Showing posts with label ഫീച്ചര്‍. Show all posts
Showing posts with label ഫീച്ചര്‍. Show all posts

Wednesday, July 27, 2011

കാര്‍ട്ടര്‍ ; ലെന്‍സിലൊളിപ്പിച്ച മരണം

കെവിന്‍ കാര്‍ട്ടര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ നമ്മുടെ ഓര്‍മയില്‍ തെളിയണമെന്നില്ല. പട്ടിണി എന്ന വിപത്തിനെ അതിന്റെ ഏറ്റവും തീവ്രമായ ഭാവത്തില്‍ കാര്‍ട്ടര്‍ പകര്‍ത്തിയിട്ടുണ്ട്. ആ അമൂര്‍ത്ത രൂപത്തെ കണ്ണില്‍ കുത്തുന്ന പോല്‍ കാണിച്ചു തന്നിട്ടുണ്ട്. താനെടുത്ത ഒരു ഫോട്ടോയുടെ പേരില്‍ ആത്മഹത്യ ചെയ്ത വിഖ്യാത ഫോട്ടോഗ്രാഫര്‍ . കാര്‍ട്ടര്‍ മരിച്ചിട്ട് ജൂലൈ 27ന് പതിനേഴ് വര്‍ഷം തികയുന്നു. 1994. സുഡാനിലെ ക്ഷാമകാലം. എല്ലും തോലുമായി കുറെ മനുഷ്യക്കോലങ്ങള്‍ . ഓരോ ശിശുരോദനത്തിലും കേട്ടത് ഒരു കോടി ഈശ്വരവിലാപങ്ങള്‍ . ശോഷിച്ച കണ്ണും കൈയും വീര്‍ത്ത വയറുമായി പിറന്ന കുട്ടികള്‍ ജനനത്തിനു മുന്‍പെ മരണവുമായി കരാറൊപ്പു വച്ചിരുന്നു. ദുരന്തത്തിന്റെ വിലയിരുത്തലുകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുഡാനിലെത്തി. മറ്റൊരു ദൗത്യത്തിനായി സുഡാനില്‍ വിമാനമിറങ്ങിയ കെവിന്‍ കാള്‍ട്ടറെന്ന ഫോട്ടോഗ്രാഫറും.

ദുരിതാശ്വാസ ക്യാമ്പുകള്‍ നിറയെ പട്ടിണിക്കോലങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു അപ്പോഴേക്കും. ആഫ്രിക്കയുടെ സ്വന്തം നെല്‍സണ്‍ മണ്ടേല ജയിലടയ്ക്കപ്പെട്ട 1960ലായിരുന്നു കാര്‍ട്ടറുടെ ജനനം. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷം വരുന്ന വെളുത്തവന്‍മാരില്‍ ഒരാളായി. ജോഹന്നസ് ബര്‍ഗിലെ ഒരുപ്രവിശ്യയില്‍ റോമന്‍ കാത്തലിക് ദമ്പതികളുടെ മകനായി പിറന്ന കാര്‍ട്ടര്‍ സാധാരണ വെള്ളക്കാരനെപ്പോലെയായിരുന്നില്ല. മണ്ടേലയെ പുറത്താക്കി വെള്ളപ്പട്ടാളം ആഫ്രിക്കയില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കാര്‍ട്ടര്‍ ഉത്കണ്ഠാകുലനായിരുന്നു. പലപ്പോഴും തന്റെ സുഹൃത്തുക്കളോട് തന്റെ അസന്തുഷ്ടമായ കുട്ടിക്കാലത്തെക്കുറിച്ച് അയാള്‍ സംസാരിക്കുമായിരുന്നു. കൗമാരത്തിലെത്തിയപ്പോള്‍ ഡ്രൈവിങ്ങിനോടായിരുന്നു കമ്പം. ഒരുപാട് അലഞ്ഞുതിരിയലുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നു.

അവിടെ നിന്ന് 1980 ല്‍ മുങ്ങി. അതിനുശേഷം ഒരുതവണ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്യാനുമൊരുങ്ങി. പിന്നീട് ക്യാമറ വില്‍പ്പനക്കരനായി ജോലി കിട്ടി. ജൊഹന്നാസ്് ബര്‍ഗിലെ സണ്‍ഡേ പത്രത്തില്‍ ആഴ്ചയിലൊരു തവണ കാര്‍ട്ടര്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. ഒരിടത്തും ഒതുങ്ങി നില്‍ക്കാന്‍ ആ പ്രതിഭയ്ക്കായിരുന്നില്ല. 1984ല്‍ ആഫ്രിക്കയില്‍ കറുത്തവര്‍ക്കെതിരെ രാജ്യത്തിലെ ബ്ലാക്ക് ഡെല്‍റ്റകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കാര്‍ട്ടര്‍ ജൊഹന്നാസ് ബര്‍ഗ് സ്റ്റാര്‍ എന്ന പത്രത്തിലേക്ക് പോയി. അവിടെ നിന്നാണ് കാര്‍ട്ടറെന്ന ഫോട്ടോഗ്രാഫറുടെ ഉദയം. പിന്നീട് ഒരുപാട് യാത്രകള്‍ . സുഡാന്റെ ദക്ഷിണ അതിര്‍ത്തിയില്‍ (ഇന്നത്തെ ദക്ഷിണ സുഡാന്‍) റിബലുകള്‍ നടത്തുന്ന പോരാട്ടത്തിന്റെ ചില ചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ 1993ല്‍ തന്റെ സുഹൃത്ത് സില്‍വയുമൊന്നിച്ച് സുഡാനില്‍ വിമാനമിറങ്ങി. രാജ്യത്തെ ക്ഷാമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട കാര്‍ട്ടര്‍ തന്റെ ക്യാമറയില്‍ ഒതുക്കാനായി ചില ചിത്രങ്ങള്‍ എടുക്കാനായി അയോഡ് എന്ന ഗ്രമാത്തിലേക്ക് തിരിച്ചു. 1994 മെയ് 23. കാര്‍ട്ടര്‍ തന്റെ ക്യാമറയുമായി പുറത്തേക്കിറങ്ങി.

യുഎന്‍ ക്യാമ്പിന് സമീപത്തിലൂടെ കാഴ്ചകളെ തേടി അയാള്‍ നടന്നു. ചിത്രങ്ങള്‍ എടുത്ത് നീങ്ങവെ ദയനീയമായ ഒരു ഞരക്കം കാര്‍ട്ടര്‍ കേള്‍ക്കാനിടയായി.പെണ്‍കുഞ്ഞിന്റെ ഞരക്കമായിരുന്നു അത്. ചുട്ടുപൊള്ളുന്ന വെയിലില്‍ തല ഭൂമിയിലേക്ക് താഴ്ത്തി മരണത്തിന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്ന ഒരു കുട്ടി. പിന്നിലത്തെ കാഴ്ചയായിരുന്നു അതിഭീകരം. ശാന്തനായി, കണ്‍മുന്നിലുള്ള ജീവന്റെ അവസാന പിടച്ചിലിനായി കാത്തിരിക്കുന്ന കഴുകന്‍ . അഭയാര്‍ഥി കേന്ദ്രത്തിലേക്കായിരുന്നു ആ രൂപം ഇഴഞ്ഞു നീങ്ങിയത്. അതൊരു മനുഷ്യ പിണ്ഡമാണോ എന്ന് അയാള്‍ സംശയിച്ചു. ഫോട്ടോ എടുക്കാന്‍ തുടങ്ങവെയാണ് അതിന് നേരെ പിന്നിലായി കഴുകന്‍ പറന്നിറങ്ങിയത്. കാര്‍ട്ടര്‍ ക്യാമറ ഓഫ് ചെയ്തു. കാത്തിരുന്നു, കഴുകന്‍ ചിറക് വിടര്‍ത്തുന്നതും കാത്ത്. അനക്കമില്ലാതെ. കാര്‍ട്ടര്‍ പിന്നീട് പറഞ്ഞു. പത്ത് മിനിറ്റാണ് ആ ഒരു നിമിഷത്തിനായി താന്‍ കാത്തിരുന്നതെന്ന്. പക്ഷി ചിറകു വിടര്‍ത്തിയില്ല. കാര്‍ട്ടര്‍ മരത്തിന്റെ ചാരത്തിരുന്ന് കുട്ടിയെയും കഴുകനെയും ഫ്രെയിമിലാക്കി. പിന്നെ അവിടെ നിന്നില്ല.
പിന്തിരിഞ്ഞു നടക്കുമ്പോള്‍ ആ കുട്ടിയുടെ അവസാനത്തെ ചലനവും അവസാനിക്കുന്നത് കാര്‍ട്ടര്‍ കണ്ടു. ഒരു മരത്തണലില്‍ ഇരുന്ന് സിഗരറ്റിന് തീ കൊളുത്തുമ്പോള്‍ ആ വിഖ്യാത ഫോട്ടോഗ്രാഫര്‍ ദൈവത്തെ വിളിച്ചു കരഞ്ഞു. അതിന് ശേഷം കാര്‍ട്ടര്‍ കടുത്ത വിഷാദത്തിലായി എന്ന് സുഹൃത്ത് സില്‍വ ഓര്‍മിക്കുന്നു. ചിത്രമെടുത്ത ഉടനെ തന്റെ മകളെ പുണരാനായിരുന്നു കാര്‍ട്ടര്‍ ആഗ്രഹിച്ചത്. ജൊഹന്നാസ് ബര്‍ഗിലെ തന്റെ വീട്ടിക്കേ് പോകുമ്പോള്‍ ആ മുപ്പത്തിമൂന്നുകാരന്റെ മനസില്‍ എന്തൊക്കെയോ അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങിയിരുന്നു. ഒറ്റ സ്നാപ്പില്‍ ഒതുങ്ങിയ ചിത്രത്തിന്റെ അര്‍ഥങ്ങളും മാനങ്ങളും ഒന്നിലുമൊതുങ്ങിയില്ല. മാര്‍ച്ച് 26ന് ആ ചിത്രം ലോകമാകെ പടരാന്‍ തുടങ്ങി. ന്യൂയോര്‍ക്ക് ടൈംസിലേക്ക് ദിനേന നൂറുകണക്കിന് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. ആ കുട്ടിക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ച്. ആ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് ആരുമറിഞ്ഞില്ല.

കാര്‍ട്ടറിന്റെ മേല്‍ ശാപവാക്കുക്കള്‍ പൊഴിയാന്‍ തുടങ്ങി. അയാളുടെ ആത്മവിശ്വാസം പാടേ തകര്‍ന്നു. ഏപ്രില്‍ 12ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് കാര്‍ട്ടറിനെ തേടി ഒരു ഫോണ്‍ സന്ദേശം വന്നു. കാര്‍ട്ടര്‍ താങ്കള്‍ക്കാണ് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്കാരം. അപ്പോഴേക്കും അയാള്‍ വിഷാദ രോഗത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരുന്നു. വിഷാദത്തിന്റെയും കുറ്റബോധത്തിന്റെയും നീറ്റലില്‍ 1994 ജൂലൈ 27ന് കാര്‍ട്ടര്‍ തന്റെ ഫ്രെയിമുകള്‍ ബാക്കിയാക്കി ജീവിതം അവസാനിപ്പിച്ചു. വിഷാദം...പണം...കുട്ടികള്‍ ...ദേഷ്യവും വിഷാദവും ഓര്‍മകളെല്ലാം എന്നെ വേട്ടയാടുകയാണ്. ഞാന്‍ പോകുന്നു. ഒരു കണക്കിന് ഞാന്‍ ഭാഗ്യവനാണ്, കുറെ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞല്ലോ... കാര്‍ട്ടറിന്റെ മരണക്കുറിപ്പിലെ വാക്കുകള്‍ . സൊമാലിയയില്‍ മരണം ഇടമാറുമ്പോള്‍ , ആയിരക്കണക്കിനാളുകള്‍ മരുഭൂമികള്‍ കടന്ന് അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുമ്പോള്‍ , കെവിന്‍ കാര്‍ട്ടറുടെ ചിത്രം ലോകത്തെ മുറിവേല്‍പ്പിക്കുന്നു.

*
എ പ്രദീപ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, September 5, 2010

തീവണ്ടിയുടെ സഹയാത്രികര്‍

ഉറക്കത്തിലാണ്. അര്‍ധരാത്രിയോടടുത്തു. കുറുക്കന്മാരുടെ ഓരിയും നായ്‌ക്കളുടെ കുരയും. റെയില്‍പാളത്തിന് ഇരുപുറവുമുള്ള വയലുകളില്‍ തവളകള്‍ കരയുന്നു. കാലന്‍കോഴി നിര്‍ത്താതെ കൂവി. 12 മണിക്കുള്ള ബീറ്റ് തുടങ്ങുകയാണ്.

പള്ളിക്കര റെയില്‍വേഗേറ്റിനു മുന്നിലൂടെ കാട്ടുതലയില്‍ കുഞ്ഞിരാമന്‍, പി നാരായണന്‍ എന്നീ ബീറ്റുകാര്‍ ചെറുവത്തൂര്‍ ഭാഗത്തേക്ക്. 10 മിനിറ്റു കഴിഞ്ഞാല്‍ ഇരുഭാഗത്തേക്കും രണ്ടു വണ്ടികള്‍ എത്തും. ഭയാനകമായ ഇരുട്ടില്‍ റാന്തല്‍വിളക്കുമായി നീങ്ങുമ്പോള്‍ അശുഭമായി ഒന്നും കാണരുതേയെന്ന് ആഗ്രഹം. മയിച്ച പാലത്തിനടുത്ത് എത്താറായി. ട്രാക്കിന്റെ കിഴക്കുഭാഗത്ത് ആരോ വീണുകിടക്കുന്നു. ടോര്‍ച്ച് തെളിച്ചു. പടിഞ്ഞാറുഭാഗത്തായി മറ്റൊരു ജഡം. കറുത്ത ടീഷര്‍ട്ടും ജീന്‍സും വേഷം. പരിചയക്കാരാരുമല്ല. വിവരം അടുത്ത സ്റ്റേഷനില്‍ അറിയിക്കാനുള്ള ബാധ്യത പട്രോള്‍ഡ്യൂട്ടിക്കാരന്റേതാണ്. ബി ട്രാക്കിലൂടെയാണ് മടക്കയാത്ര. ജഡം കിടന്ന മയിച്ച പാലത്തിനടുത്തെത്താറായി. അതാ ബി ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്ത് മൂന്നാമത്തെ ജഡം. അതേരൂപത്തില്‍ അതേ വേഷത്തില്‍. ഇരുവരും സ്‌തബ്‌ധരായി. മൂന്നു ജീവന്‍ ഒരേസമയം ട്രാക്കില്‍. ഹൃദയമിടിപ്പിന് വേഗം കൂടി. ട്രാക്കിലൂടെ വീണ്ടും റെയില്‍വേസ്റ്റേഷനിലേക്ക്. നടത്തത്തിന് വേഗംകൂട്ടാന്‍ ശ്രമിച്ചെങ്കിലും ആരോ കാലില്‍ പിടിച്ചുവലിക്കുന്നപോലെ. ഇനിയും ജഡം കാണുമോ എന്ന ഭീതി. ശിരസ്സറ്റ്, മാംസത്തുണ്ടുകള്‍ ചിതറിത്തെറിച്ച്, പാതിവഴിയില്‍ ജീവിതം അവസാനിപ്പിച്ചവരുടെ രക്തംവീണ കല്‍ക്കൂമ്പാരങ്ങള്‍. രാത്രിയുടെ ഏകാന്തയാമങ്ങളില്‍ റെയില്‍വേ കനിഞ്ഞുനല്‍കിയ റാന്തല്‍വെളിച്ചത്തില്‍ എത്രയെത്ര കബന്ധകാഴ്‌ചകള്‍... ദുരന്തങ്ങളുടെ പാതിരാരംഗങ്ങള്‍ കണ്ടു മരവിച്ച് റെയില്‍വേ പട്രോള്‍ഡ്യൂട്ടിക്കാരന്റെ യാത്ര.

നേരംപുലര്‍ന്നു. വീണുകിടക്കുന്നയാളുടെ പോക്കറ്റില്‍ പൊലീസിന്റെ ലുക്ഔട്ട് നോട്ടീസ് രേഖപ്പെടുത്തിയ പത്രക്കട്ടിങ്. അതില്‍ കാണുന്ന മൂന്നു വ്യക്തികളാണ് ചിതറിക്കിടക്കുന്നത്. മോഷ്‌ടാക്കള്‍. ലുക്ഔട്ട് നോട്ടീസും പുതിയ പദ്ധതികളും പാളത്തിലുപേക്ഷിച്ച് മാംസത്തുണ്ടുകളായിരിക്കുന്നു. എല്ലാത്തിനും സാക്ഷിയാകാന്‍ പാതിരാനേരത്തും റെയില്‍വേ ബീറ്റുകാരന്‍. ട്രാക്കുകളില്‍ കല്ലുനിറച്ചും പാളങ്ങളുടെ ഉറപ്പ് പരിശോധിച്ചും ഉറപ്പിച്ചും ഗേറ്റ് തുറന്നും അടച്ചും യാത്രികരോടൊപ്പം ദേശാടനംചെയ്‌തും ട്രെയിനും റെയില്‍പ്പാളവും ജീവിതത്തിന്റെ ഭാഗമാക്കിയവര്‍. ഇവരുടെ പ്രധാന സങ്കേതങ്ങളിലൊന്നാണ് ചെറുവത്തൂര്‍. തിമിരി, വെങ്ങാട്ട്, മയിച്ച ഭാഗങ്ങളിലായി ഇവര്‍ കൂട്ടമായി കഴിയുന്നു.

മയിച്ച, വെങ്ങാട്ട്, തിമിരി, മുണ്ടക്കണ്ടം ഭാഗങ്ങളില്‍ മിക്കവരും റെയില്‍വേ തൊഴിലാളികളോ അവരുടെ ആശ്രിതരോ ആണ്. കല്‍ക്കരി എന്‍ജിന്‍മുതല്‍ ഇന്നത്തെ ഡീസല്‍ എന്‍ജിന്‍വരെ ഇവരുടെ ജീവിതത്തിന് താളവും ചൈതന്യവും നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഗോള്‍ഡന്‍ റോക്കെന്നോ പെരമ്പൂരെന്നോ ഈ നാടുകളെ വിശേഷിപ്പിക്കാം. തമിഴ്‌നാട്ടിലെ ഈ രണ്ടു പ്രദേശങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് മനുഷ്യാധ്വാനം സംഭാവനചെയ്യുന്നതില്‍ പ്രധാനം.

16 ലക്ഷം സ്ഥിരം തൊഴിലാളികളും നാലുലക്ഷം കരാര്‍തൊഴിലാളികളും ഉണ്ടായിരുന്ന റെയില്‍വേയില്‍ ഇന്ന് 12 ലക്ഷമായി കുറഞ്ഞു. ഈ തൊഴില്‍മേഖല വംശനാശത്തിന്റെ വക്കിലാണ്. അത് നേരിട്ടനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചെറുവത്തൂര്‍. പലരും വിരമിച്ചു. മറ്റുള്ളവര്‍ പ്രായത്തോടടുക്കുന്നു. കേരളത്തില്‍ ഏകദേശം പതിനേഴായിരത്തിനടുത്ത് തൊഴിലാളികളുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരത്താണ് കൂടുതല്‍. വടകര, എടക്കാട് എന്നിങ്ങനെ ഉത്തരഭാഗത്തും ധാരാളംപേര്‍. വെങ്ങാട്ട്, മയിച്ച, മുണ്ടക്കണ്ടം ഭാഗങ്ങളിലെപ്പോലെ റെയില്‍വേ തൊഴിലാളികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കുറവാണെന്നു പറയാം. 82 വയസ്സുള്ള മുണ്ടക്കണ്ടത്തെ പി പി ദാമോദരന്‍ മുതല്‍ ഇരുപത്തെട്ടുകാരന്‍ വിജേഷ് വരെ പട്ടിക നീളുന്നു.

റെയില്‍വേയുടെ വാട്ടറിങ് സ്റ്റേഷനായി ചെറുവത്തൂര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ കൂടുതലായത്. കൂട്ടത്തില്‍ സ്‌ത്രീകളുമുണ്ടായി. താല്‍ക്കാലികമായാണ് നിയമനം. പിന്നെ 120 ദിവസം പൂര്‍ത്തിയാക്കി പലരും സ്ഥിരമായി. ഗ്യാങ്മാന്‍, മേസ്‌ത്രി, കീമേന്‍, ഗേറ്റ് കീപ്പര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി എന്‍ജിനിയറിങ് ജീവനക്കാരും ലോക്കോ പൈലറ്റുമാരും കൂട്ടത്തിലുണ്ട്. പായ്‌ക്കിങ് മെഷീന്റെ വരവോടെ എണ്ണത്തില്‍ കുറവുവന്നു; ജോലിഭാരവും.

മെക്കാനിക്കല്‍ എന്‍ജിനിയര്‍ എം ബാലകൃഷ്‌ണന്‍, ജൂനിയര്‍ എന്‍ജിനിയര്‍മാരായ അപ്പു, രഞ്ജിത്ത്, ലോക്കോ പൈലറ്റ് കെ വി ബാലകൃഷ്‌ണന്‍, സൂപ്പര്‍വൈസര്‍മാരായ എന്‍ വി രാമകൃഷ്‌ണന്‍, കെ രാമകൃഷ്‌ണന്‍, റിട്ട. ലോക്കോ പൈലറ്റ് ജനാര്‍ദനന്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും ചെറുവത്തൂരിന്റെ റെയില്‍വേ ജീവിതത്തിന്റെ ഭാഗമാണ്. പായ്‌ക്കിങ്, പട്രോള്‍ഡ്യൂട്ടി തുടങ്ങിയ വിഷമകരമായ ജോലികളില്‍ ഏര്‍പ്പെട്ടവരാണ് കൂടുതല്‍. ബീറ്റ് ഡ്യൂട്ടിയുടെ നടുക്കുന്ന നിരവധി ഓര്‍മകള്‍ പങ്കുവയ്‌ക്കാനുണ്ട് പലര്‍ക്കും. മുന്‍കാലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തുകൂടിയാണ് പാളങ്ങള്‍. പഴയങ്ങാടി, ചെമ്പല്ലിക്കുണ്ട് ഭാഗങ്ങളില്‍ ഇന്നും സ്ഥിതി വ്യത്യസ്‌തമല്ല. നേരമില്ലാനേരത്തുള്ള കാവല്‍ജോലിക്കിടെ അപകടങ്ങളും നിരവധി. പഴയങ്ങാടിക്കടുത്ത് പട്രോള്‍ ഡ്യൂട്ടിക്കാരനെ നീര്‍നായ കടിച്ചുകൊന്നത് ഇന്നും നടുക്കുന്ന ഓര്‍മയാണ്. ഇതോടെയാണ് രാത്രി 12നു ശേഷമുള്ള ഡ്യൂട്ടിക്ക് രണ്ടു പേരെ നിയമിച്ചുതുടങ്ങിയത്.

കാസര്‍കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ കാര്യങ്കോട് പുഴയുടെ കൈവഴികളിലൊന്നാണ് മയിച്ച പുഴ. സാമ്രാജ്യത്വ-ജന്മി വിരുദ്ധ പോരാട്ടത്തിലൂടെ ചരിത്രത്തിന്റെ ഭിത്തിയില്‍ തിളങ്ങിയ കയ്യൂര്‍, കാര്യങ്കോട് പുഴയുടെ തീരത്താണ്. മയിച്ച പുഴയുടെ സമീപത്താണ് വെങ്ങാട്ട്, മയിച്ച, മുണ്ടക്കണ്ടം പ്രദേശങ്ങള്‍. ചെറുവത്തൂരിന്റെ കുതിപ്പില്‍ കിതപ്പിലും റെയില്‍വേ തൊഴിലാളികളുടെ നിശ്വാസവായു അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.

സമയനിഷ്‌ഠ, കാര്യക്ഷമത ഇതാണ് റെയില്‍വേയുടെ മാനിഫെസ്റ്റോ. ഡബിള്‍ലൈന്‍ വന്നതോടെ പാളങ്ങളെ എ, ബി എന്നിങ്ങനെ തരംതിരിച്ചു. അഞ്ചുമുതല്‍ 12 വരെ എ പാര്‍ട്ടിലൂടെയും 12 മുതല്‍ എട്ടുവരെ ബി പാര്‍ട്ടിലൂടെയുമാണ് ബീറ്റ്. രണ്ടു റാന്തല്‍, അപകടസൂചന നല്‍കാന്‍ റാന്തല്‍ തൂക്കിയിടാനുള്ള വടി, വെടി സിഗ്‌നല്‍, മത്താപ്പ് സിഗ്‌നല്‍ (ചുവപ്പ്, പച്ച), ടോര്‍ച്ച്, വിസില്‍, ബാഗ് എന്നീ സാധനങ്ങള്‍ അരമണിക്കൂര്‍ മുമ്പ് കൈപ്പറ്റിവേണം ബീറ്റ് തുടങ്ങാന്‍. സുരക്ഷാ ചുമതലയില്‍ പ്രധാനമാണ് കീമാന്‍ ഡ്യൂട്ടി. റെയില്‍ ഉറപ്പിക്കാനുള്ള ആയുധങ്ങളും ചുമന്നാണ് യാത്ര. അപകടസാധ്യത കൂടുതലാണ് ഈ മേഖലയിലെന്ന് സി കൃഷ്‌ണന്‍നായരുടെ മരണം സാക്ഷിയാക്കി ചെറുവത്തൂരുകാര്‍ പറയും. അച്‌ഛന്റെ ആശ്രിതനിയമനം നേടി മകന്‍ വിജേഷ് പള്ളിക്കര ഗേറ്റില്‍ കാവല്‍ക്കാരനാണ്.

വിഐപികള്‍ക്കുവേണ്ടി നിതാന്തജാഗ്രത പുലര്‍ത്തുകയും പട്രോള്‍ഡ്യൂട്ടിക്കിടെ പാമ്പുകടിയേറ്റ തൊഴിലാളിക്ക് ആംബുലന്‍സ് പോലും ലഭ്യമാക്കാതെ അവഗണിക്കുകയും ചെയ്യുന്ന റെയില്‍വേയുടെ ക്രൂരത വൈശാഖന്‍ 'ജാഗ്രത നിതാന്ത ജാഗ്രത' എന്ന കഥയില്‍ വിവരിച്ചിട്ടുണ്ട്.

ഉന്നതസ്ഥാനീയരുടെ ആജ്ഞകള്‍ അനുസരിക്കുക എന്നതാണ് റെയില്‍വേയിലെ നിയമം. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ച പലതും അതേപടി തുടരുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ പലതും കാണാക്കാഴ്‌ചകള്‍. കുടയും ചൂടി ട്രോളിയില്‍ ഗമയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥപ്രമുഖനെ തള്ളി പാളത്തിലൂടെ ഓടുകയാണ് ഇന്നും റെയില്‍വേ തൊഴിലാളി. ഈ അപരിഷ്‌കൃത സമ്പ്രദായം യജമാന-ഭൃത്യ സങ്കല്‍പ്പത്തിന്റെ കൊളോണിയല്‍ രൂപമാണ്. അസ്ഥിഖണ്ഡങ്ങള്‍ ചിതറിത്തെറിപ്പിച്ചും ശിരസ്സുകള്‍ വേര്‍പെടുത്തിയും കരിങ്കല്‍ക്കൂനകളില്‍ ചോരക്കറ വീഴ്ത്തിയും പിടഞ്ഞുവീഴുന്ന മനുഷ്യനെ കാണാന്‍ കണ്ണില്ലാത്ത കുരുടനാണ് ഇന്നും തീവണ്ടി. സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെ മാലിന്യം വിസര്‍ജിക്കുന്ന കുറ്റവാളിയാണ് റെയില്‍വേ. അനേകര്‍ക്ക് തൊഴിലും ജീവിതവും നല്‍കുന്ന ഈ ലോഹരൂപം അതിലേറെ പേരുടെ നാടും നാട്ടുവഴിയും മലിനപ്പെടുത്തുന്നുണ്ട്. പ്ളാസ്റ്റിക് കൂടുകളും കുപ്പികളും വിസര്‍ജ്യവും വലിച്ചെറിയാന്‍ യാത്രികരെ പ്രലോഭിപ്പിക്കുകയാണിത്.

കുറഞ്ഞ ചെലവില്‍ യാത്രചെയ്യാം, ഒരുപാടു പേരുടെ ജീവിതവുമാണിത്. ഈ ശകടത്തിന്റെ വരവുനിലച്ചാല്‍ കപ്പലണ്ടിക്കച്ചവടക്കാര്‍ മുതല്‍ സ്വകാര്യ കാറ്ററിങ് മുതലാളിമാര്‍വരെ പെരുവഴിയിലാകും. അതിനുമപ്പുറം നേരിട്ട് ഉപജീവനമാര്‍ഗം തേടുന്ന തൊഴിലാളികളും. ഇതിന്റെയൊക്കെ ഭാഗമായി ചെറുവത്തൂരെന്ന ഉള്‍നാടന്‍ഗ്രാമം.


*****


പി പി കരുണാകരന്‍, ദേശാഭിമാനി വാരാന്തപ്പതിപ്പ്