Showing posts with label മുദ്രാവാക്യം. Show all posts
Showing posts with label മുദ്രാവാക്യം. Show all posts

Tuesday, April 5, 2011

മുദ്രാവാക്യങ്ങള്‍ ചരിത്രമെഴുതുമ്പോള്‍...

ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ്ങള്‍. ജനാധിപത്യത്തിന്റെ തുടര്‍ച്ചയിലേക്കോ ഇടര്‍ച്ചയിലേക്കോ വഴിതുറക്കുന്ന തെരഞ്ഞെടുപ്പുവേളകള്‍ മലയാളികളെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെയും കാലമാണ്. പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലേറ്റുകയും നാടിന് നേര്‍ക്കാഴ്ച നല്‍കുകയും ചെയ്ത മുദ്രാവാക്യങ്ങളും ഗീതങ്ങളും കാലത്തിന്റെ കയ്യൊപ്പായി കേരളീയരുടെ മനസിലുണ്ട്. സംഗീതവും സാഹിത്യവും ഇഴചേര്‍ന്ന, ചിരിയുടെ തിളക്കവും ചിന്തയുടെ വെളിച്ചവുമുള്ള മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും ഭാഷക്ക് ജനകീയമുഖം നല്‍കി. നവംനവങ്ങളും അര്‍ഥസമ്പുഷ്ടവുമായ പദാവലികൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ഇടതുപക്ഷത്തിന്റെ സാംസ്കാരിക സംഭാവനകൂടിയാണ് അവ. ചെറുശേരിയെ മനസില്‍ കുടിയിരുത്തി രൂപം കൊടുത്ത തെരഞ്ഞെടുപ്പു പാന ഒരു പ്രചാരണ കാലം മുഴുവന്‍ കേരളത്തെ ത്രസിപ്പിക്കുകയുണ്ടായി. |

"വോട്ടിനായുള്ള ചീട്ടു കിട്ടീടുമ്പോള്‍
ഓര്‍ക്കണം നിങ്ങള്‍ നാടിനെ വീടിനെ""

എന്ന ഈരടി ഏതു മനസിലാണ് കുടിയേറാത്തത്. പീഡിതന്റെ രോഷവും ദുഖിതന്റെ കണ്ണീരും മുദ്രാവാക്യത്തിന്റെ മുഖമുദ്രയാകാറുണ്ട്. ഭരിക്കുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനസമക്ഷം വിളംബരം ചെയ്യുന്ന നയസമീപനങ്ങള്‍, അനുവര്‍ത്തിച്ചുവന്ന നിലപാട്, പ്രശ്നങ്ങളിലും വിഷയങ്ങളിലുമുള്ള യോജിപ്പും വിയോജിപ്പും, പ്രാദേശികവും ദേശീയവുമായ കാഴ്ചപ്പാട് ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യമാകാറുണ്ട്. അടയാളമോ പ്രമാണമോ ആയി സ്വീകരിച്ച വാക്യം എന്ന് നിഘണ്ടുകാരന്‍ അര്‍ഥം കല്‍പിച്ചിട്ടുള്ള മുദ്രാവാക്യങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ ഉണര്‍ത്തുപാട്ടുകളാണ്. ആകാശത്ത് മുഷ്ടി ചുരുട്ടി വിളിച്ചു പറയുന്ന വെറും വാക്യങ്ങളല്ല, മറിച്ച് ആവേശിക്കാനും അതിജിവിക്കാനുമുള്ള തന്ത്രങ്ങള്‍ അലിഞ്ഞുചേര്‍ന്ന ശക്തമായ മാധ്യമമാണത്. ഏറ്റുവിളിക്കുംതോറും അതിന് കരുത്ത് കൂടും. താളബോധവും പ്രാസഭംഗിയുമുള്ള, സരസവും ലളിതവുമായ, ജനമനസുകളില്‍ തറഞ്ഞുകയറാന്‍പോന്ന മൂര്‍ച്ചയുള്ള, ജീവിതമെന്ന അന്തസുള്ള പദത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട മുദ്രാവാക്യങ്ങള്‍ക്കും ഗീതങ്ങള്‍ക്കും കേരളത്തെ മാറ്റിതീര്‍ത്തതില്‍ വലിയ പങ്കുണ്ട്. പൊതുബോധത്തെ ആ വിധം ഉത്തേജിപ്പിച്ച എത്രയോ മുദ്രാവാക്യങ്ങളും ഗീതങ്ങളും മലയാളിയുടെ പൈതൃകമായുണ്ട്.

ബ്രിട്ടീഷ്ഭരണം മുര്‍ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ജന്മിത്വം തകരട്ടെ
കര്‍ഷകസമരം സിന്താബാദ്

തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കര്‍ഷകരെ ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും വലിയ പങ്ക് വഹിച്ചു. കടുത്ത അരിക്ഷാമം നേരിട്ട കാലത്ത് കേരളീയനെഴുതിയ

ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമനം പീടികമുന്നില്‍
നിന്ന് നരച്ചാലും

എന്ന വരികള്‍ മലബാറിലാകെ അലയടിച്ചിരുന്നു. ആധുനിക കേരള സൃഷടിക്കായി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥിതിക്കെതിരെ സമരങ്ങള്‍ നയിച്ചവര്‍ ഐക്യ കേരളത്തിന്റെ ഭരണകര്‍ത്താക്കളായപ്പോള്‍ ജനകീയ കേരളത്തിെന്‍റ അഭിമാനമായി അവര്‍ മാറി.

"നിവര്‍ന്നുനില്‍ക്കാന്‍ ഭൂമിക്ക്,
തലചായ്ക്കാനൊരു കൂരയ്ക്ക്,
പൊരുതാന്‍ നമുക്ക് ഉയിരു പകര്‍ന്ന
കൊടിയാണീ കൊടി താഴില്ല""

എന്ന മുദ്രാവാക്യം ഈ അഭിമാനത്തിന്റെ പ്രഖ്യാപനം തന്നെയാണ്. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ സി പിയെ വെല്ലുന്ന മര്‍ദനമുറകള്‍ പരീക്ഷിച്ചിരുന്നു. അവയോടുള്ള പരിഹാസത്തിന്റെ മേമ്പൊടി ചാലിച്ച പ്രതികരണമാണ്

"സി പി പോയി കോണ്‍ഗ്രസ് വന്നു,
കോളറ വന്നു വസൂരി വന്നു,
കൊള്ളലാഭക്കൂട്ടരാണ്,
കൊള്ളിവയ്പിന്‍ അഗ്രഗണ്യര്‍"" എന്നത്.

1957വരെയുള്ള കേരളത്തിലെ ഭരണപരീക്ഷണത്തിന് അധികാര വടംവലിയും അഴിമതിയും അവകാശ സമരങ്ങളെ അടിച്ചമര്‍ത്തലുമായിരുന്നു മുഖമുദ്ര. മന്ത്രിസഭകള്‍ മാറി വന്നു. ഏകാധിപത്യവും അഴിമതിയും ഉയര്‍ത്തി പട്ടം താണുപിള്ളയുടെയും സി കേശവന്റെയും മന്ത്രിസഭകള്‍ അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നുകംവച്ച കാളയായിരുന്നു.

"കോണ്‍ഗ്രസ് കാള കൊഴുപ്പുള്ള കാള,
ബ്രിട്ടീഷമേരിക്ക പോറ്റുന്ന കാള,
വീട്ടിന്റെ വാതില്‍പൊളിക്കുന്ന കാള,
ചട്ടി ചവിട്ടിയുടക്കുന്ന കാള,
നെഹ്റു പറഞ്ഞാലും കേള്‍ക്കാത്ത കാള,
നെഹ്റുവിനെ തന്നെയും കുത്തുന്ന കാള""

എന്ന മുദ്രാവാക്യത്തില്‍ ഓരോ നേതാവും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ചിത്രമാണ് തെളിയുന്നത്. സി കണ്ണനും കെ പി ഗോപാലനും കണ്ണൂര്‍ 1, 2 മണ്ഡലങ്ങളില്‍ മത്സരിച്ച കാലത്ത് ഇരുവര്‍ക്കുമെതിരെ എതിരാളികള്‍ നിരന്തരമായി ആക്ഷേപം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ നായകരെ വിജയിപ്പിക്കാന്‍ കരളുറപ്പോടെ രംഗത്തിറങ്ങിയ തൊഴിലാളികര്‍ വിളിച്ച മുദ്രാവാക്യമാണ്

കണ്ണൂര്‍ ഒന്നില്‍ കണ്ണനടിക്കും
കണ്ണൂര്‍ രണ്ടില്‍ കെപിയടിക്കും
ഒന്നും രണ്ടും കൂട്ടിയടിക്കും ഐക്യകേരളം ഞങ്ങള്‍ ഭരിക്കും എന്നത്.

കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എകെജിക്കെതിരെ മത്സരിച്ചവരെല്ലാം തോല്‍വിയുടെ രസമറിഞ്ഞു. 57ല്‍ ടി വി ചാത്തുക്കുട്ടിയും, 62ല്‍ കാരന്തും 67ല്‍ കാഞ്ഞങ്ങാട്ടുള്ള ഷേണായിയുമാണ് മത്സരിച്ചിരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കേട്ട നാടന്‍ശീലുള്ള മുദ്രാവാക്യം ഇങ്ങിനെയാണ്.

അമ്പത്തേഴില്‍ ചാത്തൂട്ടി വന്നു
ചാത്തൂട്ടിക്കും ഞങ്ങള്‍ "ചാത്തൂട്ടി""
അറുപത്തിരണ്ടില്‍ കാരന്തു വന്നു
കാരന്തിനേം ഞങ്ങള്‍ കെട്ടുകെട്ടിച്ചു
അറുപത്തേഴില്‍ ഷേണായി വന്നു
ഷേണായിക്കും ഷീണായി...

1956 നവംബര്‍ ഒന്നിന്റ ഐക്യകേരളാഘോഷം വര്‍ണാഭമായിരുന്നു. ആധുനികകേരളമെന്ന പ്രതീക്ഷയാണ് ആവേശം വിതറുന്ന ഈ മുദ്രാവാക്യത്തിലുള്ളത്.

"ചേരുവിന്‍ യുവാക്കളെ,
ചേരുവിന്‍ സഖാക്കളെ,
ചോരയെങ്കില്‍ ചോരയാലീ,
കേരളം വരയ്ക്കുവാന്‍"".

നാടിനെ അഴിമതിയിലേക്കും ജനാധിപത്യ സംവിധാനത്തെ അധികാര വടംവലിയിലേക്കും തിരിച്ചുവിട്ട പരീക്ഷണങ്ങള്‍ക്ക് കേരളത്തില്‍ അറുതി വരുന്നത് 1957ലെ തെരഞ്ഞെടുപ്പോടെയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ജനഹിത ഭരണത്തെ അട്ടിമറിക്കാന്‍ "വിമോചന സമര""ത്തിന് രൂപം നല്‍കി. മുദ്രാവാക്യങ്ങളുടെയും ഗീതങ്ങളുടെയും സൗന്തര്യവും സാഹിത്യവും സഭ്യതയുമെല്ലാം അവര്‍ക്ക് അന്യമായിരുന്നു.

"മണ്ടാ, മുണ്ടാ മുണ്ടശ്ശേരി""യും "വിക്കാ, ഞൊണ്ടി, ചാത്താ"" വിളിയുമെല്ലാം കേരളത്തിന്റെ രാഷ്ട്രീയഭാഷയെത്തന്നെ ജീര്‍ണതയിയിലേക്കാണ് നയിച്ചത്.

"സീതി ഹാജി പറഞ്ഞിട്ടാണോ,
പള്ളിക്കൂടം തീവയ്പ്,
ഇന്ദിര വന്നു പറഞ്ഞോ ഇന്നലെ
പള്ളിക്കൂടം തീവയ്ക്കാന്‍"".
"രണ്ടും രണ്ടരയും തന്നിട്ടല്ല,
ഞങ്ങടെ സ്വന്തം മനസ്സാണ്,
ഇനിയും കേരളം ഉണ്ടെങ്കില്‍,
ഈ നിയമങ്ങള്‍ നടപ്പാകും,
പന്തംകൊണ്ടും കുന്തംകൊണ്ടും
തകരുകയില്ലീ കേരള സര്‍ക്കാര്‍"".

അതേസമയം പ്രതീക്ഷാനിര്‍ഭരമായ ജനതയുടെ ഉറച്ച പ്രഖ്യാപനത്തിലാണ് ഈ മുദ്രാവാക്യം അവസാനിക്കുന്നത്.

59 ജൂലൈ 31ന് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഉത്തരവ് വന്നു. ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി മന്ത്രിസഭ ചരിത്രമായി. പുറത്തിറങ്ങിയ ഇ എം എസിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്

"ഇനിയും കേരളം ഉണ്ടെങ്കില്‍,
ഇ എം എസ് ഭരിച്ചീടും,
വികസനം ഒന്നായി നടപ്പാക്കും,
കേരള ജനത ആഹ്ലാദിക്കും"" എന്നാണ്.

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഒന്നിച്ചുനിന്നു.

"മുക്കൂട്ടില്ല മുന്നണിയില്ല,
ഒറ്റയ്ക്കാണേ സര്‍ക്കാരേ,
കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ,
കൂറ്റന്‍ ചെങ്കൊടി താഴില്ല"".

എന്ന ഉറച്ച മുദ്രാവാക്യമാണ് അന്ന് കമ്യൂണിസ്റ്റുപാര്‍ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയത്. ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച അച്ചുതണ്ടിനും പിന്നീട് സുസ്ഥിരഭരണം ഉണ്ടാക്കാനായില്ല.

"പത്താണ്ടിവിടെ പടയണി തുള്ളി,
ചുറ്റുവിളക്ക് തകര്‍ത്തവരെ,
പുത്തന്‍തലമുറ ഇന്നു കൊളുത്തിയ
കൈത്തിരി ഊതാന്‍ പോരേണ്ട"". എന്നായിരുന്ന അതിന്റെ മറുപടി.

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മുഴങ്ങി.

"ഇന്ത്യയാണ് ഇന്ദിര,
ഇന്ദിരയാണ് ഇന്ത്യ""

എന്ന പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ പരിവര്‍ത്തനവാദികള്‍ എതിര്‍പ്രചാരണം നടത്തി

"ഇന്ത്യയെന്നാല്‍ ഇന്ദിരയല്ല,
ഇന്ദിരയെന്നാല്‍ ഇന്ത്യയുമല്ല,
ഇന്ദിരക്ക് തീറുകൊടുത്ത
ഭൂമിയല്ല ഭാരതം,
ഇന്ദിര കൊട്ടും താളംകേട്ട്
തുള്ളാനല്ല കോണ്‍ഗ്രസ്"".

തെരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു.അവര്‍ മത്സരിച്ച ചിഹ്നം പശുവും കിടാവുമായിരുന്നു. "പശുവും പോയി കിടാവും പോയി, ഗുണവും പോയി നിറവും പോയി"". ആ തെരഞ്ഞെടുപ്പ് ഫലത്തെ ജനങ്ങള്‍ ലളിതമായി വിലയിരുത്തി. രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ കാലത്തെ അതിജീവിച്ച മുദ്രാവാക്യങ്ങളുണ്ട്. സര്‍ സി പി ഭരണത്തിനെതിരെ "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍"" എന്നുവിളിച്ച് പുന്നപ്രയിലും വയലാറിലും സമരഭടന്മാര്‍ ജീവത്യാഗം ചെയ്തത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അടിച്ചമര്‍ത്തലിനും അധിനിവേശത്തിനെതിരെ പ്രതിഷേധത്തിന്റെ കനലുകള്‍ നീറുകയാണ്. "അടിയന്തരാവസ്ഥ അറബിക്കടലില്‍, ആസിയന്‍ കരാര്‍ അറബിക്കടലില്‍"" എന്നിവ ഉദാഹരണം മാത്രം.

"രാജ്യത്തിന്റെ കരള്‍ പറിച്ച്
കടലിനക്കരെ എറിഞ്ഞവരെ,
ഇല്ല ചരിത്രം മാപ്പുതരില്ല,
മന്‍മോഹനും സോണിയയും,
മുഖര്‍ജി, ആന്റണിയും
സാമ്രാജ്യത്വ കാവല്‍ക്കാര്‍"".

നാടിനുവേണ്ടി പൊരുതിമരിച്ച രണധീരരുടെ സ്മരണകളിരമ്പുന്ന മുഹൂര്‍ത്തങ്ങളും തെരഞ്ഞെടുപ്പില്‍ വിഷയമാകാറുണ്ട്. പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങളും പ്രവര്‍ത്തകരെ ആവേശഭരിതമാക്കുന്നു.

"കറുത്ത വന്‍കര കടന്നു കത്തും,
തീപ്പന്തം നീ മണ്ടേല.
"പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല,
കാലത്തിന്റെ ചരിത്രത്തിന്റെ വാള്‍മുനയൊട്ടു മടങ്ങുന്നില്ല"". എന്ന് ആവേശം സാര്‍വദേശീയമാനവും കൈക്കൊള്ളാറുണ്ട്.

*
കെ ടി രാജീവ്, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കടപ്പാട്: ദേശാഭിമാനി വാരാ‍ന്തപ്പതിപ്പ് 03 ഏപ്രില്‍ 2011

Friday, October 17, 2008

കത്തുന്നത് സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകള്‍

മുതലാളിത്തമതാപൊട്ടിപ്പൊളിയുന്നു..
സാമ്രാജ്യത്വ നായകനതാ നിന്നു ചിണുങ്ങുന്നു.
ലോകപൊലീസിന്റെ ചന്തിപൊള്ളുന്നു
അതതാ, നിന്നു ചിണുങ്ങുന്നു.
ഇറാഖില്‍ കുട്ടികളെ ചുട്ടുകൊന്നിട്ട്
അമ്മി ചാടിക്കടന്ന് വീരസ്യം കാട്ടിയ
ലോകപൊലീസതാ നിന്നു കത്തുന്നു.
അഫ്‌ഗാനിസ്ഥാനിലെ ജനപദങ്ങളാകെ
ഉഴുതുമറിച്ചശേഷം തീയിട്ടു രസിച്ച
യാങ്കിയതാ മേലാകെപ്പൊള്ളി
ഉടുവസ്‌ത്രമുരിഞ്ഞെറിഞ്ഞ് നെട്ടോട്ടമോടുന്നു.

തകരുന്നത് ലേഹ് മാനല്ല,
ചീയുന്നത് മുതലാളിത്തമാണ്
അതതാ കെട്ടു ചീയുന്നു.
ലോകത്തനേകകോടികള്‍ക്ക്
തീരാദുരിതം വിതച്ച മുതലാളിത്തത്തിന്റെ നാശം
ഹായ് ! അതെത്ര ആശ്വാസകരമായിരിക്കും!

യുദ്ധങ്ങള്‍, വറുതികള്‍, കൂട്ടക്കൊലകള്‍
പൂഴ്ത്തിവെപ്പുകള്‍, തട്ടിപ്പുകള്‍, കൊള്ളലാഭം
ഇതാ കഴുത്തറുപ്പന്‍ വ്യവസ്ഥ
അതിന്റെ തന്നെ തലയറക്കുന്നു.
ലാഭം, കൂടുതല്‍ ലാഭം, അതിലും ലാഭം
അതിന്റെ തത്വശാസ്ത്രമാണ് കിടന്നു പിടയുന്നത്.
തകരുന്നത് ഫാനി മെയും ഫ്രെഡ്‌ഡി മാക്കുമല്ല
ചീയുന്നത് മുതലാളിത്തമാണ്.

നോക്കൂ, മാസങ്ങളായി തകര്‍ന്നടിയുകയാണ്
ഓരോന്നോരോന്നായി ബാങ്കുകള്‍.
അമേരിക്കയില്‍, ഇംഗ്ളണ്ടില്‍,
ഫ്രാന്‍സില്‍, യൂറോപ്പിലാകെ
മുതലാളിത്തലോകമാകെ ആടിയുലയുന്നു.
കമ്പോളമൌലികതാവാദമതാ
മൂക്കുകുത്തി വീഴുന്നു.
ആരാന്റെ മണ്ണിലെ വിഭവവും
ലോകമാകെയുള്ള അധ്വാനശക്തിയും
യഥേഷ്‌ടം ചൂഷണം ചെയ്തു ചീര്‍ത്തുവന്ന
മുതലാളിത്തമാണ്, അതിന്റെ പരമോന്നതരൂപമാണ്
അളിഞ്ഞുകിടന്ന് ഊര്‍ധശ്വാസം വലിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകളിലാണ്
തീപിടിത്തം.
മഹാമാന്ദ്യത്തിന്റെ ശീതക്കാറ്റാണ്
വീശിയടിക്കുന്നത്.
സ്വതന്ത്രകമ്പോളത്തിന്റെ അപ്പോസ്തലന്മാര്‍
തലയില്‍ മുണ്ടിട്ട് നാണം മറയ്ക്കുകയാണ്.



















ഇന്നലെ ചിദംബരം പറഞ്ഞതുകേട്ടോ?
പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ലത്രെ.
കാരണമല്ലേ ഹരകരം?
അവക്ക് നല്ല റഗുലേഷനുണ്ടത്രെ!
ഉള്ള റഗുലേഷനത്രയും ഉള്ള കണ്‍ട്രോളുകളത്രയും
വേണ്ടെന്നു വെക്കണമെന്നു ശഠിച്ച സുന്ദരക്കുട്ടപ്പന്മാര്‍
മുഖം കരിവാളിക്കുമെന്നു കാണുമ്പോള്‍
നിയന്ത്രണങ്ങളുടെ തൂവാല പൊക്കി
മോന്ത മറയ്‌ക്കുന്നത് കാണാനെന്തു ചേല് !

ഓര്‍മയുണ്ടോ ഇവരുടെ ജല്പനങ്ങള്‍?
കണ്‍ട്രോള്‍ വേണ്ട, റെഗുലേഷന്‍ വേണ്ട,
ലൈസന്‍സ് രാജ് വേണ്ടേ വേണ്ട;
കമ്പോള സൌഹൃദ സമീപനം.
പച്ച മലയാളത്തില്‍ ചന്തച്ചങ്ങാത്തം.
വന്നു വന്നെവിടെ വരെയായെന്നോ?
ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്ട്
പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്.
എന്നാല്‍ അതില്‍ ' റെഗുലേഷനു'ണ്ട്,
സായ്പിന് റെഗുലേഷന്‍ ഇഷ്ടമല്ല.
ആകയാല്‍ നമ്മളത് മാറ്റിത്തീര്‍ത്തു.
നിയമത്തിന്റെ പേരുമാറ്റി
റെഗുലേഷന്‍ വേണ്ടെന്നുവച്ചു.
പുതുപേര് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് !
കേള്‍ക്കാനെന്ത് സുഖം?

പഴയൊരുദ്യോഗപ്പേരാണ് സി സി ഐ ആന്‍ഡ് ഇ
ചീഫ് കണ്‍ട്രോളര്‍ ഓഫ് ഇംപോര്‍ട്സ് & എക്സ്പോര്‍ട്സ്.
കണ്‍ട്രോള്‍ സായ്പിനിഷ്ടമല്ല.
ആ പേരുതന്നെ നാം മാറ്റി.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്
അതായി പുതിയ പേര് !

റെഗുലേഷനെ,
കണ്‍ട്രോളിനെ,
ലൈസന്‍സിനെ
കളിയാക്കിപ്പോന്ന ചിദംബരവും കൂട്ടരുമിതാ
കണ്‍ട്രോള്‍ രാജിന് സ്തുതി പാടുന്നു!
ഹരകരമല്ലാതെ മറ്റെന്താണിത്?

എന്നാല്‍ ഇതിവിടെ മാത്രമല്ല
ബുഷ് നിന്ന് വിയര്‍ക്കുമ്പോള്‍
അയാളുടെ ഫെഡറല്‍ റിസര്‍വ് ചെയ്യുന്നതെന്താ?
സര്‍വസ്വതന്ത്രമായ കമ്പോളത്തില്‍
സര്‍ക്കാറിടപെടരുതെന്ന്
വീണ്ടും വീണ്ടും നമ്മെ പഠിപ്പിക്കുന്നവര്‍
സ്വന്തം നാട്ടില്‍ ചെയ്യുന്നതെന്താ?
ദേശസാല്‍ക്കരണം !

ദേശസാല്‍ക്കരിച്ച നമ്മുടെ ബാങ്കുകളെ
സ്വകാര്യവല്‍ക്കരിക്കണമെന്നു പറയുന്നവര്‍
അത്യാര്‍ത്തി മൂത്ത സ്വകാര്യബാങ്കുകള്‍
തവിടുപൊടി തരിപ്പണമാകുമ്പോള്‍
അവസാന രക്ഷക്കായ് കണ്ടെത്തുന്നത്
ബാങ്ക് ദേശസാല്‍ക്കരണമാണത്രെ.

പത്രത്തില്‍ ടാറ്റാ-എഐജിയുടെ പരസ്യം കണ്ടോ?
നിക്ഷേപകരെ ആശ്വസിപ്പിക്കാനായി ടാറ്റ പറയുകയാണ്:
വിഷമിക്കേണ്ട,
എ ഐ ജിയുടെ പങ്ക് വെറും 26 ശതമാനം മാത്രം!
ആ ഇരുപത്താറ് 49 ആക്കുമെന്നാണ്
വിശ്വാസവോട്ടു വിലക്കെടുത്തതിന്റെ പിറ്റേന്ന്
പളനിയപ്പന്‍ ചിദംബരം പറഞ്ഞത്.
വിദേശ നിക്ഷേപം കൂട്ടുമെന്ന് !
മിസ്‌റ്റര്‍ മന്‍മോഹന്‍,
ടാറ്റാ-എ ഐ ജിയില്‍
എ ഐ ജിയുടെ പങ്ക്
74 ശതമാനമായിരുന്നെങ്കില്‍ ?

കമ്പോളം സ്വയം തിരുത്തുമോ
അതോ നിക്ഷേപകരെ കമ്പോളം തുരത്തുമോ?
ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളില്‍
വിദേശികള്‍ക്ക് 74 ശതമാനം ഷെയറാവാം.
എന്നാലൊരു രക്ഷ
അവര്‍ക്ക് വോട്ടവകാശം വെറും പത്തു ശതമാനം.
എന്നാലതു മാറ്റി
പൂര്‍ണ വോട്ടവകാശം കൊടുക്കാനുള്ള ബില്ല്
അടുപ്പത്തു വച്ചു തീപൂട്ടുകയാണ് ചിദംബരം.
അതാണ് ബാങ്കിങ് റഗുലേഷന്‍ ആക്‍ട് ഭേദഗതി.
കേന്ദ്രസര്‍ക്കാറിന് വര്‍ഷാവര്‍ഷം
ലാഭവിഹിതമായി
അനേകകോടികള്‍ എത്തിച്ചു കൊടുക്കുന്ന
പൊതുമേഖലാ ബാങ്കുകളുടെ ഷെയറുകള്‍
സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റശേഷം
ഇപ്പോള്‍ പറയുന്നത്
അവരുടെ വോട്ടവകാശം കൂട്ടണമെന്നാണ് !

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക,
സ്വകാര്യവല്‍ക്കരിച്ച് വിദേശവല്‍ക്കരിക്കുക,
അതിനായിരുന്നു നീക്കം.
അതിതിനകം നടന്നിരുന്നെങ്കില്‍
സ്വകാര്യ വിദേശ ബാങ്കുകള്‍
നമ്മുടെ ബാങ്കുകളെ വിഴുങ്ങിയിരുന്നെങ്കില്‍
നിക്ഷേപകന്റെ നഷ്ടം നികത്താന്‍
എത്ര റിസര്‍വ് ബാങ്ക് റിസര്‍വുകളുടെ
കെട്ടുതാലി തൂക്കിവിറ്റാലാവും,
എക്‍സ് ഗവര്‍ണര്‍ മന്‍മോഹന്‍ജീ!

എന്താണീ തകര്‍ച്ചകള്‍ നല്‍കുന്ന സൂചനകള്‍?
എന്താണ് നാമിതില്‍ നിന്നറിയേണ്ടത് ?
ഇത് വ്യവസ്ഥയുടെ തകര്‍ച്ചയാണ്
മാനവരാശിക്ക് തീരാദുരിതങ്ങളും
യുദ്ധങ്ങളും പട്ടിണിയും
സമ്മാനിച്ച മുതലാളിത്തം
അതിന്റെ സഹജ ദൌര്‍ബല്യത്താല്‍
വീണടിഞ്ഞു തകരുകയാണ്.
ലാഭം കൂടുന്നതിനനുസരിച്ച്
കൂടുതല്‍ കൂടുതല്‍ ലാഭം നോക്കിപ്പോവുന്ന മൂലധനം
ഇപ്പോഴിതാ സ്വയം കെട്ടിത്തൂങ്ങിച്ചാവുന്നു.
മൂലധനത്തിന് ദേശസ്നേഹമില്ല,
ലാഭം കൂടുന്നെങ്കില്‍ അത് കെട്ടിത്തൂങ്ങും.

നമ്മുടേത് മുട്ടത്തോടിന്മേലൂടെയുള്ള
നടത്തമാണ്.
യഥാര്‍ഥ സമ്പദ് വ്യവസ്ഥയുമായി
ബന്ധമില്ലാത്ത മട്ടില്‍
ധനമേഖല ഊതിപ്പെരുപ്പിക്കുകയാണ്.
മൂലധനമാകെ
അങ്ങോട്ടു കുത്തിയൊഴുകുകയാണ്.
ഉല്‍പാദന മേഖലയിലെ മൂലധനമാകെ
ഊഹക്കച്ചവടത്തിലേക്ക് തിരിയുകയാണ്.
ധനക്കമ്പോളത്തിലേക്ക് കുത്തിയൊഴുകുകയാണ്.
അങ്ങനെയാണ്
നാണയച്ചന്തകള്‍ പെരുകിയത്.
നാണയം തന്നെ ചന്തയിലെത്തുന്നു.
അതിന്റെ കൈമാറ്റത്തില്‍ കോടികള്‍ മറിയുന്നു.
അതിന്റെ കയറ്റിറക്കങ്ങള്‍ വഴി
സഹസ്രകോടികള്‍ കീശയിലാക്കുന്നു.
ഇതാണ് ഫിനാന്‍സ് മൂലധനത്തിന്റെ
പെരുമാറ്റ രീതി.
അതങ്ങനെ
പതഞ്ഞു പതഞ്ഞു പൊങ്ങുകയാണ്.
ഇത്തിരിയിത്തിരിയായി
ഇറ്റിറ്റു കിട്ടുന്നതും കാത്ത്
നമ്മുടെ കമ്പോള വാദികള്‍ പിറകേ കൂടുന്നു.

നോക്കൂ,
എന്താണ് യഥാര്‍ഥത്തില്‍
അമേരിക്കയില്‍ സംഭവിക്കുന്നത്?
സ്ഥിതി ഗുരുതരമാണ്,
നില പരുങ്ങലിലാണ്.
'ധൂര്‍ത്തന്റെ ഒഴിയാറായ മടിശ്ശീല'പോലെ
അതിതാ പാപ്പരായിക്കഴിഞ്ഞിരിക്കുന്നു.
ആരാന്റെ
കാശിലാണമേരിക്ക ജീവിക്കുന്നത്.
ആയുധപ്പുരകള്‍കാട്ടി കണ്ണുരുട്ടിയും
വെറുതേയടിക്കുന്ന ഡോളറിനെ
ലോകനാണയമാക്കി പ്രചരിപ്പിച്ചും
സ്വന്തം പ്രാരബ്‌ധം മറച്ചു പോന്ന ഈ കടല്‍ക്കിഴവന്‍
ഇതാ വടിയും കുത്തി
പൊതാപ്പൊത്തോന്ന് വീഴുന്നു.

തകര്‍ച്ചയാണ്,
മാന്ദ്യമാണ്.
അത് മറച്ചു വെക്കാന്‍ നെട്ടോട്ടമാണ്.
ബൈ ഫോര്‍ അമേരിക്കാ
എന്നാണ് ഒരു പ്രസിഡന്റ് അഭ്യര്‍ഥിച്ചത്.
കൈയില്‍ കാശില്ലെങ്കിലും വാങ്ങിച്ചോളാന്‍
കാശില്ലെങ്കിലെന്താ,
ക്രെഡിറ്റ് കാര്‍ഡ് മതീ എന്ന്.
അങ്ങനെയങ്ങനെ വാങ്ങിച്ച് വാങ്ങിച്ച്
കടം പിടിച്ചു പിടിച്ചു
ദരിദ്രമായ ഒരു നാടാണ്,
അവിടുത്തെ നാട്ടുകാരാണ്,
കടക്കെണിയില്‍ പെട്ട
സ്വന്തം നാടിനെ രക്ഷിക്കാനായി
വാങ്ങിക്കൂട്ടിയത്.
എന്നിട്ടും പോണില്ല ചോണനുറുമ്പ്
എന്നായപ്പോഴോ?

അപ്പോഴാണ് പുതിയൊരിനം:
കടം വാങ്ങി വീടുവെച്ചോ,
വീടുവെച്ചാലോ?
കുറച്ചാള്‍ക്ക് പണി കിട്ടും
കമ്പിയുമിരുമ്പും സിമന്റുമൊക്കെ
കുറേശ്ശയായി ചെലവായിക്കിട്ടും.
അവിടെയൊരനക്കമുണ്ടാവും.

കടംവാങ്ങി വീടുവെച്ചു,
കടം തിരിച്ചടക്കാനാവുന്നവനും
ആവാത്തവനും.
ക്രയശേഷി കുറഞ്ഞാല്‍
എങ്ങനെ തിരിച്ചടക്കും?
തിരിച്ചടക്കാഞ്ഞാല്‍
പിന്നെ ബാങ്കെന്തു ചെയ്യും?
വീടുകള്‍ തൂക്കിവില്‍ക്കാന്‍ നോക്കും.
അങ്ങനെ വന്നാല്‍ ഭവന മാര്‍ക്കറ്റോ?
വിലയിടിഞ്ഞ് നാശകോശമാവും.
അങ്ങനെയങ്ങനെ വീടിനു വിലകുറഞ്ഞാലോ?
പണം കൊടുത്ത ബാങ്ക് പൂട്ടേണ്ടിവരും.
പക്ഷേ ഭൂപണയ ബാങ്കുകള്‍ വിരുതന്മാരാണ്.
അവരാ വീടും വെച്ചൊരു പണി ഒപ്പിച്ചു.
വീടിന്റെ ഈടില്‍ കടപ്പത്രമുണ്ടാക്കി.
ആ കടപ്പത്രത്തില്‍ ചെന്ന്
കൈയിട്ട് വാരി വമ്പന്‍ ലാഭം കൊയ്യാനായി
കൊമ്പന്മാരായ ബാങ്കുകളാകെ പാഞ്ഞു.
പെട്ടന്നാണ് തിരിച്ചടി വന്നത്.
മോര്‍ട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റികള്‍
കൈയിലുള്ള ബാങ്കുകള്‍
ഇതെവിടെക്കൊണ്ടുചെന്ന് വില്‍ക്കും?

ആര്‍ക്കുവേണമീ കടപ്പത്രം?
ആര്‍ക്കുവേണമീ ലേല വീടുകള്‍?
ബാങ്കായ ബാങ്കുകളൊക്കെ
കുത്തുപാളയെടുത്തു.
കള്ളക്കണക്കെഴുതി നാട്ടാരെയും
മറുനാടുകളെയും പറ്റിച്ച
പഴയ എന്‍റോണിനെപ്പോലെ
തട്ടിപ്പും വെട്ടിപ്പും നടത്തിയവര്‍
കോടികള്‍ വിഴുങ്ങി ഏമ്പക്കമിട്ടപ്പോള്‍
ലോകത്താകെ
ബാങ്കുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു.
എന്നിട്ടുമെന്നിട്ടുമെന്തേ
ഇന്ത്യയില്‍ ബാങ്കുകള്‍ തകര്‍ന്നില്ല?
കാരണം വേറൊന്നല്ല.
ഇവിടെ നിയന്ത്രണങ്ങള്‍
നിലവിലുണ്ടായിരുന്നു.
ആ നിയന്ത്രണങ്ങള്‍
എടുത്തു കളയാനായിരുന്നു നീക്കം.
അതു പറ്റില്ലെന്ന് ഇടതുപക്ഷം,
അത് പറ്റില്ലെന്ന് തൊഴിലാളികള്‍.
മുഖാമുഖം നിന്നെതിരിടുകയായിരുന്നു
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി.
ഇടതുപക്ഷത്തെ കൂടാതെ
നിലനില്‍പ്പില്ലാത്തതുകൊണ്ട്
ബില്ലുകളൊന്നും പാസ്സാക്കാനായില്ല
എന്നാല്‍
വിശ്വാസം വിലകൊടുത്തു വാങ്ങിയശേഷം
പളനിയപ്പന്‍ ചിദംബരം ചെട്ടിയാര്‍
പച്ചക്ക് വെട്ടിത്തുറന്നു ബോധ്യപ്പെടുത്തി,
താന്‍ ആരുടെ ദാസനാണെന്ന് !
ബാങ്കിങ്, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ബില്ലുകള്‍
ഉടനെ പാസ്സാക്കിയെടുക്കുമെന്ന് വീമ്പടി.

എന്നാല്‍
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ്
അവരുടെ'സ്വര്‍ഗരാജ്യ'ത്തില്‍
നരകം പൊട്ടിയൊലിച്ചത്.
അതിന്റെ ചലം വീണുപൊള്ളുന്ന മുഖവും പൊത്തി
ചിദംബരം നീറ്റലകറ്റുകയാണ്.
ഒന്നോര്‍ത്തുനോക്കൂ , മന്ത്രിപുംഗവന്‍
ഇന്ത്യന്‍ ബാങ്കുകളില്‍
ലേഹ്‌മാന്‍ ബ്രദേര്‍സിന്
നിങ്ങളാഗ്രഹിച്ചതിന്‍ പടി ഷെയറുകള്‍ നല്‍കുകയും
കാര്യങ്ങള്‍ അവരാഗ്രഹിച്ചതിന്‍പടി
നടക്കുകയും ചെയ്തിരുന്നെങ്കില്‍
എത്ര ദശലക്ഷം ഇന്ത്യക്കാരായിരുന്നു,
പാവപ്പെട്ട നിക്ഷേപകരായിരുന്നു,
കുത്തുപാളയെടുത്ത്
ലേഹ്‌മാനെ പ്രാകുന്നുണ്ടാവുക?

ആരാണീ ലേഹ്‌മാന്‍?
ഒന്നും രണ്ടും ലോകമഹായുദ്ധവും
മഹാമാന്ദ്യവും
ഡോട്ട് കോം ബബിളും
സിലിക്കണ്‍വാലിയിലെ ശീതക്കാറ്റും
എല്ലാം അതിജീവിച്ച മഹാമല്ലന്‍!
ആന പാറുന്ന കാറ്റിലെന്താട് ?

മഹാ മാന്ദ്യത്തിന്റെ ശീതക്കാറ്റില്‍
സ്വന്തം നാട്ടിലെ ബാങ്കിങ്ങിനെയും
സമ്പദ് വ്യവസ്ഥയെത്തന്നെയും
സംരക്ഷിക്കാനായി
എത്ര ശതകോടികളാണവര്‍
ഒഴുക്കിക്കൊണ്ടിരിക്കുന്നത് !

ഇന്ത്യന്‍ ബാങ്കുകള്‍
ഇന്ന് പൊട്ടാതെ പൊളിയാതെ നില്‍ക്കുന്നെങ്കില്‍
ആര്‍ക്കാണതില്‍ അഭിമാനിക്കാനാവുക?
ഇതിനെത്തടുത്ത ബാങ്ക് ജീവനക്കാരും
അവരെത്തുണച്ച ഇടതുപക്ഷവും തന്നെ.
ആര്‍ക്കും വിലയ്ക്കെടുക്കാനാവുന്ന
ഒരു വലതുപക്ഷമുള്ളൊരു നാട്ടില്‍
നാടിനെയും നാട്ടാരെയും സംരക്ഷിച്ചു നിര്‍ത്താന്‍
സ്വയം ഒരു പരിചയും വാളുമാവാന്‍
ബാധ്യതപ്പെട്ട ഇടതുപക്ഷം
അതിന്റെ കടമ നിറവേറ്റുകതന്നെ ചെയ്തു.
അന്നങ്ങനെ ചെയ്തതുകൊണ്ട് മാത്രമാണ്
ഒരു മഹാദുരന്തത്തില്‍ നിന്ന് നാം രക്ഷപ്പെട്ടത്.

കഥ തീരുന്നില്ല,
കളി തീരുന്നില്ല.
കമ്പോള മൌലികതാവാദികള്‍
ഒരുങ്ങിപ്പുറപ്പെട്ടുതന്നെയാണ് നില്‍പ്പ്.
അവരെത്തളയ്ക്കാന്‍,
ജനതയെ രക്ഷിക്കാന്‍
ഇനിയും പോരാട്ടങ്ങളേറെ വേണ്ടിവരും.
ഇന്ത്യയുടെ ഭാവി
ഇടതുപക്ഷത്തിലാണെന്ന്
വീണ്ടും കാലം നമ്മെ പഠിപ്പിക്കുകയാണ്.
പക്ഷേ ഒന്നുണ്ട്
വ്യക്തമായും അറിയേണ്ടത്,
പറയേണ്ടത് :
തകരുന്നത് മുതലാളിത്തമാണ് ;
അതിന്റെ ആസുരമുഖമാണ് വികൃതമാകുന്നത്.
സോഷ്യലിസം,
സോഷ്യലിസം മാത്രമാണ് ബദല്‍.
അതേ
ഇതൊരു സൂചനയാണ്.
ഇതൊരു മുന്നറിയിപ്പാണ്
ഈ തകര്‍ച്ച ഒരു വ്യവസ്ഥയുടേതാണ്.

*****

ഏ കെ രമേശ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം