Showing posts with label ഇറാക്ക്. Show all posts
Showing posts with label ഇറാക്ക്. Show all posts

Sunday, December 25, 2011

ഇറാഖില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ...

ശാന്തിസന്ദേശങ്ങളുടെ കാലത്തിനൊടുവില്‍ ക്രിസ്മസ് ആഘോഷം. വിഹ്വലതകളുടെ നടുക്കയത്തില്‍ , അശാന്തിയുടെ തീരാഭൂമിയിലേക്ക് തീ കോരിയിട്ടവര്‍ തിരിഞ്ഞുനടക്കുമ്പോള്‍ ഇറാഖി ജനതയ്ക്ക് മറക്കാനാകാത്ത ഒരു ക്രിസ്മസ് കൂടി. സാമ്രാജ്യത്വം സമ്മാനിച്ച മുറിവുകളുമായി നൊമ്പരപ്പെടുമ്പോള്‍ ഒരു മതേതര രാഷ്ട്രത്തിലെ 23 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ത്ത് അമേരിക്കന്‍ പട്ടാളം കൈകഴുകി ഒഴിഞ്ഞുപോകുന്നു. സന്മനസ്സിന്റെ പ്രതീകമായൊരു ഇറാഖി ജനതയ്ക്ക്, അവരുടെ നിത്യജീവിതം ദുരിതത്തിലാക്കിയ ശക്തിയോടുള്ള തീരാത്ത പക മനസ്സില്‍ നിന്നു മാച്ചുകളയാനുള്ള ശ്രമത്തിലാണ് ഇത്തവണ ഇറാഖിലെ ക്രൈസ്തവര്‍ തിരുപ്പിറവി ആഘോഷിക്കുന്നത്.

ഇറാഖിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പ്രത്യേകതകള്‍ ഏറെയുണ്ട്. ഇവരിലേറെയും അര്‍മേനിയന്‍ വംശാവലിയില്‍ പെട്ടവരാണ.് ഓര്‍ക്കുക! പാശ്ചാത്യനാടുകളിലെ ക്രൈസ്തവരേക്കാള്‍ പാരമ്പര്യവും വിശ്വാസദൃഢതയുമുള്ള വിശ്വാസി സമൂഹമാണ് ഇറാഖിലുള്ളതെന്ന്. ക്രിസ്തുമതത്തിന്റെ തായ്വേരുകള്‍ തേടിപ്പോകുന്നവര്‍ക്ക്, ബൈബിള്‍ കാലത്ത് പ്രധാന സംഭവങ്ങള്‍ പലതും നടന്നെന്ന് വിശ്വസിക്കുന്ന ഭൂമികയാണ് ഇറാഖ്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങള്‍ മുതല്‍ ഒട്ടേറെ പ്രദേശങ്ങളെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രതിപാദിക്കുന്നു. ക്രൈസ്തവ, ഇസ്ലാം, യഹൂദ മതഗ്രന്ഥങ്ങളില്‍ ഇറാഖിലെ ഒട്ടേറെ പ്രദേശങ്ങളെപ്പറ്റി പറയുന്നുണ്ട്. മൂന്നു മതസ്ഥരുടെയും ആദിപിതാവായ അബ്രഹാമിന്റെ, ഒരു പ്രവാചകനായി കരുതുന്നു, ജന്മദേശം ഇറാഖിലെ വിദൂരഗ്രാമങ്ങളിലൊന്നാണെന്ന, കരുതുന്നു.ഖുറാനിലും ബൈബിളിലും യഹൂദരുടെ പുണ്യഗ്രന്ഥമായ തോറയിലും ഇതെല്ലാം എഴുതപ്പെട്ടിരിക്കുന്നു. ക്രിസ്തുശിഷ്യനായ സെന്റ് തോമസ് (മാര്‍ത്തോമ) ഇറാഖിലെ ബസ്രയില്‍ നിന്നാണ് ജലയാത്ര ആരംഭിച്ച് കൊടുങ്ങല്ലൂരില്‍ എത്തിയതെന്ന് വിശ്വസിക്കുന്നത്. കേരളവും ഇറാഖും തമ്മിലുള്ള ബന്ധത്തിന് ക്രൈസ്തവമത ചരിത്രത്തോളം ബന്ധമുണ്ടെര്‍ന്നഥം. പാശ്ചാത്യരേക്കാള്‍ പാരമ്പര്യം അവകാശപ്പെടുന്ന ജനതയുടെ ക്രൈസ്തവാചാരങ്ങള്‍ക്കുള്ള മൗലികതയും തനിമയും ശ്രദ്ധേയമാകുന്നു.

ബാഗ്ദാദിലെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ക്രിസ്മസ് ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്. 2008 മുതല്‍ ഡിസംബര്‍ 25 ഔദ്യോഗികാവധിയായി പ്രഖ്യാപിച്ചിരിക്കുന്നു. അധിനിവേശത്തിന്റെ തിക്താനുഭവങ്ങള്‍ക്ക് വിടചൊല്ലുന്ന ക്രിസ്മസ് കാലമാണിത്. ഡിസംബര്‍ 31നുമുഴുവന്‍ അമേരിക്കന്‍ പട്ടാളവും ഇറാഖിനെ വിട്ടൊഴിയും. ഇപ്പോള്‍ വിരലിലെണ്ണാവുന്ന അമേരിക്കന്‍ പട്ടാളക്കാരേ ഇറാഖിലുള്ളൂ. മൊത്തം 3486 എന്ന് കണക്കാക്കുന്നു.

യുദ്ധവും അധിനിവേശവും ഇറാഖിലെ ക്രൈസ്തവരെ ഛിന്നഭിന്നമാക്കി. അയല്‍ രാജ്യങ്ങളിലേക്ക് അവര്‍ രക്ഷപ്പെടുകയായിരുന്നു ഒരര്‍ഥത്തില്‍ . ശരിക്ക് പറഞ്ഞാല്‍ 1990 ആഗസ്ത്് രണ്ടിന് അര്‍ധരാത്രി ഇറാഖിന്റെ ടാങ്കുകള്‍ കുവൈത്തിലേക്ക് ഉരുണ്ടതു മുതല്‍ ഇറാഖില്‍ ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും പേരുപറഞ്ഞ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തേര്‍വാഴ്ചയായിരുന്നു. അമേരിക്കക്കാരുടെ സാന്നിധ്യം സ്വദേശിയരായ ക്രൈസ്തവരെ കൂടുതല്‍ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയായിരുന്നെന്നാണ് വടക്കന്‍ ഇറാഖിലെ മൊസൂള്‍ സ്വദേശിയായ അല്‍ബന്‍ റോസാഫ് പറയുന്നത്. നിരവധി പൗരാണിക ക്രൈസ്തവ ദേവാലയങ്ങളുള്ള നഗരമാണ് മൊസൂള്‍ . ഈ നഗരത്തിനടുത്താണ് ബൈബിളിലും മറ്റു പുണ്യഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്ന നിനവേ എന്ന സ്ഥലം; നിനവേ അതേ പേരില്‍ ഇപ്പോഴുമുണ്ട്.

പാശ്ചാത്യരില്‍ നിന്ന് ഏറെ വേറിട്ട ക്രിസ്മസ് ആഘോഷങ്ങളാണ് ഇറാഖില്‍ . കുടുംബങ്ങള്‍ വളരെ വിശ്വാസ തീക്ഷ്ണതയോടെയാണ് ആഘോഷങ്ങള്‍ നടത്തുക. ശാന്തവും വിശുദ്ധവുമായ ചടങ്ങുകള്‍ കൂട്ടായ്മയുടെ ആഹ്ലാദത്തില്‍ നടക്കുന്നു. ഭവനങ്ങളുടെ അങ്കണത്തിലാണ് പ്രധാന ചടങ്ങ് നടക്കുന്നത്. ക്രിസ്മസ് രാത്രി വീട്ടുകാരെല്ലാം മുറ്റത്ത് ഭക്തിപൂര്‍വം ഒത്തുകൂടുന്നു. കുട്ടികളും മുതിര്‍ന്നവരും അറബി ബൈബിളില്‍ നിന്നു തിരുപ്പിറവിയുടെ ഭാഗം വായിക്കും. ഒരു മൂലയില്‍ ഈ സമയം ഒരഗ്നികുണ്ഡം തയ്യാറാക്കി വച്ചിട്ടുണ്ടാകും. തൊട്ടടുത്ത് മുള്‍ച്ചെടിയുടെ ഒരു കെട്ടും കരുതും. തിരുപ്പിറവി കഥ വായിച്ചുതീര്‍ന്നാല്‍ മുള്‍ച്ചെടി അഗ്നികുണ്ഡത്തിലിട്ട് തീ പിടിപ്പിക്കുകയായി. കത്തുന്ന തീ ശുഭലക്ഷണമാണെന്നും അടുത്തവര്‍ഷം പ്രത്യാശയുടെയും പ്രതീക്ഷയുടെയും സ്വപ്ന സാഫല്യത്തിന്റെയും നല്ല കാലമായിരിക്കുമെന്നും ഇറാഖി ക്രൈസ്തവര്‍ വിശ്വസിക്കുന്നു. തീകുണ്ഡത്തിലെറിഞ്ഞ മുള്ളുകള്‍ മുഴുവന്‍ കത്തി ചാരമായെങ്കില്‍ കുടുംബത്തിന് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന സൂചനയാണ്. കുടുംബാംഗങ്ങള്‍ ഓരോന്നായി അഗ്നിക്കു മുകളിലൂടെ അപ്പുറത്തേക്ക് ചാടുകയായി പിന്നീട്. ഇത് മൂന്നു തവണ ആവര്‍ത്തിക്കുന്നു. ഇതിനുശേഷം ഏതെങ്കിലുമൊരു ആഗ്രഹം മനസ്സില്‍ വിചാരിച്ചാല്‍ യാഥാര്‍ഥ്യമാകുമെന്നാണ് വിശ്വാസം.

ക്രിസ്മസ് ദിനത്തില്‍ ദേവാലയത്തില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. പള്ളിക്കു ചുറ്റുമുള്ള പ്രദേശത്തെ, ഇടവകയിലെ എല്ലാ ക്രൈസ്തവ കുടുംബങ്ങളും പങ്കെടുക്കുന്നു. ദേവാലയത്തില്‍ എത്തിയവരെല്ലാം വട്ടമിട്ടു നിന്ന് നടുവില്‍ വലിയൊരു അഗ്നികുണ്ഡം ഉണ്ടാക്കുന്നു. പുരുഷന്മാരെല്ലാം സ്തോത്രഗീതങ്ങള്‍ പാടും. തുടര്‍ന്ന് ഘോഷയാത്രയാണ്, അടുത്ത പ്രദേശത്തു കൂടി കടന്നുപോകുന്ന ഘോഷയാത്രയില്‍ മുഖ്യപുരോഹിതന്‍ ഉണ്ണിയേശുവിന്റെ രൂപം പട്ടില്‍ പൊതിഞ്ഞ് രണ്ടു കൈകൊണ്ടും ഭവ്യതയോടെ വഹിക്കുന്നുണ്ടാകും. ഘോഷയാത്രയ്ക്കു മുമ്പില്‍ പുരോഹിതനോടൊപ്പം ദേവാലയ ശുശ്രൂഷകളും മറ്റും അനുധാവനം ചെയ്യും. പിന്നാലെ വിശ്വാസികളും. ചടങ്ങുകളും പ്രാര്‍ഥനാ ശുശ്രൂഷകളും ഏറെ ദൈര്‍ഘ്യമുള്ളതാണ്. പ്രധാന പുരോഹിതന്റെ (ചിലപ്പോള്‍ മെത്രാനോ, മെത്രാപോലീത്തയോ ആകാം) ആശീര്‍വാദത്തോടെയാണ് ചടങ്ങുകള്‍ക്ക് സമാപനം. ഇതോടെ, മുഖ്യപുരോഹിതന്‍ വിശ്വാസികളിലൊരാളെ സ്പര്‍ശിച്ച് അനുഗ്രഹം നല്‍കുന്നു. തൊട്ടടുത്തുള്ള ആളെ സ്പര്‍ശിച്ച് സമൂഹം മുഴുവന്‍ ഈ സ്പര്‍ശനത്തില്‍ ഒത്തുചേരുന്നു; ഇത് സമൂഹത്തിന് മുഴുവന്‍ സമാധാനം ആശംസിക്കുന്നതിന്റെ പ്രതീകമായാണ്.

ബാഗ്ദാദിലും വടക്കന്‍ ഇറാഖിലെ മൊസൂളിലും എന്തിനു പറയുന്നു എര്‍ബില്‍ , ബന്ധ്ര തുടങ്ങിയ നഗരങ്ങളിലും ഉള്‍നാടന്‍ ചെറു പട്ടണങ്ങളിലും ക്രൈസ്തവരുടേതടക്കമുള്ള നിരവധി ആരാധനാലയങ്ങളുണ്ട്. സൗരാഷ്ട്രീയരും മസൂദികളും ക്രൈസ്തവരെപ്പോലെ ഷിയകളും സുന്നികളും അധിവസിക്കുന്ന മഹാഭൂരിപക്ഷമുള്ള ഇറാഖില്‍ സ്വസ്ഥതയോടെ, സഹവര്‍ത്തിത്വത്തോടെ സദ്ദാംഹുസൈന്റെ ഭരണത്തിനു കീഴില്‍ കഴിഞ്ഞിരുന്നു. മതനിരപേക്ഷതയ്ക്ക് പേരുകേട്ട നാടായിരുന്നു ഇറാഖ്. അറബ് നാടുകളില്‍ ഇറാഖിനെപ്പോലെ മതസ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന വേറെ രാജ്യമില്ലായിരുന്നു. സ്ത്രീകളിലും പുരുഷന്മാരിലും സാക്ഷരത ഇത്രയേറെയുള്ള രാഷ്ട്രം അറബ്മേഖലയില്‍ കാണില്ല. സര്‍വോപരി ഇന്ത്യക്കാരെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ഇറാഖികള്‍ - സഹസ്രാബ്ദങ്ങള്‍ നീണ്ട ബന്ധങ്ങള്‍ പുലര്‍ത്തുന്ന ജനതയാണ് ഇരുകൂട്ടരും.

പുരാതനനഗരമായ (ലോകത്ത് ആദ്യം രൂപംകൊണ്ട നഗരം) ബാഗ്ദാദിലെ വിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നു. ദീപാലങ്കാരങ്ങള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. നക്ഷത്രവിളക്കുകള്‍ കണ്ണുചിമ്മുന്നു. ഇത്തവണ ഇറാഖിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വുണ്ട്. പുതുവത്സരപ്പിറവിയില്‍ അധിനിവേശത്തില്‍ നിന്ന് മോചിതയാകുന്ന രാഷ്ട്രമാതാവിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുവിരിക്കുന്ന കാലം. ശാന്തിയും സമാധാനവും സന്മനസ്സുള്ളവര്‍ക്ക് മാത്രമാണെന്ന് ക്രിസ്മസ് ഒരു ജനതയെയും ലോകത്തെ മുഴുവനെയും ഓര്‍മപ്പെടുത്തുന്നു. ഇറാഖിലെ ആഘോഷങ്ങള്‍ക്ക്, പ്രിയപ്പെട്ടവരെ കുരുതിക്കുകൊടുത്ത അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെയുള്ള ഒടുങ്ങാത്ത അമര്‍ഷത്തിന്റെ ശാന്തതയില്ലേ? ഇറാഖികള്‍ ആശംസിക്കുന്ന മെറി ക്രിസ്മസില്‍ ഇതും പ്രതിഫലിക്കുന്നുണ്ടോ?

*
ജോയി ഏനാമാവ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 25 ഡിസംബര്‍ 2011

Friday, December 24, 2010

ബുഷും മന്‍മോഹനും മണിശങ്കരയ്യരും

ഒടുവില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കെങ്കിലും നേരംവെളുത്തിരിക്കുന്നു എന്നു കരുതാമോ? അമേരിക്കയെക്കുറിച്ച് പൊതുവിലും ആ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കീര്‍ത്തിശൂന്യനായ രണ്ടാമത്തെ പ്രസിഡന്റിനെക്കുറിച്ച് (ആദ്യത്തേത് റിച്ചാര്‍ഡ് നിക്സണ്‍) വിശേഷിച്ചും. കോണ്‍ഗ്രസിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷത്തിനെങ്കിലും മതിഭ്രമമുക്തി ഉണ്ടായിത്തുടങ്ങിയോ? ഇങ്ങനെയൊരു നേരിയ പ്രത്യാശ തോന്നാന്‍ ഇടവന്നത് ജോര്‍ജ് ഡബ്ള്യു ബുഷ് എഴുതിയ Decision Points എന്ന ഗ്രന്ഥത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ മണിശങ്കരയ്യര്‍ എഴുതിയ നിരൂപണം വായിച്ചപ്പോഴാണ് (തെഹല്‍ക്ക, ഡിസംബര്‍ 18, 2010 ). മണിശങ്കരയ്യര്‍ രോഷവും പരിഹാസവും കലര്‍ത്തി എഴുതിയത് കാണുക:

"ഇത് യാഥാര്‍ഥ്യ പരിശോധനയ്ക്കുള്ള സമയമാണ്. 500 പേജോളം വരുന്ന ജോര്‍ജ് ബുഷിന്റെ പ്രസിഡന്‍ഷ്യല്‍ ഓര്‍മക്കുറിപ്പുകളില്‍ ഡോ. മന്‍മോഹന്‍ സിങ്ങിനെ ഒരേയൊരു തവണ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. ഒരു ഖണ്ഡികയിലെ രണ്ട് വരികളില്‍ മാത്രം. പാകിസ്ഥാന്‍ സന്ദിര്‍ശിക്കാന്‍ പോകുമ്പോള്‍ ഇന്ത്യയില്‍ 'ഇടയ്ക്കൊന്നിറങ്ങി' മന്‍മോഹന്‍ സിങ്ങിനെ കണ്ടു എന്ന് എഴുതുമ്പോള്‍ നിന്ദാസ്വരമാണ് മുഴച്ചുനില്‍ക്കുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ബുഷ് വലിച്ചെറിയപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണല്ലോ ടിവി ക്യാമറകള്‍ക്ക് മുന്നില്‍വച്ച് "ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ അങ്ങയെ അഗാധമായി സ്നേഹിക്കുന്നു'' എന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത്. "എന്ത് അങ്ങനെയോ'' എന്ന് അത്ഭുതപരതന്ത്രനായി ആത്മഗതം നടത്തിയിട്ടുണ്ടാകും ബുഷ് അപ്പോള്‍. ഇതുവച്ച് നോക്കുമ്പോള്‍ തീരെ തുച്ഛമായിപ്പോയി ബുഷിന്റെ 'പ്രത്യുപകാരം''.

പ്രസിഡന്റായി മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ അമേരിക്കയില്‍ പലയിടത്തും ബുഷിനെതിരെ ഒരു ബാനര്‍ ഉയര്‍ന്നിരുന്നു. അതില്‍ എഴുതിയിരുന്നത് "ടെക്സാസില്‍ എങ്ങാണ്ടൊരിടത്ത്, ഒരു ഗ്രാമത്തില്‍ ഒരു വിഡ്ഢിയെ കാണാതായിരിക്കുന്നു'' എന്നത്രേ. ആ വിഡ്ഢിയെയാണ് ഇന്ത്യ അഗാധമായി സ്നേഹിക്കുന്നുണ്ടെന്ന് മന്‍മോഹന്‍സിങ് പറഞ്ഞത്. ഇതില്‍ കുണ്ഠിതപ്പെടുന്ന മണിശങ്കരയ്യര്‍ പര്‍വേസ് മുഷറഫിന് വേണ്ടി അഞ്ചെട്ട് പേജ് തന്നെ നീക്കിവച്ചതില്‍ പരിഭവം പ്രകടിപ്പിക്കുകയുംചെയ്യുന്നു.

അമേരിക്കയെന്നു കേട്ടാല്‍ അന്തഃരംഗം അഭിമാനപൂരിതമാവുകയും വൈറ്റ്ഹൌസ് എന്നു കേട്ടാല്‍ ചോര തിളയ്ക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സിങ് ബുഷിന്റെ ഈ ഓര്‍മപ്പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കണം. ഇന്ത്യ-അമേരിക്ക സൌഹൃദകാണ്ഡത്തിന്റെ അനുദിനമുള്ള സാന്ദ്രീകരണത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുന്ന മന്‍മോഹനും കൂട്ടര്‍ക്കും യാഥാര്‍ഥ്യത്തിന്റെ തിക്തസ്ഥലികളിലേക്ക് തിരിച്ചുവരാന്‍ ഈ ഗ്രന്ഥപാരായണം സഹായിക്കും. ഈ ഗ്രന്ഥത്തിലുടനീളം ബുഷ് താന്‍ എടുത്ത തീരുമാനങ്ങളെ ന്യായീകരിക്കുകയാണ്. തന്റെ ചില സഹപ്രവര്‍ത്തകരില്‍നിന്നുള്ള യുക്തിഭദ്രമായ എതിര്‍സ്വരങ്ങളെ നിഷ്കരുണം അരിഞ്ഞുതള്ളുന്ന സ്വേച്ഛാധിപത്യപ്രമത്തനായ ഒരു ഭരണാധികാരിയെ നമുക്കതില്‍ കാണാം. ബുഷിന്റെ മനമറിഞ്ഞ് പെരുമാറിയവരെ വാനോളം സ്തുതിക്കുന്നതും കാണാം.

ഉദാഹരണത്തിന്, 2002ല്‍ ബുഷിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ലോറന്‍സ് ലിന്‍ഡ്സേയെ പിരിച്ചുവിടുന്നത് ഇറാഖ് അധിനിവേശത്തിന് 20,000 കോടി ഡോളര്‍ ചെലവ് വരുമെന്ന് പറഞ്ഞതിനാലാണ്. ഇറാഖ് അധിനിവേശത്തിന് ഇപ്പോള്‍ത്തന്നെ ഇതിലധികം തുക ചെലവായിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

സെപ്തംബര്‍ 11നെപ്പറ്റി ബുഷ് എഴുതുന്നത് നോക്കുക:

"ലിമോയിലെ അതീവസുരക്ഷയുള്ള ഫോണില്‍നിന്ന് ഞാന്‍ കോണ്ടിയെ (മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്) വിളിച്ചു. കോണ്ടി പറഞ്ഞു, മൂന്നാമത്തെ വിമാനം പെന്റഗണിലേക്ക് ഇടിച്ചിറക്കിയിരിക്കുന്നു. അപ്പോള്‍ ഞാന്‍ സീറ്റില്‍ ചാരിയിരുന്ന് ചിന്തിച്ചു. ലോക വ്യാപാരകേന്ദ്രത്തിന്റെ ആദ്യ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറങ്ങിയത് ഒരു അപകടമായിരിക്കാം. രണ്ടാമത്തേത് ആക്രമണം തന്നെ. മൂന്നാമത്തേത് യുദ്ധപ്രഖ്യാപനമാണ്. തീര്‍ച്ച. എന്റെ രക്തം തിളയ്ക്കുകയായിരുന്നു അപ്പോള്‍.''

'ഭീകരവാദത്തിനെതിരായ യുദ്ധം' എന്ന പ്രയോഗത്തിലെ യുദ്ധം എന്ന വാക്കിന്റെ വിവക്ഷിതാര്‍ഥത്തെക്കുറിച്ച് ടോം ഡാഷ്ലെ എന്ന സെനറ്റര്‍ ആപല്‍സൂചന നല്‍കിയിരുന്നു.(ഒരു ലിങ്ക്) ബുഷ് അദ്ദേഹത്തെ നിശബ്ദനാക്കി. ഇങ്ങനെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രതിസ്വരങ്ങളെ വെട്ടിവീഴ്ത്തി മുന്നേറുന്നു, തന്റെ തീരുമാനങ്ങള്‍തന്നെ ഒടുവില്‍ 'വിജയം വരിക്കുന്ന' ഏകപക്ഷീയ ആത്മപ്രശംസാഗീതമാണ് ഈ പുസ്തകമെന്ന് ചുരുക്കിപ്പറയാം.

ജീവിതത്തില്‍ കടുത്തതും നിര്‍ണായകവുമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നവര്‍ക്ക്, സാധാരണക്കാര്‍ മുതല്‍ വലിയ കമ്പനികളുടെ സിഇഒമാര്‍വരെ, തന്റെ ഗ്രന്ഥം ഒരു കൈപ്പുസ്തകമാണെന്ന് ബുഷ് പറയുന്നു! അങ്ങനെയൊരു തീരുമാനത്തിന്റെ കഥ കേള്‍ക്കാം.

ഒരിക്കല്‍ ബുഷും വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെനിയും ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോള്‍ ഡിക്ചെനി ചോദിച്ചു:

"ആ പുള്ളിക്കാരന്റെ (സദ്ദാം ഹുസൈന്‍) പരിപ്പ് എടുക്കുന്നില്ലേ നിങ്ങള്‍.'' ഡിക്ചെനിയെപ്പോലെ എണ്ണവ്യവസായ മേഖലയില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള നിയോകോണുകളായിരുന്നു വാസ്തവത്തില്‍ 'ടെക്സാസിലെ ഒരു ഇഡിയറ്റ്' ആയിരുന്ന ബുഷിനെ നിയന്ത്രിച്ചിരുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.

ഈ പുസ്തകത്തെക്കുറിച്ച് 'ദ ന്യൂയോര്‍ക്കറി'ല്‍ ജോര്‍ജ് പാക്കര്‍ എഴുതിയ തകര്‍പ്പന്‍ വിമര്‍ശം വായിക്കാന്‍ വായനക്കാരോട് നിര്‍ദേശിച്ചുകൊണ്ടാണ് മണിശങ്കരയ്യര്‍ തന്റെ അവലോകനം അവസാനിപ്പിക്കുന്നത്. ജോര്‍ജ് പാക്കര്‍ തന്റെ ബുഷ് വിമര്‍ശം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:

"ബുഷ് ഗ്രന്ഥം അവസാനിപ്പിക്കുന്നത് തന്റെ ഭരണകാലത്തെക്കുറിച്ചുള്ള ചരിത്രത്തിലെ തീര്‍പ്പ് തന്റെ മരണശേഷമായിരിക്കും ഉണ്ടാവുക എന്ന പ്രതീക്ഷാനിര്‍ഭരമായ ആലോചനയോടെയാണ്. എന്നാല്‍, അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് തന്നെ രണ്ട് യുദ്ധങ്ങള്‍ അനാവശ്യ ദുരന്തങ്ങളായി കലാശിച്ചു. അദ്ദേഹം പ്രഘോഷണംചെയ്ത 'സ്വാതന്ത്ര്യത്തിന്റെ കാര്യപരിപാടി' ലോകമെങ്ങും അമേരിക്കയ്ക്കെതിരെ വിദ്വേഷം പടര്‍ത്തുകയും ഭൂമുഖത്തെ ദുഷിപ്പിക്കുകയുംചെയ്തു. അമേരിക്കയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നാടകീയമായി വര്‍ധിച്ചു. ഇത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും മാന്ദ്യത്തിലേക്കും നയിച്ചു. ഈ വിഷലിപ്ത അന്തരീക്ഷം ഇപ്പോഴും അഭംഗുരം തുടരുന്നു. ബുഷ് എന്ന അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെതന്നെ ഈ പുസ്തകത്തിനും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനം.'' (ദ ന്യൂയോര്‍ക്കര്‍, നവംബര്‍ 29 2010).

*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി 23 ഡിസംബര്‍ 2010

Saturday, September 4, 2010

അമേരിക്ക ഇറാഖില്‍നിന്ന് ഒളിച്ചോടുമ്പോള്‍

ഇറാഖ് ജനതയെ ദുരിതത്തിന്റെ നടുക്കയത്തില്‍ തള്ളിയശേഷം ഒളിച്ചോടുന്ന അമേരിക്കയും സഖ്യകക്ഷികളും ലോകത്തോട് പലതിനും സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്. സദ്ദാം ഹുസൈന്‍ ഭരണകൂടം കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ജോര്‍ജ് ബുഷ് ജൂനിയറിന്റെ നേതൃത്വത്തില്‍ 2003ല്‍ അധിനിവേശയുദ്ധം ആരംഭിച്ചത്.

ഏഴരവര്‍ഷത്തിനുശേഷം ദൌത്യം അവസാനിച്ചതായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ബറാക് ഒബാമ പ്രഖ്യാപിച്ചപ്പോഴും കാര്യമായ ഒരു ആയുധംപോലും ഇറാഖില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, സദ്ദാമിന്റെ കാലത്ത് ആധുനികഭരണസംവിധാനം നിലനിന്നിരുന്ന ഇറാഖ് ഇപ്പോള്‍ തികഞ്ഞ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു. അമേരിക്കയാണ് ആധുനിക ഇറാഖിനെ തകര്‍ച്ചയുടെ പടുകുഴിയിലെത്തിച്ചത്. ഉറച്ച ഭരണം നിലനിന്ന ഒരു രാജ്യത്തെ ആക്രമിച്ച്, ഭരണാധികാരിയെ വധിച്ച്, ജനങ്ങളെ വറുതിയില്‍ തള്ളിയശേഷം ദൌത്യം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകജനതയെ മുഴുവന്‍ വിഡ്ഢികളാക്കുന്ന മട്ടിലുള്ള പ്രഖ്യാപനമാണിത്.

യുദ്ധത്തിന് മുന്നോടിയായി യുഎന്‍ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും ഇറാഖില്‍നിന്ന് കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിന്റെ ഒത്താശയോടെ ജോര്‍ജ് ബുഷ് യുദ്ധത്തിന് സന്നാഹമൊരുക്കി. യുഎന്‍ രക്ഷാസമിതിയുടെയും ലോകമെമ്പാടുമുള്ള സമാധാനപ്രേമികളുടെയും അഭ്യര്‍ഥനകള്‍ വകവയ്ക്കാതെ 2003 മാര്‍ച്ച് 20ന് ആക്രമണം ആരംഭിക്കുകയുംചെയ്തു. ചതിയിലൂടെ സദ്ദാമിനെ സ്ഥാനഭ്രഷ്ടനും തടവുകാരനുമാക്കി. പിന്നീട് നിഷ്ഠുരമായി വധിച്ചു. പകരം പാവസര്‍ക്കാരിനെ അവരോധിച്ചു.

ഇറാഖില്‍ ഇപ്പോള്‍ പൂര്‍ണഅധികാരമുള്ള സര്‍ക്കാര്‍പോലുമില്ല. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്. രാജ്യത്തിന്റെ പലഭാഗത്തും കുടിവെള്ളം ദുര്‍ലഭമാണ്. ആരോഗ്യപരിരക്ഷാസംവിധാനം പാടേ തകര്‍ന്നു. അധിനിവേശകാലത്ത് സാധാരണക്കാരായ ഒരുലക്ഷത്തോളം ഇറാഖുകാരാണ് കൊല്ലപ്പെട്ടത്. സദ്ദാം സര്‍ക്കാരിന്റെ പതനത്തെതുടര്‍ന്ന് തലപൊക്കിയ വിഘടനവാദികളും ഭീകരസംഘടനകളും ദൈനംദിനം സ്ഫോടനങ്ങള്‍ നടത്തുന്നു. ഷിയ, സുന്നി, ഖുര്‍ദ് വിഭാഗങ്ങളിലെ തീവ്രവാദികള്‍ മത്സരിച്ച് ചോരപ്പുഴ ഒഴുക്കുകയാണ്. തീര്‍ഥാടനങ്ങള്‍പോലും രക്തപങ്കിലമാകുന്നു. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ആക്രമണങ്ങളാണ് ആഗസ്തില്‍ ഉണ്ടായത്.

യഥാര്‍ഥത്തില്‍, ഇറാഖ് യുദ്ധം എങ്ങുമെത്താതെ നീളുകയും അഫ്ഗാനില്‍ അതിലേറെ അത്യാഹിതം നേരിടുകയുംചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇറാഖില്‍നിന്ന് പിന്‍മാറിയത്്. 4,400ല്‍പരം അമേരിക്കന്‍ സൈനികരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. ഇത് അമേരിക്കന്‍ ജനതയ്ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ഒരു ലക്ഷം കോടിയില്‍പരം ഡോളര്‍ അമേരിക്ക ചെലവിടുകയുംചെയ്തു. സാമ്പത്തികമാന്ദ്യം രൂക്ഷമായ അമേരിക്കയില്‍ തൊഴിലില്ലായ്മ രണ്ടക്കനിരക്കില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ജനസംഖ്യയില്‍ 72 ശതമാനവും യുദ്ധം നീട്ടിക്കൊണ്ടുപ്പോകുന്നതിന് എതിരാണെന്ന് ഈയിടെ നടന്ന സര്‍വേയില്‍ വ്യക്തമായി. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി ശക്തമായ വെല്ലുവിളി നേരിടുകയാണ്. തല്‍ക്കാലം ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി ഒബാമ ആഗ്രഹിക്കുന്നത്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇതിനെ എതിര്‍ക്കാന്‍ കഴിയില്ല.

എന്നാല്‍, ഇറാഖിനെ ആര് രക്ഷിക്കും?

അവിടെ ക്രമസമാധാനപാലനത്തിന് പൊലീസിനെ സഹായിക്കാനെന്ന പേരില്‍ അരലക്ഷത്തോളം സൈനികരെ അമേരിക്ക നിലനിര്‍ത്തിയിട്ടുണ്ട്. ഇറാഖില്‍ കരാര്‍ജോലികള്‍ ഏറ്റെടുത്തിട്ടുള്ള അമേരിക്കന്‍കമ്പനികള്‍ക്ക് സംരക്ഷണം നല്‍കാനാണ് ഇവരെ നിയോഗിക്കുകയെന്ന് വ്യക്തം. ഏഴായിരത്തോളം അമേരിക്കന്‍ സ്വകാര്യസെക്യൂരിറ്റി കരാറുകാരും ഇറാഖിലുണ്ട്. ഇവിടെനിന്ന് ശേഷിക്കുന്ന സമ്പത്ത് പോലും ഊറ്റിയെടുക്കാന്‍ അമേരിക്കയ്ക്ക് ലവലേശം മനഃസാക്ഷിക്കുത്തില്ല.

ഇറാനെയും മറ്റും ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുമ്പോള്‍ ഇറാഖിന്റെ അനുഭവപാഠം ലോകത്തിന് മുന്നിലുണ്ട്. യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങള്‍ മതനിരപേക്ഷതയ്ക്ക് വളക്കൂറുള്ള മണ്ണായിരുന്നു. ഇവിടങ്ങള്‍ ഇന്ന് ഭീകരതയുടെ വിളഭൂമിയാണ്. സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ജനതയെ അരാജകത്വത്തില്‍ എത്തിച്ചശേഷം സാമ്രാജ്യത്വം മറ്റൊരു പരിഷ്കൃതസമൂഹത്തിനുനേരെ ഭീഷണി മുഴക്കുകയാണ്. ലോകം കരുതിയിരുന്നേ തീരൂ.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി 04-09-2010

Friday, August 6, 2010

അന്ന് ഹിരോഷിമ; ഇന്ന് ഫല്ലൂജ

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കൂട്ടക്കരുതിക്ക് ലോകം സാക്ഷിയായിട്ട് 65 വര്‍ഷം പിന്നിടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് അമേരിക്ക കൊന്നൊടുക്കിയത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇന്നും ഈ രണ്ട് നഗരങ്ങളിലെയും ജനങ്ങള്‍ ആ ദുരന്തത്തില്‍നിന്ന് പൂര്‍ണമായും മുക്തി നേടിയിട്ടില്ല.

ഇതുകൊണ്ടൊന്നും അമേരിക്കയുടെ നശീകരണവാസന അവസാനിച്ചില്ല. വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധക്കൊതിയന്‍മാരായ യാങ്കികള്‍ നരവേട്ട തുടര്‍ന്നു, പുതിയ ആയുധങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ട് കുന്നുകൂട്ടി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങളോട് ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണ് ഇറാഖിലെ ഫല്ലൂജ നഗരവാസികളോട് ബുഷ് ഭരണകൂടം കാണിച്ചത്. 2004ല്‍ ബോംബും രാസായുധങ്ങളും ഉപയോഗിച്ച് ഫല്ലൂജയെ നശിപ്പിക്കുകയായിരുന്നു അമേരിക്ക. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005 -2009 എന്ന പഠനത്തിലൂടെ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. ക്യാന്‍സര്‍, ലൂക്കേമിയ തുടങ്ങിയ രോഗങ്ങളും നവജാത ശിശുമരണനിരക്കുംമാത്രം കണക്കാക്കിയാല്‍ ഒരു നഗരം അനുഭവിക്കുന്ന തീരായാതനയുടെ ചെറിയൊരു ചിത്രം നമുക്ക് ലഭിക്കും.

പടിഞ്ഞാറന്‍ ബഗ്ദാദില്‍നിന്ന് 43 മൈല്‍ അകലെയാണ് ഫല്ലൂജ നഗരം. ബാബിലോണിയന്‍ സംസ്കാരത്തിന്റെ അതിസമ്പന്നമായ പാരമ്പര്യം പേറുന്ന, പള്ളികളുടെ നഗരം എന്ന ഓമനപ്പേരുള്ള ഫല്ലൂജ ഇന്ന് നരകഭൂമിയാണ്. ഓപ്പറേഷന്‍ ഫാന്റം ഫ്യൂറി എന്ന് വിളിച്ച ആക്രമണത്തിലൂടെ ആ നഗരത്തെയും ലക്ഷക്കണക്കിന് ജനങ്ങളെയും യുഎസ് സൈന്യം കൊന്നൊടുക്കി. മാരകരാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് പോലും ഉപയോഗിച്ചായിരുന്നു ആക്രമണം. അങ്ങനെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധക്കുറ്റം ചെയ്തുകൊണ്ട് അമേരിക്ക വീണ്ടും ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി 711 വീട് കേന്ദ്രീകരിച്ച് 4,843 പേരുമായി നടത്തിയ അഭിമുഖത്തിന് ഒടുവിലാണ് ക്രിസ് ബിസോയ്, മലാക് ഹമദാന്‍, എന്റസാര്‍ അരിയാബി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലെ വസ്തുതകള്‍ പുറത്തുവന്നത്.

അഞ്ച് വര്‍ഷത്തിനു മുമ്പ്, അതായത് യുഎസ് ആക്രമണത്തിന് മുമ്പുണ്ടായിരുന്ന ക്യാന്‍സര്‍ രോഗികളുടെ നാല് മടങ്ങാണ് ഇന്ന് ഫല്ലൂജയിലെ ക്യാന്‍സര്‍ നിരക്ക്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിന് ശേഷം അവിടെയുള്ള ജനങ്ങളെ ബാധിച്ച ക്യാന്‍സറിന്റെ വകഭേദങ്ങളാണ് ഫല്ലൂജയിലും കാണുന്നത്. ഈജിപ്തിലെയും ജോര്‍ദാനിലെയും കുവൈറ്റിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ലൂക്കേമിയ 38 മടങ്ങും കുട്ടികളുടെ ക്യാന്‍സര്‍നിരക്ക് 12 മടങ്ങും സ്തനാര്‍ബുദം 10 മടങ്ങും കൂടുതലാണ് ഫല്ലൂജയില്‍. ലിംഫോമ, ട്യൂമര്‍ എന്നിവയുടെ നിരക്കും മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പല മടങ്ങ് കൂടുതലാണ്. 100 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ 80 കുഞ്ഞുങ്ങളും ജനിച്ച് ഏറെക്കഴിയുംമുമ്പ് മരിക്കുന്നു. ശിശുമരണനിരക്ക് ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അഞ്ച് മടങ്ങും കുവൈറ്റുമായി ഒത്തുനോക്കുമ്പോള്‍ എട്ട് മടങ്ങുമാണ്.

ലിംഗാനുപാതത്തിലും പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കുന്നു. ആക്രമണത്തിനു മുമ്പ് 1050 ആണ്‍കുട്ടികള്‍ക്ക് 1000 പെണ്‍കുട്ടികള്‍ എന്നതായിരുന്നു നിരക്ക്. എന്നാല്‍, ഇപ്പോള്‍ ഇത് 1000 പെണ്‍കുട്ടികള്‍, 860 ആണ്‍കുട്ടികള്‍ എന്ന രീതിയില്‍ ആയിരിക്കുന്നു. 1945ന് ശേഷം ഹിരോഷിമയിലും ഇതേ പ്രതിഭാസമാണുണ്ടായത്. ഫല്ലൂജയില്‍ അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ അണുബോംബുണ്ടാക്കുന്ന യുറേനിയം ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ജനിതകവൈകല്യവും ലിംഗാനുപാതത്തില്‍ വലിയ മാറ്റവുമുണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2009 സെപ്തംബറില്‍ ഫല്ലൂജയിലെ ജനറല്‍ ആശുപത്രിയില്‍ 170 കുഞ്ഞുങ്ങള്‍ ജനിച്ചു. ഇവരില്‍ 24 ശതമാനം കുഞ്ഞുങ്ങള്‍ ഏഴുദിവസത്തിനകം മരിച്ചു. അംഗവൈകല്യവും ജനിതകപ്രശ്നങ്ങളുമില്ലാത്ത കുട്ടികള്‍ ജനിക്കുന്നത് അപൂര്‍വമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍, ഈ പഠനത്തിനും വസ്തുതകള്‍ക്കും പെന്റഗണ്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല. അമേരിക്കന്‍ സൈനിക ആക്രമണം കൊണ്ട് ഫല്ലൂജയില്‍ യാതൊരു പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിശ്വസനീയമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നുമാണ് യുഎസ് പ്രതിരോധസെക്രട്ടറി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. വലിയ രീതിയിലുള്ള പഠനം നടന്നിട്ടില്ലെന്നത് ശരിതന്നെയാണ്. അതിന് അമേരിക്കയും ഇറാഖിലെ പാവഭരണകൂടവും സമ്മതിച്ചിട്ടില്ലെന്നതാണ് വാസ്തവം. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005-2009 സര്‍വേ നടത്തുമ്പോഴും തടയാനായി അമേരിക്കന്‍ സൈന്യത്തിന്റെ ഒത്താശയോടെ ഇറാഖി ഭരണകൂടം ശ്രമിച്ചിരുന്നു. സര്‍വേയ്ക്കുള്ള ചോദ്യാവലി വിതരണംചെയ്തപ്പോള്‍ ഭീകരപ്രവര്‍ത്തകരാണ് സര്‍വേക്കു പിന്നിലെന്നും ഇവരുമായി സഹകരിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഇറാഖി ടെലിവിഷനിലൂടെ ഭീഷണി മുഴക്കി. എങ്കിലും പഠനം മുഴുമിപ്പിക്കാനും അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ക്രിസ് ബിസോയിക്കും സംഘത്തിനും സാധിച്ചു.

2003 ഏപ്രില്‍ 28നാണ് അമേരിക്കന്‍ സാമ്രാജ്യത്വ കഴുകന്‍മാര്‍ ഫല്ലൂജയിലെ ജനങ്ങളുടെമേല്‍ പല്ലും നഖവും ആഴ്ത്താന്‍ തുടങ്ങിയത്. ഒരു സ്കൂളില്‍ അമേരിക്കന്‍ സൈനിക ക്യാമ്പ് നടത്തുന്നതിനെതിരെ പ്രതിഷേധിച്ച ഫല്ലൂജക്കാര്‍ക്കെതിരെ പട്ടാളം നിറയൊഴിച്ചു. അന്ന് 200 പേരാണ് മരിച്ചുവീണത്. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഏറ്റവുമധികം ചെറുത്തുനില്‍പ്പുയര്‍ന്നത് ഫല്ലൂജയില്‍ നിന്നായിരുന്നു. അതിനാല്‍ ഫല്ലൂജക്കാരെ നശിപ്പിക്കുക യാങ്കി സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിത്തീര്‍ന്നു.

2004 നവംബറില്‍ ആധുനിക യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. വൈറ്റ്ഫോസ്ഫറസ് ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ ആയിരക്കണക്കിന് മനുഷ്യരും കെട്ടിടങ്ങളും കത്തിയമര്‍ന്നു. മാരകമായ രീതിയില്‍ ബോംബാക്രമണം നടത്തി. അമേരിക്ക നിരത്തിയ കണക്കു പ്രകാരം 'ഏറ്റുമുട്ടലി'ല്‍ 1400 പേര്‍ മരിച്ചു! ഇന്നും ഫല്ലൂജയിലെ കൂട്ടക്കൊലയുടെ യഥാര്‍ഥ ചിത്രം ലോകത്തിന് അന്യമാണ്. ആക്രമണത്തിനു മുമ്പ് നഗരത്തിലെ ജനസംഖ്യ 4.25 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. ഇപ്പോള്‍ 2.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലാണെന്നാണ് ചില അനൌദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ നിന്നുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനിയുണ്ടായതായി അനുമാനിക്കാം. ആയിരക്കണക്കിന് ആളുകള്‍ നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോയിട്ടുമുണ്ട്. നഗരത്തിലെ പാതിയിലധികം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ശുദ്ധജലംപോലും ലഭിക്കാതെ നരകിക്കുകയാണ് അവശേഷിക്കുന്ന ജനങ്ങള്‍.

ഫല്ലൂജയിലെ കൂട്ടക്കുരുതിയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ യുഎസ് സൈനികവക്താവ് കേണല്‍ മൈക് റഗ്നറോട് ചോദിച്ചപ്പോള്‍, 'ആ, എനിക്കൊന്നുമറിയില്ല'' എന്ന് കൈമലര്‍ത്തി. ഒരു ജനതയെ, അവരുടെ സംസ്കാരത്തെ, കുഞ്ഞുങ്ങളെ, ഇനി പിറക്കാന്‍ പോകുന്ന തലമുറയെ മുഴുവന്‍ തീരാദുരിതത്തിലാഴ്ത്തിയിട്ടും ഇത്ര നിസ്സംഗമായി പ്രതികരിക്കാന്‍ അമേരിക്കക്കാരന് മാത്രമേ കഴിയൂ. ഈ അമേരിക്കന്‍ യുദ്ധക്കൊതിക്ക് സമാധാനം കാംക്ഷിക്കുന്ന ലോകസമൂഹം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഹിരോഷിമ-നാഗസാക്കി ദിനങ്ങളില്‍ ഫല്ലൂജ നല്‍കുന്നത്.

*
ബിജു പി കടപ്പാട്: ദേശാഭിമാനി