Showing posts with label സംവരണം. Show all posts
Showing posts with label സംവരണം. Show all posts

Thursday, October 24, 2013

സ്വകാര്യമേഖലയിലും സംവരണം നിയമംമൂലം ഉറപ്പാക്കുക

അധഃസ്ഥിതരെ പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഭരണഘടനാനുസൃതമായി ലഭ്യമായ സംവരണംപോലും അട്ടിമറിച്ചുകഴിഞ്ഞിരിക്കുകയാണ് സ്വകാര്യവല്‍ക്കരണം. അതുകൊണ്ട് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്ക് സ്വകാര്യമേഖലയിലും സംവരണം നിയമംമൂലം ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണ്. നൂറ്റാണ്ടുകളായി അസമത്വത്തിലും ദുരിതത്തിലും അകപ്പെട്ട്, അധികരത്തിന്റെ വിവിധ ശ്രേണികളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ജനതയ്ക്ക് സമ്പൂര്‍ണമായ മാറ്റമുണ്ടാക്കുന്നതുവരെ പ്രത്യേക സംവരണം വേണമെന്ന് ഡോ. അംബേദ്കറുള്‍പ്പെടെയുള്ള ദളിത് നേതാക്കളും കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ പ്രസ്ഥാനത്തിനകത്ത് സമര്‍ദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ഭരണഘടന പട്ടികജാതി- വര്‍ഗക്കാര്‍ക്ക് പ്രത്യേക സംവരണം വിഭാവനംചെയ്തത്.

ചരിത്രത്തില്‍, കൊച്ചിയിലും തിരുവിതാംകൂറിലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ സംവരണാവശ്യം ഉയര്‍ന്നുവരികയുണ്ടായി. തുടര്‍ന്ന് 1956ല്‍ ഒന്നാമത്തെ പിന്നോക്കവിഭാഗ കമീഷനായി നിയോഗിക്കപ്പെട്ട കാലേക്കര്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും (കേന്ദ്ര സര്‍വീസില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം) ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നിട്ടും ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. തുടര്‍ന്ന് 1979 മാര്‍ച്ചില്‍ ജനതാ ഗവണ്‍മെന്റ് നിയോഗിച്ച മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് (രണ്ടാം പിന്നോക്ക വിഭാഗ കമീഷന്‍) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂഴ്ത്തി. 1990ല്‍ വി പി സിങ് സര്‍ക്കാരാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നോക്കവിഭാഗക്കാരുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഉത്തരവിനെതിരെ ഡല്‍ഹിയിലും ഉത്തരേന്ത്യയിലാകെയും വമ്പിച്ച കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാണ് ബിജെപിയും കോണ്‍ഗ്രസും തയ്യാറായത്. ഇത് ഇവരുടെ സവര്‍ണ സമ്പന്നപക്ഷപാതിത്വം തെളിയിക്കുന്നതായിരുന്നു. ഭൂനിയമ പരിഷ്കാരംപോലെയുള്ള സാമ്പത്തിക നടപടികളോടൊപ്പം ഉദ്യോഗത്തില്‍ സംവരണം കിട്ടിയാലേ പട്ടികജാതിക്കാര്‍ക്കും പിന്നോക്കജാതിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സംരക്ഷണമുള്ളൂ എന്ന കാഴ്ചപ്പാടോടെയാണ് കമ്യൂണിസ്റ്റുകാര്‍ പിന്തുണ നല്‍കിയത്.

എന്നാല്‍, സംവരണം എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ശാശ്വത പരിഹാരമല്ല. പട്ടികജാതി- വര്‍ഗക്കാരും പിന്നോക്ക ജാതിക്കാരും മുന്നോക്ക ജാതികളില്‍പ്പെട്ട പാവപ്പെട്ടവരും ചേര്‍ന്ന് അവരുടെ വര്‍ഗബഹുജന സംഘടനകളും ട്രേഡ് യൂണിയനും അടക്കമുള്ളവയുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജനസമരത്തിലൂടെ മാത്രമേ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ കഴിയൂ. പിന്നോക്കജാതിക്കാരുടെ കൂടെ മുന്നോക്കജാതിയിലെ പിന്നോക്കവിഭാഗത്തെക്കൂടി അണിനിരത്തിയാലേ സംവരണംകൊണ്ടുള്ള പ്രയോജനം സാര്‍ഥകമാകൂ. സംവരണാനുകൂല്യം പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കുമാത്രമായി ഒതുക്കിനിര്‍ത്തണമെന്ന നിര്‍ദേശം ചിലര്‍ ഉയര്‍ത്തുകയുണ്ടായി. അതിപ്പോള്‍ സുപ്രീം കോടതി അംഗീകരിക്കിരിക്കുന്നു.

എന്നാല്‍, ഈ നിര്‍ദേശത്തിന് ചില ദൗര്‍ബല്യങ്ങളുണ്ട്. പാവപ്പെട്ട പിന്നോക്കക്കാരില്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികളില്ലെങ്കില്‍ ആ ഉദ്യോഗം ജനറല്‍ ക്വോട്ടയിലേക്ക് പോകും എന്നതാണ് പ്രശ്നം. സുപ്രീംകോടതി വിധിയിലുള്ള ദൗര്‍ബല്യം പരിഹരിക്കുന്നതിന് സിപിഐ എം മാത്രമാണ് ശരിയായ നിര്‍ദേശം മുന്നോട്ടുവച്ചത്. പാവപ്പെട്ടവരില്‍നിന്ന് അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ അതേ സംവരണസമുദായത്തില്‍പ്പെട്ട മേല്‍ത്തട്ടുകാര്‍ക്ക് ലഭിക്കണം. അതോടൊപ്പം മുന്നോക്കജാതിയിലെ പാവപ്പെട്ടവര്‍ക്കായി 10 ശതമാനത്തില്‍ കവിയാത്ത സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഇത് നടപ്പാകണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. എന്നാല്‍, കോടതിവിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് തെളിയിക്കുന്നത് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് എതിരാണ് എന്നതാണ്.

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയോടൊപ്പം പാവപ്പെട്ടവര്‍ക്ക് അധികാരത്തിലും പങ്കാളിത്തംവേണം. കോണ്‍ഗ്രസ് സംവരണപ്രശ്നത്തെ വോട്ടുതട്ടാനുള്ള തെരഞ്ഞെടുപ്പു തന്ത്രമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് കഴിഞ്ഞ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എസ്സി/ എസ്ടി ഉദ്യോഗസ്ഥരുടെ പ്രൊമോഷനുവേണ്ടിയുള്ള ദേഭഗതി ബില്ലില്‍ ഒട്ടനവധി ന്യൂനതകളുള്ളത്. ഒറ്റ സര്‍വീസിലുള്ള നിയമനം ഇതില്‍പ്പെടുന്നില്ല എന്നതാണ് പ്രധാനം. പൊതുമേഖലാ സ്വയംഭരണസ്ഥാപനം എന്നിവയിലെ പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളെല്ലാം ഒറ്റ സര്‍വീസുകളാണ് (ഉദാഹരണത്തിന് യൂണിവേഴ്സിറ്റികളിലെ രജിസ്ട്രാര്‍മുതല്‍ മേലോട്ടുള്ള തസ്തികകള്‍). എന്നാല്‍, കേരളത്തിന് ഒരു പരിധിവരെ ഈ ബില്‍ ബാധകമല്ല. കാരണം, നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടികജാതി- വര്‍ഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഏര്‍പ്പെടുത്തിയിരുന്നു. ഐഎഎസ്, ഐപിഎസ്, ഗവണ്‍മെന്റ് സെക്രട്ടറി തുടങ്ങിയ ഉയര്‍ന്ന തസ്തികകളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇതിന്റെ നേട്ടം കാണാന്‍ കഴിയും.

1980കള്‍ക്കു ശേഷം സംവരണം അതീവഗുരുതരമായ പ്രശ്നമായി മാറി. ഭരണഘടന ഭേദഗതി ചെയ്യാത്തതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നില്ലെന്നു മാത്രമല്ല പുതിയ സാമ്പത്തികനയത്തിന്റെ ഭാഗമായി നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍ക്കരണമുള്ള സംവരണാനുകൂല്യംപോലും എസ്സി/എസ്ടി വിഭാഗത്തിന് ഇല്ലാതാക്കി. എരിതീയില്‍നിന്ന് വറച്ചട്ടിയിലേക്കെന്നപോലെ പാവപ്പെട്ടവരെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പൊതുമേഖലയെ വില്‍പ്പന നടത്താനുള്ള വകുപ്പും മന്ത്രിയെയും ബിജെപി സര്‍ക്കാരാണ് സൃഷ്ടിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ നവരത്ന വ്യവസായങ്ങള്‍ക്കു പുറമെ, ബാല്‍കോ, മോഡേണ്‍ ഫുഡ് തുടങ്ങിയ 16 പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിരോധത്തിലെയും കമ്യൂണിക്കേഷന്‍വകുപ്പിലെയും 22ല്‍പ്പരം വരുന്ന മേഖലകളും സ്വകാര്യവല്‍ക്കരിച്ചുകഴിഞ്ഞു. ഇന്ത്യയിലെ വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേയും സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്.

സ്വകാര്യവല്‍ക്കരണം വന്നാല്‍ സംവരണതത്വങ്ങള്‍ പാലിക്കപ്പെടില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് സ്വകാര്യവല്‍ക്കരണകെടുതികള്‍ ആദ്യം ബാധിക്കുന്നവര്‍ പട്ടികജാതിവിഭാഗക്കാരാണ്. ലോകശ്രദ്ധയില്‍ കേരളത്തിന് സ്ഥാനംനേടിത്തന്ന വിദ്യാഭ്യാസമേഖലയില്‍ ജാതിമത സാമുദായികശക്തികളുടെ അധീശത്വം വീണ്ടും അരക്കിട്ടുറപ്പിക്കാന്‍ സ്വകാര്യവല്‍ക്കരണംകൊണ്ടായിട്ടുണ്ട്. എല്ലാ കച്ചവടക്കാരും പണംകൊയ്യാനുള്ള മേഖലയായി വിദ്യാഭ്യാസത്തെ ഉപയോഗിച്ചുതുടങ്ങി. കേരളത്തില്‍ ഗവണ്‍മെന്റ് സ്കൂളുകള്‍, കോളേജുകള്‍ എന്നിവയേക്കാള്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പ്യൂണ്‍മുതല്‍ പ്രിന്‍സിപ്പല്‍വരെയുള്ള എല്ലാ തസ്തികകളിലും ശമ്പളം നല്‍കുന്നത് സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നത് മാനേജ്മെന്റുമാണ്. നിയമനങ്ങളുടെ മാനദണ്ഡമാകട്ടെ കോടികളുടെ കോഴ. നിയമനങ്ങളില്‍ ഒരുവിധ സംവരണവും പാലിക്കുന്നില്ല എന്നുള്ളത് പട്ടികജാതി- വര്‍ഗ പിന്നോക്കക്കാര്‍ എന്നിവരോടുള്ള ക്രൂരതയാണ്. ഇരുപത്തിമൂന്ന് മെഡിക്കല്‍ കോളേജുകളില്‍ 16 എണ്ണവും സ്വകാര്യമേഖലയിലാണ്. ദന്തല്‍ കോളേജ് 22ഉം ആയുര്‍വേദ -സിദ്ധ കോളേജുകളില്‍ 16ല്‍ 13ഉം ഹോമിയോപ്പതിയില്‍ അഞ്ചില്‍ മൂന്നും, 113 ഫാര്‍മസികോളേജുകളില്‍ 18ഉം 29 പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ 24ഉം സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ നൂറുകണക്കിനു വരുന്ന എയ്ഡഡ് കോളേജുകളും ആയിരക്കണക്കിന് എല്‍പി, യുപി, എച്ച്എസ് എന്നിവയും സ്വകാര്യമേഖലയിലാണ്.

പട്ടികജാതി- വര്‍ഗക്കാര്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും വിദ്യാര്‍ഥിപ്രവേശനത്തിലും ഉദ്യോഗനിയമനത്തിലും സംവരണം, സ്വകാര്യവല്‍ക്കരണം തട്ടിപ്പറിച്ചതിനെതിരെ അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്ന് ആട്ടിയകറ്റപ്പെടുന്നവനും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവനുമായി വീണ്ടും പട്ടികജാതി-വര്‍ഗക്കാരും മറ്റു പാവപ്പെട്ടവരുംമാറുന്നതിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എസ് അജയകുമാര്‍ (ഇപ്പോള്‍ പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്) സ്വകാര്യമേഖലയിലും സംവരണം നിയമംമൂലം ഉറപ്പുവരുത്തണമെന്ന പ്രമേയം കൊണ്ടുവരികയുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്ത സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള 29 പാര്‍ലമെന്റ് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. പ്രമേയത്തിന് മറുപടി പറഞ്ഞ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും സാമൂഹ്യവികസനമന്ത്രി മീരാകുമാറും സ്വകാര്യമേഖലയിലും സംവരണം ഉറപ്പുവരുത്താനുള്ള നിയമം കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷേ, രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലാവധി തീരാറായിട്ടും നടപ്പാക്കാന്‍ തയ്യാറാകാത്തത് പാവപ്പെട്ടവരോടു കാണിക്കുന്ന വഞ്ചനയാണ്. ഇത്തരമൊരു പടയോട്ടത്തിനാണ് പികെഎസ് നേതൃത്വം കൊടുക്കുന്നത്.

*
അഡ്വ. കെ സോമപ്രസാദ് (പികെഎസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tuesday, February 19, 2013

A Crying Need to Oversee Implementation of Reservation Rules

RESERVATIONS for Scheduled Castes, Scheduled Tribes and Other Backward Classes in government and public sector institutions have been secured through protracted mass struggles, legal skirmishes and political pressure exerted by the Left and progressive forces in the Indian sub-continent. This has slowly opened, though not fully, the corridors of administrative hierarchy to those educated sections belonging to the downtrodden sections of society.

The extent of the success of reservation policy in employment is dependent on the sincere implementation of the policies presented and rules observed meticulously. That alone would ensure at least part fulfillment of the requirements of social justice. But along the way, subtle attempts to wreck the implementation of these rules by vested interests continue to be encountered.

As a consequence it limits the entry of needy sections into the government apparatus. That being an apparent fact, it is shocking that public sector banks which should have social orientation lead the pack in improper implementation of reservation rules in the matter of recruitment - an issue which alone is sought to be focussed in this write up.

Now, nationalised banks have embarked upon large scale recruitment exercise. A glance at the website of Indian Overseas Bank regarding appointment shows the improper implementation of reservation rules.(link)

The data on this website, is an irrefutable evidence of gross violation of constitutionally mandated rules prescribed by the government of India. As a sample, the data reveals that in  Tamilnadu, while cut-off marks for general category is 198(Low) that for OBCs is 205(High). In Gujarat, for general category it is 197(Low), for SCs it is 216(High). Similar figures are there for various states of India.

This clearly shows that the cut-off marks for general category is less than that of the reserved categories. This is not in accordance with the rules. Simply put, post based reservation rules require preparation of one common merit list with appropriate reservations. For this, first, the number of vacancies as per post based reservation roster should be determined. For that, initially on the basis of total marks, a  list to the extent of vacancies to be filled up should be arrived at. Then, in accordance with reservation requirements, candidates belonging to reserved category should be brought within the initial list replacing equal number of candidates in the initial list from the last. This final list would be the selected list conforming to reservation requirement. This would also be in conformity with the judgement of Supreme court which has ruled that persons belonging to the reserved categories who are appointed on the basis of merit and not on account of reservation are not to be counted towards the quota meant for reservation. This makes it absolutely necessary that the cut-off marks of the last person in the general category list cannot be lower than that of the cut-off marks of the reserved categories.

In such a scenario, the select panel as reflected in the recruitment exercise of Indian Overseas Bank raises several questions on the correctness of preparation of select list of candidates on merit including reservation points. The methodology adopted for filling up of vacancies from the waiting list in case of drop outs from main list also seems to be faulty as there also seems to be a flawed understanding that replacements can be effected on the basis of caste identity rather than merit-cum-reservation entitlement. It also raises a question whether separate panels for each category are drawn in contravention of government prescriptions. This shortcoming gets highlighted by high cut-off marks for reserved categories and low cut-off marks for general categories. It becomes necessary to understand that general categories or open categories include SC/ST/OBC and other castes on merit so that such improper selection does not take place.

In this contemporary era of mass recruitment in public sector banks, it becomes imperative for the government of India to ensure proper implementation of reservation policy in the matter of recruitment to ensure social justice guaranteed under the constitution. This episode at the Indian Overseas Bank demands that the entire set of direction/rules handed out by the apex bodies in banking industry must be thoroughly analysed for immediate remedial action. This action brooks no delay.

*
Madhavan & Ganesh People's Democracy 10 February 2013

Sunday, January 20, 2013

മുസ്ലിങ്ങള്‍ ഇപ്പോഴും പിന്നോക്കാവസ്ഥയില്‍

വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പൊതുമേഖല, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രാതിനിധ്യം കുറഞ്ഞുവരുന്നതായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറുവര്‍ഷം മുമ്പ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ന്യൂനപക്ഷ കാര്യങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ചത്. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികളും ആവിഷ്‌ക്കരിക്കുകയുണ്ടായി.

എന്നാല്‍ ഭരണപരമായൊരു സൗകര്യമൊരുക്കുന്നതൊഴിച്ചാല്‍ ഒരു പുരോഗതിയും നാളിതുവരെയായി രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ അവസ്ഥയില്‍ വകുപ്പുരൂപീകരണത്തിനുശേഷം ഉണ്ടായിട്ടില്ല എന്ന് സച്ചാര്‍ കമ്മിറ്റി അംഗവും റിപ്പോര്‍ട്ടിന്റെ സുപ്രധാന ശില്‍പിയുമായ അബു സലേഷ് ഷെരീഫ് വെളിപ്പെടുത്തുന്നു.

മുസ്ലിം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രം ആളോഹരി വരുമാനത്തിന്റെ വളര്‍ച്ചാനിരക്കിലുള്ള ഇവരുടെ വിഹിതം 12 ശതമാനമാകേണ്ടതാണ്. എന്നാല്‍ മുസ്ലിംവിഭാഗത്തിന്റെ സംഭാവന 11.2 ശതമാനവും ആദിവാസി ദളിത് വിഭാഗത്തിന്റേത് 16.5 ശതമാനവുമാണ്. താണ വിദ്യാഭ്യാസ നിലവാരം കാരണം ഈ ജനവിഭാഗം പരമ്പരാഗതമായ കുറഞ്ഞമൂല്യം പ്രദാനം ചെയ്യുന്ന തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്നതാണ് ഇതിന് ഇടയാക്കുന്നത്. പരമ്പരാഗത സേവന മേഖലകളില്‍ മുസ്ലിം, പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ തൊഴില്‍ ശതമാനം 18 ആണെങ്കില്‍ ആധുനിക മേഖലകളില്‍ അത് കേവലം 14 ശതമാനമാണ്.

2004-05 ല്‍ മുസ്ലിം വിഭാഗത്തിലെ സാക്ഷരതാ നിലവാരത്തില്‍ ഗ്രാമീണ മേഖലയില്‍ 5.9 ശതമാനവും പട്ടണങ്ങളില്‍ 5.3 ശതമാനവും ഉയര്‍ച്ചയുണ്ടായെങ്കില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ 8.5 ഉം 5.1 ഉം ആണ് ഉയര്‍ച്ചയുണ്ടായത്. അതേസമയം ആദിവാസികളില്‍ ഗ്രാമങ്ങളില്‍ 11.3 ഉം പട്ടണങ്ങളില്‍ 8.6 മാണ് ഉയര്‍ച്ചാ നിരക്ക്. ചുരുക്കത്തില്‍ ദളിതിനും ആദിവാസികള്‍ക്കുമൊപ്പം നിലനിന്ന മുസ്ലിം ജനവിഭാഗം സാക്ഷരതയില്‍ വളരെ പുറകോട്ട് പോയിരിക്കുകയാണ്.

അതുപോലെതന്നെ പത്താംക്ലാസ് പാസാകുന്ന ആദിവാസി ദളിത് ശതമാനം പട്ടണങ്ങളില്‍ 13 ഉം 11 ഉം ഗ്രാമങ്ങളില്‍ 10 ഉം 9 ഉം ശതമാനമാണെങ്കില്‍ മുസ്ലിങ്ങള്‍ 5-7 ശതമാനം മാത്രമാണ്.
ഉന്നതവിദ്യാഭ്യാസ രംഗത്തെത്തുന്ന 17-26 വയസ്സുവരെയുള്ള മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനവ് മാത്രമാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച്. പോയിന്റ് എട്ട് ശതമാനം വര്‍ധനവ് മാത്രമാണിത്. ഉയര്‍ന്ന ജാതിയില്‍പെട്ട ഹിന്ദുവിഭാഗത്തില്‍ 9.4 ഉം പിന്നോക്ക ഹിന്ദു വിഭാഗത്തില്‍ 5.3 ശതമാനവുമാണ് വര്‍ദ്ധനവ്. ഇനി തൊഴില്‍രംഗം പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാണ്. താണവേതനമുള്ള മേഖലകളിലാണ് മുസ്ലിം വിഭാഗങ്ങള്‍ കൂടുതലായും ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിയാണ് ഈ അവസ്ഥയ്ക്ക് കാരണം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ 23 ശതമാനം മാത്രമാണ്. എന്നാല്‍ ദളിത് ആദിവാസി വിഭാഗത്തിന്റെ സംഭാവന 36 ശതമാനമാണ്.

പട്ടണങ്ങളില്‍ 45 ശതമാനം മുസ്ലിങ്ങളും സ്വയം തൊഴിലിലേര്‍പ്പെടുന്നവരാണ്. ചെറുകിട കച്ചവടം, റിപ്പയര്‍ കടകള്‍ നടത്തല്‍ എന്നിവയിലാണ് ഇവര്‍ കൂടുതലും ഏര്‍പ്പെടുന്നത്. സുരക്ഷിതമായി ശമ്പളം കിട്ടുന്ന ജോലികളില്‍ ഏറ്റവും കുറവ് ആളുകള്‍ തൊഴിലെടുക്കുന്നത് മുസ്ലിം വിഭാഗത്തില്‍ നിന്നാണ്. 2009-10 ലെ നാഷണല്‍ സാമ്പിള്‍ സര്‍വെ അനുസരിച്ച് 15 വയസിന് മുകളിലുള്ള 88 ശതമാനം മുസ്ലിങ്ങളും അനൗപചാരിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഇവരുടെ പ്രാതിനിധ്യം ആറ് ശതമാനം മാത്രമാണ്.

അസംഘടിത മേഖലയിലെ ജനവിഭാഗങ്ങള്‍ക്കായി കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലെടുക്കുന്ന മുസ്ലിങ്ങള്‍ 2.3 ശതമാനമേയുള്ളു.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ എങ്ങനെ ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായി രണ്ട് വിഭാഗം ജില്ലകള്‍ നീക്കിവെച്ചിട്ടുണ്ട്. 52 ശതമാനം മുസ്ലിങ്ങളും 3.3 ശതമാനം ക്രിസ്ത്യാനികളുമുള്‍ക്കൊള്ളുന്ന 90 ജില്ലകളാണ് ഇതില്‍ ഒന്ന്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ കീഴില്‍ 121 ജില്ലകളെ തെരഞ്ഞെടുത്തതില്‍ 66 ശതമാനം മുസ്ലിങ്ങളും 11 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി നടപ്പിലാക്കുന്ന 121 ജില്ലകളില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 50,000 രൂപയില്‍ നിന്ന് 2011 ല്‍ ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ഇതേ ജില്ലകളില്‍ ഹിന്ദുവിഭാഗങ്ങള്‍ക്ക് 2008 ല്‍ 2,30,000 രൂപയായിരുന്നത് 2011 ല്‍ 2,70,000 രൂപയായിട്ടാണ് ഉയര്‍ത്തിയത്.

ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ പോരായ്മയുള്ളതായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. മൊത്തം നീക്കിയിരുപ്പ് തുക 2008-09 ല്‍ 500 കോടിയായിരുന്നത് 2012-13 ല്‍ 3135 കോടിയായി ഉയര്‍ത്തിയെങ്കിലും 2011-12 ല്‍ 230 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. 20 ശതമാനം തുക ലാപ്‌സായി പോയി. ചെലവാക്കിയ തുകതന്നെ മുസ്ലിം ജനവിഭാഗത്തിലെ 50 ശതമാത്തിന് മാത്രമാണ് ലഭിച്ചത്.

*
എന്‍ ചിദംബരം ജനയുഗം

Monday, November 12, 2012

സമുദായമുന്നണിയുടെ കാണാപ്പുറങ്ങള്‍

കേരളത്തിലെ രണ്ട് പ്രബല സമുദായസംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ച് പ്രവര്‍ത്തിക്കാനും മുന്നണിയാകാനുമെടുത്ത തീരുമാനവും അനന്തരനടപടികളും പ്രതികരണം അര്‍ഹിക്കുന്നു. ഇത് ചരിത്രപ്രാധാന്യമുള്ള ചുവടുവയ്പ്പാണെന്നാണ് ചില മാധ്യമ- രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. താല്‍ക്കാലിക പ്രതിഭാസമോ ഉപരിപ്ലവമായ സംഭവമോ എന്തിന്റെയെങ്കിലും പ്രതികരണമോ ആയി ഇതിനെ ആര്‍ക്കും തള്ളാനാകില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ കെ ഗോപാലകൃഷ്ണന്റെ നിരീക്ഷണം.

എന്നാല്‍, ഇതിന് വിരുദ്ധമായ അഭിപ്രായമാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റ് പേജ് ലേഖനത്തിലൂടെ വ്യക്തമാക്കിയത്. "ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം നായര്‍, ഈഴവ സമുദായനേതാക്കള്‍ക്കിടയില്‍ എങ്ങനെയോ ഒരു ന്യൂനപക്ഷഭയം കടന്നുകൂടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭരണസ്വാധീനം ഉപയോഗിച്ച് അവിഹിതമാര്‍ഗങ്ങളിലൂടെ ധനവും അധികാരവും കവരുന്നു എന്ന വിചാരം പ്രബലസമുദായ നേതാക്കളെ ഭരിക്കുന്നു. അഞ്ചാംമന്ത്രിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിംലീഗിന് കീഴടങ്ങിയ സാഹചര്യത്തില്‍ ഭരണം ഹിന്ദുവിരുദ്ധമാണെന്ന ബോധം നാട്ടില്‍ വളര്‍ത്തിയിരിക്കുന്നു. ഇത് ഹിന്ദുസമുദായഐക്യത്തിന് വഴിതെളിച്ചു"വെന്നുമാണ് വീക്ഷണത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോ ഇതുവരെ സമുദായ ഐക്യ വിഷയത്തില്‍ ഒരഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ഹിന്ദു സമുദായ ഐക്യപ്രസ്ഥാനത്തിന് പിന്നിലെ അപകടച്ചുഴികളെപ്പറ്റി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഭരണത്തിലെ ലീഗ് വല്‍ക്കരണത്തെ എതിര്‍ക്കാന്‍ "ഹിന്ദുലീഗ്" എന്ന ആശയം പകരംവയ്ക്കുന്നത് തലതിരിഞ്ഞ നടപടിയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. പക്ഷേ, പിണറായി വിജയന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലെന്നും തങ്ങളുടെ സമുദായ ഐക്യത്തെപ്പറ്റി അദ്ദേഹത്തിന് തെറ്റിദ്ധാരണയാണെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. സമാനപ്രതികരണം എന്‍എസ്എസ് ജനറല്‍സെക്രട്ടറി ആര്‍ സുകുമാരന്‍നായരില്‍നിന്നും ഉണ്ടായി. പരോക്ഷമായി ഇവര്‍ സൂചിപ്പിക്കുന്നത് ഈ ഐക്യം ഭാവിയില്‍ ഇടതുപക്ഷത്തിന് ഗുണകരമാണെന്നും അത് പിണറായി തിരിച്ചറിയുന്നില്ലെന്നുമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വഴിപിഴച്ച നയത്തിനെതിരെ സമുദായസംഘടനകള്‍ രംഗത്തുവരുമ്പോള്‍, ആ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ച പ്രവര്‍ത്തകരില്‍ ഒരുപങ്കിന് ഭരണത്തോടുള്ള അതൃപ്തി വര്‍ധിക്കുമെന്നത് ശരി. അതിന്റെ നേട്ടം സര്‍ക്കാരിനെ എതിര്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്നതും വസ്തുതയാണ്. പക്ഷേ, താല്‍ക്കാലികമായ ചില വോട്ടുനേട്ടങ്ങള്‍ക്കുവേണ്ടി കമ്യൂണിസ്റ്റുകാര്‍ക്ക്, അവര്‍ മുറുകെ പിടിക്കുന്ന നയസമീപനങ്ങളും മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള കടമയും ഉപേക്ഷിക്കാനാകില്ല. യുഡിഎഫ് ഭരണത്തിനെതിരാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണെങ്കിലും ഇടതുപക്ഷജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ഗുണകരമായി ശക്തിപ്പെടുത്തുന്നതല്ല ഹിന്ദുത്വവികാരവുമായി രംഗത്തുവരുന്ന "ഐക്യമുന്നണി".

കേന്ദ്രഭരണം ഇന്ന് ഏറ്റവും വലിയതോതില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രതിച്ഛായ തകര്‍ന്നു. ഈ സാഹചര്യം ഉപയോഗിച്ച് ഭാവിഭരണം തങ്ങള്‍ക്ക് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപി ദേശവ്യാപകമായ പരിശ്രമം നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഏശിയിട്ടില്ല. മുമ്പൊരുഘട്ടത്തില്‍ ഈ ലക്ഷ്യം നേടാന്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തു. അതുപോലെ, വര്‍ഗീയ അതിപ്രസരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ കൊണ്ടുപിടിച്ച് യത്നിക്കുന്നുണ്ട്. ജനങ്ങളില്‍നിന്ന് അടിക്കടി ഒറ്റപ്പെടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരത്തെ വഴിതെറ്റിച്ച് ഹൈന്ദവ വര്‍ഗീയതയുമായി കൂട്ടിക്കെട്ടാനുള്ള കൗശലമാണ് ബിജെപി പ്രയോഗിക്കുന്നത്. ഇതിന് അറിഞ്ഞോ അറിയാതെയോ ഇന്ധനമാകുകയാണ് പുതിയ "ഹിന്ദുസമുദായ ഐക്യമുന്നണി".

ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരത്തെ ചാലുകീറി ഹിന്ദുസമുദായ മുന്നണിയുടെ കീശയില്‍ എത്തിച്ചശേഷം അതിന്റെ ബലത്തില്‍ നാളെ എസ്എന്‍ഡിപി- എന്‍എസ്എസ് നേതൃത്വങ്ങള്‍ വിലപേശി തന്‍കാര്യം നേടാനോ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി സന്ധിചെയ്യാനോ അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാക്കി ഒത്തുതീര്‍പ്പുണ്ടാക്കാനോ മുതിരില്ലെന്നതിന് ഒരുറപ്പും ഇല്ല. മുമ്പൊരുകാലത്ത് എസ്ആര്‍പി- എന്‍ഡിപി എന്നീ കക്ഷികള്‍ രൂപീകരിച്ച് യുഡിഎഫില്‍ പങ്കാളികളാക്കിയതുപോലെയുള്ള വിലപേശല്‍ രാഷ്ട്രീയം ഇവര്‍ സ്വീകരിക്കില്ലായെന്നതിനും ഉറപ്പില്ല. അതുകൊണ്ട് "സമുദായ ഐക്യമുന്നണി" സ്ഥായിയായ പ്രതിഭാസമാണെന്ന അതിശയോക്തികലര്‍ന്ന കെ ഗോപാലകൃഷ്ണന്റെ അഭിപ്രായം അപക്വമാണ്; അബദ്ധജടിലമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധ രീതികള്‍ക്കെതിരെ ജാതിക്കും മതത്തിനും അപ്പുറമായി തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളി ബഹുജനങ്ങളെ അണിനിരത്തുന്ന മതനിരപേക്ഷ മുന്നേറ്റവും പ്രസ്ഥാനവുമാണ് വേണ്ടത്. സാമുദായികമായി ചേരിതിരിവുണ്ടാക്കിയാല്‍ അതിന്റെ നേട്ടം ആത്യന്തികമായി ലഭിക്കുന്നത് വര്‍ഗീയ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ്. അതായത് ഭരണപക്ഷത്ത് മുസ്ലിംലീഗാദികള്‍ക്കും പ്രതിപക്ഷത്ത് ഹിന്ദുവര്‍ഗീയ സംഘടനകളായ ആര്‍എസ്എസ്- ബിജെപിക്കുമാണ്. ആ സത്യം സമുദായസംഘടനാനേതാക്കള്‍ കണ്ണുതുറന്ന് കാണേണ്ടതുണ്ട്. സാമുദായികമായ അവശതയും അവഗണനയും അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് വിട്ടുവീഴ്ചയില്ലാതെ ഇടപെടുമെന്ന് ഇടതുപക്ഷനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവശതകള്‍ പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഭരണത്തിന്റെ വിവിധതലങ്ങളില്‍ ലീഗ്വല്‍ക്കരണമാണെന്ന് ആ മുന്നണിയില്‍ നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നു. അത് യുഡിഎഫ് സ്വഭാവപ്രകാരം അസ്വാഭാവികമല്ല. ഇത് നടക്കില്ലെന്നു കരുതിയാണോ ഈ സമുദായഐക്യമുന്നണി നേതാക്കള്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ് മറന്ന് യത്നിച്ചത്? ഇങ്ങനെ ചെയ്തതില്‍ സമുദായ ഐക്യനേതാക്കള്‍ക്ക് ഇപ്പോഴെങ്കിലും പശ്ചാത്താപമുണ്ടോ? യുഡിഎഫ് അധികാരത്തില്‍വന്നതുതന്നെ സമുദായിക ഏകീകരണം എന്ന വര്‍ഗീയ അജന്‍ഡയുടെ ബലത്തിലായിരുന്നല്ലോ. അത്തരം അജന്‍ഡ നടപ്പാക്കാന്‍ മുസ്ലിംലീഗിന് യുഡിഎഫ് കൂട്ടായിരുന്നു. അങ്ങനെയുള്ള ഒരു രാഷ്ട്രീയസംവിധാനത്തെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ്- എസ്എന്‍ഡിപി നേതൃത്വങ്ങള്‍ പിന്തുണച്ചത്. യുഡിഎഫ് ഭരണസംവിധാനത്തില്‍ സമുദായത്തിന്റെ പേരില്‍ നടക്കുന്ന ലീഗുവല്‍ക്കരണത്തിലെ സങ്കുചിതരാഷ്ട്രീയത്തെ (കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയ രീതിയില്‍) തുറന്നുകാട്ടാതെ സാമുദായികമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് എന്‍എസ്എസ്-എസ്എന്‍ഡിപി നേതാക്കള്‍. ഇതിലൂടെ വര്‍ഗീയമായും സാമുദായികമായും മുതലെടുപ്പ് നടത്തി രാഷ്ട്രീയശക്തി വര്‍ധിപ്പിക്കാന്‍ ലീഗിന് സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്.

അഞ്ചാംമന്ത്രിയെന്നാല്‍ ലീഗിന്റെ കച്ചവടത്തിന് ഒരുമന്ത്രിയെക്കൂടി കിട്ടിയെന്നതാണ്. അല്ലാതെ മുസ്ലിംസമുദായത്തിന് ഒരുമന്ത്രികൂടി ആയി എന്നല്ല. സാധാരണ മുസല്‍മാന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ളതല്ല അഞ്ചാംമന്ത്രി. ലീഗിലെ കുഞ്ഞാലിക്കുട്ടി അനുയായികളും വിരോധികളും തമ്മിലുള്ള കലാപം ഉള്‍പ്പെടെയുള്ളവയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള രാഷ്ട്രീയ ഉപായമായിരുന്നു. അതുപോലെ 35 കേന്ദ്രാവിഷ്കൃത പദ്ധതിയിലെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ സമുദായതാല്‍പ്പര്യമല്ല ലീഗിന്റെ കച്ചവടസാമ്പത്തികതാല്‍പ്പര്യമാണ്. ഇപ്രകാരമുള്ള ലീഗുവല്‍ക്കരണത്തെ സമ്പൂര്‍ണ സമുദായവല്‍ക്കരണമായി വിശേഷിപ്പിക്കുന്നതിലൂടെ മുസ്ലിം സമുദായത്തില്‍ വര്‍ഗീയത കുത്തിയിളക്കി നേട്ടമുണ്ടാക്കാന്‍ ലീഗിന് അവസരം ലഭിക്കുന്നു.

ദേശീയമായും സംസ്ഥാന അടിസ്ഥാനത്തിലും ഹിന്ദുമതം ഭൂരിപക്ഷമാണ്. എന്നാല്‍, കേരളത്തിന്റേത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥയാണ്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ജനസംഖ്യയില്‍ 42 ശതമാനമാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷംവരുന്നവര്‍ അവര്‍ണരോ പിന്നോക്കക്കാരോ പട്ടികജാതി-പട്ടികവര്‍ഗക്കാരോ ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഒരുപ്രമുഖ മീഡിയാസ്ഥാപനം നടത്തിയ സര്‍വേ പ്രകാരം കേരളജനസംഖ്യയില്‍ നായര്‍- 14, ഈഴവ-25, മുസ്ലിം-25, ക്രിസ്ത്യന്‍-19 (14 ശതമാനം മുന്നോക്കക്കാര്‍, അഞ്ച് ശതമാനം അവര്‍ണര്‍), ദളിത്- 9, പട്ടികവര്‍ഗം- ഒരുശതമാനം. ബാക്കിയുള്ള ഹിന്ദുവിഭാഗം- ഏഴ് ശതമാനം. വളരെ ശക്തമായ മുന്നണിരാഷ്ട്രീയം നിലനില്‍ക്കുന്ന കേരളത്തില്‍ ഒരുശതമാനം വോട്ടിന്റെ മാറ്റം പോലും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്.ഇത് വ്യക്തമാക്കുന്നത്, കേരളസമൂഹം വര്‍ഗീയമായും ജാതീയമായും വേര്‍തിരിഞ്ഞാല്‍ അതിന്റെ ഗുണമാര്‍ജിക്കുക വര്‍ഗീയരാഷ്ട്രീയപ്രസ്ഥാനങ്ങളായിരിക്കുമെന്നതാണ്.

ആഗോളമായി മുസ്ലിംജനസംഖ്യ 120 കോടിയോളമാണ്. ഇന്ത്യയില്‍ 14 കോടി. കേരളത്തില്‍ മുക്കാല്‍കോടിയിലേറെ. മുന്നോക്കക്കാരിലും പിന്നോക്കക്കാരിലും ഹിന്ദുക്കളിലും അല്ലാത്തവരിലും ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള അധ്വാനിക്കുന്ന സാധാരണക്കാരുടെ, അവരുടെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള യോജിപ്പാണ് അനിവാര്യത. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേര്‍തിരിവിന്റെ ഭാഗമായി കേരളത്തിലും ചൂഷക- ചൂഷിത വിരുദ്ധ ശക്തികള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. അതില്‍ ഒരുചേരിക്ക് കോണ്‍ഗ്രസും മറുചേരിക്ക് കമ്യൂണിസ്റ്റ്പ്രസ്ഥാനവും നേതൃത്വം നല്‍കുന്നു. എസ്എന്‍ഡിപിയും എന്‍എസ്എസും ഏറിയകൂറും ചൂഷകരുടെ ഭാഗത്താണ് നിലകൊണ്ടത്. പക്ഷേ, ഇതേ സംഘടനകളിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ചൂഷിതവര്‍ഗത്തിന്റെ പതാകയേന്തിയ ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിലകൊണ്ടു. അതിന്റെ ഭാഗമായി ഈ സമുദായസംഘടനകളുടെ നേതാക്കള്‍ ചിലപ്പോഴെങ്കിലും ഇടതുപക്ഷവുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരായി.

മിക്കപ്പോഴും കോണ്‍ഗ്രസ് ചൂഷകനേതൃത്വത്തിന്റെ കൂടെയായിരുന്നു. അതുകൊണ്ടാണ് വിമോചനസമരകാലത്ത് സംവരണപ്രശ്നം ഉന്നയിച്ച് എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റ് വിരോധത്തിന്റെ വാളെടുത്തത്. അതിന്റെ തുടര്‍ച്ചയായി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എസ്ആര്‍പി രൂപീകരിച്ചു. എന്നാല്‍, എസ്എന്‍ഡിപിയുടെ അനുയായികളില്‍പ്പെട്ട ബഹുജനങ്ങള്‍ വിമോചനസമരകാലത്തുള്‍പ്പെടെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ കൂടെയായിരുന്നു. എന്‍എസ്എസിന്റെ നേതൃത്വവും അണികളും തമ്മില്‍ വൈരുധ്യം പല ഘട്ടത്തിലും പ്രകടമായി. ഈ പശ്ചാത്തലത്തില്‍വേണം "ഹിന്ദു- ലീഗ്" ആശയത്തെ വീക്ഷിക്കാന്‍. സംസ്ഥാനഭരണം ന്യൂനപക്ഷങ്ങള്‍ തട്ടിയെടുത്തതിനാല്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുസമുദായങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരുക എന്ന പ്രഖ്യാപനമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍നായരും നടത്തിയത്. ഇതിലൂടെ ആര്‍എസ്എസും ബിജെപിയും പതിറ്റാണ്ടുകളായി ചവച്ചുതുപ്പിയ പ്രത്യയശാസ്ത്രമാണ് ഉയര്‍ന്നുവരുന്നത്.

എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റേയും ആദ്യകാലപ്രവര്‍ത്തനവും അതിന് പ്രചോദനമേകിയ മഹാന്മാരുടെ വാക്കും പ്രവൃത്തിയും ഇപ്പോഴത്തെ ഹിന്ദുലീഗ് ആശയവുമായി താരതമ്യം ചെയ്യാനാകുന്നതല്ല. ഇപ്പോഴത്തെ സമുദായ ഐക്യമുന്നണി കേരളത്തിന് ഗുണകരമായ ചരിത്രസംഭവമെന്ന് വിശേഷിപ്പിക്കുന്നവരുടെ വിലയിരുത്തല്‍ അബദ്ധമാണ്. "ഐക്യശ്രമ"ത്തെ നയിക്കുന്ന സമുദായങ്ങളുടെ മുന്‍കാല മഹാന്മാരായ ആചാര്യന്മാരും അവര്‍ നയിച്ച നവോത്ഥാനപ്രസ്ഥാനമൂല്യങ്ങളും ഇവിടെ വിസ്മരിക്കപ്പെടുകയാണ്.

ആചാര്യന്മാരെ മറന്ന മൗനവും വാചാലതയും

ഹിന്ദുസമുദായ ഐക്യമുന്നണി മുദ്രാവാക്യം ഒരുഭാഗത്ത് പൊടിപൊടിക്കുമ്പോള്‍, മറുഭാഗത്ത് ഗുരുവര്യന്മാരെപ്പറ്റി സമുദായത്തിന്റെ പേരില്‍ ചേരിതിരിഞ്ഞ് ചില ബുദ്ധിജീവികള്‍ വിഴുപ്പലക്കുന്നു. ശ്രീനാരായണഗുരുവിന്റെ ഗുരുവായിരുന്നു ചട്ടമ്പിസ്വാമികളെന്നും അല്ലെന്നുമുള്ളതാണ് തര്‍ക്കം. അതിനെ സാധൂകരിക്കുന്നതിനുള്ള തെളിവു നിരത്തലുകള്‍ ചരിത്രത്തിന്റെ ഇരുളിലും വെളിച്ചത്തിലുംനിന്ന് തേടി അവതരിപ്പിക്കുകയാണ്. നിരവധി ആനുകാലികങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളുന്നു. ഇതിന്റെ ഗതി എന്തായാലും ചരിത്രം പഠിച്ച ആരും സമ്മതിക്കുന്ന വസ്തുത ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും കേരളീയ നവോത്ഥാനത്തിനുവേണ്ടി യത്നിച്ച മഹാന്മാരായിരുന്നു എന്നതാണ്. രണ്ടുപേരും സമകാലീനരായിരുന്നു.

ശ്രീനാരായണഗുരുവിനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കിയേ അടങ്ങൂവെന്ന വാശി കാട്ടുന്നവര്‍ ഉദ്ദേശിക്കുന്നത് ഇപ്പോള്‍ ഐക്യപ്രഖ്യാപനം നടത്തിയിരിക്കുന്ന ഒരു സമുദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ സമുദായത്തിന് മേല്‍ക്കോയ്മയുണ്ടെന്ന് വരുത്താനാണ്. ഇതിന്റെതന്നെ മറുപുറമായി ആ സമുദായത്തിന്റെ മേല്‍ത്തട്ടിലാണ് ബൗദ്ധികമായി തങ്ങളെന്നു വരുത്താനാണ് ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ഗുരു-ശിഷ്യ ബന്ധവും ഇല്ലെന്നു സ്ഥാപിക്കാനുള്ള മറുചേരിയുടെ വാശി. ചട്ടമ്പിസ്വാമിയില്‍നിന്നാണ് ശ്രീനാരായണന്‍ യോഗ അഭ്യസിച്ചതെന്നത് ചരിത്രപരമായി സാധൂകരിച്ചിട്ടുള്ളതാണ്. അങ്ങനെ യോഗ അഭ്യസിച്ചത് ഒരു കുറവായി ശ്രീനാരായണന്‍ കണ്ടിരുന്നില്ല. ഇവര്‍ തമ്മില്‍ ഗുരുവോ ശിഷ്യനോ എന്ന തര്‍ക്കം ചിലകേന്ദ്രങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ കുമാരനാശാന്‍പോലും അക്കാര്യത്തില്‍ ഇടപെടുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടു മഹാന്മാരില്‍ ഒരാളെ ഗുരുവോ ശിഷ്യനോ ആക്കുന്നതിനെ ആശാന്‍ എതിര്‍ത്തു.

തിരുവിതാംകൂറിലെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന തൈക്കാട് അയ്യാ സ്വാമികളില്‍നിന്നാണ് ചട്ടമ്പിസ്വാമി യോഗ അഭ്യസിച്ചത്. യോഗപഠനത്തിന്റെ അടിസ്ഥാനത്തില്‍ നവോത്ഥാനായകരെ ഗുരുവും ശിഷ്യനുമാക്കി ചിത്രീകരിക്കുന്നത് പന്തിയല്ല. എന്നിട്ടും ഇപ്പോള്‍ ഇങ്ങനെയൊരു തര്‍ക്കം കുത്തിപ്പൊക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. തത്വചിന്തയില്‍ രണ്ടുപേര്‍ക്കും ഒരുപാട് സാമ്യതകളുണ്ടായിരുന്നു. പക്ഷേ, പ്രവര്‍ത്തനശൈലിയില്‍ വ്യത്യാസവും.താത്വികമേഖലയോടൊപ്പം പ്രായോഗിക പ്രവര്‍ത്തനങ്ങളിലും മുഴുകിയെന്നതാണ് ശ്രീനാരായണന്റെ വ്യത്യസ്തത. പക്ഷേ, ചട്ടമ്പിസ്വാമികള്‍ പ്രായോഗിക പ്രവര്‍ത്തനത്തില്‍ അത്രമാത്രം മുന്നോട്ടുപോയിരുന്നില്ല. 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും കേരളത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും പൊയ്കയില്‍ യോഹന്നാനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദശിവയോഗിയെപ്പോലുള്ള സന്യാസിവര്യന്മാരും കുമാരനാശാനും വള്ളത്തോളും പോലെയുള്ള കവിശ്രേഷ്ഠന്മാരുമെല്ലാം വലിയ പങ്കാണ് വഹിച്ചത്.

തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മന്ദിരത്തിന്റെ ആദ്യകാല പണി നടക്കുമ്പോള്‍ അതിനാവശ്യമായ കല്ല് ചുമന്നതടക്കമുള്ള കൂലിവേലയെടുത്ത ഒരമ്മ വളര്‍ത്തിയ മകനാണ് കുഞ്ഞന്‍പിള്ള. ആ കുഞ്ഞന്‍പിള്ളയാണ് യുവാവായി ചട്ടമ്പിസ്വാമിയായത്. അബ്രാഹ്മണനായ കുഞ്ഞന്‍പിള്ള അധഃസ്ഥിത ജാതിക്കാര്‍ക്കും വേദപാരായണത്തിന് അവകാശമുണ്ടെന്നു സ്ഥാപിച്ച മഹര്‍ഷിവര്യനായി വളര്‍ന്നത് സാമൂഹ്യപരിഷ്കരണ ആശയം പ്രചരിപ്പിച്ചുകൊണ്ടാണ്. മതത്തിന്റെ മറവില്‍ നടന്ന അനാചാരങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. യാഗങ്ങളുള്‍പ്പെടെയുള്ള അപരിഷ്കൃത ആചാരങ്ങള്‍ക്കെതിരെ രംഗത്തുവന്നു. "യജ്ഞപീഠത്തിനുമേല്‍ പശുവിനെ ബന്ധിച്ച് നവദ്വാരബന്ധനം ചെയ്തശേഷം മര്‍മസന്ധികളില്‍ മര്‍ദിച്ച് നിഷ്ഠുരമായി കൊല്ലുന്ന കര്‍മംകൊണ്ട് സ്വര്‍ഗവാതില്‍ തുറന്നുകിട്ടുന്നതിനേക്കാള്‍ നല്ലത്, നരകത്തില്‍ പോകുന്നതല്ലേ"എന്ന് ചോദിച്ച മഹാനായിരുന്നു ചട്ടമ്പിസ്വാമികള്‍.

ഇങ്ങനെ ആത്മീയതയുടെ ബാഹ്യാവരണം ഉള്ളതെങ്കിലും ആധുനിക ജനാധിപത്യപ്രസ്ഥാനത്തിന്റെ ഉള്ളടക്കം നല്‍കിയ നവോത്ഥാനപ്രസ്ഥാനം നയിച്ചവരായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും. ഇവരുയര്‍ത്തിയ ദീപശിഖ തല്ലിക്കെടുത്തുകയാണ് യഥാര്‍ഥത്തില്‍ ഹിന്ദുസമുദായ ഐക്യമുന്നണിയെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് എന്‍എസ്എസ്- എസ്എന്‍ഡിപി നേതൃത്വങ്ങള്‍. ശ്രീനാരായണഗുരു തുടങ്ങിവച്ചത് ജാതിവിരുദ്ധ പ്രസ്ഥാനമായിരുന്നു. 1888ല്‍ അരുവിപ്പുറത്ത് ഔപചാരികമായി തുടങ്ങിയതായി കാണാവുന്ന ആ പ്രസ്ഥാനത്തിന്റെ പ്രത്യക്ഷ സംഘടനയായി 1903ല്‍ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെ (എസ്എന്‍ഡിപി) സ്ഥാപകനായിരുന്നു ഗുരു. ഇക്കാര്യത്തില്‍ ഡോ. പല്‍പ്പുവിന്റെ പങ്കും സ്മരണീയമാണ്. ഇതിന് തുടര്‍ച്ചയായി ദളിതരുടെ സംഘടനയായ സാധുജന പരിപാലനസംഘം 1905ല്‍ സ്ഥാപിച്ചു. അതിന് നേതൃത്വം നല്‍കിയത് അയ്യന്‍കാളിയാണ്. തിരുവിതാംകൂറിലെ കറകളഞ്ഞ വിപ്ലവകാരിയായിരുന്നു അയ്യന്‍കാളി. കൂലിക്കൂടുതലിനുവേണ്ടി കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പണിമുടക്ക് നടത്തിച്ച നേതാവാണ് അദ്ദേഹം. മാറുമറയ്ക്കാനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ചോര പൊടിഞ്ഞ സമരങ്ങളും നടത്തി.

1908ല്‍ നമ്പൂതിരി യോഗക്ഷേമസഭ നിലവില്‍വന്നു. നമ്പൂതിരിമാര്‍ക്കിടയിലെ അതിക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതിവരുത്താനുള്ള സമരവേദിയായി അതുമാറി. ഇ എം എസ്, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ ആദ്യകാല പരിശീലനക്കളരിയായിരുന്ന് അത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോള്‍ ഇ എം എസും ഒരു ഡസനോളം നമ്പൂതിരി വിദ്യാര്‍ഥികളും ഒന്നിച്ച് അവരവരുടെ പൂണൂലുകള്‍ പൊട്ടിച്ചെറിയുകയും തീയിടുകയും ചെയ്തു. പിന്നീട് അന്തര്‍ജനങ്ങളെ മറക്കുടയില്‍നിന്ന് അരങ്ങിലെത്തിക്കാനും വിധവാവിവാഹം നടത്തിക്കാനും മുന്നിട്ടുനിന്നു.

കേരളീയ ജീവിതത്തെ മുന്നോട്ടുനയിച്ച സുപ്രധാനമായ മറ്റൊരു ചുവടുവയ്പായി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) സ്ഥാപനം. "നായര്‍ സമുദായ ഭൃത്യജനസംഘം" എന്ന പേരില്‍ ചങ്ങനാശേരിയിലെ പെരുന്ന ആസ്ഥാനമായി രൂപംകൊണ്ടത് 1914ലാണ്. അതിനുമുമ്പ് സമുദായ ഉദ്ധാരകന്‍ സി കൃഷ്ണപിള്ളയുടെയും മറ്റും ഉത്സാഹത്തില്‍ കേരളീയ നായര്‍സമുദായമെന്ന ഒരു സംഘടനയും ഉണ്ടായിരുന്നു. പക്ഷേ, എന്‍എസ്എസാണ് വ്യാപ്തിയിലും സ്വാധീനത്തിലും മുന്നേറിയത്. എന്‍എസ്എസിന്റെ പ്രഥമാധ്യക്ഷന്‍ കെ കേളപ്പനായിരുന്നു. പൊതുകാര്യദര്‍ശി മന്നത്ത് പത്മനാഭപിള്ളയും. മന്നത്ത് ഭവനത്തിന്റെ പൂമുഖത്ത് മന്നത്തിന്റെ അമ്മ പാര്‍വതിയമ്മ കൊളുത്തിയ ഭദ്രദീപത്തിന് ചുറ്റുംനിന്ന് മന്നത്തും കേളപ്പനുമുള്‍പ്പെടെ 14 സ്ഥാപകാംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് രൂപം നല്‍കിയ സംഘടനയുടെ പേര് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കിയത്. 1878 ല്‍ ജനിച്ച് 1970ല്‍ വേര്‍പിരിഞ്ഞ മന്നത്താണ് എന്‍എസ്എസിന്റെ പരമോന്നത നേതാവായത്. വിമോചന സമരം അടക്കമുള്ള പില്‍ക്കാല നിലപാടുകള്‍ കാരണം ചില കറുത്തപുള്ളികള്‍ വീണെങ്കിലും മന്നത്ത് പത്മനാഭന്റെ ആദ്യകാലത്തെ തിളക്കമുള്ള സാമൂഹ്യപരിഷ്കരണ നിലപാടുകള്‍ സ്മരണീയമാണ്.

മന്നത്ത് സമുദായ സംഘടനാ പ്രവര്‍ത്തനത്തില്‍ ഉറച്ചുനിന്നപ്പോള്‍, കേളപ്പന്‍ മലബാറിലെത്തുകയും കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായി മാറുകയുംചെയ്തു. എന്നാല്‍, സമുദായ സംഘടനയിലൂടെ കേരളീയജീവിതത്തെ മുന്നോട്ടേക്ക് കൊണ്ടുപോകുന്നതിനുള്ള പല ഇടപെടലുകളും മന്നത്തിന്റെ നേതൃത്വത്തില്‍ നടന്നു. എന്‍എസ്എസിന്റെ പ്രഥമാധ്യക്ഷനായിരുന്ന കേളപ്പനും മന്നത്തും ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ (1931) പങ്കാളികളായി. 1924ലെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വക്കം സത്യഗ്രഹത്തിന്റെ നേതാക്കളിലൊരാളായിരുന്നു മന്നത്ത്; അവര്‍ണരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ സവര്‍ണജാഥയെ നയിച്ച നായര്‍ സമുദായാചാര്യന്‍. ഇവരുടെയെല്ലാം സമരങ്ങള്‍ക്ക് അടിസ്ഥാനമായത് ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ളവരുടെ നവോത്ഥാന ചിന്തകളായിരുന്നു.

ശ്രീനാരായണഗുരു നവോത്ഥാനായകനായത് ആദിശങ്കരനില്‍നിന്ന് വളര്‍ന്നതുകൊണ്ടാണ്. ആദിശങ്കരനായ ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും രണ്ടു കാലഘട്ടത്തില്‍ ജീവിച്ച മഹാന്മാരാണ്. ശ്രീശങ്കരന്‍ തന്റെ സിദ്ധാന്തം ബലപ്പെടുത്തിയത് എട്ടാം നൂറ്റാണ്ടിന്റെ അവസാനവും ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായിരുന്നു. എന്നാല്‍, 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യവുമാണ് ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനകാലം. രണ്ടുപേരും അദൈ്വതവേദാന്തികളും ആത്മീയദര്‍ശകരുമായിരുന്നു.

ജാതിസമൂഹത്തിന്റെയും അതിനെ ആസ്പദമാക്കി രൂപപ്പെടുത്തിയ ആശയപ്രപഞ്ചത്തിന്റെയും അടിത്തറ ഉറപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്തത്. അതേസമയം, ജാതിസമൂഹത്തിന്റെയും അതില്‍നിന്നുളവായ ആശയപ്രപഞ്ചത്തിന്റെയും അടി തകര്‍ക്കുകയാണ് ശ്രീനാരായണഗുരു ചെയ്തത്. ജാതിസമൂഹത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ബുദ്ധദര്‍ശനത്തെ താത്വികമായും പ്രായോഗികമായും തകര്‍ത്ത് ജാതിസമൂഹത്തെ ശ്രീശങ്കരന്‍ അരക്കിട്ടുറപ്പിച്ചപ്പോള്‍ ശ്രീബുദ്ധന്‍ ഉയര്‍ത്തിയതും ശ്രീശങ്കരന്‍ താഴ്ത്തിയതുമായ ജാതിവിരുദ്ധ കലാപക്കൊടി വീണ്ടുമുയര്‍ത്തുകയാണ് ശ്രീനാരായണഗുരു ചെയ്തത്. ഈ പ്രവൃത്തിയില്‍ ചട്ടമ്പിസ്വാമികളുള്‍പ്പെടെയുള്ളവര്‍ ശ്രീനാരായണഗുരുവിനൊപ്പം നിന്നു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ദര്‍ശനം ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുന്നുവെങ്കില്‍ എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും നേതാക്കള്‍, തങ്ങള്‍ ഉയര്‍ത്തിയ ഹിന്ദുസമുദായ മുന്നണിയെന്ന മുദ്രാവാക്യം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. പകരം സര്‍വമതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുക്കന്മാരുടെ വചനമുള്‍ക്കൊണ്ട് മാനവ സാഹോദര്യത്തിനുവേണ്ടി പട പൊരുതണം.

മാനവ സാഹോദര്യത്തെ നശിപ്പിക്കുന്നതാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് ഭരണം. അതില്‍ മുസ്ലിംലീഗിന്റെ അപ്രമാദിത്തവും അതിന്റെ ഭാഗമായി ഭരണത്തണലില്‍ അവര്‍ നടത്തുന്ന മുസ്ലിംസമുദായ ഏകീകരണ യജ്ഞവുമുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ ഉലയ്ക്കുന്നു. അതിനിടയാക്കിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന ദുര്‍ഭരണത്തെ അവസാനിപ്പിക്കാന്‍ തൊഴിലാളി- കര്‍ഷക ബഹുജനങ്ങളുടെ സമരമുന്നണിക്ക് പ്രോത്സാഹനം നല്‍കുകയും അതിന് ഇടതുപക്ഷജനാധിപത്യശക്തികള്‍ക്ക് കരുത്ത് പകരുകയുമാണ് ചെയ്യേണ്ടത്. അതിനുപകരം പ്രത്യക്ഷമായും പരോക്ഷമായും നിര്‍ണായകവേളകളില്‍ പ്രതിസന്ധിയില്‍പ്പെട്ട് യുഡിഎഫ് ഭരണത്തിന്റെ തേരില്‍നിന്ന് അച്ചാണി തെറിക്കുമ്പോള്‍ സ്വന്തം കൈവിരലുകള്‍ ഇട്ടുകൊടുക്കുന്ന സഹായപ്പണി സമുദായ സംഘടനാ നേതാക്കള്‍ ചെയ്യരുത്. നവോത്ഥാനായകരുടെ ചിന്തകള്‍ക്ക് വിരുദ്ധമായി ദേവസ്വം നിയമഭേദഗതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ക്കാനുള്ള ആര്‍ജവം എസ്എന്‍ഡിപി- എന്‍എസ്എസ് നേതൃത്വങ്ങള്‍ കാണിച്ചില്ലെന്നത് നിസ്സാരമായി തള്ളാവുന്നതല്ല.

ദൈവവിശ്വാസത്തിന്റെ പേരില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഓര്‍ഡിനന്‍സിന് ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ പിന്തുണയാണ് ഇരു സമുദായ സംഘടനാനേതാക്കളും നല്‍കിയതെന്നത് ഏറെ ലജ്ജാകരമാണ്. ചുണ്ടില്‍ ഭരണത്തിന്റെ മധുരം തേച്ചുകിട്ടിയാല്‍, ഇരു സമുദായനേതൃത്വവും ആചാര്യന്മാരെ മറന്ന് മൗനത്തിലാകുമെന്നു തെളിഞ്ഞു. പക്ഷേ, പ്രതിപക്ഷസമരവും ഭരണപക്ഷത്തെ എതിര്‍പ്പും ഉള്‍പ്പെടെ കേരള സമൂഹം ഉണര്‍ന്നപ്പോള്‍ ചുവടുമാറ്റി വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതമായി. ഈ സംഭവം യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്ന് എതിര്‍ക്കുകയെന്ന സന്ദേശമാണ് സമുദായ ഐക്യമുന്നണി നേതാക്കള്‍ക്ക് നല്‍കുന്നത്. ഇല്ലെങ്കില്‍ കേരളസമൂഹത്തിന്റെ പ്രയാണത്തില്‍ സമുദായ സംഘടനാ നേതാക്കളേ, നിങ്ങള്‍ വളരെ പിന്നിലാകും. സംവരണവിഷയത്തില്‍ സമവായം ഉണ്ടാക്കി സമുദായമുന്നണി ശക്തമാക്കാന്‍ സമുദായ സംഘടനാനേതാക്കള്‍ ഇറങ്ങുമ്പോള്‍ ചരിത്രത്തിനു മുന്നില്‍ സംവരണവുമായി ബന്ധപ്പെട്ട് സിപിഐ എം ഉയര്‍ത്തിയ നയപരമായ ശരിയുടെ ഒരു ചിരി തെളിയുന്നുണ്ട്.

കാലംതെളിയിച്ച സംവരണനയം

ഹിന്ദുസമുദായ ഐക്യപ്രഖ്യാപനം വാക്കില്‍ ഒതുങ്ങുന്നതല്ലെന്ന് നാടിനെ ബോധ്യപ്പെടുത്താനുള്ള ചുവടുവയ്പ് എസ്എന്‍ഡിപി, എന്‍എസ്എസ് നേതൃത്വങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ഐക്യസന്ദേശപത്രിക നല്‍കി. അതിന് തുടര്‍ച്ചയായി പിന്നോക്ക സംവരണത്തിലെ മേല്‍ത്തട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകളില്‍നിന്ന് പിന്മാറാന്‍ ഇരു സമുദായ സംഘടനകളും തീരുമാനിച്ചു. അങ്ങനെ പിന്നോക്കസമുദായ സംവരണം മേല്‍ത്തട്ടില്ലാതെ ലോകാവസാനംവരെ തുടരണമെന്ന നിലപാടില്‍നിന്ന് എസ്എന്‍ഡിപി യോഗനേതൃത്വം മാറി. അതുപോലെ പിന്നോക്കസമുദായ സംവരണത്തിലെ മേല്‍ത്തട്ടുവ്യവസ്ഥ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും ചില വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള നിലപാടില്‍നിന്ന് എന്‍എസ്എസ് നേതൃത്വവും പിന്മാറി. സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് നിശ്ചിത ശതമാനം സംവരണാനുകൂല്യം നല്‍കുന്നതിന് എതിരല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഇങ്ങനെ സംവരണം സംബന്ധിച്ച് ഏറെക്കുറെ സമവായനിലപാടിലേക്ക്, പരസ്പരം പോരടിച്ചുനിന്ന ഇരുകൂട്ടരും എത്തി.

സംവരണം സാധാരണയായി പൊട്ടിത്തെറിക്കുന്ന വിഷയമാണ്. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിനും വിദ്യാഭ്യാസപ്രവേശനത്തിനും അവസരം ലഭിക്കുന്നതിനുള്ള സംവരണം നിയമപരമായി നിലവില്‍വന്നത് വമ്പിച്ച ബഹുജനപ്രക്ഷോഭങ്ങളുടെയും അലയടിച്ചുയര്‍ന്ന പൊതുജനാഭിപ്രായങ്ങളുടെയും ഫലമായാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ സംവരണസംവിധാനങ്ങള്‍ വന്നതിനുശേഷമാണ് നാട്ടുരാജ്യങ്ങളില്‍ അതുണ്ടായത്. പക്ഷേ, ഈ സ്ഥലങ്ങളിലെല്ലാം സംവരണം വരുന്നതിന് പശ്ചാത്തലമായത് അതിനുവേണ്ടി നടത്തിയ പ്രക്ഷോഭമാണ്. കേരളം രൂപംകൊള്ളുന്നതിന് 65 വര്‍ഷംമുമ്പ് സംവരണത്തിനുവേണ്ടി മലയാളമണ്ണില്‍ സമരം നടന്നു. അതാണ് 121 വര്‍ഷംമുമ്പ്, പരദേശി ബ്രാഹ്മണന്മാര്‍ക്ക് പോരാ, സ്വദേശികളായ വിദ്യാസമ്പന്നര്‍ക്ക് ഉദ്യോഗം വേണം എന്ന ആവശ്യമുയര്‍ത്തി തിരുവിതാംകൂറില്‍ നടന്ന മലയാളി മെമ്മോറിയല്‍ അഥവാ തിരുവിതാംകൂര്‍ മെമ്മോറിയല്‍ (1891). നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ ഒന്നിച്ചുനിന്ന് നടത്തിയ പ്രക്ഷോഭമായിരുന്നു ഇത്. എസ്എന്‍ഡിപി യോഗം രൂപീകരിക്കുന്നതിനുമുമ്പായിരുന്നു ഇത്.

മലയാളി മെമ്മോറിയലിനുശേഷവും സര്‍ക്കാരില്‍നിന്ന് അനുകൂലനടപടി ഉണ്ടാകാത്തതിനെതുടര്‍ന്ന് ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ അവര്‍ണസമുദായക്കാര്‍ തിരുവനന്തപുരത്ത് കൂടി "ഈഴവ മഹാസഭ"യ്ക്ക് രൂപംനല്‍കുകയും 13,176 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മഹാരാജാവിന് 1896 സെപ്തംബര്‍ മൂന്നിന് സമര്‍പ്പിക്കുകയും ചെയ്തു. വിദേശത്തുനിന്നടക്കം ഉന്നത മെഡിക്കല്‍ ബിരുദം നേടിയിട്ടും തിരുവിതാംകൂര്‍ സര്‍വീസില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്‍പ്പുവിനുപുറമെ മഹാകവി കുമാരനാശാന്‍, ടി കെ മാധവന്‍, സി വി കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി കൃഷ്ണന്‍ എന്നിവരും ഇതിന് നേതൃത്വം നല്‍കി.

പുലയസമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണ്‍ പണിയെങ്കിലും കിട്ടണമെന്ന് ആവശ്യപ്പെട്ട് 1926 നവംബര്‍ 12ന് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ പ്രസംഗിച്ചു. ഈ ആവശ്യങ്ങളെല്ലാം നിരാകരിച്ച പശ്ചാത്തലത്തിലാണ് 1932ലെ നിവര്‍ത്തനപ്രക്ഷോഭം. ഇതിന് നായര്‍ ഇതര സമുദായങ്ങളാണ് നേതൃത്വം നല്‍കിയത്. ജനസംഖ്യാനുപാതികമായി എല്ലാ സമുദായങ്ങള്‍ക്കും, പ്രത്യേകിച്ച് ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ഭരണത്തിലും ഉദ്യോഗത്തിലും പ്രാമുഖ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് 1933 ഡിസംബര്‍ ഏഴിന് മഹാരാജാവിന് നിവേദനവും നല്‍കി. 1935 മേയില്‍ കോഴഞ്ചേരിയില്‍ സി കേശവന്‍ നടത്തിയ പ്രസംഗവും അറസ്റ്റും പ്രക്ഷോഭത്തിന് കരുത്തുപകര്‍ന്നു. നിവര്‍ത്തനപ്രക്ഷോഭത്തെ പിന്തുണച്ച് ഇ എം എസിന്റെ നേതൃത്വത്തിലുള്ള "പ്രഭാതം" രംഗത്തെത്തി. അവസാനം നിവര്‍ത്തനപ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ രാജഭരണം നിര്‍ബന്ധിതമായി. മത, ജാതി പരിഗണനയില്ലാതെ മെറിറ്റ് നോക്കി സര്‍വീസില്‍ നിയമനം നടത്തുന്നതിനുള്ള പബ്ലിക് സര്‍വീസ് കമീഷണറെ നിയമിച്ച് ഉത്തരവായി. ജനസംഖ്യാടിസ്ഥാനത്തില്‍ സമുദായസംവരണ മാനദണ്ഡവും നിയമനത്തില്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലും ഇതിന് സമാനമായ സംവിധാനം വന്നു. എന്നാല്‍, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറില്‍ പിന്നോക്കസമുദായ സംവരണം 1921ല്‍തന്നെ നടപ്പില്‍വന്നിരുന്നു.

ഇതൊക്കെയാണെങ്കിലും പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണവും യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനവും സുവ്യക്തമായി കേരളത്തിലാകെ നിയമപരമായി നടപ്പാക്കിയത് 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. കേരളപ്പിറവിക്കുമുമ്പ് പിന്നോക്കവിഭാഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 35 ശതമാനം സംവരണം 40 ശതമാനമായി ഉയര്‍ത്തുകയും പട്ടികജാതി- പട്ടികവര്‍ഗ സംവരണം 10 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തത് ഇ എം എസ് സര്‍ക്കാരാണ്. അങ്ങനെ രാജ്യത്താദ്യമായി നിയമനങ്ങളില്‍ 50 ശതമാനം സംവരണവും 50 ശതമാനം മെറിറ്റും എന്ന വ്യവസ്ഥ നിലവില്‍വന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയടക്കം നിയമനങ്ങള്‍ പിഎസ്സി മുഖാന്തരമാക്കിയതും ഇ എം എസ് സര്‍ക്കാരാണ്.

ഈ ചരിത്രപശ്ചാത്തലത്തില്‍ വേണം പില്‍ക്കാല സംവരണനയത്തെയും വിഷയങ്ങളെയും സമീപിക്കാന്‍. കേരളപ്പിറവിക്കുമുമ്പും ശേഷവും സംവരണനയത്തില്‍ തെളിമയുള്ള കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇ എം എസിനെയും എത്രമാത്രം ആക്രമിക്കുകയായിരുന്നു സംവരണസംരക്ഷണ നേതാക്കളെന്നത് ഈ ഘട്ടത്തില്‍ ഓര്‍മിക്കുന്നത് നല്ലതാണ്. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് രൂപീകരിച്ച, ഇ എം എസ് അധ്യക്ഷനായ ഭരണപരിഷ്കാര കമീഷന്‍ സംവരണത്തില്‍ ഒരു പ്രധാന ഭേദഗതി നിര്‍ദേശിച്ചിരുന്നു. സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് സംവരണം തുടരുന്നതിനോടൊപ്പംതന്നെ പിന്നോക്കജാതിക്കാരിലെ ധനപരമായി മുന്നണിയിലുള്ള വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് ഒഴിവാക്കണം എന്നതായിരുന്നു അത്. ഈ നിര്‍ദേശത്തിന് ഇ എം എസിനെ പ്രേരിപ്പിച്ചത് മലയാളത്തിന്റെ മഹാകവിയും എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ നിലപാടായിരുന്നു. പിന്നോക്കമെന്നോ അധഃകൃതരെന്നോ പറയപ്പെടുന്ന സമുദായങ്ങളില്‍ സര്‍ക്കാര്‍ സൗജന്യത്തിന്റെ ആവശ്യമോ അര്‍ഹതയോ ഇല്ലാത്ത കുട്ടികളുണ്ടെന്നും അവര്‍ക്ക് വിദ്യാഭ്യാസ സൗജന്യം നല്‍കുന്നത് പാഴ്ച്ചെലവാണെന്നും 1921 മാര്‍ച്ച് 10ന് ശ്രീമൂലം അസംബ്ലിയില്‍ കുമാരനാശാന്‍ ചൂണ്ടിക്കാണിച്ചു. പുലയര്‍, പറയര്‍ മുതലായ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യങ്ങള്‍ അനുസ്യൂതമായി തുടരണമെന്നും ആശാന്‍ നിര്‍ദേശിച്ചു. ആശാനെ ഇതിന് പ്രേരിപ്പിച്ചത് അന്ന് നിലവിലുണ്ടായിരുന്ന ജാതിഘടനയ്ക്കുള്ളിലെ ജാതിവൈരുധ്യമായിരുന്നു; ഒരേസമുദായത്തിലെ ധനസ്ഥിതിയുള്ള തറവാടികള്‍, അതില്ലാത്ത സാമാന്യ സമുദായ അംഗങ്ങളോട് കാണിച്ച ഗര്‍വും അസൂയയുമായിരുന്നു. ഈഴവരിലെ സാമ്പത്തികമായി പിന്നോക്കംനിന്ന കുടുംബത്തില്‍പ്പെട്ട കുമാരനാശാന് സമ്പന്നരായ ഈഴവരില്‍നിന്ന് മോശമായ പെരുമാറ്റം പലതവണയുണ്ടായി. ഇങ്ങനെ ആഭിജാത ഈഴവരും ദരിദ്ര ഈഴവരും ഒരു ജാതിയില്‍തന്നെ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ ഒരുപരിധിവരെ ഉപകരിക്കുന്നതാണ് സംവരണം ആ സമുദായത്തിലെ ദരിദ്രര്‍ക്ക് ആദ്യം കിട്ടണമെന്നത്. ഈ ആശയമാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശചെയ്തത്.

ഇതിന്റെ പേരില്‍ എന്തെല്ലാം പുകിലായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ഇ എം എസ് പങ്കെടുത്ത കുളത്തൂരിലെ പൊതുയോഗത്തില്‍ കേരളകൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്‍ ഇ എം എസിനെതിരായി നടത്തിയ സംവരണസംരക്ഷണപ്രസംഗത്തെ കേരളകൗമുദിയും സംവരണസംരക്ഷണക്കാരും ഇന്നും കൊട്ടിഘോഷിക്കുന്നുണ്ടല്ലോ. പിന്നോക്കസമുദായ സംവരണത്തിന് മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്താന്‍ സമയമായില്ലെന്ന അഭിപ്രായം അന്ന് ഇ എം എസ്കൂടി പങ്കെടുത്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പക്ഷേ, അന്നുയര്‍ത്തിയ ആശയം കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് ഉപേക്ഷിച്ചില്ല. സുകുമാരന്റെ കുളത്തൂര്‍ പ്രസംഗത്തോടൊപ്പമല്ല, ഇ എം എസിന്റെ നിലപാടിനൊപ്പമായി ഇന്ന് എസ്എന്‍ഡിപി യോഗം. കമ്യൂണിസ്റ്റ് നിലപാടിനെ സാധൂകരിക്കുന്നതാണ്, പിന്നോക്കസമുദായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് വാര്‍ഷികവരുമാനം കണക്കാക്കണമെന്ന 1965ലെ കുമാരപിള്ള കമീഷന്‍ ശുപാര്‍ശയും ഉദ്യോഗസംവരണത്തിന് സംവരണാനുകൂല്യമുള്ള കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി കണക്കിലെടുക്കണമെന്ന 1970ലെ നെട്ടൂര്‍ പി ദാമോദരന്‍ ചെയര്‍മാനായ നെട്ടൂര്‍ കമീഷന്റെ ശുപാര്‍ശയും.

നെട്ടൂര്‍ കമീഷന്‍ ശുപാര്‍ശയെതുടര്‍ന്ന് എന്‍എസ്എസും എസ്എന്‍ഡിപിയും രണ്ടുചേരിയില്‍നിന്ന് തെരുവിലിറങ്ങി ഏറ്റുമുട്ടി. പിന്നീട് സംവരണത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്തി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കേരളത്തിനുമായില്ല. ഈ ഘട്ടത്തിലാണ് സിപിഐ എമ്മിനെ വലിയതോതില്‍ ഒറ്റപ്പെടുത്തി പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കക്ഷികളടക്കം യോജിച്ച് കേരള നിയമസഭയില്‍ സംവരണസംരക്ഷണ നിയമം പാസാക്കിയത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. സംവരണസംരക്ഷണ ബില്ലിനെ കേരള നിയമസഭയില്‍ എതിര്‍ത്ത ഏക രാഷ്ട്രീയപ്രസ്ഥാനം സിപിഐ എമ്മാണ്. അന്ന് പാര്‍ടി മുന്നോട്ടുവച്ച സംവരണനയത്തില്‍ മൂന്നു നിര്‍ദേശങ്ങളുണ്ടായിരുന്നു.

1. പിന്നോക്കസമുദായ സംവരണത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യപരിഗണന സംവരണാനുകൂല്യമുള്ള സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുക.
2. സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ള പാവപ്പെട്ടവര്‍ മതിയായത്ര എണ്ണം ഇല്ലെങ്കില്‍ ആ ഒഴിവില്‍ അതേസമുദായത്തിലെ മേല്‍ത്തട്ടുകാരെ പരിഗണിക്കുക.
3. മുന്നോക്കസമുദായത്തിലെ ദരിദ്രര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നല്‍കുക.

സിപിഐ എം അന്നുയര്‍ത്തിയ ഈ നയത്തിന്റെ പാതയിലേക്കാണ് സംവരണവിഷയത്തില്‍ സമവായമുണ്ടാക്കിയതിലൂടെ ഏറെക്കുറെ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നേതാക്കള്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ സിപിഐ എം ഉയര്‍ത്തിപ്പിടിച്ച സംവരണനയത്തിന്റെ ശരി കാലം തെളിയിച്ചിരിക്കുകയാണ്.


*****

ആര്‍ എസ് ബാബു

Friday, June 24, 2011

വനിതാ സംവരണം: വേണ്ടത് ആത്മാര്‍ഥത

വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടതില്‍ ആരും അദ്ഭുതപ്പെടില്ല. ബില്ലിനെ ശക്തിയായി എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും യോഗത്തില്‍ നിന്നു വിട്ടുനിന്നപ്പോള്‍ തന്നെ സമവായ ശ്രമം വിജയിക്കില്ലെന്ന് വ്യക്തമായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ആര്‍ ജെ ഡിയാണെങ്കില്‍ ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ പാസാക്കുന്നതിന് എതിരാണ്. സംവരണത്തിനകത്ത് ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം വേണമെന്നാണ് ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുടെ ആവശ്യം.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭ കഴിഞ്ഞ മാര്‍ച്ചിലാണ് പാസാക്കിയത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികള്‍ ബില്‍ പാസാക്കുന്നത് തടയാന്‍ രാജ്യസഭയില്‍ കുത്തിയിരിപ്പ് സമരം വരെ നടത്തിയിരുന്നു. സഭയ്ക്കകത്ത് സമരം ചെയ്തവരെ ബലമായി പുറത്താക്കിയാണ് ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ നേട്ടമായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അവകാശപ്പെടുകയും ചെയ്തു. അതോടെ ബില്‍ നിയമമാക്കാനുള്ള നടപടികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബില്‍ നിയമമാകണമെങ്കില്‍ ലോക്‌സഭയും അംഗീകരിക്കണം. അതിനുള്ള രാഷ്ട്രീയ ഇഛാശക്തി കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്നില്ല. ''ഞങ്ങള്‍ ശ്രമിച്ചു. സമവായമില്ലാത്തതുകൊണ്ട് ബില്‍ പാസാക്കാന്‍ കഴിയുന്നില്ല''- ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ന്യായവാദം. യു പി എ സര്‍ക്കാര്‍ രാഷ്ട്രത്തിനു നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വനിത സംവരണ നിയമം എന്ന കാര്യം അവര്‍ മറക്കുകയാണ്. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ നൂറു ദിവസങ്ങള്‍ക്കകം നടപ്പാക്കാനുള്ള ചില പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. 2009ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നൂറു ദിവസത്തിനകം യാഥാര്‍ഥ്യമാക്കുന്ന രണ്ടു നിയമങ്ങളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ഒന്ന് വനിതാ സംവരണ നിയമം. മറ്റൊന്ന് ഭക്ഷ്യ സുരക്ഷാ നിയമം. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഈ രണ്ടു നിയമങ്ങളും കട്ടപ്പുറത്താണ്.

പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയാല്‍ മാത്രമേ വനിതാ സംവരണ നിയമം കൊണ്ടുവരികയുള്ളൂവെന്നായിരുന്നില്ല യു പി എയുടെ വാഗ്ദാനം. സംവരണത്തോടു ചില പാര്‍ട്ടികള്‍ക്കുള്ള എതിര്‍പ്പ് ഒരു രഹസ്യമല്ല. രാജ്യസഭയില്‍ അതു കണ്ടതാണ്. ബില്ലിനെ പരസ്യമായി അനുകൂലിക്കുന്ന കോണ്‍ഗ്രസിലും ബി ജെ പിയിലും വനിതാ സംവരണത്തോട് എതിര്‍പ്പുള്ളവരുണ്ട്. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കുന്നത് നീണ്ടുപോകുന്നതിന് ഇതും ഒരു കാരണമാണ്.

വനിതാ സംവരണ നിയമം യാഥാര്‍ഥ്യമാക്കാന്‍ ഗവണ്‍മെന്റിന് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കില്‍ മറികടക്കാവുന്ന തടസങ്ങളെ ഇപ്പോഴുള്ളു. ബില്ലിന്റെ ഇന്നത്തെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ബില്ലിനെ എതിര്‍ക്കുന്ന ചില പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നുണ്ട്. സംവരണ തോതില്‍ ചില മാറ്റങ്ങള്‍ അവര്‍ നിര്‍ദേശിക്കുന്നുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തിയാല്‍ മാത്രമെ അത്തരം നിര്‍ദേശങ്ങളെ കുറിച്ച് വ്യക്തതയുണ്ടാവുകയുള്ളൂ. എല്ലാ പാര്‍ട്ടികളുടെയും പൂര്‍ണ പിന്തുണയോടെ, ഏകകണ്ഠമായി മാത്രമേ ബില്‍ പാസാക്കാനാവൂ എന്ന നിലപാട് സ്വീകരിച്ചാല്‍ വനിതാ സംവരണം ഒരിക്കലും യാഥാര്‍ഥ്യമാകില്ല.

പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചതുകൊണ്ട് മാത്രം ബില്‍ പാസാക്കാനാവില്ല. അതെല്ലാം പ്രചരണത്തിനു കൊള്ളാം. ഗവണ്‍മെന്റ് മുന്‍കൈ എടുത്തുകൊണ്ട് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണാവശ്യം. ഇതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ വനിതാ സംവരണത്തില്‍ താല്‍പര്യമുള്ള പാര്‍ട്ടികളും സംഘടനകളും മുന്നോട്ടുവരണം.

*
ജനയുഗം മുഖപ്രസംഗം 24 ജൂണ്‍ 2011

Friday, May 6, 2011

തിരുമേനീ, ''നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക, പിന്നെയാകട്ടെ അപരന്റെ കണ്ണിലെ കരട്!''

ഏതാണ്ടു 35 വര്‍ഷം മുമ്പ് ഞാന്‍ അന്നത്തെ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ 'മിഷന്‍' ഇടവക(പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന 'ഉപദേശി'മാരുടെ മാസശമ്പളം 50 നും 100 നും ഇടയ്ക്കായിരുന്നു. ഉപദേശിമാരുടെ മുഖ്യജോലിയായി ഉണ്ടായിരുന്നതു വൈദികന്‍ നിശ്ചയിക്കുന്ന ദിവസം നിശ്ചിത സമയത്ത് കുര്‍ബ്ബാന ഉണ്ടായിരിക്കും എന്ന് മിഷന്‍ സ്റ്റേഷനിലെ ഓരോ വീട്ടിലും ചെന്നറിയിക്കുക, അതുപോലെ മരണമുണ്ടായാല്‍ എല്ലാ വീട്ടിലും അറിയിക്കുക, എല്ലാ ദിവസവും വൈകിട്ടു പല വീടുകളിലായി ഒത്തുകൂടുന്ന കുടുംബപ്രാര്‍ത്ഥനയില്‍ പ്രമുഖസ്ഥാനം-വികാരിയച്ചന്റെ സ്ഥാനം- അലങ്കരിക്കുക, ബൈബിള്‍ പ്രഘോഷണം നടത്തുക, പിന്നെ ഓരോ വികാരിയച്ചനും നിര്‍ദ്ദേശിക്കുന്നതു മുഴുവന്‍ ചെയ്യുക എന്നിപ്രകാരമാണ്. ഇങ്ങനെ കഷ്ടപ്പെട്ടു വികാരിയച്ചനും ഇടവകജനങ്ങള്‍ക്കും വേണ്ടി ജോലി ചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്നു ഞങ്ങള്‍, കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. 250 രൂപയെങ്കിലും അവര്‍ക്കു കിട്ടണമെന്നും അവര്‍ക്കു മറ്റു അനുബന്ധ തൊഴില്‍സാദ്ധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നുമുള്ള ഡിമാന്റുകള്‍ വച്ച് അവരെ 'ഹരിജന്‍ ക്രിസ്ത്യന്‍ ഫോറം' എന്ന പേരില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ബിഷപ്പും അദ്ദേഹത്തിനൊപ്പം നിന്ന വൈദികഗണവും ഞങ്ങളുടെ ഈ നീക്കത്തെ മുളയിലേ നുള്ളിക്കളഞ്ഞു. തുടര്‍ന്നു നടന്ന വൈദികരുടെ പല ജനറല്‍ കോണ്‍ഫ്രന്‍സിലും ഞങ്ങള്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിട്ടെങ്കിലും, ശക്തിയും സ്വാധീനവും ആള്‍ബലവുമുള്ള വൈദികഗണവും ബിഷപ്പും യുവവൈദികരായ ഞങ്ങളുടെ ഡിമാന്റ് പുച്ഛിച്ചു തള്ളിക്കളഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തില്‍ മിഷന്‍ ഇടവകയില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ ചെറുസംഘത്തെ ഏതാണ്ടു മുഴുവനായിത്തന്നെ പരമ്പരാഗത ക്രൈസ്തവരുടെ വലിയ ഇടവകകളിലേയ്ക്കു സ്ഥലംമാറ്റി; മാത്രമല്ല, കൊല്ലം രൂപതയെത്തന്നെ രണ്ടാക്കി. അതിന്റെ അടിസ്ഥാനമോ, പരമ്പരാഗത ഇടവകകള്‍ക്കു കൊല്ലം രൂപത; മിഷന്‍ ഇടവകകള്‍ക്കു പുനലൂര്‍ രൂപത എന്നതായിരുന്നു. ഞാന്‍ കൊല്ലം രൂപതയുടെ ഭാഗമായി. പിന്നെ ഉപദേശിമാരുടെ ഗതി അറിയില്ലായിരുന്നു.

രണ്ടാഴ്ചയ്ക്കു മുമ്പു കൊട്ടാരക്കരയ്ക്കു പോയ വഴി അടൂര്‍ ബസ്സ്റ്റാന്റില്‍ ഇറങ്ങി. ചായ കുടിക്കാന്‍ അടുത്ത കടയില്‍ കയറി. എന്റെ എതിര്‍വശത്തിരുന്ന ചായകുടിക്കുന്ന വ്യക്തിയെ കണ്ടുമറക്കുന്നതായി തോന്നി. ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു. എന്റെ പഴയ ഇടവകക്കാരില്‍ ആരെങ്കിലുമായിരിക്കുമോ എന്നു മനസ്സില്‍ തെരഞ്ഞു അദ്ദേഹത്തെ നോക്കി ഞാന്‍ ചിരിച്ചിട്ടു 'അറിയുമോ?' എന്നു ചോദിച്ചു.

'അലോഷ്യസച്ചന്‍?' അദ്ദേഹം പ്രതികരിച്ചു.

'മത്തായി (പേര് മാറ്റിയിട്ടുണ്ട്) ഉപദേശി?'

'അതെ' എന്നുത്തരം

പ്രായാധിക്യം കൊണ്ടും പട്ടിണി-രോഗം കൊണ്ടും തീര്‍ത്തും ക്ഷീണിതന്‍. കുറച്ചുസമയം പഴയകാര്യങ്ങള്‍ ഞങ്ങള്‍ അയവിറക്കി; സംഘടിക്കാന്‍ ശ്രമിച്ച കാര്യം ഉള്‍പ്പെടെ. ഇപ്പോള്‍ എന്തുണ്ടു ശമ്പളം എന്നു ചോദിച്ചപ്പോള്‍ 'ഈയിടെ വന്ന ബിഷപ്പ് ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 400 രൂപയുണ്ട്.'

'ഇതുകൊണ്ട് എങ്ങനെ ജീവിക്കു'മെന്ന എന്റെ ചോദ്യത്തിനു 'ഭാര്യ അണ്ടിയാപ്പീസില്‍ പോകുമായിരുന്നു. അതായിരുന്നു യഥാര്‍ത്ഥ വരുമാനമാര്‍ഗ്ഗം. ഇപ്പോള്‍ അവള്‍ക്കു ഇരുന്നു ജോലി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ നടുവിനു വേദന. ജീവിതം ദുരിതത്തിലാണ്.' ഒരു രൂപതയിലെ ഏതാണ്ടു 40 വര്‍ഷം സര്‍വ്വീസുള്ള ഉപദേശിയുടെ മാസശമ്പളമാണ് 400 രൂപ എന്ന വെളിപ്പെടുത്തല്‍ എന്നെ സ്തബ്ധനാക്കി. വൈകിട്ടു ജനജാഗൃതിയില്‍ എത്തി ന്യൂസ് കേള്‍ക്കാനായി ടി വി ഓണ്‍ ചെയ്തു. അന്നത്തെ പ്രധാനവാര്‍ത്തകളില്‍ ഒന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെ സി ബി സി)യുടെ തൊഴില്‍കാര്യ കമ്മീഷന്‍, കെ സി ബി സി യുടെ പേരില്‍ മെയ് ഒന്നിന്റെ സന്ദേശം സംയുക്ത ഇടയലേഖനമായി ഇറക്കിയിരിക്കുന്നു. അതില്‍ നോക്കുകൂലിയ്ക്ക് എതിരെയും ഉദ്യോഗസ്ഥര്‍ വേണ്ടവിധം ജോലി ചെയ്യാത്തതിനെതിരെയും വിരല്‍ ചൂണ്ടിയിരിക്കുന്നു. ഒപ്പം സഭ എന്നും തൊഴിലാളിയുടെ, പ്രത്യേകിച്ചും അസംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്നുണ്ട് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ടിവിയില്‍ കാണുകയും കേള്‍ക്കുകയും ചെയ്തതും നേരത്തെ കണ്ട 40 വര്‍ഷം സര്‍വ്വീസുള്ള മത്തായി ഉപദേശിയുടെ വാക്കുകളും തമ്മിലുള്ള പൊരുത്തക്കേട് എന്നില്‍ വല്ലാത്ത മുറിവുണ്ടാക്കി.
സംയുക്ത ഇടയലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിക്കട്ടെ:

''വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കും ഉന്നമനത്തിനുമായിട്ടുള്ള ഉപാധിയായിട്ടാണ് സഭ തൊഴിലിനെ കാണുന്നത്. അതിനാല്‍ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും എക്കാലവും സഭ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്'' (പാര. 2)

''തൊഴിലും ദാരിദ്ര്യവും തമ്മില്‍ ബന്ധമുണ്ട്. ...... നിയമാനുസൃതമായ മിനിമം കൂലി തൊഴില്‍ദാതാക്കള്‍ നല്കാനും പലപ്പോഴും തയ്യാറാകുന്നില്ല'' (പാര.5)

''തൊഴിലാളിയുടെ കൂലി അവന്റെയും അവനെ ആശ്രയിച്ചു കഴിയുന്നവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും, അല്പം മിച്ചം വച്ച് സ്വത്ത് സമ്പാദിക്കാനും ഉതകുന്നതായിരിക്കണം എന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ തന്റെ 'റേറും നൊവരും' എന്ന ചാക്രീയലേഖനത്തിലൂടെ പഠിപ്പിക്കുന്നുണ്ട്'' (പാര.6)

''ന്യായമായ കൂലി തൊഴിലാളികളുടെ അവകാശമാണ്. ന്യായമായ കൂലി കൊടുക്കാതിരിക്കുന്നതു തെറ്റാണെന്നാണ് തിരുസ്സഭ പഠിപ്പിക്കുന്നത്'' (പാര.7)

''അതുപോലെ തന്നെ അദ്ധ്വാനിക്കാതെ പണം വാങ്ങുന്നതും തെറ്റാണ്. നോക്കുകൂലി പോലെയുള്ള തെറ്റായ ശൈലികള്‍ പരിഷ്‌കൃത സമൂഹത്തിനു ഒട്ടും സ്വീകാര്യമല്ല .... സര്‍ക്കാര്‍ ഓഫീസുകളിലെ നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും ജോലിയൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. അതു ഏറെക്കുറെ സത്യമാണുതാനും ...'' (പാര.8)

''മിനിമം കൂലിയും നിലവിലുളഅള തൊഴില്‍ നിയമങ്ങളും തീക്ഷ്ണതയോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനുള്ള ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുത്തണം.'' (പാര.13)

ഇത് ഒപ്പിട്ടിരിക്കുന്നതോ ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം, ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമ്മീഷന്‍, ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയും ബിഷപ് ഡോ. യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, വൈസ് ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമ്മീഷന്‍.

നോക്കുകൂലി ശരിയല്ല, ഉദ്യോഗസ്ഥര്‍ ജോലിയില്‍ അലംഭാവം കാട്ടുന്നതും ശരിയല്ല. ഇവ തിരുത്തപ്പെടണം. പക്ഷേ എന്താണു ബിഷപ്പുമാരും വൈദിക-സന്യസ്ത-കന്യാസ്ത്രീ ഗണവും ചെയ്യുന്നത്? ധാരാളം കാര്യങ്ങള്‍ എടുത്തുകാട്ടാം. ചില കാര്യങ്ങള്‍ മാത്രം പറയട്ടെ.

ആയിരക്കണക്കിനു എയിഡഡ്-അണ്‍എയിഡഡ് സഭാസ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിനു അദ്ധ്യാപകരും മറ്റുദ്യോസ്ഥരും പണിചെയ്യുന്നു. ഇവരെയൊക്കെ നിയമിക്കുന്നതു സഭാധികാരികള്‍ തന്നെ. ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യ ഘടകത്തിലൊന്നാണു സംവരണം. അതു സര്‍ക്കാര്‍ മാത്രം പാലിച്ചാല്‍ പോരാ. സര്‍ക്കാര്‍ ധനം വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും അതിനു ബാധ്യതയുണ്ട്. അദ്ധ്യാപകരുള്‍പ്പെടെ മുഴുവന്‍ സ്റ്റാഫിന്റെയും ശമ്പളവും അലവന്‍സുകളും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കു(ചിലപ്പോള്‍ പള്ളിപ്പുരകള്‍ക്ക് വരെ)മുള്ള മെയിന്റനന്‍സ് ഗ്രാന്റും കണ്ടിന്‍ജന്റ് ഫണ്ടും മറ്റും പൊതുഖജനാവില്‍ നിന്നെടുത്തുതരുന്നതാണ്. ദുഷ്ടപാരമ്പര്യവും ദുരാചാരങ്ങളും ചവിട്ടിയരച്ച അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്റെ അവകാശമാണ് സംവരണം. എസ്.സി.-എസ്.ടി-ഒ.ബി.സി വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംവരണം നീതിബോധമുള്ള ഏതൊരു പ്രസ്ഥാനത്തലവനും അംഗീകരിക്കേണ്ടതല്ലേ? പക്ഷേ സഭ അതു നല്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയോടുള്ള വിധേയത്വത്തിനു പുറമേ, യേശുവിന്റെ അടിസ്ഥാന ദരിദ്രപക്ഷ കാഴ്ചപ്പാടോടു ഇവര്‍ക്കു വിശ്വസ്തതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍, സംവരണം 100% വും സഭാസ്ഥാപനങ്ങളില്‍ നടപ്പിലാക്കുമായിരുന്നു. പക്ഷേ സത്യം അതല്ല. ന്യായമായും അര്‍ഹരായ ഈ ദരിദ്രജനതയെ തഴഞ്ഞുകൊണ്ട്, തങ്ങള്‍ക്ക് 'ഊഴിയം' ചെയ്യുന്ന, 'ഓ ച്ചാ' മുളുന്ന, ആളുകളെ നിയമിച്ചു തങ്ങളുടെ അധികാരം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുന്ന സഭാനേതൃത്വത്തിനു എങ്ങനെ സാമൂഹ്യനീതിയെപ്പറ്റിയും തൊഴിലാളി താല്പര്യത്തെപ്പറ്റിയും പറയാന്‍ പറ്റും?

സഭയുടെ സ്വകാര്യസ്ഥാപനങ്ങളായ അനാഥശാലകള്‍, ആതുരാലയങ്ങള്‍, ആശുപത്രികള്‍, കരുണാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, തൊഴില്‍പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവ. ഇവിടെ 'മിനിമം കൂലി' പോലും കൊടുക്കുന്നില്ല എന്നതു പച്ചയായ യാഥാര്‍ത്ഥ്യം. ഇവിടെ സഭാധികാരികള്‍ക്കു യാതൊരു മനക്കടിയുമില്ലാതെ 'നീതിപൂര്‍വ്വമായ കൂലി നല്കണ'മെന്നു പറയുന്ന സഭാനേതൃത്വത്തിന്റെ കാപട്യം അപാരം.

ഇടവക വികാരിമാരുടെ കുശിനികളിലും മഠങ്ങളിലെ അടുക്കളകളിലും സഭാസ്ഥാപനത്തിന്റെ പറമ്പിലും മറ്റും ജോലി ചെയ്യുന്നവരുടെ കൂലിയില്‍ എപ്പോഴും രക്ഷകരുടെ മൂടുപടമണിഞ്ഞു ക്രൂരമായി ചൂഷണം ചെയ്യുന്ന അവസ്ഥ ഇന്നും എവിടെയും കാണുന്നു.

വൈദികര്‍ (മെത്രാന്‍ ഉള്‍പ്പെടെ) ദേഹമനങ്ങാതെ ചെയ്യുന്ന അര മണിക്കൂര്‍ കുര്‍ബ്ബാനയ്ക്കും ഒന്നു-രണ്ടു മിനിട്ടു നേരത്തെ വിവിധ ഭക്തകൃത്യങ്ങള്‍ക്കും മറ്റും എന്തു കനത്ത ഫീസാണു വാങ്ങുന്നത്! ഇതു അനീതിയാണെന്നു അവര്‍ക്കു തോന്നിന്നില്ലെന്നു മാത്രമല്ല, ഇതില്‍ വരുന്ന കുടിശിക എല്ലാം കൂട്ടിയിട്ടു മനുഷ്യന്റെ ഏറ്റവും വേദനാജനകമായ മരണനേരത്തോ, ഏറ്റവും ആനന്ദദായകമായ വിവാഹ സന്ദര്‍ഭത്തിലോ പലിശ സഹിതം നിര്‍ബന്ധപൂര്‍വ്വം വസൂലാക്കുന്ന ക്രൂരത മനുഷ്യത്വരഹിതമാണെന്നല്ലേ പറയാനാകൂ! പക്ഷേ ഇവിടെ സഭാനേതൃത്വം പൈസ പിരിക്കുന്ന ഒരവസരമായാണിതിനെ കാണുന്നത്. അതില്‍ അവര്‍ക്കു ഒരു മാനസിക പ്രയാസവുമില്ല.

എല്ലാംകൂടി നോക്കുമ്പോള്‍ കെസിബിസിയുടെ മേയ്ദിന തൊഴിലാളി സന്ദേശത്തില്‍ ക്രൂരമായ കാപട്യം പതിയിരിക്കുന്നു. ഒരു ബൈബിള്‍ വാചകം കൊണ്ടു അവസാനിപ്പിക്കട്ടെ - തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക; പിന്നെയാവട്ടെ അപരന്റെ കണ്ണിലെ കരട്.'


*****


ഫാദർ അലോഷ്യസ്, കടപ്പാട് :ജനയുഗം

Saturday, October 23, 2010

കുടുംബശ്രീയാണ് താരം

കുടുംബശ്രീക്ക് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ

തയ്യല്‍ക്കാരികളും കര്‍ഷകസ്ത്രീകളും അക്കൌണ്ടന്റുമാരും വക്കീല്‍ ക്ലര്‍ക്കുമാരും വീട്ടമ്മമാരും കച്ചവടക്കാരികളും ആക്റ്റിവിസ്റ്റുകളും ഒക്കെയാണവര്‍. ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നുള്ള പാവപ്പെട്ട വനിതകളോടൊപ്പം എം.കോം ബിരുദം നേടിയവരുമുണ്ട്. ഒരുമിച്ച് ചേരുമ്പോള്‍, രാജ്യത്തെവിടെയും ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വനിതാ സ്ഥാനാര്‍ത്ഥികളാകുന്നു ഇവര്‍. കേരളത്തിലെ 1200ല്പരം തദ്ദേശസ്ഥാപനങ്ങളിലേക്കായി (978 പഞ്ചായത്ത് ഉള്‍പ്പെടെ) ഏതാണ്ട് 40,000 വനിതകള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്ക് 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഈ ഒക്ടോബര്‍ 27ന് ഏറ്റവും കുറഞ്ഞത് 1000 വനിതകളെങ്കിലും സ്ഥാനമേറ്റെടുക്കും.

ക്രിയാത്മകമായ ഇടപെടല്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ഇവിടെ നൂറു കണക്കിനു സീറ്റുകള്‍ മത്സരിക്കാനാരുമില്ലാതെ അവശേഷിക്കുകയില്ല. ‘എതിരില്ലാത്ത’ സ്ഥാനാര്‍ത്ഥികളുടെ പടയും ഉണ്ടാവില്ല. ഓരോ വാര്‍ഡിലും വാശിയേറിയ പോരാട്ടം ദൃശ്യമാകും. തെരഞ്ഞെടുപ്പ് രംഗത്തെ വനിതകളില്‍ ഏറെപ്പേര്‍ ഔദ്യോഗികമായി ദരിദ്രവിഭാഗത്തില്‍ പെടുന്നവരും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ തികച്ചും വിഭിന്നമായ ഒരു ദാ‍രിദ്യ നിര്‍മ്മാര്‍ജ്ജന പരിപാടിയായ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ വളരെ ക്രിയാത്മകമായി പങ്കെടുക്കുന്നവരുമാണ്. ഈ തെരഞ്ഞെടുപ്പിനു ഉത്സാഹവും ഉത്തേജനവും പകര്‍ന്നു നല്‍കുന്നത് കുടുംബശ്രീ എന്ന് വിളിക്കപ്പെടുന്ന കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ‍(സി.ഡി.എസ്)കളാണ്. പതിനൊന്നായിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ക്ക് സി.ഡി.എസ് പാരമ്പര്യമുണ്ട്. പൊതു സീറ്റുകളില്പോലും വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. വരുന്ന കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 52 ശതമാനവും സ്ത്രീകളായിരിക്കും.

തൃശ്ശൂര്‍ ജില്ലയില്‍ ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന അടാട്ട് പഞ്ചായത്താണ് ഏറ്റവും നല്ല പഞ്ചായത്തായി എല്‍.ഡി.എഫ് സര്‍ക്കാരിനാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി മത്സര രംഗത്ത് വന്നിട്ടുള്ള സ്റ്റെല്ല ജോജോ എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്‍പ് തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍പത് ശതമാനം സംവരണം എന്നത് “ മുന്നോട്ടുള്ള ഒരു വലിയ കാല്‍‌വെയ്പാണ്. വനിതകള്‍ അവരുടെ പങ്ക് അവകാശപ്പെടുകയാണ്” എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

മറ്റൊരു വാര്‍ഡില്‍, എം.കോം ബിരുദധാരിണിയായ പ്രിയ പ്രസന്നന്‍ ആണ് ഇടതുപക്ഷ ജനാധിപത്യമുന്നണി(സി.പി.എം) സ്ഥാനാര്‍ഥി. അവരുടെ ഭര്‍ത്താവ് ഖത്തറില്‍ നിന്ന് ലീവെടുത്ത് വന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനു സഹായിക്കുന്നു. “മൂന്നു കുഞ്ഞുങ്ങള്‍ ഉള്ള എന്നെപ്പോലുള്ള ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു കുടുംബത്തിന്റെ പിന്തുണ അത്യാവശ്യമാണ്” എന്ന് പ്രിയ പറയുന്നു. “ ഇവിടത്തെ പ്രധാനപ്രശ്നം ദിവസക്കൂലിയാണ്. മദ്യം നിയന്ത്രിക്കുന്നതിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സാധിക്കും” എന്ന കാര്യത്തിലും അവര്‍ക്ക് സംശയമൊന്നുമില്ല.

നെന്മണിക്കര പഞ്ചായത്തില്‍ ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക്ക് വിമന്‍സ് അസോസിയേഷന്റെ പഞ്ചായത്ത് സെക്രട്ടറിയായ വി.റ്റി. വിജയലക്ഷ്മി എന്ന തയ്യല്‍ക്കാരി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. “തുല്യതയാണ് പ്രധാന വിഷയം. ചില പുരുഷന്മാര്‍ക്ക് അധികാരം നഷ്ടപ്പെടുന്നുവെന്ന ഭീതി ഉണ്ടായേക്കും. ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസമില്ലായ്മ കുറെയൊക്കെ മാനസികമാണ്. എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.” എന്ന അഭിപ്രായക്കാരിയാണ് അവര്‍. സഹപ്രവര്‍ത്തകയും വനിതാ ത്രിഫ്റ്റ് സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റുമായ സിന്ധു സുബ്രമണ്യന്‍ മറ്റൊരു വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നുണ്ട്. സിന്ധുവും വിജയലക്ഷ്മിയെപ്പോലെ എസ്.എസ്.എല്‍.സി പാസായ ആളാണ്. പിന്നീട് സിന്ധു ‘ഹിന്ദി വിദ്വാന്‍’ യോഗ്യതയും നേടി. സംവരണാ‍ടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് “കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്. കഴിഞ്ഞ കാലത്തെ സ്ത്രീകള്‍ വീടും കുട്ടികളുമായി ഒതുങ്ങിക്കൂടുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്കുള്ള പൊതുമണ്ഡലം വളരെ വലുതാണ്.” എന്ന് സിന്ധു കരുതുന്നു.

എന്താണ് സംഗതി?

ഇവര്‍ എല്ലാവരും ചില കാര്യങ്ങളില്‍ ഏകാഭിപ്രായക്കാരാണ്. ഒന്ന്: പുരുഷന്മാര്‍ ഒരു പ്രധാനപ്രശ്നത്തിലും സ്ത്രീകളുടെ അഭിപ്രായം തേടാറില്ല. മറ്റൊന്ന് സ്ത്രീകള്‍ക്ക് തദ്ദേശഭരണത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാനാവും. “സ്തീകള്‍ക്ക് കുടുംബങ്ങളുമായി പെട്ടെന്ന് താദാത്മ്യം പ്രാപിക്കാന്‍ കഴിയും. ഗ്രാമ പഞ്ചായത്ത് തലത്തില്‍ നിങ്ങള്‍ കുടുംബങ്ങളുമായാണ് ഇടപെടുന്നത്“ എന്നാണ് വിജയലക്ഷ്മി ഇതിനെക്കുറിച്ച് പറയുന്നത്. “സ്ത്രീകള്‍ താരതമ്യേന അഴിമതി കുറഞ്ഞവരും പെട്ടെന്ന് സമീപിക്കാന്‍ കഴിയുന്നവരുമാണ്’ എന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബശ്രീ ഒരു വഴിത്തിരിവായിരുന്നു. “ഇത് പൊതുജീവിതത്തിലേക്കുള്ള പ്രവേശനകവാടമാണ്.” എന്ന് സ്റ്റെല്ല ജോജോ പറയുന്നു. “കുടുംബശ്രീ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും ഒത്തൊരുമയും സമ്മാനിച്ചു ഗൌരവകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അവരെയെല്ലാം അത് ഒരുമിച്ച് ചേര്‍ത്തു. ഏറ്റവും പ്രധാനമായി, അത് അവര്‍ക്ക് ബാങ്കിംഗ് മേഖലയിലേക്ക് ആദ്യമായി പ്രവേശനം നല്‍കി“എന്ന് സിന്ധു സുബ്രഹ്മണ്യന്‍ കരുതുന്നു.

വിവിധങ്ങളായ അയല്‍ക്കൂട്ടങ്ങളെ ഒരു കുടയ്ക്ക് കീഴില്‍ അണിനിരത്തുന്ന കുടുംബശ്രീ (The Kerala State Poverty Eradication Mission)ക്ക് ഈ തെരഞ്ഞെടുപ്പുകളില്‍ വളരെ വലിയൊരു സാന്നിദ്ധ്യമുണ്ട്. 37 ലക്ഷത്തിലധികം വനിതകള്‍ വനിതാ സംഘങ്ങളുടെ ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ്. (കേരളത്തില്‍ ഈ സംഘങ്ങളെ ‘സ്വയം സഹായക സംഘങ്ങള്‍” എന്ന് പരാമര്‍ശിക്കാറില്ല. അതിനൊരു കാരണം (സ്വയം സഹായക സംഘങ്ങള്‍) എന്നതിന്റെ ഫിലോസഫി തീരെ ഇടുങ്ങിയതും ഒറ്റപ്പെടുത്തുന്നതുമാണ് എന്നതാണ്. മറ്റൊന്ന് ഈ പരിപാടി സര്‍ക്കാര്‍ സഹായവും ഊര്‍ജ്ജസ്വലമായ സാമൂഹിക ഇടപെടലും( community action) കൂട്ടിയോജിപ്പിക്കുന്ന ഒന്നാണ് എന്നതാണ്. പുരോഗതിയിലേക്കുള്ള കൂട്ടായതും സാമൂഹികവുമായ ഒരു മുന്നേറ്റത്തെ സംബന്ധിച്ച ദര്‍ശനം മുന്നോട്ട് വെക്കുകയും ചെയ്യുന്നു ഇത്.)

ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഈ സംഘങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന നൂതനമായ സമീപനത്തെപ്പറ്റി യോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ അനന്യ മൂഖര്‍ജി സൂചിപ്പിക്കുന്നു. “ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏതാണ്ട് രണ്ടരലക്ഷം വരുന്ന കുടുംബശ്രീ വനിതകള്‍ കാര്‍ഷിക കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുന്നു. സ്ഥലം പാട്ടത്തിനെടുക്കുക, കൃഷി ചെയ്യുക, അതിലെ ഉല്പാദനം തങ്ങളുടെ ആവശ്യം നിറവേറ്റുന്ന തരത്തില്‍ ഉപയോഗിക്കുക, മിച്ചം വരുന്നവ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്പന നടത്തുക എന്നതൊക്കെ ഈ പ്രവര്‍ത്തനത്തില്‍ പെടുന്നു. ഇത് കാര്‍ഷികവൃത്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഉല്പാദകര്‍ എന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നിവയില്‍ നിയന്ത്രണവും നല്‍കുന്നു.“ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇവര്‍ ഇറങ്ങിച്ചെന്നിരിക്കുന്നു. സ്റ്റെല്ല ജോജോയും വിജയലക്ഷ്മിയും ഉറപ്പിച്ച് പറയുന്നു. “ ഞങ്ങള്‍ക്ക് പ്രചരണത്തിന്റെ കാര്യത്തില്‍ ഭയമില്ല. പ്രാദേശികപ്രതിനിധിയെ സമീപിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ സി.ഡി.എസ് പ്രവര്‍ത്തകരായ ഞങ്ങളെ ജനങ്ങള്‍ സമീപിക്കുന്നുണ്ട്. കുടുംബശ്രീ കാരണം ഞങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ട്.”

എങ്കിലും, നിങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആണെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആ സ്ഥാനം രാജിവെക്കേണ്ടതുണ്ട്. “ ചെയര്‍പേഴ്സണ്മാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്നുണ്ട്.” സ്റ്റെല്ല ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് സ്റ്റെല്ല മത്സരിക്കാനായി സ്ഥാനം രാജിവെച്ചു. അതുപോലെത്തന്നെയാണ് കേരളത്തിലെ മറ്റു 246 സി.ഡി.എസ് ചെയര്‍പേഴ്സണ്മാരുടെ കാര്യവും. തെരഞ്ഞെടുപ്പ് ജ്വരം ശക്തമായിരിക്കുന്നു.

സംസ്ഥാനത്തിന്റെ റെക്കോഡ്

വനിതാ പ്രാതിനിത്യത്തിന്റെ റെക്കോഡ് കേരളത്തില്‍ പല മേഖലകളിലും അത്ര സന്തോഷകരമായ ഒന്നല്ല. ആകെ 140 അംഗങ്ങളുള്ള കേരളാ നിയമസഭയില്‍ 7 വനിതാ അംഗങ്ങള്‍ മാത്രമേ ഉള്ളൂ. ലോകസഭയിലാണെങ്കില്‍ കേരളത്തില്‍ നിന്ന് ഒറ്റ വനിതാ എം പി പോലുമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന നേതൃനിരയില്‍ അപൂര്‍വമായി ഒന്നോ രണ്ടോ വനിതകള്‍ മാത്രമേ ഉള്ളൂ. വര്‍ഷങ്ങളായി ഒറ്റ സ്ഥാനം പോലും വനിതകള്‍ക്കില്ലാതിരുന്ന യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ പദവിയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ 2 വനിതകള്‍ മാത്രം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് ഈ രംഗത്തെ നിഷേധാത്മകമായ ഒരു പക്ഷപാതത്തെയാണ്.

എന്നാല്‍ പഞ്ചായത്തുകളിലെ ചെറിയ ജോലികളല്ലാതെ മറ്റൊന്നും കൈകാര്യം ചെയ്യാന്‍ പറ്റാത്ത വണ്ണം എന്താണു സ്ത്രീകളെ തടയുന്നത്? ഒരു കണക്കു പ്രകാരം, നേരത്തെ, ആകെയുള്ള 978 ഗ്രാമപഞ്ചായത്തുകളില്‍ വെറും 2 ശതമാനത്തില്‍ മാത്രമേ സ്ത്രീകള്‍ ഫിനാന്‍സ് കമിറ്റി സ്റ്റാന്‍‌ഡിംഗ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്നുള്ളൂ. “എന്നാല്‍ ഇത്തവണ ഒരു പഞ്ചായത്ത് പ്രസിഡണ്ട് പുരുഷനായാല്‍ , വൈസ് പ്രസിഡണ്ട് സ്ത്രീ ആയിരിക്കും. അതുപോലെ തിരിച്ചും. വൈസ് പ്രസിഡണ്ട് പദവി എന്നത് ഫിനാന്‍‌സ് സ്റ്റാന്‍‌ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്. ഇതു മൂലം സ്ത്രീകള്‍ ഒന്നുകില്‍ പഞ്ചായത്ത് പ്രസിഡണ്ട് അല്ലെങ്കില്‍ ഫിനാന്‍സ് സ്റ്റാന്‍‌ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷയോ ആയിരിക്കും” എന്ന് ‘കില’(Kerala Institute of Local Administration )യുടെ ഡയറക്ടര്‍ ആയ എന്‍.രമാകാന്തന്‍ പറയുന്നു.

എന്നാല്‍ ഈ മാറ്റങ്ങള്‍ എല്ലാ രാഷ്ടീയപാര്‍ട്ടികളിലേയും പുരുഷന്മാരുടെ ഇടയില്‍ ഒരു അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് അനില്‍ അക്കര 50% വനിതാ സംവരണത്തിനു വേണ്ടി നിലകൊള്ളുന്നു.എന്നാല്‍ ഇതിലെ ‘ഊഴ വ്യവസ്ഥ’( rotation syatem)യെ പറ്റി അദ്ദേഹത്തിനു ആശങ്ക ഉണ്ട്.” ഒരു സീറ്റ് കുറഞ്ഞത് മൂന്നു പ്രാവശ്യത്തേക്കെങ്കിലും ഒരേ വിഭാഗത്തില്‍ ആയിരിയ്ക്കണം.അല്ലെങ്കില്‍ അതിനൊരു തുടര്‍ച്ച ഉണ്ടാകില്ല”

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ യു ഡി എഫ് ( കോണ്‍ഗ്രസ്) സ്ഥാനാര്‍ത്ഥി, സഹൃദയനായ കെ എന്‍ ശ്രീധരന്‍ പറയുന്നത് അദ്ദേഹത്തിനു അരക്ഷിതാവസ്ഥ തോന്നുന്നില്ല എന്നാണ്. “എന്നാല്‍ ഈ 50% സംവരണം കൊണ്ട് നമുക്കു കിട്ടുന്ന പല പ്രതിനിധികളും നന്നായി പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്നില്ല” അദ്ദേഹം പറഞ്ഞു. എന്നാല്‍ 95 ശതമാനവും പുരുഷാധിപത്യമുള്ള നിയമസഭയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഒരു കുലുങ്ങിച്ചിരിയായിരുന്നു മറുപടി. മാറ്റം തുടങ്ങിയിട്ടേ ഉള്ളൂ

വരുന്ന കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 52 ശതമാനവും സ്ത്രീകളായിരിക്കും.

*
പി.സായ്നാഥ് എഴുതിയ ‘Kudumbashree' dominates Kerala local polls‘ എന്ന ലേഖനത്തിന്റെ സ്വതന്ത്ര ഭാഷാന്തരം.
കടപ്പാട് : ഹിന്ദു ദിനപതം

Thursday, September 23, 2010

വനിതാ സംവരണം: ആശങ്കകളും യാഥാര്‍ഥ്യങ്ങളും

പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുക്കപ്പെടുന്ന സീറ്റുകളിലേക്കുള്ള വനിതാ സംവരണം 33 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിപ്ളവകരമായ തീരുമാനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നടപ്പാവാന്‍ പോവുകയാണ്. കേവലം സീറ്റുകളിലേക്ക് എന്നതിനേക്കാള്‍ ഉപരി സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലേക്കുകൂടി ഈ സംവരണം ബാധകമാക്കാന്‍ തീരുമാനിച്ചു എന്നത് ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പ്രഡിഡന്റുമാര്‍ വനിതകള്‍ അല്ലാത്തിടങ്ങളില്‍ വൈസ് പ്രസിഡന്റ് പദവി വനിതകള്‍ക്കാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ചുമതലകളിലും സംവരണം ബാധകം. കേവലം അംഗങ്ങളായി ഒതുങ്ങുക എന്നതിനുമപ്പുറം അധികാരസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് അവയുടെ സാധ്യത ഉപയോഗിക്കാന്‍ വനിതകളെ ഇത് പ്രാപ്‌തരാക്കുന്നു. ദേശീയ തലത്തിലും ഇത്തരം ഒരു നീക്കം നടക്കുന്നുണ്ട്. നിരവധി കാര്യങ്ങളില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ നിന്നാണിതിന്റെ തുടക്കം എന്നതും അഭിമാനകരം.

ഈ തീരുമാനം പ്രഖ്യാപിച്ചതിനുശേഷം കേരളത്തിന്റെ പൊതുസമൂഹത്തിലും ഇതൊരു സജീവ ചര്‍ച്ചാവിഷയമായി മാറി. സ്‌ത്രീകളോടുള്ള നിലപാടുകളില്‍ പരമ്പരാഗത സ്വഭാവം പുലര്‍ത്തുന്ന കേരളത്തിന്റെ മനസ്സാണ് മാധ്യമ ചര്‍ച്ചകളില്‍പ്രതിഫലിച്ചത്. ഇത്രയും സ്‌ത്രീകള്‍ ഒരുമിച്ച് പഞ്ചായത്തില്‍ വന്നാല്‍ അത് പഞ്ചായത്തുകളുടെ ഭരണത്തെ ദോഷകരമായി ബാധിക്കില്ലേ? ഒറ്റയടിക്ക് ഇത്രയും വേണമായിരുന്നോ? അംഗങ്ങളില്‍ പകുതിയും സ്‌ത്രീകളാവുമ്പോള്‍ അവശേഷിക്കുന്ന പുരുഷന്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കില്ലേ? കേരളത്തിലെ സ്‌ത്രീകള്‍ക്ക് അതിനുള്ള ശേഷിയുണ്ടോ? ഇത് കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന മികവിനെ തകര്‍ക്കില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയരാന്‍ തുടങ്ങി. ഇതോടൊപ്പം ഇത്രയും സീറ്റുകളിലേക്ക് എങ്ങനെ സ്‌ത്രീകളെ കണ്ടുപിടിക്കും? നമ്മള്‍ ഇനി എവിടെ മത്സരിക്കും? തുടങ്ങിയ ആശങ്കകളും പൊതുപ്രവര്‍ത്തകരുടെയിടയില്‍ ഉയര്‍ന്നു. ഇത്തരം ആശങ്കകള്‍ വസ്‌തുതാപരമാണോ? ആശങ്കപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും പരിമിതികള്‍ യഥാര്‍ഥത്തില്‍ ഉണ്ടോ? അഥവാ എന്തെങ്കിലും ഘടകങ്ങള്‍ പരിമിതികളായി വന്നാല്‍ അവയെ മറികടക്കാന്‍ എന്തു ചെയ്യണം? അവ വനിതാജനപ്രതിനിധികള്‍ക്ക് മാത്രമുള്ള പരിമിതികളാണോ? തുടങ്ങിയ ഗൌരവമാര്‍ന്ന വസ്‌തുതാപരമായ ചര്‍ച്ചകള്‍ കേരളത്തില്‍ വേണ്ടത്ര നടന്നിട്ടില്ല.

ജനസംഖ്യാനുപാതവും രാഷ്‌ട്രീയ പ്രാതിനിധ്യവും

കേരളത്തിലെ ജനസംഖ്യാ അനുപാതം വിശകലനം ചെയ്യുമ്പോള്‍ കാണാനാകുന്ന പ്രധാന വസ്‌തുത ഉയര്‍ന്ന സ്‌ത്രീ-പുരുഷ അനുപാതമാണ്. 1000 പുരുഷന്മാര്‍ക്ക് 1058 സ്‌ത്രീകള്‍ എന്നാണ് 2001 ലെ കാനേഷുമാരി കണക്കുകള്‍ കാണിക്കുന്നത്. ഇത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ്. അടുത്ത കാലത്ത് ആറു വയസ്സിന് താഴെയുള്ള കുട്ടികളുടെ ലിംഗാനുപാതത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം പ്രതികൂലമാണ് എന്ന വസ്‌തുത നിലനില്‍ക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന സ്‌ത്രീ-പുരുഷ അനുപാതം കേരളത്തിലെ സ്‌ത്രീ ശാക്തീകരണത്തിന്റെ സൂചകങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സ്‌ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം ചരിത്രപരമായിത്തന്നെ അവഗണിക്കപ്പെടുകയായിരുന്നു. നിയമസഭയില്‍ എക്കാലത്തും സ്‌ത്രീസാന്നിധ്യം പത്തുശതമാനത്തില്‍ താഴെയായിരുന്നു. സമൂഹത്തില്‍ 50 ശതമാനത്തിന് മുകളില്‍ വരുന്ന ഒരു വിഭാഗത്തിന് സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന നിയമനിര്‍മാണ സഭയില്‍ നാമമാത്രമായ പ്രാതിനിധ്യം നല്‍കാന്‍ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. ഏത് സമൂഹത്തിനും അവരുടെ ആവശ്യങ്ങളെ ശരിയായ തോതില്‍ ജനാധിപത്യവേദികളില്‍ എത്തിക്കണമെങ്കില്‍ മതിയായ പ്രാതിനിധ്യം മുന്നുപാധിയാവണം. ഈ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ഭരണ സംവിധാനത്തിനുള്ളില്‍ സ്‌ത്രീപക്ഷസമീപനം കൊണ്ടുവരുന്നതിന് നിയമസഭകളിലെ അവരുടെ പ്രാതിനിധ്യക്കുറവ് പ്രധാനപ്പെട്ട ഘടകമായിരുന്നു. ഈ പരിമിതി പാര്‍ലമെന്റിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു. ഇതിനെ മറികടക്കാന്‍വേണ്ടിയാണ് പാര്‍ലമെന്റിലും നിയമസഭകളിലും വനിതാസംവരണത്തിന്വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ ദേശീയതലത്തില്‍തന്നെ പുരോഗമന പ്രസ്ഥാനങ്ങളില്‍നിന്ന് ഉണ്ടാകുന്നത്.

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഓരോ സമൂഹത്തിലേയും വിവിധ വിഭാഗങ്ങള്‍ക്ക് ജനാധിപത്യവേദികളില്‍ ഉണ്ടാകുക എന്നത് അടിസ്ഥാനപരമായി അതിജീവനത്തിനുള്ള അവരുടെ അവകാശം കൂടിയാണ്. തങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ജനാധിപത്യവേദികളിലൂടെ പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ് അതവര്‍ക്ക് സാധ്യമാക്കുക. സ്‌ത്രീകള്‍ക്ക് ചരിത്രപരമായി നിഷേധിക്കപ്പെട്ട ഈ അവസരം ആദ്യമായി ലഭ്യമായത് 73, 74 ഭരണഘടനാ ഭേദഗതിയില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്ക് 33 ശതമാനം സ്‌ത്രീ സംവരണം ഉറപ്പുവരുത്തിയതിലൂടെയാണ്. എന്നാല്‍ ഇതും ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ പരിമിതമായിരുന്നു എന്ന തിരിച്ചറവില്‍നിന്നാണ് 50 ശതമാനം വനിതാ സംവരണം എന്ന നിലപാടിലേക്ക് നാം എത്തുന്നത്.

ശേഷിയുടെ മാനദണ്ഡങ്ങള്‍ എന്ത് ?

എന്തിനെയെല്ലാമാണ് നാം ഭരണശേഷിയുടെ മാനദണ്ഡങ്ങളായി കാണുന്നത് ? ഏതുതരത്തിലുള്ള ഭരണപ്രവര്‍ത്തനത്തിനും അടിസ്ഥാനഘടകമായി എടുക്കാവുന്നത് വിദ്യാഭ്യാസയോഗ്യതകളാണ്. ഇത് ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും അനൌപചാരികവിദ്യാഭ്യാസത്തിലൂടെയും നേടിയവ ആകാം. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ത്തന്നെ കേരളത്തിലെ സ്‌ത്രീകള്‍ ഏറെ മുന്നിലാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2001 ലെ കാനേഷുമാരി കണക്കു പ്രകാരം കേരളത്തിലെ സ്‌ത്രീസാക്ഷരത 87.66 ശതമാനം ആണ്.അതായത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഇരട്ടി. കേവല സാക്ഷരതക്ക് അപ്പുറം പ്രാഥമിക വിദ്യാഭ്യാസം, സെക്കന്‍ഡറി വിദ്യാഭ്യാസം, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം എന്നീ എല്ലാ മാനദണ്ഡങ്ങളുടെ കാര്യത്തിലും കേരളത്തില്‍ സ്‌ത്രീകളുടെ സ്ഥാനം പുരുഷന്മാര്‍ക്ക് മുകളിലാണ്. ഇത്തരത്തില്‍ പുരുഷന്മാരേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ സ്‌ത്രീകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപ്രവര്‍ത്തനങ്ങള്‍ വഴങ്ങില്ല എന്ന ധാരണ ചരിത്രപരമായി രൂപപ്പെട്ട സ്‌ത്രീവിരുദ്ധ ബോധത്തില്‍നിന്നും ഉണ്ടാകുന്നതാണ്. കേരളത്തിലെ വിദ്യാലയങ്ങളിലെ പ്രാധാനാധ്യാപകരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. ഇത് സ്ഥാപനങ്ങളുടെ മികവിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നാണ് അനുഭവപാഠം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കേരളത്തിലെ സ്‌ത്രീകള്‍ക്ക് വ്യാപകമായി ഭരണ അവസരം ലഭിക്കുന്നത് 1995ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി മുപ്പത്തിമൂന്ന് ശതമാനം സംവരണം നടപ്പാക്കപ്പെട്ടതോടെയാണ്. ഇതിന് മുമ്പുള്ള ജില്ലാ കൌണ്‍സില്‍ സംവിധാനത്തിലൂടെ ജനപ്രതിനിധിയായിവന്ന രാഷ്‌ട്രീയ പ്രവര്‍ത്തകയാണ് കേരളത്തിലെ ഇന്നത്തെ ആരോഗ്യമന്ത്രി. അതുപോലെ 1995 ലെ തെരഞ്ഞെടുപ്പിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അമരക്കാരായി വന്ന നിരവധി പേര്‍ ഇന്ന് കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷമാര്‍ എന്നനിലയിലും ജനപ്രതിനിധികള്‍ എന്ന നിലയിലും മികവ് തെളിയിച്ച വലിയൊരു സംഘം പൊതുപ്രവര്‍ത്തകര്‍ സ്‌ത്രീകളില്‍നിന്നും 15 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തില്‍ ആദ്യം നടപ്പാക്കപ്പെട്ട ഒമ്പതാം പദ്ധതി കാലഘട്ടത്തില്‍തന്നെ ഏറ്റവും മികച്ച തദ്ദേശ സയ്വംഭരണ സ്ഥാപനങ്ങളായി ഉയര്‍ന്നുവന്നവയില്‍ വലിയൊരു വിഭാഗം സ്‌ത്രീകള്‍ നേതൃത്വം നല്‍കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആയിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ഈ വനിതാ നേതൃതല പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ 1999ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പ്രബന്ധാവതരണങ്ങളിലൂടെ പങ്കിടുകയും 2000 മെയ് മാസത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അത് പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

അതിന് ശേഷമുള്ള രണ്ട് ഘട്ടത്തിലും മികച്ച വനിതാ ഭരണാധികാരികളുടെ സാന്നിധ്യം കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നമ്മള്‍ കണ്ടു. പഞ്ചായത്ത് മഹിളാ ശക്തി അഭിയാന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വനിതാ ജനപ്രതിനിധികളുടെ ഒരു കൂട്ടായ്‌മ തൃശൂരിലെ 'കില'യില്‍ നടന്നിരുന്നു. അന്ന് വനിതാ ജനപ്രതിനിധികള്‍ ആവേശപൂര്‍വമാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്. തങ്ങളുടെ പ്രസ്ഥാനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ഇനിയും ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തല്പരരാണ് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. വനിതാ സംവരണ സീറ്റുകള്‍ പൊതുസീറ്റുകള്‍ ആകുമ്പോള്‍ തങ്ങളുടെ സാധ്യതകള്‍ തഴയപ്പെടും എന്ന ഖേദവും അവര്‍ പൊതുവെ പങ്കിട്ടു. വനിതകളെ പൊതുസീറ്റില്‍ മത്സരിപ്പിക്കാനും, അവരെ പൊതുസമൂഹത്തിന്റെ ഭാഗമായി കാണാനുമുള്ള മാനസികാവസ്ഥയിലേക്കും നാം ഇനിയും എത്തിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മാറേണ്ടതെന്ത് ?

അവസരവും പിന്തുണയും ലഭിച്ചാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നാണ് കഴിഞ്ഞ 15 വര്‍ഷം നമ്മെ പഠിപ്പിച്ചത്. എല്ലാവരും മാതൃകാപരമായി പ്രവര്‍ത്തിച്ചു എന്നല്ല ഇതിനര്‍ഥം. ഇതിനെ വിലയിരുത്തേണ്ടത് വനിതകളുടെ മാത്രംപ്രശ്‌നം എന്ന നിലയിലല്ല. പുരുഷ ജനപ്രതിനിധികളുടെ കണക്കെടുത്താലും അതില്‍ നല്ലൊരു ഭാഗം മിക്കപ്പോഴും ശരാശരിയോ, അതിന് താഴെയോ പ്രവര്‍ത്തനം മാത്രം കാഴ്‌ചവെക്കുന്നവരാണ് എന്ന് കാണാം. സ്‌ത്രീകളുടെ കാര്യം പരിശോധിക്കുമ്പോള്‍ തികച്ചും വ്യത്യസ്‌തമായ സാമൂഹ്യ അന്തരീക്ഷമാണ് അവര്‍ക്ക് ചുറ്റും ഉള്ളത്. ജനപ്രതിനിധി എന്ന നിലയിലേക്ക് സ്‌ത്രീ വരുമ്പോള്‍തന്നെ, കുടുംബത്തിനകത്തെ ഉത്തരവാദിത്തങ്ങള്‍ അതേപടി മാറ്റമില്ലാതെ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരായി മാറുന്നു. സ്‌ത്രീകള്‍ക്ക് പരമ്പരാഗതമായി നാം നിശ്ചയിച്ച സഞ്ചാരസമയങ്ങള്‍ക്ക് അപ്പുറത്താണ് മിക്കപ്പോഴും പ്രസ്ഥാനങ്ങളുടെ യോഗങ്ങളും തീരുമാനങ്ങളും ഉണ്ടാകുക. കുടുംബപരമായ ഉത്തരവാദിത്തങ്ങളും പൊതു ഇടങ്ങളിലെ അരക്ഷിതാവസ്ഥയും പലപ്പോഴും ഇത്തരം യോഗങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഇതിനാല്‍ത്തന്നെ ഫലത്തില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ വിദ്യാഭ്യാസ അവസരങ്ങളും സംവാദസാധ്യതകളും സ്‌ത്രീകള്‍ക്ക് നഷ്‌ടമാകുന്നു. ഇത് സ്വാഭാവികമായും അവരുടെ ശേഷിയെ ബാധിക്കുന്നു. ഇതിനാല്‍തന്നെ സ്‌ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന ഒരു പൊതു ഇടം കേരളത്തില്‍ വളര്‍ന്നുവരിക എന്നത് പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലുളള അവരുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. സ്‌ത്രീയെ വീട്ടുജോലികള്‍ യന്ത്രംപോലെ നിര്‍വഹിക്കാനുള്ള ഉപകരണമായി കാണുന്ന പരമ്പരാഗത കുടുംബങ്ങളിലും മാറ്റം അനിവാര്യമാണ്. വര്‍ത്തമാനപത്രങ്ങളും, ആനുകാലികങ്ങളും വായിക്കാനും സര്‍ക്കാര്‍ ഉത്തരവുകള്‍ വിശദമായി വായിച്ച് മനസ്സിലാക്കാനും നിയമങ്ങള്‍ വായിച്ചറിയാനും പരിശീലനങ്ങളില്‍ പൂര്‍ണസമയം പങ്കെടുക്കാനുമൊക്കെ സ്‌ത്രീകള്‍ക്ക് കഴിയുമ്പോള്‍ മാത്രമാണ് ഭരണാധികാരി/ജനപ്രതിനിധി എന്ന നിലയിലുള്ള അവരുടെ ശേഷിയും പ്രയോഗസാധ്യതകളും വികസിക്കുക. ഇതിനാകട്ടെ വീടിനകത്തെ യന്ത്രസമാനമായ ജോലികളില്‍നിന്ന് മാറി അവര്‍ക്ക് വിശ്രമസമയങ്ങള്‍ അനിവാര്യമാണ്. ഇതിനാല്‍ ജനപ്രതിനിധികളായി വരുന്ന വനിതകളുടെ കുടുംബാന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായേ തീരൂ. വര്‍ത്തമാനപത്രങ്ങളും ആനുകാലികങ്ങളും വായിക്കാനും പൊതുചര്‍ച്ചകളില്‍ പങ്കാളികളാകാനും അഭിപ്രായം പറയാനുമൊക്കെ ചരിത്രപരമായി ലഭിച്ച അവസരങ്ങളില്‍നിന്നാണ് പുരുഷന്മാരിലെ പൊതുപ്രവര്‍ത്തകര്‍ രൂപംകൊണ്ടത് എന്ന വസ്‌തുത നാം വിസ്‌മരിച്ചുകൂട. ഇതേ അവസരങ്ങള്‍ സ്‌ത്രീകള്‍ക്ക് നല്‍കുന്ന സാമൂഹ്യ സംസ്‌കാരമാണ് കേരളത്തില്‍ വളര്‍ന്നുവരേണ്ടത്.

ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന പരിശീലനം നിര്‍ണായകമാണ്. ഈ പരിശീലനം ഔദ്യോഗികമായും അനൌദ്യോഗികമായും നടക്കേണ്ടതുണ്ട്. ഔദ്യോഗികമായി നടക്കുന്ന പരിശീലനം വികേന്ദ്രീകരിച്ച് അത് നിരന്തരമായി നടത്തുന്നതിനും ശ്രമങ്ങള്‍ ഉണ്ടാകണം. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടുളള നിരന്തര പരിശീലനങ്ങള്‍ ഉണ്ടാകണം. ഇന്ന് നടക്കുന്ന കേന്ദ്രീകൃതവും ഒറ്റ ഘട്ടത്തിലുള്ളതുമായ പരിശീലനരീതി മാറേണ്ടതുണ്ട്. ഇതോടൊപ്പംതന്നെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് തങ്ങളുടെ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും, അവരെ പരിശീലിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം സംഘടിതമായ ഒരു രാഷ്‌ട്രീയ ഉത്തരവാദിത്തമായി മാറണം. പ്രസ്ഥാനങ്ങള്‍ക്കകത്ത് മുന്നനുഭവമുള്ള ജനപ്രതിനിധികളുടെ ഭരണാനുഭവങ്ങള്‍ പുതിയ ജനപ്രതിനിധികളിലേക്ക് കൈമാറാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. പ്രായോഗിക ഭരണശേഷി കൈവരിക്കുന്നതിന് ഇത്തരം അനുഭവങ്ങള്‍ അവരെ ഏറെ സഹായിക്കും.

കുടുംബശ്രീയുടെ പാഠം

1998ല്‍ മലപ്പുറത്ത് ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് രാജ്യത്തെതന്നെ ഏറ്റവും വലിയ സ്‌ത്രീ കൂട്ടായ്‌മയായി മാറിക്കഴിഞ്ഞു. രണ്ടുലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി മുപ്പത്തിയേഴുലക്ഷത്തോളം കുടുംബങ്ങള്‍ ഇന്ന് കുടുംബശ്രീയിലുണ്ട്. അയല്‍ക്കൂട്ടതലത്തിലും വാര്‍ഡ്‌തലത്തിലും പഞ്ചായത്ത്തലത്തിലും ഉള്ള പ്രവര്‍ത്തനങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു വലിയ നിരതന്നെ സംസ്ഥാനത്താകെ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. 2005 ലെ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികള്‍ എന്ന നിലയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ വ്യാപനംമൂലം രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ വനിതാപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ശക്തമായിട്ടുണ്ട്. കഴിവുതെളിയിച്ച വനിതകളെ കണ്ടെത്തുക എന്നത് രാഷ്‌ട്രീയപ്രസ്ഥാനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും പുരോഗമനപ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഇന്ന് ദുഷ്‌ക്കരമല്ല. പ്രവര്‍ത്തനാനുഭവമുള്ളവരെ തദ്ദേശസ്വയംഭരണ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയായി കുടുംബശ്രീ മാറിയിട്ടുണ്ട്.

കേരളത്തിലെ 16,100ഓളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 2000ലധികം ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, 1750-ഓളം മുനിസിപ്പല്‍ വാര്‍ഡുകളിലും, 3100ലധികം കോര്‍പറേഷന്‍ വാര്‍ഡുകളിലും 330 ലേറെ ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലുമായി പരന്നുകിടക്കുന്ന നിയോജകമണ്ഡലങ്ങളില്‍നിന്ന് 50 ശതമാനത്തില്‍ വനിതാ പങ്കാളിത്തം വരുന്നതോടെ വലിയ ഒരു വിപ്ളവമാണ് നടക്കാനിരിക്കുന്നത്. പതിനായിരത്തിലധികം വനിതകള്‍ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ജനപ്രതിനിധികളായി മാറുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ അധികാരസ്ഥാനങ്ങളിലുള്ള വനിതകളുടെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമായിരിക്കും ഇത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിലെ വികസന പ്രക്രിയയെ സംബന്ധിച്ചും ജനാധിപത്യപ്രക്രിയയെ സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള വേദികളില്‍നിന്ന് പുറന്തള്ളപ്പെട്ടവരാണ് കേരളത്തിലെ സ്‌ത്രീകള്‍. അധികാരസ്ഥാനങ്ങളിലേക്ക് കടന്നുവരാന്‍ പഞ്ചായത്തീരാജ് നിയമത്തിലൂടെ അവര്‍ക്ക് ലഭ്യമായ അവസരം കുറേക്കൂടെ വിപുലപ്പെട്ടിരിക്കയാണിപ്പോള്‍. സ്‌ത്രീകളുടെ ഭരണശേഷി സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്, സ്‌ത്രീക്ക് സമൂഹത്തില്‍ തുല്യമായി ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നിഷേധിച്ചുകൊണ്ട് പുരുഷനൊപ്പം സാമൂഹിക വികസന പ്രക്രിയയിലും, രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും പങ്കാളികളാകാനുള്ള അവരുടെ അവകാശം നിഷേധിച്ചത് നമ്മുടെ സമൂഹംതന്നെയാണ് എന്ന വസ്‌തുത. അവസരം ലഭ്യമാകുമ്പോള്‍ മാത്രമാണ് ഏതു വിഭാഗത്തിനും ശേഷിതെളിയിക്കാനാവുക. അധികാരം കൈയാളി പരിചിതരല്ലാത്തവര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പ്രാഥമികമായ ബുദ്ധിമുട്ടുകള്‍ ആരെയുംപോലെ വനിതാ ജനപ്രതിനിധികള്‍ക്കും ഉണ്ടാകാം. കുടുംബഭാരത്തിനൊപ്പം പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങളും പേറേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടഭാരം അവരുടെ പ്രവര്‍ത്തന സാധ്യതകളെ പരിമിതപ്പെടുത്തുന്നുണ്ടാകാം. എന്നാല്‍ ഈ പരിമിതികളെ മറികടക്കുക എന്നത് അവര്‍ക്ക് മാത്രം കഴിയുന്ന ഒന്നല്ല. വനിതാ ജനപ്രതിനിധികളുടെ പൊതുപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന കുടുംബാന്തരീക്ഷവും, സാമൂഹ്യാന്തരീക്ഷവും സൃഷ്‌ടിക്കുക എന്നതാണ് ഈ പരിമിതികളെ മറികടക്കാനുള്ള വഴി. ഭരണരംഗത്ത് മുന്നനുഭവമുള്ളവരുടെ അനുഭവസമ്പത്ത് കൈമാറിയും നിരന്തരമായ പരിശീലനങ്ങളിലൂടെയും അവരുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഔദ്യോഗികമായും രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. വനിതകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പംതന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും ഉള്ള അന്തരീക്ഷമാണ് ആവശ്യം. ജനപ്രതിനിധികളായി വരുന്ന വനിതകളെ പ്രോത്സാഹിപ്പിച്ച് പൊതുപ്രവര്‍ത്തകരുടെ ഒരു പുതിയ നിരയെ വാര്‍ത്തെടുക്കുക എന്ന ഉത്തരവാദിത്തമാണ് കേരള സമൂഹത്തില്‍ ഇപ്പോഴുള്ളത്. പൊതു ഇടങ്ങള്‍ സ്‌ത്രീകള്‍ക്ക് കൂടി ഉള്ളതാണ് എന്ന ബോധമാണ് വളരേണ്ടത്.


*****

കെ രാജേഷ്, കടപ്പാട് : ദേശാഭിമാനി വാരിക

Monday, August 9, 2010

ലീഗിന് സ്‌ത്രീകളെ പേടി

വനിതാ സംവരണം എന്ന ഒരു വാക്ക് സ്വന്തം രാഷ്‌ട്രീയ ചരിത്രത്തില്‍ ഉച്ചരിച്ചിട്ടില്ലാത്ത ഒരു രാഷ്‌ട്രീയ പാര്‍ടിയാണ് മുസ്ളിംലീഗ്. സിഡോ ഉടമ്പടിയില്‍ ഒപ്പുവച്ച രാജ്യങ്ങളില്‍ സ്‌ത്രീകളുടെ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നതിനെക്കുറിച്ച് ഐക്യരാഷ്‌ട്രസഭ ആശങ്ക പ്രകടിപ്പിക്കുകയും പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിന് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്‌തു. ഇന്ത്യ ലോകത്തിലെ വലിയ ജനാധിപത്യ രാഷ്‌ട്രമാണെങ്കിലും ജനാധിപത്യ വേദികളിലും ഭരണസ്ഥാപനങ്ങളിലും സ്‌ത്രീകളുടെ പങ്കാളിത്തം ഒട്ടും തൃപ്‌തികരമല്ല എന്നും ഐക്യരാഷ്‌ട്രസഭ അഭിപ്രായപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ സ്‌ത്രീവിമോചന പ്രസ്ഥാനങ്ങള്‍ വനിതാസംവരണം അത്യന്താപേക്ഷിതമാണെന്ന് ചിന്തിച്ചതും അതിനുവേണ്ടി മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തിയതും.

കേരളത്തില്‍ വനിതാ സംവരണം സഹകരണ സംഘങ്ങളില്‍ നിര്‍ബന്ധമാക്കിയതും അതിനുശേഷം 1988ല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ഗ്രാമപഞ്ചായത്തില്‍ സ്‌ത്രീകള്‍ക്ക് സംവരണം ചെയ്‌തതും എല്‍ ഡി എഫ് ഗവണ്‍മെന്റാണ്. ഈ കാലയളവിലൊന്നും മുസ്ളിംലീഗ് വനിതാ സംവരണം അവര്‍ക്ക് ഒരു പ്രശ്‌നമായി കണ്ടിരുന്നില്ലെന്ന് മാത്രമല്ല, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്ളിം സ്‌ത്രീകള്‍ വേറെ എന്തിനോവേണ്ടി ഇറങ്ങി നടക്കുന്നവളാണെന്നും അഭിസാരികയാണെന്നുതന്നെയും പ്രസംഗിക്കുന്നതിനും ഒരുതടസ്സവുമുണ്ടായിരുന്നില്ല. ഇതെഴുതുന്ന ഞാനടക്കം കാള്‍ഗേള്‍ എന്ന വിശേഷണം കേള്‍ക്കേണ്ടിവന്നിട്ടണ്ട്. 1990 വരെ ഇത്തരം ആക്ഷേപങ്ങള്‍ കേരളത്തിലെ പൊതുരംഗത്തിറങ്ങുന്ന മുസ്ളിം സ്‌ത്രീകള്‍ പ്രത്യേകിച്ചും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ 1989ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ജില്ലാ കൌണ്‍സില്‍ നിയമം പാസാക്കിയപ്പോള്‍ 30 ശതമാനം വനിതാ സംവരണം ഇന്ത്യയിലാദ്യമായി നിര്‍ബന്ധമാക്കി. 1990 ല്‍ ജില്ലാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മുസ്ളിംലീഗിനും 30 ശതമാനം സ്‌ത്രീകളെ മത്സരിപ്പിക്കേണ്ടിവന്നു. അതിനുശേഷം 1996ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണം നടപ്പായി. അക്കാലത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ പി മറിയുമ്മ പാണക്കാട് തങ്ങള്‍ ഇരിക്കുന്ന വേദിയില്‍ ഇരുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നമായി ഉയര്‍ത്തിയത്.

തങ്ങള്‍ ഇരിക്കുന്നിടത്ത് സ്‌ത്രീകള്‍ ഇരിക്കാന്‍ പാടില്ല എന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. ഇസ്ളാമിക ചരിത്രത്തില്‍ നബിയുടെ ഭാര്യ ഹസ്രത്ത്: ആയിഷ ജമല്‍ യുദ്ധത്തില്‍ ഒട്ടകപ്പുറത്തിരുന്ന് ഖുറൈഷികള്‍ക്കെതിരെ യുദ്ധംചെയ്‌തു എന്നും ഒട്ടകത്തിന് അമ്പുകൊണ്ട് അത് നിലംപതിക്കുംവരെ യുദ്ധം തുടര്‍ന്നു എന്നും പറയുമ്പോഴാണ് സ്‌ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല എന്ന രീതിയില്‍ ലീഗും ചില മുസ്ളിം സംഘടനകളും ചര്‍ച്ചകള്‍ നടത്തുന്നത്.

വനിതാ സംവരണം 50 ശതമാനമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പാവാന്‍ പോവുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ മുസ്ളിംലീഗിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും മത്സരിക്കുന്നവരുമായ സ്‌ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. തെരഞ്ഞെടുപ്പ് ഇസ്ളാമിക ഭരണകൂടത്തിലേക്കല്ല ത്രിതല പഞ്ചായത്തിലേക്കാണെന്ന കാര്യം മറന്നതുപോലെയാണ് ലീഗിന്റെ പ്രതികരണം. 1990 മുതല്‍ സ്‌ത്രീകള്‍ പൊതുവിലും മുസ്ളിം സ്‌ത്രീകള്‍ പ്രത്യേകമായും താഴേതട്ടിലെങ്കിലും സജീവമാണ്. ആ സജീവതക്ക് മൂക്കുകയറിടാനാണ്നീക്കം.

തങ്ങള്‍ വെക്കുന്ന നിബന്ധനകള്‍ പാലിച്ച് സ്‌ത്രീകള്‍ തങ്ങള്‍ പറയുന്നതനുസരിച്ച് പൊതു ഇടങ്ങളില്‍ വന്നാല്‍ മതി എന്ന ശാസന താലിബാനിസത്തിലേക്കാണ് വഴിയൊരുക്കുക. ഈ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടത്തിന് പുറത്ത് മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാനോ അല്ലെങ്കില്‍ ഇത് ശരിയാണെന്ന് വിശ്വസിപ്പിച്ച് സ്വയം അംഗീകരിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കാനോ ഉള്ള പരിശ്രമമാണ് മുസ്ളിംലീഗിന്റേത്. ഇത് പതുക്കെ പതുക്കെ പഴയകാലത്ത് പഞ്ചായത്ത് മെമ്പര്‍മാര്‍ വീട്ടിലിരുന്നാല്‍ പ്യൂണ്‍ കൊണ്ടുപോയി മിനുട്സ് ഒപ്പിടുവിച്ചിരുന്ന രീതിയിലേക്ക് സ്‌ത്രീകളെ കൊണ്ടെത്തിക്കും. സ്‌ത്രീകള്‍ക്ക് പൊതു ഇടം നഷ്‌ടപ്പെടുത്തും. ഇഷ്‌ടമനുസരിച്ച് വസ്‌ത്രം ധരിക്കാനുള്ള അവകാശങ്ങളെ തന്നെയും ഇല്ലായ്‌മ ചെയ്യും.

ത്രിതല പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജാതി-മത വിഭാഗങ്ങളുടെയും പ്രതിനിധികളാണ്. ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാളെ മുസ്ളിം സ്‌ത്രീകള്‍ അന്യമതക്കാരായവരോട് ഇടപഴകുന്നത് ഹറാം (നിഷിദ്ധം) ആണെന്ന് പറയാനും ഇക്കൂട്ടര്‍ മടിക്കില്ല. ലീഗിന്റെ പോഷകസംഘടനയായി അധഃപതിച്ച ഒരു സുന്നിവിഭാഗം സംഘടന മുസ്ളിം സ്‌ത്രീകള്‍ രക്തബന്ധുക്കളുടെയോ സ്വന്തം ഭര്‍ത്താവിന്റെയോ കൂടെ മാത്രമേ വോട്ട് ചോദിക്കാനിറങ്ങാന്‍ പാടുള്ളു എന്നും പറഞ്ഞുവച്ചിട്ടുണ്ട്. ഇക്കൂട്ടരെക്കൂടി തൃപ്‌തിപ്പെടുത്തി അധികാരം പിടിക്കാമെന്ന വ്യാമോഹത്തിലാണ് ലീഗ് പെരുമാറ്റച്ചട്ട പ്രസ്‌താവനയുമായി രംഗത്ത് വന്നത്.

ദേശീയതലത്തില്‍ വനിതാ സംവരണം പാസാക്കുന്നതിനെ എതിര്‍ക്കുന്ന മുടന്തന്‍ ന്യായക്കാരുടെ പക്ഷത്തുതന്നെയാണ് മുസ്ളിംലീഗും നില്‍ക്കുന്നത്. വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് ഒരു പ്രമേയംപോലും ഇതുവരെ പാസാക്കാന്‍ ധൈര്യം കാണിക്കാത്ത വനിതാലീഗിന് പെരുമാറ്റച്ചട്ട കാര്യത്തിലും മൌനം പാലിക്കാനെ സാധിക്കൂ. വനിതാലീഗ് പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ "വരുമ്പോള്‍ പറയാം'' എന്ന് പറഞ്ഞ് ഒഴിഞ്ഞതുതന്നെ ഇതിന് ഉദാഹരണമാണ്. പുരുഷന്മാരുടെ മെഗ ഫോണായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സ്വതന്ത്രമായി ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ കഴിയാതെ പോകുന്നതില്‍ അത്ഭുതപ്പെടാനില്ല.

പെരുമാറ്റച്ചട്ടം നടപ്പായി ജയിച്ചുവരുന്ന സ്‌ത്രീകള്‍ എങ്ങനെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഭരണം നടത്തുക. മുഖം അന്യപുരുഷന്മാര്‍ കാണാന്‍ പാടില്ല എന്നും തൊട്ടാല്‍ വുളു (നമസ്‌ക്കാരത്തിന് മുമ്പ് ചെയ്യുന്ന ശുചീകരണം) മുറിയാത്തവരെയല്ലാതെ കാണാനും സ്‌പര്‍ശിക്കാനും പാടില്ല എന്നും പറഞ്ഞാല്‍ ഇസ്ളാം മതവിശ്വാസിയല്ലാത്ത ആര്‍ക്കും കൈകൊടുത്ത് വന്ദിക്കാന്‍പോലും പാടില്ല എന്നല്ലെ അര്‍ഥമാക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍നിന്നും സ്‌ത്രീകളെ അകറ്റി വീണ്ടും സ്‌ത്രീയുടെ ഇടം അടുക്കളയുടെ നാലു ചുമരുകള്‍ തന്നെയാണെന്ന് ഓര്‍മപ്പെടുത്താനും അത് പ്രായോഗികവല്‍ക്കരിക്കാനുമുള്ള ശ്രമമായിട്ടെ ജനാധിപത്യവാദികളായ സ്‌ത്രീകള്‍ക്ക് ഇതിനെ കാണാന്‍ കഴിയൂ.

കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ളിംലീഗ് നേതാക്കള്‍ സ്‌ത്രീകളെ പൊതുവെ കാണുന്ന രീതിയിലെ ഒരു സംസ്‌ക്കാരവും ഇത്തരം ഒരു നിലപാടിന്റെ പിന്നിലുണ്ട്.


*****

പി കെ സൈനബ, കടപ്പാട് :ദേശാഭിമാനി വാരിക

മുസ്ളിംലീഗിന്റെ സ്‌ത്രീ വിരുദ്ധത

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. സംസ്ഥാന നിയമസഭ ഐകകണ്ഠ്യേനയാണ് ഇത് സംബന്ധിച്ച നിയമഭേദഗതി പാസാക്കിയത്. എന്നാല്‍ പല വലതുപക്ഷ രാഷ്‌ട്രീയകക്ഷികള്‍ക്കുമത് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ സംജാതമാക്കിയിരിക്കയാണ്.

മുസ്ളിംലീഗിനെയാണ് ഇത് ഏറെ വിഷമിപ്പിക്കുന്നത്. സ്‌ത്രീവിരുദ്ധ നിലപാടുകളുടെ പാരമ്പര്യമുള്ള ഈ പ്രസ്ഥാനം സംവരണകാര്യത്തിലും സ്‌ത്രീവിരുദ്ധത പ്രകടമായി പ്രഖ്യാപിച്ചിരിക്കയാണ്. വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇത് നടപ്പില്‍ വരുത്തുന്നത്. വനിതാലീഗ് പ്രവര്‍ത്തകര്‍ മറ്റ് വനിതാ സംഘടനകളുമായി ബന്ധപ്പെടാന്‍ പാടില്ല, സഹകരിക്കാന്‍ പാടില്ല, കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവിധത്തില്‍ സാമൂഹ്യപ്രവര്‍ത്തനം ക്രമീകരിക്കണം, മതത്തിന്റെ ചിട്ടകള്‍ക്ക് അനുസൃതമായ വസ്‌ത്രം ധരിക്കണം തുടങ്ങിയ ഫത്വകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്ന് തോന്നുമെങ്കിലും അതീവ ഗുരുതരമായ ചില സാമൂഹ്യ പ്രത്യാഘാതങ്ങളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ദാരിദ്ര്യം, അസമത്വം, സ്‌ത്രീകള്‍ മാത്രമായി സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന നിരവധി പീഡനങ്ങള്‍ എന്നിവയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് ഭരണാധികാരി വര്‍ഗത്തോട് പോരാട്ടം നടത്താനുള്ള സന്നദ്ധതയെയാണ് ഒന്നാമതായി നിഷേധിക്കുന്നത്. രണ്ടാമത്തെ കാര്യം പ്രത്യേകം പരിശോധിക്കേണ്ട വിഷയമാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന കുടുംബഛിദ്രങ്ങളുടെ കണക്കെടുത്താല്‍ സാമൂഹ്യ-രാഷ്‌ട്രീയരംഗത്തുള്ളവരുടെ കുടുംബങ്ങളല്ല കൂടുതലും തകരുന്നത് എന്ന് കാണാന്‍ കഴിയും. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടുന്ന സ്‌ത്രീകളുടെ കുടുംബമാണ് ഏറെ അസംതൃപ്‌തമാകുന്നത്. അത്തരം അസംതൃപ്‌ത കേന്ദ്രങ്ങളില്‍ നിന്നാണ് സാമൂഹ്യവിരുദ്ധരും, ഭീകരവാദികളും ജന്മമെടുക്കുന്നത്. ആയതിനാല്‍ സ്‌ത്രീകളുടെ രാഷ്‌ട്രീയ പ്രവേശനം കുടുംബഭദ്രത തകര്‍ക്കുന്നു എന്ന മുറവിളി നിഗൂഢലക്ഷ്യത്തോടു കൂടിയതാണ്. മാന്യമായ വസ്‌ത്രം ധരിക്കണമെന്ന കാര്യം ശരിതന്നെ. സ്‌ത്രീയായാലും പുരുഷനായാലും. എന്നാല്‍ പുരുഷന്മാര്‍ക്കില്ലാത്ത ഡ്രസ്‌കോഡ് സ്‌ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നത് നിന്ദയാണ്. പുരോഗമനത്തിന് പകരം പ്രതിലോമ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഖേദകരമാണ്. ലോകരാഷ്‌ട്രങ്ങളില്‍ മുസ്ളിം സ്‌ത്രീസംഘടനകള്‍ ഇതിനെതിരായി ശക്തമായ പോരാട്ടം നടത്തുന്നുണ്ട്.

ഇസ്ളാമിക രാഷ്‌ട്രമായ കുവൈത്തില്‍ വുമണ്‍സ് കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ സൊസൈറ്റി(WCSS)യുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. അവര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി 2005-ല്‍ സ്‌ത്രീകള്‍ക്ക് വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചു. 2009-ല്‍ നാല് വനിതകള്‍ കുവൈത്ത് പാര്‍ലമെന്റായ മജ്‌ലിസ്-ഇ-ഉമ്മയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചില മതതീവ്രവാദികള്‍ക്ക് ഇതംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ 'ഇസ്ളാമിസ്‌റ്റുകള്‍' എന്ന പേരില്‍ വനിതാ എംപിമാര്‍ക്കെതിരെ 'ഫത്വ' ഇറക്കി. ശരീരം അടിമുടിവരെ മറയ്‌ക്കുന്ന പര്‍ദ (ഹിജാബ്) ധരിക്കാതെ വനിതാ മെമ്പര്‍മാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കരുതെന്നായിരുന്നു ഫത്വ. നീതി നിഷേധത്തിനെതിരെ വുമണ്‍സ് കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ സൊസൈറ്റി കോടതിയില്‍ എത്തി. കുവൈത്ത് ടോപ് കോര്‍ട് ചരിത്രപ്രാധാന്യമുള്ള ഒരു വിധി പുറപ്പെടുവിച്ചു. മതവിശ്വാസങ്ങളുടെ മറപിടിച്ചുകൊണ്ട് വസ്‌ത്രധാരണരീതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും സ്‌ത്രീകളുടെ പൊതുപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ അനുവദിക്കില്ലെന്നും പരമോന്നത കോടതി വിധിച്ചു. തങ്ങളുടെ സംഘടനാ പ്രവര്‍ത്തനം പുരുഷ വിദ്വേഷപരമായ ഫെമിനിസമായി കാണാന്‍ WCSS തയ്യാറല്ല. പുരോഗമനവാദികളായ പുരുഷന്മാരോട് ചേര്‍ന്നുകൊണ്ട് സ്‌ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ക്രിയാത്മകമായ ഇടപെടല്‍ നടത്തും എന്നാണവര്‍ പറയുന്നത്. സ്‌ത്രീ-പുരുഷ വ്യത്യാസമില്ലാതെ കുവൈത്ത് സമൂഹത്തില്‍നിന്ന് അളവറ്റ പിന്തുണ ലഭിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു. അതുതന്നെയാണ് ശരിയായ സാമൂഹ്യപ്രവര്‍ത്തന രീതി.

ലീഗ് നേതൃത്വത്തിന്റെ പ്രസ്‌താവന താലിബാനിസത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ സ്‌ത്രീകള്‍ക്കായി നിര്‍മിച്ച 'നരകം' ലോകമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ നരകസൃഷ്‌ടിയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും പങ്കുണ്ട്. ഇടതുപക്ഷ ആശയഗതിക്കാരനായ ഡോ. നജീബുള്ളയുടെ ഭരണകാലത്താണ് പെണ്‍കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാമെന്ന നിയമമുണ്ടായത്. അടിമത്തത്തിന്റെ ഇരുളില്‍ ആണ്ടുകിടക്കുന്ന സ്‌ത്രീ സമൂഹത്തെ പുരോഗതിയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയായിരുന്നു അഫ്‌ഗാന്‍ ഭരണകൂടം. അതുവഴി ഒരു സമൂഹത്തിന്റെ ആകെ മോചനവും ഉന്നമനവുമാണ് ലക്ഷ്യമിട്ടത്. പക്ഷേ അസഹിഷ്ണുക്കളായ അമേരിക്കന്‍ ഭരണാധികാരികള്‍ ആ മോഹം തകര്‍ത്തുകളഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ക്ക് ചെല്ലും ചെലവും നല്‍കി അവര്‍ വളര്‍ത്തി. ഒസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ ദത്തുപുത്രനായി. താലിബാന്‍ തീവ്രവാദികളെ കരുവാക്കി നജീബുള്ളയെ ആക്രമിച്ച് കൊലപ്പെടുത്തി വിളക്കുകാലില്‍ കെട്ടിത്തൂക്കി. തുടര്‍ന്ന് അധികാരത്തില്‍ വന്ന താലിബാന്‍ തീവ്രവാദികള്‍ അഫ്‌ഗാന്‍ സ്‌ത്രീകളെ അടിമകളും ഭോഗവസ്‌തുക്കളുമാക്കി അകത്തളങ്ങളില്‍ കെട്ടിയിട്ടു. തൊഴില്‍രംഗത്തുനിന്ന് സ്‌ത്രീകള്‍ വീട്ടിനകത്തേക്ക് ആട്ടിയോടിക്കപ്പെട്ടു. ആപാദചൂഡം മൂടുന്ന പര്‍ദ ധരിക്കാതെയോ, പുരുഷന്റെ അകമ്പടിയില്ലാതെയോ ഒരു സ്‌ത്രീയും പുറത്തിറങ്ങരുതെന്ന അന്ത്യശാസനം നല്‍കി. ഏതെങ്കിലും സ്‌ത്രീ അവര്‍ക്ക് ദൈവം കനിഞ്ഞു നല്‍കിയതായി വിശ്വസിക്കുന്ന കണ്ണുകള്‍കൊണ്ട് ഈ ഭൂമിയുടെ സൌന്ദര്യം ഒരു നോക്കു കാണാന്‍ ശ്രമിച്ചാല്‍ അവരെ തീവ്രവാദികള്‍ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലും. പര്‍ദയില്‍ പൊതിഞ്ഞ് സ്‌ത്രീയെ 'സംരക്ഷിക്കുന്ന'വര്‍ തന്നെ അതിക്രൂരമായി സ്‌ത്രീകളെ മാനഭംഗം ചെയ്യുകയും പിഞ്ചുപെണ്‍കുട്ടികളെപ്പോലും പിച്ചിച്ചീന്തുകയും ചെയ്യുന്നു. അഫ്‌ഗാനിലും മറ്റും ഇതാണ് സ്ഥിതിയെങ്കില്‍ ഇറാനിലും ബംഗ്ളാദേശിലുമെല്ലാം സ്‌ത്രീകളുടെ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവര്‍ക്ക് മുസ്ളിം സമുദായത്തിലെ പുരോഗമനവാദികളായ ആയിരക്കണക്കിന് പുരുഷന്മാരുടെ പിന്തുണയുമുണ്ട്.

ലോകരാഷ്‌ട്രങ്ങളില്‍ തന്നെ ഇങ്ങനെയൊരു സാഹചര്യം ഒരുങ്ങുമ്പോഴാണ് ഇന്ത്യയില്‍ മതസങ്കുചിതവാദികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത്. അവരുടെ പരിശ്രമങ്ങള്‍ക്ക് മുസ്ളിംലീഗ് പോലുള്ള സംഘടനകള്‍ വഴിയൊരുക്കുകയാണ്. അത്യധികം അപകടകരമായ ഒരു അവസ്ഥയാണിത്. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്‌ട്രമല്ല. മതേതരത്വം നമ്മുടെ ഭരണഘടനാ വാഗ്ദാനമാണ്. ബഹുമത സാരാംശങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് ജാതി-മത വിഭാഗങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ള പൌരാവലിയെ ചില പൊതു നിയമങ്ങള്‍ക്ക് വിധേയരാക്കിക്കൊണ്ടുമാത്രമെ ഭദ്രമായ ഒരു രാഷ്‌ട്രം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. സ്വതന്ത്ര- ജനാധിപത്യ- മതനിരപേക്ഷ റിപ്പബ്ളിക് എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് അതാണ്. ലോകജനത സോഷ്യലിസ്‌റ്റ് ആശയഗതികള്‍ സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള പ്രായോഗികമാര്‍ഗമായി അംഗീകരിക്കാന്‍ തുടങ്ങിയപ്പോള്‍ നാം ഭരണഘടനയില്‍ സോഷ്യലിസവും വാഗ്ദാനമായി ചേര്‍ത്തിട്ടുണ്ട്. സങ്കുചിത മതബോധങ്ങള്‍ക്ക് അതീതമായി ഇന്ത്യന്‍ പൌരന്മാരെന്ന പൊതുബോധം നിലനിര്‍ത്തുകയാണ് നമ്മുടെ കടമ. ഇവിടെ ഹിന്ദു ഇന്ത്യനാണ്, മുസ്ളിം ഇന്ത്യനാണ്, ക്രിസ്‌ത്യാനിയും പാര്‍സിയും ഇന്ത്യക്കാരാണ്. ഏത് മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. മതനിരപേക്ഷത കൈവരിക്കേണ്ട സ്ഥാനത്ത് മതവര്‍ഗീയത ഉദയം ചെയ്യുന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഹിന്ദു-മുസ്ളിം തീവ്രവാദങ്ങളും മതരാഷ്‌ട്രവാദവും മുളയിലേ നുള്ളിക്കളയേണ്ട അപരാധങ്ങളാണ്. മതവും അധികാരവും തമ്മിലുള്ള സഹവാസം തീവ്രവാദ ആശയങ്ങള്‍ക്ക് കരുത്തുപകരും. ഗുജറാത്തില്‍ നാമത് കണ്ടു. പാക് ഭീകരവാദികള്‍ പാകിസ്ഥാനിലും കശ്‌മീര്‍ താഴ്വരകളിലും ഇപ്പോള്‍ ഇന്ത്യന്‍ തെരുവുകളിലും നടത്തുന്ന കുത്സിത ശ്രമങ്ങളിലൂടെ നാമത് കാണുന്നു. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയ പ്രവേശത്തെയും എസ്‌ഡിപിഐ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനത്തേയും എതിര്‍ക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. അധികാരം സാമൂഹ്യ നവോത്ഥാനത്തിനുള്ള സഹായിയായല്ല സങ്കുചിത വീക്ഷണങ്ങളുടെ സംരക്ഷണത്തിനാണ് മേല്‍പ്പറഞ്ഞ സംഘടനകളെ ഉപയോഗപ്പെടുത്തുക. അതിന്റെ പ്രതിഫലനമാണ് സ്‌ത്രീസമൂഹത്തോടുള്ള പ്രതികരണത്തില്‍ കാണുന്നത്. സ്‌ത്രീ രണ്ടാംതരമാണെന്ന് സ്ഥാപിക്കാന്‍ മതഗ്രന്ഥങ്ങളെ തെറ്റായി പുരുഷമേധാവിത്വത്തിന് ചേരുംവിധം വ്യാഖ്യാനിക്കുകയാണ്.

ബൈബിളും, ഖുര്‍ആനും, ഭഗവത്ഗീതയുമെല്ലാം മനുഷ്യത്വപൂര്‍ണമായി വ്യാഖ്യാനിക്കപ്പെടണം. സമൂഹത്തിലെ വര്‍ഗവിഭജനത്തോടെ പിന്നണിയിലായിപ്പോയ സ്‌ത്രീസമൂഹത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ യേശുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം വചനങ്ങളിലുണ്ട്. പല ഘട്ടങ്ങളിലായി ജന്മംകൊണ്ട സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ അങ്ങനെ വ്യാഖ്യാനിച്ചിട്ടുമുണ്ട്. സ്വാമി വിവേകാനന്ദനും വാഗ്‌ഭടാനന്ദനും ശ്രീനാരായണഗുരുദേവനും സൂഫിവര്യന്മാരും ക്രൈസ്‌തവ മിഷനറിമാരും ഈ സാമൂഹ്യധര്‍മം നിര്‍വഹിച്ചിട്ടുണ്ട്. സ്‌ത്രീകളെ അടിച്ചമര്‍ത്തല്‍ ദൈവനിന്ദയാണെന്ന് കാര്യകാരണ സഹിതം അവരെല്ലാം സൂചിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇസ്ളാമിന്റെ രാഷ്‌ട്രം (ഹുക്കുമത്തേ ഇലാഹി) വരണമെന്ന് ശഠിക്കുന്നവര്‍ നിര്‍ദേശിക്കുന്ന മതനിയമങ്ങള്‍ മുഹമ്മദ് നബി ആഗ്രഹിക്കുന്നതല്ല. തങ്ങള്‍ ജീവിച്ചിരിക്കുമ്പോഴുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ ധീരമായ പോരാട്ടം നടത്തിയവരാണ് യേശുക്രിസ്‌തുവും മുഹമ്മദ് നബിയും. അന്ധകാരത്തില്‍ ആണ്ടുകിടക്കുന്ന അറേബ്യന്‍ സമൂഹത്തെ രക്ഷിക്കാന്‍ അന്ന് സാധിക്കുന്നത്ര പുരോഗമനവാദങ്ങള്‍ നബി മുന്നോട്ടുവെച്ചു. തികച്ചും പുരുഷമേധാവിത്വപരമായ സമൂഹമായിരുന്നു അത്. പുരുഷന്മാര്‍ ഇഷ്‌ടം പോലെ സ്‌ത്രീകളെ വേള്‍ക്കുകയും രമിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന കുത്തഴിഞ്ഞ രീതിക്ക് വിരാമമിടാനാണ് രണ്ടോ മൂന്നോ സ്‌ത്രീകളെ കല്യാണം കഴിക്കാനും അവരോട് തുല്യനീതി പുലര്‍ത്താനും സംരക്ഷിക്കാനും നബി നിര്‍ദേശിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന സ്‌ത്രീകള്‍ക്ക് ജീവനാംശം നല്‍കാനും നിര്‍ദേശിച്ചു. സ്‌ത്രീക്ക് ഉന്നതമായ സ്ഥാനം നല്‍കാന്‍ നബി ഉദ്ദേശിച്ചു എന്നു വ്യക്തമാക്കാന്‍ നിരവധി മുഹൂര്‍ത്തങ്ങള്‍ ഖുര്‍ആനിലുണ്ട്. സ്‌ത്രീമനുഷ്യജന്മം തന്നെയോ എന്നും ദൈവാംശമില്ലാത്ത പിശാചിന്റെ അംശമാണോയെന്നും, സ്‌ത്രീ ആത്മാവും ഹൃദയവുമില്ലാത്ത ജീവിയാണെന്നും മതപണ്ഡിതന്മാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നബി ധീരമായി പ്രഖ്യാപിച്ചു ,പുരുഷനും സ്‌ത്രീയും ദൈവാംശത്തില്‍നിന്ന് ജാതരായ മനുഷ്യരാണെന്ന്."സത്യവിശ്വാസം, ദയ, ഭക്തി, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവയോടെ അല്ലാഹുവിനെ സ്‌മരിക്കുന്ന സ്‌ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് '' എന്ന നബിയുടെ പ്രസ്‌താവന പൂര്‍ണമായ സ്‌ത്രീപുരുഷസമത്വ ആശയമാണ് ധ്വനിപ്പിക്കുന്നത്. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ 'സമ്പാദിക്കുന്നതും തീറ്റിപ്പോറ്റുന്നതും' പുരുഷനായിരുന്നു. സ്‌ത്രീയ്‌ക്ക് സമ്പാദിച്ചുകൂടെന്നും തീറ്റിപ്പോറ്റിക്കൂടെന്നും നബി സൂചിപ്പിച്ചിട്ടില്ല. ഗാര്‍ഹികപീഡനത്തിന്റെ കാര്യത്തില്‍പോലും ഏറെ പുരോഗമനപരമായ നടപടിയാണ് മുഹമ്മദ് നബി സ്വീകരിച്ചത്. ഹബീബ ബിന്‍ദ് സൈദ് എന്ന സ്‌ത്രീ ഭര്‍ത്താവ് തല്ലുന്നു എന്ന് പരാതി പറഞ്ഞപ്പോള്‍ തിരിച്ച് തല്ലിക്കൊള്ളാന്‍ നബി ആജഞാപിച്ചു. പുരുഷന്മാര്‍ ഇതിനെതിരെ കലാപമുയര്‍ത്തിയപ്പോള്‍ പുരുഷന്മാരുടെ ഇടയില്‍ തങ്ങളുടെ സ്ഥാനമെന്താണെന്ന്. സ്‌ത്രീകള്‍ നബിയോടു ചോദിച്ചു. അപ്പോഴാണ് ദൈവത്തിന്റെ മുന്നില്‍ സ്‌ത്രീകളും പുരുഷന്മാരും തുല്യരാണെന്ന മേല്‍പ്പറഞ്ഞ പ്രസ്‌താവന നബി നടത്തിയത്. അറേബ്യന്‍ സമൂഹത്തെ പരിഷ്‌ക്കരിക്കാന്‍ അന്ന് പ്രവാചകന്‍ ചെയ്‌ത പരിശ്രമങ്ങളെ മുന്നോട്ടുനയിക്കേണ്ടതിന് പകരം ആ പഴയ സമൂഹത്തിന്റെ പുനരവതരണമാണ് ചിലര്‍ ആഗ്രഹിക്കുന്നത്. ഫ്യൂഡല്‍ ബന്ധങ്ങളില്‍നിന്നും മുതലാളിത്ത ചൂഷണത്തില്‍നിന്നും സമുദായത്തെയാകെയും സ്‌ത്രീകളെ പ്രത്യേകിച്ചും മോചിപ്പിക്കാന്‍ കഴിയുംവിധം മതനിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ 'മതഭ്രാന്ത് ഒരു തരം മസ്‌തിഷ്‌ക്ക വ്യാധിയാണ്. മനുഷ്യമനസ്സിനെ വ്യാഘ്ര തുല്യമാക്കുന്ന മാനസികാവസ്ഥ' ചാതുര്‍വര്‍ണ്യ വ്യവസ്ഥയും ജാതിമേധാവിത്വവും ഹിന്ദുമതത്തില്‍ സ്‌ത്രീകള്‍ക്കായി കല്പിച്ച ദുരവസ്ഥയില്‍നിന്നും കേരളം ഒരുവിധം നീന്തിക്കയറിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും അയിത്തവും 'അഭിമാനഹത്യ'കളും 'പിശാച് വേട്ട'യുമൊക്കെയായി സാധുസ്‌ത്രീകളെ കൊന്നൊടുക്കുകയാണ്. മതപരമായ കടുംപിടുത്തങ്ങളില്‍ ഹോമിക്കാനുള്ളതല്ല സ്‌ത്രീകളുടെ ജീവിതം. അവര്‍ നല്ല ഭരണകര്‍ത്താക്കളും സാമൂഹ്യ പ്രവര്‍ത്തകരുമായി വരട്ടെ. അപ്പോഴാണ് അവര്‍ നല്ല ജീവിത പങ്കാളികളും നല്ല അമ്മമാരും സഹോദരിമാരും ഒക്കെയായി മാറുക.

വനിതാ ലീഗ് മുസ്ളിംലീഗിനെ സംബന്ധിച്ചിടത്തോളം അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. മുമ്പ് മുസ്ളിം സ്‌ത്രീകള്‍ പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുമ്പോള്‍ സങ്കുചിത ബോധമുള്ള ചില ലീഗ് നേതാക്കള്‍ അതിനെ അപഹസിച്ചിരുന്നു. മഹിളാ അസോസിയേഷന്റെ പല നേതാക്കളും ഇത്തരം ഭര്‍ത്സനങ്ങള്‍ കേട്ടവരാണ്. അതിനെ ശക്തമായി പ്രതിരോധിച്ച് വളര്‍ന്നുവന്നവരാണ്. പിന്നീട് വനിതാസംവരണം വന്നപ്പോള്‍ ലീഗിന്റെ മട്ടുമാറി. സംവരണ സീറ്റില്‍ സ്‌ത്രീകളെ മത്സരിപ്പിക്കാതെ വയ്യല്ലോ. അധികാരത്തിന്റെ പ്രശ്‌നമല്ലെ. ഭാര്യമാരെയും മറ്റും മത്സരിപ്പിച്ച് പിന്‍സീറ്റ് ഡ്രൈവിങ് ആക്കാമെന്ന് പലരും മോഹിച്ചു. എന്നാല്‍ ഭരണരംഗത്തേക്ക് കടന്നുവന്ന മുസ്ളിം സഹോദരിമാര്‍ അവരുടെ കഴിവ് തെളിയിച്ചു. നല്ല പഞ്ചായത്ത് മെമ്പര്‍മാരും പ്രസിഡന്റുമാരുമുണ്ടായി. സമൂഹത്തിന് നേതൃത്വം കൊടുക്കാനുള്ള നേതൃപാടവം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ തെളിയിച്ചു. പലപ്പോഴും വിലക്കുകളുമായി തീവ്രവാദികളായ പുരുഷന്മാര്‍ വന്നിരുന്നു. ഭരണപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സ്‌ത്രീകള്‍ക്ക് കൃത്യം അഞ്ചുമണിക്ക് മുമ്പ് വീട്ടില്‍ ഹാജരാകണമെന്ന ഫത്വ അനുസരിക്കാന്‍ കഴിയില്ല. പൊതുവേദികള്‍ ഒഴിവാക്കാന്‍ കഴിയില്ല. അതെല്ലാം സ്‌ത്രീകള്‍ ഒഴിവാക്കണമെന്ന ആഗ്രഹമുള്ളവര്‍ ലീഗിലുണ്ട് (എല്ലാവരുമല്ല). അത്തരക്കാര്‍ തീവ്രവാദികളുടെ കൂടാരങ്ങളില്‍ മുസ്ളിം സ്‌ത്രീകളെ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ്. അതിന് സ്‌ത്രീസമൂഹവും ജനാധിപത്യവിശ്വാസികളും വഴങ്ങിക്കൊടുത്തുകൂട. കുടുംബത്തിന്റെ, കുഞ്ഞുങ്ങളുടെ, സമൂഹത്തിന്റെ ഉത്തരവാദിത്തം സ്‌ത്രീയും പുരുഷനും കൂട്ടായി ഏറ്റെടുക്കണം. പരസ്‌പരം ബഹുമാനവും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന (സമൂഹത്തിലും കുടുംബത്തിലും) സ്‌ത്രീപുരുഷന്മാര്‍ക്ക് അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ കഴിയും. വസ്‌ത്രധാരണ ഫത്വയും പെരുമാറ്റച്ചട്ടവും ഇല്ലാതെതന്നെ. എല്ലാ ജാതിമത വിഭാഗങ്ങളും അത്തരം ഒരു സമത്വത്തിനായി നിലകൊണ്ടാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകുകയുള്ളൂ.

*****

കെ കെ ശൈലജടീച്ചര്‍, കടപ്പാട് :ദേശാഭിമാനി

Friday, April 16, 2010

സ്ത്രീസംവരണനിയമം സ്ത്രീകളുടെ മൊത്തം സ്ഥിതിയില്‍ മാറ്റം വരുത്തും

സുപ്രധാന നയരൂപീകരണരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമാണോ എന്ന് അറിയണമെങ്കില്‍ വന്‍തോതില്‍ പുരുഷ മേധാവിത്വമുള്ള വ്യവസ്ഥകളില്‍ ഗവണ്‍മെന്റില്‍നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന പരിശോധിച്ചാല്‍മതി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി വളരെ ദയനീയമാണെന്ന് കാണാം. ഇന്ത്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവില്‍ സമൂഹത്തില്‍നിന്ന് ലഭിക്കുന്ന പരിഗണന, പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ എത്രയോ മോശമാണ്. ലിംഗപരമായ സാമൂഹ്യസൂചകങ്ങളുടെ കാര്യത്തില്‍ മറ്റു മിക്ക വികസ്വരരാജ്യങ്ങളുടേയും എത്രയോ പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍പോലും അതാണ് സ്ഥിതി. മിക്കപ്പോഴും ആഫ്രിക്കയിലെ സഹാറാ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളുടെ അടുത്താണ് ഇന്ത്യയുടെ സ്ഥാനം. സ്ത്രീകളുടെ അതിജീവനം (ജനനസമയത്തെ ലിംഗാനുപാതവും പെണ്‍ ഭ്രൂണഹത്യയും), വിദ്യാഭ്യാസം (സാക്ഷരത, സ്കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്, ഉന്നത വിദ്യാഭ്യാസരംഗത്തുള്ള പ്രവേശനം), പോഷകാഹാരവും ആരോഗ്യവും (പോഷകാഹാരക്കുറവ്, പ്രതീക്ഷിതായുസ്സ്, പ്രസവസമയത്തെ മരണസാധ്യത), തൊഴില്‍ അവസരം (തൊഴില്‍ പങ്കാളിത്തം, വേതനത്തിലെ വ്യത്യാസം), സുരക്ഷിതത്വവും സമൂഹത്തിലെ സ്ഥാനവും (സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്ട്രീയപങ്കാളിത്തം) എന്നീ സൂചകങ്ങളുടെയെല്ലാം കാര്യത്തില്‍ അതാണ് സ്ഥിതി.

ലിംഗപരമായ മറ്റ് അസമത്വങ്ങളുടെ ഒരു കാരണവും അതിന്റെ പ്രതിഫലനവുമാണ് സാമ്പത്തിക സമത്വമില്ലായ്മ. രാഷ്ട്രീയ സ്വാധീനം കുറയുന്നതിന്റെയും സാമൂഹ്യ സ്വാതന്ത്ര്യവും സാംസ്കാരിക സ്വാതന്ത്ര്യവും കുറയുന്നതിന്റെയും പൊതുവില്‍ സമൂഹത്തിലുള്ള സ്ഥാനം കുറയുന്നതിന്റെയും പ്രതിഫലനമാണത്. അഥവാ അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ സാമ്പത്തികമായ ശാക്തീകരണത്തിന്റെ അഭാവം, വരുമാനമുണ്ടാക്കുന്ന തൊഴിലവസരങ്ങള്‍ അവര്‍ക്ക് പ്രാപ്യമല്ലാതായിത്തീരുന്നതില്‍ പ്രതിഫലിച്ചുകാണാം. കൂലി ലഭിക്കുന്ന തൊഴിലിന്റെ കാര്യത്തിലും സ്വയം കണ്ടെത്തുന്ന തൊഴിലിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. വ്യക്തിഗത ആസ്തികളുടെയും കുടുംബ ആസ്തികളുടെയും കൂട്ടായ ആസ്തികളുടെയുംമേല്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലാത്തതിലും ഇത് പ്രതിഫലിച്ചുകാണാം.

സ്ത്രീകളുടെ ഭൌതിക പുരോഗതിയും സാമൂഹ്യ സാമ്പത്തിക പരിത:സ്ഥിതികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ദേശീയമായും അന്തര്‍ദേശീയമായും അത് ശരിയാണെന്ന് കാണാം. എന്നാല്‍ ഈ ബന്ധം സ്വാഭാവികമായോ യാന്ത്രികമായോ ഉണ്ടാകുന്നതല്ല. തുല്യതയ്ക്കും നീതിക്കുംവേണ്ടിയുള്ള സ്ത്രീകളുടെ സമരങ്ങളുടെ അനന്തരഫലമാണത്. അതാകട്ടെ സാമ്പത്തിക വികസനത്തിനുവേണ്ട വിപുലമായ തൊഴില്‍ സേനയുടെ ആവശ്യകതയുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ ജോലിക്ക് വേതനം നല്‍കപ്പെടുന്നുവെന്ന ഒറ്റക്കാരണത്താല്‍ത്തന്നെ, അതിന് സാമൂഹ്യമായ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ആഗോളതലത്തില്‍ കാണുന്നത്. അതുകൊണ്ട് വിവിധതലങ്ങളില്‍ സ്ത്രീകളെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനായി മെച്ചപ്പെട്ട തൊഴില്‍ പരിത:സ്ഥിതികളും കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള സാമൂഹ്യ സമ്മര്‍ദ്ദം ഉയര്‍ന്നുവരുന്നതായി കാണാം. എന്നാല്‍ ഈ ബന്ധത്തിന് പലതരത്തിലുള്ള വീഴ്ചകളും കുഴികളും തിരിച്ചടികളും ഉള്ളതുകൊണ്ട് അത് ഋജുരേഖയിലൂടെയുള്ളതോ സുഗമമോ ആയ വളര്‍ച്ചയല്ല കാണിക്കുന്നത്. കൂടുതല്‍ വിപുലമായ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനുംവേണ്ടി സമരംചെയ്യുന്നതിനുള്ള ഇന്ത്യയിലെ ഈ അടുത്ത കാലത്തെ വനിതാ പ്രസ്ഥാനങ്ങളുടെ കഴിവ്, കൂടുതല്‍ വിശാലമായ സാമ്പത്തിക പ്രക്രിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് നിലനില്‍ക്കുന്നത്. തൊഴില്‍ വിപണിയിലുള്ള സ്ത്രീകളുടെ വ്യക്തമായ പങ്കാളിത്തത്തെ നിശ്ചയിക്കുന്നത് ഈ സാമ്പത്തിക പ്രക്രിയകളാണ്.

സാമൂഹ്യനിയമങ്ങളും സമ്മര്‍ദ്ദങ്ങളും

പലപ്പോഴും അംഗീകരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ ഒരു വിഷയമാണിത്. മിക്ക സ്ത്രീകളും ഉല്‍പാദനപരമോ പുനരുല്‍പാദനപരമോ ആയ ഏതെങ്കിലും ചില ജോലികളില്‍ യഥാര്‍ത്ഥത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ ജോലികള്‍ അംഗീകരിക്കപ്പെടുന്നുണ്ടാവാം; സ്ഥിതിവിവര കണക്കുകളില്‍ അവ ഉള്‍പ്പെടുന്നുണ്ടാവാം; ഇല്ലായിരിക്കാം. അതുകൊണ്ട് അവരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പുരുഷന്മാരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ഉല്‍പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടണമോ, അതോ പുനരുല്‍പാദനത്തില്‍ ഏര്‍പ്പെടണമോ എന്ന കാര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിനുള്ള അവസരം ഉണ്ടാക്കുന്നത് സാമൂഹ്യമായ നിബന്ധനകളാണ്. തല്‍ഫലമായി തൊഴില്‍ വിപണിയില്‍ പങ്കെടുക്കുന്നതിനോ മറ്റ് വിധത്തിലുള്ള സ്വയം തൊഴിലുകളില്‍ പ്രത്യക്ഷത്തില്‍ ഏര്‍പ്പെടുന്നതിനോ ഉള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം പരിമിതികള്‍ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാവുന്നതാണ്. ഇന്ത്യയിലെ ചില ഭാഗങ്ങളിലും ചില സമുദായങ്ങളിലും നിലവിലുള്ള വ്യക്തമായ ചില സാമൂഹ്യ നിയമങ്ങള്‍ കാരണം പൊതുജീവിതത്തിലെ പല മേഖലകളിലും സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിക്കപ്പെടുന്നു അല്ലെങ്കില്‍ നിയന്ത്രിക്കപ്പെടുന്നു. അതേ അവസരത്തില്‍ത്തന്നെ കൂടുതല്‍ പരിഷ്കൃതവും മോചിതവുമെന്ന് കരുതപ്പെടുന്ന സമൂഹങ്ങള്‍, ചില പ്രത്യേക ജോലികളില്‍ മാത്രം ഏര്‍പ്പെടുന്നതിന് സ്ത്രീകളുടെമേല്‍ പരോക്ഷമായ സമ്മര്‍ദ്ദം ശക്തിയായി ചെലുത്തുന്നുമുണ്ട്.

ഇതിന്റെഫലമായി സ്ത്രീകളെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മയും ദാരിദ്ര്യവും തമ്മിലുള്ള ബന്ധം ഒട്ടും പ്രത്യക്ഷവും പ്രകടവുമല്ല. (മറിച്ച് വികസ്വര രാഷ്ട്രങ്ങളില്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രത്യക്ഷമായ രൂപംതന്നെ കൈക്കൊണ്ടിരിക്കുന്നു.) പൂര്‍ണമായ തോതില്‍ ജോലിയുള്ള എത്രയോ സ്ത്രീകള്‍, കേവലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍, ഇപ്പോഴും ദരിദ്രരായിത്തന്നെ കഴിഞ്ഞുകൂടുന്നു. അവരുടെ അധ്വാനഭാരം വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം, അവരുടെ ഭൌതിക പരിത:സ്ഥിതികള്‍ മെച്ചപ്പെട്ടുകൊള്ളണമെന്നില്ല. മാത്രമല്ല സ്ത്രീകളുടെ തൊഴിലവസരങ്ങളുടെ അളവ് ചുമ്മാ വര്‍ദ്ധിപ്പിക്കുക മാത്രം ചെയ്യുന്ന ഒരു നയംകൊണ്ട് (കാരണം അംഗീകൃത "ജോലി''കള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് അതുകൊണ്ടുണ്ടാകുന്നത്) സ്ത്രീകളുടെ തലയില്‍ ഇരട്ടഭാരം കയറ്റിവെയ്ക്കാനാണ് കൂടുതല്‍ സാധ്യത. കാരണം അവര്‍ക്ക് അവരുടെ വീട്ടുജോലികള്‍ അപ്പോഴും നിര്‍വഹിക്കേണ്ടതുണ്ടല്ലോ. അതിനാല്‍ സ്ത്രീകളുടെ ജോലികളുടെ ഗുണനിലവാരവും അംഗീകാരവും അതിനു നല്‍കുന്ന പ്രതിഫലവും പരിഗണിക്കുന്ന അവസരത്തില്‍തന്നെ, വീട്ടുജോലിക്കും ശിശുപരിചരണത്തിനും മറ്റും വേറെ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതടക്കമുള്ള, ജോലി പരിത:സ്ഥിതികള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

ഇതിന്റെ നിര്‍ണായകമായ ഒരു സവിശേഷത കൂലിയില്ലാത്ത വേലയാണ്. ഇന്ത്യയിലും മറ്റ് മിക്ക വികസ്വരരാജ്യങ്ങളിലും സ്ത്രീകള്‍ ഇങ്ങനെ കൂലിയില്ലാതെ ജോലിചെയ്യുന്നുണ്ട്. പല രാജ്യങ്ങളിലും പല അളവിലാണെന്നുമാത്രം. വീട്ടുകാര്യങ്ങള്‍ നോക്കലും വീട്ടുജോലികളും പുനരുല്‍പാദനപ്രവര്‍ത്തനങ്ങളും മറ്റുമായി ബന്ധപ്പെട്ട എത്രയോ ജോലികള്‍ ഇന്ത്യയില്‍ സ്ത്രീകളും പെണ്‍കുട്ടികളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിപണിബന്ധങ്ങളുമായി വിധേയമാക്കപ്പെടുന്ന ജോലികളല്ല അത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള ഉല്‍പാദനപരമായ പങ്കിനെ അവഗണിക്കാനുള്ള സ്വാഭാവികമായ പ്രവണത സമൂഹത്തിലുണ്ട്. അതുപോലെതന്നെ വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ട മിക്ക പ്രവര്‍ത്തനങ്ങളും "അദൃശ്യമായി'' കണക്കാക്കാനാണ് സാമൂഹ്യ നിബന്ധനകളും സാമൂഹ്യമൂല്യങ്ങളും സങ്കല്‍പനങ്ങളും ശ്രമിക്കുന്നത്. ഈ 'അദൃശ്യത' സ്ഥിതിവിവരക്കണക്കുകളെ അപൂര്‍ണങ്ങളും അപര്യാപ്തങ്ങളും ആക്കിത്തീര്‍ക്കുന്നു. അതുകാരണം ഔദ്യോഗികമായി തയ്യാറാക്കപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍, സ്ത്രീകളുടെ യഥാര്‍ത്ഥത്തിലുള്ള ഉല്‍പാദനപരമായ പങ്കിനെ വേണ്ടത്ര പ്രതിഫലിപ്പിക്കുന്നില്ല; യഥാര്‍ത്ഥത്തിലുള്ള സൂചകങ്ങളല്ല അവ. സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യുമ്പോഴും, അക്കാര്യം കണക്കിലെടുക്കാതെതന്നെ സമൂഹം കൂലിയില്ലാത്ത ജോലി അവര്‍ക്കായി മാറ്റിവെയ്ക്കുന്നു. താഴ്ന്ന വരുമാനക്കാരായ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്, തങ്ങളുടെ വീട്ടുജോലികള്‍ ചെയ്യാന്‍ പകരം പുറമെനിന്ന് ആളെവെയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ വീട്ടില്‍ത്തന്നെയുള്ള വയസ്സായ സ്ത്രീകളോ അഥവാ പെണ്‍കുട്ടികളോ ആ ജോലികള്‍ ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ പുറത്തുപോയി തൊഴിലെടുക്കുന്ന സ്ത്രീകള്‍തന്നെ അധ്വാനഭാരം കൂടുതല്‍ വഹിച്ചുകൊണ്ട് അത് ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതിനാല്‍ സ്ത്രീകള്‍ക്ക് മറ്റുവിധത്തില്‍ ജോലിയുള്ളപ്പോള്‍, ഇത്തരം സേവനങ്ങളുടെ ഒരു വലിയ ഭാഗമെങ്കിലും നിര്‍വഹിക്കാന്‍ സാമൂഹ്യമായ ചില ഏര്‍പ്പാടുകള്‍ ഉണ്ടാകേണ്ടതാണ്. അല്ലെങ്കില്‍ വീട്ടിലെ ജോലികളെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള പങ്കുവെയ്പിന്റെ കാര്യത്തില്‍ ഒരു മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് മറ്റുവിധത്തില്‍ പുറത്ത് ജോലി ലഭിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടത് പ്രധാനമാണ്.

എന്നാല്‍ സ്ത്രീകള്‍ സാമ്പത്തികമായി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് അംഗീകരിക്കപ്പെടുന്ന അവസ്ഥയില്‍പോലും, അവരുടെ പുരുഷന്മാരില്‍നിന്നുള്ള നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് കൃഷിയുടെ കാര്യമെടുക്കാം. ഇന്ത്യയിലെ തൊഴില്‍സേനയുടെ പകുതിയിലധികംപേരും ഇന്നും ആ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം കുടുംബങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗത്തിനും ഉള്ള അടിസ്ഥാനപരമായ ജീവനോപാധികള്‍ നല്‍കുന്നത് കൃഷിയാണ്. കാര്‍ഷികമേഖലയില്‍നിന്ന് പുറത്തേക്കുപോകുന്നവരില്‍ അധികവും പുരുഷന്മാരാണ്, സ്ത്രീകളല്ല എന്നതിനാല്‍ കാര്‍ഷിക ജോലികള്‍ അധികവും ചെയ്യേണ്ടത് സ്ത്രീകളായിത്തീരുന്നു. കര്‍ഷകത്തൊഴിലാളികളില്‍ ഏതാണ്ട് 40 ശതമാനം പേരും സ്ത്രീകളാണ്. പല തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അവരുടെ അനുപാതം പകുതിയില്‍ അധികമാണുതാനും. തൊഴില്‍ നല്‍കുന്ന തൊഴിലുടമ എന്ന നിലയിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൃഷിയുടെ സ്ഥാനം സുപ്രധാനമാണ്. അംഗീകൃത തൊഴിലുള്ള പുരുഷന്മാരില്‍ പകുതിയോളം പേര്‍ കാര്‍ഷികരംഗത്താണ് പണിയെടുക്കുന്നതെങ്കില്‍, അംഗീകൃത തൊഴിലുള്ള സ്ത്രീകളില്‍ നാലില്‍ മൂന്ന് ഭാഗവും കാര്‍ഷികരംഗത്തുതന്നെയാണ് പണിയെടുക്കുന്നത്. (ഗ്രാമീണ മേഖലയില്‍ അത് 85 ശതമാനം വരും. കൃഷിക്കാരില്‍ ഒരു നല്ല ഭാഗം സ്ത്രീകളാണെങ്കിലും അവര്‍ക്ക് ഭൂമിയില്‍ ഉടമാവകാശമോ പട്ടയമോ ലഭിക്കുന്നില്ല. അതുകാരണം ധനസ്ഥാപനങ്ങളില്‍നിന്നു വായ്പകളും ജലസേചനത്തിനുള്ള വെള്ളവും മറ്റ് അവശ്യ സേവനങ്ങളും പശ്ചാത്തല സൌകര്യങ്ങളും വിപണനത്തിനുള്ള സഹായവും അവര്‍ക്ക് അപ്രാപ്യമായിത്തീരുന്നു.

കാര്‍ഷികമേഖലക്കുപുറമെ, കുറഞ്ഞ പ്രതിഫലം മാത്രം ലഭിക്കുന്ന തൊഴിലുകളിലും സ്വയം കണ്ടെത്തിയ തൊഴിലുകളിലും മറ്റ് അനൌപചാരിക മേഖലകളിലും വളരെയധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ജനസംഖ്യയിലെ സ്ത്രീകളുടെ അനുപാതത്തേക്കാള്‍ എത്രയോ ഉയര്‍ന്ന അനുപാതമാണ് ഈ മേഖലകളിലെ സ്ത്രീ പങ്കാളിത്തത്തില്‍ കാണാന്‍ കഴിയുന്നത്. ഈ മേഖലകളിലും പുരുഷന്മാര്‍ക്ക് നേരിടേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ വിഷമതകള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. കാര്‍ഷിക മേഖലയൊഴിച്ചുള്ള മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പകുതിയില്‍ അധികംപേരും സ്വയം കണ്ടെത്തിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടവരാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ചെറുകിട/ അനൌപചാരിക നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും താല്‍ക്കാലിക ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നു. ധനസ്ഥാപനങ്ങളില്‍നിന്ന് വേണ്ടത്ര വായ്പ ലഭ്യമല്ലാത്തതാണ് അവരെ നേരിടുന്ന ഒരു പ്രധാന പ്രശ്നം. ഇത്തരം സൌകര്യങ്ങള്‍ ഇപ്പോഴും പ്രധാനമായും ലഭ്യമാകുന്നത് പുരുഷന്മാര്‍ക്കാണ്. അതുകൊണ്ട് സ്ത്രീകളുടെ സംരംഭങ്ങളുടെ ചെലവ് കൂടുന്നു. മാത്രമല്ല ചെറുകിട ഉല്‍പാദകരായ സ്ത്രീകള്‍ക്ക് സജ്ജീകരണ - സംഘാടന പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടിവരുന്നു. വായ്പകളുടെ കാര്യത്തിലാണെങ്കില്‍, സ്ത്രീസംരംഭകര്‍ക്ക് ചെറിയ തുകകള്‍ക്കുള്ള വായ്പകള്‍ (മൈക്രോ ക്രെഡിറ്റ്) നല്‍കുന്നതിന് പ്രാമുഖ്യമുള്ള നയമാണ് ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്നത്. മറിച്ച്, ധനസ്ഥാപനങ്ങളില്‍നിന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ നിലയില്‍ പ്രാപ്യമായ വലിയ വായ്പകളിലല്ല ഊന്നല്‍.

കൂലിയുടെ കാര്യത്തിലുള്ള വിവേചനം

വിദഗ്ധത്തൊഴിലിനുവേണ്ട പരിശീലനത്തിന് സ്ത്രീകള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കാത്തതുകൊണ്ട്, വേതനം കുറഞ്ഞ, ശാരീരികാധ്വാനം കൊണ്ട് ചെയ്യുന്ന, നിയതമല്ലാത്ത തൊഴിലുകളിലാണ് അവര്‍ക്ക് ഏര്‍പ്പെടേണ്ടി വരുന്നത്. അതേ അവസരത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പുരുഷന്മാര്‍ക്ക് കൈവരുന്നു; അവയെ അവര്‍ നിയന്ത്രിക്കുന്നു. സ്ഥിരമായ സര്‍ക്കാര്‍ ജോലികളിലാണ് സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ത്തന്നെയും, കുറഞ്ഞ കൂലിയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ വെച്ചുകൊണ്ട് സേവനങ്ങള്‍ ചെലവു കുറഞ്ഞതാക്കിത്തീര്‍ക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അംഗനവാടി തൊഴിലാളികള്‍, ആശാ തൊഴിലാളികള്‍ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് ), ശിക്ഷാ കേന്ദ്രങ്ങളിലെ താല്‍ക്കാലിക അധ്യാപികമാര്‍ തുടങ്ങിയവരൊന്നും മറ്റ് ഗവണ്‍മെന്റ് ജീവനക്കാരുടേതിന് തുല്യമായ നിലവാരത്തില്‍ പരിഗണിക്കപ്പെടുന്നില്ല. അവരെ "സോഷ്യല്‍ വര്‍ക്കര്‍'' അഥവാ "വളണ്ടറി വര്‍ക്കര്‍'' എന്നാണ് വിളിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള മിനിമം കൂലിയേക്കാള്‍ എത്രയോ കുറഞ്ഞ "പ്രതിഫല''മാണ് അവര്‍ക്ക് ലഭിക്കുന്നത്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ വിവിധ തൊഴില്‍ മേഖലകളില്‍ വേതനത്തിന്റെ കാര്യത്തില്‍ സ്ത്രീകളോടു കാണിക്കുന്ന ലിംഗപരമായ വിവേചനം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതേ അവസരത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുമ്പോഴും സ്ത്രീത്തൊഴിലാളികളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം മുരടിച്ചു നില്‍ക്കുകയാണ്; അഥവാ ഇടിയുക തന്നെയാണ്.

ഇതൊക്കെ ശരി തന്നെ, ഇത് മാറ്റേണ്ടത് ആവശ്യവുമാണ്. അതിന് വ്യത്യസ്തമായ സാമ്പത്തിക തന്ത്രങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ പാര്‍ലമെന്റിലും സംസ്ഥാന അസംബ്ളികളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതുകൊണ്ട് ഇതില്‍ മാറ്റം വരാന്‍ പോകുന്നില്ല എന്ന വാദം ഉയര്‍ന്നുവരാനിടയുണ്ട്. ഇത്തരം സംവരണം കൊണ്ട് സാധാരണ സ്ത്രീകളുടെ മൊത്തത്തിലുള്ള ശാക്തീകരണത്തില്‍ യഥാര്‍ത്ഥത്തില്‍ വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല എന്നതാണ് സാധാരണയായി ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാദം. ജനങ്ങളുടെ വോട്ടു നേടി പാര്‍ലമെന്റിലേക്ക് എത്തുന്നവര്‍ക്ക് മാത്രമേ അതുകൊണ്ട് മെച്ചമുള്ളൂ എന്നാണ് വാദം. രാജ്യത്തെ മിക്ക സ്ത്രീകളുടെയും സ്ഥിതിയില്‍ അത് ചെലുത്തുന്ന സ്വാധീനത്തിന്റെ കാര്യത്തില്‍ അതിന് പ്രതീകാത്മകമായ സ്ഥാനമേയുള്ളൂ എന്നാണ് മറ്റൊരു വാദം. തുറന്നുകിട്ടുന്ന ഈ മാര്‍ഗത്തിന്റെ സ്വഭാവം എന്തായിരിക്കും എന്നത് കാണാന്‍ പോകുന്നതേയുള്ളൂ. എന്നാല്‍ ഒരു കാര്യത്തില്‍ സംശയമില്ല. ഈ പ്രത്യേക നിയമനിര്‍മാണം വഴി ആരംഭിക്കുന്ന ചലന പ്രക്രിയ ഇനി തിരിച്ച് എതിര്‍ദിശയിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് തങ്ങളുടെ മുന്നേറ്റത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് ഈ പ്രത്യേക നിയമം എന്ന് നിരവധി വനിതാസംഘടനകളും ഫെമിനിസ്റ്റ് പ്രവര്‍ത്തകരും ഊന്നിപ്പറയുന്നത്.

ഇത് വ്യത്യാസമുണ്ടാക്കുമെന്ന് പറയുന്നതെന്തുകൊണ്ടാണ്? രാജ്യത്തെ മിക്ക വനിതകളുടെയും സാമ്പത്തിക പരിതഃസ്ഥിതിയില്‍, ഈ ഒരൊറ്റ നിയമം അതിന്റെ സ്വന്തം നിലയ്ക്ക് വലിയ മാറ്റം വരുത്തും എന്ന് ആരും വാദിക്കുകയില്ല എന്നുറപ്പാണ്. ദേശീയ രാഷ്ട്രീയത്തില്‍ നേതൃത്വത്തില്‍ ചില സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞ വനിതകളെല്ലാം, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുപ്രധാനങ്ങളായ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും അവയുടെ ചാമ്പ്യന്മാരായും സ്വയം വേറിട്ട് ഉയര്‍ന്നുനില്‍ക്കുകയുണ്ടായി എന്ന് നമുക്ക് അവകാശപ്പെടാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ദുര്‍ലഭം ചിലരൊഴിച്ചാല്‍, പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിക്ക വനിതാ അംഗങ്ങളും ഏതെങ്കിലും പ്രധാന പ്രശ്നത്തില്‍ വേണ്ടത്ര ശോഭിക്കുകയുണ്ടായില്ല. സ്ത്രീകളെ സംബന്ധിച്ച പ്രശ്നത്തിന്റെ കാര്യം പിന്നെ പറയേണ്ടതുമില്ലല്ലോ.

എന്നാല്‍ നാം ഓര്‍മിക്കേണ്ട കാര്യം ഇതാണ്: വെറും സംഖ്യ കൊണ്ടു മാത്രം ഒരു ചലനമുണ്ടാക്കാന്‍ കഴിയും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ അത്തരമൊരു നടപടിക്ക് കൂടുതല്‍ വിശാലമായ ഒരു പ്രക്രിയയെ കെട്ടഴിച്ചു വിടാന്‍ കഴിയും. ഇന്ന് എംപിമാരില്‍ സ്ത്രീകളുടെ പങ്കാളിത്തം 8.2 ശതമാനം മാത്രമാണ്. 20 കൊല്ലം മുമ്പത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് വളരെ കുറവാണ് (ഏതാണ്ട് പകുതി മാത്രം) ഇതു കാരണം സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തിലും നിയമങ്ങളും നയങ്ങളും കൂടുതല്‍ ലിംഗബോധത്തോടു കൂടിയവയായിരിക്കണം എന്ന് ആവശ്യപ്പെടുമ്പോഴും അവര്‍ പലപ്പോഴും ഒരു ചെറിയ ന്യൂനപക്ഷമായിത്തീരുന്നു; തങ്ങള്‍ ഒറ്റപ്പെടുന്ന പ്രതീതി അവര്‍ക്കുണ്ടാകുന്നു - മറ്റ് അംഗങ്ങളില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കില്‍.

എന്നാല്‍ അത്തരമൊരു ചെറിയ ന്യൂനപക്ഷത്തില്‍നിന്ന് അംഗസംഖ്യ വര്‍ധിക്കുമ്പോള്‍, കാര്യങ്ങളില്‍ വലിയ മാറ്റം വരുന്നു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രാതിനിധ്യം ലഭിച്ചിട്ടുള്ള പല രാജ്യങ്ങളിലും (നോര്‍വെ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെ പോലെയുള്ളവ) അവരുടെ സാന്നിധ്യംകൊണ്ട്, സ്ത്രീകളെ ബാധിക്കുന്ന നിയമങ്ങള്‍ കൂടുതല്‍ നിര്‍മിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും സഭാ സംസ്കാരം അതിനനുസരിച്ച് ഉയരുമെന്നും വ്യക്തികളായ വനിതാ പ്രതിനിധികള്‍ക്ക് പ്രസംഗിക്കാന്‍ ധൈര്യം ലഭിക്കുമെന്നും അവരുടെ പ്രസംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും കൂടുതല്‍ വനിതാ നേതാക്കന്മാര്‍ വളര്‍ന്നുവരുമെന്നും രാഷ്ട്രീയ വേദിയില്‍ അവര്‍ കൂടുതല്‍ ഗൌരവത്തോടെ ശ്രദ്ധിക്കപ്പെടുമെന്നും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുന്ന ഏതാനും വനിതകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പങ്ക് ലഭിക്കും എന്നു മാത്രമല്ല ഇതിനര്‍ഥം. സ്ത്രീകളില്‍ ഭൂരിപക്ഷത്തിനും സഹായകമായിത്തീരാവുന്ന നയങ്ങളിലും നടപടികളിലും അത് പ്രതിഫലിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്. പ്രാദേശിക ഭരണസമിതികളില്‍ ഗ്രാമീണ വനിതകള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്നതിനുള്ള 73-ാമത്തെയും 74-ാമത്തെയും ഭരണഘടനാ ഭേദഗതികളുടെ വമ്പിച്ച പ്രാധാന്യവും സ്വാധീനവും നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇത് ദേശീയതലത്തിലും സംഭവിക്കാനാണ് സാധ്യത.

നിയമവ്യവസ്ഥയുടെ പങ്ക്

ആസ്തികളുടെയും വിദ്യാഭ്യാസത്തിന്റെയും അഭാവം, വായ്പ ലഭിക്കാനുള്ള സാധ്യതയുടെ അപര്യാപ്തത, വീടിനുപുറത്ത് ജോലി ചെയ്യുന്നതിനുള്ള പരിമിതമായ കഴിവ് തുടങ്ങി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ ദോഷകരമായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതിനൊക്കെ പുറമെ കൂടുതല്‍ പ്രധാനപ്പെട്ടതും ജനപ്രതിനിധികളെന്നനിലയില്‍ സ്ത്രീകള്‍ക്ക് ക്വാട്ട അനുവദിക്കുന്ന നിയമവുമായി പ്രത്യക്ഷമായിത്തന്നെ ബന്ധപ്പെട്ടതും ആയ ഘടകം, നിയമവ്യവസ്ഥയുടെ പങ്കും സ്ത്രീകളുടെ ശാക്തീകരണത്തിനായി അവ നടപ്പാക്കുന്ന രീതിയും ആണ്. സ്ത്രീകള്‍ക്ക് മുന്നിലുള്ള തടസ്സങ്ങള്‍ വരുന്നത് നിയമങ്ങളുടെ നിര്‍മാണത്തില്‍നിന്നു തന്നെയാണ്, അവയുടെ ഉള്ളടക്കത്തിന്റെ പാകപ്പിഴകളില്‍നിന്നു തന്നെയാണ് (സ്വത്തവകാശവും പാരമ്പര്യാവകാശവും സംബന്ധിച്ച നിയമം, ന്യായമായ കാരണങ്ങളാല്‍ വിവാഹമോചനം അനുവദിക്കുന്ന നിയമം, അക്രമങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന നിയമം തുടങ്ങിയവയില്‍ ഇത് കാണാം). നിയമവ്യവസ്ഥയുടെയും മറ്റ് നീതിന്യായ വ്യവസ്ഥകളുടെയും പ്രാപ്യതയുടെ കാര്യത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തിലും ഇത് കാണാം.

ഈ പശ്ചാത്തലത്തില്‍ നിയമത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്താന്‍ കഴിവുള്ളവരും വീടു പുലര്‍ത്തുന്ന പരമ്പരാഗത പുരുഷ മാതൃകയില്‍നിന്ന് കൂടുതല്‍ ലിംഗബോധമുള്ള, സ്ത്രീകളെകൂടി ഉള്‍ക്കൊള്ളാന്‍ മനഃസ്ഥിതിയുള്ള സമീപനത്തിലേക്ക് നയങ്ങളെ തിരിച്ചുവിടാന്‍ കഴിവുള്ളവരുമായ വനിതാ നിയമനിര്‍മാതാക്കള്‍ കൂടുതല്‍ ഉണ്ടായിത്തീരേണ്ടത് അടിയന്തിരമായ ആവശ്യമാണ്. ഇതാകട്ടെ, ഇന്നത്തേക്കാള്‍ കൂടുതല്‍ തുല്യതയുള്ളതും നിലനില്‍ക്കുന്നതും ആയ ഒരു സാമ്പത്തിക തന്ത്രത്തിന്റെ ആവിര്‍ഭാവത്തിന് ഇടവരുത്തുകയും ചെയ്യും. അതിനാല്‍ വനിതാസംവരണ ബില്‍ പാസ്സാകുന്നത്, സ്ത്രീകളെ സംബന്ധിച്ച് മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തെയും സമ്പദ്വ്യവസ്ഥയേയും സംബന്ധിച്ചിടത്തോളവും മുന്നോട്ടുള്ള നിര്‍ണായകമായ ഒരു വലിയ കാല്‍വെപ്പായിരിക്കും.

*
ജയതിഘോഷ് കടപ്പാട് ചിന്ത വാരിക