Showing posts with label ബജറ്റ്. Show all posts
Showing posts with label ബജറ്റ്. Show all posts

Thursday, February 27, 2014

പ്രസംഗത്തിന് മറയ്ക്കാനാകുമോ കണക്കുകളെ?

ഒരു ബജറ്റ് പ്രസംഗമായിരുന്നില്ല ധനമന്ത്രി ചിദംബരം ഫെബ്രുവരി 17നു പാര്‍ലമെന്റില്‍ നടത്തിയത്. അത് തിരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസ്സിന്റെ ഒരു മൈതാന പ്രസംഗമായിരുന്നു. പ്രസംഗം മികച്ചത് തന്നെ; എന്നാല്‍, പ്രസംഗങ്ങള്‍ക്ക് മറച്ചു പിടിക്കാനാവാത്ത കണക്കുകള്‍ ധനമന്ത്രിയുടെ ആത്മവിശ്വാസത്തെ അലോസരപ്പെടുത്തിയോ എന്ന സംശയം ബാക്കി. ഒപ്പം, ബജറ്റ് വായനക്കിടയില്‍ സ്വന്തം പാര്‍ടിക്കാര്‍ തന്നെ വന്നു പ്രസംഗം കീറിക്കളയുമോ എന്ന ഭീതി വേറെ; കീറാനായി മന്ത്രിസഭയിലെ തന്നെ സുഹൃത്ത് പള്ളം രാജു തയാറായി നില്‍പ്പുണ്ടായിരുന്നു. അവരെ തടയാനായി മൂന്നു തടിയന്മാരായ കോണ്‍ഗ്രസ്സ് എംപിമാര്‍ കാവല്‍ക്കാരായി തൊട്ടരികില്‍. ചരിത്രത്തിലാദ്യമായിരിക്കും ഇങ്ങിനെ സ്വന്തം എം പി മാരില്‍ നിന്നും രക്ഷ നേടാന്‍ വേറെ ചില എംപിമാരെ കാവല്‍ നിര്‍ത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സര്‍ക്കാരിന്റെ ദയനീയ അവസ്ഥയ്ക്ക് അടിവരയിടുന്നതായി ആ ദൃശ്യം.

കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങളെ വിലയിരുത്തുക എന്ന കൃത്യമാണ് ചിദംബരം നിര്‍വഹിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിനിടയില്‍ അദ്ദേഹം വിട്ടു പോയത് ഒരു തകര്‍ച്ചയുടെ വക്കിലേക്ക് സമ്പദ്ഘടനയെ എത്തിച്ചിട്ടാണ് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നത് എന്ന വസ്തുതയാണ്. ആ തകര്‍ച്ചയെ പ്രസംഗം കൊണ്ട് മൂടാനാണ് ചിദംബരം ശ്രമിച്ചത്.

ഒന്ന്: കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞു വരികയാണ്. 2010-11ല്‍ജിഡിപി വളര്‍ച്ചാ നിരക്ക് 8.9 ശതമാനം ആയിരുന്നെങ്കില്‍, അത് 2011-12ല്‍ 6.7 ശതമാനമായും 2012-13ല്‍ വെറും 4.5 ശതമാനമായും ചുരുങ്ങി.

രണ്ട്: ഇന്ത്യയിലെ മൊത്തം മൂലധന നിക്ഷേപ നിരക്ക് 2010-11ല്‍ 37 ശതമാനമായിരുന്നത് 2012-13ല്‍ 35 ശതമാനമായി ചുരുങ്ങി. സ്വകാര്യ കോര്‍പ്പറേറ്റു മേഖലയിലാണ് മൂലധന നിക്ഷേപത്തിലെ ഏറ്റവും കൂടുതല്‍ ഇടിവ്.

മൂന്ന്: ഇന്ത്യയിലെ മൊത്തം മിച്ചം (സേവിങ്സ് നിരക്ക്) 2010-11 ല്‍ 34 ശതമാനമായിരുന്നത് 2012-13ല്‍ 30 ശതമാനമായി ചുരുങ്ങി. ഇവിടെയാകട്ടെ, കുടുംബങ്ങളുടെ കയ്യില്‍ മിച്ചമായി വരുന്ന പണത്തിന്റെ തോതിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.

നാല്: മൂലധന നിക്ഷേപവുമായും മിച്ചവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ വളര്‍ച്ച. 2010-11നു ശേഷം ബാങ്കുകളുടെ വായ്പകളിലും വളര്‍ച്ചാ മുരടിപ്പ് കാണാം. ബാങ്ക് വായ്പ്പകള്‍ 2011നും 2012നും ഇടയ്ക്കു 19% കണ്ടു വളര്‍ന്നെങ്കില്‍ 2012 നും 2013 നും ഇടയ്ക്കു 14 % കണ്ടു മാത്രമാണ് വളര്‍ന്നത്. 2012 മാര്‍ച്ചില്‍ വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നു നിന്നിരുന്നുവെങ്കില്‍, ഇന്ന് വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ താഴെയായി. ബാങ്ക് വായ്പ്പകള്‍ വളരാത്തത് മൂലം തന്നെ സമ്പദ് ഘടനയിലെ ചോദനവും വളരാതെ തന്നെ നില്ക്കും.

അഞ്ചു, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് ബാങ്ക് വായ്പ്പകളുടെ തിരിച്ചടവ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ (ചജഅ) അവരുടെ മൊത്തം വായ്പ്പയുടെ 3 % ആയിരുന്നെങ്കില്‍ 2013 മാര്‍ച്ചില്‍ അത് 4 % ആയി ഉയര്‍ന്നു. 2014ല്‍ ഇത് 5% വരെ എത്തും എന്നാണു ചില കണക്കുകള്‍ കാണിക്കുന്നത്. ഒപ്പം, ബജറ്റില്‍തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്, ഇന്ത്യയിലെ വ്യവസായ രംഗം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ് എന്നത്. മാനുഫാക്ചറിങ് രംഗത്ത് വളര്‍ച്ചയേയില്ല. ഇതു മൂലമാണ് തൊഴിലില്ലായ്മ ഇത്ര മൂര്‍ച്ഛിച്ചിട്ടുള്ളത് എന്നത് ഏവരും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യവുമാണ്. ഇതിനൊക്കെ യുപിഎ അല്ലെ ഉത്തരം പറയേണ്ടത്? ഇതിനു പരിഹാരം കാണാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? സമ്പദ്ഘടനയിലെ ചോദനം വളര്‍ത്തി വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അങ്ങിനെ ചോദനം വളര്‍ത്താന്‍ പൊതുചിലവും പൊതുനിക്ഷേപവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അതിനു പകരം ചിലവു കുറയ്ക്കാനും അത് വഴി അന്താരാഷ്ട്ര നിക്ഷേപകരെ സന്തോഷിപ്പിക്കാനും അല്ലേ ശ്രമിച്ചിട്ടുള്ളത്?

കണക്കുകള്‍ നോക്കാം. 2012-13 ല്‍ ഇന്ത്യയുടെ റവന്യൂ കമ്മി 3.9 ശതമാനവും ധനക്കമ്മി 5.2 ശതമാനവും ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഇത് കുറച്ചു റവന്യൂ കമ്മി 3.3 ശതമാനവും ധന കമ്മി 4.6 ശതമാനവും ആക്കി നിര്‍ത്തിയിരുന്നു; അതിനു വേണ്ടി വലിയ തോതില്‍ പൊതുചിലവുകള്‍ വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് 2014-15 വര്‍ഷത്തേക്ക് റവന്യൂ കമ്മി 3 ശതമാനവും ധനക്കമ്മി 4.1 ശതമാനവും എന്ന ലക്ഷ്യം ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞോ? പ്രശ്നമില്ല. എന്നാല്‍, അതുണ്ടായിട്ടില്ല. 2012-13ല്‍ ജിഡിപിയുടെ 10.4% ആയിരുന്നു മൊത്തം നികുതി വരുമാനം. ഇത് കൂട്ടി 10.9% ആക്കണം എന്ന് ലക്ഷ്യം വെച്ച 2013-14ല്‍ കിട്ടിയത് 10.2 % മാത്രം. അതുകൊണ്ടുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തെ കടുത്ത ചിലവ് ചുരുക്കല്‍ നമ്മള്‍ കണ്ടത്. എന്നിട്ടാണ് അടുത്ത വര്‍ഷത്തേക്ക് 10.7 ശതമാനം നികുതി വരുമാനം ലക്ഷ്യംവെച്ചു ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതും പിരിക്കാന്‍ കെല്‍പ്പില്ല എന്നറിയാം. വീണ്ടും ചെലവ് ചുരുക്കും എന്നര്‍ഥം. നികുതി പിരിച്ചോ ഇല്ലയോ എന്ന് ജനങ്ങള്‍ക്കറിയാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുള്ള രേഖയാണ് ടമേലോലിേ ീള ഞല്ലിൗലെ എീൃലഴീില എന്ന ബജറ്റ് കൈപുസ്തകം. ഇത് വഴിയാണ് നമുക്ക് മനസ്സിലായത് 2012-13 ല്‍ അഞ്ചേകാല്‍ ലക്ഷം കോടി രൂപ നികുതി സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു എന്ന്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഈ കണക്കറിയാന്‍ മാര്‍ഗമില്ല. കാരണം ഈ വര്‍ഷത്തെ ബജറ്റിന്റെ കൂടെ ആ പ്രസിദ്ധീകരണം ഇല്ല!

എന്താണ് ചിദംബരത്തിനു ഇവിടെ മറയ്ക്കാനുള്ളത്? എഴുതി തള്ളിയ നികുതിപ്പണം കൂടിയത് കൊണ്ടാണോ? അത് ജനങ്ങളോട് പറയാന്‍ നാണക്കേടായിട്ടാണോ? കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്പദ്ഘടനയെ ഉലച്ചിരുന്ന ഒരു വിഷയമായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച. ആ തകര്‍ച്ചയുടെ മൂലകാരണം ഇന്ത്യയിലെ വളര്‍ന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി ആയിരുന്നു. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന ഇറക്കുമതികളും വളരാതെ നില്‍ക്കുന്ന കയറ്റുമതികളും കൂടി വരുത്തിവെച്ച വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. ഐ.റ്റി. സര്‍വീസുകള്‍ക്ക് അപ്പുറത്ത് കയറ്റുമതികള്‍ വളരാത്തതു മൂലം, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശനാണയ ശേഖരം വളരുന്നില്ല; എന്നാല്‍, ഇറക്കുമതികള്‍ തുടരുന്നതു മൂലം അതിലേക്കായി കൊടുക്കാന്‍ കയ്യിലുള്ള വിദേശനാണയ ശേഖരം ചുരുങ്ങുന്നു.

2011ന്റെ മദ്ധ്യം മുതല്‍ വളരെ വലിയ തോതില്‍ കറണ്ട് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചു. ഇത് പിടിച്ചു നിര്‍ത്താനായി എന്നാണു ചിദംബരത്തിന്റെ വാദം. എന്നാല്‍, എങ്ങനെ എന്നതാണ് ചോദ്യം. ബജറ്റില്‍ തന്നെ പറയുന്നു 1500 കോടി ഡോളര്‍ പുതിയ വിദേശ നിക്ഷേപം വാങ്ങിക്കൊണ്ടാണ് ഇത് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് എന്ന്. അതായത്, പുറമേ നിന്ന് കടം വാങ്ങിയ പണം കൊണ്ട് തന്നെയാണ് ഈ തകര്‍ച്ചയില്‍ നിന്നും കര കയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന്. ഇനിയുമുണ്ട്. വളരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടികള്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താനായുള്ള നടപടികള്‍ - ഇതൊന്നും തന്നെ ബജറ്റിലില്ല. വിലക്കയറ്റം നോക്കൂ. മൊത്തം പണപ്പെരുപ്പം കുറഞ്ഞു എന്നാണു വാദം. എന്നാല്‍, സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പമോ? 2012 ഡിസംബറില്‍ ഭക്ഷ്യപണപ്പെരുപ്പം 9.03 ശതമാനം. ഇത് 2013 ഡിസംബറില്‍10.54 ശതമാനം. ബജറ്റ് രേഖകള്‍ തന്നെ പറയുന്ന കണക്കുകളാണ് ഇവ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു വലിയ മാന്ദ്യത്തിന്റെ വക്കിലാണ്. ഇന്നത് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2007ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയിലെ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉന്നയിച്ച ഒരു പ്രധാന വാദമായിരുന്നു റലരീൗുഹശിഴ ന്റേത്. അതായത്, ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന കൊളുത്തുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇല്ല. അത് കൊണ്ട്, ഇന്ത്യ പ്രതിസന്ധിയില്‍ നിന്നും ഒഴിഞ്ഞു തന്നെ നില്‍ക്കും. ഈ വാദം ഇന്ന് നവലിബറലുകള്‍ തന്നെ തള്ളിയിരിക്കുന്നു.

എല്ലാ മേഖലകളെയും ഇന്ന് മുരടിപ്പ് പിടികൂടിയിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി സര്‍ക്കാരിന്റെ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന കേയ്നീഷ്യന്‍ രീതിയാണ്. എന്നാല്‍, വിദേശനിക്ഷേപത്തോടുള്ള ഭരണകൂടത്തിന്റെ സ്നേഹം ആ വഴിയും കൊട്ടിയടച്ചു. എങ്ങിനെ? വളര്‍ച്ച കുറഞ്ഞപ്പോള്‍ നികുതി വരുമാനവും കുറഞ്ഞു. അപ്പോള്‍, സര്‍ക്കാര്‍ ചിലവ് വര്‍ധിക്കണമെങ്കില്‍ കടമെടുക്കണം. കടമെടുത്താല്‍ ബജറ്റ് - ധനക്കമ്മികള്‍ കൂടും. അപ്പോള്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയെ കൂടുതല്‍ ഭയക്കാന്‍ തുടങ്ങും. കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തിന് പുറത്തേക്ക് ഒഴുകാന്‍ അത് വഴി വെയ്ക്കും. ഡോളര്‍ ശേഖരം വീണ്ടും കുറയും. രൂപയുടെ മൂല്യവും കുറയും. സര്‍ക്കാര്‍ അത് ഭയക്കുന്നു.

അതിനാല്‍, കമ്മി കുറയ്ക്കുക എന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ചിലവുകള്‍ കുറയ്ക്കുക തന്നെ വേണം. ചിലവുകള്‍ വര്‍ധിക്കാത്തത് ചോദനം വീണ്ടും കുറയ്ക്കുകയും വളര്‍ച്ച കൂടുതല്‍ മുരടിക്കുകയും ചെയ്യും. അങ്ങിനെ മുരടിപ്പില്‍ നിന്നും കൂടുതല്‍ മുരടിപ്പിലേക്കു സമ്പദ്ഘടന കൂപ്പുകുത്തുന്നു. ഇത്തരത്തിലുള്ള കൂപ്പുകുത്തലില്‍ നിന്ന് കരകയറാനുള്ള ഒരു മാര്‍ഗവും ചിദംബരത്തിന്റെ ബജറ്റില്‍ ഇല്ല എന്നതാണ് വസ്തുത. മറിച്ചു, പ്രതിസന്ധിയുടെ എല്ലാ ഭാരവും സാധാരണക്കാരുടെ മേലില്‍ കെട്ടി വെച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് ബജറ്റില്‍ ഉള്ളത്.

*
ആര്‍ രാംകുമാര്‍ ചിന്ത വാരിക

ചിദംബരം എങ്ങനെ ധനപ്രതിസന്ധി മറികടന്നു?

തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റാണിത്. സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ശോഭനമായ ചിത്രം വരച്ചുകാണിക്കണം. ജനങ്ങളെ മയക്കാനുള്ള മോഹന വാഗ്ദാനങ്ങള്‍ വേണം. പക്ഷേ ഇതൊന്നും ചെയ്യാനുള്ള പരുവത്തിലല്ല രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. 2013-14ല്‍ സമ്പദ്ഘടന 4.9 ശതമാനം മാത്രമേ വളര്‍ന്നുള്ളു. രണ്ടക്ക സാമ്പത്തികവളര്‍ച്ചയുടെ പെരുമ്പറ മുഴക്കത്തോടെയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുന്നത് മുന്‍കാല റെക്കോര്‍ഡിന്റെ പകുതി ലക്ഷ്യംപോലും കൈവരിക്കാനാകാതെയാണ്. ഇതോടൊപ്പം വിലക്കയറ്റവും രൂക്ഷമാണ്. ഉപഭോക്തൃ വിലസൂചിക 9 ശതമാനമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുമ്പോള്‍ കുറച്ചൊക്കെ വിലക്കയറ്റവും അനിവാര്യമാണെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ചിദംബരം വിശദീകരിച്ചത്. രണ്ട് തെറ്റുണ്ട് ഈ വാദത്തില്‍. ഒന്ന് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഇന്നത്തെ വിലക്കയറ്റം. രണ്ട് ഇന്ത്യയേക്കാള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന ചൈനയില്‍ വിലക്കയറ്റം നമ്മുടെ പകുതിയേ വരൂ. രൂപയുടെ മൂല്യം ഇടിയുകയാണ്. 2008ല്‍ ഒരു ഡോളറിന് 44 രൂപയായിരുന്നു. ഇന്ന് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 62 രൂപ നല്‍കണം. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് ഡോളര്‍ സുലഭമായി അച്ചടിച്ച് ഇറക്കുന്ന നയം തിരുത്തുകയാണ്. സാമ്പത്തിക മാന്ദ്യത്തിനു പ്രതിവിധിയായി പ്രതിമാസം ധനകാര്യ സ്ഥാപനങ്ങളുടെ ഏതാണ്ട് 8500 കോടി ഡോളര്‍ വിലയുള്ള കടപ്പത്രങ്ങള്‍ വാങ്ങുന്ന നയം അവര്‍ പടിപ്പടിയായി ചുരുക്കാന്‍ തീരുമാനിച്ചതുമൂലം ഇന്ത്യയിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറഞ്ഞു. ഡോളറിന് പ്രിയം ഏറി. രൂപയുടെ മൂല്യം ഇടിഞ്ഞു. ഈ പ്രവണത ഇനിയും തുടരും.

വിദേശ വ്യാപാരക്കമ്മിയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗൗരവമേറിയ പ്രശ്നം. ഇറക്കുമതി ഉദാരവല്‍ക്കരണംമൂലം വിദേശനാണയ ചെലവ് ഏറി. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യംമൂലം കയറ്റുമതി വര്‍ധിച്ചില്ല. ഇതിന്റെ ഫലമായി വിദേശവ്യാപാര കമ്മി അടിക്കടി വര്‍ധിച്ച് 8,000 കോടി ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതിയുടേയും മറ്റും മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിദേശ വ്യാപാരകമ്മി ഇപ്പോള്‍ 5500 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ അപകടമേഖല ഇനിയും തരണംചെയ്തിട്ടില്ല. മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി സാമ്പത്തിക മേഖലയില്‍ ഇടപെടണം. സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തി വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ത്തണം. സബ്സിഡി നല്‍കി വിലക്കയറ്റത്തിന് കടിഞ്ഞാണിടണം. ആവശ്യക്കാര്‍ക്ക് കൂടുതല്‍ വിദേശനാണയം റിസര്‍വ്ബാങ്ക്വഴി ലഭ്യമാക്കണം. പക്ഷേ ഈ നടപടികള്‍ സ്വീകരിക്കാന്‍ ചിദംബരത്തിനാവില്ല. കരണം സര്‍ക്കാരിന്റെ കമ്മി വളരെ വലുതാണ്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം രൂക്ഷമാകാം. ധനക്കമ്മി കുറച്ചില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് വിദേശ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. അങ്ങനെവന്നാല്‍ വിദേശ മൂലധനം ഇന്ത്യയില്‍നിന്നു പിന്‍വാങ്ങും. വിദേശനാണയ പ്രതിസന്ധി രൂക്ഷമാകും. എങ്ങനെയാണ് ചിദംബരം ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപെട്ടത്. എല്ലാവരും കരുതിയത് 2013-14ലെ ധനകമ്മി 5 ശതമാനത്തിലേറെ വരുമെന്നാണ്. ഇത് 4.6 ശതമാനമാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഈ ചെപ്പടിവിദ്യ എന്ത്?

ധനക്കമ്മി എന്നാല്‍ സര്‍ക്കാരിന്റെ മൊത്തം ചെലവും വായ്പയൊഴികെയുള്ള വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. വായ്പയെടുത്താണ് ഈ കമ്മി നികത്തുക. ഈ തുകയെ ദേശീയ വരുമാനംകൊണ്ട് ഹരിക്കുമ്പോള്‍ കമ്മിയുടെ നിരക്ക് ലഭിക്കുന്നു. അങ്ങനെ ധനക്കമ്മി കണക്കുകൂട്ടുന്നതിന് മൂന്നു ഘടകങ്ങളെ കണക്കിലെടുക്കണം: വരുമാനം, ചെലവ്, ദേശീയ വരുമാനം. ഇതുസംബന്ധിച്ച കണക്കുകളില്‍ തിരിമറി നടത്തിയാണ് 2013-14ലെ കമ്മി 4.6 ശതമാനമായി താഴ്ത്തിയത്. ആദ്യം ചെലവിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച നടപടികള്‍ പരിശോധിക്കാം. ഒന്ന്: ചെലവുകള്‍ രണ്ടുതരമുണ്ട്. പദ്ധതിച്ചെലവും പദ്ധതിയേതര ചെലവും. പദ്ധതിയേതര ചെലവെന്നാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ, സബ്സിഡി തുടങ്ങിയവയാണ്. സാധാരണഗതിയില്‍ ഇവ കുറയ്ക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ചെലവുകുറയ്ക്കാന്‍ ചിദംബരം കണ്ടെത്തിയ എളുപ്പമാര്‍ഗം പദ്ധതിച്ചെലവുകള്‍ വെട്ടിച്ചുരുക്കുകയെന്നാണ്.

2013-14 ധനകാര്യവര്‍ഷത്തെ പദ്ധതിച്ചെലവുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നത് 5.6ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കണക്കുപ്രകാരം പദ്ധതിക്കായി 4.8 ലക്ഷം കോടി രൂപയേ ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 80,000 കോടി രൂപയാണ് പദ്ധതിച്ചെലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അവസാന കണക്കുവരുമ്പോള്‍ പദ്ധതി ചെലവ് ഇതിലും കുറയാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയ സന്ദര്‍ഭം പദ്ധതിച്ചെലവ് 34 ശതമാനം ഉയര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചപ്പോഴാണ്. അതാണിപ്പോള്‍ പ്രസംഗത്തില്‍ ഒരു വിശദീകരണവും നല്‍കാതെ വെട്ടിക്കുറച്ചിരിക്കുന്നത്. കുടിവെള്ളത്തിനുള്ള വകയിരുത്തല്‍ 21 ശതമാനമാണ് കുറച്ചത്. ആരോഗ്യത്തിനുള്ള വകയിരുത്തല്‍ 20 ശതമാനം കുറച്ചു. റോഡ് വകുപ്പിന്റെ ബജറ്റ് 18 ശതമാനവും ഗ്രാമവികസന വകുപ്പിന്റെ ബജറ്റ് 23 ശതമാനവും വെട്ടിക്കുറച്ചു. മൂലധനച്ചെലവില്‍ 91,000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ 1.4 ലക്ഷം കോടി രൂപയില്‍നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറച്ചു. രണ്ട്: മൊത്തത്തില്‍ പദ്ധതിയേതര ചെലവിന് 11.1 ലക്ഷം കോടി രൂപയാണ് 2013-14ല്‍ വകയിരുത്തിയിരുന്നത്. ഇത് 11.2 ലക്ഷം കോടി രൂപയായി ചെറിയതോതിലേ അധികരിക്കൂ എന്നാണ് ചിദംബരം പറയുന്നത്. പദ്ധതി ചെലവ് വെട്ടിക്കുറച്ചതിനെ കള്ളക്കണക്ക് എന്നു പറയാനാവില്ല. എന്നാല്‍ പദ്ധതിച്ചെലവ് താഴ്ത്തിനിര്‍ത്താന്‍ അദ്ദേഹം ചെയ്യുന്നത് കള്ളക്കണക്കെഴുതുന്നതിന് തുല്യമാണ്. പദ്ധതിയേതര ചെലവില്‍ ഒരു മുഖ്യ ഇനം സബ്സിഡികളാണ്. എണ്ണക്കമ്പനികള്‍, വളം നിര്‍മാണ വ്യവസായശാലകള്‍, ഫുഡ്കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് ഈ സബ്സിഡികളുടെ സിംഹപങ്കും നല്‍കേണ്ടത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രം ഇതുസംബന്ധിച്ച വിശദമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. 2013-14ല്‍ ഇവയ്ക്ക് മൂന്നിനുംകൂടി 2.6 ലക്ഷം കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കണം. എന്നാല്‍ ഇതില്‍ 1.23 ലക്ഷം കോടി രൂപ അടുത്തവര്‍ഷമേ നല്‍കൂ. ഈ വര്‍ഷം നല്‍കാനുള്ള പണം ബജറ്റില്‍ ഇല്ല. തല്‍ക്കാലം ഈ സ്ഥാപനങ്ങള്‍ ബാങ്കില്‍നിന്ന് കടമെടുത്തു കാര്യങ്ങള്‍ നടത്തുകയേ നിര്‍വാഹമുള്ളൂ. 1.2 ലക്ഷം കോടി രൂപയെന്നുപറഞ്ഞാല്‍ ദേശീയ വരുമാനത്തിന്റെ 1 ശതമാനം വരും. ഈ സബ്സിഡി മുഴുവന്‍ നടപ്പുവര്‍ഷംതന്നെ നല്‍കിയിരുന്നെങ്കില്‍ ധനകമ്മി 4.6 ശതമാനമല്ല 5.6 ശതമാനം ആയി ഉയര്‍ന്നേനെ. അടുത്തതായി നമുക്ക് വരുമാനത്തിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച സൂത്രവിദ്യകള്‍ ഏവയെന്ന് നോക്കാം. ഒന്ന്: പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ഭീമമായ തുക ഡിവിഡന്റായി വാങ്ങി. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകള്‍ 27,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ഡിവിഡന്റായി നല്‍കിയത്. ബാങ്കുകള്‍ എല്ലാം കിട്ടാക്കടംമൂലം പ്രതിസന്ധിയാലാണ്. ഈ നഷ്ടം നികത്താന്‍ അവരുടെ പുതിയ മൂലധനമായി 14,000 കോടി രൂപ കൊടുത്തു. 14,000 കൊടുത്തിട്ട് 27,000 തിരിച്ചുവാങ്ങുക. ഇടതുകൈകൊണ്ട് കൊടുക്കുന്നത് വലതുകൈകൊണ്ട് പിടിച്ചുപറിക്കുന്ന ഈ സമ്പ്രദായം ബാങ്കുകളെ നാളെ പ്രതിസന്ധിയിലാക്കും. ഇതുപോലെ കോള്‍ ഇന്ത്യ ലിമിറ്റഡ് 18,000 കോടി രൂപയാണ് ലാഭ വിഹിതമായി നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് വായ്പയെടുപ്പിച്ച് ലാഭവിഹിതമായി കൈപ്പറ്റുന്ന സൂത്രപ്പണിയാണിത്. രണ്ട്: സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 2 ജി സ്പെക്ട്രം ലേലംചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 62,000 കോടി രൂപയാണ്. ഇത് ഒരു ദശാബ്ദംകൊണ്ട് ലഭിക്കേണ്ട തുകയാണ്. പക്ഷേ ചിദംബരം ഈ വര്‍ഷംതന്നെ അഡ്വാന്‍സായി ഏതാണ്ട് 18,000 കോടി രൂപ വാങ്ങിയിരിക്കുകയാണ്. ഇങ്ങനെയാണ് ചിദംബരം ധനകമ്മി പ്രതിസന്ധി മറികടന്നത്.

ഇത് 2013-14ലെ സ്ഥിതി. 2014-15ല്‍ ധനകമ്മി 4.1 ശതമാനം വീണ്ടും ചുരുക്കിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതെങ്ങനെ? ഒന്ന്: വരുമാനം പെരുപ്പിച്ചുകാട്ടി. 2014-15ല്‍ റവന്യു വരുമാനം 19 ശതമാനം ഉയരും എന്നാണ് കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകള്‍ അതിശയോക്തിപരമായിരിക്കും. നികുതിപിരിവ് ലക്ഷ്യത്തിലെത്തുകയില്ല. കാരണം 6 ശതമാനമേ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ചയുണ്ടാവൂവെന്ന് പ്രതീക്ഷിക്കുന്നുള്ളൂ. വിലക്കയറ്റം 7.5 ശതമാനവും. മൊത്തം വിലക്കയറ്റമടക്കം 13.5 ശതമാനം സാമ്പത്തിക വളര്‍ച്ച. എങ്ങനെയാണ് നികുതി 19 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കാനാവുക? രണ്ട്: 57,000 കോടി രൂപ പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പകുതി മാത്രമേ 2013-14ല്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നോര്‍ക്കണം. മൂന്ന്: സബ്സിഡിയായി നല്‍കാന്‍ 2.5 ലക്ഷം കോടിയേ വകയിരുത്തിയിട്ടുള്ളു. ഇതുതന്നെയാണ് 2013-14ഉം വകയിരുത്തിയിട്ടുള്ളത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഫലമായി സബ്സിഡി ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. എണ്ണവില ഉയരില്ലെന്നും രൂപയുടെ കൂടുതല്‍ മൂല്യശോഷണം ഉണ്ടാവില്ലെന്നുമുള്ള അനുമാനത്തിലാണ് സബ്സിഡി തുക വകയിരുത്തിയിട്ടുള്ളത്. സബ്സിഡി ഗണ്യമായി ഉയരാനാണ് സാധ്യത. പിന്നെ ഈ വര്‍ഷത്തെ 1.2 ലക്ഷം കോടി രൂപയുടെ സബ്സിഡി അടുത്ത വര്‍ഷത്തേക്ക് നീക്കിയിരിക്കുകയാണല്ലോ. 2013-14ല്‍ സ്വീകരിച്ച അതേ അടവുതന്നെയാണ് 2014-15ലേക്ക് സ്വീകരിച്ചിരിക്കുന്നത്. വരുമാനം ഊതി വീര്‍പ്പിക്കുക, ചെലവ് ചുരുക്കി കാണിക്കുക. അങ്ങനെ കമ്മി കൃത്രിമമായി താഴ്ത്തി കാണിക്കുക. എത്രനാള്‍ ഈ കളിപ്പീരുപണി തുടരാനാകും? എന്താണ് ഈ ബജറ്റ് ഉറപ്പാക്കുന്നത്?

സാമ്പത്തിക മാന്ദ്യം തുടരും. അടുത്തവര്‍ഷവും സാമ്പത്തികവളര്‍ച്ച ലക്ഷ്യത്തിലെത്താന്‍ പോകുന്നില്ല. കാരണം പദ്ധതിച്ചെലവും മൂലധനചെലവും വെട്ടിച്ചുരുക്കിക്കൊണ്ട് കമ്മി കുറയ്ക്കാനാണല്ലോ ചിദംബരം ശ്രമിക്കുന്നത്. 2013-14 ല്‍ പദ്ധതിച്ചെലവ് 5.6 ലക്ഷം കോടി ലക്ഷ്യമിട്ടെങ്കിലും 4.7 ലക്ഷം കോടിയേ ചെലവായുള്ളൂ. 2014-15ല്‍ പദ്ധതിയടങ്കലായി വകയിരുത്തിയിട്ടുള്ളത് കഴിഞ്ഞവര്‍ഷത്തെ 5.6 ലക്ഷം കോടി രൂപതന്നെയാണ്. 6-7 ശതമാനമെങ്കിലും വിലകള്‍ ഉയരുമല്ലോ. ആ വര്‍ധനപോലും പദ്ധതിയടങ്കലില്‍ വരുത്താന്‍ തയ്യാറല്ല. വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തേക്കാള്‍ താഴ്ന്നതാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി പദ്ധതി അടങ്കല്‍ മരവിച്ചു നില്‍കയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം എന്തെന്ന് വളരെ വ്യക്തമാണ്.

കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍ റദ്ദാക്കുക. 4-5 ലക്ഷം കോടി രൂപയാണ് നികുതി ഇളവുകളുടെ രൂപത്തില്‍ സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. അതുപോലെതന്നെ ചുളുവിലയ്ക്ക് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നു. ഇവ സുതാര്യമായ രീതിയില്‍ ലേലം വിളിച്ചു നല്‍കാന്‍ തയ്യാറായാല്‍ എത്ര വരുമാനം ലഭിക്കും എന്നതിന്റെ സൂചനയാണ് 2 ജി സ്പെക്ട്രത്തിന്റെ ലേലംവിളി. 9,000ത്തില്‍പരം കോടി രൂപയ്ക്ക് വിറ്റ സ്പെക്ട്രത്തിന് 3 ജി സ്പെക്ട്രത്തിന്റെ കാലത്ത് 62,000 കോടി രൂപ കിട്ടി. എന്നാല്‍ കോര്‍പ്പറേറ്റ് ദാസന്മാര്‍ക്ക് ഇത്തരം പോംവഴികള്‍ സ്വീകാര്യമല്ല. കാരണം ഈ ഇളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇളവുകളായിട്ടാണ് കാണുന്നത്. അതേ സമയം ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ സബ്സിഡികളായും. സബ്സിഡി വെട്ടിക്കുറയ്ക്കണം. നിക്ഷേപകര്‍ക്കുള്ള പ്രചോദനങ്ങള്‍ ഉയര്‍ത്തണം. ഇതാണ് ജനവിരുദ്ധ നിയോലിബറല്‍ നയം.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

Monday, February 17, 2014

On the Interim Budget

The Polit Bureau of the Communist Party of India (Marxist) has issued the following statement:

On the Interim Budget

The Finance Minister's Speech presenting the Interim Budget for 2014-15 was more of a political statement aimed at the forthcoming elections rather than an effort to overcome the current challenges faced by the Indian Economy. On the contrary the manner in which the economy has been managed suggests the worsening of our economic fundamentals. This will mean imposing further burdens on the people who are already groaning under severe hardships, through continued price rise and contraction of employment opportunities.

The GDP growth rate has been estimated at 4.8 % and could grow up to 4.9 %. Agricultural growth is estimated at 4.6%. This means that the non-agricultural economy has stagnated at best.

The claim that there has been a fiscal consolidation with the fiscal deficit pegged at 4.6% of the GDP below the estimated 4.8% is untenable. This has been achieved by a gross reduction in budgetted expenditure, particularly in social sectors.  The revised estimates show the total Central plan outlay is Rs. 66,000 crores less than the budgetary estimates. The budgetary support for the Central plan was Rs 63,575 crores less. Likewise the central assistance for plan expenditure for states and Union Territories was Rs. 17,215 crores less. Thus, the fiscal deficit has been contained through a severe squeeze in expenditures. In other words, through a budgetary contraction of the economy the announced nominal increase in major subsidies is actually less in real terms if the inflation rate is taken into account. It is at the same proportion of 12% as in 2013-14 budget. All these means that over 2013-14, job opportunities have shrunk significantly.

This fall in employment combined with the rise in prices of essential commodities will impose further severe burdens on the people. The Consumer Price Index for food items continues to hover around double digits.

The cut in excise duties in order to give a boost to the manufacturing sector, particularly, the automobile sector can only be very transient unless the domestic demand rises significantly. On the contrary, the efforts of fiscal consolidation have led to sharp contraction of domestic demand. The announcement of further reduction of tariff protection will affect the domestic manufacturing sector adversely.

The emphasis on containing the Current Account Deficit (CAD) through attracting greater foreign investments and not through restricting unnecessary luxury imports is bound to make the Indian Economy further vulnerable to international speculative capital flows. In fact the marginal success in containing the burgeoning CAD has been mainly through hike in the import duties on gold. Overall, instead of expanding public investment thus expanding employment generation leading to a growth in domestic demand which in turn would provide the required impetus to revive the manufacturing sector and propel industry growth, this Interim Budget only compounds the crisis by contracting the economy and imposing greater burdens on the people.

In the global situation of continued economic crisis, the anticipation of further foreign capital inflows is not merely unrealistic but would mean a slew of measures for attracting foreign capital, undermining domestic manufacturing and further mortgaging India's economic sovereignty.

In fact, the crisis in the Indian economy which is destined to further compound, is not due to any policy paralysis. It is due precisely due to the policy of appeasing international finance capital at the expense of undermining India's domestic economic fundamentals and imposing greater burdens on the people.

Saturday, February 15, 2014

നയമില്ലാത്ത നയപ്രഖ്യാപനം പണമില്ലാത്ത ബജറ്റ്

പതിമൂന്നാം കേരള നിയമസഭയുടെ 10-ാം സമ്മേളനം പ്രധാനമായും ചേര്‍ന്നത് യുഡിഎഫ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിനുമാണ്. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമായിരുന്നതിനാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും ഉണ്ടായിരുന്നു. ഒരു നയവുമില്ലാത്തതും കേരളത്തിന്റെ സാമൂഹ്യപ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതുമായിരുന്നു നയപ്രഖ്യാപനം. ധനകാര്യ സ്റ്റേറ്റ്മെന്റാണ് ബജറ്റ് എന്ന ലളിത ധനകാര്യതത്വംപോലും ലംഘിക്കുന്നതായിരുന്നു ബജറ്റ്. ധനാഭ്യര്‍ഥനകളും ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍ പാസാക്കലും അജന്‍ഡയിലുണ്ടായിരുന്നു.

കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ പ്രശ്നങ്ങളിലെ ജനവികാരം സഭയിലെത്തിക്കാനും, ചോദ്യോത്തരം മുതല്‍ നിയമനിര്‍മാണംവരെയുള്ള എല്ലാ ചര്‍ച്ചകളിലും ഈ ജനവികാരം പ്രതിഫലിപ്പിക്കാനും 17 ദിവസവും പ്രതിപക്ഷം ശ്രമിച്ചു. പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും തെരഞ്ഞെടുപ്പിനുമുമ്പ് ബജറ്റ് പാസാക്കി പിരിയുക എന്ന അജന്‍ഡമാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് 22 ദിവസം ചേരാന്‍ തീരുമാനിച്ച സഭ 17 ദിവസമായി വെട്ടിച്ചുരുക്കിയത്. പല വിഷയത്തിലും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അനൈക്യവും സഭയില്‍ വ്യക്തമാക്കപ്പെട്ടു.

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍ രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണിലൂടെ കാണാനാണ് യുഡിഎഫ് ശ്രമിച്ചത്. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍പോലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ഈ സര്‍ക്കാരിന്റെ അഴിമതിയുടെയും ജനവിരുദ്ധ സമീപനത്തിന്റെയും ഉദാഹരണങ്ങള്‍ ഒന്നൊന്നായി പ്രതിപക്ഷം സഭയില്‍ നിരത്തി. പലപ്പോഴും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, പൊലീസ് ഭീകരത, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയ്ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപനം. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷ നേതാവും എഴുന്നേറ്റ് പ്രതിഷേധത്തിന് ആധാരമായ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയ പ്രസംഗം നടത്തിക്കാനും സമരങ്ങളെ പുച്ഛിക്കാനുമാണ് യുഡിഎഫ് ശ്രമിച്ചത്. ക്ഷേമപദ്ധതികളും പട്ടികജാതി വിദ്യാര്‍ഥികളുടെ ധനസഹായവും റേഷന്‍പോലും ആധാറിലൂടെയാക്കി കേരളീയരെ ഇനിയും വഴിയാധാരമാക്കുമെന്ന ഭീഷണിയും നയപ്രഖ്യാപനത്തിലുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതും ഉദ്ഘാടനംചെയ്തതുമായ പദ്ധതികളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനകൊണ്ട് പൊറുതിമുട്ടുന്ന കേരള ജനതയുടെമേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിഭാരം അടിച്ചേല്‍പ്പിച്ചതായിരുന്നു ബജറ്റ്. വിലക്കയറ്റം സൃഷ്ടിക്കുന്നതാണ് ബജറ്റെന്ന് മാധ്യമങ്ങള്‍വരെ പ്രഖ്യാപിച്ചു. ബജറ്റിന്റെ അശാസ്ത്രീയതയും കാപട്യവും ജനദ്രോഹവും ചര്‍ച്ചയില്‍ പ്രതിപക്ഷം തുറന്നുകാട്ടി. സെക്രട്ടറിയറ്റിനു മുന്നില്‍ സമരങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി സഭയില്‍ പറഞ്ഞതിന്റെ അടുത്ത ദിവസം മുന്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ പത്തോളം യുഡിഎഫ് എംഎല്‍എമാര്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരംചെയ്യുന്ന കെ കെ രമയ്ക്ക് അഭിവാദ്യവുമായെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിക്കുകയുംചെയ്തു. സെക്രട്ടറിയറ്റിനു മുന്നില്‍ സമരംചെയ്യുന്നവരുടെയും പ്രസംഗിക്കുന്നവരുടെയും എന്തിന്, പന്തല്‍ കെട്ടാന്‍ സാധനം കൊടുക്കുന്നവന്റെ പേരില്‍പോലും കേസെടുക്കുന്ന പൊലീസ് ഇവരുടെ പേരില്‍ കേസെടുക്കുമോ?

വിയ്യൂര്‍ ജയിലില്‍ കോടതി ശിക്ഷിച്ച തടവുകാരെ ക്രൂരമായി മര്‍ദിച്ചതിനെതിരെയുള്ള അടിയന്തരപ്രമേയം വി എസ് എതിരായതുകൊണ്ട് അവതരിപ്പിച്ചില്ലെന്നും പകരം കൊണ്ടുവന്ന സബ്മിഷന്‍സമയത്ത് വി എസ് സഭയില്‍ പങ്കെടുത്തില്ലെന്നുമുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ യുഡിഎഫും ചില മാധ്യമങ്ങളും ചേര്‍ന്ന് തിരക്കഥ രചിച്ചു. സ്പീക്കറുടെ ഓഫീസില്‍ അന്വേഷിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യത്തില്‍പോലും വ്യാജ നിര്‍മിതി നടത്തുകയായിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗൗരവമേറിയ 14 വിഷയങ്ങള്‍ അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നു. പാചകവാതക വിലവര്‍ധനയിലും ആധാര്‍ നിര്‍ബന്ധമാക്കുന്നതിലും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിനുമെതിരെയായിരുന്നു ആദ്യ അടിയന്തരപ്രമേയം. സഭയ്ക്ക് അകത്തും പുറത്തും വിഷയം കത്തിപ്പടര്‍ന്നു. പുറത്ത് സിപിഐ എം സത്യഗ്രഹ സമരം പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിഷേധം സഭയില്‍ പ്രതിഫലിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. മലയോര ജനതയുടെ നിലനില്‍പ്പിനും ജീവിതത്തിനും ഭീഷണിയായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് രണ്ടുദിവസം അടിയന്തരപ്രമേയമായി സഭയില്‍ കൊണ്ടുവന്നു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസ്സംഗതയ്ക്കെതിരായിരുന്നു ആദ്യപ്രമേയം. സര്‍ക്കാരിന്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് മലയോരമേഖലയിലെ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹംനടത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേരളത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ വിജ്ഞാപനംചെയ്തത് പിന്‍വലിച്ചതായി കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. എന്നാല്‍, രണ്ടുദിവസത്തിനുശേഷം ഹരിത ട്രിബ്യൂണലില്‍ ഈ വിജ്ഞാപനം നിലനില്‍ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

ഈ വഞ്ചനക്കെതിരെയായിരുന്നു രണ്ടാമത്തെ പ്രമേയം. സര്‍ക്കാരിന്റെ കള്ളക്കളിക്കെതിരെ വലിയ പ്രതിഷേധമാണ് സഭയിലുയര്‍ന്നത്. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ചട്ടം 130 അനുസരിച്ച് വിഷയം ചര്‍ച്ചചെയ്യാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് സഭ പുനരാരംഭിച്ചത്. അടുത്ത ദിവസം വിഷയം ചര്‍ച്ചചെയ്യുകയും കേരളത്തിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് സഭ ഐകകണ്ഠ്യേന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയുംചെയ്തു. പാമൊലിന്‍കേസ് പിന്‍വലിക്കുന്നതിനെതിരെ വി എസ് സുനില്‍കുമാര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിലൂടെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അഴിമതി വിരുദ്ധപൊയ്മുഖമാണ് അഴിഞ്ഞുവീണത്. ഡെമോക്ലീസിന്റെ വാള്‍പോലെ പാമൊലിന്‍ കേസ് നിലനില്‍ക്കുന്നു എന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം മുഖ്യമന്ത്രിയെത്തന്നെ ഞെട്ടിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറഞ്ഞെങ്കിലും ആഭ്യന്തരമന്ത്രി വിഷയത്തിനുള്ളിലേക്ക് കടന്ന് പ്രതിരോധിക്കാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനും പ്രതിപക്ഷത്തിന് കഴിഞ്ഞു. ധനവിനിയോഗ ബില്ലുകളും ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകളും ഉള്‍പ്പെടെ 23 ബില്ലുകള്‍ സഭ പാസാക്കി. അഴിമതിക്ക് വേണ്ടിമാത്രം കൊണ്ടുവന്ന ബില്ലായിരുന്നു തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ ഭേദഗതി ബില്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്കുവിട്ടത് തിരിച്ചെടുക്കാനും വനിതാസംവരണം പിന്‍വലിക്കാനുമായിരുന്നു പുതിയ ഭേദഗതിബില്‍. അഴിമതി ഒഴിവാക്കാനാണ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടത്. ഈ ബില്ലിലൂടെ അത് തിരിച്ചെടുത്തു. പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ വകുപ്പുമന്ത്രിക്കോ ഭരണപക്ഷത്തിനോ കഴിഞ്ഞില്ല. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഒരു ഭേദഗതിപോലും സ്വീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് മൂന്നാം വായനയില്‍ ബില്ലിന്റെ കോപ്പികള്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ന്യൂനപക്ഷത്തിന്റെ വോട്ടു കിട്ടാന്‍ വേണ്ടിമാത്രം കൊണ്ടുവന്ന ബില്ലായിരുന്നു സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ബില്‍ 2013. ബില്ലിന്റെ അവതരണത്തെ ക്രമപ്രശ്നത്തിലൂടെ ഈ ലേഖകന്‍ ചോദ്യംചെയ്തു. ബില്ലില്‍ പറയുന്ന ഏതെങ്കിലും കാര്യം ദേശീയ ന്യൂനപക്ഷ കമീഷന്‍ കൈകാര്യം ചെയ്യുന്നതാണെങ്കില്‍ സംസ്ഥാന കമീഷന് ആ കാര്യത്തില്‍ അധികാരം ഇല്ലാതാകും. സംസ്ഥാന കമീഷന്റെ പ്രസക്തിയെപ്പോലും ചോദ്യംചെയ്യുന്നതാണ് ഈ ചട്ടം. പിന്നെ എന്തിനാണ് ബില്ല് കൊണ്ടുവന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. ഗാര്‍ഹിക കെട്ടിട നികുതി നിശ്ചയിക്കാനുള്ള നഗരസഭകളുടെ വിവേചനാധികാരം നിര്‍ത്തലാക്കി നികുതി 25 ശതമാനം മുതല്‍ 60 ശതമാനം വരെ ഉയര്‍ത്തുകയും അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കെട്ടിടനികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്ന കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിനെയും പ്രതിപക്ഷം സഭയില്‍ ശക്തമായി എതിര്‍ത്തു. സഹകരണ സംഘം മൂന്നാം ഭേദഗതിബില്‍ സംസ്ഥന യുവജന കമീഷന്‍ ബില്‍ എന്നിവയും പാസാക്കി.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം നഖശിഖാന്തം എതിര്‍ത്ത കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള 2013 ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ബില്‍ പിന്‍വലിക്കുന്നതിനും ഈ സമ്മേളനം സാക്ഷിയായി. ഫ്ളാറ്റ് ലോബിക്കു വേണ്ടി കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിനെ എതിര്‍ത്ത് കെ വി വിജയദാസ് ഭേദഗതി അവതരിപ്പിച്ചെങ്കിലും മന്ത്രി അത് സ്വീകരിക്കാതെ അവരുടെ അഴിമതി നയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളോട് കേരള കോണ്‍ഗ്രസ് എം എടുത്ത നിലപാടും ശ്രദ്ധേയമായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ റോഷി അഗസ്റ്റിനും പി സി ജോര്‍ജും വിമര്‍ശമുയര്‍ത്തിയപ്പോള്‍ റബര്‍ കര്‍ഷകരുടെ ദുരിതത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് കെ എം മാണിക്കും സഭയില്‍ സമ്മതിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് മീറ്റര്‍ വാങ്ങിയതിനുപിന്നിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ശുപാര്‍ശചെയ്ത വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കാതെ, അംഗങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടി പതിവുപോലെ ഈ സമ്മേളനത്തിലും തുടര്‍ന്നു. ഇതു സംബന്ധിച്ച പരാതി സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ജനങ്ങളെയും നാടിനെയും ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നങ്ങളാണ് ചോദ്യരൂപേണ സഭയില്‍ വരുന്നത്. ഉത്തരം നല്‍കുന്നില്ലെന്നു മാത്രമല്ല, തെറ്റായ ഉത്തരം നല്‍കിയും ഭാഗിക ഉത്തരം മാത്രംനല്‍കിയും അംഗങ്ങളെ അപമാനിക്കുകയും ചെയ്യുന്നു. സഭയില്‍ മന്ത്രിമാര്‍ നേരിട്ടു മറുപടിനല്‍കേണ്ട നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്കുപോലും ഇതുതന്നെയാണ് ഗതി. കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ചചെയ്യുന്ന ഏതാണ്ട് എല്ലാ വിഷയങ്ങളും സഭയില്‍ അവതരിപ്പിക്കാനും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, ചിലതിനെങ്കിലും നടപടി സ്വീകരിപ്പിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. എന്നാല്‍, രാഷ്ട്രീയമായി പ്രതിപക്ഷത്തെ ആക്രമിക്കാനാണ് ഭരണപക്ഷം സഭയെ നിരന്തരം ഉപയോഗപ്പെടുത്തിയത്. വികസന വായ്ത്താരി മുഴക്കുകയും പ്രശ്നങ്ങളോട് അടുക്കുമ്പോള്‍ ഒളിച്ചോടുകയുംചെയ്യുന്ന സമീപനമായിരുന്നു ഭരണപക്ഷത്തിന്റേത്.

*
എ കെ ബാലന്‍

Thursday, February 13, 2014

ആപല്‍ക്കരം; ജനവിരുദ്ധം

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പാളങ്ങളിലൂടെ ജനജീവിതത്തിന്റെ നെഞ്ചിലേക്ക് ഇരമ്പിക്കയറുന്ന റെയില്‍വേബജറ്റാണ് യുപിഎ മന്ത്രിസഭയ്ക്കുവേണ്ടി റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ അവതരിപ്പിച്ചത്. സത്യത്തില്‍ ബജറ്റ് വായിച്ച് അവതരിപ്പിക്കുകയല്ല ചെയ്തത്. പ്രക്ഷുബ്ധാവസ്ഥയ്ക്കിടയില്‍ വായിച്ച് മുഴുമിപ്പിക്കാനാകാതെ വായന ഒഴിവാക്കി സഭയുടെ മേശപ്പുറത്തുവച്ചു. വായിക്കാനുവദിക്കാത്തവിധം രൂക്ഷമായ ആ പ്രക്ഷുബ്ധാവസ്ഥയുടെ കൊടുങ്കാറ്റ് ഇനി സഭയിലല്ല, രാജ്യത്താകെയാണ് പടരേണ്ടത്. അത്രമേല്‍ ആപല്‍ക്കരവും ജനവിരുദ്ധവുമായ ഉള്ളടക്കമാണ് ബജറ്റിലുള്ളത്. ഏറ്റവും അധികം ആപല്‍ക്കരമായ നിര്‍ദേശം ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നുവെന്നതാണ്. ഇന്ധനവിലയ്ക്കനുസരിച്ച് യാത്ര- ചരക്കുകൂലി കൂട്ടാനുള്ള സംവിധാനമാണത്. തോന്നുമ്പോഴൊക്കെ തോന്നുന്നപടി നിരക്കുകൂട്ടാനുള്ള വഴിയാണ് തുറന്നിടുന്നത്. ഇങ്ങനെയൊരു വഴി തുറന്നുവച്ചിട്ട് ബജറ്റില്‍ യാത്ര- ചരക്കുകൂലികള്‍ കൂട്ടിയിട്ടില്ല എന്നുപറയുന്നത് കാപട്യമാണ്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ബജറ്റിന് ആഴ്ചകള്‍ക്കുമുമ്പുതന്നെ യാത്ര-ചരക്കുകൂലി കുത്തനെ വര്‍ധിപ്പിച്ചതിനുശേഷമാണ് ഈ മേനിനടിക്കല്‍ എന്നത് കാപട്യത്തിന്റെ രൂക്ഷത ഇരട്ടിപ്പിക്കുന്നു.

പെട്രോള്‍ വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുകയും എണ്ണക്കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്നുള്ള നാലുവര്‍ഷ ഘട്ടത്തില്‍ ഏതാണ്ട് എല്ലാ ആഴ്ചയുമെന്നോണം പെട്രോള്‍വില ഉയരുകയായിരുന്നുവെന്നത് നമ്മള്‍ കണ്ടു. വിലനിര്‍ണയാധികാരം ഒരു പ്രത്യേക സംവിധാനത്തിന് കൈമാറിയാല്‍ എന്താണുണ്ടാവുക എന്നതിന്റെ മാതൃകയായിരുന്നു അത്. ആ മാതൃക റെയില്‍വേയിലും നടപ്പാക്കാന്‍ പോവുകയാണ്. എണ്ണക്കമ്പനികള്‍ തങ്ങള്‍ക്കിഷ്ടംപോലെ വില വര്‍ധിപ്പിക്കും. അതേപോലെ ഇനി പുതിയ സംവിധാനം തോന്നുംപോലെ റെയില്‍വേ യാത്ര- ചരക്കുകൂലി കൂട്ടിക്കൊണ്ടിരിക്കും. ഡീസല്‍ വിലയില്‍ നാലുവര്‍ഷംകൊണ്ട് ലിറ്ററിന് 24 രൂപയുടെ വര്‍ധനയാണുണ്ടായിട്ടുള്ളത്. ഇതുപോലുള്ള വിലവര്‍ധന റെയില്‍വേ യാത്രാച്ചെലവിലും ഉണ്ടാകാന്‍ പോവുകയാണ്.

യാത്രാതിരക്കിനുസരിച്ച് ടിക്കറ്റുവില കൂട്ടി നിശ്ചയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നതാണ് വിപല്‍ക്കരമായ മറ്റൊരു നിര്‍ദേശം. വ്യോമരംഗത്ത് ഇത് ഇപ്പോള്‍ത്തന്നെ നിലനില്‍പ്പുണ്ട്. തിരക്കുകൂടുതലുള്ള സന്ദര്‍ഭത്തില്‍ കൂടിയ നിരക്ക്. വിമാനക്കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നതിന്റെ രീതിയാണിത്. ഇത് ഇതേപോലെ റെയില്‍വേയും നടപ്പാക്കുകയാണ്. യാത്രക്കാര്‍ കൂടുതലുള്ള മേഖലകളില്‍ ടിക്കറ്റുവില ക്രമാതീതമായി ഉയരും. അതിദീര്‍ഘമായ വെയിറ്റിങ് ലിസ്റ്റാണ് ഓരോ ട്രെയിനിനുമുള്ളത്. ആ നിലയ്ക്ക് ഓരോ സര്‍വീസും യാത്രാതിരക്കുള്ള മേഖലയിലേതായി കണക്കാക്കപ്പെടും. ടിക്കറ്റുവില അതിനുസരിച്ച് തോന്നിയപോലെ അപ്പപ്പോള്‍ ഉയര്‍ത്തി നിശ്ചയിക്കും. ട്രെയിന്‍യാത്ര സാധാരണക്കാരന് അപ്രാപ്യമാകാന്‍ വേറെയൊന്നും വേണ്ട. ഇതൊക്കെ ചെയ്തുവച്ചിട്ട്, ബജറ്റില്‍ യാത്രക്കൂലി കൂട്ടിയിട്ടില്ലല്ലോ എന്നുപറയുന്നത് എന്തൊരു വഞ്ചനയാണ്!

റെയില്‍വേ കൂടിയ തോതില്‍ സ്വകാര്യവല്‍ക്കരണത്തിന് വിധേയമാകാന്‍ പോവുകയാണ്. വിദേശനിക്ഷേപത്തിന്റെ മലവെള്ളപ്പാച്ചില്‍വരെ റെയില്‍വേയെ ഒഴുക്കിക്കൊണ്ടുപോകും. ആഗോളവല്‍ക്കരണനയങ്ങള്‍ ഈ വിധത്തിലാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. കേരളത്തെ ഇത്രയേറെ ക്രൂരമായി അവഗണിച്ച ബജറ്റ് അടുത്തകാലത്തൊന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. മുമ്പ് ബജറ്റുകളില്‍ പ്രഖ്യാപിച്ചവയും എന്നാല്‍ നടപ്പാക്കാതിരുന്നവയുമായ കാര്യങ്ങള്‍ ഈ ബജറ്റില്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അതേസമയം, അവ നടപ്പാക്കാന്‍ വേണ്ട പണമില്ലതാനും. പെന്‍സുലാര്‍ റെയില്‍വേ മേഖല, കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി, പുതിയ പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സര്‍വേ തുടങ്ങിയ എല്ലാ കാര്യങ്ങളിലും സമ്പൂര്‍ണ അവഗണന. പാലക്കാട് കോച്ചുഫാക്ടറി നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് സൗജന്യമായി റെയില്‍വേയുടെ നേര്‍ക്ക് നീട്ടിയതാണ്. എന്നിട്ടും അവിടെ ഫാക്ടറി വന്നില്ല. സൗജന്യമായി ഭൂമി കിട്ടുമായിരുന്നിട്ടും അവിടെ ഫാക്ടറി പണിയാതെ സോണിയ ഗാന്ധിയുടെ റായ്ബറേലിയില്‍ വിലകൊടുത്ത് ഭൂമി വാങ്ങി സ്വന്തം ചെലവില്‍ കോച്ചുഫാക്ടറി പണിതു; കമീഷന്‍ ചെയ്തു. പാലക്കാട് ഫാക്ടറിയെക്കുറിച്ച് മിണ്ടാട്ടമില്ല. ചേര്‍ത്തലയില്‍ സ്ഥാപിക്കുമെന്നുപറഞ്ഞ റെയില്‍വേ സ്ഥാപനത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനില്ല. കോച്ചുഫാക്ടറി നേരത്തെ പ്രഖ്യാപിച്ചതാണല്ലോ എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, പ്രഖ്യാപനം നടപ്പാക്കാന്‍ ബജറ്റില്‍ പണമെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. നാമമാത്രമായ തുകപോലും അനുവദിച്ച് ബജറ്റില്‍ കോച്ചുഫാക്ടറിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം.

കേരളത്തിന്റെ കാര്യത്തില്‍ റെയില്‍വേ പയറ്റുന്ന ഒരു തന്ത്രമുണ്ട്. ഇടയ്ക്ക് ഓരോ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിക്കും. എന്നാല്‍, ട്രെയിന്‍ ഒരിക്കലും ഓടില്ല. പാതയില്ലാത്തതുകൊണ്ട് ഓടിക്കാനാവുന്നില്ല എന്നാണ് പറയുക. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നിസാമുദീന്‍- തിരുവനന്തപുരം വണ്ടി ഇക്കാരണം പറഞ്ഞാണ് ഓടിക്കാതിരുന്നത്. ഈ ട്രെയിന്‍ ഈ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഓടിക്കാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം പറഞ്ഞ കാരണം ഇത്തവണയും പറയാം. പാതയിരട്ടിപ്പിക്കലിന് ഒരു തുകയും നീക്കിവച്ചിട്ടില്ല ഇത്തവണയും. ഒരുവശത്ത് പ്രഖ്യാപിച്ച ട്രെയിന്‍പോലും പാതയില്ലെന്നുപറഞ്ഞ് ഓടിക്കാതിരിക്കുക. മറുവശത്ത് പാത ഇരട്ടിപ്പിക്കാതെയുമിരിക്കുക. നല്ല തന്ത്രം! 72 ട്രെയിനുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ട്. 38 എക്സ്പ്രസ്, 10 പാസഞ്ചര്‍, 4 മെമു, 3 ഡെമു, 17 പ്രീമിയം എന്നിങ്ങനെ. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതും എന്നാല്‍ നടപ്പാക്കാത്തതുമായ നിസാമുദീന്‍ ഒഴിവാക്കിയാല്‍ 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കേരളത്തെ തൊടുന്നത് രണ്ടേരണ്ടെണ്ണം മാത്രം. ഉള്ള ട്രെയിനുകളുടെ സര്‍വീസ് എണ്ണം കൂട്ടാന്‍ ബജറ്റില്‍ നിര്‍ദേശമില്ല. പാത നീട്ടുന്നില്ല; പുതിയ പാതയ്ക്കുള്ള സര്‍വേപോലുമില്ല. പ്രീമിയം തീവണ്ടികളിലൊരെണ്ണമുണ്ട്. എന്നാല്‍, പ്രീമിയം നിരക്ക് എങ്ങനെ എന്ന് വ്യക്തമല്ല. സാധാരണക്കാരന് അപ്രാപ്യമായ നിരക്കാവും അതിലുണ്ടാവുക എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.

തെരഞ്ഞെടുപ്പുവര്‍ഷത്തില്‍ വോട്ട് മുന്‍നിര്‍ത്തിയെങ്കിലും ചിലത് കേരളത്തിനായി പ്രഖ്യാപിക്കുമെന്ന് പലരും കരുതി. എന്നാല്‍, അതുമില്ല. കേരളീയരുടെ വോട്ട് തങ്ങള്‍ക്ക് പ്രധാനമല്ല എന്ന ധാര്‍ഷ്ട്യംകൂടിയാകണം ക്രൂരമായ ഈ അവഗണനയുടെ അര്‍ഥം. ഈ അവഗണനയ്ക്ക് യുഡിഎഫ് സര്‍ക്കാരും യുപിഎ സര്‍ക്കാരും കേരളീയരോട് ഉത്തരം പറയണം. കേരളത്തില്‍നിന്ന് കേന്ദ്രത്തിലുള്ള എട്ടുമന്ത്രിമാര്‍ കേരളത്തെ അവഗണനയുടെ ചെളിക്കുണ്ടിലേക്ക് യുപിഎ സര്‍ക്കാര്‍ ചവിട്ടിത്താഴ്ത്തുന്നതിന് നിശബ്ദ സാക്ഷികളായിരിക്കുന്നുണ്ട്; നോക്കുകുത്തികളായി. അവരും ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

Sunday, January 26, 2014

അകാലത്തില്‍ പൊലിഞ്ഞ മിച്ചബജറ്റ് സ്വപ്നം

1976ലാണ് കെ എം മാണി ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരെ ഒരു ധനമന്ത്രിക്കും മിച്ചബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഖ്യാതി 2014-15ലെങ്കിലും നേടണമെന്ന സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ പൊലിഞ്ഞത്. പകരം അദ്ദേഹത്തിനു കിട്ടിയതോ, കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച ധനമന്ത്രിയെന്ന ദുഷ്കീര്‍ത്തിയും. ഇപ്പോള്‍ത്തന്നെ അതിരൂക്ഷമായ വിലക്കയറ്റം ഈ ബജറ്റോടെ എല്ലാ സീമയും ഭേദിക്കും. 2010-11ല്‍ റവന്യൂ കമ്മി 8034 കോടി രൂപയായിരുന്നു. അതായത്, സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. ശമ്പള പരിഷ്കരണവര്‍ഷത്തില്‍ കമ്മി കൂടിയതില്‍ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ല. 2012-13ല്‍ റവന്യൂകമ്മി 3406 കോടി രൂപയായി കുറഞ്ഞെന്നും (0.9 ശതമാനം) 2013-14ല്‍ അത് 2269 കോടി രൂപയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചത്. യഥാര്‍ഥത്തില്‍ കമ്മി ഇത്രവരില്ല എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു.

പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കുന്ന 4000 കോടിയില്‍ മുക്കാല്‍പങ്കും മൂലധന ചെലവ് ആണെന്നും അതുകൊണ്ട് യഥാര്‍ഥത്തില്‍ ബജറ്റ്് കമ്മിയില്ലെന്നും 1202 കോടി മിച്ചമാണെന്നും അദ്ദേഹം കണക്കാക്കി. പഴയതുപോലുള്ള വിവാദം ഭയന്ന് അക്കാര്യം പെരുമ്പറയടിച്ചില്ല. പക്ഷേ, 2014-15 വഴിത്തിരിവ് ആയിരിക്കും എന്ന് അദ്ദേഹത്തിന് സംശയമില്ലായിരുന്നു. മിച്ചബജറ്റുതന്നെ.

2014-15ലേക്ക് ധനമന്ത്രി അവതരിപ്പിച്ചത് 7131 കോടി റവന്യൂകമ്മിയും 14,398 കോടി ധനകമ്മിയും വരുന്ന ബജറ്റാണ്. റവന്യൂകമ്മി സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനവും ധനകമ്മി 3.1 ശതമാനവും വരും. കെ എം മാണിയുടെ മൂന്നാം ഊഴത്തിലെ ഇതുവരെയുളള അനുഭവംവച്ച് പറഞ്ഞാല്‍ കമ്മി ഇതിലൊന്നും നില്‍ക്കുകയില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം 2014-15ല്‍ റവന്യൂ കമ്മിയേ പാടില്ല. നികുതിപിരിവ് കഴിഞ്ഞ രണ്ടുവര്‍ഷത്തെപ്പോലെയാണെങ്കില്‍ കമ്മി ഇവിടെയും നില്‍ക്കുകയില്ല. 2012-13ല്‍ സംഭവിച്ചതു നോക്കൂ. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 2012-13ല്‍ 3406 കോടി രൂപ കമ്മി വരുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ നിയമസഭയില്‍ വച്ച കണക്കുപ്രകാരം കമ്മി 9351 കോടി രൂപയായി. പ്രതീക്ഷിച്ചിരുന്ന റവന്യൂവരുമാനത്തില്‍ 4132 കോടിയുടെ കുറവ്.

അതേസമയം, റവന്യൂചെലവ് 1813 കോടി രൂപ അധികമാണ്. ബജറ്റ് അവതരണവേളയില്‍ 2012-13 ഡിസംബര്‍വരെയുളള വരവു ചെലവു കണക്കുകള്‍ ധനമന്ത്രിയുടെ കൈവശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മതിപ്പു കണക്കിനേക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികരിക്കുമെന്നും കൃത്യമായി പറയാന്‍ കഴിയും. എന്നാല്‍, അതിനു തുനിയാതെ കമ്മി കുറച്ചുകാണിക്കാനുളള പൊള്ളക്കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിച്ചു. 2013-14ല്‍ ഡിസംബര്‍വരെയുളള കണക്കുപ്രകാരം നികുതിവരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ധന. ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ എത്ര കിണഞ്ഞുശ്രമിച്ചാലും ഇത് 12 ശതമാനത്തിനപ്പുറം പോകുകയില്ല. കൃത്യമായി പറഞ്ഞാല്‍ ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ടുശതമാനം മാത്രമാണ് നികുതിവര്‍ധന. എങ്കിലും റവന്യൂവരുമാനം 15 ശതമാനം ഉയരുമെന്ന് ഉദാരമായ അനുമാനം ഞാന്‍ സ്വീകരിക്കുകയാണ്. എങ്കില്‍ 2013-14ലെ പുതുക്കിയ റവന്യൂവരുമാനം 50,757 കോടി രൂപയേ വരൂ. എന്നാല്‍, ധനമന്ത്രി ഇത് 54,966 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.

നികുതിവരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയരുമെന്നും കേന്ദ്രസഹായത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നുമാണ് ധനമന്ത്രിയുടെ അനുമാനം. ഇത് ശുദ്ധ അസംബന്ധമാണ്. ഡിസംബര്‍വരെയുളള കണക്ക് പരിശോധിച്ചാല്‍ റവന്യൂചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍, ബജറ്റില്‍ ധനമന്ത്രി പ്രതീക്ഷിക്കുന്ന 61,175 കോടി രൂപതന്നെ ചെലവായി ഞാനും സ്വീകരിക്കുകയാണ്. എന്റെ കണക്കുപ്രകാരം യഥാര്‍ഥ ധനകമ്മി 10,418 കോടി രൂപയാണ്. അതായത്, സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. റവന്യൂകമ്മി കൂടിയാലുളള പ്രത്യാഘാതമെന്താണ്? വായ്പയെടുക്കുന്ന പണം നിത്യദാനചെലവുകള്‍ക്കായി നീക്കിവയ്ക്കേണ്ടിവരും. അതേസമയം, റവന്യൂകമ്മി ഇല്ലാതാകുമെന്നും വായ്പയെടുക്കുന്ന പണം മുഴുവന്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മാണചെലവുകള്‍ക്കായി നീക്കിവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 2009-10 വര്‍ഷംമുതല്‍ വലിയതോതില്‍ പൊതുമരാമത്തു പണികള്‍ക്ക് അനുവാദം നല്‍കിവരികയായിരുന്നു. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട ബില്ലുകളുടെ തുക പെരുകുകയാണ്. ഇവര്‍ക്ക് നല്‍കാന്‍ പണമുണ്ടാകില്ല. ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ ബില്‍ കുടിശ്ശിക 1600 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷമായി പശ്ചാത്തല സൗകര്യസൃഷ്ടിക്കായി കൂടുതല്‍ തുക നീക്കിവച്ചുകൊണ്ടിരുന്ന പ്രവണതയ്ക്ക് വിരാമമിടേണ്ടിവരും.

0.6 ശതമാനമായിരുന്ന മൂലധനച്ചെലവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പടിപടിയായി ഉയര്‍ന്ന് ഏതാണ്ട് 1.6 ശതമാനത്തിലെത്തിയതാണ്. നടപ്പ് ബജറ്റുപ്രകാരം ഈ പ്രവണതയ്ക്കു വിരാമമായിരിക്കുന്നു. ഇതു നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്ഷേമപെന്‍ഷന്‍പോലുളള റവന്യൂചെലവ് കുടിശ്ശികയാണ്. 1000 രൂപ മിനിമം പെന്‍ഷന്‍ വേണമെന്നതാണ് ഡിമാന്റ്. ക്ഷേമനിധികളുടെ പെന്‍ഷനുകളില്‍ വര്‍ധന പ്രഖ്യാപിക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. പാര്‍പ്പിട പദ്ധതികള്‍ക്ക് അധിക പണവും നീക്കിവച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 70,000 രൂപവച്ച് അധികധനസഹായം നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതുമൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. നടപ്പുവര്‍ഷംപോലെ അടുത്ത വര്‍ഷവും ഇന്ദിരാ ആവാസ് പദ്ധതിപ്രകാരമുള്ള 55,000 വീട്ടില്‍ പത്തിലൊന്നുപോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അനൗപചാരിക സംഭാഷണങ്ങളില്‍ ആസൂത്രണബോര്‍ഡ് അധികൃതര്‍ ഈ വര്‍ഷത്തെ പ്ലാന്‍ വെട്ടിച്ചുരുക്കേണ്ടി വരും എന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍, ബജറ്റ് കണക്കില്‍ ഇത് പ്രതിഫലിക്കുന്നില്ല. പദ്ധതിച്ചെലവ് 14,540 കോടി രൂപയായിരുന്നത് 600 കോടിയുടെ കുറവേ പ്രതീക്ഷിക്കുന്നുളളൂ.

പ്ലാനിനു പുറത്ത് ഒട്ടേറെ പുതിയ റവന്യൂചെലവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൂടി ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ് കണക്കില്‍ നല്‍കിയിട്ടുള്ള റവന്യൂചെലവിന്റെ പുതുക്കിയ കണക്ക്. അതുകൊണ്ട് പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കേണ്ടിവരും. ഇത് ആരോരുമറിയാതെ ചെയ്യാമെന്നാണ് ധനമന്ത്രി കരുതുന്നത്. പ്ലാനില്‍ വരാന്‍പോകുന്ന വെട്ടിക്കുറവിനെ ഇതുവഴി മറയിട്ടിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ നിക്ഷേപം യുഡിഎഫ് ഭരണകാലത്ത് ചരിത്രത്തിലേറ്റവും താഴ്ന്ന നിലയിലെത്തി.

കൃഷിയും അനുബന്ധ മേഖലകളിലെയും നിക്ഷേപം 2012-13ല്‍ വാര്‍ഷിക പദ്ധതിയുടെ 17.5 ശതമാനമായിരുന്നത് 2013-14ല്‍ 16 ശതമാനമായും കുറഞ്ഞു. ഇപ്പോഴത് 17.9 ശതമാനമായി. വാചകമടി മാറ്റിവച്ചാല്‍ കാര്‍ഷികമേഖലയുടെ വിഹിതത്തില്‍ സംസ്ഥാനപ്ലാനില്‍ വര്‍ധനയില്ല. ഉല്‍പ്പാദനമേഖലകള്‍ക്ക് 30 ശതമാനം പണം വകയിരുത്തണമെന്ന നിബന്ധന നീക്കംചെയ്തതിന്റെ ഫലമായി തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പദ്ധതിയില്‍ അഞ്ചുശതമാനംപോലും കൃഷിക്ക് നീക്കിവയ്ക്കുന്നില്ല. അവസാനമായി അധികവിഭവ സമാഹരണത്തെക്കുറിച്ച്. 1556 കോടിയുടെ അധികഭാരം പുതിയ ബജറ്റിലൂടെ ജനങ്ങളുടെ ചുമലില്‍ വരുന്നു. ഉടുതുണിക്കുപോലും നികുതിയായി. കെട്ടിടനികുതി ഇരട്ടിയായി. നേരത്തതന്നെ വാറ്റു നികുതിയില്‍ 15-25 ശതമാനം വര്‍ധന ധനമന്ത്രി നടത്തിയിരുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ ഒരു കരുണയുമില്ലാതെയാണ് അദ്ദേഹം അധികനികുതിഭാരം കെട്ടിവച്ചത്. ഇതിന് കേരളജനതയോട് അദ്ദേഹം കണക്ക് പറയേണ്ടി വരും.

*
ഡോ. തോമസ് ഐസക് ദേശാഭിമാനി

ജനത്തെ മറന്ന ബജറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാചകവാതക സിലിണ്ടറിന് 250 രൂപയോളം വില ആരെങ്കിലും വര്‍ധിപ്പിക്കുമോ എന്ന സംശയം ഉയര്‍ത്തിയത് രാജ്യത്തെ കോണ്‍ഗ്രസുകാരാണ്. കെ എം മാണി തന്റെ 12-ാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാരും ഇതേ ചോദ്യമാണ് ഉയര്‍ത്തുന്നത്. വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റ് ഈ വേളയില്‍ ആരെങ്കിലും അവതരിപ്പിക്കുമോ? ലോക്സഭാ തെരെഞ്ഞടുപ്പിന് ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കെ മാണിയെന്ന പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരന്‍ അവതരിപ്പിച്ച ബജറ്റ് ജനപ്രിയമല്ലെന്നു മാത്രമല്ല അവരുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ്. അതുകൊണ്ടാകണം നിയമസഭയില്‍ രണ്ടരമണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിനിടയില്‍ ഭരണപക്ഷ ബെഞ്ചുകളില്‍പോലും കൈയടിയും ആവേശകരമായ പ്രതികരണങ്ങളും ഇല്ലാതിരുന്നത്.

ഭരണപക്ഷ ബെഞ്ചുകളിലെ മ്ലാനമായ മുഖം ബജറ്റിന്റെ ഉള്ളടക്കത്തിലെ ജനവിരുദ്ധതയ്ക്കുള്ള സാക്ഷ്യപത്രമായി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയോര കര്‍ഷകരില്‍നിന്നുയര്‍ന്ന പ്രതിഷേധത്തെ മറികടക്കാന്‍ കാര്‍ഷികമേഖലയ്ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കാന്‍ മാണി തയ്യാറായി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 389 പദ്ധതികളില്‍ 146 എണ്ണത്തിനുമാത്രമേ ഭരണാനുമതിപോലും ലഭിച്ചുള്ളുവെന്നതിനാല്‍ ഇവയൊക്കെ കടലാസിലൊതുങ്ങാനാണ് സാധ്യത. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ പണംനല്‍കല്‍, ഇന്‍ഷുറന്‍സ്, ഹൈടെക് ഹരിതഗ്രാമങ്ങള്‍ എന്നിവയൊന്നും യാഥാര്‍ഥ്യമായില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്കും ഇതേ ഗതിയാണുണ്ടാവുക. സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം വിലക്കയറ്റമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റായതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഏവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍, ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍പോലും തയ്യാറായില്ല. പ്രസംഗത്തിന്റെ 300-ാം ഖണ്ഡികയില്‍മാത്രമാണ് സപ്ലൈകോയെക്കുറിച്ചും കണ്‍സ്യൂമര്‍ഫെഡിനെക്കുറിച്ചും പരാമര്‍ശമുള്ളത്. എന്നാല്‍, ഇക്കാര്യം അപ്രധാനമാണെന്നതുകൊണ്ടുതന്നെ ആ ഭാഗം നിയമസഭയില്‍ വായിച്ചില്ല.

വിലനിയന്ത്രണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ തുടരുമെന്ന ഒഴുക്കന്‍ പ്രസ്താവന മാത്രമാണ് ബജറ്റവതരണത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണിയില്‍നിന്നുണ്ടായത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റത്തെ നിയന്ത്രിച്ച ഇടതുപക്ഷ സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി വിപണിയില്‍നിന്ന് പിന്മാറി വിലക്കയറ്റത്തെ രൂക്ഷമാക്കുകയെന്ന നവലിബറല്‍ നയംതന്നെയാണ് ഈ ബജറ്റിന്റെ അന്തഃസത്ത. ഈ നയം ജനരോഷം ഉയര്‍ത്തുമെന്നതിനാല്‍ കുറ്റം കേന്ദ്രസര്‍ക്കാരില്‍മാത്രം ചാരി രക്ഷപ്പെടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അടവും യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന മാണി നടത്തുന്നുവെന്നുമാത്രം. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാനാകൂ എന്ന് പറഞ്ഞ് സംസ്ഥാനത്ത് വിലനിയന്ത്രണ സംവിധാനംതന്നെ അപ്രസക്തമാക്കുന്ന അലസതയാണ് പ്രകടമായത്. പൊതുമേഖലയെ തീര്‍ത്തും അവഗണിച്ച ബജറ്റ് പരമ്പരാഗത വ്യവസായങ്ങളെയും മറന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന നികുതിനിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. കെട്ടിട നികുതി വര്‍ധിപ്പിച്ചപ്പോള്‍തന്നെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കും നികുതി വര്‍ധിപ്പിച്ചു. പാവപ്പെട്ടവന്റെ വാഹനമായ ഓട്ടോറിക്ഷകള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണകള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമാക്കുമെന്നുറപ്പാണ്. സ്വന്തമായി ഒരു വാഹനമെന്ന ഇടത്തരം-മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്കാണ് മാണി ഇരുട്ടടി നല്‍കിയത്. ആഡംബരത്തിന്റെ പേരില്‍ ചുമത്തിയ ഇത്തരം നികുതികളൊക്കെ സാധാരണക്കാരന്റെ ചുമലിലാണ് വീഴുക. കേന്ദ്രത്തെ വിമര്‍ശിച്ച് കൈയടി നേടുകയെന്ന തന്ത്രവും ബജറ്റിലുണ്ട്.

സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി വന്ന ധന ഉത്തരവാദിത്ത നയം പ്രായോഗികമല്ലെന്നാണ് ആമുഖ പ്രസ്താവന. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും മറ്റും തീട്ടൂരമനുസരിച്ചുള്ള ഈ നയത്തെ എതിര്‍ക്കുന്നത് നയപരമായ വിയോജിപ്പുകൊണ്ടല്ല മറിച്ച്, സാമ്പത്തിക അരാജകത്വത്തിനുള്ള ലൈസന്‍സ് ലഭിക്കാനാണെന്ന് ബജറ്റ്് പ്രസംഗത്തിലെ തുടര്‍ന്നുള്ള വസ്തുതകള്‍ വ്യക്തമാക്കുന്നു. നികുതി ശരിയായി പിരിച്ചെടുത്ത് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന് പകരം കടംവാങ്ങി ചെലവ് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന് വ്യക്തം. പതിനാലാം ധനകമീഷന് നല്‍കിയ നിവേദനത്തില്‍പോലും വായ്പയാണ് കൂടുതലായും ലഭിക്കേണ്ടത,് ഗ്രാന്റല്ലെന്നു പറഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. നികുതി പിരിച്ചെടുക്കാന്‍ ശുഷ്കാന്തി കാട്ടിയിരുന്നെങ്കില്‍ 1556 കോടി രൂപയുടെ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കേണ്ടി വരുമായിരുന്നില്ല. "സര്‍ക്കാരിന്റെ കണ്ണും മനസ്സും വാക്കും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന"് ധനമന്ത്രി അവകാശപ്പെടുമ്പോഴും അവരുടെ കീശയില്‍ കൈയിട്ടു വാരുന്ന, സംസ്ഥാനത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

Saturday, January 25, 2014

ജനദ്രോഹത്തിന്റെ മാനിഫെസ്റ്റോ

ലോക്സഭാതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ജനപ്രിയപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അമിതോത്സാഹം കാട്ടിയിട്ടും ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ ഒന്നും നല്‍കുന്നതല്ല ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. വിലക്കയറ്റം സങ്കല്‍പ്പാതീതമാംവിധം മൂര്‍ച്ഛിപ്പിക്കുന്നതും ജനജീവിതം കുടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതുമാണത്. ജനങ്ങളില്‍നിന്ന് 1556.35 കോടി രൂപ അധികമായി പിടിച്ചെടുക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. 7131.69 കോടി രൂപയുടെ റവന്യൂകമ്മിയും 14388 കോടി ധനകമ്മിയും ധനമന്ത്രി രേഖപ്പെടുത്തുന്നു. പാവപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍നിന്നുപോലും 25 കോടി രൂപ കൈക്കലാക്കാനുള്ള നിര്‍ദേശം ബജറ്റിന്റെ ജനവിരുദ്ധസമീപനത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്. പുതിയ ഓട്ടോറിക്ഷകള്‍ക്കുള്ള ലംപ്സം ടാക്സ് പഴയവയ്ക്കുകൂടി ബാധകമാക്കിയാണ് ഈ കൊള്ള.

തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിനില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞവര്‍ഷം 186 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയത്. പ്രത്യേക സഹായമായി 100 കോടിയും നല്‍കി. അന്ന് ആ തുക കുറഞ്ഞുപോയി എന്ന ആക്ഷേപമാണ് ശക്തമായി ഉയര്‍ന്നത്. എന്നാല്‍, ഇത്തവണ കെഎസ്ആര്‍ടിസിക്ക് ആകെ വകയിരുത്തിയത് 150 കോടി രൂപ. ഇത് പൊതുമേഖലയെ പടിപടിയായി തകര്‍ക്കുക, സേവനമേഖലയില്‍നിന്ന് പിന്മാറുക എന്ന നയത്തിന്റെ ഭാഗമാണ്. ഇതുതന്നെയാണ് ഈ ബജറ്റിന്റെ പൊതുസമീപനവും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ബജറ്റില്‍ പരിപാടികളില്ല. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് ശേഷിയുമില്ല. നികുതിപിരിവ് സംവിധാനം തകരാറിലാണ്. എല്‍ഡിഎഫ് ഭരിച്ച കാലത്ത് നികുതിസമാഹരണം കുറ്റമറ്റതാക്കുന്നതില്‍ വലിയ തോതില്‍ മുന്നേറ്റമുണ്ടാക്കിയതാണ്. ആ രംഗത്ത് കടുത്ത അനാസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ധനമന്ത്രി ബജറ്റില്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തിനുള്ള നികുതിവിഹിതം 32ല്‍നിന്ന് 50 ശതമാനമാക്കണമെന്നും സൂചകങ്ങളില്‍ മാറ്റംവരുത്തണമെന്നും 14-ാം ധനകമീഷന് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടതാണ്. തനതുനികുതി വരുമാനസമാഹരണത്തിലെ വീഴ്ചയും കേന്ദ്രത്തിന്റെ നിസ്സഹകരണവുമാണ് റവന്യൂവരുമാനത്തില്‍ കുറവുണ്ടാക്കുന്നത്. അതുകൊണ്ടാണ് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് ശേഷിയില്ലാതാകുന്നത്. 2013-14ലെ ബജറ്റില്‍ സപ്ലൈകോയ്ക്ക് 100 കോടിയാണ് നീക്കിവച്ചത്. ഇത്തവണ സപ്ലൈകോയുടെ വിഹിതം 65 കോടിമാത്രമാണ്. കണ്‍സ്യൂമര്‍ഫെഡിന് 11 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടുംചേര്‍ത്ത് 76 കോടി. കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 24 കോടി രൂപയുടെ കുറവ്. വിലക്കയറ്റം എക്കാലത്തെയും റെക്കോഡ് ഭേദിക്കുന്ന ഘട്ടത്തിലാണ് ഈ വെട്ടിക്കുറവെന്നത് ഫലത്തില്‍ വിപണിയിലേക്ക് സര്‍ക്കാര്‍ നോക്കുന്നതേയില്ല എന്ന നിലയാണുണ്ടാക്കുന്നത്.

കാര്‍ഷികമേഖലയില്‍ ചില ഇളവുകളും പദ്ധതികളും പ്രഖ്യാപിച്ച് കൈയടി നേടാന്‍ ശ്രമിച്ച ധനമന്ത്രി കൃഷിയുടെ സമഗ്രമായ വികസനത്തെയും നിലനില്‍പ്പിനെയുംകുറിച്ച് മൗനംപാലിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ കണക്കെടുത്താല്‍ കേരളത്തില്‍ നെല്‍കൃഷിചെയ്യുന്ന ഭൂമിയുടെ അളവില്‍മാത്രം 11,000 ഹെക്ടറിന്റെ കുറവാണുണ്ടായത്. കൃഷിഭൂമി ചുരുങ്ങിച്ചുരുങ്ങിവരുമ്പോള്‍ അത് തടയാന്‍ മാര്‍ഗങ്ങള്‍ ആരായാതെ എങ്ങനെ കാര്‍ഷികാഭിവൃദ്ധി സാധ്യമാകും? ക്ഷേമപെന്‍ഷനുകളില്‍ നാമമാത്രമായ വര്‍ധനവരുത്തിയതിലും സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയില്ല. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് ആനുപാതികമായ വര്‍ധന ഒന്നിലുമില്ല. മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തോട് മാണി പുറംതിരിഞ്ഞ് നില്‍ക്കുന്നു.

ദീര്‍ഘകാലവികസനത്തിന് അടിത്തറപാകുന്നതും അടിയന്തരപ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതുമായ ദ്വിമുഖ സമീപനമാണ് ഏതു ബജറ്റിലും ഉണ്ടാകേണ്ടത്. ഇവിടെ ആ രണ്ടു രംഗത്തും ഗൗരവമായ നിര്‍ദേശങ്ങളോ ശ്രദ്ധയോ ഇല്ല. കേരളം ഇന്നു നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനുള്ള സമീപനമാണ് ഈ ബജറ്റിന്റേത് എന്നു പറഞ്ഞത് അതിശയോക്തിയാകില്ല. പാര്‍പ്പിടപദ്ധതികളടക്കം സ്തംഭിക്കുകയാണ്. ചലനമറ്റുകിടക്കുന്ന നിര്‍മാണമേഖലയ്ക്ക് വീണ്ടും പ്രഹരമേല്‍ക്കുകയാണ്. വിപണിയില്‍ ഇടപെടാനോ പൊതുവിതരണം ശക്തിപ്പെടുത്താനോ തയ്യാറാകാത്ത സര്‍ക്കാര്‍, വിപണിയിലെ വിലക്കയറ്റം കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള പുത്തന്‍ നികുതികള്‍കൂടി ചുമത്തുമ്പോള്‍ ജനജീവിതത്തില്‍ അതുണ്ടാക്കുന്ന ആഘാതം വിവരണാതീതമാകും. സംസ്ഥാനത്ത് ഇരുപത്തഞ്ച് ലക്ഷത്തോളം കുടുംബങ്ങളുടെ ആശ്രയമായ പരമ്പരാഗതവ്യവസായത്തോട് ബജറ്റ് പരിപൂര്‍ണ അവഗണനയാണ് കാണിക്കുന്നത്.

പൊതുമേഖലാവ്യവസായങ്ങളോടും അതേ സമീപനംതന്നെ. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സമഗ്രനിര്‍ദേശങ്ങളില്ല. സിമ്പോസിയവും സെമിനാറും നടത്തി തൊഴിലില്ലായ്മ പരിഹരിക്കാമെന്ന മിഥ്യാബോധമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ പല കണക്കുകളും വസ്തുതയുമായി ബന്ധമില്ലാത്തതാണെന്നും പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. ധനമന്ത്രി അവതരിപ്പിച്ചതല്ല യഥാര്‍ഥ കമ്മി. ജനപ്രിയപ്രഖ്യാപനങ്ങള്‍ ഒട്ടുമിക്കതും പ്രായോഗികമാക്കാന്‍ കഴിയുന്നതുമല്ല. നവലിബറല്‍ നയങ്ങളെ വാരിപ്പുണരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പതിവ് അഭ്യാസമെന്നോര്‍ത്ത് അവഗണിക്കാനാകാത്ത വിധം ദ്രോഹനടപടികള്‍ ഈ ബജറ്റ് അടിച്ചേല്‍പ്പിക്കുന്നുണ്ട്. ഓട്ടോ ടാക്സി പണിമുടക്കായും തൊഴിലാളി സംഘടനകളുടെ പ്രതിഷേധമായും ഉയരുന്ന ശബ്ദം ഈ ബജറ്റിന്റെ ജനവിരുദ്ധത തുറന്നുകാട്ടുന്നതാണ്. വരുംനാളുകളില്‍ ആ പ്രതിഷേധം ആളിപ്പടരുകതന്നെ ചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം

Friday, January 24, 2014

സാമ്പത്തികരംഗം സമ്പൂര്‍ണ തകര്‍ച്ചയില്‍

അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് മുതലക്കൂപ്പുകുത്തുകയാണ് കേരളം എന്നതിന്റെ ധവളപത്രമാണ് ധനമന്ത്രി കെ എം മാണി ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനരേഖ. ഒപ്പം ജനജീവിതം ദുസ്സഹമാകുന്നതിന്റെ സാക്ഷ്യപത്രംകൂടിയാകുന്നുണ്ട് ബജറ്റിനുമുന്നോടിയായി വന്ന പോയവര്‍ഷത്തെ ഈ സാമ്പത്തികരംഗാവലോകനരേഖ. 2011-12, 2012-13 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരുന്ന ധനവിനിയോഗ ഏകീകരണലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ സാധിക്കില്ല എന്ന് ഏറ്റുപറയുന്ന രേഖ, റവന്യൂകമ്മി 2008-09ല്‍ 3711.67 കോടിയായിരുന്നത് 2012-13ല്‍ 9351 കോടിയായി ഉയര്‍ന്നു എന്ന് വ്യക്തമാക്കുമ്പോള്‍ കേരളം എത്തിയിരിക്കുന്ന സാമ്പത്തികതലം ഏത് എന്നത് നമുക്ക് ഊഹിക്കാം.

ധനകമ്മി ഇതേ ഘട്ടത്തില്‍ 6346 കോടിയില്‍നിന്ന് 15,002 കോടിയിലേക്കുയര്‍ന്നു. കേരള ധന ഉത്തരവാദിത്ത ഭേദഗതിചട്ടം (2011) പ്രകാരം കടബാധ്യതാ ലക്ഷ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ പരിമിതപ്പെടുത്താനോ കമ്മി ലക്ഷ്യം നേടാനോ കഴിഞ്ഞില്ല എന്നത് സര്‍വേയില്‍നിന്നു വ്യക്തമാകുന്നുണ്ട്. തനത് നികുതി- നികുതിയിതര വരുമാനം, കേന്ദ്രവിഹിതം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നിവ ഉള്‍പ്പെട്ടതാണ് റവന്യൂവരുമാനം. 2011-12ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12.06 ശതമാനമായിരുന്ന ഈ വരുമാനം 2013-14ല്‍ 12.15 ശതമാനംമാത്രം. അതിരൂക്ഷമായ ഈ വര്‍ധന പണപ്പെരുപ്പത്തിന്റെ ഭീതിദമായ പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ സൂചിപ്പിക്കുന്നത് അധോഗതിയെത്തന്നെയാണ്. ഈ വീഴ്ചയ്ക്ക് വഴിവച്ച പ്രധാനഘടകം കേന്ദ്രവിഹിത കൈമാറ്റത്തിലുണ്ടായ കുത്തനെയുള്ള കുറവാണ്. കേന്ദ്രത്തെ വാഴ്ത്തിപ്പാടികൊണ്ടിരുന്ന് സംസ്ഥാനഭരണം അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുത്തി എന്നര്‍ഥം. എട്ടു മന്ത്രിമാര്‍ കേന്ദ്രത്തില്‍ കേരളത്തിന്റേതായുണ്ട് എന്നും കേരളവും കേന്ദ്രവും ഒരേ പാര്‍ടി ഭരിക്കുന്നതുകൊണ്ട് വലിയ ഗുണമുണ്ട് എന്നും ഒക്കെ വീമ്പടിച്ചിരുന്നത് വെറും ഭോഷ്കായിരുന്നു എന്നര്‍ഥം. നികുതിവരുമാന കാര്യത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല എന്ന് ഏറ്റുപറഞ്ഞ് പിന്‍വാങ്ങിനില്‍ക്കാനേ ഈ ഘട്ടത്തില്‍ ധനമന്ത്രിക്ക് കഴിയുന്നുള്ളൂ. വല്ലാത്ത നിസ്സഹായതയാണ് അദ്ദേഹത്തിന്റേത്. കേരളത്തെ പാപ്പരീകരിക്കുന്നത് കേന്ദ്രമാണ് എന്ന് കേരളത്തോട് തുറന്നുപറയാന്‍ അദ്ദേഹം മടിക്കേണ്ടതില്ല. അദ്ദേഹം പറയുന്നില്ലെങ്കിലും സാമ്പത്തിക അവലോകനരേഖ ഇക്കാര്യം ഉറക്കെത്തന്നെ ജനങ്ങളോട് വിളിച്ചുപറയുന്നുണ്ട്. റവന്യൂ വരുമാനത്തിന്റെ ചടുലമായ വളര്‍ച്ച മൊത്തമുള്ള ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചയുടെ സൂചകമാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ തകര്‍ച്ചയെ എങ്ങനെ വേണം കാണാന്‍ എന്നത് മന്ത്രി വിശദീകരിക്കണം. റവന്യൂവരുമാനത്തിലെ കേന്ദ്രവിഹിതം 2007-08ല്‍ 29.55 ശതമാനമായിരുന്നതാണ് 22.34 ശതമാനത്തിലേക്ക് ഇടിഞ്ഞത്്. കേന്ദ്ര നികുതി വിഹിതത്തിന്റെ വളര്‍ച്ചാനിരക്ക് 16.50 ശതമാനത്തില്‍നിന്ന് 14.19 ശതമാനമായി താണു. ഗ്രാന്റ് ഇന്‍ എയ്ഡും ഈ ഘട്ടത്തില്‍ ഇടിഞ്ഞു. 2011-12ല്‍ 68.86 ശതമാനമായിരുന്നത് 2012-13ല്‍ 18.54 ശതമാനമായി. സംസ്ഥാനത്തിന്റെ കടഭാരം ഉല്‍ക്കണ്ഠപ്പെടുത്തുന്ന തോതിലായിരിക്കുന്നു. 2008-09ല്‍ 63,270 കോടിയായിരുന്ന കടഭാരം ഇപ്പോള്‍ 1,03,560.84 കോടി ആയി. 2010-11ല്‍ 78,673 കോടിയായിരുന്നത് 2011-12ല്‍ 89,418 കോടിയായി. നിയന്ത്രണരഹിതമായി കടഭാരം കുത്തനെ വര്‍ധിക്കുകയാണെന്നര്‍ഥം. വായ്പകളുടെ 80 ശതമാനത്തിലേറെ കടങ്ങളുടെയും പലിശകളുടെയും തിരിച്ചടവിലേക്കാണ് പോകുന്നത് എന്നാണ് സര്‍വേയില്‍ കാണുന്നത്. കടമെടുത്ത് കടത്തിന്റെ പലിശയടയ്ക്കുന്ന പരിപാടി. ഇത് കേരളത്തെ എവിടെ കൊണ്ടെത്തിക്കും? റവന്യൂകമ്മിയിലെ വര്‍ധന മൂലധനച്ചെലവിനുള്ള സാധ്യത ഇല്ലാതാക്കുന്നതായി സര്‍വേയില്‍ കാണുന്നു. മൂലധനച്ചെലവ് വര്‍ധിക്കുന്നില്ലെങ്കില്‍ വികസനമുരടിപ്പ് ഉണ്ടാകുന്നു എന്നാണര്‍ഥം. വികസനത്തെക്കുറിച്ച് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന വാചകമടിയുടെ പൊള്ളത്തരമാണ് സത്യത്തില്‍ ഇവിടെ വ്യക്തമാക്കപ്പെടുന്നത്. ധനകമീഷന്‍ അവാര്‍ഡില്‍ കേരളത്തിന് വന്‍ കുറവാണുണ്ടാകുന്നത് എന്നത് കേരളത്തിന്റെ സവിശേഷപ്രശ്നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തി അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കുന്നതില്‍ യുഡിഎഫ് ഭരണത്തിനുവന്ന വീഴ്ചയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഈ വീഴ്ചയ്ക്ക് ഉത്തരം പറയാനുള്ള ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ട്. പതിനാലാം ധനകമീഷന്റെ അവാര്‍ഡിലും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല എന്ന നിലയാണുള്ളത്. അടുത്തിടെ കേരളം സന്ദര്‍ശിച്ച ധനകമീഷന്‍ ഇക്കാര്യം വരികള്‍ക്കിടയിലൂടെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ അന്ധകാരാവൃതമാണ് കേരളത്തിന്റെ സാമ്പത്തികഭാവി എന്ന് വേദനയോടെ സ്ഥിരീകരിക്കാം. കമീഷന്‍ കേരളത്തില്‍ വന്നപ്പോള്‍ കേരളഭരണക്കാരുടെ മുന്‍ഗണന സരിത- ബിജു- സലിംരാജ് കേസുകള്‍ ഒതുക്കിത്തീര്‍ക്കലിലായിരുന്നു. മര്യാദയ്ക്ക് ഒരുനിവേദനം തയ്യാറാക്കിക്കൊടുക്കാന്‍പോലും കേരളത്തിലെ മന്ത്രിസഭയ്ക്ക് സമയമുണ്ടായില്ല. അതിന്റെ തിക്തഫലം ഇനി അനുഭവിക്കാനിരിക്കുന്നു. മൊത്തം ദേശീയവരുമാനത്തിലെ കൃഷിവിഹിതം 1980-81ല്‍ 36.99 ശതമാനമായിരുന്നത് ഇപ്പോള്‍ 8.95 ശതമാനമായിരിക്കുന്നു എന്നതില്‍നിന്ന് കൃഷിരംഗത്തെ തകര്‍ച്ചയുടെ ചിത്രം വ്യക്തമാകുന്നുണ്ട്.

വ്യവസായരംഗത്തെ ഉല്‍പ്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 2011-12 ഘട്ടത്തില്‍ 15.4 ശതമാനമായിരുന്നത് 2012-13ല്‍ 12.4 ശതമാനമായി ഇടിഞ്ഞു എന്നതില്‍നിന്ന് യുഡിഎഫ് കൊണ്ടുവന്ന "വ്യവസായവികസന"ത്തിന്റെ യഥാര്‍ഥ ചിത്രവും വ്യക്തമാകുന്നു. ജനജീവിതത്തിന്റെ നിലയോ? ഉപഭോക്തൃ വിലസൂചിക 2008ല്‍ 151 പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 238 പോയിന്റില്‍ എത്തിനില്‍ക്കുന്നു. 2011ല്‍ 196 ആയിരുന്നത് 2012ല്‍ 211 ആയി ഉയര്‍ന്നു. കുത്തനെയുള്ള വിലക്കയറ്റം. ഇങ്ങനെ ഓരോന്നുമെടുത്തുനോക്കിയാല്‍ പ്രത്യാശയുടെ ഒരു കിരണംപോലും കാണാനില്ല എന്നുവരുന്നു. തകര്‍ച്ചയുടെ ഈ ചിത്രം രചിക്കലായിരുന്നു രണ്ടുവര്‍ഷമായി ഇവിടെ യുഡിഎഫ് ഭരണം ചെയ്തുകൊണ്ടിരുന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം!

*
Deshabhimani Editorial

Wednesday, January 22, 2014

സംസ്ഥാന ബജറ്റ് എന്താവും സമീപനം?

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിരീക്ഷണം തള്ളിക്കളയേണ്ട. വാസ്തവമാണ് അത്. ധനമന്ത്രി കെ എം മാണി പക്ഷേ അക്കാര്യം മറ്റൊരു രീതിയിലാണ് അവതരിപ്പിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്ല; ബുദ്ധിമുട്ടുണ്ട് എന്നത്രെ അദ്ദേഹത്തിന്റെ മൃദുഭാഷ്യം. ചെലവിനേക്കാള്‍ വരുമാനം കുറവായ അവസ്ഥയെയാണ് ബുദ്ധിമുട്ടെന്നു വിശേഷിപ്പിച്ചത്. അതുതന്നെയാണല്ലോ സാമ്പത്തികപ്രതിസന്ധിയും! പ്രതിസന്ധി തരണംചെയ്യാന്‍ വരുമാനം വര്‍ധിപ്പിച്ചാല്‍ മതിയാകും. മുന്‍ ധനമന്ത്രി സ്വീകരിച്ച മാര്‍ഗം അതായിരുന്നു. ചെലവുകുറച്ചതുമില്ല; കൂട്ടിയതേയുള്ളൂ. കുറ്റം പറയരുതല്ലോ. ഇപ്പോഴത്തെ ധനമന്ത്രി ചെലവുകള്‍ കുറച്ചില്ല. 2013 നവംബര്‍ 30 വരെയുള്ള കണക്കുപ്രകാരം, സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 30991 കോടി രൂപയാണ്. റവന്യൂചെലവ് 34665 കോടി രൂപയും. 3674 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ട് ഇപ്പോള്‍ത്തന്നെ. വരുമാനത്തേക്കാള്‍ 10.6 ശതമാനം കൂടുതലാണ് ചെലവ്.

നടപ്പുസാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടതിനേക്കാള്‍ റവന്യൂ വരുമാനം കൂടുകയില്ല, റവന്യൂ ചെലവ് ഉയരുകയും ചെയ്യും എന്നത്രെ ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. അതായത്, 2013-14ല്‍ റവന്യൂ വരുമാനം 58087.87 കോടി രൂപയായിരിക്കും. റവന്യൂ ചെലവ് ലക്ഷ്യം കവിഞ്ഞ് 60327.84 കോടിയില്‍നിന്ന് 70076.34 കോടിയായി ഉയരും. 11988.47 കോടിയുടെ റവന്യൂകമ്മി!

റവന്യൂവരുമാനം സംബന്ധിച്ച് ധനമന്ത്രി പുലര്‍ത്തുന്നത് അതിരുവിട്ട ശുഭപ്രതീക്ഷയാണ്. 2011 മെയ് 18നാണല്ലോ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 2011-12 സാമ്പത്തികവര്‍ഷം പ്രതീക്ഷിച്ച റവന്യൂവരുമാനം 39427.51 കോടി രൂപയായിരുന്നു. സമാഹരിച്ചതാകട്ടെ 38010.36 കോടി രൂപയും. അതായത്, 3.59 ശതമാനം കുറച്ച്. ഈ അനുഭവപശ്ചാത്തലവും നികുതിപിരിവില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയും പരിഗണിക്കുമ്പോള്‍, 2013-14ലെ റവന്യൂവരുമാനലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ബജറ്റില്‍ നിര്‍ദേശിക്കാത്ത പലതും ഏറ്റെടുക്കേണ്ടിവരുന്നതിനാല്‍ റവന്യൂ ചെലവ് വര്‍ധിക്കുന്നു എന്ന് ധനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

2013 നവംബര്‍ 30 വരെ എട്ടുമാസം സമാഹരിച്ചത് 30154.46 കോടി രൂപയാണല്ലോ. ശേഷിക്കുന്ന നാലുമാസം മേല്‍തുകയുടെ മൂന്നിലൊന്ന് സമാഹരിക്കുമെന്നു കണക്കാക്കിയാല്‍, വര്‍ഷാവസാനം മൊത്തം റവന്യൂവരുമാനം 40205.95 കോടിയായിരിക്കും. മാര്‍ച്ചില്‍ റവന്യൂ പിരിവ് കൂടാമെങ്കിലും, റവന്യൂചെലവും പ്രസ്തുതമാസം കൂടും. ഭീമമായ റവന്യൂകമ്മിയാകും വര്‍ഷാവസാനം ഉണ്ടാവുക എന്നര്‍ഥം. സംസ്ഥാനത്തിന്റെ തനതുനികുതി-നികുതിയിതര വരുമാനവും കേന്ദ്ര നികുതിവിഹിതവും ഗ്രാന്റുകളും ചേര്‍ന്നതാണ് ആകെ റവന്യൂവരുമാനം. കേന്ദ്ര നികുതിവിഹിതവും ഗ്രാന്റുകളും കൂടുമെന്ന് ധനമന്ത്രിക്കുതന്നെയും പ്രതീക്ഷയില്ല. 2012-13ല്‍ പ്രതീക്ഷിച്ച നികുതിവിഹിതവും ഗ്രാന്റുകളും പൂര്‍ണമായും കിട്ടുമെന്നു വിശ്വസിച്ചാല്‍ (കൃത്യമായ കണക്ക് അടുത്ത ബജറ്റിനോടനുബന്ധിച്ച് ലഭിക്കുന്ന രേഖകളില്‍നിന്നേ വ്യക്തമാവൂ.) അത് ആകെ റവന്യൂവരുമാനത്തിന്റെ 26.01 ശതമാനമായിരിക്കും. 2013-14ല്‍ അത് 24.74 ശതമാനമായി കുറയും. തനതുനികുതി സമാഹരണത്തിന് എല്‍ഡിഎഫ് ആവിഷ്കരിച്ച സംവിധാനങ്ങളാകെ ദുര്‍ബലപ്പെട്ടു. നികുതി സമാഹരണത്തിലെ ഊര്‍ജസ്വലത കൈമോശം വന്നു. ചെക്പോസ്റ്റുകളിലെ പരിശോധനകളുടെ എണ്ണം കുറഞ്ഞു. വസൂലാക്കുന്ന പിഴസംഖ്യയും കുറയുന്നു. കേരളം ഉല്‍പ്പാദകസംസ്ഥാനമല്ല; ഉപഭോക്തൃസംസ്ഥാനമാണ്. നമുക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെ 80 ശതമാനവും അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നവയാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 60 ശതമാനം മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു വെളിയിലേക്കും കയറ്റുമതിചെയ്യുന്നു. വില്‍ക്കലും വാങ്ങലുമാണ് പ്രധാനസാമ്പത്തികപ്രവര്‍ത്തനം. ആയതിനാല്‍, തനതുനികുതി വരുമാനത്തിന്റെ 73.40 ശതമാനം ലഭിക്കുന്നത് വില്‍പ്പനനികുതി/വാറ്റ് നികുതിയില്‍ നിന്നാണ്. സ്റ്റാമ്പുകളും രജിസ്ട്രേഷനും ഇനത്തില്‍ 10.85 ശതമാനവും മദ്യനികുതിയില്‍നിന്ന് 7.23 ശതമാനവും വാഹനനികുതിയില്‍നിന്ന് 6.63 ശതമാനവും ലഭിക്കുന്നു. അനുമാനം വ്യക്തമാണ്. തനതുനികുതി വരുമാനത്തില്‍ മുക്കാല്‍ പങ്കും വില്‍പ്പനനികുതിയില്‍ നിന്നാണ്. വില്‍പ്പനനികുതി സമാഹരണത്തിലുണ്ടാകുന്ന ഏതു വീഴ്ചയും സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തികസ്ഥിതിയെ ദുര്‍ബലപ്പെടുത്തും. ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിക്ക് അടിസ്ഥാനവും മറ്റൊന്നല്ല. സ്വയംകൃതാനര്‍ഥമാണ് സാമ്പത്തികപ്രതിസന്ധി എന്ന് സാരം. നികുതിപിരിവിലെ വീഴ്ചയുടെ ഒരു ഉദാഹരണം ഉദ്ധരിക്കാം. എല്‍ഡിഎഫിന്റെ അവസാനവര്‍ഷ (2010-11) ബജറ്റില്‍ ലക്ഷ്യമിട്ടത് 20884.23 കോടി രൂപയുടെ തനതുനികുതി വരുമാനമായിരുന്നു. എന്നാല്‍, 21721.69 കോടി സമാഹരിക്കാന്‍ കഴിഞ്ഞു. 4.01 ശതമാനം കൂടുതല്‍. യുഡിഎഫിന്റെ ആദ്യവര്‍ഷ (2011-12)ത്തെ (പുതുക്കിയ) ബജറ്റ് ലക്ഷ്യമിട്ടത് 26641.53 കോടിയായിരുന്നെങ്കിലും സമാഹരിച്ചത് 25718.60 കോടി രൂപ മാത്രം. 3.46 ശതമാനം കുറച്ച്. റവന്യൂകമ്മി തരണംചെയ്യാന്‍ സര്‍ക്കാരിന് കടം വാങ്ങേണ്ടിവരും. യുഡിഎഫ് ഭരണമേല്‍ക്കുമ്പോള്‍ ആകെ കടം 78673.24 കോടിയായിരുന്നു. തുടര്‍ന്ന് 24011.09 കോടി അധികമായി കടംവാങ്ങി. അങ്ങനെ 2013 നവംബറില്‍ മൊത്തം കടബാധ്യത 102684.09 കോടിയായി വളര്‍ന്നു. റവന്യൂവരുമാനത്തിലെ ഇടിവ്, കടത്തിന്റെ അളവ് ഇനിയുമുയര്‍ത്തും. ഒപ്പം ധനകമ്മിയും ഉയരും. 2011-12ലെ (പുതുക്കിയ) ബജറ്റിലെ മുഖ്യവിമര്‍ശനം, എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കടത്തില്‍ മുക്കിത്താഴ്ത്തി എന്നും, 3882 കോടിയുടെ ട്രഷറിബാലന്‍സ് സംസ്ഥാനത്തിന് ബാധ്യതയാണെന്നുമായിരുന്നല്ലോ. വര്‍ധിക്കുന്ന കടബാധ്യതയുടെ പശ്ചാത്തലത്തില്‍, പ്രസ്തുതബജറ്റിന്റെ ആമുഖവും 2011 ജൂലൈയില്‍ പുറത്തിറക്കിയ ധവളപത്രവും മനസ്സിരുത്തിവായിക്കുന്നത് ധനമന്ത്രിക്ക് പല ഗുണപാഠങ്ങളും നല്‍കും. സര്‍ക്കാര്‍ എത്തിനില്‍ക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഫലം സര്‍ക്കാരിന്റെ ഇടപെടല്‍ശേഷി ശോഷിക്കുക എന്നതാണ്. നടപ്പുസാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടവയില്‍ ആരംഭിച്ചതോ ആരംഭിക്കാത്തതോ ആയ പദ്ധതികള്‍ പലതും വെട്ടിച്ചുരുക്കേണ്ടിവരും. പൊതുമേഖലാ സ്ഥാപനങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍, വിദ്യാഭ്യാസ- ആരോഗ്യ മേഖലകള്‍, വൈദ്യുതി എന്നിവയാകും ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുക. പശ്ചാത്തലസൗകര്യവികസനവും ദുര്‍ബലമാകും. വിലനിയന്ത്രണത്തില്‍ ഇടപെടാനും സര്‍ക്കാരിന് കഴിയാതാകും. ധനമന്ത്രിക്ക് ഏറെ പ്രിയങ്കരങ്ങളാണ് റവന്യൂ-ധനകമ്മി പരിധിക്കുള്ളില്‍ നിര്‍ത്തുക എന്നത്. ധന ഉത്തരവാദിത്തനിയമവും പതിമൂന്നാം ധനകമീഷന്റെ മാര്‍ഗരേഖയും, 2013-14ല്‍ ധനകമ്മി ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമായും അതിനടുത്ത വര്‍ഷം റവന്യൂകമ്മി പൂര്‍ണമായും ഇല്ലാതാക്കണമെന്നും നിര്‍ബന്ധിക്കുന്നു.

ലക്ഷ്യം നേടാന്‍ ഒന്നുകില്‍ റവന്യൂവരുമാനം കൂട്ടണം. അല്ലെങ്കില്‍ റവന്യൂചെലവ് ചുരുക്കണം. ഇവ രണ്ടുമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊന്നോ സംഭവിച്ചാല്‍, കടം വാങ്ങുന്നതു കുറയ്ക്കാം. ധനകമ്മി ചുരുക്കാം. ഏതുമാര്‍ഗമാകും ധനമന്ത്രി സ്വീകരിക്കുക? അതറിയാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ട. നികുതി വെട്ടിപ്പുകാരോടുള്ള സൗഹൃദവും യുഡിഎഫിന്റെ പൊതുസാമ്പത്തിക സമീപനവും പരിഗണിക്കുമ്പോള്‍, ചെലവുചുരുക്കല്‍ മാര്‍ഗമാവും സ്വീകരിക്കപ്പെടുക. സര്‍ക്കാര്‍ നിര്‍വഹിച്ചുപോരുന്ന വിവിധ ചുമതലകളില്‍ സ്വകാര്യമേഖലയ്ക്കു പങ്കാളിത്തം ഉറപ്പാക്കാന്‍ ബജറ്റില്‍ ശ്രമമുണ്ടാകും. ഇതിലായിരിക്കും വരും ബജറ്റിന്റെ ഊന്നല്‍. തെരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ ചില ഗിമ്മിക്കുകളും പ്രതീക്ഷിക്കാം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി

Friday, March 29, 2013

ബജറ്റും തൊഴിലുറപ്പും; ഒരു നാടന്‍ വര്‍ത്തമാനം

ധനമന്ത്രി ചിദംബരത്തിന്റെ ബജറ്റ് നാട്ടില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എന്റെ പഞ്ചായത്തിലെ പത്തിരുപത്തഞ്ചോളം തൊഴിലുറപ്പ് സുഹൃത്തുക്കളുമായി കൂടിയിരിക്കാന്‍ കഴിഞ്ഞത്. 2008 മുതല്‍ക്കേ തൊഴിലുറപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതി തുടങ്ങിയശേഷം സ്വന്തം ജീവിതത്തിലും കുടുംബത്തിലും അതെത്രത്തോളം സഹായകമായി എന്നതിനെപ്പറ്റിയൊരു നാടന്‍ വര്‍ത്തമാനമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കട്ടന്‍ ചായയുടെയും ബിസ്കറ്റിന്റെയും ചെറുപഴത്തിന്റേയും സഹായത്തോടെ ഒരു വീട്ടുവരാന്തയിലായിരുന്നു ചര്‍ച്ച. തൊഴില്‍ വച്ചുതന്നെയായിരുന്നു തുടക്കം. ഈ വര്‍ഷം ഇതിനകം തന്നെ നൂറു ദിവസത്തെ തൊഴില്‍ കിട്ടിയവര്‍ക്കായിരുന്നു മുന്‍തൂക്കം. 90-92 ദിനങ്ങളിലൊക്കെ എത്തിയവര്‍ക്ക് ഇനിയും രണ്ടാഴ്ചത്തെ പണി നടക്കുന്നുണ്ട്. ദിവസം 164 രൂപ വീതം 16,400 രൂപ ഇതിനകം പലരും കൈപ്പറ്റിയെന്നറിഞ്ഞപ്പോഴാണ് കണക്കിന്റെ ഇക്മത് തന്നെ പലര്‍ക്കും പിടികിട്ടിയത്.

ഒരു വാര്‍ഡില്‍ 60 പേര്‍ തൊഴിലുറപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍പ്പോലും 16 വാര്‍ഡുകളുള്ള എന്റെ പഞ്ചായത്തിലേക്ക് മാത്രം ഈ ഇന ത്തില്‍ 2012-13 വര്‍ഷത്തില്‍ 1,57,44,000 രൂപ എത്തിച്ചേര്‍ന്നിട്ടുണ്ടാകുമെന്നുകൂടി ഞാന്‍ എന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തി. ഞങ്ങളുടെ നാട്ടിലും അങ്ങാടികള്‍ മാത്രം വളരുന്നതിന് ഇതും ഒരു കാരണമാണ്. ഈ പണംകൊണ്ട് എന്തുചെയ്തു? ചിലര്‍ തുണി വാങ്ങി. ചിലര്‍ പൊന്നിന്റെ മിന്ന് വാങ്ങി. മറ്റു ചിലര്‍ വീട്ടുപാത്രങ്ങള്‍ വാങ്ങി. മറ്റു രീതിയില്‍ കുടുംബം കഴിയാന്‍ വരുമാനമുള്ളവര്‍ ചിലരൊക്കെ ഈ പണം ബാങ്കിലിട്ടു. എന്താണ് എടുത്തുപറയാവുന്ന കാര്യമെന്ന് ഞാന്‍ ചോദിച്ചു. ആഴ്ചയില്‍ ആറ് ദിവസവും വരുന്ന തമിഴ്നാട്ടുകാരായ പണം ഇട പാടുകാരില്‍നിന്നുള്ള മോചനം തന്നെയായിരുന്നു മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത്. അപ്പോള്‍ അതിനെപ്പറ്റിയായി ചര്‍ച്ച. തമിഴ്നാട്ടുകാര്‍ ആറ് ദിവസം വന്നുപോകുന്നു എന്നു കേട്ടപ്പോള്‍തന്നെ എന്റെ സുഹൃത്ത് വസന്ത ഞെട്ടിപ്പോയി. ഞായറാഴ്ച ഒഴികെ ആറ് ദിവസങ്ങളിലും ഞങ്ങളുടെ നാട്ടിന്‍പുറങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന തമിഴ്നാട്ടുകാരായ പണം ഇടപാടുകാരുടെ വരവ് ഇപ്പോള്‍ വളരെ കുറഞ്ഞിരിക്കുന്നു. എങ്കിലും ഇടപാടുകാര്‍ ഇല്ലെന്നല്ല. ഏറെ രസകരമാണ് ഇവരുടെ ഇടപാട് കാര്യം. 1000 രൂപ കടം വാങ്ങിയാല്‍ എപ്പോള്‍ തിരിച്ചുകൊടുത്താലും 1250 രൂപ കൊടുക്കണം. അതിനാല്‍ കഴിയാവുന്നത്ര വൈകിച്ചാണ് എല്ലാവരും കടം വീട്ടുന്നത്.

തമിഴ്നാട്ടുകാരാവട്ടെ, പെണ്ണുങ്ങള്‍ക്ക് മാത്രമാണ് കടം നല്‍കുന്നത്. അല്ലെങ്കില്‍ അവര്‍ മുഖേന പരിചയപ്പെടുന്ന ആണുങ്ങള്‍ക്ക് കടം നല്‍കും. ഇതൊരു വിശ്വാസത്തിന്റെ പ്രശ്നമാണ്. ഈ പണം വാങ്ങുന്നതാകട്ടെ മിക്കപ്പോഴും അത്യാവശ്യങ്ങള്‍ക്ക് തന്നെയാണ്. മരുന്നു വാങ്ങാന്‍, പലചരക്കിന്, വസ്ത്രത്തിന്, വീട്ടുപകരണങ്ങള്‍ക്ക് എന്നിങ്ങനെ. അവിടെയുമുണ്ട് പ്രശ്നങ്ങള്‍. 1000 ത്തിന് 1250 ഈടാക്കുന്ന ഇതേ തമിഴ്നാടുകാരന്‍ തന്നെയാണ് മറ്റൊരു വേഷത്തില്‍ "ഗഡു"വായുള്ള വീട്ടുസാധനങ്ങള്‍ ചുമന്ന് വരുന്നത്. അതിന്റെ വിലയാകട്ടെ, അങ്ങാടിയിലേതിനേക്കാള്‍ ഇരട്ടിയോളമായിരിക്കും. അപ്പോള്‍ അമിത പലിശക്ക് വാങ്ങുന്ന പണംകൊണ്ട് അധികവിലയുടെ സാധനങ്ങള്‍ "ഗഡു"ക്കളായി വാങ്ങുന്നവരായിരുന്നു അവിടെ കൂടിയിരുന്നവരില്‍ നല്ലൊരു ഭാഗവും. എന്നാല്‍ ഇന്നവര്‍ക്ക് തമിഴ്നാട്ടുകാരനെ ആശ്രയിക്കേണ്ടി വരുന്നില്ല. പണം കൈയില്‍ കിട്ടുന്നതിനാല്‍ അങ്ങാടിയില്‍നിന്ന് വില പേശിതന്നെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നു. എന്നാല്‍, ശാരദക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമായിരുന്നു. അത് ഭര്‍ത്താവിനോട് കെഞ്ചാതെതന്നെ അത്യാവശ്യത്തിനുള്ള പണം ഇന്ന് കൈയിലുണ്ട് എന്ന ചങ്കുറപ്പായിരുന്നു അവര്‍ പ്രകടിപ്പിച്ചത്. ഉത്സവത്തിന് പോകാന്‍, ചന്തയില്‍ പോകാന്‍, കണക്കിലധികം കുറച്ച് മീന്‍ വാങ്ങാനൊന്നും ഇപ്പോളവര്‍ ഭര്‍ത്താവിനെ ആശ്രയിക്കുന്നില്ല. സ്വന്തമായിതന്നെ ഒരു വരുമാന സ്രോതസ്സുണ്ടായിരിക്കുന്നു; അതും സര്‍ക്കാരിന്റെ പണം. ആരോടും അടിമപ്പെട്ടു നില്‍ക്കേണ്ടതില്ല. നേരത്തെ താലി പണയം വച്ചായിരുന്നു ചില കാര്യങ്ങളൊക്കെ നടത്തിയിരുന്നത്. ഇപ്പോള്‍ പണയം വയ്ക്കലിനും കുറവ് വന്നിരിക്കുന്നു. തൊഴിലുറപ്പിന്റെ ഔപചാരികതയിലാണ് എല്ലാവരും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചത്.

വര്‍ഷത്തില്‍ നൂറ് ദിവസം കഴിഞ്ഞ് ബാക്കിദിവസങ്ങളില്‍ പണിക്ക് പോകുന്നവരില്‍ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതിക്ക് മുമ്പു തന്നെ നാടന്‍ കൂലിപ്പണിക്ക് പോയിക്കൊണ്ടിരുന്നവരായിരുന്നുവെന്ന് വസന്ത പറഞ്ഞു. തൊഴിലുറപ്പോടെ മാത്രം രംഗത്തേക്കിറങ്ങിയവരൊന്നും മറ്റു ദിവസങ്ങളില്‍ പണിക്ക് പോകുന്നില്ല. എന്നാല്‍ തൊഴിലുറപ്പിന്റെ അതേ നിബന്ധനകളും സാഹ ചര്യങ്ങളും അധ്വാനഭാരവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്വകാര്യ ഭൂമിയിലും പണി ചെയ്യാന്‍ തയാറാണെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ ഒറ്റക്കൊറ്റക്ക് സ്വകാര്യരംഗത്ത് കായികാധ്വാനത്തിന് പോകാന്‍ ആരും തയ്യാറല്ല. പലരും കിട്ടിയ കൂലി ചെലവാക്കിയത് കുടുംബവരുമാനത്തിലേക്കുള്ള അവരുടെ സംഭാവന എന്ന നിലക്ക് തന്നെയാണ്. തൊഴിലുറപ്പില്‍ ഏര്‍പ്പെട്ട വര്‍ക്കിടയില്‍ നാടാകെതന്നെ പുതിയൊരു ബന്ധം വളര്‍ന്നുവരികയാണ്. അവര്‍ക്കിടയില്‍ മാത്രമല്ല; അവരുടെ മക്കള്‍ക്കിടയിലും ഈ ബന്ധം കാണാം. ഇത്തരം ബന്ധങ്ങള്‍ ജാതി-മത ചിന്തകള്‍ക്ക് തന്നെ അതീതമാണ്. സര്‍ക്കാര്‍ ആപ്പീസ്, ബാങ്ക്, പൊതുഇടങ്ങള്‍ എന്നിവയുമായുള്ള വര്‍ധിച്ച ബന്ധം പുതിയൊരു സാമൂഹ്യ അവബോധം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ലക്ഷ്മി പറഞ്ഞ കാര്യം തൊഴിലുറപ്പില്‍ ഏര്‍പ്പെട്ടതോടെ നേരത്തെ അനുഭവപ്പെട്ട പല രോഗങ്ങളും ഇല്ലാതായി എന്നതാണ്. പ്രധാന കാരണം കായികാ ധ്വാനം കൂടിയതും അതുവഴി ശരീരത്തില്‍ വന്ന മാറ്റങ്ങളുമാണ്. പക്ഷേ, ഇവര്‍ക്കെല്ലാം ചില പരാതികളുമുണ്ട്. പലപ്പോഴും 100 ദിവസം തികയുന്നില്ല. 100 തിക ഞ്ഞാല്‍ തന്നെ കൂലി കൃത്യമായി കിട്ടുന്നില്ല. രാവിലെ എട്ട് മണിക്ക്മുമ്പുതന്നെ ഭക്ഷണമൊക്കെ ഉണ്ടാക്കി പോകേണ്ടതിനാല്‍ കുട്ടികളുടെയും വീടിന്റെയും കാര്യം ശ്രദ്ധിക്കാനാകുന്നില്ല. എവിടെ ചെന്നാലും "തൊഴിലുറപ്പുകാര്‍" എന്നൊരു പേര് തന്നെ വന്നുവീണിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഉപജീവനത്തിന് കടം വാങ്ങേണ്ടാത്ത ഒരവസ്ഥ ഇന്ന് മിക്ക കുടുംബങ്ങളിലും നിലവിലുണ്ട്. അതിന് തൊഴിലുറപ്പിനോടൊപ്പം റേഷന്‍ അരിയും ആരോഗ്യ ഇന്‍ഷൂറന്‍സും ഒക്കെ ഏറെ സഹായിച്ചിട്ടുമുണ്ട്. ഇനി നമുക്ക് ചിദംബരത്തിന്റെ ബജറ്റിലേക്ക് തിരിച്ചുവരാം. ഇടതുപക്ഷ കക്ഷികളുടെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് അടക്കമുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വന്നത്. അതിന്റെ കൂടെ നടപ്പാക്കാന്‍ ആവശ്യപ്പെട്ട ഭക്ഷ്യസുരക്ഷാപദ്ധതി ഇപ്പോഴും നിയമത്തിന്റെ തട്ടില്‍തന്നെയാണ്. നാട്ടിന്‍പുറ ത്തെ പാവപ്പെട്ട സ്ത്രീകളില്‍ ജീവിതത്തെപ്പറ്റി ഒരു പ്രതീക്ഷ ഉണര്‍ത്താന്‍ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്താനോ അതിനായി കൂടുതല്‍ പണം നീക്കിവയ്ക്കാനോ എല്ലാ സംസ്ഥാനങ്ങളിലും മിനിമം കൂലി ഉറപ്പു വരുത്താനോ ധനമന്ത്രി തയാറായിട്ടില്ല.

അതേസമയം യുപിഎ സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായി ഇതിനെ വാഴ്ത്തിപ്പാടാന്‍ തങ്ങള്‍ക്ക് കിട്ടുന്ന സമയ മൊന്നും ഇക്കൂട്ടര്‍ പാഴാക്കാറുമില്ല. പുതിയ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി കഴിഞ്ഞ വര്‍ഷത്തെ അതേ തുക (ഏതാണ്ട് 33,000 കോടി) തന്നെയാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ തന്നെ 4000 കോടിയിലധികം ചെലവഴിക്കാതിരിക്കുന്നു. വേണ്ടത്ര തൊഴിലുകള്‍ കണ്ടെത്തുന്നതിനും ജനങ്ങളെ അറിയിക്കുന്നതിനും പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനും സര്‍ക്കാരും അതിന്റെ ഏജന്‍സികളും ശ്രമിക്കാത്തതാണ് ഇതിന് കാരണം. കേരളത്തില്‍ കുടുംബശ്രീ പോലുള്ള വനിതാസംരംഭങ്ങള്‍ നേരത്തെതന്നെ നിലവിലുള്ളതുകൊണ്ടാണ് പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. അത്തരം ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നില്ല.

വിലക്കയറ്റത്തിന്റെ പ്രത്യാഘാതവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കാളികളാകാനുള്ള സാധ്യതയും വച്ച് കണക്കാക്കിയാല്‍ 2013-14 വര്‍ഷ ത്തേക്ക് തൊഴിലുറപ്പിനായി 52,000 കോടി രൂപയെങ്കിലും വകയിരുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിത്യജീവിതത്തിന് കടം വാങ്ങാതെ കഴിഞ്ഞുകൂടാന്‍ സഹായിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് പണം വകയിരുത്താന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തയാറാവാത്തത്. അവിടെയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ധനികപക്ഷപാതിത്വം കൃത്യമായി വെളിച്ചത്തു വരുന്നത്. ഈ വര്‍ഷത്തോടെ വിവിധ ഇനങ്ങളിലായി സമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും നല്‍കിയ ഇളവ് (പ്രചോദനം) 5.73 ലക്ഷം കോടി രൂപയായി കണക്കാക്കിയിരിക്കുന്നു. ഇന്ന് നിയമരൂപത്തില്‍ മാത്രം കഴിയുന്ന ഭക്ഷ്യസുരക്ഷാപദ്ധതി വ്യാപകമായി നടപ്പാക്കിയാല്‍പ്പോലും ധനികര്‍ക്ക് നല്‍കിയ ഇളവിന്റെ പകുതിയോളം തുക മതിയാകുമെന്നാണ് സൂചന.

എന്നാല്‍ പുതിയ ബജറ്റില്‍ ഭക്ഷ്യസുരക്ഷക്കായി വകയിരുത്തിയത് കേവലം 10,000 കോടി രൂപ മാത്രമാണ്. വേണ്ടതിന്റെ ചെറിയൊരു അംശം മാത്രം. രാജ്യം മുന്നേറണമെങ്കില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇനിയും കൂടണമത്രെ. അതിനാകട്ടെ, വിദേശ നിക്ഷേപം വര്‍ധിപ്പിച്ചേ മതിയാകൂ. അതാണ് ധനമന്ത്രിയുടെ നിലപാട്. അതിനായി നേരത്തെതന്നെ ബാങ്ക്, ഇന്‍ഷൂറന്‍സ് രംഗങ്ങളില്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ധാരാളം പാവപ്പെട്ടവര്‍ പണിയെടുക്കുന്ന ചില്ലറ വില്‍പ്പന രംഗത്തേക്കും ഇപ്പോള്‍ വിദേശ കമ്പനികള്‍ വന്നിരിക്കുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ ഒരു ഫണ്ടായി കണക്കാക്കി അത് കൈകാര്യം ചെയ്യാനുള്ള അവകാശം വിദേശ കമ്പനികള്‍ക്ക് കൈവന്നിരിക്കുന്നു. ഒപ്പം സബ്സിഡികള്‍ എല്ലാം വെട്ടിക്കുറയ്ക്കുന്നു.

27,000-ലധികം കോടി രൂപയുടെ സബ്സിഡികളാണ് പുതിയ ബജറ്റില്‍ വേണ്ടെന്നുവച്ചിരിക്കുന്നത്. എണ്ണയുടെ സബ്സിഡിയാണ് കൂടുതലായി കുറച്ചിരിക്കുന്നത്. വളത്തിന്റെ സബ്സിഡി കൂട്ടിയിട്ടില്ല. ഒപ്പം പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവക്കുള്ള വകയിരുത്തലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാമമാത്രമായ വര്‍ധന മാത്രമേ ഉള്ളൂ. കുടിവെള്ളംപോലും സ്വകാര്യവല്‍ക്കരിക്കാന്‍ കമ്പനികള്‍ ഉണ്ടാക്കുകയാണ്. മരുന്നിനാണെങ്കില്‍ പൊള്ളുന്ന വിലയാണ്. ഇക്കാര്യം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ തൊഴിലുറപ്പിനും ഭക്ഷ്യസുരക്ഷക്കുമൊക്കെ പ്രത്യേക നിയമനിര്‍മാണംതന്നെ വേണ്ടിവന്നത്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയെങ്കിലും തൊഴിലും ഭക്ഷണവും എത്തിക്കാനും ജനങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാനും സ്വാതന്ത്ര്യം നേടി 60 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് കഴിയാതെ പോയതുകൊണ്ടാണിത് വേണ്ടിവന്നത്.

ഈ രാജ്യത്ത് നേട്ടങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടല്ല. അവയൊക്കെ ഏതാനും ധനാഢ്യര്‍ സ്വകാര്യ സ്വാത്താക്കി മാറ്റിയതു കൊണ്ടുകൂടിയാണ് ഇങ്ങനെ സംഭവിച്ചത്. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വേണ്ടതിന്റെ മൂന്നിരട്ടിയെങ്കിലും ഭക്ഷ്യധാന്യം ഇപ്പോള്‍ നാം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതേസമയം ജനങ്ങളില്‍ ചുരുങ്ങിയത് മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ഒരുനേരം പോലും നേരെ ചൊവ്വെ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യ കോര്‍പറേഷന്റെ സൂക്ഷിപ്പുശാലകളില്‍ കുമിഞ്ഞുകൂടുകയാണ്. അവയൊക്കെ സ്വകാര്യ കച്ചവടക്കാരെയും കാത്തുകിടക്കുന്നു.

ബിപിഎല്‍ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയില്‍നിന്ന് അരി കയറ്റി അയക്കുന്നത്. ഇവിടെനിന്ന് അരി വാങ്ങുന്ന രാജ്യങ്ങളാകട്ടെ, ആ അരി മൃഗങ്ങള്‍ക്കുള്ള തീറ്റയായിട്ടാണത്രെ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലിന്നും ഭക്ഷണത്തിനും നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതിക്കുവരെ ഇടപെടേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ വളരെ ശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടായതുകൊണ്ടുകൂടിയാവണം വളരെ നാമമാത്രമായ നീക്കിയിരിപ്പുകള്‍ നടത്താന്‍ ധനമന്ത്രി തയാറായത് എന്നുവേണം കരുതാന്‍. മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം എത്തിക്കാന്‍ കഴിയുന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. എന്നാല്‍ നമ്മുടെ കൂടിയിരിപ്പിലെ ശാരദയും ലക്ഷ്മിയും ഇനിയും ഉപജീവനത്തിനായി കെട്ടുതാലി പണയം വെക്കട്ടെ എന്ന അനങ്ങാപ്പാറ നിലപാടിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോയിക്കൊണ്ടിരിക്കുന്നത്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 31 മാര്‍ച്ച് 2013

Thursday, March 28, 2013

വിവാദത്തില്‍ തുടങ്ങി വിവാദത്തില്‍ അവസാനിച്ച ബജറ്റ്

ബജറ്റിനെതിരെ ഭരണപക്ഷത്തു നിന്ന് ആദ്യം വെടി പൊട്ടിച്ചത് ആര്യാടന്‍ മുഹമ്മദായിരുന്നു. വേദി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം. അതിന്റെ പേരില്‍ ആര്യാടന്‍ മന്ത്രിസ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ലീഗ് നേതാവ് കെ. പിഎ മജീദ് രംഗത്തിറങ്ങിയതോടെ വിവാദം കൊഴുത്തു. കെഎസ്ആര്‍ടിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതം 268 കോടി രൂപ ആയിരുന്നു. പ്രതിസന്ധിയുടെ കാലത്ത് പുതിയ ബജറ്റില്‍ അത് 100 കോടിയായി ചുരുങ്ങി. ആര്യാടന്റെ രോഷപ്രകടനം ന്യായമാണ്. പണമില്ല എന്നാണ് ആര്യാടനോട് ധനമന്ത്രിയുടെ പ്രതികരണം. പണത്തിന് പഞ്ഞമുളള കാലത്താണ് ഏതാണ്ട് 750 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ബജറ്റില്‍ വേണ്ടെന്നു വെച്ചത്.

മൂന്നുവര്‍ഷം മുമ്പായിരുന്നു ഭൂമിയുടെ ഫെയര്‍ വാല്യൂ നിശ്ചയിച്ചത്. അന്നു തന്നെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവുവരുത്തുകയും ചെയ്തു. അതേകാരണം പറഞ്ഞ് ഇപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകകളില്‍ വീണ്ടും 25 ശതമാനം കുറവു വരുത്തിയിരിക്കുന്നു. ബജറ്റ് കണക്കു പ്രകാരം 200 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 650-750 കോടിയെങ്കിലും വരും. 3000 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ വരവ്. അതിന്റെ 25 ശതമാനമാണ് വേണ്ടെന്നു വെച്ചത്. കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് ഈ നികുതിയിളവ് ഒരു വര്‍ഷത്തേക്കെങ്കിലും മാറ്റി വെയ്ക്കാമായിരുന്നു. കെഎസ്ആര്‍ടിസിക്ക് വിഹിതം കുറച്ചുകൂടി നല്‍കാമായിരുന്നു. ചെയ്യേണ്ടതു ചെയ്യാതെ, യാതൊരു നീതീകരണവുമില്ലാതെ കെഎസ്ആര്‍ടിസിയുടെ ബജറ്റു വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കെ എം മാണി ചെയ്തത്. ആര്യാടന്‍ എങ്ങനെ ശുണ്ഠിയെടുക്കാതിരിക്കും?

സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നാണ് മറുപടി പ്രസംഗത്തിലെ മാണിയുടെ ന്യായം. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്ന നിലപാട് തികച്ചും പിന്തിരിപ്പനാണ്. ഭൂമിയുടെ വില കൂടുമ്പോള്‍ പ്രത്യേകിച്ചൊരു അധ്വാനവുമില്ലാതെ ഉടമസ്ഥനു നേട്ടമുണ്ടാകുന്നു. അധ്വാനിക്കാതെ ഉണ്ടാകുന്ന ഈ നേട്ടം നികുതിയ്ക്ക് ഏറ്റവും അനുയോജ്യമാണ്. പിന്നെ, കേന്ദ്രസര്‍ക്കാരിനോട് സ്റ്റാമ്പ് ഡ്യൂട്ടി പടിപടിയായി കുറച്ചുകൊണ്ടുവരാമെന്നല്ലാതെ ഇത്ര വര്‍ഷം കൊണ്ട് 5 ശതമാനമാക്കാമെന്ന് ഒരുറപ്പും ആരും നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസിയ്ക്ക് പണമില്ലാത്ത വര്‍ഷം തന്നെ ഈ ഇളവ് വേണ്ടിയിരുന്നോ എന്നാണ് ചോദ്യം. സാധാരണക്കാരായ ഭൂമി ഇടപാടുകാരെ സഹായിക്കാനാണ് നികുതിയിളവ് എന്നാണ് ധനമന്ത്രിയുടെ മറ്റൊരു വിശദീകരണം. എങ്കില്‍ എല്ലാവര്‍ക്കും എന്തിനീ ഇളവു നല്‍കണം? ഇതേ സാധാരണക്കാരുടെ പേരു പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം ഭാഗാധാരങ്ങളുടെ സ്റ്റാമ്പു ഡ്യൂട്ടി പരമാവധി 1000 രൂപയായി നിജപ്പെടുത്തിയത്. 100 ഏക്കര്‍ എസ്റ്റേറ്റ് ഭാഗം ചെയ്യുന്ന വന്‍കിട ഭൂവുടമയും 1000 രൂപ നികുതി നല്‍കിയാല്‍ മതി. വന്‍കിട ഭൂവുടമകളെ സഹായിക്കാനുളള ഈ ഉത്സാഹം കാര്‍ഷികാദായ നികുതി ഒഴിവാക്കിയതിലും കാണാം.

കാര്‍ഷികാദായ നികുതിയില്‍ നിന്ന് വ്യക്തികളെ ഇത്തവണ ഒഴിവാക്കി. 20 ഏക്കറില്‍ താഴെയുളളവര്‍ ഇപ്പോള്‍ത്തന്നെ ആദായനികുതിയില്‍ നിന്ന് പുറത്താണ്. ചെറുകിടക്കാരുടെ പേരു പറഞ്ഞ് വന്‍കിട ഭൂവുടമകളെ സഹായിക്കുകയാണ് ധനമന്ത്രി. സ്റ്റാമ്പ് ഡ്യൂട്ടി സ്വത്തിനു മേലാണ്. കാര്‍ഷികാദായ നികുതി വരുമാനത്തിനു മേലാണ്. ഇവ രണ്ടും വിലക്കയറ്റം ഉണ്ടാക്കില്ല. പക്ഷേ, വാറ്റ് നികുതി ഉല്‍പന്നങ്ങളുടെ മേലാണ്. വാറ്റ് ഉയര്‍ത്തിയാല്‍ വിലയും കൂടും. വിലക്കയറ്റത്തിന്റെ നാളില്‍ ഇതാണ് കെ എം മാണിയുടെ "ധനകാര്യ ബുദ്ധി". കഴിഞ്ഞ വര്‍ഷം വാറ്റ് നികുതി 12.5 ശതമാനത്തില്‍ നിന്ന് 13.5 ശതമാനമാക്കി. ഇപ്പോഴത്തെ ബജറ്റില്‍ അതു വീണ്ടും 14.5 ശതമാനമാക്കി ഉയര്‍ത്തി. അതുവഴി ജനങ്ങള്‍ വഹിക്കേണ്ട അധികഭാരം 2000 കോടി രൂപ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 18.5 ശതമാനമായിരുന്നു നികുതി വരുമാന വര്‍ദ്ധന. പക്ഷേ, ഒരിക്കല്‍പ്പോലും നിരക്കു വര്‍ദ്ധിപ്പിച്ചിട്ടില്ല. നികുതി നിരക്കുകള്‍ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉപദേശിച്ചിട്ടും വഴങ്ങിയില്ല. എന്നാല്‍ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വരുമാനവര്‍ദ്ധന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തോതില്‍ നിലനിര്‍ത്താനേ കെ. എം. മാണിക്ക് കഴിഞ്ഞിട്ടുളളൂ. ഇതിനര്‍ത്ഥം നികുതി ചോര്‍ച്ച രൂക്ഷമായിരിക്കുന്നു എന്നാണ്.

എല്ലാവര്‍ഷവും നികുതിനിരക്ക് കൂട്ടിക്കൊണ്ടിരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ വരുമ്പോള്‍ നികുതി വരുമാനവര്‍ദ്ധന മുരടിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10 ശതമാനം വീതമാണ് നികുതി വരുമാനം ഉയര്‍ന്നിരുന്നതെന്ന് കൂട്ടി വായിക്കുക. ബജറ്റ് വിവാദത്തില്‍ വിചിത്രമായ ഒരു ഇടപെടല്‍ ഉണ്ടായത് മന്ത്രി മുനീറിന്റെ ഭാഗത്തു നിന്നായിരുന്നു. ആര്യാടനെതിരെ രംഗത്തുവന്ന അദ്ദേഹം, തന്റെ വകുപ്പിനു കിട്ടേണ്ട അര്‍ഹമായ വിഹിതം ലഭിച്ചു എന്നും താന്‍ തൃപ്തനാണെന്നും പ്രസ്താവിച്ചു. കഷ്ടം. 4000 കോടി രൂപയാണ് ഈ ബജറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നീക്കിവെച്ചിട്ടുളളത്. ഇത് വാര്‍ഷിക പദ്ധതിയായ 17000 കോടി രൂപയുടെ 23.5 ശതമാനമേ വരൂ. സംസ്ഥാന ഫിനാന്‍സ് കമ്മിഷന്‍ തീര്‍പ്പു പ്രകാരം 28.5 ശതമാനമാണ് ഈ വര്‍ഷം നല്‍കേണ്ടത്. അടുത്ത വര്‍ഷം 30 ശതമാനവും. ജനകീയാസൂത്രണം ആരംഭിച്ചതിനുശേഷം ആദ്യമായി ധനകാര്യ കമ്മിഷന്‍ തീര്‍പ്പ് ലംഘിക്കപ്പെട്ടു. മൊത്തം പദ്ധതി അടങ്കലിന്റെ 28.5 ശതമാനം നല്‍കുന്നതിനു പകരം കെഎസ്ഇബിയുടെ അടങ്കല്‍ ഒഴിവാക്കിയാണ് കണക്കു കൂട്ടിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി ഇതറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് സമ്പൂര്‍ണ തൃപ്തി വന്നത്. ഇത്തവണയും കേന്ദ്രസര്‍ക്കാരിന്റെ ഐഎവൈ വീടുകള്‍ക്ക് അധികപണം എങ്ങനെയാണ് ലഭ്യമാക്കുക എന്ന് ഉറപ്പുനല്‍കാന്‍ ധനമന്ത്രി തയ്യാറല്ല. വീടൊന്നിനു 2-2.5 ലക്ഷം രൂപ നല്‍കണം. പക്ഷേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60,000 രൂപയേ നല്‍കൂ. ബാക്കി തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഈ വിഹിതം ഏതാണ്ട് 800 കോടിയോളം രൂപ വരും. അതിനുളള കഴിവ് തദ്ദേശസ്ഥാപനങ്ങള്‍ക്കില്ല. ഫലം, നടപ്പുവര്‍ഷത്തില്‍ ഒരൊറ്റ ഐഎവൈ വീടുപോലും നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബാങ്കുവായ്പ വേണ്ടെന്നു വെച്ചതോടെ ഇഎംഎസ് പാര്‍പ്പിടങ്ങളുടെ കുടിശിക തീര്‍ക്കാനേ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു കഴിയൂ. എന്നിട്ടും പഞ്ചായത്തു മന്ത്രിക്കു തൃപ്തിയാണ്. കൃഷിയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായുളള വകയിരുത്തല്‍ നടപ്പുവര്‍ഷം മൊത്തം വികസനച്ചെലവിന്റെ 9.41 ശതമാനം ആയിരുന്നു. ഇപ്പോഴത്തെ ബജറ്റിലാകട്ടെ കൃഷിയുടെ വിഹിതം 8.7 ശതമാനമായി ചുരുങ്ങി. കൃഷിയുടെ അടങ്കലില്‍ കേവലം 12 ശതമാനം വര്‍ദ്ധനയേ ഉളളൂ. കൃഷി മന്ത്രിയ്ക്കും തൃപ്തി. വ്യവസായമേഖലയ്ക്ക് നടപ്പു വര്‍ഷത്തില്‍ 902 കോടി രൂപ വകയിരുത്തിയിരുന്നു. ഇപ്പോഴോ 915 കോടി രൂപ മാത്രം. വ്യവസായത്തിന്റെ വിഹിതം 2.47 ശതമാനത്തില്‍ നിന്നും 2.01 ശതമാനമായി താണു. കുഞ്ഞാലിക്കുട്ടിയും തൃപ്തനാണ്! മത്സ്യമേഖലയ്ക്കു നീക്കിവെച്ചിരുന്ന തുക വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ പളളിപോലും സമരത്തിലാണ്. പരമ്പരാഗത മേഖലകളെയും തഴഞ്ഞിരിക്കുന്നു. ക്ഷേമനിധിയുടെ പെന്‍ഷനുകള്‍ ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നില്ല. ഏതായാലും മറുപടി പ്രസംഗത്തില്‍ ഇവയും നൂറു രൂപ വെച്ചു വര്‍ദ്ധിപ്പിച്ചത് നന്നായി. പക്ഷേ, മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കണമെന്നാണ് ഡിമാന്റ്. തങ്ങളുടെ മണ്ഡലങ്ങളോടുളള അവഗണനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുകയില്ല എന്നു പ്രഖ്യാപിച്ചു. യാഥാര്‍ത്ഥ്യം അറിയുമ്പോള്‍ എല്ലാ എംഎല്‍എമാരും പ്രതിഷേധിക്കും. ഓരോ മണ്ഡലത്തിലും 5 കോടിയുടെ ആസ്തി നിര്‍മ്മാണഫണ്ട് കഴിഞ്ഞ വര്‍ഷം അനുവദിച്ചു. എല്ലാ വര്‍ഷവും ഈ സ്കീം തുടരുമെന്നും പറഞ്ഞു. 700 കോടി വേണം. ബജറ്റ് രേഖകള്‍ പരതിയിട്ടും ഇതു കണ്ടെത്താനായിട്ടില്ല. ഏതായാലും ഈ സ്കീം തുടരുമെന്ന് മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. പണം വ്യത്യസ്തവകുപ്പുകളിലായി വകയിരുത്തിയിട്ടുണ്ടത്രേ. ബജറ്റ് അവതരണ ദിവസം മുതല്‍ ഞാന്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന വിമര്‍ശനത്തിന് ഇപ്പോഴെങ്കിലും ഒരു മറുപടി കണ്ടെത്താന്‍ കഴിഞ്ഞത് നന്നായി. മൂലധനച്ചെലവിന് വായ്പയെടുത്താല്‍ ആരും കുറ്റം പറയില്ല. വായ്പ ബാധ്യത സൃഷ്ടിക്കും. പക്ഷേ അതു മൂലധനച്ചെലവിനാണെങ്കില്‍ ബദലായി തുല്യ ആസ്തിയും സൃഷ്ടിക്കും. അതുകൊണ്ട് കടം ഭാവിയുടെ മേല്‍ ജഡഭാരം ആവില്ല. പക്ഷേ, ധനമന്ത്രി ഇതിനു തയ്യാറല്ല. നമ്മള്‍ പാസാക്കിയ ധനഉത്തരവാദിത്വ നിയമം, സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3ശതമാനം വരെ വായ്പയെടുക്കാന്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ധനക്കമ്മി 2.82 ശതമാനമാണ്. നടപ്പുവര്‍ഷം ധനക്കമ്മി 3.12 ശതമാനം ആയിരിക്കുമെന്നാണ് പുതുക്കിയ കണക്ക്. ധനക്കമ്മി ഈ തോതില്‍ നിലനിര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരിനുപോലും വിമര്‍ശിക്കാനാവില്ല. അവരുടെ ധനക്കമ്മി 4.8 ശതമാനമാണ്. ധനക്കമ്മി നടപ്പുവര്‍ഷത്തെ തോതില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ 1261 കോടി രൂപ അധികവരുമാനമുണ്ടാകുമായിരുന്നു. എന്തെല്ലാം പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാമായിരുന്നു!

സംസ്ഥാന സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിലേറെയാണെന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം. കെ. എം. മാണി പറയുന്നതു പോലെ ഇത് യുഡിഎഫ് ഭരണത്തിന്റെ നേട്ടമൊന്നുമല്ല. ഭരണം മാറുന്നതിനനുസരിച്ച് മാറുന്ന ഒന്നല്ല സാമ്പത്തിക വളര്‍ച്ച. അതിന് ദീര്‍ഘകാല സാമ്പത്തിക ഉത്തേജക ഘടകങ്ങളുണ്ട്. അതിരിക്കട്ടെ. ഉല്‍പാദന മേഖലയുമായി ഈ സാമ്പത്തിക വളര്‍ച്ചയ്ക്കു ബന്ധമില്ല എന്നുളളതാണ് നമ്മുടെ ദൗര്‍ബല്യം. ഇതു പരിഹരിക്കണമെങ്കില്‍ ഭൗതികവും സാമൂഹ്യവുമായ പശ്ചാത്തലസൗകര്യങ്ങള്‍ അടിയന്തരമായി സൃഷ്ടിക്കണം. ഇതിന് വലിയ തോതിലുളള സര്‍ക്കാരിന്റെ ഇടപെടലും മുതല്‍മുടക്കും അനിവാര്യമാണ്. പക്ഷേ, ചുമതല ഏറ്റെടുക്കുന്നതിന് ധനമന്ത്രി വിസമ്മതിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വായ്പ മാത്രമെടുത്ത് നല്ലപിളള ചമയാനാണ് അദ്ദേഹത്തിനു താല്‍പര്യം. ബജറ്റ് മറുപടി പ്രസംഗത്തില്‍ ധനക്കമ്മി 3 ശതമാനമാക്കണമെന്ന ആവശ്യം ധനമന്ത്രിയും അംഗീകരിച്ചു. ബജറ്റ് പ്രസംഗത്തില്‍ അധികമായി പ്രഖ്യാപിക്കപ്പെട്ട ചെലവു കൂടി വരുമ്പോള്‍ കമ്മി മൂന്നു ശതമാനത്തില്‍ അധികരിക്കും എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.

ബജറ്റ് ചര്‍ച്ചകളില്‍ ധനമന്ത്രി സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു. കമ്മി കുറയ്ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ഭരണകക്ഷി അംഗങ്ങള്‍ നിയമസഭയില്‍ പ്രസംഗിച്ചത്. പക്ഷേ, ധനക്കമ്മി കുറയ്ക്കാന്‍ തീരുമാനിച്ചതുകൊണ്ടായില്ല, അതിനു ചില നടപടികള്‍ കൂടി എടുക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വായ്പകളെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ ധനക്കമ്മി 3 ശതമാനത്തിലെത്തിക്കാന്‍ കഴിയുകയില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വായ്പകളോടൊപ്പം ട്രഷറി സേവിംഗ്സ് ബാങ്കുവഴി നിക്ഷേപം സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാല്‍ മാത്രമേ ധനക്കമ്മി കുറയ്ക്കാനാവൂ. നമ്മുടെ മൂലധനച്ചെലവ് ഉയര്‍ത്തുന്നതിന് ട്രഷറി സേവിംഗ്സ് ബാങ്കിനെ ഉപയോഗപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി വലിയ തോതില്‍ ട്രഷറി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു.

2010-11ലെ ബജറ്റില്‍ 2524 കോടി രൂപയാണ് ട്രഷറി ഡെപ്പോസിറ്റു വഴി സമാഹരിച്ചത്. ഇപ്പോഴത്തെ ബജറ്റില്‍ 470 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ പബ്ലിക് അക്കൗണ്ടിലൂടെ വകയിരുത്തിയിട്ടുളളത്. ധനമന്ത്രി ചെയ്ത ഏറ്റവും വലിയ പാതകം ട്രഷറി സേവിംഗ്സ് ബാങ്കിനെ തകര്‍ത്തു എന്നതാണ്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറികളിലെ അക്കൗണ്ടുവഴി നല്‍കിയാല്‍ 1000 - 2000 കോടി രൂപയുടെ കാഷ് ബാലന്‍സ് ട്രഷറിയില്‍ ലഭ്യമായേനെ. ഇതിനാണ് ട്രഷറിയിലും സര്‍ക്കാര്‍ ഓഫീസുകളിലും എടിഎം സംവിധാനത്തെക്കുറിച്ചെല്ലാം നാം ആലോചിച്ചത്. എന്നാല്‍ ഈ പണം കെ. എം. മാണി ബാങ്കുകള്‍ക്ക് ഇഷ്ടദാനം ചെയ്തു. ശമ്പളവും പെന്‍ഷനും ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാക്കുകയാണ് മന്ത്രി സ്ഥാനം ഏറ്റശേഷം വരുത്തിയ ആദ്യപരിഷ്കാരങ്ങളിലൊന്ന്.

സര്‍ക്കാര്‍ വകുപ്പുകളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും തങ്ങളുടെ കാഷ് ബാലന്‍സ് ട്രഷറിയില്‍ സൂക്ഷിക്കണമെന്നുപോലും ഇപ്പോള്‍ ശഠിക്കുന്നില്ല. ചുരുക്കത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ യാഥാസ്ഥിതികധനനയം കേരളത്തിന്റെ ഇന്നത്തെ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പര്യാപ്തമല്ല. ബജറ്റു ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ഭരണകക്ഷി അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ക്കു പരിഹാരം കാണാന്‍ ഒരു ശ്രമം ധനമന്ത്രി നടത്തി. ഭരണകക്ഷി എംഎല്‍എമാര്‍ ചോദിച്ച വികസനകാര്യങ്ങള്‍ ഓരോന്നോരോന്നായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ഒന്നുമില്ല. ഇതുസംബന്ധിച്ച മുറുമുറുപ്പ് മറുപടി പ്രസംഗം പകുതിയായപ്പോഴേയ്ക്കും പൊട്ടിത്തെറിയായി. ബജറ്റ് ചര്‍ച്ച അവസാനിച്ചത് ബഹളത്തിലും വാക്കൗട്ടിലുമാണ്. ഇതും ഒരു റെക്കോഡാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത 29 മാര്‍ച്ച് 2013

Wednesday, March 27, 2013

ജലരേഖയാകുന്ന തൊഴിലുറപ്പ് പെന്‍ഷന്‍

ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. തൊഴിലാളികളില്‍ വലിയതോതിലുള്ള വ്യാമോഹം സൃഷ്ടിക്കാനേ ഈ പ്രഖ്യാപനം ഉപകരിക്കൂ. ഈ പെന്‍ഷന്‍പദ്ധതി യഥാര്‍ഥത്തില്‍ ഒരു തട്ടിപ്പാണ്. ഇതിലൂടെ തൊഴിലാളികളെ യുഡിഎഫ് സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്.

ബജറ്റില്‍ ഇങ്ങനെ പ്രതിപാദിക്കുന്നു. ""പ്രതിവര്‍ഷം 100 ദിവസം ജോലിചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി നടപ്പിലാക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തൊഴിലാളികളുടെയും സംയുക്ത പങ്കാളിത്തത്തോടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ വര്‍ഷം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുസ്തകങ്ങളും മറ്റും വാങ്ങുവാനും 1000 രൂപ സഹായധനം സര്‍ക്കാര്‍ നല്‍കുകയുണ്ടായി. ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ പുതിയ പദ്ധതിയിലെ സര്‍ക്കാര്‍ വിഹിതമായിരിക്കും. അതോടൊപ്പം സ്വാവലംബന്‍ പദ്ധതിയില്‍ 1000 രൂപ കേന്ദ്രവിഹിതമായും പ്രസ്തുത പെന്‍ഷന്‍ പദ്ധതിയിലേക്ക് നിക്ഷേപിക്കപ്പെടും. പുറമെ, തൊഴിലാളിവിഹിതവും ഈ പദ്ധതിയിലേക്ക് വര്‍ഷംതോറും നിക്ഷേപിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ അവരുടെ അക്കൗണ്ടിലുളള തുകയുടെ ആനുപാതികമായി പ്രതിമാസ പെന്‍ഷന്‍ ആജീവനാന്തം ലഭിക്കുന്നതായിരിക്കും. ഇതിനുപുറമെ, 100 ദിവസം ജോലിചെയ്യുന്ന എല്ലാ സ്ത്രീത്തൊഴിലാളികള്‍ക്കും ഓണത്തോടനുബന്ധിച്ച് 400 രൂപയില്‍ അധികരിക്കാത്ത ഓണക്കോടി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണ്. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു.""

പെന്‍ഷന്‍ പ്രതിവര്‍ഷം 100 ദിവസം ജോലിചെയ്യുന്ന സ്ത്രീത്തൊഴിലാളികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിയമപ്രകാരം ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി 100 ദിവസം തൊഴിലാണ് നിലവില്‍ ലഭിക്കുക. ഈ പെന്‍ഷന്‍ പദ്ധതി വ്യക്തികള്‍ക്കാണോ? അതല്ല കുടുംബത്തിനാണോ? 100 ദിവസം ജോലിചെയ്ത ഒരു കുടുംബത്തിലെ സ്ത്രീത്തൊഴിലാളിക്കാണ് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ലഭിച്ചത്. അതും സംസ്ഥാനത്ത് നാമമാത്രമായ തൊഴിലാളികള്‍ക്കു മാത്രമേ ലഭിച്ചുള്ളൂ. പെന്‍ഷനും ഇതേ രീതിയിലല്ലേ? 2012-13 വര്‍ഷത്തില്‍ 100 ദിവസം പ്രവൃത്തിചെയ്ത സ്ത്രീത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും പുസ്തകങ്ങളും പഠനോപകരണങ്ങളും മറ്റും വാങ്ങുന്നതിനുമാണ് സഹായം നല്‍കിയത്. ഈ വര്‍ഷം പെന്‍ഷന്‍ പദ്ധതിയിലേക്ക് സംസ്ഥാനവിഹിതമായി കഴിഞ്ഞ വര്‍ഷം നല്‍കിയ 1000 രൂപ നല്‍കുമെന്നാണ് മന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 1000 രൂപ കേന്ദ്രപദ്ധതിയായ "സ്വാവലംബന്‍" പദ്ധതിയില്‍നിന്ന് നല്‍കുമെന്നും പറയുന്നു. ഇത് നടക്കാന്‍ പോകുന്നതാണോ? മാത്രമല്ല, ഒരു വര്‍ഷം 100 ദിവസം തൊഴില്‍ കിട്ടിയവര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 100 ദിവസം തൊഴില്‍ ലഭിക്കണമെന്നില്ല. അങ്ങനെ വരുമ്പോള്‍ കേന്ദ്ര-സംസ്ഥാന വിഹിതം തുടര്‍ച്ചയായി ലഭിക്കുമെന്നതിന് എന്താണുറപ്പ്? സംസ്ഥാനത്ത് 100 ദിവസം തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും ഈ രംഗത്ത് കാര്യക്ഷമമായി ഇടപെടുന്നില്ല. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നില്ല. കൃത്യമായി തൊഴിലും വേതനവും നല്‍കുന്നില്ല. ഒട്ടേറെ പ്രയാസങ്ങള്‍ നിലനില്‍ക്കുന്നു.

100 ദിവസം തുടര്‍ച്ചയായി തൊഴില്‍ കിട്ടാത്ത സന്ദര്‍ഭങ്ങളില്‍ പെന്‍ഷന്‍ പദ്ധതിയുടെ സ്ഥിതി എന്തായിരിക്കും? നല്‍കാന്‍ വേണ്ടി പ്രഖ്യാപിച്ചതല്ല ഈ പെന്‍ഷന്‍ എന്ന് വ്യക്തം. ഇതിനുപുറമെ പദ്ധതിയിലേക്ക് തൊഴിലാളികളുടെ വിഹിതവും വര്‍ഷംതോറും നിക്ഷേപിക്കണം. ഇതിലും ഒട്ടേറെ അവ്യക്തതകള്‍ കാണാം. ഇന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് മൊത്തം രജിസ്റ്റര്‍ചെയ്ത കുടുംബങ്ങളുടെ എണ്ണം 25,07,794 ആണ്. ഇതില്‍ കേവലം 2,72,843 കുടുംബങ്ങള്‍ക്കു മാത്രമാണ് 100 ദിവസം തൊഴില്‍ ഇതുവരെ ലഭിച്ചത്. ഇവര്‍ക്കുതന്നെയും പ്രഖ്യാപനപ്രകാരം പെന്‍ഷനുള്ള അര്‍ഹത ഉണ്ടാകില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തൊഴിലാളികളുടെയും സംയുക്തപങ്കാളിത്തത്തോടെയുള്ള പെന്‍ഷനാണ് നടപ്പില്‍ വരുത്തുന്നത്. അവിദഗ്ധ തൊഴിലാളികള്‍ക്കുപോലും പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുന്നത് തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയാണ്. അറുപതു വയസ്സ് കഴിയുമ്പോള്‍ അവരുടെ അക്കൗണ്ടിലുള്ള തുകയ്ക്ക് ആനുപാതികമായി പെന്‍ഷന്‍ ആജീവനാന്തം ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ 18 വയസ്സുള്ള അവിദഗ്ധതൊഴിലാളികള്‍ക്കാണ് ജോലി നല്‍കുക. എത്ര വയസ്സുവരെ ജോലിചെയ്യാമെന്ന ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നല്ലതുപോലെ ചര്‍ച്ചചെയ്തും പഴുതുകളടച്ചും എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തിയുമാകണം പദ്ധതി നടപ്പാക്കാന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയതാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി. വ്യവസ്ഥകളെല്ലാം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേതു തന്നെ. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ പദ്ധതി മരവിപ്പിച്ചു. 2012-13 വര്‍ഷത്തെ ബജറ്റില്‍ അഞ്ചുകോടി രൂപമാത്രമാണ് യുഡിഎഫ് വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരെ ശ്രദ്ധിച്ചില്ല. തുടര്‍ച്ചയായ സമരത്തിന്റെയും സമ്മര്‍ദത്തിന്റെയും ഭാഗമായി 2013 ഫെബ്രുവരി, മാര്‍ച്ച് മാസത്തിലാണ് നഗരസഭകള്‍ക്ക് നാമമാത്രമായ തുക നല്‍കിയത്. നീക്കിവച്ച അഞ്ചുകോടി രൂപപോലും ചെലവാക്കാനുള്ള ആത്മാര്‍ഥത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ വര്‍ഷം ബജറ്റില്‍ 12.16 കോടിരൂപയാണ് നീക്കിവച്ചത്. ഈ പദ്ധതി ഈ വര്‍ഷവും നടപ്പാക്കില്ല എന്ന് വ്യക്തം. ഈ ചുറ്റുപാടില്‍ തൊഴിലുറപ്പ് പെന്‍ഷന്‍ നഗരപ്രദേശങ്ങളിലെ തൊഴിലാളികള്‍ക്കും ബാധകമാക്കണം. ചുരുക്കത്തില്‍ തൊഴിലുറപ്പ് രംഗത്ത് പ്രഖ്യാപിച്ച പെന്‍ഷന്‍ ജലരേഖയായി അവശേഷിക്കും. സര്‍ക്കാരിന് കൊട്ടിഘോഷിക്കാനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചു എന്നുമാത്രം. നൂറുദിവസം തൊഴിലെടുക്കുന്ന സ്ത്രീത്തൊഴിലാളികള്‍ക്ക് 400 രൂപയില്‍ അധികരിക്കാത്ത ഓണക്കോടി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രനിയമപ്രകാരം ഒരു കുടുംബത്തിനാണ് ഒരു വര്‍ഷം കുറഞ്ഞത് 100 ദിവസം തൊഴില്‍. ഇവിടെ 100 ദിവസം തൊഴിലെടുക്കുന്ന സ്ത്രീത്തൊഴിലാളിക്കുമാത്രമേ ഓണക്കോടി നല്‍കൂവെന്ന നിര്‍ദേശം സ്വീകാര്യമല്ല. 100 ദിവസം തൊഴില്‍ ലഭിച്ച എല്ലാ കുടുംബങ്ങള്‍ക്കും ഓണക്കോടി നല്‍കണം.

തൊഴിലുറപ്പില്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും സംസ്ഥാനത്തെ ഇതര മേഖലകളില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍പോലെയുള്ള പെന്‍ഷന്‍ പദ്ധതിയാണ് നടപ്പാക്കേണ്ടത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 1000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കണം. അതോടൊപ്പം അടിയന്തരമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം. ധനമന്ത്രി പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയിലെ അപാകതകളും അവ്യക്തതകളും ദൂരീകരിക്കണമെന്നും ക്ഷേമനിധി അടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 30ന് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുമ്പിലും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഉപവസിക്കും.
*
എം വി ബാലകൃഷ്ണന്‍ (എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Friday, March 22, 2013

ബജറ്റിന്റെ തനി നിറം

കേരള നിയമസഭയില്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ് അടിസ്ഥാനമില്ലാത്ത കണക്കുകള്‍കൊണ്ടുള്ള മായാജാലം മാത്രമാണെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിഘട്ടംതന്നെ തെളിയിച്ചിരിക്കുന്നു.

മുന്നൂറുകോടിയോളം രൂപയുടെ അധികചെലവു പ്രഖ്യാപനം നടത്തിയിട്ടുണ്ട് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി. ഈ ചെലവിനുള്ള തുക എവിടെനിന്നു കിട്ടും? 2013-14 വര്‍ഷത്തേക്കുള്ള വരവിന്റെ എസ്റ്റിമേറ്റ് ബജറ്റിലുണ്ട്. ആ എസ്റ്റിമേറ്റിനുള്ളില്‍ നിന്നുള്ള ചെലവുകളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. അതിനുപുറമെ 300 കോടി രൂപകൂടി ചെലവിടണമെങ്കില്‍ ബജറ്റ് റവന്യൂ 300 കോടി കണ്ട് വര്‍ധിക്കണം. അത് ഏത് വഴിയിലൂടെ വര്‍ധിക്കും? ഈ ചോദ്യത്തിന് ധനമന്ത്രി ഒരു ഉത്തരവും തരുന്നില്ല.

കമ്പോള കടമെടുപ്പിന്റെ പരിധി പരമാവധി ഉപയോഗിക്കുന്ന തരത്തിലുള്ള ബജറ്റാണ് മാണി അവതരിപ്പിച്ചത്. കേന്ദ്രത്തില്‍നിന്നുള്ള നികുതി ഓഹരിവരുമാനത്തില്‍ ചില്ലിപ്പൈസയുടെ വര്‍ധന ബജറ്റ് എസ്റ്റിമേറ്റിനുമേലെ പ്രതീക്ഷിക്കാനില്ല. അപ്പോള്‍പ്പിന്നെ ഒരു മാര്‍ഗമേയുള്ളൂ; വരവു കൂട്ടണമെങ്കില്‍ അത് ജനങ്ങള്‍ക്കുമേലുള്ള നികുതിഭാരം, കൂട്ടേണ്ട വരവിന് ആനുപാതികമായി വര്‍ധിപ്പിക്കുക എന്നതാണ്. 300 കോടിയുടെ ചെലവു പ്രഖ്യാപിക്കുമ്പോള്‍, 300 കോടി ഏതോ രഹസ്യ-പരോക്ഷ മാര്‍ഗത്തിലൂടെ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ പോകുന്നു എന്നാണ് അര്‍ഥമാക്കേണ്ടത്. അത് ഏതുവഴിയെന്നു ധനമന്ത്രി പറയുന്നില്ല എന്നേയുള്ളൂ. അധിക ചെലവിനുള്ള 300 കോടി എങ്ങനെയുണ്ടാക്കുമെന്ന് വിശദീകരിക്കാത്തിടത്തോളം ധനമന്ത്രി നികുതിനിര്‍ദേശമടക്കമുള്ള കാര്യങ്ങളില്‍ എന്തൊക്കെയോ നിയമസഭയില്‍നിന്ന് മറച്ചുവയ്ക്കുന്നു എന്നു വേണം കരുതാന്‍. രഹസ്യമായ നികുതിഭാര വര്‍ധനതന്നെയാണ് ധനമന്ത്രി ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അത് ജനാധിപത്യവിരുദ്ധമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ബജറ്റ് ചര്‍ച്ചചെയ്ത നിയമസഭയോടുള്ള അവഹേളനവുമാണത്. കാരണം, ഈ അധികനികുതി സമാഹരണം നിയമസഭയ്ക്ക് ചര്‍ച്ചചെയ്യാന്‍ അവസരമില്ല. ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ചല്ലാതെ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയെക്കുറിച്ച് സഭയില്‍ ചര്‍ച്ചയില്ലല്ലോ. ഈ നികുതിവര്‍ധന ബജറ്റിലൂടെ വന്നിരുന്നുവെങ്കില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ സഭയ്ക്ക് അത് പരിശോധിക്കാമായിരുന്നു; അതേക്കുറിച്ച് അഭിപ്രായം പറയാമായിരുന്നു.

ബജറ്റ് ചര്‍ച്ച പൂര്‍ണമായി എന്ന് ഉറപ്പുവരുത്തിയിട്ട് മറുപടിപ്രസംഗവേളയില്‍ പുതിയ നികുതി സമാഹരണം പ്രഖ്യാപിച്ചാല്‍ അത് സഭയ്ക്ക് ചര്‍ച്ചചെയ്യാന്‍ അവസരമെവിടെ? അതുകൊണ്ടാണ് ഇത്സഭയുടെ അവകാശത്തിന്റെ ലംഘനവും സഭയോടുള്ള അവഹേളനവുമാവുന്നത്. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ലോക്സഭയിലായാലും നിയമസഭയിലായാലും സ്വാഭാവികമാണ്. ചര്‍ച്ചാവേളയില്‍ പ്രകടമാവുന്ന പൊതുവികാരം മാനിച്ചാണ് ഇളവുകള്‍ പ്രഖ്യാപിക്കുക. എന്നാലിവിടെ അതല്ല നടക്കുന്നത്. കൂടുതല്‍ വരവ് ഉറപ്പാക്കിക്കലല്ലാതെ നടത്താന്‍ പറ്റാത്ത ചെലവുകള്‍ പ്രഖ്യാപിക്കുകയാണ് മന്ത്രി. ഈ ചെലവിനുള്ള പണം എവിടെനിന്ന്? അതിന് സഭയോട് മന്ത്രി ഉത്തരം പറഞ്ഞേ പറ്റൂ. ആ ഉത്തരത്തില്‍നിന്ന് വെളിവാകുക 300 കോടി രൂപ അധികമായി സമാഹരിക്കാന്‍ പാകത്തില്‍ ജനങ്ങളെ പിഴിയുന്നതിനുള്ള നിര്‍ദേശങ്ങളായിരിക്കുമെന്നത് തീര്‍ച്ച. ഇത് ബജറ്റില്‍നിന്ന് മറച്ചുപിടിച്ചുള്ള നിര്‍ദേശങ്ങളാണ്. ആ രഹസ്യാത്മകത പര്‍ലമെന്ററി ജനാധിപത്യത്തില്‍ പാടുള്ളതല്ല; സഭയെ അവഹേളിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും തുല്യമാണത്.

ബജറ്റിന്റെ ഭാഗമായി 1400 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ വന്നുവീണിരുന്നു. ഇതു മാത്രമേ സഭ ചര്‍ച്ചചയ്തിട്ടുള്ളൂ. ആ ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് അതിനുപുറമെ 300 കോടി രൂപകൂടി ജനങ്ങളില്‍നിന്ന് ഈടാക്കേണ്ട വിധത്തിലുള്ള ചെലവു നിര്‍ദേശങ്ങള്‍ മന്ത്രി പ്രഖ്യാപിക്കുന്നത്. ബജറ്റ് ഭാരം കൃത്രിമമായി ലഘൂകരിച്ചു കാട്ടി സഭയെ കബളിപ്പിക്കലല്ലാതെ മറ്റെന്താണിത്? 300 കോടിയോളം രൂപയുടെ അധികബാധ്യത ബജറ്റിന്റെ ഭാഗമായിത്തന്നെ വന്നിരുന്നു. അതിനുപുറമെയാണ് പുതുതായി മറ്റൊരു 300 കോടിയുടെ ബാധ്യത വരുന്നത്. ബജറ്റില്‍ മറച്ചുപിടിച്ച ഭാരമാണിത്. ഈ തുക സമാഹരിക്കാനുള്ള വഴികള്‍ ധനമന്ത്രിക്കു മുന്നിലും ഇല്ല എന്നാണെങ്കില്‍ ഈ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയാണെന്നു വരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍കൊണ്ട് സഭയെ തെറ്റിദ്ധരിപ്പിക്കാമോ എന്ന ചോദ്യം അതിനനുബന്ധമായി ഉയര്‍ന്നുവരും. ഇനി, ഏതെങ്കിലുമൊക്കെ വിധത്തില്‍ പണം ചെലവാക്കുമെന്നുതന്നെ വയ്ക്കുക. അങ്ങനെ ചെലവാക്കിയാല്‍ കമ്മി കൂടണം. അപ്പോള്‍ ബജറ്റ് എസ്റ്റിമേറ്റ് അപ്പാടെ തകിടംമറിയും. അയഥാര്‍ഥമായ കണക്കുകള്‍കൊണ്ട് സഭയെ തെറ്റിദ്ധരിപ്പിക്കാമോ എന്ന ചോദ്യമാവും അപ്പോള്‍ അനുബന്ധമായി ഉയര്‍ന്നുവരിക. ഇത് രണ്ടുമല്ല ധനമന്ത്രി കണ്ടെത്തുന്ന രീതി എന്നിരിക്കട്ടെ. എങ്കിലത് രഹസ്യമായ നികുതി ചുമത്തലിലൂടെയുള്ള വരുമാന സമാഹരണമാണെന്നു വരുന്നു.

ബജറ്റില്‍ പറയാത്ത നികുതിനിര്‍ദേശങ്ങള്‍ വേറെയുണ്ടെന്നു വന്നാല്‍ പിന്നെ ബജറ്റിന് എന്താണ് വില? പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ബജറ്റിനുണ്ടെന്നു പറയപ്പെടുന്ന പവിത്രത പിന്നെ എവിടെയാണ് അവശേഷിക്കുക? ഈ ചോദ്യങ്ങളാകും തുടര്‍ന്ന് ഉയര്‍ന്നുവരിക. ഏതായാലും ഒരുകാര്യം വ്യക്തം. ബജറ്റ് കള്ളക്കണക്കുകൊണ്ടുള്ള കണ്‍കെട്ടുവിദ്യയാവുകയാണ്. ഈ ബജറ്റില്‍ പ്രത്യക്ഷത്തില്‍ കാണുന്നതൊന്നുമാവില്ല ജനങ്ങള്‍ക്ക് അനുഭവവേദ്യമാവുക. ബജറ്റ് ജനവിരുദ്ധമാവുന്നതിന്റെ പുതിയ വഴികള്‍ ഇതുതന്നെയാണ്. ഈ രംഗത്ത് ഗവേഷണം നടത്തുകയാണ് ധനമന്ത്രി കെ എം മാണി തന്റെ പതിനൊന്നാം ബജറ്റ് ഘട്ടത്തില്‍ എന്നു പറയാം. ജനാധിപത്യത്തിലെ മാപ്പര്‍ഹിക്കാത്ത അപരാധവും അനൗചിത്യവുമാണിത് എന്നുമാത്രം തല്‍ക്കാലം പറയട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 22 മാര്‍ച്ച് 2013

പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോട്ടം

അനവധി നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, നിയമസഭയില്‍ ആദ്യം നിന്നും പിന്നെ ഇരുന്നും കുറെ ഭാഗങ്ങള്‍ വിട്ടും വായിച്ചു തീര്‍ത്താല്‍ ബജറ്റ് ആകുമെങ്കില്‍ കെ എം മാണി അവതരിപ്പിച്ച ബജറ്റ് നല്ല ബജറ്റാണ്. ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ അടിസ്ഥാനരഹിതമായ ഒരു അവകാശവാദം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതായത് സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനം 9.5 ശതമാനം വളര്‍ന്നു. ഇതുപക്ഷെ, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ സൂചികയല്ല. കാര്‍ഷിക വളര്‍ച്ച പിന്നോട്ടാണ്, 1.60 ശതമാനം ഇടിഞ്ഞു. റൈസ് ബയോപാര്‍ക്കിനെക്കുറിച്ചും നെല്ലുസംഭരണത്തെക്കുറിച്ചും വാചാലമാകുമ്പോഴും നെല്‍വയല്‍ വിസ്തൃതി 2010-11ലെ 2.13 ലക്ഷം ഹെക്ടറില്‍നിന്നും 2011-12ല്‍ 2.08 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2009-10ല്‍ 2.34 ലക്ഷം ഹെക്ടറായിരുന്നു. ആദായകരമല്ലാത്തതിനാല്‍ കൃഷി ഉപേക്ഷിക്കപ്പെടുന്നതുകൊണ്ടു മാത്രമല്ല ഈ കുറവുണ്ടായത്. ഭൂമി ലാഭകരമായ കൈമാറ്റ ചരക്കെന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ കൈവശപ്പെടുത്തിയതുകൊണ്ടു കൂടിയാണ്.

കൃഷിയും മൃഗസംരക്ഷണവും മത്സ്യബന്ധനവും ഉള്‍പ്പെടെയുള്ള പ്രാഥമിക മേഖല കൈവരിച്ചതും നെഗറ്റീവ് വളര്‍ച്ചയാണ്, -0.73 ശതമാനം. പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന വ്യവസായമേഖല കൈവരിച്ചത് 6.39 ശതമാനം വളര്‍ച്ച മാത്രം. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, വാര്‍ത്താവിനിമയം, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ അടങ്ങുന്ന സേവനമേഖല കൈവരിച്ച 11.81 ശതമാനം വളര്‍ച്ചയാണ് അഭിമാനകരമെന്നു വിശേഷിപ്പിച്ച 9.5 ശതമാനം വളര്‍ച്ചയ്ക്കുപിന്നില്‍. തളരുന്ന കാര്‍ഷികമേഖലയും സ്തംഭനത്തില്‍ തുടരുന്ന വ്യവസായമേഖലയും നിലനിര്‍ത്തി എങ്ങനെയാണ് ""കേരളത്തിന് രണ്ടക്ക വളര്‍ച്ച നിരക്ക് കൈവരിച്ച് ചരിത്രം തിരുത്തിക്കുറിക്കുവാന്‍ സാധിക്കുക""? ""ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനാണ് മുന്‍കാലങ്ങളെ അപേക്ഷിച്ച് പദ്ധതിയടങ്കലില്‍ 21.34 ശതമാനം വര്‍ധന വരുത്തിയിട്ടുള്ളത്"" എന്ന് ബജറ്റ് അവകാശപ്പെടുന്നു. 14,010 കോടി രൂപയായിരുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയടങ്കല്‍. അത് 17000 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രശ്നം അവിടെയല്ല, സിഎജിയുടെ കണക്കുപ്രകാരം 14,010 കോടി രൂപയില്‍ ഡിസംബര്‍ 31 വരെ ചെലവാക്കപ്പെട്ടത് 5388 കോടി മാത്രം. അഥവാ, 38 ശതമാനം! തുക വകയിരുത്തലല്ല പ്രധാനം; ചെലവാക്കലും ഫലപ്രാപ്തിയുമാണ്. ഈ മാനദണ്ഡം വച്ചുനോക്കിയാല്‍, ഇപ്പോഴത്തെ ബജറ്റും കഴിഞ്ഞ ബജറ്റും വാഗ്ദാനങ്ങളുടെയോ നിര്‍ദേശങ്ങളുടെയോ ആവര്‍ത്തന വിരസങ്ങളായ ഘോഷയാത്രയാണെന്നു കാണാം.

""ആഗോള സമ്പദ്വ്യവസ്ഥയുമായി സമന്വയിപ്പിച്ച് വികസനത്തിന്റെ ഹൈവേയിലേക്കു കേരളത്തെ നയിക്കുക എന്ന ലക്ഷ്യ""ത്തോടെ തയ്യാറാക്കിയ കഴിഞ്ഞ ബജറ്റിലെ അതിവേഗ റെയില്‍ കോറിഡോര്‍, മോണോ റെയില്‍, വിഴിഞ്ഞം പദ്ധതി, ഹൈടെക് കൃഷിരീതി, റൈസ് ബയോപാര്‍ക്ക്, നാളികേര ബയോപാര്‍ക്ക്, ഗ്രീന്‍ഹൗസ് പദ്ധതി, സീപ്ലെയിന്‍, സ്വയംസംരംഭക വികസന മിഷന്‍ തുടങ്ങിയവയെല്ലാം ഇപ്പോഴത്തെ ബജറ്റിലും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 12 കോടി രൂപ ചെലവില്‍ ""സീപ്ലെയിന്‍ കമ്പനി"" രൂപീകരിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം 10 കോടി രൂപ ചെലവില്‍ സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുമെന്ന് ഈ ബജറ്റില്‍ വേഷംമാറ്റി. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ബജറ്റില്‍ ഹൈടെക് കൃഷിരീതി സംബന്ധിച്ചാണ് സംസാരിച്ചതെങ്കില്‍, ഇപ്രാവശ്യം മാതൃകാ ഹൈടെക് ഹരിത ഗ്രാമങ്ങളെക്കുറിച്ചാണ് പറയുന്നത്.

എന്തുകൊണ്ടാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വരുന്നത്? അതിനു രണ്ടുകാരണങ്ങളുണ്ട്. ഒന്ന്, വിഭവങ്ങളുടെ അപര്യാപ്തത. രണ്ട്, നടപ്പാക്കുന്നതിലെ കെടുകാര്യസ്ഥത. രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ചിട്ടപ്പടിയേ ജോലിചെയ്യൂ. പദ്ധതി നടത്തിപ്പ് താളം തെറ്റുകയും ചെയ്യും. അല്‍പ്പമാത്രമായ വിഭവങ്ങള്‍ അനവധി പ്രൊജക്ടുകള്‍ക്കും ജില്ലകള്‍ക്കും നിയോജകമണ്ഡലങ്ങള്‍ക്കും വീതംവയ്ക്കുന്നതുകൊണ്ട് ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാതെ വരുന്നു. നികുതി സമാഹരണത്തിലെ വിട്ടുവീഴ്ചയാണ് വിഭവസമാഹരണം ദുര്‍ബലപ്പെടാന്‍ കാരണം. സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനത്തിന്റെ 73 ശതമാനം ലഭിക്കുന്നത് വില്‍പ്പന നികുതിയില്‍ നിന്നാണ്. വാണിജ്യനികുതി ചെക്ക്പോസ്റ്റുകളിലെ അഴിമതി കുപ്രസിദ്ധമാണ്. ഈ പശ്ചാത്തലത്തില്‍ വാളയാറില്‍ സംയോജിത ചെക്ക്പോസ്റ്റ് ഏര്‍പ്പെടുത്തുന്നതിന് ""ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിച്ചുവരുന്നു"" എന്ന ബജറ്റ് പരാമര്‍ശം ചിരിക്കാണ് വക നല്‍കുക. 2012-13ല്‍ 32,122 കോടി തനതുനികുതി വരുമാനം സമാഹരിക്കാനായിരുന്നു ലക്ഷ്യം. പിരിച്ചത് 31702 കോടി രൂപ. ലക്ഷ്യമിട്ടതിലും 420 കോടി രൂപ കുറവ്. വില്‍പ്പന നികുതി ലക്ഷ്യം 23451 കോടി രൂപയായിരുന്നു. സമാഹരിച്ചത് 23094 കോടിയും. 357 കോടി കുറവ്. അതേ സമയം, എല്‍ഡിഎഫ് ഭരണകാലത്ത് വില്‍പ്പന നികുതി 2006-07ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 108 ശതമാനം സമാഹരിച്ചു. 2008-09ല്‍ 107 ശതമാനവും 2009-10 ല്‍ 100 ശതമാനവും 2010-11ല്‍ 105 ശതമാനവും സമാഹരണം നടത്തി. നികുതിനിരക്കില്‍ വര്‍ധന വരുത്താതെയാണ് ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിനര്‍ഥം നികുതി രഹിത ബജറ്റാണ് ഏറ്റവും നല്ലത് എന്നല്ല, നികുതി രഹിതബജറ്റ് ചെലവു രഹിതവുമായിരിക്കും. നവലിബറല്‍ സമീപനമാണത്. അതായത്, സര്‍ക്കാര്‍ ചെലവുകള്‍ പരമാവധി കുറച്ച് സ്വതന്ത്രവിപണിയിലേക്കുള്ള നീക്കം ശക്തിപ്പെടുത്തുക. നികുതി വര്‍ധന വേണ്ടിവരും. പക്ഷെ, പ്രശ്നം ആരുടെ മേല്‍ നികുതിഭാരം പതിക്കുന്നു എന്നതാണ്. 1138.33 കോടി രൂപക്കുള്ള അധിക നികുതി സമാഹരണ നിര്‍ദേശങ്ങളാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം 67.78 കോടിയുടെ നികുതി ഇളവുകളും. വിദേശമദ്യത്തിന്മേലുള്ള നികുതി നിരക്ക് 100ല്‍നിന്ന് 105 ശതമാനമാക്കാനുള്ള നിര്‍ദേശം ആരും എതിര്‍ക്കുകയില്ല. അതുപോലെ, സിഗരറ്റിന്റെയും മറ്റും നികുതിനിരക്ക് 15ല്‍നിന്നും 20 ശതമാനമാക്കുന്നതിനെയും ആരും അനുകൂലിക്കും. ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുകളിലോ 500-ല്‍ കൂടുതല്‍ ഇരിപ്പിടസൗകര്യമുള്ള ഓഡിറ്റോറിയത്തിലോ നടത്തുന്ന വിവാഹാഘോഷങ്ങള്‍ക്കു ചെലവിടുന്ന തുകയുടെ മൂന്നുശതമാനത്തില്‍ കുറയാത്ത സംഭാവന മംഗല്യനിധിയിലേക്ക് നല്‍കണമെന്ന നിബന്ധന സ്വാഗതാര്‍ഹമാണ്. എന്നാല്‍, ആധുനിക ഗൃഹോപകരണ വസ്തുക്കളുടെ ഗണത്തില്‍പ്പെടുന്ന വൈറ്റ് ഗുഡ്സ്, മറ്റു ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി നിരക്ക് 13.5 ല്‍ 14.5 ശതമാനമാക്കാനുള്ള നടപടി വിലക്കയറ്റം മൂര്‍ച്ഛിപ്പിക്കും.

വിവേചനത്തോടെ വേണം നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍. അവ സാധാരണക്കാരെ ദ്രോഹിക്കുന്നവയാകരുത്. ആകര്‍ഷണീയങ്ങളെന്നു തോന്നാവുന്ന നിര്‍ദേശങ്ങളില്‍ പലതിലും പ്രതികൂല വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് അവതരിപ്പിച്ചിട്ടുള്ളത്. ചില ഉദാഹരണങ്ങള്‍- ചെറുകിട കര്‍ഷകര്‍ സഹകരണ ബാങ്കുകള്‍ വഴി എടുത്ത നബാര്‍ഡ് കാര്‍ഷിക വായ്പയുടെ പലിശകുടിശ്ശിക എഴുതിത്തള്ളുമെന്ന് ബജറ്റ് വാഗ്ദാനംചെയ്യുന്നു. പക്ഷെ, ഒരു വ്യവസ്ഥയുണ്ട്. മുതല്‍ സംഖ്യ പൂര്‍ണമായും ഒറ്റത്തവണയായി അടച്ചുതീര്‍ക്കണം. മറ്റൊരു വാഗ്ദാനം തൊഴിലുറപ്പു തൊഴിലാളികളുടെ പെന്‍ഷന്‍ സംബന്ധിച്ചാണ്. പെന്‍ഷന്‍ പദ്ധതിയിലേക്ക് സംസ്ഥാനസര്‍ക്കാര്‍ 1000 രൂപയും കേന്ദ്രം 1000 രൂപയും നല്‍കും. തൊഴിലാളികള്‍ അവരുടെ വേതനത്തില്‍നിന്ന് നിശ്ചിതഭാഗം പെന്‍ഷന്‍ പദ്ധതിയില്‍ അടയ്ക്കണം. 60 വയസ്സുകഴിയുമ്പോള്‍ അക്കൗണ്ടിലുള്ള തുകയുടെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നു എന്ന് സാരം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ നടന്ന സമരത്തില്‍ ജീവനക്കാര്‍ ഉന്നയിച്ച ഒരു ആശങ്ക, പങ്കാളിത്ത പെന്‍ഷന്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും ബാധകമാക്കുമെന്നായിരുന്നു. ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്നു സാരം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പ്രസിദ്ധീകരിച്ച ധവളപത്രത്തിലും (ജൂലൈ 2011) 2011-12ലെ പുതുക്കിയ ബജറ്റിലും 2012-13ലെ ബജറ്റ് പ്രസംഗത്തിലും നിര്‍ലോഭമായി വിമര്‍ശിക്കപ്പെട്ടതാണ് വര്‍ധിച്ചുവരുന്ന കടബാധ്യതയും ഏറിവരുന്ന പലിശയും കടക്കെണിയും പ്രതിശീര്‍ഷകടബാധ്യതയും മറ്റും.

ഇപ്പോഴത്തെ ബജറ്റ് ആ വക കാര്യങ്ങളില്‍ അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിക്കുന്നു. കടംവാങ്ങല്‍ ചുരുക്കാന്‍ കഴിഞ്ഞതല്ല കാരണം. കെ എം മാണിയും ധാരാളം കടംവാങ്ങി. 2011 മാര്‍ച്ച് 31ന് സംസ്ഥാനത്തിന്റെ ആകെ കടം 78673.24 കോടിരൂപയായിരുന്നു. ഇപ്പോഴത് 96885.06 കോടി രൂപയാണ്. അതായത് യുഡിഎഫ് ഭരണത്തില്‍ 23.14 ശതമാനം കൂടുതല്‍ വാങ്ങി. ബജറ്റിനെതിരായ പ്രധാന വിമര്‍ശനം അത് സംസ്ഥാനത്തെ പരമപ്രധാന പ്രശ്നങ്ങള്‍ ഒന്നിനെപോലും ഗൗരവതരമായി അഭിസംബോധനചെയ്യുന്നില്ല എന്നതാണ്. രൂക്ഷമായ വിലക്കയറ്റം, കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും നേരിടുന്ന പ്രതിസന്ധി, റബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ച, വര്‍ധിക്കുന്ന തൊഴിലില്ലായ്മ, തകരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രശ്നങ്ങളില്‍ ചിലവ. വീര്‍പ്പുമുട്ടിക്കുന്ന വിലക്കയറ്റമാണ് ജനങ്ങള്‍ നേരിടുന്നത്. അല്‍പ്പമെങ്കിലും ആശ്വാസമേകുന്ന നടപടികള്‍ ബജറ്റിലുണ്ടാകുമെന്ന് ജനം പ്രതീക്ഷിച്ചു. പക്ഷെ, അതുണ്ടായില്ല.

ഡീസല്‍വില വര്‍ധനമൂലം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കി ജനങ്ങളുടെ ബുദ്ധിമുട്ടകറ്റുവാന്‍ ധനമന്ത്രി തയ്യാറാകുമെന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു. 186 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു വകയിരുത്തിയത്. നടപ്പുസാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നല്‍കിയത് 260 കോടി രൂപയാണ്. ബജറ്റ് വര്‍ഷം 386 കോടി രൂപയും. അതായത്, പ്രതിസന്ധി നേരിടാന്‍ നല്‍കുന്നത് 26 കോടി രൂപ! കെഎസ്ഇബിയുടെ കാര്യവും തഥൈവ. ഊര്‍ജമേഖലയ്ക്ക് ആകെ അനുവദിക്കുന്നത് 46.58 കോടി. 1050 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പ്പാദനമാണ് ലക്ഷ്യം. 53 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള അഞ്ചുചെറുകിട വൈദ്യുതോല്‍പ്പാദന പദ്ധതികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം എങ്ങുമെത്താതെ നില്‍ക്കെ, ""111.2 മെഗാവാട്ട് ശേഷിയുള്ള പുതിയ പദ്ധതികള്‍ ആരംഭിക്കാനുദ്ദേശിക്കുന്നു"" എന്നു ബജറ്റ് പറയുന്നു. നടപ്പാക്കാനുദ്ദേശമില്ലെന്നു വ്യക്തം.

റബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ച സംബന്ധിച്ച് ബജറ്റ് തികഞ്ഞ മൗനം ഭജിക്കുന്നു. വിലത്തകര്‍ച്ച തടയുന്നതിനു നടപടിയില്ലെന്നുമാത്രമല്ല, റബറിന്റെയും പാമോലിന്റെയും ഇറക്കുമതിയാണ് വിലത്തകര്‍ച്ചക്ക് കാരണമെന്ന വസ്തുത മൂടിവെക്കുകയും ചെയ്യുന്നു. വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പിന് അനുവദിക്കുന്നത് 80 കോടി രൂപയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവ ശക്തിപ്പെടുത്തുവാനും ലാഭത്തില്‍ നടക്കുന്നവ വിപുലീകരിക്കാനും 80 കോടി രൂപ തീര്‍ത്തും അപര്യാപ്തമാണ്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 21 മാര്‍ച്ച് 2013