Showing posts with label തൊഴിൽ. Show all posts
Showing posts with label തൊഴിൽ. Show all posts

Wednesday, April 23, 2014

ദുരിതമൊഴിയാതെ മത്സ്യമേഖല

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത് ദുരിതത്തിന്റെ തീമഴയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പദ്ധതി പരിപ്രേക്ഷ്യം വിഷന്‍ 2030 വ്യക്തമാക്കുന്നു. 2027 ആകുമ്പോഴേക്ക് കേരളത്തിന്റെ കടല്‍മത്സ്യ ലഭ്യത ഇന്നത്തെ 5.60 ലക്ഷം ടണ്ണില്‍നിന്ന് 2.40 ലക്ഷം ടണ്ണായി കുറയും. ഇന്നത്തെ രീതിയില്‍ മത്സ്യമേഖലയെ നിലനിര്‍ത്തണമെങ്കില്‍ 12 ലക്ഷം തൊഴിലാളികളില്‍ എട്ടുലക്ഷം പേര്‍ പുതിയ മേഖലകള്‍ കണ്ടെത്തുകയും യാനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കുകയും വേണം. ഇത്ര ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെങ്കിലും മത്സ്യസമ്പത്തിന്റെ പരിരക്ഷയ്ക്കാവശ്യമായ ക്രിയാത്മകമായ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്നു മാത്രമല്ല അതിനുള്ള ശുപാര്‍ശകളും രേഖയിലില്ല.

കൃഷി, മത്സ്യബന്ധനം, നിര്‍മാണം, ഊര്‍ജം തുടങ്ങി 16 മേഖലകളുടെ 2011-31 കാലഘട്ടത്തിലെ വളര്‍ച്ച ലക്ഷ്യംവച്ച് തയ്യാറാക്കിയ രേഖയില്‍ കടുത്ത തകര്‍ച്ച നേരിടുന്നത് മത്സ്യമേഖലയിലാണ്. കാര്‍ഷികമേഖല 0.5 ല്‍ നിന്ന് രണ്ടിലേക്കും നിര്‍മാണമേഖല അഞ്ചില്‍നിന്നും 8.5 ലേക്കും എല്ലാ മേഖലകളുംകൂടി ശരാശരി 6.4ല്‍ നിന്നും 7.4 ലേക്കും വളരുമ്പോള്‍ മത്സ്യമേഖല 3.5 ല്‍ നിന്നും 1.5 ലേക്കു തകരും. അതായത് ഇന്നുള്ള 5.60 ലക്ഷം ടണ്ണില്‍നിന്നും 2022-26 ല്‍ 4 ലക്ഷം ടണ്ണായും 2027 - 31 ല്‍ 2.40 ലക്ഷം ടണ്ണായും ലഭ്യത കുറയും. അതേസമയം ആളോഹരി വാര്‍ഷിക ഉപഭോഗം 2012 ലെ 1.96 ല്‍ തന്നെ 2027 - 31 ലും തുടരുമെന്നും പറയുന്നു.

വലിയ കുറവു സംഭവിച്ച 1987ല്‍ മത്സ്യലഭ്യത 2.72 ലക്ഷം ടണ്ണായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമായ ട്രോളിങ് നിരോധനം 1988 ല്‍ നടപ്പാക്കി. തുടര്‍ന്ന് ലഭ്യത ക്രമാനുഗതമായി വര്‍ധിച്ച് 1990 ല്‍ 6.63 ലക്ഷം ടണ്‍ എന്ന സര്‍വകാല റെക്കോഡില്‍ എത്തി. ഇത് 2010 വരെ ഏറിയും കുറഞ്ഞും തുടര്‍ന്ന് 2011 ആയപ്പോഴേക്ക് ലഭ്യത 5.60 ലക്ഷം ടണ്ണായി. കേരള തീരക്കടലില്‍ പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ അളവ് 7.50 ലക്ഷം ടണ്ണാണെന്ന പ്രചാരണം യഥാര്‍ഥത്തില്‍ വിദേശ കപ്പലുകളെ ആകര്‍ഷിക്കാനും കരാര്‍ മേഖലയിലേക്ക് പണം ഒഴുക്കാനും വേണ്ടിയാണ്. മത്സ്യലഭ്യത തീരെ കുറഞ്ഞുപോകുന്നുവെന്ന കണക്ക് നിരത്തുമ്പോള്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തോതില്‍ തുക വകയിരുത്തുകയും ചെയ്യുന്നു.

പിടിപ്പുകേടും ദീര്‍ഘവീക്ഷണമില്ലായ്മയുമാണെന്നു തോന്നുമെങ്കിലും മത്സ്യത്തൊഴിലാളികളെ ആട്ടിയോടിച്ച് കടലും തീരവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. രാജ്യത്തെ മൊത്തം മത്സ്യലഭ്യതയുടെ 40 ശതമാനംമാത്രം കടലില്‍നിന്നു ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇത് 82 ശതമാനമാണ്. ലഭ്യതയിലെ കുറവ് പരിഹരിക്കാന്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും ഒരു ദശാബ്ദത്തിനകം തൊഴിലില്ലാതാകുന്ന എട്ടുലക്ഷത്തോളം തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ ഇതു പര്യാപ്തമല്ല. പ്രതിവര്‍ഷം കരയ്ക്കെത്തുന്ന 2500 കോടിയുടെ മത്സ്യം ഉപയോക്താവിന്റെ കൈയിലെത്തുമ്പോള്‍ 4500 കോടിയാകും. വലിയൊരു തൊഴില്‍മേഖലയെ നിലനിര്‍ത്തുന്നത് 2000 കോടി രൂപയുടെ ഈ അന്തരമാണ്.

അമിതചൂഷണവും അശാസ്ത്രീയ മത്സ്യബന്ധന രീതികളും വിദേശകപ്പലുകളുടെ കടല്‍ക്കൊള്ളയും, മത്സ്യങ്ങള്‍ തീരം വിട്ട് പോകുക, പ്രജനം കുറയുക, അമ്ലവല്‍ക്കരണം, കടല്‍മാക്രി തുടങ്ങിയ ആഗോളതാപന ഭീഷണികളും മത്സ്യ പ്രജന- ആവാസകേന്ദ്രങ്ങളായ കണ്ടല്‍ക്കാടുകളുടെയും ഉള്‍നാടന്‍ ജലാശയങ്ങളുടെയും നാശവും മലിനീകരണവും ഒക്കെയാണ് മത്സ്യ സമ്പത്തിന്റെ ശോഷണത്തിന് മുഖ്യകാരണങ്ങളെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അമിത മത്സ്യചൂഷണവും മറ്റുമാണ് ശോഷണത്തിനുള്ള പ്രധാനകാരണങ്ങളായി രേഖ ചൂണ്ടിക്കാട്ടുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, എണ്ണഖനം, ധാതുഖനം, തുറമുഖങ്ങള്‍, വ്യവസായങ്ങള്‍, കടല്‍ഭിത്തി, നഗരവല്‍ക്കരണം തുടങ്ങി വിവിധ രീതിയിലുള്ള കടന്നുകയറ്റങ്ങളുടെ ഭീഷണിയിലാണ് തീരദേശം.

മത്സ്യത്തൊഴിലാളികള്‍ക്ക് നിയന്ത്രണവും കോര്‍പറേറ്റുകള്‍ക്ക് ഇളവുകളും നല്‍കുന്നു. മത്സ്യലഭ്യത ക്രമാതീതമായി കുറയുകയും കടന്നുകയറ്റങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ അരാജകത്വം, കടക്കെണി, ആത്മഹത്യ, പലായനം, കലാപങ്ങള്‍, ക്രിമിനല്‍വല്‍ക്കരണം ഒക്കെ തീരദേശത്തിന് ശാപമാകും. ഭക്ഷ്യസുരക്ഷയും രാജ്യസുരക്ഷയും അപകടത്തിലാകും. ഇതു താങ്ങാനുള്ള കെല്‍പ്പ് കേരളത്തിനുണ്ടാകില്ല. ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ മത്സ്യമേഖലയെ പരുവപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ.

*
വി കെ മധുസൂദനന്‍

Friday, February 28, 2014

മത്സ്യത്തൊഴിലാളികള്‍ ജീവിക്കേണ്ടെന്നോ?

തീര പരിസ്ഥിതി സംരക്ഷണം പരമലക്ഷ്യമിട്ട് കൊണ്ടുവന്ന തീരദേശനിയന്ത്രണനിയമം (2011) നിര്‍ഭാഗ്യവശാല്‍ മത്സ്യത്തൊഴിലാളികളുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. എന്തുകൊണ്ടെന്നാല്‍, കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്ന യാഥാര്‍ഥ്യം ഈ നിയമം അംഗീകരിക്കുന്നില്ല; അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ കണക്കിലെടുക്കുന്നില്ല; തൊഴില്‍സുരക്ഷയും ഉപജീവനസുരക്ഷയും ഉറപ്പ് വരുത്തുന്നില്ല. കടപ്പുറത്ത് ഒരു കൂരവച്ച് അന്തിയുറങ്ങാനുള്ള അവകാശംപോലും ഈ നിയമം കവര്‍ന്നെടുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ അന്യവല്‍ക്കരണത്തിലേക്കും പുറംതള്ളലിലേക്കും നയിക്കുന്ന തീരദേശനിയന്ത്രണ നിയമം വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യ സംരക്ഷണാര്‍ഥം കരുപ്പിടിപ്പിച്ച ഒന്നാണ്. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ മൂലധനശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കടപ്പുറവും തീരക്കടലും കൈയേറി സ്വന്തമാക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതികനിയമത്തിന്റെ അന്തഃസത്തതന്നെയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.

കടലിലെ സമ്പന്നമായ ജൈവവൈവിധ്യവും കായലിന്റെയും കടലിന്റെയും ദൃശ്യഭംഗിയും ഉപയോഗപ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് നിയമപരമായ പരിരക്ഷ ഒരുക്കുകയാണിവിടെ. അതിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നത് കടലിന്റെ മക്കളുടെ ജീവിതസ്വപ്നങ്ങളാണ്.

ആഗോളവല്‍ക്കരണ നടപടികള്‍ക്ക് തുടക്കംകുറിച്ച 1991ല്‍തന്നെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പഴയ തീരദേശ നിയന്ത്രണ നിയമ(1991)ത്തിന് രൂപം നല്‍കിയത്. ഉദാരവല്‍ക്കരണ നടപടികള്‍ പുരോഗമിക്കുന്ന മുറയ്ക്ക് മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഉതകുംവിധം എല്ലാ തടസ്സങ്ങളും നീക്കുന്നതിന് പലപ്പോഴായി ഈ നിയമത്തില്‍ 25 ഭേദഗതികള്‍ കൊണ്ടുവന്നു. എന്നാല്‍, അതുകൊണ്ടൊന്നും കോര്‍പറേറ്റുകള്‍ തൃപ്തരല്ല എന്ന് ബോധ്യമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നതിന് 2004ല്‍ ഡോ. എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചത്. തീരപരിസ്ഥിതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള സമഗ്രമായ ഒരു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിക്ക് കഴിഞ്ഞുവെന്നതാണ് വാസ്തവം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട കരട് തീരദേശപരിപാലനിയമം (CM2, 2008) സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തഃസത്തയില്‍നിന്ന് വ്യതിചലിച്ച് കോര്‍പറേറ്റ് അജന്‍ഡകള്‍ തീരദേശമേഖലയില്‍ നടപ്പാക്കുന്നതിന് നിയമപരിരക്ഷ നല്‍കുന്നതിന് ഉതകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാരും മത്സ്യത്തൊഴിലാളികളുടെ ട്രേഡ്യൂണിയനുകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇതിനെത്തുടര്‍ന്ന് ഇങ2 വിജ്ഞാപനം കാലഹരണപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ആ നിയമത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിന്, എം എസ് സ്വാമിനാഥന്‍ കമ്മിറ്റി മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് പഴയ തീരദേശ നിയന്ത്രണ നിയമത്തില്‍ (CR2, 1991) ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ തീരദേശ നിയന്ത്രണ നിയമത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. അതീവ ലോലമായ തീര പരിസ്ഥിതി സംരക്ഷിക്കുന്നതിനും അതിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും പ്രത്യേക ഊന്നല്‍ ഈ നിയമത്തില്‍ നല്‍കുന്നുവെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്.

പുതിയ തീരദേശനിയമമനുസരിച്ച് വേലിയേറ്റ രേഖയ്ക്കും വേലിയിറക്കരേഖയ്ക്കും ഇടയിലുള്ള പ്രദേശവും വേലിയേറ്റരേഖയില്‍നിന്ന് 500 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ തീരത്തുനിന്ന് 22 കി.മീ ദൂരംവരെയുള്ള അടിത്തട്ട് ഉള്‍പ്പെടെയുള്ള ടെറിട്ടോറിയല്‍ കടല്‍പ്രദേശവും നിയന്ത്രണമേഖലയില്‍ വരുന്നു. കടലിനോട് ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് പിപിടിവരെ ഉപ്പുരസം കലര്‍ന്ന ഓരുജലപ്രദേശങ്ങളും അവയുടെ തീരത്തുനിന്ന് 100 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍പെടുന്നതാണ്. കായല്‍ദ്വീപുകളുടെ തീരത്തുനിന്ന് 50 മീറ്റര്‍ ദൂരംവരെയുള്ള കരപ്രദേശം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ച തീരദേശനിയന്ത്രണമേഖലയെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സിആര്‍ഇസഡ് I - പരിസ്ഥിതി ലോല പ്രദേശങ്ങള്‍, സിആര്‍ഇസഡ് II - മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍, സിആര്‍ഇസഡ് III - ഗ്രാമപ്രദേശങ്ങള്‍, സിആര്‍ഇസഡ് IV - തീരക്കടല്‍, ഓരുജലാശയങ്ങള്‍, കായല്‍ പ്രദേശങ്ങള്‍ (ജലപ്രദേശം), സിആര്‍ഇസഡ് V - പ്രത്യേക പരിഗണനാ പ്രദേശങ്ങളായ കായലുകളും കായല്‍ ദ്വീപുകളും. സിആര്‍ഇസഡ് ഒന്ന്, പരിസ്ഥിതിലോലമായ പ്രദേശമായതുകൊണ്ട് ഈ മേഖലയില്‍ പുതിയ വീടുകളുടെ നിര്‍മാണം അനുവദനീയമല്ല. ഈ പ്രദേശത്ത് നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണമോ അറ്റകുറ്റപ്പണിയോ അനുവദനീയമാണോ എന്ന കാര്യത്തില്‍ നിയമത്തില്‍ വ്യക്തത കാണുന്നില്ല.

അറ്റകുറ്റപ്പണികള്‍ക്ക് കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുവാദത്തിന് കാത്തുനില്‍ക്കേണ്ടിവരും. സിആര്‍ഇസഡ് രണ്ട് മേഖലയില്‍ നിലവിലുള്ള റോഡിനോ നിയമാനുസൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ കിഴക്കുഭാഗത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകള്‍ അനുവദനീയമാണ്. എന്നാല്‍, പടിഞ്ഞാറുഭാഗത്ത് നിര്‍മാണം അനുവദിക്കുന്നില്ല. പഴയ വീടുകളുടെ അറ്റകുറ്റപ്പണി കിഴക്കുഭാഗത്ത് അനുവദനീയമാണ്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ സ്വന്തം കൈവശഭൂമിയില്‍ നിര്‍മിച്ചതും തദ്ദേശസ്ഥാപനങ്ങള്‍ നമ്പരിട്ട് നല്‍കാത്തതുമായ വീടുകള്‍ (സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടുകളും ഇതില്‍പെടും) നിയമാനുസൃതമല്ലാതാകുന്നു. അവയ്ക്കെതിരെ ഏതുസമയത്തും നിയമനടപടികള്‍ സ്വീകരിക്കാം. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന CR2 IIIല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദാരമായി അനുവദിക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ അങ്ങനെയല്ലെന്ന് ബോധ്യമാവും.

ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി ഒരു സംരക്ഷണവും അനുവദിക്കുന്നില്ല. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ പുറമെ നിന്നുള്ളവര്‍ ഈ മേഖലയില്‍ കടന്നു കയറി കാലാന്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ അന്യവല്‍ക്കരിക്കപ്പെടുകയും കടപ്പുറത്തുനിന്ന് പുറന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മൂലധന ശക്തികളും ടൂറിസ്റ്റ് മാഫിയകളും മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ മുതലെടുത്ത് മോഹവില കൊടുത്ത് അവരുടെ ഭൂമി കൈവശപ്പെടുത്തുകയും കടല്‍ത്തീരം മുഴുവന്‍ കൈയടക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല.

വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുള്ള പ്രദേശം വികസന നിരോധിത മേഖലയാണ്. വികസന നിരോധിത മേഖലയില്‍ സ്വാഭാവികമായും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. വേലിയേറ്റ രേഖയില്‍നിന്ന് 100 മീറ്റര്‍ വരെയുള്ള മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ളതും തദ്ദേശസ്ഥാപനങ്ങളുടെ അനുവാദത്തോടെ നിര്‍മിച്ചതുമായ പഴയ ഭവനങ്ങളുടെ പുനര്‍നിര്‍മാണം അനുവദിക്കുന്നുണ്ട്. പക്ഷേ, കെട്ടിടത്തിന്റെ തറവിസ്തീര്‍ണം കൂട്ടാന്‍ നിയമം അനുവദിക്കുന്നില്ല. ഈ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം കൈവശഭൂമിയില്‍ പഞ്ചായത്തിന്റെ നമ്പര്‍ ലഭിക്കാതെതന്നെ വീട് വച്ച് താമസിക്കുന്നവരാണ്. പുതിയ തീരദേശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഈ വീടുകളെല്ലാം നിയമ വിധേയമല്ലാതാവുകയും പൊളിച്ചു നീക്കപ്പെടാവുന്ന അവസ്ഥ ഉണ്ടാവുകയുംചെയ്യും. ഈ മേഖലയില്‍ 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള കരപ്രദേശത്ത് നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഈ പ്രദേശത്ത് പുതിയ വീടുകള്‍ പണിയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം മത്സ്യത്തൊഴിലാളികളെ ചുവപ്പുനാടയുടെ കുരുക്കില്‍പ്പെടുത്തി ഫലത്തില്‍ പാര്‍പ്പിട നിര്‍മാണത്തിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. വികസനരഹിത മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിന് പ്രത്യേക അനുമതി നല്‍കണമെന്ന വി എസ് സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുടെയും ആവശ്യം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല എന്നത് ഖേദകരമാണ്.

തീരപ്രദേശത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികളും പാര്‍പ്പിടവും സംരക്ഷിക്കാതെ പരിസ്ഥിതിമാത്രം സംരക്ഷിച്ചാല്‍മതിയെന്നത് കേവല പരിസ്ഥിതിവാദമാണ്. ഇതിനോട് യോജിക്കാന്‍ പൊതുസമൂഹത്തിന് കഴിയുകയില്ല. കായല്‍ ദ്വീപുകളില്‍ പ്രത്യേക പരിഗണനാര്‍ഹ മേഖലകള്‍ എന്ന നിലയില്‍ 50 മീറ്റര്‍വരെയുള്ള കരപ്രദേശങ്ങള്‍ തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതാണ്. ഇവിടെ CRZI, CRZII, CRZIII മേഖലകളില്‍ പാര്‍പ്പിട നിര്‍മാണത്തിന് നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ബാധകമാണ്. ചുരുക്കത്തില്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കടപ്പുറത്ത് ഒരു വീട് വച്ച് അന്തിയുറങ്ങാന്‍ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് പുതിയ തീരദേശ നിയന്ത്രണ നിയമം (2011) മൂലം സംജാതമാകുന്നത്. ഏറ്റവും വിരോധാഭാസമായി തോന്നിയത് തീരദേശ നിയന്ത്രണ മേഖലയില്‍ (CRZII) 20,000 ച. മീറ്ററിന് മുകളിലുള്ള വന്‍കിട ഫ്ളാറ്റുകള്‍ അനുവദനീയമാണ് എന്നതാണ്. പുതിയ തീരദേശനിയന്ത്രണ നിയമം മൂലധനശക്തികളുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

*
എസ് ശര്‍മ ദേശാഭിമാനി

Friday, February 14, 2014

തൊഴിലിടങ്ങള്‍ പറയുന്നു തളര്‍ച്ചയുടെ കഥ

എഫ്എസിടിയിലെ തൊഴിലാളികള്‍ നടത്തുന്ന സഹനസമരവേദിയില്‍ ചെന്ന് അഭിവാദ്യം ചെയ്തശേഷമാണ് വ്യാഴാഴ്ചത്തെ പര്യടനം തുടങ്ങിയത്. ഇന്നലെ ഈ പംക്തിയില്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി സൂചിപ്പിച്ചിരുന്നു. സേവ് ഫാക്ട് സമരം തൊഴിലാളികളുടെ എന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുവേണ്ടിയല്ല. വ്യവസായ സ്ഥാപനം തകരാതിരിക്കാനാണ്.

ഓഹരി വിറ്റുതുലച്ച് പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് ആഗോളവല്‍ക്കരണ ശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന നയം. ഇടതുപക്ഷത്തിന്റെ ഇടപെടലും ചെറുത്തുനില്‍പ്പും ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും എന്നേ വിറ്റുപോകുമായിരുന്നു. സ്വകാര്യവല്‍ക്കരണ നയത്തിന് ബദല്‍ ഉയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഈ മേഖലയില്‍ വലിയ ഉണര്‍വാണുണ്ടാക്കിയത്.

ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജുകള്‍ രൂപപ്പെടുത്തി. ആ പാക്കേജുകള്‍ നടപ്പാക്കാനുളള ധനസഹായം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നല്‍കി. നഷ്ടം കുമിഞ്ഞ് പൂട്ടിപ്പോകുമെന്ന് പ്രചരിപ്പിക്കപ്പെട്ടവയുള്‍പ്പെടെ ഏതാണ്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ആ സര്‍ക്കാരിന്റെ അവസാനവര്‍ഷം പൊതുമേഖലയുടെ മൊത്തം ലാഭം 300 കോടി രൂപയായി. 56 കോടി രൂപ നഷ്ടത്തില്‍നിന്നാണ് അഞ്ചുകൊല്ലം തികയുംമുമ്പ് ഈ നേട്ടമുണ്ടാക്കിയത്. പൊതുമേഖല ആകമാനം അടച്ചുപൂട്ടാന്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ തിരുത്തിയാണ് ഈ മുന്നേറ്റം എന്നുകൂടി ഓര്‍ക്കണം. പൊതുമേഖലയുടെ ലാഭവും വായ്പയും കൂടി ഉപയോഗപ്പെടുത്തി എട്ടു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് എല്ലാം തിരിച്ചുപോവുകയാണ്. നഷ്ടത്തിന്റെയും ഓഹരി വില്‍പ്പനയുടെയും കഥകള്‍ വീണ്ടും കേള്‍ക്കുകയാണ്. ആ നയം തിരുത്തിക്കാനാണ് തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരംചെയ്യുന്നത്. ആ സമരത്തോടൊപ്പമാണ് സിപിഐ എം.

എറണാകുളം ജില്ലയില്‍ കേരള രക്ഷാമാര്‍ച്ച് കടന്നുവന്ന എല്ലാ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ ആവേശകരമായ സാന്നിധ്യമുണ്ടായിരുന്നു. നിര്‍മാണമേഖലയിലെ പ്രതിസന്ധിയാണ് എടുത്തുപറയേണ്ട മറ്റൊരു വിഷയം. വന്‍തോതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിക്കൊണ്ടിരുന്ന പ്രദേശങ്ങളിലൂടെയായിരുന്നു വ്യാഴാഴ്ചത്തെ പര്യടനം. 75 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് നിര്‍മാണ മേഖല. അവിടെ ജോലികള്‍ നടക്കുന്നില്ല. അന്യസംസ്ഥാനത്തൊഴിലാളികള്‍ തിരിച്ചുപോവുകയോ മറ്റു തൊഴില്‍ തേടുകയോ ചെയ്യുന്നു. നിര്‍മാണമേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നില്ല. ഒപ്പം വിലക്കയറ്റവും. ഇത്തരം പ്രശ്നങ്ങള്‍ യഥാവിധി കൈകാര്യംചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലമ്പുഴ അണക്കെട്ടില്‍നിന്ന് മണല്‍ ശേഖരിക്കുന്നതിന് അനുമതി നല്‍കി. യുഡിഎഫ് അധികാരത്തിലെത്തിയതോടെ അത്തരത്തിലുള്ള ഇടപെടലെല്ലാം ഇല്ലാതായി. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ പറ്റുന്ന മണല്‍ ഡാമുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവ ഖനം ചെയ്യുന്നത് പരിസ്ഥിതിപ്രശ്നം ഉണ്ടാക്കില്ലെന്നു മാത്രമല്ല, അണക്കെട്ടുകളില്‍ കൂടുതല്‍ ജലം സംഭരിക്കുന്നതിന് സഹായകമാകുകയും ചെയ്യും. അങ്ങനെയൊന്നും ചിന്തിക്കാതെ, ഇന്നാട്ടുകാരും അല്ലാത്തവരുമായ നിര്‍മാണത്തൊഴിലാളികളെ തൊഴിലിലില്ലായ്മയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക അരാജകത്വത്തെയും ക്രമസമാധാനപാലനത്തിലെ ഗുരുതരവീഴ്ചയെയുംകുറിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.

ആലുവയില്‍ തുടങ്ങി കോലഞ്ചേരി, പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളിലെ സ്വീകരണത്തോടെ എറണാകുളം ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചിത്രീകരിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വീകരണമാണ് പെരുമ്പാവൂരില്‍ ഒരുക്കിയത്. ബസ് കാത്തുനിന്ന അനേകമാളുകളുള്‍പ്പെടെ താല്‍പര്യപൂര്‍വം പ്രസംഗം ശ്രവിക്കുന്ന ദൃശ്യമായിരുന്നു അങ്കമാലിയില്‍. സ്വീകരണകേന്ദ്രങ്ങളിലല്ലാതെയും ജാഥ കടന്നുപോകുമ്പോള്‍ കെട്ടിടത്തിനുമുകളിലും പാതയോരത്തും മറ്റുമായി വലിയ ജനക്കൂട്ടംതന്നെ അഭിവാദ്യം ചെയ്ത് നില്‍പ്പുണ്ടായിരുന്നു. അത് ഈ മാര്‍ച്ചില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോട് പൊതുസമൂഹത്തിനുള്ള സ്വീകാര്യത തന്നെയാണ് കാണിക്കുന്നത്. എറണാകുളത്തെ പര്യടനം പൂര്‍ത്തിയാക്കിയ മാര്‍ച്ച് തൃശൂര്‍ ജില്ലയിലേക്ക് കടന്നു. ചാലക്കുടിയിലായിരുന്നു തൃശൂരിലെ ആദ്യ സ്വീകരണം.

*
പിണറായി വിജയന്‍

Thursday, February 6, 2014

‘ചിറ്റിലപ്പിള്ളിമാര്‍ ‘ നിങ്ങളോട് പറയാതെ പോകുന്നത്...

"നിലവിലുള്ള ബൂർഷ്വാ ഉല്പാദന സാഹചര്യങ്ങളിൽ സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം സ്വതന്ത്രവ്യാപാരമെന്നാണ്, സ്വതന്ത്രമായ ക്രയവിക്രയമെന്നാണ്."

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

വാക്കുകൾ ചരിത്രത്തിൽ ഏതുവിധേനയാണ് ജീവിക്കുക എന്നത് യാതൊരു നിശ്ചയവുമില്ലാത്ത കാര്യമാണെന്ന് സുനിൽ പി. ഇളയിടം ഒരു പ്രസംഗത്തിനിടയ്ക്ക് പറഞ്ഞതോർമ്മ വരുന്നു. ആ പ്രസംഗത്തിനിടയ്ക്ക് എന്നെ ഒരുപാടാകർഷിച്ച ഒരു ആശയമായിരുന്നത്.

"സ്വാശ്രയം എന്നൊരാശയം ഇന്നെവിടെ ബാക്കിയുണ്ടെന്നു ചോദിച്ചാൽ 50 ലക്ഷവും 60 ലക്ഷവും കൈക്കൂലി കൊടുത്താൽ അഡ്മിഷൻ കിട്ടുന്ന കോളേജിന്റെ പേരിലല്ലാതെ വേറെയെവിടെയുമില്ല. ഇതു വാക്കിനു സംഭവിക്കുന്ന ഒരു വഴിത്തിരിവാണു. ഇങ്ങനെ തിരിഞ്ഞു തിരിഞ്ഞു പോകും ഇതു ചരിത്രത്തിൽ. ആഗോളീകരണം എന്നു മലയാളത്തിൽ ആദ്യം എഴുതിയതു കേസരി ബാലകൃഷ്ണപിള്ളയാണു. മുണ്ടുടുത്ത മലയാളികൾ പാരീസിന്റെ തെരുവിലൂടെ ആത്മാഭിമാനപൂർവ്വം തലയുയർത്തി നടക്കുന്ന കാലമായിരിക്കും ആഗോളീകരണത്തിന്റെ കാലം എന്നദ്ദേഹം പറഞ്ഞത്. ഇപ്പോ, എന്തായീ സ്ഥിതി എന്നും നമുക്കറിയാലോ. ഇതുപോലെ തിരിഞ്ഞു പോയൊരു വാക്കാണു നവോത്ഥാനം. എല്ലാവരും നവോത്ഥാനം എന്നു പറയും. അതോടെ നവോത്ഥാനം എന്താണെന്ന് ആകെ കണ്‍ഫ്യൂഷനാകും. കാരണം വി.ടി. നമ്പൂതിരിപ്പാടാണോ നവോത്ഥാനം, കാന്തപുരം അബൂബക്കറാണോ നവോത്ഥാനം എന്ന് ചോദിച്ചാൽ നമ്മൾ കുടുങ്ങിയത് തന്നെ. അതിങ്ങനെ മാറി വരും." ആ ആശയത്തെ അദ്ദേഹം തുടർന്നിങ്ങനെ വിശദീകരിക്കുകയുണ്ടായി.

എന്നാലും അതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്നു ആദ്യം ഉദ്ധരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നുള്ള വാചകം. ഒരു വാക്കിന്റെ, നാം പോലുമറിയാതെ നമ്മുടെ ബോധത്തിലുറയ്ക്കുന്ന അർത്ഥം വ്യവസ്ഥിതിയുടെ അധീശത്വം കൈമുതലായുള്ളവൻ അതിനെ സ്വന്തം ആവശ്യപ്രകാരം എങ്ങനെ പരുവപ്പെടുത്തിയെടുക്കും എന്നതനുസരിച്ചായിരിക്കും. സ്വാതന്ത്ര്യം എന്ന് അവർ പറയുമ്പോൾ, അത് മനുഷ്യന്റെ സ്വാതന്ത്ര്യമല്ല, മറിച്ച് വിപണിയുടെ സ്വാതന്ത്ര്യമാണെന്നത് നമ്മൾക്ക് തിരിച്ചറിയാനാകാതെ പോകുന്നുണ്ടെങ്കിൽ, നമ്മളെയങ്ങനെ പരുവപ്പെടുത്തിയെടിത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അടിമത്വത്തിന്റെ അതിലേറെ അന്ധമായ വിധേയത്വത്തിന്റെ ചങ്ങലകളാൽ ബന്ധിതരാണ് നാമെന്ന സത്യമാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മുതലാളിത്ത വിപണിയുടെ അന്തമില്ലാത്ത ലാഭക്കൊതിയുടെ സ്വതന്ത്ര്യവിഹാരത്തിനെതിരെ ഒരു ചെറിയ തടയിണ ഉയരുമ്പോൾ തന്നെ നാം സ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതി കൊള്ളും. തൊഴിലാളി സമരങ്ങൾ സ്വാതന്ത്ര്യമെന്ന വാക്കിനെ മനുഷ്യനു വേണ്ടി വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളാണെന്ന് നാം മനസ്സിലാക്കാതെ പൊകും. അവയെ നിർലജ്ജം അവഗണിക്കും. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു സമരമാണ് ആലുവയ്ക്കടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ ചുമട്ടുതൊഴിലാളികൾ വി-സ്റ്റാർ ക്രിയേഷൻസ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ നടത്തുന്നത്. സമരം ആരംഭിച്ചിട്ട് 650 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പക്ഷേ, നമ്മളിലെത്ര പേർ അതറിഞ്ഞു?

നമ്മളറിഞ്ഞത് കൊച്ചൗസേപ്പ് പറഞ്ഞ കഥകളാണ്. കലൂർ പുതുക്കലവട്ടത്തെ ഗോഡൗണിൽ, സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാൻ ചുമട്ടുതൊഴിലാളികൾ അനുവദിക്കാതിരിക്കുകയും, തുടർന്ന് അയാൾ സ്വയം ചുമടിറക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. നോക്കുകൂലിക്കെതിരെ ചിറ്റിലപ്പിള്ളിയുടെ ഒറ്റയാൾ പോരാട്ടം എന്ന് 'സ്വതന്ത്ര'മാധ്യമങ്ങൾ തലക്കെട്ടുകൾ പടച്ചു. നോക്കുകൂലി എന്ന് വാർത്തകൾക്കിടെ തിരുകിക്കയറ്റിയാൽ ജനവികാരം തൊഴിലാളികൾക്കെതിരെയാക്കാൻ ബുദ്ധിമുട്ടുണ്ടാകിലെന്ന് ചിറ്റിലപ്പിള്ളിക്കും അയാൾക്ക് വേണ്ടി വാർത്തയൊരുക്കുന്ന മാധ്യമങ്ങൾക്കും നന്നായറിയാമായിരുന്നു. വാസ്തവത്തിൽ, കൊച്ചൗസേപ്പിന്റെ ഗോഡൗണിൽ, അത് മുൻപുയോഗിച്ചിരുന്ന വ്യക്തിക്ക് വേണ്ടി ന്യായമായ കൂലി വാങ്ങി ചുമട്ടിറക്കു ചെയ്തിരുന്നത് അതേ തൊഴിലാളികളായിരുന്നു. കൊച്ചൗസേപ്പ് അത് വാടയ്കക്കെടുക്കുകയും അവർക്ക് തൊഴിൽ നിഷേധിക്കുകയും അങ്ങനെ ആ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്തത്. ഒരു ദിവസം രാവിലെ തൊഴിലിടത്തിലെത്തുമ്പോൾപുറത്താക്കപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ മറ്റെന്ത് ചെയ്യണം? തൊഴിൽ ചെയ്യാനും അതിൽ നിന്ന് നേടുന്ന വരുമാനമുപയോഗിച്ച് കുടുംബം പുലർത്താനുമുള്ള തൊഴിലാളിയുടെ മാനുഷികമായ അവകാശവും, അവരുടെ അധ്വാനം സൃഷ്ടിക്കുന്ന മൂലധനത്തിൽ മുതലാളിക്കുള്ള നിയമപരമായ അധീശത്വത്തിന്റെ അഹന്തയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. അവർ ചോദിച്ചത് നോക്കുകൂലിയായിരുന്നില്ല. തൊഴിലായിരുന്നു. ആ സംഘർഷത്തിൽ, ഭൂരിഭാഗവും തൊഴിലാളികളായ ഒരു സമൂഹം ആരോടൊപ്പം നിന്നു എന്നത് സ്വാതന്ത്ര്യത്തിന്റെ അർഥം നമ്മളെങ്ങനെ മനസ്സിലാക്കി വച്ചിരിക്കുന്നു എന്നതിന് അടിവരയിടുകയാണ്. അന്ന് തൊഴിൽ നിഷേധിക്കാനുള്ള കാരണമായി കൊച്ചൗസേപ്പ് പറഞ്ഞതും കോടതിയെ ധരിപ്പിച്ചതും, അവിടെ ഇറക്കുന്ന വസ്തുക്കളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ആ തൊഴിലാളികൾക്കില്ല എന്നായിരുന്നു. അതിന് തൊട്ടു മുൻപ് ദിവസം വരെ, അതേ ഗോഡൗണിൽ ഗ്ലാസ്, ബാറ്ററി പോലുള്ള ഉല്പന്നങ്ങൾ ഇറക്കിയിരുന്ന തൊഴിലാളികൾക്കാണ്, വിസ്റ്റാർ ക്രിയേഷൻസിന്റെ അടിവസ്ത്രങ്ങളും, മറ്റു ഗാർമെന്റ് ഉല്പന്നങ്ങളും ഇറക്കാനുള്ള വൈദഗ്ധ്യമില്ല എന്ന് കൊച്ചൗസേപ്പ് പറയുന്നത്!! പക്ഷേ, നോക്കുകൂലി ചോദിക്കുന്നു എന്ന് നുണപറഞ്ഞ് കള്ളനെന്ന് ചാപ്പകുത്തിയാൽ പിന്നെ അവർ പറയുന്നതാരു വിശ്വസിക്കാൻ!

ഇതേ സമയം, ആലുവ പെരുമ്പാവൂർ റൂട്ടിൽ വാഴക്കുളം എം.ഇ.എസ് ജങ്ക്ഷനരികിൽ വി-സ്റ്റാർ ക്രിയേഷൻസിന്റെ സ്വന്തം ഗോഡൗണിന്റെ പണി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്ന, (നോക്കുകൂലി വാങ്ങിയിട്ടല്ല, ചുമടിറക്കിയിട്ട്) ചുമട്ടു തൊഴിലാളികൾക്കും പണിതീർന്നപ്പോൾ കൊച്ചൗസേപ്പ് അതിനിടയ്ക്ക് കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല വിധിയുടെ ബലത്തിൽ തൊഴിൽ നിഷേധിക്കുകയാണ് ചെയ്തത്.ഏഷ്യൻ പെയിന്റ്സ്, മിസ്റ്റർ. ബട്ട്ലർ, റിലയൻസ്, തുടങ്ങി ഒരുപാട് വലിയ കമ്പനികളുടെ ഗോഡൗണുകൾ ഉള്ള ഒരു മേഖലയാണത്. അവിടങ്ങളിലെല്ലാം നിയമാനുസൃതമായ കൂലിയിൽ തൊഴിൽ ചെയ്തിരുന്ന, ഇത്രയും കാലവും ഒരു പരാതിയും കേൾപ്പിക്കാത്ത തൊഴിലാളികൾക്കാണ് തൊഴിൽ നൽകാതിരിക്കുന്നത്. ഒരു ദിവസം മറ്റു ഗോഡൗണുകളിലും ഇതേരീതിയിൽ തൊഴിൽ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ അചിന്തനീയമാണ്. അതിനെതിരെ പ്രതികരിക്കാതിരിക്കാനാകാത്തതിനാൽ സഖാവ് ബീരാൻ കുഞ്ഞിന്റെയും, എം എ അബ്ദുൾ കരീമിന്റേയും നേതൃത്വത്തിൽ, സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി തൊഴിലാളികൾ സംയുക്തമായി സമരമാരംഭിച്ചു. നോക്കുകൂലിക്ക് വേണ്ടിയല്ല, തൊഴിലിന് വേണ്ടിയുള്ള സമാധാനപൂർണ്ണമായ ആ സമരം 650 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ചുമട്ട് തൊഴിലാളി ക്ഷേമബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുള്ള പ്രദേശത്ത് അവർക്ക് തൊഴിൽ നൽകണമെന്ന ചുമട്ട് തൊഴിലാളി നിയമത്തിനെതിരായാണ് ചിറ്റിലപ്പിള്ളി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. മുതലാളിയുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് മുതലാളിത്ത നിയമവ്യവസ്ഥയുടെ ആവശ്യമാണല്ലോ. അതിൽ നമുക്കും പ്രശ്നം തോന്നില്ല. തൊഴിലാളി തൊഴിലെടുക്കാനും ജീവിക്കാനുമുള്ള അവന്റെ അവകാശത്തിന് വേണ്ടി ഉയർത്തുന്ന ശബ്ദമാണ് അസഹനീയമായി നമുക്കനുഭവപ്പെടുന്നത്.

സംഘടിതരായ തൊഴിലാളികളെ അസംഘടിതരും നിർവീര്യരുമാക്കുക, അങ്ങനെ അധ്വാനത്തിന്റെ ചൂഷണത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്ന മുതലാളിത്തത്തിന്റെ യുക്തിയാണ് കൊച്ചൗസേപ്പ് സമർഥമായി പ്രാവർത്തികമാക്കുന്നത്. സംഘടിതരായ ചുമട്ട് തൊഴിലാളികൾക്കു പകരം അയാൾ തമിഴ് നാട്ടിൽ നിന്നും മറ്റും കൊണ്ടു വന്ന പാവപ്പെട്ട തൊഴിലാളികളെ ലേബർ നിയമങ്ങളും ചുമട്ട് തൊഴിലാളി നിയമങ്ങളും പാലിക്കാതെയാണ് തൊഴിലെടുപ്പിക്കുന്നതെന്ന്, സമര സഖാക്കൾക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകൾ വെളിപ്പെടുത്തുന്നു. നോക്കുകൂലി വാങ്ങുന്ന് എന്ന് നാം കുറ്റം പറയുന്ന ചുമട്ട് തൊഴിലാളികളെപ്പോലെയല്ല അദ്ദേഹം. വിദ്യാസമ്പന്നനാണ്, സംസ്കാരസമ്പന്നനാണ്, സമ്പന്നനുമാണ്. സർവോപരി കേരളമംഗീകരിച്ച പുണ്യാളന്മാരിലൊരാളാണ്. അതുകൊണ്ട് നമുക്കതിൽ തരക്കേടൊന്നും തോന്നണമെന്നില്ല.

നാട് കട്ടുമുടിക്കുന്ന ഒരു പാടു മുതലാളിമാരും, അഴിമതിയിൽ മുങ്ങിയ സിവിൽ സെർവീസും, കൂട്ടിവായ്ക്കാൻ പോലുമറിയില്ലെങ്കിലും കുട്ടികളെ പഠിപ്പിച്ച് വഷളാക്കുന്ന ഒരു പാട് അധ്യാപകരും, മരുന്നു കമ്പനികൾക്ക് വേണ്ടി മരുന്ന് കുറിക്കുന്ന വലിയ ശതമാനം ഡോക്ടർമാരും, സകലതു വിറ്റു തുലച്ചുകൊണ്ട് നാടു തന്നെ പണയം വയ്ക്കുന്ന് ഭരണാധികാരികളും ഒക്കെയുണ്ടായിട്ടും ആ വര്‍ഗങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു വില്ലൻ വാർപ്പുമാതൃക സംഘടിത തൊഴിലാളികളായ ചുമട്ട് തൊഴിലാളികൾക്ക് വേണ്ടീ ആരു പണിതെടുത്തു എന്ന് നാം ആലോചിക്കേണ്ടതുണ്ട്. എക്സപ്ഷൻസ് എടുത്ത് ചുമട്ട് തൊഴിലാളികളുടെ കാര്യത്തിൽ സാമാന്യവൽക്കരിക്കുമ്പോൾ, മേല്പറഞ്ഞ കൂട്ടങ്ങളിൽ ഭൂരിഭാഗവും എങ്ങനെയെന്നും അവർ സമൂഹത്തോടെന്ത് ചെയ്യുകയാണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

തൊഴിലാളി സമരങ്ങൾ മനുഷ്യന്റെ അടിമത്തിൽ നിന്നുള്ള വിമോചനമാണ് ലക്ഷ്യമാക്കുന്നത്. അത് സ്വാതന്ത്ര്യത്തിന്റെ ബൂർഷ്വാസങ്കല്പത്തെ പുതുക്കിപ്പണിയുകയാണ്. ബീരാൻക്കായുടേയും സഖാക്കളുടേയും പോരാട്ടത്തിന് വിപ്ലവാഭിവാദ്യങ്ങൾ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവ്ർക്ക് നേടാനോ ഒരു ലോകമുണ്ട് താനും. സര്‍വരാജ്യതൊഴിലാളികളേ, സംഘടിക്കുവിൻ!

*
അമതന്‍ ഫേസ്‌ബുക്കില്‍ എഴുതിയത്

Wednesday, February 5, 2014

കയര്‍-കശുവണ്ടി മേഖലയിലെ ദുരിതജീവിതം

ആലപ്പുഴയില്‍നിന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ച കേരളരക്ഷാമാര്‍ച്ചിനെ സ്വീകരിക്കാന്‍, പിന്നിട്ട 12 കേന്ദ്രത്തിലും വര്‍ധിച്ചതോതില്‍ തൊഴിലാളികള്‍ അണിനിരന്നു. കയര്‍, കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന ആയിരങ്ങള്‍ തങ്ങളുടെ ആശയും ആവേശവും താങ്ങുംതണലുമായ പ്രസ്ഥാനത്തിന്റെ കൊടിയുമേന്തി ഓരോ കേന്ദ്രത്തിലും ജാഥയെ വരവേല്‍ക്കാനെത്തി. ഈ രണ്ടുമേഖലയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിച്ച കാലത്ത് സര്‍ക്കാര്‍ സജീവമായി ഇടപെട്ടിരുന്നു.

ഇന്ന് സര്‍ക്കാര്‍ കയറിന്റെ പേരില്‍ പ്രചാരണവും ആഘോഷവും വിദേശസഞ്ചാരവും ധൂര്‍ത്തുമേളകളും നടത്തുന്നുണ്ട്. പക്ഷേ, ആ മേഖലയിലെ തൊഴിലാളികളുടെ ദുരിതജീവിതം കാണുന്നില്ല. കയര്‍ തൊഴിലാളികളില്‍ 10 ശതമാനത്തിനു മാത്രമാണ് ഇപ്പോള്‍ തൊഴിലുള്ളത്. 10 ലക്ഷത്തിലേറെപ്പേര്‍ ഈ രംഗത്ത് തൊഴിലെടുത്തിരുന്നു. കയര്‍ ബോര്‍ഡിന്റെ അവസാനത്തെ കണക്കെടുപ്പില്‍ ഇത് നാലുലക്ഷത്തോളമായി ചുരുങ്ങി. ഇതില്‍ 90 ശതമാനത്തിനും ഇപ്പോള്‍ തൊഴിലില്ല. വര്‍ഷം 10 കോടിയിലേറെ രൂപയുടെ വിദേശനാണ്യം രാജ്യത്തിന് സംഭാവന ചെയ്ത മേഖലയെയാണ് ഈ ദുര്‍ഗതിയിലെത്തിച്ചത്.

പിരി-ഫാക്ടറി മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറില്‍പ്പരം കയര്‍ സഹകരണസംഘങ്ങളില്‍ ബഹുഭൂരിപക്ഷവും സ്തംഭനത്തിലാണ്. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ സഹായവും നിലച്ചതോടെ സംഘങ്ങള്‍ അടച്ചിടേണ്ട അവസ്ഥയായി. തൊഴിലാളികള്‍ സ്വകാര്യമേഖലയെ ആശ്രയിക്കുന്നു. ഇത് വലിയ തൊഴില്‍ചൂഷണത്തിന് കാരണമായി. അധ്വാനഭാരം വര്‍ധിപ്പിച്ചും കൂലി കുറച്ചും മുതലാളിമാര്‍ ലാഭം കൂട്ടുകയാണ്. പ്രാകൃത തൊഴില്‍സമ്പ്രദായവും കഠിനമായ അധ്വാനവും ചുരുങ്ങിയ കൂലിയും കയര്‍വ്യവസായം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍വ്യവസായത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടിയെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലപ്പുഴയില്‍ കയര്‍യന്ത്രനിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചതാണ്. തൊണ്ടു സംഭരണത്തിന് കയര്‍ കമീഷന്‍ വ്യക്തമായ ശുപാര്‍ശ സമര്‍പ്പിച്ചതുമാണ്. അതൊന്നും യുഡിഎഫ് ഭരണത്തിന്റെ അജന്‍ഡയിലില്ല. അങ്ങനെ അവഗണനയുടെ ദുരിതം കുടിച്ചുതീര്‍ക്കുന്ന കയര്‍തൊഴിലാളികള്‍ സിപിഐ എമ്മിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. തീര്‍ച്ചയായും ആ പ്രതീക്ഷ അസ്ഥാനത്തല്ല. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ അധികാരികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനും അവ പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സിപിഐ എം മുന്നില്‍ത്തന്നെയുണ്ടാകും.

മാര്‍ച്ച് ഓച്ചിറയില്‍ വച്ചാണ് കൊല്ലം ജില്ലയിലേക്ക് കടന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു തിങ്കളാഴ്ച ആദ്യസ്വീകരണം. കൊല്ലത്ത് കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും ഇടപ്പള്ളിക്കോട്ടയിലും തുടര്‍ന്ന് കൊല്ലത്തും സ്വീകരണങ്ങള്‍. എല്ലായിടത്തും, യോഗങ്ങളിലും അവിടങ്ങളിലേക്ക് ഒഴുകിയെത്തിയ പ്രകടനങ്ങളിലും ഉണ്ടായ സ്ത്രീസാന്നിധ്യം എടുത്തുപറയേണ്ടതാണ്. അക്കൂട്ടത്തില്‍ കശുവണ്ടിത്തൊഴിലാളികളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു.

കയര്‍വ്യവസായം കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത് കശുവണ്ടിമേഖലയിലാണ്. മൂന്നുലക്ഷം തൊഴിലാളികളില്‍ 98 ശതമാനം സ്ത്രീകളാണ്. ആ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും സിപിഐ എമ്മിലാണ് അണിചേരുന്നത്. അതുകൊണ്ടുകൂടിയാകാം, അവരോട് യുഡിഎഫ് സര്‍ക്കാരിന്റെ പെരുമാറ്റം ക്രൂരമാണ്. സ്ത്രീകളുടെ വ്യവസായമെന്ന പ്രത്യേകതകൂടി കണക്കിലെടുത്താണ് ഈ രംഗത്ത് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂപീകരിച്ചത്. കശുവണ്ടി വികസന കോര്‍പറേഷന്റെ കീഴില്‍ 34 ഫാക്ടറിയും സഹകരണസ്ഥാപനമായ കാപ്പെക്സിന്റെ കീഴില്‍ പത്ത് ഫാക്ടറിയും ഉണ്ട്. ഈ സ്ഥാപനങ്ങളിലെ ഫാക്ടറികള്‍ യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാഷ്യൂ ഫാക്ടറി അക്യുസിഷന്‍ (ഭേദഗതി) നിയമം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പാസാക്കിയതാണ്. കാഷ്യൂ കോര്‍പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികള്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമൂലധനം നല്‍കുകയും ഫാക്ടറികളുടെ നവീകരണത്തിനാവശ്യമായ സാമ്പത്തികസഹായം നല്‍കുകയും ചെയ്തിരുന്നു. കാഷ്യു കോര്‍പറേഷന്‍ ഫാക്ടറികള്‍ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. പിഎഫ് വിഹിതം സ്ഥാപനം അടയ്ക്കുന്നില്ല. എട്ടുകോടി രൂപ കുടിശ്ശിക ഈടാക്കാനുള്ള നടപടികള്‍ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചു. കാപ്പെക്സിന്റെ സാമ്പത്തികസ്ഥിതി വലിയ പ്രതിസന്ധിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുടിവറുപ്പു സമ്പ്രദായം പുനരാരംഭിച്ചു. തോട്ടണ്ടി ഉല്‍പ്പാദക രാജ്യങ്ങളില്‍നിന്ന് സംസ്കരിച്ച അണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് മറ്റൊരു ഭീഷണിയാണ്.

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇപിഎഫ്, ഇഎസ്ഐ ക്ഷേമനിധി വിഹിതങ്ങള്‍ അടയ്ക്കാതിരിക്കുക, വൃത്തിഹീനമായ തൊഴില്‍ സ്ഥലങ്ങളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുക തുടങ്ങിയ നിയമനിഷേധനടപടികള്‍ തൊഴിലുടമകള്‍ സ്വീകരിച്ചാല്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. 2011ല്‍ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്ന സമയത്തുള്ള ജീവിതച്ചെലവിന്റെ ഇരട്ടിയോ അതിലധികമോ ആണ് ഇന്നത്തെ ജീവിതസ്ഥിതി. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും 10,000 രൂപയെങ്കിലും പ്രതിമാസം വരുമാനം ലഭ്യമാക്കണമെന്ന് ദേശീയതലത്തില്‍ത്തന്നെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്രയും വിവരിച്ചത് കയര്‍-കശുവണ്ടി മേഖലകളിലെ യഥാര്‍ഥപ്രശ്നങ്ങളുടെ ചെറിയ ഭാഗമേ ആകുന്നുള്ളൂ. ജീവിതം വഴിമുട്ടിനില്‍ക്കുന്ന ആ തൊഴിലാളികള്‍ കൂട്ടത്തോടെ മണിക്കൂറുകള്‍ കാത്തുനിന്ന് സിപിഐ എം മാര്‍ച്ചിനെ വരവേല്‍ക്കുമ്പോള്‍, പാര്‍ടിയെ അവര്‍ എത്രമാത്രം സ്നേഹിക്കുന്നു; വിശ്വസിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. അവരുടെ കൈകളില്‍നിന്നു ലഭിച്ച ഓരോ ഹാരവും കണ്ഠങ്ങളില്‍നിന്നുയര്‍ന്ന ഓരോ മുദ്രാവാക്യവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ അപ്രതിരോധ്യമായ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്; ഉത്തരവാദിത്തമാണ് വര്‍ധിപ്പിക്കുന്നത്.

*
പിണറായി വിജയന്‍

Sunday, December 22, 2013

തുറന്ന കടലും തുലയുന്ന മത്സ്യമേഖലയും

നോര്‍ഡിക് രാജ്യങ്ങളാണ് യുഡിഎഫിന്റെ വിഷന്‍ 2030ന്റെ ഇഷ്ടദേശം. വടക്കന്‍ അറ്റ്ലാന്റിക് തീരദേശ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വെ, ഡെന്മാര്‍ക്ക്, ഫിന്‍ലന്റ്, ഐസ്ലാന്റ് തുടങ്ങിയ രാജ്യങ്ങളെ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെന്നും നോര്‍ഡിക് രാജ്യങ്ങളെന്നും വിളിക്കും. പലകാര്യങ്ങളിലും ഈ രാജ്യങ്ങളുടെ മാതൃക പിന്തുടരണം എന്നാണ് വിഷന്‍ 2030-ല്‍ പറയുന്നത്. ഏതായാലും മത്സ്യമേഖലയുടെ കാര്യത്തില്‍ നോര്‍വെയുമായുളള നമ്മുടെ ബന്ധം പ്രസിദ്ധമാണ്. അറുപതുകളുടെ മധ്യത്തില്‍ നോര്‍വീജിയന്‍ പ്രോജക്ട് നീണ്ടകരയില്‍ ആരംഭിക്കുന്നതുവരെ കേരളത്തിലെ മത്സ്യബന്ധനം പൂര്‍ണമായും പരമ്പരാഗത രീതിയിലുളളതായിരുന്നു. യന്ത്രവത്കൃത ബോട്ടുകളും ആധുനികവലകളും ശീതീകരിച്ച മത്സ്യവുമെല്ലാം ഏതാനും ദശാബ്ദം കൊണ്ട് കേരളത്തിന്റെ മത്സ്യമേഖലയെ മാറ്റിമറിച്ചു.

1950-51ല്‍ കേവലം 0.75 ലക്ഷം ടണ്‍ ആയിരുന്ന മത്സ്യ ഉല്‍പാദനം 6-7 ലക്ഷം ടണ്ണായി എഴുപതുകളുടെ അവസാനമായപ്പോഴേയ്ക്കും ഉയര്‍ന്നു. ഇതുപോലെ ഇനി അത്യാധുനിക സാങ്കേതികവിദ്യകള്‍ കേരളത്തിലെ മത്സ്യമേഖലയിലേക്കു കൊണ്ടുവരണം എന്നുളളതാണ് കാഴ്ചപ്പാട്. പുതിയ വിദ്യകളുടെ നീണ്ട പട്ടികതന്നെയുണ്ട്. മാരി കള്‍ച്ചര്‍, കോള്‍ഡ് വാട്ടര്‍ അക്വാ കള്‍ച്ചര്‍, കടല്‍പ്പായല്‍ കൃഷി, സീ റാഞ്ചിംഗ്, റിക്രിയേഷണല്‍ ഫിഷറി, ക്രിപ്സ് ട്രോള്‍, മത്സ്യമേഖലയില്‍ ഐടി ടെക്നോളജിയുടെ വിവിധ ഉപയോഗങ്ങള്‍ - ഇങ്ങനെ ഏതാണ്ട് മൂന്നു ഡസന്‍ വരും പട്ടിക. ഇവയില്‍ പലതും നമുക്കു സ്വീകാര്യമാണ്. പക്ഷേ കൂടുതല്‍ വിശദമായ പരിശോധന വേണം. നമ്മുടെ പ്രകൃതിക്കും സാമ്പത്തികസ്ഥിതിക്കും കമ്പോളത്തിനും ഇവയോരോന്നും എത്രമാത്രം ഉചിതമാണെന്നു പരിശോധിക്കണം.

സാങ്കേതികവിദ്യ മാത്രം പോര. അതിന്റെ സംഘാടനവും പ്രധാനമാണ്. നോര്‍വീജിയന്‍ അനുഭവം ആധുനികം എന്നപേരില്‍ അന്ധമായി എന്തും സ്വീകരിക്കുന്നത് ശരിയായിരിക്കുകയില്ല. നോര്‍വെയില്‍ നിന്നു നാം കൊണ്ടുവന്ന വലകളും സാങ്കേതികവിദ്യകളും പലതും ഏകമത്സ്യപ്രധാനമായ ടെംപറേറ്റു മേഖലകള്‍ക്ക് ഉപയോഗിക്കുന്നതായിരുന്നു. ജൈവവൈവിദ്ധ്യത്തിന്റെ കലവറയായ നമ്മുടെ ഉഷ്ണമേഖലാ സമുദ്രങ്ങളില്‍ ഇവ അടക്കംകൊല്ലി വലകളായി. അനിയന്ത്രിതമായ യന്ത്രവത്കരണം മത്സ്യത്തൊഴിലാളികളെ പലേടത്തുനിന്നും പുറന്തളളി. പുറത്തുളളവര്‍ യന്ത്രവത്കരണ മേഖലയിലേക്കു തളളിക്കയറി. മത്സ്യ ഉല്‍പാദനം കൂടി. പക്ഷേ, മത്സ്യബന്ധനം നഷ്ടക്കച്ചവടമായി. ഒരുവശത്ത്, പുതിയ സാങ്കേതികവിദ്യകള്‍ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് വഴി വെയ്ക്കുന്നു. അമിത മത്സ്യബന്ധനം, സംഹാരപരമായ മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗം, ഉള്‍ക്കടലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മത്സ്യബന്ധന ട്രോളറുകളുടെ തീരദേശത്തേയ്ക്കുളള നിയമവിരുദ്ധമായ കടന്നുകയറ്റം, മത്സ്യബന്ധനം തുടങ്ങിയവ മത്സ്യവിഭവ ശോഷണത്തിലേയ്ക്കു നയിച്ചു. എഴുപതുകളുടെ ആദ്യം മുതല്‍ മത്സ്യ ഉല്‍പാദനം കേരളത്തില്‍ ഇടിയാന്‍ തുടങ്ങി. എഴുപതുകളുടെ അവസാനം വരെ ഈ പ്രവണത തുടര്‍ന്നു. പിന്നീട് പ്രജനനകാലമായ മഴക്കാലത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി.

മത്സ്യഉല്‍പാദനത്തിന്റെ ഇടിവ് തടയാന്‍ കഴിഞ്ഞെങ്കിലും മത്സ്യഉല്‍പാദനം ഇപ്പോഴും ആറ് - ഏഴു ടണ്ണില്‍ തളംകെട്ടി നില്‍ക്കുകയാണ്. മറുവശത്ത്, രണ്ടു കാരണങ്ങളാല്‍ മത്സ്യബന്ധനച്ചെലവ് കുതിച്ചുയരുകയാണ്. ആദ്യത്തേത് പരിമിതമായ മത്സ്യവിഭവം സ്വായത്തമാക്കാന്‍ മത്സ്യബന്ധന യൂണിറ്റുകള്‍ തമ്മിലുളള കടുത്ത കിടമത്സരം കൂടുതല്‍ വലിയ ബോട്ടുകള്‍, കൂടുതല്‍ കരുത്തുറ്റ യന്ത്രങ്ങള്‍, വലിയ വലകള്‍ എന്നിങ്ങനെ മത്സ്യബന്ധന സാങ്കേതികവിദ്യ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കാന്‍ അവയെ നിര്‍ബന്ധിതമാക്കുന്നു. ഇത് അമിത മൂലധനവത്കരണത്തിന് മത്സ്യബന്ധന മേഖലയെ വിധേയമാക്കുന്നു. മത്സ്യബന്ധന ബോട്ടുകളുടെ യന്ത്രവത്കരണം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഔട്ട് ബോര്‍ഡ് എന്‍ജിനില്‍ നിന്ന് ഇന്‍ബോര്‍ഡ് എഞ്ചിനിലേക്കുളള മാറ്റത്തിന്റെ പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. രണ്ടാമത്തേത്, റേഷന്‍ മണ്ണെണ്ണയുടെ വിതരണം കുറയുകയും ഇന്ധനച്ചെലവ് കുത്തനെ കൂടുകയും ചെയ്തതാണ്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ മിക്കവാറും എല്ലാ മത്സ്യബന്ധന യൂണിറ്റുകളെയും ദയനീയമായ സാഹചര്യത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ധനം, കൂലി, മുതല്‍മുടക്കിന്റെ പലിശ എന്നിവയിലുണ്ടാകുന്ന വര്‍ധന മൂലം മൊത്തം മത്സ്യബന്ധന ചെലവ് ഉയരുന്നതിനാല്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുളള അറ്റാദായം, തേയ്മാനച്ചെലവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഗണ്യമായി കുറയുകയാണ്. ഇത് മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ കടം പെരുകാന്‍ ഇടയാക്കുന്നു.

പണം പലിശയ്ക്ക് കൊടുക്കുന്ന വ്യാപാരികളുമായുളള ഇടപാടുകളിലൂടെ ഉല്‍പന്ന കമ്പോളവും വായ്പാ കമ്പോളവും തമ്മില്‍ നിലനില്‍ക്കുന്ന പരസ്പരാശ്രിത ബന്ധം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യക്കമ്പോളത്തിന്റെ ഗുണപരമായ ഉണര്‍വിന്റെ നേട്ടം ലഭ്യമാകുന്നില്ല. മിച്ചമുണ്ടാകുന്ന ആദായത്തിന്റെ ഏറിയപങ്കും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ചേര്‍ന്ന് തട്ടിയെടുക്കുകയാണ്. അക്വേറിയം റിഫോംസ് മേല്‍പറഞ്ഞ സ്ഥിതിവിശേഷം നേരിടുന്നതിന് നോര്‍വെയില്‍ നിന്നുതന്നെ ഒരു പാഠം കേരളം പഠിക്കാന്‍ ശ്രമിച്ചു. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ തീരപ്രദേശ കടല്‍ അവിടുത്തെ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കു വേണ്ടി റിസര്‍വു ചെയ്തിരിക്കുകയാണ്. അവര്‍ക്കേ മത്സ്യ ബന്ധന ഉരുക്കള്‍ക്ക് ഉടമസ്ഥാവകാശമുളളൂ. ഇതുപോലൊരു പരിഷ്കാരം കേരളത്തിലും കൊണ്ടുവരുന്നതിന് എല്ലാ മത്സ്യത്തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധി സംഘം ഒന്നാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു കരടു നിയമവും ഉണ്ടാക്കി. ഈ പരിഷ്കാരങ്ങള്‍ക്ക് അക്വേറിയം റിഫോംസ് എന്നു പേരും നല്‍കി. കൃഷി ഭൂമി കൃഷിക്കാരന് എന്നപോലെ കടല്‍ മത്സ്യത്തൊഴിലാളിക്ക് എന്നുളളതാണ് മുദ്രാവാക്യം. മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായിരിക്കും. പരമ്പരാഗത സാമൂഹ്യനിയന്ത്രണ സംവിധാനങ്ങള്‍ നിയമപരമാണ്. കടല്‍ത്തീരത്ത് വെച്ചുളള ആദ്യവില്‍പനയ്ക്കുളള അവകാശം മത്സ്യത്തൊഴിലാളികളില്‍ നിക്ഷിപ്തമാക്കും. നിലവില്‍ മത്സ്യബന്ധന യാനങ്ങളുളളവര്‍ നിശ്ചിതസമയത്തിനുളളില്‍ അവ മത്സ്യത്തൊഴിലാളികള്‍ക്കു കൈമാറുകയോ പിന്‍വാങ്ങുകയോ ചെയ്യണം. ഇതോടെ കടല്‍ ആര്‍ക്കും കൈയേറി എന്തും ചെയ്യാവുന്ന പൊതുസ്ഥലമല്ലാതാകും. പാരിസ്ഥിതിക സംരക്ഷണപ്രവര്‍ത്തനങ്ങളും സാമൂഹ്യനിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനു കഴിയും. ഈ അക്വേറിയം റിഫോംസ് നിര്‍ദേശങ്ങളെക്കുറിച്ച് നോര്‍ഡിക് രാജ്യങ്ങളുടെ അപ്പോസ്തലന്മാര്‍ക്കു ഒരു വാചകം പോലും ഉരിയാടാനില്ല. അക്വേറിയം റിഫോംസിനെ യുഡിഎഫിന്റെ വിഷന്‍ 2030 കുഴിച്ചു മൂടിയിരിക്കുന്നു. ആരാണ് ശത്രു?

കേരളത്തിലെ മത്സ്യമേഖലയുടെ ഇന്നത്തെ പ്രധാനവൈരുദ്ധ്യങ്ങള്‍ ഇവയാണ്: ഒന്ന്, വിദേശക്കപ്പലുകളും ട്രോളറുകളും തീരദേശത്തു മത്സ്യബന്ധനം നടത്തുന്നു. വിദേശ ട്രോളറുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി ഇതിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പിന്‍വാതിലിലൂടെ വിദേശ ട്രോളിംഗ് അനുവദിച്ചിരിക്കുകയാണ്. വിദേശ കപ്പലുകള്‍ ഇന്ത്യയില്‍ ബിനാമിപേരില്‍ രജിസ്റ്റര്‍ ചെയ്ത് തീരദേശത്ത് മത്സ്യബന്ധനം നടത്തുകയാണ്. തീരദേശ വിഭവശോഷണത്തിന്റെ മുഖ്യകാരണം ഇതാണ്. രണ്ട്, കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി വെട്ടിക്കുറയ്ക്കല്‍ നയം മത്സ്യമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. മണ്ണെണ്ണയ്ക്കു കാഷ് ട്രാന്‍സ്ഫറാക്കിയതോടെ മത്സ്യമേഖലയ്ക്കു കിട്ടിയിരുന്ന മണ്ണെണ്ണ റേഷന്‍ ഇല്ലാതായി. ഉയര്‍ന്നവിലയ്ക്കു കമ്പോളത്തില്‍ നിന്നും കരിഞ്ചന്തയില്‍ നിന്നും മണ്ണെണ്ണ വാങ്ങേണ്ടി വരുന്നതു മൂലം മത്സ്യബന്ധനച്ചെലവ് ഉയര്‍ന്നു. മൂന്ന്, മത്സ്യസമ്പത്തിന്റെ നല്ലൊരു പങ്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. ഇവര്‍ക്കാണ് ഈ മേഖലയിലെ ലാഭത്തിന്റെ സിംഹപങ്കും ലഭിക്കുന്നത്. പക്ഷേ, മീന്‍പിടിക്കുന്നവരെ പരോക്ഷമായിപ്പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിക്ക് കയറ്റുമതിക്കാരില്‍ നിന്നുളള സെസിനു സുപ്രിംകോടതിയില്‍ കേസിനു പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുമായി ഈ കുത്തകകള്‍ക്കു യാതൊരു ബന്ധവുമില്ല എന്ന വാദത്തിന്റെ നിയമവശം സുപ്രിംകോടതി ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദീര്‍ഘകാല വികസനപരിപ്രേക്ഷ്യത്തില്‍ ഇവയൊക്കെ മുഖ്യപ്രതിപാദന വിഷയങ്ങളാക്കി മാറ്റേണ്ടതുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്നു പറയില്ല. പക്ഷേ, മേല്‍പ്പറഞ്ഞവയെക്കുറിച്ചൊക്കെ നിശ്ശബ്ദത പാലിക്കുന്ന ആസൂത്രണബോര്‍ഡ് മത്സ്യമേഖലയുടെ സുപ്രധാനമായ പ്രശ്നങ്ങളില്‍ ഒന്നായി കണ്ടിരിക്കുന്നത് ട്രേഡ് യൂണിയനുകളെയാണ്. ആ മണിമുത്തുകള്‍ ഉദ്ധരിക്കുന്നത് വിജ്ഞാനപ്രദമായിരിക്കും. ""മത്സ്യമേഖലയില്‍ ശക്തമായ തൊഴിലാളി യൂണിയനുകള്‍ ഉണ്ടായിട്ടുണ്ട്. ലാന്‍ഡിംഗ് കേന്ദ്രങ്ങളില്‍ യൂണിയനുകള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. ഐസ് ഇടുന്നതിനും ട്രക്കുകള്‍ ലോഡു ചെയ്യുന്നതിനും നിശ്ചിതകൂലി അവര്‍ ഈടാക്കുന്നു&വലഹഹശു;. പലപ്പോഴും പലദിനങ്ങള്‍ കടലില്‍ കഴിയേണ്ടി വരുന്ന മത്സ്യത്തൊഴിലാളികളേക്കാള്‍ കൂടുതല്‍ കൂലി ഇവര്‍ വാങ്ങുന്നു. എല്ലാ തൊഴിലാളികളും മത്സ്യത്തൊഴിലാളി സമുദായത്തില്‍നിന്നു തന്നെ ആണെന്നു വന്നാലും ട്രേഡ് യൂണിയനുകള്‍ക്ക് തൊഴില്‍നിയമങ്ങള്‍ക്കു കീഴില്‍ പ്രത്യേക പദവിയുണ്ട്. ആത്യന്തികമായി പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നാണ് ഈ പണമെടുക്കുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്തോറും പുറത്തുനിന്നുളളവര്‍ ഇവിടെ കൂലിക്കു വരുന്ന സ്ഥിതിയാണ് കേരളത്തിലുളളത്"". മുപ്പതുവര്‍ഷത്തെ ഒരു പരിപ്രേക്ഷ്യത്തില്‍ ലാന്‍ഡിംഗ് സെന്ററിലെ യൂണിയന്‍ തര്‍ക്കത്തിന് എന്തു പ്രസക്തി? മത്സ്യക്കയറ്റുമതിക്കാരുടെ കൊളളലാഭത്തിനു നേരെ കണ്ണടയ്ക്കുന്നവര്‍ക്ക് തൊഴിലാളിയുടെ കൂലിയെക്കുറിച്ച് എന്തൊരു വേവലാതി? കയറ്റുമതിക്കാരെക്കുറിച്ചു മാത്രമല്ല, ലേലം നടത്തുന്ന തരകന്മാരെക്കുറിച്ചോ ഹുണ്ടികക്കാരെക്കുറിച്ചോ ഒരു വിമര്‍ശനവും പരിപ്രേക്ഷ്യക്കാര്‍ക്കില്ല. എന്നു മാത്രമല്ല, വിദേശ ട്രോളറിനെക്കുറിച്ചല്ല വിമര്‍ശനം, മറിച്ച് നാടന്‍ യന്ത്രവത്കൃത ബോട്ടുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുളള തര്‍ക്കത്തെക്കുറിച്ചാണ് ഒരു ഖണ്ഡിക നീക്കിവെച്ചിട്ടുളളത്. രണ്ടുകിലോമീറ്റര്‍ തീരപ്രദേശം പരമ്പരാഗത വളളങ്ങള്‍ക്കുളളതാണ് തുടങ്ങിയ നിബന്ധനകള്‍ നടപ്പാക്കണമെങ്കില്‍ അക്വേറിയം റിഫോംസ് വേണം എന്നുളളത് സൗകര്യപൂര്‍വം വിട്ടുകളയുന്നു. പിന്നോക്കാവസ്ഥയ്ക്കു പരിഹാരമെന്ത്? മത്സ്യമേഖലയുടെ വികസനം ആസൂത്രണം ചെയ്യുമ്പോള്‍ അവശ്യം വേണ്ടുന്ന ഒരു ബോധമാണ് ഈ മേഖലയുടെ ഇന്നത്തെ പരിതാപകരമായ സ്ഥിതി.

ആദിവാസികോളനികള്‍ കഴിഞ്ഞാല്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണ് ഭൂരാഹിത്യത്തിന്റെയും പാര്‍പ്പിടമില്ലായ്മയുടെയും ശുചീകരണവും കക്കൂസുമില്ലായ്മയുടെയും വീടുകള്‍ വൈദ്യുതീകരിക്കാത്തതിന്റെയും കുടിവെളളം കിട്ടാത്തതിന്റെയും പ്രശ്നങ്ങള്‍ ഏറ്റവുമധികം നേരിടുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ശിശുമരണ നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. സ്ത്രീപുരുഷാനുപാതം പൊതുസ്ഥിതിയെക്കാള്‍ താഴെയാണ്. ആയുര്‍ദൈര്‍ഘ്യം സംസ്ഥാനത്തെ ഇതരജനവിഭാഗങ്ങളെക്കാള്‍ വളരെ താഴെയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ദാരിദ്ര്യത്തിന്റെ തുരുത്തുകളും വികസനത്തിനെതിരെയുളള വെല്ലുവിളികളുമായി തുടരുകയാണ്. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും പരിപ്രേക്ഷ്യം 2030 പ്രതിവര്‍ഷം 0.5 ശതമാനം വെച്ചേ മത്സ്യബന്ധനമേഖലയുടെ വരുമാനം ഉയരുമെന്നു കണക്കാക്കുന്നുളളൂ. വിഭവപരിമിതിയുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ കുതിച്ചുകയറ്റം സാധ്യമല്ല. പക്ഷേ, കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടും മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തിക്കൊണ്ടും ഈ മേഖലയിലെ വരുമാനം കൂടുതല്‍ വേഗത്തില്‍ ഉയരുമെന്ന് ഉറപ്പുവരുത്താനാവും. എങ്കിലും വളരെ ഉയര്‍ന്ന ഒരു വളര്‍ച്ചാനിരക്ക് യാഥാര്‍ത്ഥ്യബോധത്തോടു കൂടിയുളളതല്ല എന്നു സമ്മതിക്കുന്നു. പക്ഷേ, ഇതിന്റെ ഫലമെന്തായിരിക്കും? സംസ്ഥാനവരുമാനത്തില്‍ മത്സ്യബന്ധന മേഖലയുടെ വിഹിതം കുറഞ്ഞുകൊണ്ടേയിരിക്കും. 1970-71ല്‍ മത്സ്യബന്ധന മേഖലയുടെ വിഹിതം 4.7 ശതമാനമായിരുന്നു. 2009-10ല്‍ ഇത് ഒരു ശതമാനമായി കുറഞ്ഞു. അതിവേഗത്തില്‍ മത്സ്യബന്ധന മേഖലയിലെ പുതിയ തലമുറയില്‍ നിന്ന് തൊഴിലെടുക്കാന്‍ വരുന്നവരില്‍ ഗണ്യമായ വിഭാഗത്തെ മറ്റു മേഖലയില്‍ തൊഴില്‍മേഖലയിലേയ്ക്കു നീക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മത്സ്യത്തൊഴിലാളിയുടെ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയൂ. 1980-81ല്‍ മത്സ്യബന്ധന മേഖലയിലെ പ്രതിശീര്‍ഷ വരുമാനം സംസ്ഥാന പ്രതിശീര്‍ഷ വരുമാനത്തിന്റെ 66 ശതമാനമായിരുന്നു. ഇത് 2003-04ല്‍ അമ്പതു ശതമാനമായി കുറഞ്ഞു. ഇന്ന് ഏതാണ്ട് 40 ശതമാനമേ വരൂ. മത്സ്യബന്ധന മേഖലയിലെ വരുമാനം മൊത്തത്തില്‍ താഴ്ന്ന തോതിലേ ഉയരുകയുളളൂ എന്ന വാദം അംഗീകരിച്ചാല്‍ പിന്നെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്താനുളള ഏകമാര്‍ഗം മറ്റു തൊഴിലവസരങ്ങള്‍ തീരദേശത്തു തുറക്കുകയാണ്. ഇത്തരമൊരു ദിശാബോധം പരിപ്രേക്ഷ്യം 2030നില്ല.

പുതിയ തൊഴില്‍മേഖലകളില്‍ മത്സ്യമേഖലയിലുളള പുതിയ തലമുറയ്ക്ക് അവസരം ലഭിക്കണമെങ്കില്‍ ഏകപോംവഴി വിദ്യാഭ്യാസമാണ്. സാധാരണഗതിയിലുളള വിദ്യാഭ്യാസ പ്രോത്സാഹന നടപടികള്‍ പോര എന്ന ബോധ്യമുള്ളതുകൊണ്ടാണ് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. സ്വാശ്രയ കോളജുകളിലെ വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ ഇന്ന് ഈ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മൂല്യവര്‍ധിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കേണ്ടതാണ്. ഇതിന് മത്സ്യക്ഷേമ സംഘങ്ങളെ പ്രാപ്തമാക്കണം. ക്ഷേമപ്രവര്‍ത്തനങ്ങള്‍ പരിപ്രേക്ഷ്യം 2030ന്റെ വികസനതന്ത്രത്തിന് മൂന്നു ഭാഗങ്ങളാണുളളത്. അതിലൊന്നാമത്തേത് ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനു വേണ്ടിയുളള സാങ്കേതികവിദ്യകളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ്.

രണ്ടാമത്തേത് പരിസ്ഥിതി സംരക്ഷണ നടപടികളാണ്്. ഈ രണ്ടുകാര്യങ്ങളിലും വലിയ തര്‍ക്കമുണ്ടാകേണ്ടതില്ല. എന്നാല്‍ മൂന്നാമത്തെ ഭാഗമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തികച്ചും അപര്യാപ്തമാണ്. ഒന്നാമതായി മത്സ്യത്തൊഴിലാളികളെ ദാരിദ്ര്യരേഖയ്ക്കു കീഴിലുളളവരും മുകളിലുള്ളവരുമെന്ന് വേര്‍തിരിക്കുന്നതു ശരിയാണോ? എന്തടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്കു മാത്രമാക്കും? എല്‍ഡിഎഫ് സര്‍ക്കാര്‍ റേഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, പഞ്ഞമാസ സമാശ്വാസ പദ്ധതി തുടങ്ങിയവയെല്ലാം എപിഎല്‍ - ബിപിഎല്‍ വ്യത്യാസമില്ലാതെ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. രണ്ട്, പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതി്നും ഒരു സമ്പൂര്‍ണ സുരക്ഷിതത്വ വലയം സൃഷ്ടിക്കുന്നതിനും എന്താണ് പരിപാടി? മൂന്ന്, വരുമാന ഉറപ്പുപദ്ധതി മത്സ്യമേഖലയില്‍ നടപ്പാക്കുന്നതെങ്ങനെ? പഞ്ഞമാസ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം ഇരട്ടിയായി ഉയര്‍ത്തിക്കൊണ്ട് ഇതു നടപ്പാക്കാമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത്. ഇത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നാല്, കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയായിരുന്നു, കടാശ്വാസ പദ്ധതി. ഈ പദ്ധതി പാതിവഴിവെച്ച് അട്ടിമറിക്കപ്പെട്ടു. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് ക്ഷേമപദ്ധതികളെക്കുറിച്ചുളള പരിപ്രേക്ഷ്യത്തിന് എങ്ങനെയാണ് രൂപം നല്‍കുക? ഉള്‍ക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് പരിപ്രേക്ഷ്യത്തില്‍ ചില പരാമര്‍ശങ്ങളേയുളളൂ. തീരദേശ മത്സ്യബന്ധന മേഖല പ്രയോജനപ്പെടുത്തുന്നത് പരമാവധിയിലെത്തി നില്‍ക്കുകയാണെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് നമുക്കിനി ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഊന്നേണ്ടതുണ്ട്.

ഇന്ന് തീരദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തീവ്രയന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ ഒരു വിഭാഗത്തെ കൂടുതല്‍ ആധുനികവത്കരിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗപ്പെടുത്തേണ്ടതാണ്. മാതൃയാനങ്ങളും മറ്റു സാങ്കേതിക സഹായങ്ങളും ഉറപ്പുവരുത്താന്‍ ഒരു ഉള്‍ക്കടല്‍ മത്സ്യബന്ധന കോര്‍പറേഷന്‍ രൂപീകരിക്കണം. അക്വേറിയം പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞാല്‍ ഇപ്പോള്‍ തീരദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികളും മറ്റുവന്‍കിടക്കാരും ആഴക്കടലിലേക്കു നീങ്ങേണ്ടതാണ്. ഉള്‍നാടന്‍ മത്സ്യകൃഷിക്ക് ശരിയായ ഊന്നല്‍ രേഖയിലുണ്ട്. ഇതിനായി ജലമലിനീകരണം തടയാനും നശീകരണപരമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിനുമുളള കര്‍ശന നിയമനടപടികള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണം. എണ്ണമറ്റ കുളങ്ങളും തോടുകളും ഫലപ്രദമായി മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്തണം. അതോടൊപ്പം തടാകങ്ങളിലും നദികളിലും കായലുകളിലും വലിയതോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കണം. മത്സ്യങ്ങളുടെ പ്രജനന ആവാസവ്യവസ്ഥ വലിയതോതില്‍ നശിപ്പിക്കപ്പെടുന്ന കാലത്ത് ഇത് അത്യന്താപേക്ഷിതമാണ്.

കടല്‍ ഭിത്തി സംബന്ധിച്ച് വ്യക്തമായൊരു നയം പരിപ്രേക്ഷ്യത്തിലില്ല. പരമ്പരാഗത കടല്‍ഭിത്തി ഫലപ്രദമല്ല. എങ്കില്‍പ്പിന്നെ എന്ത്? ടെട്രാപോഡ് സാങ്കേതികവിദ്യയെക്കുറിച്ചാണ് രേഖ പറയുന്നത്. എന്നാല്‍ ഇവയുടെ സാങ്കേതികത്തികവു സംബന്ധിച്ച് വ്യക്തതയില്ല. ടൂറിസം വ്യവസായത്തിന്റെ തീരദേശവ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ രേഖ പരിശോധിക്കുന്നില്ല. പുതിയ ഫിഷിംഗ് ഹാര്‍ബറുകള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ചുരുക്കത്തില്‍ മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങള്‍ക്കും സാങ്കേതികവിദ്യയില്‍ മുഖ്യമായും ഊന്നിക്കൊണ്ടുളള ഒരു പരിഹാരമാണ് യുഡിഎഫിന്റെ രേഖയിലുളളത്. ഘടനാപരമായ പരിഷ്കാരങ്ങള്‍ പൂര്‍ണമായി അവഗണിച്ചിരിക്കുന്നു. സംഘാടനത്തെ പ്രൊഡ്യൂസര്‍ കമ്പനികളില്‍ ഒതുക്കിയിരിക്കുന്നു. ക്ഷേമകാഴ്ചപ്പാടിന് സമഗ്രതയില്ല. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച കാഴ്ചപ്പാടില്‍ ജനപങ്കാളിത്തത്തിന് അത്യന്താപേക്ഷിതമായ അക്വേറിയം റിഫോംസ് ഇല്ല.

*
ഡോ. ടി. എം. തോമസ് ഐസക്

Saturday, December 14, 2013

ലോകവ്യാപകമായി തൊഴില്‍ സമരങ്ങള്‍ പടരുന്നു

നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകമെമ്പാടും അതിശക്തമായ പോരാട്ടം തുടരുകയാണ്. ഗ്രീസില്‍ സര്‍വകലാശാലാ ജീവനക്കാരുടെ പണിമുടക്കിനെ ഗ്രീക്ക് ജനത ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു. ഗ്രീസിലെ എട്ട് സര്‍വകലാശാലകളിലെയും ജീവനക്കാരുടെ പണിമുടക്ക് ഒരു മാസം പിന്നിടുകയാണ്. സര്‍വകലാശാലയിലെ ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ കൈക്കൊള്ളാത്തതാണ് പണിമുടക്കിനാധാരം. സര്‍ക്കാരിന്റെ ചെലവുചുരുക്കള്‍ നടപടി പൊതുമേഖലാ തൊഴിലാളികളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. 2014 അവസാനിക്കുമ്പോള്‍ ഒന്നരലക്ഷം പൊതുമേഖലാ ജീവനക്കാര്‍ തെരുവിലാകും.

അര്‍ജന്റീനയിലെ ബാങ്ക് ഓഫ് അര്‍ജന്റീന നേഷനിലെ ജീവനക്കാര്‍ ഒക്‌ടോബര്‍ മൂന്നാം തീയതി മുതല്‍ പണിമുടക്കിലാണ്. 2011 മുതല്‍ ഉന്നയിച്ചുവരുന്ന പ്രശ്‌നങ്ങളില്‍ അധികാരികള്‍ പരിഹാരത്തിന് തയ്യാറാകാത്തതുകൊണ്ടാണ് ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് അണിനിരന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം എത്രയോ ഇരട്ടിയാക്കി. ശാഖകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്തത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

അല്‍ബര്‍ടയിലെ 28 വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെ 8500 തൊഴിലാളികള്‍ ഒക്‌ടോബര്‍ ആറാം തീയതി മുതല്‍ പണിമുടക്കി സമരരംഗത്താണ്. കൂലി കുറച്ചതിനു പിന്നാലെ ജോലിസമയവും കുറയ്ക്കാനുള്ള  ഉടമകളുടെ നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ പൊരുതുന്നത്.

കരാറുകാര്‍ ഭീഷണിയും തൊഴിലാളി ദ്രോഹനടപടികളും തുടരുമ്പോള്‍ ഒഹിയോയിലെ കരാര്‍ തൊഴിലാളികള്‍ സെപ്തബര്‍ 24 മുതല്‍ പണിമുടക്കിലാണ്. അമിതമായ ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും കൂലിവര്‍ധന നിക്ഷേധിക്കാനും കരാറുകാര്‍ ശ്രമിക്കുകയാണ്. ആകെ തൊഴിലാളികളില്‍ ഫുള്‍ടൈം തൊഴില്‍ ഉള്ളവര്‍ 15 ശതമാനം മാത്രം.പണിയെടുത്താല്‍ കൃത്യമായി കൂലി ലഭിക്കുന്നില്ല. അങ്ങനെ കുടിശ്ശികയായ കൂലി ലഭിക്കാന്‍ പണിമുടക്കുകയാണ് പോളണ്ടിലെ ഷിപ്‌യാര്‍ഡ് തൊഴിലാളികള്‍. ആഗസ്റ്റ് മാസത്തിലെ കൂലി ഇതുവരെ ലഭിക്കാത്തതുകൊണ്ടാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

കഴിഞ്ഞകാല ഒത്തുതീര്‍പ്പുകള്‍ പാലിക്കാത്ത സര്‍ക്കാരിനെതിരെ നൈജീരിയയിലെ സര്‍വകലാശാല ജീവനക്കാര്‍ ജൂലൈ ഒന്ന് മുതല്‍ പ്രക്ഷോഭത്തിലാണ്. അധ്യാപകരും മറ്റ് ജീവനക്കാരും യോജിച്ച് പോരാടുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയാണ്.

24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയില്‍ നിന്നും മോചനം ലഭിക്കാന്‍ അയര്‍ലന്റിലെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പണിമുടക്ക് മൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്.

നാളിതുവരെ അനുഭവിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സൈപ്രസിലെ നഴ്‌സുമാര്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ജോലി ചെയ്താല്‍ ലഭ്യമായിരുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കിയതാണ് നഴ്‌സുമാരെ പ്രക്ഷോഭത്തിലേയ്ക്ക് നയിക്കുന്നത്.

പത്ത് ശതമാനം വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് ആഫ്രിക്കയിലെ പോസ്റ്റല്‍ ജീവനക്കാര്‍ പണിമുടക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം ജീവിത പ്രയാസങ്ങള്‍ വര്‍ധിക്കുമ്പോള്‍ പണിമുടക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലല്ലോ.

വ്യാവസായിക ബന്ധം വഷളാക്കുന്ന ഉടമകള്‍ക്കെതിരെ സ്‌കോട്ട്‌ലന്റിലെ ഓയില്‍ റിഫൈനറിയില്‍ പ്രക്ഷോഭം തുടരുകയാണ്. ലാഭം പെരുപ്പിക്കുകയും മറുഭാഗത്ത് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന നടപടിയാണ് പണിമുടക്കിനാധാരം.

*
കെ ജി സുധാകരന്‍ ജനയുഗം

Monday, November 18, 2013

ബീഡിത്തൊഴിലാളികളെ സംരക്ഷിക്കണം

നമ്മുടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ കൂലി ലഭിക്കുന്നവരും നിയമപരമായ ഒരുവിധ പരിരക്ഷയും ലഭിക്കാത്തവരുമാണ് ബീഡിത്തൊഴിലാളികള്‍. ബീഡിവ്യവസായികളുടെ കടുത്ത ചൂഷണത്തിന് വിധേയമായി അവര്‍ ജോലി ചെയ്യേണ്ടിവരുന്നു. തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിവന്ന പ്രക്ഷോഭസമരത്തെത്തുടര്‍ന്ന് 1966ല്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍തന്നെ അതിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സ. എ കെ ജി അടക്കമുള്ളവര്‍ ശക്തമായി ഇടപെട്ടിരുന്നു. അതൊന്നും പരിഗണിക്കാതെ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കി. എന്നാല്‍, പ്രസ്തുത നിയമം ഇതേവരെ കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും നടപ്പായിട്ടില്ല. ഇഷ്ടമുള്ള സംസ്ഥാനത്ത്, ഇഷ്ടമുള്ള പ്രദേശത്ത്, ഇഷ്ടമുള്ള വകുപ്പുകള്‍ നടപ്പാക്കാമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരുകളെയാണ് ഈ നിയമം നടപ്പാക്കുന്നതിന് അധികാരപ്പെടുത്തിയത്. ഒരു നിശ്ചിത തീയതിവച്ച് ഇന്ത്യയിലാകെ നടപ്പാക്കണമെന്ന നിര്‍ദേശമാണ് പരിഗണിക്കാതെ പോയത്. അതുകൊണ്ടുതന്നെ 45 വര്‍ഷം മുമ്പ് പാര്‍ലമെന്റ് പാസാക്കിയ നിയമം കേരളമൊഴികെ മറ്റെവിടെയും നടപ്പാകാതെ പോയി.

ബീഡിവ്യവസായരംഗത്ത് വന്‍കിട വ്യവസായികളാണ് നിലനില്‍ക്കുന്നത്. ഒരു ലക്ഷവും അതിലേറെയും തൊഴിലാളികളെവച്ച് ജോലിചെയ്യിപ്പിക്കുന്ന വ്യവസായികള്‍ ഈ മേഖലയിലുണ്ട്. മാംഗളൂര്‍ ഗണേശ് ബീഡി, ഭാരത് ബീഡി, ടെലിഫോണ്‍ ബീഡി തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒരുലക്ഷത്തിലേറെ തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലായി ജോലിചെയ്യുന്നു. വന്‍ ലാഭം കൊയ്യുന്ന വ്യവസായമാണിത്.

ബീഡിവ്യവസായത്തില്‍ ദേശീയ മിനിമം കൂലി കൊണ്ടുവരണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. ഈ ആവശ്യത്തിന് അമ്പതിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വളരെ എളുപ്പത്തില്‍ മാറ്റിക്കൊണ്ടുപോകാന്‍ സാധിക്കുന്ന വ്യവസായമാണിത്. അതുകൊണ്ടാണ് ഈ മേഖലയില്‍ ദേശീയ മിനിമം കൂലി നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് 1968ല്‍ ബീഡി, സിഗാര്‍ നിയമം നടപ്പാക്കിയപ്പോള്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടുന്നതിന്, അതേവരെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്ന പല ബീഡിവ്യവസായികളും കേരളത്തിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു കടന്നുപോയി. അതുവഴി പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കേരളത്തില്‍ നിയമം നടപ്പാക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാതിരിക്കുകയും ചെയ്തപ്പോള്‍ നടപ്പാക്കാത്ത സംസ്ഥാനത്തേക്ക് വ്യവസായം മാറ്റിക്കൊണ്ടുപോകുന്ന നടപടിയാണ് വ്യവസായികള്‍ സ്വീകരിച്ചത്.

18 സംസ്ഥാനങ്ങളിലായി ബീഡിവ്യവസായം നിലനില്‍ക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ബീഡിത്തൊഴിലാളികള്‍ക്ക് നിശ്ചയിച്ച മിനിമം കൂലി 1000 ബീഡിക്ക് 40 മുതല്‍ 60 രൂപവരെയാണ്. മിനിമം കൂലി നിശ്ചയിക്കുമ്പോള്‍ പരിഗണിക്കേണ്ട ഒരു മാനദണ്ഡവും പാലിക്കാതെയാണ് കൂലി നിശ്ചയിച്ചത്. ഒരു തൊഴിലാളിക്ക് 500 മുതല്‍ 750 വരെ ബീഡിയാണ് ഒരുദിവസം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുക. അതുവഴി അവര്‍ക്ക് ലഭിക്കുന്ന ദിവസവേതനം 30-40 രൂപയാണ്. വ്യവസായികളാണെങ്കില്‍ വേതനം കുറവ് എവിടെയാണോ അവിടേക്ക് വ്യവസായം കടത്തിക്കൊണ്ടുപോകുന്നു. ഈ സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന ഉദ്ദേശ്യംവച്ചാണ് ദേശീയാടിസ്ഥാനത്തിലുള്ള കൂലിവ്യവസ്ഥ ഈ വ്യവസായത്തില്‍ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

പുകവലിക്കെതിരെ രാജ്യവ്യാപകമായ പ്രചാരണം നടക്കുന്നു. ജനങ്ങളുടെ ആരോഗ്യപ്രശ്നം വളരെ പ്രധാനമാണ്. അതിനെ പൂര്‍ണ അര്‍ഥത്തില്‍ അംഗീകരിക്കുന്നു. എന്നാല്‍, പുകവലിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാര്‍ സ്വീകരിക്കേണ്ടതല്ലേ? പുകവലിക്കെതിരായുള്ള പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണസ്ഥാപനമായ കേരള ദിനേശ് ബീഡിയില്‍ നാല്‍പ്പത്തിരണ്ടായിരത്തിലേറെ തൊഴിലാളികള്‍ ജോലിചെയ്തിരുന്നു. ഇപ്പോള്‍ അത് ഏഴായിരത്തിനു താഴെയായി ചുരുങ്ങി.

ആയിരം മുതല്‍ പതിനായിരംവരെ തൊഴിലാളികളെ വച്ചുജോലി ചെയ്യിപ്പിച്ചു വന്ന സ്വകാര്യ ബീഡിസ്ഥാപനങ്ങളില്‍ പലതും അടച്ചുപൂട്ടി. ചിലതില്‍ തൊഴിലാളികള്‍ നാമമാത്രമായി ചുരുങ്ങി. സര്‍ക്കാരിന്റെ നയമാണ് ഇതിനുകാരണം. കേരളത്തിലെ സ്ഥിതി മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ നയം കാരണം തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

തൊഴിലാളികള്‍ ഒരു ഭാഗത്ത് നിസ്സാരകൂലി ലഭിച്ച് കടുത്ത ചൂഷണത്തിന് വിധേയരാകുന്നു. മറുഭാഗത്ത് സര്‍ക്കാര്‍നയം കാരണം ജോലി നഷ്ടപ്പെടുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ ഒരു നടപടിയുമില്ല. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണം. സര്‍ക്കാരിന്റെ നയം കാരണം ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പ്രത്യേകമായി പെന്‍ഷന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഈ രംഗത്തെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ തുടര്‍ച്ചയായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് അന്നത്തെ സര്‍ക്കാര്‍ അത്തരമൊരു തീരുമാനമെടുത്തത്.

പാവങ്ങളില്‍ പാവങ്ങളായവരാണ് ബീഡിത്തൊഴിലാളികള്‍. മറ്റൊരു ജോലിയും ലഭിക്കാത്ത സാഹചര്യത്തില്‍ ഈ രംഗത്തേക്ക് കടന്നുവന്നവരാണവര്‍; ഭൂരിഭാഗവും സ്ത്രീകള്‍. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഈ മേഖലയിലെ ആവശ്യമുന്നയിച്ച് നിരന്തരപ്രക്ഷോഭം സംഘടിപ്പിച്ചുവന്നിരുന്നു. അവരുടെ ശബ്ദം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വന്‍കിട മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണവര്‍ക്ക്. സര്‍ക്കാരിന്റെ ഈ സമീപനത്തിനെതിരായി ഇന്ത്യയിലെ 60 ലക്ഷത്തില്‍പരം വരുന്ന ബീഡി തൊഴിലാളികള്‍ നവംബര്‍ 19ന് പണിമുടക്ക് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ദേശീയ മിനിമംകൂലി നടപ്പാക്കുക, ബീഡി-സിഗാര്‍ നിയമം ഭേദഗതിചെയ്ത് ഇന്ത്യയിലാകെ നടപ്പാക്കുക, പുകവലി നിരോധനം കാരണം ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.


*
കെ പി സഹദേവന്‍ (കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

നിര്‍മാണമേഖലയിലെ പ്രതിസന്ധി

ഏകദേശം 25 ലക്ഷം തൊഴിലാളികളാണ് സംസ്ഥാനത്ത് നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കെട്ടിടനിര്‍മാണരംഗത്താണ്. അനുബന്ധ മേഖലകളില്‍ ആയിരക്കണക്കിനു പേര്‍ തൊഴിലെടുക്കുന്നു. വന്‍ വ്യവസായമായി നിര്‍മാണമേഖല മാറിക്കഴിഞ്ഞു. വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികളും റിയല്‍ എസ്റ്റേറ്റ് സംഘവുമാണ് നിര്‍മാണമേഖലയെ നിയന്ത്രിക്കുന്നത്. ഇവരോടൊപ്പം രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ട് വന്‍കൊള്ളയും അഴിമതിയുമാണ് നടത്തുന്നത്. നാഷണല്‍ റോഡ് വികസന അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. താമസത്തിനാവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണവും നടക്കുന്നുണ്ട്. പരമ്പരാഗത രീതിയിലുള്ള ഗൃഹനിര്‍മാണവും വാസ്തു-ശില്‍പ്പവേലകളും കുറഞ്ഞുവരികയാണ്.

പരമ്പരാഗത രീതിയില്‍ സ്വന്തം പണിയായുധം ഉപയോഗിച്ച് തൊഴിലെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു. തദ്ദേശീയ തൊഴിലാളികളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി മറുനാടന്‍ തൊഴിലാളികളെക്കൊണ്ട് കുറഞ്ഞ കൂലിക്ക് ജോലിചെയ്യിക്കുന്നത് വ്യാപകമായി. സംസ്ഥാനത്തെ സമ്പദ്ഘടനയില്‍ പ്രധാനപങ്കു വഹിക്കുന്ന വലിയൊരു ജനവിഭാഗത്തിന് തൊഴിലും വരുമാനവും പ്രദാനംചെയ്യുന്ന നിര്‍മാണമേഖല വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികള്‍ നിര്‍മാണമേഖലയെയും ബാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ നിര്‍മാണമേഖല പ്രത്യേകിച്ച്, ഭവനനിര്‍മാണമേഖലയുടെ വളര്‍ച്ച 2.8 ശതമാനമായി കുറഞ്ഞെന്ന് സൂചിപ്പിക്കുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍തന്നെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും വെട്ടിക്കുറയ്ക്കുന്നതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഞെരുക്കമാണ് ഇതിനുകാരണം. റോഡുകള്‍ തുടങ്ങി പശ്ചാത്തലവികസനത്തിനും ഭവനനിര്‍മാണത്തിനും കഴിഞ്ഞവര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ ഫണ്ടിന്റെ പകുതിയാണ് ചെലവഴിച്ചത്. സംസ്ഥാനസര്‍ക്കാരുകളും ഈ "മാതൃക" പിന്തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് ഈ വെട്ടിക്കുറവ് എന്നു പറയുമ്പോള്‍തന്നെ കുത്തകകള്‍ക്കും വന്‍ മുതലാളിമാര്‍ക്കും പോയവര്‍ഷം അഞ്ചുലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നികുതിയിളവായിമാത്രം നല്‍കിയത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡ് വികസനപദ്ധതികളും ഭവനനിര്‍മാണപദ്ധതികളും തകിടംമറിക്കുകയാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നില്ല എന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നു. കേരളത്തിലെ നിര്‍മാണമേഖലയില്‍ പ്രകടമായ മാന്ദ്യമാണ് നിലനില്‍ക്കുന്നത്. പശ്ചാത്തല വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുംമാത്രമേ പ്രതിസന്ധിയില്‍നിന്ന് കരകയറാനാവൂ. നിര്‍മാണപ്രവൃത്തികള്‍ക്കാവശ്യമായ സിമന്റ്, കമ്പി, പെയിന്റ്, ഇലക്ട്രിഫിക്കേഷന്‍-സാനിറ്ററി ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഒക്ടോബറില്‍ ഒരു ബാഗ് സിമന്റിനുമേല്‍ 30-35 രൂപയാണ് കൂടിയത്. കൂടുതല്‍ നിര്‍മാണജോലികള്‍ നടക്കുന്ന സമയം നോക്കിയാണ് സിമന്റ് ഉല്‍പ്പാദകര്‍ വിലകയറ്റുന്നത്. ഒരു ബാഗ് സിമന്റിന്റെ ഉല്‍പ്പാദനച്ചെലവ് 115 രൂപയോളമാണ്. മറ്റെല്ലാ ചെലവുകളും ന്യായമായ ലാഭവും ചേര്‍ന്നാല്‍ 250 രൂപയ്ക്ക് വില്‍ക്കാനാകുമെന്ന് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, 375 രൂപവരെയാണ് ഇപ്പോള്‍ വില നല്‍കേണ്ടിവരുന്നത്. കേരളത്തില്‍ പ്രതിമാസം എട്ടുലക്ഷത്തോളം ടണ്‍ സിമന്റാണ് ഉപയോഗിക്കുന്നത്. ഇതിലേറെയും സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഇത്തരത്തിലുള്ള വിലക്കയറ്റം സര്‍ക്കാരിന്റെ ബജറ്റിനെതന്നെ തകിടംമറിക്കുന്നു. സാധാരണക്കാരുടെ ഭവനനിര്‍മാണച്ചെലവ് ക്രമാതീതമായി വര്‍ധിക്കുകയും പണി പൂര്‍ത്തിയാകാന്‍ സാധിക്കാത്ത നിലയുണ്ടാവുകയും ചെയ്യുന്നു. സംസ്ഥാനത്ത് എണ്ണായിരത്തിലേറെ കരിങ്കല്‍, ചെങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷം ക്വാറികളുടെയും പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ചു. ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടു. പരിസ്ഥിതിപ്രശ്നത്തിന്റെ പേരില്‍ കോടതികളുടെ ഇടപെടലും അഞ്ച് ഹെക്ടറില്‍ താഴെ ഭൂവിസ്തൃതിയില്ലാത്തിടങ്ങളില്‍ ഖനനം നടത്തണമെങ്കില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിവേണമെന്ന സുപ്രീംകോടതി ഉത്തരവും ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു ശ്രമവുമുണ്ടാകുന്നില്ല. ഈ രംഗത്തെ വന്‍കിടക്കാരെയും മാഫിയകളെയും സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷിച്ച് ഖനനം സുഗമമായി നടത്തുന്നതിന് നിയമനിര്‍മാണമടക്കമുള്ള നടപടികള്‍ക്കായി ഉന്നതാധികാരസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിന് ഒരു ശ്രമവും നടത്തിയില്ല. സംസ്ഥാനത്തെ ചെറുതുംവലുതുമായ 44 നദികളില്‍നിന്ന് ലഭിക്കുന്ന മണലാണ് നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. മണല്‍ലഭ്യത കുറയുകയും നദികളില്‍നിന്ന് മണലെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ മണല്‍മേഖല പ്രതിസന്ധിയിലാണ്. പുഴയോരങ്ങള്‍ മണല്‍മാഫിയയുടെ നിയന്ത്രണത്തിലാണ്. അനധികൃതമായി മണല്‍ ശേഖരിച്ച് അക്രമവിലയ്ക്ക് വില്‍ക്കുന്ന മാഫിയസംഘങ്ങള്‍ക്ക് ഉദ്യോഗസ്ഥരും ഭരണാധികാരികളും സംരക്ഷണം നല്‍കുകയാണ്. മണല്‍ക്ഷാമം പരിഹരിക്കാന്‍ ഡാമുകളില്‍നിന്ന് മണല്‍ ശേഖരിച്ച് ന്യായവിലയ്ക്ക് വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മലമ്പുഴ, ചുള്ളിയാര്‍, അരുവിക്കര ഡാമുകളില്‍നിന്ന് മണല്‍ ശേഖരിച്ച് മിതമായ വിലയ്ക്ക് നല്‍കിയിരുന്നത് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടുവന്നിരുന്നതും നിരോധനംമൂലം ഇല്ലാതായി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല.

നിര്‍മാണരംഗത്ത് മരത്തിന്റെ ഉപയോഗം ഇപ്പോള്‍ വളരെ കുറവാണ്. സിമന്റ്, സ്റ്റീല്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് പകരം ഉപയോഗിക്കുന്നത്. മര ഉല്‍പ്പന്നങ്ങള്‍ റെഡിമെയ്ഡായി ലഭിക്കുന്നതുകൊണ്ട് സൈറ്റില്‍ നേരിട്ട് പണിയെടുക്കുന്ന മരപ്പണിക്കാരുടെ തൊഴിലാണ് കുറഞ്ഞത്. മരത്തിന് അമിതമായ വില നല്‍കേണ്ടിവരുന്നത് ഫര്‍ണിച്ചര്‍ വ്യവസായത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. വന്‍കിട വികസന പ്രവര്‍ത്തനപദ്ധതികളടക്കം വെട്ടിച്ചുരുക്കുകയും, പശ്ചാത്തലവികസനത്തിന് ബജറ്റുകളില്‍ പണം വകയിരുത്തുന്നത് പേരിനു മാത്രമാക്കുകയും ഭവനനിര്‍മാണപദ്ധതികളെല്ലാം അട്ടിമറിക്കുകയുംചെയ്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്്. കരിങ്കല്ല്, ചെങ്കല്ല്, മണല്‍ ഖനനത്തിന് കേരളത്തിന്റെ ഭൂസ്ഥിതിക്കനുസൃതമായി ഒരിക്കലും പാലിക്കാനാവാത്ത കാലഹരണപ്പെട്ട ചില വ്യവസ്ഥകളുടെ പേരില്‍ നിരോധനങ്ങള്‍ വരുമ്പോള്‍ അതിനെ മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയല്ല, ഈ വസ്തുക്കളുടെ ലഭ്യതക്കുറവ് രൂക്ഷമാക്കി ഈ രംഗത്തെ മാഫിയാകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നിര്‍മാണമേഖലയ്ക്ക് പ്രതികൂലമാകാന്‍ ഇടയുള്ളതാണ് പശ്ചിമഘട്ടത്തെ സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. നിര്‍മാണത്തൊഴിലാളികളുടെ ഏകാശ്രയമായ ക്ഷേമപദ്ധതിയും അനാവശ്യനിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് തൊഴിലാളികളെ കൊണ്ടുതന്നെ നിരാകരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. ക്ഷേമനിധിയില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുന്നതിനോ യഥാസമയം നല്‍കുന്നതിനോ തയ്യാറാകുന്നില്ല. അഴിമതിയും കെടുകാര്യസ്ഥതയുംമൂലം ക്ഷേമനിധിതന്നെ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഇതിനെല്ലാമെതിരെ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നിരന്തര സമരത്തിലാണ്.

*
കെ വി ജോസ് ദേശാഭിമാനി

Friday, November 1, 2013

തൊഴില്‍ലഭ്യത കുറയുന്നു

കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വികസനമാണ് വികസനമെന്ന് ഭരണകര്‍ത്താക്കളും സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരും വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടു. ഈ വികസനത്തിന്റെ പരിണിതഫലം എന്താണ്? മുതലാളിത്തവികസനം ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത് തൊഴില്‍ മേഖലയിലാണ്. ലോകബാങ്കിന്റെ 2013 ലെ ലോക വികസനറിപ്പോര്‍ട്ട് പ്രധാനമായും ഊന്നുന്നത് തൊഴില്‍മേഖലയെക്കുറിച്ചാണ്. വികസിതരാജ്യങ്ങളില്‍പ്പോലും ഇപ്പോള്‍ തൊഴില്‍ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ 7.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ 8.1 ശതമാനത്തെക്കാള്‍ അല്‍പ്പം കുറവുണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍ അല്‍പ്പമാത്രമായ വര്‍ധന ഉല്‍പ്പാദനമേഖലയിലോ വ്യവസായിക മേഖലയിലോ അല്ല. പ്രധാനമായും മൊത്ത-ചില്ലറ കച്ചവടമേഖലയിലും ഭക്ഷ്യ-സേവനമേഖലകളിലുമാണ്. ലോക വികസനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്, ഭൂരിപക്ഷം രാജ്യങ്ങളിലും വ്യാവസായികമായി വികസിതരാഷ്ട്രങ്ങളിലും വികസ്വരരാഷ്ട്രങ്ങളിലും രാജ്യത്തിന്റെ പൊതുവരുമാനത്തില്‍ തൊഴില്‍മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്. തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി തൊണ്ണൂറുകളിലും ഈ സ്ഥിതി തുടരുന്നതിന് പല കാരണങ്ങളാണ് പറയുന്നത്. ഇതില്‍ പ്രധാനമായിട്ടുള്ളത് തൊഴിലിന്റെ വിതരണസാധ്യതകള്‍ കുറഞ്ഞുകൊണ്ടുവരുന്നു എന്നതാണ്. വികസനത്തിന്റെ നേട്ടങ്ങള്‍ ഒരു നൂനപക്ഷത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ഒതുങ്ങുന്നു. അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തും വീടുകളില്‍ പാര്‍ട്ട് ടൈം ആയി ജോലിചെയ്തുമാണ് വര്‍ധിച്ചുവരുന്ന ഉല്‍പ്പാദന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. ചുരുക്കത്തില്‍ നേരിട്ട് തൊഴില്‍ നല്‍കുന്നത് കുറഞ്ഞുവരുന്നു.

സാങ്കേതിക വികസനവും ആഗോളമത്സരവും ഉല്‍പ്പാദന രീതിയിലും തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വ്യവസായ വികസനത്തിന്റെ ആദ്യകാലത്ത് ലോകത്ത് മുതലാളിത്തം ആശ്രയിച്ചിരുന്നത് ഫോര്‍ഡ് സമ്പ്രദായമാണ്. തൊഴിലാളികളെ ഒരു അസംബ്ലിലൈനുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നതായിരുന്നു ഇത്. ഇതനുസരിച്ച് അനസ്യൂതമായി ഉല്‍പ്പാദനം നടന്നുകൊണ്ടിരുന്നു. തൊഴിലാളികളെല്ലാം ഒരേ കേന്ദ്രത്തില്‍ ഒരു ഫാക്ടറിയില്‍ ഒന്നിച്ച് പണിയെടുത്തിരുന്നു. ഇന്നത് ആകെ മാറി. ഇതിന്റെ പ്രധാനകാരണം സാങ്കേതിക വികസനമാണ്. ഏറ്റവും കൂടുതല്‍ ലാഭത്തിലാണ് കോര്‍പ്പറേറ്റ് മുതലാളിത്തം ഊന്നല്‍ നല്‍കുന്നത്. കൂലിയും തൊഴിലാളികളുടെ മറ്റ് ആനുകൂല്യങ്ങളും ഉല്‍പ്പാദനത്തില്‍ പ്രധാനഘടകമാണ്. അതുകൊണ്ട് കൂലിയുടെ കാര്യത്തില്‍ പരമാവധി ചെലവ് ചുരുക്കാനാണ് കുത്തകമുതലാളിത്തം ശ്രമിക്കുന്നത്. അതിനാല്‍ ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന രംഗങ്ങൡലേക്ക് തൊഴില്‍ മാറ്റുന്നു. ഇതിന് രണ്ടുമാര്‍ഗങ്ങളാണ് കുത്തകമുതലാളിത്തം സ്വീകരിക്കുന്നത്. ഉല്‍പ്പാദനത്തിന്റെ ആകാവുന്നത്ര മേഖലകള്‍ കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാറ്റുന്നു. രണ്ടാമത്തേത് നേരില്‍ തൊഴില്‍ നല്‍കാതെ പീസ്‌റേറ്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ വികേന്ദ്രീകരിക്കുന്നു. ഈ രീതിയിലെ ഉല്‍പ്പാദനം വീടുകളില്‍വച്ചോ അല്ലെങ്കില്‍ സബ്‌കോണ്‍ട്രാക്ട് കൊടുത്തോ ചെയ്യിക്കുന്നു. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ കുത്തകകള്‍ നേരിട്ട് സംയോജിപ്പിച്ച് വിപണിയിലെത്തിക്കുന്നു. ഇതിന്റെ ഏറ്റവും വലിയഗുണം കുത്തകകള്‍ക്ക് ലഭിക്കുന്നത്, തൊഴിലാളികളുമായി അവര്‍ക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നതാണ്. അതിനാല്‍ തൊഴിലാളികളുടെ വേതനമടക്കം ഒരു ആനുകൂല്യങ്ങളുടെ കാര്യത്തിലും അവരുടെ മറ്റുപ്രശ്‌നങ്ങളിലും കുത്തകകള്‍ക്ക് ബന്ധമില്ല. ചെയ്യുന്ന ജോലിക്കുള്ള പീസ്‌റേറ്റിനപ്പുറം വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലും കുത്തകകള്‍ക്ക് വന്‍ലാഭം ഉണ്ടാകുന്നു. ചുരുക്കത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വളര്‍ച്ച സ്ഥിരം തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നു. രാജ്യത്ത് തൊണ്ണൂറുകള്‍ മുതല്‍ ഇത് പ്രകടമാണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ തൊഴിലാളികളുടെ പങ്ക് കുറഞ്ഞുവരുന്നുവെന്നതാണ് വസ്തുത.

2011-12 ലെ സാമ്പത്തിക സര്‍വേയിലെ കണക്കനുസരിച്ച് (എ 52) സര്‍ക്കാര്‍ ജീവനക്കാര്‍ തൊട്ട് പ്രാദേശിക പഞ്ചായത്ത് വരെ 1991 ല്‍ ആകെ 190.58 ലക്ഷം പേരാണ് തൊഴിലെടുത്തിരുന്നത്. 2010 ല്‍ ഇത് 178.82 ലക്ഷമായി. അതായത് പത്തൊന്‍പത് വര്‍ഷംകൊണ്ട് 12 ലക്ഷത്തിലധികം തൊഴില്‍ ഇല്ലാതായി. അതേസമയം സ്വകാര്യമേഖലയില്‍ നേരിയവര്‍ധനവ് ഉണ്ടായതായി കാണാം. 1991 ല്‍ സ്വകാര്യമേഖലയില്‍ മൊത്തം 76.77 ലക്ഷം പേരാണ് തൊഴിലെടുത്തിരുന്നത്. ഇത് 2010 ല്‍ 107.87 ലക്ഷമായി. കഴിഞ്ഞ 19 വര്‍ഷക്കാലത്തിനിടയില്‍ സംഘടിതമേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പ്രത്യേകിച്ച് ജനസംഖ്യാവര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍. 1991 ല്‍ സംഘടിത മേഖലയില്‍ മൊത്തം പണിയെടുക്കുന്നവര്‍ 263.73 ലക്ഷം പേരാണ്. 2010 ല്‍ ഇത് 287.98 ലക്ഷമായി. ഏകദേശം 20 ലക്ഷത്തിന്റെ വര്‍ധന. ഒരുവര്‍ഷം ശരാശരി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പൊതുമേഖലയില്‍ 1991 ല്‍ 18.52 ലക്ഷം പേരാണ് തൊഴിലെടുത്തിരുന്നത്. 2010 ല്‍ ഇത് 10.66 ലക്ഷമായി. അതായത് എട്ട് ലക്ഷത്തിന്റെ കുറവ്. സ്വകാര്യമേഖലയില്‍ ഉല്‍പ്പാദനരംഗത്ത് 1991 ല്‍ 44.81 ലക്ഷം പേര്‍ പണിയെടുത്തിരുന്നത്, 2010 ല്‍ 51.84 ലക്ഷമായി വര്‍ധിച്ചു. ആകെ പരിശോധിച്ചാല്‍ പൊതു-സ്വകാര്യമേഖലകളില്‍ തൊഴില്‍ലഭ്യത വര്‍ധിച്ചില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

നരസിംഹറാവു-മന്‍മോഹന്‍ കൂട്ടുകെട്ട് 1990 മുതലാണ് പുത്തന്‍ സാമ്പത്തികനയം രാജ്യത്ത് നടപ്പിലാക്കുന്നത്. ആ നയം കൂടുതല്‍ ശക്തവും വ്യാപകവുമായി മന്‍മോഹന്‍ സിങ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റ് മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരും പുത്തന്‍ സാമ്പത്തികനയത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടിരുന്നു. ആ നയത്തിന്റെ അടിസ്ഥാനശില ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമാണ്. ഈ നയം നടപ്പാക്കുന്നതിലൂടെ രാജ്യവികസനത്തിന്റെ രാജപാതയിലൂടെ സഞ്ചരിക്കുമെന്നായിരുന്നു കുത്തകമാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരും കൂവിവിളിച്ചിരുന്നത്. ഈ വികസനംകൊണ്ട് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനകോടികള്‍ക്ക് എന്തുനേട്ടം? ഐക്യരാഷ്ട്ര വികസന ഏജന്‍സി (യു എന്‍ ഡി എ)യുടെ കണക്കനുസരിച്ച് ലോകരാഷ്ട്രങ്ങളില്‍ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 134-ാമതായിരിക്കുന്നു. വിലക്കയറ്റം സാധാരണക്കാരെയും ഇടത്തരക്കാരെയും പൊറുതിമുട്ടിക്കുകയാണ്. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നു. പുത്തന്‍ സാമ്പത്തികനയത്തിന്റെ ഫലമായി കുത്തകകള്‍ കൂടുതല്‍ തടിച്ചുകൊഴുക്കുന്നു. മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

Sunday, October 27, 2013

ഇന്ത്യയുടെ തലച്ചോറ് വില്‍പ്പനയ്ക്ക്

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ബുദ്ധിയും സര്‍ഗശക്തിയുമുള്ളവരുടെ കുടിയേറ്റം വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വം, തൊഴില്‍ പ്രശ്‌നങ്ങള്‍, വിദേശ രാജ്യങ്ങളിലെ ആകര്‍ഷണീയമായ തൊഴില്‍ അവസരങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം,  സാമ്പത്തിക നേട്ടം തുടങ്ങിയവയാണ് വിദേശത്തേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. 2001 ല്‍ യു എന്‍ ഡി പി യുടെ പഠന റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇത്തരം കുടിയേറ്റങ്ങളാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഈ ചൂഷണത്തിന്റെ വലയില്‍ ആണ്. പ്രധാനമായി ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും പിന്നാക്കാവസ്ഥയ്ക്ക് ഇതൊരു കാരണമാണ്. ഒരു രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികസനത്തിന് മാനവ വിഭവശേഷി ഒഴിച്ചു നിര്‍ത്താന്‍ കഴിയുന്നതല്ല. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷമുള്ള അറുപത്തിയേഴ് വര്‍ഷക്കാലയളവില്‍ അമ്പത്തെട്ടു വര്‍ഷവും ഇന്ത്യയില്‍ ഭരണത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യം അഭിമുഖീകരിക്കുന്ന മാനവ വിഭവശേഷിയൂടെ ശോചനീയാവസ്ഥ തിരിച്ചറിയാനോ പരിഹരിക്കാനോ കഴിഞ്ഞില്ല എന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ വര്‍ഷംതോറും.

2001 ലെ കണക്കുപ്രകാരം വര്‍ഷം തോറും 1 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. യു കെ യിലെ ഡോക്ടര്‍മാരില്‍ പത്തില്‍ നാലും ഇന്ത്യന്‍ വംശജരാണ്. ഏതാണ്ട് അത്രത്തോളം അനുബന്ധ മേഖലയിലും പണിയെടുക്കുന്നു. ആരോഗ്യരംഗത്ത് ഇന്ത്യയിലും കേരളത്തിലും വിദഗ്ധരുടെ വലിയ വിടവ് അനുഭവപ്പെടുന്നു എന്ന വസ്തുത ഇതിനോട് ചേര്‍ന്ന് വായിക്കാവുന്നതാണ്.

പ്രവാസികാര്യവകുപ്പിന്റെ കണക്കുപ്രകാരം 25 ദശലക്ഷം ആള്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 1990 ന് ശേഷമുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം തൊഴിലില്ലായ്മയാണ്. വിദഗ്ധ തൊഴിലാളികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കായിക അദ്ധ്വാനം വേണ്ട തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്. അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ മാനവവിഭവശേഷി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. വികസിത രാജ്യങ്ങള്‍ കുടിയേറ്റ നയങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നു. കുടിയേറുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പൗരത്വം കൊടുത്തുകൊണ്ട് അവരെ സാമ്പത്തികമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആഗോളവത്കരണം ലോകത്തെ കുത്തക ഭീമന്‍മാര്‍ തമ്മിലുളള മത്സരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ വിഭവങ്ങളെ കൂടുതല്‍ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന നയം കോര്‍പ്പറേറ്റ് ലോകത്ത് സാധാരണമായിക്കഴിഞ്ഞു. ഇതില്‍ അവര്‍ ഉല്‍പന്നത്തെ കൂടുതല്‍  വിപുലീകരണം ചെയ്യുന്നു. ഉല്‍പ്പന്നവിപുലീകരണത്തിന് ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വത്തെ ആവശ്യമായി വരുന്നു. അതിന് അവര്‍ തേടുന്ന മാര്‍ഗം കാമ്പസ് റിക്രൂട്ട്‌മെന്റാണ്.

സ്വതന്ത്ര ഭാരതത്തിന്റെ സാമൂഹിക ശാസ്ത്ര വികസനത്തിന് വേഗത കൂട്ടുന്നതിനു വേണ്ടി രൂപീകരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളില്‍ മത്സരപരീക്ഷയില്‍ കൂടി അഡ്മിഷന്‍ കിട്ടുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബുദ്ധിയും സര്‍ഗ ശക്തിയും ഉള്ളവരാണ്. ഈ തലമുറയാണ് ഭാവി ഇന്ത്യയെ ശോഭനമാക്കി മാറ്റേണ്ടത്. എന്നാല്‍ ഇന്ന് ആഗോള കുത്തകകള്‍ക്ക് ഈ കാമ്പസുകള്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ഐടിഐകള്‍ അഭിമാനപൂര്‍വ്വം പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 60% കുട്ടികള്‍ക്കും വിദേശ കമ്പനികളില്‍ ജോലികിട്ടി എന്നാണ്. അതും  ശരാശരി വരുമാനത്തേക്കാള്‍ 30% വര്‍ദ്ധനയോടെ. ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ലക്ഷ്യം മറന്നു പോകുന്നു.

ഐ ടി രംഗത്തെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ ഭീമനായ  മൈക്രോ സോഫ്ടില്‍ 34 ശതമാനവും, ഐ ബി എം ല്‍ 28 ശതമാനവും, ഇന്റല്‍ 17 ശതമാനവും, സിറോക്‌സിസ് 13 ശതമാനവും എന്‍ എ എസ് എ 36 ശതമാനവും തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. (ദ ടൈംസ് ഓഫ് ഇന്ത്യ 2008 മാര്‍ച്ച് 11-ാം തീയതി)

ലോകത്തിലെ ഏറ്റവും വലിയ കുത്തക കമ്പനിയായ ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ക്രോമിന്റെ പ്രധാന ശില്‍പ്പി ഐ ഐ ടി കാണ്‍പൂര്‍ വിദ്യാര്‍ഥി സുന്ദര്‍ പിച്ചായി ആണ്. അതുപോലെ ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയുടെയും തലപ്പത്ത് ഇന്ത്യന്‍ വംശജരാണ്. ഇന്ത്യയ്ക്ക് പ്രയോജനമാകേണ്ട ബുദ്ധിയും സ്വര്‍ഗ്ഗശക്തിമുളള യുവതലമുറെയ അപഹരിച്ചെടുത്തു കൊണ്ടു പോയി പ്രയോജനപ്പെടുത്തുന്നതിന്റെ പ്രധാന ഉദാഹരണമാണിത്. ഇവരെ കണ്ടെത്താനോ, വിനിയോഗിക്കാനോ നമുക്കായിട്ടില്ല.

ചൈന ഈ പ്രശ്‌നം മനസ്സിലാക്കി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വിദഗ്ധരായ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാന്‍ 97.5 മില്യന്‍ ഡോളറിന്റെ പദ്ധതി വിഭാവനം ചെയ്തിരിക്കുകയാണ്. ആ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 20% വിദ്യാഭ്യാസത്തിനും ഉദ്യോഗാര്‍ഛികള്‍ക്ക് തൊഴില്‍ സിദ്ധിക്കുന്നതിനും ചെലവഴിക്കുമ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് ജി ഡി പി യുടെ നാല് ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനു വകയിരുത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി ഗൗരവതരമായി യാതൊരു പദ്ധതികളും രൂപപ്പെടുത്തുന്നുമില്ല.

യു എന്‍ ഡി പി യുടെ മാനവശേഷി വികസന സൂചികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ഉള്‍പ്പെടുന്ന 156 രാജ്യങ്ങളുടെ പട്ടികയാണിത.് രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികാസത്തില്‍ ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വം അത്യാവശ്യമാണെന്ന വസ്തുത നമ്മുടെ സര്‍ക്കാര്‍ മറന്നുപോകുന്നു. പുതിയ തലമുറയെ രാജ്യത്തിന് പ്രയോജനമാക്കേണ്ടതിന് ആവശ്യമായ നയസമീപനങ്ങളെടുക്കുന്നതില്‍ ഗവണ്‍മെന്റ് വീഴ്ചവരുത്തുന്നുവെന്ന് വര്‍ധിച്ചുവരുന്ന കുടിയേറ്റങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണവും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമാണുള്ളത്.

തൊഴിലില്ലായ്മയുടെ കാര്യത്തില്‍ രാജ്യം വളരെ വേഗതയിലാണ് സഞ്ചരിക്കുന്നത്. 2009 - 2010 കാലയളവില്‍ ആയിരത്തില്‍ 20 പേര്‍ തൊഴില്‍ രഹിതരെങ്കില്‍ 2011- 2012 കാലയളവില്‍ ആയിരത്തില്‍ 22 പേര്‍ തൊഴില്‍ രഹിതരാണ്. വര്‍ഷംതോറും തൊഴില്‍ രഹിതരാവുന്നവര്‍ 5 ശതമാനമാണ്. ഇന്ത്യയില്‍ ജോലിചെയ്യുന്നവരില്‍ മൂന്നിലൊന്നുപേരും അവരുടെ ഭാവി സ്വപ്‌നങ്ങള്‍ സഫലീകരിക്കുന്നതില്‍ സംശയാലുക്കളാണ്. കൂടുതല്‍ സുരക്ഷിതത്വവും വേതനവുമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നു.

ഭാവിയില്‍ ഇന്ത്യന്‍ സമ്പദ് ഘടനയെപ്പോലും ബാധിക്കുന്ന, ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരം വിഷയങ്ങള്‍ രാജ്യം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യപോലും അറിയാതെ ഇന്ത്യയുടെ തലച്ചോറ് വിദേശരാജ്യങ്ങളും കുത്തക കമ്പനികളും ചൂഷണം ചെയ്യുകയാണ്. അതീവ പ്രാധ്യാന്യമുള്ള ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്നത് ഭാവി ഇന്ത്യയോടു ചെയ്യുന്ന മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.

രാജ്യത്തിന്റെ ജി ഡി പി യുടെ 10 ശതമാനമെങ്കിലും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേണ്ടി മാറ്റി വച്ചുകൊണ്ട് ശക്തമായ നയരൂപീകരണം നടത്താന്‍ കഴിയണം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നതുപോല പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കണം.

രാജ്യത്ത് പ്രധാനപ്പെട്ട പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ മിടുക്കരായവര്‍ക്ക് നവസംരംഭങ്ങള്‍ തുടങ്ങുന്നതിനും തുടര്‍ വിദ്യാഭ്യാസത്തിനും പരീക്ഷണങ്ങള്‍ക്കും അവസരങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കണം. രാജ്യത്തെ തൊഴിലിടങ്ങള്‍ ചുഷണരഹിതവും തൊഴില്‍ സംരക്ഷണവും ഉള്ളതാക്കണം. എങ്കില്‍ മാത്രമേ ഭാവി ഇന്ത്യ നേരിടാന്‍ പോകുന്ന ഈ വെല്ലുവിളിയെ കുറെയെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കഴിയൂ.

*
അനീഷ് സഖറിയ (ലേഖകന്‍ എ ഐ എസ് എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ലാ അക്കാദമി വിദ്യാര്‍ഥിയുമാണ്.)

ജനയുഗം

Thursday, October 17, 2013

ലോകമാകെ പിരിച്ചുവിടല്‍ നേരിടുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എളുപ്പവഴി ചെലവു ചുരുക്കല്‍ ആണെന്നും അതിന് തൊഴിലാളികളെ പിരിച്ചുവിടുകയാണ് ഉചിതം എന്നും മുതലാളിമാരും തൊഴില്‍ ഉടമകളും കരുതുന്നു. ആസ്‌ട്രേലിയയില്‍ പൊതുമേഖലയിലെ 12,000 തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. അതില്‍ 4000 തൊഴിലാളികള്‍ ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ പണിയെടുക്കുന്നവരാണ്.

ഇത്തരം നടപടികള്‍ മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളിലും അസ്വസ്തതകള്‍ നിറക്കുകയാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ താറുമാറായി. സ്‌കൂളുകളില്‍ അധ്യാപകരില്ല. ചികിത്സാസൗകര്യങ്ങളും മരുന്നുകളും ലഭ്യമല്ല. പൊതുമേഖലയിലെ തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നു.
ആസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ ഔദ്യോഗിക കണക്കനുസരിച്ച് ആഗസ്റ്റ് മാസത്തില്‍ 5.8 ശതമാനം. യുവാക്കളിലെ തൊഴിലില്ലായ്മ 17.3 ശതമാനം. ഖനന മേഖലയില്‍ 2012 മെയ് മാസത്തിനുശേഷം കഴിഞ്ഞ ജൂണ്‍ വരെ 26,000 തൊഴിലാളികള്‍ പുറത്താക്കപ്പെട്ടു. ആസ്‌ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം മാനുഫാക്ചറിംഗ് രംഗത്ത് 1,43,284 പേര്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടപ്പെട്ടു.

2013 സപ്തംബര്‍ 18-ാം തീയതിയാണ് പുനസംഘടനയുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍, ട്രാന്‍സ്‌ഫോം 2015, എന്ന പദ്ധതി എയര്‍ ഫ്രാന്‍സ് പ്രഖ്യാപിച്ചത്. 2800 തൊഴിലാളികളെ ഉടനെ പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്. 2012 ല്‍ പിരിച്ചുവിടലിന് വിധേയരായത് 2600 തൊഴിലാളികള്‍. ഇപ്പോഴത്തെ പദ്ധതിയില്‍ 1800 ഗ്രൗണ്ട് സ്റ്റാഫും 350 പൈലറ്റ്മാരും 700 എയര്‍ ഹോസ്റ്റസുമാരും ഉള്‍പ്പെടും. 2003 ലാണ് എയര്‍ഫ്രാന്‍സ് സ്വകാര്യവല്‍ക്കരിച്ചത്. യൂറോപ്യന്‍ വ്യോമയാന മേഖലയില്‍ വന്‍തോതില്‍ പിരിച്ചുവിടല്‍ തുടരുകയാണ്.

ലോകത്തെ വന്‍കിട കമ്പനിയാണ് ജനറല്‍ ഇലക്ട്രിക്. ന്യൂയോര്‍ക്കിലെ രണ്ട് ഫാക്ടറികളിലായി 400 തൊഴിലാളികളെ പിരിച്ചുവിടാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഹഡ്‌സണ്‍ പുഴക്ക് സമീപം ഫോര്‍ട്ട് എഡ്‌വാര്‍ഡ് പട്ടണത്തില്‍ 1947 മുതല്‍ ഇലക്ട്രിക്കല്‍ കപ്പാസിറ്റര്‍ നിര്‍മിക്കുന്ന ഫാക്ടറി പ്രവര്‍ത്തിച്ചുവരുന്നു. ആ ഫാക്ടറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചുകഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒബാമക്ക് ജനറല്‍ ഇലക്ട്രിക് കമ്പനി നല്‍കിയത് 16 ബില്യന്‍ ഡോളര്‍. കമേഴ്‌സ്യല്‍ പേപ്പര്‍ എന്ന പേരില്‍ ഹ്രസ്വകാലവായ്പയായിട്ടാണ് തുക നല്‍കിയത്. ഒബാമയുടെ കമ്മിഷന്‍ ഓണ്‍ ജോബ്‌സ് ആന്റ് കോംപറ്റിറ്റീവ്‌നസിന്റെ ചെയര്‍മാന്‍ ജനറല്‍ ഇലക്ട്രികിന്റെ സി ഇ ഒ ആയ ഇമല്‍റ്റ് ആണ്. അതാണ് ഭരണകൂടവും കോര്‍പറേറ്റുകളും തമ്മിലുള്ള ചങ്ങാത്തം.

ലോകപ്രശസ്ത മരുന്ന് കമ്പനിയാണ് മെര്‍ക്ക്. 8500 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനമായി. 7500 പേരെ അടുത്തകാലത്ത് പിരിച്ചുവിട്ടതിന് പുറമെയാണിത്. 2010 ല്‍ നിന്നും 2015 ല്‍ എത്തുമ്പോള്‍ 35 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം. അമേരിക്ക അടച്ചുപൂട്ടി എട്ട് ലക്ഷത്തോളം ജീവനക്കാര്‍ വഴിയാധാരമായ അന്ന് തന്നെയാണ് മെര്‍ക്കിന്റെ പ്രഖ്യാപനം വന്നത്.

ലോകത്തെ വന്‍കിട വിമാനനിര്‍മ്മാണ കമ്പനിയാണ് ബോയിംഗ് കോര്‍പറേഷന്‍. ആഗസ്റ്റ് മാസത്തില്‍ വാഷിംഗ്ടണില്‍ മാത്രം 1955 തൊഴിലാളികളെ പിരിച്ചുവിട്ടു. തൊഴിലാളികളുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കുവാന്‍ തന്നെയാണ് ഉടമകളുടെ നീക്കങ്ങള്‍

ജര്‍മന്‍ കമ്പനിയായ സീമെന്‍സ് ആഗോളതലത്തില്‍ 15,000 തൊഴിലാളികളെ പിരിച്ചുവിടുന്നു. കമ്പനിയിലെ ആകെ തൊഴിലാളികള്‍ 3,70,000. ഇപ്പോഴത്തെ സ്ഥിതിയില്‍ പിരിച്ചുവിടല്‍ ഇരട്ടിയാകുമെന്നാണ് സൂചന. ധനമേഖല ഉള്‍പ്പെടെ സമസ്ത മേഖലകളിലും പിരിച്ചുവിടല്‍ തുടരുകയാണ്.

നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ സ്ഥിരം ജോലി ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. മുതലാളിത്തം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് സ്ഥിരം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ പിരിച്ചുവിടുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ്. പിരിച്ചുവിട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇന്ത്യയിലും ഇത് തന്നെയാണ് സ്ഥിതി. എല്ലായിടത്തും കരാര്‍  തൊഴിലാളികളും പുറം കരാര്‍ പണിയും നിറയുകയാണ്.

*
കെ ജി സുധാകരന്‍ ജനയുഗം

Sunday, May 12, 2013

മത്സ്യമേഖലയിലെ അവഗണന

1978 ഡിസംബര്‍ 9ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രൂപീകൃതമായശേഷമുളള കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ചരിത്രം മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ചരിത്രം കൂടിയാണ്. ജാതിമത ശക്തികളുടെ സ്വാധീനത്തില്‍ കഴിഞ്ഞുവന്ന മത്സ്യത്തൊഴിലാളികളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് ഫെഡറേഷന് വലിയൊരളവുവരെ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളി ഫെഡറേഷന്റെകൂടി നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായിട്ടാണ്. 1982 ല്‍ യുഡിഎഫ് സര്‍ക്കാരിന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങളാണ് തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ അംഗീകരിച്ചത്.

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രൂപീകൃതമായ സന്ദര്‍ഭത്തില്‍ മത്സ്യത്തൊഴിലാളി മേഖലയിലെ സജീവമായ പ്രശ്നം മണ്‍സൂണ്‍കാലട്രോളിങ് ആയിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളിങ് ബോട്ടില്‍ പണിയെടുക്കുന്ന തൊഴിലാളികളും തമ്മില്‍ പണിയിടം സംബന്ധിച്ച തര്‍ക്കം, സൈ്വര്യമായി മത്സ്യത്തൊഴിലാളികള്‍ക്ക് പണിയെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കി. ഈ സവിശേഷ സാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടുക എന്ന ദൗത്യമാണ് ഫെഡറേഷന്‍ ഏറ്റെടുത്തത്. പരമ്പരാഗത യാനങ്ങളിലും യന്ത്രവല്‍കൃതയാനങ്ങളിലും പണിയെടുക്കുന്നവര്‍ തൊഴിലാളികളാണെന്ന ബോധം അവരില്‍ വളര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഫെഡറേഷന്‍ ഫലപ്രദമായി നടത്തി. ഇരുവിഭാഗം യാനങ്ങളും മത്സ്യബന്ധനം നടത്തേണ്ട മേഖലകള്‍ കൃത്യമായി നിഷ്കര്‍ഷിക്കണമെന്നു കാണിച്ച് ഫെഡറേഷന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നിവേദനം നല്‍കി. അതിന്റെ ഫലമായാണ് കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണനിയമം സര്‍ക്കാര്‍ പാസാക്കിയത്. അതിന് ശേഷവും ചില അസ്വാരസ്യങ്ങള്‍ തീരദേശങ്ങളുണ്ടായിരുന്നെങ്കിലും ഫെഡറേഷന്റെകൂടി ശ്രമഫലമായി മത്സ്യമേഖലയിലെ എല്ലാ സംഘടനകളുടെയും സംയുക്തവേദി രൂപീകരിച്ചു. കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രൂപീകരണത്തിനുശേഷം തര്‍ക്കങ്ങള്‍ ആ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്ന സ്ഥിതി ഉണ്ടായി.

മത്സ്യത്തൊഴിലാളി ദ്രോഹ നിയമങ്ങളും ഉത്തരവുകളും തുടരെ പുറപ്പെടുവിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തീരദേശ നിയന്ത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്ത് വീട് നിര്‍മിക്കാനുള്ള തടസ്സം ഇന്നും പൂര്‍ണമായി മാറിയിട്ടില്ല. എന്നാല്‍, തീരദേശത്ത് വന്‍വ്യവസായ ശാലകളും റിസോര്‍ട്ടുകളും വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും ഒരു തടസ്സവുമില്ലാതെ സര്‍ക്കാര്‍ അനുമതിയോടെ നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിന് മത്സ്യത്തൊഴിലാളികള്‍ എതിരല്ല. പരിസ്ഥിതിയുടെ പേരില്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും തായ്ലന്റില്‍നിന്നും ആസിയന്‍ രാജ്യങ്ങളില്‍നിന്നും മത്സ്യവും മത്സ്യഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് ഇവിടെ സമാന്തര മത്സ്യക്കമ്പോളം സൃഷ്ടിക്കുകയും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെയും മത്സ്യക്കച്ചവടക്കാരുടെയും തൊഴില്‍ ഇല്ലാതാക്കുകയുമാണ്. വിദേശകപ്പലുകള്‍ക്ക് യഥേഷ്ടം നമ്മുടെ കടലുകളില്‍ മത്സ്യബന്ധനം നടത്തുന്നതിനും പ്രാദേശിക മത്സ്യബന്ധന യാനങ്ങളെ ഒഴിവാക്കുന്നതിനും വേണ്ടി കൊണ്ടുവന്ന കടല്‍ മത്സ്യബന്ധന നിയന്ത്രണ പരിപാലന ബില്‍ മത്സ്യത്തൊഴിലാളി സംഘടനകളുടെയും മറ്റും എതിര്‍പ്പിന്റെ ഫലമായി അവതരിപ്പിച്ചില്ലെങ്കില്‍പ്പോലും അതിലെ വ്യവസ്ഥകള്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുറത്തിറങ്ങുകയാണ്. ഈ അടുത്തകാലത്ത് മത്സ്യത്തൊഴിലാളി മേഖലയില്‍ ഉയര്‍ന്നു വന്ന ആശങ്ക അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്.

2012 ഫെബ്രുവരി 15ന് അറേബ്യന്‍ കടലില്‍ മത്സ്യബന്ധനത്തിന് അവകാശപ്പെട്ട സ്ഥലത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നു. ഒരു പ്രകോപനവും ഇല്ലാതെ, നിരായുധരായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ സംരക്ഷിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും ശ്രമിക്കുന്നത്. ഈ സംഭവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് മറ്റൊരു കപ്പല്‍ ഒരു ബോട്ടില്‍ ഇടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടത്. ഈ രണ്ട് സംഭവങ്ങളും തീരദേശമേഖലയെ വലിയ ആശങ്കയിലാക്കി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ട കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അത് നിര്‍വഹിക്കാത്തതിന്റെ ഫലമാണീ ദുരന്തം. മത്സ്യത്തൊഴിലാളി മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങളെല്ലാം തകര്‍ക്കുകയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍. അഞ്ചുവര്‍ഷം കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി അഞ്ച് നിയമങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. 3100 കോടി രൂപയുടെ പദ്ധതികളാണ് അന്ന് നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെട്ട മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ പ്രവര്‍ത്തനം ഇന്ന് നിലച്ച മട്ടാണ്. കടാശ്വാസപ്രവര്‍ത്തനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുകപോലും യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മത്സ്യഫെഡ് ഭരണ സമിതിയെ അകാരണമായി പിരിച്ചുവിട്ടു. മത്സ്യഫെഡ് മുഖേന നല്‍കിയിരുന്ന പല ആനുകൂല്യങ്ങളും മരവിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ഒന്നര വര്‍ഷക്കാലത്തിന് ശേഷമാണ് സംഘടിപ്പിച്ചത്. പുതിയതായി ഒരു പദ്ധതിപോലും നടപ്പാക്കിയിട്ടില്ല. മത്സ്യോല്‍പ്പന്ന കയറ്റുമതിക്കാരില്‍നിന്ന് സെസ്സ് പിരിച്ചെടുക്കാതെ അവരുമായി ഒത്തുകളിക്കുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണസംഘം ഭരണസമിതികളെ പിരിച്ചുവിടുന്ന ജോലിയാണ് ഫിഷറീസ് വകുപ്പിനുള്ളത്. എല്ലാ കാര്യങ്ങളിലും തികഞ്ഞ രാഷ്ട്രീയ വിവേചനമാണ് കാണിക്കുന്നത്. മത്സ്യഫെഡിലെയും ഫിഷറീസ് വകുപ്പിലെയും ഉദ്യോഗസ്ഥരെ ഭരണാനുകൂല യൂണിയനുകളിലാക്കാന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മത്സ്യമേഖലയിലെ ദ്രോഹനടപടികള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭത്തെക്കുറിച്ച് മേയ് 12നും 13നും ചേരുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും എതിരായ ശക്തമായ പ്രക്ഷോഭ പ്രചാരണ പരിപാടികളെക്കുറിച്ച് സമ്മേളനം തീരുമാനമെടുക്കും.
*
അഡ്വ. വി വി ശശീന്ദ്രന്‍ (കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


ദേശാഭിമാനി 13 മേയ് 2013

Thursday, April 11, 2013

ആര്‍ട്ടിസാന്‍സ് വകുപ്പിന്റെ ആവശ്യകത

നിര്‍മാണ- തയ്യല്‍- കരകൗശല മേഖലകളില്‍ പണിചെയ്യുന്ന അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ ശക്തമായി നടപ്പാക്കുകയാണ്. ഈ നയത്തിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാനുള്ള അനുവാദം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും പാചക വാതകത്തിന്റെ സബ്സിഡി പിന്‍വലിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ രൂക്ഷമായ വിലക്കയറ്റം തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു.

കേരളത്തില്‍ 42 ലക്ഷത്തോളം ആര്‍ട്ടിസാന്‍സുകള്‍ ഉണ്ടെന്നാണ് കണക്ക്. പരമ്പരാഗത പണിയായുധങ്ങള്‍കൊണ്ട് തൊഴില്‍ ചെയ്തുവന്ന ഇവരുടെ തൊഴില്‍ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങളാണുണ്ടായത്. ഈ മാറ്റങ്ങള്‍ ഇവരുടെ തൊഴിലിനെയും പ്രതിസന്ധിയിലാക്കി. ആധുനിക യന്ത്രങ്ങള്‍ കടന്നുവന്നതോടെയും മുതലാളിത്തവികാസവും പുത്തന്‍ വിപണന സമ്പ്രദായങ്ങളും ആവിര്‍ഭവിച്ചതോടെയും പരമ്പരാഗത തൊഴിലാളികള്‍ തൊഴില്‍രഹിതരാകുന്ന സ്ഥിതി സംജാതമായി. യന്ത്രനിര്‍മിത ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയാതെ വരികയും പരമ്പരാഗത തൊഴില്‍ മേഖലയാകെ പ്രതിസന്ധിയിലാകുകയും ചെയ്തു. പരമ്പരാഗത ആര്‍ട്ടിസാന്‍സ് വിഭാഗങ്ങളായ മരപ്പണി, ഇരുമ്പുപണി, സ്വര്‍ണപ്പണി, ഓട്ടുനിര്‍മാണം, കല്‍പ്പണി, തയ്യല്‍, തുകല്‍പ്പണി, കരകൗശലം, മണ്‍പാത്രനിര്‍മാണം തുടങ്ങിയ തൊഴിലുകളിലും ഇവയുമായി ബന്ധപ്പെട്ട് പണിയെടുത്തുവരുന്ന ഏകദേശം 174 വിഭാഗം തൊഴിലാളികള്‍ ആര്‍ട്ടിസാന്‍സുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥിരമായി തൊഴിലോ വരുമാനമാര്‍ഗമോ ഇല്ലാത്തവരായി ഇവര്‍ മാറുകയാണ്. തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന് ആര്‍ട്ടിസാന്‍സുകള്‍ക്ക് മാത്രമായി പ്രത്യേക വകുപ്പും മന്ത്രാലയവും രൂപീകരിക്കേണ്ടതുണ്ട്്. പ്രസ്തുത മന്ത്രാലയം വഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തൊഴിലും കൂലിയും ഉറപ്പാക്കാനും സാധിക്കും. ആര്‍ട്ടിസാന്‍സുകളുടെ നിലനില്‍പ്പിനുവേണ്ടി ഒട്ടേറെ സമരങ്ങള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍, കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി, കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി എന്നിവ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചു നടപ്പാക്കാന്‍ കഴിഞ്ഞു. നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റവും കരിങ്കല്‍-മണല്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നിര്‍മാണ മേഖലയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. നിര്‍മാണ മേഖലയിലെ കോണ്‍ട്രാക്ട് സമ്പ്രദായം അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും തൊഴിലാളികളെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത് സ്ഥിരമായി തൊഴിലും കൂലിയും ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കുറഞ്ഞ കൂലി നല്‍കിയും കൂടുതല്‍ സമയം പണിയെടുപ്പിച്ചും തൊഴിലുടമകള്‍ ഇവരെ ചൂഷണം ചെയ്യുന്നു. കുടിയേറ്റ തൊഴിലാളി നിയമം കര്‍ശനമായി നടപ്പാക്കുന്ന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കേരളത്തിലെ നിര്‍മാണരംഗത്ത് ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്ഷേമനിധികളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്ട്രേഷനും ആനുകൂല്യവിതരണവും കൃത്യമായി നടക്കുന്നില്ല. തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. എല്ലാ ജില്ലകളിലും ഓഫീസ് പ്രവര്‍ത്തനം ഇല്ലാത്തതും അംശാദായം ബാങ്കുകളില്‍ അടയ്ക്കാന്‍ കഴിയാത്തതും ആനുകൂല്യങ്ങളുടെ അപര്യാപ്തതയും ഈ ക്ഷേമനിധിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു.

അസംഘടിത മേഖലയിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ മിനിമം പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി. 2012ലെയും 2013ലെയും ബജറ്റില്‍ ആര്‍ട്ടിസാന്‍സുകളെ സഹായിക്കുന്നതിന് ഒരു പദ്ധതി പോലും പ്രഖ്യാപിച്ചിട്ടില്ല. ആര്‍ട്ടിസാന്‍സുകള്‍ക്കുവേണ്ടി രൂപം കൊടുത്ത ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍, കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, കരകൗശല വികസന കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ആര്‍ട്ടിസാന്‍സ് വകുപ്പിന്റെയും മന്ത്രാലയത്തിന്റെയും കീഴില്‍ കൊണ്ടുവരണം. മന്ത്രാലയത്തിന്റെ രൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചയും തുടര്‍ന്നുള്ള പ്രക്ഷോഭ സമരങ്ങള്‍ക്കും കേരള ആര്‍ട്ടിസാന്‍സ് യൂണിയന്റെ 41-ാം സംസ്ഥാന സമ്മേളനം രൂപംകൊടുക്കും.

*
എ പി വാസു ( കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

Wednesday, April 10, 2013

തോട്ടങ്ങളില്‍ കണ്ണീരിന്റെ വിളവെടുപ്പ്

തേയിലയുടെ സുഗന്ധം ജീവിതത്തിലും പരന്നിരുന്ന നാളുകള്‍ മാഹിന്റെ ഓര്‍മയിലുണ്ട്. ബോണക്കാട്ട് അന്ന് സമൃദ്ധി ദൃശ്യമായിരുന്നു. പുലര്‍ച്ചെ തന്നെ കുരിശടി ജങ്ഷന്‍ സജീവം. തങ്കയ്യന്‍നാടാരുടെയും രാജയ്യന്‍ നാടാരുടെയും പള്ളിയാടിയുടെയും ചായക്കടയില്‍ പുലര്‍ച്ചെ തന്നെ ആവിപറക്കുന്ന പലഹാരങ്ങള്‍ നിരക്കും. കൊളുന്തെടുപ്പ് കഴിഞ്ഞ് തൊഴിലാളികള്‍ ഇറങ്ങിയാല്‍ മണിക്കൂറുകളോളം കടകളില്‍ തിരക്കു തന്നെ. ബുധനാഴ്ചയായിരുന്നു ബോണക്കാട്ടെ ചന്ത ദിവസം. നെടുമങ്ങാട്, വിതുര, പറന്തോട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നെല്ലാം വ്യാപാരികള്‍ കുരിശടി നടയിലേക്ക് എത്തുമായിരുന്നു. പച്ചക്കറിയും മത്സ്യവും അരിയും കരിപ്പട്ടിയുമെല്ലാം ചൂടപ്പംപോലെ വിറ്റഴിയും.

തോട്ടങ്ങളുടെയും ജീവിതത്തിന്റെയും പ്രസരിപ്പുമാഞ്ഞ ബോണക്കാട് ഇന്ന് ശ്മശാനമൂകം. സ്റ്റേഷനറി കടകളും ഹോട്ടലുകളും പലവ്യഞ്ജന കടകളും തയ്യല്‍ക്കടകളും ബാര്‍ബര്‍ഷോപ്പും ഇന്ന് ഇവിടെയില്ല. ഡോക്ടടറും നേഴ്സുമാരും ഒപി വിഭാഗവും കിടത്തിച്ചികിത്സയും എല്ലാം ഉണ്ടായിരുന്ന കമ്പനി ആശുപത്രിയില്‍ ഇന്ന് ആകെയുള്ളത് ഒരു നേഴ്സ് മാത്രം. പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തേയിലത്തോട്ടത്തിലെ മറ്റു തൊഴിലാളികളെപോലെ അവരും ഇവിടെ അകപ്പെട്ടിരിക്കുകയാണ്. ആശുപത്രിയിലെ മിഡ്വൈഫായി സേവനമനുഷ്ഠിച്ചിരുന്ന പ്രസന്ന കുമാരി ആ ജോലി ഇല്ലാതായതോടെ കമ്പനി ഓഫീസില്‍ കണക്കുനോക്കുന്ന ജോലിയിലേക്ക് മാറി. കാടുകയറിക്കിടക്കുന്ന തേയിലച്ചെടികള്‍ ബോണക്കാടിന്റെ ഇന്നത്തെ കഥ പറയുന്നു. 1350 ഏക്കറാണ് ബോണക്കാട് എസ്റ്റേറ്റ്. ഇതില്‍ 950 ഏക്കറും തേയിലയാണ്. 110 ഏക്കറില്‍ റബര്‍ മരങ്ങളും ബാക്കി സ്ഥലത്ത് ഏലവുമാണ് കൃഷി. ബ്രിട്ടീഷുകാരായിരുന്നു മുമ്പ് ഇതിന്റെ ഉടമകള്‍. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം പല കൈമറിഞ്ഞു. മഹാവീര്‍ പ്ലാന്റേഷന്‍സാണ് ഇപ്പോഴത്തെ ഉടമകള്‍.

മൂവായിരം തൊഴിലാളികളുണ്ടായിരുന്ന തോട്ടം ഒരുകാലത്ത് പ്രതാപത്തിന്റെ നെറുകയിലായിരുന്നു. മികച്ചയിനം തേയിലച്ചെടികള്‍ സമൃദ്ധമായ വിളവ് നല്‍കിയിരുന്നു. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങള്‍ കേരളത്തിന്റെ പ്ലാന്റേഷന്‍ മേഖലയെയാകെ പിടിച്ചുലയ്ക്കുകയായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് അനുബന്ധമായി നടപ്പാക്കിയ സാര്‍ക്ക് കരാര്‍ തേയിലത്തോട്ടങ്ങളെ വന്‍ പ്രതിസന്ധിയിലാക്കി. അന്യരാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെട്ടവ കുറഞ്ഞ ഇറക്കുമതിചുങ്കം നല്‍കി ഇന്ത്യയില്‍ വിറ്റഴിക്കാന്‍ അവസരം നല്‍കിയതോടെ ശ്രീലങ്കയില്‍നിന്ന് വന്‍തോതില്‍ തേയില ഇന്ത്യയിലേക്ക് എത്തി. അത് വന്‍ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കി. 1999 സെപ്തംബറില്‍ ഒരു കിലോ തേയിലക്ക് 79.77 രൂപ ലഭിച്ചിരുന്നെങ്കില്‍ 2001ല്‍ അത് 43.70 രൂപയായും 2002ല്‍ 41 രൂപയായും ഇടിഞ്ഞു. തേയിലയുടെ വില ഉല്‍പാദനച്ചെലവിനേക്കാള്‍ കുറഞ്ഞതോടെ പ്രതിസന്ധി പാരമ്യത്തിലെത്തി. സര്‍ക്കാരിലേക്കുള്ള നികുതികളും വൈദ്യുതി ചാര്‍ജുമെല്ലാം തോട്ടം ഉടമകള്‍ നല്‍കാതായി. തോട്ടങ്ങളിലെ തൊഴിലാളികളുടെ ശമ്പളത്തില്‍നിന്ന് പിടിച്ച പിഎഫ് തുകയും ഒടുക്കിയില്ല. പലതോട്ടങ്ങളും ഉടമകള്‍ ഉപേക്ഷിച്ച നിലയിലായി. പലതിന്റെയും പ്രവര്‍ത്തനം നിലച്ചു. പട്ടിണിമരണങ്ങള്‍ തോട്ടങ്ങളില്‍ നടമാടി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സാന്ത്വന നടപടികള്‍ തോട്ടം മേഖലയിലേക്ക് എത്തിയിരുന്നു. എന്നാല്‍, അവ നിലച്ചതോടെ തോട്ടം തൊഴിലാളികളുടെ ജീവിതം ഇന്ന് കൂടുതല്‍ പ്രതിസന്ധിയിലാണ്. ബോണക്കാട്ടെ തൊഴിലാളികള്‍ക്ക് ശമ്പളവും ആഴ്ചയിലൊരിക്കല്‍ ലഭിക്കേണ്ട ചെലവുകാശും മുടങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിമാസം നല്‍കിയിരുന്ന 40 ലക്ഷം രൂപയുടെ സഹായം നിലയ്ക്കുകയും ചെയ്തതോടെ തൊഴിലാളികളുടെ ജീവിതത്തിലേക്ക് മുഴുപ്പട്ടിണിയുടെ ദിനങ്ങള്‍ വീണ്ടും വിരുന്നെത്തുകയാണ്. തോട്ടം കാടായി; ലയങ്ങളില്‍ കൊടുംപട്ടിണി എഴുപതാം വയസ്സിലെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ തെങ്കാശിക്കാരി ചെല്ലത്തായിക്ക് കഴിയുന്നില്ല. 40 വര്‍ഷം മുമ്പാണ് ഇവര്‍ ബോണക്കാട്ട് എത്തിയത്. ഭര്‍ത്താവ് ദേവരാജ് 10 കൊല്ലം മുമ്പ് മരിച്ചു. ഏക മകള്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പമാണ് താമസം. 2002ല്‍ തൊഴിലില്‍നിന്ന് വിരമിച്ച ഇവര്‍ക്ക് ഇതുവരെയും ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു തുണ്ടു ഭൂമി വാങ്ങി തോട്ടത്തിലെ ദുരിതങ്ങളില്‍നിന്ന് മാറി നില്‍ക്കാന്‍ ചെല്ലത്തായിക്ക് കഴിയുന്നില്ല. മുമ്പ് സൗജന്യ റേഷന്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ അതും മുടങ്ങി. ഒരു മാസം ശമ്പളവും ചെലവു കാശും ലഭിക്കാതെ വന്നപ്പോള്‍ പല ദിവസവും പട്ടിണി കിടക്കേണ്ടി വന്നു-കഴിഞ്ഞ മാസം ലയങ്ങള്‍ നേരിട്ട മുഴുപ്പട്ടിണിയുടെ ചിത്രം ചെല്ലത്തായിയുടെ വാക്കുകളില്‍ നിഴലിക്കുന്നു. ചെല്ലത്തായി അടക്കമുള്ള തൊഴിലാളികള്‍ക്ക് 36 മാസത്തെ ശമ്പളം ഇന്നും കിട്ടാനുണ്ട്. ഇതിനു പുറമേ കമ്പനി വക ആശുപത്രിയില്‍ വര്‍ഷങ്ങളോളം തൂപ്പുജോലി ചെയ്തതിന്റെ ശമ്പളമായി നയാപൈസ ചെല്ലത്തായിക്ക് ലഭിച്ചിട്ടില്ല. രാവും പകലും കമ്പനിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയ ഇവര്‍ക്ക് ജീവിത സായാഹ്നത്തിലും സന്തോഷം അകലെ. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി തേയിലക്കൃഷി അകപ്പെട്ട പ്രതിസന്ധിയില്‍ തൊഴിലാളികളുടെ ജീവിതം മുങ്ങിത്താഴുകയായിരുന്നു.

ബി ഡിവിഷനിലെ കാറ്റാടിമുക്ക് ലയത്തില്‍ താമസിക്കുന്ന സുധ എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളിയാണ്. സ്ഥിരം തൊഴിലാളിയായിരുന്ന ഭര്‍ത്താവ് തങ്കരാജ് 2006ല്‍ വിരമിച്ചെങ്കിലും പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ല. തൊഴിലാളിയുടെ വിഹിതം കൃത്യമായി പിടിച്ചെടുത്ത കമ്പനി അധികൃതര്‍ അത് അടച്ചില്ല. ബാങ്ക് വായ്പയ്ക്കുള്ള ഈടായി മാത്രം തോട്ടം മാറി. ഉടമയുടെ ഏജന്റുമാര്‍ക്കാണ് തോട്ടത്തിന്റെ നടത്തിപ്പ് ചുമതല. മാറി മാറി വന്ന അവര്‍ക്കെല്ലാം റബ്ബറില്‍നിന്നുള്ള ആദായത്തില്‍ മാത്രമായിരുന്നു കണ്ണ്. തോട്ടം അതോടെ അനാഥമായി. കളപറിക്കാനോ വളമിടാനോ മെനക്കെടാത്തതിനാല്‍ തോട്ടത്തിന്റെ വലിയൊരു ഭാഗം കാടായി മാറി. അവശേഷിക്കുന്ന ഭാഗത്തെ തേയിലയില്‍ നിന്ന് കിട്ടുന്ന ആദായംപോലും തൊളിലാളികളില്‍ എത്തുന്നില്ല. ഏഴെട്ടു കൊല്ലമായി കമ്പനിയുടെ ഫാക്ടറി അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളില്‍നിന്ന് പിടിക്കുന്ന തുകപോലും ബാങ്കിലടച്ചില്ല. പ്ലാന്റേഷന്‍ നികുതിയും റവന്യൂ നികുതിയും കുടിശ്ശികയാക്കിയതിനെ തുടര്‍ന്ന് ഓഫീസും പൂട്ടാന്‍ നിര്‍ബന്ധിതരായി. ഫാക്ടറിയുടെയും ഓഫീസിന്റെയും താക്കോല്‍ ഇന്ന് അധികൃതരുടെ കൈവശമാണ്. തൊഴിലാളികളുടെ രേഖകള്‍ ഓഫീസിനുള്ളില്‍ നശിക്കുന്നു.

ഏറ്റവും കുറഞ്ഞ കൂലി വ്യവസ്ഥയുള്ളത് തേയില തോട്ടം മേഖലയിലാണ്. പ്ലാന്റേഷന്‍ നിയമമനുസരിച്ച് 184 രൂപയാണ് തൊഴിലാളിക്ക് ദിവസം ലഭിക്കുക. ഒരു വിട്ടില്‍ മൂന്നു പേര്‍ക്കെങ്കിലും ജോലിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് ഇത് അംഗീകരിക്കപ്പെട്ടു വന്നത്. എന്നാല്‍ തോട്ടം നശിച്ചതോടെ ഇന്ന് ഒരാള്‍ക്കു മാത്രമാണ് പണിയുണ്ടാവുക. ഒരാളുടെ വരുമാനംകൊണ്ട് കുടുംബം കഴിഞ്ഞുപോവില്ല. ആഴ്ചതോറും ചെലവുകാശും മാസാവസാനം അവശേഷിക്കുന്ന തുക ശമ്പളമായും കിട്ടിയിരുന്ന തൊഴിലാളിക്ക് അവ കൂടി മുടങ്ങിയതോടെ ജീവിതം ചോദ്യചിഹ്നമായി.

തോട്ടത്തില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് പത്തുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന രാജുവിന്റെ കുടുംബത്തിന്റെ വേദന ഭാര്യ അന്നക്കിളിയുടെ വാക്കുകളിലുണ്ട്. ചികിത്സയുടെ ഭാഗമായി എല്ലാ മാസവും പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പോകണം. വിതുരയില്‍നിന്ന് കാറുവിളിച്ചുകൊണ്ടുവന്ന് ആശുപത്രിയില്‍ പോയി മടങ്ങിയെത്തുമ്പോള്‍ രണ്ടായിരം രൂപ ചെലവാകും. അന്നക്കിളിയുടെ വരുമാനംകൊണ്ടു വേണം കുടുംബത്തിന്റെ ജീവിതവും രാജുവിന്റെ ചികിത്സയും നടക്കാന്‍. ശമ്പളം മുടങ്ങുന്നതോടെ പട്ടിണിയുടെ പിടിയിലാകും. മൂവായിരത്തോളം തൊഴിലാളികളുണ്ടായിരുന്നു ബോണക്കാട്ട്. ഇന്നാവട്ടെ, സ്ഥിരം തൊഴിലാളികളുടെ എണ്ണം 200ല്‍ താഴെ മാത്രം. 56-ാം വയസ്സില്‍ ഔദ്യോഗികമായി ജോലിയില്‍നിന്ന് പിരിഞ്ഞിട്ടും ആനുകൂല്യങ്ങളൊന്നും കിട്ടാത്തതിനാല്‍ വാര്‍ധക്യത്തില്‍ താല്‍ക്കാലിക തൊഴിലാളികളായി കഴിയുന്നവര്‍ മുന്നൂറോളമാണ്. സമയത്ത് കൂലി കിട്ടുന്നില്ല. ഒരു സെന്റ് സ്ഥലവും കൂരയും കിട്ടണമെങ്കില്‍ പോലും ഇന്ന് ലക്ഷങ്ങള്‍ കൊടുക്കണം. അവശേഷിക്കുന്ന കാലം തോട്ടത്തില്‍ തന്നെ കഴിയാമെന്നു കരുതിയാല്‍ ലയങ്ങളുടെ സ്ഥിതി പരമദയനീയവും. മരണഭയത്തില്‍ ജീവിതം ബോണക്കാട്ട് പത്തുമറി ലയത്തില്‍ കനിരാജിനും ഭാര്യ തങ്കവടിവിനും രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ഹുങ്കാരത്തോടെ വീശുന്ന കാറ്റില്‍ വീടിന്റെ ഓടുകള്‍ ഒന്നൊന്നായി നിലം പൊത്തുകയാണ്. കട്ടിലിനുമേലെ പലകകൊണ്ട് തട്ട് ഉണ്ടാക്കിയാണ് ഓടിന്‍ കഷ്ണങ്ങളില്‍നിന്ന് രക്ഷ നേടുന്നത്. ലയങ്ങളിലേക്ക് കമ്പനി അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ട് വര്‍ഷങ്ങളായി. അറ്റകുറ്റപ്പണിയെല്ലാം ലയങ്ങളിലെ താമസക്കാര്‍ ചെയ്യണം. അഷ്ടിക്കു വകയില്ലാത്ത അവസ്ഥയില്‍ ഇതിനുള്ള പണം കണ്ടെത്താന്‍ ആര്‍ക്കും കഴിയുന്നില്ല. തൊട്ടടുത്ത ലയത്തിലെ ചെല്ലത്തായിയുടെ തലയില്‍ ഓടു വീണ് പരിക്കേറ്റു. പ്രാണഭയത്തോടെയാണ് അവരുടെയും ജീവിതം. മറ്റു ലയങ്ങളിലുള്ളവരും ഇതേ അവസ്ഥയിലാണ്.

ഡിസംബര്‍, ജനുവരി മാസം ആഞ്ഞുവീശുന്ന കാറ്റ് ബോണക്കാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താവുന്ന നിലയിലാണ് ലയങ്ങള്‍. പതിറ്റാണ്ടായി ഒരു അറ്റകുറ്റപ്പണിയും നടക്കുന്നില്ല. ഒരുചാക്ക് സിമന്റ് കിട്ടണമെങ്കില്‍ വിതുരയില്‍ പോകണം. അവിടെ നിന്ന് ഓട്ടോറിക്ഷ ബോണക്കാട്ട് എത്താന്‍ 400 രൂപ നല്‍കണം. അതുകൊണ്ടു തന്നെ ലയങ്ങളുടെ അറ്റകുറ്റ പണി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ലയങ്ങളില്‍ വൈദ്യുതി എത്താത്തതിനാല്‍ സന്ധ്യയോടെ ബോണക്കാട് ഇരുട്ടില്‍ മുങ്ങും. ഡോക്ടറും സ്റ്റാഫ് നേഴ്സും മിഡ്വൈഫും കിടത്തിച്ചികിത്സയുമെല്ലാം ഉണ്ടായിരുന്ന കമ്പനി ആശുപത്രിയുടെ സ്ഥിതിയും ഇന്ന് ദയനീയമാണ്. ഇന്ന് ഇവിടെ ആകെ സേവനത്തിനുള്ളത് റിട്ടയര്‍ ചെയ്ത ഒരു നേഴ്സ് മാത്രം. റിട്ടയര്‍മെന്റ് ആനൂകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ മറ്റു തൊഴിലാളികളെ പോലെ ബോണക്കാട്ട് തങ്ങുകയാണ് അവരും. സമീപത്തെ പള്ളി വഴി സൗജന്യമായി എത്തിക്കുന്ന മരുന്നുകളാണ് ആശുപത്രിയില്‍നിന്ന് നല്‍കുന്നത്. ആശുപത്രിയില്‍ മിഡ്വൈഫായിരുന്ന സ്ത്രീ കമ്പനി ഓഫീസില്‍ കണക്കെഴുതുന്നു. ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളുണ്ടായിരുന്ന എല്‍ പി സ്കൂളിന്റെ പ്രതാപവും പോയി. ആകെ പത്ത് വിദ്യാര്‍ഥികളാണ് ഇന്ന് ഇവിടെയുള്ളത്. ഹെഡ്മാസ്റ്ററും മറ്റൊരു അധ്യാപകനുമാണ് ക്ലാസെടുക്കുന്നത്.

വ്യാപിക്കുന്ന പ്രതിസന്ധി ആഗോളവല്‍ക്കരണ നയത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ബോണക്കാട് മാത്രമല്ല അകപ്പെട്ടത്. 30,000 തൊഴിലാളികളുണ്ടായിരുന്ന നെല്ലിയാമ്പതി മേഖലയില്‍ ഇന്ന് രണ്ടായിരം പേര്‍ മാത്രം. തിരുവനന്തപുരം ജില്ലയില്‍ 582 ഏക്കറും 400 തൊഴിലാളികളുമുണ്ടായിരുന്ന ഇന്‍വര്‍ക്കാട് പ്രവര്‍ത്തനരഹിതമായി. 752 ഏക്കറും 1400 തൊഴിലാളികളുമുണ്ടായിരുന്ന പൊന്മുടി എസ്റ്റേറ്റില്‍ ഇന്ന് 40 തൊഴിലാളികള്‍ മാത്രമാണുള്ളത്. 800 ഏക്കറും 2500 തൊഴിലാളികളുമുണ്ടായിരുന്ന മര്‍ച്ചിസ്റ്റന്‍ എസ്റ്റേറ്റില്‍ ഇപ്പോള്‍ 200 പേരേയുള്ളൂ. 600 ഏക്കറുള്ള ബ്രൈമൂറില്‍ തൊഴിലാളികളുടെ എണ്ണം ആയിരത്തില്‍ നിന്ന് വെറും 50 ആയി കുറഞ്ഞു. 200 തൊഴിലാളികളുണ്ടായിരുന്ന അച്ചന്‍കോവില്‍ പ്രിയ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ എണ്ണം 40ല്‍ താഴെ മാത്രം. ഇതിനിടെ ഇഎഫ്എല്‍ പരിധിയുടെ പേരില്‍ പുതിയ പ്രതിസന്ധിയും ഈ മേഖലയെ ബാധിക്കുന്നു. തോട്ടങ്ങളുടെ ഒരു ഭാഗം ടൂറിസം ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കം പ്രതിസന്ധിയുടെ ആഴം കൂട്ടും. ആശ്വാസ നടപടികള്‍ നിലയ്ക്കുന്നു തൊഴിലാളികള്‍ക്ക് ആശ്വാസം പകരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ തുടക്കംകുറിച്ച ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി തുടര്‍ നടപടികളില്ലാതെ ഇന്ന് അട്ടിമറിച്ചിരിക്കുകയാണ്. ഇതുവരെ ഒരു തൊഴിലാളിക്കു പോലും ആനുകൂല്യം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ ബോര്‍ഡിന്റെ രൂപീകരണം പോലും നടത്തിയില്ല. ക്ഷേനിധിയുടെ അംശാദായം പിരിക്കാന്‍ ഉദ്യേഗസ്ഥരെ നിയോഗിക്കുന്നതും നിര്‍ത്തി. ക്ഷേനിധിയിലേക്കുള്ള പാസ്ബുക്ക് പോലും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. തോട്ടം തൊഴിലാളികളുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും നിലച്ചു. കന്നുകാലി തൊഴൂത്തിനു തുല്യമായ ഇന്നത്തെ ലയങ്ങളുടെ സ്ഥാനത്ത് രണ്ട് കിടപ്പുമുറിയും വരാന്തയും അടുക്കളയും കക്കൂസുമെല്ലാമുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയും നിലച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബോണക്കാട്ടെ തൊഴിലാളികള്‍ക്കായി റിലീഫ് കമ്മിറ്റി രൂപീകരിച്ചിരുന്നു. തൊഴിലാളികളുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹധനഹായം തുടങ്ങിയ കാര്യങ്ങള്‍ക്കായി 40 ലക്ഷം രൂപയാണ് പ്രതിവര്‍ഷം നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ മാറിയതോടെ ആ പദ്ധതിയും നിലച്ചു. ഓണക്കാലത്ത് തോട്ടംതൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഉത്സവ അലവന്‍സ് നല്‍കിയിരുന്നതും നിര്‍ത്തലാക്കിയിരിക്കുകയാണ്.

ദുരിതങ്ങളില്‍ മുടങ്ങുന്നത് കുട്ടികളുടെ പഠനം ബോണക്കാട് കാറ്റാടിമുക്ക് ലയത്തില്‍ തങ്കരാജിന്റെയും സുധയുടെയും മകന്‍ വിഷ്ണുവിന് പഠനവും ജീവിത ദുരിതങ്ങള്‍ മൂലം മുടങ്ങി. മൂന്ന് എ പ്ലസ് അടക്കം നല്ല രീതയില്‍ എസഎസ്എല്‍സി പാസായ വിഷ്ണു വിതുര ഗവര്‍മെണ്ട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെ പഠിത്തം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അച്ഛന്‍ തങ്കരാജിന്റെ വലതുകൈയ്ക്ക് സ്വാധീനമില്ല. അമ്മ സുധ രോഗ ബാധിതയും. തോട്ടത്തില്‍ നിന്നു കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് വിഷ്ണുവിന്റെ ബസ് കണ്‍സഷനുള്ള ചെലവ് ബാധ്യതയായി മാറുകയായിരുന്നു. വിഷ്ണീവിന്റെ സഹോദരി നെയ്യാറ്റിന്‍കരയിലെ ഒരു അനാഥാലയത്തില്‍ താമസിച്ചാണ് പഠിക്കുന്നത്. വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ കഴിയാത്തതില്‍ മക്കളെ പള്ളി വക സ്ഥാപനങ്ങളില്‍ അയച്ച് പഠിപ്പിക്കുന്ന കുടുംബങ്ങള്‍ ബോണക്കാട് തേയിത്തോട്ടത്തില്‍ നിരവധിയാണ്.

*
ആര്‍ സാംബന്‍ ദേശാഭിമാനി 07 ഏപ്രില്‍ 2013

Tuesday, April 9, 2013

കള്ളുചെത്ത് വ്യവസായവും നീര ഉല്‍പ്പാദനവും

സംസ്ഥാനത്തെ കള്ളുവ്യവസായരംഗത്തെ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കാനും നീര ഉല്‍പ്പാദനം സംബന്ധിച്ച് പ്രായോഗിക നിര്‍ദേശം സമര്‍പ്പിക്കുന്നതിനും എക്സൈസ് കമീഷണര്‍ ചെയര്‍മാനായി ഒരു ഉന്നതതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ചര്‍ച്ചയ്ക്കുവേണ്ടി ഒരു കത്ത് അതിലെ അംഗമായ ഈ ലേഖകന്‍ നല്‍കിയിരുന്നു. അതില്‍ നിര്‍ദേശിച്ചത് പരമ്പരാഗതവും തൊഴിലധിഷ്ഠിതവുമായ കള്ളുചെത്തു വ്യവസായത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നതാണ്. അതിനുള്ള നിര്‍ദേശങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അതുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നതായും കത്തില്‍ പറഞ്ഞു. പ്രസ്തുത കത്തില്‍ ആദ്യമായി ആവശ്യപ്പെടുന്നത് ഉദയഭാനു, ഡോ. വേണു, ഡോ. ലളിതാംബിക എന്നീ കമീഷനുകളുടെ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളില്‍ കാലോചിതമായത് നടപ്പാക്കാന്‍ ശുപാര്‍ശചെയ്തുള്ള തീരുമാനം ഉണ്ടാകണമെന്നാണ്.

രണ്ടാമത്തെ നിര്‍ദേശം ഈ രംഗത്തുനിന്ന് സ്വകാര്യവ്യക്തികളെ ഒഴിവാക്കി റെയ്ഞ്ച് അടിസ്ഥാനത്തില്‍ സഹകരണസംഘങ്ങളെ വ്യവസായം ഏല്‍പ്പിക്കണമെന്നാണ്. ഈ സഹകരണ സംഘങ്ങളുടെ ഒരു സ്റ്റേറ്റ് സഹകരണ സംഘവും രൂപീകരിക്കണം. ഇതിന് എല്ലാവര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ ചര്‍ച്ചയില്‍ക്കൂടി തീരുമാനിക്കാം. ഇതല്ലെങ്കില്‍ സ്വീകാര്യമായ മറ്റൊരു രൂപം കണ്ടെത്തണം. എന്തായാലും സ്വകാര്യവ്യക്തികള്‍ ഷാപ്പ് നടത്തിപ്പില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉറച്ച അഭിപ്രായം. മൂന്നാമതായി, സര്‍ക്കാര്‍ ഈ വ്യവസായത്തില്‍നിന്ന് തല്‍ക്കാലം വരുമാനം പ്രതീക്ഷിക്കരുത്. വ്യവസായത്തെ ബാധിച്ചിട്ടുള്ള പ്രധാന പ്രശ്നം തെങ്ങുരോഗവും കള്ളുല്‍പ്പാദന കുറവുമാണ്. ഇതിനു പരിഹാരം കാണാതെ കള്ളുവ്യവസായത്തിന് നിലനില്‍പ്പില്ല. ഇക്കാര്യത്തില്‍ ഇതുവരെ നടത്തിയ പരീക്ഷണമെല്ലാം പരാജയപ്പെട്ടു. നിലവിലുള്ള വൃക്ഷങ്ങളെ ബാധിച്ച രോഗം എന്തുകൊണ്ടെന്നു കണ്ടുപിടിച്ച് രോഗവിമുക്തമാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. കൂടാതെ രോഗപ്രതിരോധശേഷിയും അത്യുല്‍പ്പാദനശേഷിയുമുള്ള വൃക്ഷം വ്യാപകമായി തോട്ടം അടിസ്ഥാനത്തിലും മറ്റും വച്ചുപിടിപ്പിക്കണം. അതിനുള്ള പദ്ധതി ആവിഷ്കരിക്കണം. അതിനായി നാളികേര വികസനബോര്‍ഡും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് ഒരു സംവിധാനത്തിന് രൂപം നല്‍കണം. അത്യുല്‍പ്പാദനശേഷിയുള്ള വൃക്ഷം കള്ളുല്‍പ്പാദനത്തിനു ലഭിച്ചാല്‍ ഒരു തൊഴിലാളിക്ക് 30 വൃക്ഷംവരെ ചെത്താന്‍ കഴിയും. സ്വാഭാവികമായും തൊഴിലാളിയുടെ വരുമാനം ഇന്നത്തേക്കാള്‍ മൂന്നോ നാലോ ഇരട്ടി വര്‍ധിക്കും. തല്‍ഫലമായി ഈ രംഗത്തേക്ക് കൂടുതല്‍ തൊഴിലാളികള്‍ കടന്നുവരും. മാത്രമല്ല, ഉല്‍പ്പാദനച്ചെലവ് കുറയുന്നതുകൊണ്ട് കുറഞ്ഞ വിലയ്ക്ക് കള്ളുല്‍പ്പാദിപ്പിച്ച് വില്‍ക്കാന്‍ കഴിയും. ഇത് വ്യവസായത്തിന് അഭിവൃദ്ധിയുണ്ടാക്കും. സ്വാഭാവികമായും കേരകൃഷിക്കാര്‍ക്ക് ഇന്നത്തേക്കാള്‍ ഉയര്‍ന്ന പാട്ടം ലഭിക്കും.

പന ചെത്തുന്ന പ്രദേശങ്ങളില്‍ പുതുതായി പന വളര്‍ന്നുവരാത്തതും ഉള്ളത് നശിപ്പിക്കുന്നതുമൂലവുമുള്ള പ്രശ്നം വ്യവസായത്തെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനു പരിഹാരം കാണണം. ഇതിനുവേണ്ടി റോഡ്- കനാല്‍ പുറമ്പോക്കുകളിലും റവന്യൂഭൂമികളിലും മറ്റും കരിമ്പനയും ചൂണ്ടപ്പനയും വച്ചുപിടിപ്പിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇതു നടപ്പാക്കാന്‍ എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തി പ്രത്യേക സെല്ലുതന്നെ അതിന്റെ മേല്‍നോട്ടത്തിന് ഏര്‍പ്പെടുത്തണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കി കള്ളുചെത്തു വ്യവസായത്തിന്റെ വികസനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായല്ലാതെ നീര ഉല്‍പ്പാദനത്തിന് അനുവാദം നല്‍കിയാല്‍ അത് ഈ വ്യവസായത്തിന്റെ നാശത്തിനേ ഉപകരിക്കൂ. മാത്രമല്ല, മേല്‍പ്പറഞ്ഞ നിലയ്ക്കല്ലാതെ നീര ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന പ്രായോഗികമല്ല. മദ്യനിരോധനവാദികളാണ് നീര ഉല്‍പ്പാദനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ മദ്യനിരോധനത്തിനുവേണ്ടി പ്രക്ഷോഭം ആരംഭിച്ചിരുന്നു. നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ക്കു പകരം എന്തുതൊഴില്‍ നല്‍കുമെന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോള്‍, മധുരക്കള്ള് ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കണം എന്നായിരുന്നു ഇവരുടെ മറുപടി. ഇപ്പോള്‍ മധുരക്കള്ള് പേരുമാറ്റി നീരയാക്കിയെന്നുമാത്രം. നീര ഉല്‍പ്പാദനവാദത്തിന്റെ പിന്നില്‍ മദ്യനിരോധനവാദികള്‍ മാത്രമല്ല, വിദേശമദ്യകമ്പനികളുടെ ഏജന്റുമാര്‍, ചില മതസംഘടനകള്‍ മുതലായവരും ഉണ്ട്. ഇവരുടെ ഉദ്ദേശ്യലക്ഷ്യം കള്ളിന്റെ ഉപയോക്താക്കളെ വിദേശമദ്യത്തിലേക്ക് ആകര്‍ഷിക്കലാണ്. ഫലത്തില്‍ കള്ളിന്റെ മാര്‍ക്കറ്റ് പിടിക്കലാണ്. ഇപ്പോള്‍ തന്ത്രപൂര്‍വം നാളികേര കൃഷിക്കാരുടെ പേരിലാണ് നീര ഉല്‍പ്പാദനാശയം പ്രചരിപ്പിക്കുന്നത്. കൂടുതല്‍ വരുമാനം ലഭിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ കൃഷിക്കാരെ സ്വാധീനിക്കാവുന്ന ആശയമാണിത്. കാര്‍ഷികരംഗത്തെ ചിലര്‍ സ്വാഭാവികമായും ഈ ആവശ്യം ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ട് തന്റെ ഭൂമിയിലെ തെങ്ങില്‍നിന്ന് തനിക്ക് നീര ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല എന്നാണ് ചോദ്യം? നീര ഉല്‍പ്പാദനം എക്സൈസ് നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നു. മേല്‍പ്പറഞ്ഞ രണ്ടു വാദവും പ്രായോഗികമല്ല. വസ്തുതകള്‍ പരിശോധിക്കാതെയുള്ള വാദമാണിത്. ഒന്നാമത്തെ കാര്യം സ്വന്തം ഭൂമിയിലെ തെങ്ങില്‍നിന്ന് നീര ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കിയാല്‍ വൃക്ഷ ഉടമയ്ക്ക് അത് സ്വയം കഴിയുമോ? കഴിയില്ലല്ലോ. അപ്പോള്‍ ഉല്‍പ്പാദനത്തിന് തൊഴിലാളിയെ നിയോഗിക്കണം. അങ്ങനെ നിയോഗിക്കുന്ന തൊഴിലാളിക്ക് ആകര്‍ഷണീയമായ വേതനം നല്‍കേണ്ടിവരും. അതിനു കഴിയുമോ? ഒരു വൃക്ഷത്തില്‍നിന്നും എത്ര ലിറ്റര്‍ മധുരക്കള്ള് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, ലിറ്ററിന് എന്തു വിലയ്ക്ക് വില്‍ക്കാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടിയശേഷമേ ഇതു ലാഭകരമാകുമോ എന്ന് തീരുമാനിക്കാന്‍ കഴിയൂ.

പിന്നെയും ഉത്തരം കിട്ടേണ്ട ചോദ്യം, ഉല്‍പ്പന്നം ദിവസവും വിറ്റഴിക്കാന്‍ കഴിയുമോ എന്നതാണ്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കാണാതെയാണ് നീര ഉല്‍പ്പാദനവാദം ഉയര്‍ത്തുന്നത്. തെങ്ങില്‍നിന്ന് ചെത്തി ഇറക്കുന്ന മധുരക്കള്ള് സംസ്കരിച്ചശേഷമാണ് നീരയാക്കുന്നത്. അത് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് ബോട്ടിലു ചെയ്തുവേണം കൊടുക്കാന്‍. അപ്പോഴിത് ഒരു സംഘടിതവ്യവസായമായി വേണം നടത്താന്‍. ഇതിന് നല്ല മൂലധനം മുടക്കണം. മാര്‍ക്കറ്റ് പിടിക്കാന്‍ സമയം എടുക്കും. മാര്‍ക്കറ്റ് പിടിക്കാന്‍ നല്ല പ്രചാരണം വേണ്ടിവരും. മാര്‍ക്കറ്റ് ലഭിക്കുന്നതുവരെയുള്ള കാലയളവിലുണ്ടാകുന്ന നഷ്ടം സഹിച്ചു പ്രവര്‍ത്തിക്കാനുള്ള സാമ്പത്തികശേഷിയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇതിനുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ പൊതുഉടമയില്‍ ആയിരിക്കേണ്ടതുമുണ്ട്. മധുരക്കള്ളിന്റെ ഉല്‍പ്പാദനം എക്സൈസ് നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. കാരണം, ഇത് മലബാറില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. മേല്‍പ്പറഞ്ഞ വാദം അംഗീകരിച്ചാല്‍ കള്ളുവ്യവസായത്തിന്റെ നാശവും, തികഞ്ഞ അരാജകത്വവുമാകും സംഭവിക്കുക.

തെങ്ങില്‍നിന്ന് നീരമാത്രമല്ല, തൊണ്ടില്‍നിന്നും പനയില്‍നിന്നും മറ്റുപല ഉല്‍പ്പന്നങ്ങളും ഉണ്ടാക്കി വിപണിയില്‍ ഇറക്കാന്‍ കഴിയും. മധുരക്കള്ളിനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. തൊഴിലാളി സംഘടനകള്‍ക്ക് ഇത് പുതിയ അറിവല്ല. ഇതെല്ലാം സംബന്ധിച്ച് തൊഴിലാളി സംഘടനകള്‍ കാണുന്നത് കള്ളുചെത്തു വ്യവസായത്തിന്റെ വികസനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായാണ്. അല്ലാതെ ഒറ്റപ്പെട്ട നിലയിലല്ല. കേരളത്തിലെ നാളികേര കൃഷിക്കാരെ ബാധിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, നാളികേരത്തിന്റെ വിലയിടിവ്. രണ്ട്, തെങ്ങിനെ ബാധിച്ച മാരകമായ രോഗം. വിലയിടിവിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയമാണ് കാരണം. ആ നയം മാറ്റാതെ വിലയിടിവിന് പരിഹാരമാകില്ല.

*
കെ എം സുധാകരന്‍ ദേശാഭിമാനി 09 ഏപ്രില്‍ 2013