Sunday, June 12, 2011
ഡോളറിന്റെ അധീശത്വം ചോദ്യം ചെയ്യപ്പെടുന്നു
അമേരിക്കയുടെ അനുഭവം കണക്കിലെടുത്താണ് ജാപ്പനീസ് യെന്‍, യൂറോപ്യന്‍ യൂണിയന്റെ യൂറോ എന്നീ കറന്‍സികള്‍ റിസര്‍വ് കറന്‍സി പദവി തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന നിലപാടിലെത്തിയത് എന്ന് ഊഹിക്കാവുന്നതേയുള്ളു. അതേ സമയം, പുതുതായി സാമ്പത്തിക വികസനം നേടി മുന്നണിയിലെത്തിയിരിക്കുന്ന ബ്രിക്ക്‌സ് രാജ്യങ്ങള്‍ - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക - തങ്ങളുടേതായൊരു ദേശീയ കറന്‍സി പദവിയിലേയ്ക്ക് കടന്നുവരാന്‍ സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഇതിനുള്ള ആദ്യപടിയായി അവര്‍ക്കിടയിലുള്ള വ്യാപാര കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകള്‍ പ്രാദേശിക കറന്‍സികളെ അടിസ്ഥാനമാക്കി നിര്‍വഹിക്കാന്‍ തുടങ്ങിയിരിക്കുകയുമാണ്. ചുരുക്കത്തില്‍ അമേരിക്കന്‍ ഭരണകൂടം എത്ര തന്നെ പ്രതിഷേധിച്ചാലും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചാലും ഡോളറിന്റെ സ്വാധീനം ക്രമേണ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. 2011 മെയ് 24 ന് ലോക ബാങ്ക് 2025 ആവുമ്പോഴേയ്ക്ക് യു എസ് ഡോളറിന് ആഗോള റിസര്‍വ് കറന്‍സി എന്ന പദവി നഷ്ടപ്പെടാനിടയുണ്ടെന്നും തല്‍ സ്ഥാനത്ത് ഒരു ബഹു ധ്രുവലോക നാണയ വ്യവസ്ഥ നിലവില്‍ വരുമെന്നും അതില്‍ യൂറോവിനും യുവാനും ഉന്നത പദവികള്‍ നേടാന്‍ കഴിയുമെന്നും പ്രവചിച്ചിരുന്നു. 2008 മധ്യത്തോടെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ പൊട്ടിപ്പുറപ്പെട്ട ധനകാര്യ പ്രതിസന്ധി നല്‍കിയ സൂചനയാണ് ഇതിനാധാരമായിട്ടുള്ള ഘടകം. ഇതെ തുടര്‍ന്നാണ് ഏക റിസര്‍വ് കറന്‍സി പദവി വിപല്‍ക്കരമായൊരു പ്രവണതയാണെന്ന വാദഗതിക്ക് ശക്തിപകര്‍ന്നതും. നിരവധി ലോകരാഷ്ട്ര നേതാക്കളും ധനശാസ്ത്രകാരന്മാരും ഇത്തരമൊരു ചിന്താഗതിക്കാരുമായിരുന്നു.
ആഗോള വീക്ഷണത്തില്‍ ഡോളറിനുണ്ടായ സ്ഥാനചലനം ചരിത്രപരമായൊരു അനിവാര്യതയാണെന്ന വസ്തുത 1944 ലെ ബ്രെട്ടണ്‍ വുഡ്‌സ് സമ്മേളാനന്തരം രൂപം കൊണ്ട ''ബ്രെട്ടണ്‍ വുഡസ് ഇരട്ടകള്‍'' എന്നറിയപ്പെടുന്ന ഐ എം എഫിന്റേയും ലോക ബാങ്കിന്റേയും നിയന്ത്രണം കയ്യടക്കാന്‍ അന്നത്തെ യു എസ് ഭരണകൂടം നടത്തിയ നീക്കങ്ങള്‍ പരിശോധിക്കുന്നവര്‍ക്കെല്ലാം തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളു. ഇത്തരം നീക്കങ്ങളിലൂടെയാണ് ലോകത്തെയാകെ സ്വന്തം ദേശീയ കറന്‍സിയായ ഡോളറുമായി ബന്ധിക്കുന്നതില്‍ അമേരിക്ക വിജയിച്ചത്. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിന്റെ വകഭേദമായ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് സ്റ്റാന്‍ഡേര്‍ഡായിരുന്നു ഇതിലേക്കു നയിച്ചതും. ഇതിന്റെ അടിസ്ഥാനത്തില്‍ 35 ഡോളറിന് പകരം ഒരൗണ്‍സ് സ്വര്‍ണം എന്ന അനുപാതത്തിലുള്ള കൈമാറ്റം അമേരിക്കന്‍ നിര്‍ദേശമനുസരിച്ച് മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ സംവിധാനം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായ വിധത്തില്‍ 1971 വരെ തുടരുകയും ചെയ്തു. എന്നാല്‍ പ്രസ്തുത കാലഘട്ടത്തില്‍ അമേരിക്കയുടെ വിദേശ വിനിമയ മേഖലയില്‍ തകര്‍ച്ച നേരിട്ടതോടെ, ഡോളറിനുപകരം സ്വര്‍ണം നല്‍കാന്‍ അമേരിക്കക്കു കഴിയാതാവുകയും, യു എസിലെ സ്വര്‍ണ ശേഖരത്തില്‍ വന്‍ ഇടിവു വരുകയും ചെയ്തപ്പോള്‍, അപകടം തിരച്ചറിഞ്ഞ നിക്‌സണ്‍ ഭരണകൂടം സ്വര്‍ണവും ഡോളറും തമ്മിലുള്ള ബന്ധം അറുത്തു മാറ്റുകയാണ് ചെയ്തത്. ഇതല്ലാതെ വേറെ ബദല്‍ മാര്‍ഗം ഇല്ല എന്ന തൊടുന്യായമാണ് യു എസ് ഭരണകൂടം ഈ തീരുമാനത്തിന് നീതീകരണമായി ലോകരാജ്യങ്ങളെ അറിയിച്ചതും.
ഏതാണ്ട്, ഇതിനു സമാനമായൊരു സാഹചര്യമാണ് കറന്‍സിയുടെ ലോകത്തില്‍ ഇന്നും നിലവില്‍ വന്നിരിക്കുന്നത്. ഡോളറുമായുള്ള ബന്ധത്തില്‍ പുനരാലോചന നടത്താന്‍ ഒരു ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധമായതാണ്. സ്വന്തം കറന്‍സിയായ യൂറോവിന് തല്‍സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ഈ ചിന്താഗതിക്കുള്ള അടിസ്ഥാനം. എന്നാല്‍, അവസാന നിമിഷത്തില്‍ റഷ്യയും വെനിസ്യുലയും ഇറാനും യൂറോപ്യന്‍ യൂണിയന്റെ നീക്കത്തിന് പ്രതികൂല നിലപാടെടുത്തതോടെ അത് വിജയിച്ചില്ല. ചൈനയാണെങ്കില്‍, നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളി നടത്തുകയാണ് ചെയ്തത്. സ്വന്തം കറന്‍സിയായ യുവാന്റെ മൂല്യം ആഗോള നാണയ വിപണിയില്‍ സ്വയം നിര്‍ണയിക്കപ്പെടുന്നതിന് ചൈന സന്നദ്ധമല്ല. കാരണം കറന്‍സി നിയന്ത്രണ മുക്തമായി ഫ്‌ളോട്ട് ചെയ്യുകയാണെങ്കില്‍, ഏതെങ്കിലും ഒരു ഘട്ടത്തില്‍ അതിന്റെ യഥാര്‍ഥ്യ മൂല്യം പുറത്തുവരാതിരിക്കില്ല. ഈ മൂല്യമാവട്ടെ, കൃത്രിമമായി ചൈനീസ് ഭരണകൂടം നിജപ്പെടുത്തിയിരിക്കുന്ന യുവാന്റെ മൂല്യത്തിലും ഉയരാന്‍ സാധ്യതകളേറെയാണ്. അങ്ങനെ വന്നാല്‍, ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിനെ തന്നെ നിര്‍ണയിക്കുന്ന കയറ്റുമതികളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
സാഹചര്യങ്ങള്‍ ഈ വിധമായിരിക്കെ ലോക ബാങ്ക് ഡോളറിന്റെ ഭാവിയെപറ്റി ഈയിടെ നടത്തിയ പ്രവചനം അതേപടി തീര്‍ത്തും ശരിയാവാന്‍ സാധ്യത വിരളമാണെന്ന നിഗമനത്തിലാണ് നമുക്കെത്തിച്ചേരാനാവുക. ഡോളറിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടേക്കാം. എന്നാല്‍, തല്‍സ്ഥാനത്ത് യൂറോ; യുവാന്‍ തുടങ്ങിയ കറന്‍സികള്‍ സ്ഥാനം പിടിക്കണമെന്നുമില്ല. ആഗോള സ്വീകാര്യതയുള്ള കറന്‍സി എന്ന പദവി ലഭിച്ചാല്‍ അതില്‍ നിന്നും പലനേട്ടങ്ങളുമുണ്ടാക്കാനാകുമെന്നതിനാലാണ് ഈ പദവി നേടിയെടുക്കാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നത്. സ്വതന്ത്രമായ ആഭ്യന്തര സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കുക, ചുരുങ്ങിയ ചെലവില്‍ വായ്പയെടുക്കുക, ധനകാര്യ വിപണികളിലെ മത്സരങ്ങളില്‍ മേല്‍ക്കൈ നേടുക, വിദേശ ഇടപാടുകള്‍ തീര്‍ക്കുന്നതില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതിരിക്കുക തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. അതേ അവസരത്തില്‍ തന്നെ അസ്ഥിരത കള്‍ക്ക് വഴിവെക്കാനും ഈ പദവി ഇടയാക്കിയേക്കാം. അമേരിക്കയുടേയും ചൈനയുടേയും അനുഭവങ്ങള്‍ തന്നെ ഉദാഹരണങ്ങള്‍. ലോകത്തിലെ ഉന്നത സാമ്പത്തിക ശക്തി എന്ന പദവിയിലുള്ള അമേരിക്ക തന്നെയാണിപ്പോള്‍ ഏറ്റവുമധികം കടബാധ്യതയുള്ള രാജ്യവും. ഏറ്റവുമധികം വായ്പ നല്‍കിയ രാജ്യം ചൈനയാണെങ്കിലും അമേരിക്കയുടെ കട ബാദ്ധ്യത ഏറ്റെടുക്കാന്‍ തക്ക കറന്‍സി ശേഖരം കണ്ടെത്താന്‍ വിഷമിക്കുന്ന ഒരു രാജ്യമാണ് ചൈന എന്നതും ശ്രദ്ധേയമാണ്.
''ബഹു ധ്രുവതഃ പുതിയ ആഗോള സമ്പദ്‌വ്യവസ്ഥ'' എന്ന ശീര്‍ഷകത്തില്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള ഏക ധ്രുവ കറന്‍സി വ്യവസ്ഥയ്ക്ക് മറ്റൊരു പോരായ്മയുണ്ട്. പണനയങ്ങള്‍ രൂപപ്പെടുത്തി വരുന്നതും ലിക്വിഡിറ്റി നിലവാരം നിര്‍ണയിക്കപ്പെടുന്നതും ആഗോള താല്‍പര്യങ്ങള്‍ പരിഗണിച്ചല്ല, റിസര്‍വ് കറന്‍സിയായ ഡോളറിന്റേയും അമേരിക്കയുടേയും സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ നിലയിലാണ്. പണത്തിന്റെ ആഗോള ഡിമാന്‍ഡ് ഒരിക്കല്‍പോലും കണക്കിലെടുക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ഏതു ധനകാര്യ ഇടപാടിനും ജനങ്ങള്‍ ഡോളര്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകും. കേന്ദ്ര ബാങ്കുകള്‍ ഡോളര്‍ ശേഖരം വന്‍തോതില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും, ഡോളര്‍ മൂല്യ ശോഷണം സംഭവിക്കാത്തൊരു കറന്‍സിയാണെന്ന വിശ്വാസത്തില്‍. വായ്പയ്ക്ക് നിസ്സാരമായ ചെലവു മാത്രമേ പലിശ ഇനത്തില്‍ വഹിക്കേണ്ടി വരുകയുമുള്ളു. സ്വാഭാവികമായും കൂടുതല്‍ വായ്പയെടുക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് ആഗോള തലത്തില്‍ തന്നെ നിലനിന്നിരുന്നത്. അമേരിക്കയില്‍ ഹൗസിങ് പ്രതിസന്ധിക്കിടയാക്കിയത് വളരെ താണ പലിശ നിരക്കില്‍ ഇഷ്ടംപോലെ വായ്പ ലഭിക്കുമെന്ന സാഹചര്യം നിലനിന്നതാണ്. ഈ സ്ഥിതി ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ച ബലഹീനമായി വരുന്നതിന്റെ ഫലമായുള്ള ഭയാശങ്കകളാണ് യു എസ് സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിക്കപ്പെടുന്നത് (''ഇക്കണോമിക് ടൈംസ്'' 2011 ജൂണ്‍ 2) യൂറോപ്യന്‍ രാജ്യങ്ങളിലെ കടബാധ്യതാ വര്‍ധനവും, അമേരിക്കയില്‍ ഹൗസിങ്ങ് വിലകളിലെ തകര്‍ച്ചയും അതിവേഗം പെരുകിവരുന്ന തൊഴിലില്ലായ്മയും അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ-ഇന്ധന വില നിലവാരവും ജനങ്ങളുടെ വരുമാനവും ക്രയശേഷിയും ഗണ്യമായി ഇടിയാന്‍ ഇടയാക്കിയിരിക്കുകയാണ്. ഉപഭോഗ ചെലവില്‍ 0.4 ശതമാനം വര്‍ധനവുണ്ടായെങ്കിലും വില നിലവാരം 0.3 ശതമാനം ഉയര്‍ന്നതിന്റെ ഫലമായി, ചെലവിലുണ്ടായ വര്‍ധന വെറും 0.1 ശതമാനത്തില്‍ ഒതുങ്ങുകയായിരുന്നു. വരുമാനം നിശ്ചലമാവുകയും പണപ്പെരുപ്പം തുടരുകയും ചെയ്തതിന്റെ ഫലമായി വളര്‍ച്ചയും മുരടിപ്പിലേക്ക് നീങ്ങുകയായിരുന്നു. ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ നിക്ഷേപകരുടേയും ധനശാസ്ത്രജ്ഞന്മാരുടേയും ആശങ്കകള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം താല്‍ക്കാലികമായെങ്കിലും ആശ്വാസം പകരുന്ന ഏക ഘടകം സാര്‍വദേശീയ ഇടപാടുകളില്‍ ഏറെയും നടക്കുന്നത് ഡോളറിലൂടെയാണെന്നതാണ്. വ്യാപാരം, നിക്ഷേപം, യാത്രകള്‍ എന്നിവയ്ക്കും വിനിയോഗിക്കപ്പെടുന്നത് ഡോളര്‍ തന്നെയാണ്. ഇത്തരം സാഹചര്യങ്ങള്‍ എത്രനാള്‍ തുടരുമെന്ന് പ്രവചിക്കാനും കഴിയില്ല.
ഈ പശ്ചാത്തലത്തിലാണ് ലോക ബാങ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്, സമീപ ഭാവിയില്‍ തന്നെ നമുക്ക് ബഹുധ്രുവ ധനകാര്യ വ്യവസ്ഥയിലേയ്ക്ക് മാറേണ്ടിവരുമെന്ന്. 2011 നും 2025 നും ഇടയ്ക്ക് വികസിത രാജ്യ ധനകാര്യ-മൂലധന വിപണികളുടെ വളര്‍ച്ച പ്രതിവര്‍ഷം 2.3 ശതമാനമായിരിക്കുമെന്നും നവ സമ്പന്ന രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്ക്‌സ്) എന്നീ രാജ്യങ്ങളുടേത് 4.7 ശതമാനമായിരിക്കുമെന്നുമാണ് ലോക ബാങ്കിന്റെ പ്രവചനം. സ്വാഭാവികമായും ഒരു സാര്‍വദേശീയ റിസര്‍വ് കറന്‍സി എന്ന പദവിയില്‍ മുന്‍കാലത്തെന്നപോലെ ഡോളറിന് ആധിപത്യം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നാണ് ലോക ബാങ്കിന്റെ നിഗമനം.
*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 12 ജൂണ്‍ 2011
Sunday, November 8, 2009
ഡോളര്‍ വീഴ്ചയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍
രണ്ടാം ലോക മഹായുദ്ധംവരെ ആഗോള സമ്പദ്വ്യവസ്ഥയില്‍ കരുതല്‍നാണയമായും വിനിമയ മാധ്യമമായും വര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് പവനെ പിന്തള്ളി ഒന്നാംസ്ഥാനത്ത് കയറിപ്പറ്റിയ ഡോളര്‍ അധോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നെന്ന വാര്‍ത്തയാണ് അത്. അമേരിക്കന്‍ ഐക്യനാട്ടില്‍ ദീര്‍ഘകാലമായി ആധികാരികമായ ഒരു ഔദ്യോഗിക പ്രസിദ്ധീകരണമായി തുടരുന്ന ഫോറിന്‍ അഫയേഴ്സ് മാസികയില്‍ ഒരു വിദഗ്ധന്‍ ആശങ്കകളോടെയാണ് ഈ വിപര്യയത്തെ കാണുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ രാഷ്ട്രീയത്തെയും അതിന്റെ ആഗോളാധിപത്യ മോഹങ്ങളെയും തകരാറിലാക്കുമെന്ന് ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസറായ ബാരി ഐഷന്‍ഗ്രീന്‍ എഴുതുന്നു. (സെപ്തംബര്‍- ഒക്ടോബര്‍ 2009) ബാരി ഐഷന്‍ഗ്രീന്‍ പ്രകടിപ്പിച്ച നേരിയ ശുഭാപ്തിവിശ്വാസത്തിന്റെ ആവരണംപോലും ഇപ്പോള്‍ അഴിഞ്ഞുവീഴുകയാണ്. ഡോളറിന്റെ ഏകാധിപത്യം അവസാനിക്കുകയും യൂറോപ്യന്‍ യൂണിയന്റെ പൊതുനാണയമായ 'യൂറോ'യ്ക്ക് ലോകവിപണിയില്‍ കൂടുതല്‍ സ്ഥാനം നല്‍കേണ്ടിവരുകയും ചൈനയുടെ 'യുവാന്‍' സാര്‍വദേശീയ പദവിയിലേക്ക് ഉയരുകയും ചെയ്യുമെങ്കിലും ഒന്നാംസ്ഥാനം ഡോളറിനുതന്നെ ആയിരിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് പ്രൊഫസര്‍ ബാരി പ്രകടിപ്പിച്ചത്. പക്ഷേ, ഇപ്പോള്‍ തെളിഞ്ഞുവരുന്നത് ഈ മൂന്നു നാണയങ്ങളുമല്ലാത്ത ഒരു പുതിയ സാര്‍വദേശീയ മൂല്യ വിനിമയോപാധി നിലവില്‍വരുമെന്നാണ്. സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന ഒരു നാണയമല്ലെങ്കിലും ഇപ്പോള്‍ സാര്‍വദേശീയ രംഗത്ത് ഡോളര്‍ നിറവേറ്റിക്കൊണ്ടിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുന്ന ഒരു സൂപ്പര്‍ ഡോളറായിരിക്കും അത്. അതിന്റെ പേര് സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ് (എസ്ഡിആര്‍) എന്നാണ്. ഇപ്പോള്‍ രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും നിക്ഷേപങ്ങള്‍ ഡോളറിലാണെങ്കില്‍ ഇനിമേല്‍ എസ്ഡിആറില്‍ ആയിരിക്കും. ഡോളര്‍വിനിമയത്തെയും ശേഖരത്തെയും നിയന്ത്രിക്കുന്നത് അമേരിക്കന്‍ ഐക്യനാട്ടിലെ ഫെഡറല്‍ബാങ്ക് ആണെങ്കില്‍ പുതിയ സംവിധാനത്തില്‍ അന്താരാഷ്ട്ര നാണയനിധിയോ (ഐഎംഎഫ്) ലോകബാങ്കോ ആയിരിക്കും. ഈ ലോകബാങ്കില്‍ ഇന്ന് അമേരിക്കയ്ക്കുള്ള മേല്‍ക്കോയ്മ അവസാനിപ്പിക്കും.
ചൈനയും ഇന്ത്യയും ഇപ്പോള്‍തന്നെ ഐഎംഎഫിലും ലോകബാങ്കിലും തങ്ങള്‍ക്കുള്ള പങ്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈനയുടെ വക ഡോളര്‍ നിക്ഷേപം മുപ്പതിനായിരം കോടി പിന്നിട്ടിരിക്കുന്നു. ഈ പണത്തിന്റെ പിന്‍ബലത്തോടുകൂടിയാണ് അമേരിക്കന്‍ ട്രഷറിയും ബാങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍നിന്ന് കുറെ തുകയെങ്കിലും സൌജന്യമായി നല്‍കി പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സഹായിക്കണമെന്ന അമേരിക്കന്‍ ട്രഷറി സെക്രട്ടറി ടിമോത്തി ഗെസ്റ്നര്‍ ആവശ്യപ്പെട്ടതിന് മറുപടിയായി ഒന്നു പുഞ്ചിരിച്ചതേയുള്ളൂ ചൈനീസ് സാമ്പത്തിക കാര്യമന്ത്രി എന്ന് മാധ്യമങ്ങള്‍ പറയുന്നു. അമേരിക്ക ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സമാധാന പ്രേമത്തിന്റെ യഥാര്‍ഥകാരണം പുതിയ പ്രസിഡന്റ് ബറാക് ഒബാമയുടെ സൌജന്യബുദ്ധി മാത്രമല്ല. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യങ്ങളും കടലായ കടലിലൊക്കെ തിരമാലകളെപ്പോലെ ഉയര്‍ന്നും താണും കഴിയുന്ന അമേരിക്കന്‍ നാവികസേനയും അമേരിക്കയുടെ കടബാധ്യത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് വന്‍ തുകകള്‍ രാഷ്ട്രങ്ങള്‍ക്ക് രാജ്യരക്ഷാസഹായമായി നല്‍കിക്കൊണ്ടാണ്. ആഗോളഭീകരതക്കെതിരായ സഖ്യത്തിന്റെ പേരിലും അമേരിക്കയുടെ പണം ചോര്‍ത്തിയെടുക്കുന്ന രാഷ്ട്രങ്ങള്‍ പലതുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലേക്ക് കാല്‍കുത്തണമെങ്കില്‍തന്നെ അവരുടെ ഈ ബാധ്യതകളില്‍നിന്ന് തലയൂരിയേ പറ്റൂ.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യം അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ പൂവിടാന്‍ തുടങ്ങിയപ്പോള്‍ കുപ്രസിദ്ധ യുദ്ധ വെറിയനാണെങ്കിലും സമാധാനത്തിന്റെ നൊബേല്‍സമ്മാനം നേടിയവനായിരുന്ന പ്രസിഡന്റ് തിയഡോര്‍ റൂസ്വെല്‍റ്റ് ഒരു മുദ്രാവാക്യം മുന്നോട്ടുവച്ചിരുന്നു. 'ഇത് ഒരു അമേരിക്കന്‍ ശതകം' (അമേരിക്കന്‍ സെഞ്ച്വറി) ആകാന്‍ പോവുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനവും പ്രതീക്ഷയും. രണ്ടാംലോക മഹായുദ്ധം ആയപ്പോഴേക്കും മിക്കവാറും ആ പ്രതീക്ഷ സാക്ഷാല്‍ക്കരിക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പക്ഷേ, തുടര്‍ന്ന് അര നൂറ്റാണ്ട് കാലത്തിന്റെ അവസാനമായപ്പോഴേക്കും തിയഡോര്‍ റൂസ്വെല്‍റ്റിന്റെ സ്വപ്നം പൊലിയാന്‍ തുടങ്ങി. 21-ാം നൂറ്റാണ്ട് പിറക്കുമ്പോള്‍ പ്രസിഡന്റായിരുന്ന യുദ്ധവെറിയന്‍ ജോര്‍ജ് ബുഷ് റൂസ്വെല്‍റ്റിനെപ്പോലെ വീരവാദമൊന്നും മുഴക്കിയില്ലെങ്കിലും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. ഒടുവില്‍ രണ്ട് ഊഴം പൂര്‍ത്തിയാക്കി ബുഷ് പടിയിറങ്ങിയത് അദ്ദേഹം പിടിച്ചടക്കാന്‍ ശ്രമിച്ച രാജ്യത്തെ ഒരു ചെരുപ്പേറേറ്റ് നിരാശാതപ്തനായിട്ടാണ്.
വളരെ മഹനീയ മോഹങ്ങളും അതിലേറെ വ്യാമോഹങ്ങളുമായി അധികാരത്തിലെത്തിയ ആഫ്രോഅമേരിക്കന്‍ വംശജനായ ചെറുപ്പക്കാരന്‍ ബറാക് ഒബാമ ഈ കണ്ടകാകീര്‍ണമായ സഞ്ചാരപഥത്തിലേക്കാണ് -ആ ദുഷിച്ച പൈതൃകത്തിന്റെ ഭാഗമാണ് സാമ്പത്തികത്തകര്‍ച്ചയും ഡോളര്‍വീഴ്ചയും. അങ്ങനെ പ്രൊഫ. ബാരി ഐഷന്‍ഗ്രീന്‍ പ്രവചിച്ചിരിക്കുന്നതുപോലെ ഏകധ്രുവാധിപത്യം ബഹുധ്രുവ വ്യവസ്ഥയ്ക്കു വഴിമാറിക്കൊണ്ടിരിക്കുന്ന പ്രക്രിയയെ ഡോളര്‍വീഴ്ച ത്വരിതപ്പെടുത്തും. അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിന് ചുക്കാന്‍ പിടിക്കാന്‍ തയ്യാറായ തിയഡോര്‍ റൂസ്വെല്‍റ്റ്, ഹെര്‍ബര്‍ട്ട് ഹുവര്‍, റിച്ചാര്‍ഡ് നിക്സണ്‍, ജോര്‍ജ് ഡബ്ള്യുബുഷ് തുടങ്ങിയവരുടെ ആരാധകര്‍ക്കുമാത്രമേ ഈ സാമ്രാജ്യത്വ ദുരവസ്ഥയില്‍ വ്യസനം തോന്നുകയുള്ളൂ.
*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി
Sunday, August 9, 2009
ഡോളർ പൗണ്ട് സ്റ്റര്‍ലിങ്ങിന്റെ വഴിയേ!
ലോക രാഷ്ട്രീയ-സാമ്പത്തിക ഗതിവിഗതികൾ തീരുമാനിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണെന്ന് പറയാം. ഒന്ന്, അന്തർദേശീയ വ്യാപാരം, രണ്ട്, പരിക്കുകളൊന്നും നേരിട്ടേറ്റെടുക്കേണ്ടി വന്നില്ല അമേരിക്കയ്ക്ക്. കൂടാതെ ലോകത്തെ സ്വർണത്തിന്റെ കരുതൽശേഖരം ഏറ്റവും കൂടുതൽ അമേരിക്കയുടെ കയ്യിലാകുകയും ചെയ്തു. ഈ സാഹചർത്തിൽ ഒരൗൺസ് സ്വർണത്തിന് 35 ഡോളർ എന്ന വിനിമയ നിരക്കും തീരുമാനിച്ചു. അങ്ങനെ ഡോളർ ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള നാണമായി മാറി. എന്നാൽ 1960-കളുടെ അവസാനത്തോടെ സ്ഥിതിഗതികൾ അമേരിക്കയ്ക്ക് പ്രതികൂലമായി മാറിത്തുടങ്ങി. നീണ്ടുനിന്ന വിയറ്റ്നാം യുദ്ധവും വർധിച്ചുവന്ന വ്യാപാരക്കമ്മിയും അമേരിക്കൻ സമ്പട് വ്യവസ്ഥയെ പിടിച്ചുകുലുക്കി. ഈ അവസ്ഥ ഡോളറിന് പകരം സ്വർണത്തിനുള്ള ആവശ്യതക ലോകമാകെ വർധിപ്പിച്ചു. ഇത് നേരിടാൻ സാധിക്കാതെ അമേരിക്ക ഏകപക്ഷീയമായ ഡോളർ-സ്വർണ വിനിമയം അവസാനിപ്പിച്ചു. എന്നാൽ ഇതുകൊണ്ട് ഡോളറിന്റെ മേധാവിത്വത്തിന് കാര്യമായ കോട്ടമൊന്നും സംഭവിച്ചില്ല. മാത്രമല്ല അന്തർദേശീയ നാണയ വ്യവസ്ഥയെ ഒരു 'ഫ്ലോട്ടിങ് ഡോളർ' (Floating dollar standard) രീതിയിലേക്ക് മാറ്റിയെടുക്കുകയും ചെയ്തു. കൂടാതെ സാമ്പത്തിക സ്ഥാപനങ്ങളെയും സാമ്പത്തിക ഇടപാടുകളും കൂടുതൽ ഉദാരമാക്കി ഡോളറിനെ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ മൂലധനനീക്കം പ്രോത്സാഹിപ്പിച്ച് ഡോളറിന്റെ പ്രമാണിത്വം അമേരിക്ക നിലനിർത്തി.
1970-കളിൽ എണ്ണവില കുതിച്ചുയർന്നത് ഗൾഫ് രാജ്യങ്ങളിൽ പണം കുമിഞ്ഞുകൂടുന്നതിന് കാരണമായി. ഈ പണം അമേരിക്കയിലേയും യൂറോപ്പിലേയും ബാങ്കുകളിൽ ഡോളറിൽ നിക്ഷേപിക്കപ്പെട്ടു. 'യൂറോ ഡോളർ', 'പെട്രോ ഡോളർ' എന്നീ പേരുകളിൽ അറിയപ്പെട്ട ഈ പണം അവികസിത രാജ്യങ്ങളിലേക്ക് സ്വകാര്യ നിക്ഷേപമായി ഒഴുകി. ഇത് കൂടുതലും പോയത് ലാറ്റിനമേരിക്കൻ പ്രദേശങ്ങളിലേക്കാണ്. ഏകാധിപത്യ സൈനിക ഭരണകൂടങ്ങൾ അധികാരത്തിലിരുന്ന ചിലി, അർജന്റീന, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ 'ചിക്കാഗോ സ്കൂൾ' ചിന്തകരുടെ ആഭിമുഖ്യത്തിൽ നടന്ന പരിഷ്കാരങ്ങൾക്കും യുഎസ് ബാങ്കുകൾ പണം നൽകി. ഇത്തരത്തിൽ നിലനിന്നു വന്ന ഡോളർ ആധിപത്യം പെട്രോളിയം മേഖലയിൽ നിന്നുമുള്ള പണമൊഴുക്ക് കുറഞ്ഞതോടെ നിലനിർത്താൻ കഴിയാതെ വന്നു.
ഈ ഘട്ടത്തിൽ ഐഎംഎഫ് - ലോകബാങ്ക് സഹായങ്ങൾ വച്ചുനീട്ടി നവലിബറൽ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിച്ച് ലോകമാകെ ഡോളർ ആധിപത്യം നിലനിർത്താൻ അമേരിക്ക പദ്ധതി തയ്യാറാക്കി. സാമ്പത്തിക മേഖലാ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിച്ച് ലാറ്റിനമേരിക്കയിലേയും ഏഷ്യയിലേയും രാജ്യങ്ങൾക്ക് സ്വതന്ത്ര സാമ്പത്തിക വികസനപാത തുടരാനുള്ള സ്വാതന്ത്ര്യം തന്നെ അമേരിക്ക തടഞ്ഞു. ഏഷ്യയിലേയും ലാറ്റിനമേരിക്കയിലേയും രാജ്യങ്ങൾക്ക് ഘടനാപരമായ പരിഷ്കാരങ്ങളുടെ പേരിൽ സ്വതന്ത്രമായ നാണയ നയവും ധനനയവും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി.
ഡോളറിന്റെ ലോക സാമ്പത്തിക രംഗത്തെ സ്വാധീനം ലോകത്ത് എവിടെ നിന്നും ധനം സ്വരൂപിക്കാൻ അമേരിക്കക്ക് സൗകര്യം നൽകി. ഇത് ഉപഭോഗത്തെയും ധനമേഖലയേയും മാത്രം അടിസ്ഥാനപ്പെടുത്തിയ ഒരു വളർച്ചാ രീതിയിലേക്ക് അമേരിക്കയെ എത്തിച്ചു. ജപ്പാനിൽനിന്നും, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും, ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത വില കുറഞ്ഞ വസ്തുക്കൾ അമേരിക്കക്കാരുടെ ഉപഭോഗാവശ്യങ്ങൾ നിറവേറ്റി. എന്നാൽ ഈ രീതി അമേരിക്കയുടെ വ്യാപാരക്കമ്മി കുതിച്ചുയരാൻ കാരണമായി. കുതിച്ചുയരുന്ന കമ്മി മറ്റു രാജ്യങ്ങൾക്ക് മാത്രം നൽകി അമേരിക്ക പരിഹരിച്ചു. ഡോളറിന്റെ മേധാവിത്വം മൂലമാണ് ഇതവർക്ക് സാധിച്ചതു. 2007-ൽ ലോകത്തെ മൂലധന ഇറക്കുമതിയുടെ 65 ശതമാനവും സ്വീകരിച്ചിരുന്നത് അമേരിക്കയാണ്. 1995-ൽ അത് 34 ശതമാനം മാത്രമായിരുന്നു. അമേരിക്ക ലോകത്തിന്റെ ബാങ്ക് പോലെയാണ് പ്രവർത്തിക്കുന്നത്. ഏഷ്യയിൽ നിന്നും, പെട്രോളിയം ഉൽപ്പാദക രാജ്യങ്ങളിൽ നിന്നും, ജപ്പാനിൽനിന്നും മിച്ച ധനമാകെ സ്വരൂപിച്ച് അത് സ്വകാര്യ മൂലധന രൂപത്തിൽ ലോകത്താകെയുള്ള രാജ്യങ്ങളിലേക്ക് അയക്കുന്നു. ഈ സ്വകാര്യ മൂലധന പ്രവാഹം ഡോളറിന്റെ ആധിപത്യം നിലനിർത്താൻ വളരെയധികം സഹായകമായി.
എന്നാൽ 2007-ൽ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഈ സംവിധാനത്തെയാകെ തകർത്തിരിക്കുകയാണ്. സ്വകാര്യ ബാങ്കുകളെയും അവർ നടത്തിവന്ന സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിൽ കെട്ടിയുയർത്തിയ ധനമൂലധന സംവിധാനമാണ് അമേരിക്കൻ സമ്പട് വ്യവസ്ഥയെ മുന്നോട്ട് നയിച്ചിരുന്നത്. ആ രീതി ഇനി അതേപടി തുടരാൻ സാധിക്കാത്ത ഒരവസ്ഥ ഇപ്പോൾ സംജാതമായിരിക്കുകയാണ്. ഡോളറിന്റെ അന്തർദേശീയ നാണയം എന്ന ശക്തിയായിരുന്നു അമേരിക്കൻ ധനമൂലധനത്തിന്റെ അടിത്തറ തന്നെ. അതും ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. BRIC (Brazil, Russia, India, China) രാജ്യങ്ങളുടെ ഒരു സമ്മേളനം 2009 മേയ് 16-ന് റഷ്യയിൽ നടന്നപ്പോൾ അവിടെ ചർച്ച ചെയ്യപ്പെട്ട ഒരു പ്രധാന വിഷയം തന്നെ ഡോളറിന് പകരം മറ്റൊരു അന്തർദേശീയ നാണയസംവിധാനം എങ്ങനെ രൂപപ്പെടുത്താം എന്നതായിരുന്നു. ബ്രിക് മീറ്റിങ്ങിന് ശേഷം റഷ്യയും ചൈനയും ചേർന്ന് അവർ തമ്മിലുള്ള വ്യാപാര ഇടപാടുകൾ ദേശീയ നാണയങ്ങൾ ഉപയോഗിച്ച് ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞു. ചൈന അവരുടെ ഡോളർ നിക്ഷേപം കുറച്ചുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ ഉൽപ്പാദക രാജ്യങ്ങളിൽ പലതും അവരുടെ നിക്ഷേപം ഡോളറിൽ നിന്നും യൂറോയിലേക്ക് ക്രമേണ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡോളർ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത അന്തർദേശീയ നാണയമാണ് എന്ന സ്ഥിതിയിൽ നിന്നും ലോക സ്ഥിതിഗതികൾ മാറി എന്ന് ചുരുക്കം.
ഡോളറിന്റെ ചരിത്രം, പൗണ്ടിന്റെ ചരിത്രവുമായി താരതമ്യപ്പെടുത്തിയാൽ നമുക്ക് പല സമാനതകളും കാണാൻ കഴിയും. രണ്ടാം ലോക മഹായുദ്ധത്തോടെ ഡോളറിന്റെ ആധിപത്യം സ്ഥാപിക്കപ്പെട്ടതു പോലെ.
ഫ്രാങ്കോ... യുദ്ധത്തിൽ ഫ്രാൻസിന്റെ പരാജയത്തോടെയാണ് പൗണ്ട് സ്റ്റര്ർലിങ്ങിന് പ്രാധാന്യം ലഭിക്കുന്നതും ലണ്ടൻ അന്തർദേശീയ സമ്പട് വ്യവസ്ഥയുടെ കേന്ദ്രമാകുന്നതും. കോളനികൾ വെട്ടിപ്പിടിച്ചതോടൊപ്പം ഇംഗ്ലീഷ് സാമ്രാജ്യം സാമ്പത്തികമായി ശക്തി പ്രാപിക്കുന്നത് ഇംഗ്ലണ്ടിൽ നടന്ന ചില പുത്തൻ സാമ്പത്തിക സ്ഥാപനങ്ങളുടെ വളർച്ചയോടെയാണ്. ജോയിന്റ് സ്റ്റോക്ക് ബാങ്കുകളും ഡിസ്കൗണ്ട് ഹൗസുകളും ഇതിൽപ്പെടും. ഇതിന് സമാനമാണ് 1980-കളിൽ അമേരിക്കയിലെ നിക്ഷേപ ബാങ്കുകളുടെയും ഹെഡ്ജ് ഫണ്ടുകളുടെയും വളർച്ച. കോളനി രാജ്യങ്ങളിലാകെ വ്യാപാര വിനിമയ ഇടപാടുകൾ പൗണ്ട് സ്റ്റര്ർലിങ്ങ് ഉപയോഗിച്ചായിരുന്നു. എന്നാൽ 1890-കളിൽ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി മുതൽ പൗണ്ടിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. ഒന്നാം ലോകമഹായുദ്ധവും 1929-കളിലെ മഹാമാന്ദ്യവും പൗണ്ടിനെ കൂടുതൽ ക്ഷീണിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തോടെ പൗണ്ടിന്റെ സ്ഥാനം ഡോളർ കയ്യടക്കുകയും ചെയ്തു.
ഡോളറിന്റെ അന്തർദേശീയ നാണയം എന്ന സ്ഥാനം പൂർണമായി തകർന്നു എന്ന് ഇപ്പോൾ പറയാനാകില്ല. ഇപ്പോഴും ലോകത്തെ 86 ശതമാനം വിദേശ നാണയ ഇടപാടുകളുടെയും ഒരുവശത്ത് ഡോളറാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന യൂറോ 37 ശതമാനം ഇടപാടികളിലേ ഉപയോഗിക്കുന്നുള്ളു. വിദേശ നാണയ നിക്ഷേപങ്ങളിൽ 66 ശതമാനവും ഡോളറിലാണ്. വിദേശ നാണയ നിക്ഷേപത്തിൽ യൂറോയുടെ പങ്ക് 25 ശതമാനമാണ്.
ചൈനയുടെ വിദേശ നാണയ നിക്ഷേപത്തിൽ 750 ബില്യൻ ഡോളറിലധികം ഡോളറിലാണ്. ഈ സാഹചര്യത്തിൽ ഡോളർ ഒറ്റയടിക്ക് തകരണമെന്ന് ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. എന്നാൽ ഡോളറിലുള്ള വിശ്വാസം എല്ലാ രാജ്യങ്ങൾക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്നത് ഒരു വസ്തുതയുമാണ്. ഇത് 1890-കളിൽ പൗണ്ടിനുണ്ടായ ഒരവസ്ഥയാണ്. ഇന്ന് നാം കാണുന്നത് ഡോളറിന്റെ തകർച്ചയുടെ തുടക്കമാണെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. ഇത് അമേരിക്കയുടെ ലോകമേധാവിത്തത്തിന്റെ അവസാനത്തിന്റെ തുടക്കവുമാവാം.
*
ജോസ് ടി എബ്രഹാം കടപ്പാട്: സി.ഐ.റ്റി.യു സന്ദേശം
Wednesday, November 19, 2008
ആഗോള പ്രതിസന്ധി - മെയ്‌ഡ് ഇന്‍ അമേരിക്ക
ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് ആഗോളപരിഹാരം വേണം. ഏകോപനമില്ലാത്ത സ്ഥൂല സാമ്പത്തികനയങ്ങളാണ് യൂറോപ്പിന്റെ പ്രശ്‌നങ്ങള്‍ക്കു കാരണം. പണപ്പെരുപ്പം ഉയരുമെന്ന കാരണത്താല്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇക്കൊല്ലം ആദ്യം പലിശനിരക്ക് കുറയ്‌ക്കാന്‍ വിസമ്മതിച്ചപ്പോള്‍ അമേരിക്ക അതു ചെയ്‌തു. ഇതു യൂറോ കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കി. എന്നാല്‍, ക്രമേണ യൂറോപ്പ് മാന്ദ്യത്തിലേക്ക് നീങ്ങുകയും അമേരിക്കയുടെ ആഭ്യന്തര മൊത്തഉല്‍പ്പാദനം മെച്ചപ്പെട്ടെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ അമേരിക്കയ്‌ക്കു പിന്നാലെ യൂറോപ്പും അഗാധമായ മാന്ദ്യത്തിലേക്ക് പതിക്കുകയാണ്. യൂറോപ്പിന്റെ ദൌര്‍ബല്യങ്ങള്‍ അമേരിക്കയ്‌ക്കു നേട്ടമാകുന്നു. നിയന്ത്രണത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണ്. നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നത് കുതിപ്പുപകരുമെന്ന മിത്തിന്റെ പിന്നാലെ നെട്ടോട്ടമായിരുന്നു. യഥാര്‍ഥത്തില്‍ മികച്ച വിവരങ്ങള്‍ നല്‍കുകയും ഭദ്രമായ സാമ്പത്തികസ്ഥിതി ഉറപ്പാക്കുകയും ചെയ്യുന്ന നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് കുതിപ്പ് ഏറ്റവും ഉയരത്തിലെത്തുക.ധനകമ്പോളങ്ങള്‍ അന്ത്യത്തിലേക്കുള്ള വഴിയാണ്. വിഭവങ്ങള്‍ നല്ല രീതിയില്‍ പങ്കിടുകയും അപകടസാധ്യത മെച്ചപ്പെട്ട രീതിയില്‍ നേരിടുകയും ചെയ്യുമ്പോഴാണ് കൂടുതല്‍ പുരോഗതിയും സുസ്ഥിര സമ്പദ്ഘടനയും ഉണ്ടാകുന്നത്. ധനകമ്പോളങ്ങള്‍ക്ക് അപകടം കൈകാര്യംചെയ്യാന്‍ കഴിയില്ല, അവ അപകടം ഉണ്ടാക്കുകമാത്രം ചെയ്യുന്നു. പലിശനിരക്കുകളിലെ വ്യതിയാനം നേരിടാന്‍ അമേരിക്കന്‍കുടുംബങ്ങള്‍ക്ക് ധനകമ്പോളം കെല്‍പ്പ് പകര്‍ന്നില്ല, ദശലക്ഷങ്ങള്‍ക്ക് വീട് നഷ്ടമായി. കൂടാതെ, അവര്‍ ശതകോടി ഡോളറുകള്‍ തെറ്റായ രീതിയില്‍ വിനിയോഗിക്കുകയാണ്.
ഇത്തരം പിശകുകളുടെ ഫലം ലക്ഷം കോടികളായി ഉയരും. രക്ഷാപദ്ധതികള്‍ക്കായി ചെലവിടുന്ന പണം മാത്രമായല്ല, ആഗോളസാമ്പത്തിക വളര്‍ച്ചാശേഷിയും യഥാര്‍ഥപ്രകടനവും തമ്മിലുള്ള വ്യത്യാസമായും.
മാനുഷികദുരന്തമാണ് ഏറ്റവും ദയനീയം-ഭവനങ്ങള്‍ നഷ്‌ടമായ കുടുംബങ്ങളുടെ തകര്‍ന്ന സ്വപ്നങ്ങള്‍, നഷ്‌ടപ്പെട്ട തൊഴിലും ജീവിതസമ്പാദ്യങ്ങളും. ആഗോളസാമ്പത്തിക ഉദാരവല്‍ക്കരണം നിലനിര്‍ത്തുകയും സാമ്പത്തികഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തി കടത്തുകയും ചെയ്യണമായിരുന്നുണ്ടെങ്കില്‍ ഇത്തരം സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമായിരുന്നു.
ദേശീയ, രാജ്യാന്തര തലങ്ങളില്‍ ധനകമ്പോളത്തിന്റെ നടത്തിപ്പുകാര്‍ പരാജയപ്പെട്ടു. സ്വന്തം അപകടങ്ങള്‍ നേരിടാന്‍ കഴിവില്ലാത്തവരാണെന്ന് ബാങ്കുകള്‍ തെളിയിച്ചു. അവര്‍ക്ക് ഇതിനു കഴിയുമായിരുന്നെങ്കിലും സംവിധാനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പിടികൂടുമായിരുന്നു.
ഇന്നത്തെ ആഗോളസാമ്പത്തികഘടന നന്നായി പ്രവര്‍ത്തിക്കുന്നില്ല, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളില്‍. 'അമേരിക്കന്‍ നിര്‍മിത' സാമ്പത്തിക പ്രതിസന്ധിയുടെ നിരപരാധികളായ ഇരകള്‍ അവരാണ്. സമ്പദ്ഘടനയെ മികച്ച രീതിയില്‍ കൈകാര്യംചെയ്‌ത രാജ്യങ്ങള്‍പോലും, നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ അമേരിക്കയുടെ തെറ്റുകള്‍ക്ക് കഷ്‌ടത സഹിക്കുന്നു. വികസ്വരരാജ്യങ്ങളില്‍നിന്ന് മൂലധനം വന്‍തോതില്‍ പുറത്തേക്ക് ഒഴുകുന്നു.
ഐഎംഎഫിന്റെ ശേഷിക്കും അപ്പുറത്തുള്ള തോതില്‍ ഭീമമായ സംഖ്യ വികസ്വരരാജ്യങ്ങള്‍ക്ക് ആവശ്യമുണ്ട്. വിഭവങ്ങളുടെ ഉറവിടം ഏഷ്യയും മധ്യപൌരസ്‌ത്യദേശങ്ങളുമാണ്. പക്ഷേ, അവര്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം നിയന്ത്രണങ്ങള്‍ നീക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ലോകത്തെ ഇന്നത്തെ സ്ഥിതിയില്‍ എത്തിക്കുകയുംചെയ്‌ത സ്ഥാപനത്തിന്; അസന്തുലിത നയങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ലോകത്ത് അസ്ഥിരത വളര്‍ത്തുകയും ചെയ്യുന്ന സ്ഥാപനത്തിന്; ഭരണവ്യവസ്ഥ പാളീസായ സ്ഥാപനത്തിന്; മോശമായ പ്രവര്‍ത്തനപാരമ്പര്യമുള്ള ഒരു സ്ഥാപനത്തിന് എന്തിനു നല്‍കണം?
വികസ്വരരാജ്യങ്ങളെ സഹായിക്കുന്ന പുതിയ സാമ്പത്തികസൌകര്യം നമുക്ക് വേണം- ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിക്കുന്ന ഒരു സംവിധാനം. കാലക്രമത്തില്‍ ഈ പുതിയസംവിധാനം ഐഎംഎഫില്‍ ആഴത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ വരുത്തും. ഇത്തരമൊരു സംവിധാനത്തിന് ഉടന്‍ രൂപം നല്‍കണം. ധനമന്ത്രാലയങ്ങളിലെയും കേന്ദ്രബാങ്കുകളിലെയും വിദഗ്‌ദ്ധര്‍ ഇതിനായി ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടി എടുക്കണം.
ഡോളറിന്റെ അടിസ്ഥാനത്തിലുള്ള ആഗോളകരുതല്‍ സംവിധാനം തകര്‍ന്നു, ഡോളര്‍ പാഴ്വസ്‌തുവായി. പക്ഷേ, ഡോളറില്‍നിന്ന് യൂറോയിലേക്കു മാറുന്നതോ ഡോളര്‍-യൂറോ-യെന്‍ സംവിധാനമോ കൂടുതല്‍ അസ്ഥിരതയ്ക്ക് കാരണമാകും. ആഗോളസാമ്പത്തിക ഘടനയ്‌ക്കായി ആഗോളകരുതല്‍ സംവിധാനമാണ് നമുക്ക് ആവശ്യം. കഴിഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്ത് കെയിന്‍സ് ഇതേപ്പറ്റി എഴുതി, പക്ഷേ ഇന്ന് അതിന്റെ ആവശ്യം വളരെയധികമാണ്. ഐഎംഎഫ് പുതിയ ആഗോള കരുതല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇത് നടപ്പാക്കാനുള്ള സമയം ആഗതമായിരിക്കുകയാണ്.
അമേരിക്ക അവരുടെ സാമ്പത്തികമാനേജ്‌മെന്റ് 50 സംസ്ഥാനങ്ങള്‍ക്കായിയി വീതിച്ചുകൊടുക്കുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പങ്കുണ്ട്, എന്നാല്‍ ദേശീയസര്‍ക്കാര്‍ അനിവാര്യമാണ്. ഇന്ന് ആഗോളസാമ്പത്തിക സംവിധാനമുണ്ട്, പക്ഷേ കൈകാര്യംചെയ്യുന്നത് ഓരോ രാജ്യവും. ഈ അവസ്ഥ ചലിക്കില്ല.
സമ്പദ്ഘടനയില്‍ പൂര്‍ണത കൈവരിക്കാന്‍ നമുക്ക് കഴിയില്ല. കമ്പോളങ്ങള്‍ക്ക് സ്വയം തിരുത്താന്‍ കഴിയില്ല. നമുക്ക് ഒരുപാട് കാര്യം ചെയ്യാനാകും. ഏഷ്യയിലെയും യൂറോപ്പിലെയും നേതാക്കള്‍ ഇതിനു വഴികാട്ടണം.
*****
ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ്
(ശ്രീ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് എഴുതിയ Global Crisis - Made in America എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ, കടപ്പാട് : ദേശാഭിമാനി)
Saturday, October 11, 2008
അപ്രിയമാകുന്ന അമേരിക്കന്‍ സ്വപ്നം
ഇത്തരം സ്വപ്നം തങ്ങളുടെ കയ്യെത്തും ദൂരത്തുനിന്നും വഴുതുകയാണെന്ന് ധാരാളം അമേരിക്കന്‍ ചെറുപ്പക്കാര്‍ക്ക് ഇന്ന് തോന്നുന്നു. ഭവനവായ്പാ പദ്ധതിയുടെ തകര്‍ച്ച, ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും അഭൂതപൂര്‍വമായ വിലവര്‍ധന, ഡോളറിന്റെ (മറ്റെല്ലാ മുഖ്യ നാണ്യങ്ങളുടെയും) മൂല്യത്തകര്‍ച്ച, ഉയരുന്ന തൊഴിലില്ലായ്‌മ എന്നിവയുടെ മാരക സംയോജനത്തില്‍ നിന്നുണ്ടായ കൊടുങ്കാറ്റടിച്ചപ്പോഴാണ് അവര്‍ക്ക് തിരിച്ചറിവുണ്ടായത്.
എന്നാല്‍ ഇതൊരു ഊതിവീര്‍പ്പിച്ച ഭയമാണോ? എന്തൊക്കെയാണ് കഠിന സത്യങ്ങള്‍? സാമ്പത്തിക തിരിച്ചടിയെപ്പറ്റി എല്ലാവരും പറയുന്നുണ്ടെങ്കിലും ഡോളര്‍ തകര്‍ച്ച സാധ്യമാക്കിയ കയറ്റുമതി വളര്‍ച്ച കാരണം ഒരു ക്വാര്‍ട്ടറിലും മൊത്തം ദേശീയോല്‍പ്പാദനനിരക്കില്‍ ഇടിവ് കാണുന്നില്ല. തൊഴിലില്ലായ്‌മാ നിരക്ക് ഉയരുകയാണെങ്കിലും അത് 5.5 ശതമാനത്തില്‍ ചുറ്റിക്കറങ്ങുന്നു. മുപ്പതുകളിലെ വന്‍മാന്ദ്യത്തില്‍ ഇത് 25 ശതമാനം എത്തിയിരുന്നു എന്നോര്‍ക്കുക. അതിലുപരി ബാങ്കുതകര്‍ച്ചകളില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാന്‍ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോ തൊഴിലില്ലായ്‌മാ വേതനം പോലുള്ള മറ്റ് സാമൂഹ്യ സുരക്ഷകളോ മുപ്പതുകളില്‍ ഇല്ലായിരുന്നുവെന്നും ഓര്‍ക്കുക.
യഥാര്‍ത്ഥ മോഹഭംഗം
അങ്ങനെ, വന്‍മാന്ദ്യകാലത്ത് അമേരിക്കക്കാര്‍ അനുഭവിച്ചതുപോലെ അത്ര മോശമൊന്നും അല്ല കാര്യങ്ങള്‍. പക്ഷേ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത് വെറും വസ്തുതകള്‍ മാത്രമല്ല. ഇന്നത്തെ തലമുറ വന്‍മാന്ദ്യം കണ്ടിട്ടില്ലെന്നത് ഒരു കാര്യം. തുച്ഛവിലയുള്ള എണ്ണയിലും അതിലും തുച്ഛമായ വായ്‌പയിലും കെട്ടിപ്പടുത്ത ഉയര്‍ന്ന ജീവിത നിലവാരമാണ് അവര്‍ പരിചയിച്ചിട്ടുള്ളത്. ഹൈസ്‌കൂളില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പുതന്നെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ അമേരിക്കന്‍ കുട്ടികള്‍ക്ക് ഇന്ന് ലഭ്യമാണ്. സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞ ഒരുവന് പോലും പിസാക്കടയിലോ പെട്രോള്‍ പമ്പിലോ പണിയെടുക്കാന്‍ തയ്യാറായാല്‍ ഒരു വീടും കാറും സ്വന്തമാക്കാമെന്ന് ന്യായമായും പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലം അവര്‍ക്ക് ശരിക്കും ഒരു മോഹഭംഗമാണ്.
അയത്നസുഖ ജീവിതം തങ്ങളുടെ മക്കളെ ചീത്തയാക്കിയെന്ന് പല രക്ഷിതാക്കളും ഇന്ന് പരാതിപ്പെടുന്നു. അവര്‍ ദുരിതകാലം കണ്ടിട്ടില്ല. തല്‍ഫലമായി കഠിനാദ്ധ്വാനം ചെയ്ത് നല്ല വിദ്യാഭ്യാസം നേടാനുള്ള മനോഭാവവും കഴിവും അവര്‍ക്ക് നഷ്ടമായി. പ്രൈമറി- മിഡില്‍ സ്‌കൂള്‍ തലത്തിലെ ശരാശരി വിദ്യാഭ്യാസനിലവാരവും താഴ്‌ന്നു; വിശേഷിച്ച് ഗണിതത്തിലും മറ്റ് ശാസ്ത്ര വിഷയങ്ങളിലും. അതേസമയം കോള്‍ സെന്റര്‍, റേഡിയോളജി, ഗവേഷണ രംഗങ്ങളിലായി കുറഞ്ഞ വേതന രാജ്യങ്ങളിലേക്ക് ജോലികള്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യത സാങ്കേതിക വിദ്യ നല്‍കുന്നു. അതുകൊണ്ട് നല്ല വിദ്യാഭ്യാസം ലഭിച്ചതുകൊണ്ട് മാത്രം അമേരിക്കയിലിന്ന് നല്ല വേതനം ലഭിക്കുന്ന തൊഴില്‍ ലഭിക്കണമെന്നില്ല.സാങ്കേതികവിദ്യയുടെ പ്രവചനാതീതമായ മാറ്റങ്ങള്‍കാരണം ഒരു തൊഴിലും ഇന്ന് സുരക്ഷിതമല്ല; ഉദാഹരണത്തിന് തൊഴില്‍സുരക്ഷിതത്വം മാത്രം മുന്നില്‍ കണ്ട് മഞ്ഞ് വാരിമാറ്റുന്ന ബിസിനസിനിറങ്ങിയ അമേരിക്കന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പറയുന്നത് ശ്രദ്ധിക്കൂ..”അമേരിക്കയിലെ പാര്‍ക്കിംഗ് സ്ഥലത്തിലെ മഞ്ഞ് ഇന്ത്യയിലിരുന്നുകൊണ്ട് വാരിമാറ്റാന്‍ കഴിയില്ലല്ലോ.''
ഇരുവശത്തുനിന്നും ഞെരിക്കപ്പെടുന്നു
അമേരിക്കന്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരു ദുഃഖബോധം വ്യാപകമാണ്. അവിദഗ്ധ തൊഴിലാളികളുടെ കാര്യം പറയാനുമില്ല. രണ്ടുവശങ്ങളില്‍ നിന്നും ഞെരിക്കപ്പെടുന്നതായി അവര്‍ക്ക് തോന്നുന്നു. ഒന്നാമത്, ഒരു ശരാശരി അമേരിക്കന്‍ കോളേജ് വിദ്യാര്‍ത്ഥി ഫീസിനത്തില്‍ ചെലവാക്കേണ്ടിവരുന്നത്. ഇന്ത്യയിലെയോ ചൈനയിലെയോ വിദ്യാര്‍ത്ഥിയുടെ പതിന്മടങ്ങാണ്. അതേസമയം അവരെ ആഗോളീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ശക്തികള്‍ അമേരിക്കയുടേതിന്റെ ഒരു ചെറിയ അംശം മാത്രം വേതനനിരക്കുള്ള ഇന്ത്യയിലെയും ചൈനയിലെയും പ്രതിരൂപങ്ങളോട് മത്സരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.
ഇന്റല്‍ കോര്‍പ്പറേഷന്റെ സി.ഇ.ഒയുടെ വാക്കുകള്‍ (ചെറിയ മാറ്റത്തോടെ) കേള്‍ക്കുക: "എന്തൊക്കെയായാലും ഇന്റല്‍ നിലനില്‍ക്കും. ചിലവ് കുറഞ്ഞിടത്തേക്ക് ഇന്റല്‍ പോകും. ലാഭം വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സി.ഇ.ഒ എന്ന നിലയില്‍ എനിക്ക് വേവലാതിയില്ല. പക്ഷേ ഞാനൊരു മുത്തച്‌ഛനും കൂടിയാണ്. അമേരിക്കയില്‍ എന്റെ പേരക്കുട്ടികള്‍ക്ക് എന്ത് സംഭവിക്കുമെന്നതോര്‍ത്ത് ഞാന്‍ വ്യാകുലനാണ്; അവര്‍ക്കെവിടെ പണി കിട്ടും?
മിക്കവാറും അമേരിക്കക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണിത്. ചൈനയുടെയും ഇന്ത്യയുടെയും വേതന ഘടന അമേരിക്കയുടെ പത്തിലൊന്ന് മാത്രമാണെങ്കിലും അവരുടെ തൊഴിലാളിയുടെ ഉല്‍പ്പാദനശേഷി(abour productivity) പത്തിലൊന്നോ അതിലും താഴെയോ മാത്രമാണ്. അതിനാല്‍ തന്നെ ഇന്ത്യക്കോ ചൈനക്കോ അമേരിക്കയുടെമേല്‍ ചെലവ് പരമായ നേട്ടം(cost-advantage) ലഭിക്കുന്നില്ല എന്നായിരുന്നുവല്ലോ പൊതുവായ വാദം. വന്‍വേതന വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എങ്കിലും മൂലധനത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആഗോളവ്യാപനത്തിലൂടെ തൊഴിലാളിയുടെ ഉല്‍പ്പാദന ക്ഷമതയിലെ വ്യത്യാസങ്ങള്‍ തകര്‍ക്കപ്പെട്ടതിനാല്‍ ഈ വാദം നിലനില്‍ക്കുന്നില്ല. അമേരിക്കന്‍ മുതലാളിമാര്‍ക്കില്ലെങ്കിലും തൊഴിലാളികള്‍ക്ക് വേവലാതിപ്പെടാന്‍ കാരണങ്ങളുണ്ട്.
വേതനത്തിലെ അന്തരം വലുതാകുന്നു
തൊഴിലാളികള്‍ക്കിടയിലും അസമത്വം വര്‍ധിക്കുകയാണ്. മേലേക്കിടയിലും താഴെക്കിടയിലും ഉള്ള വിദഗ്ധ തൊഴിലാളികളുടെ വേതനത്തിലെ അന്തരം എണ്‍പതുകളുടെ തുടക്കം മുതല്‍ തന്നെ വര്‍ദ്ധിച്ചു വരികയാണ്.
ദി എക്കണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിവിവര കണക്ക് പ്രകാരം അമേരിക്കയില്‍ 'തൊണ്ണൂറുകളില്‍ അതീവ സമ്പന്നരായ ഒരു ശതമാനം നികുതിദായകരുടെ വരുമാനത്തില്‍ പത്തു ശതമാനം വളര്‍ച്ച കണ്ടപ്പോള്‍ ബാക്കി 99 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 2.4 ശതമാനം മാത്രമായിരുന്നു. 2002-നും 2006-നും ഇടയ്ക്ക് കുബേരന്മാര്‍ക്ക് 11 ശതമാനം വാര്‍ഷികാദായ വളര്‍ച്ചയുണ്ടായപ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടിയത് ഒരു ശതമാനത്തിന് താഴെ മാത്രമായിരുന്നു.'ചികിത്സാച്ചെലവുകള്‍ കുതിച്ചുയരുന്ന ഇക്കാലത്ത് 47 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്നതും കാണേണ്ടതുണ്ട്. ഈയിടെയായി ഒരു വലിയ ശതമാനം അമേരിക്കക്കാരില്‍ നിന്നും “അമേരിക്കന്‍ സ്വപ്നം” അകലുക തന്നെയാണ് .
സംശയമില്ല, അനേകം അമേരിക്കക്കാര്‍ കഠിനജീവിതം പരിശീലിക്കുകയാണ്. തുച്‌ഛവിലയ്‌ക്കുള്ള എണ്ണയുടെ കാലം കഴിഞ്ഞെന്ന് അവര്‍ തിരിച്ചറിയുന്നു. പലരും തങ്ങളുടെ എണ്ണകുടിയന്മാരായ ആഡംബരക്കാറുകള്‍ ഉപേക്ഷിച്ച് ചെറിയ വണ്ടികളോ വ്യത്യസ്ത ഇന്ധനങ്ങളോ വാങ്ങുന്നു; വാരാന്ത്യ യാത്രകളും ഷോപ്പിംഗ് പര്യടനങ്ങളും വെട്ടിച്ചുരുക്കുന്നു; പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുകയും നഗരപ്രാന്തത്തിനകലെ പണിയിടത്തിനടുത്ത് തങ്ങള്‍ക്ക് അടയ്‌ക്കാവുന്ന മാസഗഡുവുള്ള ചെറിയ വീടുകള്‍ തേടിപ്പോകുന്നു. വ്യക്തിഗത സമ്പാദ്യം ശൂന്യവും ഏറ്റവും ഉയര്‍ന്ന പൊണ്ണത്തടി നിരക്കുമുള്ള ഒരു രാജ്യത്തെ 'സ്‌റ്റാര്‍ ബക്ക്സ് ' കാപ്പിയും ഉപേക്ഷിച്ചു ഭക്ഷണബാക്കിയെ നന്നായി ഉപയോഗപ്പെടുത്തിയും ആപത്ത് കാലത്തിന് എങ്ങനെ കരുതിവെയ്‌ക്കാമെന്ന് പഠിപ്പിക്കുകയാണ് പ്രൈം ടൈം ടിവി പരിപാടികളിലെ സാമ്പത്തിക ഉപദേഷ്‌ടാക്കള്‍.
മാറുന്ന അധികാരകേന്ദ്രങ്ങള്‍
അന്താരാഷ്‌ട്ര വരുമാനത്തിന്റെ ഒരു വന്‍പുനര്‍വിതരണം നടക്കുകയാണ്. എണ്ണസമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളും റഷ്യയും നേട്ടം കൊയ്തെടുക്കുമ്പോള്‍ എണ്ണവിലവര്‍ധനയിലൂടെ അമേരിക്കയുടെ വരുമാനവും സമ്പന്നതയും ശോഷിക്കുകയാണ്. സാമ്പത്തിക അധികാരകേന്ദ്രം അമേരിക്കയില്‍നിന്ന് മാറിപ്പോകുന്നു.
സൈനിക രംഗത്തെ മേധാവിത്വം കൊണ്ട് എത്ര കാലം ആഗോളനയ രൂപീകരണ സ്ഥാപനങ്ങളെ തങ്ങളുടെ നേട്ടത്തിനായി വരുതിയില്‍ നിര്‍ത്താനാകുമെന്നാണ് അമേരിക്ക കരുതുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. വാണിജ്യത്തെ പറ്റിയും പരിസ്ഥിതിയെപ്പറ്റിയുമുള്ള സമകാലീന ആഗോള ചര്‍ച്ചകളില്‍ ഇന്ത്യയും ചൈനയും നയിക്കുന്ന വികസ്വര ലോകത്തിന്റെ പ്രാമാണ്യം തെളിയിക്കപ്പെട്ടു കഴിഞ്ഞു.
അവസാനിപ്പിക്കും മുമ്പ്, കടം വാങ്ങിയ കാശില്‍ ആര്‍മാദിച്ച് കഴിയുന്ന അമേരിക്കയുടെ വരുംകാല പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ. വ്യാപാരത്തിലും ബജറ്റിലുമുള്ള കമ്മികള്‍ അമേരിക്കയെ ഏഷ്യയിലെയും ഗള്‍ഫിലെയും ഋണദാതാക്കള്‍ക്ക് പണയപ്പെടുത്തുകയാണ്. അനുദിനം വര്‍ധിച്ചുവരുന്ന വിദേശ കടഭാരം അമേരിക്കയിലെ വരുംതലമുറകളെ തങ്ങളുടെ ആഡംബരങ്ങളെല്ലാം വെട്ടിക്കുറച്ച് വിദേശകടം വീട്ടേണ്ടവര്‍ മാത്രമാക്കി മാറ്റും.
അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് നിന്ന് 70 ശതമാനം കുറവുമാത്രം വിനിമയ മൂല്യം ഉണ്ടായിരുന്ന കനേഡിയന്‍ ഡോളര്‍ ഇന്ന് “കരുത്തരായ” അമേരിക്കന്‍ ഡോളറിന് തുല്യമാണെന്നത് ചിന്തിക്കാന്‍ കൂടി വയ്യ. മുഖ്യ എണ്ണയുല്‍പ്പാദക രാജ്യങ്ങളായ ഇറാനും വെനിസ്വേലയും ഡോളറിന് പകരം യൂറോയില്‍ എണ്ണ വില്‍ക്കാന്‍ തുടങ്ങിയാല്‍ ഡോളര്‍ മൂല്യം ഇനിയും താഴുമെന്നുള്ളത് നിസ്സംശയമാണ്. ഡോളറിന്റെ ആഗോളാവാശ്യത്തെയും മൂല്യത്തെയും ഇത് വീണ്ടും കുറയ്‌ക്കും. അമേരിക്കയില്‍ പഠിക്കാനും പുകള്‍പെറ്റ അമേരിക്കന്‍ സ്വപ്നത്തില്‍ ജീവിക്കാനും കൊതിക്കുന്ന എന്റെ ബന്ധുവിനെ പോലുള്ള യുവാക്കളോട് ഞാനിപ്പോള്‍ എന്തു ഉപദേശമാണ് നല്‍കേണ്ടത്?
സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പോരായ്‌മകള്‍ ഏറെയുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇന്നും ഏറ്റവും മുന്തിയത് അമേരിക്കന്‍ സര്‍വകലാശാലകള്‍ തന്നെ. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗത്തിലൂടെയും ഈ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക. എന്നാല്‍ “അമേരിക്കന്‍ സ്വപ്ന”ത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവിടെ നിന്ന് കിട്ടാവുന്ന എല്ലാ അറിവുകളും കഴിവുകളും നേടി വരുംകാലത്ത് ഉദിക്കാന്‍ പോകുന്ന ഏഷ്യന്‍ വിപണിയെയോ ഭാരതീയ സ്വപ്നത്തെയോ തിരിച്ചറിയുകയാവും നന്ന്.
*****
ശ്രീ അലോക് റേ ബിസിനസ് ലൈനില്‍ എഴുതിയ American dream turns sour എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
(The author is a former Professor of Economics at IIM Calcutta.)
Saturday, October 4, 2008
പൊട്ടുന്ന കെട്ടുതാലികളും തകരുന്ന അമേരിക്കന്‍ കിനാവുകളും
കറുത്ത വെല്‍വെറ്റില്‍ പൊതിഞ്ഞ ഒരാഭരണപ്പെട്ടി കാട്ടുകയാണ് ബ്രൂസ്. ഓരോ നിരയിലും ഓരോ ഡസന്‍ വീതം വിവാഹമോതിരങ്ങളുണ്ട് - വലുതും ചെറുതുമായ വജ്രങ്ങള്‍ പതിച്ച് നല്ല സ്റ്റൈലിലും അലങ്കാരങ്ങളോടെയും പണിത ഡസന്‍കണക്കിന് മോതിരങ്ങള്‍ . "മോതിരങ്ങള്‍ ഊരുമ്പോള്‍ അവര്‍ നിരുദ്ധകണ്ഠരാകാറുണ്ട്. പക്ഷേ അത്തരം സാഹചര്യങ്ങള്‍ ഞങ്ങള്‍ കൈകാര്യം ചെയ്തേ മതിയാകൂ. സാമ്പത്തികരംഗം അത്തരത്തിലാണ് ; തീരെ മോശം.''
അറ്റ്ലാന്റിക് തീരത്തെ മാണിക്യമായ ഫ്ലോറിഡായിലെ ഹോളിവുഡിന്റെ പ്രാന്തപ്രദേശത്തെ ഒരു പണയക്കടയുടെ മാനേജരാണ് ജൂനിയര്‍ എന്ന് വിളിക്കപ്പെടുന്ന ബ്രൂസ്. കുറച്ചു പണം സംഘടിപ്പിക്കാന്‍ "ഒരു പുല്ലുചെത്തി യന്ത്രത്തെ കൊണ്ടുവന്നു വില്‍ക്കുന്നതിലുമെളുപ്പം പലര്‍ക്കും വിരലിലെ മോതിരമൂരുന്നതാണ്'' . തങ്ങളുടെ മാസഗഡുക്കള്‍ മുടക്കാതിരിക്കാനായി എന്തിനും തയ്യാറായ അമേരിക്കക്കാര്‍ "സംഗീതോപകരണങ്ങള്‍ തൊട്ട് വായിലെ സ്വര്‍ണ്ണപ്പല്ല് വരെ'' വില്‍ക്കാനായി തന്റെ കടയില്‍ വരികയാണ്. ആരുടെ കൈയിലും പണമില്ല. കടം കുന്നുകൂടിക്കൊണ്ടിരിക്കുന്നു. ബാങ്കുകള്‍ പോലും പാപ്പരായ അവസ്ഥയില്‍ "കിടപ്പാടം പോകുന്നതിലും നല്ലത് മോതിരം നഷ്ടപ്പെടുന്നതാണ്, '' ബ്രൂസ് പറയുന്നു.
സര്‍ക്കിറ്റ് നഗരത്തിലെ മറ്റൊരു തെരുവിലുള്ള ഇലക്ട്രോണിക്സ് കടയില്‍ വില്‍പ്പനക്കാരനായ പതിനെട്ടുകാരന്‍ അലക്സും ഇതിനോട് യോജിക്കുന്നു,
"സാമ്പത്തികരംഗത്തെ കുതിപ്പിനു മുമ്പ് ഓഹരി വിപണി നല്ലതും ആളുകള്‍ക്ക് പണം ചെലവഴിക്കാന്‍ പറ്റുന്നതുമായിരുന്നു. പക്ഷേ ഇന്നെല്ലാം മാറി. ഒരുപാട് ആളുകള്‍ കഷ്ടപ്പെടുന്നു. ഇടത്തരക്കാരേക്കാളും കൂടുതല്‍ ഇന്ന് ഇല്ലാത്തവരാ. എന്തുമാത്രം പണയവസ്തുക്കളാണ് ദിവസവും പിടിച്ചെടുക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? വസ്തുദല്ലാളായ എന്റെ അമ്മായിക്ക് ദിവസവും ബാങ്കുകളില്‍നിന്നും ഏറ്റെടുക്കല്‍ നോട്ടീസ് കിട്ടുന്നുണ്ട്. ആളുകളുടെ കയ്യില്‍ പണമില്ല അത്രതന്നെ. രാജ്യം മുടിയുന്നെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ, അടുത്ത പ്രസിഡന്റിനും രാജ്യത്തെ സാമ്പത്തികരംഗം നന്നാക്കാന്‍ കഴിയില്ലെങ്കില്‍ താന്‍ സ്പെയിനിലേക്കോ മറ്റോ പണി തേടിപ്പോകും,'' അലക്സ് പറയുന്നു.ഒട്ടും സ്വാഗതാര്‍ഹമായ വസ്തുതയല്ലിത്. ഫ്ലോറിഡയിലെ ഹോളിവുഡ് നഗരത്തിന് അവിടുത്തെ നിവാസികളുടെ സാമൂഹ്യബോധത്തിനും ഉല്‍ക്കര്‍ഷേച്ഛയ്ക്കും അംഗീകാരമായി 2007-ല്‍ 'ഓള്‍ അമേരിക്ക സിറ്റി' എന്ന ബഹുമതി 'നാഷണല്‍ സിവിക് ലീഗ് ' നല്‍കുകയുണ്ടായി. പക്ഷേ ഇന്നിവിടം അമേരിക്കയുടെ ചെളിക്കുണ്ടിലായ പാര്‍പ്പിടപ്രശ്നത്തിന്റെ ചിഹ്നം മാത്രമാണ്. ഹോളിവുഡിന്റെ പനമരങ്ങള്‍ തണല്‍ വിരിച്ച തെരുവുകളിലെല്ലാം സാമ്പത്തികത്തകര്‍ച്ച പ്രകടമാണ്. 'ഹോളിവുഡിലേക്ക് സ്വാഗതം'എന്നതിന് പകരം 'നിങ്ങളുടെ വീട് വില്‍ക്കുക - ഉടന്‍ പണം - വിളിക്കുക 954-249-5420' എന്ന് മഞ്ഞയില്‍ എഴുതിയ പരസ്യപ്പലകകളാണ് ഇന്നൊരു സന്ദര്‍ശകന്‍ കാണുക.
മുപ്പതുകള്‍ക്കുശേഷം ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് പണയഭീമന്‍ ഫ്രഡി മാക് അധികാരികള്‍ പറഞ്ഞത്. ഹോളിവുഡിലെ എല്ലാ തെരുവുകളും ”വില്‍പ്പനയ്ക്ക് ”, “ആര്‍ക്കും വന്ന് നോക്കാം” തുടങ്ങിയ പരസ്യപ്പലകകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചില തെരുവുകളില്‍ ഒരേ നിരയില്‍ത്തന്നെ അഞ്ചാറുവീടുകള്‍ “വില കുറച്ചിരിക്കുന്നു”, “ജപ്തിയില്‍” തുടങ്ങിയ ആകര്‍ഷക വാചകങ്ങളോടെ വില്‍പ്പനയ്ക്കുണ്ട്. നഷ്ടപ്പെട്ട പട്ടിക്കും പൂച്ചയ്ക്കും വേണ്ടിയുള്ള കുറിപ്പുകള്‍ക്കുപകരം ഇന്ന് ഹോളിവുഡിലെ ടെലിഫോണ്‍ പോസ്റ്റുകളില്‍ കാണുന്നത് “എന്റെ വീട് വാങ്ങുക” എന്നും തുറന്ന ഒരു വീട് വാങ്ങിയ നിരക്ഷരകുക്ഷികളുടെ “വില തുച്ഛ”മെന്നുമുള്ള പരസ്യവാചകങ്ങളാണ്.
തുച്ഛവിലയുള്ള വീട് നോക്കിപ്പോയ ഞാന്‍ കണ്ടത് കടലോരത്ത് ഗോള്‍ഫ് കളിക്കളത്തിനും തോട്ടിനും അടുത്തുള്ള ഉടമസ്ഥന്‍ ഉപേക്ഷിച്ചുപോയ തുറന്നിട്ടുപോയ വീടാണ്. മുന്നിലേയും പിന്നിലേയും വാതിലുകള്‍ തുറന്നിട്ടിട്ട് ഉടമസ്ഥന്‍ മുങ്ങി.. ഇതാണിന്നത്തെ അമേരിക്ക!
താറുമാറായ സമ്പദ് രംഗം
ഹോളിവുഡ് ഉള്‍പ്പെടുന്ന തെക്കന്‍ ഫ്ലോറിഡയിലേതുപോലെ തകര്‍ന്ന സമ്പദ് രംഗം മറ്റൊരിടത്തുമില്ല. ഭൂമിവിലയില്‍ വര്‍ഷംപ്രതി 20 ശതമാനം ലാഭവളര്‍ച്ച കണ്ടതുകൊണ്ട് റിയല്‍ എസ്റ്റേറ്റുകാരുടേയും ഊഹക്കച്ചവടക്കാരുടേയും നിക്ഷേപങ്ങളുടെ കുത്തൊഴുക്കായിരുന്നു ഫ്ലോറിഡായില്‍ . രേഖകളൊന്നും ആവശ്യമില്ല എന്ന നവീന വായ്പാ പദ്ധതിയുമായി ബാങ്കുകളും കൂട്ടത്തില്‍ക്കൂടി; എത്രയാണ് നിങ്ങളുടെ വരുമാനം? എപ്പോഴെങ്കിലും പാപ്പരായിട്ടുണ്ടോ? എത്ര പണമാണ് വേണ്ടത് ? എന്ന ബാങ്കിന്റെ വായ്പാ വിഭാഗം മാനേജരുടെ ചോദ്യങ്ങള്‍ മാത്രം മതിയായിരുന്നു ഒരപേക്ഷകന് വായ്പ ലഭിക്കാന്‍.
"ഒത്തിരി തിരിമറികള്‍ നടന്നു, തങ്ങളുടെ വരുമാനത്തെപ്പറ്റി ആളുകള്‍ കള്ളം പറഞ്ഞു, നിങ്ങള്‍ പറഞ്ഞ ശമ്പളക്കണക്ക് വച്ച് പത്തുലക്ഷം ഡോളര്‍ തന്നിട്ട് 'പോയൊരു വീട് വാങ്ങൂ' എന്ന പറയുന്നതായിരുന്നു രീതി- വസ്തുദല്ലാളായി 30 വര്‍ഷത്തെ പരിചയമുള്ള കാര്‍ലോസ് ജസ്റ്റോ വിശദീകരിക്കുന്നു.
നല്‍കപ്പെട്ട വസ്തുതകള്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കാതെ വന്ന സാഹചര്യത്തില്‍ വായ്പായോഗ്യരല്ലാത്ത പലരും ഇന്ന് കുപ്രസിദ്ധ സബ്പ്രൈം - രണ്ടോ മൂന്നോ വര്‍ഷം കുറഞ്ഞ തിരിച്ചടവ് ഗഡുക്കളും(800 ഡോളര്‍) അതിനുശേഷം 500 ശതമാനം വരെ വര്‍ധനയോടെ മാസഗഡു 4000 ഡോളറായി മാറുന്ന - ഉടമ്പടിപ്രകാരം വായ്പയെടുത്തു.
ഓരോ ലക്ഷം ഡോളറിന്റെ 57 ചെക്കുകളുമായി 2006-ല്‍ രണ്ടാഴ്ച കാശുമാറാന്‍ നടന്ന 28-കാരിയായ കത്രിന ബ്രോസ്‌ഡ തന്റെ 'ചാനല്‍' ബാഗ് മാറോടുചേര്‍ത്തുകൊണ്ട് പറയുന്നതു കേള്‍ക്കുക,
"ഓരോ ചെക്കും ഓരോ ഫ്ലാറ്റ് വാങ്ങാനുള്ള മുന്‍കൂര്‍ തുകയായിരുന്നു. എനിക്കുണ്ടായിരുന്ന കുറേ സഹായികള്‍ ഒരു ഫ്ലാറ്റ് വാങ്ങുന്നത് സ്വപ്നംകണ്ട് കൂടാരങ്ങളില്‍ കിടന്നുറങ്ങുന്നതും ആദ്യ അലോട്ട്‌മെന്റ് കിട്ടാനായി പോരടിക്കുന്നതും ഞാന്‍ കണ്ടു. ആളുകള്‍ക്കെല്ലാം ഒരു മാതിരി ഭ്രാന്ത് പിടിച്ച പോലെ.''
ഹോളിവുഡ് നിവാസികള്‍ ഇന്ന് കടത്തില്‍നിന്ന് കര കയറാനുള്ള കഠിനശ്രമത്തിലാണ്. പബ്ലിക് ലൈബ്രറിയിലെ പഴയ / അധികപുസ്തക വില്‍പ്പനത്തട്ടുകളില്‍ ഇന്ന് ഒഴിഞ്ഞുകിടക്കുന്നത് സാമ്പത്തിക സഹായ ഗ്രന്ഥമേഖലകള്‍ മാത്രമാണ്. അങ്ങനെയുള്ള പുസ്തകങ്ങളൊന്നും കാത്തുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വരുന്നതിനേക്കാള്‍ വേഗത്തില്‍ അവ വിറ്റുപോകുന്നു - വായനശാലാ പ്രവര്‍ത്തകനായ നരച്ച അറുപതുകാരന്‍ അന്റോണി പറയുന്നു.
പുസ്തകങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ടെങ്കിലും വെബ് പേജുകളിലും ബ്ലോഗുകളിലും മറ്റും, ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ല. പ്രാദേശിക പത്രങ്ങളിലെല്ലാം അപ്പാര്‍ട്ട്‌മെന്റ് വാങ്ങിക്കാനായി ഉണ്ടാക്കിയ കരാറുകള്‍ റദ്ദാക്കിത്തരാമെന്നും ഡെപ്പോസിറ്റ് തുക മടക്കി വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ പരസ്യങ്ങള്‍ ധാരാളമായി വരുന്നുണ്ട്. പാപ്പരായ ഫ്ലോറിഡ പൌരന്മാര്‍ക്ക് 40,000 ഡോളര്‍ മടക്കി കിട്ടുമോ, ആകാംഷാഭരിതനായ ഞാന്‍ പരസ്യം നല്‍കിയ ഒരളോട് ചോദിച്ചു.
“ഡെവലപ്പര്‍മാര്‍ വാഗ്ദാനം ചെയ്തത് ഒളിമ്പിക്സ് വലിപ്പമുള്ള സ്വിമ്മിംഗ് പൂളുകളും ഇമ്പോര്‍ട്ടട് ടൈലുകളുമൊക്കെ ആയിരുന്നു. ഇന്നിപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളതോ, ഇടുങ്ങിയ സ്വിമ്മിംഗ് പൂളുകളും നാടന്‍ ടൈലുകളുമൊക്കെയാണ്. മുമ്പ് ഓരോ യൂണിറ്റുകളും പെട്ടെന്ന് പെട്ടെന്ന് വിറ്റു പോയിരുന്നതുകൊണ്ട് ആര്‍ക്കും പരാതിയില്ലായിരുന്നു, ഇന്നിപ്പോള്‍ കഥ വ്യത്യസ്തമാണ് , ” അറ്റോര്‍ണി ഡേവിഡ് ഫിലിപ്പ് പറയുന്നു.
അപ്പാര്‍ട്ടുമെന്റുകളുടെ വിലയിടിഞ്ഞതിനാല്‍ കെണിയിലകപ്പെട്ട ആളുകള്‍ക്ക് ഡേവിഡ് ഫിലിപ്പ് ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ പത്തു കൊല്ലം അയാള്‍ ഡെവലപ്പര്‍മാരോടൊത്താണ് ജോലി ചെയ്തിരുന്നത്. കരാറുകളും മറ്റും തയ്യാറാക്കുന്ന ജോലി ആയിരുന്നു അയാള്‍ക്ക്. ഇന്നയാള്‍ കളം മാറി ചവിട്ടിയിരിക്കുകയാണ് , താന്‍ തന്നെ എഴുതിയ കരാറുകള്‍ പിച്ചിച്ചീന്തുന്നതില്‍ വ്യാപൃതനാണിപ്പോള്‍ അയാള്‍. ആദ്യമൊക്കെ ഇത് ചെറിയ ഒരു സൈഡ് ബിസിനസ്സായിരുന്നു. ഇന്നിപ്പോള്‍ ആളുകള്‍ ഇവിടെയും തിക്കിത്തിരക്കുകയാണ്.
ഈ തകര്‍ന്ന സാമ്പത്തികാവസ്ഥയില്‍ നിങ്ങള്‍ ഹോളിവുഡില്‍ കാണുന്ന ഓരോരുത്തരും വസ്തുദല്ലാളാന്മാരോ കച്ചവടത്തിന്റെ ഇരകളോ ആയിരിക്കും. വഴി തടഞ്ഞുകൊണ്ട് നില്‍ക്കുന്ന ബസ് പോലുള്ള ഷെവര്‍ലേ എക്സ്കര്‍ഷന്‍ കാറുകാരന്‍ പറയുകയാണ്. “ അത്യാഗ്രഹമാണ് ഇതെല്ലാം വരുത്തി വച്ചത് . ഒരു ട്രില്യണ്‍ ഡോളറാണ് ജോര്‍ജ്ജ് ബുഷ് ഇറാക്കില്‍ ചെലവഴിച്ചത്. നമ്മുടെ പേരക്കൂട്ടികള്‍ക്കായി അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്? അയാള്‍ മറ്റൊരു മഹാമാന്ദ്യം വരുത്തി വയ്ക്കും. അമേരിക്കക്കാര്‍ അമേരിക്കക്കാരോടുതന്നെ ഇങ്ങനെ കാട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല . ഈ തകര്‍ച്ചയോടെ അമേരിക്കയോടുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു,“ അയാള്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു മൂലയില്‍ 780,000 ഡോളര്‍ മുടക്കി വാങ്ങിയ മുന്നു ബെഡ് റൂമുള്ള വീടിനു മുന്നില്‍ സിഗാര്‍ വലിച്ചു കൊണ്ട് നില്‍ക്കുന്ന ജിം റോബിന്‍സണ്‍ സമ്മതിക്കുന്നു, ഇന്നിപ്പോള്‍ ഈ വീട് വില്‍ക്കുകയാണെങ്കില്‍ 600,000 ഡോളറില്‍ കൂടുതല്‍ എന്തായാലും ലഭിക്കില്ല.
ഭവന നിര്‍മ്മാണ രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ റോബിന്‍സണ്‍ ഗൌരവതരമായ മറ്റൊരു സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് സൂചിപ്പിച്ചു. “ഈ രാജ്യം ഇന്നിപ്പോള്‍ ഒരു വ്യാവസായിക ശക്തിയല്ലാതായിക്കഴിഞ്ഞു. നമ്മള്‍ സ്റ്റീല്‍ പോലും ഉത്പാദിപ്പിക്കുന്നില്ല, വാള്‍ സ്ട്രീറ്റിലെ 30 ശതമാനം ഇന്ന് സൌദികളുടെ കയ്യിലാണ്. സിറ്റി ബാങ്കിനെ രക്ഷപെടുത്താന്‍ ദുബായ് വേണ്ടിവന്നു.”
ശരീരം മുഴുവല്‍ കടുംനിറങ്ങളിലുള്ള പച്ച കുത്തിയ, സുഡാനിലെ തെരുവു യുദ്ധത്തെക്കുറിച്ച് ധാരാളം കഥകള്‍ പറയുന്ന, റോബിന്‍സണ്‍ ഒരു വിമുക്ത ഭടനാണ്. അയാള്‍ മൂന്നാം ലോക രാജ്യങ്ങളില്‍, എല്ലാ സാഹചര്യങ്ങളിലും, അതായത് വരള്‍ച്ച, പട്ടിണി, യുദ്ധം എന്നീ സാഹചര്യങ്ങളില്‍ വ്യാപകമായി ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ഹോളിവുഡിലും അത്തരം അരക്ഷിതാവസ്ഥ സംജാതമാകുകയാണെന്ന് അയാള്‍ ഭയപ്പെടുകയാണ്.
“തങ്ങളുടെ ചെറിയ ലോകത്തിനു പുറത്തുള്ള കാര്യങ്ങള്‍ ഈ മനുഷ്യര്‍ക്കറിയില്ല. ഈ സാമ്പത്തിക പ്രതിസന്ധി എത്ര ഭീകരമാണെന്നതിനെക്കുറിച്ച് ഇവര്‍ ആശേഷം ബോധവാന്മാരല്ല. നിങ്ങള്‍ പലചരക്കു കടയുടെ ഷട്ടറിടൂ..ഇവര്‍ പരിഭ്രന്തരായിക്കഴിഞ്ഞു. ഈയിടെ കൊടുങ്കാറ്റ് വന്നപ്പോല്‍ നാമത് കണ്ടതാണ്..ആളുകള്‍ സ്റ്റോറുകളില്‍ വച്ച് ഒരു ലോഫ് ബ്രെഡിനായി ഏറ്റുമുട്ടുന്നത്. ”
വീടിന് പുറത്തേക്ക് നടക്കുന്നവര്‍
ഭവനവില കുത്തനെ ഇടിയുന്ന അമേരിക്കന്‍ നഗരങ്ങളില്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പുറത്തേക്ക് നടക്കുകയാണ്. ചെറുപ്പക്കാരായ ദമ്പതികള്‍ക്ക് ഏകദേശം 4 വര്‍ഷം മുമ്പ് ഞങ്ങള്‍ 400,000 ഡോളറിന് വീടുകള്‍ വിറ്റിരുന്നു. ഇന്നിപ്പോള്‍ അവര്‍ക്കതു വില്‍ക്കാനാവുക 275,000 ഡോളറിനായിരിക്കും. അതിനാല്‍ അവര്‍ അത് വേണ്ടെന്ന് വച്ച് പുറത്തേക്ക് നടക്കുകയാണ്. ഇത് ധാരാളം പേര്‍ ചെയ്യുന്നുണ്ട്. പക്ഷെ പത്രത്തിലൊന്നും ഇത് കാണാനാവില്ല, ബോബ് ബോയന്‍സ് എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ പറയുന്നു.“അവര്‍ ഇതിനെക്കുറിച്ചൊക്കെ മൂന്നു നാലു മാസം ആലോചിക്കും..വക്കീലിനെ കാണാനുള്ള ശേഷിയുണ്ടെങ്കില്‍ കാണും..എന്നിട്ടവര്‍ വാടകയ്ക്ക് ഒരു സ്ഥലമന്വേഷിക്കും. അവര്‍ ബാങ്കിലടയ്ക്കേണ്ട മാസഗഡു 4000 ഡോളറാണെങ്കില്‍ 1700 ഡോളര്‍ മുടക്കിയാല്‍ വാടയ്ക്ക് നല്ല വീട് കിട്ടും. അവരുടെ പ്രതിമാസ ചെലവ് പകുതി കണ്ട് കുറയുകയാണ്. ആകെയുള്ള കുഴപ്പം അവരുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയും എന്നതാണ്. ആര്‍ക്കും നിങ്ങളെ അറസ്റ്റ് ചെയ്യാനാവില്ല. നിയമത്തിനു മുമ്പില്‍ ഇതൊരു കുറ്റമല്ല. ആയിരക്കണക്കിന് ആളുകളാണ് ഇപ്രകാരം ചെയ്യുന്നത്. ”
വീടിനു പുറത്തേക്കുള്ള ഈ നടത്തത്തിന് ഒരു പ്രത്യേക പാറ്റേണുണ്ട്. ആദ്യം വീട്ടുസാധനങ്ങള്‍ വില്‍ക്കുന്നു; പിന്നാലെ കാറും. അവസാനം വീടിന്റെ താക്കോല്‍ ബാങ്കിലേക്ക് അയച്ചുകൊടുക്കുന്നു. തപാല്‍ എടുക്കാന്‍ രാവിലെ പോകുന്ന ജീവനക്കാരന്‍ താക്കോലുകള്‍ കിലുങ്ങുന്ന തപാല്‍പ്പെട്ടിയുമായാണ് മടങ്ങുന്നത്. വീട്ടുടമസ്ഥരും ഇതിനെ ഇപ്പോള്‍ വിളിക്കുന്നത് - 'ജിംഗിള്‍ മെയില്‍' എന്നു തന്നെ.
നാട്ടുകാരുടെ കയ്യില്‍ കാശില്ലാത്ത സാഹചര്യത്തില്‍ പിന്നെ ആരാണ് ഇതൊക്കെ വാങ്ങുക? പറ്റം പറ്റമായാണ് വിദേശികള്‍ വരുന്നത്. ഞങ്ങളുടെ ഓഫീസ് സന്ദര്‍ശിക്കുന്നവരില്‍ 80 ശതമാനവും ഇംഗ്ളണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യക്കാരാണ്. ഇടിയുന്ന വിലയ്ക്കും തകരുന്ന ഡോളര്‍മൂല്യത്തിനുമിടയില്‍ വെറുതെ കിട്ടുന്നതു പോലെ അവര്‍ വാങ്ങിക്കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം 6,60,000 ഡോളറിന് പോയ ഒന്നാം കച്ചവടങ്ങള്‍ ഇന്ന് വെറും 2,40,000 ഡോളറിനാണ് ലേലം കൊള്ളുന്നത് - സ്ഥലത്തെ ദല്ലാള്‍ഭീമനായ പോള്‍ മെലിസെന പറയുന്നു.
മിയാമി പ്രദേശത്തെ ആഡംബര സൌധങ്ങള്‍ കൈക്കലാക്കാനായി മറ്റൊരു കൂട്ടരിറങ്ങിയിട്ടുണ്ട് - സമ്പന്ന റഷ്യക്കാര്‍. ഹേമന്ദരവികിരണത്താലും കവാടനിബദ്ധ സുരക്ഷിതത്താലും ആകൃഷ്ടരായി വരുന്ന റഷ്യക്കാര്‍ ദുര്‍ബലമായ ഡോളറിനാല്‍ വിലയിടിയപ്പെട്ട മണിമേടകള്‍ കൈക്കലാക്കുന്നു.
അമേരിക്കന്‍ മാധ്യമങ്ങളില്‍ ഈ ഹൌസിങ്ങ് പ്രതിസന്ധി ഒറ്റപ്പെട്ട കുറെ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ചിത്രീകരിക്കപ്പെടുന്നത്-വളരെക്കുറച്ച് റിപ്പോര്‍ട്ടര്‍മാര്‍ മാത്രമെ മറ്റൊരു ഗ്രേറ്റ് ഡിപ്രഷനാണിതെന്നതിനുള്ള തെളിവുകളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്നുള്ളൂ. ഈ പ്രതിഭാസത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഹോളിവുഡ്ഡിലെ ഒരു ഓഫീസ് കെട്ടിടത്തിനു പുറത്തെ ചപ്പുചവറുകള്‍ ഇടുന്ന വലിയപെട്ടി ഞാന്‍ പരിശോധിച്ചു. അതിനകം മുഴുവന്‍ തുടക്കാത്ത കത്തുകള്‍ നിറച്ച് വീഞ്ഞപ്പെട്ടികളായിരുന്നു. സാധാരണക്കാരായ അമേരിക്കന്‍ ജനതയുടെ തുറക്കാത്ത കത്തുകളില്‍ ഞാനെന്താണ് കണ്ടത്?ആദ്യത്തെ കത്ത് ലാന്‍ഡ് റോവര്‍ മിയാമിയിലെ ഐസക്കിനു അയച്ച കത്തായിരുന്നു. മാര്‍ച്ച് 25ലെ കത്ത് ഇങ്ങിനെ തുടങ്ങുന്നു. “ലാന്‍ഡ് റോവര്‍ കാപിറ്റല്‍ ഗ്രൂപ്പില്‍ നിന്നും താങ്കള്‍ എടുത്തിട്ടുള്ള കടം ഇതുവരെയും തിരിച്ചടച്ചിട്ടില്ല.” കത്തിന്റെ കൂടെ ഐസക്കിനു പൂരിപ്പിക്കാനായി ഒരു ഫോമും 13540.76 ഡോളറിന്റെ ചെക്ക് അയക്കാനുള്ള മറുപടിക്കവറും ഉണ്ടായിരുന്നു.
88000 ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു കത്ത് മിയാമിയിലെ യൂറിക്കുള്ളതായിരുന്നു. ന്യൂയോര്‍ക്കിലെ ചില അഭിഭാഷകന്മാരുടെ ഒരു ഒറ്റത്തവണ ഓഫര്‍ ആയിരുന്നു അതില്‍. യൂറി 35000 ഡോളറിന്റെ ഒരു ചെക്ക് അയക്കുകയാണെങ്കില്‍ മൊത്തം കടവും വീടുമെന്ന്. 55% ഡിസ്കൌണ്ട് അനുവദിക്കുകയായിരുന്നു അവര്‍.
യൂറിക്കുള്ള മറ്റു കത്തുകളും ഞാനവിടെ കണ്ടു, എല്ലാം ചേര്‍ത്താല്‍ പതിനായിരക്കണക്കിനു ഡോളറിനുമേല്‍ വരും. യൂറിക്ക് ഏതാണ് ഒരു ലക്ഷം ഡോളറിന്റെ കടമുണ്ടായിരുന്നു. അത് നല്‍കിയവര്‍ക്ക് യൂറിയെ കണ്ടെത്താനായില്ലെന്ന് തോന്നുന്നു, കുറഞ്ഞപക്ഷം ആ കത്തുകള്‍ തുറക്കാനായിട്ടെങ്കിലും. യൂറിയെ കുറച്ച് ദശലക്ഷങ്ങള്‍ കൊണ്ട് ഗുണിക്കുക. ഈ പ്രതിസന്ധിയുടെ ആഴം പതുക്കെ നിങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങും.
ഞാന്‍ ഹോളിവുഡില്‍ ഒരാഴ്ച മാത്രമാണ് തങ്ങിയത്. തത്തകളുടെ കൊഞ്ചല്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുന്ന ശാന്തമായ ആ തെരുവുകളെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഇന്റര്‍നെറ്റ് സൌകര്യമുള്ള 24 കമ്പ്യൂട്ടറുകളുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് തീര്‍ത്തും സൌജന്യമായി ഗ്രന്ഥശാലാ സൌകര്യം നല്‍കുന്നതും, തൂത്തു തുടച്ചിട്ട ഇരുചക്ര വാഹനപാതകളും ഒക്കെ ആകര്‍ഷകമാണെങ്കിലും അമേരിക്കന്‍ കിനാവിന്റെ തകര്‍ച്ചാ ചിഹ്നമായ കല്യാണമോതിരവും പണയക്കടക്കാരനും എന്നെ വേട്ടയാടുന്നു.
“ആളുകള്‍ ഇവിടെ വരുന്നത് പണത്തിനായാണ്, അവര്‍ ഒറ്റപ്പെസപോലും ചിലവാക്കുന്നില്ല. അവര്‍ ചിലവാക്കാത്തതുകൊണ്ട് തന്നെ ഞങ്ങളുടെ കച്ചവടം പൂര്‍ണ്ണമായും തകര്‍ച്ചയിലാണ്.” ബ്രൂസ് പറയുന്നു. “ഒറ്റ വസ്തു മാത്രമേ ചിലവാകുന്നുള്ളൂ, ഗോള്‍ഫ് ഉപകരണങ്ങള്‍. ഇത് വിചിത്രമാണ്. ആളുകള്‍ക്ക് (ഈയവസ്ഥയില്‍) ചെയ്യാന്‍ മനസ്സുവരികയില്ല എന്ന് നമുക്ക് തോന്നുന്ന ഒരു കാര്യം. പച്ചക്ക് പറഞ്ഞാല്‍, അവര്‍ക്ക് ജോലിയൊന്നുമില്ല, അതുകൊണ്ട് അവര്‍ ഗോള്‍ഫ് റേഞ്ചിലേക്ക് പോകുന്നു.”
*
ജറുസലേം പോസ്റ്റില്‍ ജൊനാതന്‍ ഫ്രാങ്ക്‍ലിന്‍ എഴുതിയ Busted American dreams എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: സി.ഐ.ടി.യു. സന്ദേശം
Tuesday, June 17, 2008
ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍
ക്രൂഡ് ഓയിലിന്റെ വില ബാരലിന് 140 ഡോളര്‍ എത്തിയെന്നതും എണ്ണയുല്പാദനമേഖലയിലൊക്കെ കുഴപ്പങ്ങളാണെന്നതും ഓര്‍ത്തു വിഷമിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം... റഷ്യയിലെ പൊതുമേഖലാ കുത്തകയായ Gazpromന്റെ ചെയര്‍മാന്‍ അലക്സി മില്ലര്‍ ഈയടുത്തയിടെ പറഞ്ഞത് ക്രൂഡ് ഓയിലിന്റെ വില അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ബാരലിന് 250 ഡോളര്‍ ആകുമെന്നാണ്...
മില്ലര്‍ നടത്തിയ ഈ പ്രവചനം, ഭാഗികമായെങ്കിലും, സമൃദ്ധമായ എണ്ണ നിക്ഷേപമുള്ള കാസ്പിയന്‍ ബേസിനും മിഡില്‍ ഈസ്റ്റും ബലപ്രയോഗത്തിലൂടെ “സുരക്ഷിതമാക്കാനുള്ള” ബുഷ് ഭരണകൂടത്തിന്റെ പരാജയപ്പെട്ട രണ്ട് യുദ്ധങ്ങളുടെ(അധിനിവേശങ്ങളുടേയും) പരിണിതഫലമാണോ എന്ന് ഒരു നിമിഷം നമുക്ക് ചിന്തിക്കാം. ഇറാനെതിരെയുള്ള വ്യോമാക്രമണത്തിനായി വാദിക്കുന്ന ബുഷ് ഭരണകൂടത്തിലെ(ഇസ്രായേലിലേയും) ശക്തികള്‍ക്ക് അനുദിനം കരുത്തു വര്‍ദ്ധിക്കുകയാണെന്ന Jim Lobe എന്ന പത്രപ്രവര്‍ത്തകന്റെ (ഊഹാപോഹങ്ങളില്‍ നിന്നും സെന്‍സേഷണലായ നിഷ്‌ക്കര്‍ഷങ്ങളിലേക്ക് എടുത്ത് ചാടുന്ന ആളല്ല ജിം എന്നതാണല്ലോ നമ്മുടെ അനുഭവം)നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, മില്ലര്‍ പറഞ്ഞ സിനാറിയോ ഒന്നു മനസ്സില്‍ കണ്ടു നോക്കുക. ആണവ പരിപാടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം ഒഴിവാക്കാനാവാത്തതായിരിക്കുമെന്ന ഇസ്രായേലി ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പ്രസ്താവന - “ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പരിപാടിയുമായി ഇറാന്‍ മുന്നോട്ട് പോവുകയാണെങ്കില്‍, ഞങ്ങള്‍ അവരെ ആക്രമിക്കും. ഉപരോധങ്ങളൊന്നും തന്നെ ഫലപ്രദമല്ല”- എണ്ണവില കുതിച്ചുയരാനിടയാക്കിയെങ്കില്‍ ഒരു യഥാര്‍ത്ഥ ആക്രമണത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്നു സങ്കല്‍പ്പിക്കുക.
ഒരു പഴയ തമാശ നിങ്ങള്‍ക്കറിയാമായിരിക്കും. സൈനിക നീതിയും നീതിയും തമ്മില്‍ സൈനിക സംഗീതവും സംഗീതവും തമ്മിലുള്ള ബന്ധമേയുള്ളൂ. ഒരു പക്ഷെ, അത്ര വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ, ഇതിനേക്കള്‍ നിര്‍ദ്ദയവും ക്രൂരവുമായ ഒരു ഫലിതം, സൈനിക നടപടികളിലൂടെ എണ്ണയുടെ വിതരണം സുരക്ഷിതമാക്കാനുള്ള വാഷിങ്ങ്ടണിന്റെ ശ്രമങ്ങളെക്കുറിച്ചും കേള്‍ക്കുവാനായേക്കും. അതിരിക്കട്ടെ, Rising Powers, Shrinking Planet: The New Geopolitics of Energy എന്ന ഗ്രന്ഥത്തില്‍ Michael Klare എണ്ണവിതരണം സൈനികവല്‍ക്കരിച്ച വാഷിങ്ങ്ടണിന്റെ നടപടികളിലെ ബുദ്ധിഭ്രമത്തെക്കുറിച്ചും അതുമൂലമുണ്ടായ വിനാശകരങ്ങളായ ‘എണ്ണക്കുവേണ്ടിയുള്ള യുദ്ധങ്ങളെ‘ക്കുറിച്ചും വിവരിക്കുന്നുണ്ട്. ( ശ്രീ മൈക്കല്‍ ക്ലാര്‍ക്കിന്റെ മറ്റൊരു വിഖ്യാത രചനായായ Blood and Oil നെ ആധാരമാകി ഒരു ഡോക്യുമെന്ററി എടുത്തു കഴിഞ്ഞു.)
ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍
അമേരിക്കയിലേക്കുള്ള എണ്ണയുടെ പ്രവാഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയോ, സൈനിക നടപടി തന്നെ ഉപയോഗിച്ചോ ആവണമെന്നാണ് അമേരിക്കന്‍ നയരൂപീകരണ വിദഗ്ദര്‍ പണ്ടു മുതല്‍ക്കു തന്നെ കരുതിപ്പോരുന്നത്. ഇന്നിത് അമേരിക്കന്‍ വിദേശനയത്തിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞു.
ഈ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം ബുഷ് ഭരണകൂടം 1990-91 കാലയളവില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിയത്. രണ്ടാം ബുഷ് ഭരണകൂടമാകട്ടെ, 2003ല്‍ ഇറാഖില്‍ അധിനിവേശം തന്നെ നടത്തി. ആഗോള എണ്ണ വില കുതിച്ചുയരുകയും എണ്ണയുടെ നിക്ഷേപങ്ങള്‍ വര്‍ഷം കഴിയുംതോരും കുറഞ്ഞു കുറഞ്ഞു വരുകയും ചെയ്യുമ്പോള്‍ 2009 ജനുവരിയില്‍ അമേരിക്കയില്‍ അധികാരത്തില്‍ വരുന്നവര്‍ ആരായാലും, സൈനിക ശക്തി എന്നത് എണ്ണ സമൃദ്ധ പ്രദേശങ്ങളിലെ അമേരിന്‍ താല്പര്യം ഉറപ്പുവരുത്തുവാനുള്ള ഏറ്റവും ആത്യന്തികമായ ഉപാധിയായി കരുതപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, സൈനികവല്‍ക്കരിക്കപ്പെട്ട ഇന്ധനത്തിന്റെ വില - രക്തത്തിലും ഡോളറിലും - വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം “വിവേക”ത്തിനെതിരെ വാദിച്ചു തുടങ്ങുവാനുള്ള സമയമായില്ലേ? അമേരിക്കന്‍ പട്ടാളത്തിന് അമേരിക്കയുടെ ഊര്‍ജ സുരക്ഷയുടെ കാര്യത്തില്‍ സംഗതമായ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ഊര്‍ജ്ജ നയത്തിന്റെ കാര്യത്തില്‍ സൈന്യത്തെ ആശ്രയിക്കുന്നത് എത്രമാത്രം പ്രായോഗികവും, താങ്ങാവുന്നതും, നീതിപൂര്‍വവുമായിരിക്കും എന്നും ചോദിക്കേണ്ട സമയമായില്ലേ?
ഊര്‍ജ്ജ നയം സൈനികവല്‍ക്കരിക്കപ്പെട്ടതെങ്ങിനെ
“ഊര്‍ജ്ജ സുരക്ഷയും“ (അങ്ങിനെയാണതിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്) “രാജ്യസുരക്ഷയും” തമ്മിലുള്ള ഈ നാഭീനാളബന്ധം സ്ഥാപിക്കപ്പെട്ടിട്ട് കാലം കുറെ ആയി. സൌദിയിലെ എണ്ണപ്പാടങ്ങള്‍ക്കുമേല്‍ അമേരിക്കക്ക് ചില പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചതിന് പ്രത്യുപകാരമായി സൌദി അറേബ്യന്‍ രാജകുടുംബത്തെ സംരക്ഷിക്കുമെന്ന് 1945ല്‍ പ്രസിഡന്റ് ഫ്രാന്‍ക്ലിന്‍ റൂസ്‌വെല്‍റ്റ് ഉറപ്പ് കൊടുത്തപ്പോള്‍ ആരംഭിച്ചതാണിത് . പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എണ്ണയുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പ് വരുത്തുക എന്നത് “മര്‍മ്മപ്രധാനമായ താല്‍പ്പര്യം” ("vital interest") ആണെന്നും അത് തടയുവാനുള്ള ശത്രുരാജ്യങ്ങളുടെ ഏത് ശ്രമവും “സൈനിക ശക്തി ഉള്‍പ്പെടെ, അവശ്യമായ ഏത് മാര്‍ഗം ഉപയോഗിച്ചും" (“by any means necessary, including military force.") പ്രതിരോധിക്കും എന്നും 1980ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ കോണ്‍ഗ്രസ്സിനെ ധരിപ്പിച്ചപ്പോള്‍, മേല്‍പ്പറഞ്ഞ ബന്ധത്തിനു ഒരു ഔദ്യോഗിക മാനം കൈവരികയാണുണ്ടായത്.
ഈയൊരു സിദ്ധാന്തം നടപ്പില്‍ വരുത്തുന്നതിനായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സൈനിക നടപടികള്‍ക്കുമാത്രമായി Rapid Deployment Joint Task Force എന്നൊരു വിഭാഗം രൂപീകരിക്കുവാന്‍ കാര്‍ട്ടര്‍ ആജ്ഞ നല്‍കി. പിന്നീട് പ്രസിഡന്‍റ്റ് റീഗന്‍ ഇതിനെ യു.എസ്. സെന്‍ട്രല്‍ കമാണ്ട് അഥവാ CENTCOM എന്ന ഒരു മുഴുവന്‍ സമയ സൈനിക സംഘടനയാക്കി. റീഗനുശേഷം വന്ന ഓരോ പ്രസിഡന്റുമാരും, കൂടുതല്‍ കൂടുതല്‍ താവളങ്ങളും, കപ്പല്‍പ്പടയും വിമാനവ്യൂഹങ്ങളും ഒക്കെ നല്‍കി, CENTCOMന്റെ ചുമതലകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. സമീപ കാലത്തായി ആഫ്രിക്കയിലേയും കാസ്പിയന്‍ കടല്‍ത്തീരത്തേയും എണ്ണയിലുള്ള ആശ്രിതത്വം വര്‍ദ്ധിച്ചതിനാല്‍, ആ മേഖലയിലെയും സൈനിക സന്നാഹങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഫലമായി, അമേരിക്കന്‍ സൈന്യം എന്നത് മിഡില്‍ ഈസ്റ്റിലേയും മറ്റു പ്രദേശങ്ങളിലേയും എണ്ണക്കുഴലുകളും, ശുദ്ധീകരണശാലകളും, എണ്ണ നിറയ്ക്കുന്ന കേന്ദ്രങ്ങളും സംരക്ഷിക്കുന്ന ഒരു ആഗോള എണ്ണ സംരക്ഷണ സേന ആയിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് കൌണ്‍സില്‍ ഫൌണ്ടേഷന്റെ(NCDF ) ഒരു കണക്കനുസരിച്ച്, പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ “സംരക്ഷണത്തിനു” മാത്രമായി അമേരിക്കന്‍ ട്രഷറിക്ക് വര്‍ഷം തോറും 138 ബില്യണ്‍ ഡോളറിന്റെ ചിലവു വരുന്നുണ്ട്. ഇറാഖ് അധിനിവേശത്തിനു തൊട്ട് മുന്‍പ് ഇത് 49 ബില്യണ്‍ ഡോളറായിരുന്നു.
വിദേശത്തു നിന്നുള്ള എണ്ണയുടെ പ്രവാഹം (oil supplies) സംരക്ഷിക്കുന്നതിനായി ഇത്തരത്തില്‍ ഭീമമായ തുക ചിലവഴിക്കുന്നത് പ്രത്യേകിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത, ഒരു അംഗീകൃത കാര്യമായിക്കഴിഞ്ഞു. ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍സിനും ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. 2006 ഒക്ടോബറില്‍ കൌണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ്(CFR ) പുറത്തിറക്കിയ "National Security Consequences of U.S. Oil Dependency" എന്ന "Independent Task Force Report" ഈയൊരു മാനസികാവസ്ഥക്ക് വ്യക്തമായ ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. മുന്‍ ഡിഫന്‍സ് സെക്രട്ടറി James R. Schlesinger, സി.ഐ.എ ഡയറക്ടര്‍ John Deutch എന്നിവര്‍ നേതൃത്വം നല്‍കിയ ഈ റിപ്പോര്‍ട്ട് പറയുന്നത് ആസന്ന ഭാവിയിലേക്കെങ്കിലും അമേരിക്കന്‍ സൈന്യം ഒരു ആഗോള എണ്ണ സംരക്ഷണ സേനയായി തുടരണം എന്നാണ്. “ പേര്‍ഷ്യന്‍ ഗള്‍ഫ് എന്നത് അടുത്ത രണ്ട് ദശകങ്ങളിലേക്കെങ്കിലും വിശ്വസിച്ചാശ്രയിക്കാവുന്ന എണ്ണയുടെ സ്രോതസ്സ് എന്ന നിലക്ക് അമേരിക്കന്‍ താല്പര്യങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.” എന്ന് ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതനുസരിച്ച് “ആ മേഖലയിലേക്ക്, ആവശ്യം വരികയാണെങ്കില്‍, എപ്പോള്‍ വേണമെങ്കിലും വിന്യസിക്കാവുന്ന തരത്തില്‍ ശക്തമായ ഒരു സൈനികവിഭാഗത്തെ ഒരുക്കി നിര്‍ത്തുവാന്‍ അമേരിക്ക തയ്യാറാകണം” എന്നും “എണ്ണ കൊണ്ടു പോകുന്ന കടല്‍പ്പാതകള്‍ക്ക് അമേരിക്കന്‍ നാവിക വിഭാഗത്തിന്റെ സംരക്ഷണവും അതീവ പ്രാധാന്യമുള്ളതാണ് ” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷിതത്വം ഇല്ലാതാക്കുന്ന പെന്റഗണ്‍ എന്ന കമ്പനി
പ്രധാന രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളെല്ലാം, അന്നും ഇന്നും, പങ്കു വെച്ച അഥവാ പങ്കു വെയ്ക്കുന്ന മേല്‍പ്പറഞ്ഞ വീക്ഷണങ്ങള്‍ അമേരിക്കയുടെ ദീര്‍ഘകാലതന്ത്രത്തെ സംബന്ധിച്ച ചിന്തകളെ (strategic thinking) അടക്കിഭരിക്കുകയാണ്, കൂടുതല്‍ കൃതമായി പറയുകയാണെങ്കില്‍ മുച്ചൂടും മൂടിയിരിക്കുകയാണ്. എന്നിരുന്നാല്‍പ്പോലും ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ അമേരിക്കന്‍ സൈനികശക്തിയുടെ യഥാര്‍ത്ഥ പ്രയോജനം എന്ത് എന്നത് വ്യക്തമാകേണ്ടിയിരിക്കുന്നു.
ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്, 1,60,000 സൈനികരെ വിന്യസിച്ചിട്ടും, ശത ബില്യണ്‍ ഡോളറുകള്‍ ചിലവഴിച്ചിട്ടും ഇറാഖ് ഇന്ന് കൂട്ടക്കുഴപ്പത്തിന്റെ രാജ്യമാണെന്നു മാത്രമല്ല പൈപ്പ് ലൈനുകളിലും ശുദ്ധീകരണശാലകളിലും ഇറാഖിലെ അമേരിക്കന്‍ വിരുദ്ധ പോരാളികള്‍ തുടര്‍ച്ചയായി നടത്തുന്ന അട്ടിമറികള്‍ തടയുന്നതിനോ, അമേരിക്കന്‍ പിന്തുണയുള്ള ഇറാഖിലെ കേന്ദ്രസര്‍ക്കാരിനോട് പ്രതിബദ്ധതയുണ്ടെന്ന് കരുതപ്പെടുന്ന ഉയര്‍ന്ന എണ്ണ ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍ക്കാര്‍ സപ്ലൈയുടെ കരുതിക്കൂട്ടിയുള്ള കൊള്ള തടയുന്നതിനോ കഴിയാത്ത ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്റിന്റെ കെടുകാര്യസ്ഥത കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈനികര്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഈ സര്‍ക്കാര്‍ സപ്ലൈക്ക് കാവല്‍ നില്‍ക്കുന്നത്. അധിനിവേശം തുടങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോള്‍ ഇറാഖില്‍ പ്രതിദിനം ഉല്പാദിപ്പിക്കുന്നത് 25 ലക്ഷം ബാരല്‍ എണ്ണയാണ്, ഇതാകട്ടെ 2001ല്‍ സദ്ദാം ഹുസൈനിന്റെ ഏറ്റവും പരിതാപകരമായ ദിനങ്ങളില്‍ ഉല്പാദിപ്പിച്ചിരുന്നതിനു ഏകദേശം തുല്യം മാത്രമാണ് താനും. കൂടാതെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതു പോലെ “അമേരിക്കന്‍ സൈനികരുടെ അഭിപ്രായമനുസരിച്ച് ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയില്‍ ഉല്പാദിപ്പിക്കുന്ന എണ്ണയുടെ മൂന്നില്‍ ഒന്നോ അതില്‍ കൂടുതലോ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്.” ഇത് അമേരിക്കന്‍ ഊര്‍ജ സുരക്ഷക്ക് അനുഗുണമാണോ?
നിരാശയുണര്‍ത്തുന്ന ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് അമേരിക്കന്‍ പിന്തുണയുള്ള സൈനികരാല്‍ സംരക്ഷിക്കപ്പെടുന്ന എണ്ണ ശുദ്ധീകരണശാലകളുള്ള മറ്റു രാജ്യങ്ങളിലും കാണാനാകുന്നത്. ഉദാഹരണമായി നൈജീരിയയില്‍, എണ്ണ സമ്പന്നമായ നൈജര്‍ ഡെല്‍റ്റയില്‍ നിന്നും റെബലുകളെ തുരത്താനുള്ള അമേരിക്കന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യത്തിന്റെ ശ്രമം കലാപം ആളിക്കത്തിച്ചു എന്നു മാത്രമല്ല, ദേശീയ എണ്ണ ഉല്പാദനത്തില്‍ കുറവു വരുത്തുകയുമുണ്ടായി. അതിനിടയില്‍ നൈജീരിയന്‍ സൈന്യം, ഇറാഖ് സര്‍ക്കാരിനെയും(മിലീഷ്യയെയും) പോലെ, ബില്യണ്‍ കണക്കിനു ഡോളര്‍ വിലവരുന്ന ക്രൂഡ് ഓയില്‍ മോഷ്ടിക്കുന്നതായും കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും ആരോപണങ്ങളുയരുന്നുണ്ട്.
വാസ്തവത്തില്‍, വിദേശത്തു നിന്നുള്ള എണ്ണ സപ്ലൈ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ സേനയെ ഉപയോഗിക്കുന്നത് വഴി “സുരക്ഷ” ഉറപ്പാക്കാനാവുകയില്ല. സത്യത്തില്‍ അത് മൂലം അമേരിക്കക്കെതിരായ ആക്രമാസക്തമായ തിരിച്ചടികള്‍ (blowback-Unintended negative consequences from some action or policy) ഉണ്ടായേക്കാം. ഉദാഹരണമായി കുവൈറ്റിലെ ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോമിനുശേഷം സൌദി അറേബ്യയില്‍ സ്ഥിരവും വിപുലവുമായ ഒരു സൈനിക സാന്നിദ്ധ്യം നിലനിര്‍ത്തുവാനുള്ള പ്രസിഡന്റ് ബുഷിന്റെ തീരുമാനം, ആ രാജ്യത്ത് ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം പടരുന്നതിനും, 9/11 ആക്രമണം നടക്കുന്നതുവരെയുള്ള കാലയളവില്‍ ധാരാളം പേരെ റിക്രൂട്ട് ചെയ്യുവാന്‍ ഒസാമ ബിന്‍ ലാദന് സഹായമാകുകന്നതിനും ഇടയാക്കി എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. “ഏഴുവര്‍ഷത്തിലധികമായി അമേരിക്ക ഇസ്ല്ലാമിക് നാടുകളിലെ വിശുദ്ധ സ്ഥലങ്ങള്‍ കയ്യടക്കിവെക്കുകയും, ഇവിടത്തെ സമ്പത്ത് കൊള്ളയടിക്കുകയും, ഇവിടുത്തെ ഭരണാധികാരികളോട് ആജ്ഞാപിക്കുകയും, ജനങ്ങളെ അപമാനിക്കുകയും, അയല്‍ക്കാരെ ഭീതിയിലാഴ്ത്തുകയും, ഈ പ്രദേശങ്ങളിലെ തങ്ങളുടെ താവളങ്ങള്‍ സമീപവാസികളായ മുസ്ലീം ജനതയെ ആക്രമിക്കുന്നതിനുള്ള കുന്തമുനയാക്കുകയും ചെയ്യുകയാണ് ” എന്ന് ബിന്‍ ലാദന്‍ 1998ല്‍ പ്രഖ്യാപിക്കുകയുണ്ടായി. മുസ്ലീം ലോകത്തിനെതിരായ ഈ ആക്രമണങ്ങളുടെ മുനയൊടിക്കുവാനായി “അമേരിക്കക്കാരനെ കൊല്ലുക” എന്നതും “ഇസ്ലാമിന്റെ പ്രദേശങ്ങളില്‍ നിന്ന്” അമേരിക്കന്‍ സൈന്യത്തെ നിഷ്കാസനം ചെയ്യുക എന്നതും “ഓരോ മുസ്ലീമിന്റെയും വ്യക്തിപരമായ കടമയാണെന്ന്” ബിന്‍ ലാദന്‍ ആഹ്വാനം ചെയ്തിരുന്നു.
അമേരിക്കയുടെ ഉദ്ദേശങ്ങളെക്കുറിച്ചുള്ള ബിന്‍ ലാദന്റെ വിശകലനം എത്രയോ വാസ്തമാണെന്നത് ഉറപ്പിക്കാനെന്നോണം അന്നത്തെ സെക്രട്ടറി ഓഫ് ഡിഫന്‍സ് ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് 2003 ഏപ്രില്‍ 30ന്, ഇറാഖ് അധിനിവേശം ഒരു മാസം മാത്രം പിന്നിട്ടിരിക്കെ, സൌദി അറേബ്യയിലേക്ക് പറന്നെത്തുകയും ഇറാഖ് അധിനിവേശം വിജയകരമായതിനാല്‍ ഇനി സൌദിയിലെ അമേരിക്കന്‍ താവളങ്ങളുടെ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. “ഇറാഖിലെ അധികാരമാറ്റം മൂലം അതൊരു സുരക്ഷിതമായ മേഖലയാണ് , വിമാനങ്ങള്‍ക്കും ബന്ധപ്പെട്ട ആളുകള്‍ക്കും ഇനി സ്ഥലം വിടാവുന്നതാണ്,”എന്ന് റംസ്‌ഫെല്‍ഡ് പ്രഖ്യാപിച്ചു.
റംസ്‌ഫെള്‍ഡ് റിയാദില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെ, ഒരു സവിശേഷ രീതിയിലുള്ള, എന്നാല്‍ തികച്ചും അപായകരമായ ചില തിരിച്ചടികള്‍ ഇറാഖില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ബാഗ്ദാദിലേക്ക് പ്രവേശിച്ചയുടന്‍ അമേരിക്കന്‍ സൈന്യം എണ്ണ മന്ത്രാലയത്തിന്റെ ആസ്ഥാനം പിടിച്ചടക്കുകയും അതിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെങ്കിലും, സ്കൂളുകളും, ആശുപത്രികളും, മ്യൂസിയങ്ങളുമൊക്കെ യാതൊരു ശിക്ഷാഭീതിയുമില്ലാതെ കൊള്ളയടിക്കുവാന്‍ അനുവദിക്കുകയാണ് ചെയ്തത്. സൈന്യത്തിന്റെ ഈ നടപടി നഗരത്തിലെ മറ്റു പ്രദേശങ്ങളും കൊള്ളയടിക്കപ്പെടുമെന്ന് തീര്‍ച്ചയാക്കുന്ന ഒന്നായതിനാല്‍, അമേരിക്ക തങ്ങളുടെ രാജ്യത്തില്‍ അധിനിവേശം നടത്തിയതിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരുന്നുവെന്ന് വെളിവാക്കുന്ന ഒന്നായി ഈ നടപടിയെ ഒട്ടു മിക്ക ഇറാഖികളും കരുതി. മനുഷ്യാവകാശത്തോടും ജനാധിപത്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചുള്ള വൈറ്റ് ഹൌസിന്റെ നിരന്തരമായ അവകാശവാദങ്ങള്‍, ഇറാഖിലെ എണ്ണ സമ്പത്ത് കൊള്ളയടിക്കുന്നതിലെ ആവേശം മറച്ചുവെക്കുന്നതിനുള്ള ശ്രമം മാത്രമാണെന്ന് അവര്‍ക്ക് ബോദ്ധ്യമായി. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് നടത്തിയ ശ്രമങ്ങളൊന്നും തന്നെ ഈയൊരു അഭിപ്രായരൂപീകരണത്തെ ഇല്ലായ്മ ചെയ്യുവാന്‍ പര്യാപ്തമായില്ല. അതു കൊണ്ടു തന്നെയാണ് അമേരിക്കന്‍ പിന്മാറ്റത്തിനായുള്ള ആഹ്വാനങ്ങള്‍ ഇപ്പോഴും ശക്തമായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
അമിതമായി സൈനികവല്‍ക്കരിക്കപ്പെട്ട ഊര്‍ജ്ജ സുരക്ഷാ നയം മൂലം അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഉണ്ടായ നഷ്ടങ്ങള്‍ സൂചിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രമാണിതൊക്കെ. സൈനിക ശക്തിയെ ആശ്രയിക്കുക എന്നതാണ് എണ്ണയുടെ സുരക്ഷിതമായ ഉല്പാദനത്തിനും നീക്കത്തിനുമെതിരായ ഭീഷണികള്‍ക്കുള്ള ആത്യന്തികമായ പരിഹാരമെന്ന് അമേരിക്കന്‍ നയരൂപീകരണവിശാരദര്‍ ആവര്‍ത്തിക്കുമ്പോള്‍, ആഗോളമാനമുള്ള ഇത്തരമൊരു നയത്തിന്റെ ആധാര പരിസരങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് തുടരുകയാണ്. ഊര്‍ജ്ജസംബന്ധിയായ ഒരു തരം ക്യാച്ച് 22 സ്ഥിതിവിശേഷം. (Situation in which an action has consequences which make it impossible to pursue that action). അതായത് ഏതൊക്കെ ഭീഷണികള്‍ക്കെതിരായ നടപടിയായാണോ സൈനികവല്‍ക്കരണം നടപ്പിലാക്കിയത്, അതെ ഭീഷണികളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് സൈനികവല്‍ക്കരണം.
സൈനികവല്‍ക്കരിക്കപ്പെട്ട ഈ അരക്ഷിതത്വത്തിന്റെ ചുഴി കൂടുതല്‍ വിശാലമാകുകയാണ്. വരും വര്‍ഷങ്ങളില്‍ എണ്ണ ഉല്പാദനം വര്‍ദ്ധിക്കാനിടയുള്ള ലോകത്തിലെ ഏക പ്രദേശമായ ആഫ്രിക്കയിലെ വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാന്നിദ്ധ്യം തന്നെ ഉദാഹരണം.
കാല്‍ ശതാബ്ദത്തിനു മുന്‍പ് റീഗന്‍ സൃഷ്ടിച്ച CENTCOMനുശേഷമുള്ള അമേരിക്കയുടെ പുതിയ സമുദ്രാനന്തര സൈനിക ക്യാമ്പായ യു.എസ്. ആഫ്രിക്ക കമാണ്ട് (AFRICOM ) ഈ വര്‍ഷം പെന്റഗണ്‍ പ്രവര്‍ത്തനസജ്ജമാക്കും. ആ ഭൂഖണ്ഡത്തിലെ എണ്ണയോടുള്ള അമേരിക്കന്‍ ആശ്രിതത്വവും ആഫ്രിക്കോമിന്റെ രൂപീകരണവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം പരസ്യമായി സമ്മതിക്കുവാന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിമുഖരാണെങ്കിലും, സ്വകാര്യസംഭാഷണങ്ങളില്‍ അവരതിനത്ര മടി കാണിക്കുന്നില്ല. ഉദാഹരണമായി, ഫെബ്രുവരി 19ന് നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്ന യോഗത്തില്‍ ആഫ്രിക്കോമിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ആയ വൈസ് അഡ്‌മിറല്‍ റോബര്‍ട്ട് മോള്ളര്‍ (Robert Moeller), നൈജീരിയയിലേയും പശ്ചിമ ആഫ്രിക്കയിലേയും “എണ്ണ തടസ്സങ്ങള്‍”(oil disruption) ഈ പുതിയ സംഘടന നേരിടുന്ന മുഖ്യ വെല്ലുവിളികളില്‍ ഒന്നായിരിക്കുമെന്ന് സൂചിപ്പിക്കുകയുണ്ടായി.
ആഫ്രിക്കോമും അതുപോലുള്ള വിപുലീകരണങ്ങളും ഉപയോഗിച്ച് കാര്‍ട്ടര്‍ സിദ്ധാന്തം (Carter Doctrine) എണ്ണ ഉല്പാദനമേഖകളിലേയ്ക്കും കടന്നുകയറുന്നത്, ഇപ്പോള്‍ത്തന്നെ തടിച്ചു വീര്‍ത്തിരിക്കുന്ന പെന്റഗണ്‍ ബജറ്റിലേക്ക് ബില്യണ്‍ കണക്കിനു ഡോളറുകള്‍ കൂടി കൊണ്ടു ചെന്നു തള്ളുന്നതിനു പുറമെ, കൂടുതല്‍ കൂടുതല്‍ തിരിച്ചടികള്‍ (blowbacks) ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്. ഉടനടിയോ അല്ലെങ്കില്‍ സമീപഭാവിയിലോ അമേരിക്കന്‍ നയത്തില്‍ മാറ്റമൊന്നും വരുന്നില്ല എങ്കില്‍, മതപരവും വംശീയവും വിഭാഗീയവുമായ സംഘര്‍ഷങ്ങളാല്‍ ശിഥിലീകരിക്കപ്പെട്ട പ്രദേശങ്ങളിലെ എണ്ണക്കുഴലുകളും മറ്റും സംരക്ഷിക്കുന്നതിനിടയില്‍ കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ ശത്രുക്കളുടെ വെടിയുണ്ടകള്‍ക്കും സ്പോടനാക്രമണങ്ങള്‍ക്കും ഇരയാകും. ഇത് ഈ നയത്തിനു നാം തീര്‍ച്ചയായും കൊടുക്കേണ്ട വിലയാണ്.
എന്തിനുവേണ്ടി നാം ഇത്ര വലിയ വില നല്‍കണം? എണ്ണ വിതരണം സംരക്ഷിക്കുന്ന കാര്യത്തില്‍ സൈനികശക്തി എന്തുമാത്രം ഫലശൂന്യമാണ് എന്നതിന് എല്ലാ തരത്തിലുമുള്ളതും, അവഗണിക്കാനാകാത്തതും ആയ തെളിവുകള്‍ ഉണ്ടെന്നിരിക്കെ, ഊര്‍ജ്ജവും ദേശീയസുരക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാഷിങ്ങ്ടണിന്റെ അനുമാനങ്ങളെ ചോദ്യം ചെയ്യേണ്ട സമയമായില്ലേ? അല്ലെങ്കില്‍ തന്നെ ഇറാഖ് അധിനിവേശം തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കെ, ജോര്‍ജ്ജ് ബുഷും ഡിക്ക് ചെനിയും അല്ലാതെ മറ്റാരെങ്കിലും അവകാശപ്പെടുമോ അമേരിക്കയോ അവര്‍ക്കുള്ള എണ്ണ വിതരണമോ യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണെന്ന്?
യഥാര്‍ത്ഥ ഊര്‍ജ്ജസുരക്ഷ എങ്ങനെ സൃഷ്ടിക്കാം?
സൈനികമായ ബലപ്രയോഗവും ഊര്‍ജ്ജ സുരക്ഷയും വേര്‍പിരിയാനാകാത്ത ഇരട്ടകളാണെന്ന വാഷിങ്ങ്ടണിന്റെ ദൃഢവിശ്വാസത്തെ ബലപ്പെടുത്തുന്നതാണ് വിദേശ എണ്ണയോടുള്ള വര്‍ദ്ധിതമായ അമേരിക്കന്‍ ആശ്രയത്വം. ദൈനംദിന ആവശ്യത്തിനുള്ള എണ്ണയുടെ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യപ്പെടുന്നതായിരിക്കെ - അത് വര്‍ദ്ധിക്കുകയുമാണ് - അമേരിക്കക്ക് ആവശ്യമുള്ള എണ്ണയുടെ വലിയൊരു ഭാഗം വരുന്നത് സംഘര്‍ഷ ബാധിതമായ മിഡില്‍ ഈസ്റ്റ്, മദ്ധ്യഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണെന്ന് തിരിച്ചറിയാതിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരമൊരു അവസ്ഥയില്‍, അമേരിക്കന്‍ നയരൂപീകരണകര്‍ത്താക്കള്‍ എണ്ണയുടെ സുരക്ഷിതമായ ഡെലിവറിക്ക് സ്വാഭാവികമായും ഉറ്റുനോക്കുക സൈന്യത്തെയാവും . ഇത്തരത്തില്‍ സൈനികശക്തി ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍, അമേരിക്കന്‍ വിരുദ്ധതക്ക് ഇന്ധനമാകുന്നതിനു പുറമെ, ഊര്‍ജ്ജലഭ്യതയുടെ അവസ്ഥയെ അത്ര ഉറപ്പില്ലാത്തതും, ആശ്രയിക്കാനാവാത്തതും ആക്കുന്നു എന്നത് ആരും പരിഗണിക്കുന്നതേ ഇല്ല.
തീര്‍ച്ചയായും ഇത് “ഊര്‍ജ്ജ സുരക്ഷ”യുടെ നിര്‍വചനം അല്ല; അതിന്റെ വിപരീതം ആണ്. യഥാര്‍ത്ഥത്തില്‍, ഊര്‍ജ്ജസുരക്ഷക്കായുള്ള പ്രായോഗികമായ ദീര്‍ഘകാല സമീപനം എന്നത് മറ്റെല്ലാം സ്രോതസുകളേക്കാളും ഒരു പ്രത്യേക ഊര്‍ജ്ജ സ്രോതസ്സിനെ - ഇവിടെ എണ്ണ- മാത്രമായി ആശ്രയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതോ, അമേരിക്കന്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ, അമേരിക്കന്‍ നികുതിദായകരെ പാപ്പരാക്കുന്നതോ ആയിരിക്കുകയില്ല. മറിച്ച്, യുക്തിസഹമായ ഒരു അമേരിക്കന്‍ ഊര്‍ജ്ജ നയം എന്നത് എല്ലാ ഊര്‍ജജ സ്രോതസ്സുകളുടേയും ഗുണദോഷങ്ങള്‍ കണക്കിലെടുക്കുന്ന, ഒരു ഹോളിസ്റ്റിക് സമീപനം ആയിരിക്കണം.
സ്വാഭാവികമായും ഇത് ദേശീയവും, പുനരുപയോഗിക്കാവുന്നതും, പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതും, മറ്റു രാജ്യങ്ങളുടെ താല്പര്യങ്ങളെ അപകടത്തിലാക്കാത്തതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തില്‍ ഊന്നിയുള്ളതായിരിക്കണം. ഒപ്പം തന്നെ അത് ഊര്‍ജ്ജ സംരക്ഷണ പരിപാടികളെ സര്‍വ്വരീതിയിലും പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കണം. വൈദേശികമായ ഊര്‍ജ്ജ സ്രോതസ്സുകളോടുള്ള ആശ്രിതത്വം സമീപ ഭാവിയില്‍ത്തന്നെ കുറയ്ക്കുന്നതും, കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷവ്യാപനം കുറച്ചുകൊണ്ടു വരുന്നതിനുള്ള, കഴിഞ്ഞ രണ്ട് ദശാബ്ദമായി നടപ്പിലാക്കാത്ത, ഊര്‍ജ്ജസംരക്ഷണ പരിപാടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുന്നതുമായിരിക്കണം.
ഇത്തരത്തിലുള്ള ഏത് സമീപനത്തിലും പെട്രോളിയം തന്നെ ആയിരിക്കും ഒരു പ്രധാന പങ്ക് തുടര്‍ന്നും വഹിക്കുക. വാഹനങ്ങള്‍ക്കായുള്ള ഊര്‍ജ്ജം എന്ന നിലക്കും(പ്രത്യേകിച്ച് വ്യോമവാഹനങ്ങള്‍ക്ക്), നിരവധി രാസവസ്തുക്കളുടെ ഉല്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തു എന്ന് നിലക്കും അതിനു പ്രത്യേകമായൊരു ആകര്‍ഷണീയത ഉണ്ട്. എങ്കിലും, നിക്ഷേപവും ഗവേഷണവും സംബന്ധിച്ച ശരിയായ രീതിയിലുള്ള നയങ്ങള്‍ രൂപീകരിക്കാമെങ്കില്‍ - ഊര്‍ജ്ജ സപ്ലൈയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൈനികശക്തിയെ ആശ്രയിക്കാതെ മറ്റു ചില സമീപനങ്ങള്‍ സ്വീകരിക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രദര്‍ശിപ്പിക്കാമെങ്കില്‍ - ലോകത്തിലെ പരമപ്രധാനമായ ഇന്ധനം എന്ന നിലക്കുള്ള എണ്ണയുടെ ചരിത്രപരമായ പങ്ക് സാമാന്യം വേഗത്തില്‍ തന്നെ ഇല്ലാതാകും. പ്രമുഖ എണ്ണക്കമ്പനികള്‍ക്ക് വന്‍തുകകള്‍ സബ്‌സിഡിയായി നല്‍കുകയും, വിദേശത്ത് നിന്നുള്ള എണ്ണ സപ്ലൈയുടെ സുരക്ഷക്കായി മാത്രം 138 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ചിലവഴിക്കുകയും ചെയ്ത് പെട്രോളിയത്തിന്റെ പങ്ക് കൃത്രിമമായി നിലനിര്‍ത്തുവാന്‍ അമേരിക്കന്‍ നയരൂപീകരണ വിദഗ്ദര്‍ ശ്രമിക്കാതിരിക്കണം എന്നതും വളരെ പ്രാധാന്യമുള്ള സംഗതിയാണ്. ഈ ഫണ്ടുകള്‍ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്കായും, പ്രത്യേകിച്ച് ദേശീയമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തിനായും ഉപയോഗിക്കുവാന്‍ കഴിയും.
ഇറക്കുമതി ചെയ്യുന്ന ഊര്‍ജ്ജത്തോടുള്ള ആശ്രിതത്വം കുറക്കുന്നതിനായി ബദലുകള്‍ വികസിപ്പിക്കേണ്ടതുണ്ട് എന്നത് അംഗീകരിക്കുന്ന ചില നയ നിര്‍മ്മാതാക്കള്‍ ശഠിക്കുന്നത് അത്തരമൊരു സമീപനം തുടങ്ങേണ്ടത് Arctic National Wildlife Refuge (ANWR)ലും മറ്റു സംരക്ഷിത വനമേഖലയിലും എണ്ണ പര്യവേക്ഷണം നടത്തിക്കൊണ്ടായിരിക്കണം എന്നാണ്. അങ്ങിനെ ചെയ്യുന്നത് അമേരിക്കയുടെ പരാശ്രിതത്വത്തില്‍ വലിയ കുറവൊന്നും വരുത്തുകയില്ല എന്ന് സമ്മതിച്ചുകൊണ്ടു തന്നെ അവര്‍ നിര്‍ബന്ധം പിടിക്കുന്നത് രാജ്യത്തിന്റെ മൊത്ത ഊര്‍ജ്ജ സപ്ലൈയില്‍ വിദേശ എണ്ണക്കുള്ള പങ്ക് ആഭ്യന്തിര ഊര്‍ജ്ജം വഴി കുറക്കുന്നതിന് ലഭ്യമായ എല്ലാ നടപടികളും എടുക്കണം എന്നാണ്. എങ്കിലും ഈ വാദഗതികള്‍ കണക്കിലെടുക്കാത്ത ഒരു കാര്യം എണ്ണയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നതും, കൃത്രിമമായി അതിന്റെ കാലാവധി നീട്ടുന്നതിനുള്ള ഏത് ശ്രമവും പെട്രോളിയാനന്തര സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നതുമാണ്.
തികച്ചും മത്സരാധിഷ്ഠിതമായ ഇരുപത്തി ഒന്നാംനൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത്, അമേരിക്കയുടെ സ്വയം പര്യാപ്തതക്കും സാങ്കേതികവിദ്യയുടെ ഊര്‍ജ്ജസ്വലതക്കും അനുഗുണമായ മെച്ചപ്പെട്ട സംവിധാനം എന്നത് സൌരോര്‍ജ്ജവും, കാറ്റും, താപവും, തിരമാലകളും പോലെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന, ആഭ്യന്തര നൈപുണ്യത്തിനും വ്യാവസായിക വൈഭവത്തിനും പ്രാധാന്യം നല്‍കുന്ന ഒരു സമീപനമായിരിക്കും. ഇതേ കഴിവുകള്‍ തന്നെ ഭക്ഷണേതര സസ്യവസ്തുക്കളില്‍ നിന്നും(non-food plant matter) എത്തനോള്‍ ("cellulosic ethanol") ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യകളും, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ഡയോക്സ് വിക്ഷേപിക്കാത്ത തരത്തില്‍ കല്‍ക്കരി ഉപയോഗിക്കുന്ന വിദ്യകളും, ഹൈഡ്രജന്‍ ഊര്‍ജ്ജ സെല്ലുകളുടെ മിനിയെച്ചറൈസേഷനും, ഊര്‍ജ്ജ ക്ഷമത കൂടിയ വാഹങ്ങളും, കെട്ടിടങ്ങളും, വ്യാവസായിക പ്രക്രിയയും മറ്റും വികസിപ്പിക്കുന്നതിനായും ഉപയോഗിക്കണം.
മേല്‍പ്പറഞ്ഞ എല്ലാ ഊര്‍ജ്ജ വ്യവസ്ഥകളും കൂടുതല്‍ വികസിപ്പിച്ചെടുക്കുവാന്‍ അപാര സാദ്ധ്യതകള്‍ ഉള്ളവയാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ ഊര്‍ജ്ജ ഉല്പാദനത്തില്‍ ഇന്നവയ്ക്കുള്ള കുറഞ്ഞ പങ്കില്‍ നിന്നും പ്രധാന പങ്കിലേക്ക് മാറുന്ന തരത്തില്‍ വര്‍ദ്ധിച്ച രീതിയിലുള്ള പിന്തുണയും നിക്ഷേപവും നല്‍കേണ്ടതുണ്ട്. ഈയവസരത്തില്‍ ഇവയിലേതായിരിക്കും, അല്ലെങ്കില്‍ ഇവയില്‍ ഏതിന്റെയൊക്കെ സമ്മിശ്രണം (combination) ആയിരിക്കും വാണിജ്യപരമായി വികസിപ്പിക്കാനാവുക എന്നത് ഇപ്പോള്‍ പറയുക സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ തുടക്കത്തില്‍ എല്ലാ ഊര്‍ജ്ജ സ്രോതസ്സുകളുടേയും ക്ഷമത പരീക്ഷിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കേണ്ടതുണ്ട്.
ഈ സാമാന്യ നിയമം പാലിക്കുമ്പോള്‍ തന്നെ പുതിയ തരത്തിലുള്ള ‘ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്ധനങ്ങള്‍ക്ക്‘ തീര്‍ച്ചയായും മുന്‍ഗണന നല്‍കണം. ഈ മേഖലയിലാണ് എണ്ണക്ക് രാജപദവി ഉള്ളത്. എണ്ണയുടെ ലഭ്യതയില്‍ വരുന്ന ഏത് കുറവും ഈ മേഖലയെ കഠിനമായി ബാധിക്കും. അത് ക്രൂഡ് ഓയിലിന്റെ അധിക സപ്ലൈക്കായി സൈനിക ഇടപെടല്‍ വേണം എന്ന മുറവിളി കൂടുതലായി ഉയരുവാന്‍ ഇടയാക്കിയേക്കും. അതുകൊണ്ട് തന്നെ ജൈവ ഇന്ധനവും, കല്‍ക്കരിയില്‍ നിന്നുണ്ടാക്കുന്ന ദ്രാവക ഇന്ധനവും( with the carbon extracted via CCS), ഹൈഡ്രജനും ബാറ്ററി ഊര്‍ജ്ജവുമൊക്കെ വാഹന ഇന്ധനമായി ഉപയോഗിക്കുന്നതിനു പ്രാധാന്യം നല്‍കണം. അതു പോലെ തന്നെ സൈനിക ഫണ്ടിന്റെ ഒരു ഭാഗമെങ്കിലും പൊതു ഗതാഗതസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി വഴി തിരിച്ചുവിടുകയും വേണം.
ഇത്തരത്തിലുള്ള ഒരു സമീപനം അമേരിക്കയുടെ ദേശീയ സുരക്ഷയെ പതിന്മടങ്ങ് മെച്ചപ്പെടുത്തും. അത് ഇന്ധനത്തിന്റെ ആശ്രയിക്കാവുന്ന സപ്ലൈ വര്‍ദ്ധിപ്പിക്കും. ഇത്തരം ഒരു നടപടി, (സന്നിഗ്ദാവസരങ്ങളില്‍) ആശ്രയിക്കാനാവാത്ത വിദേശ പെട്രോ-രാഷ്ട്രങ്ങളുടെ ഖജനാവിലേക്ക് കുന്നുകണക്കിനു ഡോളര്‍ അയക്കുന്നതിനു പകരം ആഭ്യന്തരമായ സാമ്പത്തികവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. വൈദേശികമായ എണ്ണയുദ്ധങ്ങളിലുള്ള അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള പങ്ക് ഇല്ലാതാക്കും. മറ്റൊരു സമീപനത്തിനും, പ്രത്യേകിച്ച് ഇപ്പോള്‍ നാം അംഗീകരിച്ചിട്ടുള്ള തികച്ചും യാഥാസ്ഥിതികമായ, വെല്ലുവിളിക്കപ്പെടാത്ത, ആരാലും ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ സൈന്യത്തെ ആശ്രയിക്കുന്ന സമീപനത്തിന്, ഇത്തരമൊരു അവകാശവാദം ഉന്നയിക്കുവാന്‍ കഴിയുകയില്ല. ആഗോള ഗ്യാസ് സ്റ്റേഷനെ സൈന്യത്തെ കാവല്‍ നിര്‍ത്തി സംരക്ഷിക്കുന്നത് നിര്‍ത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
*
(ടോം ഡിസ്പാച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)
Michael T. Klare is a professor of peace and world security studies at Hampshire College and the author of several books on energy politics, including Resource Wars (2001), Blood and Oil (2004), and, most recently, Rising Powers, Shrinking Planet: The New Geopolitics of Energy.
Sunday, May 25, 2008
വായ്പാക്കുഴപ്പം ആലീസിന്റെ അത്ഭുതലോകം
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ലോകത്താകെയുള്ള ബാങ്കുകളെ കുഴപ്പത്തിലാക്കുമ്പോള്‍ അത് തങ്ങളെ ഒട്ടും ബാധിക്കില്ല എന്ന് ഇക്കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രസ്താവിച്ചു. അതിന് തൊട്ടു തലേന്നാണ് ഏക്സിസ് (AXIS) ബാങ്കിന്റെ (നമ്മുടെ പഴയ യു ടി ഐ ബാങ്കിന്റെ പുതിയ ചെല്ലപ്പേരാണത്) അമേരിക്കയിലെ സബ് പ്രൈം ഇടപാടില്‍ ചന്തിക്ക് ചില്ലറ പൊള്ളലേറ്റ കാര്യം പച്ചക്ക് പറഞ്ഞുകൊണ്ട് അതിനായി ബാലന്‍സ്‌ഷീറ്റില്‍ കാശ് വകയിരുത്തിക്കാണിച്ചത്. സിറ്റി ബാങ്കിന്റെ കഴിഞ്ഞ കാല്‍ക്കൊല്ലത്തെ മാത്രം നഷ്ടം 10 ബില്യണ്‍ ഡോളറാണത്രെ. എന്നുവെച്ചാല്‍ ആയിരം കോടി ഡോളര്‍. ഡ്യൂഷ് ബാങ്ക് (Deutsche Bank ), യു ബി എസ്, എച്ച് എസ് ബി സി ...എന്തിന് ലോകത്താകെയുള്ള വന്‍കിട ബാങ്കുകളാകെ പ്രതിസന്ധിയിലാണ്. ഇതൊക്കെ കേട്ടും കണ്ടും നിന്നവരാകെ ഒന്നും തിരിയാതെ നട്ടം തിരിയുകയാണ്. സബ്പ്രൈം എന്ന വാക്ക് തന്നെ പ്രൈം അല്ലാത്തത് എന്ന അര്‍ത്ഥം നല്‍കുന്നുണ്ടല്ലോ. അപ്പോള്‍ സബ് പ്രൈം വായ്പ എന്നാല്‍ തിരിച്ചുകിട്ടാന്‍ അത്ര എളുപ്പമല്ലാത്ത വായ്പ എന്നര്‍ഥം. തിരിച്ചുകിട്ടാന്‍ എളുപ്പമല്ലെങ്കില്‍ പിന്നെന്തിന് വായ്പ കൊടുത്തു എന്ന് ബുദ്ധിയുള്ള ഏതൊരാളും ചോദിച്ചുപോകും.
ലാഭമുണ്ടാക്കാതെ, കൂടുതല്‍ കൂടുതല്‍ ലാഭമായി അത് വര്‍ധിപ്പിക്കാതെ നിലനില്‍ക്കാനാവാതെ വരുമ്പോള്‍, എന്തു വളഞ്ഞ വഴിയിലും മുതലാളിത്തം കാശുണ്ടാക്കാനുള്ള പെടാപ്പാട് പെടും. അത്തരമൊരു പെടാപ്പാടിന്റെ ബാക്കിപത്രമാണ് സബ്പ്രൈം വായ്പാക്കുഴപ്പം.
വര്‍ഷങ്ങള്‍ കുറച്ചായി അമേരിക്കന്‍ സര്‍ക്കാര്‍ നാട്ടുകാരോട് അമേരിക്കക്കുവേണ്ടി 'വാങ്ങിക്കൂട്ടൂ' എന്ന് നിര്‍ദേശിക്കാന്‍ തുടങ്ങിയിട്ട് . ആരാന്റെ മണ്ണില്‍ അന്യന്റെ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകരിച്ചങ്ങനെ കൊല്ലുമ്പോള്‍ മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ ലാഭം പെറ്റുപെരുകുമെങ്കിലും നാട്ടില്‍ പതിനായിരങ്ങളുടെ ഗതി അധോഗതി തന്നെ എന്ന് അനുഭവം കൊണ്ടറിയുകയായിരുന്നു അമേരിക്കന്‍ പൌരന്മാര്‍.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം നിര്‍മിത വസ്തുക്കളുടെ കമ്പോളത്തെ നന്നായി ഞെരുക്കിക്കളഞ്ഞിരുന്നു. പതിനായിരങ്ങളെ പിരിച്ചുവിട്ട് ലാഭം വര്‍ധിപ്പിക്കുന്ന മുതലാളിമാര്‍ നഷ്ടപ്പെടുത്തിയത് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ തന്നെയായിരുന്നു. ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കുറഞ്ഞുകുറഞ്ഞുവരുമ്പോള്‍ ഫാക്ടറികളില്‍ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുകയാവും ഫലം എന്ന് വിദഗ്ദ്ധര്‍ തിരിച്ചറിയുകയായിരുന്നു. അങ്ങനെ വരുമ്പോള്‍ ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നത് മുതലാളിമാരുടെ തന്നെ ആവശ്യമായി മാറിയിരുന്നു. ജനറല്‍ മോട്ടോഴ്സിന് നല്ലതെന്തോ അത് അമേരിക്കക്കും നല്ലത് എന്നാണല്ലോ പഴയൊരു അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞുപഠിപ്പിച്ചത്. മുതലാളിമാരുടെ രക്ഷക്കായി ‘അമേരിക്കക്കുവേണ്ടി വാങ്ങുക’ എന്നൊരു മുദ്രാവാക്യം തന്നെ ഉയര്‍ത്തപ്പെട്ടു.
കൈയില്‍ കാശില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ വാങ്ങിക്കൊള്ളൂ എന്നായിരുന്നു ഉപദേശം. അങ്ങനെയാണ് ഗാര്‍ഹിക കടം പെറ്റുപെരുകിയത്. ശരാശരി അമേരിക്കക്കാരന്‍ പി എം താജിന്റെ കഥാപാത്രമായ രാവുണ്ണിയുടെ ശിഷ്യന്മാരായി മാറിയത് അങ്ങനെയാണ്. എന്നിട്ടും പോണില്ല ചോണനുറുമ്പ് എന്ന മട്ടില്‍ കാര്യങ്ങള്‍ അതുകൊണ്ടും നേരെയാവാഞ്ഞപ്പോഴാണ് ഭവനവായ്പാമേഖല അനന്തസാധ്യതകള്‍ തുറന്നുകൊടുത്തത്. സ്റ്റീലിനും സിമന്റിനും ഗാര്‍ഹികോപകരണങ്ങള്‍ക്കുമൊക്കെ 'അനക്കം' കിട്ടി എന്നുമാത്രമല്ല, ലാഭം കൊയ്യാനുള്ള ഒട്ടേറെ സാധ്യതകള്‍ അത് തുറന്നുകൊടുക്കുകയും ചെയ്തു.
തിരിച്ചടവ് സാധ്യതയുള്ളവര്‍ക്കൊക്കെ വായ്പ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ നോട്ടം തിരിച്ചടവ് അത്രയൊന്നും ഇല്ലാത്തവരെയാകുമല്ലോ. തിരിച്ചടവ് സാധ്യത കുറഞ്ഞവര്‍ക്കും വായ്പ. അങ്ങനെ കൊടുത്ത വായ്പ തങ്ങളുടെ തടിക്ക് പിടിക്കാതിരിക്കാനായി, അതിന് മാത്രമായി ചില പുതിയ ധനോല്പന്നങ്ങള്‍ (New Financial Products) വികസിപ്പിച്ചെടുക്കാം എന്നായതോടെ ലക്കും ലഗാനുമില്ലാതെ യഥേഷ്ടം വായ്പ കൊടുക്കാമെന്നായി.
പണയവസ്തുവിന്റെ ഈടിന്മേല്‍ കൊടുത്ത വായ്പയുടെ അപകടസാധ്യത (റിസ്ക്) മറ്റുള്ളവരുടെ ചുമലില്‍ ചാരാനാവുന്നവിധം കാര്യങ്ങള്‍ മാറിത്തീര്‍ന്നു. മോര്‍ട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റീസ്- പണയപ്പിന്തുണയുള്ള കടപ്പത്രങ്ങള്‍- എന്നൊരു സവിശേഷ ഉല്‍പന്നം തന്നെ രൂപപ്പെട്ടു. ഇത്തരം പുതിയ സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടാനായി ലോകത്തെങ്ങുമുള്ള ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അഹമഹമികയാ കുതിച്ചെത്തുകയും ചെയ്തു. അവര്‍ക്കും നോട്ടം കൈനനയാതെ മീന്‍ പിടിക്കുക തന്നെയായിരുന്നല്ലോ. ഇത്തരം പണയപ്പിന്തുണക്കടപ്പത്രങ്ങള്‍ വില്‍ക്കുന്നവര്‍ കേമന്മാരാണല്ലോ, പേരുകേട്ട ഘടാഘടിയന്‍ ഭീമന്‍ കുത്തകസ്ഥാപനങ്ങള്‍!
തിരിച്ചുകിട്ടാന്‍ ഇത്തിരി വിഷമമുള്ളവയായതുകൊണ്ട് വായ്പയുടെ അപകടസാധ്യത കൂടുമല്ലോ. പണ്ട് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനോട് ഓഹരിച്ചന്തയിലേക്ക് കാശൊക്കെ ഒഴുകിയെത്തുകയല്ലേ എന്നൊരു സംശയം ഉന്നയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഓര്‍മയില്ലേ? ജനങ്ങള്‍ക്കിഷ്ടം ഇത്തിരി റിസ്കുള്ള നിക്ഷേപങ്ങളാണെന്ന്. നേരാണ്, പല വിദേശ ബാങ്കുകളെ സംബന്ധിച്ചും റിസ്കുണ്ടെങ്കിലും ലാഭമുണ്ടല്ലോ എന്ന് തന്നെയായിരുന്നു നോട്ടം.
അങ്ങനെയങ്ങനെ കടകൃഷി പെരുകിപ്പെരുകി വരുമ്പോഴാണ് ചില്ലറ തിരിച്ചടവ് പ്രശ്നങ്ങള്‍. തിരിച്ചടവ് തെറ്റിയപ്പോള്‍ ബാങ്കുകള്‍ പണയപ്പണ്ടം തൂക്കി വില്‍ക്കുന്നതുപോലെ, വീടുകള്‍ ലേലത്തില്‍വച്ചു. ലേലത്തില്‍വെച്ച വീടുകളുടെ എണ്ണം പെരുകിയതോടെ, കെട്ടിടവില താനെ താണു. വില താഴ്ന്ന കെട്ടിടങ്ങളാണ് ഈടായുള്ളത് എന്നതുകൊണ്ടുതന്നെ കമ്പോളത്തില്‍ പരിഭ്രാന്തി പടര്‍ന്നു. പിന്നെ ചീട്ടുകൊട്ടാരം നിലംപൊത്താന്‍ ഏറെ നേരം വേണ്ടിവന്നില്ല.
ഇംഗ്ളണ്ടിലെ നോര്‍ത്തേണ്‍ റോക്ക് ബാങ്കും ഫ്രാന്‍സിലെ സൊസൈറ്റി ജനറലുമൊക്കെ തകര്‍ന്നുവീണതിന് പിറകെ ബിയര്‍ സ്റ്റേണ്‍സ് എന്ന അമേരിക്കന്‍ ഭീമന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്കൂടി ചരിഞ്ഞതോടെ, കൊമ്പന്റെ വമ്പാകെ പോയി. ഇനി പടിയാനുള്ളത് ആരെല്ലാം എന്നായി നോട്ടം. തികഞ്ഞ അവ്യവസ്ഥിതത്വവും അരാജകത്വവുമാണ് ലോകസാമ്പത്തിക രംഗത്താകെ. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റ്സും അതിന്റെ ബാസില്‍ നോംസും ന്യൂ ഇന്റര്‍നാഷനല്‍ ഫൈനാന്‍ഷ്യല്‍ ആര്‍ക്കിടെക്‍ചറുംപോലുള്ള നാനാവിധ അന്താരാഷ്ട്ര സംവിധാനങ്ങളാകെ അപ്രസക്തമാക്കിക്കൊണ്ട് മുപ്പതുകളിലെ മുതലാളിത്തക്കുഴപ്പത്തിന് സമാനമായ രീതിയിലുള്ള വന്‍തകര്‍ച്ചയാണ് ഇന്ന് മുതലാളിത്തലോകം നേരിട്ടു കൊണ്ടിരിക്കുന്നത്.
മുതലാളിത്തത്തിന്റെ സഹജമായ ചാക്രികക്കുഴപ്പങ്ങളാണിതെന്നും ഇറക്കം കഴിഞ്ഞ് കയറ്റത്തിലേക്ക് സ്വാഭാവികമായി നടന്നുകയറിക്കൊള്ളും എന്നൊക്കെയുള്ള ആശ്വാസവചനങ്ങള്‍ ഏറെയുണ്ടെങ്കിലും സംഗതി അത്ര ലളിതമല്ല എന്നാണ് കാര്യങ്ങള്‍ കാണിക്കുന്നത്.
കാര്യബോധമുള്ള മുതലാളിത്ത വക്താക്കളില്‍ ചിലര്‍ തന്നെ സ്ഥിതി അപകടകരമാണെന്ന് ചുണ്ടിക്കാട്ടിയതാണ്. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റിന്റെ തലവനായിരുന്ന അലക്സാണ്ടര്‍ ലാം ഫാലുസി പണ്ടേ, ഏതാണ്ട് പത്തുവര്‍ഷം മുമ്പേ ചോദിച്ച ഒരു ചോദ്യമുണ്ട്: ബാങ്കുകളുടെ ബാലന്‍സ്‌ഷീറ്റില്‍ പ്രകടമാകാത്ത പുതിയ ധനോല്‍പന്നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുക്കേണ്ടതല്ലേ എന്ന് ! ലോകത്താകെയുള്ള മൂലധനത്തിന്റെ ഘടനയിലുണ്ടായ ഒരു മാറ്റം ഉല്‍പാദനമേഖലയില്‍നിന്ന് സേവനമേഖലയിലേക്ക് വിശേഷിച്ചും ധനമേഖലയിലേക്കുള്ള കുതിച്ചുചാട്ടമാണ്. ബള്‍ബുണ്ടാക്കുന്നതിലും ലാഭം പണമിടപാട് വഴിയാണെന്ന് കാണുമ്പോള്‍ ജനറല്‍ ഇലക്ട്രിക്‍സിന് ജി ഇ മണി എന്ന പുതിയ ഒരവയവം പൊട്ടിമുളയ്ക്കുന്നത് ഒരുദാഹരണം. ഇന്ന് അമേരിക്കയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായി ഈ കമ്പനി വളര്‍ന്നു പന്തലിക്കുകയും ചെയ്തു.
അങ്ങനെ ധനമേഖലയിലേക്ക് കുതിച്ചെത്തിയ മൂലധനത്തിനിണങ്ങിയ തരത്തിലുള്ള പുതിയ ധനോല്‍പന്നങ്ങളും രൂപപ്പെട്ടുവന്നു. അവയാകട്ടെ വളര്‍ന്നു വളര്‍ന്നങ്ങനെ ഭീമാകാരരൂപത്തിലെത്തിയപ്പോഴാണ് അലക്സാണ്ടര്‍ ലാം ഫാലുസിയെപ്പോലൊരാള്‍ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ഈ ധനോല്‍പന്നങ്ങളുടെ അപകടം കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് ചിലിയന്‍ സാമ്പത്തികവിദഗ്ദ്ധ ഓസ്കാര്‍ ഇഗാര്‍ടെഷ് നമ്മുടേത് മുട്ടത്തോടിന്മേലൂടെയുള്ള നടത്തമാണെന്ന് ആറേഴുവര്‍ഷം മുമ്പ് വിലപിച്ചത്. യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ലാതെ, അതിന്റെ പ്രതിഫലനം വളര്‍ന്നുവളര്‍ന്നങ്ങനെ പെരുകുന്നതിലെ വേവലാതിയാണ് അവര്‍ പ്രകടിപ്പിച്ചത്.
ഈ വേവലാതിയുടെ യഥാര്‍ഥ പൊരുള്‍ അറിയണമെങ്കില്‍ പുതിയ ധനോല്‍പന്നങ്ങളെ കുറേക്കൂടി അടുത്തറിയണം. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഈ പുതിയ ജനുസ്സ് പ്രൊഡക്ടുകള്‍ ധനമേഖലയില്‍ തല കാണിച്ചു തുടങ്ങിയത്. ചുരുങ്ങിയ പലിശക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ച് അതിലും കൂടുതല്‍ പലിശക്ക് വായ്പയായി കൊടുത്ത് മിച്ചം വരുന്നത് കീശയിലിട്ട് പിഴച്ചുപോന്നിരുന്ന ധനമേഖലയുടെ മട്ടും മാതിരിയും മാറിയപ്പോഴാണ് ഈ പുതിയ പ്രൊഡക്ടുകള്‍ രൂപപ്പെട്ടുവന്നത്.
നാണയമെന്നത് ചരക്കുകൈമാറ്റത്തിനുള്ള മാധ്യമമെന്ന നില കൈവിട്ട് ചരക്കായി മാറിയ സാഹചര്യത്തില്‍ നന്നായി ലാഭം കൊയ്യാനുള്ള സാധ്യതകളാണ് തുറന്നുകിട്ടിയത്. 24 മണിക്കൂറും നാണയക്കച്ചവടം നടക്കത്തക്കവിധം ലോകത്തെ വിവിധ ടൈം സോണുകളിലായി അനേകം നാണയച്ചന്തകളാണ് പ്രവര്‍ത്തിക്കുന്നത്. കറന്‍സികള്‍ തമ്മിലുള്ള വിനിമയ നിരക്കിലെ കയറ്റിറക്കങ്ങള്‍ ഉപയോഗിച്ചുള്ള ഊഹക്കച്ചവടത്തിന് വഴിതുറന്നതോടെ മൂലധനംഅങ്ങോട്ട് കുത്തിയൊഴുകി. ഓരോ നിമിഷാര്‍ദ്ധത്തിലും ഉണ്ടാകാവുന്ന കയറ്റിറക്കങ്ങളില്‍ ഇടപെട്ട് ഈ നിമിഷം വാങ്ങിയ കറന്‍സി അടുത്ത നിമിഷം വിറ്റും വീണ്ടും വാങ്ങിയത് മറ്റൊരു കറന്‍സിയിലേക്ക് മാറ്റിയും ഊഹക്കച്ചവടം യഥേഷ്ടം നടത്തി കോടികള്‍ കീശയിലാക്കാന്‍ കഴിഞ്ഞതോടെ, അതിന് കണക്കായി പുതിയ ധനോല്പന്നങ്ങള്‍ വികസിച്ചുവന്നു.
വ്യതിയാന സാധ്യതയുള്ള ഏത് സൂചികയുടെ കാര്യത്തിലും (നാണയച്ചന്തയാകട്ടെ, ഓഹരിച്ചന്തയാകട്ടെ, റിയല്‍ എസ്റ്റേറ്റ് മേഖലയാകട്ടെ, ചരക്കുവ്യാപാരമാകട്ടെ) പതിയിരിക്കുന്ന ഒരപകട സാധ്യതയുണ്ടല്ലോ, അതില്‍നിന്ന് മറികടക്കാന്‍ നിക്ഷേപകന് /കയറ്റുമതിക്കാരന് / ഇറക്കുമതിക്കാരന് / നാണയ- ചരക്കു കച്ചവടക്കാരന് ഉണ്ടാകാവുന്ന താല്പര്യത്തെ മുതലാക്കിക്കൊണ്ടാണ് ഈ പുതിയ ഉല്‍പന്നങ്ങള്‍ വികസിച്ചുവന്നത്. ഒരു കയറ്റുമതിക്കാരനെ സംബന്ധിച്ചിടത്തോളം കയറ്റിയയച്ച ചരക്ക് വേറൊരു രാജ്യത്തെ തുറമുഖത്തെത്തി അതിന്റെ കാശ് കൈയിലെത്തുമ്പോഴേക്കും വിദേശവിനിമയ നിരക്കിലുണ്ടാകാവുന്ന കയറ്റിറങ്ങള്‍ അയാള്‍ക്ക് എതിരായി ബാധിക്കാം. ഈ റിസ്കിനെ മറികടക്കാന്‍ എന്താണൊരു വഴി? തന്റെ കൈയിലുള്ള ഡോളര്‍ ഒരു നിശ്ചിത വിലയ്ക്ക് വാങ്ങിക്കൊള്ളാമെന്ന് മൂന്നാമതൊരാള്‍ കരാറാക്കുന്നുവെങ്കില്‍ അതൊരുതരും ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. ഇങ്ങനെ അവധിവ്യാപാരത്തിന്റെ പട്ടികയിലേക്ക് നാണയങ്ങള്‍, ഓഹരികള്‍, ചരക്കുകള്‍, റിയല്‍ എസ്റ്റേറ്റുകള്‍ തുടങ്ങി മൂല്യവ്യതിയാനത്തിനിടവരുത്തുന്ന എന്തും കടന്നുവരാമെന്നായി. അതിന് കണക്കായി പുതിയ പുതിയ ധനോല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനായി തൊണ്ണുറുകളുടെ തുടക്കത്തില്‍ റോക്കറ്റ് സയന്റിസ്റ്റുകള്‍ (rocket scientists) എന്ന് വിളിക്കപ്പെടുന്ന ഗണിതശാസ്ത്ര വിശാരദര്‍ നിയോഗിക്കപ്പെട്ടിരുന്നു. സിറ്റി ബാങ്ക് പോലുള്ള വന്‍കിട കുത്തകബാങ്കുകള്‍ ഈ ഡെറിവേറ്റീവ് ഇടപാടുകളുടെ കൈകാര്യ കര്‍ത്താക്കളുമായി. 'ഡെറിവേറ്റീവുകള്‍' എന്ന പേര് തന്നെ വരുന്നത് മറ്റെന്തോ ഒന്നില്‍നിന്ന് ഡിറൈവ് ചെയ്തുവരുന്നതാണ് എന്ന നിലയ്ക്കാണ്. ഏതെങ്കിലും ഒരാസ്തിയുടെ (ഷെയറാവാം വിദേശനാണ്യമാവാം റിയല്‍ എസ്റ്റേറ്റാവാം ചരക്കാവാം) അടിസ്ഥാനത്തില്‍ അതില്‍നിന്ന് രൂപപ്പെട്ടുവരുന്ന ഒന്ന് എന്നര്‍ഥം. ഈ മേഖലകളിലൊക്കെ ഉണ്ടാകാവുന്ന വ്യതിയാനങ്ങളില്‍ നിന്നുള്ള പരിരക്ഷക്കുള്ള ഉപകരണങ്ങള്‍ എന്ന നിലയ്ക്കാണ് ഇവ പ്രചരിപ്പിക്കപ്പെട്ടത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ഇത്തരം വാതുവെപ്പുകളില്‍ ഒട്ടനവധി ബാങ്കുകള്‍ നഷ്ടം വരുത്തിവെച്ചിരുന്നു. അമേരിക്കയില്‍ ഓറഞ്ച് കൌണ്ടി എന്ന ഒരു പ്രാദേശികഭരണ സംവിധാനത്തിന്റെ കാശാകെ ഡെറിവേറ്റീവ് ഇടപാടുകളില്‍ ഉരുകിയൊലിച്ചുപോയ കഥ അന്നേ നാട്ടില്‍ പാട്ടായിരുന്നു.
നോബല്‍ സമ്മാന ജേതാക്കളായ രണ്ടു കേമന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ സ്ഥാപിച്ച ലോങ്ങ് ടേം ക്യാപിറ്റല്‍ മാനേജ്‌മെന്റ് പൊട്ടിപ്പൊളിഞ്ഞ് നിക്ഷേപകര്‍ക്കാകെ നാശം വിതച്ചതും സര്‍ക്കാര്‍ നേരിട്ടിറങ്ങി കാശുകൊടുത്തു രക്ഷിച്ചതും (ഏതാണ്ട് 362 കോടി ഡോളറാണ് ഫെഡറല്‍ റിസര്‍വ് ഇതിനായി നികുതിപ്പണം മാറ്റിവെച്ചത്. ഇത്തരം ഹെഡ്‌ജ് കമ്പനികളെ നിയന്ത്രിച്ചുകൂടെ എന്ന് ചോദിച്ചപ്പോള്‍ അന്നത്തെ ഫെഡറല്‍ റിസര്‍വ് തലവന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പറഞ്ഞത് എല്‍ സി ടി എമ്മിനെപ്പോലൊരു കമ്പനിയെ നിയന്ത്രിക്കാന്‍ നിന്നാല്‍ അവര്‍ കെട്ടുംകെട്ടി കടലുംതാണ്ടി ഓഫ്‌ഷോര്‍ നിക്ഷേപകേന്ദ്രങ്ങളിലേക്ക് പിന്‍വലിച്ചുപോയേക്കുമെന്നാണ്! നോക്കണേ ഒരു ഗതികേട്. കുടത്തിലെ ഭൂതത്തിനെ തുറന്നുവിടുന്നവനെത്തന്നെ അത് വെട്ടിവിഴുങ്ങിക്കളയുന്നൊരു രീതി!
യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുടെ അനേകശതം മടങ്ങാണ് ഈ അയഥാര്‍ഥ മേഖലയിലെ കൊള്ളക്കൊടുക്കകള്‍. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റിന്റെ കണക്കനുസരിച്ച് ഡെറിവേറ്റീവ് ഇടപാടുകളില്‍ ബാങ്കുകള്‍ കൈകാര്യം ചെയ്ത തുക 2000ല്‍ 100 ട്രില്യണ്‍ ഡോളറായിരുന്നത് (ട്രില്യണ്‍ എന്നാല്‍ ലക്ഷം കോടി. നൂറു ട്രില്യണ്‍ എന്നാല്‍ കോടിക്കോടി) 2007 ആയപ്പോഴേക്ക് 516 ട്രില്യണായി വളര്‍ന്നു. റോക്കറ്റ് സയന്റിസ്റ്റുകളും അവരെ വിലയ്ക്കെടുത്ത കുത്തകബാങ്കുകളും ഇതങ്ങനെ പെരുപ്പിച്ച് പെരുപ്പിച്ച് കൊണ്ടുപോവുകയും ഏത് നിമിഷവും തകര്‍ന്നടിയാവുന്ന അവസ്ഥയിലേക്കെത്തിക്കുകയും ചെയ്യും എന്ന ഭയമായിരുന്നു ഓസ്കാര്‍ ഇഗാര്‍ടെഷ് നേരത്തെ പങ്കുവെച്ചത്. ലോകത്താകെയുള്ള വിദേശനാണ്യക്കരുതല്‍ ശേഖരത്തിന്റെ അനേകശതം മടങ്ങാണ് വിദേശനാണ്യക്കച്ചവടം ഒരു ദിവസം കൊണ്ട് നടക്കുന്നത്; ഇതെങ്ങാനും പൊട്ടിപ്പൊളിഞ്ഞാല്‍ ഏത് പാഴ്‌മുറംകൊണ്ട് തടുക്കും എന്നാണവര്‍ ചോദിച്ചത്. എന്നാല്‍ ഇന്ന് ഇടപാടുകള്‍ പിന്നെയും അനേകമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. മുട്ടത്തോടിന്മേലൂടെയുള്ള നടത്തം അപകടക്കുഴികളിലേക്ക് തന്നെയാണ് നയിക്കുക എന്ന് വാറണ്‍ ബഫെയെപ്പോലുള്ള വമ്പന്‍ നിക്ഷേപകത്തമ്പ്രാക്കള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഡെറിവേറ്റീവുകള്‍ കൂട്ടക്കൊലക്കുള്ള ആയുധങ്ങളാണ് (weapons of mass destruction) എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഒന്നുകൂടി കൃത്യമാക്കുന്നുണ്ട് എസ് ഗുരുമൂര്‍ത്തി. കൂട്ടക്കൊലക്കുള്ള ആയുധമെന്നല്ല, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് (ICBM) അവ എന്ന ആ തിരുത്തല്‍ എത്ര ശരിയാണെന്നറിയാന്‍ സബ്പ്രൈം വായ്പാക്കുഴപ്പം ലോകത്തെല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ബാങ്കുകളെ എങ്ങനെ ബാധിച്ചു എന്ന് നോക്കിയാല്‍ മതി.
*
-ശ്രീ എ കെ രമേശ്
Thursday, May 1, 2008
ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്
2007 മദ്ധ്യത്തില്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി ക്രമേണ വികസിച്ച് ആഗോള ബാങ്കിംഗ്-സാമ്പത്തിക പ്രതിസന്ധിയായി വളരുകയും 2008 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളോടെ പ്രശ്നങ്ങള്‍ ഭക്ഷ്യ-ഊര്‍ജ്ജ മേഖലയിലേക്കും പടര്‍ന്നിരിക്കുകയുമാണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യപ്രതിസന്ധി ഈജിപ്റ്റ്, ഹെയ്തി, ഫിലിപ്പെന്‍സ്, ബംഗ്ലാദേശ് തുടങ്ങി 33 രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള വന്‍ കലാപങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിതരാജ്യങ്ങളിലും ഇന്ത്യയുള്‍പ്പെടെ പല വികസ്വര രാജ്യങ്ങളിലും കലാപത്തിന്റെ സ്ഥിതി സംജാതമല്ലെങ്കിലും വന്‍വിലക്കയറ്റവും പണപ്പെരുപ്പവും മൂലം സാധാരണജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്. ആഗോള സാമൂഹിക സാമ്പത്തിക രംഗം നേരിടുന്ന ഈ പ്രതിസന്ധി നമ്മെ 1930കളില്‍ ലോകം നേരിട്ട വന്‍ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു.
1929-30 കളിലെ സാമ്പത്തിക തകര്‍ച്ച അമേരിക്ക അതിന്റെ ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. അമേരിക്കയില്‍ തുടങ്ങിയ ആ പ്രതിസന്ധി ലോകമാകെ പടരുകയും ഏകദേശം പത്തുവര്‍ഷത്തോളം അതു നീണ്ടു നില്‍ക്കുകയും ചെയ്തു 1930 ലെ പ്രതിസന്ധിയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ ഏറ്റവും പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ കണ്ടെത്തിയത് 1920 കളിലെ വന്‍ സാമ്പത്തിക അസമത്വമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലും, വ്യവസായികളും കര്‍ഷകരും തമ്മിലും അമേരിക്കയും യൂറോപ്പും തമ്മിലും നിലനിന്ന സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ അക്കാലത്ത് വളരെ രൂക്ഷമായി. മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഓഹരിക്കമ്പോളത്തില്‍ നിലവിലുണ്ടായിരുന്ന അനിയന്ത്രിതമായ ഊഹക്കച്ചവടമാണ്. 1920 കളെ "അലറുന്ന ഇരുപതുകള്‍''(Roaring twenties) എന്നാണ് വിളിച്ചിരുന്നത്. അന്ന് ലോകസാമ്പത്തികരംഗം, പ്രത്യേകിച്ച് അമേരിക്ക, നേടിയ സാമ്പത്തിക വളര്‍ച്ചയാണ് ഇങ്ങനെ അറിയപ്പെടാന്‍ കാരണം. എന്നാല്‍ ഈ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ അമേരിക്കയിലെ ഒരു പിടി സമ്പന്നരാണ് കൈയ്യടക്കിയിരുന്നത്. ഉന്നത ശ്രേണിയിലുണ്ടായിരുന്ന 0.1% പേരുടെ വരുമാനത്തിനു സമമായിരുന്നു താഴെക്കിടയിലുള്ള 42% ജനങ്ങളുടെ വരുമാനം.
അസമത്വം ഇത്രയും രൂക്ഷമായ രീതിയില്‍ കുതിച്ചുയരാന്‍ കാരണം കുത്തകക്കമ്പനികളുടെ ഉല്പാദനത്തിലും ലാഭത്തിലും വന്ന കുത്തനെയുള്ള വളര്‍ച്ചയും തൊഴിലാളികളുടെ വേതനത്തില്‍ വന്ന നാമമാത്രമായ വര്‍ദ്ധനയുമാണ്. ഇന്നത്തെപ്പോലെ അന്നും സര്‍ക്കാരുകളുടേയും കോടതികളുടേയും സമീപനം തികച്ചും തൊഴിലാളി വിരുദ്ധമായിരുന്നു. പ്രസിദ്ധമായ അഡ്ക്കിന്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ കേസില്‍ മിനിമം-വേതന നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കാര്‍ഷികരംഗം രൂക്ഷമായ പ്രതിസന്ധി നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്. സാമൂഹിക അസമത്വങ്ങളും കാര്‍ഷിക പ്രതിസന്ധികളും ചേര്‍ന്ന് അത്യന്തം രൂക്ഷമായ സന്ദിഗ്ദ്ധാവസ്ഥ സാമൂഹിക സാമ്പത്തിക രംഗത്ത് സംജാതമാക്കി. ഈ സ്ഥിതി മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്നത്തെപ്പോലെ അന്നും വളരെ ഉദാരമായി വായ്പകള്‍ ലഭ്യമാക്കി. “ഇന്നു വാങ്ങി നാളെ പണം നല്‍കുന്ന”സമ്പ്രദായം വ്യാപകമായി. അക്കാലത്തെ പ്രധാന ആഡംബര ഉപഭോഗവസ്തുക്കളായിരുന്നു കാറും റേഡിയോയും. കാറുകളുടെ 60 ശതമാനവും റേഡിയോകളുടെ 80 ശതമാനവും തവണ വ്യവസ്ഥയില്‍ വാങ്ങിയവയായിരുന്നു. തവണ അടക്കേണ്ട സമയമായപ്പോള്‍ പലര്‍ക്കും അതു സാധിക്കാത്ത സ്ഥിതിയുണ്ടായി.
മുതലാളിത്ത സംവിധാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക സംവിധാനമാകെ മുന്നോട്ട് ചലിക്കുന്നത് അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. 1920 കളുടെ അവസാനത്തോടെ സാധാരണ ജനങ്ങള്‍ക്കാകെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിന്മേലുള്ള വിശ്വാസം നഷ്ടപ്പെടുകയും അത് രൂക്ഷമായ ഒരു തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും 1929നും1933 നും ഇടയില്‍ തകര്‍ന്നടിഞ്ഞു.1920 കളും 2000 ഉം തമ്മില്‍ ധാരാളം സമാനതകള്‍ നമുക്കു കാണാന്‍ കഴിയും.
ഇനി നമുക്ക് ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിലേക്കു വരാം.
അമേരിക്കന്‍ സമ്പദ് രംഗം അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രസിഡന്റ് ബുഷ് തന്നെ 2008 ഏപ്രില്‍ 25 ന് നടത്തിയ ഒരു പ്രസ്താവനയില്‍ പറയുകയുണ്ടായി. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സമ്പദ് മേഖലയിലുള്ള വിശ്വാസം കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയ അവസരത്തിലാണ് ബുഷ് ഈ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായത് . ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച 152 മില്യന്‍ ഡോളറിന്റെ കരം ഇളവിലാണ് അദ്ദേഹം ആകെ പ്രതീക്ഷ അര്‍പ്പിക്കുന്നത്. കരം ഇളവിലൂടെ മുതിര്‍ന്നവര്‍ക്ക് 600 ഡോളറും കുട്ടികള്‍ക്ക് 300 ഡോളറും വരെ ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇതൊന്നും അമേരിക്കന്‍ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിട്ടില്ല എന്നാണ് റോയ്ട്ടേഴ്‌സും മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്‌മയും കഴിഞ്ഞ കുറെ മാസങ്ങളായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മാസത്തിലും ഈ നിലയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഏപ്രില്‍ മദ്ധ്യത്തോടെ 3,72,000ത്തോളം പേര്‍ (കഴിഞ്ഞ നാലാഴ്ചക്കുള്ളില്‍) തൊഴിലില്ലായ്‌മക്കുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. തൊഴിലില്ലായ്‌മ 5.1 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ചു മാസത്തില്‍ ബിസിനസ്സുകാര്‍ 80,000 ത്തോളം പേരെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയുണ്ടായി. 2008 ലെ ആദ്യ മൂന്നുമാസങ്ങളില്‍ മൊത്തം 2,32,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുണ്ടായി. സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് തൊഴില്‍രംഗത്തെ ഈ ഗുരുതരമായ സ്ഥിതി തന്നെ മതി അമേരിക്ക ഒരു മാന്ദ്യത്തിലേക്കു കൂപ്പുകുത്തി എന്നു തെളിയിക്കാന്‍ എന്നാണ്.
ഭവനവായ്പാരംഗത്ത് വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയ ലക്ഷക്കണക്കിനു വായ്പകള്‍ തിരിച്ചടവ് ഇല്ലാതായതോടെ അമേരിക്കയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പലതും വന്‍നഷ്ടത്തിലായിരിക്കുകയാണ്. ഭവനവായ്പരംഗത്തെ പ്രശ്നങ്ങള്‍ മൂലം 2007 സാമ്പത്തിക വര്‍ഷത്തില്‍ സിറ്റി ബാങ്കിന് 18.1 ബില്യന്‍ ഡോളര്‍ എഴുതിത്തള്ളേണ്ടി വന്നു. അതോടെ ബാങ്ക് 2007 സാമ്പത്തിക വര്‍ഷത്തില്‍ 9.8 ബില്യന്‍ ഡോളര്‍ നഷ്ടത്തിലായി. സിറ്റി ബാങ്കിന്റെ 196 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയധികം നഷ്ടം സഹിക്കേണ്ടി വന്നത് ഇതാദ്യമാണ്. മറ്റൊരു പ്രധാന സാമ്പത്തിക സ്ഥാപനവും സാമ്പത്തിക ഇടനിലക്കാരനുമായ മെറില്‍-ലിഞ്ചിന് എഴുതി തള്ളേണ്ടിവന്നത് 14.6 ബില്യന്‍ ഡോളറാണ്. ഇതിലൂടെ അവരുടെ 2007 ലെ നഷ്ടം 9.4 ബില്യന്‍ ഡോളറായി മാറി. മെറിള്‍-ലിഞ്ചിന്റെ 94 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. ബിയര്‍ സ്റ്റേണ്‍സ് എന്ന ഒരു വന്‍ ഇന്‍വെസ്‌റ്റ്മെന്റ് ബാങ്ക് മാര്‍ച്ച് മദ്ധ്യത്തോടെ പൊളിഞ്ഞു. പൊളിഞ്ഞ ബിയര്‍ സ്‌റ്റേണ്‍സിനെ ജെ.പി.മോര്‍ഗന്‍ ചേസ് എന്ന സാമ്പത്തിക സ്ഥാപനം ഏറ്റെടുത്തു. ബിയര്‍ സ്‌റ്റേണ്‍സിനെ ഏറ്റെടുക്കാന്‍ ജെ.പി.മോര്‍ഗന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് (അമേരിക്കയുടെ കേന്ദ്രബാങ്ക്) 30 ബില്യന്‍ ഡോളറും മറ്റു പല സൌകര്യങ്ങളും ചെയ്തു കൊടുത്തു. സര്‍വതന്ത്ര സ്വതന്ത്ര കമ്പോളത്തില്‍ ആരും ഇടപെടാന്‍ പാടില്ല എന്നു പഠിപ്പിക്കുന്നവര്‍ തന്നെ ചെയ്ത നടപടിയാണിതെന്നുളളത് ശ്രദ്ധേയമാണ്.
അമേരിക്കന്‍ സാമ്പത്തികമേഖലയെ പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയെയാകെ പിടിച്ചുകുലുക്കിയ ഈ പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് നമുക്ക് ചെറിയൊരന്വേഷണം നടത്താം.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്പത്തിക ചരിത്രത്തെ നമുക്ക് രണ്ടായി തിരിക്കാന്‍ കഴിയും. ഇതില്‍ ഒന്നാം പകുതിയില്‍ അമേരിക്കയുടെ ഉല്പാദനമേഖലക്കായിരുന്നു മേല്‍ക്കൈ, എന്നാല്‍ രണ്ടാം പകുതിയില്‍ ധനമേഖലക്കും ധനമൂലധനത്തിനുമായി മേല്‍ക്കൈ. ധനമൂലധനം മേല്‍കൈ നേടിയെടുത്തത് വായ്പാ മേഖലയുടേയും വായ്പകളുടേയും സങ്കീര്‍ണ്ണമായ ഇടപാടുകളിലൂടെയും വന്‍ വളര്‍ച്ചയിലൂടെയുമാണ്. ബാങ്കുകള്‍ ഉല്പാദനമേഖലയിലെ വായ്പകളിലൂടെ ലാഭം സൃഷ്ടിക്കുന്നതിനുപകരം വളരെ പെട്ടെന്നുള്ള കൊള്ള ലാഭത്തിനായി സങ്കീര്‍ണ്ണ സാമ്പത്തിക ഇടപാടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു സ്ഥിതിയെക്കുറിച്ച് കാള്‍മാര്‍ക്സ് Das Captial ന്റെ രണ്ടാം വാല്യത്തില്‍ പറഞ്ഞത് ഇപ്പോഴും വളരെ പ്രസക്തമാണ്.
“For the possessor of money capital (the Banks and financial houses) the process of production appear merely as an unavoidable intermediate link, as a necessary evil for the sake of money making. All nations with a capitalist mode of production are therefore seized periodically by a feverish attempt to make money without the intervention of process of production.”
പണം കുന്നുകൂട്ടാനുള്ള ആര്‍ത്തിമൂലം അമേരിക്കന്‍ മുതലാളിത്തം മാര്‍ക്സ് പറഞ്ഞതുപോലെ ‘ഇടക്കിടെ’എന്നത് വിട്ട് എപ്പോഴും ധനക്കമ്പോളത്തിലെ സങ്കീര്‍ണ്ണമായ ഇടപാടുകളില്‍ കേന്ദ്രീകരിച്ചു. അങ്ങനെ ഇപ്പോള്‍ ലോകകമ്പോളത്തിലെ തന്നെ ഇടപാടുകളില്‍ 98 ശതമാനം ഇപ്പോള്‍ വെറും ധന (Financial) കൈമാറ്റം മാത്രമായി, വെറും 2ശതമാനം മാത്രമാണ് ചരക്കു കൈമാറ്റത്തിനായി ഉപയോഗിക്കുന്ന ധനം. സാമ്പത്തിക ഇടപാടുകള്‍ നടത്താനും സമ്പത്തുണ്ടാക്കാനും ഏതുതരം വഞ്ചനയും തട്ടിപ്പും അക്രമവും കാണിക്കാം എന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്‍.
2000-2001 ലെ ഓഹരിക്കമ്പോള തകര്‍ച്ചയോടൊപ്പം ഈ തട്ടിപ്പുകളില്‍ പലതും പുറത്തുവരികയുണ്ടായി. എന്‍റോണ്‍, വേള്‍ഡ് കോം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാലത്ത് തകരുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ മുതലാളിത്തം ഈ ഗുരുതരമായ സ്ഥിതി വിശേഷമാകെ മറച്ച് വെച്ച് കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ സാമ്പത്തിക ഉപകരണങ്ങള്‍ വികസിപ്പിക്കുകയും അതിന്റെ ഇടപാടുകിലേക്കു നീങ്ങുകയും ചെയ്തു. 2000- 2001 ലെ “dot.com”സാമ്പത്തിക തകര്‍ച്ച നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുത്തനെ ഇളവുവരുത്തുകയും ജനങ്ങള്‍ക്ക് നാനാതരം വായ്പകള്‍ നല്കിക്കൊണ്ട് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. (ഉപഭോഗം വര്‍ദ്ധിപ്പിച്ച് സമ്പദ് വളര്‍ച്ച കൈവരിക്കുക എന്നതാണ് ഇപ്പോഴത്തെ അമേരിക്കയുടെ ധനതത്വശാസ്ത്രം). ഇത് ഒരു പരിധിവരെ താല്‍ക്കാലികമായി ആശ്വാസം നല്‍കി.
2004 ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ ഇടപെട്ട് ഭവനവായ്പാരംഗത്ത് ധാരാളം ഇളവുകള്‍ വരുത്തി. ഈ ഇളവുകളും കുറഞ്ഞ പലിശനിരക്കും മൂലം സാധാരണ നിലയില്‍ വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്ത അനേകം പേര്‍ക്ക് ഭവന വായ്പ ലഭിച്ചു. ഭവനവായ്പയില്‍ വന്ന ഈ വന്‍ വര്‍ദ്ധനവും ഭവന വിലകുതിച്ചുയരാന്‍ കാരണമായി. ഭവനനിര്‍മ്മാണ മേഖലയിലേയ്ക്ക് പണം കുത്തിയൊഴുകി. ആവശ്യത്തില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന ഒരവസ്ഥയും സംജാതമായി. പല കുടുംബങ്ങളും ഒന്നില്‍ക്കൂടുതല്‍ ഭവനങ്ങളുടെ ഉടമകളായി. ഭവന വായ്പ ഉയര്‍ന്നുകൊണ്ടിരിന്നതു മൂലം പലരും കൂടുതല്‍ പണം ആവശ്യമായി വന്നപ്പോള്‍ തങ്ങളുടെ വായ്പകള്‍ പുതുക്കിക്കൊണ്ട് കൂടുതല്‍ പണം ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും ചിലവഴിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ ഇക്കാലത്ത് അവരുടെ വീടുകളെ ATM ആയി ഉപയോഗിച്ചു എന്നാണ് പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ക്രൂഗ്‌മാന്‍ പറഞ്ഞത്.
എന്നാല്‍ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഒരു പത്തു വര്‍ഷക്കാലത്ത് അമേരിക്കയിലെ തൊഴിലാളികളുടെ വേതനത്തില്‍ വലിയ വര്‍ദ്ധനവൊന്നും വന്നില്ല എന്നുള്ളതാണ്. എന്നാല്‍ ധനികരുടെ സമ്പത്ത് കുതിച്ചുയരുകയും ചെയ്തു. വേതനത്തില്‍ വലിയ വര്‍ദ്ധനവില്ലാതിരിക്കുകയും ഉള്ള തൊഴില്‍ തന്നെ പലര്‍ക്കും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഘട്ടമായപ്പോള്‍ വീട് പണയപ്പെടുത്തിയും, വീട് വിറ്റും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. പലര്‍ക്കും അവരെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. 2007 തുടക്കത്തില്‍ തന്നെ സ്ഥിതിഗതികള്‍ വഷളായി തുടങ്ങി 2007 ഓഗസ്‌റ്റ് മാസത്തോടെ സ്ഥിതിഗതികള്‍ ഗുരുതരമായി തകര്‍ച്ചയുടെ അവസ്ഥയിലേയ്ക്കു നീങ്ങി.
അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ കുഴപ്പങ്ങള്‍ അമേരിക്കയില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. എന്തെന്നാല്‍ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ നല്‍കിയ വായ്പകളെ പല രൂപത്തില്‍ പല പേരുകളില്‍ (Collateralised debt obligations [CDO'S] Credit Default Swaps [CDS] തുടങ്ങിയവ ഉദാഹരണം) ലോകമാകെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കി. അങ്ങനെ സമാഹരിച്ച പണം കൊണ്ട് വീണ്ടും വായ്പ കൊടുത്തു. അത് വീണ്ടും വിറ്റ് വീണ്ടും പണമുണ്ടാക്കി. അങ്ങനെ പലവുരു ആവര്‍ത്തിച്ച് വന്‍ കട-സാമ്പത്തിക കുമിളകളെ സൃഷ്ടിച്ചു. ഈ സാമ്പത്തിക കുമിളകളുടെ വലിപ്പം ഭയാനകമാണ്. ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ്സിന്റെ (BIS) കണക്കു പ്രകാരം 2002ല്‍ 100 ട്രില്യന്‍ ഡോളറായിരുന്നു ഇതിന്റെ വലിപ്പമെങ്കില്‍ 2007 ആയപ്പോള്‍ 516 മില്യന്‍ ഡോളറായി വളര്‍ന്നു. ഇത് ഗ്ലോബല്‍ ജി.ഡി.പി യുടെ (50 ട്രില്യന്‍ ഡോളര്‍) പത്തിരട്ടിയാണ്. US GDP (15 ട്രല്യന്‍ ഡോളര്‍) യുടെ 33 ഇരട്ടി. ഇതിന്റെ തകര്‍ച്ചയുടെ പ്രകമ്പനങ്ങളാണ്. നോര്‍ത്തേണ്‍-റോക്ക് എന്ന ഇംഗ്ലണ്ടിലെ ബാങ്ക് തകര്‍ച്ചയിലും മറ്റും കേട്ടത്. തകര്‍ന്ന നോര്‍ത്തേണ്‍ -റോക്കിനെ ദേശസാല്‍ക്കരിച്ചു എന്നത് മറ്റൊരു വൈരുദ്ധ്യം.
അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ യൂറോപ്പിനേയും പിടികൂടിക്കഴിഞ്ഞു. യു.കെ യുടെ സമ്പദ് രംഗം 2008 ല്‍ പിന്നോട്ടടി നേരിടും എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളും, വായ്പകളും പ്രത്യേകിച്ച് ഭവന വായ്പയുമാണ് അമേരിക്കയുടേതെന്ന പോലെ യു.കെ.യുടെയും സാമ്പത്തിക രംഗത്തെ ചടുലമാക്കി നിര്‍ത്തിയിരിക്കുന്നത്. ആ രംഗം കുഴപ്പത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2007 സാമ്പത്തിക വര്‍ഷം യു.കെ യുടെ സാമ്പത്തിക വളര്‍ച്ച വെറും 0.5 ശതമാനമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ താഴെയാണിത്. ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളും നല്ല പ്രകടനമല്ല 2007 ല്‍ കാഴ്ച വച്ചത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വില, തകരുന്ന ഡോളര്‍, തകരുന്ന ഭവനവായ്‌പാ മേഖല ഇവയൊക്കെ ചേര്‍ന്ന് യൂറോപ്പും ഒരു സാമ്പത്തിക മുരടിപ്പിലേയ്ക്കു തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഗോള്‍ഡ്‌മാന്‍ സാക്‍സ് ജനുവരി 2008 ല്‍ പുറത്തുവിട്ട ഒരു പഠനത്തില്‍ പറയുന്നത് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ ഒരു സാമ്പത്തിക മാന്ദ്യത്തലേയ്ക്കു വഴുതി വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നാണ്. ബാങ്ക് ഓഫ് ജപ്പാന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ തൊഷിരോ മൂട്ടോയും ജപ്പാന്‍ സാമ്പത്തിക രംഗം തളര്‍ച്ചയെ നേരിടാനുള്ള സാധ്യതകളാണ് കാണുന്നത്. കഴിഞ്ഞ പത്തും വര്‍ഷംകൊണ്ട് ജപ്പാനിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തില്‍ 10 ശതമാനത്തോളും ഇടിവു വന്നിട്ടുണ്ട്. അതോടൊപ്പം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഊര്‍ജ്ജവില (Energy price) ഭക്ഷ്യ വസ്തുക്കളുടെ വില ഇവ മൂലം ജപ്പാനിലെ ആഭ്യന്തര ഉപഭോഗം താഴേയ്ക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉപഭോഗത്തില്‍ വന്ന ഇടിവ് വൈദേശിക കമ്പോളങ്ങളെ ആശ്രയിക്കാന്‍ ജപ്പാന്‍ വ്യവസായികളെ പ്രേരിപ്പിക്കുന്നു.
അമേരിക്കയിലെയും, യൂറോപ്പിലെയും കുഴപ്പങ്ങളും ഡോളറിന്റെ വിലയിടിവും ഊര്‍ജ്ജ-ഭക്ഷ്യരംഗങ്ങളിലെ വിലക്കയറ്റവും ഏഷ്യന്‍ വിപണികളേയും പിടികൂടിക്കഴിഞ്ഞു. ജപ്പാനീസ് കയറ്റുമതിയെ 50 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. അതിനാല്‍ കയറ്റുമതിയെ ആശ്രയിച്ച് പിടിച്ചു നില്‍ക്കാമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്താകനാണ് സര്‍വ്വ സാധ്യതയും.
ചൈനയും, ഇന്ത്യയും ഈ പ്രശ്നങ്ങളൊന്നും ബാധിക്കാതെ വന്‍വളര്‍ച്ചാ നിരക്കു കൈവരിക്കുകയും ലോക സാമ്പത്തിക വളര്‍ച്ച ഒരു പരിധിവരെയെങ്കിലും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യും എന്നാണ് പ്രതിസന്ധിയുടെ തുടക്കക്കാലത്ത് പല സാമ്പത്തിക ശാസ്ത്രജ്ഞരും വാദിച്ചിരുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ ചൈനയിലും ഇന്ത്യയിലും പോലും അത്ര ആശാസ്യമല്ല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.
ഇങ്ങനെ ആഗോള ഓഹരിക്കമ്പോളങ്ങളിലും സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകളിലും, തിരിമറികളിലും വന്‍ നഷ്ടവും അപകടവും പതിയിരിക്കുന്നു എന്നു കണ്ട ലോകത്തെ സമ്പന്നര്‍ അവരുടെ ധനമൂലധനം ഓയില്‍ (പെട്രോള്‍, ഡീസല്‍, തുടങ്ങിയവ), സ്വര്‍ണ്ണം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കച്ചവടത്തിലേക്കും അവധി വ്യാപാരത്തിലേയ്ക്കും തിരിച്ചു വിട്ടതിന്റെ ഫലമായി ഈ മേഖലകളില്‍ ലോകമാകെ ഇപ്പോള്‍ വലിയ വിലക്കയറ്റം അനുഭവപ്പെടുകയാണ്. വിലകയറിയതോടെ ഭക്ഷ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വര്‍ദ്ധിച്ചു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യം ലോകമാകെ ദൃശ്യമാണ്. IMF ലെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് ലോകമാകെ സാമ്പത്തിക മാന്ദ്യം ദൃശ്യമാകുന്ന ഈ അവസരത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കയറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ല എന്നാണ്. എന്നാല്‍ ധനമൂലത്തിന്റെ ചൂതാട്ടമാണ് ഇവിടെയും പ്രശ്നമെന്ന് നമുക്ക് മനസ്സിലാകും.
ഇങ്ങനെ ലോകത്തിലെ വികസിത അവികസിത രാജ്യങ്ങളിലും, ധന-വ്യാപാര മേഖലകളിലും ഭക്ഷ്യ ഊര്‍ജ്ജ മേഖലകളിലും എല്ലാം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ (BIS) റിപ്പോര്‍ട്ടു പ്രകാരം ഇപ്പോഴത്തെ ലോക സാമ്പത്തിക പരിതസ്ഥിതി 1930 കളിലെ വന്‍ തകര്‍ച്ചയ്ക്കു തൊട്ടു മുന്‍പുള്ള സ്ഥിതിക്കു സമാനമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ധനികരായ 2 ശതമാനം ആള്‍ക്കാര്‍ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 50%വും കയ്യടക്കിയിരിക്കുകയാണ് എന്ന് പല പഠനങ്ങളും കാണിക്കുന്നു. ലോക ആസ്തികളുടെ 40% വും ഒരു ശതമാനം ആള്‍ക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ലോകത്തിലെ പകുതി ജനങ്ങള്‍ക്കാകെ ലഭ്യമാകുന്നത് ലോകസമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ്. ഈ ഉച്ചനീചത്വം 1930 കള്‍ക്കു സമാനമാണ്. ഇപ്പോഴത്തെ ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളും 1920 കളിലെ അവസ്ഥയ്ക്കു സമാനമാണ്.
ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച ഈ ചെറിയ കുറിപ്പില്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല.എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വളരെ വ്യക്തമായിരിക്കുകയാണ്. കമ്പോളം എല്ലാം തീരുമാനിക്കും, കമ്പോളം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കും എന്നു വാദിച്ച കമ്പോള മൌലികവാദികളുടെ (Market fundamentalists) ആശയങ്ങള്‍ക്കാകെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ വൂള്‍ഫ് ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയത് ശ്രദ്ധേയമാണ്. "ഇന്ന് വായ്പാ കമ്പോളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഫൈനാന്‍സ് ക്യാപിറ്റലിസത്തിന്റെ ആംഗ്ലോ-സാക്സണ്‍ (Anglo-Saxon) മാതൃക ഇടപാടുകള്‍ക്കു തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ വായ്പാ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഒരു തകര്‍ച്ചയിലേക്കു നീങ്ങിയാല്‍ കഴിഞ്ഞ ഒരു തലമുറയുടെ രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തിയ നിയോ-ലിബറല്‍ ആശയങ്ങളുടെ അവസാനമായിരിക്കും അത് ''. ഇതു പറയുന്നത് ഇടതുപക്ഷക്കാരനല്ല ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് എന്നതു വളരെ പ്രാധാനമാണ്. നിയോലിബറലിസ്‌റ്റുകള്‍ക്ക് തന്നെ അവരുടെ ആശയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നു ചുരുക്കം.
നമുക്ക് ഇങ്ങനെ പറഞ്ഞ് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയിലുംലോകത്താകെയുമുള്ള തൊഴിലാളികള്‍ “മറ്റൊരു ബദലില്ല” [ There is no alternative (TINA)] എന്നു പറഞ്ഞവരോട് സോഷ്യലിസമാണ് ബദല്‍ [Socialism is the alternate (SITA)]എന്ന് ഉറക്കെ പറയേണ്ട അവസരമാണിത്. അതിരൂക്ഷമായ പ്രതിസന്ധിയുടെ അവസരങ്ങളിലാണ് പുത്തന്‍ ആശയങ്ങള്‍ ഉയര്‍ന്നുവരാനും വേരു പിടിക്കാനും പറ്റിയ അവസരം. അങ്ങനെയൊരു കാലമാണിത്.
ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.
-ശ്രീ.ജോസ്.റ്റി.എബ്രഹാം