Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Tuesday, April 22, 2014

സിനിമയില്ലാത്ത നാട്ടിലെ നടി

നാല് സിനിമയുടെ പ്രായമേയുള്ളൂ ഗീതാഞ്ജലി ഥാപയിലെ നടിക്ക്. സിക്കിംകാരിക്ക് അഭിനയത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ അംഗീകാരം ലഭിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിനിമയും ജീവിതവുമാണ് ആദരിക്കപ്പെടുന്നത്. മകളെയും ഏകസ്വത്തായ ആട്ടിന്‍കുട്ടിയെയുംകൂട്ടി ഭര്‍ത്താവിനെ തേടി ഹിമാചല്‍ കുന്നുകള്‍ ഇറങ്ങുന്ന കമല എന്ന യുവതിയെയാണ് ഗീതു മോഹന്‍ദാസിന്റെ "ലയേഴ്സ് ഡയസില്‍" ഗീതാഞ്ജലി അവതരിപ്പിച്ചത്. ജീവിതംതേടി ജന്മനാട്ടില്‍നിന്ന് സ്വയം കുടിയിറങ്ങുകയായിരുന്നു ഗീതാഞ്ജലിയും. അഭിനയജീവിതംതേടി ആദ്യം സിക്കിമില്‍നിന്ന് കൊല്‍ക്കത്തയിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും പിന്നീട് മുംബൈയിലേക്കും. അപരിചിതര്‍ക്കിടയില്‍ സിനിമ അടിമുടി ആവേശമായിമാറിയ ഒരുപറ്റം മലയാളികളെ പരിചയപ്പെട്ടത് വഴിത്തിരിവായി. വിപണിയുടെ സമ്മര്‍ദങ്ങളില്‍നിന്ന് വഴുതിമാറി നല്ല സിനിമയെടുക്കാനുള്ള ഉത്തമബോധ്യത്തില്‍നിന്നു പിറക്കുന്ന ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ വാതിലുകളാണ് അവിടെ നടിക്കുമുന്നില്‍ തുറന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പലകാലങ്ങളില്‍ പുറത്തിറങ്ങിയ മലയാളികൂട്ടായ്മ നിര്‍മിച്ച ആദ്യ സിനിമ "ഐഡി"യിലൂടെ ഗീതാഞ്ജലി ഥാപ വരവറിയിച്ചു. കെ എം കമാല്‍ സംവിധാനംചെയ്ത സിനിമ അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടി. ലോസ് ആഞ്ചലസ് ചലച്ചിത്രമേളയിലും ഇമാജിന്‍ ഇന്ത്യ രാജ്യാന്തരമേളയിലും ഗീതാഞ്ജലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

പോയവര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട "മണ്‍സൂണ്‍ ഷൂട്ടൗട്ട്" ആയിരുന്നു ഗീതാഞ്ജലിയുടെ രണ്ടാം ചിത്രം. ഗീതു മോഹന്‍ദാസ്ചിത്രത്തിലൂടെ ദേശീയ പുരസ്കാരം തേടിയെത്തുമ്പോള്‍, ഓസ്കര്‍ പുരസ്കാരജേതാവായ ഡാനിസ് തനോവികിന്റെ ഇന്ത്യന്‍ സംരംഭമായ "വൈറ്റ് ലൈസി"ലും ഗീതാഞ്ജലി വേഷമിട്ടുകഴിഞ്ഞു. അഭിനയയാത്ര സിക്കിമില്‍ സ്കൂള്‍പഠനത്തിനു ശേഷം കോളേജ് പഠനത്തിനായി കൊല്‍ക്കൊത്തയിലെത്തി. അക്കാലത്ത് മോഡലിങ്ങില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പഠനത്തിലും സിനിമയിലും കൂടുതല്‍ അവസരംതേടി പിന്നീട് ഡല്‍ഹിയിലേക്ക് വന്നു. ഒരു സിനിമയ്ക്ക് അവസരംകിട്ടിയപ്പോഴാണ് അതിനായി മുംബൈയില്‍ എത്തിയത്. പക്ഷേ സിനിമ മുടങ്ങി. സിനിമയ്ക്കും സീരിയലിനുംവേണ്ടിയുള്ള അവസരങ്ങള്‍തേടി കുറെ അലഞ്ഞു. ജീവിതത്തില്‍ ഇനിയെന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ അവസരത്തിലാണ് സിനിമയെ സ്നേഹിക്കുന്ന കുറെ നല്ലമനുഷ്യരെ പരിചയപ്പെടുന്നത്. ജീവിതവും കഥാപാത്രങ്ങളും സ്വന്തം വീട്ടില്‍നിന്ന് പുറംലോകത്തേക്ക് ഇറങ്ങിയവരുടെ തിരിച്ചറിവിന്റെ ജീവിതമാണ് "ഐഡി"യിലെ ചാരുവും "ലയേഴ്സ് ഡയസി"ലെ കമലയും കാട്ടിത്തരുന്നത്. ഞാനും ജീവിതംതേടി വീട്ടിനുപുറത്തേക്ക് ഇറങ്ങുകയായിരുന്നു. സ്വയം പറിച്ചുനടപ്പെടുന്നവരുടെ നിലനില്‍പ്പിനായുള്ള വേവലാതി എന്റെ കഥാപാത്രങ്ങളെ പോലെ ഞാനും അനുഭവിച്ചിട്ടുണ്ട്്.

വടക്കുകിഴക്കന്‍ ഇന്ത്യ

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സിനിമ എന്ന വ്യവസായം ഇനിയും വളര്‍ന്നിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും സ്വന്തം സിനിമയോ തിയറ്ററോ ഇല്ല. അവിടങ്ങളില്‍നിന്നുള്ള താരങ്ങളും സിനിമയില്‍ കുറവ്. എന്നെ കണ്ടാല്‍ ഇന്ത്യക്കാരിയെന്ന് തോന്നില്ലെന്ന് ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്. അതൊന്നും ഞാന്‍ കാര്യമാക്കിയിട്ടില്ല. എന്നാല്‍, മറ്റ് പലര്‍ക്കും അനുഭവിക്കേണ്ടിവന്നപോലെ വേര്‍തിരിവ് എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല.

മലയാളിസൗഹൃദം

മുംബൈയില്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ കൂട്ടത്തില്‍ എത്തപ്പെട്ടതാണ് എനിക്ക് വഴിത്തിരിവായത്. അവരില്‍ കൂടുതലും മലയാളികള്‍. ഗീതുവും കമാലും രാജീവ് രവിയുമെല്ലാം എനിക്ക് പുതിയ വഴി തുറന്നുനല്‍കി. ഇപ്പോള്‍ എന്റെ കുടുംബാംഗങ്ങള്‍തന്നെയാണവര്‍.

സ്വതന്ത്രസിനിമകള്‍

സിനിമയില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യധാരാസിനിമയില്‍ എന്താണ് പ്രത്യേകത എന്ന് എനിക്കറിയില്ല. ചെറിയ സിനിമകളുടെ ഭാഗമാണ് ഞാന്‍. സ്വതന്ത്രസിനിമകള്‍ പ്രമേയംകൊണ്ടും ആവിഷ്കാരരീതികൊണ്ടും തീര്‍ത്തും വ്യത്യസ്തമാണ്. എല്ലാവരും എല്ലാം ചെയ്ത് സംഘടിതമായി സിനിമ ഒരുക്കുകയാണ്. നല്ല സിനിമകളുടെ ഭാഗമാകുക, സിനിമയെ കുറിച്ച് പരമാവധി പഠിക്കുക, കഠിനപ്രയത്നം ചെയ്യുക അതിനാണ് ഞാന്‍ ശ്രമിക്കുന്നത്.

*
ജിബി deshabhimani varanthapathipp

Friday, March 28, 2014

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

പി രാമദാസ് വിടവാങ്ങി

കോട്ടയം: മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റ് സിനിമ "ന്യൂസ് പേപ്പര്‍ ബോയി"യുടെ സംവിധായകന്‍ പി രാമദാസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. തെരുവിലെ സാധാരണമനുഷ്യന്റെ ജീവിതകഥ പറഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയ രാമദാസ് സിനിമയുള്ള കാലത്തോളം ജനമനസ്സില്‍ തിളക്കമുള്ള ഓര്‍മയാകും.

ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കോട്ടയത്ത് മകന്‍ പ്രശാന്തിന്റെ വീട്ടില്‍ മൂന്നുവര്‍ഷമായി കിടപ്പിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് തൃശൂര്‍ പല്ലിശേരിയിലെ വീട്ടിലും 12ന് സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പകല്‍ നാലിന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ട്് ശ്മശാനത്തില്‍. പരേതയായ വടക്കൂട്ട് രുക്മിണിയമ്മയാണ് ഭാര്യ. മക്കള്‍: പ്രശാന്ത് (മലയാളമനോരമ, കോട്ടയം), പ്രസാദ് (മലയാളമനോരമ, ആലപ്പുഴ). മരുമക്കള്‍: മായ, സീമ.

രാമദാസിന്റെ 22-ാംവയസ്സില്‍ 1954ലാണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. ഒരുകൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ മലയാളത്തിലെ ആദ്യ കൊമേഴ്സ്യല്‍ ചിത്രവുമാണിത്. 1955 മെയ് എട്ടിന് തൃശൂര്‍ ജോസ് തിയറ്ററിലായിരുന്നു ആദ്യപ്രദര്‍ശനം. 1,75,000 രൂപയായിരുന്നു നിര്‍മാണച്ചെലവ്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായും രാമദാസ് അറിയപ്പെട്ടു. നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനംചെയ്തു. 2007ല്‍ ജെ സി ദാനിയേല്‍ പുരസ്കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.

തൃശൂര്‍ കുറുപ്പം റോഡില്‍ പൂതാംപിള്ളി മാധവിയമ്മയുടെയും തെക്കെകുറുപ്പത്ത് കൃഷ്ണന്‍കുട്ടിമേനോന്റെയും മകനായി 1931ലാണ് രാമദാസ് ജനിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി ബിരുദപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നു. ഇക്കാലത്താണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 1960കളില്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി. മൂന്നുപതിറ്റാണ്ടിലേറെ അഭിഭാഷകനായി തുടര്‍ന്നു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം താമസിച്ച സ്ഥലങ്ങളിലെല്ലാം ക്ലിനിക്കും നടത്തിയിരുന്നു. "ഒസ്യത്ത്" എന്ന നോവലും നിരവധി കഥകളും എഴുതിയിട്ടുണ്ട്. വിജ്ഞാനഭാരതി, സംഹിത എന്നീ മാസികകളും രാമദാസ് നടത്തിയിരുന്നു.

നിയോറിയലിസത്തിന്റെ ഉപജ്ഞാതാവ്

ഇന്ത്യന്‍ സിനിമയില്‍ നിയോറിയലിസം കൊണ്ടു വന്നത് തൃശൂര്‍ക്കാരനായ പി രാമദാസാണ്. സത്യജിത്റായിക്കു മുമ്പേ സിനിമാസംരംഭം തുടങ്ങിയ പി രാമദാസിന്റെ സംഭാവന പക്ഷേ, സിനിമാചരിത്രത്തില്‍ ആ അര്‍ഥത്തില്‍ രേഖപ്പെടുത്തിയില്ല. നിയോറിയലിസം മറ്റു പലരുടേയും പേരിലാണ് ഇടം നേടിയത്. എന്നാല്‍, "ന്യൂസ്പേപ്പര്‍ ബോയ്" എന്ന ഒറ്റ ചിത്രം മതി ലോകസിനിമയില്‍ പി രാമദാസ് ആരെന്നു വ്യക്തമാവാന്‍. വര്‍ത്തമാനകാലത്തെ സിനിമകള്‍ ശ്രദ്ധിക്കുമ്പോഴാണ് രാമദാസിന്റെ പ്രതിബദ്ധതയുടെ ആഴം മനസ്സിലാവുന്നത്. എത്രയോ അപകടകരവും പ്രതിലോമകരവും അരാഷ്ട്രീയവാദപരവുമായ സിനിമകളാണ് പുതിയ തലമുറക്കാര്‍ അവതരിപ്പിക്കുന്നത്.

വാണിജ്യതാല്‍പ്പര്യത്തിന് അപ്പുറം സമൂഹത്തോടുള്ള ഇവരുടെ എന്തു പ്രതിബദ്ധതയാണ് ഇത്തരം സിനിമകളില്‍ കാണാനാകുക? എന്നാല്‍, എത്രയോ വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് ന്യൂസ്പേപ്പര്‍ ബോയിലൂടെ പി രാമദാസ് ലോകത്തെ വിസ്മയിപ്പിച്ചത്. സമൂഹവും രാഷ്ട്രീയവും ദാരിദ്ര്യവും മാനവികതയുമെല്ലാം അതിലുണ്ടായിരുന്നു. ഇന്നത്തെ സൗകര്യങ്ങളും പണവും ഒന്നുമില്ലാതെയാണ് ക്യാമ്പസ് കലാകാരനായ രാമദാസ് എതാനും വിദ്യാര്‍ഥികളുമൊത്ത് ചലച്ചിത്രസംരംഭം പൂര്‍ത്തിയാക്കിയതെന്നത് അത്ഭുതാദരങ്ങളോടെയല്ലാതെ കാണാനാവില്ല.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യുവാവിന്റെ ആവേശവും അതിലുപരി പ്രതിബദ്ധതയുമായിരുന്നു രാമദാസിനെ നയിച്ചത്. ആ ചലച്ചിത്രകാവ്യത്തിന്റെ മഹത്വം നമ്മളറിയുന്നത് കാലങ്ങള്‍ക്കുശേഷമാണ്. അത് ജെ സി ദാനിയേല്‍ അവാര്‍ഡിന്റെ മഹത്വംകൊണ്ടു മാത്രമല്ല, രാമദാസിന്റെ കലാജീവിതം പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍കൂടിയാണ്. സിനിമയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ട എന്നെപ്പോലുള്ളവരെ അതിശയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത മനുഷ്യന്‍കൂടിയാണ് അദ്ദേഹം. "ന്യൂസ്പേപ്പര്‍ ബോയ്" സിനിമക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായപ്പോള്‍ സിനിമ പ്രദര്‍ശിപ്പിച്ച വകയില്‍ ലഭിച്ചത് 30,000 രൂപ മാത്രമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ സനിമയുടെ കലാമൂല്യവും സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് ഒരിക്കലും നഷ്ടത്തിന്റെ കണക്കിലെഴുതാന്‍ തയ്യാറായില്ല. അഭിഭാഷകനും ഭിഷഗ്വരനും എഴുത്തുകാരനുമൊക്കെയായ താന്‍ ആ സിനിമയുടെ പേരില്‍ അറിയപ്പെട്ടതില്‍ അദ്ദേഹം ആനന്ദം അനുഭവിക്കുന്നുണ്ടായിരുന്നു. അത് സമൂഹത്തോടു പ്രതിബദ്ധതയുള്ള കലാകാരന്റെ മനസ്സിന്റെ ആനന്ദംകൂടിയാണ്.

പ്രിയനന്ദനന്‍

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

നമ്മുടെ സിനിമയ്ക്ക് പാരമ്പര്യത്തില്‍ ഊന്നിയ കാഴ്ചപ്പാടില്ലെന്ന് വേദനിച്ച ഒരാളാണ് കടന്നുപോയത്. സംവിധാനം തിരക്കഥയുടെ ദൃശ്യവിവര്‍ത്തനം മാത്രമാണെന്നു കരുതുന്നവരാണ് മലയാളത്തിലെന്ന് വേദനയോടെ പറഞ്ഞ ഒരാള്‍. പി രാമദാസിലൂടെ കടന്നുപോയത് ചരിത്രമാണ്. വ്യവസ്ഥാപിത കാഴ്ചകളെ നിരാകരിച്ച് എടുത്തുചാടി മലയാളത്തിലെ വെള്ളിത്തിരയ്ക്ക് പുതിയ ആകാശവെളിച്ചം നല്‍കിയ ഒരു പിടിപേരുടെ ചരിത്രം. പതിവുകളുടെ കനമേറിയ കള്ളികളെ മറികടന്ന ചങ്കൂറ്റമാണ് മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ്.

തമിഴ്- ഹിന്ദി സിനിമയുടെ ചുവടുപിടിച്ച് അതിഭാവുകത്വത്തിന്റെയും അതിവൈകാരികതയുടേയും വട്ടത്തില്‍ കിടന്ന് സിനിമ തിരിഞ്ഞ കാലത്ത് 22 വയസ്സുള്ള ഒരു ചെറുപ്പക്കാരനും കൂട്ടര്‍ക്കും റിയലിസത്തിന്റെ ഉള്‍വിളിയുണ്ടാവുന്നേടത്തു നിന്നാണ് ന്യൂസ് പേപ്പര്‍ ബോയ് ഉടലെടുക്കുന്നത്. വി ശാന്താറാമിന്റേയും അമിയ ചക്രവര്‍ത്തിയുടേയും സ്വാധീനത്തില്‍ നിന്നാണ് ഇതുണ്ടായത്. മുഖ്യധാരാ സിനിമയുടെ ആകര്‍ഷണത്തേയും ഫോര്‍മുലയേയും മറികടന്ന് ജീവിതത്തിന്റെ യഥാതഥ രൂപങ്ങളെ, ഒരു വേള ജീവിതത്തെ തന്നെ പകര്‍ത്തിവയ്ക്കല്‍.

ജീവിതത്തിന്റെ സത്യവും യാഥാര്‍ഥ്യവും രാമദാസ് അനുഭവത്തിലൂടെ ആര്‍ജിച്ചതാണ്. പഴവങ്ങാടിയിലേയും പാളയത്തേയും ഭിക്ഷക്കാര്‍ക്കിടയിലൂടെ അലഞ്ഞും തിരുവനന്തപുരത്തെ തെരുവുകളിലൂടെ കാഴ്ചകണ്ടും ഒരു യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയുടെ മനസ്സില്‍ കത്തിക്കയറിയ ജീവിത യാഥാര്‍ഥ്യം. സിനിമ രാമദാസിന് കേവല ഹരമായിരുന്നില്ല. ഇറ്റാലിയന്‍ നിയോ റിയലിസം അക്കാലത്ത് സാഹിത്യചുറ്റുവട്ടങ്ങളില്‍ ചര്‍ച്ചയായിരുന്നു. ലോകസിനിമയുടെ ചലനങ്ങളെ വായിച്ചും അന്വേഷിച്ചുമറിഞ്ഞാണ് രാമദാസും സുഹൃത്ത് പരമേശ്വരനും സിനിമയിലേക്കെത്തുന്നത്. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച വിദ്യാര്‍ഥികളുടെ "മഹാത്മ" മാഗസിനില്‍ പ്രസിദ്ധീകരിച്ച രാമദാസിന്റെ "കമ്പോസിറ്റര്‍" എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയുടെ ആദ്യരൂപം തയ്യാറാക്കിയത്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള വിവരം തേടി ബ്രിട്ടീഷ് ലൈബ്രറിയിലും അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ലൈബ്രറിയിലും സമയം ചെലവഴിച്ചു. കഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് ന്യൂസ്പേപ്പര്‍ ബോയിയുടെ തിരക്കഥ തയ്യാറാക്കിയത്. പന്ത്രണ്ട് വയസ്സുകാരന്‍ അപ്പുവിന്റെ കാഴ്ചയിലേക്ക് കഥയെ മാറ്റിയതു തന്നെയാണ് പ്രധാനം. കഥയില്‍ ഏറെപ്രാധാന്യമില്ലാത്ത കഥാപാത്രമാണിത്. നാഗവള്ളി ആര്‍ എസ് കുറുപ്പാണ് സംഭാഷണം തയ്യാറാക്കിയതെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഥയില്‍ തിരുവിതാംകൂര്‍ ഭാഷണം ചേരാത്തതിനാല്‍ എല്ലാ സംഭാഷണങ്ങളും തൃശൂര്‍ ശൈലിയിലേക്ക് മാറ്റിയെഴുതി.

ലോകമെമ്പാടും ഉണര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് രാമദാസും സുഹൃത്തുക്കളും മഹാത്മാ മെമ്മോറിയല്‍ അസോസിയേഷന്‍ രുപീകരിച്ചത്. മഹാത്മയില്‍ രാമദാസിന്റെ നാടകങ്ങളില്‍ സഹകരിച്ചിരുന്നവരെത്തന്നെ സിനിമയിലെ പ്രധാന സകാര്യങ്ങള്‍ ഏല്‍പ്പിച്ചത്. നടന്‍മാരെ കണ്ടെത്താന്‍ ദീര്‍ഘനാളത്തെ അന്വേഷണവും നടത്തി. ഒടുവില്‍ 1955 മെയ് അഞ്ചിന് സിനിമ റിലീസായി. അന്നും ഇന്നും ജീവിതം അതിന്റെ തെളിമയോടെ കാണാന്‍ ആഗ്രഹിക്കാത്ത മലയാളി ന്യൂസ് പേപ്പര്‍ ബോയ് തള്ളി. എപ്പോഴും രക്ഷകരായി എത്തുന്ന ദൈവങ്ങളേയോ നായകരേയോ ന്യൂസ് പേപ്പര്‍ ബോയ് അവതരിപ്പിച്ചില്ല എന്നതു തന്നെയാണ് കാരണം. ദൈവത്തിനു പകരം മനുഷ്യനെ അവന്റെ ജീവിതത്തെ പ്രതിഷ്ഠിച്ചതാണ് ന്യൂസ് പേപ്പര്‍ ബോയ് മലയാളിയോടുചെയ്ത "അപരാധം".

കെ ഗിരീഷ്

മലയാളത്തിന്റെ ബൈസിക്കിള്‍ തീവ്സ്

കൊച്ചിയിലേക്കുള്ള തീവണ്ടിയാത്രയില്‍ കണ്ട പത്രം വില്‍ക്കുന്ന ബാലന്റെ ദൈന്യമുഖമാണ് പി രാംദാസിന് "ന്യൂസ്പേപ്പര്‍ ബോയ്" നിര്‍മിക്കാന്‍ പ്രേരകമായത്. സഹപാഠി പരമേശ്വരനൊത്തുള്ള ആ സാഹസം, മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി. വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ എടുത്തു എന്നതു മാത്രമല്ല, ജീവിത യാഥാര്‍ഥ്യങ്ങളുടെ നേരുകള്‍ പകര്‍ത്തിയ നിയോ റിയലിസ്റ്റ് സിനിമ എന്ന നിലയിലും ന്യൂസ്പേപ്പര്‍ ബോയ് സ്ഥാനം നേടി. അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതദുരിതം ഹൃദയസ്പൃക്കായി ആവിഷകരിച്ച ആ ചിത്രം, ലോകപ്രശസ്ത ഇറ്റാലിയന്‍ സിനിമ ബൈസിക്കിള്‍ തീവ്സിന്റെ ഹൃദയഹാരിത പകര്‍ന്നു നല്‍കുന്നതായിരുന്നു.

കേരളീയ ഫ്യൂഡലിസം മുതലാളിത്തക്രമത്തിലേക്കു പരിവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പരിഛേദം എന്ന നിലയിലും 1955ല്‍ പുറത്തിറങ്ങിയ ന്യൂസ്പേപ്പര്‍ ബോയിക്ക് ചരിത്രത്തില്‍ ഇടമുണ്ട്. കമുകറ പുരുഷോത്തമനും ശാന്താ പി നായരും ശബ്ദം നല്‍കിയ ഗാനശീലുകള്‍ കൊണ്ടും അത് മലയാളത്തിന്റെ നിത്യസ്മരണയാണ്. ലോകത്തിലാദ്യമായി വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നിര്‍മിച്ച ചിത്രം എന്ന പ്രസിദ്ധി ന്യൂസ്പേപ്പര്‍ ബോയിക്കുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ രാംദാസിന്റെയും സഹ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ആദര്‍ശ് കലാമന്ദിര്‍ ആണ് സിനിമ നിര്‍മിച്ചത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായ നൂറ്റിമുപ്പത് മിനിറ്റുള്ള ചിത്രം ബോക്സോഫീസില്‍ തകര്‍ന്നെങ്കിലും ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. പ്രാദേശികവും ദേശീയവുമായ നിരൂപണങ്ങള്‍ക്ക് പാത്രമായി. രാജ്കപൂറിനെക്കുറിച്ച് ഫിലിം ഫെയര്‍ മാഗസിനില്‍ വന്ന നിരൂപണങ്ങളും ശാന്തറാമിന്റെയും അമിയ ചക്രവര്‍ത്തിയുടെയും സിനിമകളുമാണ് തന്നില്‍ സിനിമാവേശം പടര്‍ത്തിയതെന്ന് ന്യൂസ്പേപ്പര്‍ ബോയിയുടെ അമ്പതാം വാര്‍ഷിക വേളയില്‍ രാംദാസ് ഓര്‍ക്കുകയുണ്ടായി.

ജാപ്പനീസ് ചലച്ചിത്രകാരന്‍ കുറസോവയുടെ റാഷമോണ്‍ എന്ന സിനിമയുടെ ട്രെയിന്‍ യാത്രാഖണ്ഡങ്ങളാണ് സിനിമയുടെ മറ്റൊരു പ്രചോദനം. തന്റെ തന്നെ, കമ്പോസിറ്റര്‍ എന്ന ചെറുകഥയ്ക്ക് മാറ്റം വരുത്തി തിരക്കഥ രചിച്ച്, നാഗവള്ളി ആര്‍ എസ് കുറുപ്പിനെക്കൊണ്ട് സംഭാഷണമെഴുതിപ്പിച്ചായിരുന്നു,തൃശൂരിലും മദ്രാസിലും തിരുവനന്തപുരം മെറിലാന്‍ഡ് സ്റ്റുഡിയോയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുറുപ്പ് ഒഴിച്ച് മിക്കവാറും പുതുമുഖങ്ങള്‍. പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളമാണ് അപ്പുവിന്റെ അമ്മയുടെ വേഷമിട്ടത്. അപ്പുവായി മാസ്റ്റര്‍ മോനിയും.

ഇറ്റാലിയന്‍ നിയോ റിയല്‍ സിനിമയുടെ, യാഥാര്‍ഥ്യത്തിന്റെ യഥാര്‍ഥ ചിത്രീകരണം എന്ന ശൈലിയായിരുന്നു രാംദാസ് പിന്തുടര്‍ന്നത്. തെരുവിലെ മനുഷ്യരുടെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ മുന്നൊരുക്കമെന്നോണം രണ്ടു ഹ്രസ്വചിത്രങ്ങളും രാംദാസ് നിര്‍മിച്ചു. വാടക വീട്ടിലെ അതിഥി, നിറമാല എന്നീ സിനിമകളും സംവിധാനം ചെയ്തു. യാഥാര്‍ഥ്യങ്ങളില്‍നിന്ന് സ്വപ്നലോകത്തേക്ക് ഒളിച്ചോടാന്‍ സിനിമയെ ഉപാധിയായി കണ്ട പ്രേക്ഷകര്‍ സ്വന്തം ദുരിതങ്ങള്‍ സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു രാംദാസിന് അറിയാമായിരുന്നു. അതിനാല്‍ ജനപ്രിയം എന്ന നിലയില്‍ സിനിമ സ്വീകരിക്കപ്പെടാതെ പോയതില്‍ അദ്ദേഹത്തിന് വ്യസനമില്ലായിരുന്നു. വരാനിരിക്കുന്ന വ്യവസായ സിനിമയ്ക്കുപോലും ഇതു മാതൃകയാണെന്ന് പി എന്‍ മേനോന്‍ പ്രഖ്യാപിച്ചു. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ ന്യൂസ്പേപ്പര്‍ ബോയിയെ തേടിയെത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണമനുസരിച്ച് ദില്ലിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

പി പി ഷാനവാസ്

*
ദേശാഭിമാനി

Sunday, February 16, 2014

സിനിമ പങ്കിട്ട ചങ്ങാതി

ബാലു എന്റെ കൂട്ടുകാരനായിരുന്നു. അതിലുമുപരി എന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് ഗൂണപരമായ ഊര്‍ജ്ജം പകരുന്ന ചലച്ചിത്രകാരന്‍. സിനിമയെ കുറിച്ചുള്ള എന്റെ ലാവണ്യബോധം പങ്കിടാന്‍ കഴിയുന്ന ചങ്ങാതി. പിറവിയില്‍ അഭിനയിക്കാന്‍ അര്‍ച്ചനയെ പറഞ്ഞുവിട്ടത് ബാലുവാണ്. എന്റെ കൈയ്യില്‍ നിന്ന് ഒരു സംഖ്യപോലും വാങ്ങാതെ അഭിനയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയായിരുന്നു ശിഷ്യയെ അയച്ചത്. സ്വമ്മിലേക്ക് നായിക അശ്വനിയെ നിര്‍ദേശിച്ചതും ബാലുവായിരുന്നു. പൂണൈ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ക്കിടയില്‍ ഇത്തരത്തില്‍ വലിയ പരസ്പര സഹകരണം നിലനിന്നിരുന്നു.

എന്നേക്കാള്‍ അഞ്ചുവര്‍ഷം മുമ്പേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും എന്നോട് പ്രത്യേക കരുതല്‍ ബാലുവിനുണ്ടായിരുന്നു. സിനിമാട്ടോഗ്രാഫി പഠിച്ചിറങ്ങി സംവിധായകരായവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ വലിയ സമാനതകളുണ്ട്. ഫോട്ടോഗ്രാഫിയിലും പ്രമേയത്തിലും വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായ ചലച്ചിതകാരനാണ് ബാലു. ശിവാജി ഗണേശന്റേയും എംജിആറിന്റെയും ആധിപത്യ കാലമായിരുന്നു അത്. അവര്‍ക്ക് അവരുടേതായ ആളുകളുണ്ടായിരുന്നു. അന്നത്തെ സൃഷ്ടിപരമായ ധാരണകളെ പൊളിച്ച് ക്യാമറയെ സ്റ്റുഡിയോകളില്‍ നിന്ന് പ്രകൃതിയിലേക്ക് കൊണ്ടുപോകാനും അതിന്റെ സൗന്ദര്യം ബോധ്യപ്പെടുത്താനും ബാലുവിന് കഴിഞ്ഞു. ആ പ്രയത്നത്തില്‍ തമിഴ്നാട്ടില്‍ വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായി. ബാലുവിനോപ്പം ചേര്‍ന്ന് ഇളയരാജയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അക്കാലയളവില്‍ പഠിച്ചിറങ്ങിയ നിരവധി പേരും മാറ്റത്തില്‍ പങ്കാളികളായി. അന്നത്തെ താരാധിപത്യം പൊളിക്കാനും തമിഴ് സിനിമയെ ദേശീയതലത്തില്‍ അംഗീകരിപ്പിക്കാനും ബാലുവിന് സാധിച്ചു. ബാലു സ്വയം ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായി മാറി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാല, ശശികുമാര്‍ തുടങ്ങിയ ശിഷ്യന്മാരെല്ലാം ദേശീയശ്രദ്ധ നേടി. ഇങ്ങനെ തമിഴില്‍ വ്യത്യസ്തമായ ഒരു പാരമ്പര്യം സൃഷ്ടിക്കാന്‍ ബാലുവിനായി.

ഗുരുകുല സമ്പ്രദായത്തില്‍ സിനിമാസ്കൂളും നടത്തി. പരീക്ഷയില്ലാതെ മൂന്ന് വര്‍ഷം കൊണ്ട് സിനിമ പഠിപ്പിക്കുന്ന സമ്പ്രദായം. ഒപ്പമുള്ളവരെല്ലാം മുന്നേറണമെന്ന സ്വാര്‍ഥതക്ക് അപ്പുറത്തുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ച്ചന മാത്രം സിനിമ ചെയ്തില്ല എന്ന പരാതി ഇടക്കിടക്ക് പറയും. തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും സിനിമ എന്ന മാസ്മീഡിയയിലൂടെ ബാലുവിനെ പോലെ വ്യത്യസ്ത ലാവണ്യാനുഭൂതി സൃഷ്ടിക്കാനായ മറ്റ് സംവിധായകര്‍ ഇല്ല. സിലോണില്‍ ജനിച്ചുവളര്‍ന്നയാളാണ് ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തിയത്. തരളമായ പ്രണയം ബാലുവിന്റെ ജീവിതത്തേയുംസൃഷ്ടികളേയും പിന്തുടര്‍ന്നു. ദൂരദര്‍ശന്‍ ആവിര്‍ഭവിക്കുന്ന കാലത്ത് ഏറ്റവും വ്യത്യസ്തമായ സീരിയലുകള്‍ ചെയ്തു. പിറവിക്ക് ദേശീയപുരസ്കാരം കിട്ടുമ്പോള്‍ ബാലു ജൂറിയിലുണ്ടായിരുന്നു.

മികച്ച സിനിമക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം വിഭജിച്ച് നല്‍കാറുണ്ട്. എന്നാല്‍ പിറവിക്ക് ഇതുരണ്ടും ഒരുമിച്ചു ലഭിച്ചു. എനിക്ക് അര്‍ഹമായ അംഗീകാരം നേടിത്തരാന്‍ ജൂറിയില്‍ ശക്തമായി വാദിച്ചെന്ന് പിന്നീട് ആവേശത്തോടെ ബാലു പറഞ്ഞിട്ടുണ്ട്. എന്റെ സിനിമകള്‍ തിയേറ്ററിലെത്തിക്കും മുമ്പ് സ്വയം വിലയിരുത്തലിനായി ഞാന്‍ ആദ്യം കാണിക്കുന്ന സുഹൃത്തുക്കളുടെ വളരെ ചെറിയ പട്ടികയില്‍ ബാലുവുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സ്വപാനം മാത്രമേ ബാലു കാണാതുള്ളു. സിനിമ പൂര്‍ത്തിയായപ്പോള്‍ ചെന്നൈയില്‍ പ്രസാദ് ലാബില്‍ വച്ച് വിളിച്ചപ്പോള്‍ തിരക്കിലായിരുന്നു. സിനിമ കണാനൊത്തില്ലേലും കേരള മീന്‍കറി വാങ്ങിത്തരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള്‍ താമസിച്ച ചെന്നൈയിലെ ഗസ്റ്റ്ഹൗസില്‍ ഒരു പ്രമുഖ പാചകക്കാരനെ വിളിച്ചുവരുത്തി മീന്‍ വാങ്ങി കറിവച്ചു. ഞങ്ങള്‍ ഒരുമിച്ച് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിച്ചതാണ് ബാലുവിനെ കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ.

*
ഷാജി എന്‍ കരുണ്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

Friday, October 25, 2013

മന്നാഡേ: ഹൃദയംതൊടും നാദം

കുന്ദന്‍ലാല്‍ സൈഗാളിനുശേഷം ഹിന്ദി സിനിമാ പിന്നണിഗായകരുടെ വലിയൊരു നിരയിലെ പ്രമുഖനായിരുന്നു മന്നാഡേ. ഹിന്ദി സിനിമാസംഗീതത്തിന്റെ സുവര്‍ണകാലം അവിസ്മരണീയമാക്കിയ മുകേഷ്, മുഹമ്മദ് റഫി, തലത് മെഹമൂദ്, കിഷോര്‍കുമാര്‍ എന്നിവര്‍ക്കിടയില്‍ ശാസ്ത്രീയസംഗീതത്തിന്റെ മധുരം മനോഹരമായി പകര്‍ന്ന ഗായകന്‍. മന്നാ ഡേയുടെ അമ്മാമനായ കൃഷ്ണചന്ദ്ര ഡേ എന്ന കെ സി ഡേ നാല്‍പ്പതുകളിലെ ഏറ്റവും അറിയപ്പെടുന്ന ഗായകനും സംഗീതസംവിധായകനുമായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ആദ്യപാഠങ്ങള്‍ പഠിച്ചത്.

ഹിന്ദുസ്ഥാനി-രവീന്ദ്രസംഗീതത്തില്‍ പ്രാവീണ്യം നേടിയ മന്നാഡേയെ ബോളിവുഡിന് പരിചയപ്പെടുത്തിയതും കെ സി ഡേ. 1942ല്‍ "തമന്ന" എന്ന ചിത്രത്തില്‍ കെ സി ഡേയുടെ സംഗീത സംവിധാനത്തില്‍ "ജാഗോ ആയീ ഉഷാ പഞ്ചി" എന്ന ഗാനം സുപ്രസിദ്ധ ഗായിക സുരയ്യയോടൊപ്പം പാടി. രാജ്യമാകെ അത് ഏറ്റെടുത്തതോടെ ഹിന്ദി സിനിമയുടെ വാതിലുകള്‍ മന്നാഡേക്കായി തുറന്നു. ഹൃദയത്തിന്റെ അഗാധതയില്‍നിന്ന് ഉറവയെടുക്കുന്ന നാദമായിരുന്നു മന്നാ ഡേയുടേത്. ഒരു ഗാനം ആവശ്യപ്പെടുന്ന രസ, ഭാവങ്ങളുടെ പ്രപഞ്ചം ആലാപനത്തിലൂടെ സൃഷ്ടിക്കാന്‍ അസാധാരണമായ മികവ്. മലയാളത്തില്‍ രണ്ട് പാട്ട് മാത്രമേയുള്ളുവെങ്കിലും, കേരളത്തില്‍ എക്കാലവും പ്രതിഷ്ഠ നേടിയ ഗായകനായി അദ്ദേഹം. ചെമ്മീനിലെ പരീക്കുട്ടിയുടെ പ്രണയത്തിന്റെ ആഴവും ആര്‍ദ്രതയും മനസ്സിലാക്കാന്‍ "മാനസമൈനേ വരൂ" മതി. പ്രണയത്തിന്റെ നാലയലത്തുകൂടി പോയവര്‍ക്കെല്ലാം വേദവാക്യമാണ് ആ പാട്ട്. പാട്ടില്‍ മലയാളത്തിന്റെ ഉച്ചാരണത്തിലെ കുറവുകള്‍ ആരും അറിയാതിരിക്കാന്‍ കാരണം ആ കവിതയുടെ ആത്മാവറിഞ്ഞ് പാടിയ ആലാപനശൈലിയാണ്.

മന്നാഡേ വൈരുധ്യങ്ങള്‍ നിറഞ്ഞ കലാകാരനാണ്. ഭാവഗാംഭീര്യം നിറഞ്ഞ ആലാപനശൈലിയുള്ള അദ്ദേഹം ഹിന്ദി സിനിമകളില്‍ 1408 പാട്ടുകള്‍ പാടി. ലഭിച്ചവയില്‍അധികവുംകഴിവുകള്‍ അളക്കാന്‍ പര്യാപ്തമായില്ല. ആയിരുന്നില്ല. ഹാസ്യഗാനങ്ങള്‍ പാടുന്നയാളെന്ന തെറ്റായ വിശേഷണത്തിലേക്ക് അദ്ദേഹം വഴുതിവീഴുമായിരുന്നു. ബസന്ത് ബഹാറിലെ "സുര്ന സജെ" പോലുള്ള ഭാവഗാംഭീര്യമുള്ള ഗാനങ്ങള്‍ ഏറ്റവും നന്നായി പാടിയിട്ടുള്ള അദ്ദേഹത്തെ തമാശഗാനങ്ങളുടെ ഉസ്താദ് ആക്കി മാറ്റാനാണ് ബോളിവുഡ് ശ്രമിച്ചത്. "ദേഖ് കബിരാ റോയ" എന്ന സിനിമയില്‍ "കോന്‍ ആയാ മേരെ മാന്‍ കി ദ്വാരേ" എന്ന ഗാനം ഗാധമായ രസജ്ഞാനത്തിന്റെ ഉദാഹരണമാണ്. രാജേന്ദ്രകൃഷ്ണനും മദന്‍ മോഹനും ചേര്‍ന്നൊരുക്കിയ അതിന് ഏറ്റവും മികച്ച സാക്ഷാല്‍ക്കാരമാണ് മന്നാ ഡേയിലൂടെ ലഭിച്ചത്. "തേരി സൂരത്ത് മേരി ആംഖേം" എന്ന സിനിമയിലെ "പൂച്ചോ ന കൈസേ" ആഹിര്‍ഭൈരവി രാഗത്തിലെ ഏറ്റവും മികച്ച സിനിമാഗാനമായി അറിയപ്പെടുന്നത് ആ ആലാപന വൈദഗ്ദ്ധ്യം കൊണ്ടാണ്. യെ രാത് ഭീഗി, "ചോരി ചോര"യിലെ ആജാ സനം മധുര്‍ തുടങ്ങിയ ഗാനങ്ങള്‍ ബോളിവുഡ് എക്കാലത്തെയും ഹിറ്റായി കൊണ്ടാടുന്നു.

ബസന്ത് ബഹാറിലെ "ഭയ് ഭഞ്ജന" നല്‍കുന്ന ശാന്തി വിവരിക്കാനാകില്ല. "മേരെ ഹുസൂര്‍" എന്ന സിനിമയിലെ "ഝനക് ഝനക്" അദ്ദേഹത്തിന്റെ ശാസ്ത്രീയസംഗീതജ്ഞാനത്തിന്റെ ഉത്തമ ഉദാഹരണം. "ഷോലെ"യിലെ "യെ ദോസ്തി" എന്ന ഗാനം കിഷോര്‍കുമാറുമായി ചേര്‍ന്ന് ആലപിച്ചത് ജനകോടികള്‍ ഏറ്റുപാടി. രണ്ടുതവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടും അദ്ദേഹം എന്തുകൊണ്ട് സിനിമാഗാനശാഖയില്‍നിന്ന് അകാലത്തില്‍ ഒഴിവാക്കപ്പെട്ടു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം പാടി. 3500േറെ ഗാനങ്ങള്‍ റെക്കോഡ് ചെയ്തു. ബംഗാളി സിനിമക്കുവേണ്ടി 611 ഗാനങ്ങള്‍ പാടി. പഞ്ചാബി, അസമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, കന്നഡ, മലയാളം ഭോജ്പൂരി, അവധി, ഛത്തീസ്ഗഢി, സിന്ധി, കൊങ്കണി ഭാഷകളിലും അദ്ദേഹം പാടി. എണ്ണം കുറവാണെങ്കിലും നല്ല ഗാനങ്ങള്‍കൊണ്ട് ഏറ്റവും മികച്ച ഗായകനായി എന്നും ഓര്‍മ്മിക്കപ്പെടും.

*
വി ജയിന്‍

Tuesday, October 15, 2013

നവപ്പഴമയുടെ വടക്കുതെക്കുകള്‍

ഐക്യ കേരള രൂപീകരണ/നിര്‍മാണത്തെ സന്ദിഗ്ധമാക്കുന്ന നിരവധി പ്രതിനിധാനങ്ങളുടെ കുഴമറിച്ചിലുകളും, പരസ്പരവിരുദ്ധവും സങ്കീര്‍ണവുമായ ആശ്ലേഷണ-വിശ്ലേഷണങ്ങളുംകൊണ്ട് സജീവവും ചടുലവുമായ ദൃശ്യ/ചലന ചിത്രങ്ങളാണ് നോര്‍ത്ത് 24 കാതം എന്ന ന്യൂജനറേഷന്‍(?) സിനിമയിലുള്ളത്. പരിചിതരും അപരിചിതരുമായ നിരവധി ന്യൂജനറേഷന്‍ അഭിനേതാക്കള്‍ക്കൊപ്പം, മലയാള സിനിമയിലെ ഇരുത്തം വന്ന കാരണവര്‍ നെടുമുടി വേണുവും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്നുണ്ട്. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്ന് സ്വന്തം പേര് വിശദമായി രേഖപ്പെടുത്തുന്ന ആളാണ് സംവിധായകന്‍. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോവിന്ദ് മേനോനും ഛായാഗ്രാഹകന്‍ ജയേഷ് നായരുമാണ്.

ജാതിപ്പേരും സവര്‍ണ-തറവാടിത്തവും ഘോഷണം ചെയ്യുന്നതിനായിട്ടാണ് ന്യൂജനറേഷന്‍ കാലത്തും ഇത്തരം പേരുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നതെന്നു കരുതാവുന്നതാണ്. ""ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍"" (ഇടശ്ശേരി). എഴുപതുകളില്‍ നാടകക്കളരിയിലൂടെയും കവിതാചൊല്‍ക്കാഴ്ചകളിലൂടെയും ആര്‍ട്ട്/മധ്യവര്‍ത്തി സിനിമകളിലൂടെയും സജീവമായ കലാജീവിതം ആരംഭിച്ച നെടുമുടി വേണു അടക്കമുള്ള പുതുമുറക്കാര്‍ (അക്കാലത്തെ) ജാതിപ്പേര് അഥവാ ജാതിവാല്‍ സധൈര്യം ഉപേക്ഷിച്ചിരുന്നു. കേരളീയ സമൂഹം മുറിച്ചിട്ട ആ വാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ചങ്കൂറ്റത്തോടെ എടുത്തണിയുന്നവരുടെ പുതുമയെ നവപ്പഴമ എന്നു വിളിക്കാവുന്നതാണ്.

നോര്‍ത്ത് 24 കാതം മുഴുവനും നാം നടന്നും ഓടിയും വണ്ടിപിടിച്ചും വണ്ടിയില്‍ നിന്നിറക്കി വിടപ്പെട്ടും എല്ലാം യാത്ര പൂര്‍ത്തിയാക്കിയാല്‍ എത്തിച്ചേരുന്നത് ഒരു നവപ്പഴമാ സ്ഥല-കാലത്തിലേക്കായിരിക്കും എന്നതാണ് വിധി. മുതിര്‍ന്നവര്‍/ചെറുപ്പക്കാര്‍, പുരുഷന്‍/സ്ത്രീ, ഐടിക്കാര്‍/സാധാരണക്കാര്‍, വൃത്തിബോധം അമിതമായുള്ളവര്‍/അങ്ങനെയല്ലാതെ നോര്‍മലായുള്ളവര്‍, കേരളത്തിനകത്തുള്ള മലയാളികള്‍/മറുനാടന്‍ മലയാളികള്‍, മലയാളികള്‍/മലയാളികളല്ലാത്തവര്‍, രാഷ്ട്രീയ-ചരിത്രബോധമുള്ളവര്‍/അല്ലാത്തവര്‍ എന്നിങ്ങനെ പലതരം വൈരുധ്യങ്ങളും ദ്വന്ദ്വങ്ങളും ആണ് നോര്‍ത്ത് 24 കാതത്തിലെ കഥാപാത്രവ്യതിരിക്തതകള്‍. ആഗോളവത്ക്കരണകാലത്ത് സാധാരണമായിക്കഴിഞ്ഞ ചില ജോലികളായ ഐടി പ്രോഗ്രാം ഡിസൈനിങ്ങും എന്‍ജിഒ ലേബല്‍ സാമൂഹ്യ സേവനവും യഥാക്രമം നടത്തുന്നവരാണ് മുഖ്യ കഥാപാത്രങ്ങളായ ഹരികൃഷ്ണനും (ഫഹദ് ഫാസില്‍), നാരായണി എന്ന നാണി (സ്വാതി റെഡ്ഡി)യും. തുല്യ പ്രാധാന്യത്തോടെയുള്ള പഴമുറക്കാരനായ നെടുമുടി വേണുവിന്റെ എണ്‍പത്തിനാലു വയസ്സുള്ള കഥാപാത്രമാകട്ടെ മുന്‍പ് പൊതുപ്രവര്‍ത്തകനായിരുന്നു എന്നു മാത്രമേ അറിയുന്നുള്ളൂ. മൂപ്പത്തിയാര്‍ എന്ന് അയാള്‍ വിളിക്കുന്ന ഭാര്യ പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്നു എന്ന് അയാള്‍ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. അയാളുടെ പേര് ചിത്രത്തിലുടനീളം വ്യക്തമാകുന്നേയില്ല. സഖാവ് എന്നാണ് ടൈറ്റില്‍ കാര്‍ഡില്‍ കൊടുത്തിരിക്കുന്നത്. വിക്കിപ്പീഡിയയില്‍ ഗോപാലേട്ടന്‍ എന്നും ചുമര്‍പോസ്റ്ററില്‍ ഗോപാലകൃഷ്ണേട്ടന്‍ എന്നും ഇയാളുടെ പേര് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, അത് ചിത്രത്തിലെവിടെയെങ്കിലും ഉച്ചരിക്കുന്നതായി കേള്‍ക്കുന്നില്ല. വര്‍ത്തമാനകാല മലയാള സിനിമയില്‍ ഇത്തരമൊരു പ്രധാന കഥാപാത്രത്തിന്റെ പേര് ഡിഫോള്‍ട്ടായി വരുക, മിനിമം നായരെങ്കിലും എന്നു തോന്നിപ്പിക്കുന്ന സവര്‍ണ ഹിന്ദുവിന്റേതായിട്ടായിരിക്കും എന്നതിനാല്‍ പേരിന്റെ മറിമായങ്ങളില്‍ അസ്വാഭാവികത തോന്നേണ്ടതുമില്ല. അയാളും ഭാര്യയും ഇപ്പോള്‍ പാര്‍ടിയിലുണ്ടോ എന്ന് വ്യക്തമല്ല/അല്ലെങ്കില്‍ ഇല്ല എന്നായിരിക്കും വ്യക്തം.

ബേപ്പൂരില്‍ ഇറങ്ങി രാമനാട്ടുകരയിലേക്ക് ഓട്ടോയില്‍ പോകുന്ന വഴി, തങ്ങള്‍ ഒളിവിലിരുന്നതും പിന്നീട് പാര്‍ടിക്ക് ആപ്പീസായി വിട്ടുകൊടുത്തതുമായ കെട്ടിടം അയാള്‍ നാണിക്കും ഹരിക്കും കാണിച്ചു കൊടുക്കുന്നുണ്ട്. ഭാര്യയുടെ മൃതശരീരത്തില്‍ പുതപ്പിക്കാനായുള്ള അരിവാളും ചുറ്റികയും അങ്കിതമായ ചെങ്കൊടി പാര്‍ടി ആപ്പീസില്‍നിന്ന് സെക്രട്ടറി അല്ല കൊണ്ടു വരുന്നത്. അയാളുടേതോ അവരുടേതോ ആയ, പുരാവസ്തുമൂല്യമുള്ള തരം കാല്‍പ്പെട്ടിയില്‍ ഭദ്രമായി മടക്കി വച്ചിരുന്ന കൊടിയാണയാള്‍ എടുത്തു കൊണ്ടു വന്ന് പുതപ്പിക്കുന്നത്. തന്റെ ഭാര്യയുടെ മൃതദേഹത്തില്‍ പുതപ്പിക്കാനുള്ള ചെങ്കൊടി കൊണ്ടുവരാന്‍ തക്കവിധത്തില്‍ നിലവാരമുള്ള ഒരു പാര്‍ടി ആപ്പീസ് ഇക്കാലത്തില്ല/ഉണ്ടാവില്ല എന്ന തിരിച്ചറിവോടെ ചെങ്കൊടി വീട്ടിലെ കാല്‍പ്പെട്ടിയില്‍ സൂക്ഷിച്ചിരിക്കയാണയാള്‍. അയാളും അയാളുടെ ഭാര്യയും അവരുടെ പ്രത്യയശാസ്ത്രവും പ്രത്യയശാസ്ത്രത്തോടും മനുഷ്യ സമൂഹത്തോടും ഉള്ള പ്രതിബദ്ധതയും ജീവിത സമീപനങ്ങളും എല്ലാം പുരാവസ്തു ആയിക്കഴിഞ്ഞു എന്നതായിരിക്കണം വ്യംഗ്യം. അയാള്‍ തന്നെ ഒരു മ്യൂസിയം പീസ് ആര്‍ടാണ്. അയാളെ സുരക്ഷിതമായി കോഴിക്കോട്ടുള്ള വീട്ടില്‍ ഭാര്യയുടെ മൃതശരീരത്തിനും സുഹൃത്ത് മൊയ്തീനും പിന്നെ നിരവധി അയല്‍ക്കാര്‍ക്കും അടുത്തെത്തിക്കുന്നതോടെ തങ്ങളുടെ നിയോഗം അവസാനിച്ചു എന്നു മനസ്സിലാക്കി സ്ഥലം കാലിയാക്കുകയും ഭക്ഷണം കഴിക്കാനാരംഭിക്കുകയും ചെയ്യുന്ന ഹരിയും നാണിയും അപ്രകാരം ധ്വനിപ്പിക്കുന്നുമുണ്ട്. മൂപ്പത്തിയാരുടെ മൃതദേഹം ദൃശ്യങ്ങളിലെവിടെയും കാണിക്കുന്നില്ല. അവര്‍ ഒളിവിലിരുന്നതും പിന്നീട് പാര്‍ടി ആപ്പീസായതുമായ കെട്ടിടം പോലെ ആ മൃതദേഹവും കഥാപാത്രങ്ങളുടെ മുഖഭാവങ്ങളില്‍നിന്ന് കാണിക്ക് ഊഹിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ. പ്രത്യക്ഷ ദൃശ്യത്തിനു പകരം പരോക്ഷ പ്രതിനിധാനമായി പാര്‍ടി ആപ്പീസും, മരിച്ച ആദര്‍ശാത്മക സഖാവ്/വനിത/ഭാര്യയും കടന്നു വരുന്നത് അവയുടെ എതിര്‍ പ്രതിനിധാനങ്ങളെ - ആദര്‍ശരാഹിത്യം, കാപട്യം, അഴിമതി - ആരോപിച്ച് ഉറപ്പിച്ചെടുക്കാനുമാണ്. ആദര്‍ശാത്മകവ്യക്തിത്വങ്ങളും ആദര്‍ശ രാഷ്ട്രീയവും അന്യംനിന്നു പോയിരിക്കുന്നു എന്ന ഫ്യൂഡല്‍ നിര്‍മിത നൊസ്റ്റാള്‍ജിയയാണിവിടെ പതിവുപോലെ വേവുന്നത്.

പെര്‍ഫെക്ഷനിസ്റ്റും ജോലിയില്‍ മികവു പുലര്‍ത്തുന്നയാളും ആയ ഹരികൃഷ്ണന്‍ വ്യക്തിശുചിത്വം പാലിക്കുന്നതില്‍ അമിത ശ്രദ്ധാലുവാണ്. സവര്‍ണ നാടുവാഴിത്ത കാലത്തുണ്ടായിരുന്ന ജലപ്പിശാച് ബാധിച്ചവരെപ്പോലെയാണിയാളുടെ പെരുമാറ്റം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ പഴയകാലത്തെ അമിതവൃത്തി ബോധത്തിന്റെ ഒരു നവ്യാവതാരം ആണിയാള്‍. കാലത്ത് കൃത്യം നാല് അമ്പതിന് എണീറ്റ് ബ്രഷു കൊണ്ടും പേസ്റ്റു കൊണ്ടും മൗത്ത് വാഷ് കൊണ്ടും പല്ലു തേച്ചതിനും കുലുക്കുഴിഞ്ഞതിനും ശേഷം, ലഘു യോഗാസനങ്ങളും ഏകാന്ത ചിരിക്ലബ്ബുമാണ് അയാളുടെ ചര്യകള്‍. കമ്മോഡ് മുഴുവന്‍ ക്ലീനിങ് ദ്രാവകം തളിച്ച് തുടച്ചെടുത്തതിനു ശേഷം ടോയ്ലറ്റ് പേപ്പര്‍ കൊണ്ട് വീണ്ടും തുടച്ച് അത് വിരിച്ചതിനു ശേഷമാണ് അയാള്‍ കക്കൂസില്‍ മലവിസര്‍ജനം നടത്തുക. തൂക്കത്തിലും അളവിലും കൃത്യമാക്കിയതു പോലെ ഇഡ്ഡലിയും സാമ്പാറും ചട്ണിയും ഭക്ഷിക്കുന്നതിനു മുമ്പ് എന്തെങ്കിലും മോശമായ ഗന്ധം ഉണ്ടോ എന്ന് മൂക്ക് കൊണ്ട് മണത്തു പരിശോധിക്കുന്നു. വീട്ടില്‍ തന്നെ അമ്മയും അച്ഛനും സഹോദരനും അടക്കമുള്ള ആരെയും അയാള്‍ വിശ്വാസത്തിലെടുക്കുന്നില്ല. അച്ഛന്‍ പ്രോഗ്രാമിങ്ങിലെ വിശേഷം ചോദിക്കുമ്പോള്‍ അതിന് വിശദമായതും ചടുലമായതുമായ മറുപടി പറയുന്ന അയാള്‍ അച്ഛന് ഒന്നും പിടികിട്ടുന്നില്ല എന്ന വിവരം സഹോദരന്‍ പറയുമ്പോഴാണറിയുന്നത്. അത് മനസ്സിലാക്കുമ്പോള്‍ അയാള്‍ക്ക് ദേഷ്യം വര്‍ധിക്കുന്നു. ഓരോ പ്രാവശ്യം സംസാരിക്കുമ്പോഴും നമ്മുടെ എനര്‍ജി നഷ്ടമാകുന്നുണ്ടെന്നും അതിനാല്‍ അനാവശ്യമായി സംസാരിക്കരുതെന്നുമുള്ള ആരോഗ്യ തത്വം അയാള്‍ ഉരുക്കഴിക്കുന്നു. പിന്നീട് ആപ്പീസിലെത്തുമ്പോഴാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകുന്നു. അയാളിരിക്കുന്ന സീറ്റിലോ ക്യാബിനിലോ മറ്റാരും ഇരിക്കാന്‍ പാടുള്ളതല്ല. വാഷ്റൂമിന്റെ വാതില്‍ തുറക്കാനായി പിടിയില്‍ പിടിച്ചാലും വെള്ളത്തിന്റെ ടാപ്പ് തുറന്നാലും കൈയിന്മേലേക്കും വിരലുകളിലേക്കും രോഗാണു കയറുമോ എന്നാണയാളുടെ ശങ്ക. ഒബ്സസ്സീവ് കമ്പല്‍സീവ് ഡിസോഡര്‍(ഒസിഡി) എന്ന അസുഖമാണ് ഹരിയുടേത് എന്നും അനുമാനിക്കാം.

ഐടി കമ്പനിയുടെ വിജയത്തിനു പിന്നിലെ മുഖ്യ ശക്തി അയാളാണ് എന്ന ആനുകൂല്യം ഉണ്ടെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് അയാളെ തീരെ സഹിക്കാനാവുന്നില്ല. രാത്രിയിലെ പാര്‍ടിയില്‍ മദ്യം പോയിട്ട് ശീതളപാനീയം പോലും അയാള്‍ തൊടുന്നില്ല. ഐടി/ആഗോളവത്ക്കരണകാലത്ത് എല്ലാവരും (ചെറുപ്പക്കാരെങ്കിലും) ഒരു പോലെയായിരിക്കും എന്നും ആയിരിക്കണം എന്നുമുള്ള സാമാന്യബോധമാണിവിടെ സങ്കല്‍പിക്കപ്പെട്ടിരിക്കുന്നതെന്നു കാണാം. ഹരിയുടെ അനുജനായ, ശ്രീനാഥ് ഭാസി അഭിനയിക്കുന്ന റേഡിയോ ജോക്കിയുടേതുപോലെയുള്ള തെറിച്ചതായി തോന്നിപ്പിക്കുകയും പുതിയ അധികാര/അധീശത്വ/വിനോദ വ്യവസ്ഥകളെ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന അടിമകളാണ് കാലത്തിനനുയോജ്യം എന്നാണ് വിവക്ഷ. അതില്‍നിന്ന് വഴിമാറിനടക്കുന്നവര്‍ എത്ര പ്രസക്തിയുള്ളവരാണെങ്കിലും മനോരോഗികളായി ചിത്രീകരിക്കപ്പെടുന്നു. ഹരികൃഷ്ണനും നേരിടുന്നത് സമാനമായ വിധിയാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഹരിക്കിട്ട് ഒരു പണി കൊടുക്കണമെന്ന ഉദ്ദേശത്തോടെയാണ് തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി അയാളെ നിര്‍ബന്ധിച്ച് ട്രെയിന്‍ ടിക്കറ്റ് എടുത്തു പറഞ്ഞയക്കുന്നത്. ഈ യാത്രയാണ് കാര്യങ്ങളാകെ തകിടം മറിക്കുന്നത്.

തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലെ തേര്‍ഡ് എ സി കമ്പാര്‍ടുമെന്റിലെ അയാള്‍ക്കനുവദിച്ചിരുന്ന ലോവര്‍ ബര്‍ത്തില്‍ അയാള്‍ കയറേണ്ട എറണാകുളം സ്റ്റേഷനു മുമ്പ് ഒരു സ്ത്രീ കയറിക്കിടന്നിരുന്നു. വിരിപ്പും പുതപ്പും തലയണയും അവര്‍ ഉപയോഗിച്ചു കഴിഞ്ഞതിനാല്‍ അയാള്‍ക്ക് അവിടെ നീണ്ടു നിവര്‍ന്നു കിടക്കാനാവുന്നില്ല. ഒരു മൂലയില്‍ ഇരുന്ന് നേരം വെളുപ്പിക്കാനായിരുന്നു അയാളുടെ പദ്ധതി. അതിനിടയില്‍ കൊല്ലത്തെത്തിയപ്പോഴാണ് തൊട്ടപ്പുറത്തുള്ള സീറ്റിലെ യാത്രക്കാരന് (നെടുമുടി) ഫോണ്‍ കാള്‍ വരുന്നത്. ഭാര്യ അത്യധികം രോഗബാധിതയാണെന്ന, സുഹൃത്തും അയല്‍വാസിയും ആയ മൊയ്തീന്റെ ഫോണ്‍ കേട്ടയുടനെ സഖാവിന് തല കറങ്ങുന്നു. വൃത്തിശുചിത്വത്തില്‍ അമിത ശ്രദ്ധാലുവായ ഹരി അയാളെ താങ്ങാനോ പിടിച്ചെഴുന്നേല്‍പ്പിക്കാനോ തയ്യാറാവുന്നില്ല. അപ്പര്‍ ബെര്‍ത്തിലുണ്ടായിരുന്ന നാരായണി അവിടേക്ക് ഡൈവ് ചെയ്തിറങ്ങിയാണ് സഖാവിനെ പിടിച്ച് നേരെയിരുത്തുന്നത്. പിന്നീട് സഖാവും നാരായണിയും സഖാവിന്റെ വീടുള്ള രാമനാട്ടുകരയിലേക്ക് തിരിച്ചു പോകാനായി അടുത്ത സ്റ്റേഷനായ പരവൂരിലിറങ്ങുന്നു. ഇതിനിടയില്‍, സഖാവിന്റെ മൊബൈല്‍ ഫോണ്‍ താഴെ വീണിരുന്നു. മൊയ്തീന്റെ അടുത്ത വിളി എടുക്കുന്നത് ഹരിയാണ്. ഭാര്യ മരിച്ചു എന്ന വിവരമാണ് അയാള്‍ അറിയിക്കുന്നത് എന്ന് ഹരിയുടെ മുഖഭാവത്തില്‍നിന്ന് വ്യക്തമാകും. ഉടനെ അയാളും പരവൂരില്‍ ചാടിയിറങ്ങുന്നു. ഫോണ്‍ സഖാവിന് തിരിച്ചേല്‍പ്പിച്ചാല്‍, ഭാര്യയുടെ മരണം അദ്ദേഹത്തിന് താങ്ങാനാവുമോ എന്നറിയാത്തതിനാല്‍ അത് കൊടുക്കാനാവാതെ ഹരിയും അവരെ രാമനാട്ടുകരയിലേക്ക് അനുഗമിക്കുകയാണ്. തെക്കോട്ടാരംഭിച്ച കേരളയാത്ര വടക്കോട്ടേക്കാക്കേണ്ടി വന്നതിന്റെ ഗതിമാറ്റം കൂടിയാണ് നോര്‍ത്ത് 24 കാതത്തിലെ ധ്വനികള്‍. കേരളത്തിന്റെ വികസനാനുകൂല്യങ്ങള്‍ തെക്കുള്ളവര്‍ക്കാണ് ലഭ്യമായിരിക്കുന്നത് എന്ന ആരോപണവും തെക്കുള്ളവരേക്കാള്‍ മനുഷ്യത്വമുള്ളവര്‍ വടക്കുള്ളവരാണ് എന്ന ഊഹവും പരോക്ഷമായി തൊടുത്തുവിടുന്നുണ്ടീ സിനിമയില്‍. ചാപ്പാക്കുരിശിനു ശേഷം മൊബൈല്‍ ഫോണ്‍ പ്രധാന കഥാപാത്രമാകുന്ന ഒരു മലയാള സിനിമാ സന്ദര്‍ഭമാണിത്. ചാപ്പാകുരിശിലേത് അത്യന്താധുനിക സൗകര്യങ്ങളുള്ള ഐ ഫോണായിരുന്നുവെങ്കില്‍ നോര്‍ത്ത് 24 കാതത്തില്‍ നോക്കിയയുടെ ബേസിക് ഫീച്ചറുകളുള്ള 1100 എന്ന സാധാരണ ഫോണാണ്. വയസ്സനും സഖാവുമായ കഥാപാത്രത്തിന് യോജിച്ച ഫോണ്‍. പരിപ്പുവട/കട്ടന്‍ ചായ ശൈലിയുടെ മൊബൈല്‍ ഫോണ്‍ പ്രതിനിധാനം എന്നും പറയാം. ചാപ്പാകുരിശില്‍ ഫോണ്‍ നഷ്ടപ്പെടുന്നത് പണക്കാരനും കൊച്ചിക്കാരനുമായ ന്യൂജനറേഷന്‍ ചെറുപ്പക്കാരന്‍ അര്‍ജുന്‍ സാമുവലിനും(ആ വേഷം ചെയ്തതും ഫഹദ് ഫാസില്‍ തന്നെ); ലഭിക്കുന്നത് വടക്കന്‍ കേരളക്കാരനും മുസ്ലിമുമായ സാധാരണതൊഴിലാളി അന്‍സാരി(ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ സെയില്‍സ് മാന്‍/വിനീത് ശ്രീനിവാസന്‍)ക്കുമാണ്. ലഭിക്കുന്നയാളുടെ മാനസികവും സാമുദായികവും രാഷ്ട്രീയപരവും ലിംഗപരവുമായ അസഹിഷ്ണുതകളും അരക്ഷിതത്വങ്ങളും അനിശ്ചിതത്വങ്ങളും നിസ്സഹായതകളും പ്രതികാരവാഞ്ഛകളും എല്ലാം പരിഹരിക്കാനുള്ള ഒരു ഒറ്റമൂലിയായിട്ടാണ് ആ ഫോണിനെ അയാള്‍ പരിഗണിക്കുന്നത്.

അര്‍ജുന്റെ ഫോണ്‍ എന്നത് പുതിയ അധികാരലബ്ധിയും തനിക്ക് ചുറ്റുമുള്ളതും തന്നെ ഇന്നേവരെ അടിച്ചമര്‍ത്തുകയും വേട്ടയാടുകയും ഒറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്ന സമൂഹത്തെ കുറച്ചു നേരത്തേക്കെങ്കിലും നിയന്ത്രിക്കാനുള്ള ഒരു ഉപാധിയുമായി അന്‍സാരിക്ക് അനുഭവപ്പെടുന്നു. അത്രയും സ്ഥല-കാലത്തേക്ക് അതയാളുടെ ദൈവം പോലുമാണ്. നോര്‍ത്ത് 24 കാതത്തിലാവട്ടെ തികച്ചും വ്യത്യസ്തമായ പ്രതിനിധാനങ്ങളാണ് മൊബൈല്‍ ഫോണിനുള്ളത്. പുതിയ മോഡലിനു പകരം ഏറ്റവും പഴയതും ബേസിക്കുമായ മോഡല്‍. ചാപ്പാകുരിശില്‍ എറണാകുളത്തുള്ള ആള്‍ക്കാണ് ഫോണ്‍ നഷ്ടപ്പെടുന്നതെങ്കില്‍ ഇവിടെയത് രാമനാട്ടുകര(രാമനാട്ടുകര മലപ്പുറം ജില്ലയിലല്ലേ എന്ന ചോദ്യത്തിന് കോഴിക്കോട് ജില്ലയില്‍ മലപ്പുറത്തിന്റെ അതിര്‍ത്തിയില്‍ എന്ന വിശദീകരണം ശ്രദ്ധേയമാണ്/തെക്കു നിന്നായാലും കിഴക്കു നിന്നായാലുമുള്ള ദേശീയ പാതകള്‍ കോഴിക്കോട്ടേക്ക് പ്രവേശിക്കുന്നയിടമാണ് രാമനാട്ടുകര)ക്കാരനാണ്. എറണാകുളത്തുകാരനാണ് ഫോണ്‍ ലഭിക്കുന്നതെന്ന വിശേഷവുമുണ്ട്. ചാപ്പാകുരിശിലത് തലശ്ശേരിക്കാരനായിരുന്നു. അവിടെ രണ്ടു പേരും ചെറുപ്പക്കാരായിരുന്നെങ്കില്‍, ഇവിടെ നഷ്ടപ്പെട്ടയാള്‍ എണ്‍പത്തിനാലുകാരനും കിട്ടിയയാള്‍ ഇരുപതുകളിലുള്ളയാളും. ചാപ്പാകുരിശില്‍ ഫോണ്‍ ലഭിക്കുന്ന കഥാപാത്രത്തിന്റെ കൈയില്‍ സ്വന്തമായുണ്ടായിരുന്ന ഫോണ്‍ നോക്കിയയുടെ തന്നെ ബേസിക്ക് മോഡല്‍, ബോഡി അഴിഞ്ഞു പോകാതിരിക്കാന്‍ എപ്പോഴും റബര്‍ ബാന്റിട്ട് വച്ചതുമായിരുന്നു. നോര്‍ത്ത് 24 കാതത്തിലാകട്ടെ, ഫോണ്‍ ലഭിക്കുന്ന ഹരി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ്. പിന്നീട്; കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റിലിരിക്കവെ, നാരായണി അവളുടെ ഫോണില്‍ ചാര്‍ജ് തീരുമ്പോള്‍ അവന്റെ ഫോണ്‍ ചോദിക്കുമ്പോള്‍ തനിക്ക് ഫോണില്ല എന്നവന്‍ തെളിച്ചുപറയുന്നതിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്. എന്ത്? എന്നാണ് ദേഷ്യത്തോടെയും പകപ്പോടെയും പരിഹാസത്തോടെയും സഹതാപത്തോടെയും നാരായണി ഈ ഫോണില്ല എന്ന മറുപടിയോട് പ്രതികരിക്കുന്നത്. ഇക്കാലത്ത്, അതും ന്യൂജനറേഷന്‍ ലുക്കുള്ള ഐടിക്കാരനായ ഒരു ക്ലീന്‍ ഷേവ് ചെറുപ്പക്കാരന്‍ മൊബൈല്‍ ഫോണില്ലാതെ ജീവിക്കുകയോ!

ഹരികൃഷ്ണനാകട്ടെ മൊബൈല്‍ ഫോണില്ലാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതൊന്നും അയാള്‍ വ്യക്തമാക്കുന്നില്ലെങ്കിലും അയാളുടെ സ്വഭാവസവിശേഷതകള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഒന്നാമതായി, സുഹൃദ്/പ്രണയ/രക്ത ബന്ധങ്ങളൊന്നും സാമ്പ്രദായികമായി നിലനിര്‍ത്താന്‍ താല്‍പര്യമുള്ള ആളല്ല അയാള്‍. സ്വന്തം വ്യക്തിത്വം, വ്യക്തി ശുചിത്വം, ആരോഗ്യം, ദിനചര്യകള്‍, മൂല്യങ്ങള്‍ എന്നിവയില്‍ അമിതമായ ആഭിമുഖ്യവും കൃത്യതയും വിശ്വാസവും അതുകൊണ്ടുതന്നെ സംശയങ്ങളും ഉള്ള സ്വയം കേന്ദ്രീകൃതനായ ഒരു സവര്‍ണ-പുരുഷ യൗവനമാണയാളുടേത്. ഏറിയും കുറഞ്ഞും പുതിയ തലമുറക്കാര്‍, അതും ഐടിക്കാര്‍ ഇങ്ങനെത്തന്നെയായിരിക്കും എന്നാണ് സംവിധായകന്‍ പിന്തുടരുന്ന പൊതുബോധം എന്നും കരുതാം. ഇതുകൊണ്ടാണ് ഹരി സ്വന്തമായി ഫോണ്‍ കൊണ്ടു നടക്കാത്തത്. മാത്രമല്ല, അയാള്‍ സ്വന്തമായി ഒരു ഫോണ്‍ കൊണ്ടു നടന്നിരുന്നു എന്നു കരുതുക. ഈ ചിത്രത്തില്‍ കാണുന്നതുപോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അത് മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യേണ്ടിവരും. അവരുടെ കൈകളിലും ചെവിയിലും വായിലുമുള്ള രോഗാണുക്കളും ദുഷിച്ച വായുവും അതിലേക്ക് സംക്രമിക്കുമെന്നതിനാല്‍ ആ റിസ്ക് ഒഴിവാക്കാന്‍ ഫോണ്‍ കൊണ്ടു നടക്കാതിരിക്കുന്നതല്ലേ ബുദ്ധി എന്നാവും ഹരി തീരുമാനിച്ചിട്ടുണ്ടാവുക. വീട്ടില്‍ തന്നെ ഉദ്ദേശിച്ചു വരുന്ന ലാന്റ് ഫോണ്‍ കോളുകള്‍പോലും അയാള്‍ സ്വീകരിക്കുന്നില്ല. തെറിച്ചുനടക്കുന്ന റേഡിയോ ജോക്കിയായ സഹോദരനും (ശ്രീനാഥ് ഭാസി) വക്കീലായ അമ്മ(ഗീത)യും കൈകാര്യം ചെയ്യുന്ന ഫോണ്‍ എങ്ങനെ വിശ്വസിച്ച് തൊടും? ചെവിക്കും വായക്കും അടുത്തുവയ്ക്കും? കേള്‍ക്കും? സംസാരിക്കും? രാവിലെ ഓഫീസിലേക്ക് പുറപ്പെടുന്നതിനു മുമ്പ് സ്വന്തം മുറി വൃത്തിയാക്കി, വേലക്കാരി അവിടേക്ക് കടക്കേണ്ട എന്ന ഉത്തരവ് കല്‍പ്പിച്ചിട്ടാണ് അയാള്‍ പോകുന്നതുതന്നെ.

ചാപ്പാക്കുരിശിലെന്നതു പോലെ, നോര്‍ത്ത് 24 കാതത്തിലും ഹാന്റ് സെറ്റ് എന്ന ഹാര്‍ഡ് വെയറല്ല അതിന്റെ പ്രാതിനിധ്യത്തെ രൂക്ഷമാക്കുന്നത്. ചാപ്പാക്കുരിശിലെ ഐ ഫോണില്‍, ഫോണിന്റെ ഉടമസ്ഥനായ അര്‍ജുന്‍ സാമുവല്‍(ഫഹദ് ഫാസില്‍) അയാളുടെ കീഴ്ജീവനക്കാരി(രമ്യാ നമ്പീശന്‍)യുമായി നടത്തിയ ലൈംഗികബന്ധത്തിന്റെ ക്ലിപ്പിങ്ങുണ്ടായിരുന്നു. അത് ഫോണ്‍ കിട്ടിയ ആള്‍ കാണുമോ? യുട്യൂബ് വഴി വൈറലാക്കുമോ എന്നൊക്കെയായിരുന്നു അയാളുടെ ഭീതി. എന്തോ കാര്യം അയാളെ ബേജാറാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റേയാളാകട്ടെ അത് വച്ച് മുതലാക്കുകയുമാണ്. ഇവിടെയാകട്ടെ, ഫോണ്‍ സഖാവിന് കൈമാറിക്കഴിഞ്ഞാല്‍ മൊയ്തീന്റെ വിളി വീണ്ടും വരുകയും ഭാര്യയുടെ മരണവിവരം അയാളറിയുകയും ചെയ്യും. അതൊഴിവാക്കാനായിട്ടാണ് ഫോണ്‍ തിരിച്ചേല്‍പ്പിക്കാതിരിക്കുകയും കൈയിലുണ്ടെന്ന കാര്യം മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ട് ഹരി സഖാവിനെയും നാണിയെയും പിന്തുടരുന്നത്. സ്വാത്മകേന്ദ്രീകൃതനായ ഹരിക്ക് മറ്റു മനുഷ്യജീവികളോടുള്ള മനോഭാവം മാറ്റിയെടുക്കാനും അതിലൂടെ അയാളെ സാമൂഹ്യവത്ക്കരിക്കാനുമുള്ള സംവിധായകന്റെ ഉപകരണമാണ് മൊബൈല്‍ ഫോണ്‍. മൂന്നു പ്രധാന കഥാപാത്രങ്ങളുടെയും ആത്മവ്യക്തിത്വത്തിനതീതമായ സാമൂഹിക ബോധം വിന്യസിപ്പിച്ചിരിക്കുന്നതെപ്രകാരമാണെന്ന് നോക്കുക. ഹരികൃഷ്ണന്‍ തനിക്ക് ചുറ്റുമുള്ള സമൂഹത്തെ -കുടുംബം, ഓഫീസ്, മറ്റു ജനങ്ങള്‍- ഭയപ്പാടോടെയും അകല്‍ച്ചയോടെയും കാണുന്നു. സഖാവ് തികച്ചും സ്നേഹത്തോടെയും വിശ്വാസത്തോടെയും സമഭാവത്തോടെയും എല്ലാവരെയും കാണുന്നു; പക്ഷെ, അയാള്‍ പഴയ തലമുറക്കാരനാണ്, അതിനാല്‍ അത്തരം സാമൂഹ്യ ബോധക്കാര്‍ ഇനിയുള്ള കാലത്ത് അപ്രസക്തരാണ് എന്നും ധ്വനിപ്പിച്ചതായി കരുതാം. നാരായണിക്ക് സഹജീവി സ്നേഹവും പക്വതയും എല്ലാമുണ്ട്; പക്ഷേ, അവള്‍ സര്‍ക്കാരിതര സംഘടന(എന്‍ജിഒ)യില്‍ പ്രതിഫലത്തിന് സാമൂഹ്യ സേവനം നടത്തുന്നവളാണ്. പേരില്‍ പഴക്കച്ചുവ ഉള്ളതുതന്നെ പഴമക്കാര്‍ക്കു മാത്രമുള്ള സാമൂഹ്യ പ്രതിബദ്ധതയെ ഭംഗ്യന്തരേണ ഓര്‍മിപ്പിക്കാനുമാവും.

പരവൂരില്‍ വണ്ടി തിരിച്ചിറങ്ങിയ അവരെ കാത്തുനിന്നത് ഹര്‍ത്താല്‍ എന്ന സ്ഥിരകേരള പ്രതിഭാസമാണ്. മഴക്കാലത്തെക്കുറിച്ച് പറയുമ്പോള്‍, പ്രതികൂല കാലാവസ്ഥ എന്നാണ് സ്വാഗതപ്രാസംഗികരും നന്ദിക്കാരും വിശേഷിപ്പിക്കാറുള്ളത്. ഇക്കുറിയത്തെ മഴ കാണുമ്പോള്‍ ആരും മനസ്സിലൊന്ന് ചെടിക്കുമെങ്കിലും പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഇപ്രകാരം പൈശാചികവത്ക്കരിച്ചുകൊണ്ടാണ് സാഹിത്യ-രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ സദസ്സുകള്‍ ആരംഭിക്കുകയും സമാപിക്കുകയും ചെയ്യാറുള്ളത് എന്നത് എന്തൊരു വിരോധാഭാസമാണ്! എന്തായാലും സര്‍ക്കാര്‍ ഔദ്യോഗിക വിചാരങ്ങളില്‍ ഇതിന് ചെറിയ ഒരു മാറ്റം കഴിഞ്ഞ കാലത്തുണ്ടായി. ടൂറിസമാണ് ഭാവി എന്ന ചിന്താഗതി ഔപചാരികമായിക്കഴിഞ്ഞതിനാല്‍; മഴക്കാലത്ത് ടൂറിസം വ്യാപിപ്പിച്ച് ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന കേരള ടൂറിസ വാണിജ്യം ബലപ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതിനോട് അനുബന്ധമായി, ടൂറിസം/ആഭ്യന്തരമന്ത്രിയോട് ഒരു പത്ര പ്രതിനിധി ഇപ്രകാരം ചോദിക്കുകയുണ്ടായി. മഴക്കാല ടൂറിസം വ്യാപിപ്പിച്ചതുപോലെ, ഹര്‍ത്താല്‍ നിത്യപ്പതിവായിക്കഴിഞ്ഞ സംസ്ഥാനത്ത് ഹര്‍ത്താല്‍ ടൂറിസവും ഏര്‍പ്പെടുത്തിക്കൂടേ എന്നായിരുന്നു ചോദ്യം. അത്തരമൊരു ആലോചന ഇപ്പോള്‍ സര്‍ക്കാരിനില്ല എന്ന സാങ്കേതികമായ സര്‍ക്കാര്‍ ഭാഷ്യമായിരുന്നു മന്ത്രിയുടെ മറുപടി. സമരരൂപം എന്ന നിലയില്‍ നിന്ന് ഹര്‍ത്താല്‍, കേവലമൊരു അനുഷ്ഠാനവും ആഘോഷവുമായിക്കഴിഞ്ഞു എന്ന കാമ്പുള്ളതെങ്കിലും അരാഷ്ട്രീയ മാനങ്ങളുള്ള പരിഹാസമാണ് നോര്‍ത്ത് 24 കാതത്തിന്റെയും പ്രേരണകളിലൊന്ന്. ഹര്‍ത്താല്‍ ദിനം യാത്രയുടെ പുനര്‍ജനിനൂഴലായി; അതായത് നടത്തം, തീവണ്ടി, ഓട്ടോ, ബസ്, മോട്ടോര്‍ ബൈക്ക്, വഞ്ചി, ജീപ്പ്, ആംബുലന്‍സ്, ടെമ്പോ, കാര്‍, ബോട്ട്/പത്തേമാരി എന്നിങ്ങനെ മുഴുവന്‍ സഞ്ചാരരീതികളും കൂട്ടിഘടിപ്പിച്ചിരിക്കുകയാണീ സിനിമയില്‍. ഹര്‍ത്താലില്‍ വണ്ടികളൊന്നും മര്യാദക്കും ക്രമത്തിലും ഓടില്ല, കടകള്‍ തുറക്കില്ല, ജീവിതം സ്തംഭിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ വക്രീകരിച്ചുകൊണ്ട് കേരളത്തിന്റെ ഭൂമിശാസ്ത്രവും സാംസ്കാരിക-രാഷ്ട്രീയ ചരിത്രവും കീഴ്മേല്‍ മറിക്കുകയാണ് നോര്‍ത്ത് 24 കാതം ചെയ്യുന്നത്. പരവൂരില്‍നിന്ന് കൊല്ലത്തേക്ക് ഓട്ടോറിക്ഷക്കാരന്‍ അമിതമായ ചാര്‍ജ് ഈടാക്കുന്നു എന്നു മാത്രമല്ല, വഴിയിലിറക്കി വിടുകയും ചെയ്യുന്നു. കൊല്ലത്തുനിന്ന് ആലപ്പുഴക്കുള്ള കെഎസ്ആര്‍ടിസി ബസ് വഴിയില്‍ ആക്സിലൊടിഞ്ഞ് കട്ടപ്പുറത്താകുമ്പോള്‍ ഇനിയെങ്ങിനെ ഇന്ന് കോഴിക്കോട്ടെത്തും എന്ന ചോദ്യത്തിന് കണ്ടക്ടര്‍ കൊടുക്കുന്ന മറുപടി ഇപ്രകാരമാണ്. നേരെ നടന്നോ, കായലിലെത്തി കപ്പല്‍ കയറുകയേ നിവൃത്തിയുള്ളൂ. അപ്രകാരം ഒരു കപ്പല്‍ സര്‍വീസ് നിലവിലില്ല എന്നിരിക്കെ, അത് കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നുതരക്കാരായ ഹരി, നാണി, സഖാവ് എന്നിവര്‍ വച്ചു പിടിക്കുന്നു. അവര്‍ക്ക് വഴിയിലുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളിലൂടെ ഹര്‍ത്താല്‍ദിന കേരളത്തെയും അതുവഴി കേരളത്തെ തന്നെയും കീറി മുറിച്ച് പരിഹസിക്കുകയാണ് ചിത്രം ചെയ്യുന്നത്. അതിവേഗ പാതക്കും മറ്റുംമറ്റുമായി പോരടിക്കുന്ന കേരളത്തെ കായലും നാട്ടുവഴിയും കാടുമായി വേറിട്ടു വിടര്‍ത്തിക്കാട്ടുകയാണ് ഹര്‍ത്താല്‍ എന്ന ഗതാഗതരഹിതവും വാണിജ്യരഹിതവുമായ സ്ഥലകാലത്തെ പകര്‍ത്തുന്നതിലൂടെ സംവിധായകന്‍ ചെയ്യുന്നത്. പത്തൊമ്പതിന് ഹര്‍ത്താലാണ് എന്ന വിവരം ഹരിയുടെ അമ്മ വക്കീലും അവരുടെ ജൂനിയറും നേരത്തെ തന്നെ പത്രദ്വാരാ അറിയുകയും കോടതിയില്‍ അതിനുള്ള മുന്‍കരുതല്‍ ആരംഭിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, എന്താണീ ഹര്‍ത്താലിന് കാരണം എന്ന രാഷ്ട്രീയ ചോദ്യത്തിന് ഹരിയുടെ അച്ഛന്‍ (തലൈവാസല്‍ വിജയ്) പെട്രോളിന്റെ വിലക്കയറ്റം പോലുള്ള ഉത്തരങ്ങള്‍ കൊടുക്കുന്നുമുണ്ട്. ഇങ്ങനെയായിട്ടും ഹരി ഈ വിവരം അറിയുന്നില്ല. ഒന്നാമത് ഏകാന്ത ചിരിക്ലബ്ബു പോലുള്ള ദിനചര്യകളുണ്ടെന്നല്ലാതെ പത്രം അതും മലയാള പത്രം അയാള്‍ വായിക്കുന്നതായി കാണിക്കുന്നില്ല. അപ്പോള്‍ അയാള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ലല്ലോ! മാത്രവുമല്ല, ഹര്‍ത്താല്‍ ദിവസം കമ്പനി വണ്ടിയില്‍ ഓഫീസിലെത്തുന്ന മുഴുമൊട്ടയായ പ്രൊഫഷണല്‍ സ്വയം പങ്കുവയ്ക്കുന്നത് ഈ ഹര്‍ത്താല്‍ ഐടിക്കാര്‍ക്കും പൊലീസുകാര്‍ക്കും മാത്രം ബാധകമല്ല എന്ന സങ്കടമാണ്. അത്തരമൊരു ഹര്‍ത്താല്‍ദിനത്തിന് മകള്‍ക്ക് തുല്യമായ സ്ഥാനത്തുള്ള ഒരു കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ തിരുവനന്തപുരത്തെത്തുന്ന വിധത്തില്‍ സഖാവിനെപ്പോലെ, രാഷ്ട്രീയ-കാലിക-ചരിത്ര ബോധ്യമുള്ള ഒരാള്‍ എന്തിന് പുറപ്പെട്ടു എന്ന കാര്യം അവ്യക്തമായി തുടരുന്നു.

ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ദൂരനിയമമായ കാതത്തിന് (പതിനാറ് കിലോമീറ്റര്‍) ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്ന ഊന്നലിനു പുറമെ സംഭാഷണത്തിലൂടെ വിശദീകരിക്കുന്നുമുണ്ട്. ആധുനിക നിയമങ്ങളും ഗതാഗത സൗകര്യങ്ങളും അപ്രസക്തമായാല്‍ കാതം പോലെ അന്യംനിന്നുപോയ അടിസ്ഥാനങ്ങള്‍ പുനരവതരിപ്പിക്കപ്പെടും എന്നുമാവാം ധ്വനി. കണ്ടക്ടറുടെ വീണ്‍വാക്കു കേട്ട് കായല്‍ക്കരയിലെത്തുന്ന അവര്‍ മീന്‍പിടുത്തക്കാരനായ വഞ്ചിക്കാരനെയാണ് ആദ്യം കണ്ടുമുട്ടുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അത്യാവശ്യക്കാരായവരെ സാധാരണക്കാര്‍ സഹായിക്കും എന്ന പൊതു വിശ്വാസത്തെ അട്ടിമറിച്ചുകൊണ്ട് പണം വാഗ്ദാനം ചെയ്യുമ്പോള്‍ മാത്രമാണയാള്‍ അവരെ കടത്തിവിടുന്നത്. കാരണോര്‍ക്ക് വിവരമുണ്ട് എന്നാണയാള്‍ പറയുന്നത്. ഓട്ടോറിക്ഷക്കാരന്‍, കണ്ടക്ടര്‍, മീന്‍ പിടുത്തക്കാരന്‍ എന്നിങ്ങനെ സാധാരണ തൊഴിലാളികളൊക്കെയും പിടിച്ചുപറിക്കാരോ വഴി തെറ്റിക്കുന്നവരോ ഉത്തരവാദിത്തമില്ലാത്തവരോ സാമൂഹിക പ്രതിബദ്ധതയില്ലാത്തവരോ ആയിക്കഴിഞ്ഞു എന്നത്, അവരുടെ തൊഴില്‍ സ്വത്വത്തെയും സംഘടനാ ബന്ധ/ബന്ധരാഹിത്യത്തെയും വിചാരണ ചെയ്യുന്ന വിലയിരുത്തലാണ്. ഇതിന്റെ തുടര്‍ച്ചയായി തന്നെയാണ്; പാര്‍ടി ആപ്പീസില്‍ നിന്നെന്നതിനു പകരം കാല്‍പ്പെട്ടിയില്‍ മടക്കിയടക്കി വച്ച ചെങ്കൊടി കൊണ്ട് സഖാവിന്റെ ഭാര്യക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതായി കാണിക്കുന്നതും. കള്ളുഷാപ്പില്‍ കപ്പയും മീനും കഴിക്കാന്‍ കയറുന്ന അവര്‍ ആമേനിലുള്ളതുപോലെ ഗ്രാമീണ സുരഭിലവും നാട്ടുവഴക്കങ്ങളാല്‍ ചേതോഹരവുമായ കാഴ്ചയൊന്നും കാണുന്നില്ലെന്നു മാത്രമല്ല, ബൈക്കോടിച്ചെത്തിയ ഏതാനും യുവാക്കളുടെ വഞ്ചനക്ക് കീഴ്പ്പെടുകയും ചെയ്യുന്നു. എന്താണ് നടന്നതെന്ന് വ്യക്തമാകുന്നില്ലെങ്കിലും ഇടയില്‍നിന്ന് ഷോര്‍ട്ട് കട്ടാണെന്നു തെറ്റിദ്ധരിപ്പിച്ച് വഴി മാറ്റിവിട്ട ചെക്കനൊരുവനെ നാരായണി അടിച്ചോടിക്കുകയാണ് ചെയ്തതെന്നു വേണം കരുതാന്‍. കള്ളുഷാപ്പില്‍ കയറിയപ്പോള്‍, സ്വാതന്ത്ര്യ സമരകാലത്തെ കള്ളുഷാപ്പ് തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ താനും മദ്യവിരുദ്ധ സമരത്തിനെത്തിയ മൂപ്പത്തിയാരും തമ്മില്‍ കണ്ടു മുട്ടിയതും പ്രണയിച്ചതും സഖാവിന് ഗൃഹാതുരസ്മരണയോടെ ഓര്‍ത്തെടുക്കാനായി എന്നതു മാത്രം മിച്ചം. പിന്നീടവര്‍ ചില ടിപ്പിക്കല്‍ കഥാപാത്രങ്ങളെയാണ് പരിചയപ്പെടുന്നത്. വിടുവായന്മാരും വിഡ്ഢികളുമായ പൊലീസുകാരും മന്ത്രിയും അനുചരന്മാരും; ഭാഷയറിയില്ലെങ്കിലും പരസ്പരം പ്രേമിച്ച് കുഴയുന്ന തമിഴ്നാട്ടുകാരനും(പ്രേംജി അമരന്‍) ഗുജറാത്തിലെ കച്ച് സ്വദേശിയായ ഭാര്യയും(കനി); ദുബായില്‍ ജോലി ചെയ്യുകയും സ്ഥിരമായി നാട്ടിലെത്തി ഭാര്യയില്‍ പ്രത്യുല്പാദനം നടത്തി പ്രസവത്തിന് ലീവിലെത്തുകയും ചെയ്യുന്ന ചാവക്കാട്ടുകാരനായ മുസ്ലിം പ്രവാസി(ചെമ്പന്‍ വിനോദ്) (കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും ഗള്‍ഫില്‍ പോയി മണല്‍ക്കാട്ടില്‍ ചോര നീരാക്കി നാട്ടില്‍ മടങ്ങിയെത്തുന്ന ഒരു പ്രവാസിയോട് കസ്റ്റംസ് ഓഫീസര്‍ മുതല്‍ ടാക്സിക്കാരനും അമ്പല/പള്ളിക്കമ്മിറ്റി പിരിവുകാരും പുലര്‍ത്തുന്ന അതേ പുച്ഛമനോഭാവമാണ് തിരക്കഥാകൃത്തു കൂടിയായ സംവിധായകനും കാണിക്കുന്നത്/വൃത്തിരാക്ഷസന്റെ വടക്കു നോക്കി യാത്ര/മാറ്റിനി/കെ കെ രാഗിണി/ഡൂള്‍ ന്യൂസ്. കോം); തുള വീണ ബനിയനിട്ട് നടക്കുകയും കീറിയ തോര്‍ത്ത് മുണ്ട് കൊണ്ട് കക്ഷം തുടക്കുകയും ചെയ്യുകയും ത്രിമൂര്‍ത്തികള്‍ക്ക് കോഴിക്കോട്ടെത്തണം എന്ന ആവശ്യം കേട്ട ഉടനെ വീതി കൂടിയ ബെല്‍റ്റിലെ അറ തുറന്ന് മൊബൈലെടുത്ത് വിളിച്ച് മീന്‍ പിടുത്ത ബോട്ടില്‍ കയറ്റിവിടുകയും ചെയ്യുന്ന അമ്മോസാക്ക(അമ്മായിയപ്പന്‍); കൂളിങ് ഗ്ലാസുകാരായ ബോട്ടുകാര്‍ എന്നിങ്ങനെ വേറെയും തമാശക്കാര്‍ നിറയെയുണ്ട്.

ഗുജറാത്തിന്റെ ഒരു റഫറന്‍സ് ഇക്കാലത്തെ പല സിനിമകളിലും (കാഴ്ച, ഇമ്മാനുവല്‍, ആഗസ്ത് ക്ലബ്, മുംബൈ പോലീസ്) സ്ഥിരമായിട്ടുണ്ട്. പ്രചരിപ്പിക്കുമ്പോലെ ഗുജറാത്തില്‍ കുഴപ്പമൊന്നുമില്ല; എല്ലാം സമാധാനമാണ്; എല്ലാം വികസനമാണ് എന്നു ധ്വനിപ്പിക്കുന്നതിനാണ് ഇത്തരം വരവുപോക്കുകള്‍ ഘടിപ്പിച്ചു വിടുന്നത്. അമിത ഉപഭോഗത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും തീരാവ്യാധിയനുഭവിക്കുന്ന നഗരങ്ങള്‍ക്ക് ആശ്വാസത്തിന്റെ ഒരു ദിനമാണ് അപൂര്‍വമായി വീണുകിട്ടുന്ന ബന്ദ്(ഹര്‍ത്താല്‍). നഗരത്തിന് അത്യന്താപേക്ഷിതമായ, എന്നാല്‍ നിഷേധിക്കപ്പെടുന്ന, സമ്പൂര്‍ണ വിശ്രമത്തിന്റെ അവസരമാണ് ബന്ദ്. നഗരത്തിന്റെ ധമനികളില്‍ വിഷപ്പുക നിക്ഷേപിക്കുന്ന വാഹനങ്ങള്‍ അന്ന് ബന്ധിക്കപ്പെടുന്നു. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് അന്തസ്സിന് ചേര്‍ന്നതല്ലെന്ന് കരുതുന്ന ഒരു വിഭാഗമുള്ള നമ്മുടെ നാട്ടില്‍ ഒരു പക്ഷേ, വിധി കൊണ്ടെത്തുന്ന കാര്‍ഫ്രീ ദിനങ്ങളാണ് ബന്ദു ദിവസങ്ങള്‍.

ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റിവിറ്റിക്ക്(ജിഡിപി - മൊത്ത ആഭ്യന്തര ഉത്പാദനം) പകരം ഗ്രോസ് ഡൊമസ്റ്റിക് ഹാപ്പിനെസ് (ജിഡിഎച്ച്- മൊത്ത ആഭ്യന്തര സന്തോഷം) വര്‍ധിപ്പിക്കുന്ന ബന്ദുകള്‍ വ്യവസ്ഥാപിതമാക്കാനുള്ള വഴികള്‍ തേടേണ്ടതാണ്. ഒരു ജൈവ വ്യവസ്ഥയായ നഗരത്തിന് അത്യന്താപേക്ഷിതമായ ഉപവാസമാണ് ബന്ദ്. അത് നഗരത്തെ ശാരീരികമായും ആത്മീയമായും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. (ബന്ദ്, പരിസ്ഥിതി - എസ് ഫൈസി (മാതൃഭൂമി ദിനപത്രം).

ആധുനികീകരണത്തിലൂടെ പുരോഗമിച്ച ഗതാഗതവഴികളിലൂടെ ഏകീകരിച്ച കേരളം ഹര്‍ത്താല്‍ദിനത്തില്‍ ഉടഞ്ഞു പല നാടുകളും നാട്ടുവഴികളുമായി പിരിയുകയും വടക്കുനിന്ന് തെക്കോട്ട് എന്നതിനു പകരം തെക്കുനിന്ന് വടക്കോട്ട് എന്ന് പിറകോട്ട് സഞ്ചരിക്കുകയും ചെയ്യുകയാണ് സിനിമയില്‍. വടക്കുനിന്ന് തെക്കോട്ട് കെട്ടിപ്പടുത്ത കേരളത്തെ പുനഃക്രമീകരിച്ച്, വടക്കുള്ള (ഉണ്ടായിരുന്ന) മനുഷ്യസ്നേഹവും ആത്മാര്‍ഥതയും ആദര്‍ശാത്മകതയും പരിചയപ്പെടാന്‍ ആഹ്വാനം ചെയ്യുകയാണ് നോര്‍ത്ത് 24 കാതം. കാതം എത്ര കിലോമീറ്ററാണെന്ന ഫോര്‍മുല കൃത്യമായറിയാവുന്ന ഹരി തന്നെയാണ് അത്യാവശ്യമായപ്പോള്‍ വടക്കു നോക്കിയന്ത്രവുമുണ്ടാക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ അരിപ്പൊടി യന്ത്രത്തിന്റെ തുടര്‍ച്ചയായ ഈ വടക്കു നോക്കിയന്ത്രം, യുവജനോത്സവകലാപ്രതിഭകള്‍ക്കും മിമിക്രിക്കാര്‍ക്കുമെന്നതിനു പകരം സ്കൂള്‍ ശാസ്ത്രമേളയുടെ പരിസരത്തേക്ക് മലയാള സിനിമയെ കൊണ്ടു ചെന്നെത്തിക്കുന്നു. ക്യൂബ് പോലെ, കുറച്ചു സമയമെടുത്ത് തല പുകച്ച് പരിഹരിക്കാവുന്ന ഒരു ആധുനിക കളി(പസ്സില്‍) എന്ന വിധത്തിലാണ് ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ തങ്ങളുടെ ചലച്ചിത്രത്തെ സങ്കല്‍പ്പിക്കുന്നത്. അത്തരത്തിലൊരു കളി തന്നെയാണ് നോര്‍ത്ത് 24 കാതവും.

*
ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരിക 20 ഒക്ടോബര്‍ 2013

Saturday, September 28, 2013

ആഹ്ലാദത്തിന്റെ പൗരത്വ പദ്ധതികൾ

ആഹ്ലാദത്തിന്റെയും സ്വപ്നസമാന പലായനത്തിന്റെയും മൊത്ത/ചില്ലറ കച്ചവടമെന്ന നിലക്ക് ഇന്ത്യന്‍ സിനിമ എന്ന് സാമാന്യമായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദി കച്ചവട സിനിമയെ തൃണവല്‍ഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ഒരു പ്രവണത, സാംസ്ക്കാരിക വരേണ്യവാദത്തിലേക്കാണ് നമ്മെ നയിക്കുക. എന്നാല്‍, അതിനെ അവഗണിക്കുന്നതിന്റെ മറുപുറമാകട്ടെ, അതിനെ മഹത്വവത്ക്കരിക്കലുമാണ്. ഏറ്റവും കൗതുകകരമായ വാസ്തവം, ഈ അവമതിപ്പും മഹത്വവത്ക്കരണവും മിക്കപ്പോഴും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത് . ഇന്ത്യന്‍ രാഷ്ട്രരൂപീകരണപ്രക്രിയയുടെ അവിഭാജ്യ ഘടകം എന്ന നിലക്ക് ഈ സംസ്ക്കാര വ്യവസായരംഗത്തെ സമീപിക്കുന്നതാണ് കുറേക്കൂടി യുക്തം. അങ്ങനെയാകുമ്പോള്‍, ഇന്ത്യയെയും ഇന്ത്യന്‍ ദേശീയതയെയും ഐക്യപ്പെടുത്തുകയും ദൃഢപ്പെടുത്തുകയും പരിചയപ്പെടുത്തുകയും പ്രതീകവത്ക്കരിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഏതു സാംസ്ക്കാരികഘടകമാണ് ബോളിവുഡില്‍ സക്രിയമാകുന്നത് എന്ന കാര്യത്തിലേക്ക് അന്വേഷണം കൃത്യമാവും. ഇതുമായി ബന്ധപ്പെട്ടുകൊണ്ട്, ഇന്ത്യയെ രാജ്യത്തിനകത്തും പുറത്തും അടയാളപ്പെടുത്തുന്ന ബോളിവുഡ് സിനിമയിലെ നോട്ടത്തിന്റെയും താദാത്മ്യവത്ക്കരണ(ഐഡന്റിഫിക്കേഷന്‍)ത്തിന്റെയും ചില സങ്കീര്‍ണ പ്രതിനിധാനങ്ങള്‍ രാഷ്ട്രത്തിനകത്തെ പൗരത്വനിര്‍മിതിയെ നിര്‍ണയിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെയാണിവിടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. കവിയും പത്രപ്രവര്‍ത്തകനും നിരൂപകനുമായ ജെറി പിന്റോ എഴുതിയ ഹെലന്‍ - ദ ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് ആന്‍ എച്ച് ബോംബ് എന്ന പുസ്തകത്തിന്റെ വായന ഇക്കാര്യത്തില്‍ വളരെയധികം വെളിച്ചം നല്‍കുകയുണ്ടായി.

സ്വാഭാവികവും നൈസര്‍ഗികവും പ്രകൃത്യനുയോജ്യവുമായ ചുംബനം നിരോധിക്കപ്പെട്ടിടത്ത്, ഹിന്ദി സിനിമാ പ്രേക്ഷകരുടെ കാമാസക്തി ഉത്തേജിപ്പിക്കാനായി ഐറ്റം ഡാന്‍സ് എല്ലാ സിനിമയിലും ആദ്യകാലത്ത് തന്നെ ഉറപ്പാക്കയിരുന്നു. ഹിന്ദി സിനിമയിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഐറ്റം ഡാന്‍സുകാരിയായ ഹെലന്‍, പുരുഷതാരവും സ്ത്രീ താരവും തമ്മിലുള്ള പാരസ്പര്യത്തെ അതിലംഘിച്ചവളാണ്. സാധാരണയായി താരനായകന്‍ വയസ്സാവാതെ കാമുകനായി പതിറ്റാണ്ടുകള്‍ നിറഞ്ഞു നില്‍ക്കുകയും, നടി വയസ്സാവുകയോ വിവാഹിതയാവുകയോ ചെയ്ത് അഭിനയം നിര്‍ത്തുകയോ അഥവാ അമ്മവേഷമാകുകയോ ആണ് പതിവ്. രാഖിയുടെ ഇളയ സഹോദരീഭര്‍ത്താവായി രേഷ്മ ഓര്‍ ഷേറയില്‍ വന്ന അമിതാബ് ബച്ചന്‍, ബെമിസാള്‍, കഭി കഭി, മുഖന്തര്‍ കാ സിക്കന്തര്‍, ബര്‍സാത്ത് കി ആക് രാത് എന്നീ സിനിമകളില്‍ കാമുകനായും ശക്തിയില്‍ മകനായും മാറുന്നു. എന്നാല്‍ ഹെലന്‍ പ്രിഥ്വിരാജ് കപൂറിനെയും(ഹരിശ്ചന്ദ്ര താരാമതി), മകന്‍ രാജ് കപൂറിനെയും (അനാരി), പേരമകന്‍ റിഷി കപൂറിനെയും(ഫൂല്‍ കിലെ ഹൈന്‍ ഗുല്‍ഷന്‍ ഗുല്‍ഷന്‍) തിളക്കുന്ന ഐറ്റം ഡാന്‍സിലൂടെ ജ്വലിപ്പിച്ചു. അവയവങ്ങള്‍ തുറന്നു കാണിക്കുന്ന വസ്ത്രധാരണം, വിചിത്രവും ഔചിത്യരഹിതവുമായ ചമയം, ശരീരത്തിലേക്കു കടന്നു കയറുന്നതുപോലുള്ള ക്യാമറാ ആംഗിളുകള്‍, അന്തസ്സാരശൂന്യവും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞതുമായ പാട്ടുവരികള്‍(ഉദാ: ചോളീ കെ പീച്ചേ ക്യാ ഹേ/ഖല്‍നായക്), ആവര്‍ത്തിക്കുന്ന നൃത്തചലനങ്ങളും കാമം തുടിക്കുന്ന സ്റ്റെപ്പുകളും എന്നിങ്ങനെ ഐറ്റം ഡാന്‍സുകള്‍ക്ക് ഇന്ത്യന്‍ സിനിമ ഒരു ഭരണഘടന തന്നെ എഴുതിയുണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ സ്ത്രീ ശരീരത്തെ ഖണ്ഡം ഖണ്ഡമാക്കി ചരക്കുവത്ക്കരിക്കുകയാണ് സിനിമ നിര്‍വഹിക്കുന്ന കച്ചവടവത്ക്കരണം.

ഐറ്റം എന്ന വാക്കിനുതന്നെ മദാലസയായ സ്ത്രീ ശരീരം എന്ന അര്‍ഥം ബോളിവുഡിലുണ്ട്. നിങ്ങളുടെ നിതംബങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുക, ഇടുപ്പ് അയച്ചുവിടുക, വശീകരിക്കുക (Wiggle your hips, loosen your pelvis, and be seductive!) എന്നാണ് ബോളിവുഡിലെ ഐറ്റം ഡാന്‍സ് പഠിപ്പിക്കുന്ന നൃത്തപാഠശാലയിലെ അധ്യാപിക വിദ്യാര്‍ഥികളോട് പറയുന്നതെന്ന് ഇതില്‍ പഠനം നടത്തിയ സംഗീത ഷെര്‍സ്തോവ പറയുന്നു. ഇന്ത്യന്‍ നാഗരിക മധ്യവര്‍ഗം ലൈംഗിക സദാചാരത്തെ സംബന്ധിച്ച് പുലര്‍ത്തുന്ന കപടമായ സാങ്കല്‍പിക/യാഥാര്‍ഥ്യബോധത്തെ അനാവരണം ചെയ്യാന്‍ വേണ്ടി, സിനിമകളിലെ കാബറെ നൃത്ത ചിത്രീകരണം എപ്രകാരമാണെന്ന് വിശദീകരിക്കുന്ന രവീന്ദ്രന്റെ വ്യാഖ്യാനം സുപ്രസിദ്ധമാണ്.

ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിശാക്ലബ്ബുകളും അര്‍ദ്ധനഗ്നമായ കാബറെ നൃത്തങ്ങളും സദാചാരവിരുദ്ധമാണെന്നു തീര്‍ച്ച. എങ്കിലും നാഗരികമെന്ന് ധരിക്കപ്പെടുന്ന ഈ അനുഭവങ്ങളോട് പ്രേക്ഷകന് രഹസ്യമായ ആഭിമുഖ്യമുണ്ട്. വിലക്കപ്പെട്ട അനുഭൂതികള്‍ പ്രേക്ഷകന് നല്‍കുവാനും അതോടൊപ്പംതന്നെ അവയുണര്‍ത്തുന്ന പാപബോധത്തില്‍നിന്ന് അവരെ വിമുക്തരാക്കുവാനും സിനിമക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണത്തോടെ സാധ്യമാവുന്നുവെന്ന് രവീന്ദ്രന്‍ ഇപ്രകാരം വിശദീകരിക്കുന്നു: സാധാരണ ഗതിയില്‍ ഒരു കാബറേ നൃത്തം തുടങ്ങുന്നത് നര്‍ത്തകിയുടെ അര്‍ദ്ധനഗ്നദേഹം നേരിട്ട് പ്രേക്ഷകന് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ടല്ല. നൃത്തം കണ്ടുകൊണ്ടിരിക്കുന്ന പ്രതിനായകന്റെയോ പ്രതിനായകസ്വഭാവമുള്ള സദസ്സിന്റെയോ ഒരു ഷോട്ടില്‍നിന്നാവും സീക്വന്‍സ് തുടങ്ങുന്നത്. അത്തരം ഒരു സദസ്സിന്റെ കാഴ്ചപ്പാടിലുടെയാണ് പ്രേക്ഷകന്‍ നര്‍ത്തകിയെ കാണുന്നത്. അയാള്‍ നൃത്തം കണ്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ പ്രേക്ഷകനാണ്. നൃത്തം കാണുന്നു എന്നത് പ്രതിനായകന്റെ ദുര്‍വൃത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അനിച്ഛാപൂര്‍വമായ യാദൃച്ഛികതയാണ്. പ്രതിനായകനും സഹചാരികളും ചെയ്യുന്ന സദാചാര ധ്വംസനത്തിന്റെ സാക്ഷി മാത്രമാണയാള്‍. പ്രേക്ഷകന്റെ നിഷ്കളങ്കത അങ്ങനെ സ്ഥാപിക്കപ്പെട്ട ശേഷം രംഗത്തുനിന്ന് സദസ്സ് അപ്രത്യക്ഷമാവുന്നു. നര്‍ത്തകിയും പ്രേക്ഷകനും തമ്മില്‍ തുടരെതുടരെയുള്ള അനേകം മിഡില്‍, ക്ലോസപ്പ് ഷോട്ടുകളില്‍ കൂടി നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നു. ആ ബന്ധം ഒരു തരം സ്വപ്നമൈഥുന ചേഷ്ടയുടെ ചലനഭ്രാന്തിയിലെത്തുന്നു. നൃത്തത്തിന്റെ അന്ത്യത്തില്‍ കാലുകള്‍ വിടര്‍ത്തി തറയിലിരിക്കുന്ന നര്‍ത്തകിയുടെ മധ്യഖണ്ഡം ഒരു പെരുത്ത ക്ലോസപ്പില്‍ പ്രേക്ഷകനെ സമീപിക്കുന്നു. കണ്ണുകളുടെ വിതാനത്തിനു താഴെ ഒരു ഫ്ളോര്‍ ലെവല്‍ ആംഗിളില്‍ അവളുടെ അര്‍ദ്ധനഗ്നമായ അരക്കെട്ട് പ്രേക്ഷകന്റെ മധ്യഖണ്ഡത്തിനു നേരെയാണ്. നര്‍ത്തകി സുരതചേഷ്ടയിലെന്ന പോലെ അരക്കെട്ട് ചലിപ്പിച്ച് ക്യാമറക്ക് (പ്രേക്ഷകന്) നേരെ അടുക്കുന്നു. സിനിമക്ക് നല്‍കാവുന്ന സുരതാനുഭവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതോടെ പ്രേക്ഷകന്‍ പ്രവേശിച്ചു. നൃത്തം നടന്നുകൊണ്ടിരിക്കുന്ന രംഗത്തിലേക്കും പഴയ സദസ്സിലേക്കും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് നൃത്തം പെട്ടെന്ന് നിലയ്ക്കുന്നു. സാധാരണഗതിയില്‍ പ്രതിനായകനും നായകനും തമ്മിലുള്ള ഒരു സംഘട്ടനത്തിന്റെ തുടക്കമാവും അത്. സംഘട്ടനത്തില്‍ നായകനുമായി സമഭാവം പ്രാപിക്കുന്ന പ്രേക്ഷകന്‍ പ്രതിനായകനെതിരായ നിലപാടില്‍ പ്രവേശിക്കുന്നതോടൊപ്പം കാബറെ കാണുക എന്ന പ്രതിനായകന്റെ മൂല്യധ്വംസനത്തിനും യാന്ത്രികമായി എതിരാകുന്നു. നര്‍ത്തകിയുമായി നടന്ന രഹസ്യ സമാഗമത്തിന്റെ പാപബോധത്തില്‍നിന്ന് സിനിമ പ്രേക്ഷകനെ മോചിപ്പിക്കുകയും ചെയ്യുന്നു. എത്രമാത്രം കണിശമായും ശാസ്ത്രീയമായുമാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യത്തെ രവീന്ദ്രന്‍ വിശകലനം ചെയ്യുന്നതെന്ന് നോക്കുക.

1980-കളോടെ ഐറ്റം ഡാന്‍സ് കളിച്ചിരുന്ന മോഹിനിയായ കഥാപാത്രവും നായികയും തമ്മില്‍ ലയിച്ചു. സദാചാര ബഹുമാനം ലഭിക്കുന്ന നായിക തന്നെ ലൈംഗികച്ചുവയുടെ ആധിക്യമുള്ള ഐറ്റം ഡാന്‍സ് കളിക്കുക എന്നത് ആഖ്യാനത്തില്‍ അംഗീകരിക്കപ്പെട്ടു.

ലൈംഗിക രംഗങ്ങളില്‍ കടന്നുവരുന്ന സെന്‍സര്‍ കത്രികയെ മറികടക്കാന്‍ നടിയുടെ അരക്കെട്ട്, മാറിടം, നിതംബം എന്നിവയുടെ അതിസമീപ ദൃശ്യം കാണിക്കുന്ന തന്ത്രം വാണിജ്യാര്‍ഥത്തില്‍ വിജയകരമായി ഹിന്ദി സിനിമ സ്ഥിരമായി പ്രയോഗിച്ചു. രമേഷ് സിപ്പിയുടെ ഷോലെ(1975)യുടെ വന്‍ വിജയത്തിന് കാരണമായ നൃത്ത രംഗത്തെക്കുറിച്ച് മദന്‍ ഗോപാല്‍ സിങ്വിശദീകരിക്കുന്നു: ക്യാമറ എങ്ങനെയാണ് നര്‍ത്തകിയെ കണ്ടെടുക്കുന്നത് എന്ന് നോക്കുക. അതിലെന്താണ് അസാധാരണമായുള്ളത്? പ്രേക്ഷകരെ അതിദയനീയമാം വിധം എന്നാല്‍ സംശയത്തിനിട കൊടുക്കാത്ത വിധത്തില്‍ ഒളിഞ്ഞുനോട്ടക്കാരാക്കി മാറ്റുന്നു. ഈ നൃത്ത രംഗത്തിലെ അവസാനത്തെ ഇമേജ്, നര്‍ത്തകി തന്റെ കാലുകള്‍ വിടര്‍ത്തിവച്ചതിന്റെ ഒരു ക്ലോസ് അപ്പാണ്. അവളാണെങ്കില്‍ എല്ലായ്പോഴും ശരീരം മുന്നിലേക്ക് തള്ളിക്കൊണ്ടുള്ള നൃത്തച്ചുവടുകളാണ് വച്ചിരുന്നതും. വസ്തുനിഷ്ഠമായി ദൃശ്യം കാണുന്നതിനു പകരം, നിലത്തിഴയുന്ന ഒരു ഇഴജന്തുവായി നാം ചെറുതാക്കപ്പെടുന്നു.

ചോളീ കെ പീച്ചേ ക്യാ ഹേ/ഖല്‍നായക്(1994) എന്ന ഗാന-നൃത്തരംഗം 47-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തില്‍ 1995-ല്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ആഖ്യാനത്തില്‍ സ്ഥാനമില്ലാത്തതെന്ന് ക്ലാസിക്കല്‍ വിശകലനക്കാര്‍ പറയുന്ന ഐറ്റം ഡാന്‍സിലെ സ്ത്രീ ശരീരപ്രദര്‍ശനം/ആനന്ദലബ്ധി/ജനപ്രിയത എന്ന ഗതിക്രമത്തെ രാഷ്ട്രനിര്‍മാണത്തിനും രാജ്യസ്നേഹ വിജൃംഭണത്തിനും വേണ്ടി പ്രയോജനപ്പെടുത്തുന്നതിന്റെ വ്യക്തമായ തെളിവാണിത്. ഈ ഗാനത്തിന്റെ ആദ്യ ചിത്രീകരണം സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ഈ നിരോധന-വിവാദവും ചിത്രത്തിന്റെയും പാട്ടിന്റെയും ജനപ്രിയത കൂട്ടാനുപകരിച്ചു. ഏഴു വയസ്സുകാരിയായ പ്രീതിയാണ് ഈ ഗാന-നൃത്തം ന്യൂയോര്‍ക്കിലവതരിപ്പിച്ചത്. രാഷ്ട്രം എന്ന ഭാവന അതിന്റെ ക്രമപ്പെടുത്തലുകളോടു കൂടി തന്നെ വിനിമയം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിന്റെ മികച്ച ഉദാഹരണമാണിത്. പൊലീസുകാരനായ ഭര്‍ത്താവിന്റെ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ കുറ്റവാളിയെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസ് ഓഫീസര്‍ തന്നെയായ മാധുരി ദീക്ഷിതിന്റെ കഥാപാത്രമാണ് ചോളീ കേ പീച്ചേ ക്യാ ഹേ എന്ന നൃത്തം അവതരിപ്പിക്കുന്നത്.

ഫ്രഞ്ചുകാരന് അര്‍ദ്ധ ബര്‍മീസ്/അര്‍ദ്ധ സ്പാനിഷ് വംശജയില്‍ പിറന്ന ഹെലനെ വെള്ളക്കാരിയായാണ് കണക്കാക്കിയിരുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് അധീശത്വമുണ്ടായിരുന്ന തിരശ്ശീലയിലെ ചലനങ്ങളുടെ ലോകത്തേക്കാണ് അവള്‍ പ്രവേശിച്ചത്. തിരശ്ശീലയില്‍ സ്ത്രീ ശരീരത്തിന്റെ പ്രതിനിധാനം എപ്രകാരമായിരിക്കണം എന്നും അവളുടെ ചലനങ്ങള്‍ ഏതു രീതിയിലായിരിക്കണം എന്നതിനെ സംബന്ധിച്ചുമുള്ള ആ അധീശത്വ പരികല്‍പനകളെ അവള്‍ പുനഃക്രമീകരിച്ചു. പത്മ ഖന്ന, അരുണാ ഇറാനി, കൊമില വിര്‍ക്, ജയശ്രീ ടി, മീന ടി, ബിന്ദു തുടങ്ങിയ ഐറ്റം നര്‍ത്തകികളെ പോലെ തിളയ്ക്കുന്ന യൗവനവും മാംസക്കൊഴുപ്പും നിലനിന്ന കാലത്തു മാത്രമല്ല, ഹെലന്‍ ഹിന്ദി സിനിമയില്‍ നിലയുറപ്പിച്ചത്. 1951-ലെ ഷബിസ്താന്‍ മുതല്‍ 1981-ലെ ബുലുന്ദി വരെയുള്ള നൂറുകണക്കിന് സിനിമകളില്‍ മുപ്പതു കൊല്ലക്കാലമാണ് ഹെലന്‍ നിറഞ്ഞാടിയത്. രാജ് കപൂര്‍-ദേവ് ആനന്ദ്-ദിലീപ് കുമാര്‍ യുഗത്തില്‍നിന്ന് ബച്ചന്‍ യുഗം വരെയും ഹെലന്‍ ആയിരുന്നു ഹിന്ദി സിനിമയുടെ പ്രധാന മാദകത്തിടമ്പ്. വയസ്സ്, ലിംഗം, സാമൂഹ്യ ഓര്‍മ എന്നിവ ചേര്‍ന്ന് രൂപപ്പെടുന്ന ഹെലന്റെ ജീവിതം തിരശ്ശീലക്കകത്തും പുറത്തും; ക്യാമറയുടെ കണ്ണിലൂടെയും അല്ലാതെയും എന്നിങ്ങനെ രണ്ടായും പലതായും ഒന്നായും രൂപപ്പെടുകയും ശിഥിലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്താണ്, അല്ലെങ്കില്‍ എന്തായിരുന്നു ഹെലന്‍ എന്ന ചോദ്യത്തിന്റെ ഉത്തരം ഈ അന്വേഷണത്തില്‍ ലഭ്യമാവുമോ എന്നറിയില്ല.

ഇന്ത്യയില്‍ കാണി-താരം എന്ന പാരസ്പര്യം അതിസങ്കീര്‍ണമായാണ് പ്രവര്‍ത്തിക്കുന്നത്. നര്‍ഗീസ്-രാജ് കപൂര്‍ പ്രണയം എല്ലാവര്‍ക്കുമറിയാമെങ്കിലും, പവിത്ര കുടുംബിനിയുടെ വേഷത്തില്‍ നര്‍ഗീസിനെ കാണാനും ഉള്‍ക്കൊള്ളാനും നമുക്ക് മടിയുണ്ടായിരുന്നില്ല. മുമ്പുതന്നെ വിവാഹിതനായ ധര്‍മേന്ദ്രയെ വിവാഹംചെയ്തു എന്നതുകൊണ്ടു മാത്രം ഹേമമാലിനിയെ ഒരു കുടുംബം തകര്‍ക്കല്‍കാരിയായി ആരും പരിഗണിച്ചില്ല. അതായത്, താരം എന്നത് സ്ഥിരമായ ഒരു പ്രതിഭാസം ആയി ആരും കണക്കാക്കുന്നില്ല എന്നാണിതിന്റെ അര്‍ഥം. യഥാര്‍ഥത്തിലുള്ളതും ഭാവനയിലുള്ളതുമായ ജീവിതങ്ങള്‍; അഭിനയപ്രകടനങ്ങള്‍; പരസ്യങ്ങള്‍ക്കായുള്ള പ്രചാരണങ്ങള്‍; പൊതുരംഗത്തെ പ്രത്യക്ഷപ്പെടലുകള്‍; ഗോസിപ്പുകള്‍; ഇടവേളകള്‍; ജീവചരിത്രരചനകള്‍; വാര്‍ത്തകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളിലൂടെയാണ് താരം ജനിക്കുന്നതും വളരുന്നതും മങ്ങുന്നതും ഇല്ലാതാകുന്നതും. ഹെലനെപ്പോലുള്ള മാദക-ജനപ്രിയ-താരവ്യക്തിത്വത്തെ നിര്‍മിച്ചെടുത്തതുതന്നെ ഹിന്ദി സിനിമയാണെന്നു കാണാം. ഹെലന്‍, അവരിലാരോപിക്കപ്പെടുകയും അതിലൂടെ പ്രതിനിധാനം ചെയ്യപ്പെടുകയും ചെയ്യുന്ന ജനപ്രിയത/ആഹ്ലാദത്തിന്റെ ലക്ഷ്യസ്ഥാനമാണ്. ആ ജനപ്രിയത/ആഹ്ലാദത്തിലൂടെ രൂപീകരിക്കപ്പെടുന്ന രാഷ്ട്രത്തില്‍ ആ മാദകത്വത്തെ ഉള്‍പ്പെടുത്താന്‍ പക്ഷേ അതേ ആഹ്ലാദ-ഉപഭോക്താക്കള്‍ അനുവദിക്കുന്നില്ല എന്നിടത്താണ് പ്രശ്നം. അവരുടെ പൗരത്വ നിര്‍മാണ സാമഗ്രിയായ സാംസ്ക്കാരിക പരിശുദ്ധിയില്‍ ഹെലനെ അവര്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന രീതിയിലാണ് ഈ പുറത്താക്കല്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. നമുക്ക് നമ്മുടെ മാദകത്വ കല്‍പനകള്‍ പ്രത്യക്ഷീകരിക്കാനും അതിലൂടെ ആഹ്ലാദം ഉറപ്പുവരുത്താനും ഒരു അന്യ (നമ്മളല്ലാത്ത ഒരാള്‍/പൗരത്വത്തിനു പുറത്ത്/അദര്‍) ആവശ്യമുണ്ടായിരുന്നു.

തവിട്ടുലോകത്തില്‍ ഒരു വെള്ളസുന്ദരി; സ്വര്‍ണക്കൂടിനകത്ത് വൈകാരികത നിര്‍മിക്കുന്ന ഒരു വനിത; അരയന്നപ്പിട; ശരാശരിയേക്കാള്‍ വലുപ്പമുള്ള ഓറഞ്ച് കാതണികളും കണ്ണിനു താഴെ നീലച്ച നിറരാശിയും എല്ലാമുള്ള ഒരു ഐറ്റം ഡാന്‍സര്‍ എല്ലാ സിനിമകളുടെയും വിജയം ഉറപ്പാക്കുന്ന ഫോര്‍മുലയായി ആവര്‍ത്തിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഹെലന്‍ പറഞ്ഞത് ആയിരത്തിലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ടെന്നാണ്. അത് ഏറെക്കുറെ ശരിയാകുമെന്നല്ലാതെ, കൃത്യമാണോ എന്ന് അറിയില്ല. എങ്കിലും നൂറുകണക്കിന് സിനിമകളില്‍; പലതരം കഥകള്‍, പലതരം താരങ്ങള്‍, ഹിറ്റുകളും പരാജയങ്ങളും, എല്ലാത്തിലും ഹെലന്‍ അനിവാര്യമായിരുന്നു.

1938 ജൂലൈ 14നാണ് ഹെലന്‍ റിച്ചാര്‍ഡ്സണ്‍ ജനിച്ചത്. പകുതി സ്പാനിഷ് വംശജയും പകുതി ബര്‍മീസ് വംശജയുമായ മെര്‍ലിന്‍ ആയിരുന്നു അമ്മ. പിതാവാകട്ടെ ഒരു ഫ്രഞ്ചുകാരനും. അയാള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മെര്‍ലിന്‍ ഒരു ബ്രിട്ടീഷ് ഓഫീസറെ വിവാഹം ചെയ്തു. അയാളുടെ പേരായിരുന്നു റിച്ചാര്‍ഡ്സണ്‍. അവ്യക്തവും വംശീയതകളെ അതിവര്‍ത്തിക്കുന്നതും ആയ പിതൃത്വ-മാതൃത്വ പിന്തുടര്‍ച്ചകളിലൂടെയാണ് കൊളോണിയല്‍ ഇന്ത്യയിലും തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയിലും ആഹ്ലാദത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരിയും തുറക്കുന്നവളുമായി ഹെലന്‍ പരിണമിക്കുന്നത്. ബര്‍മയിലായിരുന്നു അവളുടെ കുടുംബം അക്കാലത്ത് താമസിച്ചിരുന്നത്. ബര്‍മയിലെ ബ്രിട്ടീഷ് അധിനിവേശം പൂര്‍ത്തിയായ കാലത്ത് 1941ലെ തണുത്ത ഡിസംബര്‍ രാത്രിയിലാണ് റങ്കൂണില്‍ നിന്ന് ഹെലന്റെ കുടുംബം ആസാമിലേക്ക് പലായനം ചെയ്യുന്നത്. ജപ്പാന്‍ ബര്‍മയെ ആക്രമിക്കുകയും ബോംബിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ബന്ധമുള്ള അവരുടെ ജീവിതം അവിടെ അസാധ്യമാകുന്നത്. ഹെലന്റെ പിതാവ്, യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മൂന്നു വയസ്സുള്ള ഹെലന്‍ അവളുടെയും അമ്മയുടെയും അനാഥത്വവും അനിശ്ചിതത്വവും മറികടക്കാനാണ് ഇന്ത്യന്‍ ഭൂപ്രദേശത്തിനകത്തേക്ക് വരുന്നത്. പില്‍ക്കാലത്ത് ആ ഭൂപ്രദേശത്തെ ഒരുമിപ്പിക്കുന്നതിനുള്ള ഭാവന വിടര്‍ന്നാടിയ ഹിന്ദി സിനിമയിലൂടെ ഹെലന്‍ ഇവിടത്തെ സംസ്ക്കാരം നിര്‍മിച്ചെടുത്തു. എന്നാല്‍, എല്ലാക്കാലത്തും ആ സംസ്ക്കാരത്തില്‍ നിന്ന് അവള്‍ പുറന്തള്ളപ്പെടുകയും ചെയ്തു. സംസ്ക്കാരങ്ങളിലൂടെയും വംശീയ അതിര്‍ത്തികളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും മാത്രമല്ല ഹെലനും കുടുംബവും രക്ഷ തേടി അലഞ്ഞത്. കൊടും ദാരിദ്ര്യത്തില്‍ നിന്ന് ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും അഭയത്തിനും വേണ്ടിയുള്ള പലായനം കൂടിയായിരുന്നു അവരുടേത്. ബോംബെയിലെത്തി, ബാന്ദ്രയിലെ കൊച്ചു വീട്ടില്‍ താമസമാക്കിയ ഹെലന്‍ മൂന്നാം ക്ലാസില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് നൃത്ത പഠനം ആരംഭിച്ചു. അവള്‍ക്കാണെങ്കില്‍ അത് ഇഷ്ടമുള്ള പ്രവൃത്തിയുമായിരുന്നില്ല. നൃത്ത കലയോടുള്ള അദമ്യമായ അഭിവാഞ്ഛ കൊണ്ടാണ് താന്‍ നര്‍ത്തകിയായതെന്ന നവകാല നര്‍ത്തകികളുടെ സ്വയം പ്രശംസാനാട്യങ്ങള്‍ക്കു പകരം, ദാരിദ്ര്യത്തില്‍നിന്നുള്ള മോചനത്തിനുള്ള പോംവഴി എന്ന നിലക്കാണ് ഹെലന്‍ ഇഷ്ടമില്ലാത്ത നൃത്തരംഗത്തേക്ക് വന്നതെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ ആഗ്രഹിച്ചിരുന്ന അവളെ, അമ്മ തല്ലിയാണ് നൃത്തപഠനത്തിന് നിര്‍ബന്ധിച്ചിരുന്നത്. തന്റെ ബന്ധങ്ങളുപയോഗിച്ച്, മെര്‍ലിന്‍ ഹെലനെ ഹിന്ദി സിനിമയിലേക്ക് കടത്തിവിടുകയുംചെയ്തു. കോറസ് ഗേളായും സംഘനര്‍ത്തകിമാരിലൊരാളായുമാണ് ഹെലന്‍ ആദ്യകാലങ്ങളില്‍ സിനിമകളില്‍ കയറിപ്പറ്റിയിരുന്നത്. 1958-ലിറങ്ങിയ ഹൗറാ ബ്രിഡ്ജ് എന്ന ക്രൈം ത്രില്ലറില്‍ ഹെലന്‍ അവതരിപ്പിച്ച നര്‍ത്തകിയുടെ വിശദാംശങ്ങള്‍ ഇപ്രകാരമായിരുന്നു. തന്റെ സഹോദരന്റെ കൊലപാതകിയെ തേടി കൊല്‍ക്കത്തയിലെത്തുന്ന നായകന്‍(അശോക് കുമാര്‍) അവിടത്തെ ഒരു ബാറില്‍ പ്രവേശിക്കുമ്പോഴാണ് യുവതി സ്വയം പരിചയപ്പെടുത്തുന്നത്. മേരാ നാം ചിന്‍ ചിന്‍ ചൂ/ ചിന്‍ ചിന്‍ ചൂ ബാബാ ചിന്‍ ചിന്‍ ചൂ/രാത് ചാന്ദ്നി മേന്‍ ഔര്‍ തൂ/ഹലോ മിസ്റ്റര്‍, ഹൗ ഡു യു ഡു? (എന്റെ പേര് ചിന്‍ ചിന്‍ ചൂ എന്നാണ്/ ചിന്‍ ചിന്‍ ചൂ സര്‍ ചിന്‍ ചിന്‍ ചൂ/നിലാവുള്ള ഒരു രാത്രിയില്‍ ഞാനും നീയും മാത്രം/ഹലോ മിസ്റ്റര്‍, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?). അവളുടെ പേര് അവളുടെ അന്യത്വം പ്രക്ഷേപണം ചെയ്യുന്നു; അതോടൊപ്പം അവളുടെ ഇംഗ്ലീഷ് പ്രയോഗം അവളുടെ പാശ്ചാത്യപരതയെ വ്യവസ്ഥാപനം ചെയ്യുന്നു. ഒപ്പം അവളണിയുന്ന വസ്ത്രങ്ങളും. പാശ്ചാത്യ രീതിയിലുള്ളതാണ് ഈണവും വാദ്യങ്ങളും. കപ്പല്‍ ജോലിക്കാര്‍ക്കൊപ്പം അവള്‍ നൃത്തമാടുന്ന രീതിയും യൂറോപ്യന്‍ ശൈലിയിലാണ്. നമുക്ക് വശീകരണക്ഷമയായ ഒരു കാമോത്തേജന നര്‍ത്തകിയെന്ന നിലക്ക് ഹെലനെ ആവശ്യമുണ്ട്; പക്ഷേ, നമ്മുടെ രാഷ്ട്രത്തിലെ സഹപൗര എന്ന നിലക്ക് അവളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല. ഈ വൈരുധ്യം കാണികളുടെയും കാണികളിലൂടെ പ്രതിനിധാനപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണപ്രക്രിയയുടെയും സൂക്ഷ്മ പ്രതിഭാസമാണെന്നത് ഉത്ക്കണ്ഠാകുലമാണ്. ഈ സൂക്ഷ്മപ്രതിഭാസത്തിന്മേലാണ് ഇന്ത്യന്‍/ഭാരതീയ സംസ്ക്കാരം എന്ന പഴമ/മൗലികത/ഗാംഭീര്യം ഉത്പാദിപ്പിക്കുന്നതെന്നും കാണേണ്ടതുണ്ട്.

ഹെലന്‍ നായികയായഭിനയിച്ച ചിത്രങ്ങള്‍ തുലോം കുറവാണ്. അവയില്‍ ഭൂരിഭാഗവും കച്ചവടപരാജയങ്ങളുമായിരുന്നു. ഇത് കാണിക്കുന്നത്, പവിത്ര കുടുംബത്തിന്റെയും ദിവ്യാനുരാഗത്തിന്റെയും മേഖലയിലേക്ക് ഹെലന്റെ പ്രവേശനം നമുക്ക് ഇഷ്ടമില്ലെന്നാണ്. ഈ പവിത്രതയുടെ പുറത്തുള്ള വെളിമ്പ്രദേശങ്ങളിലെ ബാറുകളിലും നിശാനര്‍ത്തന ശാലകളിലും കാമം വിരുത്തിയാടി അവള്‍ ഒഴിഞ്ഞുപൊയ്ക്കൊള്ളും. അവള്‍ക്ക് ഇന്ത്യന്‍ സാംസ്ക്കാരിക പൗരത്വം അനുവദിക്കാന്‍ നാം തയ്യാറല്ല. എന്നാല്‍ കാമോത്തേജനത്തിനായുള്ള താല്‍ക്കാലിക വിസകള്‍ എല്ലായ്പോഴും അനുവദിച്ചു കൊടുക്കുകയും ചെയ്യും. സമ്പൂര്‍ണരാമായണ(1961)ത്തിലും നമുക്ക് ഹെലനെ വേണം; ശൂര്‍പ്പണഖയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. 1972-ലിറങ്ങിയ സുല്‍ത്താനാ ദാക്കുവില്‍, ദാരാ സിങ്ങിന്റെ നായികയായി ഹെലന്‍ അഭിനയിക്കുന്നുണ്ട്. അവള്‍ അവതരിപ്പിക്കുന്ന ഏകനൃത്തത്തിന്റെപാട്ട് ഇപ്രകാരമാണ്: തേരേ ഹാത്ത് ജോദൂണ്‍/തേരേ പരിയാന്‍ പാദൂണ്‍(ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു/ഞാന്‍ നിന്റെ കാല്‍ക്കല്‍ വീഴുന്നു). കൊള്ളക്കാരനെ വിവാഹം കഴിക്കുന്ന നാടോടിയുവതിയാണവള്‍. സ്ഥാനം തെറ്റിപ്പായുന്ന ഒരു വെടിയുണ്ടയേറ്റ് അവള്‍ മരിക്കുകയും ചെയ്യുന്നു. നായകന്റെ കാമുകിയും ഭാര്യയുമാണെങ്കിലും അവള്‍ സിനിമയുടെ കച്ചവട ഫോര്‍മുലയാകയാല്‍ അനിവാര്യമായി ഉള്‍പ്പെടുത്തപ്പെട്ട മാദക നര്‍ത്തകി മാത്രമാണെന്ന സംവിധായകന്റെ ഓര്‍മപ്പെടുത്തലുമാകാമിത്. നിറഞ്ഞ കണ്ണീരോടെ തിരശ്ശീല മുഴുവന്‍ പടരുന്ന മരണം താരങ്ങള്‍ക്കു മാത്രമനുവദിക്കപ്പെട്ടതാണ്. ഗ്ലിസറിനും അനുശോചനങ്ങളുമെന്തിന് പാഴാക്കണം?

1971-ലിറങ്ങിയ ഹല്‍ചല്ലില്‍ ഹെലന്‍ അവതരിപ്പിക്കുന്ന ഹോട്ടല്‍ നൃത്തത്തില്‍; ബ്രിട്ടീഷ്, റഷ്യ,സ്പാനിഷ്,് സ്കോട്ടിഷ,് ഈജിപ്ത്, ജാപ്പനീസ്, ആഫ്രിക്ക എന്നിവരായും ഏറ്റവുമവസാനം മലയാളിയായും അവള്‍ വേഷം മാറി മാറിയണിയുന്നു. നായികയെ സംബന്ധിച്ച ദേശീയ ഭാവനക്കു യോജിച്ച വേഷവിധാനങ്ങളും ചമയങ്ങളും നൃത്തപ്രകടനങ്ങളും ശരീര ചേഷ്ടകളുമല്ല ഹെലന്റേത്. അമ്പതുകളിലെയും അറുപതുകളിലെയും ഹിന്ദി സിനിമാ നടികള്‍ക്ക് അധികവും ഹിന്ദു നാമങ്ങളാണുണ്ടായിരുന്നത്; ചുരുക്കം ചിലര്‍ക്ക് മുസ്ലിം പേരുകളും. അവര്‍ക്കിടയില്‍ ഹെലന്‍ എന്ന ബ്രിട്ടീഷും ക്രിസ്ത്യനുമായ, കൊളോണിയല്‍ സ്മൃതികള്‍ പേറുന്ന ഒരു പേരുമായാണ് അവള്‍ ജ്വലിച്ചുനിന്നത്. സിനിമകളിലെ കന്യകാ കഥാപാത്രങ്ങളുടെ ചാരിത്രകുത്തകകള്‍ ഇന്ത്യക്കാരായ നടികള്‍ക്ക് സംവരണം ചെയ്യപ്പെട്ടപ്പോള്‍, കാമമോഹിനിയായി അഴിഞ്ഞാടാന്‍ നമുക്ക് രാഷ്ട്രത്തിനും സ്വദേശ സംസ്ക്കാരത്തിനും പുറത്തു നിന്നുള്ള ഒരാള്‍ വേണ്ടിയിരുന്നു. ആ അത്യാവശ്യമായിരുന്നു ഹെലന്‍ നിര്‍വഹിച്ചുപോന്നത്.

ദാദാ സാഹേബ് ഫാല്‍ക്കെയുടെ കാലത്ത് സ്ത്രീകളെ അഭിനയിക്കാന്‍ കിട്ടാഞ്ഞതു കൊണ്ട് പുരുഷന്മാരെക്കൊണ്ടുതന്നെ സ്ത്രീവേഷം കെട്ടിക്കുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട്, ഇഷ്ടംപോലെ നടികള്‍ സിനിമയിലേക്ക് കടന്നുവന്നു. ദുര്‍ഗ ഖോട്ടെയെ പോലുള്ള ബ്രാഹ്മണസ്ത്രീകള്‍ വരെ നടികളായി വന്നത് ഇതു സംബന്ധിച്ച് നിലനിന്നിരുന്ന വിലക്കുകളെ ലംഘിക്കാന്‍ പ്രേരണയായി. എന്നാലപ്പോഴും നര്‍ത്തകികളായി രംഗത്തുവരാന്‍ "ഭാരതീയത്വ"മുള്ള നടികള്‍ക്ക് പ്രയാസമായിരുന്നു. ആ ജോലി ആംഗ്ലോ ഇന്ത്യക്കാരോ അല്ലെങ്കില്‍ യൂറോപ്യന്മാരോ ഏറ്റെടുക്കുന്നതാണ് നല്ലതെന്ന മനോഭാവമാണ് പ്രബലമായിരുന്നത്. മേരി നാദിയ ഇവാന്‍സ് "ആണത്ത"മുള്ള പെണ്ണിനെ അവതരിപ്പിച്ചുപോന്നു. കുക്കു എന്ന നൃത്ത വേഷക്കാരിയും ആംഗ്ലോ ഇന്ത്യനായിരുന്നു. എന്നാല്‍ നടപ്പ് വ്യാകരണം തെറ്റിച്ച് പുതിയ ചലനാത്മകത രൂപീകരിച്ചെടുത്തത് ഹെലന്‍ തന്നെയായിരുന്നു. താന്‍ ആവിഷ്ക്കരിക്കുന്നതും മറുപുറത്ത് താന്‍ ആവിഷ്ക്കരിക്കാത്തതുമായ പ്രതിനിധാനങ്ങളിലൂടെ ഹെലന്‍ ഇന്ത്യത്വത്തെ നിര്‍ണയിച്ചെടുത്തുവെന്നും പറയാം. അരക്കെട്ടുകള്‍ ഇളക്കുകയും മാറിടം ത്രസിപ്പിക്കുകയും ചെയ്യുന്ന ഐറ്റം ഡാന്‍സിന് "ശുദ്ധ"മായ മാതൃകകളുണ്ടാക്കിയത് ഹെലനായിരുന്നു. വിരല്‍ കടിച്ചും മുഴുവന്‍ ചുണ്ടുകൊണ്ടും കോക്രി കാണിച്ചും നേര്‍ക്കുനേര്‍ നോക്കി കണ്ണിറുക്കി കാണിച്ചും അവള്‍ വശീകരണത്തിന്റെ സൂചനകള്‍ വ്യാപിപ്പിച്ചു. മുട്ടുകുത്തിയും മലര്‍ന്നും കമിഴ്ന്നും കിടന്നും ചുമരിനോട് ചാരിനിന്നും, സംഗമത്തിന് സമ്മതമാണെന്ന സ്ത്രീസമ്മത ഭാഷ്യങ്ങള്‍ നൃത്ത ചലനങ്ങളിലൂടെ ഹെലന്‍ നിര്‍ണയിച്ചെടുത്തു. അപ്പുറത്ത് പവിത്ര കുടുംബിനികളും ദിവ്യാനുരാഗികളും നാണം കുണുങ്ങിക്കൊണ്ടും വെള്ളം നിറച്ച കുടം അരക്കെട്ടിനു മുകളില്‍ ഏറ്റിയും വശം കെടുമ്പോഴായിരുന്നു ഈ തുറന്ന സ്ഫോടനങ്ങളുടെ കാമഭീകരതകള്‍ ഹെലന്‍ കുഴിച്ചിട്ടതും പൊട്ടിച്ചിതറിച്ചതും.

കഥക്കും മണിപ്പുരിയുമടക്കമുള്ള ക്ലാസിക്ക് നൃത്തങ്ങള്‍ അഭ്യസിച്ചിരുന്നുവെങ്കിലും ഹെലന്‍ അതിനെല്ലാം അതീതമായ കാബറെ നൃത്തം സിനിമകളില്‍നിന്ന് സിനിമകളിലേക്ക് പടര്‍ത്തുകയും പില്‍ക്കാലത്ത് സിനിമാറ്റിക് ഡാന്‍സ് എന്ന പേരിലറിയപ്പെടുന്ന പുതിയ നാടോടി നൃത്തത്തിന്റെ ഷാനറി(ഴലിൃല)നെ നിര്‍ണയിച്ചെടുക്കുകയും ചെയ്തു. മുഖഭാവത്തിന്റെ വിഭിന്നതയും ചിരികളുടെയും മന്ദഹാസങ്ങളുടെയും പൊട്ടിച്ചിരികളുടെയും വ്യത്യസ്ത രീതികളും കണ്ണുകളുടെ ചലനങ്ങള്‍ കൊണ്ടും തനിക്കൊപ്പം തിരശ്ശീലയിലുള്ള സഹനര്‍ത്തകികളെയും നായകനെ തന്നെയും നിഷ്പ്രഭരാക്കി. ഖജുരാഹോയിലെയും പഹാരി സ്കൂള്‍ മിനിയേച്ചറുകളിലെയും കൊത്തുപണികളിലെ ആണിനും പെണ്ണിനും ആസക്തിയില്ലാത്ത മുഖങ്ങളാണുള്ളതെന്ന് ഒരു നിരീക്ഷണമുണ്ട്. ആ ആസക്തിരാഹിത്യത്തെയും ഹെലന്‍ മറികടന്നു. കാമത്തിന് മുഖചലനത്തിന്റെ അധികബലം നല്‍കുന്നതിലൂടെ ഇന്ത്യന്‍ സിനിമയുടെ ഗതി തന്നെ അവര്‍ മാറ്റിമറിച്ചു.

അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സമാധാനമാര്‍ഗങ്ങളിലൂടെ നേടിയെടുക്കപ്പെട്ട ഒരു രാഷ്ട്രമായിട്ടാണ് പലപ്പോഴും ഇന്ത്യ നമ്മുടെ ചരിത്ര ഭാവനകളില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. എന്നാല്‍, അത് വിഭജനത്തിന്റെ രക്തരൂഷിതമായ അസൗകര്യ/അസുഖ ചരിത്രത്തെ മറച്ചുവയ്ക്കുന്ന ഒന്നാണെന്ന് നാം മറക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവും ഭൂഖണ്ഡത്തിലെ ജനതയും തമ്മിലുള്ള സമരസംഘര്‍ഷങ്ങളുടെ പരിണതഫലമായിട്ടാണ് ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പം രൂപം കൊണ്ടതെന്ന സെക്കുലര്‍ വ്യാഖ്യാനവും, നൂറ്റാണ്ടുകളായി നിലനിന്നു പോന്ന മഹത്തായ സാംസ്ക്കാരിക പാരമ്പര്യമാണ് ഇന്ത്യ എന്ന സാംസ്ക്കാരിക ദേശീയവാദപരമായ വ്യാഖ്യാനവും തള്ളിക്കളഞ്ഞുകൊണ്ട് പ്രസിദ്ധ ചരിത്രജ്ഞനായ സഞ്ജയ് സുബ്രഹ്മണ്യന്‍("Indian Civilization’ a Myth? /Permanent Black)  നിര്‍ണയിക്കുന്നതിപ്രകാരമാണ്: ഇന്ത്യയെ ഒരു നാഗരികത(സിവിലിസേഷന്‍) എന്നതിനു പകരം ഒരു സന്ധിമാര്‍ഗ(ക്രോസ്റോഡ്സ്)മായി കാണണം. അയല്‍ക്കാര്‍ക്ക് സംസ്ക്കാരം കയറ്റുമതി ചെയ്യുന്ന ഒരു വ്യവസ്ഥയല്ലത്; ബാഹ്യ സ്വാധീനങ്ങള്‍ക്ക് എപ്പോഴും വഴങ്ങുന്ന ഒരു തുറന്ന സ്ഥലമാണത്. ഇന്ത്യന്‍ ദേശീയ സംസ്ക്കാരം സ്വയം സമ്മതിക്കാതിരിക്കുന്നതാണെങ്കിലും, മറ്റെല്ലാ ദേശീയതകളെയും പോലെ തന്നെ അതും സങ്കരം, സന്ധി, സാന്ദര്‍ഭിക കൂട്ടിമുട്ടലാലും കൂടിക്കലരലാലും അപ്രതീക്ഷിത പരിണതഫലങ്ങളാലും ഉത്ഭവിക്കുന്ന മിശ്രിത ഘടകങ്ങള്‍, എന്നിവയാല്‍ നിബിഡമാണ്. അത് വിദേശികളോടുള്ള അമിതവും അകാരണവുമായ വിദ്വേഷത്തിലേക്കും സംഭീതിയിലേക്കും വളര്‍ന്നു ദുര്‍ബലമാകുന്നു. ഇപ്രകാരം ഉണ്ടാക്കപ്പെട്ട ഇന്ത്യ/ഭാരതം എന്ന ദേശീയ സംസ്ക്കാരത്തിന്റെ പ്രതിനിധാനങ്ങളായാണ് (ഭാരത)മാതാവ്, (ഭാരതീയ)നാരി എന്നീ സങ്കല്‍പങ്ങളും ഭാവന ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ സിനിമയിലെ അമ്മ പവിത്രയും സ്നേഹസമ്പന്നയും ത്യാഗമയിയും ക്ഷമാശീലയും ആയിരിക്കണം. അല്ലെങ്കില്‍ അവര്‍ അമ്മയല്ലാതാകുന്നു. അതുപോലെ, കാമുകി/ഭാര്യ ആദര്‍ശ ഭാരതീയ നാരിയായിരിക്കണം. അല്ലെങ്കില്‍ ജവാനും കിസാനും (ഇവര്‍ രണ്ടുപേരുമാണ് രാഷ്ട്രത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന പൗരത്വ ധ്രുവങ്ങള്‍ - 2013 ആയപ്പോഴേക്കും ഇവര്‍ക്കുള്ള ബജറ്റ് വിലയിരുത്തലില്‍ വലിയ വിടവ് കാണാനാകും; രാജ്യസുരക്ഷക്ക് രണ്ടു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയും കൃഷിക്ക് പതിനേഴായിരത്തി തൊണ്ണൂറ്റഞ്ച് കോടിയുമായി അത് വലുതാകുകയും ചെറുതാകുകയും ചെയ്യുന്നുണ്ട്). അവള്‍ യോജിച്ച കമിതാവാകില്ല. സഹോദരീ കഥാപാത്രങ്ങള്‍ക്ക് വേണമെങ്കില്‍ കുറച്ച് വികൃതിയും കുസൃതിയുമാകാമെങ്കിലും അവയ്ക്കും അതിരുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, നായികമാര്‍ സമ്പൂര്‍ണ പവിത്രയും ഭാരതീയത്വം നിറഞ്ഞു നില്‍ക്കുന്നവളും ശാരീരിക കമനീയത ഉണ്ടെന്നു തോന്നിപ്പിക്കാത്തവളുമായിരിക്കണം. അവളുടെ വസ്ത്രങ്ങള്‍ ലിംഗത്വത്തെ മുഴുവനായി മൂടി നില്‍ക്കേണ്ടതാണ്. അവളുടെ കണ്ണുകള്‍ വേണ്ടാത്തത് നോക്കാത്തതും വേണ്ടപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നതുമായിരിക്കണം. അകം/സുരക്ഷ; പുറം/ഭീതിയും ഭാരവും; കല്‍പന/അനുരാഗവിവശിതം എന്നിങ്ങനെ അവളുടെ ലോകങ്ങള്‍ മൂന്നായി മുറിക്കപ്പെട്ടിരിക്കും. ഭാരതീയത്വത്തെ വിളംബരം ചെയ്യാനായി, ഈ ആദര്‍ശ നായിക എല്ലായ്പോഴും ഹിന്ദുവായിരിക്കും, കന്യകയായിരിക്കും, വെളുത്ത തൊലിനിറമുള്ളവളായിരിക്കും, നീണ്ട മുടിയുള്ളവളായിരിക്കും.

അപ്പോള്‍, എതിര്‍ഭാഗത്തു നില്‍ക്കുന്ന കാമ മോഹിനി/വിലാസിനി(വാംപ്) ഒരു ഹിന്ദുവായിരിക്കുക വയ്യ. അവള്‍ നിശ്ചയമായും മുഖ്യധാരാ ഹിന്ദു പാരമ്പര്യത്തിനു പുറത്തുള്ളവളായിരിക്കണം. അസൂറി, കുല്‍ദീപ് കൗര്‍, കുക്കൂ എന്നീ ആദ്യകാല വാംപുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയാത്ത വശ്യതയും വിലോഭനീയതയും ഹെലന്‍ രൂപീകരിച്ചെടുത്തു. പില്‍ക്കാലത്താര്‍ക്കും ആ റെക്കോഡ് തകര്‍ക്കാനുമായില്ല. നര്‍ത്തകികള്‍, ഐറ്റം ഡാന്‍സര്‍മാര്‍, പ്രതിനായികമാര്‍ എന്നീ വേഷക്കാര്‍ക്കൊക്കെയും ഹെലനാണ് ഇന്ത്യന്‍ സിനിമയുടെ റോള്‍ മോഡല്‍. കൊളോണിയല്‍ ഇന്ത്യയിലെ ഭരണവര്‍ഗക്കാരികളാകയാല്‍ വെള്ളക്കാരികളായ സ്ത്രീകളെ മോഹിക്കുകയോ കാമിക്കുകയോ പ്രാപിക്കുകയോ ചെയ്യുക എന്നത് സാമാന്യ ഇന്ത്യക്കാര്‍ക്ക് അക്കാലത്ത് ചിന്തനീയമായിരുന്നില്ല. ഈ നിഷേധം, വെള്ളത്തൊലിയോട് ഇന്ത്യന്‍ പുരുഷനുള്ള മോഹത്തെ വര്‍ധിപ്പിച്ചു. വിലക്കപ്പെട്ടതെന്താണോ അതിനോട് മോഹം തോന്നുക സ്വാഭാവികമാണല്ലോ. സ്വതന്ത്ര ഇന്ത്യയുടെ ഭാവനകളായി നിര്‍വഹിക്കപ്പെട്ട ഇന്ത്യന്‍ സിനിമയിലെ നായിക/പ്രധാന സ്ത്രീ കഥാപാത്രം സവര്‍ണ ഹിന്ദു സ്ത്രീയായതു കൊണ്ട് അവളെ കാമക്കണ്ണോടെ നോക്കിയിരിക്കാന്‍ നമ്മുടെ നിര്‍മിച്ചുകൊണ്ടിരുന്നതും നിര്‍ണീതവുമായ സംസ്ക്കാരം അനുവദിക്കുന്നുമില്ല. ആണ്‍നോട്ടത്തിനും ആണ്‍കാമോര്‍ജത്തിനും ശമനമായി ഒരു ലൈംഗിക ശരീരം ആവശ്യമായിരുന്നു. അതാണ് ഹെലന്റെ പോര്‍ട്ട്ഫോളിയോ എന്ന് വ്യക്തമാക്കപ്പെട്ടു. സാമ്രാജ്യത്വ കാലത്ത് ചിന്തിക്കാന്‍ പോലും പാടില്ലാത്ത വെള്ളക്കാരിയോടുള്ള മോഹം എന്ന പാപം പ്രതികാരമായി സ്വതന്ത്ര ഇന്ത്യയില്‍ പത്തിവിടര്‍ത്തിയാടുകയായിരുന്നു. ഭോഗേച്ഛയും വിദ്വേഷവും സംലയിക്കുന്ന ഒരു നിര്‍വഹണസ്ഥലിയായി ഹെലന്റെ അഭാരതീയമായ ശരീരം തിരശ്ശീലകളില്‍ പടര്‍ന്നാടി. കുക്കൂ ആംഗ്ലോ ഇന്ത്യനും ഹെലന്‍ ഫ്രഞ്ച്-ബര്‍മീസ്-ബ്രിട്ടീഷ്-സ്പാനിഷും ആയിരുന്നത് അവരെ കൃത്യമായ വാംപുകളാക്കി ആഘോഷിക്കാന്‍ പര്യാപ്തമാക്കി.

അറുപതുകളായതോടെ ഹിന്ദു നടിമാര്‍ക്കും വാംപുകളായി അഭിനയിക്കാമെന്നായി. അതിനു മുമ്പ് ആംഗ്ലോ ഇന്ത്യക്കാരും ജൂതവംശജരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിക്കുകാരുമാണ് ഇത്തരം വേഷങ്ങളില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. (മലയാള സിനിമയില്‍ ഏറ്റവും കൊണ്ടാടപ്പെട്ട വശീകരണ-ശരീര പ്രദര്‍ശന നടിയായത് ഷക്കീല എന്ന, തമിഴ്നാട്ടുകാരിയായ മുസ്ലിം വംശജയായതും സാന്ദര്‍ഭികമാണെന്നു കരുതുക വയ്യ. മലയാള സിനിമയില്‍ അരോചകമെന്നു തോന്നിപ്പിക്കുന്ന ഐറ്റം ഡാന്‍സുകളും നടിമാരുടെ ശരീരപ്രദര്‍ശനങ്ങളും തമിഴ്, തെലുങ്ക് സിനിമകളില്‍ കേരളീയര്‍ക്ക് അനുയോജ്യമാകുകയും അത്തരം ചിത്രങ്ങള്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റുകളായി തീരുന്നതും സാധാരണമാണ്. കേരളീയ പൗരത്വ പദ്ധതിയുടെ സ്വന്തം/അന്യം എന്ന വിവേചനത്തിന്റെ ഒരു നിദര്‍ശനമാണിത്). നടിമാര്‍ മാത്രമല്ല അവര്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളും മുഖ്യധാരാ സവര്‍ണ ഹിന്ദു പ്രതിനിധാനത്തിനു പുറത്തായിരുന്നു. വിദേശികള്‍, ആംഗ്ലോ ഇന്ത്യക്കാര്‍, ആദിവാസികള്‍, ദളിതര്‍ ഒക്കെയായിരുന്നു ഹെലന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍. മിക്കപ്പോഴും അവരുടെ കഥാപാത്രത്തിന്റെ പേര് മിസ് കിറ്റി, മിസ് ലില്ലി, മിസ് റോസി എന്നായിരുന്നു.

ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ കോഡുകള്‍ ബാധകമല്ലാത്ത അപൂര്‍വം നടികളിലൊരാളായിരുന്നു അക്കാലത്ത് ഹെലന്‍. നഗ്നത, മാന്യതയില്ലാത്തതും ലൈംഗികവശീകരണം ധ്വനിപ്പിക്കുന്നതുമായ വസ്ത്രധാരണം, വൈകാരികത ജനിപ്പിക്കുന്നതുമായ ശരീര ചലനം എന്നിവയെല്ലാം ഇന്ത്യന്‍ സെന്‍സറിങ്ങില്‍ നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതുമാത്രമാണ് ഹെലന്‍ ചെയ്തിരുന്ന പ്രവൃത്തി. അതും സിനിമയും ഹെലനും തമ്മില്‍ നിലനിന്നിരുന്ന ഭാരതീയത/അന്യത്വം എന്ന കരാറിന്റെ വൈരുധ്യത്തെ മൂര്‍ച്ഛിപ്പിച്ചു. ഹൗറ ബ്രിഡ്ജില്‍ ഹെലന്‍ നൃത്തം ചെയ്യുമ്പോള്‍ പാടുന്ന പാട്ടിലെ വരികളിപ്രകാരമാണ്. മേരാ നാം ചിന്‍ ചിന്‍ ചൂ, ബാബുജീ മേന്‍ ചീന്‍ സെ ആയി, ചീനി ജൈസി ദില്‍ ലായി, സിംഗപ്പൂര്‍ കാ യൗവന്‍ മേരാ, ഷാംഗ്ഹായ് കി അംഗ്ദായ് (എന്റെ പേര് ചിന്‍ ചിന്‍ ചൂ, ഞാന്‍ ഇപ്പോള്‍ ചൈനയില്‍ നിന്നെത്തിയതേ ഉള്ളൂ, എന്റെ ഹൃദയം പഞ്ചസാര പോലെ മധുരിതം, എന്റെ യൗവനം സിംഗപ്പൂരില്‍ നിന്നാണ്, എന്റെ വക്രകൗടില്യം ഷാംഗാഹായില്‍ നിന്ന്). അവളുടെ ഭൗതികവും ജൈവികവുമായ ശരീരവും പ്രകടനങ്ങളും വിദേശത്തു നിന്നെത്തിയതാണെന്നു ചുരുക്കം.

ഹിന്ദി സിനിമ സൃഷ്ടിച്ചെടുത്ത സെക്കുലറിസം പൊതുബോധത്തെ അനുകരിക്കുകയും തിരിച്ച് പൊതുബോധത്തെ നിര്‍മിച്ചെടുക്കുകയും ചെയ്തു. കൂടുതലും ഹിന്ദു ഇതിവൃത്തങ്ങളും കുറച്ച് മുസ്ലിം ഇതിവൃത്തങ്ങളും സ്വീകരിച്ചു. നായകന്‍ കാല്‍പനികനും വിജ്ഞാനിയുമാണെങ്കില്‍ ബ്രാഹ്മണനും, പോരാളിയാണെങ്കില്‍ ക്ഷത്രിയനുമായിരിക്കും. അക്കാലത്തെ മുസ്ലിം കഥാപാത്രങ്ങള്‍; സത്യസന്ധരായ സുഹൃത്തുക്കള്‍, വിശ്വാസ്യരായ യുദ്ധഭടന്മാര്‍, നല്ല പൊലീസുകാര്‍, വിഡ്ഢികളായ പത്താന്മാര്‍, സൗഹൃദം കാണിക്കുന്ന അമ്മാമന്മാര്‍ എന്നിവരുടേതായിരുന്നു. അതായത്, രാഷ്ട്രത്തിനകത്തു തന്നെ മുസ്ലിങ്ങള്‍ക്ക് രണ്ടാം തരം പൗരത്വം അനുവദിച്ചുകൊടുക്കാന്‍ മാത്രം സൗമനസ്യമുള്ളവരായിരുന്നു അക്കാലത്തെ പൊതുബോധം എന്നു ചുരുക്കം. ക്രിസ്ത്യാനികള്‍ പാശ്ചാത്യവത്ക്കരണത്തിന് വിധേയരായവരാണ് എന്ന പൊതുബോധവിധി നിലനിന്നതിനാല്‍ ക്രിസ്ത്യാനികളെ സാധാരണ കഥാപാത്രമാക്കാന്‍ എപ്പോഴും ഹിന്ദി സിനിമക്ക് പേടിയായിരുന്നു. വിചിത്രമായ വഴികളിലൂടെയാണ് ക്രിസ്ത്യന്‍ കഥാപാത്രവത്ക്കരണങ്ങള്‍ സംഭവിക്കുക.

ദാസരി നാരായണ്‍ റാവ് സംവിധാനം ചെയത് സ്വര്‍ഗ് നരക്(1978) എന്ന ചിത്രത്തില്‍ വിനോദ് മെഹ്റ അവതരിപ്പിക്കുന്ന നായകകഥാപാത്രം വീട്ടില്‍ നിന്ന് അസന്തുഷ്ടനായി പുറത്ത് പോയി നിശാക്ലബ്ബില്‍ എത്തുന്നു. അവിടെ ഹെലന്റെ കാബറെ നൃത്തമാണുള്ളത്. വീട്ടില്‍ അയാളുടെ അമ്മ മരണത്തോട് മല്ലടിക്കുമ്പോഴാണ് വിനോദ് നിശാക്ലബ്ബില്‍ കാബറെയില്‍ പങ്കെടുക്കുന്നത്. അയാളുടെ പവിത്രഭാര്യ അമ്മായിയമ്മയെ ശുശ്രൂഷിക്കുമ്പോള്‍ കാമവിവശിതയായ നര്‍ത്തകി അയാളെ പ്രലോഭിപ്പിക്കുന്നു. കര്‍മവും കുറ്റവും തമ്മിലുള്ള വിഭജനമായി ഈ ഇന്റര്‍കട്ടുകള്‍ മാറി മാറിവരുന്നു. ചുകന്ന നിറത്തില്‍ കുളിച്ചുനില്‍ക്കുന്ന നിശാക്ലബ്ബില്‍ വിനോദും ഹെലനും മൈഥുനപ്രതീതിയില്‍ നൃത്തമാടുന്നു. അയാളുടെ വായിലേക്ക് അവള്‍ മദ്യം ഒഴിച്ചുകൊടുക്കുന്നു. അപ്പോള്‍ നിശാക്ലബ്ബിന്റെ ചുമരില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ നിഴല്‍ കാണാറാകുന്നു; മാത്രമല്ല, പള്ളിയില്‍ നിന്ന് മണി മുഴങ്ങാനാരംഭിക്കുകയും ചെയ്യുന്നു. മൂല്യത്തകര്‍ച്ചയും ക്രിസ്തീയതയും ഒന്നാണെന്ന ധ്വനിയാണ് ഇവിടെ മുഴങ്ങുന്നത്. അതായത്, നിങ്ങള്‍ക്ക് ഒരു കാമ മോഹിനി/വിലാസിനി(വാംപ്)യെ വേണമെന്നുണ്ടെങ്കില്‍ അത് മൂല്യത്തകര്‍ച്ച സംഭവിച്ച സമുദായത്തില്‍ നിന്നാകുന്നതാണ് ഉചിതം എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. അപ്പോള്‍ പിന്നെ, അവള്‍ക്ക് ആണുങ്ങളോടൊപ്പം കുഴഞ്ഞാടുകയും ലൈംഗിക ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പാട്ടുകള്‍ പാടുകയും ചെയ്യാം; അധോലോക സംഘങ്ങളുടെ ഭാഗമാകാം; തോക്ക് കൈയിലമ്മാനമാടാം; ശരീരം അവിടവിടെ പ്രദര്‍ശിപ്പിക്കാം; മോഹിപ്പിക്കുകയും വശീകരിക്കുകയും നൃത്തമാടി ചുറ്റിത്തിരിയുകയും ചെയ്യാം. അപ്പുറത്ത്, ഭാരതീയ നാരിയുടെ കന്യകാത്വത്തെയും പവിത്രതയെയും സംബന്ധിച്ച പൈതൃകാധികാര ന്യായങ്ങള്‍ ഉടവു തട്ടാതെ സംരക്ഷിക്കപ്പെടുകയും പുനര്‍ നിര്‍മിക്കപ്പെടുകയും ചെയ്യും. ഇന്ത്യന്‍ സിനിമ(ഹിന്ദി സിനിമ) നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, രേഖപ്പെടുത്തേണ്ട രണ്ടു കാര്യങ്ങള്‍ ഇവയാണ്: ഹിന്ദി സിനിമയിലെ ആദ്യത്തെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജൂതവംശജരും ആംഗ്ലോ ഇന്ത്യക്കാരുമായ നടികളായിരുന്നുവെങ്കില്‍, ഹിന്ദി സിനിമയിലെ ആദ്യത്തെ മോശക്കാരിയായ സ്ത്രീകഥാപാത്രത്തെയും സൈ്വരിണിയെയും ശരീരപ്രദര്‍ശനത്തിനു തയ്യാറായവളെയും അവതരിപ്പിച്ചത് ഒരു ആംഗ്ലോ-ബര്‍മീസ്-ക്രിസ്ത്യന്‍ യുവതി(ഹെലന്‍) ആയിരുന്നു. തൊണ്ണൂറുകള്‍ വരെയുള്ള ഹിന്ദി സിനിമകളില്‍ കള്ളക്കടത്തിന്റെയും അവിഹിതവും വിവാഹേതരവുമായ ലൈംഗികബന്ധങ്ങളുടെയും ബ്ലാക്ക് മാര്‍ക്കറ്റിന്റെയും സംഗമസ്ഥാനങ്ങളായിട്ടാണ് ഹോട്ടലുകളെ കണക്കാക്കിയിരുന്നത്. ഇവയൊക്കെയും പാശ്ചാത്യ അധിനിവേശ രീതികളായിട്ടാണ് നാം എണ്ണിയിരുന്നത്. ഈ ഹോട്ടലുകളില്‍ സൈ്വരവിഹാരം നടത്തുന്ന കാബറെ നര്‍ത്തകികളില്‍ പ്രധാനിയായിരുന്ന ഹെലനും അതുകൊണ്ടുതന്നെ പാശ്ചാത്യ അധിനിവേശത്തിന്റെ പ്രതീകമായിരുന്നു. അവളുടെ നൃത്തങ്ങള്‍ക്ക് അകമ്പടിയായി എപ്പോഴും ചുകന്ന വെളിച്ചങ്ങള്‍ തിളങ്ങിനിന്നു. അതായത്, അവളുടേത് ഒരു റെഡ് ലൈറ്റ് പ്രദേശമാണെന്നു ചുരുക്കം.

പ്രാദേശികമായി ലഭ്യമായ വസ്തുക്കളാല്‍ നിര്‍മിക്കപ്പെട്ടതാണെങ്കിലും ഈ കാമ മോഹിനി/വിലാസിനി(വാംപ്)യെ അന്യ/വിദേശിയുടെ അര്‍ഥത്തിലാണ് നാം ഭാവന ചെയ്തെടുത്തത്. അവളുടെ വസ്ത്രങ്ങള്‍ ഒന്നുകില്‍ വേശ്യയുടേതോ(പൊന്തുന്നതും ലോലമായതുമായ പാവാട, ഇറുകിയ ചോളി, ഷാള്‍ എന്നിങ്ങനെയുള്ള മുജ്ര പുറം വസ്ത്രം), പാശ്ചാത്യ വനിതയുടേതോ(പല അടരുകളുള്ള പാവാട, സ്യൂട്ടുകള്‍, ട്രൗസറുകള്‍), ആദിവാസിയുടേതോ(തലമുടിയില്‍ പൂവുകള്‍, പുല്ലുകൊണ്ടുള്ള ഉടുപ്പുകള്‍), ബെല്ലി ഡാന്‍സറുടേതോ(കണ്ണാടിത്തുണി കൊണ്ടുള്ള അറേബ്യന്‍ വേഷം) ആയിരിക്കും. എന്തൊക്കെ വൈവിധ്യങ്ങള്‍! എന്നാല്‍, പവിത്ര കുടുംബിനിയും ദിവ്യാനുരാഗിയുമായ നായികക്ക് എപ്പോഴും സാരി മാത്രം. തൊണ്ണൂറുകളോടെ ഹിന്ദി സിനിമയിലെ നായികയും ഐറ്റം ഡാന്‍സറും ഒന്നാകുകയുണ്ടായി. മാധുരി ദീക്ഷിത്താണ് ഇത്തരം ദ്വിമുഖ കഥാപാത്രങ്ങളെ ആദ്യമായി ജനപ്രിയമാക്കിയത്. അവര്‍ക്കുള്ള വേഷവൈവിധ്യത്തിന്റെ ആദ്യമാതൃകകള്‍ അവതരിപ്പിച്ചത് ഹെലനായിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്.

കാമ മോഹിനി/വിലാസിനി(വാംപ്)യുടെ ലോകം അരികുകളിലാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. സ്റ്റാറ്റസ് കോ നിലനിര്‍ത്താന്‍ വേണ്ടി നിഴലുകളില്‍ നിന്ന് പുറത്തേക്കും നിഴലുകള്‍ക്കുള്ളില്‍ തന്നെയും അവള്‍ പുകപടലങ്ങള്‍ പടര്‍ത്തിക്കൊണ്ടിരിക്കും. ആ പുകക്കുള്ളില്‍ എരിയുന്നത് മനുഷ്യരുടെ കാമം. പുരുഷന്മാര്‍ക്ക് കാമം വ്യാജമായി ശമിപ്പിക്കുന്നതിനു വേണ്ടി; സ്ത്രീക്ക് അത് വിറ്റഴിക്കുന്നതിനു വേണ്ടി. വാംപിന്റെ സ്ത്രീത്വം അവളുടെ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല, മറിച്ച് അത് അവളുടെ ലൈംഗിക പ്രതിനിധാനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സിനിമയുടെ സുവര്‍ണ കാലം എന്നു വിവരിക്കപ്പെട്ടിരുന്ന കാലത്തെ സിനിമകളില്‍ രണ്ടുതരം സ്ത്രീ കഥാപാത്രങ്ങളാണുണ്ടായിരുന്നത്. നല്ല സ്ത്രീയും ചീത്ത സ്ത്രീയും. നല്ല സ്ത്രീ വിവാഹിതയാകുന്നതു വരെ ആധുനിക വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും വിവാഹിതയാകുന്നതോടെ സാരിയിലൊതുങ്ങും. എന്നാല്‍. ചീത്ത സ്ത്രീക്ക് ഈ പരിമിതികളൊന്നുമില്ല. അവള്‍ അധികപക്ഷവും വിവാഹിതയാകില്ല. അഥവാ വിവാഹിതയായാല്‍ തന്നെ പഴയപടി ആധുനിക വസ്ത്രങ്ങള്‍ അണിയുന്നതു നിര്‍ത്തില്ല. മാത്രമല്ല, മദ്യപിക്കുന്നതും നിശാക്ലബുകളില്‍ പോകുന്നതുമായ പ്രവൃത്തികള്‍ നിര്‍ബാധം തുടരുകയും ചെയ്യും. നല്ല സ്ത്രീ ഭാരതീയത്വം പ്രകടിപ്പിക്കാനായി നീണ്ട മുടി സംരക്ഷിച്ചു കൊണ്ടേ ഇരിക്കും. ചീത്ത സ്ത്രീയാകട്ടെ മുടി ബോബ് ചെയ്യും, അല്ലെങ്കില്‍ വന്യമായി അതിനെ മുഖത്ത് മുഴുവനായി പരത്തിയിടും. നല്ല സ്ത്രീ; സ്നേഹം, രാഷ്ട്രം, കുടുംബം, കുട്ടികള്‍ എന്നിവരില്‍ താല്‍പര്യമുള്ളവളായിരിക്കും. ചീത്ത സ്ത്രീക്കാകട്ടെ; നൈമിഷിക സുഖങ്ങളിലും പിന്നെ അവരവരില്‍ തന്നെയുമാണ് താല്‍പര്യമുള്ളത്. നല്ല സ്ത്രീയുടെ വൈകാരികത കാണിക്കണമെന്നുണ്ടെങ്കില്‍ മഴ പോലുള്ള പ്രതീകങ്ങളാണ് സിനിമ അവലംബിക്കുക എന്നാല്‍ ചീത്ത സ്ത്രീയുടെ വൈകാരികത, വസ്ത്രങ്ങള്‍ മാറ്റിയും ചമയങ്ങള്‍ കൊണ്ടും ആഭരണങ്ങള്‍ കൊണ്ടുമൊക്കെയുമാണ് പ്രകടിപ്പിക്കുക. നല്ല സ്ത്രീ ലൈംഗികബന്ധം ആഗ്രഹിക്കുന്നേ ഇല്ല. വിവാഹത്തിനുശേഷം പോലും അവരതിനു മുന്‍കൈ എടുക്കില്ല എന്നു മാത്രമല്ല, ഭര്‍ത്താവ് അതിനാഗ്രഹിക്കുമ്പോള്‍; കുട്ടികള്‍ ഉണരും, ഇന്ന് നല്ല ദിവസമല്ല, ജീവിതത്തില്‍ അതിനു യുക്തമായ സമയമല്ല എന്നിങ്ങനെയുള്ള തടസ്സവാദങ്ങള്‍ ഉന്നയിക്കും. എന്നാല്‍, ചീത്ത സ്ത്രീക്കാകട്ടെ ലൈംഗിക ബന്ധം എന്ന ഒരു കാര്യമല്ലാതെ മറ്റൊന്നും ചിന്തിക്കാനില്ല തന്നെ. ഈ സ്വഭാവങ്ങളില്‍ ഇടകലരലുകളും ചില അംശങ്ങളുടെ കടന്നു കയറ്റവും സംഭവിക്കാറുണ്ട്. അതാണ് സങ്കീര്‍ണതകള്‍ സംഭവിക്കുന്ന രീതി. ഇതിനെ ശുദ്ധീകരിച്ചെടുത്ത് നല്ലതിനെയും ചീത്തതിനെയും രണ്ടും രണ്ടാക്കി മാറ്റുന്ന പ്രക്രിയയെയാണ് കഥ എന്നു വിളിക്കുന്നത്.

ലിംഗം, വര്‍ഗം, സാമൂഹ്യാധികാരം, പദവി എന്നിങ്ങനെയുള്ള അവസ്ഥാവിശേഷങ്ങളുടെ ഇടപെടലുകള്‍കൊണ്ട് സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ് ആഹ്ലാദം. സ്വകാര്യതയുടെ രാഷ്ട്രീയം, സ്വകാര്യജീവിതങ്ങളുടെ പൊതു അവതരണവും അവലോകനവും എന്നീ അടിസ്ഥാനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ആഹ്ലാദത്തെ ഒരു രാഷ്ട്രീയ പദ്ധതിയായി വായിച്ചെടുക്കാനാരംഭിക്കേണ്ടത്. ആസക്തിയും ആഹ്ലാദവും ലൈംഗികതയും വ്യക്തിമനസ്സുകളുടെ സ്വകാര്യതകളിലല്ല ഉരുവം കൊള്ളുന്നതും പ്രയോഗവത്ക്കരിക്കപ്പെടുന്നതും. പിതൃദായക്രമത്തിലധിഷ്ഠിതമായ കുടുംബ വ്യവസ്ഥ, സമുദായങ്ങള്‍, സംസ്ക്കാരങ്ങള്‍ എന്നിവയുടെ പരസ്പരമുള്ള ഇടകലരലിലൂടെയും ബലതന്ത്രങ്ങളിലൂടെയുമാണ് അവ നിര്‍ണയിക്കപ്പെടുന്നത്. ഏതു പ്രദേശത്തിലും ഭൂമികയിലുമാണ് ആസക്തിയും ആഹ്ലാദവും ലൈംഗികതയും നിര്‍മിക്കപ്പെടുന്നത്, ഭാവന ചെയ്യപ്പെടുന്നത്, ക്രീഡാവിലസിത(played out)മാകുന്നത്, സാധൂകരിക്കപ്പെടുന്നത് എന്നതിനെ സംബന്ധിച്ചുള്ള വിശദീകരണങ്ങളും നിയമസംഹിതകളും വിലക്കുകളും എല്ലാവരിലും എല്ലായ്പോഴും ലഭ്യമാണ്; അഥവാ അവയാല്‍ പൊതു/സ്വകാര്യ അന്തരീക്ഷങ്ങള്‍ എപ്പോഴും മുഖരിതമാണ്. ആസക്തി/ആഹ്ലാദം/ലൈംഗികത എന്നിവയുടെ നിയന്ത്രണം, വ്യവസ്ഥാസംഘടന, നിരോധനം എന്നിവ മനസ്സിലാക്കപ്പെടുന്നതും ഉഭയകക്ഷി ചര്‍ച്ചക്കു വിധേയമാകുന്നതും പ്രത്യവകാശം ചോദിച്ചു വാങ്ങുന്നതും ഈ വ്യവഹാരഭൂമികയിലാണ്. സ്ത്രീകള്‍ക്ക് ആഹ്ലാദമുണ്ടെന്നോ അവര്‍ക്ക് ആഹ്ലാദിപ്പിക്കാന്‍ സാധിക്കുമെന്നോ തെളിയിക്കുന്നതിലൂടെ പിതൃദായക്രമം നിഷ്പ്രഭമാവുകയോ, സ്ത്രീകള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യം ലഭ്യമാവുകയോ ചെയ്യുന്നില്ല. അതായത്, കരേണ്‍ ഗബ്രിയേല്‍ ഉന്നയിക്കുന്നതുപോലെ, അടിസ്ഥാനപരമായി ചോദിക്കേണ്ട ചോദ്യം ഇതാണ്. കാമാസക്തിയും ലൈംഗികാഹ്ലാദവും അതിന്റെ പ്രതിനിധാനങ്ങളും അത് രൂപീകരിക്കുന്ന സാമൂഹ്യവും സാംസ്ക്കാരികവും ആയ അര്‍ഥങ്ങളും ലിംഗ-ലൈംഗിക-സാമൂഹ്യ സ്വത്വങ്ങളും ആഹ്ലാദങ്ങളും സമ്മതങ്ങളും എല്ലാം പ്രശ്നവത്ക്കരിക്കുന്നത്, ആര്‍ക്കാണ് ആഹ്ലാദം; അതും ആരുടെ ചിലവില്‍ എന്ന ചോദ്യം. സ്വപ്നസങ്കല്‍പങ്ങള്‍, പ്രതിനിധാനം, യാഥാര്‍ഥ്യം എന്നിവ തമ്മിലുള്ള ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ധാര്‍മിക ചോദ്യമായി അത് വികസിക്കുന്നു.

*
ജി പി രാമചന്ദ്രൻ ദേശാഭിമാനി ഓണപ്പതിപ്പ്

References

1.Helen- The Life and Times of an H-Bomb By Jerry Pinto (Penguin-2006)
2.Indian Cinema in the time of Celluloid : From Bollywood to the Emergency  By Ashish Rajadhyaksha (Tulika Books 2009)
3.Ideology of the Hindi Film : A Historical Construction By M Madhava Prasad(Oxford University Press 1998)
4.Cinema and Censorship : The Politics of Control in India By Someswar Bhowmik (Orient Blackswan 2009)
5.Cinema of Interruptions : action genres in contemporary Indian Cinema By Lalitha Gopalan (Oxford university Press 2002)
6.Melodrama and the Nation : Sexual Economies of Bombay Cinema 1970-2000 By Karen Gabriel (Women Unlimited 2010)
7.Bollyworld : Popular Indian Cinema through a transnational lens Editors Raminder Kaur and Ajay J Sinha (Sage Publications 2005)
8.You can’t Please everyone (Film Censorship : the Inside story) By Kobita Sarkar (IBH Publishing Co. 1982)
9.Contemporary Film Theory, Edited and introduced by Anthony Easthope (Longman London & New York 1993)
10.`Indian Civilization' a Myth?  By Sanjay Subramanian (Permanent Black 2013)
11.Strictly Bollywood? Story, Camera and Movement in Hindi Film Dance By Sangita Shresthova (Massachussetts Institute of Technology : 2003)
12.സിനിമയുടെ രാഷ്ട്രീയം- രവീന്ദ്രൻ, ബോധി ബുക്ക്സ്.

Monday, June 17, 2013

രാമു കാര്യാട്ട് ഒരു ദേശം പ്രതിഭയെ സൃഷ്ടിച്ച കഥ

രാമു കാര്യാട്ട്... ഒരിടത്തും ആ ജീവിതം രേഖപ്പെടുത്തപ്പെട്ടില്ല. ചേറ്റുവയിലെ വഴികളില്‍ ആ കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് അന്വേഷണം. ചെന്നെത്തിയതൊക്കെ കുറെ നാട്ടുമ്പുറത്തുകാരിലേക്കാണ്. അതിരുകളൊന്നും പ്രതിഭയ്ക്കു മുന്നില്‍ വരച്ചിടാന്‍ പാടില്ലെന്ന് വിശ്വസിച്ചവര്‍. മാനവികതയുടെ തലച്ചോറുകൊണ്ട് നമ്മേക്കാളും മുന്നെ ചിന്തിച്ച ഒരു ജനതയുടെ, ഒരു കാലത്തിന്റെ സൃഷ്ടിയാണ് രാമുവെന്ന് തിരിച്ചറിയുകയായിരുന്നു.

ഒരു പ്രതിഭ ഇവിടെ ജീവിച്ചു എന്നതിനു തെളിവ് അവന്റെ വസന്തത്തില്‍ പൂത്ത ചില വാടാപൂക്കളാണ്. എന്നാല്‍, അവനെങ്ങനെയാണ് വസന്തം കനിഞ്ഞ പൂമരമായതെന്ന് ആരും അന്വേഷിക്കാറില്ല. രാമു കാര്യാട്ട്... ഒരിടത്തും ആ ജീവിതം രേഖപ്പെടുത്തപ്പെട്ടില്ല. ചേറ്റുവപോലൊരു കടലോരഗ്രാമത്തില്‍നിന്ന് എങ്ങനെയാണ് ഇത്തരമൊരു ലോകോത്തര പ്രതിഭയുണ്ടായത്. എന്തുകൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ സിപിഐ എം എന്ന മഹാപ്രസ്ഥാനം മുതിര്‍ന്നത്. സിനിമാക്കാരന്‍ എന്നതിനപ്പുറം എന്താണ് രാമു. ഈ ആകാംക്ഷയിലാണ് ചേറ്റുവയിലെ വഴികളില്‍ ആ കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് അന്വേഷണം തുടങ്ങിയത്. ചെന്നെത്തിയതൊക്കെ കുറെ നാട്ടുമ്പുറത്തുകാരിലേക്കാണ്. പ്രതിഭയ്ക്കു മുന്നില്‍ അതിരുകളൊന്നും വരച്ചിടാന്‍ പാടില്ലെന്ന് വിശ്വസിച്ചവര്‍. മാനവികതയുടെ തലച്ചോറുകൊണ്ട് നമ്മേക്കാളും മുന്നെ ചിന്തിച്ച ഒരു ജനതയുടെ, ഒരു കാലത്തിന്റെ സൃഷ്ടിയാണ് രാമുവെന്ന് തിരിച്ചറിയുകയായിരുന്നു.

ചേറ്റുവയിലെ രാമു

ചരിത്രത്തില്‍ പലയിടങ്ങളില്‍ പല പേരില്‍ രേഖപ്പെടുത്തപ്പെട്ട മണ്ണ്. കുറെയേറെ സംസ്കാരങ്ങള്‍ കപ്പലിറങ്ങിയ തീരം. വൈദേശികപതാകകള്‍ പാറിക്കളിച്ച കപ്പലുകള്‍ ഉലഞ്ഞാടിയ അഴിമുഖം. സാമൂതിരിയും കൊച്ചിരാജാവും വൈദേശികരെ പ്രീണിപ്പിച്ചും ചിലപ്പോള്‍ ഏറ്റുമുട്ടിയും നിന്ന കാലം. കുഞ്ഞാലിമരക്കാരും ഒട്ടേറെ പടനായകരും പടക്കപ്പലുകളുമായി കാവല്‍ കിടന്ന തീരം. ഫോര്‍ട്ട്വില്യം- ചേറ്റുവായില്‍ ഡച്ചുകാര്‍ ഉയര്‍ത്തിയ കോട്ട. ഇതിന്റെ കൊടിമരത്തില്‍ പതാക കെട്ടാനായി പൊരുതിയവര്‍ വെള്ളക്കാര്‍ മുതല്‍ ഹൈദരാലിവരെ. പിന്നെ കശുമാവിന്‍തോപ്പുകളില്‍ നിറഞ്ഞ കുടിലുകളുടെയും ദുരിതത്തിന്റെയും ഭൂതകാലം. ജാതീയതയും പ്രമാണിത്തവും മുകളില്‍ നിറഞ്ഞുനിന്ന കാലത്തും മനുഷ്യസ്നേഹത്തിന്റെ ഒരു നാമ്പ് ഈ ദേശം കാത്തുസൂക്ഷിച്ചു. ശ്രീനാരായണന്റെ യാത്രകള്‍, ഭ്രാതാ വേലുക്കുട്ടിമാസ്റ്ററും വി എസ് കേരളിയനും തുറന്നുവച്ച മനുഷ്യസ്നേഹത്തിന്റെയും നവോത്ഥാനത്തിന്റെയും ചിറകുകള്‍. മഹാകവി ചേറ്റുവ പരീക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ കൊളുത്തിവച്ച സാംസ്കാരികദീപങ്ങള്‍. ഈ സാംസ്കാരികഭൂമികയിലാണ് പുരാതന ഈഴവപ്രമാണികുടുംബത്തിലേക്ക് നിലവിളിയുമായി അവന്‍ കടന്നുവന്നത്. കാര്യാട്ട് കുഞ്ഞയ്യപ്പന്റെയും കാര്‍ത്ത്യായനിയുടെയും ഏകപുത്രനായി 1928 ഫെബ്രുവരി ഒന്നിന് പിറന്നുവീണ അവനെ രാമു എന്നു വിളിച്ചു. കൗമാരത്തില്‍ നാട്ടുപ്രമാണിമാര്‍ തെമ്മാടിയെന്നും യൗവനത്തില്‍ ലോകം പ്രതിഭാശാലിയെന്നും മാറ്റിവിളിച്ചു.

നിഷേധത്തിന്റെ കാറ്റ്

രാമു കുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ മരിച്ചു. അമ്മയ്ക്ക് അന്ന് വയസ്സ് ഇരുപത്തേഴ്. നാട്ടുനടപ്പുകള്‍ക്ക് വഴങ്ങാതെ അമ്മ മകനുവേണ്ടി ജീവിച്ചു. അംശം അധികാരികളുടെ ആജ്ഞകള്‍ മുഴങ്ങിയ കാര്യാട്ടെ അകത്തളങ്ങളിലും അടുക്കളപ്പുറങ്ങളിലും ഒതുങ്ങിയ ജീവിതം. അച്ഛനില്ലാത്ത മകന്‍ എവിടെയും നിന്ദിക്കപ്പെട്ടു. ശ്രീനാരായണ എലിമെന്ററി സ്കൂളിലിലും കണ്ടശ്ശാംകടവ് ഗവണ്‍മെന്റ് ഹൈസ്കൂളിലുമായിരുന്നു പഠനം. ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഭ്രാതാ വേലുക്കുട്ടിമാസ്റ്റര്‍ എഴുതി സംവിധാനം ചെയ്ത നാടകത്തിലഭിനയിക്കുന്നത് അധ്യാപകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. പക്ഷേ, ഉള്ളിലെ കിളി കൂടുവിട്ട് പുറത്തുവന്നത് അന്നാണ്. നല്ല നടനായി രാമു. മിടുക്കനായിരുന്നെങ്കിലും പത്താംക്ലാസില്‍ തോറ്റു. ശേഷം ഏതാണ്ട് ഗുണപരമായ അരാജകത്വത്തിന്റെ പാതയിലേക്ക് നടന്നടുക്കുകയായിരുന്നു. മരണംവരെ തുടര്‍ന്ന ഈ അരാജകത്വമാണ് രാമുവിനെ രാമു കാര്യാട്ടാക്കുന്നത്. വീടിനോടുള്ള പ്രതിഷേധം ഒരു തരം അലച്ചിലിലേക്കും പിന്നെ നിഷേധത്തിലേക്കും വലിയ സൗഹൃദങ്ങളിലേക്കും നയിച്ചു.

അലച്ചിലും അന്വേഷണവും

അലച്ചിലുകളൊന്നും രാമുവിന്റെ പ്രതിഭയെ തളര്‍ത്തിയില്ല. മലയാളസാഹിത്യത്തിലെ ചെറുകഥകളുടെ സുവര്‍ണകാലമായിരുന്നു അത്. കാരൂരും എസ് കെ പൊറ്റെക്കാട്ടും തുറന്നിട്ട ജീവിതത്തിന്റെ വാക്ചിത്രങ്ങളിലൂടെ രാമു നടന്നുകയറി. പുസ്തകം തേടിയുള്ള അന്വേഷണം കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള അടുപ്പത്തിലേക്കാണ് നയിച്ചത്. മലപ്പുറത്തും മറ്റു ജില്ലകളിലും പാര്‍ടി ഓഫീസുകളില്‍ അന്തിയുറങ്ങി. ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന രാമു പി ഭാസ്കരന്റെ വിപ്ലവഗാനങ്ങള്‍ മധുരമായി പാര്‍ടിവേദികളില്‍ ആലപിക്കുന്ന ഗായകനുമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും രണ്ടല്ലെന്ന ധാരണ രാമുവിനുണ്ടായിരുന്നു. ഡി എം പൊറ്റെക്കാട്ടിന്റെയും കെ എസ് കെ തളിക്കുളത്തിന്റെയും നേതൃത്വത്തില്‍ നാടകപ്രവര്‍ത്തനങ്ങളില്‍ രാമുവും ചേരുന്നു. നാടകപ്രവര്‍ത്തനം, പാര്‍ടിവേദികളില്‍ പാട്ടുപാടല്‍. പിന്നെ കെപിഎസിയുടെ അണിയറ പ്രവര്‍ത്തകനായി. മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയും സൗഹൃദസദസ്സുകളിലും നാടകസദസ്സിലും രാമുവുണ്ടായിരുന്നു. ആഴത്തിലുള്ള ജനകീയബന്ധവും രാമുവിനുണ്ടായിരുന്നു. 1965ല്‍ നാട്ടിക നിയമസഭാമണ്ഡലത്തില്‍ രാമു സിപിഐ എം പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ഥിയായതിന്റെയും ജയിച്ചതിന്റെയും പശ്ചാത്തലം ഇതാണ്.

ശോഭന സ്റ്റുഡിയോ, സൗണ്ട് മാസിക

കലാരംഗത്തെ ബന്ധങ്ങളും അന്വേഷണങ്ങളുമാണ് തൃശൂരില്‍ ശോഭന പരമേശ്വരന്‍നായരുടെ ശോഭന സ്റ്റുഡിയോയില്‍ രാമുവിനെ എത്തിച്ചത്. സാഹിത്യകാരന്മാരുടെയും സിനിമാപ്രവര്‍ത്തകരുടെയും താവളമാണ് അന്ന് ശോഭന. സിനിമാ പ്രസിദ്ധീകരണമായ സൗണ്ട് മാസികയുടെ അണിയറപ്രവര്‍ത്തകനായിരുന്ന ഇക്കാലത്ത് രാമുവിന്റെ ചിന്തയും മനസ്സും രൂപപ്പെടുകയായിരുന്നു. 1952ല്‍ തിരമാല സിനിമയുടെ സംവിധായകന്‍ പി ആര്‍ എസ് പിള്ള ശോഭനയിലെത്തുന്നു, ഒരു സഹായിയെ തേടി. തന്റെ മുന്നിലുള്ള ചെറുപ്പക്കാരന്റെ കഴിവില്‍ സംശയമില്ലാതിരുന്ന പരമേശ്വരന്‍നായര്‍ രാമുവിനെ നിര്‍ദേശിക്കുന്നു. തിരമാലയില്‍ സഹസംവിധായകനായി രാമു അരങ്ങേറ്റം കുറിച്ചു. വിമല്‍കുമാറും പി ആര്‍ എസ് പിള്ളയും ചേര്‍ന്ന് സംവിധാനംചെയ്തു. പുഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഇരട്ടക്ലൈമാക്സ് ചിത്രമായിരുന്നു.

രാമുവിനായി ചേറ്റുവയുടെ നീലക്കുയില്‍

ഇതിനു പുറകെയാണ് നീലക്കുയില്‍ വരുന്നത്. രാമുവിനുവേണ്ടി ചേറ്റുവ നിര്‍മിച്ച ചിത്രംതന്നെയായിരുന്നു അത്. രാമുവിന്റെ പ്രതിഭയെ കുട്ടിക്കാലംമുതലേ തിരിച്ചറിഞ്ഞ ബാല്യകാലസുഹൃത്തും സഹപാഠിയും അതിനേക്കാളുപരി അതിരുകളില്ലാത്ത ആത്മബന്ധങ്ങളുടെ സൂക്ഷിപ്പുകാരനുമായിരുന്ന ആര്‍ പി ഉമ്മര്‍കുട്ടി സഹോദരി റഹീമയുടെ ഭര്‍ത്താവായ കൊച്ചി സ്വദേശി ടികെ പരീക്കുട്ടിയോടു നടത്തിയ അഭ്യര്‍ഥനയാണ് ചന്ദ്രതാര പ്രൊഡക്ഷന്‍സിന്റെ ഉദയത്തിനു കാരണമായത്. മലയാളസിനിമയുടെ ചരിത്രത്തില്‍ ചന്ദ്രതാരയെന്ന പേര് മായ്ചാലും മായില്ല. ഇവിടെ പി ഭാസ്കരനെ കൂടെ കൂട്ടുകയും സംവിധാനം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത വലിയ മനസ്സ് രാമു എന്നും കാത്തുസൂക്ഷിച്ചു. ഒരുപക്ഷേ, ഉമ്മര്‍ക്കുട്ടിയും പരീക്കുട്ടിയുമില്ലായിരുന്നെങ്കില്‍ രാമു ഈയര്‍ഥത്തില്‍ സൃഷ്ടിക്കപ്പെടുമായിരുന്നോ എന്ന് സംശയം. അത്രയേറെ പിന്‍ബലമാണ് പല ഘട്ടങ്ങളിലും അവര്‍ രാമുവിന് നല്‍കിയത്.

തുറന്നുവച്ച മനസ്സ്

നാട്ടിലെത്തുമ്പോള്‍ അയല്‍പക്കക്കാരായ പാവങ്ങള്‍ക്ക് എണ്ണാതെ പണം വാരിക്കൊടുത്തിരുന്ന ഒരാള്‍. എല്ലാം എല്ലാവര്‍ക്കുമായി തുറന്നുവച്ച മനസ്സ.് പുതിയ കലാകാരന്മാര്‍ക്ക് അവസരമൊരുക്കുന്നത് ആഹ്ലാദംപോലെ ഏറ്റെടുത്തു. എം എസ് ബാബുരാജ്, ബാലു മഹേന്ദ്ര, ഋഷികേശ് മുഖര്‍ജി, മര്‍ക്കസ് ബര്‍ട്ലി, ലതാ മങ്കേഷ്കര്‍, മന്നാഡേ, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, മധു തുടങ്ങി ഒട്ടേറെ മഹാപ്രതിഭകള്‍ മലയാളസിനിമാലോകത്തേക്ക് കടന്നുവന്നത് രാമുവഴിയാണ്. നീലക്കുയിലിനുശേഷമാണ് രാമു വിവാഹിതനാകുന്നത്. ഭാര്യ സതി. സോമന്‍, സുധീര്‍, സുമ എന്നിവര്‍ മക്കള്‍. സോമന്‍ പതിമൂന്നാം വയസ്സില്‍ മരിച്ചു. ഇതോടെയാണ് കൈവിട്ട മദ്യപാനത്തിലേക്ക് രാമു വീഴുന്നത്.

അമ്മയും മകനും

അമ്മയാണ് എക്കാലത്തും രാമുവിന്റെ പ്രചോദനം പിന്നെ ചേറ്റുവയും അവിടത്തെ സൗഹൃദങ്ങളും. അമ്മയും രാമുവും തമ്മിലുള്ള ബന്ധം അത്രമേല്‍ അഗാധമായിരുന്നു. ഏതു തിരക്കിലും അമ്മയെ കാണാന്‍ രാമു സമയം മാറ്റിവയ്ക്കും. 27-ാം വയസ്സില്‍ വിധവയായ കാര്‍ത്യായനി പിന്നീടുള്ള കാലംമുഴുവന്‍ ജീവിച്ചത് മകനുവേണ്ടിയായിരുന്നു. അവന്‍ വളര്‍ന്ന് വലിയവനായിട്ടും നാട്ടിലെ ഉത്സവപ്പറമ്പുകളിലെ പലഹാരങ്ങള്‍ പാത്രങ്ങളിലടച്ചു സൂക്ഷിക്കുമായിരുന്നു അമ്മ. എത്തുന്ന സമയത്ത് അവനത് സ്വാദ് നോക്കുകയും ചെയ്യുമായിരുന്നു. രാമു ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞതോടെ അബോധാവസ്ഥയിലായ അമ്മ ചിത്തഭ്രമം ബാധിച്ച മനസ്സുമായാണ് പിന്നീട് ജീവിച്ചത്. മരണംവരെ.

"റ" വീട്

ദേശീയപാത 17ല്‍ "റ" വീടുണ്ട്. അന്നും ഇന്നും കാഴ്ചക്കാര്‍ക്ക് അത്ഭുതമായി നില്‍ക്കുന്ന ഈ വീട് രാമു കാര്യാട്ട് അമ്മയ്ക്കു വേണ്ടി തീര്‍ത്തതാണ്. മഞ്ഞുപ്രദേശത്തെ വസതിയായ ഇഗ്ലുവിന്റെ രൂപത്തില്‍ നിര്‍മിച്ച ഈ വീടിന്റെ ഡിസൈന്‍ ഒരു റഷ്യന്‍ ആര്‍ടിക്ടെക്ടിന്റേതാണ്. 1975ല്‍ ഒമ്പതാമത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായിരുന്ന രാമു അവിടെനിന്നാണ് ഡിസൈന്‍ സമ്പാദിച്ചത്. അമ്മയ്ക്കുവേണ്ടി പ്രത്യേകമൊന്ന് എന്ന നിലയിലാണ് ഇത് നിര്‍മിച്ചത്. എല്ലാ സൗകര്യങ്ങളുമുള്ള ഈ വീടിന്റെ ഉള്‍വശം വിശാലമാണ്.

സിനിമ


തീര്‍ച്ചയായും ചെമ്മീന്‍തന്നെയാണ് ഏറെ ഘോഷിക്കപ്പെട്ട രാമുവിന്റെ ചിത്രം. തിരമാലയടക്കം 15 സിനിമയില്‍ രാമുവിന്റെ കൈമുദ്ര പതിഞ്ഞു. ഓരോന്നിനും വ്യത്യസ്തങ്ങളായ പ്രാധാന്യം മലയാളസിനിമ ചരിത്രത്തിലുണ്ട്. മലയാളസിനിമ തമിഴ്സിനിമയുടെ കുറ്റിച്ചുവട്ടില്‍ വട്ടംതിരിയുന്ന കാലത്താണ് തെളിഞ്ഞ നാട്ടുജീവിതവുമായി തിരമാല വരുന്നത്. തൊട്ടുപുറകെ നീലക്കുയിലെത്തി. മലയാളസിനിമ മാറിമറിയുകയായിരുന്നു. കീഴാളജീവിതം മലയാളസിനിമയ്ക്ക് ആദ്യമായി വിഷയമാകുന്നത് നീലക്കുയിലിലാണ്. സംഗീതത്തിലും ട്രീറ്റ്മെന്റിലും നീലക്കുയില്‍ ചരിത്രം മാറ്റിയെഴുതി. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ തെക്കേ ഇന്ത്യയിലേക്കെത്തുന്നത് നീലക്കുയിലിലൂടെയാണ്. സാഹിത്യകൃതികളുടെ സിനിമാരൂപത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനും രാമു കാര്യാട്ടുതന്നെ. തുടര്‍ന്നുവന്ന മിന്നാമിനുങ്ങ് സാങ്കേതികത്തകരാറുകൊണ്ട് പരാജയപ്പെട്ടു. 1961ലാണ് മുടിയനായ പുത്രന്‍ വന്നത്. മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഇത് നേടി. പുറകെ മൂടുപടം ബോംബെയിലെ കുരുക്കിലെത്തുന്ന മലയാളിപ്പെണ്ണിന്റെ ജീവിതത്തിലൂടെ ചുവന്ന തെരുവിന്റെ കഥപറഞ്ഞു. പിന്നെയാണ് ചെമ്മീന്‍ സംഭവിക്കുന്നത്. മലയാളസിനിമ അടിമുടി മാറി ഈ സിനിമയിലൂടെ. തകഴിയുടെ കഥയേക്കാള്‍ തനിക്ക് പരിചിതമായ ജീവിതമാണ് രാമുവിനെ ചെമ്മീനിലെത്തിച്ചത്. ഇത്രയേറെ വിശാലമായ ക്യാന്‍വാസില്‍ കഥ പറഞ്ഞത് ആദ്യമായിരുന്നു. ഒരു വര്‍ഷത്തിലേറെയുള്ള കഠിനാധ്വാനമാണ് ചെമ്മീന്‍. തെക്കേ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ എത്തിയത് ചെമ്മീനിലൂടെ. പുറകെയെത്തിയ ഏഴുരാത്രികള്‍ ഭിക്ഷാടകരുടെ ജീവിതത്തിലേക്ക് ക്യാമറക്കണ്ണ് തിരിച്ചു. 1970ല്‍ പെരുമ്പടവത്തിന്റെ അഭയം സിനിമയാക്കി. എഴുത്തുകാരി കേന്ദ്രകഥാപാത്രമായത് ആദ്യം. ജി ശങ്കരക്കുറുപ്പ്, സുഗതകുമാരി എന്നിവരുടെ കവിതകള്‍ പാട്ടുകളായി. പുറകെ കെ സുരേന്ദ്രന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മായ സിനിമയായി. ഇതോടെ വാണിജ്യഫോര്‍മുലയോട് രാമു വിട പറയുകയായിരുന്നു. പുറകെ പി വത്സലയുടെ "നെല്ല്". ആദിവാസിജീവിതം കലര്‍പ്പില്ലാതെ മലയാളസിനിമ കണ്ടത് നെല്ലിലൂടെ. 1976ല്‍ ദ്വീപിലൂടെ ലക്ഷദ്വീപിലെ ജീവിതത്തെ കേരളമറിഞ്ഞു. പിന്നീടാണ് "കൊണ്ടഗല്ലി" എന്ന കന്നട ചിത്രത്തിലൂടെ ഗോത്രജീവിതവും അവര്‍ക്കിടയിലെ വിപ്ലവകാരികളുടെ കഥയും പറഞ്ഞത്. മലങ്കാറ്റ് എന്ന പേരില്‍ മലയാളത്തിലും ഇതെത്തി. ഒടുവില്‍ കെ എസ് കെ തളിക്കുളത്തിന്റെ അമ്മുവിന്റെ ആട്ടിന്‍കുട്ടി കുട്ടികള്‍ക്കുള്ള ചിത്രമാക്കി.

സ്വപ്നങ്ങള്‍

രാമു സ്വപ്നങ്ങളില്‍ സൂക്ഷിച്ച ഒന്ന് ഹിന്ദിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച "ചേറ്റുവ" എന്ന ചിത്രമായിരുന്നു. ബഷീറിന്റെ ബാല്യകാലസഖി" "ന്റുപ്പാപ്പാക്ക് ഒരാനേണ്ടാര്‍ന്നു" എന്നീ കൃതികള്‍ ബഷീറിനെക്കൊണ്ടുതന്നെ തിരക്കഥയാക്കിയിരുന്നു. ബാബുസേഠ് നിര്‍മാണവും ഏറ്റെടുത്തിരുന്നു. ഇതൊന്നും പൂര്‍ത്തിയാക്കാതെയാണ് 1979 ഫെബ്രുവരി 10ന് അകാലത്തില്‍ രാമു പൊലിഞ്ഞത്.

*
കെ ഗിരീഷ്

Sunday, May 12, 2013

ആമേനിലെ കാഴ്ചയുടെ രാഷ്ട്രീയം - ഒരു പ്രതികരണം

2013 ഏപ്രില്‍ 21 (ലക്കം 48) വാരികയില്‍ "ആമേനിലെ കാഴ്ചയുടെ രാഷ്ട്രീയം" എന്ന ശീര്‍ഷകത്തില്‍ രതീഷ് ശങ്കര്‍ പൊന്മള എഴുതിയ നിരൂപണമാണ് ഈ പ്രതികരണത്തിനാധാരം. നിരൂപണത്തിലെ സൗന്ദര്യശാസ്ത്രപരമായ വിലയിരുത്തലിനോട് പൂര്‍ണമായി യോജിക്കുന്നുവെങ്കിലും രാഷ്ട്രീയ വിലയിരുത്തലിനോട് ചില വിയോജിപ്പുകളുമുണ്ട്. ലേഖനത്തില്‍നിന്ന്.... ""ഫ്യൂഡല്‍ ഗൃഹാതുരതകളേയും താരാധീശത്വത്തേയും നിരാകരിച്ചുകൊണ്ട് ബഹുലവും നാഗരികവുമായ ജീവിതാഭിമുഖ്യങ്ങളുടെ ന്യൂജനറേഷന്‍ പുറംപൂച്ചില്‍ മലയാള സിനിമ അടയാളപ്പെടുന്ന ഈ കാലത്തിന്റെ തന്നെ ഒരു പുതുസമീപനമാണ് "ആമേന്‍".

സംഗീതമാണ് കഥയെന്ന് പ്രഖ്യാപിക്കുകയും ദൃശ്യാധീശത്വത്തില്‍ സംഗീതം വിലയം പ്രാപിക്കുകയും ചെയ്തതിന്റെ ന്യൂജനറേഷന്‍ ഫലമാണ് ആമേന്‍"". ....""കലാപരമായ ഏതു പ്രവര്‍ത്തനത്തിനും അതിന്റേതായ ഏകവഴികളില്ല എന്നും ദൃശ്യസാങ്കേതികോപകരണങ്ങളുടെ പരിജ്ഞാനത്തിലൂടെയും ഉപയോഗത്തിലൂടെയും മാത്രമേ കലയും സാഹിത്യവുമൊക്കെ സാംസ്കാരികവല്‍ക്കരിക്കപ്പെടൂവെന്നുമുള്ള പുതിയ സത്യത്തിന്റെ തിരിച്ചറിവുകളിലാണ് ആമേന്റെ സ്ഥാനവും നിര്‍ണയിക്കപ്പെടുന്നത്"". ...

""കുമരംകരി എന്ന ഗ്രാമത്തിലെ ബാന്റ് സംഘങ്ങളുടെ മത്സരത്തിന്റെ കഥ എഴുപതുകളുടെ പശ്ചാത്തലമാക്കി പറയുകയാണ് ആമേന്‍"". ....""സിനിമ ആദ്യന്തം വാദ്യഘോഷങ്ങള്‍കൊണ്ട് മുഖരിതമാണ്. സംഗീതത്തെ ജയാപചയങ്ങളുടെയും മാത്സര്യത്തിന്റെയും ദേശപ്പെരുമയുടെയും കണ്‍കാഴ്ചയായി രൂപപ്പെടുത്തുക തന്നെയാണ് ആമേന്‍"". ....

""മധ്യവര്‍ഗ ഹിന്ദു പുരുഷന്‍, കര്‍ണാടിക്/ഹിന്ദുസ്ഥാനി സംഗീത പശ്ചാത്തലം, വിട്ടൊഴിയാത്ത ബ്രാഹ്മണീകത, ക്ഷേത്രകലാപ്രകടനങ്ങള്‍ തുടങ്ങിയവയൊക്കെക്കൊണ്ട് കേരളീയത പ്രതിഷ്ഠിക്കാന്‍ നിരന്തരം ശ്രമിച്ച മലയാള സിനിമയുടെ ഹൈന്ദവാധീശങ്ങളില്‍ നിന്നുള്ള പൂര്‍ണമായ പുറത്തുകടക്കലാണ് ആമേന്‍"". ....""ക്ഷേത്രമതില്‍ക്കെട്ടിനകത്തും തറവാട്ടു സദസ്സുകളിലും മുഴങ്ങിക്കേട്ട വരേണ്യസംഗീത പ്രകടനങ്ങള്‍ക്ക് ബദലായി ആള്‍ക്കൂട്ടങ്ങളിലെ നിയന്ത്രണാതീതമായ പെരുമ്പാട്ട് സംസ്കൃതിയാണ് ആമേന്‍ വീണ്ടെടുക്കുന്നത്"".

ഇത്രയും വിശകലനങ്ങളിലൂടെ ആമേന്റെ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും ലേഖകന്‍ കൃത്യമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്്. അതോടൊപ്പം തന്നെ സിനിമയില്‍ ഉടനീളം തുളുമ്പിനില്‍ക്കുന്ന ഹാസ്യത്തെക്കൂടി വിശകലനവിധേയമാക്കേണ്ടിയിരുന്നു. അമേദ്ധ്യബന്ധിതഹാസ്യ (Scatological Humour)ത്തില്‍ നിന്നാണ് തുടക്കമെങ്കിലും അതിലെ കൂടിയ ഹാസ്യവും നേരിയ ചെടിപ്പും ക്രമേണ "വെള്ളത്തിലിറങ്ങിനിന്ന് വളിവിട്ട് കുമിള പൊട്ടിക്കുന്ന" വഴികളിലൂടെ സഞ്ചരിച്ച് സിനിമയുടെ അവസാനമെത്തുമ്പോഴേക്കും ചെടിപ്പലിഞ്ഞ് തീരെ ഇല്ലാതാവുകയും ഗ്രാമ്യശുദ്ധഹാസ്യത്തിന്റെ ഉത്തുംഗത്തില്‍ പ്രേക്ഷകനെ എത്തിക്കുന്നുമുണ്ട് ആമേന്‍.

ഇനി വിയോജിപ്പുകളിലേക്ക്. ലേഖനത്തില്‍ ഒരിടത്ത് ഇങ്ങനെ കാണുന്നു. ......""ഇതര മതപരമായ ചിഹ്നങ്ങളെ അപൂര്‍ണതയില്‍ കാഴ്ചപ്പെടുത്താനുള്ള ഒരബോധ (ബോധ)പൂര്‍വശ്രമം പലപ്പോഴായി ആമേനിലുണ്ട്. ക്ലാരനെറ്റ് കലാകാരനും പരിശീലകനുമായ പാപ്പന്‍ (കലാഭവന്‍ മണി) രാത്രിയില്‍ ഹൈന്ദവ ഭക്തിഗാനം ക്ലാരനെറ്റുകൊണ്ട് വായിക്കാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ അതിനെ അതിശയിക്കുന്നതരത്തില്‍ സോളമന്‍ തന്റെ പ്രൗഢമായ വാദനം വീണ്ടെടുക്കുന്നുണ്ട്. നായകനെ തല്ലിയൊതുക്കാന്‍ ഇറക്കുമതിചെയ്ത വാര്‍പ്പുമാതൃകയിലുള്ള പരിഹാസ്യരായ പരദേശി ഇതര മതസ്ഥഗുണ്ടകളെ നായിക തന്നെയാണ് കൈകാര്യം ചെയ്തെടുക്കുന്നത്"". .....""ഇത്തരം പ്രതിനിധാനങ്ങള്‍ ഏതുവിധത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് കണ്ടുതന്നെ അറിയണം"". മേല്‍വിവരിക്കുന്ന സിനിമയിലെ ഈ സീനില്‍നിന്ന് ""ഇതര മതപരമായ ചിഹ്നങ്ങളെ...."" ലേഖകന്‍ എന്തിന്, എങ്ങനെ അടര്‍ത്തിയെടുത്ത് കണ്ടെത്തുന്നുവെന്നത് ആശ്ചര്യകരം തന്നെ.

പ്രസ്തുത സീനിലെ നിലാവുപൂത്ത ആ മനോഹര രാത്രിയില്‍ ലൂയി പാപ്പന്റെയും സോളമന്റെയും തോണികളില്‍നിന്നുതിരുന്ന ക്ലാരനെറ്റ് സംഗീതം, സോളമന്റെ മരിച്ചുപോയ അപ്പന്‍ പണ്ട് ലൂയി പാപ്പനൊപ്പം കായല്‍പ്പരപ്പില്‍ തോണിയില്‍ സഞ്ചരിക്കുമ്പോഴുണ്ടായ അപകടസമയത്ത് വായിച്ചുകൊണ്ടിരുന്ന മുറിഞ്ഞുപോയ നടയുടെ (വായനയുടെ) തുടര്‍ച്ചയായാണ് പ്രേക്ഷകന്‍ അനുഭവിക്കുന്നത്. അന്ന് ആ അപകടത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് (പ്രസ്തുത സീനില്‍) പാപ്പന്‍ വായിച്ച ആ നടയുടെ മറുനട എസ്തപ്പനാശാന്‍ (സോളമന്റെ അപ്പന്‍) വായിക്കുമായിരുന്നു. അച്ഛന്റെ ആ മുറിഞ്ഞുപോയ നട മകന്‍ സോളമനാണ് മറുനടയായി പൂരിപ്പിച്ചതെന്ന് മനസ്സിലാക്കിയപ്പോഴാണ് സോളമനിലെ സംഗീതജ്ഞനെ പാപ്പന്‍ തിരിച്ചറിയുന്നത്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍നിന്ന് പാപ്പന്‍ വായിച്ചത് ഹൈന്ദവ ഭക്തിഗാനമാണെന്ന ലേഖകന്റെ കണ്ടെത്തല്‍ (അത് അങ്ങനെത്തന്നെയായിരിക്കാം) "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം" എന്ന് കവി പാടിയപോലെയാണ്. നിരൂപണത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെട്ട നമ്മുടെ പല ഇടതുപക്ഷ നിരൂപകരിലും ഇന്നും അലിഞ്ഞുതീര്‍ന്നിട്ടില്ലാത്ത വരട്ടുതത്വവാദത്തിന്റെ അംശം ലേഖകനിലും അബോധപൂര്‍വം ഒരു പ്രേതമായി ഇപ്പോഴും പിന്‍തുടരുന്നുവെന്നതിന്റെ തെളിവാണ് ഈ കണ്ടുപിടുത്തം.

ഗുണ്ടകളുടെ കാര്യത്തിലും അവരുടെ മതത്തിന് പ്രാധാന്യം കാണുന്നത് ലേഖകന്റെ ഈ കാകദൃഷ്ടിയാണ്. ഇനി മറ്റൊരു പരാമര്‍ശം നോക്കാം. ....""കുമരംകരിയിലെ പുരാതന ക്രിസ്ത്യന്‍ പള്ളിയുടെ നിലനില്‍പിനും ഗ്രാമ്യനന്മകള്‍ക്കും പുണ്യാളന്‍തന്നെ വന്നേ പറ്റൂവെന്ന നിലപാടിലുള്ള ആമേനും ആശയപരമായി അത്തരം അവതാരസിനിമകളുടെ തുടര്‍ച്ചയാണ്"". ഈ പ്രസ്താവത്തിലും മേല്‍പ്പറഞ്ഞ കുറവു തന്നെയാണ് നിരൂപണത്തിന് സംഭവിച്ചിട്ടുള്ളത്. എഴുപതുകളിലെ കുമരംകരിയിലെ ക്രിസ്തീയ ഗ്രാമവും അവരിലെ വിശ്വാസവുമാണ് സിനിമ പറയുന്നത്. ആ വിശ്വാസത്തെ ആ കാലഘട്ടത്തിനോട്, ആ ഗ്രാമത്തിന്റെ മിത്തിനോട് ചേര്‍ത്ത് വായിക്കാതെ അവരുടെ വിശ്വാസത്തെ അപകടപരമായി കാണുന്നതിലാണ് അപകടം പതിയിരിക്കുന്നത്. സാംസ്കാരികരംഗത്ത് ശരിയായ മൂല്യങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള ഇടപെടല്‍ സൂക്ഷ്മമായ അര്‍ഥത്തില്‍ രാഷ്ട്രീയ ഇടപെടലാണ്.

വിശ്വാസത്തെ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുതകുംവിധം സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തി പല തരത്തിലുള്ളവരുടെ കഥ ഒരേപോലെ പറയുന്ന രീതി ഉപയോഗപ്പെടുത്തിയതിനാല്‍ ആമേന്‍ ആശയപരമായി പുരോഗമന പക്ഷത്താണ്. മാത്രമല്ല പരമ്പരാഗതമായ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ പുനരുജ്ജീവനവാദത്തിലേക്കാനയിക്കുന്ന മതാന്ധതയും മതതീവ്രവാദത്തിനുമെതിരെ നവോത്ഥാനമൂല്യങ്ങളെ (സത്യം, നീതി, നന്മ, മതനിരപേക്ഷത) കണ്ടെത്താനുള്ള ഇടതുപക്ഷ അന്വേഷണങ്ങള്‍ക്ക് ആമേനിലും ലേഖകന്‍ സൂചിപ്പിച്ച "നന്ദന"ത്തിലും മറ്റും തപ്പിയാല്‍ ചില ഉത്തരങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും. അവസാനമായി ലേഖനത്തില്‍ പറയുന്നത് സിനിമയിലെ സ്ത്രീവിരുദ്ധതയാണ്. ....""

ആമേനിലെ ഗ്രാമവ്യഥകള്‍ തീര്‍ത്തുകൊടുക്കുന്ന ഫാദര്‍ വിന്‍സെന്റ് വട്ടോളിയും ഇടക്കാല മലയാള സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന പുരുഷദൈവക്കോയ്മയെ ഭദ്രമാക്കാന്‍ വന്ന ദൈവദൂതനാണ്. അത്യന്തം സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളെ സ്ത്രീപുരുഷ ഭേദമെന്യേ യഥോചിതം പരിഹരിക്കുക ആണുങ്ങളെക്കൊണ്ടു മാത്രം പറ്റുന്ന പണിയാണെന്ന സ്ത്രീവിരുദ്ധ പാരമ്പര്യം ശക്തമായി അവകാശപ്പെടുന്ന സിനിമ കൂടിയാണ് ആമേന്‍"". ഇവിടെയും നിരൂപകന് അടിതെറ്റുന്നുണ്ട്. സിനിമയെ സമഗ്രമായെടുത്ത് പരിശോധിക്കാന്‍ അദ്ദേഹം മിനക്കെടുന്നില്ല. സോളമനുമായുള്ള പ്രണയത്തിനുവേണ്ടി ശോശന്ന തന്റെ സഹോദരനോട് ധീരമായേറ്റുമുട്ടുന്നത്, ഗുണ്ടകളെ കൈകാര്യം ചെയ്യുന്നത്, എല്ലാറ്റിനുമുപരി സോളമനിലെ ആണത്തത്തെ കണ്ടെടുക്കുന്നതിനുപോലും അനിതരസാധാരണമായ തന്റേടം കാണിക്കുന്ന ശോശന്ന എന്ന കഥാപാത്രത്തെ ലേഖകന്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്. ....."" എടാ നിനക്ക് സെമിനാരീപ്പോയി അച്ചനാകണോ അതോ എന്റെ കൊച്ചുങ്ങളുടെ ശരിക്കുള്ള അച്ഛനാകണോ?"" എന്ന ശോശന്നയുടെ സോളമനോടുള്ള ചോദ്യം നിലവിലുള്ള ക്രിസ്തീയ പൗരോഹിത്വത്തോടും സോളമന്റെ ആണത്തത്തോടുമുള്ള വെല്ലുവിളിയാണ് പ്രേക്ഷകമനസ്സില്‍ ആഞ്ഞുതറയ്ക്കുന്നത്.

കുളപ്പുള്ളി ലീലയുടെ കള്ളുകച്ചവടക്കാരിയായ കഥാപാത്രത്തിന്റെ ചിത്രീകരണം, നൊമ്മേനി മാര്‍ത്താമറിയം ബാന്റ് സംഘത്തിന് ഡേവീസിനെ സംഘത്തലവനാക്കാതെ അയാളുടെ ഭാര്യയെ നേതാവാക്കിയത് എന്നതെല്ലാം നിരൂപണ വിധേയമാക്കിയാല്‍ ആമേന്‍ ഫാദര്‍ വിന്‍സെന്റ് വട്ടോളിയില്‍ മാത്രം കേന്ദ്രീകൃതമായ ചിത്രമല്ലെന്നും എല്ലുറപ്പുള്ള സ്ത്രീകഥാപാത്രങ്ങളുടെ കൂടി കൂട്ടായ്മയുടെ ചിത്രമാണെന്നും ലേഖകന് തിരുത്തേണ്ടി വരും. നാടോടിസാഹിത്യവും മിത്തും ഫോക്ലോറും ഒരു ക്രൈസ്തവഗ്രാമത്തിന്റെ തനതു സംസ്കാരവുമായി സംയോജിപ്പിച്ച് ആധുനിക സാങ്കേതികവിദ്യ വിദഗ്ധമായുപയോഗപ്പെടുത്തി, ഹാസ്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് സുഖശീതളമായ ഗ്രാമ്യഭാഷയില്‍, സംഗീതത്തില്‍ ചാലിച്ചെടുത്ത ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ തൊട്ടുമുമ്പിറങ്ങിയ "സെല്ലുലോയ്ഡി"നെപ്പോലെ ഇനിയും ചര്‍ച്ച ചെയ്യപ്പെടും.

*
പി കെ ജയരാജന്‍ ദേശാഭിമാനി വാരിക