Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

Tuesday, May 13, 2014

വിപ്ലവപാതയിലെ രക്തനക്ഷത്രം

ആധുനിക കേരള ചരിത്രത്തില്‍ ആത്മത്യാഗത്തിന്റെ ഇതിഹാസം സൃഷ്ടിച്ച സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ സ. മൊയാരത്ത് ശങ്കരന്റെ 66-ാം രക്തസാക്ഷിത്വദിനമാണ് ഇന്ന്. 1948 മെയ് പതിമൂന്നിനാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ അതികായനായ ഈ വിപ്ലവകാരി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിനിഷ്ഠുരമായി കൊലചെയ്യപ്പെടുന്നത്. ഗൂഢാലോചനയും കള്ളക്കേസും കെട്ടിച്ചമച്ച് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയ കാലമായിരുന്നു അത്. നുണപ്രചാരണങ്ങള്‍ വഴി ആശയക്കുഴപ്പത്തിന്റെ പുകപടലം സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് ഭരണകൂടം കമ്യൂണിസ്റ്റ്വേട്ട നടത്തിയത്. മെയ് 11ന് കൊയ്യോട്ടിലുള്ള ഭാര്യവീട്ടില്‍ പോകാന്‍ എടക്കാട് റെയില്‍വേസ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയ മൊയാരത്തിനെ കോണ്‍ഗ്രസിന്റെ "ദേശരക്ഷാസംഘം" പ്രവര്‍ത്തകര്‍ കാത്തിരുന്ന് പിടികൂടുകയായിരുന്നു. കമ്യൂണിസ്റ്റുകാരെ കൈകാര്യംചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ രൂപീകരിച്ച ഗുണ്ടാസംഘമായിരുന്നു ദേശരക്ഷാസംഘം.

ഇരയെക്കണ്ട വേട്ടപ്പട്ടികളെപ്പോലെ മൊയാരത്തിന്റെമേല്‍ ചാടിവീണ അസഹിഷ്ണുതയുടെ ഖദറണിഞ്ഞ ചെന്നായ്ക്കള്‍ അദ്ദേഹത്തെ ജീവച്ഛവമാക്കി. ഒപ്പം കമ്യൂണിസ്റ്റ് വേട്ടയ്ക്കായി പ്രത്യേകം പരിശീലനം സിദ്ധിച്ച കോഴിപ്പുറത്തെ മാധവമേനോന്റെ പൊലീസുകാരും ഉണ്ടായിരുന്നു. കുറുവടി സംഘത്തിന്റെയും പൊലീസിന്റെയും മര്‍ദനമേറ്റ് ചോരചിന്തി പിടഞ്ഞ മൊയാരത്തിനെ പൊലീസുകാര്‍ ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയില്‍ കൊണ്ടുപോയി ഭീകരമായ മര്‍ദനം തുടര്‍ന്നു. മൃതപ്രായനായ ആ സ്വാതന്ത്ര്യസമരസേനാനിയെ മെയ് 12ന് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. മെയ് 13ന് മൊയാരത്ത് ജയിലഴിക്കുള്ളില്‍ അന്ത്യശ്വാസം വലിച്ചു. അധികൃതര്‍ ജയില്‍വളപ്പില്‍തന്നെ മൃതശരീരം കുഴിച്ചുമൂടി. ഒഞ്ചിയത്തിന്റെ ചോരച്ചാലുകള്‍ ഉണങ്ങിത്തീരുംമുമ്പ് മറ്റൊരു നരഹത്യ. കമ്യൂണിസ്റ്റുകാരെ അക്രമികളും കൊലയാളികളുമായി ചിത്രീകരിക്കുന്ന വലതുപക്ഷശക്തികളും മാധ്യമങ്ങളും ചരിത്രത്തിലെ ഈ രക്തപങ്കിലമായ പാതകങ്ങളെ എന്നും മറച്ചുപിടിക്കുകയാണല്ലോ.

വിദ്യാര്‍ഥി ജീവിതകാലംമുതല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച മൊയാരത്തിന്റെ ജീവിതം സ്വാതന്ത്ര്യവും സമത്വവും പുലരുന്ന ഒരുകാലത്തിനു വേണ്ടി സമര്‍പ്പിച്ചതായിരുന്നു. തുടര്‍ച്ചയായ മര്‍ദനവും ജയില്‍വാസവും ഇടകലര്‍ന്നു ജീവിച്ച മൊയാരത്ത് കേരളംകണ്ട ഏറ്റവും ത്യാഗിവര്യനായ നേതാവായിരുന്നു. സാമൂഹ്യമാറ്റത്തിനായുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന് സോഷ്യലിസവും കമ്യൂണിസവുമാണ് ആശയപരമായി വഴികാണിക്കുകയെന്ന് സ. കൃഷ്ണപിള്ളയില്‍നിന്നു പഠിച്ച മൊയാരത്ത് ജീവിതാവസാനംവരെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു. കര്‍മനിരതവും സമരതീക്ഷ്ണവുമായിരുന്നു ആ ജീവിതം. ശത്രുവര്‍ഗങ്ങളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വിധേയനായി. ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിന്റെയും അഗ്നിവീഥികളിലൂടെ നടന്ന് ആത്മത്യാഗത്തിന്റെ ഇതിഹാസമായി മാറിയ മൊയാരത്തിനെ പല എഴുത്തുകാരും കേരളത്തിന്റെ ജൂലിയസ് ഫ്യൂച്ചിക് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആഹ്വാനംകേട്ട് കല്‍ക്കത്തയിലെ വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് വണ്ടികയറുകയായിരുന്നു മൊയാരത്ത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. അന്യരെ ശുശ്രൂഷിക്കാന്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയ അദ്ദേഹം മാതൃഭൂമിയെ അടിമത്തത്തില്‍നിന്ന് രക്ഷിക്കാനുള്ള കര്‍മമാണ് പ്രധാനമെന്ന് തിരിച്ചറിയുകയായിരുന്നു.

ഉത്തരമലബാറില്‍ കോണ്‍ഗ്രസ് സംഘടനയ്ക്ക് വിത്തുപാകിയത് മൊയാരത്തായിരുന്നു. കോഴിക്കോടു മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്തു. രാഷ്ട്രീയത്തിലെന്നപോലെ സംസ്കാരത്തിന്റെയും എഴുത്തിന്റെയും മണ്ഡലങ്ങളില്‍ വ്യാപരിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പഴയതലമുറയിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും മൊയാരത്തിന്റെ സ്വാധീനംവഴി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരാണ്. രാഷ്ട്രീയത്തിലെ ഞങ്ങളുടെ ജ്യേഷ്ഠസഹോദരനാണ് മൊയാരത്തെന്നാണ് ഇ എം എസ് എഴുതിയത്. പത്രപ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രവര്‍ത്തനവുമായിരുന്നു അദ്ദേഹത്തിന്റെ കര്‍മമണ്ഡലം. വടകര കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. 1921ല്‍ കുറുമ്പ്രനാട് താലൂക്കില്‍ കര്‍ഷകസമരങ്ങള്‍ക്ക് സംഘടിത രൂപം നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്തു. മൊയാരത്തിനായിരുന്നു ചുമതല. പുതുപ്പണത്ത് കുടിയാന്‍സമ്മേളനം സംഘടിപ്പിച്ചതും അതിന്റെ തീരുമാനമനുസരിച്ച് 100 കര്‍ഷക പ്രതിനിധികള്‍ മദിരാശിയില്‍ ചെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചതും മൊയാരത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു. 80 വയസ്സുള്ള മൂലയില്‍ കൊറുമ്പന്‍ എന്ന കര്‍ഷകകാരണവരാണ് മദിരാശിയിലേക്ക് കുടിയാന്‍സംഘത്തെ നയിച്ചത്.

വടകരയില്‍ അദ്ദേഹം സ്ഥാപിച്ച പ്രസും കേരള കേസരി പത്രവും കെപിസിസിയുടെ തന്നെ ആസ്ഥാനമായി പലപ്പോഴും മാറി. മൊയാരത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രഥമ ചരിത്രകാരന്‍കൂടിയാണല്ലോ. മലബാര്‍ കലാപവും അത് സൃഷ്ടിച്ച വര്‍ഗീയ ചേരിതിരിവുകളും വടകരയിലും കൊയിലാണ്ടിയിലുമെല്ലാം ഹിന്ദു-മുസ്ലിം ഐക്യത്തില്‍ വിള്ളലുണ്ടാക്കിയപ്പോള്‍ അതിന് പരിഹാരമുണ്ടാക്കാന്‍ മൊയാരത്ത് അക്ഷീണം പ്രവര്‍ത്തിച്ചു. എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന കേളപ്പജിയെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് മൊയാരത്തായിരുന്നു. കേരളത്തില്‍ ഉപ്പുസത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിക്കുന്ന കെപിസിസി യോഗം ചേര്‍ന്നത് വടകരയിലെ കേരള കേസരി ഓഫീസിലായിരുന്നു. കോഴിക്കോട് കടപ്പുറത്ത് നിയമം ലംഘിച്ച് ഉപ്പുകുറുക്കുന്നതിന് നേതൃത്വംകൊടുത്തവരില്‍ മുന്‍നിരയില്‍ മൊയാരത്തുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അനുരഞ്ജനയങ്ങളെ അദ്ദേഹം നിരന്തരം എതിര്‍ത്തു. കൃഷ്ണപിള്ളയുടെ സ്വാധീനംമൂലം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ സാമ്പത്തിക പരിപ്രേക്ഷ്യം സോഷ്യലിസം മാത്രമാണെന്ന് ജനങ്ങളെ പഠിപ്പിച്ചു.

1939ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണസമ്മേളനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതവും അചഞ്ചലമായ പ്രത്യയശാസ്ത്രബോധവും എന്നും കമ്യൂണിസ്റ്റുകാര്‍ക്ക് വഴികാട്ടും. അഴിമതിയും വര്‍ഗീയതയും സാമ്രാജ്യത്വചൂഷണവും ജനജീവിതത്തെ ആകെ വേട്ടയാടുന്ന വര്‍ത്തമാനകാലത്ത് ഇതിനെതിരായ പോരാട്ടങ്ങള്‍ക്ക് മൊയാരത്തിന്റെ സ്മരണകള്‍ നമുക്ക് പ്രചോദനവും കരുത്തും നല്‍കും.

*
ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി

Monday, May 5, 2014

ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു

യുഗപ്രഭാവനായ കാള്‍ മാര്‍ക്സിന്റെ ജന്മദിനമാണ് മെയ് അഞ്ച്. ജര്‍മനിയിലെ ട്രിയര്‍ നഗരം. അംബര ചുംബികളായ മാടമ്പി കൊട്ടാരങ്ങളും സന്യാസി മഠങ്ങളും ആശ്രമങ്ങളും തൊട്ടൊരുമ്മി നിന്ന മനോഹരമായ ആ നഗരം മെത്രാപൊലീത്തയുടെ ആസ്ഥാനം കൂടിയായിരുന്നു. ചരിത്രപ്രസിദ്ധമായ ആ നഗരത്തിലാണ് 1818 മെയ് അഞ്ചിന് മാര്‍ക്സ് ജനിച്ചത്. ലോകത്ത് ജനവാസമുള്ള ആറ് വന്‍കരകളിലെയും ജനങ്ങള്‍ ഇന്നും സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് ആ മഹാമനീഷിയുടെ ചിന്താധാരകളെക്കുറിച്ചാണ്. മാര്‍ക്സിന്റെ മാതാപിതാക്കള്‍ ദാരിദ്ര്യം പൊതുവേ അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലൂടെയാണ് മാര്‍ക്സ് വളര്‍ന്നുവന്നത്.

23ാമത്തെ വയസ്സില്‍ ചരിത്രത്തിലും തത്വശാസ്ത്രത്തിലും മാര്‍ക്സ് ബിരുദം നേടി. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. പത്രപ്രവര്‍ത്തന മേഖലയില്‍ വ്യാപൃതനായി. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ആദ്യ ലേഖന പരമ്പര. ""ജീവിക്കുകയും എഴുതുകയും ചെയ്യണമെങ്കില്‍ എഴുത്തുകാരന് അഷ്ടിക്കുള്ള വക കിട്ടണമെന്നത് ശരിതന്നെ. എന്നാല്‍ അഷ്ടിക്കുള്ള വകയുണ്ടാക്കാന്‍ മാത്രം ജീവിക്കുകയും എഴുതുകയും ചെയ്യുകയെന്ന നിലവരരുത്. പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യം വ്യാപാരത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. തന്റെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഒരുപാധിയായി പത്രപ്രവര്‍ത്തനത്തെ തരംതാഴ്ത്തുന്നവരുടെ അസ്തിത്വംതന്നെ അയാള്‍ക്കൊരു ശിക്ഷയാണ്."" മാര്‍ക്സിന്റെ കാഴ്ചപ്പാടായിരുന്നു അത്.

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ഗലീലിയോ സമര്‍ഥിച്ചു. ജീവപ്രപഞ്ചത്തിന്റെ വികാസ നിയമങ്ങള്‍ ഡാര്‍വിനും കണ്ടുപിടിച്ചെങ്കില്‍ മാനവചരിത്രത്തിന്റെ വികാസ നിയമങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കിയത് മാര്‍ക്സായിരുന്നു. മാനവരാശിക്ക് വെള്ളവും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമാണ് ആദ്യം ലഭ്യമാവേണ്ടതെന്നും മതം, ശാസ്ത്രം, കല, തുടങ്ങിയവ പിന്നീട് മതിയെന്നും മാര്‍ക്സ് തിരിച്ചറിഞ്ഞു. 1847ല്‍ കൊളോണ്‍ കേന്ദ്രീകൃതമായി രൂപീകൃതമായ കമ്യൂണിസ്റ്റ് ലീഗിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍വചിക്കുന്ന ഒരു രേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതനുസരിച്ചാണ് 1848ല്‍ മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിച്ചത്. ലോകചരിത്രം തിരുത്തിയ ആ ഗ്രന്ഥത്തിന് 166 വയസ് തികയുന്നു. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 150ല്‍പരം ഭാഷകളില്‍ ഇന്ന് മാനിഫെസ്റ്റോ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ വന്‍കരകളിലുമിന്ന് കമ്യൂണിസ്റ്റുകാരുണ്ട്. ലോകമെമ്പാടുമുള്ള ജനകോടികളുടെ വിശ്വാസ പ്രമാണം ഇന്ന് മാര്‍ക്സിസമാണ്. മുതലാളിത്തത്തില്‍നിന്നും സോഷ്യലിസത്തിലേക്കും അതില്‍നിന്ന് ശാസ്ത്രീയ സോഷ്യലിസം അഥവാ കമ്യൂണിസത്തിലേക്കും പോയ്ക്കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ വികാസപരിണാമ ചരിത്രത്തെ വരച്ച് കാണിച്ച ദീര്‍ഘദര്‍ശിയാണ് മാര്‍ക്സ്. അദ്ദേഹത്തിന്റെ കൃതികള്‍ തൊഴിലാളി വര്‍ഗത്തിനും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും എക്കാലവും സുഗമമായ ജീവിത പന്ഥാവ് വെട്ടിത്തെളിക്കാനുള്ള പ്രത്യയശാസ്ത്രമാണ്; സമരായുധമാണ്.

അതിനാലാണ് മാര്‍ക്സിന്റെ നാമധേയം അനശ്വരമാവുന്നത്. മാര്‍ക്സിന്റെ ജീവിതം പ്രതിസന്ധി നിറഞ്ഞതായിരുന്നു. ""നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എന്റെ ജോലിക്ക് സാമൂഹ്യമായ ചില പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഭംഗം വരുത്തുന്നു. അങ്ങനെ ഒട്ടേറെ സമയം നഷ്ടപ്പെടുന്നു. ഇന്ന് ഉദാഹരണത്തിന് അറവുകാരന്‍ ഞങ്ങള്‍ക്ക് ഇറച്ചി തരുന്നത് നിര്‍ത്തി. ശനിയാഴ്ചയാകുമ്പേഴേക്കും കടലാസിന്റെ സ്റ്റോക്ക് തീരും. നിങ്ങള്‍ക്കറിയാമല്ലോ എന്റെ എല്ലാ സ്വത്തുക്കളും ഞാന്‍ വിപ്ലവസമരത്തിനായി ത്യജിച്ചു. എനിക്കതില്‍ സങ്കടമേതുമില്ല. എന്റെ ജീവിതം ഒരിക്കല്‍കൂടി ആദ്യം മുതല്‍ തുടങ്ങണമെങ്കില്‍ ഞാന്‍ ഇതുതന്നെ ചെയ്യും"". ഈ കുറിപ്പെഴുതിയ ഘട്ടത്തിലാണ് മൂലധനത്തിന്റെ ഒന്നാംവാള്യം പുറത്തിറങ്ങിയത്. മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്ത് 19വര്‍ഷം കഴിഞ്ഞപ്പോഴാണ് ലോകചരിത്രത്തിന്റെ വഴിതിരുത്തിയ മനുഷ്യ സമൂഹത്തിന്റെ വികാസ നിയമങ്ങളായി അവയുടെ ആധാരശിലയായി "മൂലധനത്തെ" വിലയിരുത്തുന്നത്.

ആഡംസ്മിത്തും ആല്‍ഫ്രഡ് മാര്‍ഷലും കെയിന്‍സും ആവിഷ്കരിച്ച സാമ്പത്തിക ശാസ്ത്രത്തിന് പ്രതിസന്ധികളെ അതിജീവിക്കാനായില്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ "മൂലധനം" വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുകയും വായിക്കുകയും ചെയ്യുകയാണ് സാമ്പത്തിക സൈദ്ധാന്തികര്‍. എന്തുകൊണ്ടെന്നാല്‍ മുതലാളിത്തം ഒരു പ്രതിസന്ധി മറികടക്കുമ്പോള്‍ വേറൊന്ന് മുന്നില്‍ വന്നുനില്‍ക്കും. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പ്രതിസന്ധികളുടെ ഘോഷയാത്രകളുടെ വരവാണെന്ന് ലോകജനത കണ്ടുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ പാദമുദ്രകളെ ഭൗതികവാദത്തിന്റെ നിയമമനുസരിച്ചാണ് മാര്‍ക്സ് വിശകലനംചെയ്തത്. പ്രകൃതി, ആശയം, സാമൂഹ്യവ്യവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളിലെ വിരുദ്ധ ശക്തികള്‍ ഏറ്റുമുട്ടുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഐക്യമാണ് അവയുടെ നിലനില്‍പ്പിനടിസ്ഥാനം. ഏറ്റുമുട്ടലുകളിലൂടെ നിലവിലുള്ളതില്‍നിന്നും പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. മാര്‍ക്സ് ആവിഷ്കരിച്ച ഈ നിയമമാണ് മനുഷ്യന്റെ ജീവിത പുരോഗതിക്ക് നിദാനമായി പ്രവര്‍ത്തിക്കുന്നത്. മനുഷ്യരാശിയുടെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗദര്‍ശനം നല്‍കുന്നത്.

1917ലെ ഐതിഹാസികമായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും തൊഴിലാളി വര്‍ഗത്തിന്റെ ഭരണകൂടവും നവലോക ക്രമത്തിന് നാന്ദികുറിച്ചു. സോഷ്യലിസത്തിന്റെ വിജയപതാക ലോകത്തിലെ പല വന്‍കരകളിലും ഉയര്‍ന്നുപൊങ്ങി. സോഷ്യലിസം സാമൂഹ്യശാസ്ത്രമാണ്. അതിന്റെ പ്രയോഗത്തിന് വീഴ്ച പറ്റിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. ആ വഴികളിലൂടെ സഞ്ചരിച്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ തകര്‍ന്നു. മാര്‍ക്സിസം മരിച്ചെന്ന പ്രചാരണം അന്നുമുതല്‍ തുടങ്ങിയതാണ്. ഫ്രാന്‍സിസ് ഫുക്കുയാമയും ജോര്‍ജ് വാഷിങ്ടണും മാര്‍ക്സിസത്തിന് ചരമക്കുറിപ്പെഴുതി. എന്നാല്‍ ഇന്നും സോഷ്യലിസത്തിന്റെ പാതയില്‍ ചലിക്കുന്ന ജനകീയ ചൈന, വിയറ്റ്നാം, വടക്കന്‍ കൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ ലോക തൊഴിലാളി വര്‍ഗത്തിനും ജനങ്ങള്‍ക്കാകെയും പ്രതീക്ഷയുടെ പുതുനാമ്പുകളാണ് മുളപ്പിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാം സഹസ്രാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്തകനാരെന്ന് ബിബിസി അഭിപ്രായവോട്ടെടുപ്പ് നടത്തിയപ്പോള്‍ ലോകത്തിന്റെ ചരിത്രത്തിലിടംനേടിയ പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് ഒന്നാംസ്ഥാനത്തെത്തിയത് കാറല്‍ മാര്‍ക്സാണ്.

""ശവകുടീരത്തി നീയുറങ്ങുമ്പോഴും ഇവിടെ നിന്‍വാക്കുറങ്ങാതിരിക്കുന്നു"" എന്ന ഓ എന്‍ വിയുടെ വരികള്‍ നമ്മുടെ ഓര്‍മയിലുണ്ടായിരിക്കണം. 1883 മാര്‍ച്ച് 14ന് മാര്‍ക്സ് ലോകത്തോട് വിടപറഞ്ഞു. ലണ്ടനിലെ ഹൈഗേറ്റ് സി മെട്രിയില്‍ മാര്‍ച്ച് 17ന് അടക്കംചെയ്തു. ആ മനുഷ്യസ്നേഹിയുടെ ഓര്‍മകള്‍ക്ക് മരണമില്ല. ""നമ്മുടെ ആനന്ദം ജനകോടികളുടെ സ്വത്താണ്. നമ്മുടെ കര്‍മങ്ങള്‍ അനശ്വരമായി പ്രവര്‍ത്തിച്ചുകൊണ്ട് നെടുനാള്‍ ജീവിക്കുന്നു. നമ്മുടെ ചിതാഭസ്മത്തിന് ശ്രേഷ്ഠരായ മനുഷ്യരുടെ ചുടുകണ്ണീര്‍ സദാ നവേകുന്നു"" മാര്‍ക്സിന്റെ ഈ വാക്കുകള്‍ മനുഷ്യവിമോചന പോരാളികളെ എന്നും ആവേശഭരിതമാക്കുന്നു. "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം." എന്ന മുദ്രാവാക്യം ലോകത്തെല്ലായിടത്തും ആഞ്ഞടിക്കുന്ന പുതിയകാലം മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെ പ്രസക്തിയാണ് വിളംബരം ചെയ്യുന്നത്.

*
എം സുരേന്ദ്രന്‍ deshabhimani 05-05-2014

Monday, April 21, 2014

സ. ടി കെയെ സ്മരിക്കുമ്പോള്‍

സ. ടി കെ രാമകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ടുവര്‍ഷം തികയുന്നു. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം സഖാവ് പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ടി കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. സാംസ്കാരികമേഖലയിലും ശ്രദ്ധേയ ഇടപെടല്‍ നടത്തി. പാര്‍ലമെന്ററിരംഗത്തും ഇടപെട്ടു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഖാവ് ബഹുമുഖവ്യക്തിത്വത്തിന് ഉടമയായിരുന്നു.

സ്നേഹസമ്പന്നനായ രാഷ്ട്രീയനേതാവായാണ് ടി കെ അറിയപ്പെടുന്നത്. ഏതു പ്രതിസന്ധിയിലും തളരാത്ത മനഃസ്ഥൈര്യം, ലാളിത്യം ഇതൊക്കെയായിരുന്നു മുഖമുദ്ര. ഏതു ഗൗരവമായ പ്രശ്നം ചര്‍ച്ചചെയ്യുമ്പോഴും നര്‍മം കൂട്ടിക്കലര്‍ത്തല്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു. പൊതുയോഗങ്ങളില്‍ പ്രയോഗിക്കുന്ന തമാശകളും പൊടിക്കൈകളും കേരളീയര്‍ക്കാകെ പരിചിതമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹം പങ്കിടുന്ന നേതാവുമായിരുന്നു.

ജനകീയപ്രശ്നങ്ങളുടെ പരിഹാരത്തിനായി അദ്ദേഹം സദാ ശ്രമിച്ചു. ഏതു സ്ഥാനം വഹിക്കുന്നു എന്നത് പ്രശ്നപരിഹാരശ്രമത്തിന് സഖാവിന് തടസ്സമാകാറില്ല. മന്ത്രിയായിരിക്കുമ്പോള്‍ മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്ന ഒരു നിവേദകന്റെ റോളില്‍ ടി കെയെ പലപ്പോഴും കാണാം. അദ്ദേഹം കൈകാര്യംചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലല്ല പലരും മന്ത്രിയെന്ന നിലയ്ക്ക് ടി കെയെ കാണുക. ഒരു വിഷമവും പ്രകടിപ്പിക്കാതെ അവരുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ കൂട്ടുകാരനായും രക്ഷിതാവായും ഒക്കെ മാറുന്ന അനുഭവമാണുണ്ടാകുക. രാഷ്ട്രീയഭേദമെന്യെ നാട്ടുകാരുടെ സ്നേഹവും ആദരവും നേടാനായത് മനുഷ്യരുടെ പ്രയാസങ്ങളോടൊപ്പംചേരാനുള്ള പച്ചമനുഷ്യന്റെ മനസ്സുള്ളതുകൊണ്ടായിരുന്നു.

കൈകാര്യംചെയ്ത വകുപ്പുകളോട് നീതികാണിച്ച ഭരണാധികാരിയായിരുന്നു. മത്സ്യഫെഡ് വളര്‍ത്തിയെടുക്കുന്നതിലും ആ മേഖലയില്‍ പ്രൈമറിസംഘങ്ങള്‍ രൂപീകരിക്കുന്നതിലും വഹിച്ച പങ്ക് വലുതാണ്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഘട്ടത്തില്‍ പൊലീസുകാരുടെ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. സാംസ്കാരികരംഗത്തുള്ള എല്ലാവരുമായും ആശയവിനിമയം നടത്തുന്ന സാംസ്കാരികമന്ത്രിയായിരുന്നു ടി കെ.

എറണാകുളമായിരുന്നു ആദ്യകാല പ്രവര്‍ത്തനകേന്ദ്രം. സംഘടനാതീരുമാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ ചുമതല ഏറ്റെടുത്ത് ആ ജില്ലയിലെ സര്‍വജനങ്ങളുടെയും പ്രിയങ്കരനായി. ഗുരുതരമായ രോഗം ബാധിച്ച് എറണാകുളത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴും തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ ഇറങ്ങേണ്ടതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. പ്രചാരണസമയത്ത് കിടന്നുപോയതിലുള്ള വിഷമമാണ് പ്രകടിപ്പിച്ചത്. അന്ത്യനിമിഷംവരെ പാര്‍ടിയെക്കുറിച്ചുള്ള ചിന്തമാത്രമാണ് സഖാവിനുണ്ടായിരുന്നത്. പതിനാറാം ലോക്സഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ സ. ടി കെ ദിനം ആചരിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ വരുത്തിവച്ച വിലക്കയറ്റവും അഴിമതിയും സ്ത്രീപീഡനവും കര്‍ഷക- തൊഴിലാളിദ്രോഹവും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹവും അഴിമതിയും ദുര്‍ഭരണവുമടക്കമുള്ള വിഷയങ്ങളാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ബഹുജനരോഷം അലയടിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ടുതന്നെ വലതുപക്ഷകേന്ദ്രങ്ങളില്‍ പരാജയഭീതി നിഴലിച്ചുകാണുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കമുള്ള ദുരിതങ്ങളുടെ മധ്യത്തില്‍ നില്‍ക്കുന ജനതയ്ക്ക് അതിലേക്ക് നയിച്ച ആഗോളവല്‍ക്കരണങ്ങള്‍ക്കും അതിന്റെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിനുമെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. രാജ്യത്താകെ യുപിഎ സര്‍ക്കാര്‍ വരുത്തിവച്ച കെടുതികള്‍ക്കെതിരായ വികാരമാണ് അലയടിക്കുന്നതെങ്കില്‍, കേരളത്തില്‍ അതിനൊപ്പം യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന ഘടകമായി.

കാര്‍ഷിക-വ്യാവസായികമേഖലകളിലെ തകര്‍ച്ച യുപിഎ- യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയാണ്. മലയോരമേഖലയിലെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് റബര്‍. ആസിയന്‍ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടതോടെ ഇറക്കുമതി വര്‍ധിച്ചു. അതിന്റെ ഫലമായി തദ്ദേശ മാര്‍ക്കറ്റില്‍ റബര്‍വില വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ മലയോരമേഖലയിലെ കര്‍ഷകരുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. തീരദേശമേഖലയിലും ഗുരുതരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ കിട്ടാത്തത്, കടാശ്വാസനിയമം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകാത്തത്, തീരദേശസംരക്ഷണ നിയമത്തിന്റെ പേരില്‍ കടലോരജനതയുടെ അവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റം- ഇങ്ങനെ നിരവധി വിഷയങ്ങള്‍. ഇതൊക്കെ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാതിരിക്കാനുള്ള ആസൂത്രിതശ്രമമാണ് വലതുപക്ഷം നടത്തിയത്. അതിനവര്‍ക്ക് കോര്‍പറേറ്റ് മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.

ടി പി ചന്ദ്രശേഖരന്‍വധം ഉപയോഗിച്ച്, കൊലപാതക രാഷ്ട്രീയമുദ്ര ചാര്‍ത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന അതിരുകടന്ന വ്യാമോഹത്തിലേക്ക് അവരെ നയിച്ചത് അത്തരമൊരവസ്ഥയാണ്. മാധ്യമ പിന്തുണയും സര്‍ക്കാര്‍ സന്നാഹങ്ങളുമുപയോഗിച്ച് ആ വഴിക്ക് നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടാനും യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനും പാര്‍ടിക്ക് കഴിഞ്ഞു. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജോലിക്കാരിയായ സ്ത്രീയുടെ കൊലപാതകത്തെ സംബന്ധിച്ച് ശരിയായി അന്വേഷിക്കാന്‍പോലും തയ്യാറാകാത്തവര്‍ നടത്തിയ നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ്, യുഡിഎഫിന് തെരഞ്ഞെടുപ്പുരംഗത്ത് ലഭിച്ച തണുപ്പന്‍ പ്രതികരണം.

വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതിമേഖലയിലെ പ്രശ്നങ്ങള്‍, കേരളത്തിലെ സാമ്പത്തികപ്രതിസന്ധി, വര്‍ഗീയവിപത്ത്, ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നത്, വര്‍ഗീയശക്തികളുടെ താലിബാന്‍ മോഡല്‍ ആക്രമണം, സംഘപരിവാറിന്റെ ഫാസിസ്റ്റ് അജന്‍ഡ, കേരളവികസനത്തിനേറ്റ തിരിച്ചടികള്‍ തുടങ്ങിയവയെല്ലാം ജനങ്ങളുടെമുമ്പില്‍ അവതരിപ്പിക്കാനും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് കാരണമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ ബോധ്യപ്പെടുത്താനുമുള്ള പ്രചാരണമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായുള്ള വികാരവും കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി രാജ്യത്ത് ഉയര്‍ന്നുവരേണ്ട രാഷ്ട്രീയശക്തിക്കുള്ള പിന്തുണയുമാണ് പ്രചാരണഘട്ടത്തില്‍ പൊതുവെ ദൃശ്യമായത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേന്ദ്രത്തില്‍നിന്ന് യുപിഎ അധികാരഭ്രഷ്ടമാകും. ആ ഫലത്തിന്റെ രൂക്ഷത കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുക്കുകയും ചെയ്യും. അത് മനസ്സിലാക്കിയുള്ള പ്രതികരണമാണ്, യുഡിഎഫ് നേതൃത്വത്തില്‍നിന്നുണ്ടാകുന്നത്. രാഷ്ട്രീയമായ വിജയം അവകാശപ്പെടാനുള്ള ശക്തിയില്ലാതെ, അടിയൊഴുക്കുകളെ ധ്യാനിച്ചും വോട്ടുകച്ചവടത്തിന്റെയും വിലയ്ക്കുവാങ്ങലിന്റെയും ആനുകൂല്യം സ്വപ്നംകണ്ടും കഴിയുന്ന യുഡിഎഫ് രാഷ്ട്രീയത്തിലെ ദയനീയചിത്രമാണിന്ന്. ജനങ്ങളുടെ മനസ്സില്‍നിന്ന് ആ മുന്നണി തിരസ്കൃതമാകുന്നതിന്റെ പ്രഖ്യാപനമാകും മെയ് പതിനാറിന് പുറത്തുവരുന്ന ജനവിധി.

ജനജീവിതത്തിന്റെ സമസ്തമേഖലയെയും തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും കേരളത്തിനോടു കാണിക്കുന്ന അവഗണനയ്ക്കും വര്‍ഗീയവിപത്തിനും എതിരായി ജനകീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ആ സമരത്തില്‍ സ. ടി കെയുടെ ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.

*
പിണറായി വിജയന്‍

Tuesday, April 15, 2014

ചരിത്രത്തിന്റെ കവലയില്‍ നട്ടുപിടിപ്പിച്ച ജീവിതം

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുതെന്നും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കേരളത്തിലെ ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കിയപ്പോള്‍ അന്ന് മുഖ്യമന്ത്രി ചോദിച്ചു, നിലവിലുള്ള അധ്യാപകരെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തില്‍ എന്തിന് സമരം ചെയ്യുന്നുവെന്ന്. ആ വിശദീകരണത്തില്‍ അധ്യാപകരില്‍ ചിലര്‍ സമരം ചെയ്യാതിരിക്കാനുള്ള ന്യായം കണ്ടെത്തി.

ജോലി നഷ്ടപ്പെടുത്തിയും ജീവന്‍ അപകടപ്പെടുത്തിയും എത്രപേര്‍ ഒരു കാലത്ത് സമരംചെയ്തു. അവരുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സത്ഫലങ്ങള്‍ അനുഭവിച്ചത് അവരല്ല, നമ്മളാണ്. മണ്ണിനോട് കര്‍ഷകനുതോന്നിയ അതേ അഭിനിവേശം അക്കാലത്തെ അധ്യാപകര്‍ക്ക് മനുഷ്യചരിത്രത്തോടും തോന്നി. ചരിത്രം ചിലര്‍ വരുമ്പോള്‍മാത്രം വഴിമാറുന്നതല്ലെന്നും അത് മനുഷ്യസമൂഹം ഒന്നടങ്കം നിര്‍മിച്ചെടുക്കുന്നതാണെന്നും അവര്‍ മനസിലാക്കി. അതുകൊണ്ട് അവരുടെ അധ്യാപനം ക്ലാസ് മുറിയില്‍ ഒതുങ്ങിയില്ല. മനുഷ്യര്‍ കൂടുന്ന കവലകളിലെല്ലാം അധ്യാപനവൃത്തി തുടര്‍ന്നു. അതോടെ അവര്‍ നാടിന്റെ അധ്യാപകരായി. ചരിത്രത്തിലെ വഴികാട്ടികളായി. കമ്പളത്തു ഗോവിന്ദന്‍നായരുടെ ജീവിതം ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.

1914 ഏപ്രില്‍ 15നാണ് കമ്പളത്തിന്റെ ജനം. ഐതിഹാസികമായ കര്‍ഷകസമരങ്ങള്‍കൊണ്ട് മലബാറിന് തീപിടിച്ച കാലം. നെടിയിരിപ്പ് പ്രൈമറിസ്കൂളിലും ദേവധാര്‍ യുപി സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. നാട്ടില്‍ വിദ്യാപോഷിണി എന്നപേരില്‍ ഒരു വായനശാല തുടങ്ങിയാണ് രാഷ്ട്രീയ-സാമൂഹികജീവിതം ആരംഭിച്ചത്. പാലോത്ത് ഗോപാലന്‍നായര്‍, തെരുവത്ത് രാമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊട്ടൂക്കരയിലാണ് വായനശാല. 1931 ല്‍ ആലുങ്ങല്‍ എയ്ഡഡ് മാപ്പിള സ്കൂളില്‍ അണ്‍ട്രെയ്ന്‍ഡ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഗാന്ധിജിയുടെ നിയമലംഘനപ്രസ്ഥാനവും അധ്യാപകപ്രസ്ഥാനവും അദ്ദേഹത്തെ സ്വാധീനിച്ചു. അധ്യാപക യൂണിയന്‍ നേതാക്കളായ ടി സി നാരായണന്‍ നമ്പ്യാര്‍, പി ആര്‍ നമ്പ്യാര്‍ എന്നിവര്‍ ദേശീയപ്രസ്ഥാനത്തിന്റെയും നേതാക്കന്മാരായിരുന്നു. ഇതിനിടയില്‍ കമ്പളത്ത് ഇ എം എസുമായി പരിചയപ്പെട്ടു. ഇ എം എസുമായുള്ള പരിചയം കമ്പളത്തിനെ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമാക്കി.

കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചഭ"കാഹള"ത്തില്‍ ജന്മിത്തത്തിന്റെ കാലടിയില്‍ എന്ന ലേഖനം എഴുതിയതിന്റെ പേരില്‍ 1941 ജൂണ്‍ 4ന് അറസ്റ്റിലായി. തെരുവത്ത് രാമന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മാസികയാണ് കാഹളം. നിരോധിക്കപ്പെട്ട കര്‍ഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനമാണെന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. ജൂണ്‍ അഞ്ചിന് കമ്പളത്തിന്റെ വീട് റെയ്ഡ് ചെയ്തു. അദ്ദേഹത്തിന്റെ കൈയെഴുത്തിലുള്ള സകല കടലാസുകളും പൊലീസുകാര്‍ കൊണ്ടുപോയി. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലുമായി ഭീകരമര്‍ദനം. കമ്പളത്തിന്റെ വലതുകൈ അടിച്ചൊടിച്ചു, നഖം പിഴുതെടുത്തു. 1941 ഡിസംബര്‍ അവസാനംവരെ കോഴിക്കോട് കോടതിയില്‍ നടന്ന കേസിനൊടുവില്‍ ആറുമാസം കഠിനതടവ്. സാഹിത്യ രചനയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്കും.

ആദ്യകാലത്ത് സജീവമല്ലാതിരുന്ന ഏറനാട്ടിലെ അധ്യാപക പ്രസ്ഥാനത്തിന് ഉശിരും ഉണര്‍വും നല്‍കിയത് കമ്പളത്തിന്റെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും നേതൃത്വം. 1931 മുതല്‍ 1944വരെ മലബാറിലെ വിവിധ എയ്ഡഡ് സ്കൂളുകളില്‍ ജോലി നോക്കിയ കമ്പളത്തിനെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന്റെ പേരിലും ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ പേരിലും പലവട്ടം പിരിച്ചുവിട്ടു. 1944ല്‍ അദ്ദേഹം നെടിയിരിപ്പ് പഞ്ചായത്തില്‍ ക്ലര്‍ക്ക് കം ബില്‍ കലക്ടറായി ജോലിചെയ്തു. അന്നാണ് വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരം. സമരത്തിന് നേതൃത്വം നല്‍കിയതും അതിനായി പടപ്പാട്ടെഴുതിയതും കമ്പളത്ത് ഗോവിന്ദന്‍ നായര്‍. മലബാറിലെ കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് പൊലീസുദ്യോഗസ്ഥനായിരുന്നു ഹിച്ച്കോക്ക്. സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കമ്പളം രണ്ടുവര്‍ഷം ഒളിവില്‍. അതിനിടെ ബില്‍ കലക്ടറുടെ ജോലി പോയി. 1946ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധ്യാപകനായി. അക്കാലത്ത് ഡിസ്ട്രിക്ട് ബോര്‍ഡ് അധ്യാപകര്‍ക്കിടയില്‍ ശക്തമായ സംഘടനയില്ല. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ഇത്തരം സ്കൂളുകളില്‍ ധാരാളം അധ്യാപകരുണ്ടെങ്കിലും അവരില്‍ സംഘബോധം കുറവ്. നിരന്തരപ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്പളത്തിന്റെ നേതൃത്വത്തില്‍ ഈ സംഘബോധം ഉണ്ടാക്കിയെടുത്തത്. ഹെഡ്മാസ്റ്റര്‍മാരും പരിശോധനാ ഉദ്യോഗസ്ഥരും സംഘടനാപ്രവര്‍ത്തനത്തെ ശത്രുതയോടെ കണ്ടു. അതിനെ വെല്ലുവിളിച്ച് ഭൂരിപക്ഷം അധ്യാപകരും സംഘടനയില്‍ അണിനിരന്നു.

1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതോടെ കമ്പളത്തിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. 1952ല്‍ ജോലിയില്‍ തിരികെ പ്രവേശിച്ച അദ്ദേഹം വീണ്ടും സജീവമായി. തുടര്‍ന്നുനടന്ന അവകാശ സമരത്തിലാണ് എല്ലാമാസവും പതിനഞ്ചാം തീയതിക്കുമുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടത്. അടിസ്ഥാനശമ്പളം നൂറുരൂപയാക്കണമെന്ന ആവശ്യവും ഉയര്‍ത്തപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസ് ഡിസ്ട്രിക്ട് ബോര്‍ഡില്‍ അധികാരത്തില്‍ വരികയും കമ്പളത്തെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുകയുംചെയ്തു. പിന്നീട് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍വന്നപ്പോഴാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. പിന്നീട് മലബാര്‍, തിരുകൊച്ചി സംസ്ഥാനങ്ങളിലെ അധ്യാപകരെ ഒരുമിച്ചണിനിരത്തി കെജിപിടിയു എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നതില്‍ കമ്പളത്ത് നേതൃപരമായ പങ്കുവഹിച്ചു. യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി. 1969ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. അന്ന് ദേശാഭിമാനിപത്രം അദ്ദേഹത്തെ അഭിവാദ്യംചെയ്ത് എഡിറ്റോറിയല്‍ എഴുതി. വിരമിച്ചതിനുശേഷം കുറച്ചുകാലംകൂടി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. 1983 ഏപ്രില്‍ 30നാണ് മരണം.

കമ്പളത്തിന്റെ സംഘടനാപ്രവര്‍ത്തനം ഏറെ സര്‍ഗാത്മകമായതുകൊണ്ടാണ് അത് കേരളത്തിലുടനീളം ആളിപ്പടര്‍ന്നത്. അദ്ദേഹം കവിയും നാടകപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കവിതാസമാഹാരമായ "ഓണപ്പുടവ"യ്ക്ക് അവതാരികയെഴുതിയ എം എസ് ദേവദാസ്, ജി ശങ്കരക്കുറുപ്പിന്റെ ഇന്ത്യയുടെ പ്രതികാരം എന്ന കവിതയ്ക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കവിതയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ക്ഷാമകാലത്ത് ഭക്ഷണം കഴിക്കാന്‍ വഴിയില്ലാത്തവരുടെ ഓണാഘോഷത്തിന്റെ ദൈന്യമാണ് കവിതയിലെ പ്രമേയം. വിദ്യാരംഭം, അവളുടെ തിരുവാതിര എന്നീ കവിതകളും ഈ സമാഹാരത്തിലുണ്ട്. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും ജനപ്രിയം "ഏറനാടിന്‍ ധീരമക്കള്‍" തന്നെ. 1944ല്‍ ഈ പടപാട്ട് പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി വാരിക കണ്ടുകെട്ടി.

സാഹിത്യവും ജീവിതവും ചരിത്രത്തിന്റെ ഉല്‍പ്പാദനശക്തികളായ സന്ദര്‍ഭത്തിലാണ് കമ്പളത്ത് ജീവിച്ചത്. എഴുത്തും സമരവും അവര്‍ക്ക് രണ്ടല്ല. കാലം മാറി. അധ്യാപകന്റെ നിലയില്‍ മാറ്റം വന്നു. പക്ഷേ, വിദ്യാഭ്യാസ മേഖലയിലെ കോര്‍പറേറ്റ്വല്‍ക്കരണം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ കവരുകയാണ്. വിദ്യാര്‍ഥിയുടെ ചോറ് കട്ടുതിന്നേണ്ട ഗതികേട് ഇന്നത്തെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭൂമാഫിയകളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഒറ്റ രാത്രികൊണ്ട് സ്കൂള്‍കെട്ടിടം ഇടിച്ചുനിരത്താനും അധ്യാപകരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പുറത്താക്കാനും മടിക്കാത്ത മാനേജര്‍മാര്‍ ഇന്നും അരങ്ങുവാഴുന്നു. ചരക്കുകളുടെ പൊലിമയില്‍ കണ്ണു മഞ്ഞളിച്ച, സുരക്ഷിതരെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരോട് ഒരു ചെറിയ അപേക്ഷ: നിങ്ങള്‍ പണികഴിപ്പിച്ച ഇരുനില മാളികക്കരികില്‍ ഏറ്റവും പുതിയ കാറ് നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങി അതിന്റെ വാതില്‍ അടച്ചു എന്ന് ഉറപ്പ് വരുത്താന്‍ റിമോട്ട് സെന്‍സില്‍ വിരലമര്‍ത്തുമ്പോള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍വച്ച് പിഴുതെടുക്കപ്പെട്ട ഒരു വിരലിനെക്കുറിച്ചോര്‍മിക്കണേ. ചോരയിറ്റുന്ന ആ ഓര്‍മയുടെ പേരാണ് കമ്പളത്ത് ഗോവിന്ദന്‍നായര്‍.

*
അനില്‍ ചേലേമ്പ്ര ദേശാഭിമാനി

Monday, February 24, 2014

മരിക്കാത്ത ഓര്‍മകള്‍

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പത്താം സംസ്ഥാന സമ്മേളനം മൂന്നുമാസം മുമ്പ് പാലക്കാട്ട് നടന്നപ്പോള്‍ പ്രതിനിധികള്‍ക്കുമുമ്പില്‍ പ്രൊഫ. എരുമേലിയുടെ ഹൃദയസ്പര്‍ശിയായ ഒരു കത്ത് ഞാന്‍ വായിച്ചു. ""എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനമാണിതെന്നുകൂടി വളരെ വേദനയോടെ അറിയിക്കട്ടെ"" എന്ന കത്തിലെ ഭാഗം സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ഞൂറിലധികം പ്രതിനിധികളില്‍ ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിച്ചു. സംഘവും പ്രൊഫ. എരുമേലിയും തമ്മിലുള്ള ആത്മബന്ധം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. ""ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന "പുരോഗമന സാഹിത്യപ്രസ്ഥാനം - ചരിത്രവഴികള്‍" എന്ന പുസ്തകം ഈ സമ്മേളനത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല എന്ന ദുഃഖവുമുണ്ട്. ആരോഗ്യം തിരികെ കിട്ടിയാലുടന്‍ തന്നെ പുസ്തകം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നതാണ്. അതിന് സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ഥിക്കുന്നു. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തീരട്ടെ പാലക്കാട്ടു സമ്മേളനം"" എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്.

സംസ്ഥാന സമ്മേളനം നടത്താന്‍ പാലക്കാട് തെരഞ്ഞെടുത്തതിലുള്ള സന്തോഷവും അവിടെ സംഘം മുമ്പ് നടത്തിയിട്ടുള്ള നിരവധി സാംസ്കാരിക പ്രവര്‍ത്തനങ്ങളും കത്തിന്റെ തുടക്കത്തില്‍ വിവരിക്കുന്നുണ്ട്. ""കെ വിശ്വത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടന്‍ കലാ പഠനക്യാമ്പുകള്‍"" കത്തില്‍ പ്രത്യേകം ഓര്‍മിക്കുന്നു. നമ്മുടെ ദുഃഖം ഇപ്പോള്‍ ഇരട്ടിക്കുകയാണ്. എരുമേലി എടുത്തുപറഞ്ഞ കെ വിശ്വവും അടുത്തകാലത്ത് നമ്മെ വിട്ടുപോയി. ഒറീസയിലെ കന്ദമാലില്‍ സംഘപരിവാര്‍ വര്‍ഗീയകലാപം അഴിച്ചുവിട്ടപ്പോള്‍ അവിടേക്ക് കേരളത്തില്‍ നിന്നും ആദ്യം ഓടിയെത്തിയ സമാധാന സന്ദേശസംഘം പുരോഗമന കലാ സാഹിത്യസംഘത്തിന്റേതായിരുന്നു. പ്രൊഫ. എരുമേലിയായിരുന്നു ഞങ്ങളുടെ നേതാവ്. കലാപത്തിനുശേഷം അവിടെ നടന്ന ആദ്യത്തെ സമാധാനയാത്രയില്‍ മലയാളത്തിലും മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

ഒറീസയിലെ പ്രമുഖ എഴുത്തുകാരെ ഞങ്ങള്‍ കണ്ടു. ഭുവനേശ്വറില്‍ പത്രസമ്മേളനം നടത്തി. കന്ദമാലില്‍ കണ്ടതെല്ലാം ജനങ്ങളെ അറിയിച്ചു. ഇതിലെല്ലാം എരുമേലി നല്‍കിയ നേതൃത്വം വിലപ്പെട്ടതായിരുന്നു. എരുമേലിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രൊഫ. എം കെ സാനു അദ്ദേഹത്തിന്റെ ആത്മകഥയായ "കര്‍മഗതി"യില്‍ പറയുന്നുണ്ട്. ""അസാമാന്യമായ സംഘടനാവൈഭവവും പരിശ്രമശീലവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു എരുമേലിയുടേത്. അതുകൊണ്ട് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും സംഘാംഗങ്ങളെ ഉത്സാഹഭരിതമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. എരുമേലിയോടൊപ്പമുള്ള പ്രവര്‍ത്തനം സാനുമാസ്റ്റര്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ""പ്രവര്‍ത്തനം രണ്ടു കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. അധികമധികം ജനങ്ങളെ സാഹിത്യാസ്വാദനത്തിന്റെ അവകാശികളാക്കുക, നിലവാരമുള്ള വായനയെ പ്രോത്സാഹിപ്പിക്കുക, ചര്‍ച്ചകളിലൂടെ വിവേചിച്ചറിയാനുള്ള കഴിവ് പരിപോഷിപ്പിക്കുക എന്നതാണ് അതിന് അവലംബിച്ച മാര്‍ഗം. സാധാരണ വായനക്കാരില്‍ സാഹിത്യകൃതികള്‍ ചെലുത്തുന്ന സ്വാധീനമെന്ത്? ആ ചോദ്യത്തിനും അന്നു പ്രാധാന്യമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കൃതികളുടെ മൂല്യം നിര്‍ണയിക്കാനുള്ള പരിശ്രമം നിരന്തരം നടന്നു. അതിനും ഫലമുണ്ടാകാതിരുന്നില്ല.

അനുവാചകരെ മാനസികാരോഗ്യത്തിലേക്ക് വളര്‍ത്തുന്ന രീതിയില്‍ കൃതികള്‍ക്ക് രൂപം നല്‍കാനുള്ള പ്രവണത പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഉത്തരാധുനികതയുടെ ആവിര്‍ഭാവത്തിന് വഴിതെളിക്കുന്നതില്‍ ആ പ്രവണത സാരമായ പങ്കുവഹിച്ചു"". പ്രൊഫ. എരുമേലി ഏതു തരത്തിലാണ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തതെന്ന കൃത്യമായ നിരീക്ഷണമാണ് സാനുമാഷിന്റെ ഈ വിലയിരുത്തലില്‍ വ്യക്തമാകുന്നത്. സാഹിത്യ നിരൂപകന്‍, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അധ്യാപകന്‍, സാഹിത്യ ചരിത്രകാരന്‍ - ഈ മേഖലകളിലെല്ലാം നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ച പ്രൊഫ. എരുമേലി എന്നും ലാളിത്യത്തിന്റെ ആള്‍രൂപമായിരുന്നു. സംഘടനാപരമായ കണിശത, പ്രത്യയശാസ്ത്രപരമായ സത്യസന്ധത, സാമ്പത്തിക അച്ചടക്കം, ദരിദ്രജന പക്ഷപാതിത്വം - ഇതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. 1970കളില്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ഉയര്‍ന്നുവന്നതോടെയാണ് എരുമേലിയുടെ പ്രവര്‍ത്തനം കേരളമാകെ വ്യാപിക്കുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോന്‍, എം കെ സാനു, പി ഗോവിന്ദപ്പിള്ള, എം എന്‍ കുറുപ്പ് എന്നിവരോടൊപ്പം ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായി എരുമേലിയും ഉണ്ടായിരുന്നു.

അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഘട്ടത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ ധീരമായി നയിച്ചവരില്‍ പ്രധാനിയായിരുന്നു എരുമേലി. അന്ന് ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ പൊലീസ് നോട്ടപ്പുള്ളിയാക്കി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അദ്ദേഹം പഠിപ്പിച്ചിരുന്ന ഫാറൂഖ് ട്രെയ്നിങ് കോളേജില്‍ അടിയന്തരാവസ്ഥക്കെതിരെ ക്ലാസ് മുറികളില്‍ സംസാരിച്ചുവെച്ച കുറ്റം ചുമത്തി അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ എരുമേലി പതറിയില്ല. ഒരു ജനകീയ അധ്യാപകന്റെയും സാംസ്കാരിക പ്രവര്‍ത്തകന്റെയും ധീരത ഏത് അപകടസന്ധിയെയും തരണം ചെയ്യാനുള്ള മനക്കരുത്ത് അദ്ദേഹത്തിന് നല്‍കിയിരുന്നു. സംഘടനയുടെ പ്രത്യയശാസ്ത്രകാരനും ചരിത്രകാരനും ആയിരിക്കുമ്പോള്‍ത്തന്നെ യൂണിറ്റ് തലം വരെ എത്തി സാധാരണക്കാരുമായി സാംസ്കാരിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജനകീയനായ ഒരു സാംസ്കാരികപ്പോരാളിയായിരുന്നു എരുമേലി. ഇന്നു കേരളത്തില്‍ സമാനതകളില്ലാത്ത സാംസ്കാരിക പ്രസ്ഥാനമാണ് പുരോഗമന കലാ സാഹിത്യസംഘം. ആയിരത്തിലധികം യൂണിറ്റുകളും ഇരുന്നൂറിലധികം മേഖലാ കമ്മിറ്റികളുമായി വളര്‍ന്നുനില്‍ക്കുന്ന ഈ സംഘടന, ഇത്തരമൊരു മുന്നേറ്റം സൃഷ്ടിച്ചതിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് പ്രൊഫ. എരുമേലിയോടാണ്. അദ്ദേഹം കാണിച്ചുതന്ന വഴിയേ നമുക്ക് മുന്നേറാം.

*
പ്രൊഫ. വി എന്‍ മുരളി ദേശാഭിമാനി വാരിക

Monday, February 17, 2014

എന്‍ എസിന്റെ ജീവിതപാത

സംഘടനാവൈഭവത്തിന്റെയും സമരോത്സുകതയുടെയും എക്കാലത്തും വറ്റാത്ത ഉറവയാണ് സഖാവ് എന്‍ എസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് നാട് തയ്യാറാകുന്ന ഘട്ടത്തിലാണ് ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുന്നത്. ദുര്‍ഭൂതമെന്ന് മുദ്രകുത്തി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഞെക്കിക്കൊല്ലാന്‍ കള്ളക്കേസുകള്‍, ഗൂഢാലോചന കേസുകള്‍, മര്‍ദനം എന്നിവയെല്ലാം നാട്ടുരാജ്യഭരണത്തിലും കോണ്‍ഗ്രസ് ഭരണത്തിലും ഹീനമായി നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായി കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിക്കുകപോലുംചെയ്തു. അതിനെയെല്ലാം അതിജീവിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മധ്യതിരുവിതാംകൂറില്‍ കരുത്തുറ്റ രാഷ്ട്രീയശക്തിയായി വളര്‍ത്തിയെടുത്തതില്‍ അതുല്യ സംഭാവന നല്‍കിയ ആദ്യകാല സംഘാടകരില്‍ പ്രമുഖനാണ് എന്‍ എസ്. സദാ സമരസന്നദ്ധനും കര്‍മനിരതനുമായിരുന്ന സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 29 വര്‍ഷമാകുന്നു. 1985 ഫെബ്രുവരി 17ന്, ഒരു പോരാട്ടഭൂമിയില്‍നിന്ന് മടങ്ങുമ്പോള്‍ വാഹനാപകടം സഖാവിന്റെ ജീവന്‍ കവരുകയായിരുന്നു. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. അതിനുമുമ്പ് ആലപ്പുഴ- കൊല്ലം ജില്ലകളിലെ പാര്‍ടി സെക്രട്ടറിയായിരുന്നു. 57 വര്‍ഷത്തെ ജീവിതത്തിലെ നല്ലൊരുപങ്കും അവശജനവിഭാഗങ്ങളുടെ ശ്രേയസ്സിനുവേണ്ടിയാണ് അദ്ദേഹം വിനിയോഗിച്ചത്. ആ വിമോചനപോരാളി വിപ്ലവകാരിയായി വളര്‍ന്നത് ദിവാന്‍ഭരണവിരുദ്ധ പോരാട്ടങ്ങള്‍ തെളിച്ച മണ്ണിലൂടെയായിരുന്നു.

കേവുവള്ളക്കാരന്റെ മകനായി മധ്യതിരുവിതാംകൂറിലെ നാട്ടിന്‍പുറത്ത് ജനിച്ച എന്‍ ശ്രീധരന്‍ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ കെട്ടുവള്ളത്തില്‍ സഹായിയായി. ആ യാത്രയ്ക്കിടയില്‍ കമ്യൂണിസ്റ്റുകാരുമായുണ്ടായ പരിചയത്തിലൂടെ ബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിച്ചു. "ദിവാന്‍ഭരണം തുലയട്ടെ" എന്ന ബോര്‍ഡ് സ്വന്തംനാടായ വള്ളിക്കാവില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് പൊതുരംഗത്ത് സജീവമായത്. ബോര്‍ഡ് വച്ചതിനെത്തുടര്‍ന്ന് ആ പ്രദേശത്ത് പൊലീസ്വേട്ട ശക്തിപ്പെട്ടപ്പോള്‍ ദീര്‍ഘകാലം ഒളിവിലായി. ഒളിവുജീവിതത്തിനിടയിലെ പ്രവര്‍ത്തനത്തിലൂടെ നാവികത്തൊഴിലാളി സംഘടനയെ കെഎസ്പിയുടെ പിടിയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായകസംഭാവന നല്‍കി. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ത്തന്നെ രാഷ്ട്രീയരംഗത്തെത്തിയ ആ ചെറുപ്പക്കാരന്‍ തൊഴിലാളികളുടെയും നാട്ടുകാരുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കമ്യൂണിസ്റ്റ് സംഘാടകനായി. അതിലൂടെയാണ് എന്‍ ശ്രീധരന്‍ നാട് അംഗീകരിക്കുകയും സ്നേഹിക്കുകയുംചെയ്യുന്ന എന്‍ എസായി മാറിയത്. ഈ പരിവര്‍ത്തനം, യാതനാപൂര്‍ണമായ ജയില്‍വാസത്തിന്റെയും ഒളിവുജീവിതത്തിന്റെയും എണ്ണമറ്റ കൊടിയമര്‍ദനങ്ങളുടെയുമെല്ലാം ഫലംകൂടിയായിരുന്നു. അതില്‍ പലതും എപ്പോഴും സ്മരിക്കേണ്ടവയാണ്.

കേരളസംസ്ഥാന രൂപീകരണത്തിനുമുമ്പ് അംഗമായും പിന്നീട് സെക്രട്ടറിയായും എന്‍ എസ് പ്രവര്‍ത്തിച്ച പാര്‍ടിയുടെ കായംകുളം ഡിവിഷന്‍ കമ്മിറ്റിയുടെ ചുമതലയിലുണ്ടായിരുന്ന ശൂരനാട് പ്രദേശത്താണ് 1949 ഡിസംബറില്‍ ഒരു ഇന്‍സ്പെക്ടറും നാലുപൊലീസുകാരും മരിക്കാനിടയായ സംഭവം ഉണ്ടായത്. തുടര്‍ന്ന് അനേകം സഖാക്കളെയും തൊഴിലാളികളെയും പൊലീസ് ഇവിടെ കശാപ്പുചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയെയും അറുപതിലേറെ സംഘടനകളെയും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊലപാതകവും ഗൂഢാലോചനക്കുറ്റവും ആരോപിച്ച് പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. തെന്നല ജന്മികുടുംബത്തിന്റെ മാടമ്പിത്തരത്തിനും ജനദ്രോഹ സര്‍ക്കാരിനും എതിരായ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പൊലീസിനെയും ഗുണ്ടകളെയും ഇറക്കിയും സര്‍ക്കാരിന്റെ കരിനിയമത്തെ ഉപയോഗിച്ചും വകവരുത്താന്‍ ആ ജന്മികുടുംബം ശ്രമിച്ചെങ്കിലും ചരിത്രം അവരെ ന്യായികരിക്കുന്നില്ല. കമ്യൂണിസ്റ്റുകാരും കര്‍ഷകത്തൊഴിലാളി പുരുഷന്മാരും ഒളിവില്‍ പോയപ്പോള്‍ വീടുകളില്‍ രാത്രി തെരച്ചിലിന് എത്തിയ പൊലീസ് സ്ത്രീകളെ ഉപദ്രവിച്ചപ്പോഴാണ് ഒളിവിലായിരുന്ന ഉശിരന്മാര്‍ രംഗത്തുവന്ന് പൊലീസിന്റെ നെറികേടിനെ ചെറുത്തത്. ആ കാലത്ത് തെന്നലയിലെ തൊഴിലിടത്തെ അവസ്ഥ എന്തെന്ന് ഓര്‍ക്കണം. നിലംപൂട്ടിയപ്പോള്‍ കാള വേഗംനടക്കുന്നതിന് ഒന്നടിച്ചുപോയി. അതുകണ്ട ജന്മി അടികൊണ്ട കാളയെ മാറ്റി അടിച്ച കൃഷിക്കാരനെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു. ഇത്തരം ക്രൂരതയ്ക്കെതിരെ, കാട്ടാളത്തത്തിനെതിരെ ശൂരനാട്ടെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും യുവജനങ്ങളെയും രംഗത്തിറക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ശൂരനാട് കലാപത്തിനുശേഷം കാളയ്ക്കുപകരം ഒരു തൊഴിലാളിയെയും നുകത്തില്‍ കെട്ടാന്‍ ഒരു ജന്മിക്കും ധൈര്യം വന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളും നാടിന് എന്തുചെയ്തു എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് എന്‍ എസിനെപ്പോലുള്ളവര്‍ നടന്നുകയറിയ ജീവിതപാത.

പാര്‍ടിയുടെ നിരോധനകാലത്ത് യാതനകളുടെ മുള്ളുകളേറ്റാണ് ഒളിവില്‍ കഴിഞ്ഞത്. സദാ പുകയുന്ന അടുക്കളയിലെ തട്ടിന്‍പുറത്ത് 18 മണിക്കൂര്‍ ശ്വാസംമുട്ടി കഴിയേണ്ടിവന്നിട്ടുണ്ട്. രാത്രി ചകിരിക്കുഴിയില്‍ കഴിയാന്‍ നിര്‍ബന്ധിതനായി. പട്ടിണികിടക്കേണ്ടിവന്നു. എന്ത് ബുദ്ധിമുട്ടിയാലും "ഒളിവില്‍ കഴിയുക, പിടികൊടുക്കാതിരിക്കുക" എന്ന പാര്‍ടിയുടെ നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ചു. ഒളിവില്‍നിന്ന് തെളിവില്‍ വരുമ്പോള്‍ എന്‍ എസ് പ്രധാന പാര്‍ടിനേതാവായി. തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ അവിഭക്ത പാര്‍ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിയും ആക്ടിങ് സെക്രട്ടറിയുമായി. പിന്നീട് ആലപ്പുഴയിലെയും കൊല്ലത്തെയും സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എന്‍ എസ് സാധാരണ മനുഷ്യനായിരുന്നു. പക്ഷേ, അസാധാരണ കമ്യൂണിസ്റ്റ് നേതാവും. പല പരീക്ഷണഘട്ടങ്ങളെയും നേരിട്ട് പ്രസ്ഥാനത്തെ നയിക്കുകയും ജനസേവനം നടത്തുകയുംചെയ്തു.

പാര്‍ടിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ ജാഗ്രതകാട്ടിയ സഖാവ് പാര്‍ടി അച്ചടക്കം പ്രസ്ഥാനത്തിന്റെ കെട്ടുറുപ്പിന് അനിവാര്യമാണെന്ന് സദാ ഓര്‍മപ്പെടുത്തി. സിപിഐ എമ്മിനെതിരെ പിന്തിരിപ്പന്‍ശക്തികളുടെ മാത്രമല്ല, ഇടതു-വലതു വ്യതിയാനക്കാരില്‍നിന്നുള്ള ആക്രമണങ്ങള്‍ക്കും തക്ക മറുപടിനല്‍കാനുള്ള ആശയപരമായ കരുത്ത് സഖാവിനുണ്ടായിരുന്നു. ഏതുതരത്തിലെ വ്യതിയാനത്തിനുമെതിരായ ആശയസമരത്തില്‍ അശേഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും അതിനുവേണ്ടി ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും പാര്‍ടിഘടകങ്ങളെ സജീവമാക്കുകയുംചെയ്തു. ആശയരംഗത്ത് ദൃഢതകാട്ടുമ്പോള്‍ത്തന്നെ പാര്‍ടിക്കുള്ളിലെ വിഭാഗീയതയെ ശക്തിയായി എതിര്‍ക്കുകയുംചെയ്തു. സിപിഐ എമ്മിനും നേതാക്കള്‍ക്കും എതിരെയുള്ള ഏതുതരത്തിലെ അപവാദങ്ങളെയും ആക്രമണങ്ങളെയും നേരിടാന്‍ പ്രസ്ഥാനത്തെ ചലിപ്പിക്കുന്നതില്‍ ജാഗ്രതാപൂര്‍വമായ നിലപാട് എടുത്തു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെടുത്തി ഇ എം എസിനെ കരിവാരിത്തേക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍, അതിനെ നഖശിഖാന്തം എതിര്‍ത്ത് നിരവധി ലേഖനങ്ങള്‍ സഖാവ് പ്രസിദ്ധീകരിച്ചു. അത് തുടര്‍സംവാദങ്ങള്‍ക്ക് കാരണമായത് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു.

കമ്യൂണിസ്റ്റ് വിരുദ്ധ അപവാദപ്രചാരണം മാധ്യമഭീകരര്‍ ഇന്ന് പലമടങ്ങ് ശക്തിയോടെ തുടരുകയാണ്. ഇതിനെ തകര്‍ക്കുന്നതിന് തൊഴിലാളിവര്‍ഗപ്രസ്ഥാനം ആശയപ്രചാരണത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എന്‍ എസ് പുലര്‍ത്തിയ ശ്രദ്ധ ഈ ഘട്ടത്തില്‍ പ്രത്യേകം സ്മരണീയമാണ്. പാര്‍ടി പത്രമോ പാര്‍ടി കമ്മിറ്റിയുടെ പ്രമേയമോ കണ്ടില്ലെങ്കിലും സംഘടനാപ്രവര്‍ത്തനത്തിന് കോട്ടമില്ലെന്നു കരുതുന്നവര്‍ നമ്മുടെ പ്രസ്ഥാനത്തിലുണ്ട്. പക്ഷേ, ആശയപ്രചാരണത്തിന്റെ ശക്തി ശരിക്കും മനസ്സിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു എന്‍ എസ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയില്‍, അവസാന നാളുകളില്‍ ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. അത് വിജയകരമാക്കി മാതൃക സൃഷ്ടിക്കാന്‍ സഖാവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ഇന്ന്, പല ഘട്ടങ്ങളിലെ ക്യാമ്പയിന്റെ ഫലമായി ദേശാഭിമാനിയെ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മൂന്നുപത്രങ്ങളിലൊന്നാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ദേശാഭിമാനിയെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമാക്കി മാറ്റുന്നതിന് ഭാവിപ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് കഴിയണം. മാധ്യമരംഗത്ത് ജനപക്ഷ ഇടപെടല്‍ പ്രധാനമാണ്. അതിനെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ ഏതെല്ലാംവിധത്തില്‍ നെറികേടും അപവാദവും പ്രചരിപ്പിക്കാമോ അതെല്ലാം എല്ലാക്കാലത്തും കമ്യൂണിസ്റ്റ്വിരുദ്ധ കേന്ദ്രങ്ങള്‍ ചെയ്തുവന്നതാണ്. ഇ എം എസിനെയും എ കെ ജിയെയും നായനാരെയുമൊക്കെ ഇക്കൂട്ടര്‍ വെറുതെവിട്ടിട്ടില്ല. ഈ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമഹിസ്റ്റീരിയയെ എതിരിടുന്നതിന് കമ്യൂണിസ്റ്റുകാര്‍ ഒരുമനസ്സോടെ മുന്നോട്ടുപോകണം. ഇവിടെയാണ് പാര്‍ടിയുടെ കരുത്ത്. ആ കരുത്തിനെ വളര്‍ത്താനും കമ്യൂണിസ്റ്റ്- ജനപക്ഷമാധ്യമത്തെ ശക്തിപ്പെടുത്താനും എന്‍ എസ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഈ പ്രവര്‍ത്തനപാത കൂടുതല്‍ ശക്തമാക്കണമെന്നാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. സഖാവ് എന്‍ എസിന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.

*
പിണറായി വിജയന്‍

എരുമേലി

എരുമേലി പരമേശ്വരന്‍പിള്ള ജീവിതത്തിന്റെ തൂലിക അടച്ചുവച്ചു; എന്നെന്നേക്കുമായി. ഇനി നിത്യവിശ്രമം. ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടായിരുന്നെങ്കില്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആ പതാകവാഹകന്‍ ഒരുപിടി പുസ്തകങ്ങള്‍കൂടി മലയാളത്തിന് സംഭാവനചെയ്യുമായിരുന്നു. എഴുപതുകളുടെ തുടക്കംമുതല്‍ കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ പ്രതിജ്ഞാബന്ധതയുടെ നേര്‍വഴികള്‍ തെളിച്ച പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം തീര്‍ച്ചയായും അവയിലുള്‍പ്പെട്ടേനെ. തായാട്ട് ശങ്കരന്റെ "ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ" എന്ന പ്രൗഢഗ്രന്ഥത്തിനുശേഷം കനപ്പെട്ട ഒരു വിദ്യാഭ്യാസ ചരിത്രപുസ്തകവും നമുക്ക് ലഭിച്ചേനെ. ഇതിനായി ഏതാനും കുറിപ്പുകള്‍ എരുമേലി തയ്യാറാക്കുകയുംചെയ്തു. രോഗം ഭേദമായാലുടന്‍ ആത്മകഥ എഴുതിത്തുടങ്ങണമെന്നും അദ്ദേഹം തീരുമാനിച്ചിരുന്നു. രോഗപീഡകളുടെ പാരമ്യത്തിലും ചെയ്തുതീര്‍ക്കാനുള്ള ജോലികളെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ വാക്കിനു വഴങ്ങാന്‍ മടിക്കുന്ന നാവിന്റെ ശാഠ്യത്തെ മെരുക്കുന്ന ആ നിശ്ചയദാര്‍ഢ്യം കേട്ടിരിക്കുന്നവരെയും ദൃഢചിത്തരാക്കും.

തന്നെ സന്ദര്‍ശിക്കനെത്തുന്നവര്‍ രോഗത്തെപ്പറ്റി ഉല്‍ക്കണ്ഠാകുലരാകുമ്പോള്‍ "ഇപ്പോള്‍ അസുഖം എത്ര ഭേദമുണ്ട്. ഇനിവേഗം സുഖപ്പെടും" എന്ന പ്രത്യാശകൊണ്ട് എരുമേലി തനിക്കു ചുറ്റുമുള്ളവരില്‍ ഊര്‍ജം നിറച്ചു. തികഞ്ഞ ആത്മവിശ്വാസമാണ് ആ വാക്കുകളിലുണ്ടായിരുന്നത്. ശരീരത്തിന്റെ ചലനശേഷി ഒരു പരിധിവരെ നഷ്ടമായെങ്കിലും ഓര്‍മയ്ക്ക് ക്ഷതമേറ്റിരുന്നില്ല. എന്നുമാത്രമല്ല, അതിശയിപ്പിക്കുന്ന ഓര്‍മശക്തി അദ്ദേഹം പ്രകടിപ്പിക്കയുംചെയ്തു. സാഹിത്യസംഘത്തിലെ സഹപ്രവര്‍ത്തകരുടെയെല്ലാം ഫോണ്‍നമ്പര്‍ ഹൃദിസ്ഥം. വൈജ്ഞാനികസാഹിത്യത്തിലും ക്രിയാത്മക സാഹിത്യത്തിലും ഒരുപോലെ ശക്തമായ സാന്നിധ്യമാവുക എളുപ്പമല്ല. പ്രതിഭയ്ക്കൊപ്പം കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഉള്ളൂര്‍ മുതല്‍ എം പി പോള്‍വരെ സമ്പന്നമാക്കിയ സാഹിത്യചരിത്രശാഖയ്ക്ക് മുതല്‍ക്കൂട്ടായ "മലയാളസാഹിത്യചരിത്രം കാലഘട്ടങ്ങളിലൂടെ" എഴുതിയ എരുമേലി പരമേശ്വരന്‍പിള്ളതന്നെയാണ് ഒരു പ്രേമത്തിന്റെ കഥ എന്ന നോവലുമെഴുതിയത്. പെണ്ണ്, നിഴലുകള്‍, ലേഡി റ്റീച്ചര്‍, മലയിലെ മങ്ക എന്നിവയാണ് എരുമേലിയുടെ ഇതരനോവലുകള്‍. തെളിയാത്ത കാല്‍പ്പാടുകള്‍പോലെ ഏതാനും കഥാസമാഹാരങ്ങള്‍ വേറെ.

ബാലസാഹിത്യത്തിലുമുണ്ട് എരുമേലിയുടെ വിരല്‍പ്പാടുകള്‍. അദൃശ്യമനുഷ്യനും കൊച്ചുകൊമ്പനുമൊക്കെ കുട്ടികളെ ആകര്‍ഷിച്ച രചനകളാണ്. പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കംമുതല്‍ എരുമേലി നേതൃസ്ഥാനത്തുണ്ട്. ആദ്യം ദേശാഭിമാനി സ്റ്റഡി സര്‍ക്കിളില്‍. പിന്നീട് പുരോഗമനകലാസാഹിത്യസംഘത്തില്‍. ദേശാഭിമാനി വാരികാ പത്രാധിപര്‍ എം എന്‍ കുറുപ്പാണ് അക്കാലത്ത് സാംസ്കാരികരംഗത്തെ ഉന്നതശീര്‍ഷനായ സംഘാടകന്‍. എരുമേലിയുടെ ഉറ്റസുഹൃത്ത്. കോഴിക്കോട്ടെ എം എന്‍ കുറുപ്പിന്റെ മുറിയിലാണ് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ രൂപീകരണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകനായ എരുമേലി, ഇ എം എസ് ഉള്‍പ്പടെ ഉണ്ടായിരുന്ന ആ യോഗത്തില്‍ സജീവമായി പങ്കെടുക്കുകയും ചര്‍ച്ചകളില്‍ ഇടപെടുകയുംചെയ്തു. ശേഷം എരുമേലിയുടെ ജീവിതചരിത്രം ഏവര്‍ക്കും അറിയാവുന്നതായതിനാല്‍ വിവരിക്കേണ്ടതില്ല. മലബാര്‍മേഖലയില്‍ പുരോഗമനകലാസാഹിത്യപ്രസ്ഥാനം ശക്തിപ്രാപിക്കാന്‍ എരുമേലി പരമേശ്വരന്‍പിള്ളയുടെ കോളേജധ്യാപക ജോലി വളരെ സഹായകമായെന്ന് പുരോഗമനകലാസാഹിത്യസംഘത്തിന്റെ നേതാവും വാഗ്മിയുമായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ അനുസ്മരിക്കുന്നു.

""ആ ഭാഗത്ത് എരുമേലിയുടെ ശിഷ്യരല്ലാത്ത സ്കൂള്‍ അധ്യാപകരേയില്ല. ഈ അധ്യാപക ശിഷ്യന്മാരിലൂടെ എരുമേലി സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കി"". തന്റെ ദൗര്‍ബല്യങ്ങളെ മറച്ചുവയ്ക്കാത്തവിധം സത്യസന്ധനായിരുന്നു എരുമേലി. അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം തന്നെ രഹസ്യപൊലീസ് ചോദ്യംചെയ്ത കഥ പറഞ്ഞു. ക്ലാസില്‍ അടിയന്തരാവസ്ഥയ്ക്കെതിരായി സംസാരിച്ച വിവരം പൊലീസിന്റെ ചെവിയിലെത്തി. രഹസ്യപൊലീസുകാരന്‍ വന്ന് പരമേശ്വരന്‍പിള്ളയെ കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. ചോദ്യംചെയ്യല്‍ ഇവിടെവച്ചാകാമെന്നായി. സ്റ്റാഫ് റൂമിനടുത്ത് മറ്റൊരുമുറിയില്‍ ചോദ്യംചെയ്യല്‍ തുടങ്ങി. താന്‍ ഭയന്നു എന്നാണ് എരുമേലി ഇതേപ്പറ്റി പറഞ്ഞത്. പൊലീസുകാരനു മുന്നില്‍ താന്‍ കരഞ്ഞുപോയി എന്നും അദ്ദേഹം വെളിപ്പെടുത്തി.

വേണമെങ്കില്‍ "ധീരതയോടെ ഞാന്‍ അയാളെ വെല്ലുവിളിച്ചെന്നോ", "ഞാനൊട്ടും പതറിയില്ല" എന്നോ മറ്റോ പറയാമായിരുന്നു. ഒടുവില്‍, വിദ്യാര്‍ഥി ഫെഡറേഷന്റെ പഴയ പ്രവര്‍ത്തകനായ പൊലീസുകാരന് എരുമേലിയെ സമാധാനിപ്പിക്കേണ്ടിവന്നു. എന്‍എസ്എസ് കോളേജില്‍ ജോലി നിഷേധിക്കപ്പെട്ട ഒരു സംഭവവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1962ലാണ്. ഇന്റര്‍വ്യൂ നടത്തുന്നത് സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍. എഴുത്തുകാരനാണ് എന്ന് ആരോ പരിചയപ്പെടുത്തി. "ആധാരം എഴുത്താണോ" എന്ന് മന്നത്തിന്റെ പരിഹാസചോദ്യം. കേരള കൗമുദിയുടെ എഡിറ്റ് പേജില്‍ എഴുതിയ ഒരു ലേഖനമാണ് മന്നത്തിനെ ചൊടിപ്പിച്ചതത്രേ!

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസബില്ലിനെക്കുറിച്ചായിരുന്നു ലേഖനം. എന്‍എസ്എസും മന്നവും ആദ്യം ബില്ലിനനുകൂലമായിരുന്നു. പിന്നീട് എതിര്‍പ്പായി. "വേഷം മാറ്റം ഭൂഷണമല്ല" എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എരുമേലി മന്നത്തിന്റെ നിലപാടുമാറ്റത്തെ വിമര്‍ശിച്ചു. "നിന്നെപോലൊരു കമ്യൂണിസ്റ്റിന് ഇവിടെ ജോലിതരില്ല" എന്ന് മന്നം പറഞ്ഞു. സാംസ്കാരികപ്രവര്‍ത്തകരുമായി അവരുടെ രാഷ്ട്രീയനിലപാടുകള്‍ പരിഗണിക്കാതെയുള്ള ആത്മബന്ധം പുലര്‍ത്താന്‍ എരുമേലിക്ക് കഴിഞ്ഞു. നിരൂപകന്‍ സി പി ശ്രീധരനുമായുള്ള സൗഹൃദം ഇതിനുദാഹരണമാണ്. സാഹിത്യത്തിലും രാഷ്ട്രീയത്തിലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും എതിര്‍പക്ഷത്തെ കേള്‍ക്കാനുള്ള ജനാധിപത്യബോധമുണ്ടായിരുന്നതിനാലാണ് ഇത് സാധ്യമായത്. ആധുനികരുടെ നിഷേധാത്മകതയെ എതിര്‍ക്കുമ്പോഴും തന്റെ ചരിത്രഗ്രന്ഥത്തില്‍ ആ പ്രസ്ഥാനത്തിന് വേണ്ടത്ര ഇടം നല്‍കി വ്യത്യസ്തമായ സൗന്ദര്യബോധത്തെ തിരിച്ചറിയാന്‍ എരുമേലിക്ക് സാധിച്ചു.

*
ബി അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, February 16, 2014

സിനിമ പങ്കിട്ട ചങ്ങാതി

ബാലു എന്റെ കൂട്ടുകാരനായിരുന്നു. അതിലുമുപരി എന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് ഗൂണപരമായ ഊര്‍ജ്ജം പകരുന്ന ചലച്ചിത്രകാരന്‍. സിനിമയെ കുറിച്ചുള്ള എന്റെ ലാവണ്യബോധം പങ്കിടാന്‍ കഴിയുന്ന ചങ്ങാതി. പിറവിയില്‍ അഭിനയിക്കാന്‍ അര്‍ച്ചനയെ പറഞ്ഞുവിട്ടത് ബാലുവാണ്. എന്റെ കൈയ്യില്‍ നിന്ന് ഒരു സംഖ്യപോലും വാങ്ങാതെ അഭിനയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയായിരുന്നു ശിഷ്യയെ അയച്ചത്. സ്വമ്മിലേക്ക് നായിക അശ്വനിയെ നിര്‍ദേശിച്ചതും ബാലുവായിരുന്നു. പൂണൈ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ക്കിടയില്‍ ഇത്തരത്തില്‍ വലിയ പരസ്പര സഹകരണം നിലനിന്നിരുന്നു.

എന്നേക്കാള്‍ അഞ്ചുവര്‍ഷം മുമ്പേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും എന്നോട് പ്രത്യേക കരുതല്‍ ബാലുവിനുണ്ടായിരുന്നു. സിനിമാട്ടോഗ്രാഫി പഠിച്ചിറങ്ങി സംവിധായകരായവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ വലിയ സമാനതകളുണ്ട്. ഫോട്ടോഗ്രാഫിയിലും പ്രമേയത്തിലും വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായ ചലച്ചിതകാരനാണ് ബാലു. ശിവാജി ഗണേശന്റേയും എംജിആറിന്റെയും ആധിപത്യ കാലമായിരുന്നു അത്. അവര്‍ക്ക് അവരുടേതായ ആളുകളുണ്ടായിരുന്നു. അന്നത്തെ സൃഷ്ടിപരമായ ധാരണകളെ പൊളിച്ച് ക്യാമറയെ സ്റ്റുഡിയോകളില്‍ നിന്ന് പ്രകൃതിയിലേക്ക് കൊണ്ടുപോകാനും അതിന്റെ സൗന്ദര്യം ബോധ്യപ്പെടുത്താനും ബാലുവിന് കഴിഞ്ഞു. ആ പ്രയത്നത്തില്‍ തമിഴ്നാട്ടില്‍ വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായി. ബാലുവിനോപ്പം ചേര്‍ന്ന് ഇളയരാജയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അക്കാലയളവില്‍ പഠിച്ചിറങ്ങിയ നിരവധി പേരും മാറ്റത്തില്‍ പങ്കാളികളായി. അന്നത്തെ താരാധിപത്യം പൊളിക്കാനും തമിഴ് സിനിമയെ ദേശീയതലത്തില്‍ അംഗീകരിപ്പിക്കാനും ബാലുവിന് സാധിച്ചു. ബാലു സ്വയം ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായി മാറി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാല, ശശികുമാര്‍ തുടങ്ങിയ ശിഷ്യന്മാരെല്ലാം ദേശീയശ്രദ്ധ നേടി. ഇങ്ങനെ തമിഴില്‍ വ്യത്യസ്തമായ ഒരു പാരമ്പര്യം സൃഷ്ടിക്കാന്‍ ബാലുവിനായി.

ഗുരുകുല സമ്പ്രദായത്തില്‍ സിനിമാസ്കൂളും നടത്തി. പരീക്ഷയില്ലാതെ മൂന്ന് വര്‍ഷം കൊണ്ട് സിനിമ പഠിപ്പിക്കുന്ന സമ്പ്രദായം. ഒപ്പമുള്ളവരെല്ലാം മുന്നേറണമെന്ന സ്വാര്‍ഥതക്ക് അപ്പുറത്തുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ച്ചന മാത്രം സിനിമ ചെയ്തില്ല എന്ന പരാതി ഇടക്കിടക്ക് പറയും. തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും സിനിമ എന്ന മാസ്മീഡിയയിലൂടെ ബാലുവിനെ പോലെ വ്യത്യസ്ത ലാവണ്യാനുഭൂതി സൃഷ്ടിക്കാനായ മറ്റ് സംവിധായകര്‍ ഇല്ല. സിലോണില്‍ ജനിച്ചുവളര്‍ന്നയാളാണ് ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തിയത്. തരളമായ പ്രണയം ബാലുവിന്റെ ജീവിതത്തേയുംസൃഷ്ടികളേയും പിന്തുടര്‍ന്നു. ദൂരദര്‍ശന്‍ ആവിര്‍ഭവിക്കുന്ന കാലത്ത് ഏറ്റവും വ്യത്യസ്തമായ സീരിയലുകള്‍ ചെയ്തു. പിറവിക്ക് ദേശീയപുരസ്കാരം കിട്ടുമ്പോള്‍ ബാലു ജൂറിയിലുണ്ടായിരുന്നു.

മികച്ച സിനിമക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം വിഭജിച്ച് നല്‍കാറുണ്ട്. എന്നാല്‍ പിറവിക്ക് ഇതുരണ്ടും ഒരുമിച്ചു ലഭിച്ചു. എനിക്ക് അര്‍ഹമായ അംഗീകാരം നേടിത്തരാന്‍ ജൂറിയില്‍ ശക്തമായി വാദിച്ചെന്ന് പിന്നീട് ആവേശത്തോടെ ബാലു പറഞ്ഞിട്ടുണ്ട്. എന്റെ സിനിമകള്‍ തിയേറ്ററിലെത്തിക്കും മുമ്പ് സ്വയം വിലയിരുത്തലിനായി ഞാന്‍ ആദ്യം കാണിക്കുന്ന സുഹൃത്തുക്കളുടെ വളരെ ചെറിയ പട്ടികയില്‍ ബാലുവുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സ്വപാനം മാത്രമേ ബാലു കാണാതുള്ളു. സിനിമ പൂര്‍ത്തിയായപ്പോള്‍ ചെന്നൈയില്‍ പ്രസാദ് ലാബില്‍ വച്ച് വിളിച്ചപ്പോള്‍ തിരക്കിലായിരുന്നു. സിനിമ കണാനൊത്തില്ലേലും കേരള മീന്‍കറി വാങ്ങിത്തരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള്‍ താമസിച്ച ചെന്നൈയിലെ ഗസ്റ്റ്ഹൗസില്‍ ഒരു പ്രമുഖ പാചകക്കാരനെ വിളിച്ചുവരുത്തി മീന്‍ വാങ്ങി കറിവച്ചു. ഞങ്ങള്‍ ഒരുമിച്ച് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിച്ചതാണ് ബാലുവിനെ കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ.

*
ഷാജി എന്‍ കരുണ്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

Wednesday, February 5, 2014

പീറ്റ് സീഗര്‍ സംഗീതത്തിന്റെ ശക്തി

അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി സംഗീതത്തിന്റെ ശക്തിയും സൗന്ദര്യവും സമര്‍പ്പിച്ച മഹാഗായകന്‍ പീറ്റ് സീഗര്‍ ഓര്‍മയായി (മെയ് 3, 1919 - ജനുവരി 27, 2014). ഒമ്പതര പതിറ്റാണ്ട് നീണ്ട ജീവിതം. രണ്ട് നൂറ്റാണ്ടുകളിലായി കാല്‍ ചവിട്ടിനിന്ന ആ സുദീര്‍ഘ ജീവിതം ഉടനീളം സംഗീതസാന്ദ്രമായിരുന്നു. അച്ഛനമ്മമാര്‍ സംഗീതജ്ഞര്‍. രണ്ടാനമ്മയും. സംഗീതത്തെ വിശേഷിച്ച് നാടന്‍ പാട്ടുകളെ എങ്ങനെ ജനതയുടെ ഉണര്‍ത്തുപാട്ടും പോരാട്ടസംഗീതവുമാക്കാം എന്നതിന്റെ പഠനവും പ്രയോഗവുമായിരുന്നു പീറ്റ് സീഗറുടെ ജീവിതം. "" നമ്മള്‍ അതിജീവിക്കും"" എന്ന പൗരാവകാശ- സമാധാന പ്രസ്ഥാന ഗാനത്തെ അതിപ്രശസ്തമാക്കുന്നതില്‍ സീഗര്‍ക്ക് വലിയ പങ്കുണ്ട്. മാത്രമല്ല. ഇംഗ്ലീഷില്‍ ""വി വില്‍ ഓവര്‍കം"" എന്ന് പാടിയിരുന്നത് ഭേദഗതി വരുത്തി പിന്നീട് ലോകവ്യാപകമായി പ്രചാരം നേടിയ ""വി ഷാല്‍ ഓവര്‍ കം" എന്ന രൂപത്തില്‍ ചിട്ടപ്പെടുത്തി പുതിയ സംഗീതഭംഗിയും വശ്യതയും ആലാപനശക്തിയും പകര്‍ന്നത് പീറ്റ് സീഗറാണ്.

പ്രതിഷേധ സമരഗാനങ്ങളും നാടന്‍ പാട്ടുകളും സമാധാന-യുദ്ധവിരുദ്ധ ഗാനങ്ങളും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധവും മക്കാര്‍ത്തിയന്‍ വേട്ടയാടലും ജയില്‍ശിക്ഷയും അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. ന്യൂയോര്‍ക്ക് നഗരത്തില്‍ മാന്‍ഹാട്ടനിലാണ് പീറ്റ് സീഗര്‍ ജനിച്ചത്. അച്ഛന്റെ മുന്‍മുറക്കാരനായ കാള്‍ ലുഡ്വിഗ് സീഗര്‍ ജര്‍മനിയില്‍നിന്ന് അമേരിക്കന്‍ വിപ്ലവകാലത്ത് കുടിയേറി, 1780 കളില്‍ ന്യൂഇംഗ്ലണ്ടിലെ ഒരു കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ചു. സീഗറിന്റെ അച്ഛന്‍ ചാള്‍സ് ലൂയി സീഗര്‍ (ജൂനിയര്‍) മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ നഗരത്തിലാണ് ജനിച്ചത്. അദ്ദേഹമാണ് അമേരിക്കയില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ആദ്യത്തെ സംഗീത പാഠ്യപദ്ധതിക്ക് രൂപം നല്‍കിയത്. അമേരിക്കന്‍ മ്യൂസിക്കോളജി സൊസൈറ്റി സ്ഥാപിച്ചതും എത്നോ മ്യൂസിക്കോളജി എന്ന പഠനവിഭാഗം രൂപപ്പെടുത്തുന്നതിന് മുന്‍കൈ എടുത്തതും അദ്ദേഹമാണ്. സീഗറിന്റെ അമ്മ കോണ്‍സ്റ്റാഗ്സ്ഡി ക്ലിവര്‍ എട്സണ്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടുണീഷ്യയില്‍ വളര്‍ന്ന് പാരീസ് സംഗീത ആസ്ഥാനത്ത് പഠിച്ച വയലിന്‍ വാദകയും സംഗിത അധ്യാപികയുമായിരുന്നു. അച്ഛന്‍ സംഗീതജ്ഞനായി പരിശീലനം നേടിയത് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലായിരുന്നു. കൗമാരകാലം മുതല്‍ സീഗറെ വളര്‍ത്തിയ രണ്ടാനമ്മ റൂത്ത് ക്രാഫോര്‍ഡ് ആകട്ടെ നാടന്‍ പാട്ടുകളില്‍ അഗാധ സ്വാധീനവും താല്‍പ്പര്യവുമുള്ള സംഗീതജ്ഞയായിരുന്നു.

ആധുനിക സംഗീതജ്ഞര്‍ക്കിടയില്‍ ഏറ്റവും പ്രഗത്ഭയായ ഒരു മഹതി എന്ന പ്രശസ്തിയും റൂത്ത് ക്രാഫോര്‍ഡിനുണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ സംഗീത ഇതിഹാസമായി മാറി ലോകം ആദരിക്കുന്ന പ്രതിഭാശാലിയായി വളര്‍ന്ന പീറ്റ് സീഗര്‍ രൂപപ്പെട്ടത് അന്നത്തെ സവിശേഷമായ ലോകസാഹചര്യവും അമേരിക്കയിലെ അന്തരീക്ഷവും നിമിത്തം മാത്രമായിരുന്നില്ല. പല ഭൂഖണ്ഡങ്ങളുമായുള്ള ബന്ധംകൊണ്ടുകൂടിയായിരുന്നു. യൂറോപ്പും ലാറ്റിന്‍ അമേരിക്കയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള ഭൂപ്രദേശങ്ങളുമായും ലോകത്തിന്റെ പല കോണുകളില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരുമായും നടന്ന അന്യോന്യത്തിലൂടെ കൈമാറിക്കിട്ടിയ സാംസ്കാരികധാരകളും ജീവിതവീക്ഷണവും പീറ്റ് സീഗറുടെ വ്യക്തിസത്തയെയും സംഗീതബോധത്തെയും കരുപ്പിടിപ്പിച്ചു. അച്ഛനമ്മമാരുടെ ശാസ്ത്രീയസംഗീത പാരമ്പര്യവും രണ്ടാനമ്മ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭയായ സംഗീതജ്ഞകളില്‍ ഒരാളായി കണക്കാക്കപ്പെടുന്നതും സീഗറെ അഗാധമായി സ്വാധീനിച്ചു എന്നത് ശരിതന്നെ. പക്ഷേ, തന്റെ സ്വന്തം സംഗീതബോധ്യങ്ങളിലേക്കാണ് അച്ഛനമ്മമാരുടെ ശാസ്ത്രീയ സംഗീത സമ്പ്രദായത്തെ സീഗര്‍ വിളക്കിച്ചേര്‍ത്തത്.

റൂത്തിന്റെ അഗാധമായ നാടന്‍പാട്ട് താല്‍പ്പര്യവും സീഗറുടെ സംഗീത സ്വരൂപത്തെ വികസിപ്പിച്ചെടുക്കുന്നതില്‍ നിസ്സീമമായ സ്വാധീനം ചെലുത്തി. സീഗറിന്റെ രാഷ്ട്രീയ വീക്ഷണത്തെ തുടക്കത്തില്‍ സ്വാധീനിച്ചത് അച്ഛന്‍ ചാള്‍സ് സീഗറിന്റെ യുദ്ധവിരുദ്ധ നിലപാടുകളായിരുന്നു. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സംഗീതവിഭാഗം സ്ഥാപിക്കുന്ന ജോലിക്ക് 1912 ല്‍ ചാള്‍സ് സീഗര്‍ നിയമിതനായെങ്കിലും 1918 ല്‍ ആ ജോലി രാജിവയ്ക്കേണ്ടി വന്നത് ഒന്നാം ലോക മഹായുദ്ധത്തിനെതിരെ അദ്ദേഹം പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലായിരുന്നു. അച്ഛന്റെ അനുഭവത്തിനു പുറമെ സീഗറിന്റെ കവിയായിരുന്ന അമ്മാവന്‍ അല്ലന്‍ സീഗറിന്റെ യുദ്ധഭൂമിയിലെ മരണവും (ഒന്നാം ലോക മഹായുദ്ധത്തില്‍ ഏറ്റവും ആദ്യം കൊലചെയ്യപ്പെട്ട അമേരിക്കന്‍ സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം) വെട്ടിപ്പിടിത്ത യുദ്ധങ്ങളുടെയും സാമൂഹിക സംഘര്‍ഷങ്ങളുടെയും കാരണങ്ങളെപ്പറ്റി സൂക്ഷ്മമായി ചിന്തിക്കാന്‍ സീഗറെ പ്രേരിപ്പിച്ചു.

""എനിക്ക് മരണവുമായി ഒരു കൂടിക്കാഴ്ചയുണ്ട്"" എന്ന അമ്മാവന്റെ കവിത അദ്ദേഹത്തിന്റെ ജീവിതസത്യമായി അത്രവേഗം മാറുമെന്ന് സീഗര്‍ ചിന്തിച്ചുകാണില്ല. എന്നാല്‍, മരണാനന്തരം അമ്മാവന്റെ നഷ്ടത്തിനിടയാക്കിയ യുദ്ധത്തെപ്പറ്റി സീഗര്‍ ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടാവുമെന്നതില്‍ സംശയമില്ല. 1943 ല്‍ തോഷി അലിന്‍ ഓട്ടോയെ സീഗര്‍ വിവാഹം കഴിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം മരിക്കുന്നതുവരെ സീഗറിന്റെ ജീവിതത്തിന്റെ ആന്തരികബലമായിട്ടാണ് തോഷി വര്‍ത്തിച്ചത്. പിന്‍തലമുറയില്‍ ചെറുമകനായ താവോ മാത്രമാണ് സീഗറിന്റെ സംഗീതപാതയിലൂടെ സഞ്ചരിച്ച് പ്രശസ്തി നേടിയിട്ടുള്ളത്. അച്ഛനമ്മമാരും രണ്ടാനമ്മയും ശാസ്ത്രീയസംഗീതജ്ഞരായിരുന്നെങ്കിലും, അതേ പാതയിലൂടെ സഞ്ചരിക്കാന്‍ അവര്‍ നിര്‍ബന്ധപൂര്‍വം സമ്മര്‍ദം ചെലുത്തിയില്ല. എന്നതിനാലാവണം ഉക്കുലേല എന്ന നാടന്‍ ഗിത്താറാണ് സീഗര്‍ ആദ്യമായി പഠിച്ചത്.

അച്ഛനും രണ്ടാനമ്മയുമൊത്ത് വടക്കന്‍ കരോലീനയില്‍ നാടന്‍കലോത്സവും പര്‍വതനൃത്തവും കാണാന്‍ പോയപ്പോള്‍ അഞ്ച് തന്ത്രികളുള്ള ബാന്‍ജോ സംഗീതം ആദ്യമായി ശ്രവിച്ചു. വിശാലമായ പ്രകൃതിയുടെ മടിത്തട്ടില്‍, കുന്നിന്‍ചെരുവില്‍ നാടന്‍ പാട്ടിന്റെ നൈസര്‍ഗികതയും ഉന്മേഷവും അനിര്‍വചനീയമായ അനുഭവമാണ് പകര്‍ന്നുതന്നതെന്ന് സീഗര്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചുതന്ത്രി ബാന്‍ജോയിലും നാടന്‍പാട്ടിലും കൂടുതല്‍ അഗാധമായ പരിജ്ഞാനം നേടാനാണ് സീഗര്‍ പിന്നീട് ശ്രമിച്ചത്. സഞ്ചരിക്കുന്ന ഒരു പാവകളി സംഘവുമായി സഹകരിച്ചും പ്രവര്‍ത്തിച്ചു. യാത്രയ്ക്കിടയില്‍ കൃഷിക്കാരുടെ വീടുകളില്‍ താമസിച്ച് അവരുടെ ഭക്ഷണം കഴിച്ച് ജീവിതാനുഭവങ്ങള്‍ പങ്കിട്ടത് വിലപ്പെട്ട അനുഭവമായി. ഭാവിരാഷ്ട്രീയം രൂപപ്പെടുത്തിയ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി ഉണ്ടായി. യുഎസ് കോണ്‍ഗ്രസ് ലൈബ്രറിയുടെ അമേരിക്കന്‍ നാടന്‍പാട്ടുശേഖരവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇതിനിടെ സീഗറിന് അവസരം ലഭിച്ചു.

1940-41 ല്‍ കൊളംബിയ പ്രക്ഷേപണ പരിപാടിയില്‍ പ്രശസ്ത ഗായകന്‍ വുഡി ഗുത്റിയുമായി ചേര്‍ന്ന് പരിപാടി നടത്താന്‍ കഴിഞ്ഞത് ഒരു വഴിത്തിരിവായി. "അല്‍മാനക് ഗായകര്‍", "വീവേഴ്സ്" എന്നീ രണ്ട് ഗായകസംഘങ്ങളിലൂടെയാണ് സീഗര്‍ ഏറ്റവും പ്രശസ്തി നേടിയത്. അച്ഛന്റെ സര്‍ക്കാര്‍ജോലിക്ക് പ്രശ്നമുണ്ടാകാതിരിക്കാന്‍ പീറ്റ് ബോവേഴസ് എന്ന പേരിലാണ് തൊഴിലാളിസംഘങ്ങള്‍ക്ക് വേണ്ടിയും മറ്റും പ്രതിഷേധ ഗാനങ്ങള്‍ സീഗര്‍ ആലപിച്ചത്. "വീവേഴ്സിന്റെ" ഭാഗമായി പാടിയ ""ഗുഡ്നൈറ്റ് ഇറീന്‍"" എന്ന ഗാനം 13 ആഴ്ചക്കാലം ഏറ്റവും സ്വീകാര്യതയുള്ള പാട്ടായി ചാര്‍ട്ടുകളില്‍ അംഗീകാരം നേടി. 1950 കളിലെ മക്കാര്‍ത്തിയന്‍ വേട്ടയാടല്‍ സീഗറിന്റെ സംഗീതസംഘത്തെയും ബാധിച്ചു. 1955 ല്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ സീഗറിന്റെ നിലപാട് ധീരമായിരുന്നു. തന്റെ നിലപാടുകള്‍ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ വിശദീകരിക്കാന്‍ സാധ്യമല്ല; അതെന്റെ വിശ്വാസപ്രമാണങ്ങളാണ്, ആ സ്വാതന്ത്ര്യം അടിയറ വയ്ക്കാനാവില്ല എന്ന സമീപനം അദ്ദേഹം സ്വീകരിച്ചു. 10 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിക്കപ്പെട്ടത്. എന്നാല്‍, 1962 ല്‍ അപ്പീല്‍കോടതി വിധി റദ്ദാക്കി.

വിയറ്റ്നാം യുദ്ധത്തിന് എതിരെയും നിരായുധീകരണത്തിന് വേണ്ടിയും വര്‍ണവിവേചനത്തിന് എതിരായും സീഗര്‍ പാടി. സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കമ്യൂണിസ്റ്റ് പോരാളികള്‍ക്കൊപ്പവും ആ ഗാനം ഉയര്‍ന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും സീഗറിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഹഡ്സണ്‍ നദിയുടെ സംരക്ഷണത്തിന് സീഗര്‍ നേതൃത്വം നല്‍കിയ ഒരു സമിതിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ബാന്‍ജോ, ഗിത്താര്‍ എന്നീ സംഗീതോപകരണങ്ങളില്‍ സ്വന്തമായ ചില കൂട്ടിച്ചേര്‍ക്കലുകളും സീഗര്‍ നടത്തി. നവസംഗീതാസ്വാദകരുടെ ഹരമായ ബോബ് ഡിലന്‍ സീഗറിന്റെ വാത്സല്യവും പ്രോത്സാഹനവും അനുഭവിച്ചാണ് വളര്‍ന്നത്. 1965 ല്‍ ന്യൂപോര്‍ട്ട്ഫോക്ക് സംഗീതോത്സവത്തില്‍ ബോബ് ഡിലനും സംഘവും പരിപാടി അവതരിപ്പിച്ചപ്പോള്‍ അസ്സഹനീയമായ ഉച്ചത്തില്‍ ശബ്ദം കൂട്ടിവച്ചതിനെതിരെ സീഗര്‍ ഇടപെട്ടത് സംബന്ധിച്ച് പലതരം കഥകള്‍ പ്രചരിക്കുന്നുണ്ട്.

സംഗീതോത്സവത്തിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായ സീഗര്‍, ഡിലന്റെ മാനേജരോട് ശബ്ദം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. അത് ചെവിക്കൊള്ളാതിരുന്നപ്പോള്‍, ""എന്റെ കൈയില്‍ ഒരു കോടാലി കിട്ടിയിരുന്നെങ്കില്‍ ഈ കേബിള്‍ ഇപ്പോള്‍ മുറിച്ചുകളയുമായിരുന്നു"" എന്ന് സീഗര്‍ തറപ്പിച്ചു പറയുകയുണ്ടായി. പാട്ടില്‍ വാക്കുകള്‍ വ്യക്തമാകാത്ത വിധം സംഗീതോപകരണങ്ങള്‍ ശബ്ദമുണ്ടാക്കരുത് എന്ന പക്ഷക്കാരനായിരുന്നു സീഗര്‍. അമേരിക്കയിലെ "യുവകമ്യൂണിസ്റ്റ് ലീഗില്‍" സീഗര്‍ അംഗമായി. തുടര്‍ന്ന് 1942 ല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലും. പക്ഷേ 1940 കളുടെ അവസാനത്തോടെ പാര്‍ടിയില്‍ സജീവപ്രവര്‍ത്തനം അദ്ദേഹം മതിയാക്കി. എന്നാല്‍, 1995 ല്‍ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു: ""ഞാന്‍ എന്നെ ഇപ്പോഴും ഒരു കമ്യൂണിസ്റ്റ് എന്ന് വിളിക്കും. കാരണം ക്രൈസ്തവത പള്ളി ചെയ്യുന്നതല്ലല്ലോ"" കമ്യൂണിസം റഷ്യയില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ അല്ലല്ലോ എന്നാണ് സീഗര്‍ അര്‍ഥമാക്കിയത്. 1996 ല്‍ പീറ്റ് സീഗര്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായപ്പോള്‍ ചുച്ചുന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മേജര്‍ ജയ്പാല്‍സിങ്ങിന്റെ മകനും പത്രപ്രവര്‍ത്തകനുമായ രാഹുല്‍ വര്‍മയും ഭാര്യ ബിശാഖയും ആ പരിപാടി ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായവരാണ്. ""വന്ദനമേരാ....."" എന്ന പ്രശസ്തമായ ക്യൂബന്‍ ഗാനം ഇവര്‍ അഭ്യര്‍ഥിച്ചതിനെ ത്തുടര്‍ന്ന് പീറ്റ് സീഗര്‍ പാടിയകാര്യം അഭിമാനപൂര്‍വം അവര്‍ ഓര്‍മിക്കുന്നു.

2011 ഒക്ടോബറില്‍ 92 വയസ്സുകാരനായ പീറ്റ് സീഗര്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊളംബസ് സര്‍ക്കിള്‍വരെ നടത്തിയ മാര്‍ച്ചിന് നേതൃത്വം കൊടുത്തു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21 നാണ് സീഗര്‍ അവസാനമായി പൊതുവേദിയില്‍ പാടുന്നത്. ""ഈ ഭൂമി നിങ്ങളുടെ ഭൂമിയാണ്"" എന്ന ഗാനം അദ്ദേഹം പാടി. അതിന് ഒരുമാസം മുമ്പ് ആഗസ്ത് 9 ന് (ഭാര്യ മരിച്ച് ഒരു മാസമായപ്പോള്‍) അദ്ദേഹം "ജനാധിപത്യം ഇപ്പോള്‍" എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ""ഞാന്‍ വന്ന് ഓരോ പടിവാതില്‍ക്കലും നില്‍ക്കുന്നു"" എന്ന് പാടിയിട്ട് പറഞ്ഞു: "ഹിരോഷിമ, നാഗസാക്കി" ബോംബിങ്ങിന്റെ 68-ാം വാര്‍ഷികമാണെന്നതിനാലാണ് ഞാന്‍ ഈ വരികള്‍ ഓര്‍മിച്ചത്"". മറവിക്കു നേരെയുള്ള ഓര്‍മയുടെ സംഗീതപോരാട്ടംകൂടിയാണ് സീഗര്‍ നടത്തിയത്.

*
എം എ ബേബി

Monday, February 3, 2014

വേട്ടയാടപ്പെടുന്നവരുടെ ചരിത്രം

ഷണ്‍മുഖന്‍ ആണ്ടലാട്ട് എന്ന എസ് ആണ്ടലാട്ടിനെ പുരോഗമന രാഷ്ട്രീയരംഗത്തെ പുതുതലമുറയില്‍ എത്രപേര്‍ക്കറിയാം എന്നാലോചിക്കുമ്പോള്‍ ഒരല്‍പ്പം ആശങ്കതന്നെ എനിക്കുണ്ടാകുന്നുണ്ട്. 1970-കള്‍ മുതല്‍ ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലും 1982 മുതല്‍ എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലൈബ്രറിയിലും പ്രവര്‍ത്തിച്ച ആണ്ടലാട്ട് നിശ്ശബ്ദനായിരുന്നുകൊണ്ട് ഒട്ടനവധി ചരിത്രപഠനവും ഗവേഷണവും നിര്‍വഹിച്ച വ്യക്തിയായിരുന്നു. ഒരുപക്ഷേ വരുംകാലം കമ്യൂണിസ്റ്റ് പാര്‍ടിയെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും സംബന്ധിച്ച് വസ്തുതാപരമായ അറിവുകള്‍ക്ക് നമുക്ക് ഈ കഴിഞ്ഞ ജനുവരി 18ന് (2014) അന്തരിച്ച ഈ നിശ്ശബ്ദനായ ഗവേഷകനിലേക്ക് നിരന്തരം തിരിച്ചുപോകേണ്ടിവരും.

ചരിത്രം നിര്‍മിക്കുന്നതാരാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട് ചരിത്ര ഗവേഷണരംഗത്ത് പ്രവര്‍ത്തിച്ച ആണ്ടലാട്ട് വേട്ടയാടപ്പെടുന്നവരുടെ ചരിത്രമാണ് തികഞ്ഞ പക്ഷപാതത്തോടെ രേഖപ്പെടുത്തിവച്ചത്. ചരിത്രത്തിലെ എഴുത്തുകളെല്ലാം "പേച്ചെഴുത്തു"കളാണെന്നും നവയുഗം സൃഷ്ടിക്കുന്ന തൊഴിലാളി വര്‍ഗമാണ് അതെല്ലാം "മായ്ച്ചെഴുതു"ന്നതെന്നുമുള്ള ചരിത്രബോധ്യം ആണ്ടലാട്ടിനുണ്ടായിരുന്നു. (""പേച്ചെഴുതിയതൊക്കെയും മണ്ണില്‍/മായ്ച്ചെഴുതിയ നവയുഗഹസ്തം"" എന്ന് വൈലോപ്പിള്ളി). വാങ്മയ ചരിത്രം (ഛൃമഹ ഒശെേീൃ്യ) എന്ന് ഇപ്പോള്‍ ഒരുവിധം അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ കരുത്തുറ്റ ഉപാസകനായിരുന്നു ആണ്ടലാട്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായിപ്പോയേക്കും എന്ന് താന്‍ ഭയപ്പെട്ട ഒട്ടനവധി വസ്തുതകള്‍ തേടിപ്പിടിച്ച് പകര്‍ത്തിയെഴുതി വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആണ്ടലാട്ടിനോട് അത്രമേല്‍ കടപ്പെട്ടിരിക്കുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ചരിത്രരേഖാകേന്ദ്രം (ആര്‍ക്കൈവ്സ്) ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ആണ്ടലാട്ട് ഏറെ ഉത്കണ്ഠപ്പെട്ടിരുന്നു. ഒരു ബ്രാഞ്ച് കമ്മിറ്റിയുടെ അപ്രധാനമെന്നു പ്രത്യക്ഷത്തില്‍ തോന്നാവുന്ന മിനുട്സ് പോലും ഒരു വലിയ ചരിത്രരേഖയായി നാളെ മാറിയേക്കാം എന്ന തിരിച്ചറിവ് ആണ്ടലാട്ടിനുണ്ടായിരുന്നു. ഒരു പഴയ പാവം പാര്‍ടിപ്രവര്‍ത്തകന്റെ അനുഭവാവിഷ്ക്കാരത്തിന് ഭാവിയില്‍ വലിയ ചരിത്രപ്രാധാന്യം ഉണ്ടാകാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അത്തരം അമൂല്യരേഖാ സഞ്ചയങ്ങള്‍ എ കെ ജി പഠനകേന്ദ്രത്തില്‍ സമാഹരിക്കാന്‍ ആണ്ടലാട്ട് വ്യഗ്രത പ്രകടിപ്പിച്ചത് അക്കാരണത്താലാണ്. ഇത് വെള്ളിവെളിച്ചത്തില്‍ നിന്നുകൊണ്ടുള്ള ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പ്രവര്‍ത്തനമല്ല - കാണാമറയത്തുള്ള പ്രവൃത്തികള്‍ക്കും പാര്‍ടിക്ക് ആള്‍ വേണമെന്ന ബോധ്യം ആണ്ടലാട്ടിനെ മുന്നോട്ടു നയിച്ചു. ""രേഖയില്ലാത്ത ചരിത്ര""ത്തിന്റെ ക്രോഡീകരണം എന്ന നിരാകര്‍ഷകവും എന്നാല്‍ സുപ്രധാനവുമായ പ്രവൃത്തിയാണ് ദീര്‍ഘകാലം ആണ്ടലാട്ട് കൈകാര്യം ചെയ്തത്. ആണ്ടിറങ്ങിച്ചെല്ലുന്ന വേരിറങ്ങിച്ചെന്ന് കണ്ടെത്തുന്ന ജൈവസ ത്യങ്ങളാണ് മരങ്ങളില്‍ പൂക്കളും തളിരുകളുമായി പ്രത്യക്ഷപ്പെടുന്നത്. ആ വേരുകളാണ് മരത്തെ ഭൂമിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.

ആണ്ടിറങ്ങിപ്പോകുന്ന വേരുകളുടെ വേവലാതിയിലാണ് ആണ്ടലാട്ട് ജീവിച്ചത്. അക്കാദമിക ഗവേഷണത്തിന്റെ യാന്ത്രികവും ഫലേച്ഛയോടുകൂടിയതുമായ രീതിശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ആണ്ടലാട്ടിന്റെ ഗവേഷണശൈലി. പക്ഷേ അക്കാദമികമല്ലാതിരുന്ന ആണ്ടലാട്ടിന്റെ ചരിത്രരീതിശാസ്ത്രത്തെ അക്കാദമിക ഗവേഷണങ്ങള്‍ക്ക് നിരന്തരം ആശ്രയിക്കേണ്ടിവരും എന്നാണ് അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് പ്രായോഗിക രാഷ്ട്രീയരംഗത്തെ ഒരു മുന്നണിപ്പോരാളിയുടെ മൂലധനമൂല്യം തന്നെ ഈ ചരിത്ര ഗവേഷകന് ഉണ്ട്. ആണ്ടലാട്ട് രൂപപ്പെടുത്തിയ ചരിത്ര ഗവേഷണ ശൈലികളുടെ പിന്തുടര്‍ച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതല്‍ ആവശ്യമായിത്തീരുന്ന ഒരു കാലമാണിത്. ചരിത്രത്തിന്റെ അന്ത്യം എന്ന കാഴ്ചപ്പാടില്‍നിന്ന് ചരിത്രമാണ് എല്ലാം എന്ന കാഴ്ചപ്പാടിലേക്ക് ഒരു ജനതയെ നയിക്കേണ്ട ബാധ്യതയാണ് പുതിയ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. അവിടെ എപ്പോഴും ഊര്‍ജദായകമായ ഒരു സ്മരണയായി ആണ്ടലാട്ട് ഉണ്ടാകും. ആണ്ടലാട്ടിന്റെ സ്മരണയ്ക്ക് വാരികയുടെ അഭിവാദ്യങ്ങള്‍.

*
കെ പി മോഹനന്‍ ( പത്രാധിപര്‍ ദേശാഭിമാനി വാരിക)

Thursday, January 30, 2014

ബസവ പുന്നയ്യയെ ഓര്‍ക്കുമ്പോള്‍

സ. എം ബസവ പുന്നയ്യയുടെ ജന്മശതാബ്ദി നാം ആഘോഷിച്ചുവരികയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14നാണ് പരിപാടികള്‍ ആരംഭിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രമുഖ നേതാവായിരുന്നു ബസവ പുന്നയ്യ. ആ തലമുറയില്‍പെട്ട മറ്റ് നേതാക്കളെപ്പോലെ എം ബിയും രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമസ്തമേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കി. ആന്ധ്രപ്രദേശില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ച എം ബി തെലുങ്കാനയിലെ കര്‍ഷകര്‍ നടത്തിയ സായുധസമരത്തിന്റെ നേതാക്കളില്‍ ഒരാളുമാണ്. പിന്നീട് സിപിഐ എമ്മിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഉള്‍പാര്‍ടി സമരത്തില്‍ മികച്ച സംഭാവനകളാണ് ബസവ പുന്നയ്യ നല്‍കിയത്. സിപിഐ എമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാനപങ്കുതന്നെ ബസവ പുന്നയ്യയ്ക്കുണ്ട്.

ഉള്‍പാര്‍ടി സമരങ്ങള്‍

സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യന്‍ വിപ്ലവപാതയെക്കുറിച്ചും അതിന് സ്വീകരിക്കേണ്ട അടവുകളെയും തന്ത്രങ്ങളെയും കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ശക്തമായ ആശയസമരം രൂപപ്പെട്ടു. ഈ സമരം "ഇടതുപക്ഷ" കമ്യൂണിസ്റ്റുകാര്‍ക്ക് നിലവിലുള്ള ചട്ടക്കൂടുവിട്ട് പുറത്തുവരാന്‍ സഹായകമായി. ഈ ഉള്‍പാര്‍ടി സമരത്തിന്റെ സൃഷ്ടിയാണ് സിപിഐ എം. ഈ സമരം നടത്തിയ പ്രധാന നേതാവ് ബസവ പുന്നയ്യയാണ്. അക്കാലത്ത് പി സുന്ദരയ്യ, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബി ടി രണദിവെ, പി രാമമൂര്‍ത്തി എന്നിവര്‍ പാര്‍ടിക്കകത്ത് നല്‍കിയ രേഖകള്‍ തയ്യാറാക്കുന്നതില്‍ ബസവ പുന്നയ്യയും പ്രധാന പങ്കുവഹിച്ചു. ഒരു കൂട്ടം നേതാക്കള്‍ മുന്നോട്ടുവച്ചതും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സോവിയറ്റ് യൂണിയന്‍ (സിപിഎസ്യു) പിന്തുണച്ചതുമായ വര്‍ഗസഹകരണമെന്ന നയത്തെ തള്ളിക്കൊണ്ടുള്ള നിലപാടിലേക്കെത്താന്‍ ഇത് സഹായിച്ചു. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് മാര്‍ക്സിസം ലെനിനിസത്തെക്കുറിച്ചും ഇന്ത്യയിലെ മൂര്‍ത്തമായ സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തം പ്രയോഗിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കേണ്ടതുണ്ട്. ദൈര്‍ഘ്യമേറിയതും വിഷമകരവുമായ ഈ പ്രക്രിയയിലൂടെയാണ് സിപിഐ എം കടന്നുവന്നത്. ഈ ഉള്‍പാര്‍ടി സംവാദങ്ങളില്‍ ബസവ പുന്നയ്യ നല്‍കിയ സംഭാവന എടുത്തുപറയത്തക്കതാണ്. പിന്നീട് സിപിഐ എമ്മിന്റെ ലോകവീക്ഷണമായി രൂപപ്പെട്ടതും ഇതുതന്നെ.

പാര്‍ടി പരിപാടി

ദശാബ്ദം നീണ്ട ഉള്‍പാര്‍ടി സമരത്തിന്റെ ഫലമായി 1964ല്‍ സിപിഐ എമ്മും സിപിഐയും അവരുടെ പാര്‍ടി കോണ്‍ഗ്രസുകളില്‍ പ്രത്യേകം പാര്‍ടിപരിപാടി അംഗീകരിച്ചു. സിപിഐ എമ്മിന്റെ ഏഴാം പാര്‍ടി കോണ്‍ഗ്രസ് 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ നടന്നു. പാര്‍ടി കരട് പരിപാടി അന്ന് അവതരിപ്പിച്ചത് ബസവ പുന്നയ്യയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ വര്‍ഗങ്ങളുടെ വിശകലനം, വിപ്ലവഘട്ടങ്ങള്‍, രാഷ്ട്രത്തിന്റെ സ്വഭാവം, ജനകീയ ജനാധിപത്യ വിപ്ലവത്തിനായി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കേണ്ട വര്‍ഗസഖ്യം എന്നിവയെല്ലാമാണ് പരിപാടിയുടെ സത്തയെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഐയില്‍നിന്ന് വ്യത്യസ്തമായി വിവിധ വിഷയങ്ങളില്‍ സിപിഐ എമ്മിനുള്ള നിലപാടും അദ്ദേഹം വിശദീകരിച്ചു. വന്‍കിട ബൂര്‍ഷ്വാസികളുടെ നേതൃത്വത്തില്‍ ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗത്തിന്റെ കൈയിലുള്ള ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും ജനകീയ ജനാധിപത്യമുന്നണിയുടെ നേതൃത്വം തൊഴിലാളിവര്‍ഗത്തിനായിരിക്കണമെന്നും ദേശീയ ബൂര്‍ഷ്വാസിയുമായി കൂട്ടായ നേതൃത്വം പാടില്ലെന്നും ബൂര്‍ഷ്വ- ഭൂപ്രഭു ഭരണകൂടം വിദേശമൂലധനവുമായി സഹകരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇടതുപക്ഷ തീവ്രവാദത്തിനെതിരെ

സിപിഐ എം രൂപീകരിച്ച് മൂന്നുവര്‍ഷത്തിനകം നക്സലിസത്തിന്റെ രൂപത്തില്‍ ഇടതുപക്ഷ തീവ്രവാദ വെല്ലുവിളിയെ പാര്‍ടിക്ക് നേരിടേണ്ടിവന്നു. നക്സലിസത്തിന്റെ പ്രധാനകേന്ദ്രം ആന്ധ്രപ്രദേശായിരുന്നു. ഇവിടത്തെ നിരവധി പാര്‍ടി നേതാക്കളും കേഡര്‍മാരും ചൈനയില്‍ സാംസ്കാരിക വിപ്ലകാലത്ത് സായുധ സമരത്തിന് ആഹ്വാനംചെയ്ത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സിപിസി) നയങ്ങളില്‍ ആകൃഷ്ടരായി. ഈ ഇടതുപക്ഷ സാഹസികത്വത്തിനെതിരെയുള്ള സമരത്തിന്റെ മുന്‍നിരയില്‍ ബസവ പുന്നയ്യയുണ്ടായിരുന്നു. 1968ല്‍ ബര്‍ദ്വാനില്‍ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ബര്‍ദ്വാന്‍ പ്ലീനത്തില്‍ സംസാരിച്ച ബസവ പുന്നയ്യ, ആന്ധ്രയില്‍നിന്നുള്ള ഒരുവിഭാഗം നേതാക്കള്‍ മുന്നോട്ടുവച്ച ഇടതുപക്ഷ തീവ്രവാദ സമീപനത്തെ എതിര്‍ക്കാനായിരുന്നു ഇടപെട്ടത്. ഇടതുപക്ഷ തീവ്രാദത്തിനും വലതുപക്ഷ വ്യതിയാനത്തിനുമെതിരെയുള്ള പാര്‍ടിയുടെ ആശയസമരത്തിന്റെ അടിത്തറ ബര്‍ദ്വാന്‍ പ്ലീനം അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രമേയമായിരുന്നു. സിപിഎസ്യുവിന്റെ റിവിഷനിസത്തിനും സിപിസിയുടെ ഇടതുതീവ്രവാദത്തിനെതിരെയും ആശയസമരം നടത്തുന്ന വര്‍ധിച്ച ഉത്തരവാദിത്തം ബസവപുന്നയ്യ ഏറ്റെടുക്കുകയുണ്ടായി. സാമൂഹ്യ വൈരുധ്യങ്ങളെ തെറ്റായി മനസ്സിലാക്കി മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള സമാധാനപരമായ മത്സരം എന്ന മിഥ്യാസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയും സമാധാനപരമായി സോഷ്യലിസത്തിലേക്കുള്ള മാറ്റം സാധ്യമാണെന്നുമുള്ള സിപിഎസ്യുവിന്റെ റിവിഷനിസ്റ്റ് സിദ്ധാന്തങ്ങള്‍ അരിഞ്ഞുവീഴ്ത്താനുള്ള കത്തിയായി എം ബി അദ്ദേഹത്തിന്റെ പേനയെ ഉപയോഗിച്ചു. സാംസ്കാരിക വിപ്ലവകാലത്ത് സിപിസി കൈക്കൊണ്ട പല ഇടതുപക്ഷ തീവ്രവാദ സമീപനത്തെയും എം ബി ശക്തമായി എതിര്‍ത്തു. "മൂന്ന് ലോക" സിദ്ധാന്തം, സോവിയറ്റ് യൂണിയന്‍ "സോഷ്യലിസ്റ്റ് സാമ്രാജ്യത്വ"മാണെന്ന സിദ്ധാന്തം, വിവിധ രാജ്യങ്ങളിലെ അവസ്ഥകള്‍ കണക്കിലെടുക്കാതെ ലോകമെങ്ങും സായുധസമരം നടത്താനുള്ള ഇടതുപക്ഷ സാഹസികത്വം എന്നിവയെയാണ് ബസവ പുന്നയ്യ എതിര്‍ത്തത്. സിപിഎസ്യുവിന്റെയും സിപിസിയുടെയും തെറ്റായനയങ്ങളെ എതിര്‍ക്കുമ്പോള്‍ത്തന്നെ സോവിയറ്റ്, ചൈനാവിരുദ്ധ സമീപനം സ്വീകരിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഇരുരാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളാണെന്നും മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാതയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശാസ്ത്രീയ സമീപനത്തില്‍നിന്ന് വ്യതിചലിക്കുന്നതില്‍നിന്നുള്ള പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും ബസവപുന്നയ്യ വ്യക്തമാക്കി.

ദേശീയപ്രശ്നത്തെക്കുറിച്ച്

പാര്‍ടിയുടെ പരിപാടി തയ്യാറാക്കുന്ന വേളയില്‍ ദേശീയപ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നീടാകാമെന്ന് തീരുമാനിച്ചിരുന്നു. ബഹുദേശീയതയുള്ള ഇന്ത്യപോലുള്ള രാജ്യത്ത് ഭാഷാദേശീയതയുടെ പങ്കെന്താണ്? സ്വയംഭരണാവകാശം എന്ന ബഹുദേശീയതയുടെ അവകാശം ഇന്ത്യയില്‍ പ്രായോഗികമാണോ? 1972ല്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ടികോണ്‍ഗ്രസിലാണ് ദേശീയപ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് ഇതുസംബന്ധിച്ച പാര്‍ടി നിലപാട് കൈക്കൊണ്ടത്. "ദേശീയപ്രശ്നത്തെക്കുറിച്ചുള്ള രേഖ" ചര്‍ച്ചചെയ്ത് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പാര്‍ടി കോണ്‍ഗ്രസില്‍ ഈ രേഖ അവതരിപ്പിച്ചത് ബസവ പുന്നയ്യയായിരുന്നു. ദേശീയതയെക്കുറിച്ചും ദേശീയ പ്രശ്നങ്ങളെക്കുറിച്ചും ലെനിനിസ്റ്റ് നിലപാടിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവ് വ്യക്തമാക്കുന്നതായിരുന്നു ആ അവതരണം. വിപ്ലവപൂര്‍വ റഷ്യയില്‍നിന്ന് എത്രമാത്രം വ്യത്യസ്തമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. സാറിസ്റ്റ് റഷ്യ ദേശീയതകളുടെ തടവറയായിരുന്നെന്നും മഹത്തായ വെള്ള റഷ്യന്‍ ദേശീയതയുടെ അടിച്ചമര്‍ത്തലിന് വധേയമായിരുന്നെന്നും വിശദീകരിച്ച ബസവ പുന്നയ്യ ബഹുദേശീയതകളുള്ള ഇന്ത്യയില്‍ ഒരു ദേശീയതയെ മറ്റൊരു ദേശീയത അടിച്ചമര്‍ത്തുന്നില്ലെന്നും നിരീക്ഷിച്ചു. രണ്ടാമതായി ഇന്ത്യയിലെ ഭരണവര്‍ഗമായ ബൂര്‍ഷ്വ- ഭൂപ്രഭു വിഭാഗം വിവിധ ഭാഷാദേശീയതകള്‍ ചേര്‍ന്ന സങ്കരമാണ്. ഈ ഭരണവര്‍ഗമാണ് വിവിധ ഭാഷാദേശീയതകളില്‍പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണംചെയ്യുന്നത്. അതായത്, പൊതുവായ വര്‍ഗചൂഷണമാണ് ഇവിടെ നടക്കുന്നത്. അതിനാല്‍, വിഭജനവും വിട്ടുപോകലും ഇന്ത്യന്‍ ഭരണവര്‍ഗത്തിനും വര്‍ഗചൂഷണത്തിനും എതിരെയുള്ള രാജ്യവ്യാപക സമരത്തെ ദുര്‍ബലമാക്കും. തൊഴിലാളിവര്‍ഗ പാര്‍ടിയുടെ കടമ ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗത്തിന്റെ പൊതുവായ ചൂഷണത്തിനെതിരെ എല്ലാ ദേശീയതകളിലുംപെട്ട തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും ഐക്യം കെട്ടിപ്പടുക്കലാണെന്ന് ബസവ പുന്നയ്യ വിശദീകരിച്ചു. പാര്‍ടി പരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലും ദീര്‍ഘമായി നടന്ന ഉള്‍പാര്‍ടി സമരത്തിലൂടെയാണ് സിപിഐ എം വളര്‍ന്നുവന്നത്. പിന്നീട് സിപിഎസ്യുവിന്റെയും സിപിസിയുടെയും തെറ്റായ നയങ്ങള്‍ക്കെതിരെയും നിലകൊണ്ടു. മാര്‍ക്സിസം ലെനിനിസം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിച്ചതുവഴിയാണ് ഇതിന് സാധിച്ചത്. ഈ പ്രക്രിയയില്‍ ബസവ പുന്നയ്യയാണ് പാര്‍ടിയുടെ പ്രത്യയശാസ്ത്ര പോരാളി. മാര്‍ക്സിസത്തിലുള്ള അഗാധമായ അറിവും മാര്‍ക്സിസം- ലെനിനിസത്തോടുള്ള അചഞ്ചലമായ കൂറും ഇന്ത്യന്‍ വിപ്ലവത്തോട് ശരിയായ സമീപനം സ്വീകരിക്കാനായി മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ത്വരയുമാണ് ബസവ പുന്നയ്യയില്‍ കാണാനായത്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ ഉയരങ്ങള്‍ കീടക്കാന്‍ നമുക്ക് കഴിയണം.

*
പ്രകാശ് കാരാട്ട്

Wednesday, January 1, 2014

ഹാരി മാഗ്‌ഡോഫിന്റെ സ്മരണ പുതുക്കുമ്പോള്‍ (1913 - 2006)

ഹാരി മാഗ്‌ഡോഫ് മരിച്ചിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാകുകയാണ്. പ്രമുഖ സോഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായിരുന്നു ഹാരി.
1913 ഓഗസ്റ്റ് 21 നാണ് ഹാരി ജനിച്ചത്. ഒരു പെയിന്റിംഗ് തൊഴിലാളിയായിരുന്നു ഹാരിയുടെ പിതാവ്. ന്യൂയോര്‍ക്കില്‍ ഹാരി വളരുമ്പോള്‍ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ചൂടുപിടിക്കുകയായിരുന്നു. ഒരു ചര്‍ച്ചയില്‍ കേട്ട വാചകം ഹാരിയെ ഞെട്ടിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള ഇന്ത്യ എന്ന വാചകം ഹാരിയെ കൊളോണിയലിസം എന്താണെന്ന് പഠിക്കാന്‍ പ്രേരിപ്പിച്ചു. 1929 ല്‍ തന്റെ പതിനഞ്ചാം വയസില്‍ ഹാരി മാര്‍ക്‌സിനെ വായിച്ചു. കോണ്‍ട്രിബ്യൂഷന്‍ ടു എ ക്രിട്ടിക് ഓഫ് പൊളിറ്റിക്കല്‍ ഇക്കോണമി എന്ന മാര്‍ക്‌സിയന്‍ കൃതി പൂര്‍ണമായും വായിച്ചു മനസ്സിലാക്കാന്‍ ആ ബാലനു കഴിഞ്ഞില്ല. പക്ഷേ സാമ്പത്തികശാസ്ത്രത്തില്‍ അഗാധമായ പഠനം നടത്താന്‍ മാര്‍ക്‌സ് വഴികാട്ടിയായി.

ന്യൂയോര്‍ക്കിലെ സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ പുരോഗമന വിദ്യാര്‍ഥി സംഘടനയായ സോഷ്യല്‍ പ്രോബ്ലംസ് ക്ലബ്ബ് രൂപീകരിക്കുകയും സംഘടനയുടെ മാസികയായ 'ഫ്രേണ്ടിയേഴ്‌സ്' ന്റെ എഡിറ്ററുമായിരുന്നു ഹാരി. യുദ്ധത്തിനും ഫാസിസത്തിനും എതിരെ 1932 ല്‍ ഷിക്കാഗോയില്‍ നടന്ന  വിദ്യാര്‍ഥി സമ്മേളനത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. അക്കാലത്താണ് ന്യൂയോര്‍ക്ക് വിദ്യാര്‍ഥിനിയായ ബിയാട്രിസ് ഗ്രെയിസറിനെ വിവാഹം ചെയ്തത്.

1932 - 33 കാലഘട്ടത്തില്‍ നാഷണല്‍ സ്റ്റുഡന്റ് ലീഗിന്റെ മുഖപത്രമായ സ്റ്റുഡന്റ് റിവ്യൂവില്‍ കൊളോണിയലിസത്തെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും ഹാരി ലേഖനങ്ങള്‍ എഴുതി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഹാരിയെ കോളജില്‍ നിന്നും പുറത്താക്കി. പിന്നീട് ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ചേര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. അതിനുശേഷം ഫിലാഡല്‍ഫിയായില്‍ ഒരു ജോലിക്കു ചേര്‍ന്നെങ്കിലും കൂലി തുച്ഛമായിരുന്നു. എങ്കിലും അവിടെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയെക്കുറിച്ച് ഗാഢമായ പഠനം നടത്തി.

ഡിഫന്‍സ് അഡൈ്വസറി ഉദ്യോഗസ്ഥനായി ആസൂത്രണത്തെക്കുറിച്ച് ഹാരി ശരിയായ പഠനം നടത്തി പത്തുവര്‍ഷക്കാലം വാള്‍സ്ട്രീറ്റില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവായി ജോലി ചെയ്തു. 1950 കളിലും 1960 കളിലെ ആദ്യവര്‍ഷങ്ങളിലും ബിസിനസ് ഗ്രൂപ്പുകള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു ഹാരി. തുടര്‍ന്ന് ന്യൂ സ്‌കൂള്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചില്‍ അധ്യാപകനായി. ലിയോ ഹൂബെര്‍മാനും പോള്‍ സ്വീസിയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച മാസിക മന്തിലി റിവ്യൂ തുടക്കം മുതല്‍ ഹാരിയെ ആകര്‍ഷിച്ചു. മന്തിലി റിവ്യൂ ഹാരിക്ക് ഇഷ്ടപ്പെടാന്‍ കാരണം അത് സോഷ്യലിസത്തെക്കുറിച്ച് എഴുതുന്നു എന്നതാണ്. അങ്ങനെ ഹാരി സോഷ്യലിസ്റ്റായി മാറുകയാണ്.

ഹാരി മന്തിലി റിവ്യൂവില്‍ സോഷ്യലിസത്തെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തെക്കുറിച്ചും വിശദമായ ലേഖനങ്ങള്‍ എഴുതി. അതിന്റെ എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു.

ഒരു മാര്‍ക്‌സിസ്റ്റ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ആശയപ്രചാരണത്തിന് ഹാരി വന്‍ പ്രാധാന്യം നല്‍കി. മാര്‍ക്‌സിസത്തിന്റെ പ്രചാരണം തന്റെ ദൗത്യമായി ഏറ്റെടുത്ത് ഒരു വലിയ സുഹൃദ്‌സംഘത്തെ വളര്‍ത്തി എടുത്തു. ക്യൂബന്‍ വിപ്ലവകാരി ചെഗുവേരയുമായി ഹാരി നല്ല സുഹൃദ് ബന്ധം വളര്‍ത്തി. കമ്മ്യൂണിസത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും തമ്മില്‍ ആശയങ്ങള്‍ കൈമാറിയിരുന്നു. 'എന്‍കൗണ്ടര്‍ വിത്ത് ചെ' എന്ന പുസ്തകം 2004 ല്‍ പ്രസിദ്ധീകരിച്ചു.

1990 കളില്‍ ആഗോളവല്‍ക്കരണത്തെക്കുറിച്ചും സാമ്രാജ്യത്വത്തെക്കുറിച്ചും ഹാരി ഗൗരവമായ പഠനം നടത്തി. ആഗോളവല്‍ക്കരണത്തിന്റെ ദോഷഫലങ്ങള്‍ അദ്ദഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. ഇന്ന് നാം നടത്തുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ഹാരിയുടെ പഠനങ്ങള്‍ കരുത്ത് പകരുന്നു. ആഗോള സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ വളര്‍ച്ചയും മൂന്നാംലോക ചൂഷണം മുന്‍കൂട്ടി കാണാനും ഹാരി മാഗ്‌ഡോഫിന് കഴിഞ്ഞു.

മന്തിലി റിവ്യൂ ക്രമേണ ലോകപ്രശസ്ത സോഷ്യലിസ്റ്റ് മാസികയായി വളര്‍ന്നു. 2002 ജൂണ്‍ മാസം ഹാരിയുടെ ഭാര്യ മരിച്ചതിനുശേഷം ഹാരി ബര്‍ലിംഗ്ടണില്‍ മകന്‍ ഫ്രെഡന്റെ കൂടെ താമസം തുടങ്ങി. ഹാരിയുടെ മകന്‍ വെര്‍മൗണ്ട് സര്‍വകലാശാലാ പ്രൊഫസറും മന്തിലി റിവ്യൂവിന്റെ സഹപത്രാധിപരുമാണ്. അച്ഛനും മകനും ചേര്‍ന്ന് കുറെ ലേഖനങ്ങള്‍ 2003 - 2005 കാലഘട്ടത്തില്‍ എഴുതിയിട്ടുണ്ട്.

ഹാരിയുടെ മകന്റെ വാക്കുകള്‍ പ്രകാരം ഹാരിക്ക് അറിയാതിരുന്ന ഒരു വിഷയവും ഉണ്ടായിരുന്നില്ല. ചരിത്രം, സാഹിത്യം, ഗണിതം, രാഷ്ട്രീയം, ശാസ്ത്രം ഏതു വിഷയവും ചോദിച്ചാല്‍ ഹാരിയില്‍ നിന്ന് ഉത്തരം കിട്ടും. ഒരു അസാമാന്യ പ്രതിഭയായിരുന്നു ഹാരി മാഗ്‌ഡോഫ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മുന്നേറ്റങ്ങള്‍ അവസാനകാലത്ത് ഹാരിയെ ആവേശം കൊള്ളിച്ചു.

ഹൃദയാഘാതം മൂലം 2006 പുതുവര്‍ഷ പുലരിയിലാണ് അദ്ദേഹം അന്തരിച്ചത്. ലോകപ്രശസ്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയേയും സാമ്പത്തിക ശാസ്ത്രജ്ഞനേയുമാണ് നമുക്ക് നഷ്ടപ്പെട്ടത്. കോടിക്കണക്കിന് ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്നു ഹാരി. പുതിയൊരു ലോകം സാധ്യമാണ് എന്നും അതിനുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

സാമൂഹ്യനീതിക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുകയാണ് നമുക്ക് ഹാരിയുടെ ഓര്‍മ്മപുതുക്കലിലൂടെ ചെയ്യാനുള്ളത്.

*
കെ ജി സുധാകരന്‍ ജനയുഗം

സഫ്ദര്‍ ഹശ്മി: മരിക്കില്ല ഓര്‍മകള്‍

പുരോഗമന കലാപ്രസ്ഥാനത്തിന് അണയാത്ത വെളിച്ചമാണ് സഫ്ദര്‍ ഹശ്മി. സഫ്ദര്‍ രക്തസാക്ഷിയായിട്ട് 25 വര്‍ഷം തികയുന്നു. 1989 ജനുവരി ഒന്നിന് ഡല്‍ഹിക്കടുത്തുള്ള സാഹിബാബാദിലെ ജന്ദപ്പുര്‍ ഗ്രാമത്തില്‍ തെരുവുനാടകം അവതരിപ്പിച്ച സമയത്താണ് കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ തലയ്ക്കടിച്ചുവീഴ്ത്തിയത്. പിറ്റേന്ന് മരിച്ചു. കൊല്ലപ്പെടുമ്പോള്‍ മുപ്പത്തിനാലു വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഗാസിയാബാദിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം പിന്തുണയോടെ മത്സരിച്ച സ്ഥാനാര്‍ഥി രാമനാഥ്ഝായുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം "ഹല്ലാബോല്‍" (ഉറക്കെപ്പറയുക) എന്ന നാടകമാണ് ഹശ്മിയും കൂട്ടരും അവതരിപ്പിച്ചത്. കലയുടെ കരുത്തുകണ്ട ബൂര്‍ഷ്വാസി വിറളിപിടിച്ച് നാടകസംഘത്തെ കടന്നാക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിഐടിയു തൊഴിലാളിയായിരുന്ന രാംബഹദൂറും കൊല്ലപ്പെട്ടു.

തെരുവില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരുന്ന കലാകാരനെ പട്ടാപ്പകല്‍ നിഷ്കരുണം അടിച്ചുകൊന്ന കാട്ടാളത്തം കേട്ടുകേള്‍വിയില്ലാത്തതാണ്. സഫ്ദര്‍ ഹശ്മിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു തെരുവുനാടകങ്ങള്‍. തെരുവെന്നാല്‍, ജീവിതത്തിന്റെ തെരുവായാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ജീവിതം തുടിച്ചുനില്‍ക്കുന്നത് തെരുവുകളിലാണ്. ദിവസം ഇരുപതു രൂപപോലും വരുമാനമില്ലാത്ത എണ്‍പത്തേഴു കോടി ജനങ്ങള്‍ പുഴുക്കളെപ്പോലെ പിടഞ്ഞുജീവിക്കുന്ന നാടാണ് ഇന്ത്യ. ചേരികളിലും വഴിയോരങ്ങളിലും നരകജീവിതം നയിക്കുന്ന ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് ഹശ്മി ഇഷ്ടപ്പെട്ടത്. നാടകം മാത്രമല്ല, കവിതയും പാട്ടും ചിത്രകലയുമെല്ലാം ജനങ്ങള്‍ക്കായി ഉപയോഗിച്ചു. സാഹിത്യപണ്ഡിതന്മാരുടെ പൊള്ളയായ സിദ്ധാന്തങ്ങള്‍ ഉരുവിട്ടുനടക്കുന്നതില്‍ ഒരു കാര്യവുമില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഹശ്മി മാത്രമല്ല, കുടുംബമാകെ സമര്‍പ്പിതമായ കലാജീവിതമാണ് നയിച്ചത്. 1973ല്‍ ജനനാട്യമഞ്ച് (ജനകീയ നാടക മുന്നണി) രൂപീകരിച്ചു. ഡല്‍ഹിയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ പിന്തുണ നേടിയെടുക്കാന്‍ "ജന"ത്തിന് കഴിഞ്ഞു. ഇടതുരാഷ്ട്രീയ സംഘടനകളും അവരെ സഹായിച്ചു.

അഴിമതി, അനീതി, ദുര്‍ഭരണം തുടങ്ങിയവക്കെതിരെയുള്ള പോരാട്ടങ്ങളില്‍ "കല"യെ ശക്തമായ ആയുധമാക്കി മാറ്റി. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ള സംഘടിതശക്തിയായ തൊഴിലാളികളോടൊപ്പം ജീവിക്കുകയും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രാധാന്യം സ്വന്തം നാടകങ്ങളിലൂടെ ജനങ്ങളെ പഠിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്. അരാഷ്ട്രീയവാദിയായി ചുരുങ്ങാനല്ല, ഗൗരവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായി ഉയരാനാണ് ഹശ്മി തീരുമാനിച്ചത്. അദ്ദേഹം സിപിഐ എം അംഗമായിരുന്നു. ദൈനംദിന സംഭവങ്ങളുടെ രാഷ്ട്രീയമാനം നാടകങ്ങളിലൂടെ അവതരിപ്പിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്ചാര്‍ജ് അമിതമായി വര്‍ധിപ്പിച്ചപ്പോള്‍ ഡിടിസിയുടെ കൊലച്ചതി നാടകമായി, അത് അവതരിപ്പിച്ചപ്പോള്‍ നാടകസംഘത്തെ ഒന്നാകെ അറസ്റ്റുചെയ്താണ് ഭരണകൂടം നാടകത്തെ നേരിട്ടത്. അടിയന്തരാവസ്ഥയിലെ അര്‍ധഫാസിസ്റ്റ് ഭരണത്തെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്ന "കുര്‍സി, കുര്‍സി, കുര്‍സി" ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമാണ്. ഇതേപോലെ വിലക്കയറ്റം, സ്ത്രീപ്രശ്നം - ഇതെല്ലാം നാടകരൂപത്തില്‍ അവതരിപ്പിച്ചു. തൊഴിലാളിജീവിതം അപഗ്രഥിക്കുന്ന "മെഷീന്‍" ഹശ്മിയുടെ പ്രധാനപ്പെട്ട നാടകമാണ്. വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു ഹശ്മി. വിദ്യാര്‍ഥിരംഗത്ത് സാംസ്കാരികമുന്നണി വളര്‍ത്തിയെടുക്കുന്ന ചുമതലയാണ് ഹശ്മി നിറവേറ്റിയത്. ബര്‍ത്തോള്‍ഡ് ബ്രഹ്ത്തിന്റെ വൈരുധ്യാത്മക നാടകവേദി (ഉശമഹലശേരമഹ ഠവലമേൃലെ) യെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ബ്രഹ്ത്തിന്റെ നാടകങ്ങള്‍ അവതരിപ്പിക്കുകയുംചെയ്തു. തെരുവുനാടകങ്ങളോടൊപ്പം തിയറ്റര്‍ നാടകങ്ങളിലും ഹശ്മിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എല്ലാ നാടകരീതികളുടെയും കരുത്തും പരിമിതിയും തിരിച്ചറിയുന്ന അന്വേഷണമാണ് അദ്ദേഹം നടത്തിയത്. ജനനാട്യമഞ്ചിനെ കടന്നാക്രമിക്കാനും നശിപ്പിക്കാനും ശത്രുക്കള്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. അറസ്റ്റും ഭീഷണിയും ദേഹോപദ്രവവും പലതവണ നേരിടേണ്ടിവന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അരങ്ങേറാനുള്ള അവകാശം എന്ന ലേഖനം ഹശ്മി എഴുതിയത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിലനിന്ന ചില ഭീകരനിയമങ്ങള്‍ ജനനാട്യമഞ്ചിനെതിരെ പ്രയോഗിക്കാനും അധികാരികള്‍ മടിച്ചില്ല. ഹശ്മിയുടെ ജീവിതപങ്കാളി മാലശ്രീ ഹശ്മി, ആഘാതങ്ങളില്‍ തളരാതെ, നാടകപ്രവര്‍ത്തനവും സാംസ്കാരികപ്രവര്‍ത്തനവും നടത്തി ഡല്‍ഹിയില്‍ സജീവസാന്നിധ്യമാണ്. നൂറിലധികം നാടകങ്ങളില്‍ അവര്‍ അഭിനയിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ അയ്യായിരത്തിലധികം വേദികളില്‍ അവര്‍ നാടകം അവതരിപ്പിച്ചു. ഹശ്മി തലയ്ക്കടിയേറ്റുവീണ അതേ സ്ഥലത്ത് നാലാം ദിവസം ആയിരക്കണക്കിനാളുകള്‍ കാണ്‍കെ മാലശ്രീ ഹശ്മി നാടകം പൂര്‍ത്തിയാക്കിയത് സമാനതകളില്ലാത്ത ചരിത്ര സംഭവമായി.

ജനകീയകലയെ, കലാകാരനെ നിശബ്ദനാക്കാനാവില്ലെന്ന് തെളിയിക്കുകയായിരുന്നു മാലശ്രീ ഹശ്മി. എന്താണ് സ്വാതന്ത്ര്യമെന്ന് ഹശ്മി പറയുന്നത് ശ്രദ്ധിക്കുക: "സ്വാതന്ത്ര്യമെന്നാല്‍ സ്നേഹിക്കലും സഹായിക്കലുമാണ് അത് കരുതലും പങ്കുവയ്ക്കലുമാണ് പേടിക്കാതെയും പേടിപ്പിക്കാതെയും എങ്ങുമെങ്ങുമുള്ള മനുഷ്യരെ സ്നേഹിക്കലാണ്" ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തേണ്ട സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ നമ്മള്‍ ഹശ്മിയുടെ മരിക്കാത്ത ഓര്‍മകള്‍ പങ്കുവയ്ക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിമരിച്ച കലാകാരനാണ് സഫ്ദര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ രാജ്യം എത്തിനില്‍ക്കുന്നു. ഫാസിസ്റ്റുകളും അഴിമതിക്കാരും അധികാരത്തിനായി കുടിലതന്ത്രങ്ങള്‍ മെനയുകയാണ്. പ്രതിരോധത്തിന്റെ വഴികള്‍ സഫ്ദര്‍ നമ്മുടെ മുമ്പില്‍ തുറന്നുതന്നിട്ടുണ്ട്. സഫ്ദര്‍ നമുക്ക് വഴിയും വഴിവെളിച്ചവുമാകട്ടെ.

*
പ്രൊഫ. വി എന്‍ മുരളി

Monday, November 25, 2013

ചോരയില്‍ കുതിര്‍ന്ന നവംബര്‍ 25

ലോകഭൂപടത്തില്‍ കൂത്തുപറമ്പ് എന്ന കൊച്ചുപട്ടണത്തെ തീക്ഷ്ണ യൗവനത്തിന്റെ ചോരകൊണ്ട് അടയാളപ്പെടുത്തിയിട്ട് 19 വര്‍ഷമാകുന്നു. യുവജനപ്രക്ഷോഭത്തിന്റെ ചരിത്രവീഥിയില്‍ രക്തസാന്ദ്രമായ വീരഗാഥയാണ് കൂത്തുപറമ്പ് സമരം. ഗാന്ധിയന്‍ സമരരീതിയെ അനുസ്മരിപ്പിക്കുംവിധം കറുത്തതുണി ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച അഞ്ചുയുവാക്കളെ വെടിവച്ചുകൊന്ന ഭരണകൂടഭീകരതയ്ക്ക് ജനാധിപത്യത്തില്‍ പൂര്‍വമാതൃകകളില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ പൗരാവകാശം ഏട്ടിലെ പശുവായി മാറിയ ചരിത്രത്തിലെ ദുര്‍ദിനമായിരുന്നു 1994 നവംബര്‍ 25.

നവലിബറല്‍ നയങ്ങളുടെ ആരംഭകാലത്ത് വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി കച്ചവടവല്‍ക്കരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരായ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലെ സമരം. പൊതുസ്വത്തായ പരിയാരം മെഡിക്കല്‍ കോളേജ് എം വി രാഘവന്റെയും കൂട്ടാളികളുടെയും സ്വകാര്യസ്വത്താക്കി മാറ്റുന്നതിനെതിരായ പ്രതിഷേധവും ഇരമ്പിയ കാലമായിരുന്നു അത്. കൂത്തുപറമ്പില്‍ ഒരു സഹകരണബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനംചെയ്യാനാണ് എം വി രാഘവന്‍ അന്ന് എത്തിയത്. പ്രസ്തുത പരിപാടി ഉപേക്ഷിക്കണമെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കൂത്തുപറമ്പിലേക്ക് നരനായാട്ടിനായി വാശിയോടെ രാഘവന്‍ എത്തുകയായിരുന്നു. സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍ പങ്കാളിയാകരുതെന്ന നിര്‍ബന്ധംമൂലം അന്നത്തെ തൊഴില്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ സുധാകരനും എം വി രാഘവനും ചേര്‍ന്ന് കൂത്തുപറമ്പിലെ മനുഷ്യക്കുരുതി മുന്‍കൂട്ടി ഗസ്റ്റ് ഹൗസില്‍വച്ച് ആസൂത്രണംചെയ്തിരുന്നുവെന്നും അങ്ങനെയാണ് വെടിവയ്പുണ്ടായതെന്നും പിന്നീട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി. തികച്ചും സമാധാനപരമായി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച ചെറുപ്പക്കാരെ ആസൂത്രിതമായി വെടിവച്ചുകൊന്ന കിരാത നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

കൂത്തുപറമ്പിലെ മനുഷ്യക്കുരുതിക്കുശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. ജസ്റ്റിസ് പത്മനാഭന്‍നായര്‍ കമീഷനാണ് കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ചത്. ഇന്ത്യന്‍ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍ (ഐപിഎച്ച്ആര്‍സി) മറ്റൊരു അന്വേഷണവും നടത്തി. ജസ്റ്റിസ് ഹരിസ്വരൂപും ജസ്റ്റിസ് എച്ച് സുരേഷുമായിരുന്നു ഐപിഎച്ച്ആര്‍സിയുടെ അന്വേഷണം നടത്തിയത്. രണ്ട് അന്വേഷണങ്ങളും സമാനമായ കണ്ടെത്തലുകളാണ് നടത്തിയത്.

വെടിവയ്പ് അനാവശ്യമായിരുന്നെന്നും, വെടിവയ്ക്കാന്‍ ഒരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും കമീഷനുകള്‍ കണ്ടെത്തി. അനാവശ്യമായ വെടിവയ്പിന്റെ ഉത്തരവാദികളായി എം വി രാഘവനെയും ഹക്കിം ബത്തേരി, രവതചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരെയും കമീഷനുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കമീഷനുകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വെടിവയ്പിനുത്തരവാദികളായ ക്രിമിനലുകളെ വെറുക്കപ്പെട്ട ഘാതകരായിത്തന്നെ സമൂഹം ഇന്നും കണക്കാക്കുന്നു. കൂത്തുപറമ്പില്‍ പൊലിഞ്ഞുവീണ അഞ്ചു ചെറുപ്പക്കാരും ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ലക്ഷക്കണക്കിനു മാതാപിതാക്കളുടെ അരുമ സന്തതികളായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.

കൂത്തുപറമ്പിലെ വെടിവയ്പിനുശേഷം കേരളത്തില്‍ യുവജനപ്രസ്ഥാനം ഭയന്ന് മാളത്തിലൊളിക്കുകയല്ല ചെയ്തത്. കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവോടെ യുവലക്ഷങ്ങള്‍ സമരമുഖങ്ങളില്‍ സമര്‍പ്പിതമനസ്കരായി കൂടുതല്‍ കരുത്തോടെ നിലയുറപ്പിച്ചു. പ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറി. വെടിയുണ്ടകള്‍ക്ക് സമരതീക്ഷ്ണയൗവനത്തെ പിറകോട്ടടിപ്പിക്കാന്‍ കഴിഞ്ഞില്ല. വര്‍ത്തമാനകാല സമരങ്ങള്‍ക്കും കൂത്തുപറമ്പിന്റെ ഓര്‍മകള്‍ ഊര്‍ജമാണ്.

കേരളമിന്ന് വമ്പിച്ച ജനകീയസമരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. സോളാര്‍തട്ടിപ്പിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രിയുമായി കുറ്റവാളികള്‍ക്കും ക്രിമിനലുകള്‍ക്കുമുള്ള ഉറ്റബന്ധം നാള്‍ ചെല്ലുന്തോറും പകല്‍പോലെ വ്യക്തമായിവരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയേണ്ടതായി വരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും കടന്നുപോകുന്ന ദേശീയപാതയിലുമെല്ലാം ആയിരങ്ങള്‍ കറുത്ത പതാകകളുമായി കാത്തുനില്‍ക്കുകയാണ്.

മുഖ്യമന്ത്രിയെ ഉപരോധിച്ചാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും സമരംചെയ്യുന്നവരെ വെടിവച്ച് കൊല്ലുമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ഈയടുത്തദിവസം പ്രസംഗിച്ചത്. വെടിയുണ്ടകളെ പരാജയപ്പെടുത്തി വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ജീവിക്കുന്ന സമരവീര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ സ.പുഷ്പനെയും കോണ്‍ഗ്രസ് വക്താവ് പരിഹസിക്കുകയായിരുന്നു.

അപഹാസ്യമായ ഭീഷണിയുയര്‍ത്തുന്നവര്‍ സമരങ്ങളുടെ ചരിത്രമറിയാത്തവരാണ്. ലോകത്തൊരിടത്തും വെടിയുണ്ടകള്‍ക്കും തടവറകള്‍ക്കും മുന്നില്‍ ജനകീയസമരങ്ങള്‍ തോറ്റിട്ടില്ല. ജനങ്ങള്‍ക്കുനേരെ തോക്കെടുത്തവരും വെടിയുതിര്‍ത്തവരും പിന്നീട് അങ്ങേയറ്റം വെറുക്കപ്പെട്ടവരായി മാറി എന്നതാണ് നാളിതുവരെയുള്ള ചരിത്രം. കൂത്തുപറമ്പ് വെടിവയ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എം വി രാഘവനും കരുണാകരനുമൊക്കെ എന്തു സംഭവിച്ചെന്ന് ഈ വക്താക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. 1994 നവബംര്‍ 25നുശേഷം ഒന്നരവര്‍ഷക്കാലം മന്ത്രിപദത്തിലിരുന്ന രാഘവന് ഒരു പൊതുപരിപാടിയില്‍പ്പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പൊലീസും ദ്രുതകര്‍മസേനയും കമാന്‍ഡോകളുമെല്ലാം കിണഞ്ഞുപരിശ്രമിച്ചിട്ടും അന്ന് രാഘവന് വീട്ടിലിരിക്കേണ്ടി വന്നുവെന്ന ചരിത്രവും ആരും മറക്കരുത്.

പത്തൊമ്പതു വര്‍ഷംമുമ്പ് കൂത്തുപറമ്പില്‍ വീണ യുവരക്തം ഒരിക്കലും പാഴാവില്ല. അനീതിക്കും അഴിമതിക്കുമെതിരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത മഹാപ്രവാഹമായി യുവശക്തി ആര്‍ത്തിരമ്പിയെത്തുമ്പോള്‍ ഒരു ഏകാധിപതിക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല.

കെ കെ രാജീവന്റെയും കെ വി റോഷന്റെയും വി മധുവിന്റെയും സി ബാബുവിന്റെയും ഷിബുലാലിന്റെയും ഐതിഹാസികമായ രക്തസാക്ഷിത്വം അളക്കാനാകാത്ത സമരവീര്യം പകര്‍ന്നു നല്‍കുന്ന ഊര്‍ജത്തിന്റെ ഉറവിടമായി യുവകേരളം ഒരിക്കല്‍ക്കൂടി ഏറ്റുവാങ്ങുകയാണ്. അസാമാന്യമായ ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമായ പുഷ്പന്റെ ഹൃദയമിടുപ്പുകളെ നെഞ്ചേറ്റുവാങ്ങുന്ന യുവകേരളം കൂത്തുപറമ്പിലെ ധീരന്മാരുടെ വീരപൈതൃകം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കും. പുതിയ പോരാട്ടങ്ങള്‍ ലോകത്തെ ചുവപ്പിക്കുകതന്നെചെയ്യും.

*
എം സ്വരാജ്

Saturday, November 23, 2013

മതനിരപേക്ഷതയുടെ പ്രതീകം

കറകളഞ്ഞ മതനിരപേക്ഷതയുടെയും തികഞ്ഞ സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിയുടെയും പ്രതീകമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂരില്‍ 1898ലാണ് അദ്ദേഹം ജനിച്ചത്. 1945 നവംബര്‍ 23ന് അന്തരിച്ചു. അദ്ദേഹത്തിന്റെ 68-ാം ചരമവാര്‍ഷികദിനം ആചരിക്കുന്ന വേളയില്‍ ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തമായ ചില വിഷയങ്ങള്‍ ഓര്‍മയില്‍ വരികയാണ്.

അബ്ദുറഹ്മാന്‍ സാഹിബ് മനുഷ്യസ്നേഹിയായ കോണ്‍ഗ്രസുകാരനായിരുന്നു. ഇന്ത്യയുടെ ദേശീയ വിമോചനപോരാട്ടത്തില്‍ സജീവമായ നേതൃത്വം വഹിച്ചു. കോണ്‍ഗ്രസിലെ ഇടതുപക്ഷത്തോടൊപ്പമാണ് സാഹിബ് നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയോട് എതിര്‍പ്പില്ലെന്നുമാത്രമല്ല നല്ല അടുപ്പവുമുണ്ടായിരുന്നു. നിലവിലുള്ള സമൂഹത്തില്‍ പുരോഗമനപരമായ മാറ്റംവരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നോക്കാവസ്ഥയില്‍ കഴിയാന്‍ നിര്‍ബന്ധിതരായ മുസ്ലിം ജനവിഭാഗത്തെ മറ്റുള്ളവരോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനനുസരിച്ച് സധൈര്യം പ്രവര്‍ത്തിക്കുകയുംചെയ്തു. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു. ചുരുങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനകാലത്ത് വര്‍ഷങ്ങളോളം ബ്രിട്ടീഷ് സാമ്രാജ്യത്വം അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചിട്ടു. 1940 മുതല്‍ 1945 വരെ. 1945 സെപ്തംബര്‍ നാലിനാണ് ജയില്‍ മോചിതനായത്. പിന്നീട് 80 ദിവസംമാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളില്‍നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ ഓര്‍മ, യുവതലമുറയെ ആവേശഭരിതരാക്കുമെന്നതില്‍ സംശയമില്ല.

അലിഗര്‍ സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ വിദ്യാലയം വിട്ട അദ്ദേഹം സ്വാതന്ത്ര്യസമരപോരാളിയായി മാറി. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായ പങ്കുവഹിച്ചു. 1921ല്‍ ആരംഭിച്ച മലബാര്‍ കലാപത്തില്‍ മാപ്പിളകര്‍ഷകരുടെ ഭാഗത്ത് ഉറച്ചുനിന്നു. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടമാണ്, മാപ്പിളലഹളയെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പേരിട്ട മലബാര്‍കലാപമെന്ന് സാഹിബ് തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് സമരക്കാരോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം തയ്യാറായത്. കര്‍ഷകരെ കടുത്ത ചൂഷണത്തിന് വിധേയരാക്കിയ ജന്മികള്‍ക്ക് സഹായം നല്‍കിയത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. ഒന്നാംലോകമഹായുദ്ധകാലത്ത് പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധംചെയ്ത മാപ്പിളമാര്‍ യുദ്ധം അവസാനിച്ചതോടെ കൂട്ടത്തോടെ പിരിച്ചുവിടപ്പെട്ടു. തൊഴില്‍രഹിതരായ മാപ്പിളമാര്‍ ജന്മിമാരില്‍നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തു. കഠിനാധ്വാനംചെയ്ത് കൃഷിചെയ്ത് ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച കര്‍ഷകരുടെ ഉല്‍പ്പന്നത്തില്‍ സിംഹഭാഗവും ജന്മിമാര്‍ പാട്ടമായി തട്ടിയെടുത്തു. കര്‍ഷകര്‍ക്ക് പട്ടിണികിടക്കേണ്ടി വന്നു. ഈ അനുഭവമാണ് ഏറനാട്ടിലെ മാപ്പിള കര്‍ഷകരെ ജന്മിമാര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ജന്മിമാരെ സഹായിച്ച് ജന്മിസമ്പ്രദായം അരക്കിട്ടുറപ്പിക്കാന്‍ അധികാരം ഉപയോഗിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതുകൊണ്ടുതന്നെ ഏറനാട്ടിലെ കര്‍ഷകസമരം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായിരുന്നു. ഈ വസ്തുത കോണ്‍ഗ്രസിലെ ഒരു ചെറിയ വിഭാഗം തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവും ലീഗ് നേതൃത്വവും മലബാര്‍ കലാപത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് അബ്ദറഹ്മാന്‍ സാഹിബ്, മൊയ്തു മൗലവി എന്നിവര്‍ മുസ്ലിം കലാപകാരികളോടൊപ്പം ഉറച്ചുനിന്നു. മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ച 1946ല്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി കലാപത്തെ അവലോകനംചെയ്ത് ശരിയായ നിലപാട് സ്വീകരിച്ചു. അന്നത്തെ മലബാര്‍ കമ്മിറ്റി മലബാര്‍ കലാപത്തെപ്പറ്റി ഒരു പ്രമേയം അംഗീകരിച്ചു. സ. ഇ എം എസ് "ആഹ്വാനവും താക്കീതും" എന്ന ലേഖനം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ് നേതാവായ എം പി നാരായണമേനോനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനൊപ്പമായിരുന്നു. ദേശീയ മുസ്ലിങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായ പങ്ക് വഹിച്ചു. 1906ല്‍ ആരംഭിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതൃത്വം ദേശീയ മുസ്ലിങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി, പി പി ഉമ്മര്‍കോയ തുടങ്ങി നിരവധി മുസ്ലിംനേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്ന നിലയില്‍ സ്വാതന്ത്ര്യസമരത്തില്‍ ധീരമായി അണിനിരന്നു. അവരാണ് ദേശീയ മുസ്ലിങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടത്.

അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായമാണ് അല്‍അമീന്‍ എന്ന പത്രത്തിന്റെ പ്രസിദ്ധീകരണം. അല്‍അമീന്‍ പത്രത്തെപ്പറ്റി ഇ എം എസ് രേഖപ്പെടുത്തിയതിങ്ങനെയാണ്. ""അലിഗര്‍ സര്‍വകലാശാലയില്‍ അധ്യയനം നടത്തിക്കൊണ്ടിരിക്കവേ നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും സന്ദേശമുള്‍ക്കൊണ്ട് രാഷ്ട്രീയത്തിലേക്ക് കുതിച്ചുചാടിയ ഒരു യുവാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ മാതൃഭൂമിക്ക് സമാന്തരമായി അല്‍അമീന്‍ എന്ന പേരില്‍ ഒരു ദേശീയ മുസ്ലിംപത്രം നടത്തി. മൊയ്തുമൗലവിയടക്കം സമര്‍ഥരായ പല സഹായികളും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് മുസ്ലിം ലീഗ് നേതാക്കളായി പ്രശസ്തിയാര്‍ജിച്ച ചിലരും അന്ന് സാഹിബിന്റെ അനുയായികളായിരുന്നു. 1921ലെ "മാപ്പിളലഹള"യെത്തുടര്‍ന്ന് ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മുസ്ലിങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട നിലയില്‍ കഴിഞ്ഞുകൂടുമ്പോള്‍ അവരില്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യസമരത്തിന്റെ ആവേശവും പകര്‍ന്നുകൊടുക്കാന്‍ അല്‍അമീന്‍ പത്രത്തിന് ചുറ്റും രൂപംകൊണ്ട ദേശീയ മുസ്ലിങ്ങളും അവരുടെ കഴിവ് മുഴുവന്‍ ഉപയോഗിച്ചു. ഇതിലവര്‍ക്ക് വ്യക്തിപരമായി നേതൃത്വം നല്‍കിയത് മുഹമ്മദ് അബ്ദുറഹ്മാനാണ്. 1930ല്‍ ഉപ്പുസത്യഗ്രഹം നടക്കുമ്പോള്‍ ഞാനൊരു വിദ്യാര്‍ഥിയായിരുന്നു. അന്ന് മാതൃഭൂമിയെന്നപോലെ അല്‍അമീനും കൃത്യമായി വായിച്ചിരുന്നു. എന്നെപ്പോലുള്ള യുവ ദേശീയവാദികളില്‍ മാതൃഭൂമിയേക്കാള്‍ ഒട്ടും കുറയാത്ത സ്വാധീനം അല്‍അമീന്‍ ചെലുത്തിയിരുന്നു"". അല്‍അമീന്‍ എന്ന പത്രത്തിന്റെ അന്നത്തെ പ്രാധാന്യം തിരിച്ചറിയാന്‍ ഇതിനപ്പുറം ഒരു സാക്ഷ്യപത്രം ആവശ്യമില്ല.

അബ്ദുറഹ്മാന്‍ സാഹിബ് കോണ്‍ഗ്രസിലെ ഇടതുപക്ഷത്താണ് നിലയുറപ്പിച്ചത്. 1934-35 കാലത്തും 1938-39 കാലത്തും കെപിസിസിയില്‍ ഇടതുപക്ഷത്തിനായിരുന്നു ഭൂരിപക്ഷം. അബ്ദുറഹ്മാന്‍ സാഹിബ് മൂന്നാംതവണ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോള്‍ ഇ എം എസ് കെപിസിസി സെക്രട്ടറിയായിരുന്നു. 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ ഇ എം എസ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. 1936ല്‍ ജവാഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്റായി. സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. 1939ലും 1940ലും തെരഞ്ഞെടുക്കപ്പെട്ട ദേശീയ മുസ്ലിങ്ങളോട് സഖ്യത്തിലേര്‍പ്പെട്ട ഇടതുപക്ഷം 1938-40 കാലത്ത് കോണ്‍ഗ്രസില്‍ ഗണ്യമായ സ്വാധീനം നേടി. ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരായി ഉറച്ച നിലപാട് സ്വീകരിച്ച അബ്ദുറഹ്മാന്‍ സാഹിബ് ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടിയാണ് നിലകൊണ്ടത്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നയം രൂപീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസുകാരുടെ ഗുണങ്ങളോട് വിടപറഞ്ഞിരിക്കുന്നു.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഓര്‍മപോലും ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് പേടിസ്വപ്നമാണ്. സാഹിബ് കോണ്‍ഗ്രസിനകത്തും പുറത്തും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, നാല് വോട്ടിനായി സ്വന്തം ആശയവും ആദര്‍ശവും ബലികഴിക്കാന്‍ തയ്യാറല്ലെന്ന് പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ വോട്ടിനായി ഒരു സ്ഥാപനത്തിന്റെ ഉടമയെ സന്ദര്‍ശിച്ചു. സ്വയം പരിചയപ്പെടുത്തി. "ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതാവശ്യമാണെന്നും നല്ലതാണെന്നും തോന്നുകയാണെങ്കില്‍ എനിക്ക് വോട്ടുചെയ്യണം" എന്ന് മാത്രം പറഞ്ഞ് സ്ഥലം വിട്ടു. ഒന്നിച്ചുപോയ ആളുകള്‍ അദ്ദേഹത്തെ ഉപദേശിച്ചു- ഇങ്ങനെയൊന്നും വോട്ടു ചോദിച്ചാല്‍ പോര. എന്നാല്‍, അബ്ദുറഹ്മാന്‍ സാഹിബ് തറപ്പിച്ചുപറഞ്ഞു, ഇതില്‍നിന്ന് വ്യത്യസ്തമായി സംസാരിക്കാന്‍ എന്നെക്കൊണ്ടാവില്ല. സ്വന്തം ആദര്‍ശത്തില്‍നിന്ന് കടുകിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത, നാഴികയ്ക്ക് നാല്‍പ്പതു വട്ടം വാക്ക് മാറുന്ന, കളവ് പറയുന്നത് ജീവിതചര്യയാക്കി മാറ്റിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അബ്ദുറഹ്മാന്‍ സാഹിബിനെ സ്നേഹിക്കാനോ ബഹുമാനിക്കാനോ കഴിയില്ല.

ശതകോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുകയും പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അബ്ദുറഹ്മാന്‍ സാഹിബ് അഭിമതനാകുകയില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്കുവേണ്ടി വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കെങ്ങനെയാണ് അബ്ദുറഹ്മാന്‍ സാഹിബിനെ ഓര്‍ക്കാന്‍ കഴിയുക? ഇടതുപക്ഷ ജനാധിപത്യമുന്നണി ഹര്‍ത്താല്‍ നടത്തുമ്പോള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സര്‍വരോഗ വിനാശിനിയും സകലക്ഷേമപ്രദായിനിയുമാണെന്ന് ഉദ്ഘോഷിക്കുന്ന ഉമ്മന്‍ചാണ്ടി, മതമേധാവികള്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ റിപ്പോര്‍ട്ട് മാറ്റണമെന്നും തള്ളിക്കളയണമെന്നും മാറിമാറി പറയുന്നത് നമുക്ക് ഒരാഴ്ചയ്ക്കകം പലതവണ കാണാന്‍ കഴിഞ്ഞു. അധികാരം നേടലും നിലനിര്‍ത്തലും പണം സമ്പാദിക്കലുംമാത്രം ജീവിതലക്ഷ്യമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ ആദരവോടെ ഓര്‍മിക്കാന്‍ കഴിയില്ല. മഹാത്മാഗാന്ധിയെ ഓര്‍ക്കാനും ഇക്കൂട്ടര്‍ക്കാവില്ല. കറകളഞ്ഞ സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിയും യഥാര്‍ഥ മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഇല്ലാതായിരിക്കുന്നു. അതെന്തുതന്നെയായാലും മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവചരിത്രം പുതിയ തലമുറ വായിച്ചുപഠിക്കുന്നത് നല്ലതാണെന്നുമാത്രം ഓര്‍മിപ്പിക്കുന്നു.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

Sunday, October 20, 2013

സി എച്ച്: പോരാളികളുടെ വഴികാട്ടി

സ. സി എച്ച് കണാരന്‍ അന്തരിച്ചിട്ട് 41 വര്‍ഷം പിന്നിടുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് സി എച്ച് അന്തരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ ത്യാഗനിര്‍ഭരമായ പോരാട്ടം നയിച്ച ഉജ്വല വിപ്ലവകാരിയായിരുന്നു സി എച്ച്. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശസംരക്ഷണത്തിന് അഹോരാത്രം വിയര്‍പ്പൊഴുക്കിയ മഹാനായ ജനനേതാവ്. സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ അവധാനതയോടെ അദ്ദേഹം സമൂഹത്തിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരടിച്ചു; ബോധവല്‍ക്കരണം നടത്തി.

മാഹിക്കടുത്ത് അഴിയൂരില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സി എച്ച് സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ മികച്ച കായികതാരമായും സമര്‍ഥനായ വിദ്യാര്‍ഥിയായും പേരെടുത്തു. മെട്രിക്കുലേഷന്‍ പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1932ല്‍ കതിരൂരില്‍ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പ്രസംഗിച്ചതിന് അറസ്റ്റിലായി. തുടര്‍ന്ന് 13 മാസം ജയില്‍വാസം. 1933ല്‍ ജയില്‍മോചിതനാകുമ്പോള്‍ ബംഗാളിലെ വിപ്ലവകാരികളുമായുള്ള സമ്പര്‍ക്കം പകര്‍ന്നുനല്‍കിയ പുതിയ ജ്ഞാനമണ്ഡലമായിരുന്നു സി എച്ചിന്റെ മനസ്സില്‍. 1933-35 കാലത്ത് എലിമെന്ററി സ്കൂള്‍ അധ്യാപകനായി.കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ന്നു. ജാതി-മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിലായിരുന്നു ഇക്കാലത്ത് ഊന്നല്‍.

ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ വ്യവസ്ഥയെ മാറ്റാന്‍ നിര്‍ഭയമായ മുന്നേറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ചു; അതിനായി പ്രവര്‍ത്തിച്ചു. "കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജ"ത്തിന് രൂപംനല്‍കി. 1939ല്‍ നവംബറില്‍ തലശേരി ന്യൂ-ഡര്‍ബാര്‍ ബീഡി കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് സി എച്ചിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഒരു വര്‍ഷം കഴിഞ്ഞ് മോചിതനായ സി എച്ച് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കാന്‍ ഒളിവിലിരുന്ന് നേതൃത്വം കൊടുത്തു. 1942ലെ ബോംബെ പ്ലീനത്തില്‍ പങ്കെടുത്തു. 1952ല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ചു. 1957ല്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍നിന്ന് വിജയിച്ച സി എച്ച് ഭൂപരിഷ്കരണ ബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണ്. പാര്‍ടിയില്‍ പ്രത്യക്ഷപ്പെട്ട ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു.

സിപിഐ എം രൂപംകൊണ്ട 1964 മുതല്‍ 1972ല്‍ മരിക്കുംവരെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. മാഹി വിമോചനപ്രസ്ഥാനത്തിലും സജീവമായി ഇടപെട്ടു. 1955ല്‍ ഗോവ വിമോചനസമരത്തിന് മലബാറില്‍നിന്ന് രണ്ട് ഘട്ടമായി രണ്ട് സംഘങ്ങളെ അയക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടന മാത്രമാണെന്ന് തിരിച്ചറിഞ്ഞ സി എച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകരിലൊരാളാണ്. സി എച്ചിന്റെ സംഘാടനശേഷി സംബന്ധിച്ച് എ കെ ജി പറഞ്ഞത് ശ്രദ്ധേയം: ""എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും.

അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ലാന്‍ ചെയ്തിട്ടാകും സി എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി വിശദമായി സഖാവ് പ്ലാന്‍ ചെയ്യും."" (1974ല്‍ എ കെ ജി എഴുതിയ ലേഖനത്തില്‍നിന്ന്) സംഘടനാരംഗത്തെ ഈ അസാമാന്യപാടവത്തെ അക്കാലത്ത് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. സമരങ്ങളെ ജീവവായു എന്നപോല്‍ സ്വാംശീകരിച്ച എ കെ ജിയും സി എച്ചും ആ കാലഘട്ടങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. കര്‍ഷകസംഘം സെക്രട്ടറി എന്ന നിലയില്‍ സി എച്ചും അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ എ കെ ജിയും നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നിര്‍ണായകമുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി.

കേരളത്തിന്റെ ഭൂസമരചരിത്രത്തില്‍ ഉജ്വല അധ്യായമെഴുതിയ ആലപ്പുഴ പ്രഖ്യാപനവും തുടര്‍ന്ന് നടന്ന പോരാട്ടവും അനന്യം. സി എച്ചിന്റെ കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിഇ എം എസ് പറഞ്ഞു: ""ഇക്കാലത്ത് നടന്ന ബഹുജനസമരങ്ങളുടെ ഹൈക്കമാന്‍ഡായിരുന്നു പാര്‍ടി. സി എച്ച് അതിന്റെ ചീഫ് ഓഫ് സ്റ്റാഫും."" ഇന്ന് കൂടുതല്‍ ശക്തമായ പോരാട്ടം നടത്താന്‍ സി എച്ച് സ്മരണ നമുക്ക് പ്രചോദനവും ഊര്‍ജവും പകരും. സി എച്ച് സ്മരണ ഏറ്റവും പ്രസക്തമായ കാലമാണിത്. അമേരിക്കന്‍ സാമ്രാജ്യത്വം അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകളെപ്പോലും ഗുരുതരപ്രതിസന്ധിയിലാക്കിയിരിക്കയാണ്. ആരോഗ്യ പരിരക്ഷാ പദ്ധതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 16 ദിവസത്തോളം അടച്ചിടുന്ന സ്ഥിതിയുണ്ടായി. ഈ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി രാജ്യത്തിന്റെ സമസ്തമേഖലകളിലും അടിച്ചേല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍.

ഈ ജനദ്രോഹനയങ്ങള്‍ക്കെതിരായി ശക്തമായ പ്രതിരോധം രാജ്യമൊട്ടുക്ക് വളരുന്നുമുണ്ട്. ഇതിനുദാഹരണമാണ് ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഫെബ്രുവരിയില്‍ നടത്തിയ ദ്വിദിന അഖിലേന്ത്യാ പണിമുടക്ക്. ഇത്തരം ചെറുത്തുനില്‍പ്പുകള്‍ സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുംവിധം അവരുടെ അജന്‍ഡ നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ആഗോളവല്‍ക്കരണ അജന്‍ഡ വേഗം നടപ്പാക്കപ്പെടുന്നില്ലെന്ന അമേരിക്കന്‍ പ്രഖ്യാപനം ഈ ചെറുത്തുനില്‍പ്പിന്റെ കരുത്തിന് അടിവരയിടുന്നു. അമേരിക്കന്‍ പ്രീണനം ലക്ഷ്യംവച്ച് ഈ നയങ്ങള്‍ തീവ്രമായി അടിച്ചേല്‍പ്പിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ഇത് കേന്ദ്രസര്‍ക്കാരിനെ അനുദിനം ഒറ്റപ്പെടുത്തുന്നു. ജനരോഷത്തില്‍നിന്ന് രക്ഷനേടാന്‍ സംസ്ഥാനങ്ങളെ വെട്ടിമുറിക്കുന്ന നടപടി പ്രതിസന്ധികളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആഗോളവല്‍ക്കരണനയത്തിന്റെ ഫലമായുള്ള വന്‍ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു.

രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും ശക്തിപ്പെടുത്തുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നത് കേന്ദ്രനയത്തിന്റെ മുഖമുദ്രയായി. സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ ഓരോന്നും തകര്‍ക്കപ്പെടുന്നു. ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ബില്ലും പാസാക്കി. ഇതുവഴി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മൂലധനമൊരുക്കുകയാണ് കേന്ദ്രം. ഇതിനുപിന്നാലെയാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടികള്‍. ഇതുവരെ കാണാത്ത അഴിമതിക്കാണ് രാജ്യം സാക്ഷിയാകുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ ഉല്‍പ്പന്നമെന്നോണമാണ് സമ്പദ്ഘടനയെത്തന്നെ തകര്‍ക്കുംവിധം അഴിമതി വളര്‍ന്നത്. തരംഗങ്ങള്‍, ധാതുലവണം, കല്‍ക്കരി തുടങ്ങിയ പ്രകൃതിസമ്പത്തെല്ലാം സ്വകാര്യവല്‍ക്കരിക്കുക എന്ന ആഗോളവല്‍ക്കരണനയമാണ് ഈ സ്ഥിതി സൃഷ്ടിച്ചത്.

വലതുപക്ഷ രാഷ്ട്രീയനേതൃത്വമാകട്ടെ തങ്ങള്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കുന്നു എന്നതിനാല്‍ ഇത്തരം നയങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. വന്‍കിട മാധ്യമങ്ങളും കോര്‍പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ടും ഇത്തരം നയങ്ങളുടെ പിന്നിലുണ്ടെന്ന് റാഡിയാ ടേപ്പിലൂടെ വെളിപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആഗോളവല്‍ക്കരണനയത്തെ ബിജെപിയും പിന്തുണയ്ക്കുന്നു. സാമ്പത്തികനയത്തില്‍ ഇരുപാര്‍ടികള്‍ക്കും ഒരേ നിലപാടാണ്. പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ ഈ കൂട്ടുകെട്ട് വ്യക്തമായിരുന്നു. ബിജെപിയാകട്ടെ ഹിന്ദു വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കി ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷപാരമ്പര്യം നിരാകരിക്കുന്നു. ഗുജറാത്ത് വംശഹത്യയ്ക്ക് കാര്‍മികത്വം നല്‍കിയ നരേന്ദ്രമോഡിയെയാണ് ബിജെപി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത്.

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിഹാറിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വര്‍ഗീയകലാപങ്ങള്‍ രാജ്യത്തുടനീളം വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാണിക്കല്‍. ബിജെപിയുടെ ഇത്തരം നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല അധികാരത്തിനായി ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും വലിയ തെളിവുകളാണ് കേരളത്തില്‍ ഉള്‍പ്പെടെ കാണുന്നത്. ബിജെപിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മുന്നണികള്‍ ഏതെങ്കിലും അധികാരത്തില്‍ വരുമ്പോള്‍ വന്‍കിട ബൂര്‍ഷ്വാ വിഭാഗങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങളാണ് പരിരക്ഷിക്കപ്പെടുക. അങ്ങനെ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യപ്രകാരം ഇന്ത്യന്‍രാഷ്ട്രീയത്തെ മാറ്റിത്തീര്‍ക്കാനാണ് കുത്തകമാധ്യമങ്ങള്‍ പൊതുവില്‍ പരിശ്രമിക്കുന്നത്. ഈ രാഷ്ട്രീയ സ്ഥിതിവിശേഷം രൂപപ്പെടുന്നത് ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.

അതിനാല്‍ ഇത്തരം രാഷ്ട്രീയസഖ്യങ്ങള്‍ രൂപപ്പെടുന്നതും അവ ശക്തമാകുന്നതും തടയുക എന്നത് പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമാണ്. ഇതിന്റെകൂടി അടിസ്ഥാനത്തില്‍ ജനകീയതാല്‍പ്പര്യത്തിന് ഉതകുന്ന ഒരു ബദല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സൃഷ്ടിക്കേണ്ടത് സുപ്രധാന കടമയാണ്. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ അത്തരം കൂട്ടായ്മ രൂപപ്പെടുത്തേണ്ടതുണ്ട്. കേന്ദ്രനയങ്ങള്‍ കേരളത്തിലും ശക്തമായി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഫലമായി ജനജീവിതം ദുഷ്കരമാകുന്നു. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധം പകല്‍പോലെ വ്യക്തമായിട്ടും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ജുഡീഷ്യല്‍ അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഗൂഢതന്ത്രമാണ് സോളാര്‍ കേസിന്റെ പരിഗണനാവിഷയങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്.

ജനങ്ങളിലും പാര്‍ടിയിലും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനസമ്പര്‍ക്കപ്രഹസനത്തിലൂടെ സോളാര്‍ കേസില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള പരിഹാസ്യമായ ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഭരണസംവിധാനം പൂര്‍ണമായി തകര്‍ന്നതിന്റെ തെളിവുകൂടിയാണ് മുഖ്യമന്ത്രിയുടെ ധനസഹായവിതരണം. യുഡിഎഫ് ഭരണത്തില്‍ ജനജീവിതം ദുഷ്കരമായിരിക്കുന്നു. മാത്രമല്ല, വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന നടപടികളും സ്വീകരിക്കുന്നു. ജനങ്ങളെ യോജിപ്പിക്കുന്ന രാഷ്ട്രീയം ഇല്ലാതാക്കി ജാതിയുടെയും മതത്തിന്റെയുംപേരില്‍ അവരെ പരസ്പരം ഏറ്റുമുട്ടിച്ച് തങ്ങളുടെ ജനവിരുദ്ധനയം നടപ്പാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷശക്തികളുടെ കുടിലതന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷപാരമ്പര്യം കാത്തുസൂക്ഷിക്കാനാകൂ. അതിനായി ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ അജന്‍ഡ മുഴുവനും തുറന്നുകാട്ടി മുന്നോട്ടുപോകുക എന്നത് ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ ഏറെ പ്രധാനം. ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടങ്ങളെ ഏറെ പ്രധാനമായിക്കണ്ട സി എച്ചിന്റെ ഓര്‍മകള്‍ ഇത്തരം സമരങ്ങള്‍ക്ക് നമുക്ക് കരുത്താകും.

*
പിണറായി വിജയന്‍