Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Saturday, May 31, 2014

അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം

ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഘട്ടം. ഉന്നതവിദ്യാഭ്യാസം ഏതു ദിശയിലേക്കായിരിക്കണമെന്ന് തീരുമാനിക്കുന്നതും ഹയര്‍സെക്കന്‍ഡറി ഘട്ടത്തിലാണ്. പത്താംക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിച്ചുവരുന്ന വിദ്യാര്‍ഥി സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഐച്ഛിക വിഷയഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് ഭാവിവിദ്യാഭ്യാസത്തിന്റെ ഗതി മാറ്റുന്നത് ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശിക്കുന്നതോടുകൂടിയാണ്.

ഇത്രയും പ്രാധാന്യമേറിയതാണ് ഹയര്‍ സെക്കന്‍ഡറി ഘട്ടമെന്നതുകൊണ്ടാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഏകജാലക പ്രവേശനം നടത്താന്‍ തീരുമാനിച്ചത്. 2007-08 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഏകജാലക പ്രവേശനപ്രക്രിയ അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയായിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കേരളസമൂഹവും പൊതുവേ സ്വാഗതംചെയ്ത ഒരു പരിഷ്കാരമായിരുന്നു അത്. പഠിതാവിന് അര്‍ഹതപ്പെട്ട വിഷയം പഠിക്കാനും അര്‍ഹതപ്പെട്ട സ്കൂളില്‍ പ്രവേശനം നേടാനും ഇതുവഴി സാധിച്ചു. സീറ്റുകച്ചവടം മാനേജ്മെന്റ് സീറ്റുകളില്‍ മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് സ്കൂളിലും സംവരണതത്വം പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പ്രവേശനം ലഭിക്കാന്‍ ഇത് വഴിയൊരുക്കി. ജില്ലയിലെ ഏതെങ്കിലുമൊരു സ്കൂളില്‍ അപേക്ഷ നല്‍കിയാല്‍ വിവിധ സ്കൂളുകളിലായി അറുപതോളം ബാച്ചിലേക്ക് അപേക്ഷിക്കാന്‍ ഒരു കുട്ടിക്ക് സൗകര്യം ലഭിച്ചു. പ്രവേശന പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ പ്രമാണങ്ങള്‍ ഹാജരാക്കി സ്കൂളില്‍ ചേരാം. അത്തരത്തില്‍ നാല് അലോട്ട്മെന്റുവരെ നടത്തിയിട്ടും പ്രവേശനം ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ മുമ്പ് അപേക്ഷിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ടായിരുന്നു. ചുരുക്കത്തില്‍ സീറ്റുകച്ചവടത്തിലൂടെ പണം സമ്പാദിക്കാനുള്ള ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെയും അണ്‍ എയ്ഡഡ് സ്കൂള്‍ അധികൃതരുടെയും ആഗ്രഹത്തിന് വിഘാതമായിരുന്നു ഏകജാലക പ്രവേശന നടപടി.

എന്നാല്‍, 2011ല്‍ ഭരണമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പ്രവേശനം അട്ടിമറിക്കാന്‍ ശ്രമംതുടങ്ങി. നാല് അലോട്ട്മെന്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുക്കി. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകളുമായി ഇരച്ചുകയറിയവരുടെ തിക്കും തിരക്കും ധനസമ്പാദനത്തിനുള്ള അവസരമാക്കി ചിലര്‍ മാറ്റി. അതിന്റെ വിഹിതം പറ്റുന്നവര്‍ തലപ്പത്തുമുണ്ടായി. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുണ്ട് എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയകാലംമുതല്‍ ഉള്ളതാണ്. എന്നാല്‍, മാനേജര്‍മാര്‍ പിരിച്ചെടുക്കുന്ന ആ കോഴപ്പണത്തിന്റെ വിഹിതം ഉന്നതര്‍ ചോദിച്ചുവാങ്ങുന്നത് അടുത്തകാലംമുതലാണ്. കൊടുക്കുന്നവരും വാങ്ങുന്നവരും പുറത്തുപറയാത്തതുകൊണ്ട് കേസില്ല. സര്‍ക്കാര്‍ സ്കൂളധ്യാപകരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. അത് അവസാനിപ്പിച്ചത് ഇടതുമുന്നണി ഭരണകാലത്താണ്. അത് വീണ്ടും നടപ്പാക്കുന്നു എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം.

പുതിയ സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വീതംവയ്ക്കലിലുള്ള തര്‍ക്കമാണ്. അധികബാച്ചുകള്‍ അനുവദിക്കുന്നതിന്റെയും മാനദണ്ഡം വിദ്യാര്‍ഥികളുടെ ആവശ്യത്തിനുസരിച്ചല്ല, മറിച്ച് മാനേജര്‍മാരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏപ്രില്‍ പതിനാറിനാണ് ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഒരുമാസം കഴിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി തുടങ്ങിയില്ല. പത്താംതരം പാസാകുന്നവരുടെ എണ്ണവും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐഎച്ച്ആര്‍ഡി സ്കൂളുകള്‍, ടിടിഐ, പോളിടെക്നിക്കുകള്‍ എന്നീ സ്ഥാപനങ്ങളിലുള്ള സീറ്റുകളുടെ എണ്ണവും തുല്യമാണ്. ഇത് സംസ്ഥാനമൊട്ടാകെ എടുത്താലുള്ള സ്ഥിതിയാണ്. എന്നാല്‍, ജില്ലാടിസ്ഥാത്തിലെത്തുമ്പോള്‍ ചിത്രം മാറും.

വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവും പ്രവേശിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലുമാണ്. ഈ പ്രശ്നം മറ്റൊരു തരത്തില്‍ സയന്‍സ് സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആകെയുള്ള സീറ്റുകളില്‍ പകുതിയിലേറെയും സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ജില്ലകള്‍ തമ്മിലും ഓരോ ജില്ലയിലെയും നഗര-ഗ്രാമ മേഖലകള്‍ തമ്മിലും സീറ്റുകളുടെ ലഭ്യതയില്‍ അന്തരമുണ്ട്. ഈ പ്രശ്നത്തെ കച്ചവടമാക്കി മാറ്റി പണമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. അതിനുള്ള ന്യായംമാത്രമാണ് "സെര്‍വര്‍" എന്ന ഉപകരണം തകരാറായി എന്നു പറയുന്ന മുടന്തന്‍ മറുപടി. ഏതാനും ലക്ഷങ്ങള്‍ മുടക്കി സെര്‍വര്‍ വാങ്ങാന്‍ ഒരു കൊല്ലത്തോളം സമയമുണ്ടായിരുന്നല്ലോ. 2013 ജൂണില്‍ത്തന്നെ സര്‍വറിന് അപര്യാപ്തത ഉണ്ടെങ്കില്‍ അതു മനസ്സിലാക്കാം. കഴിഞ്ഞ ഏപ്രില്‍ 16നുശേഷം വിചാരിച്ചാലും സര്‍വര്‍ വാങ്ങാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെന്തുകൊണ്ട് ഏകജാലക പ്രവേശനത്തെ അട്ടിമറിച്ചു? കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അണ്‍എയ്ഡഡ് സ്കൂളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലെയും പ്രവേശനം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. സീറ്റു വില്‍പ്പനയിലൂടെ അവര്‍ക്ക് നേടാനുള്ളത് സമ്പാദിച്ചുകഴിഞ്ഞു. പ്രവേശനം ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടുനിന്നവരുടെ ആശങ്കയെ പണമാക്കി മാറ്റാനുള്ള അവസരമാണ് ഏകജാലക പ്രക്രിയ ഒരുമാസത്തിലേറെ താമസിപ്പിച്ചതിലൂടെ കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. പ്രവേശനം പൂര്‍ത്തിയാക്കിയ അണ്‍ എയ്ഡഡ് സ്കൂളില്‍ ജൂണില്‍ത്തന്നെ ക്ലാസ് തുടങ്ങാനാകും. മെഡിസിന്‍, എന്‍ജിനിയറിങ് പരീക്ഷ 2016ല്‍ എഴുതാനുദ്ദേശിക്കുന്നവര്‍ക്കുള്ള ട്യൂഷനും കോച്ചിങ്ങും ഇതിന്റെയടിസ്ഥാനത്തില്‍ തുടങ്ങാനാകും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജൂലൈയിലേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. അത്തരം സ്കൂളുകളില്‍ പ്രവേശനം നേടിയതിനുശേഷം ട്യൂഷന്‍ സെന്ററുകളില്‍ ചെല്ലുന്നവര്‍ക്ക് സീറ്റുണ്ടാകില്ല. അതിനാല്‍, അത്തരം ആശങ്ക വച്ചുപുലര്‍ത്തുന്നവരും അണ്‍ എയ്ഡഡ് സ്കൂളിലോ എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിലോ സീറ്റുകള്‍ വിലയ്ക്കു വാങ്ങും. ഈ കച്ചവടത്തിന് സഹായംചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ചെയ്യുന്നത്.

വളരെ ക്ലേശം സഹിച്ചാണ് എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 16നുതന്നെ പ്രസിദ്ധീകരിക്കാന്‍ പരീക്ഷാഭവന് കഴിഞ്ഞത്. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, അതിന്റെ ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. രണ്ടുമാസം കഴിഞ്ഞാലും ഒരു കുട്ടിക്കുപോലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം നേടാന്‍ കഴിയില്ല. ഉപരിവിദ്യാഭ്യാസത്തിന് സമയബന്ധിതമായി പ്രവേശനം നല്‍കാനല്ലെങ്കില്‍ പിന്നെന്തിനാണ് എസ്എസ്എല്‍സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ വിലയേറിയ സമയം മൂന്നുമാസത്തോളം നഷ്ടപ്പെടുത്തി. അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാരെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചു. അതിലേക്കായി സര്‍ക്കാര്‍സംവിധാനത്തെ പരാജയപ്പെടുത്തി. വിദ്യാഭ്യാസവകുപ്പിനും ഹയര്‍സെക്കന്‍ഡറിവകുപ്പിനും ഏകജാലക പ്രവേശന പ്രക്രിയക്ക് സാങ്കേതികമായി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസി (നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍)ക്കും നാണക്കേടുണ്ടാക്കി. കച്ചവടക്കാരെ വിദ്യാഭ്യാസവകുപ്പ് ഏല്‍പ്പിച്ചാല്‍ അതും വില്‍പ്പനച്ചരക്കാകും.

ഏകജാലക പ്രവേശന പ്രക്രിയ അട്ടിറിച്ചതിലൂടെ വിദ്യാര്‍ഥികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അവകാശം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏകജാലക പ്രവേശനം നടപ്പാക്കിയത്. അവകാശസംരക്ഷണമല്ല കച്ചവടതാല്‍പ്പര്യമാണ് മുഖ്യം എന്നതാണ് ഭരണത്തിലിരിക്കുന്നവരുടെ നയം. അത് അംഗീകരിക്കാന്‍ കേരളസമൂഹം തയ്യാറല്ലായെന്ന് കാട്ടിക്കൊടുക്കാന്‍ സമയമായി

*
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍

Thursday, May 29, 2014

മലാപ്പറമ്പ്: ജനകീയപ്രക്ഷോഭത്തിന്റെ വിജയം

ഒരു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്ന മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാന്‍ 2013 നവംബര്‍ 1ന് കേരള സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണ്. വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനം പിന്‍വലിച്ചു എന്നതുമാത്രമല്ല പൊതു സ്കൂളും അതിന്റെ ക്യാമ്പസും വിറ്റു കാശാക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവര്‍ക്കുള്ള ഒരു താക്കീതു കൂടിയാണ് ഈ തീരുമാനം. കോടിക്കണക്കിന് രൂപ ലാഭത്തിനുവേണ്ടി മലാപ്പറമ്പ് എയുപി സ്കൂള്‍ രാത്രിയുടെ മറവില്‍ തകര്‍ത്തത് കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു. അതിനുശേഷം മലാപ്പറമ്പ്, കോഴിക്കോട് ഭാഗങ്ങളില്‍ രൂപപ്പെട്ട വന്‍ ജനകീയപ്രക്ഷോഭം സ്കൂളിനുവേണ്ടി രംഗത്തെത്തി. ഈ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രവിജയമായി മന്ത്രിസഭയുടെ തീരുമാനത്തെ കണക്കാക്കാം.

139 വര്‍ഷം പഴക്കമുള്ള ഒരു സ്കൂളാണ് മലാപ്പറമ്പ് എയുപി സ്കൂള്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സ്ഥാപനമാണിത്. സ്കൂളിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നതായിരുന്നു വാഗ്ദാനത്തില്‍ 16 വര്‍ഷം മുന്‍പാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുന്നത്. ഇതോടെയാണ് ഈ സ്കൂളിന്റെ തകര്‍ച്ച തുടങ്ങുന്നതും. പുതിയ മാനേജര്‍ അയാളുടെ ഭാര്യയടക്കം നാലഞ്ചുപേരെ അധ്യാപകരാക്കി. അവരുടെ ശമ്പളം "പ്രൊട്ടക്ഷന്‍" മുഖേന സര്‍ക്കാരില്‍നിന്ന് ഉറപ്പായപ്പോള്‍, അടുത്തശ്രമം സ്കൂളിനെ തകര്‍ക്കലായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിനെ ശ്രദ്ധിക്കാതിരിക്കല്‍, കുട്ടികളെയും രക്ഷിതാക്കളെയും നിരുത്സാഹപ്പെടുത്തല്‍ എന്നിവയൊക്കെ പതിവായി.

പുതിയ മാനേജര്‍ കൈവശപ്പെടുത്തുമ്പോള്‍ സ്കൂളില്‍ 300ലധികം കുട്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോഴിത് 56 ആയി ചുരുങ്ങി. സ്കൂള്‍ എന്ന "ഭാരം" ഇല്ലാതാക്കി സ്ഥലം വിറ്റ് കാശാക്കാനുള്ള ശ്രമമാണ് മാനേജര്‍ പിന്നീട് നടത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് അനുവദിച്ചില്ല. സര്‍ക്കാര്‍ മാറിയതോടെ, സ്കൂള്‍ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് ശക്തികൂടി. പല സ്വന്തക്കാരെയും ഉന്നതഉദ്യോഗസ്ഥതലങ്ങളില്‍ അവരോധിക്കാനും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയുമെന്നായി. എന്നാല്‍, ജനപ്രതിനിധികളും, നാട്ടുകാരും, അധ്യാപകരും സ്കൂളിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി മുന്നിട്ടിറങ്ങി. സ്കൂളില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ഇക്കാര്യങ്ങള്‍ ജനശ്രദ്ധയില്‍ വന്നപ്പോള്‍ സ്കൂള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിന്റെ ഫലമായി കുട്ടികള്‍ വര്‍ധിച്ചുപോകുമോ എന്ന് മാനേജര്‍ക്ക് ഭയം തുടങ്ങി. നാഷണല്‍ ഹൈവേയില്‍ നല്ല വില കിട്ടുന്ന ഭൂമിയായതിനാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു മാനേജരുടെ ലക്ഷ്യം. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന 2014 ജൂണ്‍ ഒന്നിന് മുന്‍പ് സ്കൂള്‍ കെട്ടിടം അവിടെ ഉണ്ടായിരിക്കരുതെന്നായിരുന്നു മാനേജരുടെ താല്‍പ്പര്യം. അതിനായി, ഏപ്രില്‍ 10ന് രാത്രി രണ്ടിന് സ്കൂള്‍ തകര്‍ത്തു. സ്കൂള്‍ തകര്‍ത്തതിനെതിരെ കുട്ടികളും രക്ഷിതാക്കളും ഒപ്പം ഒരു നാട് തന്നെയും രംഗത്ത് വന്നു. തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നു. റോഡ് ഉപരോധം, പിക്കറ്റിങ്, സര്‍വകക്ഷിയോഗം പ്രതിഷേധം ശക്തമായി. അതില്‍പിന്നെ, മാനേജര്‍ ഒളിവിലാണ്. ഒളിവില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന, മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയുന്നുമില്ല. മറുഭാഗത്ത്, നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്.

2014 ജൂണ്‍ ഒന്നിന് "അധ്യയനവര്‍ഷം" തുടങ്ങുന്ന ദിവസംതന്നെ സ്കൂള്‍ ശക്തിയോടെയും സൗകര്യങ്ങളോടെയും നിലവില്‍ ഉണ്ടാകണം എന്ന സര്‍വകക്ഷിതീരുമാനം നടപ്പാക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. സ്കൂള്‍ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും തീരുമാനിച്ചു. നിര്‍മാണം ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം. 20 ലക്ഷം രൂപയാണ് ചെലവ്. ജനങ്ങളുടെ ആവശ്യം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതാണ്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെങ്കില്‍, അതിന്റേതായ നടപടികള്‍ ആരംഭിക്കണം. എന്നാല്‍, മാനേജരെ എല്ലാരീതിയിലും സഹായിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.

2013 നവംബര്‍ ഒന്നിന് സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയത് സംസ്ഥാനസര്‍ക്കാരാണ്. അതും ഉന്നതങ്ങളില്‍നിന്ന് നേരിട്ടുള്ള ഉത്തരവായിരുന്നു. മാനേജരുടെ സ്വന്തക്കാരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ ഒത്താശചെയ്തതും സര്‍ക്കാര്‍തന്നെ. ഇത്രയും സാംസ്കാരിക വിരുദ്ധമായ ഒരു സംഭവം കേരളത്തില്‍ നടന്നിട്ടും, വിദ്യാഭ്യാസമന്ത്രി സ്കൂള്‍ സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. മാത്രമല്ല ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്കൂള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കാനും അദ്ദേഹം മറന്നില്ല. ഇതെല്ലാം കൂട്ടിവായിച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കുന്നതിന്നായി നടത്തിയ ഒരു കടന്നാക്രമണമായി മലാപ്പറമ്പ് സ്കൂളിന്റെ തകര്‍ച്ചയെ കാണാം. സ്കൂള്‍ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ പല തലത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമാണ്. എന്നാല്‍,വിദ്യാഭ്യാസമന്ത്രിയുടെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന പ്രസ്താവന ജനങ്ങളില്‍ സ്കൂളിന്റെ ഭാവിയെപ്പറ്റി ആശങ്കയിലാണ്്.

വീടിനടുത്തുള്ള സ്കൂളില്‍ പുതുതായി പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ഒരു ശുഭാപ്തി വിശ്വാസം നല്‍കുന്നതിന് പകരം അവരെ നിരാശപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിയുടെ വാക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിനും, അത് പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് തന്നെയും നിരക്കാത്തതാണ്. എന്തായാലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാനുള്ള അശ്രാന്തപരിശ്രമത്തിലാണ് നാട്ടുകാരും അധ്യാപകരും രക്ഷാകര്‍തൃസമിതികളും ജനപ്രതിനിധികളുമെല്ലാം. മലാപ്പറമ്പ് ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത്. കേരളത്തില്‍ ഏതാണ്ട് 1500ലധികം സ്കൂളുകള്‍ കുട്ടികള്‍ കുറവാണെന്ന പേരില്‍ അടച്ചുപൂട്ടല്‍ അഥവാ വില്‍പ്പനഭീഷണിയിലാണ്. ഇതില്‍ ഒറ്റ സ്കൂള്‍മാത്രമുള്ള മാനേജര്‍മാര്‍ സ്കൂള്‍ വിറ്റ് കാശാക്കാനുള്ള വ്യഗ്രതയിലാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടമായതിനാല്‍ എല്ലാതലത്തിലും അഴിമതി നിത്യസംഭവമായി.

മലാപ്പറമ്പ് സ്കൂളിലെ പുതുക്കിപ്പണിയലില്‍ സമൂഹം കാണിക്കുന്ന താല്‍പ്പര്യം, കേരളത്തിന്റെ സവിശേഷതകള്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. പണം പിരിച്ച് സ്കൂള്‍ കെട്ടിടം പണിയുന്നത് സ്വകാര്യ മാനേജര്‍ക്ക് സമ്പത്ത് കൂട്ടാനല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍, ജൂണ്‍ ഒന്നിന് സ്കൂള്‍ കെട്ടിടം ഉണ്ടാകരുതെന്ന് ശഠിച്ച സ്കൂള്‍ മാനേജര്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും വെല്ലുവിളിയുമാണിത്. അവിടെ വയ്ക്കുന്ന ഓരോ കല്ലും ഒരു സമര സന്ദേശമാണ്. അതുകൊണ്ടുതന്നെ പണം കണ്ടെത്തി കെട്ടിടം നിര്‍മിക്കണം എന്നത് പ്രധാനമാണ്. പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകരുണ്ട്; പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളും. എന്നാലും അവര്‍ക്ക് സ്കൂളില്ല; അതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. അതാണ് വിദ്യാഭ്യാസ പ്രബുദ്ധമായ കേരളത്തിന്റെയും അതിന്റെ ഭാഗമായ മാലാപ്പറമ്പിന്റെയും ചിത്രം. ഈയൊരു സ്ഥിതി കേരളത്തില്‍, ആദ്യമായിരിക്കാം. അതുകൊണ്ടുതന്നെ അത് അവസാനത്തേതുമായിരിക്കണം. മറ്റൊരു മലാപ്പറമ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.

*
ടി പി കുഞ്ഞിക്കണ്ണന്‍

Tuesday, May 20, 2014

ഒരു സര്‍വകലാശാലയുടെ ദുര്‍വിധി

തൃശൂര്‍ വിജിലന്‍സ് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്വയം രാജിവച്ച് ഒഴിയണം; അല്ലെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആക്ട് അനുശാസിക്കുംവിധം അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണം. പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ഇത് അത്യാവശ്യമാണ്. ചാന്‍സലറായ ഗവര്‍ണര്‍ക്കുവേണ്ടി ആക്ടും സ്റ്റാറ്റ്യൂട്ടും അനുസരിച്ച് ഭരണം നടത്താന്‍ ബാധ്യതപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍ അത് ലംഘിക്കുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍, ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കോടതിവിധി വന്ന് ഒരുമാസം കഴിഞ്ഞിട്ടും അദ്ദേഹം തയ്യാറായിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച മിക്കവാറും എല്ലാ വൈസ് ചാന്‍സലര്‍മാരും വിവാദങ്ങളുടെ നടുവിലാണ്. അബ്ദുറബ്ബ് മന്ത്രി ആയശേഷം വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട നടപടികളും പരിഷ്കാരങ്ങളും ജനാധിപത്യവിരുദ്ധവും വിദ്യാഭ്യാസവിരുദ്ധവും സര്‍വോപരി വര്‍ഗീയതയെ പരിഷോപ്പിക്കുന്നതുമാണെന്നു കാണാന്‍ കഴിയും. അധികാരമേറ്റ ഉടന്‍ ആദ്യംചെയ്തത് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍മുതല്‍ ഓപ്പണ്‍സ്കൂള്‍ ഡയറക്ടര്‍വരെയുള്ള എല്ലാ സ്ഥാനങ്ങളിലും ആജ്ഞാനുവര്‍ത്തികളായ സ്വന്തം സമുദായക്കാരെ തേടിപ്പിടിച്ച് നിയമിക്കുകയായിരുന്നു. അടുത്ത ഊഴം ഉന്നതവിദ്യാഭ്യാസമേഖലയായിരുന്നു. ജനാധിപത്യസംവിധാനത്തിലൂടെ അധികാരത്തിലിരുന്ന സര്‍വകലാശാല ഭരണസമിതികളെ കാലാവധി തീരാന്‍പോലും അനുവദിക്കാതെ പുറത്താക്കലിലൂടെയും നോമിനേഷനിലൂടെയും "സഹകരണ മോഡല്‍ ജനാധിപത്യം" നടപ്പാക്കി. കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലറായി റിട്ട. ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററെ നിയമിക്കാനുള്ള തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു.

അക്കാദമികതലത്തില്‍ രാജ്യത്ത് ശിരസ്സുയര്‍ത്തിനിന്ന രണ്ടു സര്‍വകലാശാലകളായിരുന്നു കോഴിക്കോട് സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും. അവ രണ്ടും യുഡിഎഫ് സര്‍ക്കാര്‍തന്നെ നിയമിച്ച വൈസ് ചാന്‍സലര്‍മാരുടെ പേരില്‍ അപമാനിതരായി ശിരസ്സ് നമിച്ച് നിലകൊള്ളുന്നു. ഏറ്റവും കൂടുതല്‍ അപമാനിതയായത് കോഴിക്കോട് സര്‍വകലാശാലയാണ്. കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണത്തിനിടയില്‍ ആറു വിജിലന്‍സ് കേസുകള്‍ക്ക് വിധേയനായ മറ്റൊരു വൈസ് ചാന്‍സലര്‍ ഇന്ത്യയുടെ സര്‍വകലാശാല ചരിത്രത്തില്‍ ഉണ്ടാകില്ല. ആറില്‍ മൂന്ന് കേസുകളുടെ വിധിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി മാര്‍ച്ച് 19ന് തീര്‍പ്പ് കല്‍പ്പിച്ചത്. ഇതാദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമാകുന്നത്. എല്ലാ അര്‍ഥത്തിലും യുഡിഎഫ് സര്‍ക്കാരിന് അനുയോജ്യനായ വൈസ് ചാന്‍സലര്‍തന്നെ. അധികാരമേറ്റ ഉടന്‍ ആദ്യംചെയ്തത് മുക്കാല്‍ കോടിയോളംരൂപ ചെലവാക്കി അഞ്ഞൂറില്‍പരം ഏക്കര്‍ വരുന്ന ക്യാമ്പസിലെ കാട് വെട്ടി വെളുപ്പിക്കുകയായിരുന്നു. നിലവിലുള്ള വിശാലമായ ഭരണകാര്യാലയത്തിനു പകരം കോടികള്‍ ചെലവിട്ട് അന്താരാഷ്ട്രനിലവാരമുള്ള ഭരണകാര്യാലയത്തിന്റെ രൂപകല്‍പ്പനയ്ക്കായി ഇറങ്ങിത്തിരിച്ച അദ്ദേഹം കൂടുതല്‍ അപഹാസ്യനാവുകയായിരുന്നു.

കേരളത്തില്‍ ഏറ്റവും വിപുലമായ ക്യാമ്പസുള്ള സര്‍വകലാശാലയാണ് കോഴിക്കോട്. തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, ബി എഡ് സെന്റര്‍ തുടങ്ങി നിരവധി സെന്ററുകള്‍, 35 ഡിപ്പാര്‍ട്മെന്റ്, 365ല്‍പരം അഫിലിയേറ്റഡ് കോളേജ് എന്നിവ മലബാറിന്റെ അഞ്ചുജില്ലകളിലായി വ്യാപരിച്ചുകിടക്കുന്ന ഈ സര്‍വകലാശാലയ്ക്ക് സ്വന്തമാണ്. മലബാറിന്റെ വിദ്യാഭ്യാസവികസനത്തിനായി 1967ലെ ഇ എം എസ് സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സര്‍വകലാശാലയ്ക്ക് നല്‍കിയതാണ് ദേശീയപാത 47ന്റെ ഇരുവശങ്ങളിലുമായി പരന്നുകിടക്കുന്ന അഞ്ഞൂറില്‍പ്പരം ഏക്കറോളം വരുന്ന വിശാലമായ ക്യാമ്പസ്. സര്‍വകലാശാല സാമ്പത്തികഞെരുക്കത്തില്‍പെട്ടുഴറിയ ഘട്ടത്തില്‍ എല്ലാ സമിതികളുമായി കൂടിയാലോചിച്ച് അന്നത്തെ വിസി എ എന്‍ പി ഉമ്മര്‍കുട്ടി 35 ഏക്കര്‍ സ്ഥലം മൂന്നുകോടി രൂപയ്ക്ക് വില്‍ക്കുകയും ആ തുക സ്ഥിരനിക്ഷേപമായി ബാങ്കിലിടുകയുമുണ്ടായി. അതിന്റെ പലിശകൊണ്ടാണ് സര്‍വകലാശാലയുടെ അത്യാവശ്യാചെലവുകള്‍ ഇപ്പോഴും നടത്തിപ്പോരുന്നത്. വില്‍ക്കപ്പെട്ട സ്ഥലത്താണ് ഇപ്പോഴത്തെ ക്രിന്‍ഫ്രാ പാര്‍ക്ക്. ആക്ടിന്‍പ്രകാരം ബോഡി-കോര്‍പറേറ്റായ സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കറ്റും ഒക്കെ ചര്‍ച്ചചെയ്ത് അംഗീകരിച്ചശേഷമാണ് അത്തരം നടപടികള്‍ കൈക്കൊണ്ടത്. എന്നാല്‍, ഇതൊന്നും ഇപ്പോഴത്തെ ഉപ-കുലപതിക്ക് ബാധകമല്ല. തന്നെ നിയമിച്ചവരോടുമാത്രമേ കൂറ് പുലര്‍ത്തേണ്ടതുള്ളൂ എന്ന നിലപാടാണ് അദ്ദേഹത്തിന്.

ആക്ടിന്‍പ്രകാരം സംസ്ഥാന സര്‍വകലാശാലകളുടെ പരമാധികാരി ഗവര്‍ണറായ ചാന്‍സലറാണ്. ചാന്‍സലര്‍ക്ക് ഒരേസമയം എല്ലാ സര്‍വകലാശാലയുടെയും ഭരണനിര്‍വഹണം നടത്താന്‍ കഴിയാത്തതുകൊണ്ടാണ് വിശ്വസ്തനായ പ്രതിനിധിയായി വൈസ് ചാന്‍സലറെ നിയമിക്കുന്നത്. അതതു സര്‍വകലാശാലകളുടെ ആക്ടും സ്റ്റാറ്റ്യൂട്ടും അനുസരിച്ച് ചാന്‍സലര്‍ക്കുവേണ്ടി നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ഇതൊന്നും തനിക്ക് ബാധകമല്ലെന്നും തന്നെ നിയമിച്ച രാഷ്ട്രീയ യജമാനന്മാരോടുമാത്രമേ തനിക്ക് കടപ്പാടുള്ളൂ വെന്നുമുള്ള ധാര്‍ഷ്ട്യമാണ് പ്രശസ്തമായ കോഴിക്കോട് സര്‍വാലാശാലയെ ഇന്നത്തെ ദുരവസ്ഥയിലെത്തിക്കാന്‍ കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിരുദതലത്തില്‍ നടപ്പാക്കിയ ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിച്ചു. ഗവേഷകരായ അധ്യാപകരെയും വിദ്യാര്‍ഥികളെയും നിരീക്ഷണക്യാമറയ്ക്കും ബയോമെട്രിക്സ് പഞ്ചിങ്ങിനും വിധേയരാക്കി. സ്വാശ്രയലോബികള്‍ക്ക് അനര്‍ഹമായ അംഗീകാരം നല്‍കി. തനിക്കിഷ്ടമില്ലാത്ത സിന്‍ഡിക്കറ്റ് തീരുമാനം നടപ്പാക്കിയ ജീവനക്കാരെ സ്ഥലംമാറ്റിയും മെമ്മോ നല്‍കിയും പീഡിപ്പിച്ചു. തനിക്കെതിരെ പ്രതികരിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഇതിനകം ഏഴുനൂറില്‍പ്പരം മെമ്മോ നല്‍കി. ജനാധിപത്യരീതിയിലുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കുപോലും നിരോധനം ഏര്‍പ്പെടുത്തി. യുജിസിയുടെ കര്‍ശനമായ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഇഷ്ടക്കാര്‍ക്കൊക്കെ യഥേഷ്ടം സ്വാശ്രയകോഴ്സുകളും കോളേജുകളും അനുവദിച്ചു. ബിടെക് തോറ്റവരെ ജയിപ്പിച്ചും എംടെക്കിന് പ്രവേശനം നല്‍കിയും സ്വാശ്രയകോളേജ് വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നല്‍കിയും സര്‍വകലാശാലയുടെ സല്‍പ്പേര് കളങ്കപ്പെടുത്തി. ഇതാദ്യമായി പതിനൊന്നാം പദ്ധതിക്കാലത്ത് യുജിസിയില്‍നിന്ന് ലഭിച്ച പതിനാലരക്കോടിയില്‍ എട്ടുകോടിയോളംരൂപ ലാപ്സാക്കി. ഇങ്ങനെ ഒരു സര്‍വകലാശാലയെ തന്നാലാവുംവിധം വെടക്കാക്കാന്‍ അദ്ദേഹത്തിന് രണ്ടരവര്‍ഷത്തെ ഭരണംകൊണ്ട് സാധിച്ചു. ഏറെ വൈകിയാണ് വിദ്യാദാനത്തേക്കാള്‍ മഹത്തായ ദാനമാണ് ഭൂമിദാനം എന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തില്‍ അദ്ദേഹവും സിന്‍ഡിക്കറ്റും കാട്ടിയ അമിതാവേശം ആരിലും സംശയമുണര്‍ത്തും. അതാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിപ്രസ്താവം ചൂണ്ടിക്കാട്ടുന്നത്. സര്‍വകലാശാല വക ഭൂമി ദാനംചെയ്യുന്നതായി പരസ്യം ചെയ്തിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഇതാ വരുന്നു കുറെ അപേക്ഷകള്‍. എല്ലാം പരഞ്ഞുറപ്പിച്ചമാതിരി. അപേക്ഷകരെല്ലാം മഹാനായ സി എച്ച് മുഹമ്മദ് കോയയുടെ അനുയായികള്‍. "അതിവേഗം ബഹുദൂരം" പ്രത്യേക ചാനല്‍വഴി ഫയല്‍ നീങ്ങി. പത്തേക്കര്‍ ചോദിച്ചവര്‍ക്ക് ഇരുപത്; പതിനഞ്ച് ചോദിച്ചവര്‍ക്ക് അമ്പത് ഏക്കര്‍. ഒരു ചര്‍ച്ചയും കൂടാതെ കൈയടിച്ച് പാസാക്കി. തീരുമാനം ഉത്തരവാകുന്നതിനിടയില്‍ എവിടെയോവച്ച് ലീക്കായി. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അതിശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടു. ജനരോഷത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഭൂമിദാനം റദ്ദാക്കി. അതോടെ ഇതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളുകള്‍ ഒന്നൊന്നായി ആഴിയാന്‍ തുടങ്ങി.

പ്രശ്നം കോടതിയിലെത്തി. ഒന്നിനുപിറകെ ഒന്നായി ആറുകേസ്. മുന്‍ രജിസ്ട്രാര്‍ ടി കെ നാരായണന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ മൂന്ന് കേസിന്റെ വിധിപ്രസ്താവത്തിലൂടെ വിസിയുടെ നേതൃത്വത്തില്‍ നടത്തിയ വന്‍ ഗൂഢാലോചന മറനീക്കി പുറത്തുവന്നു. മന്ത്രി എം കെ മുനീര്‍ ചെയര്‍മാനായ സി എച്ച് മുഹമ്മദ് കോയ ചെയര്‍, സി എച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്നിവയ്ക്ക് പത്തേക്കര്‍ വീതവും, പത്തോ പതിനഞ്ചോ ഇഷ്ടമുള്ളത് തരാന്‍ ആവശ്യപ്പെട്ട കോഴിക്കോട് ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് 50 ഏക്കറും ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്നേക്കറും ഉള്‍പ്പെടെ 73 ഏക്കര്‍ ഭൂമിയാണ് ദേശീയപാത 47ന്റെ ഇരുവശത്തുമായി നല്‍കിയത്. ശതകോടികള്‍ വിലമതിക്കുന്ന ഈ ഭൂമി ഇത്ര അനവധാനതയോടെ തീറെഴുതി കൊടുക്കണമെങ്കില്‍ വൈസ് ചാന്‍സലര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നടക്കില്ല. ഭരണകക്ഷിയിലെ ഉന്നതന്മാരാണ് ഈ ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും സര്‍വകലാശാല വക സ്ഥലം ഒരു പൊതുതാല്‍പ്പര്യവും കൂടാതെ സ്വകാര്യാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുകയാണുണ്ടായതെന്നും കോടതി കണ്ടെത്തി. സര്‍വകലാശാലയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റും ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. തെളിവുകള്‍ പരിശോധിച്ച കോടതി, ഭൂമിദാനം ഉദ്ദേശ്യശുദ്ധിയോടെ ഉള്ളതല്ലെന്നും മറ്റു പല താല്‍പ്പര്യങ്ങള്‍ക്കടിപ്പെട്ടും വരുംവരായ്കകള്‍ ചിന്തിക്കാതെയുമാണ് ചെയ്തതെന്നും അഭിപ്രായപ്പെട്ടു.

സര്‍വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കോ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കോ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ക്രയവിക്രയംചെയ്യാന്‍ പാടില്ല എന്ന ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വൈസ് ചാന്‍സലറും തന്റെ രാഷ്ട്രീയ യജമാനന്മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം കുലപതിയായ ചാന്‍സലര്‍ക്കുണ്ട്. അത് നിര്‍വഹിക്കാനുള്ള ആര്‍ജവം അവര്‍ കാണിക്കണം. ബഹുജനപ്രഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണെങ്കിലും ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടിയും റദ്ദാക്കുകയും യൂണിവേഴ്സിറ്റിയുടെ ഭൂമി നഷ്ടപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് കേസില്‍ തുടര്‍നടപടി ആവശ്യമില്ല എന്ന് വിജിലന്‍സ് കോടതി വിധിച്ചത്. അതുകൊണ്ട് വൈസ് ചാന്‍സലറും തന്റെ രാഷ്ട്രീയ യജമാനന്മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന നിസ്സാരമായി കാണാന്‍ കഴിയില്ല. ഇതിന്റെ പിന്നിലെ സത്യാവസഥ കണ്ടെത്തി ജനങ്ങളെ അറിയിക്കാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. അതിന് വൈസ് ചാന്‍സലര്‍ ആ പദവിയില്‍ തുടരുന്നത് ആശാസ്യമല്ല.

*
ഡോ. ജെ പ്രസാദ്

Thursday, May 15, 2014

ജീര്‍ണിക്കാന്‍ ഇനിയെന്ത് ബാക്കി

കാണാന്‍ സമയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച സര്‍വകലാശാല വൈസ്ചാന്‍സലറോട്, വൈസ്ചാന്‍സലര്‍ മുഖ്യമന്ത്രിയെ ചെന്നുകാണുന്നതല്ല, മുഖ്യമന്ത്രി വൈസ്ചാന്‍സലറെ ചെന്നുകാണുന്നതാണ് ഉചിതമെന്ന് മറുപടി പറഞ്ഞ ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു നമുക്ക്. ഇ എം എസാണ് ആ മുഖ്യമന്ത്രി. ഡോ. ജോണ്‍ മത്തായിയായിരുന്നു ആ വൈസ്ചാന്‍സലര്‍. താന്‍ അങ്ങോട്ടുവന്ന് കണ്ടുകൊള്ളാമെന്ന് ഇ എം എസ് വൈസ്ചാന്‍സലറോട് പറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ പ്രതിഫലിച്ചത് സര്‍വകലാശാലയോടും അതിന്റെ അധിപനോടുമുള്ള ഭരണാധിപന്റെ ആദരവാണ്.

വൈസ്ചാന്‍സലര്‍മാരെ ഇങ്ങനെ ആദരവോടെ കണ്ട കാലം എങ്ങോ പോയ്മറഞ്ഞു. ആദരവര്‍ഹിക്കുന്ന വൈസ്ചാന്‍സലര്‍മാര്‍. അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കിയിരുന്ന ഭരണാധികാരികള്‍. അതൊക്കെ സങ്കല്‍പ്പം മാത്രമാവുകയാണോ? ആ നല്ല കാലത്തില്‍നിന്ന് നാം അപചയത്തിന്റെ അതിജീര്‍ണമായ ചെളിക്കുണ്ടിലേക്കാണോ വീണിരിക്കുന്നത്! കേരളീയരാകെ ഇക്കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു; ഈ ജീര്‍ണമായ അവസ്ഥ മാറ്റിയെടുക്കാന്‍ ഇടപെടേണ്ടിയിരിക്കുന്നു.

1937ല്‍ കേരള സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ (അന്ന് ട്രാവന്‍കൂര്‍ സര്‍വകലാശാല; പിന്നീടാണ് കേരള സര്‍വകലാശാലയായി അത് മാറിയത്) ഉണ്ടായിരുന്ന അക്കാദമിക് മികവിനെക്കുറിച്ചുള്ള സ്വപ്നവും സങ്കല്‍പ്പങ്ങളുമൊക്കെ എവിടെപ്പോയി മറഞ്ഞു. ഒരുകാലത്ത് ഈ സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിച്ച പേരുകളിലൊന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റേതായിരുന്നു. അതെ, e=mc2 എന്ന ശാസ്ത്രമഹാതത്വം കണ്ടെത്തിയ നൊബേല്‍ ജേതാവായ ആ മഹാശാസ്ത്രജ്ഞനെത്തന്നെ. ആ അപേക്ഷയെ തനിക്ക് ലഭിക്കുന്ന വലിയ ആദരവായി ഐന്‍സ്റ്റീന്‍ കണ്ടു. സാഹചര്യമനുവദിക്കായ്കയാല്‍ മാത്രം ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയാത്തതിലുള്ള ഖേദം അദ്ദേഹം കേരളത്തെ അറിയിക്കുകയുംചെയ്തു.

ഡോ. വി കെ നന്ദന്‍ മേനോന്‍, ഡോ. ജോണ്‍ മത്തായി, ഡോ. എസ് കൃഷ്ണന്‍, സര്‍ എച്ച് പോപ്പ് വര്‍ത്ത്, ഡോ. ബി ഇക്ബാല്‍ തുടങ്ങി പ്രഗത്ഭമതികളും പ്രതിഭാധനരുമായ എത്രയോ വിശിഷ്ടവ്യക്തിത്വങ്ങള്‍ അലങ്കരിച്ച പദമാണ് കേരള സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍സ്ഥാനം. ആ വിശിഷ്ടപദവിക്കും അതില്‍ നിയമനം നടത്തുന്നവര്‍ക്കും ഏതുതരത്തിലുള്ള അധഃപതനമാണ് ഇന്ന് വന്നുപെട്ടിട്ടുള്ളത് എന്നത് മറക്കപ്പെടേണ്ട കാര്യമല്ല.

വിഖ്യാത ചരിത്രകാരനായ ഡോ. എ ശ്രീധരന്‍നായര്‍, താന്‍ കേരള സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ മാത്രമായി വേദി പങ്കിടില്ല എന്ന് പ്രഖ്യാപിക്കുന്നിടത്തേക്കുവരെ ഒരിക്കല്‍ ജീര്‍ണതയുടെ പ്രക്രിയ എത്തി. സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ഘട്ടത്തില്‍ സര്‍വകലാശാലതന്നെ ആവശ്യപ്പെട്ടിട്ട് ഏറെ ബുദ്ധിമുട്ടി തയ്യാറാക്കിയ സര്‍വകലാശാലാചരിത്രം എന്ന പല വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് ഒരു വൈസ്ചാന്‍സലര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നായിരുന്നു ആ പ്രഖ്യാപനം. അനേകവര്‍ഷം പൊടിപിടിച്ച് ജീര്‍ണതയുടെ വക്കിലായ ആ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ ഒടുവില്‍ ഒരു ഡോ. ഇക്ബാല്‍ വൈസ്ചാന്‍സലര്‍ പദവിയിലെത്തേണ്ടിവന്നു. ഇങ്ങനെ ഇടയ്ക്കിടെ ചില വെള്ളിവെളിച്ചങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും സര്‍വകലാശാലയും അതിന്റെ വൈസ്ചാന്‍സലര്‍ പദവിയും അടിക്കടി വിവാദങ്ങളില്‍പ്പെടുന്ന ചരിത്രം കാണാതിരിക്കാനാകില്ല.

ഒരിക്കല്‍ വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍. മുമ്പൊരിക്കല്‍ അനുഭവപരിചയക്കുറവിന്റെ പേരില്‍. അഫിലിയേറ്റുചെയ്ത 150 കോളേജുകളും ഏതാണ്ട് ഒരുലക്ഷത്തോളം വിദ്യാര്‍ഥികളുമുള്ള ഈ മഹാസ്ഥാപനത്തിന്റെ വൈസ്ചാന്‍സലര്‍ സ്ഥാനത്ത് ഇന്ന് ആളെ നിശ്ചയിക്കുന്നതുപോലും കോഴ വാങ്ങിയാണെന്നത് അക്കാദമിക് സമൂഹത്തെയാകെ ഞെട്ടിക്കേണ്ട കാര്യമാണ്. ഭരണകക്ഷി രാഷ്ട്രീയത്തിന്റെ വടംവലികള്‍, വൈസ്ചാന്‍സലര്‍ പദവി ലേലത്തിനു വയ്ക്കല്‍, പരമോന്നതമായ സ്ഥാനംപോലും കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് ഇരയാക്കല്‍. എന്തെല്ലാമാണ് നടക്കുന്നത്! സി വി രാമന്റെയും എസ് ആര്‍ രംഗനാഥന്റെയും ഒക്കെ നേര്‍ശിഷ്യര്‍ മുതല്‍ അയ്യപ്പപ്പണിക്കരെയും ഒ എന്‍ വിയെയുംപോലെയുള്ളവര്‍ ഫാക്കല്‍റ്റികളിലുണ്ടായിട്ടുള്ള കോളേജുകളും യൂണിവേഴ്സിറ്റി സെന്ററുമൊക്കെ ഭരിക്കാനുള്ളയാളെ നിശ്ചയിക്കുന്നത് കോഴയുടെ അടിസ്ഥാനത്തില്‍. ജീര്‍ണിക്കാന്‍ ഇനിയെന്ത് ബാക്കിയുണ്ട്? ഈ ചോദ്യം കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ ഭരണാധികാരികള്‍ക്കുനേര്‍ക്ക് ആയിരം പത്തിവിടര്‍ത്തി ഉയരേണ്ടതുണ്ട്. വൈസ്ചാന്‍സിലറെ വച്ചത് രാഷ്ട്രീയപരിഗണനയില്‍. ഇപ്പോള്‍ പുറത്താക്കിയത് കോഴയുടെ പരിഗണനയില്‍!

വ്യക്തിവിവരരേഖയില്‍ കൃത്രിമം കാട്ടിയെന്നതാണ് പുറത്താക്കലിനു കാരണമെങ്കിലും, യഥാര്‍ഥ കാരണം 60 ലക്ഷം രൂപ ഭരണക്കാര്‍ക്ക് കോഴകൊടുക്കാന്‍ കഴിയാത്തതാണത്രേ. അത്രയും രൂപ കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ വ്യക്തിവിവരരേഖയിലെ കൃത്രിമം പ്രശ്നമാവുമായിരുന്നില്ലത്രേ. കോണ്‍ഗ്രസും അവരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുംകൂടി ഒത്തുകളിച്ച് എംജി സര്‍വകലാശാല വിസിയെ പുറത്താക്കി എന്നതാണ് കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ ആക്ഷേപം. കേരള കോണ്‍ഗ്രസ് ലോബീയിങ് നടത്തി വൈസ്ചാന്‍സലര്‍ പദവിയില്‍ എത്തിച്ചതാണത്രേ ഈ പുതിയ വ്യക്തിയെ. വിസി ആയി ചുമതലയേറ്റതിനെത്തുടര്‍ന്ന് ഇദ്ദേഹം കോണ്‍ഗ്രസ് പ്രതിനിധിയായി രജിസ്ട്രാര്‍ സ്ഥാനത്തുവന്നയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വകാര്യമാനേജ്മെന്റില്‍നിന്ന് വന്‍ തുക കോഴ വാങ്ങി അവിഹിതമായി ചിലത് ചെയ്തുകൊടുത്തുവത്രേ രജിസ്ട്രാര്‍. ചുരുക്കംപറഞ്ഞാല്‍ വിസിസ്ഥാനംമുതല്‍ രജിസ്ട്രാര്‍സ്ഥാനംവരെ നിയമനം രാഷ്ട്രീയപരിഗണനയില്‍! എല്ലാത്തിനും മാനദണ്ഡം കോഴ!

ഇന്ത്യയിലെ ആദ്യ 16 സര്‍വകലാശാലകളിലൊന്നാണ് ഇത്. ഒരിക്കല്‍ അക്കാദമിക് മികവിന് കേള്‍വികേട്ടിരുന്ന സ്ഥാപനം. ഭരണ രാഷ്ട്രീയ വടംവലികളിലും കോഴത്താല്‍പ്പര്യങ്ങളിലും പെട്ട് ഈ സ്ഥാപനം മുങ്ങിത്താഴുകയാണ്. ഇത് തടഞ്ഞേപറ്റൂ. സര്‍വകലാശാലയെയും അതിന്റെ അക്കാദമിക് സ്വയംഭരണത്തെയും മികവിനെയും രക്ഷിച്ചെടുത്തേപറ്റൂ. കേരളം ഒറ്റക്കെട്ടായി ഇതിനായി നിലകൊണ്ടേ പറ്റൂ.

deshabhimani editorial

Thursday, May 8, 2014

വിദ്യാഭ്യാസ അവകാശനിയമവും കോടതിവിധിയും

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചും മാതൃഭാഷാ പഠനം സംബന്ധിച്ചും സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂനപക്ഷ മാനേജ്മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. അതുപോലെ മാതൃഭാഷാ പഠനം നിര്‍ബന്ധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമില്ല എന്നും വിധിന്യായം പുറപ്പെടുവിച്ചു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ് ഈ വിധിന്യായങ്ങള്‍. ഇതുസംബന്ധിച്ച് വിശദവും ആഴത്തിലുള്ളതുമായ ജനകീയ സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ വസ്തുതകള്‍ കോടതിക്കു മുമ്പില്‍ കൊണ്ടുവന്നിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം. എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം എന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍തന്നെ ഉയര്‍ന്ന ആവശ്യമാണ്. ഭരണകൂടങ്ങളുടെ ഇഛാശക്തിയില്ലായ്മ മൂലം സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷങ്ങള്‍ക്കു ശേഷവും ഈ ആവശ്യം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുനിഷ്ഠ സാഹചര്യമാണ് 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ നിര്‍ബന്ധിതമാക്കിയത്. ഇതുപ്രകാരം ആറുമുതല്‍ പതിനാലു വയസ്സുവരെയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. കുട്ടികളുടെ വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയായി മാറി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ 25 ശതമാനം സീറ്റുകളില്‍ തൊട്ടടുത്ത പ്രദേശത്തെ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. പഠിക്കാന്‍ അയല്‍പക്കങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്ലാത്ത പ്രദേശങ്ങളില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരുന്നു ഈ വ്യവസ്ഥ. സ്വാഭാവികമായും വരേണ്യ സ്കൂളുകളിലെ മാനേജര്‍മാര്‍ ഈ വ്യവസ്ഥയെ ചോദ്യംചെയ്തു. ഈ തര്‍ക്കമാണ് ഇത്തരം ഒരു വിധിയിലേക്ക് എത്തിച്ചേരാന്‍ ഇടവരുത്തുന്നത്. ഈ വിധി ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിക്കുക. സ്കൂള്‍ പ്രവേശനത്തിനുള്ള സൗകര്യങ്ങള്‍ കുറഞ്ഞ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ദുര്‍ബല വിഭാഗക്കാരായ ഒട്ടേറെ കുട്ടികളുടെ പഠനത്തെ ഇത് ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, സമഭാവന, പാരസ്പര്യം എന്നിവയൊക്കെ അനുഭവങ്ങളിലൂടെ സ്വായത്തമാക്കാനുള്ള പൊതുഇടങ്ങളാവണം സ്കൂളുകള്‍. നാട്ടിലെ വിവിധ വിഭാഗം കുട്ടികള്‍- അവര്‍ വ്യത്യസ്ത മതസ്ഥരാവാം, വ്യത്യസ്ത വിശ്വാസ പ്രമാണങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാകാം, വ്യത്യസ്ത സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവരാകാം- ഒരുമിച്ചുചേര്‍ന്ന് ജീവിച്ചു പഠിക്കുമ്പോഴാണ് നേരത്തെ സൂചിപ്പിച്ച മൂല്യബോധമുണ്ടാവുക. അതിന് ഉത്തമ ഉദാഹരണമാണ് നമ്മുടെ കേരളം. ഇന്ത്യയില്‍ പലയിടങ്ങളില്‍ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയ ചിന്താധാര ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കാനുള്ള സ്വാതന്ത്ര്യത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗം നടത്തുന്ന ന്യൂനപക്ഷ സ്കൂളുകള്‍ക്ക് ദേശീയതലത്തില്‍ പ്രസക്തിയുണ്ട്. നൂറ്റാണ്ടുകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുടുംബങ്ങളില്‍നിന്ന് എത്തുന്ന ഒന്നാം തലമുറ കുട്ടികള്‍ സ്കൂളുകളില്‍ തുടര്‍ന്ന് പഠിക്കണമെങ്കില്‍ അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന സാംസ്കാരിക അന്തരീക്ഷം ഉണ്ടാവണം. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള നയങ്ങളും പരിപാടികളും അനിവാര്യമാണ്. എന്നാല്‍, കേരളത്തിലെ സ്ഥിതി തികച്ചും വിഭിന്നമാണ്. നവോത്ഥാന മുന്നേറ്റങ്ങളും ഇടതുപക്ഷ മുന്നേറ്റങ്ങളും സാമുദായിക സംഘടനകളും വ്യക്തികളും ഒക്കെ നടത്തിയ വിവിധങ്ങളായ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായുള്ള സാമൂഹിക പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. അധഃസ്ഥിതരുടെ വിദ്യാഭ്യാസത്തിനായി മിഷണറിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും കേരള ചരിത്രത്തിന്റെ ഭാഗമാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപരിഷ്കരണംപോലുള്ള ജനപക്ഷ പരിപാടികള്‍ സമൂഹത്തിന്റെ ജീവിതത്തെയും കാഴ്ചപ്പാടിനെയും മാറ്റിമറിച്ചു. ഇതിന്റെ പ്രതിഫലനം വിദ്യാഭ്യാസരംഗത്താണ് കൂടുതല്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാരിനൊപ്പം എയ്ഡഡ് വിദ്യാലയങ്ങളും അതില്‍തന്നെ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് വിദ്യാലയങ്ങളും നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് കേരളത്തില്‍ ഭൂരിപക്ഷം എയ്ഡഡ് വിദ്യാലയങ്ങളും ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തിലുള്ളതാണ്. അണ്‍എയ്ഡഡ് മേഖലയിലും ന്യൂനപക്ഷ മാനേജ്മെന്റുകള്‍ സജീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശനിയമം യാന്ത്രികമായി നടപ്പാക്കുന്നതിനു പകരം ഓരോ പ്രദേശത്തിന്റെയും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തി വേണം നടപ്പാക്കേണ്ടത്. കേരളത്തില്‍ എല്ലാ കുട്ടികള്‍ക്കും പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി പൊതു വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ മേഖലയിലായാലും എയ്ഡഡ് മേഖലയിലായാലും നിലവിലുണ്ട്. ആവാസഘടനയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അപൂര്‍വം ചിലയിടങ്ങളില്‍ സ്കൂളുകള്‍ ആവശ്യമായി വന്നേക്കാം. ശാസ്ത്രീയമായ മാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇതു ചെയ്യാവുന്നതേയുള്ളൂ. ഇതിനായുള്ള ശ്രമം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതുമാണ്.

ദേശീയതലത്തില്‍ 25 ശതമാനം സീറ്റ് പ്രൈവറ്റ്-അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണംചെയ്യണമെന്നത് പ്രസക്തമാവുമെങ്കില്‍ കേരളത്തിലത് തികച്ചും അപ്രസക്തമാണ്. ഇവിടെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം പല കാരണങ്ങളാല്‍ കുറഞ്ഞുവരികയാണ്. അതുകൊണ്ട് പൊതുവിദ്യാലയങ്ങളുടെ ഗുണത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലാവശ്യം. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കൃത്യമായ ആസൂത്രണത്തോടെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ശ്രമം വലിയ തോതില്‍ വിജയിച്ചത് കേരളീയ സമൂഹം കണ്ടറിഞ്ഞതാണ്. അത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളാണ് തിരുത്തപ്പെടേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 25 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതിനായി നീക്കിവയ്ക്കുന്ന ഏതൊരു തുകയും കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് വിനിയോഗിക്കേണ്ടത്. ശാസ്ത്രീയമായ മാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ ആവശ്യമാണ് എന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ ന്യൂനപക്ഷ അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. ദേശീയ അടിസ്ഥാനത്തിലും ഈ വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ മാനേജ്മെന്റുകളുമായി ചര്‍ച്ചചെയ്ത് ഒരു പ്രദേശത്തെ എല്ലാ കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹികമായ ഉത്തരവാദിത്തമാണെന്നും അതില്‍ ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്തണം. ഇതിന് നേതൃത്വം എടുക്കേണ്ടത് സര്‍ക്കാരുകളാണ്.

ഇതുപോലെ അതിനിര്‍ണായകമാണ് പഠന മാധ്യമം സംബന്ധിച്ച വിധിയും. മാതൃഭാഷയിലുള്ള പഠനമാണ് കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും അറിവുനേടല്‍ പ്രക്രിയയെ സുഗമമാക്കുന്നതും എന്നത് ലോകമെമ്പാടും അംഗീകരിച്ച വിദ്യാഭ്യാസ സമീപനമാണ്. കുട്ടിയുടെ പരിചിതമായ ലോകത്തില്‍നിന്നാണ് മാതൃഭാഷയിലൂടെ അനന്തമായ ലോകത്തെ കാണാനും വ്യാഖ്യാനിക്കാനും ഏറെ എളുപ്പം. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളിലൊന്നുംതന്നെ ഒരുവിധ തര്‍ക്കങ്ങളുമില്ല. അധ്യാപകര്‍ക്ക് പഠന അനുഭവങ്ങള്‍ പ്രദാനംചെയ്യാനും അറിവിന്റെ നിര്‍മിതിക്കായി കുട്ടിയെ സജ്ജമാക്കാനും മാതൃഭാഷ ഏറെ സഹായകമാണ്. കുട്ടിയും രക്ഷിതാവുമാണ് പഠന മാധ്യമം തെരഞ്ഞെടുക്കേണ്ടത് എന്ന സുപ്രീംകോടതി വിധി ഒട്ടേറെ വിദ്യാഭ്യാസ പ്രശ്നങ്ങളുയര്‍ത്തുന്നുണ്ട്. അഞ്ചു വയസ്സായ ഒരു കുട്ടിക്ക് പഠനമാധ്യമം ഏതു വേണമെന്ന് നിര്‍ണയിക്കാനുള്ള മാനസിക കഴിവ് ഉണ്ടാകുമോ? അന്തിമമായി രക്ഷിതാവല്ലേ, ഇതു തീരുമാനിക്കുക. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന മധ്യവര്‍ഗ ചിന്താധാര ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ല ഭാഷ, അതൊരു നാടിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകംകൂടിയാണ്. അഥവാ സംസ്കാരം തന്നെയാണ്. ഈ തനത് സംസ്കാരത്തെ ദുരഭിമാനത്തിന്റെ ഭാഗമായോ മൂഢവിശ്വാസത്തിന്റെ ഭാഗമായോ തള്ളിക്കളയാനുള്ള അവസരമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാതൃഭാഷ മാധ്യമമായിരിക്കുന്നത് ഉന്മൂലനംചെയ്യപ്പെടുന്നതിലേക്ക് ഈ വിധി നയിക്കാം. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക ഭാഷകള്‍ക്ക് കൂടുതല്‍ വിനാശകരമായ ഭീഷണി ഉയര്‍ത്തുകയാണ് സുപ്രീംകോടതി വിധി. ഇതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.

ഈ വിധികള്‍ ഉളവാക്കുന്ന സങ്കീര്‍ണതകള്‍ ജനകീയ സംവാദങ്ങള്‍ക്ക് വിധേയമാക്കണം. ഭരണകൂടം കൈക്കൊള്ളുന്ന ഇരട്ടത്താപ്പ് ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടണം. ആവശ്യമെങ്കില്‍ സുപ്രീംകോടതിയുടെ കൂടുതല്‍ വിപുലമായ ഭരണഘടനാ ബെഞ്ചിന്റെ മുമ്പില്‍ ഈ വിധികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം. പുതിയ പാര്‍ലമെന്റുതന്നെ ഇക്കാര്യങ്ങള്‍ സമഗ്രമായും സൂക്ഷ്മമായും ചര്‍ച്ചചെയ്ത് പോംവഴി കണ്ടെത്തുന്നതും ആലോചിക്കാവുന്നതാണ്.

*
എം എ ബേബി ദേശാഭിമാനി

Saturday, April 26, 2014

അധ്യാപകപാക്കേജിന്റെ ബാക്കിപത്രം

പൊതുവിദ്യാഭ്യാസവകുപ്പിലെ ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമാണ് വിദ്യാലയങ്ങളിലെ തസ്തികനിര്‍ണയം. 2011 മെയില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കപ്പെട്ട അധ്യാപകപാക്കേജിന്റെ പേരില്‍ ഓരോ കാരണംപറഞ്ഞ് വിദ്യാലയങ്ങളിലെ തസ്തികനിര്‍ണയം കഴിഞ്ഞ മൂന്നുവര്‍ഷമായി നടത്തിയിട്ടില്ല. കേരള വിദ്യാഭ്യാസചട്ടങ്ങളെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ഉത്തരവുകളിറക്കി 2010-11 വര്‍ഷത്തെ തസ്തികനിര്‍ണയം 2011-12ലേക്കും പിന്നീട് 2012-13ലേക്കും ബാധകമാക്കി. തുടര്‍ന്ന് 2013-14ലെ തസ്തികനിര്‍ണയം നടത്താന്‍ 2013 നവംബര്‍ 29ന് വികലമായ ഒരു ഉത്തരവിറക്കിയെങ്കിലും അധ്യയനവര്‍ഷം അവസാനിച്ച് എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും 2013-14ലെ തസ്തികനിര്‍ണയം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതെല്ലാം കൊട്ടിഘാഷിച്ച് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്നു പറഞ്ഞ് നടപ്പാക്കിയ അധ്യാപകപാക്കേജിന്റെ പേരിലാണെന്നുകൂടിയാകുമ്പോള്‍ ചിത്രം കുറെക്കൂടി വ്യക്തമാകുന്നു.

എന്തായിരുന്നു അധ്യാപകപാക്കേജ്. 2005 ആഗസ്ത് 17ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 2006-07 മുതല്‍ അധിക ഡിവിഷന്‍ ഒഴിവുകളിലെ അധ്യാപകനിയമനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അവഗണിച്ച് നിരവധി എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ അധ്യാപകരെ നിയമിച്ചു. ഇപ്രകാരം നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമനാഗീകാരം നല്‍കിയിരുന്നില്ല. ഇവര്‍ക്ക് നിയമനാംഗീകരം നല്‍കണമെന്ന നിരന്തരമായ അഭ്യര്‍ഥനകള്‍ പരിഗണിച്ച് 2010 ജനുവരി 10ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അതുവരെ നിയമനം ലഭിച്ച അധ്യാപകരുടെ തത്തുല്യമായ എണ്ണം പ്രൊട്ടക്ടഡ് അധ്യാപകരെ 2010-11 മുതല്‍ അതേ സ്കൂളില്‍ ഉണ്ടാകുന്ന പുതിയ ഒഴിവുകളില്‍ നിയമിക്കാമെന്ന് സമ്മതിച്ചുള്ള സമ്മതപത്രം മാനേജര്‍മാര്‍ സമര്‍പ്പിച്ചാല്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവരുടെ നിയമനം അംഗീകരിക്കാന്‍ ഉത്തരവായി. ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ 1:1 എന്ന ക്രമത്തില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍, പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ എന്ന മുറയ്ക്ക് നിയമനം നടത്തണമെന്നും നിഷ്കര്‍ഷിച്ചു. ഇതനുസരിച്ച് ധാരാളം പുതിയ നിയമനങ്ങള്‍ അംഗീകരിക്കുകയുണ്ടായി. എന്നാല്‍, മാനേജര്‍മാര്‍ സമ്മതപത്രം നല്‍കാതിരുന്ന സ്കൂളുകളില്‍ നിയമനം അംഗീകരിക്കപ്പെടാതെ അധ്യാപകര്‍ ശമ്പളം ലഭിക്കാതെ തുടരുകയുംചെയ്തു. ഇങ്ങനെ ശമ്പളം ലഭിക്കാതെ തുടര്‍ന്ന 3389 അധ്യാപകരുടെ നിയമനം 2011 ജൂണ്‍ ഒന്നുമുതല്‍ അംഗീകരിച്ച് ശമ്പളം നല്‍കുന്നതിനും 1997 മുതല്‍ 2010 വരെ കുട്ടികളുടെ കുറവുമൂലം പുറത്തായ അധ്യാപകരെ സംരക്ഷിക്കുന്നതിനും ഉദ്ദേശിച്ച് കൊണ്ടുവന്ന 2011 ഒക്ടോബര്‍ ഒന്നിലെ ഉത്തരവാണ് അധ്യാപകപാക്കേജായി പ്രഖ്യാപിക്കപ്പെട്ടത്.

2011 ഒക്ടോബര്‍ ഒന്നിലെ ഉത്തരവുപ്രകാരം തസ്തിക നിര്‍ണയിക്കുന്നതിനായി കേരള വിദ്യാഭ്യാസചട്ടങ്ങള്‍ അധ്യായം 23ല്‍ അനുശാസിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ 2011-12 മുതല്‍ നടപ്പാക്കേണ്ടെന്നും യുഐഡി/ ഇഐഡി നമ്പര്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചശേഷംമാത്രം അതിന്റെ അടിസ്ഥാനത്തില്‍ തസ്തികനിര്‍ണയം നടത്തിയാല്‍ മതിയെന്നുമാണ് ഉത്തരവായത്. 2006 മുതല്‍ നിയമനാംഗീകാരം ലഭിക്കാതെ അധിക ഡിവിഷനുകളില്‍ തുടര്‍ന്ന അധ്യാപകരുടെ 2011 മെയ് 31 വരെയുള്ള ശമ്പളം തടഞ്ഞുവച്ച് 2011 ജൂണ്‍ ഒന്നുമുതല്‍ ശമ്പളം നല്‍കാനാണ് ഉത്തരവായത്. 2011 മെയ് 31 വരെയുള്ള ശമ്പളം പിന്നീട് പരിശോധിച്ച് നല്‍കുന്നതാണെന്നും വ്യക്തമാക്കി. സംരക്ഷിത അധ്യാപകരെ ഉള്‍പ്പെടുത്തി "അധ്യാപകബാങ്ക്" രൂപീകരിക്കുന്നതിനും തീരുമാനമായി. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനം ഇനിമേല്‍ പിഎസ്സി വഴിയായിരിക്കുമെന്നും ഉത്തരവായി. 2011-12 മുതലുള്ള അധിക ഡിവിഷനുകളിലെ നിയമനങ്ങള്‍ തല്‍ക്കാലം ദിവസവേതനത്തിലും 2013-14ല്‍ ഇവരുടെ നിയമനം സ്ഥിരം സ്വഭാവത്തില്‍ അംഗീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30/1:35 എന്ന ക്രമത്തില്‍ കണക്കാക്കി പുതുതായി നിയമിക്കപ്പെട്ട അധ്യാപകരെയും ചട്ടം 51 എ അവകാശികളെയും കുട്ടികളുടെ കുറവുമൂലം പുറത്തായ അധ്യാപകരെയും അധ്യാപകബാങ്കില്‍നിന്ന് ഒരാളെയും ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ തസ്തിക അനുവദിക്കാമെന്നുംകൂടി ഉത്തരവായി. 2011 ഒക്ടോബര്‍ ഒന്നിന് ഇറക്കിയ ഉത്തരവില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ക്ക് നിയമപ്രാബല്യംവരുത്താന്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും കേരള വിദ്യാഭ്യാസചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ മുഴുവന്‍ നടപ്പാക്കാനും ശ്രദ്ധിച്ചില്ല. അങ്ങനെ അധ്യാപകപാക്കേജ് പാതിവഴിയിലുപേക്ഷിച്ചു എന്നതാണ് വസ്തുത. ഇതിന്റെ ഭാഗമായി ധാരാളം പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു.

തസ്തികനിര്‍ണയം ഒരു വിഭാഗം സ്കൂളുകള്‍ക്ക് 1:30/ 1:35ഉം മറ്റു വിഭാഗത്തിന് 1:45 ആക്കിയതിനുമെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നു. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30/ 1:35 എന്നത് ക്ലാസ് തലത്തിലല്ല, സ്കൂള്‍തലത്തിലാണ് നടപ്പാക്കേണ്ടത് എന്ന വ്യവസ്ഥയും കേരളത്തിലെ സ്കൂളുകളുടെ ഇപ്പോഴത്തെ ഘടനയില്‍ ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. ഒന്നുമുതല്‍ നാലുവരെ പ്രൈമറിയും അഞ്ചുമുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറി എന്നതും ഒന്നുമുതല്‍ അഞ്ചുവരെയും ആറുമുതല്‍ എട്ടുവരെയും എന്നാക്കുന്ന ഘടനാപരമായ മാറ്റം നടപ്പാക്കാതെ സ്കൂള്‍തല അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കാന്‍ കഴിയില്ല. പ്രധാനാധ്യാപകനെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി. സര്‍ക്കാര്‍ സ്കൂളിന് ബാധകമാക്കി, എയ്ഡഡ് സ്കൂളിനു ബാധകമല്ല. ഇതുവഴിയുണ്ടാകുന്ന അധികബാധ്യത കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ടുതാനും. കുട്ടികളുടെ എണ്ണം കണക്കാക്കി അധിക അധ്യാപകര്‍ക്കുള്ള ശമ്പള ഇനത്തിലുള്ള തുക കേന്ദ്രസര്‍ക്കാരില്‍നിന്ന് ഗ്രാന്റായി വാങ്ങി വകമാറ്റി ചെലവഴിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നു. എങ്കിലും തങ്ങളുടെ പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാട്ടുകയാണ്. 2011-12ല്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിക്കപ്പെട്ട ആയിരക്കണക്കിന് അധ്യാപകരുടെ ഭാവിയെന്തെന്നത് വ്യക്തമാകാതെ അവര്‍ അലയുന്നു. 2012-13ലും 2013-14ലും നിയമിക്കപ്പെട്ടവരുടെയും സ്ഥിതി മറിച്ചല്ല. 2010-11നുശേഷം അവധി ഒഴിവില്‍ നിയമിക്കപ്പെട്ട് അംഗീകാരം സിദ്ധിക്കപ്പെട്ട് തുടരുന്നവര്‍ സംരക്ഷിക്കപ്പെടില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അധ്യാപകബാങ്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. സ്പെഷ്യലിസ്റ്റ് അധ്യാപകനിയമനം 2012-13 മുതല്‍ അനിശ്ചിതമായി മാറി. ചിലരെല്ലാം അംഗീകാരം വാങ്ങിയപ്പോള്‍ ചിലരെല്ലാം അംഗീകാരം ലഭിക്കാതെ തുടരുന്നു. 2006 മുതല്‍ നിയമിക്കപ്പെട്ട് 2011നു മുമ്പ് കുട്ടികളുടെ എണ്ണംകുറവുവന്നതിനാല്‍ പുറത്തായ അധ്യാപകരുടെ നിയമനാംഗീകാരം പരിഗണിച്ചില്ല. 2006-07 മുതല്‍ നിയമനം ലഭിച്ച് 2011 മെയ് 31 വരെയുള്ള ശമ്പളം തടഞ്ഞുവച്ച് 2011 ജൂണ്‍ ഒന്നുമുതല്‍ ശമ്പളം ലഭിച്ചവരുടെ തടഞ്ഞുവച്ച ശമ്പളം പരിശോധിച്ച് തീരുമാനമെടുക്കമെന്ന വാഗ്ദാനം മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല.

2006 മുതല്‍ 2011 വരെ അംഗീകാരം ലഭിക്കാതെ തുടര്‍ന്ന 3389 അധ്യാപകരുടെ പ്രശ്നപരിഹാരത്തിനായി രൂപം നല്‍കിയ അധ്യാപകപാക്കേജ് പൂര്‍ണമായി നടപ്പാക്കിയില്ലെന്നു മാത്രമല്ല, 2011 ജൂണ്‍ കഴിഞ്ഞ് മൂന്നുവര്‍ഷമായി നിയമനം ലഭിച്ച അധിക ഡിവിഷന്‍ ഒഴിവുകളില്‍ തുടരുന്ന നാലായിരത്തോളം പുതിയ അധ്യാപകരുടെ നിയമനാംഗീകാരത്തിന് ഒരു പരിഹാരവും ഇതേവരെ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. 2011 ജൂണ്‍ ഒന്നുമുതല്‍ അംഗീകാരം നല്‍കിയ 3389 അധ്യാപകരുടെ തടഞ്ഞുവച്ച 2011 മെയ് 31 വരെയുള്ള അഞ്ചുവര്‍ഷത്തെ ശമ്പളം നല്‍കാനും തയ്യാറായിട്ടില്ല. 2013 മെയ് 20ന് അധ്യാപകപ്രക്ഷോഭത്തെതുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ക്ലാസ് തലത്തില്‍ ഭേദഗതിചെയ്ത അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കുമെന്നതും വഴിയില്‍ ഉപേക്ഷിച്ച് വാഗ്ദാനലംഘനത്തിന്റെ വിശ്വരൂപം കാട്ടുകയാണ് സര്‍ക്കാര്‍. ഫലമോ പൊതുവിദ്യാഭ്യാസമേഖലയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്; അധ്യാപകന്റെ സ്ഥിതി ദയനീയവും.

*
അഡ്വ. വി രാജശേഖരന്‍നായര്‍

Friday, April 25, 2014

വിദ്യാര്‍ഥി സംഘടനാ നിരോധനം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി

ഞാന്‍ ഹൈസ്കൂളില്‍ ചേര്‍ന്നത് 1947 ജൂണിലായിരുന്നു. സ്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ക്ലാസില്‍ പോകാന്‍ കഴിഞ്ഞത്. അന്ന് കാലത്ത് സ്കൂളില്‍ എത്തുമ്പോള്‍ അതിന്റെ രണ്ടു ഗേറ്റുകളിലും വിദ്യാര്‍ഥികളുടെ പിക്കറ്റിങ്ങായിരുന്നു. സ്വാതന്ത്ര്യലബ്ധിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അതിന് അടിസ്ഥാനം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഏതാണ്ട് രണ്ടുമാസം മുമ്പത്തെ സ്ഥിതിയായിരുന്നു അത്. മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം വിദ്യാര്‍ഥികളും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പഠനത്തില്‍ മാത്രം താല്‍പര്യമെടുക്കുകയും സമൂഹത്തെ സംബന്ധിക്കുന്ന നാനാ കാര്യങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെയും യുവതീയുവാക്കളെയുമല്ല, മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര നേതാക്കള്‍ വിഭാവനംചെയ്തത്. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ അവര്‍ തങ്ങളുടേതായ രീതിയില്‍ പങ്കാളികളാകണം. അതിനുതക്കവണ്ണം അവര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന നാനാ സംഭവങ്ങളും അവ സമൂഹജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കുകയും അവ ചര്‍ച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തുകയും വേണ്ടിവരുമ്പോള്‍ ഇടപെടുകയും വേണം.

ഈ നിലപാടിനെ എതിര്‍ത്തവര്‍ അക്കാലത്തും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പഠിച്ചാല്‍ മാത്രം മതി, സമൂഹത്തെ ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ മുതിര്‍ന്നവര്‍ നോക്കിക്കൊള്ളും എന്നായിരുന്നു അവരുടെ നിലപാട്. സ്വാന്ത്ര്യസമരകാലത്തുതന്നെ വിദ്യാര്‍ഥി പങ്കാളിത്തത്തെ അവര്‍ എതിര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ പൗരര്‍ക്കെല്ലാമുള്ള അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും പ്രതിഷേധങ്ങളും വിദ്യാര്‍ഥികള്‍ക്കുമുണ്ട് എന്ന ജനാധിപത്യ സങ്കല്‍പനത്തിന് എതിരാണ് നാടുവാഴിത്ത ചിന്തയുടെ ഉല്‍പന്നമായ ഈ വാദഗതി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോള്‍, അത് വിദ്യാഭ്യാസരംഗത്തും കാര്‍ഷികബന്ധങ്ങളിലും കാലോചിതവും ജനാധിപത്യപരവുമായ മാറ്റങ്ങള്‍ നിയമനിര്‍മാണത്തിലൂടെ വരുത്തിയപ്പോള്‍, അതിനെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസിന്റെ പോഷകസംഘടനയായി വിദ്യാര്‍ഥി സംഘടന രൂപീകരിക്കുന്നതിനും ആ സംഘടനയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അവര്‍ക്ക് ആദര്‍ശപരമായ തടസ്സമോ മനസ്സാക്ഷിക്കുത്തോ ഉണ്ടായില്ല. മാത്രമല്ല, ആ കെഎസ്യുവിന്റെ അഖിലേന്ത്യാ പതിപ്പായി എന്‍എസ്യുഐ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു അവര്‍. അതിപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു.

എബിവിപി, എസ്എഫ്ഐ, എഐഎസ്എഫ് തുടങ്ങി അഖിലേന്ത്യാതലത്തിലും സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥി സംഘടനകള്‍ ഇന്നുണ്ട്. വാജ്പേയി സര്‍ക്കാര്‍ ഒരു വ്യാഴവട്ടത്തിനുമുമ്പ് ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച് നിയോഗിച്ച ബിര്‍ള-അംബാനി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് 12-ാം പദ്ധതിക്കാലത്ത് യുപിഎ ഗവണ്‍മെന്റ് പല പരിഷ്കാരങ്ങളും വരുത്തിക്കൊണ്ടിരിക്കുന്നത്. അവയ്ക്ക് ആധാരമായി പ്രവര്‍ത്തിക്കുന്നത് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) തയ്യാറാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച ""ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച വാര്‍ഷിക അവലോകനം 2013"" (എഎസ്എച്ച്ഇ 2013) എന്ന റിപ്പോര്‍ട്ടും എഫ്ഐസിസിഐ തയ്യാറാക്കി ആസൂത്രണകമ്മീഷന്‍ പ്രസിദ്ധീകരിച്ച ""ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം; പന്ത്രണ്ടാം പദ്ധതിയും അതിനുശേഷവും"" എന്ന റിപ്പോര്‍ട്ടുമാണ്. ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വാജ്പേയി ഗവണ്‍മെന്റ് വിദ്യാഭ്യാസരംഗത്തേക്ക് കൈപിടിച്ച് ആനയിച്ച കോര്‍പറേറ്റ് മേഖലയ്ക്ക് യുപിഎ സര്‍ക്കാര്‍ ഔദ്യോഗിക പങ്കാളിത്തം പിപിപി (പൊതു-സ്വകാര്യ പങ്കാളിത്തം) വഴി നല്‍കി എന്നാണ്. എന്താണ് ഇതിന്റെ പ്രത്യേകത? ഇതേവരെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുപുറമെ സഹായം ലഭിച്ചിരുന്നുള്ളു. അവയുടെ പ്രതിനിധികളും അധ്യാപകരും മാത്രമാണ് സര്‍വകലാശാലാ സമിതികളിലും മറ്റും ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിനുപകരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വലിയ അംഗീകാരവും അധികാരവും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കുന്നു. ഇതാണ് വന്നിരിക്കുന്ന പ്രധാന മാറ്റം. ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (ആര്‍യുഎസ്എ അഥവാ റുസ) എന്ന പദ്ധതി.

അരനൂറ്റാണ്ടിലേറെക്കാലമായി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) വഴിയാണ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നതും. അവ പാലിക്കുന്നവയ്ക്ക് അംഗീകാരവും സഹായവും നല്‍കിവന്നതും. ഇപ്പോള്‍ ഇന്ത്യയില്‍ സര്‍വകലാശാലകള്‍ 700ല്‍പരമുണ്ട്. കോളേജുകള്‍ 35,000ല്‍പരവും. യുജിസി എന്ന ഒറ്റ സ്ഥാപനത്തിന് ഇവയുടെയെല്ലാം നിലവാരം നിര്‍ണയിക്കാനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും അവ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തി സഹായം നല്‍കാനും കഴിയില്ല. അധികാര വികേന്ദ്രീകരണം വേണം, സംശയമില്ല. സംസ്ഥാനതലത്തില്‍ നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച് ഇത്തരം കുറെ ചുമതലകള്‍ അവയെ ഏല്‍പിക്കുന്നത് സ്വീകാര്യമാണ്. പക്ഷേ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസതലത്തിലെ വിവിധ സ്ഥാപനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തണം. സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കായി അത് ചെലവഴിക്കപ്പെടുന്നു എന്ന് നിഷ്കര്‍ഷിക്കണം. വിവിധ ബൗദ്ധിക മേഖലകളില്‍ ഉന്നത നിലവാരമുള്ള ബിരുദമോ ബിരുദാനന്തരബിരുദമോ ഗവേഷണശേഷിയോ ഉള്ളവര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടുന്നു എന്ന് അത് ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ സ്വാര്‍ഥതാല്‍പര്യ പ്രേരിതമായി പ്രവര്‍ത്തിക്കാത്തവരെയാണ് കൗണ്‍സിലിന്റെ ചുമതല ഏല്‍പിക്കേണ്ടത്. എന്നാല്‍, സാമുദായികമോ ബിസിനസ്പരമോ മറ്റുതരത്തിലോ ഉള്ള സങ്കുചിതവും വിദ്യാഭ്യാസേതരവുമായ താല്‍പര്യങ്ങളാണ് വിദ്യാഭ്യാസതലത്തില്‍ ഇപ്പോള്‍ പിടിമുറുക്കി കാണുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു പകരം ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുമാറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതും രൂപീകരിക്കുന്നതുമായ ഇത്തരം ഉന്നത സമിതികള്‍ നല്‍കുന്നത്. ഇതിനുതെളിവാണ് എന്‍ജിനീയറിങ് ബിരുദധാരികളില്‍ 75 ശതമാനവും നിലവാരമില്ലാത്തവരാണെന്നും മൊത്തം സര്‍വകലാശാലകളില്‍ 90 ശതമാനവും ശരാശരി നിലവാരമില്ലാത്തവയാണെന്നുമുള്ള സര്‍ക്കാര്‍ വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്. വാസ്തവത്തില്‍, അവര്‍ക്കുവേണ്ടിയാണ് കോഴ്സുകള്‍ സ്വയം ആവിഷ്കരിക്കാനും അവയനുസരിച്ച് അധ്യാപനം നടത്തി സ്വയം നടത്തുന്ന പരീക്ഷയിലൂടെ ഉന്നത നിലവാരമുള്ളവരെ കണ്ടെത്തി ബിരുദം നല്‍കാനുമുള്ള സ്വയംഭരണ (ആട്ടോണമസ്) കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കോഴ്സുകള്‍ സ്വയം ആവിഷ്കരിക്കാനും അവയെ കാലാകാലങ്ങളില്‍ അവലോകനംചെയ്ത് മെച്ചപ്പെടുത്താനും വിദ്യാര്‍ഥികള്‍ നല്ല നിലവാരം കൈവരിച്ചു എന്ന് പരീക്ഷവഴി വിലയിരുത്താനും ശേഷിയുള്ള സ്ഥാപനങ്ങളെ ഇവിടെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളില്‍ അത്തരം സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ നമുക്കും അവയാകാം. പക്ഷേ, അവയില്‍ പ്രിന്‍സിപ്പല്‍ മുതല്‍ക്കുള്ള അധ്യാപകര്‍ക്കാണ് സ്വയംഭരണാവകാശം വേണ്ടത്; മാനേജ്മെന്റിനല്ല. സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കേണ്ടത് വിദ്യാഭ്യാസവകുപ്പോ മന്ത്രിസഭയോ അല്ല. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരും അക്കാദമിക് തലത്തില്‍ വ്യാപകമായ അംഗീകാരം ഉള്ളവരുമായ ആളുകള്‍ അടങ്ങുന്ന സമിതികളാണ്. ഏത് കോളേജിനെയും ഒരു പ്രക്രിയയിലൂടെ മാത്രമേ ഈ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയൂ അതിനെ തുടര്‍ച്ചയായി വിലയിരുത്തുകയും വേണം. അത്തരമൊരു പ്രക്രിയയും കൂടാതെ ആട്ടോണമസ് കോളേജ് പദവി ചില സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനെ ആര്‍ക്കും അംഗീകരിക്കാനാവില്ല. പല സംസ്ഥാനങ്ങളിലും കഴിഞ്ഞകാലത്ത് നല്‍കിയതിന്റെ അനുഭവം വിവാദപരമാണ്. ഇങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് മേധാവികള്‍ക്കും സാമുദായിക താല്‍പര്യങ്ങള്‍ക്കും നിര്‍ണായക നിയന്ത്രണം നല്‍കാനും അവര്‍ക്ക് വിദ്യാര്‍ഥിപ്രവേശനം, അധ്യാപകനിയമനം, ഫീസ്, ശമ്പളം എന്നിവ നിശ്ചയിക്കുന്നതില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനുമാണ് ആട്ടോണമസ് കോളേജ്, റുസ പദ്ധതികള്‍വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുതിര്‍ന്നുകാണുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി-അധ്യാപക സമൂഹങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ വിദ്യാര്‍ഥികളടെ എതിര്‍പ്പിന് കൂച്ചുവിലങ്ങിടാനാണ് വിദ്യാര്‍ഥി സംഘടനകള്‍ പാടില്ല എന്നും മറ്റും നിഷ്കര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ നിലപാടെടുക്കുന്നതും അതിന് അംഗീകാരം നല്‍കാന്‍ പലപ്പോഴും കോടതി തുനിയുന്നതും. അതിന്റെ ഭാഗമാണ് കഴിഞ്ഞദിവസം യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ ഇതുസംബന്ധിച്ച് സമര്‍പ്പിച്ച രേഖ. ഒരു കാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. ഇവിടത്തെ വിദ്യാര്‍ഥികള്‍ പല കാര്യങ്ങളിലും ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കഴിഞ്ഞകാലത്ത് സമരംചെയ്ത് നേടിയെടുത്തത് നശീകരണ പ്രവര്‍ത്തനം നടത്താനല്ല, വിദ്യാഭ്യാസ നിലവാരം ഇടിച്ചുതാഴ്ത്താനുമല്ല. ടാഗോര്‍ പണ്ടുപറഞ്ഞതുപോലെ നിര്‍ഭയമായി തന്റെ സ്വതന്ത്രമായ അഭിപ്രായം തലയുയര്‍ത്തി പറയാന്‍ ആത്മധൈര്യമുള്ള ജനത ഒരു ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയാണ്. അത്തരമൊന്നിനെ വാര്‍ത്തെടുക്കാന്‍ കെല്‍പുള്ളതാവണം വിദ്യാഭ്യാസ വ്യവസ്ഥയെങ്കില്‍, അത് ജനാധിപത്യത്തില്‍ അധിഷ്ഠിതമായിരിക്കണം. എന്നാല്‍, വന്‍കിട സ്വത്തുടമകള്‍ക്കും അധികാരികള്‍ക്കും വേണ്ടത് അവരുടെ തീര്‍പ്പ് ചോദ്യംചെയ്യാതെ അനുസരിക്കുന്ന ഭീരുക്കളായ വിധേയരെയാണ്. ആഗോളവല്‍ക്കരണകാലത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അത്തരം വിധേയതലമുറകളെ വാര്‍ത്തെടുത്ത് തങ്ങളുടെ ചൂഷണവാഴ്ച അരക്കിട്ടുറപ്പിക്കാനാണ് കോര്‍പ്പറേറ്റുകളും അവര്‍ക്ക് ശിങ്കിടി പാടുന്ന കോണ്‍ഗ്രസ് - ബിജെപി നേതൃത്വങ്ങളും സാമുദായിക സംഘടനകളും ശ്രമിക്കുന്നത്. അതിന് തെളിവാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന രേഖ. ഇടത്തരം നീക്കങ്ങളെ എതിര്‍ത്ത് തോല്‍പിക്കേണ്ടതാണ് ഇന്ത്യയിലെ ജനസാമാന്യം അടരാടി നേടിയെടുത്ത സ്വാതന്ത്ര്യവും അതുമായി ബന്ധപ്പെട്ട മതനിരപേക്ഷ-ജനാധിപത്യ-സാമൂഹ്യനീതി ആദിയായ സങ്കല്‍പനങ്ങളും നിലനിര്‍ത്താനും കൂടുതല്‍ ശക്തവും അര്‍ഥവത്തും ആക്കാനും ആവശ്യമാണ്. നമ്മുടെ അസ്തിത്വം നിരന്തരമായ സമരങ്ങളിലൂടെ നിലനിര്‍ത്തേണ്ടതും കൂടുതല്‍ മിഴുവുറ്റതാക്കേണ്ടതുമായ ഒന്നാണ്. അതിനുവേണ്ടിയാണ് വിദ്യാര്‍ഥികള്‍ ഈ പ്രശ്നത്തില്‍ സംഘടിച്ച് നിലപാടെടുക്കുന്നതും സമരം ചെയ്യുന്നതും. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ആ സമരത്തിന് ഉറച്ച പിന്‍തുണ നല്‍കേണ്ടതുണ്ട്.

*
സി പി നാരായണന്‍

Wednesday, April 23, 2014

വിദ്യാഭ്യാസത്തിനുനേര്‍ക്കുള്ള നവലിബറലിസത്തിന്റെ കടന്നാക്രമണം

നവലിബറലിസത്തിന്റെ ഏറ്റവും വിനാശകരമായ പ്രത്യാഘാതങ്ങളില്‍ ഒന്ന് വന്നുപതിച്ചത് വിദ്യാഭ്യാസമേഖലയിലാണ്. എന്നാല്‍ അതിന്റെ കൂടുതല്‍ പ്രത്യക്ഷമായ സാമ്പത്തിക ഫലങ്ങളെ അപേക്ഷിച്ച്, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ കുറച്ചേ പഠനങ്ങള്‍ക്ക് വിധേയമായിട്ടുള്ളു. ഉന്നത വിദ്യാഭ്യാസമേഖലയിലേക്ക് മാത്രമായി ഞാനെന്റെ വിശകലനം ഒതുക്കിനിര്‍ത്താം. യുഎസ്എയിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നവലിബറല്‍ സംവിധാനം ഉണ്ടാക്കിയ ഫലങ്ങളെക്കുറിച്ചുള്ള ചില വിശദമായ പഠനങ്ങള്‍ അടുത്തകാലത്ത് പുറത്തുവരികയുണ്ടായി. ഇന്ന് യുഎസ്എയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണോ അത് ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതിനാല്‍ ഈ പഠനങ്ങളുടെ കാര്യത്തില്‍ നമുക്കും താല്‍പര്യമുണ്ട്. നവലിബറലിസത്തിന്റെ പ്രത്യാഘാതങ്ങള്‍ സാര്‍വത്രികംതന്നെയാണല്ലോ.

ഫാക്കല്‍റ്റിയുടെ ഘടനയില്‍ വന്ന മാറ്റം

ഇന്ന് യുഎസ്എയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന്, ഫാക്കല്‍റ്റിയുടെ (അധ്യാപക സമിതിയുടെ) ഘടനയില്‍ സംഭവിച്ച മാറ്റമാണ്. സ്ഥിരം ഫാക്കല്‍റ്റി അംഗങ്ങളില്‍നിന്ന് അഥവാ, നിശ്ചിത കാലാവധിയുള്ള, ഫാക്കല്‍റ്റി അംഗങ്ങളില്‍നിന്ന്, ""അനുബന്ധ ഫാക്കല്‍റ്റി"" അംഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന  വിഭാഗത്തിലേക്കുള്ള മാറ്റമാണ് - അവര്‍ക്ക് നിശ്ചിത കാലാവധിയൊന്നുമില്ല; കാലാവധിയെ സംബന്ധിച്ച ധാരണയേയില്ല; ഒരു പ്രത്യേക സെമസ്റ്ററില്‍ ഒരു പ്രത്യേക കോഴ്സ് പഠിപ്പിക്കുന്നതിനുവേണ്ടി ""വാടക""യ്ക്ക് എടുക്കപ്പെട്ടവരാണ് അവര്‍; പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങിയ അവകാശങ്ങള്‍ക്കൊന്നും അവര്‍ക്ക് അര്‍ഹതയില്ല; എന്നുതന്നെയല്ല നിസ്സാരമായ വേതനമാണ് അവര്‍ക്ക് ലഭിക്കുന്നത്. താഴെപ്പറയുന്ന വിവരങ്ങളില്‍നിന്ന്, എത്രമാത്രം കുറഞ്ഞ വേതനമാണ് അവര്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാകും.

വിവിധ യൂണിവേഴ്സിറ്റികളില്‍ വേതനത്തിന്റെ അളവ് വ്യത്യസ്തമാണെങ്കിലും ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പുതിയതായി നിയമിതനാകുന്ന ഒരു ജൂനിയര്‍ ഫാക്കല്‍റ്റി അംഗത്തിന് വര്‍ഷത്തില്‍ ഏതാണ്ട് 50,000 ഡോളര്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ പഠിപ്പിക്കണം. അതായത് ഒരു കോഴ്സിന് ഏതാണ്ട് 10,000 ഡോളര്‍ ലഭിക്കും. എന്നാല്‍ അതേ കോഴ്സ് പഠിപ്പിക്കുന്ന ഒരു ""അനുബന്ധ"" ഫാക്കല്‍റ്റി അംഗത്തിന്, ഒരു കോഴ്സിന് 3500 ഡോളറില്‍ കൂടുതല്‍ ലഭിക്കുകയില്ല. അതായത് ഒരേ ജോലിക്ക് മൂന്നിലൊന്നു കൂലി മാത്രം! ""തുല്യജോലിക്ക് തുല്യ വേതനം"" എന്ന അടിസ്ഥാന തത്വത്തിന്റെ ലംഘനമാണിത്. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ച ദാരിദ്ര്യരേഖ, അമേരിക്കയില്‍ 23050 ഡോളര്‍ ആണ് എന്നാണ് 2012ല്‍ കണക്കാക്കപ്പെട്ടത്. പണപ്പെരുപ്പംകൂടി കണക്കിലെടുത്താല്‍ ഇന്നത് 25000 ഡോളര്‍ ആയിട്ടുണ്ടാവും. ഒരു ""അനുബന്ധ"" ഫാക്കല്‍റ്റി അംഗത്തിന് അയാള്‍ (അഥവാ അവള്‍) തന്റെ കുടുംബത്തിലെ വരുമാനമുള്ള ഏക അംഗമാണെങ്കില്‍, ഔദ്യോഗിക ദാരിദ്ര്യരേഖയുടെ അടുത്തെങ്കിലും എത്തണമെങ്കില്‍ വര്‍ഷത്തില്‍ ഏഴ് കോഴ്സുകള്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിതനായിത്തീരുന്നു. അതിനായി അസാധ്യമായ വിധത്തിലുള്ള കഠിനാധ്വാനംതന്നെ അയാള്‍ ചെയ്യേണ്ടിവരും. ഇതിനൊക്കെപുറമെ, അമേരിക്കയിലെ അക്കാദമിക് തലത്തിലെ തൊഴില്‍രഹിതരായ കരുതല്‍ സേനയുടെ വമ്പിച്ച വൈപുല്യംകൂടി കണക്കിലെടുക്കുമ്പോള്‍, (ഇങ്ങനെയുള്ള തൊഴില്‍രഹിതര്‍ക്കിടയിലാണ് അനുബന്ധ ഫാക്കല്‍റ്റി സ്ഥാനങ്ങള്‍ ഓഹരി വെയ്ക്കേണ്ടത്) അങ്ങനെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഏഴ് കോഴ്സുകള്‍പോലും പഠിപ്പിക്കാന്‍ കിട്ടുകയുമില്ല. അതായത്, വരുമാനമുള്ള ഒരാളേ കുടുംബത്തിലുള്ളുവെങ്കില്‍ ദാരിദ്ര്യരേഖയുടെ അടുത്തേയ്ക്ക് എത്തിച്ചേരാന്‍ ആ ജോലി മതിയാവുകയില്ല. എന്നിട്ടും അമേരിക്കയില്‍ ഇന്ന് ആകെയുള്ള 15 ലക്ഷം ഫാക്കല്‍റ്റി അംഗങ്ങളില്‍ 10 ലക്ഷം പേര്‍ (അതായത് മൂന്നില്‍ രണ്ടുപേര്‍) ""അനുബന്ധ"" ഫാക്കല്‍റ്റി അംഗങ്ങളാണ്.

ഇന്ത്യയിലും സ്ഥിതി അതുതന്നെ

തികച്ചും സമാനമായ ഒരു ചിത്രമാണ് ഇന്ന് ഇന്ത്യയിലും കാണപ്പെടുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ പൊതു സ്ഥാപനങ്ങളില്‍ മഹാഭൂരിപക്ഷവും സംസ്ഥാന യൂണിവേഴ്സിറ്റികളാണ്. നിരവധി നവലിബറല്‍ പരിഷ്കാരങ്ങളുടെയും മുതലാളിമാര്‍ക്ക് നല്‍കപ്പെട്ട സൗജന്യങ്ങളുടെയും ഫലമായി സംസ്ഥാന ഗവണ്‍മെന്റുകള്‍ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സംസ്ഥാന യൂണിവേഴ്സിറ്റികള്‍ക്ക് ""താല്‍ക്കാലിക"" അധ്യാപകരെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥ വന്നുചേരുന്നു. ഈ താല്‍കാലിക അധ്യാപകര്‍ക്ക്, അവരുടെ അമേരിക്കന്‍ കൂട്ടാളികള്‍ക്കെന്നപോലെ, വളരെ നിസ്സാരമായ വേതനമേ ലഭിക്കുന്നുള്ളൂ. മറ്റ് ആനുകൂല്യങ്ങളൊന്നും കിട്ടുന്നുമില്ല. ""തുല്യ ജോലിക്ക് തുല്യ വേതനം"" എന്ന സത്യത്തിന്റെ നഗ്നമായ ലംഘനമാണിത്. എന്നുതന്നെയല്ല, പല യൂണിവേഴ്സിറ്റികളിലും ലഭ്യമായ ഫണ്ടുകൊണ്ട്, ന്യായമായ വേതനംകൊടുത്ത് ഇത്തരം താല്‍ക്കാലിക അധ്യാപകരെ ""വാടക""യ്ക്ക് എടുക്കാന്‍ കഴിയുന്നതുകൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക്, അക്ഷരാര്‍തഥത്തില്‍ത്തന്നെ, സ്വന്തംകാര്യം നോക്കേണ്ടിവരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ ശോച്യാവസ്ഥ സ്വകാര്യ സ്ഥാപനങ്ങള്‍ കൂണുകള്‍പോലെ മുളച്ചുപൊങ്ങുന്നതിന് ഇടയാക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. ഈ രാജ്യത്തും വിദേശങ്ങളിലും ദീര്‍ഘകാലത്തെ ചരിത്രമുള്ള, വിദ്യാഭ്യാസത്തിലും പരോപകാരത്തിലും താല്‍പര്യമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇവ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമല്ല; ലാഭം ഉണ്ടാക്കുന്നതിനുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണവ-പണമുണ്ടാക്കുന്നതിന് വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍. വിദ്യാഭ്യാസം ലാഭമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനമല്ല എന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നഗ്നമായി ലംഘിച്ചുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ലാഭമുണ്ടാക്കുന്നത് എന്തിനാണ് എന്ന് അവരോട് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ (അങ്ങനെ ആരും ചോദിക്കാറില്ല) അവര്‍ പറയുന്ന ന്യായം ഇതാണ്; തങ്ങള്‍ ഉണ്ടാക്കുന്ന ലാഭം തിരിച്ച് അതേ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി വിനിയോഗിക്കുന്നുണ്ട്. എന്നാല്‍ സൈദ്ധാന്തികമായും പ്രായോഗികമായും സ്വീകാര്യമായ ഒരു വാദമല്ല ഇത്. കാരണം ഡിവിഡന്റ് നല്‍കാത്ത ഒരു സ്ഥാപനത്തെ ലാഭമുണ്ടാക്കുന്ന സ്ഥാപനമായി സൈദ്ധാന്തികമായി കണക്കാക്കാന്‍ കഴിയില്ല. മാത്രമല്ല അവയുടെ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നില്ല എന്നുതന്നെ പറയാം.

കച്ചവട സ്ഥാപനങ്ങള്‍

എന്നാല്‍ ഈ വശം മാറ്റിനിര്‍ത്തിയാല്‍ത്തന്നെ (സുപ്രീംകോടതിയുടെ നിര്‍ദേശം ഈ സ്ഥാപനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന പ്രശ്നം), ഈ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ കടുത്ത ജോലിഭാരത്തിന് വിധേയരാക്കപ്പെടുന്നുണ്ട്; അവര്‍ക്ക് അവകാശങ്ങള്‍ അധികമൊന്നുമില്ലതാനും, വിദ്യാര്‍ഥികളില്‍നിന്ന് വളരെയേറെ ഉയര്‍ന്ന ഫീസ് വസൂലാക്കുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തെ ഒരു ""ചരക്ക്"" എന്ന നിലയില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്; വിദ്യാര്‍ത്ഥികള്‍ ഈ ""ചരക്ക്"" വാങ്ങുകയും ചെയ്യുന്നു. ഫാക്കല്‍റ്റി അംഗങ്ങളുടെ അധ്വാനശക്തികൊണ്ടും അതോടൊപ്പം സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഉല്‍പാദനോപകരണങ്ങള്‍കൊണ്ടും ഉണ്ടാക്കപ്പെടുന്ന ചരക്കാണ് ഇത്. അത്തരമൊരു സ്ഥാപനത്തിന് ഒരു കോര്‍പറേറ്റ് സ്ഥാപനവുമായി കൂടുതല്‍ കൂടുതല്‍ സാദൃശ്യം തോന്നുന്നതില്‍ അത്ഭുതത്തിനവകാശമില്ലല്ലോ. നവലിബറല്‍ വാഴ്ചക്കാലത്ത് ഈയിടെ സ്ഥാപിതമായ ചില അന്തസ്സുള്ള പൊതു സ്ഥാപനങ്ങള്‍പോലും തങ്ങളുടെ ഭരണത്തലവനെ (സാധാരണഭാഷയില്‍ പറഞ്ഞാല്‍ വൈസ്ചാന്‍സലറെ) പോലും യഥാര്‍ഥത്തില്‍ സിഇഒ എന്ന് (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) വിളിച്ചുതുടങ്ങിയിരിക്കുന്നു. അതായത്, നവലിബറല്‍വാഴ്ചയിന്‍കീഴില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ മാതൃകാ സ്ഥാപനം, വിമര്‍ശനാത്മകമായ ചിന്തയില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത ഫാക്കല്‍റ്റി അംഗങ്ങളുള്ള സ്ഥാപനമാണ്.

വിമര്‍ശനാത്മകമായ ചിന്തയ്ക്കൊന്നും സ്ഥാനമില്ല

ഈ കാര്യം വിദ്യാര്‍ഥികള്‍ക്കും തികച്ചും ബാധകമാണ്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തോ അല്ലെങ്കില്‍ സ്വന്തം രക്ഷിതാക്കളുടെ പക്കല്‍നിന്ന് വാങ്ങിയോ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി വളരെ വലിയ ഫീസ് അടയ്ക്കേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ ലക്ഷ്യം എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കുക എന്നതായിരിക്കും. അതുവഴി അവര്‍ക്ക്, തങ്ങളുടെ രക്ഷിതാക്കള്‍ക്ക് ഒരു ഭാരമായിത്തീരുന്ന അവസ്ഥ അവസാനിപ്പിക്കാന്‍ കഴിയും; അഥവാ, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. അതിന് അവര്‍ക്ക് പരീക്ഷ നന്നായി ചെയ്യണം. തങ്ങളുടെ കോഴ്സിനിടയില്‍ തങ്ങള്‍ വെട്ടിവിഴുങ്ങിയ അക്കാദമിക് കാര്യങ്ങള്‍ കഴിയാവുന്നിടത്തോളം മുഴുവനും തന്നെ, അവര്‍ക്ക് ഛര്‍ദിക്കേണ്ട അവസ്ഥ, ഇതുമൂലം സംജാതമായിത്തീരുന്നു. ഇത്തരമൊരു അവസ്ഥയില്‍ വിമര്‍ശനാത്മകമായ ചിന്തയ്ക്ക്, എന്തിന് ചിന്തയ്ക്കുപോലും, സാധ്യതയില്ലാതായിത്തീരുന്നു. ഒരുവശത്ത് കരാര്‍ വേലക്കാരുടേതിനേക്കാള്‍ ഒട്ടും മെച്ചമല്ലാത്ത അവസ്ഥയോടുകൂടിയ ഫാക്കല്‍റ്റി അംഗങ്ങളുള്ള ഒരുപിടി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; അവര്‍ക്കാകട്ടെ തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുന്നതിനുള്ള വ്യാപാരത്തില്‍ അത്രമാത്രം മുഴുകിക്കിടക്കുന്നവരാണ് അവര്‍ എന്നതിനാല്‍, രചനാത്മകവും വിമര്‍ശനാത്മകവുമായ ഏതെങ്കിലും തരത്തിലുള്ള ചിന്തയില്‍നിന്ന് അവര്‍ പൂര്‍ണമായും ഫലപ്രദമായും പുറത്താക്കപ്പെട്ടിരിക്കുന്നു. മറുവശത്താകട്ടെ, വിദ്യാഭ്യാസം എന്ന ""ചരക്ക്"" ഉല്‍പാദിപ്പിക്കുന്നതില്‍ അത്രമാത്രം മുഴുകിയിരിക്കുന്ന ഒരു പിടി സ്വകാര്യ സ്ഥാപനങ്ങളും ഇവിടെയുണ്ട്-ഫാക്ടറിയിലേതുപോലുള്ള അച്ചടക്കത്തിന്‍കീഴില്‍ ഉല്‍പാദിപ്പിക്കുന്ന ഈ ചരക്കിന്റെ കാര്യത്തില്‍ രചനാത്മകവും വിമര്‍ശനാത്മകവുമായ ചിന്തയ്ക്ക് യാതൊരു സ്ഥാനവുമില്ലതാനും.

കേന്ദ്ര യൂണിവേഴ്സിറ്റികളെപ്പോലെ ബാക്കിയുള്ള സ്ഥാപനങ്ങളാകട്ടെ "ഗ്രേഡിങ്"" വ്യവസ്ഥകൊണ്ട് അലങ്കരിക്കപ്പെട്ടവയായതിനാല്‍ അവിടത്തെ ഫാക്കല്‍റ്റി അംഗങ്ങള്‍ ""വ്യവസ്ഥാപിത"" പ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് നിര്‍ബന്ധിതരായിത്തീരുന്നു; (അത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് രചനാത്മകവും വിമര്‍ശനാത്മകവുമായ ആശയങ്ങളോട് അനിവാര്യമായും വിപ്രതിപത്തിയുണ്ടായിരിക്കും); എന്നുതന്നെയല്ല ""പ്രോജക്ട് ഫണ്ട്"" സംഭരിക്കുന്നതിനും അവര്‍ നിര്‍ബന്ധിതരായിത്തീരുന്നു. (രചനാത്മകവും വിമര്‍ശനാത്മകവുമായ ചിന്ത ഉപേക്ഷിച്ച് ചരക്കുവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് അതും). അതിനാല്‍ ഫാക്കല്‍റ്റി അംഗങ്ങളില്‍ വിമര്‍ശനാത്മകമായ രചനാശീലം എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതുപോലും പുറംതള്ളപ്പെടുന്നു. ചുരുക്കത്തില്‍ നമ്മുടെ രാജ്യത്ത് ഉള്‍പ്പെടെ ലോകത്തിലെങ്ങും, നവലിബറല്‍ മുതലാളിത്തം, വിമര്‍ശനാത്മകമായ ചിന്തയെ നശിപ്പിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതായത്, ""നവലിബറലിസം" എന്നത്, ""ലിബറല്‍ യൂണിവേഴ്സിറ്റി"" എന്നു പറയപ്പെടുന്നതിന്റെ അന്ത്യത്തെയാണ് കുറിക്കുന്നത്. ഇതിന്റെ പ്രാധാന്യത്തെ നാം ഒട്ടും കുറച്ചുകാണരുത്. അക്കാദമിക് മേഖലയെ തങ്ങളോട് കൂട്ടിച്ചേര്‍ക്കുന്നതിനും അതിനെ സ്വന്തം നിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവരുന്നതിനും ഇന്ന് നവലിബറലിസം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മുമ്പ് മുതലാളിത്തം ചരിത്രപരമായി, അങ്ങനെ ഇന്നത്തെപ്പോലെ വ്യക്തമായി അത് ചെയ്തിരുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അക്കാലത്ത് അക്കാദമിക് ലോകത്തിന് കുറച്ചൊക്കെ സ്വയംഭരണാവകാശം ഉണ്ടായിരുന്നു; തുറന്ന മനഃസ്ഥിതി ഉണ്ടായിരുന്നു. ഈ സ്വയംഭരണാവകാശത്തെ നാം പെരുപ്പിച്ചുകാണുകയൊന്നും വേണ്ട. എന്തൊക്കെത്തന്നെയായാലും ശരി, തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് തുനിയുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു യൂണിവേഴ്സിറ്റികള്‍; അതിനനുസരിച്ച് അവരെ പരിശീലിപ്പിക്കേണ്ടതുണ്ടായിരുന്നു; അത്തരം പരിശീലനം നല്‍കുക എന്നതായിരുന്നു യൂണിവേഴ്സിറ്റികളുടെ ഏറ്റവും വലിയ ജോലി. അതെന്തായാലും, ""പരിശീലനം നല്‍കുക"" എന്ന ഈ മൗലിക കടമയുടെ അരികുപറ്റി, ചോദ്യംചെയ്യുന്നതിനുള്ള വിമര്‍ശനാത്മകമായ സമീപനവും മാനുഷിക സംവേദനക്ഷമതയും വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കുന്ന ""വിദ്യാഭ്യാസ""ത്തിനുള്ള സാധ്യത നിലവിലുണ്ടായിരുന്നു. ഈ അലങ്കാര അരികുകള്‍ ചിലപ്പോള്‍ വളരെ വിപുലമായി കാണപ്പെട്ടിരുന്നു-അറുപതുകളുടെ അവസാനത്തിലും വിയത്നാം യുദ്ധകാലത്തും കണ്ടപോലെ മറ്റു ചിലപ്പോള്‍ അത് വരെ സങ്കുചിതവും ആയിരുന്നു. എന്നാല്‍ ഈ തൊങ്ങലുകള്‍ ആകെത്തന്നെ ഇല്ലാതാക്കാനാണ് ഇന്ന് നവലിബറലിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത്; അവശേഷിച്ചിരുന്ന തുറന്ന മനഃസ്ഥിതികൂടി ഇല്ലാതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. (വിരോധാഭാസമെന്നു പറയട്ടെ മുതലാളിത്തത്തിന്റെ പാവനമായ മൂല്യങ്ങള്‍ എന്ന് എല്ലായ്പ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നവയാണത്.) നവലിബറല്‍ വ്യവസ്ഥയെ സംബന്ധിച്ച വിമര്‍ശനാത്മകമായ ആശയങ്ങളോട് സഹിഷ്ണുതയില്ലാത്ത എല്ലാ അക്കാദമിക് പദ്ധതികളും അടച്ചുപൂട്ടുന്നതിനാണ് ശ്രമം. സമഗ്രാധിപത്യ സ്വഭാവം ആര്‍ജിക്കുന്നു ചുരുക്കത്തില്‍ നവലിബറല്‍ മുതലാളിത്തം സമഗ്രാധിപത്യ സ്വഭാവം ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്-ആ പദത്തിന്റെ മൂല അര്‍ഥത്തില്‍തന്നെ. നവലിബറലിസത്തിന്റെ സമഗ്രമേധാവിത്വത്തെ ചോദ്യംചെയ്യുന്ന ഏത് ബൗദ്ധിക നീക്കത്തേയും പുറംതള്ളാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ബോധപൂര്‍വം നടപ്പാക്കിക്കൊണ്ടിരിക്കുന്നതാവണമെന്നില്ല. മുതലാളിത്തം ആസൂത്രിതമായ ഒരു വ്യവസ്ഥയല്ലാത്തതിനാല്‍, അതിന്റെ സമഗ്രാധിപത്യത്തിനെതിരായി ഉയര്‍ന്നുവന്നേക്കാവുന്ന വെല്ലുവിളികളില്‍നിന്ന് അതിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി ബോധപൂര്‍വമായ ആസൂത്രണം നടത്തുന്നുവെന്ന് പറയാനാവില്ല. അത് മുതലാളിത്തത്തിന്റെ സഹജസ്വഭാവമായ ചരക്കുവല്‍ക്കരണ പ്രക്രിയയുടെ ഫലമാവാനാണ് കൂടുതല്‍ സാധ്യത. നവലിബറല്‍ മുതലാളിത്തത്തിന്‍ കീഴില്‍ അതിന് കൂടുതല്‍ വലിയ ഉത്തേജനം ലഭിക്കുന്നുവെന്നുമാത്രം. ഈ ചരക്കുവല്‍ക്കരണം ജീവിതത്തിന്റെ എല്ലാ മേഖലകളേയും ആക്രമിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ നശീകരണാത്മകമായ തേരോട്ടത്തിനും മനുഷ്യത്വരഹിതമായ കൊള്ളകള്‍ക്കും എതിരായ പ്രതിഷേധമായി ഇക്കാലമത്രയും നിലകൊണ്ടിരുന്ന ബൗദ്ധികമായ ചെറുത്തുനില്‍പിനുനേരെപോലും വിമര്‍ശനാത്മകമായ ചിന്തയുടെ പിള്ളത്തൊട്ടിലായ അക്കാദമിക് മേഖലയ്ക്ക് നേരെപോലും, ഈ ആക്രമണം ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. നമ്മുടേതുപോലെയുള്ള സമൂഹങ്ങളിലെ വിമര്‍ശനാത്മകമായ ചിന്തയെ തകര്‍ക്കുന്നതിന് മറ്റൊരു അര്‍ഥതലം കൂടിയുണ്ട്-ഇത്തരം സമൂഹങ്ങള്‍ ഏറെക്കാലം ഫ്യൂഡലിസത്തിന്റെ ശാസനത്തിന്‍കീഴിലായിരുന്നു; ആ വ്യവസ്ഥയ്ക്ക് പറയത്തക്ക കോട്ടമൊന്നും വരുത്താതെ, അതിനുമേല്‍ പുതിയതായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന മുതലാളിത്തം അധ്യാരോപിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള ഫ്യൂഡല്‍ വ്യവസ്ഥയുമായി ബൂര്‍ഷ്വാസി സന്ധിചെയ്യുന്നെങ്കിലും ബൂര്‍ഷ്വാ വിപ്ലവങ്ങളാല്‍ പ്രചരിപ്പിക്കപ്പെട്ട ""സത്യം"", "സമത്വം"", ""സാഹോദര്യം"" തുടങ്ങിയ ആശയങ്ങള്‍ (ജാതിയുടെ അടിസ്ഥാനത്തിലുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തിന് മൗലികമായിത്തന്നെ വിരുദ്ധമാണ് ഈ ആശയങ്ങള്‍) നമ്മുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതത്തിലേക്ക് എന്തുതന്നെയായാലും പ്രവേശിക്കുകതന്നെ ചെയ്തു.

എല്ലാറ്റിനുമുപരിയായി ബൗദ്ധികമായ പ്രപഞ്ചത്തിലാണ് ഈ ആശയങ്ങള്‍ പോഷിപ്പിക്കപ്പെടുന്നത്. ഈ ബൗദ്ധിക പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളായിരുന്നുവല്ലോ, യൂണിവേഴ്സിറ്റികള്‍. വിപണിയില്‍ സ്വയം ഉയര്‍ത്തിക്കാണിക്കുന്നതൊഴിച്ചുള്ള എല്ലാ ആശയങ്ങളോടും ഉള്ള പ്രതിബദ്ധതയെ നിരുത്സാഹപ്പെടുത്തുന്നതും വിമര്‍ശനബോധത്തോടെയുള്ള ചിന്തയെ തകര്‍ക്കുന്നതുമായ ഉന്നത വിദ്യാഭ്യാസത്തിന്റെ ചരക്കുവല്‍ക്കരണം, നവലിബറല്‍ മുതലാളിത്തത്തിന്റെ മേധാവിത്വത്തിനെതിരായ സമരത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് മാത്രമല്ല, ജാതിപരമായ അടിച്ചമര്‍ത്തലും പുരുഷാധിപത്യപരമായ അടിച്ചമര്‍ത്തലും അടക്കമുള്ള എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സമരങ്ങളേയും ദുര്‍ബലപ്പെടുത്തുന്നു.

*
പ്രഭാത് പട്നായിക് ചിന്ത വാരിക

Monday, April 21, 2014

ഉദ്യോഗസ്ഥ ധാര്‍ഷ്ട്യം തകരുന്ന സര്‍വകലാശാല

കുറച്ചുനാളായി മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍പ്പോലും സര്‍ക്കാരിന്റെ ഇടപെടലുകളും നിയമവിരുദ്ധ നടപടികളും സാധാരണമായിരിക്കുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയതലത്തില്‍തന്നെ ഉന്നതനിലവാരത്തിലേക്കെത്തിയ ഒരു സര്‍വകലാശാല, ഇന്ന് യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവവും അതുവഴി അനായാസമായിത്തീര്‍ന്നിരിക്കുന്ന ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യവും കാരണം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതോ വലിയ സാമ്പത്തിക ക്രമക്കേടുണ്ടായിരിക്കുന്നുവെന്ന ഭാവേന നിയമവിരുദ്ധമായി സര്‍വകലാശാലയുടെ ആന്തരിക കാര്യങ്ങളില്‍ ഇടപെട്ട് പ്രതിമാസ ധനസഹായം തടയുകയും നല്‍കേണ്ട വിഹിതം മറ്റൊരു സര്‍വകലാശാലയ്ക്ക് വകമാറ്റി അനുവദിക്കുകയും ചെയ്തു. സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള കരുതല്‍നിക്ഷേപം സര്‍വകലാശാലയുടെ മുഖ്യധാരയിലെ ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിന് ഉപയോഗിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും അത് തീര്‍ന്നതിനുശേഷംമാത്രമേ ഇനി പ്രതിമാസ ധനസഹായം അനുവദിക്കുകയുള്ളൂവെന്നറിയിക്കുകയും ചെയ്തിരിക്കുന്നു. തീര്‍ത്തും വിചിത്രമായ തീരുമാനം. ഇത് ആക്ടിന്റെയും സ്റ്റാറ്റ്യൂട്ടുകളുടെയും ഭരണഘടനയുടെയും ചിരകാല കീഴ്വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ്.

സര്‍ക്കാരിന്റെ ധനസഹായം തികച്ചും അപര്യാപ്തമായതുമൂലം പ്രതിമാസം മൂന്നരക്കോടി രൂപയുടെ കമ്മിയുള്ള ഒരു സര്‍വകലാശാലയോടു കാണിക്കുന്ന സമീപനമാണിതെന്നോര്‍ക്കുക. പുതുതായി തസ്തികയുണ്ടാക്കി എന്നത് പുറമേക്ക് പറയാനൊരു കാരണംമാത്രമാണ്. യഥാര്‍ഥ പ്രശ്നം വൈസ് ചാന്‍സലറുമായുള്ള സംഘര്‍ഷമാണ്. അതിനു പിന്നിലുള്ളത് കക്ഷിരാഷ്ട്രീയപ്പോരും. പക്ഷേ, പ്രശ്നം തീരാത്തതു വ്യക്തികളുടെ പിടിവാശിമൂലമാണെന്നറിയുമ്പോഴാണ് ഭരണവ്യവസ്ഥയെത്ര പരിഹാസ്യമായിരിക്കുന്നുവെന്ന സത്യം നമ്മെ അസ്വസ്ഥരാക്കുന്നത്. വ്യക്തികളുടെ കിടമത്സരങ്ങള്‍ക്കു ബലിയാടാവാനുള്ളതാണോ ഒരു സര്‍വകലാശാല? ഉദ്യോഗസ്ഥര്‍ക്ക് അതിലിടപെട്ടു പക്ഷംപിടിക്കാനെങ്ങനെ കഴിയും? അതിന്റെ പേരിലെങ്ങനെയാണവര്‍ക്കു ആക്ടും സ്റ്റാറ്റ്യൂട്ടുകളും ലംഘിക്കാനാവുക? ഇത് ഒരു സര്‍വകലാശാലയ്ക്കെതിരെ സെക്രട്ടറിയറ്റ് നടത്തുന്ന കടന്നാക്രമണമായേ കാണാനാകൂ. വൈസ് ചാന്‍സലറോട് കലഹിക്കുന്നത് സര്‍വകലാശാലയെ നശിപ്പിച്ചുകൊണ്ടല്ല വേണ്ടത്. സര്‍വകലാശാല നിയമസഭ പാസാക്കിയ ആക്ടനുസരിച്ച് നിലവില്‍ വന്ന ഒരു സ്വയംഭരണസ്ഥാപനമാണ്. സര്‍ക്കാരിന്റെ സ്ഥാപനംതന്നെ. അറിവും ലോകബോധവുമുള്ള പൂര്‍വസൂരികളെല്ലാം അതിനെ സെക്രട്ടറിയറ്റിനതീതമായേ വിവക്ഷിച്ചിട്ടുള്ളൂ.

സര്‍വകലാശാലയെ സംസ്ഥാന ഗവര്‍ണറുടെ കീഴിലാക്കിയത് വെറുതെയല്ല. സെക്രട്ടറിയറ്റിന്റെ ഇടപെടലുകള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുതന്നെയാണത്. സര്‍ക്കാരിന് സര്‍വകലാശാലയോടുള്ള ഉത്തരവാദിത്തം ഭരണഘടനാപരമാണ്. നിയമാനുസാരം നിര്‍വഹിക്കേണ്ട ചുമതലകളെല്ലാം മറന്ന്് സര്‍ക്കാരിനൊരു സര്‍വകലാശാലയോട് പെരുമാറാനാവില്ല. അതിനിടവരുത്തിയിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ്. അതാണ് സര്‍വകലാശാലയുടെ ഇന്നത്തെ നിസ്സഹായതയ്ക്ക് കാരണം. മന്ത്രിമാരുടെ ഉത്തരവുണ്ടായാലും സ്വേച്ഛാപരമായിമാത്രമേ പ്രവര്‍ത്തിക്കൂ എന്ന ധാര്‍ഷ്ട്യം. അവര്‍ക്കെന്തുമാകാമെന്നു വന്നിരിക്കുന്നു. ആക്ടിനും സ്റ്റാറ്റ്യൂട്ടിനും അതീതരാണവരെന്ന നിലപാടാണ്. അങ്ങനെയുള്ള കടന്നുകയറ്റങ്ങളെ ഹൈക്കോടതി ഭരണഘടനയുടെ 266 വകുപ്പനുസരിച്ച് തടഞ്ഞതാണ്. സര്‍ക്കാരിന് സര്‍വകലാശാലയുടെ കാര്യങ്ങളില്‍ ഇടപെടാനോ അന്വേഷണ കമീഷനെ വയ്ക്കാനോ അധികാരമില്ലെന്ന് ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാല കൈക്കൊള്ളുന്ന തീരുമാനങ്ങളെ വിചാരണചെയ്യാനോ വിധി കല്‍പ്പിക്കാനോ സര്‍ക്കാരിനാവില്ല. ആരെങ്കിലും കൊടുത്ത പരാതിയുടെ പേരുംപറഞ്ഞ് ഫിനാന്‍സ് (ചഠ ആ) വിങ്ങിന് സര്‍വകലാശാലയില്‍ കയറി ഫയല്‍ ആവശ്യപ്പെടാനും പരിശോധിക്കാനും അധികാരമില്ല. ഓഡിറ്റ് നടത്തിക്കാം. സാമ്പത്തികക്രമക്കേട് ബോധ്യപ്പെട്ടാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആക്ടിന്റെ അധ്യായം ഢകക/52 കൃത്യമായി പറയുന്നുണ്ട്. ആവശ്യമായ നടപടി ഢകക/75 അനുസരിച്ച് ചാന്‍സലര്‍ക്ക് സ്വീകരിക്കാം. അതു പക്ഷേ ഹൈക്കോടതിയിലെയോ സുപ്രീംകോടതിയിലെയോ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിച്ചിട്ടാവണം. ഒരു സെക്രട്ടറിക്കു നേരിട്ട് ഇതൊക്കെ ചെയ്യാനും കുറ്റ പരിശോധന നടത്തി നടപടി ശുപാര്‍ശചെയ്യാനും അധികാരമില്ല. ഹൈക്കോടതി ഇത്തരം നടപടി തടഞ്ഞതുമാണ്. പക്ഷേ, വീണ്ടും അതുതന്നെ ചെയ്യുന്നു. കാരണം അവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഉത്തരവിലും വലിയ ഉത്തരവില്ല.

സര്‍വകലാശാലയുടെ കാര്യം ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിധേയമായിരിക്കണമെന്ന നിയമം അവര്‍ക്കു അസ്വീകാര്യമാണ്. നിയമം നോക്കാതെ കക്ഷിരാഷ്ട്രീയ സ്വാധീനത്തിലെഴുതിക്കൂട്ടുന്ന ശുപാര്‍ശകള്‍ അതേപടി സര്‍വകലാശാലയ്ക്കു കൈമാറാന്‍ ഉത്തരവിടുന്ന സെക്രട്ടറിയുണ്ട്. സര്‍വകലാശാലയുടെ ആക്ടും സ്റ്റാറ്റ്യൂട്ടുകളും വകവയ്ക്കാതെയുള്ള ഇത്തരം നടപടിക്കെതിരെ എപ്പോഴും ഒരു സര്‍വകലാശാലയ്ക്ക് കോടതിയെ സമീപിക്കാനാവുമോ? ആ നിസ്സഹായതയാണീ ധിക്കാരം സാധ്യമാക്കുന്നത്. കോടതിയെ ചെറുക്കാനാണോ പ്രയാസം എന്ന തോന്നലും കാണും. കാരണം ഓര്‍ഡിനന്‍സ് വഴി എന്താ മാറ്റിക്കൂടാത്തത്? സംസ്ഥാന സര്‍ക്കാരിനു വേണ്ടതും അതാണല്ലോ.

ജോലിഭാരം കണക്കിലെടുത്ത് ഇടതുപക്ഷ ഭരണകാലത്തും പുതിയ തസ്തികകളുണ്ടാക്കിയിരുന്നു. അത് സെക്രട്ടറിയറ്റ് ഇടപെട്ട് തടയുകയും ചെയ്തു. എന്നാലത് ഉദ്യേഗസ്ഥ പ്രഭൃതികളുടെ കടന്നുകയറ്റത്തിനല്ല. മറിച്ച് സര്‍വകലാശാലയുടെ നടപടി ന്യായമാണെന്ന ബോധ്യത്തിലേക്കും ആവശ്യം അംഗീകരിക്കുന്നതിലേക്കുമാണ് ചെന്നെത്തിയത്. കാരണം അന്ന് കാര്യങ്ങളറിയാവുന്ന പ്രഗത്ഭരായ മന്ത്രിമാരുണ്ടായിരുന്നു. ഡോ. തോമസ് ഐസക്കിനും എം എ ബേബിക്കും രാഷ്ട്രീയ ഇച്ഛാശക്തി മാത്രമല്ല അവരവരുടെ മേഖലകളില്‍ അവഗാഹവും ഉയര്‍ന്ന ലോകബോധവുമുണ്ട്. ഇത് വ്യക്തമാക്കുന്നത് സര്‍വകലാശാലയുടെ നാശോന്മുഖമായ ഇന്നത്തെ അവസ്ഥയ്ക്കിനി രാഷ്ട്രീയ പരിഹാരമേ ഉള്ളൂ എന്നാണ്. ഈ സര്‍ക്കാരില്‍നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ല.

*
ഡോ. രാജന്‍ ഗുരുക്കള്‍

Thursday, April 17, 2014

മോര്‍ച്ചറിയല്ല കലാലയം

വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിനായി നടപടി കൈക്കൊള്ളുമെന്ന സത്യവാങ്മൂലം, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ദിവസങ്ങള്‍ക്കുമുമ്പാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സര്‍ക്കാര്‍നിലപാടിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. ജനകീയവിദ്യാഭ്യാസവും മതനിരപേക്ഷ കലാലയവും ഇവിടെ നിലനില്‍ക്കുന്നതിന്റെ കാരണം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ്. സാമൂഹ്യപ്രതിബദ്ധതയും പൗരബോധവുമുള്ള തലമുറയാണ് ഇത്തരം കലാലയങ്ങളിലൂടെ വളര്‍ന്നുവരുന്നത്. പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെയുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവരാണ് കലാലയവിദ്യാര്‍ഥികള്‍. രാഷ്ട്രഭരണം നിര്‍ണയിക്കാന്‍വരെ അവകാശമുള്ള വിഭാഗത്തിന്റെ ക്യാമ്പസ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഹാസ്യമാണ്. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവത്തെ മുന്‍നിര്‍ത്തി ക്യാമ്പസ് ജനാധിപത്യമാകെ തകരാറിലാണെന്ന് വാദിക്കുന്നത് ശരിയല്ല.

കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളിലും സംഘടനാടിസ്ഥാനത്തിലാണ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വാശ്രയകോളേജുകളില്‍ ചിലതിലെങ്കിലും ഇപ്രകാരം നടക്കുന്നു. യുവജനോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള അതിവിപുലമായ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനം ഇത്തരം ജനാധിപത്യവേദികള്‍ക്കാണ്. അധ്യയനവര്‍ഷത്തിലെ കല- സാംസ്കാരിക- കായിക പരിപാടികളുടെയെല്ലാം മേല്‍നോട്ടം ഇവയ്ക്കുതന്നെ. ആകയാല്‍ സംഘടനാപ്രവര്‍ത്തനത്തെ നിയന്തിക്കാനുള്ള നീക്കം ലക്ഷക്കണക്കിനു വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരുടെയും മതമാനേജ്മെന്റുകളില്‍ ചിലരുടെയും ആഗ്രഹംമാത്രമാണ് പുതിയ നീക്കത്തിനുപിന്നില്‍. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകളെല്ലാം ഇതിനെ ശക്തിയായി എതിര്‍ത്തുകഴിഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെമുതല്‍ വിദ്യാഭ്യാസ മാഫിയകള്‍ക്കെതിരെവരെ വിദ്യാര്‍ഥികള്‍ ഐതിഹാസികമായ പ്രക്ഷോഭം നടത്തി. മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ അണിചേരാന്‍ വിദ്യാര്‍ഥികളെ ആഹ്വാനംചെയ്തു. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഒരുകാലത്ത് വിദ്യാര്‍ഥിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ പില്‍ക്കാലത്ത് സാംസ്കാരികനായകരായും കലാപ്രതിഭകളായും ജനപ്രതിനിധികളായും മികവുറ്റ പ്രൊഫഷണലുകളായും ഉയര്‍ന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരായും പ്രശസ്തിനേടി. മികച്ച ന്യായാധിപന്മാരായി പേരെടുത്തവര്‍വരെ ഇതിലുണ്ട്.

വിദ്യാര്‍ഥികളാണ് സാമൂഹ്യ അനീതികളെ എക്കാലത്തും ചോദ്യംചെയ്തത്. ഭീമമായ ഫീസ്വര്‍ധനയും മെറിറ്റ് അട്ടിമറിയും സംവരണനിഷേധവും വിദ്യാഭ്യാസത്തെ കലുഷമാക്കിയപ്പോഴെല്ലാം പ്രതികരിച്ചത് വിദ്യാര്‍ഥിപ്രസ്ഥാനങ്ങളാണ്. അതിന്റെ നേട്ടങ്ങള്‍ വിദ്യാര്‍ഥിസമൂഹത്തിനാകെ ലഭിച്ചു. സ്കൂള്‍വിദ്യാഭ്യാസത്തിന്റെ നവീകരണംമുതല്‍ ഗവേഷണമേഖലയിലെ പ്രശ്നങ്ങള്‍വരെ ഏറ്റെടുത്തു. സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍- ഇവയുടെ വര്‍ധനയും യാത്രാകണ്‍സഷന്‍, മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍- ഇവയെല്ലാം വിദ്യാര്‍ഥിസമരത്തിന്റെ ഫലമാണ്. സ്വാശ്രയ കോളേജുകളില്‍ ശേഷിക്കുന്ന മെറിറ്റ് സീറ്റുകളും നിയന്ത്രിത ഫീസ്ഘടനയും വിദ്യാര്‍ഥിസമരത്തിന്റെ വിജയമാണ്. സാധാരണക്കാര്‍ പഠിക്കാനെത്തുന്ന നൂറുകണക്കിനു പൊതുവിദ്യാലയങ്ങള്‍ ഇപ്പോഴും അടച്ചുപൂട്ടാത്തത് വിദ്യാര്‍ഥികളുടെ മുദ്രാവാക്യത്തിന്റെ കരുത്തിലാണ്. സിലബസ് പരിഷ്കരണത്തിനായും ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താനും സര്‍വകലാശാലാ സമിതികളില്‍ നിരന്തരം ശബ്ദിക്കുന്നത് വിദ്യാര്‍ഥികളാണ്.

2006ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം രൂപീകരിക്കപ്പെട്ട ജെ എം ലിങ്ദോ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി യൂണിയനുകളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു. ക്യാമ്പസിലെ സംഘടനകളെ വിലക്കുന്ന നടപടിക്ക് ഒരു നിയമസാധുതയുമില്ല. ഭരണഘടനാലംഘനമാണിത്. ഭരണഘടനയുടെ അനുഛേദം പത്തൊമ്പത് പ്രകാരം ഇന്ത്യന്‍ പൗരന് നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള അവകാശത്തെ ഹനിക്കലാണിത്. ഏതൊരു ഇന്ത്യന്‍ പൗരനും അഭിപ്രായപ്രകടനത്തിനുള്ള അവകാശം ഭരണഘടനാപരമാണ്. നിരായുധരായും സമാധാനപരമായും സംഘടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍- ഇവയെല്ലാം ഈ അവകാശത്തിന്റെ ഭാഗംതന്നെ. ഏതൊരു പൗരനും സംഘടനകള്‍ രൂപീകരിക്കാനും അതില്‍ അംഗമാകാനുമുള്ള അവകാശവും ഭരണഘടനാപരമാണ്. ഏതോ ഒരു കോളേജില്‍ നടന്ന അനിഷ്ടസംഭവത്തിന്റെപേരില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മൗലികാവകാശം നിഷേധിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ-ഇതര മേഖലകളിലെ സര്‍ക്കാര്‍നയങ്ങളെല്ലാം അരാഷ്ട്രീയമായ ചര്‍ച്ചകളുടെയും അജന്‍ഡയുടെയും ഭാഗമാണ്. ആകയാല്‍ അതിന്റെ ഫലം അനുഭവിക്കുന്നവരോട് നിശബ്ദത പാലിക്കാന്‍ പറയുന്നത് ശരിയല്ല. അമുല്‍ബേബിമാരെയും അടിമകളെയും സൃഷ്ടിക്കലാണ് ഇതിനുപിന്നില്‍. അരാഷ്ട്രീയ കലാലയങ്ങള്‍ മനോഹരമാണെന്ന കുപ്രചാരണം ചിലര്‍ അഴിച്ചുവിടുന്നുണ്ട്. അവിടെയാണ് ഉന്നതഗുണനിലവാരമുള്ളതെന്ന വാദം അസംബന്ധമാണ്.

റാഗിങ്, ഗുണ്ട, മയക്കുമരുന്ന്, വാണിഭസംഘങ്ങള്‍ക്ക് എളുപ്പം കയറിപ്പറ്റാന്‍ കഴിയുന്നത് ഇവിടങ്ങളിലാണ്. ക്രിമിനല്‍സംഘങ്ങളായും ഗ്യാങ്ങുകളായും ഇവ മാറുന്നതിന്റെ തിക്തഫലം കുറച്ചൊക്കെ മലയാളിക്കും അറിയാം. ഇവിടങ്ങളില്‍ ഇന്റേണല്‍ അസസ്മെന്റ് പീഡനസാധ്യതയും വലുതാണ്. ഒളിക്യാമറ പ്രയോഗങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ചില പ്രൊഫഷണല്‍ മെഡിക്കല്‍കോളേജുകളില്‍ തീവ്ര മത-ജാതിശക്തികള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെയും അരാഷ്ട്രീയ ക്യാമ്പസുകളില്‍ നടക്കുന്ന അരാചകപ്രവണതകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. തൂത്തുക്കുടിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലിനെ മാസങ്ങള്‍ക്കുമുമ്പ് വെട്ടിക്കൊന്നത് അവിടത്തെ വിദ്യാര്‍ഥികളാണ്. ഈറോഡിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി കണ്ണൂരിലെ ദീപക്കിനെ വാഹനമിടിച്ച് കൊന്നത് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് പരാക്രമമാണ്. ബംഗളൂരുവിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി അഹാബ് ക്രൂരമായി കൊല്ലപ്പെട്ടു. വയനാട് സ്വദേശി മുഹമ്മദ് റാഫിയുടെ ചെവിയില്‍ തിളച്ച വെള്ളമൊഴിച്ചശേഷം മര്‍ദിച്ച് അവശനാക്കി. ഇതിനെല്ലാം പിന്നില്‍ അരാഷ്ട്രീയ ക്യാമ്പസിലെ ക്രിമിനല്‍ സംഘങ്ങള്‍തന്നെ. പണച്ചാക്കുകളായ രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട് അപരാധികള്‍ സുഖമായിരിക്കുന്നു. രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളല്ല ഇവിടെ പ്രതികളിലൊരാളും.

മനുഷ്യന്റെ വിമോചനം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും സംവാദമാണ് അതിനുള്ള മാര്‍ഗമെന്നും ലോകപ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ പൗലോഫ്രയര്‍ പറയുന്നു. എല്ലാത്തരം ഭൃത്യതകളില്‍നിന്നുമുള്ള മോചനമാണ് വിദ്യാഭ്യാസമെന്ന് ഗാന്ധിജി. വിദ്യകൊണ്ട് പ്രബുദ്ധനാകാനും സംഘടനകൊണ്ട് ശക്തരാകാനും പ്രേരിപ്പിച്ചത് ഗുരുവാണ്.

ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അന്തസ്സുള്ള ഏത് തൊഴിലെടുക്കുമ്പോഴും ജനാധിപത്യവാദിയാകാന്‍ ഒരുവന്‍ പഠിക്കുന്നത് ക്യാമ്പസില്‍നിന്നാണ്. മതനിരപേക്ഷ മാനവികമൂല്യങ്ങളുടെ വിത്തുമുളയ്ക്കുന്നത് അവിടെവച്ചാണ്. ഏതു ചോദ്യത്തിനും ഉത്തരമെഴുതുകമാത്രമല്ല, ചില ഉത്തരങ്ങളെ ചോദ്യംചെയ്യലാണ് തന്റെ കടമയെന്നും വിദ്യാര്‍ഥി തിരിച്ചറിയുന്നു. അക്കാരണത്താല്‍ കലാലയത്തെ മോര്‍ച്ചറിയുടെ നിശബ്ദതയിലേക്ക് വലിച്ചെറിയാന്‍ ആഗ്രഹിക്കുന്നവരോട് ശക്തിയായി കലഹിക്കേണ്ടിവരുന്നു. വിദ്യാര്‍ഥിരാഷ്രീയത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വിഘാതം ഉണ്ടാകുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ യോജിച്ച പോരാട്ടമാണ് അഭികാമ്യം.

*
ഷിജൂഖാന്‍ (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Tuesday, April 15, 2014

മലാപ്പറമ്പ് എയുപി സ്കൂള്‍ സര്‍ക്കാര്‍ നയത്തിന്റെ പ്രതീകം

നൂറ്റിനാല്‍പ്പതോളം വര്‍ഷം ഒരുപ്രദേശത്തെ നിരവധി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ പൊതുവിദ്യാഭ്യാസത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന്റെ പ്രതീകമായി മാറുകയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പുനടന്ന ഏപ്രില്‍ പത്തിന് രാത്രി ഈ വിദ്യാലയം തകര്‍ക്കപ്പെട്ടു. സ്കൂള്‍ നില്‍ക്കുന്ന സ്ഥലം കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുകാശാക്കാനുള്ള മാനേജരുടെയും ഭൂമാഫിയകളുടെയും ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ശക്തമായ ജനകീയ സമ്മര്‍ദമുണ്ടായിട്ടും സ്കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ക്കു നല്‍കിയ അനുമതി റദ്ദാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെയാണ് ഒന്നാംപ്രതിസ്ഥാനത്തു നിര്‍ത്തേണ്ടത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രത്തില്‍ ഈ വിദ്യാലയത്തിന്റെ തകര്‍ച്ച സുപ്രധാന സംഭവമാണ്. ഒട്ടേറെ പ്രശ്നങ്ങള്‍ ഇത് ഉയര്‍ത്തുന്നുണ്ട്. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. ഇവയില്‍ മൂന്നിലൊന്ന് വിദ്യാലയങ്ങള്‍ കുട്ടികളുടെ എണ്ണക്കുറവുമൂലം പ്രതിസന്ധി നേരിടുന്നവയാണ്. ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും- എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. അനാദായകരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് ഉടമസ്ഥരായ മാനേജ്മെന്റിന് പ്രത്യേക സാമ്പത്തികനേട്ടമൊന്നും ഉണ്ടാകില്ല. അധ്യാപകനിയമനത്തിന്റെ പേരില്‍ വന്‍തുക കോഴവാങ്ങിയ മാനേജ്മെന്റുകള്‍ ഇപ്പോള്‍ അതിനുള്ള സാധ്യത നഷ്ടപ്പെട്ടപ്പോള്‍ എങ്ങനെയെങ്കിലും ബാധ്യതയൊഴിവാക്കാനുള്ള ശ്രമത്തിലാണ്. വിറ്റാല്‍ വലിയ തുക കിട്ടുന്ന പ്രദേശങ്ങളിലാണ് കുട്ടികള്‍ കുറവുള്ള മിക്ക വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. സ്കൂളുകള്‍ അടച്ചുപൂട്ടിയാല്‍ സ്ഥലം വിറ്റുകാശാക്കാം എന്ന മനോഭാവത്തിലാണ് മാനേജ്മെന്റുകളില്‍ ഭൂരിഭാഗവും.

സര്‍ക്കാരിന്റെ നിലപാട് തങ്ങള്‍ക്കനുകൂലമാകുമെന്ന ചിന്തയിലാണ് പല കാരണങ്ങളും പറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള അനുമതിക്കുവേണ്ടി മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. ആയിരത്തിലധികം അപേക്ഷകള്‍ ഇങ്ങനെ സര്‍ക്കാര്‍ അനുമതിക്കുവേണ്ടി കാത്തുകിടക്കുന്നുണ്ട്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി സ്കൂള്‍ കെട്ടിടം പൊളിക്കും, കുട്ടികള്‍ക്ക് പഠിക്കാന്‍ സമീപത്ത് മറ്റുവിദ്യാലയങ്ങളുണ്ട് തുടങ്ങിയ കാരണങ്ങള്‍കാണിച്ച് മലാപ്പറമ്പ് എയുപി സ്കൂള്‍ മാനേജ്മെന്റ് അപേക്ഷിക്കുകയും വളഞ്ഞ വഴികളിലൂടെ&ൃെൂൗീ; അനുമതി നേടിയെടുക്കുകയും ചെയ്തു. ഈ സ്കൂള്‍ മാനേജരുടെ മാതൃക മറ്റുമാനേജുമെന്റുകളും പിന്തുടര്‍ന്നാല്‍ കേരളത്തിലെ അവസ്ഥയെന്താകും? പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം ഇത്തരുണത്തില്‍ പരിശോധനാവിഷയമാക്കണം.

ഇക്കാര്യത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകളുടെ സമീപനം വ്യത്യസ്തമാണ്. കുട്ടികളുടെ എണ്ണക്കുറവിന്റെപേരില്‍ ഒരുവിദ്യാലയവും അടച്ചുപൂട്ടില്ലെന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എല്ലാ കാലത്തും സ്വീകരിച്ചത്. മാത്രമല്ല, കുട്ടികള്‍ കുറവുള്ള വിദ്യാലയങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ചത്. എസ്എസ്എ പോലെയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികളുടെ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ച് വിദ്യാലയങ്ങളുടെ മുഖച്ഛായതന്നെ മാറ്റിയെടുക്കുകയും ചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാരുകളാകട്ടെ പൊതുവിദ്യാഭ്യാസമേഖലയെ അവഗണിച്ചു. സമാന്തര വിദ്യാഭ്യാസമേഖലയ്ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കി. പൊതുവിദ്യാഭ്യാസ മേഖല ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം ശക്തിപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്റെ ഫലമായി സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തഴച്ചുവളരാനിടയായി. അവയ്ക്കെല്ലാം സര്‍ക്കാര്‍ അനുമതി നല്‍കി. എയ്ഡഡ് വിദ്യാലയങ്ങള്‍ നടത്തുന്നതിനേക്കാള്‍ ലാഭകരം അണ്‍-എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതാണെന്ന ചിന്താഗതി ശക്തിപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ സേവനമേഖലകളില്‍നിന്ന് പിന്‍വാങ്ങുകയെന്ന നവഉദാര നയങ്ങളുടെ ഫലമായി ഈ മേഖലകളില്‍ നീക്കിവയ്ക്കുന്ന തുക സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചു. 2002ല്‍ അനാദായകരമെന്നു മുദ്രകുത്തി 2644 വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനെടുത്ത തീരുമാനം ശക്തമായ ജനകീയസമരത്തെത്തുടര്‍ന്ന് റദ്ദാക്കിയെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് മറ്റൊന്നല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന എല്ലാ ഘട്ടങ്ങളിലും സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ മാനേജുമെന്റുകള്‍ക്ക് അനുമതി നല്‍കിയ ചരിത്രമാണുള്ളത്. വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി കോഴിഫാമും കുടില്‍ വ്യവസായകേന്ദ്രവും തുടങ്ങിയ ബഹുമതിയും യുഡിഎഫ് സര്‍ക്കാരുകള്‍ക്കുണ്ട്. അത്തരം സ്ഥലങ്ങളിലൊന്നും സര്‍ക്കാര്‍ നയത്തിനെതിരെ ജനകീയസമരങ്ങള്‍ ഉയര്‍ന്നു വന്നില്ല. എന്നാല്‍, മലാപ്പറമ്പ് ചരിത്രം സൃഷ്ടിക്കുകയാണ്.

 അടുത്ത അധ്യയനവര്‍ഷംമുതല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ക്ക് അനുമതി ലഭിച്ചത് കഴിഞ്ഞ നവംബറിലാണ്. അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വലിയ പ്രക്ഷോഭമാരംഭിച്ചു. വിവിധ രാഷ്ട്രീയ- സാമൂഹ്യ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവരെല്ലാം സമരത്തില്‍ അണിചേര്‍ന്നു. നിയമസഭയില്‍ സ്കൂള്‍ അടച്ചുപൂട്ടുന്ന പ്രശ്നം ഉന്നയിക്കപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കാമെന്ന ഉറപ്പും വിദ്യാഭ്യാസമന്ത്രിയില്‍നിന്ന് ലഭിച്ചു. എന്നാല്‍, നേരത്തെ നല്‍കിയ ഉത്തരവ് റദ്ദാക്കാന്‍ കാലതാമസമുണ്ടായി. പുതിയ വര്‍ഷത്തെ പ്രവേശനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ഘട്ടത്തിലാണ് വിദ്യാലയം തകര്‍ക്കപ്പെടുന്നത്. ഒരു നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ഒന്നിച്ചാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ സന്ദര്‍ഭോചിതമായി ഇടപെടാത്തത് തീര്‍ച്ചയായും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ജനത തയ്യാറെടുക്കുകയാണ്. സ്കൂള്‍ ഇടിച്ചുപൊളിച്ചതറിഞ്ഞ് എത്തിച്ചേര്‍ന്ന ജനങ്ങള്‍ മാനേജരുടെ ധാര്‍ഷ്ട്യത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി. മാനേജരെ അയോഗ്യനാക്കണമെന്നും സ്കൂള്‍ സര്‍ക്കാരേറ്റെടുക്കണമെന്നും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. സ്കൂള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ രൂപം നല്‍കി. നാട്ടുകാരുടെ ശ്രമം വിജയത്തിലെത്തണമെങ്കില്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും അനുകൂലമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

*
എ കെ ഉണ്ണിക്കൃഷ്ണന്‍ ( കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

ചരിത്രത്തിന്റെ കവലയില്‍ നട്ടുപിടിപ്പിച്ച ജീവിതം

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുതെന്നും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കേരളത്തിലെ ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കിയപ്പോള്‍ അന്ന് മുഖ്യമന്ത്രി ചോദിച്ചു, നിലവിലുള്ള അധ്യാപകരെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തില്‍ എന്തിന് സമരം ചെയ്യുന്നുവെന്ന്. ആ വിശദീകരണത്തില്‍ അധ്യാപകരില്‍ ചിലര്‍ സമരം ചെയ്യാതിരിക്കാനുള്ള ന്യായം കണ്ടെത്തി.

ജോലി നഷ്ടപ്പെടുത്തിയും ജീവന്‍ അപകടപ്പെടുത്തിയും എത്രപേര്‍ ഒരു കാലത്ത് സമരംചെയ്തു. അവരുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സത്ഫലങ്ങള്‍ അനുഭവിച്ചത് അവരല്ല, നമ്മളാണ്. മണ്ണിനോട് കര്‍ഷകനുതോന്നിയ അതേ അഭിനിവേശം അക്കാലത്തെ അധ്യാപകര്‍ക്ക് മനുഷ്യചരിത്രത്തോടും തോന്നി. ചരിത്രം ചിലര്‍ വരുമ്പോള്‍മാത്രം വഴിമാറുന്നതല്ലെന്നും അത് മനുഷ്യസമൂഹം ഒന്നടങ്കം നിര്‍മിച്ചെടുക്കുന്നതാണെന്നും അവര്‍ മനസിലാക്കി. അതുകൊണ്ട് അവരുടെ അധ്യാപനം ക്ലാസ് മുറിയില്‍ ഒതുങ്ങിയില്ല. മനുഷ്യര്‍ കൂടുന്ന കവലകളിലെല്ലാം അധ്യാപനവൃത്തി തുടര്‍ന്നു. അതോടെ അവര്‍ നാടിന്റെ അധ്യാപകരായി. ചരിത്രത്തിലെ വഴികാട്ടികളായി. കമ്പളത്തു ഗോവിന്ദന്‍നായരുടെ ജീവിതം ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.

1914 ഏപ്രില്‍ 15നാണ് കമ്പളത്തിന്റെ ജനം. ഐതിഹാസികമായ കര്‍ഷകസമരങ്ങള്‍കൊണ്ട് മലബാറിന് തീപിടിച്ച കാലം. നെടിയിരിപ്പ് പ്രൈമറിസ്കൂളിലും ദേവധാര്‍ യുപി സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. നാട്ടില്‍ വിദ്യാപോഷിണി എന്നപേരില്‍ ഒരു വായനശാല തുടങ്ങിയാണ് രാഷ്ട്രീയ-സാമൂഹികജീവിതം ആരംഭിച്ചത്. പാലോത്ത് ഗോപാലന്‍നായര്‍, തെരുവത്ത് രാമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊട്ടൂക്കരയിലാണ് വായനശാല. 1931 ല്‍ ആലുങ്ങല്‍ എയ്ഡഡ് മാപ്പിള സ്കൂളില്‍ അണ്‍ട്രെയ്ന്‍ഡ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഗാന്ധിജിയുടെ നിയമലംഘനപ്രസ്ഥാനവും അധ്യാപകപ്രസ്ഥാനവും അദ്ദേഹത്തെ സ്വാധീനിച്ചു. അധ്യാപക യൂണിയന്‍ നേതാക്കളായ ടി സി നാരായണന്‍ നമ്പ്യാര്‍, പി ആര്‍ നമ്പ്യാര്‍ എന്നിവര്‍ ദേശീയപ്രസ്ഥാനത്തിന്റെയും നേതാക്കന്മാരായിരുന്നു. ഇതിനിടയില്‍ കമ്പളത്ത് ഇ എം എസുമായി പരിചയപ്പെട്ടു. ഇ എം എസുമായുള്ള പരിചയം കമ്പളത്തിനെ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമാക്കി.

കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചഭ"കാഹള"ത്തില്‍ ജന്മിത്തത്തിന്റെ കാലടിയില്‍ എന്ന ലേഖനം എഴുതിയതിന്റെ പേരില്‍ 1941 ജൂണ്‍ 4ന് അറസ്റ്റിലായി. തെരുവത്ത് രാമന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മാസികയാണ് കാഹളം. നിരോധിക്കപ്പെട്ട കര്‍ഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനമാണെന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. ജൂണ്‍ അഞ്ചിന് കമ്പളത്തിന്റെ വീട് റെയ്ഡ് ചെയ്തു. അദ്ദേഹത്തിന്റെ കൈയെഴുത്തിലുള്ള സകല കടലാസുകളും പൊലീസുകാര്‍ കൊണ്ടുപോയി. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലുമായി ഭീകരമര്‍ദനം. കമ്പളത്തിന്റെ വലതുകൈ അടിച്ചൊടിച്ചു, നഖം പിഴുതെടുത്തു. 1941 ഡിസംബര്‍ അവസാനംവരെ കോഴിക്കോട് കോടതിയില്‍ നടന്ന കേസിനൊടുവില്‍ ആറുമാസം കഠിനതടവ്. സാഹിത്യ രചനയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്കും.

ആദ്യകാലത്ത് സജീവമല്ലാതിരുന്ന ഏറനാട്ടിലെ അധ്യാപക പ്രസ്ഥാനത്തിന് ഉശിരും ഉണര്‍വും നല്‍കിയത് കമ്പളത്തിന്റെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും നേതൃത്വം. 1931 മുതല്‍ 1944വരെ മലബാറിലെ വിവിധ എയ്ഡഡ് സ്കൂളുകളില്‍ ജോലി നോക്കിയ കമ്പളത്തിനെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന്റെ പേരിലും ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ പേരിലും പലവട്ടം പിരിച്ചുവിട്ടു. 1944ല്‍ അദ്ദേഹം നെടിയിരിപ്പ് പഞ്ചായത്തില്‍ ക്ലര്‍ക്ക് കം ബില്‍ കലക്ടറായി ജോലിചെയ്തു. അന്നാണ് വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരം. സമരത്തിന് നേതൃത്വം നല്‍കിയതും അതിനായി പടപ്പാട്ടെഴുതിയതും കമ്പളത്ത് ഗോവിന്ദന്‍ നായര്‍. മലബാറിലെ കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് പൊലീസുദ്യോഗസ്ഥനായിരുന്നു ഹിച്ച്കോക്ക്. സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കമ്പളം രണ്ടുവര്‍ഷം ഒളിവില്‍. അതിനിടെ ബില്‍ കലക്ടറുടെ ജോലി പോയി. 1946ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധ്യാപകനായി. അക്കാലത്ത് ഡിസ്ട്രിക്ട് ബോര്‍ഡ് അധ്യാപകര്‍ക്കിടയില്‍ ശക്തമായ സംഘടനയില്ല. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ഇത്തരം സ്കൂളുകളില്‍ ധാരാളം അധ്യാപകരുണ്ടെങ്കിലും അവരില്‍ സംഘബോധം കുറവ്. നിരന്തരപ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്പളത്തിന്റെ നേതൃത്വത്തില്‍ ഈ സംഘബോധം ഉണ്ടാക്കിയെടുത്തത്. ഹെഡ്മാസ്റ്റര്‍മാരും പരിശോധനാ ഉദ്യോഗസ്ഥരും സംഘടനാപ്രവര്‍ത്തനത്തെ ശത്രുതയോടെ കണ്ടു. അതിനെ വെല്ലുവിളിച്ച് ഭൂരിപക്ഷം അധ്യാപകരും സംഘടനയില്‍ അണിനിരന്നു.

1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതോടെ കമ്പളത്തിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. 1952ല്‍ ജോലിയില്‍ തിരികെ പ്രവേശിച്ച അദ്ദേഹം വീണ്ടും സജീവമായി. തുടര്‍ന്നുനടന്ന അവകാശ സമരത്തിലാണ് എല്ലാമാസവും പതിനഞ്ചാം തീയതിക്കുമുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടത്. അടിസ്ഥാനശമ്പളം നൂറുരൂപയാക്കണമെന്ന ആവശ്യവും ഉയര്‍ത്തപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസ് ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധികാരത്തില്‍ വരികയും കമ്പളത്തെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുകയുംചെയ്തു. പിന്നീട് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍വന്നപ്പോഴാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. പിന്നീട് മലബാര്‍, തിരുകൊച്ചി സംസ്ഥാനങ്ങളിലെ അധ്യാപകരെ ഒരുമിച്ചണിനിരത്തി കെജിപിടിയു എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നതില്‍ കമ്പളത്ത് നേതൃപരമായ പങ്കുവഹിച്ചു. യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി. 1969ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. അന്ന് ദേശാഭിമാനിപത്രം അദ്ദേഹത്തെ അഭിവാദ്യംചെയ്ത് എഡിറ്റോറിയല്‍ എഴുതി. വിരമിച്ചതിനുശേഷം കുറച്ചുകാലംകൂടി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. 1983 ഏപ്രില്‍ 30നാണ് മരണം.

കമ്പളത്തിന്റെ സംഘടനാപ്രവര്‍ത്തനം ഏറെ സര്‍ഗാത്മകമായതുകൊണ്ടാണ് അത് കേരളത്തിലുടനീളം ആളിപ്പടര്‍ന്നത്. അദ്ദേഹം കവിയും നാടകപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കവിതാസമാഹാരമായ "ഓണപ്പുടവ"യ്ക്ക് അവതാരികയെഴുതിയ എം എസ് ദേവദാസ്, ജി ശങ്കരക്കുറുപ്പിന്റെ ഇന്ത്യയുടെ പ്രതികാരം എന്ന കവിതയ്ക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കവിതയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ക്ഷാമകാലത്ത് ഭക്ഷണം കഴിക്കാന്‍ വഴിയില്ലാത്തവരുടെ ഓണാഘോഷത്തിന്റെ ദൈന്യമാണ് കവിതയിലെ പ്രമേയം. വിദ്യാരംഭം, അവളുടെ തിരുവാതിര എന്നീ കവിതകളും ഈ സമാഹാരത്തിലുണ്ട്. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും ജനപ്രിയം "ഏറനാടിന്‍ ധീരമക്കള്‍" തന്നെ. 1944ല്‍ ഈ പടപാട്ട് പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി വാരിക കണ്ടുകെട്ടി.

സാഹിത്യവും ജീവിതവും ചരിത്രത്തിന്റെ ഉല്‍പ്പാദനശക്തികളായ സന്ദര്‍ഭത്തിലാണ് കമ്പളത്ത് ജീവിച്ചത്. എഴുത്തും സമരവും അവര്‍ക്ക് രണ്ടല്ല. കാലം മാറി. അധ്യാപകന്റെ നിലയില്‍ മാറ്റം വന്നു. പക്ഷേ, വിദ്യാഭ്യാസ മേഖലയിലെ കോര്‍പറേറ്റ്വല്‍ക്കരണം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ കവരുകയാണ്. വിദ്യാര്‍ഥിയുടെ ചോറ് കട്ടുതിന്നേണ്ട ഗതികേട് ഇന്നത്തെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭൂമാഫിയകളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഒറ്റ രാത്രികൊണ്ട് സ്കൂള്‍കെട്ടിടം ഇടിച്ചുനിരത്താനും അധ്യാപകരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പുറത്താക്കാനും മടിക്കാത്ത മാനേജര്‍മാര്‍ ഇന്നും അരങ്ങുവാഴുന്നു. ചരക്കുകളുടെ പൊലിമയില്‍ കണ്ണു മഞ്ഞളിച്ച, സുരക്ഷിതരെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരോട് ഒരു ചെറിയ അപേക്ഷ: നിങ്ങള്‍ പണികഴിപ്പിച്ച ഇരുനില മാളികക്കരികില്‍ ഏറ്റവും പുതിയ കാറ് നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങി അതിന്റെ വാതില്‍ അടച്ചു എന്ന് ഉറപ്പ് വരുത്താന്‍ റിമോട്ട് സെന്‍സില്‍ വിരലമര്‍ത്തുമ്പോള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍വച്ച് പിഴുതെടുക്കപ്പെട്ട ഒരു വിരലിനെക്കുറിച്ചോര്‍മിക്കണേ. ചോരയിറ്റുന്ന ആ ഓര്‍മയുടെ പേരാണ് കമ്പളത്ത് ഗോവിന്ദന്‍നായര്‍.

*
അനില്‍ ചേലേമ്പ്ര ദേശാഭിമാനി

Sunday, April 13, 2014

അരാഷ്‌ട്രീയത കാമ്പസുകളെ രക്ഷിക്കില്ല

സംസ്ഥാനത്തെ യുഡിഎഫ്‌ സർക്കാർ അതിന്റെ പൊറുപ്പിച്ചുകൂടാത്ത പിന്തിരിപ്പൻ സ്വഭാവം വീണ്ടും പ്രകടമാക്കിയിരിക്കുന്നു. വിദ്യാർഥി സംഘടനാപ്രവർത്തനങ്ങൾക്ക്‌ വിലങ്ങുവയ്‌ക്കുമെന്നാണ്‌ സര്‍ക്കാർ ഇന്നലെ ഹൈക്കോടതിയെ തെര്യപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെ ചെയ്യുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ച്‌ തരിമ്പുപോലും ചിന്തിക്കാതെയാണ്‌ സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നിലപാടിലേക്ക്‌ എടുത്തുചാടുന്നത്‌. ഇത്‌ കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണ്‌. പുതിയ കേരളത്തിന്റെയും ഭാരതത്തിന്റെയും സൃഷ്‌ടിയിൽ നിർണായകമായ പങ്കുവഹിക്കാനുള്ള വിദ്യാർഥി സമൂഹത്തിന്റെമേൽ ചിന്താപരമായ ഷണ്ഡത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്‌. ഇതിന്റെ ഫലമായി കാമ്പസുകൾ ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ടതാകുമെന്ന്‌ ആരാണു സർക്കാരിനെ ഉപദേശിച്ചത്‌? പുതിയ കാലത്തിന്റെ സർഗ ചൈതന്യങ്ങളുടെ സന്ദേശ വാഹകരാണ്‌ വിദ്യാർഥികൾ. അവരിൽ നിന്ന്‌ ജനാധിപത്യബോധത്തിന്റെ വെളിച്ചം അപഹരിക്കുന്നത്‌ ഇരുട്ടിന്റെ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കു. അറിവിന്റെ കൈനിലകളിൽ കച്ചവടത്തിന്റെയും അന്ധകാരത്തിന്റെയും ശക്തികളെ അരിയിട്ടുവാഴിക്കാനാണ്‌ സർക്കാർ നീങ്ങുന്നത്‌. ഈ ദുരുപദിഷ്‌ട നീക്കത്തിൽ നിന്ന്‌ പിന്തിരിയണമെന്ന്‌ ഞങ്ങൾ ഗവൺമെന്റിനോട്‌ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ 25 വയസിന്‌ താഴെയുള്ളവരാണ്‌. ഈ രാജ്യത്തിന്റെ യുവത്വമാണ്‌ അത്‌ വിളംബരം ചെയ്യുന്നത്‌. 18 വയസ്‌ പൂർത്തിയായവർ നാടിന്റെ ഭാഗധേയം നിർണയിക്കുവാൻ അവകാശമുള്ളവരാണിവിടെ. എത്ര അഭിമാനകരമാണ്‌ ഇത്‌! നമ്മുടെ കാമ്പസ്‌ ജനസംഖ്യയിൽ ഏറെയും വോട്ടവകാശം രേഖപ്പെടുത്താൻ ഏപ്രിൽ 10 ന്‌ പോളിങ്‌ ബൂത്തിൽ എത്തിയവരാണെന്ന സത്യം സർക്കാർ കണക്കിലെടുക്കുന്നില്ലേ? വോട്ടവകാശമുള്ള ആ പൗരന്മാരോട്‌ അവരുടെ കാമ്പസുകളെ സംഘടനാമുക്തമാക്കുമെന്നാണ്‌ സർക്കാർ ഭീഷണിപ്പെടുത്തുന്നത്‌. അതിന്റെ പ്രത്യാഘാതങ്ങൾ തീർച്ചയായും ജനാധിപത്യ സംസ്‌കാരത്തെ ശക്തിപ്പെടുത്തുകയില്ല.

കാമ്പസുകളിലെ സംഘടനാപ്രവർത്തനം ഒരു പുതിയ വിഷയമല്ല. അതേപ്പറ്റി കാമ്പസിനകത്തും പുറത്തും വേണ്ടുവോളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്‌. 2006 ൽ സുപ്രിംകോടതി നിയോഗിച്ച ലിംഗ്‌ദോ കമ്മിറ്റിയും കോളജ്‌-സർവകലാശാലാതലങ്ങളിലെ വിദ്യാർഥിയൂണിയനുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ കാര്യം സർക്കാർ മറന്നുപോയി. വിദ്യാർഥികളുടെ സംഘടനാപ്രവർത്തനം ഒരു ഗവണ്‍മെന്റിന്റെയോ കമ്മിറ്റിയുടെയോ ഔദാര്യമായിരുന്നില്ല. വിദ്യാർഥി പ്രസ്ഥാനം ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെതന്നെ ഭാഗമാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നാടിന്റെ വിളികേട്ടുകൊണ്ടാണ്‌ ഇന്ത്യൻ വിദ്യാർഥികൾ സംഘടനാബോധത്തിന്റെ ആദ്യത്തെ പടവുകൾ ചവിട്ടിയത്‌. 1936 ൽ അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ ജന്മംകൊണ്ടത്‌ ദേശീയ പ്രസ്ഥാനത്തിന്റെ അനുഗ്രഹാശിസുകളോടെയാണ്‌. അതിന്റെ ആദ്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ ജവഹർലാൽ നെഹ്‌റുവാണ്‌. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പൈതൃകമുണ്ട്‌ വിദ്യാർഥിപ്രസ്ഥാനത്തിന്‌. വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന വണിക്കുകൾക്കുവേണ്ടി ഭരിക്കുന്ന സർക്കാർ ആ ചരിത്രമെല്ലാം മറക്കുന്നു.

എല്ലാത്തരം വിധ്വംസകശക്തികളും കാമ്പസുകൾക്കുമേൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോഴാണ്‌ വിദ്യാർഥികളുടെ സംഘടനാബോധത്തിന്റെ ചിറകരിയാൻ സർക്കാർ ശ്രമിക്കുന്നതെന്നത്‌ യാദൃശ്ചികമല്ല. യുഡിഎഫ്‌ സർക്കാരിന്റെ വർഗനയങ്ങളുടെ പ്രതിഫലനമാണത്‌. അരാഷ്‌ട്രീയത വിളയാടുന്ന കാമ്പസുകളിലെല്ലാം അരാജകത്വം കൊടികുത്തിവാഴുകയാണ്‌. അവിടെ മദ്യവും മയക്കുമരുന്നും റാഗിങും ലൈംഗികപീഡനങ്ങളും കൊള്ളയും കൊലപാതകവും കൂടിക്കൂടിവരുന്നു. ചീത്തപ്പണത്തിന്റെ ഹുങ്കും ക്രൂരതയും അത്തരം കാമ്പസുകളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. വിദ്യാർഥികളുടെ സംഘടനാപ്രവര്‍ത്തനത്തിന്‌ നാശം വിധിക്കുന്നവർ ഇത്തരം പ്രവണതകൾക്ക്‌ വളംവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പ്രഭുകുമാരന്മാരുടെ അനാശാസ്യമായ അഴിഞ്ഞാട്ടങ്ങൾക്ക്‌ ആരും തടസമായിക്കൂടെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്‌.

വിദ്യാർഥി പ്രസ്ഥാനത്തിന്റെയും ജനാധിപത്യ ശക്തികളുടെയും മുമ്പിൽ കടുത്ത വെല്ലുവിളിയാണ്‌ സർക്കാർ ഉയർത്തുന്നത്‌. കമ്പോള തേർവാഴ്‌ചയ്‌ക്കെതിരായി ലോകമെമ്പാടും ഉയരുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗത്താണ്‌ വിദ്യാർഥികൾ അണിചേരുന്നത്‌. കേരളത്തിലെ കാമ്പസുകളും ലക്ഷ്യബോധമുള്ള അത്തരം ചെറുത്തുനിൽപ്പുകളുടെ ഉരുക്കുകോട്ടകളാകണം. ഇതിന്‌ കരുത്തുപകരുന്ന ആശയ-രാഷ്‌ട്രീയ സംവാദങ്ങളാണ്‌ അവിടെയുണ്ടാകേണ്ടത്‌. രാഷ്‌ട്രീയം രണ്ടുതരമുണ്ട്‌. ജീർണോന്മുഖവും സർഗാത്മകവും. അതിൽ ജീർണോന്മുഖ രാഷ്‌ട്രീയത്തിന്റെ തടവുകാരായി വിദ്യാർഥി സംഘടനകൾ മാറിക്കൂടാ. സംഘടനാപ്രവർത്തനത്തിന്റെ പേരിൽ നിരർഥകമായ ഏറ്റുമുട്ടലുകളും തെരഞ്ഞെടുപ്പുകളുടെ പേരിൽ പണത്തിന്റെ കുത്തൊഴുക്കും കാമ്പസുകളിലേക്ക്‌ കടത്തിവിടുന്നത്‌ ജീര്‍ണോന്മുഖ രാഷ്‌ട്രീയമാണ്‌. വലതുപക്ഷത്തിന്റെ താൽപ്പര്യങ്ങളെ മാത്രമേ അത്‌ ആത്യന്തികമായി സഹായിക്കു. അതിനെ ചെറുത്തു പരാജയപ്പെടുത്തേണ്ടത്‌ സർഗാത്മക രാഷ്‌ട്രീയം കൊണ്ടുതന്നെയാണ്‌. വിദ്യാർഥി പ്രസ്ഥാനത്തിലെ ഇടതുപക്ഷ ശക്തികൾക്കാണ്‌ ഇക്കാര്യം ഓർത്തിരിക്കേണ്ട കടമയുള്ളത്‌. സർഗാത്മക രാഷ്‌ട്രീയത്തെ ഭയപ്പെടുന്ന സർക്കാർ അരാഷ്‌ട്രീയതയുടെ വാദമുഖങ്ങൾകൊണ്ട്‌ ജീർണതയുടെ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തുകയാണ്‌. വെളിച്ചം തേടിയുള്ള യാത്രയിൽ നിന്ന്‌ പുത്തൻ തലമുറയെ വഴിമാറ്റിക്കൊണ്ടു പോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നീതിബോധമുള്ളവരെല്ലാം രംഗത്തുവരുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌.

*
ജനയുഗം മുഖപ്രസംഗം

ചോദ്യങ്ങൾ മാറുന്നു, ഉത്തരങ്ങളും

ഇലത്താളം കലാകാരനായ കല്ലൂർബാബുവിനെ പരാമർശിച്ച്‌ കഴിഞ്ഞ പരീക്ഷക്ക്‌ ഉണ്ടായ ചോദ്യം പുതിയ തലമുറയെ ചിന്തിപ്പിക്കുന്നതായിരുന്നു. എട്ടാം ക്ളാസിലെ മലയാളം പരീക്ഷയ്‌ക്കായിരുന്നു ചോദ്യം. ബാബുവിനെ ഒഴിവാക്കിയ വാർത്ത, ചോദ്യമാകുന്നതിന്‌ മുന്നോടിയായി അയിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളും ചേർത്തിരുന്നു. “നീചനാരിതൻ കയ്യാൽ ജലം വാങ്ങിയാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ” എന്ന സൂര്യതേജസുള്ള വരികൾ.

ജാതീയമായ വേർതിരിവുകൾ ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവോ? പ്രതികരിക്കുക-ഇതായിരുന്നു ആറുമാർക്കിന്റെ ചോദ്യം. നിയമസഭയിലെ മന്ത്രിയുടെ പരാമർശം മുതൽ അയ്യൻകാളിയുടെയും അയ്യാവൈകുണ്ഠരുടെയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും നാരായണഗുരുവിന്റെയും ആനന്ദതീർഥന്റെയും ബ്രഹ്‌മാനന്ദ ശിവയോഗിയുടെയും കാലത്തെവരെ ഒരുനിമിഷം കൊണ്ട്‌ കുട്ടികൾ ഓർത്തിട്ടുണ്ടാകും. പരീക്ഷാഹാളിൽ ഒരുനിമിഷം കൊണ്ട്‌ ചിന്തയുടെ സുഗന്ധം നിറഞ്ഞിട്ടുണ്ടാകും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു ചോദ്യത്തിന്‌ ഇടമുണ്ടായി എന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യമാണ്‌. പുരോഗമനാശയങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ പഴയകാലം തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണ്‌ ഈ ചോദ്യം.

ഭൂമി എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്‌ വളരെക്കാലം ഭൂമിയെ ദൈവം സൃഷ്‌ടിച്ചു എന്നായിരുന്നു ഉത്തരം. ദൈവത്തെ മനുഷ്യൻ സൃഷ്‌ടിച്ചു എന്ന ഉത്തരം ഉണ്ടായതോടുകൂടി ഹൃദയത്തിൽ വെളിച്ചം നിറയുകയും ചിന്തയ്‌ക്ക്‌ തീപിടിക്കുകയും ചെയ്‌തല്ലൊ. പരീക്ഷാഹാളിൽ നിന്ന്‌ ഇരുട്ട്‌ ഇറങ്ങിപ്പോവുകയും അറിവിന്റെ കുളിർകാറ്റു വീശുകയും ചെയ്‌തല്ലോ.

പക്ഷേ, കേരളം തിരിച്ചുപോകുന്നു. ഒരു ചോദ്യത്തിന്റെ പേരിൽ അധ്യാപകന്റെ ചോറുണ്ണാനുള്ള കൈ വെട്ടിയെറിഞ്ഞത്‌ ഇവിടെയാണല്ലോ. കൺമുമ്പിൽ വച്ചുണ്ടായ ആ മതദൈവനീതിനിർവഹണം പിന്നീട്‌ ഗുരുപത്‌നിയുടെ സ്വയംഹത്യയിൽ കലാശിച്ചതും ഇവിടെയാണല്ലോ. അതുവഴി മതം സ്‌നേഹമാണ്‌, ത്യാഗമാണ്‌, ക്ഷമയാണ്‌, മാപ്പാണ്‌ എന്നെല്ലാമുള്ള വ്യാജപ്രചരണങ്ങൾ തകർന്ന്‌ പോയതും ഇവിടെയാണല്ലൊ.

എട്ടാം ക്ളാസിലെ പാഠപുസ്‌തകം തയ്യാറാക്കിയ മാഷുമാർ ഇന്ത്യൻ ഭരണഘടനയെ ആദരിക്കുന്നവരാണ്‌. പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളിൽ ശാസ്‌ത്രീയമായ കാഴ്‌ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്‌ക്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ടല്ലൊ. പാഠപുസ്‌തകത്തിലെ ഒരു യൂണിറ്റ്‌ അന്ധവിശ്വാസ ദൂരീകരണത്തിനായി മാറ്റിവച്ചിട്ടുണ്ട്‌. നാരായണഗുരു കുട്ടിച്ചാത്തനു കത്തുകൊടുത്തതും സഞ്‌ജയന്റെ സ്വാമിജി എന്ന കഥയും മറ്റുമാണ്‌ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നു പേരിട്ടിട്ടുള്ള ഈ യൂണിറ്റിലുള്ളത്‌. ക്ളാസുകളിൽ അന്ധവിശ്വാസം സംബന്ധിച്ച ചർച്ചകളും നടക്കാറുണ്ട്‌. ചോദ്യപേപ്പറിൽ ഇക്കുറി ജോത്സ്യൻ എന്ന നഗ്ന കവിത ചേർത്തിട്ടുണ്ട്‌. ഈ കവിതയുടെ സാമൂഹ്യപ്രസക്തി, ആസ്വാദനഭംഗി ഇവ വിലയിരുത്തി ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കാനായിരുന്നു ചോദ്യം.

ജോത്സ്യൻ

ജോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല
ചന്ദ്രൻ അപഹരിച്ചോ
രാഹുവോ കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാൾ
കവടി നിരത്തിയതേയില്ല
നേരേ നടന്നു
പൊലീസ്‌ സ്റ്റേഷനിലേക്ക്‌

ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കി, പരീക്ഷക്കാലവും മറന്നപ്പോഴാണ്‌ ഈ ചോദ്യം ജോത്സ്യന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത്‌. കേരള ഗണക കണിശ സഭ മലപ്പുറത്തുകൂടി, കളരിക്കുറുപ്പടക്കമുള്ള സമുദായങ്ങളെ അവഹേളിക്കുകയാണെന്നും ഉടൻ നടപടി വേണമെന്നും പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കയച്ചു. ഇപ്പോഴും അവർ കവടിനിരത്താതെ പരാതിയുമായി അധികൃതകേന്ദ്രത്തിലേക്ക്‌ പോയല്ലോ എന്നു പറഞ്ഞു ചിരിക്കുന്നവരെ എന്തുചെയ്യാനാണ്‌.

*
കുരീപ്പുഴ ശ്രീകുമാർ

Saturday, April 5, 2014

വിദ്യാഭ്യാസവായ്പ അഥവാ കോര്‍പറേറ്റ് കൊള്ള

നവ ഉദാരനയങ്ങളിലേക്കുള്ള ചുവടുമാറ്റത്തോടെ മുതലാളിത്തത്തിന് മൂലധനസഞ്ചയത്തിനുള്ള മുഖ്യ ഉപാധിയായി രാജ്യത്തെ വിദ്യാഭ്യാസമേഖല. സ്വകാര്യമേഖലയ്ക്ക് ലാഭക്കച്ചവടത്തിനുതകുംവിധം വ്യവസ്ഥകള്‍ രൂപംകൊണ്ടു. അപേക്ഷിക്കുന്നവര്‍ക്ക് ഉദാരമായി കോളേജുകളും സര്‍വകലാശാലകളുമടക്കം ആരംഭിക്കാന്‍ അനുമതി നല്‍കി. സ്ഥാപനത്തിന് മൂലധനം സ്വരൂപിക്കാന്‍ കോര്‍പറേറ്റുകളും ധനമൂലധനവും ചേര്‍ന്ന് പദ്ധതിയുണ്ടാക്കി. ഭരണകൂടം അതിനുള്ള സംവിധാനം ഒരുക്കി. ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട തലവരിയും ഫീസും ബാങ്ക് വായ്പ നല്‍കും. എല്ലാം കമ്പോളത്തിന്റെ കൈയില്‍. വിദ്യാഭ്യാസം മടിയിലെ കനത്തിനുസരിച്ചാവാം. ഗതിയില്ലാത്തവന് വായ്പ ലഭ്യമാക്കും.

ഇതോടെ ഇന്ത്യയിലങ്ങോളമിങ്ങോളം എന്‍ജിനിയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുതലാളിമാരായി. വായ്പാ വാഗ്ദാനവുമായി ബാങ്കുകളും. ഭൂമി കണ്ടെത്തി മിനിമം പണം മുടക്കി കോളേജ് ആരംഭിച്ചാല്‍ ബാക്കി മൂലധനം വിദ്യാഭ്യാസവായ്പയായി വിദ്യാര്‍ഥികളുടെ, രക്ഷാകര്‍ത്താക്കളുടെ ചെലവില്‍ മുതലാളിമാരുടെ കൈയിലെത്തി. നവലിബറല്‍ നയങ്ങള്‍ വാഗ്ദാനംചെയ്യുന്ന ശോഭനമായ ഭാവിയിലുള്ള- വിദ്യാഭ്യാസം കഴിഞ്ഞാലുടന്‍ ഉയര്‍ന്ന ജോലി, ഉയര്‍ന്ന ശമ്പളം, ഉന്നത ജീവിത നിലവാരം- പ്രതീക്ഷയില്‍ അത്തരം പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടു.

2004നുശേഷം പതിനായിരക്കണക്കിനു നേഴ്സുമാരും സാങ്കേതിക ബിരുദധാരികളും എംബിഎക്കാരും പുറത്തുവന്നു. കോളേജില്‍ യഥേഷ്ടം സീറ്റും ഫീസ് നല്‍കാന്‍ വായ്പയും ലഭ്യമായതുകൊണ്ട് മാതാപിതാക്കളുടെ ഡോക്ടര്‍, എന്‍ജിനിയര്‍ മോഹത്തിനു വഴങ്ങി പ്രവേശനം നേടി എങ്ങുമെത്താതെ പുറത്താകേണ്ടിവന്ന ഒട്ടേറെ നിര്‍ഭാഗ്യരും ഇക്കൂട്ടത്തിലുണ്ട്. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടിയാലുടന്‍, അല്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് വായ്പ തിരിച്ചടവ് തുടങ്ങണം.

നാലുവര്‍ഷ നേഴ്സിങ് പഠനത്തിന് 4,00,000 രൂപ വായ്പ കണക്കാക്കുക. (നാലുലക്ഷം രൂപവരെ ഈട് വാങ്ങാതെ വിദ്യാഭ്യാസവായ്പ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതോടെ സ്വാശ്രയകോഴ്സ് നടത്തിപ്പുകാര്‍ മിനിമം ഫീസ് നാലു ലക്ഷമാക്കി) അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചടവു തുടങ്ങുന്ന വേളയില്‍ 11.7 ശതമാനം സാധാരണ പലിശ കൂട്ടി 5,63,800 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. തുടര്‍ന്ന് 84 മാസം കൂട്ടുപലിശ നല്‍കണം. അതായത് തുടര്‍ന്ന് ഏഴുവര്‍ഷം മാസം 9900 രൂപ തിരിച്ചടച്ചെങ്കിലേ വായ്പ തീരുകയുള്ളൂ.

സ്വകാര്യ ആശുപത്രിയിലെ നേഴ്സോ ഡോക്ടറോ എന്‍ജിനിയറോ ആയ ഉദ്യോഗാര്‍ഥിക്ക് സാമാന്യനിലയില്‍ പ്രതിമാസ വേതനത്തില്‍നിന്ന് ചെലവ് കഴിഞ്ഞ് തുക അടയ്ക്കാനാകില്ല. സാധാരണഗതിയില്‍ പെണ്‍കുട്ടി വിവാഹിതയായാല്‍ വായ്പാതിരിച്ചടവ് മാതാപിതാക്കളുടെ തലയിലാകും.

കര്‍ഷക ആത്മഹത്യക്കൊപ്പം വിദ്യാഭ്യാസവായ്പാ കെണിയില്‍പെട്ടവരുടെയും മാതാപിതാക്കളുടെയും ആത്മഹത്യ ഗൗരവമേറിയ പ്രശ്നമായിട്ടുണ്ട്. പാര്‍ലമെന്റിലും പുറത്തും പ്രശ്നം ശക്തിയായി ഉന്നയിക്കപ്പെട്ടു. അതേത്തുടര്‍ന്ന് രണ്ടാം യുപിഎ സര്‍ക്കാര്‍ 2009-10ലെ ഒന്നാം ബജറ്റില്‍ വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ഇളവനുവദിച്ച് സബ്സിഡി സ്കീം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകളും പലിശ ബാധ്യത ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. 2009-10ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം വായ്പ അനുവദിച്ച പഠനകാലാവധിയും പഠനം പൂര്‍ത്തിയായി ഒരു വര്‍ഷം അല്ലെങ്കില്‍ ജോലി കിട്ടി ആറുമാസം ഏതാണോ ആദ്യം അതുവരെയുള്ള പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. (രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ കവിഞ്ഞവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകില്ല.) വായ്പയുടെ മുതലും അതിനുശേഷമുള്ള പലിശയും അടച്ചാല്‍ മതി. വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവു കാലത്തെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നാലുലക്ഷത്തിന്റെ വായ്പയ്ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചടവുവേളയില്‍ 4,00,000 രൂപയായിരിക്കും മുതല്‍. തുടര്‍ന്ന് 84 മാസം 11.7 ശതമാനം പലിശ ക്രമത്തില്‍ മാസം 7000 രൂപ തിരിച്ചടയ്ക്കണം. പലിശ ബാധ്യത ഏറ്റെടുത്തില്ലെങ്കില്‍ അടയ്ക്കേണ്ട സംഖ്യയേക്കാള്‍ 2900 രൂപ കുറവ്. ഉദ്യോഗാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആശ്വാസമായിരുന്നു ഈ പദ്ധതി. ഇതുപ്രകാരം ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് കുറെയൊക്കെ അടച്ച് അത് പലിശക്കണക്കില്‍ വരവുവച്ചു. ബാങ്കുകള്‍ പലിശ പൂര്‍ണമായി ഒഴിവാക്കി മുതലില്‍ കുറവുവരുത്തി.

താല്‍ക്കാലികമായി പ്രശ്നത്തിന് പരിഹാരമായെങ്കിലും പുതിയ വായ്പ വര്‍ധിക്കയും, പുതിയതും പഴയതുമായ അക്കൗണ്ടുകളില്‍ തിരിച്ചടവ് നിലയ്ക്കുകയും ചെയ്തതോടെ ബാങ്കിന്റെ കിട്ടാക്കടം വര്‍ധിച്ചു. ബാങ്ക് നടപടി സ്വീകരിച്ചുതുടങ്ങിയപ്പോള്‍ പിന്നെയും പ്രശ്നമായി. തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതം മറികടക്കാന്‍ ധനമന്ത്രി ഉപായം കണ്ടെത്തി. ചിദംബരത്തിന്റെ 2014-15ന്റെ ഇടക്കാല ബജറ്റ് യുപിഎ ഒന്ന്, രണ്ട് സര്‍ക്കാരുകളുടെ ഭരണനേട്ടം നിരത്തിവച്ചുള്ള തെരഞ്ഞെടുപ്പ് പ്രസംഗമായിരുന്നു. ബജറ്റ് പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസവായ്പ പലിയ്ശക്ക് ഇളവനുവദിക്കുമെന്ന ഒരു പ്രഖ്യാപനം ചിദംബരം വീണ്ടും നടത്തി.

*
എ സിയാവുദ്ദീന്‍ deshabhimani