Showing posts with label ഭോപാല്‍ ദുരന്തം. Show all posts
Showing posts with label ഭോപാല്‍ ദുരന്തം. Show all posts

Saturday, July 21, 2012

സുപ്രിംകോടതി വിധിയും ഭോപ്പാല്‍ദുരന്ത ബാധിതരും

മനുഷ്യരില്‍ അനധികൃതമരുന്ന് പരീക്ഷണം പാടില്ലെന്ന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചു. മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

വിധിയെ സ്വാഗതം ചെയ്യുമ്പോഴും ഹൃദയമുള്ളവരെ നടുക്കുന്ന മറ്റുചില പിന്നാമ്പുറ കഥകളാണ് ഈ വിധി വഴി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്‍ഡോര്‍ ആസ്ഥാനമായ സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് സുപ്രിം കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഭോപ്പാല്‍ വാതക ദുരന്തത്തില്‍പെട്ടവരില്‍ മരുന്നു പരീക്ഷണം നടത്തുന്ന നിഷ്ഠൂരമായ പരാതിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിക്കാധാരം.

1984 ഡിസംബര്‍ 3 നാണ് ഭോപ്പാല്‍ ദുരന്തമുണ്ടായത്. യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ എന്ന കീടനാശിനി ഫാക്ടറിയില്‍ നിന്നും പുറത്തുവിട്ട 32 ടണ്‍ വിഷവാതകം ശ്വസിച്ച് കാല്‍ലക്ഷത്തോളം പേര്‍ മരണമടയുകയായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ അത്യപൂര്‍വമായി സംഭവിച്ച ഈ വ്യാവസായിക ദുരന്തം നടന്നിട്ട് 28 വര്‍ഷം ആകാന്‍ പോകുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവരോടും ദുരന്തം പേറി ഇപ്പോഴും ജീവിക്കുന്നവരോടും അവരുടെ കുടുംബാംഗങ്ങളോടും അങ്ങേയറ്റത്തെ നീതികേടാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ കാട്ടിയത്. ദുരന്തത്തിനുത്തരവാദിയായ കമ്പനിയെ ഡൗ കെമിക്കല്‍സ് എന്ന ബഹുരാഷ്ട്രമരുന്നു നിര്‍മാണകമ്പനി ഏറ്റെടുത്തതോടെ കമ്പനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും കഴിയാത്തവിധം രാജ്യത്തെ നിയമസംവിധാനങ്ങളെയും നീതി നിര്‍വഹണപാലകരേയും വിലയ്‌ക്കെടുത്ത് അവര്‍ കുടുക്കിയിട്ടു. ഒടുവില്‍ 2010 ജൂണില്‍ ഇതിനുത്തരവാദികളെന്ന് പറഞ്ഞു കമ്പനിയുടെ ഏഴ് മുന്‍ ജീവനക്കാര്‍ക്ക് 2 വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ഇന്ന് ഈ വിധി പ്രസ്താവിച്ച സുപ്രിം കോടതി തന്നെ വിധിച്ച് കേസ് അവസാനിപ്പിച്ചു.
ദുരന്തബാധിതരെ അവഹേളിക്കുന്ന ഈ വൈകിവന്ന വിധിക്കെതിരെ ഭോപ്പാലിലെ ജനങ്ങള്‍ രോഷാകുലരായി രംഗത്തുവന്നു. സംഭവത്തിലെ പ്രധാനപ്രതിയായ കാര്‍ബൈഡ് സി ഇ ഒ വാറന്‍ ആന്‍ഡേഴ്‌സണെ പിടികിട്ടാപുള്ളിയായി  സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അമേരിക്കയിലെ തന്റെ ജന്മനാട്ടില്‍ സുഖലോലുപനായി ഇയാള്‍ ഇപ്പോഴും താമസിക്കുകയാണ്.
യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഈ അമേരിക്കന്‍ കമ്പനി ഉത്തരവാദിയല്ലെന്നും ആ കമ്പനിയെ ഏറ്റെടുത്ത ഡൗ കെമിക്കല്‍സിന് ഈ ദുരന്തത്തിന് ഉത്തരം നല്‍കേണ്ട കാര്യമില്ലെന്നും ഇതു സംബന്ധിച്ച് ഒരു കേസുമായും അമേരിക്കന്‍ കോടതിയെ സമീപിക്കാന്‍ ഇന്ത്യയ്ക്കവകാശമില്ലെന്നും അസന്നിഗ്ധമായി അമേരിക്ക പ്രഖ്യാപിച്ചതോടെ ഇന്ത്യ വെട്ടിലായി. ഒടുവില്‍ 1989 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി കോടതിക്ക് പുറത്ത് നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് 470 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ പരിഹാരതുകയായി കമ്പനി നല്‍കണമെന്ന് തീരുമാനിച്ചു.

ദുരന്തം വിതച്ച പാരിസ്ഥിതിക നഷ്ടം, ജൈവനഷ്ടം, കുടിവെള്ളംപോലും വിഷമയമാക്കപ്പെട്ട അവസ്ഥ എന്തിന് മനുഷ്യ കുലത്തിന്റെ തന്നെ നിലനില്‍പിനേറ്റ ക്ഷതം അവ യുഗങ്ങള്‍ കഴിഞ്ഞാല്‍പോലും പരിഹരിക്കപ്പെടില്ലെന്നിരിക്കെ ദുരന്തത്തിനിരയായവര്‍ ആവശ്യപ്പെട്ട 3 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ 15 ശതമാനം മാത്രം ഭിക്ഷപോലെ വാങ്ങാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ അവരിലാണ് ഇന്നീ പരീക്ഷണം നടന്നിരിക്കുന്നത്. നഷ്ടപരിഹാരതുക തന്നെ അര്‍ഹരായവര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. വിഷവാതകമേറ്റുണ്ടായ ശാരീരിക മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സിക്കുന്നു എന്ന വ്യാജേനയായിരുന്നു ഇത്രനാളും അവിടെ പരീക്ഷണം നടത്തിയിരുന്നത്.

ഇതുമായി രണ്ടുകാര്യങ്ങള്‍ കൂട്ടിവായിക്കേണ്ടതുണ്ട്. യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ബഹുരാഷ്ട്ര കമ്പനിയായ ഡൗ കെമിക്കല്‍സാണ് മരുന്നുല്‍പ്പാദന രംഗത്തെ കുത്തക നിര്‍മാണ കമ്പനികള്‍. ഇവര്‍ തന്നെയാണ് വിയറ്റ്‌നാം യുദ്ധത്തിലടക്കം അമേരിക്ക ഉപയോഗിച്ച ഏജന്റ് ഓറഞ്ച് അടക്കമുള്ള രാസായുധങ്ങളും നിര്‍മിക്കുന്നത്. കാര്‍ബൈഡ് ദുരന്തബാധിതരോട് നീതികാട്ടിയില്ലാ എന്ന് മാത്രമല്ല അവരെ തന്നെ തങ്ങളുടെ അനധികൃത മരുന്നുകള്‍ക്കുള്ള പരീക്ഷണ വസ്തുവായി ഉപയോഗിച്ചു എന്നത് മനഃസാക്ഷിയുള്ള ആരേയും നടുക്കുന്ന കാര്യമാണ്.
നാസി ഭരണകാലത്ത് മലേറിയ പിടിപെട്ട 400 യുദ്ധത്തടവുകാരുടെമേല്‍ നാസി ഡോക്ടര്‍മാരും കുത്തക മരുന്നു നിര്‍മാണ കമ്പനികളും ഗിനിപ്പന്നികളാക്കി പരീക്ഷണം നടത്തിയ ക്രൂരതയ്ക്കുശേഷം ഇന്നിപ്പോള്‍ ഗിനിപ്പന്നികളായി ഭോപ്പാലിലെ വിഷവാതകദുരന്തം പേറുന്നവര്‍ ഇരയാക്കപ്പെട്ടിരിക്കുന്നു. ഇതിനകം ഇതുമൂലം 2000 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി സുപ്രിംകോടതി തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി.

മനഃസാക്ഷിയില്ലാത്ത ഇന്ത്യന്‍ ഭരണകൂടം നാസി ഭരണത്തെപ്പോലും ലജ്ജിപ്പിക്കുന്ന നടപടിയാണ് ഭോപ്പാലില്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ മനുഷ്യാവകാശ ലംഘനത്തിനുത്തരവാദികളായവരെ വെറുതെ വിടരുത്. ഭോപ്പാലിലെ ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്കൊപ്പം ഈ പോരാട്ടത്തില്‍ എല്ലാ മനുഷ്യ സ്‌നേഹികളും അണിചേരണം.

*
ജനയുഗം മുഖപ്രസംഗം 17 ജൂലൈ 2012

Sunday, December 4, 2011

ലണ്ടന്‍ ഒളിമ്പിക്‌സിനുമേല്‍ ഭോപാല്‍ ദുരന്തത്തിന്റെ കരിനിഴല്‍

ഇരുപത്തിയേഴ് വര്‍ഷം മുമ്പുണ്ടായ ഭോപാല്‍ വിഷവാതക ദുരന്തം 2012 ല്‍ നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സിനുമേല്‍ കരിനിഴല്‍വീഴ്ത്തിയിരിക്കുന്നു. ദുരന്തം വിതച്ച യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമസ്ഥരായ ഡൗകെമിക്കല്‍സ് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സറായിട്ടുള്ളതാണ് വിവാദമായിട്ടുള്ളത്. ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു; ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും ലോകമൊട്ടാകെയും.

1984 ഡിസംബര്‍ 2-3 തീയതികളിലാണ് ഭോപാല്‍ ദുരന്തമുണ്ടായത്. യൂണിയന്‍കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മിക്കുന്ന പ്ലാന്റില്‍ നിന്നും വിഷവാതകം ചോര്‍ന്നതിനെതുടര്‍ന്ന് 15,000 ല്‍പരം പേര്‍ മരിക്കുകയും അഞ്ച് ലക്ഷത്തില്‍പ്പരം പേര്‍ രോഗബാധിതരായിത്തീരുകയും ചെയ്തു. ജനിതക വൈകല്യങ്ങളോട്കൂടിയ കുട്ടികള്‍ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുംകൂടി 47 കോടി ഡോളറിന്റെ നാമമാത്രമായ നഷ്ടപരിഹാരം മാത്രമാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനി നല്‍കിയത്. 170 കോടി ഡോളര്‍കൂടി അധിക നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമനടപടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യ.

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥത അമേരിക്കയിലെ മിഡ്‌ലാന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡൗ കെമിക്കല്‍സ് എന്ന രാജ്യാന്തര കുത്തക കമ്പനിക്കാണ്. 1999 ലാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഓഹരികള്‍ എല്ലാം ഡൗ കെമിക്കല്‍സ് വാങ്ങിയത്. ഭോപാല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം പേറേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ഡൗ കെമിക്കല്‍സിന്റെ ഓഹരിയുട മകള്‍ ഇതിനെ എതിര്‍ത്തിരുന്നതാണ്.

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ മുഖ്യസ്‌പോണ്‍സര്‍മാരിലൊന്നായി മാറിയതോടെ ഡൗ കെമിക്കല്‍സ് വിവാദത്തിന്റെ ചുഴിയില്‍ അകപ്പെട്ടു. 2012 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ഒളിമ്പിക് ഗെയിംസ് നടക്കുന്നത്. ഗെയിംസ് നടത്തിപ്പിന് ഭാരിച്ച ചിലവുവരും. ഇതില്‍ 200 കോടി പൗണ്ട് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തിലൂടെ സമാഹരിക്കാനാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പ്പനാവകാശം, സംപ്രേഷണാവകാശം തുടങ്ങിയ രീതികളിലായിരിക്കും ഇത് സമാഹരിക്കുക. സ്‌പോണ്‍സര്‍മാരെ അവര്‍ നല്‍കുന്ന തുകയുടെ വലുപ്പത്തിനനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അവരില്‍ ഏറ്റവും ഉയര്‍ന്ന 'ലോകവ്യാപക സ്‌പോണ്‍സര്‍' മാരുടെ കൂട്ടത്തിലാണ് ഡൗകെമിക്കല്‍സ്. ഈസ്റ്റ് ലണ്ടനിലെ 80,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം അലംകൃതമാക്കുന്നതിന് 70 ലക്ഷം പൗണ്ട് (1.14 കോടി ഡോളര്‍) നല്‍കാമെന്നാണ് ഡൗ കെമിക്കല്‍സ് ഏറ്റിട്ടുള്ളത്. സ്റ്റേഡിയത്തില്‍ ഡൗ കെമിക്കല്‍സിന്റെ ലോഗോയും പരസ്യവും ഉണ്ടാകും. ഭോപാലിലെ സഹോദരന്മാരുടെ കൊലയാളിയുടെ ചിഹ്നം പേറുന്ന ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കും പങ്കെടുക്കേണ്ടിവരും.

സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്നും ഡൗ കെമിക്കല്‍സിനെ ഒഴിവാക്കാത്തപക്ഷം ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ പലരും ഉന്നയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുന്‍ ഒളിമ്പ്യന്മാരും ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐ ഒ എ) പ്രസിഡന്റ് വി കെ മല്‍ഹോത്ര കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുമായി കൂടിയാലോചിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

ഡൗ കെമിക്കല്‍സിനെതിരെ ബ്രിട്ടനിലും ജനവികാരം ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ്, സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്, പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടി എന്നിവയിലെ 30 എം പിമാരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

''ഒളിമ്പിക്‌സിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കുമേല്‍ പുരണ്ടിരിക്കുന്ന കറയാണ്'' ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പെന്ന് ലേബര്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും പാര്‍ലമെന്റംഗവുമായ ബാരിഗാര്‍ഡിനര്‍ പറഞ്ഞു. ഡൗ കെമിക്കല്‍സിന്റെ പണം കൊണ്ട് അലംകൃതമാകുന്ന സ്റ്റേഡിയത്തേക്കാള്‍ അലങ്കാരമില്ലാത്ത സ്റ്റേഡിയമാണ് അഭികാമ്യമെന്നായിരുന്നു ലണ്ടനിലെ മേയര്‍സ്ഥാനത്തേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കെന്‍ ലിവിങ്സ്റ്റന്റെ അഭിപ്രായം.

പ്രശസ്ത അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കിയും ഡൗ കെമിക്കല്‍സിനെതിരെ ഒളിമ്പിക്‌സ് സംഘാടകസമിതി അധ്യക്ഷന് കത്തെഴുതിയവരുടെ കൂട്ടത്തില്‍പ്പെടുന്നു. പ്രശസ്ത നടനായ മാര്‍ട്ടിന്‍ ഷീന്‍, സംവിധായകന്‍ ശേഖര്‍ കപൂര്‍, അമേരിക്കയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് മെല്‍സ്റ്റുവര്‍ട്ട്, പാകിസ്ഥാന്റെ ഒളിമ്പിക് സ്വര്‍ണജേതാവ് അഖ്തര്‍ റസൂല്‍ എന്നിങ്ങനെ പ്രഗത്ഭരുടെ ആ പട്ടിക നീളുകയാണ്. ആംനസ്റ്റി ഇന്റര്‍നാഷണലും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

സാര്‍വദേശീയമായിത്തന്നെ ഉയരുന്ന ആവശ്യത്തോട് മുഖംതിരിച്ചിരിക്കുകയാണ് ഒളിമ്പിക്‌സ് സംഘാടകസമിതിയുടെ അധ്യക്ഷനായ സെബാസ്റ്റ്യന്‍ കോ. 1980കളില്‍ മധ്യദൂര ട്രാക്ക് അടക്കിവാണിരുന്ന പ്രഗത്ഭനായ കായികതാരമായിരുന്നു സെബ്‌കോ. അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ രാഷ്ട്രീയകാരണങ്ങളാല്‍ ബഹിഷ്‌കരിച്ച 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വന്തം നിലയില്‍ പങ്കെടുക്കുകയും 1500 മീറ്ററില്‍ സ്വര്‍ണം നേടുകയും ചെയ്ത സെബ്‌കോ ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ മനസില്‍ ഒരിടം നേടിയിരുന്നു. അന്ന് കാട്ടിയ ആദര്‍ശധീരത ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നില്ലായെന്നത് നിരാശാജനകമാണ്.

ഭോപാല്‍ദുരന്തം നടന്ന കാലത്ത് തങ്ങള്‍ ഉടമസ്ഥരായിരുന്നില്ലായെന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് ഡൗ കെമിക്കല്‍സ് ശ്രമിക്കുന്നത്.

ദുരന്തത്തിന്റെ 27-ാം വാര്‍ഷികം ആചരിച്ച വേളയില്‍ ഭോപാലിലുമുണ്ടായി ഒളിമ്പിക്‌സ് വിവാദത്തിന്റെ അലയൊലികള്‍. അവിടെ പ്രകടനം നടത്തിയവര്‍ സെബ്‌കോയുടെ കോലം കത്തിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ലണ്ടനില്‍ ഒളിമ്പിക്‌സ് നടക്കുന്ന അതേ ദിവസങ്ങളില്‍, ദുരന്തത്തിന്റെ ഫലമായി വൈകല്യങ്ങളോടു കൂടി ജനിച്ച കുട്ടികളുടെ വിവിധ കായികമത്സരങ്ങള്‍ ഭോപാലില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഇന്ത്യാ ഗവണ്‍മെന്റ് ഇപ്പോഴും ഉറക്കത്തില്‍ തന്നെ.

*
വി ഐ തോമസ് ജനയുഗം 04 ഡിസംബര്‍ 2011

Saturday, August 7, 2010

ഒരു നദിനിറയെ മരണം

വര്‍ഷങ്ങള്‍ക്കുമുമ്പ് വെസ്റ്റ് വെര്‍ജീനിയയിലെ ഒരു സമ്പന്ന കോളനിയില്‍വെച്ച് യൂണിയന്‍ കാര്‍ബൈഡ് എന്ന കീടനാശിനി നിര്‍മാണ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. മൊണ്‍സാന്റോ, ഡൂപോണ്‍ഡ് ദ മെനോര്‍ തുടങ്ങിയ വ്യാവസായിക, കീടനാശിനി ഭീമന്‍മാര്‍ തങ്ങളുടെ ഫാക്ടറി സ്ഥാപിച്ച അമേരിക്കയിലെ കനവാ നദീതീരത്ത് തങ്ങള്‍ക്കും ഒരു ഫാക്ടറി സ്ഥാപിക്കണമെന്നതായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
ഫാക്ടറി സ്ഥാപിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങള്‍ ഈ പ്രദേശത്ത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗത്തിന് അടിമപ്പെട്ടു എന്ന സത്യം 1970 ല്‍ നടന്ന ഒരു പഠനം പുറത്തുവിട്ടു.

'ശ്വസിച്ചാല്‍ മരണം' എന്ന ലേബലൊട്ടിച്ച് യൂണിയന്‍ കാര്‍ബൈഡിന്റെ ഈ കമ്പനി ലോകത്തെമ്പാടും അയച്ച മീഥൈന്‍ ഐസോസൈനേറ്റ്, സെവിന്‍ എന്ന പേരില്‍ പിന്നീട് ലോകമെമ്പാടും പ്രചരിച്ച കൊടും കീടനാശിനിയിലെ മുഖ്യ ഘടകമായിരുന്നു. ഏതാനും തുള്ളി വെള്ളവുമായോ അല്ലെങ്കില്‍ ലോഹപ്പൊടിയുമായോ സമ്പര്‍ക്കത്തില്‍ വരുന്നനിമിഷം അനിയന്ത്രിതമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് ആഴത്തിലുള്ള ദുരന്തം സൃഷ്ടിക്കാന്‍ കഴിയുന്ന മീഥൈല്‍ ഐസോ സൈനേറ്റിന്റെ മറ്റൊരു രൂപമായിരുന്നു സെവിന്‍ എന്ന കീടനാശിനി.

1984 ഡിസംബര്‍ മാസം രണ്ടാം തീയതി ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡിന്റെ കീടനാശിനി ഫാക്ടറിയിലെ വിഷചോര്‍ച്ച കൊന്നൊടുക്കിയത് പതിനാറായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ജനങ്ങളെയാണ്. അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും പിന്നീട് തലമുറകളിലേയ്ക്ക് പടരുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാലിലേത്. അന്ന് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര ഭീമന്‍ ഉല്‍പാദിപ്പിച്ചിരുന്ന നിരവധി കീടനാശിനികളില്‍ ഏറ്റവും മാരകമായത് 'സെവിന്‍' തന്നെയായിരുന്നു. അതേ സെവിന്റെ നിരവധി കുപ്പികളാണ് ഇക്കഴിഞ്ഞ ദിവസം മറ്റനേകം ഗുരുതര പ്രത്യാഘാതങ്ങളുളവാക്കുന്ന ഏഴു ടണ്ണോളം കീടനാശിനികളോടൊപ്പം കണ്ണൂര്‍ ജില്ലയിലെ രയരോം, കുപ്പം പുഴയിലെ ആഴങ്ങളിലേയ്ക്ക് ആറുപേരടങ്ങിയ ഒരു സംഘം വലിച്ചെറിഞ്ഞത്.

മഴ കുറവായിരുന്ന ആ ദിവസം അര്‍ധരാത്രിയോടടുത്ത്, കുറച്ചുപേര്‍ നദിക്കരയില്‍ മിനിലോറിയുമായി എത്തിയപ്പോള്‍ നാട്ടുകാര്‍ ആദ്യം കരുതിയത് അനധികൃതമായി മണല്‍വാരാനെത്തിയവരാണെന്നാണ്. അല്ലെങ്കില്‍ വിവാഹപാര്‍ട്ടിയോ മറ്റോ കഴിഞ്ഞ് മാലിന്യം പുഴയിലൊഴുക്കാന്‍ വന്നവരാണെന്നുകരുതി നേരം വെളുത്തപ്പോള്‍ നദിയില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ശാരീരികാസ്വാസ്ഥ്യവും മേലാസകലം ചൊറിച്ചിലുമുണ്ടായപ്പോഴാണ് സംഗതിയുടെ ഗുരുതരാവസ്ഥ ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. തങ്ങളുടെ നദിയിലൂടെ ഒഴുകുന്നത് ജലമല്ല, മറിച്ച് വിഷമാണ് എന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കി.

ഒരൊറ്റ രാത്രികൊണ്ട് രണ്ടുലോറികളിലായി ഏഴു ടണ്ണോളം മാരക കീടനാശിനികളാണ് ആലക്കോട്ടുള്ള ഒരു കീടനാശിനി വ്യാപാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം കുപ്പം, രയരോം പുഴയില്‍ ഒഴുക്കിയത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പൂട്ടിക്കിടന്ന കീടനാശിനിക്കടയില്‍ കെട്ടിക്കിടന്ന രാസമാലിന്യങ്ങള്‍ ഒറ്റ രാത്രിയില്‍ ഒരു നദിയെ വിഷമയമാക്കി.

പശ്ചിമഘട്ടമലനിരയിലെ പൈതല്‍ മലയില്‍ നിന്ന് ഉദ്ഭവിച്ച് ആയിരങ്ങളുടെ കാര്‍ഷിക വൃത്തിക്ക് ജലമേകി നാല്‍പ്പതു മീറ്ററോളം വീതിയില്‍ ഒഴുകുന്ന രയരോം പുഴയില്‍ ഉടനീളം കീടനാശിനി ഒഴുക്കി രണ്ടുദിവസങ്ങള്‍ക്ക് ശേഷം ജലത്തിനുമുകളില്‍ വിഷപ്പാട കെട്ടിനില്‍ക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ രണ്ടുപേരടക്കം പതിനൊന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. നെല്ല്, റബ്ബര്‍ തുടങ്ങി മറ്റ് പച്ചക്കറി കൃഷികള്‍ക്കും വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്ന മോണോ പ്രോട്ടോഫോസ്, ഇഞ്ചി തുടങ്ങിയ വിളകളിലെ കളനശിപ്പിക്കുന്ന റൗണ്ട് അപ്പ് തുടങ്ങി, കാസര്‍കോട്ടെ പെദ്രെ, പെരിയെ, എന്‍മഗജെ, സ്വര്‍ഗെ തുടങ്ങിയ പ്രദേശങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോ സള്‍ഫാന്‍വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

കരയില്‍ ഒഴുകിയെത്തിയതും രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ നിന്നും ശേഖരിച്ചതുമായ കീടനാശിനികളുടെ കുപ്പികളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. ''കൈ കൊണ്ട് തൊടരുത്'', ''കുട്ടികള്‍ക്കരികെ സൂക്ഷിക്കരുത്'', ചിലതിലാവട്ടെ ''ജലവുമായി സമ്പര്‍ക്കത്തിനിടയാവരുത്'' എന്നിങ്ങനെ.

തങ്ങളുടെ പുഴയിലൂടെ ജീവന്‍ അപഹരിക്കാന്‍ കഴിയുംവിധം മാരകമായ അളവില്‍ കീടനാശിനികള്‍ ഒഴുകുന്നതറിഞ്ഞ് ഇപ്പോള്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. മുങ്ങിത്തപ്പി കീടനാശിനികള്‍ വാരിയെടുക്കുന്ന സുരക്ഷാപ്രവര്‍ത്തകരുടേതടക്കം ഈ നദിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ, നിര്‍ദാക്ഷണ്യം പുഴയില്‍ വിഷം കലര്‍ത്തിയവര്‍ ആരായാലും അവര്‍ നിയമത്തിന് മുന്നില്‍ ശിക്ഷാര്‍ഹരാണ്.

ശരീരം മുഴുവന്‍ മൂടുംവിധമുള്ള സ്വിമ്മിംഗ് സ്യൂട്ട് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ നാവികസേന വൈകുമ്പോള്‍, ഗ്വാളിയോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടര്‍ ദുരന്തസേനാസംഘം എത്തുമെന്നും തങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലുമാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍.

നെടുവോട്, വട്ടക്കയം, ബീമ്പുംകാട്, രയരോം, കരിങ്കയം, കുവേരി, എരുവാട്ടി, ഓടക്കയം, മംഗരം പ്രദേശങ്ങളിലെ ജനങ്ങളെയാണ് ഈ ദുരന്തം നേരിട്ട് ബാധിക്കുന്നത്. ജലവുമായി കലരുമ്പോള്‍ കൂടുതല്‍ മാരകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ് പുഴയില്‍ ഒഴുക്കിയ കീടനാശിനികളില്‍ അധികവുമെന്നിരിക്കെ വരും ദിനങ്ങളില്‍ ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങള്‍ക്ക് ആഴം കൂടും. നദിയും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ആവാസ വ്യവസ്ഥയുടേയും മറ്റ് പാരിസ്ഥിതിക ദുരന്തങ്ങള്‍ വേറെ....

രയരോം പുഴ ഒഴുകി ചെപ്പാരപ്പടവിലെത്തുമ്പോള്‍ ഈ നദിയിലെ ജലമാണ് പ്രദേശത്തെ ആയിരങ്ങള്‍ കുടിവെള്ളമായി ഉപയോഗിക്കുന്നത്. വീട്ടില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞോ, നദിക്കരയിലെ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കേ ഒരച്ഛനോ ഏതു നിമിഷവും മരിച്ചുവീണേയ്ക്കാം എന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് ഭയപ്പെടണം.

ഈ പുഴയിലെ ജലവുമായി യാതൊരു തരത്തിലുള്ള സമ്പര്‍ക്കവും പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

*
എം യു പ്രവീണ്‍ കടപ്പാട്: ജനയുഗം

Friday, June 18, 2010

ഭോപ്പാല്‍ തെളിയിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സാമ്രാജ്യത്വ ദാസ്യം

2010 ജൂണ്‍ ഏഴിന് ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോഹന്‍ പി തിവാരി ചരിത്രത്തില്‍ സ്ഥാനം പിടിച്ചേക്കാവുന്ന ആ വിധി വാക്യം ഉച്ചരിച്ചു. ഭോപ്പാല്‍ കൂട്ടക്കൊലയ്ക്ക് കാരണക്കാരായ എട്ടുപേര്‍ കുറ്റവാളികളാണ് എന്നതായിരുന്നു ആ വിധി. 1984 ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയായിരുന്നു ആ മഹാദുരന്തം സംഭവിച്ചത്. ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഒരു വാതക സംഭരണ ടാങ്ക് ലീക്ക് ചെയ്ത് മീഥൈല്‍ ഐസോ സയനേറ്റ് (എംഐസി) എന്ന വിഷവാതകം പുറത്തുവന്നു. 15,000 പേര്‍ അപ്പോള്‍ തന്നെ മരണമടഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വാതകം ശ്വസിച്ചതുകൊണ്ട് മരണപ്പെട്ടവരുടെയും ഗുരുതരമായ രോഗം ബാധിച്ചവരുടെയും എണ്ണം പിന്നീട് എട്ട് ലക്ഷമായി ഉയര്‍ന്നു.

1969ലാണ് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ (യൂസിസി) കീഴിലുള്ള യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് (യുസിഐഎല്‍) എന്ന ഫാക്ടറി ഭോപ്പാലില്‍ സ്ഥാപിതമാകുന്നത്. യുസിസി ഒരു ബഹുരാഷ്ട്ര കുത്തക സ്ഥാപനമാണ്. കീടനാശിനി മുതല്‍ ടോര്‍ച്ച് സെല്ലുകള്‍ വരെയുള്ളവയുണ്ട് അവരുടെ ഉല്‍പന്നങ്ങളില്‍. രാസവ്യവസായികളാണവര്‍. 1973ലാണ് കീടനാശിനി നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത രാസവസ്തുവായ മീഥൈല്‍ ഐസോ സയനേറ്റ് വാതകം ഇന്ത്യയിലേക്ക് ആദ്യമായി ഇറക്കുമതി ചെയ്യുന്നത്. അന്ന് തന്നെ ഈ വാതകം അപകടകരമാണെന്നും ശ്വസിച്ചാല്‍ കണ്ണിനും തൊണ്ടയ്ക്കും ശ്വാസകോശങ്ങള്‍ക്കും മാരകമാംവിധം അപകടമുണ്ടാകുമെന്നും ഉല്‍പാദകര്‍ വ്യക്തമാക്കിയിരുന്നു. 1979ല്‍ ഭോപ്പാലില്‍ ഈ വാതകത്തിന്റെ ഉല്‍പാദനം ആരംഭിച്ചു.

1980 മുതല്‍ 1984 വരെയാണ് ഫാക്ടറി പൂര്‍ണ്ണ രൂപത്തില്‍ പ്രവര്‍ത്തിച്ചത്. ഇതിനിടെ പല തവണ ചെറിയ ചെറിയ വാതകച്ചോര്‍ച്ചകള്‍ ഉണ്ടായി. 1981 ഡിസംബര്‍ 26 ന് വാതകചോര്‍ച്ചമൂലം ഒരു തൊഴിലാളി കൊല്ലപ്പെട്ടു. തൊട്ടടുത്ത മാസം വീണ്ടും വാതകച്ചോര്‍ച്ചയുണ്ടായി. 28 പേര്‍ ഇക്കുറി അപകടത്തില്‍പ്പെട്ടു. പല സമയങ്ങളിലായി 61 തവണ ചെറിയ തോതിലുള്ള വാതകചോര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1984 ഡിസംബര്‍ രണ്ടിനാണ് കൂട്ടക്കൊല എന്ന് വിശേഷിപ്പിക്കേണ്ട ദുരന്തം സംഭവിക്കുന്നത്. അന്ന് എംഐസിയെ പൂജ്യം ഡിഗ്രിയില്‍ നിലനിറുത്തേണ്ട റഫ്രിജറേറ്റര്‍ ഓഫ് ചെയ്തിരുന്നു. വൈദ്യുതിച്ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു കുറുക്കുവഴിയായിരുന്നു അത്. ടാങ്കിന്റെ വാല്‍വുകള്‍ക്ക് ലീക്ക് ഉണ്ടായിരുന്നു. അതുവഴി വാതകടാങ്കിലേയ്ക്ക് പ്ളാന്റ് കഴുകാനുപയോഗിച്ച വെള്ളം കയറി. ടാങ്കിനുള്ളിലെ മര്‍ദ്ദം കൂടി. വാതകം പുറത്തേയ്ക്ക് കുതിച്ചു. 15,000 പേര്‍ ഭോപ്പാലിന്റെ വഴിയോരങ്ങളിലും ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലും മരിച്ചുവീണു. ഒഴിവാക്കാവുന്ന ഒരു ദുരന്തത്തെ കമ്പനിയുടെ ലാഭമോഹം ക്ഷണിച്ച് വരുത്തുകയായിരുന്നു. അതുകൊണ്ടാണ് ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണ് എന്ന് പറയുന്നത്.

ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞപ്പോള്‍ യുസിസിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സണ്‍ അടക്കം ഒന്‍പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ആന്‍ഡേഴ്സണ്‍ ജാമ്യത്തിലിറങ്ങി. ജാമ്യസംഖ്യ വെറും 2000 അമേരിക്കന്‍ ഡോളര്‍! ഇന്ത്യക്കാരുടെ ജീവനെടുത്ത അമേരിക്കന്‍ കമ്പനി മേധാവിയുമായുള്ള ഇന്ത്യന്‍ പോലീസിന്റെ ഒത്തുകളി അങ്ങനെ ആരംഭിച്ചു. ആന്‍ഡേഴ്സണ്‍ അമേരിക്കയിലേക്ക് പോയി. പിന്നീടയാളെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. മധ്യപ്രദേശ് തുടങ്ങിയ ജനവഞ്ചന ഇന്ത്യന്‍ ഭരണകൂടം തുടര്‍ന്നു എന്നര്‍ത്ഥം.

1985ല്‍ ഇന്ത്യ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 3300 കോടി ഡോളര്‍ നഷ്ടപരിഹാരം കിട്ടണം എന്നായിരുന്നു ഇന്ത്യന്‍ ആവശ്യം. വളരെ തന്ത്രപൂര്‍വ്വം കമ്പനി കേസ് ഇന്ത്യന്‍ കോടതിയിലേക്ക് മാറ്റി. അമേരിക്കന്‍ കോടതി ഉയര്‍ന്ന നഷ്ടപരിഹാരത്തുക വിധിച്ചേക്കുമെന്ന് കമ്പനി ഭയപ്പെട്ടു. ഇന്ത്യന്‍ കോടതിയില്‍ നഷ്ടപരിഹാരത്തുക ചെറുതായിരിക്കുമത്രേ. അങ്ങനെ ഇന്ത്യാ ഗവണ്‍മെന്റ് 15,000 മനുഷ്യജീവനെ അപഹസിച്ചു.

ചതിയുടെയും വഞ്ചനയുടെയും പരമ്പരകളാണ് ഈ കേസിന്റെ ചരിത്രത്തില്‍ ഉടനീളം കാണുന്നത്. 1989 ഫെബ്രുവരിയില്‍ ഇന്ത്യാ സര്‍ക്കാറും കമ്പനിയും ചേര്‍ന്ന് കോടതിക്ക് പുറത്ത് വച്ച് ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. അവിടെ നഷ്ടപരിഹാരത്തുക 47 കോടി ഡോളര്‍ ആയി നിജപ്പെടുത്തി. 3300 കോടി നഷ്ടപരിഹാരം ചോദിച്ച സര്‍ക്കാരാണ് ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നത്. എന്നാല്‍ ഈ 47 കോടിഡോളറും മുഴുവന്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല. അവര്‍ വാക്കുമാറി. കേസ് തുടര്‍ന്നു.

ഒന്നിലധികം ശാഖകളിലേക്ക് ഈ കഥ വഴിപിരിയുന്നുണ്ട്. 1988ല്‍ ഇറാഖിലെ ഹലാബ്ജ എന്ന കുര്‍ദിഷ് പട്ടണത്തില്‍ അന്നത്തെ ഇറാഖ് ഏകാധിപതി സദ്ദാം ഹുസൈന്‍ രാസ ആയുധങ്ങള്‍ പ്രയോഗിച്ചുവെന്നും അതില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും വാര്‍ത്ത വന്നു. യൂണിയന്‍ കാര്‍ബൈഡും ഡൌ കെമിക്കല്‍ (ഉീം ഇവലാശരമഹ) എന്ന മറ്റൊരു കമ്പനിയും ചേര്‍ന്നാണ് സദ്ദാമിന് രാസ ആയുധങ്ങള്‍ വിറ്റിരുന്നത്. ഇവിടെ മറ്റൊരു സംശയം ഉയരാം.

"സദ്ദാമിന് കൊടുക്കാനുള്ള രാസ ആയുധങ്ങളുടെ ക്ഷമത പരിശോധിക്കുകയായിരുന്നോ കാര്‍ബൈഡ് കമ്പനി ഭോപ്പാലില്‍''?

അങ്ങനെയും ആവാം, എന്നാണുത്തരം.

യുസിസിയും ഡൌ കെമിക്കലും അമേരിക്കന്‍ കമ്പനികളാണ്. ഇവരാണ് സദ്ദാമിന് ആയുധം നല്‍കിയത്. കുര്‍ദിഷുകളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ പിന്നീട് സദ്ദാമിനെ ഭീകരനായി മുദ്രകുത്തി, ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തി, നശിപ്പിച്ച്, സദ്ദാമിനെ തൂക്കിലേറ്റിയതും അമേരിക്ക തന്നെ. പിന്നീട് യൂസിസിയും ഡൌ കെമിക്കലും ലയിച്ച് ഒന്നായി. അത് ലോകത്തെ കീടനാശിനി ഉല്‍പാദകരില്‍ ഒന്നാമനായി വളര്‍ന്നു. പുതിയ കമ്പനി ഡൌ കെമിക്കല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡര്‍സ്ബന്‍ (ഊൃയെമി ) എന്നൊരു കീടനാശിനി അവര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. 2002ല്‍ ഈ കീടനാശിനി മൂലം ഒരു അമേരിക്കന്‍ കുട്ടിയുടെ തലച്ചോറിന് രോഗം ബാധിച്ചു. ഡൌ ഈ കുടുംബത്തിന് ഒരുകോടി ഡോളറാണ് നഷ്ടപരിഹാരം കൊടുത്തത്. അതേകാലത്ത് തന്നെയാണ് ഡൌ കമ്പനിയുടെ വക്താവ് കാത്തി ഹണ്ടിന്റെ ഒരു പ്രസ്താവന വന്നത്.

"ഇന്ത്യക്കാരന്റെ ജീവന് അഞ്ഞൂറ് ഡോളര്‍തന്നെ അധികമാണ്''. ഈ പ്രസ്താവന ഇന്ത്യ സര്‍ക്കാര്‍ ശരിവച്ചുവെന്ന് കരുതണം.ഡര്‍സ്ബന്‍ എന്ന കീടനാശിനി ഇന്നും ഇന്ത്യയില്‍ നിര്‍ബാധം വിറ്റഴിക്കപ്പെടുന്നു.

ഈ കഥയ്ക്ക് മറ്റൊരു ശാഖ കൂടിയുണ്ട്. 1999ല്‍ ഗ്രീന്‍പീസ് എന്ന സംഘടന ഭോപ്പാലിലെ ഫാക്ടറി വളപ്പില്‍ പ്രവേശിച്ച് അവിടുത്തെ മണ്ണും വെള്ളവും പരിശോധിച്ചു. പന്ത്രണ്ട് ഇനം മാരകവിഷങ്ങളും മെര്‍ക്കുറിയും അനുവദനീയമായതിനേക്കാള്‍ 60 ലക്ഷം മടങ്ങ് കൂടിയ തോതില്‍ ഇവിടെ കാണപ്പെട്ടു. 2002ല്‍ മറ്റൊരു ശാസ്ത്രീയ പഠനം വന്നു. അത് കൂടുതല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കമ്പനിക്ക് ചുറ്റുമുള്ള അമ്മമാരുടെ മുലപ്പാലില്‍ ലെഡും മെര്‍ക്കുറിയും അടങ്ങിയിരിക്കുന്നു! ദുരന്തം നടന്ന് പതിനെട്ട് വര്‍ഷത്തിന് ശേഷമാണിതെന്നോര്‍ക്കണം. അതായത് ദുരന്തസമയത്തെ ബാലികമാര്‍ വളര്‍ന്ന് അമ്മമാരായപ്പോള്‍ അവരുടെ മുലപ്പാലിലൂടെ വിഷം അടുത്ത തലമുറയിലേക്ക് പകരുന്നു. 2002 സെപ്തംബറില്‍ വീണ്ടും ഒരു പഠന റിപ്പോര്‍ട്ട് വന്നു. ഡെറാഡൂണിലെ 'പീപ്പിള്‍സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്' ഭോപ്പാലിലെ കിണറുകളിലെ കുടിവെള്ളം പരിശോധിച്ചു. വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുണ്ട് എന്നവര്‍ കണ്ടെത്തി. ലിറ്ററിന് രണ്ട് മൈക്രോ ഗ്രാമിലധികം.

യൂണിയന്‍ കാര്‍ബൈഡിന്റെ ബാദ്ധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നായിരുന്നു ഡൌ കെമിക്കലിന്റെ ആദ്യ നിലപാട്. പിന്നീടതവര്‍ തിരുത്തി. പക്ഷേ സര്‍ക്കാര്‍ ഒത്തുകളി തുടര്‍ന്നു. കേസ് നടത്തിപ്പ് മുന്നോട്ട് പോയില്ല. ആന്‍ഡേഴ്സണ്‍ അമേരിക്കയില്‍ ആഡംബര ജീവിതം നയിക്കുന്നു എന്നു വാര്‍ത്ത വന്നു. അയാളെ വിട്ടുതരണമെന്ന് ഇന്ത്യാ സര്‍ക്കാര്‍ ഒരു ഔപചാരികാവശ്യം ഉന്നയിച്ചു. അമേരിക്ക അത് കേട്ടതായി ഭാവിച്ചില്ല. ഇതിനോടകം ദുരിതബാധിതരെ പുനരധിവസിപ്പിക്കണമെന്നും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പലവിധ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൌ കെമിക്കലിന്റെ ബോംബേ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയ സ്ത്രീകള്‍ക്കെതിരെ കമ്പനി കേസ് ഫയല്‍ ചെയ്തു. അവരാവശ്യപ്പെട്ട നഷ്ടപരിഹാരം 10,000 ഡോളര്‍!

പ്രക്ഷോഭം ശക്തമായി. ഐസിജെബി എന്ന സംഘടന ഭോപ്പാലിലെ മാലിന്യങ്ങള്‍ അമേരിക്കയിലുള്ള ഡൌ പ്ളാന്റിന്റെ മുന്നില്‍ കൂട്ടിയിട്ട് പ്രതിഷേധിച്ചു. ഇരുപതോളം പ്രക്ഷോഭകാരികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 2002 നവംബറില്‍ ഡൌവിന്റെ ഒരു രഹസ്യ ഫയല്‍ പുറത്തായി. ഭോപ്പാലിലെ വെള്ളവും മണ്ണും കമ്പനി തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെന്നും അവ അപകടകരമാംവിധം മലിനപ്പെട്ടതാണെന്ന് കണ്ടെത്തിയെന്നും ആണ് ആ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഫലം മറച്ച്വച്ച് മലിനീകരണമില്ല എന്ന അവകാശവാദമാണ് കമ്പനി പുറത്ത് വിട്ടത്. എന്നാല്‍ കമ്പനിയുടെ ശരിയായ പഠന റിപ്പോര്‍ട്ട് ചോര്‍ന്നു. ഇത് പ്രക്ഷോഭം ആളിക്കത്തിക്കാന്‍ കാരണമായി.

ഇതിനിടെ കോടതി നടപടികള്‍ അനന്തമായി നീണ്ടുപോയി. മനഃപൂര്‍വ്വമുള്ള കൊലപാതകമായിരുന്നു 1987ല്‍ സിബിഐ കമ്പനിക്കെതിരായ നല്‍കിയ കുറ്റപത്രത്തില്‍ ചുമത്തിരുന്നത്. എന്നാല്‍ പിന്നീട് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇത് അശ്രദ്ധമൂലമുള്ള മരണം എന്നായി മാറി. ആദ്യത്തേത് പത്തുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. രണ്ടാമത്തേത് വെറും രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ലഘുവായ കുറ്റവും.

ഈ കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് പ്രതികള്‍ കുറ്റക്കാരാണെന്നാണ് വിധി. ഒന്നാംപ്രതി ആന്‍ഡേഴ്സണ്‍ തന്നെ. പക്ഷേ അയാളെ ഇനിയും കണ്ടെത്തിയിട്ടു പോലുമില്ല. മറ്റൊരു പ്രതിയായിരുന്ന ആര്‍ ബി റോയ് ചൌധരി വിചാരണയ്ക്കിടയില്‍ മരണപ്പെട്ടു. ബാക്കി ഏഴ് പേരാണ് കുറ്റക്കാരെന്ന് തെളിഞ്ഞിരിക്കുന്നത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാന്‍ കേശുഭ്മഹേന്ദ്ര, മുന്‍ എംഡി വിജയ്ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദാര്‍, മുന്‍ വര്‍ക്ക്സ് മാനേജര്‍ ജെ മുകുന്ദ്, മുന്‍ പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, മുന്‍ പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരാണവര്‍. വിധിച്ചിരിക്കുന്നത് ഒരു നാമമാത്ര ശിക്ഷയും. രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വളരെ മുമ്പേ തയ്യാറാക്കിയ ഒരു തിരക്കഥ പൂര്‍ത്തിയായി എന്നു മാത്രം.

നിയമ നടപടികള്‍ക്ക് ഇനിയും ധാരാളം നൂലാമാലകള്‍ കണ്ടേക്കാം. ഒന്നാംലോകത്തിലെ സമ്പന്ന തമ്പുരാന്റെ ലാഭമോഹത്തിന് മുന്നില്‍ മൂന്നാംലോക കോളനിവാസിയുടെ ജീവന് എന്തുവില? വിശേഷിച്ചും ഈ മൂന്നാംലോക ഭരണകൂടം സാമ്രാജ്യത്വ ദാസ്യവൃത്തി നിര്‍ലജ്ജം തുടരുമ്പോള്‍.

*
ജോജി കൂട്ടുമ്മേല്‍ കടപ്പാട്: ചിന്ത വാരിക

Thursday, June 17, 2010

ഭോപാലും ആണവബാധ്യതാ ബില്ലും

ഭോപാല്‍ കൂട്ടക്കൊലക്കേസില്‍ നീതി പരിഹാസ്യമായതിനെത്തുടര്‍ന്ന് പ്രതിഷേധക്കൊടുങ്കാറ്റ് അലയടിക്കുകയാണ്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ലഭിച്ച സംരക്ഷണത്തിനും അതിന്റെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ രാജ്യം വിടാന്‍ അനുവദിച്ച രീതിക്കും എതിരായി ഉയരുന്ന രോഷം അത്യന്തം ന്യായമുള്ളതാണ്.

ഇരുപത്താറ് വര്‍ഷമായി നീളുന്ന ദൌര്‍ഭാഗ്യകരമായ ഈ സംഭവം വര്‍ഗപരമായ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഒന്നാമതായി, അന്നത്തെ കേന്ദ്രസര്‍ക്കാരും തുടര്‍ന്നു വന്ന സര്‍ക്കാരുകളും അമേരിക്കയിലെയും ഇന്ത്യയിലെയും വന്‍കിട മുതലാളിമാരുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്. രണ്ടാമത്തെ വര്‍ഗപരമായ വസ്തുത, കൊല്ലപ്പെട്ട 20,000 പേരും നിത്യരോഗികളായി മാറിയ പതിനായിരങ്ങളും ഭോപാലിലെ പാവപ്പെട്ട ജനങ്ങളായിരുന്നു, ഇവരുടെ കാര്യത്തില്‍ ഭരണവര്‍ഗത്തിനും അവരുടെ രാഷ്ട്രീയപ്രതിനിധികള്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ല. നീതിന്യായസംവിധാനത്തിലും പ്രതിഫലിച്ചത് വര്‍ഗപരമായ ഈ പക്ഷപാതമാണ്. മൂന്നാമത്തെ കാര്യം, കേന്ദ്രസര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും വര്‍ഗപരമായ കാഴ്ചപ്പാടില്‍ ഇപ്പോഴും മാറ്റമില്ല, സിവില്‍ ആണവബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ പ്രകടമാകുന്നത് ഈ സത്യമാണ്.

ഭോപാല്‍ കേസിലെ വിധി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ നേരിട്ട് പ്രസക്തമാണ്. ഭോപാല്‍ വിധി വന്ന് രണ്ടു ദിവസത്തിനുശേഷം മാത്രമാണ് ആണവബാധ്യതാബില്‍ പരിശോധിക്കാന്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ഈ ബില്ലിന് രൂപം നല്‍കിയ ഘട്ടത്തില്‍ത്തന്നെ സിപിഐ എം ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഉണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. 1 2 3 കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ 2008 ഒക്ടോബര്‍ രണ്ടിന് ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:

"30 വര്‍ഷമായി പുതിയ ഇടപാടുകാരെ ആരെയും കിട്ടാതെ നാശോന്മുഖമായിക്കൊണ്ടിരുന്ന അമേരിക്കന്‍ ആണവവ്യവസായത്തില്‍നിന്ന് കുറഞ്ഞത് പതിനായിരം മെഗാവാട്ട് വൈദ്യുതിയെങ്കിലും വാങ്ങാന്‍ ഇന്ത്യ ബാധ്യസ്ഥമാവുകയാണ്. വിതരണക്കാരെ ആണവ അപകടത്തിന്റെ എല്ലാ ബാധ്യതകളില്‍നിന്നും ഇത് ഒഴിവാക്കുകയും ചെയ്യുന്നു.''

അന്നത്തെ വിദേശസെക്രട്ടറി അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി വില്യം ബേസിന് അയച്ച കത്തില്‍ ഈ ഉറപ്പ് നല്‍കി.

ഇന്ത്യക്ക് റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ലമെന്റില്‍ ആണവബാധ്യതബില്‍ അവതരിപ്പിച്ചത്. എന്തെങ്കിലും ആണവഅപകടം ഉണ്ടായാല്‍ അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതില്‍നിന്ന് ഈ കമ്പനികളെ ഒഴിവാക്കുന്നു. വെസ്റിങ്ഹൌസും ജനറല്‍ ഇലക്ട്രിക്കും ആവശ്യപ്പെടുന്നത് ഭോപാല്‍ കേസില്‍ യൂണിയന്‍ കാര്‍ബൈഡിന് വഹിക്കേണ്ടിവന്ന പരിമിതമായ ബാധ്യതപോലും (സുപ്രീംകോടതി അംഗീകരിച്ച ഒത്തുതീര്‍പ്പ് പ്രകാരം 47 കോടി ഡോളര്‍) തങ്ങളുടെ ചുമലില്‍ വരരുതെന്നാണ്. അപകടം ഉണ്ടാകുന്നപക്ഷം ആണവറിയാക്ടര്‍ദാതാക്കളെ നിയമപരമായി പിടികൂടുന്നത് അസാധ്യമാക്കുന്ന തരത്തില്‍ ഞെട്ടിപ്പിക്കുന്ന നിയമം കൊണ്ടുവന്ന് കോണ്‍ഗ്രസ് മുന്നണിസര്‍ക്കാര്‍ അമേരിക്കയുടെ ചൊല്‍പ്പടിക്ക് വഴങ്ങിയിരിക്കുന്നു.

ആണവറിയാക്ടര്‍ ദാതാക്കളും നടത്തിപ്പുകാരും തമ്മിലുണ്ടാക്കുന്ന കരാറില്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ വിദേശവിതരണക്കാര്‍ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാകുമെന്ന വാദം ഉന്നയിച്ച് സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ പറയാതിരുന്ന കാര്യം, ഇന്ത്യയില്‍ ആണവനിലയങ്ങള്‍ നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോ റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനിയോ ഈ വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തില്ലെന്നതാണ്. ഈ നിയമം പാസാകുന്ന പക്ഷം, നിര്‍മാണത്തിലെയോ രൂപകല്‍പ്പനയിലെയോ അപാകതകാരണം അപകടം സംഭവിച്ചാല്‍ നിലയങ്ങളുടെ നടത്തിപ്പുകാര്‍ക്കോ ദുരന്തത്തിന്റെ ഇരകള്‍ക്കോ വിതരണക്കാരില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ല. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വ്യവസ്ഥ വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള 'മനഃപൂര്‍വമായ പ്രവൃത്തി കാരണമോ തികഞ്ഞ അശ്രദ്ധ നിമിത്തമോ' അപകടം സംഭവിച്ചാല്‍ നിലയങ്ങളുടെ നടത്തിപ്പുകാര്‍ക്ക് നഷ്ടപരിഹാരം തേടാന്‍ കഴിയുമെന്നതാണ്. രൂപകല്‍പ്പനയിലോ നിര്‍മാണത്തിലോ ഉണ്ടാകുന്ന അപാകത മനഃപൂര്‍വമായ പ്രവൃത്തിയുടെയോ അശ്രദ്ധയുടെയോ ഫലമാണെന്നു തെളിയിച്ച് വിതരണക്കാരെ പിടികൂടുന്നത് അത്യന്തം പ്രയാസകരമായ സംഗതിയാണ്.

നിലയം നടത്തിപ്പുകാരുടെ ബാധ്യത പരമാവധി 500 കോടി രൂപയായും ആണവഅപകടം ഉണ്ടാകുന്നപക്ഷം മൊത്തം സാമ്പത്തികബാധ്യത 2140 കോടി രൂപയായും നിജപ്പെടുത്തിയിരിക്കുന്നു. നിലയംനടത്തിപ്പുകാരുടെ ബാധ്യത 500 കോടി രൂപയായി പരിമിതപ്പെടുത്തിയത് ആണവമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ആണവനിലയങ്ങള്‍ നടത്തുന്ന ഇന്ത്യയിലെയോ വിദേശത്തെയോ സ്വകാര്യകമ്പനികളുടെ പരമാവധി ബാധ്യത 500 കോടി രൂപയായി നിയമംവഴി പരിമിതപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, വിദേശകമ്പനികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യഓപ്പറേറ്റര്‍മാര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കും.

സര്‍ക്കാരിന്റെ വര്‍ഗപരമായ വീക്ഷണം വ്യക്തമാണ്. ആണവഅപകടം ഉണ്ടായാല്‍ ജനങ്ങള്‍ അവരുടെ ജീവനോ ആരോഗ്യമോ വിലയായി നല്‍കേണ്ടിവരും, പക്ഷേ, ബാധ്യത പരിമിതപ്പെടുത്തിയതിലൂടെ അമേരിക്കന്‍ കമ്പനികളുടെയും ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും ലാഭത്തിന് സംരക്ഷണം ലഭിക്കുന്നു. ഭോപാല്‍ കേസില്‍ യൂണിയന്‍ കാര്‍ബൈഡ് നല്‍കിയ നഷ്ടപരിഹാരം 713 കോടി രൂപയാണ് (47 കോടി ഡോളര്‍). ആണവഅപകടം ഉണ്ടായാല്‍ അതിന്റെ കെടുതി ഭോപാല്‍ ദുരന്തത്തേക്കാള്‍ എത്രയോ വലുതായിരിക്കും. ആണവബാധ്യതാബില്‍ അനുസരിച്ച്, പരമാവധി നഷ്ടപരിഹാരം 2140 കോടി രൂപയായിരിക്കും, ഇതില്‍ ഏറിയപങ്കും സര്‍ക്കാര്‍തന്നെ നല്‍കുകയും ചെയ്യണം.

ആണവഅപകടങ്ങള്‍ക്കുള്ള ഉപനഷ്ടപരിഹാരം സംബന്ധിച്ച ഉടമ്പടിയാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പിടിവള്ളി. ഈ രാജ്യാന്തരഉടമ്പടിയില്‍ ചേരുന്നതുവഴി ആണവദുരന്തത്തിന്റെ ഇരകള്‍ക്ക് അന്താരാഷ്ട്രഫണ്ടുകളില്‍നിന്നുള്ള നഷ്ടപരിഹാരം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സര്‍ക്കാര്‍ പറയാത്തകാര്യം, അമേരിക്കയുടെ മുന്‍കൈയില്‍ കൊണ്ടുവന്ന ഈ ഉടമ്പടി ആണവസാമഗ്രികള്‍ വിതരണംചെയ്യുന്നവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുന്നുവെന്നതാണ്. കേവലം 13 രാജ്യമേ ഈ ഉടമ്പടിയില്‍ ചേര്‍ന്നിട്ടുള്ളൂ, അതില്‍ത്തന്നെ നാലുപേര്‍ മാത്രമേ ഇത് സ്ഥിരീകരിച്ചിട്ടുള്ളൂ. ആണവബാധ്യതയ്ക്ക് പരിധി നിശ്ചയിക്കാത്ത വിയന്ന കവന്‍ഷന്‍പ്രകാരം എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കണം. രാജ്യങ്ങള്‍ക്ക് സ്വതന്ത്രമായ ബാധ്യതവ്യവസ്ഥകള്‍ കൊണ്ടുവരാനും വിയന്ന പ്രഖ്യാപനം അനുമതി നല്‍കുന്നു.

ആണവബാധ്യതാനിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാട്ടിയ ഉപായങ്ങളില്‍നിന്ന് അമേരിക്കയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ അവര്‍ക്ക് എത്രത്തോളം വ്യഗ്രതയുണ്ടെന്ന് വ്യക്തമാകുന്നു. പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം എതിര്‍ത്തതിനെത്തുടര്‍ന്ന് ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തില്‍ ബില്‍ അവതരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, ഇതേത്തുടര്‍ന്ന് സമ്മേളനത്തിന്റെ അവസാനഘട്ടത്തില്‍ ബില്‍ കൊണ്ടുവരാന്‍ സമാജ്‌വാദി പാര്‍ടി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുമായി സര്‍ക്കാരിന് കരാര്‍ ഉണ്ടാക്കേണ്ടിവന്നു. സാധാരണഗതിയില്‍ ഊര്‍ജം സംബന്ധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിക്കാണ് ബില്‍ പരിഗണനയ്ക്ക് വിടേണ്ടിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് എംപി അധ്യക്ഷനായ ശാസ്ത്ര-സാങ്കേതിക സ്റ്റാന്‍ഡിങ് കമ്മിറ്റിക്കാണ് ബില്‍ വഴിതിരിച്ച് വിട്ടത്. മനഃപൂര്‍വമായ പ്രവൃത്തിയാലോ അശ്രദ്ധയാലോ അപകടം ഉണ്ടായാല്‍ റിയാക്ടര്‍ വിതരണക്കാരനോട് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നടത്തിപ്പുകാര്‍ക്ക് പരിമിതമായ അവകാശം നല്‍കുന്ന വ്യവസ്ഥപോലും ബില്ലില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുര്‍ബലമായ ഈ വകുപ്പില്‍പോലും അമേരിക്കയിലെ ആണവവ്യവസായ ലോബി അതൃപ്തി പ്രകടിപ്പിക്കുകയും ഇത് നീക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കന്‍ ആണവവ്യവസായലോബിയാണ് സിവില്‍ആണവ ബാധ്യതാബില്ലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പരിചിതമായ ശൈലിയിലാണ് ബാധ്യത നിശ്ചയിച്ചിരിക്കുന്നത്. ശക്തമായ എണ്ണലോബി അമേരിക്കന്‍ കോണ്‍ഗ്രസില്‍ സ്വാധീനം ചെലുത്തി എണ്ണക്കിണര്‍ ചോര്‍ച്ച ഉണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരം പരമാവധി 7.5 കോടി ഡോളറായി പരിമിതപ്പെടുത്തി. ഇപ്പോള്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം നടത്തുന്ന എണ്ണക്കിണറിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് നഷ്ടപരിഹാരത്തിന്റെ പരിധി 1000 കോടി ഡോളറായി ഉയര്‍ത്തുകയോ പരിധി എടുത്തുകളയുകയോ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു.

ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിരന്തര സമ്മര്‍ദമാണ് നേരിടുന്നത്. അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വില്യം ബേസ് ആണവബാധ്യതാനിയമത്തിന്റെ ആവശ്യകത സംബന്ധിച്ച് ജൂണ്‍ ഒന്നിന് വിദേശകാര്യ കൌസിലില്‍ നടത്തിയ "ഇന്ത്യയുടെ ഉയര്‍ച്ചയും ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിനുള്ള വാഗ്ദാനവും'' എന്ന പ്രസംഗത്തില്‍ പറഞ്ഞു:

" സിവില്‍ ആണവ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് പിന്തുണ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറെടുത്തിരിക്കുകയാണ്. രണ്ട് റിയാക്ടര്‍ പാര്‍ക്കുകള്‍ക്ക് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച പരസ്യമായി വാദിച്ചതുപോലെ ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ബാധ്യതാനിയമം പാര്‍ലമെന്റ് പാസാക്കേണ്ടതുണ്ട്''.

ഇതിന് തൊട്ടുപിന്നാലെ നടന്ന ഇന്ത്യ-അമേരിക്ക തന്ത്രപരമായ സംഭാഷണത്തില്‍ വിദേശമന്ത്രി എസ് എം കൃഷ്ണ ആണവബാധ്യതാബില്‍ നിയമമാക്കുമെന്ന് അമേരിക്കയ്ക്ക് ഉറപ്പ് നല്‍കുകയുമുണ്ടായി.

ഭോപാലുകളും വാറന്‍ ആന്‍ഡേഴ്സന്‍മാരും ആവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇതിനായി, ഭോപാല്‍ ഫാക്ടറിയും പരിസരവും ശുചീകരിക്കുന്നതിനുള്ള മുഴുവന്‍ ചെലവും യൂണിയന്‍ കാര്‍ബൈഡ് ഏറ്റെടുത്ത ഡൌ കെമിക്കല്‍സ് വഹിക്കണം. വിരോധാഭാസമെന്നു പറയട്ടെ, ഡൌവിനെ ഇത്തരം ബാധ്യതകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിതല സമിതിക്ക് രൂപംനല്‍കിയത്. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ ഇതൊരു അമ്ളപരീക്ഷണമാണ്.

ഭോപാല്‍ ദുരന്തത്തില്‍നിന്ന് എന്തെങ്കിലും പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ സിവില്‍ബാധ്യതപോലെതന്നെ ക്രിമിനല്‍ബാധ്യതയും നിശ്ചയിക്കണം. രാജ്യത്തെയും വിദേശത്തെയും വന്‍കിട ബിസിനസുകാരുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനതയുടെ ജീവന്റെയും സുരക്ഷയുടെയും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ഇത് ഉറപ്പാക്കാനുള്ള ആദ്യ ചുവട് വെയ്ക്കാന്‍ ആണവബാധ്യതാബില്‍ പരാജയപ്പെടുത്തുന്നതിലൂടെ കഴിയും.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി 17 ജൂണ്‍ 2010

Tuesday, June 8, 2010

അനീതി


ഭോപാല്‍: വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചതിന് ഉത്തരവാദികളായ ഏഴുപ്രതികള്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി കാല്‍നൂറ്റാണ്ടിനുശേഷവും വിഷവാതകചോര്‍ചയുടെ ദുരിതംപേറുന്ന ഭോപ്പാല്‍ ജനതയെയും അവര്‍ക്കായി പതിറ്റാണ്ടുകള്‍ കോടതി കയറിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും തീര്‍ത്തും നിരാശരാക്കി.

ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തമായി കരുതുന്ന ഭോപാലിലെ വിഷവാതകചോര്‍ചയെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ (അശ്രദ്ധമൂലം മരണത്തിനിടയാക്കുക), 304 രണ്ട് (കൊലപാതകത്തിന് തുല്യമല്ലാത്ത ശിക്ഷാര്‍ഹമായ നരഹത്യ), 336, 337, 338 (കുറ്റകരമായ അശ്രദ്ധ) എന്നീ വകുപ്പുകള്‍ മാത്രമാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയവര്‍ക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതിയും അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാനുമായ വാറന്‍ ആന്‍ഡേഴ്സനെതിരെ വിധിയില്‍ പരാമര്‍ശമൊന്നുമില്ല. വിചാരണയ്ക്കിടെ അമേരിക്കയിലേക്കുകടന്ന ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചില്ല.

23 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ പി തിവാരിയാണ് വിധി പറഞ്ഞത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് (യുസിഐഎല്‍) മുന്‍ ചെയര്‍മാന്‍ കേശുബ് മഹിന്ദ്ര, യുസിഐഎല്‍ മുന്‍ എംഡി വിജയ് ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരെയാണ് ശിക്ഷിച്ചത്. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്ക് വെറും അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. വിവിധ വകുപ്പുകളിലായി 1750 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ വാര്‍ധക്യത്തിലെത്തിയവരാണെന്നും ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണെന്നും അതിനാല്‍ ഇവര്‍ക്കെതിരെ ഐപിസി 304 പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന മനഃപൂര്‍വമുള്ള നരഹത്യ എന്ന കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചയുടന്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികള്‍ക്ക് 25,000 കെട്ടിവച്ച് ജാമ്യം നല്‍കി. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ പ്രതികള്‍ക്ക് 30 ദിവസം അനുവദിച്ചു.

നിറഞ്ഞ കോടതിമുറിയെ സാക്ഷിനിര്‍ത്തിയാണ് 93 പേജ് വരുന്ന വിധിന്യായം വായിച്ചത്. കോടതിക്ക് ചുറ്റും കനത്ത സുരക്ഷഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ദുരന്തബാധിതരുടെ അഭിഭാഷകരില്‍ ചിലരെയും കോടതിയിലേക്ക് കടത്തിവിട്ടില്ല. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദുരന്തത്തിനിരയായവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. ശിക്ഷ ചെറുതായിപ്പോയെന്നും ഏറെ വൈകിയെന്നും ഇവര്‍ പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് ദുരന്തത്തിനിരയായവരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പ്രകടനം നടത്തി. ആന്‍ഡേഴ്സണെതിരെയാണ് ഇവര്‍ കടുത്ത മുദ്രാവാക്യം ഉയര്‍ത്തിയത്. നീതി കുഴിച്ചുമൂടിയെന്നാണ് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി പ്രതികരിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധിയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാരായ വിദേശികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സിബിഐ പരാജയപ്പെട്ടതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. വിധി വേദനാജനകം എന്നാണ് ബിജെപി പ്രതികരിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നിയമം പ്രതികളുടെ വഴിയില്‍

ജനതയുടെ ജീവിക്കാനുള്ള അവകാശംപോലും കരിച്ചുകളഞ്ഞ ഭോപാല്‍ദുരന്തത്തിന്റെ തീവ്രത അല്‍പ്പംപോലും പ്രതിഫലിപ്പിക്കാത്തതാണ് കോടതിവിധി. ലോക വ്യവസായചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തത്തെ വെറുമൊരു അപകടക്കേസെന്നപോലെയാണ് അന്വേഷണ ഏജന്‍സിയും നിയമപീഠവും കൈകാര്യംചെയ്തത്. രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടു പ്രതികളും ഒരുദിവസംപോലും അഴിയെണ്ണാതെ ജാമ്യം നേടിയപ്പോള്‍ പരിഹാസ്യമായത് ജനാധിപത്യരാജ്യത്തിന്റെ നിയമസംവിധാനം.

അമേരിക്കന്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ 1985ല്‍ അമേരിക്കന്‍ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 1989ല്‍ കോടതിക്കുപുറത്ത് ഉണ്ടാക്കിയ ധാരണപ്രകാരം 47 കോടി ഡോളര്‍ നല്‍കാമെന്ന് യൂണിയന്‍ കാര്‍ബൈഡ് സമ്മതിച്ചു. 1992ല്‍ ഈ തുകയില്‍ ഒരുഭാഗം ദുരന്തബാധിതര്‍ക്ക് വിതരണംചെയ്തു. ബാക്കി ബാധ്യത ഏറ്റെടുക്കാന്‍ 2001ല്‍ കമ്പനി വിസമ്മതിച്ചു. ചില്ലിക്കാശുപോലും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് മുന്‍ മധ്യപ്രദേശ് ഹെല്‍ത്ത് ഡയറക്ടര്‍ യോഗിരാജ് ശര്‍മയ്ക്കാണ്. ദുരന്തത്തിന് മൂന്നുമാസത്തിനുശേഷം ജനിച്ച കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിച്ചതിന്റെ 'പ്രതിഫല'മായിരുന്നു ഇത്. ദുരന്തത്തെതുടര്‍ന്ന് നടക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ട നഫീസ അലി രോഗം ചുമലിലേറ്റി അധികൃതരോട് പൊരുതി നേടിയത് വെറും 25,000 രൂപ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച നഫീസ അലി അടുത്തിടെയാണ് മരിച്ചത്. വാതകചോര്‍ച്ചയ്ക്ക് മൂന്നുവര്‍ഷത്തിനുശേഷം ജനിച്ച ലീലാ ബായിയുടെ കുഞ്ഞിന് ശാരീരിക-മാനസിക വളര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍, അപകടത്തിനുശേഷം ജനിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു കോടതിവിധി.
(വിജേഷ് ചൂടല്‍)

ഈ വിധി ഇരകളുടെ വേദന അറിയാതെ

രാജ്യത്തെ നീതിന്യായവ്യവസ്ഥയെത്തന്നെ പരിഹാസ്യമാക്കുന്ന ഭോപാല്‍ വാതകദുരന്ത കേസ് വിധിക്കെതിരെ പ്രതിഷേധം വ്യാപകം. ദുരന്തത്തിന്റെ തീവ്രത തിരിച്ചറിയാതെയും ദുരന്തത്തിന് ഇരയായവരുടെ വേദന പരിഗണിക്കാതെയും ഉള്ളതാണ് വിധിയെന്ന് വിമര്‍ശമുയര്‍ന്നു. ദുരന്തത്തിനു ശേഷം കടുത്ത അവഗണന നേരിട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയായിരുന്നു കോടതി. എന്നാല്‍, സാധാരണക്കാരന്റെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കേസില്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ക്ക് രക്ഷയുടെ പഴുതുകള്‍ ഒരുക്കുന്ന രീതിയിലാണ് നിയമപാലകര്‍ പ്രവര്‍ത്തിച്ചത്. വേണ്ടത്ര തെളിവ് ശേഖരിക്കുന്നതില്‍ സിബിഐ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘാടന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ രാജ്യത്തു വന്ന് ധൈര്യമായി കൊലയും മലിനീകരണവും നടത്താമെന്നും ഒരു ശിക്ഷയും ലഭിക്കില്ലെന്നുമുള്ള സന്ദേശമാണ് വിധിയെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ പ്രവര്‍ത്തക രചന ദിംഗ്ര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു നേരെയും കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇനി ലോകത്തിനു മുന്നില്‍ ഏതു മുഖമാണ് കാണിക്കുകയെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സിയും പ്രോസിക്യൂട്ടര്‍മാരും അനാസ്ഥ കാട്ടിയെന്നും ജഡ്ജിമാര്‍ 'റെക്കോഡിങ് യന്ത്രം' പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രമുഖ അഭിഭാഷകന്‍ കെ ടിഎസ് തുള്‍സി പറഞ്ഞു. കേട്ടതു മാത്രം കണക്കിലെടുക്കുന്നതിനു പകരം കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു. നീതിക്കായി അവസാന ശ്വാസംവരെ പൊരുതുമെന്ന് ഭോപാലില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തക റഷീദാ ബീവി പറഞ്ഞു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്നു വിട്ടുകിട്ടുന്നതിന് സമ്മര്‍ദം ചെലുത്താതിരുന്ന പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ദുരന്തത്തിന് ഇരയായവരുടെ അഭിഭാഷക സാധ്ന പഥക് പറഞ്ഞു. വിദേശ മൂലധനം വരുന്നത് കുറയുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ഈ കേസില്‍ ശക്തമായ നടപടികള്‍ക്ക് മുതിരാതിരുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണം പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന തെളിവുകള്‍ സമ്പാദിക്കാന്‍ സിബിഐക്കായില്ല.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യത ബില്ലും സമാനമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ആണവദുരന്തം ഉണ്ടായാല്‍ ആണവ വിതരണക്കാരും നിര്‍മാതാക്കളുമായ സ്വകാര്യ കമ്പനികള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നും ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ ഈ ബാധ്യത വഹിക്കണമെന്നുമാണ് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇടതുപാര്‍ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ കഴിഞ്ഞ മാസം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നഷ്ടപരിഹാരം 500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇനിയും കുടുങ്ങാതെ ആന്‍ഡേഴ്സണ്‍

ഭോപാല്‍ വാതകദുരന്തക്കേസില്‍ ഇനിയും നിയമത്തിനു കീഴടങ്ങാതെ വാറന്‍ ആന്‍ഡേഴ്സണ്‍. ഇന്ത്യയുടെ നിയമസംവിധാനത്തെ പുച്ഛിച്ച് ഇയാള്‍ അമേരിക്കയില്‍ വാഴുന്നു. ഇപ്പോള്‍ 90 വയസ്സോളം പ്രായമുള്ള ആന്‍ഡേഴ്സണ്‍ ഭോപാല്‍ വാതകദുരന്തം ഉണ്ടായപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ മധ്യപ്രദേശ് പൊലീസ് ജാമ്യത്തില്‍ വിട്ടു. പിന്നീടൊരിക്കലും ഇയാളെ നീതിപീഠത്തിനുമുന്നില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. സിബിഐ ഫയല്‍ചെയ്ത കേസില്‍ 12 പ്രതികളുടെ കൂട്ടത്തില്‍ ആന്‍ഡേഴ്സന്റെയും പേരുണ്ടായിരുന്നു. കോടതിയുടെ സമന്‍സിന് മറുപടിപോലും നല്‍കാത്ത ആന്‍ഡേഴ്സണെ 1992ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ ആന്‍ഡേഴ്സണെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്ന് വേര്‍പെടുത്തി. ദുരന്തബാധിതരുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2009 ജൂലൈയില്‍ ആന്‍ഡേഴ്സണെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, ആന്‍ഡേഴ്സണെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്ന കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. 19 വര്‍ഷത്തിനുശേഷം 2003 മെയിലാണ് ആന്‍ഡേഴ്സണെ വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചത്. തൊട്ടടുത്തവര്‍ഷം അമേരിക്ക ഈ അപേക്ഷ നിരസിച്ചു. അതോടെ കേന്ദ്രസര്‍ക്കാര്‍ പിന്മാറി.

ഭോപാലില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആന്‍ഡേഴ്സണ് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പരീക്ഷണം നടത്തി മേന്മ ഉറപ്പുവരുത്താത്ത സാങ്കേതികവിദ്യ ഭോപാലിലേക്ക് അയക്കാന്‍ 1973ല്‍ അനുമതി നല്‍കിയത് ആന്‍ഡേഴ്സണാണ്. അപകടകരമായ രീതിയിലാണ് യന്ത്രസംവിധാനങ്ങളുടെ നിര്‍മാണമെന്നും തികച്ചും സുരക്ഷിതമല്ലാത്ത മേഖലയിലാണ് അത് സ്ഥാപിക്കാന്‍ പോകുന്നതെന്നും ഇയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ചെറിയ പാകപ്പിഴ പറ്റിയാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധ്യമുണ്ടായിട്ടും യൂണിയന്‍ കാര്‍ബൈഡ് കമ്പനി പദ്ധതിയുമായി മുന്നോട്ടുപോയി. സുരക്ഷാസംവിധാനങ്ങളോ വാതകചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ഒരുക്കാന്‍പോലും അവര്‍ തയ്യാറായില്ല. ചെലവുകുറയ്ക്കലിന്റെ ഭാഗമായി അത്തരം സംവിധാനം ഒഴിവാക്കാനാണ് ആന്‍ഡേഴ്സ നിര്‍ദേശിച്ചത്.

പോരാട്ടം തുടരും ഡി രഘുനാഥ്

ഭോപാല്‍ വാതകദുരന്ത കേസില്‍ കാല്‍നൂറ്റാണ്ടിനുശേഷമാണ് എട്ടുപേരെ കുറ്റക്കാരായി വിധിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇരുപതിനായിരത്തിലേറെപേര്‍ മരിച്ച ഭോപാല്‍ദുരന്തം ലോകം കണ്ട ഏറ്റവും വലിയ വ്യാവസായികദുരന്തമാണ്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് വിധിയെന്നമട്ടില്‍ ചില ദേശീയമാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കാവും. ദുരന്തമുണ്ടായ ശേഷമുള്ള വിവിധ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിമാത്രമേ ഇപ്പോഴത്തെ വിധിയെ കാണാനാകൂ. നീതിനിഷേധത്തിനുതുല്യമാണ് വൈകിയെത്തുന്ന നീതിയെന്ന ചൊല്ലിന് അടിവരയിടുന്നതാണ് ഭോപാല്‍ദുരന്തത്തിനുശേഷം അരങ്ങേറിയ സംഭവങ്ങളും ഇപ്പോഴത്തെ വിധിയും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യയിലെ വ്യവസായപ്രമുഖരില്‍ മുന്‍നിരക്കാരനുമായ കേശബ് മഹീന്ദ്രയടക്കം യൂണിയന്‍ കാര്‍ബൈഡിലെ എട്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ഇവര്‍ക്ക് കിട്ടുന്ന പരമാവധി ശിക്ഷ. പ്രതികള്‍ക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാകുറ്റം ഉയര്‍ന്ന കോടതി നേരത്തെ ഒഴിവാക്കിയിരുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഗുരുതരമായ ഈ കുറ്റം ഒഴിവാക്കിയതോടെ വെറുമൊരു റോഡപകടത്തിനുതുല്യമായ വിധത്തിലേക്ക് ഈ വ്യാവസായികദുരന്തത്തിലെ കോടതിനടപടി മാറുകയായിരുന്നു.

ഭോപാലില്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങളില്ലെന്ന വസ്തുത അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനും അവരുടെ ഇന്ത്യന്‍ പതിപ്പായ യുസിഐഎല്ലിനും നേരത്തെതന്നെ അറിയാമായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഭോപാലില്‍ സ്ഥാപിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളില്‍ പലതും നിലവാരം കുറഞ്ഞതും വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുമായിരുന്നു. മാത്രമല്ല ചെലവ് കുറച്ച് ലാഭം കൂട്ടുകയെന്ന ലക്ഷ്യത്തോടെ പല സുരക്ഷാസംവിധാനവും മാനദണ്ഡങ്ങളും ഒഴിവാക്കുകയും ചെയ്തു. ഈ വീഴ്ചയൊന്നും അശ്രദ്ധകൊണ്ടല്ലെന്ന് വ്യക്തമാണ്. സുരക്ഷാകാര്യങ്ങളില്‍ വന്ന വീഴ്ച യൂണിയന്‍ കാര്‍ബൈഡിന്റെ തലപ്പത്തുള്ളവര്‍ അറിഞ്ഞുതന്നെ സംഭവിച്ചതാണ്. അമിതലാഭത്തിനുവേണ്ടിയുള്ള വ്യക്തമായ ഗൂഢാലോചനയാണ് ശിക്ഷാര്‍ഹമായ നരഹത്യയിലേക്ക് കാര്യമെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ വിധിയെ എങ്ങനെയാണ് നീതിനടപ്പാക്കലായി ഭോപാലിലെ ജനങ്ങള്‍ക്കും രാജ്യത്തിനും കാണാനാവുക.

ദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ അധ്യക്ഷനായ അമേരിക്കന്‍ പൌരന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. എന്നാല്‍, വിധിയിലെവിടെയും ഇയാള്‍ കടന്നുവരുന്നില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് ആന്‍ഡേഴ്സനെ കൈമാറി കിട്ടുന്നതിന് ഗൌരവമായ നടപടി സ്വീകരിച്ചില്ല. ആന്‍ഡേഴ്സനെ നീതിക്കുമുന്നില്‍ എത്തിക്കാമെന്ന വാഗ്ദാനം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.

'ശിക്ഷ പോരാ; ഫാക്ടറിയുടെ അനാസ്ഥ കോടതി കണ്ടില്ല'

ഭോപാല്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും മരിച്ചപോലെ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഇത് ശിക്ഷയേയല്ലെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘത്തില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. സി എസ് പത്മനാഭ അയ്യര്‍. "ഈ ശിക്ഷ തീര്‍ത്തും അപര്യാപ്തമാണ്''- കോടതിവിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച പത്മനാഭ അയ്യര്‍ ദേശാഭിമാനിയോട് പറഞ്ഞു.

"യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണക്കിടയില്‍ ഒരുതവണപോലും കോടതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യാ ഗവമെന്റിന് കഴിഞ്ഞില്ല. ഇപ്പോഴും ശിക്ഷ വിധിച്ചിട്ടുള്ളത് ഏതാനും ഉദ്യോഗസ്ഥര്‍ക്കുമാത്രം.''

"വെള്ളത്തില്‍ തുണിമുക്കി അത് മൂക്കിലും വായിലും അമര്‍ത്തിപ്പിടിച്ചാല്‍ ഈ വിഷവാതകം ശ്വസിക്കാതിരിക്കാം. എന്നാല്‍, ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷവാതകമാണെന്നോ അത് ശ്വസിക്കാതിരിക്കാന്‍ ഈ മുന്‍കരുതല്‍ എടുക്കാമെന്നോ ഫാക്ടറി അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല. ഫാക്ടറിക്കകത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍മാത്രമാണ് മരിച്ചത്. മരിച്ചവരും പ്രത്യാഘാതം അനുഭവിച്ചവരും ഫാക്ടറിക്ക് വെളിയിലുള്ളവരാണ്.''

"വാതകം റഫ്രിജറേറ്റുചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വെര്‍ജീനിയയില്‍ വാതകം സൂക്ഷിക്കാന്‍ അഞ്ചു ടണ്‍ മാത്രം ശേഷിയുള്ള ടാങ്കുകളാണ് കമ്പനി നിര്‍മിച്ചിരുന്നതെങ്കില്‍, ഇവിടെ സാമ്പത്തികലാഭം കണക്കിലെടുത്ത് 50 ടണ്‍ ശേഷിയുള്ള ടാങ്കാണ് നിര്‍മിച്ചത്.''

"കാര്‍ബൈഡ് ഫാക്ടറിയുടെ അനാസ്ഥ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷത്തിനുശേഷം 1986ല്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിഗണിച്ചിട്ടില്ല. എന്തായാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണം. ദുരന്തത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണം''- അദ്ദേഹം വ്യക്തമാക്കി.

ഭോപാല്‍ദുരന്തസമയത്ത് പത്മനാഭ അയ്യര്‍ മുംബൈയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ മെറ്റീരിയല്‍ സര്‍ട്ടിഫിക്കേഷന്‍ വിഭാഗം തലവനായിരുന്നു. ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 15 അംഗ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും സിഎസ്ഐആറില്‍നിന്നുള്ളവരായതിനാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ഇദ്ദേഹത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
(ടി എന്‍ സീന)

നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്നു: സിഐടിയു

ഭോപാലിലെ വാതകദുരന്തത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. രാജ്യത്തെ ഭരണ- നിയമവ്യവസ്ഥയെ അപഹാസ്യമാക്കി മാറ്റുന്നതാണ് വിധി. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതരമായ കുറ്റം സുപ്രീംകോടതിയടക്കം വിവിധ കോടതികള്‍ തുടക്കംമുതല്‍ ലഘൂകരിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധി. ആണവബാധ്യതാ ബില്ലിന്റെ കാര്യത്തിലെന്നപോലെ അമേരിക്കയുമായുള്ള തന്ത്രപര 'ഇടപെടല്‍' കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള അപകടം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി

ദുരന്തബാധിതര്‍ക്ക് നീതിയെവിടെ?

ഭോപാല്‍ ദുരന്തക്കേസിലെ വിചാരണക്കോടതിവിധി അപ്രതീക്ഷിതമല്ല. 23 വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ മല എലിയെ പ്രസവിച്ചതുപോലെയായി. ഇരുപതിനായിരത്തിലേറെ മനുഷ്യജീവന്‍ കവര്‍ന്ന വാതകചോര്‍ച്ച കേസില്‍ ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ തിവാരി അടച്ചിട്ട കോടതിമുറിയില്‍ തിങ്കളാഴ്ച പ്രസ്താവിച്ച വിധിന്യായത്തില്‍ എട്ടു പ്രതികളും കുറ്റംചെയ്തതായി കണ്ടെത്തി. ഒരാള്‍ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു. ശേഷിച്ച ഏഴുപേര്‍ക്ക് രണ്ടുവര്‍ഷംവീതം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. യൂണിയന്‍ കാര്‍ബൈഡിന് അഞ്ചുലക്ഷം രൂപ പിഴശിക്ഷയും. രാജ്യം കണ്ട ഏറ്റവും കൊടിയ വിഷവാതക ദുരന്തത്തിനുത്തരവാദികളായവര്‍ക്ക് കാല്‍നൂറ്റാണ്ടിനുശേഷം കിട്ടുന്ന ശിക്ഷ!

1984 ഡിസംബര്‍ രണ്ടിന് രാത്രിയാണ് മധ്യപ്രദേശിലെ ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നത്. ഡിസംബര്‍ ആറിന് കേസ് ഏറ്റെടുത്ത സിബിഐ 1987 ഡിസംബര്‍ ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചു. 12 പേരാണ് പ്രതിപ്പട്ടികയിലുണ്ടായത്. അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ചെയര്‍മാന്‍ കേശുബ് മഹീന്ദ്ര രണ്ടാംപ്രതിയും. ആന്‍ഡേഴ്സനെ ഹാജരാക്കാന്‍ ഇതുവരെ അന്വേഷകര്‍ക്ക് സാധിച്ചില്ല. പിടിക്കാന്‍ കഴിഞ്ഞില്ല; ഗൌരവമായി ശ്രമിച്ചതുമില്ല. 178 പ്രോസിക്യൂഷന്‍ സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് എട്ടുപേരെയും വിചാരണചെയ്തു. ഇതുമായി ബന്ധപ്പെട്ട് 3008 രേഖയും കോടതിയില്‍ ഹാജരാക്കി. എല്ലാം കഴിഞ്ഞ് ഇപ്പോള്‍ വിധി വന്നപ്പോള്‍ ഒന്നാംപ്രതി ആന്‍ഡേഴ്സനെക്കുറിച്ച് അതില്‍ പരാമര്‍ശംപോലുമില്ല. വിധി വന്നയുടന്‍, ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റിസ് ജ. കെ ജി ബാലകൃഷ്ണന്‍ പ്രതികരിച്ചത്, "വൈകിവന്ന വിധി'' എന്നാണ്.
ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെയും അന്വേഷണ ഏജന്‍സികളുടെയും ദുരവസ്ഥയാണ് ഈ കേസിന്റെ വിചാരണയും വിധിയും സൂചിപ്പിക്കുന്നത് എന്നുപറയാതെ വയ്യ. യഥാര്‍ഥത്തില്‍ ഭോപാല്‍ ദുരന്തത്തിന് ഇരയായവരോട് യൂണിയന്‍ കാര്‍ബൈഡ് കമ്പനി കാണിച്ച കൊടുംപാതകത്തിന്റെ അതേ ഗൌരവമുള്ള വഞ്ചനയാണ് ഇന്നാട്ടിലെ ഭരണാധികാരികളും കാണിച്ചത്. ഭോപാലില്‍ ശാസ്ത്രീയ അന്വേഷണത്തിന് വരദരാജന്‍കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റി കണ്ടെത്തിയത്, ഒരുതരത്തിലുമുള്ള സുരക്ഷാ മാനദണ്ഡവും കമ്പനി പാലിച്ചിരുന്നില്ലെന്നും അതുകൊണ്ടുമാത്രമാണ് ഇത്രയും ഭീകരമായ അപകടമുണ്ടായതെന്നുമാണ്. അങ്ങനെ റിപ്പോര്‍ട്ടെഴുതിയ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ടെലിഫോണിലൂടെ സ്ഥലംമാറ്റി അപ്രധാന തസ്തികയിലേക്ക് ഒതുക്കാനാണ് അന്നത്തെ ഭരണം തയ്യാറായത്. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍തന്നെ രംഗത്തിറങ്ങി യൂണിയന്‍ കാര്‍ബൈഡിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന് ശക്തമായ ആരോപണം അന്നുയര്‍ന്നിരുന്നു.

ഭോപാലില്‍ ഉറങ്ങിക്കിടന്ന ആയിരങ്ങളുടെ മരണം മാത്രമല്ല സംഭവിച്ചത്. തലമുറകള്‍തന്നെ ദുരന്തത്തിനിരയായി. വാതകദുരന്തത്തിനുശേഷം ജനിച്ചുവീണ കുഞ്ഞുങ്ങള്‍ രോഗബാധിതരും അംഗവിഹീനരുമൊക്കെയാണ്. ദുരിതം ഇന്നും തുടരുന്നു. ഒരാള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാരം നാലുലക്ഷം രൂപയാണ്. ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ഒരുപൈസപോലും ലഭിച്ചില്ല. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ നിയമപരമായ ബാധ്യതകളില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വലിയതോതില്‍ നടന്നു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ലോകത്തെ നടുക്കിയ ദുരന്തം സംബന്ധിച്ച കേസില്‍ ഇപ്പോള്‍ വന്ന വിധി. ഇന്നാട്ടില്‍ ആണവദുരന്തമുണ്ടായാല്‍ അതിന്റെ ബാധ്യതയില്‍നിന്ന് അമേരിക്കന്‍കമ്പനികളെ ഒഴിവാക്കാനുള്ള നിയമനിര്‍മാണത്തിനു ശ്രമിക്കുകയാണിപ്പോള്‍ യുപിഎ സര്‍ക്കാര്‍. അവര്‍ക്കുമുന്നില്‍ ജനങ്ങളില്ല- കോര്‍പറേറ്റുകളേയുള്ളൂ; ഇന്ത്യയില്ല- അമേരിക്കന്‍ വിധേയത്വമേയുള്ളൂ.

*
കടപ്പാട്: ദേശാഭിമാനി

ഭോപാല്‍ മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം

Tuesday, December 1, 2009

ഭോപാല്‍ മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം

ഭോപാലില്‍ 1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയിലും മൂന്നിന് വെളുപ്പിനുമായി നടന്ന മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ബഹുരാഷ്ട്രകമ്പനികളുടെ മനുഷ്യത്വരാഹിത്യത്തിനും ധനമോഹത്തിനുമെതിരായ ജനരോഷം പ്രകടിപ്പിച്ചുകൊണ്ട് ലോകമെമ്പാടും ആചരിക്കപ്പെടുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ ശാഖയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി ഫാക്ടറിയില്‍നിന്ന് പുറത്തേക്കുവമിച്ച മാരക വിഷവാതകങ്ങള്‍ ശ്വസിച്ച് അഞ്ചുലക്ഷത്തോളം പേരുടെ ജീവിതമാണ് അപകടത്തിലായത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഇരുപതിനായിരം പേരുടെ ജീവന്‍ വിഷവാതകം ഉള്ളിലെത്തിയതിന്റെ ഫലമായി പൊലിഞ്ഞുപോയി. ഇന്നും അനേകായിരം പേര്‍ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുകയാണ്. ശരാശരി ആറായിരം പേരാണ് ദിനംപ്രതി ഭോപാല്‍ ദുരന്തത്തിന്റെ ബാക്കിപത്രം ഏറ്റുവാങ്ങി ദിവസവും ആശുപത്രികളില്‍ ചികിത്സക്കെത്തുന്നത്. ഫാക്ടറിക്ക് ചുറ്റുപാടും തിങ്ങിപ്പാര്‍ത്തിരുന്ന ദരിദ്രജനവിഭാഗങ്ങളെയാണ് വിഷവാതകം കൂടുതലായി ബാധിച്ചത്. ഇതുവരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രോഗബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുമുള്ള അര്‍ഹമായ നഷ്ടപരിഹാരം പൂര്‍ണമായും നേടിക്കൊടുക്കുന്നതിന് കഴിഞ്ഞിട്ടില്ല.

ഭോപാല്‍ അപകടം സംഭവിച്ചതിനുശേഷം സര്‍ക്കാര്‍ ഏജന്‍സികളും ജനകീയസമിതികളും നടത്തിയ എല്ലാ പഠനങ്ങളും ഫാക്ടറിസുരക്ഷയുടെ കാര്യത്തില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥ പുറത്തുകൊണ്ടുവന്നിരുന്നു. സുരക്ഷാസംവിധാനത്തിന്റെ അപര്യാപ്തതമൂലം മീതൈല്‍ ഐസോസൈനൈറ്റ് എന്ന മാരകവാതകം സൂക്ഷിച്ചിരുന്ന 41 ട ഭാരമുള്ള 610-ാം നമ്പര്‍ ടാങ്ക് പൊട്ടിത്തെറിക്കുകയും തുര്‍ന്നുണ്ടായ രാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച വിഷവാതകങ്ങള്‍ പുറത്തേക്ക് വമിക്കുകയുമാണുണ്ടായതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനി സ്വന്തം രാജ്യത്തുള്ള തങ്ങളുടെ രാസവളനിര്‍മാണ ഫാക്ടറിയില്‍ കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നതായും കണ്ടെത്തുകയുണ്ടായി. ഫാക്ടറി സുരക്ഷയുടെ കാര്യത്തിലുള്ള അലംഭാവത്തിനുപുറമെ ഫാക്ടറിയില്‍നിന്നുള്ള വിഷമാലിന്യങ്ങള്‍ ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ചിരുന്നതിന്റെ ഫലമായി മണ്ണും ഭൂഗര്‍ഭജലവും യൂണിയന്‍ കാര്‍ബൈഡ് വിഷലിപ്തവുമാക്കിയിരുന്നതായി വെളിവാക്കപ്പെട്ടിരുന്നു.

വികസിതരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളുടെയുംമറ്റ് അപകടകാരികളായ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിലെന്നപോലെ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളോട് ബഹുരാഷ്ട്രകമ്പനികള്‍ പിന്തുടര്‍ന്നുവരുന്ന കുറ്റകരമായ ഇരട്ടസമീപനത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഭോപാലില്‍ കണ്ടത്. ഇന്ത്യയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ട് പിന്നീട് യൂണിയന്‍ കാര്‍ബൈഡ് കമ്പനി വിയറ്റ്നാമിലും മറ്റും നാട്ടുകാരുടെ മേല്‍ ജീവനാശിനികളായ രാസവസ്തുക്കള്‍ തളിച്ച് സാര്‍വദേശീയ കുപ്രസിദ്ധിനേടിയ ഡൌ കെമിക്കല്‍സ് ഏറ്റെടുക്കുകയുണ്ടായി. നിരവധി വര്‍ഷത്തെ കോടതി നടപടികളെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അനാസ്ഥക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരായ കൊലപാതകക്കുറ്റം ചുമത്തിയുള്ള ക്രിമിനല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ 1989ല്‍ ഉപേക്ഷിച്ചു. ബോധപൂര്‍വമല്ലാത്ത കുറ്റകൃത്യം എന്ന വകുപ്പിലായി കേസ് പരിമിതപ്പെടുത്തി. പകരമായി ദുരന്തബാധിതര്‍ക്ക് 470 ദശലക്ഷം ഡോളര്‍ (അന്നത്തെ നിരക്കില്‍ 705 കോടി രൂപ) നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി സമ്മതിച്ചു. ഫാക്ടറി അപകടത്തിലായതിനെത്തുടര്‍ന്ന് കമ്പനിക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് 450 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. അതായത് ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേവലം 20 ദശലക്ഷം ഡോളര്‍ മാത്രമാണ് കമ്പനിക്ക് അധികമായി ചെലവിടേണ്ടി വന്നത് എന്നര്‍ഥം. മാത്രമല്ല ഭരണപരമായ ചെലവിനായി 11 കോടി 70 ലക്ഷം രൂപ കമ്പനി നഷ്ടപരിഹാരത്തുകയില്‍നിന്ന് എടുത്തുമാറ്റുകയും ചെയ്തു.

ഏകപക്ഷീയവും നീതിരഹിതവുമായ ഒത്തുതീര്‍പ്പുവ്യവസ്ഥയെത്തുടര്‍ന്ന് ലഭിച്ച നഷ്ടപരിഹാരത്തുക അര്‍ഹര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥകാട്ടുകയാണ്. മരണമടഞ്ഞവരുടെയും രോഗംബാധിച്ചവരുടെയും എണ്ണം കണക്കാക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷത്തിനിടെ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം അതും അര്‍ഹമായതില്‍ വളരെ കുറച്ചുമാത്രം സര്‍ക്കാര്‍ നല്‍കിയത്. മരണമടഞ്ഞവരുടെ കുടുംബത്തിന് 57,000 രൂപയും അസുഖമുള്ളവര്‍ക്ക് 26,000 രൂപയുമാണ് നല്‍കിവരുന്നത്. വളരെ വൈകിയും ഇഴഞ്ഞും നീങ്ങുന്ന സാമ്പത്തിക സഹായവിതരണം അപകടത്തില്‍പെട്ടവര്‍ക്ക് ഒട്ടും സഹായകരമായ രീതിയിലല്ല നടന്നുവരുന്നത്. കേസ് നടത്തിപ്പിന്റെയും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചയുടെയും എല്ലാ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡിന്റെ ഭാഗത്തുനിന്നുമുണ്ടായ ബോധപൂര്‍വമായ കുറ്റകൃത്യത്തിന്റെ വ്യാപ്തി ലഘൂകരിച്ചുകൊണ്ട് അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡിനെതിരായ കോടതി നടപടികള്‍ 1993ല്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു. 1984ല്‍ ജാമ്യമെടുത്ത് അമേരിക്കയിലേക്ക് കടന്ന ഭോപാല്‍ കേസിലെ മുഖ്യപ്രതിയായ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സണെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് ഇന്ത്യാഗവമെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലെ കോടതിനടപടികളെ നേരിടാതെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ആന്‍ഡേഴ്സണ്‍ ന്യൂയോര്‍ക്കില്‍ ആര്‍ഭാടജീവിതം നയിക്കയാണ്. അതിനിടെ കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥനായിരുന്ന മറ്റൊരു മുഖ്യപ്രതി കേശുബാ മഹേന്ദ്രയ്ക്ക് പത്മഭൂഷണും നല്‍കാന്‍ തീരുമാനിച്ചിരുന്നു. പൊതുജനരോഷത്തെത്തുടര്‍ന്ന് തീരുമാനം പിന്‍വലിക്കേണ്ടിവന്നു.

ഇരുപത്തഞ്ചുവര്‍ഷം പിന്നിടുമ്പോഴും ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ മനുഷ്യക്കുരുതി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കൂടുതല്‍ സജീവമായി നിലനില്‍ക്കയാണ്. ബഹുരാഷ്ട്രകമ്പനികളുടെ ചൂഷണത്തിന് രാജ്യത്തെ കൂടുതല്‍ വിധേയമാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ എല്ലാതലത്തിലുമുള്ള ബഹുജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഈ ഭോപാല്‍ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി