Showing posts with label സഹകരണമേഖല. Show all posts
Showing posts with label സഹകരണമേഖല. Show all posts

Sunday, May 4, 2014

നബാര്‍ഡിന്റെ കുതന്ത്രങ്ങള്‍

ഉദാരവല്‍ക്കരണനയം സഹകരണ ബാങ്കിങ് മേഖലയില്‍ നടപ്പാക്കി ഈ മേഖലയെ തകര്‍ക്കുന്നതിന് കരാറെടുത്തപോലെയാണ് നബാര്‍ഡിന്റെ പ്രവര്‍ത്തനം. 2013-14 സാമ്പത്തികവര്‍ഷം അവസാനിച്ചതിനുശേഷം മുഖ്യധാരാമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാര്‍ത്തയാണ് മൂലധനപര്യാപ്തത ഇല്ലാത്തതുമൂലം സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബാങ്കുകളുടെയും റിസര്‍വ് ബാങ്ക് ലൈസന്‍സ് ഉടന്‍ നഷ്ടമാകും എന്നത്. എന്നാല്‍ ഇതിനു പിന്നിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്.

സഹകരണ ബാങ്കിങ് മേഖല

കേരളത്തില്‍ സഹകരണ ബാങ്കിങ് മേഖലയില്‍ ത്രിതലസംവിധാനമാണ് നിലവിലുള്ളത്. മുകളില്‍ സംസ്ഥാന സഹകരണ ബാങ്ക്, നടുവില്‍ 14 ജില്ലാ സഹകരണ ബാങ്കുകള്‍, താഴെ 1600 പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍. ഈ ത്രിതല ബാങ്കിങ് സംവിധാനത്തിനുപുറമെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് അര്‍ബന്‍ സഹകരണ ബാങ്കുകളും ചുരുക്കം ചില എംപ്ലോയീസ് സഹകരണസംഘങ്ങളും ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നു. 2013-14ലെ കണക്കനുസരിച്ച് ഇവയ്ക്കെല്ലാംചേര്‍ന്ന് ഒരുലക്ഷം കോടിയിലേറെ രൂപ നിക്ഷേപവും 30000 കോടിയിലേറെ വായ്പയുമുണ്ട്. ഇന്ത്യയിലെ മൊത്തം സഹകരണ ബാങ്കുകള്‍ കൈകാര്യംചെയ്യുന്ന നിക്ഷേപത്തിന്റെ 60 ശതമാനത്തിലേറെയും കൈകാര്യംചെയ്യുന്നത് കേരളത്തിലാണ്.

നിലവിലെ സ്ഥിതി

റിസര്‍വ് ബാങ്കും നബാര്‍ഡും നിലവില്‍ ബാങ്കിങ് ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത് സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും അര്‍ബന്‍ സഹകരണ ബാങ്കുകളെയും മാത്രമാണ്. ഈ ഗണത്തില്‍പ്പെടുന്ന കേരളത്തിലെ എല്ലാ ബാങ്കുകള്‍ക്കും ഇപ്പോള്‍ ലൈസന്‍സ് ഉണ്ട്. ഔപചാരികമായി ലൈസന്‍സ് പരിധിയില്‍ ഇല്ലെങ്കിലും ഏറ്റവും വിശ്വാസയോഗ്യമായി പ്രവര്‍ത്തിക്കുന്ന മികച്ച ബാങ്കുകള്‍തന്നെയാണ് പ്രാഥമിക സഹകരണ ബാങ്കുകളും. ഭൂരിഭാഗം ബാങ്കുകളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ബാങ്കുകള്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത് വെറും "പ്രൊവിഷനിങ്"  നഷ്ടം മാത്രമാണ്.

സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു

ജനകീയ ബാങ്കിങ് പ്രവര്‍ത്തനത്തിലൂടെ കേരളം സഹകരണ ബാങ്കിങ് രംഗത്ത് കൈവരിച്ച വലിയ നേട്ടങ്ങള്‍ നവഉദാരവല്‍ക്കരണത്തിന്റെ പ്രയോക്താക്കളെ എക്കാലവും അസൂയപ്പെടുത്തുന്ന ഒന്നാണ്. കേന്ദ്രം, കേരളത്തിന്റെ ഈ പ്രത്യേക നേട്ടത്തില്‍ സന്തുഷ്ടരല്ല. സ്വകാര്യവല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന അവരും ആഗ്രഹിക്കുന്നത് ഇത്തരം ജനാധിപത്യസ്ഥാപനങ്ങളുടെ തകര്‍ച്ചയാണ്. അതിനായി അവര്‍ ഒരുപാട് പുതിയ നിയമങ്ങള്‍ പടച്ചുണ്ടാക്കുന്ന റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവയിലൂടെ അത് നടപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ആശങ്കയുണര്‍ത്തുന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും സഹകരണ ബാങ്കിങ് സംവിധാനത്തിന്റെ ഭാവി സംബന്ധിച്ച ആശങ്ക ഉണ്ടാകും. സഹകരണ ബാങ്കുകളിലെ നിക്ഷേപകനെ സംബന്ധിച്ചാണെങ്കില്‍ ഈ ആശങ്ക ഒരുപക്ഷേ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥവരെ എത്തിച്ചേക്കാം. ഈ മേഖല തകര്‍ക്കണമെന്നാഗ്രഹിക്കുന്നവരുടെ ഉദ്ദേശ്യവും ഇതുതന്നെ. സഹകരണ ബാങ്കുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, വിശ്വാസ്യത കളങ്കപ്പെടുത്തുക, ഈ മേഖലയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഇത്രയും വലിയ തുക പിടിച്ചെടുക്കുക. ഇത് വലിയൊരു ഗൂഢാലോചനയാണ്.

മൂലധന പര്യാപ്തത

2006-07 മുതലാണ് റിസര്‍വ് ബാങ്ക് ബേസല്‍ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഐആര്‍എസി നോംസുകള്‍ സഹകരണ ബാങ്കുകള്‍ക്കുകൂടി ബാധകമാക്കാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വാര്‍ഷിക കുടിശ്ശിക കണക്കാക്കി ആവശ്യമായ കരുതലുകള്‍ നീക്കിവച്ചിരുന്നതിനു പകരമായി നിഷ്ക്രിയ ആസ്തി വ്യവസ്ഥകളും തരംതിരിച്ചുള്ള നിര്‍ബന്ധിത പ്രൊവിഷനിങ്ങും നിലവില്‍വന്നു. ഇത് കുടിശ്ശിക ശതമാനം ഉയര്‍ന്നുനിന്ന സഹകരണ ബാങ്കുകളെ നഷ്ടത്തിലാക്കി. ഒരുഭാഗത്ത് നിഷ്ക്രിയ ആസ്തിയില്‍നിന്ന് പലിശ വരുമാനം ഇല്ലായ്ക, മറുഭാഗത്ത് നിഷ്ക്രിയ ആസ്തിക്ക് ആനുപാതികമായ പ്രൊവിഷനിങ്. രണ്ടും ചേര്‍ത്ത് സഹകരണ ബാങ്കുകളെ ശ്വാസംമുട്ടിക്കുമ്പോഴാണ് റിസര്‍വ് ബാങ്കും നബാര്‍ഡും ചേര്‍ന്ന് വാണിജ്യ, സ്വകാര്യ ബാങ്കുകളുടേതിന് സമാനമായ തോതില്‍ സഹകരണ ബാങ്കുകളും മൂലധന പര്യാപ്തത കൈവരിച്ചിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കുമ്പോള്‍ റിസര്‍വ് ബാങ്കും നബാര്‍ഡും കാണാതെപോയ ചില കാര്യങ്ങളുമുണ്ട്. വാണിജ്യ ബാങ്കുകള്‍ മൂലധനപര്യാപ്തത കൈവരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന ബജറ്റ് വിഹിതം കൊണ്ടാണ്. സ്വകാര്യ ബാങ്കുകള്‍ ഓഹരി മാര്‍ക്കറ്റില്‍നിന്ന് മൂലധനം സമാഹരിക്കുന്നു. സഹകരണ ബാങ്കുകള്‍ക്കാകട്ടെ ഇത്തരമൊരു സാഹചര്യമില്ല. ഗ്രാമീണതലത്തില്‍ സഹകരണ ബാങ്കുകള്‍ പ്രാഥമിക സര്‍വീസ് സഹകരണബാങ്കുകളില്‍ അംഗത്വമെടുക്കാന്‍ നല്‍കേണ്ട പത്തുരൂപയുടെ ഓഹരിയാണ് സഹകരണ ബാങ്കുകളുടെ മൂലധനം. പ്രാഥമിക ബാങ്കുകള്‍ ഇങ്ങനെ സമാഹരിക്കുന്ന ഓഹരിസംഖ്യയില്‍നിന്ന് ഒരു വിഹിതം അവര്‍ അംഗങ്ങളായിട്ടുള്ള ജില്ലാ സഹകരണ ബാങ്കുകളിലേക്ക് ഓഹരികളായി നല്‍കുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ അവര്‍ അംഗങ്ങളായിട്ടുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ഇതേ രീതിയില്‍ത്തന്നെ ഓഹരി നല്‍കുന്നു. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ ചെറിയതോതില്‍ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനമായി സഹായം നല്‍കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ സമാഹരിക്കപ്പെടുന്ന ഓഹരി സംഖ്യ ഈ ബാങ്കുകളുടെ റിസ്ക് അസറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിസര്‍വ് ബാങ്ക്/ നബാര്‍ഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച മൂലധനത്തോത് ഉണ്ടാകുക എന്നത് പ്രയാസകരമാണ്. ഇതിനെയാണ് പല മാധ്യമങ്ങളും സഹകരണ ബാങ്കുകളുടെ കാര്യക്ഷമതയില്ലായ്മയോ കെടുകാര്യസ്ഥതയോ ഒക്കെ ആയി വ്യാഖ്യാനിക്കുന്നത്. വാണിജ്യ ബാങ്കുകളും സ്വകാര്യ ബാങ്കും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന, സാധാരണ ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനസ്ഥാപനം എന്ന നിലയില്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേകമായി ഒരു "മൂലധന പര്യാപ്തതാ മാനദണ്ഡം" നിര്‍ണയിച്ചു നല്‍കുന്നതിനാവശ്യമായ സമ്മര്‍ദതന്ത്രങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരിക്കണം ഇക്കാര്യത്തില്‍ കേരളത്തിലെ പൊതുസമൂഹവും ഭരണവും മാധ്യമങ്ങളും സ്വീകരിക്കേണ്ട നിലപാട്.

സംസ്ഥാന സഹകരണബാങ്കിന്റെ ഉത്തവാദിത്തം

ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പദവിയിലുള്ള അപ്പെക്സ് സഹകരണ ബാങ്കാണ് സംസ്ഥാന സഹകരണബാങ്ക്. 14 ജില്ലാ സഹകരണ ബാങ്കുകളാണ് ഇതിലെ അംഗങ്ങള്‍. സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയ്ക്ക് ചുക്കാന്‍ പിടിക്കേണ്ടതും നയപരിപാടികള്‍ ആവിഷ്കരിക്കേണ്ടതും ഈ മേഖലയെ സംരക്ഷിക്കേണ്ടതുമായ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിനുണ്ട്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ സംസ്ഥാന ബാങ്കിന് സമീപകാലത്തായി ഈ നിയന്ത്രണവും നേതൃത്വവും നഷ്ടപ്പെടുന്ന കാഴ്ചയാണിപ്പോള്‍. പല ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കിന്റെ നിര്‍ദേശങ്ങള്‍ ബോധപൂര്‍വം ലംഘിക്കുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന ബാങ്കിനെ വകവയ്ക്കാതെ നബാര്‍ഡില്‍നിന്ന് നേരിട്ട് കാര്‍ഷികവായ്പയെടുത്തത് ഇതിനുദാഹരണമാണ്. ഇത് ഈ മേഖലയുടെ കെട്ടുറപ്പിനേറ്റ തിരിച്ചടിയാണ്. ഈ മേഖലയുടെ നിലനില്‍പ്പിന് ശക്തിയായി നില്‍ക്കേണ്ട കോഴിക്കോട് ജില്ലാ ബാങ്ക് ഈ പ്രവൃത്തിയിലൂടെ സംസ്ഥാന സഹകരണബാങ്കിനെയും സംസ്ഥാന സര്‍ക്കാരിനെയും വകവയ്ക്കാതെ സഹകരണ ജനാധിപത്യമൂല്യങ്ങള്‍ കളഞ്ഞുകുളിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ഭരണപരമായ നേതൃത്വവും നിയന്ത്രണവും സംസ്ഥാന സര്‍ക്കാരിനാണ്. സഹകരണ രജിസ്ട്രാറിലൂടെ ഈ നിയന്ത്രണം കാലങ്ങളായി നിര്‍വഹിച്ചുപോരുന്നതുമാണ്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശങ്ങളെ മറികടക്കാനുള്ള പ്രവണത പല സഹകരണബാങ്കുകളും കാണിക്കുന്നു. സഹകരണബാങ്കുകളുടെ ഭരണം ജനാധിപത്യവിരുദ്ധമായ രീതിയില്‍ പിടിച്ചെടുത്ത് അധികാരം കൈയാളുന്നവര്‍തന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിക്കുന്നു. ഇതിന് വളംവച്ചുകൊടുക്കുന്നതാകട്ടെ നബാര്‍ഡും. സഹകരണ ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന ത്രിതല സംവിധാനം പൊളിച്ച് സഹകരണ ബാങ്കുകളുടെ സംഘടനാശേഷിയെ ഇല്ലാതാക്കുക എന്ന ഉദാരവല്‍ക്കരണ കാഴ്ചപ്പാടാണ് നബാര്‍ഡ് നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ അമാന്തിച്ചുകൂടാ.

നബാര്‍ഡ്: ഏറ്റവും വലിയ ശത്രു

1982ല്‍ നബാര്‍ഡ് രൂപീകരിക്കുന്ന കാലത്ത് രാജ്യത്ത് വിതരണം ചെയ്തിരുന്ന മൊത്തം കാര്‍ഷികവായ്പയില്‍ 80 ശതമാനവും സഹകരണ ബാങ്കുകളിലൂടെയായിരുന്നു. എന്നാല്‍, ഇന്ന് അത് 17 ശതമാനം മാത്രമാണ്. ഈ കണക്കുകള്‍തന്നെയാണ് നബാര്‍ഡ് സഹകരണ ബാങ്കുകളെ സഹായിക്കുകയല്ല മറിച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ്. 2013-14 സാമ്പത്തികവര്‍ഷം നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 1000 കോടി രൂപയുടെ കാര്‍ഷികവായ്പ നബാര്‍ഡ് നിഷേധിച്ചത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ബാങ്കിങ് മേഖലയില്‍ വ്യാപകമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണനയങ്ങള്‍ സഹകരണമേഖലയില്‍ നടപ്പാക്കുക എന്ന ലക്ഷ്യം മാത്രമാണ് നിലവില്‍ നബാര്‍ഡിനുള്ളത്. ഈ സ്ഥാപനം വെറുമൊരു ലാഭകേന്ദ്രീകൃത സ്ഥാപനമായി മാറിയിരിക്കുന്നു. ഭൂരിഭാഗം ഉദ്യോഗസ്ഥരും നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരും. ഇവരുടെ നയങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പ്രതിബന്ധം സൃഷ്ടിച്ചിരുന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനമായിരുന്നു. ഇതാണ് അവ ശിഥിലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം നബാര്‍ഡ് നേതൃത്വത്തില്‍ നടപ്പാക്കിയ കോര്‍ ബാങ്കിങ് സംവിധാനം നമ്മുടെ സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കാനുള്ളത് തന്നെയാണ്. വളരെ പഴകിയ ഒരു സോഫ്റ്റ്വെയര്‍ വേര്‍ഷന്‍ ഉപയോഗിക്കുക വഴി വലിയ ഒരു വിഭാഗം ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കും നേരിടുന്ന സാങ്കേതികപ്രശ്നങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിരുന്നോ എന്ന കാര്യം അന്വേഷിക്കണം. സഹകരണ ബാങ്കിങ് മേഖല ശക്തമായി നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. കേരളവികസനത്തിന്റെ നാഴികക്കല്ലും വഴികാട്ടിയുമാണ് ഈ മേഖല. അതികര്‍ക്കശ നിയമങ്ങളും അനാവശ്യ ഇടപെടലുകളും നടത്തി അതിന്റെ ഭാവി അപകടപ്പെടുത്താന്‍ വിവിധ കോണുകളില്‍നിന്നുണ്ടാകുന്ന ആസൂത്രിതനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണം. (മുന്‍ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റാണ് ലേഖകന്‍)

*
എം മെഹബൂബ് deshabhimani 30-04-2014

Wednesday, March 19, 2014

സഹകരണത്തിന് കൊലക്കയര്‍


ജീവിതത്തിെന്‍റ നൂലിഴകള്‍ പൊട്ടിച്ച് മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിയിട്ടതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് പ്രതിക്കൂട്ടില്‍. പേരിനു മാത്രമുണ്ടായ താങ്ങുകള്‍ ഒഴിവാക്കി ആ അശരണരെ കൊള്ളപ്പലിശക്കാരുടെ തീന്‍മേശയിലെത്തിക്കുകയായിരുന്നു ഔദ്യോഗിക സംവിധാനങ്ങള്‍. നിലവിലുണ്ടായ സഹകരണ സ്ഥാപനങ്ങളെ ശയ്യാവലംബിയാക്കി വാണിജ്യ ബാങ്കുകളെ കൊഴുപ്പിച്ചു. സ്തംഭിച്ചുനിന്ന കൃഷി തള്ളിനീക്കാന്‍ ആവശ്യമായ ട്രാക്ടറിനുള്ള കടത്തിന്റെ പലിശ പതിനാലു ശതമാനം. എന്നാല്‍ ആ ഉള്‍ഭാഗങ്ങളില്‍ ചക്രം തിരിയാത്ത കാറിനുള്ള കടത്തിനുള്ള പലിശയാകട്ടെ നേര്‍പകുതിയും.

ആത്മഹത്യയുടെ പടവുകളിലേക്ക് കേരളത്തിലെ കര്‍ഷകരെയും സഹകരണ മേഖലയെയും പിടിച്ചു വലിച്ചുകൊണ്ടുപോവുകയായിരുന്നു യുപിഎ-യുഡിഎഫ് ഭരണങ്ങള്‍. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള നിര്‍വചനം അട്ടിമറിച്ചായിരുന്നു കേന്ദ്ര ഗവര്‍മെണ്ടിെന്‍റ നീക്കങ്ങളും സമീപനങ്ങളും. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുറ്റിയറുക്കുന്ന ഇത്തരം നിലപാടുകള്‍ ചൂണ്ടിക്കാണിച്ചില്ലെന്നു മാത്രമല്ല, പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു യുഡിഎഫ് ഭരണം. ഒരുലക്ഷത്തിലേറെ ആളുകള്‍ക്ക് നേരിട്ടും അതിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍നല്‍കുന്ന പ്രസ്ഥാനത്തെയാണ് തകര്‍ക്കുന്നത്. ബാങ്കിങ് കമ്പനികള്‍ക്കുമാത്രം ബാധകമായ നികുതികള്‍ സഹകരണ മേഖലയിലേക്ക് കൂടി വ്യാപിപിക്കുകയാണ്. സഹകരണ രംഗത്തിന് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങള്‍ തട്ടിപ്പറിക്കുന്നതിലൂടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക.

കേന്ദ്ര ആദായ നികുതി വകുപ്പിെന്‍റ വിവിധ അക്രമപ്പിരിവുകള്‍ പല സ്ഥാപനങ്ങളെയും ആഴത്തില്‍ ഉലച്ചു. ഗിഫ്റ്റ്, ഫ്രഞ്ച് ബെനഫിറ്റ്, സര്‍വ്വീസ് ടാക്സുകള്‍ ഇതിെന്‍റ ഭാഗം. അംഗങ്ങളുടെ ജനറല്‍ ബോഡിക്ക് നല്‍കുന്ന സമ്മാനങ്ങള്‍പോലും നികുതിക്കു കീഴിലാവുന്നു. സഹകരണ മേഖല ഒടുക്കേണ്ടാത്ത സേവന നികുതി വന്‍ പ്രതിസന്ധിയാണ് വരുത്തിവയ്ക്കുന്നതും. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിെന്‍റ അഭിമാനസ്തംഭമായ മാടായി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിന് ഒരു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം രൂപയുടെ അധിക ഭാരമാണു താങ്ങേണ്ടി വന്നത്. വായ്പയടവിലും മറ്റിടപാടിലും വീഴ്ച വരുത്തുന്ന അംഗങ്ങള്‍ക്കയക്കുന്ന ആര്‍ബിറ്ററേഷന്‍ നോട്ടീസിനും നികുതി നിര്‍ബന്ധമാക്കിയിരിക്കുന്നു. സഹകരണ പ്രസ്ഥാനം വാണിജ്യ ബാങ്കിന് തുല്യമാണെന്ന് നിര്‍വചിച്ചും സമര്‍ഥിച്ചുമാണ് പിടിച്ചുപറി. സഹകരണ സംഘങ്ങള്‍ക്ക് ഇന്‍കംടാക്സ് അടയ്ക്കുന്നതില്‍നിന്ന് ഐടി ആക്ട് 80(പി) അനുസരിച്ച് ഇളവ് അനുവദിച്ചിരുന്നു. ഇതിനും മാറ്റം വന്നു.

സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളിലെ ഓഹരി വായ്പാ അനുപാതം എല്‍ഡിഎഫ് ഭരണകാലത്ത് ഒരു ശതമാനമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അത് ഇരട്ടിയാക്കി. ധനമൂലധന ശക്തികള്‍ക്ക് കടന്നുവരുന്നതിനുള്ള പശ്ചാത്തലമൊരുക്കുന്നതിന് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. കേന്ദ്രം രൂപീകരിച്ച വിവിധ കമീഷനുകളിലൂടെ ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതും. സഹകരണ പ്രസ്ഥാനത്തെ ഇവ തകര്‍ക്കുമെന്നതിനാല്‍ അത്തരം നയങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ല.

ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിച്ചത്. സഹകരണബാങ്കുകളെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിനുകീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടി ഇതിന്റെ ഭാഗവും. ഇതോടെ സംസ്ഥാന വിഷയമായ സഹകരണം കേന്ദ്രത്തിന്റെ വരുതിയിലാവും. മേഖലയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയും ഇതേ ചുവടുപിടിച്ചാണ്. ഭരണഘടനയുടെ പാര്‍ട്ട് 3 ലെ അനുച്ഛേദം 19 (1) സിയില്‍ സഹകരണ സംഘങ്ങള്‍ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു. ഇതുപ്രകാരം ഒരേ പ്രദേശത്ത് ഒരേലക്ഷ്യത്തോടെ രജിസ്റ്റര്‍ചെയ്ത നിരവധി സംഘങ്ങള്‍ രൂപീകരിക്കാന്‍ പറ്റുന്ന സ്ഥിതിയായി. ഇത് സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കും. രണ്ടാമത്തെ ഭേദഗതി ഭരണഘടനയുടെ പാര്‍ട് 4 ല്‍ അനുച്ഛേദം 43 (എ) യ്ക്കുശേഷം 43(ബി) എന്ന പേരില്‍ സഹകരണ സംഘങ്ങളുടെ സ്വമേധയായുള്ള രൂപീകരണം, സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണല്‍ മാനേജ്മെന്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രം നടപടിയെടുക്കണം എന്നാണ്. ഇതിലെ സ്വയംഭരണം എന്ന പദം സംസ്ഥാന നിയന്ത്രണം കവരാനുള്ള തന്ത്രമാണ്. മറ്റൊരു ഭേദഗതിയിലൂടെ സഹകരണ ഓഡിറ്റിങ്ങിനുപകരം സ്വകാര്യ കമ്പനികളുടേത് ഏര്‍പ്പെടുത്താനാണ് ലക്ഷ്യം. ഭരണഘടനയുടെ നാലാംഭാഗത്ത് മാര്‍ഗനിര്‍ദേശകതത്വങ്ങളില്‍ 9 (എ)യ്ക്കുശേഷം 9 (ബി) എന്ന അനുഛേദം ചേര്‍ക്കുന്ന തരത്തിലാണ് ഈ ബില്‍. ഇതിലൂടെ കേന്ദ്രത്തിന് ഏത് നിയമവും അടിച്ചേല്‍പ്പിക്കാം.

ബാങ്കിങ് നിയമഭേദഗതി ബില്ലും സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതിന്റെ 9 (ബി) യില്‍ 240 ദഘ എന്ന വ്യവസ്ഥ അനുസരിച്ച് എല്ലാ സഹകരണബാങ്കുകളും റിസര്‍വ്ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെ പരിധിയിലാകും. അങ്ങിനെയായാല്‍ എല്ലാ ജനകീയ പ്രവര്‍ത്തനങ്ങളില്‍നിന്നും സഹകരണബാങ്കുകള്‍ പിന്മാറേണ്ടിവരും. വാണിജ്യബാങ്കുകള്‍ക്ക് തുല്യമായ നിയന്ത്രണങ്ങള്‍ സഹകരണപ്രസ്ഥാനത്തില്‍ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് പൊതുവില്‍. സഹകരണ ബാങ്കുകള്‍ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. അവയുടെ ഓഹരി അംഗങ്ങള്‍ എടുക്കുന്ന വായ്പയുമായി ബന്ധപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഇവ വാണിജ്യമേഖലയുടേതുപോലെ ഓഹരിക്കമ്പോളത്തില്‍ വിറ്റ് മൂലധന പര്യാപ്തത കൈവരിക്കാനാവില്ല. കേരളത്തില്‍ 40 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. ഓഹരി മൂലധനത്തില്‍ കൂടുതല്‍ നഷ്ടമുള്ള സ്ഥാപനങ്ങളുമുണ്ട്. റിസര്‍വ് ബാങ്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ ഇവയുടെ നിലനില്‍പ്പ് അപകടത്തിലാകും. ജില്ലാ ബാങ്കുകളുടെ വായ്പയില്‍ 70 ശതമാനം കാര്‍ഷിക മേഖലയ്ക്ക് നല്‍കണമെന്നാണ് പ്രകാശ് ബക്ഷി കമീഷന്‍ ശുപാര്‍ശ. ഇങ്ങനെ പ്രവര്‍ത്തിക്കാത്തവയെ അര്‍ബന്‍ സഹകരണ ബാങ്കുകളാക്കണമെന്നും നിര്‍ബന്ധിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെയും നബാര്‍ഡിന്റെയും സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച നിര്‍ദേശം ചര്‍ച്ചയിലില്ല. പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ ജില്ലാ സഹകരണബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കണമെന്നാണ് നബാര്‍ഡ് നിര്‍ദേശം. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ തുക എത്തിക്കുക എന്ന നബാര്‍ഡിന്റെ ധര്‍മം നടപ്പാക്കാത്ത സ്ഥിതിയുമുണ്ട്.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി

Thursday, February 6, 2014

തകരുന്ന സഹകരണമേഖല

സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് വരുത്തി തീര്‍ക്കുകയും പുരോഗതി കൈവരിക്കാന്‍ ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുമ്പോഴും യാഥാര്‍ഥ്യം മറ്റൊന്നാണ്. സഹകരണമേഖലയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഭരണതലത്തില്‍നിന്നുള്‍പ്പെടെ അരങ്ങേറുന്നത്. 97-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തെ സഹകരണമേഖല കരുത്താര്‍ജിക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കഴിയുന്ന നിലയിലേക്ക് വളരുന്നു എന്നൊക്കെയാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. സംഭവിക്കുന്നതാകട്ടെ മറിച്ചും. ആഗോളമൂലധനശക്തികളും ഉദാരവല്‍ക്കരണത്തിന്റെ പ്രയോക്താക്കളും രാജ്യത്ത് ശക്തമായ സഹകരണമേഖലയെ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയിലെ ബാങ്കിങ് പ്രവര്‍ത്തനരംഗത്ത് സഹകരണമേഖല ഏറ്റവും ശക്തമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കാന്‍ ഒരു മടിയും കാട്ടാത്ത കേന്ദ്ര ഭരണാധികാരികള്‍ മൂലധനശക്തികള്‍ക്കായി കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നു.

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര- സംസ്ഥാന നടപടികളില്‍ അവസാനത്തേതാണ് ആദായനികുതി വകുപ്പിന്റെ നീക്കം. എല്ലാ നിയമപരിരക്ഷകളെയും കാറ്റില്‍പറത്തി കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപവിവരങ്ങള്‍ ശേഖരിക്കാന്‍ ആദായവകുപ്പ് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ കള്ളപ്പണമാണ് എന്ന പ്രതീതി ജനിപ്പിച്ച്, നിക്ഷേപകരില്‍ ഭീതി വളര്‍ത്തി സഹകരണസ്ഥാപനങ്ങളുടെ സാമ്പത്തികഭദ്രത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നില്‍. കള്ളപ്പണം ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അതിനെതിരെ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികള്‍ ആദായനികുതി വകുപ്പ് കൈക്കൊള്ളുന്നതില്‍ സഹകരണമേഖല എതിരല്ല. എന്നാല്‍, ഇവിടെ 1961ലെ ഇന്‍കംടാക്സ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സിദ്ധിക്കാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങളുടെമേല്‍ പുകമറ സൃഷ്ടിക്കാനും സഹകരണജീവനക്കാരെ പീഡിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നു. ആദായനികുതി വകുപ്പിന്റെ ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല.

കേന്ദ്ര ഗ്രാമീണ വികസന ഏജന്‍സിയായ നബാര്‍ഡ് മുമ്പോട്ടുവച്ച നിര്‍ദേശവും കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്നതാണ്. കേരളത്തിലെ ത്രീ ടയര്‍ സഹകരണശൃംഖലയുടെ അടിസ്ഥാനഘടകമായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ബാങ്കിങ് ബിസിനസുകള്‍ നടത്താന്‍ പാടില്ല- നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വായ്പ നല്‍കുകയോ ചെയ്യരുത്- ആസ്തി, ബാധ്യതകള്‍ ജില്ലാ ബാങ്കുകള്‍ക്ക് കൈമാറി അവയുടെ ബിസിനസ് കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റ് യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും പങ്കാളികളാകുവാന്‍ പാടില്ല- എന്നെല്ലാമുള്ള നിര്‍ദേശമായിരുന്നു നബാര്‍ഡിന്റേത്. എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ദേശം മരവിപ്പിച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും വീണ്ടും നടപ്പാക്കാം. കാരണം നബാര്‍ഡ് നിര്‍ദേശം റിസര്‍വ് ബാങ്ക് 2012-13 സാമ്പത്തികവര്‍ഷം നടപ്പാക്കേണ്ട സാമ്പത്തികപരിഷ്കാരങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിച്ച നബാര്‍ഡ് ചെയര്‍മാന്‍ ഡോ. പ്രകാശ് ബക്ഷി കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും അംഗീകരിച്ചിട്ടുമുണ്ട്.

സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളും 14 ജില്ലാ സഹകരണബാങ്കുകളുടെ എഴുനൂറോളം ശാഖകളും 1600ലധികം വരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അവയുടെ മുന്നൂറോളം ശാഖകളും അടക്കം 4000നടുത്ത് സഹകരണസ്ഥാപനങ്ങളാണ് കേരളത്തില്‍ ക്രെഡിറ്റ്മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ, കണ്‍സ്യൂമര്‍, ക്ഷീര, മത്സ്യ, കയര്‍, ടൂറിസം, ഭവന, പട്ടികജാതി/പട്ടികവര്‍ഗ, വനിതാസംഘങ്ങള്‍ അടക്കം ആയിരക്കണക്കിന് സഹകരണപ്രസ്ഥാനങ്ങള്‍ വേറെയുമുണ്ട്. കേരളത്തിന്റെ സഹകരണമേഖലയില്‍ ഇന്ന് ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ നിക്ഷേപമായുണ്ട്. ഇതില്‍ 90 ശതമാനവും വായ്പയായി നല്‍കപ്പെട്ടിട്ടുണ്ട് എന്നതും ഒരുലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുവെന്നുള്ളതും സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും വെളിവാക്കുന്നു. സാമ്പത്തികമാന്ദ്യം അടക്കം ലോകസമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങളുടെ ആഘാതത്തില്‍നിന്ന് ഒരു പരിധിവരെ കേരളത്തിന്റെ ഗ്രാമീണമേഖലയെ സംരക്ഷിക്കുന്നതും ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണനയങ്ങളുടെ ദോഷങ്ങളില്‍നിന്ന് കേരളത്തിലെ സാധാരണക്കാരെയും തൊഴിലാളികളെയും സംരക്ഷിച്ചുനിര്‍ത്തുന്നതും സഹകരണമേഖലയാണ്. അതുകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബാങ്കിങ് പ്രവര്‍ത്തനരംഗത്തും വലിയ പങ്കാളിത്തം ഉള്ള കേരളത്തിലെ സഹകരണമേഖലയെ മുരടിപ്പിക്കേണ്ടത് കോര്‍പറേറ്റ് ശക്തികളുടെ ആവശ്യമാണ്. ഒരേസമയം ഉദാരവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ശക്തമായി കേരളത്തില്‍ നടപ്പാക്കുന്നതിന് സാഹചര്യം ഒരുക്കുകയും ഒപ്പം സഹകരണമേഖലയിലെ കനത്ത നിക്ഷേപം വഴിതിരിച്ച് വാണിജ്യബാങ്കുകളിലും പുതുതലമുറ ബാങ്കുകളിലും എത്തിച്ച് ആ പണം കുത്തകകള്‍ക്ക് കൈമാറുന്നതിന് കേന്ദ്രം അവസരമൊരുക്കുകയും ചെയ്തു.

സഹകരണമേഖലയില്‍ മുമ്പുതന്നെ സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്തല്‍, ആദായനികുതിയിളവ് എടുത്തുകളയല്‍ തുടങ്ങി ഒട്ടേറെ ഞെരുക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഇതിനെയെല്ലാം നീതിന്യായകോടതികളിലൂടെയാണ് സഹകരണമേഖല അതിജീവിച്ചത്. 1990ലെ ബ്രഹ്മപ്രകാശ് കമ്മിറ്റി മുതല്‍ വൈദ്യനാഥന്‍, രഘുറാം രാജന്‍, പ്രകാശ് ബക്ഷി കമീഷന്‍ റിപ്പോര്‍ട്ടുകള്‍വരെ എല്ലാം കേരളത്തിന്റെ സഹകരണമേഖലയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് വളമേകുന്നതും മൂലധനശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യംവച്ചുള്ളതുമാണ്. സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴിലാക്കാനും അതുവഴി ഇല്ലായ്മപ്പെടുത്താനും ബോധപൂര്‍വമായ നീക്കങ്ങളും നടക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാന സഹകരണബാങ്കിന്റെയും ജില്ലാ സഹകരണബാങ്കുകളുടെയും മൂലധന പര്യാപ്തത അനുപാതം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 7 ശതമാനം ആയി ഉയര്‍ത്തി ജനുവരി ഏഴിന് ഉത്തരവിട്ടത്. ഇതിന്റെ ഫലമായി ഇനി സംസ്ഥാന സഹകരണ ബാങ്കും, 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ മൊത്തം ആസ്തികളുടെ 7 ശതമാനം ഓഹരി മൂലധനമായി മാറ്റിവയ്ക്കുകയും അത് ലാഭത്തില്‍നിന്ന് റിസര്‍വ് ആയി കണക്കാക്കി മാറ്റേണ്ടിയും വരും. മുന്‍പ് മൂലധന പര്യാപ്തത 4 ശതമാനം ആയി റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയപ്പോള്‍ അത് പാലിക്കാന്‍ കഴിയാതിരുന്ന സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞ സ്ഥിതി ഉണ്ടായിരുന്നു. ഇത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 200 കോടിയോളം രൂപ ധനസഹായം നല്‍കിയാണ് ബാങ്കുകളെ കരകയറ്റിയത്. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് മൂലധന പര്യാപ്തത കുത്തനെ കൂട്ടിയിയത് സഹകരണ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വാണിജ്യബാങ്കുകള്‍ക്കുള്ള അളവുകോലുകള്‍വച്ച് സഹകരണസ്ഥാപനങ്ങളെയും വരുതിയിലാക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുമ്പോള്‍, സാധാരണക്കാരന്റെ അത്താണിയായ സഹകരണസ്ഥാപനങ്ങളുടെ തകര്‍ച്ചയായിരിക്കും അത്യന്തികഫലം. സംസ്ഥാന സര്‍ക്കാരിന്റെ പല നടപടികളും സഹകരണമേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. സഹകരണമേഖലയിലൂടെ പലപ്പോഴും പ്രഖ്യാപിക്കുന്ന ഇളവുകളുടെ ബാധ്യത, സര്‍ക്കാര്‍ വഹിക്കും എന്ന ഉത്തരവുകള്‍ ജലരേഖയായി. കഴിഞ്ഞ വര്‍ഷം "ആശ്വാസ് 2013" പ്രകാരം കുടിശ്ശികക്കാര്‍ പലിശ ഇളവ് നല്‍കിയത് സര്‍ക്കാര്‍, സഹകരണബാങ്കുകള്‍ക്ക് നല്‍കും എന്നുള്ള വാഗ്ദാനം നാളിതുവരെ പാലിച്ചിട്ടില്ല. മുന്‍പ് "ഉണര്‍വ് സ്കീം" പ്രകാരമുള്ള ഇളവുകളുടെ ബാധ്യതയും സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറായിട്ടില്ല. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരുടെ വായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ സര്‍ക്കാര്‍ നടത്തിയ വാഗ്ദാനങ്ങളും ഇന്നും ജലരേഖയാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ വിശ്വസിച്ച് ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്ന സഹകരണസ്ഥാപനങ്ങളാകട്ടെ സര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങള്‍മൂലം കടക്കെണിയിലാകുന്നു. സംസ്ഥാന ബജറ്റിലും സഹകരണമേഖലയെ രക്ഷിക്കാനുള്ള ഒരു നടപടിയുമില്ല. സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കുന്നവര്‍ ബാങ്കിന് നല്‍കുന്ന ഈട് വസ്തു ഗഹാന്‍ രീതിയില്‍ പണയപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നതിന് ബജറ്റിലൂടെ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ അധിക ചെലവുകള്‍, കൂടിവരുന്നതോടെ സഹകരണ ബാങ്കുകളിലെ വായ്പയ്ക്ക് സ്വകാര്യ ബാങ്കുകളിലേക്കാള്‍ അധിക നിരക്കില്‍ പലിശ നല്‍കേണ്ടിവരും.

2004ല്‍ ഏര്‍പ്പെടുത്തിയ ഗഹാന്‍ സമ്പ്രദായത്തിന്റെ ഗുണഫലവും ഇല്ലാതാകും. ഇപ്രകാരം പല നടപടികളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹകരണമേഖലയ്ക്ക് ഇരുട്ടടി ആകുന്നു. സഹകരണമേഖലയുടെ തകര്‍ച്ചയുടെ ആത്യന്തികഫലം, കേരളത്തിലെ കാര്‍ഷികമേഖലയുടെ തകര്‍ച്ചയായിരിക്കും. അതുപോലെ സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ പിന്‍വലിഞ്ഞ് അത് വാണിജ്യബാങ്കുകള്‍ വഴി കുത്തകകളിലേക്ക് എത്തുന്നത് വിഭവ കേന്ദ്രീകരണത്തിന് ഇടവരുത്തുകയും സാമൂഹ്യപുരോഗതിക്ക് വിഘാതമാകുകയും ചെയ്യും. കേരളത്തിന്റെ ശക്തമായ സഹകരണമേഖലയെ സംരക്ഷിക്കാന്‍ എല്ലാ സഹകാരികളും ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണം.

*
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ദേശാഭിമാനി

Sunday, February 2, 2014

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഇന്ത്യയുടെ ഗ്രാമീണ, കാർഷിക രംഗങ്ങളിലെ ബാങ്കിംഗ്‌ സാന്നിധ്യം വിശകലനം ചെയ്യുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കുമുള്ള നിർണ്ണായക സ്വാധീനം അവഗണിക്കാൻ കഴിയില്ല.  എന്നാൽ ഈ രണ്ട്‌ ബാങ്കിംഗ്‌ സരണികളുമിന്ന്‌ പൊതുധാരാ ബാങ്കുകളെപ്പോലെ തന്നെ ആഗോളവൽകരണത്തിന്റെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുന്ന കാഴ്ചയാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. 

110 വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യയിലെ സഹകരണ മേഖലയാകെയും, സഹകരണ  ബാങ്കുകൾ പ്രത്യേകിച്ചും, വിദഗ്ധസമിതികളുടെ ക്രൂരമായ മുൻവിധികൾക്ക്‌ ഇരകളായി തീര്‍ന്നിരിക്കയാണ്‌.  1990 ലെ ചൗധരി ബ്രഹ്മപ്രകാശ്‌ കമ്മിറ്റി മുതൽ വൈദ്യനാഥൻ, രഘുറാം രാജൻ കമ്മിറ്റികളും, ഒടുവിൽ പ്രകാശ്‌ ബക്ഷി കമ്മിറ്റി വരെ സഹകരണ ബാങ്കുകളുടെ ജനപക്ഷ നിലപാടുകളെയാണ്‌ കടന്നാക്രമിച്ചിട്ടുള്ളത്‌.  സേവനത്തിന്റെ സ്ഥാനത്ത്‌ ലാഭത്തെ പ്രതിഷ്ഠിക്കണമെന്നാണ്‌ അവർ ഏകസ്വരത്തിൽ ആജ്ഞാപിക്കുന്നത്‌.  അതിനായി,  സഹകരണ മേഖലയുടെ വാണിജ്യവൽകരണവും കമ്പോളവൽകരണവും, ഒപ്പം വരേണ്യവൽകരണവും അവർ ലക്ഷ്യമിടുന്നു.  ഇതിനുള്ള ചട്ടക്കൂടാണ്‌ 97-​‍ാം ഭരനഘടനാ ഭേദഗതി വഴി പൂർത്തിയാക്കിയത്‌.  ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം അതുവരെ സംസ്ഥാന വിഷയമായിരുന്ന സഹകരണ മേഖലയെ കേന്ദ്രം ഭരിക്കുന്ന യു.പി.എ ഗവൺമെണ്ട്‌ റാഞ്ചിയെടുത്തതിന്‌ പുറമെ കാണുന്നതിലെറെ ഗൗരവമുണ്ട്‌.  സഹകരണ ബാങ്കുകളുടെ നിയന്ത്രണം സംസ്ഥാന ഗവൺമെണ്ടുകളിൽ നിന്നെടുത്തു മാറ്റി, റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെയേല്പിച്ചു.  ഫെഡറൽ സംവിധാനത്തിനു മേലുള്ള മറയില്ലാത്ത കയ്യേറ്റമാണിത്‌.

സഹകരണസംഘം രൂപീകരിക്കാനുളള അവകാശം മൗലികാവകാശമാക്കിയെന്നത്‌ നേര്‌.  പ്രത്യക്ഷത്തിൽ, സഹകരണ സംഘങ്ങളുടെ പദവി ഉയർന്നതായി തോന്നാം.  എന്നാൽ ഒരേ പ്രദേശത്ത്‌ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നിലധികം സംഘങ്ങൾ ഗുണത്തെക്കാൾ ദോഷം ചെയ്യും.  അനാരോഗ്യകരമായ മത്സരം സംഘങ്ങളുടെ വായ്പാ തിരിച്ചടവിനെ ബാധിക്കും.  ക്രമേണ സംഘങ്ങൾ ക്ഷയിക്കും.  സഹകരണ സംഘങ്ങൾക്കു സ്വയം ഭരണാവകാശം, പ്രൊഫഷണൽ മാനേജ്മെന്റ്‌,  സ്വകാര്യ കമ്പനികളുടെ ഓഡിറ്റിംഗ്‌ എന്നിങ്ങനെ കേൾക്കാൻ ഇമ്പമുള്ള ആശയങ്ങളാണ്‌,  സഹകരണ ബാങ്കുകളുടെ കമ്പനിവൽകരണത്തിലൂടെ വിഭാവനം ചെയ്യുന്നതെന്നു വ്യക്തം.  സാധാരണ ജനങ്ങളുടെ ജീവിത പങ്കാളികളായ സഹകരണ ബാങ്കുകളെ ദന്തഗോപുരങ്ങളാക്കാനുള്ള ഗൂഢപദ്ധതിയാണിത്‌.

സംസ്ഥാന സർക്കാരിന്‌ ഭ്രഷ്ട്‌.

സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്നും കുഴപ്പം പരിഹരിക്കാനാണ്‌ സംസ്ഥാന സർക്കാരിന്‌ ഭ്രഷ്ട്‌ കല്പിച്ച്‌ റിസർവ്വ്‌ ബാങ്കിനെ  നിയന്ത്രണമേല്പിക്കുന്നതെന്നുമാണ്‌ കേന്ദ്ര-സംസ്ഥാന ഗവണ്‍മെണ്ടുകളുടെ വാദം.  പക്ഷെ, റിസർവ്വ്‌ ബാങ്കിന്റെ സമർത്ഥമായ മേൽനോട്ടവും നിയന്ത്രണവുമുണ്ടായിട്ടും നിരവധി വാണിജ്യ ബാങ്കുകൾ തന്നെ നിലംപൊത്തിയത്‌ സമീപകാല ചരിത്രമാണ്‌.  ബാങ്ക്‌ ഓഫ്‌ കൊച്ചിൻ, പറവൂർ സെൻട്രൽ ബാങ്ക്‌, നെടുങ്ങാടി ബാങ്ക്‌, ലോർഡ്‌ കൃഷ്ണാ ബാങ്ക്‌, ഗ്ളോബൽ ട്രസ്റ്റ്‌ ബാങ്ക്‌, സെൻചൂറിയൻ ബാങ്ക്‌, ടൈംസ്‌ ബാങ്ക്‌ എന്നിവയുടെ പതനം ഈ തലമുറ നേരിൽ കണ്ടതാണ്‌.  വിശ്വവിഖ്യാതരായ പ്രൊഫഷണൽ ഓഡിറ്റിംഗ്‌ കമ്പനികൾ കണക്കു പരിശോധിച്ചിട്ടും രാമലിംഗം രാജുവിന്റെ സത്യം കംപ്യൂട്ടേഴ്സും വിജയ്‌ മല്യയുടെ കിങ്ങ്ഫിഷർ വിമാന കമ്പനിയും പൊളിഞ്ഞ കഥകളും മറക്കാറായിട്ടില്ല.

സഹകരണ ബാങ്കുകളുടെ ജനകീയ ഇടപെടലുകളും ജനസേവന പ്രവർത്തനങ്ങളുമാണ്‌ ഒരു പക്ഷെ, യുപിഎ-യു.ഡി.എഫ്‌ ഗവണ്മെണ്ടുകളെ അസ്വസ്ഥമാക്കുന്നത്‌.  സഹകരണ ഉപഭോക്തൃ സ്റ്റോറുകൾ, വളം ഡിപ്പോകൾ, കാർഷികോല്പന്ന സംഭരണ-വിപണന കേന്ദ്രങ്ങൾ, ഉത്സവച്ചന്തകൾ തുടങ്ങിയ ഇടപെടലുകൾ കമ്പോള വേദാന്തക്കാരെ വല്ലാതെ ചൊടിപ്പിച്ചു.  സഹകരണ ബാങ്കുകൾ സേവന കേന്ദ്രങ്ങളല്ലാ, ലാഭമുണ്ടാക്കി ലാഭം വിതരണം ചെയ്ത്‌ പേരെടുക്കേണ്ട മോഡേൺ ബാങ്കുകളാവണമെന്ന്‌ നിഷ്കർഷിക്കാൻ തുടങ്ങിയത്‌ അതുകൊണ്ടാണ്‌.  സഹകാരികളെ തള്ളിമാറ്റി, മടിയിൽ കനമുള്ള നിക്ഷേപകരെ  സഹകരണ സംഘങ്ങളുടെ താക്കോൽ ഏല്പിക്കാനാണ്‌ നീക്കം.  തൂണുംചാരി നിന്നിരുന്ന ആഢ്യ?​‍ാരായ നിക്ഷേപകർ ഭരണം കൈയ്യാളും.  സഹകരണ ബാങ്കുകളിലെ സമ്പാദ്യം, കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബ്ളേഡ്‌ ബാങ്കുകളെയും ഏല്പിക്കാം.  ഇതിൽ വലിയ അപകടം പതിയിരിക്കുന്നുണ്ട്‌.  ഈ അപകടം നേരിടാൻ സർക്കാർ പിൻബലവും പിന്തുണയുമുണ്ടാവില്ല.  ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനു പകരം നഗരങ്ങളിൽ പോയി സാങ്കേതിക മികവുള്ള നാടനും മറുനാടനുമായ വൻകിട ബാങ്കുകളോട്‌ മത്സരിച്ച്‌ സാമർത്ഥ്യം തെളിയിക്കാനാണ്‌ സഹകരണ ബാങ്കുകളോടാവശ്യപ്പെടുന്നത്‌.  എന്നാൽ, വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും വ്യത്യസ്തമാണ്‌.  ഒരു പ്രദേശം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക്‌ വൻകിട ബാങ്കുകളുമായി മത്സരിച്ച്‌ മുന്നേറാൻ ഒരിക്കലും സാധ്യമാവുകയില്ല. 

സഹകരണ മേഖലയിൽ ത്രിതല സംവിധാനമാണ്‌ ഇന്നുള്ളത്‌. 2012-ൽ ഇന്ത്യയിൽ 37 സംസ്ഥാന സഹകരണ ബാങ്കുകളും 370 ജില്ലാ സഹകരണ ബാങ്കുകളും 93,000 പ്രാഥമിക സഹകരണ ബാങ്കുകളുമുണ്ട്‌.  2011-12-ൽ അവ 5.09 കോടി കർഷകർക്ക്‌ വായ്പ നൽകി.  സഹകരണ ബാങ്കു വായ്പകളുടെ 66% നൽകിയിരിക്കുന്നത്‌ ചെറുകിട, നാമമാത്ര കർഷകർക്കാണ്‌.  നമ്മുടെ സംസ്ഥാനത്ത്‌ സംസ്ഥാന സഹകരണ ബാങ്കിന്‌ 20 ശാഖകളും 14 ജില്ലാ സഹകരണ ബാങ്കുകളുടെ 696 ശാഖകളും 1602 പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ മൂവായിരത്തിലധികം ശാഖകളും ഹ്രസ്വകാല വായ്പാ മേഖലയിൽ പ്രവർത്തിക്കുന്നു.  ഇതിനു പുറമെ ദീർഘകാല വായ്പാ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അഗ്രിക്കൾച്ചറൽ ആന്റ്‌ റൂറൽ ഡെവലപ്മെന്റ്‌ ബാങ്കിനു സംസ്ഥാനത്തു 14 റീജണൽ ഓഫീസുകളുണ്ട്‌.  അവയുടെ മേൽനോട്ടത്തിൽ 63 പ്രാഥമിക കാർഷിക വികസന ബാങ്കുകളും പ്രവർത്തിക്കുന്നു.  കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആഗോളവൽകരണത്തിന്റെ ചുവട്‌ പിടിച്ചുള്ള നവലിബറൽ നയങ്ങൾ ഈ ബാങ്കിംഗ്‌ ശൃംഖലയുടെ പ്രവർത്തനങ്ങളെയാകെ ദോഷകരമായി ബാധിച്ചിരിക്കയാണ്‌.  ഗ്രാമവികസന പദ്ധതികൾക്കു നേതൃത്വം നൽകാനും പുനർവായ്പ നൽകി പ്രോത്സാഹിപ്പിക്കാനും മുഖ്യപങ്കുവഹിച്ച നബാർഡിന്‌ സർക്കാർ ഫണ്ട്‌ പിൻവലിച്ചുകൊണ്ടാണ്‌ കേന്ദ്രഗവൺമെണ്ട്‌ ഗ്രാമീണ, കാർഷിക മേഖലയെ തകർക്കാൻ കൂട്ടുനിൽക്കുന്നത്‌. 

97-​‍ാം ഭരണഘടനാ ഭേദഗതിയെ അടിമ തുല്യമായ ദാസ്യഭാവത്തോടെ സ്വാഗതം ചെയ്ത കേരള സർക്കാർ സംസ്ഥാന സഹകരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ പാസ്സാക്കി കഴിഞ്ഞു.

സഹകരണ മേഖലയിലെ ത്രിതല ബാങ്കിംഗ്‌ സംവിധാനം നിർത്തലാക്കാൻ പ്രകാശ്‌ ബക്ഷി കമ്മിറ്റി ശുപാർശ ചെയ്തിരിക്കയാണിപ്പോൾ.  പ്രാഥമിക ബാങ്കുകളുടെ കഴുത്തിനു നേരെയാണ്‌ പ്രകാശ്‌ ബക്ഷി വാളോങ്ങിയിരിക്കുന്നത്‌.  പ്രാഥമിക ബാങ്കുകൾ, മേലിൽ ജില്ലാ ബാങ്കുകളുടെ ബിസിനസ്‌ കറസ്പോണ്ടന്റുമാരായി പ്രവർത്തിച്ചാൽ മതിയെന്നാണ്‌ നിർദ്ദേശം.  അവക്കു ബാങ്കിംഗ്‌ ലൈസൻസില്ലാ എന്ന തൊടുന്യായമാണ്‌ ഈ ശുപാർശയ്ക്കു പിന്നിൽ.  പ്രാഥമിക ബാങ്കുകളുടെ ജനസമ്മിതി പ്രകാശ്‌ ബക്ഷി കാര്യമാക്കുന്നില്ല.  ചുറ്റുമുള്ള കുടുംബങ്ങളിലെ ജനനം മുതൽ വിവാഹവും മരണവും വരെയുള്ള സമസ്ത കാര്യങ്ങളിലും ഒരു കൂടപ്പിറപ്പെന്ന പോലെ ഇടപെട്ട്‌ സഹായഹസ്തമരുളുന്ന പ്രാഥമിക ബാങ്കുകളെ തുടച്ചുമാറ്റി,  ഈ പണമെല്ലാം ഓഹരികമ്പോളത്തിലേക്ക്‌ വലിച്ചൂറ്റിയെടുത്ത്‌ ഊഹകച്ചവടം കൊഴുപ്പിക്കാനാണ്‌ പ്രകാശ്‌ ബക്ഷിയും ഒരുമ്പെടുന്നത്‌.  ത്രിതല ബാങ്കുകൾ വഴി ഉപജീവനം കണ്ടെത്തിയ പതിനായിര കണക്കിന്‌ തൊഴിലാളികളുണ്ട്‌.   സഹകരണ ബാങ്കുകൾ ദുർബലമായാൽ സാധാരണക്കാരുടെ നാഡീസ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കുന്ന ഈ തൊഴിൽ ശേഷിയും വഴിയാധാരമാവും.

പരമാധികാര രാഷ്ട്രങ്ങളുടെ അതിരുകൾ ഭേദിച്ച്‌ ആഗോളഗ്രാമം പണിത്‌ അതിനെ ഒരൊറ്റ ചൂതാട്ടകേന്ദ്രമാക്കുന്ന ആഗോളവത്കരണം പട്ടിണിപ്പാവങ്ങളുടെ സമ്പാദ്യവും ഈ ചൂതുകളിക്കായി തടുത്തുകൂട്ടുകയാണ്‌.  നാട്ടിൻ പുറത്തെ ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായി ഒപ്പം നിൽക്കുന്ന സഹകരണ ബാങ്കുകളെ എന്തുവില കൊടുത്തും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ നാട്ടുകാരുടെ പിന്തുണ ബി.ഇ.എഫ്‌.ഐ അഭ്യർത്ഥിക്കുന്നു.


*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്


അധികവായനയ്ക്

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

Thursday, October 10, 2013

ഒരു സഹകരണ മാതൃക

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുനിന്നുകൊണ്ട് ലോകത്തിന് മാതൃകയാവുകയാണ് ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം. കടന്നുവന്ന പാരമ്പര്യത്തില്‍നിന്നും ആര്‍ജിച്ചെടുത്ത മൂല്യങ്ങള്‍ മുറുകെ പിടിച്ച് ആധുനിക കാലത്തെ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കിയ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു സംഘടിത ശക്തിയാണ് ഊരാളുങ്കല്‍ സഹകരണ സംഘം. തൊഴിലാളികള്‍ തൊഴിലാളികളാല്‍ ഭരിക്കപ്പെടുന്ന ജനകീയ സംരംഭങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരുകള്‍ക്കും മുതലാളിത്ത വ്യവസ്ഥിതിക്കും ഇടയില്‍ ഒരു സംഘടിത ജനകീയശക്തിക്ക് ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു. ഇത്തരം സംരംഭങ്ങള്‍ക്ക് നാടിെന്‍റ മുഖഛായ മാറ്റുവാനും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുള്ളതായി നമുക്ക് കാണാം. ഇവിടെ ഡയറക്ടര്‍മാര്‍ പൂര്‍ണസമയവും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഇതാണ് ഊരാളുങ്കല്‍ സംഘത്തിന്റെ വേറിട്ട സവിശേഷത.

ഏറ്റെടുത്ത പ്രവൃത്തികള്‍ ഗുണമേന്മ ഉറപ്പാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതും അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനശൈലികൊണ്ടാണ്. ആറണയില്‍ തുടങ്ങിയ ഈ പ്രസ്ഥാനം 200 കോടി രൂപ വാര്‍ഷിക വിറ്റുവരവിനോട് അടുക്കുന്നത് മുന്‍തലമുറക്കാര്‍ പാകിയ അതിശക്തമായ അടിത്തറയില്‍ നിന്നുകൊണ്ട് തന്നെയാണ്. ആധുനികതയുടെ ഏതു നല്ലവശം സ്വന്തമാക്കുമ്പോഴും പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ കൈവിടാത്തതാണ് ഊരാളുങ്കലിെന്‍റ സവിശേഷതകളിലൊന്ന്. 1990കളില്‍ കായികാധ്വാനശേഷിയുള്ള തൊഴിലാളികള്‍ തൊഴില്‍ അന്വേഷിച്ച് സംഘത്തില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ മാറിയ സാമൂഹിക രീതിക്കനുസരിച്ച് തൊഴിലന്വേഷകരുടെ യോഗ്യതയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കായികശേഷിക്കുപുറമെ, ബൗദ്ധിക ശേഷിയുള്ള പുതുതലമുറയുടെ തള്ളിച്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്ന മേഖലകളിലേക്ക് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയത്. അത്തരം ഒരു ചിന്തയാണ് യു എല്‍ സൈബര്‍പാര്‍ക്ക് എന്ന മലബാറിെന്‍റ വികസന സ്വപ്നങ്ങള്‍ക്ക് ആധാരശിലയാകുന്ന സംരംഭത്തിന് ഞങ്ങള്‍ മുന്നിട്ടിറങ്ങാന്‍ കാരണം. സംഘത്തിന്റെ ഏറ്റവും വലിയ ശേഷി എന്നു പറയാവുന്നത് നിര്‍മാണ മേഖലയാണ്. മലബാറിലെ ഒട്ടുമിക്ക റോഡുകളും പാലങ്ങളും ഉണ്ടാക്കുന്നതിലും പുനര്‍നിര്‍മിക്കുന്നതിലും സംഘത്തിന്റെ പങ്ക് നമുക്ക് കാണാവുന്നതാണ്. കോഴിക്കോട് ബൈപാസ് റോഡ്, സരോവരം ബയോപാര്‍ക്ക്, വ്യത്യസ്ത ഫാക്ടറി കെട്ടിടങ്ങള്‍, മേല്‍പാലങ്ങള്‍, ഗ്രാമീണ റോഡുകള്‍, ബൃഹത്തായ പാലങ്ങള്‍ തുടങ്ങിയവയൊക്കെ നമുക്ക് മുന്നിലുള്ള ദൃഷ്ടാന്തങ്ങളാണ്. ഇത്തരം മേഖലകളില്‍ ഉറച്ചുനിന്നുകൊണ്ട് വൈവിധ്യവല്‍കരണത്തിലൂടെ തൊഴില്‍മേഖലയുടെ ഒരു നവോത്ഥാന പ്രക്രിയയ്ക്ക് ഇവിടെ തുടക്കം കുറിക്കാന്‍ സാധ്യമാകുമെന്നാണ് സംഘത്തിന്റെ ഉറച്ച വിശ്വാസം.

വിവര സാങ്കേതിക മേഖലയില്‍ പ്രവേശിക്കുമ്പോള്‍ സ്വഭാവികമായി ഉയരാവുന്ന ഒരു ചോദ്യമാണ് ഇത്തരം മേഖലകള്‍ പരിപോഷിപ്പിക്കുന്നത് സമൂഹത്തിലെ മുകള്‍ത്തട്ടിലുള്ള ആളുകളെ അല്ലേ എന്നത്. എന്നാല്‍ ഐടി വ്യവസായം കേരളത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. ടെക്നോപാര്‍ക്കിലെയും ഇന്‍ഫോ പാര്‍ക്കിലെയും തൊഴില്‍ സാധ്യതകളുടെ കണക്കെടുക്കുമ്പോള്‍ ഏകദേശം 65000 പേര്‍ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതുകാണാം. അതുപോലെ തന്നെ ഒരു ഐടി ജോലി സൃഷ്ടിക്കുമ്പോള്‍ 3മ്മ മുതല്‍ 4% വരെ പരോക്ഷ ജോലികള്‍ അധികം സൃഷ്ടിക്കുന്നതായി കാണാം. സംഘത്തിന്റെ വൈവിധ്യവല്‍കരണത്തിന്റെ മറ്റൊരു പാത യുഎല്‍ ടെക്നോളജി സൊലൂഷന്‍സാണ്. സംഘത്തിന് നിര്‍മാണമേഖലയ്ക്ക് ആവശ്യമായ എല്ലാവിധ യന്ത്രവാഹന സജ്ജീകരണങ്ങളും മനുഷ്യവിഭവശേഷിയും ആവശ്യമുള്ള അസംസ്കൃത വസ്തുക്കളും സ്വന്തമായുണ്ട്. സംഘത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ പല യന്ത്രങ്ങളും ഉപകരണങ്ങളും പലപ്പോഴും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്. സര്‍വെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ഈ സംവിധാനം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സര്‍വെ വിഭാഗത്തിലെ ഒരു പ്രവൃത്തിയുമായി ബന്ധപ്പെട്ടിട്ടാണ് 4 ചെറുപ്പക്കാര്‍ സംഘത്തിലേക്ക് വരുന്നത്. അവരുടെ ആശയത്തില്‍നിന്നാണ് യുഎല്‍ ടെക്നോളജി സൊലൂഷന്‍സിന്റെ പ്രാഥമിക രൂപം ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലാദ്യമായി സഹകരണമേഖലയുടെ ഒരു സംരംഭമായി ജിയോസ്പെഷ്യല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി ഇത് വളര്‍ന്നിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യത്യസ്ത ഉപയോഗത്തിനാവശ്യമായ മേപ്പിംഗ്, കാര്‍ഷിക മേഖലയുടെ മേപ്പിംഗ്, ഗതാഗത സംവിധാനങ്ങളുടെ മേപ്പിംഗും നിയന്ത്രണങ്ങളും തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഈ സ്ഥാപനം അതിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഞലാീലേ ടലിശെിഴ, ഏകട ഠലരവിീഹീഴ്യ, ഏലീഴൃമുവ്യ തുടങ്ങിയവയും ുവീേീഴൃമാലേൃ്യ, കഠ എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ആണ്. ടോട്ടല്‍ സ്റ്റേഷന്‍, ജിപിഎസ്/ഡിജിപിഎസ്എന്നിവ ഉപയോഗിച്ചുള്ള സര്‍വെകള്‍, ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ് സിസ്റ്റം, കണ്‍ട്രോള്‍ സര്‍വേയ്സ്, ടൊപ്പോഗ്രാഫിക്കല്‍ സര്‍വേയ്സ്, ട്രാന്‍സ്മിഷന്‍ ലൈന്‍ സര്‍വേകള്‍, ഹൈവേ സര്‍വെ,റെയില്‍ അലൈന്‍മെന്‍റ് സര്‍വേയ്സ് എന്നീ പ്രവൃത്തികള്‍ ചെയ്തുവരുന്നു. കൂടാതെ മുകളില്‍ പറഞ്ഞവയ്ക്ക് ആവശ്യമായ പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നു. സംഘത്തിന്റെ വൈവിധ്യവല്‍കരണത്തിന്റെ മറ്റൊരേട് എന്ന് പറയാവുന്നത് കേരള ക്രാഫ്റ്റ് വില്ലേജ് ""സര്‍ഗ്ഗാലയ""യാണ്. കേരളത്തിലെ ചിതറിക്കിടക്കുന്ന കരകൗശല പ്രവര്‍ത്തകരെ ഒന്നിപ്പിക്കലാണ് സംഘം ഇവിടെ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ തനതായ പല കരകൗശല നിര്‍മാണ രീതികളും അന്യംനിന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. കരകൗശല പ്രവൃത്തിക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവ് വിപണിയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ചെലവഴിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത, മൂലധനശേഷി കുറവ് തുടങ്ങിയവയായിരുന്നു കരകൗശല പ്രവര്‍ത്തകരുടെ പ്രധാന പ്രശ്നങ്ങള്‍. ഇതു പരിഹരിച്ചുകൊണ്ട് ഉണ്ടാക്കിയ സംവിധാനമാണ് ഈ കരകൗശല ഗ്രാമം. ഇവിടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും മൂലധന ലഭ്യതയും വിപണിയും ഉറപ്പാക്കാന്‍ ഊരാളുങ്കല്‍ സഹകരണ സംഘത്തിനു സാധ്യമായി. ഇവിടെ വിദ്യാര്‍ഥികള്‍ ഇത്തരം അന്യംനിന്ന സംസ്കാരത്തെ അടുത്തറിയാനും പരിചയിക്കാനും വന്നുകൊണ്ടിരിക്കുന്നു. അങ്ങിനെ സമൂഹത്തിന്റെ ഒറ്റപ്പെട്ട കോണില്‍ കുടുങ്ങിനിന്നിരുന്ന ഒരു വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും അവരുടെ കരവിരുത് ലോകത്തിന് പരിചയപ്പെടുത്താനും സാധ്യമായതില്‍ കൃതാര്‍ത്ഥരാണ് ഈ സംഘാംഗങ്ങള്‍. ഒരു സമൂഹത്തില്‍ അതിന്റെ പുരോഗതിക്ക് വേണ്ടി അഥവാ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നിലകൊള്ളുന്ന ഒരു പ്രസ്ഥാനമെന്നുള്ളനിലയില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നുള്ള സാമൂഹ്യ കര്‍ത്തവ്യം എന്നും ഭംഗിയായി സംഘം നിര്‍വഹിച്ചു പോരുന്നു.

സുനാമിയായാലും ഉരുള്‍പൊട്ടലായാലും തീപിടുത്തമായാലും സംഘാംഗങ്ങളുടെ പൂര്‍ണമായ സഹായ സഹകരണങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എപ്പോഴും തുണയായിട്ടുണ്ട്. സംഘം ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് വിദ്യാര്‍ഥികളെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തി രാഷ്ട്രത്തിന്റെ വിവിധ ഉപയോഗങ്ങള്‍ക്ക് സജ്ജരാക്കി തീര്‍ക്കുക എന്നതാണ്. ഇതിനായി 9 സെന്‍ററുകളില്‍ 180 ഓളം വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത സ്വഭാവത്തിലുള്ള മികച്ച പരിശീലനങ്ങളും ക്യാമ്പുകളും ഓരോ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. മല്‍സര പരീക്ഷകളില്‍ അവരുടെ കഴിവുകള്‍ തെളിയിക്കപ്പെട്ടതായി കാണാം. കൂടാതെ മല്‍സര പരീക്ഷകള്‍ക്കാവശ്യമായ പരിശീലനവും നിര്‍ദേശവും കൊടുക്കുന്നതിനുള്ള സംവിധാനവും സംഘം ചെയ്തുപോരുന്നു. ഇതിനായി വ്യത്യസ്ത മേഖലകളില്‍നിന്നുള്ള പ്രമുഖരുടെ ഒരുനിരയെ വ്യത്യസ്ത വിഷയങ്ങളെടുക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്.

*
ഷാജു എസ് ചിന്ത വാരിക

ഊരാളുങ്കല്‍ സൊസൈറ്റിയും വാഗ്ഭടാനന്ദനും

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനവും സഹകരണരംഗവും തമ്മിലെന്ത് ബന്ധം എന്നത് ഏറെയൊന്നും പഠനത്തിന് വിധേയമായിട്ടുള്ള ഒരു വിഷയമല്ല. എന്നാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന് ഇന്നറിയപ്പെടുന്ന സഹകരണ സംഘത്തിന്റെ ചരിത്രമന്വേഷിച്ചുചെന്നാല്‍ അത് എത്തിനില്‍ക്കുന്നത് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിലായിരിക്കും. വടക്കന്‍ കേരളത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ വാഗ്ഭടാനന്ദ ഗുരുവായിരുന്നു. അദ്ദേഹമാണ് 1925 ഫെബ്രുവരി 14ന് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം രൂപീകരിക്കുന്നത്. 1912ല്‍തന്നെ ഇന്ത്യന്‍ സഹകരണസംഘനിയമം നിലവില്‍ വന്നിരുന്നു. അതിന്റെ ഭാഗമായി മലബാര്‍ ഉള്‍പ്പെട്ട അന്നത്തെ മദ്രാസ് പ്രസിഡന്‍സിയില്‍ നിരവധി സഹകരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നിരുന്നു. അവയിലേറെയും ഉപഭോക്തൃ സഹകരണസംഘങ്ങളായിരുന്നു.

തൊഴിലാളി സംഘടന എന്ന നിലയില്‍ സഹകരണസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നതിന് മലബാറില്‍ മുന്‍കൈയെടുത്തത് വാഗ്ഭടാനന്ദനായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അന്ന് പഞ്ചായത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യ പഞ്ചായത്തില്‍ 14 പേരാണ് ഡയറക്ടര്‍മാരായി ഉണ്ടായിരുന്നത്. വാഗ്ഭടാനന്ദനൊഴികെ മറ്റെല്ലാവരുംതന്നെ കായികാദ്ധ്വാനത്തില്‍ നേരിട്ട് പങ്കെടുക്കുന്നവരായിരുന്നു. ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് കുഞ്ഞൊക്കു ഗുരുക്കള്‍ ആയിരുന്നു. കിണര്‍ കുഴിക്കല്‍, മത്സ്യഎണ്ണ ഊറ്റിയെടുക്കല്‍, ചൂരല്‍കൊണ്ടു വേലികെട്ടല്‍, പാറ പൊട്ടിക്കല്‍, കൊയ്ത്ത് തുടങ്ങിയവയായിരുന്നു അന്ന് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന തൊഴിലുകള്‍. ബ്രിട്ടീഷ് ഭരണത്തിന്റെ പിഡബ്ല്യുഡി വകുപ്പിന് കരാര്‍ തൊഴിലാളികളെ നല്‍കുക എന്നതായിരുന്നു തൊഴിലാളി സഹകരണസംഘംകൊണ്ട് മുഖ്യമായും ഉദ്ദേശിക്കപ്പെട്ടിരുന്നത്. വാഗ്ഭടാനന്ദന്റെതന്നെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ആത്മവിദ്യാസംഘത്തിന്റെ പ്രാര്‍ത്ഥനാഹാളില്‍വെച്ചാണ് സംഘത്തിന്റെ ആദ്യയോഗം ചേര്‍ന്നത്. അന്നുതന്നെ പതിനാറുപേര്‍ക്ക് അംഗത്വംനല്‍കി. ഊരാളുങ്കല്‍ വില്ലേജില്‍നിന്ന് ഉള്ളവര്‍ക്കുമാത്രമായി അംഗത്വം പരിമിതപ്പെടുത്തിയിരുന്നു.

1926ല്‍ മലബാര്‍ ഡിസ്ട്രക്ട് ബോര്‍ഡ് സംഘത്തിന് 500 ഉറുപ്പിക വായ്പ അനുവദിച്ചെങ്കിലും അവര്‍ക്ക് കരാറുകളൊന്നുംതന്നെ കിട്ടിയില്ല. സംഘം പിരിച്ചുവിടാന്‍ പോകയാണെന്ന കിംവദന്തി പരന്നു. ഇക്കാലത്ത് വാഗ്ഭടാനന്ദന്‍ നടത്തിയ ഇടപെടലിന്റെയും അഭ്യര്‍ത്ഥനയുടെയും ഫലമായി സംഘത്തിന് ആദ്യത്തെ കരാര്‍പണി ലഭ്യമായി. തുടക്കത്തില്‍ പ്രദേശത്തെ സമ്പന്നരില്‍നിന്ന് കടമെടുത്താണ് സംഘം കൂലിക്കാര്‍ക്ക് കൂലികൊടുത്തത്. പിന്നീട് സംഘത്തിന് 926 രൂപയുടെ മൂന്ന് കരാര്‍ പണികിട്ടി. അതില്‍നിന്ന് കിട്ടിയ ലാഭം 12 രൂപയായിരുന്നു. 1964വരെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാള്‍ക്ക് ശരിയായി ശമ്പളം കൊടുക്കാന്‍പോലും സംഘത്തിന് കഴിഞ്ഞിരുന്നില്ല. സാമ്പത്തികനേട്ടം പരിഗണിക്കാതെ ആദ്യകാല അംഗങ്ങള്‍ കാണിച്ച ത്യാഗസന്നദ്ധതയാണ് സംഘത്തിനെ നിലനിര്‍ത്തിയത്. 1967ലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) യായി വീണ്ടും രജിസ്റ്റര്‍ ചെയ്തത്. മൂന്നുതരം ആളുകളാണ് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഒന്ന് അംഗങ്ങള്‍, രണ്ട് അംഗങ്ങളല്ലാത്ത തൊഴിലാളികള്‍, മൂന്ന് ജീവനക്കാര്‍. 1974ല്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങളെ കേരള ഗവണ്‍മെന്റ് മൂന്ന് വിഭാഗങ്ങളായി തിരിച്ചു. അതില്‍ എ ക്ലാസ് റാങ്കാണ് യുഎല്‍സിസിഎസിന് ലഭിച്ചത്. സംഘം അംഗങ്ങള്‍ക്ക് പ്രോവിഡന്റ് ഫണ്ട്, മെഡിക്കല്‍-ലൈഫ് ഇന്‍ഷുറന്‍സ്, ബോണസ് എന്നീ ആനുകൂല്യങ്ങളൊക്കെ സംഘം നല്‍കി വരുന്നുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴില്‍ ഇന്ന് 2200 പേര്‍ ജോലി ചെയ്യുന്നുണ്ട്. റോഡ്, പാലം, കെട്ടിടംപണികള്‍ക്കു പുറമെ ഐ ടി പാര്‍ക്കുകളുടെ പണിതീര്‍ത്തുകൊണ്ട് കാലത്തിനൊപ്പം ആധുനികീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ തൊഴിലാളിസംഘം ഏര്‍പ്പെട്ടിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗം ജാതിമേധാവിത്വത്തിനും ജന്മിത്വത്തിനും എതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ സംഘം രൂപീകൃതമായത്. സ്വന്തം അധ്വാനത്തെ സമാഹരിച്ചുകൊണ്ട് നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിന് വേദിയൊരുക്കുകയാണ് ഊരാളുങ്കല്‍ സംഘത്തിന്റെ രൂപീകരണത്തിലൂടെ അതിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ ചെയ്തത്. ഊരാളുങ്കല്‍ സംഘത്തിന്റെ വിജയം നിലകൊള്ളുന്നത് അതുണ്ടാക്കിയ സാമ്പത്തികനേട്ടത്തില്‍ മാത്രമല്ല സാമൂഹിക മുന്നേറ്റത്തില്‍ കൂടിയാണ്. ജന്മിമാരുടെ അടിയാളരായി കഴിഞ്ഞിരുന്ന ജനങ്ങളെ സ്വന്തംകാലില്‍ നില്‍ക്കുന്നവരാക്കി മാറ്റിത്തീര്‍ക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞു. അംഗമായ ഏതൊരു തൊഴിലാളിക്കും നേരിട്ട് പങ്കാളിത്തം വഹിക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനമാണിന്ന് സംഘം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡണ്ടടക്കം സംഘത്തിന് ഭരണ നേതൃത്വം കൊടുക്കുന്നവരെല്ലാം അടിസ്ഥാനതലത്തില്‍നിന്ന് പണിചെയ്ത് ഉയര്‍ന്നുവരുന്നവരാണ്. മറ്റു സംഘങ്ങളില്‍ കാണാത്ത ഒരു സവിശേഷതയാണിത്.

കൊളോണിയല്‍ സാമ്പത്തികവ്യവസ്ഥയ്ക്ക് ബദലായി സഹകരണ പ്രസ്ഥാനത്തിനെ വാഗ്ഭടാനന്ദന്‍ കണ്ടിരുന്നോ ഇല്ലയോ എന്നറിയാനാവില്ല. എന്നാല്‍ ജന്മിത്വത്തിനും ജാതി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തില്‍ കര്‍ഷക പ്രസ്ഥാനത്തോടൊപ്പംനിന്ന് പോരാടാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട് എന്ന് ചരിത്രം വ്യക്തമാക്കുന്നു. ആഗോളവത്കരണത്തിന്റെ ഇക്കാലത്ത് സാമ്രാജ്യത്വവും വന്‍കിട കുത്തകകളും അധ്വാനിക്കുന്ന ജനങ്ങളെ വന്‍ തോതില്‍ കൊള്ളചെയ്തുകൊണ്ടിരിക്കുകയാണ്. കരാറുകാരും കോര്‍പ്പറേറ്റുകളും ഭരണാധികാരിവര്‍ഗവും തമ്മിലുള്ള പരസ്യമായ സഖ്യംതന്നെ ഇതിനായി രൂപപ്പെടുത്തിയിട്ടുണ്ട്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പകല്‍കൊള്ളയ്ക്കെതിരെ പിരിമിതമായ വൃത്തത്തില്‍നിന്നുകൊണ്ടാണെങ്കിലും ഒരു ബദല്‍ മാതൃകയായാണ് ഇന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നതെന്ന് അഭിമാനത്തോടെ പറയാന്‍ ഞങ്ങള്‍ക്ക് കഴിയും.

*
പാലേരി രമേശന്‍ ചിന്ത വാരിക

ഊരാളുങ്കല്‍ വിസ്മയം

തൊഴിലാളി സഹകരണസംഘത്തിന്റെ ഉടമസ്ഥര്‍ തൊഴിലാളികളാണ്. അതിന്റെ നടത്തിപ്പുകാരെ തീരുമാനിക്കുന്നതും അവര്‍തന്നെയായിരിക്കും. ലാഭം പരമാവധിയാക്കലല്ല തൊഴിലാളിസംഘത്തിന്റെ ലക്ഷ്യം. തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലിയും അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ട് സ്ഥാപനത്തിന്റെ വിപുലീകരണത്തിനാവശ്യമായ മിച്ചമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുതലാളിത്ത സ്ഥാപനങ്ങള്‍ ഇതിന്റെയെല്ലാം വിപരീതമാണ്. അതുകൊണ്ടുതന്നെ സഹകരണ സ്ഥാപനങ്ങള്‍ മുതലാളിത്ത സ്ഥാപനങ്ങളല്ല. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ്. ഈ വ്യവസ്ഥയെ മാറ്റിക്കൊണ്ടല്ലാതെ സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയില്ല. സഹകരണ സ്ഥാപനങ്ങളുടെ എണ്ണം പടിപടിയായി ഉയര്‍ത്തിക്കൊണ്ട് വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കാനാവും എന്നത് വ്യാമോഹം മാത്രമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ മുതലാളിത്ത സ്ഥാപനത്തിന്റെ ലക്ഷ്യത്തില്‍നിന്നും വ്യത്യസ്തമായ ഒന്നായതിനാല്‍ സഹകരണ സ്ഥാപനങ്ങള്‍ സ്വാഭാവികമായി മാത്രം രൂപംകൊള്ളുകയില്ല. പിന്തിരിഞ്ഞുനോക്കുമ്പോള്‍ മൂന്നുതരത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ രൂപംകൊള്ളുന്നതെന്ന് കാണുവാന്‍ കഴിയും.

1. ആദര്‍ശ പ്രചോദിതരായ നല്ല മനുഷ്യര്‍ വ്യത്യസ്ത സാമൂഹിക സങ്കല്‍പനത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കാന്‍ പലപ്പോഴും മുന്‍കൈയെടുത്തിട്ടുണ്ട്. റോബര്‍ട്ട് ഓവനെപ്പോലുള്ളവര്‍ സോഷ്യലിസ്റ്റ് സാങ്കല്‍പിക ലോകത്തിലേക്കുള്ള കുറുക്കുവഴിയായിട്ടാണ് സഹകരണ പ്രസ്ഥാനത്തെ കണ്ടത്. ഇതിനെ മാര്‍ക്സും എംഗത്സും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്.

2. തൊഴിലാളികളുടെ സമരായുധമായി പലപ്പോഴും സഹകരണ സംഘങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. സാമ്പത്തിക തകര്‍ച്ചയുടെകാലത്തും പണിമുടക്കുകാലത്തും സ്വയം പ്രതിരോധത്തിന്റെ മാര്‍ഗമായി സഹകരണ സ്ഥാപനങ്ങളെ തൊഴിലാളികള്‍ അഭയകേന്ദ്രങ്ങളാക്കയിട്ടുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ ചെയ്തത്.

മുകളില്‍പറഞ്ഞ രണ്ടുമാര്‍ഗങ്ങളിലൂടെയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ സഹകരണ സംഘങ്ങളേറെയും രൂപംകൊണ്ടതെങ്കില്‍ ഇന്ത്യയില്‍ മഹാ ഭൂരിപക്ഷം വരുന്ന സഹകരണ സ്ഥാപനങ്ങളും രൂപംകൊണ്ടത് പഞ്ചവത്സര പദ്ധതികളുടെ ഭാഗമായാണ്. പാവപ്പെട്ടവര്‍ക്ക് വായ്പ തരപ്പെടുത്തുവാനും പരമ്പരാഗത വ്യവസായങ്ങളെ പുനഃസംഘടിപ്പിക്കാനും കാര്‍ഷികോല്‍പന്ന വിപണനത്തിനും തുടങ്ങി വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചത്.

ആദ്യം പറഞ്ഞ രണ്ടു മാര്‍ഗങ്ങളും താഴെനിന്നുള്ള മുന്‍കൈ ആണെങ്കില്‍ മൂന്നാമത് പറഞ്ഞത് മുകളില്‍നിന്നുള്ള മുന്‍കൈയാണ്. താഴെനിന്നുള്ളതിനാണ് വിജയസാധ്യത കൂടുതല്‍. ഊരാളുങ്കല്‍ സംഘം ആദ്യം പറഞ്ഞ രണ്ടിന്റെയും ഒരു സംയുക്തരൂപമാണ്. അതുകൊണ്ടുതന്നെ അതിന് തനതായ സവിശേഷതകളുണ്ട്. ഉടമസ്ഥതയിലും മാനേജ്മെന്റിലും പണിസ്ഥലത്തുമുള്ള തൊഴിലാളികളുടെ സമ്പൂര്‍ണമായ പങ്കാളിത്തം വ്യവസായമേഖലയിലെ ജനാധിപത്യത്തിനുള്ള അത്യപൂര്‍വമായ ഉദാഹരണമായിരുന്നു. തൊഴിലാളികള്‍ക്കുമാത്രമേ സംഘത്തില്‍ അംഗത്വമെടുക്കാനാവൂ. തൊഴിലാളികള്‍ക്കേ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം ലഭിക്കൂ. ഡയറക്ടര്‍മാര്‍ക്ക് വിദഗ്ധ തൊഴിലാളിയുടെ കൂലിയേ ലഭിക്കൂ. മറ്റൊന്ന്, ഓരോ പ്രവൃത്തിസ്ഥലത്തെയും തൊഴിലാളികള്‍ ദിവസംതോറും നടന്ന പ്രവര്‍ത്തനം അവലോകനംചെയ്ത് പിറ്റേന്നുള്ള പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്നു. ഓരോ തൊഴിലാളിക്കും സംഘം അവരുടേതാണെന്ന് അനുഭവപ്പെടുന്നു.

അടുത്തത്, സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് സംഘം പിന്തുടരുന്ന തനത് രീതികള്‍ ഏറ്റവും ആധുനികമായ മാനേജ്മെന്റ് മേല്‍നോട്ട സംവിധാനങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ഓരോ നിര്‍മാണപ്രവൃത്തിക്കും പ്രത്യേക ലാഭനഷ്ടക്കണക്കും നിരീക്ഷണസംവിധാനവും ഉണ്ടായിരുന്നു. ഓരോ പ്രവൃത്തിദിവസത്തിന്റെയും അവസാനം ആ ദിവസത്തെ പണിയെക്കുറിച്ച് സംഘം ഡയറക്ടര്‍ബോര്‍ഡ് വിലയിരുത്തുന്നു. ഓരോ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിനും പണിസ്ഥലത്തിന്റെ ചുമതലയുണ്ടായിരിക്കും. ഡയറക്ടര്‍ ബോര്‍ഡിന്റെ സമ്പൂര്‍ണമേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനാണിത്. 1925ല്‍ രൂപീകൃതമായ സംഘമാണെങ്കിലും ജനകീയാസൂത്രണ കാലഘട്ടത്തിലാണ് ഊരാളുങ്കല്‍ സംഘം സംസ്ഥാന വ്യാപകമായി അറിയപ്പെടാന്‍ തുടങ്ങിയത്. ഊരാളുങ്കല്‍ സൊസൈറ്റി കേരളീയ നവോത്ഥാന മുന്നേറ്റത്തിന്റെ ഉത്പന്നമാണ്. 1925ല്‍ അത് സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്. സാമൂഹിക പരിഷ്കരണ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ജന്മിമാരും സവര്‍ണരും വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച സാഹചര്യത്തിലാണ് വാഗ്ഭടാനന്ദനും സംഘവും ബദലുകള്‍ സൃഷ്ടിച്ചത്. കുട്ടികള്‍ക്ക് സ്കൂളും വായ്പയ്ക്ക് ഐക്യനാണയസംഘവും ജോലിക്ക് കൂലിവേലക്കാരുടെ പരസ്പരസഹായസംഘവും രൂപവത്കരിച്ചു. ഇതിലേറെ ആവേശവും സ്മരണകളും ആവാഹിക്കാന്‍ കഴിയുന്ന മറ്റേത് സംഘത്തെയാണ് കണ്ടെത്താനാവുക?

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കാലത്ത് സര്‍ക്കാറിന്റെ പൊതുമരാമത്തുപണികളിലെ കോണ്‍ട്രാക്ടര്‍ രാജും അഴിമതിക്കൂട്ടുകെട്ടും കുപ്രസിദ്ധമാണല്ലോ. ഇതിനെ മറികടക്കാനാണ് ഗുണഭോക്തൃകമ്മിറ്റികള്‍ക്ക് രൂപംനല്‍കിയത്. കോണ്‍ട്രാക്ടര്‍ നോമിനി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ കമ്മിറ്റികളില്‍നിന്ന് വ്യത്യസ്തമായിരുന്നു അവ. പൊതുമരാമത്തിലെ അഴിമതി ഗണ്യമായി കുറയ്ക്കുന്നതിനും വലിയതോതില്‍ പ്രാദേശികവിഭവങ്ങള്‍ സമാഹരിക്കുന്നതിനും അന്നത്തെ ജനകീയകമ്മിറ്റികള്‍ക്ക് കഴിഞ്ഞെന്ന് ആസൂത്രണ ബോര്‍ഡിന്റെ വിശദമായ അവലോകനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പരിചയക്കുറവും നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതും ഗുണഭോക്തൃകമ്മിറ്റികളുടെ പരിമിതികളായിരുന്നു. അതുമൂലം താരതമ്യേന ചെറിയപ്രവൃത്തികള്‍മാത്രമേ അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ബ്ലോക്കുതോറും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അക്കാലത്ത് ഇത്തരം നാനൂറോളം സംഘങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏതാണ്ട് പകുതിയും പ്രവര്‍ത്തനരഹിതമായിരുന്നു. ബാക്കിയുള്ളവയില്‍ ഗണ്യമായ ഭാഗം കോണ്‍ട്രാക്ടര്‍മാരുടെ ബിനാമിസംഘങ്ങളും. ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മാതൃകയെങ്കിലും ഉണ്ടാകുമോ എന്ന അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ എത്തിനിന്നത്. ആസൂത്രണബോര്‍ഡുമായി സഹകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സെസൈറ്റിയെക്കുറിച്ച് ഒഞ്ചിയം പഞ്ചായത്ത് ഒരു ശില്പശാല നടത്തി. നൂറിലേറെ പഞ്ചായത്തുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ മാതൃകയില്‍ ഒട്ടേറെ സൊസൈറ്റികള്‍ ഉണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം നിര്‍ത്തലാക്കിയതോടെ അവയില്‍ പലതും നാമാവശേഷമായി.

കാസര്‍കോട്ടെ ഉദയപുരത്തെയും ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെയും പോലുള്ള സൊസൈറ്റികള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ട് ഇന്നും തുടരുന്നു. ജനകീയാസൂത്രണത്തെത്തുടര്‍ന്ന് ഊരാളുങ്കല്‍ സംഘത്തിന്റെ വളര്‍ച്ച വിസ്മയകരമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം മുന്‍കൂര്‍ ഡെപ്പോസിറ്റുചെയ്ത് പ്രവൃത്തികള്‍ ഏല്‍പ്പിച്ചുകൊടുക്കാവുന്ന അക്രഡിറ്റേഷന്‍ ലഭിച്ചതോടെ നിര്‍മാണപ്രവൃത്തികളുടെ എണ്ണം പെരുകി. പ്രവര്‍ത്തനമൂലധനത്തിന്റെ പ്രശ്നവും പരിഹരിക്കപ്പെട്ടു. സംഘത്തിന്റെ ടേണോവര്‍ അഞ്ചുകോടിയില്‍നിന്ന് 200 കോടിയായി ഉയര്‍ന്നു. മൊത്തം ആസ്തികള്‍ അഞ്ചുകോടിയില്‍നിന്ന് 350 കോടിയായി. മൊത്തം നാലായിരം നിര്‍മാണപ്രവൃത്തികളാണ് സംഘം ഇതേവരെ പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ 350 കോടിയുടെ 130 നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധഘട്ടങ്ങളിലായുണ്ട്. ഒരു ഇടപാടുകാരന്‍പോലും ഇതുവരെ പരാതിയോ ആരോപണമോ ഉന്നയിച്ചിട്ടില്ല. സ്വന്തമായി ക്വാറിയും ഹോളോബ്രിക്സ് യൂണിറ്റും സംഘത്തിനുള്ളത് മത്സരശേഷി വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണക്കമ്പനികള്‍ക്കുള്ള യന്ത്രസാമഗ്രികളെല്ലാം സംഘത്തിന്റെ കൈവശമുണ്ട്. 200 കോടിയുടെ വിറ്റുവരവ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 2000 കോടിയായി ഉയര്‍ത്തുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണസ്ഥാപനം എന്ന നിലയില്‍നിന്ന് ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി വളരണം.

ഇത്ര വേഗത്തിലൊരു വളര്‍ച്ച ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച അനിവാര്യമാക്കുന്ന സാഹചര്യങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മാണമേഖലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒന്നാമത്തേത്, മലേഷ്യയിലെയും മറ്റും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ ഇന്ത്യന്‍ നിര്‍മാണമേഖലയിലേക്ക് കടന്ന് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വലിയ പ്രവൃത്തികള്‍ക്കും ആഗോളടെന്‍ഡറാണ്. ഈ ഭീമന്‍കമ്പനികളുടെ സബ് കോണ്‍ട്രാക്ടര്‍മാരായി ഒതുങ്ങിക്കൂടണോ അവരുമായി മത്സരിച്ച് മുന്നേറണോ എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. 14.5 ശതമാനം പലിശയ്ക്ക് സംഘം വായ്പയെടുക്കേണ്ടിവരുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ മൂന്നും നാലും ശതമാനം പലിശയ്ക്കാണ് വിദേശത്ത് നിന്ന് വായ്പയെടുക്കുന്നത്. അവര്‍ക്ക് സ്വന്തമായി ഡിസൈന്‍ കമ്പനികള്‍ പ്രത്യേകമുണ്ട്. പ്രീ ഫാബ്രിക്കേഷന്‍ അടക്കമുള്ള സാങ്കേതികവിദ്യകള്‍ കൈവശമുണ്ട്. വളര്‍ന്നുകൊണ്ടേ ഈ രംഗങ്ങളിലെല്ലാം മത്സരശേഷി ഉയര്‍ത്താനാവൂ. രണ്ടാമത്തേത്, പൊതുമരാമത്ത് പ്രവൃത്തികളുടെ സ്വഭാവത്തില്‍ വന്നിരിക്കുന്ന മാറ്റമാണ്. കേവലം കോണ്‍ട്രാക്ടര്‍മാരെയല്ല ഇന്ന് വന്‍കിട പ്രവൃത്തികള്‍ ആവശ്യപ്പെടുന്നത്. പ്രോജക്ടുകള്‍ സ്വന്തമായി ഡിസൈന്‍ചെയ്യുന്നതിനും പണം സമാഹരിക്കുന്നതിനും തുടര്‍പരിപാലനം നടത്തുന്നതിനുമൊക്കെ കെല്‍പ്പുള്ള സേവനദാതാക്കളെയാണ് സര്‍ക്കാരടക്കം ഇന്ന് അന്വേഷിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് 31 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഭീമന്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സംരംഭത്തെ കാണേണ്ടത്. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ മൊത്തം ചെലവ് 210 കോടി രൂപയാണ്. വായ്പയെടുക്കുന്നതിനും കെട്ടിടസൗകര്യങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിനും മറ്റുമായി സംഘത്തിന്റെ ഉടമസ്ഥതയില്‍ ഒരു കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, നിര്‍മാണപ്രവൃത്തികള്‍ ഊരാളുങ്കല്‍ സംഘം തന്നെയാണ് നിര്‍വഹിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ആദ്യത്തെ കെട്ടിടത്തിന് 45 കോടി രൂപയാണ് മതിപ്പുചെലവ്. വര്‍ഷാവസാനത്തോടെ ഐ.ടി. കമ്പനികള്‍ക്ക് കെട്ടിടം വാടകയ്ക്ക് ലഭ്യമാകും. 2000 പേര്‍ക്ക് ഇവിടെ പണി ലഭിക്കും. പാര്‍ക്ക് കമ്മീഷന്‍ചെയ്യുമ്പോള്‍ ഇത് 20,000മായി ഉയരും. അങ്ങനെ മലബാറിലെ ആദ്യത്തെ സൈബര്‍പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ പോവുകയാണ്. ഇവിടെ സംഘം വെറും കോണ്‍ട്രാക്ടറല്ല. കേരളത്തിന്റെ ഒരു മുന്‍ഗണനാ വികസന മേഖലയിലെ പ്രമുഖ സേവനദാതാവായി മാറുകയാണ്.

വന്‍കിട ആധുനിക നിര്‍മാണ സ്ഥാപനമായി വളരേണ്ടതിന്റെ യുക്തി അംഗീകരിക്കാന്‍ തയ്യാറാണ് പലരും. പക്ഷേ, വൈവിധ്യവത്കരണമെന്തിന് എന്നതാണ് ചോദ്യം. ഇത്രയേറെ കഴിവുതെളിയിച്ച മേഖലയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നതല്ലേ ശരി? ഇതിനുള്ള ഉത്തരം സംഘം പ്രസിഡന്റ് പാലേരി രമേശന്‍ സൈബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനവേളയില്‍ വ്യക്തമാക്കി. സംഘത്തിലെ അംഗങ്ങളുടെ മക്കള്‍പോലും ഇന്ന് പരമ്പരാഗത നിര്‍മാണത്തൊഴിലുകള്‍ക്ക് സന്നദ്ധരല്ല. അവരെല്ലാം തങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിലുകള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. ഇതുമൂലം അംഗങ്ങളല്ലാത്തവരെ ജോലിക്ക് നിര്‍ത്തേണ്ടി വരുന്നു. ഇപ്പോള്‍ത്തന്നെ ഏതാണ്ട് 15 ശതമാനം തൊഴിലാളികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മലയാളി തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാക്കുന്നുണ്ടെങ്കിലും സ്ഥിരജോലിക്കാരാവാനോ അംഗങ്ങളാകാനോ ഇവര്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ പുതിയ തലമുറയുടെ തൊഴില്‍പ്രതീക്ഷകള്‍ക്ക് അനുസരിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വൈവിധ്യവത്കരണം അനിവാര്യമാണ്. അല്ലാത്തപക്ഷം കൂലിവേലയ്ക്ക് ആളെ നിര്‍ത്തി പണിയെടുപ്പിക്കുന്ന ഒരുവന്‍കിട സ്ഥാപനമായി സംഘം അധഃപതിക്കും. ടൂറിസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണ് സംഘം സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത് നടത്തുന്ന ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സോഫ്റ്റ്വേര്‍ കമ്പനിയില്‍ ഇപ്പോള്‍ 40ലേറെപ്പേര്‍ തൊഴിലെടുക്കുന്നു. ഈ പുതിയ മേഖലകളില്‍ എങ്ങനെ ഊരാളുങ്കല്‍ സംഘത്തിന്റെ പരമ്പരാഗതമായ പങ്കാളിത്തശൈലിയും ജനകീയ ഇടപെടല്‍ രീതികളും ഉള്‍ച്ചേര്‍ക്കുമെന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നുവരുന്നു.

അഴിമതി കൊടികുത്തി വാഴുന്ന നിര്‍മാണമേഖലയില്‍ ഊരാളുങ്കല്‍സംഘം ഒരു രജതരേഖയാണ്. കേരളത്തിന്റെ വികസനത്തില്‍ ജനകീയ ഇടപെടലുകളുടെ സാധ്യതകളിലേക്ക് ഈ സംഘം വിരല്‍ചൂണ്ടുന്നു. 25 ഏക്കര്‍ വിസ്തൃതിയുള്ള സൈബര്‍ പാര്‍ക്കിന് പ്രത്യേക സാമ്പത്തികമേഖല എന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനവും ആരംഭിക്കാന്‍ പോകുന്നു. ആഗോളമാന്ദ്യത്തില്‍നിന്ന് ഐ.ടി. മേഖല കരകയറുമ്പോള്‍ അതില്‍ നിന്ന് നേട്ടംകൊയ്യാന്‍ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കുണ്ടാകും. ഇതിന് തൊട്ടടുത്തുതന്നെയാണ് സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള സൈബര്‍ പാര്‍ക്കും. പക്ഷേ, ഇവിടെ ടെന്‍ഡര്‍പോലും വിളിച്ചിട്ടില്ല. ഇവിടെയാണ് ഊരാളുങ്കല്‍ സംഘത്തിന്റെ പാഠങ്ങള്‍ പ്രസക്തമാകുന്നത്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക 11 ഒക്ടോബര്‍ 2013

Wednesday, October 9, 2013

ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സഹകരണ പ്രസ്ഥാനം

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം തൊട്ടേയുളള പാരമ്പര്യം കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് അവകാശപ്പെടാനുണ്ട്. കേരളത്തിന്റെ വികസനത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനം ഇവയ്ക്കുണ്ട്. കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ കൊള്ളപ്പലിശക്കാര്‍ നിറഞ്ഞാടിയ ഒരു കാലമുണ്ടായിരുന്നു. ഈ കാലത്തിന് അന്ത്യം കുറിച്ച് പാവപ്പെട്ടവര്‍ക്ക് മിതമായ പലിശനിരക്കില്‍ പണം ലഭിക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്കരിച്ചത് സഹകരണപ്രസ്ഥാനമാണ്. ഇതിന്റെ ഫലമായി സ്വയം തൊഴില്‍ കണ്ടെത്തുകയും ജീവിത പ്രശ്നങ്ങള്‍ പലതും പരിഹരിക്കുകയും ചെയ്ത അനേകം പേര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അനുദിനം വളര്‍ന്നു വികസിച്ച ഈ പ്രസ്ഥാനം കേരളത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. കാര്‍ഷികമേഖലയേയും പരമ്പരാഗത വ്യവസായ മേഖലയേയും ശക്തിപ്പെടുത്തുന്നതിന് ഈ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. പൊതുവിതരണ സമ്പ്രദായത്തിലും വിദ്യാഭ്യാസരംഗത്തും ഉള്‍പ്പെടെ ഇടപെട്ടുകൊണ്ട് കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ജനകീയ ബദല്‍ രൂപപ്പെടുത്തിക്കൊണ്ട് ഇവ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരികയാണ്. സഹകരണപ്രസ്ഥാനം കടന്നുവരാത്ത മേഖലകള്‍ കേരളത്തില്‍ ഇല്ല എന്ന് പറയുന്നതായിരിക്കും ശരി.
 
ആഗോളവല്‍ക്കരണ നയങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു


ആഗോളവല്‍ക്കരണനയങ്ങള്‍ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന നയങ്ങള്‍ മറ്റെല്ലാ മേഖലയിലും എന്നപോലെ സഹകരണമേഖലകയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ധനമൂലധനത്തിന്റെ കടന്നുവരവിനും കൊളളയ്ക്കും തടസമായി വര്‍ത്തിക്കുന്ന എല്ലാ ഘടകങ്ങളേയും പിഴുതുമാറ്റുക എന്നതാണല്ലോ ആഗോളവല്‍ക്കരണ നയസമീപനത്തിന്റെ ഒരു പ്രത്യേകത. അത് കൃത്യമായി നടപ്പിലാക്കപ്പെടുമ്പോള്‍ ജനകീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മേഖലകള്‍ ഓരോന്നായി തകരുകയാണ്. ധനമൂലധനത്തിന്റെ കടന്നുവരവിനെ ചെറുക്കുന്ന പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും. ഈ രണ്ട് മേഖലകളും നാടിന്റെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ സംഘടിപ്പിക്കുന്നവയാണ്. അതുകൊണ്ടാണ് പൊതുമേഖലയ്ക്ക് നല്‍കിയ ഊന്നല്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടതുണ്ട് എന്ന സമീപനം നെഹ്രുവിന്റെ കാലത്ത് സ്വീകരിക്കപ്പെട്ടത്. 1990 വരെ സഹകരണമേഖലയ്ക്ക് സഹായം എത്തിക്കുന്നതിനും കാര്യക്ഷമമായി സര്‍ക്കാര്‍ പിന്തുണ ഉറപ്പ് വരുത്തുന്നതിനുമുളള നടപടികളായിരുന്നു നടന്നു വന്നിരുന്നത്. റോയല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, ആള്‍ ഇന്ത്യാ റൂറല്‍ ക്രെഡിറ്റ് തുടങ്ങിയ കമ്മിറ്റി റിപ്പോര്‍ട്ടുകളും അനന്തരനടപടികളും വളരെ പ്രാധാന്യമുളളവയായിരുന്നു.

എന്നാല്‍ ആഗോളവല്‍ക്കരണനയം മുന്നോട്ടു വെക്കപ്പെട്ടതോടെ ധനമേഖലയിലെ പൊതുമേഖലാ ബാങ്കിങ് സമ്പ്രദായത്തെ പൊളിച്ചടുക്കുന്നതിനും സഹകരണപ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കുന്നതിനും ഉള്ള നയങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ഇന്ത്യയിലെ ബാങ്കിങ് മേഖലയെ ആഗോളവല്‍ക്കരണശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തുന്നതിന് ഉതകുന്ന നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് പോലുളളവ ഇതിന് ഉദാഹരണമാണ്. ഇതിന്റെ ശുപാര്‍ശകള്‍ ബാങ്കിങ് മേഖലയിലെ ജനപക്ഷ നിലപാടുകളെ തകര്‍ത്ത് സ്വകാര്യവൈദേശിക കുത്തകകള്‍ക്ക് സഹായകമായ നിലപാട് ഒരുക്കുന്നതാണ്. ഇത്തരത്തിലുളള നയസമീപനങ്ങളെ കോണ്‍ഗ്രസും ബി.ജെ.പിയും അനുകൂലിക്കുന്ന നിലയാണ് ഉളളത്. പൊതുമേഖല ഉള്‍പ്പെടെയുളളവയെ തകര്‍ത്തെറിഞ്ഞ് അവയെ പങ്കിട്ട് ലാഭം സ്വരൂപിക്കുക എന്ന ഇന്ത്യനും വൈദേശികവുമായ കുത്തകകളുടെ താല്‍പര്യമാണ് ഇത്തരം നയത്തിന് പിന്നിലുളളത്. കമ്മിറ്റികളുടെ ശുപാര്‍ശകളുടെ പൊതുസ്വഭാവം ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമുളള കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളിലെല്ലാം സഹകരണമേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം ഒഴിവാക്കുന്നതിനുളള നില്‍ദേശങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. ഈ മേഖലയിലെ സംസ്ഥാന സര്‍ക്കാരുകളുടേയും രജിസ്ട്രാറുടേയും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ മേല്‍നോട്ട നിയന്ത്രണ ചട്ടക്കൂടുകള്‍ കുറ്റമറ്റതാക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍ബാങ്ക് ഓഫ് ഇന്ത്യയുടേയും നിയന്ത്രണങ്ങള്‍ ബാധകമാക്കാനുളള കര്‍മപദ്ധതികളാണ് മുന്നോട്ട് വെക്കുന്നത്. ഇവയില്‍ പ്രധാനപ്പെട്ടതാണ് 1990 കളിലെ ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ടും 1999 ലെ കപൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും.

ബ്രഹ്മപ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ട്

ബ്രഹ്മപ്രകാശ് കമ്മിറ്റി ഒരു മാതൃകാ നിയമം തന്നെ നിര്‍മ്മിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമോ നിയന്ത്രണമോ ഇല്ലാത്തതും സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ഇല്ലാത്തതുമായ നിലപാടാണ് അത് സ്വീകരിച്ചത്. കപൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കപൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സഹകരണവായ്പാ മേഖലയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. മാത്രമല്ല പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കണമെന്നും ലംഘിച്ചാല്‍ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യണമെന്നുള്ള നയം മുന്നോട്ട് വെക്കുകയുണ്ടായി. തുടര്‍ന്നുവന്ന വൈ.കെ പാട്ടീല്‍ കമ്മിറ്റി, വ്യാസ് കമ്മിറ്റി, വൈദ്യനാഥന്‍ കമ്മിറ്റി, രഘുറാം രാജന്‍ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികള്‍ എല്ലാം തന്നെ മുന്‍ കമ്മിറ്റികളുടെ ചുവട് പിടിച്ചു കൊണ്ടുളള നയങ്ങള്‍ തന്നെയാണ് മുന്നോട്ട് വെച്ചത്.

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ഈ റിപ്പോര്‍ട്ട് സഹകരണപ്രസ്ഥാനത്തിന് എത്രത്തോളം അപകടകരമാണ് എന്നതിന്റെ തെളിവാണ് യു.ഡി.എഫ് സര്‍ക്കാരിന് പോലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയാതിരുന്നതിലൂടെ വ്യക്തമാകുന്നത്. 2005-06 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഈ നയം തിരുത്താന്‍ ചിദംബരത്തിനോട് 2005 ല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഈ ആവശ്യം ശക്തമായി അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണമന്ത്രി വഴി ക്യാബിനറ്റില്‍ ഇക്കാര്യം വെയ്ക്കുന്നതിന് പ്രണബ് മുഖര്‍ജി നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ഉറപ്പുകള്‍ കടലാസില്‍ കിടന്നതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

മ. ഏത് ബാങ്കില്‍ നിക്ഷേപം നടത്തുവാനും വായ്പ നല്‍കാനും സംഘങ്ങള്‍ക്ക് ഇത് സ്വാതന്ത്ര്യം നല്‍കുന്നു.
യ. ബാങ്ക് എന്ന പദം റിസര്‍വ് ബാങ്ക് ലൈസന്‍സ് ഇല്ലാത്ത വായ്പാസംഘങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു മറ്റൊരു നിര്‍ദേശം.
ര. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നിര്‍ബന്ധിതമാക്കണം എന്ന നിയമവും ഇത് മുന്നോട്ട് വെക്കുന്നുണ്ട്.
റ. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായാല്‍ സംസ്ഥാനഗവണ്‍മെന്റിന് സഹകരണബാങ്കിന് മേല്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാകും.
ല. സഹകരണ ബാങ്കുകളുടെ പരിധിക്ക് പ്രസക്തിയില്ലാതാകുന്നതോടെ ഏത് ബാങ്കിനും എവിടെ നിന്നും ഡെപ്പോസിറ്റ് വാങ്ങാം. എവിടേയും ലോണ്‍ കൊടുക്കാം എന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. ഇത് യഥാര്‍ത്ഥത്തില്‍ സഹകരണമേഖലയില്‍ അനാവശ്യ മല്‍സരങ്ങള്‍ക്കും അരാജകത്വത്തിനും മറ്റും ഇടവരുത്തുകയും ചെയ്യും.

ഇത്തരം ശുപാര്‍ശകള്‍ നിലനില്‍ക്കുന്നത് കൊണ്ടായിരുന്നു വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ സഹകരണമേഖലയില്‍ നിന്നും ഈ മേഖലയെ സംബന്ധിച്ച് ഗൗരവമായി ചിന്തിക്കുന്നവരില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നത്.

സഹകരണ മേഖലയില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന രോഷം കാരണം വൈദ്യനാഥന്‍ പാക്കേജ് കേരളത്തില്‍ നടപ്പിലാക്കുന്നതിന് കഴിഞ്ഞില്ല. രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദേശിച്ചു. നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍നോട്ട നിയന്ത്രണം റിസര്‍വ് ബാങ്കിന് ആയിരിക്കണമെന്നും സഹകരണബാങ്കുകളേയും വാണിജ്യ ബാങ്കുകളെ പോലെ തന്നെ കണക്കാക്കണമെന്നും രജിസ്ട്രാറുടേയും സംസ്ഥാന സര്‍ക്കാറിന്റേയും നിയന്ത്രണങ്ങള്‍ ക്രമേണ ഇല്ലാതാക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു. മേല്‍ വിവരിച്ച വിവിധ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ പല സംസ്ഥാനങ്ങളും അവരുടെ സഹകരണമേഖലയ്ക്ക് ആപത്ത് ഉണ്ടാക്കും എന്നതിനാല്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. സാമ്പത്തിക സഹായം മുന്നോട്ട് വെച്ചുകൊണ്ട് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി നിയമങ്ങള്‍ പൊളിച്ച് മാറ്റാന്‍ ശ്രമം നടത്തിയ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുളളവ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയില്ല. നടപ്പിലാക്കിയ സംസ്ഥാനങ്ങളാവട്ടെ അതിന്റെ ഫലമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നിലയുണ്ടായി. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആകെ തകര്‍ക്കുന്ന നിര്‍ദേശങ്ങളാണ് 2013 ജനുവരിയില്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കപ്പെട്ട പ്രകാശ്ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട്. അതിലെ എടുത്ത് പറയേണ്ട മൂന്ന് നിര്‍ദേശങ്ങളാണ്

(1) പ്രൈമറി സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളുടെയോ സംസ്ഥാന സഹകരണബാങ്കുകളുടെയോ ഏജന്റന്മാരായി (ബിസിനസ് കറസ്പോണ്ടന്റ്) മാറണം.
(2) പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ഭരണ സമിതിയെ പിരിച്ചുവിടാനും അതിലെ ഏത് ഡയറക്ടറേയും നീക്കം ചെയ്യാനുമുള്ള അധികാരം റിസര്‍വ് ബാങ്കിന് നല്‍കണം
(3) സഹകരണ സംഘങ്ങളുടെ നിയന്ത്രണാധികാരം സഹകരണ രജിസ്ട്രാറില്‍ നിന്നും റിസര്‍വ് ബാങ്കിന് കൈമാറണം.

പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിലെ പല പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും റിസര്‍വ് ബാങ്കും നബാര്‍ഡും നടപ്പാക്കിത്തുടങ്ങി കഴിഞ്ഞു എന്നാണ് കാണുന്നത്. ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013 ജൂലൈ 22ന് നബാര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും സ്വതന്ത്രമായി നടത്താന്‍ കഴിയില്ല. അവയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ജില്ലാ സഹകരണ ബാങ്കിന്റെയോ സംസ്ഥാനസഹകരണ ബാങ്കിന്റെയോ ഏജന്റ് എന്ന നിലയ്ക്കുമാത്രമേ നിര്‍വഹിക്കാന്‍ കഴിയൂ. അവയുടെ എല്ലാ ആസ്തിബാദ്ധ്യതകളും ജില്ലാ ബാങ്കിലേക്കോ സംസ്ഥാന സഹകരണ ബാങ്കിലേക്കോ മാറ്റണം. പ്രാഥമിക സംഘങ്ങളിലെ വായ്പക്കാരായ അംഗങ്ങള്‍ അതത് ജില്ലാബാങ്കിലോ സംസ്ഥാന ബാങ്കിലോ അംഗത്വമെടുക്കണം.

നബാര്‍ഡിന്റെ നിര്‍ദേശം അനേകം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. ഇത്തരത്തിലുള്ള നിര്‍ദേശം പുറപ്പെടുവിക്കാന്‍ അധികാരം ഉണ്ടോ എന്നതു തന്നെ ഒരു വിഷയമാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ കാര്‍ഷികവായ്പാ സംഘങ്ങളും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും നബാര്‍ഡ് നിര്‍ദേശം ഹൈക്കോടതി തടയുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സഹകരണ സംഘങ്ങളുടെ ജനാധിപത്യ സ്വഭാവത്തെയാകെ ചോദ്യം ചെയ്യുന്നതാണ് ഈ നിര്‍ദേശം. സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും ജീവത്തായതും അസ്ഥിവാരമായി പ്രവര്‍ത്തിക്കുന്നതുമായ തലമാണ് പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍. അവയെ നിര്‍ജ്ജീവമാക്കുന്നത് സഹകരണ മേഖലയെയാകെ തകര്‍ക്കുന്നതിന് തുല്യമാണ്. ഭരണഘടനാ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ഭരണഘടനയുടെ 111 -ാം ഭേദഗതി നിയമവും ബാങ്കിംഗ് ഭേദഗതി നിയമവും കേരളത്തിന്റെ സഹകരണ മേഖലയില്‍ തങ്ങളുടെ നയങ്ങള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കുന്നതിന് പശ്ചാത്തലമൊരുക്കാനുളളതാണ്.

സഹകരണ മേഖലയുടെ തകര്‍ച്ച ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍

കേരളത്തിന്റെ സഹകരണമേഖല ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് മാത്രമല്ല മികച്ച ഒരു തൊഴില്‍ദാതാവ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നതാണ്. ഈ നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ നിക്ഷേപം ഇല്ലാതെ ബാങ്കിങ് ബിസിനസ് തകരുകയും ശമ്പളം നല്‍കാന്‍ ആവാത്ത നില ഉണ്ടാവുകയും ചെയ്യും. എഴുപതിനായിരത്തിലധികം കോടിരൂപയുടെ ഡെപ്പോസിറ്റും മൂന്നരക്കോടി സഹകരണസ്ഥാപനങ്ങളിലെ അംഗങ്ങളുടെ വിശ്വാസവും അറുപതിനായിരത്തിലേറെ ജീവനക്കാരുടെ ജീവിതവുമാണ് ഇതുവഴി തകരുക. കേരളത്തിലെ സഹകരണമേഖലയില്‍ ഏകദേശം 70,000 കോടി രൂപയോളം നിക്ഷേപമായി കിടക്കുന്നുണ്ട്. ഈ തുകയെ സ്വകാര്യബാങ്കിങ് സ്ഥാപനങ്ങളിലേക്കും പുത്തന്‍ തലമുറ ബാങ്കുകളിലേക്കും കൊണ്ടുപോകുന്നതിനുളള താല്‍പര്യവും ഇത്തരം നിയമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നാം കാണണം. സഹകരണപ്രസ്ഥാനങ്ങള്‍ തകര്‍ന്നാല്‍ മുന്‍കാലത്ത് ഉണ്ടായിരുന്നതുപോലെ കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ചും ഗ്രാമീണ മേഖലയെ ഹുണ്ടികക്കാരുടെ മുന്നില്‍ എറിഞ്ഞുകൊടുക്കുകയായിരിക്കും സംഭവിക്കുക. ഈ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോവുക എന്നതും പ്രധാനമായി കാണേണ്ടതുണ്ട്.

അതുപോലെ തന്നെ ജനങ്ങള്‍ക്ക് നേരിട്ട് ഉപകാരം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവാത്ത സ്ഥിതിയെ സംബന്ധിച്ചും വ്യക്തമാക്കി കൊടുക്കാന്‍ സാധിക്കണം. കാലത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ അനിവാര്യമാണ് ഇത്തരം നിയമ സംവിധാനങ്ങളെ തിരുത്തുന്നതിന് പൊരുതുന്നതിനോടൊപ്പം സഹകരണ സ്ഥാപനങ്ങളെ പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പിച്ച് വളര്‍ത്തുന്നതിനും ആധുനികമായ സമ്പ്രദായങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു മുന്നോട്ടു പോവുക എന്നതും പ്രധാനമാണ്. അതിന് ഉതകുന്ന ചില പരിഷ്കാരങ്ങള്‍ അടിയന്തിരമായി ഈ മേഖലയില്‍ കൊണ്ടുവരേണ്ടതുണ്ട്. ജനങ്ങളുടെ വിശ്വാസം കൂടുതല്‍ നേടിയെടുക്കുന്നതിനും ആഗോളവല്‍ക്കരണനയത്തിന്റെ ദുരിതത്തില്‍ നിന്ന് ജനതയെ രക്ഷപ്പെടുത്തുന്നതിനും ഉളള ക്രിയാത്മകമായ നടപടികളും ഇതോടൊപ്പം നടപ്പിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുളള ദേശീയ തലത്തിലുളള ഒരു തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

ഈ ഘട്ടത്തിലാണ് നിര്‍മാണരംഗത്ത് ഇതിനകം തന്നെ ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കി, നമ്മുടെ നാടിന്റെ യഥാര്‍ത്ഥ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നനിലയിലുളള സംരംഭങ്ങളുമായി ആധുനികമായ സമ്പ്രദായങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ട് ബദല്‍ കാഴ്ചപ്പാട് മുന്നോട്ടു വച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഈ സംരംഭത്തെ എല്ലാവരും പിന്‍തുണയ്ക്കുന്നുണ്ട്. സഹകരണ മേഖലയ്ക്കാകെ മാതൃകാപരവും മൂല്യവത്തുമായ സംഭാവനകള്‍ ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ തുടര്‍ന്നും ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

*
കോടിയേരി ബാലകൃഷ്ണന്‍ ചിന്ത വാരിക 11 ഒക്ടോബര്‍ 2013

Friday, October 4, 2013

ഹുണ്ടിക പിരിവുകാര്‍ക്കായി സഹകരണ വായ്പാമേഖലയെ തകര്‍ക്കാന്‍ ശ്രമം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന പണ്ഡിറ്റ് നെഹ്‌റു അധികാരമേറ്റെടുത്ത ഉടന്‍, രാജ്യത്തിന്റെ വികസനം എങ്ങനെയായിരിക്കണം, എങ്ങോട്ട് ആയിരിക്കണമെന്ന് വിശദീകരിക്കുകയുണ്ടായി. ഇന്ത്യ വികസിക്കേണ്ടത് ഒരു കോ-ഓപ്പറേറ്റ് കോമണ്‍വെല്‍ത്ത് ആയിരിക്കണമെന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. സഹകരണ രംഗത്തെ പോരായ്മകളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അതുകൊണ്ടാണ്, സഹകരണ സംഘങ്ങള്‍ പരാജയം നേരിടുന്നുണ്ട്, എന്നാല്‍ അവ വിജയിക്കണം എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്.

എന്നാല്‍ ഇന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും പരിശ്രമിക്കുന്നത് സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ്. അതേസമയം സഹകരണ പ്രസ്ഥാനം എങ്ങനെയാണ് രൂപം കൊണ്ടത് എന്നത് സംബന്ധിച്ച് പ്രാഥമിക വിവരം പോലും ഇല്ലാത്ത ബക്ഷിയെ പോലൊരാളെയാണ് സഹകരണ വായ്പാ പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ചത്. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള അജ്ഞത വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.  ആ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് അംഗീകരിച്ച് അത് നടപ്പിലാക്കാന്‍ നബാര്‍ഡിനെ ചുമതലപ്പെടുത്തി. അതനുസരിച്ചുള്ള നിര്‍ദേശം നബാര്‍ഡ്, സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും സഹകരണ രജിസ്ട്രാര്‍ക്കും നല്‍കുകയുണ്ടായി.

ഗ്രാമീണ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഇനി നേരിട്ട് വായ്പ നല്‍കേണ്ടതില്ലെന്നതാണ് അതില്‍ ഏറ്റവും പ്രധാന നിര്‍ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചാല്‍ മതി. അതുപോലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കേണ്ടതില്ല. സഹകരണ വായ്പ മേഖലയെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുമാണ് ഇത്തരമൊരു നിര്‍ദേശം. സഹകരണ മേഖലയുടെ അടിസ്ഥാന ശിലയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍. അംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അവരുടെ പ്രധാന ജോലി അംഗങ്ങള്‍ക്ക് കാര്‍ഷികവും കാര്‍ഷികേതരവുമായ വായ്പകള്‍ നല്‍കുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അവരുടെ സ്വന്തം ഫണ്ടില്‍ നിന്നും വായ്പ പൂര്‍ണമായും നല്‍കാന്‍ കഴിയാത്തതിനാല്‍ ജില്ലാ സഹകരണ ബാങ്കുകളും അവയ്ക്ക് സംസ്ഥാന സഹകരണ ബാങ്കുകളും വായ്പ നല്‍കാന്‍ സഹായിക്കുന്നു. റിസര്‍വ് ബാങ്കിന്റെ കാര്‍ഷിക വായ്പാവിഭാഗത്തിന്റെ അംഗീകാരത്തോടെ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ്, വായ്പാ ധനസഹായം നല്‍കുന്നു.

അക്കാലത്ത് സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നിക്ഷേപം സമാഹരിക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന് പരിമിതികള്‍ ഉണ്ടെന്നും ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നും മറ്റും കാര്‍ഷിക വായ്പാമേഖലയെ സഹായിക്കാന്‍ ആവശ്യത്തിന് പണം സമാഹരിക്കാന്‍ കഴിയുന്ന ഒരു ബാങ്കിംഗ് സ്ഥാപനം ഉണ്ടാവണമെന്നതിനാലാണ് നബാര്‍ഡ് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചത്. സഹകരണ മേഖലയെ കൂടുതല്‍ സംപുഷ്ടമാക്കാനെന്ന ഉദ്ദേശത്തോടെയാണ് നബാര്‍ഡ് രൂപീകരിച്ചത്. നബാര്‍ഡ് രൂപീകരണത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കമ്മിറ്റിയിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു ഞാന്‍. ഇന്നത്തെ രീതിയിലുള്ള നബാര്‍ഡ് രൂപീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളോട് അന്ന് തന്നെ ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നബാര്‍ഡ് രൂപീകരണ സമയത്തെ ധാരണകളും നിലപാടുകളും ഇന്ന് പാടേ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്നത് ദേശീയ ബാങ്കിംഗ് സ്ഥാപനമായി മാറിയിരിക്കുന്നു.

റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിര്‍ദേശങ്ങളോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെ സഹകരണ പ്രസ്ഥാനം മുന്നോട്ട് വന്നിരിക്കുന്നു. അപ്പോള്‍ റിസര്‍വ് ബാങ്കും നബാര്‍ഡും തങ്ങളുടെ തീരുമാനത്തില്‍ അല്‍പ്പം അയവ് വരുത്തി. ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013 ജൂണ്‍ 10 ന് റിസര്‍വ് ബാങ്ക് ഇറക്കിയ മാര്‍ഗനിര്‍ദേശരേഖയുടെ ചുവടുപിടിച്ച്, 2013 ജൂലൈ 23 ന് നബാര്‍ഡ് നല്‍കിയ നിര്‍ദേശങ്ങളില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാന്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. പ്രധാനമാറ്റം, ഗ്രാമീണ സഹകരണ സംഘങ്ങള്‍ ജില്ലാ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുകള്‍ എന്ന നിര്‍ദേശം ഇല്ലെന്നതാണ്. എന്നാല്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തില്‍ ഭേദഗതി ഇല്ല. ഈ നിര്‍ദേശം കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന ഈ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിട്ടില്ല. സഹകരണ പ്രസ്ഥാനത്തെ സഹായിക്കാന്‍ രൂപീകരിച്ച നബാര്‍ഡ് അന്തകനായി മാറിയിരിക്കുന്നു. 'ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സഹകരണ രംഗത്തെ മാറ്റം' എന്ന വിഷയത്തില്‍ കോഴിക്കോട് ഐ ഐ എം ല്‍ നടന്ന സെമിനാറില്‍ ഐക്യരാഷ്ട്രസഭയുടെ കോ - ഓര്‍ഡിനേറററും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ന്യൂഡല്‍ഹി റസിഡന്റ്‌സ് പ്രതിനിധിയുമായ ലിസി ട്രാന്‍ഡിയുടെ പ്രസംഗം ശ്രദ്ധേയമാണ്. 'ലോകത്താകെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹകരണ പ്രസ്ഥാനം മാത്രമാണ് വിജയിക്കുന്ന'തെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. സഹകരണ പ്രസ്ഥാനത്തിന് ലോകത്ത് 1.3 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആസ്തിയുണ്ട്. ഈ രംഗത്ത് 800 ദശലക്ഷം പേര്‍ പണിയെടുക്കുന്നു. വര്‍ഷം തോറും 100 ദശലക്ഷം പേര്‍ക്ക് പുതുതായി ജോലി നല്‍കുന്നു. ലോകത്തെ മൊത്തം ഉല്‍പ്പാദനത്തിന്റെ 20 ശതമാനം സഹകരണ മേഖലയില്‍ നിന്നാണ്. ലോകം കോര്‍പ്പറേറ്റ് സാമ്പത്തിക വികസനത്തില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ സഹകരണ പ്രസ്ഥാനം അഭിമാനപൂര്‍വം മുന്നോട്ട് പോവുന്നുവെന്നാണ് ലിസി ട്രാന്‍ഡി പറഞ്ഞത്.
കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ 1981 വരെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പങ്ക് വര്‍ധിച്ചു വരുകയായിരുന്നു. റിസര്‍വ് ബാങ്ക് നിയോഗിച്ച നാരായണ്‍ ചന്ദ്രപ്രഭയുടെ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ന് സ്വകാര്യ പണമിടപാടുകാരുടെ സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 1981 ല്‍ മൊത്തം വായ്പയുടെ 28.6 ശതമാനം സഹകരണ മേഖലയാണ് കൈകാര്യം ചെയ്തിരുന്നത്. 2002 ല്‍ അത് 27 ശതമാനമായി കുറഞ്ഞു. 1981 ല്‍ ഗ്രാമീണ ബാങ്കുകളും വാണിജ്യ ബാങ്കുകളും കൂടി 28 ശതമാനം വായ്പ കൈകാര്യം ചെയ്തിരുന്നത് 2002 ല്‍ 24.5 ശതമാനമായി കുറഞ്ഞു. ഇതേസമയം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ 1981 ല്‍ 38 ശതമാനം വായ്പകള്‍ കൈകാര്യം ചെയ്തിരുന്നത് 2002 ല്‍ 42.9 ശതമാനമായി വര്‍ധിച്ചു (ദി ഹിന്ദു ബിസിനസ് ലൈന്‍ മെയ് 15). ഇത് കാണിക്കുന്നത് പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കാന്‍ തുടങ്ങിയതു മുതല്‍ കാര്‍ഷിക വായ്പ മേഖലയില്‍ സ്വകാര്യ പണമിടപാടുകാരുടെ സ്വാധീനം വര്‍ധിച്ചുവെന്നാണ്. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ മേഖലയില്‍ നിന്നും ഗ്രാമീണ സഹകരണ സംഘങ്ങളെ ഒഴിവാക്കിയാല്‍ കാര്‍ഷിക വായ്പാരംഗം പൂര്‍ണമായും സ്വകാര്യ പണമിടപാടുകാരുടെ പിടിയിലൊതുങ്ങും.

കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയില്‍ സഹകരണ വായ്പാമേഖലയ്ക്ക് നിര്‍ണായകമായ സ്ഥാനമാണുള്ളത്. 1975 ല്‍ ഒരു പ്രാഥമിക സര്‍വീസ് സഹകരണ സംഘത്തിന്റെ നിക്ഷേപം 50,000 രൂപയായിരുന്നു. ഇത് നിക്ഷേപമെന്ന് പറയാനാവില്ല. അംഗങ്ങള്‍ക്ക് വായ്പ നല്‍കുമ്പോള്‍ വായ്പയുടെ ഒരു ചെറിയ ഭാഗം ത്രിഫ്റ്റ് ഡിപ്പോസിറ്റ് ആയി പിടിച്ചു വയ്ക്കുകയായിരുന്നു. ഇതായിരുന്നു ഗ്രാമീണ സഹകരണ സംഘങ്ങളുടെ നിക്ഷേപം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ഇത് കാര്‍ഷിക വായ്പയുടെ സാധ്യതകള്‍ ഇല്ലാതാക്കി.

1973 മുതല്‍ 1980 ല്‍ മന്ത്രിയാവുന്നതുവരെ ഞാന്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. അന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നിക്ഷേപം സമാഹരിക്കുന്നതിന് ഒരു പദ്ധതി തയാറാക്കി. അതിന് സര്‍വീസ് സഹകരണ സംഘങ്ങളെ സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന് പുനര്‍നാമകരണം ചെയ്തു. സഹകരണ ബാങ്കുകളില്‍ ക്യാഷ് കൗണ്ടറുകള്‍ സ്ഥാപിച്ചു. കാഷ്യര്‍മാരെ നിയമിക്കുകയും ചെയ്തു. നിക്ഷേപ സമാഹരണത്തിനായി തയ്യാറാക്കിയ പദ്ധതി അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോനും സഹകരണ മന്ത്രി ബേബി ജോണിനും നല്‍കി. നിക്ഷേപ സമാഹരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്ന് സഹകരണ രജിസ്ട്രാര്‍ ആയിരുന്ന ടി എന്‍ ജയചന്ദ്രനെ ചുമതലപ്പെടുത്തി. സഹകരണ സംഘങ്ങളുടെ ബൈലോയിലും ചട്ടങ്ങളിലും നിക്ഷേപ സമാഹരണത്തിനാവശ്യമായ ഭേദഗതികള്‍ വരുത്തി. ഒരു മാസംകൊണ്ട് 20 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്താന്‍ തീരുമാനിച്ചു.

നിക്ഷേപ സമാഹരണയജ്ഞത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് അന്ന് റിസര്‍വ് ബാങ്കിന്റെ കാര്‍ഷിക വായ്പാ വിഭാഗത്തിന്റെ തലവനായിരുന്ന ഡോ. ദത്തെ എഴുതിയത്, 20 കോടിക്ക് പകരം അഞ്ച് കോടി സമാഹരിച്ചാലും വലിയ കാര്യമാണെന്നാണ്. നിക്ഷേപ സമാഹരണത്തിന്റെ തുടക്കത്തില്‍ ജില്ലാ - പ്രാഥമിക സഹകരണ ബാങ്കുകള്‍ എതിരല്ലായിരുന്നെങ്കിലും അവര്‍ക്ക് വിശ്വാസം ഇല്ലായിരുന്നു. 1976 ല്‍ കൊല്ലം ജില്ലയിലെ കലയ്‌ക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍, സഹകരണ നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്തു. ഒരു മാസംകൊണ്ട് 26 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. പിന്നിടൊരിക്കലും പുറകോട്ട് നോക്കേണ്ടതായി വന്നിട്ടില്ല. 2012 ലെ സാമ്പത്തികാവലോകനത്തിലെ കണക്കനുസരിച്ച് ഒരു പ്രാഥമിക സഹകരണബാങ്കിന്റെ ശരാശരി നിക്ഷേപം ഇന്ന് 24.66 കോടി രൂപയാണ്. ഇതില്ലാതാക്കാനുള്ള ഭ്രാന്തന്‍ നയമാണ് റിസര്‍വ്ബാങ്ക് മുന്നോട്ട് വയ്ക്കുന്നത്.

ലോകമെമ്പാടും മുതലാളിത്ത കോര്‍പ്പറേറ്റ് നയങ്ങളും നടപടികളും തകര്‍ച്ചയെ നേരിടുകയാണ്. അപ്പോള്‍ ലോകത്തിന് പ്രതീക്ഷ നല്‍കുന്നത് സഹകരണ മേഖലയാണ്. ഇന്ത്യയിലെ സഹകരണ രംഗത്ത് പ്രത്യാശയുടെ പ്രതീകമാണ് കേരളത്തിലെ സഹകരണ വായ്പാമേഖല. ഇതിനെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ Janayugom

Wednesday, September 18, 2013

നബാര്‍ഡ് സഹകരണ സംഘങ്ങളുടെ അന്തകനോ?

സഹകരണമേഖലയിലെ പരിഷ്കാരങ്ങള്‍ 1990കളുടെ ആദ്യം തുടങ്ങിയതാണ്. നവഉദാരനയങ്ങളുടെ ആരംഭത്തിന്റെ ഭാഗംതന്നെയായിരുന്നു ഇതും. ഇന്ത്യാ ഗവണ്‍മെന്റ് സഹകരണമേഖലയില്‍ കൊണ്ടുവന്ന എല്ലാ നയങ്ങളും ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലെ സഹകരണസംഘങ്ങളെ പ്രത്യേകിച്ചും വായ്പാസംഘങ്ങളെയാണ്. 1904 ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍സംരംഭം എന്ന നിലയിലാണ് സഹകരണസ്ഥാപനങ്ങള്‍ ആരംഭിച്ചത്. പാവപ്പെട്ട കര്‍ഷകരെയും ഋണബാധ്യതയില്‍പെട്ടവരെയും സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. ജനങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും അകറ്റുന്നതില്‍ സഹകരണസംഘങ്ങള്‍ക്ക് മോശമല്ലാത്ത പങ്കുവഹിക്കാന്‍ കഴിഞ്ഞു. നല്ലൊരു തൊഴില്‍ദായകനായി സഹകരണസംഘങ്ങള്‍ വളര്‍ന്നു.

ഇന്ന് രാജ്യത്താകെ 1,50,000 വായ്പാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഏകദേശം 94,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ്. പഞ്ചായത്തുകളും വില്ലേജുകളും പ്രവര്‍ത്തന പരിധിയായി പ്രവര്‍ത്തിക്കുന്ന ഈ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കേരളംപോലുള്ള സംസ്ഥാനങ്ങളിലെങ്കിലും പ്രബലമാണ്. കര്‍ഷകരുടെയും ഇടത്തരക്കാരുടെയും പ്രധാനമായ സാമ്പത്തിക ആശ്രയമായി ഇത്തരം സ്ഥാപനങ്ങള്‍മാറി. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍. ശക്തമായ ഭരണനേതൃത്വം, ജനകീയ അടിത്തറ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ത്രീ ടയര്‍ സിസ്റ്റത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള ഘടകം എന്ന നിലയില്‍ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും നിരന്തരമായി സംവദിക്കാനും സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു.

മധ്യതട്ടായ ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതിയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണ് ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ നാടിന്റെ സ്പന്ദനം അറിയാന്‍ മധ്യതട്ടു ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നു. മൂന്നുതട്ട് ഒഴിവാക്കി രണ്ടുതട്ട് എന്ന തത്വം നടപ്പാക്കുന്നതിന് പലപ്പോഴും നമ്മുടെ നാട്ടില്‍തന്നെ ശ്രമം നടന്നെങ്കിലും പ്രായോഗികത കണക്കിലെടുത്ത് അത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍, നിലവിലുള്ള സംവിധാനങ്ങളെയാകെ താറുമാറാക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് അനുസരിച്ച് സഹകരണമേഖലയെയും രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ടു ദശാബ്ദമായി നമ്മുടെ രാജ്യത്ത് നടക്കുന്നു. സഹകരണ വായ്പാ സംഘങ്ങളുടെ ജനകീയമുഖം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഈ രംഗത്തേക്ക് പുതുതലമുറ ബാങ്കുകള്‍ക്ക് കടന്നുവരാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ളത്. കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുക, നല്‍കുന്ന ഇളവുകളില്‍നിന്ന് പിന്തിരിയുക, കിട്ടിക്കൊണ്ടിരിക്കുന്ന പരിരക്ഷ ഇല്ലാതാക്കുക തുടങ്ങിയ ജനവിരുദ്ധനയങ്ങള്‍ ഭരണാധികാരികള്‍ കുറെ നാളുകളായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ബി ആര്‍ ആക്ടിലെ ഭേദഗതി, ഡയറക്ട് ടാക്സ് കോഡ് ബില്‍, സഹകരണ സംഘങ്ങള്‍ക്ക് സേവന നികുതി, 97-ാം ഭരണഘടനാ ഭേദഗതി തുടങ്ങിയവയെല്ലാം ഈ ശ്രേണിയിലെ പടവുകളാണ്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ അംഗീകരിച്ച് എംഒയു ഒപ്പിട്ട സംസ്ഥാനങ്ങള്‍ തിരിച്ചുപോക്കിന് ഒരുങ്ങുകയാണ്. സഹകരണബാങ്കുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ ഭേദഗതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വിലക്ക് തുടങ്ങിയവ സാമൂഹ്യ പ്രതിബദ്ധതയില്‍ അധിഷ്ഠിതമായ സേവനമേഖലകളില്‍നിന്ന് പിന്മാറി ജനജീവിതം ദുസ്സഹമാക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്. സഹകരണ സംഘങ്ങളെ പൊതുവെ ഇന്‍കംടാക്സിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഇളവുകള്‍ ഒഴിവാക്കിയ ഇന്നത്തെ ഭരണാധികാരികള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുന്‍ ഭരണാധികാരികള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ പരിരക്ഷയാണ് എടുത്തുകളഞ്ഞത്. ബാങ്കുകളുടെ ബാങ്കായ റിസര്‍വ് ബാങ്ക് രാജ്യത്തുണ്ടായിട്ടും ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ ശ്രദ്ധപതിപ്പിച്ച് ഈ മേഖലയ്ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും മറ്റുമാണ് 1982ല്‍ നബാര്‍ഡ് അഥവാ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ്് റൂറല്‍ ഡെവലപ്മെന്റ് രൂപീകരിച്ചത്. പക്ഷേ, നബാര്‍ഡ് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കേരളത്തിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ നല്‍കുന്നതിന് മുകൈ എടുക്കേണ്ട നബാര്‍ഡ് അത് നിഷേധിക്കുന്ന സമീപനം കുറച്ചുവര്‍ഷമായി സ്വീകരിക്കുന്നു. കാര്‍ഷികവായ്പകള്‍ക്ക് റീഫിനാന്‍സിങ് നിഷേധിച്ചതും മറ്റും ഇതിന്റെ ഉത്തമോദാഹരണം. ഏറ്റവും ഒടുവില്‍ പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി നബാര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് വായ്പ എടിഎം വഴി വിതരണം ചെയ്യാന്‍ കഴിയുന്നില്ല, ഡിപ്പോസിറ്റുകള്‍ക്ക് ഗ്യാരന്റി ഇല്ല തുടങ്ങിയ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തിയാണ് ഇനിമുതല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നേരിട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വായ്പ നല്‍കാനോ പാടില്ലെന്ന് പ്രകാശ് ബക്ഷി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. അതിനായി ജില്ലാ സഹകരണബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരായി ഇനിമുതല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് കല്‍പ്പന. പ്രാഥമിക കാര്‍ഷിക വായ്പാസഹകരണസംഘങ്ങളെ ഇല്ലാതാക്കുന്നതാണ് ഈ ശുപാര്‍ശകള്‍. ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കുകളെയും ദോഷകരമായി ബാധിക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, കുറഞ്ഞ കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ അര്‍ബന്‍ ബാങ്കുകളാക്കി മാറ്റാനും ഇതില്‍ നിര്‍ദേശിക്കുനു. പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് തീര്‍ത്തും ജനവിരുദ്ധവും സഹകരണവിരുദ്ധവുമാണ്. ഇത് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും തുടര്‍ച്ചയാണ്. സഹകരണമേഖലയെ ജനങ്ങളില്‍നിന്ന് അകറ്റാനും അവര്‍ക്ക് പൊതുസമൂഹത്തിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുമാണ് നീക്കം. ഈ മേഖല തകര്‍ന്നാല്‍ അവിടേക്ക് സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ കഴിയും. നവ ഉദാരനയങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്നവിധത്തില്‍ ഈ മേഖലയെ സജ്ജമാക്കുകയാണ് ലക്ഷ്യം. തീര്‍ത്തും ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്. അറിയപ്പെടുന്ന സഹകാരികള്‍ ഈ കമ്മിറ്റിയിലില്ല. ഇന്ത്യയിലെ ഗ്രാമങ്ങളെയും കൃഷിയെയും ഇവിടത്തെ സ്പന്ദനങ്ങളെയും കുറിച്ച് അറിയുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ല ഇതിലെ നിര്‍ദേശങ്ങള്‍. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ അംഗങ്ങളും നിക്ഷേപങ്ങളും വായ്പകളും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളിലേക്ക് മാറുക എന്നത് പ്രായോഗികമല്ല. കാര്‍ഷികവായ്പ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെങ്കില്‍ തദനുസൃതമായ നടപടി സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും സ്വീകരിക്കുകയാണ് വേണ്ടത്. കര്‍ഷകരെ കാര്‍ഷികവൃത്തിയിലേക്ക് നയിക്കണമെങ്കില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ ലഭ്യമാക്കണം. കാര്‍ഷികവായ്പ യഥാവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നത് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഇങ്ങനെയായാല്‍ ഇന്നത്തെ സമ്പ്രദായത്തില്‍ത്തന്നെ ഏറ്റവും ഫലപ്രദമായ രൂപത്തില്‍ ഈ സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. ഇതിന് ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള സര്‍ക്കാരുണ്ടാകണം.

ഒരു ചര്‍ച്ചയുമില്ലാതെ ഏകപക്ഷീയമായാണ് റിസര്‍വ് ബാങ്ക് ബക്ഷി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ആലോചിക്കുന്നത്. നബാര്‍ഡ് സ്വീകരിക്കുന്നതാകട്ടെ ഇതിന് കുഴലൂത്ത് നടത്തുന്ന സമീപനവും. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ കരുത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തുന്ന സഹകാരികള്‍, ശക്തമായ ഉദ്യോഗസ്ഥനിര, കൃത്യമായ മോണിറ്ററിങ് നടത്തുന്ന സര്‍ക്കാര്‍ സംവിധാനം എല്ലാം ഈ മേഖലയുടെ പ്രത്യേകതയാണ്. നിലവില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം മണ്ടന്‍പരിഷ്കാരങ്ങള്‍ നടപ്പാക്കി ഈ മേഖല തകര്‍ക്കുകയല്ല കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും ചെയ്യേണ്ടത്.

*
ഇ നാരായണന്‍ (സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനാണ് ലേഖകന്‍)

Wednesday, September 11, 2013

സഹകരണ പ്രസ്ഥാനം നാളെയുടെ പ്രത്യാശ

ആഗോളവല്‍ക്കരണത്തിന്റെ കെടുതികളിലേക്ക് രാജ്യം വഴുതിനീങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. രണ്ടു ദശാബ്ദങ്ങള്‍കൊണ്ട് ആഗോള കുത്തകകള്‍ക്ക് അവരുടേതായ "ഇക്കോണമിക് കൊളോണിയലിസം" നടപ്പാക്കാന്‍ പറ്റിയ സ്ഥിതിയിലേക്ക് നമ്മുടെ സമ്പദ് വ്യവസ്ഥ മാറിക്കഴിഞ്ഞു. കാര്‍ഷിക സംസ്കൃതിയിലൂന്നിയ നമ്മുടെ രാജ്യത്തിന്റെ വികസനദിശ നിര്‍ണയിച്ചതില്‍ ഭരണാധികാരികള്‍ക്ക് സംഭവിച്ച ബോധപൂര്‍വമായ പിഴവായേ ഈ ദുഃസ്ഥിതിയെ വിലയിരുത്താനാകൂ. നവ ഉദാരനയങ്ങള്‍ രാജ്യത്തിന്റെ അടിവേരുകള്‍ പിഴുതെറിയുമ്പോള്‍ കാഴ്ചക്കാരാകാന്‍ നമുക്കാവില്ല. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണം. അതിന് നമ്മുടെ കൈയിലുള്ള മഹാസംരംഭമാണ് സഹകരണപ്രസ്ഥാനം.

അമേരിക്കയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ദുരന്തം ഒട്ടും ഏശാത്ത ഒരേയൊരു പ്രസ്ഥാനം സഹകരണമേഖലയായിരുന്നു. സഹകരണപ്രസ്ഥാനത്തിന്റെ ആന്തരികമായ ശക്തിയെയാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തും സുശക്തമായ ഒരു സഹകരണ പ്രസ്ഥാനമുണ്ട്. കാര്‍ഷികമേഖലയുടെ നട്ടെല്ലായാണ് അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. വായ്പാ വിതരണത്തിലൂടെ, പാലുല്‍പ്പാദനത്തിലൂടെ, വളം, കാര്‍ഷിക യന്ത്രസാമഗ്രികള്‍ എന്നിവയുടെയും ഉല്‍പ്പാദനത്തിലൂടെ എന്നുവേണ്ട സാധാരണക്കാരന്റെ മുഴുവന്‍ ആവശ്യങ്ങളെയും സ്പര്‍ശിച്ച് ഈ പ്രസ്ഥാനം നമുക്ക് മുന്നിലുണ്ട്. സ്വാതന്ത്ര്യാനന്തരം നമ്മെ ഭരിച്ച ഭരണകര്‍ത്താക്കള്‍ക്ക് ഈ പ്രസ്ഥാനത്തെ മതിപ്പായിരുന്നു. എന്നാല്‍, ഇന്നത്തെ ഭരണനേതൃത്വം മറ്റാര്‍ക്കൊക്കെയോ വേണ്ടി ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടും അതേത്തുടര്‍ന്ന് നബാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാമകൃഷ്ണറാവു പുറപ്പെടുവിച്ച സഹകരണ ബാങ്കിങ് മാരണ സര്‍ക്കുലറും ചര്‍ച്ച ചെയ്യേണ്ടത്. പ്രാഥമിക കാര്‍ഷികസംഘങ്ങളെ ത്രിതല ബാങ്കിങ് രംഗത്തുനിന്ന് പൂര്‍ണമായി ഒഴിവാക്കുകയാണ് സര്‍ക്കുലറിന്റെ ലക്ഷ്യം. ഗ്രാമീണ കര്‍ഷകരെ വീണ്ടും കൊള്ളപ്പലിശക്കാരുടെ പിടിയിലേക്ക് വിടുകയാണ് ഇതിന്റെ ഫലം.

1991ന് ശേഷം ഗ്രാമീണമേഖലയില്‍ വട്ടിപ്പലിശക്കാരുടെ സ്വാധീനം വര്‍ധിച്ചുവരുന്നതായി റിസര്‍വ് ബാങ്കിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. കര്‍ഷകരുടെ വായ്പാ ആവശ്യങ്ങളെപ്പറ്റി പഠിക്കാന്‍ നിയുക്തമായ കമ്മിറ്റി 2010 ജൂണില്‍ കൃഷിമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ കൂടുതല്‍ കടംവാങ്ങുന്നത് നാടന്‍ പലിശക്കാരില്‍നിന്നാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഒരാനുകൂല്യവും ലഭ്യമല്ല. ഇപ്പോള്‍, വായ്പ നല്‍കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കിടപാടുകളില്‍നിന്നും പ്രാഥമിക സഹകരണസംഘങ്ങളെ വിലക്കുകയാണ്. കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ജില്ലാബാങ്കില്‍നിന്ന് വാങ്ങി നല്‍കുന്ന ഇടനിലസ്ഥാപനമായി പ്രൈമറിബാങ്കുകളെ മാറ്റുകയാണ്. സംസ്ഥാന വിഷയമായ സഹകരണ ബാങ്കിങ് മേഖല കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടര്‍ന്നുവരുന്ന രീതികള്‍ അപ്പാടെ അവസാനിപ്പിച്ച് നബാര്‍ഡിന്റെയും റിസര്‍വ് ബാങ്കിന്റെയും തിട്ടൂരങ്ങള്‍ക്ക് വിധേയമായിമാത്രം പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ സര്‍ക്കുലര്‍ ഉടന്‍ നടപ്പാക്കണമെന്ന നബാര്‍ഡിന്റെ ഇടപെടലിനു പിന്നില്‍ നിഗൂഢതയുണ്ട്. ഈ സര്‍ക്കുലറിന് ബദലായി കേരള സര്‍ക്കാരിനുവേണ്ടി സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച "നബാര്‍ഡ് ഉത്തരവ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്ന" സര്‍ക്കുലറിനെ അധിക്ഷേപിച്ച് കേരളത്തിന്റെ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നടത്തിയ പത്രസമ്മേളനം ഈ നിഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഈ ഉത്തരവ് നടപ്പാക്കിയാല്‍ കേരളംപോലുള്ള സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നബാര്‍ഡിന്റെ പക്കല്‍ എന്ത് പോംവഴിയാണുള്ളത്? സഹകാരികളുടെ ചില സംശയങ്ങള്‍ക്ക് നബാര്‍ഡ് മറുപടി നല്‍കേണ്ടതുണ്ട്.

1. സംസ്ഥാന നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളോട് ഈ ഉത്തരവ് നടപ്പാക്കാന്‍ ആവശ്യപ്പെടാന്‍ നബാര്‍ഡിന് എന്താണ് അധികാരം?

2. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി രൂപീകരിച്ച കേന്ദ്ര പാക്കേജിന്റെ ലക്ഷ്യം പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്തുക എന്നതായിരിക്കെ ഇവയുടെ ബാങ്കിങ് പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഇപ്പോഴത്തെ ഉത്തരവിന്റെ യുക്തി എന്താണ്?

3. കേരളംപോലെ സഹകരണ ബാങ്കിങ് മേഖല ശക്തമായ സംസ്ഥാനത്ത് ഒരു സുപ്രഭാതത്തില്‍ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നബാര്‍ഡ് പഠനം നടത്തിയിട്ടുണ്ടോ?

4 ആര്‍ക്കുവേണ്ടിയാണ് സ്വദേശീയമായ ഈ സംവിധാനത്തെ തകര്‍ക്കുന്നത്?

5. ക്ഷിപ്രവേഗത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ ആസ്തി- ബാധ്യതകള്‍ ഏറ്റെടുത്ത് കുറ്റമറ്റരീതിയില്‍ ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനം നടത്താനാകുമോ?

6. ആസ്തി- ബാധ്യതകള്‍ ഏറ്റെടുക്കുമ്പോള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നഷ്ടം ആര് ഏറ്റെടുക്കും?
7. കേരളത്തില്‍ ഏകദേശം 50,000 സ്ഥിരം ജീവനക്കാര്‍ പ്രാഥമിക ബാങ്കുകളില്‍ മികച്ച ശമ്പളത്തോടെയും പെന്‍ഷന്‍ ആനുകൂല്യങ്ങളോടെയും ജോലിചെയ്യുന്നുണ്ട്. ഇവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ നബാര്‍ഡിന് കഴിയുമോ?

നബാര്‍ഡിലെയും റിസര്‍വ് ബാങ്കിലെയും മേലാളന്മാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട കേരളത്തിലെ സഹകരണ ബാങ്കിങ് പ്രസ്ഥാനമെന്നത് ജനകീയ പ്രസ്ഥാനമാണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍  എന്ന പദം കേള്‍ക്കുന്നതിന് എത്രയോ കാലംമുമ്പുമുതല്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഈ പ്രവൃത്തി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. "കേരള മോഡല്‍ വികസനം" എന്നത് കേരളത്തിലെ സഹകരണ ബാങ്കുകളുടെകൂടെ സംഭാവനയാണ്. ഈ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും രാഷ്ട്രീയ ഭേദമെന്യേ കേരളജനത എതിര്‍ത്തുതോല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. രാജ്യം ഇപ്പോള്‍ അകപ്പെട്ട സാമ്പത്തിക ചക്രവ്യൂഹത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗംകൂടിയാണ് സഹകരണമേഖല എന്ന് മനസ്സിലാക്കി ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളില്‍നിന്ന് ഉണ്ടാകേണ്ടത്.

*
എം മെഹബൂബ് ദേശാഭിമാനി 12 സെപ്തംബര്‍ 2013

Saturday, June 22, 2013

ദരിദ്രര്‍ക്ക് സഹായം സഹ. ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക് പഠനം

കേരളത്തിലെ ദരിദ്രരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സാമ്പത്തി കാവശ്യങ്ങള്‍ക്ക് വാണിജ്യബാങ്കുകളെയല്ല, സ്വയംസഹായസംഘ (എസ്എച്ച്ജി)ങ്ങളെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയുമാണ് ആശ്രയിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പഠനം. ഭൂരിപക്ഷം പേര്‍ക്കും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഇതാണ് സ്ഥിതിയെന്ന് പഠനം കണ്ടെത്തുന്നു. ദരിദ്രര്‍ക്ക് ആവശ്യമായ രീതിയില്‍ വായ്പ ലഭ്യമാക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങളാണ് ഏറെ സഹായിക്കുന്നതെന്നും അടുത്തിടെ നടത്തിയ പഠനം പറയുന്നു.

സഹകരണബാങ്കുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസും (സിഎസ്ഇഎസ്) റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് എറണാകുളം ജില്ലയിലായിരുന്നു പഠനം. ഇതിനായി കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്തും നഗരത്തിലെ ചേരികളിലുമായുള്ള 107 ദരിദ്രകുടുംബങ്ങളില്‍നിന്ന് അവരുടെ ഒരുമാസത്തെ വരവുചെലവ് കണക്ക് ദിനംപ്രതി ശേഖരിച്ചു.

പഠനവിധേയമാക്കിയ മാസക്കാലത്ത് പഠനവിധേയരായവരില്‍ അഞ്ചില്‍ നാലുപേരും വായ്പയെടുത്തിട്ടുണ്ട്. 17 ശതമാനം പേരേ സ്വയംസഹായ സംഘങ്ങളിലും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്തിട്ടുള്ളൂവെങ്കിലും ആകെ വായ്പയുടെ 28 ശതമാനം ഈ സ്ഥാപനങ്ങളില്‍നിന്നാണ്. ഇതിലേറെയും കുടുംബശ്രീ എസ്എച്ച്ജികളുമാണ്. വായ്പയുടെ നാലിലൊന്ന് സ്വകാര്യ പണമിടപാടുകാരില്‍നിന്നാണ്. രണ്ടുശതമാനം പേരേ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തിട്ടുള്ളൂ. പക്ഷേ ഈ വായ്പാതുക മൊത്തം വായ്പയുടെ നാലിലൊന്നുവരും (25 ശതമാനം).

പഠനം നടന്ന ഒരുമാസ കാലയളവില്‍ പഠനവിധേയരായവരാരും ഒരിക്കല്‍പ്പോലും വാണിജ്യബാങ്കുകളില്‍നിന്ന് വായ്പയെടുക്കുകയോ അവിടെ പണം നിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിന് വിധേയരാക്കിയ കുടുംബങ്ങളില്‍ നാലില്‍ മൂന്നുഭാഗവും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ്. ആവശ്യമുള്ള സമയത്ത് കടം നല്‍കുന്ന കാര്യത്തില്‍ വാണിജ്യബാങ്കുകളുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ല. സ്വര്‍ണപ്പണയത്തിന് ബാങ്കുകളില്‍ പലിശ കുറവാണ്. എന്നാല്‍ കൂടുതല്‍ പലിശയുള്ള സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയാണ് പാവപ്പെട്ടവര്‍ സമീപിക്കുന്നത്. പലിശ മാത്രമല്ല ഇതിനു കാരണമെന്ന് ഇതു വ്യക്തമാക്കുന്നു.

പെട്ടെന്ന് കിട്ടുക എന്നതും സമയത്ത് കിട്ടുക എന്നതുമാണ് കൂടുതല്‍ പ്രധാനം. ഇക്കാര്യത്തില്‍ സഹകരണസ്ഥാപനങ്ങളും സ്വകാര്യ പണമിടപാടുകാരും വാണിജ്യബാങ്കുകളെക്കാള്‍ ഭേദമാണ്. ബാങ്കുകളുടെ വായ്പാപദ്ധതികള്‍ ദരിദ്രരുടെ വിഭിന്നങ്ങളായ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉതകുന്നവിധത്തില്‍ പുനഃക്രമീകരിക്കണം. ഉത്സവകാല വായ്പകളും ചെറുകിട വായ്പകളും ഓവര്‍ഡ്രാഫ്റ്റും ലഭ്യമാക്കണം. ഈ രംഗത്ത് സഹകരണസ്ഥാപനങ്ങളാണ് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റി ഭാരവാഹികള്‍ സ്വന്തം ഗ്രാമത്തില്‍നിന്നുള്ളവരായതിനാല്‍ ഇവരെ കൂടുതല്‍ പരിചയം ഉണ്ടാകും. ഇത് ഇത്തരം സ്ഥാപനങ്ങളെ ദരിദ്രര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ടാകാം.

ബാങ്കുകളുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ അയവുള്ളതും ലളിതവും ആക്കുകയും വേണം. പാവങ്ങളെ സ്വന്തം പണമിടപാടില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സമയം കുറയ്ക്കണം. ദരിദ്രരെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള ബാങ്കുകളുടെ പരിശ്രമത്തില്‍ പ്രാദേശികമായി വേരുകളുള്ള പ്രാഥമിക സഹകരണസംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തണം- പഠനം നിര്‍ദേശിക്കുന്നു.

കുടുംബശ്രീക്കും വലിയ പങ്ക്

കൊച്ചി: ദരിദ്രര്‍ക്ക് പണം കടം നല്‍കുന്ന കാര്യത്തിലും അവരുടെ അധികപണം സൂക്ഷിക്കുന്നതിലും സ്വയംസഹായസംഘങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിസര്‍വ്ബാങ്ക് പഠനം. കുടുംബശ്രീ എസ്എച്ച്ജികള്‍ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും വാണിജ്യബാങ്കുകള്‍ അവരുമായി ബന്ധമുണ്ടാക്കിയാല്‍ കൂടുതല്‍ സഹായകമാകുമെന്നും പഠനം പറയുന്നു.ചെലവു കുറയ്ക്കാനും കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കുടുംബശ്രീ മിഷന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്താനായിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം പ്രാദേശിക ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചുമാണ്. 37 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ രണ്ടുലക്ഷം കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ എന്‍ആര്‍എല്‍എം (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍) പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പും കുടുംബശ്രീവഴിയാണ്. പഠനവിധേയമാക്കിയവരില്‍ 17 ശതമാനം പേരും സ്വയംസഹായ സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരാണ്.

*
ദേശാഭിമാനി

Saturday, June 15, 2013

സഹകരണ മേഖലയില്‍ സംഭവിക്കുന്നത്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലുണ്ടായ ക്ഷാമത്തെക്കുറിച്ചും കാര്‍ഷിക കലാപങ്ങളെക്കുറിച്ചും സായ്പ് ലണ്ടനിലേക്കയച്ച നോട്ടുകളാണ് 1904 ല്‍ പാസ്സാക്കിയ ഇന്ത്യയിലെ ആദ്യത്തെ സഹകരണ നിയമത്തിനു വഴിതെളിയിച്ചത്. ഇന്ത്യന്‍ കര്‍ഷകജനസാമാന്യമാകെ മറ്റൊരു വന്‍ കാര്‍ഷിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ആ നിയമം മാറ്റിയെഴുതപ്പെടുന്നത്. പക്ഷേ കറുത്ത സായ്പന്മാര്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത് നാട്ടാര്‍ക്കും കര്‍ഷകര്‍ക്കും അനൂകൂലമായി നിയമത്തെ മാറ്റിത്തീര്‍ക്കാനല്ല, കര്‍ഷകരുടെ കണ്ണീരൊപ്പുന്നവയായി അവശേഷിക്കുന്ന വ്യവസ്ഥകളാകെ മാറ്റാനാണ്. വായ്പ ഇനി ഹുണ്ടികക്കാര്‍ വഴി ഗ്രാമീണ വായ്പാമേഖലയെ എങ്ങനെ മാറ്റിത്തീര്‍ക്കാം എന്ന കാര്യത്തില്‍ പഴയ ഐഎംഎഫ് ഉപദേഷ്ടാവ് രഘുരാംരാജന്‍ (മൂപ്പരിപ്പോള്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുകയാണ്) നടത്തിയ ഒരു പ്രസ്താവനയുണ്ട്: പട്ടണങ്ങളില്‍നിന്ന് പാന്റ്സ് ധരിച്ച് ബസ്സുകളില്‍ വന്നിറങ്ങുന്ന ബാങ്കു ജീവനക്കാരെ ഗ്രാമീണര്‍ക്ക് വിശ്വാസമില്ല, എന്നാല്‍ സദാ തുറന്നുവച്ച, എപ്പോഴും പ്രാപ്യനായ, സേവന സന്നദ്ധനായ ഹുണ്ടികക്കാരനെയാണവര്‍ക്കിഷ്ടം. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രാമീണര്‍ക്ക് വായ്പ എത്തിക്കാനുള്ള എളുപ്പ മാര്‍ഗം ഹുണ്ടികക്കാരെ അപ്പണി ഏല്‍പ്പിക്കുകയാണ് എന്ന്!

ഈ ആലോചനയുടെ മുഴുവന്‍ ക്രെഡിറ്റും രഘുരാംരാജനുള്ളതല്ല. കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് ഫോര്‍ അസിസ്റ്റന്റ്സ് ടു ദ പുവര്‍ (CGAP) എന്നൊരു ലോക ബാങ്ക് സംവിധാനമുണ്ട്. പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള കൂടിയാലോചനാ സമിതി. 1997ല്‍ നടന്ന മൈക്രോ ക്രെഡിറ്റ് സമ്മിറ്റില്‍ (ലഘുവായ്പാ ഉച്ചകോടി എന്ന് മലയാളം) ആ സമിതി കൂടിയാലോചിച്ച് അവതരിപ്പിച്ച ഒരു നിരീക്ഷണമുണ്ട്. എന്തുകൊണ്ടാണ് ലോകത്തെ പരമനിസ്വരായ മനുഷ്യര്‍ക്ക് വായ്പ കിട്ടാത്തത്? അതിനുള്ള വളരെ ലളിതമായ ഉത്തരം കണ്ടെത്തുകയായിരുന്നു സിജിഎപി. അത് മറ്റൊന്നുമല്ല, ലോകത്ത് പല രാജ്യങ്ങളിലും നിലവിലുള്ള അമിത പലിശ നിയന്ത്രണ നിയമങ്ങളാണ് തടസ്സം എന്ന്! എന്നു വെച്ചാല്‍ പാവപ്പെട്ടവര്‍ക്ക് വായ്പ കിട്ടാനുള്ള എളുപ്പമാര്‍ഗം സര്‍ക്കാരുകള്‍ പലിശ നിയന്ത്രിക്കാതിരിക്കലാണ്. അത് കമ്പോളത്തിന് വിട്ടുകൊടുക്കലാണ് എന്ന്. അതൊക്കെ ഹുണ്ടികക്കാരെ ഏല്‍പ്പിച്ചാല്‍ മതി എന്നു തന്നെ. അങ്ങനെയങ്ങ് ഹുണ്ടികക്കാര്‍ക്ക് എറിഞ്ഞു കൊടുത്തു എന്ന് പറയിപ്പിക്കരുതല്ലോ. അതിനാണ് സ്വയം സഹായസംഘങ്ങള്‍ വഴി ലഘുവായ്പ നല്‍കാനായി ലോകബാങ്ക് പദ്ധതി തന്നെ പ്രഖ്യാപിക്കപ്പെട്ടത്. പലിശ എത്ര എന്നതല്ല, വായ്പ കിട്ടുക എന്നതാണ് പ്രശ്നമെന്നാണല്ലോ സിജിഎപി ചൂണ്ടിക്കാട്ടിയത്. രഘുരാംരാജന്‍ കമ്മിറ്റിശുപാര്‍ശകളും സിജിഎപി നിര്‍ദേശങ്ങളും കൂട്ടിവായിക്കുക. പിന്നെ എളുപ്പമാണ്, എന്തുകൊണ്ട് സഹകരണ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു എന്നതിനുള്ള ഉത്തരം കണ്ടെത്താന്‍. 1991 ലെ ലോക വികസന രേഖയിലാണെന്നു തോന്നുന്നു ഇക്കാര്യം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സംസ്കൃതത്തിലാണ് പറയുന്നതെന്ന് മാത്രം.

അനൗപചാരിക സംവിധാനത്തെ ശക്തിപ്പെടുത്തണം എന്നാണ് പ്രയോഗം. പരസ്പര സഹായ സഹകരണത്തിന് പകരം പരസ്പര സഹായസഹകരണ സംഘം എന്ന ഒരാശയം തന്നെ കുറച്ചുകാലമായി പഴഞ്ചനായി തുടങ്ങിയിട്ട്. 1995 ല്‍ മാഞ്ചസ്റ്ററില്‍ ചേര്‍ന്ന അന്താരാഷ്ട്ര സഹകരണ അലയന്‍സ് അതിനിണങ്ങും വിധം സഹകരണ തത്വങ്ങള്‍ തന്നെ മാറ്റിയെഴുതുകയുണ്ടായി. വ്യവസായ സംരംഭകരുടെ മൃഗീയ വാസന (Animal Instinct) കെട്ടഴിച്ച് വിടുന്നതിനെക്കുറിച്ചും കമ്പോളത്തിന്റെ മഹിമകളെക്കുറിച്ചുമൊക്കെയുള്ള ഗീര്‍വാണങ്ങള്‍ പെരുകുന്ന ഒരു കാലത്ത് എന്ത് പരസ്പര സഹായ സഹകരണം? ചന്തക്കിണങ്ങിയ കാര്യം സ്വാശ്രയസംഘം തന്നെ! സ്വാശ്രയ സംഘങ്ങളുടെ ഒരു പൂക്കാലം തന്നെയാണ് പിന്നെ കണ്ടത്. ഇങ്ങനെ സ്വാശ്രയ സംഘങ്ങളെ കെട്ടഴിച്ച് വിട്ട് അവയുടെ മൃഗീയചോദനകളെ പ്രോത്സാഹിപ്പിച്ച് മുന്നോട്ടുകുതിക്കാന്‍ ഒരുങ്ങിയ ലത്തീന്‍ അമേരിക്കന്‍ നാടുകളില്‍ അതുണ്ടാക്കിയ കുഴപ്പത്തെപ്പറ്റി ജെയിംസ് പെട്രാസ് നിരീക്ഷിക്കുന്നുണ്ട്. അരാഷ്ട്രീയവല്‍ക്കരണത്തിനുള്ള ഒന്നാന്തരം ഒരവസരമാണ് അതുവഴി അവിടെ ഒരുക്കിയെടുത്തത്.

ഇവിടെയുമതേ, ബംഗാളിലെ മൈക്രോ ക്രെഡിറ്റ് സംവിധാനം മമതയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍വഹിച്ച പങ്ക് ചെറുതല്ല. കേരളത്തിലെ 1600 ഗ്രാമീണ സഹകരണ ബാങ്കുകള്‍ അടച്ചുപൂട്ടിയാല്‍, സാമുദായിക സംഘടനകളുടെയും വര്‍ഗീയ സംഘടനകളുടെയും നേതൃത്വത്തിലുള്ള സ്വയം സഹായസംഘങ്ങളുടെ മേച്ചില്‍പ്പുറമായി മാറ്റിത്തീര്‍ക്കാനാവും ഗ്രാമീണ വായ്പാമേഖല. ഇടതുപക്ഷത്തിന് ഗ്രാമീണ ജീവിതത്തെ നേരിട്ട് സ്പര്‍ശിക്കാന്‍, അതില്‍ ഇടപെടാന്‍ സഹകരണ ബാങ്കുകള്‍ ഒരുക്കിയ അവസരം ചെറുതല്ല. അതാകെ, ഒറ്റയടിക്ക് മാറ്റിത്തീര്‍ക്കാന്‍ ഉതകുന്ന നിയമ ഭേദഗതികളാണ്, ഭരണഘടനാ ഭേദഗതികളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാസ്സാക്കിയെടുത്തത്. അതിനു കണക്കായി എഴുതി വാങ്ങിച്ച ബക്ഷി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക കൂടിയാവുമ്പോള്‍ പിന്നെ വേറൊന്നും നോക്കേണ്ടതില്ല. എല്ലാം തൂക്കി വില്‍ക്കുമ്പോള്‍ ബാങ്കിങ് നിയമഭേദഗതി ബില്ല് പാസ്സാക്കിക്കൊണ്ട് അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ ആവശ്യം വളരെ കൃത്യമായി നിറവേറ്റിക്കഴിഞ്ഞു. അതിനിടക്ക് ഗ്രാമീണ ബാങ്കുകള്‍ തൂക്കി വില്‍ക്കാനുള്ള നിയമ ഭേദഗതിയും പാസ്സാക്കപ്പെട്ടു കഴിഞ്ഞു. അവയുടെ ഉടമസ്ഥതയുടെ പകുതിയോളം സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കുകയാണ്.

ഗ്രാമീണ വായ്പാ മേഖല ശക്തിപ്പെടുത്താനായി റിസര്‍വ് ബാങ്കിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് രൂപം കൊടുത്ത നബാര്‍ഡിനെ അംഗഭംഗം വരുത്തി വന്‍കിടക്കാര്‍ക്ക് കൂടി വായ്പ ലഭിക്കാവുന്ന ഒരു സ്വകാര്യ സംവിധാനമാക്കി മാറ്റാനുള്ള ബില്ലും അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. സഹകരണ മേഖലയ്ക്കും ഗ്രാമീണ ബാങ്കിങ് സംവിധാനത്തിനും കൈയ്യയച്ച് സഹായം നല്‍കിപ്പോന്നിരുന്ന നബാര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ വളഞ്ഞ വഴിയിലൂടെ നടത്തുന്നത്. 5000 കോടി ഓഹരി മൂലധനമാണ് നബാര്‍ഡിനുള്ളത്. അത് 20,000 കോടിയാക്കുമത്രെ! ഇതിന് സര്‍ക്കാര്‍ മുതല്‍ മുടക്കുന്നതിനെപ്പറ്റി മിണ്ടാട്ടമില്ല. എന്നു വെച്ചാല്‍ 15,000 കോടി സ്വകാര്യമുതലാളിമാരില്‍ നിന്ന് കണ്ടെത്തും. അങ്ങനെ മുതല്‍ മുടക്കുന്നവരെ നിരാശരാക്കാനാവുമോ? അവര്‍ക്ക് വേണ്ട വായ്പയും നല്‍കുന്ന സ്ഥാപനമായി മാറിത്തീരും നബാര്‍ഡ്. ഏത് ലക്ഷ്യത്തിനു വേണ്ടി രൂപം കൊടുത്തോ അതില്‍ നിന്ന് മാറിപ്പോകുന്നു എന്നു തന്നെ അര്‍ഥം. അതുകൊണ്ടാണ് റിസര്‍വ് ബാങ്കിന് നബാര്‍ഡിലുള്ള ഓഹരി സര്‍ക്കാരിലേക്ക് കൈമാറണം എന്ന വ്യവസ്ഥ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയത്. ഇതൊക്കെയും നടപ്പാക്കാന്‍ ശ്രമിക്കുന്ന സാഹചര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അനൗപചാരിക വായ്പകള്‍ കൂടുന്നു കാര്‍ഷിക വായ്പാ മേഖലയില്‍ അനൗപചാരിക വായ്പയുടെ തോത് കൂടിവരുന്ന കാര്യം റിസര്‍വ് ബാങ്ക് തന്നെ നിയോഗിച്ച കമ്മിറ്റികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനൗപചാരിക സംവിധാനം എന്നു പറയുന്നത് സ്ഥാപനേതര വായ്പകള്‍ തന്നെ. ഹുണ്ടികക്കാരും ബ്ലെയ്ഡ് കമ്പനികളും ഈ മേഖലയില്‍ പിടിമുറുക്കുന്നതിനെപ്പറ്റി ഇക്കഴിഞ്ഞ മെയ് 9 ന് റിസര്‍വ് ബാങ്ക് പ്രസിദ്ധപ്പെടുത്തിയ വര്‍ക്കിങ് പേപ്പര്‍ ആശങ്കപ്പെടുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ ഇക്കണോമിക്ക് ആന്‍ഡ് പോളിസി റിസര്‍ച്ചിലെ ഉപദേഷ്ടാവായ നാരായണ്‍ ചന്ദ്ര പ്രധാന്‍ എഴുതിയ പ്രസ്തുത രേഖ ഇതിനുമുമ്പ് നടന്ന എല്ലാ പ്രധാന പഠനങ്ങളെയും ആശ്രയിച്ചാണ് തയ്യാറാക്കിയത്. ഗ്രാമീണ വായ്പാ മേഖലയിലെ സ്ഥാപനേതര വായ്പകളെയും (Non institutional) സ്ഥാപന വായ്പകളെയും (institutional)പറ്റി ലേഖകന്‍ നടത്തിയ താരതമ്യപഠനം വെളിപ്പെടുത്തുന്നതെന്തെന്നോ? 1951 ല്‍ മൊത്തം വായ്പയുടെ 92.8% അനൗപചാരിക മേഖലയാണ് നല്‍കിപ്പോന്നത്. (പ്രൊഫഷണല്‍ പണമിടപാടുകാര്‍ 44.8 ശതമാനം, കാര്‍ഷിക ഹുണ്ടികക്കാര്‍ 24.9 ശതമാനം, ബന്ധുക്കളും സുഹൃത്തുക്കളും 14.2 ശതമാനം, കച്ചവടക്കാരും കമ്മീഷന്‍ ഏജന്റുമാരും 5.5 ശതമാനം, ഭൂവുടമകള്‍ 1.5 ശതമാനം, മറ്റുള്ളവര്‍ 1.9 ശതമാനം എന്നിങ്ങനെ) 10 വര്‍ഷം കൊണ്ട് 1961 ല്‍ പ്രൊഫഷണല്‍ ഹുണ്ടികക്കാരുടെ പങ്ക് 1951 ലെ 44.8 ല്‍ നിന്ന് 14.9 ശതമാനമായി ചുരുങ്ങി. അടുത്ത 10 വര്‍ഷം കൊണ്ട് ഇത് 13.8 ശതമാനമായി. 1981 ആയപ്പോള്‍ വീണ്ടും ചുരുങ്ങി 8.3 ശതമാനമായി. എന്നാല്‍ പുതിയ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയ 1991 ആവുന്നതോടെ ഹുണ്ടികക്കാര്‍ തലപൊക്കാന്‍ തുടങ്ങി. 8.3 ല്‍ നിന്ന് അവരുടെ പങ്ക് 9.4 ശതമാനമായി ഉയര്‍ന്നു. വെച്ചടിവെച്ചടി കയറി 2002 ല്‍ അത് ഇരട്ടിയിലേറെയായി 19.6 ശതമാനമായിത്തീര്‍ന്നു. സ്ഥാപനങ്ങള്‍ വഴിയുള്ള വായ്പയുടെ കാര്യത്തിലും 1991 ന് ശേഷമുണ്ടായ മാറ്റം വളരെ പ്രകടമാണ്. 1951 ല്‍ 7.2 ശതമാനം മാത്രമായിരുന്നു സ്ഥാപനങ്ങള്‍ വഴി നല്‍കിയ വായ്പ. 1961 ല്‍ ഇത് ഇരട്ടിച്ച് 14.8 ശതമാനമായി. 1971 ല്‍ വീണ്ടും ഇരട്ടിച്ച് 29.2 ശതമാനവും 81 ല്‍ വീണ്ടും ഇരട്ടിച്ച് 61.2 ശതമാനവുമായി മാറി. 1991 ലെ 64 ശതമാനത്തില്‍നിന്ന് താഴോട്ട് പതിച്ച് 2002 ല്‍ അത് 57.1 ശതമാനമായി ചുരുങ്ങുകയാണുണ്ടായത്. ഗ്രാമീണ ബാങ്കുകളടക്കമുള്ള വാണിജ്യ ബാങ്കിങ് മേഖലയുടെ പങ്കിന്റെ കുതിച്ചു ചാട്ടവും 91 ന് ശേഷമുള്ള വന്‍ പതനവും ശ്രദ്ധേയമാണ്. 1961 ല്‍ വെറും 0.4 ശതമാനമായിരുന്നു ആകെ വായ്പയില്‍ വാണിജ്യ ബാങ്കുകളുടെ പങ്ക്. അത് 1971 ല്‍ 2.2 ആവുന്നു. 1981 ല്‍ 28 ആയും 1991 ലെത്തുമ്പോള്‍ 29 ആയും ഉയരുന്നു. എന്നാല്‍ 2002 ല്‍ നേരെത്താണ് 24.5 ശതമാനം ആയിത്തീരുകയാണ് അവയുടെ പങ്ക്. 20 പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലും വായ്പയില്‍ സ്ഥാപന ഏജന്‍സികളുടെ പങ്ക് കുറയുകയാണുണ്ടായത്. വിശേഷിച്ച് ബീഹാര്‍, പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍.

2002 ല്‍ നമ്മുടെ ഗ്രാമീണ ഭവനങ്ങളില്‍ 43 ശതമാനവും അനൗപചാരിക വായ്പാ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഫൈനാന്‍ഷ്യല്‍ എക്സ്ക്ലൂഷന്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനെക്കുറിച്ച് പുരപ്പുറത്ത് കയറി കൂവി വിളിക്കുമ്പോഴാണ് ഇങ്ങനെ വന്‍തോതില്‍ ഫൈനാന്‍ഷ്യല്‍ എക്സ്ക്യൂഷന്‍ നടപ്പാക്കിപ്പോരുന്നത്. ബാങ്കിങ് മേഖലാ പരിഷ്കാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ധനപരമായ ഉള്‍ച്ചേര്‍ക്കലിനെപ്പറ്റി രഘുരാംരാജന്‍ ഗദ്ഗദകണ്ഠനാവുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട മനുഷ്യരുടെ അക്കൗണ്ടുകളിലുള്ള വളരെ തുച്ഛമായ സംഖ്യകള്‍ക്ക് കിട്ടുന്ന റിട്ടേണ്‍ കുറവാണെന്നും നഗരങ്ങളിലെ വന്‍കിടക്കാര്‍ക്ക് കിട്ടുന്നതിന് സമാനമായി ഇത് വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും രഘുരാംരാജന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്. ഓഹരിച്ചന്തയില്‍ ഇടപ്പെടാനും അതില്‍ നിന്നുള്ള ലാഭ വിഹിതം കൈയ്യാളാനും ഈ പാവപ്പെട്ടവര്‍ക്ക് കഴിയും വിധം നൂതനസാങ്കേതികവിദ്യ വികസിപ്പിക്കണം എന്നാണ് നിരീക്ഷണം. ഒരു ചെറിയ സിം കാര്‍ഡ് വഴി അനേകകോടി ഇന്ത്യക്കാരെ ഒറ്റച്ചരടില്‍ കോര്‍ക്കാന്‍ ആവുമെങ്കില്‍, ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട നിക്ഷേപകരെ ഇങ്ങനെ ഓഹരിച്ചന്തയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് രഘുരാം രാജന്റെ പ്രതീക്ഷ. എന്നു വെച്ചാല്‍ ഉള്‍നാടന്‍ നാട്ടുമൂലകളില്‍ നിന്നുപോലുമുള്ള ചെറുകിടനിക്ഷേപങ്ങള്‍ കുത്തിച്ചോര്‍ത്തി ഓഹരിച്ചന്തയില്‍ എത്തിക്കാനുള്ള പദ്ധതികളാണ് ആലോചനയില്‍.

ഗ്രാമീണ മേഖലയിലെ വായ്പാ ആവശ്യം നിറവേറ്റുക എന്നത് ഇത്തരം ഒരു സാഹചര്യത്തില്‍ പരിഗണനാവിഷയമേ ആവുകയില്ലല്ലോ. ബാങ്കിങ് മേഖലയില്‍ ലോകത്താകെ നടന്നു വരുന്ന ഈ തലതിരിച്ചിടല്‍ നിയോലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിപ്പോരുന്നതിന്റെ ഭാഗമായിട്ടാണ് എന്ന് തിരിച്ചറിഞ്ഞേ പറ്റൂ. ധന മേഖലയിലേക്കുള്ള മൂലധനത്തിന്റെ കുത്തൊഴുക്ക് വന്നു ചേര്‍ന്നതിനു ശേഷം മുന്‍ഗണനകളാകെ തിരിച്ചിടുകയാണ്. ഫൈനാന്‍സ് മൂലധനത്തിന്റെ അപ്രതിരോധ്യമായ തേര്‍വാഴ്ച്ചയാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം സഹകരണ മേഖലയിലെ പുതിയ മാറ്റങ്ങളെ നോക്കിക്കാണാന്‍. ചൗധരി ബ്രഹ്മപ്രകാശ് മുതല്‍ 90 കളുടെ തുടക്കത്തിന് ശേഷം, എന്നു വെച്ചാല്‍ നിയോലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതിനുശേഷം ഈ മേഖലയില്‍ നടന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ നിയുക്ത പഠനങ്ങളെല്ലാം തന്നെ വളരെ വ്യക്തമായും തങ്ങളുടെ വര്‍ഗപരമായ നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് സഹകരണ മേഖലക്ക് നല്‍കിപ്പോന്ന എല്ലാ പരിഗണനകളും ഉപേക്ഷിക്കുന്നതും സഹകരണത്തെ തന്നെ വന്‍കിട മൂലധന താല്‍പര്യത്തിനനുസരിച്ച് മാറ്റിത്തീര്‍ക്കുന്നതുമായിരുന്നു അത്. ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ ഈ തലതിരിച്ചിടല്‍ കാണാം. സഹകരണമേഖലയെ സ്വതന്ത്രവും സ്വയം പര്യാപ്തവുമാക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളാണ് പ്ലാനിങ് കമ്മീഷന്‍ നിയോഗിച്ച പ്രസ്തുത കമ്മിറ്റി മുന്നോട്ടുവെച്ചത്. പ്ലാനിങ്ങില്‍ നിന്നുതന്നെ സഹകരണം ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ചൗധരി ബ്രഹ്മപ്രകാശിന് മറിച്ചൊന്നും പറയാനാവില്ലല്ലോ. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ സഹകരണത്തിന് വിശദമായ ഒരു ദര്‍ശന രൂപരേഖ (Outline of vision) തന്നെ മുന്നോട്ടുവെച്ചിരുന്നു. സാമ്പത്തിക-രാഷ്ട്രീയ വികസനത്തിന്റെ കാര്യത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തുകള്‍ക്കു നിര്‍വ്വഹിക്കാനുുള്ള സ്ഥാനം അതില്‍ ഊന്നിപ്പറഞ്ഞിരുന്നു. 1951ലെ ആള്‍ ഇന്ത്യാ റൂറല്‍ ക്രെഡിറ്റ് സര്‍വ്വേകമ്മിറ്റി സഹകരണസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. രണ്ടാം പദ്ധതിയും ""ആസൂത്രിത വികസനത്തിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള സഹകരണമേഖല"" കെട്ടിപ്പടുക്കുന്നതിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു.

മൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്താണ് നാഷനല്‍ ഡയറി ഡവലപ്മെന്റ് ബോഡ് സ്ഥാപിച്ചത്. 1963ല്‍ നാഷനല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോര്‍പറേഷനും (NCDC) രൂപവല്‍ക്കരിക്കപ്പെട്ടു. നാലാം പദ്ധതിക്കാലത്ത് ഷെയര്‍ മൂലധനത്തിനും മാനേജ്മെന്റ് സബ്സിഡികള്‍ക്കുമുള്ള വ്യവസ്ഥകളുണ്ടാക്കിക്കൊണ്ട് സഹകരണമേഖലക്ക് പ്രാമുഖ്യം നല്‍കി. 74-79ല്‍ 5ാം പദ്ധതിക്കാലത്ത് സഹകരണമേഖലയുടെ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. ആറാം പദ്ധതിക്കാലത്താണ് നബാര്‍ഡിന്റെ രൂപവല്‍ക്കരണം. എന്നാല്‍ 8 ാം പദ്ധതിക്കാലത്ത് സഹകരണ സ്ഥാപനങ്ങളെ സ്വാശ്രയത്തിലൂന്നിയതും സ്വയം നിയന്ത്രിതവും സ്വയം മേല്‍നോട്ടം വഹിക്കുന്നതുമായി മാറ്റിത്തീര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. ചന്തക്കിണങ്ങിയ ചന്തം സഹകരണ മേഖലക്കും ആര്‍ജിക്കാനാവാണം എന്നായിരുന്നു ന്യായം. ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍ . തുടര്‍ന്ന് ഒമ്പതാം പദ്ധതിയിലെത്തുമ്പോള്‍ (1997-2002) പദ്ധതി രേഖകളില്‍ നിന്നുതന്നെ സഹകരണമേഖല അപ്രത്യക്ഷമാവുകയാണ്. പദ്ധതി നിര്‍വ്വഹണത്തില്‍ സഹകരണമേഖലയുടെ പങ്കിനെപ്പറ്റിയുള്ള പരാമര്‍ശം തന്നെ ഇല്ലാതാവുകയാണ്. അത്തരമൊരു കാലത്ത് നിയോഗിക്കപ്പെട്ട കപൂര്‍ കമ്മിറ്റിയാണ് സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണം എന്നും അത് ലംഘിച്ചാല്‍ പിഴ ഈടാക്കണമെന്നും നിര്‍ദേശിച്ചത്.

സമാന്തരമായി നടന്ന ഒരു പ്രക്രിയയാണ് ലഘുവായ്പാപദ്ധതി (micro credit) യുടെ വ്യാപനം. ലഘുവായ്പകളിലും പിടിമുറുക്കുന്നു. 1992 ലാണ് ബാങ്കധിഷ്ഠിത സ്വയം സഹായസംഘങ്ങള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കാന്‍ തുടങ്ങിയത്. ബംഗാളിലും കേരളത്തിലും ഈ പദ്ധതി ബഹുദൂരം മുന്നോട്ടു പോവുകയുണ്ടായി. പഞ്ചായത്തുകളുമായി ബന്ധിപ്പിച്ചുകാണ്ട് കേരളത്തില്‍ അതിന് ഒരു പുതിയ മാനം തന്നെ നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍. എന്നാല്‍ ഇപ്പോള്‍ ആ മേഖല ഏതാണ്ട് പൂര്‍ണമായും കൈയ്യടക്കിയിരിക്കുന്നത് സ്വകാര്യമൂലധനമാണ്. നബാര്‍ഡ് തന്നെ പുറത്തുവിട്ട കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2007-2008 കാലത്ത് മുന്‍വര്‍ഷത്തേതിനേക്കാള്‍ 71 ശതമാനം വര്‍ധനവാണ് ബാങ്കുകള്‍ ലഘുവായ്പാ സ്ഥാപനങ്ങള്‍ക്ക് (ങഎകട- ജോര്‍ജ് സോറോസിനെപ്പോലുള്ള വന്‍കിട നിക്ഷേപകരാജാക്കന്മാര്‍ പിടിമുറുക്കിക്കഴിഞ്ഞ കഴുത്തറുപ്പന്‍ കമ്പനികള്‍ക്ക്) കൊടുത്ത വായ്പയിലുണ്ടായത്. 2008-09 ആവുമ്പോള്‍ ഇത് 90% ആയും 2009-10 ല്‍ 116 ശതമാനമായും വര്‍ധിച്ചു. എന്നാല്‍ ഇതേ കാലഘട്ടത്തില്‍ ബാങ്കുകള്‍ സ്വയം സഹായസംഘങ്ങള്‍ക്ക് നല്‍കിയ വായ്പയിലുണ്ടായ വര്‍ധന യഥാക്രമം 11 ശതമാനം, 38 ശതമാനം, 18 ശതമാനം എന്നീ തോതിലായിരുന്നു. എന്നുവെച്ചാല്‍ വായ്പ അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കുന്നതിനുപകരം ചെറുകിട വായ്പാ മേഖലയില്‍ പിടിമുറുക്കിക്കഴിഞ്ഞ വമ്പന്മാര്‍ക്ക് കളിക്കാന്‍ വിട്ടുകൊടുക്കുകയായിരുന്നു എന്ന്!

ഈയൊരു സാഹചര്യത്തില്‍ വേണം സഹകരണമേഖലയിലെ പുതിയ ഭരണഘടനാ ഭേദഗതിയെയും ബാങ്കിങ്ങ്. റഗുലേഷന്‍ ആക്ട് ഭേദഗതിയെയും പുതിയ പരിഷ്കാരങ്ങളെ ആകെത്തന്നെയും നോക്കിക്കാണാന്‍. അതുവരെ ആദായനികുതിയില്‍നിന്ന് നെഹൃവിന്റെ കാലത്ത് ഒഴിവാക്കപ്പെട്ടിരുന്ന സഹകരണമേഖലയുടെ മേല്‍ 2007-08ല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചതും ഈയൊരു സാഹചര്യത്തിലാണ്. ഭരണഘടനാ ഭേദഗതി ഒറ്റനോട്ടത്തില്‍ ഭരണഘടനാ ഭേദഗതി സഹകരണമേഖലയെ ശക്തിപ്പെടുത്താനാണെന്നാണ് തോന്നുക. പാര്‍ട്ട് 3ല്‍ അനുഛേദം 19(1) സി യില്‍ "യൂനിയനുകള്‍" എന്നതിനോടൊപ്പം ""സഹകരണ സൊസൈറ്റികള്‍"" എന്നു കൂട്ടിച്ചേര്‍ക്കുന്നു എന്നതാണ് ഭരണഘടനാ ഭേദഗതികളില്‍ ഒന്ന്. അസോസിയേഷനുകളും യൂനിയനുകളും ഉണ്ടാക്കാനുള്ള അവകാശം പോലെ തന്നെ ഇനി സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും മൗലികാവകാശമാണ് ഒരു പൗരന് കിട്ടുക. എന്നുവെച്ചാല്‍ ആര്‍ക്കുവേണമെങ്കിലും സഹകരണസംഘം സ്ഥാപിക്കാം. ഇപ്പോള്‍ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കാരണം പോക്കറ്റ് സംഘം ഉണ്ടാക്കാനാവാതെ പോവുന്നവര്‍ക്കുള്ള ഒരു കൈത്താങ്ങ്. നിയന്ത്രണരഹിതമായ സര്‍വ്വതന്ത്ര സ്വതന്ത്രമായ കമ്പോള സൗഹൃദ സമീപനം! ഇതോടൊപ്പം പാര്‍ട്ട് 9എക്കുശേഷം പാര്‍ട്ട് 9ബി ആയി ഉള്‍പ്പെടുത്തുന്ന വളരെ ലളിതമെന്നു തോന്നിപ്പിക്കുന്ന ഭേദഗതി വഴി സഹകരണം എന്ന സംസ്ഥാനവിഷയത്തെ അപ്പടി റാഞ്ചിയെടുക്കുകയാണ് കേന്ദ്രം. പാര്‍ട്ട് ഒമ്പതിന്റെ പ്രതിപാദ്യവിഷയം പഞ്ചായത്തുകളാണ്. 9മ ആകട്ടെ, മുനിസിപ്പാലിറ്റി കളെക്കുറിച്ചാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പദവി സഹകരണത്തിന് നല്‍കുന്നു എന്ന തോന്നലാണുണ്ടാവുക. പക്ഷേ സംസ്ഥാന വിഷയം സ്വന്തം വരുതിയിലാക്കിക്കൊണ്ട് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. ബക്ഷി അവസാനത്തെ ആണിയടിക്കുന്നു ഹ്രസ്വകാല സഹകരണ വായ്പാഘടനയെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ പ്രകാശ് ബക്ഷി സമര്‍പ്പിച്ച നിര്‍ദേശങ്ങളും ലക്ഷ്യമിടുന്നത് മറ്റൊന്നല്ല. അതിന്റെ ശുപാര്‍ശകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാല്‍ ഇത് ബോധ്യമാവും. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 93000ത്തിലേറെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉടനെ അടച്ചുപൂട്ടി അവയെ ജില്ലാ സഹകരണബാങ്കുകളുടെ ബിസിനസ് കരസ്പോണ്ടന്റുമാരാക്കി മാറ്റണം എന്നതാണ്. ജില്ലാബാങ്കിന്റെ കാര്യസ്ഥപ്പണിയാണ് ഇനിമേല്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ ഏറ്റെടുക്കേണ്ടി വരിക. പ്രൈമറി സഹകരണസംഘങ്ങളുടെ അംഗങ്ങള്‍ നേരിട്ട് ജില്ലാസഹകരണബാങ്കിന്റെ അംഗങ്ങളായി മാറും. സ്വാഭാവികമായും നിക്ഷേപകര്‍ ജില്ലാബാങ്കിലെ നിക്ഷേപകരായി മാറും. കടക്കാരും ജില്ലാ ബാങ്കിനു കടപ്പെട്ടവരാകും. പ്രാഥമിക സഹകരണ ബാങ്കുകളെ ഇങ്ങനെ തകര്‍ത്തെറിയുന്നതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കുക കേരളമായിരിക്കും. 25 സംസ്ഥാനങ്ങളില്‍ നിന്നായി ഇവ സമാഹരിച്ച നിക്ഷേപം 2011 മാര്‍ച്ച് 30 ന് 37,238 കോടിയാണ്. അതില്‍ 28210 കോടിയും കേരളം തമിഴ്നാട് കര്‍ണാടക സംസ്ഥാനത്തു നിന്നുമാണെന്ന് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്. അതില്‍ തന്നെ 21140 കോടി കേരളത്തില്‍ നിന്നു മാത്രമാണ്. എന്നു വെച്ചാല്‍ ഏതാണ്ട്് അറുപത് ശതമാനത്തോളം നിക്ഷേപം കേരളത്തില്‍ നിന്നാണ് എന്നര്‍ത്ഥം.

ഇന്ത്യയില്‍ സഹകരണ മേഖലയെ ഏറ്റവും ഫലപ്രദമായും ജനോപകാരപ്രദമായും പ്രവര്‍ത്തിപ്പിച്ചു പോരുന്ന സംസ്ഥാനമാണ് കേരളം എന്ന് കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയുടെ കേമത്തമായി പറയുന്നത് 5 വര്‍ഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പും പട്ടികജാതി-പട്ടിക വര്‍ഗത്തിനുള്ള പ്രാതിനിധ്യത്തിനുള്ള വ്യവസ്ഥകളുമാണ്. ഇക്കാര്യങ്ങളാകെ ഒരു ഭരണഘടനാ ഭേദഗതിയും ഇല്ലാതെ തന്നെ വളരെ നേരത്തെ നടപ്പാക്കിക്കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഇടതുപക്ഷത്തിനുള്ള വേരോട്ടം കാരണമാണ് ഈ മേഖല ജനപിന്തുണയാര്‍ജിച്ച് ഇങ്ങനെ ശക്തമായി നില്‍ക്കുന്നത്. അതിന്റെ കടക്കല്‍ കത്തി വെക്കാനുള്ള എളുപ്പവഴികളിലൊന്നാണ് സഹകരണ മേഖല തന്നെ തകര്‍ത്തെറിയല്‍. അതറിഞ്ഞു കൊണ്ടു തന്നെയാണ് പ്രാഥമിക വികസന ബാങ്കുകള്‍ എന്ന ഒരു ഗണത്തെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തുന്നത്.

ജില്ലാസഹകരണ ബാങ്കുകളില്‍ പലതും മൂലധന പര്യാപ്തതയില്ലാത്തതുകൊണ്ട് മറ്റു ജില്ലാബാങ്കുകളില്‍ ലയിപ്പിക്കേണ്ടതായിവരും എന്ന് ബക്ഷി കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. 370 ജില്ലാ ബാങ്കുകളില്‍ 60 എണ്ണം ഇങ്ങനെ മറ്റു ജില്ലാ ബാങ്കുകളില്‍ ലയിക്കേണ്ടി വരും. ഇവയില്‍ ചിലതിന് 4 ശതമാനം മൂലധന പര്യാപ്തതപോലും ഇല്ലാത്തതുകൊണ്ട് അവ 2013 മാര്‍ച്ചിനകം മൂലധനം കണ്ടെത്തുന്നില്ലെങ്കില്‍ റിസര്‍വ്വ് ബാങ്ക് നടപടി കൈക്കൊള്ളണം എന്നാണ് ശുപാര്‍ശ. മൂലധനം കണ്ടെത്താനുള്ള ഒരെളുപ്പവഴിയും ബക്ഷി കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്. ഷെയര്‍ ലിങ്കേജ് വര്‍ധിപ്പിക്കുക. എന്നുവെച്ചാല്‍, വായ്പയെടുക്കുന്ന കര്‍ഷകരുടെമേല്‍ വായ്പക്കനുസരിച്ച് കൂടുതല്‍ ഷെയറുകള്‍ അടിച്ചേല്‍പ്പിക്കുക എന്നുതന്നെ അര്‍ത്ഥം.

ഗതികേടുകൊണ്ട് കടം വാങ്ങുന്നവരോട് ബാങ്കിന്റെ മൂലധന വര്‍ദ്ധനവിനായി നിക്ഷേപിക്കാന്‍ ആവശ്യപ്പടണം എന്ന്! ജില്ലാ സഹകരണബാങ്കുകള്‍ക്ക് ഈയിനത്തില്‍ 6500 കോടി രൂപ സമാഹരിക്കാനാവും എന്നാണ് കണ്ടെത്തല്‍. അല്ലാതെ തന്നെ പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന കര്‍ഷകരില്‍നിന്ന് 6500 കോടി അപഹരിക്കാനാണ് നിര്‍ദേശം. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രാമീണ വായ്പാമേഖല കൂടി ഫൈനാന്‍സ് മൂലധനത്തിന്റെ നായാട്ടിനു വിട്ടുകൊടുക്കുന്നതിനാണ് പുതിയ പരിഷ്കാര നടപടികള്‍. വിനാശകരമായ ഫലങ്ങളാണ് ഇതുവഴി ഗ്രാമീണ വായ്പാ മേഖലയില്‍ ഉണ്ടാവുക. ബാങ്ക് ജീവനക്കാരുടെയോ സഹകരണ ബാങ്ക് ഭരണസമിതിയുടെയോ സഹകാരികളുടെയോ മാത്രം പ്രശ്നമല്ല ഇത്. ഇന്ത്യന്‍ ഗ്രാമീണ-കാര്‍ഷിക മേഖലയിലാകെ വിനാശം വിതയ്ക്കുന്ന ഈ നീക്കങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ ജനാധിപത്യ വിശ്വാസികളാകെ ഒന്നായി നില്‍ക്കേണ്ട ഒരു കാലമാണിത്.

*
എ കെ രമേശ് ദേശാഭിമാനി വാരിക