Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts

Saturday, May 31, 2014

പച്ചപ്പിനൊരു സല്യൂട്ട്

ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുള്ള പാരിസ്ഥികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സ്വാഗതാര്‍ഹമാണ്. അവിടത്തെ പച്ചപ്പാകെ എരിച്ചുകളയാനും ജനജീവിതത്തെ വേരോടെ പറിച്ചെറിയാനും അങ്ങനെ ഭൂമിയുടെ ക്രയവിക്രയത്തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിനു കോടികള്‍ കൊയ്യാനുമുള്ള ഭൂമാഫിയാ വ്യവസായ ഗ്രൂപ്പിനും അവരുടെ സംരക്ഷകരായി അവതരിച്ച ഭരണാധികാരികള്‍ക്കും ഏറ്റ ആഘാതമാണിത്.

ചട്ടങ്ങളും വ്യവസ്ഥകളും കാറ്റില്‍പറത്തിക്കൊണ്ടും വഴിവിട്ട് ഉത്തരവുകളിറക്കിക്കൊണ്ടും വ്യവസായ ഗ്രൂപ്പിനു മുമ്പില്‍ പച്ചപ്പരവതാനി വിരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെയുണ്ടായ വിമാനത്താവള നിര്‍മാണനീക്കത്തില്‍ തങ്ങള്‍ക്കല്ല പങ്ക് എന്നു വരുത്തിത്തീര്‍ക്കുന്ന വിധത്തില്‍ നടത്തിയ പ്രസ്താവനയെ എത്ര മിതത്വം പാലിച്ചാലും അപഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ.

എല്ലാ നിയമങ്ങളും കെജിഎസ് ഗ്രൂപ്പിനു മുമ്പില്‍ വളയുന്നതാണ് നാം കണ്ടത്. ഏതോ അജ്ഞാത ശക്തി ബുള്‍ഡോസര്‍പോലെ തടസ്സങ്ങളെ ഇടിച്ചുനിരത്തി മുന്നോട്ടുപോവുന്നതാണ് കണ്ടത്. എംഎല്‍എയും എംപിയും സംസ്ഥാന മുഖ്യമന്ത്രിയും ഒക്കെ ആ അജ്ഞാതശക്തിയുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നതും കണ്ടു. ഏതാണ് ആ ശക്തി എന്ന അന്വേഷണങ്ങള്‍ കേന്ദ്ര ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന വസതിയുടെ ഇടനാഴികളിലേക്കുവരെ നീണ്ടു. ആരു തടഞ്ഞാലും വിമാനത്താവളം നിര്‍മിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ ധാര്‍ഷ്ട്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആ ശക്തിക്കുമുമ്പില്‍ കോടതികള്‍പോലും ശിരസ്സു താഴ്ത്തുമോ എന്നു കേരളം ഭയപ്പെട്ടു. ഏതായാലും ആ ഭയത്തിന് അടിസ്ഥാനമില്ല എന്നു വ്യക്തമാക്കുന്നതായി ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എല്ലാ വിളക്കുകളും അണയുന്നില്ല അധികാരത്തിന്റെ കൊടുങ്കാറ്റിലും എന്നു കാണുന്നത് ആശ്വാസകരമാണ്.

"ഞാനൊന്നുമറിഞ്ഞില്ലേ" എന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ പ്രതികരണം. വയലും നീര്‍ത്തടവും നികത്തുന്നത് കേന്ദ്രസര്‍ക്കാരില്‍നിന്ന് മറച്ചുവച്ചത് ഈ മുഖ്യമന്ത്രിയാണ്. പദ്ധതി റിപ്പോര്‍ട്ടുപോലും ലഭിക്കുംമുമ്പ് വിമാനത്താവളത്തില്‍ പത്തുശതമാനം ഓഹരി സര്‍ക്കാര്‍ എടുക്കുമെന്ന് നിശ്ചയിച്ചത് ഈ മുഖ്യമന്ത്രിയാണ്. വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നതും വിമാനത്താവളത്തിന് വേഗത്തില്‍ പാരിസ്ഥിതികാനുമതി ലഭിക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് കേന്ദ്രത്തിന് കത്തയച്ചതും ആ കത്തിന്റെ ഉള്ളടക്കം നിയമസഭയില്‍ നിന്നുപോലും മറച്ചുവച്ചതും ഈ മുഖ്യമന്ത്രിയാണ്. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയവയൊക്കെ ലംഘിക്കപ്പെട്ടപ്പോഴും അങ്ങനെ അനേകം ഏക്കര്‍ നിലം ആ വേളയില്‍ നികത്തിയപ്പോഴും നടപടി ഒഴിവാക്കിക്കൊടുത്തത് ഈ മുഖ്യമന്ത്രിയാണ്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ തുടങ്ങിയത് മുഖ്യമന്ത്രിതന്നെയാണ്.

സിവില്‍ ഏവിയേഷന്‍ നിയമം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയവ ലംഘിച്ചത് കേന്ദ്രം കൈകെട്ടി നോക്കിനിന്നു. അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചുമതലയുള്ള മുഖ്യമന്ത്രിയാകട്ടെ മൗനം പാലിച്ചു. മൗനം സമ്മതം! ഏതായാലും ഹരിത ട്രിബ്യൂണലിന്റെ വിധി നിയമലംഘനങ്ങള്‍ അനുവദിച്ചുകൊടുത്ത യുപിഎ-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ളതു കൂടിയാണ്. പണശക്തികൊണ്ടും കേന്ദ്രത്തിലെ രാഷ്ട്രീയ സ്വാധീനംകൊണ്ടും എന്തും നേടാമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അഹന്തയ്ക്കേറ്റ ആഘാതവുമാണിത്. ഇങ്ങനെയൊക്കെ തടസ്സമുണ്ടാവാതിരിക്കാന്‍ കെജിഎസ് എല്ലാ ശ്രമവും നടത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ നടപടികള്‍ തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകപോലും ചെയ്തു. ആ ഘട്ടത്തില്‍ കമ്പനിയെ അനുകൂലിക്കുന്ന നിലപാട് അഡ്വക്കറ്റ് ജനറല്‍ കൈക്കൊണ്ടപ്പോള്‍ത്തന്നെ സംസ്ഥാന ഭരണാധികാരികളും കെജിഎസ് ഗ്രൂപ്പും ചേര്‍ന്നുള്ള ഒത്തുകളി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. യുഎന്‍ഡിപി ആറന്മുളയെ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചതാണ്. പമ്പയുടെ തീരം, ഹരിതാഭ, ആറന്മുള വള്ളംകളി, ആറന്മുള കണ്ണാടി, പാര്‍ഥസാരഥി ക്ഷേത്രം എന്നിങ്ങനെ പലതുകൊണ്ടും കേരളീയ സംസ്കാരത്തിന്റെ പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശമാണത്. ഈ പ്രദേശത്ത് വിമാനത്താവളമുണ്ടാക്കാന്‍ വേണ്ട മിക്കവാറും എല്ലാ അനുമതികളും നല്‍കാന്‍ ഈ സാംസ്കാരിക, പാരിസ്ഥിതിക ഘടകങ്ങളൊന്നും അധികൃതര്‍ക്ക് തടസ്സമായില്ല. ആറാമത് ഒരു വിമാനത്താവളം ആവശ്യമുണ്ടോ, യാത്രക്കാരുടെ ലഭ്യത ഏതു വിധത്തിലാവും തുടങ്ങിയ കാര്യങ്ങളൊന്നും ശാസ്ത്രീയ പഠനങ്ങള്‍ക്കു വിധേയമാക്കുകപോലുമുണ്ടായില്ല. അത്യുന്നത തലങ്ങളിലെ രാഷ്ട്രീയ സ്വാധീനങ്ങളാണ് വിമാനത്താവളത്തിനുള്ള അനുമതി കിട്ടുന്നതിലെ തടസ്സങ്ങളെല്ലാം അപ്പപ്പോള്‍ ഇടപെട്ടു നീക്കിക്കൊണ്ടിരുന്നത്. ജനകീയ സമരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ തുടങ്ങിയവയൊക്കെ വ്യാപകമായി ഉണ്ടായെങ്കിലും അതൊന്നും തങ്ങളെ അലട്ടുന്നില്ല എന്ന മട്ടിലായിരുന്നു കമ്പനിക്കാര്‍. കിട്ടേണ്ട പല അനുമതികള്‍ കിട്ടിക്കഴിഞ്ഞില്ല എന്നതിലും അവര്‍ക്ക് അസ്വസ്ഥതയുണ്ടായില്ല. പാര്‍ലമെന്ററി സമിതികളുടെ തടസ്സവാദങ്ങള്‍പോലും സ്വാധീനങ്ങള്‍കൊണ്ട് മറികടന്ന് വനം-പരിസ്ഥിതി വകുപ്പുകളില്‍നിന്ന് പച്ചക്കൊടി നേടിയെടുക്കാന്‍ ഇവര്‍ക്ക് പ്രതിബന്ധമായില്ല. രണ്ടു വിമാനത്താവളങ്ങള്‍ക്കിടയില്‍ 150 കിലോമീറ്റര്‍ അകലം വേണമെന്ന വ്യവസ്ഥയും തടസ്സമായില്ല. എതിര്‍പ്പുകളില്‍ കഴമ്പില്ലെന്ന വിശദീകരണത്തോടെ ആറന്മുള വിമാനത്താവള നിര്‍മാണത്തിന് അനുമതി നല്‍കിയ യുപിഎ സര്‍ക്കാര്‍ പണത്തിനുമേല്‍ പരുന്തും പറക്കില്ലെന്ന തത്വത്തിനടിവരയിടുകയായിരുന്നു. ഏതായാലും ഹരിത ട്രിബ്യൂണലിന്റെ പരുന്ത് പണത്തിനുമേലെ പറന്നു എന്നു കാണുന്നത് ആഹ്ലാദകരമാണ്.

സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ കെജിഎസ് കമ്പനി ക്രമക്കേട് കാട്ടിയെന്ന് പൊതുമേഖലാ സ്ഥാപനമായ "കിറ്റ്കോ" കണ്ടെത്തിയതറിഞ്ഞിട്ടും അതിന്മേല്‍ നടപടി നീക്കാതെ മടിച്ചുനിന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും. വയലും നീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ചും പദ്ധതി കിട്ടിയിട്ടുപോലും കേന്ദ്രത്തിന് അത് കൈമാറാതെ പൂഴ്ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഫലത്തില്‍ തിരിമറിക്ക് കൂട്ടുനില്‍ക്കലായി അത്. വിമാനത്താവള പ്രശ്നത്തില്‍ വ്യാപകമായി ചേരിതിരിവുണ്ടായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടി വേദികളില്‍പോലും കെജിഎസിനുവേണ്ടി വാദിക്കുന്ന മുഖ്യമന്ത്രിയെയാണ് നാം കണ്ടത്.

വയലും നീര്‍ത്തടവും നികത്തിയത് സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വനം-പരിസ്ഥിതി വകുപ്പിന് പരിസ്ഥിതി അനുമതിക്കായി കത്തയച്ചതെന്തിന് എന്നത് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. പദ്ധതിക്ക് മൂര്‍ത്തരൂപംപോലും ആകുന്നതിനുമുമ്പ് പത്തുശതമാനം ഓഹരി എടുക്കാമെന്നു നിശ്ചയിച്ചതിനു പിന്നിലെ "സഹായ മനോഭാവ"വും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഭാഗം കേന്ദ്രത്തിനുള്ള റിപ്പോര്‍ട്ടില്‍ നിന്നൊഴിവാക്കിയതെന്തിന് എന്നതും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്.

ഹരിത ട്രിബ്യൂണല്‍ ഉയര്‍ത്തിയ മൂന്നുനാലു ചോദ്യങ്ങളുണ്ട്. യോഗ്യതയില്ലാത്ത ഏജന്‍സിയെക്കൊണ്ട് നടത്തിയ പരിസ്ഥിതി പഠനത്തിന് എന്തു വില, ജനങ്ങള്‍ക്കിടയില്‍ തെളിവെടുപ്പു നടക്കുകയുണ്ടായോ, വിദഗ്ധസമിതിയെ വച്ച് പരിശാധിപ്പിച്ചോ എന്നിവയാണവ. ഈ ചോദ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി മറുപടി പറയേണ്ട തരത്തിലുള്ള മുമ്പു സൂചിപ്പിച്ച ചോദ്യങ്ങള്‍കൂടി കേരളീയരുടെ മനസ്സില്‍ ഈ ഘട്ടത്തില്‍ മുഴങ്ങേണ്ടതുണ്ട്.
*
deshabhimani editorial 30-05-2014

Wednesday, May 28, 2014

പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുക

കോര്‍പറേറ്റ് നിയന്ത്രിത മുതലാളിത്ത വികസനവഴി കഴുത്തറുപ്പന്‍ ലാഭത്തിന്റേതാണ്. ലാഭമല്ലാതെ മറ്റൊന്നിനും അവിടെ മൂല്യമില്ല. പ്രകൃതിയും കൃഷിയും വ്യവസായവും ലാഭംനോക്കികളുടെ കൈയിലകപ്പെടുമ്പോള്‍ പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ക്രൂരമായി അവഗണിക്കപ്പെടുന്നു. വര്‍ത്തമാനകാലത്ത് പാരിസ്ഥിതികപ്രശ്നങ്ങള്‍ ലോകത്തെയാകെ ഗ്രസിക്കുകയാണ്. അമിതമായ പ്രകൃതിചൂഷണത്തിന് വാതില്‍ തുറന്നിടുന്ന നവ ലിബറല്‍നയങ്ങളുടെ ഉല്‍പ്പന്നവുമാണത്. അത് പരിസ്ഥിതിയെമാത്രമല്ല, കൃഷിയെയും കൃഷിക്കാരെയും ജനജീവിതത്തെയാകെയും ബാധിക്കുന്നു. വികസനത്തിനും വ്യവസായവല്‍ക്കരണത്തിനുമെന്ന പേരില്‍ കൃഷിഭൂമി വന്‍തോതില്‍ ഏറ്റെടുക്കുന്നു. അവശേഷിക്കുന്ന കൃഷിഭൂമി അശാസ്ത്രീയവും നിരുത്തരവാദപരവുമായി വളവും കീടനാശിനികളും ചെന്നുചേരുന്നതിലൂടെ വിഷമയമാകുന്നു. അത് പച്ചപ്പുകളുടെ വളര്‍ച്ച തടയുകയും ജലക്ഷാമത്തിലേക്കും മരുവല്‍ക്കരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ നിയമവിരുദ്ധ ഖനവും വായു- ജല മലിനീകരണവുമടക്കം പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിലൊന്നും കണ്ണുപായിക്കാതെ സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളാക്കാനുള്ള ഇടപെടലാണ് കോര്‍പറേറ്റുകളുടേത്.

കൃഷിച്ചെലവിലെ കുത്തനെയുള്ള വര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും കുത്തകവല്‍ക്കരിക്കപ്പെട്ട വിപണിയും അവധിവ്യാപാരത്തിലെ ചതിക്കുഴികളും കൃഷിക്കാരെ കൃഷിയില്‍നിന്ന് അകറ്റുകയാണ്. ക്രമരഹിതമായ കാലവര്‍ഷം, വരള്‍ച്ച, പ്രളയം എന്നിങ്ങനെയുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് നിരന്തരഭീഷണിയായി തുടരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാനോ ദുരന്തബാധിതരാകുന്ന കര്‍ഷകരെ സഹായിക്കാനോ സര്‍ക്കാരിന് മൂര്‍ത്തമായ പദ്ധതികളൊന്നുമില്ല. തത്വദീക്ഷയില്ലാത്ത ജലചൂഷണം രാജ്യത്തിന്റെ ഭൂഗര്‍ഭ ജലസ്രോതസ്സുകളെ വറ്റിക്കുകയാണ്. ശാസ്ത്രീയമോ പ്രായോഗികമോ ആയ ജലവിഭവനിയന്ത്രണ സംവിധാനം എവിടെയുമില്ല. ശുദ്ധജലശേഖരണവും മലിനജലശുദ്ധീകരണവും അടക്കമുള്ള മാര്‍ഗങ്ങള്‍ ഗൗരവമായി പരീക്ഷിക്കപ്പെടുന്നില്ല. പകരം ശുദ്ധജലവിതരണംപോലും ലാഭക്കച്ചവടമാക്കി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നദികളുടെ സംയോജനം, വഴിതിരിച്ചുവിടല്‍ തുടങ്ങിയ നടപടികളിലൂടെ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതമാര്‍ഗത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.

കൂടുതല്‍ ഉല്‍പ്പാദനത്തിനുവേണ്ടി നടത്തുന്ന ക്രമരഹിതമായ വളം- കീടനാശിനി പ്രയോഗം കൃഷിച്ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഭൂമിയുടെ മലിനീകരണത്തിനും നിരവധി അനുബന്ധപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ച ഭീകരാവസ്ഥ നമുക്കുമുന്നിലുണ്ട്. കര്‍ഷകരുടെയും ജനങ്ങളുടെയാകെയും ആരോഗ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് വിപണിയില്‍ ലഭിക്കുന്ന ഫലമൂലാദികള്‍. ഈ വിഷവസ്തുക്കളുടെ അപകടം സമൂഹത്തെ സാരമായി ബാധിച്ചിരിക്കുന്നു. കാര്‍ഷികരാജ്യമെന്ന് അഭിമാനംകൊള്ളാറുള്ള ഇന്ത്യയില്‍ വളത്തിന്റെ യുക്തിഭദ്രമായ ഉപയോഗമോ ജൈവവളങ്ങളുടെ വ്യാപനമോ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാത്ത സുസ്ഥിരമായ ശാസ്ത്രീയ കൃഷിസമീപനത്തിന്റെ പുരോഗതിയോ ഉറപ്പാക്കപ്പെടുന്നില്ല. അതുസംബന്ധിച്ച് ദേശീയതലത്തില്‍ നയരൂപീകരണം ഉണ്ടാകുന്നില്ല. അമിതലാഭം ലക്ഷ്യമിട്ടുള്ള അഗ്രി ബിസിനസാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുംവിധം ജൈവവൈവിധ്യനിയമത്തിന്റെ പരിധിയില്‍നിന്ന് നിരവധി വിളകളെ ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെ വന്‍കിട അഗ്രി ബിസിനസ് കമ്പനികള്‍ക്ക് ലാഭംകൊയ്യാനും പേറ്റന്റ് നേടാനുമുള്ള വാതിലുകളാണ് തുറന്നിടുന്നത്. വനംകൊള്ള വ്യാപകമാണ്. ധാതുലവണങ്ങള്‍ നിയന്ത്രണമില്ലാതെ ചൂഷണംചെയ്യപ്പെടുന്നു.

അമിതലാഭം ലക്ഷ്യംവച്ചുള്ള നിയമവിരുദ്ധ ഖനവും കല്ലെടുപ്പും മരംവെട്ടും അനധികൃത നിര്‍മാണവും തടയാന്‍ ഇടപെടലുകളുണ്ടാകുന്നില്ല. പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന് കൊള്ളയടിക്കാനുള്ളതല്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍പ്പ് സാധ്യമല്ല. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ തന്റെ ജീവിതപുരോഗതിക്കും നിലനില്‍പ്പിനുതന്നെയും വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. മനുഷ്യന്‍ തന്റെ പണിയായുധങ്ങള്‍കൊണ്ടും ബുദ്ധിശേഷികൊണ്ടും പ്രകൃതിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയാണ് ജീവിക്കുന്നത്; അതിനാണ് നിരന്തരം പ്രയത്നിക്കുന്നത്. പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടല്ലാതെ മനുഷ്യന് ജീവിതമില്ല. ആ ഇടപെടലിന്റെ തോത് ഭ്രാന്തമായി വിപുലപ്പെടുന്നതാണ് ഒരു പ്രശ്നമെങ്കില്‍, പ്രകൃതിസംരക്ഷണത്തിന്റെ മറവില്‍ മനുഷ്യന്റെ ജീവിതസ്വാതന്ത്ര്യംപോലും ഇല്ലാതാക്കാനുള്ള ഭ്രാന്തന്‍ശ്രമങ്ങള്‍ മറുവശത്തും നടക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടടക്കമുള്ള അത്തരം രീതികളും കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്നതാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും കൃഷിയെയും കര്‍ഷകനെയും മാനവരാശിയെ ആകെയും സംരക്ഷിക്കാനുള്ള മുന്‍കൈ ഉയര്‍ന്നുവരേണ്ടത് ഈ സാഹചര്യത്തിന്റെ ആവശ്യമാണ്. 2014ലെ ലോക പരിസ്ഥിതിദിനം (ജൂണ്‍ അഞ്ച്) പരിസ്ഥിതി- കൃഷി സംരക്ഷണദിനമായി ആചരിക്കാനുള്ള അഖിലേന്ത്യാ കിസാന്‍സഭയുടെ തീരുമാനം അതുകൊണ്ടുതന്നെ ശ്ലാഘനീയമായ മുന്‍കൈയാണ്. കിസാന്‍സഭയുടെ ആഹ്വാനം ജനങ്ങളാകെ ഏറ്റെടുക്കേണ്ടതുണ്ട്.
*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, April 8, 2014

പ്രധാനമന്ത്രിയുടെ ഉറപ്പ്, മറ്റൊരു വഞ്ചന

യുഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേരളത്തിലെത്തി തിരിച്ചുപോയി. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കുമെന്ന ഏക ഉറപ്പാണ് കേരളത്തിന് ലഭിച്ചത്. ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ, ആവടി സോഷ്യലിസം തുടങ്ങിയ അനേകായിരം ഉറപ്പുകളുടെ പട്ടികയില്‍ ഈ ഉറപ്പിനും സ്ഥാനം നല്‍കാം. അതും ചരിത്രരേഖയായി നിലനില്‍ക്കട്ടെ.

ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം നമ്മുടെ സുസ്ഥിരവികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഉറപ്പിനോടൊപ്പം ചേര്‍ത്തുപറയുകയും ചെയ്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് 2013 നവംബര്‍ 13ന്റെ ഉത്തരവിലൂടെ നടപ്പാക്കിയതാണ്. ഈ ഉത്തരവ് നാളിതുവരെ റദ്ദാക്കിയിട്ടില്ല. റിപ്പോര്‍ട്ട് റദ്ദ്ചെയ്താല്‍ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍വരും എന്ന ഭീഷണിയാണ് ഭരണക്കാര്‍ മുമ്പ് മുഴക്കിയത്. അതിനും മാറ്റംവന്നിട്ടില്ല. മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കഴിയാത്തതാണോ? അത് കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ശിലാശാസനമാണോ? ഗാഡ്ഗിലും കസ്തൂരിരംഗനും മികച്ച ശാസ്ത്രജ്ഞരായിരിക്കാം. തര്‍ക്കമില്ല. എന്നാല്‍, ഇവര്‍ മാത്രമല്ല ശാസ്ത്രജ്ഞര്‍. പരിസ്ഥിതിശാസ്ത്രം, കൃഷിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, വനശാസ്ത്രം, ജൈവശാസ്ത്ര, പ്രകൃതിശാസ്ത്രം തുടങ്ങി ശാസ്ത്രശാഖകള്‍ ഒട്ടേറെയുണ്ട്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി വിദഗ്ധ കമീഷനെവച്ച് പഠനവും ഗവേഷണവും നടത്തണം. അവര്‍ പാര്‍ലമെന്റംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിങ്ങനെയുള്ള ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി അവരുടെ അഭിപ്രായമാരായണം. കര്‍ഷകസംഘടനകളുമായും ബഹുജന സംഘടനാനേതാക്കളുമായും ആശയവിനിമയം നടത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് പഠിക്കാനായി പരസ്യപ്പെടുത്തണം. ഒടുവില്‍ നിയമസഭകളിലും പാര്‍ലമെന്റിലും ചര്‍ച്ചചെയ്ത് അംഗീകരിക്കണം. കേരളത്തില്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച 123 ഗ്രാമങ്ങളിലെ താമസക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കണം. കേരളത്തിലെ 125 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇതേവരെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ചവറ്റുകുട്ടയിലായിരിക്കണം സ്ഥാനം. ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടമേഖല സംരക്ഷിക്കണമെന്ന വിഷയം തര്‍ക്കവിഷയമല്ല. എന്നാല്‍, ഈ മേഖലയില്‍ ദീര്‍ഘകാലമായി താമസിച്ച് മണ്ണൊരുക്കി കൃഷിചെയ്ത് ഉപജീവനം കഴിയുന്ന ജനങ്ങളെ മറന്നുള്ള ഒരു സംരക്ഷണവും സ്വീകാര്യമല്ല. അതുകൊണ്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് സിപിഐ എം അതിന്റെ പ്രകടനപത്രികയില്‍ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിയത്. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ അങ്ങനെയൊന്നും പറയുന്നില്ല. ബിജെപിയാകട്ടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന അഭിപ്രായമുള്ളവരാണ്. ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് നല്‍കേണ്ടത്. അതിനുപകരം കള്ളവും വഞ്ചനയും ചതിയുമായി സമ്മതിദായകരെ സമീപിച്ചാല്‍ വിശ്വസിക്കാനാകില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ 123 ഗ്രാമങ്ങളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പും അനുഭവവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഈ മേഖലയിലെ പ്രായപൂര്‍ത്തിയായ യുവതീയുവാക്കളുടെ വിവാഹാലോചനപോലും മുടങ്ങുന്നു. പള്ളി പുതുക്കിപ്പണിയാന്‍ തുടങ്ങിയപ്പോള്‍ മണ്ണ് നീക്കുന്നത് വയനാട്ടില്‍ തടഞ്ഞു. വീട് പുതുക്കിപ്പണിയാന്‍ അനുവാദം ലഭിക്കുന്നില്ല. ഭൂമിയുടെ ക്രയവിക്രയം നിലച്ചു. സ്വന്തംഭൂമി ബാങ്കില്‍ പണയംവച്ച് വായ്പ വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമാകാത്ത നില വന്നു. ഇതനുഭവമാണ്. സങ്കല്‍പ്പമല്ല. ജനങ്ങള്‍ക്ക് സ്വന്തം അനുഭവത്തിലുണ്ടായ ആശങ്ക നീക്കാന്‍ പ്രധാനമന്ത്രിയുടെ വാക്കാലുള്ള ഉറപ്പുകൊണ്ട് ഒരു ഫലവുമില്ല. നിയമപ്രാബല്യമുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമായത്. അത് ലംഘിക്കാനാകില്ല. പ്രത്യേകിച്ചും സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍.

രണ്ടാമതായി പ്രധാനമന്ത്രി ഇടതുപക്ഷത്തെ ഉപദേശിക്കുന്നത് സൈദ്ധാന്തികമായ കടുംപിടിത്തങ്ങള്‍ ഉപേക്ഷിക്കണമെന്നാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തികനയങ്ങളും ലോകബാങ്കിന്റെ തീട്ടൂരങ്ങളും ഐഎംഎഫിന്റെ നയങ്ങളും ഉത്തരവുകളുമാണ് ബാധകമായിട്ടുള്ളത്. ഇക്കാര്യത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ കടുംപിടിത്തമുണ്ടെന്നത് യഥാര്‍ഥ വസ്തുതയാണ്. സാമ്രാജ്യത്വ സാമ്പത്തികനയം വിപണി സമ്പദ്വ്യവസ്ഥയില്‍ കേന്ദ്രീകരിച്ചതാണ് (മാര്‍ക്കറ്റ് ഇക്കോണമി). വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നും നിയന്ത്രിക്കാന്‍ കഴിയാത്തതാണെന്നും കരുതുന്നു. അതുകൊണ്ട് നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റം തടയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്നാണ് വാദം. സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കാനും ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനുമുള്ള ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല. സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ല എന്നാണല്ലോ മന്‍മോഹന്‍സിങ്ങിന്റെ നിലപാട്.

യുപിഎ ഭരണകാലത്ത് നടന്ന ഭീമാകാരംപൂണ്ട അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതിയെപ്പറ്റി മന്‍മോഹന്‍ മൗനമവലംബിക്കുന്നു. തടയാനുള്ള നിയമനിര്‍മാണത്തെപ്പറ്റിയാണ് വ്യാമോഹം സൃഷ്ടിക്കുന്നത്. നിയമത്തിന്റെ അഭാവംമൂലമല്ല അഴിമതി വ്യാപകമായതും അഴിമതിയില്‍ റെക്കോഡ് സൃഷ്ടിച്ചതും.

അഴിമതിയുടെ കാര്യത്തില്‍ ഡിഎംകെ മന്ത്രി രാജയ്ക്കെതിരെ നടപടി സ്വീകരിച്ചതും സുരേഷ് കല്‍മാഡിക്കെതിരെ ഐപിഎല്‍ കുംഭകോണത്തിന്റെപേരില്‍ നടപടി കൈക്കൊണ്ടതുമാണ് ആനക്കാര്യമായി അവതരിപ്പിക്കുന്നത്. രാജ നടത്തിയ അഴിമതി അറിഞ്ഞിട്ടും മൂടിവച്ച് സംരക്ഷിച്ച ആളാണ് മന്‍മോഹന്‍സിങ്. സുരേഷ് കല്‍മാഡിയെ കൈയോടെ പിടികൂടിയതിനുശേഷമാണ് ഗത്യന്തരമില്ലാതെ ചില നടപടികള്‍ കൈക്കൊണ്ടത്. എന്നാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചൗഹാന്‍ ഫ്ളാറ്റ് കുംഭകോണത്തിന്റെ പേരില്‍ രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായതാണ്. ആരോപണം നിലനില്‍ക്കെയാണ് വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ചുരുക്കത്തില്‍ അഴിമതിയുടെ യഥാര്‍ഥ കാവല്‍ക്കാരനും സംരക്ഷകനുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അക്രമരാഷ്ട്രീയത്തെപ്പറ്റിയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. നിലമ്പൂരില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ സ്ഥാപിച്ചതിനുതാഴെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ പാവപ്പെട്ട തൂപ്പുകാരി രാധയെ കൊന്നത്. ശവം രണ്ടുദിവസം അതേ ഓഫീസില്‍ സൂക്ഷിച്ചുവച്ചു. അതിനും ഗാന്ധിജിയെ സാക്ഷിയാക്കി. തുടര്‍ന്നുള്ള സംഭവങ്ങള്‍ പ്രധാനമന്ത്രി അന്വേഷിച്ചറിയുന്നതായിരിക്കും ഉചിതം. കോണ്‍ഗ്രസ് ഓഫീസിലെ മാലിന്യം അടിച്ചുവാരി വൃത്തിയാക്കി എന്നതാണോ രാധ ചെയ്ത അപരാധം. ഗാന്ധിജിയുടെ പടം സാക്ഷിനിര്‍ത്തി നടത്തിയ രാധയുടെ കൊലപാതകത്തേക്കാള്‍ ഹീനമായ ഒന്ന് ഇന്ത്യയിലെവിടെയെങ്കിലും നടന്നതായി പറയാന്‍ കഴിയുമോ? തൃശൂരില്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ നടത്തിയ രണ്ട് കൊലപാതകങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്! കൊലപാതകങ്ങളുടെയും അക്രമരാഷ്ട്രീയത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ ജനങ്ങള്‍ വിധിയെഴുതുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെയായിരിക്കും.

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ മൂന്നുവര്‍ഷത്തെ ഭരണത്തെപ്പറ്റിയുള്ള വിലയിരുത്തലാകുമെന്നാണ്. മാര്‍ച്ച് 31ന് ഖജനാവ് കാലിയായ സംഭവംമാത്രം മതി സാമ്പത്തിക അച്ചടക്കമില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും ധൂര്‍ത്തിന്റെയും കഴിവുകേടിന്റെയും കഥ പറയാന്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരണത്ത് കൊണ്ട കനത്ത അടിയാണ്. മുമ്പൊക്കെ മന്ത്രിമാര്‍ തെറ്റ് ചെയ്താല്‍ സ്ഥാനം രാജിവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി എന്നാണ് ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ നിരീക്ഷണത്തില്‍ വ്യക്തമാക്കിയത്. അര ഡസന്‍ കൊടും കുറ്റവാളികള്‍ ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ നിയമിതരായത് യാദൃച്ഛികസംഭവമല്ല. അദ്ദേഹംതന്നെ സ്വന്തം ഹിതമനുസരിച്ച് നിയമിച്ചവരാണ് ഈ കുറ്റവാളിസംഘം. ഇവരെ നിയമിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നാണ് കോടതിവിധിയില്‍ പറഞ്ഞത്. മുഖ്യമന്ത്രി ഗണ്‍മാനായി നിയമിച്ച സലിംരാജ് 250 കോടി രൂപയുടെ ഭൂസ്വത്താണ് തട്ടിയെടുത്തത്. ഒരു സാധാരണ പൊലീസ് കോണ്‍സ്റ്റബിളിന് ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ധൈര്യം വരില്ല. മുഖ്യമന്ത്രിയുടെ തണലിലാണ് ഇത് നടന്നത്. മുഖ്യമന്ത്രി മുഖം രക്ഷിക്കാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. വിധിന്യായത്തിന്റെ 70-ാം ഖണ്ഡിക റദ്ദ് ചെയ്യാനാണാവശ്യപ്പെട്ടത്. കിട്ടിയ വിധിയോ. എഴുപതാം ഖണ്ഡികയിലെ രണ്ട് വാചകം മാത്രം സ്റ്റേ ചെയ്തു. മുഖ്യമന്ത്രി വീണ്ടും അപമാനിതനാകുകയല്ലേ ചെയ്തത്. ഉമ്മന്‍ചാണ്ടിക്കെതിരെ വിധിയുണ്ടായപ്പോള്‍ ജഡ്ജിയെ താറടിക്കാന്‍ ശ്രമിച്ചു. കോടിയേരി ബാലകൃഷ്ണനെ കണ്ടു എന്നായിരുന്നു ആരോപണം. ഹാറൂണ്‍ അല്‍ റഷീദിനെ മാനസികമായി തകര്‍ക്കാനും അപമാനിക്കാനുമായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. മന്ത്രി കെ സി ജോസഫ് ഉമ്മന്‍ചാണ്ടിയുടെ വലംകൈയാണ്. അദ്ദേഹമാണ് ജഡ്ജിയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചത്. ജഡ്ജി സ്വാഭാവികമായും പ്രതികരിച്ചു. സിബിഐ അന്വേഷണത്തിനായി വെല്ലുവിളിച്ചു. മാത്രമല്ല അന്വേഷണ ഉത്തരവിട്ടാല്‍ സ്ഥാനത്തുനിന്നൊഴിഞ്ഞുനില്‍ക്കാനും സന്നദ്ധനായി. അന്വേഷണത്തിനുശേഷം താന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മാനഷ്ടത്തിനുള്ള പരിഹാരം എന്താണെന്ന ചോദ്യവും ഉന്നയിച്ചു. അഭിമാനബോധമുള്ളവരുടെ ഉത്തമമാതൃക അതാണ്. അത് ഉമ്മന്‍ചാണ്ടിയില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ല.

ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളിയും സ്വീകരിക്കാന്‍ കേരള ജനത തയ്യാറാകും. കേന്ദ്രത്തിലെ രണ്ടാം യുപിഎ ഭരണത്തിനെതിരെയും കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ മൂന്നുവര്‍ഷത്തെ ജനവിരുദ്ധ ക്രിമിനല്‍ ഭരണത്തിനെതിരെയും കേരളത്തിലെ ഉദ്ബുദ്ധരായ സമ്മതിദായകര്‍ വിധിയെഴുതുമെന്ന് തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ ഒരൊറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ലോക്സഭ കാണില്ലെന്നുറപ്പിക്കാം.

*
വി വി ദക്ഷിണാമൂര്‍ത്തി

Saturday, April 5, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മന്ത്രിമാര്‍ മറുപടി പറയണം

മലയോരജനതയ്ക്ക് കൊലക്കയറാകുന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സാധാരണക്കാരായ ഞങ്ങള്‍ക്ക് ഇപ്പോഴും ഏറെ ആശങ്കകളുണ്ട്. അത് പരിഹാരിക്കേണ്ടവര്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നേതാക്കളുമാണ്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ തീരൂ.... $. കേരളത്തിലെ 123 വില്ലേജിലും അതിന്റെ 10 കി.മീ ആവാസ കേന്ദ്രങ്ങളായി മാറുന്ന പ്രദേശങ്ങളിലുമുള്ള 125 ലക്ഷത്തോളം ജനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ആര്‍ക്കുവേണ്ടി?.

$ പാശ്ചാത്യരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന "യുനെസ്കോ"യില്‍ ഇന്ത്യ അംഗമായി ഒപ്പിട്ട് പശ്ചിമഘട്ട പരിസ്ഥിതിസംരക്ഷണത്തിന്റെപേരില്‍ എത്ര ലക്ഷം കോടികള്‍ ഇതിനോടകം കൈപ്പറ്റി? സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വിറ്റ് എത്ര കോടി വാങ്ങി?

$ സംസ്ഥാനത്ത് ഇഎഫ്എല്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജിലും നിസ്സഹായരായ മനുഷ്യര്‍ താമസിക്കുന്നത് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അറിയില്ലേ?

$ സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശവും ജനവാസ കേന്ദ്രവും കൃഷിയിടങ്ങളും ടൗണ്‍ഷിപ്പുകളും പരിസ്ഥിതിലോല പ്രദേശങ്ങളായി നിശ്ചയിച്ചതാര്? ഇഎഫ്എല്‍ ആയി പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്ത്? ആരാണ്, ഏത് വകുപ്പാണ് സര്‍വേ നടത്തിയത്?

$ ഈ നിയമം പാര്‍ലമെന്റിലോ നിയമസഭകളിലോ ത്രിതല പഞ്ചായത്ത് ഗ്രാമസഭകളിലോ ചര്‍ച്ചചെയ്ത് പാസാക്കിയതാണോ? എന്തുകൊണ്ട് ജനങ്ങളില്‍നിന്ന് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മറച്ചുവച്ച് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു?

$ മുഖ്യമന്ത്രി "അധാര്‍മികമെന്ന് വിശേഷിപ്പിച്ച ഇഎഫ്എല്‍ നിയമം" എന്തിനാണ് സംസ്ഥാനത്ത് നടപ്പാക്കി ജനങ്ങളെ കുരുതി കൊടുക്കുന്നത്?

$ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അത് നിഷേധിക്കുന്നത് നീതിയാണോ?

$ ഈ ഭീകരനിയമം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രമന്ത്രിമാരും യുഡിഎഫ് സര്‍ക്കാരും സമ്മര്‍ദം ചെലുത്തിയാല്‍ കേരളജനതയെ രക്ഷിക്കാമായിരുന്നില്ലേ?

$ "ആശങ്ക വേണ്ടാ" എന്ന് വാ തോരാതെ പറയുന്ന ഭരണകര്‍ത്താക്കളെ പ്രതിരോധിച്ചിരുന്നില്ലെങ്കില്‍ ഇതിനകം സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കുമായിരുന്നില്ലേ?

$ പരിസ്ഥിതിസംരക്ഷണം കേവലം ചില വില്ലേജുകളില്‍മാത്രം മതിയോ? തണ്ണീര്‍ത്തടാകം നികത്തലും പ്രകൃതി ചൂഷണംചെയ്യുന്ന ഖനങ്ങളും കെട്ടിടനിര്‍മാണങ്ങളും നിയന്ത്രിക്കേണ്ടേ?

$ ക്വാറി, ഖനം തുടങ്ങിയവയ്ക്ക് പശ്ചിമഘട്ടത്തില്‍ അനുമതി നല്‍കുന്നത് അഴിമതിക്കാരായ നിങ്ങള്‍തന്നെയല്ലേ? മാഫിയകളുടെ കോടികളുടെ മുമ്പില്‍ ഓച്ഛാനിക്കുന്ന ഭരണക്കാര്‍ മലയോര ജനതയെ ബലിയാടാക്കുകയല്ലേ?

$ അസംഘടിതരും അധ്വാനശീലരും നിഷ്കളങ്കരുമായ കര്‍ഷകജനതയെ പ്രകൃതി-പരിസ്ഥിതി ചൂഷകരും രാജ്യദ്രോഹികളുമായി ചിത്രീകരിച്ച് പിറന്ന മണ്ണില്‍നിന്ന് ആട്ടിയിറക്കാന്‍ ഗൂഢാലോചന നടത്തുന്നവരെന്തിന് ഇവരുടെ വോട്ടിനായി പരക്കംപായുന്നു?

$ യുഡിഎഫിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ കരിനിയമം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി അവരുടെ ആശങ്ക അകറ്റാത്തതെന്ത്?

$ പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 1980ലും 1986ലും നിയമം ഉണ്ടാക്കി അതിന് ഒരു മന്ത്രാലയവും തുറന്നില്ലേ? എന്നിട്ടും ആരാണ് വനവും പശ്ചിമഘട്ടവും പരിസ്ഥിതിയും നശിപ്പിച്ചത്? രാജ്യത്ത് ഏറ്റവും കൂടുതല്‍ വനഭൂമി കേരളത്തിലല്ലേ? പിന്നെന്തിനാണ് കര്‍ഷകഭൂമി പിടിച്ചെടുക്കുന്നത്?.

$ ഗാഡ്ഗില്‍-കസ്തൂരി ദുരന്തത്തിന്റെ ഇരയായി സഹോദരിയുടെ വിവാഹത്തിന് സ്ഥലം വില്‍ക്കാന്‍ പറ്റാതെയും ബാങ്ക് വായ്പ കിട്ടാതെയും അപമാനഭാരത്താല്‍ ജീവന്‍ വെടിഞ്ഞ തിരുവമ്പാടി രമേശന്റെ മരണത്തിന്റെ ഉത്തരവാദിയാര്?

$ രാജ്യത്തെ നിയമനിര്‍മാണ സഭകളായ പാര്‍ലമെന്റ്, രാജ്യസഭകളേക്കാളും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയേക്കാളും അധികാരം "ഗ്രീന്‍ ട്രിബ്യൂണലിന്" നല്‍കിയതാര്?.

$ എന്ത് തെറ്റാണ് മലയോര കര്‍ഷകജനത ചെയ്തത്? സ്വന്തം മണ്ണില്‍ രാപ്പകല്‍ അധ്വാനിച്ച് ഭക്ഷ്യധാന്യങ്ങളും നാണ്യവിളകളും ഉല്‍പ്പാദിപ്പിച്ച് രാജ്യത്തെയും ജനങ്ങളെയും സമ്പുഷ്ടമാക്കിയതോ? കാലാകാലങ്ങളില്‍ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തി രാഷ്ട്രത്തോടൊപ്പം നിന്നതോ? പുതിയതൊന്നും തന്നില്ലേലും വേണ്ട, ദയവായി സ്വന്തം മണ്ണില്‍ കൃഷിചെയ്യാനും ജീവിക്കാനും അനുവദിക്കുമോ? മറുപടി പറയാന്‍ മന്ത്രിമാര്‍ ബാധ്യസ്ഥരാണ്...മറുപടി ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശവുമാണ്...

മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി കൂരാച്ചുണ്ട്, കോഴിക്കോട് ജില്ല

Wednesday, March 26, 2014

തിരുത്തുക, അല്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങുക

കോണ്‍ഗ്രസ് എന്ന പാര്‍ടിയും അതിന്റെ നേതൃത്വവും നുണ പറയുന്നത് അത്ഭുതസംഭവമല്ല. നുണകളുടെയും കാപട്യത്തിന്റെയും അടിത്തറയിലാണ് അതിന്റെ നിലനില്‍പ്പ് എന്നുതന്നെ പറയാം. "ഗരീബി ഹഠാവോ" മുതല്‍ ജനങ്ങളെ വഞ്ചിക്കാന്‍ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് കാപട്യത്തിന്റെ നിത്യസ്മാരകങ്ങളാണ്. രാജ്യത്തിന്റെ വികസനം, വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, ധനസ്ഥിതി, അഴിമതി, കടഭാരം ഇങ്ങനെ എല്ലാ വിഷയങ്ങളിലും നുണയന്‍ അവകാശവാദങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നാവില്‍നിന്നുതിരുന്നത്. ആ നിലയ്ക്ക്, കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതാവില്‍നിന്ന് സത്യസന്ധമായ സമീപനം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അത്ഭുതകരമെന്നു പറയട്ടെ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഇന്നുവരെയുള്ള നുണകളുടെ എല്ലാ റെക്കോഡും ഭേദിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ അദ്ദേഹം എടുത്ത നിലപാടും നടത്തിയ പ്രസ്താവനകളും മാത്രം ഒരാവര്‍ത്തി പരിശോധിച്ചാല്‍, വസ്തുതയ്ക്ക് നിരക്കാത്തതും പരസ്പര വിരുദ്ധവുമായ പ്രസ്താവനകളുടെ വന്‍ശേഖരംതന്നെ കാണാനാകും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന യുപിഎ സര്‍ക്കാരിന്റെ വാശി ഉമ്മന്‍ചാണ്ടിക്കറിയാത്തതല്ല. ആ റിപ്പോര്‍ട്ടിന്റെ ഭാഗമായി മലയോരമേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും കര്‍ഷകര്‍ക്കും കൃഷിക്കും ഉണ്ടാകുന്ന തകര്‍ച്ചയും അദ്ദേഹത്തിന് നന്നായി മനസിലായിട്ടുമുണ്ട്്. അതുകൊണ്ടാണ്, തെരഞ്ഞെടുപ്പുഘട്ടത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധമായ ചര്‍ച്ച വരാന്‍ പാടില്ല എന്നദ്ദേഹം അതിയായി ആഗ്രഹിക്കുന്നത്. ചര്‍ച്ച വേണ്ട എന്നേയുള്ളൂ- കര്‍ഷകരുടെ യഥാര്‍ഥ പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ല. വോട്ടെടുപ്പു തീയതിവരെമാത്രം ആയുസ്സുള്ള നാടകം ആസൂത്രണംചെയ്തതും ഇടക്കാല വിജ്ഞാപനം എന്ന പേരില്‍ കടലാസിന്റെ വിലയില്ലാത്ത ഒന്നു തട്ടിക്കൂട്ടിയതും അതിന്റെ ഭാഗമായാണ്. ഇടക്കാല വിജ്ഞാപനത്തോടെ "എല്ലാ പ്രശ്നവും പരിഹരിച്ചു" എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍, നവംബര്‍ 13ന്റെ വിജ്ഞാപനമാണ് ആത്യന്തികമായി നിലനില്‍ക്കുക എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയംതന്നെ ഹരിതകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് ഗോവ ഫൗണ്ടേഷന്‍ ഹരിതകോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയനേട്ടത്തിനായാണ് ഇതെന്ന് ഫൗണ്ടേഷനു വേണ്ടി ഹാജരായ രാജ്പഞ്ച്വാനി കുറ്റപ്പെടുത്തി. എന്നാല്‍, നവംബര്‍ 13ന്റെ റിപ്പോര്‍ട്ടിനാണ് നിയമപരിരക്ഷയെന്ന് കേന്ദ്രം വ്യക്തമാക്കിയതിനാല്‍ അന്തിമ റിപ്പോര്‍ട്ട് പുറത്തിറങ്ങിയശേഷം ഫൗണ്ടേഷന് ചോദ്യംചെയ്യാമെന്നാണ് ട്രിബ്യൂണല്‍ വ്യക്തമാക്കിയത്. എന്നിട്ടും ഉമ്മന്‍ചാണ്ടി നാണിച്ചു പിന്മാറുന്നില്ല. "നവംബര്‍ 13ന്റെ വിജ്ഞാപനം കേരളത്തിന് ബാധകമല്ല" എന്നാണ് പറയുന്നത്. മലയാള മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും വലതുപക്ഷത്തിന്റെ വരുതിക്കു നില്‍ക്കും എന്ന അഹന്തയിലാണ് ഉമ്മന്‍ചാണ്ടി ഇതു ചെയ്യുന്നത്. ഏതു കള്ളം വിളിച്ചുപറഞ്ഞാലും കീഴ്മേല്‍ നോക്കാതെ വേദവാക്യമെന്ന് വ്യാഖ്യാനിച്ച് പ്രചാരം നല്‍കാന്‍ തയ്യാറായി മാധ്യമങ്ങള്‍ ചുറ്റും നില്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ജനങ്ങളുടെ കഴുത്തുഞെരിക്കാന്‍ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ക്ക് സാധിക്കുന്നു. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ആറു സംസ്ഥാനങ്ങളിലെ 4156 പരിസ്ഥിതിലോല വില്ലേജുകളില്‍ കേരളത്തിന്റെ 123 എണ്ണം ഉള്‍ക്കൊള്ളുന്നു. അതില്‍ ഒരു മാറ്റവും ആരും വരുത്തിയിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിനും ഹരിതകോടതിക്കും അതില്‍ സംശയവുമില്ല. അതുകൊണ്ടാണ്, ഗോവ ഫൗണ്ടേഷന്റെ വാദങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല എന്ന് ഹരിതകോടതി വ്യക്തമാക്കിയത്.

ഇതെല്ലാം മറച്ചുപിടിച്ച് "എല്ലാ വിഷയവും പരിഹരിക്കപ്പെട്ടു" എന്ന് പറഞ്ഞുനടന്നാല്‍, മലയോര കര്‍ഷക ജീവിതം വഴിമുട്ടും. അവിടങ്ങളിലെ ജനങ്ങളറിയാതെ അവര്‍ക്കുമേല്‍ നിയമത്തിന്റെ ചങ്ങല വീഴും. കേവലം ഒരു തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ച ഒഴിവാക്കാനുള്ള വെപ്രാളത്തില്‍ കള്ളം പറയുകയും കാപട്യം പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തരാഹിത്യം കാണിക്കുകയും ചെയ്യുമ്പോള്‍, വലിയ അപകടത്തിലേക്കാണ് ജനങ്ങളെ തള്ളിയിടുന്നത് എന്ന് ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. കോടതി പരിഗണിക്കുന്ന വിഷയത്തില്‍ കോടതിയോട് ആലോചിക്കുകപോലും ചെയ്യാതെ ഇടയ്ക്കിടെ ഓരോ കടലാസ് ഇറക്കാന്‍ ആര്‍ക്കാണധികാരം എന്ന ഹരിത കോടതിയുടെ ചോദ്യം യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിക്കു കൊള്ളുന്നതാണ്. ഒരു സംസ്ഥാനത്തിനു മാത്രമായി എന്ത് ഭേദഗതി എന്നതും സര്‍ക്കാരിന്റെ കള്ളക്കളി പൊളിക്കുന്ന ചോദ്യംതന്നെ. സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് കേരളത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രശ്നപരിഹാരമുണ്ടാക്കാനും പൊതുതാല്‍പ്പര്യം സംരക്ഷിക്കാനും ശ്രമിച്ചാല്‍, ഒരു ഭരണാധികാരി എന്ന നിലയില്‍ ഏറ്റവും കുറഞ്ഞ കാര്യമെങ്കിലും ചെയ്തു എന്ന് നാളെ ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാനാകും. അതല്ല, കാപട്യത്തിന്റെ വഴിയിലൂടെയാണ് തുടര്‍ന്നും സഞ്ചാരമെങ്കില്‍, അതിന് ജനങ്ങള്‍ നല്‍കുന്ന ശിക്ഷ അതികഠിനമാകും എന്നോര്‍ക്കുക.
*
ദേശാഭിമാനി മുഖപ്രസംഗം

Monday, March 17, 2014

പാവപ്പെട്ട കര്‍ഷകരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്

കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ നടന്നുവരുന്ന സമരത്തിന്റെ തീ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും അണയാതെ നില്‍ക്കുകയാണ്. യുഡിഎഫിലെ കക്ഷികള്‍ തമ്മിലും ആ കക്ഷികള്‍ക്കുള്ളിലും ജനലക്ഷങ്ങളെ വഴിയാധാരമാക്കുന്ന ആ പ്രശ്നം അമര്‍ന്നും പകര്‍ന്നും കത്തുകയാണ്. ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന ഗവണ്‍മെന്‍ണ്ടറിന്റെ ആവശ്യപ്രകാരം കേന്ദ്ര പരിസ്ഥിതി വകുപ്പ് അംഗീകരിച്ച് പത്രക്കുറിപ്പും ഓഫീസ് മെമ്മോറാണ്ടവും ഇറക്കി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുമ്പോള്‍, കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ സഭയിലെ തീവ്രവാദികളാണ് കുഴപ്പം ഉണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. ഈ സംഭവവികാസം കോണ്‍ഗ്രസിന്റെയും യുഡിഎഫിെന്‍റയും തിരഞ്ഞെടുപ്പ് മോഹങ്ങളെ തകര്‍ക്കും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കു പൊതുവിലുള്ളത്.

പശ്ചിമഘട്ട മേഖലയിലായാലും മറ്റെവിടെയായാലും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍. വനസംരക്ഷണവും ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍, വന്‍കിട കോര്‍പറേറ്റുകള്‍ക്കായി ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി നശിപ്പിക്കുന്നതിനു പച്ചക്കൊടി കാണിക്കാന്‍ യുപിഎ സര്‍ക്കാരിനു ഒരു മടിയും ഒരിക്കലും ഉണ്ടായിട്ടില്ല. ജയറാം രമേശും ജയന്തി നടരാജനും പരിസ്ഥിതി മന്ത്രിമാരായിരിക്കെ പരിസ്ഥിതി അനുമതി നല്‍കാതെ തടഞ്ഞുവെച്ച ദക്ഷിണകൊറിയന്‍ പോസ്കൊ കമ്പനിയുടെ ഒഡീഷയിലെ പുതിയ ഫാക്ടറിക്ക് ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി വെട്ടിത്തെളിയിക്കാന്‍ ഇപ്പോഴത്തെ പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി പച്ചക്കൊടി കാട്ടി. അങ്ങനെ പലേടങ്ങളിലുമുണ്ടായി. എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളില്‍ ദശാബ്ദങ്ങളായി കൃഷി ചെയ്തു പാര്‍ത്തുവരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ കൃഷിക്കാരുടെ കഞ്ഞികുടി തടയുന്ന രീതിയിലാണ്, അവരുടെ കിടപ്പാടങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ കമ്മിറ്റി വര്‍ഗീകരിച്ചതിനെ അംഗീകരിക്കുന്നത്.

കേരള സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റി പഞ്ചായത്ത് സമിതികളുടെ സഹായത്തോടെ 123 പരിസ്ഥിതി ലോല വില്ലേജുകളില്‍ ചൂണ്ടിക്കാട്ടിയ പാര്‍പ്പിട - കൃഷിയിട - തോട്ട പ്രദേശങ്ങളെ ഒഴിവാക്കിയതായി കേന്ദ്ര പരിസ്ഥിതി - വനം വകുപ്പ് ഓഫീസ് മെമ്മോറാണ്ടവും പത്രക്കുറിപ്പും ഇറക്കി. പക്ഷേ, കഴിഞ്ഞ നവംബര്‍ 13ന് ഇവയാകെ പരിസ്ഥിതി ലോല പ്രദേശമാണെന്ന് കാട്ടി ആ വകുപ്പ് ഇറക്കിയ ഉത്തരവ് തിരുത്താത്തപക്ഷം ഈ ഓഫീസ് മെമ്മോറാണ്ടത്തിനും പത്രക്കുറിപ്പിനും ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടുള്ള സുപ്രീംകോടതിയുടെ ഹരിത ട്രിബ്യൂണല്‍ ഒരു വിലയും കല്‍പിക്കില്ല. അതുകൊണ്ടാണ് ഇടതുപക്ഷവും കേരള കോണ്‍ഗ്രസ് എമ്മും ക്രിസ്തീയ സഭകളും ഒക്കെ ഉടന്‍ നവംബര്‍ 13െന്‍റ ഉത്തരവ് തിരുത്തുന്ന പുതിയ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഇതിന്റെ അനിവാര്യത ഈ പ്രശ്നം കൈകാര്യം ചെയ്യുന്ന മിക്കവരും അംഗീകരിക്കുന്നു. എന്നാല്‍, കേന്ദ്ര പരിസ്ഥിതി വകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കി നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കുന്ന കാര്യത്തില്‍ മടി കാണിക്കുന്നു. അങ്ങനെ വന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര മന്ത്രിമാരായ എ കെ ആന്‍റണിയും വീരപ്പമൊയ്ലിയും മറ്റും നല്‍കുന്ന ആശ്വാസവചനങ്ങളും ഉറപ്പും ജലരേഖയായി മാറും. ഇടുക്കിയിലെ കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയത്തിന്റെ കാര്യത്തില്‍ നേരിടേണ്ടിവന്ന അരക്ഷിതാവസ്ഥ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ലോല പ്രശ്നത്തിലും ആവര്‍ത്തിക്കും. ഇടുക്കിയിലും വയനാട്ടിലും മറ്റും ആദിവാസികളുടെ വനാവകാശത്തിന്റെയും ദരിദ്ര - ഇടത്തരം കൃഷിക്കാരുടെ പട്ടയ പ്രശ്നത്തിന്റെയും കാര്യത്തില്‍ ഉണ്ടായ അവഗണനയുടെ ആവര്‍ത്തനമായിരിക്കും അത്. അതേസമയം, ആ പ്രദേശങ്ങളിലെ കയ്യേറ്റക്കാരായ വന്‍കിടക്കാരുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വങ്ങളും കോടതികളും കാണിക്കുന്ന ഉല്‍ക്കണ്ഠയും ജാഗ്രതയും ഈ പാവപ്പെട്ടവരുടെ കാര്യത്തില്‍ ഒട്ടു കാണാനുമില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൈകാര്യം ചെയ്യപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഇത്തരത്തില്‍ ശതകോടീശ്വരരെയും സാധാരണക്കാരെയും രണ്ടുതട്ടുകളിലായി പരിഗണിച്ച് അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പ്രകടമാണ്. അതിന്റെ ആവര്‍ത്തനമാണ് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച പ്രശ്നത്തോടുള്ള സമീപനത്തിലും കാണാവുന്നത്. ഇതാണ് ഈ പ്രശ്നത്തിലെ രാഷ്ട്രീയത്തിന്റെ മര്‍മം.

പരിസ്ഥിതിലോല പ്രദേശങ്ങളായി ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ ദശകങ്ങളായി താമസിച്ച് കൃഷി ചെയ്യുന്നവരാണ് ഈ പാവപ്പെട്ടവര്‍. അതുകൊണ്ട് അവിടങ്ങളിലെ പരിസ്ഥിതി സംരക്ഷണം ഈ ജനസഞ്ചയത്തിന്റെ നിലനില്‍പ് ഉറപ്പാക്കിക്കൊണ്ട് മാത്രമേ ആകാവൂ. അതിനുതകുന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വിജ്ഞാന മേഖലകളിലെ വിദഗ്ദ്ധരും ജനപ്രതിനിധികളും അടങ്ങുന്ന സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. അങ്ങനെ സമവായം ഉണ്ടാകുന്നതുവരെ പതിറ്റാണ്ടുകളായി പശ്ചിമഘട്ട മേഖലയില്‍ പാര്‍ക്കുന്ന പാവപ്പെട്ടവരുടെ താല്‍പര്യത്തിനെതിരായ ഒരു ഇടപെടലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂട. അത് ഉറപ്പാക്കുന്ന തരത്തില്‍ കഴിഞ്ഞ നവംബര്‍ 13െന്‍റ ഉത്തരവ് ഭേദഗതി ചെയ്യണം എന്നാണ് ആ പ്രദേശങ്ങളിലുള്ള കൃഷിക്കാരുടെയും മറ്റും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്. അത് കേന്ദ്ര സര്‍ക്കാര്‍ ഉടനടി അംഗീകരിച്ച് നടപ്പാക്കിയേ തീരൂ. പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരം വേണ്ടത് അതിനുശേഷമാണ്.

*
Editorial, Chintha Weekly 14 March 2014

Wednesday, March 12, 2014

അടര്‍ത്തിയെടുത്തതും അടര്‍ന്നതും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ഏതു ചോദ്യത്തോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ഷുഭിതനായാണ് പ്രതികരിക്കുന്നത്. കരട് വിജ്ഞാപനം വന്നതോടെ എല്ലാ ആശങ്കയും നീങ്ങി എന്നാണ് ആവര്‍ത്തിച്ചുള്ള മറുപടി. അതിന് നിയമപ്രാബല്യമുണ്ടോ എന്ന ചോദ്യത്തിനുത്തരമില്ല. നവംബര്‍ പതിമൂന്നിന്റെ വിജ്ഞാപനം നിലനില്‍ക്കുന്നില്ലേ, പിന്നെങ്ങനെ ആശങ്ക അകലും എന്ന് ചോദിച്ചാല്‍, "നിങ്ങള്‍ രാഷ്ട്രീയം പറയുകയാണ്" എന്നാണുത്തരം. വരാനിരിക്കുന്ന സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് എങ്ങനെ നിങ്ങള്‍ ഉറപ്പിക്കും എന്ന് ചോദിക്കുക- ഒന്നും മിണ്ടാതെ മുഖംതിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ കാണാനാകും.

മലയോരത്തിന്റെ ഒരാശങ്കയും നീങ്ങിയിട്ടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉയര്‍ന്ന ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ മാസാവസാനം ഹരിത ട്രിബ്യൂണലില്‍ കേസ് വരുമ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ വര്‍ധിക്കുമോ എന്നേ ഭയപ്പെടേണ്ടതുള്ളൂ. നിയമപ്രാബല്യമില്ലാത്തതും ഒരു പ്രയോജനമില്ലാത്തതുമായ കരട് വിജ്ഞാപനം തട്ടിക്കൂട്ടി, അതിന് തെരഞ്ഞെടുപ്പു കമീഷന്റെ അനുവാദവും വാങ്ങിയപ്പോള്‍ യുഡിഎഫിനുമാത്രമാണ് എന്തെങ്കിലും നേട്ടമുണ്ടായത്- ഉടക്കിനിന്ന കേരള കോണ്‍ഗ്രസിനെ സീറ്റുചര്‍ച്ച നടത്താനായി കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞു. അതിനപ്പുറം ആ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല.

ഒരുഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കൊളുത്തിയ തീയാണ് മലയോരജനതയുടെ മനസ്സില്‍ ആളിക്കത്തുന്നത്. മറുവശത്ത് തീരദേശ പരിപാലന നിയമമെന്നപേരില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂരകെട്ടാനുള്ള അവകാശംപോലും നിഷേധിക്കുന്ന അവസ്ഥ. യുപിഎ- യുഡിഎഫ് സര്‍ക്കാരുകളുടെ ഭരണത്തിന്റെ "ഗുണം"കൊണ്ട് പിടിവിട്ടുപോയ വിലക്കയറ്റവും തകര്‍ന്ന കൃഷിയും പൂട്ടിക്കെട്ടുന്ന വ്യവസായങ്ങളുമൊക്കെയായി ജനങ്ങള്‍ ഒരു വിധത്തിലാണ് ജീവിക്കുന്നത്. അതിനിടയിലാണ്, പ്രകൃതിസംരക്ഷണത്തിന്റെ പേരില്‍ ജനിച്ച മണ്ണില്‍നിന്ന് ആട്ടിപ്പായിക്കാന്‍ വരുന്നത്. അതിനെതിരായ ജനങ്ങളുടെ വികാരം തണുപ്പിക്കാന്‍, കുറെ "കരടുകള്‍" മാത്രമേ ഉമ്മന്‍ചാണ്ടിയുടെ പക്കലുള്ളൂ. എന്നിട്ടും നാട്ടിലെ പ്രധാന മാധ്യമങ്ങള്‍ യുഡിഎഫില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. അഖിലേന്ത്യാ തലത്തില്‍ തകര്‍ന്ന് കുത്തുപാളയെടുക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം കാണുന്നില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിച്ച് എഴുന്നള്ളിക്കുന്ന രാഹുല്‍ഗാന്ധി പ്രചാരണരംഗത്ത് കാലിടറി അപഹാസ്യനാകുന്നത് ശ്രദ്ധിക്കുന്നില്ല. എല്‍ഡിഎഫ് ഘടകകക്ഷിയായിരുന്ന ആര്‍എസ്പിയുടെ കേരള ഘടകം ഒരു സുപ്രഭാതത്തില്‍ "രോഷംപൂണ്ട്" നുഴഞ്ഞുകയറിയതിന്റെ ബലത്തില്‍ യുഡിഎഫ് ശക്തിപ്പെട്ടെന്നു പറഞ്ഞും പറയാതെ പറഞ്ഞും ആശ്വാസം കണ്ടെത്തുകയാണ് അവര്‍.

ആര്‍എസ്പിയാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തുറുപ്പുചീട്ട് എന്ന് പറയുന്നവര്‍, അതേ ആര്‍എസ്പി സര്‍വപ്രതാപത്തോടെയും വാണകാലത്ത്, അതിനെ "നീണ്ടകരമുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന പാര്‍ടി" എന്ന് ആക്ഷേപിച്ചവര്‍ യുഡിഎഫില്‍ത്തന്നെയാണുള്ളത് എന്ന് മറന്നുപോകുന്നു. അടര്‍ത്തിയെടുത്തതോ അടര്‍ന്നുവീണതോ ആയ ഒന്നിനെ ഉയര്‍ത്തിക്കാട്ടി തങ്ങള്‍ ബലപ്പെട്ടു എന്ന് ഊറ്റംകൊള്ളുന്ന പതിവ് യുഡിഎഫിന് പുതിയതല്ല. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം വി രാഘവന്റെ നേതൃത്വത്തില്‍ സിഎംപി കൂടെയെത്തിയപ്പോള്‍ സിപിഐ എമ്മാകെ കുത്തിയൊലിച്ച് വലതുപക്ഷത്ത് ചേര്‍ന്നു എന്നായിരുന്നു വീമ്പുപറച്ചില്‍. അന്ന് സിഎംപി പൊതുയോഗങ്ങളില്‍ ആളുകൂടുന്നത് ചൂണ്ടി, കണ്ടില്ലേ ശക്തി, കമ്യൂണിസ്റ്റുകാര്‍ ഇനി കൂട്ടത്തോടെ കോണ്‍ഗ്രസിന്റെ കൊടിപിടിക്കും എന്ന് വീരവാദം മുഴക്കിയവരെ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കണ്ടതേയില്ല. എല്‍ഡിഎഫ് ചരിത്രംസൃഷ്ടിച്ച വിജയമാണ് അന്ന് നേടിയത്. സിപിഐ എമ്മില്‍നിന്ന് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയ അബ്ദുള്ളക്കുട്ടിയായിരുന്നു പിന്നീടൊരിക്കല്‍ കോണ്‍ഗ്രസിന്റെ ആയുധം. പാര്‍ടി മതവിശ്വാസത്തെ ഹനിക്കുന്നതുകൊണ്ടാണ് താന്‍ വിട്ടുപോകുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു; മയ്യിത്ത് നിസ്കാരത്തിന്റെയും ഉംറയ്ക്ക് പോക്കിന്റെയും കഥകള്‍ തരാതരംപോലെ പ്രയോഗിച്ചു. ആ അബ്ദുള്ളക്കുട്ടി ഇന്ന് എവിടെക്കിടക്കുന്നു എന്ന് നോക്കിയാല്‍ മതി. മതവുമല്ല, വിശ്വാസവുമല്ല, മറ്റു ചിലതാണ് അബ്ദുള്ളക്കുട്ടിയെ തനിക്കുപറ്റുന്ന ക്യാമ്പിലേക്ക് നയിച്ചത് എന്ന് തലസ്ഥാന നഗരത്തിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ സരിതാനായര്‍ നല്‍കിയ പരാതിയില്‍നിന്ന് മനസ്സിലാക്കാം. അബ്ദുള്ളക്കുട്ടി ഒറ്റയാനല്ല- പലരുടെയും പേര് പുറകെ വരുമെന്നാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ സ്ത്രീ പേര്‍ത്തും പേര്‍ത്തും വിളിച്ചുപറയുന്നത്. സോളാര്‍ തട്ടിപ്പുകേസ് യുഡിഎഫ് സര്‍ക്കാരിനുമുകളില്‍ ഉടന്‍കൊല്ലി വാളായി തൂങ്ങുന്നുണ്ട് എന്നര്‍ഥം.

കോണ്‍ഗ്രസിന്റെ രക്ഷകനായി കെട്ടിയിറക്കിയ കെപിസിസി പ്രസിഡന്റ്, താന്‍ ഇന്നലെവരെ മുഴക്കിയ പ്രസ്താവനകളും പ്രഖ്യാപനങ്ങളും ഉപ്പുകൂട്ടാതെ വിഴുങ്ങി റെക്കോഡ് സൃഷ്ടിക്കുകയാണ്. പത്തനംതിട്ടയിലെ പീലിപ്പോസ് തോമസ് സുധീരന്റെ വാക്കുകള്‍ വിശ്വസിച്ചയാളായിരുന്നു. ആറന്മുള വിമാനത്താവള പ്രശ്നത്തില്‍ സുധീരന്‍ ഉയര്‍ത്തിയ വിയോജിപ്പുകളോട് ഐക്യപ്പെട്ട പീലിപ്പോസിന് ഇന്ന് കോണ്‍ഗ്രസ് വിടേണ്ടിവന്നിരിക്കുന്നു. സുധീരന്‍ ആരുടെകൂടെ നില്‍ക്കും? വിമാനത്താവവളത്തിനു പിന്നിലെ മാഫിയയോടൊപ്പമോ പീലിപ്പോസിനോടൊപ്പമോ? ആറന്മുള പലതില്‍ ഒന്നുമാത്രം. കേരള കോണ്‍ഗ്രസ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വികാരപരമായി ഉന്നയിക്കുന്നത്, അത് മലയോര കര്‍ഷകരെയാകെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ്. ഒരു തട്ടിപ്പ് വിജ്ഞാപനത്തിന്റെ കരട് മലയോരജനതയുടെ കണ്ണിലിട്ട് രക്ഷപ്പെടാന്‍ ആവില്ല എന്ന് അവര്‍ക്കും നല്ല ബോധ്യമുണ്ട്. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഏതുതീരുമാനമെടുത്താലും സ്വന്തം അണികളെയും ആ പാര്‍ടിയില്‍ വിശ്വാസമര്‍പ്പിച്ചവരെയാകെയും വഞ്ചിച്ച് മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയുകയുമില്ല. ഒരുപക്ഷേ, യുഡിഎഫ് രാഷ്ട്രീയം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അതുതന്നെയാണ്. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗ് യുഡിഎഫ് പൊതുവായി നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും പുറമെ സ്വന്തം പാര്‍ടിയിലെ സ്ഥാനാര്‍ഥിമോഹത്തിന്റെയും ദുഃസ്വാധീനങ്ങളുടെയും കുരുക്കില്‍ക്കൂടി പെട്ടിരിക്കുന്നു. ഒന്നാം കക്ഷിയായ കോണ്‍ഗ്രസിലാണെങ്കില്‍, സിറ്റിങ് സീറ്റ് പുത്തന്‍കൂറ്റുകാര്‍ക്ക് അടിയറവച്ചതിന്റെ രോഷം കൊല്ലത്ത്. സിറ്റിങ് എംപിക്ക് മത്സരിക്കാന്‍ കഴിയാത്തിന്റെ ചൊരുക്ക് ഇടുക്കിയില്‍. സ്ഥാനാര്‍ഥിമോഹികളുടെ തള്ളിക്കയറ്റം, പ്രാദേശിക വികാരങ്ങള്‍, ഗ്രൂപ്പ് വീതംവയ്പിന്റെ അസ്വാരസ്യം- ഇങ്ങനെ നിരവധി ആഭ്യന്തരപ്രശ്നങ്ങള്‍.

കോണ്‍ഗ്രസും ലീഗും മാണികേരളയും വീതംവച്ച് സീറ്റുകള്‍ എടുത്തപ്പോള്‍ മറ്റു ഘടകകക്ഷികള്‍ക്ക് സമാശ്വാസ സമ്മാനംപോലുമില്ല (ഒറ്റ വോട്ടുപോലുമില്ലാത്ത പാലക്കാട് വീരന്‍ജനതയ്ക്ക് കൊടുത്തത് മറക്കുന്നില്ല). കൂറുമാറ്റി ചാക്കിലിട്ടു കൊണ്ടുവന്നവര്‍ക്ക് സിറ്റിങ് സീറ്റ് വച്ചുനീട്ടിയ ഉദാരത, എക്കാലവും യുഡിഎഫില്‍നിന്നവരോട് ഇല്ല. അവഗണനയില്‍ സഹികെട്ട്, ജനദ്രോഹ സമീപനം കണ്ടുമടുത്ത് ജെഎസ്എസ് യുഡിഎഫില്‍നിന്ന് പടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണ് പിന്തുണ എന്ന് കെ ആര്‍ ഗൗരിയമ്മ പ്രഖ്യാപിക്കുമ്പോള്‍, അതിന് കേരളത്തില്‍ ചെറുതല്ലാത്ത മൂല്യമുണ്ട്.

ആര്‍എസ്പി എന്തിനുപോയി, എന്താണവരുടെ താല്‍പ്പര്യം, അത് എങ്ങനെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്പിയോട് യോജിച്ചുനില്‍ക്കും എന്നതൊക്കെ സജീവ ചര്‍ച്ചാവിഷയങ്ങളായി തുടരുകയാണ്. ആര്‍എസ്പിയുടെ ചുവടുമാറ്റം ചൂണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അളക്കാന്‍ തുനിയുകയും യുഡിഎഫില്‍ എല്ലാം ഭദ്രമാണെന്ന് നടിക്കുകയും ചെയ്യുന്നവര്‍ക്ക് എളുപ്പം ദഹിക്കുന്നതല്ല, കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാണ്. ഒരു കോണ്‍ഗ്രസുകാരനെയും പാര്‍ലമെന്റിലേക്ക് അയക്കാതിരുന്നാലേ തങ്ങളുടെ ജീവിതോപാധികള്‍ സംരക്ഷിക്കപ്പെടൂ എന്ന് തിരിച്ചറിയാന്‍ മലയോരത്തെയും സമതലത്തിലെയും തീരപ്രദേശത്തെയും മലയാളിയോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എല്ലാം പരിഹരിക്കപ്പെട്ടു എന്ന് രാവിലെ മലയാള മനോരമയില്‍ വായിക്കുന്നവര്‍ക്ക്, യുഡിഎഫിനെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തീരുമാനിക്കാന്‍ സ്വന്തം ജീവിതാനുഭവംതന്നെ മതിയാകും. അവിടെയാണ് യുഡിഎഫിന്റെ നാട്യങ്ങളും മാധ്യമങ്ങളുടെ "രക്ഷാപ്രവര്‍ത്ത"വും പൊളിയാന്‍ പോകുന്നത്. അടര്‍ത്തിയതും അടര്‍ന്നതുമൊന്നും യുഡിഎഫിനെ രക്ഷിക്കാനുള്ളതല്ല.



*
പി എം മനോജ് ദേശാഭിമാനി

Friday, March 7, 2014

കാപട്യത്തിന് കൂട്ടുനില്‍ക്കുന്നവര്‍

അധികാരക്കസേരയാണോ മലയോര കര്‍ഷകജനതയുടെ ജീവിതമാണോ പ്രധാനമെന്ന് കര്‍ഷകതാല്‍പ്പര്യത്തിന്റെ സംരക്ഷകര്‍ എന്നു സ്വയം വിശേഷിപ്പിക്കാറുള്ള രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് നിശ്ചയിക്കേണ്ടിവരുന്ന സവിശേഷ ഘട്ടമാണിത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പറയുന്ന വാക്കുകളല്ല, എടുക്കുന്ന നിലപാടുകളാവും ഇവിടെ ഉരകല്ല്. ഈ ഉരകല്ലില്‍ ഉരച്ച് ജനങ്ങള്‍, പ്രത്യേകിച്ച് മലയോര കര്‍ഷകജനത, തങ്ങള്‍ക്കുവേണ്ടി ആണയിടാറുള്ള പ്രസ്ഥാനങ്ങളുടെ ആത്മാര്‍ഥത പരിശോധിക്കുന്ന ഘട്ടമാണ് സംജാതമായിട്ടുള്ളത്.

ഒരു ഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാറ്റമില്ലാതെ നടപ്പാക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്ന് ഹരിത ട്രിബ്യൂണലിനെ രേഖാമൂലം അറിയിക്കുക. മറുഭാഗത്ത് അതിനെതിരായി ഉയരുന്ന ജനരോഷത്തെ തണുപ്പിക്കാന്‍ വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിജ്ഞാപന പ്രഹസനം നടത്തുക. ഈ തട്ടിപ്പ് ജനങ്ങള്‍ക്കാകെ ബോധ്യമുണ്ട്. എന്നിട്ടും ഈ തട്ടിപ്പിനെ മറയിട്ട് രക്ഷിക്കാനാണോ കര്‍ഷകരെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നവരുടെ നീക്കം?- കേരളം ഉറ്റുനോക്കുകയാണിത്.

ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നു നാള്‍ക്കുനാള്‍ തെളിഞ്ഞുകൊണ്ടിരുന്നപ്പോഴൊക്കെ ഒരു ആശങ്കയും വേണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി ഉറപ്പു നല്‍കിയെന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പ് വീരപ്പ മൊയ്ലി തിരുത്തി. പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനക്രമീകരിക്കുമെന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും അതില്‍നിന്ന് ഒഴിവാക്കുമെന്നും ഉറപ്പ് കിട്ടിയതായി ഒരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആ വാര്‍ത്ത അച്ചടിച്ചു വന്ന പേജിലെ മഷിയുണങ്ങും മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മാറ്റമില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രേഖാമൂലം ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടമാണ് നിലനില്‍ക്കുകയെന്നും അത് വന്നതോടെ നവംബര്‍ 13ന്റെ ഉത്തരവ് അസ്ഥിരപ്പെട്ടു എന്നും ഉമ്മന്‍ചാണ്ടി വാദിച്ചു. എന്നാല്‍, ഡിസംബര്‍ 20ന്റേതിനുമേല്‍ നിലനില്‍ക്കുക നവംബര്‍ 13ന്റെ രേഖതന്നെയാണെന്ന് വനം-പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലില്‍ എഴുതിക്കൊടുത്തു. നവംബര്‍ 13ന്റെ രേഖ റദ്ദാക്കണമെന്ന് ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി, അത് റദ്ദാക്കപ്പെടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ആ രേഖയുടെ പക്ഷത്തേക്കു നിലപാട് മാറ്റി. എന്നുമാത്രമല്ല, 13ന്റെ രേഖ റദ്ദായിപ്പോയാല്‍ പിന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവും നടപ്പാവുകയെന്ന വിചിത്രമായ നിലപാടിലേക്കുപോലും ചെന്നെത്തി.

ഏറ്റവുമൊടുവില്‍ നവംബര്‍ 13ന്റെ രേഖ റദ്ദാക്കുന്നതായോ പരിസ്ഥിതിലോലമെന്ന് മുദ്രയടിച്ച 123 വില്ലേജുകളിലെ കൃഷി-ജനവാസമേഖലകളെ ഒഴിവാക്കുന്നതായോ ഒന്നും പരാമര്‍ശിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് ഒരു ഓഫീസ് മെമ്മോറാണ്ടം ഇറക്കി; കേന്ദ്രം. ഉടന്‍തന്നെ എല്ലാ പ്രശ്നവും അവസാനിച്ചുവെന്ന് പറഞ്ഞ് കേന്ദ്രനടപടിയെ സ്വാഗതം ചെയ്തിരിക്കുന്നു മുഖ്യമന്ത്രി. കേരളത്തില്‍ അതിരൂക്ഷമാവുന്ന ജനരോഷത്തെ തെറ്റിദ്ധരിപ്പിച്ച് തണുപ്പിക്കാനുള്ള കപടവിദ്യയാണ് ഈ വിജ്ഞാപന പ്രഹസനമെന്നറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ. കേരളതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് അതിനെതിരെ പൊട്ടിത്തെറിക്കേണ്ട മുഖ്യമന്ത്രിയാണ് നിര്‍ലജ്ജം അതിനെ സ്വാഗതംചെയ്തത്. മുഖ്യമന്ത്രിതന്നെ സ്വാഗതംചെയ്ത സ്ഥിതിക്ക് ഇതിനപ്പുറത്ത് ഇനി ഒന്നും വേണ്ടല്ലോ എന്ന മട്ടിലായി കേന്ദ്രം. മലയോര കര്‍ഷകരുടെ ജീവിതത്തിനുമേല്‍ ആശങ്ക കാര്‍മേഘങ്ങളായി ഉരുണ്ടുകൂടുമ്പോഴാണ് മുഖ്യമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്തിലുള്ള ഈ സ്വാഗതംചെയ്യല്‍. ജനങ്ങളെ ഒറ്റുകൊടുക്കലാണിത്; ആശങ്കയകറ്റാന്‍ ഉദ്ദേശിച്ചുള്ള സംഘടിത നീക്കങ്ങളെ കേന്ദ്രത്തിന്റെ പക്ഷംചേര്‍ന്ന് തകര്‍ത്തുകൊടുക്കലാണിത്.

കേരള നിയമസഭ മുന്നോട്ടുവച്ച ആവശ്യത്തെ കേന്ദ്രം അധിക്ഷേപിച്ച് തള്ളി. നവംബര്‍ 13ന്റെ രേഖ ഇപ്പോഴും സാധുതയോടെ നിലനില്‍ക്കുന്നു. കരട് വിജ്ഞാപനമിറക്കുമെന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഓഫീസ് മെമ്മോറാണ്ടമേയുള്ളു എന്ന നിലവന്നു. ഇനി അഥവാ, വിജ്ഞാപനമിറക്കിയാല്‍തന്നെയും മാര്‍ച്ച് നാലിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കത്തിനപ്പുറത്തേക്ക് അത് പോവില്ല. മുഖ്യമന്ത്രി സ്വാഗതംചെയ്ത ആ ഓഫീസ് മെമ്മോറാണ്ടം സത്യത്തില്‍ എന്താണ് പറയുന്നത്? അത് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ കൃഷി-ജനവാസകേന്ദ്രങ്ങളെക്കുറിച്ചോ 10 കിലോമീറ്റര്‍ ബഫര്‍ മേഖല നീക്കുന്നതിനെക്കുറിച്ചോ ഒന്നും ഖണ്ഡിതമായി പറയുന്നില്ല. "തത്വത്തില്‍ അംഗീകരിച്ചു" എന്നു മുഖ്യമന്ത്രി പറയുന്നു. തത്വത്തില്‍ എന്താണ് അംഗീകരിച്ചത്? അതറിയാന്‍ മുഖ്യമന്ത്രി ഓഫീസ് മെമ്മോറാണ്ടം വായിച്ചുനോക്കണം. ഹൈ ലെവല്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിന് തത്വത്തിലുള്ള അംഗീകാരത്തെക്കുറിച്ചാണത്. അത് കേന്ദ്രത്തിന്റെ വര്‍ക്കിങ് ഗ്രൂപ്പാണ്; കേരളത്തിന്റെ ഉമ്മന്‍ കമ്മിറ്റിയല്ല. ഈ ഓഫീസ് മെമ്മോറാണ്ടം ആകെ പറയുന്നത് കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പ്രതികരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുമെന്നു മാത്രമാണ്. ഇതാണ് മുഖ്യമന്ത്രിക്ക് സ്വാഗതാര്‍ഹമായി തോന്നിയത്!

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ ഈ കാപട്യത്തിന് കൂട്ടുനില്‍ക്കാന്‍ രാഷ്ട്രീയ കാരണങ്ങളുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഈ കാപട്യത്തിനു മറയിടാമോ? അതും ഒന്നുരണ്ട് മന്ത്രിക്കസേരകള്‍ രക്ഷിക്കാന്‍വേണ്ടി. ഇതാണ് ഈ ഘട്ടത്തിലെ പ്രസക്തമായ ചോദ്യം.
*
Deshabhimani Editorial

Saturday, March 1, 2014

മലയോര കര്‍ഷകരെ വഞ്ചിക്കരുത്

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. 2013 നവംബര്‍ 13ന് ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് നിരാഹാരം ആരംഭിച്ചത്. ഫാദര്‍ അജി പുതിയപറമ്പില്‍ ഉള്‍പ്പെടെ അഞ്ച് കര്‍ഷക-ബഹുജനനേതാക്കള്‍ നിരാഹാരസമരത്തിലുണ്ട്. സമരത്തില്‍ ഏര്‍പ്പെട്ടവരോട് അനുഭാവമറിയിച്ചും പിന്തുണ പ്രഖ്യാപിച്ചും ബഹുജനങ്ങള്‍ സമരകേന്ദ്രങ്ങളില്‍ എത്തുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകവിരുദ്ധ നടപടികള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ അറിയിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കുപിറകെ കേന്ദ്ര പരിസ്ഥിതിമന്ത്രി വീരപ്പമൊയ്ലിയുടെ നിഷേധവും വന്നു. മൊയ്ലി പറയുന്നത്, കേരളജനതയുടെ ആശങ്ക ശരിയാണെങ്കിലും നിലവിലുള്ള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ്. ആശങ്ക പൂര്‍ണമായും പരിഹരിക്കാന്‍ സാധ്യമല്ലെന്ന് മൊയ്ലി സംശയലേശമെന്യേ വെളിപ്പെടുത്തി. രണ്ടുദിവസത്തിനകം ഭാഗികമായി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് നിസ്സഹായതയോടെ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ കേരളത്തില്‍ മാത്രമായി എന്തെങ്കിലും ഭേദഗതിവരുത്തുന്നത് അസാധ്യമാണെന്നുമാണ് വനം-പരിസ്ഥിതി വകുപ്പിന്റെയും നിലപാട്. 123 ഗ്രാമങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉത്തരവില്‍നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥനയുണ്ടായി. മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍നിന്നും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുള്ളതിനാല്‍ പുനര്‍നിര്‍ണയം നടക്കില്ലെന്നാണ് വനം-പരിസ്ഥിതി വകുപ്പിന്റെ നിലപാട്. ചുരുക്കത്തില്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ സാധ്യമല്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയാകട്ടെ, റിപ്പോര്‍ട്ടിന്റെ കെടുതിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏതെങ്കിലും ഒരു കമീഷന്റെ തലയില്‍ കെട്ടിവച്ച് തടിയൂരാനും കര്‍ഷകരെ വഞ്ചിക്കാനുമാണ് പതിവുപോലെ ശ്രമിക്കുന്നത്. എന്നാല്‍, 2013 നവംബറിലെ ഉത്തരവ് റദ്ദാക്കണമെന്നുതന്നെയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പത്രക്കാരോട് പറഞ്ഞത് പാര്‍ടി ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നാണ്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള, ജനങ്ങളുടെ ഭാവി അപകടത്തില്‍പ്പെടുത്തിയുള്ള ഒരു നിലപാടിനോടും പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ലെന്ന് പിണറായി സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള വിഷയമല്ല. എല്ലാം വോട്ടിനുവേണ്ടിയാണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്താന്‍ ശ്രമിക്കരുത്. ജനങ്ങളുടെ ജീവിതമാണ് പ്രധാനം. കേരളത്തിലെ മൂന്നിലൊന്ന് ജനവിഭാഗങ്ങളുടെ ഭാവിജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണിത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒന്നോ രണ്ടോ നാളുകള്‍ക്കകം പുറത്തുവരാനിടയുണ്ട്. അതുകൊണ്ട് ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പുതിയ കമീഷനെ നിശ്ചയിക്കണം. കമീഷനില്‍ വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യവും പരിചയവുമുള്ളവരെ ഉള്‍പ്പെടുത്തണം. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മാത്രം തീരുമാനിക്കേണ്ട വിഷയമല്ല ഇത്. കൃഷിശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ വേണ്ടത്ര വിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി പുതിയ കമീഷനെ നിശ്ചയിച്ച് അവര്‍ വിഷയം ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അത്തരത്തിലുള്ള റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. അത്തരം ചര്‍ച്ചയ്ക്കുശേഷം മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ആരുടെയെങ്കിലും സമ്മര്‍ദത്തിനു വഴങ്ങി ഏകപക്ഷീയമായി ഉത്തരവിറക്കി ജീവിതം ദുഷ്കരമാക്കുന്ന നടപടികള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. ഇപ്പോള്‍ത്തന്നെ 123 ഗ്രാമങ്ങളിലുള്ള കര്‍ഷകര്‍ക്ക് അവരുടെ സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാനുള്ള പണംകണ്ടെത്താന്‍, ഭൂമി ബാങ്കില്‍ പണയപ്പെടുത്തി കാര്‍ഷികവായ്പ വാങ്ങാന്‍ കഴിയാത്ത നിലയുണ്ടായിരിക്കുന്നു. സ്വന്തം ഭൂമി വിറ്റ് മറ്റെവിടെയെങ്കിലും പോയി ജീവിക്കണമെന്ന് ആഗ്രഹിച്ചാല്‍ അതും നടപ്പില്ല. സ്വന്തം മണ്ണില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. അനുഭവമാണല്ലോ നല്ല ഗുരുനാഥന്‍ .

പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച ഭൂമിയുടെ ഉടമയ്ക്ക് പുതിയ വീടുവയ്ക്കാന്‍പോലും കഴിയാതായി. ചെങ്കല്ലും കരിങ്കല്ലുമില്ലാതെ വീടുവയ്ക്കുന്ന കാര്യം ചിന്തിക്കാന്‍പോലും കഴിയില്ല. ജനങ്ങള്‍ തികച്ചും നിരാശരും ആശങ്കാകുലരുമാണ്. ഭംഗിവാക്കുകൊണ്ടോ പൊള്ളയായ വാഗ്ദാനംകൊണ്ടോ അവരെ ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് അധികാരത്തിലുള്ളവര്‍ ഓര്‍ക്കണം. അടിത്തറയില്ലാത്ത വാഗ്ദാനംകൊണ്ട് അവര്‍ വഞ്ചിതരാകില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകദ്രോഹനിലപാട് ഉടന്‍ പിന്‍വലിക്കുകതന്നെവേണം. നിരാഹാരം അവസാനിപ്പിക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അല്ലാത്തപക്ഷം അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചറിയേണ്ടിവരും എന്ന മുന്നറിയിപ്പുനല്‍കാന്‍ ഞങ്ങളാഗ്രഹിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

Friday, February 28, 2014

മത്സ്യത്തൊഴിലാളികള്‍ ജീവിക്കേണ്ടെന്നോ?

തീര പരിസ്ഥിതി സംരക്ഷണം പരമലക്ഷ്യമിട്ട് കൊണ്ടുവന്ന തീരദേശനിയന്ത്രണനിയമം (2011) നിര്‍ഭാഗ്യവശാല്‍ മത്സ്യത്തൊഴിലാളികളുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. എന്തുകൊണ്ടെന്നാല്‍, കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്ന യാഥാര്‍ഥ്യം ഈ നിയമം അംഗീകരിക്കുന്നില്ല; അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ കണക്കിലെടുക്കുന്നില്ല; തൊഴില്‍സുരക്ഷയും ഉപജീവനസുരക്ഷയും ഉറപ്പ് വരുത്തുന്നില്ല. കടപ്പുറത്ത് ഒരു കൂരവച്ച് അന്തിയുറങ്ങാനുള്ള അവകാശംപോലും ഈ നിയമം കവര്‍ന്നെടുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ അന്യവല്‍ക്കരണത്തിലേക്കും പുറംതള്ളലിലേക്കും നയിക്കുന്ന തീരദേശനിയന്ത്രണ നിയമം വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യ സംരക്ഷണാര്‍ഥം കരുപ്പിടിപ്പിച്ച ഒന്നാണ്. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ മൂലധനശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കടപ്പുറവും തീരക്കടലും കൈയേറി സ്വന്തമാക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതികനിയമത്തിന്റെ അന്തഃസത്തതന്നെയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.

കടലിലെ സമ്പന്നമായ ജൈവവൈവിധ്യവും കായലിന്റെയും കടലിന്റെയും ദൃശ്യഭംഗിയും ഉപയോഗപ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് നിയമപരമായ പരിരക്ഷ ഒരുക്കുകയാണിവിടെ. അതിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നത് കടലിന്റെ മക്കളുടെ ജീവിതസ്വപ്നങ്ങളാണ്.

ആഗോളവല്‍ക്കരണ നടപടികള്‍ക്ക് തുടക്കംകുറിച്ച 1991ല്‍തന്നെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പഴയ തീരദേശ നിയന്ത്രണ നിയമ(1991)ത്തിന് രൂപം നല്‍കിയത്. ഉദാരവല്‍ക്കരണ നടപടികള്‍ പുരോഗമിക്കുന്ന മുറയ്ക്ക് മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഉതകുംവിധം എല്ലാ തടസ്സങ്ങളും നീക്കുന്നതിന് പലപ്പോഴായി ഈ നിയമത്തില്‍ 25 ഭേദഗതികള്‍ കൊണ്ടുവന്നു. എന്നാല്‍, അതുകൊണ്ടൊന്നും കോര്‍പറേറ്റുകള്‍ തൃപ്തരല്ല എന്ന് ബോധ്യമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നതിന് 2004ല്‍ ഡോ. എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചത്. തീരപരിസ്ഥിതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള സമഗ്രമായ ഒരു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിക്ക് കഴിഞ്ഞുവെന്നതാണ് വാസ്തവം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട കരട് തീരദേശപരിപാലനിയമം (CM2, 2008) സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തഃസത്തയില്‍നിന്ന് വ്യതിചലിച്ച് കോര്‍പറേറ്റ് അജന്‍ഡകള്‍ തീരദേശമേഖലയില്‍ നടപ്പാക്കുന്നതിന് നിയമപരിരക്ഷ നല്‍കുന്നതിന് ഉതകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാരും മത്സ്യത്തൊഴിലാളികളുടെ ട്രേഡ്യൂണിയനുകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇതിനെത്തുടര്‍ന്ന് ഇങ2 വിജ്ഞാപനം കാലഹരണപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ആ നിയമത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിന്, എം എസ് സ്വാമിനാഥന്‍ കമ്മിറ്റി മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് പഴയ തീരദേശ നിയന്ത്രണ നിയമത്തില്‍ (CR2, 1991) ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ തീരദേശ നിയന്ത്രണ നിയമത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. അതീവ ലോലമായ തീര പരിസ്ഥിതി സംരക്ഷിക്കുന്നതിനും അതിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും പ്രത്യേക ഊന്നല്‍ ഈ നിയമത്തില്‍ നല്‍കുന്നുവെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്.

പുതിയ തീരദേശനിയമമനുസരിച്ച് വേലിയേറ്റ രേഖയ്ക്കും വേലിയിറക്കരേഖയ്ക്കും ഇടയിലുള്ള പ്രദേശവും വേലിയേറ്റരേഖയില്‍നിന്ന് 500 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ തീരത്തുനിന്ന് 22 കി.മീ ദൂരംവരെയുള്ള അടിത്തട്ട് ഉള്‍പ്പെടെയുള്ള ടെറിട്ടോറിയല്‍ കടല്‍പ്രദേശവും നിയന്ത്രണമേഖലയില്‍ വരുന്നു. കടലിനോട് ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് പിപിടിവരെ ഉപ്പുരസം കലര്‍ന്ന ഓരുജലപ്രദേശങ്ങളും അവയുടെ തീരത്തുനിന്ന് 100 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍പെടുന്നതാണ്. കായല്‍ദ്വീപുകളുടെ തീരത്തുനിന്ന് 50 മീറ്റര്‍ ദൂരംവരെയുള്ള കരപ്രദേശം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ച തീരദേശനിയന്ത്രണമേഖലയെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സിആര്‍ഇസഡ് I - പരിസ്ഥിതി ലോല പ്രദേശങ്ങള്‍, സിആര്‍ഇസഡ് II - മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍, സിആര്‍ഇസഡ് III - ഗ്രാമപ്രദേശങ്ങള്‍, സിആര്‍ഇസഡ് IV - തീരക്കടല്‍, ഓരുജലാശയങ്ങള്‍, കായല്‍ പ്രദേശങ്ങള്‍ (ജലപ്രദേശം), സിആര്‍ഇസഡ് V - പ്രത്യേക പരിഗണനാ പ്രദേശങ്ങളായ കായലുകളും കായല്‍ ദ്വീപുകളും. സിആര്‍ഇസഡ് ഒന്ന്, പരിസ്ഥിതിലോലമായ പ്രദേശമായതുകൊണ്ട് ഈ മേഖലയില്‍ പുതിയ വീടുകളുടെ നിര്‍മാണം അനുവദനീയമല്ല. ഈ പ്രദേശത്ത് നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണമോ അറ്റകുറ്റപ്പണിയോ അനുവദനീയമാണോ എന്ന കാര്യത്തില്‍ നിയമത്തില്‍ വ്യക്തത കാണുന്നില്ല.

അറ്റകുറ്റപ്പണികള്‍ക്ക് കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുവാദത്തിന് കാത്തുനില്‍ക്കേണ്ടിവരും. സിആര്‍ഇസഡ് രണ്ട് മേഖലയില്‍ നിലവിലുള്ള റോഡിനോ നിയമാനുസൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ കിഴക്കുഭാഗത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകള്‍ അനുവദനീയമാണ്. എന്നാല്‍, പടിഞ്ഞാറുഭാഗത്ത് നിര്‍മാണം അനുവദിക്കുന്നില്ല. പഴയ വീടുകളുടെ അറ്റകുറ്റപ്പണി കിഴക്കുഭാഗത്ത് അനുവദനീയമാണ്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ സ്വന്തം കൈവശഭൂമിയില്‍ നിര്‍മിച്ചതും തദ്ദേശസ്ഥാപനങ്ങള്‍ നമ്പരിട്ട് നല്‍കാത്തതുമായ വീടുകള്‍ (സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടുകളും ഇതില്‍പെടും) നിയമാനുസൃതമല്ലാതാകുന്നു. അവയ്ക്കെതിരെ ഏതുസമയത്തും നിയമനടപടികള്‍ സ്വീകരിക്കാം. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന CR2 IIIല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദാരമായി അനുവദിക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ അങ്ങനെയല്ലെന്ന് ബോധ്യമാവും.

ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി ഒരു സംരക്ഷണവും അനുവദിക്കുന്നില്ല. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ പുറമെ നിന്നുള്ളവര്‍ ഈ മേഖലയില്‍ കടന്നു കയറി കാലാന്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ അന്യവല്‍ക്കരിക്കപ്പെടുകയും കടപ്പുറത്തുനിന്ന് പുറന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മൂലധന ശക്തികളും ടൂറിസ്റ്റ് മാഫിയകളും മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ മുതലെടുത്ത് മോഹവില കൊടുത്ത് അവരുടെ ഭൂമി കൈവശപ്പെടുത്തുകയും കടല്‍ത്തീരം മുഴുവന്‍ കൈയടക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല.

വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുള്ള പ്രദേശം വികസന നിരോധിത മേഖലയാണ്. വികസന നിരോധിത മേഖലയില്‍ സ്വാഭാവികമായും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. വേലിയേറ്റ രേഖയില്‍നിന്ന് 100 മീറ്റര്‍ വരെയുള്ള മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ളതും തദ്ദേശസ്ഥാപനങ്ങളുടെ അനുവാദത്തോടെ നിര്‍മിച്ചതുമായ പഴയ ഭവനങ്ങളുടെ പുനര്‍നിര്‍മാണം അനുവദിക്കുന്നുണ്ട്. പക്ഷേ, കെട്ടിടത്തിന്റെ തറവിസ്തീര്‍ണം കൂട്ടാന്‍ നിയമം അനുവദിക്കുന്നില്ല. ഈ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം കൈവശഭൂമിയില്‍ പഞ്ചായത്തിന്റെ നമ്പര്‍ ലഭിക്കാതെതന്നെ വീട് വച്ച് താമസിക്കുന്നവരാണ്. പുതിയ തീരദേശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഈ വീടുകളെല്ലാം നിയമ വിധേയമല്ലാതാവുകയും പൊളിച്ചു നീക്കപ്പെടാവുന്ന അവസ്ഥ ഉണ്ടാവുകയുംചെയ്യും. ഈ മേഖലയില്‍ 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള കരപ്രദേശത്ത് നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഈ പ്രദേശത്ത് പുതിയ വീടുകള്‍ പണിയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം മത്സ്യത്തൊഴിലാളികളെ ചുവപ്പുനാടയുടെ കുരുക്കില്‍പ്പെടുത്തി ഫലത്തില്‍ പാര്‍പ്പിട നിര്‍മാണത്തിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. വികസനരഹിത മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിന് പ്രത്യേക അനുമതി നല്‍കണമെന്ന വി എസ് സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുടെയും ആവശ്യം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല എന്നത് ഖേദകരമാണ്.

തീരപ്രദേശത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികളും പാര്‍പ്പിടവും സംരക്ഷിക്കാതെ പരിസ്ഥിതിമാത്രം സംരക്ഷിച്ചാല്‍മതിയെന്നത് കേവല പരിസ്ഥിതിവാദമാണ്. ഇതിനോട് യോജിക്കാന്‍ പൊതുസമൂഹത്തിന് കഴിയുകയില്ല. കായല്‍ ദ്വീപുകളില്‍ പ്രത്യേക പരിഗണനാര്‍ഹ മേഖലകള്‍ എന്ന നിലയില്‍ 50 മീറ്റര്‍വരെയുള്ള കരപ്രദേശങ്ങള്‍ തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതാണ്. ഇവിടെ CRZI, CRZII, CRZIII മേഖലകളില്‍ പാര്‍പ്പിട നിര്‍മാണത്തിന് നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ബാധകമാണ്. ചുരുക്കത്തില്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കടപ്പുറത്ത് ഒരു വീട് വച്ച് അന്തിയുറങ്ങാന്‍ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് പുതിയ തീരദേശ നിയന്ത്രണ നിയമം (2011) മൂലം സംജാതമാകുന്നത്. ഏറ്റവും വിരോധാഭാസമായി തോന്നിയത് തീരദേശ നിയന്ത്രണ മേഖലയില്‍ (CRZII) 20,000 ച. മീറ്ററിന് മുകളിലുള്ള വന്‍കിട ഫ്ളാറ്റുകള്‍ അനുവദനീയമാണ് എന്നതാണ്. പുതിയ തീരദേശനിയന്ത്രണ നിയമം മൂലധനശക്തികളുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

*
എസ് ശര്‍മ ദേശാഭിമാനി

Wednesday, January 22, 2014

എന്താണ് പശ്ചിമഘട്ടം?

കഴിഞ്ഞ കുറേക്കാലമായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഒന്നാണ് പശ്ചിമഘട്ടം. കഴിഞ്ഞ വര്‍ഷം ജൂണില്‍ റഷ്യയില്‍ ചേര്‍ന്ന ലോകപൈതൃക സമിതിയും തുടര്‍ന്ന് ജൂലൈ രണ്ടിന് യുനെസ്കോയും പശ്ചിമഘട്ടത്തെ ലോകപൈതൃകങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. പശ്ചിമഘട്ടത്തിെന്‍റ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ പ്രാധാന്യം വളരെ വലുതാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വതനിരയാണതെന്ന് ഏറ്റവും ലളിതമായി പറയാം. വടക്ക് ഗുജറാത്തിെന്‍റയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിയായ തപ്തി നദിയുടെ തെക്ക് ഭാഗത്തുനിന്ന് തുടങ്ങി തെക്ക് കന്യാകുമാരി വരെ നീളുന്ന പശ്ചിമഘട്ടം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകുന്നു. ഏകദേശം 1490 കി. മീ. ദൈര്‍ഘ്യം. 210 കി. മീ. ആണ് കൂടിയ വീതി. അത് തമിഴ്നാട്ടിലാണ്. കുറഞ്ഞ വീതി 48 കി. മീ.യും. അത് മഹാരാഷ്ട്രയിലും. സമുദ്രനിരപ്പില്‍ നിന്നുള്ള ശരാശരി ഉയരം 1200 മീറ്റര്‍. ആകെ വിസ്തൃതി 129037 ച. കീ. മി.യാണ്. ചിലയിടങ്ങളില്‍ 2440 മീറ്റര്‍ വരെ ഉയര്‍ന്ന് നില്‍ക്കുന്ന കൊടുമുടികളുണ്ട്. നീണ്ടുകിടക്കുന്ന ഈ പര്‍വ്വതനിര ഏതാണ്ട് ഇടമുറിയാത്തതാണ്. പാലക്കാട് ചുരമാണിതിനൊരപവാദം. മറ്റൊന്ന് ഗോവന്‍ ചുരവും.

ഒരുപാട് പ്രാധാന്യമുണ്ട് ഈ ഭൂഭാഗത്തിന്. അതിപുരാതനമായ ഒരാവാസ വ്യവസ്ഥയാണത്. പതിനഞ്ചുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഗോണ്ട്വാനാലാന്‍റ് ഉപഭൂഖണ്ഡത്തില്‍നിന്ന് പൊട്ടി വന്നതാണതെന്ന് ഭൂവിജ്ഞാനീയം പറയുന്നു. ആഗോളതലത്തില്‍ തന്നെ പ്രാധാന്യമുള്ള ജൈവവൈവിധ്യ ചുടുപൊട്ടുകളില്‍ ഒന്നാണിത്. എന്തുകൊണ്ടാണ് ഈ പദവികളൊക്കെ പശ്ചിമഘട്ടത്തിന് കല്‍പിച്ചു നല്‍കിയിരിക്കുന്നത്? അതിലോലമായ ആവാസ വ്യവസ്ഥയാണിവിടുത്തേത്. സമുദ്രനിരപ്പില്‍നിന്ന് ശരാശരി 1200 മീറ്റര്‍ ഉയരമുള്ള മലനിരകളുള്ള പടിഞ്ഞാറ് ഭാഗം ചെങ്കുത്തായ പാറക്കൂട്ടങ്ങളും മലകളുമാണ്. കിഴക്ക് ഭാഗമാകട്ടെ താരതമ്യേന ചരിവ് കുറഞ്ഞ മലനിരകളും. തെക്ക് മുതല്‍ വടക്ക് വരെ വ്യത്യസ്ത കാലാവസ്ഥ, ഭൂമിശാസ്ത്ര, ജൈവമേഖലകള്‍, കിഴക്കന്‍ ചരിവിലും പടിഞ്ഞാറന്‍ ചരിവിലും അനുഭവപ്പെടുന്ന വ്യത്യസ്ത കാലാവസ്ഥാരീതികള്‍ എന്നിവയെല്ലാം ചേര്‍ന്ന് പശ്ചിമഘട്ടത്തെ സവിശേഷമായ ഒരവസ്ഥയിലേയ്ക്കുയര്‍ത്തുന്നു. പശ്ചിമഘട്ടത്തിെന്‍റ താഴ്ന്ന പ്രദേശങ്ങളില്‍ ആര്‍ദ്രവും ശീതോഷ്ണവുമായ കാലാവസ്ഥയാണ്. ഈ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് മണ്‍സൂണ്‍ കാറ്റുകളാണ്, ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് - സംശയമില്ല. കേരളത്തിലെ കാലവര്‍ഷക്കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് കിഴക്കോട്ട് വീശുന്ന ശക്തിയായ കാറ്റ് മഴമേഘങ്ങളെ പശ്ചിമഘട്ടത്തില്‍ എത്തിക്കുന്നു. അതാണ് ഈ മേഖലയിലെ മഴയ്ക്ക് കാരണം. ഒരു വര്‍ഷം ശരാശരി 3000 മുതല്‍ 4000 വരെ മില്ലീമീറ്റര്‍ വര്‍ഷപാതം. ഈ മഴ ലഭിക്കുന്നത് പശ്ചിമഘട്ടത്തിെന്‍റ പടിഞ്ഞാറ് ഭാഗത്താണ്. കേരളത്തില്‍ കിട്ടും. കിഴക്ക് ഭാഗത്ത് കിട്ടില്ല. കാരണം കാറ്റ് വീശുന്നത് പടിഞ്ഞാറന്‍ സമുദ്രത്തില്‍ നിന്നാണല്ലോ? കിഴക്ക് ഭാഗത്ത് മഴ കിട്ടുന്നില്ല. അതുകൊണ്ട് അത് മഴനിഴല്‍ പ്രദേശമായി.

മഴ ഇത്രയും കിട്ടുമെങ്കിലും ആ വെള്ളം മുഴുവന്‍ ശേഖരിച്ച് വെയ്ക്കാന്‍ പശ്ചിമഘട്ടത്തിനാവില്ല. കാരണം ഈ പര്‍വ്വതനിരയുടെ ഉള്‍ഭാഗത്തുള്ള പാറകള്‍ക്ക് ജലം വലിച്ചെടുക്കാന്‍ കഴിയില്ലെന്നത് തന്നെ. മൂന്ന് കിലോമീറ്ററിലധികം ഘനമുള്ള പ്രാചീന ബസാള്‍ട്ട് പാറകളാണ് ഉള്ളറയില്‍. കട്ടി കുറഞ്ഞ മേല്‍ മണ്ണാണ് ഈ പാറകളെ മൂടിയിരിക്കുന്നത്. അതുകൊണ്ട് അവിടെയും വെള്ളം ശേഖരിക്കപ്പെടുന്നില്ല. വളരെ കുറച്ച് വെള്ളം പാറകളുടെ വിടവുകളിലേക്ക് അരിച്ചിറങ്ങും. വെള്ളം ശേഖരിക്കുന്നത് പര്‍വ്വത മുകളിലെ വനമേഖലയാണ്. തട്ട് തട്ടായുള്ള ഇലച്ചാര്‍ത്തുകള്‍, മേല്‍മണ്ണില്‍ വീണുകിടക്കുന്ന സ്പോഞ്ച് രൂപത്തിലുള്ള ജൈവാവശിഷ്ടങ്ങള്‍ ഇവയൊക്കെ വെള്ളത്തെ പിടിച്ച് നിര്‍ത്തുന്നു. സൂര്യതാപവും കാറ്റും കാര്യമായൊന്നും കാടിനുള്ളിലേക്ക് എത്തുന്നില്ല. അതുകൊണ്ട് സംഭരിച്ച് വയ്ക്കപ്പെടുന്ന വെള്ളം വറ്റിപ്പോകുന്നില്ല. കാലവര്‍ഷം മാത്രമല്ല, തണുപ്പേറിയ ഉയര്‍ന്ന മലയോരങ്ങള്‍ പ്രാദേശികമായി മഴയും മഞ്ഞും പ്രദാനം ചെയ്യുന്നു. ഇങ്ങനെ കിട്ടുന്ന വെള്ളത്തില്‍ അധികഭാഗവും താഴേക്ക് ഒഴുകുന്നു. കേരളത്തിലെ 44 നദികളും ഇങ്ങനെയാണ് ഉത്ഭവിക്കുന്നത്. അതില്‍ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിന് പുറത്തുള്ള മൂന്ന് മഹാനദികള്‍ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്. കാവേരിയും കൃഷ്ണയും ഗോദാവരിയും. ഇവയും കിഴക്കോട്ട് ഒഴുകുന്നവ തന്നെ. കേരളത്തിലാകട്ടെ നമ്മുടെ ജലസമ്പത്ത് ഈ നദികളല്ലാതെ മറ്റൊന്നുമല്ല. കേരളത്തിെന്‍റ ഉള്‍നാടന്‍ ജലാശയങ്ങളെയും കായല്‍ നിലങ്ങളെയും തുരുത്തുകളെയും തണ്ണീര്‍ത്തടങ്ങളെയുമൊക്കെ നിലനിര്‍ത്തുന്നതും ഇവ തന്നെ. പെരിയാര്‍, പമ്പ, ചാലിയാര്‍ എന്നിവ പശ്ചിമഘട്ടത്തിെന്‍റ ഉയര്‍ന്ന വിതാനങ്ങളില്‍നിന്ന് ഉത്ഭവിക്കുന്നവയാണ്. ചെറിയ നദികളായ മീനച്ചില്‍, മണിമലയാര്‍ എന്നിവ പടിഞ്ഞാറേ താഴ്വരകളില്‍ നിന്നുല്‍ഭവിക്കുന്ന വിവിധ നീര്‍ച്ചാലുകള്‍ ഒന്നിച്ച് ചേര്‍ന്നുണ്ടാകുന്നതാണ്. ഭാരതപുഴയാകട്ടെ വ്യത്യസ്തമാണ്. അതിന് ധാരാളം പോഷക ഉറവുകളുണ്ട്. അവയില്‍ ചിലതൊക്കെ ആനമല മേഖലയില്‍നിന്ന് ഉത്ഭവിക്കുന്നതാണ്. മറ്റ് ചിലവ പാലക്കാടന്‍ ചുരത്തിെന്‍റ കിഴക്കന്‍ അതിരില്‍നിന്ന് ഉത്ഭവിക്കുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ പശ്ചിമഘട്ടം കേരളത്തിെന്‍റ ജലസ്തംഭമാണ്.

കേരളത്തിന് പുറത്തോ? ഏതാണ്ട് 25 കോടി ജനങ്ങളുടെ ജലാശ്രയം ഈ പര്‍വ്വതനിരയാണ്. പശ്ചിമഘട്ടത്തിലെ വനമേഖലയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാം. നിത്യഹരിത വനങ്ങള്‍, അര്‍ദ്ധ നിത്യഹരിത വനങ്ങള്‍, ചോല വനങ്ങള്‍, ആര്‍ദ്ര ഇലപൊഴിയും കാടുകള്‍, ജലപാതങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കാടുകള്‍കൊണ്ട് നിറഞ്ഞ പ്രദേശങ്ങളില്‍ ധാരാളം ആദിവാസികളുണ്ട്. സംരക്ഷിത മേഖലകളും സംരക്ഷിത വനങ്ങളും ധാരാളമുണ്ട്. രണ്ട് ബയോസ്ഫിയര്‍ റിസര്‍വുകള്‍, പതിനൊന്ന് ദേശീയോദ്യാനങ്ങള്‍, വിവിധ വന്യജീവി സങ്കേതങ്ങള്‍ എന്നിവയെല്ലാം ഈ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. 5000 ഇനം സപുഷ്പികളായ സസ്യങ്ങള്‍ ഇവിടെയുണ്ട്. 139 ഇനം സസ്തനികള്‍, 508 ഇനം പക്ഷികള്‍, 179 ഇനം ജലജീവികള്‍, 102 ഇനം മല്‍സ്യങ്ങള്‍, 334 ഇനം പൂമ്പാറ്റകള്‍, 316 ഇനം കക്കകള്‍, 600ല്‍ ഏറെ കീടജാതികള്‍ എന്നിവ ഈ മേഖലയുടെ ജൈവവൈവിധ്യം വിളിച്ചോതുന്നു. പക്ഷികളില്‍ 16 ജാതികള്‍ തദ്ദേശീയങ്ങളാണ്. എല്ലാ വിഭാഗം സസ്യങ്ങളിലും ജന്തുക്കളിലും തദ്ദേശീയ ജാതികളുണ്ട്. ഇതെല്ലാം ചേര്‍ന്നാണ് പശ്ചിമഘട്ട മേഖലയെ ജൈവവൈവിധ്യ ചുറ്റുപാടുകളില്‍ ഒന്നാക്കി മാറ്റുന്നത്.

ഇപ്പറഞ്ഞവയെല്ലാം കൂടാതെ ഒന്നുകൂടിയുണ്ട്. ഏതാണ്ട് അഞ്ച് കോടി മനുഷ്യര്‍. അതായത് ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണിവിടം. ഇതെല്ലാം ശരിതന്നെ. വലിയ പ്രതാപിയാണ് പശ്ചിമഘട്ടം. പക്ഷേ ആ പ്രതാപം നശിക്കുകയാണ്. രണ്ട് നൂറ്റാണ്ടുകളായി മനുഷ്യന്‍ പശ്ചിമഘട്ടത്തെ ആക്രമിക്കാന്‍ തുടങ്ങിയിട്ട്. കൊളോണിയല്‍ ഭരണകാലത്ത് ആരംഭിച്ച തോട്ടവിളകളും ഖനനവും ആണ് തുടക്കകാരണങ്ങള്‍. കള്ളത്തടിവെട്ട് അതിെന്‍റ പിന്നാലെ വന്നു. കുടിയേറ്റവും കയ്യേറ്റവും സംഭവിച്ചു. ഖനനം ഒരു വലിയ പ്രശ്നമായി. കേരളത്തില്‍ തെക്കുവടക്കുള്ള കരിങ്കല്‍ ക്വാറികള്‍ മുതല്‍ ഗോവയില്‍ ഇരുമ്പയിരിനായി തുറന്ന് കൊടുത്ത റിസര്‍വ് വനങ്ങള്‍വരെ ഈ വകുപ്പില്‍പെടുത്താം. ഇനിയുമുണ്ട് കാരണങ്ങള്‍ പറയാന്‍. കാലിമേച്ചില്‍, അനധികൃത വേട്ടയാടല്‍, മനുഷ്യ - വന്യജീവി സംഘട്ടനം, തടിയേതര വനവിഭവങ്ങളുടെ അമിതചൂഷണം, മലിനീകരണം, കാട്ടുതീ, റോഡുനിര്‍മാണം എന്നിങ്ങനെ പട്ടിക നീളുന്നു. ഏറ്റവും ഒടുവില്‍ വന്നത് വിനോദ സഞ്ചാര വ്യവസായമാകാം. വലിയ ഹോട്ടലുകളും റിസോര്‍ട്ടുകളും ഉല്ലാസ ബംഗ്ലാവുകളും വന്നു. ഇരുപതാം നൂറ്റാണ്ടിെന്‍റ അവസാനദശകമായപ്പോള്‍ സ്വകാര്യ - കോര്‍പ്പറേറ്റ് മേഖലകള്‍ പശ്ചിമഘട്ടത്തിെന്‍റ പ്രകൃതിവിഭവങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് മൂലധനം ഇറക്കിത്തുടങ്ങി. ഇതൊക്കെക്കൊണ്ട് എന്തു സംഭവിച്ചു?

62000 ച. കി. മി. നിത്യഹരിത വനമുണ്ടായിരുന്നത് 5288 ആയിച്ചുരുങ്ങി. 182500 ച. കി. മി. പ്രാഥമിക സസ്യജാലങ്ങള്‍ ഉണ്ടായിരുന്നത് 12450 ച. കി. മി. മാത്രമായി ചുരുങ്ങി. 1920നും 1990നും ഇടയില്‍ മാത്രം പശ്ചിമഘട്ടത്തിലെ ആദ്യ സസ്യാവരണത്തിലെ 40% നഷ്ടപ്പെട്ടു. എവിടെയും പരിസ്ഥിതി നാശത്തിെന്‍റ കാരണം രാഷ്ട്രീയം തന്നെയാണ്. പശ്ചിമഘട്ടത്തിെന്‍റ കാര്യത്തില്‍ ആഗോളരാഷ്ട്രീയം തന്നെയാണീ നശീകരണത്തില്‍ മുന്നില്‍. വിവിധ ലോകയുദ്ധങ്ങളുടെ കാലത്ത് ഭക്ഷ്യക്ഷാമം നേരിടാന്‍ ആളുകളെ നിര്‍ബന്ധിച്ച് കാട്ടിലേയ്ക്കയച്ച് കാട് വെട്ടിത്തെളിയിച്ച് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു. അക്കാലത്ത് കേരളം വിശപ്പടക്കിയിരുന്നതെങ്ങനെയായിരുന്നു? 1920-1980 കാലത്ത് നടന്ന കാട് വെട്ടലിെന്‍റ 40%വും കൃഷി വ്യാപനത്തിനായി മാത്രം നടന്നവയായി കരുതപ്പെടുന്നു. വന്‍കിട ഔഷധനിര്‍മാണ കമ്പനികളും ഇക്കാലത്ത് കാട്ടിലേക്ക് കടന്നിട്ടുണ്ട്. ഔഷധനിര്‍മാണത്തിനാവശ്യമായ സസ്യജാലങ്ങളായിരുന്നു അവര്‍ക്ക് വേണ്ടത്. ഇപ്പോഴുള്ള വനപരിപാലനം വിപണി നിയന്ത്രണമാണ്. വനവിഭവങ്ങള്‍ വിശേഷിച്ചും തടി ഉല്‍പാദിപ്പിക്കുകയാണതിെന്‍റ ലക്ഷ്യം. ഇത് കാടിനെ നശിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ? കൊളോണിയല്‍ ഭരണകാലത്ത് തന്നെ വനത്തിനെ ഒരു സാമ്പത്തിക സ്രോതസ്സായാണ് കരുതിപ്പോന്നത്. കാടിെന്‍റ വിലയെന്നാല്‍ കാട്ടിലെ തടിയുടെ വില എന്നാണര്‍ത്ഥമാക്കിയിരുന്നത്. പിന്നീട് അന്തര്‍ദേശീയ കച്ചവട വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ ഉണ്ടായ താരിഫ് ഉപേക്ഷിക്കല്‍ പരിപാടി രാജ്യങ്ങള്‍ തമ്മിലുള്ള വനവിഭവങ്ങളുടെ കൈമാറ്റം വളരെ എളുപ്പമാക്കിത്തീര്‍ത്തു. അതോടെ തടിവെട്ടിെന്‍റ തീവ്രത കൂടി. വിനോദസഞ്ചാരവും ഒരു വ്യവസായമായി വളര്‍ന്നു. കാട്ടില്‍ കൂടുതല്‍ റോഡുകളും കെട്ടിടങ്ങളും വേണ്ടിവന്നു. ധാരാളം വിനോദസഞ്ചാരികള്‍ വന്നു. കൂടുതല്‍ സഞ്ചാരികള്‍, കൂടുതല്‍ നിര്‍മാണം, കൂടുതല്‍ നശീകരണം. അങ്ങനെയായി വികസനത്തിെന്‍റ പോക്ക്. ഇങ്ങനെയൊക്കെയാണെങ്കിലും പശ്ചിമഘട്ടത്തിെന്‍റ നാശത്തിന് കാരണമായ മൂന്ന് സംഗതികള്‍ എടുത്തുപറയാതെ പറ്റില്ല. അണക്കെട്ടുകള്‍ തന്നെയാണ് ആദ്യം പറയേണ്ടത്. അമ്പതിലധികം വന്‍ അണക്കെട്ടുകളടക്കം 3435 അണക്കെട്ടുകളുണ്ട് സഹ്യപര്‍വ്വതത്തില്‍. വൈദ്യുതിക്കും ജലസേചനത്തിനുമായി നിര്‍മിക്കപ്പെട്ട ജലസംഭരണികളുടെ രജിസ്റ്റര്‍ പ്രകാരം ഗോവയില്‍ 7, ഗുജറാത്തില്‍ 537, മഹാരാഷ്ട്രയില്‍ 1529, കര്‍ണാടകത്തില്‍ 216, തമിഴ്നാട്ടില്‍ 97, കേരളത്തില്‍ 54 എന്നിങ്ങനെയാണ് ജലസംഭരണികളുടെ എണ്ണം. ഇതിന് പുറമെ വേറെയും ധാരാളം എണ്ണം നിര്‍മാണത്തിലുണ്ട്. ഈ ജലസംഭരണികള്‍ക്കായി വനം വെട്ടിവെളുപ്പിച്ചിട്ടുണ്ട്. വനം വെള്ളത്തില്‍ മുക്കിക്കളഞ്ഞിട്ടുണ്ട്. ഇങ്ങനെയുണ്ടായ വനനശീകരണം മണ്ണൊലിപ്പിനിടയാക്കി. കളച്ചെടികള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമായി.വനം കയ്യേറ്റവും കുടിയേറ്റവും വനമേഖലയില്‍ ജനസംഖ്യാവര്‍ധനവ് ഉണ്ടാക്കി. കേരളത്തില്‍ അട്ടപ്പാടിയിലേക്ക് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയ കണക്കുകള്‍ വന്നിട്ടുണ്ടല്ലോ? പുറമേനിന്ന് വന്നവര്‍ ഭൂരിപക്ഷമായി മാറി. ജീരകപ്പാറ, മുണ്ടേരി, മതികെട്ടാന്‍ തുടങ്ങിയ വനനാമങ്ങള്‍ കാട് കവര്‍ന്നെടുക്കാന്‍ തുടങ്ങിയ ശ്രമത്തിെന്‍റ പര്യായങ്ങളായി ഇന്ന് വായിച്ചെടുക്കാം. ഖനനംമൂലം പശ്ചിമഘട്ടത്തിെന്‍റ പാരിസ്ഥിതിക ലോല പ്രദേശങ്ങള്‍ക്കാണ് കോട്ടം തട്ടിയത്. ഗോവയില്‍ മാത്രം ആറ് വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് പരിക്കേറ്റു. നദികള്‍ക്കും കായലുകള്‍ക്കും ദോഷമുണ്ടായിട്ടുണ്ട്. ഗുജറാത്തില്‍ ലൈംസ്റ്റോണ്‍, ലിഗ്നൈറ്റ്, ബോക്സൈറ്റ് എന്നിവയാണ് ഖനനം ചെയ്യപ്പെട്ടത്. നാരായണ സരോവര്‍, ഗീര്‍ എന്നീ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്കും ഗീര്‍ ദേശീയോദ്യാനത്തിനും ലിറ്റില്‍ റാന്‍ ഓഫ് കച്ചിലെ വന്യ കഴുത സങ്കേതത്തിനും കേടുപറ്റി. ബാലാസിനോര്‍, ഛോട്ടാ നാഗ്പൂര്‍ എന്നീ സംരക്ഷിത വനങ്ങള്‍ക്കും ഖനനംമൂലം ഉപദ്രവം ഉണ്ടായി.

കര്‍ണാടകത്തിലെ കുദ്രേമുഖ്, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്ന ഇരുമ്പ് ഖനനം, കേരളത്തില്‍ വാളയാറില്‍ കാട്ടിലെ ചുണ്ണാമ്പുകല്ല് ഖനനം, നിലമ്പൂരിലെ കരിങ്കല്ല് ഖനനം എന്നിവ ഗുരുതരമായ പരിക്കുകള്‍ ഏല്‍പിച്ചവയാണ്. കേരള ഗവണ്‍മെന്‍റിെന്‍റ 2009ലെ ഖനിനയം നീലേശ്വരം, കാടംകോട്, കയ്യൂര്‍ തുടങ്ങിയ കാസര്‍കോടന്‍ ഗ്രാമങ്ങളില്‍നിന്ന് ലിഗ്നൈറ്റും നിലമ്പൂരില്‍നിന്ന് സ്വര്‍ണ്ണവും കോഴിക്കോട് - മലപ്പുറം ജില്ലകളില്‍നിന്ന് ഇരുമ്പും കുഴിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതെല്ലാമാണെങ്കിലും കര്‍ണാടകത്തിലേയും ഗോവയിലേയും പോലെയുള്ള വന്‍കിട ഖനികള്‍ കേരളത്തിലില്ല എന്ന് സമ്മതിക്കണം. മഹാരാഷ്ട്രയിലെ രത്നഗിരി, കൊയ്ന, ചന്ദോളി എന്നീ സങ്കേതങ്ങളില്‍ ബോക്സൈറ്റ് ഖനനവും തഡോബ - അന്ധേരി കടുവ സങ്കേതത്തില്‍ കല്‍ക്കരി ഖനനവും നടക്കുന്നു. സഞ്ജയ്ഗാന്ധി ദേശീയോദ്യാനത്തിനും ഖനനംമൂലം നാശം വന്നു. തമിഴ്നാട്ടില്‍ കളക്കാട് സങ്കേതത്തില്‍ വജ്രഖനനവും പഴഞ്ഞിമലയില്‍ ബോക്സൈറ്റ് ഖനനവും നടന്നിരുന്നു. രണ്ടും ഇപ്പോള്‍ ഇല്ല.

മൂന്നാമത്തെ കാരണം നേരത്തെ പറഞ്ഞ തോട്ടവല്‍ക്കരണമാണ്. നീലഗിരിയില്‍ മാത്രം 55330 ഹെക്ടര്‍ തോട്ടങ്ങളുണ്ട്. കേരളത്തില്‍ ചായ, കാപ്പി, ഏലം, യൂക്കാലിപ്സ്, റബ്ബര്‍, അക്കേഷ്യ എന്നിവയെല്ലാം ചേര്‍ത്ത് 900 ച. കി. മീ. തോട്ടങ്ങളാണുള്ളത്. കേരളത്തിലെ കാടിെന്‍റ പൊതുസ്ഥിതി ഭയാനകമാണ്. ഭാരതപ്പുഴയുടെ ഉറവകള്‍ രൂപമെടുത്ത മേഖലകളിലെ വനങ്ങളെല്ലാം തന്നെ തുടച്ച് നീക്കപ്പെട്ടിരിക്കുന്നു. മീനച്ചിലാര്‍ ഇപ്പോള്‍ ഉച്ചിയിലും കാടില്ലാത്ത ഒരു തോടാണ്. ചാലിയാറിെന്‍റ തുടക്കം മുണ്ടേരിയില്‍നിന്നാണ്. എല്ലാ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കഷ്ടിച്ച് 1000 ച. കി. മി. മഴക്കാടുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവയെല്ലാം സൂചിപ്പിക്കുന്നത് എന്താണ്? കേരളത്തിെന്‍റ നിലനില്‍പിന് പശ്ചിമഘട്ടം അനുപേഷണീയമായ ഒന്നാണ്. എന്നാലത് ഗുരുതരമായ പാരിസ്ഥിതികത്തകര്‍ച്ചയെ നേരിടുന്നു. ഈ തകര്‍ച്ച കേരളത്തിെന്‍റ കാലാവസ്ഥയേയും മഴലഭ്യതയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അത് ജനജീവിതം ദുരിതമയമാക്കിത്തീര്‍ക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കാതെ കേരളത്തിന് നിലനില്‍പ്പില്ല.

*
ജോജി കൂട്ടുമ്മേല്‍ ദേശാഭിമാനി വാരിക

Thursday, January 9, 2014

ജനത്തെ കബളിപ്പിക്കാന്‍വഴിപാട് നിവേദനം

കാപട്യമാണ് യുഡിഎഫ് മന്ത്രിസഭ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ മുഖമുദ്ര. നാടും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതല്ല, പരിഹാരം കാണാന്‍ ശ്രമിച്ചെന്നു വരുത്തിത്തീര്‍ക്കുക. ഇതേ നിവേദനംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ജനങ്ങളുടെ ആശങ്കയുടെ പശ്ചാത്തലത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേനിലയില്‍ നടപ്പാക്കില്ല എന്ന് കേന്ദ്രം ഉറപ്പുതരണമെന്ന് ആവശ്യപ്പെടേണ്ട കേരള മന്ത്രിസഭ, പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത് റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അല്‍പ്പം കാലതാമസം വരുത്തണമെന്ന മട്ടിലാണ്. പരിസ്ഥിതിലോല പ്രദേശങ്ങളെ പ്രഖ്യാപിക്കുന്നതിനുമുമ്പ് സ്ഥലം സന്ദര്‍ശിക്കണമെന്നും മറ്റുമൊക്കെ വളച്ചുകെട്ടിപ്പറയുന്നതിനു പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇന്നത്തെ നിലയില്‍ നടപ്പാക്കില്ലെന്ന് ഉറപ്പുതരണമെന്ന് ആവശ്യപ്പെടുന്നതിന് എന്ത് തടസ്സമാണ് സംസ്ഥാനമന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നത്? നേരിട്ട് സന്ദര്‍ശിക്കണമെന്നും മറ്റും പറയുന്നത് റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അല്‍പ്പം കാലതാമസം വരുത്തണമെന്ന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. അതായത്, ലോക്സഭാ തെരഞ്ഞെടുപ്പുവരെ നടപടി അരുത്. അത്രമാത്രം.

ഈ റിപ്പോര്‍ട്ടിന്മേല്‍ എന്ത് തീരുമാനവും എടുക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. ആ കേന്ദ്രത്തിന്റെ അധിപന്‍ പ്രധാനമന്ത്രിതന്നെയാണ്. അദ്ദേഹം കേരളത്തില്‍ വന്ന ഘട്ടത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കില്ല എന്ന് ഉറപ്പുവരുത്താമായിരുന്നു. പക്ഷേ, വളച്ചുകെട്ടലിലൂടെ കാലതാമസം വരുത്താന്‍ ഇടംനല്‍കുക എന്നതാണ് കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ചെയ്തത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരമുള്ള സമയമാണിത്. ആ അധികാരം ഉപയോഗിച്ച് എന്ത് തീരുമാനവും എടുക്കാവുന്നതേയുള്ളൂ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സാവകാശം എന്നത് കപടതന്ത്രം കലര്‍ന്ന ആവശ്യമാണ്. ഇപ്പോള്‍ എടുക്കാവുന്ന തീരുമാനം എടുക്കാതെ രണ്ടുമാസത്തേക്ക് നീട്ടിക്കൊണ്ടുപോവുക. അപ്പോഴേക്കും തെരഞ്ഞെടുപ്പു വിജ്ഞാപനം വരും. അതോടെ ഒന്നും ചെയ്യാനാകുന്നില്ല എന്നുപറഞ്ഞ് കൈമലര്‍ത്താനുമാകും. ഇതാണ് തന്ത്രം. മലയോരകര്‍ഷകരോട് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല ചെയ്യുന്നത്. മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രിതന്നെ പങ്കെടുത്ത സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ ബോധ്യപ്പെടുത്തി തീരുമാനമെടുപ്പിക്കാമായിരുന്നു. അതിന് ഒരു ശ്രമവും നടത്തിയില്ല. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്നപോലെ നിന്നു. ചതുരശ്ര കിലോമീറ്ററില്‍ നൂറുപേരില്‍ അധികം നിവസിക്കുന്ന പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധസമിതിതന്നെ പറഞ്ഞിട്ടുണ്ട്. അതുപോലും പ്രധാനമന്ത്രിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിന് കഴിയാതെപോയി. ആധാര്‍കാര്‍ഡ് കാര്യത്തിലുള്ള നിബന്ധനമൂലം സംസ്ഥാനത്ത് പാതിയോളം പാചകവാതക ഉപയോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കാത്ത നിലയുണ്ട്. ആധാര്‍വിതരണം അടുത്തൊന്നും പൂര്‍ത്തിയാകുമെന്നതിന്റെ സൂചന എവിടെയും കാണാനുമില്ല. ഈ സാഹചര്യത്തില്‍ പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധിതമാക്കുമെന്ന നിലപാട് ആധാര്‍വിതരണം പൂര്‍ത്തിയാകുംവരെയെങ്കിലും ബാധകമാക്കരുതെന്ന് ആവശ്യപ്പെടേണ്ട സംസ്ഥാനമന്ത്രിസഭ, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് ആറുമാസത്തേക്ക് നിബന്ധന നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നു മാത്രമാണ്. അതായത്, തെരഞ്ഞെടുപ്പ് കഴിയുംവരെ ഉപദ്രവിക്കാതിരുന്നാല്‍ മതി എന്നര്‍ഥം. ആധാര്‍കാര്‍ഡ് മുഴുവന്‍പേരും ബാങ്കുമായി ബന്ധിപ്പിച്ചശേഷം മാത്രമേ കേന്ദ്ര നിബന്ധന നടപ്പാക്കാവൂ എന്ന് പ്രധാനമന്ത്രിയോടു പറയാന്‍ എന്തായിരുന്നു യുഡിഎഫ് മന്ത്രിസഭയ്ക്ക് തടസ്സം? അക്ഷന്തവ്യമായ ഒരു അപരാധം, റബര്‍ ഇറക്കുമതി പ്രശ്നം മന്ത്രിസഭാംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലോ അദ്ദേഹത്തിന് നല്‍കിയ നിവേദനത്തിലോ പരാമര്‍ശിച്ചുപോലുമില്ല എന്നതാണ്. കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന റബര്‍വില 150-145 തലത്തിലേക്ക് താണത് റബര്‍ കര്‍ഷകരെ ഫലത്തില്‍ പാപ്പരാക്കുകയാണ്. കേന്ദ്ര ഇറക്കുമതിനയമാണ് ഇതിന്റെ പിന്നിലുള്ള ഘടകം. ആ ഇറക്കുമതിനയം തിരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാതിരുന്നതിന് എന്ത് സമാധാനമാണ് മന്ത്രിസഭയ്ക്ക് പറയാനുള്ളത്. റബര്‍ വിലത്തകര്‍ച്ച കര്‍ഷക കുടുംബങ്ങളില്‍ മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയില്‍ത്തന്നെ അതിഗുരുതരമായ ആഘാതങ്ങളേല്‍പ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതുവരുമാനത്തില്‍ത്തന്നെ അത് വലിയ ഇടിവുവരുത്തി. റബര്‍ കര്‍ഷകരുടെ ജീവിതാവസ്ഥയെക്കുറിച്ചോ സമ്പദ്ഘടനയുടെ നിലനില്‍പ്പിനെക്കുറിച്ചോ അല്‍പ്പമെങ്കിലും കരുതലുണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു അനാസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലായിരുന്നു. കേരളത്തിനുവേണ്ടി തങ്ങള്‍ വാദിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. അതേസമയം, കേന്ദ്രതാല്‍പ്പര്യങ്ങളെ ഒരുതരത്തിലും അലോസരപ്പെടുത്താതെ വിനീതദാസരായി പ്രധാനമന്ത്രിക്കു മുന്നില്‍ നില്‍ക്കുക. ഇത്തരമൊരു ദ്വിമുഖ നിലയാണ് സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ടത്. കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങളിലാകെ വിട്ടുവീഴ്ച ചെയ്യലാണ് ഇത്. കേരളത്തിന്റെ നിലനില്‍പ്പിനെയും അതിജീവനത്തെയും ബലികൊടുക്കലാണിത്.

പല കാലമായി കൊടുത്തിട്ടുള്ള നിവേദനങ്ങളിലെ ഉള്ളടക്കം വീണ്ടുമൊരിക്കല്‍ക്കൂടി പകര്‍ത്തിയെഴുതി പ്രധാനമന്ത്രിക്ക് നല്‍കി. റെയില്‍വേ കോച്ച് ഫാക്ടറിമുതല്‍ അങ്കമാലി- ശബരി റെയില്‍പാതവരെയുള്ള കാര്യങ്ങളില്‍ അതാണ് കാണുന്നത്. കേരളത്തില്‍ കോച്ച് ഫാക്ടറി തുടങ്ങാമെന്ന് എഴുപതുകളുടെ അവസാനത്തില്‍ത്തന്നെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഉറപ്പുനല്‍കിയിരുന്നു. പാലക്കാട്ട് അത് സ്ഥാപിക്കുമെന്നും പറഞ്ഞു. എന്നാല്‍, പാലക്കാട്ടെ നിര്‍ദിഷ്ട ഫാക്ടറി പഞ്ചാബിലേക്ക് മാറുന്നതാണ് പിന്നീട് കണ്ടത്. അവിടെനിന്ന് കോച്ചുകള്‍ പുറത്തുവന്നു തുടങ്ങിയിട്ടും കാലമേറെയായി. ഇപ്പോഴും പാലക്കാട്-കഞ്ചിക്കോട് ഫാക്ടറി യാഥാര്‍ഥ്യമാകാതെ നില്‍ക്കുന്നു. ഇതടക്കമുള്ള കാര്യങ്ങളില്‍ പഴയതിന്റെ ആവര്‍ത്തനമല്ലാതെ, കേരളത്തിന്റെ അര്‍ഹത ബോധ്യപ്പെടുത്തുന്ന പുതിയ ഒരു ഇടപെടലും സംസ്ഥാന മന്ത്രിസഭ നടത്തിയില്ല. പ്രധാനമന്ത്രിയാകട്ടെ ഒരു ഉറപ്പും നല്‍കിയതുമില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിപാടുമാത്രമായി നിവേദനം!

*
ദേശാ‍ാഭിമാനി മുഖപ്രസംഗം

Saturday, November 30, 2013

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കരുത്

കേരളത്തിലെ മലയോരങ്ങളിലെ ജനജീവിതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും മാത്രമേ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂ എന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ് ജീവിതോപാധികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ആ കടമ കേരളജനത ഏറ്റെടുക്കേണ്ടതുണ്ട്.

ജയറാം രമേശ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യംചെയ്യുന്ന എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനു പകരം ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന പേരില്‍, കേരളത്തിലെ കര്‍ഷക താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കാനാണ് കസ്തൂരിരംഗന്‍ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടും എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചചെയ്തശേഷംമാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ. ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ എത്തിക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ഇളവുകള്‍ കേരളത്തിന് ലഭിച്ചില്ല. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് ബഹുജനങ്ങള്‍ വലിയ തോതില്‍ ഈ റിപ്പോര്‍ട്ടിനെതിരെ അണിനിരന്നത്.

കേരള സര്‍ക്കാര്‍ വൈകിമാത്രം നിയോഗിച്ച സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനെ പാടേ തകര്‍ക്കുന്ന ഈ സ്ഥിതിയെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ 16 എംപിമാര്‍ക്കോ 8 കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് കര്‍ഷക-കുടിയേറ്റ കുടുംബങ്ങളുടെ ജീവിതവും നിലനില്‍പ്പും ആശങ്കയുടെ മുള്‍മുനയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാനായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കലാണ്.

സംസ്ഥാനത്തെ 123 വില്ലേജുകളെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളെയും ബാധിക്കും. കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടില്‍ പ്രകൃതിലോല പ്രദേശങ്ങള്‍ക്കകത്ത് ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശവും ശക്തമാണ്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ, ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍മാത്രമേ സഹായിക്കുകയുള്ളൂ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് സമവായമുണ്ടാക്കുന്നതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്ന് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്ത്രീയ പദ്ധതികളാണ് രൂപപ്പെടേണ്ടത്. ഇത്തരം പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നതുവരെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്. ഈ റിപ്പോര്‍ട്ടുകള്‍ ഒരു വിദഗ്ധസമിതിയുടെ ഉചിതമായ പരിശോധനയ്ക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കിമാത്രമേ നടപ്പാക്കാവൂ. അതിനുപകരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകളില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.

വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുക

രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ കടുത്ത വെല്ലുവിളിയാണ് വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്നത്. മുതലാളിത്ത- നാടുവാഴിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയം അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഭരണത്തിന്, ജനങ്ങളുടെ അഭിലാഷം നിറവേറ്റാനായില്ല. ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ ഹിന്ദുരാഷ്ട്ര മുദ്രാവാക്യമുയര്‍ത്തിയാണ് വര്‍ഗീയ അജന്‍ഡ മുന്നോട്ടുവയ്ക്കുന്നത്. സംഘപരിവാറിന്റെ ഹീന നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ല.

2003 ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം കൂട്ടക്കൊല രാജ്യത്തിന് എക്കാലത്തേക്കുമുള്ള അപമാനമായി. ഭീതിയിലായ മുസ്ലിം ജനതയില്‍ ഒരുവിഭാഗത്തെ തീവ്രവാദികളാക്കാന്‍ സംഘടിതശ്രമം നടന്നു. മുസ്ലിം യുവാക്കളില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ന്നുവന്നത് ഈ സാഹചര്യത്തിലാണ്. എന്‍ഡിഎ ഭരണം 2004 ല്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ പാര്‍ടികള്‍ കൈക്കൊണ്ട നിലപാടാണ് ഇത് സാധ്യമാക്കിയത്. ജനവിരുദ്ധനയങ്ങള്‍ യുപിഎ സര്‍ക്കാരിനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ സാഹചര്യം ഉപയോഗിച്ച്, വീണ്ടും അധികാരത്തിലേറാന്‍ ബിജെപി നേതൃത്വത്തില്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണ്. തീവ്രഹിന്ദുത്വ നിലപാടുയര്‍ത്തി നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി വര്‍ഗീയത ആളിക്കത്തിച്ച് ഭൂരിപക്ഷം നേടാനാണവര്‍ ശ്രമിക്കുന്നത്. രാമജന്മഭൂമി പ്രശ്നം, കശ്മീരിന്റെ പ്രത്യേക പദവി, ഏക സിവില്‍ കോഡ്, ഗോവധം തുടങ്ങിയ പ്രശ്നങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനാകെ നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് ആണ്. വിവിധ ഭഭീകരാക്രമണങ്ങളെത്തുടര്‍ന്ന്, എല്ലാറ്റിനും ഉത്തരവാദികള്‍ മുസ്ലിങ്ങളാണെന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നു. പല സംഭവങ്ങളിലും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ പ്രതികളാക്കി ജയിലിലടച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വര്‍ഗീയ-തീവ്രവാദ സംഘടനകളില്‍ അണിനിരത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നു.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് ഇത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍. ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ജമാഅത്തെ ഇസ്ലാമിയുടെ മതാധിഷ്ഠിത രാഷ്ട്രസങ്കല്‍പ്പം. വര്‍ഗീയത, വര്‍ഗ ഐക്യം തകര്‍ക്കുന്നതാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യപോരാട്ടത്തെ തകര്‍ക്കലാണ് വര്‍ഗീയതയുടെ ലക്ഷ്യം. എല്ലാത്തരം വര്‍ഗീയതയെയും ചെറുത്തുതോല്‍പ്പിക്കാനാവണം. മതനിരപേക്ഷ സംസ്കാരം ശക്തിപ്പെടുത്താന്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പുരോഗമനശക്തികളെയും യോജിപ്പിച്ച് അണിനിരത്താന്‍ എല്ലാവരും രംഗത്തിറങ്ങണം.

*
ദേശാഭിമാനി

Tuesday, November 19, 2013

ഹര്‍ത്താലില്‍ തെളിഞ്ഞ ജനവികാരം

മനുഷ്യനെയും പ്രകൃതിയെയും രക്ഷിക്കാനുള്ള സമരമുന്നേറ്റത്തിനാണ് തിങ്കളാഴ്ച കേരളം വേദിയായത്. മനുഷ്യനെ കാണാത്ത നിയമങ്ങളോ പ്രകൃതിയെ വിസ്മരിക്കുന്ന വികസനമോ അംഗീകരിക്കില്ല എന്നാണ് പൂര്‍ണവും സമാധാനപരവുമായ ഹര്‍ത്താലാചരണത്തിലൂടെ കേരളം പ്രഖ്യാപിച്ചത്. മലയോരമേഖലകളിലെ ദശലക്ഷക്കണക്കിനു വരുന്ന കൃഷിക്കാരെയും സാധാരണ ജനവിഭാഗങ്ങളെയും അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ജനതയുടെ വികാരമാണ് ഹര്‍ത്താലിലൂടെ രേഖപ്പെടുത്തിയത്. പശ്ചിമഘട്ടമേഖലയുമായി ബന്ധപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം കൃഷിക്കാരെയോ ജനങ്ങളെയോ വിശ്വാസത്തിലെടുക്കാതെയാണ് വന്നത്. അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ അരക്ഷിതത്വത്തിന്റെയും ആശങ്കയുടെയും ഗര്‍ത്തത്തിലേക്കാണ് അത് തള്ളിവിട്ടത്. പിറന്നുവീണ മണ്ണില്‍ തുടര്‍ന്നുള്ള ജീവിതം അസാധ്യമാക്കുന്ന നടപടികളുടെ മുന്നോടിയായാണ് ആ വിജ്ഞാപനത്തെ ജനങ്ങള്‍ കാണുന്നത്; സംശയിക്കുന്നത്. ഇപ്പോള്‍ വന്ന വിജ്ഞാപനത്തില്‍ ജനജീവിതത്തെ ബാധിക്കുന്ന എന്താണുള്ളത് എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ക്ക്, ഇനി വരാനുള്ള നടപടികളെന്തെന്നു പറയാന്‍ കഴിയുന്നില്ല.

മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ ആശങ്കകള്‍ ശക്തമായി ഉയര്‍ന്നതാണ്. ആ റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കസ്തൂരിരംഗന്‍ സമിതിയും പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിച്ചുമാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നാണ് സിപിഐ എം ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ മുന്നോട്ടുവച്ച നിര്‍ദേശം. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ സിറ്റിങ് നടക്കുന്നതിനിടയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളത്തെ തരിമ്പുപോലും വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേരളത്തില്‍നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ട്. അവരും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഇടപെട്ടില്ല.

ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. അതേസമയം, സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളുടെ അതേ നിലപാടുതന്നെയാണ് യുഡിഎഫിനും കോണ്‍ഗ്രസിനും സര്‍ക്കാരിനുമെന്നും പറയുന്നു. വിജ്ഞാപനം കരട് മാത്രമാണെന്നും അന്തിമ തീരുമാനമായില്ലെന്നും അദ്ദേഹം വാദിക്കുന്നു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളായ കെ എം മാണിയെയും പി ജെ ജോസഫിനെയുമെങ്കിലും "അക്കാര്യം" പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയേണ്ടതല്ലേ? കഴിഞ്ഞദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിംലീഗ് യോഗവും വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും രാഷ്ട്രീയപ്രേരിതമാണെന്ന് ഉമ്മന്‍ചാണ്ടി ആരോപിക്കുമോ? മലയോരമേഖലകളില്‍ വിവിധ കര്‍ഷക സംഘടനകളും ഗ്രൂപ്പുകളും ഒറ്റയ്ക്കും കൂട്ടായും സമരങ്ങള്‍ നടത്തുന്നുണ്ട്. ഈ സമരങ്ങളെല്ലാം കേവലം ബാഹ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും രാഷ്ട്രീയപ്രേരിതമായും ഉള്ളതാണെന്ന് പറഞ്ഞ് അവഗണിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നൊന്നും എല്‍ഡിഎഫ് പറയുന്നില്ല. ജനാധിപത്യപരമായ ചര്‍ച്ച നടക്കണം, എന്താണ് സംഭവിക്കുക എന്ന് ജനങ്ങളോട് തുറന്നുപറയണം, ജനാഭിപ്രായമറിയണം, ജനജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകില്ല എന്നുറപ്പാക്കണം. ജനാധിപത്യസമൂഹത്തില്‍ അനിവാര്യമായ പ്രക്രിയയാണിത്. അതൊന്നുംചെയ്യാതെ ഒരു സുപ്രഭാതത്തില്‍ വിജ്ഞാപനമിറക്കുകയും ഏകപക്ഷീയമായി നടപ്പാക്കുകയും അതിന്റെ തുടര്‍ച്ചയായി കടുത്ത ജനവിരുദ്ധ സമീപനത്തിലേക്ക് പോകാനുള്ള സാധ്യത തുറന്നിടുകയുമാണ് കേന്ദ്രം. ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരാള്‍ക്കും അംഗീകരിക്കാവുന്ന രീതിയല്ല ഇത്. യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടുന്നവരെ പരിസ്ഥിതിദ്രോഹികളെന്ന് ചാപ്പകുത്തിയതുകൊണ്ടും കാര്യമില്ല.

സമരത്തിന്റെ പേരില്‍ അക്രമത്തിന് എല്‍ഡിഎഫ് ഇല്ല എന്നാണ് ഹര്‍ത്താല്‍ ദിനത്തില്‍ പുലര്‍ന്ന സമാധാനം തെളിയിക്കുന്നത്. അക്രമം ആരോപിച്ചോ ദുഷ്പ്രചാരണങ്ങള്‍കൊണ്ടോ കേവലപരിസ്ഥിതിവാദത്തിന്റെ വാദങ്ങള്‍ നിരത്തിയോ പരിസ്ഥിതി വിരുദ്ധരെന്ന് ആരോപിച്ചോ ഈ ജനരോഷത്തെ തടഞ്ഞുനിര്‍ത്താം എന്നത് വ്യാമോഹമാണ്. സമരങ്ങള്‍ ക്വാറി, വനം, മണല്‍ മാഫിയകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണവും വ്യാപകമായി നടക്കുന്നുണ്ട്. എല്ലാ ജനകീയസമരങ്ങള്‍ക്കും നേരെ നടക്കുന്ന കുപ്രചാരണങ്ങളില്‍ ഒന്നുമാത്രമായേ അതിനെ കാണുന്നുള്ളൂ. ജനങ്ങളുടെ അരക്ഷിതബോധമാണ് പ്രതിഷേധാഗ്നിയായി കേരളത്തില്‍ ജ്വലിച്ചുയര്‍ന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഭരണാധികാരികള്‍ക്കുണ്ടാകണം. ഒരുകൂട്ടം വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ യുഡിഎഫ് നടത്തിയ എല്ലാ എതിര്‍പ്രചാരണങ്ങളെയും തള്ളിയാണ് ജനങ്ങള്‍ സ്വമേധയാ സമരരംഗത്തിറങ്ങിയത്. ആ വികാരം തിരിച്ചറിഞ്ഞ് അടിയന്തര ഇടപെടലിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്കാവും ഇനിയുള്ള നാളുകളില്‍ കേരളം വേദിയാവുക എന്ന് ഓര്‍മിപ്പിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, November 18, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: എല്‍ ഡി എഫ് ഹര്‍ത്താല്‍ തത്ത്വാധിഷ്ഠിതം

പശ്ചിമഘട്ട മേഖലാ സംരക്ഷണത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കേരളത്തിന്റെ മലയോര മേഖലകളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ വന്‍ ജനകീയപ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അവിടെ ശനിയാഴ്ച ജനജീവിതത്തെ പൂര്‍ണമായി സ്തംഭിപ്പിച്ചിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് എല്‍ ഡി എഫ് ആഹ്വാനം ചെയ്തിരിക്കുകയാണ്. മലയോര ജില്ലകളിലെ ലക്ഷക്കണക്കിനു വരുന്ന കര്‍ഷകരുടേയും ഇതര സാമാന്യജനവിഭാഗങ്ങളുടേയും ആശങ്കകള്‍ ദുരീകരിക്കാതെയും സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റ് ജനസംഘടനകളുടേയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും നടത്തിയ വിജ്ഞാപനമാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്‍ജനകീയ ചെറുത്തുനില്‍പ് ക്ഷണിച്ചുവരുത്തുന്നത് കണ്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഇപ്പോള്‍ പരിഹാസ്യമായ 'തീയണയ്ക്കല്‍' ശ്രമത്തിലാണ്. വിജ്ഞാപനം അന്തിമമല്ലെന്നും അതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ജനങ്ങള്‍ക്കും നാലുമാസത്തെ സാവകാശം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിരുന്നത്. ഇന്നലെ കേന്ദ്ര - വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ പറഞ്ഞത് അത്തരം അഭിപ്രായം രേഖപ്പെടുത്താന്‍ 60 ദിവസം മാത്രമെ ലഭിക്കുവെന്നാണ്. കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിമാരുടേയും നേതാക്കളുടേയും നാലുമാസത്തിന് കേന്ദ്രത്തില്‍ 60 ദിവസമേയുള്ളൂ എന്ന വിചിത്രാവസ്ഥയാണ് ഈ നിലപാടുകള്‍ തുറന്നുകാട്ടുന്നത്! ഈ നിലപാടുകള്‍ അനാവരണം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും കാപട്യവുമാണ്. അത് ഭരണ മുന്നണിയിലെ ഘടകകക്ഷികളിലും അവരെ പിന്തുണച്ചുപോന്ന ജനവിഭാഗങ്ങളിലും കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസിലെ വിവിധ വിഭാഗങ്ങളും ഗ്രൂപ്പുകളും കോണ്‍ഗ്രസിലെ തന്നെ ഗണ്യമായ ഒരു വിഭാഗവും വിജ്ഞാപനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു. അത്തരമൊരു പശ്ചാത്തലത്തില്‍ എല്‍ ഡി എഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ശ്രമം പരിഹാസ്യവും വിരോധാഭാസവുമാണ്.

പശ്ചിമഘട്ട മേഖലയേയും അവിടത്തെ അമൂല്യമായ ജൈവവൈവിധ്യത്തെയും സംരക്ഷിക്കുക എന്നുള്ളത് കേരളത്തിന്റെയും ഭാവിതലമുറയുടേയും നിലനില്‍പ്പിന് അനിവാര്യമായ ദൗത്യമാണ്. ഇത് സംബന്ധിച്ച് പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനുപോലും ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല. വസ്തുതകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നതിനും അവരെ ബോധ്യപ്പെടുത്തുന്നതിനും പകരം സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങി രൂപംനല്‍കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇക്കാര്യത്തിലുള്ള വ്യക്തമായ അഭിപ്രായം ഗവണ്‍മെന്റിനെ രേഖാമൂലം അറിയിച്ചിരുന്നു. കേരളത്തിലെ ഇതര പാര്‍ട്ടികളും ജനസംഘടനകളും തങ്ങളുടെ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരളത്തിലെ ഗണ്യമായ ഒരു ജനവിഭാഗത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ യാതൊന്നും ചെയ്യാന്‍ സംസ്ഥാന യു ഡി എഫ് സര്‍ക്കാരിനോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ തടയുന്നതിന് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കോ ഭരണകക്ഷി എം പിമാര്‍ക്കോ കഴിഞ്ഞില്ലെന്നാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വ്യക്തമാക്കുന്നത്. വിജ്ഞാപനം ഉയര്‍ത്തിയ സ്‌ഫോടനാത്മക സ്ഥിതിവിശേഷം കണക്കിലെടുത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍ കനത്ത സമ്മര്‍ദ്ദം കൊണ്ടുവരാനും വിജ്ഞാപനം ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നത് തടയാനും കേരളത്തിന് കഴിയണം. അതിന് ഉതകുന്ന ജനകീയ സമരൈക്യം വളര്‍ത്തിയെടുക്കാന്‍ ഇടതുജനാധിപത്യ ശക്തികള്‍ നേതൃത്വം നല്‍കണം.

മലയോര ജനതയുടെ അടിസ്ഥാന ജീവല്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു ജനകീയ സമരത്തെ അപകീര്‍ത്തിപ്പെടുത്താനും അക്രമത്തിന്റെ പാതയിലേക്ക് തിരിച്ചുവിടാനും നിക്ഷിപ്ത സാമ്പത്തിക താല്‍പ്പര്യങ്ങളും സാമൂഹ്യവിരുദ്ധ ശക്തികളും ബോധപൂര്‍വം ശ്രമിക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ അരങ്ങേറിയ അക്രമപ്രവര്‍ത്തനങ്ങളും തീവെയ്പുമൊക്കെ സൂചിപ്പിക്കുന്നത്. താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനുനേരെ നടന്ന അക്രമത്തില്‍ ഭരണകക്ഷി എം എല്‍ എയും നേതാക്കളും മതപുരോഹിതന്മാരും ഉള്‍പ്പെട്ടിരുന്നുവെന്നത് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. പ്രഖ്യാപിത വനംകൊള്ളക്കാരും ക്വാറി മാഫിയകളും റിസോര്‍ട്ട് മാഫിയകളും ഈ ജനകീയ പ്രതിഷേധത്തെ ഒരു 'ചാകരക്കാല'മാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പശ്ചിമഘട്ട മേഖലയുടെയും ജൈവ വൈവിധ്യത്തിന്റെയും ശത്രുക്കള്‍ മലയോര കര്‍ഷകരോ ആ മേഖലയിലെ സാമാന്യജനങ്ങളോ അവരുടെ നീതിപൂര്‍വവും നിയമാനുസൃതവുമായ സാമ്പത്തിക വ്യവഹാരമോ അല്ല. മറിച്ച്, വനവും മലകളും പ്രകൃതിവിഭവങ്ങളുമെല്ലാം അതിവേഗം കൊള്ളലാഭമുണ്ടാക്കാനുള്ള ഉപാധികള്‍ മാത്രമായി കാണുന്ന സാമൂഹ്യവിരുദ്ധശക്തികളാണ് ജനശത്രുക്കള്‍. അത്തരം ശക്തികളെയും അവരുടെ ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ഏര്‍പ്പാടുകളും ജനസമക്ഷം തുറന്നുകാട്ടുക എന്നത് മലയോര ജനതയുടെ അവകാശ പോരാട്ടത്തില്‍ നിര്‍ണായകമാണ്. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും മാഫിയാ സംഘങ്ങളുടെയും പിന്തുണയോടെ ഭരണത്തില്‍ കടിച്ചുതൂങ്ങുന്ന യു ഡി എഫിന് ഭാവിതലമുറയെ സംബന്ധിച്ച അത്തരമൊരു ഉത്തരവാദിത്തം നിര്‍വഹിക്കാനാവില്ല. പശ്ചിമഘട്ട മലയോര ജനതയുടെ സമരം ഒരേസമയം ജനവികാരം തിരിച്ചറിയാന്‍ ശേഷിയില്ലാത്ത കേന്ദ്ര-സംസ്ഥാന ഭരണസംവിധാനങ്ങള്‍ക്കും സാമൂഹ്യശത്രുക്കളായ വനം, ക്വാറി, ഭൂമാഫിയ സംഘങ്ങള്‍ക്കും എതിരെയാണ്. അത്തരമൊരു തത്ത്വാധിഷ്ഠിത പോരാട്ടത്തിന്റെ മുന്‍നിരയിലായിരിക്കും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി.

*
ജനയുഗം മുഖപ്രസംഗം

Sunday, November 17, 2013

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്- "മാഗ്നാ കാര്‍ട്ട"യല്ല

പരിസ്ഥിതി സംരക്ഷണത്തിനുള്ള മാഗ്നാകാര്‍ട്ടയാണ് മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടെന്ന രീതിയിലാണ് ആ റിപ്പോര്‍ട്ടിനെ അന്ധമായി പിന്‍തുണയ്ക്കുന്ന ചില വ്യക്തികളും സംഘടനകളും വാദിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെടുന്ന തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളെ ഖനന മാഫിയകളുടേയും റിയല്‍ എസ്റ്റേറ്റുകാരുടേയും വക്താക്കളാക്കി ചിത്രീകരിക്കാനും മടിക്കുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട് ഈ സാഹചര്യത്തില്‍ ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനുള്ള സന്നദ്ധതയാണ് പൊതുസമൂഹത്തിനുണ്ടാകേണ്ടത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്ന നിലപാട് അഖിലേന്ത്യാ കിസാന്‍ സഭയ്ക്കില്ല. തികച്ചും ഉദ്യോഗസ്ഥ മേധാവിത്വപരമായ ഘടനയാണ് ഗാഡ്ഗില്‍ കമ്മറ്റിയുടേത്. ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞന്‍മാരുമല്ലാതെ കര്‍ഷകരുടേയോ തൊഴിലാളികളുടെയോ ജനപ്രതിനിധികളുടെയോ പ്രാതിനിധ്യം ഇല്ലാത്തതാണ് ആ കമ്മറ്റി. പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ മനസ്സിലാക്കിയല്ല കമ്മറ്റി ശുപാര്‍ശകള്‍ മുന്നോട്ട് വെച്ചിട്ടുള്ളതും. ഇതേ വിമര്‍ശനങ്ങള്‍ കസ്തൂരിരംഗന്‍ കമ്മറ്റിക്കും ബാധകമാണ്. ശാസ്ത്രസമൂഹത്തിന്റേയും എല്ലാ വിഭാഗങ്ങളുടേയും ചര്‍ച്ചയ്ക്ക് വിധേയമാക്കി ജനവിരുദ്ധ നിലപാടുകള്‍ തിരുത്താതെ ഇരു റിപ്പോര്‍ട്ടുകളും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവരുതെന്ന നിലപാടാണ് കിസാന്‍ സഭയ്ക്കുള്ളത്.

പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ നിലനില്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ പരിസ്ഥിതി നാശം വിവിധ ജനവിഭാഗങ്ങളിലും സമൂഹത്തിലാകെയും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ പഠനം കേന്ദ്ര സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മറ്റിക്ക് നല്‍കിയ എട്ട് ചുമതലകളില്‍ ഉള്‍പ്പെടുന്നില്ല. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തൊഴിലാളികള്‍, കര്‍ഷകര്‍, വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍ തുടങ്ങി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതോപാധികളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ രൂപീകരണവും കമ്മീഷന് നല്‍കിയ ചുമതലകളിലില്ല. ഫലത്തില്‍ ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചപ്പോള്‍ മനുഷ്യനെ സംരക്ഷിച്ച് വേണം പ്രകൃതിയെ സംരക്ഷിക്കേണ്ടതെന്ന ശാസ്ത്രീയ വീക്ഷണമല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ നയിച്ചത്. ചുമതല നിര്‍ണയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച ഈ കേവല പരിസ്ഥിതിവാദ പ്രവണതയാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ മൗലിക ദൗര്‍ബല്യം.

6 മാസത്തിനകം പശ്ചിമഘട്ടത്തിന്റെ 75 ശതമാനം പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യണമെന്നതാണ് ഗാഡ്ഗില്‍ കമ്മറ്റിയുടെ മുഖ്യ ശുപാര്‍ശ. മേഖലാ നിര്‍ണയത്തില്‍ പ്രാദേശിക ജനവിഭാഗങ്ങളെ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യവും അതില്‍ ഗ്രാമസഭകള്‍ വഹിക്കേണ്ട പങ്കും സംബന്ധിച്ച അധരവ്യായാമത്തിനുശേഷമാണ് ഒരു ചര്‍ച്ചയുമില്ലാതെ ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഗാഡ്ഗില്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പ്രാദേശിക ജനവിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളാകെ തടസ്സപ്പെടും. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അനുമതിക്കായി ഉദ്യോഗസ്ഥരുടേയും കോടതികളുടേയും ദയാദാക്ഷിണ്യത്തിനായി യാചിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബഹുജനങ്ങളും നിര്‍ബന്ധിതരാകും. അഴിമതി സാര്‍വത്രികമാകും. ഗ്രാമസഭകളുടെ ചര്‍ച്ചകള്‍ക്കു മുമ്പ് വിജ്ഞാപനം ചെയ്യാന്‍ ആവശ്യപ്പെട്ടതിലൂടെ സ്വന്തം ഭാവി നിര്‍ണയിക്കുന്നതില്‍ പ്രാദേശിക ജനങ്ങള്‍ക്കുള്ള അവകാശം തന്നെ കവര്‍ന്നെടുക്കുകയാണ് ഗാഡ്ഗില്‍ കമ്മറ്റി ചെയ്തത്.

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഭൂവിനിയോഗത്തെ സംബന്ധിച്ച ശുപാര്‍ശ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും ഉള്ള് പൊള്ളയായതുമാണ്. പ്രാദേശിക ജനസംഖ്യയില്‍ വര്‍ദ്ധിച്ച് വരുന്നവര്‍ക്ക് വീട് വെയ്ക്കുന്നതിന് വേണ്ടി ഗ്രാമീണ പാര്‍പ്പിട മേഖലയുടെ വികസനം എന്നതൊഴിച്ചാല്‍ മറ്റൊരാവശ്യത്തിനും ഭൂമി വിനിയോഗിക്കാന്‍ അനുവദിക്കില്ല എന്നതാണ് സമിതിയുടെ ശുപാര്‍ശ. ഇത് അംഗീകരിച്ചാല്‍ പൊതുവേ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പശ്ചിമഘട്ടത്തിലെ 75 ശതമാനം പ്രദേശങ്ങളിലും പുതുതായി സ്കൂളോ, ആശുപത്രിയോ, സര്‍ക്കാര്‍ ഓഫീസോ, വാണിജ്യ വ്യവസായ സ്ഥാപനമോ, റോഡോ, റെയില്‍വേയോ, ലൈബ്രറി പോലുമോ നിര്‍മിക്കാനാവില്ല. ജനങ്ങളുടെ ജീവിതാവകാശങ്ങളെ നിഷേധിക്കുന്ന ഈ നിര്‍ദേശം അംഗീകരിക്കാനാവില്ല.

പരിസ്ഥിതി ലോല പ്രദേശം ഒന്നിലും, രണ്ടിലും രാസ വളങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ല എന്നതാണ് മറ്റൊരു ശുപാര്‍ശ. രാസവള ഉപയോഗം നിരോധിക്കുന്നതില്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. മണ്ണിന്റെ ജൈവ ഘടന പരിശോധിച്ച് ആവശ്യമായ മൂലകങ്ങള്‍ ആവശ്യമായ അളവില്‍ ലഭ്യമാക്കി കളകളേയും കീടങ്ങളേയും നിയന്ത്രിച്ച് നടത്തുന്ന ശാസ്ത്രീയ കൃഷി രീതികളെ നിരോധിക്കാന്‍ പാടില്ല. കൂടുതല്‍ ലാഭം മുന്‍നിര്‍ത്തി അമിതമായ രാസവളവും കീടനാശിനികളും ഉപയോഗിക്കാന്‍ വിപണി കേന്ദ്രീകൃതമായ മുതലാളിത്ത വ്യവസ്ഥ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നു. തന്‍മൂലം മണ്ണിന്റെ ജൈവഘടന നശിക്കുന്നു. പരിസ്ഥിതിക്ക് പരിഹരിക്കാനാവാത്തവിധം പരിക്കേല്‍ക്കുന്നു. മനുഷ്യന്റെ ആരോഗ്യം പോലും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം അപകടത്തിലാകുന്നു. രാസവിഷാംശം കലര്‍ന്ന പച്ചക്കറികളും മറ്റും വന്‍ വിപത്താകുന്നു. തീര്‍ച്ചയായും ഇതിനെ പ്രതിരോധിക്കുകയും കര്‍ശനമായി നിയന്ത്രിക്കുകയും വേണം. ജൈവ കാര്‍ഷിക രീതികളെ പ്രോല്‍സാഹിപ്പിക്കേണ്ടത് വളരെ പ്രാധാന്യം ഉള്ളതാണ്. അതിന് രാസവളത്തിന്റേയും കീടനാശിനികളുടേയും അമിതമായ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്; നിരോധിക്കുകയല്ല. ജൈവകൃഷി മാത്രമേ അനുവദിക്കൂ; രാസവളം അനുവദിക്കില്ല എന്ന ജൈവകൃഷി മൗലികവാദം കര്‍ഷകര്‍ക്ക് സ്വീകരിക്കാവുന്നതല്ല. കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കരുതെന്നാണ് കിസാന്‍ സഭയുടെ നിലപാട്.

വന സംരക്ഷണത്തിനായി തികച്ചും യാഥാസ്ഥിതികമായ നിലപാടാണ് ഗാഡ്ഗില്‍ സമിതിയുടേത്. വനമെന്ന പേരില്‍ സംരക്ഷിക്കുന്നതില്‍ വലിയൊരു ശതമാനവും തേക്ക് തോട്ടങ്ങളാണ്. സ്വാഭാവിക വനങ്ങള്‍ വെട്ടി നശിപ്പിച്ച് തേക്ക് തോട്ടങ്ങളാക്കിയത് സര്‍ക്കാര്‍ തന്നെയാണ്. പരിസ്ഥിതിക്ക് ഗുരുതരമായ നാശങ്ങളാണ് തേക്ക് തോട്ടങ്ങള്‍ ഉണ്ടാക്കുന്നത്. വന്‍തോതില്‍ വെള്ളം വലിച്ചെടുത്ത് കാട്ടില്‍ വരള്‍ച്ചയുണ്ടാക്കുന്നതാണ് പ്രധാന ദോഷം. ഇതര മരങ്ങളോ അടിക്കാടുകളോ വളരാത്തതിനാല്‍ മൃഗങ്ങള്‍ വെള്ളവും തീറ്റയും കിട്ടാതെ കഷ്ടപ്പെടുന്നു. കാട്ടു മൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാന്‍ പ്രധാന കാരണം ഇതാണ്. തേക്ക് മരങ്ങള്‍ വെട്ടി മാറ്റി സ്വാഭാവിക വനം വെച്ച് പിടിപ്പിക്കണമെന്ന നിര്‍ദ്ദേശം ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ കമ്മറ്റികള്‍ക്കില്ല. കേവല പരിസ്ഥിതിവാദികളും ഈ പ്രശ്നത്തില്‍ നിശ്ശബ്ദരാണ്. കര്‍ഷകരുടെ കൃഷിയും ജീവനും നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഗുരുതരമായ പ്രശ്നത്തിലും ഗാഡ്ഗില്‍ കമ്മറ്റി നിശ്ശബ്ദമാണ്. തേക്ക് വെട്ടി മാറ്റിയാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയ ഒരു വിഹിതം മതി വനാതിര്‍ത്തിയില്‍ ട്രഞ്ചും നാല് മീറ്റര്‍ ഉയരത്തില്‍ തുരുമ്പെടുക്കാത്ത കമ്പിവലയും നിര്‍മിച്ച് കാടും നാടും വേര്‍തിരിക്കാന്‍. തല്‍ഫലമായി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്താന്‍ ആകും. വന സംരക്ഷണത്തിനും വനാതിര്‍ത്തിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ഫലപ്രദമായ നിര്‍ദേശങ്ങളില്ലാത്തത് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ കമ്മറ്റികളുടെ വരേണ്യവും ജനാധിപത്യ വിരുദ്ധവും ഉദ്യോഗസ്ഥ മേധാവിത്വപരവുമായ സ്വഭാവമാണ് തുറന്ന് കാട്ടുന്നത്. മലയോര മേഖലകളില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ കര്‍ഷക പ്രതിഷേധത്തിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

വനമേഖലയിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഗാഡ്ഗില്‍ സമിതിക്കും അതിനെ അന്ധമായി പിന്തുണയ്ക്കുന്നവര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പശ്ചിമഘട്ടത്തിലെ വയലുകള്‍, നദികള്‍, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായുള്ള ഫലപ്രദമായ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനും ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ കമ്മറ്റികള്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമത്തിന്റെ മാതൃകയില്‍ പശ്ചിമഘട്ടത്തിലാകെ സമാന നിയമം ബാധകമാക്കണമെന്നാവശ്യപ്പെടാനും ഗാഡ്ഗില്‍ സമിതി തയ്യാറായിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ മാഗ്നാകാര്‍ട്ടയല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്ന് വിശേഷിപ്പിക്കാന്‍ കാരണവും ഇതൊക്കെയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്ന പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയിലോ, സംസ്ഥാന-ജില്ലാതല സമിതികളിലോ, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയ പ്രധാന ജനവിഭാഗങ്ങളുടെ പ്രതിനിധികളെയോ, ജനപ്രതിനിധികളെപോലുമോ ഉള്‍പ്പെടുത്തുന്നില്ല. ഉദ്യോഗസ്ഥര്‍ക്കുപുറമെ ശാസ്ത്രജ്ഞരും, ഇതരവിദഗ്ധരും ഉള്‍പ്പെടുന്ന വിധമാണ് സമിതിയുടെ ഘടന. അധികാരങ്ങള്‍ തങ്ങളുമായി പങ്കുവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായാല്‍ എല്ലാം ശരിയായി എന്നതാണ് ശാസ്ത്രജ്ഞരുടെ മനോഭാവമെങ്കില്‍ അത് തികച്ചും പരിഹാസ്യമാണ്.

പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഖനനം, റെഡ് കാറ്റഗറി വ്യവസായങ്ങള്‍, പരിസ്ഥിതി ലോല മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സംബന്ധിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്ന കേവല വികസന വാദികളുടെ നിലപാടിനോട് യോജിക്കാന്‍ കഴിയാത്തതിന് കാരണവും അതാണ്. എന്നാല്‍ ജനവിരുദ്ധമായ നിര്‍ദേശങ്ങള്‍ തള്ളിക്കളയാതെ നിലവിലുള്ള റിപ്പോര്‍ട്ടിനെ അതേ രൂപത്തില്‍ അംഗീകരിക്കാന്‍ കര്‍ഷക പ്രസ്ഥാനത്തിന് സാദ്ധ്യമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ ഒഴിവാക്കി പ്രകൃതി സംരക്ഷണത്തിനും ജനങ്ങളുടെ ജീവിതോപാധികളുടെ സംരക്ഷണത്തിനുമായുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജനാധിപത്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാരും കസ്തൂരിരംഗന്‍ കമ്മിറ്റിയും തയ്യാറാകേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിജയിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിക്കും സാധിച്ചില്ല എന്നത് ഖേദകരമാണ്.

ഗൂഗിള്‍ മാപ്പ് അടിസ്ഥാനമാക്കി 37 ശതമാനം പ്രദേശങ്ങളെ യാതൊരു ശാസ്ത്രീയ മാനദണ്ഡവും ഇല്ലാതെ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി പ്രഖ്യാപിച്ച കസ്തൂരി രംഗന്‍ കമ്മറ്റിയുടെ ശുപാര്‍ശ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ജനവാസ പ്രദേശങ്ങളാകെ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി പ്രഖ്യാപിച്ച നടപടി അംഗീകരിക്കാവുന്നതല്ല. പ്രകൃതി വിഭവങ്ങള്‍ കൊളളയടിക്കുന്ന വന്‍കിട മുതലാളി വര്‍ഗവും അവര്‍ നയിക്കുന്ന ഭരണകൂടവുമാണ് പരിസ്ഥിതി നാശത്തിന്റെ മുഖ്യ ഉത്തരവാദികള്‍ എന്നത് വ്യക്തമാണ്. എന്നാല്‍ ഈ വസ്തുത മറച്ച് പിടിക്കാനും പരിസ്ഥിതി ചൂഷണം നിര്‍ബാധം തുടരാന്‍ മുതലാളിത്ത സാമൂഹിക ശക്തികള്‍ക്ക് സൗകര്യം ലഭിക്കാനുമായി പരിസ്ഥിതി മൗലിക വാദം പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബോധപൂര്‍വം പരിശ്രമിക്കുകയാണ്.

ജനങ്ങളെയാകെ പരിസ്ഥിതി നശിപ്പിക്കുന്നവരാക്കി ചിത്രീകരിക്കാനും ജനങ്ങളില്‍ നിന്ന് പ്രകൃതിയെ സംരക്ഷിക്കാന്‍ ശക്തമായ ഭരണകൂടത്തിനും ഉദ്യോഗസ്ഥ സംവിധാനത്തിനും കരിനിയമങ്ങള്‍ക്കും മാത്രമെ കഴിയൂ എന്ന മിഥ്യാബോധം അഭിപ്രായരൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന, പ്രത്യേകിച്ചും നഗരങ്ങളിലെ മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം വളര്‍ത്തിയെടുക്കുവാനുമാണ് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വവും പരിശ്രമിക്കുന്നത്. ഇത് തിരിച്ചറിയുവാനുളള രാഷ്ട്രീയ വിവേകം തൊഴിലാളിവര്‍ഗത്തിനും കര്‍ഷക ജന വിഭാഗങ്ങള്‍ക്കും ഉണ്ടാകണം.ജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ പരിസ്ഥിതി സംരക്ഷിക്കാനാവില്ല എന്ന വസ്തുത എല്ലാവരും അംഗീകരിക്കണം.

ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ജീവിതോപാധികളുടെ സംരക്ഷണത്തിനും തുല്യ പരിഗണന നല്‍കി കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന ബഹുജനസമ്മര്‍ദ്ദം വളര്‍ത്തിയെടുക്കുകയാണ് തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള ചുമതല. അതിന് പിന്നില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളെയാകെ അണിനിരത്താനും സാധിക്കണം.

*
പി കൃഷ്ണപ്രസാദ് ചിന്ത വാരിക