്തുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ കമ്യൂണിസ്റ്റ് സാഹിത്യകാരന്മാര്‍ വഹിച്ച ഉജ്ജ്വലമായ പങ്കിനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ, താനടക്കമുള്ളവര്‍ക്ക് പറ്റിയ ഗുരുതരമായ പിശകുകള്‍ തുറന്നുപറയാനും ദാമോദരന്‍ സന്നദ്ധനാവുന്നുണ്ട്. അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെ "മാനിഫെസ്റ്റോ"വില്‍ വിശപ്പിനും ദാരിദ്ര്യത്തിനും രാഷ്ട്രീയ അടിമത്തത്തിനും എതിരെ പോരാടുന്നത് സാഹിത്യകാരന്മാരുടെ കടമകളില്‍ ഒന്നാണെന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സാഹിത്യകാരന്മാര്‍ അതുമാത്രം പരിഗണിക്കുകയും തുല്യപ്രാധാന്യമുള്ള വിജ്ഞാപനം എടുത്തുപറയുന്ന ഇതര ദൗത്യങ്ങള്‍ അവഗണിക്കുകയുമാണുണ്ടായതെന്ന് ദാമോദരന്‍ ഓര്‍ത്തു പറയുന്നു. "തൊള്ളായിരത്തി മുപ്പതുകളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ട പുരോഗമന പ്രവണതകളുടെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയാനോ അവയെ കൂട്ടിയോജിപ്പിക്കാനോ കഴിയാതെ പോയി. ടാഗോറും സരോജിനി നായിഡുവുമൊക്കെ അനുഗ്രഹിച്ച പുരോഗമന സാഹിത്യപ്രസ്ഥാനം കര്‍ഷകരുടെയും തൊഴിലാളികളുടെയും അടിയന്തരാവശ്യങ്ങള്‍ ആവിഷ്കരിക്കാനുള്ള ഉപാധി മാത്രമായി വിഭാവനം ചെയ്തതിലും താനടക്കമുള്ളവര്‍ക്ക് തെറ്റുപറ്റിയെന്ന് ദാമോദരന്‍ സമ്മതിക്കുന്നു. കമ്യൂണിസ്റ്റ് സാഹിത്യകാരന്‍ തൊഴിലാളിയെയും കൃഷിക്കാരനെയും മനുഷ്യന്റെ വിചാരവികാരങ്ങള്‍ ഉള്ള സങ്കീര്‍ണ വ്യക്തിത്വങ്ങളായി സങ്കല്‍പ്പിക്കുന്നതിനു പകരം ഭൂമിക്കും കൂലിക്കും വേണ്ടി പോരാടുന്ന സാമ്പത്തിക മനുഷ്യര്‍ മാത്രമായി അവതരിപ്പിച്ചു. അവര്‍ കമ്യൂണിസ്റ്റുകാരല്ലാത്ത പുരോഗമന സാഹിത്യകാരന്മാരുടെ കൃതികളെ മാത്രമല്ല, പഴയ സാഹിത്യ കൃതികളെയും വിമര്‍ശനപരമായി വിലയിരുത്താന്‍ മുതിരുകയുണ്ടായില്ല. മാര്‍ക്സിസ്റ്റ് കലാദര്‍ശനം അന്ന് ശൈശവാവസ്ഥയില്‍ ആയിരുന്നുവെങ്കിലും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും കൃതികളില്‍ ചിതറിക്കിടക്കുന്ന ഉള്‍ക്കാഴ്ചകളെ ഉള്‍ക്കൊള്ളാനോ പ്രയോജനപ്പെടുത്താനോ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും ദാമോദരന്‍ ഏറ്റുപറയുന്നു.

സര്‍വോപരി പുരോഗമന സാഹിത്യകാരന്മാരുടെ വിശാലവേദിയായി വികസിപ്പിക്കാതെ, എഴുത്തുകാരുടെ സംഘടനയെ, പാര്‍ടിയുടെ അതാത് കാലത്തെ നയങ്ങള്‍കൊണ്ട് എഴുതുന്നവരുടെ സങ്കുചിത വേദിയായി വെട്ടിച്ചുരുക്കുകയാണ് ചെയ്തതെന്നും ദാമോദരന്‍ പറയുന്നു. "44ല്‍ ഷൊര്‍ണൂരില്‍ ചേര്‍ന്ന പുരോഗമന സാഹിത്യ സമ്മേളനം വിശാലമായ യോജിപ്പിന്റെ വേദിയായെങ്കിലും "48ല്‍ നടന്ന തൃശൂര്‍ സമ്മേളനത്തില്‍ സംഘടന പിളര്‍പ്പിലേക്ക് നീങ്ങുകയുണ്ടായി. അതിന്റെ രാഷ്ട്രീയമായ കാരണങ്ങളെപ്പറ്റി ഇ എം എസ് എഴുതിയിട്ടുണ്ട്. എന്നാല്‍ സാംസ്കാരികമുന്നണി കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പാര്‍ടിയുടെ "സെക്ടേറിയന്‍" ധാരണകള്‍മൂലം സംഭവിച്ച നയപരവും സംഘടനാപരവുമായ പിഴവുകളെപ്പറ്റി കെ ദാമോദരന്‍ വിമര്‍ശനാത്മകമായി വിവരിക്കുന്നുണ്ട്.

സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള രേഖ ഇ എം എസ്സും കെ ദാമോദരനും എം എസ് ദേവദാസും കൂടി തയ്യാറാക്കി, ദാമോദരന്‍ പത്രാധിപരായ "കമ്യൂണിസ്റ്റി"ല്‍ പ്രസിദ്ധീകരിച്ചു. ഇത് സംഘടനയിലെ കമ്യൂണിസ്റ്റ് ഇതര സാഹിത്യകാരന്മാരെ അന്യവല്‍ക്കരിക്കാനാണ് ഉതകിയത്. കേവലം ഒരു രാഷ്ട്രീയ രേഖയായ അത്, സ്വകാര്യമായി തയ്യാറാക്കി ഏകപക്ഷീയമായി പ്രസിദ്ധീകരിച്ചത്, ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും സമ്മേളനത്തില്‍ മറ്റൊരു രേഖ അവതരിപ്പിക്കണമെന്നും അവര്‍ വാദിച്ചു. ഒടുവില്‍ ഒരു നയരേഖയും അവതരിപ്പിക്കാതെ സമ്മേളനം നടന്നു. ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനം ജനിബിഡമായിരുന്നു. എം പി പോളിന്റെ അധ്യക്ഷപ്രസംഗം യോജിപ്പിനുള്ള ആഹ്വാനമായിരുന്നു. ""കലാഗുണമില്ലാത്ത പ്രചരണം നല്ല സാഹിത്യവുമല്ല, നല്ല പ്രചരണവുമല്ല"" എന്നദ്ദേഹം പറഞ്ഞു.

കൂട്ടത്തില്‍ സ്റ്റാലിന്റെ സാഹിത്യ സമീപനത്തെ വിമര്‍ശിക്കുകയും ട്രോട്സ്ക്കിയുടെ എഴുത്തുരീതി സ്റ്റാലിന്റേതിനേക്കാള്‍ ആകര്‍ഷകമാണെന്ന് പറയുകയും ചെയ്തു. അതോടെ കമ്യൂണിസ്റ്റുകാര്‍ എം പി പോളിനെ എഴുതിത്തള്ളി! മുണ്ടശ്ശേരി, "രൂപഭദ്രത"യെക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചതും ആ പൊതുസമ്മേളനത്തിലാണ്. അതിനെ എതിര്‍ത്തുകൊണ്ട്, ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് തങ്ങളെഴുതുന്നത് കലാഭംഗിയുള്ളതാവണം എന്നാരും പഠിപ്പിക്കേണ്ടതില്ലെന്നും മുണ്ടശ്ശേരിയുടെ രൂപഭദ്രതാ വാദത്തില്‍ ഒളിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ആശയങ്ങളാണെന്നും രൂപമല്ല, ഉള്ളടക്കമാണ് എഴുത്തുകാരന് പ്രധാനമെന്നും ദാമോദരന്‍ വാദിച്ചു. ആ വിവാദത്തിലേക്ക് തിരിഞ്ഞുനോക്കി, അന്ന് മുണ്ടശ്ശേരിയും താനും പറഞ്ഞതില്‍ പാതി ശരിയുണ്ടായിരുന്നുവെന്നും രൂപവും ഭാവവും പ്രധാനമാണെന്നും എന്നാല്‍ രണ്ടുപേരും അവയെ വേര്‍തിരിച്ചാണ് പരിഗണിച്ചതെന്നും രൂപഭാവങ്ങള്‍ അവിഭാജ്യമായ ഒരേകകമാണെന്നും ദാമോദരന്‍ പില്‍ക്കാലത്ത് എഴുതുന്നുണ്ട്.

സാഹിത്യ ശാസ്ത്രപരമായ സംവാദങ്ങളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം സര്‍ഗാത്മക രചനകളിലും ദാമോദരന്‍ വ്യാപൃതനായിരുന്നു. അദ്ദേഹം കഥകളും കവിതകളും എഴുതി. 1936ല്‍ത്തന്നെ ""കണ്ണുനീര്‍"" എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മലയാള സാഹിത്യ ചരിത്രത്തില്‍ ദാമോദരന് ചിരപ്രതിഷ്ഠ നല്‍കിയത് ""പാട്ടബാക്കി""യാണ്. 1937ല്‍ കര്‍ഷകസംഘത്തിന്റെ പൊന്നാനി താലൂക്ക് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഒരു നാടകം വേണം എന്ന് ദാമോദരന്‍ പറയുന്നു. എല്ലാവരും യോജിക്കുന്നു. ഏതെങ്കിലും നാടകം പോര, കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം ചിത്രീകരിക്കുന്ന നാടകമാവണമെന്ന് ഇ എം എസ് അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു നാടകം അതുവരെ മലയാളത്തില്‍ ആരും എഴുതിയിട്ടില്ല. അന്ന് ജനങ്ങളെ ആകര്‍ഷിച്ചിരുന്നത് സംഗീത നാടകങ്ങളാണ്. സംസ്കൃതമടക്കമുള്ള ചില മറുഭാഷാ നാടകങ്ങള്‍ തര്‍ജമ ചെയ്യപ്പെട്ടിരുന്നു. ഇബ്സന്റെ നാടകസങ്കല്‍പ്പങ്ങളുടെ ചുവട് പിടിച്ച് എന്‍ കൃഷ്ണപിള്ള ""ഭഗ്നഭവനം"" എഴുതിക്കഴിഞ്ഞിരുന്നു. "വി ടി"യുടെയും "എം ആര്‍ ബി"യുടെയും പ്രസിദ്ധമായ പ്രഹസനങ്ങള്‍ക്ക്ശ്രദ്ധേയമായ ചില അരങ്ങേറ്റങ്ങള്‍ നടന്നിരുന്നു. മലയാള നാടകത്തിന്റെ ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ""പാട്ടബാക്കി"" വരുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പുതിയൊരു നാടകം വേണമെന്നും അത് ദാമോദരന്‍ തന്നെ എഴുതണമെന്നും തീരുമാനമായി. രണ്ട് ദിവസം കൊണ്ട് നാടകമെഴുതി, രണ്ടോ മൂന്നോ ദിവസം റിഹേഴ്സല്‍ നടത്തി, സമ്മേളനാനന്തരം ""പാട്ടബാക്കി"" അരങ്ങേറുന്നു. നാടകം "ഏശി" എന്നെല്ലാവരും സമ്മതിക്കുന്നു. ചെറുകാടും തോപ്പില്‍ ഭാസിയും കെ ടി മുഹമ്മദും പൊന്‍കുന്നം വര്‍ക്കിയും പി ജെ ആന്റണിയും പി എം താജുമെല്ലാം പില്‍ക്കാലത്ത് സമ്പന്നമാക്കിയ കേരളത്തിലെ രാഷ്ട്രീയ നാടകവേദിയുടെ പ്രോല്‍ഘാടനമാണ് "പാട്ടബാക്കി"യിലൂടെ കെ ദാമോദരന്‍ നിര്‍വഹിച്ചത്.

""ഒരു ദിവസം "ഇന്‍സ്പിറേഷന്‍" വന്ന് ശല്ല്യമുണ്ടാക്കിയതുകൊണ്ട് എഴുതിയതല്ല"" പാട്ടബാക്കിയെന്ന് സി ജെ തോമസ് നിരീക്ഷിച്ചിട്ടുണ്ട്. ജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ആദ്യം അവരവരുടെ ജീവിതപ്രാരബ്ധങ്ങളുടെ പരിഹാരത്തിനുള്ള വഴി തേടിയാണ്. വര്‍ഗപ്രശ്നങ്ങള്‍ ഉയര്‍ത്തി, വര്‍ഗസമരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്രീയബോധവും ദേശീയബോധവും കൈവരുകയുള്ളു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു സവിശേഷ ഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് ഈ ദൗത്യമായിരുന്നു.

വര്‍ഗസമരങ്ങളെ ദേശീയ വിമോചന പ്രസ്ഥാനവുമായി കൂട്ടിവിളക്കുന്നതിന്റെ ഈ രാഷ്ട്രീയമാണ് ""പാട്ടബാക്കി""യുടെ പ്രമേയം. ഒരു തൊഴിലാളി നായകനാവുകയും സാമ്പത്തിക ചൂഷണത്തിന്റെ പ്രശ്നം ഇതിവൃത്തമാവുകയും ചെയ്യുന്ന ആദ്യത്തെ മലയാള നാടകമാണ് കെ ദാമോദരന്‍ എഴുതിയത്. കോടതി വ്യവഹാരങ്ങളില്‍ പുലരുന്ന അനീതിയെക്കുറിച്ച് അനുഭവതീവ്രതയോടെ അറിയാനും പറയാനും ഒരു ജഡ്ജിയേക്കാള്‍ തടവുകാരന് കഴിയും. തൊഴിലാളി നായകനാവുമ്പോള്‍ സാമ്പത്തികചൂഷണത്തിന്റെ സങ്കടങ്ങളും സംഘര്‍ഷങ്ങളും ഉടല്‍പൊള്ളുംവിധം അവതരിപ്പിക്കാന്‍ കഴിയും. എന്നാല്‍ തൊഴിലാളിയെ കേവലം സാമ്പത്തിക മനുഷ്യനായി മാത്രം കൈകാര്യം ചെയ്തുവെന്നും മനുഷ്യാവസ്ഥയുടെ സമഗ്രതയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും പിന്നീട് നടത്തിയ ആത്മവിമര്‍ശനം കൂടി ചേര്‍ന്നതാണ് കെ ദാമോദരന്റെ "ലെഗസി"യെന്ന് അല്‍പ്പം വൈകിപ്പോയെങ്കിലും പുതുകാലത്തെ പുരോഗമന സാഹിത്യം തിരിച്ചറിയുന്നുണ്ട്.

*എം എം നാരായണന്‍ ദേശാഭിമാനി വാരിക 21 ഒക്ടോബര്‍ 2012

Friday, April 20, 2012

ഏപ്രില്‍ 20ന്റെ ഓര്‍മ

കേരളത്തില്‍ പുരോഗമനസാഹിത്യപ്രസ്ഥാനം സംഘടനാരൂപം കൈക്കൊണ്ടിട്ട് ഇന്നേക്ക് മുക്കാല്‍ നൂറ്റാണ്ടാകുന്നു. 1937 ഏപ്രില്‍ 20ന് തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ജീവല്‍സാഹിത്യസംഘടന പിറക്കുന്നത്. വന്‍ ജനക്കൂട്ടം വന്നുചേര്‍ന്നതും ആഘോഷമായിത്തീര്‍ന്നതുമായ സമ്മേളനമായിരുന്നില്ല തൃശൂരിലേത്. എന്നാല്‍, കേരളീയാധുനികതയുടെ ചരിത്രത്തെ കാര്യമായി സ്വാധീനിക്കാന്‍ സമ്മേളനത്തിനും അവിടെയുണ്ടായ തീരുമാനങ്ങള്‍ക്കും കഴിഞ്ഞു. സാഹിത്യം വിപുലമായ അര്‍ഥത്തിലും തോതിലും സമകാലികവും സാമൂഹ്യപ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതുമായി തീരേണ്ടതുണ്ട് എന്ന നിത്യപ്രസക്തമായ നിലപാടിന്റെ വിളംബരമായാണ് ആ ചെറിയ സമ്മേളനം പരിണമിച്ചത്. സംഘടന എന്ന നിലയില്‍ ജീവല്‍സാഹിത്യസംഘടനയ്ക്കും അതിന്റെ തുടര്‍രൂപമായ പുരോഗമനസാഹിത്യസംഘടനയ്ക്കും എപ്പോഴും സജീവമായി നിലനില്‍ക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ, ഈ കാഴ്ചപ്പാട് സാഹിത്യനിര്‍മാണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനഗതിയെത്തന്നെ സ്വാധീനിക്കുന്നതും അങ്ങനെ കാലത്തോടൊപ്പം സ്വയം വികസിക്കുന്നതുമായ ഒന്നായിത്തീര്‍ന്നു. വിനോദവ്യവസായത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇതിന്റെ പ്രസക്തി കൂടിവരികയാണ്.

ഇ എം എസ്, കെ ദാമോദരന്‍, പി കേശവദേവ്, സി അച്യുതക്കുറുപ്പ്, കെ കെ വാര്യര്‍, ഇടപ്പള്ളി സി നാരായണപിള്ള, കെ എ ദാമോദരമേനോന്‍, എ മാധവമേനോന്‍ തുടങ്ങിയവരുടെ മുന്‍കൈയിലാണ് തൃശൂര്‍ സമ്മേളനം നടന്നത്. ഇവരില്‍ കെ ദാമോദരന്‍ 1936ലെ ലഖ്നൗ സമ്മേളനത്തില്‍ പങ്കെടുത്ത ആളായിരുന്നു. ലഖ്നൗവില്‍ മുന്‍ഷി പ്രേംചന്ദ് നടത്തിയ അധ്യക്ഷപ്രസംഗത്തിലെ ആശയങ്ങള്‍- എഴുത്തുകാര്‍ ദന്തഗോപുരം വിടുക, അവര്‍ സമൂഹത്തെ കൂടുതലായും സൂക്ഷ്മമായും അറിയുക, ദേശീയ രാഷ്ട്രീയത്തെ സ്വാതന്ത്ര്യബോധത്തോടെ നോക്കിക്കാണുക, ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും പേരിലുള്ള അസമത്വങ്ങളില്‍ പ്രതിഷേധിക്കുക- തൃശൂര്‍ സമ്മേളനത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. വ്യക്തികളെയും അവരുടെ രചനകളെയും കേന്ദ്രീകരിച്ച് ഏതെങ്കിലും മട്ടിലുള്ള സ്തുതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കരുതിക്കൂട്ടി ശ്രമിക്കുന്ന പരമ്പരാഗത സാഹിത്യസംഗമങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു സമ്മേളന നടപടികള്‍.

സാഹിത്യത്തിന്റെ ഭൂതകാലചരിത്രത്തെ വിശകലനപരമായി സമീപിക്കണം എന്നും പ്രക്ഷുബ്ധമായ സമകാലികജീവിതത്തെ സ്ഥാനപ്പെടുത്താത്ത സാഹിത്യത്തിനും സൗന്ദര്യചിന്തയ്ക്കും മാറുന്ന ഇന്ത്യയിലും കേരളത്തിലും പ്രസക്തി കുറവാണ് എന്നുമുള്ള, അന്നത്തെ നിലയില്‍ സ്ഫോടനാത്മകമായ ആശയം സമ്മേളനത്തില്‍ പലരൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇതേവരെ സാഹിത്യത്തിലേക്ക് കാര്യമായി സ്വീകരിക്കപ്പെടാത്ത നിസ്വവും അനാകര്‍ഷകവുമായ ജീവിതങ്ങള്‍ ആ സാഹചര്യങ്ങളുടെ ഏറ്റവും വലിയ സാംസ്കാരികസാക്ഷ്യമായ ഭാഷാസവിശേഷതകളോടെ എഴുതപ്പെടണം എന്നുള്ള ആവേശം സമ്മേളനത്തിന്റെ പൊതുഭാവമായി മാറി.

യഥാര്‍ഥ മനുഷ്യന്‍, സത്യസന്ധമായ ആവിഷ്കാരം എന്നത് ഒരു തത്വംപോലെ സമ്മേളനവേദിയില്‍ പല മട്ടില്‍ മുഴങ്ങിക്കേട്ടു. റിയലിസത്തിന്റെ ദര്‍ശനം വിപുലമായി തിരിച്ചറിയുന്ന ഒരു കൂട്ടായ്മയുടെ രൂപംകൊള്ളലായി സമ്മേളനം മാറി. തൃശൂര്‍ സമ്മേളനത്തില്‍വച്ച് കുഞ്ചന്‍നമ്പ്യാരെപ്പോലൊരു പ്രതിഭ പുതിയ വിലയിരുത്തലിന് വിധേയമായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കുഞ്ചന്റെ വ്യത്യസ്തതയ്ക്ക് നിദാനമായ രൂപപരവും കാലബന്ധിയുമായ വിശേഷങ്ങള്‍ പുരോഗമനസാഹിത്യചിന്തയ്ക്ക് സ്വീകാര്യമാണെന്ന കണ്ടെത്തല്‍ ആവേശകരമായിരുന്നു. ജീവിതത്തിന്റെ ഇടങ്ങള്‍ എന്ന നിലയില്‍ കുടുംബം, മതം, സമുദായം, ലൈംഗികത, യുദ്ധം തുടങ്ങിയവയെക്കുറിച്ചുള്ള പ്രതിലോമസ്വഭാവിയും മിതവാദപരവുമായ ആശയാവലികളെ പ്രതിരോധിക്കുക, സാധാരണക്കാരുടെ ഐക്യബോധം തകര്‍ക്കുന്ന വിദ്വേഷകേന്ദ്രിതമായ സാംസ്കാരികപ്രവര്‍ത്തനങ്ങളെ കണ്ടെത്തുക, ഇവയ്ക്ക് ബദലായി സമത്വവാദാധിഷ്ഠിതവും പല കാരണങ്ങള്‍കൊണ്ടും അധഃസ്ഥിതരാകേണ്ടിവന്നവര്‍ക്ക് ആത്മവിശ്വാസവും സാംസ്കാരികസ്ഥാനവും നല്‍കുന്ന തരത്തിലുള്ളതുമായ സാഹിത്യസമീപനങ്ങളും രചനകളും പ്രോത്സാഹിപ്പിക്കുക, മലയാള ഭാഷയുടെ വൈവിധ്യത്തെ തിരിച്ചറിയുക തുടങ്ങിയ ആലോചനകള്‍ തൃശൂര്‍ സമ്മേളനത്തില്‍ത്തന്നെ നടന്നിട്ടുണ്ട്. എ മാധവമേനോനാണ് ജീവല്‍സാഹിത്യസംഘടനയുടെ ഒന്നാമത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളസാഹിത്യനിര്‍മാണത്തിന്റെയും ആസ്വാദനത്തിന്റെയും മേഖലകളില്‍ പുരോഗമനസാഹിത്യപ്രമേയത്തോടുള്ള പലതരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊരു തര്‍ക്കവിഷയമല്ല. യാന്ത്രികവും വിഭാഗീയവുമായ ഒന്നാണ് പുരോഗമനസാഹിത്യത്തിന്റെ നിലപാട് എന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴും കാണുമെങ്കിലും, പൊതുവെ സാഹിത്യത്തിന്റെ സമകാലികത, സാമൂഹികത, ചരിത്രപരത, അനുഭവകേന്ദ്രിതത്വം, സ്വാതന്ത്ര്യബോധം, കീഴാളാഭിമുഖ്യം എന്നിവ സ്വാഭാവികാശയങ്ങളായിത്തീര്‍ന്നിട്ടുണ്ട്. മത-ജാതിവാദം, വര്‍ഗീയവാദം എന്നിവയുടെ കടന്നാക്രമണം കലയിലും സമൂഹത്തിലും ഉണ്ടാവുമ്പോഴൊക്കെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പുരോഗമനസാഹിത്യചിന്തയാണ്. സമഗ്രത, സൂക്ഷ്മത, വൈവിധ്യം, വൈപുല്യം, സ്വീകരണശേഷി എന്നിവയില്‍ കാലോചിതമായി കൂടുതല്‍ ശ്രദ്ധിച്ചുസ്വയം വികസിക്കാനുള്ള ശേഷി പുരോഗമനസാഹിത്യദര്‍ശനം പ്രകടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി-ദളിത്-സ്ത്രീവാദങ്ങള്‍ എന്നിവയോടും ചലച്ചിത്രം, ചിത്രകല എന്നീ മാധ്യമങ്ങളോടും സൈബര്‍ സാങ്കേതികരംഗത്തോടും സ്വീകരിക്കുന്ന രചനാത്മകമായ സമീപനങ്ങളും ഇതിന്റെതന്നെ തെളിവുകളായിട്ടാണ് കാണേണ്ടത്.

പുരോഗമനകലാസാഹിത്യസംഘം ഒരു സംഘടന എന്ന നിലയില്‍ ഇന്ന് സജീവമാണെന്നുകൂടി സന്തോഷത്തോടെ പറയാം. സംസ്ഥാനത്തുടനീളം ഘടകങ്ങളും നല്ലൊരു പ്രവര്‍ത്തകവ്യൂഹവും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടന്നുവരുന്നു. സ്വന്തമായി മാസികയും വെബ്മാഗസിനും ഉണ്ട്. വിവിധകലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉചിതസന്ദര്‍ഭങ്ങളില്‍ ഏകോപിപ്പിക്കുന്ന സംവിധാനംകൂടിയാണ് ഈ സംഘം. സംസ്ഥാനകമ്മിറ്റിക്ക് തിരുവനന്തപുരത്ത് കാര്യാലയമുണ്ട്. ആളുകളെ വെറും ഉപഭോക്താക്കളായും കുടുംബസ്ഥന്മാരായും ചുരുക്കിക്കാണുന്ന നവമുതലാളിത്തപ്രയോഗത്തിന് സാമൂഹികതയെ മുന്‍നിര്‍ത്തി കലയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും പ്രതിരോധം തീര്‍ക്കുക എന്ന യത്നം ഒട്ടും അനായാസമല്ല. ഈ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം കൂടുതല്‍ കണിശമായി തിരിച്ചറിയാന്‍ 1937ലെ തൃശൂര്‍സമ്മേളനത്തിന്റെ ഓര്‍മ സംഘംപ്രവര്‍ത്തകരെയും സര്‍ഗാത്മക സമൂഹത്തെയും പ്രേരിപ്പിക്കുന്നു.

*
ഇ പി രാജഗോപാലന്‍ (പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

ദേശാഭിമാനി 20 ഏപ്രില്‍ 2012

Friday, January 6, 2012

സാഹിത്യവും പ്രസ്ഥാനവും

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷഘട്ടമാണിത്. ഈ ഘട്ടത്തില്‍ രണ്ടുചോദ്യങ്ങള്‍ പ്രസക്തമാണ്. സാഹിത്യത്തിന് ഈ പ്രസ്ഥാനം എന്ത് സംഭാവന നല്‍കി എന്നതാണ് ഒന്ന്. ഇന്ന് ഈ പ്രസ്ഥാനത്തിന് എന്ത് പ്രസക്തിയാണുള്ളത് എന്നതാണ് മറ്റൊന്ന്. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ഈ പ്രസ്ഥാനമാണ് ദൈവത്തെയും രാജാവിനെയും കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ് ഉത്തമസാഹിത്യം എന്ന സങ്കല്‍പ്പം തട്ടിയുടച്ചുകൊണ്ട് അതിനെ മനുഷ്യനെയും അവന്റെ പൊള്ളുന്ന ജീവിതത്തെയുംകുറിച്ചുള്ള പ്രതിപാദനങ്ങള്‍കൊണ്ട് പകരംവച്ചത് എന്നതാണ്. രണ്ടാമത്തേതിന്റെ ഉത്തരം ആധുനിക മുതലാളിത്തത്തിന്റെ കലയിലെ പ്രകടരൂപമായ പോസ്റ്റ്മോഡേണിസം സാഹിത്യത്തില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവിത യാഥാര്‍ഥ്യങ്ങളെയും നിഷ്കാസനംചെയ്യുന്ന പുതുകാലത്ത് കലയുടെ ജനായത്തവല്‍ക്കരണ പ്രക്രിയയെ മുമ്പോട്ടുകൊണ്ടുപോവാന്‍ തക്കവിധം ഇടപെടാന്‍ ഇതൊന്നുമാത്രമേ ഉള്ളൂ എന്നതാണ്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ , മലയാളത്തില്‍ മൗലിക സാഹിത്യമുണ്ടായിത്തുടങ്ങിയത് പുരോഗമന സാഹിത്യപ്രസ്ഥാനവും അതിലൂടെ കടന്നുവന്ന എഴുത്തുകാരും ഉണ്ടായപ്പോഴാണ്.

പുരാണകൃതികളുടെയും ഇതിഹാസകൃതികളുടെയും പുനരാഖ്യാനങ്ങളോ ഉപജീവനാഖ്യാനങ്ങളോ മാത്രമായിരുന്ന സാഹിത്യത്തില്‍ മൗലികതയുടെ സ്ഫുരണങ്ങളുണ്ടായത് ബഷീറും തകഴിയും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഒക്കെ സ്വന്തം സര്‍ഗപ്രതിഭകൊണ്ട് ജീവിതത്തോട് ഏറ്റുമുട്ടിയപ്പോഴാണ്. അതുവരെ സാഹിത്യത്തിന് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന ചാത്തനും ചിരുതയുമൊക്കെ സാഹിത്യത്തില്‍ കഥാപാത്രങ്ങളായി. അവരുടെ ജ്വലിക്കുന്ന ജീവിതങ്ങള്‍ സാഹിത്യത്തിന്റെ ഇതിവൃത്തങ്ങളായി. "തോട്ടിയുടെ മകന്‍" പോലുള്ള കൃതികളുണ്ടായി. ആ മാറ്റമുണ്ടാക്കിയെടുത്ത പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു മുമ്പില്‍ ഇന്ന് ഉയര്‍ന്നുനില്‍ക്കുന്ന വെല്ലുവിളി പഴയതിനേക്കാള്‍ രൂക്ഷഭാവമുള്ളതാണ്. അന്ന് രാജാവാണെങ്കിലും മനുഷ്യന്‍ കഥാപാത്രമാവുന്ന സ്ഥിതിയുണ്ടായിരുന്നു. ഇന്നോ കലയില്‍ , സാഹിത്യത്തില്‍ മനുഷ്യനേ വേണ്ട എന്ന സന്ദേശം ശക്തമാവുന്നു. "കുറ്റവും ശിക്ഷയും"പോലെ "അന്നാകരിനീന"പോലെയുള്ള ജീവിതഗന്ധിയായ കൃതികള്‍ സിനിമകളായിരുന്ന ഹോളിവുഡില്‍നിന്ന് മനുഷ്യനെയും ജീവിതത്തെയും വകഞ്ഞുമാറ്റുന്ന "ജുറാസിക് പാര്‍ക്കും" "മമ്മി"യുംപോലുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നു. മനുഷ്യനെ യന്ത്രരൂപികളെക്കൊണ്ടും രാക്ഷസരൂപികളെക്കൊണ്ടും ബഹിരാകാശരൂപികളെക്കൊണ്ടും പകരംവയ്ക്കുന്നു. ഭൂമിയെ എക്സ്ട്രാ - ടെറസ്ട്രിയല്‍ തലങ്ങള്‍കൊണ്ടും ജീവിതത്തിന്റെ കറുപ്പും വെളുപ്പുമായ യാഥാര്‍ഥ്യങ്ങളെ വര്‍ണപ്പൊലിമയാര്‍ന്ന ഭ്രമകല്‍പ്പനകള്‍കൊണ്ടും പകരംവയ്ക്കുന്നു. ബൃഹദാഖ്യാനങ്ങളെ കാപ്സ്യൂള്‍ രചനകള്‍കൊണ്ടും സാരവത്തായ കാര്യങ്ങളെ നിസ്സാരതകൊണ്ടും ഗൗരവമേറിയ ചിന്തകളെ നയനാഭിരാമമായ വര്‍ണക്കാഴ്ചപ്പൊലിമകൊണ്ടും പകരംവയ്ക്കുന്നു.
മനുഷ്യനും ജീവിതവും കലയ്ക്ക് പുറത്തായ മറ്റൊരു ഘട്ടമില്ല. ഈ കാലത്ത് മനുഷ്യനെയും ജീവിതത്തെയും തിരികെപ്പിടിച്ച് കലയിലുറപ്പിച്ചു നിര്‍ത്തുക എന്നതാകുന്നു പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ദൗത്യം. പുരോഗമന സാഹിത്യകാരന്മാര്‍ ജീവിതത്തിന്റെ കടല്‍ സാഹിത്യരചനയ്ക്കുള്ള മഷിപ്പാത്രമാക്കിയപ്പോള്‍ "ഹൊ! രാഷ്ട്രീയം" എന്ന് അയിത്തഭാഷയില്‍ ആര്‍ത്തുവിളിച്ച ശുദ്ധകലാവാദികളുണ്ടായിരുന്നു. എന്നാലിന്ന് അവരുടെ പിന്മുറക്കാര്‍ സിദ്ധാന്തപരമായി ശുദ്ധകലാവാദം ഉയര്‍ത്തിപ്പിടിക്കുകയും സാഹിത്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ നേതാക്കളെയും അപഹസിക്കുന്നതിനുള്ള ആയുധമാക്കുകയുംചെയ്യുന്നു. അപ്പോള്‍ , ഇടതുപക്ഷ രാഷ്ട്രീയം സാഹിത്യത്തില്‍വന്നാല്‍ അത് സര്‍ഗാത്മകതയ്ക്ക് എതിര്; ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം സാഹിത്യത്തില്‍ വന്നാല്‍ അത് സര്‍ഗാത്മകതയ്ക്ക് ഉശിര് എന്നതാവുന്നു സമവാക്യം. ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടുക എന്നതും പുതിയ കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന്റെ കടമയാവുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയം കൈകാര്യംചെയ്താല്‍ എഴുത്തുകാരന് ഹൃദയച്ചുരുക്കം വന്നുപോകുമെന്നു പറയാന്‍ ആധുനികകാലത്ത് കൂപമണ്ഡൂകങ്ങള്‍ക്ക് മാത്രമേ കഴിയൂ. ലോകവും കാലവും ആദരിക്കുന്ന പാബ്ലോ പിക്കാസോ ഫ്രഞ്ച് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. ഒരു മെയ്ദിനമാണ് വിഖ്യാതമായ "ഗൂര്‍ണിക്ക" വരച്ചുതുടങ്ങാന്‍ അദ്ദേഹം തെരഞ്ഞെടുത്തതുപോലും. ലൂയി ആരഗണ്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു.

നൊബേല്‍ സമ്മാന ജേതാവ് സരമാഗോ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമാണ്. ജോണ്‍ സ്റ്റെയിന്‍ബെക്, യൂജീന്‍ ഒനീല്‍ എന്നിവര്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സൗന്ദര്യശാസ്ത്ര ചിന്തകരിലൊരാളായ ക്രിസ്റ്റഫര്‍ കോഡ്വെല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. വിഖ്യാത മ്യൂറലിസ്റ്റ് പെയിന്റര്‍ സിക്വറോസ് മെക്സിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടി സെക്രട്ടറിയായിരുന്നു. പ്രശസ്ത ചിത്രകാരിയായ ഫ്രീഡാ കാലോ മെക്സിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടിയില്‍ അംഗമായിരുന്നു. ലൂസുന്‍ ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. പാബ്ലോ നെരൂദ മുതല്‍ അന്റോണിയോ ഗ്രാംഷിവരെയുള്ളവരെക്കുറിച്ച് എടുത്തുപറയേണ്ടതില്ല. എഴുത്തുകാരനായിരുന്ന ഭീഷ്മസാഹ്നിയും ചലച്ചിത്രകാരനായിരുന്ന സഹോദരന്‍ ബല്‍രാജ് സാഹ്നിയും കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളായിരുന്നു. ഫെയ്സ് അഹമ്മദ് ഫെയ്സ് പാക് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. ഇവരൊക്കെ കമ്യൂണിസ്റ്റുകാരായിപ്പോയതുകൊണ്ട് ഹൃദയച്ചുരുക്കമുള്ളവരായോ? ലോകമാകെ മാര്‍ക്സിലേക്ക് തിരിയുന്ന പുതുകാലത്ത് ഹൃദയച്ചുരുക്കവാദത്തോളം അസംബന്ധമായി മറ്റൊന്നില്ല. ഈ പശ്ചാത്തലം പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് സവിശേഷമായ പ്രസക്തി നല്‍കുന്നു.

സാര്‍വദേശീയരംഗത്ത് പുരോഗമന സാഹിത്യപ്രസ്ഥാനം ഉദയംചെയ്തതുതന്നെ കൃത്യമായും ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ഫാസിസ്റ്റ്വിരുദ്ധ യുദ്ധത്തിന്റേതായിരുന്നു ആ പശ്ചാത്തലം. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയും കൊളോണിയല്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധമുന്നണിയും എന്നത് 1935ല്‍ മോസ്കോവില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാക്സിംഗോര്‍ക്കി പങ്കെടുത്ത പാരീസ് കോണ്‍ഫറന്‍സ് നടക്കുന്നത്. ആ കോണ്‍ഫറന്‍സിന്റെ മുഖ്യമുദ്രാവാക്യം ഫാസിസ്റ്റ് വിരുദ്ധ - സാമ്രാജ്യത്വവിരുദ്ധ പോരാട്ടം എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ 1936ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സെഷന്‍ ലഖ്നൗവില്‍ കൂടിയപ്പോള്‍ കമ്യൂണിസ്റ്റ് എഴുത്തുകാരുടെ ഒരു പ്രത്യേകസമ്മേളനം ചേര്‍ന്നത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ്പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ സജാത് സഹീറിനെപ്പോലുള്ളവരായിരുന്നു അത് വിളിച്ചുകൂട്ടിയവരില്‍ പ്രധാനികള്‍ . പിന്നീട് അദ്ദേഹം പാകിസ്ഥാനിലായി. കമ്യൂണിസ്റ്റുകാരാണ് നേതൃത്വപരമായ പങ്കു വഹിച്ചതെങ്കിലും ആ സമ്മേളനത്തില്‍ കമ്യൂണിസ്റ്റുകാരല്ലെങ്കിലും ദേശീയവാദികളായ പ്രഗത്ഭരായ എഴുത്തുകാരുണ്ടായിരുന്നു. പ്രേംചന്ദ് ആയിരുന്നു അധ്യക്ഷന്‍ . ടാഗോര്‍ , സരോജിനി നായിഡു തുടങ്ങിയവരുടെ ആശീര്‍വാദവും ആ സമ്മേളനത്തിനുണ്ടായി.

അന്ന് രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനം 1936ല്‍ മഹാരാഷ്ട്രയിലെ ഫൈസ്പുരില്‍ ചേര്‍ന്നപ്പോള്‍ സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തുകാര്യം എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവന്നു. അശോക്മേത്ത ഉന്നയിച്ച ആ ചോദ്യത്തിന് സാര്‍വദേശീയ സാഹചര്യവും അത് സാഹിത്യകാരന്റെ ചിന്തയിലുളവാക്കുന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് ശക്തമായ മറുപടി നല്‍കിയത് സരോജിനി നായിഡുവാണ്. ഇതേത്തുടര്‍ന്നാണ് കേരളത്തിലും പുരോഗമനസാഹിത്യസംഘടനയുണ്ടാക്കാനുള്ള സമ്മേളനം വിളിച്ചുചേര്‍ത്തത്. 1937 ഏപ്രില്‍ 20ന് അങ്ങനെയാണ് ഇ എം എസിന്റെയും മറ്റും നേതൃത്വത്തില്‍ ജീവല്‍സാഹിത്യസംഘടന രൂപീകരിച്ചത്. ആ സംഘടന ഇന്ന് വിശാല പുരോഗമനസാഹിത്യപ്രസ്ഥാനമായി വളര്‍ന്നുനില്‍ക്കുന്നു. കാലം മാറിയതനുസരിച്ച് വീക്ഷണത്തിലും ഏറെ മാറ്റംവന്നു. അത് കൂടുതല്‍ പ്രകാശമാനവും വികസ്വരവുമായി. ഇത് പലരും ഇന്നു കാണാന്‍ കൂട്ടാക്കുന്നില്ല.

എന്താണ് ആ മാറ്റം? ബോധപൂര്‍വമല്ലാതെയും വിപ്ലവ പുരോഗമനപ്രസ്ഥാനത്തെ സഹായിക്കുന്ന കൃതികള്‍ രചിക്കുന്ന ചിലരുണ്ട് എന്ന കാര്യവും കലാരചനയുടെ ഉള്ളടക്കം എന്നതുപോലെ രൂപവും പ്രധാനമാണ് എന്ന കാര്യവും ആദ്യം പ്രസ്ഥാനം കണ്ടിരുന്നില്ല. എന്നാല്‍ , വിപ്ലവ പുരോഗമനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ സാഹിത്യം വലിയ പങ്കുവഹിക്കും. ആദ്യ നിലപാടിലെ അടിസ്ഥാനപരമായ ശരി നിലനിര്‍ത്തിക്കൊണ്ടുതന്നെ, കൃതികളുടെ കാര്യത്തില്‍ രൂപത്തിനുള്ള പ്രസക്തിയെന്ത് എന്നുകൂടി ഗണിക്കുന്ന നിലവന്നു. പ്രതിബദ്ധതയോടെ സാഹിത്യരംഗത്തു നിലയുറപ്പിച്ചിട്ടുള്ള സാഹിത്യകാരന്മാരില്‍നിന്ന് വ്യത്യസ്തരായി പ്രത്യേക ലക്ഷ്യമൊന്നും മുന്നില്‍ കണ്ടുകൊണ്ടല്ലെങ്കിലും സാഹിത്യസപര്യയില്‍ മുഴുകിക്കഴിയുന്ന മറ്റൊരു വിഭാഗം എഴുത്തുകാര്‍ ബോധപൂര്‍വമല്ലാതെതന്നെ പിന്തിരിപ്പന്‍ശക്തികളെ എതിര്‍ത്ത് പുരോഗമനശക്തികളെ സഹായിക്കുന്നുണ്ട് എന്നത് അംഗീകരിക്കുന്ന നില വന്നു. ഇവര്‍ വിലയിരുത്തപ്പെടാതെ പോകേണ്ടവരല്ല എന്ന മനോഭാവം വന്നു. ടോള്‍സ്റ്റോയിയുടെയും ഗോര്‍ക്കിയുടെയും ഉദാഹരണംകൊണ്ട് ഈ വേര്‍തിരിവ് കൂടുതല്‍ വ്യക്തമാക്കാം. ടോള്‍സ്റ്റോയി ശുദ്ധ കലാകാരനായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിത്തന്നെയായിരുന്നു. എന്നാല്‍ , ആ ശുദ്ധകലാവാദിയുടെ കൃതിയെക്കുറിച്ചു പറയാന്‍ ലെനിന്‍ ഉപയോഗിച്ചത് "വിപ്ലവത്തിന്റെ കണ്ണാടി" എന്ന വിശേഷണമായിരുന്നു. ഗോര്‍ക്കിയാകട്ടെ, വിപ്ലവപ്രസ്ഥാനത്തെ കരുത്തുറ്റതാക്കുക എന്ന പ്രഥമ ലക്ഷ്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ രചന നടത്തി. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ കാലത്ത് പുരോഗമനസാഹിത്യപക്ഷത്തു നിന്നവര്‍ കൈക്കൊണ്ട നിലപാടിനെ മാനദണ്ഡമാക്കിയാല്‍ ടോള്‍സ്റ്റോയിയെ തള്ളിപ്പറയേണ്ടിവരും. അന്ന് രൂപഭദ്രതാവാദക്കാര്‍ അംഗീകരിച്ച നിലപാട് മാനദണ്ഡമാക്കിയാല്‍ ഗോര്‍ക്കിയെ തള്ളിപ്പറയേണ്ടിവരും. പക്ഷേ, ഇരുവരും തള്ളിപ്പറയപ്പെടേണ്ടവരല്ല, മറിച്ച് അംഗീകരിക്കപ്പെടേണ്ടവരാണ്. ഇരുവരെയും അംഗീകരിക്കുന്ന ഒരു അവസ്ഥ രൂപപ്പെടണമെങ്കില്‍ ഇരുവാദത്തിലെയും ദൗര്‍ബല്യങ്ങള്‍ ഇല്ലാതാവണം. ഇതു ചെയ്തുകൊണ്ട് പ്രതിജ്ഞാബദ്ധരും അല്ലാത്തവരുമായ സാഹിത്യകാരന്മാരെ ആസ്വദിക്കുക എന്നതാണ് അനുവാചകലോകത്തിന്റെ കടമ എന്ന വിശാലവീക്ഷണത്തിലേക്ക് ഈ കാലത്ത് പുരോഗമനസാഹിത്യപ്രസ്ഥാനം മാറി. രൂപഭദ്രതയുടെ പേരില്‍ ബദ്ധപ്രതിജ്ഞരായ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും രചനകളെ അവഗണിച്ചുകൂടാ. വിപ്ലവത്തോടുള്ള കൂറിന്റെ പേരില്‍ പ്രതിജ്ഞാബദ്ധരല്ലാത്ത കലാകാരന്മാരുടെ രചനകളെയും അവഗണിച്ചുകൂടാ. ഇത്രമേല്‍ സമതുലിതവും ബോധത്തെളിമയുമുള്ള നിലപാട് ഇന്ന് മറ്റേതു പ്രസ്ഥാനത്തിനുണ്ട്?

ജീവല്‍ -പുരോഗമന സാഹിത്യഘട്ടങ്ങള്‍ ഉണ്ടാക്കിയ നേട്ടം മലയാളസാഹിത്യചരിത്രത്തിലാദ്യമായി അധ്വാനിക്കുന്ന ബഹുജനങ്ങള്‍ കലാസാഹിത്യകൃതികള്‍ ആസ്വദിക്കുന്നവര്‍മാത്രമല്ല, അവയുടെ രചയിതാക്കള്‍കൂടിയായി മാറി എന്നതാണ്. വരേണ്യ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരുന്ന സാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത് ചരിത്രപ്രധാനമായ കാര്യംതന്നെയാണ്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ കാഴചപ്പാട് കൂടുതല്‍ പ്രകാശപൂര്‍ണവും വികസ്വരവുമായതിന്റെ പിന്നിലെ പല ഘടകങ്ങളിലൊന്ന് സാര്‍വദേശീയരംഗത്ത് ഇടക്കാലത്തുയര്‍ന്നുവന്ന "പുത്തന്‍ ഇടതുപക്ഷം" പ്രസരിപ്പിച്ച ചിന്തകൂടിയാണ്. ന്യൂലെഫ്റ്റ് പ്രസ്ഥാനത്തെ സാമ്രാജ്യത്വാനുകൂല വ്യതിയാനമായാണ് ആദ്യം പലരും കണ്ടത്. എന്നാല്‍ , അത് അങ്ങനെ ആയിരുന്നില്ല. ടെറി ഈഗിള്‍ടണ്‍ , ഇ വി തോംപ്സണ്‍ തുടങ്ങിയവരടക്കമുള്ളവര്‍ ഈ ന്യൂലെഫ്റ്റ് ചിന്താധാരയെ നവീകരിച്ച് ശക്തിപ്പെടുത്തി. സാഹിത്യത്തിന് സ്ഥിതവ്യവസ്ഥയ്ക്കെതിരായ കലാപം എന്നതിനൊപ്പം ഏകാന്തമായ അനുഭൂതികളുടെ പ്രസരണം എന്ന ധര്‍മവും അനുഷ്ഠിക്കാനാവും എന്ന് അവര്‍ വ്യക്തമാക്കി. മനുഷ്യന് അന്യമല്ലാത്തതെല്ലാം കലയ്ക്കു സ്വീകാര്യമാണെന്ന് അവര്‍ തെളിയിച്ചു. പുത്തന്‍ ഇടതുപക്ഷം പകര്‍ന്ന വെളിച്ചം പുരോഗമനപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനെ നവീകരിക്കുന്നതില്‍ വഹിച്ച പങ്ക് പ്രധാനമാണ്. രൂപംമാത്രമേ നോക്കേണ്ടതുള്ളൂ എന്ന വാദത്തിലെയും ഭാവം ശരിയായാല്‍ എല്ലാം ശരിയായി എന്ന വാദത്തിലെയും ദൗര്‍ബല്യങ്ങള്‍ കുടഞ്ഞുകളഞ്ഞ് ആരോഗ്യകരവും സര്‍ഗാത്മകവുമായ ഒരു നവസമീപനത്തിലേക്ക് പുരോഗമനസാഹിത്യപ്രസ്ഥാനം ഉണര്‍ന്നു.

പുതിയ കാലത്തിന്റെ വെല്ലുവിളികളെ, പുതിയ ഭാഷയുടെയും സംവേദനത്തിന്റെയും വെല്ലുവിളികളെ നേരിടാന്‍ വേണ്ട ഊര്‍ജവും കരുത്തും ഉള്‍ക്കൊണ്ടുകൊണ്ട് പ്ലാറ്റിനം ജൂബിലി ഘട്ടത്തില്‍ പുരോഗമനസാഹിത്യപ്രസ്ഥാനം പ്രസക്തമായി ഉണര്‍ന്നുയര്‍ന്നു നില്‍ക്കുന്നത് ഈ സ്വയം നവീകരണ സന്നദ്ധതകൊണ്ടുകൂടിയാണ്. $ സൈനിക സാമ്പത്തിക അധിനിവേശങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ കാണാനാവും. എന്നാല്‍ , ആഗോളവല്‍ക്കരണത്തിലൂടെയുള്ള സാമ്രാജ്യത്വാധിനിവേശം ഇരുട്ടില്‍ പതിഞ്ഞ കാല്‍വയ്പുകളോടെയാണ് കടന്നുവരുന്നത്. സ്വന്തം ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള അഭിമാനം ഒരു ജനതയില്‍ നിന്ന് ചോര്‍ത്തിയെടുത്താല്‍ ഭൗതിക തലത്തില്‍ ആ ജനതയെ കീഴ്പ്പെടുത്താന്‍ സാമ്രാജ്യത്വത്തിന് എളുപ്പമാകും. അതുകൊണ്ടുതന്നെ സൂക്ഷ്മമായ ജാഗ്രത ആ രംഗത്തുണ്ടായേ പറ്റൂ. ആ നിലയ്ക്കുള്ള ഉണര്‍വ് സമൂഹമനസ്സിലുണ്ടാക്കുക എന്നതാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സമകാലിക കടമകളില്‍ പ്രധാനപ്പെട്ട ഒന്ന്.

ഇന്ത്യ എന്ന വികാരത്തെ ജാതി-വര്‍ഗീയ വികാരങ്ങള്‍ ആളിപ്പടര്‍ത്തി ഛിദ്രീകരിക്കാനുള്ള വിധ്വംസകശക്തികളുടെ ശ്രമങ്ങള്‍ ശക്തമാവുന്ന കാലമാണിത്. അതേസമയം, ഒറ്റമനസ്സായിനിന്ന് അതിനെ നേരിട്ട് സമഭാവനയുടെയും സാഹോദര്യത്തിന്റെയും ചിന്ത മനസ്സിലുറപ്പിച്ചു മുന്നേറാനുള്ള ഐക്യബോധത്തിന്റെ ചെറുത്തുനില്‍പ്പ് ശക്തമാവുന്ന ഘട്ടവുമാണ്. ഈ ചെറുത്തുനില്‍പ്പിന് ആര്‍ജവം പകരാനുള്ള കരുത്തിന്റെ നിത്യസംഭരണിയാണ് ഇന്ത്യയിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം. അതിരുകളെ അതിലംഘിച്ചുകൊണ്ടുള്ള മൂലധനവ്യവസ്ഥ സ്വതന്ത്രരാഷ്ട്ര പദവികളെത്തന്നെ തട്ടിത്തെറിപ്പിച്ച് മുന്നേറുകയാണ്. അധിനിവേശഭാവുകത്വത്തിന്റെ കാര്‍പ്പെറ്റ് ബോംബിങ്ങില്‍ വികസ്വരരാഷ്ട്രങ്ങളുടെ സാംസ്കാരികസത്തകളും ഭാവുകത്വസമ്പ്രദായങ്ങളും ഞെരിഞ്ഞമരുകയാണ്. ഓരോ ജനതയും സ്വന്തം ചരിത്ര-സംസ്കാര സ്വത്വങ്ങളിലൂന്നി ഇതിനെതിരായ ധീരപോരാട്ടങ്ങള്‍ നടത്തുന്ന കാലംകൂടിയാണിത്. ഈ പോരാട്ടത്തില്‍ ജനതയുടെയാകെ സാംസ്കാരികബോധത്തെ കണ്ണിചേര്‍ക്കുക എന്ന ദൗത്യമാണ് ഇന്ത്യന്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് ഏറ്റെടുക്കാനുള്ളത്. അതിനുള്ള കര്‍മപദ്ധതികളാല്‍ ശ്രദ്ധേയമാവും 2012ല്‍ ഉടനീളം നടക്കാന്‍പോവുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ .

*
പ്രഭാവര്‍മ ദേശാഭിമാനി 04 ജനുവരി 2012