Showing posts with label പൊലീസ്. Show all posts
Showing posts with label പൊലീസ്. Show all posts

Thursday, March 6, 2014

നിലമ്പൂരിലെ നിയമഹത്യ

എങ്ങനെ കേസ് അന്വേഷണം അട്ടിമറിക്കാമെന്നും നീതി നിഷേധിക്കാമെന്നുമുള്ളതിന്റെ അത്യാധുനിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ രാധ വധക്കേസ്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ രാധ എന്ന നാല്‍പ്പത്തൊമ്പതുകാരിയെ ഫെബ്രുവരി അഞ്ചിന് കാണാതായത് വലിയ വാര്‍ത്തയായില്ല. പൊലീസ് അക്കാര്യത്തില്‍ ഒരു എഫ്ഐആര്‍പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രാവിലെ പത്തരയോടെ വീട്ടില്‍ തിരിച്ചെത്തേണ്ട രാധ വൈകിട്ടും എത്താതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത് രാധയുടെ സഹോദരന്‍ ഭാസ്കരന്‍. എഴുതിത്തയ്യാറാക്കിയ പരാതി സ്വീകരിക്കാന്‍ എസ്ഐയും സിഐയും തയ്യാറായില്ല. പരാതി തങ്ങള്‍ തയ്യാറാക്കാം അതില്‍ ഒപ്പിട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഈ ഘട്ടത്തില്‍തന്നെ പൊലീസ് കളി ആരംഭിച്ചിരുന്നു. പിന്നീട് പൊലീസ് അന്വേഷണമൊന്നും നടത്തിയില്ല.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ എംഎല്‍എ ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജോലിക്കുപോയ ജീവനക്കാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ശരിയായി നടക്കണമെന്നോ കണ്ടെത്തണമെന്നോ ഉള്ള തരത്തില്‍ ഒരു പ്രസ്താവനപോലും ആര്യാടന്റേതായി വന്നില്ല. ഫെബ്രുവരി അഞ്ചിന് കാണാതായ രാധയെ കണ്ടെത്താന്‍ ഇടപെടല്‍ നടത്തണമെന്ന്ഭഭാസ്കരന്‍ മന്ത്രി ആര്യാടനോട് അപേക്ഷിച്ചിരുന്നു.&ഹറൂൗീ;എല്ലാം ശരിയാക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. അതനുസരിച്ച് എല്ലാം ശരിയാക്കി. നിലമ്പൂര്‍ ടൗണില്‍നിന്ന് 15 കിലോമീറ്ററോളം അകലെ അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട്ടുള്ള കോണ്‍ഗ്രസ്- കര്‍ഷക കോണ്‍ഗ്രസ് നേതാവായ കുമാരന്‍കുട്ടിയുടെ കുളത്തില്‍ കേടുവന്ന മോട്ടോര്‍ നന്നാക്കാനെത്തിയ തൊഴിലാളികള്‍ ഒരു മൃതദേഹത്തിന്റെ കാലുകള്‍ പുറത്തുകണ്ടതോടെയാണ്&ഹറൂൗീ;എല്ലാം ശരിയാക്കി ഒതുക്കിക്കളഞ്ഞ കേസ് പുറത്തായത്. മൃതദേഹം ഈ തൊഴിലാളികള്‍ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ കാണാതായ അനേകം പേരുടെ ലിസ്റ്റിനുള്ളില്‍ രാധയുടെ പേരും ഉറങ്ങിപ്പോകുമായിരുന്നു.

കേസന്വേഷണത്തില്‍ ഏത് നിസ്സാര സംശയങ്ങളെയും ഗൗരവമായെടുക്കണമെന്ന അടിസ്ഥാനപാഠം നിലമ്പൂര്‍ പൊലീസ് രാധ വധക്കേസിന്റെ കാര്യത്തില്‍ മാറ്റിവച്ചു. രാധയുടെ മൃതദേഹം കണ്ട ഫെബ്രുവരി ഒന്‍പതിനുതന്നെ അത് പുറത്തെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് അയക്കാമായിരുന്നു. അതുണ്ടായില്ല. ഒരു രാത്രികൂടി മൃതദേഹം കുളത്തില്‍ കിടന്നു. മൃതദേഹം കൂടുതല്‍ അഴുകുംതോറും ഫോറന്‍സിക് തെളിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അതായിരുന്നു ലക്ഷ്യം. ഫെബ്രുവരി പത്തിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. രാധയുടെ ജനനേന്ദ്രിയത്തില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇതേക്കുറിച്ച് പൊലീസിനോട് അന്വേഷിച്ചിട്ടും ഒരു സൂചനയും ലഭിച്ചില്ല. പിന്നീട് ഡോക്ടര്‍മാര്‍ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് മുറിവുണ്ടാക്കിയ ചൂലിന്റെ പിടി കണ്ടെത്തിയത്. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണോ ഈ ആക്രമണം നടത്തിയതെന്ന് അന്വേഷിക്കുന്നതില്‍ പൊലീസിന് ഒരു താല്‍പ്പര്യവുമില്ല. ഫോറന്‍സിക് തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍തന്നെ ഉന്നയിച്ചു. മൃതദേഹം കണ്ടെത്തിയ ദിവസംതന്നെ പ്രതികള്‍ കീഴടങ്ങി. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ബിജുനായരും മറ്റൊരു കോണ്‍ഗ്രസുകാരനായ ഷംസുദീനും. അവര്‍ കുറ്റം സമ്മതിച്ചതിനാല്‍ പൊലീസിന് പിന്നെ ഒന്നും അന്വേഷിക്കേണ്ടിവന്നില്ല. കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ബിജുനായരെ തന്റെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കി മന്ത്രി ആര്യാടനും മര്യാദ കാട്ടി. ഒരു വധക്കേസില്‍ രണ്ടു പേര്‍ കുറ്റം സമ്മതിച്ചുകൊണ്ട് മുന്നോട്ടുവന്നാല്‍ അതിന്റെ പിന്നിലുള്ള കാര്യമെന്താണെന്ന് അന്വേഷിക്കണമെന്ന് പോലീസിന് തോന്നിയില്ല. സംഭവം നടന്നതായി പറയുന്ന കോണ്‍ഗ്രസ് ഓഫീസ് സീല്‍ ചെയ്യാതെ ദിവസങ്ങളോളം വിട്ടുകൊടുത്തു. രാധയുടെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖരായ മേലേക്കളം നാരായണന്‍, ജൂപ്പിറ്റര്‍ സുരേഷ് എന്നീ രണ്ട് പ്രാദേശിക നേതാക്കളെ ഒപ്പം കൂട്ടി. ഇവര്‍ രാധയുടെ ബന്ധുക്കളെ ഇടയ്ക്കിടെഭഭീഷണിപ്പെടുത്തി മൊഴിയെടുക്കലിനെ വഴിതെറ്റിച്ചു. ഐജി ഗോപിനാഥിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചശേഷം ഐജി, ജില്ലാ പൊലീസ് സൂപ്രണ്ട്, ഡിവൈഎസ്പി എന്നിവര്‍ രാധയുടെ കുടുംബാംഗങ്ങളില്‍നിന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോയി. സ്നേഹപൂര്‍വം ഐജി സംസാരിച്ചു. ഒടുവില്‍ മൂന്ന് ഫോണ്‍ നമ്പരുകള്‍ കൊടുത്തു. ഐജി, എസ്പി, ഡിവൈഎസ്പി എന്നിവരുടെ ഫോണ്‍ നമ്പരുകളായിരുന്നു അത്. നമ്പരുകള്‍ കൊടുത്തശേഷം ഐജി നല്‍കിയ സ്നേഹരൂപേണയുള്ള ഉപദേശം വളരെ വിചിത്രമായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിളിക്കേണ്ടതില്ല, അയാള്‍ക്ക് മലയാളം മനസിലാവില്ല എന്ന്. സ്ഥലത്തുണ്ടായിരുന്ന ജില്ലാ പൊലീസ് സൂപ്രണ്ട് അപ്പോള്‍ത്തന്നെ വിയോജിച്ചു. തനിക്ക് മലയാളം അറിയാമെന്നും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് പുട്ട വിമലാദിത്യയെ അടുത്ത ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റി. കേസ് പൂര്‍ണമായും അട്ടിമറിച്ചശേഷം വനിതാ ഐജിയെ നിയമിക്കുക, സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് സംശയിക്കപ്പെടുന്നവര്‍ പ്രസ്താവന നടത്തുക എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്.

രാധയെ കാണാതായശേഷം ബിജുനായരും ആര്യാടന്‍ ഷൗക്കത്തും നിലമ്പൂരിലെ ഒരു ക്ഷേത്രത്തിലെ പരിപാടിയോടനുബന്ധിച്ച് നടന്ന സദ്യയില്‍ ഒന്നിച്ച് പങ്കെടുത്തു. ഇത് പകര്‍ത്തിയ ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തി ഫോട്ടോ അടങ്ങുന്ന കാര്‍ഡ് വില കൊടുത്ത് വാങ്ങി നശിപ്പിച്ചു. രാധയ്ക്ക് എന്തൊക്കെയോ രഹസ്യങ്ങള്‍ അറിയാമായിരുന്നുവെന്ന് രാധയുടെ സഹോദരന്‍ ഭാസ്കരന്‍ പറഞ്ഞിട്ടുണ്ട്. ഈ രഹസ്യങ്ങള്‍ എന്താണെന്ന് അന്വേഷിച്ചാല്‍ വധക്കേസിന്റെ സത്യങ്ങള്‍ പുറത്താകും. എന്തുകൊണ്ട് പൊലീസ് ഇതിന് തയ്യാറാകുന്നില്ല?

രാധയുടെ മൃതദേഹം കണ്ട ദിവസം രാത്രി ബിജുവിന്റെ ഭാര്യയുടെ ഫോണില്‍നിന്ന് ദീര്‍ഘനേരം കോളുകള്‍ പോയിരുന്നു. ഇതേക്കുറിച്ചോ സംഭവത്തില്‍ സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചോ പൊലീസ് അന്വേഷണം നടത്താത്തത് വലിയ സംശയമാണുണ്ടാക്കുന്നത്. രഹസ്യം മറച്ചുവയ്ക്കാനായി നടത്തുന്നതാണ് പല കൊലകളും. നിലമ്പൂരില്‍ അത്തരം രഹസ്യം മൂടിവയ്ക്കാനാണ് കൊല നടത്തിയിരിക്കുന്നതെന്ന് വലിയ സംശയമുണ്ട്. നിലമ്പൂരിലും പരിസരത്തും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാഫിയകളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന വന്‍ രാഷ്ട്രീയനേതാക്കളെയുംകുറിച്ച് ജനങ്ങള്‍ക്കറിയാം. രാധ വധക്കേസില്‍ ഇത്തരം അധോലോക സംഘങ്ങളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത നേതാക്കളുമുണ്ട്. ഇത് മറച്ചുവയ്ക്കാന്‍ കേരള പൊലീസിനെ വിലയ്ക്കെടുത്തിരിക്കയാണ്.

*
വി ജയിന്‍ Deshabhimani

Friday, February 14, 2014

പ്രാകൃതത്വത്തിന്റെ പൊലീസ്

പൊലീസ് എന്ന മര്‍ദനോപാധിയുടെ സഹജമായ നരനായാട്ടുസ്വഭാവം കേരളത്തില്‍ ഉമ്മന്‍ചാണ്ടിഭരണത്തില്‍ അതിപ്രാകൃതത്വത്തിലേക്ക് കടന്നു. പ്രക്ഷോഭരംഗത്തുള്ള നിരായുധരെ പിടികൂടി ജനനേന്ദ്രിയം തകര്‍ക്കുകയെന്നത് കേരളത്തില്‍മാത്രമല്ല, ഇന്ത്യയിലും പുറത്തും കേട്ടുകേള്‍വിയില്ലാത്തതാണ്. ലോക്കപ്പ് മുറിയില്‍ ഉരുട്ടല്‍ തുടങ്ങിയ പ്രാകൃതരീതികള്‍ അടിയന്തരാവസ്ഥയിലും മറ്റും അരങ്ങേറിയിരുന്നു. ലോക്കപ്പിനകത്തെ ഭേദ്യംചെയ്യല്‍ സ്വാതന്ത്ര്യസമരകാലത്ത് അരങ്ങേറി പതിറ്റാണ്ടുകളിലൂടെ തഴമ്പിച്ചുവന്നിട്ടുണ്ട്. ഭരണാധികാരികള്‍ പൊലീസിനെ എപ്പോഴൊക്കെ കയറൂരി വിട്ടിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ തനിനിറം കാട്ടാറുമുണ്ട്. കേരളം നന്മയുടേതെന്നപോലെ ഇത്തരം തിന്മകളുടെയും പരീക്ഷണശാലയായിട്ടുണ്ട്.

മലബാര്‍ സ്പെഷ്യല്‍ പൊലീസ് (എംഎസ്പി) സ്വാതന്ത്ര്യസമരത്തെയും കമ്യൂണിസ്റ്റുകാരെയും അടിച്ചമര്‍ത്താന്‍ ഏതറ്റംവരെയും പോയ സംഘമായിരുന്നു. പിന്നീട് അടിയന്തരാവസ്ഥയുടെ നാളുകളിലാണ് പൊലീസ് പുതിയ മര്‍ദനപരീക്ഷണങ്ങള്‍ നടത്തിയത്. ഡല്‍ഹിയില്‍ സഞ്ജയ്ഗാന്ധി പൊലീസ് സേനയെ ഉപയോഗിച്ച് നിര്‍ബന്ധിത വന്ധ്യംകരണം നടത്തി. ഇക്കാലയളവിലാണ് "ഉരുട്ടല്‍" കേരള പൊലീസ് സംഭാവനചെയ്തത്. ഇതിനു തൊട്ടുമുമ്പ് വര്‍ഗീസിന്റെ കണ്ണ് ചൂഴ്ന്ന് വെടിവച്ച് കൊന്നിരുന്നു. ഇതെല്ലാം പൊലീസ് ചെയ്തത് ഒരു ചെറുവിരലിന്റെയെങ്കിലും മറവിലായിരുന്നു. മര്‍ദകഭരണം അവസാനിച്ച് പിന്നീട് പുറംലോകമറിഞ്ഞ കാര്യങ്ങള്‍. ഇപ്പോള്‍ തെരുവില്‍ ജനക്കൂട്ടത്തിനിടയില്‍തന്നെ പുതിയ പരീക്ഷണങ്ങള്‍ അരങ്ങേറുന്നു; മുമ്പൊരിക്കലും കേരളം കാണാത്ത രീതിയില്‍. ജനക്കൂട്ടം നോക്കിനില്‍ക്കെ പ്രക്ഷാഭകനെ പിടിച്ചുവച്ച് ജനനേന്ദ്രിയം പിടിച്ചുതകര്‍ക്കുക എന്നത് കേരള പൊലീസില്‍നിന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്ന നടപടിയാണോ!

പക്ഷേ, ഇത് നിത്യസംഭവമായി മാറുകയാണ്. വടകരയില്‍ ബുധനാഴ്ച ദേശീയപാത സ്ഥലമെടുക്കലിനെതിരെ പ്രതിഷേധിച്ച കര്‍മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത ദൃശ്യം മലയാളിയുടെ മനഃസാക്ഷിക്കുനേരെ കൊഞ്ഞനം കുത്തുകയാണ്. അറുപതുവയസ്സുകഴിഞ്ഞ വിമുക്തഭടന്‍ നാരായണന്‍നായരോട് വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സി സുഭാഷ്ബാബുവിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പൊലീസുകാര്‍ചെയ്ത ക്രൂരത കേരള പൊലീസിന് തീരാക്കളങ്കമാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ സമരക്കാരെ ക്രൂരമായി തല്ലിയോടിച്ചശേഷമാണ് "പിന്നെയും പൊലീസ് മുന്നോട്ടു"പോയത്. ജനനേന്ദ്രിയം തകര്‍ന്ന് നിലത്തുവീണ വിമുക്തഭടനെ വലിച്ചിഴച്ച് വാനില്‍ കയറ്റി മര്‍ദനം തുടര്‍ന്നു. കൊലയാളിയല്ല, ക്രിമിനലല്ല, നാടിന്റെ അതിര്‍ത്തി കാക്കാന്‍ യൗവനം ഹോമിച്ച് തിരിച്ചെത്തി സ്വസ്ഥജീവിതം നയിക്കുന്ന ഒരു ഉത്തമ പൗരനോടാണ് വടകര പൊലീസിന്റെ ഈ നരനായാട്ട്. ചന്ദ്രശേഖരന്‍ കേസ് അന്വേഷണത്തിന്റെ "ഹാങ് ഓവര്‍" മാറാത്ത പൊലീസുകാരായിരിക്കാം ഇവര്‍. ജനനേന്ദ്രിയം തകര്‍ക്കല്‍ കേരള പൊലീസ് തെരുവുമുറയായി സ്വീകരിച്ചത് സോളാര്‍ അഴിമതിക്കെതിരായ പ്രക്ഷോഭത്തിനുനേരെ തിരുവനന്തപുരത്താണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ സമാധാനപരമായി കരിങ്കൊടി കാട്ടിയ ജയപ്രസാദ് എന്ന സിപിഐ എം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം ലാത്തികൊണ്ട് കുത്തി തകര്‍ക്കുകയായിരുന്നു. തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയദാസായിരുന്നു ഈ മര്‍ദകസംഘത്തിന്റെ നേതാവ്. വടകരയില്‍ ഗ്രേഡ് കൂടിയ സിഐ ലാത്തി ഉപേക്ഷിച്ച് സ്വന്തം കൈകൊണ്ടുതന്നെയാണ് നാരായണന്‍നായരുടെ ജനനേന്ദ്രിയം പിടിച്ചുടച്ചത്. തുമ്പയിലെ മര്‍ദകവീരന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് അന്ന് തയ്യാറായില്ല.

തിരുവഞ്ചൂര്‍ മാറി ചെന്നിത്തല ആഭ്യന്തരവകുപ്പ് ഏറ്റെടുത്തപ്പോള്‍ നേരിയ വ്യത്യാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ശുദ്ധാത്മാക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണല്ലോ. ഭരണം യുഡിഎഫിന്റേതു തന്നെയാണല്ലോ. യുഡിഎഫിന്റെ പൊലീസ് നയമാണല്ലോ നടപ്പാക്കുന്നത്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ അവരുടെ പൊലീസ്നയം കോഴിക്കോട്ട് വ്യക്തമാക്കപ്പെട്ടു. എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ സമരത്തിനുനേരെ എസിപി രാധാകൃഷ്ണപിള്ള സര്‍വീസ് റിവോള്‍വറെടുത്ത് നാലു റൗണ്ട് വെടിയുതിര്‍ത്തു, 2011 ഒക്ടോബര്‍ 10ന്. വിദ്യാര്‍ഥികളുടെ നെഞ്ചിനുനേരെ ഉതിര്‍ത്ത വെടി ഉന്നംതെറ്റിയതുകൊണ്ടുമാത്രം മരണം സംഭവിച്ചില്ല. രാധാകൃഷ്ണപിള്ളയ്ക്ക് അയല്‍ജില്ലയിലേക്ക് നേരിയ ഒരു സ്ഥലംമാറ്റം നല്‍കി അക്രമം തുടരാന്‍ ഉമ്മന്‍ചാണ്ടി പൊലീസിന് പച്ചക്കൊടി വീശി. പിന്നീട് വിദ്യാര്‍ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുംനേരെ അരങ്ങേറിയ നരനായാട്ട് എണ്ണമറ്റതാണ്. അതിര്‍ത്തിയില്‍ ശത്രുസൈന്യത്തിനുനേരെ ഉപയോഗിക്കുന്ന ഗ്രനേഡുകളാണ് തലസ്ഥാനത്തുള്‍പ്പെടെ പ്രക്ഷോഭകര്‍ക്കുനേരെ പ്രയോഗിച്ചുവരുന്നത്. ഇതിന്റെ ഫലമായി ജീവച്ഛവമായത് അനേകംപേര്‍. മലദ്വാരത്തില്‍ ബയണറ്റ് കയറ്റി ചോദ്യംചെയ്യുന്ന ഡിവൈഎസ്പിമാര്‍ വളരുന്ന നാടായി കേരളത്തെ ഉമ്മന്‍ചാണ്ടി മാറ്റിത്തീര്‍ത്തു. ഇതിന്റെ ക്രമാനുഗതമായ വളര്‍ച്ചയാണ് പൊലീസ് ഇന്ന് നേരിടുന്നത്.

അടുത്തിടെ പത്രങ്ങളില്‍വന്ന തലക്കെട്ടുകള്‍ ശ്രദ്ധിച്ചാല്‍മാത്രം ഈ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകും. "വീട് വളഞ്ഞ് അറസ്റ്റ്; ഗൃഹനാഥനും ഭാര്യയും മകളും ജീവനൊടുക്കി" (കഴക്കൂട്ടം, 28.1.14), "പൊലീസ്സ്റ്റേഷനില്‍ ദളിത് യുവതിക്ക് ക്രൂരമര്‍ദനം; മുടി മുറിച്ചു" (പത്തനാപുരം, 10.1.14), "കള്ളക്കേസ്: യുവാക്കള്‍ ട്രെയിനിന് തലവച്ച് മരിച്ചു" (തിരുവനന്തപുരം, 30.1.14), "പൊലീസ് മര്‍ദനം: പരിക്കേറ്റ യുവാവ് മരിച്ചു" (എടപ്പാള്‍, 29.1.14) ഇങ്ങനെ പൊലീസ് അതിക്രമങ്ങള്‍ എത്രയെത്ര. ക്രിമിനലുകളെ പിടിക്കാന്‍ പുകള്‍പെറ്റവരാണ് കേരള പൊലീസ്. എന്നാല്‍, ഇപ്പോള്‍ ക്രിമിനലുകളുടെ സംരക്ഷകരായി അവര്‍ മാറി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ മൂലയിലാകുന്നു. ക്രിമിനലുകളും ക്രിമിനലുകളുടെ സംരക്ഷകരും രംഗം കൈയടക്കുന്നു. യുഡിഎഫ് ഭരണത്തില്‍ കൊലപാതകവും കവര്‍ച്ചയും സ്ത്രീപീഡനവും കുതിച്ചുയര്‍ന്നെന്ന് നിയമസഭാരേഖകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. കേരളം തട്ടിപ്പുകാരുടെ താവളമായി മാറിയിരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുതന്നെ സഭയില്‍ സമ്മതിക്കേണ്ടിവന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ഇങ്ങനെയായിരുന്നില്ല. അന്ന് ജനമൈത്രി പൊലീസായിരുന്നു. ഇന്ന് "വരിയുടയ്ക്കല്‍ പൊലീസ്" എന്ന അപഖ്യാതി കേള്‍ക്കേണ്ട ഗതികേടുണ്ടായിരിക്കുന്നു. അധികാരം തലയ്ക്കുപിടിച്ച് പായുന്ന ഒരു മുഖ്യമന്ത്രിക്കു കീഴിലല്ലാതെ ഇത്രമേല്‍ നീചവും മനുഷ്യത്വരഹിതവുമായ കിരാതത്വം അരങ്ങേറില്ല.

*
Deshabhimani Editorial

Wednesday, December 11, 2013

ഗ്വാണ്ടനാമോയുടെ കാവല്‍ക്കാര്‍

അമേരിക്കന്‍ ഭരണാധികാരികള്‍ നിര്‍മിച്ച ഗ്വാണ്ടനാമോ തടവറയിലെ പൈശാചിക മര്‍ദനമുറകളും നരകതുല്യ ജീവിതവും വായിച്ചും കേട്ടും അറിഞ്ഞ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അതേ മാതൃക കേരളത്തിലും തുടരാന്‍ ആഗ്രഹിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പും അവര്‍ക്ക് ഉത്തമമാതൃകയാണ്. യുഡിഎഫ് ഭരണത്തില്‍ ഫാസിസ്റ്റ് മാതൃകയിലുള്ള ജയില്‍ഭരണം ആദ്യമായി പരീക്ഷിക്കാന്‍ തീരുമാനിച്ചത് കോഴിക്കോട് ജില്ലാ ജയിലിലാണെന്നാണ് മനസിലാക്കേണ്ടത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ പാര്‍പ്പിച്ചിട്ടുള്ളത് അവിടെയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട നിമിഷം മുതല്‍ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ദിവ്യായുധം വീണുകിട്ടിയെന്ന മനോഭാവമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായത്. അതില്‍ ഉമ്മന്‍ചാണ്ടിയെന്നോ തിരുവഞ്ചൂരെന്നോ മുല്ലപ്പള്ളിയെന്നോ സുധാകരനെന്നോ "എ" എന്നോ "ഐ" എന്നോ വ്യത്യാസമേതുമില്ല.

ആര്‍എംപി എന്ന ഈര്‍ക്കില്‍ പാര്‍ടി നേതാക്കള്‍ പറയുന്നതൊക്കെ വേദവാക്യമായാണ് ഇക്കൂട്ടര്‍ കരുതുന്നത്. വധം നടന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. പ്രത്യേക കോടതിയില്‍ അന്തിമവാദം നടക്കുകയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് ഗൗരവമുള്ള വിഷയംതന്നെയാണ്. ഫലപ്രദമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് ഞങ്ങളും ആവശ്യപ്പെട്ടത്. വാദപ്രതിവാദം പൂര്‍ത്തിയാക്കി മൂന്നാഴ്ചയ്ക്കകം കേസിന്റെ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമവിധി വന്നതിനുശേഷമേ കുറ്റം ചെയ്തവരാരാണെന്ന് വ്യക്തമാവുകയുള്ളൂ. വിധി വരുന്ന നിമിഷംവരെ പ്രതികള്‍ വിചാരണത്തടവുകാര്‍ മാത്രമാണ്. അവര്‍ക്ക് ജയില്‍വേഷം ധരിക്കേണ്ടതില്ല. കായികാധ്വാനം ചെയ്യേണ്ടതില്ല. അവരെ കുറ്റവാളികളായി കണക്കാക്കാനും പറ്റില്ല. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്കുപോലും ജയിലില്‍ ചില സൗകര്യങ്ങള്‍ അനുവദിക്കാറുണ്ട്. മനുഷ്യത്വപരമായ പരിഗണന അവര്‍ക്ക് ലഭിക്കാറുണ്ട്. ജന്മക്കാര്‍ എന്നറിയപ്പെടുന്ന ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവര്‍ ജയിലിനകത്ത് ഭക്ഷണം പാകംചെയ്യല്‍, വാര്‍ഡന്മാരെ സഹായിക്കല്‍, നിലം അടിച്ചു വൃത്തിയാക്കല്‍, കൃഷിപ്പണി, സഹതടവുകാരുടെ മുടി ക്രോപ്പ് ചെയ്യല്‍ തുടങ്ങി വിവിധതരം ജോലികള്‍ചെയ്ത് പ്രതിഫലം വാങ്ങാറുണ്ട്.

തടവുകാരെ ജയില്‍ ജീവിതത്തിനിടയില്‍ സല്‍സ്വഭാവികളായി മാറ്റാനാണ് അധികൃതര്‍ ശ്രമിക്കാറുള്ളത്. ശിക്ഷാകാലാവധി കഴിഞ്ഞ് ഭൂരിപക്ഷം തടവുകാരും കുറ്റവാസന ഉപേക്ഷിച്ച് നല്ല മനുഷ്യരായി പുറത്തുവരുന്നത് കാണാറുണ്ട്. ചിലര്‍ ജയിലില്‍ പരീക്ഷ എഴുതി ഉന്നതബിരുദവും മറ്റ് യോഗ്യതകളും നേടാറുണ്ട്. ഇവര്‍ക്കിടയില്‍ സമൂഹത്തില്‍ സാധാരണ കാണാറുള്ളതുപോലെ ദുര്‍ഗുണമുള്ള അപൂര്‍വം ചിലരും ഉണ്ടായെന്നു വരാം. ഇപ്പോള്‍ ജയിലില്‍ ചപ്പാത്തി, ഇഡ്ഡലി തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുണ്ടാക്കി കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കുന്നത് പതിവായി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് അനുവദിച്ച സൗകര്യവും പെരുമാറ്റവും വിചാരണത്തടവുകാര്‍ക്ക് ലഭിക്കാന്‍ പാടില്ലെന്ന ദുര്‍വാശിയാണ് സര്‍ക്കാരിനും സര്‍ക്കാരിന്റെ കുഴലൂത്തുകാരായ ചില മാധ്യമങ്ങള്‍ക്കുമുള്ളത്. തടവുകാരെപ്പറ്റിയുള്ള പഴഞ്ചന്‍ ധാരണയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്നത്. ഗ്വാണ്ടനാമോ തടവറയും ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇവിടെ മാതൃകയായിട്ടുള്ളത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുപോലും പറയേണ്ടിവന്നു, കേരളത്തില്‍ ഒരു ചന്ദ്രശേഖരന്‍മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളതെന്ന്. പരിചയസമ്പന്നനും ഉന്നത സംസ്കാരത്തിന്റെ ഉടമയുമായ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് പത്രക്കാരുടെ മുന്നില്‍ സഹികെട്ടാണ് പൊട്ടിത്തെറിച്ചതെന്നു വേണം കരുതാന്‍.

കോഴിക്കോട് ജയിലില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഫേസ്ബുക്ക് തുടങ്ങിയ ആരോപണങ്ങള്‍ ഭാവനാസൃഷ്ടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത ജയിലുകള്‍ ലോകത്തെവിടെയും ഉണ്ടാകാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയായ കെ കെ ലതിക വിചാരണത്തടവുകാരനായ മോഹനന്‍ മാസ്റ്ററെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്നും എംഎല്‍എയ്ക്ക് കേരളത്തിലെ മുഴുവന്‍ തടവുകാരെയും കാണാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ലജ്ജിച്ച് തലതാഴ്ത്താനുള്ള അവസരമായിരുന്നു അത്. എന്നാല്‍, കണ്ടാലും കൊണ്ടാലും ഒന്നും പഠിക്കാത്തവരാണ് ഇക്കൂട്ടര്‍.

ഡിജിപി പറഞ്ഞത് ജനാധിപത്യമര്യാദയനുസരിച്ച് അംഗീകരിച്ച് സ്വന്തം തെറ്റ് മനസിലാക്കി തിരുത്തുന്നതിന് പകരം അദ്ദേഹത്തെ ധിക്കാരപൂര്‍വം സ്ഥാനത്തുനിന്ന് മാറ്റുകയാണ് ചെയ്തത്. കെ കെ ലതികയ്ക്കെതിരായ മഷിയിടല്‍ ഇപ്പോഴും തുടരുകയാണ്. അവര്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് അന്വേഷണം നടത്തിയവരെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ബൂര്‍ഷ്വാ മാധ്യമങ്ങളും സര്‍ക്കാരും അവര്‍ക്കെതിരായ പീഡനം തുടരുന്നു. ഒരുകാര്യം വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ജയിലുകള്‍ ഗ്വാണ്ടനാമോ തടവറയോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ ആക്കി മാറ്റാന്‍ കേരളജനത അനുവദിക്കില്ല. അത് പൊറുക്കുകയുമില്ല. ജയിലില്‍ അടയ്ക്കപ്പെട്ടവരും മനുഷ്യരാണ്. മനുഷ്യരെന്നതുപോലെ സംസ്കാരസമ്പന്നമായ പെരുമാറ്റം അവരും അര്‍ഹിക്കുന്നുണ്ട് എന്ന് ഓര്‍മ വേണം.

*
ദേശാഭിമാനി മുഖപ്രസംഗം

Friday, September 6, 2013

സ്കോള്‍നിക് സിദ്ധാന്തം ആവേശിച്ച കേരള പൊലീസ്

ഉത്തരേന്ത്യയില്‍ പല ഘട്ടങ്ങളിലും കേട്ട പൊലീസ് ക്രൂരതയെയും കവച്ചുവയ്ക്കുന്ന മനുഷ്യാവകാശലംഘനമാണ് തട്ടിപ്പുകേസില്‍പെട്ട മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് കാട്ടുന്നത്. സാക്ഷരതയിലും ആരോഗ്യരംഗത്തും പഞ്ചായത്ത് ഭരണത്തിലും മറ്റും മാതൃകയായ കേരളത്തെ പൊലീസ് ക്രൂരതയുടെ കാര്യത്തില്‍ ബിഹാറിനും ഉത്തര്‍പ്രദേശിനും പഞ്ചാബിനുമൊപ്പം പിടിച്ചുതാഴ്ത്തുകയാണ് യുഡിഎഫ് ഭരണം.

ഉത്തരേന്ത്യയില്‍ പൊലീസിന്റെ പല ക്രൂരതകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1980ല്‍ ബിഹാറിലെ ഭഗല്‍പുരില്‍നിന്നാണ് ഏറ്റവും വലിയ പൊലീസ് ക്രൂരത റിപ്പോര്‍ട്ട് ചെയ്തത്. വിചാരണ നേരിടുന്ന 31 പേരുടെ തലയിലേക്ക് ആസിഡ് ഒഴിച്ച് അവരെ അന്ധരാക്കിയ സംഭവമാണത്. കോണ്‍ഗ്രസിലെ ഭഗവത്ഝാ ആസാദായിരുന്നു അന്ന് മുഖ്യമന്ത്രി. 1987 ലെ ഹഷിംപുര കൂട്ടക്കൊലയാണ് മറ്റൊന്ന്. മീററ്റില്‍നിന്ന് അറസ്റ്റുചെയ്ത 42 മുസ്ലിങ്ങളെ ട്രക്കില്‍ കയറ്റി ഗാസിയാബാദിനടുത്ത മുറാദ്നഗറില്‍ കൊണ്ടുവന്ന് വെടിവച്ചു കൊന്ന് കായലില്‍ തള്ളിയ സംഭവമാണത്. ദിവസങ്ങള്‍ കഴിഞ്ഞ് മൃതദേഹങ്ങള്‍ കായലില്‍ പൊങ്ങിയപ്പോള്‍മാത്രമാണ് വര്‍ഗീയതയ്ക്ക് പേരുകേട്ട പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി)യുടെ ഈ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.

1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളുടെ ജീവനാണ് പൊലീസ് കവര്‍ന്നത്. അന്നും കേരളം ഭരിച്ചത് യുഡിഎഫ് തന്നെ. ഉത്തരേന്ത്യയില്‍ പതിവായ പൊലീസ് ക്രൂരത കേരളത്തിലേക്ക് പറിച്ചുനടുന്നതില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്കുള്ള പങ്കിലേക്കാണ് ബുധനാഴ്ച തിരുവനന്തപുരത്തുണ്ടായ സംഭവവും വിരല്‍ ചൂണ്ടുന്നത്. പൊലീസ് ക്രൂരതയുടെ ബീഭത്സമായ മുഖംകൂടിയാണിത്. ഭഗല്‍പുരില്‍ പൊലീസ് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തുകയായിരുന്നെങ്കില്‍ ആനയറയില്‍ യുവാവിന്റെ ജനനേന്ദ്രിയം തകര്‍ക്കാനാണ് ശ്രമിച്ചത്. പൊലീസ് മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ചാണ് ഈ കൊടുംക്രൂരത കാട്ടിയതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. രണ്ട് പൊലീസുകാര്‍ പിടിച്ചുനിര്‍ത്തി ഒരാള്‍ ജനനേന്ദ്രിയം ലക്ഷ്യമാക്കി തൊഴിക്കുകയും മറ്റൊരാള്‍ കൈകൊണ്ട് ജനനേന്ദ്രിയം ഞെരിക്കുകയുമായിരുന്നു. പൈശാചികവും സമാനതകളില്ലാത്തതുമായ ക്രൂരതയ്ക്കുപിന്നില്‍ ആസൂത്രണം ഉണ്ടായിരുന്നുവെന്നു മാത്രമല്ല, തിരുവഞ്ചൂരിന്റെ പൊലീസ് സേനയില്‍ ഇത്തരം പീഡനമുറകളും പരിശീലിപ്പിക്കുന്നുണ്ടെന്നു വേണം കരുതാന്‍.

പരിശീലന വൈകൃതമാണ് തിരുവഞ്ചൂരിന്റെ ഭരണകാലത്ത് നടക്കുന്നത്. നിയമലംഘനം തടയേണ്ടവരെ നിയമം ലംഘിക്കാന്‍ പഠിപ്പിക്കുകയാണ്. സ്കോള്‍നിക് സിദ്ധാന്തം കേരളപൊലീസിനെയും ആവേശിച്ചുവെന്നര്‍ഥം. സാമൂഹ്യവിരുദ്ധരെ സ്ഥിരമായി കൈകാര്യംചെയ്യുന്നതിന്റെ ഫലമായി നിയമപാലകര്‍ ഭരണാധികാരികള്‍ തങ്ങള്‍തന്നെയാണെന്ന് സ്വയം കരുതി എന്ത് നിയമലംഘനവുമാവാമെന്ന മാനസികാവസ്ഥയിലെത്തുമെന്നാണ് സ്കോള്‍നിക് സിദ്ധാന്തം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജെറോം ഹെര്‍ബര്‍ട്ട് സ്കോള്‍നിക്കാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എല്ലാ പൗരന്മാരെയും നിയമം കൈയിലെടുക്കുന്നവരായാണ് പൊലീസ് കാണുന്നത്. എന്നാല്‍, സ്വന്തം ഓഫീസര്‍മാരും രാഷ്ട്രീയ യജമാനന്മാരും നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് ഇവര്‍ മൗനം പാലിക്കുകയുംചെയ്യുന്നു.

"നിശബ്ദതയുടെ നീലച്ചുമര്‍" എന്നാണ് പൊലീസിന്റെ ഈ സമീപനത്തെ സകോള്‍നിക് വിശേഷിപ്പിക്കുന്നത്. ഇതുകൊണ്ടാണ് പൊലീസ് അതിക്രമങ്ങളില്‍ ഒരിടത്തും പൊലീസുകാര്‍ ശിക്ഷിക്കപ്പെടാത്തത്. വിജയദാസിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും കേസ് ചാര്‍ജ് ചെയ്തിട്ടില്ല. പഞ്ചാബിലെ തരണ്‍താരണില്‍ ട്രക്ക് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസില്‍ പരാതിപ്പെടാന്‍ ചെന്ന ഹര്‍ബിന്ദര്‍ കൗറിനെ രണ്ട് പൊലീസുകാര്‍ പട്ടാപ്പകല്‍ ഭീകരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നപ്പോഴാണ് സുപ്രീംകോടതി "മനഃസാക്ഷിയെ ഞെട്ടിക്കുന്ന" സംഭവമാണിതെന്ന് പറഞ്ഞത്. എന്നിട്ടും ഈ സംഭവത്തില്‍ മാപ്പുപറയാന്‍ പൊലീസ് തയ്യാറായില്ല. മാത്രമല്ല രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുകയുംചെയ്തു. കേരള പൊലീസും ഇതേ നിലവാരത്തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തുന്നത്്. കേരളത്തിനുതന്നെ അപമാനകരമാണ് ഈ സംഭവം.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 06 സെപ്തംബര്‍ 2013

Thursday, September 5, 2013

അഴിമതി സിംഹാസനത്തിന് വേട്ടനായ്ക്കളുടെ കാവല്‍

പേവിഷം തലയ്ക്കുപിടിച്ചു പായുന്ന നായ്ക്കള്‍പോലും കാട്ടാത്ത നിഷ്ഠുരമായ ക്രൗര്യമാണ് ബുധനാഴ്ച പൊലീസ് തലസ്ഥാനത്ത് കാട്ടിയത്. അധികാരം തലയ്ക്കുപിടിച്ചു പായുന്ന ഒരു മുഖ്യമന്ത്രിക്കു കീഴിലല്ലാതെ ഇത്രമേല്‍ നീചവും മനുഷ്യത്വരഹിതവുമായ കിരാതത്വം അരങ്ങേറില്ല. ഏതുവിധേനയും പ്രതിഷേധത്തെ അമര്‍ച്ചചെയ്യണമെന്ന ഭരണസന്ദേശത്തിന്റെ പിന്‍ബലത്തിലല്ലാതെ ഈ പ്രാകൃതമായ പൈശാചികതയില്‍ അഭിരമിക്കാന്‍ പൊലീസിന് ധൈര്യംവരില്ല. പരിഷ്കൃത ജനാധിപത്യസമൂഹത്തെ ലജ്ജിപ്പിക്കുന്ന ഈ അധമത്വത്തിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുംതന്നെയാണ്. സമാധാനപരമായി കറുത്ത കൊടി കാണിച്ച് പ്രതിഷേധമറിയിക്കുകയായിരുന്ന ഒരു യുവാവിനെ വേട്ടനായ്ക്കളെപ്പോലെ ചാടിവീണ് പിടികൂടുക, അയാളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി വളഞ്ഞുനിന്ന് തല്ലുക, ബൂട്സിട്ട കാലുകൊണ്ട് ജനനേന്ദ്രിയത്തില്‍ തൊഴിക്കുക, സിബ് അഴിച്ച് ലാത്തികടത്തി ഞെരിക്കുക. കേരളമെന്താ, ഗ്വാണ്ടനാമോ തടവറയാണോ?

ഇവിടെ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഒരു പ്രകോപനവുമുണ്ടാക്കാത്തവിധം സമാധാനപരമായിരുന്നു പ്രതിഷേധപ്രകടനം. ഒരു കല്ലുപോലും ആരും എറിഞ്ഞില്ല. വളഞ്ഞുവച്ചുള്ള ആക്രമണത്തിന് ഏറ്റവും കൊടിയ രീതിയില്‍ ഇരയായ ജയപ്രസാദ് എന്തെങ്കിലും അക്രമംചെയ്തതായി പൊലീസുപോലും പറയുന്നില്ല. ഒരു സംഘര്‍ഷാന്തരീക്ഷത്തിനിടയില്‍ ഉണ്ടായതല്ല, മറിച്ച് അസ്വസ്ഥാന്തരീക്ഷത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഒറ്റപ്പെട്ട ഒരിടത്തേക്ക് കൊണ്ടുപോയി ഉണ്ടാക്കിയെടുത്തതാണ് പൊലീസ് ഈ നിഷ്ഠുരസംഭവം. എന്തിനായിരുന്നു ഇത്? സോളാര്‍ തട്ടിപ്പില്‍ വിചാരണയ്ക്ക് വിധേയനാകേണ്ട കൂട്ടുകുറ്റവാളിയായ മുഖ്യമന്ത്രി ഭരണത്തിലിരുന്ന് തെളിവ് നശിപ്പിച്ച് സ്വയം രക്ഷപ്പെടാനും സഹകുറ്റവാളികളെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നതിനെതിരെ വ്യാപകമായി ഉയരുന്ന രോഷത്തെ ഭീകരത പടര്‍ത്തി ഒതുക്കാന്‍ വേണ്ടി എന്നതാണുത്തരം. അതിനീചമായ ഇത്തരം മൂന്നാംമുറകള്‍ നേരിടേണ്ടിവരുമെന്ന സന്ദേശം നല്‍കി പ്രതിഷേധമുള്ളവരെ അകറ്റിനിര്‍ത്താനുള്ള ഗൂഢതന്ത്രം. മൃഗീയമായ പൊലീസ് ഭീകരതകൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തി തന്റെ അഴിമതിപ്പാത സുഗമമാക്കാമെന്നു കരുതുന്ന മുഖ്യമന്ത്രിതന്നെയാണ് ഈ പൈശാചികകൃത്യത്തിന്റെ പ്രചോദനകേന്ദ്രം.

ഇത് നടപ്പാക്കാനായി "സൈക്കോപാത്ത്" എന്നു വിളിക്കേണ്ട തരത്തിലുള്ള റിപ്പര്‍ പൊലീസുകാരെ തെരഞ്ഞെടുത്ത് വിന്യസിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍. കറുത്ത തുണി കാണാന്‍ തനിക്ക് ഒരു വിഷമവുമില്ലെന്ന് ചില ആഴ്ചകള്‍ക്കുമുമ്പ് പറഞ്ഞ മുഖ്യമന്ത്രി നാട്ടില്‍ എവിടെച്ചെന്നാലും കാണേണ്ടിവരുന്ന കറുത്ത കൊടികളെ പൊലീസ് കാക്കികൊണ്ട് അമര്‍ത്തിത്താഴ്ത്താന്‍ കല്‍പ്പനകൊടുത്തിരിക്കുകയാണ് ഇപ്പോള്‍. അപമാനം സഹിച്ചും മുഖ്യമന്ത്രിയായി തുടരുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. അങ്ങനെ പരസ്യമായി പറയുന്ന ഒരാള്‍ അധികാരം നിലനിര്‍ത്താന്‍ ഏതറ്റത്തേക്കും പോകുമെന്ന സന്ദേശം ജനത്തിന് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍, ആ സന്ദേശത്തിന് കേരളം എന്ത് മറുപടിയാകും നല്‍കുക എന്നത് "ഇനിയും കരിങ്കൊടി കാണിക്കാന്‍ പോകും" എന്ന ജയപ്രസാദിന്റെ മറുപടിയിലുണ്ട്. അത് ജയപ്രസാദിന്റെ മാത്രമല്ല, പ്രബുദ്ധ കേരളത്തിന്റെയാകെ മറുപടിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പും ഒക്കെ കേരളം കണ്ടിട്ടുണ്ട്. എന്നാല്‍, പൊതുസ്ഥലത്തുവച്ച് ഒരു പൗരന്റെ പാന്റ്സിന്റെ സിബ് പൊലീസ് അഴിക്കുക, ലാത്തികടത്തി ഞെരിക്കുക തുടങ്ങിയവയൊക്കെ ആദ്യമാണ്. ലോക്കപ്പുകളില്‍ രഹസ്യമായി നടത്തിയത് പൊതുനിരത്തില്‍ പരസ്യമായിത്തന്നെ നടത്തുമെന്ന ധാര്‍ഷ്ട്യംകൂടിയായിരിക്കുന്നു ഇപ്പോള്‍. ഇത് ഒരേസമയം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്; മനുഷ്യാവസ്ഥയുടെ അന്തസ്സിനെതിരായ അധമകൃത്യവുമാണ്. മനുഷ്യത്വത്തിനും മനുഷ്യാവസ്ഥയുടെ അന്തസ്സിനുമെതിരായ കുറ്റകൃത്യങ്ങള്‍ എന്ന നിലയ്ക്കുകൂടി നരാധമനായ ആ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുക്കണം; വധശ്രമമെന്ന കുറ്റകൃത്യത്തിനൊപ്പം. നാളെ പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പുള്ള ഒരു ഭരണാധികാരിയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ ഈ കേരളത്തിന് എത്ര വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്. മനുഷ്യാവകാശവും പൗരാവകാശവും ജനാധിപത്യാവകാശവും എല്ലാം ബലികൊടുക്കേണ്ടിവരുന്നു. ഇതെല്ലാം കുരുതികഴിച്ച് കൂടുതല്‍ ചോരയ്ക്കുവേണ്ടി ദാഹിക്കുന്ന ആര്‍ത്തിയുള്ള ഒരു ഭരണാധികാരിയെയും അദ്ദേഹത്തിന്റെ വേട്ടനായ്ക്കളെയുമാണ് കരിങ്കൊടികള്‍ക്കപ്പുറത്ത് കേരളം ഇന്ന് കാണുന്നത്. കരിങ്കൊടികള്‍ കൂടുതലായി ഉയരുകയും അത് തീര്‍ക്കുന്ന കോട്ടകള്‍ക്കപ്പുറത്ത് ഈ ചോറ്റുപട്ടാളവും അതിനെ കെട്ടഴിച്ചുവിട്ട ഭരണാധികാരിയും തമസ്കൃതരായി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ഒടുങ്ങുകയും ചെയ്യുമെന്നതില്‍ സംശയമില്ല. സമാധാനപരമായി പ്രതിഷേധമറിയിക്കുക എന്നത് ഭരണഘടനപ്രകാരംതന്നെ ജനങ്ങള്‍ക്കുള്ള അവകാശമാണ്. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭരണഭ്രാന്തുകള്‍ക്ക് ചവിട്ടിമെതിക്കാനുള്ളതല്ല പൗരാവകാശവും ജനാധിപത്യാവകാശവും.

സ്വന്തം മുന്നണിയിലെയും സ്വന്തം പാര്‍ടിയിലെയുംവരെ നല്ലൊരു വിഭാഗത്താല്‍ വെറുക്കപ്പെട്ട് അധികാരത്തില്‍ മുറുകെപ്പിടിച്ചിരിക്കുകയും ആ അധികാരംകൊണ്ട് കൊലയാളിയും തട്ടിപ്പുകാരുമായ അധോലോക സംഘങ്ങളുമായി തരംപോലെ മാറിമാറി ചര്‍ച്ചചെയ്ത് എല്ലാ അധര്‍മങ്ങള്‍ക്കും ആസൂത്രകനായി തരംതാഴുകയുംചെയ്ത ഒരു ഭണാധികാരിക്കെതിരായ ജനരോഷം തല്ലിക്കെടുത്താനുദ്ദേശിച്ചുള്ളതാണ് ഇത്തരം രാക്ഷസീയമായ ആക്രമണങ്ങള്‍. എന്നാല്‍, ആ രോഷത്തിന്റെ അഗ്നി ആളിപ്പടരാന്‍ മാത്രമേ ഇത് വഴിവയ്ക്കൂ. കേരളത്തിലെ അമ്മമാരും പെങ്ങമ്മാരും കണ്ണീരോടെയല്ലാതെ, വിങ്ങലോടെയല്ലാതെ വ്യാഴാഴ്ചത്തെ പത്രം നോക്കിയിട്ടില്ല. രണ്ടാമതൊന്നു നോക്കാനാകാതെ പത്രത്താളില്‍നിന്ന് കണ്ണെടുത്ത് തലയ്ക്ക് കൈകൊടുത്തിരുന്ന എത്രയോ സ്ത്രീകളുണ്ട്. അവരുടെ നെഞ്ചിലെരിയുന്ന കനലില്‍ ഒരു ഉറുമ്പിനെപ്പോലെ വീണെരിഞ്ഞൊടുങ്ങാനുള്ളതേയുള്ളൂ, മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ നിങ്ങള്‍ വേട്ടനായ്ക്കളെ കാവല്‍നിര്‍ത്തി പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന ആ അധികാരസിംഹാസനം!

*
ദേശാഭിമാനി മുഖപ്രസംഗം 06 സെപ്തംബര്‍ 2013

Wednesday, March 6, 2013

നീതിബോധം കൈവിടുമ്പോള്‍

പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്റെ പേരില്‍പ്പോലും കേസെടുക്കുന്ന ഭരണമാണ് കേരളത്തിലേത്. ഷുക്കൂര്‍ കേസില്‍ നിരപരാധികളെ പ്രതിയാക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഭിഭാഷകനെതിരെയുള്ള കേസ്. ജുഡീഷ്യറിയുടെ ഭാഗമാണ് അഭിഭാഷക സമൂഹം. കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ മൊറാഴ സ്വദേശി പി കെ നന്ദനന്‍ നല്‍കിയ സ്വകാര്യ അന്യായവും സാക്ഷികളായ പി പി അബുവും മുഹമ്മദ് സാബിറും തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസും പൊലീസ് ചാര്‍ജ്ചെയ്ത കൊലക്കേസിനു പുറമെ വിവിധ കോടതികളുടെ പരിഗണനയിലാണ്. ഇതിനു പുറമെയാണ് അഭിഭാഷകന്റെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആഭ്യന്തരമന്ത്രിയും സര്‍ക്കാരും അറിയാതെ ഒരു സീനിയര്‍ അഭിഭാഷന്റെ പേരില്‍ കേസെടുക്കാന്‍ പൊലീസ് മേധാവിക്ക് ധൈര്യമുണ്ടാകില്ല.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍പരിധിയിലാണ് സാക്ഷികളായ അബുവും സാബിറും താമസിക്കുന്നത്. അഡ്വ. നിക്കോളസ് ജോസഫ് 25 വര്‍ഷമായി ക്രിമിനല്‍ കേസ് നടത്തുന്ന സീനിയര്‍ അഭിഭാഷകനാണ്. ജുഡീഷ്യറിയുടെ ഭാഗമായ ആ അഭിഭാഷകന്റെ പേരില്‍ പൊലീസ് 2013 ഫെബ്രുവരി 26ന് ജ്യാമമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്യുമ്പോള്‍ പ്രാഥമികമായ നിയമബോധംപോലും കാണിച്ചില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 195 എ (സാക്ഷിയെ തെളിവ് നല്‍കാന്‍ ഭീഷണിപ്പെടുത്തുക), 365 (തടങ്കലില്‍ വയ്ക്കാന്‍ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ തട്ടിക്കൊട്ടുപോകുക) എന്നീ വകുപ്പുകളാണ് കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരമുള്ള കുറ്റങ്ങള്‍. സാക്ഷികള്‍ ജനുവരി 30ന് മുന്‍സിഫ് കോടതിയിലാണ് സ്യൂട്ട് നല്‍കിയത്. അതാകട്ടെ, തങ്ങളുടെ പേരില്‍ മൊറാഴ സ്വദേശി പി കെ നന്ദനന്‍ കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍നിന്ന് രക്ഷപ്പെടാനാണ്. തളിപ്പറമ്പ് മുന്‍സിഫാകട്ടെ നന്ദനന്റെ കൈയില്‍നിന്ന് ജപ്തി നടപടികളിലൂടെ 60,000 രൂപ ഈടാക്കാനുള്ള നടപടിക്ക് തുടക്കംകുറിച്ച് 2013 ഫെബ്രുവരി 15ന് നോട്ടീസ് അയക്കുകയുംചെയ്തു. അബുവിനെയും സാബിറിനെയും ലീഗ് നേതാക്കളും പൊലീസും ചേര്‍ന്ന് കള്ളസാക്ഷികളാക്കി തയ്യാറാക്കിയ മൊഴിയനുസരിച്ച് പി ജയരാജന്റെയും ടി വി രാജേഷ് എംഎല്‍എയുടെയും പേരില്‍ 118-ാം വകുപ്പു പ്രകാരമാണ് കേസെടുത്തത്. 2012 ആഗസ്തില്‍ ചോദ്യംചെയ്തപ്പോള്‍ ജയരാജനും രാജേഷും തങ്ങള്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. അബുവും സാബിറും 2012 മെയ് 16ന് തന്നെ തങ്ങള്‍ക്കറിവുണ്ടായിരുന്നുവെന്ന് പൊലീസിനോട് സമ്മതിക്കുന്നുണ്ടുതാനും. ഷുക്കൂര്‍ കേസില്‍ പ്രതികളാകേണ്ടത് ജയരാജനും രാജേഷുമല്ല, മറിച്ച് പൊലീസ് കൊണ്ടുവരുന്ന സാക്ഷികളാണ് എന്ന കാര്യത്തില്‍ നിയമമറിയുന്നവരില്‍ രണ്ടഭിപ്രായമുണ്ടാകില്ല.

ചുരുക്കത്തില്‍ അബുവും സാബിറും കൊലക്കേസില്‍നിന്ന് ഒഴിവായി കിട്ടാനാണ് സത്യവാങ്മൂലവുമായി മുന്‍സിഫ് കോടതിയിലെത്തിയതെന്നതു വ്യക്തം. ഇവിടെ ഭീഷണിയുടെ പ്രശ്നമേയുദിക്കുന്നില്ല. സത്യവാങ്മൂലം പൊലീസിനു നല്‍കുന്ന മൊഴിയേക്കാള്‍ ആധികാരികമാണ്. സത്യവാങ്മൂലം ഒരു അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അബു സമര്‍പ്പിച്ച സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ അഭിഭാഷകന്‍ ഹര്‍ജിക്കാരന്‍ എന്റെ മുമ്പില്‍വച്ചാണ് സത്യവാങ്മൂലത്തില്‍ ഒപ്പിട്ടതെന്നും അതില്‍ വിവരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നുമാണ് വിവരിക്കുന്നത്. ഈ അഭിഭാഷകന്റെ അടുത്താണ് ആദ്യമായി സാക്ഷികള്‍ എത്തുന്നത്. അതിനുശേഷം അഭിഭാഷകജോലിയില്‍ 50 വര്‍ഷത്തെ പരിചയസമ്പത്തുള്ള മറ്റൊരു സീനിയര്‍ അഭിഭാഷകനാണ് അബുവും സാബിറും വക്കാലത്ത് നല്‍കുന്നത്. ആ വക്കാലത്തും ഒരു അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനോടോ വക്കാലത്ത് സമര്‍പ്പിച്ച അഭിഭാഷകനോടോ പൊലീസ് അന്വേഷിച്ചാല്‍, ഭീഷണിപ്പെടുത്തി എന്ന കള്ളക്കഥ പൊളിയും. തങ്ങളെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന കാര്യം കേസെടുത്ത രണ്ടുതവണയും എന്തുകൊണ്ട് സാക്ഷികള്‍ മുന്‍സിഫ് കോടതിയില്‍ പറഞ്ഞില്ല. പൊലീസിനേക്കാള്‍ വിശ്വാസമര്‍പ്പിക്കേണ്ടത് കോടതിയിലല്ലേ.

അബു ഒരു കത്ത് 2013 ഫെബ്രുവരി 19ന് താന്‍ വക്കാലത്ത് നല്‍കിയ അഭിഭാഷകന് നല്‍കി. ആ കത്തില്‍ നിക്കോളസ് ജോസഫ് തന്നെ ഭീഷണിപ്പെടുത്തിയെന്നോ തട്ടിക്കൊണ്ടുപോയെന്നോ പറയുന്നില്ല. കേസ് തുടര്‍ന്നും നടത്തണമെന്ന ആഗ്രഹം കത്തില്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ അഭിഭാഷകന് കത്ത് അയച്ചുമില്ല. അബുവിന് വക്കാലത്ത് നല്‍കിയ അഭിഭാഷകന്റെ മറുപടിയില്‍ ഇപ്രകാരം പറയുന്നു ""അമ്പതുവര്‍ഷമായി വിവിധ രാഷ്ട്രീയക്കാരും അല്ലാത്തവരുമായ കക്ഷികള്‍ക്കുവേണ്ടി ഞാന്‍ കേസ് നടത്തി വരുന്നുണ്ട്. ഞങ്ങള്‍ക്ക് കേസ് നടത്തിപ്പിനും കക്ഷികളോടും മാത്രമാണ് കൂറ്. താങ്കള്‍ക്ക് ഉത്തമ ബോധ്യമുണ്ടെങ്കില്‍ തുടര്‍ന്നും എന്നെ കേസ് ഏല്‍പ്പിച്ചാല്‍ മതി. എപ്പോള്‍ വന്നാലും ഫയല്‍ തിരിച്ചുതരാനും വക്കാലത്ത് ഒഴിവാക്കി മറ്റൊരു അഭിഭാഷകന് വക്കാലത്ത് നല്‍കാനും ഞാന്‍ സന്നദ്ധനുമാണ്"". ഈ മറുപടി അബുവിന് കിട്ടിയിട്ട് 15 ദിവസമായി. എന്തുകൊണ്ട് വക്കാലത്ത് തിരിച്ചുവാങ്ങിയില്ല. അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയ കാര്യം കോടതിയില്‍ പറഞ്ഞില്ലെന്നുമാത്രമല്ല "ഭീഷണി"യുടെ ഉല്‍പ്പന്നമായ സത്യവാങ്മൂലം പിന്‍വലിച്ചിട്ടുമില്ല. അഭിഭാഷകന്റെ പേരില്‍ പൊലീസെടുത്ത കേസാകട്ടെ, സിവില്‍ കോടതി നല്‍കിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയതിനാല്‍ നിലനില്‍ക്കുന്നതല്ല. അബുവിന്റെ സത്യവാങ്മൂലം സത്യസന്ധമാണോ കെട്ടിച്ചമച്ചതാണോ എന്ന് തീരുമാനിക്കാന്‍ പൊലീസിന് അധികാരമില്ല. അത് കോടതിയുടെ അധികാരത്തില്‍പ്പെടുന്ന കാര്യമാണ്. കോടതി നടപടികളിലാണ് തിരുവഞ്ചൂരിന്റെ പൊലീസ് ഇടപെട്ടത്. സത്യവാങ്മൂലം നല്‍കിയ അബുവില്‍നിന്ന് തെളിവ് ശേഖരിച്ചുവേണം മുന്‍സിഫ് കോടതിക്ക് കേസിന്റെ തുടര്‍നടപടി സ്വീകരിക്കാന്‍. അഭിഭാഷകന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുകയല്ല, പൊലീസ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. സത്യവാങ്മൂലം കള്ളവാങ്മൂലമാണെങ്കില്‍ അബുവും സാബിറും മറ്റൊരു നിയമക്കുരുക്കിലകപ്പെടും. അത് കള്ളസത്യവാങ്മൂലം നല്‍കിയെന്ന പുതിയ കേസായിരിക്കും. അതുകൊണ്ടായിരിക്കാം മുന്‍സിഫ് കോടതിയിലെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ അബു ആഗ്രഹിക്കാത്തത്. പൊലീസിനു നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നാല്‍ 118-ാം വകുപ്പ് പ്രകാരമുള്ള കേസ് കണ്ണൂര്‍ കോടതിയില്‍ കാത്തിരിക്കുന്നുണ്ടുതാനും.

ലീഗ് നേതാക്കള്‍ അണികളെ കള്ളമൊഴിനല്‍കാന്‍ പ്രേരിപ്പിക്കുമ്പോള്‍ ഇത്തരം നിയമക്കുരുക്കുകളെക്കുറിച്ച് ഓര്‍ത്തുകാണില്ല. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് പ്രതിയുടെ അഭിഭാഷകന്റെ പേരില്‍ കേസെടുക്കുന്നത്. അടിയന്തരാവസ്ഥയില്‍ സിപിഐ എമ്മിനുവേണ്ടി കേസ് നടത്തിയ അഭിഭാഷകരുടെ പേരില്‍ മിസയും ഡിഐആറും അനുസരിച്ച് കേസെടുത്ത് ജയിലിലടച്ചിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപം അന്നുണ്ടായിരുന്നില്ല. ഭരണഘടന നല്‍കുന്ന തൊഴില്‍ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് അഭിഭാഷകന് യുഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചത്. അഭിഭാഷകന്റെ പേരില്‍ കേസെടുത്ത പൊലീസില്‍ വിശ്വാസമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ പ്രസ്താവന കാപട്യമാണ്. ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കുകയല്ല, സിപിഐ എം വേട്ടയാണ് ലീഗിന്റെ ലക്ഷ്യം. സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഒരാഴ്ചയ്ക്കകം ലീഗ് പ്രവര്‍ത്തകന്റെ പരാതിയില്‍ അഭിഭാഷകന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുന്നത്. ഇക്കൂട്ടരെ നയിക്കുന്നത് നീതിബോധമല്ല, മറിച്ച് ശത്രുസംഹാര രാഷ്ട്രീയംമാത്രമാണ്.

*
എം വി ജയരാജന്‍ ദേശാഭിമാനി 05 മാര്‍ച്ച് 2013

Saturday, February 16, 2013

അന്തസ്സുണ്ടെങ്കില്‍ ഇറങ്ങിപ്പോകണം

പൊലീസിനെയും ഭരണകൂടത്തിന്റെ മറ്റു സന്നാഹങ്ങളെയും ഉപയോഗപ്പെടുത്തി രാഷ്ട്രീയ എതിരാളികളെ തച്ചുതകര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതിന്റെ എക്കാലത്തും ചൂണ്ടിക്കാട്ടാവുന്ന ഉദാഹരണമാണ് അടിയന്തരാവസ്ഥ. കാരണംപറയാതെ ആരെയും പിടിച്ചുകൊണ്ടുപോയി അനിശ്ചിതമായി തടവിലിടാനും പീഡിപ്പിക്കാനുമുള്ള അധികാരമാണ് അന്ന് പൊലീസിന് ലഭിച്ചത്. അതുപയോഗിച്ചാണ്, കക്കയം ക്യാമ്പില്‍ രാജനെ ഉരുട്ടിക്കൊന്നത്. പ്രാദേശിക തലത്തിലെ കോണ്‍ഗ്രസുകാരന്‍ ചൂണ്ടിക്കാട്ടുന്ന ഏതൊരാളെയും പിടിക്കാനും അടിക്കാനും പൂട്ടാനും തയ്യാറായ അന്നത്തെ പൊലീസാണ്, കേരളം കണ്ട ഏറ്റവും വൃത്തികെട്ട പൊലീസ് എന്ന ധാരണ തിരുത്തിക്കുറിച്ചത് ഈയടുത്ത നാളുകളിലാണ്. ഭരണമുന്നണിയിലെ ജാതിസമവാക്യങ്ങള്‍ തീര്‍ത്ത സങ്കീര്‍ണതകളും വര്‍ഗീയ പ്രീണനത്തിന്റെയും സമ്മര്‍ദങ്ങളുടെയും കുരുക്കും മുറുകിയപ്പോഴാണ് ഉമ്മന്‍ചാണ്ടിക്ക് ആഭ്യന്തരവകുപ്പ് ഉപേക്ഷിക്കേണ്ടിവന്നത്. അന്നത് ഏറ്റുവാങ്ങാന്‍ നിയോഗിക്കപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവാണ്. അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുംവിധം പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ആ മന്ത്രി പരീക്ഷണങ്ങള്‍ നടത്തിയത്. ഏതാനും കേസുകള്‍ മറയാക്കി, പൊലീസിനെ കെട്ടഴിച്ചുവിട്ട് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തെ തകര്‍ക്കാം എന്ന ദുര്‍മോഹത്തെയാണ് ആ മന്ത്രി വാരിപ്പുണര്‍ന്നത്. ഫസല്‍, ഷുക്കൂര്‍, ടി പി ചന്ദ്രശേഖരന്‍- ഈ മൂന്ന് മരണങ്ങള്‍ ആയുധമാക്കി കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അരങ്ങേറിയ ആസൂത്രിത നാടകങ്ങള്‍ ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍ സഖ്യത്തിന്റെ രാഷ്ട്രീയ ദുരാചാര പരമ്പരതന്നെയായി.

നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും പൊലീസ് പൊലീസിന്റെ പണിചെയ്യുമെന്നും മുഖംനോക്കാതെ നീതിനടപ്പാക്കുമെന്നുമുള്ള തുടര്‍പ്രഖ്യാപനങ്ങളുടെ മറവില്‍, തിരുവഞ്ചൂരിന്റെ പൊലീസ് എന്തൊക്കെ ചെയ്തുകൂട്ടി എന്നതിന്റെ നേരിയ സൂചനയാണ് വ്യാഴാഴ്ച തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കണ്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയെയും ജനപ്രതിനിധികൂടിയായ സംസ്ഥാന കമ്മിറ്റി അംഗത്തെയും കുടുക്കാനും തുറുങ്കിലടയ്ക്കാനും കാരണമാക്കിയത്, പൊലീസ് കെട്ടിച്ചമച്ച വ്യാജ മൊഴിയാണ് എന്ന് അവിടെ തെളിഞ്ഞു. പി ജയരാജന്‍, ടി വി രാജേഷ് എന്നീ നേതാക്കള്‍, മുസ്ലിംലീഗ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരാണ്. അതേ ദിവസം ഒരു ലീഗുകാരന്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെ ഉണ്ടായ ആ ദൗര്‍ഭാഗ്യകരമായ സംഭവത്തെ, അപസര്‍പ്പകകഥകളെ വെല്ലുംവിധം ആസൂത്രിത കൊലപാതകമായി പെരുപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്.

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സൃഷ്ടിച്ചെടുത്ത കഥയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങളും നിയമത്തിനുമുന്നിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രിയും ഭംഗിയായി അഭിനയിച്ചു. അതിന്റെ അവസാന ഘട്ടമെന്ന നിലയിലാണ്, നേതാക്കളെ ഗൂഢാലോചനക്കേസില്‍ കുടുക്കി ജയിലിലടച്ചത്. അതിന് പൊലീസ് ഉണ്ടാക്കിയ നുണക്കഥ, ആശുപത്രി മുറിയില്‍വച്ച് ഒരു സിപിഐ എം പ്രവര്‍ത്തകന്‍ ടെലിഫോണില്‍ ആരോടോ സംസാരിച്ചുവെന്നും ആ സംസാരം ഷുക്കൂറിനെ വിടരുത് എന്ന ആജ്ഞയായിരുന്നെന്നും അത് നേതാക്കള്‍ കേട്ടിട്ടുണ്ട് എന്നുമായിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാത്ത കുറ്റത്തിന് അറസ്റ്റും തടവറയും.

ഫോണ്‍ സംഭാഷണം ഉണ്ടായോ, ഉണ്ടായെങ്കില്‍ അത് നേതാക്കള്‍ കേട്ടോ എന്നൊക്കെ പരിശോധിക്കുന്നതിന് മുമ്പ് ഉറപ്പിക്കാവുന്ന മറ്റൊന്ന് ഇതില്‍ അടങ്ങിയിട്ടുണ്ട്. അങ്ങനെയൊരു ഫോണ്‍ സംഭാഷണം കേട്ടതായി രണ്ടുമാസം കഴിഞ്ഞ് പൊലീസിന് "മൊഴി" നല്‍കിയ സാക്ഷികള്‍, എന്തുകൊണ്ട് ഉചിതമായ സമയത്ത് പൊലീസിനെ അറിയിച്ച് കുറ്റകൃത്യം തടഞ്ഞില്ല എന്ന ചോദ്യമാണത്. ജയരാജനും രാജേഷും കേട്ടോ എന്ന് തെളിഞ്ഞിട്ടില്ല; പക്ഷേ, ഈ സാക്ഷികള്‍ വ്യക്തമായി "കേട്ടതാണ്". അങ്ങനെയെങ്കില്‍, ആദ്യം പ്രതിചേര്‍ക്കേണ്ടത് സാക്ഷികളെത്തന്നെയല്ലേ എന്ന ചോദ്യമാണുയര്‍ന്നത്. കള്ളക്കേസും കള്ളസാക്ഷികളെയും സൃഷ്ടിക്കുമ്പോള്‍, ഇത്തരമൊരു ചോദ്യം ഉയരുമെന്ന ധാരണ ആഭ്യന്തരമന്ത്രിയുടെ അല്‍പ്പബുദ്ധിയില്‍ ഉണര്‍ന്നില്ല. സ്വാഭാവികമായും ആ പ്രശ്നം കോടതിയിലെത്തി. സാക്ഷിമൊഴി നല്‍കി രാഷ്ട്രീയത്തട്ടിപ്പിന് കരുവായ രണ്ടുപേര്‍ പ്രതിപ്പട്ടികയിലെത്തുമെന്നായി. അങ്ങനെ വന്നപ്പോള്‍ അവര്‍ക്ക് സത്യം പറയേണ്ടിവന്നു. തങ്ങള്‍ ആശുപത്രിയില്‍ പോവുകയോ, ജയരാജനെയും രാജേഷിനെയും കാണുകയോ ചെയ്തിട്ടില്ല എന്നാണ് അവര്‍ ഇപ്പോള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഞങ്ങളുടെ ചില സഹജീവികള്‍ ഇതിനെ "സാക്ഷികളുടെ കൂറുമാറ്റമായി" വ്യാഖ്യാനിച്ചുകണ്ടു. പൊലീസ് കള്ളസാക്ഷികളാക്കിയവര്‍ സത്യം വിളിച്ചുപറയാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തെ അങ്ങനെ ലളിതവല്‍ക്കരിക്കാനാവില്ല.
ഇവിടെ പൊളിഞ്ഞുവീണത്, സിപിഐ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ഭരണാധികാരികളുടെ ഗൂഢാലോചനയാണ്. അതിന് അവര്‍ നീതിപീഠത്തെ ദുരുപയോഗിക്കാന്‍ തയ്യാറായി എന്ന ഞെട്ടിക്കുന്ന സത്യമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പി ജയരാജനെയും രാജേഷിനെയും തുറുങ്കിലടച്ചതിലൂടെ ആ രണ്ടു നേതാക്കള്‍ക്കുമാത്രമല്ല വിഷമതകളുണ്ടായത്. ജയരാജനെ അന്യായമായി അറസ്റ്റ് ചെയ്തപ്പോള്‍, ആ ജനനേതാവിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും നീതിന്യായ വ്യവസ്ഥയെയും ജനാധിപത്യ മൂല്യങ്ങളെയും അംഗീകരിക്കുന്ന സകലരിലും കടുത്ത രോഷമാണുണ്ടായത്. ആ രോഷം ജനങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന അവസ്ഥ വന്നു. നാടാകെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ആ പ്രകടനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമംനടന്നു. നൂറുകണക്കിനാളുകള്‍ക്ക് മര്‍ദനമേറ്റു. ആയിരക്കണക്കിന് കള്ളക്കേസുണ്ടായി. സര്‍ക്കാരിന്റെ അധമപ്രവര്‍ത്തനം നാട്ടിലാകെ അസ്വസ്ഥത വിതച്ച ആ അനുഭവം എളുപ്പം വിസ്മൃതമാകുന്നതല്ല. അതിനെല്ലാറ്റിനും കാരണമായി ഉയര്‍ത്തിക്കാട്ടിയ സാക്ഷിമൊഴികളാണ് ഇപ്പോള്‍ പൊട്ടിച്ചിതറി നാമാവശേഷമായത്. കേസ് കേസിന്റെ വഴിക്കുതന്നെ പോകട്ടെ. പക്ഷേ, ഈ നാണംകെട്ട കള്ളക്കളിക്ക് നേതൃത്വം നല്‍കിയവരെയും കരുവായി കളത്തിലിറങ്ങി കളിച്ചവരെയും വെറുതെ വിട്ടുകൂടാ. കള്ളക്കേസിനായി കഥചമച്ചവര്‍ എത്ര ഉന്നതരായാലും കണക്കുപറയിപ്പിക്കേണ്ടതുണ്ട്. കള്ളക്കഥ പ്രചരിപ്പിച്ച് അത്യാചാരത്തിന് ചൂട്ടുപിടിച്ച മാധ്യമങ്ങളെ ജനസമക്ഷം നഗ്നരാക്കി നിര്‍ത്തേണ്ടതുണ്ട്. ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും വിശ്വാസ്യതയാണ് ഈ അധമവൃത്തിയിലൂടെ ഇവര്‍ ചോദ്യംചെയ്തത്. ഇത് ആവര്‍ത്തിക്കാന്‍ ഇവരെ വിടാതിരിക്കലാണ് ജനാധിപത്യം. സാധാരണ മാനസികാവസ്ഥയുള്ളവരാണെങ്കില്‍, ഇങ്ങനെ തൊലിയുരിക്കപ്പെട്ട നിമിഷത്തില്‍ ഇറങ്ങിപ്പോകേണ്ടതാണ്. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഭരണ-പൊലീസ് തലത്തിലെ ഉന്നതര്‍ അന്തസ്സുണ്ടെങ്കില്‍ അത് ചെയ്യണം. അങ്ങനെയൊരന്തസ്സ് അവര്‍ക്കില്ലാത്ത സ്ഥിതിക്ക്, അവരെ അതിലേക്ക് നയിക്കാനുള്ള കടമ ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.

*
ദേശാഭിമാനി മുഖപ്രസംഗം 16 ഫെബ്രുവരി 2013

Friday, February 15, 2013

ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെ

കണ്ണൂര്‍ ജില്ലയിലെ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന മുസ്ലിംലീഗുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റ്റുചെയ്തപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെ: ""ഷുക്കൂര്‍ വധക്കേസില്‍ പ്രതികളെ ചോദ്യംചെയ്തതിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അറസ്റ്റ് നിയമപരമാണ്. കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അബ്ദുള്‍ ഷുക്കൂറിന്റേത് കൊലപാതകമല്ല, സിപിഎം വധശിക്ഷ നടപ്പാക്കുകയായിരുന്നു"". മലയാളമനോരമ മുഖപ്രസംഗത്തിലൂടെ, ""ഒരു കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്"" എന്നാണ് പി ജയരാജനെയും ടി വി രാജേഷിനെയും സിപിഐ എമ്മിനെയും ഓര്‍മിപ്പിച്ചത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരുപടികൂടി കടന്നാണ് പ്രതികരിച്ചത്. ""നല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ സിപിഎം അണികളെ രംഗത്തിറക്കരുത്. രാഷ്ട്രീയലക്ഷ്യത്തോടെ സിപിഎം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്."" ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആഗസ്ത് രണ്ടിന് മാതൃഭൂമി ഇങ്ങനെയാണ് റിപ്പോര്‍ട്ടുചെയ്തത്.

മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. ആഗസ്ത് 10ന്റെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ അത് വ്യക്തമാകുന്നു. ""മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിക്കാന്‍ ആസ്പത്രിയില്‍ ഗൂഢാലോചന നടന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തടവില്‍ വച്ച ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം പോയത് തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ നിന്നാണെന്നും ആ സമയത്ത് പി. ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും ആസ്പത്രിമുറിയിലുണ്ടായിരുന്നുവെന്നും സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ബോധിപ്പിച്ചു. ആസ്പത്രിയില്‍ നിന്ന് ഫോണ്‍സന്ദേശം പോയതിനെക്കുറിച്ച് പറയുന്ന രണ്ട് സാക്ഷികളുടെ മൊഴികള്‍ കോടതിക്ക് കൈമാറി""

കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ആസഫലി അന്ന് കോടതിയില്‍ ഒരു പ്രബന്ധംതന്നെ രചിച്ചു. ""താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നത്. ഫോട്ടോ പരിശോധിച്ച ശേഷമുള്ള അന്തിമ നിര്‍ദേശമാണ് ആസ്പത്രിയില്‍ നിന്ന് പോയത് എന്നാണ് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നത്. ജയരാജനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധത്തില്‍ സംസ്ഥാനത്തൊട്ടാകെ 2.24 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.... അറസ്റ്റിന്റെ പേരില്‍ ഇത്രയും അതിക്രമം നടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ബാക്കിയുള്ള പ്രതികളുടെ അറസ്റ്റിന് വിഘാതമാകും"" ആസഫലിയുടെ വാദം വിശദമായിത്തന്നെ മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തു. ഇതെല്ലാം കേള്‍ക്കുകയും മാതൃഭൂമി- മനോരമാദി പത്രങ്ങള്‍ വായിക്കുകയും ചെയ്തവര്‍ക്ക് പി ജയരാജന്റെ അറസ്റ്റ് ന്യായമെന്നേ തോന്നൂ. കൊലയാളിപ്പാര്‍ടിയായി, കോടതികൂടി ആളെ കൊല്ലുന്ന പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിച്ചവര്‍ക്ക് സന്തോഷം നല്‍കുന്ന തീര്‍പ്പ് കോടതിയില്‍നിന്ന് വന്നു. കൊച്ചിയില്‍നിന്നുള്ള അന്നത്തെ മാതൃഭൂമി വാര്‍ത്തതന്നെ നോക്കാം: ""ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ ഗൗരവം, അറസ്റ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ എന്നിവ നല്‍കുന്ന സൂചനപ്രകാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ ജാമ്യാപേക്ഷ തള്ളിയിട്ടുള്ളത്. കേസില്‍ 28-ാംപ്രതിയാണ് ജയരാജന്‍.

ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് പാര്‍ട്ടിയുടെ തീരുമാനമാകാം. എന്നാല്‍ അതിന്റെ പേരില്‍ കലാപസമാനമായ സാഹചര്യം സൃഷ്ടിച്ചതും അക്രമം അഴിച്ചുവിട്ടതും പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശം വരുത്തിയതും മാപ്പാക്കുന്നത് സാമൂഹികഭദ്രതയെ ബാധിക്കുമെന്നും നീതിനിര്‍വഹണ, നിയമപാലന സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍."" ഇത്രയും മനസ്സില്‍വച്ചുവേണം തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ പഴയപുരയില്‍ ഹൗസില്‍ മുഹമ്മദ് മകന്‍ പി പി അബു (30) നല്‍കിയ സത്യവാങ്മൂലം പരിശോധിക്കാന്‍. പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെയും ജനങ്ങളെയും ബോധിപ്പിച്ച ഏകകാരണമായ മൊഴി നല്‍കിയ സാക്ഷികളില്‍ ഒന്നാമനാണ് അബു. രണ്ടാമന്‍ മുഹമ്മദ് സാബിര്‍.

""ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനോ മുഹമ്മദ് സാബിറോ പ്രതി ആരോപിക്കുംവിധം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആശയപരമായും കായികമായും അക്രമം നടത്തുന്നതിന് നേതൃത്വം നല്‍കുന്ന സിപിഐ എം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയി എന്നത് തീര്‍ത്തും അസംഭവ്യമാണ്. അന്നേദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തുപോലും ഞാന്‍ പോയിട്ടില്ല. മുഹമ്മദ് സാബിറിനോട് അന്വേഷിച്ചതില്‍ ടിയാനും അന്നേദിവസമോ തുടര്‍ന്നുള്ള ദിവസങ്ങളിലോ സഹകരണ ആശുപത്രിയില്‍ പോയിട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഞാനോ മുഹമ്മദ് സാബിറോ അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തില്‍ ഒരു മൊഴിയും കൊടുത്തിട്ടില്ലാത്തതാണ്. മാത്രമല്ല, ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പരസ്യമായ ആഹ്വാനം കേട്ടിട്ടും ആയത് തടയാന്‍ ഉതകുംവിധം പൊലീസിനെയോ മറ്റു അധികാരികളെയോ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണം എനിക്കെതിരെ ഉന്നയിച്ചത് എനിക്ക് പൊതുജനമധ്യത്തില്‍, പ്രത്യേകിച്ച് ലീഗ് പ്രവര്‍ത്തകരുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. അത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആയത് ബന്ധപ്പെട്ടവരെ അറിയിക്കുകയും അക്രമം തടയുകയും ചെയ്യുമായിരുന്നു.""

ഇത് വെറുതെ പറയുന്നതോ സൗഹൃദസംഭാഷണത്തില്‍ പറഞ്ഞതോ അല്ല. തളിപ്പറമ്പ് മുന്‍സിഫ് കോടതി മുമ്പാകെ സത്യംചെയ്ത് രേഖാമൂലം ബോധിപ്പിച്ച വാക്കുകളാണ്. തങ്ങള്‍ അവിടെ പോയിട്ടില്ല, ഒന്നും അറിഞ്ഞിട്ടില്ല, മൊഴി കൊടുത്തിട്ടില്ല എന്ന്. ഇത്രയും പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം, കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തികഞ്ഞ തട്ടിപ്പുകാരാണ് എന്നാണ്. അവര്‍ നയിക്കുന്ന പൊലീസാകട്ടെ, പരിശീലനം നേടിയ കള്ളന്മാരേക്കാള്‍ നന്നായി കുറ്റകൃത്യം ചെയ്യാനറിയുന്നവരും. അക്രമത്തിന് വരുന്ന പൊലീസുകാര്‍ക്കുനേരെ മുളകുവെള്ളം പ്രയോഗിക്കണം എന്ന ആഹ്വാനം വന്നപ്പോള്‍ "മുളകുവെള്ളം എല്ലാവരുടെയും വീട്ടിലുണ്ടെന്ന് ഓര്‍മവേണം" എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ആ മുളകുവെള്ളം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പ്രയോഗിക്കട്ടെ ഇനി. ബാക്കി വരുന്നത് ഇത്രയേറെ നാണംകെട്ട രീതിയില്‍ കള്ളക്കേസുണ്ടാക്കിയ പൊലീസുകാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്.

അബ്ദുള്‍ ഷുക്കൂറിന്റെ മരണം ആ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ഒന്നാണെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും അറിയാം. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ്, അതിനെ "പാര്‍ട്ടിക്കോടതി" യുടെ വിധി നടപ്പാക്കലാക്കിയത്. അത്തരമൊരു കഥയ്ക്ക് നിയമപരമായ സാധൂകരണമുണ്ടാക്കുക എന്ന ജോലിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന ഉമ്മന്‍ചാണ്ടിയുടെ ഭൃത്യന്‍ ഏറ്റെടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍, കണ്ണൂരിലെ പാര്‍ടിയെ ആക്രമിക്കാനുള്ള വടിയായി അബ്ദുള്‍ ഷുക്കൂറിന്റെ മൃതദേഹമാണ് ഈ നികൃഷ്ടജന്മങ്ങള്‍ ഉപയോഗിച്ചത്. മാര്‍ക്സിസ്റ്റുകാര്‍ക്കെതിരെങ്കില്‍, ഏത് ഉച്ചിഷ്ടവും അമൃതുപോലെ ഭക്ഷിക്കുന്ന ഏതാനും മാധ്യമ വൈതാളികരെ കൂട്ടിന് കിട്ടിയപ്പോള്‍ രണ്ടുമൂന്ന് കേസുകൊണ്ട് ഉത്സവം നടത്താമെന്ന് ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ ധരിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത തൊടുന്യായങ്ങളുയര്‍ത്തി പി ജയരാജനെ അറസ്റ്റുചെയ്ത് ജനരോഷം ക്ഷണിച്ചുവരുത്തി, അതിന്റെ പേരിലും സിപിഐ എമ്മിന് "അക്രമി" പരിവേഷം ചാര്‍ത്തിക്കൊടുത്ത ഈ പടുജന്മങ്ങളുടെ പാപം ഏത് ഗംഗയില്‍ കുളിച്ചാലാണ് തീരുക? എവിടെ കുമ്പസരിച്ചാലാണ് ഇവര്‍ മനുഷ്യരാവുക? സിപിഐ എം എന്ന പാര്‍ടിയോടല്ല, ഒരു നാടിനോടുതന്നെയാണ് ഈ യുദ്ധം. കടല്‍ക്കൊള്ളക്കാരോടോ തസ്കരസംഘങ്ങളോടോ ഉപമിക്കാവുന്ന മാനസികാവസ്ഥയുള്ള ഭരണാധികാരികളും പൊലീസും മാധ്യമസഹായത്തോടെ നീതിന്യായവ്യവസ്ഥയെപ്പോലും സ്വാധീനിക്കുന്ന അനുഭവമാണ്, പി ജയരാജന് ജാമ്യം നിഷേധിച്ചപ്പോഴുണ്ടായത്; ടി വി രാജേഷിനെ തുറുങ്കിലടച്ചപ്പോഴുണ്ടായത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാഷ്ട്രീയംകൊണ്ടാകണം. അതാണ് മനുഷ്യരുടെ സംസ്കാരം. ഇവിടെ മൃഗങ്ങളുടെ സ്വഭാവമാണ് യുഡിഎഫ് ഭരണത്തിന്റേത്. ഒരു ഫസല്‍ വധക്കേസ് പൊക്കിക്കൊണ്ടുവന്ന്, അപസര്‍പ്പകകഥകളെ വെല്ലുന്ന കഥകളുണ്ടാക്കി, സിബിഐയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിച്ചു. ഫസലിന്റെയും ഷുക്കൂറിന്റെയും പേര് കൂട്ടിക്കെട്ടി വര്‍ഗീയപരിവേഷം സൃഷ്ടിച്ചു. മുസ്ലിംലീഗ് എന്ന പാര്‍ടി മറയില്ലാതെ വര്‍ഗീയപ്രചാരണത്തിന് നേതൃത്വം നല്‍കി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പശ്ചാത്തലംകൂടി ഉപയോഗിച്ച്, വടക്കെമലബാറില്‍ സിപിഐ എമ്മിന്റെ തായ്വേര് പിഴുതെറിയാമെന്നാണ് കണക്കുകൂട്ടിയത്. അന്തസ്സായി പൊതുപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റ്റുകാരെ, "കാരായി"മാരെന്നും കൊലയാളികളെന്നും അവജ്ഞയോടെ വിശേഷിപ്പിച്ച്, കള്ളക്കേസുകളില്‍ കുടുക്കി തുറുങ്കിലടച്ചവരുടെ യഥാര്‍ഥ മുഖം ജനങ്ങളില്‍നിന്ന് സമര്‍ഥമായി മറച്ചുപിടിക്കാന്‍ ഒരുപറ്റം മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ പ്രവര്‍ത്തിച്ചത് കഥയുടെ മറക്കാനാകാത്ത മറ്റൊരു വശമാണ്.

ഇപ്പോഴിതാ, കള്ളം പച്ചയ്ക്ക് തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും.

*
പി എം മനോജ് ദേശാഭിമാനി 15 ഫെബ്രുവരി 2013

Thursday, February 14, 2013

നിയമം ഒന്ന്, നീതി രണ്ട്

സുപ്രീംകോടതിയുടെ ഇരുളടഞ്ഞ മുറിയില്‍ മാറാല പിടിച്ചുകിടന്ന സൂര്യനെല്ലിക്കേസ് വീണ്ടും ചര്‍ച്ചയായത് ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ കൂട്ടബലാല്‍സംഗത്തിന്റെയും തുടര്‍ന്ന് രാജ്യത്ത് അണപൊട്ടിയൊഴുകിയ ജനകീയപ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിലാണ്. സൂര്യനെല്ലിക്കേസില്‍ ഒന്നൊഴികെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി കണ്ട് ഞെട്ടിപ്പോയി എന്നാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പ്രതികരിച്ചത്. പൊതുസമൂഹത്തിന് മുമ്പില്‍ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും കരിനിഴലില്‍ കഴിഞ്ഞ ഇരയുടെയും കുടുംബത്തിന്റെയും അഭിമാനമാണ് സുപ്രീംകോടതി വിധി വഴി ഉയര്‍ത്തിപ്പിടിച്ചത്. ഇരയുടെ സംരക്ഷണത്തിന് മറ്റാരേക്കാളും മുന്നിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച യുപിഎ സര്‍ക്കാരിന്റെ മുഖത്തേല്‍ക്കുന്ന കനത്ത പ്രഹരമാണ് രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന് എതിരായി വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍. കാണാമറയത്തിരുന്ന് ചരടുവലിക്കുന്ന തല്‍പ്പരകക്ഷികളുടെ സ്വാധീനത്തിന്റെ വല പൊട്ടിച്ച് പുറത്തുവരുന്ന തെളിവുകള്‍ കുര്യന്റെ നിരപരാധിത്വത്തിന്റെ കപടമുഖം പിച്ചിച്ചീന്തുന്നു. തെറ്റുപറ്റുക മനുഷ്യസഹജമാണ്. ന്യായാധിപരും മനുഷ്യരാണ്, ഇവര്‍ക്കും തെറ്റുപറ്റാം. അതുകൊണ്ടാണ് കോടതികള്‍ക്ക് തെറ്റുപറ്റുമ്പോഴും നീതി നിഷേധിക്കപ്പെടുമ്പോഴും തിരുത്തുന്നതിനുള്ള പുനഃപരിശോധനയുടെയും മേല്‍നോട്ടത്തിന്റെയും അധികാരാവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്. സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വാദം കേട്ട ഉടന്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. അപ്പോള്‍, നിയമപരമായി നിലനില്‍പ്പില്ലാതായ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ മറവില്‍ രക്ഷപ്പെടാനുള്ള കുര്യന്റെ ശ്രമം പാളിപ്പോകുന്നു.

ഇതിന്റെ വിശദാംശത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇപ്പോള്‍ നടക്കുന്ന അഞ്ചേരി ബേബി, കെ ടി ജയകൃഷ്ണന്‍ വധക്കേസുകളുടെ പുനരന്വേഷണത്തിന്റെ തിരക്കഥയിലേക്ക് ഒന്ന് കണ്ണോടിക്കാം. ഇടുക്കിയില്‍ അഞ്ചേരി ബേബിയുടെ മരണത്തെതുടര്‍ന്ന് മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള അഞ്ചുപ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന്‍ തെളിവ് ഹാജരാക്കി. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം കേസില്‍ ആരോപിച്ച പങ്കിനെ സംബന്ധിച്ചും കൂടുതലായി മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനും അവസരം നല്‍കി മൊഴി എടുത്തതാണ്. ഈ സന്ദര്‍ഭത്തില്‍ മോഹന്‍ദാസ് മറ്റെന്തെങ്കിലും വിവരം തനിക്ക് അറിയാമെന്ന് കോടതിയില്‍ പറഞ്ഞില്ല. തെളിവുകളുടെ അഭാവത്തില്‍ അഞ്ചു പ്രതികളെയും വിട്ടയച്ചു. പിന്നീട് സ്വഭാവദൂഷ്യം കാരണം സിപിഐ എമ്മില്‍നിന്ന് മോഹന്‍ദാസിനെ പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി, ജെഎസ്എസ് പാര്‍ടികളില്‍ പലപ്പോഴായി ചേക്കേറിയെങ്കിലും അവരും പുറത്താക്കി. തുടര്‍ന്ന് വനവാസത്തിലായിരുന്ന മോഹന്‍ദാസ് ഒരു സുപ്രഭാതത്തില്‍ യുഡിഎഫ് സര്‍ക്കാരിന് വിശ്വസ്തനായി മാറിയതിനു പിന്നിലെ കഥകള്‍ ഏവര്‍ക്കും അറിവുള്ളതാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഏത് ഹീനമാര്‍ഗത്തിലും വിജയിക്കുന്നതിന് കച്ചകെട്ടിയിറങ്ങിയ യുഡിഎഫ്, എം എം മണി നടത്തിയ പ്രസംഗം വളച്ചൊടിച്ചു നടത്തിയ കോലാഹലം ആരും മറന്നിട്ടില്ല. അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിക്കെതിരായി മോഹന്‍ദാസിനെക്കൊണ്ട് മൊഴി നല്‍കിക്കുകയും പുനരന്വേഷണത്തിന് വഴിയൊരുക്കി കല്‍ത്തുറുങ്കില്‍ അടയ്ക്കുകയുമായിരുന്നു. വിശ്വാസ്യതയുടെ കണികപോലുമില്ലാത്ത മോഹന്‍ദാസിന്റെ മൊഴിയുടെ പിന്‍ബലത്തില്‍, കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന് എം എം മണിയെ പുറത്തുവിടാന്‍ പാടില്ലായെന്ന് ജാമ്യാപേക്ഷയുടെ ഓരോ ഘട്ടത്തിലും പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. എന്നാല്‍, അന്വേഷണം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഒരു തെളിവും ശേഖരിക്കാന്‍ കഴിഞ്ഞില്ല. തന്നെ കള്ളക്കേസില്‍ കുരുക്കിയത് നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്ന് പരാതിപ്പെട്ടപ്പോള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും വിചാരണവേളയില്‍ ഇതെല്ലാം ഉന്നയിക്കുന്നതിന് പ്രതിക്ക് അവകാശമുണ്ടെന്നും അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചത്.

കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ കേസിലും പുനരന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒരു പ്രതിയുടെ മൊഴി എന്ന രൂപത്തില്‍ കോടതിയില്‍ ഹാജരാക്കിയ രേഖയുടെ പിന്‍ബലത്തിലാണ് പുനരന്വേഷണം നടത്തുന്നത്. എന്നാല്‍, ഇപ്രകാരം താന്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് തന്നെ ഭീകരമായി മര്‍ദിച്ചകാര്യവും പ്രതി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഈ രണ്ട് കേസിലും ധൃതിപിടിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ട യുഡിഎഫ് സര്‍ക്കാര്‍ പി ജെ കുര്യനെ രക്ഷപ്പെടുത്താന്‍ പെടാപ്പാട് പെടുകയാണ്.

എന്നാല്‍, സൂര്യനെല്ലിക്കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഇദ്ദേഹത്തിന്റെ പങ്ക് പകല്‍പോലെ വ്യക്തമാണ്. 1996 ജനുവരി, ഫെബ്രുവരി മാസത്തിലാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 40 പ്രതികളുള്ള കേസില്‍ 35 പ്രതികളെയും ശിക്ഷിച്ച് സ്പെഷ്യല്‍ കോടതി വിധി പ്രസ്താവിച്ചു. അതിനുശേഷം കോടതിയില്‍ ഹാജരായ ധര്‍മരാജന്റെ കേസ് പ്രത്യേക നമ്പരിട്ട് വിചാരണ പൂര്‍ത്തിയാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീല്‍ ഫയല്‍ചെയ്തു. കോടതി എല്ലാ അപ്പീലുകളും ഒരുമിച്ച് കേട്ട് തെളിവ് വിശകലനംചെയ്ത് ഇരയ്ക്കെതിരായ വിവാദ വിധി പ്രഖ്യാപിക്കുകയും ധര്‍മരാജനൊഴികെ എല്ലാവരെയും വെറുതെ വിടുകയുംചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ധര്‍മരാജന് അഞ്ചു വര്‍ഷത്തെ തടവ് മാത്രം ശിക്ഷവിധിച്ചു. ഈ വിധിയാണ് സുപ്രീം കോടതി ഇപ്പോള്‍ റദ്ദാക്കിയത്. സുപ്രീംകോടതിയുടെ ഈ വിധി കുര്യനെയും പ്രതികൂലമായി ബാധിക്കും. ഒരു പ്രതിയുടെമാത്രം കേസില്‍ ഹാജരാക്കിയ കത്തിന്റെ പിന്‍ബലത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട നടപടി നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടു. ബന്ധപ്പെടാന്‍ ഒരാള്‍ക്ക് ഇര സമ്മതംകൊടുത്തു എന്ന് നിഗമനത്തിലെത്തുകയും അതിന്റെ ആനുകൂല്യം മറ്റ് 35 പ്രതികള്‍ക്കും നല്‍കിയ ഡിവിഷന്‍ ബെഞ്ചിന്റെ ക്രമവിരുദ്ധനടപടി സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് 45 ദിവസം ബന്ധപ്പെടാന്‍ 16 വയസ്സ് തികയാത്ത പെണ്‍കുട്ടി സമ്മതം കൊടുത്തു എന്ന ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ സുപ്രീംകോടതിയെ ഞെട്ടിച്ചു.

പൊലീസ് അന്വേഷണത്തിന്റെയും കോടതി നടപടികളുടെയും രേഖകള്‍ പരിശോധിക്കുമ്പോള്‍ കുര്യന്റെ മുഖം കൂടുതല്‍ വികൃതമാകുന്നു. കുര്യനെ കുറ്റവിമുക്തമാക്കി 2007 ഏപ്രില്‍ 21 നാണ് കേരളാ ഹൈക്കോടതിയിലെ ഏകാംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഈ ഉത്തരവില്‍ കുര്യന്റെ നിരപരാധിത്വത്തിന് കോടതി പ്രധാനമായും ആശ്രയിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേക അനുവാദ ഹര്‍ജി തള്ളുന്നതിന് അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അടങ്ങുന്ന ബെഞ്ച് കണ്ടുപിടിച്ച ന്യായം പെണ്‍കുട്ടിയുടെ സ്വകാര്യ അന്യായം തള്ളിയതിന് കേരള സര്‍ക്കാരിന് എന്താണ് നഷ്ടം എന്നതായിരുന്നു. 42 പ്രതികള്‍ ഉള്ള കേസില്‍ 36 പേരും ശിക്ഷയ്ക്ക് വിധേയമായത് കേരളാ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ്. ഈ കേസിലെ ഒരു പ്രതിയാണ് കൗശലപൂര്‍വം നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. ഇതില്‍ പരാതിപ്പെടാന്‍ മറ്റാരേക്കാളും അര്‍ഹത കേരള സര്‍ക്കാരിനാണെന്ന ന്യായം സുപ്രീം കോടതിക്ക് കണ്ടെത്താന്‍ കഴിയാതിരുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിലാകും. കുര്യനെതിരായ അന്വേഷണത്തിന് കൂടുതല്‍ ബലം നല്‍കുന്നത് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിയാണ്. കാരണം കുര്യനെ കുറ്റവിമുക്തനാക്കാന്‍ ഹൈക്കോടതിയിലെ എകാംഗ ബെഞ്ച് കണ്ടെത്തിയ സുപ്രധാന ന്യായം ഡിവിഷന്‍ ബെഞ്ചിന്റെ വിധിയാണ്. കുര്യന്‍ തന്റെ നിരപരാധിത്വത്തിന്റെ സൗധം പണിതുയര്‍ത്തിയത് ഈ വിധിയുടെ അടിത്തറയിലാണ്. സുപ്രീം കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിത്തറയാണ് പൊളിച്ചുമാറ്റിയത്. ഫലം കുര്യന്റെ നിരപരാധിത്വം വെളിവാക്കുന്ന ഏകാംഗ ബെഞ്ചിന്റെ കണ്ടെത്തലുകളുടെ തകര്‍ച്ചയാണ്.

അലീബി വാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുര്യന്‍ മൂടിവയ്ക്കുന്ന ചില വസ്തുതകളുണ്ട്. സംഭവസമയം പ്രതി മറ്റൊരിടത്താണ് എന്ന വാദം ഉയര്‍ത്തുമ്പോള്‍ അത് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണ്. എന്നാല്‍, സൂര്യനെല്ലിക്കേസില്‍ കുര്യന്റെ അലീബിവാദം തെളിയിക്കാനുള്ള ബാധ്യത എന്തുകൊണ്ട് അന്വേഷണസംഘം സ്വയം ഏറ്റെടുത്തു? സംഭവദിവസം ഏഴുമണിക്ക് കുമളിയിലെത്താന്‍ കഴിയാത്തവിധം കുര്യന്‍ തിരുവല്ലയിലായിരുന്നുവെന്ന് തെളിയിക്കുന്നതിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, തിരുവല്ലയിലെ ഇടിക്കുള, കെ എസ് രാജന്‍ എന്നിവരുടെ മൊഴിയെയാണ് ആശ്രയിക്കുന്നത്. ഇവരുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടത് കോടതിയാണ്, പൊലീസുദ്യോഗസ്ഥരല്ല. ഇപ്പോള്‍ ഇടിക്കുളയുടെ ഭാര്യ ഒരു പതര്‍ച്ചയുമില്ലാതെയാണ് സംഭവദിവസം കുര്യന്‍ അഞ്ചുമണിക്ക് മുമ്പ് തങ്ങളുടെ വീട്ടില്‍നിന്ന് പോയെന്ന് തുറന്നുപറഞ്ഞത്. ഇതേ അഭിപ്രായം കെ എസ് രാജനും പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോള്‍ രംഗത്തുവന്നു. മാത്രമല്ല, കേസിലെ പ്രതിയായ ധര്‍മരാജനും കുര്യനെതിരായ വെളിപ്പെടുത്തല്‍ നടത്തി. അതുകൊണ്ടുതന്നെ ആരുവിചാരിച്ചാലും കുര്യനെതിരായ അന്വേഷണത്തെ തടയാനും സത്യത്തെ കുഴിച്ചുമൂടാനും കഴിയില്ല.

ഈ സാഹചര്യത്തില്‍ രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭകളില്‍ ഒന്നായ രാജ്യസഭയുടെ ഉപാധ്യക്ഷ സ്ഥാനത്ത് കളങ്കിതനായ കുര്യന്‍ ഇരിക്കുന്നത് നാടിനും നിയമവാഴ്ചയ്ക്കും അപമാനമാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണക്കേസുകളില്‍ ഇരയുടെ മൊഴിമാത്രം കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷവരെ നല്‍കാമെന്ന നിയമം പാസാക്കാനുള്ള ചര്‍ച്ച രാജ്യസഭയില്‍ നടക്കുമ്പോള്‍ അധ്യക്ഷവേദിയില്‍ കുര്യന്‍ ഇരിക്കുന്നത് ലോകത്തിനുമുമ്പില്‍ ഇന്ത്യയെ നാണംകെടുത്തും. കുര്യനെ തല്‍സ്ഥാനത്തുനിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടതാണ്. അദ്ദേഹത്തിനെതിരായ കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് പുനരന്വേഷിക്കുകയും വേണം.

*
അഡ്വക്കറ്റ് ബി. രാജേന്ദ്രന്‍ ദേശാഭിമാനി 14 ഫെബ്രുവരി 2013

Saturday, September 15, 2012

എങ്ങനെവന്നു പൊലീസിന് ഈ അഹന്ത?

വ്യാഴാഴ്ച കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജൂബിലി സമ്മേളനം നടന്നു. അത് ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മലയാളപത്രങ്ങള്‍ നല്‍കിയ സംഭാവന നിസ്തുലമാണെന്ന് പ്രകീര്‍ത്തിച്ചു. ""ഊര്‍ജസ്വലവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് കേരളത്തിലുള്ളത്. ഒരുലക്ഷത്തിലധികം പ്രചാരമുള്ള 10 പത്രങ്ങള്‍ ഇവിടെയുണ്ട്. സമൂഹത്തെയും ഭരണസംവിധാനത്തെയും നിലനിര്‍ത്തുന്നതിന് സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണവുമായ മാധ്യമപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്"" എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമ്മേളനം വൈകിട്ട് ഒരു പ്രമേയം പാസാക്കി. അതില്‍, "വാര്‍ത്ത എഴുതിയതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെയും പ്രകടനം നടത്തിയ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കെതിരെയും വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്യാന്‍ പോയ തലശേരി ലേഖകന്‍ പി ദിനേശന്‍പൊലീസിനെ ആക്രമിച്ചു എന്നാരോപിച്ചും എടുത്ത കേസുകള്‍ പിന്‍വലിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കും." എന്നാണ് വ്യക്തമാക്കുന്നത്.

കേരളത്തിലെ മാധ്യമരംഗം എത്തിനില്‍ക്കുന്ന സവിശേഷസാഹചര്യമാണ് ഈ പ്രമേയത്തില്‍ തെളിയുന്നത്. കേസുകളെല്ലാം ഒരു ലക്ഷ്യത്തിലേക്കാണ്; ദേശാഭിമാനിക്കും ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കുമെതിരെ. ദേശാഭിമാനി സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ മുഖപത്രമാണ്. കേരള നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയും സംസ്ഥാനത്ത് ഏറ്റവുമധികം ജനപിന്തുണയുള്ള പ്രസ്ഥാനവുമാണത്. ഇടതുപക്ഷത്തെ നയിക്കുന്ന, അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ കരുത്തന്‍ പോരാട്ടം നയിക്കുന്ന സിപിഐ എം സ്വാഭാവികമായും ഭരണാധികാരികളുടെ കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഭരണകൂടത്തിന്റെ സകല മര്‍ദനസംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നു. അതിന്റെ ഭാഗമായാണ് ദേശാഭിമാനിക്കെതിരായ യുദ്ധം.

ദേശാഭിമാനി അധാര്‍മികമായി പ്രവര്‍ത്തിച്ചിട്ടില്ല; അസത്യജടിലമായ വാര്‍ത്തയെഴുതിയിട്ടില്ല; നിയമലംഘനം നടത്തിയിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് രാഷ്ട്രീയ ആയുധമായി വലതുപക്ഷം ഉപയോഗിച്ചപ്പോള്‍, സത്യത്തിനും നീതിക്കും നിരക്കാത്ത പ്രവൃത്തികളെ തുറന്നുകാട്ടി. പൊലീസ് നിയമം ലംഘിക്കുന്നുവെന്നും വ്യാജവാര്‍ത്തകള്‍ വലതുപക്ഷമാധ്യമങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നുവെന്നും തെളിവുസഹിതം സമര്‍ഥിച്ചു. ദേശാഭിമാനിയുടെ ആ വാര്‍ത്ത തെറ്റാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചു.

ഭരണകക്ഷിയുടെ കോടാലിക്കൈകളായി അധഃപതിച്ച ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്, അവര്‍ ചെയ്ത പാതകങ്ങള്‍ തുറന്നുകാട്ടുന്ന വാര്‍ത്തകള്‍ വിഷമം സൃഷ്ടിച്ചിട്ടുണ്ടാകാം. അതില്‍ അവര്‍ പ്രതികരിച്ചത്, ദേശാഭിമാനിക്കെതിരെ കേസെടുത്തുകൊണ്ടാണ്. എത്ര വലിയ കേസുകള്‍ വന്നാലും വധശിക്ഷ വിധിച്ചാലും നേരിനും നീതിക്കുംവേണ്ടിയുള്ള സമരത്തില്‍നിന്ന് അണുകിട പിന്നോട്ടുപോകില്ല എന്ന സമീപനമാണ് ആ കേസിനോട് ദേശാഭിമാനി എടുത്തത്. സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ക്ക് കാലഹരണപ്പെട്ട ചെമ്പുനാണയത്തിന്റെ വിലപോലുമില്ല എന്നാണ് പിന്നീട് തെളിഞ്ഞത്. ദേശാഭിമാനിക്കെതിരെ കേസില്ല എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അച്ചടിച്ച കടലാസിലെ മഷിയുണങ്ങുംമുമ്പാണ്, "കേസുണ്ട്; എപ്പോള്‍ ഹാജരാകണമെന്ന് പിന്നീട് അറിയിക്കാം" എന്ന് ദേശാഭിമാനി ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെ വടകരയിലെ പൊലീസ് ഇന്‍സ്പെക്ടര്‍ രേഖാമൂലം അറിയിച്ചത്. ഒരു പടികൂടി കടന്ന്, മോഹന്‍ദാസ് ചോദ്യം ചെയ്യാന്‍ ഹാജരാകുമ്പോള്‍ മുദ്രാവാക്യം വിളിച്ച് അനുഗമിച്ച ദേശാഭിമാനി പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസെടുക്കാനും യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ്ഭൃത്യര്‍ തയ്യാറായി. അത്രയൊക്കെ ചെയ്തിട്ടും പൊലീസിന് മതിവന്നില്ല എന്നാണ് തലശേരിയിലെ സംഭവം തെളിയിക്കുന്നത്.

മാധ്യമസ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൊച്ചിയില്‍ വാചാലനാകുമ്പോള്‍, തലശേരിയില്‍ ഒരു പത്രപ്രവര്‍ത്തകനെ തങ്ങള്‍ക്ക്് ഇഷ്ടപ്പെടാത്ത വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അക്രമിയെന്ന ലേബലടിച്ച് തുറുങ്കിലടയ്ക്കാനുള്ള വ്യാജറിപ്പോര്‍ട്ടുമായി കോടതിയിലേക്ക് ചെല്ലുകയായിരുന്നു പൊലീസ്. ദേശാഭിമാനി തലശേരി ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി ദിനേശന്‍ മയ്യഴി പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരിക്കെയാണ് പത്രപ്രവര്‍ത്തനരംഗത്തെത്തിയത്. പോണ്ടിച്ചേരി നിയമസഭയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ദിനേശന്‍ ആ മേഖലയിലാകെ കക്ഷിരാഷ്ട്രീയത്തിനതീതമായി അംഗീകാരമുള്ള വ്യക്തിയുമാണ്. അദ്ദേഹം മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ കടമ നിറവേറ്റുക എന്ന "കുറ്റം" മാത്രമേ ചെയ്തിട്ടുള്ളൂ. ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം കൃത്രിമമായി ചുമത്തി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിച്ച് ആഗസ്ത് ഒന്നിന് പാര്‍ടി പ്രവര്‍ത്തകര്‍ തലശേരി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ദിനേശന്‍ മറ്റു മാധ്യമപ്രവര്‍ത്തകരോടും ഫോട്ടോഗ്രാഫര്‍മാരോടുമൊപ്പമാണ് പോയത്. അവിടെ നടന്ന കാര്യങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തു.

""പ്രകടനം നടത്തിയ സ്ത്രീകളെ പുരുഷപൊലീസുകാര്‍ ലാത്തിച്ചാര്‍ജ്ചെയ്തത് നിയമവിരുദ്ധമായി. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തിയാണ് തലശേരി സിഐ എം പി വിനോദും സംഘവും സ്ത്രീകളെ കടന്നാക്രമിച്ച് അപമാനിച്ചത്.....പ്രകടനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷമാണ് സ്ത്രീകളെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചത്. നെയിംപ്ലേറ്റ് അഴിച്ചുമാറ്റിയ കെഎപിക്കാരെ ഉപയോഗിച്ചാണ് ഈ നിയമവിരുദ്ധപ്രവര്‍ത്തനം സിഐ ചെയ്യിച്ചത്."" ഈ വാര്‍ത്ത പത്രത്തില്‍ വന്നതോടെയാണ് പൊലീസ് മേലാളന്മാര്‍ക്ക് ദിനേശനെയും കേസില്‍ പെടുത്തണമെന്ന് തോന്നിയത്. അതിനുമുമ്പുതന്നെ പൊലീസിന്റെ മൂന്നാംമുറകള്‍ തുറന്നുകാട്ടുന്ന ചില വാര്‍ത്തകള്‍ തലശേരി ബ്യൂറോയില്‍നിന്നുണ്ടായിരുന്നു. അതിലൊന്നില്‍, പിണറായി സ്വദേശി വത്സന് ഏല്‍ക്കേണ്ടിവന്ന ക്രൂരമര്‍ദനത്തെക്കുറിച്ച് വിവരിക്കുന്നു. ""തലശേരി സിഐ ഓഫീസിലെ പ്രത്യേക മുറിയിലിട്ടാണ് കൈ അടിച്ചൊടിച്ചത്. കൈകള്‍ പിന്നിലോട്ട് തിരിച്ചുപിടിച്ച ശേഷം എല്ലുപൊട്ടുംവരെ അടിക്കുകയായിരുന്നു. രണ്ടുകൈയും അടിച്ചൊടിക്കാനായിരുന്നു ശ്രമം. ഒരുകൈയുടെ എല്ലുപൊട്ടിയിട്ടും അവര്‍ അടി നിര്‍ത്തിയില്ല"- ഇ വത്സന്‍ സിപിഐ എം നേതാക്കള്‍ക്കുമുന്നില്‍ വിങ്ങിപ്പൊട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ വിശദീകരിക്കുന്നു. പൊലീസിന്റെ ഭീകരതയെക്കുറിച്ച് വാര്‍ത്തയെഴുതിയ ദേശാഭിമാനി ലേഖകനെ വിടില്ല എന്ന ഭീഷണി തലശേരിയിലെ സിഐ വിനോദ് പലതവണയായി പലര്‍ മുഖേന ദിനേശന്റെ ചെവിയിലെത്തിച്ചു. അതിന് വഴങ്ങില്ല എന്നുവന്നപ്പോഴാണ്, നിയമവിരുദ്ധമായി സംഘം ചേരല്‍ (ഐപിസി 143), ലഹളയുണ്ടാക്കല്‍ (147), ആയുധമുപയോഗിച്ച് ലഹളയുണ്ടാക്കല്‍ (148), അസഭ്യം പറയല്‍ (294ബി), ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ (353), പൊലീസിനെ ശാരീരികമായി പരിക്കേല്‍പ്പിക്കല്‍ (332), കലാപം നടത്താനുള്ള സംഘത്തില്‍ അംഗമാകല്‍ (149) എന്നീ വകുപ്പുകള്‍ ചുമത്തി ദിനേശനെ പ്രതിസ്ഥാനത്തെത്തിച്ചത്. ഇത് അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടാകാത്ത അനുഭവമാണ്. വിവരശൂന്യനായ ഒരു ഇന്‍സ്പെക്ടറുടെ പ്രതികാരനടപടിയായി ഇതിനെ ചുരുക്കിക്കണ്ടുകൂടാ. ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടപ്പാക്കുകയും ചെയ്യുന്ന പൊലീസ് നയത്തിന്റെ പ്രയോഗമാണിത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പത്രത്തിന്റെ പ്രധാന റിപ്പോര്‍ട്ടറെ അദ്ദേഹം റിപ്പോര്‍ട്ടുചെയ്യാന്‍ പോയ സംഭവത്തെ സംബന്ധിച്ച കേസില്‍ പ്രതിയാക്കാന്‍ ഒരു ഇന്‍സ്പെക്ടര്‍ക്ക് തോന്നുന്നുവെങ്കില്‍ അത് സാധാരണ തോന്നലല്ല. കാക്കിയിട്ടാല്‍ ആരുടെയും നെഞ്ചത്തുകയറാമെന്ന തോന്നല്‍ മതിഭ്രമമാണ്. അത്തരം മതിഭ്രമമുള്ളവരാക്കി പൊലീസ് സേനയെ മാറ്റിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് ഇത്തരം അതിക്രമങ്ങളെ നേരിടാന്‍ മടിയോ പതര്‍ച്ചയോ ഇല്ല. അതിനപ്പുറം, മാധ്യമസമൂഹമാകെ; ജനാധിപത്യസമൂഹമാകെ പരിശോധിക്കേണ്ട വിഷയമാണിത്. പത്രപ്രവര്‍ത്തക യൂണിയന്‍ സമരാഹ്വാനം നടത്തിയത് ആ തിരിച്ചറിവില്‍നിന്നാണ് എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. ഇന്ന് ദേശാഭിമാനിക്കെതിരെ നടക്കുന്ന ആക്രമണം നാളെ മറ്റാര്‍ക്കെതിരെയും വരാം. ഇന്ന് രാഷ്ട്രീയ അപസ്മാരം ബാധിച്ച് ദേശാഭിമാനിക്കും സിപിഐ എമ്മിനുമെതിരെ അട്ടഹസിക്കുന്നവര്‍ക്കും ഈ അവസ്ഥ വരാം. ദിനേശനെതിരായ കേസ് കൂടുതല്‍ ചര്‍ച്ചയ്ക്കും പ്രതികരണത്തിനും വിഷയമാകേണ്ടതിന്റെ ആവശ്യകത അവിടെയാണ്. ഇന്ന് ദിനേശനെ ജയിലിലടയ്ക്കുന്നത് നോക്കിനില്‍ക്കുന്നവരെത്തേടിയാകും നാളെ ലക്കുകെട്ട പൊലീസിന്റെ കറുത്ത കൈകള്‍ നീളുന്നത്. അന്ന് അതിനെതിരായ സമരത്തിലും ദേശാഭിമാനി പ്രവര്‍ത്തകര്‍ മുന്നില്‍ത്തന്നെയുണ്ടാകും.

*
പി എം മനോജ് ദേശാഭിമാനി 15 സെപ്തംബര്‍ 2012

Sunday, September 2, 2012

118-ാം വകുപ്പ്: കേരള പൊലീസിന്റെ കടലാസുപുലി

ശിക്ഷാനിയമങ്ങള്‍ക്ക് പുതുവ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന കാര്യത്തില്‍ കേരള പൊലീസ് എല്ലാ പരിമിതികളും ലംഘിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പിന്റെ പുത്തന്‍ വ്യാഖ്യാനമാണ് നിയമഭണ്ഡാഗാരത്തിലേക്കുള്ള കേരള പൊലീസിന്റെ ഏറ്റവും ഒടുവിലത്തെ സംഭാവന. രാഷ്ട്രീയ യജമാനന്മാരുടെ ശത്രു വൃന്ദത്തിലെ നേതാവിന് മറ്റൊരാള്‍ ചെയ്യാന്‍ ഉദ്ദേശിച്ചതായ കുറ്റകൃത്യത്തെപ്പറ്റി മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്നും ആ അറിവ് പൊലീസിന് കൈമാറിയില്ല എന്നും ആരോപിച്ച് പിടിച്ച് അകത്തിടാം. ഇതൊരു രാഷ്ട്രീയ വിവാദത്തിന് അനുയോജ്യമായ വിഷയമായിരിക്കാം. പക്ഷേ, അത് നീതിന്യായ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതിന് മുമ്പ് പ്രഥമദൃഷ്ട്യാ കേസിന് യോജിച്ചതാണോ എന്ന പരിശോധന അത്യന്താപേക്ഷിതമാണ്. എന്നാല്‍, പൊലീസ് അത് ചെയ്യുന്നില്ല. നേരിട്ട് അറിവ് ഉണ്ടായിരുന്നു എന്നുള്ളത് തെളിയിക്കാന്‍ സാധിക്കില്ല.

പ്രതിയെ ശിക്ഷിക്കാന്‍ ഏതൊരു കുറ്റകൃത്യവും സംശയാതീതമായി കോടതിയില്‍ തെളിയിക്കേണ്ടതുണ്ട്. 118-ാം വകുപ്പ്, കുറ്റകൃത്യത്തെപ്പറ്റി അറിവ് ഉണ്ടായിരുന്നു എന്നുള്ളതുമാത്രമല്ല, മറിച്ച് കുറ്റകൃത്യത്തിന്റെ നിര്‍വഹണപദ്ധതിയും കൂടി അറിഞ്ഞിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ നിര്‍വഹണപദ്ധതിയെപ്പറ്റി അറിഞ്ഞിരിക്കണമെന്നത് വളരെ പ്രാധാന്യമുള്ളതാണ്. കുറ്റത്തിന്റെ ഒരുക്കം മുതല്‍ നിര്‍വഹണംവരെ ഉള്ള കാര്യങ്ങളും സൂക്ഷ്മമായി അറിയുക എന്നുള്ളത് തന്നെയാണ് അത്. അറിഞ്ഞിട്ടും പുറത്തു പറഞ്ഞില്ല എന്നുള്ളത് 118-ാം വകുപ്പനുസരിച്ച് കുറ്റകൃത്യമല്ല. കുറ്റകൃത്യ നിര്‍വഹണത്തിന് സഹായകരമാവുക എന്നുള്ള നിലയില്‍ വിവരം മറച്ചുവച്ചാല്‍ മാത്രമേ കുറ്റകരമാവുകയുള്ളൂ. സഹായകമാവുക എന്നുള്ളതിന് കുറ്റകൃത്യത്തിന് ഇടംനല്‍കുക എന്നും, കുറ്റകൃത്യം സാധ്യമാക്കുക എന്നും കൂടിയാണ് അര്‍ഥം. അതിനാല്‍ വിവരം മറച്ചുപിടിച്ചത് കുറ്റകൃത്യത്തിന് എങ്ങനെ ഇടംനല്‍കി എന്നും കുറ്റകൃത്യം എങ്ങനെ സാധ്യമാക്കി എന്നുകൂടി സ്ഥാപിക്കേണ്ടതുണ്ട്. തമ്മില്‍ സംസാരിച്ചു എന്നുള്ളത് 118-ാം വകുപ്പനുസരിച്ച് കുറ്റകൃത്യമാവുന്നില്ല. കുറ്റകൃത്യത്തിന്റെ വിശദമായ പദ്ധതി പങ്കുവച്ചുവെന്നും അത് എങ്ങിനെ മറച്ചുവച്ചുവെന്നും ആ നടപടി കുറ്റകൃത്യനിര്‍വഹണത്തിന് എപ്രകാരം സഹായകരമായി എന്നുള്ളതും 118-ാം വകുപ്പ് പ്രകാരമുള്ള നടപടികളില്‍ തെളിയിക്കേണ്ട സംഗതികളാണ്. ഒരു സ്ഥലത്ത് കൊള്ള നടക്കുന്നു എന്ന് മുന്‍കൂട്ടി അറിവ് ഉള്ള ഒരാള്‍, സ്ഥലം മാറ്റിപറഞ്ഞ് അധികൃതരുടെ ശ്രദ്ധ മറ്റൊരിടത്തേക്ക് തിരിച്ചുവിട്ട് ആദ്യസ്ഥലത്ത് നടക്കുന്ന കൊള്ള സാധ്യമാക്കുന്നതിനു വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിച്ചാല്‍ അയാള്‍ 118-ാം വകുപ്പനുസരിച്ച് കുറ്റവാളിയും ശിക്ഷാര്‍ഹനുമാണ്. നിര്‍വഹണപദ്ധതിയെപ്പറ്റി അറിയുക എന്നുള്ളത് ഒരുക്കം മുതല്‍ നിര്‍വഹണം വരെയുള്ള കാര്യങ്ങള്‍ അറിയുക എന്നുള്ളതു തന്നെയാണ്. കുറ്റകൃത്യത്തിന് ശേഷം അറിവിന് വിരുദ്ധമായി മറ്റൊന്ന് പറഞ്ഞാല്‍ ഐപിസി 202, 203 വകുപ്പുകള്‍ പ്രകാരമാണ് കുറ്റകൃത്യമാകുന്നത്. അത് കുറ്റകൃത്യനിര്‍വഹണത്തിന് സഹായകമായ ഒന്നല്ല. മറിച്ച്, അന്വേഷണം വഴി തെറ്റിക്കുന്ന കുറ്റകൃത്യമാണ്.

മറച്ച് വെയ്പ് രണ്ടുതരത്തില്‍ ആകാം. ഒന്നാമത് മറ്റൊരു കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുക; രണ്ടാമതായി മൗനംപാലിച്ച് മറച്ചുവയ്ക്കുക. ആദ്യം പറഞ്ഞ തരത്തിലുള്ള കുറ്റകൃത്യത്തിന് പൊതുജനങ്ങള്‍ ഉത്തരവാദികള്‍ ആകുമെങ്കിലും രണ്ടാമത്തെ തരത്തിലുള്ള കുറ്റകൃത്യത്തെ, കുറ്റകൃത്യം വെളിപ്പെടുത്താന്‍ ചുമതലയുള്ള നിയമപരമായി ബാധ്യതയുള്ള വ്യക്തികള്‍മാത്രമേ ഉത്തരവാദികള്‍ ആവുകയുള്ളൂ. അതായത് അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയ നേതാക്കളെ അതിന്റെപേരില്‍ പഴി ചാര്‍ത്താന്‍ കഴിയില്ല. മരണശിക്ഷ, ജീവപര്യന്തംതടവ് എന്നിവ ശിക്ഷയായി വരുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അറിവ് മൂടിവയ്ക്കുന്നതിനെക്കുറിച്ചാണ് 118-ാം വകുപ്പില്‍ പറയുന്നത്. എന്നാല്‍, വെറും തടവ് മാത്രം വിധിക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി 120-ാം വകുപ്പില്‍ പരാമര്‍ശിക്കുന്നു. ഒരു കുറ്റകൃത്യത്തിന്റെ നിര്‍വഹണത്തെപ്പറ്റിയുള്ള അറിവ് വെളിപ്പെടുത്തിയില്ല എന്നുള്ളത് കുറ്റകൃത്യമായി കാണാന്‍ നിയമം അനുശാസിക്കുന്നില്ല. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡില്‍ 39-ാം വകുപ്പനുസരിച്ച് കുറ്റകൃത്യത്തെപ്പറ്റിയുള്ള അറിവ് മജിസ്ട്രേട്ടിനെയോ പൊലീസിനെയോ അറിയിക്കാന്‍ ഒരു വ്യക്തി ബാധ്യസ്ഥനാണ്. 39-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഇവയൊക്കെയാണ്; രാജ്യദ്രോഹം, നിയമവിരുദ്ധമായ സംഘംചേരല്‍, നരഹത്യ, അഴിമതി, ഭക്ഷണത്തില്‍ മായംചേര്‍ക്കല്‍, പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറിക്കുള്ള തയ്യാറെടുപ്പ്, പിടിച്ചുപറി, കൊള്ള, വിശ്വാസവഞ്ചന, വസ്തുവകകള്‍ക്ക് നാശംവരുത്തുക, ഭവനഭേദനം, കള്ളനോട്ട് വ്യാപാരം. നിസ്സാരമായ ഭവനഭേദനം, വസ്തുവകകള്‍ക്ക് നാശം വരുത്തല്‍, നിയമവിരുദ്ധമായ സംഘംചേരല്‍, അഴിമതി, ഭക്ഷണത്തില്‍ മായംചേര്‍ക്കല്‍ എന്നിവയെപ്പറ്റിയുള്ള അറിവ് പൊതുജനം പൊലീസിനോട് പങ്കുവച്ചില്ല എന്നുള്ള ആരോപണത്തില്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങുകയാണെങ്കില്‍ കേരളംതന്നെ ജയിലായി മാറ്റേണ്ടിവരും. സിആര്‍പിസി 39-ാം വകുപ്പ് ഒരു ചുമതല എന്നുള്ളതിന് പൊതുജനങ്ങളില്‍ ഒരു കടമ ചുമത്തുന്നത് മാത്രമാണ്.

സിആര്‍പിസി 39-ാംവകുപ്പില്‍ പറഞ്ഞിരിക്കുന്ന കടമ നിര്‍വഹിച്ചിട്ടില്ല എങ്കില്‍ അതിന് ശിക്ഷ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. അങ്ങനെ പറയണം എന്നായിരുന്നു നിയമത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അത് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തുമായിരുന്നു. മറ്റൊരാള്‍ കുറ്റകൃത്യം ചെയ്യാന്‍ പോകുന്നു എന്നുള്ള അറിവ് പൊലീസിനോട് പങ്കുവയ്ക്കുന്നത് ആ വ്യക്തിയില്‍ ദയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ പറ്റിയ ഒരു സമൂഹം എന്ന ആശയം മാതൃകാപരമാണ്; എന്നാല്‍, നമ്മുടെ നാട് അങ്ങനെ ഉള്ളതല്ല. ഒരു സംസ്ഥാനത്തിന് അഞ്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസുകാര്‍ ആകാം. സര്‍ക്കാരിന് ഇതില്‍ ഒരാളെ സംസ്ഥാന പൊലീസിന്റെ മുഖ്യനായി നിയമിക്കാം. അതുകൊണ്ടുതന്നെ പൊലീസ് മുഖ്യന്‍ ആകാനും അതില്‍ തുടരാനും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരും.

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് "അഭികാമ്യ"ങ്ങളായ പദവികള്‍ക്കു വേണ്ടി രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തേണ്ടിവരുന്നു. യജമാനന്മാരുടെ രാഷ്ട്രീയ പ്രതിയോഗികളെ ജയിലിലാക്കി പീഡിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്തുകിട്ടുന്നതില്‍ കവിഞ്ഞ് പ്രീതികരമായ മറ്റൊന്നില്ല. പൊലീസ് ഇതിന് സദാ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷേ പ്രോസിക്യൂഷന് ഇങ്ങനെ ഉള്ള ബാധ്യതയില്ല. അവര്‍ 118-ാം വകുപ്പ് ശരിയായി വിശകലനംചെയ്ത് പൊലീസിന്റെ കടലാസുപുലിയെ അടക്കിനിര്‍ത്താന്‍ ചുമതലയുള്ളവരാണ്. രാഷ്ട്രീയ നേതാക്കളുടെ അനാവശ്യവും അകാരണവുമായ ജയില്‍വാസവും തന്മൂലം സംസ്ഥാനത്ത് ഉണ്ടാകുന്ന അനിശ്ചിതാവസ്ഥയും ഒഴിവാക്കേണ്ടതാണ്. അഡ്വ. പെരുമ്പുഴ ബി വിനോദ്

*
അഡ്വ. പെരുമ്പുഴ ബി വിനോദ് ദേശാഭിമാനി 01 സെപ്തംബര്‍ 2012

Wednesday, August 22, 2012

പൊലീസ് രാജിന് അറുതി വരുത്തണം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. അധികാരമേറ്റെടുക്കുന്നതിനുമുമ്പ് ദൈവനാമത്തിലും അല്ലാതെയും നടത്തിയ സത്യപ്രതിജ്ഞ മന്ത്രിമാര്‍ മറന്നു. നിഷ്പക്ഷമായി നീതി നിര്‍വഹിക്കുകയെന്നത് ഇക്കൂട്ടരുടെ നിഘണ്ടുവിലില്ല. ഏറ്റവുമധികം ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച പ്രമുഖ പ്രതിപക്ഷപാര്‍ടിയായ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടുന്നതിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും താല്‍പര്യം. പൊലീസ് രാജാണ് അക്ഷരാര്‍ഥത്തില്‍ ഇവിടെ നിലനില്‍ക്കുന്നത്. പൊലീസിനെപ്പോലും യുഡിഎഫ് എന്നും എല്‍ഡിഎഫ് എന്നും വേര്‍തിരിച്ചു. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെയും കെ കെ ജയചന്ദ്രന്‍ എംഎല്‍എയെയും ടി വി രാജേഷ് എംഎല്‍എയെയും കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം മോഹനന്‍മാസ്റ്ററെയും ഉള്‍പ്പെടെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായ നിരവധിപേരെ ബോധപൂര്‍വം കള്ളക്കേസില്‍ പ്രതിചേര്‍ത്തു. പലരെയും ജാമ്യംകിട്ടാത്ത വകുപ്പുചേര്‍ത്ത് ജയിലിലടച്ചു. അറസ്റ്റ് തുടരുകയാണ്.

പ്രതികളെ പിടികൂടാനെന്നപേരില്‍ വീടുകളില്‍ കടന്നുചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നു. സ്വന്തം വീട്ടില്‍ സൈ്വരമായി കിടന്നുറങ്ങാന്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കഴിയുന്നില്ല. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ പ്രാകൃതമായ മൂന്നാംമുറയാണ് പ്രയോഗിക്കുന്നത്. തടവുകാരെക്കൊണ്ട് കേരളത്തിലെ ജയിലുകള്‍ നിറഞ്ഞുകവിയാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 800 പേരെ തടവില്‍ പാര്‍പ്പിക്കാനേ സ്ഥലസൗകര്യമുള്ളൂ. അവിടെ 1400ലധികം പേരെയാണ് അടച്ചിരിക്കുന്നത്. ശുദ്ധജലംപോലും വേണ്ടതുപോലെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ജയിലുകളെപ്പറ്റിയും തടവുകാരെപ്പറ്റിയും പഴഞ്ചന്‍ ധാരണയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയും വച്ചുപുലര്‍ത്തുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തടവുകാരും ശിക്ഷിക്കപ്പെട്ടവരുമൊക്കെ മനുഷ്യരാണെന്ന ധാരണയില്ല. ഈ സാഹചര്യത്തിലാണ് അഞ്ചുവര്‍ഷം ആഭ്യന്തരവകുപ്പ് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്ത, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനുതന്നെ പത്രസമ്മേളനത്തില്‍ ചില വസ്തുതകള്‍ തുറന്നു പറയേണ്ടിവന്നത്.

നമ്മള്‍ ജീവിക്കുന്നത് പ്രാകൃതയുഗത്തിലല്ലെന്ന് മന്ത്രിമാര്‍ തിരിച്ചറിയണം. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രഗത്ഭമതികളായ മഹാന്മാര്‍ ജയില്‍വകുപ്പ് കൈകാര്യം ചെയ്തതും ജയില്‍ പരിഷ്കരണം നടപ്പാക്കിയതുമായ അനുഭവമുണ്ട്. ജയില്‍ പരിഷ്കരണം വേണമെന്നുപറയുന്നത് ജയിലില്‍ കിടക്കുന്നവരില്‍ 60 ശതമാനത്തിലധികം സിപിഐ എമ്മുകാരായതുകൊണ്ടാണെന്നാണ് ഒരു പത്രം പരിഹാസരൂപേണ എഴുതിയത്. മനുഷ്യനായി പിറന്നാല്‍ മനുഷ്യത്വം വേണം. അത് വിലകൊടുത്തു വാങ്ങാവുന്നതല്ല. മന്ത്രിക്കും വേണം മനുഷ്യത്വം. അതില്ലാതായാല്‍ മൃഗമായിമാറും. കമ്യൂണിസ്റ്റുകാര്‍ ഉന്നതമായ മനുഷ്യത്വമുള്ളവരാണെന്നതിന്റെ പരിഗണന വേണ്ട; മനുഷ്യരാണെന്നെങ്കിലും ഓര്‍ക്കാതിരുന്നാലോ? യുഡിഎഫ് സര്‍ക്കാരില്‍നിന്ന് പൊലീസ് രാജല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. വിദ്യാര്‍ഥികളെ കണ്ണില്‍ചോരയില്ലാതെ അതിക്രൂരമായി തെരുവിലിട്ട് തല്ലിച്ചതയ്ക്കുന്നത് ജനങ്ങള്‍ കണ്ടതാണല്ലോ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സംസ്കാരത്തിന്റെ നിലവാരം അളക്കാന്‍ ഇതിലുമപ്പുറം മറ്റൊന്നുംവേണ്ട.

പരസ്പരം തെറിപറയുന്നവരും വിഴുപ്പലക്കുന്നവരും പാരവയ്ക്കുന്നവരും ചേര്‍ന്നതാണ് ഐക്യജനാധിപത്യമുന്നണിയെന്ന സംവിധാനം. ചീഫ് വിപ്പ് പി സി ജോര്‍ജും കെ എം മാണിയും തമ്മില്‍ പുതിയ കൂട്ടുകെട്ടുണ്ടായിരിക്കുന്നു. അതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരായ ടി എന്‍ പ്രതാപനും വി ഡി സതീശനും ശ്രേയാംസ്കുമാറുമെല്ലാം ഒത്തുചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് എം എം ഹസ്സന്‍ ജോര്‍ജിന്റെ ഭാഗം നിന്ന് സ്വന്തം പാര്‍ടി എംഎല്‍എമാരെ തെറികൊണ്ടഭിഷേകം ചെയ്തിരിക്കുന്നു; ഹസ്സനെ തിരിച്ചും. സതീശനും പ്രതാപനുമൊക്കെ അഴിമതിക്കാരാണെന്ന് ജോര്‍ജ് പരസ്യമായി ആരോപണമുന്നയിക്കുന്നു. യുഡിഎഫിനകത്തുള്ള ചക്കളത്തിപ്പോര് തുടരുകയാണ്. ഭൂമാഫിയയുടെ സംരക്ഷകരായി സര്‍ക്കാര്‍തന്നെ മാറി. മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ വച്ചാണ് പി സി ജോര്‍ജും വനംമന്ത്രി കെ ബി ഗണേശ്കുമാറും പരസ്പരം ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മന്ത്രിയെ വാടാപോടാ എന്നു വിളിക്കാന്‍ ചീഫ് വിപ്പ് ധൈര്യം കാണിക്കില്ല. യുഡിഎഫില്‍ അതും സംഭവിക്കുമെന്ന് വ്യക്തമായി. സ്വന്തം സര്‍ക്കാരിനെയും അതിന്റെ കീഴിലുള്ള അന്വേഷണസംവിധാനങ്ങളെയും വിശ്വസിക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവാണ് നെല്ലിയാമ്പതി വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മന്ത്രി ഗണേശ്കുമാറിനെ നിര്‍ബന്ധിതനാക്കിയത്.

കോണ്‍ഗ്രസിനകത്തും തമ്മിലടി രൂക്ഷമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രണ്ട് ഗ്രൂപ്പിന്റെ വക്താക്കളായി. 14 ഡിസിസി പ്രസിഡന്റ് സ്ഥാനം ഇരുവരും ഏഴുവീതം ഭാഗിച്ചെടുത്തു. അപ്പോള്‍ നാലാം ഗ്രൂപ്പിന്റെ നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയും ഗ്രൂപ്പിന്റെ ആശാന്‍ പദവി അവകാശപ്പെടാവുന്ന കെ മുരളീധരനും കോഴിക്കോട്ട് യോഗം ചേര്‍ന്ന് കൂടിയാലോചിച്ച് ഭാവിയില്‍ സ്വീകരിക്കാനുള്ള അടവുകള്‍ക്ക് രൂപം നല്‍കി. അതറിഞ്ഞപ്പോള്‍ പത്മജ വേണുഗോപാല്‍ ഡല്‍ഹിയില്‍ പറന്നെത്തി മുരളിക്ക് കൊടുത്താലും ശരി ഇല്ലെങ്കിലും ശരി തന്റെ ഓഹരിയില്‍ കുറവുവരാതെ കിട്ടിയേ തീരൂ എന്ന് കട്ടായമായി പറഞ്ഞു. പരസ്പരം വെല്ലുവിളിക്കുകയും തെറിപറയുകയും വഴക്കടിക്കുകയും ചെയ്യുന്ന പാര്‍ടിയും മുന്നണിയും ഭരണത്തില്‍ തുടര്‍ന്നാല്‍ കേരളത്തിന്റെ നില ദയനീയമായി മാറും. വിലക്കയറ്റം നല്ലതാണെന്ന് പറയുന്ന കേന്ദ്രമന്ത്രി, അഴിമതി നടത്തിയില്ലെങ്കില്‍ മന്ത്രിസ്ഥാനമെന്തിന് എന്ന് ചിന്തിക്കുന്ന മന്ത്രിമാര്‍, പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച കേന്ദ്രഭരണം. ഇതെത്ര കാലം സഹിക്കണമെന്നും പേറണമെന്നുമാണ് സാധാരണ ജനങ്ങള്‍ വേവലാതിപ്പെടുന്നത്.

പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങാന്‍ സമയമായി എന്ന് പുതിയ രാഷ്ട്രപതി ആഹ്വാനം ചെയ്തിരിക്കുന്നു. ജനങ്ങളുടെ മുമ്പില്‍ ഒരു മാര്‍ഗമേയുള്ളു. രാഷ്ട്രപതിയുടെ ആഹ്വാനത്തിന് ചെവികൊടുക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ, ജനങ്ങളുടെ അവകാശസംരക്ഷണത്തിനായി രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കാം. ആഗസ്ത് 22ന് സംസ്ഥാനത്താകെ ഉപരോധസമരത്തില്‍ അണിചേരുന്ന ജനസഹസ്രങ്ങള്‍ മുഷ്ടി ചുരുട്ടി ഉയര്‍ത്തുക പൊലീസ് രാജ് വേണ്ടേ വേണ്ട എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 22 ആഗസ്റ്റ് 2012

Wednesday, August 1, 2012

നട്ടെല്ലില്ലാത്ത കാക്കിവേഷങ്ങള്‍

എംഎല്‍എ എന്നല്ല, ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ പൊലീസിന് അധികാരമില്ല. ആഭ്യന്തരമന്ത്രി ഒരുദിവസം കല്‍പ്പിച്ചാല്‍ യന്ത്രവുംകൊണ്ട് ഫോണ്‍ ചോര്‍ത്താന്‍ പോകുന്ന പൊലീസുകാരന്‍ ചെയ്യുന്നത് സ്വന്തം പണിയല്ല, ക്രിമിനലിന്റെ പണിയാണ്. ടി വി രാജേഷ് എംഎല്‍എയുടെ ഫോണ്‍സംഭാഷണം ടാപ്പ്ചെയ്ത് ഒരു പൊലീസുകാരന്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്.

രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്രസുരക്ഷയ്ക്ക്, അന്യരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തകര്‍ക്കപ്പെടുമ്പോള്‍, പൊതുനിയമസംവിധാനം അപകടത്തില്‍പ്പെടുമ്പോള്‍, ഒരു കുറ്റകൃത്യം തടയാന്‍- ഇത്രയും ഘട്ടങ്ങളിലാണ് ടെലിഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ പൊലീസിന് കഴിയുക. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് സെക്ഷന്‍ 5(2) ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വെറുതെ തീരുമാനിക്കാവുന്ന കാര്യവുമല്ല അത്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടാകണം. ഏതുതരത്തിലുള്ള ആശയവിനിമയമാണ് ടാപ്പ് ചെയ്യേണ്ടത് എന്ന് അതില്‍ വ്യക്തമായി പറയണം. ഈ ഉത്തരവിന്റെ കാലാവധി രണ്ടുമാസത്തേക്കായിരിക്കും. ഇത്തരമൊരു ഉത്തരവ് വന്നാല്‍ത്തന്നെ, ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍ കമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി കേന്ദ്രത്തിലും തത്തുല്യമായ സമിതി സംസ്ഥാനത്തും ടെലിഫോണ്‍ ചോര്‍ത്തുന്നത് നിയമാനുസൃതവും അത്യന്താപേക്ഷിതവുമാണോ എന്നു വിലയിരുത്തണം. അല്ലെന്നുകണ്ടാല്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ നശിപ്പിക്കേണ്ടതാണ്.

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്‍വലിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡവും അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ അതിനുമുതിര്‍ന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു അത്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയും ഭരണഘടന വിഭാവനംചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങളും തകര്‍ക്കുന്ന നടപടിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.

ഇവിടെ ടി വി രാജേഷിന്റെയോ മറ്റാരുടെയെങ്കിലുമോ ഫോണ്‍ ചോര്‍ത്താന്‍ നിയമാനുസൃതമായ ഒരു നടപടിയുമുണ്ടായിട്ടില്ല. നിയമം നിര്‍വചിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടില്ല. പൊലീസിന് നിയമം കൈയിലെടുക്കാനുള്ള അധികാരമില്ല. യുഡിഎഫിന് കേസില്‍ കുടുക്കാനുള്ളവരുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വയ്ക്കാന്‍ അനുവാദം കൊടുക്കുന്നത്ര താണ നിലവാരത്തിലുള്ള നടപടിയാണിത്. സര്‍ക്കാരിന് ഈ നിയമലംഘനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല.

പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ഢെ യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി, ടെലിഫോണ്‍ ചോര്‍ത്തുന്നതിന്റെ നിയമവിരുദ്ധതയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതി അതിനെ വിശേഷിപ്പിച്ചത്. ഭരണഘടന വിഭാവനംചെയ്യുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശത്തിന്റെ നിഷേധമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. ടെലിഫോണില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ ഭരണഘടനയുടെ 19(1എ) അനുസരിച്ച് സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വിനിയോഗിക്കപ്പെടുന്നത്. അത് നിഷേധിക്കുന്നതിനെ സുപ്രീംകോടതി അതീവഗൗരവത്തോടെ കാണുന്നു. 1855ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ട കോടതി അതിനുമുമ്പുതന്നെ ഇത്തരം അനധികൃത ഫോണ്‍ ചോര്‍ത്തലുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുന്നതും മറ്റും അതിന്റെ ഭാഗമായാണ്.

ടി വി രാജേഷിന്റെ കേസില്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 5(2)ഉം അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അതിനര്‍ഥം ഭരണഘടന പൗരനുനല്‍കുന്ന മൗലികാവകാശത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈവച്ചിരിക്കുന്നു എന്നതാണ്.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍വച്ച സിപിഐ എം നേതാക്കള്‍ കുറ്റസമ്മതം നടത്തി എന്നതടക്കമുള്ള വ്യാജ വാര്‍ത്തകള്‍ നിരന്തരം നല്‍കി. സിപിഐ എമ്മിനെ കേസില്‍ പ്രതിസ്ഥാനത്തുനിര്‍ത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് അന്വേഷണസംഘത്തിലെ യുഡിഎഫ് സേവകരായ ചില ഉദ്യോഗസ്ഥര്‍ വാര്‍ത്ത സൃഷ്ടിച്ചതും ചോര്‍ത്തിയതും. അങ്ങനെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഒരുദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമപ്രവര്‍ത്തകരോട് എത്രവട്ടം സംസാരിച്ചു എന്ന വിവരം ദേശാഭിമാനി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ വലിയ നിയമലംഘനമായി കൊണ്ടാടാനും കേസെടുത്ത് പീഡിപ്പിക്കാനുമാണ് പൊലീസ് തയ്യാറായത്. നിയമം പാലിക്കേണ്ടവര്‍ അത് ലംഘിച്ച് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത് ഇഷ്ട മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയ യജമാനന്മാരില്‍നിന്നും അച്ചാരം വാങ്ങിയതല്ല തെറ്റ്, ആ വിവരം പുറത്തുകൊണ്ടുവന്നതാണ് മഹാ അപരാധം എന്നാണ് മാന്യന്മാര്‍ ഇപ്പോഴും പറയുന്നത്. ഇതേ ആളുകള്‍ ഇപ്പോള്‍ പരസ്യമായി നിയമം ലംഘിച്ച് ഭരണഘടനയെ പുച്ഛിച്ചുതള്ളി വ്യക്തിയുടെ സ്വകാര്യതയില്‍ തള്ളിക്കയറുന്നു. ജനപ്രതിനിധികളുടെപോലും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് തെളിവുണ്ടാക്കാന്‍ നടക്കുന്നു.

ടി വി രാജേഷ് ഫോണിലൂടെ എന്തെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതായല്ല പൊലീസ് കണ്ടെത്തിയത്. പാര്‍ടിയുടെ പ്രാദേശികതലത്തിലുള്ള ഒരു പ്രവര്‍ത്തകനുമായി സംസാരിച്ച ചില കാര്യങ്ങള്‍ റെക്കോഡുചെയ്ത് കേള്‍പ്പിച്ച് അതിനെ ഷുക്കൂര്‍ വധക്കേസുമായി ബന്ധിപ്പിക്കാനുള്ള ദുര്‍ബലശ്രമമാണ് നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധപ്രവൃത്തിയാണെന്ന സംശയംപോലും അന്വേഷണസംഘത്തിന് ഉണ്ടായില്ല. യുഡിഎഫിന് ദാസ്യവേല ചെയ്യുമ്പോള്‍ അവര്‍ നിയമവും അന്തസ്സും അഭിമാനവും വിവേകവും യുക്തിയും മറന്നുപോകുന്നു. ജനനേതാക്കളെ പലകുറി വിളിച്ചുവരുത്തി വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. പൊലീസിനെതിരെ ആര് എന്ത് വിമര്‍ശം ഉന്നയിച്ചാലും കേസെടുത്ത് പേടിപ്പിക്കുന്നു. ഏതാനും മാധ്യമങ്ങളുടെ സഹായവും ലഭിക്കുന്നു എന്നുവരുമ്പോള്‍ കാക്കി യൂണിഫോമിനുമേല്‍ അഹന്തയുടെയും അവിവേകത്തിന്റെയും തൊപ്പിയാണ് എടുത്തണിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തോടെ കേരളം അറബിക്കടലിലേക്ക് തിരിച്ചുപോകും എന്നാണ് പൊലീസിലെ യുഡിഎഫ് സേവാദളത്തിന്റെ മനോഗതം. അതിന്റെ പുളപ്പാണ് ജനനേതാക്കളുടെ സ്വകാര്യസംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് വലിയ മിടുക്കായി കൊണ്ടുനടക്കുമ്പോള്‍ തെളിയുന്നത്. ഇക്കണക്കിന് ഇവര്‍ നാളെ എന്തെല്ലാം ചെയ്യും എന്നാണ് ആലോചിക്കേണ്ടത്. നാട്ടില്‍ നിയമവാഴ്ച ഉറപ്പാക്കേണ്ടവര്‍ തന്നെ ചെയ്യുന്ന ഈ കുറ്റകൃത്യത്തിന്റെ മ്ലേച്ഛത അളക്കാനാകാത്തതാണ്. അനധികൃത ഫോണ്‍ ചോര്‍ത്തല്‍ നടത്തിയവരെ നിയമപരമായി കൈകാര്യംചെയ്തേ തീരൂ. അതിന് പ്രേരിപ്പിച്ചവരെയും വെറുതെവിടാന്‍ പാടില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ ആ ചുമതല ജനങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന അവസ്ഥയാണുണ്ടാവുക. അങ്ങനെ വരുമ്പോള്‍ കേസിന്റെയും പൊലീസ് ഭീകരതയുടെയും ഭീഷണിയുടെയും ആയുധങ്ങളൊന്നും പോരാതെ വരും.

ടി വി രാജേഷിന്റേതുമാത്രമല്ല, സിപിഐ എമ്മിന്റെ പ്രമുഖരായ പല നേതാക്കളുടെയും ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ക്യാമ്പിലേക്ക് എംഎല്‍എമാര്‍ ചെന്നപ്പോള്‍ "നിങ്ങള്‍ വരുന്ന വിവരം മൂന്നുമണിക്കൂര്‍ മുമ്പേ എനിക്കറിയാമായിരുന്നു" എന്നാണ് ഒരു ഐപിഎസ് മിടുക്കന്‍ പറഞ്ഞുകളഞ്ഞത്. മൊബൈല്‍ ഫോണ്‍ ടവറാണത്രേ പുതിയ അന്വേഷണയന്ത്രം. അങ്ങനെയെങ്കില്‍ വടകര പൊലീസ് ക്യാമ്പിന്റെ ടവര്‍ പരിധിയില്‍നിന്ന് ഏതൊക്കെ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോണ്‍ കോളുകള്‍ പോയി എന്നും ആരില്‍നിന്നെല്ലാം തിരിച്ചുവന്നു എന്നും അന്വേഷിക്കാന്‍ എളുപ്പമാണ്. അതില്‍ തെളിയും ആരാണ് കാക്കിക്കുള്ളിലെ അച്ചാരംവാങ്ങികളും ചാരന്മാരും ചെരുപ്പുനക്കികളുമെന്ന്.

യുഡിഎഫ് സര്‍ക്കാര്‍ പൊലീസ് സേനയെ തറയോളം താഴ്ത്തിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിസ്ഥാനവും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനവും ഒഴിയുമ്പോള്‍ പൊലീസിന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിന്തിക്കേണ്ടത്. അഭിമാനവും കഴിവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇല്ലാത്ത ഒരു സേന നാടിനുതന്നെ ഭാരമാകും. നേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെയാകെ കേസുകളില്‍ പ്രതിചേര്‍ത്തും പ്രസംഗത്തിന്റെ പേരില്‍ കേസുകളുടെ അതിസാരം സൃഷ്ടിച്ചും യുഡിഎഫിന് വിടുവേല ചെയ്യുന്ന അതേ തെമ്മാടിത്തം മറ്റൊരു രീതിയിലും പൊലീസ് നിര്‍വഹിക്കുന്നുണ്ട്. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസ് ആവിയാക്കിയും മറ്റുമാണത്. പൊലീസിലെ നട്ടെല്ലുള്ളവര്‍ക്കുമാത്രമല്ല, നാടിനാകെ അപമാനമാണ് ഈ സ്ഥിതി. ലജ്ജാകരം എന്നു പറഞ്ഞാലും മതിയാകില്ല.

*
പി എം മനോജ് 01 ആഗസ്റ്റ് 2012

Tuesday, July 10, 2012

കേരളത്തിലെ പൊലീസ് രാജ്

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയാണ് സിപിഐ എം. കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ക്കുപോലും അതില്‍ തര്‍ക്കമുണ്ടാകില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധ ഫെഡറേഷനുണ്ടാക്കി സകല സങ്കുചിതശക്തികളെയും കൂട്ടിയടുപ്പിച്ചിട്ടും സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാന്‍ കഴിയാത്തത് പാര്‍ടിയുടെ അചഞ്ചലമായ ജനപിന്തുണകൊണ്ടാണ്. കേരള നിയമസഭയില്‍ ഏറ്റവുമധികം അംഗങ്ങളുള്ളത് ഭരണം നയിക്കുന്ന കോണ്‍ഗ്രസിനല്ല, പ്രതിപക്ഷത്തിരിക്കുന്ന സിപിഐ എമ്മിനാണ്. അലംഘനീയമായ പൊരുത്തവും സ്നേഹവുംകൊണ്ടാണ് യുഡിഎഫ് നിലനില്‍ക്കുന്നത് എന്ന് പമ്പരവിഡ്ഢികള്‍ക്കും പറയാനാകില്ല. ഒന്ന് കൈഞൊടിച്ചാല്‍, ഇറങ്ങിവരാന്‍ തയ്യാറുള്ള അനേകരുണ്ട് ആ മുന്നണിയില്‍. കുതിരക്കച്ചവടവും ജനാധിപത്യധ്വംസനവും നടത്തി അധികാരം പിടിക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ല എന്ന ഒറ്റ ഉറപ്പിലാണ്, പരസ്പരം കൊത്തിക്കീറുന്ന വിരുദ്ധശക്തികളുടെ കൂട്ടായ്മയായിട്ടും യുഡിഎഫിന് ഭരണം തുടരാന്‍ കഴിയുന്നത് എന്നതാണ് പച്ചപ്പരമാര്‍ഥം. ആ സൗകര്യം ഇന്ന് യുഡിഎഫ് ഉപയോഗിക്കുന്നത് അരുതാത്ത വഴിയിലൂടെ സഞ്ചരിക്കാനാണ്. കോഴിക്കോട് ജില്ലയിലെ സിപിഐ എമ്മിന്റെ പ്രധാന നേതാവായ പി മോഹനന്‍ മാസ്റ്ററോട്, വടകര പൊലീസ് ക്യാമ്പില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞത്, ഒരാളെ കൊന്ന് വിലങ്ങാട് കാട്ടില്‍തള്ളിയ അനുഭവമാണ്. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മൊഴി നല്‍കിയില്ലെങ്കില്‍ മോഹനന്‍ മാസ്റ്ററെ കൊന്ന് തള്ളുമെന്ന്. അതിനുമുമ്പ് മുഴക്കിയ ഭീഷണി, സിപിഐ എമ്മിന്റെ ഉന്നത നേതാക്കളുടെ പേര് പറഞ്ഞില്ലെങ്കില്‍ മോഹനന്‍ മാസ്റ്ററുടെ ഭാര്യയും കുറ്റ്യാടി എംഎല്‍എയുമായ കെ കെ ലതികയെ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കുമെന്നാണ്.

പൊലീസ് മുറത്തില്‍കയറി കൊത്തുകയാണ്. കണ്ണൂരില്‍ ഒരാളെ പിടിച്ചുകൊണ്ടുപോയി, മലദ്വാരത്തില്‍ കമ്പി കുത്തിക്കയറ്റിയാണ് ഒരു പൊലീസ് മാന്യന്‍ ജന്മോദ്ദേശ്യം സാധിച്ചത്. ആ നരാധമനോട്, അതാവര്‍ത്തിക്കുമോ എന്ന് ചോദിച്ചതിന് സിപിഐ എം നേതാവ് എം വി ജയരാജനെതിരെ കേസെടുത്തു. വടകര പൊലീസ് ക്യാമ്പിലും വയനാട്ടിലെ രഹസ്യകേന്ദ്രത്തിലും അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന മൂന്നാംമുറയാണ് അരങ്ങേറുന്നത്. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടു. ആ കൊലപാതകത്തെ സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ളതെന്ന് വിശേഷിപ്പിച്ചത് സംസ്ഥാനത്തെ പൊലീസ് മേധാവിയാണ്്. അതാകട്ടെ, അന്വേഷണം നയിച്ച ഉദ്യോഗസ്ഥരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും. എന്നാല്‍, ആ പൊലീസ് നിഗമനം നിഷേധിക്കാനും അട്ടിമറിക്കാനുമാണ് ആഭ്യന്തരമന്ത്രി തയ്യാറായത്. കൊല്ലപ്പെട്ടത് സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ആളായതുകൊണ്ടും സിപിഐ എമ്മുമായി ചന്ദ്രശേഖരന് വിരോധം നിലനിന്നിരുന്നു എന്നതുകൊണ്ടും കൊലക്കുറ്റം പാര്‍ടിക്കുമുകളില്‍ കെട്ടിവച്ച്, മാര്‍ക്സിസ്റ്റ് വേട്ടയ്ക്കിറങ്ങാനാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. പൊലീസിലെ യുഡിഎഫ് സേവകരും ഏതാനും മാധ്യമക്കാരും ചേര്‍ന്ന് ഐക്യമുന്നണിയുണ്ടാക്കി സിപിഐ എം വേട്ട തുടങ്ങുകയായിരുന്നു. കേസന്വേഷണത്തിന്റെ മുഖ്യചുമതലക്കാരിലൊരാളായ ഡിവൈഎസ്പിയുടെ ഫോണില്‍നിന്നും തിരിച്ചും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വലതുപക്ഷ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളിലേക്ക് മൂവായിരത്തിലേറെ വിളിയുണ്ടായി എന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. യുഡിഎഫ് യജമാനന്മാര്‍ക്കുവേണ്ടി പൊലീസ് ഭൃത്യര്‍ ഇറ്റിച്ചുകൊടുക്കുന്ന നുണനുറുങ്ങുകളാണ് ഇന്നാട്ടിലെ കൊടികെട്ടിയ മാധ്യമങ്ങള്‍ സ്വന്തം കണ്ടെത്തലുകളായി വായനക്കാര്‍ക്കുമുന്നില്‍ വിളമ്പുന്നത്. തങ്ങള്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കില്ലെന്ന് കോടതിമുമ്പാകെ സത്യംചെയ്ത അതേ പൊലീസാണ്, മാധ്യമക്കാര്‍ക്ക് ഒളിവും മറയുമില്ലാതെ നിരന്തരം നുണകള്‍ എത്തിക്കുന്നത്. അതേ പൊലീസാണ് മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ലീഗ് എംഎല്‍എയെ താങ്ങി നടക്കുന്നത്. അവര്‍തന്നെയാണ്, കുപ്രസിദ്ധ ക്രിമിനല്‍കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ കേസുകളില്‍നിന്ന് ഒഴിവാക്കിയെടുക്കാന്‍ ദാസ്യവേല ചെയ്യുന്നത്.

ഒരുഭാഗത്ത് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു; തോക്കുകൊണ്ടും ഗ്രനേഡുകൊണ്ടും ആക്രമിക്കുന്നു; ജനകീയസമരങ്ങളെ അടിച്ചൊതുക്കുന്നു. മറുവശത്ത്, പട്ടാപ്പകല്‍ സ്കൂള്‍വിദ്യാര്‍ഥിനിയെ നഗരമധ്യത്തില്‍ തട്ടിക്കൊണ്ടുപോകുന്നതിനടക്കം അരങ്ങൊരുക്കി ക്രമസമാധാനത്തകര്‍ച്ചയിലേക്ക് നാടിനെ നയിക്കുന്നു. കവര്‍ച്ചക്കാരും കുറ്റവാളികളും പൊലീസ് നിഷ്ക്രിയത്വത്തിന്റെ മറവില്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ഥികളെ ശത്രുസൈന്യത്തെപ്പോലെ നേരിട്ട പൊലീസിനും അതിന് പ്രേരിപ്പിച്ച യുഡിഎഫ് രാഷ്ട്രീയത്തിനും പിന്തുണ നല്‍കി നുണപ്രചാരണങ്ങളുടെ കുത്തൊഴുക്കു സൃഷ്ടിച്ച വലതുപക്ഷ മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പുഫലം. മലപ്പുറത്തുനിന്നുള്ള ഒരു എക്സിക്യൂട്ടീവ് സ്ഥാനമൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലും എസ്എഫ്ഐയാണ് വിജയിച്ചത്. ജനങ്ങളില്‍ നിലനില്‍ക്കുന്ന പൊതുവികാരമാണ്, വിദ്യാര്‍ഥികളുടെ ഈ വിധിതീര്‍പ്പില്‍ തെളിഞ്ഞത്. യുഡിഎഫും പൊലീസും മാധ്യമങ്ങളും കൂട്ടത്തോടെ നിരന്തരം ആക്രമണമഴിച്ചുവിട്ടിട്ടും ഇടതുപക്ഷ- പുരോഗമന ശക്തികളുടെ പിന്തുണയില്‍ പോറലേല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നതിന് ഇതില്‍പ്പരം എന്ത് തെളിവുവേണം? മര്‍ദകവീരന്മാരായ പൊലീസുകാരെ ഇറക്കി സിപിഐ എം നേതാക്കളെ അടിച്ചും കേസില്‍ കുരുക്കിയും നശിപ്പിക്കാം എന്ന വ്യാമോഹം ഇന്നും വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ-മാധ്യമ വങ്കത്തത്തെ ഓര്‍ത്ത് സഹതപിക്കാനേ തോന്നുന്നുള്ളൂ. ഇതിനേക്കാള്‍ വലിയ മര്‍ദകവീരന്മാരെ അഭിമുഖീകരിച്ചും വേണ്ടരീതിയില്‍ നേരിട്ടുമുള്ള പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്ന് മറന്നുപോകുന്നവരെ ഓര്‍ത്ത് ഹാ! കഷ്ടമെന്നേ പ്രതികരിക്കാനാകൂ.

കൃഷ്ണപിള്ളയും എ കെ ജിയും കെ പി ആര്‍ ഗോപാലനും എ വി കുഞ്ഞമ്പുവും കേളുഎട്ടനുമൊക്കെ ജീവിച്ച നാടാണിത്. അവരൊന്നും ഒരു മര്‍ദനത്തിനുമുന്നിലും തളരുകയോ മര്‍ദകവീരന്മാരോട് സന്ധിയാവുകയോ ചെയ്തിട്ടില്ല. പൊലീസ് വേഷമിട്ട വളര്‍ത്തുമൃഗങ്ങളുടെ ഭീഷണിക്കു വഴങ്ങി തലകുമ്പിടുന്ന പാരമ്പര്യമല്ല ഏത് കൊടിയ പീഡനത്തിലും കമ്യൂണിസ്റ്റുകാര്‍ കാട്ടിയത്. സിപിഐ എം നിയമത്തെ നിഷേധിക്കുന്ന പാര്‍ടിയല്ല; നിയമലംഘനം കണ്ടുനില്‍ക്കുന്ന പാര്‍ടിയുമല്ല. കൊല്ലുമെന്നും തുറുങ്കിലടയ്ക്കുമെന്നും പേടിപ്പിച്ചോ നുണക്കഥകളില്‍ മുക്കിയോ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏതെങ്കിലും നേതാവിനെ നശിപ്പിച്ചുകളയാം എന്ന് ഏതെങ്കിലും പൊലീസുകാരന്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് പാര്‍ക്കാനുള്ള ഇടം വിഡ്ഢികളുടെ സ്വര്‍ഗംമാത്രമാണ്. അതുതന്നെയാണ് ആ പൊലീസ് കോടാലികളെ ഉപയോഗിക്കുന്ന ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍- മുല്ലപ്പള്ളി പ്രഭൃതികള്‍ക്ക് അനുയോജ്യമായ വാസസ്ഥലവും. നിയമം, അധികാരം എന്നെല്ലാമുള്ളത് തോന്നിയപോലെ എടുത്ത് ചുഴറ്റാനുള്ള ആയുധമല്ല എന്ന പ്രാഥമികബോധം മനസ്സിലുണ്ടാകുന്നത് എല്ലാവര്‍ക്കും നല്ലത്.

*
ദേശാഭിമാനി മുഖപ്രസംഗം 11 ജൂലൈ 2012

Saturday, July 7, 2012

അപസര്‍പ്പക കഥകളാകുന്ന പൊലീസ് റിപ്പോര്‍ട്ടുകള്‍

തൊഴില്‍പ്രശ്നങ്ങളില്‍ പൊലീസ് ഇടപെടരുതെന്ന 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ പ്രഖ്യാപനം അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പൊലീസെന്നാല്‍ ഫാക്ടറി മുതലാളിയുടെ- ജന്മിയുടെ കൂലിപ്പടയാണെന്ന് ചിന്തിച്ചവരുടെ മുഖത്തേറ്റ അടിയായിരുന്നു ആ തീരുമാനം. പൊലീസ് സേനയിലെ ഒരുപറ്റംതന്നെ ഈ തീരുമാനത്തിനെതിരെ മുറുമുറുത്തു. ഇവര്‍ക്ക് കാശും സമ്പന്ന ഗൃഹങ്ങളിലെ നാവില്‍ വെള്ളമൂറുന്ന വിഭവങ്ങളും പിന്നെ സദ്യയും ഒരുക്കിക്കൊടുക്കാന്‍ കഴിയുക ഒരു ന്യൂനപക്ഷത്തിനു മാത്രമാണല്ലോ. അവരാണ് തങ്ങളുടെ യജമാനരെന്ന് ധരിച്ചുപോയ കൂട്ടരായിരുന്നു മുറുമുറുത്ത പൊലീസുകാര്‍. ജനാധിപത്യ രാജ്യത്തിലെ പൊലീസ് സംവിധാനം എങ്ങനെയായിരിക്കണം, എങ്ങനെയാകരുത് എന്ന തിരിച്ചറിവ് ഇല്ലാതെ പോയ ഇക്കൂട്ടരുടെ പിന്മുറ ഇപ്പോഴും പൊലീസ് സേനയില്‍ തുടരുന്നുണ്ട്. അതിന്റെ വലിയ തെളിവുകളാണ് കേരളത്തിലെ വിദ്യാര്‍ഥികളുടെ സമരത്തോടുള്ള പൊലീസ് സമീപനം.

നീതിന്യായ വ്യവസ്ഥ പരിപാലിക്കുകയാണ് പൊലീസുകാരുടെ കടമ. ചിന്തയിലും പ്രവൃത്തിയിലും നീതിയും സത്യവും ധര്‍മബോധവും അവര്‍ക്ക് കൂട്ടായിരിക്കണമത്രേ. കേരള പൊലീസ് ഉപയോഗിക്കുന്ന കാക്കിത്തൊപ്പിയിലെ അശോകസ്തംഭത്തോട് ചേര്‍ന്ന് എഴുതിവച്ച വാക്കുകള്‍, "സത്യമേവ ജയതേ" എന്നാണ്. ഒപ്പം പൊലീസ് സേനയെ പഠിപ്പിക്കുന്നു; ഒരാപ്തവാക്യംപോലെ പറഞ്ഞുകൊണ്ടേയിരിക്കുന്നു "മൃദുഭാവോ ദൃഢകൃത്യേ". സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാന്‍, സത്യവും നീതിയും സംരക്ഷിക്കാന്‍, ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഓര്‍മപ്പെടുത്താനാണത്രേ ഇതൊക്കെ ഇങ്ങനെ എഴുതിവച്ചിരിക്കുന്നത്. ബൂര്‍ഷ്വാ ഭരണാധികാരികളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകല്‍ച്ചയുടെ രാജ്യത്തിലെതന്നെ മികച്ച ഉദാഹരണമാണ് ഇന്നത്തെ കേരള പൊലീസ്. ഗീബല്‍സിയന്‍ നുണകളാണ് അവരുടെ റിപ്പോര്‍ട്ടുകളായി അവതരിപ്പിക്കപ്പെടുന്നത്. അതിലൂടെ ജനന്മയ്ക്കായി സമരംചെയ്യുന്നവരും മുദ്രാവാക്യം മുഴക്കുന്നവരും വേട്ടയാടപ്പെടുന്നു. അതിന്റെ തെളിവാണ് സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസുകള്‍. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള എല്ലാ ജില്ലയിലും വിദ്യാര്‍ഥികള്‍ ഇത് അനുഭവിച്ചുവരികയാണ്. ഒരു വിദ്യാര്‍ഥിയെത്തന്നെ സമരത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ ഇരുപതും ഇരുപത്തഞ്ചുമൊക്കെ കേസിലാണ് പ്രതിയാക്കിയിരിക്കുന്നത്.

വീട്ടിലും തെരുവിലും കലാലയങ്ങളിലും ഇതിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ വേട്ടയാടപ്പെടുന്നു. സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അമാനുഷിക കഴിവുള്ളവരാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ വായിക്കുന്നവര്‍ കരുതിപ്പോയേക്കാം. കണ്ണൂരില്‍ സമരത്തെതുടര്‍ന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വി കെ സനോജ്, ജില്ലാ ഭാരവാഹികളായ എം ഷാജര്‍, സരിന്‍ ശശി, കെ രാഹുല്‍ എന്നിവരിപ്പോള്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ഒറ്റ ദിവസംകൊണ്ട് ഇവര്‍ക്കെതിരെ പതിനഞ്ചോളം കേസാണ് രജിസ്റ്റര്‍ചെയ്തത്. കണ്ണൂരില്‍ വിദ്യാര്‍ഥിനേതാക്കളെ ജയിലിലടയ്ക്കാന്‍ കാരണമായി പൊലീസ് പറഞ്ഞ കേസുകള്‍ ഒമ്പതെണ്ണമാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1457/11 മുതല്‍ 1459/11 വരെയും ക്രൈം നമ്പര്‍ 1461/11 മുതല്‍ 1466/11 വരെയുമായി രേഖപ്പെടുത്തിയിട്ടുള്ള കേസുകളാണവ.

പ്രതികളായവരുടെ പ്രവൃത്തികളെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഒരുപക്ഷേ സ്പൈഡര്‍മാന്‍ കഥകളെപ്പോലും പിന്നിലാക്കും. ഒരേസമയം പല സ്ഥലത്തായി ഒരേ വിദ്യാര്‍ഥികള്‍ അക്രമം നടത്തിയ കഥയാണ് പല പല കേസുകളായി പൊലീസ് കോടതിയിലെത്തിക്കുന്നത്. മെനഞ്ഞ കഥകളും ചുമത്തിയ കുറ്റങ്ങളും ആരെയും അത്ഭുതപ്പെടുത്തും. ഇത്രയേറെ ഭാവനാശാലികള്‍ പൊലീസിലുണ്ടായിട്ടും കേരളത്തിന് സര്‍ഗാത്മക പ്രതിസന്ധിയോ എന്ന് അത്ഭുതം കൂറാം.

വിദ്യാര്‍ഥികളെ തുറുങ്കിലടയ്ക്കാന്‍ മെനഞ്ഞ കഥകള്‍ പരിശോധിക്കാം: 2011 ഒക്ടോബര്‍ 11ന് 12.35ന് ഇവര്‍ കണ്ണൂര്‍ ട്രാഫിക്പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നു. കൈയില്‍ മാരകായുധങ്ങളായ കല്ലുകളുമായി മതിലിനു മുകളിലെ ബള്‍ബുകള്‍ എറിഞ്ഞുതകര്‍ക്കുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. കൈയില്‍ കരുതിയ വടികള്‍കൊണ്ട് കസേരകള്‍ അടിച്ചുപൊട്ടിച്ചു. അവിടെയുണ്ടായിരുന്ന ട്രാഫിക് പൊലീസ് എഎസ്ഐ രഘുനാഥനെ കൊല്ലാന്‍ ശ്രമിച്ചു. കളരിമുറകളറിയാവുന്നതുകൊണ്ടാകും അദ്ദേഹം ഒഴിഞ്ഞുമാറിയത്. അതുകൊണ്ട് ഒരു പോറല്‍പോലുമില്ലാതെ രക്ഷപ്പെട്ടു. എങ്കിലും കുറ്റം വധശ്രമംതന്നെ. ക്രൈംനമ്പര്‍ 1457/11.

അഞ്ചു മിനിറ്റിനകം, 12.40ന് കണ്ണൂര്‍ ഫോറന്‍സിക് ലാബ് തകര്‍ക്കുകയാണ്. കണ്ണൂര്‍ പൊലീസ് മൈതാനിയുടെ രണ്ടറ്റത്തായാണ് ഈ രണ്ടു സ്ഥാപനം. അവിടത്തെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. അതിക്രമിച്ച് അകത്തുകയറി. ജീവനക്കാരെ കൊല്ലുകയായിരുന്നത്രേ അവരുടെ ഉദ്ദേശ്യം. അത്ഭുതകരമായി ജീവനക്കാര്‍ അപ്രത്യക്ഷരായതിനാല്‍ മാത്രമാകാം അവര്‍ രക്ഷപ്പെട്ടത്. ക്രൈംനമ്പര്‍ 1458/11.

12.45ന് അവര്‍ മുനിസിപ്പല്‍ ഓഫീസിനുള്ളിലെത്തി. ഫുട്ബോള്‍ കമന്ററിയിലെ വാക്കുകളേക്കാള്‍ വേഗം വേണം പിന്നീടുള്ളവ വിവരിക്കാന്‍. ആദ്യം മുനിസിപ്പല്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറുന്നു. നെയിംബോര്‍ഡുകള്‍, ജനല്‍ ഗ്ലാസുകള്‍ എന്നിവ അടിച്ചുതകര്‍ത്തു. അപ്പോഴും കൈയില്‍ നിരവധി മാരകായുധങ്ങള്‍ കരുതിയിരുന്നു. ക്രൈംനമ്പര്‍ 1459/11.

അഞ്ച് മിനിറ്റിനകംതന്നെ 12.50ന് മാധവറാവു സിന്ധ്യ ഹോസ്പിറ്റലിനു മുന്നിലെത്തി. അവിടെ ഒരാളെ കൊല്ലാന്‍ ശ്രമിച്ചു. ചവിട്ടിവീഴ്ത്തിയതിനുശേഷം തലയ്ക്കടിച്ചു. തുടര്‍ന്ന് കൊല്ലെടാ എന്ന് പറഞ്ഞു. പക്ഷേ, അവരിപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ക്രൈംനമ്പര്‍ 1465/11.

ആളെകൊല്ലാനുള്ള ശ്രമത്തിന് പൊലീസ് റിപ്പോര്‍ട്ടു പ്രകാരം ഇവര്‍ക്ക് നിമിഷങ്ങള്‍പോലും വേണ്ടിവന്നിരുന്നില്ല. തത്സമയംതന്നെ, 12.50ന്, അവര്‍ ഡിഐജിയുടെ ക്യാമ്പ് ഓഫീസിലുമെത്തി. സാധാരണ ദിവസങ്ങളില്‍പ്പോലും അവിടെ നിരവധി പൊലീസുകാരുടെ ബന്തവസ്സുണ്ടാകും. അന്നത്തെ ദിവസം അതിനേക്കാളേറെയുണ്ടാകുമല്ലോ. എന്നാല്‍, ഈ സംഘം പൊലീസുകാരെ നിഷ്പ്രഭമാക്കി അകത്തുകടന്നു, അതിക്രമിച്ചുകടന്നു എന്ന് പൊലീസ് ഭാഷ്യം. അവിടെയുണ്ടായിരുന്ന പൊലീസുകാരെ കൊല്ലാന്‍ ശ്രമിക്കുന്നു. പിന്നീട് ക്യാമ്പ് ഓഫീസിന്റെ ചില്ലുവാതിലുകളും ഭിത്തിയുടെ ചില ഭാഗങ്ങളും തകര്‍ത്തു. അവിടത്തെ ഔട്ട്ഹൗസിലെത്തി അവിടെയുണ്ടായിരുന്ന ഗ്ലാസുകള്‍ ആദ്യം തകര്‍ത്തു, പിന്നെ കസേരകള്‍. ഡിഐജിയുടെ ക്യാമ്പ് ഓഫീസിന്റെ നെയിംബോര്‍ഡ് അടിച്ച് തകര്‍ത്ത് ദൂരേക്കെറിയുന്നു. ക്രൈംനമ്പര്‍ 1461/11.

നിമിഷങ്ങള്‍ക്കകം അവര്‍ പുറത്തെത്തി. മാരകായുധങ്ങളുമായി ഈ നാലുപേരും മറ്റൊരാളെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അപ്പോള്‍ സമയം 12.55. അടിച്ചു വീഴ്ത്തി, മാറില്‍ ചവിട്ടി, കല്ലുകൊണ്ടടിച്ച്, കൊല്ലെടാ എന്ന് അലറിപറഞ്ഞ്... ഒരുപക്ഷേ കടത്തനാടന്‍ കളരി ചുവടുകളായി തോന്നിപ്പോയേക്കാം. അവിടെയും കൊന്നില്ല. ക്രൈംനമ്പര്‍ 1466/11.

കൃത്യം ഒരു മണിക്ക് അവര്‍ കലക്ടറുടെ ക്യാമ്പ് ഓഫീസിലെത്തി. നിമിഷങ്ങളുടെ ഇടവേളകള്‍ നല്‍കാതെയുള്ള അതിക്രമങ്ങളത്രേ. അവിടത്തെ ഗെയ്റ്റിന് പത്തടിയിലേറെ ഉയരം വരും. ഗേറ്റ് കനത്ത പൂട്ടിട്ട് പൂട്ടിയതുമാണ്. കൂടാതെ സുരക്ഷയ്ക്കായി ഗേറ്റിനു പിറകില്‍ ഇരുമ്പുചങ്ങലയുമുണ്ട്. ഇതാണിവര്‍ തള്ളിത്തുറന്നത്. ഗേറ്റിനുമുന്നില്‍ ആയുധങ്ങളുമായി കാവല്‍നില്‍ക്കുന്ന പൊലീസുകാരുണ്ടായിരുന്നിട്ടും ഇവര്‍ അകത്ത് കടന്നു. അവര്‍ക്കൊന്ന് അനങ്ങാന്‍പോലും ഇവര്‍ അവസരംകൊടുത്തുകാണില്ല. ഒരു ഞൊടിവ്യത്യാസത്തിനാണത്രേ പൊലീസുകാരുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. തുടര്‍ന്ന് ജനല്‍ ഗ്ലാസുകളും കസേരകളും അടിച്ചുതകര്‍ക്കുന്നു. നെയിംബോര്‍ഡുകളും തകര്‍ത്തു. അവിടെയും ഔട്ട്ഹൗസിലേക്ക് പാഞ്ഞുകയറി. അവിടെയും ചില്ലുടച്ചും കസേര തകര്‍ത്തുമാണ് ഇവര്‍ ഇറങ്ങിപ്പോയത്.ക്രൈംനമ്പര്‍. 1462/11.

ഉടന്‍ 1.05ന് മൂന്നാമതൊരാളെ കൊല്ലാന്‍ ശ്രമിക്കുന്നു. അപ്പോഴും ഇവരുടെ കൈയില്‍ കല്ലുകളും വടികളുമുണ്ടായിരുന്നു. അയാളെയും അടിച്ചുവീഴ്ത്തി, വടികൊണ്ടടിച്ച്, കല്ലുകൊണ്ട് കുത്തി, കൊല്ലടാ എന്ന് പറഞ്ഞ്... കൊല്ലാതെപോയി. ക്രൈംനമ്പര്‍ 1463/11.

കഥയിലെ അവസാനഭാഗം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ക്യാമ്പ് ഓഫീസുതന്നെയാക്കി. സമയം 1.05, മൂന്നാമത്തെയാളെ കൊല്ലാന്‍ ശ്രമിച്ച അതേസമയം. അവിടെ ഗേറ്റ് ചാടിക്കടന്നു. പൊലീസുകാരെ ആക്രമിച്ചവശരാക്കി. ജനല്‍ഗ്ലാസുകള്‍ തകര്‍ത്തുതരിപ്പണമാക്കി. കസേരകള്‍ തകര്‍ത്ത്, പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചു- ക്രൈംനമ്പര്‍ 1463/11.

അങ്ങനെ പൊലീസ് കഥ പൂര്‍ത്തിയായി. വസ്തുതകളുമായി ഇതിനെത്രമാത്രം ബന്ധമുണ്ടാകുമെന്നത് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാക്കാം.

വിദ്യാര്‍ഥികളെ തടവിലിടുന്നതിനു കാരണമായി പൊലീസ് റിപ്പോര്‍ട്ടിലെ വാക്കുകള്‍: ""ഇനി ഈ കേസില്‍ ബാക്കി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ്ചെയ്യുന്നതിനും സംഭവസ്ഥലത്തിന്റെ സൈറ്റ് പ്ലാന്‍ ലഭിക്കുന്നതിനും അന്വേഷണം പൂര്‍ത്തീകരിച്ച് ബഹു: കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും മറ്റും ബാക്കിയുള്ളതാണ്... ഈ കേസിന്റെ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുമെന്നതിനാലും പ്രതികളെ സ്വതന്ത്രമായി വിട്ടയച്ചാല്‍ പ്രതികള്‍ ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നതിനാലും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതിനാലും..."" കോടതിയോട് പൊലീസ് അപേക്ഷിക്കുകയാണ്, ഇവരെയൊക്കെ തടവിലിടണം. തടവറകളില്‍നിന്നാണ് സ്വാതന്ത്ര്യത്തിന്റെ മഹാസ്വപ്നങ്ങള്‍ മനുഷ്യന്‍ നെയ്തെടുത്തതെന്ന് ഭീരുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ല. ആ തിരിച്ചറിവാണ് ജനതയുടെ കരുത്തും വിപ്ലവരാഷ്ട്രീയത്തിന്റെ പടയൊരുക്കവും.


*****

ഡോ. വി ശിവദാസന്‍

Friday, June 29, 2012

ചെരിപ്പുനക്കിപ്പട്ടാളം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുരുമ്പിപ്പഴകിയ വാള്‍ ഉറയില്‍നിന്നൂരിയെടുത്തിരിക്കയാണ്- മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വാള്‍. പൂര്‍വഗാമികള്‍ പലരും പ്രയോഗിച്ച് തളര്‍ന്ന; മുനതേഞ്ഞ ആയുധം തന്റെ പൊലീസ് സേവകര്‍ക്ക് നല്‍കി മന്ത്രി കല്‍പ്പിക്കുന്നത് മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലയറുക്കാനാണ്. ആ പടുവാളിന്റെ ഘോഷയാത്രയാണ് മെയ് നാലുമുതല്‍ കേരളത്തില്‍ നടക്കുന്നത്. അതില്‍ ആര്‍ത്തലച്ച് പങ്കെടുക്കുന്നത്, വലതുപക്ഷ മാധ്യമങ്ങളുടെ വന്‍പടയാണ്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മനോരമ വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെട്ട ബ്രേക്കിങ് ന്യൂസ്, ""പി മോഹനന്റെ മൊഴിയുടെ വിശദാംശം മനോരമ ന്യൂസിന് ലഭിച്ചു"" എന്നായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്ത് വടകരയിലെ പൊലീസ് ക്യാമ്പില്‍ എത്തിച്ചയുടനെ ചോദ്യംചെയ്യല്‍ "നിര്‍വഹിക്കുക"യും അതിന്റെ വിശദാംശങ്ങളെന്ന പേരില്‍ കുറെ കാര്യങ്ങള്‍ മനോരമയുടെ ഓഫീസിലെത്തിക്കുകയും ചെയ്തു എന്ന്. മറ്റു ചാനലുകളും പെട്ടെന്ന് മനോരമയുടെ വഴിയിലെത്തി. വടകര പൊലീസ് ക്യാമ്പില്‍ ആര്‍ക്കാണ് മനോരമ ശമ്പളം കൊടുക്കുന്നത്? ഏത് പൊലീസുകാരനാണ് മാധ്യമങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന ചില്ലറത്തുട്ടുകള്‍ വാരിപ്പിടിച്ച് "വാര്‍ത്ത" ചോര്‍ത്തിക്കൊടുക്കുന്നത്? വലിയ കൊമ്പത്തെ ചില ഉദ്യോഗസ്ഥപ്രമാണിമാരുള്ളതാണ് അന്വേഷണസംഘം എന്നു പറയുന്നുണ്ട്. സ്വന്തം ക്യാമ്പില്‍നിന്ന് ഇത്തരം പച്ചനുണകള്‍ വിശ്വാസയോഗ്യമായ വിധത്തില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവരില്‍ ഈ പ്രമാണിമാരും ഉള്‍പ്പെടുന്നുണ്ടോ? അല്ലെങ്കില്‍, ഇങ്ങനെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് പൊലീസിന്റെ മിടുക്കായി നാളെ മാധ്യമങ്ങളെക്കൊണ്ട് എഴുതിച്ച് അവര്‍ സായുജ്യമടയുമോ? അന്തസ്സോടെ കേസുകള്‍ അന്വേഷിച്ചിരുന്ന കേരള പൊലീസിനെ തങ്ങളുടെ അടുക്കളക്കാരാക്കി മാറ്റുന്നതില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിജയിച്ചിരിക്കുന്നു.

ഭരണകക്ഷിക്കുവേണ്ടി എന്തുംചെയ്യുന്ന ചെരിപ്പുനക്കിപ്പട്ടാളമാണ് ഇന്ന് പൊലീസ്. ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഇത് വായിക്കുക:

""കേസില്‍ എംഎല്‍എയേയും മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയേയും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ വ്യക്തമാക്കി. നിയമസഭയില്‍ ഉപക്ഷേപം ഉന്നയിക്കാനാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടതെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിളിച്ചതിന്റെ മാത്രം വെളിച്ചത്തില്‍ കേസില്‍ ബന്ധപ്പെടുത്താനാവില്ലെന്നും മറ്റ് തെളിവുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ വ്യക്തമാക്കി."" ജൂണ്‍ 28ന്റെ മാധ്യമം വാര്‍ത്തയാണിത്. കേസ് കുനിയില്‍ ഇരട്ടക്കൊലപാതകം. എഫ്ഐആറില്‍ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിന്റെ പേരുണ്ട്. മാധ്യമം എഴുതുന്നു: ""ഉന്നതത്തിലെ സമ്മര്‍ദമാണ് അന്വേഷണം മരവിപ്പിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. എം.എല്‍.എയടക്കം എഫ്.ഐ.ആറില്‍ പ്രതിയായ മൂന്ന് ലീഗ് നേതാക്കളെ ഒഴിവാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴും ഇവരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോഴും പൊലീസിന് ഗൂഢാലോചന സംബന്ധിച്ച് പൂര്‍ണചിത്രം ലഭിച്ചിരുന്നു."" ലീഗ് എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് വലിച്ച് പുറത്തിടാനുള്ള തിരക്കഥ പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു. ബഷീര്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചപോലെത്തന്നെ, അദ്ദേഹത്തിന്റെ "രോമം തൊടാന്‍" പൊലീസിന് കഴിയില്ല. കേരളം ഭരിക്കുന്നത് ബഷീറിന്റെ പാര്‍ടിയാണ്. പൊലീസ് മന്ത്രി തിരുവഞ്ചൂരാണെങ്കില്‍ തിരുവഞ്ചൂരിന്റെ കടിഞ്ഞാണ്‍ ലീഗ് ആസ്ഥാനത്താണ്.
ഇനി മറ്റൊരു വാര്‍ത്തയിലേക്ക് പോകേണ്ടതുണ്ട്. മാധ്യമംതന്നെ, ജൂണ്‍ 29ന് എഴുതുന്നു: ""ആവര്‍ത്തിച്ച് ചോദ്യം ചെയ്യുമ്പോള്‍, "എന്നാല്‍ പിന്നെ, നിങ്ങളങ്ങോട്ട് കൂട്ടിക്കോ, എല്ലാ തെളിവും കൈയിലുണ്ടല്ലോ" എന്ന ഒരുവാചകം കുഞ്ഞനന്തന്‍ ആവര്‍ത്തിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. തെളിവുസഹിതം കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഏതാനും നേതാക്കളുടെ പേരുപറയാന്‍ ഇയാള്‍ തയാറായത്. കുഞ്ഞനന്തനുമായി ഫോണില്‍ ബന്ധപ്പെട്ടവരെ ചോദിച്ചപ്പോള്‍ വിളിച്ചിട്ടുണ്ട്, ഫോണ്‍ ലിസ്റ്റ് കൈയിലുണ്ടല്ലോ എന്ന മറുചോദ്യമാണ് കുഞ്ഞനന്തന്‍ ഉന്നയിക്കുന്നത്. എന്തിനാണ് രാത്രി വൈകിയും മറ്റും വിളിച്ചതെന്ന് ചോദിച്ചാല്‍ എന്റെ അസുഖവിവരം അറിയാനായിരിക്കും എന്നാണ് മറുപടി.""

ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് എല്ലാ തെളിവും കെട്ടിപ്പൊക്കുന്നത്, ഫോണ്‍കോളുകളുടെ ബലത്തിലാണ്. രണ്ട് പാര്‍ടിപ്രവര്‍ത്തകര്‍ തമ്മില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ഗൂഢാലോചന ആരോപിക്കുന്നു. ആദ്യം പ്രതികളെ നിശ്ചയിക്കുക; പിന്നെ അവരുടെ ഫോണ്‍കോള്‍ തപ്പി ബന്ധം കണ്ടെത്തുക എന്നതാണ് രീതി. അറസ്റ്റിലായവര്‍ക്ക് സമാനതകളില്ലാത്ത മര്‍ദനമുറകളാണ് നേരിടേണ്ടിവന്നത്. അടിച്ചു പറയിപ്പിക്കുകയാണ് പല പേരുകളും. ഒരു പൊതുയോഗം വിളിച്ചുകൂട്ടി ആലോചിച്ച് ചന്ദ്രശേഖരനെ കൊന്നതാണെന്ന് തോന്നും, പ്രതികളുടെ ജംബോ ലിസ്റ്റ് കണ്ടാല്‍. മോഹനന്‍ മാസ്റ്റര്‍ 54-ാംപ്രതിയാണത്രേ. ഇനിയും ഡസന്‍കണക്കിന് ആളുകളെ അറസ്റ്റുചെയ്യാന്‍ പോവുകയാണത്രേ. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനെക്കുറിച്ച് ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ രമ പറയുന്നു: ""പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയാണിത്. എന്തുകൊണ്ട് ഇത്രയും വൈകി എന്നുമാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂ."" ആര്‍എംപിയുടെ പ്രതീക്ഷ നിറവേറ്റിക്കൊടുക്കുന്ന സംഘമായി പൊലീസ് മാറി. അവര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് അറസ്റ്റ്. അതിന് തെളിവുവേണ്ട.

കസ്റ്റഡിയിലുള്ള ഏതെങ്കിലുമൊരാളെക്കൊണ്ട് തങ്ങള്‍ക്കാവശ്യമുള്ളത് പറയിക്കുന്നു; അതിനുസരിച്ച് വാര്‍ത്ത നല്‍കുന്നു. തുടര്‍ന്ന് അറസ്റ്റുണ്ടാകുന്നു. ഇത് വടകര കേസിലേ ഉള്ളൂ. മലപ്പുറത്തെ കേസാകുമ്പോള്‍ എത്രതവണ എംഎല്‍എയ്ക്ക് പ്രതികള്‍ ഫോണ്‍ ചെയ്താലും എംഎല്‍എ കൊലവിളി മുഴക്കുന്ന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ടാലും പൊലീസിന്റെ നട്ടെല്ല് നിവരില്ല. അത് ലീഗ് ഓഫീസില്‍ പണയംവച്ചിരിക്കയാണ്. എല്ലാ അറസ്റ്റും വരുന്നത്, യുഡിഎഫ് കുഴപ്പത്തില്‍ പെടുമ്പോഴാണ്. മുസ്ലിംലീഗിന് കീഴടങ്ങി ഭരിക്കേണ്ടിവരുന്ന കോണ്‍ഗ്രസ് നാണംകെട്ട് നില്‍ക്കുകയും കേരളത്തിന് രണ്ട് മുഖ്യമന്ത്രിമാരുണ്ടോ, എങ്കില്‍ ഭരണം മലപ്പുറത്തേക്ക് മാറ്റിക്കൂടേ എന്ന ചോദ്യമുയരുകയും ചെയ്ത ഘട്ടത്തിലാണ് മോഹനന്‍ മാസ്റ്ററെ അറസ്റ്റുചെയ്ത് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.

ആ അറസ്റ്റിന്റെ രീതി പ്രത്യേകം ശ്രദ്ധിക്കണം. എം ദാസന്‍ ദിനാചരണത്തില്‍ പങ്കെടുത്ത് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ സിനിമാസ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. മോഹനന്‍ മാസ്റ്റര്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവാണ്. എവിടെയും ഒളിച്ചുകടക്കുന്ന ക്രിമിനലല്ല. പിന്നെന്തിന് മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി പൊലീസ് ഇത്തരമൊരു നാടകം കളിച്ചു എന്നാലോചിച്ചാല്‍ മതി, വാര്‍ത്ത സൃഷ്ടിച്ച് ജനശ്രദ്ധ മാറ്റാനുള്ള നികൃഷ്ടമായ യുഡിഎഫ് ആസൂത്രണം തെളിയാന്‍. കൊയിലാണ്ടിയില്‍ പൊലീസിന്റെ മേളക്കാരായ ദൃശ്യമാധ്യമങ്ങള്‍ കാത്തുനിന്നിരുന്നു എന്നുകുടി അറിയുമ്പോള്‍ നാണംകെട്ട തിരക്കഥയുടെ ആഴം വ്യക്തമാകും. പൊലീസിലെ യുഡിഎഫ് ഭൃത്യന്മാരായ അധമജന്മങ്ങള്‍, ഇതോടെ ലോകാവസാനമായെന്ന് കരുതുന്നു. ഒരു കൊലക്കേസ് ചുമത്തി സിപിഐ എമ്മിനെ അവസാനിപ്പിച്ചുകളയാമെന്ന് സ്വപ്നം കാണുന്നു. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നരീതിയിലാണ് പെരുമാറുന്നത്. അത് സഹിക്കാവുന്നതിലും അപ്പുറം എത്തിയിരിക്കുന്നു എന്നതാണ് വെള്ളിയാഴ്ച വടകരയില്‍ അണപൊട്ടിയ ജനരോഷത്തില്‍ തെളിഞ്ഞത്. എത്രനാള്‍ ഇങ്ങനെ തുടരാനാകും? ഈ വേട്ടയാടപ്പെടുന്നവര്‍ കൊടുക്കുന്ന നികുതിപ്പണത്തില്‍നിന്നുകൂടിയാണല്ലോ മര്‍ദകന്മാരായ പൊലീസുകാരും സുഭിക്ഷം തിന്നുചീര്‍ക്കുന്നത്. ജനസേവകരാകേണ്ട, നീതിയുടെ സേവകരാകേണ്ട പൊലീസുകാര്‍ ഒരുപറ്റം സ്വാര്‍ഥമോഹികളും വഞ്ചകരുമായ ഭരണാധികാരികളുടെ ചെരിപ്പുനക്കികളാകുമ്പോള്‍ അനിവാര്യമായി സംഭവിക്കുന്ന ദുരന്തമാണ് കേരള പൊലീസിന് വന്നുപെട്ടിരിക്കുന്നത്.

വടകര സംഘര്‍ഷം നടക്കുമ്പോള്‍, ഒരു ചാനല്‍ എഴുതിക്കാണിച്ചത്, കോടതിക്കുനേരെ കല്ലേറ് എന്നാണ്. ആ വ്യാജവാര്‍ത്തയാണ് മണിക്കൂറുകള്‍ക്കകം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുത്തത്. അതിന്റെ സന്ദേശം, ബഹുമാനപ്പെട്ട കോടതി ശ്രദ്ധിക്കൂ, മാര്‍ക്സിസ്റ്റുകാര്‍ കോടതിക്കുനേരെ ആക്രമണം നടത്തുന്നു; അവരെ വെറുതെ വിടരുത് എന്നാണ്. ഇത്തരം നാറുന്ന മനസ്സാണ് നമ്മുടെ മാധ്യമങ്ങളില്‍ ചിലതിനെ നയിക്കുന്നത് എന്നുവരുമ്പോള്‍ അതിന്റെ ആനുകൂല്യം തങ്ങള്‍ക്കും വാരി ഭുജിക്കാമെന്ന് പൊലീസിനും തോന്നാം. മുസ്ലിംലീഗ് എംഎല്‍എയ്ക്കും സിപിഐ എമ്മിനും രണ്ടു നീതി എന്ന് അവര്‍ തീരുമാനിക്കുന്നത് മാധ്യമങ്ങളുടെ ഈ വിടുവേലകൊണ്ടുകൂടിയാണ്. ഈ അവിശുദ്ധസഖ്യം ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. പൊലീസുകാരനെ കുത്തിക്കൊന്നിട്ട് നാട്ടില്‍ വിലസുന്ന തമിഴ് കൊള്ളസംഘങ്ങളോടും വഴിനടക്കുന്ന പെണ്‍കുട്ടിയെ ബൈക്കിടിച്ച് കൊന്ന കാമഭ്രാന്തനോടുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസിന് ഇന്ന് പ്രണയം. മകളെ കൊന്നവനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്ന പിതാവിനോട് തെളിവുംകൊണ്ട് വരാന്‍ പറയുന്ന ചെറ്റത്തരം പൊലീസിന് മുഖമുദ്രയായി ചാര്‍ത്തിക്കൊടുത്തിരിക്കുന്നു തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും. അതിന്റെ നെഗളിപ്പാണ് പൊലീസ് വടകരയില്‍ കാണിക്കുന്നത്.

*
പി എം മനോജ് ദേശാഭിമാനി 30 ജൂണ്‍ 2012