Showing posts with label പി കൃഷ്‌ണ പിള്ള. Show all posts
Showing posts with label പി കൃഷ്‌ണ പിള്ള. Show all posts

Sunday, November 24, 2013

ചരിത്രം തിന്നുന്നവര്‍

ജനങ്ങളെ നശിപ്പിക്കാനും തകര്‍ക്കാനുമുള്ള ഫലപ്രദമായ മാര്‍ഗം സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അവരുടെ ബോധ്യം നിഷേധിക്കുകയും പിന്നെയും എന്തെങ്കിലും ബാക്കിയായിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയുകയുമാണെന്ന് ജോര്‍ജ് ഓര്‍വെല്ലാണ് പറഞ്ഞത്. ഇത്തരമൊരു സംഘടിത ഗൂഢാലോചന എക്കാലത്തുമുണ്ടായിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്ലറും പോര്‍ച്ചുഗീസ് ഏകാധിപതി അന്റോണിയോ ഡി ഒലിവെയ്റ സലാസറും അയാളെ പിന്തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധിയും അമ്പരപ്പിച്ച വേഗതയോടെയായിരുന്നു ഇത് ഏറ്റെടുത്തത്. പച്ചമനുഷ്യരെ മൃഗതുല്യമായി കശക്കിയെറിഞ്ഞ അടിയന്തിരാവസ്ഥ അസമയത്ത് വാതിലില്‍ മുട്ടുന്ന പൊലീസ് സംഘമായും വഴിനടക്കാനുള്ള സ്വാതന്ത്ര്യം വിലക്കിയ പുതിയ ചാതുര്‍വര്‍ണ്യമായും ഗ്രന്ഥശാലകള്‍ തീയിട്ട അക്ഷരവിരോധമായുമാണ് സാന്നിധ്യമറിയിച്ചത്. പുസ്തകങ്ങള്‍ നശിപ്പിക്കുകയെന്നത് കേരളത്തില്‍ ചരിത്രം മായ്ച്ചുകളയുന്നതിന്റെ ഫലമാണുണ്ടാക്കിയതും.

സോവിയറ്റ് യൂണിയനില്‍പോയി ടോള്‍സ്റ്റോയി ആരെന്ന് ഉളുപ്പില്ലാതെ ചോദിച്ച രാജാവിന്റെ കിങ്കരന്മാര്‍ ഗ്രാമഹൃദയങ്ങള്‍ മുഴുവന്‍ ഉഴുതുമറിച്ചു. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളും ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലും രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളുമെല്ലാം റോഡരികില്‍ ദഹിച്ചുതീര്‍ന്നു. തിലക വായനശാലയും ആസാദ് ലൈബ്രറിയും ഗോഖലെ ക്ലബുകളും ബുദ്ധിശൂന്യരായ കോണ്‍ഗ്രസുകാരുടെ ചുടലനൃത്തത്തില്‍ ചാമ്പലായി. അവയുടെ പേര് കണ്ടിട്ടെങ്കിലും പിന്മാറുമെന്ന് കരുതിയവര്‍ക്കാണ് തെറ്റുപറ്റിയത്. 1948ലെ കമ്യൂണിസ്റ്റ് വേട്ടക്കാലത്ത് ഇതേക്കാള്‍ കടുത്ത കടന്നാക്രമണങ്ങളും ഭീകരാവസ്ഥയുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതൃതുല്യനായ നേതാവ് മൊയാരത്ത് ശങ്കരന്റെ ചോര ലോക്കപ്പ് മുറിയുടെ ചുവരില്‍ ചീറ്റുന്നത്ര മൃഗീയമായി മര്‍ദിച്ചത് കോണ്‍ഗ്രസിന്റെ മറുപേരുതന്നെയായ ദേശരക്ഷാസേനയും പൊലീസുകാരുമായിരുന്നു. മൊയാരത്തിനെ പിടികൂടിയ അക്രമികളും പൊലീസും ഇളനീര്‍ ചാക്കില്‍ക്കെട്ടി അടിച്ചാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിയിട്ടത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രമെഴുതിയ ആ ഗാന്ധിയനെ കൊന്നുതള്ളാന്‍ അവര്‍ക്ക് കൈയറപ്പുമുണ്ടായില്ല. ആലപ്പുഴയില്‍ പി കൃഷ്ണപിള്ളയുടെ സ്മാരകവും അദ്ദേഹം അവസാനം ഒളിവില്‍ക്കഴിഞ്ഞ വീടും തകര്‍ത്തും തീയിട്ടും രഹസ്യമായി വിജയഭേരി മുഴക്കുന്നവര്‍ ചരിത്രത്തിന്റെ പ്രസന്നമായ മുഖത്താണ് കാര്‍ക്കിച്ചുതുപ്പിയത്. സഖാക്കളുടെ സഖാവായ കൃഷ്ണപിള്ള ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ഗതിവിഗതികളില്‍ തന്നെ ആഴത്തില്‍ മുദ്രകള്‍ പതിപ്പിച്ച പോരാളിയാണ്. ഞായറാഴ്ച കോണ്‍ഗ്രസുകാരുടെ ശീട്ടുകളി വിനോദത്തില്‍നിന്ന് ദേശീയപ്രസ്ഥാനധാരയെ മോചിപ്പിച്ച അദ്ദേഹം ഗ്രാമങ്ങളെ മുഴുവന്‍ സമരസജ്ജമാക്കി. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആഹ്വാനം കേട്ട് ആവേശത്തിന്റെ കൊടുമുടികളിലേക്ക് ഉയര്‍ന്ന അദ്ദേഹം മലബാറിലും തിരുവിതാംകൂറിലും പരിചയപ്പെടുത്തിയ ശക്തിമത്തായ സ്വാതന്ത്ര്യ കാഴ്ചപ്പാടുകള്‍ക്ക് സമാനമായി പിന്നീട് മറ്റൊന്നുമുണ്ടായിട്ടില്ല. കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് പ്രകടനത്തെ പൊലീസ്ഭീകരാവസ്ഥ അടിച്ചുതരിപ്പണമാക്കിയപ്പോള്‍ ത്രിവര്‍ണ പതാക നെഞ്ചോട്ചേര്‍ത്ത് അതിന്റെ അഭിമാനം സംരക്ഷിച്ച കൃഷ്ണപിള്ളയെ ചെന്നിത്തല ഗാന്ധിയന്മാര്‍ക്ക് അറിയാന്‍ വഴിയില്ല. രക്തത്തില്‍കുതിര്‍ന്ന് വീണിട്ടും ചോര വായില്‍ക്കയറിയിട്ടും പരാജയത്തിന്റെ രുചിഭേദം മുഖത്തു കാണിക്കാതെ നില്‍ക്കുകയായിരുന്നു ആ ശക്തിസ്തംഭം. ഹിന്ദിപ്രചാരണം, ഖാദി പ്രസ്ഥാനം, ലളിത ജീവിതം- എന്നിങ്ങനെ ഗാന്ധിയന്‍ സമരപദ്ധതികള്‍ കേരളത്തെ ആത്മാര്‍ഥമായി ബോധ്യപ്പെടുത്തിയത്് കൃഷ്ണപിള്ളയായിരുന്നു.

നിതാന്ത ജാഗ്രതയുള്ള കണ്ണുമായി എവിടെയും ഓടിയെത്തുമായിരുന്ന സഖാവ് സാമ്രാജ്യത്വ അധികാര കേന്ദ്രങ്ങളുടെയും ജന്മി-ജാതി മേധാവിത്വത്തിന്റെയും പീഡനങ്ങള്‍ ഏറെയും സഹിച്ചത് കോണ്‍ഗ്രസിനെ നയിക്കുമ്പോഴായിരുന്നു. ഇത്തരം മഹത് വ്യക്തിത്വങ്ങളെ സ്വന്തമാക്കുക, അല്ലെങ്കില്‍ കൊലചെയ്യുക, അതിനായില്ലെങ്കില്‍ ഓര്‍മകളെ തല്ലിക്കൊഴിക്കുക എന്നതാണ് ചരിത്രത്തിലെമ്പാടും വലതുപക്ഷശക്തികള്‍ കൈക്കൊണ്ട നിലപാട്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ്സ് മാധ്യമ വിഭാഗം മേധാവി അജയ് മാക്കന്‍ നടത്തിയ പ്രസ്താവന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച ഫലിതമാകാനിടയുണ്ട്. ചരിത്രപരമായി നേതൃദാരിദ്ര്യമില്ലാത്ത രാഷ്ട്രീയ പാര്‍ടിയാണ് തങ്ങളുടേതെന്നും സമ്പന്നമായ പൈതൃകമാണുള്ളതെന്നും ആയിരുന്നു മാക്കന്റെ അവകാശവാദം. ബ്രസീലിലെ ധനമന്ത്രിയായിരുന്ന റൂയി ബാര്‍ബോസ 1891ല്‍ പുറപ്പെടുവിച്ച ഉത്തരവ് രസകരവും ക്രൂരവുമായിരുന്നു. അടിമത്തവും അടിമക്കച്ചവടവും പരാമര്‍ശിക്കുന്ന എല്ലാ രേഖകളും നശിപ്പിക്കാനായിരുന്നു അതില്‍ നിര്‍ദേശം. ഇതേ തുടര്‍ന്ന് രാജ്യത്തുടനീളം പുസ്തകങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. റൂയി ബാര്‍ബോസക്ക് സ്വന്തം നാട്ടില്‍ അനുയായികളെ നേടാനായില്ലെങ്കിലും കേരളത്തില്‍ പ്രിയശിഷ്യന്മാര്‍ വരിനില്‍ക്കുകയാണ്. ഇ എം എസ് എഴുതിയ "ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം" എന്ന ബൃഹദ്ഗ്രന്ഥം പ്രധാന കവലകളിലെല്ലാം ചുട്ടുചാമ്പലാക്കിയത് മന്ദബുദ്ധികളുടെ കൈയില്‍ പൂത്തിരി കിട്ടിയപോലെയായിരുന്നല്ലോ. നമ്മുടെ ദേശീയ വിമോചന പോരാട്ടത്തിലെ ഗതിവിഗതികളും കയറ്റിറക്കങ്ങളും ജനാധിപത്യ-മതനിരപേക്ഷ വീക്ഷണത്തില്‍ പരിശോധിക്കുന്നതായിരുന്നു ഇ എം എസിന്റെ കൃതി. തീയില്‍ വെന്ത് അക്ഷരങ്ങള്‍ക്കൊപ്പം ചരിത്രവും പൊള്ളിവീര്‍ക്കുകയായിരുന്നു.

മൊറാഴ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെ പി ആര്‍ ഗോപാലനുവേണ്ടി ഗാന്ധിജി നേരിട്ട് പ്രതികരിച്ചത് മറക്കാനാവില്ല. ഉശിരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപാലന്‍ നമ്പ്യാര്‍ ധീരനും ഉജ്വല പോരാളിയുമാണെന്നായിരുന്നു ഗാന്ധിജിയുടെ വിശേഷണം. ആള്‍ക്കൂട്ടത്തിന്റെ പ്രതികരണത്തിനിടയില്‍ ആരെങ്കിലും മരിച്ചുവീണാല്‍ അതിന്റെ പേരില്‍ ഒരാളെ വധശിക്ഷക്ക് വിധിക്കുന്നത് യുക്തിരഹിതമാണെന്നായിരുന്നു മഹാത്മജി "ഹരിജനി"ല്‍ എഴുതിയതും. ഇതറിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ്സുകാര്‍ രാഷ്ട്രപിതാവിന്റെ സ്ഥാനത്തുനിന്ന് ഗാന്ധിജിയെ ഡിസ്മിസ്സ് ചെയ്ത് പകരം രാഹുല്‍ഗാന്ധിയെ നിയമിച്ചേനെ. "സഞ്ജയ്ഗാന്ധി ഒറിജിനല്‍ ഗാന്ധി, മഹാത്മാഗാന്ധി ഡ്യൂപ്ലിക്കേറ്റ്" എന്ന പഴയ ഫലിതം ഇപ്പോള്‍ ആലപ്പുഴയില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. തന്റെ ചെറിയ ജീവിതത്തിന്റെ പ്രധാന വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനുവേണ്ടി ഉഴിഞ്ഞുവെച്ച, ഉത്തരേന്ത്യന്‍ സമരപരിസരം നേരിട്ട് മനസ്സിലാക്കാന്‍ ദീര്‍ഘപര്യടനങ്ങള്‍ നടത്തിയ, തണുപ്പന്‍ രാഷ്ട്രീയ രംഗങ്ങളെ ചൂടുപിടിപ്പിച്ച കേരളത്തിന്റെ ചെ ഗുവേരയുടെ സ്മരണകള്‍ക്കു മേലെയാണ് കോണ്‍ഗ്രസ് ധിക്കാരത്തിന്റെ കല്‍മഴു പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന എ കെ ആന്റണി, ഇ എം എസിനോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്ത് ചോദ്യം ഉന്നയിച്ചിരുന്നു. അത് മുന്‍നിര്‍ത്തി ഹിന്ദു പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ മലയാളിയുടെ ഓര്‍മയില്‍ ഇപ്പോഴുമുണ്ടാവും. ഒരു വിഡ്ഢിക്ക് എത്ര ചോദ്യം വേണമെങ്കിലും ചോദിക്കാം, എങ്കില്‍ ബുദ്ധിമാന് മറുപടി നല്‍കാന്‍ ആവണമെന്നില്ല എന്നായിരുന്നു കാര്‍ട്ടൂണിലെ അടിക്കുറിപ്പ്. വിഡ്ഢിത്തം മാത്രം ചെയ്യുന്ന അനുയായികള്‍ക്ക് മറുപടി നല്‍കാന്‍ ഇപ്പോള്‍ വാക്കുകള്‍ക്ക് ശേഷിക്കുറവുണ്ടോ?

ഇതിന് അനുബന്ധമാണ് മലയാള മനോരമയും മാതൃഭൂമിയും കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനെക്കുറിച്ച് എഴുതിയ ഒന്നാംപുറ വാര്‍ത്തകള്‍. "തീപിടിത്തം: പ്രത്യേക അന്വേഷണത്തിന് ഉത്തരവ്" എന്ന മനോരമയുടെ പെട്ടിവാര്‍ത്ത നോക്കാം. "ആലപ്പുഴ മുഹമ്മയില്‍ പി കൃഷ്ണപിള്ള താമസിച്ചിരുന്ന വീടിന് തീപിടിക്കാനിടയായ സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു". കന്ദമലില്‍ രണ്ട് കന്യാസ്ത്രീകളെ തീയിട്ടുകൊന്ന സംഘപരിവാര്‍ ക്രൂരതയെ മനോരമ തലക്കെട്ടില്‍ ആവാഹിച്ചത് "കന്ദമലില്‍ രണ്ട് കന്യാസ്ത്രീകള്‍ വെന്തുമരിച്ചു" എന്നായിരുന്നല്ലോ. സ്വയം തീയില്‍ചാടി മരിച്ചതാണെന്ന് പറഞ്ഞില്ലല്ലോ എന്നെങ്കിലും ആശ്വസിക്കാം. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ ഏറ്റവും പ്രാകൃതമായ രീതിയില്‍ അപഹസിക്കുകയും ശിക്ഷിക്കുകയുംചെയ്ത കെഎസ്യുക്കാരെ താമ്രപത്രംനല്‍കി ആദരിക്കുകയായിരുന്നു ജനവിരുദ്ധ മാധ്യമങ്ങള്‍. ഡയറക്ടറുടെ പ്രവര്‍ത്തന ക്ഷമതയും കാര്യശേഷിയും പരിഗണിച്ച് എന്തോ പുരസ്കാരം സമ്മാനിച്ച മട്ടിലായിരുന്നു തലക്കെട്ട്. "ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് കെഎസ്യു വക കരിഓയില്‍". ഞങ്ങടെ പിള്ളേര്‍ കേശവേന്ദ്രക്ക് പൂച്ചെണ്ട് നല്‍കിയല്ലോ എന്ന മട്ടിലായിരുന്നു അത്. "പാചകവാതകത്തിന് വിലകൂടി" എന്ന ശീര്‍ഷകത്തിലൂടെ അത് സ്വയമേവ സംഭവിച്ചതാണെന്ന് അറിയിച്ച് അമിതഭാരം സ്വാഭാവികമാണെന്ന് വരുത്തുകയാണ് മകാര മാധ്യമങ്ങള്‍. "അഞ്ചുരൂപ കുറച്ച"ാല്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ഗ്യാസ് വില കുറച്ചു എന്ന് എഴുതി വായനക്കാരുടെ കണ്ണില്‍പൊടിയിടുന്നു. രാഹുല്‍ഗാന്ധിയുടെ ദാരിദ്ര്യ വിനോദസഞ്ചാരത്തെ ജനസമ്പര്‍ക്ക പരിപാടിയായാണ് റബര്‍-ചേന നാവുകള്‍ വിലയിരുത്തുന്നത്. ഈ അഭിനവ പ്രധാനമന്ത്രിക്ക്ചുറ്റും ജനങ്ങള്‍ കേന്ദ്രീകരിക്കുകയാണെന്ന് വാദിക്കുന്നു. അഡോള്‍ഫ് ഹിറ്റ്ലറുടെ ഊറ്റംകൊള്ളലിലെ പൊള്ളത്തരം വലിച്ചുകീറിയ ജോണ്‍ ഹാര്‍ട് ഫീല്‍ഡിന്റെ ലോകപ്രശസ്തമായ കാര്‍ട്ടൂണ്‍ കാരിക്കേച്ചറാണ് ഉടന്‍ മനസിലെത്തുക. തന്റെ പിന്നില്‍ ജനലക്ഷങ്ങളുണ്ടെന്ന് നിരന്തരം അവകാശപ്പെട്ടുകൊണ്ടിരുന്ന ഹിറ്റ്ലറെ തീര്‍ത്തും നിര്‍വീര്യമാക്കുകയായിരുന്നു ഹാര്‍ട് ഫീല്‍ഡ്. പെരിയ വയറുള്ള ബഹുരാഷ്ട്ര ഭീമന്‍ ലക്ഷങ്ങള്‍ കോഴനല്‍കുന്ന ചിത്രത്തിന്റെ സൂചനയാണ് ആ കാര്‍ട്ടൂണിന് ജീവന്‍ നല്‍കിയത്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സംബന്ധിച്ച മാതൃഭൂമി വാര്‍ത്ത അവസാനിക്കുന്നതാകട്ടെ, "എല്ലാവര്‍ഷവും ആഗസ്ത് 19ന് കൃഷ്ണപിള്ളയുടെ ചരമദിനത്തില്‍ അനുസ്മരണസമ്മേളനവും പുഷ്പാര്‍ച്ചനയും മാത്രമാണ് സ്മാരകത്തില്‍ നടക്കാറുള്ളത്" എന്നാണ്. അതിനര്‍ഥം തീയിട്ടത് അത്രയധികം ഗൗരവമുള്ള കുറ്റമൊന്നുമല്ല എന്നല്ലേ. അനുബന്ധ വാര്‍ത്ത ശ്രദ്ധിക്കുക: വ്യാഴാഴ്ച പുലര്‍ച്ചെ അഗ്നിക്കിരയായ ഓലക്കുടിലിലാണ് പി കൃഷ്ണപിള്ള തന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്. തീപിടിക്കുകയും അഗ്നിക്കിരയാവുകയുംചെയ്ത സ്മാരകം എന്ന രൂപീകരണത്തിലൂടെ വാര്‍ത്തയിലെ സമകാലീന ചരിത്ര യാഥാര്‍ഥ്യമാണ് പത്ര മുത്തശ്ശിമാര്‍ ചുട്ടുകരിച്ചത്.

1948 മെയ് 18ന് മാതൃഭൂമി കൊടുത്ത ഒരു വാര്‍ത്ത നോക്കാം: കമ്യൂണിസ്റ്റുകളുടെ ഇടയില്‍ മഹാപ്രസിദ്ധന്മാരായ കെപിആര്‍ ഗോപാലന്‍ നമ്പ്യാര്‍, കാന്തലോട്ട് കുഞ്ഞമ്പു, സര്‍ദാര്‍ കുഞ്ഞിരാമന്‍ നായര്‍ എന്നിവരെ മുണ്ടേരിമൊട്ട എന്ന സ്ഥലത്തുവെച്ച് ഇന്നലെ വൈകുന്നേരം അവിടുത്തുകാരായ ആളുകള്‍ പിടിച്ച് വളപട്ടണം പൊലീസിനെ ഏല്‍പ്പിച്ചിരിക്കുന്നു. അവരെക്കൊണ്ടുവന്ന വിവരം കാട്ടുതീപോലെ നാടെങ്ങും പരന്നു. ആയിരക്കണക്കിനാളുകള്‍ പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ തടിച്ചുകൂടി ഇക്കൂട്ടരെ തൂക്കിക്കൊല്ലണമെന്ന് ആര്‍ത്തുവിളിച്ചു. ഈ അറസ്റ്റുവിവരം ഇന്നലെ മാങ്ങാട്ടുപറമ്പില്‍ കൂടിയ പൊതുയോഗത്തില്‍വച്ച് യോഗാധ്യക്ഷനായ പി മാധവന്‍ പ്രഖ്യാപിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന ആളുകള്‍ മുഴുവന്‍ കൂട്ടത്തോടെ ആഹ്ലാദിച്ച് ആര്‍പ്പുവിളിച്ചു. എംഎസ്പിയും ദേശരക്ഷാസേനയും സര്‍വ സന്നാഹങ്ങളുമായി ഉറഞ്ഞുതുള്ളിയ 1948 കാലത്തെ ക്രൂരതകള്‍ ജനങ്ങളുടെ പ്രതികരണമായിട്ടാണ് "ദേശീയപത്രം" വിളിച്ചുകൂവിയത്. കുംഭകോണങ്ങളുടെ ശതകോടികള്‍, കോഴയിടപാടുകളിലെ വീതംവെപ്പുകള്‍ ഇതെല്ലാം സഹിക്കാം. ജനവിഭാഗങ്ങളെ ഒറ്റുകൊടുക്കുന്നതിന് കിട്ടുന്ന പ്രതിഫലം നക്കിനക്കി അലുത്തുതീരാറായ തിരണ്ടിനാവുകൊണ്ട് പിന്നെയും പാവങ്ങളെക്കുറിച്ച് ആണയിടരുത്. പുതിയ ഖദറുടുപ്പ് വാങ്ങി, കീശ, തോള്‍ഭാഗം, കോളര്‍ എന്നിങ്ങനെ പ്രത്യേക സ്ഥലങ്ങളില്‍ ബ്ലേഡ്വച്ച് കീറി തുന്നിച്ചേര്‍ത്ത് ലാളിത്യം ചമയുന്ന , പുതുപ്പള്ളിയിലെ കൊച്ചുമുതലാളി നെഞ്ച്കീറി നേര് കാണിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉള്ളില്‍ തെളിഞ്ഞത് കാപട്യത്തിനുമേല്‍ ഒട്ടിച്ചുവച്ച പ്ലാസ്റ്ററുകള്‍ മാത്രം. പറയാന്‍ ഒന്നുമില്ലെങ്കില്‍ ഇക്കൂട്ടര്‍ ചരിത്രത്തില്‍ കൈയിട്ട് ഇളക്കിനോക്കും. ഒരന്നമെങ്കിലും കിട്ടിയെങ്കിലോ..?. നിരാശരായാല്‍ ചരിത്രംതന്നെ തിന്നാന്‍ശ്രമിക്കും. അതാണ് സ്വാതന്ത്ര്യസമരകാലത്ത് കണ്ടത്, പിന്നെ കുറേ പതിറ്റാണ്ടുകള്‍ തുടര്‍ന്നത്; വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

*
അനില്‍കുമാര്‍ എ വി ചിന്ത വാരിക

Monday, November 4, 2013

ചാമ്പലാകില്ല ചരിത്രം

"വനസ്വര്‍ഗ"ത്തില്‍നിന്ന് ചെല്ലിക്കണ്ടത്തേക്കുള്ള പാത വെളുവെളുത്ത മണല്‍ മൂടിയതാണ്. ചൊരിമണലില്‍ വിഷം മുറ്റിയ തലയുമായി അണലികള്‍ ചുരുണ്ടിരിപ്പുണ്ടാകാം. അറുപത്തഞ്ച് വര്‍ഷം മുമ്പ്, സ്വതന്ത്ര്യത്തിന്റെ പതാകയ്ക്കുകീഴില്‍ അസ്വാതന്ത്ര്യത്തിന്റെ ഒളിവുജീവിതം നയിച്ച സഖാവ് അന്ത്യശ്വാസം വലിച്ചത് ഇവിടെയായിരുന്നു. ഈ ചൊരിമണലിലൂടെ ഇഴഞ്ഞെത്തിയ വിഷസര്‍പ്പം പി കൃഷ്ണപിള്ള എന്ന ഇതിഹാസത്തെ നീലിച്ച നിശ്ചേതനശരീരമാക്കി. ഒരുപറ്റം വിഷസര്‍പ്പങ്ങള്‍ ഇന്നലെയും ഇവിടെ വന്നു. രാവിന്റെ മറവില്‍. അവരുടെ കൈയില്‍ വെറുപ്പിന്റെ ഇന്ധനം നിറച്ച കന്നാസുകളുണ്ടായിരുന്നു. മനസ്സില്‍ പകയുടെയും കുടിലതയുടെയും തിരതല്ലിയിരുന്നു. ഇന്ന്, ഒരു നാടിന്റെ ശ്വാസവേഗത്തിനും നെടുവീര്‍പ്പിനും രോഷക്കനലിനും മുന്നില്‍ പാതികത്തിയ ചെല്ലിക്കണ്ടത്തില്‍ വീട്. ഇടംകണ്ണു തകര്‍ന്ന ശില്‍പ്പം. പി കൃഷ്ണപിള്ളയുടെ ഓര്‍മകളെപ്പോലും ഭയപ്പെടുന്നവര്‍ ചരിത്രത്തിന്റെ കഴുത്തിലേക്ക് കത്തിയെറിഞ്ഞ്, എങ്ങോ പോയ്മറഞ്ഞു.

ആലപ്പുഴ ദേശീയപാതയിലെ കഞ്ഞിക്കുഴി ജങ്ഷനില്‍നിന്ന് കിഴക്കോട്ടുള്ള പാത "വനസ്വര്‍ഗം" എന്ന സ്ഥലത്തെത്തും. അവിടെനിന്ന് മണല്‍പാത താണ്ടി, നിസ്വവര്‍ഗപോരാട്ടത്തിന്റെ ചരിത്രം ഉണര്‍ന്നിരിക്കുന്ന ചെല്ലിക്കണ്ടം വീട്ടിലേക്ക്. ഇരുപത്തെട്ട് സെന്റ് നിലത്ത് ഓലമേഞ്ഞ കൊച്ചുവീട്. മുന്നില്‍ അര്‍ധകായ പ്രതിമ. നെഞ്ചില്‍ ജ്വലിക്കുന്ന കനലായി, ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊര്‍ജസ്രോതസ്സായി കമ്യൂണിസ്റ്റ് പ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന സ്മാരകമാണത്. നാല്‍പ്പത്തിരണ്ടു വര്‍ഷത്തെ ജീവിതംകൊണ്ട് കേരളം എന്ന നാടിന്റെ ചരിത്രഗതി മാറ്റിയെഴുതിയ പ്രിയസഖാവിെന്‍റ ഓര്‍മയ്ക്കായി വരുംതലമുറയ്ക്ക് കരുതിവച്ച അമൂല്യ നിധി.

ആ വീടാണ് കത്തിയത്. ആ കട്ടിലിനാണ് കേടുവന്നത്. ബ്രിട്ടീഷ് കോയ്മയ്ക്കെതിരെ മൂവര്‍ണക്കൊടിയോടൊപ്പം ഉയര്‍ത്തിപ്പിടിച്ച ആ ശിരസ്സിനാണ് പരിക്കേറ്റത്. വിദേശിപ്പട്ടാളത്തിന്റെ ക്രൂരമര്‍ദനത്തില്‍ ഉടല്‍ തളരുമ്പോഴും കൃഷ്ണപിള്ള നെഞ്ചോടടുക്കിപ്പിടിച്ചത് കോണ്‍ഗ്രസിന്റെ പതാകയായിരുന്നു. ആ പതാകയേന്തുന്നവര്‍ ഇന്ന് കൃഷ്ണപിള്ളയെ അറിയുന്നില്ല. സഖാവിന്റെ അമ്പതാം ചരമ വാര്‍ഷിക വേളയില്‍ ഒരു മലയാള പത്രം ചോദിച്ചു:"കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്" എന്ന്. ഇന്ന് ഗാന്ധിശിഷ്യര്‍ ചോദിക്കുന്നു:"കമ്യൂണിസ്റ്റുകാരേ നിങ്ങളല്ലേ സ്മാരകം തകര്‍ത്ത"തെന്ന്. ഇന്ത്യന്‍ മണ്ണില്‍നിന്ന് സാമ്രാജ്യത്വത്തെ വേരോടെ പിഴുതെറിയാന്‍ പോരാട്ടം നയിച്ച കൃഷ്ണപിള്ളയ്ക്ക്, സ്വതന്ത്ര്യാനന്തരം കോണ്‍ഗ്രസ് കൊടുത്തത് ഒളിവുജീവിതമെന്ന ശിക്ഷയായിരുന്നു. ഇന്ന് കൃഷ്ണപിള്ളയുടെ സ്മരണയെപ്പോലും തച്ചുടയ്ക്കുന്നു-ചരിത്രത്തിന്റെ ചാരം ഭക്ഷിക്കുന്നവര്‍.

കേരളത്തിന്റെ സ്വാതന്ത്ര്യപോരാട്ട കാലത്തേക്ക് തിരിഞ്ഞുനോക്കുക-എല്ലാ പോരാളികളും എത്തിയത് കൃഷ്ണപിള്ളയിലേക്കായിരുന്നു. എല്ലാ പോരാട്ടങ്ങളും ജന്മംകൊണ്ടത് ത്യാഗത്തിന്റെയും സഹനത്തിന്റെയും കര്‍മധീരതയുടെയും സമ്മേളനമായ ആ മനസ്സില്‍നിന്നായിരുന്നു. കെ മാധവന് കൃഷ്ണപിള്ള സേലം ജയിലില്‍നിന്നെഴുതി, ""അനിയാ നീ ജയില്‍വിമുക്തനായ വിവരം പത്രത്തില്‍ വായിച്ചു. കോണ്‍ഗ്രസില്‍ രണ്ടുവിഭാഗമുണ്ട്. ഒന്ന് പണക്കാരുടേത് മറ്റൊന്ന് പാവപ്പെട്ടവന്റേത്. നീ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ കൃഷിക്കാരുടെ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുക."" പാവപ്പെട്ടവന്റെ കോണ്‍ഗ്രസുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ തിരിച്ചറിവിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്താണ് സഖാവ് കേരളത്തിന്റെ മണ്ണില്‍ നട്ടുനനച്ച് വളര്‍ത്തിയത്.

1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ ആദ്യമായി കഠിനതടവിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കൃഷ്ണപിള്ളയാണ്. എനിക്ക് ഗവണ്‍മെന്റിനോടോ ഉദ്യോഗസ്ഥന്മാരോടോ ഒന്നും പറയാനില്ല എന്ന് കോടതിയുടെ മുഖത്തുനോക്കി പറഞ്ഞ് കാരാഗൃഹത്തിലേക്ക് നടന്നുകയറിയ ആ ധീരതയെ ഇന്ന് മണ്ണെണ്ണയും ചൂട്ടുമായി, സ്വന്തം ചരിത്രം ചാമ്പലാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് മനസിലാകില്ല. ""ഞങ്ങളെ ഒമ്പതുമാസം ശിക്ഷിച്ചു. അവിടെ ക്വാറന്റൈനില്‍ കോണകവും തൊപ്പിയുമായി ഞങ്ങളും കാലുറയുടുപ്പും തൊപ്പിയുമായി അബ്ദുള്‍റഹ്മാനും ഒന്നിച്ചിരുന്ന് ചകിരിതല്ലിയിരുന്ന ചിത്രം ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഇന്നലെ നടന്ന സംഭവംപോലെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുദിവസം സംസാരിക്കുന്നതിനിടയ്ക്ക് ഞാന്‍ നൂല്‍നൂല്‍ക്കാനും മറന്നു. ആ സമയത്ത് പെട്ടെന്നുവന്ന ജയില്‍ സൂപ്രണ്ട് എന്നെ ശകാരിച്ചു. ഞാനങ്ങോട്ട് മറുപടിയും പറഞ്ഞു. അതിനെനിക്കുകിട്ടിയ ശിക്ഷ തൂക്കാന്‍ വിധിച്ചവരെയിടുന്ന മുറിയിലേക്കുള്ള മാറ്റമായിരുന്നു. കാലിന്മേല്‍ ചങ്ങലയും"". കാലിലും കൈയിലും ചങ്ങലയുമായി കണ്ടംഡ് സെല്ലില്‍ ഒറ്റയ്ക്കുകിടന്ന് കൃഷ്ണപിള്ള ജന്മി-നാടുവാഴിത്തത്തിനും കോളനിഭരണത്തിനുമെതിരെ പടനയിച്ചു. താന്‍ കോണ്‍ഗ്രസാണെന്ന് ഉറക്കെപ്പറഞ്ഞു. കാരാഗൃഹത്തിലും അതിലേക്കുള്ള വഴിയിലും ഇന്ന് കോണ്‍ഗ്രസുകാരുണ്ട്. നാടിനെ ഒറ്റുകൊടുത്ത് അഴിമതിയില്‍ ആറാടി പണം കുന്നുകൂട്ടിയവര്‍. അവര്‍ക്ക് മനസിലാകില്ല-ആരായിരുന്നു ഈ നാടിന് കൃഷ്ണപിള്ളയെന്ന്.

1931 ജൂലൈ ഏഴിന് ബോംബെയില്‍ ചേര്‍ന്ന എഐസിസി യോഗത്തില്‍ ഗാന്ധിജി അനുവാദം നല്‍കിയ സമരമായിരുന്നു കെ കേളപ്പനും കൃഷ്ണപിള്ളയും എ കെ ജിയും നയിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശനസത്യഗ്രഹം. ""അമ്പലത്തിന്റെ അകത്തുവച്ച് സാധുസംരക്ഷകനായ ഗുരുവായൂരപ്പന്റെ പേരില്‍ അദ്ദേഹത്തിന്റെ പവിത്രസന്നിധിയെ അശുദ്ധമാക്കാനൊരുങ്ങിപ്പുറപ്പെട്ട ചിലര്‍ ശ്രീമാന്‍ പി കൃഷ്ണപിള്ളയെ നിര്‍ദയം അടിക്കുകയുണ്ടായി. ശ്രീ. കൃഷ്ണപിള്ള ദീപാരാധന കഴിഞ്ഞയുടനെ അമ്പലത്തില്‍ കടന്ന് മണിയടിച്ച് തൊഴുതു. അതിനുള്ളിലെ ഒരു പട്ടരെ ഇത് കണക്കിലധികം ശുണ്ഠിപിടിപ്പിച്ചു. അയാള്‍ കണ്ണുകാട്ടിയതനുസരിച്ച് ഒരു നായര്‍ വന്ന് പിള്ളയുടെ ചെകിട്ടത്തും പുറത്തും ആങ്ങിയോങ്ങി അടിച്ചു. ഉടനെ വേറെയും ആളുകള്‍ വന്ന് അടിതുടങ്ങി. അവസാനം അദ്ദേഹത്തെ പിടിച്ചുതള്ളി പുറത്താക്കി"" (മാതൃഭൂമി 1931 ഡിസംബര്‍ 22). പിറ്റേന്നും കൃഷ്ണപിള്ള മണിയടിച്ചു; അക്രമികള്‍ അദ്ദേഹത്തിന്റെ പുറത്തടിച്ചു. ആ അടിയാണ് ഇന്നും തുടരുന്നത്. തല്ലുകൊള്ളുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമായാണ് സഖാവ് കണ്ടത്. ആ തല്ലുകണ്ട് സമൂഹത്തിന്റെ നീതിബോധം ഉണരുമെന്ന് ആ വിപ്ലവകാരി വിശ്വസിച്ചു. ""കേരളത്തിലെ ദേശാഭിമാനികളും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശ്രമിക്കുവാന്‍ ഒരുക്കവും ചോരത്തിളപ്പുമുള്ള യുവാക്കന്മാരും ദൃഷ്ടി ഈ വഴിക്ക് തിരിക്കേണ്ടതാകുന്നു. ഇതിനായി അവരെ ഗുരുവായൂരിലേക്ക് ക്ഷണിക്കുവാനാകുന്നു ഗുരുവായൂരമ്പലത്തില്‍ ക്ഷേത്രസേവനംചെയ്യുന്ന ചില രാക്ഷസന്മാരുടെ ഹസ്തങ്ങള്‍ക്ക് എന്റെ മുതുകിനെയും ചെകിടിനെയും സമര്‍പ്പിച്ചതെന്ന് ഞാനവരെ അറിയിച്ചുകൊള്ളുന്നു"" എന്ന് കൃഷ്ണപിള്ള എഴുതി(മാതൃഭൂമി 1931). കൃഷ്ണപിള്ളയുടെ ഓര്‍മകളും അങ്ങനെ സമര്‍പ്പിക്കപ്പെട്ടതാണെന്ന് പുത്തന്‍കോണ്‍ഗ്രസ് സംസ്കാരം കരുതുന്നുണ്ടാകും. പക്ഷേ, പൊറുക്കാനാവുമോ സഖാവിന്റെ പിന്‍ഗാമികള്‍ക്ക് ഈ ഹിസാത്മകതയെ?

ഇല്ല എന്നാണ്, പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച് കേരളം മറുപടി നല്‍കിയത്. ചരിത്രം തിരിഞ്ഞുനടക്കാറില്ല. കോഴിക്കോട് കടപ്പുറത്ത്, നിരോധനം ലംഘിച്ച് മര്‍ദനമേറ്റുവാങ്ങി, "മഹാത്മാഗാന്ധീ കീ ജയ്, ഭാരത് മാതാ കീ ജയ്" എന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിയ കൃഷ്ണപിള്ളയ്ക്ക് പകരംവയ്ക്കാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ വേറെ ജനിച്ചിട്ടില്ല. കാരാഗൃഹങ്ങളും സമരവേദിയാക്കി കാലിനും കൈയ്ക്കും വിലങ്ങിട്ട് കാല്‍ച്ചങ്ങലയില്‍ ബന്ധിച്ച് ഏകാന്തത്തടവറയില്‍ ശരീരം തകര്‍ന്നിട്ടും കരളുറപ്പിളകാതെ നെഞ്ചുവിരച്ചു നില്‍ക്കാന്‍ സഖാവല്ലാതെ മറ്റൊരാളുണ്ടായിട്ടില്ല. മൊറാഴയിലെ സമരകാലം. കൃഷ്ണപിള്ള വളപട്ടണം പാലത്തിലൂടെ നടക്കുന്നു. രണ്ടുപേര്‍ വഴിതടഞ്ഞു. "എവിടുന്നു വരുന്നു, ആരെന്നുപറയണം"- ഭീഷണി. "ചോദിക്കാന്‍ താനാരാ"- സഖാവിന്റെ വെല്ലുവിളി. വഴിമുടക്കിയവര്‍ മാറിനിന്നു. ആ ചങ്കൂറ്റം ഇരുളിന്റെ മറവില്‍ വിഷപ്പാമ്പുകളായെത്തുന്ന പുത്തന്‍ കോണ്‍ഗ്രസുകാര്‍ക്ക് ചിന്തിക്കാനാവാത്തതാണ്. ""വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസിനെയാണ് തങ്ങളുടെ അജ്ഞതമൂലം എതിര്‍ക്കുന്നത്"" എന്ന് കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. എസ് വി ഘാട്ടെ എഴുതി: ""പാര്‍ടി കേന്ദ്രത്തില്‍നിന്നുള്ള സന്ദേശവുമായി ഞാന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ സമീപിച്ച സഖാക്കളെല്ലാംതന്നെ എന്നെ കൃഷ്ണപിള്ളയുടെ അടുത്തേക്ക് തിരിച്ചുവിട്ടു. അദ്ദേഹം വളരെ തിരക്കുള്ള ആളായിരുന്നു."" കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘാടകന്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ-സഖാവെന്ന്. കൃഷ്ണപിള്ളയും ഇ എം എസും ദാമോദരനും എന്‍ സി ശേഖറും കോഴിക്കോട് ആദ്യഘടകത്തിന് രൂപം നല്‍കിയ പ്രസ്ഥാനം ഇന്ന് കേരളത്തിന്റെ വികാരമാണ്; ശക്തിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിന് എന്തെല്ലാം നല്‍കിയോ അതിലെല്ലാം പതിഞ്ഞ വിരല്‍മുദ്ര സഖാക്കളുടെ സഖാവിന്റേതാണ്-കൃഷ്ണപിള്ളയുടേതാണ്. ആ കൃഷ്ണപിള്ളയെ ഒരു കല്‍പ്രതിമയായി കാണുന്നവരുടെ അജ്ഞത; അല്ലെങ്കില്‍ പ്രതിമ തകര്‍ക്കപ്പെട്ടാലുണ്ടാകുന്ന പ്രകോപനവും അതിലെ മുതലെടുപ്പുസാധ്യതകളും-അത്രയുമാകാം കണ്ണര്‍കാടിന്റെ മണല്‍പ്പരപ്പില്‍ ചരിത്രത്തിന്റെ ചാരം വീഴ്ത്തിയവരുടെ പ്രലോഭനം.

കേരളത്തിന്റെ പോരാട്ട ചൈതന്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് അവര്‍ തകര്‍ത്ത പ്രതിമയുടെ കണ്ണുകളിലെന്ന് തിരിച്ചറിയാത്ത അവിവേകം. ആരാണ് സഖാവ് എന്നറിയാത്ത ചാപല്യം. കണ്ണര്‍കാട് കൃഷ്ണപിള്ള ഇഷ്ടപ്പെട്ട ഒളിസങ്കേതമായിരുന്നു. 1948 ആഗസ്തില്‍ അവിടെയെത്തുമ്പോള്‍ പേര് രാമന്‍. ചെല്ലിക്കണ്ടത്തില്‍വീടും ഗൃഹനാഥന്‍ നാണപ്പനും അവിടത്തെ കട്ടിലും രാമന് സുപരിചിതം. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ എത്തി സുഖനിദ്രയിലായ "രാമ"നെ ഒരു മുരടനക്കത്തില്‍ മനസിലാക്കിയ നാണപ്പന്‍, പിതാവ് കുഞ്ഞുപിള്ള. ഒളിസങ്കേതത്തിന് കാവല്‍നിന്ന കണ്ണര്‍കാട് വാസു. സന്ദേശവാഹകനായിരുന്ന കൊച്ചുനാരായണന്‍. വിപ്ലവകാരികള്‍ ഒത്തുചേര്‍ന്ന് ആശയങ്ങള്‍ പങ്കുവച്ച മണല്‍പരപ്പും വായനശാലയും മരച്ചുവടുകളും. സ്മരണകള്‍ വിപ്ലവാവേശത്തിന്റെ തുടിപ്പായി കണ്ണര്‍കാട് അമരത്വം നേടിയിരിക്കുന്നു. ആ അമരത്വത്തിന്റെ പ്രതീകമാണ് കൃഷ്ണപിള്ള സ്മാരകം.

1948 ആഗസ്ത് പത്തൊമ്പതിന് രാവിലെയാണ്, ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ സഖാവിന് സര്‍പ്പദംശനമേറ്റത്. അരമണിക്കൂറിനകം മരണം. ചേതനയറ്റ ശരീരവുമായി, അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് സഖാക്കള്‍. മൈലുകളും മണിക്കൂറുകളും താണ്ടിയ അന്വേഷണം. നിരോധനത്തെ കൂസാതെ, അറസ്റ്റിനെ ഭയക്കാതെ പ്രിയ സഖാവിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയ കമ്യൂണിസ്റ്റുകാര്‍; ജനങ്ങള്‍. ആലപ്പുഴയ്ക്ക് ഒന്നും മറക്കാനാവുന്നതല്ല. കേരളത്തിന്റെ രണസ്മരണകള്‍ മങ്ങിയിട്ടില്ല. കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്രയിലും വയലാറിലും മനുഷ്യമോചനപ്പോരാട്ടത്തിന്റെ അഗ്നിസ്ഫുരണങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ഏതുദേശത്തും സഖാവിന്റെ പാദസ്പര്‍ശമുണ്ടായിരുന്നു. അവിടങ്ങളില്‍ ആ സ്മരണ അണയാതെ കത്തുന്നുണ്ട്. വിപ്ലവകാരികള്‍ ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാകണമെന്ന് സഖാവ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ വേദനയിലും ത്യാഗങ്ങളിലും ആ കണ്ണ് നനഞ്ഞു. അനീതിക്കുമുന്നില്‍ ആ മുഷ്ടി ഉയര്‍ന്നു. """മുമ്പൊരിക്കലും കണ്ണീര്‍ പൊഴിക്കാത്ത ബോള്‍ഷെവിക് വീരനായ സഖാവും അന്ന് പരാജിതനാവുകയാണുണ്ടായത്. സഖാവിന്റെ കണ്ണിലും വെള്ളം നിറഞ്ഞു. ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സഖാക്കളുടെ ബേജാറ് കണ്ടുനിന്ന കയ്യൂര്‍ സഖാക്കളാണ് വാസ്തവത്തില്‍ സഖാവിനെയും ജോഷിയെയും മറ്റും സമാധാനിപ്പിച്ച് ഉശിരുപിടിപ്പിച്ച് തിരിച്ചയച്ചത്."" കഴുമരത്തിനുമുന്നില്‍ പതറാതെ നിന്ന കയ്യൂര്‍ സഖാക്കള്‍ക്കുമുന്നില്‍ നിറഞ്ഞ ആ കണ്ണുകള്‍, ഗുരുവായൂരമ്പലത്തിലെ അനീതിക്കുനേരെ ജ്വലിക്കുകയായിരുന്നു. കെ പി ആര്‍ ഗോപാലന്റെ ജീവനെടുക്കാന്‍ വന്ന സാമ്രാജ്യത്വ നൃശംസതയോട് ആ മനസ്സിന് സന്ധിചെയ്യാനാവില്ലായിരുന്നു.

പ്രതിമ തകര്‍ത്താലും സ്മാരകം തീയിട്ടാലും അസ്തമിക്കുന്നതല്ല കേരളീയന്റെ ഹൃദയത്തില്‍ സഖാവ് എന്ന വികാരം. സഖാവിന്റെ സ്മാരകം തകര്‍ത്തവര്‍ ഏത് മാളത്തിലൊളിച്ചാലും ആത്മാഭിമാനമുള്ള കേരളീയന് പൊറുക്കാനാവില്ല അവരോട്. സഖാക്കളേ മുന്നോട്ട് എന്ന ആഹ്വാനം കൃഷ്ണപിള്ള ജൈവത്തായ പ്രസ്ഥാനത്തിന് നല്‍കിയ അന്ത്യസന്ദേശംമാത്രമല്ല-നാടിനെ ചലിപ്പിക്കാനുള്ള തേജസ്സുറ്റ ആഹ്വാനവുമാണ്. ആ സന്ദേശം കമ്യൂണിസ്റ്റുകാരന്റെ ഹൃദയതാളമാണ്. കണ്ണര്‍കാട്ടെ മണല്‍ത്തരികളോരോന്നും നമ്മോട് പറയുന്നുണ്ട്: ""സഖാക്കളേ മുന്നോട്ട്.""

*
പി എം മനോജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 04 നവംബര്‍ 2013

Friday, November 1, 2013

പഴയ വിഷസര്‍പ്പത്തിന്റെ പുതിയ സന്തതികള്‍

പി കൃഷ്ണപിള്ള സ്മാരകത്തിനു നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കുനേര്‍ക്കു കൂടിയുള്ള ഹീനമായ ആക്രമണമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തെ മുന്നോട്ട് നയിച്ച ധീരദേശാഭിമാനിയായിരുന്നു ത്യാഗധനനായ സ. പി കൃഷ്ണപിള്ള. അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ സ്മൃതിമന്ദിരത്തിനും പ്രതിമയ്ക്കും നേര്‍ക്കായി കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാര്‍ന്ന വിദ്വേഷം എന്നത് കോണ്‍ഗ്രസ് എത്രമേല്‍ ജീര്‍ണമായ അധമതലത്തിലേക്കാണ് പതിച്ചിട്ടുള്ളത് എന്നതിന്റെ ദൃഷ്ടാന്തമാണ്. "ഓര്‍മകള്‍ ഉണ്ടായിരിക്കണം" എന്ന് വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന ഈ ദുഷ്ടരാഷ്ട്രീയ ശക്തികളെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. ആരായിരുന്നു പി കൃഷ്ണപിള്ള എന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും അറിയാത്ത അധികാരമോഹികളുടെയും അസഹിഷ്ണുക്കളുടെയും കലാപക്കൂട്ടമായി കോണ്‍ഗ്രസിന്റെ അനന്തരതലമുറ മാറിയെന്നതില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സ്മരണകള്‍പോലും ലജ്ജയോടെ ശിരസ്സുകുനിക്കും.

സ്വന്തം ജീവിതത്തെ നാടിന്റെ സമരഭരിതമായ ജ്വലിക്കുന്ന ഒരു ചരിത്രഘട്ടമാക്കി മാറ്റിയ ധീരസ്വാതന്ത്ര്യസമര സേനാനിയായിരുന്നു പി കൃഷ്ണപിള്ള. 1924ലെ വൈക്കം സത്യഗ്രഹത്തിന്റെ നേര്‍സാക്ഷി. ഝംഡാ ഊംച്ഛാ രഹേ ഹമാരാ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യസമര പതാകയുമായി പോര്‍മുഖങ്ങളില്‍നിന്നു പോര്‍മുഖങ്ങളിലേക്ക് നടന്ന സ്വാതന്ത്ര്യസമര പോരാളി. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനും മറ്റും ഒപ്പം "വരിക വരിക സഹജരേ" എന്ന മാര്‍ച്ചിങ് സോങ്ങുമായി കേരളത്തില്‍ നിയമലംഘനപ്രസ്ഥാനത്തെ നയിച്ച കര്‍മധീരന്‍. ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് ഉപ്പുനിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിക്കുകയും കഠിനതടവ് ശിക്ഷ അനുഭവിക്കുകയുംചെയ്ത പോരാളി. വിദേശവസ്ത്രഷോപ്പുകളും മദ്യഷോപ്പുകളും പിക്കറ്റ്ചെയ്ത് സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ സമരനായകന്‍. 1931ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍വന്ന വേളയില്‍ത്തന്നെ കെപിസിസി അംഗമായ ചരിത്രപുരുഷന്‍. ക്ഷേത്രപ്രവേശനത്തിനായുള്ള ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദനമേറ്റ സാമൂഹ്യപരിഷ്കര്‍ത്താവ്. 1932ലെ സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിച്ച് തടവുശിക്ഷയ്ക്കിരയായ ആദ്യ മലയാളി. കണ്ണൂര്‍ ജയിലില്‍വച്ച് ബ്രിട്ടീഷ് പൊലീസിന്റെ കൊടിയ മര്‍ദനത്തിനിരയായ ധീരനായകന്‍. ജനകീയാശുപത്രി സംഘടിപ്പിക്കല്‍പോലുള്ള ജീവകാരുണ്യനടപടികള്‍ക്കും ഹിന്ദിപ്രചാരണത്തിനും ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജനനായകന്‍. ഏതെല്ലാം തലങ്ങളിലായിരുന്നു പി കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനങ്ങള്‍! അതൊക്കെ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്.

പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരുടെ ത്യാഗവും സഹനവും സമരവും കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഈ ചരിത്രമൊന്നും പുത്തന്‍ കോണ്‍ഗ്രസ് സംഘങ്ങള്‍ക്ക് അറിയുന്നതാവില്ല. പില്‍ക്കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സ്ഥാപക നേതാവായി ഉയര്‍ന്ന എല്ലാവരുടെയും പ്രിയപ്പെട്ട സഖാവാണ് പി കൃഷ്ണപിള്ള. അദ്ദേഹത്തിന് വിഷദംശനമേറ്റു മരിക്കേണ്ടിവന്നതുപോലും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസ് ഭരണം കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ നിലനിര്‍ത്തിയ നിരോധനംമൂലമാണ്. ആ നിരോധനമില്ലായിരുന്നെങ്കില്‍ പി കൃഷ്ണപിള്ളയ്ക്ക് ഒളിവില്‍പോകേണ്ടതായും ഒളിവുജീവിതത്തില്‍ വിഷദംശനമേറ്റ് മരിക്കേണ്ടതായും വരുമായിരുന്നില്ലല്ലോ. ആ വിഷസര്‍പ്പങ്ങള്‍ക്ക് പിന്മുറക്കാരുണ്ട് എന്നതിന്റെ സ്ഥിരീകരണമാണ് പി കൃഷ്ണപിള്ള അവസാനമായി താമസിച്ചതും പില്‍ക്കാലത്ത് സ്മാരകമായി നിലനിര്‍ത്തിപ്പോരുന്നതുമായ വീട് തീയിടാന്‍ അജന്‍ഡയായി എന്നതില്‍ തെളിയുന്നത്.
നാടുവാഴിത്തത്തിനും നാട്ടുരാജാക്കന്മാര്‍ക്കും അവര്‍ക്ക് തണല്‍ വിരിച്ചുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ദിവാന്‍ഭരണത്തിനും അതിന്റെ ചോറ്റുപട്ടാളത്തിനും ഒക്കെ എതിരെ തൊഴിലാളികളുടെ കരുത്തുറ്റ സമരപ്രസ്ഥാനം പടുത്തുയര്‍ത്തിയ ധീരനായകനാണ് പി കൃഷ്ണപിള്ള. ഐക്യകേരളപ്പിറവിക്കുവേണ്ടി പൊരുതിയ ഓള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സെക്രട്ടറിസ്ഥാനം വഹിച്ചയാള്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്. ആ പി കൃഷ്ണപിള്ള കേരളജനതയുടെ ഹൃദയവികാരമാണ്. അതിനുനേര്‍ക്കാണിപ്പോള്‍ ആക്രമണം ഉണ്ടായിട്ടുള്ളത്. ഓലമേഞ്ഞ കുടിലിനുനേര്‍ക്കുള്ള ആക്രമണമല്ല, മറിച്ച് മലയാളക്കരയുടെ മനസ്സിനുനേര്‍ക്കുള്ള ആക്രമണമാണിത്.

ഇത് സഹിച്ചുകൊടുക്കുക കേരളത്തിന് അത്ര എളുപ്പമല്ല. എങ്കിലും പറയട്ടെ. നാം സംയമനം പാലിക്കേണ്ടിയിരിക്കുന്നു. മൊയാരത്ത് ശങ്കരനെ നിഷ്ഠുരമായി കൊലപ്പെടുത്തിയവര്‍, ഇ എം എസിന്റെ "ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം" എന്ന അമൂല്യഗ്രന്ഥം കത്തിച്ചവര്‍, നാട്ടു വായനശാലകള്‍ അഗ്നിക്കിരയാക്കിയവര്‍ ഇന്ന് പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിക്കുകയുംചെയ്ത കുടിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. ഇവരെ ഫാസിസത്തിന്റെ സന്തതികള്‍ എന്നേ വിളിക്കാനാവൂ. അക്ഷരത്തോട്, അറിവിനോട്, ത്യാഗത്തോട്, ദേശീയ സ്വാതന്ത്ര്യസമരമൂല്യങ്ങളോട്, പോരാട്ടപൈതൃകത്തോട്, ചരിത്രത്തോട് ഒക്കെചെയ്ത മാപ്പില്ലാത്ത കുറ്റകൃത്യമായി ഈ ഫാസിസ്റ്റ് ദുഷ്ടതയെ കാലം അടയാളപ്പെടുത്തും. ഫാസിസത്തിന്റെ സന്തതികളോട് കാലം കണക്കുചോദിക്കും. അതുവരെ കാത്തിരിക്കുക. പി കൃഷ്ണപിള്ള സ്മാരകത്തിന് തീവച്ചവരെ ശിക്ഷിക്കാന്‍ കൂട്ടാക്കാതെ അപഹാസ്യമായ രാഷ്ട്രീയഭാഷ്യവുമായി ഇറങ്ങരുത് കെപിസിസി പ്രസിഡന്റ്. അക്രമികള്‍ക്ക് സംരക്ഷണം നല്‍കരുത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാലം കാതോര്‍ത്തു കാത്തുനില്‍ക്കുന്നുവെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

Sunday, August 19, 2012

സഖാവിന്റെ സ്മരണ

1947 ഫെബ്രുവരി 19ന് ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്ത ഇപ്രകാരമായിരുന്നു:

""സ: കൃഷ്ണപിള്ളയുടെ വീട്ടിലും പൊലീസ് കൊള്ള നടത്തി. കണ്ണൂര്‍, ഫെ. 18 ഇന്നുച്ചക്ക് 12 മണിക്ക് ഒരു പൊലീസ് സംഘം സഖാവ് കൃഷ്ണപിള്ളയുടെ വീട്ടില്‍ കയറി അവിടെയുള്ള എല്ലാ വീട്ടുസാമാനങ്ങളും കൊള്ള ചെയ്തുകൊണ്ടുപോയിരിക്കുന്നു. റേഷനരി, അരി വെക്കാനുള്ള പാത്രങ്ങള്‍, കിടക്ക, കട്ടില്‍, മേശ, കസാല, കീറപ്പായകള്‍ ഇവയെല്ലാം പൊലീസ് കൈവശപ്പെടുത്തി. വീട്ടുകാരുടെ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ പോലും പൊലീസ് പിടിച്ചെടുത്തു. ഈ സാമാനങ്ങളെല്ലാം തന്റേതാണെന്ന് മിസിസ് തങ്കമ്മ കൃഷ്ണപിള്ള വാദിച്ചുവെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല. സംഭവം നടക്കുമ്പോള്‍ ധാരാളം ആളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു.""

സ്വാതന്ത്ര്യത്തിനു മുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ നേതൃത്വവും നേരിട്ട അടിച്ചമര്‍ത്തലിന്റെയും പീഡനത്തിന്റെയും ഒരു പതിപ്പാണിത്. സ. കൃഷ്ണപിള്ളയുടെ 64-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ വേളയിലും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായ ആക്രമണത്തിന്റെ രൂക്ഷതയില്‍ മാറ്റം വന്നിട്ടില്ല. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും പ്രവര്‍ത്തകരും മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കമ്യൂണിസ്റ്റുകാര്‍ കഠിനമായി വേട്ടയാടപ്പെട്ടു. ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരമേറ്റെടുത്ത കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാനുള്ള ദൗത്യംകൂടിയാണ് ഏറ്റെടുത്തത്. കമ്യൂണിസ്റ്റ് പാര്‍ടിയെ നിയമവിരുദ്ധമാക്കണം, ദേശാഭിമാനി പത്രവും കമ്യൂണിസ്റ്റ് മാസികയും നിരോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വിധ്വംസക പാര്‍ടിയെന്നും നിയമവിരുദ്ധ കക്ഷിയെന്നുമുള്ള മുദ്രകള്‍ അവര്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ ചാര്‍ത്തി. "കമ്യൂണിസ്റ്റുകളെ ചെന്നായ്ക്കളെ പോലെ വേട്ടയാടണ"മെന്നാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ കേളപ്പന്‍ പ്രസ്താവിച്ചത്. കോണ്‍ഗ്രസ്-ജന്മി മുതലാളി കൂട്ടുകെട്ടും സഹായികളായ എംഎസ്പി-പട്ടാള കൂട്ടുകെട്ടും കമ്യൂണിസ്റ്റ് വേട്ട നടത്തി. കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ആക്രമണം ജനങ്ങള്‍ക്കു നേരെയുള്ളതുമാണ്.

അനീതിയുടെയും അക്രമത്തിന്റെയും ആഘോഷകാലമായിരുന്നു അത്. ജന്മിമാര്‍ നെല്ല് പൂഴ്ത്തിവച്ചു. നാട്ടില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായി. മുനയന്‍കുന്നിലും പഴശ്ശിയിലും സേലം ജയിലിലും പോരാളികളുടെ ചോരയൊഴുകിയത് ഈ ഘട്ടത്തിലാണ്. മൊയാരത്ത് ശങ്കരനെ മര്‍ദിച്ചുകൊന്നപ്പോള്‍ മാതൃഭൂമി മുഖപ്രസംഗത്തില്‍ ചോദിച്ചു, "മരിച്ച വിവരം ഉടനെ വീട്ടുകാരെ അറിയിക്കാതെ ശവം മറവുചെയ്യാനുള്ള ബദ്ധപ്പാടിന് കാരണമെന്തായിരുന്നു". അന്ന് കോണ്‍ഗ്രസ് എംഎല്‍എ സി കെ ഗോവിന്ദന്‍നായര്‍ മൊയാരത്തിന്റെ കൊലപാതകം ന്യായീകരിച്ചപ്പോള്‍ "കമ്യൂണിസ്റ്റ് വിദ്വേഷം ഞങ്ങളുടെ കാഴ്ച കുറച്ചിട്ടില്ല. മനസ്സ് അത്രയ്ക്ക് കറ പിടിച്ചിട്ടുമില്ല." എന്നാണ് മാതൃഭൂമി എഴുതിയത്. കമ്യൂണിസ്റ്റുകാരെ വേട്ടയാടാനാണ് കെ കേളപ്പന്‍ കേരളത്തിലുടനീളം സഞ്ചരിച്ച് ആഹ്വാനംചെയ്തത്. ""പശുക്കളെയും ആടുകളെയും പിടിക്കുന്ന കടുവകളെ പിടിക്കുവാന്‍ ആളുകള്‍ എന്തെല്ലാം ചെയ്യാറുണ്ടോ അതിനുപരിയായി ഈ വര്‍ഗത്തെ നശിപ്പിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു" എന്നായിരുന്നു കേളപ്പന്റെ ആഹ്വാനം. കമ്യൂണിസ്റ്റുകാര്‍ കൊള്ളക്കാരും തെമ്മാടികളുമാണെന്നും അവര്‍ക്ക് അഭയം നല്‍കരുതെന്നും കമ്യൂണിസ്റ്റുകാരെന്ന ഇരുകാലി മൃഗങ്ങളെ വേട്ടയാടിപ്പിടിക്കണമെന്നും അനുയായികളെ കേളപ്പന്‍ ആഹ്വാനംചെയ്തു.

സഖാവ് കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മദിരാശി സര്‍ക്കാര്‍ വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുള്ളവര്‍ക്ക് ഭക്ഷണമോ സഹായമോ ചെയ്യുന്നവരെ ജയിലില്‍ അടയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. സ. കൃഷ്ണപിള്ളയും ഇ എം എസ് ഉള്‍പ്പെടെയുള്ള 23 കമ്യൂണിസ്റ്റ് നേതാക്കളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 50-300 ഉറുപ്പിക ഇനാം പ്രഖ്യാപിച്ചു. അന്ന് മാതൃഭൂമി എഴുതി: "കമ്യൂണിസ്റ്റ് വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അയാള്‍ക്ക് നീതിനിയമങ്ങള്‍ പാലിക്കേണ്ടെന്നും എന്തും ചെയ്യാമെന്നും വരരുത്. ഏതെങ്കിലും കാലത്ത് കമ്യൂണിസവുമായി എന്തെങ്കിലും ബന്ധമുണ്ടാകുകയോ ബന്ധമുണ്ടെന്ന് സംശയപ്പെടുകയോ, അതും വേണ്ട ബന്ധമുണ്ടെന്ന് അയാളോട് സ്വകാര്യ പകയുള്ള നാലാള്‍ കൂടി പറഞ്ഞുണ്ടാക്കുകയോ ചെയ്താല്‍ മതി, അയാള്‍ നീതിയുടെയും നിയമത്തിന്റെയും രക്ഷയില്‍ നിന്നും പുറത്തായിയെന്നും അയാളെ എന്തുചെയ്താലും ആരും ചോദിക്കാനില്ലെന്നും വരരുത്" (മാതൃഭൂമി 1948 ആഗസ്ത് 19). ഈ മുഖപ്രസംഗം അച്ചടിച്ചു വന്ന അതേദിവസമാണ് സഖാവ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ആദ്യത്തെ പേരുകാരനായ; സഖാവ് എന്ന മൂന്നക്ഷരത്തില്‍ തലമുറകള്‍ നെഞ്ചേറ്റുന്ന സ. പി കൃഷ്ണപിള്ളയെ സ്മരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വേട്ടയുടെ ഗതകാലം മറക്കാനാകില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ട ഏറ്റവും മികച്ച സംഘാടകന്‍, പോരാളി, ത്യാഗസമ്പന്നന്‍- എല്ലാം തികഞ്ഞ നേതാവായിരുന്നു സഖാവ്. 1948ലെ ഇതേ ദിവസം 42-ാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റാണ് അന്തരിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റുകാരനായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയും ചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗത്തും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ലവകാരികള്‍ക്ക് മാതൃകയാണ്.

1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനം. ദാരിദ്ര്യംമൂലം അഞ്ചാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. 16-ാം വയസ്സില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റു പല സ്ഥലത്തുമായി വിവിധ ജോലി ചെയ്തു; ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിന് ഇരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ലവകാരികളുമൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ലവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായ ശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. "34ല്‍ കോണ്‍ഗ്രസില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു.

വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. "36ല്‍ ചിറയ്ക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്കുള്ള കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം സെക്രട്ടറിയാകുകയും ചെയ്തു. 1940 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. "40 അവസാനം അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. "42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. "46 മുതല്‍ വീണ്ടും ഒളിവുജീവിതം ആരംഭിച്ചു. "46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരിച്ചത്.

പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍ കീഴിലും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നു. കമ്യൂണിസ്റ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പ്പോലും കുറ്റവാളികള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകര്‍ന്ന സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ലവകാരി നല്‍കിയ സന്ദേശം "സഖാക്കളെ മുന്നോട്ട്" എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കു ചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയ വിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും.

സഖാവിനെ എന്തിനുവേണ്ടി വേട്ടയാടിയോ, അതേ ലക്ഷ്യത്തിനായാണ് ഇന്നും കമ്യൂണിസ്റ്റ് പാര്‍ടിയെ ശത്രുക്കള്‍ വേട്ടയാടുന്നത്. പക്ഷേ, ഓരോ ആക്രമണങ്ങളെയും നേരിടാനും അതിജീവിക്കാനും അത്തരം അനുഭവങ്ങളില്‍ നിന്ന് കൂടുതല്‍ കരുത്താര്‍ജിക്കാനും പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് അലംഘനീയമായ ചരിത്രവസ്തുത.

പ്രതിസന്ധിയുടെ ചുഴിയില്‍പ്പെട്ട ആഗോള മുതലാളിത്തം അതിന്റെ ഭാരം ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ലോകവ്യാപകമായി കരുത്തന്‍ പ്രതിഷേധമുയരുന്ന ഘട്ടമാണ് ഇത്. ആഗോളവല്‍ക്കരണനയങ്ങളുടെ ആഘാതം കഠിനമായി അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയും പോരാട്ടത്തിന്റെ വഴിയിലാണ്. സഹസ്രകോടികളുടെ അഴിമതിയും സാമ്രാജ്യദാസ്യവും ജനവിരോധവും കേന്ദ്ര യുപിഎ സര്‍ക്കാരിനെ അനുദിനം ഒറ്റപ്പെടുത്തുന്നു. യുപിഎയുടെ ചുവടുപിടിച്ച് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ, സംസ്ഥാനം ഇന്നോളം ഉണ്ടാക്കിയ പുരോഗതിയും മാതൃകാപരമായ നേട്ടങ്ങളും തകര്‍ത്ത് ജനവിരുദ്ധതയില്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഭരണത്തിന്റെ ദുര്‍മുഖവും അവിശുദ്ധമായ നടപടികളും ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കമ്യൂണിസ്റ്റ് വേട്ട എന്ന ആയുധമാണ് അവര്‍ രാകിമിനുക്കി പുറത്തെടുത്തത്. വലതുപക്ഷത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തെ തകര്‍ക്കണമെന്ന ബൂര്‍ഷ്വാ മാധ്യമ അജന്‍ഡ ഈ കടന്നാക്രമണങ്ങള്‍ക്ക് ഇന്ധനമാകുകയാണ്.

ദേശീയ പത്രങ്ങള്‍ എന്നറിയപ്പെട്ട മാധ്യമങ്ങള്‍പോലും നഗ്നമായ വലതുപക്ഷപാതിത്വത്തിന്റെയും കമ്യൂണിസ്റ്റ് വേട്ടയുടെയും ആയുധങ്ങളായി മാറിയിരിക്കുന്നു. "കമ്യൂണിസ്റ്റ് വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് നീതിനിയമങ്ങള്‍ പാലിക്കേണ്ടെന്നും എന്തും ചെയ്യാമെന്നും വരരുത്." എന്ന് അത്തരം മാധ്യമങ്ങളോട് ജനങ്ങള്‍ വിളിച്ചുപറയേണ്ട അവസ്ഥ വന്നിരിക്കുന്നു. സ. കൃഷ്ണപിള്ളയും സഖാക്കളും ഇത്തരം ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ചെങ്കൊടിയെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്കെത്തിച്ച അനുഭവം- അതാണ് എല്ലാവിധ എതിര്‍പ്പുകളെയും വേട്ടയാടലിനെയും നേരിടാന്‍ ഇന്നും നമുക്ക് നല്‍കുന്ന കരുത്ത്. സഖാവിന്റെ സ്മരണ കൂടുതല്‍ ദീപ്തമാകുന്നത്, അത് നമ്മെ കൂടുതല്‍ ആവേശഭരിതമാക്കുന്നു; പോരാട്ടത്തിന് വെളിച്ചം നല്‍കുന്നു എന്നതുകൊണ്ടാണ്.

*
പിണറായി വിജയന്‍

Thursday, August 19, 2010

സഖാവിന്റെ സ്‌മരണ

സഖാവ് പി കൃഷ്‌ണപിള്ളയുടെ ഉജ്വലമായ സ്‌മരണ കേരളമാകെ ഇന്ന് പുതുക്കുകയാണ്. 1948 ആഗസ്‌ത് 19നാണ് നാല്‍പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളില്‍ സ. കൃഷ്‌ണപിള്ളയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്‌റ്റുകാരനായി മാറുകയും കമ്യൂണിസ്‌റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്‌ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ളവകാരികള്‍ക്ക് അനുകരണീയ മാതൃകയാണ്.

1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്‌റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ആ ജീവിതം അന്യൂനമായ സംഘടനാശേഷിയും ഉറച്ച കമ്യൂണിസ്‌റ്റ് ബോധവും സന്നദ്ധതയും മനുഷ്യസ്‌നേഹവും ധീരതയും സമ്മേളിച്ചതായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്ര്യം മൂലം അഞ്ചാംക്ളാസില്‍ പഠനം അവസാനിപ്പിച്ചു. പതിനാറാംവയസ്സില്‍ ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റുപല സ്ഥലങ്ങളിലുമായി വിവിധ ജോലികള്‍ ചെയ്‌തു; ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി.

ദേശീയ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ട കൃഷ്‌ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിനിരയായശേഷം തുറുങ്കിലടയ്‌ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ളവകാരികളൊത്തുള്ള ജയില്‍വാസം കൃഷ്‌ണപിള്ളയിലെ വിപ്ളവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. 1934ല്‍ കോണ്‍ഗ്രസില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്‌ണപിള്ളയായിരുന്നു. വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺ മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്‌ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. 1936ല്‍ ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്‌ത കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്‌ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയാവുകയുംചെയ്‌തു.

1940 സെപ്‌തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധദിനത്തിന് നേതൃത്വം നല്‍കിയത്. 1940 അവസാനം അറസ്‌റ്റ് ചെയ്‌ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. 194242 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്‌റ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1946 മുതല്‍ വീണ്ടും ഒളിവു ജീവിതമാരംഭിച്ചു. 1946 ആഗസ്‌തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്‌തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്‌ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്‌ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരണമടഞ്ഞത്.

കേരളത്തില്‍ കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേരിന്റെ പര്യായമായി 'സഖാവ്' മാറി. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്‌റ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പോലും ഗുണ്ടകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ അത്തരം പ്രദേശങ്ങളില്‍ ഓടിയെത്താനും സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകരാനുമുള്ള സഖാവ് കൃഷ്‌ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്‌തമിക്കുന്ന നിമിഷത്തിലും ആ വിപ്ളവകാരി നല്‍കിയ സന്ദേശം 'സഖാക്കളെ മുന്നോട്ട് ‘ എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്‌റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്‌തകമാണ്.

തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്‌റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്‌നങ്ങളെ എത്രമാത്രം പക്വതയോടെയും പ്രത്യയശാസ്‌ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്‌റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്‌ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്‌തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും.

സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ നെടുനായകത്വം വഹിച്ച സഖാവിന്റെ സ്‌മരണപുതുക്കുന്ന ഈ വേളയില്‍ സഖാവ് നയിച്ച അതേ തീവ്രതയോടെ പോരാട്ടം തുടരുകയാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുവേണ്ടി കൈപൊക്കുന്നവരുടെ ബലത്തില്‍ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെപ്പോലും തകര്‍ക്കുംവിധം ഭരിക്കുകയാണ്. ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അജന്‍ഡ ആഗോളവല്‍ക്കരണനയങ്ങളിലൂടെയാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.
ആഗോളവല്‍ക്കരണ നയങ്ങളുടെ ദുരിതം രാജ്യത്തെയും ജനങ്ങളെയും കടുത്തരീതിയില്‍ ബാധിച്ച ഘട്ടത്തില്‍തന്നെയാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വര്‍ഗീയമായ ധ്രുവീകരണം ശക്തിപ്പെട്ടു വന്നത്. തൊണ്ണൂറുകളില്‍ അത്തരം വര്‍ഗീയവല്‍ക്കരണത്തെയും അതിന്റെ ഫലമായുണ്ടായ അപകടങ്ങളെയും ചെറുത്ത് ഇല്ലായ്‌മചെയ്യുക എന്ന ഉത്തരവാദിത്തം തൊഴിലാളി വര്‍ഗത്തിനും ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനത്തിനും ഏറ്റെടുക്കേണ്ടി വന്നു. വിട്ടുവീഴ്‌ചയില്ലാത്ത ആ നിലപാടിന്റെ ഭാഗമായാണ് വര്‍ഗീയ ശക്തികള്‍ക്ക് അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുന്ന സാഹചര്യം അങ്ങനെ രൂപപ്പെട്ടതാണ്. അന്ന്, ഇടതുപക്ഷത്തിന്റെ പിന്തുണയാണ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആധാരം എന്നതുകൊണ്ടുതന്നെ, ആഗോളവല്‍ക്കരണനയങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതിന് യുപിഎയ്‌ക്ക് കഴിഞ്ഞില്ല. ജനങ്ങള്‍ക്ക് ആശ്വാസകരമായ ചില പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് നിര്‍ബന്ധിക്കപ്പെടുകയുംചെയ്‌തു.

ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ യുപിഎയ്‌ക്ക് ഒറ്റയ്‌ക്ക് അധികാരത്തില്‍ എത്താമെന്ന നിലയാണ് പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. അതുവരെ ഒളിപ്പിച്ചുവച്ചിരുന്നതോ അതിന് നിര്‍ബന്ധിക്കപ്പെട്ടിരുന്നതോ ആയ സാമ്രാജ്യാനുകൂല-ജനവിരുദ്ധ നയങ്ങള്‍ സങ്കോചമില്ലാതെ നടപ്പാക്കാനാണ് ഈ അവസരം യുപിഎ ഉപയോഗിച്ചത്. ഇത് വിവിധ ജനവിഭാഗങ്ങളുടെ ജീവിതംതന്നെ ദുരിതപൂര്‍ണമാക്കി. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും ഒരുപരിധിവരെ സംരക്ഷിക്കാന്‍ ഉതകുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്‌ക്കാനും അതിസമ്പന്നരെ നികുതിയിളവുകള്‍ കൊടുത്ത് പോഷിപ്പിക്കാനും വിലക്കയറ്റംപോലുള്ള സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുനേരെ അവഗണന വര്‍ഷിക്കാനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ വിദേശനയത്തില്‍ മാറ്റം വരുത്താനും തയ്യാറാകുന്ന യുപിഎ സര്‍ക്കാരിനെയാണ് നാമിന്ന് കാണുന്നത്.

തൊഴിലാളി സംഘടനകളുടെ കൂട്ടായ വേദി രൂപീകരിച്ച് സെപ്‌തംബര്‍ ഏഴിന് പണിമുടക്ക് നടത്താന്‍ എടുത്ത തീരുമാനം വ്യവസായ മേഖലയില്‍ ഈ പോരാട്ടം ശക്തിപ്പെടുന്നതിന്റെയും അതിനായി കക്ഷിഭിന്നതകള്‍ മറന്ന് യോജിപ്പുണ്ടാകുന്നതിന്റെയും ദൃഷ്‌ടാന്തമാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും ചെറുതല്ല. സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുകയും വിത്തുബില്ല് പോലുള്ള നിയമനിര്‍മാണം നടത്തുകയും കരാര്‍ കൃഷിയും അഗ്രി ബിസിനസും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. ബഹുരാഷ്‌ട്രകമ്പനികള്‍ കാര്‍ഷികമേഖലയില്‍ കടന്നുവരികയാണ്. ദാരിദ്ര്യരേഖ താഴ്ത്തി വരച്ച് അവശജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇടതുപക്ഷത്തിന്റെ ശ്രമഫലമായി നിര്‍മിക്കപ്പെട്ട തൊഴിലുറപ്പ് പദ്ധതിപോലും അട്ടിമറിക്കുന്നു. ഇതിനെല്ലാമെതിരെ കാര്‍ഷികമേഖലയിലും പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ഇങ്ങനെ ഓരോ മേഖലയിലും രൂപപ്പെടുന്ന പ്രതിഷേധങ്ങളെ കൂട്ടിയോജിപ്പിച്ച് തൊഴിലാളികളെയും കര്‍ഷകരെയും അണിനിരത്തി വിശാല വര്‍ഗ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.

കേരളത്തിലാകട്ടെ, യുപിഎയുടെ സംസ്ഥാനതലരൂപമായ യുഡിഎഫ് അത്യന്തം അപകടകരമായ രാഷ്‌ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പുനേട്ടം മുന്നില്‍കണ്ട് വര്‍ഗീയതകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വര്‍ഗീയശക്തികളുടെ ഫെഡറേഷന്‍ ആയി സ്വയം മാറുകകൂടി ചെയ്‌തിരിക്കുന്നു ആ മുന്നണി. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, രാഷ്‌ട്രീയത്തില്‍ മത-വര്‍ഗീയ-ഭീകര ശക്തികളെ ഇടപെടുവിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ ഇതിനകം പരസ്യമായിക്കഴിഞ്ഞു. മതനിരപേക്ഷത തകര്‍ത്ത് മതരാഷ്‌ട്രം സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നവരും തങ്ങളുടെ മതക്കാരല്ലാത്തവര്‍ വിദേശികളാണെന്നാക്രോശിച്ച് ആയുധമെടുക്കുന്നവരും പരമത ദ്വേഷത്താല്‍ അറുംകൊല നടത്തുന്നവരുമെല്ലാം യുഡിഎഫ് പാളയത്തില്‍ ഒന്നിക്കുന്ന കാഴ്‌ചയാണ് ഇന്നുള്ളത്. ഒരുഭാഗത്ത് ഇത്തരം രാഷ്‌ട്രീയ കുതന്ത്രങ്ങളുടെയും മറുവശത്ത് കേന്ദ്ര യുപിഎ ഗവമെന്റിന്റെ ജനദ്രോഹ-ആഗോളവല്‍ക്കരണ നയങ്ങളുടെയും ആക്രമണത്തെ നേരിട്ടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പരിമിതികളെയും തടസ്സങ്ങളെയും മറികടന്ന്, ജനങ്ങള്‍ക്കാകെ പ്രയോജനകരമായ മാതൃകാ നടപടികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ എന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്നതാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍. ഈ ഗവൺമെന്റിന്റെ ആനുകൂല്യമോ ആശ്വാസമോ ലഭിക്കാത്ത ഒരുകുടുംബവും കേരളത്തിലുണ്ടാവില്ല എന്നത് സര്‍വാത്മനാ അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്.

അതുകൊണ്ടാണ്, രാഷ്‌ട്രീയമായോ, നേട്ടങ്ങള്‍ വിശകലനം ചെയ്‌തോ, യു.ഡി.എഫ് ഭരണകാലവുമായി താരതമ്യം ചെയ്‌തോ എല്‍.ഡി.എഫ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ രാഷ്‌ട്രീയശത്രുക്കള്‍ക്ക് കഴിയാത്തത്. അതുകൊണ്ടുതന്നെയാണ് കുപ്രചാരണങ്ങളുടെയും വിവാദങ്ങളുടെയും വര്‍ഗീയ വികാരം ഇളക്കിവിടുന്നതിന്റെയും തെറ്റായ വഴികളിലൂടെ വലതുപക്ഷശക്തികള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ബഹുമുഖമായ പോരാട്ടമാണ് ഇടതുപക്ഷത്തിന് ഏറ്റെടുക്കേണ്ടി വരുന്നത്. ആഗോളവല്‍ക്കരണ-ജനദ്രോഹനയങ്ങള്‍ക്കെതിരെ; വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരതയുടെയും വിപത്തിനെതിരെ; അവയെ ഉപയോഗപ്പെടുത്തുന്ന വലതുപക്ഷരാഷ്‌ട്രീയശക്തികള്‍ക്കെതിരെ; നാടിന്റെ വികസനത്തിനുവേണ്ടി - ഈ പോരാട്ടത്തിന് സഖാവ് പി.കൃഷ്‌ണപിള്ളയുടെ സ്‌മരണ അനന്യമായ കരുത്ത് നല്‍കും.


*****

പിണറായി വിജയന്‍, കടപ്പാട്: ദേശാഭിമാനി