Showing posts with label ലോകസഭാ തെരഞ്ഞെടുപ്പ്. Show all posts
Showing posts with label ലോകസഭാ തെരഞ്ഞെടുപ്പ്. Show all posts

Friday, July 10, 2009

ഇടതുപക്ഷത്തെക്കുറിച്ചുള്ള ചിന്തകൾ

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എറ്റവും പ്രധാന സവിശേഷത ഒരു പക്ഷെ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ആയിരിക്കും. ബി.ജെ.പി നേരിട്ട തിരിച്ചടി ഒട്ടൊക്കെ പ്രതീക്ഷിച്ചതായിരുന്നു. തെരെഞ്ഞെടുപ്പ് വിശകലന വിദഗ്ദർ മാത്രമാണ് മറിച്ച് കണക്ക് കൂട്ടിയവർ. ഇടതുപക്ഷത്തിനും ചില്ലറ പരിക്കുകകൾ പറ്റുമെന്ന് കണക്കുകൂട്ടിയിരുന്നു, എന്നാൽ അവർക്കേറ്റ വമ്പിച്ച തിരിച്ചടി എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. അവരുടെ വോട്ടിംഗ് ശതമാനത്തിൽ നാമമാത്രമായ കുറവു മാത്രമേ വന്നുള്ളൂ എന്നത് വാസ്തവമാണ്. എന്നാൽ അവരുടെ ശക്തിദുര്‍ഗമായ ബംഗാളിൽ ഏകദേശം മൂന്നിലൊന്നു നിയമസഭാ നിയോജകമണ്ഡലങ്ങളിലും കേരളത്തിൽ അതിലും കുറവ് നിയോജകമണ്ഡലങ്ങളിലും മാത്രമേ ഭൂരിപക്ഷം നേടാനായുള്ളൂ എന്നത് വലിയ പിന്നോട്ടടി തന്നെയാണ്. ഇന്നത്തെ അവസ്ഥയിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാനുള്ള അവകാശവാദങ്ങളൊന്നും ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നില്ല. എങ്കിലും, ഒരു ആധുനിക, മതേതര, ജനാധിപത്യ സമൂഹമായി മാറാനുള്ള ഭാരതത്തിന്റെ യാത്രയിൽ ഒരു മുഖ്യ ചാലകശക്തിയാണ് ഇടതുപക്ഷം എന്നതിനാലാണ് അവർക്കേറ്റ ഈ തിരിച്ചടി അത്യന്തം ഗൌരവപൂർണ്ണമാകുന്നത്. തീർച്ചയായും അവർ മാത്രമല്ല, മറ്റനേകം പുരോഗമന, സാമൂഹ്യ , രാഷ്‌ട്രീയ സംഘടനകളും ഇത്തരം കടമകൾ നിർ‌വഹിക്കുന്നുണ്ട്. എന്നാൽ ഇടതുപക്ഷം ഇവരിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നത് ഒരു കാര്യത്തിലാണ്, തെരെഞ്ഞെടുപ്പുകളിൽ മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത രീതിയില്‍ അവർക്ക് ജനപിന്തുണ ലഭിക്കുന്നുണ്ട് എന്നതാണത്. തീർച്ചയായും അതൊരു പ്രധാന ഘടകമാണ്. അതിനാൽ തന്നെ ജനപിന്തുണയിലുണ്ടാകുന്ന ഏതൊരു കുറവും ഭാരതത്തിന്റെ ജനാധിപത്യ വിപ്ലവത്തിലേക്കുള്ള മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്തുക തന്നെ ചെയ്യും.

ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ വിശകലനം ചെയ്യാനും അവർക്ക് തിരിച്ച് വരാൻ വേണ്ട ഉപദേശങ്ങൾ നൽകാനും മാധ്യമങ്ങൾ ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം കേന്ദ്രീകരിക്കുന്നത് ഒരു ബിന്ദുവിലാണ് എന്നത് പറയാതെ വയ്യ. ഇടതുപക്ഷം “സാമ്രാജ്യത്വ”ത്തെക്കുറിച്ചുള്ള “അകാരണമായ ഭീതി” ഉപേക്ഷിക്കണമെന്നാണവരെല്ലാം ആവശ്യപ്പെടുന്നത്. ഇതു പലപ്പോഴും നേരിട്ടും ( ഹിന്ദു പത്രവുമായുള്ള ഇന്റർവ്യൂവിൽ ലോർഡ് മേഘനാഥ് ദേശായി പറഞ്ഞപോലെയോ) മറ്റു ചിലപ്പോൾ വ്യംഗ്യമായും ആണ് സൂചിപ്പിക്കപ്പെടുന്നത്. ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കരുതായിരുന്നു എന്നു ചിലർ പറയുന്നു. അമേരിക്കൻ സാമ്രാജ്യത്വവുമായി ഭാരതം ഏര്‍പ്പെടാൻ സാദ്ധ്യതയുള്ള തന്ത്രപരമായ സഖ്യത്തിക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചത് എന്നതിനാൽ, ഈ വാദം ഉയർത്തുന്നവർ പറയാതെ പറയുന്നത് ഇടതുപക്ഷം സാമ്രാജ്യത്വ ഭീഷണിയെ പെരുപ്പിച്ചു കാണിക്കുന്നു എന്നു തന്നെയാണ്. മറ്റു ചിലരുടെ വാദമാകട്ടെ, ഈ ജനവിധി “വികസന”ത്തിനു വേണ്ടിയുള്ള ജനവിധി ആണെന്നതാണ്. അവരർത്ഥമാക്കുന്നത് ഇടതുപക്ഷത്തിനേറ്റ തിരിച്ചടി “വികസനം” ( നവലിബറൽ മാതൃകകൾക്കകത്ത് നിന്നുകൊണ്ട് ബഹുരാഷ്‌ട്രക്കുത്തകകളുടെ നിക്ഷേപത്തിനായി സംസ്ഥാനങ്ങൾ തങ്ങളിൽ തങ്ങളിൽ മത്സരിച്ച് ) കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടതു മൂലമാണെന്നാണ്. നവ ലിബറൽ മാതൃകകളെ ഇടതുപക്ഷം എതിർക്കുന്നത് ( ഈ എതിർപ്പിന് സാമ്രാജ്യത്വ വിരുദ്ധതയുമായി അഭേദ്യമായ ബന്ധമുണ്ട്) കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിലായതിനാലാണെന്നും അതിനാലാണവർക്ക് തിരിച്ചടിയുണ്ടായതെന്നുമാണ് ഈ വാദത്തിലൂടെ ചിലർ പറയുവാൻ ശ്രമിക്കുന്നത്. മറ്റു ചിലർ ഉയർത്തുന്ന വാദം കേന്ദ്രത്തിൽ മതേതരവും സുസ്ഥിരവുമായ ഭരണം ഉണ്ടാകണമെന്ന ആഗ്രഹം മൂലം യു പി എ യ്ക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടായി എന്നും ബി ജെ പി യുമായി മുമ്പ് സഖ്യമുണ്ടാക്കിയിട്ടുള്ള ചില കക്ഷികളുമായി ചേർന്ന് മൂന്നാം മുന്നണി കെട്ടിപ്പടുക്കാൻ ശ്രമിച്ചതിനാൽ അത് ഇടതുപക്ഷത്തെ വളരെ പ്രതികൂലമായി ബാധിച്ചു എന്നുമാണ്. ഇടതുപക്ഷം “മൂന്നാം മുന്നണിയിയിലെ” സഖ്യകക്ഷികളുമായി യാതൊരു തെരെഞ്ഞെടുപ്പ് ധാരണയുമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നു എന്നാണോ ഇതിൽ നിന്നും നാം എത്തിച്ചേരേണ്ട നിഗമനം? ചിലർ പറയുന്നത് അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇടതുപക്ഷത്തിന് അതിന്റെ പ്രത്യയശാസ്ത്രധാരണകളിലെങ്കിലും ഉറച്ചു നിൽക്കാമായിരുന്നു എന്നാണ്. (എന്നാൽ, അങ്ങനെ ചെയ്തിരുന്നുവെങ്കിലും ഇടതുപക്ഷത്തിനേറ്റ തെരെഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാനാകുമായിരുന്നു എന്നു തോന്നുന്നില്ല). ഇനി അതല്ല, ആര്‍ക്കനുകൂലമായാ‍ണോ ഇത്തരം തരംഗങ്ങള്‍ വീശിയടിക്കുന്നത്, അവര്‍ക്കൊപ്പം ഇടതുപക്ഷം എല്ലായ്പ്പോഴും നിലകൊള്ളണം എന്നാണ് ഇതില്‍ നിന്നുമുണ്ടാകുന്ന അനുമാനം എങ്കില്‍ അതിന്റെ അര്‍ത്ഥം യു.പി.എയുടെ സ്ഥിരം സഖ്യകക്ഷിയാകുന്നതിനായി ഇടതുപക്ഷം തങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഉപേക്ഷിക്കണമെന്നാണ് ‍. ചുരുക്കത്തില്‍ ഇടതുപക്ഷത്തിനു ലഭിക്കുന്ന ഏറ്റവും സര്‍വസാധാരണമായ ഉപദേശം സാമ്രാജ്യത്വത്തെച്ചൊല്ലിയുള്ള അര്‍ത്ഥശൂന്യമായ ബഹളം വെക്കല്‍ നിര്‍ത്തണം എന്നാണ്.

ഇതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല. ലോകത്തെവിടെയുമുള്ള അനുഭവം നമ്മെ അതാണ് പഠിപ്പിക്കുന്നത്. എവിടെയൊക്കെ നഗരങ്ങളിലെ മധ്യവര്‍ഗം( urban middle class) ആഗോളവൽക്കരണത്തിന്റെ വിപരീത ഫലങ്ങളിൽ നിന്നും തത്ക്കാലം വിമുക്തരാണോ അവിടങ്ങളിലൊക്കെ വിദ്യാര്‍ത്ഥികളുടേയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടേയും എഴുത്തുകാരുടേയുമൊക്കെ ഇടയിൽ സാമ്രാജ്യത്വ വിരുദ്ധ വികാരം വളരെ കുറവായാണ് കാണപ്പെടുന്നത്. എന്നു മാത്രല്ല, മത മൌലികവാദം, വർഗീയ ഫാഷിസം, ജന്മി-പുരുഷ മേധാവിത്വ പ്രവണതകൾ എന്നിവയെ പ്രതിരോധിച്ചുകൊണ്ട് തികച്ചും മതേതരവും പുരോഗമനപരവുമായ ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള മുന്നുപാധി എന്ന നിലയ്ക്ക് സാമ്രാജ്യത്വവുമായുള്ള അടുത്ത സഹകരണത്തെ സ്വാഗതം ചെയ്യുവാനുള്ള ആഗ്രഹം പോലും ഇവരിൽ കാണാൻ കഴിയുന്നുണ്ട്. സാധാരണയായി ഇടതുപക്ഷ ആശയങ്ങൾ ശക്തി നേടുന്നത് ഇടതുപക്ഷ ബുദ്ധിജീവികൾ‍, എഴുത്തുകാർ‍, നഗരങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ എന്നിവരടങ്ങുന്ന നിരയില്‍ നിന്നാണെന്നതു കൊണ്ടു തന്നെ- ഇവരുടെ ആശയങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത്, ആഗോളവല്‍ക്കരണ നയങ്ങളുടെ കെടുതികൾ അനുഭവിക്കേണ്ടി വരുന്ന, എന്നാല്‍ സാമൂഹ്യശാസ്ത്രപരമായ നിർവചനമനുസരിച്ച് “ബുദ്ധിജീവി”എന്ന ഗണത്തിൽ പെടാത്ത, തൊഴിലാളികളും കൃഷിക്കാരും നടത്തുന്ന ചെറുത്തുനിൽ‌പ്പുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ആണെങ്കിലും- എവിടെയൊക്കെ നഗരങ്ങളിലെ മധ്യവർഗം( urban middle class) ആഗോളവൽക്കരണത്തിന്റെ വിപരീത ഫലങ്ങളാൽ പീഡിപ്പിക്കപ്പെടുന്നുവോ, അവിടങ്ങളിലൊക്കെ അവർ കർഷകരോടും തൊഴിലാളികളോടുമൊപ്പം അണി നിരക്കുകയും തദ്വാരാ ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് കൂടുതൽ ഇന്ധനം പകർന്നുനൽകുകയും ചെയ്യുന്നുണ്ട്. )എന്നാൽ, എവിടെയൊക്കെ നഗരങ്ങളിലെ മധ്യവർഗം ആഗോളവൽക്കരണത്തിന്റെ ഗുണഭോക്താക്കളാവുന്നുവോ, അവിടെയൊക്കെ ഇടതുപക്ഷം പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലും‍- ഇവിടെ സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനുമെതിരായ ചെറുത്തുനിൽ‌പ്പുകള്‍ക്ക് നേതൃത്വം നൽകുന്നത് ഇടതേതര ശക്തികളായിരിക്കും- ഇടതുപക്ഷം തങ്ങളുടെ “അടിസ്ഥാന വർഗ്ഗങ്ങളുടെ” താൽ‌പ്പര്യങ്ങൾ സംരക്ഷിക്കുന്നതില്‍ (മാത്രം) പ്രതിജ്ഞാബദ്ധരായിരിക്കുകയും, ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയും ചെയ്യുന്ന ഇടങ്ങളിലും, അവര്‍ പലപ്പോഴും ബുദ്ധിജീവി വര്‍ഗങ്ങളിൽ നിന്നും നഗരങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരിലും, വിദ്യാർത്ഥികളിലും നിന്നും ഒറ്റപ്പെടുക എന്ന ദുർഗതിക്കിരായാകാറുണ്ട്. ( ഈ നഷ്ടം യഥാര്‍ത്ഥമാണെങ്കിലും, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിലൂടെ കര്‍ഷകജനസാമാന്യത്തിന്റെ പിന്തുണ കൂടുതലായി നേടിക്കൊണ്ട് ഇതിനെ മറികടക്കാനാകും).

ഇന്നിപ്പോൾ ലാറ്റിൻ അമേരിക്കയിൽ നാം കാണുന്ന ഇടതുപക്ഷ മുന്നേറ്റം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ജനജീവതം ദുരിതമയമാക്കിയ വര്‍ഷങ്ങൾ നീണ്ടുനിന്ന പ്രതിസന്ധിയുടെയും അതിനെതിരായ ചെറുത്തു നിൽ‌പ്പിലൂടെയുമാണ് ആ ഭൂഖണ്ഡത്തിലൊട്ടുമിക്കവാറും ഇടങ്ങളിൽ ഇടതുപക്ഷ/ ഇടതാഭിമുഖ്യമുള്ള ഭരണകൂടങ്ങൾ ഉണ്ടായത്. നീണ്ടുനിന്ന ഈ ചെറുത്തുനിൽ‌പ്പുകൾ നഗരങ്ങളിലെ യുവാക്കളെയും വിദ്യർത്ഥികളെയും ബുദ്ധിജീവികളെയുമൊക്കെ രാഷ്‌ട്രീയവൽക്കരിക്കുകയായിരുന്നു. മറുവശത്താകട്ടെ, ആഗോളവൽക്കരണത്തിന്റെ തിക്തഫലങ്ങൾ നേരിട്ടധികമൊന്നും അനുഭവിച്ചിട്ടില്ലാത്ത മദ്ധ്യേഷ്യയിലെയും, ഇപ്പോൾ ഇറാനിലേയും, യുവാക്കൾക്കിടയിൽ സാമ്രാജ്യത്വത്തിന് ഇന്ന് ഒട്ടേറെ അനുഭാവികളുണ്ട്. ആധുനികതയും ജനാധിപത്യവും ഒപ്പം നവലിബറലിസവും ഉറപ്പാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന “ഓറഞ്ച്”, “ടുലിപ്പ്”, “വെൽ‌വെറ്റ് ” വിപ്ലവങ്ങൾക്ക് പിന്നിൽ ആയിരക്കണക്കിന് നഗരവാസികളെ അണിനിരത്താൻ സാമ്രാജ്യത്വത്തിന് കഴിയുന്നതും മറ്റൊന്നും കൊണ്ടല്ല. ഇന്‍ഡ്യയിലാകട്ടെ, ആഗോളവൽക്കരണ നയങ്ങളുടെ ഫലമായി ഒരു വശത്ത് തൊഴിലാളികളും, ദരിദ്രകർഷകരും, കർഷകതൊഴിലാളികളും, ചെറുകിട ഉൽ‌പ്പാദകരുമെല്ലാം അനുഭവിക്കുന്ന ദുരന്തന്തങ്ങള്‍ക്കൊപ്പം മറുവശത്ത് ഉയർന്ന വളർച്ചാ നിരക്കും അതു നഗരങ്ങളിലെ ഇടത്തരക്കാർക്ക് ലഭ്യമാക്കുന്ന കൂടിയ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും ഉണ്ടാകുന്നതിനാൽ‍, ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും പ്രൊഫഷണലുകളും അടങ്ങിയ മദ്ധ്യ വർഗങ്ങളിൽ ഒരു തരം സാമ്രാജ്യത്വാനുകൂല മനോഭാവവും, അതിന്റെ തുടര്‍ച്ചയെന്നോണം, ഇടതുപക്ഷം നിരന്തരം ഉയർത്തിവരുന്ന സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളോടുള്ള ഒരു തരം ചെടിപ്പും വളർന്നു വരുന്നതിൽ അത്ഭുതത്തിനവകാശമില്ല.

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായ അവരുടെ പിശക് ഇവിടെ കണ്ടെത്താൻ കഴിയും. ഇന്ത്യൻ നഗരങ്ങളിലെ മധ്യവര്‍ഗം ആഗോളവൽക്കരണത്തിന്റെ വിപരീതഫലങ്ങളാല്‍ പീഡിപ്പിക്കപ്പെടാത്തിടത്തോളം അവർ തങ്ങളുടെ സാമ്രജ്യത്വാനുകൂല മനോഭാവം തുടരുക തന്നെ ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളും മുദ്രാവാക്യങ്ങളും കൊണ്ടു മാത്രം, തീർച്ചയായും അവ തുടർന്നും ഉയർത്തുക തന്നെ വേണം, ഈ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകില്ല. ഇപ്രകാരം സാമ്രാജ്യത്വത്തോട് അനുഭാവം തുടരാൻ പ്രേരിപ്പിക്കുന്ന മറ്റ് രണ്ട് ഘടകങ്ങളെക്കുറിച്ചുകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അതിലൊന്ന് ശ്രീ ഒബാമ യു എസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതാണ് (ഒബാമ പ്രതിനിധീകരിക്കുന്നത് മനുഷ്യമുഖമുള്ള സാമ്രാജ്യത്വത്തെയാണല്ലോ?). രണ്ടാമത്തെ ഘടകം വിവിധ ഇസ്ലാമിക ഗ്രൂപ്പുകൾ ലോകമാകെ സാമ്രാജ്യത്വത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്ന കടുത്ത പ്രതിരോധമാണ്. ഇന്ത്യൻ നഗരങ്ങളിലെ മധ്യവർഗത്തിലെ വലിയൊരു വിഭാഗത്തിന് ഇത്തരം സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളോട് തീരെ മമതയില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യൻ ഇടതുപക്ഷം തങ്ങളുടെ സിദ്ധാന്തങ്ങളിൽ ഉറച്ചു നിൽക്കുകയും അടിസ്ഥാന വർഗങ്ങളുടെ തൽ‌പ്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുകയും ചെയ്യുന്നിടത്തോളം കാലം സാമ്രാജ്യത്വാനുകൂല മനോഭാവം വച്ചു പുലർത്തുന്ന നഗരങ്ങളിലെ മധ്യവർഗം ഇടതുപക്ഷത്തോട് അകലം പാലിക്കുക തന്നെ ചെയ്യും. ഈ അവസ്ഥ തുടരുവോളം ഇന്ത്യൻ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗത്തിന്റെ പിന്തുണ ഉറപ്പാക്കാനാവില്ല. ഈ കഴിഞ്ഞ തെരെഞ്ഞെടുപ്പിലും, തങ്ങൾ തുടർന്നുവന്ന സാമ്രാജ്യത്വ-വിരുദ്ധ സമീപനം മൂലം യു പി എ യുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗത്തിൽ ചിലരുടെ പിന്തുണ നഷ്ടമായിട്ടുണ്ട്. അതൊഴിവാക്കാനുമായിരുന്നില്ല. (കേരളത്തിൽ ഇടതുപക്ഷവുമായുള്ള അന്യവൽക്കരണത്തെ കൂടുതൽ തീവ്രമാക്കുന്നതിൽ ചില പ്രാദേശിക ഘടകങ്ങളും പങ്കു വഹിച്ചിട്ടുണ്ട് : വോട്ടർമാരിലെ മതേതര വിഭാഗങ്ങൾക്ക് ഇടതുപക്ഷത്തിന്റെ പി ഡി പി യോടുള്ള ബന്ധം സ്വീകാര്യമായില്ല, എസ് എൻ സി ലാവ്‌ലിൻ ഇടപാടിലെ ഇടതുപക്ഷത്തിന്റെ നിലപാട് ഒട്ടും വിശ്വാസ്യത നേടിയില്ല).

തൊഴിലാളികളുടെയും, ചെറുകിടകർഷകരുടേയും , ചെറുകിട ഉൽ‌പ്പാദകരുടെയും മറ്റു ഗ്രാമീണ ദരിദ്രരുടെയും ഇടയിൽ ഇടതുപക്ഷത്തിനുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിൽ വിജയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവർക്ക് നഗരങ്ങളിലെ മധ്യവർഗങ്ങളുടെ പിന്തുണയിലുണ്ടായ ചോർച്ച പരിഹരിക്കാൻ കഴിയുമായിരുന്നു. ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിലെ സ്വാധീനം അവർക്ക് നിലനിറുത്താന്‍ കഴിഞ്ഞിരുന്നുവെങ്കിൽ മൊത്തത്തിലുള്ള തിരിച്ചടി ഈയവസ്ഥയിലും ഇത്ര കനത്തതാകുമായിരുന്നില്ല. എന്നാൽ, സാമ്രാജ്യത്വത്തിനെതിരായ എതിർപ്പ് തുടരുമ്പോഴും ഇടതുപക്ഷത്തിന് വികസനത്തെക്കുറിച്ച് നവലിബറൽ ചട്ടക്കൂടുകൾ നിർദ്ദേശിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ബദൽ നയമുണ്ടായിരുന്നില്ല. പശ്ചിമ ബംഗാളിൽ, ഇടതുപക്ഷ സർക്കാർ മറ്റു സർക്കാരുകളുമായി മത്സരിച്ചു പോലും നടപ്പിലാക്കിയതും നടപ്പിലാക്കാൻ ശ്രമിച്ചതും നവലിബറൽ “വികസന” നയങ്ങൾ തന്നെയായിരുന്നു. കർഷകരുടെ ഭൂമി ഏറ്റെടുത്തുകൊണ്ട് പ്രാകൃതമായ രൂപത്തിൽ മൂലധനം സമാഹരിക്കപ്പെടാനുള്ള സാദ്ധ്യത (the threat of “primitive accumulation of capital” (in the form specifically of expropriation of peasants’ land )ഈ നയങ്ങളുടെ അവിഭാജ്യഭാഗമായിരുന്നു. ഇത്തരം നയങ്ങൾ, പിന്നീട് , പല അവസരങ്ങളിലും തിരുത്തപ്പെട്ടുവെങ്കിലും, “അടിസ്ഥാന വർഗ”ങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനെക്കുറിച്ച് തികച്ചും വിപരീതമായ മനോഭാവമുണ്ടാക്കുകയും അടിസ്ഥാന വർഗങ്ങളുടെ പിന്തുണയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

നന്ദിഗ്രാം , സിംഗൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരുടെ പിന്തുണയിൽ കുറവ് വരുമെന്ന് നേരത്തെ കണക്കു കൂട്ടിയതാണെങ്കിലും എല്ലാ “വികസന” പ്രവർത്തനങ്ങളെയും എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനത്തിനെതിരെ മധ്യവർഗം ഇടതുപക്ഷത്തെ സ്വീകാര്യമായ ബദൽ എന്ന രൂപത്തിൽ അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ( “വ്യവസായവൽക്കരണ”ത്തെ അട്ടിമറിക്കുന്ന പ്രതിപക്ഷത്തിന്റെ നിഷേധാത്മകസമീപനത്തെക്കുറിച്ച് വോട്ടർമാരെ ഓർമ്മിപ്പിക്കുന്നതിനാവാം സിപി‌എം പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നാനോ കാറിന്റെ ചിത്രം പതിച്ചത്).എന്നാൽ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗ്ഗങ്ങളുടെയും ഗ്രാമീണകൃഷിക്കാരുടേയും ദരിദ്ര വിഭാഗങ്ങളുടേയും പിന്തുണ ഒരേ പോലെ നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും യു പി ‌എ സർക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ച നടപടിയും ഇഷ്ടപ്പെടാത്തതിനാൽ നഗരങ്ങളിലെ മധ്യവർഗത്തിന്റെ കുറെ വോട്ടുകൾ ഇടതുപക്ഷത്തിന് നഷ്‌ടപ്പെട്ടു. എന്നാൽ കൃഷിക്കാരുടേയും ഗ്രാമീണ ദരിദ്രരുടേയും പിന്തുണ ഇടതുപക്ഷത്തിനു ലഭിക്കാതെ പോയത് ബദൽ സാമ്പത്തിക നയങ്ങൾ രൂപീകരിക്കാൻ കഴിയാത്തതു മൂലം ഇടതുപക്ഷത്തിന്റെ സാമ്രാജ്യ-വിരുദ്ധ സമീപനം ദുർബലമായിപ്പോയതു മൂലമാണ്. ഇത്തരം ഒരു നയം മുന്നോട്ട് വയ്ക്കാൻ ഒരു സംസ്ഥാന സർക്കാരിനുള്ള പരിമിതികൾ അംഗീകരിക്കുമ്പോൾ തന്നെ ഈ ദിശയിൽ കാര്യമായ മുൻ‌കൈ എടുത്തിട്ടില്ല എന്ന വസ്തുത ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.

സാമ്രാജ്യത്വ ഏജന്‍സികള്‍ എല്ലായിടങ്ങളിലും മുന്നോട്ട് വെക്കുന്ന നിയോലിബറല്‍ വികസനപാതയിൽ നിന്നും വ്യത്യസ്തമായി ഒരു ബദല്‍ സമീപനം രൂപപ്പെടുത്തിയെടുക്കാതെ ഇടതുപക്ഷത്തിനു അതിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി മുന്നോട്ട് പോകാനാകില്ല എന്നാണിത് സൂചിപ്പിക്കുന്നത്. ഇത്തരമൊരു സമീപനത്തിൽ, തങ്ങളുടെ അടിസ്ഥാന വര്‍ഗങ്ങളുടെ താല്പര്യങ്ങള്‍ പ്രതിരോധിക്കുക എന്നതിനു തന്നെയായിരിക്കണം ഇടതുപക്ഷം മുഖ്യമായും ഊന്നൽ നൽകേണ്ടത്. അടിസ്ഥാന വര്‍ഗങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും, അതു വഴി സ്വന്തം വര്‍ഗാടിത്തറ വിപുലമാക്കുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും ജനാധിപത്യവിപ്ലവത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ വേണം “വികസനം” എന്നത് നിര്‍വചിക്കപ്പെടേണ്ടത്. വര്‍ഗപരമായ മാനങ്ങള്‍ ഉള്ള ഒന്ന് എന്ന നിലയ്ക്കു വേണം അതിനെ കാണുവാൻ‍, അല്ലാതെ “വസ്തുവകകളുടെ” വികാസം എന്ന നിലയ്ക്കു മാത്രമല്ല. “വസ്തുവകകളുടെ” വികാസം, ജി.ഡി.പിയുടെ മാത്രം വളര്‍ച്ച തുടങ്ങിയ വികസനത്തെക്കുറിച്ചുള്ള വർഗേതര ആശയങ്ങള്‍ ഉപഭോഗാസക്തിയുടെ (commodity-fetishism) ഒരു രൂപം മാത്രമാണ്. അതുകൊണ്ടു തന്നെ അവ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങളുടെ ഭാഗവും. ആയതിനാൽ‍, മൂലധനത്തിന്റെ പ്രാകൃതമായ സമാഹരണം നടത്തുന്ന (ഇതിൽ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി മുതലാളിമാര്‍ക്ക് സംസ്ഥാന ബജറ്റിലൂടെ നിരവധി സബ്‌സിഡികള്‍ നല്‍കി നടത്തുന്ന പ്രാകൃതമായ സമാഹരണവും ഉള്‍പ്പെടുന്നു), തൊഴിലാളികളുടെ കൂലി നിരക്ക്, സുരക്ഷിതത്വം, അവകാശങ്ങള്‍ എന്നിവ കുറയ്ക്കുന്ന, ഏതൊരു “വികസന”വും ഇടതുപക്ഷത്തിന്റെ അജണ്ടയുടെ ഭാഗമായിക്കൂടാ. സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, സ്വകാര്യ മൂലധനം തങ്ങളുടെ വികസന അജണ്ട വ്യത്യസ്തമായതിനാല്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വരുവാന്‍ വിസമ്മതിക്കുകയാണ്. അപ്പോൾ ബദല്‍ മാര്‍ഗങ്ങളിലൂടെ (ഉദാ: പൊതു, സഹകരണ മേഖലകളിലെ നിക്ഷേപങ്ങൾ‍) നിക്ഷേപം നടത്തുവാനുള്ള വഴികള്‍ തീര്‍ച്ചയായും തേടേണ്ടതുണ്ട്. എന്നു മാത്രമല്ല, നിയോ ലിബറല്‍ നയങ്ങളുടെ കടന്നാക്രമണങ്ങൾക്കിരയാവുന്ന “അടിസ്ഥാന വര്‍ഗ”ങ്ങൾക്ക് സാധ്യമായ എല്ലാ ആശ്വാസങ്ങളും നല്‍കേണ്ടതുമുണ്ട്.

സാമ്രാജ്യത്വത്തോടും നിയോലിബറല്‍ നയങ്ങളോടുമുള്ള ഇടതുപക്ഷത്തിന്റെ “കാ‍ലഹരണപ്പെട്ട” എതിർപ്പ് ഉപേക്ഷിക്കുവാനുമുള്ള ഉപദേശം സ്വീകരിക്കുന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വയം വിനാശകാരകമാവുകയും, ബൂര്‍ഷ്വാ മേൽക്കോയ്‌മയെ(ഹെഗിമണി) നിലനിറുത്തുന്ന ഘടനകളുമായുള്ള അതിന്റെ വിളക്കിച്ചേര്‍ക്കലിനു കാരണമാവുകയും ചെയ്യും. ഇത് ഇടതുപക്ഷത്തെ “ബ്ലെയറൈറ്റ് (Blairite) സ്വഭാവമുള്ള ഒന്നാക്കി മാറ്റുകയും ചെയ്യും. ബൂര്‍ഷ്വാ അധീശത്വത്തെ താല്‍കാലികമായി സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നും, അതു വഴി മുതലാളിത്താനന്തര കാലഘട്ടത്തിലേക്കുള്ള പരിവര്‍ത്തനം ഇടത് അജണ്ടയിലെ വിഷയമായി മാറുന്നത് അത്രയും വേഗത്തിലാക്കുമെന്നുമുള്ള ഒരു വാദമുയരാൻ ഇടയുണ്ട്. ഈ വാദം, മുതലാളിത്ത വികസനപ്രക്രിയക്കിടയിൽ തൊഴിലാളികളുടേയും, കര്‍ഷകരുടേയും ചെറുകിട ഉല്പാദകരുടേയും മറ്റും മുകളിൽ ദുരിതങ്ങൾ അടിച്ചേൽ‌പ്പിക്കപ്പെടുന്നു എന്ന പരാതിയിൽ വലിയ കഴമ്പില്ലെന്നും, അത്തരം അടിച്ചമര്‍ത്തലുകള്‍ കേവലം താൽക്കാലികവും യഥാസമയം പരിഹരിക്കപ്പെടുന്നതുമാണെന്ന ബൂർഷ്വാ വാദവുമായി സാമ്യമുള്ളത് മാത്രമല്ല, ആ വാദം തന്നെയാണ്. (സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങള്‍ക്കിടയില്‍ അമര്‍ത്യസെന്നിനെപ്പോലെ സെന്‍സിറ്റീവ് ആയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഉയര്‍ത്തിയ വാദവും‍, ലണ്ടനും മാഞ്ചെസ്റ്ററും നിര്‍മ്മിച്ചപ്പോഴും അത് അക്കാലഘട്ടത്തില്‍ ചില കര്‍ഷകരുടെ ഒഴിച്ചുമാറ്റലിനു ഇടയാക്കിയിരുന്നിരുന്നുവെന്നും അത് പിന്നീട് നല്ല രീതിയില്‍ പരിഹരിക്കപ്പെട്ടു എന്ന വാദം, ഇതേ ജനുസ്സില്‍ പെട്ടതാണ്.)

ഈ വാദഗതി തെറ്റാവുന്നത് ഒന്നിലേറെ കാരണങ്ങൾ കൊണ്ടാണ്. അതില്‍ തന്നെ ഏറ്റവും പ്രകടമായത് താഴെ പറയുന്നതാണ്: നമ്മുടേതുപോലുള്ള സമൂഹങ്ങളിലെ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനം, അത് മുതലാളിത്ത പൂര്‍വ, മുതലാളിത്തേതര ഘടനകളെ ശിഥിലമാക്കുമെങ്കിലും, അത്തരം ശൈഥില്യം നിഷ്‌ക്കാസനം ചെയ്യുന്ന ഉല്പാദകരെ മുതലാളിത്ത വ്യവസ്ഥയില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ അതിനാവില്ല. കാരണം, ഏതൊരു സാങ്കേതികവിദ്യയെ ആധാരമാക്കിയാണോ ഈ പരിവര്‍ത്തനം നടക്കുന്നത് ആ സാങ്കേതികവിദ്യയുടെ നിലവാരവും, സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കും കണക്കിലെടുക്കുമ്പോൾ അത് വളരെ കുറച്ച് തൊഴില്‍ മാത്രം ഉല്പാദിപ്പിക്കുവാന്‍ ശേഷിയുള്ളതായിരിക്കും. ( ലണ്ടനും മാഞ്ചെസ്റ്ററും നിര്‍മ്മിക്കപ്പെട്ട സാഹചര്യം തീര്‍ത്തും വിഭിന്നമാണ്: മുതലാളിത്ത ആസ്ഥാനത്തു നിന്ന് വെളുത്തവര്‍ഗക്കാര്‍ക്ക് കുടിയേറിപ്പാര്‍ക്കുവാനായി കൊളോണിയൽ നയങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട മറ്റു പ്രദേശങ്ങളിലേക്ക് വലിയ തോതിലുള്ള ഒഴിഞ്ഞു പോക്ക് അന്ന് സാധ്യമായിരുന്നു.) നമ്മുടേത് പോലുള്ള സമൂഹങ്ങളിലെ മുതലാളിത്തപരിവര്‍ത്തനം തികച്ചും വിഭിന്നമാണ്: അത് ചെറുകിട ഉല്പാദകരുടെ തൊഴിലാളിവല്‍ക്കരണത്തിലേക്കല്ല മറിച്ച് പാപ്പരീകരണത്തിലേക്ക് നയിക്കുന്ന ഒരു പ്രക്രിയയ്ക്കാണ് തുടക്കം കുറിയ്ക്കുന്നത്. കൊളോണിയല്‍ സമൂഹങ്ങളിലേയും മൂന്നാം ലോക സമൂഹങ്ങളിലേയും ഈ പ്രതിഭാസത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണിത് സംഭവിക്കുന്നത്.

സാമ്രാജ്യാധിപത്യത്തിനു കീഴില്‍, ലോകസമ്പദ്‌വ്യവസ്ഥയിലേക്ക് വിളക്കിച്ചേര്‍ക്കപ്പെടുന്നതിന്റെ ഭാഗമായി ഇത്തരം സമൂഹങ്ങളില്‍ മുതലാളിത്തപരിവര്‍ത്തനത്തിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയാണ് ആറാം കോണ്‍ഗ്രസ് ഈ പ്രതിഭാസത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത് . ഇത്തരം നിയന്ത്രണങ്ങൾ ആ സമൂഹങ്ങളെ അന്താരാഷ്ട്രതലത്തിലുള്ള തൊഴില്‍ വിഭജനത്തിന്റെ ചില പ്രത്യേക പാറ്റേണുകളില്‍ തളച്ചിടുകയാണ് ചെയ്തത്. എന്നാൽ, അത്തരം പ്രതിഭാസങ്ങൾ ഇന്നുണ്ടാകുന്നത് മേൽ സൂചിപ്പിച്ച നിയന്ത്രണങ്ങളാലല്ല; ഇന്ത്യയെപ്പോലുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പ്രകടമായും മുറുക്കമില്ലാത്തവയാണ്: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് നവലിബറല്‍ ചട്ടക്കൂടിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ പ്രത്യക്ഷമായും അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ നിയന്ത്രണങ്ങളെ തകര്‍ക്കുവാനും ദ്രുതഗതിയിലുള്ള മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗഭാക്കാനും കഴിയും. ഇന്നീ പ്രതിഭാസം ഉണ്ടാകുന്നത് മുതലാളിത്ത പരിവർത്തനത്തിനായി ഉപയോഗിക്കപ്പെടുന്ന സമകാലീന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്

മുതലാളിത്ത പരിവര്‍ത്തനം ആദ്യപടിയായി നടക്കട്ടെ എന്നും അതിനുശേഷം അതില്‍ നിന്നും മുന്നോട്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്താം എന്നുമുള്ള ഈ വാദഗതിക്ക് ഇടതുപക്ഷം വഴങ്ങുകയും തുടർന്ന് അവർ ഒരു “ബ്ലെയറൈറ്റ്(Blairite)“ പാത പിന്തുടരുകയും ചെയ്യുകയാണെങ്കിൽ‍, അതെല്ലാ കാലത്തേക്കും ബ്ലെയറൈറ്റ് സംഘടന ആയിത്തന്നെ തുടരും. മുതലാളിത്തപരിവർത്തനത്തിന്റെ ഘട്ടത്തിൽ നിന്നും മുതലാളിത്താ‍നന്തര ഘട്ടത്തിലേയ്ക്കു പ്രവേശിക്കുന്ന ആ നിമിഷം സ്വാഭാവികവും ചരിത്രപരവുമായ തുടക്കം(natural historical break) എന്ന നിലയ്ക്ക് ഒരിക്കലും വരികയില്ല; അത്തരമൊരു തുടർച്ചയില്ലായ്‌മ ഇല്ലായെങ്കില്‍ രണ്ടു ഘട്ടങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിത്തീരും.

സാമ്രാജ്യത്വത്തിനോടുള്ള ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മനഃപൂര്‍വമായി മാറ്റിവെക്കാനുള്ള ഉപദേശം അംഗീകരിക്കുന്നത് , ഇടതുപക്ഷത്തിന്റെ വര്‍ഗ അടിത്തറയെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, ഇനിയൊരിക്കലും നവീനമായൊരു അടിത്തറയില്‍ വിപ്ലവാത്മകമായ പ്രതിരോധം പുനരുജ്ജീവിപ്പിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കും. ദശകങ്ങളായുള്ള ആശയ സമരങ്ങളിലൂടെ നിര്‍മ്മിക്കപ്പെട്ട ഇടതുപക്ഷത്തിന്റെ വര്‍ഗാടിത്തറ തകരുന്നത്, വിപ്ലവശക്തികളുടെ പിന്നീടുള്ള പുനരുജ്ജീവനത്തിലേക്കല്ല, മറിച്ച് ബൂര്‍ഷ്വാ സാമ്രാജ്യത്വ അധീശത്വത്തിന്റെ ഘടനയിലേക്ക് ഇടതിനെ വിളക്കിച്ചേര്‍ക്കുന്നതിലേക്കായിരിക്കും നയിക്കുക. മാത്രമല്ല അത് അടിസ്ഥാനവര്‍ഗത്തെ മാവോയിസം മുതല്‍ സാമ്രാജ്യത്വ വിരുദ്ധ ഇസ്ലാമിസം വരെയുള്ള തീവ്രവാദ ആശയങ്ങളിലേക്കും നയിക്കും. ഇത് ആക്രമണാത്മകതയെ കെട്ടഴിച്ചു വിടുകയും ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈയൊരു കാരണം കൊണ്ടു തന്നെ, സമത്വപൂര്‍ണ്ണമായ ഒരു സമൂഹം എന്ന ലക്ഷ്യം പോയിട്ട് തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ പോലും നേടുന്നതിനു കെല്പില്ലാത്തത് എന്ന അര്‍ത്ഥത്തിൽ, ഇവ ‘ഫലശൂന്യം ” ആകും. സാമ്രാജ്യത്വ വിരുദ്ധത എന്നത് ഇടതുപക്ഷത്തിന്റെ ഭാവനാസൃഷ്ടിയല്ല. അതുണ്ടാകുന്നത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ നിന്നുമാണ്. ഇടതുപക്ഷം അത് (സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് ) ഉപേക്ഷിക്കുകയാണെങ്കിൽ‍, മറ്റുള്ളവർ‍; ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിൽ അവരെത്ര തന്നെ അശക്തരാണെങ്കിലും, ഈ ശൂന്യത നിറയ്ക്കുവാനായി രംഗപ്രവേശം ചെയ്യുകയും ജനങ്ങള്‍ ഇത്തരക്കാരുടെ ദയാവായ്പില്‍ ജീവിക്കേണ്ടി വരികയും ചെയ്യും.

****

പ്രൊ. പ്രഭാത് പട്‌നായിക് എഴുതിയ Reflections on the Left എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം

Monday, June 29, 2009

അരിയുടെ വില, അധികാരത്തിന്റെയും

ഏകദേശം 500 കോടി രൂപയുടെ ആസ്തിക്ക് ഉടമകളായവർ ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുടേയും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല. ഭാരതത്തിലങ്ങോളമിങ്ങോളമായി പ്രവര്‍ത്തിക്കുന്ന 1200 സിവില്‍ സൊസൈറ്റി സംഘടനകള്‍ അടങ്ങിയ “നാഷണല്‍ ഇലക്ഷന്‍ വാച്ച്“ വളരെ ബുദ്ധിമുട്ടി കണക്കു കൂട്ടിയെടുത്ത ആ അഞ്ഞൂറു കോടി രൂപ 79 മന്ത്രിമാരില്‍ 64 പേരുടെ കണക്കില്‍ പെട്ടതാണ്. രാജ്യസഭാംഗങ്ങളായ, ബാക്കിയുള്ള 15 മന്ത്രിമാരുടെ പുതിയ സ്വത്ത് വിവരങ്ങള്‍ ഇനിയും കണക്ക് കൂട്ടിയെടുക്കേണ്ടതുണ്ട്. ഇതിലെ 5 മന്ത്രിമാരുടെ ആസ്തി തന്നെ 200 കോടി വരുമെന്നിരിക്കെ, ഈ സംഖ്യകള്‍ അല്പം അയഥാർത്ഥമാണോ? നാഷണല്‍ ഇലക്ഷന്‍ വാച്ച് പറയുന്നത് മറ്റു മന്ത്രിമാര്‍ ദരിദ്രരൊന്നുമല്ല എന്നാണ്. 64ല്‍ 47 പേര്‍ കോടിപതികളാണ്. മറ്റു 15 പേരുടെ വിവരങ്ങൾ ലഭ്യമാകുമ്പോള്‍ അവയും മേൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകളെ വലിയ രീതിയിലൊന്നും ബാധിക്കാൻ പോകുന്നില്ല.

അങ്ങിനെ ഇവരെല്ലാം ചേര്‍ന്ന് 836 ദശലക്ഷം വരുന്ന ഇന്ത്യക്കാരുടെ,( National Commission for Enterprises in the Unorganised Sector ന്റെ ആഗസ്റ്റ് 2007ലെ റിപ്പോര്‍ട്ട് പ്രകാരം ദിവസേന 20 രൂപയില്‍ താഴെ മാത്രം ലഭിക്കുന്ന ഇന്ത്യക്കാരുടെ) ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍ പോവുകയാണ്. ശരാശരി 5.1 കോടി ആസ്തിയുള്ള എം.പിമാര്‍ നിറഞ്ഞ ഒരു പാര്‍ലമെന്റില്‍ ഈ വെല്ലുവിളി ഉയരാന്‍ പോവുകയാണ്. 543 എം.പിമാരില്‍ 60-70 പേര്‍ സാമാന്യേന വളരെ കുറഞ്ഞ ആസ്തിയുള്ളവരായതിനാല്‍, മുന്നെ പറഞ്ഞ ശരാശരി ആസ്തിക്കണക്ക് തന്നെ അത്ര കൃത്യമായി യഥാര്‍ഥനില പ്രതിഫലിപ്പിക്കുന്നതുമല്ല. പലരും എം.പി.എന്ന നിലയ്ക്കുള്ള തങ്ങളുടെ ആദ്യ അവസരത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരുമാണ് എന്നതാണിതിന്റെ മറുവശം.

വളരെ സങ്കീര്‍ണ്ണവും, പല മാനങ്ങളുള്ളതുമായ ഈ ജനവിധിക്കു പിന്നില്‍ അനവധി ഘടകങ്ങളുണ്ടെങ്കിലും അതിലൊരെണ്ണം വളരെ വ്യക്തമാണെന്ന് പറയാം: ജനക്ഷേമ നടപടികള്‍ക്ക് - പ്രത്യേകിച്ച് കുറഞ്ഞ വിലയ്ക്കുള്ള അരിക്കും തൊഴിലിനും- ഊന്നല്‍ നല്‍കിയ സര്‍ക്കാരുകളില്‍ മിക്കവയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഏത് പാര്‍ട്ടിയാണ് ആ സര്‍ക്കാരുകളെ നയിച്ചിരുന്നത് എന്നത് പ്രസക്തമായിരുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.ജെ.ഡി, ഡി.എം.കെ അല്ലെങ്കില്‍ മറ്റുള്ളവ ഒക്കെ ഇതില്‍ പെടുന്നു. ഈ ജനക്ഷേമ നടപടികളില്‍ ചിലത് തങ്ങളുടെ സര്‍ക്കാരിനു കൂട്ടത്തോടെ ചെന്ന് വോട്ട് ചെയ്യുവാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചുകാണുകയില്ല. എങ്കിലും, വിശന്നു പൊരിയുന്ന ഒരു രാജ്യത്ത് വോട്ടര്‍മാരില്‍ കാണുന്ന (സര്‍ക്കാരുകളോടുള്ള) ശത്രുതാ മനോഭാവത്തില്‍, ഇവ കുറവു വരുത്തിയിട്ടുണ്ട്. മധുര സ്വാമിനാഥന്‍ സൂചിപ്പിക്കുന്നതുപോലെ “ ലോകത്തില്‍ ഒരു രാജ്യവും സ്ഥിരമായി ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ ഭാരതത്തിനു അടുത്തെത്തുകയില്ല. എഫ്.എ. ഒയുടെ കണക്കുകള്‍ ഇത് ശരിവെക്കുന്നുമുണ്ട്.

പട്ടിണിക്കാരന്‍ ശരിക്കും ബുദ്ധിമുട്ടിക്കാണണം. ഭക്ഷ്യവസ്തുക്കളുടെ വില അഞ്ച് വര്‍ഷമായി കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദശകങ്ങളിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടം. 2004നും 2008നും ഇടക്ക് അരിയുടെ വില 45 ശതമാനത്തിലധികവും ഗോതമ്പിന്റെ വില 60 ശതമാനത്തിലധികവും വര്‍ദ്ധിച്ചു. ആട്ട, ഭക്ഷ്യ എണ്ണ, പാല്‍, എന്തിന് ഉപ്പിന്റെ പോലും വിലകളില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായി. താഴ്ന്ന അല്ലെങ്കില്‍ പൂജ്യത്തോടടുത്ത പണപ്പെരുപ്പ നിരക്ക് ഭക്ഷ്യവിലകളില്‍ ഒരു കുറവും ഉണ്ടാക്കിയില്ല. പട്ടിണിയും, കുറഞ്ഞ വിലക്കുള്ള ആഹാരവും തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി മാധ്യമങ്ങള്‍ കണ്ടില്ല. ഇത് ഈ വിഷയത്തിലുപരി അവരെത്തന്നെയാണ് തുറന്നു കാട്ടുന്നത്.

സൌജന്യമായി കളര്‍ ടെലിവിഷനുകള്‍ നല്‍കിയ ഡി.എം.കെയുടെ നടപടി - ഇതിനു പരിഹാസ്യമായ രീതിയില്‍ മാധ്യമശ്രദ്ധയും ലഭിച്ചു- 2008 സെപ്തംബര്‍ മുതല്‍ റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും, ദാരിദ്ര്യരേഖക്ക് താഴെയോ മുകളിലോ എന്ന വ്യത്യാസമില്ലാതെ, കിലോവിനു ഒരു രൂപ നിരക്കില്‍ 20 കിലോ അരി നല്‍കിവന്നിരുന്ന നടപടിയെ അപേക്ഷിച്ച് തീര്‍ത്തും അപ്രധാനമായിരുന്നു. കിലോവിനു രണ്ടു രൂപ നിരക്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ അരി വിതരണം നടക്കുന്നുമുണ്ടായിരുന്നു. അതുപോലെത്തന്നെ ദേശീയ തൊഴിലുറപ്പ് പദ്ധതി അവിടെ നല്ല രീതിയില്‍ നടപ്പിലാക്കുകയും ചെയ്തു. ഈ രണ്ട് രീതിയിലും സംസ്ഥാന സര്‍ക്കാര്‍ നേട്ടമുണ്ടാക്കി.

ആന്ധ്രപ്രദേശിലാകട്ടെ, തമിഴ്‌നാട്ടിലേതു പോലെ, വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം എന്ന കക്ഷിയുടെ സാന്നിദ്ധ്യത്തിന്റെ ഗുണം ലഭിച്ചവരാണ്. പ്രജാരാജ്യം കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ നേടുകയും അതുവഴി കോണ്‍ഗ്രസിന്റെ എതിരാളികളായ തെലുഗുദേശത്തെ ക്ഷീണിപ്പിക്കുകയും ചെയ്തു. പക്ഷെ ആറു ലക്ഷത്തോളം ബി പി എൽ റേഷന്‍ കാര്‍ഡുകള്‍ പുനസ്ഥാപിക്കുകയും ധാരാളം പുതിയവ വിതരണം ചെയ്യുകയും ചെയ്ത ഒരു സര്‍ക്കാരായിരുന്നു വൈ.എസ്.ആറിന്റെത്. (ഹിന്ദു സെപ്തംബര്‍ 29, 2005) ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാരാകട്ടെ ഒന്‍പതു വര്‍ഷ കാലയളവില്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ ഒരു കാര്‍ഡ് പോലും വിതരണം ചെയ്തിരുന്നില്ല. അതും, ദാരിദ്ര്യവും വിശപ്പും നഗരങ്ങളില്‍ പോലും ഒരു പ്രധാന വിഷയമായ സംസ്ഥാനത്തില്‍. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാപിതാവായ അന്നത്തെ മുഖ്യമന്ത്രി എന്‍.ടി.രാമറാവു രണ്ടു രൂപ നിരക്കില്‍ അരി വിതരണം തുടങ്ങി വെച്ച സംസ്ഥാനമായിരുന്നു ആന്ധപ്രദേശ്. എന്‍.ടി.ആറിന്റെ വ്യക്തിപ്രഭാവത്തിന്റെ കാര്യത്തില്‍ സംശയമൊന്നുമില്ല .എങ്കിലും കിലോക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കിയ അരി, മറ്റേത് ഘടകങ്ങളേക്കാളും അധികമായി വോട്ടായി മാറി.

ദേശീയ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മുന്‍പ് കിലോക്ക് രണ്ടു രൂപ നിരക്കില്‍ അരി എന്നത് പുനസ്ഥാപിച്ചപ്പോൾ രാജശേഖര റെഡ്ഡി തെലുഗുദേശത്തിന്റെ ഉടയാടകള്‍ തന്നെ കയ്യടക്കുകയായിരുന്നു. ഒരാള്‍ക്ക് നാലുകിലോ അല്ലെങ്കില്‍ അഞ്ചുപേരുള്ള കുടുംബത്തിനു 20 കിലോ എന്ന കണക്കിലായിരുന്നു ഈ നടപടി. മുന്‍ തലമുറയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ടി.ആറിന്റെ നടപടിയെ “പണച്ചിലവുള്ള തരികിട”യായി വിശേഷിപ്പിച്ചിരുന്നു. എങ്കിലും ഡോ. റെഡ്ഡി അല്പം വിവേകപൂര്‍വമായ നിലപാട് സ്വീകരിക്കുകയും അതില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ ഒരു മറയുമില്ലാതെ പ്രശംസിച്ച നായിഡുവിന്റെ ഭരണകാലയളവില്‍, ജനങ്ങൾ വെള്ളക്കരം, വൈദ്യുതിചാർജ്ജ്, ഭക്ഷ്യവസ്തുക്കൾ മറ്റു അവശ്യസാധനങ്ങൾ എന്നിവയുടെ വിലയിലുമുണ്ടായ വമ്പന്‍ വര്‍ദ്ധനവിന്റെ ആഘാതം ഏറ്റുവാങ്ങുകയായിരുന്നു. 2009ൽ പോലും മുന്‍‌കാല ചെയ്തികള്‍ തനിക്കുണ്ടാക്കിയ ദോഷം പരിഹരിക്കാനോ വിശ്വാസ്യത വീണ്ടെടുക്കാനോ നായിഡുവിനു കഴിഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ എതിരാളിയാകട്ടെ നല്ല രീതിയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി. മഹ്ബൂബ് നഗര്‍ എന്ന അവികസിത ജില്ലയിൽ നിന്ന് ദുരിതം മൂലം പാലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. പലര്‍ക്കും തങ്ങളുടെ ചുറ്റുവട്ടത്തിൽ തന്നെ പണികൾ കണ്ടെത്താനായി.( 2008 മെയ് 31 ലെ ഹിന്ദു റിപ്പോർട്ട് കാണുക). അക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു കയറുകയായിരുന്നു. പ്രതിമാസം ലഭിക്കുന്ന 200 രൂപായുടെ വാർദ്ധക്യ കാല പെൻഷൻ കൊണ്ട് തങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ 70 വയസ്സു കഴിഞ്ഞവർ പോലും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി തേടി എത്തിയിരുന്നു. പെൻഷനുകൾ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ പരിഷ്ക്കരിക്കുന്ന കാര്യത്തിലും ആന്ധ്ര സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്തത് കാണാതിരുന്നു കൂടാ. ആ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്കായിരുന്നു പ്രതിമാസം 75 രൂപ എന്ന നിരക്കിൽ വാർദ്ധക്യ കാല/ വിധവ/ വികലാംഗ പെൻഷനുകൾ ലഭിച്ചു വന്നിരുന്നത്. രാജശേഖര റെഡ്ഡി സർക്കാർ വികലാംഗ പെൻഷൻ പ്രതിമാസം 500 രൂപയായും മറ്റു പെൻഷനുകൾ 200 രൂപയായും വർദ്ധിപ്പിച്ചുവെന്നു മാത്രമല്ല ഏതാണ്ട് 4 ഇരട്ടി ആളുകൾക്ക്, അതായത് 7.2 ദശലക്ഷം ആളുകൾക്ക് അവ നൽകാൻ നടപടിയെടുക്കുകയുമുണ്ടായി.ആന്ധ്ര സർക്കാർ സ്‌ത്രീകൾക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പെൻഷൻ പദ്ധതികളും മറ്റു സംസ്ഥാനങ്ങൾ നടപ്പിലാക്കിയ പദ്ധതികളേക്കാൾ വളരെ മെച്ചമേറിയവയാണ്.

ഒറീസ്സയിൽ, നവീൻ പട്നായിക്ക് വളരെ സമർത്ഥമായാണ് തന്റെ ഓരോ നീക്കവും നടത്തിയത്. ബി ജെ പി യെ ഒഴിവാക്കുന്നതിലും കോൺഗ്രസ്സിനെ ഒറ്റപ്പെടുത്തന്നതിലും ആ സാമർത്ഥ്യം നാം ദർശിച്ചു. പക്ഷെ അദ്ദേഹവും കുറഞ്ഞ നിരക്കിൽ അരി നൽകുന്നതിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കലഹന്ദി-ബൊലാംഗീർ- കോറാപ്പുട്ട് തുടങ്ങിയ “കത്തുന്ന വിശപ്പിന്റെ പ്രദേങ്ങളിൽ” 2008 ന്റെ മദ്ധ്യം മുതൽ തന്നെ കിലോക്ക് 2 രൂപാ എന്ന നിരക്കിൽ ഓരോ കുടുംബത്തിനും 25 കിലോ അരി നൽകി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ ആനുകൂല്യം ബിപി‌എൽ കുടുബങ്ങൾക്കായി പരിമിതപ്പെടുത്തിയിരുന്നു. കെ ബി കെ ജില്ലകളിലെ ഏറ്റവും ദരിദ്രരായ പട്ടിണിപ്പാവങ്ങൾക്ക്, ഇതു കൂടാതെ 10 കിലോ അരി സൌജന്യമായും സർക്കാർ നൽകിയിരുന്നു. പട്ടിണി മരണങ്ങൾ ഉണ്ടാകാതെ തടയുന്നതിൽ ഇത് വളരെ ഏറെ സഹായിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ആളുകളെ വിവിധ പെൻഷൻ പദ്ധതികളുടെയും ദരിദ്ര ജനവിഭാഗങ്ങൾക്കായുള്ള ഗൃഹ നിർമ്മാണ പദ്ധതികളുടേയും ഗുണഭോക്താക്കളാക്കുന്നതിലും പട്നായിക്ക് വിജയിച്ചിട്ടുണ്ട്. ( മാത്രമല്ല, ഇലക്ഷനു തൊട്ടുമുമ്പ് ആറാം ശമ്പളക്കമീഷൻ ശുപർശകൾ നടപ്പിലാക്കിയതിലൂടെ മദ്ധ്യവർഗ്ഗക്കാരെ തന്നോടൊപ്പം നിർത്തുന്നതിലും നവീൻ പട്നായിക്ക് വിജയിച്ചു.)

തീർച്ചയായും, ഈ വിഷയങ്ങൾ മാത്രമായിരുന്നില്ല തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ ജനങ്ങൾക്ക് മുമ്പാകെ ഉണ്ടായിരുന്നത്, പക്ഷെ ഇവ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.( വൈ എസ് രാജശേഖര റെഡ്ഡിയുടേയും നവീൻ പട്നായിക്കിന്റേയും കാര്യത്തിൽ അവരെ സഹായിച്ച ഒരു ഘടകമുണ്ട്. രണ്ടു സംസ്ഥാനങ്ങളിലേയും നേട്ടങ്ങൾ വളരെ പ്രകടവും ദൃശ്യഗോചരവുമായിരുന്നു. എന്നാൽ കോട്ടങ്ങൾ-വലിയ തോതിലുള്ള മാനവ പറിച്ചു നടൽ (human displacement), സ്പെഷ്യൽ എക്കണോമിക് സോണുകൾ, അപായകരമായ ഖനന പദ്ധതികൾ തുടങ്ങി അത്യന്തം സ്ഫോടനാത്മകമായവ) - പൈപ്പ് ലൈനിലായിരുന്നതിനാൽ അത്ര ദൃശ്യഗോചരമല്ലായിരുന്നു. ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ... ഈ നയങ്ങൾ തിരുത്തിയില്ലെങ്കിൽ, അടുത്ത രണ്ടു മൂന്നു കൊല്ലത്തിനകം അവ സംഭവിക്കാം.

ഛത്തീസ്‌ഗഢിലാവട്ടെ, ചില മേഖലകളിലെ സർക്കാർ നയങ്ങൾ വളരെയേറെ പ്രതിലോമകരമാണ് എങ്കിൽ കൂടി, മുഖ്യമന്ത്രി രമൺ സിംഗ് വ്യക്തിപരമായ താൽ‌പ്പര്യമെടുത്ത് ഓരോ കുടുംബത്തിനും കിലോയ്ക്ക് 3 രൂപാ നിരക്കിൽ 35 കിലോഗ്രാം അരി നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നു മാത്രമല്ല, ഏകദേശം 20.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ( 2001 ലെ കാനേഷുമാരി അനുസരിച്ച്) സംസ്ഥാനത്തിലെ 15 ദശലക്ഷം വരുന്ന ജനവിഭാഗം ദാരിദ്ര്യ രേഖയ്ക്ക് കീഴെ വരുന്നവരാണെന്ന് അദ്ദേഹത്തിന്റെ സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അതായത് സംസ്ഥാനത്തെ ഏതാണ്ട് 70 ശതമാനം ജനങ്ങൾ ബി പി എൽ വിഭാഗത്തിൽ വരുമത്രെ. ഇപ്രകാരം ചെയ്തത് 2008 ലെ നിയസഭ തെരെഞ്ഞെടുപ്പിനും വളരെ മാസങ്ങൾക്ക് മുമ്പാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലും ലോൿസഭാ തെരെഞ്ഞെടുപ്പിലും ഇതു സർക്കാരിനെ വളരെ ഏറെ സഹായിച്ചു.

പശ്ചിമ ബംഗാളിലെ ഇടതു മുന്നണി രണ്ടു കാര്യത്തിലും പരാജയപ്പെട്ടു. കേന്ദ്ര പൂളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം വൻ‌തോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ കവർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. ഏറ്റവും കൂടുതൽ അരി ഉൽ‌പ്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടുപോലും പശ്ചിമ ബംഗാളിൽ കുറഞ്ഞ വിലയ്ക്കുള്ള അരിവിതരണം ആരംഭിച്ചത് ഈ വർഷമാദ്യം മാത്രമാണ്. അതും വളരെ വൈമനസ്യത്തോടെയും വളരെ ഏറെ താമസിച്ചും. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും പശ്ചിമ ബംഗാൾ സർക്കാർ വളരെ പിന്നോക്കം പോയി. ഇടതു മുന്നണിക്കേറ്റ തിരിച്ചടിയിൽ വിശപ്പ് ഒരു വലിയ ഘടകമായിരുന്നു.

ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഭരണത്തിലുള്ളവർക്ക് എന്ത് പാഠങ്ങളാണ് ഉൾക്കൊള്ളുവാനുള്ളത്? കൂടുതൽ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഉയർന്ന വിലകൾക്കും മറ്റു പരിഷ്ക്കാരങ്ങൾക്കുമെല്ലാം ജനങ്ങളുടെ മാൻഡേറ്റ് ലഭിച്ചുവെന്നാണോ അവർ കരുതേണ്ടത്? അതോ അരിയുടെ വിലയാണ് അധികാരത്തിന്റെ വില നിർണ്ണയിക്കുന്നതെന്നോ? ജോലിയും സുരക്ഷിതത്വവും വളരെ പ്രധാനപ്പെട്ടതാണെന്നല്ലേ അവർ മനസ്സിലാക്കേണ്ടത്? ഭക്ഷ്യധാന്യങ്ങളുടെ വിലയും കുറഞ്ഞ വിലയ്ക്കുള്ള അരിയും ഏകമാത്ര ഘടകമല്ലെങ്കിൽ കൂടി വളരെ പ്രധാനമാണ്. ഇതിനകം എടുത്തു കഴിഞ്ഞ നടപടികൾ കൊണ്ട് സർക്കാരുകൾക്ക് എല്ലാക്കാലത്തേക്കും നേട്ടങ്ങൾ കൈവരിക്കാനാകണമെന്നില്ല. എങ്കിലും ഈ പ്രക്രിയ ഒരു മുന്നോട്ടുള്ള പോക്കാണെന്ന് പറയാതെ വയ്യ. അത് ജനാഭിലാത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. ഇതിൽ നിന്നൊരു തിരിച്ചുപോക്ക് ആത്മഹത്യാപരമായിരിക്കും.

*
പി സായ്‌നാഥ് എഴുതിയPrice of rice, price of powerഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Wednesday, June 24, 2009

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരോ കൂലിത്തല്ലുകാരോ?

അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ) ദൃശ്യമാധ്യമങ്ങളും (ടെലിവിഷന്‍, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) അദൃശ്യവും ദൃശ്യവുമായ വലകള്‍ നെയ്തുകൊണ്ട് വാര്‍ത്തകളുടെയും ഇമേജുകളുടെയും അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ആഗോളീകരണ ശക്തികള്‍ക്കും സാമ്രാജ്വത്വത്തിനും ദേശീയ ഫാസിസത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഒരു സാംസ്കാരിക പരിസരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കനുകൂലമായി ഈ ആധുനിക മാധ്യമങ്ങളെയെല്ലാം ഉപയോഗിക്കാന്‍ സാധ്യതയുള്ളതുപോലെ പ്രതിലോമകരമായ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്വതന്ത്ര വ്യാപനത്തിനുവേണ്ടി ആസൂത്രിതമായി ഉപയോഗിക്കാനുമാവുമെന്നുള്ള ചരിത്രപാഠങ്ങളും അനുഭവങ്ങളും നമ്മുടെ കണ്‍മുമ്പിലുണ്ട്. ഇന്ന് ഈ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷത്തിന്റെയും കൂലിത്തല്ലുകാരായി അധഃപതിക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നിക്ഷ്പക്ഷ നാട്യങ്ങളുടെ തിളങ്ങുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുകയും കുടിലതയുടെയും ക്രൌര്യത്തിന്റെയും യഥാര്‍ഥരൂപം പ്രകടമാകുകയും ചെയ്തിട്ടുണ്ട്. കമ്പോളശക്തികളുടെയും ഫാസിസ്റ്റു യുക്തികളുടെയും മുതലെടുപ്പുകള്‍ക്ക് ഈ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെടുകയും ചെയ്യുന്ന ഒരന്തരീക്ഷനിര്‍മ്മിതി അതിവേഗം ശക്തിപ്രാപിക്കുന്നത് നമുക്ക് തൊട്ടറിയാനാവും. ആന്തരികവും ബാഹ്യവുമായ ആചാരാനുഷ്ഠാനങ്ങള്‍, പെരുമാറ്റരീതികള്‍, മൂല്യബോധം, അനുനിമിഷം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പൊതുബോധം, എന്നിവയിലൊക്കെ അഴിച്ചുപണികളും പുനക്രമീകരണങ്ങളും നടത്തിക്കൊണ്ട് സാംസ്കാരികമായ അധിനിവേശത്തിലൂടെ സാമ്രാജ്യത്വാനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ എല്ലാമറകളും പൊളിച്ചുകളഞ്ഞുകൊണ്ട് ഭീഷണസാന്നിധ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയെ കീഴ്പ്പെടുത്താനും പൂര്‍ണനിയന്ത്രണത്തിലാക്കാനും ഇന്ത്യയിലെ ഇടതുപക്ഷമതേതരശക്തികളെ തകര്‍ക്കണമെന്ന് സാമ്രാജ്യത്വശക്തികള്‍ക്ക് നന്നായറിയാം. സാമ്രാജ്യത്വത്തിന്റെ അധിനിവേശശ്രമങ്ങളെ തടയാന്‍ ആശയപരമായും പ്രായോഗികമായും നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റു ശക്തികളെ തകര്‍ത്തുകൊണ്ടുമാത്രമേ അതിന് മുന്നേറാനാവൂ. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ തടസ്സപ്പെടുത്തുകയും ആണവകരാറിനെ എതിര്‍ക്കുകയും, മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഒക്കെ ചെയ്യുന്ന ഇടതുപക്ഷശക്തികളെ തകര്‍ക്കാന്‍ അതിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റുശക്തികളെ പ്രത്യേകിച്ച് സി പി ഐ (എം) നെ പൂര്‍ണമായും തകര്‍ക്കേണ്ടതുണ്ട് എന്ന് മറ്റാരേക്കാളും സാമ്രാജ്യത്വശക്തികള്‍ക്കറിയാം. അത് ലക്ഷ്യം വെച്ചുകൊണ്ടാണ് കേരളത്തിലും ബംഗാളിലും സി പി ഐ (എം)നെ നാലുവശത്ത് നിന്നും മാധ്യമങ്ങളുടെ പിന്തുണയോടെ ഇവര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സി പി ഐ (എം) നെ തകര്‍ക്കാന്‍ അതിന്റെ സംഘടനാസംവിധാനത്തെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തെ തകര്‍ക്കാന്‍ അതിന്റെ കോട്ടകള്‍പൊളിക്കേണ്ടതുണ്ട്.

അതുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും അതിന്റെ വിലയ്ക്കെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരും പിണറായി വിജയനെ വളഞ്ഞാക്രമിക്കുന്നതും കണ്ണൂരിലെ ധീരരായ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ശാരീരികമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുകളെയും വര്‍ഗീയ മത തീവ്രവാദസംഘടനകളെയും പിന്തുണയ്ക്കുന്നതും. കണ്ണൂരിലെ പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും തകര്‍ക്കാനായാല്‍ മറ്റുസ്ഥലങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കുക താരതമ്യേന എളുപ്പമാണെന്ന് എതിരാളികള്‍ക്കറിയാം.

സാമ്രാജ്യത്വത്തിന്റെയും അതുമായി പ്രണയാതുരമായ ബന്ധം പുലര്‍ത്തുന്ന വര്‍ഗീയഫാസിസത്തിന്റെയും അജണ്ടകള്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനുവേണ്ടി വ്യത്യസ്തതലത്തിലുള്ള സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ ഒരു മധ്യവര്‍ഗസമൂഹത്തെ രൂപപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. എല്ലാത്തരം കാപട്യങ്ങളെയും സംഘടനാശേഷിയെ നിരാകരിക്കുന്ന അരാഷ്ട്രീയതയെയും, ഇടതു പക്ഷ തീവ്രവാദത്തെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ മധ്യവര്‍ഗചിന്തകളും ജീവിതവും അതിന്റെ ചിറക് വിരിക്കുന്നത്. ദരിദ്രരും നിരാലംബരുമായ മനുഷ്യരെപ്പോലും മധ്യവര്‍ഗകാപട്യങ്ങള്‍ക്കും ചിന്തകള്‍ക്കും ആര്‍ത്തികള്‍ക്കും കീഴ്പ്പെടുത്തിക്കൊണ്ട് ആധിപത്യത്തിന്റെ, അരാഷ്ട്രീയതയുടെ വന്‍തുരുത്തുകള്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ഈ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിക്കുകയാണ്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, സാധാരണദരിദ്രജനവിഭാഗങ്ങള്‍ എന്നിവരുടെയൊക്കെ ജീവിതാവശ്യങ്ങളിലേക്കും വികസനങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാതെ സമ്പന്നമധ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഒരു വികസനസങ്കല്‍പ്പത്തെ വളര്‍ത്തിയെടുക്കുകയും ഈ പാവപ്പെട്ട ജനവിഭാഗങ്ങള്‍പോലും സ്വന്തം താല്‍പ്പര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, തങ്ങള്‍ക്ക് അന്യമായ വികസന-വിദ്യാഭ്യാസനയങ്ങളെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്.

ധനികരുടെയും ഇടത്തരക്കാരുടെ ജീവിതസൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും കമ്പോളത്തിലെത്തുന്ന ആധുനിക ഉപകരണങ്ങളും വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കുകയും കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അശാന്തമായ ഓട്ടം തുടരുകയും ചെയ്യുമ്പോള്‍ ദരിദ്രജനവിഭാഗങ്ങള്‍വെറും കാഴ്ചക്കാരായി ഞെരുങ്ങുകയും തളര്‍ന്നു വീഴുകയും പിന്തള്ളപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ദാരിദ്ര്യമോ ദരിദ്രരോ തീരെയില്ലായെന്ന അസംബന്ധപ്രചാരണങ്ങള്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദരിദ്രരെ അവഗണിക്കുകയും എല്ലാം മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും സൌകര്യങ്ങള്‍ക്കു വേണ്ടിയെന്ന് വ്യാഖ്യാനിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളാകട്ടെ രാഷ്ട്രീയവൃത്തങ്ങളിലെ ഗോസിപ്പുകളും പടലപിണക്കങ്ങളും വ്യക്തികേന്ദ്രീകൃതതര്‍ക്കങ്ങളും വിഷയമാക്കി ദിവസവും തുടര്‍ക്കഥകള്‍ മെനയുന്നു. സത്യത്തിന്റെ തരികളുള്ള നുണകളുടെ ഭാവനാവിലാസങ്ങള്‍ അവര്‍ കെട്ടിപ്പൊക്കുന്നു. പൈങ്കിളിവാരികകളിലെ തുടര്‍ക്കഥകളും ടെലിവിഷനിലെ സീരിയലുകളും കാത്തിരിക്കുന്നവരെപ്പോലെ വാര്‍ത്താമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും വായിക്കുന്നവരെയും മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു.

കേരളസമൂഹവും ഇന്ത്യന്‍ സമൂഹവും ലോകമാകെത്തന്നെയും നേരിടുന്ന തീവ്രമായ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും പോംവഴികളും രാഷ്ട്രീയമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ കഴിഞ്ഞത്. വികസനത്തിന്റെ പേരില്‍ ദിവസവും ഉയര്‍ന്നുകൊണ്ടിരുന്ന രമ്യഹര്‍മ്മങ്ങളുടെയും വലിയ കെട്ടിടസമുച്ചയങ്ങളുടെയും റോഡില്‍ ജനങ്ങളെ കൊന്നു വീഴ്ത്തിക്കൊണ്ടോടുന്ന ആര്‍ഭാടവാഹനങ്ങളുടെയും സ്വാശ്രയകച്ചവടസ്ഥാപനങ്ങളുടെ അഹങ്കാരഗര്‍ജ്ജനങ്ങളുടെയും ഷെയര്‍ മാര്‍ക്കറ്റുകളിലെ ചൂതുകളികളുടെയും ഇടയില്‍ തങ്ങളുടെ ചെറിയ ജീവിതങ്ങളുമായി സാധാരണ മനുഷ്യര്‍ അന്തംവിട്ടുനില്‍ക്കുകയായിരുന്നു. അപ്പോഴൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നോ അതോ ധനികന്യൂനപക്ഷത്തിന്റെ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുറകെ പായുകയായിരുന്നോ?

പ്രശസ്തനും വ്യത്യസ്തനുമായ പത്രപ്രവര്‍ത്തകനായ പി സായ്നാഥ് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ചില വസ്തുതകളുണ്ട്.* ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വാര്‍ത്തകളില്‍ തീരെ സ്ഥാനം കൊടുക്കാത്തവര്‍ 2005ലെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കിനുവേണ്ടി എത്രമാത്രം പ്രാധാന്യവും സ്ഥലവും സമയവും അനുവദിച്ചു എന്നദ്ദേഹം പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും ദില്ലിയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുകയും അവരുടെ യൂണിയനുകള്‍ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്താല്‍ അഞ്ചോ ആറോ പത്രപ്രവര്‍ത്തകരായിരിക്കും പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നും, പത്രങ്ങള്‍ ഒരു ഫോട്ടോയും രണ്ടു കോളം വാര്‍ത്തയും നല്‍കിയായിരിക്കും ഇതിനോട് പ്രതികരിക്കുകയെന്നും സായിനാഥ് പറയുന്നു. എന്നാല്‍ 2004ലെ ലാക്മെ ഇന്ത്യ വീക്കിനെക്കുറിച്ച് പത്രങ്ങളില്‍ നാലുലക്ഷം വാക്കുകള്‍ അച്ചടിച്ചുവന്നു. ടെലിവിഷനുകളില്‍ 1000 മിനിട്ടിലധികം സമയം ലഭിച്ചു. ടി വിക്കുവേണ്ടി 800 മണിക്കൂര്‍ വീഡിയോ ഫുട്ടേജ് ഷൂട്ട് ചെയ്തു. 10000 റോള്‍ ഫിലിം ഫോട്ടോകള്‍ക്കായി ഉപയോഗിച്ചു. ഇത് നമ്മുടെ മാധ്യമങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് നല്‍കുന്ന മുന്‍ഗണനകളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന അറിവുകള്‍ ആവേണ്ടതാണ്.

രാഷ്ട്രീയപ്രവര്‍ത്തനം വെറുക്കപ്പെടേണ്ടതും അകലം സൂക്ഷിക്കേണ്ടതും ആയ ഒന്നായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാര്‍ത്തമാധ്യമങ്ങള്‍ ഏറെ സ്ഥലവും സമയവും വിനിയോഗിക്കുന്നത് രാഷ്ട്രീയത്തിനു വേണ്ടിയാണെന്നുള്ളതാണ് ഒരു വൈരുദ്ധ്യം. രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രമല്ല, ശാസ്ത്രം, സാംസ്കാരികം, പുസ്തകങ്ങള്‍ എന്നിവയ്ക്കൊക്കെ മതിയായ പ്രാധാന്യം നല്‍കേണ്ടതാണെങ്കിലും ആരും അത് നല്‍കുന്നില്ലല്ലോ. മാധ്യമങ്ങളുടെ വലതുപക്ഷ താല്‍പ്പര്യങ്ങളും സാമ്പത്തിക ബന്ധങ്ങളും ഇടതുപക്ഷാശയങ്ങളെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങളും കൂടുതല്‍ സമയവും കണ്ടെത്താനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. വലതുപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ട്, ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ മര്‍ദ്ദിതജനതയുടെ ഏക ആശ്രയവും കരുതല്‍ ധനവും അവര്‍ക്ക് സാധ്യമാവുന്ന സംഘടനാനിര്‍മ്മിതിയാണ്. നിവര്‍ന്നു നില്‍ക്കാനവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുന്നത് അവര്‍ തന്നെ പൊരുതിയുണ്ടാക്കിയ സംഘടനകളാണ്. പ്രത്യേകിച്ചും ഇടതുപക്ഷ സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഈ സംഘടനകളുടെ ഏകശിലാരൂപത്തിലുള്ള ഘടനയെയും കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവമുതലാളിത്തത്തിനും മുമ്പോട്ടു സഞ്ചരിക്കാനാവൂ. അതുകൊണ്ടവര്‍ക്ക് സംഘടനയെ തകര്‍ക്കാന്‍ ആധുനികമായ പുതിയ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം ക്രിമിനലുകളാണെന്നും പുരോഗമനവിരുദ്ധരാണെന്നും മാര്‍ക്സിസ്റ്റ് നയങ്ങളെ കയ്യൊഴിയുന്നവരാണെന്നും പ്രചരിപ്പിക്കുകയും വ്യക്തി പ്രഭാവസിദ്ധാന്തം പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് സംഘടനതന്നെ അപകടകരമാണെന്നും വ്യക്തികളാണ് പോരാളികളെന്നും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തങ്ങളുടെ രാഷ്ട്രീയസാംസ്കാരിക അറിവുകള്‍ രൂപീകരിക്കുന്നതിന് സമൂഹം ഏറെക്കുറെ ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. കേരളം മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതല്‍ ഒരു മാധ്യമാശ്രിതസമൂഹമായതുകൊണ്ട്. മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ വലതുപക്ഷാനുകൂലമാക്കിത്തീര്‍ക്കുന്നതിന് ജനവിരുദ്ധശക്തികള്‍ക്ക് സാധ്യമാവുന്നുണ്ട്. സാര്‍വ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തേക്കും അതിന്റെ സംഘടനാബലത്തിലേക്കും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതുകൊണ്ട്, ഈ മാധ്യമങ്ങള്‍ക്കും അതിന്റെ പിറകിലുള്ള ശക്തികള്‍ക്കും കൂടുതല്‍ ഇടതുപക്ഷവിരുദ്ധമായ ഒരാശയാടിത്തറ പണിതുയര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് അതിനായി ഇടതുപക്ഷ ശക്തികളുടെ നേതൃനിരയിലുള്ള സി പി ഐ (എം)ന്റെ സംഘടനാശേഷിയെയും തീരുമാനങ്ങള്‍ക്ക് രൂപംകൊടുക്കുന്ന സംഘടനാസംവിധാനങ്ങളെയും ദുര്‍ബ്ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അതിനായിട്ടാണ് ചരിത്രപ്രക്രിയയുടെ ഭാഗമെന്ന നിലയിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളെ വേര്‍പെടുത്തി തമസ്കരിക്കുകയും പകരം വ്യക്തികളുടെ പൊലിപ്പിച്ചെടുക്കുന്ന അതിശയോക്തി കലര്‍ന്ന സാങ്കല്‍പ്പിക സിദ്ധികളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് ഒരു യുദ്ധതന്ത്രം മെനയുകയും ചെയ്യുന്നത്. ഒരു സംഘടനയ്ക്കകത്ത് വളര്‍ന്നു വരാവുന്ന നിരവധി പ്രശ്നങ്ങളെ, ആശയവ്യതിയാനങ്ങളെ, പ്രത്യയശാസ്ത്രചര്‍ച്ചകളെ, പുതിയ കുതിപ്പുകളെ, ഒക്കെ നല്ല വ്യക്തികളും ചീത്തവ്യക്തികളും തമ്മിലുള്ള അധികാരപോരാട്ടമായി ചുരുക്കുകയും സംഘടനകളെയും സമൂഹത്തെ തന്നെയും അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സംഘടനയെ ദുര്‍ബ്ബലപ്പെടുത്താനും തകര്‍ക്കാനുമായാല്‍ തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകള്‍ എതിര്‍പ്പുകളില്ലാതെ ശക്തമായി നടപ്പിലാക്കാനാവും എന്നവര്‍ക്കറിയാം. മാധ്യമങ്ങളിലെ 'വിദഗ്ധരെ' കൂട്ടുപിടിച്ചുകൊണ്ട് അവര്‍ സി പി ഐ (എം) നുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയും തലകീഴായി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ സിപി ഐ (എം)ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വലവിജയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നു വരെ മാധ്യമങ്ങള്‍ എഡിറ്റോറിയലുകളും ഫീച്ചറുകളും എഴുതി. 'വി എസ് നേടിയ വിജയം പിണറായി കൈപ്പിടിയിലൊതുക്കുന്നു' എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് പാര്‍ട്ടി സംഘടനയെ അപ്രസക്തമാക്കുന്നു.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പുവിഭജനത്തിലും സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണകാര്യങ്ങളിലും സി പി ഐ (എം)ന് എന്തവകാശം എന്ന അസാധാരണവും അസംബന്ധജഡിലവുമായ ചോദ്യം, മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. ഈ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കും ജനജീവിതത്തിനും അതീവഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നു എന്ന രീതിയില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് ഭരണം എ കെ ജി സെന്ററില്‍ നിന്നാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. സി പി ഐ (എം) ന്റെ നേതൃത്വത്തിലുള്ള മുന്നണി ജയിച്ചുവന്നാല്‍ എ കെ ജി സെന്ററില്‍ നിന്നു തന്നെയാണ് ഭരണസംവിധാനത്തെയാകെയും മന്ത്രിസഭയെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതെന്ന ജനാധിപത്യത്തിന്റെ പ്രാഥമികയാഥാര്‍ഥ്യത്തെ നുണപ്രചരണങ്ങള്‍ക്കൊണ്ട് ഈ മാധ്യമങ്ങള്‍ തമസ്കരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മുമ്പോട്ട് വെക്കുന്ന നയപരിപാടികളുടെ അടിസ്ഥാനത്തില്‍, അതാത് പാര്‍ട്ടികള്‍ തന്നെ തീരുമാനമെടുത്തു സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയും മത്സരരംഗത്തിറക്കി വിജയം നേടുകയുമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാര്‍ട്ടി രംഗമൊഴിയുകയും വെറും നോക്കുകുത്തികളായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 'മാധ്യമവിദഗ്ധന്മാരുമായി തികച്ചും സുതാര്യവും ജനാധിപത്യപരവുമായ ഒരു സംവാദം കേരളത്തിലുയര്‍ന്നു വരേണ്ടതുണ്ട്.

ജനങ്ങള്‍ ഏതെങ്കിലും കുറെ വ്യക്തികളുടെയോ നേതാക്കന്മാരുടെയോ മേന്മകളെ കണ്ടുകൊണ്ടല്ല വോട്ടു ചെയ്യുന്നതെന്നും തികച്ചും രാഷ്ട്രീയമായ അടിസ്ഥാനത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അറിയാത്ത നിഷ്കളങ്കരോ അജ്ഞാനികളോ അല്ല മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും. ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ സംരക്ഷിക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണം നല്‍കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നറിയാത്തവരല്ല നമ്മളുടെ മാധ്യമങ്ങള്‍. സി പി ഐ (എം)ന്റെ ആസ്ഥാനം എ കെ ജി സെന്ററിലാണെന്നുള്ളതുകൊണ്ടു തന്നെ തീര്‍ച്ചയായും ഭരണകാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ ജനങ്ങള്‍ക്കനുകൂലമായിത്തീരുന്നതിനുവേണ്ടി നിരന്തരമായും സൂക്ഷ്മമായും ഭരണകാര്യങ്ങളെയും നടപടികളെയും അവിടെനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. ഇന്ന് ഭരണം എ കെ ജി സെന്ററിലാണെന്നും പിണറായി വിജയനാണ് നയിക്കുന്നതെന്നും വിലപിക്കുന്നതിന്റെ പുറകില്‍ നേരത്തെപറഞ്ഞ അജന്‍ഡകളുണ്ട്. സംഘടനകളെയും ഭരണകൂടസമ്പ്രദായങ്ങളെയും സ്ഥാപനങ്ങളെയും തീര്‍ത്തും അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട്, അതൊക്കെ ജനാഭിലാഷങ്ങള്‍ക്കും സാമാന്യനീതിക്കും എതിരാണെന്ന് വരുത്തിതീര്‍ക്കുകയും പകരം ഒറ്റയാള്‍ പോരാട്ടങ്ങളുടെ ആള്‍ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിലെ ഇടതുപക്ഷാഭിമുഖ്യത്തെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കമ്യൂണിസ്റ്റ് വിരുദ്ധര്‍, മുന്‍ കമ്യൂണിസ്റ്റുകാര്‍, രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ നക്സലൈറ്റുകള്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍, വര്‍ഗീയവാദികള്‍, സമഗ്രമായ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന ചില പ്രത്യേകവിഭാഗത്തില്‍പ്പെട്ട ആക്ടിവിസ്റ്റുകള്‍, എന്നിവരൊക്കെ പുതിയകാലത്തിന്റെ അപ്പസ്തോലന്മാരായും വലിയ വിപ്ലവകാരികളായും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഒരു പുതിയ മുന്നണി കേരളത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നണി ഫലത്തില്‍ വലതുപക്ഷ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു.

ഈ മുന്നണിയെ രഹസ്യമായും പരസ്യമായും പിന്തുണച്ചിരുന്ന മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് മുന്നണിയുടെ ഘടകകക്ഷികളായി പ്രവര്‍ത്തിക്കുന്ന കാഴ്ച കേരളീയരുടെ മുമ്പിലുണ്ട്. മനോരമ, ദീപിക, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ പരമ്പരാഗതമായി തന്നെ എക്കാലത്തും ഇടതുപക്ഷവിരുദ്ധമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരും ആകയാല്‍ വായനക്കാര്‍ അവരുടെ വാര്‍ത്തകളെയും അഭിപ്രായങ്ങളെയും വിവേചനബുദ്ധിയോടെയും സൂക്ഷ്മതയോടെയും വായിച്ചറിയാന്‍ സ്വയം പരിശീലനം നേടിയുള്ളവരാണ്. എന്നാല്‍ മാതൃഭൂമി ദിനപത്രം ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന പാരമ്പര്യമുള്ള പത്രമെന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരവും വിശ്വാസ്യതയും നേടിയതായിരുന്നു. പക്ഷേ കാലക്രമേണ ആ പത്രം ഒരു വ്യവസായ സ്ഥാപനമായി വളരുകയും ദേശീയസമരങ്ങളുടെ ഭാഗമായിരുന്നതിന്റെ പാരമ്പര്യത്തെയും വിശ്വാസ്യതയെയും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കായും മറ്റ് വലതുപക്ഷ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമായി വിനിയോഗിച്ചു ചെയ്തുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് എതിര്‍ത്തുവന്നിരുന്ന കെ പി കേശവമേനോന്റെയും മറ്റുള്ളവരുടെയും മര്യാദകളും നൈതികബോധവും ധാര്‍മ്മികതയും സാംസ്കാരിക ഔന്നത്യവും പില്‍ക്കാലത്ത് മാതൃഭൂമി പൂര്‍ണമായും കയ്യടക്കിയവര്‍ക്ക് ഇല്ലാതെയായി എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യം.

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തപ്പോള്‍ കേരളത്തിന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്ന ചില ധാരണകള്‍ രൂപപ്പെട്ടു. വീരേന്ദ്രകുമാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളിലൊരാളായതുകൊണ്ടും അദ്ദേഹം തന്നെ അമേരിക്കന്‍ സ്വാധീനത്താലുള്ള ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായും പരിസ്ഥിതി സംരക്ഷണത്തിനനുകൂലമായും മറ്റും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍കൊണ്ടും ഈ പത്രം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഒന്നാണെന്ന ഒരു ബോധം ഉണ്ടാക്കാനായി എന്നുള്ളതാണ് ഒരു ഘടകം. കുറേക്കാലത്തേക്കെങ്കിലും ഈ പത്രം സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷാനുകൂല പത്രമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ വീരേന്ദ്രകുമാറിന്റെ സാന്നിധ്യംകൊണ്ട് കഴിഞ്ഞു. അതുകൊണ്ട് ഈ പത്രം സി പി ഐ (എം) നും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനുമെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തിരുത്തലിന്റെയും തെറ്റ് ചൂണ്ടിക്കാട്ടലിന്റെയും ഉദ്ദേശ്യശുദ്ധിയുണ്ടെന്ന് കുറെ വായനക്കാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ ഗൂഢതന്ത്രങ്ങള്‍ക്കായിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി മാനേജ്‌മെന്റ് കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന അഭ്യാസങ്ങള്‍ അതിന്റെ പാരമ്യതയിലും അവസാനഘട്ടത്തിലുമാണ്. മനോരമയെ ഏറെ പുറകിലാക്കുന്ന തരത്തില്‍ തരംതാണ മാര്‍ക്സിസ്റ്റു വിരുദ്ധതയുടെ ഇടയലേഖനമായും ഗസറ്റായും ഈ പത്രം മാറിക്കഴിഞ്ഞു. മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സ്റ്റാഫും മറ്റ് ജീവനക്കാരും മാത്രമല്ല അതിന്റെ വായനക്കാരില്‍ നല്ലൊരു പങ്കും മാതൃഭൂമിയുടെ മുതലാളി കുറേനാളായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുവേട്ടയുടെ ദല്ലാള്‍ പണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ജനതാദളിന് കോഴിക്കോട്ട് സീറ്റ് ലഭിക്കാതെ ആയതോടെ സമനില നഷ്ടമായ ഭീകരവാദികളെപ്പോലെ വീരേന്ദ്രകുമാര്‍ നേരിട്ട് എഡിറ്ററുടെ ചുമലിലെ എഡിറ്ററായി അമര്‍ന്നിരുന്ന് രണ്ടും കയ്യും കൊണ്ട് ആക്രാന്തത്തോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെയും യു ഡി എഫിനനുകൂലമായും കഥകളെഴുതിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമിയുടെ പുതിയ എഡിറ്ററായി കെ പി കേശവമേനോന്റെ കുടുംബപാരമ്പര്യവും ഹിന്ദുപത്രത്തിന്റെ അന്തസ്സിന്റെയും ധാര്‍മ്മികതയുടെയും പരിശീലനവും കൈമുതലാക്കിയുള്ള ഒരാള്‍ ചുമതലയേറ്റിരുന്നു എന്ന് കേട്ടുവെങ്കിലും അദ്ദേഹത്തെ വീരേന്ദ്രകുമാര്‍ ഇരുട്ടുമുറിയിലടച്ചിട്ടുണ്ടാവും എന്ന് കരുതാനേ ഇപ്പോള്‍ പുറത്തിറങ്ങുന്ന മഞ്ഞപ്പത്രനിലവാരമുള്ള പത്രത്താളുകള്‍ കാണുമ്പോള്‍ തോന്നുകയുള്ളൂ. ക്രൈമും അതിന്റെ ഉടമസ്ഥനുമായുള്ള വീരേന്ദ്രകുമാറിന്റെ ആത്മബന്ധം മാതൃഭൂമി പത്രത്തെയും പൂര്‍ണമായും മഞ്ഞയാക്കിയിരിക്കുന്നു എന്ന് ഖേദത്തോടെ അതിന്റെ വായനക്കാര്‍ മനസ്സിലാക്കുന്നു.

പിണറായി വിജയനെതിരെയും സി പി ഐ (എം)നെതിരെയും നേരത്തെ കൊടുത്ത കള്ളത്തരങ്ങള്‍ തന്നെ വാചകഘടന മാറ്റി പുതിയതെന്നനിലയില്‍ ദിവസവും അച്ചടിച്ചുകൊണ്ടിരിക്കുന്നു. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന മാതൃഭൂമി യു ഡി എഫ്, യു പി എ പുകഴ്ത്തലുകള്‍കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധസമരപോരാളിയായി സ്വയം അഭിരമിക്കുന്ന വീരേന്ദ്രകുമാറിന്റെ പത്രം 10000 കോടി രൂപയുടെ ഇസ്രായേല്‍ ആയുധക്കച്ചവടത്തെക്കുറിച്ച് മൌനം പാലിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വഇടപെടലും സമ്മര്‍ദ്ദവും കൊണ്ടുണ്ടായിട്ടുള്ള. ദൂരവ്യാപകഫലങ്ങളുളവാക്കുന്ന ഇസ്രായേല്‍ ആയുധ ഇടപാടിലെ അഴിമതിയും മറ്റ് രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഈ പത്രത്തിനും അതിന്റെ തലവനും ഒരു കോളം വാര്‍ത്തയുടെ പ്രാധാന്യം മാത്രമേയുള്ളൂ.

ഏപ്രില്‍ 9, 10 തീയതികളിലെ മാതൃഭൂമിയിലെ ചില വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു പത്രത്തിന്റെ ധാര്‍മ്മികാധപതനത്തിന്റെയും കൂലിത്തല്ല് ധാര്‍ഷ്ട്യത്തിന്റെയും അവസ്ഥ മനസിലാകും. "9-ലെ പത്രത്തിലെ പ്രധാന വാര്‍ത്ത "ഉച്ചഭക്ഷണപ്പണം കൊണ്ട് ആഡംബരക്കാറുകള്‍ വാങ്ങുന്നു.'' എന്നാണ്. ഉച്ചഭക്ഷണം കഞ്ഞിയും പയറുമായിരുന്നതിനെ ചോറും കറികളുമാക്കി മാറ്റുകയും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ഒരു സര്‍ക്കാരിനെതിരായാണ് ഈ വാര്‍ത്ത എന്നോര്‍ക്കണം. സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവുമായി ബന്ധപ്പെട്ട് ആറു വലിയ വാര്‍ത്തകളും നാലു ചിത്രങ്ങളും ആണ് നല്‍കിയിട്ടുള്ളത്. ഒരു സോണിയ സപ്ലിമെന്റ്. അന്നു തന്നെ മറ്റൊരു ദേശീയ നേതാവ് പ്രകാശ് കാരാട്ട് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഒരു കോളം വാര്‍ത്തയോ ചിത്രങ്ങളോ നല്‍കിയിട്ടില്ല. 10-ാം തീയതി വീണ്ടും സോണിയ ഗാന്ധി ഗസറ്റ്. തലക്കെട്ട് ഇങ്ങനെ: "ഇന്ദിരയുടെ ശൈലിയില്‍ സോണിയ; ഊര്‍ജ്ജസ്വലമായി യു ഡി എഫ്.'' കോണ്‍ഗ്രസിറക്കുന്ന നോട്ടീസുകളില്‍ പോലും അവര്‍ പ്രയോഗിക്കാന്‍ മടിക്കുന്ന വിശേഷണങ്ങളോടെയുള്ള ഈ വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ ഇടതുപക്ഷമുന്നണിയെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുന്ന ഒരു വീരേന്ദ്രകുമാര്‍ ഈ വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം.

സാമ്രാജ്യത്വത്തിന്റെ സൂക്ഷ്മമായ ഇടപെടലുകളും നിയന്ത്രണവും നിരീക്ഷണവും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് ആഗോള മാധ്യമങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പരിശോധിക്കുന്നവര്‍ക്കറിയാന്‍ കഴിയും. അനന്തവും അജ്ഞാതവുമായ രീതികളിലൂടെ മാധ്യമങ്ങളുടെ നയങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൂട്ടാളികളും ഇടപെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. ചിലത് അവര്‍ നിയന്ത്രിക്കുകയും ചിലത് അവര്‍ നേരിട്ട് വിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂലധന താല്‍പ്പര്യങ്ങളുടെ പങ്കുകച്ചവടക്കാരനും ആഗോള മാധ്യമസാമ്രാജ്യത്തിന്റെ തമ്പുരാനുമായ റൂപ്പോര്‍ട്ട് മുര്‍ദോക് കേരളത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ വിലയ്ക്കുവാങ്ങിക്കൊണ്ട് അതിന്റെ സാമ്രാജ്യത്വ സാന്നിധ്യത്തെ അറിയിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റ് വാര്‍ത്തകളുടെയും പരിപാടികളുടെയും മാറ്റം പരിശോധിച്ചാല്‍ അത് മനസ്സിലാവും. അവരും മുര്‍ദോക്കിന്റെ നിര്‍ദ്ദേശാനുസരണം മാര്‍ക്സിസത്തെ രക്ഷിക്കാനും സി പി ഐ (എം)നെ നേര്‍വഴിക്ക് നടത്താനുമുള്ള വിപ്ലവപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. മുര്‍ദോക്കിന്റെ മാധ്യമ സാമ്രാജ്യത്തില്‍ ഏഷ്യാനെറ്റ് അതിന്റെ വലിപ്പവും കച്ചവടസാധ്യതയും ലാഭവും വെച്ച് കണക്കാക്കുമ്പോള്‍ വളരെ അപ്രസക്തമാണ്. പക്ഷേ ചാനലിന്റെ വരുമാനത്തിനപ്പുറമുള്ള അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഈ കച്ചവടത്തിനു പിറകിലുള്ള പ്രേരണയെന്ന് കാണാന്‍ വിഷമമില്ല. അവര്‍ നടത്തുന്ന ചര്‍ച്ചകളും വിശകലനങ്ങളും തെരഞ്ഞെടുപ്പ് സര്‍വ്വേകളും ഒക്കെ വിദേശനിയന്ത്രിത താല്‍പ്പര്യങ്ങളുടെ കാണാമറയത്ത് നിന്ന് പ്രത്യക്ഷ ഇടപെടലിന്റെയും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയും സാന്നിധ്യമായി മാറുന്നത് വേഗം തിരിച്ചറിയാനാകും.

ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കണ്ടെത്തി ജനങ്ങള്‍ക്കെത്തിക്കുകയും ജനങ്ങളുടെ പീഢിതാവസ്ഥകളില്‍ അവരുടെ നാവായി സംസാരിക്കുകയും ചെയ്യുകയല്ല ചെയ്യുന്നത്. അവര്‍ സ്വന്തം രാഷ്ട്രീയ-മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും ജനങ്ങളെ ബന്ദിയാക്കി നാവരിഞ്ഞു കൊണ്ട് അധാര്‍മ്മികമായി നിര്‍മ്മിക്കുന്ന വാര്‍ത്തകളുടെ വാറ്റുചാരായം വായിലേക്കൊഴിച്ചുകൊടുത്തു കൊണ്ടിരിക്കുകയുമാണ്. ഈ മാധ്യമമുന്നണിക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ചീത്തവിളിക്കാം, അവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ നുണക്കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം, ഏത് വ്യക്തികളുടെയും സ്വകാര്യതകളിലേക്ക് ഇടിച്ചു കയറാം, എന്ത് വേണമെങ്കിലും ചെയ്യാം. അവര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍, മറുത്തൊരു ന്യായമോ, യാഥാര്‍ഥ്യമോ ചൂണ്ടിക്കാണിക്കുകയോ, എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭൂമി മലയാളത്തെ കീഴ്‌മേല്‍ മറിക്കും. തീര്‍ച്ചയായും ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി, പടയാളികളായി, അതിരുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യത്തോടെ പത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സ്വയം ഓര്‍മ്മിപ്പിക്കുന്ന ധാര്‍മ്മികത എപ്പോഴും പേനത്തുമ്പിലും ക്യാമറക്കണ്ണുകളിലും ജാഗ്രതയോടെ ഒരുങ്ങിനില്‍ക്കണം. പത്രങ്ങളുടെ സാമ്രാജ്യത്തിലേക്ക് ടെലിവിഷന്‍ ചാനലുകള്‍ കൂടി എത്തിയതോടെ ജനാധിപത്യത്തിന്റെ കാവല്‍ കൂടുതല്‍ ശക്തമാവേണ്ടതാണ്. പക്ഷേ കാര്യമായ രാഷ്ട്രീയ ബോധമോ, ചരിത്രബോധമോ, മാധ്യമ സംസ്കാരമോ ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരും വ്യാഖ്യാതാക്കളും ടെലിവിഷന്റെ ദൃശ്യസാധ്യതയുടെയും അധികാരത്തിന്റെയും പേരില്‍, വിലസുകയാണ്. അവര്‍ എല്ലാ ദിവസവും തല്‍സമയറിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും നിഗമനങ്ങളും നല്‍കുകയും ചര്‍ച്ചകളില്‍ പ്രമുഖരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഇടപെടുകയും ചെയ്തുകൊണ്ട്, ശക്തമായ അധികാരസാന്നിധ്യമായിത്തീരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരിലും നേതാക്കളിലുംപെട്ട പലര്‍ക്കും ഇവരെ പേടിയോ ആവശ്യത്തില്‍കവിഞ്ഞ ബഹുമാനമോ ആണ്. അവര്‍ പിണങ്ങിയാല്‍ സ്വന്തം രാഷ്ട്രീയ ഭാവി തകരുമോ എന്ന് ഭയക്കുന്നവരാണ് കൂടുതലും.

കുറേ നാളുകളായി മലയാള മാധ്യമ രംഗത്ത് നടക്കുന്ന വേട്ടകളുടെയും ആക്രമണങ്ങളുടെയും പിന്നാമ്പുറക്കഥകള്‍ അന്വേഷിക്കേണ്ടതുണ്ട്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധോലോകനായകന്റെയും വില്ലന്റെയും അഴിമതിക്കാരന്റെയും ഒരു മുഖം നിര്‍മ്മിച്ച് കൊടുത്തിരിക്കുകയാണ് ഈ സംഘം. പിണറായി വിജയന്‍ നേരിട്ടിട്ടുള്ളതു പോലെയുള്ള സംഘടിതമായ ആക്രമണം ഒരുപക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനു നേരെയും ഉണ്ടായിട്ടുണ്ടാവില്ല. ഈ ആക്രണണങ്ങളുടെയും കള്ളത്തരങ്ങളുടെയും ഫലമായി ഈ മനുഷ്യന്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് സാധാരണഗതിയില്‍ അപ്രത്യക്ഷനാവേണ്ടതാണ്. ഫാരിസ് അബൂബേക്കര്‍, ലാവ്ലിന്‍ അഴിമതി, കമ്യൂണിസത്തെ കയ്യൊഴിഞ്ഞവന്‍, മുതലാളിമാരുടെ കൂട്ടുകാരന്‍, ആഡംബരജീവിതം നയിക്കുന്നവന്‍ എന്നൊക്കെപ്പറഞ്ഞ് കെ എം മാത്യുവിന്റെ മനോരമയും മനോരമവിഷനും വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും മുര്‍ദോക്കിന്റെ ഏഷ്യാനെറ്റും മുനീറിന്റെ ഇന്താവിഷനും ഒക്കെ തുടര്‍ച്ചയായ ആക്രമണം ആസൂത്രിതമായി നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഇവരും ഇവരുടെ മാധ്യമസിന്‍ഡിക്കേറ്റും മറന്നു പോയ ചില ചരിത്രപാഠങ്ങളുണ്ട്. പിണറായി വിജയന്‍ തന്നെ അവര്‍ക്കൊരു പാഠമാകേണ്ടതാണ്. സി പി ഐ (എം) സംഘടനയും അതിന്റെ അംഗങ്ങളും അനുഭാവികളും പിണറായി വിജയനെ വെറുക്കുകയും കയ്യൊഴിയുകയും ചെയ്തു എന്നാണവര്‍ രഹസ്യമായും പരസ്യമായും പറയുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ പിണറായി വിജയന്‍ ശക്തനായ സംഘാടകനും നേതാവുമായി വര്‍ദ്ധിച്ച ജനപിന്തുണയോടെ പാര്‍ട്ടിയെ നയിക്കുന്നത് നവകേരളമാര്‍ച്ചിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നില്ല. പകരം അവരുടെ വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാണിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നവരെ അവര്‍ വൈരാഗ്യബുദ്ധിയോടെ തമസ്കരിക്കുകയും ചെയ്യുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. മാതൃഭൂമി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും വ്യാഖ്യാനങ്ങളും നല്‍കിക്കൊണ്ടിരിക്കുകയും മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ അസംബ്ളിയില്‍ നടത്തിയ കുറ്റസമ്മതപ്രസംഗം തമസ്കരിക്കുകയും ചെയ്തപ്പോള്‍ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞനും കഥാകൃത്തുമായ ഡോ. എന്‍ എം മുഹമ്മദാലി വായനക്കാരന്‍ എന്ന നിലയില്‍ പത്രാധിപര്‍ക്ക് ഒരു കത്തെഴുതിക്കൊണ്ട് പത്രത്തിന്റെ ദേശീയ സ്വാതന്ത്ര്യസമരപാരമ്പര്യവും ധാര്‍മ്മികതയും ഓര്‍മ്മിപ്പിച്ചു. ഡോ. എന്‍. എം. മുഹമ്മദാലിയുടെ അഞ്ചുകഥകള്‍ മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നു. പക്ഷേ ഈ കത്തിനു ശേഷം അദ്ദേഹത്തിന്റെ കഥകളുടെ നിലവാരം കുറഞ്ഞുപോവുകയും കഥകള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. ഡോ. മുഹമ്മദാലിയുടെ അനുഭവം ഉണ്ടാവാതിരിക്കാന്‍ പ്രശസ്തരായ എഴുത്തുകാരൊക്കെ ശ്രദ്ധാലുക്കളാണ്. മറ്റൊന്ന് കഥാകൃത്ത് ആര്‍ ഉണ്ണിയുടെ 'ഞാന്‍ ആര്‍ എസ് എസു കാരനായിരുന്നു' എന്ന കുറ്റ സമ്മതലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതിനെതിരെ നടന്ന കോലാഹലമാണ്. ഈ ലേഖനം അച്ചടിച്ചതിന്റെ ഉത്തരവാദിയായ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവിനെതിരെ സംഘപരിവാറിന്റെ നിര്‍ദ്ദേശാനുസരണം രഹസ്യ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു എന്നുള്ളത് മാതൃഭൂമിക്കകത്തും പുറത്തും പ്രചരിച്ചിട്ടുള്ള സത്യമാണ്.

മാതൃഭൂമി പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരില്‍ ഒരു നല്ല വിഭാഗം സി പി ഐ (എം) ന്റെ അംഗങ്ങളോ അനുഭാവികളോ ഉണ്ടാവും. മാതൃഭൂമിയുടെ എം ഡി വീരേന്ദ്രകുമാറിന്റെ ധാര്‍മ്മികതയില്ലാത്ത നിലപാടിനെ നേരിടാന്‍, പാര്‍ട്ടി തീരുമാനമെടുത്താല്‍ മാതൃഭൂമി വായന ഉപേക്ഷിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. പക്ഷേ സി പി ഐ (എം) ഉയര്‍ന്ന ജനാധിപത്യബോധവും സഹിഷ്ണുതയും പുലര്‍ത്തുന്നതുകൊണ്ട് അത്തരം തീരുമാനങ്ങളുണ്ടാകുന്നില്ല.

ഇത്ര പ്രകടമായും നഗ്നമായും വാര്‍ത്താമാധ്യമങ്ങള്‍ (പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍) പക്ഷം പിടിക്കുകയും എല്ലാ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ധാര്‍മ്മികതയും ലംഘിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരെ കളിക്കളത്തിലിറങ്ങുകയും ചെയ്തിട്ടുള്ള ഒരു കാലം കേരളം ദര്‍ശിച്ചിട്ടുണ്ടാവില്ല എന്ന് വളരെ മുതിര്‍ന്ന രാഷ്ട്രീയ നിരൂപകരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. ടെലിവിഷന്‍ ചാനലുകള്‍ ദിവസവും എവിടെനിന്നെങ്കിലും കെട്ടിയെഴുന്നെള്ളിക്കുന്ന രാഷ്ട്രീയമറിയാത്ത 'രാഷ്ട്രീയനിരീക്ഷകരു'ടെയും ധാര്‍മ്മികതയില്ലാത്ത 'മാധ്യമ വിദഗ്ധ' രുടെയും ജനുസില്‍പ്പെട്ടവരെക്കുറിച്ചല്ല പറയുന്നത്. സി പി ഐ (എം) നോട് കടുത്ത ശത്രുതയുള്ളവരെല്ലാം ഇന്ന് മാധ്യമവിദഗ്ധരും രാഷ്ട്രീയനിരീക്ഷകരുമായി ചാനലുകളിലൂടെ വാഴിക്കപ്പെടുകയാണ്. അപ്പുക്കുട്ടന്‍ വളളിക്കുന്നു മുതല്‍ രാജേശ്വരിയായി അഴിഞ്ഞാടുന്ന അഡ്വ. ജയശങ്കര്‍ വരെയുള്ളവരുടെ അശ്ളീലങ്ങളെ ദിവസവും സഹിക്കേണ്ടിവരുന്ന കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു എന്നുള്ളത് ഒരത്ഭുതമാണ്. പീഡനങ്ങള്‍ സഹിക്കാനാവാതെ വരുമ്പോഴാണല്ലോ മനുഷ്യര്‍ ആത്മഹത്യയിലഭയം തേടുന്നത്.

ടെലിവിഷന്‍ ചാനലുകളെല്ലാം തന്നെ കളിക്കളത്തിലിറങ്ങിക്കളിച്ചുകൊണ്ടിരിക്കുകയാണ്. അമ്പയര്‍മാരാവേണ്ടവര്‍ പക്ഷം ചേര്‍ന്നുകൊണ്ട് എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിക്കുകയാണ്. മലയാളത്തിലെ ചെറുതം വലുതുമായ പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയിലെ ഭൂരിപക്ഷവും സി പി ഐ (എം) നെതിരെയുള്ള മുന്നണിയിലെ സഖ്യകക്ഷികളായി മാറിയിരിക്കുന്നു. എല്ലാവരും പ്രത്യേക പതിപ്പുകളും, വാര്‍ത്തകളും, പരിപാടികളും, വോട്ടുവണ്ടികളും, പടക്കളങ്ങളും, പോര്‍ക്കളങ്ങളുമൊക്കെയായി വേട്ടക്കാരുടെ വന്യമായ ആഹ്ളാദത്തോടെ ഇറങ്ങിയിരിക്കുകയാണ്. ഇവരുടെയൊക്കെ വായനക്കാരോ പ്രേക്ഷകരോ ആണ് കേരളത്തിലെ 95 ശതമാനം ആളുകളും എന്നിരിക്കെ, കമ്യൂണിസ്റ്റു വിരുദ്ധതയുടെ വിഷം കലര്‍ന്ന ഈ സാംസ്കാരിക പരിസ്ഥിതിയില്‍ നിന്ന് ഭൂരിപക്ഷം ആളുകളും സ്വയം രക്ഷപ്പെടുകയും അവര്‍ സ്നേഹിക്കുന്ന ഇടതുപക്ഷശക്തികളെ സംരക്ഷിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഫാസിസ്റ്റുശക്തികളെയും വീണ്ടും വിറളിപിടിപ്പിക്കുന്നുണ്ട്: ഇടതുപക്ഷത്തിന്റെ ഗോള്‍ മുഖത്തേക്ക് നുണപ്രചാരണങ്ങളുടെ പന്തുമായി കുതിക്കുന്ന മാധ്യമങ്ങളുടെ (അമ്പയര്‍മാരായി നില്‍ക്കേണ്ട മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂലിത്തല്ലുകാരും ദല്ലാളന്മാരുമായി മാറുകയാണ്) ആക്രമണങ്ങളെ ചെറുക്കാന്‍ പ്രേക്ഷകരായിരിക്കുന്ന ജനങ്ങള്‍ ഗ്രൌണ്ടിലിറങ്ങുകയും ഗോള്‍മുഖം സംരക്ഷിക്കുകയും ചെയ്യും എന്ന് എല്ലാവരും ഓര്‍മ്മിക്കുന്നത് നന്ന്.

*
വി കെ ജോസഫ് കടപ്പാട്: യുവധാര 2009 മെയ് ലക്കം

Tuesday, May 26, 2009

കമ്പോളവ്യവസ്ഥയ്ക്ക് എതിരായ വോട്ട് കമ്പോള വക്താക്കള്‍ വാങ്ങി വെച്ചപ്പോള്‍!

സ്വതന്ത്രവിപണിവ്യവസ്ഥയുടെ ദയനീയ പരാജയത്തിന്റെ നടുവില്‍ നിന്നുകൊണ്ടാണ് നമ്മുടെ ദേശീയ തെരഞ്ഞെടുപ്പ് നടന്നത്. ഉദാരവല്‍ക്കരണത്തിന് നാന്ദി കുറിച്ചവരും ഘട്ടംഘട്ടമായി അത് ഏറ്റെടുത്തവരുമാണ് കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ എത്തിയത്. കമ്പോളനയങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യയില്‍ ഏകകക്ഷിഭരണം ഇതുവരെ സാദ്ധ്യമായിട്ടില്ല. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെയുള്ള, അതിന്റെ കടുത്ത ചൂഷണത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇതിന് പിറകിലെന്ന് നമ്മളില്‍ പലരും മനസ്സിലാക്കുന്നില്ല. ഇത്തവണയും ജനവിധി വ്യത്യസ്ഥമായില്ല.

87 ശതമാനം വരുന്ന സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യാക്കാരുടെ നെഞ്ചില്‍ നിരന്തരം തീ കോരിയിടുകയാണ് ഉദാരവല്‍ക്കരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നയങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ഗ്രസ്സ് - ബി.ജെ.പി. സംഘടനകളെ മാറിമാറി പരീക്ഷിക്കുക എന്നതിനപ്പുറം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ പോംവഴികള്‍ ഇല്ലായിരുന്നുവെന്നത് സത്യം. അത്തരം അസന്നിഗ്ധതയുടെ നടുവിലേക്കാണ് ബദല്‍ നയങ്ങളും പരിപാടികളുമായി ഇടതുപക്ഷം ഉയര്‍ന്നുവന്നത്. ഇടതുപക്ഷപിന്തുണയില്ലാതെ ദേശീയാധികാരം സാദ്ധ്യമല്ലാത്ത അവസ്ഥയിലേക്ക് രാജ്യം 2004ല്‍ നടന്നുകയറുകയും ചെയ്തു.

എന്നാല്‍ നാലര വര്‍ഷം കോണ്‍ഗ്രസ് മുന്നണിയെ പാര്‍ലമെന്റില്‍ താങ്ങിനിര്‍ത്തിയ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ദയനീയമായി പിന്തള്ളപ്പെട്ടു. ലോകം തന്നെ സ്വതന്ത്രവിപണി വ്യവസ്ഥയുടെ ചൂതാട്ടങ്ങളുടെ പിഴയടക്കുന്ന സന്ദര്‍ഭം.. കമ്പോള വ്യവസ്ഥയ്ക്ക് ബദല്‍ അന്വേഷിക്കുന്ന കാലം.. എന്നിട്ടും ഇടതുപക്ഷം അപ്രസക്തമാകുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും എന്തിന് അമേരിക്കയിലും ജപ്പാനിലും വരെ കമ്പോളവ്യവസ്ഥക്ക് എതിരെ പടയൊരുക്കം തീവ്രമായിട്ടും എന്തുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷം പരാജയപ്പെട്ടു. ഈ അന്വേഷണം പ്രസക്തവും പ്രധാനവുമാണ്. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം, കമ്പോള വ്യവസ്ഥക്കുള്ള ജനകീയ അംഗീകാരമാണെന്ന് വിശകലനങ്ങള്‍ വരുന്നതിനാല്‍ അതിന് പിറകിലെ നേരന്വേഷിക്കേണ്ടത് അതിലും പ്രധാനമാണ്.

എങ്ങനെ കോണ്‍ഗ്രസ് വിജയിച്ചു

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജനവിധി അംഗീകരിക്കുക തന്നെ വേണം. എന്നാല്‍ ഇടതുപക്ഷം മുന്നോട്ടു വെച്ച കമ്പോളവിരുദ്ധനയങ്ങള്‍ വോട്ടിനിട്ടു തള്ളുകയായിരുന്നുവെന്ന വാദം വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. കോണ്‍ഗ്രസും അവരുടെ യജമാനന്‍മാരും സമ്പന്ന മാധ്യമരാജാക്കന്മാരുമാണ് ഇങ്ങനെ ഉദ്ഘോഷിക്കുന്നത്. വസ്തുതാപരമോ ദാര്‍ശനികമോ ആയി നിലനില്‍കാത്ത ഈ കപടജല്‍പ്പനത്തിന് അവരുടെ തന്നെ കൂട്ടത്തില്‍ നിന്ന് മറുപടിയും വന്നിട്ടുണ്ട്.

നോക്കൂ മെയ് 18ന്റെ പ്രമുഖമായൊരു സാമ്പത്തിക മാധ്യമത്തിന്റെ എഡിറ്റോറിയല്‍:

"ഈ വിജയം ദേശീയ ഖജനാവിന്റെ ചിലവില്‍ സംഘടിപ്പിക്കപ്പെട്ടതാണ്... ആറ് വ്യത്യസ്ഥ വഴികളിലൂടെ ഖജനാവില്‍ നിന്ന് ധനമൊഴുക്കിയതിന്റെ പ്രതിഫലം... അതിലാദ്യത്തേത് 1,96000 കോടി രൂപയുടെ രാസവളസബ്സിഡിയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിക്കപ്പെട്ട 22,000 കോടി രൂപയാണ് രണ്ടാമത്തേത്. പാചകവാതക മണ്ണെണ്ണ സബ്സിഡി ഇനത്തില്‍ കഴിഞ്ഞ 5 വര്‍ഷം ഖജനാവ് നല്‍കിയത് 1,52,000 കോടി രൂപയാണ്. നാലാമതായി ഭക്ഷ്യധാന്യങ്ങളുടെ അടിസ്ഥാനതാങ്ങുവില വര്‍ദ്ധിപ്പിച്ച വകയില്‍ 87,000 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചു... കാര്‍ഷികകടം എഴുതിതള്ളിയ വകയില്‍ 65,000 കോടി രൂപ. അവസാനമായി ഭക്ഷ്യസബ്സിഡിക്ക് സര്‍ക്കാര്‍ ചെലവാക്കിയത് 16,000 കോടി രൂപ. സര്‍ക്കാറിന്റെ ധനകമ്മി 12 ശതമാനം വരെ ഉയര്‍ത്തിയ ഈ ധൂര്‍ത്തിന്റെ ചിലവിലാണ് കോണ്‍ഗ്രസ് അധികാരം നേടിയിരിക്കുന്നത്. ഈ ധനചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനാവുമോ? അതില്ലാതെ സാമ്പത്തിക പരിഷ്കാരങ്ങള്‍ മുന്നോട്ട് പോകുമോ?''

ഏതാണ്ട് സമാനസ്വഭാവമുള്ള അഭിപ്രായങ്ങളാണ് ഒട്ടുമിക്ക ധനകാര്യപത്രങ്ങളും പ്രകടിപ്പിച്ചത്. ഇടതുപക്ഷ ചരടുകളില്ലാതെ സ്വതന്ത്രമായ ഭരണം സാദ്ധ്യമായെന്ന് കൊട്ടിപാടുന്ന വാര്‍ത്തകള്‍ അതിലെല്ലാം നിറയുകയാണ്. 100 ദിവസത്തേക്കും 5 വര്‍ഷത്തേക്കുമുള്ള അജണ്ടകള്‍ സമ്പന്നവ്യവസായസംഘടനകളുടെ പേരില്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഇടതുപക്ഷം പിടിച്ചുവാങ്ങി നല്‍കിയ വിജയം

142 സീറ്റുകളാണ് 2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയോ കാര്‍ഷിക കടാശ്വാസമോ അവരുടെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്നില്ല. മറിച്ച് ഉദാരവല്‍ക്കരണത്തില്‍ അഭിമാനിക്കുകയും 'തിളങ്ങുന്ന ഇന്ത്യ'യുടെ അവകാശം കോണ്‍ഗ്രസ്സിനാണെന്ന് അവരതില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. പൊതുമേഖലും സര്‍ക്കാര്‍ ബാങ്കുകളും ഇന്‍ഷൂറന്‍സും പെന്‍ഷനുമൊക്കെ വിദേശികള്‍ക്ക് വീതിക്കുമെന്നും അതിലുണ്ടായിരുന്നു. സബ്സിഡികള്‍ വികസനത്തിനെതിരാണെന്നും പൊതുവിതരണം ദരിദ്രര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും 2004ലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിന് ഇടതുപക്ഷപിന്തുണ അനിവാര്യമായതിനാല്‍ അവരുടെ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പൊതുമിനിമം പരിപാടി ഉണ്ടായി. സബ്സിഡികള്‍ നിലനിന്നതും ഒരിക്കലും ദഹിക്കാത്ത തൊഴിലുറപ്പ് പദ്ധതി മൂന്നാം വര്‍ഷം ഭാഗികമായി നടപ്പാക്കപ്പെട്ടതും ഇടതുപക്ഷത്തിന്റെ ചെലവിലാണന്നര്‍ത്ഥം. ധനകമ്മി 3 ശതമാനമായി ചുരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസ്സ് മന്ത്രിസഭ അത് 12 ശതമാനം വരെ ഉയര്‍ത്തി ചിലവഴിച്ചത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വപൂര്‍ണ്ണമായ ഇടപെടലുകള്‍ കൊണ്ടാണെന്ന് ചുരുക്കം. ഇവിടെ ഉദ്ധരിച്ച മുഖപ്രസംഗത്തില്‍ പറഞ്ഞതനുസരിച്ചുള്ള കോണ്‍ഗ്രസ് വിജയം ഖജനാവിന്റെ ചിലവിലായത് എങ്ങിനെയെന്ന് വ്യക്തമായല്ലോ. വേറൊരര്‍ത്ഥത്തില്‍ കമ്പോളവല്‍ക്കരണത്തില്‍ വെന്തുരുകിയ കര്‍ഷകരടക്കമുള്ള ദരിദ്രരുടെ ഇന്ത്യയ്ക്ക് തങ്ങളുടെ പരിമിത പാര്‍ലമെന്റ് അംഗങ്ങളുടെ സംഖ്യയയും ഇച്ഛാശക്തിയുമുപയോഗിച്ച് ഇടതുപക്ഷം പിടിച്ചുവാങ്ങി നല്‍കിയ സംഭാവനയാണ് യു.പി.എ. സര്‍ക്കാരിലൂടെ ജനങ്ങളിലെത്തിയത്, ഒപ്പം ഇപ്പോഴത്തെ വിജയവും.

വിജയത്തിന് കാരണമായ മറ്റ് വിഷയങ്ങള്‍

ഭരണ സ്ഥിരതയും വര്‍ഗ്ഗീയ വിരുദ്ധ സമീപനങ്ങളും ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഒലിച്ചുപോകാതെ ഇന്ത്യ നിലനിന്നതും കോണ്‍ഗ്രസ് വിജയത്തിന്റെ കാരണമായി മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. അധികാരത്തിന്റെ അപ്പം വീതിച്ചെടുക്കുന്നതിന് തുനിയാതെ നാലര വര്‍ഷം ജനോപകാരപ്രദമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിച്ച ഇടതുപക്ഷം സംഭാവനചെയ്തതാണ് ഇതെല്ലാം. സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയരുക മാത്രമാണ് ഇടതുപക്ഷ സമ്മര്‍ദ്ദങ്ങള്‍കൊണ്ടുണ്ടായത്. ഹിന്ദു തീവ്രവാദപരമായ സ്വാധീനം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ കടന്നുകയറാതെ കാവല്‍ നിന്നതും ഇടതുപക്ഷമാണ്. ഇതിന്റെയെല്ലാം പേരിലുള്ള വിജയം എങ്ങനെ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാവും?

ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഇന്ത്യ പിടിച്ചുനിന്നതിന് പിന്നില്‍ കോണ്‍ഗ്രസ്സോ സംഖ്യകക്ഷികളോ ഉണ്ടോ?”കമ്പോളസുനാമിയില്‍ ഒലിച്ചുപോവാതെ അപൂര്‍വ്വം ചില കൊടുങ്കാറ്റുകളില്‍ ഒതുങ്ങി ഇന്ത്യ നിലനിന്നതിന് ആരോടാണ് രാജ്യം കടപ്പെട്ടിരിക്കുന്നത്? സമ്പദ്ഘടന ശക്തമായ സര്‍ക്കാര്‍ നിയന്ത്രണത്തിലും ഉടമസ്ഥതയിലും തുടരുന്നു എന്നതുകൊണ്ടാണ് നാം തകരാതിരുന്നതെന്ന് മന്‍മോഹന്‍സിങ്ങുതന്നെ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ മേഖലകളിലേയും വിദേശനിക്ഷേപപരിധി എടുത്തുകളയുമെന്നും Capital Account Convertability 100 ശതമാനമാക്കുമെന്നും ഇന്ത്യന്‍ പൊതുമഖലയും ധനമേഖലയും സ്വകാര്യവല്‍ക്കരിക്കുമെന്നും എഴുതിവെച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റോ ആണ് 2004ല്‍ കോണ്‍സിന്റേത്. അധികാരത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഇതിനെല്ലാമുള്ള ബില്ലുകളുമായി അവര്‍ പാര്‍ലമെന്റില്‍ എത്തിയതാണ്. പാര്‍ലമെന്റിലും പുറത്തും പ്രതിബദ്ധതയോടെയുള്ള ചെറുത്ത് നില്‍പ്പ് നടത്തി കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തടയിട്ടത് ഇടതുപക്ഷമാണ്. അപ്പോള്‍ മഹാമാന്ദ്യവും ബാങ്കിംഗ് തകര്‍ച്ചയും കടുത്ത അരക്ഷിതാവസ്ഥയുമായി ഇന്ത്യയിലെത്താതിരുന്നതുകൊണ്ട് ഉണ്ടായ തെരഞ്ഞെടുപ്പ് വിജയം എങ്ങനെ കോണ്‍ഗ്രസ്സിന്റെ 'നന്മ'യുടെ പേരില്‍ നാം എഴുതിവെക്കും? നാലര വര്‍ഷം കഴിഞ്ഞ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിന് ശേഷം പണം കൊടുത്തുവാങ്ങിയ ഭൂരിപക്ഷത്തിന്റെ ചിലവില്‍ ഇന്‍ഷൂറന്‍സ്/പെന്‍ഷന്‍ ബില്ലുകള്‍ തിരക്കിട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചവരുടെ താല്‍പര്യം കറതീര്‍ന്ന കമ്പോളദര്‍ശനത്തില്‍ കുടികൊള്ളുന്നുവെന്നതിന് തെളിവെന്തിന്?

അപ്പോള്‍ ജനവിധിയുടെ പൊരുളെന്താണ്?

മൂക്കുകുത്തിവീണ സ്വതന്ത്രവിപണിവ്യവസ്ഥയുടെ കറതീര്‍ന്ന ആരാധകര്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിത്, അവരുടെ കാഴ്ചപാടുകള്‍ക്കെതിരെ അവരുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായതുകൊണ്ടാണ്. അതായത് സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ എല്ലാം കമ്പോളത്തെ ഏല്‍പ്പിക്കുമെന്ന് ആണയിട്ടവരുടെ പിന്നിലല്ല ജനങ്ങള്‍ അണിചേര്‍ന്നത്. ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്ന് വഴിമാറിനടന്നതിന്റെ ചിലവില്‍ 60 സീറ്റ് അധികം നേടാന്‍ കോണ്‍ഗ്രസ്സിന് ത്രാണിയുണ്ടായി. ഈ വിജയം ഇടതുപക്ഷം കോണ്‍ഗ്രസ്സിന് സമ്മാനിച്ചതാണെന്നത് പോലെ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ വിധിയെഴുത്ത്കൂടിയാവുന്നത് അതുകൊണ്ടാണ്. കമ്പോളസുനാമിയില്‍ ലോകമൊട്ടാകെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി മുറവിളികൂട്ടുമ്പോഴാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങള്‍ ദേശീയ ഖജനാവുകള്‍ മലര്‍ക്കെ തുറന്നുവെച്ച് കമ്പോളത്തെ ഊട്ടുമ്പോഴാണ് നാം വോട്ടുചെയ്തത്. ദേശസാല്‍ക്കരണത്തിനും ആസൂത്രണത്തിനും, നിയന്ത്രണങ്ങള്‍ക്കും കീഴടങ്ങുകയാണ് മുതലാളിത്തം. ഈ ചരിത്രഘട്ടത്തില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍ കോണ്‍ഗ്രസ് വെച്ച മാനിഫെസ്റോയില്‍ കമ്പോളമുദ്രാവാക്യങ്ങളെല്ലാം ആവര്‍ത്തിക്കപ്പെട്ടിരുന്നുവെന്ന് ഓര്‍ക്കുക. ഇടതുപക്ഷം കാരണം നടപ്പാകാതെപോയതെല്ലാം നടത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരായി വോട്ടു ചോദിച്ചവര്‍ നടപ്പാക്കാതിരുന്ന നിയോലിബറല്‍ അജണ്ടയുടെ പേരില്‍ വിജയം നേടിയിരിക്കുന്നു! തങ്ങള്‍ക്കെതിരായ ജനവിധിയില്‍ 'ജയിച്ചു കയറുകയെന്ന' ഗതികേടില്‍ വീണിരിക്കുന്ന കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് വേണ്ടത്.

ജനവിധിയുടെ ശരിയായ പൊരുള്‍ തിരിച്ചറിഞ്ഞ്, കമ്പോള വ്യവസ്ഥയുടെ കാലഹരണപ്പെട്ട നയങ്ങളും പരിപാടികളും വലിച്ചെറിയാന്‍ കോണ്‍ഗ്രസും കൂട്ടുകാരും തയ്യാറാവുന്നില്ലെങ്കില്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍പോലും ഈ വിജയത്തിന് നിലനില്‍പ്പുണ്ടാവില്ലെന്ന് ഉറപ്പാണ്.

*
അജയ്ഘോഷ് പി.എ.ജി ബുള്ളറ്റിന്‍ 71

Monday, May 25, 2009

കര്‍ഷകര്‍ക്കും മുസ്ളിങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു

2009 ലെ പൊതുതെരഞ്ഞടുപ്പ് ഫലം ഇടതുപക്ഷത്തിന് ഒരു കനത്ത ആഘാതമാണെന്നതില്‍ സംശയമില്ല. കഴിഞ്ഞ ലോക്സഭയില്‍ നേടിയ 61 എന്ന ചരിത്രപരമായ ഉയര്‍ന്ന എണ്ണം അവര്‍ക്ക് നിലനിര്‍ത്താനാവില്ല എന്നതുറപ്പായിരുന്നു. അതില്‍ ബഹുഭൂരിപക്ഷവും രണ്ട് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നേടിയതായിരുന്നു എന്നിരിക്കേ വിശേഷിച്ചും. എന്നാല്‍ ഇക്കുറി പകുതിയ്ക്കും താഴേയ്ക്ക് എത്തിയ വീഴ്ചയാകട്ടെ ഞെട്ടിക്കുന്നതാണ്.

ഇടതുകോട്ടകളായ പശ്ചിമബംഗാളിലെയും കേരളത്തിലെയും പ്രകടനം തന്നെയാണ് എല്ലാവരെയും ഏറെ അസ്വസ്ഥരാക്കുന്നത്. ഈ വന്‍വീഴ്ചയെ എങ്ങനെ വിശദീകരിക്കാം?

ഈ ചോദ്യം വളരെ പ്രസക്തമാണ്. കാരണം, ഇടതുപക്ഷം ഈ ആഘാതത്തെ മറികടന്ന് വീണ്ടും വളരുകയും രാജ്യമെങ്ങും അതിന്റെ സന്ദേശം വ്യാപിപ്പിക്കുകയും വേണമെങ്കില്‍ ഈ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് തന്ത്രങ്ങള്‍ മാറ്റിയേ തീരൂ.

രണ്ടിടത്തെയും പാഠങ്ങള്‍ വ്യത്യസ്തമാവാം. കേരളത്തിലെ ഇടതുമുന്നണിസര്‍ക്കാര്‍ സാമാന്യം ജനപ്രിയമാണെന്നും മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉയര്‍ന്ന അളവില്‍ ഇപ്പോഴും സ്വീകാര്യനാണെന്നും എല്ലാവരും സമ്മതിക്കുന്നു. പക്ഷേ, കേരളത്തില്‍ എന്നും തെരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും തമ്മിലുള്ള അന്തരം താരതമ്യേന കുറവായിരുന്നു. ഒപ്പം, എക്കാലവും കേരളത്തിലെ തെരഞ്ഞെടുപ്പുഫലത്തിലെ ആനുകൂല്യം ഇരുമുന്നണികള്‍ക്കും മാറിമാറിയാണ് ലഭിച്ചുപോന്നതും. അതായത്, ലഭിച്ച വോട്ടുകളുടെ ശതമാനത്തിലെ നേരിയ വ്യത്യാസം പോലും വലിയ പങ്ക് സീറ്റുകള്‍ ലഭിക്കാനോ നഷ്ടപ്പെടാനോ ഇടയാക്കും. ഇതാവാം ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഒപ്പം, ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ(മാര്‍ക്സിസ്റ്റ്)ലെ വിഭാഗീയതയെ സംബന്ധിച്ച വ്യാപകമായ പൊതുധാരണ ജനങ്ങളിലുണ്ടാക്കിയ അസ്വസ്ഥത മുന്നണിയെ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചു.

ഈ തെരഞ്ഞെടുപ്പിന് മുമ്പായി ചില ചെറുപാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യത്തോട് സൃഷ്ടിക്കപ്പെട്ട കടുത്ത എതിര്‍പ്പും മുന്നണിക്ക് ദോഷകരമായി.

പശ്ചിമബംഗാളിലെ ചിത്രം കുറച്ചുകൂടി അസ്വാസ്ഥ്യജനകമാണ്. ഭരണത്തിലിരിക്കുന്ന മുന്നണിക്കെതിരായി വന്‍തോതില്‍ വോട്ടുകള്‍ മറിഞ്ഞു എന്നത് വ്യക്തമാണ്. ഈ സന്ദേശം അഭിമുഖീകരിച്ചേ തീരൂ. ഇടതുമുന്നണി കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുകയാണ്. ഭരണസ്ഥിരത മാത്രമല്ല, സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സുപ്രധാനമായ പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഈ ഭരണത്തിനായി. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയ ഭൂപരിഷ്കരണവും കൂടാതെ, അധികാരവികേന്ദ്രീകരണത്തിലേയ്ക്കുള്ള ഉറച്ച കാല്‍വെപ്പുകളും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കിയതും ഇവയില്‍ ഏറെ പ്രധാനമാണ്.

എന്നാല്‍, കഴിഞ്ഞ കുറച്ചുവര്‍ഷത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തികളിലൂടെയോ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള കഴിവില്ലായ്മ കൊണ്ടോ ജനങ്ങള്‍ക്കിടയില്‍ സല്‍പ്പേര് കളഞ്ഞുകുളിച്ചു. തിരിച്ചറിഞ്ഞ് നേരിടേണ്ട മൂന്ന് ഘടകങ്ങള്‍ ഇതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. അവ താഴെപറയുന്നു.

സിംഗൂരിലെയും നന്ദിഗ്രാമിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരിലും കുടിയാന്‍മാരിലും പടര്‍ന്ന അന്യവല്‍ക്കരണഭീതി. തങ്ങളുടെ നിലപാട് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാനോ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഭൂമിവിതരണത്തിനും മറ്റും വേണ്ട പ്രചരണം നല്‍കാനോ സര്‍ക്കാരിനായില്ല.

മുസ്ളിം സമുദായത്തില്‍, വിശേഷിച്ചും അവരില്‍ നീണ്ടകാലം ഇടതുപക്ഷത്തോടൊപ്പം നിന്ന വിഭാഗത്തില്‍ പോലും വ്യാപിച്ച, തങ്ങള്‍ വിവേചനം അനുഭവിക്കുന്നു എന്ന ധാരണ.

സോഷ്യലിസത്തിനും ഇടതുപക്ഷാശയങ്ങള്‍ക്കും വേണ്ടി ജീവന്‍ സമര്‍പ്പിച്ച, അങ്ങേയറ്റം ആത്മാര്‍ത്ഥരായ യഥാര്‍ഥപ്രവര്‍ത്തകരുടെ വികാരങ്ങളേക്കാള്‍ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത് ബ്യൂറോക്രസി ആണ് എന്ന തോന്നല്‍.

ഈ എതിര്‍ഘടകങ്ങളോടൊപ്പം, ചില നയപരിപാടികള്‍, പര്യാപ്തമായി ഇടപെട്ട് വികസിപ്പിക്കുന്നതില്‍ വന്ന വീഴ്ചകളും കൂട്ടിച്ചേര്‍ക്കണം. ഇവയില്‍ ഏറ്റവും പ്രധാനം, ദേശീയതലത്തില്‍ ഇടതുപക്ഷം നടത്തിയ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി യു. പി. എ. സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതിയാണ്.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, ഒറീസ മുതലായവ. ഇവിടങ്ങളിലെല്ലാം അതത് സംസ്ഥാനസര്‍ക്കാരുകള്‍ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി വ്യാപകമായും ഊര്‍ജ്ജസ്വലമായും നടപ്പിലാക്കുന്നതില്‍ ശുഷ്കാന്തി കാണിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

പശ്ചിമബംഗാളില്‍ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതിയുടെ നടത്തിപ്പില്‍ താരതമ്യേന കുറഞ്ഞ വിജയമാണുണ്ടായത്. ഇത് ഇടതുപക്ഷസര്‍ക്കാര്‍ മുന്തിയ പരിഗണനയോടെ അടിയന്തിരമായി ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നതും ജനങ്ങളുമായി ബന്ധപ്പെടുന്നതുമായ മറ്റൊരു മേഖല ഭക്ഷ്യപൊതുവിതരണശൃംഖലയാണ്. ഇത് നവീകരിച്ച് വ്യാപിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തിലെ ഈ വലിയ പിന്നോട്ടടിയെ, ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമല്ല രാജ്യത്തെങ്ങും ഇടതുപക്ഷത്തിന്റെ ഉയിര്‍പ്പിനും വികാസത്തിനുമുള്ള ഒരവസരമായി മാറ്റാവുന്നതാണ്.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അത് ഇടതുപക്ഷസര്‍ക്കാരിന്റെ ജനപ്രീതിയ്ക്കും സുസ്ഥിരമായ ജനപിന്തുണയ്ക്കും വ്യക്തമായ സൂചനയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ ഇടതുപക്ഷത്തിന് ലഭിച്ച സീറ്റുകളുടെയോ വോട്ടിന്റെയോ നേട്ടം, അതാതിടങ്ങളിലെ പ്രാദേശിക കേഡര്‍മാര്‍ ഭൂമി, ജീവസന്ധാരണം, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, സാമൂഹ്യസമത്വം തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിയ നീണ്ടതും പ്രതിബദ്ധവുമായ സമരങ്ങളുടെ വ്യക്തമായ ഫലമാണ്. ഇത് ശക്തിപ്പെടുത്തുകയാണെങ്കില്‍, ഈ ആപത്സന്ധിയെ സ്വയം നവീകരണത്തിനും ഇടതുപക്ഷത്തിന്റെ ഭാവിയിലെ വികാസത്തിനുമുള്ള ഉത്തേജകമായിത്തന്നെ മാറ്റാനാവും.

*

ജയതി ഘോഷ് എഴുതിയ Farmers, Muslims had no faith left എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ നിര്‍വഹിച്ചത് റെജി

Sunday, May 24, 2009

തെരഞ്ഞെടുപ്പ് ഫലവും പ്രചാരവേലയും

ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടതും അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതും ഇടതുപക്ഷത്തിന് ഭാവിയില്‍ മുന്നേറുന്നതിന് ആവശ്യമാണ്. രാജ്യത്താകെയുണ്ടായ പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് കഴിഞ്ഞ ദിവസം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലുള്ളത്. പാര്‍ടിയാകെ നടത്തുന്ന പരിശോധനയെയും തീരുമാനങ്ങളെയും പ്രാധാന്യത്തോടെയാണ് ആളുകള്‍ കാണുന്നത്. സിപിഐ എം ശക്തിപ്പെടണമെന്ന ആഗ്രഹമാണ് മതനിരപേക്ഷ ശക്തികള്‍ക്കും സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ക്കുമുള്ളത്.

കേരളത്തിലെ പരാജയവും കനത്തതാണ്. അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണ് കേരളത്തിലുള്ളത്. 1977ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ പ്രാധാന്യമുള്ളതായിരുന്നു. കോണ്‍ഗ്രസിന്റെ അധികാരക്കുത്തക കേന്ദ്രത്തില്‍ തകര്‍ന്ന തെരഞ്ഞെടുപ്പില്‍ കേരളം ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെയൊപ്പം അണിനിരക്കുകയാണ് ചെയ്തത്. മരുന്നിനുപോലും ഒരാളെ വിജയിപ്പിക്കാന്‍ അന്ന് ഇടതുപക്ഷത്തിനായില്ല. ജനാധിപത്യക്കുരുതിയുടെ ഭീകരാനുഭവങ്ങളേക്കാളും മാധ്യമങ്ങള്‍ വിളമ്പി നല്‍കിയ വിശേഷങ്ങളാണ് ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റിയത്. രാജ്യത്തുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ആ വിധിയെഴുത്ത്. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന്റെ പരിമിതികള്‍ പുറത്തുകൊണ്ടുവന്ന മറ്റൊരു സന്ദര്‍ഭമായിരുന്നു വിമോചനസമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ടും വോട്ടിങ് ശതമാനവും വര്‍ധിച്ചിട്ടും വലതുപക്ഷ ശക്തികള്‍ വിജയിച്ചു. കേരളത്തിന്റെ ദിശയെ മാറ്റുംവിധമുള്ള പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച 57ലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയബലാബലത്തില്‍ ദീര്‍ഘകാലത്തേക്ക് സൃഷ്ടിക്കാന്‍ ഇടയുള്ള ഗുണപരമായ മാറ്റം മുന്‍കൂട്ടിക്കണ്ട് വലതുപക്ഷശക്തികള്‍ നടത്തിയ വിമോചനസമരം സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇടതുപക്ഷത്തിനുള്ള വോട്ട് വര്‍ധിച്ചാലും ശത്രുക്കള്‍ ഒന്നിച്ചുനിന്നാല്‍ വിജയിക്കാന്‍ കഴിയില്ലെന്ന പാഠം ആദ്യമായി നല്‍കിയത് ആ തെരഞ്ഞെടുപ്പായിരുന്നു. 2001ലെ നിയമസഭാതെരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. ജാതിമത സാമുദായികശക്തികള്‍ ഒരു കുടക്കീഴില്‍ അണിനിരന്നത് ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തിലേക്ക് നയിച്ചു. ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന അംഗബലത്തിലൊന്നാണ് യുഡിഎഫിന് ആ തെരഞ്ഞെടുപ്പിലുണ്ടായത്.
ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്താന്‍ കഴിയുംവിധം പുതിയ സമീപനം സ്വീകരിക്കണമെന്ന് പാര്‍ടി നിശ്ചയിച്ചത്. അടിസ്ഥാന നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ തന്നെ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സഹായകമായ സമീപനം സ്വീകരിക്കാനും ശ്രമിച്ചു. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ആരംഭിച്ച മാറ്റത്തിന്റെ കാറ്റ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും വര്‍ധമാനമായ തോതില്‍ പ്രകടമായി. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ വിജയം എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായിരുന്നു.

അതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിനും ആഹ്ളാദിക്കാന്‍ കഴിയുന്നതല്ല ഇന്നത്തെ സാഹചര്യം. ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാലും വിജയിക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സാഹചര്യം. എണ്‍പതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ട് നേടിയ പൊന്നാനിയില്‍ ഇത്തവണ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വോട്ടുചെയ്തവരില്‍ നല്ലൊരു പങ്കും നേരെ തിരിച്ച് വോട്ടുചെയ്തതുകൊണ്ടല്ല പരാജയം നേരിടേണ്ടിവന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുറെ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ വോട്ട് നേരെ പകുതിയായി കുറഞ്ഞിരിക്കുന്നു. ഇത് സ്വാഭാവികമായും യുഡിഎഫിനായിരിക്കും ചെന്നിട്ടുണ്ടാവുക. കമ്യൂണിസ്റ്റുകാര്‍ ഒഴികെ ആരുമായും കൂട്ടുകൂടുന്നതിനു മടിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ്. യുഡിഎഫിനോടുള്ള ശക്തമായ എതിര്‍പ്പുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ വരാതിരുന്ന ഒരു വിഭാഗം വര്‍ധിത വീര്യത്തോടെ പോളിങ് ബൂത്തിലെത്തിയിരുന്നു. സാധാരണഗതിയില്‍ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കുമെന്ന് കരുതിയ മതന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗവും ഇത്തവണ യുഡിഎഫിന് അനുകൂലമായാണ് നിലയുറപ്പിച്ചത്. ചിലര്‍ കരുതുന്നത് ഇത് പിഡിപി എല്‍ഡിഎഫിനെ പിന്തുണച്ചതുകൊണ്ടാണെന്നാണ്. പിഡിപിയുടെ പിന്തുണ എത്രമാത്രം സഹായകരമായിയെന്നത് വിശദമായി പരിശോധിച്ച് മനസിലാക്കേണ്ട കാര്യമാണ്.

എന്നാല്‍, ഭീകരതക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചെന്ന മട്ടില്‍ മഅ്ദനിചരിതം തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ വിളമ്പിയ മാധ്യമങ്ങള്‍ ഇപ്പോള്‍ എവിടെ പോയെന്ന ചോദ്യം പ്രസക്തമാണ്. അതോ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭീകരതക്കെതിരായ യുദ്ധം അവസാനിച്ചോ? തെരഞ്ഞെടുപ്പിന് മുമ്പ് മഅ്ദനിയെ കാണാതിരുന്ന മാധ്യമങ്ങള്‍ പെട്ടെന്ന് ഉള്‍വിളിയുണ്ടായതുപോലെ മഅ്ദനി ഫോബിയ അഴിച്ചുവിട്ടത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചെന്നതാണ് പരിശോധിക്കേണ്ട ഭാഗം. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞത് അവഗണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മഅ്ദനിയെ പൊലീസ് ചോദ്യംചെയ്ത കാര്യംപോലും അന്നത്തെ വാര്‍ത്തയില്‍ ഒതുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

പിഡിപി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയത് സാമുദായിക രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് വര്‍ഗീയ ശക്തികള്‍ ഭയന്നിരുന്നു. മുസ്ളിം സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹായമില്ലാതെ ആ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നതെന്നായിരുന്നു ഇക്കൂട്ടരുടെ പ്രചാരം. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. മുസ്ളിം ന്യൂനപക്ഷം പൊതുവെ യുഡിഎഫിന് അനുകൂലമായത് ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ്. കേന്ദ്രത്തില്‍ ബിജെപി വരുമെന്ന ഭീതി അവസാനഘട്ടത്തില്‍ ശക്തിപ്പെട്ടിരുന്നു. തൂക്കു പാര്‍ലമെന്റില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നാംമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന പാര്‍ടികള്‍ സ്വീകരിക്കുന്ന നിലപാടാണ് എല്ലാവരും നോക്കിയിരുന്നത്. അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു സംവിധാനമാണ് അതെന്ന കാര്യം സാമാന്യജനം കണക്കിലെടുത്തിരുന്നില്ല. തെലുങ്കുദേശം, എഐഎഡിഎംകെ, ബിഎസ്പി എന്നിങ്ങനെയുള്ള പാര്‍ടികള്‍ ബിജെപിക്ക് ഒപ്പംപോയ ചരിത്രമുള്ളവയാണ്. ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നതിനു കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന ചിന്തയിലേക്കാണ് ഇതു നയിച്ചത്. വാജ്പേയി നയിച്ചിരുന്ന ബിജെപിയെ വര്‍ഗീയമായി വിലയിരുത്തുന്നതിനു മടിച്ചിരുന്നവര്‍പോലും അദ്വാനിയുടെ വരവിനെ ഭയത്തോടെ കണ്ടു. ലിബറല്‍ മുഖംമൂടി ധരിപ്പിച്ച് മറച്ചുവയ്ക്കുന്നതിനു കഴിയാത്തവിധം തിരിച്ചറിയപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ബാബറി പള്ളി പൊളിക്കുന്നതിനു നേതൃത്വം നല്‍കിയയാള്‍ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും പലര്‍ക്കുമായില്ല. ഈ സാഹചര്യത്തിലാണ് സാധ്യതയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥിപ്പട്ടികയിലേക്ക് നരേന്ദ്രമോഡി കൂടി വരുന്നത്. ഗുജറാത്ത് വംശഹത്യയുടെ നടുക്കുന്ന ഓര്‍മകളുടെ വീണ്ടെടുക്കലിന് ഇതു സഹായകരമായി. വരുണ്‍ ഗാന്ധിയുടെ വിവാദ പ്രസംഗം കത്തുന്ന തീയിലേക്ക് എണ്ണ ഒഴിച്ചതുപോലെയായി. ഇത്രയുമായപ്പോഴേക്കും ഒരു പരീക്ഷണത്തിനു തയ്യാറാകാത്ത മാനസികാവസ്ഥയിലേക്ക് മതനിരപേക്ഷ സമൂഹം എത്തി. ഇതാണ് കോണ്‍ഗ്രസിനു പിന്തുണ വര്‍ധിപ്പിച്ച പ്രധാന ഘടകം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റില്‍മാത്രം വിജയിച്ച യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിനു മികച്ച വിജയം നല്‍കിയ പ്രധാന ഘടകം ഇതാണ്. മറ്റു വഴികളൊന്നുമില്ലാത്ത ഗതികേടില്‍നിന്നാണ് ഒറ്റയ്ക്കു മത്സരിക്കുകയെന്ന സാഹസത്തിന് കോണ്‍ഗ്രസ് തുനിഞ്ഞത്. ബിഹാറില്‍ വോട്ട് വര്‍ധിച്ചതിലും ഇത് കാണാന്‍ കഴിയും. കേരളത്തിലെയും ബംഗാളിലെയും വിധിനിര്‍ണയത്തിലും ഇത് ഒരു പ്രധാന ഘടകമാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരുന്നതും കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അനുവദിക്കാത്തവിധം വിവാദങ്ങള്‍ ബോധപൂര്‍വം കെട്ടഴിച്ചുവിട്ടിരുന്നു. ഒപ്പം നിന്നവരില്‍പോലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സഹായിച്ച ഘടകങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത്തരം തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിന് അത് സഹായകരമായിരിക്കും. എന്നാല്‍, ചിലരുടെ കണ്ടുപിടിത്തം പിണറായി വിജയന്‍ സെക്രട്ടറിയായതാണ് തോല്‍വിക്ക് കാരണമെന്നാണ്. രാജ്യത്തെ സിപിഐ എം തോല്‍വിക്ക് കാരണമായി പ്രകാശ് കാരാട്ടിനെയും ഇക്കൂട്ടര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പ്രകാശ് കാരാട്ട് രാജിവയ്ക്കണമോ എന്ന ചോദ്യം ഉയര്‍ത്തി വോട്ടെടുപ്പുതന്നെ സംഘടിപ്പിച്ച ദേശീയമാധ്യമങ്ങളും ഉണ്ട്.
വ്യക്തികളാണ് ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന വാദം നേരത്തെയും ചിലര്‍ ഉന്നയിച്ചിരുന്നു. വിജയിച്ചാല്‍ അത് ഒരാളുടെ നേട്ടവും തോറ്റാല്‍ മറ്റൊരാളുടെ കോട്ടവും എന്ന സമവാക്യം കേരളത്തില്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചുകാലമായി. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞ് പിണറായി പാര്‍ടി സെക്രട്ടറിയായതിനുശേഷമാണ് 2001ലെ നിയമസഭാതെരഞ്ഞെടുപ്പ് നടന്നത്. കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഏറ്റുവാങ്ങിയത്. അന്ന് ആരും സെക്രട്ടറിയാണ് കുഴപ്പക്കാരന്‍ എന്നു പറഞ്ഞില്ല. പിന്നീട് തുടര്‍ച്ചയായ വിജയങ്ങളിലേക്ക് പാര്‍ടിയെയും മുന്നണിയെയും നയിച്ചത് പിണറായി ആയിരുന്നെന്ന കാര്യവും ഇപ്പോള്‍ പലരും ഓര്‍ക്കുന്നില്ല. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ, നിയമസഭാതെരഞ്ഞെടുപ്പുകളിലും മുന്നണിക്കുണ്ടായ വിജയം പിണറായിയെന്ന വ്യക്തിയുടെ മികവിന്റെ മാത്രം ഉല്‍പ്പന്നമാണെന്ന് ആരും തെറ്റിദ്ധരിക്കുന്നില്ല. ആ വിലയിരുത്തല്‍ ഇപ്പോഴും ബാധകമാണ്.

2004ലെ നിയമസഭാതെരഞ്ഞെടുപ്പിലാണ് ലാവ്ലിന്‍ പ്രധാന വിഷയമാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുന്നതിനു തെരഞ്ഞെടുപ്പ് കമീഷന്റെ പത്രസമ്മേളനം നടക്കുന്ന അതേ ദിവസംതന്നെയാണ് ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത് പ്രധാന പ്രചാരണായുധമാക്കി യുഡിഎഫ് മാറ്റി. പക്ഷേ, കേരളം അതു തള്ളിക്കളഞ്ഞു. അന്നും മാധ്യമങ്ങള്‍ക്ക് ഇത് ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ ലോക്സഭാതെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ സിബിഐ കുറ്റപത്രം നല്‍കിയതിന്റെ രാഷ്ട്രീയവും ജനങ്ങള്‍ക്ക് മനസിലായിരുന്നു. അന്നത്തെ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി മാധ്യമ പ്രചാരവേലയ്ക്ക് സഹായകരമായ സമീപനം എവിടെനിന്നെങ്കിലും ഉണ്ടായോ എന്നതു പരിശോധിക്കാവുന്നതാണ്. വ്യക്തിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ഒറ്റ തിരിച്ച് മഹത്വവല്‍ക്കരിക്കുന്നതും തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇതെല്ലാം മാത്രമാണ് പരാജയത്തിന്റെ കാരണം എന്നു വിലയിരുത്തുന്നതും അബദ്ധമായിരിക്കും.

പാര്‍ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ പറ്റിയിട്ടുണ്ടോയെന്ന പരിശോധന നടത്തി ആവശ്യമായ തിരുത്തല്‍ നടത്തുമെന്ന് പാര്‍ടിനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രധാനമാണ്. പരാജയങ്ങളില്‍ വീണു തകര്‍ന്നു കിടക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. പുതിയ സാഹചര്യത്തില്‍ കുറെക്കൂടി ശക്തമായ ഇടതുപക്ഷത്തെയാണ് രാജ്യം ആവശ്യപ്പെടുന്നത്. ഈ തിരിച്ചടിയില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പാര്‍ടിക്ക് കഴിയുമെന്ന് ഉറപ്പ്. ഇപ്പോഴത്തെ തോല്‍വിയില്‍ നിരാശപ്പെട്ട് തകരാതെ ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള ഊര്‍ജം നേടുന്ന പ്രക്രിയകളാണ് പാര്‍ടി നടത്തുന്ന പരിശോധനകളും തിരുത്തല്‍ പ്രക്രിയകളും.
*

പി രാജീവ് ദേശാഭിമാനി

Thursday, May 21, 2009

പാഠമുള്‍ക്കൊണ്ട് പോരാട്ടം തുടരും

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരിക്കല്‍ക്കൂടി ഗവമെന്റ് രൂപീകരിക്കാനുള്ള വഴിയൊരുക്കിയിരിക്കയാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 205 സീറ്റില്‍ വിജയിച്ചു. സഖ്യകക്ഷികള്‍ക്കൊപ്പം 262 സീറ്റ് നേടി. കഴിഞ്ഞ ലോക്സഭയിലുള്ളതിനേക്കാള്‍ 61 സീറ്റ് കോണ്‍ഗ്രസ് വര്‍ധിപ്പിച്ചു. യുപിഎയിലെ മുന്‍ ഘടകകക്ഷികളുടെകൂടി പിന്തുണയോടെ ഗവമെന്റ് രൂപീകരിക്കാനുള്ള സുരക്ഷിതമായ നിലയില്‍ കോണ്‍ഗ്രസ് എത്തി. ബിജെപിയും സഖ്യകക്ഷികളും വ്യക്തമായ പരാജയമാണ് നേരിട്ടത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് അധികാരത്തിലെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടത്. ബിജെപിക്ക് 116 സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 22 കുറവ്. എന്‍ഡിഎക്ക് 159 സീറ്റ് ലഭിച്ചു. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 18 കുറവാണ്. കോണ്‍ഗ്രസിതര-ബിജെപിയിതര മുന്നണിയില്‍ മത്സരിച്ച പാര്‍ടികള്‍ക്ക് 78 സീറ്റ് കിട്ടി.

ജനവിധിയുടെ അര്‍ഥം

ഈ ജനവിധിയുടെ അര്‍ഥമെന്താണ്? ഇത് എങ്ങനെയൊക്കെ വ്യാഖ്യാനം ചെയ്യപ്പെടും?

ഒന്നാമത്തെ കാര്യം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും രാജ്യത്തെയാകെ എടുത്താല്‍ കോണ്‍ഗ്രസിന് അനുകൂലമായി വലിയൊരു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വോട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 2004ല്‍ ലഭിച്ചതിനേക്കാള്‍ കേവലം രണ്ട് ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് കൂടുതലായി ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം കോണ്‍ഗ്രസിന് 28.55 ശതമാനം വോട്ട് ലഭിച്ചു. 2004ല്‍ 26.53 ശതമാനം വോട്ടാണ് കിട്ടിയത്. കേരളത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകുകയും പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ തമിഴ്നാട്ടിലും തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളിലും വിജയിച്ചു. കോണ്‍ഗ്രസിന് അനുകൂലമായ തരംഗമോ ദേശീയാടിസ്ഥാനത്തില്‍ ശക്തമായ രാഷ്ട്രീയമാറ്റമോ ഉണ്ടായിട്ടില്ല. ഒറീസ, ജാര്‍ഖണ്ഡ്, അസം, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞു. ഇവിടെയൊക്കെ 2004നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് സീറ്റും വോട്ടും കുറഞ്ഞു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റ് കൂടിയെങ്കിലും വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിന് രണ്ട് ശതമാനം വോട്ട് നേട്ടമുണ്ടായപ്പോള്‍ ബിജെപിക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞെന്നതാണ് മറ്റൊരു വസ്തുത. ബിജെപിക്ക് കുറഞ്ഞ വോട്ട് കോണ്‍ഗ്രസിന് കിട്ടി. എന്നാല്‍, ഇരു പാര്‍ടിയും നേടിയ വോട്ട് കൂട്ടിയാല്‍ ഏറെക്കുറെ 2004ല്‍ ലഭിച്ച വോട്ടിന് തുല്യമാണ്. 2004ല്‍ ഇരു പാര്‍ടിക്കും കൂടി 48.69 ശതമാനം വോട്ട് കിട്ടി. 2009ല്‍ ഇരു പാര്‍ടിക്കും കൂടി 47.35 ശതമാനം വോട്ടാണ് കിട്ടിയത്. ഇരു പാര്‍ടിക്കും ഏറെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷീണത്തില്‍നിന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ക്കാണ് ഇപ്പോഴും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട്.

ബിജെപി നിരാകരിക്കപ്പെട്ടു

ജനവിധിയുടെ വ്യാഖ്യാനത്തിലെ രണ്ടാമത്തെ പ്രധാന വസ്തുത ബിജെപിയുടെയും അവരുടെ രാഷ്ട്രീയവേദിയുടെയും പരാജയമാണ്. ദേശീയസുരക്ഷ കാത്തുസൂക്ഷിക്കുമെന്നും മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടും തീവ്രവാദമടക്കമുള്ള എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയവല്‍ക്കരിച്ചുമാണ് അവര്‍ തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. വര്‍ഗീയവൈരത്തിന്റെ വിഷംതുപ്പിയുള്ള വരുഗാന്ധിയുടെ പ്രസംഗവും നരേന്ദ്രമോഡിയെ ഭാവിനേതാവായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പ്രതിപക്ഷ പാര്‍ടി പരാജയപ്പെട്ടു. ഇത് ജനങ്ങളുടെ തിരസ്കാരത്തിന്റെ ആഴം കൂട്ടി. ബിഹാറിലെ ജനതാദള്‍ (യുണൈറ്റഡ്) മാത്രമാണ് ബിജെപിയുടെ സഖ്യകക്ഷികളില്‍ നില മെച്ചപ്പെടുത്തിയത്. ഇത് ബിജെപിയുടെ പ്രതിഛായ കൊണ്ടല്ല, നിതീഷ്കുമാര്‍ ഗവമെന്റിനെക്കുറിച്ചുള്ള നല്ല അഭിപ്രായവും ബിജെപിയുടെ വര്‍ഗീയവേദിയില്‍ താനില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും കൊണ്ടാണ്.

ബിജെപിയെ തിരസ്കരിച്ച മറ്റൊരു സംസ്ഥാനം ഒറീസയാണ്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പുമാത്രം ബിജെപി ബന്ധം വിച്ഛേദിച്ച ബിജെഡി മികച്ച വിജയമാണ് അവിടെ നേടിയത്. 145 അംഗ നിയമസഭയില്‍ 103 സീറ്റും ബിജെഡി നേടി. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93 സീറ്റാണ് ബിജെഡി-ബിജെപി സഖ്യത്തിന് ലഭിച്ചത്. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതുകൊണ്ട് ബിജെഡി കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ചെയ്തത്.

കോണ്‍ഗ്രസ് വിജയത്തിന്റെ കാരണങ്ങള്‍

നവ ലിബറല്‍ നയങ്ങള്‍ മുഖമുദ്രയായി കൊണ്ടുനടന്നെങ്കിലും യുപിഎ ഗവമെന്റിന്റെ ചില പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് അനുകൂലമായ ചിന്താഗതിയുണ്ടാക്കിയെന്നതാണ് ജനവിധിയെ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്ന മൂന്നാമത്തെ വസ്തുത. ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, നെല്ലിനും ഗോതമ്പിനും കുറഞ്ഞ താങ്ങുവില ഉയര്‍ത്തിയത്, കാര്‍ഷിക കടാശ്വാസപദ്ധതി തുടങ്ങി ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതികളാണ് അനുകൂല പ്രതികരണമുണ്ടാക്കിയത്. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പദ്ധതികള്‍ ഗ്രാമീണജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. ഇതോടൊപ്പം ചില സംസ്ഥാന ഗവമെന്റുകള്‍ സ്വീകരിച്ച പദ്ധതികളും ശ്രദ്ധേയമാണ്. ആന്ധ്രപ്രദേശില്‍ കിലോക്ക് രണ്ട് രൂപ നിരക്കിലും തമിഴ്നാട്ടില്‍ ഒരു രൂപ നിരക്കിലും അരി വിതരണം, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവ നടപ്പാക്കി. ഒറീസയിലും രണ്ട് രൂപ നിരക്കിലുള്ള അരിവിതരണം നവീന്‍ പട്നായിക് ഗവമെന്റിനുള്ള ജനപിന്തുണ വര്‍ധിപ്പിച്ചു. അതേസമയം നാല് വര്‍ഷത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്ക് സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണത്തിന് സഹായകമായില്ല. പകരം സാമ്പത്തിക അസമത്വം വര്‍ധിക്കുകയും കോണ്‍ഗ്രസിന്റെ ജനപിന്തുണ വര്‍ധിക്കുന്നതിന് അത് വിഘാതമാകുകയും ചെയ്തു. ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ ന്യൂനപക്ഷങ്ങളില്‍നിന്ന് കൂടുതല്‍ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസിതര-ബിജെപിയിതര പാര്‍ടികളെ മിക്ക മേഖലയിലും ഒരു മികച്ച ബദലായി ജനങ്ങള്‍ പരിഗണിച്ചില്ല. ഇത് ന്യൂനപക്ഷങ്ങളുടെ പിന്തുണ കോണ്‍ഗ്രസിലേക്ക് മാറാനിടയാക്കി. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തിയാല്‍ മാത്രമേ തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂ എന്ന ചിന്താഗതിയും കോണ്‍ഗ്രസിനാണ് ഗുണകരമായത്. തീവ്രവാദം വളരുന്നതിനു മാത്രമേ വര്‍ഗീയത സഹായിക്കുകയുള്ളൂ എന്നും ജനങ്ങള്‍ മനസ്സിലാക്കി.

ഇടതുപക്ഷത്തിന് തിരിച്ചടി

പശ്ചിമബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് പരാജയം മൂലം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടു. 2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അപ്രതീക്ഷിതമായി 20ല്‍ 18 സീറ്റും ഇടതുപക്ഷം നേടിയിരുന്നു എന്ന സാഹചര്യത്തില്‍ ഇക്കുറി ഇടതുപക്ഷത്തിന് സീറ്റ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും യോജിച്ചതുകൊണ്ടും എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ തിരിച്ചുവച്ചതുകൊണ്ടും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലെയും തിരിച്ചടി മൂലം സിപിഐ എമ്മിന്റെ അംഗസംഖ്യ ലോക്സഭയില്‍ 16 ആയി കുറഞ്ഞു. ലോക്സഭയില്‍ സിപിഐ എമ്മിന്റെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിത്. ഈ തിരിച്ചടികള്‍ വളരെ ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഈ മോശം പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ സ്വയംവിമര്‍ശനപരമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. ദേശീയമായ ഘടകങ്ങളും സംസ്ഥാനതലത്തിലുള്ള ഘടകങ്ങളും വിലയിരുത്തണം. ലോക്സഭാതെരഞ്ഞെടുപ്പിനെ സ്വാധീനിച്ച, ദേശീയ രാഷ്ട്രീയസ്ഥിതിഗതികളെ സംബന്ധിച്ച പാര്‍ടിയുടെ കാഴ്ചപ്പാടും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. പശ്ചിമബംഗാളിലും കേരളത്തിലുമുള്ള സംസ്ഥാനതല കാരണങ്ങളും പരിശോധിക്കണം. മെയ് 18ന് ചേര്‍ന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ഇത്തരം പരിശോധന നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഇത് പൂര്‍ത്തിയാക്കണം. തോല്‍വിയുടെ കാരണം കണ്ടെത്തിയശേഷം തെറ്റുകളും വീഴ്ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ടി സ്വീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും അകന്ന ജനവിഭാഗങ്ങളുടെ പിന്തുണ വീണ്ടും നേടിയെടുക്കുന്നതിനുള്ള കഠിനശ്രമം പാര്‍ടി നടത്തും. പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനും പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട സംഘടനാപരമായ കടമയായി പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ച സ്വയംവിമര്‍ശന പ്രക്രിയയുടെ ഭാഗമായിക്കൂടി ഇതിനെ കാണണം.

മൂന്നാം മുന്നണി

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ തെരഞ്ഞെടുപ്പ് ബദലിനെ രൂപപ്പെടുത്തുന്നതു സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ പാര്‍ടികളെ കൂട്ടിയോജിപ്പിച്ച് ഒരു തെരഞ്ഞെടുപ്പ് ബദലിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തന്ത്രപരമായ തീരുമാനം 2009 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികളുമായി സിപിഐ എമ്മും സിപിഐയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നു. കര്‍ണാടകത്തില്‍ സീറ്റ് സംബന്ധിച്ച നീക്കുപോക്കുമുണ്ടാക്കി. ഈ തെരഞ്ഞെടുപ്പുധാരണകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനുമുമ്പായി ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദലിനുവേണ്ടി ശ്രമം നടത്തി. ദേശീയതലത്തില്‍ ഈ 'മൂന്നാം മുന്നണി'ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കൂട്ടായ്മയ്ക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിശ്വാസ്യതയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബോധ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയസംവിധാനത്തിന് ദേശീയതലത്തില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ബോധ്യപ്പെടുന്നത്. നയങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായി ഈ സംവിധാനം ഉയര്‍ന്നുവന്നില്ല.

മൂന്നാംമുന്നണി രൂപീകരണം രണ്ട് പ്രത്യാഘാതങ്ങളുണ്ടാക്കി

മൂന്നാംമുന്നണി രൂപീകരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ ദോഷകരമായി ബാധിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വലിയ തകര്‍ച്ച നേരിട്ടു. കോണ്‍ഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. സിപിഐ എമ്മും പാര്‍ടി കോണ്‍ഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത സൂചിപ്പിക്കുന്നതാണിത്. തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതല്ല, മറിച്ച് കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്.

പണശക്തി

ഇതുവരെയില്ലാത്തവിധമുള്ള പണത്തിന്റെ ഉപയോഗമാണ് ഈ ലോക്സഭാതെരഞ്ഞെടുപ്പില്‍ കണ്ട ആശങ്കയുണ്ടാക്കുന്ന കാര്യം. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ അനധികൃത പണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. മധുര പാര്‍ലമെന്റ് മണ്ഡലമാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. മറ്റ് സംസ്ഥാനങ്ങളിലും ജനാധിപത്യപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുംവിധം പണം ഉപയോഗിച്ചു. പണം നല്‍കി സ്ഥാനാര്‍ഥിത്വം നേടുന്നതും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതും വന്‍തോതില്‍ വര്‍ധിച്ചു. മൊത്തം ജനാധിപത്യപ്രക്രിയക്ക് ഇത് ഭീഷണിയാണ്. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറല്ലാത്ത ഇടതുപക്ഷ പാര്‍ടികളെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക.

ഇടതുപക്ഷത്തിന്റെ പങ്ക്

ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസരത്തിലാണ് മന്‍മോഹന്‍സിങ് ഗവമെന്റിന്റെ രണ്ടാംപതിപ്പ് അധികാരമേല്‍ക്കുന്നത്. നിരവധി ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കാര്‍ഷികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നവ ലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിലും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും സിപിഐ എമ്മും ഇടതുപക്ഷവും ജാഗ്രത പുലര്‍ത്തും. സ്വതന്ത്ര വിദേശനയം, സാമ്പത്തിക പരമാധികാരം, മതനിരപേക്ഷത എന്നിവയുടെ കാവലാളായി പാര്‍ടി തുടര്‍ന്നും നിലകൊള്ളും. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും സിപിഐ എം പ്രവര്‍ത്തിക്കും. സംയുക്തമായ പ്രവര്‍ത്തനങ്ങളും ജനകീയപ്രശ്നങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ പാര്‍ടികളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനും നേര്‍ക്കുള്ള ആക്രമണം തെരഞ്ഞെടുപ്പുഫലം വന്നശേഷം വര്‍ധിച്ചു. മെയ് 16നുമുമ്പ് 16 പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുഫലം വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ടിയെ അടിച്ചമര്‍ത്താനും ജനങ്ങളില്‍നിന്ന് പാര്‍ടിയെ അകറ്റാനും ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ സഹായത്തോടെ ഈ ആക്രമണങ്ങളെ പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ ചെറുക്കും.

ഈ പരാജയത്തോടെ സിപിഐ എമ്മിന്റെ അന്ത്യമായി എന്ന് കരുതുകയും ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ സന്തോഷിക്കുകയും ചെയ്യുന്നവരുടെ വിലയിരുത്തലുകള്‍ തികച്ചും തെറ്റാണ്. ഇതിനുമുമ്പും നിരവധി തിരിച്ചടികള്‍ നേരിട്ട് പ്രതിലോമകാരികളോടും സാമ്രാജ്യത്വത്തോടും വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാതെ പോരാടി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍നിന്ന് പഠിക്കുന്ന പാഠങ്ങള്‍ ഈ പോരാട്ടം ശക്തമായി തുടരുന്നതിന് പാര്‍ടിയെ സഹായിക്കും.

*
പ്രകാശ് കാരാട്ട്