Showing posts with label മുതലാളിത്തം. Show all posts
Showing posts with label മുതലാളിത്തം. Show all posts

Wednesday, September 4, 2013

റിസര്‍വ് ബാങ്കിന്റെ പുതിയ നേതൃത്വം

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രഘുറാം ജി രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി ചുമതല ഏല്‍ക്കുകയാണ്. 2008ല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്തരാജ്യങ്ങള്‍ അഭിമുഖീകരിച്ച സാമ്പത്തിക തകര്‍ച്ച 2005ല്‍തന്നെ പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് ബിസിനസ് സ്കൂള്‍ പ്രൊഫസര്‍കൂടിയായ രഘുറാം രാജന്‍. അഹമ്മദാബാദ് ഐഐഎം, ഡല്‍ഹി ഐഐടി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം അമേരിക്കയിലെ പ്രശസ്തമായ എംഐടിയില്‍നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

1990കളിലെ സാമ്പത്തികസ്ഥിതിയോട് താരതമ്യംചെയ്യാന്‍ കഴിയുന്ന ധനപ്രതിസന്ധി രാജ്യത്ത് പ്രത്യക്ഷപ്പെട്ട ഘട്ടത്തിലാണ് രഘുറാം രാജന്‍ കേന്ദ്രബാങ്കിന്റെ തലപ്പത്ത് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തില്‍നിന്ന് തികച്ചും വ്യത്യസ്തവും ശ്രമകരവുമായ ദൗത്യമായിരിക്കും റിസര്‍വ് ബാങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. രൂപയുടെ കനത്ത മൂല്യത്തകര്‍ച്ച, വിദേശവ്യാപാരത്തിലെ കറന്റ് അക്കൗണ്ട് കമ്മി, വിലക്കയറ്റം, സാമ്പത്തികമുരടിപ്പ് എന്നിവ സാമ്പത്തികസ്ഥിതിയുടെ പ്രതിഫലനങ്ങളാണ്. 1991ലെ സമാനമായ പ്രതിസന്ധിസമയത്ത് റിസര്‍വ് ബാങ്കിലെ കരുതല്‍സ്വര്‍ണത്തില്‍ 67 ടണ്‍ വിദേശത്ത് പണയപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിദേശനാണയശേഖരത്തിലെ കുറവ് നികത്തിയത്.

ധനമേഖലാപരിഷ്കരണങ്ങള്‍ സംബന്ധിച്ച് ആസൂത്രണകമീഷനുവേണ്ടി അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് (രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്- 2008) ധനകാര്യരംഗത്ത് പ്രത്യേകിച്ച്, ബാങ്കിങ് മേഖലയില്‍ വലിയ വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇന്ത്യന്‍ സമ്പത്ത്ഘടനയുടെ ധനപരമായ ആവശ്യങ്ങള്‍ നിര്‍ണയിക്കുക, ധനമേഖലയുടെ പ്രകടനം വിലയിരുത്തി മാറ്റങ്ങള്‍ നിര്‍ദേശിക്കുക, ധനമേഖലയിലെതന്നെ നിയന്ത്രണ-മേല്‍നോട്ട സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുക, ധന- പണനയങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയവയായിരുന്നു രഘുറാം രാജന്‍ കമ്മിറ്റിയുടെ പരാമര്‍ശവിഷയങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ കമ്മിറ്റി ശുപാര്‍ശകള്‍ പലതും പിന്നീട് പ്രതിഫലിച്ചു. റിസര്‍വ് ബാങ്കിനെയും ബാങ്കിങ് മേഖലയെയും സംബന്ധിച്ച കമ്മിറ്റി ശുപാര്‍ശകള്‍ ഈ മേഖലയില്‍ രഘുറാം രാജന്റെ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തുന്നവയാണ്. സമ്പത്ത്ഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ ഇടപെടലും പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തണമെന്നതാണ് സുപ്രധാന ശുപാര്‍ശ. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനും കറന്‍സി കമ്പോള ഇടപെടലിനുമായി റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനമണ്ഡലം ചുരുക്കണമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. മറ്റെല്ലാവിധ റിസര്‍വ് ബാങ്ക് ഇടപെടലുകളും സാമ്പത്തികവളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതാണെന്നും കമ്മിറ്റി കണ്ടെത്തി. മൂലധനപ്രവാഹം, വിനിമയനിരക്കിലെ വ്യതിയാനങ്ങള്‍ എന്നിവയെ സ്വാധീനിക്കാന്‍ കേന്ദ്രബാങ്ക് പിന്തുടരുന്ന പണനയങ്ങള്‍ പര്യാപ്തമല്ലെന്നും പണപ്പെരുപ്പവും സാമ്പത്തികവളര്‍ച്ചയും തമ്മിലുള്ള ബന്ധം പരമ്പരാഗത സാമ്പത്തികശാസ്ത്രത്തില്‍ വിവക്ഷിക്കുന്നതുപോലെയല്ലെന്നും മറിച്ച്, താഴ്ന്ന വിലനിലവാരവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും ഒരേസമയം കൈവരിക്കാന്‍ കഴിയുമെന്നും മറ്റുമുള്ള വാദമുഖങ്ങള്‍ രഘുറാം രാജന്‍ തന്റെ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന ധനഅനുപാതം, വിദേശവായ്പാ പരിധി എന്നിവയെ സംബന്ധിച്ചുള്ള കേന്ദ്രബാങ്ക് നയങ്ങള്‍ ധനമേഖലയിലും കോര്‍പറേറ്റ് മേഖലയിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. പല വികസിതരാജ്യങ്ങളിലും കേന്ദ്രബാങ്കിലെ പ്രവര്‍ത്തനമണ്ഡലം വിലക്കയറ്റം നിയന്ത്രിക്കല്‍ എന്ന ഏകലക്ഷ്യത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നത് സത്യമാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ ചരിത്രപരമായ പങ്ക് പഠിച്ചിട്ടുള്ള ഒരാളും ഇത് അംഗീകരിക്കുമെന്നു തോന്നുന്നില്ല. അതിനുപരി, ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ഒരു നിര്‍ദേശംകൂടിയാണത്. 2008ലെ സാമ്പത്തിക മാന്ദ്യത്തോടുകൂടി അമേരിക്കയിലും ബ്രിട്ടനിലും കേന്ദ്രബാങ്കുകള്‍ സമ്പദ്ഘടനയില്‍ സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്. കേന്ദ്രബാങ്ക് ഒന്നില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കര്‍മപദ്ധതികളാണ് ഈ രാജ്യങ്ങളില്‍ ആവിഷ്കരിച്ചിട്ടുള്ളത്. 2008ല്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ 2013ല്‍ നടപ്പാക്കാന്‍ അദ്ദേഹം ഇറങ്ങിപ്പുറപ്പെടുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന കാഴ്ചപ്പാടുകള്‍ തീര്‍ച്ചയായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്നത് അവിതര്‍ക്കിതമാണ്. ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കില്‍നിന്നു മാറ്റി മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കല്‍ എന്ന ലക്ഷ്യത്തില്‍ റിസര്‍വ് ബാങ്ക് നയങ്ങള്‍ പരിമിതപ്പെടുത്തണമെന്നുമുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം 2008ല്‍ത്തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിക്കളഞ്ഞു. 2008ലെ ആഗോളമാന്ദ്യത്തിനുശേഷം കേന്ദ്രബാങ്കുകളുടെ വര്‍ധിച്ച വിവിധതരം ഉത്തരവാദിത്തത്തെ സംബന്ധിച്ച് അഭിപ്രായസമന്വയംതന്നെ ഉണ്ടായിയെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ശക്തി കുറയാനും ബാങ്കിങ് മേഖലയിലെ തകര്‍ച്ചയെ പ്രതിരോധിക്കാനും ഒരു പരിധിവരെ കഴിഞ്ഞത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും വിലയിരുത്തുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ പുതിയ ഗവര്‍ണറുടെ ആദ്യ കര്‍ത്തവ്യം കറന്‍സി മാര്‍ക്കറ്റിന്റെ സ്ഥിരത ഉറപ്പാക്കുകയെന്നതുതന്നെയാണ്. രൂപയുടെ മൂല്യം 2011 മെയില്‍ ഡോളറിന് 45 രൂപയായിരുന്നത് 30 ശതമാനം കുറഞ്ഞ് 2013 ആഗസ്തില്‍ 65നു മുകളിലെത്തി. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന് കടുത്ത നടപടികള്‍ എടുക്കേണ്ടിവരും. സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്താന്‍ പലിശനിരക്ക് കുറയ്ക്കേണ്ടിവരും. പലിശനിരക്കിലെ കുറവ് രൂപയുടെ മൂല്യം വീണ്ടും ഇടിക്കുമെന്ന സാഹചര്യവും നിലനില്‍ക്കുന്നു. തുടര്‍ന്ന് വിദേശവ്യാപാര രംഗത്ത്- കറന്റ് അക്കൗണ്ട് - പ്രതികൂലമായി ബാധിക്കും. രൂപയുടെ മൂല്യം കൂടുതല്‍ തകരാതെ 65 എന്ന നിലയിലെങ്കിലും പിടിച്ചുനിര്‍ത്തുകയാകും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഹ്രസ്വകാല ലക്ഷ്യം. വിദേശകടത്തിന്റെ തിരിച്ചടവാണ് മറ്റൊരു പ്രധാന വെല്ലുവിളി. 2014 മാര്‍ച്ചോടെ ഇന്ത്യ 172 ബില്യണ്‍ ഡോളര്‍ ഹ്രസ്വകാലവായ്പകള്‍ തിരിച്ചടയ്ക്കണം. ഏതാണ്ട് 80 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മി നികത്താനും കണ്ടെത്തേണ്ടിയിരിക്കുന്നു. സ്വകാര്യ കോര്‍പറേറ്റ് മേഖല വിദേശവായ്പയായി എടുത്ത 200 ബില്യണ്‍ ഡോളര്‍ വേറെയും ഉണ്ട്. ഇതില്‍ത്തന്നെ 50 ശതമാനം കടബാധ്യതകളും രൂപയുടെ മൂല്യശോഷണംമൂലം വര്‍ധിക്കുന്നവയാണ്. രൂപയുടെ മൂല്യം 30 ശതമാനം കുറഞ്ഞതോടെ അധികബാധ്യത 30 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. തൊണ്ണൂറ്റാറുകളുടെ അന്ത്യപാദത്തിലെ ഏഷ്യന്‍ കറന്‍സി പ്രതിസന്ധിയുടെ ഉറവിടം കോര്‍പറേറ്റ് മേഖലയുടെ വായ്പാ തിരിച്ചടവിലുണ്ടായ വീഴ്ചയായിരുന്നു.

അതുപോലെതന്നെ 2008ന് ശേഷം സ്വകാര്യമേഖലയുടെ വായ്പകള്‍ പുനഃക്രമീകരിച്ചതുമൂലം വാണിജ്യബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പകളുടെ 10 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. നികുതിദായകരുടെ പണം ഉപയോഗിച്ച് ബാങ്കുകളുടെ മൂലധനഅടിത്തറ ഭദ്രമാക്കുന്നത് ഇന്ത്യയിലിപ്പോള്‍ പുതിയ കാര്യമല്ല. കോര്‍പറേറ്റ് മേഖലയുടെ ധൂര്‍ത്തിന് നികുതിപ്പണം ചോര്‍ത്തിക്കൊടുക്കുന്നത് നവസാമ്പത്തികനയത്തിലെ ഒരു സൂത്രവാക്യമായി മാറി. വിദേശകടത്തിന്റെയും ബാങ്കുകളുടെ ലോണുകളുടെയും കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാടുകള്‍ നിര്‍ണായകമാണ്. നവസാമ്പത്തികനയങ്ങളുടെ ഫലമായി ഉളവായ വിലക്കയറ്റവും ഉല്‍പ്പാദനമാന്ദ്യവും തരണംചെയ്യാന്‍ ബദല്‍ സാമ്പത്തികനയങ്ങളാണ് ആവശ്യം. അല്ലാതെ പുതിയ അവതാരങ്ങളെ പ്രതിഷ്ഠിക്കുന്നതില്‍ വലിയ പ്രസക്തിയില്ല. രൂപയുടെ മൂല്യത്തകര്‍ച്ച, വര്‍ധിച്ച വിദേശകടബാധ്യത എന്നിവ പരിഹരിക്കാന്‍ രഘുറാം രാജനും അദ്ദേഹത്തിന്റെ കമ്പോളസൗഹൃദനയങ്ങള്‍ക്കും കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയുടെ ബാങ്കിങ് ധനസ്ഥാപനങ്ങളുടെ തലപ്പത്ത് നവസാമ്പത്തികനയങ്ങളുടെ പൂരപ്പാട്ടുകാര്‍ പിടിമുറുക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാത്രമേ രഘുറാം രാജന്റെ നിയമനത്തെയും കാണാന്‍ കഴിയൂ. മുതലാളിത്തത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്ന ദൗത്യമായിരുന്നത്രേ അമേരിക്കയില്‍ രഘുറാം രാജന്‍ ഏറ്റെടുത്തിരുന്നത്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഇത് സൂചിപ്പിച്ചിരുന്നു (Saving Capitalism from the Capitalists). ഇത്തരം നയങ്ങളുടെ ജനവിരുദ്ധമുഖം ഇന്ത്യയില്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. കമ്പോളത്തിന്റെ അച്ചടക്കത്തിനു പകരം സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും ജനപക്ഷത്തുനിന്നുള്ള ഇടപെടലാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

*
ഡോ. രാജന്‍ വര്‍ഗീസ്

Friday, January 25, 2013

ഷാവേസിന്റെ രോഗവും മുതലാളിത്തവും

സോഷ്യലിസം ചീത്തയാണെന്നും മുതലാളിത്തമാണ് നന്മദായകമെന്നും വിശ്വസിക്കുന്നവരില്‍ ചില ശുദ്ധഗതിക്കാരുമുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കെതിരായി നിരന്തരവും ആസൂത്രിതവുമായി നടക്കുന്ന പ്രചാരണമാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നത്. വാര്‍ത്താഏജന്‍സികളും പത്രങ്ങളും റേഡിയോയും ടെലിവിഷനും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും ചേര്‍ന്ന് ലോകമെങ്ങും വാര്‍ത്താപ്രവാഹംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ഇവയില്‍നിന്ന് യാഥാര്‍ഥ്യം മനസ്സിലാക്കുന്നത് ദുഷ്കരമായി. മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം അതിഭീമമാണ് വാര്‍ത്തകളുടെ അനുസ്യൂതപ്രവാഹം. മാനുഷികമൂല്യങ്ങള്‍ ഈ പ്രവാഹത്തില്‍ തകര്‍ന്നടിയുന്നു. എല്ലാം കമ്പോളത്തിനുവേണ്ടി എന്ന മുതലാളിത്തസിദ്ധാന്തമാണ് ഇതിന് ഊര്‍ജം പകരുന്നത്.

വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വീണ്ടും രോഗബാധിതനായ സാഹചര്യത്തില്‍ സാമ്രാജ്യത്വശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന പ്രചാരണം മുതലാളിത്തം എത്രമാത്രം മനുഷ്യത്വഹീനമായി പെരുമാറുമെന്ന് വ്യക്തമാക്കുന്നു. കൊടുംകുറ്റവാളികള്‍ക്കുപോലും രോഗപീഡയുടെ കാലത്ത് മാപ്പ് കൊടുക്കുകയെന്നതാണ് മനുഷ്യത്വം. എന്നാല്‍, ഒരു രാജ്യത്തിന്റെ പ്രിയങ്കരനായ നായകനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും അനുയായികളെയും ആക്രമിക്കാന്‍ സാമ്രാജ്യത്വത്തിന്റെ കളിപ്പാവകള്‍ നടത്തുന്ന ശ്രമം അവരുടെ തനിനിറം വെളിപ്പെടുത്തുന്നു. ഹ്യൂഗോ ഷാവേസ് ഈയിടെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ഭൂരിപക്ഷത്തിലാണ്. ക്യൂബയില്‍ അര്‍ബുദചികിത്സ കഴിഞ്ഞെത്തിയശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഷാവേസിന്റെ ആരോഗ്യനില, അമേരിക്കന്‍പക്ഷക്കാരായ രാഷ്ട്രീയ എതിരാളികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വിഷയമാക്കിയിരുന്നു. എന്നാല്‍, ജനങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ തള്ളുകയായിരുന്നു. നാലാംവട്ടം പ്രസിഡന്റായി ജനുവരി 10ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഷാവേസിന് വീണ്ടും ചികിത്സ വേണ്ടിവന്നത്. ഇതിനായി, ക്യൂബയിലേക്ക് പോയ അദ്ദേഹം അവിടെ ആശുപത്രിയിലാണ്.

ഈ സാഹചര്യത്തിലാണ്, വെനസ്വേലന്‍ പ്രതിപക്ഷം എന്നറിയപ്പെടുന്ന വന്‍കിടമുതലാളിമാരുടെ പ്രതിനിധികള്‍ ലോകത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ പ്രചാരണം ആരംഭിച്ചത്. ഷാവേസ് രോഗബാധിതനായതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം. തീരെ ലജ്ജയില്ലാതെയാണ് അവര്‍ ഈ വാദം ഉയര്‍ത്തുന്നത്. കാരണം, വിജയിച്ച നേതാവ് രോഗബാധിതനായതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലോകത്ത് ഇന്നേവരെ ഒരിടത്തും ആവശ്യം ഉയര്‍ന്നിട്ടില്ല. വെനസ്വേലയില്‍ പരമ്പരാഗതമായി ജനുവരി 10ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്തിവരുന്നുവെന്നേയുള്ളൂ. ഇത് നിയമപരമായ വ്യവസ്ഥയൊന്നുമല്ലെന്ന് രാജ്യത്തെ ഭരണഘടനസ്ഥാപനങ്ങള്‍തന്നെ വ്യക്തമാക്കുകയും വൈസ് പ്രസിഡന്റ് നിക്കോളസ് മഡുറോ തല്‍ക്കാലികമായി ഭരണനേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ഇനി ജനപിന്തുണയുടെ കാര്യം: ഷാവേസ് രോഗശയ്യയില്‍ കിടക്കവേതന്നെ ഏതാനും ദിവസംമുമ്പ് നടന്ന പ്രവിശ്യാ ഗവര്‍ണര്‍മാരുടെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് സഖ്യം ചരിത്രവിജയം നേടി. പ്രതിപക്ഷ ഭരണത്തിലായിരുന്ന പ്രവിശ്യകള്‍പോലും ഷാവേസിന്റെ മുന്നണി പിടിച്ചെടുത്തു.

ജനപിന്തുണയില്‍ ഷാവേസ് സര്‍ക്കാര്‍ അജയ്യമാണെന്ന് ലോകത്തിനാകെ ബോധ്യമായിട്ടും അത് അംഗീകരിക്കാന്‍ വെനസ്വേലന്‍ പ്രതിപക്ഷം തയ്യാറല്ല. ഇക്കാര്യം അവര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടല്ല, വെനസ്വേലയുടെ എണ്ണസമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരുന്ന ഈ ശക്തികള്‍ക്ക് സത്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഷാവേസ് എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുകയും അമേരിക്കന്‍ പാവഭരണം അവസാനിപ്പിക്കുകയും ചെയ്തതാണ് ഇവരുടെ ശത്രുതയ്ക്ക് യഥാര്‍ഥകാരണം. ഷാവേസിന്റെ സഖ്യം 1998ല്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് വെനസ്വേലയുടെ എണ്ണസമ്പത്ത് മുഴുവന്‍ അമേരിക്കന്‍കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. വെനസ്വേലന്‍ ജനതയില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തലസ്ഥാനമായ കാരക്കാസിലെ പ്രമാണിമാര്‍മാത്രം അമേരിക്കന്‍പക്ഷത്തുനിന്ന് കീശ വീര്‍പ്പിച്ചു. ഇതിനെതിരായി ഷാവേസും കൂട്ടരും നടത്തിയ സൈനികവിപ്ലവം പരാജയപ്പെട്ടു. അദ്ദേഹം ജയിലിലുമായി. ജയില്‍മോചിതനായശേഷം 1998ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയത്. ജനങ്ങളുടെ പൂര്‍ണപിന്തുണയോടെ ഷാവേസ് ഭരണഘടന മാറ്റിയെഴുതി. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ദേശസാല്‍ക്കരിച്ചു. ന്യായമായ വിലയില്‍ എണ്ണ കയറ്റുമതിചെയ്ത് അതില്‍നിന്നുള്ള പണമെടുത്ത് രാജ്യത്ത് വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങള്‍ സാര്‍വത്രികമാക്കി. അമേരിക്കയ്ക്ക് ചുളുവിലയ്ക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിച്ചു. ഇതോടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വിറളിപിടിച്ചു. സമ്പത്തുകൊണ്ടും ശക്തികൊണ്ടും ശത്രുക്കള്‍ ഷാവേസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. 2002 ഏപ്രിലില്‍ 11ന് ചേംബര്‍ ഓഫ് കൊമേഴ്സ് നേതാവ്, ഫാസിസ്റ്റായ കാര്‍മോണയുടെ നേതൃത്വത്തില്‍ അട്ടിമറി സംഘടിപ്പിച്ചു. ഷാവേസിനെ തട്ടിക്കൊണ്ടുപോയി. അവര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും കോടതികളെ നിശ്ചലമാക്കുകയും ചെയ്തു. ജനറല്‍ എഫ്രൈന്‍ വാസ്ക്വസ് വാലാസ്കോ സായുധസേനയുടെ സ്വയംപ്രഖ്യാപിത സര്‍വസൈന്യാധിപനായി. എന്നാല്‍, അട്ടിമറിക്ക് അധികം ആയുസ്സുണ്ടായില്ല. സൈന്യത്തില്‍ ബഹുഭൂരിപക്ഷവും ഷാവേസിന് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങള്‍ അട്ടിമറിക്കെതിരെ തെരുവിലിറങ്ങി. ഷാവേസിനെ ജയിലിലടച്ചശേഷം രാജിക്കത്ത് നല്‍കാന്‍ അട്ടിമറിക്കാര്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദം ചെലുത്തി. രാജ്യത്തിന്റെയും ഷാവേസ് അനുകൂലികളുടെയും പ്രതീക്ഷ തകര്‍ക്കാന്‍ അദ്ദേഹം രാജിവച്ചു എന്ന വ്യാജവാര്‍ത്ത ടെലിവിഷനിലൂടെ നിരന്തരം കാണിച്ചുകൊണ്ടിരുന്നു. ഏപ്രില്‍ 12ന് ഷാവേസിന് മകള്‍ മറിയം ഗബ്രിയേലുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. താന്‍ രാജിവച്ചിട്ടില്ലെന്ന് അദ്ദേഹം മകളോട് പറഞ്ഞു. ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയെ വിളിച്ച് ഇക്കാര്യം പറയാനും അദ്ദേഹം ഇത് ലോകത്തെ അറിയിക്കുമെന്നും ഷാവേസ് മകളോട് പറഞ്ഞു. മറിയം അപ്പോള്‍ത്തന്നെ കാസ്ട്രോയെ വിളിച്ചു. പിതാവിന്റെ വാക്കുകള്‍ കൈമാറി. മറിയത്തിന്റെ ശബ്ദത്തില്‍ത്തന്നെ ഇത് ലോകത്തെ അറിയിക്കാന്‍ തയ്യാറാണോ എന്ന് കാസ്ട്രോ ആരാഞ്ഞു. പിതാവിനുവേണ്ടി എന്തിനും സന്നദ്ധയാണെന്ന് മറിയം പ്രതികരിച്ചു. കാസ്ട്രോ നിര്‍ദേശിച്ചതുപ്രകാരം ക്യൂബന്‍ ടെലിവിഷന്‍ അവതാരകന്‍ റാന്‍ഡി അലന്‍ഡോ കൈയില്‍ ടേപ്പ് റെക്കോഡുമായി മറിയത്തെ ഫോണില്‍ വിളിച്ചു. മറിയത്തിന്റെ വാക്കുകള്‍ ക്യൂബന്‍ ദേശീയ വാര്‍ത്താശൃംഖലവഴി സംപ്രേഷണംചെയ്തു. ക്യൂബയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിക്കും ഇതിന്റെ പകര്‍പ്പ് നല്‍കി. ഷാവേസ് രാജിവച്ചിട്ടില്ലെന്ന് ബോധ്യമായതോടെ വെനസ്വേലന്‍ ജനത ആവേശഭരിതരായി. എന്നാല്‍, വേവലാതിപൂണ്ട അട്ടിമറിക്കാര്‍ ഷാവേസിനെ രാത്രി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ഇക്കാര്യവും മറിയത്തിന്റെ വാക്കുകളിലൂടെ ക്യൂബന്‍ ടെലിവിഷന്‍ ലോകത്തെ അറിയിച്ചു. തുടര്‍ന്ന് ഫിദല്‍ നടത്തിയ ബുദ്ധിപരമായ നീക്കങ്ങളും ചര്‍ച്ചകളുമാണ് ഷാവേസിന്റെ ജീവന്‍ രക്ഷിച്ചത്.

വെനസ്വേലന്‍ സായുധസേന ഭരണഘടനയോട് കൂറുള്ളവരാണെന്ന് വിവിധ സേനാധിപന്മാരുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് ഫിദലിന് ബോധ്യമായി. അന്താരാഷ്ട്ര സമൂഹത്തെയും ഫിദല്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. കാരക്കാസില്‍ ജനസമുദ്രം തെരുവുകളിലൂടെ വിമതരുടെ ആസ്ഥാനങ്ങളിലേക്ക് നീങ്ങി. സംഘര്‍ഷവും ജീവഹാനിയും ഒഴിവാക്കാന്‍ ഫിദല്‍ വിമത നേതാവ് ജനറല്‍ വാസ്ക്വസ് വാലാസ്കോയെ വിളിച്ചു. ഷാവേസിനെ പിടിച്ചുവച്ചിരിക്കുന്നതിന്റെ ഗൗരവം ധരിപ്പിച്ചു. ഇത് വാസ്കോയെ അങ്ങേയറ്റം സമ്മര്‍ദത്തിലാക്കി. എന്നിട്ടും ഷാവേസിനെ രാജ്യത്തുനിന്ന് കടത്താന്‍ ശ്രമങ്ങള്‍ തുടര്‍ന്നു. എന്നാല്‍, ജനകീയശക്തിതന്നെ വിജയിച്ചു. ഷാവേസിന് അധികാരം തിരികെ ലഭിച്ചു. ഭരണഘടനാപരമായി അധികാരമേറ്റ ഷാവേസിനെ അട്ടിമറിക്കാന്‍ മുമ്പ് ശ്രമിച്ചവര്‍തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ രോഗം ആയുധമാക്കാന്‍ മുതിര്‍ന്നത്. ഇതിനായി മുതലാളിത്തമാധ്യമങ്ങളിലൂടെ ഹീനമായ പ്രചാരണങ്ങള്‍ നടത്തുകയാണ്. എണ്ണസമ്പത്തിനോടുള്ള ആര്‍ത്തിയാണ് മനുഷ്യത്വരഹിതമായ അവസ്ഥയില്‍ ഷാവേസ്വിരുദ്ധരെ എത്തിച്ചിട്ടുള്ളതെന്നു ചുരുക്കം. മുതലാളിത്തത്തിന്റെ തിന്മകള്‍ക്ക് വേറെ ഉദാഹരണം എന്തിന്?

*
സാജന്‍ എവുജിന്‍ ദേശാഭിമാനി 25 ജനുവരി 2013

Wednesday, August 15, 2012

യാഥാസ്ഥിതിക പ്രതിവിപ്ലവത്തിന്റെ സിദ്ധാന്തവും പ്രയോഗവും

കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധത എന്നുമുതലാണ് വളര്‍ന്നു വന്നതെന്ന് ഒരു പണ്ഡിതന്‍ ചോദിക്കുകയുണ്ടായി. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി നിരവധി മാര്‍ക്സിസ്റ്റ് വിരുദ്ധ - കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണികള്‍ കേരളത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. അപ്പോഴും ഇത്തരം മുന്നണികളില്‍പെട്ടവര്‍പോലും കമ്യൂണിസത്തെ സൈദ്ധാന്തികമായി തള്ളിക്കളയുകയോ കമ്യൂണിസ്റ്റ് പാര്‍ടികളോട് അസ്പൃശ്യത കല്‍പിക്കുകയോ ചെയ്തിരുന്നില്ല. ബിജെപി ഒഴികെ മറ്റാര്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടികളുമായി മുന്നണി ബന്ധങ്ങളുണ്ടായിരുന്നില്ലെന്ന് പറയാനാവില്ല.

""കോണ്‍ഗ്രസും കമ്യൂണിസവും"" എന്ന പുസ്തകത്തില്‍ കെ കേളപ്പന്‍ കമ്യൂണിസത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചു. പിന്നീട് വിമോചന സമരകാലത്താണ് കമ്യൂണിസത്തിനെതിരായി ശക്തമായ വിമര്‍ശനവുമായി സാമുദായിക സംഘടനകള്‍ രംഗത്തുവന്നത്. ഏതാണ്ടതേ കാലത്തുതന്നെ സി ജെ തോമസ് ""1128ല്‍ ക്രൈം 27"" എന്ന നാടകത്തിലൂടെ കമ്യൂണിസത്തെ പ്രതിക്കൂട്ടിലാക്കി. 60കളില്‍ എം എന്‍ റോയിയുടെ അനുയായികള്‍ എം ഗോവിന്ദന്റെ നേതൃത്വത്തില്‍ കമ്യൂണിസത്തിനെതിരായ സര്‍ഗസംവാദങ്ങള്‍ ക്യാമ്പസുകളില്‍ സംഘടിപ്പിക്കുകയും മദ്രാസില്‍നിന്ന് പ്രസിദ്ധീകരിച്ച "സമീക്ഷ"യിലൂടെ കമ്യൂണിസത്തിനെതിരായ ശക്തമായ വിമര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എഴുപതുകളില്‍ ആഗോളതലത്തില്‍ ഇടതുപക്ഷത്തിനുണ്ടായ വളര്‍ച്ചയും മാര്‍ക്സിസത്തിന് സൈദ്ധാന്തികതലത്തിലുണ്ടായ വികാസവുംമൂലം കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് പൊതുവില്‍ മൂര്‍ച്ച കുറവായിരുന്നു. അടിയന്തരാവസ്ഥപോലുള്ള രാഷ്ട്രീയ ഘടകങ്ങള്‍ ഇടതുപക്ഷത്തിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇവയുടെ ഫലമായി കമ്യൂണിസ്റ്റ് വിരുദ്ധത വലതുപക്ഷ ആക്രമണമെന്ന നിലയിലല്ല, ഇടതുപക്ഷത്തിനുള്ളില്‍തന്നെയുള്ള ചേരിപ്പോരുകളുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. എണ്‍പതുകളുടെ ആദ്യം ജനകീയ സാംസ്കാരിക വേദിയും വിവിധ സിപിഐ (എംഎല്‍) ഗ്രൂപ്പുകളും സിപിഐ (എം)നും കുറെയൊക്കെ സിപിഐക്കുമെതിരായി നടത്തിയ ആക്രമണം ഇതിനുദാഹരണമാണ്. കമ്യൂണിസ്റ്റ്പാര്‍ടികളുടെ ""വര്‍ഗ സഹകരണ""പരമായ നയങ്ങള്‍ക്കെതിരായി തീവ്രവാദ ഗ്രൂപ്പുകള്‍ പ്രചാരണം തുടര്‍ന്നുവെങ്കിലും കമ്യൂണിസത്തെ ഒട്ടാകെ തള്ളിപ്പറയുന്ന നിലപാടുകള്‍ അവരും കൈക്കൊണ്ടില്ല. ക്രമേണ ഇവരുടെ സ്വരത്തില്‍ വ്യത്യാസം വരുന്നതായി കാണാം.

ഇടതുപക്ഷത്തില്‍ നിന്നുതന്നെ വളര്‍ന്നുവന്ന സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ്പാര്‍ടികള്‍ സൈദ്ധാന്തികമായും പ്രായോഗികമായും പുരുഷമേധാവിത്വ സമീപനം ഉള്‍ക്കൊള്ളുന്നവരാണെന്ന വിമര്‍ശനം ഉയര്‍ത്തി. അധഃസ്ഥിത ജാതി സമുദായ പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റുകാര്‍ ജാതി വൈരുദ്ധ്യങ്ങളെ അംഗീകരിക്കുന്നില്ലെന്നുമാത്രമല്ല, കമ്യൂണിസ്റ്റ് നേതൃത്വം സവര്‍ണ്ണ മേധാവിത്വപരമാണെന്നുമുള്ള വിമര്‍ശനം ഉന്നയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റുകാരെ കേവല വികസനവാദികളായി ചിത്രീകരിച്ചു. ഇവയ്ക്കെല്ലാമുള്ള സൈദ്ധാന്തിക വാദമുഖങ്ങളും നിരത്തപ്പെട്ടു. സിപിഐ (എംഎല്‍) ഗ്രൂപ്പുകളുടെ തകര്‍ച്ച പല മുന്‍ തീവ്രവാദി പ്രവര്‍ത്തകരെയും ഫെമിനിസ്റ്റ്-ദളിത്-പരിസ്ഥിതിവാദ പ്രവര്‍ത്തകരോടൊപ്പമെത്തിച്ചു. ഇവരില്‍നിന്ന് ""വ്യവസ്ഥാപിതമായ"" ""മുഖ്യധാരാ"" ഇടതുപക്ഷത്തിനെതിരായ വാദഗതികള്‍ ഉയര്‍ന്നുവന്നു. ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന അക്കാദമിക് ബുദ്ധിജീവികളുടെ തലമുറയും വളര്‍ന്നുവന്നു. അപ്പോഴും അവര്‍ ഇടതുപക്ഷത്തിലെ പുതിയ പ്രവണതയായി സ്വയം ചിത്രീകരിക്കുകയാണ് ചെയ്തത്. അപ്പോഴും കമ്യൂണിസ്റ്റ് പാര്‍ടികളുടെ നിരാകരണം കമ്യൂണിസത്തിന്റെ നിരാകരണത്തിലെത്തിയിരുന്നില്ല.

എന്നാലിപ്പോള്‍ സ്ഥിതി പൂര്‍ണമായി മാറിയിരിക്കുന്നു. ചന്ദ്രശേഖരന്‍വധം സൃഷ്ടിച്ച സംവാദം സൈദ്ധാന്തികവും പ്രായോഗികവുമായ തലത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധത സാംസ്കാരിക മണ്ഡലത്തിലെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്നു. അക്കാദമിക് തലത്തില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ ബുദ്ധിജീവികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ""നവ സാമൂഹ്യപ്രസ്ഥാന""ങ്ങളില്‍പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്ന വലിയൊരു സംഘം ആളുകള്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വക്താക്കളാണ്. ഒന്നുകില്‍ അവര്‍ കമ്യൂണിസത്തെ നേരിട്ട് എതിര്‍ക്കുകയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും തകര്‍ച്ചയ്ക്കുവേണ്ടി പരസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ അരാഷ്ട്രീയവല്‍ക്കരണ മുദ്രാവാക്യങ്ങളിലൂടെ കമ്യൂണിസ്റ്റുകാരോട് അസ്പൃശ്യത കല്‍പിക്കുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോടുള്ള സൈദ്ധാന്തിക വിമര്‍ശനവും പുതിയൊരു ഇടതുപക്ഷത്തിന്റെ സൃഷ്ടിയുമായി ഇന്നത്തെ കമ്യൂണിസ്റ്റ് വിരുദ്ധതയെ കണക്കാക്കാനാവില്ല. വിമോചനസമരം യാഥാസ്ഥിതികത്വത്തിന്റെ തിരനോട്ടമായിരുന്നെങ്കില്‍, കേരളം കണ്ടിട്ടുള്ള ഏറ്റവും വ്യാപ്തിയും ആഴവുമുള്ള യാഥാസ്ഥിതിക പ്രതിവിപ്ലവത്തിന്റെ അരങ്ങേറ്റമാണ് ഇപ്പോള്‍ നമ്മുടെമുമ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധത നമ്മുടെ സാഹചര്യങ്ങളില്‍ പ്രതിവിപ്ലവ ആശയസംഹിതയുടെ പ്രധാന ഘടകമാണ്.

യാഥാസ്ഥിതിക പ്രതിവിപ്ലവം എന്ന ആശയം പുതിയതായി തോന്നാം. എല്ലാ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും എതിരെ പ്രതിവിപ്ലവ ശക്തികള്‍ രംഗത്തുവരാറുണ്ട്. 1848ല്‍ ഫ്രാന്‍സില്‍ നടന്ന തൊഴിലളിവര്‍ഗ മുന്നേറ്റത്തെയും 1871ലെ പാരീസ് കമ്യൂണിനെയും പരാജയപ്പെടുത്തിയത് പ്രതിവിപ്ലവശക്തികളായിരുന്നു. 1917ലെ റഷ്യന്‍ വിപ്ലവത്തിനെതിരായി പ്രതിവിപ്ലവശക്തികള്‍ വിദേശ രാഷ്ട്രങ്ങളുടെ പിന്തുണയോടെ ആക്രമണം നടത്തിയെങ്കിലും അതിനെ അതിജീവിക്കാന്‍ വിപ്ലവശക്തികള്‍ക്ക് കഴിഞ്ഞു. 1957ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ പ്രതിവിപ്ലവശക്തികള്‍ വിമോചനസമരവുമായി രംഗത്തുവന്നു. 1972ല്‍ ചിലിയിലെ അലെന്‍ഡെ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ സാമ്രാജ്യത്വശക്തികളെ സഹായിച്ചതും പ്രതിവിപ്ലവശക്തികളായിരുന്നു. 1978ല്‍ അഫ്ഗാനിസ്ഥാനിലെ പുരോഗമന ഭരണകൂടത്തെ മറിച്ചിടുന്നതിനും പ്രതിവിപ്ലവശക്തികള്‍ പങ്കുവഹിച്ചു. പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക് ആധിപത്യം നേടാന്‍ സാധിക്കുന്ന ഘട്ടങ്ങളിലൊക്കെ പ്രതിവിപ്ലവശക്തികള്‍ രംഗത്തുവരുന്നതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ ചരിത്രത്തില്‍നിന്ന് എടുത്തു നിരത്താന്‍ കഴിയും.

പ്രതിവിപ്ലവങ്ങള്‍ ചരിത്രത്തെ പിന്നോട്ടുനയിക്കുകയാണ് ചെയ്യുന്നതെന്നതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്. 1848ലെ പ്രതിവിപ്ലവം ലൂയി നെപ്പോളിയന്റെ ഏകാധിപത്യ ഭരണത്തിലേക്കാണ് നയിച്ചത്. ചിലിയിലെ അട്ടിമറി ജനറല്‍ പിനോഷെയുടെ ഏകാധിപത്യ ഭരണത്തിലേക്കും നയിച്ചു. ഇന്നത്തെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടതും പിനോഷെയുടെ ഭരണത്തിലാണ്. യാഥാസ്ഥിതിക പ്രതിവിപ്ലവങ്ങള്‍ സാമൂഹ്യവിപ്ലവങ്ങളോടുള്ള രാഷ്ട്രീയ പ്രതികരണങ്ങള്‍ മാത്രമല്ല, സാമൂഹ്യവിപ്ലവങ്ങളെ അട്ടിമറിച്ച് പഴയ ഭരണകൂടങ്ങള്‍ പുന:സ്ഥാപിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. സാമൂഹ്യ വിപ്ലവങ്ങള്‍ക്കു കാരണമായ സമൂഹവ്യവസ്ഥയിലെ ഘടകങ്ങളെത്തന്നെ ഇല്ലാതാക്കി സ്വന്തം ആശയസംഹിതകളനുസരിച്ച് സമൂഹത്തെ പുനര്‍നിര്‍മ്മിക്കുകകൂടി അവയുടെ ലക്ഷ്യമാണ്. ചിലിയില്‍ ജനറല്‍ പിനോഷെയുടെ പ്രതിവിപ്ലവം അലെന്‍ഡെയുടെ ഗവണ്‍മെന്റ് സാധ്യമാക്കിയ ജനാധിപത്യവ്യവസ്ഥയെവരെ തകര്‍ത്തുകളഞ്ഞു. അലെന്‍ഡെ നടപ്പിലാക്കിയ സോഷ്യലിസ്റ്റ് പരിഷ്കാരങ്ങള്‍ മുഴവനും ഇല്ലാതാക്കുകയും മില്‍ട്ടന്‍ ഫ്രീഡ്മാനും അനുയായികളും നിര്‍ദ്ദേശിച്ച സ്വതന്ത്ര വാണിജ്യ വ്യവസ്ഥയെ പകരം കൊണ്ടുവരികയും ചെയ്തു. രാഷ്ട്രീയ ഏകാധിപത്യവും സാമ്പത്തിക ഉദാരവല്‍ക്കരണവും ഒരേസമയം നടപ്പിലാക്കപ്പെട്ട രാഷ്ട്രമായിരുന്നു ചിലി. മാര്‍ക്കോസ് ദമ്പതിമാരുടെ ഫിലിപ്പൈന്‍സിലും ഹോസ്നി മുബാറക്കിന്റെ ഈജിപ്തിലും മുവമ്മര്‍ ഗദ്ദാഫിയുടെ ലിബിയയിലും ഈ ""മാതൃക"" നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇത്തരം പ്രതിവിപ്ലവം ഒരു പടികൂടി മുന്നോട്ടു കടന്നു. സോഷ്യലിസത്തിന്റെ മാത്രമല്ല ജനാധിപത്യ വ്യവസ്ഥയുടെ ഒരു കണികപോലും ബാക്കിവെയ്ക്കാതിരിക്കാന്‍ പ്രതിവിപ്ലവകാരികള്‍ ശ്രദ്ധിച്ചു. അവരുടെ ശ്രമങ്ങള്‍ക്കുള്ള പ്രഹസനാത്മകമായ മറുപടിയായി, അമേരിക്കന്‍ പിന്തുണയോടെ ഹമീദ് കര്‍സായിയുടെ പാവ ഗവണ്‍മെന്റ് ഇപ്പോഴും ഭരിക്കുന്നു. ആ ഗവണ്‍മെന്റിന്റെ കീഴില്‍ എത്രമാത്രം പ്രദേശങ്ങളുണ്ടെന്നുപോലും ഭരണാധികാരികള്‍ക്ക് അറിവുണ്ടാകില്ല. നവലിബറലിസത്തിന്റെകീഴില്‍ നടക്കുന്ന പ്രതിവിപ്ലവങ്ങളുടെ യഥാര്‍ത്ഥ സ്വഭാവമാണ് അഫ്ഗാനിസ്ഥാനിലെപോലെയുള്ള സ്ഥിതിവിശേഷം കാണിക്കുന്നത്.

ആദ്യകാല പ്രതിവിപ്ലവങ്ങള്‍ സോഷ്യലിസ്റ്റ് തൊഴിലാളിവര്‍ഗ്ഗ ""അട്ടിമറി""കള്‍ക്കെതിരായി ലിബറല്‍ ജനാധിപത്യ മുദ്രാവാക്യങ്ങളാണ് ഉന്നയിച്ചത്. അവ അമിതാധികാര രൂപങ്ങളിലേക്കു നയിച്ചുവെന്നു മാത്രം. എന്നാല്‍, നവലിബറലിസം സാമ്പത്തിക ഉദാരവല്‍ക്കരണത്തിനും മൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിനും വേണ്ടി മാത്രമാണ് നിലക്കൊള്ളുന്നത്. ഈ ഒഴുക്ക് ഉറപ്പുവരുത്തുന്ന ഭരണകൂടം ഏതുവിധത്തിലുള്ളതായാലും നവലിബറലിസത്തിന്റെ വക്താക്കള്‍ക്ക് എതിര്‍പ്പുണ്ടാകില്ല. നവലിബറല്‍ അമേരിക്ക ഇറാഖിനെ തകര്‍ത്തത് സദ്ദാംഹുസൈന്‍ അമിതാധികാര പ്രവണത കാണിച്ച ഭരണകര്‍ത്താവായതുകൊണ്ടല്ല, മൂലധന താല്‍പര്യങ്ങള്‍ക്കുവിരുദ്ധമായി കുവൈറ്റിലെയും ഉത്തര ഇറാഖിലെയും എണ്ണപ്പാടങ്ങള്‍ സ്വാധീനതയിലാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്. ജനകീയ പ്രക്ഷോഭങ്ങളുടെ മറവില്‍ മുവമ്മര്‍ ഗദ്ദാഫിയെ വധിക്കാന്‍ കൂട്ടുനിന്നത് ഗദ്ദാഫിയുടെ അമിതാധികാരം കൊണ്ടല്ല, ലിബിയന്‍ എണ്ണപ്പാടങ്ങളിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പ്രവേശനം നിഷേധിച്ചതുകൊണ്ടാണ്. സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയിലെ സ്വതന്ത്ര വ്യാപാരമേഖലകളില്‍ സാമ്രാജ്യത്വ മൂലധനത്തിന് പ്രവേശനമുള്ളിടത്തോളംകാലം ചൈനയെ ശത്രുവായി കാണില്ല. ജനാധിപത്യരാഷ്ട്രമായി അറിയപ്പെടുന്ന ഇന്ത്യ മൂലധന ചംക്രമണത്തിന് ഒത്താശചെയ്യുമ്പോള്‍ ഇന്ത്യക്ക് എല്ലാവിധ അംഗീകാരവും ലഭിക്കും. ഈ രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത ഭരണരൂപങ്ങള്‍ മൂലധനാധിപത്യത്തിന്റെ രൂപങ്ങള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള പോറല്‍ ഏല്‍പിക്കുമ്പോള്‍ മാത്രമാണ് അവയെ രാഷ്ട്രീയ ശത്രുക്കളായി മൂലധനം കണക്കാക്കുക. അല്ലെങ്കില്‍ രാജവാഴ്ചമുതല്‍ മതാധിപത്യംവരെ ഏതുവിധത്തിലുള്ള ഭരണരൂപങ്ങളെയും ഉള്‍ക്കൊള്ളാന്‍ നവലിബറല്‍ മൂലധനാധിപത്യത്തിനു കഴിയും.

മൂലധനാധിപത്യത്തെ ആഴത്തില്‍ ചോദ്യംചെയ്യാന്‍ ഇപ്പോഴും കഴിവുള്ളത് സോഷ്യലിസത്തിനും കമ്യൂണിസത്തിനും തന്നെയാണ്. മൂലധനത്തിന്റെ ലാഭാധിഷ്ഠിതയുക്തിക്കും കമ്പോളാധിപത്യത്തിനും സാമൂഹ്യമായ ബദല്‍ അവതരിപ്പിക്കുന്നത് അവരാണ്. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ കൂട്ടായ്മകളില്‍നിന്നു വളര്‍ന്നുവരുന്ന സാമൂഹ്യബദലുകളാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം മൂലധനാധിപത്യത്തിനു ഭീഷണിയായി മാറുന്നത്. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ഐക്യവും സംഘര്‍ഷവും ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുകാര്‍ പ്രതിജ്ഞാബദ്ധരുമാണ്. സ്വാതന്ത്ര്യം, സെക്കുലറിസം, ജനാധിപത്യം മുതലായ മുദ്രാവാക്യങ്ങളില്‍നിന്ന് മൂലധനം പിന്‍വാങ്ങുമ്പോള്‍ അതേ മുദ്രാവാക്യങ്ങളുന്നയിച്ച് ഉല്‍പാദന ശക്തികളുടെ വളര്‍ച്ചയും തൊഴിലാളിവര്‍ഗ ഐക്യവും ഉറപ്പുവരുത്താനും കമ്യൂണിസ്റ്റുകാര്‍ ബാധ്യസ്ഥരാണ്. ജനാധിപത്യവല്‍ക്കരണവും തൊഴിലാളിവര്‍ഗ്ഗ ഐക്യവും ഉറപ്പുവരുത്താനായി പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാനും അവര്‍ സന്നദ്ധരാകണം. നവലിബറല്‍ മൂലധനാധിപത്യത്തിന്റെ ജനവിരുദ്ധ സ്വഭാവത്തെ നിരന്തരമായി തുറന്നുകാണിക്കാനും അവര്‍ക്കു കഴിയണം. ഇതിന്റെഫലമായി ഉണ്ടായിവരുന്ന ചൂഷിതരും പുറന്തള്ളപ്പെട്ടവരുമായ തൊഴില്‍ശക്തിയുടെ ഐക്യമാണ് മൂലധനത്തിന് അതിശക്തിയായ ആഘാതമേല്‍പിക്കുക. വളര്‍ന്നുവരുന്ന വര്‍ഗസമരങ്ങളുടെ രൂപവും അതുതന്നെയായിരിക്കും.

ഇവിടെയാണ് യാഥാസ്ഥിതിക പ്രതിവിപ്ലവശക്തികളുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നത്.

മൂലധനാധിപത്യത്തിനെതിരായി സ്ഥിരവും അസ്ഥിരവുമായ തൊഴിലുകള്‍ ഉള്ളവരും ഭൂമിയുള്ളവരും ഭൂരഹിതരുമായ കര്‍ഷകരും സ്വയം തൊഴിലെടുക്കുന്നവരും സേവന മേഖലയിലും ഐടിപോലുള്ള "ജ്ഞാ" മേഖലകളിലും പണിയെടുക്കുന്ന കൂലിവേലക്കാരുമടക്കമുള്ള ജനസാമാന്യത്തിന്റെ ഐക്യം യാഥാസ്ഥിതികശക്തികള്‍ ഭയപ്പെടുന്നു. കാരണം ഈ ജനസാമാന്യം വ്യത്യസ്ത ജാതിസമുദായങ്ങളിലും മതസമുദായങ്ങളിലുംപെട്ടവരാണ്. വ്യത്യസ്ത ദേശീയതകളും സംസ്കാരങ്ങളും കാഴ്ചപ്പാടുകളുമുള്ളവരാണ്, ലിംഗഭേദങ്ങളുളളവരാണ്. ഇവര്‍ തമ്മിലുണ്ടാകുന്ന പാരസ്പര്യങ്ങളുടെയും ഇഴുകിച്ചേരലുകളുടെയും ഫലമായി വളര്‍ന്നുവരുന്ന പുതിയ മാനവിക സമൂഹം സ്വന്തം നിലനില്‍പിന് അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മൂലധനം ന്യായമായി ശങ്കിക്കുന്നു. അതുകൊണ്ട് യാഥാസ്ഥിതികര്‍ എപ്പോഴുംവാദിക്കുന്നത് സ്വന്തം നിലനില്‍പും അതിനുള്ളില്‍ വരുത്താവുന്ന മാറ്റങ്ങളും ഉറപ്പുവരുത്തിക്കൊണ്ടുള്ള ബഹുത്വ സ്വഭാവമുള്ള ഐക്യങ്ങള്‍ മാത്രമാണ്. അതായത് മുസ്ലീമും ക്രിസ്ത്യാനിയും ഈഴവനും നായരും ദളിതരും, ആദിവാസിയും, തീരദേശവാസിയും പരസ്പരം ഇടകലര്‍ന്നും ഇഴുകിച്ചേര്‍ന്നുമുണ്ടാകുന്ന മാനവികതയിലും ഐക്യത്തിലും അവര്‍ക്ക് താല്‍പര്യമില്ല. അതിനുപകരം മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും വ്യത്യസ്തജാതികളും സംസ്കാരങ്ങളും വെവ്വേറെയായി നിലനില്‍ക്കുകയും വളരുകയും ചെയ്യുന്ന ബഹുത്വങ്ങളിലാണ് അവര്‍ക്ക് താല്‍പര്യം. അവ നിലനിര്‍ത്തുകയും വളര്‍ത്തുകയുമാണ് എല്ലാ വികസന സങ്കല്‍പങ്ങളുടെയും അടിത്തറയായി അവര്‍ കാണുന്നത്. സോഷ്യലിസവും കമ്യൂണിസവും ഇത്തരം യാഥാസ്ഥിതികത്വത്തെ അടിസ്ഥാനതലത്തില്‍ ചോദ്യംചെയ്യുകയും അധ്വാനശക്തികളെന്ന നിലയിലും മനുഷ്യരെന്ന നിലയിലും സ്വത്വങ്ങള്‍ക്കതീതമായി ജനങ്ങള്‍ തമ്മിലുള്ള ഐക്യം സാധ്യമാണെന്നു വാദിക്കുകയും ചെയ്യുന്നു. യാഥാസ്ഥിതിക ശക്തികള്‍ ഭയപ്പെടുന്നതും എതിര്‍ക്കുന്നതും ഇത്തരം കൂട്ടായ്മകളെയാണ്.

ആദ്യഘട്ടത്തില്‍ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കുന്ന മാനവിക സങ്കല്‍പങ്ങളെ എതിര്‍ക്കാന്‍ യാഥാസ്ഥിതികര്‍ ഉപയോഗിച്ചത് സ്വന്തം പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയുമാണ് .മുതലാളത്ത വികാസത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമായ ഔന്നത്യത്തിന്റെ ഉരകല്ലായി പാശ്ചാത്യചിന്തകര്‍ കണക്കാക്കിയത് ഭൗതിക സംസ്കൃതിയുടെ വികാസമാണ്. അതിനെതിരായി പൗരസ്ത്യ മതവിഭാഗങ്ങള്‍ ആത്മീയതയിലും മത സംസ്കാരത്തിന്റെ വികാസത്തിലും ഊന്നി. അതിനുതകുന്നവിധത്തില്‍ സ്വന്തം ദേശീയ ചരിത്രംതന്നെ രൂപപ്പെടുത്തിയെടുക്കുകയും അവ വര്‍ഗീയ ചരിത്ര രചനയുടെ വിവിധ രൂപങ്ങളായി മാറുകയും ചെയ്തു. ഇന്ത്യയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനത്തിലുള്ള ശാസ്ത്രീയ ചരിത്ര രചനാരീതികള്‍ വളര്‍ന്നുവന്ന അതേ കാലഘട്ടത്തിലാണ് വര്‍ഗീയ ചരിത്രരചനയും വളര്‍ന്നുവന്നത്. മത വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ പുനരാഖ്യാനം ചെയ്യപ്പെട്ട ഗോത്രസ്മൃതികള്‍ പ്രാദേശികതലത്തില്‍ സാമൂഹ്യമായ കെട്ടുറപ്പിനെ തകര്‍ക്കുകയും നിരവധിയിടങ്ങളില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇത്തരം സങ്കല്‍പങ്ങള്‍ ഇന്നും രാഷ്ട്രീയതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ ബിജെപി മുസ്ലീംലീഗ് കേരള കോണ്‍ഗ്രസ് മുതലായ രാഷ്ട്രീയ പാര്‍ടികളുടെ അടിത്തറയായി മാറുകയും ചെയ്യുന്നു. ഇവയോടൊപ്പം വളര്‍ന്നുവന്ന ജാത്യുന്നമനത്തിനുവേണ്ടിയുള്ള നിരവധി സംഘടനകളും സമൂഹത്തില്‍ സ്വാധീനം നിലനിര്‍ത്തുന്നു.

ഭൗതിക സംസ്കൃതിയുടെ വികാസത്തെ ആധാരമാക്കിയുള്ള മുതലാളിത്ത ചിന്തകരുടെ അവകാശവാദങ്ങള്‍ പാശ്ചാത്യരുടെ ഇടയില്‍തന്നെ ചോദ്യംചെയ്യപ്പെട്ടു. ഭൗതിക സംസ്കൃതിയുടെ വികാസത്തെ നിഷേധിക്കാതെ അതില്‍ അടങ്ങിയിരിക്കുന്ന ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും യുക്തിയെയാണ് മാര്‍ക്സും സോഷ്യലിസ്റ്റുകളും ചോദ്യംചെയ്തത്. ഭൗതിക സംസ്കൃതിയുടെ വികാസം മനുഷ്യരാശിയുടെ സമഗ്രമായ വികാസമായി മാറണമെങ്കില്‍ ചൂഷകരും ചൂഷിതരും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാകണം. മനുഷ്യജീവിതത്തിനാധാരമായ വിഭവങ്ങളും അധ്വാനശക്തിയുടെ വിനിയോഗവും ജനങ്ങളുടെ കൂട്ടായ നിയന്ത്രണത്തിന്റെ കീഴില്‍ വരണം. ഈ അവസ്ഥയെയാണ് മാര്‍ക്സ് കമ്യൂണിസമെന്നു വിളിച്ചത്. വര്‍ഗ്ഗസമരങ്ങളും സാമൂഹ്യവിപ്ലവങ്ങളും കമ്യൂണിസത്തിലേക്കുള്ള വഴിത്താരയാണ്. ഓരോ വ്യക്തിയുടെയും ആന്തരികമായ കഴിവുകളും ഓരോ വ്യക്തിയുടെയും വസ്തുനിഷ്ഠമായ ആവശ്യങ്ങളും തമ്മിലുള്ള ബന്ധം വഴിയാണ് മനുഷ്യബന്ധങ്ങള്‍ രൂപപ്പെടുന്നത്. യഥാര്‍ത്ഥ മാനവികത വളര്‍ന്നുവരുന്നത് കമ്യൂണിസത്തിലാണെന്നും മാര്‍ക്സ് വാദിച്ചു.

ഭൗതിക സംസ്കൃതിയുടെ വികാസത്തെ മറ്റൊരു രീതിയില്‍ വിമര്‍ശിക്കുന്ന ചിന്താധാരയും പാശ്ചാത്യരുടെ ഇടയില്‍ വളരുന്നുണ്ടായിരുന്നു. ഈ ചിന്താധാരയ്ക്ക് തുടക്കമിട്ടത് നീറ്റ്ഷെയാണ്. മുതലാളിത്ത ചിന്തകര്‍ വളര്‍ത്തിക്കൊണ്ടുവന്ന സ്വാതന്ത്ര്യം, സമത്വം, പുരോഗതി മുതലായ ആശയങ്ങളെയെല്ലാം നീറ്റ്ഷെ നിരാകരിച്ചു. നന്മ, തിന്മ തുടങ്ങിയ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ വേര്‍തിരിക്കുന്നതും അസംബന്ധമാണ്. മനുഷ്യരുടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ കാതല്‍ അധികാരത്തിനുവേണ്ടിയുള്ള ഇച്ഛയാണ്. ഏതൊരു സമൂഹത്തിലും അധികാരിവിഭാഗവും അവര്‍ക്കു വിധേയരായ സമൂഹവും ഉണ്ടാകും. പുതിയ വിഭാഗങ്ങളുടെ അധികാരവാഞ്ഛ ആ സമൂഹത്തിന്റെ അധികാരഘടനയില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തും അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ലാത്ത സമൂഹം സാധ്യമല്ല. മനുഷ്യര്‍ നേടുന്ന അറിവും സ്വാംശീകരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളും വിശ്വാസപ്രമാണങ്ങളുമെല്ലാം അധികാരവാഞ്ഛയുടെ ഭാഗമാണ്. ഫ്രഞ്ച് ചിന്തകനായ ഫുക്കോ ഈ ആശയത്തെ കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കുകയും അധികാരഘടനയും അത് സൃഷ്ടിക്കുന്ന കര്‍തൃത്വങ്ങളും എങ്ങനെ സമൂഹബന്ധങ്ങളെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തു. അധികാരഘടന വളര്‍ന്നുവരുമ്പോള്‍ അതിനെതിരായ സമരങ്ങളും സ്വാഭാവികമാണ്. അവ പുതിയ അധികാര രൂപങ്ങളെ സൃഷ്ടിക്കുന്നു. ഇവയ്ക്കപ്പുറം കമ്യൂണിസമോ മറ്റേതെങ്കിലും വിധത്തിലുള്ള "മാനവിക"മായ ആദര്‍ശസമൂഹങ്ങളോ സാധ്യമല്ല. സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ വ്യത്യസ്തതകള്‍ക്കാണ് പ്രാധാന്യം, ഐക്യത്തിനല്ല. കര്‍തൃത്വങ്ങള്‍ വളര്‍ന്നുവരുന്നതുതന്നെ വ്യത്യസ്തതകളെ ആധാരമാക്കിയാണ്.

നീറ്റ്ഷെ തുടങ്ങിവെച്ച ചിന്താധാരയിലേക്ക് ശ്രദ്ധേയമായ സംഭാവന നല്‍കിയത് മാര്‍ട്ടിന്‍ ഹൈഡഗ്ഗര്‍ ആണ്. അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ഭരണകൂടത്തെ പരസ്യമായി പിന്തുണച്ച ജര്‍മ്മന്‍ ചിന്തകനായിരുന്നു അദ്ദേഹം. ഹൈഡഗ്ഗറിന്റെ നാസിസത്തെയും അതിനോടൊപ്പം അദ്ദേഹം ഉള്‍ക്കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധതയെയും ഒരു ചെറുപാളിച്ചയായി മാത്രം കാണുന്നവരുണ്ട്. വസ്തുത നേരെമറിച്ചാണ്. ഹിറ്റ്ലറുടെ രാഷ്ട്രീയ പദ്ധതിയെ കൂടുതല്‍ സൈദ്ധാന്തികമായ ആഴത്തിലും വ്യാപ്തിയിലും അവതരിപ്പിക്കാന്‍ ഹൈഡഗ്ഗര്‍ ശ്രമിക്കുന്നു. ആദിമ മുതലാളിത്ത ചിന്തകരെ മുഴുവന്‍ സ്വാധീനിച്ച മനസ്സും ശരീരവും തമ്മിലുള്ള വേര്‍തിരിവിനെയും മനസ്സിനും അതുവഴി യുക്തിചിന്തയ്ക്കും ശരീരത്തിന്റയും പ്രകൃതിയുടെയുംമേലുള്ള നിയന്ത്രണത്തെ സംബന്ധിച്ച ആശയങ്ങളെയും ഹൈഡഗ്ഗര്‍ നിരാകരിക്കുന്നു. മനുഷ്യന്റെ ഉണ്മയില്‍ ഈ ആശയങ്ങളെ സംയോജിപ്പിക്കുകയാണ് ഹൈഡഗ്ഗര്‍ ചെയ്യുന്നത്. ഉണ്മയുടെ ചലനവും വളര്‍ച്ചയുമാണ് സമൂഹ രൂപങ്ങളെ നിര്‍ണയിക്കുന്നത്. കലാരൂപങ്ങളും സാങ്കേതികവിദ്യകളുമെല്ലാം ഇവയുടെ ഭാഗങ്ങളാണ്. കാലമാണ് ഉണ്മയുടെ പരിധിയെ നിശ്ചയിക്കുന്നത്, അതായത് ഉണ്മയുടെ അവസാനം എന്നത് ആത്യന്തികമായി മരണത്തിലാണ്. കേവലമായ സമൂഹ രൂപങ്ങള്‍ക്കും സ്വാതന്ത്ര്യം, ജനാധിപത്യം, പൗരസമൂഹം മുതലായ ആശയങ്ങള്‍ക്കും ഉണ്മയുടെ സങ്കല്‍പത്തില്‍ സ്ഥാനമില്ല. അവയെല്ലം വാചകമടിക്കാനും തര്‍ക്കിക്കാനുമുള്ള വീണ്‍വാക്കുകളും പ്രയോഗങ്ങളുമാണ്. കാലത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഉണ്മയുടെ ചലനം സാധ്യമാക്കുന്ന സമുദായങ്ങള്‍ മാത്രമാണ് നമുക്കാവശ്യം. അതായത് ജര്‍മ്മന്‍ നാസിസവും അവരുടെ സാമ്രാജ്യ സങ്കല്‍പവും ഹൈഡഗ്ഗറിന്റെ ഭാഷയില്‍ ജര്‍മ്മന്‍കാരുടെ ഉണ്മയുടെ ചലനം ഉറപ്പുവരുത്തുന്ന സമുദായങ്ങള്‍ നിലകൊള്ളുന്ന ഇടങ്ങളാണ്. ഭരണകൂടം, പൗരസമൂഹം, സ്വാതന്ത്ര്യം, ജനാധിപത്യം മുതലായ മുതലാളിത്ത ആശയരൂപങ്ങളും ഘടനകളുമെല്ലാം ഇവിടെ നിരാകരിക്കപ്പെടുന്നു.

നീറ്റ്ഷെയില്‍നിന്നും ഹൈഡഗ്ഗറില്‍നിന്നും തുടങ്ങി ഉത്തരാധുനിക ചിന്തകര്‍വരെ എത്തിനില്‍ക്കുന്ന ആശയങ്ങള്‍ മുതലാളിത്ത ആശയസംഹിതകളുടെ ശക്തമായ നിഷേധമാണെന്നു തോന്നാം. മാര്‍ക്സും എംഗല്‍സും മുതലാളിത്ത സമൂഹത്തിനും ആശയസംഹിതകള്‍ക്കും നല്‍കിയ അംഗീകാരംപോലും ഇവര്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. അതിനുപകരം അവര്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അധികാര രൂപങ്ങളും അധികാരത്തിനെതിരായ സമരങ്ങളും സൃഷ്ടിക്കുന്ന ചാക്രികഘടന അനിവാര്യതയായി മാറുകയാണ്. അതിലൂടെ നിലനില്‍ക്കുകയും വളര്‍ന്നുവരുകയും ചെയ്യുന്നത് ഉണ്മ മാത്രമാണ്. ഉണ്മയുടെ നിലനില്‍പ് സ്വത്വങ്ങളിലേക്കും സമുദായങ്ങളിലേക്കും നയിക്കുന്നു. മറ്റൊരു ഭാഷയില്‍ വ്യക്തിയുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നത് സമുദായങ്ങളിലാണ്, ഔപചാരികവും ഉപരിപ്ലവവുമായ സമൂഹബന്ധങ്ങളിലല്ല. ഇന്ത്യന്‍ ചിന്തകനായ പാര്‍ഥാചാറ്റര്‍ജിയുടെ ഭാഷയില്‍, മുതലാളിത്തത്തിനെതിരെ പോരാടുന്ന ശക്തി തൊഴിലാളിവര്‍ഗമല്ല സമുദായമാണ്. സ്വത്വങ്ങളും സമുദായങ്ങളും അംഗീകരിക്കപ്പെട്ടാല്‍ പിന്നെ വര്‍ഗങ്ങള്‍ക്കോ വര്‍ഗസമരത്തിനോ പ്രസക്തിയില്ല. യൂറോപ്പില്‍ നവോത്ഥാനഘട്ടത്തില്‍ ക്രിസ്ത്യന്‍പള്ളിക്കെതിരായ മുന്നേറ്റത്തില്‍ രൂപംകൊണ്ടതും പിന്നീട് മുതലാളിത്ത ആശയസംഹിതയുടെ ഭാഗമായതുമായ മാനവികതയും ഇതോടെ അപ്രത്യക്ഷമാകുന്നു. മാനവികത, മനുഷ്യ സ്വഭാവം തുടങ്ങിയ ആശയങ്ങളെല്ലാം ഇക്കാലത്തു വളര്‍ത്തിക്കൊണ്ടുവന്ന ഭാവനകളാണ്. കേവലമായ, എല്ലാവരിലും പ്രത്യക്ഷപ്പെടുന്ന മാനവികത എന്നൊന്നില്ല. വ്യത്യസ്ത സ്വത്വങ്ങളും സമുദായങ്ങളും മാത്രമാണ് യാഥാര്‍ത്ഥ്യം. ലോകത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന സാംസ്കാരിക വൈവിധ്യം അതിനെയാണ് കാണിക്കുന്നത്. വ്യത്യസ്തജാതികള്‍, മതങ്ങള്‍, സംസ്കാരങ്ങള്‍, ജീവിതരീതികള്‍ തുടങ്ങിയവയുടെ ബഹുത്വത്തിനുമേല്‍ ഏകപക്ഷീയമായ ""മാനവികത"" അടിച്ചേല്‍പിച്ചത് യൂറോപ്യന്‍ ആധിപത്യത്തിന്റെ മറ്റൊരു രൂപമാണ്. മാര്‍ക്സും എംഗല്‍സും കരുതിയതുപോലെ മുതലാളിത്തം സാമ്രാജ്യത്വമായി മാറിയപ്പോഴും അത് ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയായി പ്രത്യക്ഷപ്പെടുമ്പോഴും അതിന് യഥാര്‍ത്ഥ മാനവിക സ്വഭാവമുള്ള തൊഴിലാളിവര്‍ഗത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം വളര്‍ന്നുവന്നത് നിരവധി സമുദായ സാംസ്കാരിക സ്വത്വങ്ങളാണ്. അതുകൊണ്ട് മുതലാളിത്തത്തിനെതിരായ പോരാട്ടം നടത്തുന്നതും ഇത്തരം ബഹുത്വ രൂപങ്ങളായിരിക്കും. ഇവര്‍ നടത്തുന്ന സമരങ്ങള്‍ മുതലാളിത്തത്തെ നശിപ്പിക്കാം. പക്ഷേ അധികാരം ഇതാകില്ല. കൂടുതല്‍ തീക്ഷ്ണമായ രൂപങ്ങള്‍ വളര്‍ന്നുവരാം. അപ്പോള്‍ അവയ്ക്കെതിരായ സമരങ്ങളും അനിവാര്യമാകും. ഏതായാലും, കാലം അതിനെ തമസ്കരിക്കുന്നതുവരെ ഉണ്മ നിലനില്‍ക്കും.

ഇപ്പോള്‍ നാം കണ്ടുവരുന്ന യാഥാസ്ഥിതിക പ്രതിവിപ്ലവമായി മാറുന്നത് ഇത്തരം ആശയങ്ങളാണ്. നീറ്റ്ഷെയുടെയോ ഹൈഡഗ്ഗറിന്റെയോ ഫുക്കോയുടെയോ ഡെല്യൂസ്, നെഗ്രി മുതലായ ചിന്തകരുടെയോ ആശയങ്ങള്‍ ഇന്നത്തെ പ്രതിവിപ്ലവകാരികള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നല്ല ഇവിടെ വാദിക്കുന്നത്. അത് പ്രതിവിപ്ലവത്തെ ന്യായീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ആനുകാലികങ്ങളില്‍ ലേഖനമെഴുതുന്നവരുടെ ജോലിയാണ്. പക്ഷേ, നമ്മുടെ സാധാരണ പ്രതിവിപ്ലവകാരികള്‍ ഉള്‍ക്കൊള്ളുന്ന ചില ആശയങ്ങളുണ്ട്. അവയുടെ ഉറവിടങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഈ ആശയങ്ങളെ താഴെപറയുന്നരീതിയില്‍ വിശദീകരിക്കാം.

ഒന്ന്, സമൂഹം നിലനില്‍ക്കുന്നത് വ്യക്തികള്‍ക്കുവേണ്ടിയാണ്. വ്യക്തിസ്വാതന്ത്ര്യം, വരുമാനദായകമായ തൊഴിലോ അല്ലെങ്കില്‍ വെറും വരുമാനമോ നേടാനുള്ള വ്യക്തിയുടെ അവകാശം, വ്യക്തിയുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതിരിക്കാനും വ്യക്തിയുടെ "സ്വകാര്യത"യില്‍ കടന്നുകയറാതിരിക്കാനുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം തുടങ്ങിയവയിലുള്ള ഊന്നല്‍ ഇതിന്റെ ഭാഗമാണ്. വ്യക്തികളുടെ വ്യത്യസ്തതയും അവര്‍ തമ്മിലുള്ള മത്സരവും ഇന്നത്തെ ലോകത്തിന്റെ ചാലകശക്തിയാണ്. സമൂഹത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തികളില്‍ അധിഷ്ഠിതമായതുകൊണ്ട് രാഷ്ട്രീയം, സംസ്കാരം എന്നിവയും വ്യക്തികളില്‍ കേന്ദ്രീകരിക്കുമെന്ന ധാരണയും വളര്‍ന്നുവരുന്നു. രാഷ്ട്രീയപാര്‍ടികള്‍ക്കുപകരം നേതാക്കളും സാംസ്കാരിക പ്രവര്‍ത്തനങ്ങളെ സമഗ്രമായി കാണുന്നതിനുപകരം സാംസ്കാരിക "നായകരി"ല്‍ കേന്ദ്രീകരിക്കുന്നതും താരാരാധനയും വ്യക്ത്യധിഷ്ഠിത നിലപാടുകളുടെ ഭാഗമാണ്. ഇതിനെ കഴിയാവുന്നത്ര പ്രോത്സാഹിപ്പിക്കുന്നതിനു മാത്രമല്ല, സമൂഹത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും വ്യക്തിപരമായ ""മാതൃക""കളില്‍ കേന്ദ്രീകരിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കളുടെ ക്ഷേത്രസന്ദര്‍ശനം, അവര്‍ പണിയുന്ന വീടുകള്‍, വാങ്ങുന്ന ചെരുപ്പുകള്‍, ധരിക്കുന്ന ഉടുപ്പുകള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചാവിഷയമാക്കുന്നത് സങ്കീര്‍ണമായ രാഷ്ട്രീയ നിലപാടുകളെ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നിസാരവല്‍ക്കരിക്കുന്ന രീതിയെയാണ് കാണിക്കുന്നത്. വ്യക്തികളുടെ "ശരീരഭാഷ" മുഖത്തുപതിയുന്ന ധാര്‍ഷ്ട്യം, ധിക്കാരം തുടങ്ങിയവയെല്ലാം രാഷ്ട്രീയ നിലപാടുകളുടെ സൂചനകളാകുന്നതും ഇതേ പ്രവണതയെയാണ് കാണിക്കുന്നത്. വധിക്കപ്പെട്ട നേതാവിന്റെ ഭാര്യയുടെ അടങ്ങാത്ത വിതുമ്പലുകളെ കൊലപാതകക്കുറ്റംചുമത്തി അറസ്റ്റ്ചെയ്യപ്പെട്ട പ്രതിയെ ലോക്കപ്പില്‍ ചെന്നു കാണുന്ന നേതാവിന്റെ നിരങ്കുശത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലാംകിട സ്റ്റണ്ട് സിനിമകളിലെ നായികയും വില്ലനും പുനരവതരിക്കുന്നു. അതോടെ രാഷ്ട്രീയം ഒരു സ്റ്റണ്ട്സിനിമയായി മാറുകയും വ്യക്തിഗതമായ നേട്ടങ്ങള്‍ കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

രണ്ടാമത്, വ്യക്തിഗതമായ നേട്ടങ്ങള്‍ക്കുള്ള ഭൗതികതലം കുടുംബവും ഏറ്റവും വ്യാപകമായ തലത്തില്‍ സമുദായവുമാണ്. എല്ലാ വ്യക്തികളും ജനിക്കുന്നത് ഏതെങ്കിലും കുടുംബത്തിലും ഏതെങ്കിലും സമുദായത്തിലുമാണ്. ഇതു രണ്ടും സ്വന്തം "ഉണ്മ"യുടെ ഭാഗമായി മരണംവരെയും അതിനുശേഷവും പിന്തുടരുകയും ചെയ്യുന്നു. വ്യക്തിജീവിതത്തെ ഭൗതികതലത്തില്‍ പരിശോധിക്കുന്നത് ഇതു രണ്ടിന്റെയും അടിസ്ഥാനത്തിലാണ്. സ്വത്വരാഷ്ട്രീയത്തിന്റെ അടിത്തറയും ഈ തലമാണ്. എല്ലാ നായന്മാരും എല്ലാ ഈഴവരും എല്ലാ ക്രിസ്ത്യാനികളും എല്ലാ മുസ്ലീങ്ങളും ഈ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് സമുദായ നേതാക്കന്മാര്‍ പ്രഖ്യാപിക്കുമ്പോഴും, സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ സമുദായച്ചേരുവകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമ്പോഴും വിജയിക്കുന്നത് സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയത്തിന്റെ തലം അവിടെ ഒതുങ്ങുന്നില്ല. കുട്ടികള്‍ സമുദായത്തിന്റെ ആശുപത്രികളില്‍ ജനിക്കണമെന്നും, സമുദായത്തിന്റെ മതപാഠശാലകളില്‍ മൂല്യബോധനം നേടണമെന്നും, സമുദായത്തിന്റെ വിദ്യാലയങ്ങളില്‍ പഠിക്കണമെന്നും സമുദായ ചിട്ടകളനുസരിച്ച് വിവാഹം കഴിക്കണമെന്നും സമുദായത്തിന്റെ ആശുത്രികളില്‍ പ്രസവിക്കണമെന്നും സമുദായം നിശ്ചയിക്കുന്ന ശ്മശാനത്തില്‍ മരിച്ചുകിടക്കണമെന്നും തീരുമാനിക്കപ്പെടുന്നത് ""പൗരസമൂഹ""ത്തിന്റെയോ ""പൊതു മണ്ഡലത്തിന്റെയോ"" വ്യാപനത്തെയല്ല കാണിക്കുന്നത്, നാശത്തെയാണ്. നവലിബറല്‍ കമ്പോളവ്യവസ്ഥയ്ക്ക് സമുദായവല്‍ക്കരണമോ പൊതുസമൂഹത്തിന്റെ നാശമോ ഒരു പ്രശ്നമല്ല എന്നു കാണിക്കാന്‍ ഇന്ന് വ്യാപകമായി അരങ്ങേറുന്ന സാമുദായിക മാട്രിമണി ഡോട്ട്കോം പരസ്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍മതി. സാമുദായിക സ്വാശ്രയ കോളേജുകളും സാമുദായിക വിവാഹ ബ്യൂറോകളും ചെയ്യുന്ന ധര്‍മ്മം ഒന്നുതന്നെ. അവര്‍ സമുദായത്തെ നിലനിര്‍ത്താന്‍ നവലിബറല്‍ രൂപങ്ങള്‍ ഉപയോഗിക്കുന്നു. തിരിച്ച് നവലിബറല്‍ മൂലധനം സമുദായത്തെ ഉപയോഗിച്ച് സ്വന്തം ആധിപത്യം ഉറപ്പിക്കുന്നു. സമുദായങ്ങളുടെ ഘടകമായി കുടുംബങ്ങള്‍ മാറുന്നതോടെ പ്രജനത്തിന്റെമേലും അതുവഴി സമുദായത്തിന്റെ നിലനില്‍പിന്റെമേലും നിയന്ത്രണം ഉറപ്പിക്കാന്‍ കഴിയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളര്‍ന്നുവന്നിട്ടുള്ള സ്ത്രീപക്ഷവാദങ്ങളില്‍ നല്ലൊരുഭാഗവും സമുദായങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടതാണ്. വിവാഹം, വിവാഹമോചനം, പ്രണയവിവാഹങ്ങള്‍, ഇതര ജാതിമതവിഭാഗങ്ങളുമായുള്ള വിവാഹങ്ങള്‍ തുടങ്ങിയവയുടെ മേലെല്ലാം മതാദ്ധ്യക്ഷരും ജാതിപഞ്ചായത്തുകളും കൊണ്ടുവരുന്ന നിയന്ത്രണങ്ങളും വിലക്കുകളും നാട്ടിലുടനീളം നടക്കുന്ന സദാചാര പൊലീസിങ്ങായി മാറിയത് അടുത്തകാലത്താണ്. അതേസമയം സ്ത്രീയെ ലൈംഗിക ഉപഭോഗവസ്തുവായി ചിത്രീകരിക്കുന്നതില്‍ സമുദായങ്ങളും കമ്പോളശക്തികളും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. സ്വര്‍ണ്ണം, പട്ടുവസ്ത്രങ്ങള്‍, സുഗന്ധലേപനവസ്തുക്കളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും തുടങ്ങിയവയുടെ കമ്പോളം സ്ത്രീകളാണ്. അതേ സ്ത്രീകള്‍ തന്നെ സാമുദായികശക്തികളുടെ ശരീര സങ്കല്‍പത്തിനും മര്യാദകള്‍ക്കും വഴങ്ങുകയും ചെയ്യുന്നു. അടുത്തകാലത്തെ ഒരു സിനിമയില്‍ ബ്യൂട്ടീഷ്യനെക്കൊണ്ട് സൗന്ദര്യം പരമാവധി വര്‍ദ്ധിപ്പിച്ചതിനുശേഷം പര്‍ദ്ദയണിഞ്ഞുപോകുന്ന സ്ത്രീ, കമ്പോളശക്തികളും സമുദായവും യോജിക്കുന്ന സ്ത്രീ സങ്കല്‍പത്തിന് ഉദാഹരണമാണ്.

മൂന്നാമത്, സമുദായസ്വത്വങ്ങളുടെ വളര്‍ച്ച പൗരസമൂഹത്തെയും പൊതുമണ്ഡലത്തെയും തകര്‍ക്കുന്നു. ഇതിനെയാണ് നാം അരാഷ്ട്രീയവല്‍ക്കരണമെന്ന് പറയുന്നത്. രാഷ്ട്രീയവല്‍ക്കരണമെന്നാല്‍ രാഷ്ട്രീയപാര്‍ടികളുടെ വളര്‍ച്ചയല്ല, പൊതുവേദികളിലും സമൂഹത്തിലും ചര്‍ച്ചചെയ്യപ്പെടുന്ന കാലിക പ്രശ്നങ്ങളും അതില്‍ ഓരോ വ്യക്തിയും സ്വതന്ത്രമായി കൈക്കൊള്ളുന്ന നിലപാടുകളുമാണ്. ഇത്തരം നിലപാടുകളുടെ സമ്യക്കായ രൂപങ്ങളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പാര്‍ടികളെയും വളര്‍ത്തുന്നത്. നമ്മുടെ ഇടയില്‍ രാഷ്ട്രീയം വളര്‍ന്നുവന്നത് സംഘടനകള്‍, വായനശാലകള്‍, പൊതുസമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍, സാഹിത്യസമാജങ്ങള്‍, ക്ലബ്ബുകള്‍ മുതലായവയിലൂടെയാണ്. എല്ലാ പൊതുസ്ഥാപനങ്ങളിലും സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും നല്‍കപ്പെട്ടത് ഈ പൊതു സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്ന് അനുക്രമമായി സ്ഥാപനങ്ങളിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും വിലക്കുകള്‍ വരുന്നു. വഴിയോരങ്ങളിലെ പൊതുസമ്മേളനങ്ങള്‍ നിരോധിക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. പക്ഷേ, ഇതൊന്നും സമുദായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമല്ല. അവര്‍ പതിന്മടങ്ങ് ശക്തിയോടെ പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല, ""പൗരസമൂഹം"" എന്നറിയപ്പെടുന്ന എല്ലാ മേഖലകളിലേക്കും കടന്നുകയറുകയും ചെയ്യുന്ന വഴിയോരങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ക്ക് വിലക്കുണ്ടെങ്കിലും ക്ഷേത്രങ്ങള്‍ക്കോ പള്ളികള്‍ക്കോ വഴിയോരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു വിലക്കുമില്ല. അച്ചടിമാധ്യമങ്ങള്‍, ചാനലുകള്‍, പൊതുസ്ഥാപനങ്ങള്‍ മുതലായവയുടെ സിംഹഭാഗവും സമുദായങ്ങള്‍ കൈവശപ്പെടുത്തിയതോടെ ""പൊതു"" മണ്ഡലം സാമുദായിക മണ്ഡലമായി മാറിയിരിക്കുകയാണ്. മൂലധനാധിപത്യത്തിന് അതൊരു തടസ്സവുമല്ല. പക്ഷേ, പൊതു ജനങ്ങളുടെ സ്വതന്ത്ര നിലപാടുകളും ധാരണകളും തമസ്കരിക്കപ്പെടുകയും അവരുടെ ഇടങ്ങളിലേക്കുപോലും ചാനലുകള്‍ കടന്നുകയറുകയും ചെയ്യുന്നു. പൊതുജന ധാരണകള്‍ അവര്‍ക്കുവേണ്ടി ചാനലുകളിലെയും മാധ്യമങ്ങളിലെയും സര്‍വ്വജ്ഞന്മാര്‍ രൂപപ്പെടുത്തുന്നു. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കുവേണ്ടി പരക്കംപായുന്ന സാധാരണക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ആരു രൂപപ്പെടുത്തുന്നതിനും തടസ്സമില്ല. അവരുടെ അഭിപ്രായങ്ങള്‍ എസ്എംഎസ് മെസേജുകളിലൂടെ ""വിലയിരുത്തുമ്പോള്‍"" ചാനല്‍ വിദഗ്ധര്‍ പ്രദര്‍ശിപ്പിക്കുന്ന അവാച്യമായ ജനാധിപത്യ പ്രതിബദ്ധതകൊണ്ട് അവര്‍ തൃപ്തരാകുന്നു. എസ്എംഎസുകളെയും ഫേസ്ബുക്ക് എന്‍ട്രികളെയും ""നിലപാടുകളാ""ക്കി മാറ്റേണ്ട ബാദ്ധ്യത ജനങ്ങള്‍ക്കുമുണ്ടാകുന്നില്ല. ഒപ്പിനിയന്‍ പോള്‍ ജനാധിപത്യം യഥാര്‍ത്ഥ ജനാധിപത്യ സംവാദങ്ങള്‍ക്ക് പകരം നില്‍ക്കുന്നു.

നാലാമത്, സാമുദായിക സ്വത്വങ്ങളുടെ വളര്‍ച്ച ""ബഹുത്വ""ത്തില്‍ അധിഷ്ഠിതമായ സമൂഹത്തിലേക്കു നയിക്കുന്നു. പൗരസമൂഹം ഒരര്‍ത്ഥത്തില്‍ ഏകാത്മകമാണ്. നിലവിലുള്ള ഭരണകൂടത്തിന്റെയും മാര്‍ക്സിസ്റ്റ് ഭാഷയില്‍ ഭരണവര്‍ഗത്തിന്റെയും അധീശത്വത്തിന് വിധേയമായ പൗരസമൂഹമാണ് നമുക്കുള്ളത്. കമ്യൂണിസ്റ്റുകാരുടെ അഭിശപ്തമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കി ശേഷിക്കുന്നത് പൗരന്മാരുടെ നിര്‍വചനം മാത്രമാണ്. വ്യത്യസ്തതയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ക്ക് ഏകീകരിക്കപ്പെട്ട പൗരസമൂഹത്തെക്കുറിച്ചുള്ള ഈ ധാരണകള്‍ സ്വീകാര്യമല്ല. ഈ പൗരന്മാര്‍ സ്വാഭാവികമായും വിവിധ സമുദായക്കാരാണ്, വിവിധ മതക്കാരാണ്, വിവിധ സംസ്കാരങ്ങളുള്ളവരാണ്, വിവിധതരം ലൈംഗികവേഴ്ചകളില്‍ ഏര്‍പ്പെടുന്നവരാണ്. വിവിധതരം സാമൂഹ്യ പദവികളുള്ളവരാണ്. ഇവരെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്നത് ബഹുത്വമാണ്. ബഹുസാമുദായികത, ബഹുസ്വരത, ബഹു സാംസ്കാരികത തുടങ്ങി എത്ര വേണമെങ്കിലും ബഹുത്വങ്ങള്‍ നമുക്കു കാണാം. ബഹുത്വ സങ്കല്‍പത്തിന്റെ ഒരു ഗുണം അത് വര്‍ഗങ്ങളെ ഒഴിവാക്കുന്നു എന്നതാണ്. വര്‍ഗങ്ങളിലും ബഹുത്വമുണ്ട്. മുതലാളിത്തത്തിലെ അടിസ്ഥാന വൈരുദ്ധ്യം മുതലാളിമാരും തൊഴിലാളികളും എന്നു പറയുമ്പോഴും ഒരു പെറ്റി ബൂര്‍ഷ്വാ വിഭാഗത്തെ മര്‍ക്സ് വിസ്മരിക്കുന്നില്ല. തൊഴിലാളികളെ ഉല്‍പാദകരും ഉല്‍പാദനത്തിലേര്‍പ്പെടാത്തവരും എന്ന് വേര്‍തിരിക്കാനും മാര്‍ക്സ് മറക്കുന്നില്ല. പിന്നീട് കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഭൂരഹിതര്‍ തുടങ്ങിയ വിഭാഗങ്ങളെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റുകാരും മടിച്ചിട്ടില്ല. പക്ഷേ ഇത്തരത്തിലുള്ള "ബഹുത്വം" സ്വത്വവാദികള്‍ക്ക് പ്രിയങ്കരമല്ല. കാരണം മനുഷ്യസമൂഹത്തെ പരിശോധിക്കേണ്ടത് അധ്വാനം മുതലായ സാമ്പത്തിക ഘടകങ്ങളില്‍നിന്നല്ല. അയാളുടെ ഉണ്മയില്‍നിന്നാണ്, അവരുടെ സ്വത്വത്തില്‍നിന്നും വ്യത്യസ്തതയില്‍നിന്നുമാണ്. സമൂഹവ്യവഹാരങ്ങളിലൂടെ ""നിര്‍മ്മിക്കപ്പെടുന്ന"" കര്‍തൃത്വങ്ങളില്‍നിന്നാണ്. തൊഴിലും കുടുംബവും സമുദായവുമെല്ലാം ഇങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്. അപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ വര്‍ഗമല്ല നമുക്കാവശ്യം, സാമുദായികവും സാംസ്കാരികവുമായ സ്വത്വങ്ങളുടെ ബഹുത്വമാണ്.

അഞ്ചാമത്, ഇത്തരം സാമുദായിക ബഹുത്വങ്ങള്‍ നേരിടുന്ന പ്രശ്നം അധികാരത്തിേന്‍റതാണ്. സമൂഹവ്യവഹാരങ്ങളുടെ ഭാഗമായി വളര്‍ന്നുവരുന്ന നിര്‍മ്മിതികള്‍ തന്നെയാണ് അധികാരഘടനയെയും നിര്‍ണയിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യവഹാരരൂപത്തെ നമുക്ക് അധികാരം എന്നു പറയാനാവുകയില്ല. ഭരിക്കുന്നവരുണ്ടെങ്കില്‍ ഭരിക്കപ്പെടുന്നവരുമുണ്ട്. അധികാരഘടനയില്‍ ഉള്‍പ്പെടുന്നവരുണ്ടെങ്കില്‍ പുറന്തള്ളപ്പെടുന്നവരുമുണ്ട്. ഭൂരിപക്ഷ സമുദായങ്ങള്‍ അധികാരം നിര്‍ണയിക്കുമ്പോള്‍ ന്യൂനപക്ഷം ഭരിക്കപ്പെടുന്നവരാണ്. സവര്‍ണര്‍ അധികാരം കൈയാളുമ്പോള്‍ അവര്‍ണരും പുരുഷന്മാര്‍ അധികാരികളാകുമ്പോള്‍ സ്ത്രീകളും ഭരിക്കപ്പെടുന്നു. ഇതെല്ലാം കൂടാതെ ഭരണകൂടം പൗരസമൂഹത്തിന്റെമേലും അധികാരം അടിച്ചേല്‍പിക്കുന്നു. സ്വാഭാവികമായും ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ സംഘര്‍ഷങ്ങള്‍ വളര്‍ന്നുവരുന്നു. മുതലാളികളും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷം അവയിലൊന്നുമാത്രമാണ്. ഈ കാഴ്ചപ്പാടനുസരിച്ച് കമ്യൂണിസ്റ്റുകാരുടെ വര്‍ഗസമരവും കേവലമായ അധികാരത്തിന്റെ പ്രശ്നം മാത്രമായി തീരുന്നു. കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന ഓരോ സമരവും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം അധികാര വടംവലിയുടെ വിവിധ രൂപങ്ങള്‍ മാത്രമായി ചിത്രീകരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി വിവിധ പക്ഷങ്ങളും ""ലോബികളും"" പ്രത്യക്ഷപ്പെടുന്നു. അധികാരത്തിന്റെ ഘടനപോലും സവര്‍ണമേധാവിത്വം, ആഭ്യന്തര കൊളോണിയലിസം, ബ്രാഹ്മണാധിപത്യം, ഭരണകൂട ഭീകരത, വിവിധതരം ""ലോബി""കളുടെ ആധിപത്യം മുതലായ പ്രയോഗങ്ങളുപയോഗിച്ചാണ് വിശദീകരിക്കുന്നത്. അവിടെ ഒരിക്കലും മൂലധനാധിപത്യം, സാമ്രാജ്യത്വം മുതലായ വാക്കുകള്‍ പ്രത്യക്ഷപ്പെടാറില്ല എന്നതും ഉറപ്പുവരുത്തപ്പെടുന്നു. കമ്യൂണിസ്റ്റ് പ്രയോഗങ്ങള്‍ ഒരിടത്തും കടന്നുവരരുത് എന്ന നിര്‍ബന്ധബുദ്ധിയുടെ സൂചന കൂടിയാണത്. ഇവയെല്ലാം ചേര്‍ന്ന് കമ്യൂണിസ്റ്റ് വിരുദ്ധതക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഇതിന്റെ ഏറ്റവും രസകരമായ ഉദാഹരണമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഹിംസ എന്ന സങ്കല്‍പം. ഹിംസയുടെ അടിസ്ഥാനതത്വം ഇരകളെയും ശത്രുക്കളെയും വകവരുത്തുക എന്നതാണ്. യുദ്ധങ്ങള്‍ ചരിത്രത്തില്‍ ഹിംസയുടെ പ്രതിരൂപമാണ്. അധികാരമുള്ളിടത്തോളം കാലം ഹിംസയും ഉണ്ടാകും. അധികാരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്തിയും ശിക്ഷിച്ചും ഹിംസിച്ചും അച്ചടക്കം പഠിപ്പിക്കുന്നു. മാര്‍ക്സിസ്റ്റ് നിലപാടായ സാമൂഹ്യ വിപ്ലവങ്ങളും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും ഹിംസയുടെയും ""ഭരണകൂട ഭീകരത""യുടെയും രൂപങ്ങളാണെന്ന് സമര്‍ത്ഥിക്കപ്പെടുകയാണ്. ഇതിനുതെളിവായി 1930കളില്‍ സ്റ്റാലിന്റെ നിയന്ത്രണത്തില്‍ നടത്തിയ കുറ്റവിചാരണകളെയും ശിക്ഷകളെയും വധങ്ങളെയും കൊണ്ടുവരുന്നു. സ്റ്റാലിനിസം മാര്‍ക്സിസ്റ്റുകാരുടെ ""ഭരണകൂട ഭീകരത""യാണ്. അതുതന്നെയാണ് അവര്‍ അതിനെ സൈദ്ധാന്തികതലത്തില്‍ ലോകമെമ്പാടും കൊണ്ടു നടക്കുന്നത്. ഇതിന്റെ അവസാനത്തെ തെളിവുകളാണ് ചന്ദ്രശേഖരന്‍ വധവും എം എം മണിയുടെ പ്രസംഗത്തിലൂടെ ""തെളിയിക്കപ്പെട്ട"" വസ്തുതകളും. അതുകൊണ്ട്, ഇന്നു നമ്മുടെ മുമ്പിലുള്ള കൊടും ഭീകരര്‍ കമ്യൂണിസ്റ്റുകാരാണ്. അവരെ ഒറ്റപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുക എന്നത് മാനവികാവകാശത്തിന്റെയും ""ജനാധിപത്യ""ത്തിന്റെയും നിലനില്‍പിന് അനിവാര്യമാണ്. ഈ ""തീസിസ്"" ഒറ്റയടിക്ക് നിരവധി ലക്ഷ്യങ്ങള്‍ നിറവേറ്റുന്നുണ്ട്.

ഒന്ന്, അധികാരം ആരുടെ കയ്യിലായാലും അവര്‍ ഇരകളെ നശിപ്പിക്കും. പാര്‍ടി നേതാക്കള്‍ അത്തരത്തിലുള്ള അധികാരികളാണ്. അവര്‍ ഭീഷണിപ്പെടുത്തിയും ശിക്ഷിച്ചും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചും സ്വന്തം അനുയായികളെ നിലയ്ക്ക്നിര്‍ത്തുന്നു.

രണ്ട്, ഈ അധികാരരൂപം പരമ്പരാഗത രാഷ്ട്രീയത്തിന്റെ ശാപമാണ്, കമ്യൂണിസ്റ്റ് രാഷ്ട്രീയം അതിന്റെ ഭീതിദമായ "അന്തിമഘട്ട"മാണ്.

മൂന്ന്, നവലിബറലിസം, വര്‍ഗീയത മുതലായ ""ബൃഹദാഖ്യാന""ങ്ങള്‍ അപ്രസക്തമാണ്. അധികാരേച്ഛയുടെ ഫലമായി പ്രത്യേക ഗ്രൂപ്പുകളും വ്യക്തികളും നടത്തുന്ന ഭീകരതകളെയാണ് എതിര്‍ക്കേണ്ടത്. അതില്‍ ഇടതുപക്ഷം തന്നെയാണ് മുഖ്യശത്രു. അതുകൊണ്ട് നവലിബറലിസത്തിനും വര്‍ഗീയതയ്ക്കുമെതിരായ പൊതുസമരങ്ങള്‍ക്കും പ്രചരണത്തിനും പകരം പ്രത്യേക സമരമുഖങ്ങളില്‍ (പ്രോജക്റ്റുകളില്‍) ഇടപെടുകയാണ് വേണ്ടത്. പ്ലാച്ചിമട മുതല്‍ ചന്ദ്രശേഖരന്‍ വധം വരെ അത്തരത്തിലുള്ള പ്രോജക്ടുകളാണ്.

നാല്, അധികാരരൂപങ്ങളും ചെറുത്തുനില്‍പുകളും വ്യക്തികളുടെ ഉണ്മയിലും കര്‍തൃത്വങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് ബൃഹദ്സംഘടനകളും പാര്‍ടികളും ഭീകരതയുടെ രൂപങ്ങളായി മാറുകയും കൃത്രിമമായ അംഗീകാരം ജനങ്ങളുടെ ഇടയില്‍നിന്ന് കവര്‍ന്നെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് സാമൂഹ്യവിപ്ലവങ്ങള്‍ക്ക് പാര്‍ടിയുടെയോ സംഘടനകളുടെയോ ആവശ്യമില്ല. കര്‍തൃത്വങ്ങളുടെ പരസ്പരച്ചേരുവകള്‍ (ഐക്യപ്പെടലുകള്‍) മാത്രം മതി.

അഞ്ച്, മൂലധനം, സമുദായങ്ങള്‍ മുതലായവ അധികാരരൂപങ്ങളായി നിലനില്‍ക്കുമെന്നത് സ്വാഭാവികം മാത്രമാണ്. അത്തരം അധികാരരൂപങ്ങള്‍ വ്യക്തികളുടെ സ്വത്വങ്ങളെ ഹനിക്കുമ്പോള്‍ ഐക്യപ്പെടലുകള്‍ ആവശ്യമായിവരും. കേരളത്തിലുടനീളം ഉയര്‍ന്നുവരുന്ന സ്ത്രീപീഡനക്കേസുകള്‍ ഉദാഹരണമാണ്. അതേസമയം ഇത്തരം സമുദായങ്ങളും അവരുടെ സ്വത്വത്തിനുവേണ്ടി അധികാരത്തിലുള്ള സമുദായങ്ങളുമായി സമരം നടത്തുന്നുണ്ടെന്നും തിരിച്ചറിയണം. അതുകൊണ്ട് സമുദായത്തിനകത്തുള്ള സംഘര്‍ഷങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചുകൊള്ളും. പുറത്തുനിന്നുള്ള ഇടപെടലുകള്‍ സമുദായസ്വത്വത്തിനെതിരായ കടന്നാക്രമണമാണ്.

ആറ്, വര്‍ഗസമരങ്ങള്‍ ഇനി ആവശ്യമില്ല, അത്തരത്തിലുള്ള വര്‍ഗങ്ങള്‍ കമ്യൂണിസ്റ്റുകാരുടെ നിര്‍മ്മിതികള്‍ മാത്രമാണ്. ഇരകളുടെ കലാപങ്ങള്‍ മാത്രമാണ് ഇനി ആവശ്യം.

ഈ തീസിസ് മൂടിവെക്കുന്ന കാര്യങ്ങളുമുണ്ട്. വ്യക്തിഗത പീഡനങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളാകുമ്പോള്‍ കലാപം നടത്തണം, അല്ലാത്തവയെ ചെറുക്കേണ്ടത് വ്യക്തിയുടെ കടമയാണ്. ഉദാഹരണത്തിന്, കുട്ടികളെ നിര്‍ബന്ധിച്ച് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുമ്പോഴും അവിടെ കര്‍ക്കശമായ അച്ചടക്കത്തില്‍ നിര്‍ത്തുമ്പോഴും സ്വത്വങ്ങള്‍ക്ക് ഇടപെടാനുള്ള സാഹചര്യമില്ല. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും രക്ഷിതാക്കള്‍ തീരുമാനിക്കുമ്പോഴും അന്തര്‍ജാതീയ വിവാഹങ്ങള്‍ വിലക്കുമ്പോഴും അങ്ങനെ തന്നെയാണ്. സാമുദായിക സ്വത്വങ്ങള്‍ വ്യക്തികളെ ജനം മുതല്‍ മരണംവരെ എല്ലാ തലങ്ങളിലും വിലങ്ങുകളിടുമ്പോള്‍ അതു സമുദായത്തിന്റെ ആന്തരിക പ്രശ്നവും അവര്‍ തന്നെ തീരുമാനിക്കേണ്ടതുമാണ്, മറ്റുള്ളവര്‍ക്ക് ഇടപെടാനുള്ള അധികാരമില്ല. അതോടെ മനുഷ്യാവകാശങ്ങളുടെ ഏറ്റവും ഹീനമായ ലംഘനംപോലും മൂടിവെയ്ക്കപ്പെടുന്നു. ഈയിടെയായി ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് രണ്ടു സഹോദരന്മാര്‍ വധിക്കപ്പെട്ടപ്പോള്‍, മറുവശത്ത് ഒരു എംഎല്‍എയുടെ സാന്നിധ്യം ഉണ്ടായിട്ടുപോലും അതു ""ഭരണകൂട ഭീകരത""യായും ""ഹിംസ""യായും ആരും കണ്ടില്ല. അത് സാമുദായിക സ്വത്വത്തെ ചിലര്‍ മാനിക്കാത്തതിന്റെ പ്രശ്നം മാത്രമാണ്. മറ്റൊരു സമുദായ ഭൂരിപക്ഷ പ്രദേശത്തില്‍ ഒരു യുവാവിനെ സംഘം ചേര്‍ന്ന് വധിച്ചപ്പോഴും പ്രതികരണം വ്യത്യസ്തമായിരുന്നില്ല. കുറ്റം സദാചാരലംഘനമായിരുന്നല്ലോ. "ഗാന്ധിയന്‍" മുഖമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് ആരെയെങ്കിലും കൊല്ലാന്‍ ഗുണ്ടകളെ വിട്ടാല്‍ അത് വ്യക്തിഗതമായ ഒരു "പാളിച്ച" മാത്രമാകും, ഭീകരതയാകില്ല. ഗാന്ധിജി എന്തായാലും സ്റ്റാലിനല്ലല്ലോ. അതിശക്തനായ ഒരു മന്ത്രിക്കെതിരെ പത്തുകൊല്ലത്തിലധികം കാലം നിലനില്‍ക്കുന്ന വ്യഭിചാരാരോപണം സമുദായവും അധികാരരൂപങ്ങളും ചേര്‍ന്നാണ് തടഞ്ഞുനിര്‍ത്തുന്നത്. അതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം. പക്ഷേ, അതു തടയാന്‍ വേണ്ടി നടത്തിയ തന്ത്രങ്ങളെ ""ഭരണകൂട ഭീകരത""യായല്ല, മന്ത്രിയുടെ സാമര്‍ത്ഥ്യമായാണ് വിലയിരുത്തുന്നത്. ഏതായാലും അതുകൊണ്ട് ആര്‍ക്കും ജീവന്‍ പോയതായി തെളിവില്ല. ആത്യന്തികമായി വ്യഭിചാരം ഒരു സമുദായപ്രശ്നമല്ലേ? അപ്പോള്‍, ബുദ്ധിജീവികളുടെ ഭാഷയില്‍, ഹിംസ ഒരു വ്യവഹാരമാണ്. അതിന്റെ ""അപരന്‍"" കമ്യൂണിസവുമാണ്.

കമ്യൂണിസം വ്യക്തിപരമായ "ഉണ്മ"കളെയും സമുദായങ്ങളെയും കേവലമായ അധികാരസങ്കല്‍പങ്ങളെയും ബഹുത്വത്തെയും എതിര്‍ക്കുന്നു. സമുദായത്തിനുപകരം സമൂഹത്തെ കൊണ്ടുവരികയും അതിനെ വൈരുദ്ധ്യാത്മകമായ സാമാന്യതയായി കാണുകയും ചെയ്യുന്നു. ഈ സാമാന്യതയുടെ ചലനാത്മക രൂപമാണ് ചരിത്രം. വര്‍ഗസമരങ്ങള്‍ സമൂഹത്തിന്റെ വൈരുദ്ധ്യാത്മകതയുടെ പ്രകടനങ്ങളാണ്. സമൂഹമാറ്റങ്ങളില്‍ മനുഷ്യാധ്വാനത്തിലും അതിന്റെ ഫലമായി വളര്‍ന്നുവരുന്ന ഉല്‍പാദനശക്തികളിലും ഊന്നുന്ന കമ്യൂണിസം ആത്യന്തികമായി ലക്ഷ്യമിടുന്നത് മനുഷ്യരെല്ലാം ഉള്‍ക്കൊള്ളുന്ന വ്യക്തികളുടെ സ്വതന്ത്രമായ സംഘങ്ങളെ അടിത്തറയാക്കുന്ന യഥാര്‍ത്ഥ മാനവികതയെയാണ്. അത് സ്വത്വങ്ങളെയോ താല്‍ക്കാലികമായി ഉയരുന്ന കൂട്ടായ്മ രൂപങ്ങളെയോ നിഷേധിക്കുന്നില്ല. അതിനോടൊപ്പം ഇത്തരം രൂപങ്ങള്‍പ്പുറം കടന്ന് വളര്‍ന്നുവരുന്ന മനുഷ്യബന്ധങ്ങളില്‍ ഊന്നുന്നുവെന്നു മാത്രം.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലം കോടിക്കണക്കിനു ജനങ്ങളെ ആവേശം കൊള്ളിക്കുകയും അവരെ സര്‍ഗധനരാക്കുകയും പോരാടാന്‍ പ്രാപ്തരാക്കുകയും ചെയ്ത ഈ ആശയസംഹിതയാണ് ""സ്റ്റാലിനിസ്റ്റ് ഭീകരത""യും ഹിംസയും നേതാക്കന്മാരുടെയും ""ലോബി""കളുടെയും പേക്കൂത്തുകളുമായി ചിത്രീകരിച്ച് അഗണ്യകോടിയില്‍ തള്ളുന്നത്. ഇതിന്റെ അര്‍ത്ഥം കമ്യൂണിസ്റ്റുകാര്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടില്ല എന്നല്ല. പക്ഷേ മാര്‍ക്സിസം ഒരു തുറന്ന ചിന്താ പ്രവര്‍ത്തന പദ്ധതിയാണ്. കര്‍തൃത്വങ്ങളെയും സമുദായങ്ങളെയുംപോലെ സ്വന്തം വാതിലുകള്‍ കൊട്ടിയടച്ച ഇടുങ്ങിയ രൂപങ്ങളല്ല. തെറ്റുകളെ സ്വയം വിമര്‍ശനപരമായി പരിശോധിച്ച് മുന്നോട്ടുപോകുന്നതിലാണ് കമ്യൂണിസ്റ്റുകാരെന്‍റ ശക്തി കിടക്കുന്നത്. സ്റ്റാലിനിസമടക്കമുള്ള വ്യതിയാനങ്ങളെ ശക്തമായി വിമര്‍ശിക്കാനും പാഠങ്ങളുള്‍ക്കൊണ്ട് മുന്നോട്ടുപോകാനും കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ, സ്റ്റാലിനിസത്തിനെതിരായ ഏറ്റവും നിശിതമായ വിമര്‍ശനം നടന്നതും മാര്‍ക്സിസ്റ്റ് ചിന്താധാരയില്‍നിന്നാണ്. അതുപോലെ ഇന്നത്തെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും ഗുണദോഷവിചാരം നടത്താന്‍ കമ്യൂണിസ്റ്റുകാര്‍ ബാധ്യസ്ഥരുമാണ്.

അത്തരത്തിലുള്ള ഗുണദോഷവിചാരമല്ല പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. കമ്യൂണിസത്തെ മാത്രമല്ല, കമ്യൂണിസം രൂപംകൊണ്ട സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സെക്കുലര്‍ പൊതുമണ്ഡലത്തിന്റെയും പ്രായോഗിക രൂപങ്ങള്‍ക്കെതിരായ സംഘടിതാക്രമണമാണ് ഇന്നു നടക്കുന്നത്. കമ്യൂണിസ്റ്റ് വിരോധത്തിന്റെ മറവില്‍ കേരളത്തിലെ സമസ്ത ജീവിതമേഖലകളെയും മൂലധനശക്തികള്‍ക്ക് മുന്നില്‍ അടിയറവെയ്ക്കാനുള്ള നീക്കങ്ങളാണ് വലതുപക്ഷം ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത്. കേരള ജനത സ്വന്തം പോരാട്ടങ്ങളിലൂടെ നേടിയെടുത്തതെല്ലാം ഇന്ന് കവര്‍ന്നെടുക്കപ്പെടുകയാണ്. അതിനെയാണ് നാം യാഥാസ്ഥിതിക പ്രതിവിപ്ലവം എന്ന് ഇവിടെ വിളിക്കുന്നത്.

യാഥാസ്ഥിതിക പ്രതിവിപ്ലവത്തിന്റെ ഭാവിസാധ്യതകളും നാം കാണേണ്ടതാണ്. കേരളത്തിലെ ജനമനസ്സുകളെ ഇപ്പോള്‍തന്നെ നിയന്ത്രിക്കുന്ന വാണിജ്യമാധ്യമ രൂപങ്ങളുടെയും അവര്‍ വഴിയായി വ്യാപിക്കുന്ന സ്വര്‍ണക്കച്ചവടക്കാരും പണമിടപാടുകാരും, റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരും ചൂതാട്ടക്കാരും സ്വാശ്രയ ബിസിനസ്സുകാരുമടങ്ങുന്ന നവലിബറല്‍ ക്രോണി മുതലാളിത്തത്തിന്റെ ആധിപത്യം വളര്‍ന്നുവരും. ഇപ്പോള്‍ തന്നെ മാധ്യമങ്ങളെ നിലനിര്‍ത്തുന്നത് റിയാലിറ്റി ഷോകള്‍ മുതല്‍ കോടീശ്വരനും സമ്മാനമഴയുംപോലുള്ള കാസിനോ രൂപങ്ങളാണ്. അവയുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വേട്ട നടത്തുന്നതും. അതിനു അനുപൂരകമായി സമുദായങ്ങള്‍ ജനമനസ്സുകളില്‍ ആധിപത്യം പുലര്‍ത്തുകയും സമുദായ ""ബഹുത്വ""വും വ്യത്യസ്തതകളും ജനങ്ങള്‍ മനസ്സിലാക്കുന്ന ഏകവൈരുദ്ധ്യമായി രൂപംകൊള്ളുകയും ചെയ്യും. ക്രോണിമുതലാളിമാരും ചൂതാട്ടക്കാരും ജനങ്ങള്‍ക്ക് ""ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ"" ജീവിതം നല്‍കുന്ന, "മനുഷ്യസ്നേഹി""കളായി മാറിക്കൊണ്ടിരിക്കുകയാണ്. മണല്‍മാഫിയക്കാര്‍ നിലനിര്‍ത്തുന്ന എത്രയോ ജീവിതങ്ങളില്ലേ? ഗോള്‍ഡ്ലോണ്‍ ചെയിനുകളും മണിചെയിനുകളും ലോട്ടറികളും എത്രപേര്‍ക്കാണ് വരുമാനമുണ്ടാക്കുന്നത്?

കമ്യൂണിസം തകരുന്നതോടെ മാനവികതയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍പോലും തകരുകയും മനുഷ്യരെല്ലാം മുസ്ലിങ്ങളും ക്രിസ്ത്യാനികളും നായന്മാരും ""ദളിതരു""മൊക്കെയായി മാറുകയും ചെയ്യും. മനുഷ്യാവകാശങ്ങളും "മനുഷ്യപക്ഷ"വും എല്ലാം സമുദായാവകാശങ്ങളും സമുദായപക്ഷവുമായി മാറും. വ്യക്തിജീവിതങ്ങളിലെ പ്രണയം, സ്നേഹം, സംതൃപ്തി തുടങ്ങിയവയെല്ലാം പണത്തിന്റെയും സമുദായത്തിന്റെയും ""അധികാര രൂപങ്ങളുടെ"" മുമ്പില്‍ ബലികഴിക്കപ്പെടുകയും അവര്‍ നിര്‍ണയിക്കുന്ന പുതിയ കര്‍തൃത്വങ്ങള്‍ മാത്രം നിലനില്‍ക്കുകയും ചെയ്യും. സംഘടനകളും പാര്‍ടികളുമില്ലാതാകുന്ന, ""ഐക്യപ്പെടലുകള്‍"" മാത്രം നടക്കുന്ന ആ സുവര്‍ണകാലത്തില്‍ ചെറുത്തുനില്‍പുകള്‍ ബുദ്ധിജീവികളുടെയും ""സന്നദ്ധ പ്രവര്‍ത്തകരുടെയും"" വെടിവട്ടങ്ങളുടെ വേദികളായി മാത്രം സംഘടിപ്പിക്കപ്പെടുകയും പൗരസമൂഹങ്ങള്‍ തകരുന്നതോടെ അവ വെറും അധരവ്യായാമങ്ങള്‍ മാത്രമായി മാറുകയും ചെയ്യും. ഇത്തരം മാറ്റങ്ങള്‍ പലതും നവലിബറല്‍ - സാമുദായികാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഇപ്പോള്‍തന്നെ അരങ്ങേറുകയാണ്. എല്ലാ ചെറുത്തുനില്‍പുകളും അവസാനിക്കുന്ന, കര്‍തൃത്വങ്ങളും സമുദായങ്ങളും അരങ്ങുതകര്‍ക്കുന്ന, അല്ലെങ്കില്‍ സ്കിസോഫ്രീനിക്കുകളായി മാറുന്ന ആ മോഹനലോകത്തെ നമുക്ക് ഫാസിസം എന്നും വിളിക്കാം. കമ്യൂണിസത്തിന് യാഥാസ്ഥിതിക പ്രതിവിപ്ലവകാരികള്‍ നിര്‍ദ്ദേശിക്കുന്ന ബദല്‍ ഫാസിസമാണ്. പ്രതിവിപ്ലവം നമ്മെ എത്തിക്കുന്നത് ഫാസിസത്തിലേക്കാണ്. മൂലധനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തിമരൂപവും അതുതന്നെയാകും.

അതേസമയം പ്രതിവിപ്ലവകാരികള്‍ മറച്ചുവെയ്ക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. അവര്‍ കൊട്ടിഘോഷിക്കുന്ന ""മുല്ലപ്പൂ"" വിപ്ലവം ഒരു സാമൂഹ്യവിപ്ലവത്തിലേക്ക് നയിക്കുമെന്ന സൂചനയില്ല. ആത്യന്തികമായി അവ നവലിബറലിസത്തിന് കീഴടങ്ങാനുള്ള സാധ്യത ഏറെയാണ്. പക്ഷേ സാമ്രാജ്യത്വ രാഷ്ട്രങ്ങളിലും ലാറ്റിന്‍ അമേരിക്കയിലും ""കര്‍തൃത്വ""ങ്ങള്‍ക്കും സ്വത്വങ്ങള്‍ക്കും അതീതമായി നവലിബറലിസത്തിനെതിരായി വളര്‍ന്നുവരുന്ന ചെറുത്തുനില്‍പുകളെ അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ""സ്റ്റാലിനിസ്റ്റ് ഭീകരത""യെ കുഴിച്ചുമൂടാനുള്ള വ്യഗ്രതയില്‍ അവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന സമരങ്ങളെയും പ്രതിരോധങ്ങളെയും തമസ്ക്കരിക്കുന്നു. അവര്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന സംഘടിത പ്രതിരോധത്തിനുള്ള സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ടെന്നല്ലേ അതിന്റെ അര്‍ത്ഥം? യാഥാസ്ഥിതിക പ്രതിവിപ്ലവകാരികള്‍ നവലിബറലിസത്തിന്റെയും സാമുദായികതയുടെയും കുഴലൂത്തുകാരാണെന്ന് അവര്‍ തന്നെ ഉറക്കെ പ്രഖ്യാപിക്കുകയല്ലേ ചെയ്യുന്നത്?

*
കെ എന്‍ ഗണേശ് ദേശാഭിമാനി ജന്മദിന പതിപ്പ് 2012

Thursday, March 15, 2012

മുതലാളിത്ത പ്രതിസന്ധി 1

ഇന്ന് ഗ്രീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, സമകാലീന ലോകമുതലാളിത്തത്തിന്റെ കൂടുതല്‍ അഗാധമായ കുഴപ്പത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ കുഴപ്പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്, ഒരു സമ്പദ്വ്യവസ്ഥ എന്ന നിലയിലുള്ള മുതലാളിത്തത്തിന്റെ ചില അടിസ്ഥാന സവിശേഷതകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്‍കീഴില്‍ , ആസ്തികളുടെ സിംഹഭാഗവും, പ്രത്യക്ഷത്തില്‍ ഭൗതിക ആസ്തികളുടെ രൂപത്തിലല്ല കൈവശംവെയ്ക്കപ്പെടുന്നത്; മറിച്ച് ഭൗതിക ആസ്തികളുടെ മേലുള്ള അര്‍ഹതയുടെ (ക്ലെയിം) രൂപത്തില്‍ പരോക്ഷമായിട്ടാണ്; അതായത് പണത്തിന്റെയും ധനആസ്തികളുടെയും രൂപത്തില്‍ . പരോക്ഷമായ ഈ അര്‍ഹതകള്‍ക്ക് (ക്ലെയിം) പല രൂപങ്ങളുണ്ട്; അഥവാ പല "അടുക്കു"കളുണ്ട്. അതായത് ഒരു ഫാക്ടറിയോ കെട്ടിടമോ പോലെയുള്ള ഭൗതിക ആസ്തികളുടെ മേല്‍ ആസ്തിയുടമക്കുള്ള അര്‍ഹതപോലെയുള്ള അവകാശം അഥവാ അര്‍ഹത. ഇത്തരം എല്ലാ അര്‍ഹതകള്‍ക്കും പണത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുമുണ്ട്. ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ (ചരക്കാണ് ആത്യന്തികമായി പ്രധാനപ്പെട്ട കാര്യം) ഈ അര്‍ഹതകളുടെ മൂല്യങ്ങളും മാറിയേയ്ക്കാവുന്നതാണ്. ഒന്നുകില്‍ അങ്ങനെ സംഭവിക്കുന്നത്, ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം മാറ്റമില്ലാതെ നിലനില്‍ക്കുമ്പോഴും, പണത്തെ മുന്‍നിര്‍ത്തിയുള്ള അവയുടെ (അര്‍ഹതകളുടെ) മൂല്യങ്ങള്‍ മാറുന്നതുകൊണ്ടാവാം ("കുമിളകള്‍" ഉണ്ടാകുന്നതിലും തകരുന്നതിലും അതാണ് സംഭവിക്കുന്നത്); അഥവാ ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം തന്നെ മാറുന്നതുകൊണ്ടുമാവാം അങ്ങനെ സംഭവിക്കുന്നത്.

കുമിളകളും അവയുടെ തകര്‍ച്ചയും ചില പ്രത്യേക തരം അര്‍ഹതകളെ ബാധിക്കുന്നതുകൊണ്ട് (ഉദാഹരണത്തിന് ഡോട് കോം കുമിളയും പാര്‍പ്പിടകുമിളയും) ചരക്കുകളെ മുന്‍നിര്‍ത്തിയുള്ള പണത്തിന്റെ മൂല്യത്തിന്റെ തകര്‍ച്ചയാണ്, എല്ലാ അര്‍ഹതകളുടെയും ചരക്കുമൂല്യത്തെ ബാധിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഗൗരവമായിട്ടുള്ളത് അതാണ്. അത്തരം തകര്‍ച്ചകളെ തടഞ്ഞുനിര്‍ത്തുന്നതെങ്ങ നെയാണ്? അതായത് ചരക്കുകളെ മുന്‍നിര്‍ത്തിയുള്ള പണത്തിന്റെ മൂല്യം നിലനിര്‍ത്തുന്നതെങ്ങനെയാണ്? ഒരു രാജ്യത്തിനുള്ളില്‍ ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം ഗവണ്‍മെന്‍റിന്റെ തീട്ടൂരങ്ങള്‍ക്കനുസരിച്ചാണ് നിലനിര്‍ത്തപ്പെടുന്നത് എന്ന് കരുതുന്നത് അബദ്ധമാണ്. സ്വയമേവ ഏറെക്കുറെ വിലയില്ലാത്ത കടലാസ് തുണ്ടുകള്‍ക്ക് ഗവണ്‍മെന്റിന്റെ അംഗീകാരമുണ്ട് എന്നതിനാല്‍ ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ട് ആ കടലാസ് തുണ്ടുകള്‍ക്ക് വിലയുണ്ട് എന്ന് കരുതുന്നത് അബദ്ധമാണ്. (ഗവണ്‍മെന്‍റ് നികുതി പിരിക്കുന്നത് ഈ കടലാസ് തുണ്ടുകളിലൂടെയാണല്ലോ). ഇക്കാര്യം മനസ്സിലാക്കുന്നതിന്, പണത്തിന്റെ ചരക്ക് മൂല്യത്തിന്റെ തകര്‍ച്ചയോടൊപ്പം ഉണ്ടാകുന്ന അത്യധികം ഉയര്‍ന്ന നാണയപ്പെരുപ്പത്തിന്റെ സ്ഥിതിയൊന്നു വിഭാവനം ചെയ്താല്‍ മതി. അത്തരമൊരു അവസ്ഥയുണ്ടാകുമ്പോള്‍ പണമോ പണത്തിന്റെ പേരിലുള്ള (ഫിനാന്‍ഷ്യല്‍) ആസ്തികളോ കയ്യില്‍വെയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കാന്‍ ഗവണ്‍മെന്റിന്റെ ഒരു തീട്ടൂരംകൊണ്ടും കഴിയുകയില്ല. അതിനാല്‍ അത്തരം സ്ഥിതിഗതികള്‍ ഉയര്‍ന്നുവരുന്നതിനെ തടയുന്ന "മറ്റെന്തോ ഒന്ന്" ഉണ്ടായിരിക്കണം - അത്, ആ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ അന്തര്‍ലീനമായിത്തന്നെ ഉള്ളതുമായിരിക്കണം.

ഒരു നിശ്ചിത കാലയളവില്‍ പണ വേതനം, മാതൃകാപരമാംവിധത്തില്‍ സ്ഥിരമായി നിലനിര്‍ത്തപ്പെടുന്നു, ഇനി അഥവാ അത് മാറുന്നുവെങ്കില്‍ത്തന്നെ, ആ മാറ്റം കാലംകൊണ്ട്, പതുക്കെ മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന വസ്തുതയിലാണ്, അത് നിലനില്‍ക്കുന്നത്. ഏതൊരു സമ്പദ്വ്യവസ്ഥയിലും പണത്തിന്റെ മൂല്യം യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തപ്പെടുന്നത് ഈ വസ്തുതയാലാണ് - അതായത് ഒരു നിര്‍ണായകമായ ചരക്കിന്റെ മൂല്യംകൊണ്ട്. അതായത് അതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ശക്തി നിശ്ചയിക്കപ്പെടുന്നത്. മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തൊഴില്‍ അസാധ്യമാണ് തൊഴില്‍സേനയുടെ ഒരു കരുതല്‍ശേഖരത്തെ നിലനിര്‍ത്തിക്കൊണ്ടാണ് ഇത് സാധിക്കുന്നത്. ട്രേഡ് യൂണിയനുകളെ ദുര്‍ബലപ്പെടുത്തുക എന്നതാണ് കരുതല്‍ തൊഴില്‍സേനയുടെ ദൗത്യം. വിലക്കയറ്റം ഉണ്ടാകുന്ന അവസരത്തില്‍പ്പോലും പണവേതന വര്‍ധന നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതി അതുമൂലം സംജാതമാകുന്നു.
പല കാരണങ്ങളാല്‍ മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തോതിലുള്ള തൊഴില്‍ അസാധ്യമാണ് - അവയില്‍ ഒരു പ്രധാനപ്പെട്ട കാരണം ഇതാണ്: അതായത് മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തൊഴില്‍ എന്നത്, പണത്തിന്റെ സംഭരണമൂല്യത്തിന്റെ പങ്കുമായി യോജിച്ചു പോകുന്നതല്ല. എന്നാല്‍ , പണവേതനം (അതായത് തൊഴില്‍ശക്തിയുടെ മൂല്യം) ഓരോ രാജ്യത്തിനുള്ളിലും പിടിച്ചുനില്‍ക്കുന്നതുകൊണ്ടു മാത്രമായില്ല.ഒരു പ്രത്യേക രാജ്യത്തിലെ തൊഴില്‍ശക്തി ഉപയോഗിച്ചുകൊണ്ട് ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നുവെന്നിരിയ്ക്കട്ടെ. ആ ചരക്കുകള്‍ , ആ രാജ്യത്ത് നിലനില്‍ക്കുന്ന പണവേതനംകൊണ്ട് (നിലവിലുള്ള വിനിമയ നിരക്കില്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍) വാങ്ങാമെങ്കിലും അവ വാങ്ങാന്‍ ആരുമില്ലെന്നും ഇരിയ്ക്കട്ടെ. അങ്ങനെ വരുമ്പോള്‍ ആ രാജ്യത്തിലെ ആസ്തിയുടെ മേല്‍ ഫിനാന്‍ഷ്യല്‍ അര്‍ഹത കൈവശംവെച്ചുകൊണ്ടിരിക്കുന്നവര്‍ അസ്വസ്ഥരായിത്തീരും. ആ രാജ്യത്ത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള അവരുടെ അര്‍ഹതകളുടെ മൂല്യം സ്ഥിരമായി നില്‍ക്കുമെങ്കിലും, ആ ചരക്കുകള്‍ വില്‍ക്കാന്‍ കഴിയില്ലെങ്കില്‍ , അവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ വിലയൊന്നും കാണുകയില്ല. വില്‍ക്കാന്‍ കഴിയാത്ത, പണമാക്കി മാറ്റാന്‍ കഴിയാത്ത ചരക്കുകള്‍ക്ക് പണത്തിന്റെ പ്രാതിനിധ്യം വഹിയ്ക്കാനും കഴിയുകയില്ല. അതിനാല്‍ ഓരോ രാജ്യത്തെയും പണവേതനത്തിന് അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയണമെന്ന് മാത്രമല്ല അന്നന്നു നിലവിലുള്ള വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ മല്‍സരക്ഷമമായിത്തീരുമ്പോള്‍ അതിനു പിടിച്ചുനില്‍ക്കാനും കഴിയണം. ആ പ്രത്യേക രാജ്യത്തില്‍ ഫിനാന്‍ഷ്യല്‍ അര്‍ഹതകള്‍ കൈവശംവെയ്ക്കുന്നവര്‍ , തങ്ങളുടെ അര്‍ഹതകള്‍ കൈവശം തന്നെ വെയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോള്‍ കാര്യം ഇങ്ങനെ ആയി കൊള്ളണമെന്നില്ല. (അവര്‍ക്ക് മുന്നിലുള്ള ഒരേയൊരു ബദല്‍ മാര്‍ഗം ചരക്കുകള്‍ കൈവശംവെയ്ക്കുക എന്നതാണ്). എന്നാല്‍ ആ രാജ്യത്തില്‍ കൈവശംവെയ്ക്കുന്ന അര്‍ഹതകള്‍ , അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തെ അര്‍ഹതകളാക്കി മാറ്റാന്‍ കഴിയുകയാണെങ്കില്‍ , അതായത് ഫിനാന്‍സിന് വിവിധ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി ചലിക്കുവാന്‍ കഴിയത്തക്കവിധത്തില്‍ ഫിനാന്‍സിന്റെ ആഗോളവല്‍ക്കരണം നടന്നിട്ടുണ്ടെങ്കില്‍ , ഏതെങ്കിലും രാജ്യത്തെ പണവേതനം പിടിച്ചു നില്‍ക്കുന്നതായിരുന്നാല്‍ മാത്രം പോര, നിലവിലുള്ള വിനിമയനിരക്കിന് ആനുപാതികമായി അതിനൊരു പ്രത്യേക നിലവാരം ഉണ്ടായിരിക്കുകയും വേണം.

അതെന്തായാലും, "അന്താരാഷ്ട്ര തലത്തിലെ മല്‍സരക്ഷമത" എന്നതിന് വലിയ അര്‍ഥമൊന്നുമില്ല എന്ന് ഒട്ടൊന്ന് ആലോചിച്ചാല്‍ മനസ്സിലാവും. ഏതെങ്കിലും വസ്തുനിഷ്ഠ മാനദണ്ഡം അനുസരിച്ച് ഒരു രാജ്യത്തിന് "അന്താരാഷ്ട്ര തലത്തില്‍ മല്‍സരക്ഷമത" കൈവരിയ്ക്കാന്‍ കഴിഞ്ഞേയ്ക്കാം; എന്നിരിയ്ക്കിലും പല കാരണങ്ങളാലും അതിന്റെ ചരക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നില്ല എന്നും വരാം - ആ ചരക്കുകളോടുള്ള മുന്‍വിധി തൊട്ട് അവയെക്കുറിച്ച് വേണ്ടത്ര അറിവില്ലായ്മവരെയുള്ള നിരവധി കാരണങ്ങള്‍ അതിനുണ്ടാവാം. അതിനാല്‍ ഒരു പ്രത്യേക രാജ്യത്ത് ഫിനാന്‍ഷ്യല്‍ അര്‍ഹതകള്‍ കൈവശം വെയ്ക്കുന്നതിന് ആസ്തി കൈവശം വെയ്ക്കുന്നവര്‍ തേടുന്ന ഒരേയൊരു സൂചകം, ആ രാജ്യം സ്ഥിരമായി അടവുശിഷ്ട പ്രതിസന്ധി നേരിടുന്നുണ്ടോ എന്നതാണ്. അവ അങ്ങനെ നേരിടുന്നുണ്ടെങ്കില്‍ , ആ രാജ്യത്തെ പണവേതനം മെച്ചപ്പെട്ടതാണെങ്കില്‍ത്തന്നെയും, അവര്‍ മറ്റെങ്ങോട്ടെങ്കിലും നീങ്ങുന്നതായിരിക്കും; മറിച്ച് ആ രാജ്യം അടവുശിഷ്ട പ്രതിസന്ധി നേരിടുന്നില്ലെങ്കില്‍ , അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ചെയ്യും.

എന്നാല്‍ ഒരു രാജ്യം അടവുശിഷ്ട പ്രതിസന്ധിയെ നേരിടുന്നുണ്ടോ എന്നത്, അതിന്റെ പ്രവര്‍ത്തനത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല. അത് വളരെ നിര്‍ണായകമായ രീതിയില്‍ , ആഗോളചോദന അവസ്ഥയേയും ആശ്രയിച്ചുനില്‍ക്കുന്നു. മൊത്തത്തിലുള്ള ആഗോളചോദനത്തില്‍ ഇടിവ് സംഭവിക്കുന്നതിന്നര്‍ഥം, ചില രാജ്യങ്ങളുടെ ഉല്‍പന്നങ്ങളുടെ കാര്യത്തിലുള്ള ആഗോളചോദനം കുറയുന്നുവെന്നാണ്. ആ രാജ്യങ്ങളുടെ അന്താരാഷ്ട്ര മല്‍സരക്ഷമതയുമായി ഇതിന് ബന്ധമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല എന്നിട്ടും അവ അടവുശിഷ്ട പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വരാം. ഉദാഹരണത്തിന് ആഗോളചോദനം കുറയ്ക്കത്തക്കവിധത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്‍റ് അതിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്നുവെന്നിരിയ്ക്കട്ടെ. അതിന്റെ ഫലമായി ചില അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അവരുടെ ജോലിയും വരുമാനവും നഷ്ടപ്പെട്ടുവെന്നുമിരിയ്ക്കട്ടെ. ഗ്രീസിലെ അക്രോ പോലീസ് സന്ദര്‍ശിക്കുന്നതിനുവേണ്ടിയാണ് എല്ലാ വര്‍ഷവും അവരുടെ വരുമാനം ഉപയോഗിയ്ക്കപ്പെടുന്നതെങ്കില്‍ , അവരുടെ വരുമാന നഷ്ടം കൊണ്ട് ഗ്രീസിലെ അടവുശിഷ്ട പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ് ചെയ്യുക. എന്നാല്‍ ഗ്രീസിന്റെ ഭാഗത്തുള്ള അന്താരാഷ്ട്ര മല്‍സരക്ഷമതാ നഷ്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ല താനും. അതിനാല്‍ ഒരു രാഷ്ട്രത്തിന്റെ അടവുശിഷ്ട പ്രതിസന്ധിയെ നിശ്ചയിക്കുന്നത് മല്‍സരക്ഷമത മാത്രമാണെന്ന നിഗമനം മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തത്തില്‍ അടങ്ങിയിട്ടുള്ളതാണ്, മൊത്തം ചോദനത്തെ സംബന്ധിച്ച പ്രശ്നമൊന്നും ഒരിയ്ക്കലും ഉണ്ടായിട്ടില്ല എന്നു തീര്‍ത്തും അബദ്ധജടിലമായ നിഗമനത്തിലാണ് അത് എത്തിച്ചേരുന്നത്. അതിനാല്‍ ഗ്രീസില്‍ , ആസ്തിയുടമകള്‍ക്ക് തുടര്‍ന്നും അര്‍ഹതകള്‍ കൈവശം വെയ്ക്കുന്നതിന്, അതായത് ധന ആസ്തികള്‍ പുറത്തേയ്ക്ക് ഒഴകിപ്പോകുന്നത് തടയുന്നതിന്, ഗ്രീക്ക് സമ്പദ്വ്യവസ്ഥയിലെ മൊത്തം ചോദനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം എന്നാണ് വാദിയ്ക്കപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ ഗ്രീസിന്റെ ഇറക്കുമതി ചെലവ് കുറയും; ഗ്രീസിന്റെ അടവുശിഷ്ട നില മെച്ചപ്പെടുകയു ചെയ്യും. എന്നാല്‍ ഗ്രീസിന്റെ ഉല്‍പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ ചോദനം കുറഞ്ഞതുകൊണ്ട് അല്ലെങ്കില്‍ത്തന്നെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രീക്കുജനതയുടെമേല്‍ , ഇത് മുമ്പെന്നത്തേക്കാളും കൂടുതല്‍ ഭാരം (കൂടുതല്‍ വലിയ അളവിലുള്ള തൊഴിലില്ലായ്മയുടെയും വെട്ടിക്കുറയ്ക്കപ്പെട്ട ഉപഭോഗത്തിന്റെയും രൂപത്തിലുള്ള ഭാരം) കയറ്റിവെയ്ക്കുക മാത്രമല്ല ചെയ്യുക; ആഗോളചോദനത്തിലുണ്ടായ തകര്‍ച്ചയെ അത് കൂടുതല്‍ രൂക്ഷമാക്കുകയും ആഗോള സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യും.

അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു ഈ ഉദാഹരണത്തില്‍ , ഗ്രീസിന്റെ മുന്നില്‍ മറ്റ് രണ്ട് ബദല്‍ മാര്‍ഗങ്ങള്‍ കൂടി ലഭ്യമാണ്. വിനിമയ നിരക്കുകളില്‍ മാറ്റം വരുത്താതെത്തന്നെ ഗ്രീസിനുള്ളിലെ പണവേതനം കുറയ്ക്കുക എന്നതാണ് ഒന്നാമത്തെ മാര്‍ഗം. അത് മറ്റ് രാജ്യങ്ങളിലെ വിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രീസിലെ വിലകള്‍ കുറയ്ക്കുന്നതിന് ഇടയാക്കും; അതുവഴി ഗ്രീസിന്റെ അടവുശിഷ്ട നില മെച്ചപ്പെട്ടുവെന്നും വരും. എന്നാല്‍ അത്തരമൊരവസ്ഥയില്‍ ഗ്രീസിലെ വിലയിടിച്ചില്‍ , പണവേതനത്തിലെ കുറവിനേക്കാള്‍ കുറവായിരിക്കും. അതിനാല്‍ അതിന്റെ ഫലമായി ഗ്രീസിലെ അധ്വാനിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം, നാം നേരത്തെ ചര്‍ച്ച ചെയ്ത അതേ വിധത്തിലുള്ളതു തന്നെയായിരിക്കും. ഗ്രീസിന്റെ മുന്നിലുള്ള മറ്റൊരു ബദല്‍ , വിനിമയനിരക്കിന്റെ മൂല്യശോഷണമാണ്. (എന്നാല്‍ ഗ്രീസിന്റെ മൂര്‍ത്തമായ സാഹചര്യത്തില്‍ അത് സാധ്യമല്ല. ആ രാഷ്ട്രം യൂറോ സോണില്‍ അംഗമായതുകൊണ്ട് സ്വന്തമായി നാണയമില്ലല്ലോ). ഏതൊരു വിനിമയനിരക്ക് മൂല്യശോഷണവും ഫലപ്രദമാകണമെങ്കില്‍ , അതിനോടൊപ്പം കൂലിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തുകയും വേണം. (കാരണം പല സാധനങ്ങളും ഇറക്കുമതി ചെയ്യേണ്ടിവരും. വിദേശ വിനിമയ വില ഉയരുന്നതിനനുസരിച്ച് അവയുടെ ആഭ്യന്തര നാണയത്തിലുള്ള വിലയും വര്‍ധിക്കും. മുതലാളിമാരാകട്ടെ, നിശ്ചിതമായ ലാഭവിഹിതം ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യും. അതിനാല്‍ വിദേശവിനിമയ നിരക്ക് വര്‍ധിക്കുന്ന അതേ തോതില്‍ കൂലി വര്‍ധിക്കാതിരിക്കുന്നുവെങ്കിലേ, അസ്സല്‍ കയറ്റുമതി വര്‍ധിക്കുകയുള്ളൂ) ഇതിനൊക്കെ പുറമെ, ലോകത്തിലെ മൊത്തം ഡിമാന്‍റ് പ്രകടമായി കുറയുന്ന അവസരത്തില്‍ , ഗ്രീസ് മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളും ഗ്രീസിന്റെ ഇതേ ദയനീയമായ അവസ്ഥയില്‍ എത്തിച്ചേരും. അതിനാല്‍ വിദേശ വിനിമയ മൂല്യശോഷണം, അനിവാര്യമായും ഇതേപോലെയുള്ള അവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെ എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തും. അവയും തിരിച്ചടിയ്ക്കും. എന്നു മാത്രമല്ല, ആഗോളചോദനത്തില്‍ കുറവുണ്ടായിട്ടും അടവുശിഷ്ട കണക്കില്‍ മിച്ചമുള്ള രാജ്യങ്ങള്‍ക്കും ഒട്ടൊക്കെ തൊഴിലില്ലായ്മയേയും മാന്ദ്യത്തേയും നേരിടേണ്ടിവരും. അവയും സ്വന്തം വിപണി നഷ്ടപ്പെടുത്തുന്നതിനുപകരം തിരിച്ചടിക്കുന്ന കളിയില്‍ ചേരും. ചുരുക്കത്തില്‍ "അയല്‍ക്കാരനെ ഇരപ്പാളിയാക്കുന്ന" തരത്തിലുള്ള വിനിമയനിരക്ക് മൂല്യശോഷണം ആഗോളമാന്ദ്യത്തിന്റെ നടുവിലാണ് ഏറ്റെടുക്കുന്നതെങ്കില്‍ , അനിവാര്യമായും എടുത്തുപറയത്തക്ക രീതിയിലുള്ള തിരിച്ചടിയെ ക്ഷണിച്ചുവരുത്തും.

അതിനാല്‍ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് ഇതാണ്: മൂലധന (പ്രത്യേകിച്ചും ധനമൂലധനം)ത്തിന് ആഗോളതലത്തില്‍ ചലിയ്ക്കാന്‍ സ്വാതന്ത്ര്യമുള്ള ലോകത്തില്‍ , ആഗോളചോദനത്തില്‍ തുടക്കത്തില്‍ എന്തെങ്കിലും ഇടിവുസംഭവിക്കുന്നുവെങ്കില്‍ അത് "ചെലവുചുരുക്കല്‍" നടപടികള്‍ എന്നു പറയപ്പെടുന്ന (ആഭ്യന്തര ഉപഭോഗം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികള്‍) നടപടികള്‍ കെട്ടിയേല്‍പിക്കപ്പെടുന്നതിലൂടെ വളരെയേറെ വിപുലീകരിയ്ക്കപ്പെടുന്നു. കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിക്കപ്പെടുന്ന ഗ്രീസില്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതെന്തായാലും, ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിയ്ക്കേണ്ടതുണ്ട്.

ഒന്നാമത് "സാമ്പത്തിക സ്ഥിതി മോശ"മാകുമ്പോള്‍ മാത്രം കെട്ടിയേല്‍പിക്കപ്പെടുന്ന "ബുദ്ധിശൂന്യമായ" നയമായിട്ടാണ് അത് പലപ്പോഴും വീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ അത് ശരിയല്ല. ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യപ്രകാരമുള്ള തീട്ടൂരങ്ങള്‍ അനുസരിച്ചാണ് അത് നടപ്പാക്കപ്പെടുന്നത്. ഏതൊരു "ചെലവുചുരുക്കല്‍" നടപടിയും അധ്വാനിക്കുന്ന ജനങ്ങളുടെ സ്ഥിതി വഷളാക്കുന്ന നടപടിയും, നിലവിലുള്ള വ്യവസ്ഥയുടെ നിലനില്‍പ്പ് സാധ്യതയെത്തന്നെ അട്ടിമറിക്കുന്നതാണ്; അതിനാല്‍ ഏതൊരു മൂലധനത്തിന്റെയും "ദീര്‍ഘകാല താല്‍പര്യങ്ങളെ" സംബന്ധിച്ചിടത്തോളം അത് യോജിച്ചതല്ല. എന്നാല്‍ മുതലാളിത്തം ഒരു ആസൂത്രിത സമ്പദ്വ്യവസ്ഥയല്ല, മറിച്ച് സ്വയമേവ വളര്‍ന്നുവരുന്ന വ്യവസ്ഥയാണ് എന്നതിനാല്‍ , മൂലധനത്തിന്റെ പരിഗണനയില്‍ സാധാരണ നിലയില്‍ "ദീര്‍ഘകാല താല്‍പര്യങ്ങള്‍" കടന്നുവരാറില്ല. (മറിച്ചാണെങ്കില്‍ ലോകത്തില്‍ മഹായുദ്ധങ്ങള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ). രണ്ടാമത്തെ കാര്യം കുറച്ചു കൂടി സാങ്കേതികമായതാണ്. ഗ്രീസിന് സ്വന്തമായി ഒരു കേന്ദ്ര ബാങ്ക് ഉണ്ടായിരുന്നുവെങ്കില്‍ , ഗവണ്‍മെന്‍റിന് അതില്‍നിന്ന് വായ്പയെടുക്കാമായിരുന്നു (പണം അച്ചടിയ്ക്കുന്നതിലൂടെ). അങ്ങിനെ വന്നാല്‍ വിദേശ ബാങ്കുകള്‍ക്ക് ഗ്രീക്ക് ഗവണ്‍മെന്‍റ് കടപ്പെടുന്ന പ്രശ്നം മുഴുവനും ഒഴിവാക്കാന്‍ കഴിയുമായിരുന്നു, ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിയ്ക്കേണ്ട ആവശ്യമേ ഉണ്ടാകുമായിരുന്നില്ല എന്നാണ് വാദിയ്ക്കപ്പെടുന്നത്. എന്നാല്‍ ഇതും ശരിയല്ല.

ലോകമാന്ദ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന വിനിമയശിഷ്ട പ്രശ്നത്തില്‍നിന്നാണ് ഗ്രീസിന്റെ (അതുപോലെ മറ്റ് പല രാജ്യങ്ങളുടെയും) വായ്പയുടെ പ്രശ്നം ഉണ്ടാകുന്നത്. ഗ്രീക്ക് ഗവണ്‍മെന്‍റ് കടം വാങ്ങിയത് വിദേശ ബാങ്കുകളില്‍ നിന്നായിരുന്നില്ല, തങ്ങളുടെ കേന്ദ്ര ബാങ്കില്‍ നിന്നായിരുന്നുവെങ്കില്‍ത്തന്നെ, ഗവണ്‍മെന്റിന്റെ വിനിമയ ശിഷ്ടത്തിലെ കമ്മി നികത്തുന്നതിനായി ഗവണ്‍മെന്‍റിന് വിദേശത്തുനിന്ന് വായ്പയെടുക്കേണ്ടി വരുമായിരുന്നു. ഇറക്കുമതി കുറയുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര പ്രവര്‍ത്തനത്തിന്റെ നിലവാരം ഉയര്‍ത്തി നിര്‍ത്തേണ്ടിവരുന്നതുകൊണ്ടാണ് ഇങ്ങനെ വിനിമയശിഷ്ടത്തില്‍ കമ്മി ഉണ്ടാകുന്നത്. അതിനാല്‍ ഗവണ്‍മെന്‍റ് അതിന്റെ കമ്മി നോട്ട് അച്ചടിച്ചിറക്കിക്കൊണ്ട് നേരിട്ടിരുന്നുവെങ്കില്‍ത്തന്നെയും ഇതേ വായ്പാ പ്രശ്നം തന്നെ ഗവണ്‍മെന്‍റിന് നേരിടേണ്ടി വരുമായിരുന്നു. (അവസാനിക്കുന്നില്ല)

*
പ്രഭാത് പട്നായിക് ചിന്ത വാരിക 16 മാര്‍ച്ച് 2012

Sunday, February 26, 2012

സാമ്രാജ്യാധിപത്യവും സാമ്പത്തിക കുഴപ്പവും

മുതലാളിത്ത വ്യവസ്ഥ ശാശ്വതമല്ല. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഫ്യൂഡലിസത്തില്‍ നിന്നാവിര്‍ഭവിച്ച ഒരു സാമൂഹ്യവ്യവസ്ഥയാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെയും മുതലാളിത്തം വളര്‍ന്നുകൊണ്ടിരുന്നു. പിന്നണിരാജ്യങ്ങളെ കയ്യടക്കിക്കൊണ്ട് ലോകത്തിലൊട്ടുക്കും പരന്നുപിടിച്ചുകൊണ്ടിരുന്നു. അേതാടൊപ്പം തന്നെ മൂലധനകേന്ദ്രീകരണവും വളര്‍ന്നുകൊണ്ടുവന്നു. കുത്തക മുതലാളിത്തം ആവിര്‍ഭവിച്ചതിനുശേഷവും അതോടൊപ്പം തന്നെ മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായ സ്വതന്ത്രമല്‍സരവും നിലനില്‍ക്കുന്നു. അതിന്റെ ഫലമായി കുത്തകകളുടെ ആവിര്‍ഭാവം മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളെ ഒരു പുതിയ ഘട്ടത്തിലേക്കുയര്‍ത്തുന്നു.

വ്യവസായങ്ങളില്‍ മാത്രമല്ല കുത്തകകള്‍ പ്രത്യക്ഷപ്പെടുന്നത്. ബാങ്ക് മൂലധനത്തിനും അവയാവിര്‍ഭവിക്കുന്നു.

ആദ്യം മുതല്‍ക്കുതന്നെ ബാങ്കും വ്യവസായവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ടാണ് വളര്‍ന്നുവരുന്നത്. ബാങ്കുമൂലധനവും വ്യവസായ മൂലധനവും കൂടിച്ചേര്‍ന്നാലുണ്ടാവുന്ന ഈ പുതിയ മൂലധനം ഫൈനാന്‍സ് മൂലധനം എന്ന പേരിലാണറിയപ്പെടുന്നത്. ഫൈനാന്‍സ് മൂലധനത്തിന്റെ ഉടമസ്ഥരായ ഒരു പിടി കുടുംബക്കാര്‍ രാജ്യത്തിലെ വ്യവസായം ബാങ്ക് തുടങ്ങിയ എല്ലാ സ്വത്തുക്കളെയും നിയന്ത്രിക്കാന്‍ തുടങ്ങിയ കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നതുകൊണ്ട് തൃപ്തിപ്പെടാതെ ഈ കുത്തകസ്ഥാപനങ്ങള്‍ സാര്‍വദേശീയമായ കൂട്ടുെകട്ടുകളുണ്ടാക്കിക്കൊണ്ട് ഭൂലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുത്ത് ചൂഷണം ചെയ്യുന്നു. കുത്തക മുതലാളികള്‍ക്ക് പിന്നണിരാജ്യങ്ങളോടാണ് കൂടുതല്‍ സ്‌നേഹം! എന്തെന്നാല്‍ ലെനിന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഈ പിന്നണി രാജ്യങ്ങളില്‍ സാധാരണയായി ലാഭം കൂടുതലാണ്, മൂലധനം വേണ്ടത്രയില്ല, നിലത്തിന്റെ വില താരതമ്യേന കുറവാണ്. കൂലി കുറവാണ്. അസംസ്‌കൃത സാമഗ്രികള്‍ ആദായകരമാണ്.

ഇങ്ങനെ ഒരു പിടി കുത്തകമുതലാളികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വലവീശുന്നു. ലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുക്കുന്നു. ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ലോകം മുഴുവനും ഒരു പിടി മുതലാളിത്തരാജ്യങ്ങളുടെ കയ്യിലായത്.

ഇത്തരം സംഭവ വികാസങ്ങളുടെ ഫലമായിട്ടാണ് മുതലാളിത്തം സാമ്രാജ്യാധിപത്യമായി മാറിയത്.

സാമ്രാജ്യാധിപത്യത്തിന്റെ സവിശേഷസ്വഭാവങ്ങെളന്തൊക്കെയാണ്? ലെനിന്‍ വിവരിക്കുന്നു.

''മുതലാളിത്തത്തിന്റെ ചരിത്രപരമായ ഒരു സവിശേഷഘട്ടമാണ് സാമ്രാജ്യാധിപത്യം. അതിന്റെ പ്രത്യേക സ്വഭാവങ്ങള്‍ മൂന്നെണ്ണമാണ്. സാമ്രാജ്യാധിപത്യം 1. കുത്തകമുതലാളിത്തമാണ് 2. ക്ഷയോന്മുഖവും ഇത്തിക്കണ്ണി സ്വഭാവത്തോടുകൂടിയതുമായ മുതലാളിത്തമാണ് 3. മൃതപ്രായമായ ഉര്‍ദശ്വാസം വലിക്കുന്ന മുതലാളിത്തമാണ്.''

കുത്തകമുതലാളികളുടെ ഉദ്ദേശം വെറും ലാഭമുണ്ടാക്കലല്ല. കൂടുതല്‍ ലാഭമുണ്ടാക്കലുമല്ല. ഏറ്റവും കവിഞ്ഞ ലാഭം പരമാവധി ലാഭം അതാണവരുടെ ഉന്നം.

ഒരുകാലത്ത് മുതലാളികള്‍ ശരാശരി ലാഭം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. ശരാശരിലാഭത്തോതിന്റെ നിയമം മുതലാളിത്തോല്‍പാദനത്തിന്റെ പ്രചോദനശക്തിയായിരുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തില്‍ അത് അപാര്യാപ്തമായിത്തീര്‍ന്നു. വന്‍കിട കുത്തക മുതലാൡത്ത സ്ഥാപനങ്ങള്‍ക്ക് ശരാശരി ലാഭം കൊണ്ട് തൃപ്ത്തിപ്പെടാന്‍ വയ്യെന്നായി.

പരമാവധി ലാഭം തട്ടിയെടുക്കാന്‍ വെമ്പല്‍കൊളളുന്ന കുത്തക മുതലാളികള്‍ തൊഴിലാളികളെ ഏറ്റവും മൃഗീയമായി ചൂഷണം ചെയ്യുന്നു. ഭൂരിപക്ഷക്കാരായ തൊഴിലാളികള്‍ക്ക് ജീവിതം ദുസ്സഹമായിത്തീരുന്നു.

മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് സാമ്പത്തികക്കുഴപ്പം. മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ അനിവാര്യഫലമാണിത്.

കൂടെക്കൂടെയുണ്ടാകുന്ന ഈ കുഴപ്പങ്ങള്‍ക്ക് കാരണമെന്താണ്? മുതലാളിത്ത വ്യവസ്ഥയില്‍ ഉല്‍പാദനം തുടര്‍ന്നുനടത്താന്‍ കഴിയാതെ ഇടക്കിടയ്ക്കു സ്തംഭിക്കുന്നതെന്തുകൊണ്ടാണ്?

ലാഭത്തിനുവേണ്ടിയാണ് മുതലാളി ഉല്‍പാദനം നടത്തുന്നത്. പക്ഷേ, ലാഭം കിട്ടണമെങ്കില്‍ ചരക്കുകളുണ്ടാക്കിയാല്‍ മാത്രം പോരാ, ഉണ്ടാക്കിയ ചരക്കുകള്‍ വിറ്റഴിക്കുക കൂടി വേണം. ചരക്കുകള്‍ വിറ്റഴിച്ച് പണമാക്കി മാറ്റിയാലേ ആ പണം വീണ്ടുമിറക്കി പുനരുല്‍പാദനം നടത്താന്‍ കഴിയൂ. പക്ഷേ ഇടക്കിടയ്ക്ക് വില്‍പ്പന പെട്ടെന്ന് തടയപ്പെടുന്നു. അവിടെയാണ് കുഴപ്പം.
ലാഭത്തിനുവേണ്ടിയുളള മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ വൈരുധ്യങ്ങളിലാണ് കുഴപ്പങ്ങളുടെ കാരണമാരായേണ്ടത് എന്ന് മാര്‍ക്‌സും ഏംഗല്‍സും വ്യക്തമാക്കുന്നു.
ലാഭത്തിനുവേണ്ടി ഉല്‍പാദനം നടത്തുന്ന മുതലാളികള്‍ എല്ലായ്‌പോഴും തൊഴിലാളികളില്‍ നിന്ന് അങ്ങേയറ്റം മിച്ചമൂല്യം പിഴിഞ്ഞെടുക്കാനാണ് ശ്രമിക്കുക. ഇതിന്റെ അര്‍ഥം ഒട്ടാകെയുല്‍പാദിപ്പിക്കപ്പെടുന്ന മൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളികള്‍ക്കു കിട്ടുന്ന മൂല്യം കുറഞ്ഞുകുറഞ്ഞു വരികയെന്നാണ്.

ഒട്ടാകെയുളള ഉല്‍പന്നങ്ങളും തൊഴിലാളികള്‍ക്കു ലഭിക്കുന്ന ഭാഗവും തമ്മിലുളള വിടവ് വര്‍ധിച്ചുകൊണ്ടുതന്നെയിരിക്കും. ഇതു മൂര്‍ച്ഛിച്ചു മൂര്‍ച്ഛിച്ച് ഒരു ഘട്ടമെത്തുമ്പോള്‍ അനിവാര്യമായ ഒരു പൊട്ടിത്തെറിയിലവസാനിക്കുകയും ചെയ്യും.

ധാരാളം കൃഷിക്കാരുളള ഒരു സമുദായത്തിലും സ്ഥിതി വളരെയൊന്നും വ്യത്യസ്തമായിരിക്കില്ല. എന്തെന്നാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ കൃഷിക്കാര്‍ കൂടുതല്‍ കൂടുതല്‍ അധ:പതിക്കുകയും പാപ്പരാവുകയുമാണ് ചെയ്യുന്നത്.

ഇടവിട്ടിടവിട്ടുളള സാമ്പത്തികക്കുഴപ്പങ്ങളെ അതിജീവിച്ച്‌കൊണ്ട് 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയും മുതലാളിത്തോല്‍പാദന വ്യവസ്ഥ വളരുകയാണ് ചെയ്തത്. പക്ഷെ ഇരുപതാം നൂറ്റാണ്ടോടുകൂടി മുതലാളിത്തം അതിന്റെ നാശോന്മുഖമായ അവസാനഘട്ടത്തിലെത്തി. അതു സാമ്രാജ്യാധിപത്യമായി മാറി. തൊഴിലാളി വിപ്ലവങ്ങളുടെ കാലഘട്ടം ആവിര്‍ഭവിച്ചു.
മുതലാളിത്തത്തിന്റെ പൊതുകുഴപ്പത്തിന്റെ ഈ പരിതസ്ഥിതികളിലാണ് 1929- 33 ല്‍ പുതിയൊരു സാമ്പത്തികക്കുഴപ്പം പൊട്ടിപുറപ്പെട്ടത്. കുഴപ്പത്തിനുളളിലുളള ഒരു കുഴപ്പമായിരുന്നു അത്. മുതലാളിത്തത്തിന്റെ എല്ലാ വൈരുധ്യങ്ങളേയും അതു പതിന്‍മടങ്ങു മൂര്‍ച്ഛിപ്പിച്ചു. ഉല്‍പാദന വ്യവസ്ഥയാകെ തകര്‍ച്ചയുടെ വക്കത്തെത്തി. കമ്പനികള്‍ പൂട്ടി. തൊഴിലില്ലായ്മ പരന്നുപിടിച്ചു. ചരക്കുകളുടെ വിലയിടിഞ്ഞു. കുഴപ്പം വ്യവസായങ്ങളെ മാത്രമല്ല, കൃഷിയേയും ബാധിച്ചു. കോടിക്കണക്കിനുകൃഷിക്കാര്‍ പാപ്പരായി. സാര്‍വ്വത്രികമായ പട്ടിണിയും ദാരിദ്ര്യവും വ്യഭിചാരവും സാംസ്‌കാരികാധ:പതനവും നടമാടാന്‍ തുടങ്ങി. ഉല്‍പാദനശക്തികളും ഉല്‍പാദന ബന്ധങ്ങളും തമ്മിലുളള പൊരുത്തക്കേടുകള്‍ അവയുടെ മൂര്‍ധ്യ ദിശയിലെത്തി.

മാര്‍ക്‌സിസം പഴഞ്ചനാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ അവര്‍ പറയുന്നതുപോലെയല്ല. മാര്‍ക്‌സും ഏംഗല്‍സും ലെനിനും ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് ലോകസംഭവഗതികള്‍ നീങ്ങിയതും നീങ്ങിക്കൊണ്ടിരിക്കുന്നതും എന്ന് കണ്ണുളളവര്‍ക്കൊക്കെ കാണാന്‍ കഴിയും.

*
ജനയുഗം 26 ഫെബ്രുവരി 2012

Monday, February 13, 2012

നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍, അന്ന് നിലനിന്നിരുന്ന മുതലാളിത്തത്തിന്റെ വിജയാഹ്ളാദ മനോഭാവമെല്ലാം അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ സുദീര്‍ഘ മുതലാളിത്ത പ്രതിസന്ധിയോടെ, മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു ബാങ്കര്‍ എഴുതിയപോലെ, "മുതലാളിത്തത്തിന് ശരിക്കുമൊരു മാര്‍ക്സിസ്റ്റ് പ്രതിസന്ധി'' തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത് എന്ന് അംഗീകരിക്കപ്പെടുകയാണ്.

19-ാം നൂറ്റാണ്ടിലെ തത്വശാസ്ത്രമാണ് മാര്‍ക്സിസമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയും അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ സമകാലീന മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധിയെ വിശകലനം ചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം ആ മാര്‍ക്സിസമാണെന്ന് വീണ്ടും തെളിയിയ്ക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്സിസം ഇപ്പോഴും നിലകൊള്ളുന്നു.

സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുള്ള സിദ്ധാന്തത്തിന്റെ അനുഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്; ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തത്തെ കാലോചിതമാക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്സിസത്തെ വീക്ഷിയ്ക്കേണ്ടത്. ക്രമമായി അവതരിപ്പിയ്ക്കുക മാത്രം ചെയ്യേണ്ടുന്ന, വ്യാഖ്യാനിയ്ക്കുക മാത്രം ചെയ്യേണ്ടുന്ന ജഡമായ വിജ്ഞാനസംഹിതയല്ല മാര്‍ക്സിസം. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ് ശൈലിയിലുള്ള മാര്‍ക്സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ളാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്സിസം വീക്ഷിയ്ക്കപ്പെട്ടത്. ഈ ക്ളാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിയ്ക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.

21-ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്.

II

ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലുള്ള സാമ്രാജ്യത്വത്തിന്റെ അസ്തിത്വത്തെ, സമകാലീന ലോകത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളണികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്‍പനത്തിന്നപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നുവെന്നതും അതിനുപകരം സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളെ, സാമ്രാജ്യത്വത്തിന്റെ അന്തഃസത്തയും ഉള്ളടക്കവും അപ്രത്യക്ഷമായിത്തീര്‍ന്നതായി തെറ്റിദ്ധരിയ്ക്കുന്നുവെന്നതും ആണ് ഈ വാദത്തിലടങ്ങിയിട്ടുള്ള പ്രശ്നം.

മൂലധനത്തിന്റെ കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ്ങ് മൂലധനവും വ്യവസായ മൂലധനവും തമ്മിലുള്ള സംലയനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഫലമായിയുണ്ടായ ഫിനാന്‍സ് മൂലധനത്തിന്റെ ഉയര്‍ച്ചയേയും അടിസ്ഥാനപ്പെടുത്തിയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന്‍ വിശകലനം നടത്തിയത്. ഫിനാന്‍സ് മൂലധനത്തിന്റെ ഈ ദേശീയ സംഘാതങ്ങള്‍, അവയിലെ ദേശരാഷ്ട്രങ്ങളുടെ സഹായത്തോടുകൂടി, സാമ്രാജ്യത്വത്തില്‍ ചെന്നെത്തി - ദരിദ്ര രാജ്യങ്ങളുടെ വിഭവങ്ങളേയും വിപണികളേയും നിയന്ത്രിച്ചുകൊണ്ടാണത്. തങ്ങളുടെ സ്വാധീനമേഖലകളെ വിഭജിക്കുന്നതിനെയും പുനര്‍വിഭജിക്കുന്നതിനെയും സംബന്ധിച്ച് ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള, സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള മല്‍സരങ്ങളിലേയ്ക്കാണത് നയിച്ചത് - ലോകമഹായുദ്ധങ്ങള്‍ പോലെയുള്ള യുദ്ധങ്ങള്‍ക്ക് അത് കാരണമായിത്തീര്‍ന്നു.

ലെനിന്റെ കാലത്തിനുശേഷം എങ്ങിനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് രൂപംകൊണ്ട ഫിനാന്‍സ് മൂലധനത്തിന് പക്ഷേ, ഇന്ന് ദേശീയരൂപം ഒട്ടുമില്ല. രാഷ്ട്രാന്തരീയ ബാങ്കുകള്‍ക്കും ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുകള്‍ക്കും ഇന്ന് ആഗോള പ്രവര്‍ത്തനമേഖലയാണുള്ളത്. വളരെവേഗത്തില്‍ ഊഹക്കച്ചവടപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി അവ, അളവറ്റ മൂലധനം രാജ്യങ്ങള്‍ക്കപ്പുറത്തേക്കുള്ള വിപണികളിലേക്ക് ദൈനംദിനം ഒഴുക്കിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലനക്ഷമതയുണ്ട്; ചലിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഏതെങ്കിലും ചില പ്രത്യേക വ്യവസായങ്ങളില്‍ മാത്രമായി അത് തളയ്ക്കപ്പെട്ടു കിടക്കുകയല്ല; ലോകവിപണിയെ ശത്രുതാപരമായ ബ്ളോക്കുകളായി തിരിയ്ക്കുക എന്ന താല്‍പര്യവും അതിന്നില്ല. ആഗോളതലത്തില്‍ ഉദ്ഗ്രഥിതമായ ഒരു വിപണിയുണ്ടാവണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലന സ്വാതന്ത്യ്രം ഉണ്ടായിരിക്കണം എന്നും ആണ് ഇന്നത് ആവശ്യപ്പെടുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ പ്രക്രിയയെ നയിയ്ക്കുന്ന ശക്തി അതാണ്.

സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതകള്‍ അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തിമടക്കിയിരിക്കുന്നു. എന്നാല്‍, സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിന്നര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കല്‍പനകള്‍ക്കുകീഴില്‍ സാമ്രാജ്യത്വം പ്രത്യേകിച്ചും വിഷമയമായ ഒരു രൂപം ആര്‍ജ്ജിച്ചിരിക്കുന്നുവെന്ന് പറയാം. അമേരിക്കയുടെ നേതൃത്വത്തിന്നുകീഴില്‍ പ്രധാന സാമ്രാജ്യത്വശക്തികളെല്ലാം ചേര്‍ന്ന് ഒരു ബ്ളോക്ക് ഉണ്ടാക്കിയിരിക്കുകയാണ്. പുത്തന്‍ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണത്തിന്നും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വത്തിനും നേര്‍ക്ക് എന്തെങ്കിലും വെല്ലുവിളി ഉയര്‍ന്നുവരികയാണെങ്കില്‍ ആ വെല്ലുവിളിയെ ഇല്ലാതാക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ സമ്പദ്വ്യവസ്ഥയുടെയും പങ്ക് വളരെ നിര്‍ണായകമാണ്.
സമകാലിക മുതലാളിത്തത്തിന്‍കീഴില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഇക്കാര്യം ദൃശ്യമാണ്. 2007-08 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധി, വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ഫിനാന്‍സ് - ആസ്തി - വിലക്കയറ്റക്കുമിളകളിലൂടെയുള്ള കൊള്ളകളിലൂടെ ഉണ്ടാക്കപ്പെട്ടതാണ്. ഈ പ്രതിസന്ധിയുടെ ഉടനെയുണ്ടായ പ്രത്യാഘാതമെന്ന നിലയില്‍ ജി -20 രൂപീകരിക്കുന്നതിന് സാമ്രാജ്യത്വ രാജ്യങ്ങള്‍ മുന്‍കയ്യെടുത്തു പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഗവണ്‍മെന്റുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിയ്ക്കണമെന്ന് തുടര്‍ന്നവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ കമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടനെത്തന്നെ, സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ളണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചു തുടങ്ങി. സ്റ്റേറ്റ് ഖജനാവിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടതെങ്കില്‍ത്തന്നെയും, അത്തരം നീക്കുപോക്കുകളുടെ ഭാരം, ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് മാറ്റിവെയ്ക്കുകയാണുണ്ടായത്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ പൂര്‍ണമായ യോജിപ്പോടുകൂടി പ്രവര്‍ത്തിക്കുകയല്ലായിരുന്നുവെങ്കില്‍, ഇങ്ങനെ സംഭവിയ്ക്കുമായിരുന്നില്ല. നവലിബറല്‍ ആഗോളവല്‍ക്കരണത്തില്‍നിന്ന് അകന്നുമാറിക്കൊണ്ടുള്ള ഒരു മാറ്റത്തിന്റെ സാധ്യതയേയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ഫിനാന്‍സിന്റെ അധികാരശക്തിയെ തടയുന്നതിനെയും സാമ്രാജ്യത്വം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

അന്താരാഷ്ട്ര ഫിനാന്‍സിന്റെ പ്രേരണയാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വവ്യവസ്ഥയുടെ ഒരു സുപ്രധാനവശം, ഡോളറിന്റെ അധീശത്വമാണ്. അമേരിക്കന്‍ രാഷ്ട്രത്തിന്റെ സാമ്രാജ്യത്വശക്തി കാരണം ലോകത്തെങ്ങുമുള്ള ഫിനാന്‍സ് ആസ്തികളും വിഭവങ്ങളും ഇപ്പോഴും ഡോളര്‍ രൂപത്തിലാണ് മിക്കവരും കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെങ്ങുനിന്നും ഫിനാന്‍സ് ഊറ്റിയെടുക്കുന്നതിനും ആഗോളവല്‍ക്കരണ പ്രക്രിയയെ സ്ഥിരമാക്കി നിര്‍ത്തുന്നതിനും ഇതുമൂലം അമേരിക്കക്ക് കഴിയുന്നു.

ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക്, സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. "ഭീകരതയ്ക്കെതിരായ യുദ്ധം'' എന്നോ "മനുഷ്യത്വപരമായ ഇടപെടല്‍'' എന്നോ ഒക്കെയുള്ള പേരില്‍ നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു. ദേശീയപരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ അധിഷ്ഠിതമായ കൊള്ളക്കാരായ എണ്ണക്കമ്പനികളില്‍നിന്ന് ഈ മേഖലയിലെ എണ്ണ - ഖനിജ സ്രോതസ്സുകളെ സംരക്ഷിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റുകളെ തകര്‍ക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അഫ്ഗാനിസ്ഥാനിലേയും ഇറാക്കിലേയും ഏറ്റവുമൊടുവില്‍ ലിബിയയിലെയും യുദ്ധങ്ങള്‍ നടത്തിയത് ഈ ലക്ഷ്യത്തോടു കൂടിയായിരുന്നു. തങ്ങളുടെ ആഗോള മേധാവിത്വം നിലനിര്‍ത്തുക എന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആവശ്യത്തില്‍നിന്നാണ് അമേരിക്കന്‍ സൈനികതന്ത്രം രൂപം കൊള്ളുന്നത്.

അതിനാല്‍, മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വീക്ഷിയ്ക്കുമ്പോള്‍, ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും മുന്നിലുള്ള തടസ്സമായി എല്ലായ്പ്പോഴും നില്‍ക്കുന്നത് സാമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവും ആണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ളവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത.

III

മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ, പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ഫിനാന്‍സ് മൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. ഇത്തരം സാമൂഹ്യക്ഷേമങ്ങള്‍ കൈവരിക്കുന്നതിനായി ഇരുപതാം നൂറ്റാണ്ടില്‍ പതിറ്റാണ്ടുകളോളം നടത്തിയ സമരങ്ങളുടെ നേട്ടങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നത്, നവലിബറല്‍ യാഥാസ്ഥിതികത്വത്തെ പിറകോട്ടടിപ്പിക്കുന്നതിന് ആവശ്യമാണ്.

വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടക്ഷാമവും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും കോര്‍പറേറ്റുകളേയും ബാങ്കര്‍മാരേയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത ബെയില്‍ ഔട്ട് പദ്ധതികളും, നിലവിലുള്ള വ്യവസ്ഥയിലെ അന്യായവും അസമത്വവും ജനങ്ങളുടെ മുന്നില്‍ വളരെ വ്യക്തമായി മറനീക്കിക്കാണിച്ചിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിയ്ക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. അതെന്തായാലും, ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ ആയി ഇതു മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ അതിന് കഴിയും.

നവലിബറല്‍ കടന്നാക്രമണങ്ങളെ പിറകോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കടുംപിടി തകര്‍ക്കുന്നതിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത്, സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ ചെറുക്കുന്നതിന് ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉല്‍പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്, അത്തരമൊരു ഇടതുപക്ഷ പരിപാടി ആവശ്യപ്പെടണം. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ ശക്തിയെ തടഞ്ഞുനിര്‍ത്താതെ, സാമ്പത്തിക നയങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ കഴിയുകയില്ല. ഫിനാന്‍സ് മേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നതേയുള്ളൂ. "തകര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ ഭീമാകാരത്തിലുള്ള'' കൂറ്റന്‍ ബഹുരാഷ്ട്ര ബാങ്കുകളെ തകര്‍ക്കുകയും വന്‍കിട ഫിനാന്‍ഷ്യല്‍ ആസ്തികള്‍ സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യണം എന്ന അജണ്ട മുന്നോട്ടുകൊണ്ടു വരേണ്ടത് ആവശ്യമാണ്.

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ തലയിലേക്ക് പ്രതിസന്ധിയുടെ ഭാരം മാറ്റിവെച്ചുകൊണ്ട്, ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ ഈ ശ്രമത്തില്‍, ഐഎംഎഫ്, ലോകബാങ്ക്, ഡബ്ള്യുടിഒ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍, അവരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വികസ്വരരാജ്യങ്ങളിലെ ഫിനാന്‍ഷ്യല്‍ - വ്യാപാര ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരങ്ങളെ, പ്രത്യേകിച്ചും വ്യവസ്ഥകളോടുകൂടിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കും അസന്തുലിതമായ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കും എതിരായ സമരങ്ങളെ, ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

ഓരോ രാജ്യത്തിലും അതത് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച്, ഇടതുപക്ഷ ബദല്‍ പരിപാടിയും അതിന്നുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തീട്ടൂരങ്ങളെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട്, ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം, ആ ദേശരാഷ്ട്രത്തിന്നുള്ളില്‍ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല. വര്‍ഗസമരത്തിന്റെ ആഗോളരൂപങ്ങളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും കാലക്രമേണ ശക്തി പ്രാപിക്കുമ്പോള്‍ത്തന്നെ, ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വര്‍ഗസമരത്തെ കുറച്ചു കണ്ടുകൂട.

IV

മുതലാളിത്തത്തിനെതിരായ ഏതൊരു വിപ്ളവ വെല്ലുവിളിയുടെയും കേന്ദ്ര സ്ഥാനം തൊഴിലാളിവര്‍ഗത്തിനുതന്നെയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലിപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട് - പോസ്റ്റ് മാര്‍ക്സിസ്റ്റുകള്‍ മറിച്ച് പറയുന്നുണ്ടെങ്കില്‍ത്തന്നെയും. വികസിത മുതലാളിത്ത ലോകത്തിലെ അപവ്യവസായവല്‍ക്കരണവും അവിടങ്ങളിലെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക് കടല്‍ കടത്തികൊണ്ടുപോകുന്നതും കാരണം വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായ തൊഴിലാളികളുടെ അളവ് ചുരുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതെന്തായാലും വികസ്വര ലോകത്തിലും ലോകത്തില്‍ മൊത്തത്തില്‍ത്തന്നെയും തൊഴിലാളിവര്‍ഗത്തിന്റെ അളവ് വര്‍ധിച്ചിരിക്കുകയാണ്. എന്നുതന്നെയല്ല, സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികള്‍ തന്നെയാണ്. "അയവേറിയ തൊഴില്‍ വിപണി'' എന്ന പേരില്‍ അറിയപ്പെടുന്ന തൊഴില്‍ ചൂഷണത്തിന്റെയും തൊഴില്‍ രൂപങ്ങളുടെയും മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തിലെല്ലായിടത്തും സംഘടിതവും ഔപചാരികവുമായ തൊഴില്‍മേഖലയെ മാറ്റി, അതിന്റെ സ്ഥാനത്ത് താല്‍ക്കാലികാടിസ്ഥാനത്തിലും (കാഷ്വല്‍) കരാര്‍ അടിസ്ഥാനത്തിലുമുള്ള തൊഴില്‍ വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രവണത കൂടുതല്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. തോന്നുംപടി നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന (ഹയര്‍ ആന്റ് ഫയര്‍) വ്യവസ്ഥ സ്ഥാപനവല്‍ക്കരിയ്ക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം തന്നെ നവലിബറല്‍ വാഴ്ചയ്ക്കുകീഴിലെ സാമ്പത്തിക വളര്‍ച്ച അനൌപചാരിക സമ്പദ്വ്യവസ്ഥ ഊതി വീര്‍പ്പിയ്ക്കപ്പെടുന്നതിലേയ്ക്കാണ് നയിയ്ക്കുന്നത്. (തൊഴിലിനെ രൂക്ഷമായ വിധത്തില്‍ ചൂഷണം ചെയ്യലും സ്വയം ചൂഷണവും ആണതിന്റെ സ്വഭാവ സവിശേഷത). രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താല്‍കാലിക ജീവനക്കാരെയും അനൌപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്കരിക്കുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.

ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ, ഒരു പക്ഷേ, നാട്ടിന്‍പുറങ്ങളില്‍, പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി, "ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും'' എന്നു പറയപ്പെടുന്ന നയങ്ങള്‍, അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂഉടമസ്ഥരായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന്, മൂന്നാംലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയില്‍ നിരന്തരം കെട്ടിയേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിയ്ക്കുകയും കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തേയും ഉപജീവനമാര്‍ഗങ്ങളേയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലിയുള്ള ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം, ഇന്ന് വികസ്വര ലോകത്തിലെങ്ങും ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷക ജനസാമാന്യത്തേയും ഗ്രാമീണ തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരും പട്ടണപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത്, ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.

വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും മുഖ്യധാരാ വിശകലനവുമായി ലിംഗ പ്രശ്നത്തെ സമന്വയിപ്പിക്കേണ്ടത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ആവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയേറെ ഹാനികരമായിട്ടുള്ള അധമമായ തൊഴില്‍ വിഭജനത്തിന്റെ പ്രശ്നം വേണ്ടത്ര ഗൌരവത്തോടെ പരിഗണിയ്ക്കാന്‍ ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യങ്ങള്‍ക്കുപോലും കഴിയുന്നില്ല. നേരെമറിച്ച് നവലിബറല്‍ വാഴ്ചയിന്‍കീഴില്‍ സാമൂഹ്യമേഖലയില്‍ വരുത്തുന്ന ഉയര്‍ന്ന തോതിലുള്ള വെട്ടിക്കുറവിന്റെ അര്‍ഥം, സമ്പദ്വ്യവസ്ഥയുടെ ഭാരം ഒട്ടുംതന്നെ ആനുപാതികമല്ലാത്ത വിധത്തില്‍ വഹിയ്ക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിത്തീരുന്നുവെന്നാണ്. അതേ അവസരത്തില്‍ത്തന്നെ, സ്ത്രീകളെ കൊണ്ട് കുറഞ്ഞ കൂലിയ്ക്ക് ജോലി ചെയ്യിയ്ക്കുന്നതുമൂലമുള്ള ചൂഷണം, മിച്ചമൂല്യം ഊറ്റിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന സ്രോതസ്സായി വര്‍ത്തിക്കുകയും ചെയ്യുന്നു.

അസമമായ വേതനത്തിലൂടെ പ്രതിഫലിപ്പിയ്ക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനം, വിവേചനപരമായ തൊഴില്‍ സമ്പ്രദായങ്ങളും പ്രയോഗങ്ങളും, തൊഴില്‍ശക്തിയുടെ പുനരുല്‍പാദനത്തിന്റെ അര്‍ഥശാസ്ത്രം എല്ലാം കാണിക്കുന്നത്, ഈ വിവേചനം മുതലാളിത്ത ഉല്‍പാദനവ്യവസ്ഥയില്‍ വ്യവസ്ഥാപരമായിത്തന്നെ അന്തര്‍ഭൂതമാണ് എന്നാണ്. സ്ത്രീകളുടെ ജോലിയുടെ അദൃശ്യവല്‍ക്കരണവും അവരുടെ തൊഴിലിന്റെ മൂല്യശോഷണവും പുരുഷാധിപത്യ ജീവിതരീതിയുടെ മേധാവിത്വവും എല്ലാം, നവലിബറല്‍ മുതലാളിത്തത്തിന്‍കീഴില്‍ സ്ത്രീകളുടെമേലുള്ള ചൂഷണത്തെ കൂടുതല്‍ പ്രബലമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. പുരുഷാധിപത്യ ചൂഷണത്തില്‍നിന്നും വര്‍ഗാടിസ്ഥാനത്തിലുള്ള ചൂഷണത്തില്‍നിന്നും ഉള്ള സ്ത്രീകളുടെ മോചനത്തിന്റെ പ്രാധാന്യം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനുള്ള ഇടതുപക്ഷ ബദല്‍ അംഗീകരിക്കുകയും മോചനത്തിന് പ്രാമുഖ്യം നല്‍കുകയും വേണം.

പരിസ്ഥിതിയുടെയും പരിസരത്തിന്റെയും വിനാശമാണ് ലോകത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നം. ഈ ഭൂഗോളത്തിലെ ജീവിതത്തിനും പ്രകൃതിക്കും അത് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ നവലിബറല്‍ മുതലാളിത്തത്തിന്നെതിരായ സമരത്തിന്റെയും അതിനുപകരമുള്ള ബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള സമരത്തിന്റെയും ഒരു സുപ്രധാന ഘടകം, പരിസരം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയുണ്ടാക്കലും പരിസ്ഥിതിയും മനുഷ്യജീവനും സംരക്ഷിക്കുന്നതിനുള്ള സമരവും ആണ്. ആഗോളപരിസ്ഥിതിക്കും പാരിസ്ഥിതികമായി നിലനില്‍ക്കുന്നതിനുള്ള കഴിവിന്നും നേര്‍ക്കുള്ള ഭീഷണിയുടെ പ്രാഥമികമായ കാരണം, മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ള സ്വഭാവമാണ്. വന്‍കിട കോര്‍പറേഷനുകള്‍ പ്രകൃതിവിഭവങ്ങളെ കവര്‍ന്നെടുക്കുന്ന പ്രവണതയും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഏറ്റവും ഉയര്‍ന്ന രൂപത്തിലെത്തിയിരിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാമാറ്റവും മാനവരാശിയ്ക്കാകെ നേര്‍ക്കുള്ള ഒരു പൊതുഭീഷണിയാണെങ്കില്‍ത്തന്നെയും, അതിന്റെ ഉത്തരവാദിത്വം കൂടുതലും സമ്പന്ന വ്യവസായവല്‍കൃത രാഷ്ട്രങ്ങള്‍ക്കാണ്. പരിസരത്തെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതികമായ നാശത്തെ കൈകാര്യം ചെയ്യുന്നതില്‍ തുല്യത ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉള്ള സമരം, ഇടതുപക്ഷ ബദല്‍ പരിപാടിയില്‍ ഉണ്ടായിരിക്കണം.

V

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും റഷ്യയില്‍ മുതലാളിത്തം പുനഃസ്ഥാപിയ്ക്കപ്പെട്ടതിനും തൊട്ടടുത്തുള്ള വര്‍ഷങ്ങളില്‍, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്ന പരീക്ഷണത്തിന് എന്താണ് സംഭവിച്ചത് എന്നതിനെയും എവിടെയാണ് തെറ്റ് സംഭവിച്ചത് എന്നതിനെയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. 1990കളില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കിടയിലും കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പ്രധാന പ്രവര്‍ത്തകര്‍ക്കിടയിലും ഈ ചര്‍ച്ച നടന്നു. എന്നാല്‍ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്ക്, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപവും സ്വഭാവവും എന്തായിരിക്കണം എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞു കഴിഞ്ഞു.

20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിലൂടെ, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ പുതിയതും കൂടുതല്‍ അര്‍ഥവത്തുമായ സങ്കല്‍പനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. ഒക്ടോബര്‍ വിപ്ളവത്തിന്റെ ചില മൌലിക പ്രചോദനങ്ങളെയും അതിന്റെ ചില വിലപ്പെട്ട നേട്ടങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇതിന്നാവശ്യമാണ്. അതേ അവസരത്തില്‍ത്തന്നെ 20-ാം നൂറ്റാണ്ടില്‍ നിലനിന്ന സോഷ്യലിസത്തില്‍ പ്രകടമായിക്കണ്ടിരുന്ന ചില നിഷേധാത്മക വശങ്ങളെയും വക്രീകരണങ്ങളെയും നാം തള്ളിക്കളയുകയും വേണം.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്; അത് അന്തിമരൂപത്തിലെത്തിക്കഴിഞ്ഞിട്ടില്ല. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം സിദ്ധാന്തത്തില്‍നിന്ന് മാത്രമല്ല, മറിച്ച് പ്രയോഗത്തില്‍നിന്നു കൂടിയാണ് രൂപം കൊള്ളുക എന്നതാണതിന് കാരണം. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ നവീകരിയ്ക്കപ്പെട്ട സോഷ്യലിസം എങ്ങനെയിരിക്കും എന്നതിനെ സംബന്ധിച്ച് ചില വിശാല മാര്‍ഗരേഖകള്‍ നമ്മുടെ മുന്നിലുണ്ട്. അവയില്‍ ചിലത് രൂപരേഖയുടെ രൂപത്തില്‍ ആവിഷ്കരിയ്ക്കാനേ നമുക്കിപ്പോള്‍ കഴിയൂ.

1. ഉല്‍പാദനോപകരണങ്ങള്‍ സാമൂഹ്യവല്‍ക്കരിക്കുക എന്നത് സോഷ്യലിസത്തിന്റെ പരമപ്രധാനമായ തത്വമാണ്. ഉല്‍പാദനോപകരണങ്ങളുടെ ഉടമസ്ഥതയുടെ മുതലാളിത്ത രൂപങ്ങളുടെ സ്ഥാനത്ത് സോഷ്യലിസ്റ്റ് ഉടമസ്ഥത മാറ്റി സ്ഥാപിക്കേണ്ടത് ഇതിന്നാവശ്യമാണ്. സോവിയറ്റ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തില്‍, ഉല്‍പാദനോപകരണങ്ങളുടെ പൊതുഉടമസ്ഥതയെ വ്യാപകമായ വിധത്തില്‍ത്തന്നെ, സ്റ്റേറ്റ് ഉടമസ്ഥതയുമായി തുല്യതപ്പെടുത്തിയിരുന്നു. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ളതും സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതുമായ സ്ഥാപനങ്ങളാണ് പ്രധാനപ്പെട്ടവ എന്നതിനാല്‍, സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന്റെ നടത്തിപ്പിലും ബ്യൂറോക്രസിക്ക് മേധാവിത്വം കൈവരുന്നതിലേക്കാണത് നയിച്ചത്. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തൊഴിലാളികള്‍ക്ക് സ്ഥാനമൊന്നുമില്ലെന്നു വന്നു. ബ്യൂറോക്രാറ്റിക് കേന്ദ്രീകരണത്തിന്റെ വളര്‍ച്ചയും ഇതിന് കാരണമായിയെന്നുപറയാം. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍കീഴിലെ പൊതുഉടമസ്ഥത, അതിനാല്‍ വൈവിധ്യമാര്‍ന്ന രൂപങ്ങളിലുള്ളതായിരിക്കും. ഈ വിവിധ രൂപങ്ങളില്‍ ഒന്നുമാത്രമായിരിക്കും സ്റ്റേറ്റ് ഉടമസ്ഥത. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടാകാം; അല്ലെങ്കില്‍ വിപുലമായ ഓഹരിയുടമസ്ഥതയുള്ള പൊതുമേഖലയുണ്ടാകാം; അല്ലെങ്കില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉടമസ്ഥതയിലുള്ള സംയുക്ത സ്ഥാപനങ്ങളുണ്ടാവാം; അതുമല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളുണ്ടാവാം. സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന വളരെയേറെ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി പല തരത്തിലുള്ള പൊതുഉടമസ്ഥതയുണ്ടാകാം; അവ തമ്മില്‍ത്തമ്മില്‍ മല്‍സരവും ഉണ്ടാകാം.

2. ചരക്ക് ഉല്‍പാദനത്തിന്റെയും വിപണിയുടെയും അസ്തിത്വം സോഷ്യലിസത്തിന്റെ നിഷേധമല്ല. ചെറുകിട ചരക്കുല്‍പാദനവും ചെറുകിട വ്യാപാരവും ദേശസാല്‍ക്കരിക്കപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനിലേതില്‍നിന്ന് വ്യത്യസ്തമായി സോഷ്യലിസത്തിന്റെ കാലഘട്ടത്തില്‍ വിപണികള്‍ക്ക് ഒരുപങ്ക് വഹിയ്ക്കാനുണ്ട്. വന്‍കിട മൂലധനം വളരുന്നില്ല എന്ന് ഉറപ്പുവരുത്താനായി വിപണികളെ നിയന്ത്രിയ്ക്കേണ്ടതുണ്ട്.

3. ആസൂത്രിതമായ സമ്പദ്വ്യവസ്ഥ എന്നത് സോഷ്യലിസത്തിന്റെ മറ്റൊരു അടിസ്ഥാനതത്വമാണ്. എന്നാല്‍ സാമ്പത്തികമായ എല്ല തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്രീകൃതമാക്കുന്ന തരത്തിലുള്ളതായിരിക്കരുത്, ആസൂത്രണത്തിന്റെ സ്വഭാവം. എന്നുമാത്രമല്ല, സാമ്പത്തികമായ തീരുമാനം കൈക്കൊള്ളുന്നതിലും സാമ്പത്തിക സ്ഥാപനങ്ങള്‍ കൊണ്ടു നടത്തുന്നതിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്നായി ആസൂത്രണം വികേന്ദ്രീകരിക്കുകയും വേണം.

4. സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. എന്നാല്‍ ഉല്‍പാദനോപകരണങ്ങളുടെയും ഭരണകൂട സ്ഥാപനങ്ങളുടെയും മേലുള്ള ബൂര്‍ഷ്വാസിയുടെ നിയന്ത്രണം ജനാധിപത്യത്തെ നിയന്ത്രിക്കുന്നതിലേക്കും പൌരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ നിയന്ത്രിക്കുന്നതിലേക്കും നയിക്കുന്നുവെന്നതിനാല്‍ മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ ജനാധിപത്യം വെറും "ഔപചാരികം'' മാത്രമായിത്തീരുന്നു. എന്നാല്‍ സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ സോഷ്യലിസത്തിന്‍കീഴില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. വിവിധതലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ (യോഗങ്ങള്‍) രൂപീകരിയ്ക്കേണ്ടത് ഇതിന്നാവശ്യമാണ്; ഈ കൂട്ടായ്മകള്‍ക്ക് ഭരണപരമായ മേഖലയില്‍ മാത്രമല്ല, സാമ്പത്തിക മേഖലയിലും അധികാരമുണ്ടായിരിക്കണം. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും.

5. ഭരണകൂടവും ഭരണകക്ഷിയും തമ്മിലുള്ള വേര്‍തിരിവ് സ്ഥാപനവല്‍ക്കരിയ്ക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസ്റ്റ് സ്റ്റേറ്റ് മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്; അതിനുപകരം വെയ്ക്കാന്‍ പാര്‍ടിയെക്കൊണ്ടാവില്ല. കാരണം തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ഒരു വിഭാഗത്തെ മാത്രമേ പാര്‍ടി പ്രതിനിധീകരിക്കുന്നുള്ളൂ. മുതലാളിത്ത - സാമ്രാജ്യത്വ ശത്രുതയുടെ പരിതഃസ്ഥിതികളില്‍വേണം, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസവും കെട്ടിപ്പടുക്കാന്‍. അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യമാണത് - രക്ഷപ്പെടാനാവാത്ത യാഥാര്‍ത്ഥ്യം. എന്നാല്‍ ഇക്കാരണം കൊണ്ട് സോഷ്യലിസ്റ്റ് ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടരുത്. മറിച്ച് അത് സോഷ്യലിസ്റ്റ് അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ഉപകരണവും ഈ പുതിയ സമൂഹത്തെ സംരക്ഷിക്കുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഉപാധിയും ആയിരിക്കണം.

VI

ഇന്ത്യയുടെ അനുഭവം

ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഇന്ത്യയില്‍ 1991ല്‍ തുടക്കം കുറിച്ചിട്ട്, ഇന്നേയ്ക്ക് രണ്ടു പതിറ്റാണ്ടുകഴിഞ്ഞു. ആദ്യകാലത്തെ കേന്ദ്ര നിയന്ത്രിത നയങ്ങളില്‍നിന്ന് 1980കളില്‍ ക്രമേണ അകന്നുപോയതിനുശേഷം, ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ (അതിലെ ഏറ്റവും പ്രമുഖമായ വിഭാഗം വന്‍കിട ബൂര്‍ഷ്വാസിയാണ്) നവലിബറല്‍ ചട്ടക്കൂടിനെ ഗാഢമായി സ്വീകരിച്ചു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) കൂടുതല്‍ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയോടൊപ്പം തന്നെ വര്‍ധിച്ച തോതിലുള്ള അസമത്വവും തൊഴിലാളികളുടെ മേലുള്ള കൂടുതല്‍ രൂക്ഷമായ ചൂഷണവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കര്‍ഷക ജനസാമാന്യത്തെ ഞെക്കിപ്പിഴിയുന്നു; വലിയ തോതിലുള്ള കാര്‍ഷികത്തകര്‍ച്ചയും ഉണ്ടാകുന്നു. വന്‍കിട കോര്‍പ്പറേറ്റുകളും വിദേശമൂലധനവും ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളെയും പൊതുആസ്തികളെയും കൊള്ള ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം അതിന് സഹായവും അവസരവും ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

പക്ഷേ, ഈ നവലിബറല്‍ നയങ്ങള്‍ക്ക് കടുത്ത എതിര്‍പ്പിനെയാണ് നേരിടേണ്ടിവരുന്നത്. ട്രേഡ് യൂണിയനുകളും ജനകീയ പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന ചെറുത്തുനില്‍പ്പ് കാരണം, ഫിനാന്‍ഷ്യല്‍ മേഖലയെ പൂര്‍ണമായും ഉദാരവല്‍ക്കരിക്കുന്നതില്‍ ഗവണ്‍മെന്റ് ഇതുവരെ വിജയിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും ദ്രോഹകരമായ ആഘാതങ്ങളില്‍നിന്ന് ഇന്ത്യയെ ഇതുവരെ രക്ഷിച്ചു നിര്‍ത്തിയത് ഇതാണ്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. നഗ്നമായ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിനുപകരം, പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ക്രമേണ വില്‍ക്കുന്നതിനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആഭ്യന്തര സാമ്പത്തിക നയങ്ങളിലുള്ള വ്യതിയാനം, ഇന്ത്യയുടെ വിദേശനയത്തില്‍ പ്രതിഫലിച്ചുകാണാം. അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുന്നതിലും സ്വതന്ത്രമായ വിദേശനയം അവലംബിക്കുന്നതില്‍നിന്ന് വ്യതിചലിച്ചു പോകുന്നതിലും ഇത് പ്രകടമായിക്കാണാം. നവലിബറല്‍ നയങ്ങളെയും അമേരിക്കന്‍ അനുകൂല വിദേശനയത്തേയും എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം മുന്നണിയില്‍ത്തന്നെയുണ്ട്. നവലിബറല്‍ നയങ്ങളെല്ലാം പൂര്‍ണമായ തോതില്‍ നടപ്പാക്കുന്നതില്‍നിന്നും അമേരിക്കയുടെ തന്ത്രപരമായ ഗൂഢതന്ത്രങ്ങള്‍ക്കുമുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതില്‍നിന്നും ഇന്ത്യാ ഗവണ്‍മെന്റിനെ ഇതുവരെ തടഞ്ഞുനിര്‍ത്തിയത്, ഇടതുപക്ഷത്തിന്റെയും മറ്റ് ജനാധിപത്യശക്തികളുടെയും ഈ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ വര്‍ധമാനമായ കൂട്ടുപങ്കാളിത്തത്തെ ചെറുത്തുതോല്‍പിയ്ക്കാതെ, നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയില്ല എന്നതാണ് നമ്മുടെ അനുഭവം.

ഈ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്കിന്റെ ഫലമായി ഇടതുപക്ഷശക്തികള്‍ക്കെതിരായി, പ്രത്യേകിച്ചും പശ്ചിമബംഗാളില്‍, സംഘടിതമായ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി ഗവണ്‍മെന്റ് 2011 മെയ് മാസത്തിലെ തിരഞ്ഞെടുപ്പില്‍ തോല്‍പിയ്ക്കപ്പെട്ടു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയാണ് പശ്ചിമബംഗാള്‍ എന്നതിനാല്‍ ആ സംസ്ഥാനത്തെ പരാജയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചടിയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്നെതിരായി ആ സംസ്ഥാനത്ത് അക്രമങ്ങളും അടിച്ചമര്‍ത്തലും ഉണ്ടെങ്കില്‍ത്തന്നെയും, നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങളും, നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കുന്നതിന് ഇടതുപക്ഷത്തിന് കഴിവു നല്‍കും. കേരളത്തിലാകട്ടെ, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം വളരെ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഗവണ്‍മെന്റുകള്‍ മാറിമാറി വരുന്ന ആവര്‍ത്തനചക്രത്തെ തകര്‍ക്കുന്നതില്‍ ഏതാണ്ട് വിജയിക്കുക തന്നെ ചെയ്തു. സാമൂഹ്യക്ഷേമ നടപടികള്‍ നടപ്പിലാക്കുന്ന കാര്യത്തിലും പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്ന കാര്യത്തിലും ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൈവരിച്ച റെക്കോര്‍ഡിന് ജനങ്ങള്‍ക്കിടയില്‍നിന്ന് വ്യാപകമായ പിന്തുണ ലഭിക്കുകയുണ്ടായി.

സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ലഭ്യമായ അധികാരങ്ങളുടെയും വിഭവങ്ങളുടെയും കാര്യത്തില്‍ കടുത്ത പരിമിതികളുണ്ടായിരുന്നിട്ടും, പശ്ചിമ ബംഗാളിലും കേരളത്തിലും നിലവിലുണ്ടായിരുന്നതും ത്രിപുരയില്‍ ഇപ്പോഴും തുടരുന്നതുമായ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍, ഭൂപരിഷ്കരണ നടപടികളിലൂടെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ദൃഢീകരിക്കുന്നതിനും അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശ്രമിച്ചു. ഈ ഗവണ്‍മെന്റുകള്‍ നിലനില്‍ക്കുന്നതുവഴി മൌലികമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെങ്കിലും തൊഴിലാളിവര്‍ഗത്തേയും കര്‍ഷകജനസാമാന്യത്തേയും മറ്റ് ജനകീയ പ്രസ്ഥാനങ്ങളേയും സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നതിനും സഹായിക്കുന്ന ഈ ഗവണ്‍മെന്റുകള്‍ ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹ്യമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യയുടെ സാമൂഹ്യ - സാമ്പത്തിക ഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനോടൊപ്പം തന്നെ മുതലാളിത്ത ചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും (രണ്ടുവിധത്തിലുള്ള വര്‍ഗചൂഷണവും) നിലനില്‍ക്കുന്നു. വര്‍ഗചൂഷണത്തിലൂടെ മിച്ചമൂല്യം കവര്‍ന്നെടുക്കുന്ന ഭരണവര്‍ഗങ്ങള്‍, തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനായി വിവിധ തരത്തിലുള്ള സാമൂഹ്യമര്‍ദ്ദനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും (രണ്ടിനും) എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്.

ഉദാരവല്‍ക്കരണത്തിന്റെ കടന്നാക്രമണത്തെ ചെറുക്കുന്നതിനായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതാദ്യമായി, കഴിഞ്ഞവര്‍ഷം ഒന്നിച്ചുചേര്‍ന്നു. അവയുടെ സംയുക്ത പരിപാടിയും സംയുക്ത പ്രക്ഷോഭങ്ങളും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ഒന്നിപ്പിച്ചു വിളക്കിച്ചേര്‍ത്തു. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും പങ്കെടുത്തുകൊണ്ടുള്ള ഒരു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് 2012 ഫെബ്രുവരി 28ന് നടത്താന്‍ ആസൂത്രണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള അന്തരാളഘട്ടത്തിന്റെ പരിപാടിക്കുവേണ്ടി സിപിഐ എം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടം കൈവരിക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി - കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ - ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

VII

ഇന്നത്തെ ആഗോള മുതലാളിത്ത പ്രതിസന്ധിയ്ക്ക് രണ്ട് പ്രധാന സവിശേഷതകളുണ്ട്. ഇടതുപക്ഷം രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ബദലുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണത്. ഒന്നാമത്, ഇപ്പോള്‍ അനുഭവപ്പെടുന്ന മാന്ദ്യം ദീര്‍ഘകാലം നില്‍ക്കാനുള്ള സാധ്യതയുണ്ട്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഗവണ്‍മെന്റുകളൊന്നും ഇപ്പോള്‍ ധനപരമായ ഉത്തേജനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അതിന്നുപകരം ചെലവുചുരുക്കല്‍ നടപടികളിലൂടെ ജനങ്ങളുടെമേല്‍ നഗ്നമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്, ദീര്‍ഘകാലത്തിനുശേഷവും, പ്രതിസന്ധി വികസിത മുതലാളിത്ത കേന്ദ്രങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്; ചുറ്റുപാടുകളിലല്ല. വികസ്വര മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ചത്ര തന്നെ രൂക്ഷമായി, അതിന്റെ ആഘാതം വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെയും ബാധിക്കുന്നുണ്ട്. വികസ്വര ലോകത്തിലെ സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം വികസിത മുതലാളിത്ത രാജ്യകേന്ദ്രങ്ങളിലെ സമരങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ഇത് വഴി തുറക്കുന്നു. ഈ രണ്ട് സമരധാരകള്‍ക്കും പരസ്പരം ശക്തിപ്പെടുത്താന്‍ കഴിയും.

ചുരുക്കിപ്പറഞ്ഞാല്‍, ഇടതുപക്ഷ ബദലിനുവേണ്ടിയുള്ള സമരത്തിന്, ഫിനാന്‍സിന്റെ ചാലകശക്തിയാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ മുതലാളിത്തത്തിനു എതിരും അതിനെ രാഷ്ട്രീയാധികാരംകൊണ്ടും സൈനികശക്തികൊണ്ടും സ്ഥായിയായി നിലനിര്‍ത്തുന്ന സാമ്രാജ്യത്വവ്യവസ്ഥയ്ക്കെതിരുമായ സമരം ആവശ്യമാണ്.

*
പ്രകാശ് കാരാട്ട്, കടപ്പാട്: ദേശാഭിമാനി