Showing posts with label പ്രവാസം. Show all posts
Showing posts with label പ്രവാസം. Show all posts

Tuesday, March 18, 2014

പ്രവാസി മലയാളികളും തെരഞ്ഞെടുപ്പും

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പ്രവാസികളോട് വല്ലാത്ത പ്രണയം വലതുപക്ഷ രാഷ്ട്രീയക്കാരില്‍ കാണുന്നു. അവരുടെയും കുടുംബങ്ങളുടെയും വോട്ട് വേണം, പണം വേണം- അതിനായി വഴിഞ്ഞൊഴുകുന്ന സ്നേഹവുമായി അടുത്തുകൂടുന്നവര്‍ ഇന്നലെവരെ പ്രവാസികളെ എങ്ങനെ കൈകാര്യംചെയ്തു എന്ന് ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വമ്പിച്ച സംഭാവന നല്‍കുന്ന പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. സ്വദേശിവല്‍ക്കരണ നടപടികള്‍ ഗള്‍ഫ് മേഖലയില്‍ ആരംഭിച്ചതോടെ മലയാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെ ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണ്.

1990കളില്‍ ഉദാരവല്‍ക്കരണ നടപടികളാരംഭിച്ചതിനെത്തുടര്‍ന്ന് വ്യാപാരകമ്മി വര്‍ധിച്ചപ്പോള്‍ വിദേശനാണ്യ പ്രതിസന്ധിയില്‍പ്പെടാതെ രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തിയത് പ്രവാസികളാണ്. സമീപകാലത്തായി ഇന്ത്യയുടെ വ്യാപാരകമ്മി അതിവേഗം ഉയരുകയാണ്. അനിയന്ത്രിതമായ ഇറക്കുമതി മൂലമുണ്ടാകുന്ന കമ്മി നികത്തി രാജ്യത്തിന്റെ വിദേശനാണ്യശേഖരം ഉയര്‍ത്തുന്നതില്‍ വിദേശ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അംഗീകരിക്കപ്പെടുന്നില്ല. കയറ്റുമതിക്കാര്‍ക്കും വിദേശനാണ്യം നേടിത്തരുന്ന മറ്റു വിഭാഗങ്ങള്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങളൊന്നുംതന്നെ മറുനാട്ടില്‍ പണിയെടുക്കുന്നവര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

വിദേശ ഇന്ത്യക്കാര്‍ രാജ്യത്ത് കൊണ്ടുവരുന്ന വിദേശനാണ്യം അവര്‍ തിരികെ കൊണ്ടുപോകുന്നതല്ല. ഒരു ബാധ്യതയും സൃഷ്ടിക്കാത്ത മൂലധനവുമാണത്. എന്നാല്‍, ഊഹക്കച്ചവട മൂലധനം തിരിച്ചുനല്‍കേണ്ടതാണെന്നു മാത്രമല്ല, അപകടകാരിയുമാണ്. വിദേശ മൂലധന നിക്ഷേപകര്‍ക്ക് നല്‍കുന്ന പരിഗണനപോലും വിദേശത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. കയറ്റുമതിക്കാര്‍ 11.4 ലക്ഷം കോടി രൂപയാണ് രാജ്യത്തിന് വിദേശനാണ്യമെന്ന നിലയില്‍ നേടിത്തന്നതെങ്കില്‍ 2.5 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ മുഖാന്തരം രാജ്യത്തെത്തിയത്. വിദേശ വായ്പയേക്കാളും പ്രത്യക്ഷ വിദേശനിക്ഷേപത്തേക്കാളും വലിയ തുകയാണ് ഇത്. എന്നിട്ടും ഈ മേഖല അവഗണിക്കപ്പെടുന്നു. വിദേശ ഇന്ത്യാക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. എട്ട് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സ് ഓഫീസുകള്‍ രാജ്യത്തുണ്ട്. ഇവര്‍ നല്‍കുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒരു ഗുണവും പ്രവാസികള്‍ക്ക് നല്‍കുന്നില്ല.

സെക്യൂരിറ്റിയായും ഇന്‍ഷുറന്‍സായും പിരിച്ച ആയിരക്കണക്കിന് കോടി രൂപ ഒരു ഉപയോഗവും ഇല്ലാതെ പ്രൊട്ടക്ടര്‍ ജനറലിന്റെ കൈയിലാണ്. പ്രവാസികളില്‍ നിന്ന് പിരിച്ചെടുത്ത ഈ പണം അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുപകരം പ്രവാസികളില്‍നിന്നും റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ നിന്നുമുള്ള അംശാദായത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേമനിധി ആരംഭിക്കണം. ഗള്‍ഫില്‍ ജോലി തേടുന്നതിന് ഒരു മലയാളിക്ക് കുറഞ്ഞത് ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. രണ്ടുമൂന്ന് വര്‍ഷമെങ്കിലും ജോലിചെയ്താലേ സാധാരണക്കാരനായ ഒരാള്‍ക്ക് മുതല്‍ മുടക്ക് ബാധ്യത തീര്‍ത്ത് സമ്പാദ്യം ഉണ്ടാവുകയുള്ളൂ. അതിനുമുമ്പ് തന്നെ അനേകം പേര്‍ക്ക് മടങ്ങിവരേണ്ടിവരുന്നു. കബളിപ്പിക്കപ്പെട്ട് വരുന്നവരുമുണ്ട്. ഇവരുടെ സംഖ്യകൂടി പരിഗണിച്ചാല്‍ 15-20 ശതമാനം പേര്‍ക്ക് പൂര്‍ണ പരിരക്ഷ ആവശ്യമാണ്.

ഗള്‍ഫിലെ കുടിയേറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഏറ്റവും പരിമിതവും കാര്യക്ഷമത കുറഞ്ഞതുമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരും ഉത്തരവാദിത്തമേറ്റെടുക്കാത്തതുകൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്. വിദേശ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും വിദേശ ഇന്ത്യാക്കാര്‍ക്കു വേണ്ടിയുള്ള മന്ത്രാലയവും തമ്മില്‍ ഏകോപനം ഇല്ല. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍നിയമങ്ങളും കരാര്‍വ്യവസ്ഥകളും ലംഘിക്കപ്പെട്ടാല്‍ ഇടപെടുന്നതിനുള്ള ഫലപ്രദമായ സംവിധാനമില്ല. എംബസികളുടെ ഇടപെടലുകള്‍ക്കു പുറമെ സര്‍ക്കാര്‍തലത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രവാസി തൊഴിലാളികള്‍ക്ക് സേവന സ്ഥിതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ല.

ഗള്‍ഫ് മേഖലയില്‍ നിന്നുവരുന്ന പണം കേരളത്തിന്റെ ഉല്‍പ്പാദനമേഖലകളില്‍ നിക്ഷേപമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ വിമുഖത കാട്ടുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക റൂട്ട്സ് എന്നൊരു കമ്പനി ഉണ്ടാക്കിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. പ്രവാസികളുടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രവാസികള്‍ക്കുള്ള ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇതിന്റെ ഉദ്ദേശ്യം. അവ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നില്ല. കുടിയേറ്റ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക എന്നതും പ്രധാനമാണ്. വിമാനച്ചാര്‍ജ് ഭീകരമായ തോതില്‍ ഉയര്‍ത്തുന്ന പ്രശ്നം നിലനില്‍ക്കുന്നു. യാത്രനിരക്കിലെ കൊള്ള ഗള്‍ഫ് മലയാളികളുടെ നടുവൊടിക്കുന്നതാണ്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെയും സ്ത്രീത്തൊഴിലാളികളുടെയും അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ നിയമം നിര്‍മിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

വികേന്ദ്രീകൃതമായ ആസൂത്രണത്തിന്റെ വര്‍ത്തമാനകാലത്ത് പ്രാദേശിക പദ്ധതികളുടെയും വിവിധ ധനകാര്യസ്ഥാപനങ്ങളുടെയും സഹായം ഉപയോഗപ്പെടുത്തി വിദേശ മലയാളികളുടെ പുനരധിവാസ പദ്ധതികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കേണ്ടതുണ്ട്. ഒഡെപെക്, നോര്‍ക്ക-റൂട്ട്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും വിദേശ രാജ്യങ്ങളിലുള്ള സമാന കമ്പനികളുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും വേണം. വിദേശരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായ കേസില്‍ കുടുങ്ങിയവരെയും നിയമപ്രശ്നങ്ങള്‍ നേരിടുന്നവരെയും സഹായിക്കുന്നതിനുള്ള എയ്ഡ് സെല്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. ഇക്കാര്യങ്ങളൊന്നും തിരിഞ്ഞുനോക്കാത്തവര്‍, തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രവാസികളോട് വോട്ടഭ്യര്‍ഥനയുമായി ചെല്ലുന്നത് തികഞ്ഞ വഞ്ചനയാണ്. ആ തിരിച്ചറിവാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെയും തീരുമാനത്തെ രൂപപ്പെടുത്തുക എന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, February 4, 2014

ഖത്തറിലെ ആളുജീവിതം

പുതുവര്‍ഷപ്പുലരിയില്‍ ദോഹയില്‍നിന്ന് ഉണ്ണി മടവൂര്‍ വിളിച്ചു. "സമന്വയ"ത്തിന്റെ വാര്‍ഷികം ജനുവരി 9-10 തീയതികളിലാണ്. കഥാമത്സരത്തില്‍ ജയിച്ച ജോസഫ് അതിരുങ്കലിന് പുരസ്കാരം നല്‍കുന്ന ചടങ്ങാണ് ആദ്യത്തെ ദിവസം. അതിഥിയായി ചെല്ലേണ്ട പി വത്സലയ്ക്ക് ചില സാങ്കേതികകാരണങ്ങളാല്‍ വിസ ശരിയായില്ല. മറ്റൊരു വിധികര്‍ത്താവായ സി രാധാ കൃഷ്ണന്‍ രണ്ടു വര്‍ഷം മുമ്പ് ഈ പരിപാടിക്ക് വന്നിട്ടുള്ള ആളാണ്. അതുകൊണ്ട് മൂന്നാമനായ എനിക്ക് വരാന്‍ പറ്റുമോ എന്ന് ആരാഞ്ഞുകൊണ്ടായിരുന്നു ഉണ്ണിയുടെ വിളി. ആലോചിക്കാന്‍ സമയമില്ല. ഒരാഴ്ചയ്ക്കകം ഖത്തറില്‍ എത്തണം. പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ബിരുദപത്രവും സ്കാന്‍ ചെയ്ത് അയക്കണം. ഒന്നോ രണ്ടോ കഥയും വേണം. ചടങ്ങിനൊപ്പം കഥയാട്ടമായി അവതരിപ്പിക്കാനാണ്. എല്ലാം ഞൊടിയിടയില്‍ ത്തന്നെ അയച്ചു. നൂതനസാങ്കേതികവിദ്യയ്ക്ക് നമസ്കാരം.

യാത്രയുടെ തലേന്ന് വിസ അനുവദിച്ചു കിട്ടി. ടിക്കറ്റും കൈപ്പറ്റി. അപരിചിതമായ നാട്ടില്‍ ചെല്ലുന്നതിന്റെ ബേജാറ് വേണ്ടെന്നും ഒരു ബന്ധുവീട്ടിലേക്കു വിരുന്നു വരുന്നതിന്റെ ലാഘവത്തോടെ പുറപ്പെട്ടാല്‍ മതിയെന്നും ഷീജ ഉണ്ണികൃഷ്ണന്‍ (ഉണ്ണി മടവൂരിന്റെ ഭാര്യ) ഫെയ്സ്ബുക്ക് വഴി അറിയിച്ചു. ഷീജയാണ് കഥയാട്ടം പരിപാടിയില്‍ "വിപരീതചിഹ്നങ്ങള്‍" എന്ന എന്റെ കഥ വേദിയില്‍ ആടുന്നതെന്നും സന്ദേശമയച്ചു. ഒരു യാത്രയ്ക്ക് ഇതില്‍പ്പരം സന്തോഷകരമായ തുടക്കം എങ്ങനെ കിട്ടാനാണ്! ദോഹ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ കുടുംബസമേതമെത്തിയ സമന്വയം പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ ജാനുവമ്മ പറഞ്ഞതു പോലെ ""ഞാനങ്ങട് ഇല്യാണ്ടായി."" അല്ലറചില്ലറ എഴുത്തുകൊണ്ട് എത്ര വലിയ സ്നേഹസാമ്രാജ്യമാണ് ഞാന്‍ ആര്‍ജിച്ചിരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ ചെറുതായൊന്ന് നയുകയും ചെയ്തു.

പുറത്ത് ചെറിയ തണുപ്പുണ്ട്. 9-ഉം 10-ഉം നല്ല തണുപ്പുള്ള ദിവസങ്ങളാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വിമാനത്താവളത്തിനടുത്തുള്ള ഗ്രാന്‍ഡ് റീഗല്‍ ഹോട്ടലില്‍ ആയിരുന്നു താമസം ഏര്‍പ്പെടുത്തിയിരുന്നത്. മുറിയില്‍ എത്തിയപ്പോഴേയ്ക്കും രാത്രി വൈകിയിരുന്നു. ചില്ലു ജാലകത്തിന്റെ തിരശ്ശീല നീക്കിനോക്കി. നഗരത്തിലെ ഉയരമുള്ള കെട്ടിടക്കൂട്ടങ്ങള്‍ വൈദ്യുതപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ദോഹയില്‍ എന്റെ ആദ്യത്തെ രാത്രി. പിറ്റേന്നു വൈകുന്നേരം നടക്കുന്ന സമന്വയം സാഹിത്യവേദിയുടെ സമ്മേളനത്തിനു മുമ്പ് പകല്‍ കുറച്ചു പണികളുണ്ടെന്ന് ഉണ്ണി അറിയിച്ചിരുന്നു. എം ഇ എസ് സ്കൂളില്‍ കുട്ടികളുമായി ഇത്തിരി നേരം ഇരിക്കുന്നതാണ് ആദ്യത്തേത്. അവിടത്തെ കുട്ടികള്‍ക്കായി സമന്വയം നടത്തിയ കഥാമത്സരത്തിലെ രചനകള്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യക്കു പുറത്തെ നമ്മുടെ കുട്ടികള്‍ ഇത്ര ഭംഗിയായി മലയാളം എഴുതിക്കണ്ടപ്പോള്‍ സന്തോഷം തോന്നി. അഫീദാ ഫെര്‍മിസ് എന്ന കുട്ടിയുടെ "ഗമനം" എന്ന കഥയായിരുന്നു സമ്മാനാര്‍ഹമായത്. സ്കൂളിലെ വലിയ ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. മലയാളം പഠിക്കാന്‍ ഇത്രയധികം കുട്ടികളോ എന്ന് ചിന്തിക്കുമ്പോള്‍ ഹാളില്‍ എല്ലാവരേയും ഇരുത്താന്‍ കഴിയാത്തതുകൊണ്ട് എട്ടാം ക്ലാസുകാര്‍ മാത്രമേയുള്ളൂ എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പതിനായിരത്തില്‍ പ്പരം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് അത്. അഞ്ചു മലയാള പത്രങ്ങളെങ്കിലും ദോഹയില്‍നിന്ന് ഇറങ്ങുന്നുണ്ട്. "മാധ്യമം", "ചന്ദ്രിക", "വര്‍ത്തമാനം", "തേജസ്". ഈ വര്‍ഷം ഒന്നാം തീയതി മുതല്‍ "മലയാള മനോരമ"യും. പത്രസമ്മേളനത്തില്‍ അവരുടെ പ്രതിനിധികളോടൊപ്പം മലയാളം ചാനലുകാരും പങ്കെടുത്തു. ഏഷ്യാനെറ്റ് റേഡിയോവിനു വേണ്ടി ഉണ്ണി മടവൂര്‍ നടത്തിയ ഒരു അഭിമുഖസംഭാഷണം കൂടി കഴിഞ്ഞതോടെ സമ്മേളനത്തിനുള്ള സമയമായി. സമയനിഷ്ഠയില്‍ സമന്വയം വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടാവണം ആറു മണിക്കു മുമ്പു തന്നെ അശോകാഹാള്‍ നിറഞ്ഞിരുന്നു. പുരസ്കാരം സ്വീകരിക്കാന്‍ ജോസഫ് അതിരുങ്കല്‍ സൗദി അറേബ്യയില്‍ നിന്നെത്തിയിരുന്നു. അഫീദാ ഫെര്‍മിസ് അച്ഛനമ്മമാരോടൊപ്പം സദസ്സില്‍ ഇടം പിടിച്ചു. പ്രസിദ്ധകവി റഫീഖ് അഹമ്മദിന്റെ ജ്യേഷ്ഠന്റെ പേരക്കുട്ടിയാണ് അഫീദ. പ്രഭാഷണങ്ങള്‍ക്കു ശേഷം കഥയാട്ടം. വത്സലടീച്ചറുടെ "വേനല്‍പ്പരീക്ഷക"ളും "പരശുപുരം ചന്ത"യും എന്റെ "വിപരീതചിഹ്നങ്ങ"ളും. അലീന എസ് കൃഷ്ണയുടെയും രാജേഷ് രവീന്ദ്രനാഥന്റെയും ഷീജാ ഉണ്ണികൃഷ്ണന്റെയും ഉജ്വലമായ ഏകാംഗപ്രകടനം. സംവിധായകന്‍ രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ അണിയറയില്‍ എവിടെ യോ ഒളിച്ചുനിന്നു. പിറ്റേന്നു രാവിലെ നേരത്തെത്തന്നെ ഉണ്ണി-ഷീജമാരോടൊപ്പം ഖത്തറിന്റെ പുതിയ മുഖമായ കോര്‍ണിഷിലേയ്ക്ക് ഒരു യാത്ര.

കാലങ്ങള്‍ക്കു മുമ്പ് ഉണ്ണാനും ഉടുക്കാനുമുള്ള വിഭവങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍നിന്നുള്ള കപ്പല്‍ കാത്തിരിക്കാറുള്ള ഒരു ദരിദ്രരാജ്യമായിരുന്നു ഖത്തര്‍ എന്ന് തലേന്ന് ഒരു യാത്രയ്ക്കിടെ സുധീഷ് ദാമോദരന്‍ പറഞ്ഞിരുന്നു. ഈന്തപ്പഴവും മീനുമായിരുന്നുവത്രേ അന്നത്തെ ഖത്തറുകാരുടെ ഭക്ഷണം. കടലില്‍നിന്നു ശേഖരിക്കുന്ന മുത്തും പവിഴവും പകരം കൊടുത്താണ് കപ്പലിലെ വിഭവങ്ങള്‍ അവര്‍ വാങ്ങിയിരുന്നത്. വിനിമയോപാധി പോലും ഇന്ത്യന്‍ രൂപയായിരുന്നുവത്രേ. അതെല്ലാം പഴയ കഥ.

1940-ല്‍ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയതോടെ ഖത്തറും സമ്പന്നതയിലേക്കു കുതിക്കാന്‍ തുടങ്ങി. ഇന്ന് ലോകത്തിലെത്തന്നെ സമ്പന്നരാജ്യങ്ങളിലൊന്നാണത്രേ ഖത്തര്‍. ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള രാജ്യവും ഖത്തര്‍ തന്നെ. ഒരു തരത്തിലുള്ള നികുതിയുമില്ലാത്ത രാജ്യമാണ്. അതോടെ ലോകത്തില്‍ ഒരു രാജ്യമെന്ന നിലയ്ക്കുള്ള സ്വന്തം അസ്തിത്വം അടയാളപ്പെടുത്താനായി ഖത്തറിന്റെ പരിശ്രമം. കോര്‍ണിഷിന്റെ അടുത്തുള്ള "ഖത്തറ" എന്ന സ്ഥലത്ത് ദോഹയെ അറബ് സംസ്കാരത്തിന്റെ തലസ്ഥാനമാക്കാനുള്ള പരിശ്രമം കാണാം. നിരവധി പ്രദര്‍ശനശാലകളും ഒരു ആംഫി തീയറ്ററും ഇവിടെയുണ്ട്. (ഒരു ഗ്യാലറിയില്‍ മീന്‍പിടുത്തത്തിനുപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ കൂട്ടത്തില്‍ രണ്ടു ചുള്ളിക്കമ്പുകള്‍ ചായം പൂശി വച്ചിരിക്കുന്നതു കണ്ട് ഞങ്ങള്‍ ശരിക്കും ചിരിച്ചുപോയി.) ഒപ്പം ഇതിനെ സംസ്കാരത്തിന്റെ താഴ്വരയെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഏതായാലും കേരളത്തിലെ രണ്ടോ മൂന്നോ ജില്ലകള്‍ ചേര്‍ത്താലുള്ള വലിപ്പം മാത്രമുള്ള ഒരു ചെറിയ രാജ്യത്തെ ലോകശ്രദ്ധയിലേയ്ക്കു കൊണ്ടുവരാന്‍ ഈ പരിശ്രമങ്ങള്‍കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് ഉണ്ണി പറഞ്ഞു.

ഇവിടെ എല്ലാ വര്‍ഷവും കടല്‍ജീവിതങ്ങളെ ഓര്‍മിപ്പിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ നടക്കാറുണ്ട്. ഒപ്പം ചിത്രരചനയുള്‍പ്പെടെയുള്ള കലകളുടെ പ്രദര്‍ശനവും ശില്‍പശാലകളും പുറംനാട്ടില്‍നിന്നുള്ള കലാപരിപാടികളും കലാകാരന്മാരുടെ സംവാദങ്ങളും .... കലയ്ക്കും സംസ്കാരത്തിനും ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ഇടമാണത്രേ "ഖത്തറ". പണ്ട് സമ്പന്നരായ നമ്മുടെ നാട്ടുരാജാക്കന്മാര്‍ പ്രൗഢി കാണിക്കാന്‍ വേണ്ടി നടത്തിയിരുന്ന അഭ്യാസങ്ങള്‍ ഓര്‍മിച്ചുപോയി. അവിടെയും നില്‍ക്കുന്നില്ല. കായികപരിശീലനങ്ങള്‍ക്ക് അളവറ്റ പ്രോത്സാഹനമാണ് ഇപ്പോള്‍ കൊടുക്കുന്നത്.

1993-ല്‍ ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് തുടങ്ങി. 2006-ലെ ഏഷ്യന്‍ ഗെയിംസ് വേദി നേടിയെടുത്തു. 2020-ലെ ലോകകപ്പ് ഫുട്ബാള്‍ വേദി ഖത്തറാണ്. അതിനു വേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ അതിദ്രുതം നടന്നുകൊണ്ടിരിക്കുന്നത്. കെട്ടിടങ്ങള്‍ പണിയുകയും പൊളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ നീന്തല്‍ക്കുളം കാണുമെന്ന കാരണം കൊണ്ട് റെഗീസ് ഹോട്ടല്‍ പൊളിച്ചു മാറ്റിയത് 99 കൊല്ലം കൊണ്ട് അതില്‍നിന്നു കിട്ടിയേക്കാവുന്ന പൂര്‍ണവരുമാനം നഷ്ടപരിഹാരമായി കൊടുത്തുകൊണ്ടാണ്. ""നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഗ്രാന്‍ഡ് റീഗല്‍ ഹോട്ടല്‍ പണി കഴിഞ്ഞിട്ട് മൂന്നു കൊല്ലമേ ആയുള്ളൂ,"" സുധീഷ് പറഞ്ഞിരുന്നു. ""ഒരുപക്ഷേ ഇനി നിങ്ങള്‍ ഇവിടേയ്ക്കു വരുമ്പോള്‍ ആ ഹോട്ടല്‍ അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല.""

ഇന്ന് അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ഖത്തറാണ്. പലേ അറബ് രാജ്യങ്ങളിലും മുല്ലപ്പൂ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ക്ക് പണവും പിന്തുണയും കൊടുത്തു ഖത്തര്‍. ഖത്തറിലെ ജനസംഖ്യ 18 ലക്ഷമാണ്. അതില്‍ ഖത്തറുകാര്‍ 2.5 ലക്ഷമേയുള്ളൂ. ജനസംഖ്യയില്‍ 24 ശതമാനം ഇന്ത്യക്കാരാണ്. അതില്‍ത്തന്നെ 90 ശതമാനം മലയാളികളും! കോര്‍ണിഷ് അംബരചുംബികളായ കെട്ടിടങ്ങളുടെ കൂട്ടമാണ്. പണികള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കകം അവിടം മറ്റൊരു നരിമാന്‍ പോയന്റോ മരീനാ ബേയോ ആയി മാറിയേക്കാമെന്നു തോന്നി. ഖത്തര്‍ നിവാസികള്‍ക്ക് അല്‍പം നടക്കാനും കാറ്റു കൊള്ളാനുമുള്ള സ്ഥലരാശിയാണ് കോര്‍ണിഷ്. ഹൗസ് ബോട്ടുകളുടെ നീണ്ട നിര സന്ദര്‍ശകരെ കാത്തു കിടക്കുന്നുണ്ട്. ഹൗസ് ബോട്ടുകള്‍ പണിയുന്നത് അധികവും കോഴിക്കോട്ടുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വന്നവരാണ്.

കൊയിലാണ്ടിക്കാരനായ മുഹമ്മദിന്റെ സൗജന്യത്തില്‍ ഒരു ബോട്ടിന്റെ അകത്തു കയറി ഷേക്കുമാര്‍ക്കുള്ള സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കാനുള്ള അവസരവും കിട്ടി. മുഹമ്മദ് ഈ പണിയെടുത്തു തുടങ്ങിയിട്ട് മുപ്പതു കൊല്ലത്തിലധികമായി. ഭാര്യയും മക്കളും നാട്ടിലാണ്. നാലു മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അപ്പോള്‍ ഞാന്‍ ജോസഫ് അതിരുങ്കലിന്റെ സമ്മാനാര്‍ഹമായ "ഇണയന്ത്രം" എന്ന കഥ ഓര്‍മിച്ചുപോയി. ഭാര്യയെ പിരിഞ്ഞു ജീവിയ്ക്കുന്നവര്‍ക്ക് "പ്രിയതമയെപ്പോലൊരു പാവ" വിതരണം ചെയ്യുകയാണ് ഒരു ചൈനീസ് കമ്പനി. ഭാര്യയുടെ ചിത്രവും അഴകളവുകളും "അപ്ലോഡ്" ചെയ്താല്‍ കൊറിയര്‍ വഴി നമുക്ക് ഭാര്യയേപ്പോലെത്തന്നെയുള്ള ഒരു പാവയെ കിട്ടുന്നു. അതോടെ ഭാര്യയെ കാണാനുള്ള ജ്വരം നഷ്ടപ്പെടുന്ന ആണുങ്ങള്‍ നാട്ടിലേയ്ക്ക് പോവാതെയായി. ഒടുവില്‍ ഭര്‍ത്താക്കന്മാരുടെ രൂപത്തിലുള്ള പാവകള്‍ നാട്ടിലെ ഭാര്യമാരേയും തേടിയെത്തുന്നിടത്താണ് "ഇണയന്ത്രം" അവസാനിക്കുന്നത്. പ്രവാസികളുടെ ലൈംഗികദാരിദ്ര്യം തീക്ഷ്ണമായി ആവിഷ്കരിക്കുന്ന കഥ. മിക്കവാറും എല്ലാ നഗരങ്ങള്‍ക്കും സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും മുഖങ്ങളുണ്ട്. നമ്മള്‍ പണിയുന്ന കെട്ടിടങ്ങളിലേയ്ക്കും ഹോട്ടലുകളിലേയ്ക്കുമുള്ള പ്രവേശനം പണി തീരുന്നതോടെ നമുക്കു നഷ്ടപ്പെടും എന്ന് "ഇണയന്ത്ര"ത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ലേബര്‍ ക്യാമ്പിലെ ജീവിതവും കഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കോര്‍ണിഷില്‍നിന്നുള്ള മടക്കയാത്രയില്‍ ഒരു കാഴ്ച കാണിച്ചു തരാന്‍ വേണ്ടി ഉണ്ണി വാഹനം മറ്റൊരു വഴിക്കു വിട്ടു. ഉച്ചയ്ക്കു ശേഷം കോര്‍ണിഷില്‍ ദമ്പതികള്‍ക്കേ പ്രവേശനമുള്ളുവത്രേ. ഖത്തറില്‍ കുടുംബസമേതം താമസിക്കാന്‍ വകയില്ലാത്തവര്‍ക്ക് അവിടേയ്ക്ക് പ്രവേശനമില്ല. സമയം കഴിഞ്ഞിട്ടും അവിടെ പരുങ്ങുന്നവരെ ആട്ടിയോടിക്കാന്‍ പൊലീസ് എത്തും.

രണ്ടാം ദിവസം സമന്വയത്തിന്റെ വാര്‍ഷികാഘോഷമായിരുന്നു. പ്രധാനമായി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. അതിനു ശേഷം "വിവേകഭാരതം" എന്ന പേരില്‍ ഒരു നാടകാവതരണം. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ സമാപനമായിരുന്നു അത്. രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ എഴുതി അവതരിപ്പിച്ച ആ നാടകം രണ്ടു ദിവസത്തെ ആഘോഷങ്ങളുടെ സാര്‍ഥകമായ പരിസമാപ്തിയായി. മൂന്നു ദിവസത്തെ താമസത്തിനിടയ്ക്ക് ഖത്തറിലെ മരുപ്രദേശങ്ങള്‍ കാണാന്‍ സമയം കിട്ടിയില്ല. ലേബര്‍ ക്യാമ്പിലെ ജീവിതം കാണാനും അവസരമുണ്ടായില്ല. ബെന്യാമിന്റെ "ആടുജീവിതം" സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണല്ലോ. ഖത്തറിലും അത്തരം ജീവിതങ്ങളുണ്ടോ എന്ന് ഉണ്ണിയോട് അന്വേഷിച്ചു. ആടുഫാമുകളും ഒട്ടകഫാമുകളും ഇവിടെയുമുണ്ട് എന്നു മറുപടി.

നജീബിന്റേതിനു സമാനമായ ജീവിതങ്ങളുമുണ്ട്. ആരും അതൊന്നും അന്വേഷിക്കാറില്ലെന്നു മാത്രം. അറബിയുടെ ഫാം ഹൗസില്‍ മാസങ്ങളായി സ്പോണ്‍സര്‍ എത്താതെ കഷ്ടപ്പെടുന്ന ശ്രീലങ്കക്കാരന് നാട്ടിലേയ്ക്കു വിളിക്കാന്‍ ഉണ്ണി തന്നെ ഒരിക്കല്‍ ഒരു മൊബൈല്‍ ഫോണ്‍ കൊടുത്ത കഥ പറഞ്ഞു. ഖത്തര്‍ ഇത്ര ചെറിയ രാജ്യമായിരുന്നിട്ടും മുഴുവന്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഷീജ ദുഃഖിച്ചു. മ്യൂസിയം ഇതുവരെ കണ്ടിട്ടില്ല. ഉണ്ണിയുടെ അലക്കൊഴിഞ്ഞ് സമയം കിട്ടിയിട്ടു വേണ്ടേ! മൂന്നാം ദിവസം അതിനുള്ള ഒരു പദ്ധതിയിട്ടുവെങ്കിലും നടന്നില്ല. ഖത്തറില്‍ മഴ കോരിച്ചൊരിഞ്ഞ ദിവസമായിരുന്നു അത്. അന്ന് ഖത്തറില്‍ സൂര്യനുദിച്ചതേയില്ല. വക്രയിലെ ഒരു ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഖത്തറിലെ മഴ കാണാനുള്ള ഭാഗ്യവും ഉണ്ടായി. മഴ പെയ്താല്‍ തണുപ്പു കൂടുമെന്ന് ഖത്തര്‍ നിവാസികള്‍ പറഞ്ഞിരുന്നു. നാലാമത്തെ രാത്രി വിമാനത്താവളത്തിലേയ്ക്കു പുറപ്പെടുമ്പോള്‍ പുറത്ത് നല്ല തണുപ്പനുഭവപ്പെട്ടു. വേണ്ടപ്പെട്ടവരെ വിട്ടു പോരുന്നതു പോലെയായിരുന്നു മടക്കയാത്ര. ഷീജ പറഞ്ഞതു ശരിയായിരുന്നു. അടുത്ത ബന്ധുവിനോടെന്നതു പോലെയായിരുന്നു അവരുടെ പെരുമാറ്റം. ഓരോ ദിവസവും ഓരോ വീട്ടിലായിരുന്നു ഉച്ചയൂണ്.

പോരുന്ന ദിവസം ഉണ്ണിയുടെ വീട്ടില്‍ കുറേപ്പേര്‍ ഒത്തുകൂടി. തുടര്‍ന്ന് സമന്വയത്തിന്റെ പ്രസിഡന്റ് ശശി പൊന്നാറമ്പിലിന്റെ വീട്ടില്‍ മറ്റു ചിലരുമെത്തി. അവിടെനിന്നാണ് പെട്ടിയെടുത്ത് ഇറങ്ങിയത്. വര്‍ത്തമാനത്തിനിടെ ഒന്നു ശ്രദ്ധിച്ചു. കേരളത്തിനു പുറത്തു താമസിക്കുന്നവരില്‍ സാധാരണ കാണുന്നതു പോലെത്തന്നെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പേറുന്നവരാണ് ഖത്തറിലെ മലയാളികളും. നമ്മുടെ നാടിന്റെ പോക്ക് ശരിയല്ല എന്നു വേവലാതിപ്പെടുന്നവര്‍. അതു കൊണ്ടാണാവോ, ആര്‍ക്കും കേരളത്തിലേയ്ക്കു തിരിച്ചുവരാന്‍ ആഗ്രഹമുള്ളതായി തോന്നിയില്ല. അത് ഞാന്‍ ഇടപഴകിയ വിഭാഗത്തിന്റെ മാത്രം മനോഭാവമാവാനും വഴിയുണ്ട്.

ഖത്തറില്‍ കുറച്ചൊക്കെ സൗകര്യമുള്ള ജീവിതം നയിക്കുന്നവരുടെ കൂടെയായിരുന്നു എന്റെ വ്യവഹാരങ്ങള്‍. ഖത്തറിലെ ജീവിതം അവര്‍ക്ക് അത്രമേല്‍ സുരക്ഷിതത്വം നല്‍കുന്നുണ്ടാവണം. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്ന് അണുകുടുംബം എന്ന രീതി നിലവില്‍ വന്നതോടെ നാട്ടിലേയ്ക്ക് പിടിച്ചുവലിക്കുന്ന ഊഷ്മളബന്ധങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ. മാത്രമല്ല കേരളത്തിലെ രാഷ്ട്രീയത്തിന്റെ അതിപ്രസരവും മാറിയ കാലം ഉണ്ടാക്കുന്ന അരക്ഷിതത്വവും അവരെ നാട്ടില്‍നിന്ന് അകറ്റുന്നുണ്ടോ എന്നും സംശയം തോന്നി. മടക്കയാത്രയില്‍ എന്റെ അടുത്തിരിക്കുന്ന വടക്കാഞ്ചേരിക്കാരന്‍ ജിജോ ജോസഫ് പക്ഷേ അത്ര സന്തുഷ്ടനാണെന്നു തോന്നിയില്ല. ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനും പെങ്ങളുടെ കല്യാണത്തിനുമായി നാട്ടിലേയ്ക്കു വരികയായിരുന്നു അയാള്‍. പതിനൊന്നു വര്‍ഷമായി അയാള്‍ ഖത്തറിലാണ്.

""എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നുണ്ട്,"" അയാള്‍ പറഞ്ഞു. ""കുറേ ശ്രമിച്ചെങ്കിലും പറ്റിയ ജോലിയൊന്നും കിട്ടുന്നില്ല.""

ഇരുപതു ദിവസത്തെ അവധിയില്‍ നാട്ടിലേയ്ക്കു വരികയായിരുന്നു ജിജോ. കുടുംബത്തെ പിരിഞ്ഞിരിക്കുന്ന നിരവധി പേരുടെ പ്രതിനിധി. പാനോപചാരങ്ങളും അത്താഴവും കഴിഞ്ഞ് വിമാനത്തിലെ വിളക്കുകള്‍ കെടുത്തിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരുന്നു. അഞ്ചു മണിക്ക് വിമാനം കൊച്ചിയിലിറങ്ങും. സീറ്റു ബെല്‍ട്ട് മുറുക്കാനുള്ള നിര്‍ദേശം കേട്ടാണ് ഞാന്‍ മയക്കമുണര്‍ന്നത്. ജിജോ അപ്പോഴും കണ്ണുതുറന്ന് ഇരിക്കുകയായിരുന്നു. ""കൂട്ടിക്കൊണ്ടു പോവാന്‍ അനിയന്‍ വരും,"" അയാള്‍ പകുതി തന്നോടുതന്നെയെന്നെ പോലെ പറഞ്ഞു. തന്റെ ഊഴം കഴിഞ്ഞതോടെ എമിഗ്രേഷന്‍ ക്ലിയറന്‍സിനു നില്‍ക്കുന്ന വരിയില്‍നിന്ന് അയാള്‍ പൊടുന്നനെ അപ്രത്യക്ഷനായി.

*
അഷ്ടമൂര്‍ത്തി ദേശാഭിമാനി വാരിക

Sunday, October 27, 2013

ഇന്ത്യയുടെ തലച്ചോറ് വില്‍പ്പനയ്ക്ക്

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ബുദ്ധിയും സര്‍ഗശക്തിയുമുള്ളവരുടെ കുടിയേറ്റം വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വം, തൊഴില്‍ പ്രശ്‌നങ്ങള്‍, വിദേശ രാജ്യങ്ങളിലെ ആകര്‍ഷണീയമായ തൊഴില്‍ അവസരങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം,  സാമ്പത്തിക നേട്ടം തുടങ്ങിയവയാണ് വിദേശത്തേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. 2001 ല്‍ യു എന്‍ ഡി പി യുടെ പഠന റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇത്തരം കുടിയേറ്റങ്ങളാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഈ ചൂഷണത്തിന്റെ വലയില്‍ ആണ്. പ്രധാനമായി ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും പിന്നാക്കാവസ്ഥയ്ക്ക് ഇതൊരു കാരണമാണ്. ഒരു രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികസനത്തിന് മാനവ വിഭവശേഷി ഒഴിച്ചു നിര്‍ത്താന്‍ കഴിയുന്നതല്ല. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷമുള്ള അറുപത്തിയേഴ് വര്‍ഷക്കാലയളവില്‍ അമ്പത്തെട്ടു വര്‍ഷവും ഇന്ത്യയില്‍ ഭരണത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യം അഭിമുഖീകരിക്കുന്ന മാനവ വിഭവശേഷിയൂടെ ശോചനീയാവസ്ഥ തിരിച്ചറിയാനോ പരിഹരിക്കാനോ കഴിഞ്ഞില്ല എന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ വര്‍ഷംതോറും.

2001 ലെ കണക്കുപ്രകാരം വര്‍ഷം തോറും 1 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. യു കെ യിലെ ഡോക്ടര്‍മാരില്‍ പത്തില്‍ നാലും ഇന്ത്യന്‍ വംശജരാണ്. ഏതാണ്ട് അത്രത്തോളം അനുബന്ധ മേഖലയിലും പണിയെടുക്കുന്നു. ആരോഗ്യരംഗത്ത് ഇന്ത്യയിലും കേരളത്തിലും വിദഗ്ധരുടെ വലിയ വിടവ് അനുഭവപ്പെടുന്നു എന്ന വസ്തുത ഇതിനോട് ചേര്‍ന്ന് വായിക്കാവുന്നതാണ്.

പ്രവാസികാര്യവകുപ്പിന്റെ കണക്കുപ്രകാരം 25 ദശലക്ഷം ആള്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 1990 ന് ശേഷമുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം തൊഴിലില്ലായ്മയാണ്. വിദഗ്ധ തൊഴിലാളികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കായിക അദ്ധ്വാനം വേണ്ട തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്. അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ മാനവവിഭവശേഷി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. വികസിത രാജ്യങ്ങള്‍ കുടിയേറ്റ നയങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നു. കുടിയേറുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പൗരത്വം കൊടുത്തുകൊണ്ട് അവരെ സാമ്പത്തികമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആഗോളവത്കരണം ലോകത്തെ കുത്തക ഭീമന്‍മാര്‍ തമ്മിലുളള മത്സരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ വിഭവങ്ങളെ കൂടുതല്‍ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന നയം കോര്‍പ്പറേറ്റ് ലോകത്ത് സാധാരണമായിക്കഴിഞ്ഞു. ഇതില്‍ അവര്‍ ഉല്‍പന്നത്തെ കൂടുതല്‍  വിപുലീകരണം ചെയ്യുന്നു. ഉല്‍പ്പന്നവിപുലീകരണത്തിന് ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വത്തെ ആവശ്യമായി വരുന്നു. അതിന് അവര്‍ തേടുന്ന മാര്‍ഗം കാമ്പസ് റിക്രൂട്ട്‌മെന്റാണ്.

സ്വതന്ത്ര ഭാരതത്തിന്റെ സാമൂഹിക ശാസ്ത്ര വികസനത്തിന് വേഗത കൂട്ടുന്നതിനു വേണ്ടി രൂപീകരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളില്‍ മത്സരപരീക്ഷയില്‍ കൂടി അഡ്മിഷന്‍ കിട്ടുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബുദ്ധിയും സര്‍ഗ ശക്തിയും ഉള്ളവരാണ്. ഈ തലമുറയാണ് ഭാവി ഇന്ത്യയെ ശോഭനമാക്കി മാറ്റേണ്ടത്. എന്നാല്‍ ഇന്ന് ആഗോള കുത്തകകള്‍ക്ക് ഈ കാമ്പസുകള്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ഐടിഐകള്‍ അഭിമാനപൂര്‍വ്വം പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 60% കുട്ടികള്‍ക്കും വിദേശ കമ്പനികളില്‍ ജോലികിട്ടി എന്നാണ്. അതും  ശരാശരി വരുമാനത്തേക്കാള്‍ 30% വര്‍ദ്ധനയോടെ. ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ലക്ഷ്യം മറന്നു പോകുന്നു.

ഐ ടി രംഗത്തെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ ഭീമനായ  മൈക്രോ സോഫ്ടില്‍ 34 ശതമാനവും, ഐ ബി എം ല്‍ 28 ശതമാനവും, ഇന്റല്‍ 17 ശതമാനവും, സിറോക്‌സിസ് 13 ശതമാനവും എന്‍ എ എസ് എ 36 ശതമാനവും തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. (ദ ടൈംസ് ഓഫ് ഇന്ത്യ 2008 മാര്‍ച്ച് 11-ാം തീയതി)

ലോകത്തിലെ ഏറ്റവും വലിയ കുത്തക കമ്പനിയായ ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ക്രോമിന്റെ പ്രധാന ശില്‍പ്പി ഐ ഐ ടി കാണ്‍പൂര്‍ വിദ്യാര്‍ഥി സുന്ദര്‍ പിച്ചായി ആണ്. അതുപോലെ ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയുടെയും തലപ്പത്ത് ഇന്ത്യന്‍ വംശജരാണ്. ഇന്ത്യയ്ക്ക് പ്രയോജനമാകേണ്ട ബുദ്ധിയും സ്വര്‍ഗ്ഗശക്തിമുളള യുവതലമുറെയ അപഹരിച്ചെടുത്തു കൊണ്ടു പോയി പ്രയോജനപ്പെടുത്തുന്നതിന്റെ പ്രധാന ഉദാഹരണമാണിത്. ഇവരെ കണ്ടെത്താനോ, വിനിയോഗിക്കാനോ നമുക്കായിട്ടില്ല.

ചൈന ഈ പ്രശ്‌നം മനസ്സിലാക്കി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വിദഗ്ധരായ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാന്‍ 97.5 മില്യന്‍ ഡോളറിന്റെ പദ്ധതി വിഭാവനം ചെയ്തിരിക്കുകയാണ്. ആ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 20% വിദ്യാഭ്യാസത്തിനും ഉദ്യോഗാര്‍ഛികള്‍ക്ക് തൊഴില്‍ സിദ്ധിക്കുന്നതിനും ചെലവഴിക്കുമ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് ജി ഡി പി യുടെ നാല് ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനു വകയിരുത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി ഗൗരവതരമായി യാതൊരു പദ്ധതികളും രൂപപ്പെടുത്തുന്നുമില്ല.

യു എന്‍ ഡി പി യുടെ മാനവശേഷി വികസന സൂചികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ഉള്‍പ്പെടുന്ന 156 രാജ്യങ്ങളുടെ പട്ടികയാണിത.് രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികാസത്തില്‍ ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വം അത്യാവശ്യമാണെന്ന വസ്തുത നമ്മുടെ സര്‍ക്കാര്‍ മറന്നുപോകുന്നു. പുതിയ തലമുറയെ രാജ്യത്തിന് പ്രയോജനമാക്കേണ്ടതിന് ആവശ്യമായ നയസമീപനങ്ങളെടുക്കുന്നതില്‍ ഗവണ്‍മെന്റ് വീഴ്ചവരുത്തുന്നുവെന്ന് വര്‍ധിച്ചുവരുന്ന കുടിയേറ്റങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണവും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമാണുള്ളത്.

തൊഴിലില്ലായ്മയുടെ കാര്യത്തില്‍ രാജ്യം വളരെ വേഗതയിലാണ് സഞ്ചരിക്കുന്നത്. 2009 - 2010 കാലയളവില്‍ ആയിരത്തില്‍ 20 പേര്‍ തൊഴില്‍ രഹിതരെങ്കില്‍ 2011- 2012 കാലയളവില്‍ ആയിരത്തില്‍ 22 പേര്‍ തൊഴില്‍ രഹിതരാണ്. വര്‍ഷംതോറും തൊഴില്‍ രഹിതരാവുന്നവര്‍ 5 ശതമാനമാണ്. ഇന്ത്യയില്‍ ജോലിചെയ്യുന്നവരില്‍ മൂന്നിലൊന്നുപേരും അവരുടെ ഭാവി സ്വപ്‌നങ്ങള്‍ സഫലീകരിക്കുന്നതില്‍ സംശയാലുക്കളാണ്. കൂടുതല്‍ സുരക്ഷിതത്വവും വേതനവുമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നു.

ഭാവിയില്‍ ഇന്ത്യന്‍ സമ്പദ് ഘടനയെപ്പോലും ബാധിക്കുന്ന, ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരം വിഷയങ്ങള്‍ രാജ്യം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യപോലും അറിയാതെ ഇന്ത്യയുടെ തലച്ചോറ് വിദേശരാജ്യങ്ങളും കുത്തക കമ്പനികളും ചൂഷണം ചെയ്യുകയാണ്. അതീവ പ്രാധ്യാന്യമുള്ള ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്നത് ഭാവി ഇന്ത്യയോടു ചെയ്യുന്ന മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.

രാജ്യത്തിന്റെ ജി ഡി പി യുടെ 10 ശതമാനമെങ്കിലും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേണ്ടി മാറ്റി വച്ചുകൊണ്ട് ശക്തമായ നയരൂപീകരണം നടത്താന്‍ കഴിയണം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നതുപോല പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കണം.

രാജ്യത്ത് പ്രധാനപ്പെട്ട പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ മിടുക്കരായവര്‍ക്ക് നവസംരംഭങ്ങള്‍ തുടങ്ങുന്നതിനും തുടര്‍ വിദ്യാഭ്യാസത്തിനും പരീക്ഷണങ്ങള്‍ക്കും അവസരങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കണം. രാജ്യത്തെ തൊഴിലിടങ്ങള്‍ ചുഷണരഹിതവും തൊഴില്‍ സംരക്ഷണവും ഉള്ളതാക്കണം. എങ്കില്‍ മാത്രമേ ഭാവി ഇന്ത്യ നേരിടാന്‍ പോകുന്ന ഈ വെല്ലുവിളിയെ കുറെയെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കഴിയൂ.

*
അനീഷ് സഖറിയ (ലേഖകന്‍ എ ഐ എസ് എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ലാ അക്കാദമി വിദ്യാര്‍ഥിയുമാണ്.)

ജനയുഗം

Wednesday, April 17, 2013

സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണവും കേരളത്തിന്റെ സമ്പദ്ഘടനയും

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ""നിതാഖാത്ത്"" സമ്പ്രദായം കര്‍ശനമാക്കാനുള്ള നടപടികള്‍ ഗള്‍ഫ് മലയാളികളിലാകെ അരക്ഷിതത്വവും ഭീതിയും പടര്‍ത്തിയിരിക്കുകയാണ്. സൗദി ഭരണകൂടത്തിന്റെ കണക്കനുസരിച്ച് നിതാഖാത്ത് വ്യവസ്ഥകള്‍ നടപ്പില്‍ വരുന്നതോടെ 20 ലക്ഷം വിദേശികള്‍ ആ രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരും. അതില്‍ വലിയൊരു ശതമാനം മലയാളികള്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 8 ലക്ഷം മലയാളികള്‍ സൗദി അറേബ്യയില്‍ പണിയെടുക്കുന്നുണ്ട്. നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് പത്തില്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശി നിര്‍ബന്ധമാണ്. അങ്ങനെയാകുമ്പോള്‍ മലയാളികളായ വിദേശ തൊഴിലാളികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. മലയാളികളില്‍ ഭൂരിപക്ഷവും സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരും അത്തരം സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരുമാണ്.

സൗദി അറേബ്യ ലോകത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന രാജ്യമാണ്. ആഗോള എണ്ണ കുത്തകകളുടെ താല്‍പര്യമനുസരിച്ച് ഭരണം നടത്തുന്ന സൗദി രാജകുടുംബത്തിന്റെ സ്വേച്ഛാധിപത്യ വ്യവസ്ഥക്കെതിരെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും രോഷവും പ്രതിഷേധവും സ്ഫോടനാത്മകമായൊരു അവസ്ഥയിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോ ഡോളര്‍ സമ്പദ്ഘടനയുടെ സമൃദ്ധിയില്‍ ജനങ്ങളെയും സ്വന്തം നാടിനെയും മറന്നുജീവിക്കുന്ന സുഖലോലുപരായ രാജകുടുംബാംഗങ്ങള്‍ക്കും ഭരണവര്‍ഗങ്ങള്‍ക്കും എതിരായ വികാരം സൗദിയിലുടനീളം വളര്‍ന്നുവരുന്നുണ്ട്. നാടിന്റെ വിഭവങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും അടിയറ വയ്ക്കുന്നതിനെതിരായി പല തലങ്ങളില്‍ സ്വദേശികളുടെ പ്രക്ഷോഭജനകമായ കൂട്ടായ്മകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രൂപംപ്രാപിച്ചു വരുന്നതായി സൂചനകളുണ്ടായിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ സൗദി അറേബ്യയുടെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും അനാവരണംചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നുവെന്ന കുറ്റംചുമത്തി സമീപകാലത്ത് സൗദി ഇന്റലിജന്‍സ് വിഭാഗം നിരവധി ചെറുപ്പക്കാരെ അറസ്റ്റുചെയ്ത് ശിക്ഷാവിധികള്‍ക്ക് വിധേയമാക്കിയിരുന്നു. സൗദി അറേബ്യയിലെ ജനങ്ങളെയാകെ പട്ടിണിയിലേക്കും തൊഴില്‍രാഹിത്യത്തിലേക്കും തള്ളിവിടുന്ന അഴിമതിക്കാര്‍ക്കെതിരെ കിങ് ഖാലിദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത്. അന്‍പതോളം പെണ്‍കുട്ടികള്‍ ഈ പ്രക്ഷോഭത്തില്‍ മരണമടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളെപ്പോലെ സൗദിയിലും അറബ്വസന്തം പൊട്ടിപ്പുറപ്പെട്ടതായി പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. കിങ് ഖാലിദ് സര്‍വകലാശാല സംഭവത്തിന് ശേഷം തായ്ബ, മെയ്നിങ്, താബൂക്ക് സര്‍വകലാശാലകളിലും സമരം പടര്‍ന്നിരുന്നു. അതിഭീകരമായി ഈ മുന്നേറ്റങ്ങളെയെല്ലാം സൗദി ഭരണകൂടം അടിച്ചമര്‍ത്തുകയായിരുന്നു. വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെട്ട യുവാക്കളുടെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും അടക്കിപ്പിടിച്ച അമര്‍ഷം സ്ഫോടാനാത്മകമായി വളര്‍ന്നുവന്നതിന്റെ പ്രതിഫലനങ്ങളാണിതെല്ലാം.

സൗദി അറേബ്യയില്‍ നിതാഖാത്ത് സമ്പ്രദായം കര്‍ശനമാകുന്നതിന്റെ ആഭ്യന്തരമായ രാഷ്ട്രീയ പശ്ചാത്തലം സൂചിപ്പിക്കാനാണ് അവിടെ വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളെക്കുറിച്ച് ആമുഖമായി വിശദീകരിച്ചത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഈ ലേഖനത്തില്‍ കടക്കുന്നില്ല. തീര്‍ച്ചയായും സ്വദേശികളായ സൗദി പൗരന്മാരില്‍ വലിയൊരു വിഭാഗം തൊഴില്‍ മേഖലകളില്‍നിന്നു നിരന്തരമായി പുറന്തള്ളപ്പെടുന്ന സാഹചര്യം സൗദി അറേബ്യയിലുണ്ട്. ഇത് വംശീയമായ ചേരിതിരിവുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വരെ കാരണവുമായി തീരുന്നുണ്ട്. ഏതൊരു രാജ്യത്തിന്റെയും പ്രാഥമികമായ ചുമതലയാണ് അവിടുത്തെ പൗരന്മാരുടെ ക്ഷേമവും തൊഴിലെടുത്ത് ജീവിക്കുവാനുള്ള അവസരവും ഉറപ്പ് വരുത്തുകയെന്നത്. സൗദി അറേബ്യയില്‍ വളര്‍ന്നുവരുന്ന ജനകീയ വികാരങ്ങളുടെ കൂടി സമ്മര്‍ദത്തിലാണ് നിതാഖാത്ത് സമ്പ്രദായം നടപ്പിലാക്കുവാന്‍ അവിടുത്തെ ഭരണാധികാരികള്‍ നിര്‍ബന്ധിതമായത്. സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാനും അവരെ സംരക്ഷിക്കുവാനുമായി സൗദി സര്‍ക്കാര്‍ എടുത്തിരിക്കുന്ന നടപടികളില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല. സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തുവാന്‍ അന്താരാഷ്ട്ര തത്വങ്ങളോ വ്യവസ്ഥകളോ നമ്മെ അനുവദിക്കുന്നുമില്ല. സൗദിയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് മലയാളികള്‍ അരക്ഷിതത്വത്തിലായി കഴിഞ്ഞിരിക്കുകയാണെന്നാണ് അവിടെനിന്നുള്ള വാര്‍ത്തകളും വിവരങ്ങളും വ്യക്തമാക്കുന്നത്. പത്തില്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശി എന്ന വ്യവസ്ഥ നടപ്പാക്കാനുള്ള കാലാവധി നീട്ടിക്കൊടുത്തിരുന്നു. ആ നീട്ടിക്കൊടുത്ത അവധിദിനം മാര്‍ച്ച് 27ന് അവസാനിച്ചതോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. ഇക്കാര്യങ്ങളെല്ലാം നേരത്തെ അറിവുണ്ടായിട്ടും കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും യാതൊരുവിധ സുരക്ഷാനടപടികളും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ഇപ്പോഴും കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്. സൗദി സര്‍ക്കാര്‍ ആ രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതുപോലെ ഇന്ത്യാഗവണ്‍മെന്റും സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത കാണിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തങ്ങള്‍ക്ക് അങ്ങനെയൊരു ഉത്തരവാദിത്വമുണ്ടെന്ന കാര്യംപോലും മറന്ന മട്ടിലാണ് സംസാരിക്കുന്നത്. ഗള്‍ഫ് മലയാളികളുടെ ക്ലേശപൂര്‍ണമായ അവസ്ഥക്കെതിരെ നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നതോടെ മന്ത്രിമാരും യുഡിഎഫ് നേതാക്കളും അത്ര വലിയ പ്രശ്നമൊന്നും സൗദിയിലെ മലയാളികള്‍ക്കില്ലെന്ന് വരുത്തി തങ്ങളുടെ കുറ്റകരമായ അനാസ്ഥക്ക് ന്യായീകരണം ചമയ്ക്കുകയാണ്. ഭൂപരിഷ്കരണ നടപടി കഴിഞ്ഞാല്‍ കേരളസമൂഹത്തെ പുരോഗതിയിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്കും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ജീവിത ഗുണനിലവാരം മലയാളിക്ക് കൈവരിക്കുവാന്‍ കഴിഞ്ഞത് ഭൂപരിഷ്കരണവും സാമൂഹ്യസുരക്ഷാപദ്ധതികളും അതിലേക്ക് നയിച്ച അവകാശസമരങ്ങളുമെന്നപോലെ ഗള്‍ഫ് കുടിയേറ്റവുമാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവേണ്ട ആവശ്യമില്ല. പൗരാണികകാലം മുതല്‍ അറബ് ലോകവുമായി സാമൂഹികവും സാംസ്കാരികവുമായി ബന്ധം പുലര്‍ത്തുന്നവരാണ് കേരള ജനത. വിശേഷിച്ച് മലബാറും അതിന്റെ തലസ്ഥാനമായ കോഴിക്കോടും ചിരപുരാതനമായ വാണിജ്യബന്ധമാണ് അറബ് ലോകവുമായി പുലര്‍ത്തിപ്പോന്നത്. എന്നും മലയാളിസമൂഹം അറബ്ലോകത്തെ സംഭവവികാസങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നവരാണ്.

മധ്യപൂര്‍വേഷ്യയിലെ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിയും സമ്പദ്ഘടനയും ഈ കൊച്ചു കേരളവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. മനുഷ്യന്റെ സാമൂഹ്യവികാസ ചരിത്രത്തില്‍ അറിവിന്റെയും ശാസ്ത്രത്തിന്റെയും മഹാസംഭാവനകളിലൂടെ ലോകഗതിയെ പ്രകാശമാനമാക്കിയത് അറബ് ജനതയായിരുന്നു. മധ്യധരണ്യാഴിയുടെയും അറബിക്കടലിന്റെയും തീരങ്ങളോട് ചേര്‍ന്നുകിടക്കുന്ന ഏഷ്യയുടെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും സംഗമഭൂമിയാണ് മധ്യപൗരസ്ത്യദേശം. അതിന്റെ ദര്‍ശനവും വിജ്ഞാനവും സമ്പത്തും കവര്‍ന്നെടുത്താണ് യൂറോപ്പ് ലോകാധിപത്യത്തിലേക്ക് ഉയര്‍ന്നത്. പശ്ചിമേഷ്യയും മധ്യേഷ്യയും ആഫ്രിക്കയും ഉള്‍പ്പെടുന്ന മധ്യപൂര്‍വദേശത്ത് എണ്ണ കണ്ടെത്തിയതോടെയാണ് ഈ പ്രദേശം സാമ്രാജ്യത്വ കിടമത്സരങ്ങളുടെയും അധിനിവേശ തന്ത്രങ്ങളുടെയും പരീക്ഷണഭൂമിയായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ എണ്ണയും മറ്റു ധാതുക്കളും ഖനനം ചെയ്യാനുള്ള അവകാശം സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കൈവശപ്പെടുത്തി. ലോകസമ്പദ്ഘടനയുടെ ജീവരക്തമായ എണ്ണയാണ് അറബ് ലോകത്തിന്റെ സൗഭാഗ്യവും ദുരന്തവുമെന്നതാണ് വൈരുധ്യാത്മകമായൊരു സത്യം. 1970ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തി പ്രാപിച്ച പെട്രോഡോളര്‍ സമ്പദ്ഘടനയാണ് മലയാളികളുടെ വന്‍തോതിലുള്ള ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് വഴിവച്ചത്.

1950 കളില്‍ മധ്യകേരളത്തില്‍നിന്നുള്ള അഭ്യസ്തവിദ്യരായ ഒരു വിഭാഗം യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയുണ്ടായി. അതിനുമുമ്പ് മലയാളികള്‍ സിലോണിലേക്കും മലേഷ്യയിലേക്കും കുടിയേറ്റം നടത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന എല്ലാ കുടിയേറ്റങ്ങളില്‍നിന്നും സവിശേഷ പ്രാധാന്യമുള്ളതായിരുന്നു ഗള്‍ഫ് കുടിയേറ്റം. സാര്‍വദേശീയ തലത്തിലുണ്ടായ ചില മാറ്റങ്ങള്‍ കേരളത്തില്‍നിന്നുള്ള പ്രവാസി കുടിയേറ്റത്തിന് സവിശേഷ മാനം നല്‍കി. ഒപെക് സംഘടനയുടെ രൂപീകരണവും അസ്തിത്വവും എണ്ണയുടെ വില മൂന്നിരട്ടിയിലധികമായി കൂടുന്നതിന് സാഹചര്യമൊരുക്കി. ഈ എണ്ണ വരുമാനം അറബ് നാടുകളില്‍ വമ്പിച്ച വികസന സാധ്യതയ്ക്കാണ് വഴിതുറന്നത്. ഈയൊരു സാധ്യതയാണ് വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റത്തിന് മലയാളികള്‍ക്ക് അവസരമൊരുക്കിയത്. 1981 ആകുമ്പോഴേക്കും കേരളത്തിലെ തൊഴില്‍സേനയുടെ 5 ശതമാനം ഗള്‍ഫ് നാടുകളിലെത്തപ്പെട്ടു. ഇത് രണ്ടായിരമാകുമ്പോഴേക്കും 10 ശതമാനത്തിലധികമായി. കേരള സമ്പദ്ഘടനയുടെ ജീവരക്തമായി പ്രവര്‍ത്തിക്കുന്നത് ഇന്ന് ഗള്‍ഫ് വരുമാനമാണ്. മലയാളിയുടെ ജീവിതനിലവാരത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് പിറകില്‍ ഗള്‍ഫ് പണം നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മലയാളിയുടെ പാര്‍പ്പിട സ്വപ്നങ്ങളില്‍ മണിസൗധങ്ങള്‍ തീര്‍ക്കുന്നത് ഗള്‍ഫുകാരന്റെ ചോരനീരാക്കി സമ്പാദിച്ചു കൊണ്ടുവരുന്ന പണമാണ്. ദുര്‍ഭിക്ഷതയുടെ കരാളദിനങ്ങളില്‍നിന്ന് മലയാളി മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുടെ നാളുകളിലേക്ക് നീങ്ങിയത് ഗള്‍ഫുകാരന്റെ കൈപിടിച്ചാണ്. ഗള്‍ഫ് മലയാളിയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഗണിക്കപ്പെടാത്ത ജീവിതത്തിന് മുകളിലാണ് നമ്മള്‍ വര്‍ണങ്ങളുടെ മായക്കാഴ്ചകള്‍ സൃഷ്ടിച്ചത്. ഗള്‍ഫ് പണത്തിന്റെ ബലത്തിലാണ് മലയാളി ഗന്ധങ്ങളുടെ വസന്തം ഒരുക്കി നാശത്തിന്റെയും ജീര്‍ണതയുടെയും ആഗോളവല്‍ക്കരണകാലത്തെ അതിജീവിക്കുവാന്‍ ശ്രമിക്കുന്നതും.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി വന്‍തോതിലുള്ള തൊഴില്‍നഷ്ടമാണ് ഗള്‍ഫ് രാജ്യങ്ങളിലുണ്ടാക്കിയത്. ഇതിന്റെ ഫലമായി വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു. ജോലി നഷ്ടപ്പെടാത്ത പലര്‍ക്കും വലിയതോതിലുള്ള വേതന വെട്ടിക്കുറവിനെയാണ് നേരിടേണ്ടിവന്നത്. ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കകത്തും ഗള്‍ഫ് പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കിന് വലിയ തടസ്സമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പ്രതികൂലാവസ്ഥ വ്യാപിക്കുമ്പോഴും ഗള്‍ഫ് വരുമാനം മന്ദീഭവിച്ചില്ലെന്നത് നമ്മുടെ സമ്പദ്ഘടനയെ സംബന്ധിച്ചെടുത്തോളം അങ്ങേയറ്റം ശുഭോദര്‍ക്കമായ കാര്യമാണ്. 2012ല്‍ കേരളത്തിലെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2,20,489 കോടി രൂപയായിരുന്നു. ഇതില്‍ 62,708 കോടി പ്രവാസി മലയാളികളുടേതാണ്. കഴിഞ്ഞ വര്‍ഷം ഇത് 45,937 കോടിയായിരുന്നു. ഈ കണക്കുകള്‍ ആവര്‍ത്തിച്ചു വ്യക്തമാകുന്നത് കേരള സമ്പദ്ഘടനക്ക് പ്രവാസികള്‍ നല്‍കുന്ന വിലപിടിച്ച സേവനത്തെയാണ്. പൊതു ഖജനാവിലേക്കുള്ള വിദേശ നാണ്യശേഖരത്തെ വര്‍ധിപ്പിക്കുന്ന പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. അവര്‍ക്കുവേണ്ടി സമഗ്രമായൊരു കുടിയേറ്റ നിയമം, ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ വിമാനങ്ങളും കുറഞ്ഞ യാത്രാനിരക്കും പുനരധിവാസം, അവര്‍ അയയ്ക്കുന്ന പണം പ്രത്യുല്‍പാദനപരമായ മേഖലകളിലേക്ക് സമാഹരിച്ച് ഉപയോഗിക്കുന്ന സംരംഭങ്ങള്‍, പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പദ്ധതികള്‍ തുടങ്ങി എത്രയോ കാര്യങ്ങള്‍ പ്രഖ്യാപനങ്ങളായി അവശേഷിക്കുകയാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നവരെ അര്‍ഹമായ രീതിയില്‍ പരിഗണിക്കുന്നില്ലെന്നത് പോകട്ടെ അത്യന്തം നിന്ദ്യമായ അവഗണനകളാണ് സര്‍ക്കാര്‍ അവരോട് കാണിച്ചുകൊണ്ടിരിക്കുന്നത്. ഒരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുകയാണ്. ഗള്‍ഫുകാരന്‍ കടുത്ത ചൂടിലും തണുപ്പിലും കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണമെല്ലാം ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ചരക്കുവിപണിയിലൂടെ ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ സമാഹരണ പ്രക്രിയയിലേക്ക് ഉദ്ഗ്രഥിച്ചെടുക്കുകയാണ്. ഗള്‍ഫ് പണത്തിന്റെ കുത്തിയൊഴുക്ക് മറ്റു ഘടകങ്ങളോടൊപ്പം കേരളത്തെ ഒരു ഉപഭോഗ സമൂഹമായി പരിവര്‍ത്തനപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും പ്രധാന സംഭാവന നല്‍കിയ അറബ് നാടുകളില്‍ പണിയെടുക്കുന്നവരുടെ അമൂല്യമായ സേവനങ്ങളെ ഭരണാധികാരികള്‍ വിലമതിക്കുന്നില്ല. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന കേരളത്തിന്റെ വ്യാപാരകമ്മി നികത്തപ്പെടുന്നത് ഗള്‍ഫ് പണം കൊണ്ടാണ്. എന്നിട്ടും കെ എം മാണി അവതരിപ്പിച്ച 2013-14 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രവാസിക്ഷേമത്തിനായി ഒരു പദ്ധതിയുമുണ്ടായില്ല. ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നവരെയും അവിടെനിന്നെത്തുന്ന പണത്തെ ആശ്രയിച്ച് ജീവിക്കുന്നവരെയും ഒഴിച്ചുനിര്‍ത്തിക്കൊണ്ടൊരു കേരളീയ വികസനചിന്തയും സാധ്യമല്ല. കേരളത്തിന്റെ സമ്പദ്ഘടനയെയും മലയാളിയുടെ ജീവിതത്തെയും നിര്‍ണയിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയും നിരുത്തരവാദിത്വവും തികഞ്ഞ രാജ്യദ്രോഹ നടപടിയായിട്ട് മാത്രമേ കാണാന്‍ കഴിയൂ. ഇന്ത്യക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയാണ് സൗദിയിലെ സ്വദേശിവല്‍ക്കരണം സൃഷ്ടിക്കുക എന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നിട്ടും ഗൗരവപൂര്‍വം പരിഗണിക്കുവാനോ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാകാതിരുന്ന ഭരണാധികാരികളെ രാജ്യദ്രോഹികളെന്നല്ലാതെ എന്താണ് വിളിക്കുക. സ്വന്തം രാജ്യത്തെ പൗരന്മാരോടും കൂറും ബാധ്യതയും പുലര്‍ത്താത്തവര്‍ രാജ്യദ്രോഹികളല്ലാതെ മറ്റെന്താണ്. അറിഞ്ഞോ അറിയാതെയോ നിയമങ്ങള്‍ ലംഘിച്ച് കെണിയില്‍പ്പെടുന്ന നിരവധി പേരുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍. വ്യക്തികളും ഏജന്‍സികളും നല്‍കുന്ന വിസയില്‍ അറബ് നാടുകളിലെത്തി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന എത്രയോ പേരുണ്ട്. പ്രലോഭനങ്ങളിലും കപട വാഗ്ദാനങ്ങളിലും കുടുങ്ങി വിദേശരാജ്യത്തിലെത്തപ്പെട്ടവരെ നാട്ടിലെത്തിക്കുവാന്‍ ഇന്ത്യന്‍ എംബസികള്‍ ശ്രദ്ധിക്കാറില്ല. സ്പോണ്‍സര്‍മാരുടെ തട്ടിപ്പിനും ക്രൂരതക്കുമിരയായി നരകിക്കുന്ന സ്വന്തം നാട്ടുകാരായ പൗരന്മാരെ സംരക്ഷിക്കുവാനുള ബാധ്യത നയതന്ത്രപരമായൊരു ഉത്തരവാദിത്വമായി കാണാത്തവരാണ് ഇന്ത്യന്‍ എംബസികളിലേയും കോണ്‍സുലേറ്റുകളിലെയും ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ഗള്‍ഫില്‍ തൊഴിലെടുക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എംബസികള്‍ ശ്രദ്ധ ചെലുത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നുമില്ല. തൊഴില്‍പരമായ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ എംബസികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പ്രസ്താവന ഇറക്കുന്നതല്ലാതെ ഇപ്പോഴും എംബസികളിലും കോണ്‍സുലേറ്റുകളിലും പ്രവാസികള്‍ക്ക്പ്രാപ്യമല്ലാത്ത അവസ്ഥയാണ് തുടരുന്നത്. പ്രഖ്യാപനങ്ങളല്ലാതെ തങ്ങളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ ഒരു ഗവണ്‍മെന്റുണ്ടെന്ന ആശ്വാസം പോലുമില്ലാത്ത ആശങ്കകളാണ് പ്രവാസികളെ ഭരിക്കുന്നത്. കരളുരുകി കഴിയേണ്ട ഗതികേടിലാണവര്‍. ഇടതുപക്ഷ സര്‍ക്കാറുകളുടെ ഇടപെടലുകളുടെ ഫലമായി സാമൂഹ്യസേവന മേഖലകളില്‍ കേരളം ഏറെ മുന്നോട്ടുപോയി. പൊതുവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ഉയര്‍ച്ചയുണ്ടായപ്പോഴും കാര്‍ഷിക വ്യവസായമേഖലകള്‍ മുരടിച്ചുപോയത് മൂലം കേരളത്തില്‍ കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. ആഗോളവല്‍ക്കരണം ഈ അവസ്ഥയെ കൂടുതല്‍ തീക്ഷ്ണമാക്കി. അറബ് നാടുകളില്‍ പുതുതായി ഉയര്‍ന്നുവന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മലയാളി സമൂഹം ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചത്.

20 ലക്ഷത്തോളം മലയാളികള്‍ അറബ് നാടുകളില്‍ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നുണ്ട്. സിഡിഎസ് പഠനമനുസരിച്ച് 2004ല്‍ 18.4 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതായി കണക്കാക്കുന്നു. 1999ല്‍ ഇത് 13.6 ലക്ഷം പേരായിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കേരളത്തില്‍ 100 വീടുകളെടുത്താല്‍ 27 ലധികം പേര്‍ ഗള്‍ഫ് മലയാളികളാണ്. ഓരോ വര്‍ഷവും ഏതാണ്ട് 9 ലക്ഷം പേര്‍ വിവിധ കാരണങ്ങളാല്‍ മടങ്ങിവരുന്നുണ്ട്. മൊത്തം ഗള്‍ഫ് വരുമാനം കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദന മൂല്യത്തിന്റെ നാലില്‍ ഒന്നോളം വരും. ഇത് കേരളത്തിനുള്ള കേന്ദ്ര ബജറ്റ് വിഹിതത്തേക്കാളും 7 ഇരട്ടിയാണ്. സമ്പദ്ഘടനയില്‍ ഗള്‍ഫ് മലയാളിയുടെ അധ്വാനത്തിന്റെ വിലയായി എത്തുന്ന ഡ്രാഫ്ടുകളുടെ മൂല്യം എത്ര വലുതാണെന്നാണ് ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണം മലയാളിയുടെ ഗള്‍ഫ് സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നതും കേരളീയ സമ്പദ്ഘടനക്ക് വലിയ ആഘാതമേല്‍പിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ മറികടക്കുവാനാവശ്യമായ നയതന്ത്രപരമായ ഇടപെടലുകളും ദീര്‍ഘവീക്ഷണത്തോടെയുള്ള പുനരധിവാസ പദ്ധതികളുമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

കേന്ദ്രത്തിന് കത്തെഴുതി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രിയും സൗദിയിലെ സംഭവവികാസങ്ങളെ ലഘൂകരിച്ചവതരിപ്പിച്ച് കണ്ണടച്ചിരുട്ടാക്കുന്ന കേന്ദ്രമന്ത്രിമാരും കേരളത്തിന്റെ സമ്പദ്ഘടനക്കും ജനജീവിതത്തിനും നേരെ ഉയര്‍ന്നുവരുന്ന ഭീഷണികളെ നേരിടാന്‍ വിസമ്മതിക്കുകയാണ്. നിരുത്തരവാദപരമായ ഇത്തരം നിലപാടുകള്‍ ഉപേക്ഷിച്ച് ഗള്‍ഫ് മലയാളിയെ സംരക്ഷിക്കുവാനുള്ള ആത്മാര്‍ഥമായ നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കണം. സൗദിയിലാരംഭിച്ച നിതാഖാത്ത് സമ്പ്രദായം ഗള്‍ഫ് രാജ്യങ്ങളിലാകെ ത്വരിതഗതിയിലാവുന്ന സ്വദേശിവല്‍ക്കരണത്തിന്റെ സൂചനയാണ്. സൗദിക്ക് പിറകെ കുവൈത്ത് തൊഴില്‍ മന്ത്രാലയവും സ്വദേശികള്‍ക്ക് സംവരണമേര്‍പ്പെടുത്തുവാനുള്ള നയപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

Thursday, April 11, 2013

നിതാഖത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

സൗദി അറേബ്യ കര്‍ശനമാക്കാന്‍ തീരുമാനിച്ച "നിതാഖത്" നിയമം കടുത്ത ഭീഷണി ഉയര്‍ത്തുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കാണ്. ഇരുപത് ലക്ഷത്തോളം ഭാരതീയര്‍ സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. അതില്‍ പത്തുലക്ഷത്തിലേറെപ്പേര്‍ മലയാളികളാണ്. "നിതാഖത്" എന്നാല്‍ തരംതിരിക്കല്‍ എന്നാണര്‍ത്ഥം. തൊഴില്‍ മേഖലയില്‍ തരംതിരിക്കല്‍ നടത്തി സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളായാണ് തൊഴില്‍മേഖലയെ തരംതിരിച്ചിട്ടുള്ളത്. പത്തിലൊന്നു തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അന്ത്യശാസനം മാര്‍ച്ച് 27നാണ് അവസാനിച്ചത്. ഒരു സ്വദേശിയെപ്പോലും എടുക്കാത്ത സ്ഥാപനങ്ങളെ ചുവപ്പ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു എന്നതാണ് "നിതാഖത്" നിയമത്തിന്റെ കാര്‍ക്കശ്യവശം. സൗദി അറേബ്യയിലെ ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ നടത്തുന്നവയും ജോലി ചെയ്യുന്നവയുമായ സ്ഥാപനങ്ങള്‍ മഹാഭൂരിപക്ഷവും ചെറുകിട - ഇടത്തരം സ്ഥാപനങ്ങളാണ്. ഇവയിലെല്ലാം സൗദി പൗരന്മാരെ നിയമിക്കുക എന്നത് പ്രായോഗികമായ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

സൗദി അറേബ്യയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു പ്രശ്നം "ഫ്രീ വിസ"ക്കാരുടേതാണ്. ആയിരക്കണക്കിന് മലയാളികള്‍ ഇങ്ങനെ "ഫ്രീ വിസ"യില്‍ ജോലി ചെയ്യുന്നുണ്ട്. സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് അവരുടെ സ്വന്തം വീട്ടാവശ്യത്തിനോ കമ്പനി ആവശ്യത്തിനോ വിദേശികളെ സ്പോണ്‍സര്‍ ചെയ്യാന്‍ അവകാശമുണ്ട്. നമ്മുടെ നാട്ടില്‍നിന്ന് ഇപ്പോള്‍ ഒരാള്‍ ഡ്രൈവറുടെ തസ്തിക രേഖപ്പെടുത്തിയ വിസയില്‍ ഇങ്ങനെ സൗദിയില്‍ പോയെന്നിരിക്കട്ടെ. അയാള്‍ സൗദിയില്‍ സ്പോണ്‍സറുടെ അടുത്ത് ചെന്ന് എക്കാമ (വിസ) അടിച്ച് മറ്റൊരിടത്ത് വേറൊരു തസ്തികയില്‍ ജോലി ചെയ്യുന്നതിനെയാണ് "ഫ്രീ വിസ" എന്ന് വിളിക്കുന്നത്. ഇങ്ങനെ ജോലി ചെയ്യുന്ന ഫ്രീ വിസക്കാര്‍ പ്രതിമാസം നിശ്ചിത സൗദി റിയാല്‍ അറബിക്ക് കൊടുത്തുകൊണ്ടിരിക്കണം. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ ആള്‍ ഏസി മെക്കാനിക്കായോ, കാര്‍പെന്‍ററായോ, മറ്റെന്തെങ്കിലും ജോലി ചെയ്തോ ജീവിക്കുന്നു. ഈ സമ്പ്രദായം അനധികൃതമാണെന്നാണ് സൗദി സര്‍ക്കാര്‍ അനുശാസിക്കുന്നത്. ഒരേ സമയം സൗദി പൗരനും പ്രവാസി തൊഴിലാളിക്കും ഗുണകരമാണെങ്കിലും നിയമപരമായി ഇത് അനുവദിക്കാനാവില്ലെന്നാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ പറയുന്നത്.

നിതാഖത് നിയമവും "ഫ്രീ വിസ" നിരോധനവും കര്‍ശനമായി നടപ്പിലാക്കിയാല്‍ ലക്ഷക്കണക്കിന് മലയാളികളെ ഇത് ദോഷകരമായി ബാധിക്കും. സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നത് ഏറെയും മലയാളികളാണ്. കാഫെറ്റേറിയ, ചെറിയ കടകള്‍, വര്‍ക്ക്ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ചെറിയ ഷോപ്പുകള്‍, കൊച്ചു റെഡിമെയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങിയവ ധാരാളമായി നമ്മുടെ നാട്ടുകാര്‍ നടത്തുന്നു. 9ല്‍ താഴെ ജോലിക്കാരുള്ളവയാണ് ഏറെയും. മലയാളികള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നല്‍കപ്പെടുന്ന ശമ്പളനിരക്കില്‍ സൗദി പൗരന്‍ ജോലി ചെയ്യില്ല. അവിടുത്തെ നിരക്കില്‍ വലിയ ശമ്പളം നല്‍കേണ്ടി വന്നാല്‍ സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ല. ഭൂരിപക്ഷം സ്ഥാപനങ്ങളിലെയും തൊഴില്‍ ചെയ്യുന്നതിന് സൗദി പൗരന്മാര്‍ തയ്യാറാകുമോ എന്നതും പ്രശ്നമാണ്. ചെറിയ വരുമാനക്കാരായ മലയാളി പ്രവാസികള്‍ ഏറെയുള്ള രാജ്യമാണ് സൗദി അറേബ്യ. മലപ്പുറം ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് ഏറിയ കൂറും. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരുമുണ്ട്.

സാധാരണക്കാരായ ഇവരുടെ ജീവിതത്തിനുമേലാണ് കരിനിഴല്‍ വീഴ്ത്തപ്പെട്ടിട്ടുള്ളത്. അതിസമ്പന്നര്‍ക്കോ പ്രൊഫഷണലുകള്‍ക്കോ വലിയ ഭീഷണി ഉണ്ടായിട്ടില്ല. സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യാക്കാരുടെ ജീവിതത്തിനുമേല്‍ കടുത്ത ഭീഷണി ഉയര്‍ന്നിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റിനായില്ല. ഏതാനും മാസങ്ങളായി, സൗദി സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട്. ഭാരത സര്‍ക്കാരിന്റെ പ്രവാസികാര്യ മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ഒരിടപെടലും ഇക്കാര്യത്തില്‍ നടത്തിയില്ല. ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൃത്യമായ ഒരറിയിപ്പ് നല്‍കുന്നതിനുപോലും ഇവര്‍ക്കായില്ല. പ്രവാസി സമൂഹത്തോട് ഇന്ത്യന്‍ ഗവണ്‍മെന്‍റ് നന്ദികേട് കാണിക്കാന്‍ പാടില്ലാത്തതാണ്. കാരണം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോഴും ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ പ്രവാസി പണം മൂലമാണ്. 2011-2012 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് ബാങ്കുകള്‍ വഴിയെത്തിയത് 7,000 കോടി ഡോളറാണ് (ഏകദേശം മൂന്നുലക്ഷത്തി എഴുപത്തെട്ടായിരം കോടി രൂപ!). ലോക ബാങ്കിെന്‍റ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ 23 വര്‍ഷത്തില്‍ 15 വര്‍ഷവും പ്രവാസി പണം വരവിെന്‍റ കാര്യത്തില്‍ ഇന്ത്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. സൗദി അറേബ്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ യാതൊരു ആശങ്കയും വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വളരെ നിസ്സംഗമായാണ് സൗദി വാര്‍ത്തകളോട് പ്രതികരിച്ചത്. സംസ്ഥാനത്ത് ഉയര്‍ന്നുവന്ന ചര്‍ച്ചകളും പ്രതിഷേധങ്ങളുമാണ് ഇപ്പോള്‍ ചെറിയ ചില ഇടപെടലുകള്‍ക്ക് സന്നദ്ധരാവാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചിട്ടുള്ളത്. പക്ഷേ, അപ്പോഴും എയര്‍ ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുന്നതിനാണ് ശ്രമിച്ചത്. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നു പറയുന്നതുപോലെ ആളുകള്‍ കൂട്ടത്തോടെ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വിമാനച്ചാര്‍ജ്ജ് കുത്തനെ കൂട്ടുകയാണ് എയര്‍ ഇന്ത്യ ചെയ്തത്. സൗദി അറേബ്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്രപരമായ കൂടിയാലോചനകളും ഇടപെടലുകളും വേണം. പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണം. ഇപ്പോള്‍ കേന്ദ്ര മന്ത്രിമാരില്‍ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ നമ്മുടെ സുഹൃദ്രാജ്യമായ സൗദി അറേബ്യയുമായി നയതന്ത്ര ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കണം.

*
കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ ചിന്ത 12 ഏപ്രില്‍ 2013

Thursday, April 4, 2013

ആഗോളീകരണകാലത്തെ സ്വദേശിവല്‍ക്കരണം

പ്രവാസി മലയാളി സമൂഹം വലിയൊരു ഞെട്ടലിന്റെ ആഘാതത്തിലാണ്. ലോകമൊരു ആഗോളഗ്രാമമായി മാറുകയും നിക്ഷേപ-തൊഴിലിടങ്ങളെല്ലാം കൈയ്യെത്തിപ്പിടിക്കാവുന്നത്ര അടുക്കുകയും ചെയ്തിരിക്കുന്ന ആഗോളീകരണ കാലഘട്ടത്തില്‍ ഇത്തരമൊരു 'തരംതിരിക്കല്‍' അപ്രതീക്ഷിതമാണ്. 1994 മുതല്‍ സൗദി അറേബ്യയില്‍ നടപ്പാക്കിവരുന്ന സൗദിവല്‍ക്കരണത്തിന്റെ കുറേക്കൂടി തീവ്രമായ പുതിയ രൂപമാണ് നിതാഖത്. തരംതിരിക്കലിന്റെ ഈ പുതിയ നിയമം നടപ്പിലാകുമ്പോള്‍ ഒരുപക്ഷേ, അതേറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കുക മലയാളി സമൂഹത്തിലും സമ്പദ്ഘടനയിലുമായിരിക്കും.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയിലെ തൊഴില്‍മേഖലയെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ചാണ് ഈ വിഭജനം. സ്വദേശിവല്‍ക്കരണം ഏറ്റവും കുറഞ്ഞ തൊഴിലിടങ്ങളാണ് ചുവപ്പ്. കുറഞ്ഞതോതിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയിട്ടുള്ളവ മഞ്ഞ വിഭാഗമായി പരിഗണിക്കും. എന്നാല്‍ നിര്‍ബന്ധമായും 10 ശതമാനം തൊഴിലാളികള്‍ സൗദിക്കാര്‍ ആയിരിക്കേണ്ട തൊഴില്‍ സംരംഭങ്ങളാണ് പച്ച വിഭാഗം. ചുവപ്പ് വിഭാഗക്കാര്‍ ക്രമേണ പച്ചയിലേക്ക് മാറണമെന്ന നിയമമാണ് നിതാഖത് എന്ന പച്ചവല്‍ക്കരണം.

സ്വതന്ത്രവ്യാപാരത്തിന്റെയും വിദേശ നിക്ഷേപങ്ങളുടെയും ഔട്ട് സോഴ്‌സിങിന്റെയും ആഗോളീകരിക്കപ്പെടുന്ന കുടിയേറ്റത്തിന്റേയുമൊക്കെ കാലഘട്ടത്തിലാണ് ഇത്തരമൊരു ചോദ്യം ഉയര്‍ന്നുവരുന്നത്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇതിനുള്ള ഉത്തരം വളരെ ലളിതവും ന്യായവുമാണ്. രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ 'നിതാഖത്' എന്ന ശക്തമായ നിയമം അനിവാര്യമായിരിക്കുന്നു എന്നതാണ് അവരുടെ പക്ഷം. 1994-ലാണ് സൗദി സര്‍ക്കാര്‍ തദ്ദേശ തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളില്‍ നിശ്ചിത ശതമാനം തദ്ദേശീയര്‍ക്കായി നീക്കിവയ്ക്കണമെന്ന നിബന്ധന കൊണ്ടുവന്നത്. ഓരോ സംരംഭത്തിന്റെയും സ്വഭാവമനുസരിച്ച് തൊഴില്‍ പങ്കാളിത്ത നിരക്ക് വ്യത്യാസപ്പെടുമെങ്കിലും പൊതുവില്‍ 30 ശതമാനം തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരണത്തിലൂടെ നിജപ്പെടുത്തിയിരുന്നു.

എന്നാല്‍ പല കാരണങ്ങളാല്‍ ഈ നിബന്ധനകള്‍ പാലിക്കപ്പെട്ടില്ല. എന്നുമാത്രമല്ല, സൗദിയിലെത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും മൊത്തം ജനസംഖ്യയിലും തൊഴിലാളികളുടെ എണ്ണത്തിലും വിദേശികള്‍ സൗദികളെ പിന്നിലാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. തല്‍ഫലമായി ഇന്ന് ഏകദേശം 6.5 ദശലക്ഷം വിദേശികള്‍ സൗദിയിലെ സ്വകാര്യസംരംഭങ്ങളില്‍ തൊഴിലെടുത്തുവരുന്നു. ഇവിടത്തെ സൗദി തൊഴിലാളികളുടെ എണ്ണമാകട്ടെ വെറും 7 ലക്ഷവും അപകടകരമാവിധം തദ്ദേശീയര്‍ക്കിടയില്‍ തൊഴിലില്ലായ്മനിരക്ക് വര്‍ധിക്കുകയും തൊഴിലവസരങ്ങളില്‍ സിംഹഭാഗവും വിദേശികള്‍ കൈയ്യടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൗദി സര്‍ക്കാരിന്റെ സ്വദേശിവല്‍ക്കരണനീക്കം.

കേരളം നേടിയെടുത്ത സാമൂഹിക-സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കു പിന്നില്‍ കുടിയേറ്റത്തിനുള്ള സ്വാധീനം വലുതാണ്. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെയുണ്ടായ ഗള്‍ഫ് കുടിയേറ്റവും വിദേശനാണ്യ സമ്പാദനവും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതായിരുന്നു. ഇത് വിദ്യാഭ്യാസ-ആരോഗ്യ-പാര്‍പ്പിട-മാനവവികസന രംഗങ്ങളെ രാജ്യത്തിനാകെ മാതൃകയാകുംവിധം ഉയര്‍ത്തി. കേരള വികസനമാതൃകയെന്ന ഊറ്റംകൊള്ളലിനുവരെ ഗള്‍ഫ് കുടിയേറ്റം വഴിയൊരുക്കി.

2011 ലെ 'കേരള കുടിയേറ്റ സര്‍വെ' അനുസരിച്ച് 22.8 ലക്ഷം കേരളീയരാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത്. കേരളത്തിലെ 18.2 ശതമാനം കുടുംബങ്ങളിലും വിദേശമലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. കുടിയേറ്റക്കാരില്‍ 45 ശതമാനം മുസ്‌ലിം വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ജില്ലകളില്‍ മലപ്പുറം ഒന്നാം സ്ഥാനത്തുമാണ്. 90 ശതമാനം മലയാളികളും കുടിയേറുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 2011 ലെ കണക്കനുസരിച്ച് യു എ ഇയിലാണ് ഏറ്റവുമധികം മലയാളികള്‍ (8.8 ലക്ഷം) ജോലി ചെയ്യുന്നത്. സൗദി അറേബ്യ (5.74 ലക്ഷം) യാണ് രണ്ടാം സ്ഥാനത്ത്. വിദേശമലയാളികളുടെ സമ്പാദ്യമായി 2011 ല്‍ മാത്രം കേരളത്തിലേക്ക് ഒഴുകിയെത്തിയത് 49,695 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 31 ശതമാനം വരുമെന്നത് കുടിയേറ്റവരുമാനത്തിന്റെ പ്രസക്തിയും സ്വാധീനവും എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നു.

നിതാഖത് നിയമം ശക്തമാകുന്നതോടെ തളരുന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയായിരിക്കും എന്ന് ഉറപ്പാണ്. ഇപ്പോള്‍ ഗള്‍ഫിലേക്ക് കുടിയേറുന്നവരില്‍ ഏറിയപങ്കും വിദഗ്ധ ജോലിക്കാരാണെങ്കിലും കാലങ്ങളായി അവിദഗ്ധതൊഴില്‍ ചെയ്യുന്നവരും ഫ്രീ വിസയുടെ പ്രലോഭനത്തില്‍പ്പെട്ട് കഴിയുന്നവരും ആയിരക്കണക്കിന് വരും. സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടുന്നതിനുള്ള നീക്കങ്ങളും ഒരുലക്ഷത്തിലധികം മലയാളികളെ നിതാഖത് നിയമം ബാധിക്കുമെന്ന സൂചനകളും കടുത്ത ആശങ്ക പരത്തുന്നവയാണ്.

തൊഴില്‍ നഷ്ടപ്പെട്ടും തിരികെ പോകാനാവാതെയും വലിയൊരു വിഭാഗം തൊഴിലാളികള്‍ തിരികെ എത്തുന്നതോടെ ഗള്‍ഫ് പണത്തിന്റെ ഒഴുക്കിലും വന്‍കുറവ് സൃഷ്ടിക്കും. ഈ കുറവ് വരുംനാളുകളില്‍ കേരളീയരുടെ വാങ്ങല്‍ശേഷിയേയും നിക്ഷേപ സാധ്യതകളെയും സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവികമായ വളര്‍ച്ചയേയും സാരമായി ബാധിക്കും. തിരികെയെത്തുന്നവരുടെ തൊഴില്‍ സാധ്യതയും പുനരധിവാസവും സര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. (ഇപ്പോള്‍ത്തന്നെ, നിര്‍മ്മാണ-ഇതരതൊഴില്‍ മേഖലകളില്‍ പിടിമുറുക്കിയിരിക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ സമാനമായ ഒരു തൊഴില്‍ ഭീഷണി ഭാവിയില്‍ കേരളത്തില്‍ സൃഷ്ടിക്കുമെന്നതും കരുതലോടെ കാണേണ്ടതുണ്ട്).

സൗദിക്കുപുറമെ കുവൈത്തും മറ്റ് ഗള്‍ഫ് രാജ്യങ്ങളും സ്വദേശിവല്‍ക്കരണത്തിന്റെ കടുത്ത പാതയിലാണ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലെ വിദേശ ജനസംഖ്യ മൂന്നിരട്ടിയോളമാവുകയും തദ്ദേശീയര്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങള്‍. അടുത്ത 10 വര്‍ഷം കൊണ്ട് 10 ലക്ഷം വിദേശ തൊഴിലാളികളെ ഒഴിവാക്കുവാനുള്ള കുവൈത്ത് സര്‍ക്കാരിന്റെ നീക്കം ഒന്നേകാല്‍ ലക്ഷം മലയാളികള്‍ ജോലി ചെയ്യുന്ന കുവൈത്തിലും മലയാളികളുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ ചുട്ടുപൊള്ളുന്ന മരുപ്പച്ച തീര്‍ക്കും.

സന്ദര്‍ശന വിസയിലെത്തിയവര്‍, വാണിജ്യസന്ദര്‍ശന വിസയിലെത്തിയവര്‍, കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ അനധികൃതമായി തൊഴിലെടുത്തുകഴിയുന്നവര്‍, വഴിവാണിഭം പോലുള്ള തൊഴില്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ പതിനായിരങ്ങള്‍ പുതിയ നിയമത്തിന്റെ ഭീഷണിയുടെ നിഴലിലാണ്. അടിയന്തരമായ നയതന്ത്ര ഇടപെടലുകള്‍ക്കുള്ള സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.

ശക്തമായ നിയമസംവിധാനങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി നൂറുകണക്കിന് മലയാളികള്‍ ദിനംപ്രതി തിരികെവരുമ്പോഴും 'ആശങ്കപ്പെടേണ്ടതില്ല' എന്ന അധികാരികളുടെ വാക്കുകളിലെ ഉദാസീനമായ തമാശ നമുക്ക് ആസ്വദിക്കാനാവുന്നതല്ല.

രാജ്യത്തെ സാധ്യമായ മുഴുവന്‍ വാതായനങ്ങളും വിദേശനിക്ഷേപത്തിനും മൂലധനത്തിനുമായി തുറന്നിടുകയും സാമ്പത്തിക പരിഷ്‌കരണം ത്വരിതഗതിയിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ സര്‍ക്കാരുകള്‍ സ്വന്തം ജനതയുടെ തൊഴിലിനും സംരക്ഷണത്തിനുമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന നിതാഖത് നിയമത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിക്കുവാനുണ്ട്-അഥവാ രാജ്യതാല്‍പ്പര്യമാണ് സുപ്രധാനമെന്ന പാഠം നാം ഇനിയും പഠിക്കില്ലെന്നുണ്ടോ .....?

*
ഡോ. ജോമോന്‍ മാത്യു (ലേഖകന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)

Janayugom 04 April 2013

Monday, April 1, 2013

ഭരണക്കാരേ, കണ്ണുതുറക്കൂ!

ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ദമാമില്‍ നിന്നും മറ്റും എത്ര ഫോണ്‍ കോളുകളാണ് വരുന്നത്! ഓരോ കോളിലും അനിശ്ചിതത്വത്തിന്റെ ആശങ്ക മുഴങ്ങുന്നു. സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കുകളിലൊക്കെ ദുഃഖം ജ്വലിക്കുന്ന രോഷമാകുന്നതുകാണാം. സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ ഇനിയങ്ങോട്ട് ജീവിക്കേണ്ടിവരിക നെരിപ്പോടിലെന്ന പോലെയായിരിക്കും. ഒട്ടേറെപ്പേര്‍ മടക്കയാത്രക്കായി ഭാണ്ഡം മുറുക്കി കഴിഞ്ഞു. അല്ലാത്തവര്‍ അത് എപ്പോഴാണു ചെയ്യേണ്ടിവരിക എന്നറിയാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പ്രവാസികളായ ഇന്ത്യക്കാര്‍ എപ്പോഴും ചോദിക്കാറുണ്ട്, ഞങ്ങളുടെ മാതൃരാജ്യം ഞങ്ങളെ അറിയുകയില്ലേ എന്ന്. ആ ചോദ്യത്തിനു പിറകില്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. തൊഴില്‍ പ്രശ്‌നം ഉണ്ടാകുമ്പോള്‍, ചെയ്ത ജോലിക്കു കൂലി കിട്ടാതെ വരുമ്പോള്‍, സ്‌പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിക്കുമ്പോള്‍, അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോള്‍, എയര്‍ ഇന്ത്യ അവരെ കബളിപ്പിക്കുമ്പോള്‍ എല്ലാം ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥരെപ്പോലെയാണ് അവര്‍ അവഹേളിക്കപ്പെടുന്നത്. എംബസിയിലെ വലിയ 'ബാബുമാര്‍' ക്ക് പ്രവാസികളില്‍ മഹാഭൂരിപക്ഷം വരുന്ന പാവങ്ങളോടും സാധാരണക്കാരോടും പുച്ഛമായിരുന്നു. നയതന്ത്ര ദൗത്യം അവരെ ഏല്‍പ്പിക്കുന്ന കര്‍ത്തവ്യങ്ങളെക്കാളേറെ നയതന്ത്ര വരാന്തകളിലെ ആര്‍ഭാടങ്ങളില്‍ അഭിരമിക്കാനാണ് അവര്‍ക്കു കമ്പം.

സ്വദേശിവല്‍ക്കരണത്തിന്റെ ഈ വാള്‍മുന പ്രവാസികളുടെ തലക്കുമുകളില്‍ ഒരു രാത്രികൊണ്ട് കെട്ടിതൂക്കിയതല്ല. 'നിതാഖത്ത്' പദ്ധതിയെക്കുറിച്ച് സൗദി ഭരണവൃത്തങ്ങള്‍ ആലോചന തുടങ്ങിയിട്ട് മാസങ്ങളാകുന്നു. അതിന്റെ ഗതിക്രമത്തെക്കുറിച്ച് അന്വേഷിക്കുവാനും സാധ്യമായ മുന്‍കരുതല്‍ എടുക്കാനും ഇന്ത്യന്‍ നയതന്ത്ര വിദഗ്ധന്മാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ എന്തിനാണ് എംബസിയും കോണ്‍സുലേറ്റും തുറന്ന് വച്ച് അവിടെ ചടഞ്ഞിരിക്കുന്നത്? ഇപ്പോള്‍ ഇടിത്തീപോലെയാണ് ഈ കൂട്ടപലായനം ഉണ്ടായിരിക്കുന്നത്. ഇത് എംബസി ഉദ്യോഗസ്ഥരുടെ മാത്രം പരാജയമല്ല. കരിങ്കല്ലിന് കാറ്റുപിടിച്ചപോലെ നോക്കിയിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ പരാജയമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. എല്ലാത്തരം നാണക്കേടുകളുടേയും മേലധ്യക്ഷസ്ഥാനം വഹിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. കിളിര്‍ക്കാന്‍ പാടില്ലാത്തിടത്ത് കിളിര്‍ത്ത ആലിന്‍കൊമ്പത്ത് ഊഞ്ഞാല്‍ കെട്ടുന്നതിനെക്കുറിച്ചുള്ള ചിന്തയില്‍ അവര്‍ മുഴുകിയിരിക്കുകയാണല്ലോ.

സൗദി അറേബ്യന്‍ പട്ടണങ്ങളിലെ 10 ലക്ഷം ഇന്ത്യക്കാര്‍ അടിയന്തര കുടിയൊഴിക്കല്‍ ഭീഷണി നേരിടുകയാണ്. അതില്‍ 6 ലക്ഷംപേരെങ്കിലും മലയാളികള്‍ ആയിരിക്കും. ഈ കണക്കുകളൊന്നും കൃത്യമല്ല. കൃത്യമായ കണക്കുകള്‍ ഇതുവരെ ആരുടെപക്കലും ഇല്ല എന്നതാണ് സത്യം. സ്വന്തം പൗരന്മാരെ പറ്റിയും അവരുടെ സുരക്ഷിത ജീവിതത്തെപ്പറ്റിയും നാടിന്റെ സമ്പദ്ഘടനയെപ്പറ്റിയും തരിമ്പെങ്കിലും കരുതലുള്ള ഒരു ഗവണ്‍മെന്റിന് വേണമെന്നുവച്ചാല്‍ ഇതെല്ലാം നിഷ്പ്രയാസം ശേഖരിക്കാന്‍ കഴിയുന്നതാണ്. നമുക്ക് വിദേശകാര്യ വകുപ്പും പ്രവാസികാര്യവകുപ്പും അവയ്‌ക്കെല്ലാം ഘനഗംഭീരന്‍മാരായ മന്ത്രിമാരും ഉണ്ട്. സംസ്ഥാനത്താണെങ്കില്‍ പ്രവാസികാര്യവകുപ്പും മന്ത്രിയും 'നോര്‍ക്കയും' 'റൂട്ട്‌സും' എല്ലാം തിരുതകൃതിതന്നെ. സൗദി അറേബ്യയില്‍ പ്രവാസികളെ കടപുഴകിയെറിയുന്ന ഈ കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോള്‍ ഒരു കാലാവസ്ഥാ പ്രവചനം പോലും നടത്താനാകാതെ ഈ മഹദ്‌സംവിധാനങ്ങളെല്ലാം കണ്ണുമിഴിച്ചു നില്‍ക്കുകയാണ്. പ്രവാസികളുടെ ദുഃഖവും രോഷവും ന്യായമല്ലെന്ന് ആര്‍ക്കുപറയാന്‍ കഴിയും?

താജിക്കിസ്ഥാന്‍ യാത്ര കഴിഞ്ഞ് മടങ്ങിവന്നതിനുശേഷം പ്രശ്‌നം പഠിച്ച് ഇടപെടാമെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഇ അഹമ്മദ് പറഞ്ഞത്. താജിക്കിസ്ഥാനില്‍വച്ച് യാദൃശ്ചികമായി കണ്ട സൗദി അറേബ്യയിലെ താഴെ ശ്രേണിയില്‍പ്പെട്ട ഏതോ ഒരു സൗദി മന്ത്രിയോട് ഇക്കാര്യം ഉണര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സമയം കിട്ടിയത്രെ! അതിന്റെ ബലത്തില്‍ ഒന്നും പേടിക്കാനില്ലെന്ന് അഹമ്മദ് സാഹിബിന് ബോധ്യമായിരിക്കുന്നുവത്രേ!! ലീഗിന്റെ സഹമന്ത്രിക്ക് അത്രയും ബോധ്യമാകുമ്പോള്‍ കോണ്‍ഗ്രസിന്റെ മുഴുമന്ത്രിക്ക് അതിന്റെ പകുതിയെങ്കിലും ബോധ്യപ്പെടണമല്ലോ. ഭയപ്പാടുകള്‍ക്കെതിരെ എന്തോ ഒരു ജപിച്ചുചൊല്ലല്‍ വയലാര്‍ രവിയും നടത്തി!

ജീവിതം തേടി അറേബ്യന്‍ മണലാരണ്യങ്ങളിലേയ്ക്ക് കുടിയേറിയവര്‍ക്ക് മുമ്പില്‍ ജീവിതം ഇന്ന് ഒരുവലിയ ചോദ്യ ചിഹ്നമാണ്. ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു മുന്നിലും ചോദ്യങ്ങളുയര്‍ത്തും. സ്ഥിരീകരിക്കപ്പെടാത്ത കണക്കുകള്‍ പ്രകാരം പ്രവാസി നിക്ഷേപം 62000 കോടി രൂപയ്ക്ക് മുകളിലാണ്. ഇതില്‍ 90 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുതന്നെ. എഴുപതുകളുടെ ആരംഭത്തോടെയാണ് ലോകം 'പെട്രോ ഡോളര്‍' എന്ന പദം കേള്‍ക്കുന്നത്. മരുഭൂമിയുടെ ആഴങ്ങളില്‍ ഒളിച്ചുകിടന്ന എണ്ണ കണ്ടെടുക്കപ്പെട്ടു. കന്നുകാലികളെമേച്ചും മീന്‍പിടിച്ചും ജീവിതം തള്ളിനീക്കിയ ആ രാജ്യങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പുതിയ വേലിയേറ്റം ഉണ്ടായി. സമ്പത്ത് കുന്നുകൂടിയ അവിടങ്ങളില്‍ ചെറുതും വലുതുമായ പ്രര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മനുഷ്യാദ്ധ്വാനം ലഭ്യമല്ലാതായിരുന്നു. ആ വിടവിലേയ്ക്കാണ് സാഹസികനായ മലയാളി അടക്കമുള്ള ഇന്ത്യക്കാര്‍ ചേക്കേറിയത്. അവര്‍ക്കുപിന്നാലെയാണ് ഫിലിപ്പൈന്‍സ്‌ക്കാരും ശ്രീലങ്കക്കാരും പാകിസ്ഥാന്‍കാരും ബംഗ്ലാദേശ്കാരുമെല്ലാം പതിനായിരക്കണക്കിന് വന്നെത്തിയത്. ഗള്‍ഫിലെ ഓരോ രാജ്യത്തിന്റെയും വളര്‍ച്ചയുടെ പുറകില്‍ ഈ മനുഷ്യരുടെ അധ്വാനവും വിയര്‍പ്പുമുണ്ട്. ആ മണ്ണില്‍ നിന്നാണ് അവര്‍ ഇപ്പോള്‍ ആട്ടിയകറ്റപ്പെടുന്നത്. അതിനു സൗദി അറേബ്യയ്ക്കു അവരുടെ രാജ്യതാല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയ കാരണങ്ങള്‍ പറയാനുണ്ടാകും. ഇത്തരം സാമൂഹിക-സാമ്പത്തിക വികാസങ്ങള്‍ ഉരുത്തിരിഞ്ഞു വരുമ്പോള്‍ ഇന്ത്യയിലെ ഗവണ്‍മെന്റ് എന്തുകൊണ്ടാണ് കണ്ണടച്ചിരിക്കുന്നത്? ഇത്തരം സ്ഥിതിവിശേഷത്തിലകപ്പെടുന്ന ഇന്ത്യന്‍ പൗരന്മാരുടെ രക്ഷയ്ക്കായി ഒരു കര്‍മ്മപദ്ധതിയും എന്തുകൊണ്ട് ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചില്ല? ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇന്ത്യന്‍ പൗരന്മാരോടു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത് പൊറുക്കാനാകാത്ത നന്ദികേടാണ്. അവര്‍ വിയര്‍പ്പൊഴുക്കി മിച്ചംവെച്ച സമ്പാദ്യമത്രയും കൈനീട്ടി വാങ്ങി പുഷ്ടിപ്പെട്ട നമ്മുടെ സമ്പദ്ഘടനയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ എന്തുകൊണ്ട് ഗവണ്‍മെന്റുകള്‍ കണക്കിലെടുത്തില്ല?

ഗള്‍ഫ് കുടിയേറ്റവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും ഗൗരവതരമായ ഒരു പഠനം നടത്തുവാന്‍ പോലും ഭരണക്കാര്‍ക്കു കഴിഞ്ഞിട്ടില്ല. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും വൈയക്തികവുമായ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന സങ്കീര്‍ണ പ്രതിഭാസമാണ് ഗള്‍ഫ് കുടിയേറ്റത്തിന്റേത്. അവയെപ്പറ്റി ആര്‍ക്കും പറയാവുന്ന പൊതുവര്‍ത്തമാനങ്ങള്‍ അല്ലാതെ വസ്തുനിഷ്ഠമായ സ്ഥിതിവിവരക്കണക്കുകള്‍പോലും സര്‍ക്കാരുകളുടെ കൈവശമില്ല. ഈ സ്ഥിതി എത്രയും ലജ്ജാകരമാണെന്നു പറയേണ്ടതില്ല.

'മലയാളികളുടെ കുടിയേറ്റ പ്രവണതയിലെ മാറ്റങ്ങളെക്കുറിച്ച് കാലാകാലങ്ങളില്‍ പഠനം നടത്തിയിട്ടുള്ളത് 'സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്' (സി ഡി എസ്) ആണ്. അവിടത്തെ അന്താരാഷ്ട്ര കുടിയേറ്റ പഠനവിഭാഗം ഇതു സംബന്ധിച്ച് ആറ് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആറാമത്തേതായിരുന്നു 2011 ലെ 'കേരള മൈഗ്രേഷന്‍ സര്‍വേ' റിപ്പോര്‍ട്ട്. 2015 ഓടെ ഗള്‍ഫില്‍ നിന്നുള്ള തിരിച്ചൊഴുക്കിന്റെ വേഗത കൂടുമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമായ കാരണങ്ങളോടൊപ്പം ഗള്‍ഫില്‍ ശക്തിപ്പെടുന്ന സ്വദേശിവല്‍ക്കരണവും ഇതിനുവഴിയൊരുക്കുന്ന ഘടകമാണ്. 2011 ല്‍ തന്നെ 11.5 ലക്ഷം മലയാളികള്‍ നാട്ടിലേയ്ക്കു മടങ്ങി. ഇത്തരം പഠനങ്ങളുടെ വെളിച്ചത്തില്‍ ഭരണാധികാരികള്‍ നടത്തേണ്ട നയപരമായ ഇടപെടലുകളും മുന്നൊരുക്കങ്ങളും ഒന്നും ഇവിടെയുണ്ടായില്ല. ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിവന്ന സമ്പാദ്യം ഉല്‍പ്പാദനക്ഷമമായ ഏതെങ്കിലും തരത്തില്‍ വിനിയോഗിക്കണമെന്നും അവര്‍ക്കു പറഞ്ഞുകൊടുക്കാന്‍പോലും ഇവിടെ സംവിധാനങ്ങളില്ലായിരുന്നു. 'എടുത്താല്‍ പൊങ്ങാത്ത' വീടുകള്‍ കെട്ടിപ്പടുക്കാനാണ് പലപ്പോഴും പ്രവാസി തന്റെ സമ്പാദ്യം ഉപയോഗിച്ചത്. ഇപ്പോള്‍ തിരിച്ചുവരവിന്റെ കുത്തൊഴുക്കുണ്ടാകുമ്പോള്‍ ജീവിതത്തിനു വഴിയുണ്ടാകാതെ വരുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക-സാമൂഹിക പിരിമുറുക്കങ്ങള്‍ വലുതായിരിക്കും. 'പുനരധിവാസം' ഒരു നല്ല വാക്കാണ് എന്നതിനപ്പുറം അതേക്കുറിച്ച് ഒന്നുമറിയാത്തവരാണ് നമ്മുടെ അധികാരികളില്‍ പലരും. അധികാരത്തിന്റെ അകത്തളങ്ങളില്‍ അന്തഃഛിദ്രം മുറുകുമ്പോള്‍ ചിലരുടെ രാഷ്ട്രീയ പുനരധിവാസത്തെക്കുറിച്ചുമാത്രമേ ഗവണ്‍മെന്റ് ചിന്തിക്കുന്നുള്ളു. ബാക്കിയുള്ളതെല്ലാം വര്‍ത്തമാനത്തിലൊതുക്കാനാണ് അവരുടെ പുറപ്പാട്. അതുകൊണ്ടൊന്നും ഒതുങ്ങാത്ത മലവെള്ളപ്പാച്ചിലാണ് വരുന്നത്. ഭരണക്കാരേ, ഇപ്പോഴെങ്കിലും നിങ്ങള്‍ കണ്ണു തുറക്കൂ. ഒരു സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം.

*
ബിനോയ് വിശ്വം ജനയുഗം

Tuesday, March 26, 2013

പ്രവാസികളെ സംരക്ഷിക്കണം

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി "നിതാഖാത്ത്" സമ്പ്രദായം കര്‍ശനമാക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന മലയാളികളുടെ എണ്ണം എത്രയെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. 20 ലക്ഷം വിദേശികള്‍ മടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന കണക്ക് ശരിയാണെങ്കില്‍, അതില്‍ വലിയൊരു ശതമാനം മലയാളികളാകുമെന്ന് കരുതാവുന്നതാണ്. എട്ടുലക്ഷത്തോളം മലയാളികള്‍ സൗദിയില്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. മലയാളികളില്‍ ഭൂരിപക്ഷവും ചെറുകിടസ്ഥാപനങ്ങള്‍ നടത്തുന്നവരും ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നവരുമാണ്. അത്തരക്കാരെയാണ് "നിതാഖാത്ത്" ഏറെ ബാധിക്കുക. പത്തില്‍ താഴെ ആളുകള്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശി നിര്‍ബന്ധം എന്നാണ് നടപ്പാക്കുന്ന വ്യവസ്ഥ. അങ്ങനെ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവ് നാളെ അവസാനിക്കുകയാണ്. തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ അവിടത്തെ നിലനില്‍പ്പ് അസ്ഥിരമാകുമെന്നര്‍ഥം. ഒരു രാജ്യത്തിന്റെ പ്രാഥമികമായ കര്‍ത്തവ്യമാണ്, അവിടത്തെ പൗരന്മാരുടെ ക്ഷേമവും തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരവും ഉറപ്പാക്കല്‍. സൗദി പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടത്തെ സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ അതുകൊണ്ടുതന്നെ അസ്വാഭാവികതകളില്ല. ആ രാജ്യം അവിടത്തുകാര്‍ക്കുവേണ്ടി ചെയ്യുന്നതുപോലെ, ഇന്ത്യക്കാര്‍ക്കുവേണ്ടി ചെയ്യാനുള്ള ബാധ്യത ഇന്ത്യാ ഗവണ്‍മെന്റിനുമുണ്ട്.

കേരളത്തെ ഇന്നത്തെ കേരളമാക്കിയതില്‍ അറബ്രാജ്യങ്ങളില്‍ചെന്ന് തൊഴിലെടുക്കുന്ന മലയാളികള്‍ നല്‍കിയ സംഭാവന അമൂല്യമാണ്. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന കേരളത്തിന്റെ വ്യാപാരകമ്മി നികത്തപ്പെടുന്നത് ഗള്‍ഫ് പണംകൊണ്ടാണ്. അറബ്നാടുകളില്‍ ജീവിക്കുന്നവരെയും അവിടെനിന്ന് എത്തുന്ന പണത്തെ ആശ്രയിച്ച് ജീവിക്കുന്നവരെയും ഒഴിച്ചുനിര്‍ത്തി കേരളത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. ഏറിയും കുറഞ്ഞും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെയും അവസ്ഥയാണിത്. രണ്ട് ഇറ്റലിക്കാര്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ വിചാരണയിലെത്തുമ്പോള്‍ ഇറ്റലിയിലെ ഗവണ്‍മെന്റ് കാണിക്കുന്ന താല്‍പ്പര്യവും അമിതമെന്നുതന്നെ തോന്നിക്കുന്ന വ്യഗ്രതയും നമ്മുടെ കണ്‍മുന്നിലുണ്ട്. അതിന്റെ ചെറിയ ഒരംശമെങ്കിലും ഇന്ത്യക്കാരായ ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥ വരുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടാകണമെന്നത് ഏറ്റവും മിതമായ പ്രതീക്ഷമാത്രമാണ്. ദൗര്‍ഭാഗ്യവശാല്‍ ആ പ്രതീക്ഷ നിറവേറ്റാനുള്ള ചെറുവിരലനക്കംപോലും ഇന്ത്യ ഭരിക്കുന്നവരില്‍നിന്ന് ഉണ്ടാകുന്നില്ല.

സൗദി അറേബ്യയടക്കമുള്ള അറബ്രാജ്യങ്ങള്‍ ഏറെയും നിലനില്‍ക്കുന്ന നിയമങ്ങള്‍ നിഷ്കര്‍ഷയോടെ പാലിക്കുന്നവയാണ്. അറിഞ്ഞോ അറിയാതെയോ ആ നിയമങ്ങള്‍ ലംഘിച്ച് കുഴപ്പത്തില്‍പ്പെടുന്ന നിരവധി ഇന്ത്യക്കാരുണ്ട്. വ്യക്തികളും ട്രാവല്‍ ഏജന്‍സികളും റിക്രൂട്ട്മെന്റ് ഏജന്‍സികളും നല്‍കുന്ന വിസയില്‍ ഗള്‍ഫിലെത്തി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന എത്രയോ ആളുകളെ കാണാനാകും. പ്രലോഭനങ്ങളിലും കപടവാഗ്ദാനങ്ങളിലും വീണ് വ്യാജ റിക്രൂട്ട്മെന്റിലൂടെ കടല്‍ കടന്നെത്തി കെണിയിലകപ്പെടുന്ന അത്തരക്കാരെ നേരാംവണ്ണം തിരിച്ച് നാട്ടിലെത്തിക്കാനുള്ള താല്‍പ്പര്യംപോലും ഇന്ത്യന്‍ എംബസികള്‍ കാണിക്കാറില്ല. അക്കൂട്ടത്തില്‍ നിരപരാധികളാണ് ഏറെയെന്ന വസ്തുത ഇന്ത്യാഗവണ്‍മെന്റിന്റെ പ്രവാസികാര്യ മേല്‍നോട്ടക്കാരുടെ കണ്ണ് തുറപ്പിക്കുന്നില്ല എന്നത് ആശ്ചര്യകരമാണ്. അതേസമയം, വ്യാജ റിക്രൂട്ട്മെന്റുകാര്‍ നാട്ടില്‍ സൈ്വരസഞ്ചാരം തുടരുകയുമാണ്. അവര്‍ക്ക് ഭരണതലത്തിലുള്ള സംരക്ഷണം ലഭിക്കുന്നു. പ്രവാസി ദിവസ് സംഘടിപ്പിച്ച് കോടികള്‍ തുലയ്ക്കാനല്ലാതെ പ്രവാസികള്‍ക്കായി ഒന്നുംതന്നെ ഇല്ലാതെയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചത്.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കുന്നതിന് സര്‍ക്കാര്‍സംവിധാനങ്ങളുണ്ട്. പരസ്യങ്ങള്‍ സമൃദ്ധമായി വരുന്നുണ്ട്. പ്രവാസി ദിനാഘോഷത്തിന്റെ വര്‍ണശാബള്യത്തിന് ഒരു കുറവും വരാറില്ല. പ്രഖ്യാപനങ്ങള്‍ക്ക് ക്ഷാമവുമില്ല. അതേസമയംതന്നെ കൈയില്‍ കിട്ടിയ വിസയുംകൊണ്ട് ചതിക്കുഴികളെക്കുറിച്ചറിയാതെ കടല്‍ കടന്നുചെന്ന് കുരുക്കിലകപ്പെടുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവുവരുന്നില്ല. തൊഴില്‍സ്ഥിരത, വ്യാജ റിക്രൂട്ട്മെന്റ്, കൊള്ളയെ വെല്ലുന്ന വിമാനയാത്രക്കൂലി, ലക്കും ലഗാനുമില്ലാത്ത വിമാന ഷെഡ്യൂളുകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലൊന്നും പ്രവാസികാര്യവകുപ്പിന്റെയോ അതിനെ നയിക്കുന്ന മന്ത്രിയുടെയോ ശ്രദ്ധ പതിയുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ജയിലിലടയ്ക്കപ്പെടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. അവര്‍ക്ക് ആശ്രയം പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സുമനസ്സുകളുമാണ്; സര്‍ക്കാരല്ല. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന നിതാഖാത്ത് സമ്പ്രദായം പുതിയതല്ല. ഏറെനാളായി സജീവചര്‍ച്ചയിലുള്ളതാണ്. അറുപത് വയസ്സ് കഴിഞ്ഞവരെ തിരിച്ചയക്കാനുള്ള നിയമം നേരത്തെ വന്നതാണ്. ഇത്തരം അവസരങ്ങളില്‍, ഇന്ത്യക്കാരെ എങ്ങനെയെല്ലാം ബാധിക്കും; എന്താണ് പ്രതിവിധി എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ കാണിച്ചേ തീരൂ.

കുവൈത് യുദ്ധകാലത്ത്, ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ റെക്കോഡ് വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ ഇടപെട്ട ദേശീയമുന്നണി സര്‍ക്കാരിന്റെ അനുഭവം എളുപ്പം മറക്കാവുന്നതല്ല. ഇച്ഛാശക്തിയുള്ള ഭരണാധികാരികളുണ്ടെങ്കില്‍, പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏതു നാട്ടിലായാലും സംരക്ഷണം ലഭ്യമാക്കാന്‍ കഴിയും. ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസികളോടുള്ള ഉത്തരവാദിത്തം കാണിക്കണം. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് മടങ്ങിവരാന്‍ നിര്‍ബന്ധിതരാകുന്നവരെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികളെടുക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 26 മാര്‍ച്ച് 2013

Monday, February 4, 2013

പ്രവാസജീവിതം പ്രതിഫലിക്കാത്ത ആഘോഷങ്ങള്‍

കേരളം ആദ്യമായാണ് ഭാരതീയ പ്രവാസി ദിവസിന് ആതിഥേയത്വം വഹിച്ചത്്. ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ എത്തിയത്. ഫിക്കിയായിരുന്നു സംയുക്ത ആതിഥേയന്‍. അതുതന്നെ ആഘോഷത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും അറിയാതെ ഗള്‍ഫ് മേഖലയില്‍നിന്നും നിരവധി പേര്‍ സമ്മേളനത്തിനായി എത്തിയിരുന്നു. അവരെ സംബന്ധിച്ച് പ്രത്യേക സെഷനുമുണ്ടായിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതിനു പരിഹാരം കാണുന്നതിനും ഈ സന്ദര്‍ഭം സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും കൊച്ചിയിലേക്ക് എത്തിയത്. എന്നാല്‍, ചര്‍വിതചര്‍വണങ്ങളുടെ വേദിയായി അത് മാറുകയാണ് ചെയ്തത്.

ഈ സെഷനില്‍ പങ്കെടുക്കുന്നതിന് എനിക്ക് അവസരം ലഭിച്ചിരുന്നു. പൊതുവേ പ്രതിപക്ഷത്തിന് വലിയ റോളൊന്നും ഈ ആഘോഷത്തിലുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍കൂടി സംയുക്ത ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവിനെയോ ഉപനേതാവിനെയോ ക്ഷണിക്കുക കൂടി ചെയ്തിരുന്നില്ല. സെമിനാറില്‍ പങ്കെടുക്കുന്ന വ്യവസായിയായ യൂസഫ് അലി ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. കേരളത്തെ സംബന്ധിച്ച് പ്രവാസികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലായി ഇന്ന് മാറിയിരിക്കുന്നത് പ്രവാസികള്‍ അയയ്ക്കുന്ന പണമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 31 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. ഇന്ന് കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം ലഭിച്ചവരില്‍ 30 ശതമാനവും ജോലി ചെയ്യുന്നതും വിദേശത്താണ്. കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങളില്‍ നാലിലൊന്നിലധികം വിദേശികളുടെ നിക്ഷേപമാണ്. ഇത്തരം സവിശേഷതകളുള്ള അപൂര്‍വ പ്രദേശമായിരിക്കും കേരളം. കേരളത്തിലെ നൂറു വീടുകള്‍ എടുത്താല്‍ അതില്‍ 44 വീട്ടിലും ഒന്നുകില്‍ ഒരു എന്‍ആര്‍ഐയോ അല്ലെങ്കില്‍ മുന്‍ എന്‍ആര്‍ഐയോ ഉണ്ടെന്നതാണ് സമീപകാലത്ത് സിഡിഎസിന്റെ ഒരു പഠനം പറയുന്നത്. എന്നാല്‍, ഇത്രയും പ്രാധാന്യമുള്ള വിഭാഗത്തോട് കടുത്ത അവഗണനയാണ് സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും പുലര്‍ത്തുന്നതെന്നത് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുരോഗമന സ്വഭാവമുള്ള പല സംഘടനകളുടെ പ്രവര്‍ത്തകരും ഇതേ വികാരം നേരിട്ട് പ്രകടിപ്പിച്ചിരുന്നു.

ഗള്‍ഫ് മലയാളികളുടെ ഏറ്റവും പ്രധാനപ്രശ്നം യാത്രയുടേത് തന്നെയാണ്. നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നല്ലാതെ സ്ഥിതിഗതികളില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല. വെക്കേഷന്‍ സന്ദര്‍ഭത്തിലും ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്ക് വല്ലാതെ ഉയരും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനയാത്രക്ക് ഒരു കിലോ മീറ്ററിന് ഈടാക്കുന്ന പണത്തിന്റെ മൂന്നും നാലും ഇരട്ടിയാണ് കേരളത്തിലേക്കുള്ള യാത്രക്ക് നല്‍കേണ്ടിവരുന്നത്. എയര്‍ ഇന്ത്യയുടെ സമരകാലത്ത് കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് ഗള്‍ഫ് മലയാളികള്‍ക്ക് മൊത്തത്തില്‍ ഉണ്ടായത്. കേവലം എയര്‍ കേരള എന്ന വ്യാമോഹം സൃഷ്ടിച്ച് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ലിത്. എന്നാല്‍, ഇത് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റേയോ എയര്‍ ഇന്ത്യയുടേയോ ആരും തന്നെ പ്രവാസി ദിവസ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വളരെ പ്രധാനപ്പെട്ട പരിപാടിയില്‍ എയര്‍ ഇന്ത്യയുടെ ആരും തന്നെ ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നം ചര്‍ച്ചചെയ്യുന്നിടത്ത് ഇല്ലാതിരുന്നത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇവരെ പങ്കെടുപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രവാസവകുപ്പിന് തന്നെയാണ്. ഗള്‍ഫിലെ ജയിലുകളില്‍ എത്ര മലയാളികളാണ് കഴിയുന്നത്. ഒരിക്കല്‍ സൗദി സന്ദര്‍ശന സന്ദര്‍ഭത്തില്‍ ജയില്‍ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരു ചെറിയ മുറിക്കകത്ത് അടുക്കിക്കൂട്ടിയതുപോലെ നിരവധി പേരാണുള്ളത്. വല്ലാത്ത കാഴ്ചയായിരുന്നു അത്. വിവാഹം കഴിഞ്ഞയുടന്‍ ഗള്‍ഫിലേക്ക് വണ്ടി കയറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പല തരക്കാര്‍. കമലിന്റെ ഗദ്ദാമയും ബെന്യാമിന്റെ ആടുജിവിതവും കാണിച്ചു തന്ന പ്രവാസജീവിതത്തിന്റെ ചില തനിയാവര്‍ത്തനങ്ങള്‍ ഇവിടെ കാണാം.

മലയാളിയെ വെടിവച്ചുകൊന്ന ഇറ്റലിക്കാരെ കാണാന്‍ അവരുടെ മന്ത്രിമാര്‍ എത്ര തവണയാണ് കേരളത്തിലേക്ക് വന്നത്. അവരെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കയക്കുന്നതിന് നമ്മുടെ ഭരണാധികാരികള്‍ക്ക് എന്ത് ഉത്സാഹമായിരുന്നു. ആരെയും കൊന്നിട്ടല്ല മലയാളികള്‍ ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്നത്. റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ തട്ടിപ്പിനെ തുടര്‍ന്ന് ആവശ്യമായ രേഖകള്‍ ഇല്ലാത്തവര്‍ തുടങ്ങി ചെറിയ കുറ്റങ്ങള്‍ ചെയ്തവര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇവരെ കാണാനോ ആശ്വസിപ്പിക്കാനോ നമ്മുടെ വിദേശകാര്യ മന്ത്രിയോ പ്രവാസ വകുപ്പിന്റെ മന്ത്രിയോ പോകണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംബാസഡര്‍മാര്‍ വന്നുകാണുമെന്നും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, എംബസിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരെങ്കിലും അവരെ കാണുന്നതിനായി ജയിലിലേക്ക് ഒന്ന് എത്തിനോക്കേണ്ടേ? ഞാന്‍ സന്ദര്‍ശിച്ച ജയിലില്‍ ഒരിക്കല്‍പ്പോലും എംബസിക്കാര്‍ എത്തിനോക്കിയിട്ടില്ലെന്ന് ചിലര്‍ പരാതി പറഞ്ഞു. അവിടെ പ്രവര്‍ത്തിക്കുന്ന സംഘടനാപ്രവര്‍ത്തകരെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് കൈകഴുകുകയാണ് പതിവ്.

പിന്നെ ഒരു പ്രധാനപ്രശ്നം ഗള്‍ഫില്‍വച്ച് മരിക്കുന്നവരുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരുന്നതിലാണ്. പലപ്പോഴും ആഴ്ചകളോളം കാത്തിരിക്കേണ്ടിവരും. ഇതിനായി ഒരു ഏകജാലക സംവിധാനം എംബസികളില്‍ ആരംഭിക്കണമെന്ന ആവശ്യവും പരിഹാരം കാണാതെ തുടരുകയാണ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് ഇന്ത്യയിലേക്ക് വന്ന വിദേശ മൂലധനത്തേക്കാളും കൂടുതലാണ്. വിദേശമൂലധനത്തിന് രാജ്യതാല്‍പര്യം പോലും പണയംവച്ച് ഇളവുകള്‍ നല്‍കുന്നവര്‍ വിദേശ ഇന്ത്യക്കാരെ അവഗണിക്കുകയാണ് ചെയ്യുന്നത്. ചൈനീസ് സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തിന് ഏറ്റവുമധികം സംഭാവന ചെയ്തത് വിദേശത്ത് ജോലിയും ബിസിനസും ചെയ്തിരുന്ന ചൈനീസ് വംശജരാണ്. എന്നാല്‍, അത്തരം പദ്ധതികളും സമീപനങ്ങളും കേന്ദ്രം ഭരിക്കുന്നവര്‍ക്കില്ല. ഇനി വരാന്‍പോകുന്ന പ്രധാനപ്രശ്നം തിരിച്ചുവരുന്ന പ്രവാസികളാണ്.

ഇന്ന് കേരളത്തില്‍ പണിയെടുക്കുന്ന 19ല്‍ ഒരാള്‍ വിദേശത്തുനിന്നും തിരിച്ചുവരുന്നവരാണ്. പുരുഷന്മാരെ മാത്രമെടുക്കുകയാണെങ്കില്‍ ഇത് ഒമ്പതില്‍ ഒന്നായിരിക്കും. അതില്‍ക്കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. വിദേശത്തേക്ക് പോകുന്നവരില്‍ 88 ശതമാനമാണ് ഗള്‍ഫിലേക്ക് പോകുന്നതെങ്കില്‍ തിരിച്ചുവരുന്നവരില്‍ ഇവരുടെ പ്രാതിനിധ്യം 95 ശതമാനമാണ്. അതില്‍തന്നെ ഏറ്റവും കുടുതലും സൗദിയില്‍ നിന്നാണ്. ഇവരുടെ പുനരധിവാസം ഭാവിയിലെ പ്രധാനപ്രശ്നമാണ്. എന്നാല്‍, കോടികള്‍ ചെലവഴിച്ച പ്രവാസ ഭാരതീയ ദിവസം ഇതൊന്നും ഗൗരവമായി ചര്‍ച്ചചെയ്യുന്ന വേദിയായിരുന്നില്ല. വന്‍കിട വ്യവസായികളെ ആദരിക്കുന്നതിന്റെ കൂടെയെങ്കിലും സാധാരണക്കാര്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് അംഗീകാരം നല്‍കേണ്ടതല്ലേയെന്ന ചോദ്യവും പ്രസക്തം.

*
പി രാജീവ്

Thursday, January 10, 2013

പ്രവാസി ഭാരതീയ ദിവസ്: കബളിപ്പിക്കലിന്റെ കലാമേള

മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാരുടെ ഒരു പ്രശ്നവും ഗൗരവമായി പരിഗണിക്കാത്ത മാമാങ്കമായാണ് കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിണമിച്ചത്. ഗള്‍ഫ് മലയാളികളടക്കമുള്ളവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന കേരളത്തിനുമുമ്പില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയത് സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള വാചാടോപം! പ്രവാസികളെക്കുറിച്ചുള്ള കരുതലില്ലായ്മയുടെ വിളംബരമാണ് യുപിഎ സര്‍ക്കാര്‍ പ്രവാസി ഭാരതീയ ദിവസില്‍ യഥാര്‍ഥത്തില്‍ നടത്തിയത്. കേരളീയരുടെ പൊള്ളുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് കേരളത്തിന്റെ മണ്ണില്‍ വന്നുനിന്ന് ഇത്തരത്തില്‍ പ്രസംഗിക്കണമെങ്കില്‍ അസാമാന്യമായ രാഷ്ട്രീയ ധാര്‍ഷ്ട്യമോ ജനത്തോടുള്ള പുച്ഛമോ വേണം. ഇത് രണ്ടുമാണ് പ്രധാനമന്ത്രി പ്രസംഗത്തിന്റെ അന്തര്‍ധാര എന്നത് പറയാതെവയ്യ.

എന്തെല്ലാം അടിയന്തര പ്രശ്നങ്ങളാണ് പ്രവാസിസമൂഹം ഈ പ്രധാനമന്ത്രിക്കും അദ്ദേഹം നയിക്കുന്ന യുപിഎ മന്ത്രിസഭയ്ക്കും മുമ്പില്‍ വച്ചത്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിനു മലയാളികളെ രക്ഷിക്കാന്‍ നടപടിവേണം. നിയമസൗകര്യംപോലും നിഷേധിക്കപ്പെട്ട് നീതികിട്ടാതെ വലയുന്ന അവര്‍ക്കുവേണ്ടി ഇടപെടണം. ഇങ്ങനെ വിഷമിക്കുന്നവര്‍ എത്രയുണ്ടെന്ന് കൃത്യമായി കണക്ക് എടുക്കുകയെങ്കിലും വേണം. ഇതില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ഈ പ്രധാനമന്ത്രി ഒന്ന് പരാമര്‍ശിക്കുകയെങ്കിലും ചെയ്തോ?

എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുന്നുകൂട്ടുന്ന ആയിരക്കണക്കിനു കോടികളുടെ ഒരു ചെറുഭാഗമെങ്കിലും അവരുടെ ക്ഷേമത്തിനായുള്ള പദ്ധതി പ്രഖ്യാപിച്ച് വിനിയോഗിക്കണം. രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തെ സ്വന്തം വിയര്‍പ്പൊഴുക്കി ശക്തിപ്പെടുത്തുന്ന ഗള്‍ഫ് മലയാളികള്‍ക്കായി ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. കമ്യൂണിറ്റി ബനവലന്റ് ഫണ്ടിന്റെ ഒരു ഭാഗം പ്രവാസി രക്ഷാകാര്യങ്ങള്‍ക്കായി നീക്കിവയ്ക്കണം. ഇതില്‍ ഏതെങ്കിലും ഒന്ന് കേട്ടതായി നടിച്ചോ?

എംബസികളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വയ്ക്കണം. വൈഷമ്യത്തില്‍പ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ രക്ഷയ്ക്കായി ഫലപ്രദവും സമയോചിതവുമായി ഇടപെടുന്ന വിധത്തില്‍ എംബസികളെ കാര്യക്ഷമമാക്കണം. മലയാളം മാത്രമറിയാവുന്ന ആയിരക്കണക്കിനാളുകളുള്ള ഗള്‍ഫ് നാടുകളിലെങ്കിലും മലയാളഭാഷ മനസ്സിലാകുന്ന ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ വയ്ക്കണം. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പ്രവാസി സംഘടനകള്‍ മുന്‍കൈയെടുത്ത് ശ്രമിക്കുമ്പോള്‍ അതിന് അനുകൂലമായ നിലപാടെടുക്കുകയെങ്കിലും വേണം എംബസി. ഇത്തരം കാര്യങ്ങളിലെങ്കിലും ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിച്ചോ?

അതിരൂക്ഷമായ യാത്രാക്ലേശം ലഘൂകരിക്കാനെങ്കിലും നടപടിയുണ്ടാകണം. വിമാനക്കമ്പനികളുടെ നിര്‍ദയമായ ചൂഷണത്തിന് പ്രവാസികളെ വിട്ടുകൊടുക്കരുത്. എയര്‍ഇന്ത്യാ വിമാനങ്ങള്‍ സമയവും തീയതിയുംവരെ തെറ്റിച്ച് പറത്തി പ്രവാസികളുടെ ജോലി നഷ്ടപ്പെടുത്തരുത്. (വിസ കാലാവധി തീരുംമുമ്പ് എത്തേണ്ട ഗള്‍ഫ് മലയാളിയെ വിമാന സര്‍വീസ് റദ്ദാക്കി വിസ കാലാവധിക്കുശേഷം ഗള്‍ഫിലെത്തിച്ച് ഉള്ള ജോലികൂടി നഷ്ടപ്പെടുത്തിയ എത്രയോ ഉദാഹരണങ്ങളുണ്ട്.) കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭ്യത ഇല്ലാതാക്കുക, സാധാരണക്കാരനുവേണ്ടി തുടങ്ങിയത് എന്നുപറയുന്ന എയര്‍ഇന്ത്യാ എക്സ്പ്രസിനെക്കൊണ്ടുപോലും സാധാരണക്കാരനെ പിഴിയുക തുടങ്ങിയ പരിപാടികള്‍ നിര്‍ത്തലാക്കണം. ഇങ്ങനെയുള്ള ആവശ്യങ്ങളിലേതിലെങ്കിലും പ്രധാനമന്ത്രി ഒരു വാക്കെങ്കിലും പറഞ്ഞോ?

ഗള്‍ഫ് മലയാളികളുടെയും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഓഹരി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗള്‍ഫ് മലയാളി പുനരധിവാസ പാക്കേജ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുമ്പ് സമര്‍പ്പിച്ചിരുന്നു. അത് ഇപ്പോഴും യുപിഎ മന്ത്രിസഭയുടെ ശീതസംഭരണിയിലുണ്ട്. അതൊന്ന് പുറത്തെടുക്കണമെന്ന് എത്രയോ കാലമായി കേരളം ആവശ്യപ്പെടുന്നു. അനുകൂലമായി ഒരു ചെറുവിരലെങ്കിലും ഈ പ്രധാനമന്ത്രി അനക്കിയോ? കേരളത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും ഒരു ആവശ്യത്തോടുപോലും പ്രതികരിക്കാതെ ജിഡിപി നിരക്കിനെക്കുറിച്ച് കൊച്ചി പ്രവാസി ദിവസ് പരിപാടിയില്‍ വന്നുനിന്ന് പ്രസംഗിച്ച പ്രധാനമന്ത്രിയെ നിര്‍വികാരതയുടെ മൂര്‍ത്തീഭാവം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ഈ നിര്‍വികാരത നാടിനോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ള ജനാധിപത്യവ്യവസ്ഥയിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല എന്നുമാത്രം പറയട്ടെ. എമര്‍ജിങ് കേരള പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലും ഇതേ നിര്‍വികാര സമീപനമാണ് പ്രധാനമന്ത്രി പുലര്‍ത്തിയത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുമുമ്പില്‍ കണ്ണുപൂട്ടി ചെവി കൊട്ടിയടച്ച് വായ തുറക്കാതിരിക്കുന്ന ഒരു രൂപമായി പ്രധാനമന്ത്രി അന്നും അവതരിച്ചു.

കേരളത്തിലെ ഭരണാധികാരികള്‍ വായ്കൈപൊത്തി അദ്ദേഹത്തിന്റെ മുമ്പില്‍ ദാസ്യമനോഭാവത്തോടെ നിന്നു. പ്രധാനമന്ത്രിയുടെ നിസ്സംഗതയും കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയുടെ ഓച്ഛാനിച്ചു നില്‍ക്കുന്ന ദാസ്യമനോഭാവവും ചേര്‍ന്ന് കേരളത്തിനും പ്രവാസി സമൂഹത്തിനും കിട്ടേണ്ട അര്‍ഹതപ്പെട്ടവയൊക്കെ നഷ്ടപ്പെടുത്തുകയാണ്. നട്ടെല്ല് നിവര്‍ത്തിനിന്ന് ചോദിക്കാനും വാങ്ങിയെടുക്കാനും കഴിവില്ലാത്തവര്‍ ഭരണാധികാര സ്ഥാനങ്ങളിലിരിക്കരുത്; കേരളത്തിന്റെ അര്‍ഹതപ്പെട്ടതൊക്കെ നഷ്ടപ്പെടുത്തരുത്. പ്രവാസി ഭാരതീയ ദിവസ് സാധാരണക്കാരായ ഗള്‍ഫ് മലയാളികളെയും അവരുടെ പ്രാതിനിധ്യമുള്ള സംഘടനകളെയും വകഞ്ഞുമാറ്റി പ്രവാസിവരേണ്യരുടെ മാമാങ്കമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ചെയ്തത്. സാധാരണക്കാരുടെ പ്രശ്നങ്ങളാകെ അവഗണിക്കപ്പെട്ടു. യാത്രാക്ലേശം പേരിനൊന്ന് ചര്‍ച്ചചെയ്തു. എന്നാല്‍, ആ സെഷനില്‍ മറുപടി പറയുന്ന കാര്യം പോകട്ടെ, പ്രശ്നങ്ങള്‍ കുറിച്ചെടുക്കാന്‍പോലും ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയില്ല; സഹമന്ത്രിപോലുമില്ല. തിരുവായ്ക്കെതിര്‍വായ മിണ്ടിക്കൂടാ എന്നതായിരുന്നു സെഷനുകളിലെ സ്ഥിതി. വിമര്‍ശിച്ചവരുടെ മൈക്ക് ഓഫാക്കുന്ന പണിയായിരുന്നു മന്ത്രി വയലാര്‍ രവിക്ക്. ഗള്‍ഫ് മലയാളി പുറത്തുനില്‍ക്കട്ടെ. യൂറോപ്യന്‍ മലയാളിമാത്രം വരട്ടെ എന്ന മനോഭാവമായിരുന്നു സംഘാടകരില്‍ ചിലര്‍ക്ക്. കോട്ടും സ്യൂട്ടുമിട്ടവരെമാത്രം സ്വീകരിച്ചിരുത്തുന്ന മാമാങ്കമായി മാറിയ പരിപാടിയില്‍ പണ്ട് പ്രഖ്യാപിച്ച ചില പദ്ധതികളുടെ ആവര്‍ത്തനംമാത്രം പ്രധാനമന്ത്രി നടത്തി. ചുരുക്കത്തില്‍ കബളിപ്പിക്കലിന്റെ കലാമേളയായി മാറി ഈ മാമാങ്കം.

*
ദേശാഭിമാനി മുഖപ്രസംഗം 10 ജനുവരി 2013

Sunday, December 16, 2012

മരുപ്പച്ചയുടെ ദര്‍ശനം

പ്രവാസമേഖലയില്‍ കഴിവുള്ള നിരവധി എഴുത്തുകാരുണ്ട്. നിര്‍ഭാഗ്യവശാല്‍, അവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഗൗരവമുള്ള വായനയുടെ അന്തരീക്ഷത്തിലേക്ക് വരാന്‍ കഴിയുന്നുള്ളൂ. അവിടെ ജീവിതം ജീവിച്ചുതീര്‍ക്കുന്ന മുഴുവന്‍ പ്രതിഭകളെക്കുറിച്ചും അന്വേഷണവും പഠനവും ആവശ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഗള്‍ഫ്യാത്രയില്‍ ഇ കെ ദിനേശന്റെ "ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങള്‍" എന്ന കൃതി സജീവശ്രദ്ധയില്‍ വരികയുണ്ടായി.

നേരത്തെ മൂന്ന് പുസ്തകങ്ങളിലൂടെ ഈ എഴുത്തുകാരന്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. "ആഗോളവല്‍ക്കരണവും ഡോ. ലോഹ്യയുടെ ഏകലോകദര്‍ശനവും" എന്ന പേരില്‍ വന്ന രാഷ്ട്രീയപഠനമായിരുന്നു അതിലൊന്ന്. "മരണത്തിന്റെ മരുന്നുവില്‍പ്പനക്കാരന്‍" എന്നൊരു കഥാസമാഹാരമാണ് മറ്റൊന്ന്. ബെന്യാമിന്റെ പ്രശസ്ത കൃതിയുടെ പഠനങ്ങളടങ്ങുന്ന "ആടുജീവിതം- വായന, വിചാരണ" ആണ് മൂന്നാമത്തേത്. ഇതിലെല്ലാം തെളിഞ്ഞുകാണുന്ന നിരീക്ഷണപാടവവും അവതരണശേഷിയും പുതിയ ഉപന്യാസസമാഹാരത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ചതായി അനുഭവപ്പെട്ടു. ശരാശരിയും അതിനു മേലെയും ജീവിതസാഹചര്യമുള്ളവരെപ്പോലെതന്നെ സ്വന്തം നാട്ടില്‍ നേടാവുന്നതിനേക്കാള്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്നവരും ഗള്‍ഫ്മേഖലയിലുണ്ട്. പക്ഷേ, ഒരിക്കലും തിരിച്ചുപോകാനാകാത്ത വിധം അവര്‍ എന്തുകൊണ്ട് അവിടെ ഒട്ടിപ്പിടിച്ചുപോകുന്നുവെന്നത് സാമൂഹ്യ-മനഃശാസ്ത്രജ്ഞരുടെ ആലോചനാവിഷയമാകേണ്ടതുണ്ട്. അതുപോലെ, പ്രവാസിലോകം അവിടെ അബോധമായി കെട്ടിപ്പടുത്ത ഒരു പ്രത്യേക സാമൂഹ്യ-സാമ്പത്തിക ക്രമത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ഇത്തരം കാര്യങ്ങളും വേദനയുടെ നവുള്ള പ്രവാസിയുടെ നേര്‍ജീവിതവും തൊട്ടറിയാനുള്ള ശ്രമമാണ് ദിനേശന്‍ 20 ചെറു കുറിപ്പുകളിലൂടെ നടത്തിയിരിക്കുന്നത്. ഒപ്പം പ്രവാസിയെ ജന്മദേശം വേണ്ടവണ്ണം തിരിച്ചറിയുന്നില്ലെന്ന ദുഃഖവും അദ്ദേഹം പങ്കുവയ്ക്കുന്നു. നാട്ടില്‍ കാണുന്നതുപോലെ, ഒരുപക്ഷേ അതിനേക്കാള്‍ തീവ്രമായ രാഷ്ട്രീയ, കല-സാഹിത്യ ചര്‍ച്ചകള്‍ ഒക്കെ മണല്‍നഗരങ്ങളില്‍ നടക്കുന്നുണ്ട്. പലപ്പോഴും വളരെ യാന്ത്രികമായി പോകുന്ന ജീവിതത്തിരക്കുകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഇടയിലും ഇതിനെല്ലാം അവര്‍ സമയം കണ്ടെത്തുന്നുവെന്നത് വളരെ അഭിനന്ദനീയമായ കാര്യമാണ്.

പ്രവാസമേഖലയിലും നമ്മുടെ നാട്ടിലും ഗള്‍ഫ് ജീവിതത്തെ സമഗ്രമായി കാണാനുള്ള വഴിവിളക്കുകള്‍ കൊളുത്തിത്തരികയാണ് ഈ കൃതിയിലൂടെ ദിനേശന്‍ ചെയ്യുന്നത്. ദിനേശന്‍ ഉള്‍പ്പെടുന്ന അടുത്തടുത്ത പ്രദേശത്തുകാരായ ചില എഴുത്തുകാരുടെ കൂട്ടായ്മയെ അഭിമുഖീകരിക്കാന്‍ എനിക്ക് അവസരമുണ്ടായി. സമീപവാസികളായ കഴിവുള്ള കുറെ എഴുത്തുകാര്‍- അതെന്നെ അത്ഭുതപ്പെടുത്തുകയുംചെയ്തു. ഇവരാരും ഗള്‍ഫില്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തവരല്ല. ഇവര്‍ എഴുത്തിനെ ഐക്യത്തോടെ, ഗൗരവത്തോടെ നോക്കിക്കാണുന്നു. ഇവരില്‍- സത്യന്‍ മാടക്കര നമ്മുക്ക് പരിചിതനാണ്. നല്ല എഴുത്തുകാരനായ ബാലന്‍ തളിയില്‍, ഫെയ്സ്ബുക്കിലും സജീവസാന്നിധ്യമാണ്. അഹമദ് മൂന്നാംകൈയുടെ വിവര്‍ത്തനങ്ങളും ലേഖനങ്ങളും പുറത്തുവന്നിട്ടുണ്ട്. റഫീക് മേമുണ്ട നല്ല ശക്തിയുള്ള കഥകളും കവിതകളും എഴുതുന്നു. ദിനേശനും ഈ കൂട്ടായ്മയുടെ ഭാഗമാണ്.

ഇങ്ങനെ ഒരു ദേശക്കാര്‍മാത്രമല്ല, മറ്റ് ചില ദേശക്കാരും അവരുടെ സര്‍ഗജീവിതത്തിന് ഇതേപോലെ സാക്ഷ്യങ്ങള്‍ ചമയ്ക്കുന്നുണ്ട്. ഇവരുടെയും ഇവരുടെ ചുറ്റിലുള്ളവരുടെയും ജീവിതം, സാമ്പത്തിക-സാമൂഹ്യ ഘടകങ്ങള്‍, രാഷ്ട്രീയസമീപനങ്ങള്‍, തൊഴില്‍ബന്ധങ്ങള്‍, മതേതരമായ ഒത്തുചേരലുകള്‍ എന്നിവയെല്ലാം ദിനേശന്റെ പുസ്തകത്തില്‍ വിശകലനംചെയ്യുന്നു. ഈ പുസ്തകം നല്ലൊരു ദര്‍ശനവും സന്ദേശവും കാഴ്ചവയ്ക്കുന്നു. ദിനേശന്‍ ആത്മാര്‍ഥമായി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍- നിങ്ങള്‍ക്ക് വിയോജിക്കേണ്ട ഘടകങ്ങള്‍ ഉണ്ടായാല്‍പ്പോലും- നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. ഇപ്പോള്‍ ഞാന്‍ വായിച്ചുതീര്‍ത്ത 116 പേജുള്ള ഈ ഒലീവ് പുസ്തകം സര്‍ഗസ്പര്‍ശമുള്ള നല്ലൊരു എഴുത്തുകാരനെയും ചിന്താശീലനായ ഒരു സഹൃദയനെയും ഒന്നിച്ച് നമ്മുടെ മുന്നിലെത്തിക്കുന്നു.

*
അക്ബര്‍ കക്കട്ടില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 16 ഡിസംബര്‍ 2012

Wednesday, September 26, 2012

പ്രവാസികള്‍ മനുഷ്യരല്ലേ?

ഗള്‍ഫ് സെക്ടറിലേക്കുള്ള ഒരു വിമാനം കൃത്യസമയത്ത് പറന്നുപൊങ്ങിയില്ലെങ്കില്‍ പോലും പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രവചനാതീതമാണ്. രാത്രി പന്ത്രണ്ടിനുമുമ്പ് യുഎഇയിലോ സൗദിഅറേബ്യയിലോ എത്തേണ്ട വിമാനം ഏതാനും മണിക്കൂര്‍ വൈകി അവിടെ ഇറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കാന്‍ പ്രവാസികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പ്രാഥമികജ്ഞാനമെങ്കിലും ഉണ്ടാകണം. ഒന്നും രണ്ടും വര്‍ഷം ജോലിചെയ്ത് നിശ്ചിതദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തിയശേഷം മടങ്ങുന്നവരാണ് ഗള്‍ഫ് മലയാളികളില്‍ മഹാഭൂരിപക്ഷവും. അവര്‍ക്ക് തിരിച്ചെത്താനും ജോലിയില്‍ പ്രവേശിക്കാനും സമയപരിധിയുണ്ട്. ആ സമയം കഴിഞ്ഞാല്‍ ആ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥവരും. വിസയുടെയും അവധിയുടെയും സമയപരിധി അവസാനിക്കുന്ന മണിക്കൂറുകളിലാകും പലരുടെയും മടക്കയാത്ര. ഒരുനിമിഷമെങ്കില്‍ അത്രയും, നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയാനുള്ള താല്‍പ്പര്യമാണ് അവരെ നയിക്കുന്നത്. അതുകൊണ്ടാണ് യാത്ര അവസാന നിമിഷത്തേക്ക് നിശ്ചയിക്കുന്നത്. അങ്ങനെയുള്ളവര്‍ തിരികെച്ചെല്ലുന്നത് ഒരുദിവസം വൈകിയാല്‍ ജോലിതന്നെ നഷ്ടപ്പെട്ടെന്നുവരാം.

വിമാനസമയമാറ്റം തീരാദുരിതത്തിലേക്ക് തള്ളിവിട്ട എത്രയോപേരുടെ കണ്ണുനീര്‍ കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വീണിട്ടുണ്ട്. അവരുടെ ജീവിതം പിന്നീട് എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് ആരും തിരക്കാറില്ല. ഒരു സിറ്റി ബസ് സര്‍വീസ് മുടങ്ങിയാല്‍പോലും പകരം ബസ് ഏര്‍പ്പെടുത്തുന്ന നാടാണ് നമ്മുടേത്. കേരളത്തില്‍നിന്നുള്ള വിദേശ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറച്ചത് സാര്‍വത്രികമായ പ്രതിഷേധവും രോഷവുമാണുണ്ടാക്കിയത്. എയര്‍ ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനമാണ് ഈ കൊടുംചതി ചെയ്തത് എന്ന വസ്തുത പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ, ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഭരണക്കസേരയിലേറിയവരും. കേന്ദ്ര വ്യോമയാനമന്ത്രിയുടെ നാട്ടുകാരെ ഹജ്ജിനുകൊണ്ടുപോകാനാണത്രെ കേരളത്തില്‍നിന്ന് പറക്കേണ്ട വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. ഉത്തര്‍പ്രദേശുകാര്‍ ഹജ്ജിനുപോകേണ്ട എന്ന് ആര്‍ക്കും അഭിപ്രായമില്ല. അത് ഗള്‍ഫ് മലയാളിയുടെ നെഞ്ചത്ത് ചവിട്ടിത്തന്നെ വേണം എന്ന് യുപിഎ സര്‍ക്കാരിന് നിര്‍ബന്ധമെന്തിന്? നിലവില്‍ നിര്‍ത്തിയ ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നില്ല എന്ന് മാത്രമല്ല, ഡിസംബര്‍വരെ റദ്ദാക്കല്‍ ഇനിയുമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. പതിനാല് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന എയര്‍ ഇന്ത്യയുടെ ഏറ്റവുമൊടുവിലത്തെ പ്രസ്താവന മുഖവിലയ്ക്കെടുക്കാനാകില്ല. ഇങ്ങനെ പറഞ്ഞുപറ്റിച്ച ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം ഇതുവരെയുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് ആര് സമാധാനംപറയും എന്ന ചോദ്യവും അവശേഷിക്കുന്നു. സര്‍വീസ് മുടക്കം മാത്രമല്ല എയര്‍ ഇന്ത്യയുടെ സംഭാവന. ഗള്‍ഫ് യാത്രക്കാരെ കണ്ണില്‍ചോരയില്ലാതെ പിഴിഞ്ഞെടുത്ത് പണമുണ്ടാക്കാന്‍ ഗവേഷണം നടത്തുകയാണ് ആ സ്ഥാപനം. ഗള്‍ഫില്‍ അവധിക്കാലം തുടങ്ങുമ്പോള്‍ എയര്‍ ഇന്ത്യയുടെ നിരക്ക് കുത്തനെ ഉയരും. രാജ്യത്തിനകത്തും പുറത്തുമുള്ള ഇതര വിമാനക്കമ്പനികള്‍ക്ക് ഒപ്പമല്ല, ഒരുചുവട് മുന്നിലാണ് ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ. ജനങ്ങളെ സഹായിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ നാലും അഞ്ചും മടങ്ങ് വര്‍ധന വിമാനക്കൂലിയില്‍ വരുത്തുമ്പോള്‍ ലാഭംനോക്കികളായ സ്വകാര്യ വിമാനക്കമ്പനികളെ കുറ്റപ്പെടുത്താന്‍ പോലുമാകില്ല.

എയര്‍ ഇന്ത്യ ഈ സമീപനം ഒരു പ്രത്യേക നിമിഷത്തില്‍ തുടങ്ങിയതല്ല. അന്യായമായ യാത്രക്കൂലി, സര്‍വീസിലെ കൃത്യതയില്ലായ്മ, മുന്നറിയിപ്പില്ലാത്ത മുടക്കങ്ങള്‍, വിമാനക്കമ്പനിയുടെ കുഴപ്പംകൊണ്ട് പാതിവഴിയില്‍പെട്ടുഴലുന്ന യാത്രക്കാരോടുള്ള അവഗണന, മാറിയ ഷെഡ്യൂളിനെക്കുറിച്ച് വിവരം നല്‍കാതിരിക്കല്‍- ഇങ്ങനെ ഒട്ടേറെ അരുതായ്മകള്‍ എയര്‍ ഇന്ത്യക്ക് സഹജമാണ്. ഇതിനെതിരെ ഗള്‍ഫ് മലയാളികള്‍ പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യില്ല എന്നുപോലും പ്രഖ്യാപിച്ചു. തെറ്റ് തിരുത്തിക്കാന്‍ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. ഇന്ന് മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ തെരഞ്ഞെടുക്കുന്ന സര്‍വീസായി മാത്രമേ എയര്‍ ഇന്ത്യയെ മലയാളികള്‍ കാണുന്നുള്ളൂ. ഗള്‍ഫ് സെക്ടറില്‍ വലിയ നിരക്ക് ഈടാക്കുന്ന കമ്പനികള്‍ക്കുപിന്നാലെ മലയാളികള്‍ പോകേണ്ടിവരുന്നത് അത്തരം സര്‍വീസുകളുടെ മേന്മകൊണ്ടുമാത്രമല്ല, എയര്‍ ഇന്ത്യയുടെ പിടിപ്പുകേടും നിഷേധസമീപനവും കൊണ്ടുകൂടിയാണ്. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും വ്യോമയാന വകുപ്പിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറയുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രവാസികളുടെ ക്ഷേമത്തിനായി വകുപ്പും മന്ത്രിമാരുമുണ്ട്. പല മന്ത്രിമാരും അടിക്കടി ഗള്‍ഫ് രാജ്യങ്ങളിലെത്തി മടങ്ങാറുമുണ്ട്. അവരൊന്നും ഈ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നില്ല എന്നത് ആശ്ചര്യകരമാണ്. ഗള്‍ഫ് മലയാളികളുടെ പണവും ആതിഥ്യവും മതിയോ അവര്‍ക്ക്? ഇന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതെ എയര്‍ കേരള എന്നും മറ്റുമുള്ള മോഹനവാഗ്ദാനങ്ങളുടെ ചിറകില്‍കയറി പറന്നതുകൊണ്ടെന്ത് കാര്യം? കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് അരഡസന്‍ മന്ത്രിമാരുണ്ടല്ലോ. അവര്‍ക്ക് എന്തുകൊണ്ട് ഈ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ല? പ്രസ്താവനയിലൂടെയുള്ള ആശ്വാസമല്ല, നടപടികളിലൂടെയുള്ള പരിഹാരമാണ് ഗള്‍ഫ് മലയാളിക്കുവേണ്ടത്. പ്രവാസികളെ പുകഴ്ത്തിയതുകൊണ്ടും അടുപ്പം നടിച്ചതുകൊണ്ടും കാര്യമില്ല. അവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുന്നു എന്നതാണ് പ്രശ്നം.

ചെയ്യേണ്ടവര്‍ അത് ചെയ്യാത്തതുകൊണ്ടാണ് ജനങ്ങള്‍ക്ക് സമരത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കേണ്ടിവരുന്നത്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ബഹുജനമാര്‍ച്ച് നയിക്കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്. സെപ്തംബര്‍ ഇരുപത്തെട്ടിന്റെ ആ സമരം പ്രവാസികളുടേതുമാത്രമല്ല, കേരളത്തിന്റെ നിലനില്‍പ്പ് കാംക്ഷിക്കുന്ന എല്ലാവരുടേതുമാണ്. ഇന്നുവരെ നിര്‍ത്തിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക എന്നതിനപ്പുറം, ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും വിമാന നിരക്കില്‍ ന്യായമായ കുറവുവരുത്തി സ്വകാര്യകമ്പനികള്‍ക്ക് എയര്‍ഇന്ത്യ മാതൃക കാണിക്കണമെന്നുമുള്ള ആവശ്യങ്ങള്‍കൂടി മുഴങ്ങുന്നതാകും ആ സമരം.

*
ദേശാഭിമാനി മുഖപ്രസംഗം 26 സെപ്തംബര്‍ 2012

Monday, September 24, 2012

എയര്‍ ഇന്ത്യാ നടപടി അക്ഷന്തവ്യം

ഗള്‍ഫ് മലയാളികള്‍ നിരന്തരം അനുഭവിച്ചുവരുന്ന യാത്രാക്ലേശം ജനയുഗമടക്കം എല്ലാ മലയാള പത്രങ്ങളുടെയും മുഖപ്രസംഗത്തിനു വിഷയമാവുക പതിവായിരിക്കുന്നു. എന്നാല്‍ ഇത്തവണ എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും 168 സര്‍വീസുകള്‍ റദ്ദുചെയ്ത സംഭവം കേരളത്തോടും ഗള്‍ഫ് മലയാളികളോടുമുള്ള അതിക്രൂരമായ അപരാധമാണ്. സെപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 28 വരെ യാത്രചെയ്യേണ്ടിവരുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതും അവരെ തെരുവാധാരമാക്കുന്നതുമായി മുന്നറിയിപ്പുപോലും കൂടാതെയുള്ള റദ്ദാക്കല്‍. ഹജ്ജ് തീര്‍ഥാടനത്തിന്റെയെന്നല്ല എന്തിന്റെതന്നെ പേരിലായാലും ഈ നടപടി കേരളത്തിന്റെ ജീവനാഡിതന്നെ വിച്ഛേദിക്കുന്നതിന് തുല്യമാണ്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച പ്രതിഷേധവും അമര്‍ഷപ്രകടനവും സ്വാഗതാര്‍ഹമെങ്കിലും അതുവഴി അവര്‍ കേരളത്തിന്റെ മുന്നില്‍ അപഹാസ്യരായി മാറുക മാത്രമാണുണ്ടായത്. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത യു പി എ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്-യു ഡി എഫ് എം പിമാര്‍ക്കും മന്ത്രിസഭയില്‍ അംഗങ്ങളായ ആഭ്യന്തര മന്ത്രി എ കെ ആന്റണിയടക്കം അരഡസന്‍ മന്ത്രിമാര്‍ക്കും എന്തു 'വില'യാണുള്ളതെന്ന് തുറന്നുകാട്ടുന്നതായി കേന്ദ്രസര്‍ക്കാരിന്റെ നെറികെട്ട നടപടി. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന്റെയും രാജ്യത്തിന്റെ വിദേശനാണ്യ സ്രോതസിന്റെയും പ്രമുഖ ആശ്രയങ്ങളില്‍ ഒന്നായ ഗള്‍ഫ് മലയാളികളെ ദുരിതത്തിലാഴ്ത്തിയ കേന്ദ്ര നടപടിക്കെതിരെ തലയുയര്‍ത്തി പ്രതിഷേധിക്കാനും തികച്ചും തെറ്റായ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ മലയാളക്കരക്കാകെ അപമാനമാണെന്നു പറയാതെ വയ്യ. കേരളത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നടപടി തിരുത്തിക്കാന്‍ യു ഡി എഫ് സര്‍ക്കാരിനു കഴിയണം. അതിനു കഴിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും സംഘവും അധികാരത്തില്‍ തുടരുന്നതുതന്നെ അര്‍ഥശൂന്യമാണ്.

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഏറ്റവും ലാഭകരമായ റൂട്ടുകളാണ് കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖലയിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍. ഈ റൂട്ടുകളിലായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രം പ്രതിവാരം 260 സര്‍വീസുകള്‍ നടത്തിയിരുന്നുവെന്നതും അവയിലെ യാത്രികാനിരക്ക് എല്ലായിപ്പോഴും 90 ശതമാനത്തിലും അധികമായിരുന്നുവെന്നതും അവയുടെ പ്രാധാന്യവും തിരക്കും ലാഭവുമൊക്കെ വിലയിരുത്താന്‍ മതിയായ സൂചികകളാണ്. ദേശീയ വിമാനക്കമ്പനിയുടെ മറ്റൊരു റൂട്ടിലും ഇത്രയേറെ സര്‍വീസുകളും യാത്രികാനിരക്കും ആര്‍ക്കും കാട്ടിത്തരാനാവില്ല. അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്ന റൂട്ടില്‍ നിന്നും 40 ദിവസക്കാലത്തേക്ക് 168 സര്‍വീസുകള്‍ റദ്ദുചെയ്തതിന് ഉത്തരവാദികള്‍ ആരുതന്നെ ആയാലും, എത്ര ഉന്നതരെങ്കിലും, അവര്‍ ക്രിമിനല്‍ കുറ്റവിചാരണയ്ക്കും മാതൃകാപരമായ ശിക്ഷയ്ക്കും വിധേയരാവണം. സാമ്പത്തിക അച്ചടക്കത്തെപ്പറ്റിയും പൊതുസേവന തുറകള്‍ ലാഭകരമാക്കണെന്നും നാഴികയ്ക്ക് നാല്‍പതുവട്ടം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുടെയും എയര്‍ ഇന്ത്യയുടെയും നടപടി സാമ്പത്തികകുറ്റമായി കണക്കാക്കി ശിക്ഷണ നടപടികള്‍ക്ക് തയ്യാറാവണം. കേരളത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ 3-4 ഇരട്ടി വിദേശനാണ്യ ഇനത്തില്‍ രാജ്യത്തിനു സംഭാവന നല്‍കുന്ന തൊഴിലാളികളും ഇടത്തരക്കാരുമടങ്ങുന്ന മഹാഭൂരിപക്ഷം ഗള്‍ഫ് മലയാളിക്ക് തൊഴില്‍രംഗത്തടക്കം ഉണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ക്കും, മാനസികമടക്കം, പീഡനങ്ങള്‍ക്കും ആര് ഉത്തരം നല്‍കും? നഷ്ടപരിഹാരം നല്‍കും? എയര്‍ ഇന്ത്യയിലെ പണിമുടക്കുള്‍പ്പെടെ പലവിധ കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി ഗള്‍ഫ് മലയാളി കനത്ത സാമ്പത്തിക നഷ്ടവും യാത്രാ ദുരിതവുമാണ് അനുഭവിച്ചുവരുന്നത്. ഇതിന് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇപ്പോഴുണ്ടായ തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളസര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധികളും ഉറപ്പുവരുത്തണം.

മറ്റ് വിവിധ രംഗങ്ങളില്‍ എന്നതുപോലെ വിമാനയാത്രയുടെ കാര്യത്തിലും അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ അവഗണനയാണ് കേരളം അഭിമുഖീകരിക്കുന്നത്. ഇത് ഇനിയും തുടരാന്‍ അനുവദിച്ചുകൂട. കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനൊപ്പം എയര്‍ കേരള എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. എമര്‍ജിംഗ് കേരളയില്‍ ഉദയംകൊണ്ട സംസ്ഥാനത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കുന്നതിനും വിദേശ താല്‍പര്യങ്ങള്‍ക്ക് അടിയറവയ്ക്കുന്നതിനുമുള്ള ഒരു സംരംഭമായി എയര്‍ കേരള മാറിക്കൂട. ഇതിനോടകം പുറത്തുവന്ന വസ്തുതകള്‍ കേരളത്തിന്റെ സ്വന്തം വ്യോമയാന കമ്പനിയും അതിസമ്പന്നരായ ഒരുപറ്റം ഗള്‍ഫ് സംരംഭകരുടെ സ്വകാര്യസ്വത്താക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിദേശ മലയാളികളുടെ പേരില്‍ അവരുടെ നിക്ഷേപംകൊണ്ട് ഒരു പറ്റം സമ്പന്നര്‍ നിയന്ത്രിക്കുന്ന ഒന്നായി അത് മാറിക്കൂട. ഗള്‍ഫ് മലയാളികളടക്കം മുഴുവന്‍ സാധാരണക്കാരായ മലയാളികള്‍ക്കും, സംസ്ഥാനത്ത് തന്നെ ജീവിക്കുന്ന നിക്ഷേപതല്‍പ്പരരുള്‍പ്പെടെ, യഥേഷ്ടം നിക്ഷേപിക്കാനും അവര്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് ജനാധിപത്യപരമായി നിയന്ത്രിക്കാനും കഴിയുന്ന ഒരു ജനകീയ സംരംഭമായി എയര്‍ കേരള മാറണം. പൊതുജനങ്ങള്‍ക്കും സമൂഹത്തിനും നിയന്ത്രിക്കാനുള്ള മാതൃകാസംരംഭമായി അതിനെ മാറ്റാന്‍ കഴിയുംവിധം ആലോചനകളും തീരുമാനങ്ങളുമുണ്ടാവണം. ലോക തൊഴില്‍ വിപണിയില്‍ മത്സരിക്കുന്ന ഒരു സുപ്രധാന ശക്തി എന്ന നിലയില്‍ മലയാളിയെ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പ്രാപ്തമായ ഒന്നായി എയര്‍ കേരള പുനര്‍വിഭാവനം ചെയ്യപ്പെടണം. വ്യോമഗതാഗത രംഗത്ത് നാം നേരിടുന്ന നിരന്തര അനീതിക്കും അവഗണനയ്ക്കും പകല്‍ക്കൊള്ളയ്ക്കുമുള്ള കേരളത്തിന്റെ മറുപടിയാക്കി എയര്‍ കേരളയെ മാറ്റാന്‍ ആവശ്യമായ ചിന്തക്കും ചര്‍ച്ചക്കും ഇപ്പോഴത്തെ പ്രതിസന്ധി വഴി തുറക്കണം.

*
ജനയുഗം മുഖപ്രസംഗം 24 സെപ്തംബര്‍ 2012

Sunday, September 23, 2012

പ്രവാസിയുടെ ആടുജീവിതത്തിന് ആര് മണി കെട്ടും

അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മലയാളി പ്രവാസത്തിന്റെ ദിശാഗതികള്‍ അവലോകനം ചെയ്യുന്ന വാരികയിലെ ലേഖനങ്ങള്‍ പൈങ്കിളിത്വത്തോടെ പ്രവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പതിവ് മാധ്യമരീതികളെ തിരുത്തുന്നു എന്നത് ആശ്വാസമാണ്. പരസ്യവരുമാനത്തിന്റെ സിംഹഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ദിനംപ്രതി ഗള്‍ഫ് വാര്‍ത്തകളും സാംസ്കാരിക വിനോദപരിപാടികളും സംപ്രേഷണം ചെയ്യുന്ന ദൃശ്യമാധ്യമങ്ങളും ഗള്‍ഫ് എഡിഷനുകള്‍ തന്നെ പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ പത്രങ്ങളും പ്രവാസി ജീവിതത്തിന്റെ ഇരുളടഞ്ഞ ആശങ്കകളിലേക്ക് വേണ്ടത്ര വെളിച്ചം തെളിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഉപരിപ്ലവമായ കെട്ടുകാഴ്ചകളില്‍ ആടിത്തിമര്‍ക്കുന്ന സമ്പന്നമായ ഉപരിജീവിതമാണ് വിപണി താല്‍പര്യങ്ങളില്‍ പ്രവാസ ജീവിതമായി ആഘോഷിക്കപ്പെടുന്നത്. അതിനിടയില്‍ പ്രചാരണമൂല്യമുള്ള ചില ആടുജീവിതങ്ങള്‍ മിന്നിമറയുന്നു എന്നുമാത്രം. കോര്‍പറേറ്റ് കാലത്തിന്റെ പൊങ്ങച്ചമൂല്യവും സാമ്പത്തിക വികാസവും കരഗതമാക്കിയ ഒരു ന്യൂനപക്ഷത്തെ ഗള്‍ഫ് നാടുകളിലെ മലയാളി പ്രവാസികളിലും കാണാന്‍ കഴിയും. ഇവര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ ബലമുള്ള കണ്ണിയായും എമര്‍ജിങ് കേരള വികസനത്തിന്റെ സ്വപ്നാടകന്മാരായും ധനാഢ്യതയുടെ പുളപ്പില്‍ ജാതി-മത പുനരുത്ഥാനത്തിന്റെ കോട്ടും സൂട്ടും ഇട്ട അരാഷ്ട്രീയതയായും കേരളത്തില്‍ തിളങ്ങുന്നുണ്ട്. ഈ സമ്പന്ന ന്യൂനപക്ഷത്തിന്റെ താല്‍പര്യസംരക്ഷണം പ്രവാസി മേളകളായി കൊണ്ടാടാന്‍ താലമേന്തുന്ന ഭരണവര്‍ഗം ബഹുഭൂരിപക്ഷം വരുന്ന സാധാരണ പ്രവാസികളുടെ കണ്ണുനീരിനു മുമ്പില്‍ മുഖംതിരിക്കല്‍ രാഷ്ട്രീയം തുടരുകയാണ്. ഗള്‍ഫ് തൊഴില്‍ മേഖലയിലെ കൂട്ടക്കുഴപ്പങ്ങളും ആണ്ടുകള്‍ കൂടുമ്പോഴുള്ള നാട്ടുയാത്രകളുടെ പങ്കപ്പാടുകളും എണ്‍പതു ശതമാനം വരുന്ന ചെറിയ അക്ക ശമ്പളക്കാരുടെ എണ്ണിയാലൊടുങ്ങാത്ത ദുരിതപര്‍വങ്ങളും ഇവര്‍ക്കു കേട്ടുകേള്‍വിയുടെ സുഖം പകരുന്ന യക്ഷിക്കഥകള്‍ മാത്രം. മുഖലേഖനത്തില്‍ കെ പി മോഹനന്‍ ആറ്റികുറുക്കി നിരത്തുന്ന പ്രവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍ പല തലമുറകളിലെ ലക്ഷക്കണക്കായ പ്രവാസ ജീവിതങ്ങളെ അരക്ഷിതമാക്കിയവയാണ്.

വിവര സാങ്കേതിക സൗകര്യങ്ങള്‍ നടപടിക്രമങ്ങളെ ഏറെ വേഗതയിലാക്കുകയും ലഘൂകരിക്കുകയും ചെയ്ത പുതിയ കാലത്തും പ്രവാസ ജീവിതം ദുസ്സഹമായ അവസ്ഥയില്‍ തുടരുകയാണ്. ആഗോളവല്‍ക്കരണ കാലത്തെ തൊഴില്‍ വിപണി കരാര്‍ തൊഴിലുകളിലൂടെയും മറ്റുമുള്ള അവകാശങ്ങള്‍പോലും കവരുകയും ഗള്‍ഫ് മേഖലയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ അനിവാര്യമാക്കുന്ന സ്വദേശിവല്‍ക്കരണം സ്ഥിതിഗതികളെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി പ്രവാസത്തില്‍ തുടരുന്നവര്‍പോലും വിവിധ കാരണങ്ങളാല്‍ അപ്രതീക്ഷിതമായി തിരിച്ചയക്കപ്പെടുന്ന സാഹചര്യം നേരിടാന്‍ കഴിയാതെ അമ്പരക്കുകയാണ്. ആരും ഒരു തിരിച്ചുപോക്കിന് മാനസികമായോ, ഭൗതികമായോ തയാറായിട്ടില്ല എന്നതാണ് വാസ്തവം. കുടുംബങ്ങളുടെ ഉപഭോഗ ആവശ്യം തൃപ്തിപ്പെടുത്താന്‍ യന്ത്രസമാനം ജോലി ചെയ്യുകയും പണം അയച്ചുകൊടുക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷത്തിനും ഒന്നും മിച്ചം വയ്ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. അവനെ അതിനു പ്രേരിപ്പിക്കാനോ, അതിനായി പദ്ധതികള്‍ വിഭാവനം ചെയ്യാനോ ഇച്ഛാശക്തിയോടെ നടപ്പാക്കാനോ ഇതുവരെയായും കേരളീയസമൂഹം തയാറായിട്ടില്ല. ഭരണകൂടത്തിനും പ്രവാസികളുടെ ബന്ധുക്കള്‍ക്കും ഈ സാധുജീവികളുടെ രക്തം കറന്നെത്തുന്ന ഡ്രാഫ്റ്റുകളില്‍ മാത്രമാണ് താല്‍പര്യം എന്ന് ദുഃഖപൂര്‍വം പറയേണ്ടി വരുന്നു. ഖുദ്സി വിവരിക്കുന്ന ആദ്യകാല പ്രവാസജീവിതത്തിലെ ടെലിഫോണ്‍ ബൂത്തുകള്‍ക്ക് മുമ്പിലെ നീണ്ട ക്യൂ മൊബൈല്‍ ഫോണിലെ നെറ്റ് കാളുകളുടെ ധാരാളിത്തത്തിലേക്ക് വഴിമാറിയിട്ടുണ്ട്. അത് കത്തുകളും കത്ത് കാസറ്റുകളും നല്‍കിയ വൈകാരിക അന്തരീക്ഷത്തെ മാറ്റിമറിച്ചിട്ടുണ്ട്. അതല്ലാതെ അമ്പതു വയസ്സ് പിന്നിട്ട പ്രവാസ ചരിത്രത്തില്‍ സാധാരണ പ്രവാസികളുടെ ജീവിതത്തില്‍ ഗുണപരമായ എന്തുമാറ്റമാണ് സംഭവിച്ചിട്ടുള്ളത്. മൂന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുള്ള കേരളത്തില്‍ നാടിനെ പൊന്നണിയിക്കുന്ന മലയാളി പ്രവാസിയുടെ യാത്രാപ്രശ്നം പരിഹരിക്കപ്പെട്ടോ? എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് അനിശ്ചിതത്തിലായ പ്രവാസികളുടെ യാത്രാപ്രശ്നം ഈ കുറിപ്പെഴുതുമ്പോഴും തുടരുകയാണ്. ഗള്‍ഫിലെ സ്കൂളവധികാലത്ത് നടന്ന സമരം അവസാനിപ്പിക്കാനും സത്വര നടപടികള്‍ സ്വീകരിക്കാനും കേരളത്തില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും എന്താണ് കഴിയാതിരുന്നത്. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിച്ച പശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവരുടെ നിര തന്നെയുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബോംബെ ടിക്കറ്റിനു നല്‍കിയ തുക മാത്രമാണ് ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും കമ്പനികള്‍ നല്‍കുന്നത്. ബാക്കി തുക സ്വന്തം കൈയില്‍നിന്നും മുടക്കേണ്ടിവരുന്ന നിര്‍ധന പ്രവാസികള്‍ രണ്ടുംമൂന്നും വര്‍ഷം കൂടുമ്പോഴുള്ള നാട്ടുയാത്രാമോഹവും മാറ്റിവയ്ക്കേണ്ട ഗതികേടിലാണ്. മൂന്നര മണിക്കൂര്‍ മാത്രം കേരളത്തിലേക്ക് യാത്രാസമയമുള്ള ഗള്‍ഫില്‍നിന്നും എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഈടാക്കുന്ന നിരക്കുകള്‍ യൂറോപ്യന്‍ സെക്ടറിനെ താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നുംനാലും ഇരട്ടിയാണ് എന്ന വസ്തുത പരിഹാരം ഇല്ലാതെ തുടരുന്നു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാംബജറ്റില്‍ കേരള-എയര്‍ തുടങ്ങാനുള്ള നിര്‍ദേശം ഉണ്ടായിരുന്നു. പ്രവാസികളുടെ യാത്രാദുരിതം ഒരു പരിധിവരെ പരിഹരിക്കാവുന്ന പദ്ധതിക്ക് വ്യോമയാന വകുപ്പ് അനുമതി നിഷേധിച്ചപ്പോള്‍ എന്താണ് സംഘടിതമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരാതിരുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുടെ അലംഭാവത്തെക്കുറിച്ചും, പിടിപ്പുകേടിനെക്കുറിച്ചുമുള്ള ആക്ഷേപങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിവിധ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ കാലാനുസൃതമായി പരിഷ്കരിച്ചും കൗണ്‍സിലേറ്റുകളുടെ കൂടുതല്‍ ഉപഓഫീസുകള്‍ ആരംഭിച്ചും ഉദ്യോഗസ്ഥന്മാരെ ആവശ്യത്തിനു നിയമിച്ചും പ്രവാസി സംഘടനകളുടെ സഹായങ്ങള്‍ സ്വീകരിച്ചും പ്രവാസി ലക്ഷങ്ങളുടെ ദൈനംദിന ആവശ്യങ്ങളില്‍ ഇടപെടാന്‍ സന്നദ്ധമാകാത്ത കേന്ദ്രഗവണ്‍മെന്റ് സമീപനം സീമാതീതമായ ചൂഷണത്തിനും കഷ്ടപ്പാടുകള്‍ക്കുമാണ് പ്രവാസിജീവിതങ്ങളെ എറിഞ്ഞുകൊടുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്നവരുടെ മൃതശരീരം പലപ്പോഴും നാട്ടിലെത്തുന്നത് മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ്.

പൊലീസ് സ്റ്റേഷനടക്കമുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ലഭ്യമാവേണ്ട വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം വിവിധ രാജ്യങ്ങളുടെ എംബസികള്‍ അതിവേഗം പൂര്‍ത്തിയാക്കുമ്പോള്‍ പ്രവാസി സംഘടനകളെ ചുമതലയേല്‍പിച്ച് മാറിനില്‍ക്കുന്ന സമീപനമാണ് ഇന്ത്യന്‍ എംബസികള്‍ സ്വീകരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ നാമമാത്രമായിരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ സൗദി അറേബ്യയില്‍ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്താന്‍ ആറുമാസം മുതല്‍ ഒരു കൊല്ലം വരെ കാലതാമസം വന്നിരുന്നു എന്നത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഈ ലേഖകന് നേരിട്ടറിയാവുന്ന കാര്യമാണ്.

നിയമാനുസൃതമായ ഇടപെടലുകളുടെ അഭാവത്തില്‍ പല നിര്‍ധന കുടുംബങ്ങള്‍ക്കും ലഭ്യമാവേണ്ട ധനസഹായം നിഷേധിക്കപ്പെടുന്ന സംഭവങ്ങളും ധാരാളം ആണ്. തൊഴില്‍ പീഡനങ്ങളിലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ലഭ്യമാവേണ്ട നിയമസഹായം, ശിക്ഷാകാലാവധി കഴിഞ്ഞും തടവറകളില്‍ കഴിയുന്നവരുടെ മോചനം, സുഗമമായ യാത്ര, നിയമവിധേയമായ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുവാദം, അതിനായുള്ള വേദികള്‍ തുടങ്ങിയ പ്രവാസ ജീവിതത്തിന്റെ പരിമിതമായ അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും പരിഹാരമില്ലാതെ തുടരുന്നത് ലക്ഷക്കണക്കിന് വരുന്ന മനുഷ്യജീവിതങ്ങളെയാണ് തലമുറകളായി നരകജീവിതത്തില്‍ തള്ളുന്നത് എന്ന് എന്നാണ് നമ്മുടെ സമൂഹം തിരിച്ചറിയുക. വര്‍ഷങ്ങള്‍ നീളുന്ന പ്രവാസത്തിനു ശേഷവും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ, കേറിക്കിടക്കാന്‍ ഒരു കൂരയോ ഇല്ലാത്ത പ്രവാസികളുടെ എണ്ണം ഏറെയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ അതാണ് സത്യം. ശാസ്ത്രസാഹിത്യ പരിഷത്ത് 2004ല്‍ നടത്തിയ "കേരളം എങ്ങനെ ജീവിക്കുന്നു" എന്ന പഠനത്തില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രവാസി വിഭാഗങ്ങള്‍ ഈ അടിമ ജീവിതത്തിന്റെ സത്യകാഴ്ചയാവുന്നു.

ഇത്തരം പഠനങ്ങളുടെ തിരിച്ചറിവും പ്രവാസി സംഘടനകളുടെ വേദികളില്‍ നേരിട്ടെത്തി ഇടതുപക്ഷ നേതാക്കള്‍ അനുഭവിച്ച ദരിദ്ര ജീവിത കാഴ്ചകളും നിസ്വപക്ഷപാത ദര്‍ശനവും ആവാം പാവപ്പെട്ട പ്രവാസികളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാവുന്ന പ്രവാസി പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ക്ഷേമനിധി പദ്ധതിയില്‍ അംഗമായ പ്രവാസി മരിച്ചാല്‍ കുടുംബത്തിനു ലഭ്യമാവുന്ന ധനസഹായവും കുടുംബ പെന്‍ഷനും എത്രമാത്രം ആശ്വാസപ്രദവും ആത്മവിശ്വാസം പ്രധാനം ചെയ്യുന്നതും ആണെന്ന് മനസ്സിലാകണമെങ്കില്‍ മാസാന്ത്യം ലഭിക്കുന്ന ഡ്രാഫ്റ്റിന്റെ അഭാവത്തില്‍ പട്ടിണിയില്‍ ആവുന്ന കുടുംബങ്ങളെ തൊട്ടറിയാന്‍ കഴിയണം. ഇത്തരം തൊഴിലാളി അനുകൂല പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചിരുന്നെങ്കില്‍ എത്രയോ ലക്ഷം കുടുംബങ്ങള്‍ ഒരുപക്ഷേ ജീവിതപച്ചപ്പുകളില്‍ ഒന്നിക്കുമായിരുന്നു എന്ന ആത്മഗതം ഒരു വലിയ ഒച്ചയായി മാറിയാല്‍ വിചാരണയ്ക്ക് വിധേയമാക്കപ്പെടുന്നവര്‍ ആരൊക്കെയായിരിക്കും. ഭരണമാറ്റതിനു ശേഷം അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ ദരിദ്ര പ്രവാസി പക്ഷ നിലപാടുകള്‍ കേന്ദ്രഗവണ്‍മെന്റുമായി ചേര്‍ന്ന് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നില്ല എന്നത് കടുത്ത വിമര്‍ശനത്തിന് വിധേയമാക്കേണ്ടതാണ്. നൂറുകൂട്ടം നീറുന്ന പ്രയാസങ്ങളില്‍ ഉരുകുന്ന ഒരു സാധാരണ പ്രവാസിയുടെ ഏറ്റവും വലിയ ആശങ്കയും കടമ്പയും എന്താണെന്ന ചോദ്യത്തിനു മുമ്പില്‍ സംശയലേശമെന്യേ പറയാന്‍ കഴിയുന്ന ഉത്തരം പിറന്ന മണ്ണിലെ സ്ഥിരതാമസത്തിന്റെ സ്വപ്നം എന്നായിരിക്കും. കൗമാരം വിട്ടുമാറാത്ത യൗവനത്തില്‍ തുടങ്ങുന്ന പ്രവാസം മിക്കവരും അവസാനിപ്പിക്കുന്നത് ഷഷ്ടിപൂര്‍ത്തിക്ക് തൊട്ടുമുമ്പ് മാത്രമാണ്. ഇരുപത്തഞ്ചോ, മുപ്പതോ വര്‍ഷം നീളുന്ന ശരാശരി പ്രവാസിയുടെ കുടുംബ-നാട്ടുജീവിതം ഏറിയാല്‍ ആയിരം ദിവസം വരും. സമാനതകളില്ലാത്ത ത്യാഗഭരിതമായ ബലിദാനത്തിലൂടെ പ്രവാസികള്‍ നാടിനും വീടിനും വേണ്ടി സമ്മാനിക്കുന്ന സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കാനും ഈ ഹതഭാഗ്യരെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും കേരളീയ സമൂഹത്തിന് ഉത്തരവാദിത്തമില്ലേ?

അതോ കഴുത്തറുപ്പന്‍ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രകൃതിക്ക് ഇണങ്ങാത്ത കോണ്‍ക്രീറ്റ് നാലുകെട്ടുകള്‍ക്കും ബഹുരാഷ്ട്ര കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കുന്ന അന്തം ഇല്ലാത്ത ഉപഭോഗപരതക്കും ഇന്ധനമായി കത്തി ഒടുങ്ങേണ്ടവരാണോ നാടിനെ പൊന്നണിയിച്ച ഈ നിര്‍ധന ജനസമൂഹം. ഉത്തരംനല്‍കേണ്ടത് കേരളത്തിനെ ലോകനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എണ്ണമറ്റ ജനമുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഭൂപരിഷ്കരണത്തിലൂടെയും വിദ്യാഭ്യാസ നിയമത്തിലൂടെയും പ്രവാസമെന്ന അതിവേഗ വളര്‍ച്ചയുടെ ചിറകുകള്‍ കൈരളിക്ക് സമ്മാനിച്ചത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണല്ലോ. പ്രവാസജീവിതത്തിലെ അരക്ഷിതാവസ്ഥകള്‍ പരിഹരിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടാന്‍ കേരളീയ പൊതുസമൂഹം തയ്യാറാവണം. അതിനായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെക്കുറിച്ച് പൊതു ധാരണകള്‍ സൃഷ്ടിക്കുകയും വേണം.

താഴ്ന്ന വരുമാനക്കാരായ, കായികാധ്വാനം ചെയ്യുന്ന പ്രവാസികളാവണം പരിപാടിയുടെ കേന്ദ്രം. പ്രവാസത്തിനു നിശ്ചിത കാലപരിധി വയ്ക്കാവുന്നതും വരുമാനത്തിന്റെ ഒരു പങ്ക് സര്‍ക്കാര്‍ നേരിട്ടോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏജന്‍സി മുഖേനയോ ശേഖരിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി വിവിധ മേഖലകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പ്രോജക്ടുകള്‍ രൂപപ്പെടുത്തുകയും വേണം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലോ സര്‍ക്കാര്‍ പങ്കാളിത്തത്തോടെയോ ചെറുകിട പദ്ധതികള്‍ തുടങ്ങാനാവണം. പ്രവാസത്തിലെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ വര്‍ഷങ്ങളായി ഏറ്റുവാങ്ങൂന്നവര്‍ വനരോദനം പോലെ ഉന്നയിക്കുന്ന സമസ്യകളാണിവയൊക്കെയും.

ഉത്പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ കഴിയുന്ന തൊഴില്‍ സമ്പത്ത് കരഗതമാക്കിയവരാണ് മറ്റു ഭൗതിക നേട്ടങ്ങള്‍ ഏറെയൊന്നും നേടാന്‍ കഴിയാത്ത ബഹുഭൂരിപക്ഷം പ്രവാസികളും. എമിഗ്രേഷന്‍ ഇനത്തിലും മറ്റും കെട്ടിക്കിടക്കുന്ന അളവറ്റ പ്രവാസി ധനവും പ്രവാസികളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങളും മികച്ച ആസൂത്രണവും തൊഴിലാളി അനുകൂല നിലപാടുകളും ഒത്തുചേര്‍ന്നാല്‍ കേരളീയ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കേരളത്തിന്റെ മണ്ണിനെയും പ്രകൃതിയെയും ചുളുവിലയ്ക്ക് വിറ്റുതിന്നാനുള്ള എമര്‍ജിങ് കേരള വികസനത്തിനുള്ള ശരിയായ മറുപടിയായിരിക്കും ദിശാബോധത്തോടെയുള്ള ഇത്തരം പദ്ധതികള്‍. പ്രവാസിയുടെ ആടുജീവിതത്തിന് ആരു മണികെട്ടും എന്ന ചോദ്യം പക്ഷേ ഉത്തരം ഇല്ലാതെ നീളുകയാണ്.

*
രഘുനാഥ് ഷൊര്‍ണൂര്‍ ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012