Saturday, July 4, 2009
ഔട്ട് സോഴ്സിങ്ങ് എന്ന ചൂഷണം
ദേശാന്തര നിയമവിദഗ്ദനായ Marcia L.Proctor ഔട്ട് സോഴ് സിങ്ങിനെ നിര്‍വ്വചിക്കുന്നതി പ്രകാരമാണ്.
"പ്രവര്‍ത്തനക്ഷമത മുന്‍ നിര്‍ത്തി, പരമ്പരാഗതമായി ഒരു സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ നാലു ചുവരുകള്‍ക്കുള്ളില്‍ വെച്ച് ചെയ്തുപോരുന്ന ജോലി ഒരു പുറം കരാറുകാരനെയേല്‍പ്പിക്കുക.''
വന്‍കിട കോര്‍പ്പറേറ്റുകള്‍ ലാഭത്തിനായി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തിലേക്ക് തൊഴില്‍ കയറ്റി അയക്കാറുണ്ട്. കുറഞ്ഞ വേതനവും മുന്തിയ സേവനവും ലക്ഷ്യമിട്ടുള്ള ഈ നടപടി ഓഫ് ഷോറിങ്ങ് എന്നറിയപ്പെടുന്നു. ആഗോള പണ്ഡിതന്മാര്‍ ഔട്ട് സോഴ്സിങ്ങില്‍ കണ്ടെത്തുന്ന നേട്ടങ്ങള്‍ പലതാണ്: ചെലവു കുറക്കാം, മെച്ചപ്പെട്ട സാങ്കേതിക വിദ്യ പ്രയോഗിക്കാം, വിഭവങ്ങള്‍ ഏറ്റവും മര്‍മ്മ പ്രധാനമേഖലകളില്‍ വിന്യസിപ്പിക്കാം.
സ്ഥാപനത്തിനുള്ളില്‍ വെച്ച് ജോലി ചെയ്യിക്കുമ്പോഴുണ്ടാവുന്ന മൊത്തം ചെലവിനേക്കാള്‍ കൂടുതല്‍ പണം പുറംകരാറുകള്‍ക്കായി ചെലവാകുന്നുവെന്ന് ഒരു നിമിഷം സങ്കല്‍പ്പിക്കുക. ഔട്ട് സോഴ്സിങ്ങ് തല്‍ക്ഷണം അപ്രത്യക്ഷമാവും. അതിനര്‍ത്ഥം ഇപ്പോള്‍ ഔട്ട്സോഴ്സിങ്ങിനു വേണ്ടിയുള്ള മുറവിളി ഉയരുന്നത്, പുറമെ തൊഴിലില്ലാപ്പടയുടെ വലിയ നിരകള്‍ അവശേഷിക്കുന്നതുകൊണ്ടാണ്. വിശപ്പടക്കാന്‍ വേണ്ടി തുച്ഛ വേതനത്തിന് ഏതു പണിയും ചെയ്യാന്‍ ഈ കരുതല്‍ സേന തയ്യാറാവുന്നതു കൊണ്ടാണ്. ചുരുക്കി പറഞ്ഞാല്‍, ഔട്ട്സോഴ്സിങ്ങ്, ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ഒരു മുഖ്യ ചൂഷണോപാധിയാണ്.
ചരക്കിന്റെ ധനശാസ്ത്രം
ഹാര്‍വാര്‍ഡ് ഇക്കണോമിസ്റ്റ് CREG MANKIW ഔട്ട് സോഴ്സിങ്ങിന്റെ കടുത്ത ആരാധകനും വക്താവുമാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍, ഔട്ട് സോഴ്സിങ്ങ് സ്വതന്ത്രവ്യാപാരത്തിന്റെ ഒരു പുത്തന്‍ ഉപകരണമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സമ്പദ്ഘടനകള്‍ക്കു മുതല്‍ കൂട്ടാകുമെന്നദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു.
അമേരിക്കന്‍ സെനറ്റിലെ ഡെമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് Tom Daschle ഈ വാദഗതിയെ 'ആലീസിന്റെ അത്ഭുതലോകത്തിലെ ധന ശാസ്ത്ര'മെന്ന് പരിഹസിക്കുന്നുണ്ട്.
എന്നാല്‍ റിപ്പബ്ളിക്കന്‍ ഹൌസ് സ്പീക്കര്‍ ഡെന്നീസ് ഹാസ്റ്റാര്‍ട്ട് ഔട്ട് സോഴ്സിങ്ങിനെ പ്രശംസിക്കാന്‍ തയ്യാറാകുന്നില്ല. യഥാര്‍ത്ഥ ധനശാസ്ത്രത്തിന്റെ അടിസ്ഥാന പരീക്ഷകളെ അതിജീവിക്കാന്‍ ഔട്ട്സോഴ്സിങ്ങിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഔട്ട്സോഴ്സിങ്ങിന്റെ മറ്റൊരു വക്താവായ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഫിലിപ്പ് മാര്‍ട്ടിന്‍ തൊഴിലാളികളെ വെറും ചരക്കായാണ് കണക്കാക്കുന്നത്. അദ്ദേഹം പ്രഖ്യാപിക്കുന്നു:
'തൊഴിലാളികളുടെ സാമ്പത്തികശാസ്ത്രം ആത്യന്തികമായും ചരക്കുകളുടെ സാമ്പത്തിക ശാസ്ത്രമാകുന്നു.''
തൊഴിലാളിയെ ചരക്കു പോലെ തള്ളാനും കൊള്ളാനും കഴിയണമെന്ന് അദ്ദേഹം തുടര്‍ന്നു വാദിക്കുന്നു. ലഭ്യതയേറുമ്പോള്‍ ചരക്കിന്റെ വില കുറയുന്നു. അപ്പോള്‍ കുറെ ചരക്ക് മറ്റിടങ്ങളിലേക്ക് നീക്കപ്പെടുന്നു. അവിടെ ഭേദപ്പെട്ട വില ലഭിക്കും. അതുപോലെയാണ് അധികം തൊഴിലാളികള്‍ ഉള്ള ദിക്കിലേക്ക് പുറംപണി കരാറുകള്‍ പ്രവഹിക്കുന്നത്. ക്രമേണ വേതനം ഉയരും. കരാറുകള്‍ പുതിയ സങ്കേതങ്ങള്‍ തേടും. ഒടുവില്‍ കുടിയേറ്റങ്ങളും പുറം പണി കരാറുകളും അവസാനിക്കുന്നതുവരെ ഈ പ്രക്രിയ തുടരും- അദ്ദേഹം വിവരിക്കുന്നു.
വിട്ടുവീഴ്ച പാടില്ല
എന്നാല്‍ ഔട്ട്സോഴ്സിങ്ങിന്റെ ചൂഷണ സ്വഭാവത്തെക്കുറിച്ച് Cynthia A.Williams ന്റെ Corporate Social Responsibility in an era of economic globalisation എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.
അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഓഫ് ഷോറിങ്ങിനെക്കു റിച്ച് അദ്ദേഹം പഠനം നടത്തി. തൊഴില്‍ നിയമങ്ങള്‍, ആരോഗ്യ പരിരക്ഷ, തൊഴില്‍ സുരക്ഷിതത്വം എന്നിവ ഏറ്റവും അയവേറിയ രാജ്യങ്ങളിലേക്കാണ് പുറംപണി കരാറുകള്‍ ഏറെയും ഒഴുകുന്നതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
അതെ, പട്ടിണികൂലിക്ക് പണി ചെയ്യാന്‍ ആളെ ലഭിക്കുന്ന ഒരു ഭൌതികസാഹചര്യം മുതലെടുത്ത് ലാഭം പരമാവധി വര്‍ധിപ്പിക്കാനുള്ള ആധുനിക ഉപകണമാണ് ഔട്ട് സോഴ്സിങ്ങ്. അലിവോ ആര്‍ദ്രതയോ തൊട്ടു തെറിക്കാത്ത ഒരാശയം. ആത്യന്തികമായി അത് അമാനവികമാണ്, മ്ളേച്ഛമാണ്, നിന്ദ്യമാണ്.
ബാങ്കിങ്ങ് വ്യവസായത്തില്‍ ഔട്ട്സോഴ്സിങ്ങ് കരാറിന്റെ ഭാഗമാക്കാന്‍ ബാങ്കുടമകളും സര്‍ക്കാരും കിണഞ്ഞു പരിശ്രമിക്കുന്ന കാലമാണിത്. യഥാര്‍ത്ഥ ട്രേഡ് യൂണിയനുകള്‍ക്ക് ഔട്ട് സോഴ്സിങ്ങിനോട് വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും സാധ്യമല്ല.
*
കെ വി ജോര്‍ജ്ജ് ബാങ്ക് വര്‍ക്കേഴ്സ് ഫോറം
Tuesday, June 9, 2009
ഐ.ടി മേഖല വരളുന്നു...
അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 35% ആണ്.. ഇപ്പോഴുള്ള നിയമമനുസരിച്ച് വിദേശത്ത് ഉണ്ടാക്കുന്ന ലാഭത്തിന് (അത് അമേരിക്കയിലേക്ക് എത്തുംവരെ) നികുതി ഈടാക്കുകയില്ല. ഈ പഴുത് ഉപയോഗിച്ച്. ഇന്ത്യന്‍ ബി.പി.ഓ. വഴി നേടുന്ന വന്‍ലാഭം നികുതി വിധേയമല്ല.. സ്വന്തമായി ഐ.ടി., ബി.പി.ഒ. ക്യാപ്ടീവ് 'പ്ലാന്റുകള്‍' സ്ഥാപിച്ചും, ഇന്ത്യന്‍ കമ്പനികളെ ഉപയോഗിച്ചും അമേരിക്കയിലെ കൂലിനിരക്കിന്റെ 'പതിനായിരത്തിലൊന്ന്' കൊണ്ട് കാര്യം നടത്തുകയാണ് കമ്പനികള്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നികുതി ഇളവ് നേടിയെടുക്കാനല്ല, കൂലിയില്‍ വലിയ അളവിലുള്ള കുറവ് ലാഭമാക്കിമാറ്റാനാണ് ഈ കമ്പനികള്‍, ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നത്. നികുതി ഇളവുകൂടി ലഭിക്കുന്നത്, ഔട്ട്സോഴ്സിംഗ്നെ പ്രോല്‍സാഹിപ്പിക്കുന്നു എന്നുമാത്രം. സിറ്റി ഗ്രൂപ്പ്, ജെ.പി.മോര്‍ഗന്‍, ഐ.ബി.എം., അക്സച്ഞ്ചര്‍ എച്ച്.പി; ജനറല്‍ ഇലക്ട്രിക് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ ബി.പി.ഒ സെന്ററുകള്‍ വഴി അടിച്ചെടുക്കുന്ന ലാഭത്തിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് തന്നെ. കഴിഞ്ഞ വര്‍ഷം മാത്രം ബാക്ക് ഓഫീസ് പ്രോജക്ടുകള്‍വഴി 4.8 ബില്യന്‍ ഡോളര്‍ കയറ്റുമതി വരുമാനമാണത് ഇന്ത്യ നേടിയത്.അമേരിക്കയുടെ ദേശീയ വരുമാനത്തിന്റെ നേര്‍പകുതിയും വിദേശങ്ങളില്‍ നിന്നുവരുന്നതാണത്രെ. ഇത് മുഴുവന്‍ നികുതി വിധേയമാക്കുന്നതിനാണ് ഔട്ട് സോഴ്സിങ്ങ് അവസാനിപ്പിച്ചിട്ട് മാത്രം നികുതിയിളവ് തുടരാന്‍ ആവശ്യപ്പെടുന്നത്.. എന്നാല്‍ 100 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഗ്രൂപ്പിന്റെ 2007-ലെ 52% വരുമാനവും, അമേരിക്കയുടെ പുറത്തുനിന്നുള്ളതായിരുന്നു. അവരുടെ 62% തൊഴിലാളികളും വിദേശീയരാണുതാനും. 2008-ല്‍ ഇത് 74% ആയിരുന്നുവത്രെ.
അക്സ്ചഞ്ചര്‍ എന്ന അമേരിക്കന്‍ കമ്പനി പറയുന്നത് നികുതിലാഭമല്ല, കൂലിയിനത്തിലുള്ള വന്‍ കുറവാണ് അവരെ ഇന്ത്യയില്‍ നിലനിര്‍ത്തുന്നത് എന്നാണ്.
അതെന്തായാലും, ഐ.ടി. മേഖല വഴി ഇന്ത്യയില്‍ പടുത്തുയര്‍ത്തപ്പെട്ട, നിരവധി തൊഴില്‍ മേഖലകളിലേക്ക് ഓബാമയുടെ പാക്കേജിന്റെ ദുരിതങ്ങള്‍ കടന്നുവരും. ഈ ഒറ്റതീരുമാനംകൊണ്ട് ഐ.ടി. സോഫ്റ്റ്വെയര്‍ കയറ്റുമതികൊണ്ട് വളര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് മേഖല മുതല്‍ ഐ.ടി. അധിഷ്ടിത ഉന്നത വിദ്യാഭ്യാസ മേഖലവരെ കടുത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടും.. കടുത്ത മാന്ദ്യം കാരണം വിദേശങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം, ഇന്ത്യന്‍ സോഫ്റ്റ്വയര്‍ മേഖലയിയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമാവുകയാണ്.. ധനകാര്യ ബാങ്കിംഗ് തകര്‍ച്ചകൊണ്ട് ഇപ്പോള്‍ തന്നെ 'പണി' പകുതിയായി കുറഞ്ഞ ഐ.ടി, ബി.പി.ഒ സോഫ്റ്റ്വയര്‍ സ്ഥാപനങ്ങളില്‍ നിന്ന് പുത്തന്‍തലമുറയിലെ 'തൊഴിലാളികള്‍' കൂട്ടത്തോടെ തെരുവിലേക്കിറങ്ങുകയാണ്.. അവരെ കാത്ത് പണിതുയര്‍ത്തപ്പെട്ട പാര്‍ക്കുകളും, റസ്റ്റോറന്റുകളും, ആഡംബര ഫ്ലാറ്റുകളുമെല്ലാം ശ്മശാനസമാനമായ ഭീതിപരത്തിക്കൊണ്ട് നമുക്ക്നേരെ ചോദ്യമുയര്‍ത്തുന്നു.. കുറച്ചുനാള്‍മുമ്പ് കമ്പോളത്തെക്കണ്ട് ഹാലിളകിയവര്‍ ഇപ്പോഴതിന്റെ പരിണാമം കണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം കണ്ണടക്കുകയാണ്.
കമ്പോളത്തെ പൂജിച്ചവര്‍ പൊതുമേഖലയില്‍ ചേക്കേറുന്നു
ലക്ഷങ്ങളുടെ ഓഫര്‍ പ്രതീക്ഷിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറക്കാരെ കമ്പോളതകര്‍ച്ച കടുത്ത നിരാശയിലാക്കിയിരിക്കുന്നു.. അമേരിക്കയടക്കം വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ജീവിതം സ്വപ്നം കണ്ട് IIT കളിലും, IIM കളിലും മാനേജ്‌മെന്റ് പഠനം നടത്തുന്നവരെ ഇക്കുറി അന്വേഷിച്ചെത്തിയത് പൊതുമേഖലാ കമ്പനികളാണുപോലും. 25-30% പഠിതാക്കള്‍ ഐ.ടി. സ്വപ്നങ്ങള്‍ ഉപേക്ഷിച്ചുവെന്നാണ് വിവിധ സര്‍വ്വെകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏറെക്കാലമായി രാജ്യത്തെവന്‍കിട പൊതുമേഖലാ കമ്പനികള്‍ക്ക് പുതിയ തലമുറക്കാരായ വിദ്ഗധ എഞ്ചിനീയര്‍മാരെ കിട്ടാനില്ലായിരുന്നു.. ഐ.ടി. ബാങ്കിംഗ്, എഞ്ചിനിയറിംഗ് മേഖലകളില്‍, ഇക്കുറി BHEL, NTPC, GAIL തുടങ്ങിയ സ്ഥാപനങ്ങളെ തങ്ങളുടെ ക്യാമ്പസ് സന്ദര്‍ശിക്കാന്‍ കകഠ/കകങ മേധാവികള്‍ ക്ഷണിച്ചിരിക്കുന്നു.. പൊതുമേഖലയില്‍ ചേരാന്‍ വിദ്യാര്‍ത്ഥികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതുകൊണ്ടാണ് ക്ഷണമെന്ന് അവര്‍ പറയുന്നു. BHELന് 250 പേരെമാത്രമാണ് 2008ല്‍ റിക്രൂട്ട് ചെയ്യാനായത്. ഇക്കുറി 400 എഞ്ചിനീയര്‍മാരെ കമ്പനി റിക്രൂര്‍ട്ട് ചെയ്തു.
NTPC യില്‍ എക്സിക്യൂട്ടീവ് ട്രെയിനികളാവാന്‍ നടന്ന പ്രവേശനപരീക്ഷയില്‍ 97000 എഞ്ചിനീയര്‍മാരാണ് എത്തിയത്.. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ സെയില്‍ IIM-ല്‍ നിന്ന് 30 പേരെയും IITകളില്‍ നിന്ന് 150 പേരെയും ഇക്കുറി റിക്രൂട്ട് ചെയ്തു!
രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ വ്യാപകമായി നടന്നിരുന്ന കാമ്പസ് റിക്രൂര്‍ട്ട്മെന്റില്‍ ഇക്കുറി ഐ.ടി. കമ്പനികളൊന്നും പങ്കെടുക്കുന്നില്ലന്ന വാര്‍ത്ത കടുത്ത പ്രതിസന്ധിയാണുണ്ടാക്കാന്‍ പോകുന്നത്.. ഐ.ടി. മേഖലയിലെ മാന്ദ്യം TCS, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളെ പിറകോട്ടടിപ്പിച്ചിരിക്കുകയാണ്.. 2006-07ല്‍ 22,750 പേരെ റിക്രൂര്‍ട്ട് ചെയ്ച TCS 2008-09 ല്‍ 18,452 ആക്കി കുറച്ചു. കഴിഞ്ഞവര്‍ഷം ഓഫര്‍ കൊടുത്തവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി കരുതുന്നത്.. പക്ഷേ വരുന്ന വര്‍ഷം പുതുതായി റിക്രൂട്ട്മെന്റ് വേണ്ടന്നാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളതത്രെ.
2006-07ല്‍ 19,526 പുതിയ എഞ്ചിനീയര്‍മാരെ റിക്രൂര്‍ട്ട് ചെയ്ത ഇഫോസിസാവട്ടെ 2008-09ല്‍ അത് 13,663 പേരിലൊതുങ്ങി. ഈ പുതിയ വര്‍ഷം റിക്രൂട്ട്മെന്റ് ഉണ്ടാവില്ലന്നാണ് ഇവര്‍ നല്‍കുന്ന സൂചനകള്‍. 2006-07ല്‍ 14,076 പേരെ തെരഞ്ഞെടുത്ത വിപ്രോ 2008-09ല്‍ വെറും 2243 പേരെയാണ് റിക്രൂട്ട് ചെയ്തത്.. വളര്‍ച്ചാ സാധ്യതകള്‍ മങ്ങിയതിനാല്‍ കാമ്പസ് റിക്രൂട്ട്മെന്റിന് സാധ്യത കുറവാണന്ന് വിപ്രോയുടെ മാനേജ്‌മെന്റ് സൂചിപ്പിക്കുന്നു.. സത്യം കമ്പ്യൂട്ടര്‍ തകര്‍ച്ച കാരണം നഷ്ടപ്പെട്ട തൊഴില്‍ എത്രയെന്ന് ഊഹിക്കുക.
ചുരുക്കത്തില്‍, ഇന്ത്യയിലെ 3 ഐടി കമ്പനികള്‍ ചേര്‍ന്ന് 2006-07ല്‍ 56,352 പേര്‍ക്ക് പുതിയ തൊഴില്‍ നല്‍കിയെങ്കിലും, 2008-09ല്‍ അത് 34,358 ആയിട്ട് കുറഞ്ഞു.. 22,000 ഐ.ടി. തൊഴില്‍ ഈ വര്‍ഷം നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാക്കേണ്ടത്.. ഈ മൂന്ന് ഐ.ടി. കമ്പനികള്‍ ചേര്‍ന്ന് 3.28 ലക്ഷം പേര്‍ക്കാണ് (2009 മാര്‍ച്ചില്‍) ഐ.ടി. അധിഷ്ടിത ജോലി നല്‍കുന്നത്.. വ്യവസായ മാന്ദ്യം ഈ തൊഴിലില്‍ എത്രയെണ്ണം നഷ്ടപ്പെടുത്തുമെന്ന് ഇപ്പോള്‍ തന്നെ നമ്മള്‍ അറിഞ്ഞുകഴിഞ്ഞു.
അസംഘടിത സേവനരംഗത്ത് വന്‍തൊഴില്‍ നഷ്ടം
ഇന്ത്യയില്‍ കയറ്റുമതി രംഗത്ത് വന്‍ തൊഴില്‍ നഷ്ടം സംഭവിച്ചു കഴിഞ്ഞു. ആഭ്യന്തര വ്യാവസായിക മേഖലയില്‍ വലിയ തോതില്‍ ഉല്‍പ്പാദനമാന്ദ്യവും തൊഴില്‍ നഷ്ടവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐ.ടി., ബി.പി.ഒ. രംഗത്തുള്ള തൊഴില്‍ നഷ്ടവും കൂലിക്കുറവും ഗുരുതരമായ പ്രതിസന്ധിയായി വളര്‍ന്നിട്ടുണ്ട്. ടെക്സ്റ്റെയില്‍, ലോഹം, വാഹന നിര്‍മ്മാണം ഗതാഗതം, ടൂറിസം തുടങ്ങിയ മേഖലകളിലും വ്യാപകമായി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ മേഖലയിലും കൂലി വമ്പിച്ച അളവില്‍ വെട്ടികുറയ്ക്കുകയാണ്. തൊഴില്‍ സമയത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് വന്നിട്ടുള്ളത്. സംഘടിത മേഖലയല്‍ ഉണ്ടാവുന്ന ഒരു തൊഴിലിന്റെ നഷ്ടം, അസംഘടിത അനുബന്ധ മേഖലകളില്‍ 10 മടങ്ങായി പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ത്യയില്‍ സേവനമേഖലയാണ് ദേശീയ ഉല്‍പാദനത്തിന്റെ 60 ശതമാനം സംഭാവന ചെയ്യുന്നത്. പക്ഷെ മൊത്തം തൊഴില്‍ ശക്തിയുടെ 25 ശതമാനം മാത്രമാണ് ഈ മേഖലയിലുള്ളത് (11 കോടി). നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 11 കോടിയുടെ 25 ശതമാനം ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റോറേജ് വാര്‍ത്താവിതരണ മേഖലകളിലാണ് വിന്യസിച്ചിട്ടുള്ളത്. 7 ശതമാനം പേര്‍ ധനകാര്യസേവനരംഗത്ത് 15 ശതമാനം ഹോട്ടല്‍ വ്യവസായത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക വ്യക്തിപരസേവന രംഗത്ത് 15 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ 12 ശതമാനം തൊഴിലാളികളും പണിയെടുക്കുന്നു. ചുരുക്കത്തില്‍ കമ്പോളതകര്‍ച്ചയും മാന്ദ്യവും കാരണം ഈ മേഖലകളില്‍ നിന്നെല്ലാമായി ഒരു കോടി അസംഘടിത തൊഴില്‍ ഇതിനോടകം നഷ്ടപ്പെട്ടുവെന്ന് ഏജന്‍സികള്‍ കണ്ടെത്തുന്നു. ടൂറിസം മേഖലയില്‍ വന്‍ മാന്ദ്യം ഉണ്ടായിട്ടുള്ളതായി കേരളത്തിലെ അനുഭവങ്ങള്‍ തന്നെ തെളിയിക്കുന്നു. ആലപ്പുഴയിലെ ഹൌസ്‌ബോട്ട് സര്‍വ്വീസില്‍ ഈ സീസണില്‍ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ഒക്ടോബര്‍, മാര്‍ച്ച് സീസണില്‍ 150 രാത്രി സര്‍വ്വീസുകള്‍ വരെ ലഭിച്ചിരുന്ന ഹൌസ് ബോട്ടുകള്‍ക്ക് ഈ വര്‍ഷം കഷ്ടിച്ച് 90 ദിവസമേ പണിയുണ്ടായുള്ളൂ. (വേമ്പനാട്ട് കായലിലെ ഹൌസ്‌ബോട്ട് തൊഴിലാളികളാണ് ഇങ്ങനെ പറയുന്നത്.) കേരളത്തിലെ കായലുകളില്‍ 460ഓളം ഹൌസ് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഒരു ബോട്ടില്‍ കുറഞ്ഞത് 3 തൊഴിലാളികള്‍ പണിയെടുക്കുന്നു.
മാന്ദ്യം, പഠിച്ചിറങ്ങിയ എഞ്ചിനീയര്‍മാരെയും ബി.പി.ഒ. സെന്ററുകളില്‍ ജോലി ചെയ്തുവന്ന ഓപ്പറേറ്റര്‍മാരെയും തെരുവിലേക്ക് വലിച്ചെറിയുമ്പോള്‍, ഇവരെയാകെ തെരുവില്‍കൊണ്ടുനടന്ന വാഹനങ്ങളും അതിന്റെ ഓപ്പറേറ്റര്‍മാരും ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണത്രെ. ബാഗ്ളൂര്‍, ചെന്നൈ, നോയിഡ, ഹൈദ്രബാദ്, പൂനെ തുടങ്ങിയ ഐ.ടി. ഹബ്ബുകളില്‍ രാത്രിയും പകലുമില്ലാതെ തൊഴിലെടുക്കുന്നവരെയും കൊണ്ട് നിരന്തരം സര്‍വ്വീസ് നടത്തിയിരുന്ന വാഹനഓപ്പറേറ്റര്‍മാരാണ് കടുത്ത ദുരിതത്തിലായത്. കമ്പനികള്‍ ട്രിപ്പുകളുടെ എണ്ണം 30 ശതമാനം വരെ വെട്ടികുറച്ചിരിക്കുകയാണ്. ജീവനക്കാരോട് സ്വന്തം ഉത്തരവാദിത്വത്തില്‍ സെന്ററിലെത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുന്ന കമ്പനികളാണ് ഇപ്പോള്‍ കൂടുതല്‍. കാള്‍ സെന്റര്‍ ഉടമകള്‍ ആഡംബരവാഹനങ്ങളൊക്കെ ഉപേക്ഷിക്കുകയാണ്. മഹാരാഷ്ട്രയിലെ കാള്‍സെന്റര്‍ വെഹിക്കിള്‍ സര്‍വ്വീസ് ഓപ്പറേറ്റര്‍മാരുടെ സംഘടന പറയുന്നത് അവരുടെ തൊഴിലും വരുമാനവും നേര്‍പകുതി കുറഞ്ഞുവെന്നാണ്. പുതിയ പ്രൊജക്ടുകളൊന്നും ലഭിക്കാതെ കാള്‍സെന്ററുകള്‍ തന്നെ പൂട്ടിപ്പോകുമ്പോള്‍ അതിനെ അടിസ്ഥാനമാക്കി ജീവിതം മെനഞ്ഞെടുത്ത പുറം പണിക്കാരുടെ കാര്യം പറയാനുണ്ടോ. പല ബി.പി.ഒ. സെന്ററുകളും സ്വന്തം ജീവനക്കാര്‍ക്ക് വേണ്ടി ആഡംബര വാഹങ്ങളാണ് ഏര്‍പ്പാടാക്കിയിരുന്നത്. എന്നാല്‍ മാന്ദ്യം കാരണം അത്തരം കാറുകളുടെ ഉപയോഗം 70% വരെ വെട്ടികുറച്ചുകഴിഞ്ഞു. ബാങ്ക് വായ്പകളെടുത്ത് നിരത്തിലിറക്കിയ ഈ വാഹനങ്ങള്‍ ഇപ്പോള്‍ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
*
കടപ്പാട്: പി.എ.ജി. ബുള്ളറ്റിന്‍
Monday, April 27, 2009
രാജാവ് നഗ്നനായിരുന്നുപോലും..!
1. കറന്‍സികള്‍ രക്ഷപ്പെടുത്താന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തണം.
2. ചൂതാട്ടക്കാരെയും ഓഹരിദല്ലാള്‍മാരെയും പരിഹസിക്കരുത്.
3. സര്‍ക്കാര്‍ ചെലവും കടവും വെട്ടിക്കുറക്കണം.
4. വസ്തുവകകളുടെ വിലകുറയുന്നത്, തകര്‍ച്ചയല്ല 'തിരുത്തലാണ്'.
5. തെറ്റായ തീരുമാനങ്ങള്‍ എടുത്തവരെ രക്ഷിക്കരുത്, 'ധാര്‍മ്മികത' മോശമായ കീഴ്വഴക്കമാണ്.
6. കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തണം.
7. എല്ലാത്തരം സബ്സിഡികളും അപകടകാരികളാണ്.
8. കിട്ടാകടങ്ങള്‍ അപ്പപ്പോള്‍ എഴുതിതള്ളണം.
9. നിങ്ങളുടെ പിശകുകള്‍ക്ക് മാധ്യമങ്ങളെ പഴിക്കരുത്.
10.അമേരിക്കയെ ഐശ്വര്യത്തിലേക്ക് നയിച്ച സ്വതന്ത്രകമ്പോളവ്യവസ്ഥ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.
ഈ കല്‍പ്പനകള്‍ തന്നെയാണ് എത്രയോകാലമായി ഐ.എം.എഫും., ലോകബാങ്കും, എഡിബിയും അടക്കമുള്ള ഏജന്‍സികള്‍ചേര്‍ന്ന് ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. ഇതേ കല്‍പ്പനകള്‍ തന്നെയാണ് ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങള്‍ രണ്ടുദശാബ്ദമായി അനുസരണയോടെ നടപ്പാക്കികൊണ്ടിരിക്കുന്നത്... ഇനി ലോകമുള്ള കാലത്തോളം ഈ നിയമങ്ങളായിരിക്കും സമൂഹത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്ന് കമ്പോളഗുരുക്കന്മാരും, രാഷ്‌ട്രത്തലവന്‍മാരും ഏറ്റുപറഞ്ഞുകൊണ്ടിരുന്നു. വികസനവും, പുരോഗതിയും സ്വതന്ത്രകമ്പോള വ്യവസ്ഥിതിയില്‍ ആകാശം മുട്ടുമെന്നും - മറ്റെല്ലാ വികസന കാഴ്‌ചപ്പാടുകളും ഫലത്തില്‍ അപ്രസക്തമായെന്നും, ഇടതുപക്ഷേതര-രാഷ്‌ട്രീയ സാമൂഹികസംഘടനകളെല്ലാം തലകുലുക്കി സമ്മതിച്ചിരുന്നു. എന്നാല്‍ മൂന്ന് ദശാബ്‌ദമായി ലോകത്ത് നടപ്പാക്കിയ കമ്പോളത്തിന്റെ കല്‍പ്പനകളൊക്കെയും ഇപ്പോള്‍ ചവറുകൂനയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ലോകമാകെ വീശിയടിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക സുനാമിയാണ് ഈ കടുംകൈ ചെയ്‌തത്. മുതലാളിത്തത്തിന്റെ ആരാധ്യനായ തിമൂര്‍ത്തി ഗയ്‌റ്റ്‌നര്‍ മൂക്കുകൊണ്ട് 'ക്ഷ' വരക്കുന്നതും, കുമ്പസാരിക്കുന്നതും അതുകൊണ്ടു തന്നെ!
ഈ കഴിഞ്ഞ മാര്‍ച്ച് 27ന് ഗയ്‌റ്റ്‌നര്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയോട് പറഞ്ഞതെന്താണന്ന് കൂടി കേള്‍ക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. "നമ്മുടെ ധന-സാമ്പത്തിക സംവിധാനത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും ഒലിച്ചുപോയിരിക്കുന്നു. വളരെ വലിയൊരുമാറ്റം അനിവാര്യമാണ്.. വെറും പരിഷ്‌ക്കാരങ്ങള്‍ ഫലം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.. പുതിയ നിയമങ്ങള്‍ തന്നെയാണ് വേണ്ടത്..'' കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ലോകമേധാവിത്വം പിടിച്ചടക്കിയ ധനമൂലധനവും, അതിനവര്‍ സൃഷ്‌ടിച്ച കപട 'ഉപകരണ'ങ്ങളും, സ്ഥാപനങ്ങളും ഒക്കെ കാപട്യത്തിന്റെ അവതാരങ്ങള്‍ ആയിരുന്നുവെന്നാണ് ഗയ്‌റ്റ്‌നര്‍ പ്രഖ്യാപിക്കുന്നത്. ലോകം കൊണ്ടാടിയ 'പുരോഗതിയുടെ ദര്‍ശനവും പരിപാടിയും' അതിന്റെ ദല്ലാള്‍പ്പടയുടെ ചെയ്‌തികളും വേലികെട്ടി നിയന്ത്രിക്കാതെ തങ്ങള്‍ക്കിനി നിലനില്‍പ്പില്ലെന്നാണ് അയാള്‍ തുറന്നുപറയുന്നത്.. തുടര്‍ന്നദ്ദേഹം സ്വതന്ത്രകമ്പോളത്തെ പിടിച്ചുകെട്ടാനുള്ള ഒരു ആറിനപരിപാടി മുന്നോട്ട് വയ്‌ക്കുന്നു. വ്യവസ്ഥിതിയില്‍ 'സമൂലമാറ്റം' ആവശ്യപ്പെടുന്ന ഗയ്‌റ്റ്‌നറുടെ കല്‍പ്പനകള്‍ ഇങ്ങനെയാണ്:-
1. എല്ലാ ധന-സാമ്പത്തിക സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നിയന്ത്രണമുള്ള ഒരു പ്രത്യേക സംവിധാനത്തിനു കീഴില്‍ കൊണ്ടുവരണം.
2. സമ്പദ്‌വ്യവസ്ഥയേ കീഴ്‌മേല്‍ മറിക്കാന്‍ തക്ക വൈപുല്യമുള്ള വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധനശേഷി, തകര്‍ച്ചകള്‍ നേരിടാന്‍ പ്രാപ്‌തമായ വിധം പുനര്‍നിര്‍ണ്ണയിച്ച് സംരക്ഷിക്കുന്നത് നിയമപരമായ ബാധ്യതയാക്കണം.
3. ഹെഡ്‌ജ് ഫണ്ടുകള്‍ ഫെഡറല്‍ റിസര്‍വ്വില്‍ രജിസ്‌റ്റര്‍ ചെയ്യണം. അവയുടെ ഇടപാടുകളുടെ വിവരങ്ങളും ധനശേഷിയും, സെക്യൂരിറ്റിസ് ആന്റ് എൿസ്‌ചേഞ്ച് ബോര്‍ഡിന് മുമ്പാകെ വെളിപ്പെടുത്തണം.
4. ഡെറിവേറ്റീവ് കമ്പോളം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കണം. നിയന്ത്രണാതീതമായ 'കടപ്പത്രവ്യാപാരം' നിരോധിക്കണം.
5. ധന-ഓഹരി-സാമ്പത്തിക കമ്പോളം പൊതു സാമൂഹത്തിന്റെ നിശിതമായ പരിശോധനകള്‍ക്ക് വിധേയമായി മാത്രം പ്രവര്‍ത്തിക്കണം.
6. നിക്ഷേപബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും അവയുടെ മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്..
രാജാവിനും, രാജാവിന്റെ അന്തപ്പുരവാസികള്‍ക്കും സേനാ നായകര്‍ക്കും വരെ കുപ്പായമില്ലായിരുന്നുവെന്നാണ് - അവരുടെ നായകരില്‍ ഒരാളായ ഗയ്‌റ്റ്‌നര്‍ ഇപ്പോള്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്.. ധനമൂലധനത്തിന്റെ പ്രഭാവത്തില്‍ ദേശീയജനസമൂഹങ്ങളെ മുഴുവന്‍ അമ്മാനമാടിയ ഭരണാധികാരികള്‍ ഇനിയെന്തു ചെയ്യണമെന്നുകൂടി ഗയ്‌റ്റ്‌നര്‍ വ്യക്തമാക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇനി എല്ലാം നിയന്ത്രിക്കേണ്ടത് ഭരണകൂടമാണ്, കമ്പോളമല്ല'' എന്നാണ് പ്രഖ്യാപനം. അതായത് കമ്പോളത്തോട് ഭരണകൂടത്തിന്റെ കുടക്കീഴില്‍ കുഞ്ഞാടുകളായി ഒട്ടിച്ചേരാനാണ് ഗയ്‌റ്റ്‌നര്‍ ആവശ്യപ്പെടുന്നത്.
കമ്പോള വ്യവസ്ഥയുടെ നഗ്നമേനിയില്‍ ഇങ്ങനെ തുണിവാരിച്ചുറ്റിയാല്‍ ചൂതാട്ടത്തിന് വിലങ്ങുവീഴുമെന്നറിയാത്തവരല്ലല്ലോ അവര്‍. പക്ഷേ ധനമൂലധനസാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍, കടലെടുത്ത കൊള്ളമുതലിന്റെ വലിപ്പം അവരെ നിസഹായരാക്കുകയാണ്. ചൂതാട്ടത്തിലൂടെ സമാഹരിക്കുന്ന കൊള്ളമുതല്‍ കടുത്ത സാമൂഹികപ്രതിസന്ധി മാത്രമേ സൃഷ്‌ടിക്കുകയുള്ളുവെന്നും അവരില്‍ ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. തകര്‍ന്നുതരിപ്പണമായ കമ്പോളവും, ബാങ്ക് ഇന്‍ഷൂറന്‍സ് ഭീമന്‍മാരും, ദേശീയ ഖജനാവുകളില്‍നിന്ന് ഇതിനോടകം കുറഞ്ഞത് 10 ട്രില്യന്‍ ഡോളറെങ്കിലും വാങ്ങിയിട്ടാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവര്‍ ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെന്നാല്‍, കേന്ദ്രീകൃത ആസൂത്രിതസമ്പദ്ഘടനയെന്നാണര്‍ത്ഥം. ആസൂത്രണത്തെ കളിയാക്കിയവരാണ് ഇപ്പോള്‍ അതിന് നിന്നുകൊടുക്കുന്നത്. വ്യവസ്ഥിതിയേ നിലനിര്‍ത്താന്‍ വേറെ മാര്‍ഗ്ഗമില്ലത്തതിനാല്‍ അവര്‍ കീഴടങ്ങുകയാണ്. അതാണ് ഗെയ്റ്റനറുടെ കുമ്പസാരത്തിന്റെ പൊരുള്‍.
ധനമൂലധന ഉടമകളും അവരുടെ രക്ഷാധികാരികളും ചേര്‍ന്ന് സൃഷ്ടിച്ച 'പുത്തന്‍ ഉപകരണങ്ങള്‍' പലതും ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടുമ്പോള്‍, തീര്‍ച്ചയായും ഇവിടെ മരിച്ചുവീഴുന്നത് മാര്‍ക്സിസമോ, സോഷ്യലിസമോ അല്ല.. മരണമില്ലന്ന് കൊട്ടിപ്പാടികടന്നുവന്ന നിയോലിബറലിസമാണ്. കമ്മ്യൂണിസത്തില്‍ 'ഭരണകൂടങ്ങള്‍' കൊഴിഞ്ഞുപോകുമെന്ന് മാർൿസ് പറഞ്ഞിട്ടുണ്ട്. മാർൿസിനെ കളിയാക്കിക്കൊണ്ട് 20-ാം നൂറ്റാണ്ടില്‍ തന്നെ ഞങ്ങളത് നടപ്പാക്കികാണിച്ചുതരുമെന്നായിരുന്നു മുതലാളിത്തത്തിന്റെ 'പ്രവാചകന്മാര്‍' (1980കളില്‍) പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 30-ാം വയസ്സില്‍തന്നെ കൊഴിഞ്ഞുപോയത് നിയോലിബറലിസം എന്നറിയപ്പെട്ട സ്വതന്ത്ര വിപണിവ്യവസ്ഥ തന്നെയാണന്നത് കൌതുകകരമായ സത്യമായി അവശേഷിക്കുന്നു. രാജാവ് സമ്പൂര്‍ണ്ണ നഗ്നനാണെന്ന് സാരം...
ഈ രാജാവിന്റെ നഗ്നത ഒന്നര നൂറ്റാണ്ട് മുമ്പ് തന്നെ കാറല്‍മാര്‍ക്സ് പ്രവചിച്ചതാണ്. കമ്പോള സുനാമിയില്‍ നിയോലിബറലിസം ഒലിച്ചുപോകുമ്പോള്‍ അവശേഷിക്കുന്നത് മാർൿസിസമാണ്. കാലത്തെ കൈപിടിച്ച് നടത്താനും മാറ്റിതീര്‍ക്കുവാനുമുള്ള സമരായുധമായി മാർൿസിസം ലോകത്തിന് തിരിച്ചുകിട്ടിയിരിക്കുന്നു. ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവരുടെ അന്ത്യം തീര്‍ച്ചയായും ആഘോഷിക്കേണ്ടതുതന്നെ!
മാനവിക മൂല്യങ്ങള്‍, ശാസ്‌ത്രീയമായി വിളക്കിച്ചേര്‍ത്ത ഒരു ദര്‍ശനത്തെ ചൂഷണവും ലാഭവും ചൂതാട്ടവും കൊണ്ട് കീഴ്പ്പെടുത്താമെന്ന് കരുതിയ മുതലാളിത്തത്തിന്റെ ദയനീയപരാജയത്തിന്റെ വിളംബരമാണ് 'ആഗോള ധനകാര്യമന്ത്രി' യില്‍ നിന്ന് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ചിതറിവീണിരിക്കുന്നത്...
കമ്പോളപ്പെരുമയില്‍ മാർൿസിസത്തെ സംശയിച്ചവര്‍ വേറെയുമുണ്ട്. അവര്‍ വര്‍ഗ്ഗരാഷ്‌ട്രീയത്തെ 'സ്വത്വരാഷ്‌ട്രീയ' മാക്കി തിരുത്തിയെഴുതിയവരാണ്. മാര്‍ക്സിസത്തേ 'നവമാര്‍ക്സിസമാക്കി മാനിഫെസ്‌റ്റോകള്‍ വരെ രചിച്ചവരുമുണ്ട് അക്കൂട്ടത്തില്‍. സമത്വാധിഷ്‌ഠിത സാമൂഹികപുരോഗതിക്ക് 'സ്വകാര്യമൂലധനനിക്ഷേപ'മെന്ന് പേരുനല്‍കിയവരും ആഗോളവല്‍ക്കരണത്തെ ഉപയോഗിച്ച് വിപ്ലവം നടത്തുമെന്നുപറഞ്ഞുനടന്നവരുമൊക്കെ അടങ്ങുന്ന, നിയോലിബറലിസത്തിന്റെ പ്രഭാപൂരത്തില്‍ സ്വന്തം കാഴ്‌ച നഷ്‌ടപ്പെട്ട ഈ ലിബറല്‍ ഇടതുപക്ഷക്കാരുടെ കണ്ണുകള്‍കൂടി, സാമ്പത്തിക സുനാമിയും മഹാമാന്ദ്യവും കൊണ്ട് തുറന്നു കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. എങ്കില്‍ മുതലാളിത്തത്തിന്റെ അവസാനത്തിന്റെ ആരംഭം വിളംബരം ചെയ്യുന്ന പുതിയ വര്‍ഗ്ഗസമരങ്ങള്‍ ജ്വലിച്ചുയരുകയും, ലോകം വളരെവേഗം സോഷ്യലിസത്തിലേക്ക് നടന്നുകയറുകയും ചെയ്യും..
***
അജയ്ഘോഷ്, കടപ്പാട് : പി എ ജി ബുള്ളറ്റിൻ
Wednesday, July 2, 2008
ആഗോളവല്‍ക്കരണപ്രക്രിയയും പ്രവാസി തൊഴിലാളികളും
തൊഴിലാളികളുടെ കുടിയേറ്റം വ്യാപകമായതോടെ പൂര്‍ണ്ണമായും നിയന്ത്രണരഹിതമായ തൊഴില്‍ കമ്പോളം സൃഷ്ടിക്കപ്പെട്ടു. അത് ധനമൂലധനത്തിന് തൊഴില്‍ ബന്ധങ്ങളിലാകപ്പാടെ ആധിപത്യം സ്ഥാപിക്കാന്‍ അവസരമൊരുക്കി. മനുഷ്യ സ്വാധീനത്തില്‍ സമ്പൂര്‍ണ്ണമായ കുറവു വരുത്തിയതുമൂലം രാജ്യത്തിനുള്ളില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായ അളവില്‍ വെട്ടിക്കുറയ്ക്കപ്പെട്ടു, തൊഴില്‍ കമ്പോളത്തില്‍ പുതുതായി എത്തിച്ചേരുന്നവര്‍ക്ക് തൊഴില്‍ അവസരം തേടി രാജ്യത്തിന് പുറത്തേയ്ക്ക് പോകേണ്ടതായി വരുന്നു.
കുടിയേറ്റക്കാരായ തൊഴിലാളികളെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ പലരും പറയാറുണ്ട്. വാക്കുകള്‍കൊണ്ട് അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരുമുണ്ട്. പക്ഷേ ആരും അവര്‍ക്കുവേണ്ടി ഏറെയൊന്നും ചെയ്തിട്ടില്ല. പക്ഷേ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് അവര്‍ക്ക് അര്‍ഹമായത് നല്‍കുകയാണെങ്കില്‍, മുതലാളിത്തത്തിന് ആഗോളകമ്പോളത്തിന്‍ മത്സരശേഷി നഷ്ടപ്പെടും. അതുകൊണ്ട്, മുതലാളിത്തയുക്തി, കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അര്‍ത്ഥപൂര്‍ണ്ണമായ നടപടിയൊന്നും കൈക്കൊള്ളാതെ കേവലം അധര വ്യായാമത്തില്‍ ഒതുങ്ങിനില്‍ക്കും.
അന്തര്‍ദേശീയ തൊഴില്‍ സംഘടന(ഐ എല്‍ ഒ)യുടെ ഡയറക്ടര്‍ ജനറല്‍ ജെ. സൊമാവിയ "മാന്യമായ തൊഴിലി''നെ സംബന്ധിച്ച് ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും തൊഴിലാളികളുടെ കുടിയേറ്റം മാന്യമല്ലാത്ത തൊഴില്‍ എന്ന പ്രതിഭാസത്തിന് രൂപം നല്‍കിയിരിക്കുന്നു. ഇത് ഐ എല്‍ ഒ ഡയറക്ടര്‍ ജനറലിന്റെ മൂക്കിനുതാഴെ നടമാടുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് പൊതുവില്‍, മാന്യമായ ജോലി ലഭിക്കാനുള്ള സാഹചര്യം വളരെയേറെ കമ്മിയാണ്.
അസംഖ്യം യുവജനങ്ങള്‍ മറുനാടുകളില്‍ തൊഴില്‍ തേടി എത്തുന്നതുമൂലം, കുടിയേറ്റക്കാരായ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും ക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് കുടിയേറ്റ തൊഴിലാളികള്‍ നിലവിലുള്ള രാജ്യങ്ങളില്‍ തൊഴിലുടമകളും സര്‍ക്കാരും കരുതുന്നില്ല. രണ്ടാംതരം പൌരന്മാരായാണ് അവരെ കരുതുന്നത്. അവര്‍ക്ക് പൌരാവകാശങ്ങളൊന്നും ലഭിക്കുന്നുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ആഗമനത്തോടെ പുതിയ രൂപത്തിലുള്ള അടിമ തൊഴില്‍ സമ്പ്രദായം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ നയങ്ങള്‍മൂലം സൃഷ്ടിക്കപ്പെടുന്ന ഈ മനുഷ്യത്വരഹതിമായ പ്രതിഭാസത്തെ സംബന്ധിച്ച് ആഗോളവല്‍ക്കരണത്തിന്റെ മഹാചാര്യന്മാര്‍ക്കൊന്നും ഒരു വാക്കുപോലും പറയാനുമില്ല.
വളര്‍ന്നു വരുന്ന പ്രതിഭാസം
ഔദ്യോഗിക കണക്കുകളനുസരിച്ച്, 40 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയ്ക്ക് ഇന്ത്യന്‍ തൊഴിലാളികള്‍ തൊഴില്‍ തേടി വിദേശത്ത് കുടിയേറിയിട്ടുണ്ട്. അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് പ്രതിവര്‍ഷം 1200 കോടി ഡോളറിനും 1500 കോടി ഡോളറിനുമിടയ്ക്ക് അയയ്ക്കുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷത്തോളം തൊഴിലാളികള്‍ തൊഴില്‍ തേടി വിദേശത്ത് കുടിയേറുന്നതായും കണക്കാക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യാ ഗവണ്‍മെന്റ് ഈ തൊഴിലാളികള്‍ക്ക് വിദേശത്ത് പോകാനുള്ള അനുമതി നല്‍കുന്നത് അവര്‍ക്ക് തൊഴില്‍ കരാര്‍ ഉറപ്പാക്കികൊണ്ടുള്ള കത്ത് ലഭിക്കുമ്പോഴാണ്. 2005-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇങ്ങനെ 5.49 ലക്ഷം തൊഴിലാളികള്‍ക്ക് വിദേശത്തു പോകാനുള്ള അനുമതി നല്‍കി. 2001-ല്‍ ഈ സംഖ്യ 2.79 ലക്ഷമായിരുന്നു. 2005-ല്‍ ഔദ്യോഗിക കണക്കു പ്രകാരം യുണെറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ഏകദേശം രണ്ടു ലക്ഷത്തോളം തൊഴിലാളികള്‍ കുടിയേറിയിട്ടുണ്ട്. അതേ സമയം സൌദി അറേബ്യയിലേക്ക് ഒരു ലക്ഷം പേരും കുടിയേറി. കുവൈറ്റ്, ഒമാന്‍, മലേഷ്യ, ബഹറിന്‍ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഗണ്യമായ വിഭാഗം തൊഴിലാളികള്‍ പോകുന്നുണ്ട്. ഖത്തര്‍, മൌറീഷ്യസ്, മാലിദ്വീപ്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലേക്കും വളരെയേറെ തൊഴിലാളികള്‍ പോകുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏറെപ്പേരും അവിദഗ്ദ്ധരോ അര്‍ദ്ധ വിദഗ്ദ്ധരോ ആയ തൊഴിലാളികളുടെ ഗണത്തില്‍പ്പെടുന്നവരാണ്.
ഔദ്യോഗിക കുടിയേറ്റ മാര്‍ഗ്ഗങ്ങളിലൂടെ വിവിധ രംഗങ്ങളില്‍ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ 15,000 പേരാണ് വികസിത മുതലാളിത്ത രാജ്യങ്ങളിലേക്ക് ഓരോ വര്‍ഷവും പോകുന്നത്.
2005-ല്‍ ഏറ്റവും അധികം ആളുകള്‍ കുടിയേറ്റം നടത്തിയത് കേരളത്തില്‍ നിന്നാണ് - 1,25,075 പേര്‍. തൊഴില്‍ തേടി വിദേശത്ത് പോയവരുടെ എണ്ണത്തില്‍ കേരളം കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ നിന്ന് 2005-ല്‍ 1,17,050 പേര്‍ വിദേശത്തു പോയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ സംസ്ഥാനത്തേക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്ന കര്‍ണ്ണാടകത്തില്‍ നിന്ന് തൊഴില്‍തേടി രാജ്യത്തിനു പുറത്തേക്ക് കുടിയേറിയത് എഴുപത്തി അയ്യായിരത്തിലേറെപ്പേരാണ്. പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, യു പി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 20,000 അധികം തൊഴിലാളികള്‍ വീതം തൊഴില്‍ തേടി വിദേശത്ത് പോയിട്ടുണ്ട്.
ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും തൊഴില്‍തേടി വിദേശത്തേക്കു പോകാനുള്ള അനുമതി ലഭിക്കാതെ ഏതാണ്ട് ഇത്രയും തന്നെ തൊഴിലാളികള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്ന് കുടിയേറുന്നുണ്ട്. അതിനായി നിരവധി നിയമവിരുദ്ധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവ ഈ തൊഴിലാളികളില്‍ നിന്ന് വന്‍ തുക ഈടാക്കുകയും തൊഴില്‍ ഉറപ്പാക്കിയെന്നും വന്‍ തുക ശമ്പളമായി ലഭിക്കുമെന്നും ഉള്ള വ്യാജ വാഗ്ദാനം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. വിദേശത്ത് എത്തുമ്പോഴാണ് ഇന്ത്യന്‍ റിക്രൂട്ടിംഗ് ഏജന്‍സിയും അവരുടെ വിദേശപങ്കാളിയും ചേര്‍ന്ന് തങ്ങളെ ചതിച്ചിരിക്കുന്നതായി കുടിയേറുന്ന തൊഴിലാളികള്‍ അറിയുന്നത്. മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ വാഗ്ദാനം ലഭിച്ച് വിദേശത്ത് എത്തുന്ന ഒട്ടേറെ തൊഴിലാളികള്‍ ഒടുവില്‍ വീട്ടുവേലക്കാരായി പണിയെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.
ഇന്ത്യയില്‍ നിന്ന് നാവികരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുന്ന ഒരു മനസാക്ഷിയുമില്ലാത്ത റിക്രൂട്ടിങ്ങ് ഏജന്റുമാരെക്കുറിച്ച് ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അവര്‍ ടൂറിസ്‌റ്റുകളായി മദ്ധ്യപൂര്‍വ ദേശത്ത് എത്തുകയും അവിടെ വിദേശ കപ്പല്‍ കമ്പനികളില്‍ കുറഞ്ഞ ജോലിക്ക് എന്തെങ്കിലും പണിതേടുകയും ചെയ്യുന്നു. പരിശീലനം ലഭിച്ചവരല്ലാത്തതിനാല്‍ അവര്‍ക്ക് പല അപകടങ്ങളും നേരിടുന്നു. എന്നാല്‍ അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. നാഷണല്‍ ഷിപ്പിംഗ് ബോര്‍ഡിന്റെ യോഗങ്ങളില്‍ നിരവധി തവണ ഇന്ത്യയില്‍ നിന്ന് ഇങ്ങനെ നാവികരെ വ്യാജമായി റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ വ്യക്തിപരമായിത്തന്നെ പല തവണ പരാതിപ്പെട്ടിരുന്നു. പക്ഷെ ഈ തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്, കാരണം ഇന്ത്യയിലെ ഏജന്റുമാര്‍ മുഖേന വിദേശ ഷിപ്പിങ്ങ് കമ്പനികള്‍ പരിശീലനം ലഭിക്കാത്തവരെ നിയമവിരുദ്ധമായി നാവികരായി റിക്രൂട്ട് ചെയ്യുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരിശീലനം ലഭിച്ച നാവികര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല.
അനിയന്ത്രിതമായ അഴിമതി
ഇന്ത്യാ ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളിലെ 310 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അതില്‍ 122 എണ്ണം മലേഷ്യയില്‍ നിന്നും 54 എണ്ണം സൌദി അറേബ്യയില്‍ നിന്നും 49 എണ്ണം ബഹ്റിനില്‍ നിന്നുമുള്ളവയാണ്. എന്നാല്‍, ഈ കമ്പനികള്‍ പേരുമാറ്റി രജിസ്റ്റര്‍ ചെയ്യുകയും ഒരു പരിശോധനയും കൂടാതെ ചൂഷണം നിര്‍ബാധം നടത്തുകയും ചെയ്യുന്നു. തൊഴിലുടമകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള ഈ 17 രാജ്യങ്ങളിലേയും ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാക്കുന്ന ഇത്തരം തട്ടിപ്പുകളെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ല. അടുത്ത കാലത്ത് ഇന്ത്യന്‍ വംശജരായ തൊഴിലാളികള്‍ മലേഷ്യയില്‍ നടത്തിയ പ്രക്ഷോഭം ഇക്കാര്യത്തില്‍ നമ്മുടെ നയതന്ത്രകാര്യാലയങ്ങളുടെ പരാജയം വ്യക്തമായും വെളിപ്പെടുത്തുന്നതാണ്.
വിദേശ തൊഴിലുടമകള്‍ ഇന്ത്യയിലെ അവരുടെ ഏജന്റുമാരില്‍ നിന്നുള്ള പിന്‍തുണയോടെയാണ് ഈ അഴിമതികള്‍ നിര്‍ബാധം നടത്തിവന്നത്. ഈ ഏജന്റുമാര്‍ക്കെതിരെ ഇന്ത്യയില്‍ കാര്യമായ ഒരു നടപടിയും കൈക്കൊള്ളാറില്ല. ഇന്ത്യാ ഗവണ്‍മെന്റ് കേവലം പ്രതീകാത്മകമായ ചില നടപടികള്‍ മാത്രമെ കൈക്കൊള്ളാറുള്ളൂ, നേരാംവണ്ണം പ്രശ്നത്തെ ഒന്നു തൊടാന്‍ പോലും തയ്യാറായിട്ടില്ല.
ഇന്ത്യന്‍ ജനതയുടെ വിദേശ കുടിയേറ്റം സംബന്ധിച്ച് ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് (2001) നടത്തിയ പഠനം അനുസരിച്ച്, നിത്യവൃത്തി തേടി ഇന്ത്യക്കാര്‍ 133 രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ആസ്ട്രേലിയ (190000), ബഹറിന്‍ (130000), കാനഡ (851000), ഫിജി (336829), ഗയാന (395350), കെനിയ (102500), കുവൈറ്റ് (295000), മലേഷ്യ (1665000), മൌറീഷ്യസ് (715765), മ്യാന്‍മര്‍ (2902200), നെതര്‍ലന്റ് (217000), ഒമാന്‍ (3,12,000), ഖത്തര്‍ (131000), റിയൂണിയന്‍ ദ്വീപുകള്‍ (220055), സൌദി അറേബ്യ (1500000), സിംഗപ്പൂര്‍ (307000), ദക്ഷിണാഫ്രിക്ക (10000000), സുരിനാം (150456), ട്രിനിഡാഡ് & ടൊബാഗോ (500600), യു എ ഇ (950000), യു കെ (1200000), യു എസ് എ (1678756), യെമന്‍ (100900) എന്നിവയാണ് ഇവയില്‍ പ്രധാന രാജ്യങ്ങള്‍.
വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ വിദഗ്ദ്ധരുടെയും വലിയൊരു പ്രവാഹം കഴിഞ്ഞ ദശകത്തില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഈ സംഖ്യ ഇതിലും ഏറെയായി വര്‍ദ്ധിച്ചിട്ടുണ്ടായിരിക്കും. വ്യവസായികളുടെയും ബിസിനസ്സുകാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജീവിത സാഹചര്യങ്ങള്‍ വളരെയേറെ മെച്ചപ്പെട്ടതാണെങ്കിലും, അവിദഗ്ദ്ധരും അര്‍ദ്ധവിദഗ്ദ്ധരുമായ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ജീവിതസാഹചര്യവും തൊഴില്‍ സാഹചര്യവും ദുരിതപൂര്‍ണ്ണമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ വര്‍ണ്ണ വിവേചനത്തിന്റെ ഇരകളും കൂടിയാണ്. മാത്രമല്ല, വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കാറുമില്ല. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളോട് ഈ രാജ്യങ്ങളിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുമില്ല.
ഞെട്ടിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍
ഇന്ത്യന്‍ ജനതയുടെ വിദേശ കുടിയേറ്റം സംബന്ധിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് (2001) ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് കുറേയേറെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശരിയായ തൊഴില്‍ സംരക്ഷണ സംവിധാനത്തിന്റെ അഭാവത്തില്‍ പല രാജ്യങ്ങളിലേയും സ്ഥിതി സമാനമാണ്. ശ്രദ്ധേയമായ ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
“ ഗള്‍ഫ് മേഖലയില്‍ എത്തിച്ചേരുന്ന തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ തന്നെ പലപ്പോഴും അവഗണിക്കപ്പെടാറാണുള്ളത്. വിദഗ്ദ്ധ തൊഴിലാളികള്‍ പലപ്പോഴും അവിദഗ്ദ്ധ തൊഴിലാളികളായി പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. തൊഴിലാളികള്‍ക്ക് വിസ സ്പോണ്‍സര്‍ ചെയ്ത തൊഴിലുടമകള്‍ പലപ്പോഴും അവര്‍ അവിടെയെത്തുമ്പോള്‍ ഏറ്റെടുക്കാറില്ല. അവര്‍ ഏതെങ്കിലും തൊഴില്‍ കണ്ടെത്തി സ്വയം രക്ഷനേടാന്‍ നിര്‍ബന്ധിതരാകുന്നു. ഇന്ത്യയിലെ തങ്ങളുടെ റിക്രൂട്ടിങ്ങ് ഏജന്റ് അവരില്‍ നിന്നും ഈടാക്കിയ ഫീസിന്റെ കടം വീട്ടുന്നതിന് ആദ്യത്തെ നിരവധി മാസക്കാലത്തെ ശമ്പളം നീക്കിവെയ്ക്കേണ്ടി വരുന്നു. സമയാ സമയങ്ങളില്‍ കൃത്യമായി പലപ്പോഴും ശമ്പളം നല്‍കാറുമില്ല. കരാര്‍ കാലാവധിയുടെ അവസാന കാലം ആവുമ്പോഴേക്കും നിരവധി മാസങ്ങളിലെ ശമ്പളം കൊടുക്കാറുപോലുമില്ല. തല്‍ഫലമായി മുഴുവന്‍ ശമ്പളവും ലഭിക്കാതെ അവര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നു. പലപ്പോഴും തൊഴില്‍ പെര്‍മിറ്റ് ഫീസും അവരുടെ ശമ്പളത്തില്‍ നിന്നുപോലും പിടിച്ചെടുക്കുന്നു.
അതിനും പുറമെ ഓവര്‍ ടൈം വേതനം കൊടുക്കാതെ തൊഴിലാളികളെക്കൊണ്ട് എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം പണിയെടുപ്പിക്കുന്നു. ചികിത്സാ സൌകര്യങ്ങള്‍ അപര്യാപ്തമാണ്. പലപ്പോഴും ഒരു സൌകര്യവും ഉണ്ടാകാറുമില്ല. വീട്ടു ജോലിക്കാര്‍ക്കാകട്ടെ ഒരു തൊഴില്‍ നിയമവും ബാധകമല്ല. ഒട്ടേറെ സ്ത്രീ തൊഴിലാളികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഗള്‍ഫിലേക്ക് കൊണ്ടുപോയശേഷം അവിടെ വീട്ടുജോലിക്കു നിര്‍ത്തുന്നു. പലപ്പോഴും അവര്‍ക്ക് ലൈംഗിക പീഢനം നേരിടേണ്ടതായും വരുന്നു. തൊഴിലുടമകള്‍ അവരെ ബലാല്‍സംഗം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുക പതിവാണ്. നിരവധി കൊച്ചു പെണ്‍കുട്ടികളെ ഗള്‍ഫിലെ അജ്ഞാതരായ ആളുകള്‍ക്ക് അവരില്‍ നിന്നും വില വാങ്ങിയിട്ട് വിവാഹം കഴിച്ചു കൊടുക്കുന്നു.''
ദുരിതപൂര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങള്‍, കഠിനമായ കാലാവസ്ഥ, സാമൂഹ്യവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റാത്ത അവസ്ഥ, തിരികെ പോയാലുള്ള കുടുംബത്തിലെ സ്ഥിതിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ, വൈകാകികമായ ദുരിതങ്ങളെക്കുറിച്ചുള്ള ആകുല ചിന്തകള്‍ എന്നിവ പലരേയും വിഷാദരോഗികളാക്കുകയും, പലരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു''വെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളിലെ കൊച്ചു മുറികളില്‍ നാലോ എട്ടോ ബങ്കര്‍ ബെഡ്ഡുകളില്‍ തിക്കി ഞെരുക്കി അടച്ചിട്ടിരിക്കുകയാണ്. അവര്‍ക്ക് നല്‍കിയട്ടുള്ള ടോയ്‌ലറ്റും അടുക്കളയും യാതൊരു സൌകര്യവും ഇല്ലാത്തവയും അപര്യാപ്തവും തൃപ്തികരമല്ലാത്തതുമാണ്. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ. കുടിയേറ്റ തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മാനുഷികമാക്കാനും മെച്ചപ്പെടുത്താനും ഇന്ത്യാ ഗവണ്‍ മെന്റ് ഇടപെടേണ്ടതും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട് .
റിപ്പോര്‍ട്ട് വീണ്ടും ചൂണ്ടിക്കാണിക്കുന്നു- "ശുദ്ധഗതിക്കാരും പാവത്താന്മാരും ആര്‍ക്കും വഴിതെറ്റിക്കാവുന്നവരുമായ ചില കുടിയേറ്റക്കാര്‍ പലപ്പോഴും ഗൌരവമേറിയ അപകടങ്ങളില്‍ ചെന്ന് അകപ്പെടാറുണ്ട്. ഇന്ത്യാ ടുഡേയില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 2001 മാര്‍ച്ച് 9-ന് കേരളത്തില്‍ നിന്നുള്ള 24 ആളുകള്‍ മയക്കു മരുന്ന് കള്ളക്കടത്തിന് പിടിക്കപ്പെട്ടു. അവിടത്തെ നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.''
വിദേശത്ത് അവിദഗ്ദ്ധരും അര്‍ദ്ധ വിദഗ്ദ്ധരുമായ തൊഴിലാളികള്‍ ഞെട്ടിക്കുന്ന തൊഴില്‍ സാഹചര്യങ്ങളിലാണ് കഴിയുന്നത്. എന്നാല്‍ സാങ്കേതിക വിദഗ്ദ്ധന്മാരും വിവിധ തുറകളില്‍ അതി വൈദഗ്ദ്ധ്യം ആര്‍ജിച്ചവരുമായ ആളുകള്‍ വിദേശത്ത് കുടിയേറുന്നത് ഇന്ത്യയില്‍ നിന്നുള്ള "മസ്തിഷ്ക ചോര്‍ച്ച''ക്ക് ഇടവരുത്തുന്നു. വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിക്കപ്പെടാത്ത കണക്കുകളുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്ത് കണക്കാക്കിയത് അമേരിക്കയില്‍ ആകെയുള്ള ഉയര്‍ന്ന വേതനം പറ്റുന്ന ജോലികളില്‍ വലിയൊരു ഭാഗവും ഇന്ത്യാക്കാരാണ് ചെയ്യുന്നത് എന്നാണ്. അമേരിക്കയിലെ ഡോക്ടര്‍മാരില്‍ 38 ശതമാനവും ഇന്ത്യാക്കാരാണ്. അതേപോലെതന്നെ ശാസ്ത്രജ്ഞന്മാരില്‍ 12 ശതമാനവും നാസയിലെ ജീവനക്കാരില്‍ 36 ശതമാനവും മൈക്രോ സോഫ്റ്റ് ജീവനക്കാരില്‍ 36 ശതമാനവും ഐ ബിഎം ജീവനക്കാരില്‍ 28 ശതമാനവും അമേരിക്കയിലെ ഇന്റല്‍ ജീവനക്കാരില്‍ 17 ശതമാനവും ഇന്ത്യന്‍ വംശജരാണ്.
21 അംഗ ഏഷ്യന്‍-ഗള്‍ഫ് സഹകരണ കൌണ്‍സില്‍ മന്ത്രിമാര്‍ അടുത്തിടെ അംഗീകരിച്ച ദോഹ പ്രഖ്യാപനം കുടിയേറ്റ തൊഴിലാളികളുടെ - (ഇവരില്‍ മഹാഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്) - ക്ഷേമത്തിനായി ഒരു പ്രവര്‍ത്തന പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കുന്നുണ്ട്. വിദേശ ജോലികളെയും കരാര്‍ തൊഴിലുകളെയും സംബന്ധിച്ച ഏഷ്യന്‍ മേഖലാ കൂടിയാലോചന സംവിധാനം ചില നടപടികള്‍ കൈക്കൊള്ളുന്നതിനായി ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ട്. - നിയമവിരുദ്ധ റിക്രൂട്ടുമെന്റ് നടപടികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതല്‍ സുതാര്യമായ നയങ്ങളും നടപടികളും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ ജന്മനാട്ടിലും പണിയെടുക്കുന്ന നാട്ടിലും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അപ്രകാരം മറുനാടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും മികച്ച ആനുകൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.
ഇത്തരം മഹത്തായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ഇതാദ്യമായല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ ജനസംഖ്യയിലെ മൂന്നിലൊന്നു ഭാഗവും കുടിയേറ്റ തൊഴിലാളികളാണെങ്കിലും അവിടെയൊന്നും തൊഴില്‍ സംരക്ഷണത്തിന് ഒരു നയവും സംവിധാനവും നിലവിലില്ല എന്നതാണ് മുഖ്യപ്രശ്നം. ആറ് ഗള്‍ഫ് സഹകരണ കൌണ്‍സില്‍ അംഗങ്ങളിലുമായി മൂന്നര കോടി ജനങ്ങളാണുള്ളത്. അതില്‍ ഒരു കോടി മുപ്പതു ലക്ഷത്തിലധികം പേരും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. എന്നാല്‍, ഈ തൊഴിലാളികളുടെ സാന്നിദ്ധ്യം താല്‍ക്കാലിക സ്വഭാവത്തിലുള്ളതാണെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. ഏഷ്യന്‍ തൊഴിലാളികളെല്ലാം കരാര്‍ തൊഴിലാളികളാണ്. ചിലര്‍ പറയുംപോലെ കുടിയേറ്റ തൊഴിലാളികളല്ല, ഇതാണവരുടെ വാദം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടര്‍ച്ചയായി അവിടെ പണിയെടുക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സമീപനം ഇതായിരിക്കുന്നിടത്തോളം ഈ മഹനീയ പ്രസ്താവനകളെല്ലാം അര്‍ത്ഥശൂന്യമായിരിക്കും.
നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ കരാര്‍ കാലാവധി കഴിഞ്ഞശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ത്തന്നെ മറ്റെന്തെങ്കിലും ജോലി കണ്ടെത്തി അവിടെത്തന്നെ തുടരുകയാണ് ചെയ്യുന്നത്. അങ്ങനെ അവര്‍ അവിടെ തുടരുന്നത് നിയമവിരുദ്ധമാണെന്നാണ് കരുതപ്പെടുന്നത്. ഇടയ്ക്കിടെ ഇത്തരക്കാരെ കണ്ടെത്തി ഇന്ത്യയിലേക്ക് നാടുകടത്താറുമുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനു പകരം ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷന്‍ അതാതു രാജ്യങ്ങളിലെ ദേശീയ നിയമങ്ങള്‍ അനുസരിക്കണമെന്ന് തൊഴിലാളികളെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ എന്തെങ്കിലും ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ അതില്‍ തുടരാന്‍ അനുവദിക്കത്തക്കവിധത്തില്‍ നിയമം അയവേറിയതായിരിക്കണം.
തൊഴിലാളികളെ വഞ്ചിക്കല്‍
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാര്‍ജ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് നാഷണലൈസേഷന്‍ ആന്റ് റസിഡന്‍സിയും ഷാര്‍ജ പോലീസും അടുത്തയിടെ 267 ഇന്ത്യന്‍ തൊഴിലാളികളെ അറസ്റ്റു ചെയ്തു. "ദ ഹിന്ദു''വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം ഈ സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചുപോലുമില്ല. യു എ ഇ യില്‍ ചെറിയ ചില ജോലികള്‍ ചെയ്തു കഴിഞ്ഞിരുന്ന ഈ തൊഴിലാളികള്‍ ആ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണം ഉന്നയിച്ച് അവരെ അവിടെ നിന്നും പുറത്താക്കുകയാണുണ്ടായത്.
2007 മേയ് മാസത്തില്‍ രാജ്യസഭയില്‍ നല്‍കിയ ഒരു മറുപടിയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞത് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1820 റിക്രൂട്ടിങ്ങ് ഏജന്റുമാരുണ്ടെന്നാണ്. ഇവരില്‍ പലരും തൊഴിലാളികളെ വഞ്ചിക്കുകയും വിദേശ രാജ്യത്ത് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനത്തിന്മേല്‍ വലിയ തുക ഈടാക്കുകയും ചെയ്യുന്ന വ്യാജ ഏജന്റുമാരാണ്. തങ്ങള്‍ക്കു നല്‍കിയ ഉറപ്പനുസരിച്ചുള്ള ജോലി ലഭിക്കാത്ത സാഹചര്യമാണ് തൊഴിലാളികള്‍ക്ക് പല സന്ദര്‍ങ്ങളിലും നേരിടേണ്ടതായി വരുന്നത്. മന്ത്രാലയത്തിന് 2006-ല്‍ 76 പരാതികളും 2007 മേയ് വരെ 14 പരാതികളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇത്തരം പരാതികള്‍, ആവശ്യമായ നടപടി കൈക്കൊള്ളാന്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ, ഈ ഏജന്റുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് കനത്ത കൈക്കൂലി നല്‍കുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും ഒരു നടപടിയും സ്വീകരിക്കാറില്ല. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഇപ്പോഴും തൊഴിലാളികളെ വലിയ തോതില്‍ വഞ്ചിക്കുന്ന നടപടികള്‍ നിര്‍ബാധം തുടരുകയാണ്.
സിഐടിയുവിനു വേണ്ടി ഞാന്‍ തന്നെ ചില പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അതിന്മേല്‍ നടപടിയെടുത്തില്ലെന്നു മാത്രമല്ല, പരാതിക്കാരെ കുറ്റവാളികള്‍ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി. ഈ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാതെ വ്യാജ റിക്രൂട്ട്മെന്റ് പ്രതിഭാസം നിര്‍ത്തലാക്കാനാവില്ല. ഇതിനും പുറമെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ആയിരക്കണക്കിന് എംപ്ലോയ്‌മെന്റ് ഏജന്‍സികളുമുണ്ട്. അവര്‍ക്കെതിരെ പരാതി ഉയരുമ്പോള്‍ അവരുടെ മേല്‍വിലാസം പോലും കണ്ടെത്താനാവില്ല. ഇത്തരം നിരവധി റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തുകൊണ്ട് അധികാരികളില്‍ നിന്നും ഒരു ശിക്ഷപോലും ലഭിക്കാതെ മുങ്ങുകയാണ് ചെയ്യുന്നത്. 2007 മേയ് മാസത്തില്‍ 3846 കുടിയേറ്റ തൊഴിലാളികള്‍ 16 രാജ്യങ്ങളിലായി ജയിലുകളിലായിരുന്നു.
അതിനും പുറമെ ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെയും കുടിയേറുന്ന രാജ്യങ്ങളില്‍ ഒന്നിലും തൊഴിലാളികളെ സംരക്ഷിക്കാനുള്ള നിയമങ്ങളൊന്നും നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാതി പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളൊന്നും ഈ രാജ്യങ്ങളില്‍ നിലവിലില്ല. ഇത്തരം പരാതികള്‍ ഉന്നയിക്കുന്ന തൊഴിലാളികളെ ആ രാജ്യത്തിന് അനുയോജ്യരല്ലെന്ന് കണക്കാക്കി രാജ്യത്തുനിന്ന് പുറത്താക്കുകയാണ് ചെയ്യുന്നത്.
ഈ രാജ്യങ്ങളിലൊന്നും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവും അനുവദിക്കാറില്ല. തൊഴിലാളികളുടെ ഒരു പ്രകടനത്തെപ്പോലും നിയമവിരുദ്ധ പ്രവര്‍ത്തനമായാണ് പരിഗണിക്കുന്നത്. തൊഴിലുടമ തൊഴില്‍ നിയമലംഘടനം നടത്തിയാല്‍പ്പോലും അത്തരം നടപടിയെ എതിര്‍ക്കാന്‍ തൊഴിലാളിക്ക് അവകാശമില്ല. തൊഴിലാളികളുടെ പരാതികള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ഈ രാജ്യങ്ങളില്‍ തൊഴിലാളി സംരക്ഷണം ഉറപ്പാക്കുന്നതേയില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയിട്ടുള്ള തൊഴിലാളികള്‍ക്ക് എന്തെങ്കിലും ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കുന്നതില്‍ എണ്ണസമ്പത്തിന്റെ അധിപന്മാരായ ഷേയ്‌ക്കുമാര്‍ക്ക് യാതൊരു താല്‍പ്പര്യവും ഇല്ല.
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വിദേശത്ത് കുടിയേറുന്നവരുടെ പ്രശ്നവും അവരുടെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രശ്നമായിത്തന്നെ പരിഗണിക്കണം. തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടി വിദേശത്തേക്ക് പോകുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എന്നാല്‍ മാത്രമേ കഴിയൂ.
രാജ്യത്തിന് പുറത്തേയ്ക്ക് കുടിയേറിയിട്ടുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാത്രമാണ് ഈ ലേഖനം പ്രധാനമായും പരിഗണിച്ചിട്ടുള്ളത്. രാജ്യത്തിനുള്ളില്‍ സംസ്ഥാനാന്തര കുടിയേറ്റം നടത്തുന്ന തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതേയുള്ളൂ. കൂലി നല്‍കല്‍, തുല്യ വേലയ്ക്ക് തുല്യകൂലി, പാര്‍പ്പിട സൌകര്യങ്ങള്‍, ചികിത്സാ സൌകര്യങ്ങള്‍, കാലാവസ്ഥാ കെടുതികളില്‍ നിന്ന് സംരക്ഷണത്തിനായുള്ള വസ്ത്രങ്ങള്‍, പരിക്കുപറ്റിയാല്‍ നഷ്ടപരിഹാരം തുടങ്ങി ചില സംരക്ഷണ നടപടികള്‍ പ്രദാനം ചെയ്യുന്ന അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴില്‍ ക്രമീകരണവും സേവന വ്യവസ്ഥകളും) നിയമം 1979 ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതേവരെ അത് സാര്‍വത്രികമായി നടപ്പാക്കിയിട്ടില്ല.
സര്‍ക്കാരിന് ഈ നിയമം നടപ്പാക്കാന്‍ വേണ്ട സംവിധാനമൊന്നും ഇല്ലാത്ത സ്ഥിതിക്ക്, ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും അവരുടെ പ്രശ്നങ്ങള്‍ വേണ്ട ഗൌരവത്തില്‍ കണക്കിലെടുത്തിട്ടില്ല. അവരുടെ പ്രശ്നങ്ങളില്‍ ട്രേഡ് യൂണിയന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഇടങ്ങളില്‍ അവര്‍ ഈ പോരാട്ടത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗണ്‍മെന്റ് നിയമംമൂലം നിരോധിച്ചിട്ടുള്ള അടിമവേല സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ് ഒട്ടേറെ കുടിയേറ്റ തൊഴിലാളികളുടേയും പ്രശ്നം.
***
M K Panthe, President, CITU
Thursday, June 26, 2008
രഘുരാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ബാങ്കിങ്ങ് മേഖലയ്‌ക്കു ദോഷം
എന്നാല്‍, പിന്നീട് പുരുഷോത്തംദാസ് ഠാക്കൂര്‍ദാസ് സ്‌മാരക പ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം ഒരു കുറ്റസമ്മതം തന്നെ നടത്തുകയുണ്ടായി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിങ്ങ് സംവിധാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച തന്റെ കൈകൊണ്ടുതന്നെ അതിന്റെ ഉദകക്രിയകൂടി നടത്തേണ്ടി വരുന്നുവല്ലോ എന്ന വേദന തന്നെ ഇടയ്‌ക്കൊക്കെ അലട്ടാറുണ്ടെന്നും ഒരു സ്വയംപ്രത്യയനം വഴിയാണ് താന്‍ അതിനെ മറികടക്കുക എന്നും. കെട്ടിടം പണിയുമ്പോള്‍ അതിനു ചുറ്റും കെട്ടിപ്പൊക്കുന്ന തട്ടുകള്‍ പണികഴിഞ്ഞാല്‍ പൊളിച്ചുകളയുന്നതുപോലുള്ള ഒരു തകര്‍ക്കല്‍ മാത്രമാണ് താന്‍ നിര്‍ദേശിച്ചതെന്ന് ! ഇന്ത്യന്‍ ബാങ്കിങ്ങിന്റെ വിസ്‌മയകരമായ വളര്‍ച്ചയെയും വ്യാപനത്തെയും കുറിച്ച് ലോകബാങ്ക് രേഖ പ്രശംസാവചനങ്ങളുതിര്‍ക്കുന്നുണ്ട്. സ്വാഭാവികമായും നരസിംഹം കമ്മിറ്റിയും റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ അതെടുത്തു പറഞ്ഞിരുന്നു.
എന്നാല്‍, ധനമേഖലയ്‌ക്കാകെ ബാധകമായ പുതുതലമുറ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനായി പ്ലാനിങ്ങ് കമ്മീഷന്‍ നിയോഗിച്ച രഘുരാം രാജന്‍ കമ്മിറ്റിയുടെ തലവന് നരസിംഹത്തെപ്പോലെ കുറ്റബോധമില്ലെന്നു മാത്രമല്ല, ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയുടെ പിടിപ്പുകേടിലാണ് അദ്ദേഹം ഊന്നുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യരുടെ ബാങ്കിങ്ങ് ആവശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു; അവര്‍ ഇപ്പോഴും ഹുണ്ടികക്കാരുടെ പിടിയിലാണ്-അതേസമയം കോര്‍പ്പറേറ്റ് മേഖലയുടെ നൂതനാവശ്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യത്തിലും അത് പരാജയപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തുടങ്ങുന്നതുതന്നെ.
ഇന്ത്യന്‍ ധനമേഖലയെ മാത്രമല്ല, സമസ്‌ത മേഖലകളെയും ഒരുപോലെ സ്‌പര്‍ശിക്കുന്ന ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്ന നിര്‍ദേശങ്ങളടങ്ങുന്ന രഘുരാം രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ കരട് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട് ജൂണില്‍ അവസാനരൂപം നല്‍കുമെന്നാണ് പ്രഖ്യാപനം. ശുപാര്‍ശകളുടെ മാരകഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ജനപ്രതിനിധികള്‍ക്കോ അക്കാദമിക് സമൂഹത്തിനോ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യത്തിനൊത്ത ചര്‍ച്ചകള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നിട്ടുമില്ല.
ധനകാര്യമേഖലയില്‍ നടപ്പാക്കേണ്ട പുതുതലമുറ പരിഷ്‌കാരങ്ങളെക്കുറിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായാണ് കമ്മിറ്റി നിയോഗിക്കപ്പെട്ടത്. ചെയര്‍മാന്‍ ഐ.എം.എഫിന്റെ സാമ്പത്തിക ഉപദേഷ്‌ടാവും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ രഘുരാം രാജന്‍. ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി കെ.വി. കാമത്ത്, ബേസിക്‌സ് ചെയര്‍മാന്‍ വിജയ്‌മഹാജന്‍ എന്നിവര്‍ക്കൊപ്പം സ്റ്റേറ്റ്‌ബാങ്ക് ചെയര്‍മാന്‍ ഒ.പി. ഭട്ടും ഉള്‍പ്പെടുന്ന പന്ത്രണ്ടു പേരാണ് കമ്മിറ്റിയില്‍. അവരോടാവശ്യപ്പെട്ടത് വരുന്ന ദശകത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ധനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുള്ള വെല്ലുവിളികള്‍ കണ്ടെത്താനും അതിനു പര്യാപ്‌തമാക്കത്തക്കവിധം ധനേതരമേഖലകളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനുമാണ്.
കമ്മിറ്റിയുടെ ഘടനമാത്രം പരിശോധിച്ചാലറിയാം അതിന്റെ ഏകപക്ഷീയത. ടേംസ് ഓഫ് റഫറന്‍സും വളരെ വാചാലമാണ്. അതുകൊണ്ടുതന്നെയാണ് നരസിംഹം അറച്ചറച്ചു പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട് അമര്‍ത്തിപ്പറയുന്നതും ധനമേഖലയ്‌ക്കപ്പുറമുള്ള സമസ്‌തമേഖലകളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഔദ്ധത്യപൂര്‍വം നിര്‍ദേശങ്ങള്‍ നല്‍കുന്നതും. 240-ഓളം പേജുകളില്‍ പരന്നുകിടക്കുന്ന റിപ്പോര്‍ട്ടിലാകെ നിറഞ്ഞുനില്‍ക്കുന്നത് കമ്പോളമൗലികവാദമാണ്. ഒന്നാം അധ്യായത്തില്‍ത്തന്നെ തങ്ങളുടെ പക്ഷപാതിത്വം വളരെ പച്ചയ്‌ക്ക് വെളിപ്പെടുത്തുന്നുണ്ട്. സ്വകാര്യമേഖലയ്‌ക്കു ന്യായമായും അവകാശപ്പെട്ട പ്രവര്‍ത്തനമേഖല കൈയടക്കുന്നത് സര്‍ക്കാറിന്റെ ധര്‍മമായിക്കൂടാ എന്നും പകരംവേണ്ടത് ശക്തമായ പശ്ചാത്തലസൗകര്യങ്ങള്‍ ധനമേഖലയില്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയാണെന്നും അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നുണ്ട്.
പ്രഥമ നിര്‍ദേശംതന്നെ റിസര്‍വ് ബാങ്കിനെ നോക്കുത്തിയാക്കി മാറ്റണമെന്നാണ്. സ്വന്തം നാണയവില പിടിച്ചു നിര്‍ത്താനാവാത്ത വികസ്വര രാജ്യങ്ങള്‍ക്ക് എന്തിനാണ് കേന്ദ്ര ബാങ്കുകള്‍ എന്ന ചോദ്യം സ്വതന്ത്രകമ്പോളവാദികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അമേരിക്കയിലായാലും ഇംഗ്ലണ്ടിലായാലും ഫ്രാന്‍സിലായാലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് അനുഭവം പഠിപ്പിക്കുമ്പോഴാണ്, റിസര്‍വ് ബാങ്കിനെ അതിന്റെ ചുമതലകളില്‍ നിന്നെല്ലാം ഒഴിവാക്കി നാണയപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഒറ്റക്കാര്യത്തിനായി ഒതുക്കണം എന്ന് പറയുന്നത്. ''ലോകത്ത് ഇതര രാഷ്ട്രങ്ങളില്‍ വിജയകരമായി പ്രയോഗിച്ചു പോരുന്ന ധനോത്‌പന്നങ്ങള്‍പോലും ഇന്ത്യയില്‍ വിപണനാനുമതി കിട്ടാന്‍ കാലതാമസം നേരിടുന്നു'' എന്നാണ് ഒരു ആക്ഷേപം. അമേരിക്കയിലും യൂറോപ്പിലാകെയും ബാങ്ക് തകര്‍ച്ചകള്‍ക്ക് ഇടവരുത്തിയ ഊഹക്കച്ചവടാധിഷ്‌ഠിതമായ പുതിയ ഡെറിവേറ്റീവ് ഉത്‌പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഇടം കിട്ടാന്‍ വൈകുന്നതിനെക്കുറിച്ചാണ് ഈ വേവലാതി! കാര്യബോധമുള്ളവരാകെ ഇത്തരം വിസ്‌ഫോടക ധനോത്‌പന്നങ്ങളെ കരുതിയിരിക്കണം എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതൊന്നും കണക്കിലെടുക്കുന്നില്ല.
രണ്ടാമത്തെ ശുപാര്‍ശ കോര്‍പ്പറേറ്റ് ബോണ്ടുകളിലും സര്‍ക്കാര്‍ കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ വിദേശനിക്ഷേപകര്‍ക്ക് അവസരം നല്‍കണമെന്നതാണ്. നമ്മുടെ ബോണ്ട് മാര്‍ക്കറ്റിന് ആഴം വളരെ കുറവാണ്. അനാവശ്യ നിയന്ത്രണങ്ങളാണ് അതിനു കാരണം എന്ന് തെളിയിക്കാന്‍ ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാര്‍ കടപ്പത്രത്തില്‍ വിദേശനിക്ഷേപകര്‍ക്ക് പരിമിതമായേ നിക്ഷേപിക്കാനാവൂ എന്നതാണ്. ഈ നിയന്ത്രണങ്ങളാകെ എടുത്തു കളഞ്ഞാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങളെപ്പറ്റി കമ്മിറ്റി വാഴ്‌ത്തിപ്പാടുന്നുണ്ട്. വിദേശ നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ ബോണ്ടുകളുടെ വാതില്‍ മലര്‍ക്കെത്തുറന്നിട്ടാല്‍, നാട്ടിലെ ധനകാര്യസ്ഥാപനങ്ങള്‍ ഈ കടത്തിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാകുമത്രേ. ആ കാശ് മറ്റു മാര്‍ഗങ്ങളില്‍ ഉപയോഗിക്കാമത്രേ.
വിദേശനിക്ഷേപകരുടെ വന്‍തോതിലുള്ള കടന്നുവരവുപോലെതന്നെ പ്രധാനമാണത്രെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകിട്ടല്‍. മൂലധനത്തിന് രാജ്യസ്‌നേഹമില്ലല്ലോ. ലാഭം കൂടുതലുള്ളിടങ്ങളിലേക്ക് പരന്നൊഴുകാനാകത്തക്കവിധം അതിന് സര്‍വതന്ത്രസ്വതന്ത്രമായേ തീരൂ. ഈ ഒരു താത്‌പര്യത്തില്‍ ഊന്നിക്കൊണ്ടാണ് മൂലധന അക്കൗണ്ടിന്റെ ഉദാരവത്‌കരണത്തെക്കുറിച്ചുള്ള ചര്‍ച്ച. ആഗോള മൂലധനനാഥന്മാരുടെ ഉല്ലാസകേന്ദ്രമായിത്തീരാനുള്ള പ്രലോഭനീയത കൈവരിക്കുന്നതിന്റെ വിശദാംശങ്ങളാണ് ആ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍. ഒപ്പം രൂപയുടെ സ്വതന്ത്രവിനിമയം ഉറപ്പാക്കുന്ന കാര്യവും. അതിനെ അതേപടി അംഗീകരിച്ചു രഘുരാം രാജന്‍ കമ്മിറ്റി.
ഈയിടെയായി പ്രചാരം നേടിയ ധനപരമായ ഉള്‍ച്ചേര്‍ക്കലി (Financial inclusion) നെ കൃത്യമായും തലതിരിച്ചിടാനാണ് ശ്രമം. വരുന്ന മൂന്നു വര്‍ഷത്തിനകം ഇന്ത്യയിലെ 90 ശതമാനം വീടുകളിലും ബാങ്കിങ്ങ് സൗകര്യം എത്തിക്കാനുള്ള ദേശീയലക്ഷ്യം പ്രഖ്യാപിക്കുമ്പോഴും ഗ്രാമപ്രദേശങ്ങള്‍ക്കുള്ള ഊന്നല്‍ മാറണമെന്നാണ് വാദം. ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ എന്നാല്‍ വായ്‌പാ ലഭ്യത മാത്രമല്ലെന്നും മറ്റു ധനസേവനങ്ങളുടെ ലഭ്യത കൂടി ആണെന്നും വാദിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താനല്ല, അവരില്‍ നിന്നുകൂടി സമ്പാദ്യം കുത്തിച്ചോര്‍ത്തി മൂലധന മാര്‍ക്കറ്റില്‍ എത്തിക്കാനാണ്. അതിനുള്ള വ്യക്തമായ രൂപരേഖയും വരച്ചുചേര്‍ത്തിട്ടുണ്ട്.
ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ വേണ്ടും വിധം സാധിക്കാതെ പോയതിനു കാരണം ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നഗരങ്ങളില്‍ നിന്നുവരുന്ന ജീവനക്കാരാണത്രെ. ഹുണ്ടികക്കാരനെ സ്‌തുതിവചനങ്ങള്‍കൊണ്ട് മൂടുന്നുണ്ട് കമ്മിറ്റി. ''അയാള്‍ അയവുള്ളവനാണ്, പ്രമാണങ്ങള്‍ അവശ്യപ്പെടില്ല, കൃത്യത പാലിക്കും, കക്ഷികളുടെ അത്യാവശ്യകാര്യങ്ങളോട് കൃത്യമായി പ്രതികരിക്കും'' ഇങ്ങനെ കൃത്യതയും ഗമ്യതയുമുള്ള ഹുണ്ടികക്കാരനെക്കൂടി ഗ്രാമീണ ബാങ്കിങ്ങിലേക്ക് കണ്ണി ചേര്‍ക്കാം എന്നാണ് നിര്‍ദേശം. അതു കൃത്യമായി പറഞ്ഞു വെക്കുന്നുമുണ്ട്. ''ഹുണ്ടികക്കാരും ബാങ്കുകളും ഒന്നിച്ച് പ്രവര്‍ത്തിക്കാവുന്ന തരത്തിലുള്ള സാധ്യതകള്‍ കണ്ടെത്തുന്നത് വിവേകമായിരിക്കു''മെന്ന് !
വന്‍കിട പൊതുമേഖലാ ബാങ്കുകള്‍ക്ക് പകരം ചെറു ചെറു ബാങ്കുകളെ കെട്ടഴിച്ചുവിടാനാണ് ശുപാര്‍ശ. ലോക്കല്‍ ഏരിയാ ബാങ്കുകള്‍ എന്ന പേരില്‍ മുമ്പ് അവതരിപ്പിച്ചതും നടക്കാതെ പോയതുമായ ഒരു സംവിധാനത്തിന്റെ തിരിച്ചുവരവാണ് കമ്മിറ്റി നിര്‍ദേശിക്കുന്നത്. ചെലവ് ചുരുങ്ങിയ ഒരു ബാങ്കിങ്ങ് സംവിധാനമാണത്രെ അഭികാമ്യം. ചെറു ചെറു ബാങ്കുകള്‍ ഒരുഭാഗത്ത് മുളച്ചുവരുമ്പോള്‍ ബാങ്കിങ്ങ് കറസ്‌പോണ്ടന്റുകള്‍ എന്ന സംവിധാനത്തെ ശക്തപ്പെടുത്താനായി വളരെ ഉദാരപൂര്‍വമായ സമീപനം കൈക്കൊള്ളണമത്രെ. ബാങ്കുകള്‍ ചെയ്യുന്ന പണി വളണ്ടറി ഏജന്‍സികളെക്കൊണ്ടും സാമുദായിക സംഘടനകളെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കുന്ന ഒരു ഏര്‍പ്പാടാണിത്.
സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വൈദ്യനാഥന്‍ കമ്മിറ്റി നടത്തിയ ശുപാര്‍ശകളോട് യോജിക്കുമ്പോള്‍തന്നെ അവയുടെ ഘടനയാകെ പൊളിച്ചെഴുതണമെന്നാണ് ശുപാര്‍ശ. ഇപ്പോഴത്തെ സംവിധാനത്തിന്റെ പ്രധാന കുഴപ്പമായി ചൂണ്ടിക്കാട്ടുന്നത് രാഷ്‌ടീയസ്വാധീനവും അധമര്‍ണനുള്ള അമിതാധികാരവുമാണത്രേ. ലാഭകരമല്ലാത്ത സഹകരണബാങ്കുകള്‍ അടച്ചുപൂട്ടുകയും ലാഭത്തിലോടുന്നവയെ കമ്പനികളാക്കി മാറ്റുകയും വേണം. നമ്മുടെ സഹകരണസ്ഥാപനങ്ങളെയാകെ അതിന്റെ ജനാധിപത്യസ്വഭാവം കുത്തിച്ചോര്‍ത്തി ലാഭം കറക്കുന്ന കമ്പനികളാക്കി കമ്പോളത്തില്‍ മത്സരിപ്പിച്ചുകൊള്ളാനാണ് നിര്‍ദേശം.
മുന്‍ഗണനാ വായ്‌പകള്‍ പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ പ്രയോറിറ്റി സെക്ടര്‍ ലെന്റിങ്ങ് സര്‍ട്ടിഫിക്കറ്റ് എന്നൊരാശയം മുന്നോട്ടുവെക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്‌ത ഏതു വായ്‌പാ സ്ഥാപനവുമാകട്ടെ, (ഹുണ്ടികക്കാരനാകാം, സഹകരണ സ്ഥാപനമാകാം, ലഘുവായ്‌പാ സ്ഥാപനമാകാം, ബാങ്കിങ്ങ് കറസ്‌പോണ്ടന്റാവാം) മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വായ്‌പ കൊടുക്കുന്നുവെങ്കില്‍ ഒരു സര്‍ട്ടിഫിക്കറ്റിന് അര്‍ഹത നേടുന്നു. മുന്‍ഗണനാവായ്‌പ തീരെ നല്‍കാത്തതോ ലക്ഷ്യത്തിലെത്താത്തതോ ആയ ഒരു ബാങ്കിന് ഇങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി തങ്ങള്‍ക്ക് നല്‍കിയ ടാര്‍ജറ്റ് കൈവരിക്കാം. എന്നുവെച്ചാല്‍ ബാങ്കുകള്‍ മുന്‍ഗണനാവായ്‌പ നല്‍കേണ്ടതില്ല. അത് ബ്ലെയ്‌ഡ് കമ്പനിക്കാര്‍ ആയിക്കൊള്ളും എന്നര്‍ഥം.
മുന്‍ഗണനാ വിഭാഗങ്ങളുടെ വായ്‌പാലഭ്യതയ്‌ക്കു തടസ്സമായി നില്‍ക്കുന്നത് പലിശനിയന്ത്രണമാണത്രെ. അതുകൊണ്ട് പലിശനിരക്കിനെ നിയന്ത്രണവിമുക്തമാക്കി ഉദാരവത്‌കരിക്കണമെന്നാണ് നിര്‍ദേശം.
നാലാമധ്യായത്തിന്റെ തലക്കെട്ടുതന്നെ കളിസ്ഥലം നിരപ്പാക്കല്‍ എന്നാണ്. ബാങ്കിങ്ങ് മേഖലയില്‍ ഇപ്പോള്‍ പലതരം ടീമുകളുണ്ടെങ്കിലും നിരപ്പല്ലത്രെ കളിസ്ഥലം. പൊതുമേഖലാബാങ്കുകള്‍ക്ക് പ്രത്യേക പരിഗണനയും പരിലാളനവും കിട്ടുന്നുണ്ട്. ഇതു മത്സരശേഷി കുറയ്‌ക്കും. അതു പരിഹരിക്കാനുള്ള ആലോചനകള്‍ കമ്മിറ്റിയെ കൊണ്ടുചെന്നെത്തിക്കുന്നത്, ''സര്‍ക്കാര്‍ ഉടമസ്ഥത തുടരുന്നതിനു നിര്‍ബന്ധിതമാക്കുന്ന യാതൊരു കാരണവും കമ്മിറ്റിയില്‍ ഭൂരിപക്ഷവും കാണുന്നില്ല'' എന്ന നിഗമനത്തിലാണ്. സ്വകാര്യവത്‌കരണത്തെക്കുറിച്ച് രാജ്യത്തെ പൊതുജനാഭിപ്രായം വ്യത്യസ്‌തമാണെന്നു കമ്മിറ്റി തിരിച്ചറിയുന്നു. നരസിംഹം കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചപോലെ സര്‍ക്കാര്‍ ഉടമസ്ഥത 50 ശതമാനത്തില്‍ താഴെയാക്കിക്കൊണ്ട് അതിന്റെ നിയന്ത്രണം ഉറപ്പുവരുത്താനേ തത്‌കാലം കഴിയൂ. ഇപ്പോള്‍ പ്രായോഗികസമീപനം കാര്യക്ഷമമല്ലാത്ത കുറച്ചു പൊതുമേഖലാസ്ഥാപനങ്ങളെ തൂക്കിവില്‍ക്കുകയാണത്രെ. വില്‌പനപ്രക്രിയയില്‍ അനുഭവമാര്‍ജിച്ചശേഷം അതു വ്യാപകമാക്കാം എന്നാണ് നിര്‍ദേശം. സ്വകാര്യവത്‌കരണം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ നിലവിലുള്ള വലിയ പൊതുമേഖലാബാങ്കുകളുടെ ഭരണസമിതി 'ശക്തിപ്പെടുത്താ'നാണ് ശുപാര്‍ശ.
കൂടുതല്‍ അധികാരങ്ങളും ശക്തിയുമുള്ള ഡയറക്ടര്‍ ബോര്‍ഡുകള്‍ എന്നതിനര്‍ഥം സ്വകാര്യ ഷെയര്‍ ഉടമകള്‍ക്കു പ്രാതിനിധ്യമുള്ള ഭരണസമിതി എന്നതുതന്നെ. ഇങ്ങനെ ബോര്‍ഡുകള്‍ 'ശക്തിപ്പെടുത്തിയ'ശേഷം സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടലുകളില്‍നിന്ന് വിമുക്തമാക്കണം. സര്‍ക്കാര്‍ നിയന്ത്രണമുള്ള ബോര്‍ഡാണെന്നിരിക്കെ പിന്നെന്തിനു രണ്ടാമതൊരു സര്‍ക്കാര്‍ മേല്‍നോട്ടം എന്നാണ് യുക്തി. കോടതികളുടെ ഇടപെടല്‍കൂടി ഒഴിവാക്കണമെന്ന് പറയാഞ്ഞത് ഭാഗ്യം!
ബാങ്കിങ്ങ് മേഖലയിലാകെ സംയോജനത്തിനും ലയനത്തിനും അവസരമൊരുക്കിയാല്‍ മത്സരക്ഷമത വര്‍ധിക്കുമത്രെ. അങ്ങനെ എല്ലാ കടമ്പകളും തട്ടിമാറ്റിയാല്‍ പിന്നെ അവശേഷിക്കുന്നത് ശാഖാലൈസന്‍സിങ്ങാണ്. അതും വേണ്ടെന്നുവെക്കണം. ഗ്രാമപ്രദേശങ്ങളില്‍ ശാഖ തുറക്കാന്‍ വിസമ്മതിക്കുന്ന കുലീന ബാങ്കുകളെ രക്ഷിക്കാനായി ഒരു പുതിയ നിര്‍ദേശം മുന്നോട്ടുവെക്കുന്നുണ്ട്.
സ്വകാര്യവത്‌കരണം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനായി ഒരു പുതിയ നിര്‍ദേശംകൂടി-വിവിധ ധനസേവനങ്ങള്‍ നല്‌കുന്ന നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് ഒരു ഹോള്‍ഡിങ്ങ് കമ്പനി. അവയുടെ മേല്‍നോട്ടത്തിനായി ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഓവര്‍സൈറ്റ് ഏജന്‍സി!
ഇത്തരമൊരവസ്ഥയില്‍ അതിനു കണക്കായി മാര്‍ക്കറ്റ് വൈവിധ്യവും വൈപുല്യവും ഉറപ്പുവരുത്തണം. പലിശയെയും വിദേശനാണ്യത്തെയും ആസ്‌പദമാക്കിയുള്ള ഡെറിവേറ്റീവുകളുടെ മാര്‍ക്കറ്റ് ഒരുക്കണം. ഒരുതരത്തിലുള്ള ധനോത്‌പന്നത്തിനും മാര്‍ക്കറ്റ് നിഷേധിച്ചുകൂടാ. അവിടെയൊക്കെ വിദേശനിക്ഷേപകര്‍ക്കു നിര്‍ബാധം കടന്നുവരാനാവണം. പേഴ്‌സി മേസ്‌ത്രി കമ്മിറ്റി മുംബൈയെ അന്താരാഷ്ട്ര ധനകേന്ദ്രമാക്കാനായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ രഘുരാം രാജനും ആവര്‍ത്തിക്കുന്നു-ധനമേഖലാനിയന്ത്രണങ്ങളെക്കുറിച്ചുള്ള എല്ലാ നിയമങ്ങളും അടിസ്ഥാനപരമായി മാറ്റിയെഴുതണം.
അത്തരം ഒരഴിച്ചുപണിയാണ്, പൊളിച്ചെഴുത്താണ് രഘുരാം രാജന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബാങ്കിങ്ങ് സംവിധാനത്തെ, ധനമേഖലയെ, നിയമവ്യവസ്ഥയെ, വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെത്തന്നെ മാറ്റിമറിക്കാന്‍ ആവശ്യപ്പെടുന്ന അത്യന്തം അപകടകരങ്ങളായ നിര്‍ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍. ഇവിടെ പൊളിച്ചെറിയുന്നത് കെട്ടിടം പണിക്കുള്ള തട്ടുകളല്ല, ഇന്ത്യന്‍ ധനമേഖലയുടെ മൂലക്കല്ലുകളാണ്. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
എ.കെ. രമേശ് , കടപ്പാട്: മാതൃഭൂമി
(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയാണ് ലേഖകന്‍)
Sunday, September 2, 2007
കളിപ്പാട്ടങ്ങള്‍ കുട്ടിക്കളിയോ?
റൂത് ഹാന്‍ഡ്‌ലര്‍ എന്ന വനിതയാണ് ബാര്‍ബിയുടെ ‘അമ്മ’യായി കണക്കാക്കപ്പെടുന്നത്. തന്റെ മകള്‍ ബാര്‍ബറയും കൂട്ടുകാരികളും മുതിര്‍ന്ന പെണ്‍കുട്ടികളുടെ ആകാരമുള്ള പാവക്കുട്ടികളുമായി കളിക്കുവാന്‍ കൂടുതല്‍ താല്പര്യപ്പെടുന്നു എന്നവര്‍ മനസ്സിലാക്കി. അന്ന് കൂടുതലായും മാര്‍ക്കറ്റിലുണ്ടായിരുന്നത് ചെറിയ കുട്ടികളുടെ രൂപത്തിലുള്ള പാവക്കുട്ടികളായിരുന്നു. മുതിര്‍ന്ന കുട്ടികളുടെ ആകാരമുള്ള പാവക്കുട്ടികള്‍ക്ക് മാര്‍ക്കറ്റ് ഉണ്ട് എന്ന് തോന്നിയ അവര്‍ അത് ഭര്‍ത്താവായ ഏലിയറ്റിനോട് പറഞ്ഞെങ്കിലും അദ്ദേഹം അതത്ര കാര്യമാക്കിയില്ല. പിന്നീട് 1956ലെ യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അവര്‍ ജര്‍മ്മനിയില്‍ വെച്ച് Bild Lilli എന്ന പേരിലറിയപ്പെട്ടിരുന്ന പാവക്കുട്ടിയെ കണ്ടു. ഇതാണ് താന്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന പാവക്കുട്ടി എന്നവര്‍ മനസ്സിലാക്കി. അവിടെനിന്നും വാങ്ങിയ മൂന്ന് പാവക്കുട്ടികളുമായി നാട്ടിലെത്തിയ റൂത് ഹാന്‍ഡ്‌ലര്‍ അവയ്ക്ക് പുതിയ ഒരു രൂപവും ഭാവവും നല്‍കി അതിനു ബാര്‍ബി (ബാര്‍ബറ എന്നതില്‍ നിന്നും) എന്ന പേരുമിട്ടു. അവരുടെ ഭര്‍ത്താവിന്റെ കമ്പനി 1959ല്‍ അത് വിപണിയിലെത്തിച്ചു. ആ കമ്പനിയുടെ പേരാണ് മാറ്റെല്‍ (Mattel).
ഈ മാറ്റെല്‍ കമ്പനിയാണ് ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.
പിന്‍വലിക്കപ്പെടുന്ന കളിപ്പാട്ടങ്ങള്‍
ഇക്കഴിഞ്ഞ ആഗസ്റ്റ് 2ന് ഫിഷര്‍-പ്രൈസ് (Fisher-Price) എന്ന അവരുടെ ഒരു സബ്‌സിഡറി 83 തരം കളിപ്പാട്ടങ്ങള്‍ ലോകമാസകലമുള്ള വിപണിയില്‍ നിന്നും പിന്‍വലിച്ചു. തുടര്‍ന്ന് ആഗസ്റ്റ് 14ന് മറ്റൊരു തരം കളിപ്പാട്ടമായ ഡൈ കാസ്റ്റ് കാറുകളും മാറ്റെല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. കുട്ടികള്‍ക്ക് കടുത്ത വര്‍ണ്ണങ്ങള്‍ ഇഷ്ടമായതിനാലാവും അത് നല്‍കാനായി ഇവയിലൊക്കെ ഉപയോഗിച്ചിരുന്ന പെയിന്റില്‍ അനുവദനീയമായ പരിധിയില്‍ക്കവിഞ്ഞും ഈയത്തിന്റെ (lead) അംശം അടങ്ങിയിരുന്നു എന്നതായിരുന്നു കാരണം. ഈ കളിപ്പാട്ടങ്ങളില്‍ 0.6% ഈയത്തിന്റെ അംശം അടങ്ങിയിരുന്നുവത്രേ. ഇതിനു മുന്‍പ് 2006 നവംബറില്‍ മാറ്റെല്‍ വിപണിയില്‍ നിന്നും ചില കളിപ്പാട്ടങ്ങള്‍ പിന്‍വലിച്ചിരിന്നു.
കളിപ്പാട്ടങ്ങളില്‍ കാന്തം ശരിയായി അല്ല ഘടിപ്പിച്ചിരിക്കുന്നത് എന്നും അതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റുന്നു എന്നും അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അത്.
ഇങ്ങനെ വിപണിയില്‍നിന്നും കളിപ്പാട്ടങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ മാത്രം മാറ്റെല്‍ കമ്പനിക്ക് 30 മില്യണ്‍ ഡോളരിന്റെ നഷ്ടം വരും എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പാദനത്തിന്റെ ഒരു വലിയ ഭാഗം ഔട്ട്സോര്‍സ് ചെയ്ത് അമേരിക്കന്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ എത്തിക്കുന്ന അനേകം അമേരിക്കന്‍ കമ്പനികളില്‍ ഒന്നുമാത്രമാണ് മാറ്റെല്‍. അത്തരത്തില്‍ ഔട്ട്സോര്‍സ് ചെയ്ത് ചൈനീസ് കമ്പനികളില്‍ ഉല്പാദിപ്പിച്ച കളിപ്പാട്ടങ്ങളിലാണ് ഈ മായവും കുഴപ്പവുമെല്ലാം എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. അമേരിക്കന്‍ കളിപ്പാട്ട വിപണിയിലെ 80% ഉല്പന്നങ്ങളും ചൈനയില്‍ നിര്‍മ്മിച്ചവയാണെന്നത് ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതുണ്ട്.
ചൈന പറയുന്നത്
എന്നാല്‍ ചൈനീസ് അധികൃതര്‍ ആകട്ടെ ഈ വാദങ്ങളെ എതിര്‍ക്കുന്നു. തങ്ങളുടെ ഉല്പന്നങ്ങള്‍ക്കല്ല കുഴപ്പമെന്നും അമേരിക്കന്‍ കമ്പനികള്‍ നല്‍കിയ ഡിസൈനിലുള്ള തകരാറുകളും, മാറിയ ഗുണനിലവാരച്ചട്ടങ്ങളുമാണ് തങ്ങളുടെ ഉല്പന്നങ്ങളുടെ പേരു ദോഷമായതിനും വിപണിയില്‍ നിന്നും അവ പിന്‍വലിക്കപ്പെടാന്‍ ഇടയായതിനും കാരണം എന്ന് അവര്‍ പറയുന്നു.
ഏതാണ്ട് 30 ലക്ഷത്തോളം തൊഴിലാളികള്‍ കളിപ്പാട്ട നിര്‍മ്മാണ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ അദ്ധ്വാനമാണ് വികസിത രാജ്യങ്ങളിലെ കുട്ടികളുടെ മുഖത്തെ പുഞ്ചിരിയായി മാറുന്നതെന്നും ചൈനയിലെ General Administration for Quality Supervision, Inspection and Quarantineയുടെ(AQSIQ) തലവനായ Li Changjiang പറയുന്നു. തങ്ങള്‍ എല്ലാവിധത്തിലുള്ള ഗുണനിലവാരനിയമങ്ങളും കര്‍ക്കശമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. തങ്ങളുടെ രാജ്യത്ത് നിന്നും കയറ്റി അയക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഗുണനിലവാരം പരിശോധിക്കുന്നതിനും കുഴപ്പമുള്ളവ തിരിച്ചു വിളിക്കുന്നതിനുമുള്ള കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നതായി അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും തകരാറുള്ളവ പിന്‍വലിക്കുന്നതിനും ഉല്പാദകര്‍ തയ്യാറാകുന്നില്ലെങ്കില്‍ തങ്ങള്‍ തന്നെ അതിനു മുന്‍കൈ എടുക്കുമെന്ന് AQSIQ പറയുന്നു.
ചില പഴയകാല സംഭവങ്ങള്‍
ഇപ്പോഴത്തെ പിന്‍വലിക്കല്‍ ഒരൊറ്റപ്പെട്ട സംഭവമല്ല. കുട്ടികള്‍ക്കുള്ള ആഭരണങ്ങളിലും, ബ്രേസ്‌ലെറ്റുകളിലും മറ്റു ചിലതരം കളിപ്പാട്ടങ്ങളിലും ഇത്തരത്തില്‍ ഈയത്തിന്റെ അംശം കൂടുതലാക കൊണ്ടും തൊണ്ടയില്‍ കുരുങ്ങുന്ന തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും ഇതിനു മുന്‍പും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഏത് കളിപ്പാട്ടം വിശ്വസിച്ചു വാങ്ങും എന്നറിയാതെ കുഴങ്ങുകയാണ് രക്ഷിതാക്കള്‍.
കളിപ്പാട്ടങ്ങള്‍ മാത്രമല്ല വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കടല്‍ വിഭവങ്ങള്‍, ടയറുകള്‍ എന്നിവയൊക്കെ ഇതിനു മുന്‍പ് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഡൈഏത്തിലീന്‍ ഗ്ലൈക്കോള്‍(diethylene glycol) അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ബല്‍ജിയം, ബെര്‍മുഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്സിക്കോ, സ്പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്, യു.എ.ഇ., ബ്രിട്ടന്‍, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലേയും ഹോട്ടലുകളില്‍ നിന്നും മറ്റും പിന്‍വലിക്കുവാന്‍ Gilchrist & Soames എന്ന കമ്പനി നിര്‍ബന്ധിതരായിരുന്നു. വൃക്കകളേയും കരളിനേയും കേന്ദ്ര നാഡീവ്യൂഹത്തേയുമൊക്കെ ബാധിക്കുന്ന ഒന്നാണ് പേസ്റ്റ് കട്ട പിടിക്കാതിരിക്കാനായി ചേര്‍ക്കുന്ന ഡൈഏത്തിലീന്‍ ഗ്ലൈക്കോള്‍.
പിന്നാമ്പുറത്ത് സംഭവിക്കുന്നത്
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പിന്‍വലിക്കലുകള്‍ ഒരു തുടര്‍ക്കഥയാകുന്നത്?
ഇവിടെയാണ് മുതലാളിത്ത വ്യവസ്ഥിതിയിലെ കഴുത്തറപ്പന്‍ മത്സരത്തിന്റെ ചില പിന്നാമ്പുറക്കഥകള്‍ പ്രസക്തമാകുന്നത്.
മുന്‍പ് പറഞ്ഞ ബാര്‍ബി ഡോളിന്റെ കഥ തന്നെയെടുക്കാം. 1959ല്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ഏതാണ്ടതേ വിലയ്ക്ക് തന്നെ അത് ഇന്നും കിട്ടുന്നു എന്നാണ് പറയപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ നീക്കുപോക്കുകള്‍ കൂടിച്ചേര്‍ത്താല്‍ ഒരു പക്ഷെ, അതിന്റെ യഥാര്‍ത്ഥ വില അന്നത്തേതിനേക്കാള്‍ കുറവായിരിക്കുമത്രേ. ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് സാധനം കിട്ടുകയും കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭം കിട്ടുകയും വേണം. ഇതിനായി ഉല്പാദനം വേതനനിരക്ക് കുറഞ്ഞ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുകയാണ്. ചൈനയിലെ കുറഞ്ഞ കൂലിനിരക്ക് മൂലം (ആഗോളതലത്തിലെ നിരക്കിന്റെ അഞ്ചില്‍ ഒന്ന് എന്ന് ചിലര്‍ പറയുന്നു) അവിടേക്ക് ഔട്ട്സോര്‍സ് ചെയ്യപ്പെടുന്ന ഉല്പാദനം കോര്‍പ്പറേറ്റ് ലാഭവളര്‍ച്ചക്ക് ഇടയാക്കുന്നു എന്നു മാത്രമല്ല, വിലകുറവായതുകൊണ്ട് ഈ ഉല്പന്നങ്ങള്‍ വാള്‍-മാര്‍ട്ട് പോലുള്ള ഭീമന്മാരുടെ ഷെല്‍ഫുകളില്‍ ഇടം പിടിക്കുകയും ചെയ്യുന്നു. തങ്ങളുടെ ലാഭം കുറയാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ‘കുറഞ്ഞ വിലക്ക് ‘സാധനം ലഭ്യമാക്കുവാന്‍ ഇത് വാള്‍മാര്‍ട്ട് പോലുള്ളവരെ സഹായിക്കുന്നു. മിക്കവാറും അസംസ്കൃതവസ്തുക്കള്‍ക്ക് വിലകൂടിയിട്ടും കളിപ്പാട്ടങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തണമെങ്കില്‍ എവിടെയെങ്കിലും ഒരു പിഴിഞ്ഞെടുക്കല്‍ (squeeze) ഉണ്ടാവണമെന്നും അതാണീ ഔട്ട്സോര്‍സിങ്ങിലൂടെ നടക്കുന്നതെന്നും ഒരു സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ആയ ക്രിസ് ബൈയണ്‍ (Chris Byrne) പറയുന്നു.
അങ്ങിനെ ഒരു "പിഴിഞ്ഞെടുക്കല്‍" നടക്കുമ്പോള്‍ ചൈനയിലെ, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിലെ ഉല്പാദകര്‍ എന്തു ചെയ്യും? പലപ്പോഴും ഗുണനിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ അവര്‍ തയ്യാറാവുന്നു. അതുപോലെത്തന്നെ തികച്ചും ശോചനീയമായ അവസ്ഥയിലുള്ള തൊഴില്‍സാഹചര്യമാണ് ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്കായി ഒരുക്കപ്പെടുന്നത്. തൊഴിലില്ലായ്മയും ദാരിദ്യവും അവരെ ഇത്തരം സാഹചര്യങ്ങളില്‍ ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ അഭിപ്രായം
U.S. Public Interest Research Groupന്റെ പ്രോഗ്രാം ഡയറക്ടര്‍ ആയ Ed Mierzwinskiയുടെ ഒരു വാചകം ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല എന്നു തോന്നുന്നു.
"Manufacturers are more afraid of Wal-Mart and its insistence of price guarantees than they are of CPSC(Consumer Product Safety Commission) and its insistence on safety,"
CPSC നേരിടുന്ന ഫണ്ടിന്റെ അഭാവത്തെക്കുറിച്ചും ജീവനക്കാരുടെ ദൌര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ പറയുന്ന Mierzwinskiയും നല്‍കുന്ന സൂചന അമേരിക്ക പോലെയുള്ള വികസിത രാജ്യത്ത് പോലും സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും സാധാരണ ജനങ്ങള്‍ക്ക് എന്നതിലേറെ കോര്‍പ്പറേഷനുകള്‍ക്ക് അനുകൂലമാകുന്നു എന്ന് തന്നെയാണ്. അവിടങ്ങളിലെ ആക്ഷന്‍ ഗ്രൂപ്പുകളും പറയുന്നത്, ഉല്പന്നങ്ങളില്‍ തങ്ങളുടെ ലേബല്‍ മാത്രം ഒട്ടിച്ചുവിടുന്ന അമേരിക്കന്‍ കമ്പനികളും ചൈനീസ് കമ്പനികളെപ്പോലെത്തന്നെ ഗുണനിലവാരമില്ലായ്മക്ക് തുല്യ ഉത്തരവാദികളാണ് എന്നാണ്. “ Bring Back Made in U.S.A Label" എന്ന മുദ്രാവാക്യവും അവിടെ ഉയരുന്നുണ്ട്. CPSCയെപ്പോലെത്തന്നെ Food and Drug Administration (FDA) യും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഭക്ഷ്യ ഇറക്കുമതി ഇരട്ടിയായെങ്കിലും FDAക്ക് 200 ഭക്ഷ്യ ശാസ്ത്രജ്ഞരേയും 500 ഫീല്‍ഡ് ഇന്‍സ്പെക്ടര്‍മാരേയും നഷ്ടമായി. ഈ രണ്ടു ഏജന്‍സികള്‍ ഇരിക്കെത്തന്നെ ഇറക്കുമതി സുരക്ഷയെക്കുറിച്ച് പഠിക്കാനുമൊക്കെയായി Interagency Working Group on Import Safety എന്ന കാബിനറ്റ് ഉദ്യോഗസ്ഥരുടെ പാനല്‍ ഉണ്ടാക്കുകയായിരുന്നു പ്രസിഡന്റ് ബുഷ് ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ.
ഹാപ്പി മീത്സ്; അണ്‍ഹാപ്പി വര്‍ക്കേഴ്സ്
ഹാള്‍മാര്‍ക്ക്,ഡിസ്നി, സ്റ്റാര്‍ബക്ക് തുടങ്ങിയ കമ്പനികള്‍ക്കുവേണ്ടി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന വിയറ്റ്നാമിലെ എക്സ്പോര്‍ട്ട് പ്രോസസ്സിങ്ങ് സോണിലെ കമ്പനികളിലെ തൊഴിലാളികള്‍ വേതന വര്‍ദ്ധനക്കായി പണിമുടക്കിയിരുന്നു. ദിവസം 2 ഡോളറില്‍ താഴെയാണ് ഇവരുടെ വരുമാനം. തുടര്‍ച്ചയായ പണിമുടക്കുകളെത്തുടര്‍ന്ന് മിനിമം കൂലിയുടെ കാര്യത്തില്‍ വര്‍ദ്ധന വരുത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെങ്കിലും പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അപര്യാപ്തം എന്നാണ് തൊഴിലാളികളുടെ അഭിപ്രായം.
ദിവസേന 12 മണിക്കൂറില്‍ കൂടുതല്‍ ഒരധികവേതനവുമില്ലാതെ ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നതായും ജോലിക്കിടയില്‍ രണ്ടു തവണയേ ബാത്‌റൂമിലേക്ക് പോകാനനുവദിക്കുന്നുള്ളൂവെന്നും, വെള്ളം കുടിക്കുവാന്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്ലാസ് മാത്രമേ ഉള്ളൂവെന്നും ഒരു കമ്പനിത്തൊഴിലാളി പരാതിപ്പെടുന്നു.
ഇതിലെ ക്രൂരമായ ഫലിതം ഇവര്‍ നിര്‍മ്മിക്കുന്ന പാവകള്‍ മക്‍ഡോണാള്‍ഡിന്റെ കുട്ടികള്‍ക്കായുള്ള പ്രത്യേക ഹാപ്പിമീത്സ് ന്റെ കൂടെ സൌജന്യമായി നല്‍കുവാനുള്ളതാണെന്നതാണ്. കുറഞ്ഞ വേതനനിരക്കും ഉല്പാദനച്ചിലവും ലാക്കാക്കി വരുന്ന ബഹുരാഷ്ട്രക്കുത്തകകള്‍, വിയറ്റ്നാമില്‍ വേതനം കൂടുതലായാല്‍ മറ്റു സ്ഥലങ്ങള്‍ തേടിപ്പോകും എന്ന ഭീഷണിയും സമരം നടത്തുന്ന തൊഴിലാളികള്‍ക്കു നേരെ ഫാക്ടറി ഉടമകള്‍ പ്രയോഗിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കോര്‍പ്പ്‌വാച്ചില്‍ (CorpWatch) ആരോണ്‍ ഗ്ലാന്റ്സ്(Aaron Glantz) ,നോക് ന്യൂന്‍( Ngoc Nguyen) എന്നിവര്‍ ചേര്‍ന്നെഴുതിയ എഴുതിയ കുറിപ്പിന്റെ തലക്കെട്ട് ആഗോള സമ്പദ് വ്യവസ്ഥയിലെ നിതാന്ത വൈരുദ്ധ്യങ്ങളുടെ ഒന്നാംതരമൊരു സൂചനയാണ്. Happy Meals; Unhappy Workers.
Asda, Primark and Tesco തുടങ്ങിയ കുത്തകകള്‍ക്കുവേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന ബംഗ്ലാദേശിലെ ടെക്സ്റ്റയില്‍ ഫാക്ടറികളിലെ തൊഴിലാളികളുടെ ജീവിതനിലവാരത്തെക്കുറിച്ചും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. ആഴ്ചയില്‍ 80 മണിക്കൂര്‍, അതും മണിക്കൂറിനു 4 പെന്‍സ് നിരക്കില്‍ ജോലിചെയ്യുവാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്. സൂപ്പര്‍വൈസര്‍മാരുടെ പീഡനവും ഭീഷണിയും വേറെ. ഈ തൊഴിലാളികളുടെ അദ്ധാനവും കുത്തകകമ്പനികളുടെ ലാഭമായാണ് മാറുന്നത്.
1990കളുടെ മദ്ധ്യത്തില്‍ ഇന്‍ഡോനേഷ്യയിലെ തങ്ങളുടെ ഫാക്ടറികളിലെ മോശം തൊഴില്‍ സാഹചര്യത്തിന്റെ പേരില്‍ വിമര്‍ശനവിധേയരായിരുന്നു മാറ്റെല്‍ കമ്പനി.
1993ല്‍ തായ്‌ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള കളിപ്പാട്ട ഫാക്ടറിയിലുണ്ടായ തീപ്പിടു
ത്തത്തില് 188 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് തന്നെ മരിച്ചത്. 488 പേര്‍ ഗുരുതരമായ പൊള്ളലുകളോടെ ‘രക്ഷപ്പെട്ടു‘.എല്ലാവരും തന്നെ പാവപ്പെട്ട ഗ്രാമീണര്‍; കൂടുതലും സ്ത്രീകള്‍. ഈ ഫാക്ടറിയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ തിങ്ങിനിറഞ്ഞാണ് ജോലിചെയ്തിരുന്നത്. അഗ്നിശമന ഉപകരണങ്ങളോ, അലാറമോ രക്ഷാമാര്‍ഗ്ഗങ്ങളോ ഇല്ലാത്ത, ഇന്‍സുലേഷന്‍ ചെയ്തിട്ടില്ലാത്ത ഉരുക്കുകൊണ്ട് നിര്‍മ്മിച്ച ഈ കെട്ടിടങ്ങള്‍ ശരിക്കും മരണക്കെണികള്‍ തന്നെയായിരുന്നു.
ഇതിനു മുന്‍പുണ്ടായ വന്‍ദുരന്തം 1911ല്‍ ന്യൂയോര്‍ക്കിലുണ്ടായതാണ്. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുറെയേറെ പരിഷ്കാരങ്ങള്‍ തൊഴിലിടങ്ങളില്‍ നടപ്പിലാക്കിപ്പിക്കുവാന്‍ സമരത്തിലൂടെ തൊഴിലാളികള്‍ക്ക് കഴിഞ്ഞു. പക്ഷെ, മൂലധനത്തിന്റെ ഒഴുക്ക് രാജ്യാതിര്‍ത്തികള്‍
ഭേദിച്ച് വളര്‍ന്നതോടെ അത്തരത്തിലുള്ള നീക്കങ്ങള്‍ പലപ്പോഴും ഫലപ്രദമാകുന്നില്ല. ഒരിടത്ത് തങ്ങള്‍ക്കനുകൂലമല്ല സ്ഥിതിഗതികള്‍ എന്നു വന്നാല്‍, കൂടുതല്‍ ലാഭകരമായ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകാന്‍ മൂലധനത്തിനു കഴിയുന്നു. ഈ ഫാക്ടറിയില്‍നിന്നും തങ്ങള്‍ക്ക് നിര്‍മ്മിച്ചുകിട്ടേണ്ടതായ ഉല്പന്നങ്ങളുടെ കാര്യത്തില്‍ കുത്തകകള്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ടെങ്കിലും അത് നിര്‍മ്മിച്ചുനല്‍കുന്ന തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി അവരൊട്ടും തന്നെ ഉത്കണ്ഠാകുലരായിരുന്നില്ല; ഇപ്പോഴും അല്ല. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 23 ലക്ഷം തൊഴിലാളികള്‍ ജോലിസംബന്ധമായ അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നുണ്ട്.ഇതിലേറെയും ഏഷ്യയിലാണ്.
നിയമങ്ങള്‍ ഇല്ലാത്തതിന്റെ കുഴപ്പമല്ല, മറിച്ച് കൂടുതല്‍ ലാഭത്തിനായി അവ ലംഘിക്കുകയോ വളച്ചൊടിക്കുകയോ ഒക്കെ ചെയ്യുകയും തൊഴിലാളികള്‍ക്ക് അടിസ്ഥാന തൊഴില്‍ സൌകര്യങ്ങള്‍ പോലും ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ലാഭേച്ഛ തന്നെയാണിവിടേയും കുറ്റവാളി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും കോര്‍പ്പറേറ്റുകളുടെ ദുര്‍നടപടികള്‍ നിരീക്ഷിക്കുന്നതിനായുമൊക്കെ പ്രവര്‍ത്തിക്കുന്ന Students and Scholars against Corporate Misbehaviour(SACOM) എന്ന വളണ്ടറി സംഘടനയുടെ റിപ്പോര്‍ട്ടും ഈ ചൂഷണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്നവയാണ്. ഈ ഫാക്ടറികള്‍ സ്വെറ്റ് ഷോപ്പുകളായാണ് (Sweat Shops)പ്രവര്‍ത്തിക്കുന്നതെന്ന് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.
മൂലധനത്തിന്റെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള പ്രവര്‍ത്തനം വികസിതരാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും അതിന്റേതായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും അവികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ വന്‍ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നു. ഡിമാന്‍ഡിനനുസരിച്ച് സപ്ലൈ നടത്തുവാനായി വേണ്ടത്ര ഗുണനിലവാര പരിശോധന നടത്താത്ത ഉല്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളിലെത്തുവാനുമൊക്കെ ഇതിടയാക്കുന്നു. ലാഭം വര്‍ദ്ധിപ്പിക്കുവാനായി ഗുണനിലവാര പരിശോധനയും ചിലവുകുറഞ്ഞ രാജ്യങ്ങളിലേക്ക് ഔട്ട്സോര്‍സ് ചെയ്യുകയാണ് കുത്തകകള്‍!!! മാറ്റെല്‍ കമ്പനിയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.
മറ്റൊരു ര
സകരമായ (ക്രൂരമായ എന്ന് എത്ര തവണ എഴുതും?) വസ്തുത. “ കുട്ടികളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രധാന ഉത്കണ്ഠ” എന്ന് ഈ
കളിപ്പാട്ടങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കെ പറഞ്ഞ മാറ്റെല്‍ കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ റോബര്‍ട്ട് എക്കര്‍ട്ടിന്റെ
2006ലെ വാര്‍ഷിക വേതനം 1.2 ദശലക്ഷം ഡോളറായിരുന്നു. ഇതിനു പുറമെ 6 ദശലക്ഷം ഡോളറിനുള്ള ഓഹരികളും മറ്റും. ഇദ്ദേഹത്തിന്റെ കമ്പനിക്കുവേണ്ടി ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളിലെ തൊഴിലാളിക്ക് ലഭിക്കുന്നത് ആഴ്ചയില്‍ 18.50ഡോളര്‍, വര്‍ഷത്തില്‍ ആയിരം ഡോളര്‍!!!
ഗുണനിലവാരത്തെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുകയും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ ഭാരതം പോലുള്ള രാജ്യങ്ങളിലെ സ്ഥിതി എന്തായിരിക്കും?
ഭാരതത്തിലെ സ്ഥിതി
ദേശാഭിമാനി പത്രത്തില്‍ ആഗസ്റ്റ് 27ന് എസ്.അജോയ് (ആഗസ്റ്റ് 27ന് )എഴുതിയ കുറിപ്പിലൂടെ ഒന്ന് കണ്ണോടിക്കാം.
ഇന്ത്യയിലെ കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളില്‍ 70 ശതമാനവും ക്രമാതീതമായ തോതില്‍ ലെഡ്, കാഡ്മിയം, മെര്‍ക്കുറി എന്നീ വിഷ പദാര്‍ഥങ്ങള്‍ അടങ്ങിയതാണെന്ന് അടുത്തയിടെ നടന്ന പഠനം തെളിയിക്കുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍, ഇവിടെ തന്നെ അസംഘടിത മേഖലയില്‍ നിര്‍മ്മിക്കുന്നവ എന്നിവയിലാണ് വിഷസാന്നിധ്യം കൂടുതല്‍. ടോക്സിക്ക് ടോയ്സ് എന്നു വിളിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ മിക്ക വികസിത രാഷ്ട്രങ്ങളും നിരോധിച്ചു കഴിഞ്ഞു. കേരളത്തിലെ ശൈശവവും വിഷസാന്നിധ്യമുള്ള കളിപ്പാട്ടങ്ങളുടെ പിടിയിലാണെന്നാണ് സൂചന. കേരളത്തില്‍ വില്‍ക്കുന്ന 90 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതോ, ഊരും പേരുമില്ലാതെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതോ ആണ്. ബ്രാന്‍ഡഡ് കളിപ്പാട്ടങ്ങളുടെ വിലക്കൂടുതലും ഇവയുടെ വിലക്കുറവും ആകര്‍ഷണീയമായ നിറവും രൂപഭംഗിയും കുട്ടികളെ ആകര്‍ഷിക്കുന്നു.
കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പിവിസിയില്‍ അടങ്ങിയ ആറ് തരം രാസപദാര്‍ഥങ്ങള്‍ അഥവാ താലൈറ്റ്സ് ആണ് പ്രധാന വില്ലന്‍. ഇവ കളിപ്പാട്ടങ്ങളിലൂടെ കുട്ടികളുടെ ഉള്ളിലെത്തിയാല്‍ തലച്ചോറിനെ സാരമായി ബാധിക്കും. കണ്ണിനെയും ത്വക്കിനെയും താലൈറ്റ്സ് രോഗാതുരമാക്കും. ആസ്തമപോലുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യതയേറെയാണ്. പോളിവിനയല്‍ ക്ളോറൈഡ് അടങ്ങിയ പിവിസി കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടങ്ങളും ഇന്ത്യയില്‍ സാധാരണമാണ്. താലൈറ്റ്സിലെ എന്നപോലെ ഇതിലും ലെഡ്, കാഡ്മിയം, മെര്‍ക്കുറി എന്നീ വില്ലന്മാരുണ്ട്. ആറുവയസുവരെയുള്ള കുട്ടികളുടെ മാനസിക വളര്‍ച്ചയെ ഇത് ബാധിക്കും. കാഡ്മിയം കേന്ദ്രനാഡിവ്യൂഹത്തിന്റെ തകര്‍ച്ചക്കും എല്ലുകളുടെ ബലക്കുറവിനും കാരണമാകും. തുടര്‍ന്ന് ലെഡും, മെര്‍ക്കുറിയും ശരീരം ആഗിരണം ചെയ്യുമ്പോള്‍ തലച്ചോറും, വൃക്കയും, കരളും തകരാറിലാവും. ലെഡിന്റെ സാന്നിദ്ധ്യം ചില കുട്ടികളെ ആക്രമണോല്‍സുകരാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരീരത്തില്‍ പ്രവേശിച്ച ലെഡ് പൂര്‍ണമായി പുറത്തുപോകാന്‍ 20 വര്‍ഷമെടുക്കും.
നാം ഉപയോഗിക്കുന്ന മിക്ക പിവിസി നിര്‍മിത വസ്തുക്കളും അപകടകാരികളാണ്. എന്നാല്‍ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പം ജീവിക്കുകയും ഉറങ്ങുകയും, അവ കടിക്കുകയും നുണയുകയും ചെയ്യുന്നത് പ്രശ്നം വഷളാക്കുന്നു. കളിപ്പാട്ടങ്ങളിലെ വിഷ സാന്നിദ്ധ്യം തിരിച്ചറിയാനോ അത് നിയന്ത്രിക്കാനോ ഒരു സംവിധാനവും ഇന്ത്യയിലില്ല. 2500 കോടിയുടെ കളിപ്പാട്ട വിപണിയില്‍ അറുപതു ശതമാനവും ഇറക്കുമതിയാണ്. ഇതില്‍ 80 ശതമാനവും പരീക്ഷണങ്ങള്‍ക്കൊന്നും വിധേയമാക്കാതെയാണ് വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ കളിപ്പാട്ട വിപണിയുടെ 90 ശതമാനവും കുടില്‍ വ്യവസായമാണ്. ദില്ലിയും, മുംബൈയുമാണ് നിര്‍മാണ കേന്ദ്രങ്ങള്‍. എങ്ങനെയാണ് എന്തുതരം വസ്തുക്കള്‍ക്കൊണ്ടാണ് ഇവ നിര്‍മിക്കുന്നത് എന്നുപോലും ആര്‍ക്കും അറിയില്ലെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ടോക്സിക്ക് ലിങ്ക് എന്ന സന്നദ്ധസംഘടന പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇവര്‍ ശേഖരിച്ച കളിപ്പാട്ട സാമ്പിളുകളിലും ക്രമാതീതമായ തോതില്‍ വിഷസാന്നിദ്ധ്യം കണ്ടെത്തി.
ഇന്ത്യയെ ഒരു കളിപ്പാട്ടവിഷ ദുരന്തം കാത്തിരിക്കുന്നുവെന്ന് ആഗസ്റ്റ് 31 ലെ
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യാതൊരു വിധ പരിശോധനയുമില്ലാതെ കച്ചവടം ചെയ്യപ്പെടുന്ന കളിപ്പാട്ടങ്ങള്‍ വരുത്തിവെക്കാനിടയുള്ള ദുരന്തത്തെക്കുറിച്ചാണീ വാര്‍ത്താക്കുറിപ്പ്.
മാറ്റെല്‍ കമ്പനിയുടെ ഉല്പന്നങ്ങള്‍ പിന്‍വലിക്കുവാന്‍ ഇന്ത്യയിലും കമ്പനി നടപടി തുടങ്ങിക്കഴിഞ്ഞു. എങ്കിലും ആ കളിപ്പാട്ടങ്ങള്‍ ഇവിടെ അത്ര പ്രചാരം നേടിയിട്ടില്ല എന്നതുകൊണ്ടു തന്നെ, ഇപ്പോഴുണ്ടായ വിപണിയില്‍ നിന്നുള്ള പിന്‍വലിക്കന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമുള്ളതല്ല എന്ന് കച്ചവടക്കാര്‍ പറയുന്നു.
ഗുണനിലവാര സമിതികള്‍
International Organization for Standardization (ISO) എന്ന എന്‍.ജി.ഒ ആണ് നാമൊക്കെ സ്ഥിരമായി കേള്‍ക്കുന്ന IS0 9000, ISO 14000 തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡുകളൊക്കെ രൂപീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ദേശീയ ഗുണനിലവാര സമിതികളുടെ (national Standards body) ഒരു ഫെഡറേഷന്‍ ആണിത്. ജനീവയാണ് ആസ്ഥാനം. 158 അംഗരാജ്യങ്ങളിള്‍ നിന്നുള്ള സമിതികള്‍ 2006 ഡിസംബര്‍ 31ലെ കണ
ക്കനുസരിച്ച് ഇതില്‍ അംഗങ്ങളാണ്. ബ്യൂറൊ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ് ഇന്ത്യയില്‍ നിന്നുള്ള അംഗം.
കളിപ്പാട്ടങ്ങളുടെ ഗുണനിലവാരത്തിനായി അടിസ്ഥാനമാക്കുന്ന ISI-9873 voluntary ആണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിലെ ഒരു
ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇത്രയധികം നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള ഈ രാജ്യത്ത് ഗുണനിലവാരത്തില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടു തന്നെ ബിസിനസ് മുന്നോട്ട് പോകുവാന്‍ സഹായിക്കുന്ന രീതിയിലുള്ള ഒരു ഹോളിസ്റ്റിക് സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതിനനുബന്ധിച്ച് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്നുമാണ്. മുകളിലൊരിടത്ത് പറഞ്ഞതുപോലെ നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടുള്ള കുഴപ്പങ്ങളല്ല ഇതൊക്കെ എന്നതുകൊണ്ടു തന്നെ നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളാണാവശ്യം.
ഇനി നമുക്ക് തിരിച്ചുവരാം.
കൂടുതല്‍ മാരകങ്ങളായ കളിപ്പാട്ടങ്ങള്‍WorldNews.comന്റെ ലേഖികയായ ബെവര്‍ലി ഡാര്‍ലിങ്ങ്(Beverly Darling) ഈ പിന്‍വലിക്കല്‍ മാമാങ്കങ്ങള്‍ക്കിടയില്‍ തികച്ചും പ്രസക്തമായ, ഒരു പക്ഷെ കൂടുതല്‍ ഗുരുതരമായ മറ്റൊരു വിഷയത്തിലേക്ക് "What About Recalling the Other Deadly Toys " എന്ന ലേഖനത്തിലൂടെ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ശാരീരികമായ അപകടങ്ങള്‍ മാത്രമുണ്ടാക്കാനിടയുള്ള കളിപ്പാട്ടങ്ങളെക്കുറിച്ചല്ല അവര്‍ ഉത്കണ്ഠാകുലയാകുന്നത്. മറിച്ച് കുട്ടികളെ വൈകാരികമായും മാനസികമായും കൂടി അപകടത്തിലാക്കാവുന്ന, അക്രമണോത്സുകത
വളര്‍ത്തുന്ന തരത്തിലുള്ള ‘സൈനിക’ കളിപ്പാട്ടങ്ങളെക്കുറിച്ചാണ്. ഒന്നോ രണ്ടോ ഡോളര്‍ മുതല്‍ മുകളിലേക്ക് ലഭിക്കുന്ന എത്രയോ യുദ്ധക്കളിപ്പാട്ടങ്ങളാണ് കളിപ്പാട്ടക്കടകളിലെ
ചില്ലുകൂടുകളിലിരുന്നു കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. തോക്കുകളും, സൈനികരും, ടാങ്കുകളും മറ്റു പോരാട്ട ഉപകരണങ്ങളുമൊക്കെ അടങ്ങിയ കളിപ്പാട്ടങ്ങളുടെ മറ്റൊരു ലോകം. ഇവയൊക്കെത്തന്നെ അഞ്ചുവയസ്സുമുതലുള്ള കുട്ടികള്‍ക്കനുയോജ്യമാണ് എന്ന ലേബലോടെ വില്‍ക്കപ്പെടുന്നു. ഇതിലെ പല കളിപ്പാട്ടങ്ങളുടേയും പുറംചട്ടയില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ ഭാവിയിലെ സൈനികരായി കുട്ടികളെ ചെറുപ്പത്തിലേ പിടികൂടുക എന്ന ലക്ഷ്യം വെയ്ക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്ക രീതിയിലുള്ളതും രാഷ്ട്രീയമായ ചില സൂചനകള്‍ നല്‍കുന്നവയുമാണ്. കുട്ടികള്‍ പലപ്പോഴും
സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നവരാണ്. ഇത്തരം യുദ്ധക്കളിപ്പാട്ടങ്ങളുമായി ഇടപഴകി (socialisation) ജീവിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ഒരു Militant Generation ആകാനുള്ള (ഇപ്പോള്‍തന്നെ അങ്ങിനെ ആയിട്ടില്ലെങ്കില്‍) സാദ്ധ്യതയും ബെവര്‍ലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ബെവര്‍ലിയുടെ ആശങ്കകള്‍ അസ്ഥാനത്താകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
എന്തായാലും കളിപ്പാട്ടങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ വെറും കുട്ടിക്കളിയല്ലെന്നും, അതിന്റെ ഉല്പാദനം മുതല്‍ വിതരണവും ഉപയോഗവും വരെയുള്ള ഘട്ടങ്ങള്‍ വളരെ ഗൌരവകരമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും നമുക്ക് മറക്കാതിരിക്കാം.
Friday, August 10, 2007
ഔട്ട്‌സോര്‍സിങ്ങ് -ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക്
ബാങ്ക് ജോലികള്‍ ഔട്ട്‌സോര്‍സിങ്ങ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മാനേജ്‌മെന്റ് ബിസിനസ്സ് ഫെസിലിറ്റേറ്റര്‍മാരേയും(BusinessFacilitators) ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനേയും(BusinessCorrespodents) നിയമിക്കാന്‍ പത്രപ്പരസ്യം നല്‍കിയിരിക്കുന്നു.
ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ നിരര്‍ത്ഥകമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഒരു സര്‍ക്കുലറിന്റെ മറ പിടിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് 2007 ഏപ്രില്‍ മുപ്പതാം തീയതി ഔട്ട്‌സോര്‍സിങ്ങ് സംബന്ധിച്ച തീരുമാനം എടുത്തത്. തുടര്‍ന്ന് പ്രാദേശിക പത്രങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യങ്ങളും വരുകയുണ്ടായി. സ്റ്റേറ്റ് ബാങ്ക് മാനേജ്‌മെന്റ് ഉഭയകക്ഷി ചര്‍ച്ചകളെ പ്രഹസനമാക്കിക്കൊണ്ട് വളരെ തിരക്കുപിടിച്ച് ഇത്തരം ഒരു നടപടി എടുത്തത് ബാങ്ക് ജീവനക്കാര്‍ വളരെ ഉത്ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.
എന്താണ് ഔട്ട്‌സോര്‍സിങ്ങ്?
ഔട്ട് സോര്‍സിങ്ങ് എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ ഏറ്റവും മുഖ്യമായതല്ലാത്ത ജോലികളെ ആ സ്ഥാപനത്തില്‍ നിന്നും മാറ്റി, ഈ ജോലി മാത്രം ചെയ്യുന്ന ഏജന്‍സികളേയോ വ്യക്തികളേയോ ഏല്‍പ്പിക്കുക എന്നതാണ്.(Outsourcing became part of the business lexicon during the 1980s and refers to the delegation of non-core operations from internal production to an external entity specializing in the management of that operation.-Wikipedia) വികസിത രാജ്യങ്ങളിലെ ജോലികള്‍ ഇത്തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ അത്ര ശക്തമല്ലാത്ത, തൊഴില്‍ ശക്തി കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന അവികസിതരാജ്യങ്ങളിലേക്ക് മാറ്റുന്നത് പുതിയ ഒരു പ്രവണതയാണ്.
ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുതലാളിമാര്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും ഹീനമായൊരു മാര്‍ഗ്ഗമാണ് പുറംകരാര്‍ പണി( ഔട്ട്‌സോര്‍സിങ്ങ്) . പുറംകരാര്‍ പണിക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ വളരെ കുറച്ചുകൂലി നല്‍കിയാല്‍ മതി. അവരെക്കൊണ്ട് കൂടുതല്‍ സമയം പണിയെടുപ്പിക്കുകയും ചെയ്യാം. തീര്‍ന്നില്ല, അവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതില്ല.
ഔട്ട്‌സോര്‍സിങ്ങ് എന്തുകൊണ്ട്?
ഇന്ന് ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ഫാക്ടറികളിലെ തൊഴില്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് സ്ഥിരം തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കുകയാണ്. പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയായ ഐബിഎമ്മിനും ചെരുപ്പു കമ്പനിയായ നൈക്കിനും ഇന്ന് ഒരു ഫാക്ടറിപോലുമില്ല. അഡിഡാസ് കമ്പനി വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 1 % മാത്രമാണ് അവരുടെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. വിവിധ ജോലികള്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് അവരുടെ സീല്‍ മാത്രം വെച്ച് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണവര്‍. കൂലി ചെലവില്‍ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് ലാഭം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി അവര്‍ക്ക് കഴിയുന്നു. ദുഷ്ടലാക്കുള്ള ഇത്തരം ബഹുരാഷ്ട്ര കുത്തകകളെ മാതൃകയാക്കിക്കൊണ്ടാണ് എസ് ബി ഐ യും ഔട്ട്‌സോര്‍സിങ്ങ് നീക്കം നടത്തുന്നത്. ഫ്ലെക്സിബിള്‍ ലേബര്‍ മര്‍ക്കറ്റ് (Flexible Labour Market) ആണ് അവരുടെ ലക്ഷ്യം.
ഔട്ട്‌സോര്‍സിങ്ങ് മൂലം ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുമോ?
ബാങ്ക് ശാഖകള്‍ ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. അവിടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ നിയമിക്കുകയല്ല കൂടുതല്‍ ഗ്രാമീണശാഖകള്‍ തുറക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയുമാണ് ചെയ്യേണ്ടത്. ഏജന്റുമാരായി വരുന്നവര്‍ക്ക് കമ്മീഷന്‍ എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമുണ്ടാകില്ല. ഇത് ബാങ്കിംഗ് സേവനങ്ങളുടെ നിലവാരമിടിക്കുന്നതിനേ വഴിവക്കൂ.
ഹര്‍ഷദ് മേത്ത കുംഭകോണത്തെ തുടര്‍ന്ന് ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ പണികള്‍ ഔട്ട്‌സോര്‍സിങ്ങിലൂടെ ചെയ്യിക്കുകയാണെങ്കില്‍ വന്‍തോതില്‍ ബിനാമി അക്കൌണ്ടുകള്‍ തുറക്കപ്പെടും. മാത്രവുമല്ല, കെവൈസി നോംസ് ( Know your Customer Norms) കൂടുതല്‍ ലളിതമാക്കണമെന്ന ആവശ്യം പല കോണില്‍ നിന്നും ഉയരുന്നുമുണ്ട്.
ഔട്ട്‌സോര്‍സിങ്ങ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍
ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ വച്ച് ബാങ്ക് ഇടപാടുകള്‍ ചെയ്യുവാനായാല്‍ ബാങ്കുകള്‍ ഇന്നുള്ള ഗ്രാമീണ- അര്‍ദ്ധ നഗര ( rural-semi urban) ശാഖകള്‍ പോലും ഒന്നിനുപിറകെ ഒന്നായി അടച്ചുപൂട്ടാനുള്ള നീക്കം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ബാങ്കിങ്ങ് പരിഷ്ക്കാരങ്ങളുടെ ഭാഗമായി, ഇതിനകം തന്നെ, ഗ്രാമീണ ശാഖകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. 1993 നും 2005 നും ഇടക്ക് 3307 ഗ്രാമീണ ശാഖകള്‍ കുറഞ്ഞു. ഇതു 2006 ആയപ്പോള്‍ 4639 ആയി മാറി.
റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, പോപ്പുലേഷന്‍ പെര്‍ ബ്രാഞ്ച് ( Population per branch) 1991 ല്‍ 13711 ആയിരുന്നത് വര്‍ദ്ധിച്ച് 2005 ല്‍ 15680 ആയി മാറി. ഗ്രാമീണ മേഖലയിലേക്കു വരുമ്പോഴാകട്ടെ, പോപ്പുലേഷന്‍ പെര്‍ റൂറല്‍ ബ്രാഞ്ച് (Population per rural branch) 13462ല്‍ നിന്നും 16650 ആയി വര്‍ദ്ധിച്ചതായി കാണാം. ഈ കാലയളവില്‍ ഗ്രാമീണ ശാഖകളിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും എണ്ണത്തിലും വലിയ കുറവുണ്ടായി എന്നു കാണാം. സ്വാഭാവികമായും ഇത് ഗ്രാമീണ ശാഖകള്‍ നല്‍കി വന്നിരുന്ന സേവനങ്ങളുടെ നിലവാരമിടിക്കുന്നതിന് കാരണമായി. ഇത് ഒരു മറയാക്കിക്കൊണ്ട് പുറംകരാര്‍ പണി പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ബാങ്ക് മാനേജ്‌മെന്റുകളുടെ ശ്രമം.
ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍ 1991 മുതല്‍ പിന്തുടര്‍ന്നു വരുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ, കമ്പോളമാണ് സര്‍വപ്രധാനം( Market is supreme) എന്ന പിന്തിരിപ്പന്‍ നയത്തിന്റെ പ്രതിഫലനമാണ് നാം ഇവിടെ കാണുന്നത്.
ഔട്ട്‌സോര്‍സിങ്ങ് കൊണ്ടുവന്ന മേഖലകളില്‍ എല്ലാം തന്നെ സേവനങ്ങളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. ബാങ്ക് ജോലികള്‍ക്ക് മറ്റു ജോലികള്‍ക്ക് ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ട്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ഇടപാടുകളുടെ രഹസ്യസ്വഭാവവും ഇതില്‍ പ്രധാനമാണ്. ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ ബാങ്ക് ശാഖകള്‍ക്ക് പകരം വക്കുകയാണെങ്കില്‍ ഈ രണ്ടുകാര്യങ്ങളിലും വീഴ്ചയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈയടുത്ത കാലത്താണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പ്രദേശത്ത് ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി കോടിക്കണക്കിന് രൂപയുമായി അപ്രത്യക്ഷനായതായ വാര്‍ത്തകള്‍ വന്നത്. നവസ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ അക്കൌണ്ടില്‍ നിന്നും അനുവാദം കൂടാതെ പണം എടുത്ത് ഓഹരി വിപണിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയതായി നിര്‍വധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. എച് ഡി എഫ് സി ബാങ്കിനെ സംബന്ധിച്ച് ഇത്തരമൊരു പരാതി കേരളത്തിലെ അറിയപ്പെടുന്ന ഒരു സിനിമാ സംവിധായകന്‍ ഉന്നയിച്ചതും ഈയടുത്ത കാലത്താണ്.
ഡോര്‍സ്റ്റെപ്പ് ഡെലിവറി പിന്‍വാതിലിലൂടെ കൊണ്ടുവരുക എന്നതും ഔട്ട്‌സോര്‍സിങ്ങ് പ്രക്രിയയുടെ മറ്റൊരു ഉദ്ദേശ്യമാണ്. പല നവ സ്വകാര്യ ബാങ്കുകളും (New generation private sector banks) പരീക്ഷിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നടപടിയാണ് ഡോര്‍സ്റ്റെപ്പ് ഡെലിവറി . ഈ പ്രക്രിയയില്‍ തട്ടിപ്പിനുള്ള (Frauds) സാദ്ധ്യതകള്‍ ഏറെയാണ്. ഫ്രാഞ്ചൈസികളുടെ സ്വകാര്യ, വര്‍ഗ്ഗ, വര്‍ഗ്ഗീയ പ്രാദേശിക താല്‍പ്പര്യങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്തും എന്നതാണ് മറ്റൊരു പ്രശ്നം. മാത്രവുമല്ല, വലിയ ഒരു വിഭാഗത്തിന് ബാങ്കിങ്ങ് സേവനങ്ങള്‍ അപ്രാപ്യമാക്കാന്‍ ഇത് ഇട വരുത്തുകയും ചെയ്യും.
അമേരിക്കന്‍ കണ്‍സല്‍ട്ടന്‍സി കമ്പനിയായ മക് കിന്‍സി & കമ്പനിയുടെ (McKinsey & Company )നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് പ്രോസസ്സ് റീ എഞ്ചിനീയറിങ്ങിന്റെ (Business process re-engineering) ഭാഗമായി ശാഖക്കുള്ളില്‍ തന്നെ കരാര്‍ തൊഴിലാളികളെ വെക്കാന്‍ നീക്കമുണ്ടായിരുന്നു. മക് കിന്‍സി ഇതു കൂടാതെ നിരവധി ബദല്‍ ചാനലുകളും (alternate channels)ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഔട്ട്‌സോര്‍സിങ്ങും കാള്‍ സെന്ററുകളും (call centres) ഉള്‍പ്പെടുന്നു.
60 ശതമാനത്തിലേറെ നിരക്ഷരരായ ഗ്രാമീണ ജനത അധിവസിക്കുന്ന നമ്മുടെ രാജ്യത്താണ് വികസിത മുതലാളിത്ത രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്നത്.
മൈക്രോ ക്രെഡിറ്റ് ഇന്‍സ്റ്റിട്യൂഷനുളെ നിയമവിധേയമാക്കാനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം ഇപ്പോള്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന മൈക്രോ ഫിനാന്‍സ് ബില്ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഔട്ട്‌സോര്‍സിങ്ങ് നീക്കവും ചേര്‍ത്തുവച്ചാല്‍ ഭാവിയില്‍ ബാങ്കിങ്ങ് ഏതു രീതിയില്‍ ആയിരിക്കും എന്നത് വ്യക്തമാകും. ഔപചാരിക ബാങ്കിങ്ങ് സംവിധാനങ്ങള്‍ക്ക് പകരം ഇത്തരം അനൌപചാരിക സംവിധാനങ്ങളെ പകരം വെയ്ക്കാനാണ് നീക്കം നടക്കുന്നത്.
ഇതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സാംഘടിപ്പിക്കുന്നതില്‍ നിന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പിന്നോട്ട് പോയാല്‍ വലിയ ദുരന്തമായിരിക്കും നമ്മുടെ രാജ്യത്ത് സംഭവിക്കുക.
(ശ്രീ. സജി വര്‍ഗ്ഗീസ്, ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തില്‍ എഴുതിയ ലേഖനം)