Showing posts with label കൂടങ്കുളം. Show all posts
Showing posts with label കൂടങ്കുളം. Show all posts

Saturday, October 20, 2012

ആണവോര്‍ജം നയംമാറ്റകഥ വിചിത്രം

ആണവോര്‍ജം സംബന്ധിച്ച നയം  സിപിഐ എം മാറ്റി എന്ന പ്രചാരണത്തിന് മറുപടി, പാര്‍ടി അംഗീകരിച്ച് പ്രസിദ്ധീകരിച്ച രേഖകള്‍തന്നെ. കോഴിക്കോട്ട്  ചേര്‍ന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം അമേരിക്കന്‍ ആണവകരാറിനെക്കുറിച്ചും ആണവോര്‍ജം ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചും പാര്‍ടിയുടെ സമീപനം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ്. കരട് രാഷ്ട്രീയപ്രമേയം എല്ലാ കീഴ്ഘടകങ്ങളും മുഴുവന്‍ പാര്‍ടി അംഗങ്ങളും ചര്‍ച്ചചെയ്തശേഷമാണ് പാര്‍ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തിനു വന്നത്.
പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടില്‍ ഊന്നിനിന്നുതന്നെയാണ് കേന്ദ്രകമ്മിറ്റി യോഗം കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍നിന്ന് തെല്ലും വ്യത്യസ്തമായിരുന്നില്ല. കൂടംകുളം നിലയത്തിനെതിരെ നടക്കുന്ന സമരം കേരളത്തില്‍ സിപിഐ എം വിരുദ്ധപ്രചാരണത്തിന് ആയുധമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി ഈ വിഷയം ചര്‍ച്ചചെയ്ത് പ്രമേയം അംഗീകരിച്ചത്.

കോഴിക്കോട്ട് കഴിഞ്ഞ ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍നിന്ന് വ്യത്യസ്തമായ ഒരു സമീപനവും പുതുതായി പാര്‍ടി സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഫുക്കുഷിമ ആണവദുരന്തം 2011 മാര്‍ച്ചിലാണ് ഉണ്ടായത്. മാര്‍ച്ച് 11ന്റെ സുനാമിയെത്തുടര്‍ന്നാണ് ആണവനിലയം തകര്‍ന്നത്. ഇതിനുശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നതും ആണവകാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നതും. 

രാഷ്ട്രീയപ്രമേയത്തിലെ പ്രസക്ത ഭാഗങ്ങളും കേന്ദ്രകമ്മിറ്റി പ്രമേയത്തിന്റെ പൂര്‍ണരൂപവും ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ആണവക്കരാറിനെത്തുടര്‍ന്നുള്ള സംഭവങ്ങള്‍
(രാഷ്ട്രീയ പ്രമേയത്തില്‍നിന്ന്)

2.75 ഇന്ത്യാ- അമേരിക്കാ ആണവക്കരാറിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തുറന്നുകാണിച്ചിരിക്കുകയാണ്. കരാറിന്റെ അധാര്‍മിക സ്വഭാവത്തെക്കുറിച്ചും ഇന്ത്യയുടെ വിദേശനയത്തിലേക്കുള്ള അതിന്റെ കടന്നുകയറ്റത്തെക്കുറിച്ചും സിപിഐ (എം) പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അതിസൂക്ഷ്മമായ ആണവ സാങ്കേതിക വിദ്യ ലഭ്യമാകാന്‍ ഇന്ത്യയ്ക്ക് സഹായകമാകുന്ന വിധത്തില്‍ പൂര്‍ണമായ സിവിലിയന്‍ ആണവസഹകരണം ഉറപ്പാക്കുന്നതാണ് ആണവക്കരാര്‍ എന്ന പൊള്ളയായ അവകാശവാദം പൊളിഞ്ഞിരിക്കുന്നു. 2011 ജൂണില്‍, ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ് അമേരിക്കയുടെ പ്രേരണ പ്രകാരം ഇന്ത്യയെപ്പോലെയുള്ള ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് പുനഃസംസ്കരണത്തിന്റെയും സമ്പുഷ്ടീകരണത്തിന്റെയും സാങ്കേതിക വിദ്യ കൈമാറുന്നത് തടയുന്ന പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. തന്മൂലം ഇന്ത്യക്ക് ഇപ്പോള്‍ വിലയേറിയ ആണവറിയാക്ടറുകളും ആണവ ഇന്ധനവും വിദേശത്തുനിന്നു വാങ്ങുകയല്ലാതെ മറ്റു പോംവഴികള്‍ ഒന്നും തന്നെയില്ല; ഏറ്റവും പുതിയ സാങ്കേതികവിദ്യ നമുക്ക് ലഭ്യമാകില്ല. ആണവക്കരാറിന് പകരമെന്ന നിലയില്‍ അമേരിക്കയില്‍നിന്ന് 10,000 മെഗാവാട്ടിന്റെ ആണവറിയാക്ടറുകള്‍ വാങ്ങാന്‍ ഇന്ത്യ ബാധ്യസ്ഥമായിരിക്കുന്നു. ഇതിനോടൊപ്പം, വിദേശത്തുനിന്ന് ആണവറിയാക്ടറുകള്‍ നല്‍കുന്നവര്‍ ഒരു ബാധ്യതയും ഏറ്റെടുക്കേണ്ടതില്ല എന്നും നിയമനിര്‍മാണം നടത്താമെന്നും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാടോടുകൂടി, വിദേശ റിയാക്ടര്‍ സപ്ളൈയര്‍മാരെ ബാധ്യതകളില്‍നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സിവില്‍ ന്യൂക്ളിയര്‍ ലയബിലിറ്റി ബില്ല് കൊണ്ടുവന്നു. പക്ഷേ, പാര്‍ലമെന്റ് ഇതംഗീകരിച്ചില്ല. വിദേശ സപ്ളൈയര്‍മാര്‍ക്ക് ബാധ്യത ചുമത്തുന്നതിനുള്ള ഒരു സംരക്ഷണ വകുപ്പുകൂടി ഉള്‍പ്പെടുത്തപ്പെട്ടു. ഇപ്പോള്‍ ഈ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ രൂപീകരിച്ചതിലൂടെ നിയമത്തിലെ വിദേശ സപ്ളൈയര്‍മാരുടെ ബാധ്യതയില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്.

2.76 ആണവ അപകടമുണ്ടാവുകയാണെങ്കില്‍ അതിന്റെ ബാധ്യതയില്‍നിന്ന് അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കിക്കൊണ്ട് അമേരിക്കയെ പ്രീതിപ്പെടുത്താനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന വസ്തുത ഇന്ത്യന്‍ പൌരന്മാരുടെ ജീവനും സുരക്ഷയ്ക്കുമുള്ള അവകാശത്തെ പാടെ വഞ്ചിക്കുന്നതാണ്. ചരിത്രത്തിലെ വലിയ തോതിലുള്ള ആണവദുരന്തങ്ങളിലൊന്നായ ജപ്പാനിലെ ഫുക്കുഷിമ അപകടത്തിനുശേഷംപോലും, യുപിഎ സര്‍ക്കാര്‍ അമേരിക്കയെയും ഫ്രാന്‍സിനെപ്പോലെയുമുള്ള മറ്റു ആണവദാതാക്കളെയും തൃപ്തിപ്പെടുത്താന്‍ പാടുപെടുകയാണ്. നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 2020-ഓടുകൂടി 40,000 മെഗാവാട്ടിന്റെ ഇറക്കുമതി ചെയ്യപ്പെടുന്ന ആണവ പ്ളാന്റുകള്‍ ആവശ്യമാണെന്ന സംശയാസ്പദമായ നിര്‍ദ്ദേശമാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതിനായി, ഫ്രഞ്ച് കമ്പനിയായ അരേവയില്‍നിന്ന് ഏറ്റവും പുതിയ ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിന് കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും അധികം വിലയുള്ള ഈ ആണവ റിയാക്ടറുകളുടെ സാങ്കേതികവിദ്യ പരീക്ഷിച്ച് ഉറപ്പുവരുത്തിയിട്ടുള്ളതല്ല; അത് മറ്റെവിടെയും ഇതേവരെ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചിട്ടുള്ളതുമല്ല. മഹാരാഷ്ട്രയിലെ ജെയ്താപ്പൂരില്‍ ഈ റിയാക്ടറുകളാണ് സ്ഥാപിക്കാന്‍ പോകുന്നത്. ഈ ആണവ പദ്ധതിക്കെതിരെ അവിടത്തെ പ്രദേശവാസികള്‍ ശക്തമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

2.77 കൂടംകുളത്ത് സ്ഥാപിച്ചതും ആണവ കരാറിന് ഏറെ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയതുമായ രണ്ട് റിയാക്ടറുകള്‍ വേറൊരു കൂട്ടത്തില്‍ പെടുന്നു. ഈ റിയാക്ടറുകളുടെ സുരക്ഷയെയും പരിസരത്ത് ഉണ്ടാക്കാവുന്ന ആഘാതത്തെയുംകുറിച്ച് തദ്ദേശവാസികള്‍ക്ക് പല ആശങ്കകളുമുണ്ട്. പ്രത്യേകിച്ച്, ഫുക്കുഷിമ അപകടത്തിനുശേഷം. സ്വതന്ത്രമായ ഒരു സുരക്ഷാ അവലോകനം നടത്തേണ്ടതും ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുമ്പ് ജനങ്ങളുടെ ആശങ്കകള്‍ അകറ്റേണ്ടതും ആവശ്യമാണ്.

2.78 ജെയ്താപ്പൂരിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ആണവ ഊര്‍ജപ്ളാന്റുകള്‍ ഇറക്കുമതി ചെയ്യുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് സിപിഐ (എം) ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആണവ ഊര്‍ജ പ്ളാന്റുകളെയും ഒരു സ്വതന്ത്ര സംവിധാനം നടത്തുന്ന സുരക്ഷാ അവലോകനത്തിന് വിധേയമാക്കണം. സ്വതന്ത്രവും സ്വയംഭരണാവകാശമുള്ളതുമായ ഒരു ആണവ സുരക്ഷാ റെഗുലേറ്ററി അതോറിറ്റി ഉണ്ടാകണം. ഇത്തരം ഒരു അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട നിയമം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന് രൂപം നല്‍കാന്‍ മാത്രമേ പര്യാപ്തമാകൂ.

കൂടംകുളം വിഷയത്തില്‍ വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള പ്രമേയം

സിവിലിയന്‍ ആവശ്യത്തിനായി ആണവോര്‍ജം ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി അതിന്റെ സമീപനം ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്. ഇന്ത്യ- അമേരിക്ക ആണവകരാറിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളുള്ള ആണവപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെയാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം എതിര്‍ത്തത്. ഇത്തരം പാര്‍ക്കുകള്‍ സാങ്കേതികമായും സാമ്പത്തികമായും സുരക്ഷാപരമായും പ്രായോഗികമല്ല. കൂടംകുളം നിലയത്തിലേക്ക് റിയാക്ടറുകള്‍ ഇറക്കുമതിക്കുള്ള കരാര്‍ രണ്ട് ദശാബ്ദം മുമ്പാണ് ഒപ്പിട്ടത്. അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ഘട്ടത്തിലായിരുന്നു അത്. വലിയ വില നല്‍കി റഷ്യയില്‍നിന്ന് രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കുകയും അവ കമീഷന്‍ ചെയ്യാനിരിക്കുകയുമാണ്.

എന്നിരുന്നാലും ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിനുശേഷം കൂടംകുളത്തെ ജനങ്ങള്‍ക്ക് സുരക്ഷയെക്കുറിച്ചും ജീവനോപാധിയെ സംബന്ധിച്ചും ഉത്കണ്ഠകള്‍ പരിഹരിക്കണമെന്നാണ് പാര്‍ടി പ്രമേയം അഭിപ്രായപ്പെട്ടത്. സ്വതന്ത്രമായ ഒരു സുരക്ഷാപരിശോധന വേണമെന്നും റിയാക്ടറുകള്‍ കമീഷന്‍ ചെയ്യുന്നതിനുമുമ്പ് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പാര്‍ടി അഭിപ്രായപ്പെട്ടു. എന്നാല്‍, സ്വതന്ത്രമായ സുരക്ഷാപരിശോധന ഇപ്പോഴും നടന്നിട്ടില്ല. അതിനിടയില്‍ പ്രക്ഷോഭം നടത്തുന്ന ജനങ്ങള്‍ക്കെതിരെ പൊലീസ് അടിച്ചമര്‍ത്തലുമുണ്ടായി. നിരവധിപേര്‍ക്കെതിരെ കേസെടുത്തു. പൊലീസ് അടിച്ചമര്‍ത്തലിനെ പാര്‍ടി അപലപിക്കുന്നു. പ്രക്ഷോഭകര്‍ക്കെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

സഖാവ് വി എസ് അച്യുതാനന്ദന്‍ ഇതിന് വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിച്ച പാര്‍ടി നയത്തെ വിമര്‍ശിക്കാന്‍ വി എസ് തയ്യാറായി. കേന്ദ്രകമ്മിറ്റി അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ തള്ളിക്കളയുന്നു. പാര്‍ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് അംഗീകരിക്കാന്‍ വിസമ്മതിച്ച വി എസിനെ ശാസിക്കുന്നു. പാര്‍ടി അംഗീകരിച്ച നിലപാടനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രകമ്മിറ്റി വി എസിന് നിര്‍ദേശം നല്‍കുന്നു.

*
ദേശാഭിമാനി 20 ഒക്ടോബര്‍ 2012

Sunday, September 30, 2012

ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും

എല്ലാ കിരണങ്ങളുടെയും പ്രഭവം ആസ്ട്രോണമിക്കലും കോസ്മോളജിക്കലുമാണ്. എല്ലാത്തിന്റെയും പ്രഭാവലയവും അതുതന്നെ. പ്രപഞ്ചം സ്ഥലത്തിലപാരവും കാലത്തില്‍ നിത്യവുമാണ്. പ്രപഞ്ചം ചലനാത്മകമാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ട് ചലിക്കുന്നു. സൂര്യകിരണങ്ങള്‍ സൗരയൂഥ ഗ്രഹോപഗ്രഹങ്ങളിലെല്ലാം പതിക്കുന്നു. നേര്‍ പ്രതിഫലനങ്ങളായും ഗ്രഹോപഗ്രഹങ്ങള്‍ക്കുള്ളിലൂടെ അപഭ്രംശിച്ച് ചരിഞ്ഞും അനന്തക്ഷീരപഥങ്ങളില്‍നിന്നുള്ള പ്രഭാകിരണങ്ങള്‍ ലഭ്യം. ഭീമനക്ഷത്രങ്ങള്‍മുതല്‍ എളിയ ഗ്രഹങ്ങള്‍വരെയുള്ളതില്‍നിന്നെല്ലാം റേഡിയേഷനുണ്ട്. ഇതും ഭൂമിയിലെ റേഡിയോ ആക്ടീവതയുള്ള (അതിപ്രസരണമുള്ള) വികിരണങ്ങളും കൂടിച്ചേര്‍ന്ന് പ്രകൃതിയൊരുക്കുന്ന വികിരണവലയമാണ് മനുഷ്യവാസ പശ്ചാത്തലം. ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ ഇതില്‍നിന്ന് ഉത്ഭൂതം.

ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും പാലനം ആകാശം, വായു, സൂര്യന്‍, ജലം, മണ്ണ് എന്നീ പഞ്ചഭൂതങ്ങളില്‍നിന്ന് ഉത്ഭൂതമാകുന്ന വിവിധ രൂപങ്ങളിലുള്ള ഊര്‍ജം സ്വീകരിച്ചാണ്. സസ്യജന്തുജീവജാലങ്ങള്‍ എല്ലാം പഞ്ചഭൂതാത്മകമാണ്. റേഡിയേഷന്‍ തീരെയില്ലെങ്കില്‍ സങ്കല്‍പ്പിക്കാനാകാത്ത നാശമായിരിക്കും ഫലം. എന്നാല്‍, റേഡിയേഷന്റെ ആരോഗ്യപരിണാമസീമ ഉല്ലംഘിച്ചാല്‍ അതും നാശകരംതന്നെ. അയണൈസിങ് റേഡിയേഷന്‍ സ്വഭാവമുള്ള (റേഡിയോ ആക്ടീവതയുള്ള) പരമാണുക്കള്‍ യുറേനിയത്തിനു മാത്രമല്ല വേറെ പല രാസമൂലകങ്ങള്‍ക്കുമുണ്ട്. കാര്‍ബണ്‍, പൊട്ടാസ്യം തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയുണ്ട്. റേഡിയേഷന്റെ തോത് നിര്‍ണയിക്കുന്നതിന് അംഗീകൃത ഇന്റര്‍നാഷണല്‍ സിസ്റ്റമുണ്ട് (ടi). പരിസരങ്ങളിലെ വികിരണത്തിന്റെ ആഗിരണസാധ്യത പലപ്പോഴും പലരിലും ഉളവാക്കുന്നത് സ്റ്റൊക്കാസ്റ്റിക് ഇഫക്ടാണ്. ചാന്‍സ് ഇഫക്ടാണ്. വികിരണം ഓരോരുത്തരിലും സൃഷ്ടിക്കുന്ന ആഘാതം വസ്തുനിഷ്ഠ ഘടകത്തോടൊപ്പം ആത്മനിഷ്ഠ ഘടകത്തെക്കൂടി ആശ്രയിച്ചിരിക്കും. ആഘാതസംബന്ധിയായി അനാവശ്യ ഭയം ഒരുവന്റെ മനസ്സിലുണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടുതല്‍ വലുതായിരിക്കും. ജനമനസ്സുകളില്‍ ഇപ്രകാരം ഭയാശങ്കയും പരിഭ്രാന്തിയും എത്തിക്കുന്ന കുബുദ്ധികള്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്.

ഭയാശങ്കള്‍ക്ക് വിധേയരായവരെ അതില്‍നിന്ന് രക്ഷിക്കാനുള്ള, ബോധ്യപ്പെടുത്തല്‍ നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇന്തോ- യുഎസ് ആണവകരാറിനെ എതിര്‍ക്കുന്നവര്‍ കൂടംകുളം ആണവനിലയത്തെ അനുകൂലിക്കുന്നതില്‍ യുക്തിയില്ലെന്ന വാദം ചിലര്‍ ഉന്നയിച്ചുകണ്ടു. യാഥാര്‍ഥ്യം നേരെമറിച്ചാണ്. അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ത്തവര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യ ആണവ നിര്‍വ്യാപനകരാറില്‍ (എന്‍പിടി) ഒപ്പിട്ട രാജ്യമല്ല. എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ സാമഗ്രികളുടെ വ്യാപാരം നടത്തരുതെന്നാണ് അതിന്റെ നിബന്ധന. അതില്‍ സ്വയം അയവുവരുത്താന്‍ മാത്രമല്ല മറ്റ് ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് (എന്‍എസ്ജി) രാജ്യങ്ങളെക്കൊണ്ടുകൂടി അയവുവരുത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഇന്തോ- യുഎസ് ആണവകരാര്‍ മുഖാന്തരം അമേരിക്കചെയ്തത്. ഒരു വന്‍ശക്തിയായി അംഗീകരിച്ച് ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ സന്നദ്ധതയ്ക്ക് തെളിവായി ഇതിനെ ഇന്ത്യന്‍ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ ഊര്‍ജശേഷിയിലും സാങ്കേതികവിദ്യയിലും മുന്‍നിര പദവി നേടുന്നതില്‍നിന്ന് ഇന്ത്യയെ തടയുക എന്നതായിരുന്നു ആണവകരാറിനു പിന്നിലെ അമേരിക്കയുടെ ഗൂഢോദ്ദേശ്യം.

1973ലെ ആണവ വിസ്ഫോടന പരീക്ഷണത്തെത്തുടര്‍ന്ന് വിലക്കിയ യുറേനിയം ലഭ്യതയും ആണവ സാങ്കേതികവിദ്യയും വിലക്കെല്ലാം നീക്കി യാഥാര്‍ഥ്യമാക്കാന്‍ പുതിയ പ്രലോഭന വാഗ്ദാനങ്ങളുമായി അമേരിക്ക സിവില്‍ ന്യൂക്ലിയര്‍ കരാറിലൂടെ ഒരുമ്പെടുന്നതിന്റെ പിന്നിലെ സാമ്രാജ്യത്വതാല്‍പ്പര്യം മനസ്സിലാക്കാന്‍ ആഗോള വര്‍ഗസമരത്തിന്റെ മൗലികപ്രമാണങ്ങള്‍ വിസ്മരിക്കാത്തവര്‍ക്കേ കഴിയൂ. വികസ്വരരാജ്യമായ ഇന്ത്യ സ്വാശ്രയത്വത്തില്‍ ഊന്നി സ്വയംപര്യാപ്തതയിലേക്ക് എത്തുന്നത് സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.

അമേരിക്കന്‍ സഹായത്തോടെ നിര്‍മിച്ച താരാപ്പുര്‍ ആണവനിലയത്തിനുള്‍പ്പെടെയുള്ള ഇന്ധനക്കരാറില്‍നിന്ന് അവര്‍ പുറകോട്ടുപോയി. മറ്റ് സഖ്യരാജ്യങ്ങളെക്കൊണ്ടുകൂടി അമേരിക്ക മുന്‍കൈയെടുത്ത് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സ്വന്തം നിലയ്ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. അത് ഉര്‍വശീശാപം ഉപകാരം എന്ന നിലയ്ക്ക് ഭവിച്ചു. അങ്ങനെ ഇന്ത്യതന്നെ വികസിപ്പിച്ചതാണ് ഇന്ന് മുഖ്യമായി ഉപയോഗിക്കുന്ന പ്രഷറൈസ്ഡ് ഹെവിവാട്ടര്‍ റിയാക്ടര്‍ (പിഎച്ച്ഡബ്ല്യുആര്‍) സാങ്കേതികവിദ്യയും അതിന്റെ യന്ത്രങ്ങളും. തുടര്‍ന്ന് ഇന്ത്യ നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍. മറ്റ് രാജ്യങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലാത്ത കാര്യമാണിത്. പരീക്ഷണാര്‍ഥം 15 മെഗാവാട്ടിന്റെ ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) നമ്മള്‍ കല്‍പ്പാക്കത്തെ പരീക്ഷണശാലയില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. 500 മെഗാവാട്ടിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ (എഫ്ബിടിആര്‍) ഇപ്പോള്‍ കല്‍പ്പാക്കത്തുതന്നെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. അത് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരള, തമിഴ്നാട് തീരങ്ങളില്‍ സുലഭമായി (400 വര്‍ഷത്തെ നിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്) ലഭിക്കുന്ന ലോഹമണലില്‍നിന്ന് തോറിയം ലഭ്യമാക്കിയാല്‍ ഇന്ത്യ ഊര്‍ജകാര്യത്തില്‍ ലോകോത്തര പദവി നേടിയെടുക്കാന്‍ ഇടയാകുമെന്നത് പലരുടെയും വിശേഷിച്ച് സാമ്രാജ്യത്വശക്തികളുടെ ഉറക്കംകെടുത്തിയേക്കാം.

പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അണുപ്രസരണ സ്വഭാവമുള്ള മാലിന്യങ്ങളെ ഇന്ധനമായിത്തന്നെ പുനരുപയോഗം ചെയ്യുന്നതിന്റെ സാങ്കേതികവിദ്യ പരിപൂര്‍ണതയിലെത്തിക്കാന്‍ ചുരുക്കം വര്‍ഷങ്ങളിലെ ഗവേഷണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് ബന്ധപ്പെട്ട ഇന്ത്യന്‍ ആണവശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നു. എണ്ണ ഉല്‍പ്പാദകരാജ്യങ്ങള്‍ക്ക് തുറന്നുകിട്ടിയതുപോലുള്ള അഭിവൃദ്ധിയുടെ അവസരമായിരിക്കും അതിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്.

1980നു മുമ്പുവരെ നമ്മുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചിരുന്നു. രാജീവ്ഗാന്ധി ഭരണകാലത്ത് ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ ആ പാതയില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചതിന്റെ ദുരന്തഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ ജീവിതം തീക്ഷ്ണാനുഭവങ്ങളില്‍പ്പെട്ട് പിടയുന്നത് കാണാമല്ലോ. അമേരിക്കയുടെ ഈ ഗൂഢലക്ഷ്യം മനസ്സിലാക്കിയാണ് രാജ്യസ്നേഹികള്‍ ആണവകരാറിനെ എതിര്‍ത്തത്. അത് ആണവോര്‍ജം വേണ്ടെന്നുള്ളതുകൊണ്ടായിരുന്നില്ല; അമേരിക്കന്‍ നേതൃത്വത്തില്‍ ലോകമേധാവിത്വം നേടാനുള്ള സാമ്രാജ്യത്വനീക്കങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനാണ്. സ്വന്തം ശേഷിയില്‍ സുലഭമായി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടും അമേരിക്കയുടെ ആശ്രിതരാജ്യമായി ഇന്ത്യ മാറരുതെന്നുള്ള നിര്‍ബന്ധംകൊണ്ടുമായിരുന്നു.

ഇപ്പോള്‍ കൂടംകുളം വിരുദ്ധസമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ഇന്ത്യ ആണവോര്‍ജം വേണ്ടെന്നുവച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കൂടംകുളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആണവപരിപാടികളും നിര്‍ത്തിവക്കേണ്ടിവരും. നമ്മുടെ തനതായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ പദ്ധതിയും ഉപേക്ഷിക്കേണ്ടിവരും. ഇതുതന്നെയാണ് ആണവകരാര്‍വഴി നേടിയെടുക്കാന്‍ അമേരിക്ക ആഗ്രഹിച്ചത്. ഊര്‍ജരംഗത്ത് ഒരു മുന്‍നിര രാജ്യമായി ഉയരാനുള്ള ഇന്ത്യയുടെ സാധ്യതയെ തകര്‍ക്കണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വതാല്‍പ്പര്യം പ്രാവര്‍ത്തികമാക്കാനാണ് അറിഞ്ഞോ അറിയാതെയോ ആണവോര്‍ജവിരുദ്ധ പ്രക്ഷോഭകരും ശ്രമിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ നയിക്കുന്നവര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ ഈ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രസക്തമാണ്.

എല്ലാത്തരം വൈദ്യുതോല്‍പ്പാദനത്തെയും എതിര്‍ത്താല്‍ നമ്മുടെ വൈദ്യുതി ആവശ്യം എങ്ങനെ നിറവേറ്റപ്പെടുമെന്ന ചോദ്യത്തിന് ഇവരെല്ലാം ഒരേ ഉത്തരമാണ് പറയുന്നതെന്നത് ശ്രദ്ധാര്‍ഹമാണ്. സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ബദല്‍. ലോകത്ത് ഒരു രാജ്യവും ഈ ഊര്‍ജസ്രോതസ്സുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടാണ് അവയെ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ എന്ന് വിളിക്കുന്നത്. ഇന്നത്തെ സാങ്കേതികവിദ്യാ നിലവാരത്തില്‍ വന്‍തോതില്‍ ചെലവുകുറച്ച് തുടര്‍ച്ചയായി ഈ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകില്ല. എങ്കിലും ഇവയും കഴിയുന്നത്ര ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് സബ്സിഡി നല്‍കേണ്ടിവരുന്നതും നഷ്ടമല്ല. കാരണം ഇവ ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പടിപടിയായി അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഭാവിയില്‍ ലാഭകരമായ ഉല്‍പ്പാദനത്തിലേക്ക് എത്തിക്കാനാവൂ.

ഈ ലേഖനം ആണവോര്‍ജത്തിനുവേണ്ടിയുള്ള വക്കാലത്തല്ല. കാരണം ആണവോര്‍ജത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഇന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചുള്ള താപനിലയങ്ങളില്‍നിന്നാണ്. 20 ശതമാനത്തോളം ജലവൈദ്യുത പദ്ധതികളില്‍നിന്നുമാണ്. മൂന്നു ശതമാനംമാത്രമാണ് ആണവനിലയങ്ങളില്‍നിന്നുള്ളത്. അത് 2030 ആകുമ്പോഴേക്കും ഏഴ് ശതമാനമായി (20000 മെഗാവാട്ട്) ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ട് ആഗോളതാപനത്തിന്റെ പേരില്‍ താപനിലയത്തിന്മേലുള്ള ആശ്രിതത്വം ഉടനെ കുറയ്ക്കണമെന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അതിനെ അനുകൂലിക്കാനാകില്ല.

വരുന്ന ഒന്നിലധികം ദശാബ്ദക്കാലത്തേക്കെങ്കിലും താപവൈദ്യുതോല്‍പ്പാദനത്തിനുതന്നെ ഇന്ത്യക്ക് ഊന്നല്‍ നല്‍കേണ്ടിവരും. ജലവൈദ്യുതപദ്ധതിക്ക് രണ്ടാം പരിഗണന നല്‍കണം. കാരണം, അതിന്റെ സാധ്യതയുടെ 70 ശതമാനമെങ്കിലും നാമിപ്പോഴും ഉപയോഗപ്പെടുത്താതെ നഷ്ടപ്പെടുത്തുകയാണ്. കേരളംപോലെ കല്‍ക്കരി, എണ്ണ നിക്ഷേപങ്ങള്‍ ഇല്ലാത്തതും നദികള്‍ നിരവധി ഉള്ളതുമായ സംസ്ഥാനങ്ങളില്‍ ജലവൈദ്യുതിക്ക് ഒന്നാമത്തെ പരിഗണന നല്‍കേണ്ടിവരും. ഇതോടൊപ്പം ആണവവൈദ്യുതി ഉല്‍പ്പാദനവും മെച്ചപ്പെടുത്തണം. അതായത്, ജലവൈദ്യുതിക്കും താപവൈദ്യുതിക്കും വേണ്ടത്ര മുന്‍ഗണന നല്‍കിയും ആണവവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുമാണ് ഇന്ത്യയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്നത്. പവനോര്‍ജത്തിന് (Wind Energy) ഇന്ത്യയില്‍ ഏഴ് ശതമാനം സ്ഥാപിതശേഷി ഉണ്ടെങ്കിലും അതില്‍നിന്ന് പൊതു ഗ്രിഡിലേക്ക് ലഭിക്കുന്നത് 1.6 ശതമാനം മാത്രമാണ്. സൗരോര്‍ജം പല സ്ഥാപനങ്ങളും വീടുകളും ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും പൊതു ഗ്രിഡിലേക്ക് നല്‍കപ്പെടുന്നില്ല. ഈ പരിമിതികള്‍ മറികടക്കാനും പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കാനും തുടര്‍ പരിശ്രമങ്ങള്‍ വേണം.

ആണവവൈദ്യുതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന പല വാദങ്ങളും തികച്ചും പരിഹാസ്യമാണ്. അവരുടെ ഏതാനും വിമര്‍ശനങ്ങളും അതു സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും താഴെ കൊടുക്കുന്നു.

വിമര്‍ശം: ലോകത്തുള്ള 205 രാജ്യങ്ങളില്‍ 31 രാജ്യം മാത്രമാണ് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക- സാമ്പത്തിക ശേഷിയില്ല. വികസിതരാജ്യങ്ങളാണ് പ്രധാനമായും ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

വിമര്‍ശം: ലോക യുറേനിയം നിക്ഷേപത്തിലെ 23 ശതമാനവും ഉള്ള ഓസ്ട്രേലിയയില്‍ ആണവനിലയങ്ങള്‍ ഇല്ല.

യാഥാര്‍ഥ്യം: അവര്‍ക്ക് വിലകുറച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കല്‍ക്കരി, പ്രകൃതിവാതക നിക്ഷേപങ്ങള്‍ സുലഭമായുണ്ട്. കല്‍ക്കരി വന്‍തോതില്‍ കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ.

വിമര്‍ശം: ലോക വൈദ്യുതി ആവശ്യത്തിന്റെ ഏഴ് ശതമാനം മാത്രമാണ് ആണവോര്‍ജംവഴി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: വികസിതരാജ്യങ്ങള്‍ എടുത്താല്‍ 25-30 ശതമാനം ആണവവൈദ്യുതിയാണ്. ഫ്രാന്‍സില്‍ 80 ശതമാനം വൈദ്യുതിയും ആണവനിലയങ്ങളില്‍നിന്നാണ്. ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാത്ത രാജ്യങ്ങളെ ചേര്‍ത്ത് ശരാശരി എടുക്കുന്നതില്‍ അര്‍ഥമില്ല.

വിമര്‍ശം: ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദനമാര്‍ഗമാണ് ആണവനിലയങ്ങളെന്ന വാദം ശരിയല്ല.

യാഥാര്‍ഥ്യം: അങ്ങനെ ഒരു വാദം ഇല്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് സൗരവൈദ്യുതിയേക്കാളും കാറ്റില്‍നിന്നുള്ള വൈദ്യുതിയേക്കാളും ചെലവു കുറഞ്ഞതാണ് ആണവവൈദ്യുതി. ചെലവ് കൂടിയതുകൊണ്ട് ആണവവൈദ്യുതിയോ സൗരവൈദ്യുതിയോ കാറ്റില്‍നിന്നുമുള്ള വൈദ്യുതിയോ വേണ്ടെന്നുവച്ചാല്‍ അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കഴിയില്ല.

വിമര്‍ശം :ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം രക്താര്‍ബുദം, തൈറോയ്ഡ്, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്നാണ് പ്രചരിക്കുന്ന മറ്റൊരു വിമര്‍ശം.
ആരുടേതാണെന്ന് വ്യക്തമാക്കാതെയുള്ള "പഠനറിപ്പോര്‍ട്ടു"കളുടെ പേരില്‍ ഇത്തരം അബദ്ധധാരണകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. പാരീസ് നഗരത്തിനുള്ളില്‍ത്തന്നെ ആണവനിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ ബയോട് 2011 മാര്‍ച്ച് 21ന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "ഫുക്കുഷിമ ദുരന്തത്തിനുശേഷം ഞാന്‍ ആണവനിഷ്പക്ഷനല്ലാതായി. ഞാനിപ്പോള്‍ ആണവ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു". ഇത്രയും പഴക്കമുള്ളതും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമായ പ്ലാന്റ് തകര്‍ന്നിട്ടും ഒരാള്‍ക്കും മാരകമായ റേഡിയേഷന്‍ ഏറ്റില്ല എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.

റാന്‍ടല്‍ മണ്‍റോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താരതമ്യപഠനം  പറയുന്നത് ന്യൂക്ലിയര്‍പ്ലാന്റിന് 50 മൈല്‍ ദൂരത്തിനുള്ളില്‍ ജീവിച്ചാല്‍ ഏല്‍ക്കുന്ന വാര്‍ഷിക റേഡിയേഷന്‍ ഒരു ചിങ്ങന്‍പഴം തിന്നുമ്പോഴുള്ളതു  മാത്രമാണെന്നാണ്. ഫുക്കുഷിമ ദുരന്തത്തിനുശേഷം ടോക്യോ നിവാസികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ശരീരത്തിലെ സ്വാഭാവികമായുള്ള വികിരണശേഷിയുള്ള പൊട്ടാസിയത്തില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുന്ന റേഡിയേഷന്റെ പത്തിലൊന്ന് (ഏതാണ്ട് 40 സീവേര്‍ട്സ്) മാത്രമാണ്. ത്രീമൈല്‍ ഐലന്റ് അപകടത്തെത്തുടര്‍ന്നുണ്ടായ പരമാവധി വികിരണം സാധാരണ ചുറ്റുപാടുകളില്‍ ലഭിക്കുന്ന റേഡിയേഷന്റെ (അതിന്റെ 85 ശതമാനം പ്രകൃതി സ്രോതസ്സുകളില്‍നിന്നും ബാക്കി മെഡിക്കല്‍ സ്കാനുകളില്‍നിന്നും) നാലിലൊന്നുമാത്രമാണ്. ഈ കണക്കുകള്‍ നല്‍കുന്നത് അപകടം ഉണ്ടായാലുള്ള ഗൗരവം കുറയ്ക്കാനല്ലെന്നും ഒരു കാഴ്ചപ്പാട് നല്‍കാന്‍ മാത്രമാണെന്നും മോണ്‍ ബയോട് എഴുതുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് മാരകരോഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, ഡയബറ്റിക്സ് എന്നിവയാണ്. വിമര്‍ശകര്‍ പറയുമ്പോലെ ആണവനിലയങ്ങള്‍ അപൂര്‍വമായിരിക്കെ ഈ രോഗങ്ങള്‍ ഉണ്ടാകുന്നത് ആണവനിലയങ്ങള്‍ കാരണമല്ലെന്നുള്ളത് വ്യക്തമാണല്ലോ. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍, എക്സ്-റേ ഇവയെല്ലാം കൂടുതലായെടുക്കുന്നത് ശരീരം ഏറ്റുവാങ്ങുന്ന റേഡിയേഷന്റെ അളവ് വര്‍ധിക്കാനിടയാക്കും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഐസോടോപ്പുകളുടെ ആധിക്യവും അനുവദനീയമായതിലധികം വികിരണത്തിന് ഇടയാക്കും. ഇതെല്ലാംമൂലമാണ് ക്യാന്‍സര്‍ ഒന്നാമത്തെ മാരകരോഗമായി മാറിയത്. സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നത്.

വിമര്‍ശം: 140 ഡിഗ്രി ചൂടിലാണ് ആണവനിലയത്തില്‍നിന്ന് ആണവ മാലിന്യമുള്ള ജലം കടലിലേക്ക് ഒഴുക്കുന്നത്. സമീപപ്രദേശത്തുള്ള കടലിന്റെ താപനില ഏതാണ്ട് 13 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും.

യാഥാര്‍ഥ്യം: വെള്ളത്തിന് 140 ഡിഗ്രി ചൂട് എന്നുപറയുന്നത് അസംബന്ധം. ആണവ റിയാക്ടറിന്റെ കേന്ദ്രത്തെ തണുപ്പിക്കുന്ന വെള്ളത്തില്‍ മാത്രമേ ആണവമാലിന്യം കലരൂ. അത് പുറത്തേക്ക് വിടുന്നില്ല. കടലില്‍നിന്നുള്ള വെള്ളം റിയാക്ടറിന്റെ പുറമെ തണുപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതില്‍ ആണവമാലിന്യം കലരില്ല. ആ വെള്ളത്തിനാകട്ടെ, കടലിലേക്കൊഴുകിയെത്തുമ്പോള്‍ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ അധികം ചൂട് ഉണ്ടാകില്ല. കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. ഉഷ്ണജല പ്രവാഹങ്ങളുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഇത്തരം ഭീതികള്‍ പ്രചരിപ്പിക്കുന്നത്.

വിമര്‍ശം: 1000 മെഗാവാട്ട് ശേഷിയുള്ള ഒരു ആണവനിലയം ഒരു വര്‍ഷം കുറഞ്ഞത് 30 ടണ്‍ ആണവമാലിന്യം പുറന്തള്ളും. ക്യാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഇതിനെയാണ് കടലിലേക്ക് തള്ളുന്നത്.

യാഥാര്‍ഥ്യം: ആണവമാലിന്യം വലിയ സിമന്റ് അറകളില്‍ നിരവധി മീറ്റര്‍ ആഴമുള്ള കുഴിയിലാണ് നിക്ഷേപിക്കുന്നതെന്നും അത് ചെലവേറിയ ഏര്‍പ്പാടാണെന്നും ആണവനിലയത്തിന്റെ ചെലവ് കണക്കുകൂട്ടുമ്പോള്‍ അതുകൂടി കൂട്ടണമെന്നും ഇവര്‍തന്നെ എഴുതുന്നു. കടലില്‍ തള്ളുന്നു എന്നതിന് അടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ക്കുതന്നെ അറിയാം.

വിമര്‍ശം: ആണവവികിരണം തണുപ്പിക്കാന്‍ ഉപയോഗിച്ച 12,000 ടണ്‍ വെള്ളം ഫുക്കുഷിമ നിലയത്തിന്റെ ബേസ്മെന്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ആറ് ശതമാനം പ്ലൂട്ടോണിയം അടങ്ങിയ മോക്സ് എന്ന ആണവവസ്തുവാണ്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് ഈ കെട്ടിക്കിടക്കുന്ന ജലം.
യാഥാര്‍ഥ്യം: ഫുക്കുഷിമയില്‍ സുനാമിയും ഭൂകമ്പവും (റിച്ചര്‍ സ്കെയിലില്‍ 10.5) മൂലം സപ്ലൈ നിലയ്ക്കുകയും തന്മൂലം തണുപ്പിക്കല്‍ സംവിധാനം തകരാറിലാവുകയും ചെയ്തതാണ് ചൂടുകൂടി റിയാക്ടര്‍ കേന്ദ്രം കത്തിനശിക്കാന്‍ ഇടയായത്. എന്നാല്‍, വൈദ്യുതിയില്ലാതെ സ്വാഭാവികമായ വായുപ്രവാഹം വഴി തണുപ്പിക്കല്‍ ഉറപ്പാക്കുന്ന സംവിധാനമാണ് കൂടംകുളത്തെ റിയാക്ടറിനുള്ളത്.

വിമര്‍ശം: 2012 മെയ് 12ന് ജപ്പാന്‍ തങ്ങളുടെ 54 ആണവനിലയവും ജര്‍മനി 17 നിലയവും അടച്ചുപൂട്ടി.


യാഥാര്‍ഥ്യം: ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും എട്ടെണ്ണം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫുക്കുഷിമ അടക്കമുള്ള ബാക്കി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ജപ്പാന്‍ നടത്തുന്നത്.ജര്‍മനി 2030ല്‍ അടച്ചുപൂട്ടും എന്നാണ് പറഞ്ഞത്. അതുവരെ പ്രവര്‍ത്തിക്കും എന്നുകൂടിയാണ് അതിനര്‍ഥം.

വിമര്‍ശം: ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വള്‍നറബിലിറ്റി അറ്റ്ലസ് പ്രകാരം മേഖല-3ല്‍ പെടുന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് കൂടംകുളം. കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.

യാഥാര്‍ഥ്യം: മേഖല രണ്ടിലാണ് കൂടംകുളം സ്ഥിതിചെയ്യുന്നത്. അത് ഭൂകമ്പസാധ്യത കുറവുള്ള പ്രദേശമാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അവിടെ വലിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല.

വിമര്‍ശം: കൂടംകുളത്ത് ഉപയോഗിക്കുന്ന വിവിഇആര്‍ 1000 എന്ന മോഡല്‍ നിലയത്തിന് പല സാങ്കേതിക തകരാറുകളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആണവ സാങ്കേതികവിദ്യയില്‍ ഫ്രാന്‍സും അമേരിക്കയുമാണ് റഷ്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലയത്തിന്റെ പ്രധാന ഭാഗത്ത് വെല്‍ഡിങ്ങുകള്‍ പാടില്ല എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍, വെല്‍ഡിങ്ങുകള്‍ ഉള്ള റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

യാഥാര്‍ഥ്യം: കൂടംകുളത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന യന്ത്രം സുരക്ഷാ ക്രമീകരണങ്ങള്‍ ഫുക്കുഷിമയുടെ അനുഭവ പശ്ചാത്തലത്തില്‍ മെച്ചപ്പെടുത്തിയ ഒന്നാണ്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെപോലും പരിശോധനയ്ക്ക് വിധേയമാകുന്ന നിലയത്തില്‍ വെല്‍ഡിങ് പാടില്ലെന്ന വ്യവസ്ഥപോലും പാലിക്കുന്നില്ലെന്ന വാദത്തെ ബാലിശമെന്നു വിളിച്ചാല്‍പോരാ. പട്ടിയുടെ തുടലറ്റുപോവുകയും അത് നദി കുടിച്ചുവറ്റിക്കുകയും ചെയ്താല്‍ കടി പറ്റിയതുതന്നെ എന്നാലോചിച്ച് പുതിയ കുട അടിച്ചൊടിച്ച് പട്ടിയെ അടിക്കാന്‍ കുടക്കാലുമായി നിന്ന പഴയ കഥയിലെ പട്ടരുടെ വാദമാണത്.

വിമര്‍ശം: ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സി സുരക്ഷാകാര്യങ്ങളില്‍ ഇപ്പോഴുള്ള അനാസ്ഥ തുടര്‍ന്നാല്‍ ചെര്‍ണോബിളും ഫുക്കുഷിമയും ഇവിടെ ആവര്‍ത്തിക്കുമെന്ന് സിഎജി അതിന്റെ ഓഡിറ്റില്‍ മുന്നറിയിപ്പ് നല്‍കി.

യാഥാര്‍ഥ്യം: സിവില്‍ ആണവനിലയങ്ങള്‍ക്ക് ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കുമേല്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെകൂടി മേല്‍നോട്ടം ഉണ്ട്. സിഎജി കണക്കുകള്‍ ഓഡിറ്റുചെയ്യുന്നത് ഉദ്യോഗസ്ഥന്‍മാത്രം ആണെന്നുള്ളതുപോലും വിമര്‍ശം ഉന്നയിക്കുമ്പോള്‍ വിസ്മരിക്കുന്നു.

ആണവവികിരണ ഭീഷണിയെപ്പറ്റി പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്നവര്‍ പ്രപഞ്ചത്തില്‍ ആകെ വികിരണം ഉണ്ടെന്നും വികിരണമാണ് എല്ലാ ജീവികളുടെയും ജീവന് ആധാരമെന്നുമുള്ള കാര്യം വിസ്മരിക്കുന്നു. അത് പ്രത്യേക പരിധി കടക്കുകയും തുടര്‍ച്ചയായി ഏല്‍ക്കുകയും ചെയ്യുമ്പോഴാണ് ആപല്‍ക്കരമാകുന്നത്.

വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക രാഷ്ട്രീയ ബലാബലം വികസ്വരരാജ്യങ്ങളിലേക്ക് മാറുന്നു എന്നത് ഇന്നത്തെ ലോകരാഷ്ട്രീയത്തിലെ ശ്രദ്ധാര്‍ഹമായ ഒരു പ്രതിഭാസമാണ്. അത് സാമ്പത്തികനയങ്ങളോ രാഷ്ട്രീയനിലപാടുകളോ യുദ്ധമോ വികസ്വരരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലമാക്കുന്നു. അന്തര്‍ദേശീയ രംഗത്തെ വര്‍ഗസമരത്തില്‍ ലോക മുതലാളിത്തത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിവ. അത് സാധ്യമാക്കുന്നതില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച പ്രധാന ഘടകമാണ്. സാമ്പത്തികവളര്‍ച്ചയിലാകട്ടെ ഊര്‍ജലഭ്യതയ്ക്ക് പ്രധാന പങ്കാണുള്ളത്. ലോകമെങ്ങും ഊര്‍ജോല്‍പ്പാദനമേഖലകളില്‍ തങ്ങളുടെ സ്വാധീനവും സാന്നിധ്യവും ഉണ്ടാക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യ ഉള്‍പ്പെടെ ഒരു വികസ്വരരാജ്യവും ഊര്‍ജസുരക്ഷിതത്വവും സ്വയംപര്യാപ്തതയും കൈവരിക്കരുത് എന്നുള്ളത് സാമ്രാജ്യത്വ താല്‍പ്പര്യമാണ്. വര്‍ഗസമരത്തിന്റെ ഈ തലമൊന്നും മനസ്സിലാക്കാതെയോ മനസ്സിലായിട്ടും മനസ്സിലായില്ലെന്നു ഭാവിച്ചോ ആണ് ചിലരൊക്കെ സാമ്രാജ്യത്വവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ചില ജല്‍പ്പനങ്ങള്‍ നടത്തി സാമ്രാജ്യത്വസേവ ചെയ്യുന്നത്.

സാമ്രാജ്യത്വം ആണവായുധത്തെ ലോക മേധാവിത്വത്തിനും യുദ്ധവിജയത്തിനും വേണ്ടി ഉപയോഗിക്കുമ്പോള്‍ ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും എന്ന മുദ്രാവാക്യമാണ് തൊഴിലാളിവര്‍ഗം ഉയര്‍ത്തുന്നത്. ഇതിനര്‍ഥം പരിസ്ഥിതി സംരക്ഷിക്കേണ്ട എന്നോ ആണവകാര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ അവഗണിക്കാമെന്നോ അല്ല. പരിസ്ഥിതി സംരക്ഷണത്തെയും സുരക്ഷയെയും ലാഭത്തിനുവേണ്ടി അവഗണിക്കുന്നത് മുതലാളിത്തമാണ്. പരിസ്ഥിതിയും സുരക്ഷയും പരമാവധി ഉറപ്പാക്കി വികസനം എന്നതാണ് തൊഴിലാളിവര്‍ഗം ഉന്നയിക്കുന്ന ആവശ്യം. പരിസ്ഥിതി സംരക്ഷിക്കാത്ത വികസനമോ വികസനത്തെ അവഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമോ രണ്ടും അശാസ്ത്രീയമാണ്. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത് മനസ്സില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം.


*****
വി ബി ചെറിയാന്‍, ദേശാഭിമാനി

Tuesday, September 25, 2012

കൂടംകുളവും ആണവോര്‍ജം സംബന്ധിച്ച സിപിഐ എം നിലപാടും

കൂടംകുളത്ത് ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് തദ്ദേശവാസികള്‍ക്ക് അതുമൂലം ഉണ്ടായ ജീവിത സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്ന് സിപിഐ (എം) ആവശ്യപ്പെടുന്നു. ഇവിടെ സമരംചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്തുകയല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത് എന്ന് പാര്‍ടി ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര ഏജന്‍സി സ്ഥാപിച്ച് അതിനെക്കൊണ്ട് ആ നിലയം പരിശോധിപ്പിച്ച് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തണം. അതിനുശേഷമേ കൂടംകുളം ആണവനിലയത്തെ പ്രവര്‍ത്തനിരതമാക്കാവു എന്നും പാര്‍ടി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രഥമ പരിഗണന നല്‍കുന്ന നിലപാട് ദേശീയതലത്തിലോ തമിഴ്നാട്ടിലോ മിക്ക പ്രമുഖ രാഷ്ട്രീയപാര്‍ടികളും കൈക്കൊള്ളാത്ത വേളയിലാണ് സിപിഐ (എം) ഇത്തരത്തിലൊരു ദൃഢമായ നിലപാട് കൈക്കൊണ്ടത്.

എന്നാല്‍, ഈ നിലപാടിന്റെ രാഷ്ട്രീയവും സാമൂഹ്യവും ശാസ്ത്രീയവുമായ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതിനുപകരം കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സിപിഐ (എം) വ്യക്തമായ നിലപാട് കൈക്കൊള്ളുന്നില്ല എന്ന് പ്രചരിപ്പിക്കാനാണ് മുതിര്‍ന്നുകാണുന്നത്. അത് അവര്‍ മറ്റു പല കാര്യങ്ങളിലും പാര്‍ടി നിലപാടിനെ വളച്ചൊടിച്ച് ബഹുജന മധ്യത്തില്‍ അവതരിപ്പിക്കാറുള്ളതിന്റെ തുടര്‍ച്ചയാണ്. പാര്‍ടി നിലപാട് വികലമാക്കി അവതരിപ്പിച്ച് ജനമധ്യത്തില്‍ പാര്‍ടിയെ താറടിച്ചു കാണിക്കാനാണ് ഇത്തരം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിരവധി റിയാക്ടറുകള്‍ സ്ഥാപിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ജനങ്ങളുടെ സുരക്ഷയ്ക്ക് ആപത്താണ് എന്ന വിദഗ്ധരുടെ നിലപാട് പാര്‍ടി ചൂണ്ടിക്കാണിക്കുന്നു. കൂടംകുളത്തോ ജെയ്താപൂരിലോ ഗുജറാത്തിലും ആന്ധ്രാപ്രദേശിലും മറ്റും ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളിലോ അങ്ങനെ ചെയ്തു കൂട. വിദേശ സര്‍ക്കാരുകളോ കമ്പനികളോ അവ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള റിയാക്ടറുകള്‍മൂലം ഇവിടെ ജനങ്ങള്‍ക്ക് അപകടം നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറല്ല. അതിനാല്‍ അത്തരക്കാരുടെ റിയാക്ടറുകള്‍ ഇന്ത്യ വാങ്ങി സ്ഥാപിക്കരുത്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രായോഗിക-ശാസ്ത്രീയ ജ്ഞാനം വേണ്ടത്രയുള്ളവരാണ്. അതിനാല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നെങ്കില്‍ അവ ഇന്ത്യന്‍ നിര്‍മിതമായിരിക്കണം എന്ന് പാര്‍ടി നിര്‍ദ്ദേശിക്കുന്നു. അവയില്‍ അപകടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.

ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഒരു പ്രധാന സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കിക്കൂട എന്ന് പാര്‍ടി തറപ്പിച്ചു പറയുന്നു. അത് താരതമ്യേന കൂടുതല്‍ വികിരണ അപകടസാധ്യതയുള്ളതും അത് തടയുന്നതിന് കൈക്കൊള്ളേണ്ട മുന്‍കരുതല്‍ ഏറെ ചെലവുള്ളതുമാണ്. ആണവ മാലിന്യം സുരക്ഷിതമായി നശിപ്പിക്കാന്‍ ഇന്ന് മാര്‍ഗമില്ല. ആണവ റിയാക്ടറുകള്‍ക്ക് പൊതുവിലുള്ള ഇത്തരം ദോഷങ്ങള്‍ ദൂരീകരിച്ചശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കാന്‍ പാടുള്ളു. സിപിഐ (എം) ഒഴിച്ചുള്ള പ്രധാനപ്പെട്ട പാര്‍ടികള്‍ കൂടംകുളം നിലയത്തിലെ സമര പശ്ചാത്തലത്തില്‍ ആ ആണവനിലയത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കിയവര്‍ നിലയം പ്രവര്‍ത്തിക്കുന്നതിനെ അനുകൂലിക്കുന്നു. അവയില്‍ പലതും ഭരണപക്ഷം അല്ലെങ്കില്‍ പ്രതിപക്ഷം എന്ന നിലയില്‍ അന്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. സിപിഐ (എം) ആണ് കൂടംകുളം നിലയം സംബന്ധിച്ചു മാത്രമല്ല, രാജ്യത്തെ ആണവോര്‍ജ്ജത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തവും യുക്തിസഹവുമായ നിലപാട് ആവിഷ്കരിച്ചത്. ഇതാകട്ടെ ഇപ്പോഴത്തെ സമര പശ്ചാത്തലത്തില്‍ ധൃതികൂട്ടി തയ്യാറാക്കിയതുമല്ല. അമേരിക്കയില്‍നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരുമായി 123 കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം ആ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചു.

രാഷ്ട്രീയമായ കാരണങ്ങളാല്‍ മാത്രമല്ല, ശാസ്ത്രീയവും സാമ്പത്തികവും ജനങ്ങളുടെ സുരക്ഷാപരവുമായ കാരണങ്ങളാലാണ് സിപിഐ (എം), വിപുലമായതോതില്‍ ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനെ എതിര്‍ത്തത്. കോണ്‍ഗ്രസിനും ബിജെപിക്കും അവയെ അനുകൂലിക്കുന്ന മറ്റ് പല പാര്‍ടികള്‍ക്കും ആണവ നിലയങ്ങളോടും ആണവോര്‍ജ്ജത്തോടും ജനങ്ങളുടെ ജീവിത സുരക്ഷയെയും അവരെ ബാധിക്കുന്ന മറ്റ് ആഘാതങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉറച്ച നിലപാടില്ല. ""ദീപസ്തംഭം മഹാശ്ചര്യം..."" എന്ന നിലപാടാണ് അവയ്ക്കുള്ളത്. അതല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് പാര്‍ടിയോ മറ്റു പാര്‍ടികളോ കൂടംകുളത്തിന്റെ കാര്യത്തില്‍ ഉറച്ചതും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുമായ നിലപാട് കൈക്കൊള്ളുമായിരുന്നു.

അതേസമയം, വികാരപരമായി ചിലതരം പദ്ധതികളോട് അന്ധമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ശരിയല്ല. ആണവോര്‍ജ്ജത്തെ എക്കാലത്തേക്കുമായി തള്ളിക്കളയുന്നതും യുക്തിസഹമല്ല. ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വളര്‍ന്നു വികസിക്കുമ്പോള്‍ ഇപ്പോള്‍ മനുഷ്യന് മെരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആണവ വികിരണത്തെ മെരുക്കാന്‍ കഴിഞ്ഞേക്കാം. ഇതേവരെയുള്ള ശാസ്ത്രീയ പുരോഗതി വീക്ഷിക്കുന്ന ആര്‍ക്കും ആ സാധ്യത തളളിക്കളയാനാവില്ല. ആ ശുഭ പ്രതീക്ഷ സിപിഐ (എം) പ്രകടിപ്പിക്കുന്നു. അതിനാല്‍ ആണവോര്‍ജ്ജത്തെ പാര്‍ടി എക്കാലത്തേക്കുമായി തള്ളിക്കളയുന്നില്ല. അതേസമയം ജനങ്ങള്‍ ഉന്നയിക്കുന്ന ഇന്നത്തെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണ് സിപിഐ (എം) ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയുടെയും എഴുതിയ ലേഖനത്തിന്റെയും സത്ത. മുതലാളിത്ത ശക്തികള്‍ ഇക്കാര്യത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെ ചെപ്പടിവിദ്യകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ കഴിയില്ല.

*
ചിന്ത മുഖപ്രസംഗം

Friday, September 14, 2012

ഇറക്കുമതി ചെയ്ത ആണവ നിലയങ്ങള്‍ വേണ്ട, സുരക്ഷാകാര്യത്തില്‍ സന്ധിയില്ല

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ സ്ഥാപിച്ചുള്ള വന്‍ ആണവനിലയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയാണ്. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നാണ് യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി വന്‍തോതില്‍ വിദേശറിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ടിവരും. അമേരിക്കയുമായുള്ള ആണവകരാറിന് നീതീകരണമായാണ് ഈ നടപടി. 10,000 മെഗാവാട്ടിനുള്ള റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് കരാര്‍ വേളയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തന്നെ രേഖാമൂലം വാഗ്ദാനം ചെയ്തിരുന്നു. ആണവ ഇടപാട് തരപ്പെടുത്താനുള്ള മധുരമിടലായിരുന്നു അത്.

മഹാരാഷ്ട്രയിലെ ജെയ്താപുര്‍, ഗുജറാത്തിലെ ഭാവനഗറിലുള്ള ഛായമിധി വിര്‍ധി, ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കൊവാഡ, തമിഴ്നാട്ടിലെ കൂടംകുളം എന്നിവിടങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഒന്നിലധികം റിയാക്ടറുകള്‍ ഉപയോഗിച്ചുള്ള ഈ ആണവനിലയങ്ങള്‍ ഒരേസ്ഥലത്തുതന്നെ നിര്‍മിക്കുന്നത് സാങ്കേതിക- സാമ്പത്തിക- സുരക്ഷാപരിഗണന വച്ച് എതിര്‍ക്കപ്പെടേണ്ടതാണ്. ആണവകരാറിനുശേഷം ആദ്യ കരാര്‍ ഒപ്പുവച്ചത് ഫ്രഞ്ച് കമ്പനിയായ "അറീവ"യുമായാണ്. ജെയ്താപുരില്‍ 1650 മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ളതാണ് ഈ കരാര്‍. പിന്നീട് ആറ് റിയാക്ടറുകളുടെ നിലയമാക്കുകയാണ് ലക്ഷ്യം. ഈ യൂറോപ്യന്‍ റിയാക്ടര്‍ (ഇപിആര്‍) മറ്റ് ഇറക്കുമതി റിയാക്ടറുകളേക്കാള്‍ വിലകൂടിയതാണ്. ലോകത്തിലൊരിടത്തും, ഫ്രാന്‍സില്‍ പോലും ഈ റിയാക്ടര്‍ കമീഷന്‍ ചെയ്തിട്ടില്ല. സര്‍ക്കാരാകട്ടെ റിയാക്ടറിന്റെ യഥാര്‍ഥ വില വെളിപ്പെടുത്തിയിട്ടുമില്ല. ഫിന്‍ലാന്‍ഡിലെ ഇപിആര്‍ റിയാക്ടറുടെ വില കണക്കാക്കിയാല്‍ ആറ് ഫ്രഞ്ച് റിയാക്ടര്‍ സ്ഥാപിക്കുന്നതിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. എവിടെയും പരീക്ഷിക്കപ്പെടാത്ത ഈ സാങ്കേതികവിദ്യ ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന പക്ഷം വൈദ്യുതിവിലയും വര്‍ധിക്കും. ഒരു മെഗാവാട്ട് വൈദ്യുതിക്ക് 20 കോടി രൂപയെങ്കിലും നല്‍കേണ്ടിവരും. അതായത് അവിടെ നിര്‍മിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴ്- എട്ട് രൂപ വില വരും. ഇന്ത്യന്‍ നിര്‍മിത സമ്മര്‍ദിത ഘനജല റിയാക്ടര്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മെഗാവാട്ടിന് എട്ടോ ഒമ്പതോ കോടി രൂപ മാത്രം മതിയാകും.

ഇറക്കുമതി അനാവശ്യം ഗുജറാത്തിലും ആന്ധ്രപ്രദേശിലും അമേരിക്കന്‍ റിയാക്ടര്‍ ഉപയോഗിച്ചുള്ള വന്‍ ആണവപാര്‍ക്കുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും വലിയവില നല്‍കേണ്ടിവരും. ആണവ റിയാക്ടറുകള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുക എന്ന ആശയം ലാഭകരമല്ലെന്നു മാത്രമല്ല ഊര്‍ജസുരക്ഷ സംബന്ധിച്ച തെറ്റായ ആസൂത്രണവുമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുന്നു. അത് ചെലവേറിയതാണ്; നിലനില്‍പ്പില്ലാത്തതാണ്. ഇന്ത്യയില്‍ത്തന്നെ തദ്ദേശീയമായി സമ്മര്‍ദിത ഘനജല റിയാക്ടര്‍ നിര്‍മിക്കുമ്പോള്‍ ഫ്രാന്‍സില്‍നിന്ന് ഇപിആറും ലഘുജല റിയാക്ടറുകളും വാങ്ങുന്നത് തീര്‍ത്തും അനാവശ്യമാണ്. വന്‍കിട ആണവപാര്‍ക്കുകള്‍ നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെല്ലാംതന്നെ ജനങ്ങളെ ഭൂമിയില്‍നിന്നും ജീവിതമാര്‍ഗങ്ങളില്‍നിന്നുതന്നെയും ഒഴിപ്പിക്കുന്നതുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങളുടെ സുരക്ഷയും പ്രധാന പ്രശ്നമായി. ഫുക്കുഷിമയിലേതുപോലെ ഒരു പ്രദേശത്ത് ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ഭീതിദവും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്.

കൂടംകുളം ഒന്നിലധികം ഇറക്കുമതി റിയാക്ടറുകള്‍ ഉള്ള നിര്‍ദിഷ്ട ആണവപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. ഈ ഘട്ടത്തില്‍ കൂടംകുളം ആണവനിലയത്തെക്കുറിച്ച് പാര്‍ടിയുടെ സമീപനമെന്താണെന്ന ചോദ്യം ഉയരുകയാണ്. റഷ്യയില്‍നിന്ന് വാങ്ങി കമീഷന്‍ ചെയ്ത രണ്ട് ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യത്തെ പാര്‍ടി എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യവും ഉയരുകയുണ്ടായി. കൂടംകുളത്ത് സ്ഥാപിച്ച ഈ രണ്ട് റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍ പെട്ടതാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിന് എത്രയോ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയതാണ് ഈ റിയാക്ടറുകള്‍. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനവും 15,000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ രണ്ട് യൂണിറ്റുകള്‍ അടച്ചിടണമെന്ന് പറയുന്നത് പ്രായോഗികമോ രാജ്യതാല്‍പ്പര്യ സംരക്ഷണത്തിന് ഉതകുന്നതോ അല്ല. ജെയ്താപുരിലും മറ്റ് ആണവ പാര്‍ക്കുകളുടെ കാര്യത്തിലും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത് എന്ന് സിപിഐ എമ്മിന്റെ നയത്തിനെതിരെ വിമര്‍ശമുയരുന്നുണ്ട്. സിവിലിയന്‍ ആണവ വൈദ്യതി തന്നെയും, ആണവനിലയങ്ങളും രാജ്യത്ത് വേണ്ട എന്ന പക്ഷക്കാരാണ് ഈ വിമര്‍ശമുയര്‍ത്തുന്നത്. സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണമാണ് പ്രാദേശികജനത പ്രധാനമായും ആണവനിലയത്തിനെതിരെ പ്രക്ഷോഭരംഗത്തേക്ക് വന്നത്. പ്രത്യേകിച്ചും ഫുക്കുഷിമ ദുരന്തത്തിനുശേഷം. പ്രദേശത്തെ ആണവനിലയത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കാര്യമായ ഭയംതന്നെയുണ്ട്. അവരുടെ ഈ ഉല്‍ക്കണ്ഠകള്‍ ഗൗരവത്തിലെടുക്കണം. കഴിഞ്ഞവര്‍ഷം പ്രക്ഷോഭം തുടങ്ങിയ വേളയില്‍, എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെയും ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും ദൂരീകരിക്കാതെയും ആണവനിലയം കമീഷന്‍ ചെയ്യരുതെന്നാണ് സിപിഐ എം പറഞ്ഞത്. സ്വതന്ത്രമായ സുരക്ഷാപരിശോധന വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരോ ആണവോര്‍ജ വിഭാഗമോ ഇതിന് തയ്യാറായിട്ടില്ല. ആണവോര്‍ജ നിയന്ത്രണബോര്‍ഡ് ശുപാര്‍ശ ചെയ്ത എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയോ എന്ന കാര്യവും ഇനിയും വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധം വിശ്വസനീയമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയും സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതുവരെയും ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇത് ചെയ്യുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണവനിലയം കമീഷന്‍ ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നതിനെയും സിപിഐ എം അപലപിക്കുന്നു. കൂടംകുളത്തെ രണ്ട് റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടുള്ള എതിര്‍പ്പ് കൂടംകുളത്തും ബാധകമാണെന്നര്‍ഥം.

ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ ദുരന്തബാധിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതും പ്രധാന വിഷയമാണ്. ബാധ്യതയില്‍നിന്ന് വിദേശ ആണവദാതാക്കളെ ഒഴിവാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് പാര്‍ലമെന്റ് സിവില്‍ ആണവബാധ്യതാ നിയമം അംഗീകരിച്ചത്. ഈ നിയമത്തിന്‍ കീഴില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കേണ്ടിയിരിക്കുന്നു. നിയമത്തിലെ പരിമിതമായ ബാധ്യത നിശ്ചയിക്കുന്ന വകുപ്പില്‍ പോലും വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിയാക്ടര്‍ നല്‍കുന്ന വിദേശദാതാക്കള്‍ ആണവബാധ്യതാ നിയമം അവര്‍ക്ക് ബാധകമാക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. വിദേശ റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് പറയുന്നതിന് ഒരുകാരണമിതാണ്. വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുമ്പോള്‍ അവര്‍ നല്‍കേണ്ട നഷ്ടപരിഹാരം പരമാവധി കുറയ്ക്കാന്‍ ശ്രമമുണ്ടാകും. കൂടംകുളത്ത് തന്നെ കൂടുതല്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്ന പക്ഷം റഷ്യന്‍ കമ്പനി ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമത്തിലെ വകുപ്പ് അംഗീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണ് കൂടംകുളത്ത് കൂടുതല്‍ റഷ്യന്‍ റിയാക്ടറുകള്‍ വേണ്ടെന്ന് പറയുന്നത്. സിപിഐ എമ്മിന്റെ എതിര്‍പ്പ് പേരിന് മാത്രം ആണവ ഊര്‍ജത്തെ എതിര്‍ക്കുക സിപിഐ എമ്മിന്റെ നയമല്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കണം; ആണവോര്‍ജത്തിന്റെ സാങ്കേതിക-സാമ്പത്തികവശം അനുകൂലവുമായിരിക്കണം. ഇന്ത്യ തദ്ദേശീയമായ ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആണവ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ആണവോര്‍ജം സംബന്ധിച്ച അന്താരാഷ്ട്ര അനുഭവത്തിന്റെ, പ്രത്യേകിച്ചും ഫുക്കുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാവിലയരുത്തലും അനിവാര്യമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാനിലവാരത്തെകുറിച്ച് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ട്. 1960 ല്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് ഇറക്കുമതി ചെയ്ത് സ്ഥാപിച്ച താരാപുര്‍ ആണവനിലയത്തെക്കുറിച്ച് ഗൗരവമായ ഉല്‍ക്കണ്ഠ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഫുക്കുഷിമയിലെ ജനറല്‍ ഇലക്ട്രിക്കല്‍ റിയാക്ടറിനേക്കാള്‍ പഴക്കമുള്ളതാണിത്. നിലവിലുള്ള ആണവനിലയങ്ങളെക്കുറിച്ച് സ്വതന്ത്രമായ സുരക്ഷാ ഓഡിറ്റിങ് ആവശ്യമാണ്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം സുരക്ഷാ ഓഡിറ്റ് നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരവിട്ടിരുന്നു. പക്ഷേ, ഇത് ചെയ്തത് സ്വതന്ത്രസമിതിയല്ല; മറിച്ച് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡാണ്.

സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള ആണവസുരക്ഷാ നിയന്ത്രണ ഏജന്‍സിക്ക് രൂപം നല്‍കണം. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതല്ല. നിലവിലുള്ള ആണവനിലയങ്ങളിലെ സുരക്ഷാനടപടികളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നതുവരെ പുതിയ ആണവനിലയങ്ങളൊന്നും സ്ഥാപിക്കരുത്. കൂടുതല്‍ കടുത്ത പരിസ്ഥിതി മാനദണ്ഡവും സുരക്ഷാനടപടികളും വേണം. ആണവ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന്റെ ഊര്‍ജപദ്ധതിയെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല.

ഇന്ത്യയുടെ വര്‍ധിക്കുന്ന ഊര്‍ജാവശ്യങ്ങള്‍ക്കായി സുഭിക്ഷമായി ലഭിക്കുന്ന കല്‍ക്കരിശേഖരം വര്‍ധിച്ച തോതില്‍ ഉപയോഗിക്കുകയും പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുകയും സൗരോര്‍ജം പോലുള്ള പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും വേണം. ആണവ നവോത്ഥാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മതിഭ്രമവും ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ നിറച്ചുള്ള ആണവപാര്‍ക്കുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയും ശക്തമായി എതിര്‍ക്കപ്പെടണം. ഇറക്കുമതി ചെയ്യുന്ന ആണവനിലയങ്ങള്‍ക്കെതിരെ രൂപപ്പെടുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങളെ ദേശീയപ്രസ്ഥാനമായി വളര്‍ത്തിയെടുക്കണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 14 സെപ്തംബര്‍ 2012