Showing posts with label വികസനം. Show all posts
Showing posts with label വികസനം. Show all posts

Monday, December 2, 2013

യുഡിഎഫിന്റെ പദ്ധതിപരിപ്രേക്ഷ്യം 2030

1977ല്‍ ഞാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ എംഫില്ലിനു ചേര്‍ന്നതിനു തൊട്ടുമുമ്പായിരുന്നു കേരളത്തെക്കുറിച്ചുള്ള ഏറ്റവും വിശ്രുത പഠനങ്ങളിലൊന്നായ "ദാരിദ്ര്യം തൊഴിലില്ലായ്മ, വികസനനയം" ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ചത്. ഡോ. കെ എന്‍ രാജിന്റെ നേതൃത്വത്തില്‍ ഒരു സംഘം പണ്ഡിതരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയില്‍ താരതമ്യേന പിന്നാക്ക സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ ജനങ്ങളുടെവിദ്യാഭ്യാസ - ആരോഗ്യാദി ക്ഷേമസൂചികകള്‍ക്ക് വികസിത രാജ്യങ്ങളിലെ സൂചികകളോടായിരുന്നു കൂടുതല്‍ സാധര്‍മ്മ്യം. താരതമ്യേന താഴ്ന്ന സാമ്പത്തികവളര്‍ച്ച നിലവാരവേളയില്‍ തന്നെ ഉയര്‍ന്ന സാമൂഹ്യ - ക്ഷേമ നില പൗരന്മാര്‍ക്ക് ഉറപ്പുവരുത്താന്‍ കേരളത്തിനു കഴിഞ്ഞു. ഈ പ്രഹേളികകയ്ക്ക് കേരള വികസന മോഡല്‍ എന്ന വിളിപ്പേരും വീണു. പിന്നീട് സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ കേരള വികസനപഠനങ്ങളില്‍ പ്രാമുഖ്യം ഈ പ്രതിഭാസത്തിനു രൂപം നല്‍കിയ പുനര്‍വിതരണ നയങ്ങളെക്കുറിച്ചായിരുന്നു. താഴത്തുനിന്നുള്ള ജനകീയ സമ്മര്‍ദ്ദവും ഇടപെടലുകളുമാണ് സാമൂഹ്യക്ഷേമ വികസനനയങ്ങള്‍ക്കു രൂപം നല്‍കാന്‍ മാറിമാറി വന്ന സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കിയതെന്ന് ഈ പഠനങ്ങള്‍ തെളിയിച്ചു. ഇതിലേറ്റവും പ്രാമാണികമായവ വിദ്യാഭ്യാസത്തെക്കുറിച്ച് ഡോ. മൈക്കിള്‍ തരകനും ആരോഗ്യത്തെക്കുറിച്ച് പ്രൊ. ടി. എന്‍ കൃഷ്ണനും ഡോ. കബീറും നടത്തിയ പഠനങ്ങളായിരുന്നു.

വിദ്യാഭ്യാസ ആരോഗ്യാദി മേഖലകളുടെ വികസന പ്രവണതകള്‍ നവോത്ഥാനകാലം മുതല്‍ ദൃശ്യമാണെങ്കിലും ഇവയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോയത് ഇടതുപക്ഷ പ്രസ്ഥാനമാണ്. സ്വാഭാവികമായും സംസ്ഥാനത്തിന്റെ സാമ്പത്തിക മുരടിപ്പിനു കാരണവും ഇടതുപക്ഷത്തിന്റെ ചുമലില്‍ വന്നുവീണു. സാമ്പത്തികവളര്‍ച്ചയും സാമ്പത്തിക നീതിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അതിരുകവിഞ്ഞ സമത്വബോധം വളര്‍ച്ചയ്ക്കു തടസമാണെന്നും വാദിക്കപ്പെട്ടു. 1970കളുടെ ഉത്തരാര്‍ദ്ധം മുതല്‍ വളര്‍ച്ച ഒച്ചിഴയുന്ന വേഗതയിലായി. ഭൂപരിഷ്കരണം ഉണ്ടായിട്ടും കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിച്ചില്ല. സാമ്പത്തിക മുരടിപ്പ് സര്‍ക്കാരിന്റെ വരുമാനത്തേയും ഇടപെടല്‍ ശേഷിയേയും പ്രതികൂലമായി ബാധിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോ. കെ. കെ. ജോര്‍ജിന്റെ "കരള മോഡലിന്റെ പരിധികള്‍" എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത്. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ സ. ഇഎംഎസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഒരു സെമിനാറിനെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. സാമ്പത്തിക മുരടിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ കേരളത്തില്‍ അനുവര്‍ത്തിക്കേണ്ടുന്ന നയങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ കൂട്ടായി തയ്യാറാക്കിയ ഒരു രേഖയായിരുന്നു ചര്‍ച്ചാവിഷയം.

സെമിനാറിന് അവസാനം ഡോ. രാജ് പറഞ്ഞു: ""കേരളത്തിലെ ഇടതുപക്ഷം ജനക്ഷേമം ഉയര്‍ത്തുന്നതിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. അപ്പം വീതം വെയ്ക്കുന്നതിന് വളരെ മിടുക്കരാണവര്‍. പക്ഷേ, അപ്പം ചുടാന്‍ അവര്‍ക്കറിയില്ല. ഇന്നത്തെ ആവശ്യം കൂടുതല്‍ അപ്പം ഉണ്ടാക്കലാണ്. പുനര്‍വിതരണത്തില്‍ നിന്ന് വളര്‍ച്ചയിലേയ്ക്ക് ശ്രദ്ധ തിരിയണം. ഇതിനൊരു പരിപാടി ഇടതുപക്ഷത്തിനില്ല. ചരിത്രത്തിന്റെ വഴിമുടക്കരുത്."" സാമൂഹ്യക്ഷേമ മേഖലയിലെ നേട്ടങ്ങള്‍ കൈവിടാതെതന്നെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പുതിയ വികസനതന്ത്രം ആവിഷ്കരിക്കേണ്ടത് ഒരു രാഷ്ട്രീയകടമയായി തീര്‍ന്നു. ഇതിനായുള്ള ഒരു പരിശ്രമമായിരുന്നു 1994ല്‍ ഇഎംഎസ് മുന്‍കൈയെടുത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ്.

കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമ്പത്തികവളര്‍ച്ചയുടെ വേഗത എങ്ങനെ ഉയര്‍ത്താം എന്നാണ് ആ പഠനകോണ്‍ഗ്രസ് അന്വേഷിച്ചത്. പണ്ഡിതരും സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ആയിരത്തിലേറെപ്പേര്‍ തങ്ങളുടെ അഭിപ്രായം ഔപചാരിക പ്രബന്ധങ്ങളിലൂടെ അവതരിപ്പിച്ചു. കേരളത്തില്‍ ഒരു പൊതു വികസന അജണ്ടയ്ക്ക് രൂപം നല്‍കാന്‍ നടന്ന ബ്രഹദ് പരിശ്രമത്തിന്റെ ഫലമായിരുന്നു 1996-2001 കാലത്തെ ജനകീയാസൂത്രണ പ്രസ്ഥാനവും മറ്റു വികസന മുന്‍കൈകളും. 1980കളുടെ അവസാനത്തോടെ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നു എന്ന നിരീക്ഷണവും അക്കാലത്താണ് അവതരിപ്പിക്കപ്പെട്ടത്. ഏതാണ്ട് നിശ്ചലാവസ്ഥയില്‍ നിന്ന് വളര്‍ച്ച ദേശീയശരാശരിക്കു മുകളിലായി. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഡി. നാരായണയാണ് ഇതാദ്യം ചൂണ്ടിക്കാണിച്ചത്. എഴുപതുകളിലെ കാര്‍ഷിക മുരടിപ്പിനു കാരണം ചിരകാല വിളകളിലേയ്ക്ക് അക്കാലത്തു വന്‍തോതിലുണ്ടായ വിളമാറ്റമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ചിരകാല വിളകള്‍ ഫലം തരാന്‍ ഏതാനും വര്‍ഷങ്ങളെടുക്കുമല്ലോ. അന്തരാള ഘട്ടത്തില്‍ വളര്‍ച്ചാനിരക്ക് ഇടിയുക സ്വാഭാവികമാണ്. അധികം താമസിയാതെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ തന്നെ കെ പി കണ്ണന്റെയും അചിന്‍ ചക്രവര്‍ത്തിയുടെയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേരളം വളര്‍ച്ചയുടെ പുതിയ വിതാനത്തിലേയ്ക്ക് എന്ന് അവര്‍ വാദിച്ചു. ഉപഭോക്തൃസേവനങ്ങളെയും കെട്ടിടനിര്‍മ്മാണത്തെയും ആസ്പദമാക്കിയായിരുന്നു ആ വളര്‍ച്ചയെന്ന മുഖ്യദൗര്‍ബല്യം അക്കാലത്തു തന്നെ തിരിച്ചറിഞ്ഞതാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴില്‍പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്ന ദൗര്‍ബല്യം മറികടക്കാനുള്ള അന്വേഷണമായിരുന്ന് 2005ലെ രണ്ടാം കേരള പഠനകോണ്‍ഗ്രസില്‍ നടന്നത്. വിഷന്‍ 2030ല്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് ഇവിടെ രൂപം കൊണ്ടത്. വിജ്ഞാനാധിഷ്ഠിതവും സേവനപ്രധാനവും വൈദഗ്ധ്യത്തിലൂന്നിയതുമായ വ്യവസായങ്ങളിലേയ്ക്കു നാം തിരിയണമെന്ന കാഴ്ചപ്പാട് 2005ലെ പഠനകോണ്‍ഗ്രസ് തന്നെ മുന്നോട്ടു വെച്ചിരുന്നു. ഈ ചുവടുമാറ്റത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ അതിവേഗം സൃഷ്ടിക്കണം. ഇത്രയും കാര്യങ്ങളില്‍ വലിയ യോജിപ്പുണ്ടായി. മുന്‍പ്രസിഡന്റ് അബ്ദുള്‍ കലാമും സമാനമായ കാഴ്ചപ്പാടാണ് കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിനു പുറമെ ഇടതുപക്ഷം ഊന്നല്‍ നല്‍കിയ കാര്യങ്ങളുണ്ട്: വികസനപ്രക്രിയ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകണം, സ്ത്രീനീതി ഉറപ്പുവരുത്തണം; പാവങ്ങള്‍ക്കു സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തണം; പൊതുവിദ്യാഭ്യാസ - ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കണം; ഇതാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ കാഴ്ചപ്പാട്. ഇവയൊക്കെ അട്ടിമറിക്കുകയാണ് വിഷന്‍ 2030.

കേരള വികസനത്തിനുള്ള സമഗ്രമായൊരു നിയോലിബറല്‍ അജണ്ടയാണ് യുഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. കേരള വികസന മേഖലകളിലോരോന്നിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയ നയസമീപനങ്ങളും പരിപാടികളും തിരുത്തി ആഗോളവത്കരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി യുഡിഎഫ് ശ്രമിച്ചത്. ഈ നടപടികളെ ദീര്‍ഘകാലത്തേയ്ക്കുള്ള ഒരു സമഗ്ര നിയോലിബറല്‍ അജണ്ടയായി രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ പദ്ധതി പരിപ്രേക്ഷ്യം 2030 എന്ന രേഖ. ഇടതുപക്ഷം മുന്നോട്ടുവെച്ചതും കേരളസമൂഹത്തില്‍ പൊതുവില്‍ അംഗീകാരം നേടിവരുന്നതുമായ ജനകീയ വികസന കാഴ്ചപ്പാടിന് കടകവിരുദ്ധമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം. വിദ്യാഭ്യാസ - ആരോഗ്യമേഖലകളുടെ മുഖ്യദൗര്‍ബല്യമായി രേഖ കാണുന്നത് ഇവ "ട്രേഡബിള്‍ മേഖലകള്‍" അല്ലെന്നാണ്. എന്നുവെച്ചാല്‍ വേണ്ടത്ര വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ല. സ്വാശ്രയ കോളജുകളും സ്കൂളുകളും സ്വകാര്യ ആശുപത്രികളും വളരുന്നുണ്ടെങ്കിലും മുഖ്യധാരാ വിദ്യാഭ്യാസ- ആരോഗ്യ സംവിധാനത്തിന്റെ ലക്ഷ്യം പൊതുജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവുമാണ്. ലോക കമ്പോളം ലക്ഷ്യമിട്ട് ഈ മേഖലകള്‍ അഴിച്ചുപണിയുമത്രേ. ലക്ഷ്യം, മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ ചികിത്സയ്ക്കും പഠനത്തിനും കേരളത്തെ ആശ്രയിക്കണം. അതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളെ അന്തര്‍ദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. അങ്ങനെ കേരളത്തില്‍ അഞ്ച് വിദ്യാഭ്യാസ - ആരോഗ്യ ആഗോള ഹബ്ബുകള്‍ സ്ഥാപിക്കപ്പെടും.

വ്യവസായ വികസനത്തിന് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ അഥവാ സ്വതന്ത്ര വ്യാപാരമേഖലകള്‍ ആവിഷ്കരിക്കപ്പെട്ടതുപോലെ ഒരഭ്യാസമാണ് ഇതും. തുടക്കത്തില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം ആഗോളനഗരങ്ങള്‍ സ്ഥാപിക്കുക. ഈ ആഗോള വൈജ്ഞാനിക കേന്ദ്രങ്ങളിലേയ്ക്കാണ് വിദേശ സര്‍വകലാശാലകളെയും ബഹുരാഷ്ട്ര ആരോഗ്യ കുത്തകകളെയും നാടന്‍ നിക്ഷേപകരെയും ആകര്‍ഷിക്കുന്നത്. അവര്‍ക്കു വെച്ചുനീട്ടുന്നതോ, നാട്ടിലെ സാമൂഹ്യനിയന്ത്രണങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവും പരിരക്ഷയും. ""ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഈ മേഖലകളില്‍ ഇന്നു നിലവിലുള്ള വിവിധ നിയന്ത്രണ നിയമങ്ങളില്‍ നിന്നും ഒഴിവു നല്‍കും"" എന്നു പച്ചയ്ക്കു തന്നെ പറഞ്ഞിട്ടുണ്ട് വിഷന്‍ 2030-ല്‍. വിദ്യാഭ്യാസത്തിനു മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്: ദുബായ്, അബുദാബി, ബഹ്റൈന്‍, മലേഷ്യ, ദക്ഷിണ കൊറിയ. ഈ ഹബ്ബുകളില്‍ ഒതുങ്ങുന്നതല്ല പുതിയ വിദ്യാഭ്യാസ ആരോഗ്യ പരിഷ്കാരങ്ങള്‍. എല്ലാ ജില്ലകളിലും ഉപഗ്രഹ കേന്ദ്രങ്ങളുമുണ്ടാകും. അങ്ങനെ 2030 ആകുമ്പോഴേയ്ക്കും വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ അതിവേഗത്തില്‍ വളരുന്ന മേഖലകളായി മാറും. അങ്ങനെയവ കേരളത്തിലെ പുതിയ കുതിപ്പിന്റെ ഡ്രൈവര്‍മാരാകുമത്രേ. ഇന്ന് 7 - 8 ശതമാനമാണ് കേരളത്തിന്റെ പ്രതിവര്‍ഷമുള്ള വളര്‍ച്ച. ഈ വളര്‍ച്ച ഭാവിയിലും നിലനിര്‍ത്താനുള്ള വികസനതന്ത്രമാണ് വിഷന്‍ 2030-ല്‍ മുന്നോട്ടു വെയ്ക്കുന്നത്. ഇതിനായി ഓരോ മേഖലയ്ക്കും കൃത്യമായ വളര്‍ച്ചാനിരക്ക് നിര്‍ണയിച്ചിട്ടുണ്ട്. അതുപ്രകാരം കൃഷി രണ്ടുശതമാനം വേഗത്തില്‍ വളര്‍ന്നാല്‍ മതി. വളര്‍ച്ചയില്‍ ദേശീയ ശരാശരി പോലും കേരളം ലക്ഷ്യമിടേണ്ടതില്ല! ഓരോ വികസന മേഖലയുടെയും വികസനതന്ത്രം വിസ്താരഭയത്താല്‍ ഇവിടെ പരിശോധിക്കുന്നില്ല. എങ്കിലും കൃഷിയെക്കുറിച്ച് ചിലതു പറയാതെ വയ്യ. ഹൈടെക് രീതികളിലാണ് ശ്രദ്ധ മുഴുവന്‍. രേഖ പ്രകാരം വ്യവസായം പോലെ കൃഷിയും സംരംഭകത്വാധിഷ്ഠിതമാകണം. പക്ഷേ, സ്ഥലജല പരിപാലനത്തിനെയോ ഗ്രൂപ്പ് ഫാമിംഗ് പോലുള്ള കാര്‍ഷിക പരിഷ്കരണങ്ങളെയോ കുറിച്ച് ഒരു പരാമര്‍ശവുമില്ല. കേരളത്തിന്റെ കാര്‍ഷികഘടനയെയോ പ്ലാന്റേഷന്‍ മേഖലകളുടെയും പുരയിട കൃഷിയുടെയും പ്രത്യേകതകളോ പാരിസ്ഥിതിക പ്രശ്നങ്ങളോ കണക്കിലെടുത്തിട്ടില്ല. അങ്ങനെയൊരു വികസന തന്ത്രത്തില്‍ വളര്‍ച്ച 2 ശതമാനമായി ചുരുങ്ങിയതില്‍ അത്ഭുതപ്പെടാനില്ല.

ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖല വിദ്യാഭ്യാസവും ആരോഗ്യവുമാണ്. പ്രതിവര്‍ഷം 10 ശതമാനം. വ്യവസായവളര്‍ച്ചപോലും 9 ശതമാനമേ വരൂ. വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ വിസ്മയകരമായ ഈ വളര്‍ച്ച നേടണമെങ്കില്‍ ഒറ്റ വഴിയേ ഉള്ളൂ - കച്ചവടം. ദേശീയ വരുമാനമെന്നാല്‍ നാട്ടിലെ ജനങ്ങള്‍ക്ക് കൂലി, പലിശ, ലാഭം, പാട്ടം എന്നീ നാലിനങ്ങളിലായി ലഭിക്കുന്ന വരുമാനത്തിന്റെ ആകെത്തുകയാണല്ലോ. ഇന്ന് ദേശീയവരുമാനത്തില്‍ വിദ്യാഭ്യാസമേഖലയുടെ പങ്ക് ശമ്പളം മാത്രമാണ്. ലാഭം തുച്ഛമാണ്. ശമ്പളവര്‍ദ്ധനയുടെ നല്ലപങ്കും വിലക്കയറ്റത്തില്‍ ഇല്ലാതാകും. അപ്പോള്‍ പത്തുശതമാനം വെച്ചു വളരണമെങ്കില്‍ എന്തുവേണം? സ്ഥാപനങ്ങളുടെ എണ്ണം കൂടണം, ലാഭം ഗണ്യമായി ഉയരണം. ചുരുക്കിപ്പറഞ്ഞാല്‍, കച്ചവടം പൊടിപൊടിച്ചാലേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. രേഖയില്‍ നിന്ന് ഉദ്ധരിക്കട്ടെ: ""കേരള സമ്പദ്ഘടനയുടെ പുതിയ ഡ്രൈവര്‍മാര്‍ കേരളത്തിന് വളരെയേറെ മത്സരശേഷിയുള്ള വിദ്യാഭ്യാസ - ആരോഗ്യ മേഖലകളായിരിക്കും. ഇവിടെ മുന്നോട്ടു വെയ്ക്കുന്ന കേരളത്തിനായുള്ള വികസന തന്ത്രം ഈ മേഖലകളിലുള്ള നമ്മുടെ മത്സരക്കഴിവുകളെ അടിസ്ഥാനമാക്കി പടുത്തുയര്‍ത്തിയിട്ടുള്ളതാണ്. ഇതിനായി ഈ മേഖലകളിലെ നമ്മുടെ കഴിവുകളെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി പായ്ക്കു ചെയ്ത് ദേശീയ - അന്തര്‍ദേശീയ തലങ്ങളില്‍ നിലയുറപ്പിക്കണം. അങ്ങനെ ഇന്ന് ഉപഭോഗം ലക്ഷ്യമിടുന്ന ഈ മേഖലകളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളാക്കി മാറ്റണം. ഈ മേഖലയില്‍ സൃഷ്ടിക്കുന്ന ഉത്പാദനശേഷി ആഗോളവത്കരണവും ഐടി വിപ്ലവവും സൃഷ്ടിക്കുന്ന വാണിജ്യസാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമ്മെ സഹായിക്കും"". ഇതിനു പുറമേ കേരളം ഇതുവഴി വിജ്ഞാനസമൂഹമായി മാറുന്നത് മറ്റ് ഉത്പാദനത്തുറകളെയും ഉത്തേജിപ്പിക്കും. ഇങ്ങനെ പോകുന്നു, ഭാവന. ഈ രേഖ പ്ലാനിംഗ് ബോര്‍ഡിനു വേണ്ടി തയ്യാറാക്കിയത് ദല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) എന്ന സ്ഥാപനമാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പണ്ഡിത സമൂഹത്തിന് ഈ രേഖ തയ്യാറാക്കുന്നതില്‍ നേരിട്ടൊരു പങ്കുമില്ല. അതുകൊണ്ടാണ് കേരളത്തിന്റെ വികസന - രാഷ്ട്രീയ പാരമ്പര്യവുമായി പുലബന്ധമില്ലാത്ത തന്ത്രങ്ങള്‍ രൂപപ്പെട്ടത്. കേരളത്തെക്കുറിച്ച് പഠിക്കാനും അഭിപ്രായം പറയാനും പുറത്തുള്ളവര്‍ക്ക് അവകാശമില്ല എന്നല്ല വാദിക്കുന്നത്. പണ്ട് ഈ സ്ഥാപനം കേരളത്തിനു വേണ്ടി ഒരു സര്‍വെ തയ്യാറാക്കിയിട്ടുണ്ട്.

1960ലെ "കേരളം - ടെക്നോ ഇക്കണോമിക് സര്‍വേ" എന്ന പ്രാമാണികപഠനം. പക്ഷേ അന്നത്തെ കാലമല്ല ഇന്ന്. ഓരോ വികസനമേഖലയെക്കുറിച്ചും പഠിക്കാന്‍ ഉന്നത വിദ്യാപീഠങ്ങളും ഒട്ടനവധി പണ്ഡിതരും ഇന്ന് കേരളത്തിലുണ്ട്. ഇവരുടെയെല്ലാം സംവാദങ്ങളിലൂടെ കേരള വികസനത്തെക്കുറിച്ച് ഏറെക്കുറെ ഒരു അഭിപ്രായസമന്വയം ഉരുത്തിരിയുന്നുണ്ട്. ഇനി പുതുതായി ചക്രം കണ്ടുപിടിക്കാന്‍ പുറത്തുനിന്നൊരാളിന്റെ ഇടപെടലെന്തിന്? അതിവിപുലമായ കേരള വികസനസാഹിത്യത്തിലെ അപൂര്‍വം റഫറന്‍സേ വിഷന്‍ 2030 തയ്യാറാക്കുന്നതില്‍ പരിഗണിച്ചിട്ടുള്ളൂ. കേരളത്തിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ ജനകീയ വികസന പരിപ്രേക്ഷ്യത്തിനു രൂപം നല്‍കിയ മുന്‍ അനുഭവം കേരളത്തിനുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ ഗള്‍ഫ് പണവരുമാനത്തെ ആശ്രയിച്ചുകൊണ്ടുള്ള കെട്ടിടനിര്‍മ്മാണ - വ്യാപാരാദി മേഖലകളില്‍ നിന്നു മാറി പുതുക്കിപ്പണിയുന്നതിന് ഒറ്റമൂലിയായി പരിപ്രേക്ഷ്യം 2030 കാണുന്നത് വിദ്യാഭ്യാസ - ആരോഗ്യാദി മേഖലകളുടെ വാണിജ്യവത്കരണമാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക 06 ഡിസംബര്‍ 2013

Monday, October 14, 2013

ഒരു വികസനതന്ത്രത്തിന്റെ രാഷ്ട്രീയം : പ്രഭാത് പട്നായിക്

തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കിലും 'നവലിബറല്‍ ‍' എന്ന് മുദ്ര ചാര്‍ത്തപ്പെട്ടതും എല്ലാ ബൂര്‍ഷ്വാരൂപങ്ങളും ഏതാണ്ട് പൊതുവായി സ്വീകരിച്ചതുമായ ഒരു സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയ പരിണിതിയാണ്, ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോഡിയുടെ അവതരണം. ഈ സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയ തലത്തിലുള്ള യുക്തിസഹമായ പരിസമാപ്തി തന്നെയാണത്.

പൂര്‍ണ്ണമായും, കോര്‍പറേറ്റ്-പ്രമാണി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്കായി ഭരണകൂടത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ അന്ത:സത്ത (അതുകൊണ്ടാണ്, സാമ്പത്തിക മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പൂര്‍ണ്ണമായ പിന്മാറ്റം സൂചിപ്പിക്കുന്ന 'നവലിബറല്‍ ‍' എന്ന പ്രയോഗം വാസ്തവവിരുദ്ധമാകുന്നത്). ഈ തന്ത്രത്തിന്റെ വികാസം, പാകമാകല്‍ ‍, പൂര്‍ണ്ണത ഒക്കെത്തന്നെയും കോര്‍പറേറ്റ്-പ്രമാണിവര്‍ഗ്ഗം ഭരണകൂടത്തെയപ്പാടെ നേരിട്ടു കൈയടക്കുന്നതാണ് കാണിക്കുന്നത്. ഈ കൈയടക്കലിന്റെ ഏജന്റാണ് നരേന്ദ്ര മോഡി. അദ്ദേഹം ബി.ജെ.പി.യുടെ കൂടാരത്തില്‍ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്, വര്‍ഗീയ ഫാസിസത്തിന്റെ നിരന്തര ചരിത്രമുണ്ട്. എല്ലാറ്റിലുമുപരി, അദ്ദേഹം, അടിമുടി കോര്‍പറേറ്റ്-സാമ്പത്തിക പ്രമാണിമാരും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും പിന്താങ്ങുന്നവരുടെ ഉപകരണമാണ്.

താന്‍ ഭരിക്കുന്ന സംസ്ഥാനം കോര്‍പറേറ്റ്-പ്രമാണി വര്‍ഗ്ഗത്തിന് കൈമാറുക എന്നതിനപ്പുറം, മോഡിയുടെ, പറയപ്പെടുന്ന, 'വികസന മാതൃക' മറ്റൊന്നുമല്ല. ദ ഹിന്ദു ദിനപ്പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം, ഗുജറാത്തില്‍ നാനോ പ്ളാന്റ് തുടങ്ങുന്നതിന്, ടാറ്റയ്ക്ക് 31000 കോടി രൂപ സബ്സിഡി നല്‍കിയ വ്യക്തിയാണദ്ദേഹം. ഈ വികസന 'മാതൃക' ജനങ്ങളെ ഒഴിവാക്കും എന്നത് സ്വാഭാവികം മാത്രമാണ്. 'വികസനത്തിന്റെ മാതൃക' എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തിന്, മാനവ വികസനത്തിന്റെ കാര്യത്തില്‍ ‍, മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പരിതാപകരമായ സ്ഥിതിയാണുള്ളത് എന്നതില്‍ അതിശയമില്ല. തൊഴിലാളി സംഘടനകള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ജനവിരുദ്ധവും കോര്‍പറേറ്റനുകൂലവുമായ ഒരു സാമ്പത്തിക വികസന മാതൃകയുടെ ആത്യന്തികമായ രാഷ്ട്രീയ രൂപമാണ് കോര്‍പറേറ്റ് പ്രമാണിവര്‍ഗ്ഗം നിയന്ത്രിക്കുന്ന ഭരണകൂടം. അത്തരം ഒരു ഫാസിസ്റ് ഭരണകൂടം മോഡി കൊണ്ടുവരും എന്നതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ അദ്ദേഹത്തെ പിന്താങ്ങുന്നത്.

ഈ സാമ്പത്തിക മാതൃക, മോഡിയുടെ സ്വന്തം കെട്ടുകഥയല്ല. അത്, എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും പിന്തുണയുള്ള നവലിബറല്‍ മാതൃകയാണ്. മോഡിയുടെ ഏക നേട്ടം എന്നു പറയുന്നത്, അദ്ദേഹം, ഈ മാതൃക സമാനതകളില്ലാത്ത നിര്‍ദ്ദയത്വത്തോടെ നടപ്പാക്കുന്നു എന്നുള്ളതാണ്. മറ്റ് നേതാക്കളൊക്കെത്തന്നെ, അവരുടെ പാര്‍ട്ടികളുടെ എല്ലാത്തരം പ്രത്യയശാസ്ത്രപരമായ പൈതൃകങ്ങളിലും കുടുങ്ങി, നിരവധി രാഷ്ട്രീയ സമവാക്യങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുകയാണ്. ഉദാഹരണത്തിന് , എത്രമാത്രം ദുര്‍ബ്ബലമായാലും, 'ആം ആദ് മി' ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന മുദ്രാവാക്യത്തിന്റെ പരിമിതിക്കകത്തു നിന്നുവേണം മന്‍മോഹന്‍സിംഗിനും കൂട്ടര്‍ക്കും പ്രവര്‍ത്തിക്കാന്‍. എന്നാല്‍ മോഡിക്ക് അത്തരം പരിമിതികള്‍ ഒന്നുമില്ല. അയാള്‍ ‍, തന്റെ പാര്‍ട്ടിക്കും മുകളില്‍ വളര്‍ന്നു കഴിഞ്ഞു. പാര്‍ട്ടിയെ ഒരു റബ്ബര്‍ സ്റാമ്പാക്കി ചുരുക്കിയിരിക്കുന്നു. അതുകൊണ്ട്, തന്റെ ഇഷ്ടത്തിനനുസരിച്ച് കോര്‍പറേറ്റ്-ധനാഢ്യരുടെ അജണ്ട നടപ്പാക്കാന്‍ കഴിയും.

ഈ വികസന മാതൃകയുടെ സവിശേഷ മുദ്രയാണ്, അതിന്റെ തികഞ്ഞ പരാജയം തന്നെ അതിന്റെ കൂടുതല്‍ ശക്തമായ പ്രയോഗത്തിനുള്ള വാദമായി മാറുന്നു എന്നത്. രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുമ്പോള്‍ ‍, രാജ്യം ഇതുവരെ കാണാത്ത തരത്തില്‍ ഉല്പാദനരംഗം മാന്ദ്യത്തിലാവുമ്പോള്‍ ‍, (ഇപ്പോഴത്തേതുമായി ഏതെങ്കിലും തരത്തില്‍ താരതമ്യം ചെയ്യാനാവുന്ന അറുപതുകളുടെ മദ്ധ്യത്തിലെ വ്യാവസായിക മാന്ദ്യത്തിന്റെ കാരണം, തുടര്‍ച്ചയായി രണ്ടു വര്‍ഷമുണ്ടായ, അസാധാരണമായ, കാര്‍ഷികോല്പാദനത്തിലെ ഇടിവായിരുന്നു), കറന്റ് അക്കൌണ്ട് കമ്മി ദിനം പ്രതി വര്‍ദ്ധിക്കുമ്പോള്‍ , ഒരു സംഘഗാനം ഉയരുകയാണ്: 'നമുക്ക് കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ വേണം', അതായത്, നവലിബറലിസത്തിന്റെ കൂടുതല്‍ ശക്തിയായ ഡോസ് വേണമെന്നര്‍ത്ഥം.

ബിസിനസ്സ് സംരംഭകരുടെ 'മൃഗവാസനകള്‍ ‍' തളരുന്നതാണ് രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാരണമെന്നും അതുകൊണ്ട്, ഭരണ നയത്തിലൂടെ അവയെ പുരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞത് മന്‍മോഹന്‍സിംഗ് തന്നെയല്ലേ? മറ്റൊരര്‍ത്ഥത്തില്‍ ‍, നവലിബറലിസം നമ്മെ ഒരു പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെങ്കില്‍ ‍, അതില്‍നിന്നു കരകയറാനുള്ള മാര്‍ഗ്ഗം, ഭരണകൂടമെന്ന ഏജന്‍സിയിലൂടെ, കൂടുതല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുകയാണ്, എന്നാണ്.

കെയ്ന്‍സിന്റെ പ്രയോഗമായ 'മൃഗവാസനകള്‍ ‍' എന്ന സംജ്ഞയാണ് മന്‍മോഹന്‍സിംഗ് ഉപയോഗിച്ചതെങ്കിലും, ബിസിനസ്സ് സംരംഭകരുടെ 'മൃഗവാസനകള്‍ ‍' ഇടയ്ക്കിടയ്ക്ക് തളരുമ്പോള്‍ ‍, സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിന്, മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുന്ന നയങ്ങള്‍ ഭരണകൂടം നേരിട്ട് ഇടപെട്ട് നടപ്പാക്കണം എന്ന കെയ്ന്‍സിന്റെ നിര്‍ദ്ദേശം അദ്ദേഹം പിന്‍തുടര്‍ന്നില്ല. പകരം, 'മൃഗവാസനകള്‍ തളരുകയാണെങ്കില്‍ , കോര്‍പറേറ്റ്-ധനിക വര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങള്‍ തുടര്‍ന്നുകൊണ്ട് അവയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് എന്ന വാദമാണദ്ദേഹം ഉയര്‍ത്തിയത്. എര്‍ഗോ, വൊഡാഫോണ്‍ എന്നിവയെ നികുതി കുടിശ്ശിക അടയ്ക്കുന്നതില്‍ നിന്നൊഴിവാക്കുക, വാള്‍മാര്‍ട്ടിനു വേണ്ടി ചില്ലറ വ്യാപാര മേഖല തുറന്നുകൊടുക്കുക, ഇനിയും കൂടുതലായി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, വിദേശ നിക്ഷേപകര്‍ക്കായി ധനകാര്യ മേഖല കൂടുതല്‍ തുറന്നുകൊടുക്കുക, വികസന ബാങ്കിംഗ് സമ്പ്രദായം അവസാനിപ്പിക്കുക എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതു മൂലമുണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് കൂടുതല്‍ ശക്തിയായ നവലിബറലിസം നടപ്പാക്കുക മാത്രമാണ് പോംവഴി എന്ന് അതിന്റെ വക്താക്കള്‍ കാണുന്നതുകൊണ്ട്, സമ്പദ്ഘടനയെ പ്രതിസന്ധി മൂടിയിരിക്കുന്ന സമയത്തുതന്നെ കോര്‍പറേറ്റുകള്‍ക്ക് ഭരണകൂടത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തിപ്പെടുകയാണ് എന്നതാണ് ഇപ്പോഴത്തെ പ്രശ്ം. ഇവിടെയാണ്, 1930 കളിലെ ക്ളാസ്സിക്കല്‍ ഫാസിസവും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം നാം കാണുന്നത്. അന്ന്, ഭരണകൂടത്തിന്മേലുള്ള കോര്‍പറേറ്റ് നിയന്ത്രണം പിന്‍വാതിലിലൂടെയാണ് വന്നത്. ജനങ്ങളുടെ മുതലാളിത്ത വിരുദ്ധ വികാരം മുതലെടുത്തുകൊണ്ട്, കോര്‍പറേറ്റുകളുടെ ധനസഹായത്തോടെയാണെങ്കിലും കോര്‍പറേറ്റ് വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ ശക്തികളിലൂടെയാണ് അത് സാദ്ധ്യമായത്. അധികാരത്തിലേറിയതിനുശേഷം മാത്രമാണ്, അവര്‍ ‍, തങ്ങളുടെ തന്നെ വലതുപക്ഷ പരിഷ്ക്കരണവാദികളായ അണികളെ ഇല്ലാതാക്കി, തങ്ങളുടെ കൂട്ടുകെട്ട് കുത്തകകളുമായിട്ടാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.

പക്ഷെ, ചരക്കുകളും മൂലധനവും യാതൊരു തടസ്സവുമില്ലാതെ ഒഴുകുന്ന ഇന്നത്തെ 'ആഗോളവല്‍ക്കരണ' കാലത്തില്‍ നിന്നു വ്യത്യസ്തമായി, അന്നത്തേത്, സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത നിമിത്തം, ലോകം, പരസ്പരം എതിര്‍ക്കുന്ന മുതലാളിത്ത ശക്തികള്‍ക്ക് സ്വാധീനമുള്ള വിവിധ മേഖലകളായി വിഭജിക്കപ്പെട്ടിരുന്ന കാലമായിരുന്നു. എന്നാല്‍ ‍, ആഗോളവല്‍ക്കരണ ലോകത്ത്, തുടക്കത്തിലെ കുത്തകവിരുദ്ധ വാചാടോപങ്ങളെ തുടര്‍ന്ന്, ഫാസിസ്റുകളും കുത്തകകളുമായി നേരിട്ട് സഖ്യമുണ്ടാക്കുന്ന രണ്ടു ഘട്ടമായുള്ള പ്രക്രിയ സാദ്ധ്യമല്ല. ഉയര്‍ന്നു വരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്നും കുത്തകവിരുദ്ധമോ ധനമൂലധനവിരുദ്ധമോ ആയ എന്തെങ്കിലും വാചാടോപങ്ങളുണ്ടായാല്‍ മൂലധനം പുറത്തേക്കൊഴുക്കിക്കൊണ്ട് പ്രസ്തുത പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഫലപ്രദമായി തടയപ്പെടും. അതുകൊണ്ടുതന്നെ, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്കു നല്‍കുന്ന പ്രതീക്ഷ, കുത്തകകളെ ആക്രമിച്ചുകൊണ്ട് പ്രതിസന്ധിയെ മറികടക്കും എന്നല്ല, മറിച്ച് അവരെ സന്തോഷിപ്പിച്ചുകൊണ്ട് മറികടക്കും എന്നാണ്. അതായത്, ഈ വികസന മാതൃകയുടെ പൊള്ളത്തരം തുറന്നുകാണിച്ചുകൊണ്ടല്ല മറിച്ച്, ഈ വികസന മാതൃക കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ പ്രതിസന്ധി മറികടക്കും എന്നര്‍ത്ഥം.

ഇതാണ് മോഡി ഉറപ്പു നല്‍കുന്നത്. തീര്‍ച്ചയായും അയാളുടെ വര്‍ഗ്ഗീയ ഫാസിസം, ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിട്ടില്ലെങ്കിലും, അയാള്‍ക്ക് ജനപ്രീതി നല്‍കുന്നുണ്ട്. എന്നാല്‍ ഈ ജനപ്രീതി, അധികാരത്തിലേറുന്നതിനുവേണ്ടി, മുതലാളിത്ത വിരുദ്ധ മുദ്രാവാക്യങ്ങളുമായല്ല യോജിച്ചു നില്‍ക്കുന്നത്. അതിനു വിരുദ്ധമായി, കോര്‍പറേറ്റ്-ധനമൂലധന പ്രമാണിമാര്‍ക്കുവേണ്ട വികസനതന്ത്രത്തിന്റെ തടസ്സങ്ങളേതുമില്ലാത്ത പ്രചാരണവുമായാണ് അത് ചേര്‍ന്നു നില്‍ക്കുന്നത്. 1930 കളിലെ യൂറോപ്യന്‍ ഫാസിസ്റുകള്‍ ധനമൂലധനത്തിന്റെ ഉപകരണമായി മാറുകയാണുണ്ടായത്. മോഡി തുടക്കം മുതല്‍തന്നെ ധനമൂലധനത്തിന്റെ ഉപകരണമാണ്.

ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മോഡിയുടെ എതിരാളികളെല്ലാം അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുന്നതിന് ഇത് കാരണമാകുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍ ‍, സാമ്പത്തിക നയം സംബന്ധിച്ച അടിസ്ഥാന പ്രശ്ങ്ങളില്‍ ‍, അവരുടെ നിലപാടിനോട്, അവരേക്കാള്‍ കൂടുതല്‍ ശക്തിയായി ചേര്‍ന്നു നില്ക്കുന്നയാളാണദ്ദേഹം. ഒട്ടുമിക്ക ബൂര്‍ഷ്വാ പാര്‍ട്ടികളിലും മോഡിയുടെ 'വികസന മാതൃക' യെ രഹസ്യമായി ആരാധിക്കുന്നവരേറെയുണ്ട്. കാരണം, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതും അങ്ങേയറ്റംവരെ തുടരാനാഗ്രഹിക്കുന്നതുമായ അതേ മാതൃകയാണത്. കൊളംബിയയിലെ ധനശാസ്ത്രജ്ഞന്‍ ജഗദീഷ് ഭഗവതിയെപ്പോലുള്ള സ്വയം പ്രഖ്യാപിത രാഷ്ട്രീയ ലിബറലുകള്‍ മോഡിയുടെ 'വികസന' വിജയങ്ങളെ വാഴ്ത്തുന്നതില്‍ അതിശയമില്ല. തനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ, മന്‍മോഹന്‍സിംഗ് തന്നെ അങ്ങനെ ചെയ്യുമായിരുന്നു.

ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കിടയിലെ മോഡിയുടെ എതിരാളികള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത്, മോഡി എന്ന വര്‍ഗ്ഗീയ ഫാസിസ്റിനെയും മോഡി എന്ന 'വികസന നായകനേയും' വേര്‍തിരിച്ചു കാണുക എന്നതാണ്. തീര്‍ച്ചയായും, അയാള്‍ വികസനം നടപ്പാക്കുന്നതില്‍ വിജയിച്ചിട്ടുണ്ടാകാം, പക്ഷെ അയാള്‍ ഒരു വര്‍ഗ്ഗീയ ഫാസിസ്റല്ലേ? ആദ്യം പറഞ്ഞ കാര്യത്തില്‍ അയാള്‍ എത്രമാത്രം വിജയിച്ചിട്ടുണ്ടെങ്കിലും പിന്‍പേ പറഞ്ഞ കാരണത്താല്‍ അയാള്‍ ഒഴിവാക്കപ്പെടേണ്ടയാളാണ്-അവര്‍ ഉറപ്പിച്ചു പറയും.

പക്ഷെ ഇത്തരം വേര്‍തിരിവുകള്‍ വിശ്വാസ്യത പുലര്‍ത്തുന്നില്ല. കാരണം, ഗുജറാത്ത് വംശഹത്യയ്ക്കുശേഷം, തന്റെ രാഷ്ട്രീയ എതിരാളികള്‍പോലും അംഗീകരിക്കുന്ന, 'വികസന മിശിഹ' എന്ന പ്രതിച്ഛായ സ്വയം വളര്‍ത്തിയെടുക്കുന്നതില്‍ മോഡി വിജയിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ ഫാസിസ്റ് എന്ന പ്രതിച്ഛായയെ പിന്നിലേക്കു തള്ളിമാറ്റിയിട്ടുമുണ്ട്.ആര്‍ എസ് എസ് നേതൃത്വം ഇടപെട്ട് താക്കീതു ചെയ്യുന്നതുവരെ, മായാ കൊദ്നാനിയുടെയും ബാബു ബജ്രംഗിയുടെയും വധശിക്ഷ, കോടതി ജീവപര്യന്തമാക്കിയതിനെതിരെ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ആലോചിക്കുന്നിടത്തോളം അത് ചെന്നെത്തി.

മാത്രവുമല്ല, വികസന നായകന്‍ മോഡി, വര്‍ഗീയ ഫാസിസ്റ്റ് മോഡി എന്നീ വേര്‍തിരിവുകള്‍ സ്വാഭാവികമായും നിലില്‍ക്കുന്നതല്ല. മോഡി ഉയര്‍ത്തിപ്പിടിക്കുന്നതും എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളും പങ്കുവയ്ക്കുന്നതുമായ വികസന സങ്കല്പം വളര്‍ച്ചാനിരക്കിന് ദിവ്യത്വം കല്പിക്കുന്ന ഒന്നാണ്. അതാകട്ടെ, "ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ദരിദ്രര്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാം'' എന്ന ഇടയ്ക്കിടെയുള്ള ഉദ്ബോധനം നിലനില്‍ക്കെത്തന്നെ, ഇന്ത്യ, ഒരു സാമ്പത്തിക വന്‍ശക്തിയാകുന്നതിനെ സഹായിക്കുന്നതാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. ചുരുക്കത്തില്‍ ‍, നവലിബറല്‍ മാതൃകതന്നെ, വന്‍ ശക്തി സങ്കുചിതത്വത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുതന്നെ ഫാസിസ്റ് സ്വഭാവമാണ്. എല്ലാ ബൂര്‍ഷ്വാ രൂപങ്ങളും ഈ ഫാസിസ്റ് വ്യവഹാരത്തിലേക്ക് സംഭാവന ചെയ്യുന്ന ഒരു ലോകത്ത്, ഒരു വര്‍ഗ്ഗീയ ഫാസിസ്റിന്റെ ഉയര്‍ച്ചയിലുള്ള അവരുടെ പ്രതിരോധം അങ്ങേയറ്റം ദുര്‍ബ്ബലമാകുന്നതില്‍ അതിശയിക്കാനുണ്ടോ?

മോഡി ഉയര്‍ത്തിപ്പിടിക്കുന്ന വികസന മാതൃക പങ്കുവയ്ക്കുന്ന ഒരാള്‍ക്ക് മോഡിയെ എതിര്‍ക്കാന്‍ കഴിയില്ല. ഈ വികസന മാതൃകയ്ക്ക് തന്നെ ഫാസിസ്റ് അടിത്തറയാണുള്ളത് എന്നതുകൊണ്ട്, ഒരാള്‍ക്ക്, 'വര്‍ഗ്ഗീയ ഫാസിസ്റ് മോഡി,' 'വികസന മിശിഹ'യായ മോഡി എന്നിങ്ങനെ കറുപ്പും വെളുപ്പുമായി മോഡിയെ എതിര്‍ക്കാനോ അതുവഴി അയാള്‍ നിര്‍ദ്ദാക്ഷിണ്യം മുന്നോട്ടുകൊണ്ടുപോകുന്ന വികസനതന്ത്രത്തെ സ്വീകരിക്കാനോ കഴിയില്ല.

ഇങ്ങനെ പറയുന്നത്, മോഡിയും അയാളുടെ കോര്‍പറേറ്റ് പിന്തുണക്കാരും അവരുടെ പദ്ധതിയില്‍ വിജയിക്കും എന്ന് സ്ഥാപിക്കാനല്ല. അവരതില്‍ വിജയിക്കാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം. കാരണം, ഈ വികസനതന്ത്രം 'വിജയ'മാണെന്ന് അവകാശപ്പെടുമ്പോഴും അതിന്റെ ഇരകളായി മാറിയിട്ടുള്ള മഹാഭൂരിപക്ഷം തൊഴിലാളികളും അതിതിനെരായി അണിനിരക്കും എന്നുള്ളതുകൊണ്ട്, ചുരുക്കത്തില്‍ ‍, മോഡിയുടെ എതിരാളികള്‍ അയാള്‍ക്കുമേല്‍ വിജയം കൈവരിക്കും.ഇതിലെല്ലാറ്റിലും തെളിഞ്ഞുനില്‍ക്കുന്ന ഒരു കാര്യം, ലിബറലിസത്തിന്റെ ബൌദ്ധിക ജീര്‍ണ്ണതയാണ്. ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ് ഒരു ലിബറല്‍ ആയിരുന്നു. അദ്ദേഹത്തിനും ഏറെ മുമ്പ്, ജോണ്‍ സ്റുവര്‍ട്ട് മില്‍ ഒരു ലിബറലായിരുന്നു (പില്‍ക്കാല ജീവിതത്തില്‍ തന്റെ ഭാര്യ ഹാരിയറ്റ് ടെയ്ലറിന്റെ സ്വാധീനത്തില്‍ അദ്ദേഹം ഒരു 'കോ-ഓപ്പറേറ്റീവ് സോഷ്യലിസ്റ്' നിലപാടിലേക്ക് മാറിയെങ്കിലും). ജോണ്‍ സ്റുവര്‍ട്ട് മില്‍ ഒരു 'നിശ്ചലാവസ്ഥ'യുടെ (അവിടെ വളര്‍ച്ച പൂജ്യമായിരിക്കും) വരവ് വിഭാവനം ചെയ്തിരുന്നു. എന്നാല്‍ ‍, തൊഴിലാളികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലായിരിക്കുന്നിടത്തോളം കാലം, അത്തരം ഒരു സ്ഥിതിയില്‍ അദ്ദേഹം ആശങ്കപ്പെട്ടിരുന്നില്ല. ഒരു രാഷ്ട്രം, "മെച്ചപ്പെട്ട വിതരണവും അദ്ധ്വാനത്തിന് ഉയര്‍ന്ന കൂലിയും എന്ന യഥാര്‍ത്ഥ അനിവാര്യതയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്'' എന്നദ്ദേഹം വിശ്വസിച്ചു.

ചുരുക്കത്തില്‍ ‍, ലിബറലിസം, പരമ്പരാഗതമായിത്തന്നെ, തൊഴിലാളികളുടെ അവസ്ഥയുമായി ബന്ധപ്പെട്ടായിരുന്നു നിലകൊണ്ടത്. എങ്ങിനെ ഈ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിലാണ് അത് സോഷ്യലിസ്റുകളില്‍ നിന്ന് വ്യത്യാസപ്പെട്ടിരുന്നത്. തികഞ്ഞ ഫാസിസ്റടിസ്ഥാത്തില്‍ വളര്‍ച്ചാ നിരക്കിനു ദിവ്യത്വം കല്പിക്കുകയും അതിനായി തൊഴിലാളികളെ ഞെക്കിപ്പിഴിയുകയും ചെയ്യുന്ന ഇന്നത്തെ ലിബറല്‍ നിലപാടില്‍ നിന്ന് എത്ര വ്യത്യസ്തം!

*
Courtesy : People Against Globalisation (PAG) magazine

Friday, October 4, 2013

രഘുറാം രാജന്‍ സമിതിയും കേരളവും

ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റിനു നിരക്കുന്നവിധം കേന്ദ്ര നികുതികളില്‍നിന്നുള്ള ഓഹരിവിതരണം നീതിയുക്തവും യുക്തിസഹവുമാക്കാനുള്ള മാനദണ്ഡം പുതുക്കി നിശ്ചയിക്കുക എന്നതായിരുന്നു രഘുറാം രാജന്‍ സമിതിയുടെ ചുമതല. എന്നാല്‍, ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രഫണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതിക്കാനുള്ള മാനദണ്ഡം കൂടുതല്‍ നീതിരഹിതവും യുക്തിരഹിതവുമായിത്തീര്‍ത്തിരിക്കുന്നു. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏറ്റവുമധികം നഷ്ടംവരുന്ന സംസ്ഥാനങ്ങളുടെ നിരയിലാകും കേരളം. സാമൂഹ്യക്ഷേമമേഖലകളില്‍ പതിറ്റാണ്ടുകളിലൂടെ കൈവരിച്ച നേട്ടങ്ങളാകെ ഇല്ലാതെയാകും. ഒപ്പം, ഇതരമേഖലകളിലെ ക്ഷേമ-വികസനസാധ്യതകളുടെ വാതിലുകള്‍ കേരളത്തിനു നേര്‍ക്ക് കൊട്ടിയടയ്ക്കപ്പെടുകയുംചെയ്യും. രഘുറാം രാജന്‍ ശുപാര്‍ശ തള്ളണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ട ഘട്ടമാണിത്. രഘുറാം രാജന്‍ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതിക്കുന്ന കേന്ദ്രഫണ്ടിന്റെ 0.3 ശതമാനമാകും കേരളത്തിനുള്ള ഓഹരി. പന്ത്രണ്ടാം ധനകമീഷന്‍ ശുപാര്‍ശ പ്രകാരംപോലും 2.45 ശതമാനമായിരുന്നതാണ്, കേന്ദ്ര നികുതി വരുമാന വര്‍ധനയുടെയും പണപ്പെരുപ്പത്തിന്റെയും ഒക്കെ പശ്ചാത്തലത്തില്‍ കാര്യമായി വര്‍ധിക്കേണ്ടിടത്ത് കുത്തനെ കുറയുന്നത്. സംസ്ഥാനത്തിന് താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ള ആഘാതമാകും ഇത്. നേട്ടങ്ങളുണ്ടാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അതു പരിഗണിച്ച് കൂടുതല്‍ അംഗീകാരം നല്‍കുകയാണ് സത്യത്തില്‍ ചെയ്യേണ്ടത്. എന്നാലിവിടെ ഉണ്ടാക്കിയ നേട്ടങ്ങളുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുകയാണ് കേന്ദ്രം.

സാമൂഹ്യക്ഷേമം, ആരോഗ്യപരിപാലനം, സാക്ഷരത, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ആസൂത്രിതമായ സര്‍ക്കാര്‍ ഇടപെടലിലൂടെ കേരളം പുരോഗതി കൈവരിച്ചു. ഇതിന് അഭിനന്ദിക്കുകയും ഇതരമേഖലകളിലെ വികസനത്തിനു കാര്യമായ സഹായം നല്‍കുകയുമാണ് കേന്ദ്രം ചെയ്യേണ്ടത്. എന്നാലിവിടെ മറിച്ചാണ് സ്ഥിതി. ഈ മേഖലകളിലൊക്കെ പുരോഗമിച്ചല്ലോ. അതുകൊണ്ട് ഇനി കേരളത്തിനുള്ള സഹായം കുറയ്ക്കാം എന്നതാണ് മനോഭാവം. നേട്ടം കൈവരിച്ചതിന് ശിക്ഷ വിധിക്കുന്നു എന്നര്‍ഥം. സാമൂഹ്യക്ഷേമനടപടികളില്‍ ഏറെ ശ്രദ്ധിച്ചതുകെണ്ട് കേരളത്തിന് കാര്‍ഷിക-വ്യവസായികരംഗങ്ങളില്‍ വേണ്ടവിധത്തില്‍ ഊന്നല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആ രംഗത്തെ പോരായ്മ നീക്കാന്‍തക്കവിധം സാമൂഹ്യക്ഷേമമേഖലയ്ക്ക് നല്‍കപ്പെട്ടിരുന്ന ഫണ്ട് ഇതരരംഗങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. സാമൂഹ്യക്ഷേമമേഖലയ്ക്കുള്ള ഫണ്ട്, ആ രംഗത്ത് വികസനം കൈവരിച്ചു എന്നതിന്റെ പേരില്‍ നിര്‍ത്തുകയും പിന്നാക്കം നില്‍ക്കുന്ന മേഖലയ്ക്ക് ഒരു പരിഗണനയും നല്‍കാതിരിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

അടിസ്ഥാനഘടനാ വികസനത്തിന്റെ അഭാവം, ഉല്‍പ്പാദനക്ഷമതാരാഹിത്യം, ആധുനികസാങ്കേതികവിദ്യാ വ്യവസായത്തിന്റെ വികസനശ്രമം, വര്‍ധിച്ചുവരുന്ന വൃദ്ധജനസംഖ്യ എന്നിങ്ങനെ കേരളത്തിന് അടിയന്തരമായി നേരിടേണ്ട പ്രശ്ര്നങ്ങള്‍ പലതുണ്ട്. അതിന് പ്രത്യേക പരിഗണനയും സഹായവും ആവശ്യമാണ്. എന്നാല്‍, രഘുറാം രാജന്‍ സമിതി ഇതൊന്നും പരിഗണിക്കാന്‍ തയ്യാറല്ല. പ്രതിമാസ പ്രതിശീര്‍ഷ ചെലവ്, വിദ്യാഭ്യാസം, ദാരിദ്ര്യനിരക്ക്, ആരോഗ്യപരിപാലനം, സ്ത്രീസാക്ഷരത, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ തുടങ്ങി പത്തുകാര്യങ്ങളെ മാനദണ്ഡമാക്കി രഘുറാം സമിതി സംസ്ഥാനങ്ങളെ സമീപിച്ചു. അപ്പോള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് കേരളം "വികസിത സംസ്ഥാന"മാണെന്നാണ്. "വികസിത സംസ്ഥാന"ത്തിനു പിന്നെ എന്ത് വികസനസഹായം? ഇതാണിപ്പോള്‍ നിലപാട്. ഇത് ഇതരമേഖലകളില്‍ പ്രശ്നസങ്കീര്‍ണമായ പിന്നോക്കാവസ്ഥയിലുള്ള കേരളത്തിന് ദ്രോഹകരമാണ്. രഘുറാം സമിതി മാനദണ്ഡങ്ങള്‍ മാറ്റി വീണ്ടും സംസ്ഥാനങ്ങളുടെ നില പരിശോധിക്കേണ്ടതുണ്ട്. അതുചെയ്യുന്നില്ലെങ്കില്‍ കേന്ദ്രം ആ സമിതിയുടെ ശുപാര്‍ശ തള്ളണം.

ഇതുവരെ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരമായിരുന്നു കേന്ദ്രഫണ്ട് വിതരണം. ജനസംഖ്യക്കും ദാരിദ്യത്തിനും ഒക്കെ പരിഗണന നല്‍കിയിരുന്നു അത്. എങ്കിലും കുറെ പോരായ്മകള്‍ അതിനുണ്ടായിരുന്നു. അതു പരിഷ്കരിക്കേണ്ടതുമായിരുന്നു. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന മട്ടിലായി രഘുറാം സമിതി വന്നപ്പോഴത്തെ നില. ഗാഡ്ഗില്‍ ഫോര്‍മുലപ്രകാരം കിട്ടിയിരുന്നതുകൂടി ഈ സമിതി സംസ്ഥാനത്തിനു നിഷേധിക്കുന്നു. ഓരോ അഞ്ചുവര്‍ഷവും ധനകമീഷന്‍ നല്‍കുന്ന ശുപാര്‍ശപ്രകാരമാണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ കേന്ദ്രഫണ്ട് വീതിക്കുക. ധനകമീഷന്‍ റിപ്പോര്‍ട്ടിനെ നയിക്കുന്ന രഘുറാം സമിതി ഫോര്‍മുലയാണെന്നു വന്നാല്‍ കേരളത്തിന് ഒന്നുംകിട്ടാത്ത അവസ്ഥയാണുണ്ടാവുക. പിന്നോക്ക മേഖലാ സഹായഫണ്ട് അടക്കമുള്ള പ്രത്യേകപദ്ധതി സഹായങ്ങള്‍വരെ നിഷേധിക്കപ്പെട്ടു.

മറ്റൊരു അപകടംകൂടിയുണ്ട് രഘുറാം സമിതി ശുപാര്‍ശയില്‍. പദ്ധതിയുമായി ബന്ധപ്പെടുത്തി ഫണ്ട് അനുവദിക്കുക എന്ന രീതിയെ നടത്തിപ്പിലെ പുരോഗതിയുമായി ബന്ധപ്പെടുത്തിമാത്രം ഫണ്ട് അനുവദിക്കുക എന്ന രീതികൊണ്ട് പകരംവയ്ക്കുന്നു. ഇത് സംസ്ഥാനങ്ങള്‍ക്ക് വിയോജിപ്പുള്ളതും കേന്ദ്രസര്‍ക്കാരിനു പ്രത്യേക താല്‍പ്പര്യമുള്ളതുമായ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ നടത്തിച്ചെടുക്കാനുള്ള വളഞ്ഞവഴിയാണ്. ഭരണഘടനയുടെ ഫെഡറല്‍സ്വഭാവത്തിന് എതിരാണ് പിന്‍വാതിലിലൂടെ തീവ്ര വലതുപക്ഷനയങ്ങള്‍ അതിനെതിരെ മത്സരിച്ച് ജയിച്ചുവന്ന സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ടുകൂടി നടപ്പാക്കാനുള്ള ഈ ശ്രമം. ഉന്നത വിദ്യാഭ്യാസം, പ്രവാസിപുനരധിവാസം, വ്യവസായവല്‍ക്കരണം, ഐടി രംഗം തുടങ്ങി കേരളത്തില്‍ വികസനഫണ്ട് ആവശ്യമുള്ള ഒരുപാടുമേഖലകളുണ്ട്. രഘുറാം സമിതി പരിഗണിച്ച പരിമിതമായ സാമൂഹിക സൂചകങ്ങളെമാത്രം മാനദണ്ഡമാക്കി നോക്കിയാല്‍ "വികസിതം" എന്ന് പ്രഖ്യാപിക്കാമെങ്കിലും വികസനത്തിന്റെ പടിവാതിലില്‍പോലും കേരളത്തിനു കടന്നുചെല്ലാനാവാത്ത മേഖലകള്‍ നിരവധിയുണ്ട്. പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗ നിരക്ക് അടിസ്ഥാനമാക്കുകയും കാര്‍ഷികോല്‍പ്പാദന ക്ഷമത, ധാന്യവിള പ്രദേശം തുടങ്ങിയവയെന്നും പരിഗണിക്കാതിരിക്കുകയുംചെയ്താല്‍ മരം കണ്ട് കാട് കാണാതാവുന്ന സ്ഥിതിയുണ്ടാകും. ആ സ്ഥിതിയിലാണ് രഘുറാം സമിതി. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു കടക്കുന്ന ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് രഘുറാം സമിതി ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കരുത്. അംഗീകാരം നല്‍കിയാല്‍ കേരളം നല്‍കേണ്ടിവരുന്ന വില കനത്തതാകും.

*
deshabhimani editorial 04-10-2013

Monday, April 29, 2013

കേരളത്തിന്റെ വികസനദിശ

നവലിബറല്‍ മാറ്റങ്ങളുടെ സ്വാധീനം കേരളത്തില്‍ വലിയതോതില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. റിസ്ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ പണം ഒഴുകിവരും എന്നൊരു നിലയുണ്ടായി. ഇതോടെ ജനകീയ ഇടപെടല്‍  എന്നത് അപ്രസക്തമായി. എല്ലാം കച്ചവടരീതിയില്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്നതും അംഗീകരിക്കപ്പെട്ടു. ഈ നിലപാടിന്റെ പ്രധാന ഇരകളായി കേരളത്തിലെ ഭൂമിയും മനുഷ്യാധ്വാനവും മാറിയിരിക്കുന്നു. തികച്ചും അശാസ്ത്രീയമായ ഭൂവിനിയോഗരീതിയാണ് കേരളത്തിലുള്ളത്. ഭൂമി ഇന്ന് ഊഹക്കച്ചവട ഉപാധിയാണ്. അതിന്റെ വില നിര്‍ണയത്തില്‍ ഉല്‍പ്പാദനത്തിന് ഒരു പങ്കുമില്ലെന്നായി മാറി.

കേരളത്തില്‍ "ചങ്ങാത്ത മുതലാളിത്ത"ത്തിന്റെ പിടിമുറുക്കം ശക്തമായിരിക്കുന്നതും ഭൂമിയിലാണ്. ഊഹക്കച്ചവടക്കാരും ബ്രോക്കര്‍മാരും വിവിധതരം ഏജന്റുമാരും സാമ്പത്തിക ക്രയവിക്രയത്തെ നിയന്ത്രിക്കുന്ന നിലയും ശക്തിപ്പെട്ടു. ഈ സാഹചര്യം സമൂഹത്തില്‍ വലിയതോതിലുള്ള മാഫിയാവല്‍ക്കരണത്തിനും പരിധിവിട്ട ക്രിമിനലീകരണത്തിനും ഇടയാക്കി. ഉല്‍പ്പാദനം നടക്കാതെതന്നെ കൈ നിറയെ വരുമാനം കിട്ടണമെങ്കില്‍ കമ്പോളത്തെ പൂര്‍ണമായും സ്വതന്ത്രമാക്കി, ധനകമ്പോളത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന യുക്തിക്ക് ഇപ്പോള്‍ മുന്‍തൂക്കം കിട്ടിയിരിക്കുന്നു. പണം കൈയില്‍ കുമിഞ്ഞുകൂടിയതോടെ പ്രശ്നപരിഹാരങ്ങള്‍ വ്യക്തിപരമാകാമെന്നതിലും ഊന്നല്‍വന്നു. ഇതിന്റെ ഫലമായി, വിദ്യാഭ്യാസം, ആരോഗ്യം, പരിസരം എന്നീ രംഗങ്ങളിലെ പ്രശ്നങ്ങളെല്ലാം സാമൂഹ്യമായി പരിഹാരം കണ്ടെത്തുന്നതിന് പകരം വ്യക്ത്യധിഷ്ഠിത പരിഹാരം കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ഉദാഹരണമായി ആയുസ്സ് വര്‍ധിപ്പിക്കുന്നതോടൊപ്പംതന്നെ, ആയുസ്സ് വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടുകയും വേണ്ടതില്ലേ? എന്നാല്‍, അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ പൊതു ആരോഗ്യരംഗത്തെ രൂപപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടുകയാണ് ചെയ്തത്. പകരം പരിഹാരം വ്യക്തിപരമായി മാറി. അങ്ങനെ പണക്കാര്‍ക്ക് സ്വാശ്രയസ്ഥാപനങ്ങളും നക്ഷത്ര ആശുപത്രികളും ഉണ്ടായി. ദരിദ്രര്‍ക്കാകട്ടെ, ആവശ്യത്തിനനുസരിച്ച് പൊതുസംവിധാനങ്ങള്‍ വളര്‍ന്നതുമില്ല.

വിദ്യാഭ്യാസരംഗത്തെയും അവസ്ഥയും ഇതുതന്നെയാണ്. മറ്റൊരു സജീവപ്രശ്നം മാലിന്യസംസ്കരണത്തിന്റേതാണ്. മാലിന്യക്കൂമ്പാരങ്ങള്‍ നിത്യകാഴ്ചയായി. വ്യക്തികളും വീടുകളും ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ പരിഹരിക്കുന്നത് സമൂഹത്തിന്റെ അല്ലെങ്കില്‍ പൊതുസംവിധാനത്തിന്റെ ബാധ്യതയായി എല്ലാവരും കണക്കാക്കുകയാണ്. തദ്ദേശീയമായ മനുഷ്യ- പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക- വ്യവസായ ഉല്‍പ്പാദന പ്രവൃത്തികള്‍ക്ക് പകരം വിദേശപണത്തിലൂന്നിയതും വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്നതുമായ പശ്ചാത്തലവികസനത്തിന്റെ പേരിലാണ് സംസ്ഥാനം ഇന്ന് ഊറ്റം കൊള്ളുന്നത്. സര്‍ക്കാരിന്റെ കൈവശം പണം ഇല്ലെന്നും പറയുന്നു. കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസ ആരോഗ്യസേവനങ്ങള്‍ എന്നിവ ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കണം എന്നു വാദിക്കുമ്പോള്‍ത്തന്നെ, ആയിരക്കണക്കിന് രൂപ വിനോദത്തിനും ആഡംബരത്തിനും ചെലവാക്കാന്‍ മടിയില്ലാത്ത ഉയര്‍ന്ന വരുമാനക്കാരില്‍നിന്ന് അടിസ്ഥാനസേവനങ്ങള്‍ക്ക് ന്യായമായ പ്രതിഫലം വാങ്ങുന്നതില്‍ തെറ്റുണ്ടോ? ഇന്ന് 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നതായും അവര്‍ പ്രതിവര്‍ഷം 14,000 കോടി രൂപയിലധികം തുക നാട്ടിലേക്ക് കൊണ്ടുപോകുന്നതായും കണക്കാക്കുന്നു. രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഓരോവര്‍ഷവും കേരളത്തില്‍ കൂടിവരികയാണെന്ന് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 2013ല്‍ തയ്യാറാക്കിയ പഠനം കാണിക്കുന്നു. പുതിയ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട് പകുതിയോളം (48 ശതമാനം) നഗരവാസികളാണ്. നഗരങ്ങളില്‍ ഇത്രയും വലിയൊരു കേന്ദ്രീകരണം ഇത്രയും വേഗത്തില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് സൗകര്യങ്ങള്‍ ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. യാന്ത്രിക നഗരവല്‍ക്കരണം കേരളത്തിലെ ജനജീവിതത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. മാലിന്യസംസ്കരണം, ഗതാഗതം, പാര്‍പ്പിടം, കുടിവള്ളം, റോഡപകടം എന്നീ രംഗങ്ങളിലൊക്കെ പുതിയ പ്രതിസന്ധികള്‍ രൂപപ്പെട്ടു. കുന്നിടിച്ചും വയല്‍ നികത്തിയും കാട് വെട്ടിയും ഖനനം നടത്തിയുമുള്ള "വളര്‍ച്ച"യ്ക്കു നല്‍കേണ്ടിവന്ന വിലയാണ് യഥാര്‍ഥത്തില്‍ ഇന്നത്തെ ജലക്ഷാമം. വെള്ളം കിട്ടാത്ത പ്രദേശം എങ്ങനെയാണ് വാസയോഗ്യമായ പ്രദേശമായി തുടരുന്നത്? കുടിവെള്ള വിതരണത്തിന് സ്വകാര്യ കമ്പനി രൂപീകരിച്ച് പരിഹരിക്കാവുന്നതാണോ കേരളം ഇന്ന് നേരിടുന്ന ജലപ്രശ്നം?

സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമായതോടെ, പത്തും പന്ത്രണ്ടും ക്ലാസുകള്‍ പാസാകുന്നവര്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോകാന്‍ കഴിയാത്തവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസമുണ്ടെങ്കിലും, മെച്ചപ്പെട്ട വരുമാനം ലഭിക്കാവുന്ന തൊഴില്‍വിരുതില്ല. ഇത് യുവാക്കളില്‍ നല്ലൊരു ഭാഗത്തിന്റെ അധ്വാനശേഷിയെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയാതാക്കുന്നു. ഈ അധ്വാനശേഷിയെ സംസ്ഥാന പുരോഗതിക്കു തന്നെ ഒരു സമ്പത്താക്കി മാറ്റുന്നതെങ്ങനെയെന്നത് കേരളം നേരിടുന്ന ഒരു വെല്ലുവിളിയായി കാണണം. ഭരണനിര്‍വഹണമാണ് ചര്‍ച്ചചെയ്യേണ്ട മറ്റൊരു കാര്യം. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ രംഗത്ത് ധാരാളം ജനാനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണെങ്കിലും ഇനിയും എത്രയോ മാറ്റങ്ങള്‍ ഭരണരംഗത്ത് അനിവാര്യമാണ്. ഒരു അടിത്തറ എന്ന നിലയില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇനിയും നടത്തേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം അധികാരവികേന്ദ്രീകരണമല്ലതാനും. അതേസമയം, വികസനപ്രക്രിയയിലെ ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കാന്‍ പ്രാദേശിക ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുകവഴി കഴിയുമെന്നതാണ് നമ്മുടെ അനുഭവം.

സഹകരണമേഖല എന്നത് സ്വതന്ത്ര കമ്പോളത്തിനെതിരെയുള്ള ശക്തമായൊരു പ്രതിരോധായുധമാണ്. എന്നാല്‍, കാലഘട്ടം ആവശ്യപ്പെടുന്ന ഈ സാധ്യതയ്ക്കൊത്ത് ഉയരാന്‍ കേരളത്തില്‍ ഇന്നുള്ള സഹകരണപ്രസ്ഥാനത്തിന് കഴിയുന്നുണ്ടോ? സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദനപ്രക്രിയയെ ചലിപ്പിക്കുന്ന ചാലകശക്തിയായി മാറുകയല്ലേ വേണ്ടത്? വികസനത്തിലെ മാനുഷികപരിഗണനകള്‍ വലിയൊരു പരിധിവരെ തന്നെ ഇല്ലാതായിരിക്കുന്നു. കമ്പോളാധിഷ്ഠിത തന്ത്രങ്ങള്‍ പൂര്‍വാധികം ശക്തിപ്പെട്ടു. എന്നാല്‍, ജനങ്ങളില്‍ നല്ലൊരു ഭാഗവും ആഗ്രഹിക്കുന്നത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനമാതൃക പുനഃസ്ഥാപിക്കാനാണ്. എന്നാല്‍, മാധ്യമങ്ങള്‍ കൂടി കമ്പോളത്തിന് അനുകൂലമാകുന്ന അവസ്ഥ ജനങ്ങളുടെ ചിന്തയും ജീവിതാനുഭവവും പരസ്പരം പൊരുത്തമില്ലാത്തതാക്കുന്നു. വികസനത്തിന്റെ അര്‍ഥശാസ്ത്രവും ജനപക്ഷരാഷ്ട്രീയവും മൂര്‍ത്തമായ കേരളീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുനരാവിഷ്കരിക്കുന്നതിനുള്ള ശ്രമമാകണം എല്ലാവരുടെയും ഭാഗത്തു നിന്ന് ഉണ്ടായിവരേണ്ടത്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി 29 ഏപ്രില്‍ 2013

Saturday, April 20, 2013

വികസനത്തിന് ആരാണ് തടസ്സം?

കെപിസിസി പ്രസിഡന്റ് കേരളം ചുറ്റുന്നത് വികസനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. വികസനത്തിനാരാണ് തടസ്സം നില്‍ക്കുന്നതെന്ന് തുറന്നു പറയണം. വിഴിഞ്ഞംപദ്ധതി പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങല തീര്‍ത്തത് ഭരണമുന്നണിയല്ല. ചങ്ങലയുടെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് പന്ന്യന്‍ രവീന്ദ്രനുമാണ് കണ്ണിചേര്‍ന്നത്. വിഴിഞ്ഞംപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനാരാണ് തടസ്സമെന്ന് ചെന്നിത്തല തുറന്നു പറയണം. ദീര്‍ഘകാലമായി പറഞ്ഞുകേള്‍ക്കുന്ന സ്മാര്‍ട്ട്സിറ്റിക്ക് യുഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാറായിട്ടും തുടക്കം കുറിച്ചിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറിയുടെ നിലയെന്തായി? കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം എവിടെയെത്തി? കാലതാമസത്തിനാരാണ് കാരണക്കാര്‍? യുഡിഎഫ് ഭരണത്തിലാണ് സുരക്ഷിതത്വം നഷ്ടപ്പെട്ടത്. കേരളത്തിലെ സ്ത്രീപീഡനത്തിന്റെ കണക്കും മോഷണം, പിടിച്ചുപറി, വീട് കൊള്ള, കൊലപാതകം എന്നിവയുടെ എണ്ണവും വ്യാപ്തിയുമൊക്കെ ചോദ്യത്തിനുത്തരമായി കേരള നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്. അതിവിടെ ആവര്‍ത്തിക്കുന്നില്ല. യുഡിഎഫ് ഭരണത്തിന്‍കീഴിലെ ക്രമസമാധാനനിലയുടെ വ്യക്തമായ ചിത്രം ആ കണക്കുകളില്‍നിന്ന് കിട്ടും.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഇന്ത്യയിലെ സ്വര്‍ഗമാക്കി മാറ്റാന്‍ നമുക്ക് കഴിയുമായിരുന്നു എന്നാണ് ചെന്നിത്തല അവകാശപ്പെടുന്നത്. നമുക്ക് എന്ന പ്രയോഗത്തിലൂടെ അദ്ദേഹം സ്വയം കുറ്റം ഏറ്റുപാടുകയാണ്. ഇത് ഉള്ളുതുറന്ന കുറ്റസമ്മതമാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, അടുത്തവാചകം മറ്റുള്ളവരുടെ ചുമലില്‍ കെട്ടിയേല്‍പ്പിച്ച് സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ്. "ആധുനികീകരണത്തെ അകാരണമായി എതിര്‍ക്കുന്ന ചില രാഷ്ട്രീയ കക്ഷികളുടെ നടപടികളും വികസനത്തിന്റെ ചിറകുവിരിച്ചുയരുന്നതില്‍നിന്ന് നമ്മെ പിന്നോട്ടു വലിച്ചു" എന്നാണ് മാതൃഭൂമി ലേഖനത്തില്‍ പറയുന്നത്. ആധുനികീകരണം എന്ന പ്രയോഗം നവ ഉദാരവല്‍ക്കരണനയത്തെയാണ് പരാമര്‍ശിക്കുന്നതെങ്കില്‍ ആ നയത്തെ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു എന്നതാണ് വസ്തുത. നവ ഉദാരവല്‍ക്കരണനയമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ തകര്‍ച്ചയിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ നാടിനെ നശിപ്പിക്കുന്ന ആ നയത്തെ ശക്തിയുക്തം ഇനിയും എതിര്‍ക്കുമെന്നതില്‍ സംശയംവേണ്ട. "കേരളത്തിലുള്ളവര്‍ക്കും കേരളത്തിലേക്ക് വരുന്നവര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടണം. ആ ലക്ഷ്യം മുന്നില്‍കണ്ടുള്ള അര്‍ഥപൂര്‍ണവും ശുഭാപ്തിവിശ്വാസത്തോടെയുള്ളതുമായ ഒരു സംവാദത്തിനും ഈ കേരളയാത്ര അവസരമൊരുക്കും" എന്നും അദ്ദേഹം പറയുന്നു. സംവാദമാണ് ചെന്നിത്തലയുടെ ലക്ഷ്യമെങ്കില്‍ അതില്‍ വിരോധമില്ല. ആരോഗ്യകരമായ സംവാദം വളര്‍ച്ചയ്ക്ക് വഴിതെളിക്കും.

കെപിസിസി പ്രസിഡന്റ് പറഞ്ഞതില്‍നിന്ന് തികച്ചും വ്യത്യസ്തമായ സ്വരത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഈ യാത്ര ഇടതു നിഷേധാത്മകത തുറന്നുകാട്ടാനാണെന്നാണ് ജാഥ ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍പോലും യോജിപ്പില്ലാതെയാണ് കെപിസിസി പ്രസിഡന്റ് യാത്ര ആരംഭിച്ചത്. ചെന്നിത്തല കുറ്റപ്പെടുത്തുന്നത് ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെയാണ്. ""സ്ത്രീകള്‍ സുരക്ഷിതരല്ലാതാകുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിച്ചുവരുന്നു. പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. സാമുദായികമായ അകല്‍ച്ച മുമ്പില്ലാത്തവിധം സംജാതമാകുന്നു. അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മാഫിയാ പ്രവര്‍ത്തനങ്ങള്‍ എന്നിവ പെരുകുന്നു. ഏത് പ്രശ്നവും ഊതിവീര്‍പ്പിക്കാനുള്ള ശ്രമം നിരന്തരം നടക്കുന്നു. ഈ മാറ്റങ്ങള്‍ ഒരുവശത്ത് സാമൂഹിക ഭദ്രതയ്ക്ക് ക്ഷതമേല്‍പ്പിക്കുമ്പോള്‍ മറുവശത്ത് മദ്യപാനം, ആത്മഹത്യ തുടങ്ങിയവ വര്‍ധിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു. കേരളീയ സമൂഹത്തിന്റെ മുഖഛായ അടുത്തകാലത്തായി പാടേ മാറിയിരിക്കുന്നു എന്നുതന്നെ പറയേണ്ട അവസ്ഥയാണ്. കൈമോശം വന്ന മൂല്യങ്ങള്‍ നമുക്ക് തിരിച്ചുകൊണ്ടുവന്നേ തീരൂ.

കേരളത്തിലുള്ളവര്‍ക്കും കേരളത്തിലേക്ക് വരുന്നവര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടണം"" എന്നാണ് ചെന്നിത്തല തന്റെ യാത്രാലക്ഷ്യത്തെപ്പറ്റി വിശദീകരിക്കുന്നത്. ഇതിലൊന്നും പ്രതിപക്ഷമില്ല. ഭരണം നടത്തുന്നവരെയാണുദ്ദേശിക്കുന്നതെന്ന് ഓരോ വാക്കും വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തെരുവില്‍ ഏറ്റുമുട്ടി കൈകാലുകളും എല്ലും പല്ലും തകര്‍ക്കുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. യുഡിഎഫ് ഭരണത്തെ നയിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസാണ് തെരുവില്‍ ഏറ്റുമുട്ടുന്നത്. ആ പാര്‍ടിക്കകത്തെ ജനാധിപത്യ പ്രക്രിയയാണ് കേരള ജനത കാണുന്നത്. മുന്നണിയിലെ ഓരോ പാര്‍ടിക്കകത്തും പാര്‍ടികള്‍ തമ്മിലും വഴക്കും വക്കാണവുമാണ്. ഭരണത്തില്‍ ഒരു കാര്യമേ നടക്കുന്നുള്ളൂ. കത്തുന്ന പുരയില്‍നിന്ന് വലിച്ച കൊള്ളി ലാഭമെന്നു കരുതിയുള്ള നഗ്നമായ അഴിമതി. വികസനപദ്ധതികള്‍ അട്ടിമറിക്കപ്പെടാനുള്ള അടിസ്ഥാന കാര്യം അതാണ്; പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ടല്ല. പ്രതിപക്ഷത്തെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ ലക്ഷ്യമാക്കി കള്ളക്കേസ് കെട്ടിച്ചമച്ച് നേതാക്കളെ ജയിലിലടയ്ക്കാനും മര്‍ദിച്ചൊതുക്കാനുമാണ് ശ്രമം.

മണി പ്രസംഗിച്ചാല്‍ ജയിലറ. കെ സുധാകരന്‍ പ്രസംഗിച്ചാല്‍ പൂമാല. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. കുടിവെള്ളം കിട്ടാനില്ല. കുടിവെള്ള വിതരണംപോലും സ്വകാര്യവല്‍ക്കരിച്ച് കുത്തകകള്‍ക്ക് പണം വാരിക്കൂട്ടാന്‍ അവസരമൊരുക്കുന്നു. അതിലും അഴിമതിതന്നെ ലക്ഷ്യം. കൊച്ചി മെട്രോ തുടങ്ങാന്‍ കഴിയാതിരുന്നതിന്റെ കാരണവും അതുതന്നെ. ആയിരം കോടിയുടെ അഴിമതിയിലാണ് കണ്ണ്. ഇതൊന്നും മൂടിവയ്ക്കാന്‍ ജാഥകൊണ്ടു കഴിയില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം ജനങ്ങള്‍ക്ക് മടുത്തു. ഈ ദുര്‍ഭരണം അവസാനിച്ചു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താതെ ഭരണനേട്ടം വിശദീകരിക്കുകയാണ് ഭരണമുന്നണി നേതാവ് ചെയ്യേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 20 ഏപ്രില്‍ 2013

Wednesday, February 27, 2013

കേരളം വികസനത്തിന്റെ എതിര്‍ദിശയിലേക്ക്

യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ട നിരവധി കാര്യങ്ങള്‍ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. 2011ലെ കേരള ധനകാര്യ ഉത്തരവാദിത്ത ഭേദഗതി നിയമം ഉയര്‍ത്തിയ ലക്ഷ്യങ്ങള്‍ക്ക് നേര്‍വിപരീത ദിശയിലേക്ക് കേരളത്തിന്റെ സമ്പദ്ഘടന സഞ്ചരിക്കുന്നുവെന്ന് സിഎജി റിപ്പോര്‍ട്ടിന്റെ സൂക്ഷ്മവായന ആരെയും ബോധ്യപ്പെടുത്തും. അതിനുമപ്പുറം, വന്‍ വികസനത്തിലേക്ക് കേരളത്തെ നയിക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് കടന്നുവെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ആരെയും ബോധ്യപ്പെടുത്തുക കൂടിചെയ്യും.

വികസനം എന്നത് സാധ്യമാവണമെങ്കില്‍ മൂലധനച്ചെലവ് കാര്യമായി ഉയരണം. എന്നാല്‍, സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ജനറല്‍ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനം 2011-12ല്‍ നാമമാത്രമായിരുന്നു എന്നാണ്. സാങ്കേതികമായി പറഞ്ഞാല്‍ വര്‍ധന വന്നിട്ടുണ്ട് മൂലധനച്ചെലവില്‍. എന്നാല്‍, ഇതര സംസ്ഥാനങ്ങളുടേതിനെ അപേക്ഷിച്ച് ഇത് തുലോം തുച്ഛമാണ്. വികസനവായ്ത്താരിയും ഈ ദയനീയ പ്രകടനവും എങ്ങനെ ഒത്തുപോവും?

ദേശീയ ദുരിതാശ്വാസഫണ്ടില്‍നിന്ന് ലഭിച്ച 109 കോടി രൂപ സ്റ്റേറ്റ് ദുരിത പ്രതികരണ നിധിയിലേക്ക് (എസ്ഡിആര്‍എഫ്) മാറ്റാന്‍ സംസ്ഥാനം ബാധ്യസ്ഥമായിരുന്നു. എന്നാല്‍, ആ തുക എസ്ഡിആര്‍എഫിലേക്ക് മാറ്റിയതായി കാണാനില്ല. ഈ തുക കേന്ദ്ര സെക്യൂരിറ്റികളിലോ ട്രഷറിയിലോ ബാങ്കുകളിലോ പലിശ നേടിത്തരുന്ന ഫണ്ടായി നിക്ഷേപിച്ചതായും കാണാനില്ല. എവിടെപ്പോയി ഈ തുക? കണ്‍സോളിഡേറ്റഡ് സിങ്കിങ് ഫണ്ട് എന്നൊന്നുണ്ട്. 2011-12ല്‍ ഇതിലേക്ക് സംസ്ഥാനം നിക്ഷേപിക്കേണ്ടിയിരുന്നത് 380.30 കോടി രൂപയാണ്. എന്നാല്‍, പത്തു കോടി രൂപ മാത്രം നിക്ഷേപിച്ചതായേ കാണാനുള്ളു. എവിടെപ്പോയി ബാക്കി 370.30 കോടി രൂപ? ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെട്ട തുക 474.53 കോടി രൂപയാണ്. ഈ തുക ഫണ്ടില്‍ ക്രെഡിറ്റ് ചെയ്തതായി കാണാനില്ല. എവിടെപ്പോയി ഈ തുക? 2011-12ല്‍ സംസ്ഥാന സര്‍ക്കാര്‍ 8,880 കോടി രൂപയുടെ കമ്പോളകടമെടുപ്പു നടത്തി. പോയവര്‍ഷത്തെ അപേക്ഷിച്ച് 3380 കോടിയുടെ വര്‍ധന. എന്നാല്‍, ഈ തുകയുടെ സിംഹഭാഗവും പ്രത്യുല്‍പ്പാദനപരമോ പലിശയടക്കം തുക തിരിച്ചടയ്ക്കാന്‍ സഹായിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കോ അല്ല, മറിച്ച് നിത്യനിദാനച്ചെലവുകള്‍ക്കാണ് ഉപയോഗിച്ചത് എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. എടുത്ത കടം തിരിച്ചടയ്ക്കാനുള്ള ഒരു വഴിയും തുറക്കാത്തവിധം ഈ പണം ഉപയോഗിച്ചുവെന്ന് സിഎജി കണ്ടെത്തി. മൂലധനചെലവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലും ഒരു വ്യവസായമെങ്കിലും തുടങ്ങാന്‍ ഉപയോഗിച്ചതായി കാണുന്നില്ല. കോര്‍പറേഷന്‍, സര്‍ക്കാര്‍ കമ്പനി, ജോയിന്റ് സ്റ്റോക്ക് കമ്പനി നിക്ഷേപങ്ങളില്‍നിന്നുള്ള വരവ് 1.3 ശതമാനമായിരിക്കെ കടത്തിന്റെ പലിശയിനത്തിലടയ്ക്കേണ്ട തുക 7.9 ശതമാനമായിരിക്കുന്നു. കടംവാങ്ങല്‍ അസാധാരണമല്ലെങ്കിലും വികസനേതരചെലവുകള്‍മൂലം അടിസ്ഥാനഘടനാവികസനത്തിന് അതുപയോഗിക്കാതിരുന്നത് വിസ്മയകരമാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

റവന്യൂ കമ്മി 2.5 ശതമാനംകണ്ടും ധനകമ്മി 3.9 ശതമാനംകണ്ടുംവര്‍ധിച്ചു. കമ്മി വര്‍ധന സാമ്പത്തികരംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. വായ്പപോലും നിത്യനിദാനച്ചെലവുകള്‍ക്കായി ഉപയോഗിച്ചാണ് കമ്മി ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിപരീതമായി ഇങ്ങനെ വര്‍ധിപ്പിക്കുന്നത്. ധനബാധ്യതകള്‍ മൊത്ത വരുമാനത്തിന്റെ വലിയഭാഗം അപഹരിക്കുന്ന നിലയായതും ധനഉത്തരവാദിത്തനിയമത്തിന്റെ ഉള്ളടക്കത്തെ അട്ടിമറിക്കുന്നു. ഏഴു വര്‍ഷംകൊണ്ട് കടത്തിന്റെ 49 ശതമാനം അടച്ചുതീര്‍ക്കാനുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം വിസ്മരിക്കപ്പെട്ടു. ധന ആസ്തി-ബാധ്യതാനുപാതം അട്ടിമറിക്കപ്പെട്ടു. കേന്ദ്രത്തില്‍നിന്നു കിട്ടിയ 2474 കോടി സംസ്ഥാന നടപ്പാക്കല്‍ ഏജന്‍സികള്‍ എങ്ങനെ വിനിയോഗിച്ചുവെന്നത് നിരീക്ഷിക്കപ്പെട്ടില്ല. തുകയുടെ സമയബന്ധിത ഉപയോഗമോ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കലോ ഉണ്ടായില്ല. ഈ അവസ്ഥ കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിനുപോലും ഭാവിയില്‍ തടസ്സം സൃഷ്ടിക്കും. ബജറ്റിനെ മറികടന്നുള്ള അധികച്ചെലവുകള്‍, ബജറ്റ് വിഹിതം ഉപയോഗിക്കാതെ ലാപ്സാക്കല്‍, ഫണ്ടുകളുടെ വകമാറ്റല്‍, കൃത്രിമമായി റവന്യൂകമ്മി കുറച്ചുകാട്ടല്‍ തുടങ്ങിയവയൊക്കെ സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നു. എംഎല്‍എമാരുടെ സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ടിനുള്ള 142 കോടി രൂപയുടെ ചെലവ് റവന്യൂസെക്ഷന്‍ അക്കൗണ്ടില്‍ കാട്ടാതെ മറച്ചുവെന്നതു റവന്യൂകമ്മി കൃത്രിമമായി കുറച്ചുകാട്ടാനായിരുന്നുവെന്നത് സിഎജി കണ്ടുപിടിച്ചിട്ടുണ്ട്.

സര്‍വശിക്ഷാ അഭിയാന്‍, അതിജീവിക, സമഗ്ര തണ്ണീര്‍ത്തടപദ്ധതി തുടങ്ങിയവയ്ക്കുള്ള കേന്ദ്രഫണ്ട് പോയവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത് സംസ്ഥാനത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് വരികള്‍ക്കിടയിലൂടെ സിഎജി സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായത്തുകയില്‍ വന്ന കുറവ് ഗ്രാന്റ് ഇന്‍ എയ്ഡിലുണ്ടായ നേരിയ വര്‍ധനയുടെ ഫലംപോലും ഇല്ലാതാക്കിയതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു വശത്ത് വികസനത്തെക്കുറിച്ച് "എമര്‍ജിങ് കേരള"പോലുള്ള മാമാങ്കങ്ങള്‍ നടത്തി മേനി നടിക്കലും മറുവശത്ത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിലാഴ്ത്തലുമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യപത്രമാവുന്നുണ്ട് 2011-2012 വര്‍ഷത്തെ സംസ്ഥാന ധനകാര്യം അവലോകനം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, September 29, 2012

തിളങ്ങുന്ന മോഡി ഞരങ്ങുന്ന ഗുജറാത്ത്

ആഗോളവല്‍ക്കരണം കാഴ്ചവച്ച 'വികസന' സംസ്‌ക്കാരത്തിന്റെ നെടുങ്കോട്ടയായാണ് ഗുജറാത്ത് കൊട്ടിഘോഷിക്കപ്പെട്ടത്. അവിടെയാണ് വികസനം കൊടിപാറിക്കുന്നതെന്ന് പലരും പറഞ്ഞുപരത്തുകയായിരുന്നു. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിയുടെ കൈകളില്‍ പുരണ്ട ന്യൂനപക്ഷഹത്യയുടെ ചോരപ്പാടുകള്‍ മറച്ചുവച്ചത് ഈ വികസനനേട്ടത്തിന്റെ പട്ടുതൂവാലകള്‍ കൊണ്ടായിരുന്നു. രാഷ്ട്രീയ നിലപാടുകളൊന്നും ഇത്തരം പ്രകീര്‍ത്തനങ്ങള്‍ക്കു തടസമായില്ല. മോഡിയും ബി ജെ പി ഗവണ്‍മെന്റും ന്യൂനപക്ഷങ്ങളോട് അവലംബിക്കുന്ന നയങ്ങളോട് യോജിക്കാത്തവര്‍പോലും മോഡിയുടെ കീഴില്‍ ഗുജറാത്ത് വികസനരംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കിയെന്ന് അടുത്ത ശ്വാസത്തില്‍ പറഞ്ഞു. നരേന്ദ്രമോഡിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നാണ് സംഘപരിവാറിലെ ഒരു ഭാഗം വിശേഷിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ വികസനം ഇന്ത്യയിലാകെ പ്രാവര്‍ത്തികമാക്കാന്‍ മോഡിക്കല്ലാതെ ആര്‍ക്കും കഴിയില്ലെന്നാണ് അവര്‍ വാദിച്ചത്. ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങളുടെ വേലിയേറ്റവും അതിലെല്ലാം നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രി നേരിട്ടു വഹിച്ച പങ്കും അത്തരക്കാരെ അലട്ടിയില്ല. അവര്‍ക്കു 'വികസനം' മതിയായിരുന്നു. സമ്പന്നന്മാര്‍ സര്‍വ്വം മറന്ന് അര്‍മാദിക്കുന്ന വികസനം! 'എമര്‍ജിംഗ് കേരള'യ്ക്കു ന്യായവാദങ്ങള്‍ ചികഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും താരതമ്യങ്ങള്‍ നടത്തിയത് ഗുജറാത്തിനോടായിരുന്നു. ആ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ യഥാര്‍ഥചിത്രം ലോകത്തിന്റെ മുമ്പില്‍ അനാവൃതമാകാന്‍ കമ്പോള വ്യവസ്ഥയുടെ തമ്പുരാക്കന്മാര്‍ എപ്പോഴും തടസം നിന്നു. എങ്കിലും ആ യാഥാര്‍ഥ്യങ്ങള്‍ എക്കാലവും ഉറങ്ങിക്കിടക്കുന്നില്ല. അവ നാടിന്റെ കണ്ണില്‍ എത്തുക തന്നെ ചെയ്യും.

ഗുജറാത്തിലെ യാഥാര്‍ഥ്യം മോഡിയും സംഘപരിവാറും പ്രചരിപ്പിക്കുന്നതല്ല, അത് അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങളേയും ജീവിത ദുരിതങ്ങളിലേക്കെറിയുന്നതാണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ ആ സത്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു. 'തിളങ്ങുന്ന ഗുജറാത്ത്' നഗരങ്ങളിലെ സമ്പന്നന്മാര്‍മാത്രം അനുഭവിക്കുന്നതാണ്. മഹാഭൂരിപക്ഷം ഗുജറാത്തുകാരും അനുഭവിക്കുന്നത് 'ഞരങ്ങുന്ന ഗുജറാത്തി'ലെ ജീവിതമാണ്. 2011  ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് ഗ്രാമങ്ങളിലെ 67 ശതമാനം വീടുകള്‍ക്ക് ഇന്നും കക്കൂസില്ല. 65 ശതമാനം ഗ്രാമീണര്‍ ഇന്നും തുറസായ സ്ഥലങ്ങളിലാണ് വെളിക്കിറങ്ങുന്നത്. അങ്ങനെ വിസര്‍ജിക്കപ്പെടുന്ന മലം ആ പ്രദേശങ്ങളെ മുഴുവന്‍ മലിനപ്പെടുത്തുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനോ മലിനജലം ഒഴുക്കിക്കളയുന്നതിനോ ഫലപ്രദമായ ഒരു സംവിധാനവും അവിടെയില്ല. തലസ്ഥാന നഗരമടക്കം ചില സമ്പന്ന കേന്ദ്രങ്ങള്‍ മാറ്റിവച്ചാല്‍ അവിടത്തെ ഗ്രാമങ്ങളും നഗരങ്ങളും ഇത്തരം ദുസഹമായ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്.

നരേന്ദ്രമോഡിയുടെ വികസന സ്വര്‍ഗത്തില്‍ നഗരങ്ങളിലെ സമ്പന്നന്മാര്‍ക്കു മാത്രമേ ആരോഗ്യപരിരക്ഷയ്ക്ക് അവസരങ്ങളുള്ളു. ഗ്രാമങ്ങളിലെ പാവങ്ങള്‍ മരിക്കാത്തതുകൊണ്ട് ജീവിക്കുന്നവരാണ്. ഗുജറാത്തിലെ 44 ശതമാനം ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. 30 ശതമാനം ഗ്രാമങ്ങളില്‍ മലമ്പനിയും 40 ശതമാനം ഗ്രാമങ്ങളില്‍ വയറിളക്കവും സര്‍വസാധാരണമാണ്. വൃക്കയിലെ കല്ല്, സന്ധിവേദന, ത്വക്ക് രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവ മൂലം വലയുന്നവരാണ് 25 ശതമാനം ഗ്രാമങ്ങളിലെ ജനങ്ങള്‍. ശുദ്ധമായ കുടിവെള്ളവും ശുചീകരണ സംവിധാനങ്ങളുമെല്ലാം ഗുജറാത്ത് ഗ്രാമങ്ങളില്‍ കേട്ടുകേള്‍വി മാത്രമാണ്. 43 ശതമാനം ഗ്രാമങ്ങള്‍ മാത്രമാണ് ജലവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 16.7 ശതമാനം ഗ്രാമങ്ങളിലേ ശുദ്ധീകരിച്ചതെന്നു പറയപ്പെടുന്ന പൈപ്പുവെള്ളമെത്തിയിട്ടുള്ളു. 20 ശതമാനം ഗ്രാമങ്ങളിലെയും പാവപ്പെട്ട സ്ത്രീകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്.

ഗുജറാത്ത് നേടിയ മോഡി മോഡല്‍ വികസനത്തിന് പല പാര്‍ട്ടികളിലും സ്തുതിപാഠകരുണ്ടാകാം. അവര്‍ ഇത്രയുംകൂടി അറിയുക. ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട 35 കിലോ ഭക്ഷ്യധാന്യം അവിടെ കൊടുക്കുന്നില്ല. കേന്ദ്രം കണക്കുകൂട്ടിയതിനേക്കാള്‍ ബി പി എല്‍ കുടുംബങ്ങളുള്ളതിനാല്‍ ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും പങ്കിടുന്നുവെന്നാണ് മോഡിയുടെ ന്യായീകരണം. അവര്‍ക്കായി 'സമ്പന്നവും വികസിതവുമായ' ഗുജറാത്തിലെ ഗവണ്‍മെന്റ് സ്വന്തം നിലയ്ക്ക് ഒന്നും മാറ്റിവയ്ക്കുന്നില്ല. പൊതുവിതരണസമ്പ്രദായം, ഉച്ചഭക്ഷണപദ്ധതി, സമഗ്ര ശിശുക്ഷേമ പദ്ധതി ഇവയെല്ലാം ഏറ്റവും മോശമായി നടത്തപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.

ഇനി അവിടത്തെ പട്ടിണിപാവങ്ങളുടെ കൂലിയുടെ സ്ഥിതി നോക്കുക: അസംഘടിത മേഖലയിലെ സാധാരണ കൂലിപ്പണിചെയ്യുന്ന പുരുഷന് 69 രൂപയും സ്ത്രീക്ക് 56 രൂപയും! ഇവയെക്കുറിച്ച് കണക്കെടുത്ത 20 സംസ്ഥാനങ്ങളില്‍ ഗുജറാത്തിന്റെ സ്ഥാനം 14-ാമത്തേതാണ്. താഴെയുള്ള മറ്റു സംസ്ഥാനങ്ങളെല്ലാം ദരിദ്ര സംസ്ഥാനം എന്ന് പേരുകേട്ടവയാണ്. എന്നാല്‍ ഗുജറാത്ത് അങ്ങനെയല്ലല്ലോ. കുതികുതിച്ചു കയറുന്ന വികസനത്തിന്റെ സ്വര്‍ഗരാജ്യമാണല്ലോ അത്! വലതുപക്ഷ നയങ്ങളും അതിന്റെ മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്നവരും പറയാറ് ഗുജറാത്തിലെ വളര്‍ച്ചാനിരക്കിന്റെ കേമത്തമാണ്. അക്കങ്ങള്‍ കൊണ്ട് മായാജാലംകാണിക്കുന്ന ഇത്തരം വളര്‍ച്ചയുടെ അടിയില്‍ നരകതുല്യമായ മറ്റൊരുജീവിതമുണ്ടെന്നതാണ് സത്യം.
അടുത്തിടെ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കിയത് ഗുജറാത്തിലെ ജനങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നാണ്. തന്ത്രശാലിയായ മുഖ്യമന്ത്രി മോഡി അതിനും ന്യായം കണ്ടെത്തി. അവിടത്തെ ജനങ്ങളില്‍ ഏറിയപങ്കും ശരീരം വണ്ണിക്കാതെ നോക്കുന്നവരും പച്ചക്കറി കഴിക്കുന്നവരുമാണത്രെ. മിസ്റ്റര്‍ മോഡി വിളമ്പുന്നത് മൂക്കുതാഴേയ്ക്കുള്ളവരാരും വിശ്വസിക്കാത്ത വിതണ്ഡവാദങ്ങളാണ്. കഴിക്കാന്‍ പോക്ഷകമൂല്യമുള്ള ആഹാരം കിട്ടാത്തതുകൊണ്ടാണ്, അതുവാങ്ങാന്‍ ന്യായമായ കൂലിയും ജോലിയും ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഈ ദുഃസ്ഥിതിയുണ്ടാകുന്നത്. ഇല്ലായ്മകൊണ്ടും രോഗ പീഡയാലും വലയുന്ന ഈ പട്ടിണിപാവങ്ങളിലേറെയും ഹിന്ദുക്കളാണെന്നതും മോഡി അറിയുകതന്നെ വേണം. മുസ്‌ലിം വേട്ടയാണ് ഹിന്ദുധര്‍മ്മമെന്നു ധരിച്ചുവശായ അഭിനവ ഫാസിസത്തിന്റെ വികസന സങ്കല്‍പ്പങ്ങളുടെ തനിനിറം ഇന്ത്യന്‍ ജനതയും അറിയണം.

*
ജനയുഗം മുഖപ്രസംഗം 28 സെപ്തംബര്‍ 2012

Thursday, September 27, 2012

സ്ഥായിയായ കേരള വികസനത്തിനു് ശരിയായ ആരോഗ്യ പരിപാടി വേണം

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും
ഇടപെടലിലൂടെ കേരളം ആരോഗ്യ രംഗത്തു് ഒട്ടേറെ മുന്നിലെത്തി
ഉയര്‍ന്ന ആയുര്‍ ദൈര്‍ഖ്യം, കുറഞ്ഞ ശിശു മരണ നിരക്കു്,
ഉയര്‍ന്ന സ്ത്രീ പുരുഷ അനുപാതം തുടങ്ങി
പല രംഗങ്ങളിലും കേരളം ലോകോത്തര നിലവാരത്തിലെത്തി.

ആരോഗ്യ രംഗത്തു് ധനമൂലധനാധിപത്യത്തിന്റെ കടന്നു് കയറ്റം
കേരളീയരെ ജീവിത ശൈലീ രോഗങ്ങളുടെ ഇരകളാക്കി മാറ്റി.

രോഗ ചികിത്സ ലാഭ മാര്‍ഗ്ഗമായി കണ്ട ധന മൂലധനം
രോഗത്തിനു് ചികിത്സിക്കാനാവശ്യമായ മരുന്നു് നിര്‍മ്മിക്കുക മാത്രമല്ല
മരുന്നുകളുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുക കൂടി ചെയ്യുന്നു.

കേരളീയരിന്നു് പ്രമേഹത്തിന്റേയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റേയും
അമിത കൊഴുപ്പിന്റേയും കിഡ്നി രോഗങ്ങളുടേയും
കരള്‍ രോഗങ്ങളുടേയും തൈറോയിഡ് അസന്തുലിതാവസ്ഥയുടേയും
നീരാളി പിടുത്തത്തിലായിരിക്കുന്നു.

ഭരണാധികാരികളുടെ കേവല ധാരണകളുടേയും
ധന മൂലധനത്തിന്റെ ലാഭക്കൊതിയുടേയും നേര്‍ തെളിവും അനുഭവവുമാണു്
കേരളീയരില്‍ വര്‍ദ്ധിച്ചു് വരുന്ന തൈറോയിഡ് രോഗങ്ങളും
കേരളത്തില്‍ പെരുകുന്ന തൈറോയിഡ് സ്പെഷ്യാലിറ്റി ക്ലിനിക്കുകളും.

രാജീവ് ഗാന്ധിയുടെ ഭരണകാലത്തു് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം
കൊണ്ടുവന്നതാണു് ഉപ്പില്‍ അയഡിന്‍ ചേര്‍ത്തു് മാത്രമേ വില്കാവൂ എന്ന നിയമം
അയഡിന്റെ കുറവു് തൈറോയിഡ് രോഗങ്ങള്‍ക്കു് കാരണമാകാം
അതിനു് പരിഹാരം എല്ലാവര്‍ക്കും അയഡിന്‍ നല്കുകയല്ല.
അയഡിന്‍ കൂടിയാലും തൈറോയിഡ് തകരാറുകളുണ്ടാകും

ഈ വൈരുദ്ധ്യാത്മകത കാണാതെ കേവലമായ ധാരണയോടെ
ഭരണാധികാരികള്‍ എടുക്കുന്ന നിലപാടുകളാണു് കുഴപ്പം
ഇത്തരം കേവല യുക്തിയാണു് ധന മൂലധനാശ്രിതത്വം വലിച്ചു് വെക്കുന്നതിലും
നിക്ഷേപത്തിനെന്നു് പറഞ്ഞു് ബാധ്യത സൃഷ്ടിക്കുന്നതിലും കാണുന്നതു്.

മിതവും സമീകൃതവുമായ ആഹാരവും
അതില്‍ തന്നെ പരമാവധി (സാധ്യമായേടത്തോളം) വേവിക്കാത്ത കായ്-കനികളും
ബാക്കി മാത്രം ഉണക്കി സൂക്ഷിച്ച ധാന്യങ്ങളും പയറു് വര്‍ഗ്ഗങ്ങളും പച്ചക്കറികളും വേവിച്ചതുമായ ഭക്ഷണവും
സാദ്ധ്യമായത്ര അദ്ധ്വാനവും
മതിയായതും ശരിയായതുമായ വ്യായാമവുമാണു്
ആരോഗ്യ പരിപാലനത്തിനുള്ള മാര്‍ഗ്ഗം

'ആഹാരമാണു് ഔഷധം, ഔഷധമാണു് ആഹാരം'
'നല്ലതു് പോലെ വിയര്‍ക്കുന്നതു് വരെ നടക്കുകയാണു് ഏറ്റവും മെച്ചപ്പെട്ട വ്യായാമം'
'അന്നാദ്ധ്വാനമാണു് ആരോഗ്യ പരിപാലനത്തിന്റെ മുഖ്യ ഘടകം'
'ശാരീരിക-മാനസികാരോഗ്യത്തിനു് കലാ-കായിക മത്സരങ്ങള്‍'
തുടങ്ങിയ ആപ്ത വാക്യങ്ങള്‍ ഓര്‍മ്മിച്ചെടുത്തു് ആസൂത്രണം ചെയ്യുന്ന ആരോഗ്യ പരിപാടിയാണു് സ്ഥായിയായ കേരള വികസനത്തിന്റെ അടിയന്തിരാവശ്യം.

*
Courtesy: '99% against 1%' (99% ജനങ്ങള്‍ ആഗോള ധന മൂലധനാധിപത്യത്തിനെതിരെ)

Saturday, September 22, 2012

ലാസ്റ്റ് ബസ് പോയാല്‍ ബസ്സുണ്ടോ?

"എമര്‍ജിങ് കേരള" മാമാങ്കത്തിന്റെ ഒന്നാംദിവസം കഴിയുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്-നവലിബറല്‍ സാമ്പത്തിക വിദഗ്ധന്‍ മൊണ്ടേക് സിങ് അലുവാലിയയുടെയും നവലിബറല്‍ ആസൂത്രണ വിദഗ്ധന്‍ സാം പിത്രോഡയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അക്രീതദാസന്‍ മന്‍മോഹന്‍സിങ്ങിന്റെയും പ്രസംഗങ്ങള്‍ കേട്ടതിനുശേഷം. വലിയൊരു വികസനക്കുതിപ്പിനൊരുങ്ങുന്നു എന്ന് പെരുമ്പറ കൊട്ടിയറിയിക്കുന്ന മാമാങ്കത്തില്‍ കേരളത്തിന് നല്‍കാന്‍ അരയ്ക്കാലുറുപ്പികയുടെ വാഗ്ദാനംപോലും നമ്മുടെ പ്രധാനമന്ത്രിയുടെ കൈയിലുണ്ടായിരുന്നില്ല.

വിത്തു കുത്തി ഉണ്ണാനൊരുങ്ങുന്നവര്‍ക്ക് ഒരു പ്രശംസ മാത്രം നല്‍കി അദ്ദേഹം. കേരളം പ്രത്യേകിച്ച് കൃഷിയൊന്നും ചെയ്തില്ലെങ്കിലും വലിയ കുഴപ്പമൊന്നും വരാനില്ല, നിങ്ങള്‍ നിങ്ങളുടെ നീര്‍ത്തടങ്ങളും കൃഷിഭൂമികളും എല്ലാം നികത്തി വിറ്റോളൂ എന്ന് അലുവാലിയയുടെ ഉപദേശം. ഇത്രയ്ക്കങ്ങ് സമ്പന്ന പക്ഷപാതിത്വം വേണോ, കുറച്ചൊക്കെ ചെറുകിട കര്‍ഷകരെയും ഉല്‍പാദകരെയും ശ്രദ്ധിക്കേണ്ടേ എന്ന് സാം പിത്രോഡയ്ക്ക് സംശയം. മൊണ്ടെക്സിങ് അലുവാലിയ കോര്‍പറേറ്റ് ഫാമിങ്ങിന്റെയും അഗ്രി ബിസിനസ്സിന്റെയും ആളാണ് പണ്ടേത്തന്നെ. പഴയ തറ്റുടുപ്പും കരിയും നുകവും എരുതുകാളകളുമായി കര്‍ഷകന്‍ പാടത്തിറങ്ങിയിട്ട് വലിയ കാര്യമൊന്നും ഇനിയില്ലെന്ന് തീരുമാനിച്ച ആള്‍. ഉള്ള തുണ്ടു ഭൂമി വല്ല പണക്കാരനും വിറ്റ് കിട്ടിയ കാശുകൊണ്ട് ഉപജീവനം കഴിക്കാന്‍ ഉത്തരേന്ത്യയിലെ പാവപ്പെട്ട കൃഷിക്കാരന് ഉപദേശം നല്‍കിയ ആള്‍. കൃഷിയൊക്കെ ഭാവിയില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ ചെയ്തുകൊള്ളും, ഭൂമിയൊക്കെ അവരെ ഏല്‍പ്പിച്ചാല്‍ മതി. അത്രയ്ക്കു പോകാന്‍ സാം പിത്രോഡ തയ്യാറായില്ല. ഒഡീഷയില്‍ ഒരു പാവം കുടുംബത്തില്‍ അഞ്ചാറു സഹോദരന്മാര്‍ക്കിടയില്‍ വളര്‍ന്ന തന്റെ ബാല്യത്തെ ഓര്‍ത്ത് അല്‍പം വികാരാധീനായി പിത്രോഡ പറഞ്ഞത് ഇപ്പോഴും അങ്ങനെയുള്ളവര്‍ അങ്ങിങ്ങ് കുറച്ചൊക്കെ കാണും അവരെക്കൂടി നമ്മള്‍ ഓര്‍ക്കണം എന്നാണ്. പിത്രോഡയുടെ വാക്കുകള്‍ പുത്തരിയില്‍ത്തന്നെ കല്ലുകടിച്ച അനുഭവം ഉണ്ടാക്കി. ""കുളം കുഴിക്കുമ്പോഴെന്തു കുറിയ കുറ്റി"" എന്ന് മറ്റുള്ളവര്‍ പിത്രോഡയോട് പിന്നീട് ചോദിക്കുകയും ചെയ്തു. അങ്ങനെ ഒന്നാം ദിവസം. തുടര്‍ന്നുള്ള കാഴ്ചകള്‍ കാണാതിരിക്കുന്നതേയുള്ളൂ.

"എമര്‍ജിങ് കേരള"യുടെ യഥാര്‍ഥ മലയാളം എന്താണ്? കേരളത്തിന്റെ കൊട്ടിപ്പുറപ്പാട് എന്നായിരിക്കുമോ? അതോ കേരളത്തിന്റെ കുതിപ്പ് എന്നോ? അറിഞ്ഞുകൂട. എല്ലാം സമ്പന്നര്‍ക്കുവേണ്ടിയും സായ്പന്മാര്‍ക്കുവേണ്ടിയും ഉള്ളതാകയാല്‍ പേരും ഇംഗ്ലീഷില്‍ത്തന്നെ മതിയാകും. പക്ഷേ പരിപാടികൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയടക്കമുള്ള ഭരണനേതാക്കള്‍ മുമ്പുതന്നെ ഇങ്ങനെ വ്യക്തമാക്കിയിരുന്നു. അതു പറഞ്ഞത് ഇംഗ്ലീഷില്‍തന്നെയായിരുന്നു. ഒരു പേജ് ""ഏണിങ് സൊസൈറ്റി""യില്‍നിന്ന് ഒരു ""എന്റര്‍പ്രണര്‍ സൊസൈറ്റി""യിലേക്കുള്ള കുതിപ്പായിരിക്കും "എമര്‍ജിങ് കേരള" എന്ന്. അതായത് നക്കാപ്പിച്ച തൊഴിലും നക്കാപ്പിച്ച കൃഷിയും പശുപരിപാലനവുമായി കഴിഞ്ഞവരൊക്കെ നിക്ഷേപ സംരംഭകരും തൊഴില്‍ദായകരുമാകാന്‍ പോകുന്നു എന്ന് മലയാളം. എന്തൊരു നടക്കാത്ത, സുന്ദരമായ സ്വപ്നം! അപ്പോള്‍ കേരളത്തിനാവശ്യമായ കൊച്ചു തൊഴിലുകളെടുക്കാന്‍ ആരു വരും? കൃഷി ചെയ്യേണ്ടതില്ല. ടിഫിന്‍കേരിയറില്‍ ചോറുകൊണ്ടുവന്നുതരാം എന്ന് മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞുകഴിഞ്ഞു. രണ്ടാം സര്‍ദാര്‍ജി പറഞ്ഞാല്‍ പിന്നെ പേടിവേണ്ട. കൊച്ചു പണികളൊക്കെ എടുക്കാന്‍ ബിഹാറില്‍നിന്നും ഒഡീഷയില്‍നിന്നുമൊക്കെ ആളുകള്‍ വരും. "എന്റര്‍പ്രണര്‍"മാര്‍ ഉള്ള ഭൂമി ആവശ്യക്കാര്‍ക്ക് വിറ്റ് ചാരുകസേരയില്‍ എന്റര്‍പ്രണര്‍മാരായി കാലുംനീട്ടി കിടന്നാല്‍ മാത്രം മതി. ഇനി നിങ്ങള്‍ പഠിച്ച് ബിരുദം നേടിയ സാങ്കേതിക ശാസ്ത്ര വിദ്യാര്‍ഥിയാണോ, എന്നാല്‍ ഇരുപത്തഞ്ചു ശതമാനം നിങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അധികമായിത്തന്നെ ലഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. സാങ്കേതിക വികസന രംഗത്ത് ചെറുകിട നിക്ഷേപക സംരംഭകരുടെ പൂര്‍വാനുഭവങ്ങള്‍ ഓര്‍മയുള്ളവര്‍ക്കറിയാം വിജയം ഉല്‍പാദനത്തില്‍ മാത്രം തെളിയിച്ചാല്‍ പോര, വിപണിയിലും തെളിയിക്കണം എന്ന കാര്യം. അവിടെ എന്തുണ്ടാകും എന്നതിന്റെ കയ്പേറിയ പൂര്‍വാനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. എമര്‍ജിങ് കേരളയെക്കുറിച്ച് പറയാന്‍ തുടങ്ങിയതു മുതല്‍ക്ക് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞുതുടങ്ങിയ ഒരു കാര്യമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ 2003 ജനുവരിയില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് (ജിം) പോലെയല്ല ഈ പദ്ധതി എന്ന്. പറയാന്‍ കാരണമുണ്ട,് അന്നും ആ പദ്ധതിയുടെ മുഖ്യ സൂത്രധാരന്മാര്‍ ഇവര്‍ രണ്ടുപേരും തന്നെയായിരുന്നു. ഇരുപത്തിആറായിരം കോടി രൂപ നിക്ഷേപം വരും എന്ന് പറകൊട്ടി പറഞ്ഞിട്ട് വന്നത് വെറും നൂറ്റിഇരുപത് കോടിയുടെ സോപ്പുചീപ്പ് പരിപാടികള്‍. ചുളുവില്‍ ഭൂമി കിട്ടും എന്നുകരുതി ഓടിയെത്തിയവര്‍, ജനകീയ പ്രതിരോധം കാരണം ഭൂമിവില്‍പന നടക്കാതെ വന്നപ്പോള്‍ മടിശ്ശീല തുറക്കാതെ മടങ്ങിപ്പോയി.

2003-2006 കാലയവളില്‍ കേരളത്തിലെ വ്യവസായ നിക്ഷേപം 700 കോടി രൂപ കണ്ട് കുറഞ്ഞു. ശരിക്കും മല എലിയെ പ്രസവിച്ച അനുഭവമായിരുന്നു ജിമ്മിന്റേത്. "എമര്‍ജിങ് കേരള" എന്നും പറഞ്ഞ് പുറപ്പെട്ടിരിക്കുന്നത് പഴയ ആസാമികള്‍ തന്നെയായതിനാല്‍ ഒരു ഏറ്റുപറച്ചില്‍ സ്വാഭാവികമായും ആവശ്യമുണ്ട്. ഇത് പഴയ ജിമ്മല്ല. കണ്ടില്ലേ ഞങ്ങള്‍ തുറന്നുവെച്ച വെബ്സൈറ്റ്. എല്ലാ ആക്രി സാധനങ്ങളും ഇവിടെ കൊണ്ടുവന്നിടാം, വളരെ സുതാര്യം, ആര്‍ക്കും കള്ളത്തരം ചെയ്യാന്‍ പറ്റില്ല, ഇരുപത്തിനാലു മണിക്കൂറും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലിരിക്കുന്ന ഞങ്ങളല്ലേ പറയുന്നത്?

നല്ലതു മാത്രമേ എടുക്കൂ, വെറും പ്രൊജക്ട് ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂ. ഒരിഞ്ച് സര്‍ക്കാര്‍ ഭൂമിയോ വനഭൂമിയോ വിറ്റുതുലയ്ക്കില്ല, പാട്ടക്കരാര്‍ മാത്രമേ ഉള്ളൂ, അതും മുപ്പതു വര്‍ഷത്തേക്കുമാത്രം, കുഴല്‍വിളിയുടെ പീ... പീ പീ (പബ്ലിക് പ്രൈവറ്റ് പാര്‍ടിസിപ്പേഷന്‍) എന്ന സുഖദമായ നാദം കേള്‍ക്കുന്നില്ലേ, ഇനി നാടെങ്ങും ഈ കുഴല്‍വിളി നാദം മാത്രം. നൂറുദിന കര്‍മപരിപാടിയില്‍നിന്ന് എമര്‍ജിങ് കേരളയിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ സമയംകൂടി ശ്രദ്ധിക്കണം. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും സര്‍ക്കാര്‍ പ്രചാരണയന്ത്രങ്ങളും എല്ലാം ചേര്‍ന്ന് വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന കേരളത്തിലെ സാധാരണക്കാരന് നട്ടെല്ലില്‍ കുത്തിവെച്ചു നല്‍കിയ അരാഷ്ട്രീയ അനസ്തീസിയയുടെ സവിശേഷ പശ്ചാത്തലം, മമതാബാനര്‍ജിക്കെന്നപോലെ ഉമ്മന്‍ചാണ്ടിക്കും അമേരിക്കന്‍ സ്ഥാനപതി വച്ചുനീട്ടുന്ന കൈത്താങ്ങ്, പ്രകൃതിസമ്പത്തും മനുഷ്യാധ്വാനവും പോലുള്ള പ്രാകൃത മൂലധന രൂപങ്ങളില്‍ നവലിബറല്‍ മൂലധനം കൊളുത്തിയിട്ട കൊതിക്കണ്ണ് ഇതെല്ലാം നല്‍കുന്ന പിന്‍ബലത്തിലാണ് എമര്‍ജിങ് കേരളയുടെ വരവ്.

അനസ്തീസിയയുടെ ഹാങ്ഓവര്‍ മാറി വേദനയറിയാന്‍ തുടങ്ങിയവരോടാണ് ഇപ്പോള്‍ ഇടതുപക്ഷം സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. ജനപക്ഷ വികസനത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട് സവിശേഷമായ ഒരു കേരള മോഡല്‍ വികസനയം സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം എന്ന് ഓര്‍ക്കണം. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത ആ വികസനയത്തിന്റെ പരിമിതികളും പോരായ്മകളും തിരിച്ചറിഞ്ഞുകൊണ്ടാണ് രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാംതന്നെ മാറ്റിവച്ച് ഒരു പുതിയ വികസനയം രൂപപ്പെടുത്താന്‍വേണ്ടി പഠനകോണ്‍ഗ്രസുകളും ജനകീയാസൂത്രണവും ഇടതുപക്ഷം മുന്നോട്ടുവച്ചത്. മാറിവന്ന ഓരോ യുഡിഎഫ് ഗവണ്‍മെന്റുകളും ആ ജനപക്ഷ വികസന നയങ്ങളുടെ കടയ്ക്കലാണ് കത്തിവച്ചത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ എമര്‍ജിങ് കേരളയില്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഇക്കാരണത്താലാണ്, അല്ലാതെ വികസന വിരുദ്ധരായതുകൊണ്ടല്ല ഇടതുപക്ഷം എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്.

എമര്‍ജിങ് കേരളയുടെ ആദ്യദിനത്തില്‍ വികസനത്തിന്റെ പഴയ ലാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ എ കെ ആന്റണി പറഞ്ഞു: കിണ്ണത്തിന്റെ വക്കത്തെ നെന്മണിപോലെയാണ് ഞങ്ങളുടെ ഇരിപ്പ്. അതുകൊണ്ട് സമവായ ചര്‍ച്ചകള്‍ ആവശ്യമായിവരും എന്ന്. എവിടെ സമവായ ചര്‍ച്ചകള്‍? എമര്‍ജിങ് കേരളയുടെ മൊത്തം പരിപ്രേക്ഷ്യം കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ? ഇനിയും ചര്‍ച്ച ചെയ്യപ്പെടുമോ? അഴിമതിയുടെയും ധനദുര്‍വിനിയോഗത്തിന്റെയും നാറുന്ന കഥകളാണ് ഓരോ സി ആന്‍ഡ് എ ജി റിപ്പോര്‍ട്ടിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരം സ്വതന്ത്ര പരമാധികാര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടുകളെ രാഷ്ട്രീയ പക്ഷപാതിത്വമായി ചിത്രീകരിക്കാനാണ് യുപിഎ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ആ യുപിഎ സര്‍ക്കാരിന്റെ നേരവകാശികള്‍ നടത്തുന്ന വികസനമാമാങ്കത്തില്‍നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. ഈ ജനവിരുദ്ധ വികസനയങ്ങളെ ഇടതുപക്ഷം എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് എണ്ണമിട്ടുതന്നെ പറയാം.

1) കേരളത്തിന്റെ പ്രകൃതിസമ്പത്തും മനുഷ്യാധ്വാനവും വൈദേശിക - ദേശീയ മൂലധന നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് പണയം വയ്ക്കാനാണ് ശ്രമം എന്നതുകൊണ്ട്.

2) പി പി പി ഇടപാടുകളിലെ ജനവിരുദ്ധതയും നിക്ഷിപ്ത മൂലധന താല്‍പര്യങ്ങളും തിരിച്ചറിയുന്നതുകൊണ്ട്.

3) സാധാരണക്കാരന്റെ മിനിമം ജീവിത ഗുണനിലവാരവും പൊതുവിഭവങ്ങള്‍ക്കുമേല്‍ സാമൂഹ്യ നിയന്ത്രണവും ഉറപ്പുവരുത്താത്തതുകൊണ്ട്.

4) അടിസ്ഥാനപരമായി ഒരു ജനതയുടെ സാംസ്കാരിക ബോധത്തെത്തന്നെ വെല്ലുവിളിക്കുന്നതുകൊണ്ട്.

5) വികസനത്തെ സംബന്ധിച്ച ജനപക്ഷ സമീപനങ്ങളും സ്ഥായിയായ വികസനത്തിന്റെ കാഴ്ചപ്പാടുകളും ഇല്ലാത്തതുകൊണ്ട്.

6) വികസനയങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ജനങ്ങളില്‍നിന്ന് എടുത്തുമാറ്റി

നവലിബറലിസത്തിന്റെ വക്താക്കള്‍ക്ക് പണയം വയ്ക്കുന്നതുകൊണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ എടുത്തുപറയാനുണ്ടാകും. ഇപ്പോള്‍ നടത്തുന്ന കാര്യങ്ങളൊക്കെ മുന്‍ ഗവണ്‍മെന്റെടുത്ത തീരുമാനങ്ങളുടെ മേലെയാണെന്ന കള്ളപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. മുന്‍ ഗവണ്‍മെന്റ് എടുത്ത തത്വാധിഷ്ഠിത നിലപാടുകളുടെ അകക്കാമ്പ് പറിച്ചെറിഞ്ഞ് പുറംകുപ്പായം എടുത്തണിയുന്ന തട്ടിപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ പൊരുതി നില്‍ക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. 2003നെ അപേക്ഷിച്ച് കൂടുതല്‍ അനുമതികളുടെ സാംസ്കാരിക പശ്ചാത്തലം നിര്‍മിച്ചുകൊണ്ടാണ് എമര്‍ജിങ് കേരള അരങ്ങേറുന്നത്. സമൂഹത്തെ കൂടുതല്‍ അരാഷ്ട്രീയവല്‍കരിക്കാനും മധ്യവര്‍ഗവല്‍കരിക്കാനും നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലം എമര്‍ജിങ് കേരളയ്ക്കു പിറകിലുണ്ട്.

ചൂതാട്ട കാസിനോകളും മസാജിങ് പാര്‍ലറുകളും കാബറേ പാര്‍ലറുകളും വന്നാലെന്താണ് കുഴപ്പം എന്നു ചോദിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിതാന്തമായ സാംസ്കാരിക ജാഗരൂകത ആവശ്യപ്പെടുന്ന ഈ ഇടത്തിന്റെ ബലത്തില്‍ കൂടിയാണ് എമര്‍ജിങ് കേരളയുടെ നില്‍പ്. എമര്‍ജിങ് കേരളയുടെ ലോഗോ നിങ്ങള്‍ ശ്രദ്ധിച്ചോ? ഒരു ചിത്രത്തിന് ദൃഷ്ടി പതിയുന്ന ഒരു മുകള്‍ഫ്രെയിമും പെട്ടെന്ന് ദൃഷ്ടി പതിയാത്ത ഒരു കീഴ്ഫ്രെയിമുമുണ്ടാകും. ഈ ലോഗോയുടെ മറച്ചുപിടിക്കപ്പെട്ട കീഴ്ഫ്രെയിം മനസ്സിലൊന്നു വരച്ചുനോക്കൂ. ചിറകടിച്ചു പറന്നുപോകുന്ന ആ മാരിവില്‍ പക്ഷിയെ നോക്കി കീഴെ ഭൂമിയില്‍ മേലോട്ടുനോക്കി നില്‍ക്കുന്ന എല്ലുംതോലുമായ കുറേ മനുഷ്യര്‍. കേരളത്തിന്റെ ഐശ്വര്യലക്ഷ്മിതന്നെയാണ് ആ പറന്നുപോകുന്നത്. പഴയ കഥയില്‍നിന്ന് വ്യത്യസ്തമായി വാരുന്ന ഓരോ പിടി അവിലും ഏതോ ദ്വാരകയെയാണ് സമ്പന്നമാക്കുന്നത്! എന്തൊരു അര്‍ഥസാന്ദ്രമായ ലോഗോ! കുലീനമായ ഭാഷയിലും കപടരൂപകങ്ങളിലും ഉമ്മന്‍ചാണ്ടിയെ വെല്ലാന്‍ ആരുണ്ട്! ഓരോ പ്രഹരവും ഓരോ തലോടലുകളാണെന്ന് എത്ര ചിരിച്ചും ഭംഗിയിലുമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്! അദ്ദേഹം പറയുന്നു: ""ലാസ്റ്റ് ബസ് 2003ല്‍ പോയി. വികസനത്തിന്റെ അവസാനത്തെ വിമാനമാണിത്. വികസനവണ്ടികളുമായി ഇടക്കിടെ വരാന്‍ കോണ്‍ഗ്രസും ലീഗും എന്നും ഉണ്ടായിക്കൊള്ളണമെന്നില്ല"

*
ഡോ. കെ പി മോഹനന്‍ ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012

Friday, June 15, 2012

സാം പിട്രോഡ വക നവലിബറല്‍ കുറിപ്പടി

വിദേശത്തുനിന്ന് എത്തുമ്പോള്‍ ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ലാതിരുന്നതുപോലെ കേരളത്തെപ്പറ്റിയും തനിക്ക് ഒന്നും അറിയില്ല എന്നാണ് മലയാളമനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പിട്രോഡ പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ സാംപിട്രോഡ സംസ്ഥാന സര്‍ക്കാരിന്റെ വികസന മാര്‍ഗദര്‍ശിയാണ്. ആ നിലയ്ക്കാണ് കേരളവികസനത്തിനുള്ള പത്ത് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചത്. കേരളത്തെക്കുറിച്ചുള്ള അറിവില്ലായ്മ ശരിക്കും വെളിപ്പെടുത്തുന്നതായി പത്തിന നിര്‍ദേശങ്ങള്‍. പിട്രോഡയുടെ അവതരണം കേട്ട മുഖ്യമന്ത്രിയോ മന്ത്രിമാരോ സംസ്ഥാന പ്ലാനിങ്ബോര്‍ഡംഗങ്ങളോ എന്തെങ്കിലും പ്രതികരിച്ചതായി റിപ്പോര്‍ട്ടില്ല. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനുമുന്നില്‍ അവര്‍ നിശബ്ദ സ്വീകര്‍ത്താക്കളായി ഇരുന്നു എന്നുവേണം കരുതാന്‍. വിശദപഠനത്തിനുള്ള ഉപസമിതികള്‍ക്ക് രൂപംനല്‍കിയാണ് അവതരണം അവസാനിപ്പിച്ചത്. നോളജ് സിറ്റി, തീരദേശ ചരക്കുഗതാഗതം, ആയുര്‍വേദം, മാലിന്യസംസ്കരണം, ഇ ഗവേണന്‍സ്, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, വിരമിച്ച ഉദ്യോഗസ്ഥരുടെ വിന്യാസം, അതിവേഗ റെയില്‍പ്പാത, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം എന്നിവയാണ് പത്ത് നിര്‍ദേശങ്ങള്‍.

ഇവയില്‍ സ്വീകാര്യങ്ങളായവ ചിലതുണ്ടെങ്കിലും ഭൂരിപക്ഷവും അപ്രധാനങ്ങളോ അപ്രസക്തങ്ങളോ ആയ നിര്‍ദേശങ്ങളാണ്. യഥാര്‍ഥ പ്രശ്നങ്ങളെ അഭിസംബോധനചെയ്യുന്നില്ല എന്നതാണ് അവയുടെ പ്രധാന ദൗര്‍ബല്യം. കേരളത്തിന്റെ ഭൗതിക-സാമ്പത്തിക-സാമൂഹിക പരിതസ്ഥിതികള്‍ സംബന്ധിച്ച അജ്ഞതയും പ്രശ്നങ്ങള്‍ സംബന്ധിച്ച ധാരണക്കുറവും സാധ്യതകള്‍ വിലയിരുത്തുന്നതിലെ യാഥാര്‍ഥ്യബോധമില്ലായ്മയുമാണ് ശുപാര്‍ശകളിലുടനീളം നിഴലിക്കുന്നത്.

സവിശേഷതകള്‍ അനവധിയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളുടെയോ രാജ്യങ്ങളുടെയോ വികസന പാഠങ്ങളുടെ തനിയാവര്‍ത്തനം അപ്രസക്തം മാത്രമല്ല അനാവശ്യവുമാണ്. സാമൂഹികനീതിയും ക്ഷേമപ്രവര്‍ത്തനങ്ങളും ഉയര്‍ന്ന ജീവിതഗുണമേന്മയുമാണ് കേരളത്തിന്റെ പ്രധാന നേട്ടങ്ങള്‍. ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി നടത്തപ്പെട്ട സമരങ്ങള്‍, തുടര്‍ന്നുണ്ടായ കാര്‍ഷിക- വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, സാക്ഷരതാ പ്രസ്ഥാനം, അധികാരവികേന്ദ്രീകരണം, പുരോഗമനപരമായ തൊഴില്‍ നിയമങ്ങള്‍, സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയെല്ലാമാണ് ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് നിദാനങ്ങളായത്. സാമ്പത്തിക വികസനം സാമൂഹികനീതി അപകടപ്പെടുത്തിക്കൊണ്ടാകരുത്. രണ്ടുലക്ഷ്യങ്ങളും ഒന്നിനൊന്നു ചേര്‍ന്നുപോകണം. സാമൂഹികനീതി ഉറപ്പിച്ചുനിര്‍ത്താന്‍ ഭൗതിക ഉല്‍പ്പാദനം, വിശേഷിച്ചും കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന യാഥാര്‍ഥ്യം വര്‍ഷങ്ങള്‍ക്കുമുമ്പേ കേരളം തിരിച്ചറിഞ്ഞതാണ്. ഒന്നാം വികസന കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഇ എം എസ് ഊന്നിപ്പറഞ്ഞത് ആ യാഥാര്‍ഥ്യമാണ്.

കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനം ഉത്തേജിപ്പിക്കത്തക നിര്‍ദേശങ്ങളൊന്നും പിട്രോഡ മുന്നോട്ടുവയ്ക്കുന്നില്ല. പിട്രോഡയ്ക്ക് വികസനമെന്നാല്‍ ഉയര്‍ന്ന സാങ്കേതികവിദ്യകളുടെ പ്രയോഗമാണ്. അതുപക്ഷേ സ്വാഭാവികം. പിട്രോഡ ഒരു ടെക്നോക്രാറ്റാണ്. സാമൂഹിക ശാസ്ത്രജ്ഞനോ സാമ്പത്തിക വിദഗ്ധനോ അല്ല. എന്നാല്‍, വികസനം കേവലം സാങ്കേതികസമസ്യയല്ല. അതൊരു സമഗ്രതയാണ്. മനുഷ്യനും പ്രകൃതിയും സമൂഹവും സംസ്കാരവും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രത. ഭൂവിസ്തൃതിയില്‍ വളരെ ചെറുതാണ് കേരളം. ഗ്രാമനഗരവ്യത്യാസമില്ലാതെ ഭൂപ്രദേശമാകെ വ്യാപിച്ചുകിടക്കുന്ന ആവാസവ്യവസ്ഥ കേരളത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കേരളത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമി ലഭ്യമല്ല. കല്‍ക്കരി, ഇരുമ്പയിര്, മാംഗനീസ്, ബോക്സൈറ്റ്, ക്രൂഡ് ഓയില്‍ തുടങ്ങിയ അസംസ്കൃതവസ്തുക്കളും ലഭ്യമല്ല. പരുത്തി, ചണം, കരിമ്പ് തുടങ്ങിയവയ്ക്ക് അനുകൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയുമല്ല കേരളത്തിലേത്. തന്മൂലം വന്‍കിടവ്യവസായങ്ങള്‍ക്കുള്ള സാധ്യത അടയുന്നു. റബര്‍, നാളികേരം, അടയ്ക്ക, കുരുമുളക്, കപ്പ, ഇഞ്ചി, മഞ്ഞള്‍, ഏലം, ചായ, കാപ്പി എന്നിവയുടെ ഉല്‍പ്പാദനത്തിലും വിണപനത്തിലുമാണ് കേരളം കേന്ദ്രീകരിക്കുന്നത്. അവ ദീര്‍ഘകാല വിളകളാണ്. അവയുടെ പരിപാലനത്തിന് അധ്വാനശേഷി കുറച്ചുമതി. നെല്‍കൃഷിക്കാകട്ടെ കൂടുതല്‍ അധ്വാനശേഷിവേണം.

നെല്‍വയലുകള്‍ ദീര്‍ഘകാലവിളകള്‍ക്കും കെട്ടിടങ്ങള്‍ക്കും വഴിമാറിയതോടെ, ധാരാളംപേര്‍ കാര്‍ഷികമേഖലയ്ക്കു പുറത്തായി. പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയിലായതോടെ ആ മേഖലയില്‍നിന്ന് ധാരാളംപേര്‍ പുറത്താക്കപ്പെട്ടു. പെയിന്റര്‍മാരും കല്‍പ്പണിക്കാരും ഡ്രൈവര്‍മാരുമായി മാറിയ ധാരാളംപേര്‍ ഗള്‍ഫ് മേഖലയില്‍ ചേക്കേറുന്നതാണ് പിന്നീട് കേരളം കണ്ടത്. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസാധിഷ്ഠിത സേവനങ്ങളിലാണ് കേരളത്തിന്റെ കരുത്ത് എന്നുപറയുന്നത് ശരിയാണ്. എന്നാല്‍, പ്രസ്തുത മേഖലയിലെ കേന്ദ്രീകരണം വികസനത്തെ ഏകമുഖവും സങ്കുചിതവുമാക്കുന്നു. കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനത്തെ വിഗണിച്ചുള്ള വികസനം ആത്മഹത്യാപരമാണ്. സേവനമേഖല സൃഷ്ടിക്കുന്ന വരുമാനവര്‍ധന അന്യസംസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കുകയാണ് ചെയ്യുക. നെല്ല്, പച്ചക്കറികള്‍, പാല്‍, മുട്ട, പഴങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവര്‍ധന, ദീര്‍ഘകാലവിളകളുടെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണവും വിപണനവും, ഐടി- ബയോടെക്നോളജി- ടൂറിസം അധിഷ്ഠിത സംരംഭങ്ങള്‍, ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ഇവയ്ക്കാകണം കേരളം ഊന്നല്‍ നല്‍കേണ്ടത്. ജില്ല- സംസ്ഥാന റോഡുകളുടെ വികസനം, വൈദ്യുതി ഉല്‍പ്പാദനശേഷി വര്‍ധന തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

അതിവേഗ റെയില്‍പ്പാത ഗതാഗത വികസനത്തിനുള്ള ഒറ്റമൂലിയല്ല. പക്ഷേ, വൈദ്യുതിയും റോഡുവികസനവും മറ്റും പിട്രോഡയുടെ ശ്രദ്ധയാകര്‍ഷിച്ചതായി കാണുന്നില്ല. കാര്‍ഷിക- മൃഗസംരക്ഷണ- മത്സ്യബന്ധന മേഖലകള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നു. സംസ്ഥാനത്തെ തൊഴിലെടുക്കുന്നവരില്‍ 33.5 ശതമാനം കൃഷിയെയും അനുബന്ധതൊഴിലുകളെയും ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മൊത്തം കൃഷിയിടങ്ങളില്‍  95.17 ശതമാനം ഒരു ഹെക്ടറില്‍ താഴെമാത്രം വിസ്തൃതിയുള്ളതാണ്. ഒരു ഹെക്ടറിനും രണ്ട് ഹെക്ടറിനും മധ്യേ വിസ്തൃതിയുള്ള കൃഷിയിടങ്ങള്‍ ആകെ കൃഷിയിടങ്ങളുടെ 3.4 ശതമാനമാണ്. നാമമാത്ര- ചെറുകിട കൃഷിക്കാരുടെ തൊഴിലും വരുമാനവും ഭക്ഷണവും ജീവിതവും മുഖ്യമായും തുണ്ടുകൃഷിയിടങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവരുടെ പുരോഗതി ലക്ഷ്യമാക്കാത്ത ഏതുവികസന നിര്‍ദേശവും പിന്തിരിപ്പനും യാഥാര്‍ഥ്യബോധമില്ലാത്തതുമാണ്.

വികസനത്തിന്റെ സാമൂഹിക- സാംസ്കാരിക മാനം ഗൗരവപൂര്‍വം സമീപിക്കേണ്ട പ്രശ്നമാണ്. കായികാധ്വാനത്തോടുള്ള കേരളീയരുടെ വിരക്തി പ്രസിദ്ധമാണ്. കായികവും മാനസികവുമായ അധ്വാനശേഷി പ്രയോഗിക്കാതെ ഉല്‍പ്പാദനം സാധ്യമല്ല. കായികാധ്വാനത്തോടുള്ള പ്രതിപത്തിക്കുറവിന്റെ സാമൂഹ്യശാസ്ത്രപരമായ കാരണങ്ങള്‍ വികസനചര്‍ച്ചയില്‍ അവഗണിക്കപ്പെടുന്നു. "ബാബുജി" മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് ഇനിയും നാം മോചിതരായിട്ടില്ല. അതിനുള്ള ഗൗരവതരമായ ശ്രമങ്ങളുമില്ല. സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ "സാങ്കേതിക ബാബുജി" മാരെ സൃഷ്ടിക്കുകയാണു ചെയ്തുവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും പുനര്‍നിര്‍വചിക്കുവാന്‍ സാംപിട്രോഡയ്ക്കാവുന്നില്ല.

നെല്‍കൃഷിയും മൃഗസംരക്ഷണവും ചേര്‍ന്ന ജൈവചക്രമായിരുന്നു കേരളീയരുടെ കാര്‍ഷിക സംസ്കൃതിയുടെ അടിസ്ഥാനശില. നെല്‍വയലുകള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കി. മൃഗപരിപാലനം വയലുകള്‍ക്ക് ജൈവവളവും മനുഷ്യര്‍ക്കു പോഷകാഹാരവും നല്‍കി. ഭൂമിയുടെ ജലവിതാനം സംരക്ഷിക്കുന്നതില്‍ നെല്‍വയലുകള്‍ മര്‍മപ്രധാനപങ്കു വഹിച്ചു. എന്നാല്‍ നെല്‍വയലുകളുടെ വിസ്തൃതി 1973-74 ലെ 8.75 ലക്ഷം ഹെക്ടറില്‍ നിന്ന് 2010-11 ല്‍ 2.13 ലക്ഷം ഹെക്ടറായി ഇടിഞ്ഞു. 75.65 ശതമാനത്തിന്റെ ഇടിവ.് ലഭ്യമായ കൃഷിഭൂമിയില്‍നിന്ന് എങ്ങനെ പരമാവധി ഉല്‍പ്പാദനം നടത്താമെന്ന പ്രശ്നം സാംപിട്രോഡയുടെ വിഷയമാവുന്നില്ല. അഥവാ കൃഷിക്കാര്‍ അദ്ദേഹത്തിന്റെ അജന്‍ഡയിലില്ല. കേരളത്തിലെ സാധാരണ മനുഷ്യരും.

പിട്രോഡയുടെ നിര്‍ദേശങ്ങള്‍ ഒരു പൊതുവായ രാഷ്ട്രീയ ദര്‍ശനം മുന്നോട്ടുവയ്ക്കുന്നുണ്ട്. നവഉദാരവല്‍ക്കരണ സാമ്പത്തിക നയം സര്‍ക്കാരിനു വിട്ടു നല്‍കുന്നത് പശ്ചാത്തലസൗകര്യമൊരുക്കുന്ന ധര്‍മമാണ്. പത്തു നിര്‍ദേശങ്ങളും ആ ഗണത്തില്‍പെടുന്നവയാണ്. അതിവേഗ റെയില്‍പ്പാതയും തീരദേശചരക്കുഗതാഗതവും മറ്റും കോടിക്കണക്കിന് രൂപയുടെ മുതല്‍മുടക്ക് ആവശ്യമാക്കുന്നവയാണ്. പത്തു ശതമാനമെങ്കിലും ആദായം ഉറപ്പുവരുത്താമെങ്കില്‍ യഥേഷ്ടം സ്വകാര്യമൂലധനം ലഭ്യമാകുമെന്ന പിട്രോഡയുടെ അഭിപ്രായം നവഉദാരവല്‍ക്കരണ സാമ്പത്തിക നയത്തെ പിന്താങ്ങലാണ്. പിട്രോഡയുടെ അഭിപ്രായത്തില്‍ വികസനം സ്വകാര്യമൂലധനത്തിനും ലാഭം നേടാനുമുള്ള വഴിയാണ്.


*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Monday, March 19, 2012

‘Gujarati Asmita’: A Hindutva Tool For Corporate Capitalism

TEN years since Gujarat burnt under the state sponsored anti-Muslim riots after the Godhra incident, the public debate on ‘development as a healing process has hotted up”. The supporters of Modi claim, that he is a model in showing how communal cleavages can be eroded by a paradigm of ‘inclusive’ development’ that is prevalent in Gujarat. Narendra Modi has often stated that he does not look at the caste, creed or gender of people when implementing developmental programmes and that all the 6.3 crore people of the state are equal in his eyes. Their pride is the basis of his success and any one who tries to create divisions on the basis of caste and creed are infact hurting the pride of the state. Hence being anti-Modi is being anti-Gujarat and the idea of Gujarati asmita has been used as a public defense for targeting social and political activists who have been in the forefront of the fight for justice for the victims of the Gujarat riots. Hence ‘Gujarati asmita’ is itself a hegemonic ideological tool to ensure that the discriminatory attitude of the state government towards Gujarat’s labouring classes and minorities goes unnoticed by the rest of the country. It also provides the national leadership of the BJP a good cover up for their larger Hindutva politics and agenda.

INFORMAL SECTOR AND DISCRIMINATION

It is well known that Gujarat has become not only a test case for Hindutva, but also a model for corporate capitalism in both the agriculture and industry. The rapid industrialisation of the state has made it a destination for migrant labour and has led to a burgeoning of the informal sector working class. In 2009-2010, approximately 45.9 per cent of the entire workforce of rural Gujarat was working in the informal sector as compared to 40.8 per cent of the rural Indian workforce. In the urban areas, this proportion was 37 per cent, which is 2 per cent higher than the national average. Within states, the only other states that report a higher degree of informalisation of the workforce are Andhra Pradesh and Karnataka which are also well known for their own brand of corporate capitalism. Hence Gujarat has ‘developed’ in terms of entry of corporate capital in both industry and agriculture.

However its labouring class is comprised of a large number of Muslim self employed people who have been severely affected by the social discrimination, segregation and economic boycotts in the post riot periods. Sixty per cent of the Muslims live in urban areas, but poverty among Muslims in Gujarat is eight times higher as compared to high-caste Hindus and 50 per cent more than Hindu OBCs, even more than SCs/STs. But it is not boycotts alone that effected them. Since the Muslims formed a large part of the trading and business community with more than two thirds being in informal trade and self employment, access to financial resources is important for their survival. However they have only 12 per cent of the accounts and only 2.6 per cent of outstanding bank loans. This led to economic crisis for many Muslim unemployed people and many of them are now forced to work as unskilled employees for non-Muslim entrepreneurs. Thus, even though corporates and entrepreneurship development institutes may state that there is no ‘caste, community or religion to Gujarat’s business interests’, ground level experience gives a different picture. While 21 per cent of Indian Muslims’ work is in the manufacturing sector, only 13 per cent of Gujarati Muslims are able to get jobs in the organised and manufacturing sector. Further this situation is not likely to improve in the future, as the Gujarat government does not seem to be interested in ensuring the education and skills of the youth and children of minorities. For instance the central scheme for the education of minorities has been turned down by the state and the dropout rate amongst Muslim minorities is considerably higher than others. Further non-Hindu youths also find it hard to find both admissions and jobs. This clearly goes against L K Advani’s oft quoted statement that the ‘Muslims are partaking in the state’s ‘prosperty’ and shows that the economy of the state is structured through a process of religious discrimination.

CONDITIONS OF THE WORKING CLASS

However it would not be correct to infer that the Gujarati Muslims are the only sufferers of this model of high capitalist development. The Muslims, in fact, form a part of the larger agricultural and urban workforce that lives in abysmal conditions. The increasing landlessness in the state in recent years (45.2 per cent reported in 2009-10 i.e. 4 per cent higher than all India figure) is a result of the government promoted company sponsored and export oriented agriculture programme. Fewer farmers have started controlling larger land holdings resulting in the pauperisation of the middle peasant that was once the icon of Gujarat’s development. Most of these large farmers are contracted with multinational companies and employ migrant and child labour from different states. A survey of the cotton seed farms of north Gujarat in 2008 showed that 35 to 40 per cent of the labour was illegal child labour. Further about 90 per cent of the farms owned by big multinational firms employed such labours. But this was not the only characteristic of these farms. Another interesting fact that came out of the survey was that corporate agrarian capitalism was based on exploitation of people from the neighbouring state. More than 75 per cent of the contracted farmers on cotton seed farms visited Rajasthan to recruit workers, most of which is tribal female and child labour. Most of the labourers worked from 10-12 hours a day and were paid Rs 40-60 per day for their work. However this payment was only made in the middle of October and they were forced to manage on petty advances till then. This is just one instance of the agrarian relations as they have emerged with the active support of the Modi government.

The industrial working class is not much better off, and is working largely as contracted labour to companies owned by big industrialists. The Annual Economic Survey Report, 2011 revealed that Gujarat witnessed more strikes than any other state in India. The recent strike of the 1100 permanent workers and 4400 contracted workers of the Reliance Textile Plant at Naroda showed that the state government is not willing to regulate big industrialists. For the last 20 years permanent employees of the company have been earning a measly Rs 5000-6000 per month and the contract employees get about Rs 85-100 a month even as the companies profit increased tenfold. The striking workers have been arrested by the police and intimidated through legal and other repressive means. Thus instead of regulating and imposing the implementation of minimum wages and other legal provisions, the state government has firmly shown its partnership with the Reliance family. It is therefore not surprising that almost all corporates consider Narendra Modi ‘prime ministerial material’ and consider Gujarat as an important investment destination.

These characteristics of the Gujarat model of development have to enter the larger national discourse if the ‘idea of Gujarati asmita’ and development is to be erased from the minds of ordinary Indians. The encounter killings, threats to personal security and targeting of those questioning this model are not the only characteristics of a repressive state. It is an integral part of a strategy to justify the policies that favour corporate capitalism. Hence corporate capitalism and Hindutva politics have become interrelated ideological tools in the hands of Narendra Modi, to stay in power and to further the penury of the Gujarati masses. The slogan of ‘Gujarati asmita’ is just a way of making the working class submit willingly to their own exploitation. But the continuing protests in Gujarat show that this is not a uniform or easy process. Hence left and democratic forces need to not only support the dissenting voices, but also provide them a national platform in a sustained way.

*
Archana Prasad People's Democracy 11 March 2012

Thursday, February 9, 2012

ദരിദ്രമാകുന്ന സമ്പദ്ഘടന

ആഗോളവല്‍ക്കരണവും അതിന് ശക്തിപകരാന്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അത് ജനജീവിതം മത്സരാധിഷ്ഠിതമാക്കി മെച്ചപ്പെടുത്തുമെന്നുമൊക്കെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇക്കാലമത്രയും പറഞ്ഞുകൊണ്ടിരുന്നത്. വളര്‍ച്ചയുടെയും വികസനത്തിന്റെയും പുതിയ ഉയരങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുമെന്നും കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ , ഈ നയങ്ങള്‍ രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യുമെന്ന് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മുന്നറിയിപ്പുനല്‍കിയിരുന്നു. സാമ്പത്തികത്തകര്‍ച്ച, ഭക്ഷ്യപണപ്പെരുപ്പം, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയായിരിക്കും ഇതിന്റെ ഫലമായി രൂപപ്പെടുകയെന്നും ഇത് ആത്യന്തികമായി ജനജീവിതം ദുസ്സഹമാക്കുമെന്നും സിപിഐ എമ്മും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് സര്‍ക്കാരിന് ഔദ്യോഗികമായിത്തന്നെ സമ്മതിക്കേണ്ടിവരുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

2011-12 വര്‍ഷം രാജ്യത്തെ പ്രതീക്ഷിത സാമ്പത്തികവളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴുമെന്നും ഇത് 6.90 ശതമാനമായിരിക്കുമെന്നുമുള്ള കേന്ദ്ര സ്ഥിതിവിവര സംഘടന(സിഎസ്ഒ)യുടെ കണക്കാണ് സമ്പദ്ഘടനയുടെ ദുര്‍ബലാവസ്ഥയെപ്പറ്റി വീണ്ടും ആശങ്കപ്പെടാന്‍ ഇടയാക്കുന്നത്. 2010-11 സാമ്പത്തികവര്‍ഷം 8.40 ശതമാനമായിരുന്ന സാമ്പത്തികവളര്‍ച്ച 6.90ലേക്ക് കൂപ്പുകുത്തിയത് ഉല്‍പ്പന്നനിര്‍മാണം, കൃഷി, ഖനനം എന്നീ മേഖലകളിലുണ്ടായ പിന്നോട്ടടി കാരണമാണെന്നാണ് സിഎസ്ഒ നിരീക്ഷിക്കുന്നത്. കൃഷിയിലും അനുബന്ധമേഖലകളിലുമാണ് ഗണ്യമായ ഇടിവുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. പോയ സാമ്പത്തികവര്‍ഷം ഏഴ്ശതമാനമായിരുന്ന കാര്‍ഷികവളര്‍ച്ച 2011-12ല്‍ രണ്ടരശതമാനത്തിലേക്ക് താഴ്ന്നു. അതുപോലെ ഉല്‍പ്പന്നനിര്‍മാണ മേഖലയിലെ 7.60 ശതമാനം വളര്‍ച്ച 3.90 ശതമാനമായി കുറഞ്ഞു. ഖനനമേഖലയില്‍ അഞ്ച് ശതമാനമായിരുന്ന വളര്‍ച്ചയില്‍ 2.20 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു.

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭദിശയാണിപ്പോള്‍ . ഒന്നാംഘട്ട പരിഷ്കാരങ്ങളുടെ നേട്ടം ഈ ഘട്ടത്തില്‍ അനുഭവപ്പെടുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) രണ്ടക്കവളര്‍ച്ചയിലേക്കെത്തുമെന്നും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ , ഇങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, ജിഡിപി ഗണ്യമായി കുറയുകയും ചെയ്തു. 2009-10 ലും 2010-11 ലും 8.40 ശതമാനമായിരുന്ന ജിഡിപി യാണ് ഈ വര്‍ഷം 6.90 ലേക്ക് താഴ്ന്നിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഏതാണ്ട് മൂന്നു ശതമാനത്തിന്റെ കുറവുണ്ടായി എന്നര്‍ഥം. മുന്‍വര്‍ഷങ്ങളില്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കാതിരുന്നതിന് കാരണം ആഗോള സാമ്പത്തികമാന്ദ്യമാണെന്നായിരുന്നു പറഞ്ഞിരുന്നത്. നടപ്പുസാമ്പത്തികവര്‍ഷം സ്ഥിതി മെച്ചപ്പെടുമെന്നും ഒമ്പതു ശതമാനം വളര്‍ച്ച സാധ്യമാകുമെന്നുമായിരുന്നു യുപിഎ നേതൃത്വവും ആസൂത്രണ കമീഷനും പറഞ്ഞിരുന്നത്. അത് ഏഴിലും താഴ്ന്നു എന്നത് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മുഴുവന്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പദ്സ്ഥിതി ഒട്ടും ഭദ്രമല്ലെന്നും സൂചിപ്പിക്കുന്നു. ഇത്തരമൊരു തകര്‍ച്ചയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനവിരുദ്ധനയങ്ങളും നടപടികളുമാണെന്ന് കണ്ടെത്താന്‍ വിഷമമില്ല.

2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് പ്രധാനമായും പൊതുമേഖലയുടെ കരുത്തിലായിരുന്നു. അന്ന് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും അവയെ സ്വകാര്യവല്‍ക്കരിക്കാനും നടത്തിയ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിച്ചത് കേന്ദ്രഭരണത്തെ പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷമായിരുന്നു. എന്നാല്‍ , ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ഓഹരിവില്‍പ്പനയും സ്വകാര്യവല്‍ക്കരണവും വര്‍ധിതവീര്യത്തോടെ നടപ്പാക്കിത്തുടങ്ങി. ഓഹരിവില്‍പ്പന വഴി ബജറ്റില്‍ വിഭവസമാഹരണത്തിന് ശ്രമിച്ചു. 2009ല്‍ മാത്രം 47,500 കോടിയുടെ പൊതുമേഖലാ ഓഹരികളാണ് വിറ്റഴിച്ചത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖലാസ്ഥാപനങ്ങളോടും 10 ശതമാനം ഓഹരി സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചു. എണ്ണ-വാതക മേഖലകള്‍ സ്വകാര്യവല്‍ക്കരിച്ചതിലൂടെ പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ സ്വകാര്യമേഖല പൊതുമേഖലയെ കടത്തിവെട്ടി. ഖനനമേഖലയും ദേശീയ-വിദേശ കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുത്തു. ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപ(എഫ്ഡിഐ)ത്തിന് നീക്കങ്ങള്‍ ആരംഭിച്ചു. ധനകമ്മി കുറയ്ക്കാനെന്ന് പറഞ്ഞാണ് വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്തത്. ഇതിനൊപ്പം പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരിക്കാനും ശ്രമം തുടങ്ങി. ഇതിനായി പിഎഫ്ആര്‍ഡിഎ ബില്‍ പാസാക്കാന്‍ യുപിഎയ്ക്കൊപ്പം ബിജെപിയും ചേര്‍ന്നു. ഇത് സാമ്പത്തികമേഖലയില്‍ കോര്‍പറേറ്റുകള്‍ക്കും ധനമൂലധന ശക്തികള്‍ക്കും കൂടുതല്‍ ആധിപത്യമുണ്ടാക്കി. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. 2008-11 കാലത്ത് 2,28,045 കോടിയുടെ ഇളവുകളാണ് നല്‍കിയത്.

പണപ്പെരുപ്പവും വിലക്കയറ്റവും തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടതാണ് സാമ്പത്തികത്തകര്‍ച്ചയ്ക്ക് ആധാരമായ മറ്റൊരു വസ്തുത. 2011 നവംബറില്‍ 9.10 ശതമാനമായിരുന്നു പണപ്പെരുപ്പം. 2008 സെപ്തംബര്‍ മുതല്‍ 2011 ഒക്ടോബര്‍ വരെയുള്ള 38 മാസക്കാലം പണപ്പെരുപ്പം 10 ശതമാനത്തിലേറെയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലെത്തിയത് അന്ന് ആദ്യമായിട്ടായിരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഊഹക്കച്ചവടവും തലതിരിഞ്ഞ വിദേശനയവുമൊക്കെയായിരുന്നു ഇതിന് കാരണം. 2010 ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ കൈയൊഴിഞ്ഞതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചതും വിലവര്‍ധനയ്ക്ക് കാരണമായി. തൊഴില്‍ വളര്‍ച്ചനിരക്ക് കുറഞ്ഞതും പ്രശ്നമായി. 2000-2005 ല്‍ 2.70 ശതമാനമായിരുന്ന തൊഴില്‍ വളര്‍ച്ചനിരക്ക് 2005-2010 ല്‍ 0.80 ശതമാനമായി കുറഞ്ഞു. ജിഡിപിയിലെ കുറവ് തൊഴില്‍ വളര്‍ച്ചനിരക്ക് വീണ്ടും ഇടിയാന്‍ ഇടയാക്കും. ഈ പ്രവണതകളൊക്കെ സൂചിപ്പിക്കുന്നത് സമ്പദ്ഘടന കൂടുതല്‍ തകര്‍ച്ചയിലേക്ക് ഇനിയും നീങ്ങുമെന്നുതന്നെയാണ്. അത്തരമൊരു ദുരന്തം സംഭവിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളിലും നടപടികളിലും മൗലികമായ പൊളിച്ചെഴുത്താണ് വേണ്ടത്. അതിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാന്‍ ജനകീയപോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി.

*
Deshabhimani Editorial 09 February 2012

വികസനത്തിന് ബദല്‍ രാഷ്ട്രീയ സംവിധാനം ഉണ്ടാവണം

ഭാരതത്തിന്റെ വികസനതന്ത്രമെന്താണ്? പുത്തന്‍ സാമ്പത്തികനയത്തിന്റെ വക്താക്കള്‍ ഇന്നും ഊന്നല്‍ നല്‍കുന്നത് ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും കമ്പോളവല്‍ക്കരണത്തിനുമാണ്. വികസനത്തില്‍ ആഗോളവല്‍ക്കരണംകൊണ്ട് ഉദ്ദേശിക്കുന്നത് മൂലധനം വിദേശത്തുനിന്നും പ്രവഹിക്കുമെന്നും ആഗോളവ്യാപാരത്തില്‍നിന്നും വ്യാവസായിക വികസനം ത്വരിതഗതിയില്‍ പുരോഗമിക്കുമെന്നുമാണ്. ലോകത്തൊട്ടാകെ വിദേശവ്യാപാരത്തിലൂടെയുള്ള വളര്‍ച്ച പ്രതീക്ഷയ്ക്ക് വകനല്‍കുന്നില്ലെന്ന് മാത്രമല്ല, പ്രത്യാശയ്ക്ക് വകനല്‍കാന്‍ ഉതകുന്നതുമല്ല. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക് പ്രോസ്‌പെറ്റസ് - 2012 ല്‍ വികസ്വരരാഷ്ട്രങ്ങളോട് ഉപദേശിച്ചിരിക്കുന്നത്, അവരുടെ കുഴപ്പങ്ങളെക്കുറിച്ച് പരിശോധിക്കുമ്പോള്‍, ആഗോളസാമ്പത്തിക തളര്‍ച്ചയും യൂറോപ്പിന്റെ കടബാധ്യതയും ഗൗരവമായി പരിഗണിക്കണമെന്നാണ്. വിദേശവ്യാപാരത്തെ ആശ്രയിച്ചുള്ള വികസനപ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുന്നു. ഏഷ്യന്‍ വികസനബാങ്കിന്റെ 2012 ലെ ലോകവീക്ഷണത്തിലും യൂറോപ്യന്‍ കടബാധ്യതയുടെ പ്രത്യാഘാതം ചൈന ഉള്‍പ്പെടെയുള്ള ആസിയന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിദേശ കയറ്റുമതി കുറവുള്ള രാജ്യങ്ങളെ കൂടുതലായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

വിദേശവ്യാപാരരംഗത്ത് ഇന്ത്യയ്ക്ക് വളരെ ചെറിയൊരു സ്ഥാനമേ ഉള്ളൂ. 2010-11 ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ ഓഹരി 1.3 ശതമാനമായിരുന്നു. അതേസമയം 2009 ല്‍ ചൈനയുടേത് 9.7 ശതമാനമായിരുന്നു. 2009 ല്‍ ഇതാണ് സ്ഥിതിയെങ്കില്‍ ആഗോളസാമ്പത്തിക കുഴപ്പം രൂക്ഷമായിരിക്കുന്ന 2012 ല്‍ വിദേശവ്യാപാരം വര്‍ധിക്കില്ലെന്ന് മാത്രമല്ല, ചുരുങ്ങാനാണ് സാധ്യത. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചൈന ആഗോളവ്യാപാരതന്ത്രം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയം ഇന്ത്യയുടെ പത്താം പദ്ധതിയുടെ സമീപനരേഖ പരിശോധിച്ചിരുന്നു. പത്താം പദ്ധതിയുടെ സമീപനരേഖ പേജ് അഞ്ചില്‍ പറഞ്ഞിരിക്കുന്നത്, നമ്മുടെ സമ്പദ്ഘടനയുടെ വലിപ്പവും വിദേശവ്യാപാരത്തിന്റെ അളവും പരിശോധിച്ചാല്‍ വലിയതോതിലുള്ള വളര്‍ച്ചയ്ക്കുള്ള ആവശ്യകത ആഭ്യന്തര സമ്പദ്ഘടനയില്‍ തന്നെ ഉണ്ടാവണം. അതായത് വിദേശ കമ്പോളത്തെ ആശ്രയിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന തന്ത്രം മാറ്റിവച്ച് ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള കഴിവ് വര്‍ധിപ്പിക്കണം. പത്താം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയിലെ ഈ സൂചനകള്‍ പന്ത്രണ്ടാം പദ്ധതിയുടെ കരട് രേഖ പാടെ വിസ്മരിച്ചിരിക്കുന്നു.

ആഭ്യന്തര കമ്പോളം വികസിപ്പിക്കണമെങ്കില്‍ അതിന് ബോധപൂര്‍വമായ പരിശ്രമവും നയപരിപാടികളും ആവശ്യമാണ്. ഇന്ന് രാജ്യത്തെ ജനസംഖ്യയില്‍ പത്ത്-ഇരുപത് ശതമാനം പേര്‍ക്ക് എന്തും വാങ്ങാനുള്ള കഴിവുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ വലിയൊരു കമ്പോളമാണ്. രാജ്യത്തെ പത്ത് കോടിക്കും ഇരുപത് കോടിക്കും മധ്യേ വരുന്ന ജനങ്ങളാണ് ആ കമ്പോളം. ഇവരില്‍ ഭൂരിഭാഗവും ആകൃഷ്ടരാവുന്നത് ആഭ്യന്തര ഉല്‍പ്പന്നങ്ങളിലല്ല. ഇവരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് വിദേശനിര്‍മിത ആഡംബരവസ്തുക്കളാണ്.

ആഭ്യന്തര കമ്പോളം വികസിപ്പിക്കുകയെന്ന് പറഞ്ഞാല്‍ രാജ്യത്തെ 120 കോടി ജനങ്ങള്‍ക്ക് വാങ്ങാനുള്ള കഴിവുണ്ടാവുകയെന്നാണ്. ഉദാഹരണത്തിന് രാജ്യത്തെ ഒരു വര്‍ഷം രണ്ട് വസ്ത്രങ്ങള്‍ വീതം വാങ്ങാന്‍ തീരുമാനിച്ചാല്‍ അതിന് അവര്‍ക്ക് കഴിവുണ്ടായാല്‍ ഇന്നുള്ളതിന്റെ എത്രയോ മടങ്ങ് ടെക്‌സ്റ്റൈല്‍ മില്ലുകള്‍ വേണ്ടിവരും. ഇതുവഴി എത്രയോ പേര്‍ക്ക് പുതുതായി ജോലി ലഭിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. രാജ്യത്തെ എല്ലാവരും നേരാവണ്ണം ഭക്ഷണം കഴിച്ചാല്‍ ഭക്ഷ്യോല്‍പ്പാദനം ഇന്നുള്ളതിന്റെ ഇരട്ടിയിലധികം വേണം. രാജ്യത്ത് ഇപ്പോഴത്തെ ഭക്ഷ്യോല്‍പ്പാദനം ശരാശരി 200 ദശലക്ഷത്തിലും അല്‍പ്പം കൂടുതലാണ്. അതേസമയം ചൈനയുടെ ഭക്ഷ്യോല്‍പ്പാദനം ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടിയിലധികമാണ്. എന്നിട്ടും അവരുടെ ഉപഭോഗത്തിന് തികയുന്നില്ല. അപ്പോള്‍ നമ്മുടെ ഭക്ഷ്യോല്‍പ്പാദനം ഇരട്ടിയിലധികം ആകുകയാണ് വേണ്ടത്. അത് വാങ്ങാനുള്ള കഴിവ് സാധാരണക്കാര്‍ക്ക് ഉണ്ടാവുകയെന്നതാണ്. ഇതേ പംക്തിയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ രാജ്യത്ത് ആളോഹരി ഭക്ഷ്യലഭ്യത വര്‍ഷംതോറും കുറഞ്ഞുവരുന്നു. 2010-11 സാമ്പത്തികസര്‍വേ അനുസരിച്ച് (എ22), 1991 ല്‍ പ്രതീശീര്‍ഷ ഭക്ഷ്യലഭ്യത 468.5 ഗ്രാം ആയിരുന്നത്, 2009 ല്‍ 394.28 ഗ്രാം ആയി. ഹങ്കര്‍ ആന്‍ഡ് മാല്‍ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത് ദേശീയ അപമാനമെന്നാണ്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത്, അഞ്ച് വയസിനുതാഴെ പ്രായമുള്ള 42 ശതമാനം കുട്ടികള്‍ക്കും ഭക്ഷണമില്ലാതെ വളര്‍ച്ച മുരടിച്ചിരിക്കുന്നുവെന്നാണ്. രാജ്യത്തെ പകുതിയിലേറെപ്പേര്‍ക്കും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണം നല്‍കാന്‍ കഴിയാതിരിക്കുമ്പോള്‍ ആഭ്യന്തര കമ്പോളം എങ്ങനെ വികസിപ്പിക്കും?

2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ 823 ദശലക്ഷം ജനങ്ങള്‍ ഗ്രാമങ്ങളിലാണ്. പ്രധാനമായും കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നവരാണിവര്‍. പുത്തന്‍ സാമ്പത്തികനയം ഈ മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. 1995 മുതല്‍ 2010 വരെ കടഭാരംകൊണ്ട് 2,56,910 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. ഈ പ്രശ്‌നം 12-ാം പദ്ധതിയുടെ കരട് രേഖയില്‍ പരാമര്‍ശിക്കുന്നതേ ഇല്ല. ആഭ്യന്തര കമ്പോളം വികസിക്കണമെങ്കില്‍ ഗ്രാമീണ ജനങ്ങളുടെ വാങ്ങാനുള്ള കഴിവ് വര്‍ധിക്കണം. ഇതിന് ഒരു നടപടിയും പദ്ധതിരേഖയില്‍ ഇല്ല.

ഇതുതന്നെയാണ് തൊഴില്‍മേഖലയുടെയും സ്ഥിതി. സംഘടിതമേഖലയില്‍ തൊഴിലില്ലായ്മാനിരക്ക് വര്‍ധിക്കുന്നു. 2010-11 സാമ്പത്തികസര്‍വെ അനുസരിച്ച് (എ52) സംഘടിതമേഖലയില്‍ 1991 ല്‍ മൊത്തം 267.38 ലക്ഷം പേര്‍ പണിയെടുത്തിരുന്നു. 2008 ല്‍ 275.10 ലക്ഷം പേരാണ് സംഘടിത തൊഴില്‍മേഖലയില്‍ ഉള്ളത്. 1983 മുതല്‍ 1994 വരെ തൊഴില്‍മേഖലയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 1.2 ശതമാനമായിരുന്നത് 1994 മുതല്‍ 2008 വരെ 0.05 ദശലക്ഷമായി. തൊഴിലാളികളുടെ ക്രയശക്തി പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രഫ സെന്‍ഗുപ്ത അധ്യക്ഷനായ അസംഘടിതമേഖലയെക്കുറിച്ച് പഠിച്ച ദേശീയ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ 77 ശതമാനം ജനങ്ങളുടെ പ്രതിദിനം വരുമാനം 20 രൂപയ്ക്ക് താഴെയാണെന്നതാണ്. ഇവര്‍ക്ക് എന്ത് വാങ്ങാനുള്ള കഴിവാണുള്ളത്.

ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെയും ക്രയശക്തി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍നിന്നും രാജ്യത്തെ രക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസും ബി ജെ പിയും പിന്തുടരുന്ന പുത്തന്‍ സാമ്പത്തികനയത്തിന് ബദലായി ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാനുതകുന്ന ഒരു നയം നടപ്പാക്കണം. പൊതുമേഖലയ്ക്ക് നിര്‍ണായക സ്വാധീനമുള്ളൊരു സമ്പദ്ഘടന കെട്ടിപ്പടുക്കണം.

ഇന്നത്തെ നയം രാജ്യത്ത് നാല് ലക്ഷം കോടീശ്വരന്‍മാരെ സൃഷ്ടിച്ചു. എന്നാല്‍ ഇന്ത്യ വികസിക്കണമെങ്കില്‍ മഹാഭൂരിപക്ഷത്തിന്റെയും വരുമാനം വര്‍ധിക്കാന്‍ ഉതകുന്നതരത്തില്‍ നീതിപൂര്‍വമായൊരു വിതരണക്രമം ഉണ്ടാവണം. ഇത്തരുമൊരു നയം നടപ്പിലാക്കണമെങ്കില്‍ ഇടതുപക്ഷശക്തികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം രാജ്യത്ത് ഉണ്ടാവണം.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 07 ഫെബ്രുവരി 2012

Tuesday, January 24, 2012

മാലിന്യത്തെ രാഷ്ട്രീയ ആയുധമാക്കരുത്

വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്നങ്ങളെ നഗരവും ഗ്രാമവും തമ്മിലുളള സംഘര്‍ഷമായി അവതരിപ്പിക്കപ്പെടുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. തിരുവനന്തപുരം നഗരത്തിലെ 10 ലക്ഷം ജനങ്ങളുത്പാദിപ്പിക്കുന്ന മാലിന്യം വിളപ്പില്‍ ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ മേല്‍ വലിച്ചെറിയാനുളളതല്ല എന്ന രീതിയിലാണ് പ്രശ്നങ്ങളവതരിപ്പിക്കപ്പെടുന്നത്. കേരള സമൂഹത്തിന്റെ വികസനത്തെ പറ്റിയുളള ദീര്‍ഘസ്ഥായിയായ സമീപനങ്ങളെ പറ്റിയോ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട കരുതലുകളെ പറ്റിയോ ഒരു ചര്‍ച്ചയും ഉണ്ടാകുന്നില്ല എന്നതാണു സത്യം. എന്തിന്, ഒരു ശുചിത്വനയം നമുക്കുണ്ടാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചോ അതിലെന്തെല്ലാം അടങ്ങിയിരിക്കണമെന്നതിനെക്കുറിച്ചോ ആരും ചര്‍ച്ച ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍ വിളപ്പില്‍ശാലയിലെ പ്രശ്നത്തെ സമീപിക്കേണ്ടത് കേരളത്തിന്റെ വികസനത്തെ പറ്റിയുളള, അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാകണം.

കേരളം പോലെ നഗരവും ഗ്രാമവും വ്യവഛേദിക്കാന്‍ പ്രയാസമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ വികസനാസൂത്രണത്തിന്റെ ഭാഗമാകണം. അതുണ്ടാകാതിരിക്കുന്നതില്‍ പ്രശ്നങ്ങളെ ഉപരിതലത്തില്‍ മാത്രം സമീപിക്കുകയും വൈകാരിക തലത്തിനപ്പുറത്തേയ്ക്കൊട്ടും പോകാനാഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. വികസനത്തിന് സമവായം ഉണ്ടാകണമെന്നും പൊതുതാത്പര്യങ്ങളുടെ വിശാലതലത്തില്‍ നിന്നുകൊണ്ടു വേണം പ്രവര്‍ത്തിക്കേണ്ടതെന്നും പറയുന്നവര്‍ക്ക് അതിനുളള സാഹചര്യം സൃഷ്ടിക്കാനുളള ബാധ്യതയുണ്ട്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരും അതിന്റെ നായകനായ ഉമ്മന്‍ചാണ്ടിയും വളരെ അപകടകരമായാണ് വിളപ്പില്‍ശാലയിലെ പ്രശ്നത്തെ സമീപിച്ചത്. എന്നു മാത്രമല്ല ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്വമോ, പക്വതയോ ഇല്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് അദ്ദേഹം ചെയ്തത്. വിളപ്പില്‍ശാലയിലെ പ്ലാന്റ് പൂട്ടുകയാണെന്നും ബദല്‍ സംവിധാനം മൂന്നു മാസത്തിനകം ഉണ്ടാക്കുമെന്നും ബോണക്കാട്ടും കോവളത്തും പിന്നീട് നെട്ടുകാല്‍ത്തേരിയിലും പൈറോലിസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി അതില്‍ നിന്നൊക്കെ പിന്നോക്കം പോയിരിക്കുന്നു. പകരം സംവിധാനം ഒന്നും തന്നെ ഏര്‍പ്പെടുത്താതെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റു പൂട്ടുന്നതിന് തീരുമാനിച്ച മുഖ്യമന്ത്രിയുടെ തീരുമാനം പരസ്പര ധാരണയുടേയും സമവായത്തിന്റേയും അടിസ്ഥാനത്തിലുളള പ്രശ്ന പരിഹാര സാധ്യതകള്‍ ഇല്ലാതാക്കി. ഇത് ബോധപൂര്‍വവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതുമാണെന്ന് വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും.

ബഹു.സുപ്രീംകോടതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ അല്‍മിത്ര.എച്ച്.പട്ടേലും മറ്റു ചിലരും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ നല്‍കിയ കേസില്‍ ഒരു ലക്ഷത്തിലധികം ജനങ്ങളുളള നഗരങ്ങളിലെല്ലാം സ്വന്തമായി ഖരമാലിന്യ സംസ്കരണ സംവിധാനം ഉണ്ടാകണം എന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ്, വിളപ്പില്‍ശാലയില്‍ തിരുവനന്തപുരം നഗരസഭ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ് വിളപ്പില്‍ പഞ്ചായത്തിലുളള നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ്. മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് (മാനേജ്മെന്റ് ആന്റ് ഹാന്‍ഡ്ലിങ്) റൂള്‍സ് 2000 അനുസരിച്ച് പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുളളത്. തുടക്കത്തില്‍ 12.5 ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 46 ഏക്കറായി വര്‍ധിപ്പിച്ചു. ജനവാസം കുറഞ്ഞ, സവിശേഷമായ ഭൂഘടനയുളള, വ്യക്ഷങ്ങളും മറ്റു സസ്യങ്ങളും നിറഞ്ഞ ഈ പ്രദേശം ഇത്തരം ഒരു പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് വളരെ അനുയോജ്യമാണെന്ന് കണ്ടെത്തിയത് സുപ്രീം കോടതി നിയോഗിച്ച ടെക്നിക്കല്‍ കമ്മിറ്റിയാണ്.

ഇവിടെ 8247.76 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്ന കംപോസ്റ്റിക് പ്ലാന്റിന്റെ 60 ശതമാനം സ്ഥലം മാലിന്യത്തെ കംപോസ്റ്റാക്കുന്ന പ്രവൃത്തിക്കാണ് വിനിയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരം പ്രതിദിനം 155 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിന് ഈ സ്ഥലം പര്യാപ്തമാണ്. ഇതിനോടൊപ്പം 37 ടണ്‍ മാലിന്യം സംസ്കരിക്കുന്ന സംവിധാനം കൂടി നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 192 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള ശേഷി പ്ലാന്റിനുണ്ട്. ഓരോ ഘട്ടത്തിലും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു കൊണ്ട് പ്ലാന്റു മൂലം ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനും മാലിന്യത്തിന്റെ ഏറ്റവും ശാസ്ത്രീയ സംസ്കരണത്തിനും വേണ്ട നടപടികള്‍ നഗരസഭ നടപ്പാക്കിയിട്ടുണ്ട്; പ്ലാന്റില്‍ കുന്നുകൂടിയിരുന്ന മാലിന്യം ക്യാപ്പ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്. പ്ലാന്റില്‍ എത്തുന്നത് കൂടുതലും ജൈവമാലിന്യമായതിനാലും കേരളത്തിലെ മഴയുടെ അളവു കൂടുതലായതിനാലും മാലിന്യത്തില്‍ നിന്നും ലീച്ചേറ്റിന്റെ അളവു കൂടുതലാണ്. ലീച്ചേറ്റ് മൂലം ജലസ്രോതസുകള്‍ മലിനപ്പെടരുതെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, വേണ്ടത്ര പരിശോധനകളുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. പരമാവധി 45 ദിവസത്തിനകം ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും.
കംപോസ്റ്റിങ്ങിനു ശേഷം ഉണ്ടാകുന്ന റിജക്റ്റ്സ് സംസ്ക്കരിക്കുന്നതിനു വേണ്ടി മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് റൂള്‍സ് 2000 പ്രകാരം സാനിട്ടറി ലാന്റ് ഫില്‍ നിര്‍മ്മാണവും പൂര്‍ത്തീകരണ ഘട്ടത്തിലാണ്. വിളപ്പില്‍ശാല പ്ലാന്റ് നിര്‍മ്മിച്ചത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയാണ്. ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, സാനിട്ടറി ലാന്റ് ഫില്‍ , ക്യാപ്പിംഗ് തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 197 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിനു ശേഷിയുളള പ്ലാന്റില്‍ ഇപ്പോള്‍ 140 ടണ്‍ ജൈവമാലിന്യമാണ് ശരാശരി എത്തുന്നത്. ഇതിന്റെ അളവ് പരാമവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യം പൂര്‍ണ്ണമായും പ്രത്യേകമായി സംസ്കരിക്കുക എന്നതാണ് നഗരസഭയുടെ പ്രവര്‍ത്തന പദ്ധതി. വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണത്തിന്റെ വിവിധ രീതികള്‍ നടപ്പാക്കുന്നതിനുളള നടപടികള്‍ നഗരസഭ ആരംഭിച്ചിട്ടുണ്ട്. 2012 പദ്ധതികാലയളവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും 80 ലക്ഷം രൂപ ഇതിനായി മാറ്റി വച്ചു. വിവിധ പദ്ധതികളില്‍ ഭേദഗതി വരുത്തിക്കൊണ്ട് 5 കോടി രൂപയും ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പൊതുസ്ഥാപനങ്ങളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനുളള എസ്റ്റിമേറ്റിന് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതിനോടൊപ്പം ഒരു ലക്ഷം വീടുകളില്‍ മാലിന്യ സംസ്കരണത്തിനുളള സംവിധാനം ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 2012 ഫെബ്രുവരി മാസത്തിനകം ആശുപത്രികള്‍ , ഫ്ളാറ്റുകള്‍ , അറവുശാലകള്‍ , കോഴിക്കടകള്‍ , കല്യാണമണ്ഡപങ്ങള്‍ , 3 നിലയില്‍ കൂടുതലുളള വീടുകള്‍ , 20 സീറ്റിലധികമുളള ഹോട്ടലുകള്‍ , 50 ലധികം ജീവനക്കാരുളള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ ഉപയോഗം നിരുത്സാഹ പ്പെടുത്തുന്നതിനായി പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ മിനിമം റീട്ടെയില്‍ വില 8 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ എടുക്കുന്നുമുണ്ട്. ഇതാണു പശ്ചാത്തലം.

വിളപ്പില്‍ശാലയിലെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനുളള ക്രിയാത്മകമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുക എന്നതിനാണ് നഗരസഭ ശ്രമിക്കുന്നത്. വിളപ്പില്‍ശാലയിലേക്ക് കൊണ്ടു പോകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പാക്കുന്നതിനായി, പ്രത്യേകിച്ച് പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി രണ്ടു പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് നഗരസഭ തീരുമാനിച്ചു. ഇതില്‍ ആദ്യത്തേത് മണക്കാട് നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ തന്നെ സ്ഥാപിക്കുന്നതിന് നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അംഗമായ മണക്കാട് വാര്‍ഡിന്റെ കൗണ്‍സിലര്‍ എന്താണു വസ്തുതയെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതിനെ അന്ധമായി എതിര്‍ക്കുകയും ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ വളര്‍ത്തുകയുമാണ് ചെയ്തത്. പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കേണ്ടി വന്നു. പിന്നീട് പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്ത് ഇതു സ്ഥാപിക്കുന്നതിന് സ്ഥലം പരിശോധന നടത്തിയപ്പോള്‍ തന്നെ എതിര്‍പ്പുമായി യു.ഡി.എഫിന്റെ കൗണ്‍സിലര്‍ തന്നെ രംഗത്തു വന്നു. ഇവര്‍ പറയുന്നത് ഈ പ്രദേശമെല്ലാം വിളപ്പില്‍ശാലയാകുമെന്നാണ്. ഒരു തയ്യല്‍ മെഷീന്റെ അത്രമാത്രം വലിപ്പമുളള, പ്ലാസ്റ്റിക് മുറിച്ച് ചെറുതാക്കുന്ന ഒരു ചെറിയ യന്ത്രം നഗരസഭയുടെ ഓഫീസിനകത്തു പോലും പ്രവര്‍ത്തിപ്പിക്കാനനുവദിക്കാത്ത നിലപാട് വിളപ്പില്‍ശാലയിലേക്ക് പ്ലാസ്റ്റിക് കൊണ്ടു പോകാതിരിക്കുന്നതിനും വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമേറ്റ വലിയ തിരിച്ചടിയായി. വീടുകളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ കൊണ്ട് ചെറിയ പ്ലാന്റുകള്‍ സ്ഥാപിച്ചു വരുന്ന ഘട്ടത്തില്‍ യൂണിറ്റിന്റെ റേറ്റ് വര്‍ധിപ്പിച്ച നടപടി പ്രവര്‍ത്തനത്തെ തടസപ്പെടുത്തി. ഒരു ഗുണഭോക്താവ് 250 രൂപ മുടക്കിയാല്‍ വളരെ വേഗം സ്ഥാപിക്കാന്‍ കഴിയുന്ന റിംഗ് കംപോസ്റ്റ് സമ്പ്രദായം ഒരു ലക്ഷം വീടുകളില്‍ അടിയന്തിരമായി നടത്താന്‍ നഗരസഭ പ്രവര്‍ത്തന പരിപാടിയുമായി മുന്നോട്ട് പോയപ്പോള്‍ അതിനെ തടസപ്പെടുത്തുന്ന നടപടിയാണ് ശുചിത്വ മിഷന്റെ ഭാഗത്തുനിന്നു പോലും ഉണ്ടായിട്ടുളളത്. മാംസ മാലിന്യ സംസ്കരണത്തിനു വേണ്ടി നഗരസഭ തയ്യാറാക്കിയ പദ്ധതിയോടും ഇതേ സമീപനമാണ് അവര്‍ പിന്തുടര്‍ന്നത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ ദിനംപ്രതി നഗരത്തില്‍ ഉണ്ടാകുന്ന 200 ടണ്ണിലധികം വരുന്ന മാലിന്യം ഒഴിഞ്ഞ പ്രദേശങ്ങളില്‍ കുഴിച്ചു മൂടാനാണ് നഗരസഭയോട് സര്‍ക്കാരും ശുചിത്വമിഷനും ആവശ്യപ്പെടുന്നത്.

പാരിസ്ഥിതിക പ്രത്യാഘാതങ്ങളോട് ഉണ്ടാകുന്ന ജനങ്ങളുടെ എതിര്‍പ്പു ക്ഷണിച്ചു വരുത്തുന്ന ഈ നടപടിക്കു നഗരസഭയുടെ സമയവും അധ്വാനവും പൂര്‍ണ്ണമായി ചെലവഴിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. മാലിന്യം നഗരത്തില്‍ കുന്നുകൂടി രോഗങ്ങളും മറ്റു പ്രശ്നങ്ങളും ഉണ്ടായി ജനജീവിതത്തിന് ഭീഷണിയാകരുതെന്നതു കൊണ്ടാണ് നഗരസഭ ഇതിനു മുതിരുന്നത്. പക്ഷേ സാമ്പത്തിക വര്‍ഷാവസാനത്തില്‍ 200 കോടി രൂപയുടെ പദ്ധതിപ്പണം ചെലവഴിക്കാന്‍ കഴിയാത്ത തരത്തില്‍ നഗരസഭ ഈ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകേണ്ടുന്ന സാഹചര്യം നഗരസഭയുടെ വികസനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ നഗരസഭ ചുമതലയേറ്റിട്ട് ഒരു വര്‍ഷമാകുന്നു. ആദ്യത്തെ 6 മാസം ഇടതു സര്‍ക്കാരായിരുന്നു. അന്നും ജനകീയ സമിതി സമരം നടത്തിയിരുന്നു; വിളപ്പില്‍ പഞ്ചായത്ത് പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പൂട്ടുക എന്ന സമീപനമല്ല സര്‍ക്കാര്‍ എടുത്തത്. അതിനു പകരം പ്ലാന്റിലെ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം കാണാമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയത്; ഒപ്പം ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക് പൂര്‍ണ പരിഹാരം ഉണ്ടാക്കാമെന്നതാണ്.എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ ശ്രീ.ഉമ്മന്‍ചാണ്ടിയും എന്‍ .ശക്തനും തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഫാക്ടറി പൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയുണ്ടാക്കുന്ന ഈ പ്രഖ്യാപനം അല്പരാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രിയായപ്പോള്‍ കണ്ണുമടച്ച് നടത്തി കൊടുക്കുകയാണ്.

2011 ഒക്ടോബര്‍ 14 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ജനകീയ സമര സമിതി, വിളപ്പില്‍ പഞ്ചായത്ത് ഭരണ സമിതി, നഗരസഭ എന്നിവയുടെ യോഗത്തില്‍ തീരുമാനിച്ചത് 6 മാസത്തിനുള്ളില്‍ വിളപ്പില്‍ശാലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് പ്ലാന്റു പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ മുന്നോട്ടു പോയതും പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിച്ചതും. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തുന്നതിന് അനുവദിക്കാതിരിക്കുകയും വിളപ്പില്‍ശാലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണവും സാനിട്ടറി ലാന്റ് ഫില്‍ നിര്‍മ്മാണവും പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തുന്നതിനു മുമ്പുതന്നെ ഫാക്ടറി പൂട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുളള തീരുമാനമാണ്. അതുകൊണ്ടാണ് ജനുവരി 12 ന് കൗണ്‍സില്‍ യോഗം കൂടുന്നതിന് കൗണ്‍സില്‍ ലോഞ്ചിലേക്ക് എത്തിയ നഗരസഭയുടെ മേയറെ യു.ഡി.എഫ് കൗണ്‍സിലറന്മാര്‍ തടഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. അതീവ സങ്കീര്‍ണ്ണമായ ഒരു സാഹചര്യം സൃഷ്ടിച്ചു കൊണ്ട്, മാലിന്യ സംസ്കരണം സാധ്യമാക്കുന്ന ശാസ്ത്രീയവും ഫലപ്രദവുമായ സംവിധാനത്തെ അട്ടിമറിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. വിളപ്പില്‍ശാലയിലെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ കേരളത്തില്‍ ഒരിടത്തും മാലിന്യസംസ്കരണ പ്ലാന്റു സ്ഥാപിച്ചു നടത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് അടിയന്തിരമായി ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുളള ക്രിയാത്മക ഇടപെടലിന് കേരള സര്‍ക്കാര്‍ തയ്യാറാകണം.

*
അഡ്വ. കെ. ചന്ദ്രിക, മേയര്‍ , തിരുവനന്തപുരം നഗരസഭ ചിന്ത വാരിക