Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Saturday, November 2, 2013

ക്രിക്കറ്റ് എന്ന കായികാനുഭവം; ചരിത്രത്തിലും സംസ്കാരത്തിലും

ക്രിക്കറ്റ് എന്ന കായികാനുഭവത്തിന്റെ ചരിത്രപശ്ചാത്തലം കളി എന്ന അനുഭവത്തിന്റെ ഹേതുക്കളിലേക്ക് അഥവാ ആസ്പദങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ബ്രിട്ടന്റെ കോളനികളായിരുന്ന പിന്‍നില രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട കളിയാണ് ക്രിക്കറ്റ്. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന പിന്‍നില രാജ്യങ്ങളില്‍ തങ്ങളുടെ സാംസ്കാരികമായ അധീശത്വം ഉറപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ "ഇറക്കുമതി"യുടെ പിന്നിലുണ്ട്. വെറും ഒരു കളി എന്നതിലുപരി സാമ്രാജ്യത്വത്തിന്റെ മറ്റു ലക്ഷ്യങ്ങള്‍ക്ക് സാധകമായ ഒരുപകരണം എന്ന നിലയിലാണ് ക്രിക്കറ്റ് പ്രചരിപ്പിക്കപ്പെട്ടത്. കോളനിവത്കരണത്തിന്റെ ഫലമായി ക്രിക്കറ്റിനെ അടയാളപ്പെടുത്തുമ്പോള്‍ മറ്റ് പല വസ്തുതകളും പരിഗണനാര്‍ഹങ്ങളാകുന്നുണ്ട്, വിശേഷിച്ചും സമകാല സന്ദര്‍ഭങ്ങളില്‍. ബ്രിട്ടീഷ് കോളനീകരണത്തിന്റെ ഭാഗമായി ഇംഗ്ലീഷുകാര്‍ പകര്‍ന്നുനല്‍കിയ ഈ കായികവിനോദം എല്ലാ അര്‍ഥത്തിലും ഇംഗ്ലീഷ് കാലാവസ്ഥകള്‍ക്കും പരിതോവസ്ഥകള്‍ക്കും ഇണങ്ങുന്നതായിരുന്നു. വര്‍ഷത്തില്‍ അധികദിവസങ്ങളിലും മഞ്ഞിന്റെ - തണുപ്പിന്റെ അന്തരീക്ഷമുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ചും നേരംകൊല്ലിയായ ഒരു പ്രിയവിനോദമായി ക്രിക്കറ്റ് മാറിയതില്‍ അത്ഭുതമില്ല. ഇംഗ്ലീഷുകാര്‍, തങ്ങളുടെ സ്വന്തം കളി എന്ന മട്ടില്‍ ക്രിക്കറ്റിന് മേല്‍കോയ്മയുടെ, കുത്തകാവകാശത്തിന്റെ ധാര്‍ഷ്ട്യം പുലര്‍ത്തിയിരുന്നതില്‍ അസ്വാഭാവികതയുമില്ല. എന്നാല്‍ ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍, കൊടും ചൂടേറ്റ് മണിക്കൂറുകള്‍ കായികാധ്വാനത്തില്‍ മുഴുകുക എന്നത് എത്രമേല്‍ കഠിനമാണെന്ന വസ്തുത ശ്രദ്ധിക്കണം. താരതമ്യചിന്തയിലൂടെ മുന്നോട്ടുപോയാല്‍, കുത്തകയുടെയും കോയ്മയുടെയും ബലതന്ത്രങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ക്രിക്കറ്റിനെ ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങള്‍ സ്വാംശീകരിക്കുകയും സ്വായത്തമാക്കുകയും ഉടമ/അടിമ ബന്ധ ത്തില്‍നിന്ന് ക്രമേണ മോചിപ്പിച്ച് ജനാധിപത്യസ്വഭാവത്തില്‍ ഉറപ്പിക്കുകയും ചെയ്തു എന്നുള്ള ചരിത്രസത്യത്തിലാണ് നാം എത്തിച്ചേരുക.

മൂന്നാംലോക ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ പലതാണ്. അവ്യവസ്ഥിതത്വത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലുകളില്‍ നടക്കുകയും സാമൂഹിക ദുരിതങ്ങള്‍ക്കു നടുവില്‍ സ്ഥിരമായി വ്യസനിക്കുകയും ചെയ്യുന്ന ശരാശരി ഇന്ത്യക്കാരന് ക്രിക്കറ്റ് വ്യക്തിപരമായ പ്രതീക്ഷയുടെ ഒരു ഇടം ഒരുക്കിക്കൊടുത്തതിന്റെ സാംസ്കാരിക പശ്ചാത്തലവും നാം കാണുക തന്നെ വേണം. വാസ്തവത്തില്‍, ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിരോധത്തിന്റെയും സങ്കരസംസ്കൃതിയായി ക്രിക്കറ്റ് നമ്മുടെ പൊതുബോധത്തില്‍ വിലയം പ്രാപിക്കുകയാണ് ചെയ്തത്. സാമൂഹിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുകയും സാംസ്കാരിക മൂല്യങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും സാര്‍വത്രികമായ സ്വീകാര്യതയെക്കുറിച്ച് സംശയങ്ങളുണ്ടാകുകയും ചെയ്ത അവസരത്തില്‍ ക്രിക്കറ്റ് പോലുള്ള കളികള്‍ നമ്മുടെ അഭിലാഷങ്ങളുടെയും വിശ്വാസങ്ങളുടെയും സാധ്യതയായിത്തീര്‍ന്നു എന്നുപറയാം. അധീശത്വം ഉയര്‍ത്തുന്ന നിയന്ത്രണ രേഖകളെ നിഷ്പ്രയാസം തകര്‍ത്ത്, ഉടമ/അടിമബോധം മായ്ച്ചുകളഞ്ഞ്, ജനാധിപത്യത്തിന്റെ വിശാലഭൂമികയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ മുന്‍പുതന്നെ കഴിഞ്ഞിട്ടുണ്ട്. സച്ചിനിലെത്തുമ്പോള്‍, കളിക്കാരനു ചുറ്റും വിപുലമായ ഒരു സംവേദന മണ്ഡലം കൂടി ഉയര്‍ന്നുവരുന്നുണ്ട്. അതിജീവനമോഹങ്ങളുടെയും പ്രതീക്ഷകളുടെയും വിജയത്തിന്റെയും ഈ സംവേദന മണ്ഡലത്തില്‍ സച്ചിനുമായി, അദ്ദേഹത്തിന്റെ കളിയുമായി സൂക്ഷ്മവിനിമയം സ്ഥാപിച്ച പ്രേക്ഷകലക്ഷങ്ങള്‍ സച്ചിന്‍ എന്ന കളിക്കാരന്റെ കായികസ്വത്വവുമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു, വാസ്തവത്തില്‍. മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത ദൈവം എന്ന വിശേഷണം പോലും ഇവിടെ പ്രത്യേകം നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ മുഴുവന്‍ പ്രതീക്ഷ ഏതാണ്ട് ഒറ്റയ്ക്കു വഹിക്കുക എന്നതിലെ വെല്ലുവിളി എത്ര വലുതാണെന്ന് എടുത്തുപറയേണ്ടതില്ല. മികച്ച സ്കോര്‍ നേടാതെ സച്ചിന്‍ ഔട്ടാകുന്ന കളിയില്‍ ഇന്ത്യ തോല്‍ക്കും എന്ന അന്ധവിശ്വാസമടക്കമുള്ളവയ്ക്ക് കാരണം ഈ പ്രതീക്ഷയുടെ ബൃഹത്തായ പ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല.

കളിയുടെ ഗതിനിയന്ത്രണം മുഴുവന്‍ ഒരാളിലാണെന്ന് വിശ്വസിക്കുമ്പോള്‍ അയാള്‍ കളിയിലെ ദൈവമാകുന്നു. സങ്കല്‍പങ്ങളിലെ ദൈവം മുകളിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ ഗ്രൗണ്ടിലെ ദൈവം ബാറ്റ് വീശി കളി നിയന്ത്രിക്കുന്നു. ആദ്യത്തേത് അപ്രാപ്യമാണെങ്കില്‍ രണ്ടാമത്തേത് പ്രാപ്യമാണ്. അരൂപമായതിനെക്കാള്‍ രൂപമുള്ളവയോടാണ് നമുക്ക് പണ്ടും പ്രതിപത്തി. കളിയിലെ ദൈവത്തിനാകട്ടെ മതവുമില്ല. ഏത് മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കുകയും രാഷ്ട്രമൊന്നാകെ ഉറ്റുനോക്കുംവിധത്തിലുള്ള ഔന്നത്യത്തിലെത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് ചുറ്റും പരിവേഷങ്ങളുണ്ടാകുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. ജനമനസ്സുകളില്‍ അവര്‍ വിഗ്രഹങ്ങളാകും. വ്യക്തിപൂജ ഏത് സന്ദര്‍ഭത്തിലും പ്രോത്സാഹനമര്‍ഹിക്കുന്ന ഒന്നല്ലെങ്കിലും സമൂഹത്തിന്റെയൊന്നാകെയുള്ള പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരം സാധിക്കുന്ന ശക്തമായൊരു വിനിമയബന്ധത്തെ അംഗീകരിക്കുന്നതില്‍ തെറ്റില്ല. മതാതീതവും മനുഷ്യസാധാരണവുമായ ഒരു യുക്തിയിലാണ് ക്രിക്കറ്റ് ദൈവത്തിന്റെ വിഗ്രഹസൃഷ്ടി എന്നുള്ളതും തള്ളിക്കളയാന്‍ കഴിയില്ല. വ്യക്തിയുടെ കഴിവുകളിലും അയാളുടെ മാന്യമായ ഇടപെടല്‍ രീതികളിലും വിശ്വാസമര്‍പ്പിക്കുക എന്ന (അ)രാഷ്ട്രീയമായ അവബോധം ഇവിടെ നിരന്തരം മേല്‍ക്കൈ നേടുന്നു.

സച്ചിന്‍ എന്ന കളിക്കാരന്‍ 

ഒരു തൊഴില്‍ എന്ന നിലയില്‍ ഏതു കളിയെയും നോക്കിക്കാണാനുള്ള ധൈര്യം ശരാശരി ഭാരതീയന് ഇന്നുമില്ല. വിദ്യാഭ്യാസാനന്തരം സ്ഥിരവരുമാനമുള്ള ഒരു തൊഴില്‍ നേടുകയും ജീവിതസ്ഥിരത കണ്ടെത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്ന് മാറിച്ചിന്തിക്കുന്ന ഒരു യുവതലമുറ ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല. അപവാദങ്ങളുണ്ടാകാം. പക്ഷേ ഭൂരിപക്ഷത്തിന്റെ നിലയ്ക്കനുസരിച്ചാണല്ലോ എല്ലായ്പ്പോഴും സ്ഥിതിവിവരക്കണക്കുകള്‍ രൂപപ്പെടുക. കളിക്കാന്‍ ആര്‍ക്കും കഴിയും. കളിക്കാരനാകാന്‍ ചിലര്‍ക്കു മാത്രമേ കഴിയുകയുള്ളൂ. ആ ചിലരില്‍ത്തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ചുരുക്കം പേര്‍ക്കേ കഴിയൂ. ഈ ചുരുക്കം പേരില്‍ ഏറ്റവും മികച്ച കളിക്കാരനാകുന്നത് ആരാണ്? അവസരങ്ങളുടെ, അര്‍പ്പണബുദ്ധിയുടെ, കഠിനാദ്ധ്വാനത്തിന്റെ എല്ലാം സുദീര്‍ഘങ്ങളായ ആഖ്യാനങ്ങള്‍കൊണ്ട് ഇപ്പറഞ്ഞ മികവിലേക്കുള്ള സഞ്ചാരപഥങ്ങള്‍ വിവരിക്കാന്‍ കഴിയും. പക്ഷേ പറയാനെളുപ്പമാണ്; പ്രവര്‍ത്തിക്കാന്‍ വിഷമവും. ബാല്യകൗമാരകാലങ്ങളില്‍ കൂട്ടുകാരും സമപ്രായക്കാരായ മറ്റ് കുട്ടികളും കുട്ടിക്കാലത്തിന്റെ ആഹ്ലാദത്തിമിര്‍പ്പുകളില്‍ മുഴുകുമ്പോള്‍ ക്രിക്കറ്റ് പരിശീലനത്തിന്റെ കഠിനമുറകളിലാണ് താന്‍ മുഴുകിയിരുന്നതെന്ന് സച്ചിന്‍ സ്വയം ഹൃദയഭാഷയില്‍ വിശദീകരിച്ചിട്ടുള്ളത് നമുക്കറിയാം. ഇന്നും ദിവസവും രണ്ട് മണിക്കൂര്‍ പരിശീലനത്തിനായി സച്ചിന്‍ നീക്കിവയ്ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ അതിശയം തോന്നേണ്ടതുള്ളൂ, പഠിച്ചുതീരാത്ത വിദ്യയെക്കുറിച്ചും പരിശീലിച്ചു മെച്ചപ്പെടുത്താവുന്ന കഴിവുകളെക്കുറിച്ചും തിരിച്ചറിയുന്നവര്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട് എന്ന ഒരേയൊരു കാര്യത്തില്‍.

ഒരു കളിക്കാരനില്‍ അര്‍പ്പിക്കപ്പെട്ട പ്രതീക്ഷ നാള്‍ക്കുനാള്‍ വളര്‍ന്ന് അയാള്‍ക്കത് കനത്ത ഭാരമായിത്തീരാം. എല്ലാ കളികളും ഒരുപോലെ മികവുറ്റതാക്കാന്‍ അമാനുഷര്‍ക്കുപോലും കഴിഞ്ഞെന്നു വരില്ല. 2006 മാര്‍ച്ച് 19-ല്‍ സച്ചിന്റെ സ്വന്തം ഗ്രൗണ്ടായ (ഹോം ഗ്രൗണ്ട്) വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍, ആദ്യ ഇന്നിംഗ്സില്‍ ഇരുപതിലേറെ പന്തുകള്‍ അഭിമുഖീകരിച്ച സച്ചിന്‍ ഒരു റണ്‍ മാത്രം നേടിയത് ഓര്‍ക്കാം. ഔട്ടായി പവലിയനിലേക്ക് മടങ്ങിയ സച്ചിനെ കാണികളില്‍ ചിലര്‍ കൂക്കിവിളിച്ചത് ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയ്ക്കുശേഷമാണ് സച്ചിന്‍ തോളിലെ പരിക്കിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. കളിക്കാരന്‍ എന്ന നിലയില്‍ ഫോം കണ്ടെത്താന്‍ ക്ലേശിച്ചിട്ടുള്ള മറ്റ് സന്ദര്‍ഭങ്ങളും സച്ചിന്റെ കരിയറിലുണ്ടായി. പക്ഷേ, ഹര്‍ഷാരവങ്ങളെയും കൂക്കിവിളികളെയും സമചിത്തതയോടെ സമീപിക്കുന്ന ഒരു സ്ഥിതപ്രജ്ഞന്‍ സച്ചിനില്‍ എന്നും ഉണര്‍ന്നിരുന്നു.

മൈക്ക് ഡെന്നിസ് സംഭവം ഇതിന് മറ്റൊരുദാഹരണമാണ്. ചുരുക്കം വാക്കുകളില്‍ ഈ സംഭവം ഇവിടെ സൂചിപ്പിക്കാം. 2001-ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവേളയില്‍ രണ്ടാം ടെസ്റ്റിനിടെ അമിതമായി അപീല്‍ ചെയ്തതിന് ഇന്ത്യയിലെ ഏതാനും കളിക്കാര്‍ക്കും ടീമംഗങ്ങളെ നിയന്ത്രിക്കാത്തതിന്റെ പേരില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും മാച്ച് റഫറിയായിരുന്ന മൈക്ക് ഡെന്നിസ് പിഴ നല്‍കുകയും പന്തില്‍ കൃത്രിമം കാണിച്ചു എന്ന ആക്ഷേപത്തില്‍ സച്ചിനെ മത്സരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അടുത്ത ടെസ്റ്റ് മത്സരത്തില്‍ സച്ചിന് വിലക്കേര്‍പ്പെടുത്തി. വംശീയതയുമായി ചേര്‍ത്തുവച്ച് പ്രസ്തുതസംഭവം വാദകോലാഹലങ്ങളിലേക്ക് നീങ്ങുകയും പിന്നീട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ സച്ചിന്റെ വിലക്ക് മാറ്റുകയും ചെയ്തു. സച്ചിനെപ്പോലൊരു ക്രിക്കറ്ററുടെ കായിക ജീവിതത്തില്‍, എന്തിന്, പ്രതിച്ഛായയില്‍ത്തന്നെ കരിനിഴല്‍ വീഴ്ത്താമായിരുന്ന ഈ സംഭവത്തെ തന്റെ സ്ഥിതപ്രജ്ഞയിലൂടെ മാത്രമാണ് സച്ചിന്‍ തരണം ചെയ്തത്.

മാച്ച് ഫിക്സിങ്ങിന്റെയും മറ്റും ഞെട്ടിപ്പിക്കുന്ന കഥകളും യാഥാര്‍ഥ്യങ്ങളും ഇന്ന് ക്രിക്കറ്റിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍പിച്ചിരിക്കുന്നു. കാലം കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ ഇളകാതെ, സ്വപ്രത്യയസ്ഥൈര്യത്തില്‍ നിലകൊള്ളുക എന്നത് ഏത് സന്ദര്‍ഭത്തിലും വലിയൊരു കാര്യമാണ്. ജീവിതത്തിന്റെയും ക്രിക്കറ്റിന്റെയും അനിശ്ചിതത്വങ്ങളില്‍ കാലുറപ്പിച്ചുകൊണ്ട് അചഞ്ചല നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്നതിലേറെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കളിയുടെ പൊതുസ്ഥലത്ത് ചേര്‍ത്തുപിടിച്ചുകൊണ്ട്, താനറിയാതെ ഒരു സൂചകമായി മാറിക്കൊണ്ട് ഒരു ദേശത്തിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന കളിക്കാരന്റെ കാലാതീതമായ പ്രസക്തി.

കളിക്കാരന്റെ സ്വത്വം നിര്‍ണയിക്കുന്നതില്‍ കളിയുടെമേല്‍ അയാള്‍ക്കുള്ള ആധിപത്യമാണ് ഏറ്റവും പ്രധാനം. കളിയിലൂടെ ഇത്രത്തോളം സ്വയം നിര്‍ണയിക്കുകയും നിര്‍വചിക്കുകയും സ്വയം നവീകരണം നടത്തുകയും ചെയ്തിട്ടുള്ള മറ്റൊരു കളിക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെന്നല്ല ലോകക്രിക്കറ്റിലുമില്ല. ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ് തന്റെ ഇന്നോളമുള്ള സ്വപ്നമെന്ന് മറ്റൊരു കളിക്കാരനും ഇത്രമേല്‍ നെഞ്ചുകീറി പറഞ്ഞിട്ടുണ്ടാവില്ല. ഈ സ്വപ്നത്തില്‍ താന്‍ ജീവിക്കുന്നതിന്റെ സന്തോഷം മറ്റൊരാള്‍ക്കും ലോകമനഃസാക്ഷിയോട് ഇപ്രകാരം പങ്കുവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ടാവില്ല. അതെ, കളിയാണ് കാര്യം; സ്വപ്നമാണ് ജീവിതം.

*
ഡോ. ആര്‍ ശ്രീലതാവര്‍മ്മ ദേശാഭിമാനി വാരിക 27 ഒക്ടോബര്‍ 2013

ക്രിക്കറ്റിന്റെ സുവര്‍ണരേഖ

സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഇന്ത്യ ഇത്രമേല്‍ സ്നേഹിക്കാന്‍ കാരണമെന്താണ്? സങ്കീര്‍ണമായ ഒരു സാമൂഹികശാസ്ത്ര ഗവേഷണവിഷയമാണിത്. പ്രകൃതി നല്‍കിയ കഴിവ് ഒരണുപോലും ധൂര്‍ത്തടിച്ചു കളയാത്തവനേ പൂര്‍ണത കൈവരിക്കാനാവൂ. ആ വിജയഗാഥകളാണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന നാല്‍പ്പതുകാരന്റെ ജീവിതം പറയുന്നത്. സച്ചിനെപോലെ മാധ്യമങ്ങള്‍ പിന്തുടര്‍ന്ന ഒരു കായിക താരം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പത്രത്തിലോ, ടിവിയിലോ, റോഡിലെ പരസ്യപ്പലകയിലോ സച്ചിന്റെ മുഖം കാണാത്ത ദിവസം സാധാരണ ഇന്ത്യക്കാരനുണ്ടാവില്ല. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തിനും തങ്ങളുടേതായ പരിമിതികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമുള്ള ഒരു പരിഹാരവും ആശ്വാസവുമായാണ് സച്ചിന്റെ കളിയും അദ്ദേഹത്തിന്റെ നേട്ടങ്ങളുമെന്ന് ചരിത്രകാരനും സാമൂഹികശാസ്ത്രജ്ഞനുമായ രാമചന്ദ്രഗുഹ പറയുന്നതില്‍ ഒത്തിരി സത്യങ്ങളുണ്ട്. അതായത്, തങ്ങള്‍ക്ക് ജീവിതത്തില്‍ കൈവരിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ സച്ചിന്‍ എന്ന പ്രതിഭയില്‍ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍ പരിഹാരമാകുന്നത് ഒരു സമൂഹത്തിന്റെ അസംതൃപ്തി കൂടിയാണ്. എല്ലാ കളികള്‍ക്കും വിജയങ്ങള്‍ക്കും കിരീടങ്ങള്‍ക്കുമപ്പുറത്ത് സാമൂഹികമായ ഒരു ധര്‍മം കൂടി നിര്‍വഹിക്കാനുണ്ട്. ആ ധര്‍മം തന്റെ കളിയിലൂടെയും കാഴ്ചപ്പാടിലൂടെയും നിര്‍വഹിക്കപ്പെടുന്ന ലോകത്തെ മഹാരഥന്മാരായ കളിക്കാരുടെ നിരയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്ഥാനം.

അതേ, ഈ നവംബര്‍ 14. ലോകം അന്ന് ഒരു ക്രിക്കറ്റ് പന്തിനോളം ചെറുതാകും. കാല്‍നൂറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രാണന്‍ നല്‍കി സംരക്ഷിച്ച സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ അന്ന് പാഡഴിക്കുന്നതോടെ വിശ്വ ക്രിക്കറ്റില്‍ ഒരു യുഗം അവിടെ അവസാനിക്കുകയാണ്.... നാലാം നമ്പറില്‍ നികത്താനാവാത്ത ശൂന്യത ബാക്കിയാക്കി, 24 വര്‍ഷം നീണ്ട കായിക ജീവിതത്തിന്റെ അവസാന അങ്കം വിന്‍ഡീസിനെതിരെ കുറിച്ച് 200 ടെസ്റ്റുകള്‍ കളിക്കുന്ന സ്വപ്നസമാനമായ നേട്ടത്തിനുടമയായി സച്ചിന്‍ ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും അദ്ദേഹത്തോടൊപ്പം കളിക്കളം വിടും. ആഗോള കായികരംഗത്തെ ഏറ്റവും മികവുറ്റ പ്രതിഭകളുടെ പട്ടികയില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ടാണ് സച്ചിന്റെ വിടവാങ്ങല്‍. സച്ചിന്‍ ഇല്ലാത്ത ക്രിക്കറ്റ് എന്ന അചിന്ത്യമായ യാഥാര്‍ഥ്യം ഇനി ക്രിക്കറ്റ് ആരാധകര്‍ ഉള്‍ക്കൊള്ളേണ്ടി വരും. അപ്പോഴും റെക്കോഡ് ബുക്കില്‍ മായാതെയുണ്ടാകും അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ച്വറികളുടെ സെഞ്ച്വറിയും 34,000 കടന്ന റണ്ണുകളുടെ സഞ്ചിതനിധിയും ഏകദിന കളിയിലെ ആദ്യ ഇരട്ടസെഞ്ച്വറിയുമടങ്ങുന്ന അനുപമനേട്ടങ്ങളുടെ അവസാനമില്ലാത്ത പട്ടിക. ഈ നേട്ടങ്ങളും റെക്കോര്‍ഡുകളും ഒരു ജനതയുടെയാകെ സ്വകാര്യഗര്‍വാണെങ്കിലും സച്ചിന്‍ എന്ന ക്രിക്കറ്റ് പ്രതിഭയെ കണക്കുകളുടെ ഈ മടുപ്പിക്കുന്ന പരിമിതിയില്‍നിന്ന് മാറ്റിനിര്‍ത്തി വിലയിരുത്തുക തന്നെ വേണം. സച്ചിനു മുമ്പും സച്ചിനു ശേഷവും ഉള്ള കാലഘട്ടമെന്ന് ഇനി അടയാളപ്പെടുത്തുമ്പോള്‍ ചരിത്രകാരന്മാര്‍ക്ക് ഈ സംഖ്യകളാണ് പ്രധാനമെങ്കിലും ഈ കുഞ്ഞ് മനുഷ്യന്‍ നമുക്ക് വിസ്മയമാകുന്നത് കളിയിലെ മികവുകൊണ്ട് മാത്രമല്ല, ദശകങ്ങള്‍ കടന്നുപോയിട്ടും ഇന്നും ശിരസ് തന്റെ ചുമലില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാ ണ്. മുഹമ്മദലി, മാര്‍ക്ക് ടൈസണ്‍, മറഡോണ, ബ്യോണ്‍ ബോര്‍ഗ്, ടൈര്‍വുഡ്സ്, ലാന്‍സ് ആംസ്ട്രോങ്, ജോര്‍ജ്ജ് ബെസ്റ്റ് അങ്ങനെ ലോക കായികരംഗത്തെ എത്രയെത്ര ഇതിഹാസങ്ങള്‍ക്ക് കാലിടറിപ്പോയിട്ടുണ്ട്. ഇത്തരം വീഴ്ചകള്‍ നമ്മുടെ നാട്ടിലും കുറവല്ല. സച്ചിനേക്കാള്‍ വലിയ പ്രതിഭയെന്ന് കരുതപ്പെട്ട വിനോദ് കാംബ്ലി പിന്നീട് എന്തായി? ഒരു രംഗത്ത് ഒരാള്‍ നീണ്ടുനില്‍ക്കുകയെന്നത് ചിലപ്പോള്‍ ബോറടിപ്പിക്കുന്നതാവും. എന്നാല്‍ ഈ നീണ്ടുനില്‍ക്കലില്‍ മറ്റുള്ളവരെല്ലാം പ്രിയങ്കരമായി കരുതുന്ന എല്ലാ ഗുണ ങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലോ. സുദീര്‍ഘമായ കാലം ഒരാള്‍ക്ക് കളിയുടെ ഉന്നത മേഖലയില്‍ നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ കായികതാരമെന്ന നിലയില്‍ എല്ലാ ഗുണങ്ങളും തികഞ്ഞവന്‍ തന്നെ. ഇക്കാലമത്രയും തന്റെ മനസ്സും ശരീരവും സമര്‍പ്പിച്ച് ക്രിക്കറ്റില്‍ വീരയോദ്ധാവായി മാറിയ സച്ചിന് കൗമാരക്കാലത്ത് കടുത്ത പ്രൊഫഷണലുകളാണ് എതിരാളികളെങ്കി ല്‍, ഇന്നദ്ദേഹം ആരെയും കൂസാത്ത യുവശിംഖങ്ങളെ നേരിടുന്നു. പന്തുകള്‍ തീപ്പന്തം പോലാകുന്ന പിച്ചുകളിലും ഭ്രാന്തമായി തിരിയുന്ന വിക്കറ്റിലുമെല്ലാം ചൂടും തണുപ്പും കാറ്റും മഴക്കാറുമൊന്നും വകവയ്ക്കാതെ അദ്ദേഹം കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന ആകൂലാവസ്ഥകളെ യെല്ലാം അതിജീവിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഓരോ സ്ഥിതിവിശേഷത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.

മറ്റെന്തിനേക്കാളുമുപരി സച്ചിന്‍ ആഗ്രഹിച്ചത് ക്രിക്കറ്റ് കളിക്കാന്‍ മാത്രമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യവും. പുതിയ തലമുറയിലെ കളിക്കാരില്‍ പലരും പെട്ടെന്ന് എരിഞ്ഞുതീരുന്ന ഈ കാലഘട്ടത്തില്‍ ഇന്ന് ഈ നാല്‍പ്പതാം വയസ്സിലും കളിക്കളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ കളിക്കാരനാണ് സച്ചിന്‍. അതിനുപുറകിലുള്ള അര്‍പ്പണബോധവും ആത്മനിയന്ത്രണവും പരിശ്രമവും മനക്കരുത്തുമൊക്കെ കാണാതെ വയ്യ. സച്ചിന്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ട് വളര്‍ന്നു കൊണ്ടിരുന്നപ്പോള്‍ അംഗീകരിക്കാന്‍ മടിയായിരുന്ന ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയുമൊക്കെ കളിയെഴുത്തുകാര്‍ ഇന്ന് അദ്ദേഹത്തെ വാഴ്ത്താന്‍ മത്സരിക്കുകയാണ്. സച്ചിന്‍ വിരമിക്കുന്നില്ലേ എന്നു ചോദിച്ചുകൊണ്ട് നിരന്തരമായി വിമര്‍ശനങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോഴും തെല്ലുപോലും കുലുങ്ങാതെ, മറുപടി പറയേണ്ടത് തന്റെ നാവല്ല; ബാറ്റാണെന്ന് നിശ്ശബ്ദമായി കാണിച്ചുകൊടുക്കാനുള്ള ശേഷിയും നൈപുണിയും ആത്മവിശ്വാസവും സച്ചിനുണ്ടായിരുന്നു. സച്ചിനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റിനപ്പുറം ഒരു ലോകമില്ലായിരുന്നു. ഒരു കൊച്ചുമനുഷ്യന്റെ അസാമാന്യമായ ഇച്ഛാശക്തിക്കും പ്രൊഫഷണലിസത്തിനും മുമ്പില്‍ പലര്‍ക്കും അടിയറവുപറയേണ്ടിവന്നുവെന്നത് പഴയകഥയായിരിക്കുന്നു. തികഞ്ഞ ലക്ഷ്യബോധത്തോടെ, ഈ രംഗത്ത് നിലനില്‍ക്കണമെന്ന കര്‍ക്കശമായ ശാഠ്യത്തോടെ വ്യക്തിപരമായ പല സുഖങ്ങളും താല്പര്യങ്ങളും ഒഴിവാക്കി തന്നെയാണ് സച്ചിന്‍ എന്ന കളിക്കാരന്‍, വിശ്വക്രിക്കറ്റില്‍ തന്റേതായ കാലഘട്ടവും ചരിത്രവും തീര്‍ത്തത്. ഒരു പ്രതിഭക്ക് മാത്രം ചേരുന്ന സാങ്കേതിക സ്പര്‍ശവും സര്‍ഗവൈഭവവും സച്ചിന്റെ എല്ലാ പ്രകടനത്തിലുമുണ്ടായിരുന്നു.

സച്ചിന്റെ കളിയെ ആരാധനയോടെ കണ്ടുനിന്നിടത്തുനിന്ന് പിന്നീട് 14 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞത് സമ്മോഹനമായ ഒരു കാലഘട്ടമായിരുന്നുവെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഓര്‍മിക്കുന്നു. സച്ചിന്റെ ചില നീക്കങ്ങള്‍ അപ്രതീക്ഷിതവും ആരെയും അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. നെറ്റ്സില്‍ ചെയ്യുന്നതെന്തോ, അതായിരിക്കും ഗ്രൗണ്ടില്‍ ചെയ്യുക എന്നതാണ് ക്രിക്കറ്റിലെ സാധാരണനിയമം. എന്നാല്‍ സച്ചിനില്‍നിന്ന് അതുവരെ കാണാത്ത പദചലനം പോലുള്ള ചില പരീക്ഷണങ്ങള്‍ ഗ്രൗണ്ടില്‍ ഉണ്ടാകാറുണ്ട്. അതെന്താണ് അങ്ങനെയെന്ന് ചോദിച്ചാല്‍ ഞാനും അതേക്കുറിച്ച് മുമ്പ് ചിന്തിച്ചിട്ടില്ലെന്നായിരിക്കും സച്ചിന്റെ മറുപടി. ക്രിക്കറ്റില്‍ പുതിയ സരണികള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമായി തന്റെ കളിയെ എപ്പോഴും പരീക്ഷണശാലയാക്കാന്‍ ആഗ്രഹിക്കുന്നതിനൊപ്പം അതിനുള്ള പ്രതിഭാവൈഭവവും ഉള്ള അസാമാന്യമായ കളിക്കാരനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഊണിലും ഉറക്കത്തിലും എടുപ്പിലും നടപ്പിലും ശ്വാസോച്ഛാസത്തിലും ക്രിക്കറ്റ് നിറച്ചായിരുന്നു സച്ചിന്റെ ജീവിതം. ക്രിക്കറ്റിന്റെ എല്ലാ വകഭേദങ്ങളും സച്ചിനു വഴങ്ങി. ഓരോ മത്സരവും അദ്ദേഹത്തിന് കന്നി മത്സരംപോലെയായിരുന്നു.
ജീവിതത്തിലെന്നപോലെ കളിയിലും അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്ന മഹാനായ കളിക്കാരനാണ് സച്ചിന്‍. നാല്‍പ്പതാം വയസ്സിലും കായികക്ഷമതയും മനോബലവും പുലര്‍ത്താന്‍ കഴിയുന്നു. എന്നും ക്രിക്കറ്റിന്റെ ഏറ്റവും നല്ല പഠിതാവാണ് സച്ചിന്‍. ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് അവ നേടിയെടുക്കാന്‍ നിരന്തരം പരിശ്രമിച്ചു. വിജയം ഒരു യാദൃച്ഛികതയല്ലെന്നും ഫലപ്രാപ്തിയാണെന്നും സച്ചിന്റെ തിളക്കമാര്‍ന്ന കായിക ജീവിതം നമ്മെ പഠിപ്പിക്കുന്നു. സച്ചിന്‍ എന്ന ജീവിതവിജയിയുടെ വിജയമന്ത്രങ്ങളും അതിനുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗവും മാനേജ്മെന്റ് പഠിതാക്കള്‍ക്ക് നല്ലൊരു വിഷയമാകേണ്ടതാണ്. രണ്ടര ദശകത്തോളമായി ജീവിതത്തിന്റെ എണ്‍പതുശതമാനമെങ്കിലും പരിശീലനത്തിനും പ്രകടനങ്ങള്‍ക്കും വേണ്ടി മാറ്റി വയ്ക്കേണ്ടി വന്നിട്ടും ആസ്വാദ്യത ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്നുവെന്നത് ഏത് മേഖലയിലുള്ളവര്‍ക്കും മാതൃകയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശുഭ്രവസ്ത്രത്തിലും ഏകദിനത്തിന്റെ പത്താം നമ്പര്‍ പതിപ്പിച്ച കളര്‍കുപ്പായത്തിലും സച്ചിന്‍ ക്രീസിലേക്ക് വരുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുന്നു. ആരാധകരുടെ അളവറ്റ ആ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഒപ്പമോ അതിലുപരിയായോ ഔന്നത്യങ്ങളിലേക്ക് പറക്കാന്‍ സച്ചിനു സാധിച്ചിട്ടുണ്ട്. കാലമെത്ര കഴിഞ്ഞാലും സച്ചിനെന്ന മഹാരഥനെ ഓര്‍മിക്കാതെ കായിക ഇന്ത്യക്ക് മുന്നേറാനാകില്ല. ഇന്ത്യയിലെ ഏറ്റവും ജനകീയമായ മുഖവും ശബ്ദവും സച്ചിന്റേതാണ്. സച്ചിന്‍ ഒരു ദേശീയ ബിംബമാണെന്നു പറയുന്നതിന്റെ കാരണവും അത് തന്നെ. ക്രിക്കറ്റിന്റെ മഹാഭാരതമാണ് ഈ മനുഷ്യന്‍. സച്ചിനെക്കുറിച്ച് ഇന്ത്യന്‍ ജനത സംസാരിച്ചതത്രയും ഒരു പക്ഷേ, മഹാത്മാഗാന്ധിയെക്കുറിച്ചോ ദൈവത്തെ ക്കുറിച്ചോ മാത്രമേ സാംസാരിച്ചിരിക്കാനിടയുള്ളൂ.

അസാമാന്യപ്രതിഭകളായ കായികതാരങ്ങള്‍ തന്റെ കാലഘട്ടത്തിലെ സമ്പ്രദായങ്ങളെ മാറ്റിമറിക്കുകയും സര്‍വാധിപത്യം പുലര്‍ത്തുകയും ചെയ്തതിന് ജെസ്സി ഓവന്‍സും പെലെയും ആര്‍തര്‍ ആഷെയും യുസൈന്‍ ബോള്‍ട്ടും ഉള്‍പ്പെടെ കളികളിലൂടെ ജനപ്രിയതയുടെ പ്രതീകങ്ങളായി മാറിയ ഒട്ടേറെ പേരെ ഓരോ കാലഘട്ടത്തിലും എടുത്തുകാട്ടാനുണ്ടാകും. ആ നിരയില്‍ ക്രിക്കറ്റിലെ ഏറ്റവും ഉയരമുള്ള ഒരു കൊടുമുടിയാണ് നമ്മുടെ സച്ചിന്‍. ലോകത്തില്‍ ഓരോന്നും അതിന്റെ പൂര്‍ണതയെയാണ് തേടുന്നത്. ക്രിക്കറ്റും അങ്ങ നെ തന്നെ. ആ അന്വേഷണം സച്ചിനില്‍ വന്നെത്തി നില്‍ക്കുന്നു. ഇതിലധികം പൂര്‍ണതയോടെ ഒരാളെ കിട്ടാനില്ലെന്നു ക്രിക്കറ്റിനു തോന്നിക്കാണണം. അതുകൊണ്ട് തന്റെ കൈവശമുള്ള എല്ലാ വരങ്ങളും എടുത്തുകൊടുത്തു. അതേ, ക്രിക്കറ്റ് ഒരു വികാരവും സംസ്ക്കാരവുമാണെങ്കില്‍ സച്ചിന്‍ അതിന്റെ മൂര്‍ത്തരൂപമാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന് ലോകത്ത് സമാനതകള്‍ കുറവാണ്. ദേശീയതയുടെ പര്യായമാവുകയും ദേശീയനായക പരിവേഷം നേടുകയും ചെയ്യുന്നതിനൊപ്പം ഇന്ത്യന്‍ മൂല്യങ്ങളുടെ പ്രയോക്താവും പ്രചാരകനു മായി മാറി എന്നിടത്താണ് സച്ചിന്റെ മൂല്യം വെളിവാകുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് സമാന്തരമായി വളര്‍ന്ന സച്ചിന്‍ വാണിജ്യവല്‍ക്കരണം കൊണ്ട് ക്രിക്കറ്റിനു സംഭവിച്ച കളങ്കങ്ങള്‍പോലും മായ്ച്ചുകളഞ്ഞെന്നും ഒത്തുകളി വിവാദത്തിന്റെ ആഘാതത്തില്‍നിന്ന് കളിയെ രക്ഷിച്ചുനിര്‍ത്തിയെന്നുമുള്ള വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണ്. മഹാരാഷ്ട്ര മറാഠികള്‍ക്കെന്ന സങ്കുചിതവാദമുയര്‍ത്തിയ ശിവസേന നേതാവിന്, ഞാന്‍ ആദ്യമായും അവ സാനമായും ഒരു ഇന്ത്യാക്കാരനാണെന്ന് സച്ചിന്‍ മറുപടി നല്‍കിയപ്പോള്‍ അഭിമാനംകൊണ്ട് തലയുയര്‍ത്തിനിന്നു നമ്മളൊക്കെ. സിനിമാതാരങ്ങളും അധോലോകരാജാക്കന്‍മാരും ദേശീയ രാഷ്ട്രീയ നേതാക്കളും പഞ്ചപുച്ഛമടക്കി ഓച്ഛനിച്ചു നില്‍ക്കുന്ന ഒരാളുടെ മുഖത്ത് നോക്കിയാണ് സച്ചിന്‍ ഇത്രയും പറഞ്ഞത്. സച്ചിനല്ലാതെ മറ്റാരെങ്കിലുമായിരുന്നു ഇത് പറഞ്ഞതെങ്കി ല്‍ എന്താകുമായിരുന്നു പുകില്?

എന്നാല്‍ ഇടത്തരം ബ്രാഹ്മണകുടുംബത്തില്‍ ജനിക്കുകയും ആ നിഷ്ഠകള്‍ക്കൊത്ത് ജീവിക്കുകയും ചെയ്ത സച്ചിനെ തങ്ങളുടെ ആശയ ങ്ങളോട് ചേര്‍ത്തു നിര്‍ത്താനും പ്രചാരണായുധമാക്കാനുമുള്ള ശ്രമം ഒരു കാലത്ത് സവര്‍ണ ഹിന്ദുകക്ഷികളില്‍ നിന്നുണ്ടായിരുന്നു. പക്ഷേ, വിവിധ സാമൂഹിക, രാഷ്ട്രീയ, കായിക പ്രശ്നങ്ങളില്‍ പില്‍ക്കാലത്ത് സ്വീകരിച്ച നിലപാടുകളിലൂടെ അത്തരം ശ്രമങ്ങളെ പ്രതിരോധിച്ച് തന്റെ വ്യക്തിത്വമുറപ്പിക്കാന്‍ സച്ചിനു കഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച നിലപാടുകളും സച്ചിന്റെ യശ്ശസ്സുയര്‍ത്തുന്നതായിരുന്നു. ഭീകരാക്രമണത്തിനുശേഷം നേടിയ സെഞ്ച്വറി സച്ചിന്‍ സമര്‍പ്പിച്ചത് അക്രമികള്‍ക്കു മുമ്പില്‍ പതറാതെയും തലക്കുനിക്കാതെയും നിന്ന മുംബൈയിലെ ജനങ്ങള്‍ക്കായിരുന്നു. അന്ന് വികാരനിര്‍ഭരമായി സച്ചിന്‍ പറഞ്ഞ വാക്കുകള്‍ ഒരു നഗരത്തിന്റെയും രാജ്യത്തിന്റെയും വേദനക്ക് ശമനമുണ്ടാക്കാന്‍ പോന്നതായിരുന്നു.

1989 നവബര്‍ 15ന് തുടങ്ങി 2013 ഡിസംബര്‍ 18ന് അവസാനിക്കുന്ന ഇതിഹാസ കഥയിലേക്ക് സച്ചിന്‍ എല്ലാ രസക്കൂട്ടുകളും ചേര്‍ത്തുകഴിഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ചത്ര കാലം ക്രിക്കറ്റില്‍ തുടര്‍ന്നാല്‍ താന്‍ വീല്‍ ചെയറിലിരുന്ന് ബാറ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞത് ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയം കൊയ്തിട്ടുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ്. ഞാന്‍ ദൈവത്തെ കണ്ടു. ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ ബാറ്റു ചെയ്യുന്നുവെന്ന് പറഞ്ഞത് ഓസ്ട്രേലിയയുടെ ഓപ്പണറായിരുന്ന മാത്യൂ ഹെയ്ഡ നാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ നവജ്യോത്സിങ് സിദ്ദുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, സച്ചിന്‍ഭായ് നിങ്ങള്‍ ഒരു അമൂല്യരത്നം തന്നെ. സച്ചിനുശേഷം കളി തുടങ്ങുകയും സച്ചിനേക്കാള്‍ മുന്നേ കളിനിര്‍ത്തുകയും ചെയ്ത പോണ്ടിങ്ങിന്റെയും ഹെയ്ഡന്റെയും സിദ്ദുവിന്റെയും വാക്കുകള്‍ സച്ചിന്റെ സുദീര്‍ഘമായ ക്രിക്കറ്റ് ജീവിതത്തിനു കിട്ടാവുന്ന ഏറ്റവും നല്ല കിന്നരികളാണ്. കാല്‍നൂറ്റാണ്ടായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന സൂര്യനു ചുറ്റുമായിരുന്നു കളിയും കാലവും. പല ഘട്ടങ്ങളിലും മികവുറ്റ പ്രകടനങ്ങളിലൂടെ ഏറെപ്പേര്‍ ഉദിച്ചുവന്നെങ്കിലും സച്ചിന്‍ കളിയുടെ സൂര്യനായി തന്നെ നിന്നു. ടെസ്റ്റില്‍ 198 മത്സരം പിന്നിട്ട സച്ചിന് 15,837 റണ്ണും 51 സെഞ്ച്വറിയും 67 അര്‍ധസെഞ്ച്വറിയും 45 വിക്കറ്റുമാണ് സമ്പാദ്യമെങ്കില്‍ ഏകദിനത്തില്‍ 463 മത്സരത്തില്‍നിന്ന് 18,426 റണ്ണും 49 സെഞ്ച്വറിയും 96 അര്‍ധസെഞ്ച്വറിയും 154 വിക്കറ്റുമാണ് നേട്ടം. ടെസ്റ്റില്‍ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 248 റണ്ണും ഏകദിനത്തില്‍ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയും (200). അതും അപരാജിതമായിത്തന്നെ. അതേസമയം കുട്ടിക്രിക്കറ്റായ ട്വന്റി 20 യില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ പാഡഴിച്ച സച്ചിന്‍ യുവത്വത്തിന്റെ പോര്‍വിളിക്കൊപ്പം പിടിച്ചുനിന്നുവെന്നു കരുതണം. ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ജേതാക്കളായപ്പോള്‍ സെമിഫൈനലില്‍ 35 റണ്‍ അടിച്ചുകൊണ്ട് കരിയറിലെ റണ്‍ ശേഖരം 50,000 കടത്തി. ഐപിഎല്‍ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റുകളിലായി 96 മത്സരങ്ങളില്‍ 2797 റണ്ണെടുത്തു. 1988 ഫെബ്രുവരിയില്‍ വിനോദ് കാംബ്ലിക്കൊപ്പം തീര്‍ത്ത 664 റണ്ണിന്റെ കൂട്ടുകെട്ടാണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന പ്രതിഭയെ ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തിയത്.

ചെന്നൈയിലെ പേസ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളറാകാനെത്തിയ സച്ചിനെ ഡെന്നിസ് ലിലിയാണ് ബാറ്റിങ്ങിലേക്ക് തിരിച്ചുവിട്ടത്. 1988 ഡിസംബര്‍ 11ന് ഗുജറാത്തിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് റെക്കോര്‍ഡുകളുടെ കളിക്കാലത്തിലേക്ക് സച്ചിന്‍ പ്രവേശിച്ചു. രഞ്ജിയിലും ദുലീപ്, ഇറാനി ട്രോഫികളിലും സെഞ്ച്വറി തിളക്കത്തോടെ അരങ്ങേറ്റം. 1989 നവംബറില്‍ പാകിസ്ഥാന്‍ പര്യടനത്തിലേക്ക് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ടീമിലേക്ക് വിളിക്കുമ്പോള്‍ വെറും 16 വയസ്സുകാരന്‍. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ഇളമുറക്കാരന്‍ അന്നും ഇന്നും സച്ചിന്‍ തന്നെ. ടെസ്റ്റിലും ഏകദിനത്തിലും സച്ചിന്‍ തരംഗമായത് വളരെ പെട്ടെന്നായിരുന്നു. കൗമാരക്കാരനായി ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയനാള്‍ മുതല്‍ ഒരേ മനോഭാവവും ആവേശവും കെടാതെ സൂക്ഷിക്കുന്നവനാണ് സച്ചിന്‍. ഏകദിനത്തില്‍ 79-ാം മത്സരം വരെ സെഞ്ച്വറി നേടാതെ കഷ്ടപ്പെട്ട വ്യക്തി പിന്നീട് 49 തവണ മൂന്നക്കം കടന്നുവെന്നോര്‍ക്കുക. 2004ല്‍ ടെന്നീസ് എല്‍ബോ രോഗം പിടിപെട്ടപ്പോള്‍ പോലും പതറാത്ത വ്യക്തിയാണ് സച്ചിന്‍ എന്നോര്‍ക്കുക. സച്ചിന്‍ ഒരത്ഭുത മനുഷ്യനായി നേട്ടങ്ങളുടെ എവറസ്റ്റ് കയറിയിട്ടുണ്ടെങ്കിലും ഒരു അപൂര്‍ണത അദ്ദേഹത്തെ ചൂഴ്ന്നുനിന്നിരുന്നു. എന്നാല്‍ 2011ലെ ലോകകപ്പ് വിജയത്തോടെ സച്ചിനും കായികപ്രേമികളും ആ നിരാശയ്ക്ക് പരിഹാരം കണ്ടു. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ അതിനുമുമ്പ് ലോകചാമ്പ്യന്‍മാരാവുകയും കപില്‍ദേവും ധോണിയും മുതല്‍ ശ്രീശാന്ത് വരെയുമുള്ള കളിക്കാര്‍ ജേതാക്കളാവുകയും ചെയ്തതതിനുശേഷം തന്റെ കരിയറിന്റെ സായാഹ്നത്തിലെത്തി നില്‍ക്കെയാണ് സച്ചിന്റെ ലോകകപ്പ് സ്വപ്നം സഫലമായത്.

കുഞ്ഞ് സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ആദ്യ കോച്ച് രമാകാന്ത് അച്രേക്കര്‍ സ്റ്റമ്പിന് മുകളില്‍ ഒരു നാണയം വയ്ക്കുമായിരുന്നു. സച്ചിന്റെ വിക്കറ്റ് നേടുന്ന ബൗളര്‍ക്ക് അതെടുക്കാം. കളി മുഴുവന്‍ വിക്കറ്റ് പോകാതെ ബാറ്റ് ചെയ്താല്‍ സച്ചിന് ആ നാണയം കിട്ടുമായിരുന്നു. അങ്ങനെ ലഭിച്ച നാണയത്തുട്ടുകളാണ് തന്റെ ഏറ്റവും വിലപിടിച്ച സ്വത്തുക്കളില്‍ ഒന്നെന്ന് സച്ചിന്‍ പറഞ്ഞിട്ടുണ്ട്. ഏതൊക്കെ ലോകങ്ങള്‍ വെട്ടിപ്പിടിച്ചാലും ഇടത്തരം ചുറ്റുപാടുകളിലെ വളര്‍ച്ചയും പല ഘട്ടങ്ങളിലൂടെ നേരിടേണ്ടിവന്ന വെല്ലുവിളികളിലൂടെ കൈവരിച്ച കരുത്തും ഇന്നും സച്ചിന്റെ പിന്‍ബലമാണ്. ഇക്കാര്യത്തില്‍ മറാഠിയിലെ കവിയും നോവലിസ്റ്റുമായ അച്ഛന്‍ രമേഷ് ടെന്‍ഡുല്‍ക്കറും ഗുരുവായ അച്രേക്കറും പകര്‍ന്നു കൊടുത്ത അടിസ്ഥാന ഗുണങ്ങള്‍ ചെറുതല്ല. സംഗീതജ്ഞനായ സച്ചിന്‍ദേവ് ബര്‍മനോടുള്ള കടുത്ത ആരാധനയിലാണ് അച്ഛന്‍ മകന് ആ പേര് നല്‍കിയതുതന്നെ.

ലോകക്രിക്കറ്റിന് വിലമതിക്കാനാവാത്ത താരമാണ് സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ക്ക് പകരമായി നല്‍കാന്‍ ഒന്നും തന്നെയില്ല. ഓരോ കളിയിലും ഒരു പുതുമുഖതാരത്തിന്റെ ബാറ്റിങ്ങിനോടുള്ള സമീപനം തന്നെയാണ് സച്ചിന്റെ ഓരോ ഇന്നിങ്സിലും കാണുന്നത്. 2000 ഫെബ്രുവരി നാലിന് ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ 200 എന്ന സ്കോര്‍ നേടിയ, സുവര്‍ണനിമിഷം മാത്രം മതി സച്ചിന്റെ കളിയുടെ മഹത്വമറിയാന്‍. 2011ലെ ലോകകപ്പില്‍ 444 ഏകദിനങ്ങളുടെ അനുഭവ സമ്പ ത്തുമായിറങ്ങിയ സച്ചിന്‍ ശ്രീലങ്കയുടെ ദില്‍ഷനു പിന്നില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായെന്നുമോര്‍ക്കുക. 2010 ജൂലൈയില്‍ കൊളംബൊയിലെ ഗാള്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തില്‍ ഇടം പിടിക്കുന്നത് എക്കാലത്തെയും മികച്ച ഓഫ്സ്പിന്നറായ മുത്തയ്യ മുരളീധരന്‍ ടെസ്റ്റില്‍ 800 വിക്കറ്റ് തികച്ച് തന്റെ കരിയറിന് അവസാനം കുറിച്ചുവെന്നതിന്റെ പേരിലാവും. എന്നാല്‍ മുരളിയുടെ അവസാന ടെസ്റ്റ് എന്നതിനപ്പുറം ആ മത്സരത്തിന് വലിയൊരു മാനം കൂടിയുണ്ടായിരുന്നു. ക്രിക്കറ്റ് കളിയിലെ വിക്കറ്റുകളുടെ തമ്പുരാനും റണ്ണുകളുടെ ദൈവവും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വന്ന അവസാന അവസരം. 800 വിക്കറ്റ് തികയ്ക്കാന്‍ ഒരു ബൗളര്‍ അന്ന് 13,000 ത്തിലധികം റണ്‍ നേടിക്കഴിഞ്ഞ ബാറ്റ്സ്മാനെതിരെ ബൗള്‍ ചെയ്യുക. അതേ, ഗാള്‍ സ്റ്റേഡിയത്തിലെ ആ സുന്ദര മുഹൂര്‍ത്തം ഇനിയൊരിക്കലും കാണാനാവില്ല. ഇന്ത്യയുടെ ഒന്നാമിന്നിങ്സില്‍ സച്ചിന്റെ വിക്കറ്റ് മുരളിക്കായിരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍ സച്ചിന്‍ സെഞ്ച്വറി നേടേണ്ടതായിരുന്നു. ഇന്നിങ്സ് തോല്‍വി തുറിച്ചുനോക്കവെ, മികച്ചൊരു ഇന്നിങ്സ് കളിച്ച സച്ചിന്‍ 84 റണ്ണിനു പുറത്തായി. ഇന്ത്യ കുശാലായി പത്ത് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.

സച്ചിന്‍ ഇന്ത്യക്കുവേണ്ടി വലിയ വിജയങ്ങള്‍ നേടിക്കൊടുത്തില്ല എന്നു വിമര്‍ശിച്ചവരുണ്ട്. 1990 കളുടെ അന്ത്യത്തില്‍ ഇന്ത്യ സച്ചിനെ വേണ്ടതിലേറെ ആശ്രയിച്ചിരുന്നു. സച്ചിന്റെ വിക്കറ്റ് വീണാല്‍ എതിര്‍ ടീമുകള്‍ മാനസികമായി വിജയിക്കുന്ന അവസ്ഥയുണ്ടായി. 2000 ത്തിനുശേഷം ഇന്ത്യന്‍ ടീമിലേക്ക് പുതുരക്തക്കാര്‍ കടന്നുവന്നപ്പോഴും തന്റെ പ്രാധാന്യം ഒട്ടും കുറയാതെയും സമ്മര്‍ദമില്ലാതെയും സച്ചിനു കളിക്കാന്‍ കഴിഞ്ഞിരുന്നു. 1990 കളുടെ ഒടുവില്‍ നേടിയതിനേക്കാള്‍ റണ്ണുകള്‍ 2000 ത്തിനുശേഷം അടിച്ചെടുക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. സച്ചിന്റെ ഏറ്റവും മോശം കാലഘട്ടം 2005-06 ഉം 2011-2012 ഉം ആണ്. ഇക്കാലങ്ങളിലൊക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ സച്ചിനിലെ ബാറ്റ്സ്മാന്റെ ചരമക്കുറിപ്പ് എഴുതിയിട്ടുണ്ട്. അതേസമയം ഇക്കാലത്ത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരുടെ സംഭാവനകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ യൗവനത്തെക്കുറിച്ചും ഊര്‍ജത്തെക്കുറിച്ചും മറക്കാവുന്നതല്ല.

സച്ചിന്റെ ബാറ്റും റണ്‍സും പ്രണയിക്കുന്നതുപോലെതന്നെ അനവദ്യസുന്ദരമായ ഒരു പ്രണയകഥയിലെ നായകന്‍ കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നായിക അഞ്ജലിയാണ്. 17 വര്‍ഷമായി നിഴല്‍പോലെ സച്ചിന്റെ കൂടെ ഈ സഖിയുണ്ട്. സമാരാധ്യനായ ക്രിക്കറ്റ്താരത്തിന്റെ പ്രിയപത്നി എന്ന പദവി ഒരേസമയം ആസ്വാദ്യകരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അഞ്ജലി പറയുന്നു. മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ ശിശുരോഗ ഡോക്ടറായിരുന്ന അഞ്ജലി സച്ചിനുവേണ്ടി ആ ജോലി വേണ്ടെന്നു വച്ചു. തികഞ്ഞ കുടുംബിനിയായി. അച്ഛന്റെ വഴിയെ ബാറ്റെടുത്തിരിക്കുന്ന അര്‍ജുന്റെയും സാറയുടെയും സ്നേഹനിധിയായ ഈ അമ്മ പറയുന്നത് കുടുംബ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ആളാണ് സച്ചിനെന്നാണ്. തന്റെ പ്രകടനമല്ല, ടീമിന്റെ വിജയം മാത്രമാണ് സച്ചിന്റെ മനസ്സില്‍. അതിന് കഴിയാതെ വരുമ്പോള്‍ അദ്ദേഹത്തിന്റെ നിരാശ എത്രത്തോളമായിരിക്കുമെന്ന് താനെത്രയോ തവണ അറിഞ്ഞിട്ടുണ്ടെന്ന് അഞ്ജലി പറയുന്നു.

വാങ്കഡെയില്‍നിന്ന് സച്ചിന്‍ മടങ്ങുമ്പോള്‍ ഏറെ കൗതുക ത്തോടെയും അതിലേറെ പ്രതീക്ഷയോടെയും സച്ചിനെ ശ്രദ്ധിച്ചുതുടങ്ങിയ ക്രിക്കറ്റ്പ്രേമികള്‍ തീര്‍ച്ചയായും മൗനികളാകും. ഓര്‍മകളുടെ ഓളങ്ങളിലാകും അവരുടെ മനസ്സപ്പോള്‍. എണ്‍പതുകളില്‍ ഇന്ത്യന്‍ കായികരംഗത്തുണ്ടായ ഉണര്‍വിന്റെ തുടര്‍ച്ചയായാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗപ്ര വേശം ചെയ്തത്. 1984ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലണ്ടനില്‍ ലോകകപ്പ് ഉയര്‍ത്തിയത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായക വഴിത്തിരിവായി. ക്രിക്കറ്റിന് ഇന്ത്യയിലാകെ സ്വീകാര്യത നേടിക്കൊടുത്തത് ആ വിജയമായിരുന്നു. കപിലും മൊഹിന്ദറും ശ്രീകാന്തും ഗാവസ്കറുമൊക്കെ സാധാരണക്കാരന്റെയും സൂപ്പര്‍സ്റ്റാറുകളായി. 1987ല്‍ കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമം മുംബൈയില്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ സെമിഫൈനലില്‍ അവസാനിച്ചു. എന്നാല്‍ ആ മത്സരത്തില്‍ പുറത്തേക്ക് പോകുന്ന പന്ത് പെറുക്കാന്‍നിന്ന ഒരു പതിനാലുകാരന്റെ മനസ്സില്‍ ആ തോല്‍വി ആഴത്തില്‍ പതിഞ്ഞു. രണ്ടുവര്‍ഷവും 10 ദിവസവും കഴിഞ്ഞപ്പോള്‍ 1989 നവംബര്‍ 15ന് കറാച്ചിയില്‍ അവന്‍ ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങി. ആ പയ്യനാണ് പിന്നീട് എണ്ണമറ്റ മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയശില്‍പിയായി, നിത്യഹരിത സാന്നിധ്യമായി മാറിയ സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍. പോയ 24 വര്‍ഷത്തിനിടെ ക്രിക്കറ്റില്‍ ശൈലീമാറ്റവും വിപണിയുടെ ഇടപെടലുകളും ഒപ്പം ചീത്തപ്പേരുമൊക്കെ ഉണ്ടായെങ്കിലും ഇന്ത്യയില്‍ ഈ കളിയിലെ കേമനായ സച്ചിനിലേക്ക് കായികലോകം ചുരുങ്ങി. ക്രിക്കറ്റിനെ മതത്തോളം പോന്ന വിശ്വാസമാക്കിമാറ്റിയതിന് മുഖ്യസംഭാവന നല്‍കിയത് സച്ചിനാണ്. തലമുറകളാണ് സച്ചിന്റെ വൈഭവത്തിന് സാക്ഷ്യമായത്.

ട്വന്റി 20 എന്ന മൂന്നാം തലമുറക്കാരന്‍ അവതരിക്കുന്നതിനുമുമ്പ് പെഷാവറില്‍ സംഘാടകര്‍ ഒരുക്കിയ 20 ഓവര്‍ മത്സരത്തില്‍ പാകിസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍ അബ്ദുള്‍ഖാദറിനെ സച്ചിന്‍ 6, 0, 4, 6, 6, 6 എന്ന നിലയില്‍ പ്രഹരിച്ചത് ഒരു വിസ്മയം പോലെയായിരുന്നു. അന്ന് ഖാദര്‍ സുഹൃത്തുക്കളോട് പറഞ്ഞു; ആ പയ്യന്‍ ചില്ലറക്കാരനല്ലെന്ന്. 18 പന്തില്‍ 50 റണ്ണടിച്ച സച്ചിന്റെ ബാറ്റിങ്ങിനെ ഇന്ത്യയുടെ നായകനായ ശ്രീകാന്തും പ്രശംസിച്ചു. ഏകദിനത്തില്‍ ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ തുടര്‍ സെഞ്ച്വറികള്‍, അച്ഛന്റെ ശവസംസ്ക്കാരചടങ്ങിന്റെ പിറ്റേന്ന് കെനിയക്കെതിരെ ലോകക്കപ്പില്‍ കുറിച്ച വൈകാരികതയേറെയുള്ള സെഞ്ച്വറി, ഹൈദരാബാദില്‍ ഓസീസ് ബൗളര്‍മാരെ തച്ചുതകര്‍ ത്തു നേടിയ സെഞ്ച്വറി, ഗ്വാളിയറില്‍ അസാധ്യമെന്നു കരുതിയ ഇരട്ട സെഞ്ച്വറി ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ചത്... അങ്ങനെ എത്രയെത്ര സുവര്‍ണനിമിഷങ്ങള്‍ ഏകദിനത്തിലും ടെസ്റ്റ് വേദികളിലുമായി സച്ചിന്‍ സമ്മാനിച്ചിരിക്കുന്നു.

ക്രിക്കറ്റിലെ വിപണിസാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയത് സച്ചിനില്‍ നിന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ പരമാധികാര നിയന്ത്രണ സമിതിയായ ബിസിസിഐയെ ലോക കായികരംഗത്തെ ഒന്നാം കിട സാമ്പത്തികശക്തിയായി വളര്‍ത്തുന്നതിലും ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക സുരക്ഷയുള്ള കരിയറാക്കി ക്രിക്കറ്റിനെ മാറ്റുന്നതിലും സച്ചിന്റെ പങ്കുണ്ടെന്ന് കാണണം. കോടികള്‍ പ്രതിഫലം കിട്ടുന്ന തരത്തില്‍ താരങ്ങള്‍ക്ക് കരാര്‍ ഉണ്ടാക്കാനായതും ഐപിഎല്‍ പണക്കിലുക്കത്തിന്റെ ലീഗായി മാറിയതും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപണി ഇടപെടലിലൂടെ കൈവന്ന വളര്‍ച്ചയുടെ പ്രതിഫലനങ്ങളാണ്. 1992 ല്‍ പെപ്സിയും 1995 ല്‍ വേള്‍ഡ് ടെല്ലുമായും പരസ്യക്കരാറിലൂടെ വിപണിയുടെ ലോകം തുറന്നെടുത്ത സച്ചിന്‍, ബോളിവുഡ് താരരാജക്കന്മാരെക്കാള്‍ മാര്‍ക്കറ്റ് തനിക്കുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍ മദ്യക്കമ്പനിയുടെ കരാര്‍ നിരാകരിച്ചുകൊണ്ട് ഇക്കാര്യത്തിലും ധാര്‍മികതയും മൂല്യവും ഉയര്‍ത്തിപ്പിടിക്കാന്‍ സച്ചിനു കഴിഞ്ഞിട്ടുണ്ട്. പെപ്സിയില്‍ തുടങ്ങി 2012 ല്‍ കൊക്കോ കോളയില്‍ എത്തി നില്‍ക്കുന്ന അതിവിശാലമായ പരസ്യലോകമാണ് സച്ചിന്റേത്. യുദ്ധത്തിലും പ്രേമത്തിലും കളിയിലും എല്ലാ അടവുകളും ശരിയാണെന്ന പുതിയകാല സൂക്തങ്ങള്‍ക്കിടയില്‍, വാതുവെയ്പും കോഴയും ഉത്തേജകങ്ങളും കളിക്കളങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഉയര്‍ന്ന ധാര്‍മികത കളിയിലും വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കാനാവുന്നത് സച്ചിന്റെ മഹത്വമാണ്. അതുകൊണ്ടാണ് വളരെ കുറച്ചു രാജ്യങ്ങളില്‍ മാത്രം കളിക്കുന്ന ഒരു കളിയില്‍ ഇടപെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന ക്രിക്കറ്റര്‍ പല രംഗങ്ങളിലുള്ളവര്‍ക്ക് ഒരു പോലെ മാതൃകയാവുന്നത്.

ഒരര്‍ഥത്തില്‍ സച്ചിന്‍ ഒരു വ്യക്തിയല്ല; തന്റെ കളി ജീവിതം കൊണ്ട് ഒരു പ്രതിനിധാനമാണ്. ബ്രാഡ്മാന് ശേഷം ആര് എന്ന ചോദ്യം പോലെ സച്ചിനുശേഷം ആരെന്ന ചോദ്യം വരും ദശകങ്ങളില്‍ മുഴങ്ങി കേള്‍ക്കാന്‍ സാധ്യതയില്ല. കാരണം അതുപോലെ ഒരാള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ് എന്നതുതന്നെ. ക്രിക്കറ്റ് തങ്ങളുടെ മതവും സച്ചിന്‍ ഞങ്ങളുടെ ദൈവവുമാണെന്നു കരുതുന്ന ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ സച്ചിനില്ലാത്ത യുഗത്തിലേക്ക് കടക്കുകയാണ്. പതിനാറാമത്തെ വയസ്സില്‍ ആരംഭിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പടയോട്ടത്തിന് നാല്‍പതാം വയസ്സില്‍ വിരാമമാകുമ്പോള്‍ രാഷ്ട്രത്തിനൊപ്പം വളര്‍ന്ന പ്രതിഭയെന്ന് നാളെ ചരിത്രം രേഖപ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. നേട്ടത്തിന്റെ വലുപ്പം പരിഗണിക്കുമ്പോള്‍ സച്ചിനേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന അഞ്ച് ലോകകിരീടങ്ങളുടെ സൂക്ഷിപ്പുകാരനായ വിശ്വനാഥന്‍ ആനന്ദ് അത്രയൊന്നും വാഴ്ത്തപ്പെടാതെ പോയത് ചെസിന്റെ ബൗദ്ധികതലം ഇന്ത്യന്‍ ജനസാമാന്യത്തിന് വഴങ്ങാത്തതുകൊണ്ടായിരിക്കാം. സച്ചിന്‍ മാതൃകയാവുന്നത് കായികരംഗത്തിനു മാത്രമല്ല. ഇന്ത്യയെന്ന മതേതരജനാധിപത്യ രാഷ്ട്രത്തില്‍ ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്നു സച്ചിന്‍ കാണിച്ചുതരുന്നു. ഇന്ത്യയുടെ വാനമ്പാടിയായ ലതാ മങ്കേഷ്കറുടെ പ്രിയതാരം സച്ചിനാണെന്നു വരുമ്പോള്‍ തലമുറകള്‍ മറികടക്കുന്ന അദ്ദേഹത്തിന്റെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. വിനു മങ്കാദ് മുതല്‍ സുനില്‍ ഗാവസ്കര്‍ വരെയുള്ള മഹാന്‍മാരായ കളിക്കാരുടെ താങ്ങിലും തണലിലുമായി ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നതിനേക്കാള്‍ വേഗത തുടര്‍ന്നുള്ള ദശകങ്ങളില്‍ ഉണ്ടായപ്പോള്‍ അതിനു നിദാനമായ ഒരു ഘടകം സച്ചിനാണ്. സച്ചിനു മുമ്പുണ്ടായിരുന്ന കാലം ശൂന്യമാണെന്ന് അര്‍ഥമാക്കരുത്.

ഇന്ത്യ കളിച്ച ടെസ്റ്റുകളില്‍ സച്ചിന്റെ സംഭാവന വലുതാണെങ്കിലും വേണ്ടവിധം അത് പഠിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ക്രിക്കറ്റില്‍ ബ്രാഡ്മാന്‍ യുഗം എന്നൊന്നുണ്ടെങ്കില്‍ സച്ചിന്‍ കാലഘട്ടവും ഉണ്ട്. സച്ചിന്റെ റെക്കോര്‍ഡുകളില്‍ ചിലതെങ്കിലും ഭാവിയില്‍ തകര്‍ക്കപ്പെട്ടേക്കാം. എന്നാല്‍ ഇന്ത്യക്കാരുടെ പ്രതീക്ഷകളുടെ ഭാരവും സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ അതിനെ അഭിമുഖീകരിച്ച രീതിയും അളക്കാന്‍ കഴിയുമെങ്കില്‍ അതായിരിക്കും എക്കാലത്തെയും വലിയ റെക്കോര്‍ഡ്. കാലത്തിന്റെ അതിരുകള്‍ കടക്കുന്നതാണ് ഉത്തമകലയെങ്കില്‍ സച്ചിനാണ് ലോകക്രിക്കറ്റിലെ ഉത്തമകലാകാരന്‍. ലോകക്രിക്കറ്റിലെ ഏറ്റവും സമ്പൂര്‍ണനായ ബാറ്റ്സ്മാന്‍; കളിയഴകിന്റെ കവിതയായ മഹാനുഭാവന്‍ ഇനി ചരിത്രത്തിന് സ്വന്തം.

*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി വാരിക 27 ഒക്ടോബര്‍ 2013

Saturday, October 12, 2013

"ചെറിയ മനുഷ്യന്‍ .. വലിയ ലോകം"

""സച്ചിന്‍ എത്രയായി...?"" പല ഭാഷയില്‍, ഈ സംഭാഷണം ഇന്ത്യയിലെങ്ങും ഉയര്‍ന്നിട്ടുണ്ട്. ഐക്യമത്യം മഹാബലം എന്നാണ് മറ്റേതു ടീം ഗെയിമിനെപ്പോലെയും ക്രിക്കറ്റിന്റെയും പ്രമാണം. എന്നാല്‍ അഞ്ചടി അഞ്ചിഞ്ചു മാത്രമുള്ള ഈ കുറിയ മനുഷ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വന്തം ബാറ്റില്‍ കുരുക്കിയിട്ടു.

ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായി. പലര്‍ക്കും സച്ചിന്‍ ക്രിക്കറ്റ് ദൈവമായി. ലോക ക്രിക്കറ്റിന്റെ പുറമ്പോക്കിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് സൃഷ്ടി, സ്ഥിതി, സംഹാര പദവിയിലേക്ക് നടന്നുകയറിയത് ഈ താരത്തിന്റെ ഉദയത്തിനുശേഷമായിരുന്നു. ട്വന്റി 20കാലത്തിനു മുമ്പ്, സച്ചിന്റെ ക്ലീന്‍ ഇമേജ് മുതലാക്കാന്‍ കോര്‍പറേറ്റുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോഴാണ് പണം ഒഴുകിത്തുടങ്ങിയത്.

പലപ്പോഴും സച്ചിന്‍ എന്ന വ്യക്തിയെ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് അടര്‍ത്തിമാറ്റി കാണാനാണ് പലര്‍ക്കും താല്‍പ്പര്യം. പക്ഷെ ഈ മഹാനായ ബാറ്റ്സ്മാന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ഇന്ത്യന്‍ ക്രിക്കറ്റിന്റേതുകൂടിയാണ്. സുനില്‍ ഗാവസ്കറുടെ കരീബിയന്‍ ധീരത, കപിലും ചെകുത്താന്മാരും ലോര്‍ഡ്സില്‍ പ്രുഡന്‍ഷ്യല്‍ കപ്പ് ഉയര്‍ത്തിയത്, ദീലീപ് വെങ്ക്സാര്‍ക്കറുടെ ലോര്‍ഡ്സ് പ്രണയം, ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജിസില്‍ രവിശാസ്ത്രിയുടെ ഓഡി കാര്‍ വിജയം- ഇതിന്റെയൊക്കെ പേരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പുറത്തറിയപ്പെട്ടിരുന്നത്. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വരവോടെ ഇന്ത്യന്‍ ടീം "ടീം ഇന്ത്യ"യായി. ലോക ക്രിക്കറ്റിലെ വന്‍ശക്തിയായി. 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോക കിരീടം നേടുകയും ചെയ്തു. സുനില്‍ ഗാവസ്കറുടെ മെല്ലെപ്പോക്കില്‍നിന്ന് ഉണര്‍ന്നെങ്കിലും കൃഷ്ണമാചാരി ശ്രീകാന്തിന്റെ ആക്രമണാത്മക ശൈലിയിലേക്ക് പൂര്‍ണമായി എത്താന്‍കഴിയാതിരുന്ന കാലത്താണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന കൗമാരക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവതരിക്കുന്നത്. കറാച്ചിയില്‍ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ വെറും 15 റണ്‍. ബോംബെയില്‍ കൂട്ടുകാരന്‍ വിനോദ് കാംബ്ലിക്കൊപ്പം ഹാരീസ് ഷീല്‍ഡില്‍ ലോകറെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞശേഷം ഒരുവര്‍ഷം കഴിഞ്ഞാണ് ടെന്‍ഡുല്‍ക്കര്‍ ദേശീയ ടീമില്‍ കളിക്കുന്നത്. സമനിലയില്‍ അവസാനിച്ച ടെസ്റ്റ്പരമ്പരയില്‍ രണ്ട് അരസെഞ്ചുറികളോടെ സച്ചിന്‍ വരവറിയിച്ചു. സിയാല്‍ക്കോട്ടിലെ അവസാന ടെസ്റ്റില്‍ വഖാര്‍ യൂനിസിന്റെ ഏറുകൊണ്ട് മൂക്കുതകര്‍ന്നെങ്കിലും കളി തുടര്‍ന്ന ഈ യുവാവ് 57 റണ്‍ എടുത്താണ് മടങ്ങിയത്. മഴ കൊണ്ടുപോയ ആദ്യ ഏകദിനത്തിനുശേഷം ഗുജ്റന്‍വാലയില്‍ രണ്ടാം കളിയില്‍ അവസരം കിട്ടിയെങ്കിലും പൂജ്യനായി മടങ്ങി. തുടര്‍ന്ന് ടീമിനു പുറത്ത്. മഴമൂലം പൂര്‍ത്തിയാകാത്ത മൂന്നാം കളിയിലും പാകിസ്ഥാന്‍ ജയിച്ച നാലാം മത്സരത്തിലുംഅവസരം ലഭിച്ചതുമില്ല. ഒരു ശരാശരി ക്രിക്കറ്റ് താരത്തിന്റെ ശരാശരി അരങ്ങേറ്റം എന്നതിലപ്പുറം പാക്പര്യടനത്തില്‍ സച്ചിന്റെ പ്രകടനം വാഴ്ത്തപ്പെട്ടതുമില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 17 വയസ്സും 113 ദിവസവും പ്രായമുള്ള ടെന്‍ഡുല്‍ക്കര്‍ ഓള്‍ഡ്ട്രാഫോഡില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 119 റണ്‍ നേടി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരം എന്ന ബഹുമതി സച്ചിന്‍ സ്വന്തമാക്കിയെന്നു മാത്രമല്ല, കളിയില്‍ ഈ പ്രകടനം ഇന്ത്യക്ക് വിലപ്പെട്ട സമനില നല്‍കുകയും ചെയ്തു.

ഏകദിന, ടെസ്റ്റ് പരമ്പരയില്‍ തോല്‍വിയോടെയാണ് ഇന്ത്യ മടങ്ങിയത്. പക്ഷെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന താരത്തിന്റെ ഉദയത്തിനുകൂടി ഈ പരമ്പര നിമിത്തമായി. പിന്നെ എല്ലാം ചരിത്രം. കളിയാഘോഷത്തിന്റെ നീണ്ട 24 വര്‍ഷത്തിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാഡ് അഴിക്കുന്നത് ഒരുപറ്റം റെക്കോഡുകളുമായാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സും സെഞ്ചുറിയും, ഏറ്റവുമധികം ഏകദിന മത്സരങ്ങള്‍, ഏറ്റവുമധികം ടെസ്റ്റ്... ഈ റെക്കോഡുകളില്‍ പലതും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. ഗാംഗുലി നമുക്കൊരിക്കലും സൗരവ് ആയിരുന്നില്ല. ദ്രാവിഡിനെ നമ്മളാരും രാഹുല്‍ എന്ന് സ്നേഹപൂര്‍വം വിളിച്ചിട്ടില്ല. ധോണി നമുക്കൊരിക്കലും മഹിയാകുകയുമില്ല. പക്ഷെ ടെന്‍ഡുല്‍ക്കര്‍ എന്നും നമുക്ക് സച്ചിനാണ്. പേരിന്റെ ആദ്യഭാഗം പറഞ്ഞ് സംബോധനചെയ്യുന്നത് അടുപ്പമുള്ളവരെ മാത്രമാണ്. ഗാംഗുലിയെയും ദ്രാവിഡിനെയും ധോണിയെയുമൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന് ഏറെ ഇഷ്ടമാണ്. പക്ഷെ ഇവരോടുമൊന്നുമില്ലാത്ത എന്തോ ഒന്ന് സച്ചിനോട് നമുക്കുണ്ട്. അത് ടെന്‍ഡുല്‍ക്കര്‍ എന്ന താരത്തിന്റെ പ്രതിഭയോടുള്ള കടുത്ത ആരാധന മാത്രമല്ല, പകരം സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന നല്ല മനുഷ്യനോടുള്ള ഇഷ്ടംകൂടിയാണ്. താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും അടിമുടി മാന്യത പുലര്‍ത്തിയതാണ് ടെന്‍ഡുല്‍ക്കറെ സച്ചിനാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ വീഴ്ചകളിലും ഇന്ത്യ സച്ചിനൊപ്പം നിന്നു. ദക്ഷിണാഫ്രക്കന്‍ പര്യടനത്തിലെ പന്തു ചുരണ്ടല്‍ വിവാദത്തിലും, സമ്മാനമായി ലഭിച്ച ഫെറാറി കാറിന് നികുതി നല്‍കാത്തതുമൊക്കെ ഓര്‍ക്കുക. മറ്റേതെങ്കിലും താരമായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ ജൂലിയസ് സീസറിന്റെ വിധിയാകുമായിരുന്നു സച്ചിന്.

ഇന്ത്യന്‍ വാണിജ്യസിനിമയിലെ വാര്‍പ്പു മാതൃകാ നായകന്റെ പരിവേഷമുള്ള സച്ചിന്‍ ആരാധകരുടെ ഇഷ്ടതാരമായി. ഇംഗ്ലീഷ് അത്രയൊന്നും അറിയാത്ത, കാര്യമായ വിദ്യാഭ്യാസമില്ലാത്ത, മധ്യവര്‍ഗ കുടുംബക്കാരനായ, നാണംകുണുങ്ങിയായ സച്ചിന്‍ ഒരു ശരാശരി ഇന്ത്യക്കാരന്റെ ഹൃദയത്തില്‍ ഇടംപിടിച്ചതില്‍ ഒട്ടും അത്ഭുമില്ല. സച്ചിന്‍ ഇത് തികച്ചും അര്‍ഹിച്ചിരുന്നു. കാരണം പ്രതിഭയെയും ജീവിതത്തെയും ധൂര്‍ത്തടിച്ച പഴയ കൂട്ടുകാരന്‍ വിനോദ് കാംബ്ലയുടെയും കേരളത്തിന്റെ എസ് ശ്രീശാന്തിന്റെയും കരിയര്‍ മാത്രം മതി സച്ചിന്റെ മഹത്വം മനസ്സിലാക്കാന്‍.

സച്ചിന്‍ ഒരു പാഠപുസ്തകമാണ്. അത് കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും. കളിയില്‍ മാത്രം ശ്രദ്ധിച്ച്, കളിക്കുപുറത്തുള്ള കളികളില്‍ പെടാതെ കരിയര്‍ കാത്തുസൂക്ഷിച്ച മഹാനായ താരം എന്ന പാഠപുസ്തകം. വിരമിക്കല്‍ പ്രഖ്യാപത്തിനു തൊട്ടുമുമ്പ് നടന്ന ചാമ്പ്യന്‍സ് ലീഗില്‍ സച്ചിന്‍ ഒരുങ്ങിയതിനെപ്പറ്റി മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗര്‍ വിശേഷിപ്പിച്ചത് "അത്ഭുതം" എന്നാണ്. ചുറ്റും നടക്കുന്നതൊന്നുമറിയാതെ, പന്തില്‍ കണ്ണുംനട്ട് നെറ്റ്സില്‍ മണിക്കൂറുകളോളം സച്ചിന്‍ ബാറ്റ്ചെയ്തു. ആദ്യമായി ചോക്ലേറ്റ് ലഭിച്ച കുട്ടിയെപ്പോലെയായിരുന്നു സച്ചിന്‍ എന്നാണ് ലാംഗര്‍ പറഞ്ഞത്. സച്ചിന്, കളിയോടുള്ള കൗതുകവും, താല്‍പ്പര്യവും കുട്ടികള്‍ക്ക് ചോക്ലേറ്റിനോടുള്ള പ്രണയംപോലെയാണ്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ടെന്നീസ് പന്തില്‍ കളി തുടങ്ങിയ കാലംമുതല്‍ 200-ാം ടെസ്റ്റ് കളിച്ച് ഭരതവാക്യം ചൊല്ലുന്നതുവരെ.

*
എം കെ പത്മകുമാര്‍ ദേശാഭിമാനി

Friday, October 11, 2013

അതേ, സാനിയ മിര്‍സ ഒരു യാഥാര്‍ഥ്യമാണ്...

സാനിയ മിര്‍സ എന്ന ഹൈദരാബാദുകാരിയുടെ ഇച്ഛാശക്തിയില്‍ ഇന്ത്യന്‍ ടെന്നീസിന്റെ തലവര മാറ്റിയെഴുതപ്പെടുന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി നാം കാണുന്നത്. ബീജിങ്ങില്‍ നടന്ന വനിതാ ടെന്നീസ് അസോസിയേഷന്‍ ചൈന ഓപ്പണില്‍ സിംബാബ്വെക്കാരി കാരബ്ലാക്കുമൊത്ത് ഡബിള്‍സ് കിരീടം ചൂടിക്കൊണ്ട് 2013 സീസണ് ഷട്ടര്‍ വീഴ്ത്തിയ സാനിയ മിര്‍സ തന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കയാണ്. മഹേഷ് ഭൂപതിയുമൊത്ത് ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ തന്റെ ആദ്യവിജയം നേടിയ 2012നെ അപേക്ഷിച്ച് കിരീടങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷം സാനിയ മുന്നിലെത്തി.

ഈ സീസണില്‍ അഞ്ചുതവണ പങ്കാളികളെ മാറ്റേണ്ടിവന്ന സാനിയക്ക് കാരബ്ലാക്കുമായുള്ള മനപ്പൊരുത്തവും കളിപ്പൊരുത്തവും തുടര്‍ച്ചയായി രണ്ടു കിരീടങ്ങളാണ് സമ്മാനിച്ചത്. ബീജിങ്ങിനു മുമ്പുനടന്ന ജപ്പാന്‍ ഓപ്പണിലായിരുന്നു ഈ ഭാഗ്യജോഡിയുടെ ആദ്യ കിരീടം. പരിക്കും ചികിത്സയും ശസ്ത്രക്രിയയുമൊക്കെ സാനിയയുടെ ടെന്നീസ് കരിയറിന്റെ നൈരന്ത്യരത്തിന് ഇടവേള സൃഷ്ടിച്ചെങ്കിലും സെര്‍വുകള്‍ മെച്ചപ്പെടുത്താനും ഫോര്‍ഹാന്‍ഡുകള്‍ ശക്തിപ്പെടുത്താനും കഴിഞ്ഞതിലൂടെ ബേസ്ലൈനില്‍ ഊന്നിനില്‍ക്കുന്ന സാനിയയുടെ ശൈലിക്ക് വിജയങ്ങള്‍ വെട്ടിപ്പിടിക്കാനും കഴിഞ്ഞുവെന്നതാണ് നടപ്പുസീസന്റെ പ്രത്യേകത. ചിലപ്പോള്‍ നിര്‍ഭാഗ്യം നിങ്ങളുടെ വഴി തടഞ്ഞെന്നുവരാം. എന്നാല്‍ കാരബ്ലാക്കുമൊത്ത് കളത്തിലിറങ്ങിയപ്പോഴോക്കെ ഏറ്റവും നല്ല കളി പുറത്തെടുക്കാന്‍ ആയതിലൂടെ വലിയ അവസരങ്ങള്‍ വെട്ടിപ്പിടിച്ചതിന്റെ നിര്‍വൃതിയിലാണ് സാനിയ. ഈ വര്‍ഷം അഞ്ച് പങ്കാളികളെ കൂട്ടുപിടിച്ച സാനിയ അവരില്‍ മൂന്നുപേരുമൊത്ത് കിരീടവിജയം ആഘോഷിച്ചു.

അമേരിക്കയുടെ ബഥാനിമാറ്റേക്ക് സാന്‍ഡ്സ്, ചൈനയുടെ ജിഷെങ്, കാരബ്ലാക്ക് എന്നിവരാണ് സാനിയയുടെ വിജയജോഡിയിലെ ആ കണ്ണികള്‍. ബഥാനിയുമൊത്ത് ബ്രിസ്ബെയ്ന്‍, ദുബായ് കിരീടങ്ങളും ജിഷെങ്ങിനൊപ്പം ന്യൂഹാവ്നിലെ ചാമ്പ്യന്‍ഷിപ്പുമാണ് നേടിയത്. ഡബിള്‍സില്‍ ലോക ഒന്നാംറാങ്കായ കാരയുടെ നെറ്റിലെ വൈദഗ്ധ്യവും ബാക്ക് കോര്‍ട്ടില്‍നിന്നുള്ള സാനിയയുടെ തകര്‍പ്പന്‍ ഷോട്ടുകളും ചേര്‍ന്നപ്പോള്‍ തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങളിലാണ് അവര്‍ അപരാജിത കുതിപ്പു നടത്തിയത്. ചൈന ഓപ്പണ്‍ സെമിഫൈനലിലാകട്ടെ ലോക ഒന്നാംനമ്പര്‍ കൂട്ടുകെട്ടായ സാറാ ഇറാനി-റോബര്‍ട്ടോ വിന്‍സിമാരെ ഞെട്ടിക്കുകയും ചെയ്തു. അതേ, സാനിയ മിര്‍സ യാത്ര തുടരുകയാണ്. ദശാബ്ദങ്ങളേറെ റാക്കറ്റെടുത്ത കൃഷ്ണന്മാരും അമൃത്രാജ്മാരും ലിയാന്‍ഡര്‍പെയ്സ്, മഹേഷ് ഭൂപതിമാരുമൊക്കെ പുരുഷടെന്നീസിന് നേടിക്കൊടുത്ത പെരുമ കുറഞ്ഞകാലത്തിനുള്ളില്‍ സാനിയ ഒറ്റയ്ക്ക് കൈവരിച്ചതാണ് ചരിത്രം.

ക്രിക്കറ്റിന്റെ സര്‍വാധിപത്യത്തില്‍ മറ്റുകളികളൊക്കെ വീര്‍പ്പുമുട്ടിയ ഇന്ത്യന്‍ കളിമുറ്റത്ത് 19-ാം വയസ്സില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ എത്തി സാനിയ നടത്തിയ കുതിപ്പ് ഇന്ത്യന്‍ ടെന്നീസിന് നവോന്മേഷവും പുതിയ ഭാവുകത്വങ്ങളും നല്‍കി. വനിതാ ടെന്നീസില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിയായ സാനിയ, ലോകോത്തര താരങ്ങളെ മലര്‍ത്തിയടിക്കാനുള്ള പ്രതിഭാശേഷി തന്നിലുണ്ടെന്ന് പലവട്ടം പ്രകടമാക്കി. ഒറ്റപ്പെട്ടയിടങ്ങളിലെ കളി എന്നതില്‍നിന്ന് ഇന്ത്യന്‍ ടെന്നീസിനെ ജനകീയമാക്കിയ പ്രതിഭയാണ് സാനിയ മിര്‍സ. അസാമാന്യമായ ആത്മവിശ്വാസമാണ് സാനിയയുടെ കരുത്ത്. സാനിയയെ ഇന്ത്യന്‍ ടെന്നീസിലെ കുര്‍ണിക്കോവ എന്നു വിശേഷിപ്പിച്ചവരുണ്ട്. കളിമികവുകൊണ്ടല്ല, അന്ന കുര്‍ണിക്കോവയെപ്പോലെ തൊലിവെളുപ്പും അഴകളവുകളും ഒത്തിണങ്ങിയ തരുണീമണി എന്നതുകൊണ്ടാണ് സാനിയയുടെ നേരെ സ്പോര്‍ട്ട്ലൈറ്റുകള്‍ നീങ്ങുന്നതെന്ന് ചിലര്‍ വിമര്‍ശമുയര്‍ത്തി. എന്നാല്‍ വിമര്‍ശങ്ങളുടെ മുനയൊടിച്ചായിരുന്നു സാനിയ റാക്കറ്റില്‍ പ്രഭചൊരിഞ്ഞത്.

സാനിയയുടെ കരുത്തുറ്റ ഗ്രൗണ്ട് സ്ട്രോക്കുകളും റിട്ടേണുകളുമാകട്ടെ ടെന്നീസ് ലോകത്തിന്റെ മനം കവരുകയും ചെയ്തു. ടെന്നീസ് കളിക്കാരി എന്നതിലുപരി ആധുനികത, സ്വാതന്ത്ര്യം, യുക്തിപരത തുടങ്ങിയ പല ഗുണങ്ങളുടെയും മൂര്‍ത്തീമദ്ഭാവമായി സാനിയ മാറിക്കഴിഞ്ഞു. സാമൂഹിക വിധേയത്വവും പരിഹരിക്കാനാവാത്ത പിന്നോക്കാവസ്ഥയും സൃഷ്ടിച്ച് വാര്‍പ്പ് മാതൃകകളെ മറികടന്നുകൊണ്ട് സ്വന്തം പ്രവര്‍ത്തനമണ്ഡലത്തില്‍ സുവ്യക്തമായ മുദ്രപതിപ്പിച്ച മുസ്ലിമാണ് സാനിയ. റാക്കറ്റുകളെ പ്രണയിക്കുന്ന ഇന്ത്യയിലെ കൊച്ചുതലമുറ സാനിയയുടെ നേട്ടമാകുന്നു. അതേ, സാനിയ മിര്‍സ ഒരു യാഥാര്‍ഥ്യമാണ്. ഉയരങ്ങള്‍ തേടി, പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ആ യാത്ര തുടരട്ടെ.

*
എ എന്‍ രവീന്ദ്രദാസ്

Friday, October 4, 2013

കായിക പുരസ്കാരങ്ങള്‍ ദേശീയ ഫലിതമാവുമ്പോള്‍

രണ്ടാഴ്ചയിലേറെ നീണ്ട വിവാദങ്ങള്‍ക്കും ഒളിച്ചുകളിക്കും ഒടുവിലാണ് മലയാളിയായ ട്രിപ്പിള്‍ജമ്പ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടെന്ന് കായികമന്ത്രാലയം തീരുമാനിച്ചത്. 2008ല്‍ കൊച്ചിയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ രഞ്ജിത് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതാണ് അവാര്‍ഡ് റദ്ദാക്കാനുള്ള കാരണമെന്നാണ് കേന്ദ്ര കായികമന്ത്രാലയത്തിന്റെ വിശദീകരണം. രഞ്ജിത്തിന് അവാര്‍ഡിന് ശുപാര്‍ശചെയ്ത അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) വീഴ്ചയാണിതെന്നും അതിന് അവരോട് വിശദീകരണം ചോദിക്കുമെന്നും നടപടി ഉണ്ടാകുമെന്നൊക്കെ മന്ത്രാലയം പറയുമ്പോള്‍ ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങള്‍ ഇവിടെ ബാക്കിയാവുന്നു.

അഞ്ചുവര്‍ഷംമുമ്പ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ രഞ്ജിത്തിന് ഇപ്പോള്‍ അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചതിലും പിന്നീട് റദ്ദാക്കിയതിലും യഥാര്‍ഥത്തില്‍ വീഴ്ചപറ്റിയത് ആര്‍ക്കൊക്കെയാണ്? ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് കായികമന്ത്രാലയം രഞ്ജിത്തിന്റെ അവാര്‍ഡ് മരവിപ്പിച്ചത്. തുടര്‍ന്ന് ഇതേച്ചൊല്ലി തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നപ്പോള്‍ അത്ലറ്റിക് ഫെഡറേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) രഞ്ജിത് മരുന്നടിച്ചിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കായികമന്ത്രാലയത്തിന് സത്യവാങ്മൂലം നല്‍കി.

എന്നാല്‍ കായികവകുപ്പു സെക്രട്ടറി കെ ബി ദേബ് ഇതിനോട് വിയോജിച്ചുകൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതോടെ അത്ലറ്റിക് ഫെഡറേഷന്‍ മലക്കംമറിഞ്ഞു. രഞ്ജിത്തിന്റെ മരുന്നുപരിശോധനയുടെ രേഖകള്‍ തങ്ങളുടെ ഓഫീസ്മാറ്റത്തിനിടയ്ക്ക് നഷ്ടപ്പെട്ടുവത്രെ. അതേസമയം, രഞ്ജിത്തിന് അവാര്‍ഡ് നല്‍കേണ്ടെന്ന് കായിക മന്ത്രി ജിതേന്ദ്രസിങ് അന്തിമതീരുമാനം എടുത്തപ്പോള്‍ ആധാരമാക്കിയ തെളിവുകളാകട്ടെ അത്ലറ്റിക് ഫെഡറേഷന്റെ "സത്യസന്ധത"യെ ചോദ്യംചെയ്യുന്നതും അവരുടെ നിലപാടിനെ പാടെ നിരാകരിക്കുന്നതുമാണ്. മൂന്നുമാസം മത്സരത്തില്‍നിന്നു വിലക്കിക്കൊണ്ട് 2009 ജനുവരി 10ന് അത്ലറ്റിക് ഫെഡറേഷന്‍ രഞ്ജിത്തിനു നല്‍കിയ കത്ത്, സാമ്പിള്‍ശേഖരിക്കുന്ന സമയത്ത് അസുഖത്തിന് മരുന്നുകഴിക്കുന്ന കാര്യം മറച്ചുവച്ചതും, മൂന്നുമാസത്തെ വിലക്കിനെ രഞ്ജിത് ചോദ്യംചെയ്യാത്തതും അവാര്‍ഡ് നല്‍കേണ്ടെന്ന തങ്ങളുടെ തീരുമാനത്തെ സാധൂകരിക്കുന്ന തെളിവുകളായി കായികമന്ത്രാലയം നിരത്തുന്നു.

അര്‍ജുന അവാര്‍ഡിനായി രഞ്ജിത്തിനുവേണ്ടി അത്ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ അവാര്‍ഡ് നിര്‍ണയസമിതിയും അതുകഴിഞ്ഞ് കായികമന്ത്രാലയവും തീരുമാനമെടുത്ത് പ്രഖ്യാപനം നടത്തുമ്പോള്‍ ഈ തെളിവുകളൊക്കെ എവിടെയായിരുന്നു മൂടപ്പെട്ടത്? ഉത്തേജകമരുന്നിന്റെ നിഴലില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കരുതെന്ന് 2010ല്‍ ചട്ടം ഭേദഗതിചെയ്തിട്ടുണ്ടെങ്കില്‍ എന്തിനാണ് രഞ്ജിത്തിനെ അവാര്‍ഡ്നിര്‍ണയ കമ്മിറ്റി ശുപാര്‍ശചെയ്തത്. കമ്മിറ്റിക്ക് ഈ വിവരങ്ങളൊക്കെ അജ്ഞാതമായിരുന്നോ? മറിച്ച് ഇലയിട്ടശേഷം ഊണില്ലെന്നു പറയുന്നതുപോലെ അവാര്‍ഡുണ്ടെന്നു പ്രഖ്യാപിച്ചശേഷം അത് റദ്ദാക്കിയെന്നു പറയുന്നത് കായികതാരത്തെ അപാമാനിക്കലല്ലേ. അവാര്‍ഡ്നിര്‍ണയത്തിന്റെ മാനദണ്ഡങ്ങളെയും ചട്ടങ്ങളെയും കൊഞ്ഞനംകുത്തലുമല്ലേ? കൊച്ചി ദേശീയ ഓപ്പണ്‍മീറ്റിനിടെ 2008 സെപ്തംബര്‍ എട്ടിനു ശേഖരിച്ച രഞ്ജിത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ നിരോധിതവസ്തുവായ എഫഡ്രിന്‍ കൂടിയ അളവില്‍ ഉപയോഗിച്ചതായി കണ്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എഎഫ്ഐ മൂന്നുമാസത്തേക്കാക്കി ചുരുക്കി. രഞ്ജിത്താകട്ടെ "ബി" സാമ്പിള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയോ വിലക്കിനെതിരെ അപ്പീല്‍ നല്‍കുകയോ ചെയ്തില്ല. വാസ്തവത്തില്‍ രണ്ടു തെറ്റാണ് രഞ്ജിത്തിന്റെ കാര്യത്തില്‍ എഎഫ്ഐയും സായിയും ദേശീയ ഉത്തേജകവിരുദ്ധസമിതിയായ നാഡയും ചെയ്തത്. ഒന്ന്, ഉത്തേജകമരുന്നു പരിശോധനയില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ താരത്തെ അവാര്‍ഡിനായി നിര്‍ദേശിക്കാന്‍ തയ്യാറായി. രണ്ട്, ഡോപിങ് നടത്തിയ താരങ്ങള്‍ക്ക് അവാര്‍ഡിന് അര്‍ഹതയില്ലെന്ന് 2010ല്‍ ചട്ടത്തില്‍ വരുത്തിയ ഭേദഗതി അവഗണിച്ചു. പക്ഷേ, ഇന്ത്യന്‍ കായികരംഗത്ത് ഇതുപോലെ പലതും നടക്കുമെന്നതാണ് ചരിത്രം. മരുന്നടിക്കു പിടിക്കപ്പെടുകയും വിലക്കപ്പെടുകയും ചെയ്ത മുന്‍ രാജ്യാന്തര അത്ലീറ്റ് സുനിതാ റാണിയെ പിന്നീട് അര്‍ജുനയും പത്മശ്രീയും നല്‍കി ആദരിച്ച ചരിത്രമുണ്ട്. 2004ലെ ആതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ രാജവര്‍ധന്‍സിങ് റാത്തോഡ് അതിന് ഒരുമാസം മുമ്പു നടത്തിയ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതാണ്.

പിന്നീട് റാത്തോഡിന് ഖേല്‍രത്നയും ലഭിച്ചു. ഓപ്പണ്‍ മീറ്റിനിടെ മരുന്നുപരിശോധനയില്‍ കുടുങ്ങിയ രഞ്ജിത്തിന്റെ ആ മീറ്റില്‍ നേടിയ മെഡല്‍ ഇതുവരെയും തിരിച്ചെടുത്തിട്ടില്ലെന്നും ഓര്‍ക്കുക. നിരപരാധിയാണെന്നും തന്റെ കായികജീവിതം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നും രഞ്ജിത് വിലപിക്കുമ്പോള്‍ കായികമന്ത്രാലയത്തിനും കായികസമിതികള്‍ക്കും ചില പാഠങ്ങളെങ്കിലും പഠിക്കാനാവുമെങ്കില്‍ അത്രയും നന്ന്.

*
എ എന്‍ രവീന്ദ്രദാസ്

Friday, September 20, 2013

ഫെല്‍പ്സിനെ പിന്തുടരാന്‍ ഈ ജലകന്യക....

സങ്കല്‍പിക്കാവുന്ന എല്ലാ റെക്കോഡുകളും വിലോഭനീയമായ നേട്ടങ്ങളും സ്വന്തമാക്കിയാണ് അമേരിക്കന്‍ താരം മൈക്കേല്‍ ഫെല്‍പ്സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്സിന്റെ നീന്തല്‍കുളത്തില്‍ നിന്നു കയറിയത്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവുമധികം മെഡലുകളെന്ന മുന്‍ സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക്സ്റാണി ലാറിസ്സലാറ്റിനനയുടെ 48 വര്‍ഷമെത്തിയ റെക്കോഡ് കടപുഴക്കിയ ഫെല്‍പ്സ് ഒരു കായികതാരത്തിന്റെ മികവിന് പുതിയ അതിര്‍വരമ്പ് സൃഷ്ടിച്ച ജലരാജനാണ്. ഒളിമ്പിക്സ് മികവില്‍ ലോകംകണ്ട മുന്തിയ കായികതാരം ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ജെസ്സി ഓവന്‍സും പാവൊനൂര്‍മിയും കാള്‍ലൂയിസും ട്രാക്കിലെ അതിമാനുഷനെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുസൈന്‍ബോള്‍ട്ടും ഉള്‍പ്പെടെ ഒരു പിടിതാരങ്ങളുണ്ടെങ്കിലും ഏറ്റവുമധികം നേട്ടമുണ്ടാക്കിയതാരം ആരെന്ന ചോദ്യത്തിനുള്ള ഒറ്റഉത്തരമാണ് മൈക്കേല്‍ ഫെല്‍പ്സ്.

പക്ഷേ, ഓളപ്പരപ്പില്‍ പുളകംവിതറാന്‍ ഇന്ന് ഫെല്‍പ്സ് മത്സരരംഗത്തില്ല. അദ്ദേഹത്തിന് ഒരു പിന്‍ഗാമി ഉടനെ പിറക്കുമെന്ന് പ്രവചിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല. എന്നാല്‍ നിനച്ചിരിക്കാതെ അത്ഭുതപിറവികളും താരോദയങ്ങളും സംഭവിക്കുന്ന ഇടമാണല്ലോ കളിമേടുകള്‍. അതേ, മൈക്കേല്‍ ഫെല്‍പ്സിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചയായി, അമേരിക്കയില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ വനിത അവതാരമായി ഇതാ, ഒരു ജലകന്യക എത്തിയിരിക്കുന്നു- മിസ്സിഫ്രാങ്ക്ളിന്‍. ഓഗസ്റ്റില്‍ ബാഴ്സലോണയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 18കാരിയായ മിസ്സിഫ്രാങ്ക്ളിന്റെ നേട്ടം അരഡസന്‍ സ്വര്‍ണമെഡലുകള്‍. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക്, 200 മീറ്റര്‍ ബാക്ക്സ്ട്രോക്ക്, 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍റിലേ, 4-100 മീറ്റര്‍ മെഡ്ലെറിലേ എന്നീ ഇനങ്ങള്‍ മികവിന്റെയും വൈദഗ്ധ്യത്തിന്റെയും തങ്കമുദ്രകള്‍ ചാര്‍ത്തിയ മിസ്സി, 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഓസ്ട്രേലിയയുടെ കേറ്റ്കാംബല്ലിനോട് പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ഏഴിനങ്ങളില്‍ പൊന്നണിയുമായിരുന്നു. ഒരു ലോകനീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കുന്ന വനിത താരമെന്ന നേട്ടം സ്വന്തം പേരിലാക്കിയ മിസ്സിഫ്രാങ്ക്ളിന്‍ 2001ല്‍ ജപ്പാനിലെ ഫുക്കുവോക്കയില്‍ പുരുഷവിഭാഗത്തില്‍ ആറ് സ്വര്‍ണമണിഞ്ഞ ഓസ്ട്രേലിയക്കാരന്‍ ഇയാന്‍ തോര്‍പ്പിന്റെ മാസ്മരിക പ്രകടനത്തിനൊപ്പമാണെത്തിയത്. 2007ല്‍ മെല്‍ബണില്‍ ഏഴ് സ്വര്‍ണം നേടിയ ഫെല്‍പ്സാണ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍വേട്ടയില്‍ ഒന്നാത്. 18 ഒളിമ്പിക് സ്വര്‍ണവും 26 ലാകകിരീടവുമായി കഴിഞ്ഞവര്‍ഷം ഫെല്‍പ്സ് കളമൊഴിഞ്ഞതിനുശേഷമെത്തുന്ന നീന്തലിലെ വന്‍പോരാട്ടവേദിയായ ബാഴ്സലോണിയില താരപ്പൊലിമ വനിതാ വിഭാഗത്തിനായിയെന്നത് ഏറെ ശ്രദ്ധേയമായി. ഫെല്‍പ്സിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ പുരുഷതാരങ്ങള്‍ വിഷമിക്കുമ്പോള്‍ വനിതാ വിഭാഗത്തിലാണ് റെക്കോഡ് നേട്ടങ്ങളെല്ലാം. നീന്തല്‍കുളത്തിലെ ഈ വനിതാ പടയോട്ടത്തിലെ മുന്നണിപ്പോരാളിയാണ് മിസ്സിഫ്രാങ്ക്ളിന്‍. എന്നാല്‍ അമേരിക്കയില്‍ നിന്നു തന്നെ മിസ്സിക്ക് പ്രബലമായ ഒരു എതിരാളിയുണ്ട്.

മെഡല്‍വേട്ടയില്‍ മിസ്സി മുന്നിലെത്തിയെങ്കിലും ചാമ്പ്യന്‍ഷിപ്പിന്റെ വനിതാതാരപദവിയിലേറിയ ലെഡെക്കിയാണ് ആ എതിരാളി. മിസ്സിയുടെ പ്രിയപ്പെട്ട ഇനങ്ങളിലൊന്നായ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, ബാക്ക്സ്ട്രോക്ക് ഇനങ്ങളില്‍ ഇനി ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് ലെഡക്കി പറയുന്നത്. 2016ലെ റിയോഡജനീറോ ഒളിമ്പിക്സിലും ഈ രണ്ട് അമേരിക്കന്‍ സുന്ദരികള്‍ തമ്മില്‍ തീവ്രപോരാട്ടത്തിനു സാധ്യതതെളിയുന്നു. മിസ്സി എന്ന ശിഷ്യതന്നെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് കോച്ച് ടോഡ്ഷിംസ് പറഞ്ഞത്. അതേസമയം നീന്തല്‍കുളത്തില്‍ മൈക്കേല്‍ഫെല്‍പ്സ് കൈവരിച്ച ഇതിഹാസമാനം താനുള്‍പ്പെടെ ഇന്നത്തെയും വരാനിരിക്കുന്ന തലമുറയിലും നീന്തല്‍ക്കാര്‍ക്ക് പ്രചോദനവും ഊര്‍ജവും പകരുന്നതാണെന്ന മിസ്സി ഫ്രാങ്ക്ളിന്റെ വാക്കുകളില്‍ ആത്മവിശ്വാസം തുളുമ്പുന്നു.

*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി

Thursday, September 19, 2013

ജെസ്സി ഓവന്‍സ്: ഓര്‍ത്തിരിക്കേണ്ട ജന്മശതാബ്ദി

ആര്യരക്തത്തിന്റെ മഹിമയെ സംബന്ധിച്ച് സിദ്ധാന്തങ്ങള്‍ ചമച്ച, ക്രൂരനായ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്ലറുടെ മുമ്പില്‍ ഇടിമിന്നലായി പുതിയ ചരിത്രം സൃഷ്ടിച്ച കറുത്ത വംശജന്‍ ജെസ്സി ഓവന്‍സ് ജനിച്ചിട്ട് ഈ സെപ്തംബര്‍ 12ന് നുറുവര്‍ഷം തികഞ്ഞു. ചില മാധ്യമങ്ങളില്‍ ചെറിയ കുറിപ്പുകളല്ലാതെ അധികം ആഘോഷങ്ങളൊന്നും എങ്ങും കണ്ടില്ല. അങ്ങനെ മറന്നുപോകേണ്ട വ്യക്തിയല്ല ജെസ്സി ഓവന്‍സ്. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്സിലാണ് ഓവന്‍സ് ഹിറ്റ്ലറുടെ അഹങ്കാരത്തിന് മേല്‍ ഇടിത്തീയായത്. ആര്യരക്തമുള്ളവന്‍ ജയിക്കാനും കീഴടക്കാനും പിറന്നവനാണെന്നായിരുന്നു ഹിറ്റ്ലറുടെ പക്ഷം. അതുകൊണ്ടുതന്നെ എല്ലാ വിജയവും തങ്ങള്‍ക്കു തന്നെയെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, അവിടെ ജയിച്ചത് ജെസ്സി ഓവന്‍സായിരുന്നു. മിന്നല്‍പിണര്‍ പോലെ കുതിച്ച ഓവന്‍സിന് മുന്നില്‍ ഹിറ്റ്ലറുടെ ആര്യന്‍മാര്‍ കിതച്ചുവീണു. കണ്ണടച്ചുതുറക്കുന്നതിനിടയില്‍ നൂറുമീറ്ററിന്റെ വരക്കപ്പുറത്തേക്ക് പുതിയ ചരിത്രം സൃഷ്ടിച്ച് ആ പ്രതിഭ പാഞ്ഞുപോയി. 10.35 സെക്കന്റില്‍. വിജയിച്ചവര്‍ക്ക് മെഡല്‍ സമ്മാനിക്കേണ്ടത് ഹിറ്റ്ലറായിരുന്നു. എന്നാല്‍, അദ്ദേഹം ജര്‍മന്‍ വംശജര്‍ക്ക് മാത്രം കൈകൊടുക്കാന്‍ തയ്യാറായുള്ളൂ. ഒളിംപിക് കമ്മിറ്റിക്കാരുടെ തുടര്‍ച്ചയായ അഭ്യര്‍ഥനയെ ഹിറ്റ്ലര്‍ അവഗണിക്കുകയായിരുന്നു.

ഇതൊന്നും ജെസ്സി ഓവന്‍സിനെ തളര്‍ത്തിയില്ല. കൂടുതല്‍ കരുത്തോടെ മറ്റിനങ്ങളിലും അദ്ദേഹം വിജയം കൊയ്തു. ആഗസ്ത് മൂന്നിനു ലോങ്ജമ്പില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച ഓവന്‍സ് പിറ്റേദിവസം 200 മീറ്ററിലും സ്വര്‍ണം കൊയ്തു. 4ഃ100 മീറ്റര്‍ റിലേയില്‍ വിജയിച്ചതോടെ നാലിനങ്ങളിലും സ്വര്‍ണം നേടുന്ന താരമായി ഓവന്‍സ് മാറി. 1984 ല്‍ കാള്‍ ലൂയീസ് നാലിനങ്ങളിലും സ്വര്‍ണം നേടുന്നതുവരെ ആ റെക്കാര്‍ഡ് അപരാജിതമായി നിന്നു. ഇപ്പോള്‍ മറ്റൊരു കറുത്തവംശജന്‍ പുതിയ വേഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ജമൈക്കകാരന്‍ ഉസൈന്‍ ബോള്‍ട്ട്. രണ്ട് ഒളിംപിക്സുകളില്‍ സ്പ്രിന്റ് ഡബിള്‍ എന്ന റെക്കോര്‍ഡ് ബോള്‍ട്ടിനു മാത്രം സ്വന്തം. രണ്ടു ഒളിംപിക്സിലും തുടര്‍ച്ചയായി 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കുക എളുപ്പമല്ല. ജമൈക്ക എന്ന കരീബിയന്‍ രാജ്യം ഇപ്പോള്‍ വേഗത്തിന്റെ പുതിയ ചരിത്രസ്രഷ്ടാക്കള്‍ക്ക് ജന്മം നല്‍കുന്ന ഇടമായി മാറിക്കഴിഞ്ഞു.

ജെസി ഓവന്‍സ് പ്രതിനിധാനം ചെയ്തത് അമേരിക്കയെ ആയിരുന്നു. ഹിറ്റ്ലര്‍ക്കും ജര്‍മനിക്കും മാത്രമല്ല അമേരിക്കക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരായിരുന്നില്ല കറുത്തവംശജര്‍. ബെര്‍ലിന്‍ ഒളിംപിക്സില്‍ അമേരിക്ക സ്വന്തമാക്കിയ 11 സ്വര്‍ണത്തില്‍ ആറും കറുത്തവംശജര്‍ നേടിയതായിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍ട്ട് കറുത്ത വംശജരായ അത്ലറ്റുകളുടെ മികവിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അന്നെല്ലാം ടെലഗ്രാം അയച്ചാണ് അഭിനന്ദിക്കുന്നത്. ഓവന്‍സിനെ തേടി റൂസ്വെല്‍ട്ടിന്റെ കമ്പി എത്തിയില്ല. വിജയം നേടിയവരെ വെള്ളക്കൊട്ടാരത്തിലേക്ക് ക്ഷണിച്ച് പ്രസിഡന്റിന്റെ വക ഡിന്നര്‍ നല്‍കുന്ന പതിവും തെറ്റിച്ചു. 1976ലാണ് ഓവന്‍സിനെ അമേരിക്ക ഒരു പുരസ്കാരം നല്‍കി ആദരിക്കുന്നത്. നാലു വര്‍ഷത്തിന് ശേഷം ജെസ്സി ഓവന്‍സ് ലോകത്തോട് വിട പറഞ്ഞു. എല്ലാ ദിവസവും രാജ്യസഭ സമ്മേളിക്കുന്നതിനു മുമ്പ് ഉപരാഷ്ട്രപതിയുടെ ചേംബറില്‍ വിപ്പുമാരുടെ യോഗം പതിവുണ്ട്. ടീ ക്ലബ്ബെ ന്നാണ് ഹമീദ് അന്‍സാരി തമാശക്ക് അതിനെ വിളിക്കുക. ബ്ലാക്ക് മണിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന ആവശ്യം വന്നപ്പോള്‍ ബ്ലാക്ക് എങ്ങ നെയാണ് എല്ലാ അധമകാര്യങ്ങളുടെയും പ്രതീകമായത് എന്ന് അദ്ദേഹം ചോദിച്ചു. ബ്ലാക്ക് മെയില്‍ തുടങ്ങി നിരവധി വാക്കുകള്‍ നമുക്ക് ഇങ്ങനെ കണ്ടെത്താമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വാക്കിന്റെ ചരിത്രവും രാഷ്ട്രീയവും സൂക്ഷ്മമായി പിന്തുടരുന്നവര്‍ക്ക് ഇത്തരം നിരവധി പ്രയോഗങ്ങള്‍ കാണാന്‍ കഴിയും. കറുത്തവംശജന് ലോകത്തെവിടെയും ദുരിതമായിരുന്നു. ജെസി ഓവന്‍സ് ദുരിതങ്ങളിലൂടെയാണ് യാത്ര ചെയ്തത്. ഏഴാം വയസ്സുമുതല്‍ കുടുംബം പോറ്റാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി. പഠനകാലത്താണ് അത്ലറ്റിക്സില്‍ മത്സരിക്കാന്‍ തുടങ്ങിയത്. ഒഷിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ലോകറെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ചെറുപ്പക്കാരന്‍ അതിവേഗം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പ്രസംഗം ഇപ്പോള്‍ വീണ്ടും ലോകം ഓര്‍ത്തു. തനിക്ക് ഒരു സ്വപ്നമുണ്ടെന്ന ചരിത്രപ്രാധാന്യം നിറഞ്ഞ വാക്കുകള്‍ ഒബാമയുടെ പ്രസിഡന്‍സിയില്‍ തീരുന്നതല്ല. ഒരു വ്യക്തിയുടെ അധികാരം നയങ്ങളെ തിരുത്തുന്നില്ലെന്ന് ഒബാമ ദിവസം ചെല്ലുംതോറും ലോകത്തെ ഓര്‍മിപ്പിക്കുന്നു. ആധിപത്യത്തിന്റെയും വംശമേധാവിത്വത്തിന്റെയും നയങ്ങള്‍ തന്നെയാണ് ഒബാമയും പിന്തുടരുന്നത്. വെള്ളക്കാരന്റെ വര്‍ണാധിപത്യ ചിന്തകള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച നിരവധി മഹദ്വ്യക്തികളെ ചരിത്രത്തില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയും. ലോകാധിപത്യത്തിനായി കരുക്കള്‍ നീക്കിക്കൊണ്ടിരുന്ന ഫാസിസ്റ്റ് ഭരണാധികാരിയുടെ മുമ്പില്‍ പതറാതെ പറക്കാന്‍ കഴിഞ്ഞുവെന്നതാണ് ഓവന്‍സിന്റെ മികവ്. അതാണ് ചരിത്രം. ഹിറ്റ്ലറിന്റെ ആര്യാധിപത്യ മോഹങ്ങളെ ലോകം ചെറുത്തുതോല്‍പ്പിച്ചു. ജെസി ഓവന്‍സിന്റെ നൂറാം ജന്മവാര്‍ഷികം ചരിത്രത്തിലൂടെയുള്ള സഞ്ചാരത്തിനും തിരിച്ചറിവുകള്‍ക്കുമുള്ള സന്ദര്‍ഭം കുടിയാണ്. അത് സ്പോര്‍ട്സ് വാര്‍ത്തയുടെ ചതുരത്തില്‍ ഒതുങ്ങേണ്ടയൊന്നല്ല.

*
പി രാജീവ് ദേശാഭിമാനി വാരിക

Picture Courtesy: Wikipedia

Tuesday, September 17, 2013

കാത്തിരിക്കുന്നത് ചെസിലെ നവയുഗപ്പിറവിയോ...

ഇതാ, കാലാളും തേരും കുതിരയും പോര്‍വിളി നടത്തുന്ന മഹായുദ്ധത്തിന് ഒരിക്കല്‍ക്കൂടി കാതോര്‍ക്കാം. വരുന്ന നവംബര്‍ ആറുമുതല്‍ 26 വരെ ചെന്നൈയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പ്പത്തിമൂന്നുകാരനായ വിശ്വനാഥന്‍ ആനന്ദ് തന്റെ പകുതി പ്രായംപോലും ഇല്ലാത്ത നോര്‍വേയുടെ മാഗ്നസ്കാള്‍സനെ നേരിടുമ്പോള്‍ അത് ലോക ചെസില്‍ ഒരു നവയുഗപ്പിറവിക്ക് തുടക്കമാവുമെന്നു കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ പ്രതിഭകള്‍ക്ക് വിജയത്തിലെത്തുന്നതിന്പ്രായംഒരു തടസ്സമേയല്ലെന്നു തെളിയിക്കുന്ന ആനന്ദിന്റെ അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവും ഇത്തവണയും കിരീടപോരാട്ടത്തില്‍ തുണയാവുമെന്നു കരുതുന്നവരും കുറവല്ല. എലോ റേറ്റിങ്ങില്‍ ഇത്രയേറെ വ്യത്യാസത്തില്‍ നില്‍ക്കുന്ന രണ്ടു താരങ്ങള്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത് സാധാരണമല്ല. ആനന്ദിന് 2775 പോയിന്റുള്ളപ്പോള്‍ കാള്‍സന്റേത് 2862 ആണ്. ഈ നിലവാരത്തില്‍ 10 പോയിന്റിന്റെ വ്യത്യാസംപോലും വലുതായി തോന്നുമ്പോള്‍ 90 പോയിന്റിന്റെ അന്തരം ആനന്ദിന്റെ വിജയത്തെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് വകനല്‍കുന്നതാണ്.

എലോ പോയിന്റിലെ ഈ വലിയ അകലം മനഃശാസ്ത്രപരമായെങ്കിലും കാള്‍സന് മുന്‍തൂക്കം നല്‍കുന്നതുമാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം 42-ാം വയസ്സില്‍ തന്റെ അഞ്ചാം ലോകകിരീടം സ്വന്തമാക്കിയ ആനന്ദിന് വെള്ളയും കറുപ്പും കരുക്കളുടെ ചതുരംഗബോര്‍ഡിനു മുന്നിലെത്തുമ്പോള്‍ ക്ഷീണം മറന്ന് തന്ത്രം മെനയാനും വിജയവഴിയില്‍ മുന്നേറാനുമുള്ള ശേഷിയും നൈപുണിയും ആവോളമുണ്ടെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞതാണ്. ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ ആനന്ദിന്റെ എതിരാളിയെ നിശ്ചയിക്കാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ വ്ളാദിമിര്‍ ക്രാംനിക്കിനെ പിന്തള്ളിയെത്തിയ കാള്‍സണ്‍ തുടര്‍ച്ചയായ ടൂര്‍ണമെന്റ് വിജയങ്ങളും റേറ്റിങ്ങിലെ മുന്നേറ്റവുംകൊണ്ട് നേരത്തെത്തന്നെ അര്‍ഹത തെളിയിച്ചതായിരുന്നു. എന്നാല്‍ ലണ്ടനില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ വിജയത്തിലൂടെ അതിന് ഔദ്യോഗിക മാനം നേടിയാണ് കാള്‍സണ്‍ ചെന്നൈയിലേക്ക് ടിക്കറ്റെടുത്തത്. 2012ല്‍ മോസ്കോയില്‍ ആനന്ദിന്റെ തുടര്‍ച്ചയായ നാലാം കിരീടനേട്ടത്തില്‍ കലാശിച്ച ചാമ്പ്യന്‍ഷിപ്പിന് എതിരാളിയെ നിശ്ചയിക്കാനുള്ള കാന്‍ഡിഡേറ്റ്സ് മത്സരത്തില്‍ യോഗ്യത നേടിയിട്ടും ചിലര്‍ക്ക് മുന്‍ഗണനയുള്ള നടപ്പുചട്ടങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് ലോക ചെസ്സംഘടനയ്ക്ക് സധൈര്യം കത്തു നല്‍കിയ താരമാണ് കാള്‍സണ്‍. കംപ്യൂട്ടറിന് പഠിക്കാന്‍ കഴിയാത്ത അന്തര്‍ജ്ഞാനമുള്ള തന്റെ പ്രിയശിഷ്യന് പുരാതനമായ ഈ കളിയെ മാറ്റിമറിക്കാന്‍ പോന്ന പ്രതിഭാശാലിത്വമുണ്ടെന്ന് കുറഞ്ഞകാലം കാള്‍സന്റെ പരിശീലകനായിരുന്ന ചെസ് ഇതിഹാസം ഗാരികാസ്പറോവ് പ്രവചിച്ചിരുന്നു. വിരസമായ സമനിലകളോട് പ്രതിപത്തിയില്ലാത്ത കാള്‍സന് സ്കൂളില്‍ പഠിക്കുമ്പോള്‍, നോര്‍വേയിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന സിമന്‍ അഗ്ദസ്റ്റീന്റെ ശിക്ഷണം ലഭിച്ചിരുന്നു. പിന്നീട് കാസ്പറോവിന്റെ വിദഗ്ധ നിരീക്ഷണത്തില്‍ കാള്‍സണിലെ ചെസ്പ്രതിഭ തേച്ചുമിനുക്കപ്പെട്ടു. എന്നാല്‍ ഇല്ലാത്ത വിജയം എത്തിപ്പിടിക്കാന്‍ ശ്രമിച്ച് കുഴപ്പത്തില്‍ ചാടുകയെന്ന ദൗര്‍ബല്യത്തില്‍നിന്ന് ഈ ചെറുപ്പക്കാരന്‍ മുക്തനായിട്ടില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കളിക്കളത്തിലും പുറത്തുമുള്ള ആക്രമണോത്സുകത ഒരു ചാമ്പ്യന് അവിഭാജ്യഘടകമാണെന്നു വിധിച്ചവരെ ചെറുപുഞ്ചിരികൊണ്ടും സമനിലതെറ്റാത്ത നീക്കങ്ങള്‍കൊണ്ടും നേരിടാന്‍ ആനന്ദിനുള്ള കഴിവിനെ ആര്‍ക്കും ചോദ്യംചെയ്യാവുന്നതല്ല. റഷ്യന്‍ ആധിപത്യത്തിനുശേഷം ചെസില്‍ മറ്റൊരു ലോകത്തിന്റെ സ്രഷ്ടാവുകൂടിയായ വിശ്വനാഥന്‍ ആനന്ദിനെ നേരിടുന്നത് എക്കാലത്തെയും വലിയ എലോ റേറ്റിങ് കൈവരിച്ച അത്ഭുതതാരമായ കാള്‍സണ്‍ ആണെന്നതുതന്നെ ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിന് സവിശേഷമായ പ്രാധാന്യമേറ്റുന്നു. പരിചയസമ്പത്താണ് ആനന്ദിന്റെ ബലമെങ്കില്‍ അവസാന നിമിഷംവരെ വിജയത്തിനായുള്ള ദാഹമാണ് കാള്‍സന്റെ മികവ്.

*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി കിളിവാതില്‍

Thursday, July 4, 2013

വരാനിരിക്കുന്നത് നെയ്മറുടെ നാളുകളോ...

കാല്‍പ്പന്തുകളിയുടെ ഇടവേളകളില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള ലക്ഷണമൊത്ത കളരി അഭ്യാസികളുടെ ഉന്നതശ്രേണിയിലേക്ക് ഉയര്‍ത്തപ്പെടാന്‍തക്കവിധം കഴിവും കരുത്തും സിദ്ധിയും ഉള്ള കളിക്കാരനാണോ നെയ്മര്‍ എന്ന ചോദ്യത്തിന് അതേ എന്ന ഉത്തരംതന്നെയാണ് നമുക്കു കിട്ടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോകഫുട്ബോളിനെ കാല്‍ക്കീഴിലാക്കി പടയോട്ടം നടത്തുന്ന സ്പാനിഷ് ഗോപുരം ബ്രസീലുകാര്‍ ഇടിച്ചുനിരത്തിയ ഭൂഖണ്ഡങ്ങളുടെ ചാമ്പ്യന്‍മാര്‍ മാറ്റുരച്ച കോണ്‍ഫെഡറേഷന്‍സ് കപ്പ് ടൂര്‍ണമെന്റിലെയും ഫൈനലിലെയും മികച്ച താരമെന്ന ഇരട്ടബഹുമതിക്ക് അര്‍ഹനായ നെയ്മറുടെ കളിയെ അതിവിശിഷ്ടമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന ഈ ബ്രസീലുകാരന്റെ സ്ഥാനം ലോകഫുട്ബോളില്‍ എവിടെയാണ്.

അല്ലെങ്കില്‍ ഈ ഇരുപത്തൊന്നുകാരന്‍ സമകാലിക ഫുട്ബോളില്‍ എന്താണ്? ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലും പഠനങ്ങളിലും വിശകലനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ ഫുട്ബോള്‍ പണ്ഡിറ്റുകളും വിദഗ്ധരും. നാലു ഗോളുകള്‍, അതാകട്ടെ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഓര്‍മകള്‍ക്ക് സുഖംപകരുന്ന മനോഹരമായ ഗോളുകള്‍. അവ നാലിലും മികവിന്റെ കയ്യൊപ്പും. ഇനിയങ്ങോട്ട് ലോകഫുട്ബോളില്‍ നെയ്മറുടെ കാലമായിരിക്കുമെന്നതിന്റെ സൂചനകളാണ് കോണ്‍ഫെഡറേഷന്‍സ് കപ്പ് നല്‍കുന്നത്. ലോകഫുട്ബോളിലെ മറ്റു പല സൂപ്പര്‍താരങ്ങളിലും കാണാത്ത ചില നല്ല ഗുണങ്ങളുണ്ട് ഈ ചെറുപ്പക്കാരനില്‍. താന്‍ വലിയ കളിക്കാരനാണെന്നും തന്നെക്കാള്‍ മികച്ചവരില്ലെന്നും വീമ്പുപറയുന്നവര്‍ക്കിടയില്‍ പുല്‍ത്തകിടിയില്‍ ഇനിയുമേറെ പഠിക്കാനുണ്ടെന്നും തെളിയിക്കാനുണ്ടെന്നും ഏറ്റുപറഞ്ഞ് ഈ സാവോപോളോക്കാരന്‍ വേറിട്ടുനില്‍ക്കുന്നു. നെയ്മറുടെ പ്രതിഭയുടെ സകല അടയാളങ്ങളുമുള്ള കളികളാണ് കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കണ്ടതെന്ന ബ്രസീലിയന്‍ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരിയുടെ നിരീക്ഷണത്തോട് വിയോജിക്കേണ്ടതില്ല. പെലെയുടെ ക്ലബ് എന്ന് ആഗോളതലത്തില്‍ ഖ്യാതിയുള്ള ബ്രസീലിലെ സാന്റോസില്‍നിന്ന് 5.4 കോടി യൂറോയ്ക്ക്, സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ചേക്കേറിയ നെയ്മറുടെ പദചലനങ്ങള്‍ നാലുതവണത്തെ ലോകഫുട്ബോളറായ ലയണല്‍ മെസിക്കൊപ്പം ചേര്‍ന്ന് ഫുട്ബോളിന്റെ വേറിട്ടൊരുതലവും തരംഗവും സൃഷ്ടിക്കാന്‍ പോവുകയാണെന്ന് ഫുട്ബോള്‍ലോകം പ്രതീക്ഷിക്കുന്നു. ഒരേ ഭൂഖണ്ഡത്തിലെ ബദ്ധവൈരികളായ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സൂപ്പര്‍താരങ്ങളുടെ സംഗമം അത്ര സുഖകരമായിരിക്കില്ലെന്ന് ബാഴ്സയുടെ മുന്‍ കോച്ചും ഹോളണ്ടിന്റെ ഇതിഹാസതാരവുമായ യോഹാന്‍ ക്രൈഫ് ചൂണ്ടിക്കാട്ടുന്നതില്‍ വാസ്തവമുണ്ടെങ്കിലും ഇല്ലെങ്കിലും മെസി-നെയ്മര്‍ സഖ്യം യാഥാര്‍ഥ്യമാവുകയാണ്. ഇരുവരും തമ്മില്‍ മികവിന്റെ കാര്യത്തില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകുമ്പോള്‍ അവരിരുവരുടെയും കഴിവുകള്‍ പതിന്മടങ്ങായി തേച്ചുമിനുക്കപ്പെടുമെന്നു നിരീക്ഷണവുമുണ്ട്.

ഗോള്‍ നേടാനും കൂട്ടുകാര്‍ക്ക് ഗോളിലേക്ക് സഹായമെത്തിക്കാനും മിടുക്കുള്ള രചനാത്മക ശൈലിക്ക് ഉടമയായ നെയ്മര്‍ മെസിയുമൊത്ത് മികച്ച രീതിയില്‍ ഒത്തിണങ്ങുമെന്നു വിലയിരുത്തുന്നവരാണേറെയും. മെസി, സാവി ഹെര്‍നാന്‍ഡസ്, ആന്ദ്രെ ഇനിയേസ്റ്റ എന്നീ ലോകോത്തര താരങ്ങള്‍ക്കൊപ്പം ബൂട്ടണിയാന്‍ കഴിയുന്നത് താന്‍ എന്നും സ്വപ്നംകണ്ടിരുന്നുവെന്ന് നെയ്മര്‍ പറയുന്നു. കളിക്കാരുടെ ഇടയിലൂടെ കയറി വിടവുണ്ടാക്കി കളിക്കുന്ന രീതിയല്ല നെയ്മറുടേത്. എന്നാല്‍, പരമ്പരാഗത സ്ട്രൈക്കറുടെ പുതിയ അവതാരമാണ് നെയ്മറെന്ന് കോണ്‍ഫെഡറേഷന്‍സ് കപ്പിലെ കളി കാട്ടിത്തരുന്നു. മെക്സിക്കോയ്ക്കെതിരെ നേടിയ ഗോളും ഇറ്റലിയുടെ നെറ്റിലാക്കിയ ഫ്രീകിക്ക് ഗോളും അതിന്റെ നിദര്‍ശനമാണ്. ലോകത്തിലെ ധനികരായ ഫുട്ബോളര്‍മാരില്‍ ഏഴാമനാണ് നെയ്മര്‍ എന്നതു വിശ്വസിക്കാന്‍ പ്രയാസമാണ്.

എന്നാല്‍, സമകാലിക ഫുട്ബോളിലെ ഏറ്റവും വിപണിമൂല്യമുള്ള കളിക്കാരനായി മാറിയ ഈ ചെറുപ്പക്കാരന്‍ രണ്ടുവര്‍ഷത്തിനകം സമ്പത്തില്‍ മെസിയെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും കടത്തിവെട്ടുമെന്നാണ് കണക്കുകൂട്ടല്‍. യൂവേഫ ചാമ്പ്യന്‍സ് ലീഗിനു തുല്യമായ ദക്ഷിണമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പായ കോപ ലിബര്‍ട്ടഡോറസില്‍ സാന്റോസിന്റെ വിജയശില്‍പ്പിയായ നെയ്മര്‍ ക്ലബ്ബിനുവേണ്ടി 150 ലേറെ ഗോള്‍ നേടുകയും ഒട്ടേറെ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി 37 കളിയില്‍ നെയ്മറിന്റെ ബൂട്ടില്‍നിന്ന് 24 ഗോളുകളുമായി. പന്തിനെ ശരീരത്തിലെ മറ്റൊരു അവയവമാക്കി വിളക്കിച്ചേര്‍ക്കാനുള്ള സിദ്ധി, തലച്ചോറിലുള്ള പന്തുകള്‍ കാലുകളിലേക്ക് ആവാഹിക്കാനുള്ള ബുദ്ധിവൈഭവം, അസാമാന്യ വേഗം, ഉന്നംപിഴയ്ക്കാത്ത ഷോട്ടുകള്‍, സാങ്കേതികത്തികവിലും ആസൂത്രണത്തിലും ചാലിച്ചെടുത്ത നീക്കങ്ങള്‍, പന്തിലേക്കും എതിര്‍ഗോള്‍മുഖത്തേക്കും മാത്രമായി മുനകൂര്‍പ്പിച്ച ചിന്തയും കര്‍മവും...

അങ്ങനെ ഒരാളെ മികച്ച ഫുട്ബോളറാക്കുന്ന എല്ലാ ഘടകങ്ങളും ഒന്നിനൊന്നു പാകത്തില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന സര്‍ഗധനനായ പന്താട്ടക്കാരനാണ് നെയ്മര്‍. പെലെയുടെയും മാറഡോണയുടെയുമെല്ലാം കളിയെ വിശിഷ്ടമാക്കുന്ന ചില അംശങ്ങളും നെയ്മറിലുമുണ്ട്. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഉയരക്കാരായ ഇറ്റാലിയന്‍ പ്രതിരോധക്കോട്ടയുടെ മുകളിലൂടെ നെയ്മര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ആര്‍ക്കാണ് മറക്കാന്‍കഴിയുക. 2014 ലോകകപ്പില്‍ ബ്രസീലിന്റെ പ്രതീക്ഷകളുടെ കുന്തമുനയാണ് ഈ ഇരുപത്തൊന്നുകാരന്‍. ബ്രസീലുകാര്‍ മാത്രമല്ല, ലോകം മുഴുവന്‍ നെയ്മറുടെ കളി കാണാന്‍ കാത്തിരിക്കുന്ന നാളുകളാണ് വരുന്നത്.

*
എ എന്‍ രവീന്ദ്രദാസ്

Thursday, June 20, 2013

"ബാറ്റിഗോളി"ലേക്ക് തൊടുക്കുന്ന മെസിഡോണ

ആരാണ് മെസി എന്ന ചോദ്യത്തിന് വീണ്ടും ഉത്തരം കിട്ടിക്കൊണ്ടിരിക്കുകയാണ്. ബാഴ്സലോണയുടെ കളിമുറ്റമുള്‍പ്പെടെ ഫുട്ബോളിന്റെ കളിമേടുകളിലെല്ലാം പ്രഭചൊരിയുന്ന ലയണല്‍ ആന്ദ്രേസ് മെസി ഇപ്പോള്‍ ജന്മനാടായ അര്‍ജന്റീനയിലും ആവേശം നിറയ്ക്കുകയാണ്. 2012ല്‍ ദേശീയ ടീമിലെ മത്സരങ്ങളില്‍ 12 ഗോള്‍ നേടി പുതിയൊരു ചരിത്രമെഴുതിയ മെസി ഈ മാസം 14ന് നടന്ന സൗഹൃദപോരാട്ടത്തില്‍ ഗ്വാട്ടിമാലയ്ക്കെതിരെ മൂന്നു ഗോളടിച്ച് നാട്ടുകാരനായ ഇതിഹാസതാരം ദ്യേഗോ മാറഡോണയെയും മറികടന്നിരിക്കുന്നു. ഗ്വാട്ടിമാലയുടെ നെറ്റിലിട്ട ഹാട്രിക്കോടെ 35 ഗോളുകളിലെത്തിയ മെസി മാറഡോണയെക്കാള്‍ ഒരു രാജ്യാന്തരഗോള്‍ കൂടുതല്‍ അടിച്ചു. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരില്‍ രണ്ടാമനായ ഹെര്‍നാന്‍ ക്രെസ്പോയുമായി മെസി തുല്യനിലയിലാണിപ്പോള്‍.

നാളുകള്‍ ഏറെ ബാക്കിയിരിക്കെ അര്‍ജന്റീനയുടെ സര്‍വകാല ഗോള്‍വേട്ടക്കാരനാകും മെസി എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍, അര്‍ജന്റീനയുടെ എക്കാലത്തെയും മുന്തിയ ഗോളടിക്കാരന്‍ എന്ന ബഹുമതി 78 കളികളില്‍ 56 ഗോള്‍ കണ്ടെത്തിയ "ബാറ്റിഗോള്‍" എന്നു വിളിപ്പേരുള്ള ഗബ്രിയേല്‍ ബാറ്റിസ് സ്റ്റ്യൂട്ടയ്ക്കാണ്. കഴിഞ്ഞവര്‍ഷം 12 ഗോളടിച്ചപ്പോള്‍ മെസി ഒരുവര്‍ഷം രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡില്‍ ബാറ്റിസ് സ്റ്റ്യൂട്ടയ്ക്ക് ഒപ്പമെത്തി. അതേസമയം, ബാറ്റിഗോളിന്റെ അര്‍ജന്റീന്‍ റെക്കോഡിലേക്കെത്താന്‍ ഇരുപത്താറുകാരനായ മെസിക്ക് ഇനിയുമേറെ പോകാനുണ്ട്. മെസിയെ സംബന്ധിച്ചിടത്തോളം ഇതൊരു പരിഹാരക്രിയയാണ്. 2009 മാര്‍ച്ചിനും 2011 ഒക്ടോബറിനും ഇടയില്‍ അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ച 16 മത്സരങ്ങളില്‍ ഒറ്റത്തവണപോലും തന്റെ സ്കോറിങ് പാടവത്തിന് ഫലപ്രാപ്തിയേകാന്‍ ഈ ലോകതാരത്തിനു കഴിഞ്ഞിരുന്നില്ല. അര്‍ജന്റീനയില്‍ അത് രൂക്ഷവിമര്‍ശത്തിന് ഇടയാക്കി. മെസിക്ക് ദേശസ്നേഹമില്ലെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് 2012ല്‍ നല്‍കിയത്.

അത് പൂര്‍വാധികം ശോഭയോടെയും ആധികാരികതയോടെയും മെസി നടപ്പുവര്‍ഷത്തിലും തുടരുന്നു. എല്ലാ റെക്കോഡും ഭേദിക്കാന്‍ ശേഷിയുള്ളവനാണ് മെസിയെന്ന് കോച്ച് അലജാന്ദ്രൊ സബെയ്യ പ്രവാചകദൃഷ്ടിയോടെ പറയുന്നു. കളത്തിലെ കുഞ്ഞനെങ്കിലും ശാരീരിക കരുത്തിലും സാങ്കേതികവൈദഗ്ധ്യത്തിലും ഭാവനാപൂര്‍ണമായി കളി മെനയുന്നതിലും ചിന്താശേഷിയിലും മെസി മറ്റാരെക്കാള്‍ മുന്നിലാണ്. ഒരു ഉത്തമ ഫുട്ബോള്‍ കളിക്കാരനു വേണ്ട അതിവിശിഷ്ടമായ ഗുണങ്ങളെല്ലാം ചേരുംപടി ചേര്‍ക്കപ്പെട്ട ഈ അസാധാരണ പ്രതിഭയ്ക്ക് ഇനിയുമിനിയും വിസ്മയങ്ങള്‍ കാഴ്ചവയ്ക്കാനാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുപ്പത്തിനാലു ഗോളുകളിലെത്താന്‍ മാറഡോണയ്ക്ക് 91 മത്സരം കളിക്കേണ്ടിവന്നപ്പോള്‍ 82 കളികളിലാണ് മെസിയുടെ 35 ഗോള്‍. എന്നാല്‍, ക്രെസ്പോയാകട്ടെ 64 കളികളില്‍ 35ല്‍ എത്തി. ആരാണ് മെസി എന്ന് ബോധ്യപ്പെട്ടുകഴിഞ്ഞ ലോകം ഇപ്പോള്‍ അന്വേഷിക്കുന്നത് എന്താണ് മെസി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.

സാങ്കേതികവും ശാസ്ത്രീയവും മാനസികവുമായ ഘടകങ്ങള്‍ മെസിയുടെ കുതിപ്പിനു കരുത്താവുന്നുണ്ടെന്നാണ് സൂക്ഷ്മ വിശകലനത്തില്‍ തെളിയുന്നത്. ഇത്രയും ചെറിയൊരു താരത്തിന് കാവല്‍നിരകളെ എങ്ങനെ ഒന്നൊന്നായി വെട്ടിച്ചുകയറാന്‍ കഴിയുന്നു? ഉയരക്കുറവുണ്ടെങ്കിലും എതിരാളികളെ പിന്നിലാക്കി മുന്നേറാനും വിപല്‍മേഖലയിലേക്ക് മിന്നല്‍നീക്കങ്ങള്‍ നടത്താനും വേഗവും കരുത്തുമുള്ള കാലുകള്‍തന്നെയാണ് മെസിക്കു തുണയാവുന്നത്. തൊണ്ണൂറുകളിലെ ആവേശമായിരുന്ന മാറഡോണ കളിക്കുമ്പോള്‍ ലോകത്തിന്റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങിയിരുന്നു. മെസിയുടെ കളി മാറഡോണയുടെ മാസ്മരിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും ഓര്‍മയിലെത്തിക്കുന്നു. മധ്യനിരയില്‍നിന്ന് ചുറുചുറുക്കോടെ, ദിശകളില്‍നിന്ന് ദിശകളിലേക്ക് മാറിമാറി പന്തു തട്ടുകയും ഊളിയിട്ടിറങ്ങുകയും പ്രതിരോധനിരകളെ ആശയക്കുഴപ്പത്തിലാക്കി കൃത്യതയോടെ ലക്ഷ്യത്തിലേക്ക് മുന്നേറ്റം നടത്തുകയും ചെയ്യുന്ന മെസിക്കു ചേരുന്നത് "മെസിഡോണ" എന്ന വിശേഷണംതന്നെ.

മെസിയുടെ ദൂരം പാതിപോലും എത്തിയിട്ടില്ല. ഇപ്പോള്‍തന്നെ ഫുട്ബോള്‍ ലോകത്തിന്റെ ചിന്തയ്ക്കും അപ്പുറമാണ് നാലുതവണ ലോകഫുട്ബോളര്‍ പുരസ്കാരത്തിന് അര്‍ഹനായ ഈ പ്രതിഭയുടെ നേട്ടങ്ങള്‍. ഇറ്റലിയില്‍ ജനിച്ച് അര്‍ജന്റീനയില്‍ കുടിയേറി സ്പെയ്നില്‍ സ്ഥിരതാമസമാക്കിയ മെസിയുടെ വലുപ്പം ആ മൂന്നു രാജ്യങ്ങളും കടന്ന് ലോകത്തിന്റെ സകല ഇടങ്ങളിലേക്കും പടര്‍ന്നുകഴിഞ്ഞു. മികച്ച താരങ്ങള്‍പോലും ഏഴോ എട്ടോ വര്‍ഷംകൊണ്ടു നേടുന്നതാണ് മെസി ഒറ്റസീസണില്‍ അടിച്ചുകൂട്ടുന്നത്. പക്ഷേ, ലോക ഫുട്ബോള്‍ചരിത്രത്തില്‍ സ്വന്തമായൊരു ഇടവും കാലഘട്ടവും എഴുതിച്ചേര്‍ക്കാന്‍ മെസിക്ക് ഇതു മാത്രം പോര. ലോകകപ്പുകൂടി നേടിയാലേ മെസി മഹാരഥന്മാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടൂ. 2014 ബ്രസീല്‍ ലോകകപ്പില്‍ അതിനായി കാത്തിരിക്കാം.

*
എ എന്‍ രവീന്ദ്രദാസ

Thursday, June 13, 2013

പാടിത്തീരാത്ത ഭാവഗീതമായി ഫോ...

2003 ജൂണ്‍ 26. മാര്‍ക് വിവിയന്‍ ഫോ എന്ന കാമറൂണ്‍ താരം കളിക്കിടയിലെ തന്റെ മരണത്തിലൂടെ സ്വയം അനശ്വരനായതിനൊപ്പം കോണ്‍ഫെഡറേഷന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനും ചരിത്രത്തില്‍ ഇടംനല്‍കിയിട്ട് 26ന് 10 വര്‍ഷം തികയുകയാണ്. അതിനു 10 നാള്‍ മുമ്പേ ബ്രസീലില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഏറ്റവും പുതിയ പതിപ്പിന് പന്തുരുളുകയുമാണ്.

പാടിത്തീരാത്ത ഭാവഗീതംപോലെ കളത്തില്‍ ഒരു കളിക്കാരന്റെ ജീവന്‍ അകാലത്തില്‍ വേരറ്റുപോകുമ്പോള്‍ ഫുട്ബോളിന്റെ ഭൂമികയില്‍ അതിനു തുല്യമായ ദുരന്തങ്ങളില്ല. 2003ല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കൊളംബിയയുമായുള്ള സെമി കളിക്കിടെ കുഴഞ്ഞുവീണായിരുന്നു ഇരുപത്തെട്ടുകാരനായ കാമറൂണിന്റെ ലോകകപ്പ്താരം ഫോ മരിച്ചത്. കളംനിറഞ്ഞു കളിക്കുന്നതിനിടയില്‍ സഹതാരത്തിന്റെ ജീവന്‍ ഒടുങ്ങിയതറിയാതെ വീണ്ടും എതിര്‍ പകുതിയിലേക്ക് പടയോട്ടം നടത്തുകയായിരുന്നു കാമറൂണിന്റെ സിംഹക്കുട്ടികള്‍. കാമറൂണ്‍ ഒരു ഗോള്‍ ജയത്തോടെ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലില്‍ ഇടംപിടിച്ചതിനു പിന്നാലെ സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി അവര്‍ മടങ്ങി. വിജയാരവങ്ങള്‍ ഫോയുടെ വിയോഗവാര്‍ത്തയില്‍ കണ്ണീരണിയുമ്പോള്‍ ലിയോണിലെ മൈതാനത്ത് അടങ്ങാത്ത തേങ്ങലുകളുയര്‍ന്നു. മത്സരത്തിന്റെ 72-ാം മിനിറ്റില്‍ മധ്യനിരയില്‍നിന്ന് ഒറ്റയ്ക്ക് പന്തുമായി കുതിക്കുന്നതിനിടയില്‍ മാര്‍ക് വിവിയന്‍ ഫോ എന്ന പോരാളി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുമിനിറ്റിനകം സ്റ്റേഡിയത്തിലെ പ്രഥമശുശ്രൂഷാ കേന്ദ്രത്തിലേക്കു മാറ്റിയ ഫോയുടെ ഹൃദയമിടിപ്പ് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമം ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും മുക്കാല്‍മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പ്രാര്‍ഥനാനിര്‍ഭരമായ ആരാധകരുടെ പ്രതീക്ഷകളെ ഊതിക്കെടുത്തി ഫോ ജീവിതത്തിന്റെ കളത്തില്‍നിന്ന് തിരിച്ചുവരാനാവാത്ത ലോകത്തേക്ക് യാത്രയായി.

മറ്റാരെയും മരണം ഇത്ര ബഹുമാനത്തോടെ വേട്ടയാടിയിട്ടില്ല. മാര്‍ക് വിവിയന്‍ ഫോ എക്കാലവും ഓര്‍മിക്കപ്പെടുന്നത് ഈ മഹത്തായ മരണംകൊണ്ടാവും. ഫോയുടെ നിശ്വാസങ്ങള്‍ ഫുട്ബോള്‍ ഉള്ളകാലത്തോളം ഈ ഭൂമിയില്‍ നിലനില്‍ക്കും. കാമറൂണിനെ ചരിത്രത്തിലാദ്യമായി കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലിലേക്ക് ആനയിച്ച മധ്യനിരക്കാരന്‍ ഫോയുടെ വിടവാങ്ങല്‍ കായികലോകത്ത് അത്യപൂര്‍വമായ സംഭവങ്ങളിലൊന്നാണ്. ഒരു ഫിഫ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ അതുപോലെ ദുരന്തമരണം ആദ്യ സംഭവമായി. മാര്‍ക് വിവിയന്‍ ഫോ 62 തവണയാണ് കാമറൂണിനുവേണ്ടി കളത്തിലിറങ്ങിയത്. 2002ലെ ഫ്രഞ്ച്കിരീടം ലിയോണ്‍ ക്ലബ്ബിന് നേടിക്കൊടുക്കുന്നതില്‍ മുഖ്യ സംഭാവന നല്‍കിയ ഈ താരം അതേവര്‍ഷം ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പില്‍ കാമറൂണിനുവേണ്ടി ആദ്യ റൗണ്ടിലെ മത്സരങ്ങള്‍ കളിച്ചു. ഇതേക്കാളുപരി സ്വന്തം രാജ്യത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ജേതാക്കളാക്കാന്‍ ഫോ നടത്തിയ പോരാട്ടമാണ് അദ്ദേഹത്തെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. "സൗമ്യനായ സിംഹം" അതായിരുന്നു കൂട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും മാര്‍ക് വിവിയന്‍ ഫോ. ഇതിലും സൗമ്യമായ ഒരു വ്യക്തിയെ ഫുട്ബോള്‍ കളത്തില്‍ കണ്ടിട്ടുണ്ടാവില്ല.

വെസ്റ്റ് ഹാമിലൂടെ ഫോയെ ഇംഗ്ലീഷ് ഫുട്ബോളില്‍ എത്തിച്ച ഹാരി റെഡ്നാപ്പ് നിറകണ്ണുകളോടെയായിരുന്നു അങ്ങനെ പറഞ്ഞത്. കളത്തില്‍ അദ്ദേഹം വീറുറ്റ പോരാളിയായിരുന്നു. പക്ഷേ, തീര്‍ത്തും നിരുപദ്രവകാരിയും. കളിക്കളത്തില്‍ മാത്രമേ ഫോയ്ക്ക് എതിരാളികളുണ്ടായിരുന്നുള്ളു. അതിനു പുറത്ത് എല്ലാവരും സുഹൃത്തുക്കള്‍. ഫോയ്ക്ക് ഫുട്ബോള്‍ മാത്രമേ അറിയുമായിരുന്നുള്ളു. അതുകൊണ്ടവന്‍ ജീവിതത്തെയും മരണത്തെയും നേരിട്ടു. വെല്ലുവിളിച്ചു. കളിക്കളങ്ങള്‍ക്കുണ്ടോ കണ്ണീര്‍. സ്വന്തം ജീവന്‍ ഫുട്ബോള്‍ കളത്തില്‍ കൈവിട്ട് യാത്രയായ ഫോയെ എങ്ങനെ മറക്കാന്‍. കളിപ്പെരുമകൊണ്ട് ലോകത്ത് എല്ലാവരാലും ഓര്‍മിക്കപ്പെടാന്‍ ഫോയ്ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ ഈ ജീവത്യാഗംകൊണ്ട് ഫുട്ബോളിന്റെ ചരിത്രത്തില്‍ മായാതെ ഈ താരം നില്‍ക്കും. ഫോയുടെ ഓര്‍മകളുമായി വീണ്ടുമൊരു കോണ്‍ഫെഡറേഷന്‍ കപ്പ്. ആ ഓര്‍മകള്‍ക്കു കുളിരേകാന്‍ വീണ്ടുമൊരു ജൂണ്‍...

*
എ എന്‍ രവീന്ദ്രദാസ്

Tuesday, March 5, 2013

ബാക്കിനില്‍ക്കുന്നത് ആശങ്കകള്‍ മാത്രം

(ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ച് ദേശാഭിമാനി മുന്‍ സ്പോര്‍ട്സ് എഡിറ്റര്‍ എ എന്‍ രവീന്ദ്രദാസിന്റെ വിശകലനം)

ഒരു സന്തോഷ്ട്രോഫികൂടി കൊടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ബാക്കിയാകുന്നത് ആശങ്കകളും ഉത്ക്കണ്ഠകളും മാത്രം. നമ്മുടെ ഫുട്ബോള്‍ സങ്കല്‍പ്പങ്ങളിലേക്ക് പുതുതായി ഒന്നും സംഭാവന ചെയ്യാതെയും പരിഷ്കൃതമായ കേളീശൈലി നല്‍കാതെയും പഴയ സങ്കേതങ്ങളില്‍ തട്ടിമുട്ടി നീങ്ങുന്ന ഇന്ത്യന്‍ ഫുട്ബോളിന്റെ അന്ത്യശ്വാസം വലിക്കുന്ന ശരീരംതന്നെയാണ് ഇവിടെയും പ്രദര്‍ശനത്തിനുവച്ചത്. 60കളിലും 70കളിലും 80കളിലും ദക്ഷിണകൊറിയയെയും ജപ്പാനെയുംവരെ തോല്‍പ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ സംഭാവനചെയ്തിരുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പായിരുന്നു സന്തോഷ് ട്രോഫി. 51ലും 62ലും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരായ, 56ലെയും 60ലെയും ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ സംഭാവനചെയ്ത ചാമ്പ്യന്‍ഷിപ്പും മറ്റൊന്നല്ല. ഒ ചന്ദ്രശേഖരനും അബ്ദുര്‍റഹ്മാനും ചുനി ഗോസ്വാമിയും മേവലാലും ഇന്ദര്‍സിങ്ങും ഭൗമിക്കും മനോരഞ്ജന്‍ ഭട്ടാചാര്യയും സത്യനും ഷറഫലിയും ഐ എം വിജയനുമൊക്കെ ഇന്ത്യന്‍ ടീമിലേക്ക് നടന്നുകയറിയത് സന്തോഷ് ട്രോഫിയിലും മറ്റ് ആഭ്യന്തര ടൂര്‍ണമെന്റുകളിലും കാഴ്ചവച്ച പ്രകടനങ്ങളിലൂടെയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഐ ലീഗ് എന്ന സൂപ്പര്‍ ഫുട്ബോളിനു താഴെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സന്തോഷ് ട്രോഫിയില്‍നിന്ന് കിടയറ്റ കളിക്കാരോ പ്രശസ്തരായ താരങ്ങളോ കടന്നുവരുന്നില്ല. ഈ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ത്തന്നെ വിവിധ ടീമുകളുടെ നിലവാരം അളക്കുകയാണെങ്കില്‍ ഭേദപ്പെട്ടതെന്നു പറയാന്‍ പഞ്ചാബും സര്‍വീസസും മഹാരാഷ്ട്രയും പിന്നെ കേരളവും മാത്രമാണുള്ളത്. ഇതില്‍ത്തന്നെ ഏതെങ്കിലും തരത്തില്‍ പരിഷ്കൃതമായ ആശയങ്ങള്‍ കാഴ്ചവച്ചത് പഞ്ചാബും മഹാരാഷ്ട്രയും മാത്രം. ഫൈനലില്‍ ജയിച്ച സര്‍വീസ് തന്ത്രത്തിലോ കേളീമികവിലോ എതിരാളികളായ കേരളത്തേക്കാള്‍ മുന്നിലായിരുന്നു എന്നു പറഞ്ഞുകൂട. പക്ഷെ, ഗെയിംപ്ലാന്‍ ടൂര്‍ണമെന്റിലുടനീളം നടപ്പാക്കാനും ആസൂത്രണമികവും ആശയഭദ്രതയും പ്രകടിപ്പിക്കാനും കഴിഞ്ഞതുകൊണ്ടാണ് സുശക്തരായ പഞ്ചാബിനെയും ഫൈനലില്‍ കേരളത്തെയും മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. പട്ടാളടീമുകള്‍ക്ക് ലഭിക്കുന്ന അടിസ്ഥാനസൗകര്യങ്ങളുടെയും അനുഭവസമ്പത്തിന്റെയും കണക്കെടുപ്പില്‍ സര്‍വീസസ് മുന്നില്‍ത്തന്നെയാണ്.

കേരളത്തിന്റെ തോല്‍വിക്ക് കോച്ചിനെയോ കളിക്കാരെയോ ബലിയാടാക്കിയിട്ട് കാര്യമില്ല. ഇന്ന് സാര്‍വത്രികമായി നടപ്പിലുള്ള 4-4-2 സമ്പ്രദായത്തില്‍ത്തന്നെയാണ് കേരളം കളിച്ചത്. എന്നാല്‍, വിങ്ങുകള്‍ക്ക് ഏറ്റവുമധികം ഫലപ്രാപ്തി നല്‍കുന്ന ഈ വ്യൂഹസംവിധാനത്തില്‍ ഓരോ പൊസിഷനിലും അനുയോജ്യരായ, വാസനാസമ്പന്നരായ കളിക്കാരെ അണിനിരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഫലം ദുരന്തമായിരിക്കും. കേരളത്തിന്റെ തോല്‍വി ഇതിന് ഉദാഹരണമാണ്. കളിക്കാരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ പ്രതിഭയുള്ളവരാണെങ്കിലും കോച്ചിന്റെ തന്ത്രങ്ങള്‍ കളത്തില്‍ നടപ്പാക്കാനുള്ള ശേഷിയും കൂട്ടായ്മയും പരസ്പരധാരണയും നന്നേ കുറവാണെന്ന് ക്വാര്‍ട്ടര്‍ ലീഗ് മുതല്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളില്‍ കേരളം തെളിയിച്ചു. സെമിയില്‍ മഹാരാഷ്ട്രയെ കഷ്ടിച്ചു മറികടന്നപ്പോള്‍ കണ്ട ന്യൂനതകള്‍ തിരുത്താനോ പുതിയ തന്ത്രങ്ങള്‍ ഫൈനലില്‍ ആവിഷ്കരിക്കാനോ കേരളത്തിനു കഴിഞ്ഞില്ല.

കേരളത്തില്‍ ക്ലബ്ബുകള്‍ നാമമാത്രമാവുകയും ടൂര്‍ണമെന്റുകള്‍ കുറ്റിയറ്റുപോവുകയും ചെയ്തതോടെ സന്തോഷ് ട്രോഫിക്ക് ടീമിനെ ഒരുക്കുന്നത് മാത്രമായി നമ്മുടെ ഫുട്ബോള്‍ പ്രവര്‍ത്തനം. മുമ്പ് ദേശീയടീമുകളിലേക്കുള്ള ചവിട്ടുപടിയായാണ് ഓരോ സന്തോഷ് ട്രോഫി പതിപ്പുകളെയും താരങ്ങള്‍ കണ്ടിരുന്നത്. അവിടെ മാറ്റുതെളിയിക്കാന്‍ എത്ര വിയര്‍പ്പൊഴുക്കാനും അവര്‍ തയ്യാറായിരുന്നു. ക്ലബ്ബുകളും ടൂര്‍ണമെന്റുകളും അതിന്റെ സുവര്‍ണകാലങ്ങളിലായിരുന്നപ്പോള്‍ അവസരങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 1981ല്‍ രൂപീകരിച്ച പൊലീസ് ടീമിനെ കേന്ദ്രബിന്ദുവാക്കി കേരളം 1987ലെ ദേശീയഗെയിംസിലും 89ലെയും 90ലെയും ഫെഡറേഷന്‍ കപ്പിലും 92ലെയും 93ലെയും സന്തോഷ് ട്രോഫിയിലും നേടിയെടുത്ത കിരീടങ്ങള്‍. പക്ഷേ, പിന്നീട് ഇതിന്റെ തുടര്‍ച്ചയുണ്ടായില്ല. മുമ്പ് പ്രീമിയര്‍ ടയേഴ്സും എഫ്എസിടിയും പിന്നീട് കേരള പൊലീസും എഫ്സി കൊച്ചിനും എസ്ബിടിയുംപോലുള്ള ക്ലബ്ബുകളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് നാം അഞ്ചുതവണ സന്തോഷ് ട്രോഫി നേടിയത്.

ഫുട്ബോളിലെ അടിസ്ഥാനസൗകര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളം. ചരിത്രത്തിലാദ്യമായി സുബ്രതോ കപ്പിന്റെ ഫൈനലിലെത്തിയ മലപ്പുറം എംഎസ്പി സ്കൂള്‍ ടീമിന്റെ നേട്ടം പ്രചോദനമാക്കി പുതിയ തലമുറയില്‍ ഫുട്ബോള്‍ അവബോധം സൃഷ്ടിക്കാനും വളര്‍ത്തിയെടുക്കാനുമുള്ള സുവര്‍ണാവസരംപോലും കെഎഫ്എ മുതലാക്കിയില്ല. വിഷന്‍ കേരളയും ഗോള്‍പദ്ധതിയുംപോലെയുള്ള ഫിഫ സഹായസംരംഭങ്ങളെ ഇന്ത്യയില്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും പരാജയപ്പെട്ടു. സെപ്റ്റ്പോലുള്ള കോഴിക്കോട്ടെ സ്വകാര്യ ഫുട്ബോള്‍ സംരംഭകര്‍ കേരളത്തിലെ മറ്റു കേന്ദ്രങ്ങളിലുമുണ്ടെങ്കിലും അവയോടും കെഎഫ്എയ്ക്ക് അവഗണനാമനോഭാവമാണ്. 39 സെവന്‍സ് ടൂര്‍ണമെന്റുകള്‍ അരങ്ങേറുന്ന മലപ്പുറത്തെ ഫുട്ബോള്‍ ആവേശത്തില്‍ കത്തിവയ്ക്കുകയും ആ ടൂര്‍ണമെന്റുകളില്‍ കളിച്ച പഴയ കളിക്കാര്‍ക്കെതിരെ നടപടിയെടുക്കാനും നിയമക്കുരുക്കുകള്‍ സൃഷ്ടിക്കാനും കെഎഫ്എ കാട്ടുന്ന താല്‍പ്പര്യം ലേശം നേരമ്പോക്കിന് വകയുള്ളതാണ്.

മുന്‍ താരങ്ങളെയൊന്നും നാലയലത്ത് അടുപ്പിക്കാതെ വര്‍ഷങ്ങളായി കേരള ഫുട്ബോള്‍ കയ്യാളിവരുന്നത് ഒരു കൂട്ടരാണ്. കളിയില്‍ പ്രൊഫഷണലിസം ഇല്ലെന്നു പറയുകയും കോച്ചിനെയും താരങ്ങളെയും പഴിചാരുകയും ചെയ്യുന്ന ഫുട്ബോള്‍ അധികൃതര്‍ ആദ്യം പ്രൊഫഷണലിസം കൊണ്ടുവരേണ്ടത് സംഘടനാനടത്തിപ്പിലും പ്രവര്‍ത്തനങ്ങളിലുമാണ്. ദേശീയലീഗില്‍ മേല്‍വിലാസം നഷ്ടപ്പെട്ടുപോയ കേരളത്തില്‍ ശക്തമായ ഒരു പ്രൊഫഷണല്‍ ക്ലബ്ബിനെ വാര്‍ത്തെടുക്കാന്‍വേണ്ട സഹായവും പിന്തുണയും നല്‍കേണ്ട കെഎഫ്എ ഫുട്ബോളിന്റെ അധോഗതിയെക്കുറിച്ച് വിലപിക്കുകയും നിസ്സംഗരായിരിക്കുകയുംചെയ്യുന്നതില്‍ എന്തര്‍ഥമാണുള്ളത്. ഇപ്പോഴും 1973ലെയും മറ്റും ടീമുകളുടെ സന്തോഷ് ട്രോഫി വിജയത്തിന്റെ പേരില്‍ മേനിനടിക്കുന്ന കേരളം ദേശീയതലത്തില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്.

*
ദേശാഭിമാനി 05 മാര്‍ച്ച് 2013

Monday, December 24, 2012

അതിര്‍ത്തികള്‍ക്ക് ഇനി വിശ്രമിക്കാം

ആകാശ നീലയില്‍ ജ്വലിച്ചുനിന്ന കാഴ്ചയ്ക്ക് പേരായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇനി ക്രിക്കറ്റിലെ കടുംചായക്കൂട്ടുകളില്‍ സച്ചിനില്ല. കാല്‍നൂറ്റാണ്ടിനടുത്ത് നില്‍ക്കുന്ന ഏകദിന കരിയറിന് വിട. ഒടുവില്‍ സച്ചിനില്ലാത്ത ഒരു ക്രിക്കറ്റ് ലോകം.... ""എന്നെ പിന്തുണച്ചവര്‍ക്കും സ്നേഹിച്ചവര്‍ക്കും നന്ദി, വരാനിരിക്കുന്നത് 2015 ലോകകപ്പാണ്. അതിനുള്ള തയ്യാറെടുപ്പുകള്‍ ടീം തുടങ്ങേണ്ടിയിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും""- ടീമിനുവേണ്ടിമാത്രം കളിക്കുകയും പ്രയത്നിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇങ്ങനെയെ തന്റെ വിരമിക്കല്‍ വേളയില്‍ പറയാനാകുകയുള്ളൂ.

ഐസ്ബാഗ് പുറകില്‍ കെട്ടിയും 39-ാം വയസ്സിലും മണിക്കൂറുകളോം പരിശീലനത്തിന് ചെലവഴിച്ചും വിസ്മയിപ്പിച്ച സച്ചിന്. കളി തുടങ്ങിയ പാകിസ്ഥാനെതിരെതന്നെ കളിച്ചാണ് സച്ചിന്‍ഏകദിന കളത്തില്‍നിന്ന് മറയുന്നത്. വേണമെങ്കില്‍ പാകിസ്ഥാനെതിരെ ഒന്നുകൂടി കളിക്കാമായിരുന്നു. സൗരവ് ഗാംഗുലി പറഞ്ഞതുപോലെ, സച്ചിനോട് അരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. വിവിയന്‍ റിച്ചാര്‍ഡ്സിന്റെ വാക്കുകളില്‍ സച്ചിനോട് കളിനിര്‍ത്താന്‍ പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്നിട്ടും അദ്ദേഹം കളിനിര്‍ത്തി. ഇന്ത്യയുടെ ക്രിക്കറ്റ് മുഖമാണ് സച്ചിന്‍. കുറിയ ശരീരത്തില്‍ നിറയെ റണ്ണൊളിപ്പിച്ചുവച്ച മഹാമേരു. ഏകദിനത്തില്‍ സച്ചിനെ കടന്നല്ലാതെ ഇനി ഒരു റെക്കോഡും പിറക്കില്ല. അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല സച്ചിന്റെ ഏകദിന കരിയര്‍ തുടക്കം. ആദ്യമത്സരം 16-ാം വയസ്സില്‍ പാകിസ്ഥാനെതിരെ 1989 ഡിസംബര്‍ 18ന്. ഗുജ്റന്‍വാലയില്‍ വസീം അക്രമും ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസുമൊക്കെ ആ കൗമാരക്കാരനെ വേഗതകൊണ്ട്, സ്വിങ്കൊണ്ട് കീഴ്പ്പെടുത്തി. തൊട്ടുമുമ്പ് സിയാല്‍ക്കോട്ടില്‍ നടന്ന ടെസ്റ്റില്‍ ബൗണ്‍സര്‍കൊണ്ട് തന്റെ മൂക്ക് ചതച്ച വഖാറാണ് സച്ചിനെ കൂടുതല്‍ വിഷമിപ്പിച്ചത്. 16 ഓവര്‍ ആയി ചുരുക്കിയ ആ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ സച്ചിന് രണ്ടു പന്തിന്റെ ആയുസേ ഉണ്ടായുള്ളൂ. റണ്ണൊന്നുമെടുക്കാതെ വഖാറിന്റെ പന്തില്‍ പുറത്ത്. ഒമ്പതു മത്സരംവരെ കാത്തിരിക്കേണ്ടിവന്നു ആദ്യ അരസെഞ്ചുറിക്ക്. ആദ്യമായി ഓപ്പണറായി ഇറങ്ങിയ മത്സരം. ഓക്ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ. ഇന്നത്തെ ട്വന്റി-20യെക്കാള്‍ വിസ്ഫോടനമായിരുന്നു അത്. 49 പന്തില്‍ 82 റണ്‍!.

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതിനുപിന്നില്‍ സച്ചിന്‍തന്നെ പറഞ്ഞ ഒരു അനുഭവമുണ്ട്. ""ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനോടും കോച്ച് അജിത് വഡേക്കറോടും ഞാന്‍ അപേക്ഷിച്ചു. ഒരു അവസരം എനിക്കു തരൂ, ആദ്യ 15 ഓവര്‍ അടിച്ചുനിരപ്പാക്കാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അത് കളത്തില്‍ തെളിയിക്കും. ഇതില്‍ തോറ്റാല്‍ ഒരിക്കലും ഞാന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വരില്ല""- ഓക്ലാന്‍ഡിലെ ആ ഇന്നിങ്സ്കൊണ്ട് സച്ചിന്‍ തെളിയിച്ചു, വെറുതെ ഒന്നും പറയാറില്ലെന്ന്. വാക്കിനപ്പുറം ബാറ്റുകൊണ്ടാണ് തന്റെ മറുപടിയെന്ന്. എന്നാലും ഏകദിനത്തിലെ കന്നിസെഞ്ചുറിക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു. 79-ാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അത് പിറന്നു. 110 റണ്‍. 1994 സെപ്തംബര്‍ ഒമ്പതിന്. അപ്പോഴേക്കും ടെസ്റ്റില്‍ ഏഴു സെഞ്ചുറികള്‍ ഈ മുംബൈക്കാരന്‍ അടിച്ചുകൂട്ടി. തുടര്‍ന്നുള്ളത്, വില്ലോത്തടിയില്‍നിന്ന് റണ്ണിന്റെ കുത്തൊഴുക്കായിരുന്നു. സെഞ്ചുറികള്‍ ഒന്നൊന്നായി വിരിഞ്ഞു. ആ വര്‍ഷംതന്നെ രണ്ട് ഏകദിന സെഞ്ചുറികൂടി. 1996ല്‍ അത് പൂര്‍ണ പ്രഭാവം ചൊരിഞ്ഞു. കതിനവെടികള്‍പോലെ ആറെണ്ണം. 1998ല്‍ ഒമ്പതെണ്ണം. 1998ല്‍ ഷാര്‍ജാ കപ്പില്‍ ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടു ഗംഭീര സെഞ്ചുറികള്‍ ആരാധകരുടെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍പ്പുണ്ട്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പൊടിക്കാറ്റില്‍ ഷെയ്ന്‍ വോണെന്ന ലെഗ് സ്പിന്നറുടെ ആത്മവിശ്വാസം തകര്‍ത്ത സിക്സറുകള്‍...

1999 ലോകകപ്പില്‍ അച്ഛന്റെ വിയോഗം കഴിഞ്ഞ് കെനിയക്കെതിരെ സെഞ്ചുറിനേടിയ സച്ചിന്റെ ആത്മാര്‍പ്പണം എന്തിന് പകരംവയ്ക്കും. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 75 പന്തില്‍ 98 റണ്‍ നേടിയ സുന്ദരമായ ഇന്നിങ്സ്. 2010 ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 200 റണ്‍. 2011 ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം നേടിയശേഷം സഹതാരങ്ങളുടെ ചുമലിലേറിയുളള വലംവയ്ക്കല്‍, ഒടുവില്‍... 2012ലെ ഏഷ്യാ കപ്പില്‍ കാത്തിരുന്ന 100-ാം സെഞ്ചുറി ബംഗ്ലാദേശിനെതിരെ. ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യത്തിനുപിന്നില്‍ സച്ചിനല്ലെന്ന് ആര്‍ക്ക് പറയാനാകും. കുട്ടികള്‍മുതല്‍ വൃദ്ധന്മാര്‍വരെ സച്ചിനെന്ന വികാരത്തില്‍ സമന്മാരാണ്. കളികൊണ്ടുമാത്രമല്ല സച്ചിന്‍ ഇന്ത്യയുടെ മനസ്സ് കീഴടക്കിയത്, വ്യക്തിത്വംകൊണ്ടും നന്മകൊണ്ടുമാണ്. റണ്‍കൊടുമുടികള്‍ കയറുമ്പോള്‍ ഒരിക്കല്‍പ്പോലും അഹങ്കരിച്ചിട്ടില്ല സച്ചിന്‍, വിമര്‍ശകര്‍ കൂരമ്പെയ്യുമ്പോഴും മറുത്തൊരു വാക്ക് ഉതിര്‍ന്നിട്ടില്ല. ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ വിക്കറ്റിന് ചുറ്റുംനിന്ന് തെറിപറയുമ്പോള്‍ ഒരിക്കല്‍പ്പോലും പൊട്ടിത്തെറിച്ചിട്ടില്ല സച്ചിന്‍, എതിരാളിയെ വെല്ലുവിളിച്ചില്ല, ആക്ഷേപിച്ചില്ല, പരിഹസിച്ചില്ല... മറുപടികള്‍ ബാറ്റിലായിരുന്നു. ഇന്നുവരെ നാണക്കേടുണ്ടാക്കുന്ന ഒരു വിവാദത്തിലും ആ മനുഷ്യന്‍ അകപ്പെട്ടിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ വിജയമായിരുന്നില്ല. ഒരു നല്ല ക്യാപ്റ്റനാകാന്‍ ശാന്തനായ സച്ചിന് ഒരിക്കലും കഴിയുമായിരുന്നില്ല.

സ്വന്തം ഇന്നിങ്സുകള്‍കൊണ്ട് ഒരു ടീമിനെയാകെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ചരിത്രമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ വിസ്മയത്തിന്. കോഴക്കളിയില്‍ നാറിയപ്പോള്‍ സച്ചിനെമാത്രം വെറുക്കാന്‍ കഴിയുന്നില്ലല്ലോ എന്നായിരുന്നു വിലാപം. റേഡിയോ കമന്ററികളില്‍ എത്രതവണ സച്ചിനെന്ന പേര് നുര പടര്‍ത്തിയിട്ടുണ്ട്. ടിവിയില്‍ അദ്ദേഹത്തിന്റെ പദചലനങ്ങള്‍ എത്ര തവണ ആവേശിച്ചിരിക്കുന്നു. ഫ്രണ്ട് ഫുട്ടില്‍ ഊന്നിയുള്ള സുന്ദരമായ സ്ട്രെയിറ്റ് ഡ്രൈവുകള്‍, ചേതോഹരമായ അപ്പര്‍ കട്ടുകള്‍, സച്ചിന്‍ തനിമയുള്ള ഹുക്ക് ഷോട്ട്, സ്ക്വയര്‍ കട്ടുകളിലെ വൈവിധ്യം... ഇതില്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീക്കെതിരെ ആദ്യമായി സച്ചിന്‍ പുറത്തെടുത്ത അപ്പര്‍ കട്ട് ഒരുകാലത്ത് ഫാസ്റ്റ് ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു. അസാമാന്യ ശാരീരിക സന്തുലനവും മെയ്വഴക്കവും കണ്ണും പദചലനങ്ങളുമുള്ള എത്രയോ മനോഹര ഷോട്ടുകള്‍. ഇനിയെല്ലാം റീപ്ലേകള്‍. സച്ചിന്‍ അറിയുന്നുണ്ടോ? താനില്ലാത്ത ഏകദിന ക്രിക്കറ്റ്ലോകം ഇനി എത്ര ശുഷ്കമായിരിക്കുമെന്ന്...

*
കടപ്പാട്: ദേശാഭിമാനി 24 ഡിസംബര്‍ 2012

Tuesday, December 11, 2012

മടക്കയാത്രയുടെ പഥികന്‍

കലയില്‍നിന്ന് കച്ചവടത്തിലേക്കുള്ള കപ്പല്‍യാത്രയാണ് ഫുട്ബോളിന്റെ ചരിത്രമെന്ന് എഡ്വേര്‍ഡോ ഗലിയാനോ. ആധുനിക ഫുട്ബോളിന് അനാവശ്യമായ ഒന്നും വേണ്ട. അനാവശ്യം എന്നുപറഞ്ഞാല്‍ ലാഭമില്ലാത്തത് എന്നാണ് അര്‍ഥം. ബ്രസീലിയന്‍ താരം റൊണാള്‍ഡോയ്ക്ക് 16 വയസ്സുള്ളപ്പോള്‍ റിയോയില്‍നിന്ന് ഫ്ളമെങ്കോ ക്ലബ്ബില്‍ ബസിനുപോകാന്‍ പൈസയില്ലായിരുന്നു. 22 വയസ്സുള്ളപ്പോള്‍ റൊണാള്‍ഡോയ്ക്ക് ഒരുമണിക്കൂറില്‍ കിട്ടുന്ന പ്രതിഫലം 1000 ഡോളര്‍, ഉറങ്ങുമ്പോഴും. 1998ലെ ലോകകപ്പ് ഫൈനലില്‍ കനത്ത സമ്മര്‍ദംമൂലം റൊണാള്‍ഡോയ്ക്ക് കളിക്കാനായില്ല. ആദ്യ ഇലവനില്‍നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി. പക്ഷെ നൈകി എന്ന ചെരുപ്പുകമ്പനി സമ്മതിച്ചില്ല. അവര്‍ മാര്‍ക്കറ്റിലിറക്കുന്ന പുതിയ ഷൂവാണ് അന്ന് റൊണാള്‍ഡോ ധരിക്കേണ്ടത്. റൊണാള്‍ഡോയെ കളിക്കാനിറക്കി. ഒരു നിഴലായിരുന്നു അന്ന് റൊണാള്‍ഡോ.

കലയില്‍നിന്ന് കച്ചവടത്തിലേക്കുള്ള കപ്പല്‍യാത്ര! അതിനിടെ കിട്ടുന്ന അത്ഭുതങ്ങളിലൊന്നാണ് മെസി. ലോങ് പാസുകളും ഹൈ ബോളുകളുംകൊണ്ട് കളം ഭരിക്കുന്ന യൂറോപ്യന്‍ ഫുട്ബോള്‍ കാലുകള്‍കൊണ്ട് കാലുകളെ തൊട്ടുരുമ്മുന്ന ലാറ്റിനമേരിക്കന്‍ വൈദഗ്ദ്ധ്യത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച കാലമുണ്ടായിരുന്നു. ആ കാലത്തിന്റെ സൗഭാഗ്യങ്ങളിലേക്കാണ് മെസി പന്തടിക്കുന്നത്. കച്ചവടത്തില്‍നിന്ന് കലയിലേക്കുള്ള മടക്കയാത്രയുടെ പഥികന്‍. കളിക്കാരനേക്കാള്‍ വേഗം പന്തിനു വേണമെന്ന് യൂറോപ്പ് ശഠിച്ചപ്പോള്‍ പന്തിനേക്കാള്‍ വേഗം കളിക്കാരനു വേണമെന്ന് ലാറ്റിനമേരിക്ക തെളിയിച്ചു. എങ്ങനെയാണ് നിങ്ങള്‍ ഫുട്ബോള്‍ കളിക്കുന്നതെന്ന് ഒരിക്കല്‍ ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ എസ്കെനാസി ചോദിച്ചു. "പ്രണയിക്കുന്ന പോലെയോ? ബസ്പിടിക്കാന്‍ ഓടുന്നപോലെയോ?" ലാറ്റിനമേരിക്കയ്ക്ക് സോക്കര്‍ പ്രണയം തന്നെയാണ്. ബ്രസീലില്‍ പന്ത് സ്ത്രീയാണ്. "മാരിക്കോട്ട, ലിയോനോര്‍, മാര്‍ഗരീറ്റ എന്നെല്ലാം അവര്‍ പന്തിനെ മാറിമാറി വിളിക്കുന്നു. 1000 ഗോള്‍ തികച്ചപ്പോള്‍ പെലെ പന്തിനെ വാരിപ്പുണര്‍ന്നു, പ്രണയാഭിലാഷത്തിന്റെസഫലസംഗീതത്തോടെ തീവ്രമുദ്രകള്‍ചാര്‍ത്തി. ഡി സ്റ്റെഫാനൊ വീടിന്റെ മുന്നില്‍ പന്തിന് സ്മാരകം നിര്‍മിച്ചിട്ടുണ്ട്. ചില്ലുകൂട്ടിനുള്ളിലെ ഫലകത്തില്‍ ഓടുകൊണ്ടുള്ള പന്ത്. അതിനു താഴെ കുറിപ്പ്- "പഴയ പെണ്‍കുട്ടീ... നന്ദി..."

1930ലെ ലോകകപ്പ് ഫൈനലില്‍ ഉറുഗ്വേയും അര്‍ജന്റീനയും ഏറ്റുമുട്ടുന്നു. സ്വന്തം പന്തുകൊണ്ട് കളിക്കണമെന്ന് ഇരുകൂട്ടരും വാശിപിടിച്ചു. ഒടുവില്‍ സോളമന്‍ രാജാവിനെപ്പോലെ റഫറി വിധിച്ചു. ആദ്യപകുതിയില്‍ അര്‍ജന്റീനയ്ക്ക് അവരുടെ പന്ത് ഉപയോഗിക്കാം. രണ്ടാം പകുതിയില്‍ ഉറുഗ്വേയുടെ പന്ത് ഉപയോഗിക്കാം. അര്‍ജന്റീന ആദ്യപകുതിയില്‍ മുന്നില്‍, രണ്ടാം പകുതിയില്‍ ഉറുഗ്വേ മുന്നില്‍. ഉറുഗ്വേ ജയിച്ചു. പ്രണയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഭ്രാന്ത് തന്നെയായിരുന്നു ലാറ്റിനമേരിക്കയ്ക്ക് സോക്കര്‍.

1986ലെ ലോകകപ്പ് ഫൈനല്‍. പശ്ചിമജര്‍മനിയോടാണ് അര്‍ജന്റീനയുടെ ഏറ്റുമുട്ടല്‍. അന്ന് വെളുപ്പിന് നാലിന് എഴുന്നേറ്റ അര്‍ജന്റീനയുടെ കോച്ച് കാര്‍ലോസ് ബിലാര്‍ഡോ നേരെ പോയത് അര്‍ജന്റീനയുടെ പ്രതിരോധക്കാരന്‍ റുഗെറിയുടെ മുറിയിലേക്ക്. റുഗെറിയെ തട്ടി എഴുന്നല്‍പ്പിച്ചു. ഒറ്റ ചോദ്യം. "ജര്‍മനി കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ നീ ആരെയാണ് മാര്‍ക്ക്ചെയ്യുക?". പാതിയുറക്കത്തില്‍ റുഗെറി പറഞ്ഞു. "റുമനിഗെ". ബിലാര്‍ഡോയ്ക്ക് തൃപ്തിയായി, അവന്‍ ഒന്നും മറന്നിട്ടില്ല. തോല്‍വിയോടും അവര്‍ക്ക് പൊറുക്കാനാവില്ല. 1950ലെ ലോകകപ്പ്. ഏറ്റവും നല്ല ഗോളിയായി റിപ്പോര്‍ട്ടര്‍മാര്‍ തെരഞ്ഞെടുത്തത് ബ്രസീലിന്റെ ബര്‍ബോസയെ. ഫൈനലില്‍ ഉറുഗ്വേയുടെ ഗിഗിയ വലതുവിങ്ങിലൂടെ കയറിവന്നു. ബര്‍ബോസയുടെ മീതെ അപ്രതീക്ഷിതമായ ഷോട്ട്. ബര്‍ബോസ പറന്നുചാടി. വിരല്‍ത്തുമ്പ് പന്തില്‍ തട്ടി. കുത്തിയകറ്റി എന്നാണ് ബര്‍ബോസ കരുതിയത്. തിരിഞ്ഞുനോക്കിയപ്പോള്‍ ബര്‍ബോസ കണ്ടത് വലയില്‍ കിടക്കുന്ന പന്തല്ല, ഹൃദയം പറിച്ചെടുത്ത ബ്രസീലിന്റെ നിലവിളിയാണ്.

1993ല്‍ ലേകകപ്പിനൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന്റെ പരിശീലനം കാണാന്‍ ബര്‍ബോസ എത്തി. ടീമിനെ കാണാന്‍ ബര്‍ബോസയെ അനുവദിച്ചില്ല. ബ്രസീലിലെ ഏറ്റവും വലിയ ശിക്ഷ 30 വര്‍ഷത്തെ തടവാണ്. 43 വര്‍ഷം കഴിഞ്ഞിട്ടും ബര്‍ബോസയെ ശിക്ഷിച്ചുതീര്‍ന്നില്ല, അതും ചെയ്യാത്ത കുറ്റത്തിന്! ഈ വൈകാരികമണ്ഡലത്തില്‍നിന്നാണ് മെസി വരുന്നത്. കടുത്ത ദാരിദ്ര്യത്തിന്റെയും കൊടിയ ചൂഷണത്തിന്റെയും മുറിവുകളെ സോക്കറിന്റെ ലഹരിയില്‍ ഉറങ്ങാന്‍ വിടുന്ന ലാറ്റിനമേരിക്കയില്‍ നിന്ന്. പെലെ തെരുവില്‍ പന്തുതട്ടി, മാറഡോണ പന്ത് കെട്ടിപ്പിടിച്ച് ഉറങ്ങി, ഗരിഞ്ച രോഗിയായിരുന്നു, മെസിക്ക് വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണ്‍ ഇല്ലായിരുന്നു. സോക്കറില്‍ അവര്‍ എല്ലാം മറക്കുന്നു. ഈ ചരിത്രത്തിന്റെ വഴിയില്‍ മാലാഖയെപ്പോലെ മെസി പന്തു തട്ടുന്നു. മനസ്സുകൊണ്ട് ആ മിശിഹായെ കെട്ടിപ്പുണരുന്നു. അതുകൊണ്ടാവാം, ജര്‍മന്‍ ക്ലബ്ബിലെ ഒരു കളിക്കാരന്‍ മല്‍സരത്തിനു ശേഷം മെസിയോട് ആ ജേഴ്സി ചോദിച്ചത്.

*
എം എം പൗലോസ് ദേശാ‍ഭിമാനി

പുല്‍ത്തകിടിയിലെ കവിതയും സംഗീതവും

ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്വാദകരുള്ള കായികരൂപമെന്ന സിനിമയാണ് ഫുട്ബോളിലുള്ളത്. അതിലെ എക്കാലത്തെയും വലിയ വിസ്മയം എന്ന പദവിയിലേക്ക് ലൂയി ലയണല്‍ ആന്ദ്രെ മെസി എന്ന അര്‍ജന്റീനിയന്‍ യുവാവ് ഉയര്‍ന്നിരിക്കുന്നു. ഏഷ്യന്‍ പ്രദേശത്തെ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ ഇന്നലെ പാതിരാത്രി ഉറക്കമൊഴിച്ച് കാത്തിരുന്നത് വൃഥാവിലായില്ല. 16-ാം മിനിറ്റ് റയല്‍ ബെറ്റിസ് എന്ന എതിര്‍ടീമിന്റെ പ്രതിരോധനിരയില്‍ രാജകുമാരന്റെ അന്തസ്സോടെയും വീരയോദ്ധാവിന്റെ ചടുലതയോടെയും കാലില്‍ പറ്റിപ്പിടിച്ച പന്തുമായി ഓടിക്കയറിയ മെസ്സി തന്റെ ഇടംകാലില്‍നിന്നുതിര്‍ത്ത മിന്നല്‍പ്പിണര്‍പോലെയുള്ള പന്ത് ഗോളിയെ നിസ്സഹായനാക്കി വലയില്‍ കുരുങ്ങിയപ്പോള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു റെക്കോഡ് കുറിക്കുകയായിരുന്നു. ഒരു കലണ്ടര്‍വര്‍ഷം 85 ഗോളെന്ന ജര്‍മന്‍താരം ഗെര്‍ഡ് മുള്ളറുടെ റെക്കോഡിനൊപ്പം എത്തി. ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ 75 എന്ന ലക്ഷ്യം ആഴ്ചകള്‍ക്കുമുമ്പ് മെസ്സി മറികടന്നിരുന്നു. 16-ാം മിനിറ്റില്‍തന്നെ മുള്ളറുടെ റെക്കോഡിനൊപ്പം എത്തിയതോടെ ലോകത്തിന്റെ ഓരോ കോണിലും കാത്തിരുന്ന കാണികള്‍ക്ക് മുള്ളറുടെ റെക്കോഡ് മറികടക്കാന്‍ ഒരു ഗോള്‍കൂടി മെസ്സിയുടെ കാലില്‍നിന്ന് പിറക്കുമോ എന്ന ആകാംക്ഷയായിരുന്നു. എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു സുന്ദരമുഹൂര്‍ത്തം പ്രതിരോധനിരയെ കബളിപ്പിച്ച് കൂട്ടുകാരന്‍ ഇനിയെസ്റ്റയ്ക്ക് തളികയിലെന്നപോലെ മെസ്സി പാസു നല്‍കി. അപ്പോഴേക്ക് പ്രതിരോധനിരക്കാര്‍ ഇനിയെസ്റ്റയ്ക്ക് തടസ്സമുണ്ടാക്കി. മനസ്സുകള്‍ നിശ്ശബ്ദമായി ആശയവിനിമയം നടത്തിയപോലെ ഇനിയെസ്റ്റ മെസ്സിക്കു പുറംകാലുകൊണ്ട് പിന്നിലേക്ക് പന്ത് നല്‍കി. മെസ്സിയുടെ ഇടംകാലില്‍നിന്നുതന്നെ വീണ്ടും എതിര്‍ഗോള്‍വല ഇളക്കുന്ന മിന്നല്‍പ്പിണര്‍ ഷോട്ട്. ഒരു കളിയില്‍ രണ്ട് ചരിത്രമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കത്തക്ക അസുലഭസൗഭാഗ്യമാണ് ഉറക്കം ഉപേക്ഷിച്ച കാണികള്‍ക്ക് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ ഗോള്‍ അടിക്കുന്നു എന്നതുമാത്രമല്ല മെസ്സിയുടെ മികവ്. ഐസക് ന്യൂട്ടന്‍ കണ്ടെത്തി പറഞ്ഞുതന്ന ബലതന്ത്രനിയമങ്ങള്‍ പലതും മാന്ത്രിക വിദ്യയാലെന്നപോലെ അസാധുവാക്കുന്ന ചലനങ്ങളും വേഗവും ദിശാമാറ്റങ്ങളും പന്തിന്റെ ഭ്രമണവുമാണ് മെസ്സിയുടെ കാല്‍സ്പര്‍ശത്തില്‍ കളിക്കളത്തില്‍ നാം കാണുന്നത്. ഒരേസമയം അത് പുല്‍ത്തകിടിയിലെ കവിതയും സംഗീതവുമാണ്.

യുവലോകത്തിന്റെ നിത്യപ്രചോദനമായ രക്തസാക്ഷി ചെഗുവേരയുടെ അര്‍ജന്റീനയില്‍ ചെഗുവേര ജനിച്ച ഒസാരിയോയില്‍ത്തന്നെയാണ് 1987 ജൂണ്‍ 24ന് മെസ്സി ജനിച്ചത്. ചെഗുവേരയുടെ ചിത്രം തന്റെ ബലിഷ്ഠമായ ഭുജങ്ങളില്‍ പച്ചകുത്തി പ്രദര്‍ശിപ്പിക്കുന്ന ഇതിഹാസതാരം ഡീഗോ മറഡോണ "ഇവന്‍ എന്റെ പ്രിയ പിന്‍ഗാമി" എന്ന് മെസ്സിയെ ചൂണ്ടി പ്രഖ്യാപിക്കുന്ന മികവിലേക്ക് കുട്ടിത്തം മുഖത്തും ചിരിയിലും സൂക്ഷിക്കുന്ന മെസ്സിയുടെ വളര്‍ച്ച എളുപ്പമുള്ളതായിരുന്നില്ല. ചെറുപ്രായത്തില്‍ ഗുരുതരമായ ഒരു ഹോര്‍മോണ്‍ തകരാറു നിമിത്തം ആരോഗ്യവും വളര്‍ച്ചയും സംബന്ധിച്ച് ഒരുപാട് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ചികിത്സയ്ക്കായി കൂടിയാണ് അര്‍ജന്റീനയില്‍നിന്ന് ബാഴ്സലോണയിലേക്ക് താമസം മാറ്റിയത്. ബാഴ്സലോണ ക്ലബ് അവരുടെ യുവതാരങ്ങളെ പരിശീലിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ കൊച്ചുമെസ്സിയെയും ഉള്‍പ്പെടുത്തി. ചികിത്സാ ചെലവും ഏറ്റെടുത്തു. 16-ാം വയസ്സില്‍ എസ്പാനിയോള്‍ ടീമിനെതിരെ ആദ്യ മത്സരം. 1-0 വിജയം നേടിയ ടീമില്‍ അന്നേ ശ്രദ്ധിക്കപ്പെട്ടു. 2005 മെയ് ഒന്നിന് റെക്കോഡുകള്‍ സൃഷ്ടിക്കുന്ന വിനോദത്തിന് മെസ്സി തുടക്കം കുറിച്ചു. സ്പാനിഷ് ലീഗില്‍ ഗോള്‍ കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 17 വയസ്സും 10 മാസവും 7 ദിവസവും. 20 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പില്‍ 2005ല്‍ അര്‍ജന്റീനയ്ക്ക് കപ്പ് നേടിക്കൊടുത്തു. ഏറ്റവും കൂടുതല്‍ ഗോളടിച്ചതിനുള്ള സുവര്‍ണപാദുകവും ഏറ്റവും മികച്ച കളിക്കാരനുള്ള സുവര്‍ണപന്തും നെതര്‍ലന്‍ഡ്്സില്‍ നടന്ന ആ ജൂനിയര്‍ ലോകകപ്പില്‍ മെസ്സിയെ തേടിയെത്തി. കഴിഞ്ഞ ലോകകപ്പില്‍ മറഡോണ പരിശീലകനായെത്തിയ ടീമില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ബാഴ്സലോണയ്ക്കുവേണ്ടി നടത്തിപ്പോന്ന ഉജ്വലഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്നത് വിമര്‍ശങ്ങള്‍ക്കിടയാക്കി. എന്നാല്‍, ഇപ്പോള്‍ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അര്‍ജന്റീനയ്ക്കുവേണ്ടി നേടിയ ഗോളുകളും ഒരുക്കിയ ഗോളുകളും വിമര്‍ശകരെ നിശ്ശബ്ദരാക്കി. കൊല്‍ക്കത്തയില്‍ പാഴ്സനിക് സ്റ്റേഡിയത്തില്‍ വെനസ്വേലയുടെ ദേശീയ ടീമിനെതിരായ കളിയില്‍ അര്‍ജന്റീനയുടെ ഏക ഗോള്‍ മെസ്സിയുടെ ആസൂത്രണത്തില്‍നിന്നു പിറന്നതാണ്. അന്ന് സ്റ്റേഡിയത്തില്‍ കാണികളായുണ്ടായിരുന്നവര്‍ ഓരോരുത്തരും മെസ്സിയുടെ കാലില്‍ പന്തെത്തുമ്പോള്‍ ഇളകിമറിയുകയായിരുന്നു.

ടെന്നീസ്കോര്‍ട്ടില്‍ റോജര്‍ ഫെഡറര്‍ കളിക്കാനിറങ്ങുമ്പോള്‍ കളി ജയിച്ചാലും തോറ്റാലും പുതിയ ചില റെക്കോഡുകള്‍ തിരുത്തിക്കുറിക്കാറുണ്ട് എന്ന് നമുക്കറിയാം. കുറെ നാളായി അത് മെസ്സിക്കും ബാധകമാണ്. ഫെഡററെ കുറിച്ച് പറയുമ്പോള്‍ നദാലിനെയും ജോകോവിക്കിനെയും ആന്‍ഡിമറെയെയും കുറിച്ച് ഓര്‍ത്തുപോകും. മെസ്സിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കാക്കയെയും വെയ്ന്‍ റൂണിയെയും ഇബ്രാഹിമോവിച്ചിനെയും പോലുള്ള കളിക്കാരെയും ഓര്‍ക്കുക സ്വാഭാവികം. ചിലര്‍ മെസ്സിയെക്കാള്‍ രണ്ടുവയസ്സുകൂടുതലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രാഗത്ഭ്യത്തെക്കുറിച്ച് പറയാറുണ്ട്. ഇന്നത്തെ ലോകത്ത് ഏറ്റവും മികച്ച കളിക്കാരന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയാണെന്ന് പലതവണ ആവര്‍ത്തിച്ച അതിവേഗ ഓട്ടത്തിലെ ഉസൈന്‍ബോള്‍ട്ട് ഏറ്റവും ഒടുവില്‍ പറഞ്ഞത് ലയണല്‍ മെസ്സി കഴിഞ്ഞേ ക്രിസ്റ്റ്യാനോ വരൂ എന്നാണ്. എന്തായാലും കാല്‍പ്പന്തുകളിയിലെ ഈ മഹാ ഇതിഹാസങ്ങളുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞത് നമ്മുടെ സൗഭാഗ്യം. മെസ്സിയും കൂട്ടുകാരും കളിക്കളത്തില്‍ അത്ഭുതങ്ങളും പുതുചരിത്രങ്ങളും കുറിക്കാന്‍ ഇനിയും ഉണര്‍വോടെയും ഉത്സാഹത്തോടെയും മത്സരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.

*
എം എ ബേബി ദേശാഭിമാനി 11 ഡിസംബര്‍ 2012

Friday, March 16, 2012

സച്ചിന് നൂറില്‍ നൂറ്

സച്ചിന്‍ , ഒടുവിലത് നേടിയിരിക്കുന്നു. ശതകോടി ജനങ്ങളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി സച്ചിന്‍ തികച്ചിരിക്കുന്നു. ഏറെ കാത്തിരിന്ന് കിട്ടുമ്പോള്‍ മധുരം കൂടുമെന്നാണ്. എങ്കിലും ഇത് അസഹനീയമായിരുന്നു. ഈ കാത്തിരിപ്പ്. പക്ഷേ ഇന്ന്, സച്ചിന്‍ താങ്കളുടെ മുന്നില്‍ ലോകം നമിച്ചിരിക്കുന്നു. ഈ നേട്ടം ബംഗ്ലാദേശിന് എതിരെയാണന്നത് മാറ്റൊട്ടും കുറയ്ക്കുന്നില്ല. ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയുമൊക്കെ ആറു റണ്ണിന്റെയും എട്ടിന്റെയും റണ്ണിന്റെ അകലത്തില്‍ സെഞ്ചുറി കൈവിട്ടപ്പോള്‍ ലോകം ദീര്‍ഘനിശ്വാസം വിട്ടു. ഏകദിനത്തില്‍ നിന്ന് കളമൊഴിയണമെന്ന് ക്രിക്കറ്റ് ബുദ്ധിജീവികളുടെ അടങ്ങാത്ത വിമര്‍ശങ്ങള്‍ . സാങ്കേതിക നഷ്ടപ്പെട്ടു, താളം പോയി, അനായാസമായ ഷോട്ടുകള്‍ പിറക്കുന്നില്ല...അങ്ങനെ എന്തൊക്കെ വാക്ശരങ്ങള്‍ . അപ്പോഴും വാക്കിലും ബാറ്റിലും മൗനം നിറച്ചു സച്ചിന്‍ .

സെഞ്ചുറിയില്ലാത്ത നീണ്ട 12 മാസങ്ങള്‍ (ഒരു വര്‍ഷവും മൂന്നു ദിവസവും). തുടക്കത്തില്‍ മാത്രമായിരുന്നു സച്ചിന്റെ ബാറ്റ് മൂന്നക്കം കാണാതെ ഇത്രയും കാലം നിശബ്ദമായത്. വര്‍ഷത്തില്‍ ഏഴും എട്ടും സെഞ്ചുറികള്‍ പിറന്ന ആ വില്ലോ മിണ്ടാതിരുന്നപ്പോള്‍ എന്തുപറ്റി നമ്മുടെ സച്ചിന് എന്ന് എത്ര തവണ സ്വയം ചോദിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ന് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 111റണ്‍ നേടി പിന്നെ 80കളിലും 90കളിലും ഇടറിവീണ് ഈ കുറിയ മനുഷ്യന്‍ ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി. ലോകകപ്പില്‍ തന്നെ സെമിയില്‍ പാകിസ്ഥാനെതിരെ 85, തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ കെനിങ്ടണ്‍ ഓവലില്‍ 91, വെസ്റ്റിന്‍ഡീസിനെതിരെ ഡല്‍ഹിയില്‍ 76, മുംബൈയില്‍ 94, ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ 73, സിഡ്നിയില്‍ 80 എന്നിങ്ങനെയായിരുന്ന സച്ചിന്റെ സ്കോറുകള്‍ . ഇതില്‍ പാകിസ്ഥാനോട് ഒഴിച്ചുള്ള മറ്റെല്ലാ മത്സരങ്ങളിലും മികച്ച മനോഹരമായ കളിയായിരുന്നു സച്ചിന്‍ കെട്ടഴിച്ചത്. ആ കളിയിലൊക്കെ പുറത്തായത് ബൗളറുടെ മികവില്‍ കൂടിയായിരുന്നു.

ഓസ്ട്രേലിയക്കെതിരായ ത്രിരാഷ്ട്ര കപ്പിലായിരുന്നു സച്ചിന് ഏറെ വിമര്‍ശമേല്‍ക്കേണ്ടി വന്നത്. ഏഴു കളിയില്‍ നിന്ന് 143 റണ്ണായിരുന്നു ആകെ സമ്പാദ്യം. മികച്ച സ്കോര്‍ 48. ശരാശരിയാകട്ടെ 20.42ഉം. സച്ചിന്റെ ഏകദിന കരിയര്‍ അതിന്റെ അവസാന സമയത്തിലേക്കെത്തിയെന്ന അടക്കംപറിച്ചിലുകള്‍ക്കിടെ ഏഷ്യ കപ്പില്‍ അവസരം നല്‍കി.
സച്ചിന്‍ സെഞ്ചുറിയടിച്ചാല്‍ ടീം തോല്‍ക്കുമെന്ന പല്ലവിക്ക് സച്ചിന്റെ കരിയറിനോളം തന്നെ പ്രായമുണ്ട്. മറ്റൊരു കുറവും കണ്ടെത്താനില്ലാത്തതു കൊണ്ടായിരിക്കണം ക്രിക്കറ്റ് ബുദ്ധിജീവികള്‍ സച്ചിനില്‍ ഈയൊരു "കുറ്റം" കണ്ടെത്തിയത്. ഏതു കാര്യത്തിലും കുറ്റങ്ങള്‍ കണ്ടെത്തി നിര്‍വൃതിയടയുന്നത് നമ്മുടെ ഒരു ശീലമായിപ്പോയിപ്പോയതിനാല്‍ സച്ചിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുന്നു എന്നുമാത്രം. എന്നാല്‍ ഈ ആരോപണങ്ങളൊന്നും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് മുന്‍കാല പ്രകടനങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാം.

1990 ല്‍ നേടിയ ആദ്യ സെഞ്ചുറി മുതല്‍ നോക്കിയാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയ ശതകങ്ങളുടെ മാറ്ററിയാം. ഓള്‍ട്രാഡ്ഫോഡില്‍ ഇംഗ്ലണ്ട് 407 റണ്ണിന്റെ കൂറ്റന്‍ ലീഡുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ വിയര്‍ത്തു. രണ്ടാമിന്നിങ്ങ്സില്‍ 125 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ പുറത്താകാതെ സച്ചിന്‍ നേടിയ 119 റണ്ണാണ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. സച്ചിന്‍ കളിച്ചിട്ടും ഇന്ത്യ തോല്‍ക്കുന്നുണ്ടെങ്കില്‍ അതിന് സച്ചിനെയാണോ കുറ്റപ്പെടുത്തേണ്ടത്. ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെയാണ്. സച്ചിന്‍ ഏകദിനത്തില്‍ നേടിയത് 48 സെഞ്ചുറികളാണ്. അതില്‍ 35 എണ്ണത്തില്‍ ഇന്ത്യക്കായിരുന്നു ജയം. ഒരെണ്ണം ടൈ ആയപ്പോള്‍ , പതിമൂന്നില്‍ തോറ്റു. ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ഇനി ടെസ്റ്റിലേക്ക്. ടെസ്റ്റില്‍ 52 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. 20 എണ്ണത്തില്‍ ഇന്ത്യ നേടിയത് ചരിത്ര വിജയങ്ങളാണ്. 20 സമനില. തോല്‍വി 11ല്‍ മാത്രം.
ഇരുപത്തിരണ്ടു വര്‍ഷമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന മഹാമേരു ഇന്ത്യന്‍ ക്രിക്കറ്റിനെ തോളേറ്റാന്‍ തുടങ്ങിയിട്ട്. ഇന്ത്യയുടെ മനസ്സില്‍ ക്രിക്കറ്റെന്ന ഗെയിമിന് ഇടം നല്‍കിയതും ആവേശമാക്കയിതിലും പിന്നില്‍ ഈ ബാറ്റിങ്ങ് ഇതിഹാസത്തിന്റെ പങ്ക് ചെറുതല്ല. 2011 ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോള്‍ വിരാട് കോഹ്ലി പറഞ്ഞത് ഈ കപ്പ് സച്ചിനാണ് എന്നായിരുന്നു. ഇരുപത് വര്‍ഷത്തിലേറെയായി സച്ചിന്‍ ടീമിന്റെ ഭാരം ഒറ്റയ്ക്ക് ചുമക്കുന്നു. ഇനി ഞങ്ങളത് ഏറ്റെടുക്കുന്നുവെന്നായിരുന്നു ലോകകപ്പിന്റെ ആഘോഷങ്ങള്‍ക്കിടെ പുത്തന്‍ തലമുറ കളിക്കാരനായ കോഹ്ലി പ്രതികരിച്ചത്. നേട്ടങ്ങളുടെ അവസാനിക്കാത്ത പ്രവാഹമാണ് സച്ചിന്‍ . റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും അവ പിന്നെ പുതുക്കിയും സച്ചിന്റെ വില്ലോ സഞ്ചരിച്ചുകാണ്ടിരിക്കുന്നു. ആ യാത്രയിലെ ഏറ്റവും മനോഹരമായ അധ്യമായിരുന്നു 100 സെഞ്ചുറികളെന്ന അനുപമ നേട്ടം.

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സച്ചിനെന്നും ഒറ്റയ്ക്കായിരുന്നു. പ്രത്യേകിച്ചും ലക്ഷ്മണ്‍ -ദ്രാവിഡ് കാലഘട്ടം വരെ. അതിന് ശരിക്കുമൊരു മാറ്റം വന്നത് സെവാഗിനെയും ഗംഭീറിനെയും പോലുള്ള താരങ്ങള്‍ കടന്നു വന്നതിന് ശേഷമാണ്. എങ്കിലും സച്ചിന്‍ , സച്ചിനായി തന്നെ നിലനില്‍ക്കുന്നു. ഇംഗ്ലണ്ട് മണ്ണില്‍ ആദ്യ സെഞ്ചുറി കുറിച്ച സച്ചിന് അതേ മണ്ണില്‍ 100-ാം നാഴികക്കല്ല് മറികടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ തകര്‍ന്നതോടെ ഒക്ടോബറിലെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലായി ആരാധകരുടെ കണ്ണ്. നിരാശയായിരുന്നു ഫലം. പരിക്കുമൂലം സച്ചിന്‍ പരമ്പരയില്‍ കളിച്ചില്ല. തുടര്‍ന്ന് വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ പര്യടനത്തിലും സച്ചിന്‍ മൂന്നക്കം കണ്ടില്ല. ഇംഗ്ലണ്ടിനെതിരെ 1990ല്‍ നേടിയ ആദ്യ സെഞ്ചുറിയെ പക്വതയും ഏകാഗ്രതയും സമന്വയിപ്പിച്ച ഇന്നിങ്ങ്സെന്നാണ് വിസ്ഡന്‍ വിശേഷിപ്പിച്ചത്. തോല്‍വിയിലേക്ക് നീങ്ങിയ ടീമിനെ രക്ഷിച്ചെടുക്കാനും ആ ഇന്നിങ്ങ്സിനായി. 1990കളില്‍ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയുമായിട്ടായിരുന്നു സച്ചിന്റെ മികവിനെ അളന്നത്. പിന്നീട് സമകാലികരായ മാത്യു ഹെയ്ഡന്‍ , റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ് എന്നീ താരങ്ങളുമായും സച്ചിനെ താരതമ്യം ചെയ്തു. നേടിയ റണ്ണുകളില്‍ , സെഞ്ചുറികളില്‍ , മത്സരങ്ങളില്‍ ... എല്ലാ താരതമ്യങ്ങളെയും അപ്രസക്തമാക്കി ഓരോ മത്സരവും സച്ചിന്‍ റെക്കോര്‍ഡ് പുസ്തകത്തിലേക്ക് മാറ്റിയെഴുതി. ഹെയ്ഡനും ലാറയും ദ്രാവിഡും പിന്‍മടങ്ങി. പോണ്ടിങ്ങ് സുവര്‍ണകാലത്തിന്റെ ഓര്‍മകളില്‍ മാത്രമാണ്.

2008 ഒക്ടോബര്‍ പതിനേഴിന് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നെറുകയിലെത്തി. കാലിപ്സോ താളത്തില്‍ ക്രീസില്‍ നൃത്തം ചവിട്ടിയ ബ്രയാന്‍ ചാള്‍സ് ലാറ കുറിച്ചിട്ട 11000 റണ്ണുകള്‍ സച്ചിന്‍ മറികടന്നു. തുടര്‍ന്ന് 14000 റണ്ണെന്ന അപൂര്‍വനേട്ടത്തിലേക്കും സച്ചിന്‍ കുതിച്ചെത്തി. ഇതിനിടയില്‍ സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന്‍ കുതിച്ചുകൊണ്ടിരുന്നു. 2008 ലെ ഗാവസ്കര്‍ -ബോര്‍ഡര്‍ ട്രോഫിയില്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍ കടന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് അലന്‍ ബോര്‍ഡറില്‍ നിന്ന് സ്വന്തമാക്കി. നവംബറില്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ സച്ചിന്‍ ടെസ്റ്റില്‍ 15000 റണ്‍ തികച്ചു.

1973 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ മുംബൈയില്‍ ജനിച്ച സച്ചിന്‍ 1989 ല്‍ പാക്കിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ലോകത്തെ ബാറ്റ്സ്മാന്‍മാരടെ പേടിസ്വപ്നമായ വസീം അക്രത്തിന്റെയും, ഇമ്രാന്‍ ഖാന്റെയും മുന്നിലേക്കായിരുന്നു പതിനാറുകാരനായ സച്ചിന്റെ രംഗപ്രവേശം. പില്‍ക്കാലത്ത് ഇന്‍സ്വിങ്ങറിന്റെ സുല്‍ത്താനായി വാഴ്ത്തപ്പെട്ട വഖാര്‍ യൂനിസിന്റെയും അരങ്ങേറ്റമത്സരമായിരുന്നു അത്. കൂട്ടത്തില്‍ സ്പിന്‍ ബൗളിങ്ങില്‍ പാകിസ്ഥാന്റെ ശക്തിയായ അബ്ദുല്‍ ഖാദിറും. ആദ്യ ടെസ്റ്റില്‍ പതിനഞ്ച് റണ്ണിറണ്ണെടുത്ത സച്ചിനെ വഖാര്‍ ബൗള്‍ഡ് ചെയ്തു. മത്സരത്തില്‍ ബൗണ്‍സറുകള്‍ക്കും ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കും മുന്നില്‍ പലതവണവിഷമിച്ചുവെങ്കിലും സച്ചിന്‍ ഭയന്നില്ല. മൂളിപ്പറന്നു വന്ന പന്തുകളിലൊന്ന് സച്ചിന് മൂക്കില്‍ പതിഞ്ഞു. എന്നിട്ടും കളി മതിയാക്കാന്‍ കൂട്ടാക്കാതെ സച്ചിന്‍ തന്റെ ബാറ്റിങ്ങ് തുടര്‍ന്നു. അന്നു തുടങ്ങിയ കളിയോടുള്ള ആത്മാര്‍പ്പണം ഇന്നും നിലനില്‍ക്കുന്നു. ഒരു കുട്ടിയുടെ ആവേശത്തോടെയാണ് സച്ചിന്‍ ഓരോ മത്സരത്തിനും ഇറങ്ങുന്നതെന്ന ദ്രാവിഡിന്റെ പ്രസ്താവന അത്രത്തോളം ശരിയാണ്.

*

ദേശാഭിമാനി १७ മാര്‍ച്ച് २०१२