Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

Tuesday, May 20, 2014

അരങ്ങുതകര്‍ത്താടുന്ന പെയ്ഡ് ന്യൂസ്

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ മൂവായിരം പെയ്ഡ് ന്യൂസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്. അതില്‍ 790 എണ്ണം പ്രഥമദൃഷ്ട്യാ തെളിവുള്ളതാണെന്ന് കമീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളുണ്ട്. യുപിഎ സര്‍ക്കാരിലെ മന്ത്രിമാരുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ചില പ്രാദേശിക കക്ഷിനേതാക്കളുടെയും പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുമുണ്ട്. പണംകൊടുത്ത് വാര്‍ത്ത നല്‍കി എന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അത്തരം സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അയോഗ്യരാക്കപ്പെടുമെന്നുമാണ് കമീഷന്‍ പറയുന്നത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും "പെയ്ഡ് ന്യൂസ്" സങ്കല്‍പ്പത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രായോജകനുമായ അശോക് ചവാന്‍ സുപ്രീംകോടതിയെ സമീപിച്ച്, ഇതില്‍ തെരഞ്ഞെടുപ്പു കമീഷന്റെ ഇടപെടല്‍ വിലക്കാന്‍ ശ്രമിച്ചിരുന്നു. സുപ്രീംകോടതി ആ ഹര്‍ജി നിരസിച്ചു. തെരഞ്ഞെടുപ്പ് ചെലവു സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥാനാര്‍ഥികളെ അയോഗ്യരാക്കാന്‍ കമീഷന് അധികാരമുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍, സ്വന്തം കീര്‍ത്തിക്കും എതിരാളിയുടെ അപകീര്‍ത്തിക്കും മാധ്യമങ്ങള്‍ക്ക് പണംകൊടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്ന മ്ലേച്ഛമായ രീതിക്കെതിരെ മുന്നോട്ടുപോകാനുള്ള തടസ്സങ്ങള്‍ അതോടെ നീങ്ങിയില്ല.

പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പു കുറ്റമാക്കുന്ന നിയമ ഭേദഗതി വേണമെന്ന് കമീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തില്‍ പഴുതടച്ചുള്ള ഭേദഗതി വന്നാല്‍മാത്രമേ, പണംകൊണ്ട് ജനവിധി വിലയ്ക്കെടുക്കുന്ന പെയ്ഡ് ന്യൂസ് തടയാന്‍ കഴിയൂ എന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ ബാധിച്ച മഹാരോഗമായി മാറിയ പെയ്ഡ് ന്യൂസ് സമ്പ്രദായം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും താല്‍പ്പര്യപ്പെടും എന്ന് കരുതാനാകില്ല. ആ രണ്ട് പാര്‍ടികളുമാണ് മാധ്യമങ്ങളെ വിലയ്ക്കെടുത്ത് സ്വന്തം പ്രചാരണം നടത്തുന്നത് എന്നതുതന്നെ കാരണം. 2014ലെ തെരഞ്ഞെടുപ്പ് പണത്തിന്റെ മഹോത്സവമായിരുന്നു. കേവലം 31 ശതമാനം വോട്ടുമാത്രം നേടിയിട്ടും മോഡിയും ബിജെപിയും മഹാതരംഗം സൃഷ്ടിച്ചു എന്ന പ്രതീതിയുണ്ടാക്കിയതും അവിശ്വസനീയമായ കൗശലങ്ങളിലൂടെ മോഡിക്ക് അമാനുഷപരിവേഷം നല്‍കിയതും പതിനായിരം കോടിയോളം ചെലവിട്ട പ്രചാരണ പാക്കേജിന്റെ ഫലമായാണ്. ഇരുകക്ഷികളെയും നയിക്കുന്നത് വമ്പന്‍ കോര്‍പറേറ്റുകളാണ്. അവയുടെ കൈയിലാണ് മാധ്യമ ഉടമസ്ഥത. കോര്‍പറേറ്റ് മാധ്യമങ്ങള്‍ സ്വമേധയാ വാര്‍ത്ത സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ മുഖങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനു പുറമെയാണ്, കക്ഷികളും നേതാക്കളും പണംകൊടുത്ത് ഇതര മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നത്.

1959ലെ വിമോചന സമരകാലത്ത് കേരളത്തിലിറങ്ങിയ മുപ്പതു പത്രങ്ങളില്‍ ഇരുപത്താറും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായിരുന്നു എന്ന് ഇ എം എസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും കഥ വ്യത്യസ്തമല്ല. ഇടതുപക്ഷ പാര്‍ടികളുടെ മുഖപത്രങ്ങളൊഴിച്ച്, മാധ്യമ രംഗമാകെ വലതുപക്ഷ രാഷ്ട്രീയത്തിന് സേവചെയ്യുന്നു. മൊത്തം പത്രപ്രചാരത്തിന്റെ സിംഹഭാഗവും കൈയടക്കിവച്ച രണ്ട് പ്രമുഖ പത്രങ്ങളില്‍ (അവയിലൊന്നിന്റെ തലവന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു) തെരഞ്ഞെടുപ്പുകാലത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വിശകലനംചെയ്താല്‍, വലതുപക്ഷത്തിനുവേണ്ടിയുള്ള മറയില്ലാത്ത വിടുപണിയാണ് കാണാനാവുക. പെയ്ഡ് ന്യൂസ് എളുപ്പം നിര്‍വചിച്ച് വേര്‍തിരിച്ചു കാണാവുന്ന പ്രതിഭാസമല്ല എന്നര്‍ഥം. ഈ പത്രങ്ങളുടെ തെരഞ്ഞെടുപ്പുകാലത്തെ മൊത്തം ചെലവ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കണക്കില്‍ എഴുതേണ്ടിവരും. കേരളത്തില്‍ പെയ്ഡ് ന്യൂസ് ഇല്ല എന്ന ഏതാനും ശുദ്ധഗതിക്കാരുടെ വാദത്തിനുള്ള മറുപടിയാണ്, കഴിഞ്ഞ ദിവസം "ദേശാഭിമാനി" പുറത്തുവിട്ട ഒരു വാര്‍ത്ത. "ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂല വാര്‍ത്ത നല്‍കുന്നതിന് പ്രതിഫലമായി മനോരമയ്ക്കും മാതൃഭൂമിക്കും മുന്‍കൂറായി പരസ്യനിരക്കിന്റെ മൂന്നിരട്ടിയിലധികം അനുവദിച്ചു" എന്ന വാര്‍ത്തയാണത്.

പബ്ലിക് റിലേഷന്‍സ് വകുപ്പ് നിശ്ചയിച്ച നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലേറെ കണക്കാക്കിയാണ് ഈ രണ്ടു പത്രങ്ങള്‍ക്ക് കൂറ്റന്‍ പരസ്യം നല്‍കിയത്. മറ്റ് മുഴുവന്‍ പത്രങ്ങള്‍ക്കും പിആര്‍ഡി നിരക്ക് കണക്കാക്കി പരസ്യം നല്‍കിയപ്പോള്‍ മനോരമയ്ക്ക് അരക്കോടിയും മാതൃഭൂമിക്ക് മുപ്പത്തഞ്ചു ലക്ഷത്തോളം രൂപയും അധികമായി നല്‍കി എന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളെ ഉദ്ധരിച്ചാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് രണ്ടു പത്രങ്ങള്‍ക്ക് കോഴ എന്നുതന്നെയാണിതിനര്‍ഥം. അങ്ങനെ വഴിവിട്ട് കാശുവാങ്ങുന്നവര്‍, യുഡിഎഫിനെ വഴിവിട്ട് സഹായിക്കാനും ബാധ്യസ്ഥരാണ്. കേരളത്തില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് ആവര്‍ത്തിച്ച് ഈ പത്രങ്ങള്‍ എഴുതിയതിനും എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചതിനും പിന്നില്‍ പണമിടപാടുകള്‍ നടന്നു എന്ന് നിസ്സംശയം തെളിയിക്കുന്ന അനുഭവമാണിത്. സര്‍ക്കാര്‍ ഖജനാവില്‍നിന്നുപോലും പണം പ്രതിഫലംപറ്റിയാണ് ഈ മാധ്യമങ്ങള്‍ യുഡിഎഫ് സേവയും ഇടതുപക്ഷ വേട്ടയും നടത്തുന്നത്. പെയ്ഡ് ന്യൂസ് എന്ന വിപത്ത് കേരളത്തില്‍ എത്രമാത്രം വേരോടിയിട്ടുണ്ട് എന്ന അന്വേഷണത്തിലേക്കുള്ള ചൂണ്ടുവിരല്‍മാത്രമാണിത്. വലതുപക്ഷത്തില്‍നിന്ന് പ്രതിഫലം കണക്കുപറഞ്ഞു വാങ്ങി ഈ മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വളഞ്ഞിട്ടാക്രമിക്കുന്നു; കൃത്രിമമായ പൊതുബോധം സൃഷ്ടിക്കുന്നു; ജനങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ രണ്ടുകൊല്ലം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെതിരെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വാര്‍ത്തകളുടെ വൈപുല്യം ഞെട്ടിക്കുന്നതാണ്. സ്വതന്ത്രമായി തീരുമാനിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനാണ് പണംപറ്റി ഇവര്‍ കൂച്ചുവിലങ്ങിടുന്നത്. പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പുകാലത്തുമാത്രമുണ്ടാകുന്ന പ്രതിഭാസമല്ല എന്ന് ഈ അനുഭവത്തില്‍നിന്നുറപ്പിക്കാനാകും. തെരഞ്ഞെടുപ്പു കമീഷന്റെ ഇടപെടല്‍കൊണ്ടുമാത്രം അവസാനിപ്പിക്കാനാവുന്ന വിപത്തല്ല ഇത്. നിയമനിര്‍മാണമുണ്ടാകണം- ഒപ്പം വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനും തുറന്നുകാട്ടാനുമുള്ള ഉയര്‍ന്ന മാധ്യമസാക്ഷരതയും ബോധവും സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ അന്തഃസത്തതന്നെ തകര്‍ക്കുന്ന പെയ്ഡ് ന്യൂസ് കച്ചവടത്തില്‍ കൊടുക്കുന്നവരെയും വാങ്ങുന്നവരെയും ഒരേപോലെ കുറ്റവാളികളായിക്കണ്ട് നഗ്നരാക്കേണ്ടതുണ്ട്; ഒറ്റപ്പെടുത്തേണ്ടതുമുണ്ട്.
*
deshabhimani editorial

Thursday, April 24, 2014

എന്‍പിള്ള നയം

കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ ചൊല്ല്! പഴഞ്ചൊല്ലിലാണെങ്കില്‍ പതിനൊന്നും ഉണ്ടാവാറുമില്ലല്ലോ. അത് എന്തുതന്നെയായാലും നമ്മുടെ കോട്ടയം റബ്ബറ് അമ്മച്ചിക്ക് പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് സ്വന്തം പൊന്‍കുഞ്ഞ് തന്നെന്നതിന് പക്ഷാന്തരമില്ല. കുഞ്ഞൂഞ്ഞിനെ തൊട്ടുകളിക്കാന്‍ ആര് ധൈര്യം കാട്ടിയാലും, അതേത് കൊമ്പത്തെ ജഡ്ജിയായാലും "മനോരമ" അങ്ങനെയങ്ങ് വിട്ടുകളയില്ല. ആവണടത്തോളം പണി കൊടുത്തതുതന്നെ. ചിലപ്പോള്‍ പണി പാളുമെന്നേയുള്ളൂ! എന്നാലും ഉടുതുണി ഉരിഞ്ഞ് തലേല്‍കെട്ടിനിന്ന് ഉറഞ്ഞുതുള്ളാനും ലവലേശം മടിക്കില്ല. "മനോരമ" മാത്രമല്ല, കുഞ്ഞൂഞ്ഞ് സേവയ്ക്ക് ഓടിക്കൂടണത്, എല്ലാ മുഖ്യധാരന്മാരേം അതില് കാണാം. എന്നാലും നമ്മളെ കോട്ടയം റബറിന്റെ കാര്യം ഇമ്മിണി കടുപ്പം തന്നാണേയ്!

ഉല്ലാസയാത്രയിലെ ജസ്റ്റിസ്!

10-ാം തീയതി "മനോരമ"യുടെ 9-ാം പേജില്‍ ഒരു റിപ്പോര്‍ട്ട്: ""ഉല്ലാസയാത്രയില്‍ കരിമീനൊപ്പം ഹാറൂണ്‍ അല്‍ റഷീദ്"". ""ഉല്ലാസയാത്രയുടെ വീഡിയോ പുറത്തുവിട്ടത് അജ്ഞാതന്‍."" "മനോരമ" കുട്ട്യോള്‍ടെ ഉള്ളിലിരുപ്പ് ഈ സങ്കതി ഒന്നാം പേജില്‍ കലക്കണമെന്നു തന്നേരുന്നൂന്ന് വ്യക്തം. അത് പറ്റാത്തോണ്ട് പ്രത്യേക അറിയിപ്പായി, 9-ാം പേജ് സ്റ്റോറീടെ ടൈറ്റില്‍ ഒന്നാം പേജില് കണ്ണില്‍ പിടിക്കണ മട്ടില് കൊടുത്തിട്ടുണ്ട്!

9-ാം തീയതി വീഡിയോ ക്ലിപ്പിങ് സഹിതം ചാനലുകളില്‍ അലക്കി കാറ്റുപോയ ബലൂണ് പോലെ ആയതാണ് സാധനം. സ്രഷ്ടാക്കള്‍പോലും കഥയില്ലാത്തതാണ് എന്ന് സമ്മതിച്ച് പിന്മാറിയ സാധനം. എന്നാലും കുഞ്ഞൂഞ്ഞിനെതിരായി വിധിയെഴുതിയ ഹാറൂണ്‍ ജഡ്ജിക്കിട്ട് ഒരു പണികൊടുക്കതന്നേന്ന് "മനോരമേ"ടെ അന്തര്‍ഗതം. എന്താ സംഭവം? സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ തേക്കടി സന്ദര്‍ശിക്കാനിടയായി. ഭാര്യയുമൊത്ത് അദ്ദേഹം ബോട്ട് യാത്രക്കെത്തി. അവിടുണ്ടായിരുന്ന, അന്ന് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും കുടുംബവും മന്ത്രിയും കുടുംബവും ഒരേ ബോട്ടില്‍ തേക്കടിയില്‍ കറങ്ങി തിരികെപ്പോന്നു. ഇത് 2008ല്‍ നടന്ന സംഭവമെന്ന് ചാനലുകളും നമ്മുടെ "മനോരമേം" സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് "അജ്ഞാതന്‍" പുറത്തുവിട്ടത്. തികച്ചും യാദൃച്ഛികമായി ജഡ്ജിയും മന്ത്രിയും കണ്ടുമുട്ടിയതും ഒരേ ബോട്ടില്‍ ഉല്ലാസയാത്ര നടത്തിയതും കാത്തിരുന്ന് സാഹസികമായി ചിത്രീകരിച്ചതിനു പിന്നിലെ കഥ അതിലെ വില്ലനോ നായകനോ അതോ രണ്ടും കൂടിയോ ആയ പി സി ജോര്‍ജെന്ന ചീഫ് വിപ്പ് തന്നെ പറയുന്നു: മന്ത്രിയും ജഡ്ജിയും ചില സ്ത്രീകളുമൊത്ത് തേക്കടിയില്‍ ബോട്ടില്‍ കാനന മധ്യേയുള്ള വനം വകുപ്പ് മന്ദിരം ലക്ഷ്യമിട്ട് നീങ്ങിയതായി ഏതോ അജ്ഞാതന്‍ ജോര്‍ജാശാനെ അറിയിച്ചത്രെ! അദ്യേം അപ്പോ തന്നെ തന്റെ സില്‍ബന്ധികളായ ചാനലുകാരേം പത്രക്കാരേം തെര്യപ്പെടുത്തി. അവരില്‍ ചിലര്‍ പാഞ്ഞെത്തി, പടമെടുത്ത് ജോര്‍ജാശാന് എത്തിച്ചുകൊടുത്തു. അദ്യേം പരിശോധിച്ചപ്പോളാണ് സങ്കതി വലിയ സ്ക്കോപ്പില്ലാത്തതാണെന്ന് പിടികിട്ടിയത്. മന്ത്രിക്കും ജഡ്ജിക്കും ഒപ്പമുണ്ടായിരുന്നത് അവരുടെ കുടുംബങ്ങള്‍ തന്നെയായിരുന്നെന്ന് അറിയാമായിരുന്ന ജോര്‍ജ് സാറ് അത് അപ്പള് പുറത്തുവിടാതെ കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റി. അതാണ് ഇപ്പള് അജ്ഞാതന്‍ പുറത്തുവിട്ടത്. "മാതൃഭൂമി" പത്രം 10-ാം തീയതി ഈ വിഷയം അവതരിപ്പിക്കുന്നതിങ്ങനെ. ""ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും എളമരം കരീമും ഒന്നിച്ചുള്ള ഉല്ലാസ യാത്രാ ദൃശ്യം പുറത്ത്"" എന്ന ശീര്‍ഷകത്തിനുകീഴില്‍ വായിക്കൂ - ""ഒരു ബോട്ടില്‍ യാത്ര നടത്തി ഒന്നിച്ചു നടന്നുവരുന്ന ഇരുവരും വ്യത്യസ്ത കാറുകളില്‍ തിരിച്ചുപോകുന്നതായും ദൃശ്യങ്ങളിലുണ്ട്"". ഇതെന്തായാലും ഭയങ്കരന്‍ അവിഹിതം തന്നെ! ജഡ്ജിയും മന്ത്രിയും ഒരേ ബോട്ടില്‍ യാത്ര, പുറത്തിറങ്ങി രണ്ടു കാറില്‍ മടക്കം! ഭാവന കാടുകയറുന്നേ...

ഇനി ഒരു ടിപ്പണീം കൂടി "മാതൃഭൂമി" ഒരുക്കുന്നു - ""കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജഡ്ജിയായിരുന്നു ഹാറൂണ്‍ അല്‍ റഷീദ്"". ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ച് "വീരഭൂമി"ക്കാര്‍ക്ക് അപാരമായ ജ്ഞാനം തന്നെ. പത്രത്തിന്റെ ജുഡീഷ്യറിയോടുള്ള ആദരവ് അതിലും കെങ്കേമം! എന്താ ഇപ്പം കാര്യം? ഒന്ന് ജഡ്ജീം സിപിഐ എം നേതാക്കളും തമ്മില്‍ ചിരപുരാതനകാലം മുതലേ ഭയങ്കരബന്ധമാണെന്ന് സ്ഥാപിക്കല്. അതിന്റൊരു ടിപ്പണിയുംകൂടി റബറ് പത്രം കൊടുത്തിട്ടുണ്ട്. നോക്കൂ. 1987ല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, 1991ല്‍ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, 2007 ഓഗസ്തില്‍ അഡീഷണല്‍ ജഡ്ജി, 2009ല്‍ സ്ഥിരം ജഡ്ജി. ആ കാലങ്ങള്‍ നോക്കിയേ. എല്ലാം ഇടതുഭരണകാലം. അതും "മനോരമ" കുട്ടികള്‍ പഷ്ടായിട്ടു തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. "മനോരമ" മാത്രം വായിച്ച് ഏതാണ്ട് ഫിറ്റായിരിക്കണ മന്ദന്മാര്‍ കരുതിക്കോട്ടെ, ഈ ജഡ്ജിയദ്യേം തനി ഇടതന്‍തന്നേന്ന്. അതാണ് മനോരമ സ്റ്റൈല്‍. ഗവണ്‍മെന്‍റ് പ്ലീഡര്‍മാരെല്ലാം രാഷ്ട്രീയ നിയമനത്തിലൂടെ വരുന്നവരായിരിക്കണമെന്നില്ലെന്നും ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ലെന്നും അറിയാത്തവരല്ല "മനോരമ"ക്കാര്‍. അപ്പോള്‍ ജനത്തിന്റെമേല്‍ ആശയക്കുഴപ്പോണ്ടാക്കാന്‍ അറിഞ്ഞോണ്ടുള്ള ഒരു കളി! എന്നാലേ, ജഡ്ജിയുടെ പൂര്‍വാശ്രമ, കുടുംബ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് മിണ്ടാട്ടോമില്ല!

ഇനി, രണ്ടാമതൊരു സങ്കതികൂടിയുണ്ട്. ഈ സങ്കതി "അജ്ഞാതന്‍" സാറ് പുറത്തുവിടുന്നതിന് രണ്ടീസം മുന്നാലെ കൈരളി ചാനലും ദേശാഭിമാനി പത്രവും മറ്റൊരു ഫോട്ടോ പുറത്തുവിട്ടിരുന്നു - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലേം കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ഫയാസും കോണ്‍ഗ്രസ് വക്താവ് ഹസനും ഒന്നിച്ച് നില്‍ക്കണ പടം. അതങ്ങ് ഗള്‍ഫില്. അതും 2007ല്. അന്ന് ചെന്നിത്തല കെപിസിസിന്റെ അധ്യക്ഷന്‍. ഗള്‍ഫില് പോയത് ഫണ്ട് പിരിവിന്. അതിന് കൂട്ടുപിടിച്ചത് ഗള്‍ഫിലുള്ള കോണ്‍ഗ്രസ് സംഘടനക്കാരെ ആരേമല്ല. കള്ളക്കടത്തുകാരനെ തന്നെ. ഫോട്ടോം പൊറത്തായപ്പോള് പറയണത് ഫയാസ് അന്ന് കള്ളക്കടത്ത് തൊടങ്ങീട്ടില്ല, ഫോട്ടോം വെറുതേ എടുത്തതേയുള്ളൂ എന്നൊക്കെയാണ്. അപരിചിതനായ ഒരാളുമായി ചേര്‍ന്ന് പൊതുസ്ഥലത്തുവെച്ച് എടുത്തതല്ല ഫോട്ടോ എന്ന് വ്യക്തം. രമേശും ഫയാസും ഒരേ നാട്ടുകാരുമല്ല. രമേശുമായി പരിചയമായശേഷമായിരിക്കുമോ ചില്ലറ തരികിട മാത്രമായിരുന്ന ഫയാസ് കള്ളക്കടത്തുദാദാ ആയത്. അതാണല്ലോ ഫോട്ടോ പുറത്തുവിട്ട കൈരളി ഫയാസ് ചെന്നിത്തലേടെ പാവം പയ്യനാണെന്ന് പറഞ്ഞത്. കുഞ്ഞൂഞ്ഞിനുകൂടി ഈ പാവം പയ്യനെ കണക്ട് ചെയ്തു കൊടുത്തതും ചെന്നിത്തല തന്നെയത്രെ! കുഞ്ഞൂഞ്ഞും ഫയാസും തമ്മിലുള്ള ഇരുപ്പുവശം എങ്ങനെയെന്ന് നേരത്തെ സംസ്ഥാനം ഭരിക്കുന്ന മുഖ്യനും അന്താരാഷ്ട്ര കള്ളക്കടത്തുകാരനും അടച്ചിട്ട കാറില്‍ പെരുവഴിയില്‍ ദീര്‍ഘനേരം നടത്തിയ സംഭാഷണ വിവരം പുറത്തുവന്നതോടെ തെളിഞ്ഞതാണ്. ഈ പടം പുറത്തുവിട്ടത് അജ്ഞാതനല്ല. കൈരളി ചാനല്‍ അന്വേഷിച്ച് കണ്ടെത്തി പുറത്തുവിട്ടതാണ്. ഫോട്ടോ കൈവശമുണ്ടായിരുന്ന വ്യക്തി തന്നെ ചെന്നിത്തലേം ഫയാസും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് സാക്ഷ്യം പറയുന്നുമുണ്ട്. എന്നാല്‍ അജ്ഞാതെന്‍റ തരികിടയെ ആഘോഷമാക്കിയ മുഖ്യധാരാ ചാനലുകാരോ പത്രശിങ്കങ്ങളോ കൈരളിയിലൂടെ പുറത്തുവന്ന പടത്തെക്കുറിച്ച് മിണ്ടിയതേയില്ല, അറിഞ്ഞ മട്ടു തന്നെയില്ല. എന്നിട്ടോ? ജഡ്ജിയുടെയും എളമരത്തിന്റെയും ഒന്നിച്ചുള്ള ദൃശ്യം പ്രസിദ്ധീകരിച്ച് ഇതുപോലെയാണ് ചെന്നിത്തലേം ഫയാസും തമ്മിലുള്ള ഫോട്ടോയും എന്ന് ചാനലില്‍ ചര്‍ച്ചേം. എങ്ങനെ സാറേ പൊരുത്തപ്പെടണത്? ഇത് ജഡ്ജിയെ കള്ളക്കടത്തുകാരനോട് ഉപമിക്കുന്നതിന് തുല്യമല്ലേ!

കൈരളിയും ദേശാഭിമാനിയും ചെന്നിത്തല - ഫയാസ് പടം കൊടുത്തതോണ്ട് ബദലുക്ക് ബദല്‍ പ്രയോഗം. നമ്മള ചാനലുകാരുടേം പത്രങ്ങളുടേം ഒരു "നിഷ്പക്ഷത" നോക്കണേ! മുന്‍പ് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കനുകൂലമായി വിധിയെഴുതി പ്രഖ്യാപനം നടത്തിയിട്ട് അന്നുതന്നെ അവരുടെ അതിഥിയായി കൊച്ചിക്കായലില്‍ ഉല്ലാസയാത്രയും സദ്യയും ആഘോഷവും നടത്തിയ ദൃശ്യം ഉള്‍പ്പെടെ പുറത്തായിട്ടും അതിനെതിരെ പ്രതികരിക്കുന്നത് ജുഡീഷ്യറിയെ അവഹേളിക്കലാണെന്ന് പറയുകയും ജഡ്ജിയുടെ അധാര്‍മികമായ ആ നടപടിക്കെതിരെ പ്രതികരിച്ചവര്‍ക്കുനേരെ കുരച്ചുചാടുകയും ചെയ്തവരാണ് ഇപ്പോള്‍ ജഡ്ജിമാരുടെ ബന്ധവും പരിചയവും തേടി നടക്കുന്നത്! ജുഡീഷ്യറിയോട് അവര്‍ക്ക് എന്തൊരു പ്രേമം! സത്യമേവ ജയതേ!

ഏപ്രില്‍ 11െന്‍റ "മനോരമ"യുടെ ഒന്നാം പേജിലെ പോക്കറ്റ് കാര്‍ട്ടൂണിലെ (കുഞ്ചുക്കുറുപ്പ്) അടിക്കുറിപ്പ് : ""ഇന്നുമുതല്‍ നേതാക്കള്‍ക്ക് സത്യം പറയാമല്ലോ"". തിരഞ്ഞെടുപ്പ് കാലം സകലമാന രാഷ്ട്രീയ നേതാക്കളും കള്ളം പറയും കാലം, ഇനിയെങ്കിലും സത്യത്തിലേക്ക് തിരിഞ്ഞൂടേ എന്ന് വ്യംഗ്യം. കള്ളം പറഞ്ഞു മാത്രം നിലനില്‍ക്കാനാവുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായ "മനോരമ"യ്ക്ക് രാഷ്ട്രീയത്തെയാകെ ആ കളത്തില്‍ തളയ്ക്കേണ്ടത് സ്വന്തം നിലപാടുതറ ഉറപ്പിക്കാന്‍ അനിവാര്യം.

വലതുപക്ഷ രാഷ്ട്രീയം മാത്രമല്ല, വലതുപക്ഷ മാധ്യമ പ്രവര്‍ത്തനവും കള്ളവും കാപട്യവും വക്രീകരണവും നിറഞ്ഞതാണെന്ന യാഥാര്‍ഥ്യം "മനോരമ" കണ്ണടച്ചതുകൊണ്ടില്ലാതാവില്ല. ചില വസ്തുതകള്‍ക്കുനേരെ, വാര്‍ത്തകള്‍ക്കുനേരെ കണ്ണടയ്ക്കുന്നതും അപ്രധാനമായി തള്ളുന്നതും വക്രീകരിക്കുന്നതുമെല്ലാം കള്ളം പറയുന്നതിനു സമം തന്നെ. 12-ാം തീയതി "കേരള കൗമുദി"യില്‍ എക്സ്ക്ലൂസീവായി ഒരു ഇന്‍റര്‍വ്യൂ ഒന്നാം പേജില്‍. കോണ്‍ഗ്രസ് നേതാവും നിലവില്‍ ഇടുക്കി എംപിയുമായ പി ടി തോമസ് തൃശ്ശൂരില്‍ രോഗശയ്യയില്‍നിന്ന് നല്‍കിയതാണ് ആ അഭിമുഖ സംഭാഷണം. "കേരള കൗമുദി" അതിനു നല്‍കിയ ശീര്‍ഷകം: ""സീറ്റ് തെറിപ്പിച്ചത് അമേരിക്കന്‍ പണം : പി ടി. ഇടുക്കിയില്‍ ഹൈറേഞ്ച് സമിതിയും മാഫിയയും കൈകോര്‍ത്തു"". അഭിമുഖത്തിലെ ശ്രദ്ധേയമായ ഒരു വാചകം ഇങ്ങനെ - ""ഒടുവില്‍ തന്നെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഇടുക്കി ബിഷപ്പ് നിലപാട് എടുത്തതോടെ ഇടുക്കി സീറ്റില്‍നിന്ന് ഞാന്‍ പുറന്തള്ളപ്പെടുകയായിരുന്നു - പി ടി തോമസ് പറഞ്ഞു"".

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും നേരെ ഇതിലും വലിയൊരു വിമര്‍ശനം ഒരു കോണ്‍ഗ്രസ് എംപിയില്‍നിന്ന് ഉയരാനില്ലല്ലോ. സംസ്ഥാനത്താണെങ്കില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായി മാധ്യമ വിശേഷണത്തിനര്‍ഹത നേടിയ സാക്ഷാല്‍ സുധീരന്‍ജിയാണ് അധ്യക്ഷജിയായി ആസനസ്ഥനായിരിക്കുന്നത്. ഹൈക്കമാന്‍ഡാണെങ്കില്‍ അഴിമതി, മാഫിയ, അമേരിക്ക എന്നൊക്കെ കേള്‍ക്കണതേ അലര്‍ജിയായിട്ടുള്ള രാഹുലജിയും പിന്നെ മമ്മിജിയും കൂട്ടത്തില് ബഹന്‍ജിയും. ആ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില് അമേരിക്കന്‍ പണം പറ്റണ മാഫിയകളും പള്ളീം പട്ടക്കാരും ഇടപെട്ടെന്നും ഇടുക്കി ബിഷപ്പിെന്‍റ തീട്ടൂരമാണ് തോമസിന് സീറ്റ് നിഷേധിക്കുന്നതിനു മാത്രമല്ല, ഇടുക്കീന്നു തന്നെ നാടുകടത്തുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം "കേരള കൗമുദി"യോട് മനസ്സു തുറക്കുമ്പോള്‍ സത്യമാകാതെ തരമില്ല. കാരണം, കേരളത്തില്‍ സിറ്റിങ് എംപിമാരില്‍ രണ്ടുപേര്‍ക്കേ സീറ്റ് നിഷേധിക്കപ്പെട്ടുള്ളൂ. ഒന്നു പി ടി തോമസിനും മറ്റൊന്ന് കൊല്ലത്തെ കുറുപ്പിനും. കൊല്ലത്ത് ആറെസ്പിയെ വിലയ്ക്കെടുക്കുന്നതിലെ ഉപാധിയായി കുറുപ്പ് ഔട്ട്! ശ്വേതാ ടച്ചിങ്സാണ് കാര്യമെന്ന് ധരിക്കുന്നവര്‍ക്ക് തെറ്റി. അങ്ങനെ നോക്കിയാല്‍ തിരോന്തരം മുതല്‍ കാസര്‍കോടുവരെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ പുറത്തുകാണിക്കാന്‍ പറ്റിയ വഹ എത്രയെന്ന് സുധീരന്‍ജിക്കുപോലും ഉറപ്പില്ല. പി ടി തോമസാണെങ്കില്‍ അങ്ങനെയൊള്ള ഏടാകൂടത്തിലൊന്നും ചാടിയതായി പുറമേക്കറിയില്ലെന്നു മാത്രമല്ല, കേരളത്തീന്നുള്ള കോണ്‍ഗ്രസ് എംപിമാരില്‍ എംപി പണി മോശമല്ലാതെ ചെയ്ത ഏകയാള്‍ എന്ന് "മനോരമ" കണ്ടെത്തിയതും ടിയാനെ (ഇടതുപക്ഷത്തുനിന്ന് അഞ്ചാമതൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ തോമാച്ചന് ആ സ്ഥാനം ഉണ്ടാകുമായിരുന്നോ എന്നത് വേറെ കാര്യം). അപ്പോള്‍ "കേരള കൗമുദി" എക്സ്ക്ലൂസീവ് സ്ഫോടനാത്മകം തന്നെ. അപ്പോള്‍ പിറ്റേന്നത്തെ മറ്റു പത്രങ്ങള്‍ക്കും അത് വലിയ വാര്‍ത്തയാകേണ്ടതുമാണ്. എന്നാല്‍ സംഭവിച്ചതോ? 13-ാം തീയതി "മാതൃഭൂമി" സംഭവം അറിഞ്ഞ മട്ടേയില്ല. "വീക്ഷണ"ത്തെയും കടത്തിവെട്ടുന്ന വീരന്‍ പത്രത്തിന് പകര്‍ത്താന്‍ പറ്റിയ സാധനം "ക്രൈമി"ല്‍ നിന്നായിരിക്കും ലഭിക്കുക.

"മനോരമ" 9-ാം പേജില്‍ ""കസ്തൂരി രംഗന്‍: കോണ്‍ഗ്രസ് നിലപാട് വിമര്‍ശിച്ച് പി ടി തോമസ്"" എന്ന ഒറ്റക്കോളം സാധനം നല്‍കിയിരിക്കുന്നു. സംഭവത്തിന്റെ സത്ത തന്നെ ചോര്‍ത്തി വികലമാക്കിയിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി സീറ്റുകളില്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയും പരസ്പരമുള്ള പാരവെയ്പുകളെക്കുറിച്ചുമുള്ള യുഡിഎഫിലെ തമ്മില്‍തല്ല് വാക്പയറ്റിനപ്പുറം തെരുവുയുദ്ധമായി മാറിയിട്ടും "മനോരമ"യും "മാതൃഭൂമി"യും കണ്ണുപൊത്തിക്കളി തുടരുകയാണ്. 12-ാം തീയതി "മനോരമ" 15-ാം പേജില്‍ ""പ്രചാരണം പാളിയെന്നു പി സി ജോര്‍ജ്, ജോര്‍ജ് ചതിച്ചെന്നു ആന്റോ ആന്‍റണി"" എന്ന് ഒതുക്കിയിരിക്കുന്നു. ഒപ്പം ഒരു ബോക്സും: ""ജോര്‍ജ് ഇത് നേരത്തെ പറയണമായിരുന്നു: സുധീരന്‍"". "മാതൃഭൂമി"യും ഇതേ മട്ടു തന്നെ. ഇതു താന്‍ എന്‍പിള്ള നയം! ഇനിയും എത്ര വേണമെങ്കിലും ഉണ്ട് സമാനമായ ഉദാഹരണങ്ങള്‍, നിത്യേന.

*
ഗൗരി ചിന്ത വാരിക

Monday, March 31, 2014

ഒരു ശവത്തെ കിട്ടിയിരുന്നെങ്കില്‍...

കേരളത്തെ കണികണ്ടുണര്‍ത്തുന്ന റബര്‍ പത്രം, 1888ല്‍ പ്രസിദ്ധീകരണം ആരംഭിച്ചതുതന്നെ "മഹാരാജാവ് തിരുമനസ്സി"നും ഏഴാം കടലിനക്കരെയുള്ള അന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതിയായ വിക്ടോറിയാ റാണിക്കും സ്തുതിഗീതം പാടിക്കൊണ്ടായിരുന്നല്ലോ. യൂണിയന്‍ ജാക്ക് കടല്‍ കടക്കുന്നതുവരെ, രാജവാഴ്ച ജനാധിപത്യത്തിന് വഴിമാറുന്നതുവരെയും, സാമ്രാജ്യവാഴ്ചയ്ക്കും രാജവാഴ്ചയ്ക്കും വേണ്ടി ഏറെ വിയര്‍പ്പൊഴുകിയ പത്രം, അന്നും ഇന്നും ഭരണവര്‍ഗത്തിന്റെ നാവായി തന്നെ തുടരുന്നു. അതിന്റെ ഉടയോന്‍മാര്‍ കമ്യൂണിസ്റ്റ് ഭൂതത്തെ അകറ്റി നിര്‍ത്താന്‍ എന്തും ചെയ്യും; ലാഭം പരമാവധിയാക്കാന്‍ സ്വന്തം ഉടമയെതന്നെ കൊന്ന് കെട്ടിത്തൂക്കാന്‍ മൂലധനം മടിക്കില്ലെന്ന് പറയുന്നതുപോലെയാണിത്.

കമ്യൂണിസ്റ്റ് കശ്മലന്മാര്‍ക്ക് പരിമിതമായ അധികാരമെങ്കിലും കിട്ടുന്നത്, തങ്ങളുടെ ലാഭം പരമാവധിയാക്കല്‍ അജന്‍ഡ നിര്‍ബാധം നടപ്പാക്കുന്നതിന് തടസ്സമാകും. അതുകൊണ്ട് ഏതു വിധത്തിലും അവറ്റകള് അധികാരത്തിന്റെ ഏഴയലത്തുപോലും വരാതിരിക്കാന്‍, പണ്ട് കുടുമ്മത്തിലെ ഒരു വല്യപ്പാപ്പന്‍ പറഞ്ഞതുപോലെ വെഷം മോന്തി ചത്തുകളേം എന്നൊന്നും പറയൂല്ലെങ്കിലും, ഇടയ്ക്കിടെ ഏതെങ്കിലും ഒരു ശവത്തെ തോണ്ടിയെടുത്ത് അങ്ങട് തട്ടിക്കളിച്ചേക്കും, ഇ കമ്മുക്കള് പിടിമുറുക്കാതിരിക്കാന്‍. കുറേക്കാലം "പീപ്പി, പീപ്പി"ന് വിളിച്ചോണ്ടിരുന്ന റബറ് കുട്ട്യേള്‍ക്ക് ഇതാ കിട്ടിപ്പോയി, പുതിയൊരു ഇര; അതും പറ്റ്യേ സ്ഥലത്തൂന്നും തന്ന്യാണേയ്! കൊടുങ്ങല്ലൂര് പെരിഞ്ഞനത്തൂന്ന്! പെരുവഴിയില്‍ ഒരു പാവം ശവം മാര്‍ച്ച് 2നാണ് പെരിഞ്ഞനത്തിനടുത്തെ നവാസ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത്. അന്ന് ആ മരണത്തില്‍ ദുഃഖിക്കാനും കൊലപാതകത്തില്‍ പ്രതിഷേധിക്കാനും ആ സാധുവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാതെ ആരുമില്ലായിരുന്നു. പത്രങ്ങള്‍ക്കാകട്ടെ, ചരമക്കോളത്തിനപ്പുറം ഇടം നല്‍കേണ്ട കാര്യവുമില്ല. മുഖ്യധാരാ പത്രങ്ങളിലെല്ലാം അരിച്ചുപെറുക്കി നോക്കിയാലും മൂന്നാം തീയതി ആ വാര്‍ത്ത കാണാനാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംഭവത്തിന് ചിറകുമുളച്ച്, പുതിയ രൂപഭാവങ്ങള്‍ കൈവന്നത് അവിചാരിതമായിട്ടായിരുന്നു. തികച്ചും അവിചാരിതമെന്ന് പറയാനാവില്ല. നല്ലതുപോലെ ആസൂത്രണം ചെയ്താണ് സംഭവത്തിന് പുതിയ രൂപഭാവവും വര്‍ണഭംഗിയുമെല്ലാം നല്‍കി പൊലിപ്പിച്ച് വിദ്വാന്മാര്‍ അവതരിപ്പിച്ചത്. അവതരണത്തില്‍ മാത്രമല്ല, സാക്ഷാത്കാരത്തിലും നന്നായി ആസൂത്രണവും ഒത്തുകളിയുമെല്ലാം നടന്നതായാണ് കേള്‍വി.

തിരഞ്ഞെടുപ്പില്‍ വോട്ടു കച്ചോടത്തിന് പതിവുപോലെ അച്ചാരം വാങ്ങല്‍ ചടങ്ങ്, കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും റോളില്‍നിന്ന് നിര്‍വഹിക്കുന്ന കക്ഷികള്‍ തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍പുമുണ്ട്; രണ്ടു കൂട്ടര്‍ക്കും അജന്‍ഡ ഒന്ന് - കമ്യൂണിസ്റ്റുകാരെ തുടച്ചുനീക്കണം! 15-ാം തീയതി രാവിലെ എത്തിയ "മനോരമ"യിലെ ഒന്നാം പേജില്‍ നമ്മുടെ കണ്ണില്‍പെടുംവിധം തന്നെ പുതിയൊരു അമിട്ടിന് തിരികൊളുത്തിയിരിക്കുന്നു. ശീര്‍ഷകം ഇങ്ങനെ: ""നവാസ് വധം: സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സംഘം കസ്റ്റഡിയില്‍"" ""രക്തക്കറയോട് സാമ്യമുള്ള പാട് ഓഫീസില്‍ കണ്ടെത്തി"" എന്നും കോട്ടയം ഗുര്‍ണോകള്‍ മണം പിടിച്ച് കണ്ടെത്തി.

16-ാം തീയതി ആയപ്പോള്‍ ഒന്നാം പേജില്‍ തന്നെ ഏറ്റവും മുകളറ്റത്ത് 8 കോളത്തില്‍ സങ്കതി സ്ഥാനം പിടിച്ചു - ""നവാസ് വധം: സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം എട്ടുപേര്‍ അറസ്റ്റില്‍"". 17-ാം തീയതി ആയപ്പോള്‍ സംഭവത്തിന് പ്രചരണപരമായ മാനങ്ങള്‍ നല്‍കിക്കൊണ്ട് "മനോരമ"ക്കുഞ്ഞുങ്ങള്‍ ഭാവനയുടെ ചിറക് വിടര്‍ത്തി അനന്ത വിഹായസ്സിലോളം പറന്നുയരുന്നതു കാണാം. ഒന്നാം പേജില്‍ വീണ്ടും സ്ഥാനം താഴേക്കു മാറ്റി രണ്ടു കോളത്തില്‍ അവതരിപ്പിക്കുന്നു: ""പെരിഞ്ഞനം: മൂന്ന് സിപിഎമ്മുകാര്‍ കൂടി കസ്റ്റഡിയിലെന്നു സൂചന"". "മനോരമ"യിലെ കഥാകൃത്തിന്റെ വിശകലനം നോക്കൂ: ""ഈ കേസില്‍ അന്വേഷണം മുന്നോട്ടുനീങ്ങുമ്പോള്‍ വെളിച്ചത്തുവരുന്നതു ടി പി വധക്കേസുമായുള്ള സാമ്യമാണ്. രണ്ടു കേസിലും പാര്‍ടി നേതാക്കള്‍ നടത്തിയ ഗൂഢാലോചന നടപ്പാക്കിയതു ക്വട്ടേഷന്‍ സംഘമാണ്"". എന്നാല്‍ സ്റ്റോറി അവസാനിക്കുന്നതിനടുത്ത ഒരു വാചകം മനസ്സിലുടക്കാതിരിക്കില്ല:

""നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നേരിടുമ്പോഴായിരുന്നു ടി പി വധമെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പെരിഞ്ഞനം കൊലപാതകം"". നെയ്യാറ്റിന്‍കരേല് കിട്ടിയപോലെ ഒരസല് സാധനം ദാ കിട്ടിപ്പോയ്, ആഘോഷിക്കൂ എന്നുള്ള ആഹ്വാനവുമതിലുണ്ട്. 18-ാം തീയതി ആയപ്പോള്‍ കൂടുതല്‍ വിശകലനാത്മകമാണ് സ്റ്റോറി; സ്ഥാനം 13-ാം പേജിലേക്ക് മാറിയെന്നേയുള്ളൂ. ""പെരിഞ്ഞനം കൊലപാതകം : പ്രതിക്കൂട്ടിലായി സിപിഎം"" വായിക്കൂ, വായിക്കൂ: ""പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി; പ്രതിഷേധിക്കാനാകാതെ സിപിഎം. ലോക്കല്‍ സെക്രട്ടറിയെ കയ്യാമം വെച്ച് പൊതുജനമധ്യത്തില്‍ ക്രിമിനലുകള്‍ക്കൊപ്പം നടത്തിയിട്ടും സിപിഎം ഹര്‍ത്താലില്ല, പന്തം കൊളുത്തി പ്രകടനമില്ല, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്ല"" എന്തൊരുശിരന്‍ കലക്കാണെന്നു നോക്കണേ. മനോരമേടെ വാല് പൊങ്ങണ കണ്ടയുടന്‍ തന്നെ കെപിസിസി ആസ്ഥാനത്തിരുന്നവര്‍ സന്തോയം കൊണ്ട് ഇരിപ്പുറയ്ക്കാതെ പാഞ്ഞു പെരിഞ്ഞനത്തേക്ക് - ആദ്യം ഹസന്‍ ഗാന്ധി. പിന്നാലെ പോകുന്നു ആദര്‍ശധീരതയുടെ പുത്തന്‍ അവതാരമായ പ്രസിഡന്‍റ്ജി, സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിജി തന്നെ പാഞ്ഞൂ നവാസിന്റെ വീട്ടിലേക്ക്. അങ്ങനെ പ്രാദേശികമായ ഒരു സംഭവത്തെ സംസ്ഥാനതല സാധനമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിലെ ചൂടന്‍ വിഭവമായി ഇട്ടുകൊടുത്തിരിക്കുന്നു "മനോരമ". 18-ാം തീയതിയിലെ സ്റ്റോറിയിലെ ടിപ്പണി പെരിഞ്ഞനത്തിന്റെ പ്രാദേശിക സ്ഥിതിയും അവതരിപ്പിക്കുന്നു:

""ഇവിടത്തെ പല പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരോ കേസ് നേരിടുന്നവരോ ആണ്"" ഈ ""പല""യില്‍ കോണ്‍ഗ്രസുംപെടും എന്ന് വായനക്കാര്‍ക്ക് വേണമെങ്കില്‍ വായിച്ചെടുക്കാം. അങ്ങനെ വായിച്ചെടുക്കാന്‍ പറ്റുന്നവര്‍ക്ക് പത്രം നിഷ്പക്ഷമായി സങ്കതികള് പറയണതായും ആശ്വസിക്കാം.

18-ാം തീയതിയിലെ "മനോരമ"യുടെ മുഖപ്രസംഗത്തിന്റെ വിഷയവും ഇതുതന്നെ: ""ക്വട്ടേഷന്‍കാര്‍ക്ക് രാഷ്ട്രീയ വളം"" എന്ന ശീര്‍ഷകത്തിനു താഴെ ഉപശീര്‍ഷകം: ""ഗുണ്ടകളെ ഒതുക്കേണ്ടവര്‍ ഒപ്പം നില്‍ക്കുന്നു"" രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും സാരോപദേശം നല്‍കുന്ന മട്ടില്‍ അവതരിപ്പിക്കുന്ന ആ സാധനത്തിലും നിറഞ്ഞുനില്‍ക്കുന്നതു പ്രചരണ സാഹിത്യം തന്നെ! ചന്ദ്രശേഖരന്‍ വധവും തേട്ടി, തേട്ടി വരുന്നുണ്ട്. പത്രത്തിന്റെ തൃശ്ശൂര്‍ പതിപ്പ് ഇത്രയൊന്നുമല്ല, ആകപ്പാടെ ആഘോഷമാക്കി കലക്കീറ്റുണ്ടെന്നാണ് ഒരു സുഹൃത്ത് അറിയിച്ചത്. "മനോരമ" മാത്രമല്ല, തിരുവനന്തപുരം പതിപ്പില്‍ വലുതായിട്ട് ഇതിനെ പൊക്കിപ്പിടിക്കാത്ത "മാതൃഭൂമീം" തൃശ്ശൂരില്‍ മുഖ്യ തീമാക്കീട്ടുണ്ടത്രെ. ഒരു ദിവസം ഒരു പേജ് തന്നെ ഇതിനായി നീക്കിവെച്ചു.

18-ാം തീയതി കൊണ്ടവസാനിക്കുമെന്നു തോന്നുന്നില്ല. പൊടിപ്പും തൊങ്ങലും വച്ച ബിറ്റുകളും അമിട്ടുകളും ഇനിയും വന്നുകൊണ്ടേയിരിക്കും, വിശിഷ്യാ തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട്. അല്ലേലും, സിപിഐ എമ്മിനെതിരായ പ്രചരണ സാഹിത്യമായതുകൊണ്ട്. ചാനലിലും ചര്‍ക്കയാക്കി തങ്ങളുടെ ലാക്കെന്തെന്ന് മനോരമ വെഷം വെളിപ്പെടുത്തുന്നു. ഇതിത്രേം ഇതേവരത്തെ തല്‍സ്ഥിതി റിപ്പോര്‍ട്ട്. നമുക്കൊന്ന് റീവൈന്‍ഡ് ചെയ്ത് പിന്നിലേക്ക് പോകാം.

തൃശ്ശൂര്‍ ജില്ലയില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു - മധു ഈച്ചരത്തും ലാല്‍ജി കൊള്ളനൂരും. രണ്ടു പേരും കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമാണിമാര്‍. കൊലയാളികളോ! കോണ്‍ഗ്രസുകാരൊ അവരേര്‍പ്പെടുത്തിയ ക്വട്ടേഷന്‍കാരൊ. മധു ഈച്ചരത്ത് കൊല്ലപ്പെട്ടതാകട്ടെ ഭാര്യയോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങവേ, ഭാര്യയുടെ മുന്നില്‍വെച്ച് - വെട്ട് മുപ്പത്തിയെട്ട്! പ്രായവും അത്രയേ ഉള്ളൂ. ഭര്‍ത്താവിന്റെ ചുടുചോര ചീറ്റിത്തെറിച്ചത് ഭാര്യയുടെ മുഖത്ത്. മോഹാലസ്യപ്പെട്ട് വീണ ആ യുവതിയെയോ പറക്കമുറ്റാത്ത അവരുടെ കുഞ്ഞുങ്ങളെയോ ഒന്നും "മനോരമ"യോ മറ്റു മുഖ്യധാരക്കാരോ കണ്ടില്ലെന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കി, പഴയ (കഴിഞ്ഞ ഒരു വര്‍ഷത്തെ പത്രം) പത്രത്താളുകള്‍ പരിശോധിച്ചാല്‍ കാണും. അതിെന്‍റ (രണ്ടുകൊലപാതകത്തിേന്‍റം) വാര്‍ത്തകള്‍ അപ്രധാനമായി ആവര്‍ത്തനമോ വിശകലനമോ ഇല്ലാതെ ഏക് ദിന്‍ കാ സുല്‍ത്താനായി ഒടുങ്ങുന്നതു കാണാം. മുഖപ്രസംഗ രചനയും ഉണ്ടായില്ല. മന്ത്രിമാരും കോണ്‍ഗ്രസ് ഉന്നതരും തീര്‍ഥാടനം നടത്തിയതുമില്ല.

ജില്ലക്കാരനായ ആദര്‍ശശാലി തിരിഞ്ഞു നോക്കിയോ എന്ന കാര്യം ഗവേഷണ വിഷയമാക്കാവുന്നതാണ്. ഇതില്‍ ഒരു കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ജില്ലക്കാരനായ ഒരു മന്ത്രിയുടെയും സില്‍ബന്ധികളുടെയും പങ്കുണ്ടെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. പൊലീസ് ആ ദിശയിലേക്ക് തിരിഞ്ഞില്ലെന്നു മാത്രമല്ല "മനോരമാ"ദികളിലെ ഗുര്‍ണോകള്‍ ഡിസിസി ഓഫീസിലേക്ക് മണം പിടിച്ച് പോയതുമില്ല. 2013 തിരുവോണ നാളില്‍ (സെപ്തംബര്‍ 16) സന്ധ്യനേരത്ത് കാസര്‍കോട് ഉദുമയില്‍ സിപിഐ എം പ്രവര്‍ത്തകനായ എം ബി ബാലകൃഷ്ണനെ ഒരു സംഘം കോണ്‍ഗ്രസ് ഗുണ്ടകള്‍ നടുറോഡില്‍ വെട്ടിനുറുക്കി കൊലപ്പെടുത്തിയിട്ട് ഡിസിസി ഓഫീസിലായിരുന്നു അഭയം തേടിയത്. ക്രിമിനല്‍ വക്കീലായ ഡിസിസി പ്രസിഡന്‍റ് അയച്ചുകൊടുത്ത (കോടതിയില്‍ കീഴടങ്ങി എന്ന് ഭാഷ്യം)

ആളുകളെ പ്രതിപട്ടികയില്‍ ചേര്‍ത്ത് അറസ്റ്റും രേഖപ്പെടുത്തി കേസ് സബൂറാക്കി, പൊലീസ്. യഥാര്‍ഥ പ്രതികള്‍ ആരൊക്കെയെന്നും ഗൂഢാലോചന നടത്തിയത് ആരൊക്കെയെന്നും പൊലീസിന് അന്വേഷിക്കേണ്ടതായി വന്നില്ല. "മനോരമ"യില്‍ ഈ കൊലപാതകം വാര്‍ത്തയേ ആയില്ല. (ചിലപ്പോള്‍ പ്രാദേശികം ആയിരിക്കും) "മാതൃഭൂമി"യില്‍ ഒറ്റക്കോളത്തില്‍ കുഞ്ഞുവാര്‍ത്തയായി ഒതുങ്ങി - ""സിപിഐ എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു"". എന്തേ, ഈ മാധ്യമ വേതാളങ്ങള്‍ക്കും കോണ്‍ഗ്രസ് ചീങ്കണ്ണികള്‍ക്കും ഈ കൊലപാതകങ്ങളൊന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ വൈമനസ്യം? "വീക്ഷണ"ത്തിന്റെയും "ചന്ദ്രിക"യുടെയും ധര്‍മമാണ് "മനോരമ"യും "മാതൃഭൂമി"യും വഹിക്കുന്നതെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയണം. നിഷ്പക്ഷതയുടെ നാട്യംപോലും ഇല്ലാതെയാണ് ഈ പത്രങ്ങള്‍ യുഡിഎഫ് സേവയ്ക്കായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് തറ്റുടുത്ത് ഇറങ്ങിയിരിക്കുന്നത്. തോറ്റോടുന്ന കോണ്‍ഗ്രസ് പട 15-ാം തീയതി "മനോരമ"യുടെ ഒന്നാം പുറത്ത് വേറിട്ടൊരു സ്റ്റോറി. ഡല്‍ഹി ചീഫ് ഡി വിജയമോഹന്‍ വക. ""കോണ്‍ഗ്രസില്‍ പല പ്രമുഖര്‍ക്കും സീറ്റുവേണ്ട"". ഇത് കോണ്‍ഗ്രസുകാരെല്ലാം സ്ഥാനമോഹം ഉപേക്ഷിച്ച്, നിഷ്കാമ കര്‍മികളായി മാറിയതുകൊണ്ടല്ല. മറിച്ച് സങ്കതി എന്താണെന്ന് ലേഖകന്‍ ഇങ്ങനെ എഴുതുന്നു:

""ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതകള്‍ മങ്ങുന്നതും പല മണ്ഡലത്തിലും സഖ്യമൊന്നുമില്ലാതെ ഒറ്റയ്ക്കു മത്സരിച്ചാല്‍ പരാജയപ്പെടുന്നതുമാണ് നേതാക്കളെ പിന്തിരിപ്പിക്കുന്നത്. അഞ്ചു കേന്ദ്ര മന്ത്രിമാര്‍ ഇതിനകം തങ്ങളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു"".

കോണ്‍ഗ്രസ് പോക്കു കേസാണെന്ന് ഡല്‍ഹിയിലിരുന്ന് കാര്യങ്ങള്‍ നോക്കുന്ന പത്രലേഖകര്‍ക്ക് എളുപ്പം തിരിയും. പോരെങ്കില്‍ മിക്കവാറും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂടുവിട്ടുകൂടുമാറ്റം പകര്‍ച്ചവ്യാധി പോലെ വ്യാപകമായി വരുന്നതുതന്നെ തോറ്റോടുന്ന പടയുടെ സൂചനയാണ്. കേരളക്കാര്യത്തില്‍ കോണ്‍ഗ്രസ് മുഖപത്രത്തെപ്പോലെ ഉറഞ്ഞുതുള്ളുന്ന "മനോരമ" എന്തേ ഈ പ്രതികൂല റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ നിന്നെഴുതുന്നുവെന്ന സംശയം സ്വാഭാവികം.

കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞാല്‍ പകരം ബിജെപി, വിശിഷ്യാ മോഡി മൂലധനതാല്‍പര്യം സംരക്ഷിക്കാനുള്ളപ്പോള്‍ "മനോരമ"യ്ക്ക് അങ്കലാപ്പിെന്‍റ ആവശ്യമില്ല. കേരളത്തില്‍ മോഡിപക്ഷത്തിന് എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നെങ്കില്‍ "മനോരമ" ഇപ്പോള്‍ തന്നെ അവര്‍ക്കൊപ്പം പക്ഷം ചേര്‍ന്ന് നില്‍ക്കുമായിരുന്നു. ഏതു സാഹചര്യത്തിലും ഇടതുപക്ഷം, വിശിഷ്യാ സിപിഐ എം മുന്നില്‍ എത്തരുതെന്നേ "മനോരമ"യ്ക്കുള്ളൂ. അതിനുവേണ്ടതെല്ലാം "മനോരമ" ചെയ്യുകയാണ്. പക്ഷേ, കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം "മനോരമ" മറക്കുന്നു. കേരളത്തിലും കോണ്‍ഗ്രസിന്റെ ഗതി വ്യത്യസ്തമാകില്ല എന്നുറപ്പ്!

16-ാം തീയതി "മനോരമ" 9-ാം പേജില്‍ നല്‍കുന്ന റിപ്പോര്‍ട്ട് നോക്കൂ: ""അടുത്തതും യുപിഎ സര്‍ക്കാര്‍: വി എം സുധീരന്‍"" അതിനകത്ത് ഒരു കുഞ്ഞ് ബോക്സ് : ""ഭരണത്തിലെത്താന്‍ യുപിഎയ്ക്ക് ബുദ്ധിമുട്ടേണ്ടിവരും: ചാക്കോ"" സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം, ചാക്കോയുടെ പ്രസ്താവനയ്ക്കാണ് വാര്‍ത്താ മൂല്യമുള്ളതെന്ന്. അതുകൊണ്ടുതന്നെ, അതായിരിക്കണം പ്രധാന വാര്‍ത്ത. അതിന് കെപിസിസി പ്രസിഡന്‍റിെന്‍റ തിരുത്ത് ബോക്സിലോ മറ്റോ ചേര്‍ക്കേണ്ടതുമത്രെ! മാത്രമല്ല, കോണ്‍ഗ്രസ് വക്താവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പി സി ചാക്കോ ഡല്‍ഹിയിലെ ചൂടറിഞ്ഞ് നടത്തിയ പ്രസ്താവനയ്ക്ക് ഒന്നാം പേജില്‍ ഇടം നല്‍കാന്‍ വേണ്ട പ്രാധാന്യമുള്ളതുമാണ്. അതിനുപകരം അകത്തെ പേജില്‍ സുധീരന്റെ പ്രസ്താവനയുടെ ഉള്ളില്‍ ഒതുക്കിയ "മനോരമ"യുടെ പുത്തിയും പക്ഷപാതവും അപാരം തന്നെ. ഇടതുപക്ഷത്തോ, സിപിഐ എമ്മിലോ ആരെങ്കിലും എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ വക്രീകരണ സാധ്യത ഉണ്ടെങ്കില്‍ അതിനെ പര്‍വതീകരിച്ച് അവതരിപ്പിക്കുന്ന മനോരമയാണിത് ചെയ്തതെന്നോര്‍മിക്കുക. മാത്രമോ, ചാക്കോ പറഞ്ഞത്, കോണ്‍ഗ്രസിന് ഇക്കുറി പ്രതിപക്ഷത്തിരിക്കേണ്ടതായി വരും എന്നുമാണ്. വ്യക്തിപരം

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ പരാതിയുമായി ക്യൂ നില്‍ക്കുന്നതായാണ് ഇതെഴുതുമ്പോള്‍ ടി വി ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മുഖ്യപരാതിക്കാരന്‍ ശശി തരൂരാണ്. സുനന്ദാ പുഷ്ക്കറെന്ന് പറയുന്നതുതന്നെ അദ്ദേഹത്തിനു മാനഹാനിയുണ്ടാക്കുമത്രെ! ഐപിഎല്ലും വിയര്‍പ്പോഹരിയുമെല്ലാം തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാകുന്നത് തരൂരിന് ഒഴിവാക്കിയേ പറ്റൂ. എത്ര തടഞ്ഞാലും സുനന്ദയുടെ പ്രേതം തരൂരിനെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നുറപ്പാണ്. അതാണ് രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പൊലീസ് മേധാവി, സുനന്ദയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കൃത്യമായി പറയാറായിട്ടില്ല എന്ന് പ്രസ്താവിച്ചത്. ഇനി ആത്മഹത്യയാണെങ്കിലും അതിനുത്തരം പറയേണ്ടത് തരൂര്‍ തന്നെയാണ്. സ്ത്രീപീഡനത്തിനാണ് തരൂരിന് ഡോക്ടറേറ്റ് എന്ന് പറയുന്നതുപോലും മഹാപരാധമത്രെ! സുനന്ദാ പുഷ്കറിെന്‍റ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് അവരുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായാണ്. ആ മുറിവുകള്‍ ഏല്‍പിച്ചത് തരൂരല്ലെങ്കില്‍ മറ്റാരെങ്കിലും അവിടെ എത്തിയതായി പറയാനുള്ള ബാധ്യതയും തരൂരിനുണ്ട്.

രാജ്യത്ത് നിലവിലുള്ള പല നിയമങ്ങളും ശരി തരൂരിനെതിരെ വിരല്‍ ചൂണ്ടുന്നതാണ്. പാര്‍ലമെന്‍റംഗീകരിച്ച നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രമന്ത്രി അത് ലംഘിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാവില്ലല്ലോ. ഇതൊന്നും ആരോപണങ്ങളല്ല, സത്യമാണ്. സത്യം മൂടിവെയ്ക്കണമെന്നാണ് തരൂര്‍ പറയുന്നത്. ഇനിയും പഴയത് പലതുമുണ്ട് തരൂരിനെപ്പറ്റി പറയാന്‍ - യുഎന്നിലായിരിക്കെ കോഫി അന്നെന്‍റ പുത്രനുമായി ചേര്‍ന്ന് ഇറാക്ക് എണ്ണ ഇടപാടില്‍ നടത്തിയ തരികിടകളും അവിടെ അണ്ടര്‍ സെക്രട്ടറിയായിരിക്കെ തരൂരിന് പ്രത്യേക അടുപ്പമുണ്ടായിരുന്ന ഒരു മദാമ്മക്കൊച്ചിന് അവിഹിതമായി പ്രമോഷന്‍ നല്‍കിയതുമൊന്നും ജനത്തിന് മറക്കാനാവില്ലല്ലോ. കെ സുധാകരനും കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആേന്‍റാ ആന്‍റണിയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലുള്ളവര്‍ക്കെതിരെയെല്ലാം പറയാന്‍ പലതുണ്ട്, തിരഞ്ഞെടുപ്പ് വേളയില്‍. നമ്മുടെ തിരഞ്ഞെടുപ്പ് രീതി വ്യക്തികളെ നേരിട്ട് തിരഞ്ഞെടുക്കുന്നതാണ്. അതുകൊണ്ടു തന്നെ വ്യക്തിപരമായ പരിശോധനയ്ക്കും വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്.

*
ഗൗരി chintha weekly

Wednesday, March 26, 2014

മാധ്യമങ്ങളുടെ വിക്ക്

ജനാധിപത്യത്തിനെതിരായ മികച്ച വാദഗതി എന്ന ആമുഖത്തോടെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അവതരിപ്പിച്ചൊരു കാര്യമുണ്ട്. "ശരാശരി വോട്ടറുമായുള്ള അഞ്ച് മിനിറ്റ് സംഭാഷണം" എന്നതാണ് അതിലെ കേന്ദ്ര പ്രമേയം. ഇരുപതാം നൂറ്റാണ്ടിലെ യുദ്ധകാല നേതൃത്വത്തില്‍ ഏറ്റവും പ്രമുഖനായി അറിയപ്പെട്ട ചര്‍ച്ചില്‍ ഏതര്‍ഥത്തിലാണ് അത്തരമൊരു നിര്‍വചനം മുന്നോട്ടുവെച്ചതെങ്കിലും ആ ധ്വനി ഇപ്പോഴും ചില സൂചനകള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രിയായ അദ്ദേഹം യുവ ആര്‍മി ഓഫീസറായി ബ്രിട്ടീഷ് ഇന്ത്യയിലെയും സുഡാനിലെയും രണ്ടാം ബോവര്‍ യുദ്ധത്തിലെയും സൈനിക നീക്കങ്ങള്‍ക്ക് നേരിട്ട് സാക്ഷിയാവുകയും ചെയ്തിരുന്നു. ജീവിതത്തിലുടനീളം വിക്ക് അലട്ടിയ ചര്‍ച്ചിലിന്റെ പ്രസംഗങ്ങള്‍ എന്നാല്‍ അറച്ചുനിന്നവ ആയിരുന്നില്ല. ജനാധിപത്യത്തിന്റെ ബലിഷ്ഠത വെറും തെരഞ്ഞെടുപ്പ് കോലാഹലങ്ങളില്‍ തെരയുന്ന മാധ്യമങ്ങളുടെ വിക്കിന് അറച്ചുനില്‍പ്പും അകമ്പടിയായുണ്ട്. രണ്ടും ഒന്നിച്ചുചേരുമ്പോള്‍ അവ്യക്തതയുടെ പൊടിപടലമാണുയരുന്നത്. അതുകൊണ്ട് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട തയ്യാറാക്കുമ്പോഴും അവ വഞ്ചനയുടെ പാതയിലാണ്. തവിടും അരിയും കൂടിക്കലര്‍ന്ന പാത്രത്തില്‍നിന്ന് തവിട് അരിച്ചെടുത്ത് അച്ചടിക്കുന്നവരായി മാറിയിരിക്കുന്നു പത്രാധിപന്മാര്‍.

പരസ്യ കൗശലം മുന്‍നിര്‍ത്തി അമേരിക്കന്‍ ഹാസ്യകാരന്‍ വില്‍ റോജേഴ്സ് പറയാറുള്ള ഫലിതവും ഇതോട് ചേര്‍ത്തുവെക്കാം. തങ്ങള്‍ക്കില്ലാത്ത പണം തങ്ങള്‍ക്ക് ആവശ്യമില്ലാത്തവയ്ക്കുവേണ്ടി ചെലവഴിക്കാന്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കല എന്നാണ് പരസ്യത്തെ അദ്ദേഹം വിലയിരുത്തിയത്. അതിനാല്‍ വിക്ക്/തവിട്/ഇല്ലാത്ത പണം/ആവശ്യമില്ലാത്ത വസ്തുക്കള്‍ തുടങ്ങിയവ സംവാദരൂപകങ്ങളായാണ് ഇപ്പോള്‍ മനസ്സിലിരുത്തേണ്ടതും. അമേരിക്കന്‍ സംഗീതജ്ഞന്‍ ഫ്രാങ്ക് സാപ്പ പറഞ്ഞതുപോലെ, വായിക്കാന്‍ അറിയാത്തവര്‍ക്കായി സംസാരിക്കാന്‍ ആവാത്തവരെ അഭിമുഖം നടത്തി എഴുതാന്‍ വശമില്ലാത്തവര്‍ കൊണ്ടുവന്ന് ആഘോഷിക്കുന്നതായിരിക്കുന്നു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനവും. വംശഹത്യയുടെ പ്രവാചകനായ നരേന്ദ്രമോഡിയും ദാരിദ്ര്യ വിനോദ സഞ്ചാരിയായ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള മല്‍പിടുത്തമാണ് വരാനിരിക്കുന്ന ഇന്ത്യന്‍ പരീക്ഷണം എന്ന മട്ടിലുള്ള വാര്‍ത്താരീതികള്‍ അടിസ്ഥാന ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് കൊലക്കയര്‍ ഒരുക്കുകയാണ്. മോഡിയുടെ പ്രസംഗം, ഭാഷ, ശരീരസൂചകങ്ങള്‍ തുടങ്ങിയവക്കൊപ്പം രാഹുലിന്റെ ഹൈടെക് ഗാന്ധീയത, സ്ത്രീകളുടെ ചുംബനം, കലാവതി പുരാണം എന്നിവയും ചേര്‍ത്തുവെച്ചാണ് പ്രചാരണങ്ങള്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച ഗ്രാമങ്ങള്‍ വിണ്ടുകീറിയതും ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ അവയെ വീണ്ടും കീറിമുറിച്ചതും വാര്‍ത്തകള്‍ക്ക് പുറത്താണ്.

കൊള്ളപ്പലിശക്കാരുടെ തീന്‍മേശക്കുമേലെ വെട്ടിയറുക്കപ്പെടുന്ന ഇറച്ചിയായി മാറിയ ജനകോടികളുടെ ശബ്ദം അവയിലൊന്നും കേള്‍ക്കാനുമില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യകളിലേക്ക് പലായനം ചെയ്യുന്നതും വാര്‍ത്തകളാല്ലാതായി മാറിയിരിക്കുന്നു. അസമത്വത്തിന്റെ ആഗോളവല്‍ക്കരണം അതിദരിദ്രരെ സ്ഥിതിവിവരക്കണക്കുമാത്രമായി ചുരുക്കിക്കെട്ടുകയുമാണ്. കൂട്ടപ്പലയാനങ്ങളും കുടിയേറ്റങ്ങളും മറ്റൊരു ദുരന്തം. ഒഡിഷയിലെ ഗന്‍ജം ജില്ലയില്‍നിന്ന് നാലുലക്ഷം തൊഴിലാളികളാണ് ഗുജറാത്തിലെ പവര്‍ലൂം ഫാക്ടറികളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടത്. തുച്ഛമായ കൂലിക്ക് പന്ത്രണ്ട് മണിക്കൂറിലധികമാണ് അവര്‍ അരഞ്ഞുതീരുന്നതും.

ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ സബ് സഹാറന്‍ ആഫ്രിക്കയുടെ നിലവാരത്തിനും പിറകിലാണ് "തിളങ്ങുന്ന ഇന്ത്യ". റുവാണ്ട പോലും നമുക്ക് മുന്നിലാണെന്നത് അവിശ്വസനീയമായി തോന്നാം. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും കടുത്ത പ്രതിസന്ധിയാണ് കാര്‍ഷികമേഖലക്കുമേല്‍ ഇറക്കിവെച്ചത്. കഴുത്തറുപ്പന്‍ വാണിജ്യവല്‍ക്കരണവും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും സ്ഥിതി ഗുരുതരമാക്കി. കൃഷി ജീവിതോപാധിക്കുപരി മാരക രോഗമായിരിക്കുന്നു. "ഘടനാപരമായ നീക്കുപോക്ക്" എന്ന മധുര വാഗ്ദാനത്തിനുള്ളില്‍ യാഥാര്‍ഥ്യങ്ങള്‍ ഒളിപ്പിക്കുകയാണ് മാധ്യമങ്ങള്‍. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ സംവിധാനങ്ങള്‍ക്കുള്ള പിന്തുണ ഭയാനകമായ നിലയില്‍ കുറച്ചുകൊണ്ടുവരുന്നത് അവ ചര്‍ച്ചയാക്കുന്നേയില്ല. ഭക്ഷ്യവസ്തുക്കളുടെ വില ചരിത്രത്തിന് ഓര്‍മയില്ലാത്തവിധം ആകാശം മുട്ടി. ലോകം വിശന്നു കരയുമ്പോള്‍ ലാഭനേട്ടത്തില്‍ ഭക്ഷ്യകമ്പനികള്‍ ഒന്നാം നിരയിലാണ്. പഞ്ചാബില്‍നിന്ന് ഗോതമ്പ് കയറ്റിയയച്ച ഇന്ത്യ ഇപ്പോള്‍ വന്‍ വില കൊടുത്ത് അത് ഓസ്ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സൂചിപ്പിച്ച ""ഭക്ഷണം സമ്പത്തിന്റെ സ്രോതസ്സാണ്; ഭക്ഷ്യോല്‍പാദനമാകട്ടെ അവസാനിക്കാത്ത ദുരിതത്തിന്റെ നീരുറവയും"" എന്ന കാഴ്ചപ്പാടുപോലും കോര്‍പറേറ്റ് മാധ്യമഗൃഹങ്ങള്‍ക്ക് ദഹിക്കുന്നില്ല. മറ്റ് ജീവിത തുറകളില്‍നിന്ന് നോക്കുമ്പോള്‍ കാര്‍ഷിക രംഗത്തെ ആത്മഹത്യാനിരക്ക് 49 ശതമാനം കൂടുതലാണ് ഇന്ത്യയിലെന്നത് മാധ്യമങ്ങള്‍ക്ക് ഫലിതം മാത്രമാണ്.

പരുത്തി മേഖലയില്‍ ശ്മശാന മൂകതയാണിപ്പോള്‍. ദരിദ്ര ഭൂമിയിലെ വരണ്ട നിലത്ത് കഴിയുന്ന ആ കര്‍ഷകര്‍ക്ക് രാഷ്ട്രീയ സ്വാധീനം പേരിനുപോലുമില്ല. 1972-ല്‍ ഒരു ക്വിന്റല്‍ പരുത്തിയില്‍നിന്നുള്ള വരുമാനംകൊണ്ട് 15 ഗ്രാം സ്വര്‍ണം കിട്ടുമായിരുന്നു. ഇന്നത്തെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. മഹാരാഷ്ട്രയില്‍ പഞ്ചസാരക്കുള്ള താങ്ങുവില വെളുത്ത സ്വര്‍ണമായി അറിയപ്പെടുന്ന പരുത്തിക്ക് സ്വപ്നം കാണാനായിട്ടില്ല. ഇതിനു പുറമെയാണ് ദരിദ്ര കൃഷിക്കാര്‍ക്കുള്ള കടങ്ങള്‍ പടിപടിയായി കുറച്ചുകൊണ്ടുവരുന്നത്. ആ ഉള്‍പ്രദേശങ്ങളില്‍ ചക്രമുരുളാത്ത കാര്‍ വായ്പയുടെ പലിശ ഏഴു ശതമാനമല്ലേയുള്ളൂ എന്നാണ് അക്കാദമിക് ധനതത്വശാസ്ത്രജ്ഞരുടെ ചാനല്‍ മൊഴികള്‍. സ്തംഭിച്ചുനില്‍ക്കുന്ന കൃഷി മുന്നോട്ടുനീക്കാന്‍ ആവശ്യമായ ട്രാക്ടറിന്റെ കടപ്പലിശ പതിനാല് ശതമാനമാണെന്നത് ചര്‍ച്ചകളില്‍ ഉയരുന്നുമില്ല. 70 ശതമാനം കര്‍ഷകര്‍ മൊബൈല്‍ ഉപയോക്താക്കളാണെന്ന വികസന വായാടിത്തവും മറക്കാവുന്നതെങ്ങനെ. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ടില്ലെന്നതും അവര്‍ ഹുണ്ടികക്കാരുടെ ഷൈലോക്കിയന്‍ ദയാവായ്പിനുമുന്നില്‍ കൈനീട്ടുകയാണെന്നതും ഓര്‍മിപ്പിക്കാന്‍ വോട്ടര്‍മാര്‍ ആരെയാണ് പ്രതീക്ഷിക്കുക?! ഫ്രീഡം ഓഫ് പേഴ്സ് പെയ്ഡ്ന്യൂസ് പല വകഭേദങ്ങളോടെ മനസ്സിലാക്കിയ മലയാളി വായനക്കാര്‍ക്ക് അതിന്റെ യഥാര്‍ഥ സ്വരൂപം തിരിച്ചറിയാനായെന്നതാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനവേള തെളിയിച്ചത്.

ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ "സംഭാവനകള്‍" പണം വാങ്ങി വാര്‍ത്താ രൂപത്തിലെത്തിക്കുകയായിരുന്നു മലയാള മനോരമയും മാതൃഭൂമിയും മറ്റും. എന്നിട്ടും അവയും രക്ഷിതാക്കളും വാര്‍ത്താ സ്വാതന്ത്ര്യം, വായനക്കാരുടെ അവകാശം, പൗരബോധം, രാഷ്ട്രീയ സത്യസന്ധത, ജനകീയാഭിലാഷം തുടങ്ങിയവയെക്കുറിച്ചൊക്കെ ഉപന്യാസങ്ങള്‍ രചിക്കുകയുമാണ്. പെയ്ഡ് ന്യൂസിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ മാധ്യമ സ്വാതന്ത്യം അപകടത്തിലായെന്ന് വിളിച്ചുകൂവും. ഇവിടെ നിലവിലുള്ളത് പണസഞ്ചിയുടെ സ്വാതന്ത്ര്യമാണ്; മാധ്യമ സ്വാതന്ത്ര്യമല്ല എന്ന പി സായ്നാഥിന്റെ രൂക്ഷ പ്രതികരണം കുറിക്കുകൊണ്ടിരുന്നു. സ്വാതന്ത്ര്യം അന്യാധീനപ്പെട്ടാലും അവയ്ക്ക് പ്രശ്നമില്ല, ലാഭം എത്തിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഇളക്കിയെടുത്ത് തോണ്ടിത്തകര്‍ക്കുന്ന ഇടപെടല്‍ എന്ന് പൊതുവായി വിളിക്കാവുന്ന പെയ്ഡ് ന്യൂസ് വായനക്കാരന്റെയും പ്രേക്ഷകന്റെയും അവകാശങ്ങളെയും അനാഥമാക്കുന്നു. മൂന്ന് നിലയിലാണ് അതിന്റെ സാന്നിധ്യം. പരസ്യമേത്, വാര്‍ത്തയേത് എന്ന പ്രാഥമിക വിഭജനം മറച്ചുപിടിക്കുന്നതാണ് ആദ്യ ദൂഷ്യം. പെയ്ഡ് ന്യൂസിന്റെ "വില" വെളിപ്പെടാതെ വെക്കുന്നതിനാല്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണ്. ഇതിലൂടെ കിട്ടുന്ന പണം ഒളിച്ചുവെക്കുമ്പോള്‍ മാധ്യമ സ്ഥാപനവും അതിന്റെ പ്രതിനിധികളും 1956-ലെ കമ്പനി നിയമവും 1961-ലെ ആദായനികുതി നിയമവും അംഗീകരിക്കാതാവുന്നു എന്നതാണ് മൂന്നാമത്തെ അട്ടിമറി. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്നതാണ് പെയ്ഡ് ന്യൂസ് എന്ന 2009 ജൂണ്‍ ആറിന്റെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിരീക്ഷണം അതീവ ഗൗരവമേറിയതാണ്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അത് അനാഥമാക്കുകയും ചെയ്യുന്നു. ലേഖനങ്ങളും മുഖപ്രസംഗങ്ങളും തുറന്നുവിടുന്ന അഭിപ്രായങ്ങളെക്കാള്‍ പെയ്ഡ് ന്യൂസിന് ആധികാരികതയും കൈവരുന്നുണ്ട്. സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങിനെ കടന്നാക്രമിക്കുന്ന അധാര്‍മികവും പക്ഷപാതപരവുമായ ധാരയാണ് അങ്ങനെ മേല്‍ക്കൈ നേടുന്നതും.

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനുവേണ്ടി 2009 സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ എല്ലാ അതിരുകളും കടന്നുവെച്ച നിലയിലായിരുന്നു പെയ്ഡ് ന്യൂസിന്റെ പ്രകടനം. 2009 ഏപ്രില്‍ - മെയ് കാലയളവിലെ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശും ഇതേ പരീക്ഷണം നടത്തി. ലോക്സത്ത പാര്‍ടിയുടെ പര്‍ച്ച കോതണ്ട രാമറാവു ഇത് തെളിയിക്കുന്ന ശക്തമായ തെളിവ് നല്‍കുകയുണ്ടായി. തനിക്കനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം "ഈനാട്" പത്രത്തിനാണ് കോഴ നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവ് സത്യവാങ്മൂലത്തില്‍ രാമറാവു ആ പണത്തിന്റെ കണക്കും ഉള്‍പ്പെടുത്തുകയുണ്ടായി. ജനാധിപത്യത്തിന്റെയും കമ്പോളത്തിന്റെയും സങ്കല്‍പങ്ങള്‍ വ്യക്തിയുടെ തെരഞ്ഞെടുപ്പ് എന്ന ഒറ്റ ബിന്ദുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പോളത്തില്‍ സമ്പത്ത് കുന്നുകൂട്ടിയവര്‍ ജനാധിപത്യ സങ്കല്‍പത്തിലൂടെ രൂപപ്പെടുന്ന തീരുമാനങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നതാണ് ഇതിലെ മഹാദുരന്തം. മാധ്യമ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകളും കമ്പോള താല്‍പര്യങ്ങളും പൊതുജനാഭിപ്രായത്തെ പരിഗണിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. മാതൃഭൂമി മുതലാളി എം പി വീരേന്ദ്രകുമാര്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ ദുര്‍വ്യയം ചെയ്യപ്പെടുന്ന പത്രസ്ഥലത്തിനും ടെലിവിഷന്‍ സ്ക്രീനിനും കൈയും കണക്കുമുണ്ടാവില്ല. മിത്തുകളെക്കുറിച്ച് റൊളാങ് ബാര്‍ഥ് നിരീക്ഷിച്ചതുപോലെ, വീരന്റെയും മാത്തുക്കുട്ടിച്ചായന്റെയും പത്രങ്ങളും ചാനലുകളും ഒന്നും മറച്ചുവെക്കുന്നില്ല; പകരം വക്രീകരണമാണ് അവയുടെ പ്രധാന അജണ്ട.

എഡെല്‍മാന്‍ എന്ന അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് സ്ഥാപനം 2010ല്‍ നടത്തിയ സര്‍വേ ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യയടക്കം ഏഴു രാജ്യങ്ങളെയും ഉള്‍പ്പെടുത്തി 22 രാജ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ആ അന്വേഷണം. ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയും ചുമതലാബോധവും നേര്‍ത്തുനേര്‍ത്തു വരുന്നതായാണ് ട്രസ്റ്റ് ബാരോമീറ്റര്‍ എന്ന സര്‍വേ കണ്ടെത്തിയത്. വിമാനത്തിനു പിറകെ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ലെന്ന് തുറന്നടിച്ച എഐസിസി വക്താവ് പി സി ചാക്കോയുടെയും തുടര്‍ന്ന് ധനമന്ത്രി പി ചിദംബരത്തിന്റെയും പ്രസ്താവനകള്‍ക്ക് മാതൃഭൂമിയിലും മനോരമയിലും എവിടെയായിരുന്നു സ്ഥാനം. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന് ഉറപ്പിച്ച ചാക്കോ. തെരഞ്ഞെടുപ്പ് ബാലികേറാമലയാണെന്നും കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണെന്നും വിലയിരുത്തിയ ചിദംബരം. ഇരുവര്‍ക്കും ആണിരോഗം ഭേദമാക്കിയ മരുന്നിന്റെ പരസ്യത്തിലെ വൃദ്ധന്റെ പരിഗണനപോലും ലഭിച്ചില്ല.

വിമാനം പറത്തി നടന്നയാള്‍ ഒരു സുപ്രഭാതത്തില്‍ എഐസിസി ആസ്ഥാനത്ത് ഇറങ്ങിവന്നപ്പോള്‍ ജനാധിപത്യം പുഷ്പിച്ചുവെന്നായിരുന്നല്ലോ പഴയ മാധ്യമ വായ്ത്താരി. വി എം സുധീരനും വി ഡി സതീശനും കെപിസിസി ഭാരവാഹികളായി നിയമിക്കപ്പെട്ടപ്പോഴും അതേ രീതിയിലായിരുന്നു മാധ്യമ കോറസ്. പത്രങ്ങളും ചാനലുകളും പുളകം കൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു. ഹാപ്പി ജാമിന്റെ പരസ്യത്തിലെ കൊച്ചുകുട്ടിയെപ്പോലെ അവര്‍ക്ക് സന്തോഷം വന്നിട്ട് ഇരിക്കാന്‍ മേലാതായി. ആകാശത്തും തൂണിലും ചാടിക്കയറി ആഹ്ലാദപൂത്തിരി കത്തിക്കുകയായിരുന്നു പംക്തിയെഴുത്തുകാരും. "ഗ്രൂപ്പുകള്‍ക്കതീതനും ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന നേതാവുമെന്ന പ്രതിഛായയാണ് വി എം സുധീരനെ സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തിച്ചത്"" എന്നായിരുന്നു മാതൃഭൂമിയുടെ വാര്‍ത്താ തുടക്കം. സുധീരന്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ വരുമ്പോള്‍ കേരളത്തിലെ ജാതി സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമാകാനുള്ള സാധ്യതയും ഹൈക്കമാന്‍ഡ് കണക്കിലെടുത്തുവെന്ന് വ്യക്തം എന്ന മട്ടിലാണ് അതിന്റെ ഉപസംഹാരം. "കെപിസിസിക്ക് പുതിയ സാരഥി" എന്ന മുഖപ്രസംഗത്തിലും പ്രശംസയുടെ കാലിച്ചാക്കുകള്‍ കൊണ്ട് മൂടുകയാണ് വീരഭൂമി. ""സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നോക്കാതെ പ്രശ്നാധിഷ്ഠിതമായിത്തന്നെ നിലപാടുകളെടുക്കാനും സ്വന്തം പാര്‍ടിയിലും പൊതുസമൂഹത്തിലും ഒരു തിരുത്തല്‍ ശക്തിയായി നില്‍ക്കാനും സുധീരന് കഴിഞ്ഞിട്ടുണ്ട്. പാര്‍ടി വഴിതെറ്റുന്ന സന്ദര്‍ഭങ്ങളിലെല്ലാം ജനതാല്‍പര്യം മാത്രം നോക്കി സ്വന്തം നിലപാടുകള്‍ അദ്ദേഹം സമര്‍ഥിച്ചുപോന്നു"" തുടങ്ങിയ വാക്കുകള്‍ ആരെ തൃപ്തിപ്പെടുത്താനായിരുന്നു. മനോരമ ഒന്നാം പുറ വാര്‍ത്തയിലെഴുതി: ""കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും ശക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന തീരുമാനമാണ് സോണിയാഗാന്ധി പ്രഖ്യാപിച്ചത്"". പാര്‍ടിയിലും സര്‍ക്കാരിലും ഉറച്ച ചുവടുകളോടെ സഞ്ചരിച്ചയാളാണ് സുധീരന്‍. ചെളിയില്ലാത്ത ഖദറും കറയില്ലാത്ത കൈകളും അഭിപ്രായങ്ങള്‍ രൂപീകരിക്കാനും അവ സധൈര്യം തുറന്നുപറയാനും അദ്ദേഹത്തെ ശക്തനാക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഉള്‍പ്പേജ് ലേഖനമായ "കാലം ആ കുട്ടിയെ സുധീരനാക്കി"യിലും ഉപമോല്‍പ്രേക്ഷകള്‍ വഴുതിവീഴുന്നതാണ്. സുധീരന്റെ നിയമനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകളിലൊന്നും മധുരപലഹാര വിതരണമോ ആഹ്ലാദ പ്രകടനമോ ഉണ്ടായില്ലെങ്കിലും മാതൃഭൂമി, മനോരമ വാര്‍ത്തകളില്‍ സന്തോഷത്തിന്റെ പൂര സദ്യയായിരുന്നു. 1971-ല്‍ കെഎസ്യു പ്രസിഡന്റായശേഷം സംഘടനാ പദവികളിലൊന്നും ഇരുത്താതിരുന്ന സുധീരനെ കെപിസിസി അധ്യക്ഷനാക്കുകവഴി ഹൈക്കമാന്‍ഡ് വീണ്ടും അപഹാസ്യമാവുകയാണ്.

ഗ്യാലറിയിലിരുന്ന് കളി കാണുന്നവരെ ഫുട്ബോള്‍ ടീം ക്യാപ്റ്റനാക്കുംപോലെ ലളിതമാണോ ഈ നിയമനം. കാര്യമായൊന്നും ചെയ്യാത്തവരെ വിശേഷിപ്പിക്കാന്‍ മുതിര്‍ന്ന എന്ന പദം പേരിനും തൊഴിലിനും പിന്നില്‍ ചേര്‍ക്കുന്ന പതിവുണ്ട്. മുതിര്‍ന്ന കളിക്കാരന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, മുതിര്‍ന്ന കലാകാരന്‍ തുടങ്ങിയ വിളികള്‍ക്ക് അത്രയേറെ അര്‍ഥവും ഉള്‍ക്കനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന സുധീരന്റെ തലപ്പട്ടം. രാഹുല്‍ സേനയിലെ മോഹന്‍ ഗോപാലിന്റെ നാമനിര്‍ദേശം. മാധ്യമങ്ങള്‍ ഊതിപ്പൊന്തിച്ച കപട ആദര്‍ശ വ്യക്തിത്വം. മതനിരപേക്ഷതയെ കൊല ചെയ്യുന്ന സമവാക്യങ്ങള്‍. നിരുത്തരവാദപരമായ നാട്യം-തുടങ്ങി അടിയന്തരാവസ്ഥക്കാലത്തെ പൊയ്മുഖം വരെ മാധ്യമങ്ങള്‍ കണ്ടതേയില്ല. സുധീരന്റെ നിയമനത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെഴുത്തിലും ഹൈക്കമാന്‍ഡ് എന്ന മായാവിയും സാന്നിധ്യമറിയിച്ചു. മുസ്ലിം ലീഗിലാണെങ്കില്‍ സംസ്ഥാന അധ്യക്ഷനുമുന്നില്‍ ദേശീയ അധ്യക്ഷന്‍ സീറ്റിനുവേണ്ടി യാചിക്കുന്നതാണ് ജനാധിപത്യം. ബലാത്സംഗക്കേസില്‍ പ്രതിയായ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെയും മാധ്യമങ്ങള്‍ വിഴുങ്ങിക്കളഞ്ഞു.

ബലാത്സംഗക്കേസില്‍ ആരോപണ വിധേയന്‍ മാത്രമാണ് മാതൃഭൂമിക്ക് മോഡിക്കുട്ടി. മനോരമയുടെ ഒന്നാംപുറ വാര്‍ത്തയിലെ ഒരു ഭാഗം ശ്രദ്ധിക്കാം: "അബ്ദുള്ളക്കുട്ടി ഒളിവിലായിരുന്നെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നു." എന്നാല്‍ അബ്ദുള്ളക്കുട്ടിയേക്കാള്‍ തെറ്റുകാരന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈയാണെന്ന മട്ടിലാണ് 2014 മാര്‍ച്ച് 14ന്റെ പ്രധാന വാര്‍ത്തകളിലൊന്ന്. ""എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ കൈയേറ്റം ചെയ്ത കേസില്‍ കസ്റ്റഡിയിലായ ഡിവൈഎഫ്ഐ നേതാവ് സിപിഎം നിയന്ത്രണ ത്തിലുള്ള ആശുപത്രിയില്‍നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ സഹായിച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ബാബുവിന്റെ പരാതിയിലാണ് കേസ്."" മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പിന്മേലാണത്രെ ആശുപത്രിക്കെതിരെ കേസെടുത്തതെന്നും മനോരമ വിശദീകരിച്ചു.

ബലാത്സംഗക്കേസ് പ്രതിയെ ഒളിപ്പിച്ചവര്‍ക്കും താമസിപ്പിച്ച ഹോട്ടലിനും കൂടെ പ്രസംഗിച്ച നേതാക്കള്‍ക്കും ഏതായാലും താമ്ര പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും തയ്യാറാക്കുന്ന തിരക്കിലാവാം മനോരമ. കോണ്‍ഗ്രസ് നിലംപൊത്തുമെന്ന പി ചിദംബരത്തിന്റെയും പി സി ചാക്കോയുടെയും അഭിപ്രായപ്രകടനങ്ങള്‍, ബലാത്സംഗക്കേസിലെ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിത്തം, ഇടുക്കി ബിഷപ്പ്, ഡീന്‍ കുര്യാക്കോസിനെ ആട്ടിവിട്ടത്. എം ഐ ഷാനവാസിനെതിരെ കോണ്‍ഗ്രസുകാരുടെതന്നെ പ്രതിഷേധം. പൊട്ടിയൊലിക്കുന്ന യുഡിഎഫ് ശരീരം മറച്ചുപിടിക്കാന്‍ മാതൃഭൂമിയും മനോരമയും കാണാതായ മലേഷ്യന്‍ വിമാനത്തിനുപിറകെ ഷെര്‍ലക് ഹോംസിനെപ്പോലെ ഓടിപ്പോവുകയായിരുന്നല്ലോ. കുറ്റാന്വേഷണ കഥകളും തങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് തെളിയിക്കുകയായിരുന്നു അവ. ആയിരം വോട്ട് തികയ്ക്കാത്ത ഡാങ്കെ പാര്‍ടി രാഷ്ട്രീയ നയങ്ങളോ പൊതു നിലപാടുകളോ അല്ല മുന്നണികളുടെയും സഖ്യങ്ങളുടെയും അടിസ്ഥാനമെന്ന വാദം ഉറപ്പിക്കും മട്ടിലാണ് ആര്‍എസ്പി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട വാര്‍ത്തയെ മാതൃഭൂമിയും മനോരമയും പരിചരിച്ചത്. മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന പാര്‍ടിയുടെ നേതൃത്വത്തിന് മുഖക്കുരുവും വസൂരിക്കലയും ഉള്ളതിനാല്‍ തങ്ങള്‍ വിട്ടുപോകുന്നു എന്ന ലാഘവത്തോടെയാണ് ഇപ്പോഴത്തെ "സൂത്ര"വാക്യങ്ങള്‍. ഒരു ഇടതുപക്ഷ പാര്‍ടിയെ നിര്‍വചിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചില രീതിശാസ്ത്രങ്ങളും മാനദണ്ഡങ്ങളുമുണ്ട്. കെ മുരളീധരനെപ്പോലെ കോമാളിത്തരവും എം കെ മുനീറിനെപ്പോലെ കപട സാഹിത്യവും പി കെ കുഞ്ഞാലിക്കുട്ടിയെപ്പോലെ ദൃതവേഗവും ആര്‍ ബാലകൃഷ്ണപിള്ളയെപ്പോലെ മാടമ്പിത്തരവും എം പി വീരേന്ദ്രകുമാറിനെപ്പോലെ പ്രേതരചനയും ടോം വടക്കനെപ്പോലെ ശുദ്ധമലയാളവും ഇറക്കിവെക്കുന്നവര്‍ എല്‍ഡിഎഫില്‍ ഇല്ലെന്ന് വിധിയെഴുതി. എന്‍ കെ പ്രേമചന്ദ്രന്‍ എന്ന അധികാരമോഹിക്ക് മറുകണ്ടം ചാടാം. എന്നാല്‍ റവല്യൂഷനും സോഷ്യലിസവും കുലുക്കിക്കുത്തുന്ന ചന്ദ്രചൂഡനെങ്കിലും നാണം തോന്നേണ്ടതല്ലേ. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി മോങ്ങി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഉപശാലകളില്‍ വാലാട്ടിനിന്ന പല പഴയ സിംഹങ്ങളും പിന്നീട് എലികള്‍പോലുമാവാതെ അജ്ഞാത ജഡങ്ങളായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല നിലപാടുകളെടുത്ത് ജനങ്ങളുടെ ദയാരഹിതമായ ശിക്ഷ ഏറ്റുവാങ്ങിയ എസ് എ ഡാങ്കെയുടെ ചരിത്രമെങ്കിലും മാധ്യമ മര്‍മജ്ഞര്‍ മറിച്ചുനോക്കുമോ? വലിയ പാരമ്പര്യത്തിന്റെ ബലമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പതനത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ദുഃഖം തോന്നിയിരുന്നു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യവും പക്വതയും തിരിച്ചറിയാനാവാതെ ആശയപരമായി മുടന്തിയ ശ്രീപദ് അമൃത് ഡാങ്കെ പിന്നെ ജനമനസ്സുകളില്‍ നിന്നുപോലും വിസ്മൃതനായത് പ്രേമചന്ദ്രന്മാരും പത്രകേസരികളും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത യാഥാര്‍ഥ്യമാണ്. ഓള്‍ ഇന്ത്യാ കമ്യൂണിസ്റ്റ് പാര്‍ടി (എഐസിപി) രൂപീകരിച്ച് അതിന്റെ ജനറല്‍ സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച ഡാങ്കെ കോണ്‍ഗ്രസിന്റെ എല്ലാ ഗൂഢാലോചന കള്‍ക്കും കൈയൊപ്പ് നല്‍കി. ഫ്രന്‍ഡ്സ് ഓഫ് ദി സോവിയറ്റ് യൂണിയന്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുകാര്‍ പ്രേരിപ്പിച്ചത് ഇന്തോ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി (ഇസ്കസ്) തകര്‍ക്കാനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഡാങ്കെക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഫ്രന്‍ഡ്സ് ഓഫ് ദി സോവിയറ്റ് യൂണിയന്‍ കോണ്‍ഗ്രസ് പോഷക സംഘടനയായി മാറുകയായിരുന്നു. മകള്‍ റോസ ദേശ്പാണ്ഡെ യും അവരുടെ ഭര്‍ത്താവ് ബാനി ദേശ്പാണ്ഡെയും മാത്രമായിരുന്നു ഡാങ്കെക്ക് ഒപ്പം.

1987-ല്‍ എഐസിപി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ലയിച്ച് യുനൈറ്റ ഡ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ സ്ഥാപിച്ചു. 2003-ല്‍ നിര്യാതനാകുംവരെ മൊഹിത്സെന്‍ ആയിരുന്നു അതിന്റെ ജനറല്‍ സെക്രട്ടറി. ഒരിറ്റ് സ്വാധീനം ഉണ്ടാക്കാനാവാതെ നിഷ്ക്രമിച്ച ഡാങ്കേപാര്‍ടി 2007-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ഥികളെ രംഗത്തിറക്കി നാണംകെട്ടത് പരിതാപകരമായ നിലയിലായിരുന്നു. കാര്‍ക്കിയില്‍ മത്സരിച്ച ദേവിദയാല്‍ യാദവിന്റെ പെട്ടിയില്‍ 572 വോട്ട് മാത്രം. ബബേറുവില്‍ ആനന്ദകുമാര്‍ നേടിയതാവട്ടെ 899 വോട്ട്. വിമല്‍ കൃഷ്ണ ശ്രീവാസ്തവിന്റെ നിലയായിരുന്നു അതിദയനീയം. ബാന്‍ഡ മണ്ഡലത്തില്‍ അദ്ദേഹത്തിന് 456 വോട്ടേ നേടാനായുള്ളൂ. 2006-ല്‍ തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍നിന്നാകെ കൊയ്തത് 921 ന്റെ ബംബര്‍ വിള! ഇതെല്ലാം മറച്ചുവെച്ച ടൈംസ് ഓഫ് ഇന്ത്യയെ പെയ്ഡ് ന്യൂസ് ഓഫ് ഇന്ത്യയെന്ന് വിളിച്ചപോലെ മനോരമക്കും മാതൃഭൂമിക്കും വരുംനാളുകളില്‍ ശരിയായ പേര് വീഴാതിരിക്കില്ല.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

Monday, March 24, 2014

പൊതുബോധ നിര്‍മിതിക്കായി ഗീബല്‍സുമാര്‍

ചില പ്രത്യേക ക്ഷേത്രങ്ങളിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്, അവിടെ ഉണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന, അല്‍ഭുതകരമായ ശക്തികളില്‍ വിശ്വാസമര്‍പ്പിച്ചാണ്. എന്നാല്‍ ഈ അല്‍ഭുതശക്തി അനുഭവിച്ചറിഞ്ഞ ആരെങ്കിലുമുണ്ടോ എന്ന അന്വേഷണം, ആരുമില്ല എന്ന ഉത്തരത്തിലേക്കായിരിക്കും നമ്മെ കൊണ്ടെത്തിക്കുന്നത്. എല്ലാപേര്‍ക്കും മറ്റുള്ളവര്‍ പറഞ്ഞത് കേട്ട അറിവു മാത്രമാണുള്ളത്. നിരന്തരമായ പ്രചരണത്തിലൂടെ അത്തരമൊരു വിശ്വാസം, ഒരു പൊതുബോധം സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പൊതുബോധ നിര്‍മിതിയുടെ ഒരു വശമാണിത്. ആധിപത്യം പുലര്‍ത്തുന്ന വര്‍ഗത്തിന്റെ പ്രത്യയശാസ്ത്രപരമായ ആവശ്യമാണ് ഈ പൊതുബോധ നിര്‍മിതിയിലൂടെ നിറവേറ്റപ്പെടുന്നത്. ഇതിനു സമാനമായ ഒന്നാണ് രാഷ്ട്രീയരംഗത്ത് കമ്യൂണിസ്റ്റുകാര്‍ക്കുമേല്‍ ചാര്‍ത്തപ്പെടുന്ന കൊലയാളികള്‍, അക്രമികള്‍ എന്നിത്യാദി വിശേഷണങ്ങള്‍.

19-ാം നൂറ്റാണ്ടില്‍ കമ്യൂണിസം എന്ന ആശയം രൂപപ്പെട്ടതുമുതല്‍, തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത പ്രസ്ഥാനം രൂപംകൊണ്ടതു മുതല്‍ മുതലാളിത്തത്തിന്റെ പ്രചാരകര്‍ അഴിച്ചുവിടുന്നതാണ് ഈ പ്രചരണങ്ങള്‍. കേരളത്തില്‍ സിപിഐ എമ്മിനെതിരെയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും - പൊതുവില്‍ നിക്ഷിപ്ത താല്‍പര്യക്കാരാകെ - കൊലപാതക രാഷ്ട്രീയക്കാര്‍ എന്ന ആരോപണം ഉയര്‍ത്തുന്നത്. 1960കളുടെ ഒടുവിലും 1970കളിലും നക്സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തം പ്രചരിപ്പിക്കുകയും കൊലപാതകങ്ങള്‍ ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ നടത്തുകയും ചെയ്തപ്പോള്‍ അതിനെതിരെ നിശിതമായ നിലപാടെടുത്ത പാര്‍ടിയാണ് സിപിഐ എം. എന്നാല്‍ നക്സലൈറ്റ് അക്രമങ്ങളുടെ ഉത്തരവാദിത്വം സിപിഐ എമ്മിനുമേല്‍ ആരോപിച്ച് പാര്‍ടിയെ തകര്‍ക്കാനുള്ള അവസരമായാണ് ഭരണകൂടവും വലതുപക്ഷ മാധ്യമങ്ങളും ആ അവസരത്തെ ഉപയോഗപ്പെടുത്തിയത്. നക്സലൈറ്റ് ആക്രമണങ്ങളെ തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആ കാലത്ത് വ്യാപകമായി ഭരണകൂട ഭീകരത അഴിച്ചുവിട്ടതും "മലയാള മനോരമ" പത്രം, ഇ എം എസിന്റെ കൃതിയില്‍ പഴശ്ശിരാജ വയനാട് കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് നടത്തിയതായി രേഖപ്പെടുത്തിയതാണ് നക്സലൈറ്റുകള്‍ക്ക് പ്രചോദനമായതെന്നതടക്കമുള്ള സിപിഐ എം വിരുദ്ധ പ്രചരണം അഴിച്ചുവിട്ടതും ഓര്‍ക്കുക. എന്തിന്, 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോഴും 1991ല്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോഴും ആ കൊലപാതകങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സിപിഐ എമ്മിനെ പരാജയപ്പെടുത്താന്‍ അതിനെ തിരഞ്ഞെടുപ്പ് വിഷയമാക്കിയതും - അതിലും മാധ്യമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു - ഇത്തരുണത്തില്‍ പ്രസക്തമാണ്.

അന്ന് കമ്യൂണിസ്റ്റുകാരെന്നോ സിപിഐ എമ്മെന്നോ ഇടതുപക്ഷമെന്നോ പറയാന്‍ പഴുതില്ലാത്തതുകൊണ്ട്, പ്രതിപക്ഷം എന്ന പൊതുസംജ്ഞയുടെ പ്രയോഗത്തിലൂടെയാണ് തങ്ങളാഗ്രഹിച്ച, തിരഞ്ഞെടുപ്പ് വിജയത്തിനാവശ്യമായ പൊതുബോധ നിര്‍മിതി വലതുപക്ഷം നടത്തിയത്. ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ വധത്തെ അത്തരമൊരു പൊതുബോധ നിര്‍മിതിയുടെ ആവര്‍ത്തനത്തിനുള്ള അവസരമാക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍. സിപിഐ എമ്മിന്റെ ഒട്ടേറെ നേതാക്കളും കാഡര്‍മാരും എതിരാളികളാല്‍ ആസൂത്രിതമായി കൊലപ്പെടുത്തപ്പെട്ടിട്ടുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നിരിക്കെ, മറിച്ച് പാര്‍ടി വിട്ടവരെ ആരെയെങ്കിലും ഇതിനുമുന്‍പ് സിപിഐ എം ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതിന്റെ ഉദാഹരണം ചൂണ്ടിക്കാണിക്കാനുണ്ടോ എന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടി ഇല്ല. എന്നിട്ടും അക്രമ രാഷ്ട്രീയം, കൊലപാതക രാഷ്ട്രീയം എന്നിങ്ങനെ പുകമറ സൃഷ്ടിക്കാനാണ് സിപിഐ എം വിരുദ്ധര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന പെരുംനുണകള്‍

"മനോരമ" പത്രം 7-ാം തീയതി 9-ാം പേജില്‍ നല്‍കുന്ന ""ആര് അന്വേഷിച്ചു? ആര്‍ക്കും അറിയില്ല"" എന്ന ജോമി തോമസ് വക സ്റ്റോറിയില്‍ എഴുതുന്നതു നോക്കൂ: ""അന്വേഷണ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതു പിബിയിലും കേന്ദ്ര കമ്മിറ്റിയിലും വരണം. അതിനുശേഷം മാത്രമാണ് പരസ്യപ്പെടുത്തലുണ്ടാവേണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പിബി ചേര്‍ന്നു. ശനിയും ഞായറും കേന്ദ്ര കമ്മിറ്റിയും ചേര്‍ന്നു. അപ്പോഴൊന്നും അന്വേഷണ ഫലം പരാമര്‍ശിച്ചതേയില്ലെന്നാണ് പാര്‍ടി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്"". ഇതു വായിക്കുന്നയാള്‍ക്ക് സ്വാഭാവികമായും തോന്നുക ഈ ജോമി തോമസെന്ന മനോരമക്കാരന്‍ വിദ്വാനോട് മുന്‍കൂട്ടി അറിയിച്ചുകൊണ്ടായിരിക്കണം സിപിഐ എം പിബി, സിസി യോഗങ്ങളില്‍ ഓരോ വിഷയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യേണ്ടത് എന്നാണ് ടിയാന്‍ കരുതുന്നതെന്നതാണ്. തങ്ങള്‍ അറിഞ്ഞില്ല എന്നതുകൊണ്ട്, അങ്ങനെ ഒരു വിഷയം സിപിഐ എം പിബി, സിസി യോഗങ്ങളില്‍ വന്നില്ലെന്ന് പറയാന്‍ ശുദ്ധ വങ്കന്മാര്‍ക്കു മാത്രമേ കഴിയൂ.

സിപിഐ എം ജനറല്‍ സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ ഒരു കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നെങ്കില്‍ അത് ചെയ്യാന്‍ പിബി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കണം എന്ന കാര്യത്തില്‍ സിപിഐ എം സംഘടനാ സംവിധാനത്തെക്കുറിച്ചറിയുന്ന ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. കൊലയാളികളെയും സ്ത്രീപീഡകരെയും സംരക്ഷിക്കുകയും അവരെ വീണ്ടും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് രീതികളില്‍നിന്നു വ്യത്യസ്തമായി ഏതു കുറ്റകൃത്യമായാലും അത് ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്ന ആരെയും പാര്‍ടിയില്‍ നിന്ന് പുറത്താക്കുന്ന സിപിഐ എം ശൈലി പൊതുസമൂഹത്തില്‍ സ്വീകാര്യത നേടുമെന്നറിയാവുന്നതുകൊണ്ടാണ് "മനോരമ"യും മറ്റ് മുഖ്യധാരക്കാരും ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റക്കാരനെന്ന് പാര്‍ടി കണ്ടെത്തിയ കെ സി രാമചന്ദ്രനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതിനെപ്പോലും സിപിഐ എം വിരുദ്ധ കഥ മെനയാന്‍ ഉപയോഗിക്കുന്നത്. 8-ാം തീയതി ഒന്നാം പേജില്‍ മുഖ്യ ഐറ്റമായി അവതരിപ്പിക്കുന്ന ""കൊലയില്‍ രാഷ്ട്രീയമെന്ന് വി എസ്"" എന്ന ലീഡ് സ്റ്റോറിയില്‍ പറയുന്നതു നോക്കൂ - ""കേസില്‍ രാഷ്ട്രീയമില്ലെന്നു പറയാനാവില്ലെന്നു നിലപാടെടുത്ത വി എസ് മരിച്ചയാളും കൊല്ലിച്ചവരും വ്യത്യസ്ത രാഷ്ട്രീയമുള്ളവരാണെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ടിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നത്"".

മരിച്ചയാളും കൊല്ലിച്ചവരും വ്യത്യസ്ത രാഷ്ട്രീയമുള്ളവരായാല്‍ അത് രാഷ്ട്രീയ കൊലപാതകമാകും എന്നെങ്ങനെയാണ് പറയാനാവുക? കെ സി രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണല്ലോ ഡിജിപി ജേക്കബ് പുന്നൂസ് ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പറഞ്ഞത്. ഇതേ അഭിപ്രായമുണ്ടായിരുന്ന പ്രത്യേകാന്വേഷണ സംഘം തലവന്‍ വിന്‍സണ്‍ എം പോളിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയതും ഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതും ഇത്തരുണത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. പഴയ ഒരു സംഭവം ഓര്‍മ വരുന്നു. 1960കളുടെ ഒടുവില്‍ തിരുവനന്തപുരം ജില്ലയിലെ ഒരു സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ഒന്ന് രണ്ട് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം ഒരു വസ്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിനുത്തരവാദികളില്‍ മറ്റു രാഷ്ട്രീയ വിശ്വാസികളാണുണ്ടായിരുന്നത്. (സിപിഐ എം അല്ല). ഇതിനെ ഒരു രാഷ്ട്രീയ കൊലപാതകമായി - കൊല്ലപ്പെട്ടയാളും കൊല്ലിച്ചവരും അല്ലെങ്കില്‍ കൊന്നവരും വ്യത്യസ്ത രാഷ്ട്രീയമുണ്ടെന്നതിന്റെ പേരില്‍ കൊലപാതകത്തില്‍ രാഷ്ട്രീയം ആരോപിക്കാമെന്നല്ലാതെ - ചിത്രീകരിക്കാനാവില്ലല്ലോ. സിപിഐ എം നിലപാടിനെതിരാണ് വി എസ് എന്ന് പ്രചരണം നടത്താന്‍ ലക്ഷ്യമിട്ട് സൃഷ്ടിക്കപ്പെട്ട ഒരു വക്രീകരണമാണ് "മനോരമ"ക്കഥ എന്ന് വ്യക്തം. പോരെങ്കില്‍ അതിനൊപ്പം ചേര്‍ത്തിട്ടുള്ള ഒരു ബോക്സ് (ഒരു പെട്ടിക്കഥ) നോക്കൂ: ""പാര്‍ടി കമ്മീഷന്‍ മൊഴിയെടുത്തില്ല. സിപിഎം അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുപോലുമില്ലെന്ന സൂചനയാണിത് നല്‍കുന്നത്"".

എന്നാല്‍, "മാധ്യമം" പത്രം അന്നേ ദിവസം തന്നെ (8-ാം തീയതി) 5-ാം പേജില്‍ എഴുതുന്നതു നോക്കൂ - ""രാമചന്ദ്രന്‍ പിബി കമ്മിഷന് നല്‍കിയ മൊഴി നിര്‍ണായകം"" "മനോരമ" പെരുംനുണകള്‍ പടച്ചുവിടുക തന്നെയാണ്. ഹിറ്റ്ലറുടെ പ്രചരണ മന്ത്രി ഗീബല്‍സ് പോലും "മനോരമ"യ്ക്കുമുന്നില്‍ തലകുമ്പിട്ടുപോകും. "മനോരമ" 8-ാം തീയതി തന്നെ 10-ാം പേജില്‍ വീണ്ടും കുറിച്ചിടുന്നു -""പാര്‍ടിക്കോടതിയുടെ വിധിന്യായം സിപിഎം കണ്ടെത്തല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍"" എന്ന ശീര്‍ഷകത്തിലുള്ള കഥയില്‍ വായിക്കാം: ""ടി പി വധത്തില്‍ സിപിഎമ്മിനുള്ള പങ്ക് അന്വേഷണ സംഘവും കോടതിവിധിയും സ്പഷ്ടമാക്കിയിട്ടും വ്യക്തിവിരോധമാണ് കൊലയില്‍ കലാശിച്ചതെന്നു പറഞ്ഞു കെ സി രാമചന്ദ്രനെന്ന പ്രാദേശിക നേതാവിനെ പുറത്താക്കുന്നതില്‍ ഒതുങ്ങുന്നു പാര്‍ടി നടപടി"". കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി പ്രതിപട്ടികയില്‍ ചേര്‍ക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി നല്‍കിയിരുന്നതായി സംസ്ഥാന ആഭ്യന്തരന്‍ തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത് വിസ്മരിക്കരുത്. ഇല്ലെങ്കിലും അത് സഭാരേഖയില്‍ ഉണ്ടാവും. മുല്ലപ്പള്ളി പട്ടിക തയ്യാറാക്കിയത് കോട്ടയത്തെ "മനോരമ" മേലാളന്മാരുടെ കൂടി ഇംഗിത പ്രകാരമായിരിക്കാം.

കോണ്‍ഗ്രസ് അനുഭാവികളായ പൊലീസുദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കുകയും മുല്ലപ്പള്ളീടെ പ്രതിപ്പട്ടിക അവരെ ഏല്‍പിക്കുകയും ചെയ്താണല്ലോ "അന്വേഷണം" നടത്തിയത്. പാര്‍ടിയെ പ്രതിയാക്കാന്‍ നടത്തിയ ആ ഗൂഢാലോചനയിലൂടെയാണല്ലോ ജില്ലാ നേതൃത്വത്തിലുള്ള മോഹനന്‍ മാഷെയും ചില ഏരിയാ സെക്രട്ടറിമാരെയും സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാഗേഷിനെയുമെല്ലാം പ്രതിപട്ടികയില്‍ ചേര്‍ത്തത്? എന്നിട്ട് അതൊന്നും കോടതി അംഗീകരിച്ചില്ലെന്നും അവരെയെല്ലാം വെറുതെ വിടുകയായിരുന്നുവെന്നതും "മനോരമ"യിലെ നുണയന്മാര്‍ വിസ്മരിച്ചതാവില്ല. കെ സി രാമചന്ദ്രനുവേണ്ടി വന്‍ തുക മുടക്കി അഭിഭാഷകരെ ഏര്‍പ്പെടുത്തിയതെന്തിനെന്നാണ് "മനോരമ"യുടെ മറ്റൊരു മെഗാ ചോദ്യം? പാര്‍ടിയിലെ വിവിധ തലങ്ങളിലുള്ള നിരവധി കാഡര്‍മാരെ കള്ളക്കേസില്‍ കുടുക്കിയിട്ട്, അവരുടെ കേസ് വാദിക്കാന്‍ സംവിധാനമുണ്ടാക്കിയതിനെ കുറ്റപ്പെടുത്തുന്ന "മനോരമ"ക്കാരെന്‍റ ദുഷ്ടലാക്കാണ് ഇവിടെ വെളിപ്പെടുന്നത്. കേസു വാദിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താതെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെയാകെ ശിക്ഷിക്കാന്‍ നിര്‍ത്തിക്കൊടുക്കണമെന്നായിരിക്കും "മനോരമ"യുടെ ഉള്ളിലിരിപ്പ്. അജന്‍ഡ വെളിപ്പെടുത്തി

"മാധ്യമം" 7-ാം തീയതിയിലെ "മാധ്യമം" പത്രത്തിന്റെ 5-ാം പേജില്‍ കെ എസ് ശ്രീജിത് എഴുതിയ ""ലക്ഷ്യമിട്ടത് വി എസിനെ; അകപ്പെട്ടത് രാഷ്ട്രീയ പത്മവ്യൂഹത്തില്‍"" എന്ന കഥ വലതുപക്ഷ അജന്‍ഡ സ്വയം വെളിപ്പെടുത്തുന്നതാണ്. ""ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അജന്‍ഡ തന്നെ സ്വയം മാറ്റിമറിക്കുന്ന വിഷയമാണ് ഇതുവഴി സിപിഎം നേതൃത്വം രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്"" എന്നത്രെ ജമാ അത്തെ ഇസ്ലാമി പത്രത്തിന്റെ നിരീക്ഷണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതിയും അധികാരം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ വിപത്തും ഇവയ്ക്കു രണ്ടു കൂട്ടര്‍ക്കും പിന്നിലുള്ള മൂലധന താല്‍പര്യങ്ങളും ഒന്നുമല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കേണ്ടത്, മറിച്ച് സിപിഐ എമ്മിന്റെ ധാര്‍മികതയെക്കുറിച്ചാണെന്നാണ് "മാധ്യമ"ക്കാരെന്‍റ ഇംഗിതം. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും ജനവിരുദ്ധതയാണ് സ്വയം അറിയാതെയെങ്കിലും ഇവിടെ പുറത്താകുന്നത്.

പ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന ഇന്ദ്രന്‍ 9-ാം തീയതിയിലെ "മാതൃഭൂമി"യില്‍ എഡിറ്റ് പേജിലെ "മഹാനായ" ഇന്ദ്രന്‍ വക "വിശേഷാല്‍ പ്രതി"യുടെ സവിശേഷ ശീര്‍ഷകം: ""പാര്‍ടി രഹസ്യാന്വേഷണവും പാര്‍ടിക്കോടതി വിധിയും"". ഇന്ദ്രന്‍സിന്റെ നിഗമനം നോക്കൂ: ""കമ്യൂണിസ്റ്റ് പാര്‍ടികളുടെ ചരിത്രത്തില്‍ എത്ര പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നു ചോദിച്ചാല്‍ ഭൂമി ഉണ്ടായ ശേഷം എത്ര പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചിട്ടുണ്ട് എന്നു ചോദിക്കുന്നതുപോലെയാണ്. കൈയും കണക്കും വെച്ചിട്ടില്ല"".

കണ്ണൂര്‍ ജില്ലക്കാരനായ ഈ മഹാന് മൊയാരത്ത് ശങ്കരനേയും അഴീക്കോടന്‍ രാഘവനെയുമെങ്കിലും കേട്ടറിവെങ്കിലുമുണ്ടായിരിക്കുമല്ലോ. ഈ ഉന്നത നേതാക്കളുടെ ചോരക്കറ വീണത് ഖദര്‍ക്കുപ്പായത്തിലാണെന്ന കാര്യം (ചീമേനി രക്തസാക്ഷികള്‍ ഉള്‍പ്പെടെ സാധാരണ പ്രവര്‍ത്തകര്‍ അസംഖ്യം പിന്നെയുമുണ്ട്) പ്രസ് അക്കാദമി അധ്യക്ഷ സ്ഥാനലബ്ധിയില്‍ ഇന്ദ്രന്‍സിന് മറച്ചുവെയ്ക്കാന്‍ ബാധ്യതയുണ്ടെങ്കിലും കേരളത്തിലെ ജനസാമാന്യത്തിന് അതൊന്നും വിസ്മരിക്കാനാവില്ല. ഒരു പഞ്ചായത്ത് അതിര്‍ത്തിയില്‍ ഒതുങ്ങിനിന്ന ഒരാളുടെ കൊലപാതകത്തെ പര്‍വതീകരിച്ച് അവതരിപ്പിച്ച് ആവര്‍ത്തനങ്ങളിലൂടെ അത് ലൈവാക്കി നിര്‍ത്താന്‍ നടത്തുന്ന ശ്രമത്തിനുപിന്നില്‍ വ്യക്തമായ മൂലധന അജന്‍ഡയാണുള്ളത്. ജനവിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ അധ്വാനിക്കുന്നവെന്‍റ പക്ഷത്തുനിന്നുയരുന്ന ചെറുത്തുനില്‍പുകളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണതിനു പിന്നില്‍.

*
ഗൗരി ചിന്ത വാരിക

Sunday, March 23, 2014

മനോരോഗമായി മാറിയ മോഹഭംഗം

സിഎംപിയും യുഡിഎഫിന്റെ പടിയിറങ്ങി. ജെഎസ്എസ് നേരത്തെതന്നെ അതുചെയ്തു. ഒരു തെരഞ്ഞെടുപ്പുകാലത്ത് രണ്ടു ഘടകകക്ഷികളെ നഷ്ടപ്പെട്ട മുന്നണിയായിട്ടും വലതുപക്ഷമാധ്യമങ്ങള്‍ യുഡിഎഫ് ശക്തിപ്പെട്ടു എന്ന പല്ലവി പാടുകയാണ്. യുഡിഎഫിന് എന്ത് സംഭവിച്ചു എന്ന് തെരഞ്ഞെടുപ്പുഫലത്തില്‍ കാണാവുന്നതേയുള്ളൂ. അതിനുമുമ്പ് ചര്‍ച്ചചെയ്യേണ്ട വിഷയം ഏതാനും മാധ്യമങ്ങളെ ബാധിച്ച ഗുരുതരമായ രോഗമാണ്. ഇടതുപക്ഷത്തിനെതിരെ വാര്‍ത്ത നല്‍കുകയും യുഡിഎഫിനെ പര്‍വതീകരിക്കുകയും പതിവുരീതിയാണ്. അതെല്ലാം കടന്ന് ""വി എസ് എല്ലാം മറന്ന്, "സന്തോഷകരമായ ശവസംസ്കാരത്തിന്" തയ്യാറെടുക്കുകയാണ്"" എന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ശനിയാഴ്ച എഴുതി. ഇന്ത്യയിലെ സമുന്നത കമ്യൂണിസ്റ്റ് നേതാവായ വി എസിന്റെ അന്ത്യം പ്രവചിക്കുക എന്ന തെമ്മാടിത്തത്തിലേക്കുവരെ മാധ്യമധര്‍മം അധഃപതിച്ചിരിക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ടിയെയും നേതൃത്വത്തെയും തകര്‍ക്കാന്‍ ഏതു നീചമാര്‍ഗവും പ്രയോഗിക്കുമെന്ന് തെളിയിക്കുന്നതുമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതുകൂടിയാണ് ഈ മാധ്യമ അധമത്വം. ടൈംസ് ഓഫ് ഇന്ത്യ ഇറങ്ങുന്ന അതേപ്രസില്‍ അച്ചടിക്കുന്ന മാതൃഭൂമി, വി എസിനെ വികൃതമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുമായാണ് ഇറങ്ങിയത്. ശനിയാഴ്ച രാവിലെ തലസ്ഥാനത്തെ പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ ഒരുപറ്റം ലേഖകര്‍ വി എസിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. സുവ്യക്തമായി വി എസ് പറഞ്ഞ വിഷയങ്ങളില്‍തന്നെ അവ്യക്തത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍. ഒറ്റദിവസംകൊണ്ട് വി എസിനെ വലതുപക്ഷമാധ്യമങ്ങള്‍ കരിമ്പട്ടികയിലാക്കി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍മുതല്‍ കെ കെ രമവരെ, ഉമ്മന്‍ചാണ്ടിമുതല്‍ വി എം സുധീരന്‍വരെ വി എസിനെതിരെ "ആഞ്ഞടിക്കുക"യാണ്. ""എന്റെ പാര്‍ടിയുടെ പടയണിയില്‍ അംഗമായി ഞാന്‍ പോരാട്ടത്തിനിറങ്ങും"" എന്നു പറയുമ്പോള്‍, ""പാര്‍ടിയുമായുണ്ടായിരുന്ന എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടു; ഞാന്‍ പൂര്‍ണസംതൃപ്തനാണ്"" എന്നുപ്രഖ്യാപിക്കുമ്പോള്‍ ഇവര്‍ക്കെന്തിന് ഈ വെപ്രാളം വരണം?

ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറയുമ്പോള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇറച്ചിക്കച്ചവടത്തെയാണ് ഓര്‍മ വന്നതത്രേ. ശരിയാണ്, ആ ഇറച്ചിയും ചോരയും കച്ചവടംചെയ്ത് യുഡിഎഫിന് മുതല്‍ക്കൂട്ടാന്‍ തിരുവഞ്ചൂര്‍സംഘം രണ്ടുകൊല്ലത്തോളമായി ശ്രമിക്കുന്നു. വി എസിനെക്കൂടി അതില്‍ പങ്കാളിയാക്കാമെന്ന വിഫലസ്വപ്നമാണ് അവര്‍ കണ്ടത്. വി എസിനെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുത്ത് പാര്‍ടിക്കെതിരെ യുദ്ധംചെയ്യാമെന്ന വന്യമായ മോഹമാണവര്‍ കൊണ്ടുനടന്നത്. അത് ദുര്‍മോഹംമാത്രമാണെന്നും തന്റെ സമരം കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമരമാണെന്നും പാര്‍ടിയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള വ്യാമോഹം അസ്ഥാനത്താണെന്നും അസന്ദിഗ്ധമായും ആവര്‍ത്തിച്ചും വി എസ് വ്യക്തമാക്കിയപ്പോഴാണ്, വലതുപക്ഷത്ത് നൈരാശ്യം മൂത്ത് മനോരോഗത്തിന്റെ അവസ്ഥ സൃഷ്ടിക്കപ്പെട്ടത്.

ഏഴുപതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാവിനെതിരെ മോഹഭംഗക്കാര്‍ പരസ്യമായി ആക്ഷേപം ചൊരിയുന്നു. ചന്ദ്രശേഖരന്റെ വേര്‍പാടില്‍ അനുശോചനമറിയിക്കാനും ആശ്വസിപ്പിക്കാനും പിതൃനിര്‍വിശേഷമായ വാത്സല്യത്തോടെ ചെന്ന വി എസിനെ, കെ കെ രമ ശപിക്കുകയാണ്- ""ജനം പുച്ഛിച്ചുതള്ളും"" എന്ന്. ഇതേ ആര്‍എംപിയാണ്, രമയുടെ കോളേജ് വിദ്യാര്‍ഥിയായ മകനെക്കൊണ്ട് വി എസിനെതിരെ ആക്ഷേപമുന്നയിപ്പിച്ചത്.

ചന്ദ്രശേഖരന്റെ ഇറച്ചി വിറ്റ് കാശാക്കിയത് തിരുവഞ്ചൂരാണെന്ന വി എസിന്റെ മറുപടിയില്‍ എല്ലാമടങ്ങിയിട്ടുണ്ട്. കൊലപാതകക്കേസിനെക്കുറിച്ച് പുസ്തകമെഴുതി കാശുണ്ടാക്കിയത് തിരുവഞ്ചൂരാണ്. സിപിഐ എം എന്ന പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ആയുധമായി ആ കേസിനെ മാറ്റാന്‍ ശ്രമിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതുവച്ച് വീണ്ടും കളിക്കാനുള്ള ശ്രമങ്ങളെയാണ്, ""ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് സിപിഐ എം അന്വേഷണം നടത്തി കൃത്യമായ നടപടിയെടുത്തു. ഇത്തരത്തില്‍ ധീരമായ നിലപാടെടുക്കാന്‍ ഇന്ത്യയില്‍ മറ്റൊരു പാര്‍ടിക്കും കഴിയില്ല. പാര്‍ടി അങ്ങനെയൊരു നിലപാടെടുത്തതില്‍ പൂര്‍ണതൃപ്തനാണ്."" എന്ന വാക്കുകളിലൂടെ വി എസ് നേരിട്ടത്. വി എസിനെ സിപിഐ എമ്മില്‍നിന്നും ഇടതുപക്ഷത്തുനിന്നും അടര്‍ത്തിയെടുക്കുന്ന അസംഭവ്യമായ സ്വപ്നം പൊളിഞ്ഞ് നാശമായതിന്റെ വേവലാതി തിരുവഞ്ചൂരടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കും കാറ്റുപോയ ആര്‍എംപിക്കും ഉണ്ടാകുന്നത് മനസ്സിലാക്കാം.

എന്തിന് മാധ്യമങ്ങള്‍ ഇങ്ങനെ ഉറഞ്ഞാടുന്നു? ചന്ദ്രശേഖരന്‍വധംവച്ച് മാധ്യമങ്ങള്‍ കൃഷി നടത്തുകയായിരുന്നു എന്ന വി എസിന്റെ വാക്കുകളാണതിന് മറുപടി. മാധ്യമധര്‍മത്തിന്റെ പ്രാഥമികപാഠംപോലും വിസ്മരിച്ച് സിപിഐ എംവേട്ടയ്ക്കിറങ്ങിയവര്‍ക്ക് ആ കൃഷി പാഴായിപ്പോകുമ്പോള്‍ സങ്കടമുണ്ടാകാം. അതുപക്ഷേ കമ്യൂണിസ്റ്റ് നേതാക്കളെ വ്യക്തിപരമായി തേജോവധംചെയ്യാനും അവരുടെ അന്ത്യത്തെക്കുറിച്ചടക്കം പ്രവചനം നടത്താനുമുള്ള ഭ്രാന്താകുമ്പോള്‍ ചിത്രം മാറും.

വി എസ് ചൂണ്ടിക്കാട്ടിയപോലെ വീണ്ടും വീണ്ടും ഒരേകാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍നിന്ന് ശ്രദ്ധമാറ്റാനാണ്. വലതുപക്ഷത്തിന് ഹിതകരമല്ലാത്ത വിഷയങ്ങള്‍ ജനശ്രദ്ധയില്‍നിന്ന് മാറ്റിനിര്‍ത്താനാണ്. അതിനും ചില അതിര്‍വരമ്പുകളുണ്ട് എന്ന വിവേകം മാധ്യമപ്രവര്‍ത്തനത്തിന് അന്യമാകേണ്ടതല്ല. വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ഥിക്കുമുമ്പില്‍വച്ച് അതിക്രമത്തിനിരയായ യുവാവ് മരണമടഞ്ഞത് യുഡിഎഫിനുവേണ്ടി നിങ്ങള്‍ക്ക് പൂഴ്ത്തിവയ്ക്കാം. സുധീരന്റെ നിറംമാറ്റങ്ങളും വാക്കുമാറ്റങ്ങളും "ആദര്‍ശക്കണക്കി"ലെഴുതാം. രണ്ടു ഘടകകക്ഷികള്‍ പോയാലും യുഡിഎഫിന് കരുത്തുകൂടി എന്നു പാടിനടക്കുകയുമാകാം. അത് നിങ്ങളുടെ രാഷ്ട്രീയദൗത്യമായി ജനങ്ങള്‍ കരുതിക്കൊള്ളും. പക്ഷേ, എക്കാലത്തും സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും നീചമായ വ്യക്തിഹത്യ നടത്തിയും നുണകള്‍കൊണ്ട് മൂടിയും ആക്രമിക്കാമെന്നു കരുതുന്നത് ഒന്നാംതരം മൗഢ്യംതന്നെയാണ്. ഇത്തരം മര്യാദകേടിനുള്ള പ്രതികരണം ജനങ്ങള്‍ നല്‍കുന്നത് ജനാധിപത്യരീതിയിലാകുമെന്നും അത് ബാധിക്കുക യുഡിഎഫിന്റെ വോട്ടുകണക്കിനെയാണെന്നും ഓര്‍ത്താല്‍ നല്ലത്.
*
പി എം മനോജ്

Sunday, March 16, 2014

വാക്കിനുമുന്നില്‍ കമ്യൂണിസ്റ്റ് വിരോധം തുന്നിച്ചേര്‍ക്കുമ്പോള്‍

വാര്‍ത്തകളിലെ പക്ഷപാതത്തെപ്പറ്റി മാധ്യമചിന്തകരും മാധ്യമവിദഗ്ധരുമൊക്കെ ധാരാളം പറഞ്ഞിട്ടുണ്ട്. വസ്തുനിഷ്ഠതയുടെ നേര്‍വിപരീതമാണ് പക്ഷപാതം. വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണമെന്നത് വാര്‍ത്തയെഴുത്തിലെ പരമ്പരാഗത സങ്കല്‍പ്പമാണ്. വാര്‍ത്തകളുടെ രീതിശാസ്ത്രമാകെ മാറിയിട്ടുണ്ടെങ്കിലും അവ വസ്തുനിഷ്ഠമായിരിക്കണമെന്ന പരമ്പരാഗതസങ്കല്‍പ്പം മുറുകെ പിടിക്കുന്നവരാണ് ഇപ്പോഴും മാധ്യമചിന്തകന്മാര്‍. പക്ഷപാതം വാര്‍ത്തയുടെ മുന്നില്‍ നിലയുറപ്പിക്കുമ്പോള്‍ വാര്‍ത്തയ്ക്കു പിന്നിലെ വസ്തുനിഷ്ഠത അറിയാനുള്ള വായനക്കാരുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. ആധുനിക മാധ്യമസൈദ്ധാന്തികരില്‍ വിഖ്യാതനായ ഡെന്നിസ് മക്വയില്‍ മാധ്യമങ്ങളുടെ പക്ഷപാതങ്ങളെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രകടമായത് കരുതിക്കൂട്ടിയുള്ള പക്ഷപാതമാണെന്ന് മക്വയില്‍ പറയുന്നുണ്ട്. നിഷ്പക്ഷത മുഖമുദ്രയായി അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഇത്തരത്തില്‍ പക്ഷപാതം പ്രകടിപ്പിക്കുമ്പോഴാണ് അത് കൂടുതല്‍ അപകടകരമാകുന്നത്.

ഇക്കാര്യത്തില്‍ ഏറ്റവും ആക്രമണോത്സുകമായ പക്ഷപാതം ഒരു രീതിയായിത്തന്നെ സ്വീകരിച്ചുപോരുകയാണ് മനോരമ. പാര്‍ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവു സംബന്ധിച്ച് ഫെബ്രുവരി 25ന് മനോരമ നല്‍കിയ വാര്‍ത്തയാണ് ഇത്തരമൊരു ചിന്ത ഉണര്‍ത്തുന്നത്. കാണാതായ തന്റെ മകളെ ഹാജരാക്കണമെന്നു കാണിച്ച് പാമ്പാടി വെള്ളൂര്‍ സ്വദേശി സാബു നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാരന്റെ മകള്‍ എതിര്‍കക്ഷിയായ വിധിനുമായി നെടുമുടി നടുഭാഗം സിപിഐ എം ഓഫീസില്‍വച്ച് വിവാഹിതരായെന്നും വിവാഹം നെടുമുടി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി. ഈ ഘട്ടത്തിലാണ് പാര്‍ടി ഓഫീസുകളില്‍ നടത്തുന്ന കല്യാണങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് കോടതി വിധിച്ചത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമോ മതാചാരപ്രകാരമോ നടത്തുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമസാധുതയുള്ളൂവെന്നും, ഇത്തരം വിവാഹങ്ങള്‍ മാത്രമേ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്നുമാണ് കോടതി പറഞ്ഞത്.

എന്നാല്‍ മനോരമപത്രം "പാര്‍ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല"എന്ന വിധിപ്രസ്താവം വളച്ചൊടിച്ച് "സിപിഎം ഓഫീസില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല" എന്ന് വാര്‍ത്ത നല്‍കുകയാണ് ചെയ്തത്. സിപിഐ എംവിരുദ്ധ പക്ഷപാതം മനോരമ ആടിത്തിമിര്‍ക്കുമ്പോള്‍ കോടതിയുടെ നിലപാടും നിരീക്ഷണങ്ങളും പോലും വായനക്കാര്‍ തെറ്റായി ധരിക്കുകയാണ്.

വാര്‍ത്തകളിലെ പക്ഷപാതം പ്രകടമാകുന്നത് മൂന്നു ഘടകങ്ങള്‍ വഴിയാണെന്ന് മക്വയില്‍ നിരീക്ഷിക്കുന്നുണ്ട്. 1. റിപ്പോര്‍ട്ടറുടെ പ്രത്യയശാസ്ത്ര നിലപാടുകളും പാര്‍ടി വിധേയത്വവും. 2. മാധ്യമ ഉള്ളടക്കത്തിന്റെ സ്വഭാവം. 3. മാധ്യമസ്ഥാപനത്തിന്റെ ഘടന എന്നിവയാണ് അവ. പക്ഷപാതവാര്‍ത്തകളില്‍ പലപ്പോഴും ഇവയില്‍ ഏതെങ്കിലും ഒന്നായിരിക്കും പ്രകടമാവുക. മനോരമവാര്‍ത്തയെ സംബന്ധിച്ചിടത്തോളം റിപ്പോര്‍ട്ടറുടെ പ്രത്യയശാസ്ത്രനിലപാടുകള്‍ അപ്രസക്തമാണ്. മനോരമയുടെ കാര്യത്തില്‍ മാത്രമല്ല, പൊതുവില്‍ വലതുപക്ഷ മാധ്യമങ്ങളുടെ കാര്യത്തില്‍ റിപ്പോര്‍ട്ടറുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ എത്ര പുരോഗമനപരമായാലും വാര്‍ത്തകളുടെ സ്വഭാവം നിര്‍ണയിക്കുന്നത് സ്ഥാപനത്തിന്റെ ഘടനയും അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവവുമാണ്. അമേരിക്കയുടെ ഒന്നാം ഇറാഖ് അധിനിവേശം സംബന്ധിച്ച വാര്‍ത്തകളുടെ വിശകലനത്തില്‍, അമേരിക്കന്‍ അധിനിവേശത്തോട് വ്യക്തിപരമായി വിയോജിപ്പുള്ള മാധ്യമപ്രവര്‍ത്തകര്‍ പോലും നല്‍കിയ വാര്‍ത്തകള്‍ നേരെ വിപരീതധ്വനിയിലായിരുന്നുവെന്ന് ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. "മാധ്യമം തന്നെയാണ് സന്ദേശം" എന്ന മാര്‍ഷല്‍ മക്ലൂഹാന്റെ നിരീക്ഷണം ഇവിടെ ഏറെ പ്രസക്തമാണ്. അതായത് മക്വയില്‍ നിരീക്ഷിക്കുന്ന ഒന്നിലേറെ ഘടകങ്ങള്‍ മനോരമയുടെ സിപിഐ എം വിരുദ്ധ വാര്‍ത്തകളില്‍ കാണാന്‍ കഴിയുമെന്നര്‍ത്ഥം. ഏതെല്ലാം ചേരുവകളിലാണെങ്കിലും അര്‍ധസത്യങ്ങളും അസത്യങ്ങളും ചാലിച്ചെടുത്ത് സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ ചമയ്ക്കുന്നത് മനോരമയുടെ ദൈനംദിന അജണ്ടയുടെ ഭാഗമാണെന്ന് അറിയാത്തവര്‍ ഇന്ന് ചുരുക്കമാണ്. അത് കലാപരമായും വിശ്വസനീയമെന്ന് തോന്നുന്ന മട്ടിലും നിര്‍വഹിക്കുകയാണ് മനോരമ ചെയ്യുന്നത്.

സിപിഐ എം നടുഭാഗം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍വച്ച് വിവാഹം നടത്തി രജിസ്റ്റര്‍ ചെയ്ത കാര്യം കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് പാര്‍ടി ഓഫീസുകളിലെ വിവാഹത്തിന് നിയമസാധുതയില്ലെന്ന വിധിപ്രസ്താവം കോടതിയില്‍ നിന്നുണ്ടായത്. പാര്‍ടി ഓഫീസെന്നാല്‍ സിപിഐ എം ഓഫീസാണെന്ന് നിഷ്കളങ്കമായി ധരിച്ചിട്ടല്ലല്ലോ ഇങ്ങനെ വാര്‍ത്ത വളച്ചൊടിച്ചത്. പാര്‍ടി ഓഫീസ് എന്ന് കോടതി സാമാന്യവല്‍ക്കരിച്ചു പറഞ്ഞത് സിപിഐ എമ്മിലേക്ക് ചുരുക്കിക്കൊണ്ടുവന്നത് ആ പാര്‍ടിയോടുള്ള അന്ധമായ വിരോധമല്ലാതെ മറ്റൊന്നുമാവില്ലല്ലോ?

ആഗോള കോര്‍പറേറ്റ് മാധ്യമങ്ങളൊക്കെ തങ്ങളുടെ കോര്‍പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനും അതിനു സഹായകരമായ പ്രത്യയശാസ്ത്ര സന്ദേശം ജനങ്ങളിലേക്ക് സംക്രമിപ്പിക്കാനും സമര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താറുണ്ട്. ഭാഷയുടെ പ്രയോഗം, വാര്‍ത്തയിലെ കാതലായ കാര്യത്തിനു നല്‍കുന്ന ഊന്നല്‍, ചില കാര്യങ്ങളുടെ തമസ്കരണം, മറ്റു ചിലവയുടെ പെരുപ്പിച്ചുകാട്ടല്‍ തുടങ്ങിയവ ഇതിനുപയോഗപ്പെടുത്തുന്ന രീതികളാണ്. ഇതുപക്ഷേ, വായനക്കാരനോ പ്രേക്ഷകനോ പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയാത്ത വണ്ണമായിരിക്കും ചെയ്യുക. റൊളാങ് ബാര്‍ത്ത് പറഞ്ഞിട്ടുള്ളത് "ഭാഷയില്‍ രാഷ്ട്രീയം ആലേഖനം ചെയ്തിരിക്കുന്നു" എന്നാണ്. ഇത് ഓരോ മാധ്യമവും അവരുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കനുസരിച്ച് ചെയ്യുന്ന കാര്യമാണ്. എന്നാല്‍ മനോരമ, നിഷ്പക്ഷ നിലപാടിന്റെ വായ്ത്താരി പേര്‍ത്തും പേര്‍ത്തും മുഴക്കിക്കൊണ്ടാണ് സിപിഐ എം വിരുദ്ധ വാര്‍ത്താനിര്‍മാണം നടത്തുന്നത് എന്നതാണ് ഏറെ കൗതുകകരം.

2012ലെ വിജയദശമി നാളില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ ഒരു കുട്ടിയെ എഴുത്തിനിരുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ പാര്‍ടി ഏരിയാ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങ്. പണ്ടൊക്കെ ആശാന്‍കളരികളിലും ചില പ്രത്യേക ക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന എഴുത്തിനിരുത്തിന് ഇപ്പോള്‍ പത്രമോഫീസുകളടക്കം നിരവധി കേന്ദ്രങ്ങള്‍ വേദികളാകാറുണ്ട്. എവിടെയായാലും കുഞ്ഞുങ്ങളെ അക്ഷരവെളിച്ചത്തിന്റെ നന്മയിലേക്ക് കൈപിടിച്ചു നടത്തുകയെന്ന ഏറ്റവും വിശുദ്ധമായ ചടങ്ങാണ് നടക്കുക. എന്നാല്‍ പാര്‍ടി ഓഫീസില്‍ എഴുത്തിനിരുത്തിയത് മനോരമയ്ക്ക് പിടിച്ചില്ല. ഇത് വലിയൊരപരാധമാണെന്ന മട്ടിലാണ് അന്ന് മനോരമ ഒരു വാര്‍ത്ത വേലികെട്ടി നല്‍കിയത്. തികച്ചും പരിഹാസച്ചുവയോടെ നല്‍കിയ ആ വാര്‍ത്തയിലെ ഒരു വാചകം ഇങ്ങനെയാണ്: ""ചുറ്റും കൂടിനിന്നവര്‍ എഴുത്തിനിരുത്തിന്റെ അവസാനഘട്ടത്തില്‍ ഒരു ഇങ്ക്വിലാബ് വിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല."" എഴുത്തിനിരുത്തിയതിനെ മാത്രമല്ല, ഇങ്ക്വിലാബ് വിളിയെപ്പോലും അപഹസിക്കാനാണ് മനോരമ ശ്രമിച്ചത്. എണ്ണമറ്റ ജനകീയവിപ്ലവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായതും അവയിലൂടെ മനുഷ്യജീവിതത്തിന്റെ സ്വരവും ദിശയും സൗന്ദര്യവും മാറിയതുമെല്ലാം ഒത്തിരി ഒത്തിരി ഇങ്ക്വിലാബ് വിളികളിലൂടെയാണെന്ന ചരിത്രസത്യത്തിനു നേരെപോലും കൊഞ്ഞനംകാട്ടുകയാണ് മനോരമ ഈ വാര്‍ത്തിയിലൂടെ ചെയ്തത്. സിപിഐ എം വിരോധം മനോരമ ഭാഷയില്‍ ആലേഖനം ചെയ്യുകയല്ല, മറിച്ച് ഭാഷയുടെ മുന്നില്‍ കയറിനിന്ന് ആര്‍ത്തട്ടഹസിച്ചു തീര്‍ക്കുകയാണ് ചെയ്യുന്നത്.

1998ല്‍ ഇഎംഎസിന്റെ മരണം കഴിഞ്ഞ് നാലഞ്ചുമാസം പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്റെ വില്‍പ്പത്രം പ്രസിദ്ധപ്പെടുത്തിയതു സംബന്ധിച്ച വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ട് ""ഇ എം എസിന്റെ ഷെയറുകള്‍ മകന്‍ ശ്രീധരന്"" എന്നായിരുന്നു. മരിക്കുമ്പോള്‍ ഇ എം എസിന് സ്വന്തമായി സ്വത്തൊന്നും ഉണ്ടായിരുന്നില്ല എന്ന് മലയാളികള്‍ക്കെല്ലാം അറിയാം. ആകെയുണ്ടായിരുന്ന സ്വത്ത് അദ്ദേഹം എഴുതിയ നൂറുകണക്കിനു പുസ്തകങ്ങളുടെ റോയല്‍റ്റിയിനത്തില്‍ കിട്ടുന്ന പണമാണ്. അതാകട്ടെ പുര്‍ണമായും പാര്‍ടിയുടെ പേരില്‍ എഴുതിവയ്ക്കുയാണ് ഇ എം എസ് ചെയ്തത്. ഇതുകൂടാതെ കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തില്‍ അദ്ദേഹത്തിന് 500 രൂപയുടെ ഓഹരിയുണ്ടായിരുന്നു. ഈ ഓഹരി ഇ എം എസ് മൂത്ത മകന്‍ ഇ എം ശ്രീധരന്റെ പേരില്‍ എഴുതിവച്ചു. എന്നാല്‍ ഇ എം എസിന് എന്തോ വലിയ ഓഹരികളൊക്കെ ഉണ്ടായിരുന്നുവെന്നും അതെല്ലാം സ്വന്തം മകനുതന്നെ എഴുതിവച്ചു എന്നും തെറ്റിദ്ധാരണ പരത്താന്‍ തക്കവണ്ണം തലക്കെട്ടിലൂടെ വസ്തുതാവിരുദ്ധമായ ഒരു വാര്‍ത്ത സൃഷ്ടിക്കുകയാണ് മനോരമ ചെയ്തത്. ഓഹരി കുംഭകോണമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കാലത്താണ് ഇത്തരമൊരു വളച്ചൊടിക്കല്‍ മനോരമ നടത്തിയതെന്നോര്‍ക്കണം.

പി കൃഷ്ണപിള്ളയുടെ വേര്‍പാടിന്റെ 50-ാം വര്‍ഷത്തില്‍ 1998ല്‍ മനോരമ പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനത്തിനു നല്‍കിയ ശീര്‍ഷകം ""കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്?"" എന്നതായിരുന്നു. ഇതിലെ ദുരര്‍ത്ഥസൂചന എത്രമാത്രം വഷളന്‍മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിമോചനസമരകാലത്ത് പരസ്യമായി വലതുപക്ഷമാധ്യമങ്ങള്‍ പ്രകടിപ്പിച്ച കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രേതം ഇപ്പോഴും മനോരമയെയും മറ്റും വിട്ടുപോയിട്ടില്ല. "വിമോചനസമരം" എന്ന വാക്കുപോലും കമ്യൂണിസ്റ്റ്വിരുദ്ധ പ്രത്യയശാസ്ത്രനിലപാടിന്റെ ഉല്‍പ്പന്നമാണ്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതും പിരിച്ചുവിടപ്പെടുന്ന സമയത്തും നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നതുമായ ഇ എം എസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ നടത്തിയ സമരമായിരുന്നു വിമോചനസമരം. സമഗ്ര കാര്‍ഷിക ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം തുടങ്ങിയവയിലൂടെ കേരളീയസാമൂഹ്യ ജീവിതത്തെ പുതുക്കിപ്പണിയുകയാണ് ഇ എം എസ് ഗവണ്‍മെന്റ് ചെയ്തത്. അങ്ങനെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ആശ്വാസകരവും ക്ഷേമകരവുമായ നടപടികളെടുത്ത ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതിനുള്ള അന്തരീക്ഷമൊരുക്കാന്‍ വലതുപക്ഷ രാഷ്ട്രീയക്കാരും ചില മത-സാമുദായിക മേധാവികളും പണാധിപത്യക്കാരും ചേര്‍ന്നു നടത്തിയ അട്ടിമറി സമരമായിരുന്നു വിമോചന സമരം. അത്തരമൊരു സമരത്തെ വിമോചന സമരമെന്ന വിശുദ്ധമായ അര്‍ത്ഥസൂചനയുള്ള പദം കൊണ്ട് കേരളീയനസ്സുകളില്‍ കുടിയിരുത്തിയത്

കമ്യൂണിസ്റ്റ്വിരുദ്ധ പക്ഷപാതത്തിലൂന്നിയ മാധ്യമപ്രവര്‍ത്തനമായിരുന്നു. മാധ്യമങ്ങളുടെ ഈ കമ്യൂണിസ്റ്റ്വിരുദ്ധ പക്ഷപാതം തന്നെയാണ് കെഎസ്കെടിയു നടത്തിയ നെല്‍വയല്‍സംരക്ഷണ സമരത്തെ "വെട്ടിനിരത്തല്‍" സമരമെന്ന ദുരര്‍ത്ഥസൂചനയുള്ള പദംകൊണ്ട് വികൃതവല്‍കരിക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിച്ചതും. പതിനെട്ടും ഇരുപത്തിയൊന്നും വയസു പൂര്‍ത്തിയായവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അധികാരസ്ഥാനങ്ങളില്‍ എത്താനും നിയമപരമായി സാധിക്കും എന്നിരിക്കെ ഈ പ്രായപരിധിയില്‍ വരുന്ന കോളേജുകളിലെ കുട്ടികള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന തികച്ചും യുക്തിരഹിതമായ വാര്‍ത്താപ്രചാരവേല സംഘടിപ്പിക്കുന്നതിന്റെ പിന്നിലും ഇതേ കമ്യൂണിസ്റ്റുവിരുദ്ധ പക്ഷപാതം തന്നെയാണ് കാണാന്‍ കഴിയുക.

*
കെ വി സുധാകരന്‍ ചിന്ത വാരിക 14 മാര്‍ച്ച് 2014

കോണ്‍ഗ്രസ്സിനായി കൈമെയ് മറന്ന്

വാവച്ചന്‍ മുതലാളി നല്ലൊരു ബിസിനസ്സുകാരനാണ് - അതായത് നിക്ഷേപകന്‍. തുടക്കത്തില്‍ റബ്ബര്‍ കൃഷിയിലായിരുന്നു അദ്ദേഹം മൂലധനനിക്ഷേപം നടത്തിയത്. മകന്‍ പഠിച്ച് ഡോക്ടറായപ്പോള്‍, മകെന്‍റ ഉപദേശപ്രകാരം റബ്ബര്‍ കൃഷിയെക്കാള്‍ കൂടുതല്‍ ആദായകരമായ മെഡിക്കല്‍ കോളേജിനായി നിക്ഷേപം നടത്തി. മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ പുതിയൊരു കീറാമുട്ടി ഉയര്‍ന്നുവന്നു - മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കീറിമുറിച്ച് പഠിക്കാന്‍ ശവശരീരങ്ങള്‍ വേണം. മികച്ച സംരംഭകനായ വാവച്ചന്‍ മുതലാളി അതിനും ഒരു "ഫാക്ടറി" തുടങ്ങി - ച്ഛായ്, "ഫാക്ടറി"യല്ല, ഒരു സേവന വ്യവസായം. മുതലാളി തുടങ്ങിയതല്ല, ഒരു സേവനത്തെ ഏറ്റെടുത്ത് വ്യവസായമാക്കുകയാണുണ്ടായത്. സംഭവം ഇങ്ങനെ:

കന്യാസ്ത്രീ മഠത്തോടനുബന്ധിച്ച് നടത്തിയിരുന്ന "കരുണാലയം" എന്ന അനാഥ വൃദ്ധസദനത്തിന് ആവശ്യമായ ചെലവുകള്‍ക്ക് എല്ലാം വാവച്ചന്‍ മുതലാളി പണംമുടക്കും. (ഒരു മൂലധനനിക്ഷേപം തന്നെ) പകരം കരുണാലയത്തിലെ അന്തേവാസികള്‍ മരിച്ചു കഴിഞ്ഞാല്‍ മൃതശരീരം വാവച്ചന്‍സ് മെഡിക്കല്‍ കോളേജിന് നല്‍കണം; ആവശ്യത്തിന് മൃതശരീരം കിട്ടണമെങ്കില്‍ കരുണാലയത്തില്‍ അനാഥരായ വൃദ്ധരുടെ എണ്ണം കൂടണം. അതിന് നാട്ടില്‍ എവിടെനിന്നും അനാഥരെ കണ്ടെത്തി കരുണാലയത്തില്‍ എത്തിക്കുന്ന ദൗത്യവും വാവച്ചന്‍ മുതലാളി തന്നെ ഏറ്റെടുത്തു. അതിനുവേണ്ടിവന്നാല്‍ കൃഷ്ണനെയും കേശവനെയും ഔസേഫും മത്തായിയുമാക്കാനും മുതലാളിക്കു മടിയില്ല. വിശ്വാസത്തിലും ആചാരത്തിലുമൊന്നും മാറ്റം വേണമെന്നില്ല. പേരില്‍ മാത്രം മാറ്റം. ഇനി അത്യാവശ്യമായി മൃതശരീരം ആവശ്യമായി വരുമ്പോള്‍ അന്തേവാസികള്‍ ആരും മരിച്ചില്ലെങ്കിലോ, എന്തെങ്കിലും അസുഖംമൂലം ആശുപത്രിയില്‍ എത്തുന്ന അന്തേവാസികളില്‍ പറ്റുന്ന ഒരെണ്ണത്തിനെ ശരിപ്പെടുത്താനുള്ള ദൗത്യം - കാലന്റെ ജോലി - ഡോക്ടറായ പുത്രന്‍ ഏറ്റെടുക്കും. വൈശാഖ് സംവിധാനം ചെയ്ത "വിശുദ്ധന്‍" എന്ന സിനിമയുടെ കഥാ പശ്ചാത്തലമാണിത്.

സിനിമാക്കഥ പൂര്‍ണമായി അവതരിപ്പിക്കുന്നത് ഈ പംക്തിയുടെ ലക്ഷ്യമല്ലാത്തതിനാല്‍, സിനിമയുടെ അന്ത്യരംഗത്തെക്കുറിച്ചുകൂടി വിവരിച്ച് നമ്മുടെ വിഷയത്തിലേക്ക് കടക്കാം. ഇത്തരം സിനിമകളിലെ സ്വാഭാവിക പരിണതി തന്നെയാണ് ഇതിലും ഉണ്ടായത്. ക്രൂരതയുടെ പര്യായമായ വാവച്ചന്‍ മുതലാളിയുടെ മകന്‍ ഡോക്ടറെ സിനിമയിലെ നായകനായ സണ്ണിച്ചന്‍ (കുഞ്ചാക്കോ ബോബന്‍) വെട്ടിക്കൊന്ന് കല്ലുകൊണ്ടിടിച്ച് ആളറിയാത്തവിധം മുഖം വികൃതമാക്കി മുതലാളിയുടെ ഗേറ്റിനുമുന്നില്‍ ഉപേക്ഷിച്ചു. ഗേറ്റിനടുത്ത് "അജ്ഞാത" മൃതശരീരം കണ്ട സെക്യൂരിറ്റി ഗാര്‍ഡ് വാവച്ചന്‍ മുതലാളിയോട് വിവരം പൊലീസില്‍ അറിയിക്കട്ടോ എന്നന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി, അതെടുത്ത് ഇരുചെവിയറിയാതെ പിള്ളേര്‍ക്ക് പഠിക്കാനായി മാറ്റാനാണ്. മൂലധനത്തിന്റെ സഹജമായ ലാഭക്കൊതിയാണ് ആരുടെ മൃതശരീരമാണെന്നുപോലും നോക്കാതെ പഠനോപകരണമാക്കി മാറ്റാന്‍ അയാളെക്കൊണ്ട് പറയിക്കുന്നത്. ഇതുപറയുമ്പോള്‍ സണ്ണിച്ചെന്‍റ രൂപത്തില്‍ മരണം അയാളെയും തേടി എത്തിക്കഴിഞ്ഞിരുന്നു.

മാര്‍ക്സ് "മൂലധന"ത്തിന്റെ ഒന്നാം വാള്യത്തില്‍ ഉദ്ധരിച്ചുചേര്‍ത്ത എ ജെ ഡണ്ണിങ്ങിന്റെ പ്രസിദ്ധമായ വരിയുണ്ടല്ലോ, ""മൂലധനം അതിന്റെ ഉടമയെതന്നെ കൊന്ന് കെട്ടിത്തൂക്കും"" എന്നത്, അത് അന്വര്‍ഥമാക്കുകയാണ് അറിയാതെയാണെങ്കിലും സിനിമാ സംവിധായകനും തിരക്കഥാകൃത്തും. ആഗോളവല്‍കരണത്തിന്റെ ഈ കാലത്ത് ഭരണവര്‍ഗരാഷ്ട്രീയം തന്നെ ഒരു മെഗാബിസിനസ്സായി മാറിയിരിക്കുമ്പോള്‍ മൃതശരീരങ്ങള്‍ക്കും വിപണിമൂല്യം വര്‍ധിക്കുന്നു. നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചൂണ്ടിക്കാണിക്കുന്നതുപോലെ, മരണവും കൊലപാതകവുമെല്ലാം രണ്ടുതരമുണ്ട്, അവരുടേതും നമ്മുടേതും. അതക്ഷരാര്‍ഥത്തില്‍ ശരിവെയ്ക്കുന്നതാണ് സമകാലിക കേരളീയ മാധ്യമ പരിസരം.

ആഘോഷമായൊരു ശവഘോഷയാത്ര

ഒഞ്ചിയത്തെ ആറെംപിയുടെ നേതാവ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷമാകാറായി. കേസന്വേഷണം പൂര്‍ത്തിയായി വിചാരണയും കഴിഞ്ഞ്, വിചാരണക്കോടതി വിധി പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. സ്വാഭാവികമായും നിയമപ്രക്രിയയുടെ തുടര്‍ നടപടികളുമായി മേല്‍കോടതിയില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം പോകാവുന്നതുമാണ്. നിയമവാഴ്ചയെ അംഗീകരിക്കുന്നവര്‍ അതാണ് ചെയ്യേണ്ടത്. ആദ്യ അന്വേഷണത്തില്‍ കണ്ടെത്താത്ത പുതിയ മറ്റെന്തെങ്കിലും തെളിവ് ലഭിച്ചാല്‍ മാത്രമേ, പുനരന്വേഷണത്തിനോ മറ്റെന്തെങ്കിലും അന്വേഷണത്തിനോ സാധ്യതയുള്ളൂ; നിയമപരമായ സാധുതയുള്ളൂ. എന്നാല്‍ അതൊന്നും പരിഗണിക്കാതെ തന്നെ പുതിയൊരു അന്വേഷണാവശ്യം ഉയര്‍ത്തപ്പെടുകയും അതംഗീകരിക്കപ്പെടുകയും ചെയ്തു. അതില്‍നിന്നു തന്നെ വ്യക്തമായിരുന്നു, ചന്ദ്രശേഖരെന്‍റ ആള്‍ക്കാര്‍ക്കും സര്‍ക്കാരിനും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തലോ ശിക്ഷിക്കലോ അല്ല ലക്ഷ്യം. മറിച്ച്, സിപിഐ എം വിരുദ്ധ രാഷ്ട്രീയ പ്രചരണ വിഷയമായി നിലനിര്‍ത്തലാണ് ലക്ഷ്യം. അതാണ് ഇപ്പോഴും വാര്‍ത്തകളിലും ചര്‍ച്ചകളിലും എഡിറ്റ്പേജ് ലേഖനങ്ങളിലുമെല്ലാമായി മുഖ്യധാരാ മാധ്യമങ്ങള്‍ ശവഘോഷയാത്ര നടത്തുന്നത്.

ഈ പരമ്പരയില്‍ ഒടുവില്‍ കണ്ട ഒരിനമാണ് വള്ളിക്കുന്ന് അപ്പുക്കുട്ടെന്‍റ ഫെബ്രുവരി 28ലെ "മാതൃഭൂമി" ലേഖനം. ഉദ്ദിഷ്ട കാര്യം നടക്കാതാവുമ്പോള്‍ സമനില തെറ്റുന്നവെന്‍റ പിച്ചും പേയും പറച്ചില്‍പോലെ പരസ്പര ബന്ധമില്ലാതെയുള്ള ഒരു പുലമ്പല്‍ മാത്രമാണ് വള്ളിക്കുന്നന്‍ നടത്തുന്നത് - കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച വലതുപക്ഷ എഴുത്തുകാരുടെ ഒരു സ്ഥിരം ശൈലി. സിപിഐ എമ്മിനെ പുലഭ്യം പറയാന്‍ വള്ളിക്കുന്നന്‍മാര്‍ക്ക് യുക്തിക്കു നിരക്കുന്ന എന്തെങ്കിലും കാര്യം വേണമെന്നില്ലല്ലോ. നോക്കൂ, അപ്പുക്കുട്ടെന്‍റ ഒരു വാദം - ""കോടതിവിധി വന്നതിന്റെ നാലാംദിവസം ആരംഭിച്ച കേരള രക്ഷാ മാര്‍ച്ചിന്റെ സമാപനത്തില്‍ പങ്കെടുക്കുന്ന ജനറല്‍ സെക്രട്ടറി ടി പി വധത്തെക്കുറിച്ച് എന്തു പറയുമെന്നാണ് കേരളം യഥാര്‍ഥത്തില്‍ കാതോര്‍ത്തത്"". കേരളം എന്നാല്‍ തന്റെ ചവുട്ടടിയിലെ ഒരു പിടി മണ്ണാണെന്നു അപ്പുക്കുട്ടന്‍ ധരിച്ചുവശായപോലുണ്ട്. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ മറ്റൊരു വിഷയവുമില്ലെന്ന് ഈ വലതുപക്ഷത്തിന്റെ കൂലിത്തല്ലുകാരന് പറയാനാവില്ലല്ലോ! കേരളത്തിലെ, ഇന്ത്യയിലെയും ജനങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്നങ്ങള്‍ - വിലക്കയറ്റം, അഴിമതി, വര്‍ഗീയത, ക്രമസമാധാനത്തകര്‍ച്ച, വികസനപ്രശ്നങ്ങള്‍, ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെടുന്നത് എന്നിങ്ങനെ നൂറുനൂറു കാര്യങ്ങള്‍ - കണ്ടില്ലെന്നു നടിച്ച് ചന്ദ്രശേഖരനില്‍ എല്ലാം ഒതുക്കണമെന്ന വലതുപക്ഷ രാഷ്ട്രീയക്കാരെന്‍റ കുരുട്ടുബുദ്ധിയാണ് അപ്പുക്കുട്ടന്‍ പ്രതിഫലിപ്പിക്കുന്നത്.

കേരള രക്ഷാ മാര്‍ച്ചിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ സ്വീകരണ കേന്ദ്രത്തിലും ഒഴുകിയെത്തിയ പുരുഷാരത്തെക്കണ്ട് വള്ളിക്കുന്നുകാരെന്‍റ സമനില തന്നെ തെറ്റിയെന്നാണ് തോന്നുന്നത്. കേരളവും ഇന്ത്യയും ഈ കാലത്ത് സിപിഐ എമ്മില്‍നിന്ന് കേള്‍ക്കാന്‍ കാതോര്‍ക്കുന്ന രാഷ്ട്രീയ ദൗത്യത്തെക്കുറിച്ചു തന്നെയാണ്, കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചു തന്നെയാണ് കോഴിക്കോട്ടെ യോഗത്തില്‍ പ്രകാശ് കാരാട്ട് അവിടെ ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിനിര്‍ത്തി പ്രസ്താവിച്ചത്. ""വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതാവാ""യിരുന്നത്രെ ചന്ദ്രശേഖരന്‍. വളര്‍ച്ച പടവലങ്ങ പോലായിരുന്നെന്ന് പറഞ്ഞിരുന്നെങ്കില്‍ ശരിയാകുമായിരുന്നു. പഴയൊരു പത്രപ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍ സമചിത്തതയോടെ ഒന്നു പിന്തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ കോടതിയുടെ പരാമര്‍ശമെന്ന പേരില്‍ പോലും ഇത്തരമൊരു വാദം നിരത്തില്ലായിരുന്നു. 2009ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍നിന്ന് 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെത്തുമ്പോള്‍, അതുകഴിഞ്ഞ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോള്‍ അപ്പുക്കുട്ടന്‍ പറയുന്ന "വളര്‍ന്നുവരുന്ന" പാര്‍ടിയുടെ "വളര്‍ച്ച"യുടെ ഗതി എങ്ങോട്ടായിരുന്നു എന്നൊന്ന് പരിശോധിക്കാന്‍ അപ്പുക്കുട്ടന്മാര്‍ എന്തേ തയ്യാറാകുന്നില്ല? ആറെംപിയുടെയും ചന്ദ്രശേഖരെന്‍റയും "വളര്‍ച്ച" കണ്ട് അസൂയാലുക്കളായി സിപിഐ എം നേതാക്കള്‍ ഗൂഢാലോചന നടത്തുകയായിരുന്നു എന്ന വാദമുയര്‍ത്തുമ്പോള്‍ ഇത്തരമൊരു പരിശോധനയാണല്ലോ വസ്തുനിഷ്ഠതയില്‍ തല്‍പരരായവര്‍ നടത്തേണ്ടത്? ഇവിടെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ വലതുപക്ഷത്തുനിന്ന് അച്ചാരം വാങ്ങിയ അപ്പുക്കുട്ടനും കൂട്ടരും സത്യത്തെ കുഴിച്ചുമൂടുകയാണ്. ""സിപിഎം നേതാക്കള്‍ നടത്തിയ വധഗൂഢാലോചന തെളിഞ്ഞു"" എന്നാണ് അപ്പുക്കുട്ടന്‍ തറപ്പിച്ചു പറയുന്നത്. ഒരു നിമിഷം കണ്ണടച്ചാല്‍ ആചന്ദ്രതാരം ഇരുട്ടാകുമായിരുന്നെങ്കില്‍ അപ്പുക്കുട്ടന്‍മാര്‍ക്ക് ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കാമായിരുന്നു.

ആറെംപിക്കാരും അവരുടെ ഗോഡ്ഫാദര്‍ ചമയുന്ന, അവരും തോളിലേറ്റുന്ന മുല്ലപ്പള്ളിക്കാരന്‍ കേന്ദ്രമന്ത്രിയും കൊടുത്ത പട്ടിക വച്ച് തിരുവഞ്ചൂര്‍ പൊലീസ് പ്രതിചേര്‍ത്ത സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും അവര്‍ക്കെതിരെ തെളിവുകളുടെ കണികപോലും കണ്ടെത്താനാകാതെ കോടതി വിട്ടയച്ച കാര്യം മാനസിക വിഭ്രാന്തിയില്‍പെട്ട അപ്പുക്കുട്ടന്മാര്‍ക്ക് കാണാനാവില്ല. സിപിഐ എം ഗൂഢാലോചനയ്ക്ക് തെളിവായി "മനോരമ"ക്കാരെന്‍റ കഥ - ""കൊലയാളി സംഘത്തിന്റെ നേതാവ് അന്ന് വേദിക്കു ചുറ്റും (സിപിഐ എം 20-ാം കോണ്‍ഗ്രസിന്റെ സമാപന റാലി നടന്ന വേദിക്കുചുറ്റും - ഗൗരി) കറങ്ങിയതിന്റെ ടെലിഫോണ്‍ രേഖകള്‍ പൊലീസ് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്"" എന്ന് അപ്പുക്കുട്ടന്‍ - കെട്ടിയെഴുന്നള്ളിക്കുന്ന അപ്പുക്കുട്ടന്‍ സ്വന്തം അധഃപതനമാണ് പ്രകടിപ്പിക്കുന്നത്. "സിപിഐ എമ്മിെന്‍റ പ്രവര്‍ത്തകര്‍" ശിക്ഷിക്കപ്പെട്ടാല്‍ അത് സിപിഐ എം ഗൂഢാലോചനയാകുന്നതെങ്ങനെയാണൈന്‍റ അപ്പുക്കുട്ടാ? മാത്രമോ? സിപിഐ എം സംഘടനാതലത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണം പോലും!

കേസിപ്പോഴും മേല്‍ക്കോടതിയില്‍ അപ്പീലിലാണല്ലോ. പോരെങ്കില്‍ സേതുരാമയ്യര്‍ സിബിഐയുടെ അന്വേഷണവും വരുന്നുണ്ടല്ലോ. പിന്നെന്തിനിത്ര പെടയ്ക്കുന്നു അപ്പുക്കുട്ടന്മാര്‍? അവിഭക്ത പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി കണ്ണൂരിലെത്തി കയ്യൂര്‍ കേസ് പ്രതികളെ കണ്ടതിനെക്കുറിച്ച് സന്ദര്‍ഭവുമായി ഒരു ബന്ധവുമില്ലാത്തവിധം ഓര്‍ക്കുന്ന അപ്പുക്കുട്ടന്‍, ചന്ദ്രശേഖരനെ അബൂബക്കറുമായി തുലനം ചെയ്യാന്‍ നടത്തുന്ന ശ്രമം പരിഹാസ്യം മാത്രമാണ്. "അങ്കമാലി കല്ലറയിലും തെക്കുതെക്കൊരു ദേശത്തെ തിരമാലകളുടെ തീരത്തും" രക്തസാക്ഷികള്‍ അന്ത്യവിശ്രമംകൊള്ളുന്നതായി കമ്യൂണിസ്റ്റുകാര്‍ക്ക് കാണാനാവില്ലല്ലോ. "പി സി ജോഷിയെപ്പോലെ വേദനിക്കാനും കണ്ണീര്‍ ചോര പൊടിയാനും" പ്രകാശ് കാരാട്ടിന് ഒഞ്ചിയത്തേക്കോടേണ്ടതില്ല. ഇടുക്കിയിലെ അനീഷ്രാജെന്‍റയും കാസര്‍ഗോട്ടെ ബാലകൃഷ്ണെന്‍റയും ചാവക്കാട്ടെ വല്‍സലന്റെയും കരുനാഗപ്പള്ളിയിലെ അജയപ്രസാദിെന്‍റയും ഉള്‍പ്പെടെ പല തലമുറകളിലെ ഒരുപാട് ധീരരക്തസാക്ഷികളുടെ ബലികുടീരങ്ങളും അവരുടെയെല്ലാം കുടുംബങ്ങളുമുണ്ട്. ചന്ദ്രശേഖരനെ ആദര്‍ശവല്‍കരിച്ച്, ധീരനായ കമ്യൂണിസ്റ്റും രക്തസാക്ഷിയുമാക്കി, ഒരു കള്‍ട്ട്ഫിഗറായികൊണ്ടു നടന്ന് സിപിഐ എമ്മിനെ, ലക്ഷോപലക്ഷം അധ്വാനിക്കുന്നവരുടെ ആശയും ആവേശവുമായ മഹാപ്രസ്ഥാനത്തെ തകര്‍ക്കാനാണ് അപ്പുക്കുട്ടന്മാര്‍ അച്ചാരം വാങ്ങിച്ചതെങ്കില്‍, അവരുടെ ആ മോഹം പൂവണിയാന്‍ പോകുന്നില്ലെന്ന് കാണുമ്പോഴുള്ള അങ്കലാപ്പാണ് "മാതൃഭൂമി"യിലൂടെ അപ്പുക്കുട്ടന്‍ പ്രകടിപ്പിക്കുന്നത്.

കൈയും മെയ്യും മറന്ന് മുഖ്യധാരക്കാര്‍

മാര്‍ച്ച് ഒന്നിന്റെ "മനോരമ" ഒന്നാം പേജില്‍ ""കൈ നിറയെ"" എന്ന 8 കോളം റിപ്പോര്‍ട്ടുമായാണ് പുറത്തിറങ്ങിയത്. ""ജനപ്രിയ തീരുമാനങ്ങളുമായി കേന്ദ്ര മന്ത്രിസഭ"" എന്ന തൊപ്പിയും ""കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 100% ഡിഎ, കുറഞ്ഞ ഇപിഎഫ് പെന്‍ഷന്‍ 1000 രൂപ. മാസം ഒന്നിലേറെ പാചകവാതക സിലിണ്ടര്‍"" എന്നിങ്ങനെ ഹൈലൈറ്റുകളും നല്‍കിയിരിക്കുന്നു "മനോരമ". 90 ശതമാനം ക്ഷാമബത്ത ലഭിച്ചിരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം കൂടി അനുവദിക്കേണ്ടി വന്നത് കഴിഞ്ഞ ആറുമാസത്തിനകം വില വര്‍ധനവ്മൂലം 10 ശതമാനത്തിലധികം ജീവിതച്ചെലവില്‍ വര്‍ധന ഉണ്ടായ സാഹചര്യത്തിലാണ്. ജനങ്ങള്‍ക്കാകെ കടുത്ത ജീവിതഭാരം സൃഷ്ടിച്ച നയങ്ങള്‍ തുടരുന്ന കേന്ദ്ര സര്‍ക്കാരാണ് വിലവര്‍ധനവിന് ഉത്തരവാദിയെന്നിരിക്കെ ക്ഷാമബത്ത നല്‍കിയത് മഹാകാര്യമായി അവതരിപ്പിക്കാന്‍ "മനോരമ"യ്ക്കല്ലാതെ മറ്റാര്‍ക്കു കഴിയും?

ഇപിഎഫ് പെന്‍ഷന്‍ 1000 രൂപയാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തുന്നതും നിരവധി ദേശീയ പണിമുടക്കുകളിലെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നുമായിരുന്നു. 2013 ഫെബ്രുവരിയിലെ ദ്വിദിന ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഇതനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചതുമാണ്. ഇത്രയും കാലം അത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്നാള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് ശുദ്ധ തട്ടിപ്പും സ്റ്റണ്ടുമാണെന്ന് ആര്‍ക്കാണറിയാത്തത്? ഈ തീരുമാനം നടപ്പാക്കാന്‍ യുപിഎ ഉണ്ടാവില്ലെന്നതും ഉറപ്പ്.

ഇനി സിലിണ്ടണ്ടറിന്റെ കാര്യം. ബുക്കു ചെയ്താല്‍ മൂന്നാഴ്ചവരെ, ചിലപ്പോള്‍ ഒരു മാസം വരെയും, കാത്തിരുന്നാല്‍ മാത്രമേ പാചകവാതകം ലഭിക്കൂ എന്നിരിക്കെ മാസമല്ല, ദിവസവും ഒന്നിലേറെ സിലിണ്ടര്‍ എന്നു തീരുമാനിച്ചാലും ഒന്നും സംഭവിക്കില്ല. വെറും ഏട്ടിലെ പശു. മാത്രമല്ല, പാചകവാതക സിലിണ്ടറിന് നിയന്ത്രണം കൊണ്ടുവന്നതും ഇതേ സര്‍ക്കാരാണല്ലോ. ഇതേ പേജില്‍ തന്നെ താഴെയറ്റത്ത് നല്‍കിയിട്ടുള്ള ഒറ്റക്കോളം വാര്‍ത്ത സര്‍ക്കാരിന്റെ നയം പ്രതിഫലിപ്പിക്കുന്നുമുണ്ട്. അതിങ്ങനെ: ""പെട്രോളിന് 75, ഡീസലിന് 61 പൈസ വര്‍ധിപ്പിച്ചു"".

"മാതൃഭൂമി"യാകട്ടെ, മുട്ടനാടിനെപ്പോലെ നാക്കും നുണഞ്ഞ് സിപിഐ എമ്മിനു പിന്നാലെ കൊതിയോടെ പായുന്നതിനിടയിലും ഒന്നാം പേജില്‍ തന്നെ ""പാചകവാതകം: ആധാര്‍ ഇല്ലാത്തവര്‍ക്കും സബ്സിഡി തുടരും"" എന്ന ശീര്‍ഷകത്തില്‍ മന്ത്രിസഭാ തീരുമാനം റിപ്പോര്‍ട്ടു ചെയ്യുന്നു. എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം വാക്കാല്‍ നിര്‍ദേശം നല്‍കിയതായും രേഖാമൂലം യാതൊരു സന്ദേശവും വെള്ളിയാഴ്ച (ഫെബ്രുവരി 28) വൈകിട്ടുവരെ കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പത്രം വായനക്കാരെ തെര്യപ്പെടുത്തുന്നു. ആധാര്‍ നിര്‍ബന്ധമാക്കുമെന്ന ചിദംബരത്തിന്റെ ബജറ്റ് പ്രസംഗത്തിലെ വാക്കുകളും എല്ലാ സബ്സിഡികള്‍ക്കും ആധാര്‍ ആധാരമാക്കുമെന്ന നന്ദന്‍ നിലേക്കനിയുടെ പ്രസ്താവനയും "മാതൃഭൂമി" മറന്നുപോയോ ആവോ? മാത്രമോ? പാര്‍ലമെന്‍റില്‍ മന്ത്രിയുടെ പ്രസ്താവന പോലും നടപ്പാക്കാത്ത എണ്ണക്കമ്പനികള്‍ വാക്കാല്‍ സന്ദേശം നടപ്പാക്കുമെന്ന് കരുതാന്‍ പമ്പര വിഡ്ഢികള്‍ക്കേ കഴിയൂ. തിരഞ്ഞെടുപ്പ് സ്റ്റണ്ടു തന്നെ "മാതൃഭൂമി" നടത്തുന്നത്. ഉടമയ്ക്ക് ഒരു സീറ്റൊപ്പിക്കാന്‍ വിഡ്ഢിവേഷം കെട്ടുക തന്നെ!

വ്യക്തിപൂജ! ""ഫ്ളെക്സിലൂടെ വ്യക്തിപൂജ.

സിപിഎമ്മിനെതിരെ സിപിഐയുടെ രൂക്ഷ വിമര്‍ശനം"" - ഒന്നാം തീയതിയിലെ "മനോരമ"യുടെ 11-ാം പേജിലെ സ്റ്റോറിയുടെ ശീര്‍ഷകമാണിത്. സിപിഐയുടെ മാസികയായ "നവയുഗ"ത്തില്‍ ""ബ്രാഞ്ച് സെക്രട്ടറി""മാര്‍ക്കുള്ള കത്ത് എന്ന പംക്തിയില്‍ പന്ന്യന്‍ സിപിഐ എമ്മിനെ പൊരിച്ചു കിടത്തിയിരിക്കുന്നു എന്നാണ് റബ്ബറ് പത്രത്തിന്റെ കണ്ടെത്തല്‍. പക്ഷേ, "നവയുഗം" ലേഖനത്തിലെവിടെയും സിപിഐ എമ്മിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. അത് "മനോരമ"യും സമ്മതിക്കുന്നു. മാത്രമോ? എന്താണ് വിഷയമെന്ന് "മനോരമ" പറയുന്നത് നോക്കൂ - ""സിപിഐയുടെ കോട്ടയം ജില്ലാ ജാഥയ്ക്കായി ചെന്നപ്പോള്‍ തന്റെ ചിത്രം അടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ടു എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്"" ജില്ലാ ജാഥയുടെ ബോര്‍ഡില്‍ സംസ്ഥാന സെക്രട്ടറിയുടെ പടംവെച്ച് പ്രചരണം നടത്തുന്നതാണ് ""വ്യക്തിപൂജ"". ജാഥ നയിക്കുന്നയാളിെന്‍റ പടം ബോര്‍ഡില്‍ കാണുന്നത് വ്യക്തിപൂജയാകില്ലെന്ന് അറിയാത്തയാളുമല്ല പന്ന്യന്‍.

കമ്യൂണിസ്റ്റ് വിരോധം മുറ്റിയ "മനോരമ" വിഷം ചീറ്റാന്‍ എന്തെല്ലാം പ്രയോഗിക്കും. തിരഞ്ഞെടുപ്പടുക്കുംതോറും ഇനി എന്തെല്ലാം കാണാനിരിക്കുന്നു? വെറും കൂതറയാണ് തങ്ങളെന്ന് കോട്ടയം പത്രം ആവര്‍ത്തിക്കുകയാണ്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞത്, ""മാധ്യമങ്ങള്‍ ഉയര്‍ന്ന ധാര്‍മിക മൂല്യം പുലര്‍ത്തണം"" എന്നത്രെ! "മനോരമ"യിലും "മാതൃഭൂമി"യുടെ ആ പ്രസ്താവന ശ്രദ്ധിക്കുംവിധം കൊടുത്തു കണ്ടില്ല. ധാര്‍മമൂല്യങ്ങള്‍ക്കും സത്യസന്ധതയ്ക്കും വില കല്‍പിക്കാത്ത ഈ വലതുപക്ഷ വാറോലകള്‍ എങ്ങനെ ഈ വാര്‍ത്ത നല്‍കും?

വാല്‍ക്കഷ്ണം

""കോണ്‍ഗ്രസ് ലയനമില്ലെന്ന് ടി ആര്‍ എസ്; ബീഹാറില്‍ ലാലു അയഞ്ഞു; തെലങ്കാനയില്‍ സഖ്യ തീരുമാനവുമായില്ല"" - "മനോരമ" (മാര്‍ച്ച് 3 പേജ് 13) വല്ലതും രണ്ട് സീറ്റു തരണേ എന്ന് ലാലുവിനും ടിആര്‍എസിനും പുറകെ കേണു നടക്കുകയാണ് നാടു ഭരിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന രാഹുല്‍ കോണ്‍ഗ്രസ്! ഗതികെട്ടാല്‍ പുലി പുല്ലു മാത്രമല്ല, മണ്ണും തിന്നും!

*
ഗൗരി, ചിന്ത വാരിക 14 മാര്‍ച്ച് 2014

Thursday, March 6, 2014

പൗരസമൂഹത്തെ വിലയ്ക്കെടുക്കുമ്പോള്‍

ആധുനികസമൂഹത്തെയാകെ രണ്ട് തലങ്ങളിലാണ് അന്റോണിയോ ഗ്രാംഷി എന്ന ഇറ്റാലിയന്‍ ചിന്തകന്‍ വിഭജിക്കുന്നത്. ഒന്ന്, പൗരസമൂഹം. അത് പൊതുസമ്മതത്തിന്റെയും പരസ്പരപ്രേരണയുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട്, രാഷ്ട്രീയ സമൂഹം അഥവാ ഭരണകൂടം. അതാവട്ടെ, ആത്യന്തികമായി അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. കോടതി, പട്ടാളം, പൊലീസ്, നിയമങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഈ ബലപ്രയോഗം സാധിക്കുന്നത്. ഇത്തരം ബലപ്രയോഗങ്ങളൊന്നുമില്ലാതെ പൊതുസമ്മതിയും പ്രേരണയും ഉപയോഗിച്ചാണ് പൗരസമൂഹം നിലനില്‍ക്കുക. ആശയപരമായ സ്വാധീനത്തിന്റെ നേതൃത്വമാണ് പൗരസമൂഹത്തിന്റെ കെട്ടുറപ്പിനാധാരം. ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാന്‍ രാഷ്ട്രീയ സമൂഹ(ഭരണകൂട)ത്തിന് കഴിയുമെങ്കിലും പൗരസമൂഹത്തില്‍ ആശയപരമായ സ്വാധീനം കൂടിയുണ്ടെങ്കില്‍മാത്രമേ അതിന്റെ നിലനില്‍പ്പ് സുരക്ഷിതമാവൂ. ആധുനികകാലത്ത്, ഈ സ്വാധീനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാനശക്തിയാണ് മാധ്യമങ്ങള്‍. പൊതുസമ്മതിയിലൂടെയും പ്രേരണാശക്തിയിലൂടെയും പൗരസമൂഹത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ബലപ്രയോഗരഹിതമായ നിയന്ത്രണം വളരെ പ്രകടമായിരിക്കുന്നു.

കേരളത്തില്‍ അടുത്തകാലത്ത് ചര്‍ച്ചാവിഷയമായ, രണ്ട് സ്ത്രീകളുടെ മരണങ്ങളോടുള്ള മാധ്യമസമീപനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഒരാളുടേത് അസ്വാഭാവികമരണവും മറ്റൊരാളുടേത് കൊലപാതകവും ആയിരുന്നു. അസ്വാഭാവികമരണത്തിനിരയായ സുനന്ദ പുഷ്കര്‍, മരണത്തിനുമുമ്പ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. മരണാനന്തരം മൂന്നുനാലുദിവസങ്ങള്‍ക്കുള്ളില്‍ അവരെ മാധ്യമങ്ങള്‍ അടക്കംചെയ്തു. അസ്വാഭാവികമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ സുനന്ദയെക്കുറിച്ചുള്ള പുതിയപുതിയ കഥകള്‍ മെനഞ്ഞ് ആ മരണത്തെ ആഘോഷിച്ച മാധ്യമങ്ങള്‍, റിപ്പോര്‍ട്ട് വന്നതോടെ പിന്‍വാങ്ങി. അങ്ങനെ വിസ്മരിക്കേണ്ടവരായിരുന്നില്ല ആ സ്ത്രീ എന്നും അങ്ങനെ അടക്കംചെയ്യേണ്ടതായിരുന്നില്ല അവരുടെ അസ്വാഭാവികമരണമെന്നും അറിയാതെയല്ല മാധ്യമങ്ങള്‍ അതിനു തുനിഞ്ഞത്. രാധ എന്ന സ്ത്രീ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത് അച്ചടിദൃശ്യമാധ്യമങ്ങളില്‍ ഭൂരിഭാഗത്തിനും പ്രധാനവാര്‍ത്തയേ ആയില്ല. കൊലപാതകത്തിനു പിന്നിലെ ചില രാഷ്ട്രീയനേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അവര്‍ അവഗണിച്ചു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സ്ത്രീകളെ സംബന്ധിക്കുന്ന പൊതുബോധത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്തരം മാധ്യമങ്ങള്‍ സ്വീകരിച്ചത്.

സ്ത്രീകളെ സംബന്ധിക്കുന്ന നമ്മുടെ പൊതുബോധം അങ്ങേയറ്റം പിന്തിരിപ്പനാണ്. ഉദാഹരണത്തിന്, സുനന്ദ പുഷ്കറുടെ മൂന്നാമത്തെ വിവാഹമായിരുന്നു ശശി തരൂരുമായിട്ടുള്ളത് എന്നതിനാണ് ബിസിനസ് രംഗത്തെ അവരുടെ നേട്ടത്തെക്കാള്‍ സമൂഹത്തില്‍ പ്രാധാന്യം ലഭിക്കുന്നത്. അവിടെ സുനന്ദ എന്ന വ്യക്തിയുടെ ബൗദ്ധികവും നേതൃപരവുമായ കഴിവുകള്‍ അപ്രസക്തമാവുകയാണ്. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയായിരിക്കെ, ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തിന്റെ പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനിടയിലാണല്ലോ അവരുടെ അസ്വാഭാവികമരണം. ആ വസ്തുത പൊതുസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തക്കവിധം ശക്തമാണ് സുനന്ദയുടെ പൂര്‍വവിവാഹത്തെയും സ്വകാര്യജീവിതത്തെയും സംബന്ധിക്കുന്ന കഥകളുടെ പ്രചാരണം. അക്കാര്യത്തില്‍ മത്സരബുദ്ധിയാണ് മുഖ്യധാരാമാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്.

വസ്തുതയില്‍നിന്ന് അകന്നുപോകുന്ന പൗരസമൂഹം സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ അവള്‍ക്കിതുതന്നെ വേണം എന്ന നിഗമനത്തിലെത്തുന്നു. രാധയുടെ കാര്യത്തില്‍, അവരൊരു തൂപ്പുകാരിയാണെന്നും കൊലയാളികളോട് അടുപ്പമുണ്ടായിരുന്നുവെന്നുമുള്ള വാര്‍ത്ത മാത്രംമതി, പൗരസമൂഹത്തിനു മുന്നില്‍, രാധയുടെ സദാചാരം ചര്‍ച്ചയാകുവാനും കൊലചെയ്യപ്പെട്ടതുപോലും പൊറുക്കപ്പെടാനും. തൂപ്പുകാരും വീട്ടുവേലക്കാരും മറ്റുമായി, അടിസ്ഥാനതൊഴിലുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ച് എന്നും സംശയവും വേവലാതിയുമാണ് പൊതുസമൂഹത്തിന്. ഇവിടെ രണ്ടുപേരും രണ്ടു വര്‍ഗത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. സ്ത്രീയെക്കുറിച്ചുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാട് ഏതു വര്‍ഗത്തില്‍പ്പെട്ട സ്ത്രീക്കും ഒരുപോലെ ബാധകമാണെന്ന് ഈ രണ്ടു സംഭവങ്ങളോടുമുള്ള സമീപനം തെളിയിക്കുന്നു. ഇക്കാര്യത്തില്‍ നേതൃപരമായ പങ്കാണ് ആ മാധ്യമങ്ങള്‍ വഹിച്ചത്.

സ്ത്രീകളുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ചില സമരങ്ങളിലും മാധ്യമങ്ങളുടെ ബലപ്രയോഗരഹിതമായ മേല്‍ക്കൈ പ്രകടമാണ്. ജസീറ, സന്ധ്യ, രമ എന്നീ പേരുകള്‍ മാധ്യമങ്ങളിലൂടെയാണ് പൊതുസമൂഹം ശ്രദ്ധിച്ചത്. ക്ലിഫ്ഹൗസ് ഉപരോധം കാരണം വഴിയാത്ര തടസ്സപ്പെടുന്നുവെന്ന് ആരോപിച്ച് സന്ധ്യ എന്ന സ്ത്രീ പ്രതികരിച്ചപ്പോള്‍ അവരെ അനുകൂലിക്കാനും അവര്‍ക്ക് പിന്തുണ നല്‍കി പ്രധാന ചര്‍ച്ചകള്‍ നടത്താനും ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തയ്യാറായി. വഴി തടയലുള്‍പ്പെടെയുള്ള സമരങ്ങള്‍ നയിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്ത രാഷ്ട്രീയസാമൂഹ്യനേതാക്കളുടെ നേതൃത്വത്തില്‍ തുടങ്ങിയ പത്രങ്ങള്‍പോലും ഇക്കാര്യത്തില്‍ ചരിത്രനിഷേധികളായി. വഴിനടക്കാനുള്ള അവകാശം നേടിയതു സമരത്തിലൂടെയായിരുന്നുവെന്ന ചരിത്രം സന്ധ്യക്ക് അറിയില്ലായിരിക്കാം. പക്ഷേ, മാധ്യമങ്ങള്‍ക്ക് അത് അറിയാത്തതല്ല. വല്ലപ്പോഴും തടസ്സപ്പെടുന്ന വഴിയാത്ര, പൊതുവായ അവകാശങ്ങള്‍ക്കു വേണ്ടിയും ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന അഴിമതി തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെയുമാണെന്ന വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം, ഇന്നില്‍മാത്രം ജീവിക്കുന്ന മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താനാണ് ആ മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിലൂടെ, രാഷ്ട്രീയസമൂഹ(ഭരണകൂട)ത്തെ ഉലയാതെ നിലനിര്‍ത്തുകയെന്നതും.

ചിറ്റിലപ്പിള്ളി എന്ന ബിസിനസുകാരന്‍ സന്ധ്യക്ക് പാരിതോഷികവും നല്‍കി. താന്‍ രാഷ്ട്രീയക്കാരനല്ലായെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് സന്ധ്യക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നതെന്നുമാണ് ചിറ്റിലപ്പിള്ളി പറഞ്ഞത്. വീഗാലാന്‍ഡ് എന്ന വാട്ടര്‍തീം പാര്‍ക്കിലെ തൊഴിലാളികള്‍ മാസങ്ങളായി നടത്തുന്ന അവകാശസമരത്തെ കണ്ടില്ലെന്നു നടിക്കുന്ന വ്യക്തിയാണ് ചിറ്റിലപ്പിള്ളി. അവരുടെ സമരം ചിറ്റിലപ്പിള്ളിയുടെ ഭാഷയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നല്ല. പക്ഷേ, അവരുടെ കുടുംബങ്ങള്‍ മാസങ്ങളായി പട്ടിണിയിലാണ്. അവരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാത്ത ചിറ്റിലപ്പിള്ളിയുടെ രാഷ്ട്രീയം വ്യക്തമാണല്ലോ. അതും മാധ്യമങ്ങള്‍ക്ക് ചിറ്റിലപ്പിള്ളിക്കനുകൂലമായ ആഘോഷമായി. അതേസമയം ജസീറയുടെ സമരം ചിറ്റിലപ്പിള്ളിക്കെതിരെ വന്നപ്പോള്‍, ജസീറയ്ക്ക് മനോവിഭ്രാന്തിയുണ്ടെന്നുപോലും വരുത്തിത്തീര്‍ക്കാനുള്ള തിടുക്കപ്പെട്ട ശ്രമങ്ങളില്‍ മാധ്യമങ്ങളും നല്ല പങ്കുവഹിച്ചു.
കോടതിവിധിക്കുശേഷം ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട രമ നടത്തിയ നിരാഹാരസമരവും മാധ്യമങ്ങള്‍ ഏറ്റെടുത്തു. മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ക്ക് ദിവസങ്ങളോളം മുഖ്യവാര്‍ത്തയായിരുന്നു അത്. ഒരു രാഷ്ട്രീയപ്പാര്‍ടിക്ക് ഒരു വര്‍ഷത്തിലേറെയായി ഒരേയൊരു അജന്‍ഡമാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യംപോലും മാധ്യമങ്ങള്‍ കാണാതെപോയി. ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാത്രം നിരന്തരം ആവശ്യപ്പെടുന്നതും അതിനായിമാത്രം സമരംചെയ്യുന്നതും ആ കൊലപാതകത്തെ ആസ്പദമാക്കി രൂപീകരിക്കപ്പെടുന്ന സമിതികളോ സംഘടനകളോ ആണ്. ആര്‍എംപി ഒരു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളോട് ആ പാര്‍ടിക്ക് പ്രതികരണങ്ങളേയില്ല. അത്രമാത്രം അപ്രസക്തമായ ഒരു രാഷ്ട്രീയപാര്‍ടി നടത്തുന്ന സമരംപോലും മാധ്യമങ്ങള്‍ക്ക് പ്രധാനമായിരുന്നു. ഇവിടെ സുനന്ദ, രാധ, ജസീറ, സന്ധ്യ, രമ തുടങ്ങിയ പേരുകള്‍ കേവലം പേരുകളല്ല, വിവിധ ആശയങ്ങളുടെയും പ്രത്യയശാസ്ത്രബോധത്തിന്റെയും പ്രതിനിധികളാണവര്‍. അവരോടുള്ള മാധ്യമസമീപനത്തിലെ വിവേചനത്തിനു പക്ഷേ, അധാര്‍മികമെന്ന വിശേഷണംമാത്രമേ ആവശ്യമുള്ളൂ. ഈ അധാര്‍മികത പൗരസമൂഹത്തില്‍ പൊതുസമ്മതി നിലനിര്‍ത്തുന്നതിനും അതിലൂടെ ഭരണകൂടത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. രാഷ്ട്രീയസമൂഹത്തിന് (ഭരണകൂടത്തിന്) അനുകൂലമാക്കുവാനുള്ള ആശയപരമായ മേധാവിത്തം പൗരസമൂഹത്തില്‍ ഭരണകൂടം ചെലുത്തിക്കൊണ്ടിരിക്കും. ഈ മേധാവിത്തം നിലനില്‍ക്കുന്നിടത്തോളം ഭരണകൂടം പൗരസമൂഹത്തില്‍ ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ അനുവദിക്കും. എന്നാല്‍, ആശയപരമായ മേല്‍ക്കൈക്ക് ഉലച്ചില്‍ തട്ടുന്നുണ്ടെന്നു തോന്നിയാല്‍ സഹായകഘടകങ്ങളെ ശക്തിപ്പെടുത്തി സമഗ്രാധിപത്യത്തിലേക്ക് നീങ്ങും. അക്കാര്യത്തില്‍ ബലപ്രയോഗരഹിതമായ നിയന്ത്രണത്തിന് ശക്തമായ ഉപകരണങ്ങളാണ് മാധ്യമങ്ങള്‍. ഉദാഹരണമായി പാര്‍ടി ഓഫീസുകളില്‍ നടക്കുന്ന വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശം, മലയാളമനോരമയുടെ ഒന്നാം പേജിലെ വാര്‍ത്തയായത് ഇങ്ങനെ: സിപിഎം ഓഫീസില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകം പ്രധാനവാര്‍ത്തയേ ആകുന്നില്ല എന്നു കാണുക. മറ്റ് രാഷ്ട്രീയപാര്‍ടികളുടെ ഓഫീസില്‍ നടക്കുന്ന വിവാഹത്തിന് നിയമസാധുതയുണ്ടെന്ന തോന്നലാണല്ലോ ഈ തലക്കെട്ട് നല്‍കുക.

കോടതി വ്യക്തമായി പറഞ്ഞത്, എല്ലാ രാഷ്ട്രീയപാര്‍ടിക്കും ബാധകമായ കാര്യമാണ്. സിപിഐഎം ഓഫീസില്‍ നടന്ന ഒരു വിവാഹത്തെ സംബന്ധിച്ച പരാതി പരിഗണിക്കുന്നതിനിടയിലാണ് ഈ പരാമര്‍ശം നടത്തിയതെന്നു മാത്രം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖപത്രമല്ല മനോരമ എന്നതും ഓര്‍ക്കണം. ഇങ്ങനെ സ്ത്രീവിരുദ്ധതയുടെ പ്രചാരകരും (സുനന്ദ, രാധ എന്നിവരുടെ കാര്യങ്ങളില്‍) സാമ്പത്തിക മാഫിയകളുടെ വക്താക്കളും (ജസീറയുടെ സമരം), രാഷ്ട്രീയകക്ഷികളോട് പക്ഷം പിടിക്കുന്നവരും (കെ കെ രമയുടെ സമരം) ആത്യന്തികമായി മുതലാളിത്ത ആശയങ്ങളുടെ കാവലാളുകളുമായി ആ മാധ്യമങ്ങള്‍ മാറി. പൗരസമൂഹത്തെ വിലയ്ക്കെടുക്കാനുള്ള ശേഷി ഭരണകൂടത്തിന്റെ കൂടി പിന്തുണയോടെ അവ ശക്തമാക്കി. മാധ്യമങ്ങളുടെ സമീപനത്തിലും ഇടപെടലിലുമുള്ള ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

*
ഡോ. പി എസ് ശ്രീകല

Monday, March 3, 2014

പക്ഷഭേദത്തിന്റെ ഉറഞ്ഞുതുള്ളല്‍

നോം ചോംസ്ക്കിയും എഡ്വേര്‍ഡ് ഹെര്‍മനും നടത്തിയ മാധ്യമ പഠനത്തില്‍  സ്വകാര്യ മാധ്യമങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട് - കൊലപാതകമായാലും മരണമായാലും മാധ്യമങ്ങള്‍ തുല്യനിലയിലല്ല കാണുന്നതെന്ന്. അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്താവതരണങ്ങളെക്കുറിച്ച് പഠിച്ചതിനെ തുടര്‍ന്നാണ് ചോംസ്ക്കിയും ഹെര്‍മനും ഈ നിരീക്ഷണം നടത്തിയത്. കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. നമ്മുടെ മുന്നില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരുദാഹരണം കൂടി - നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം. മാധ്യമ നിഷ്പക്ഷതയെ സംബന്ധിച്ച് തരിമ്പെങ്കിലും സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ പോയവാരത്തെ, ഇതെഴുതുന്നതുവരെയുള്ള, പത്രങ്ങള്‍ ഒന്നോടിച്ച് നോക്കിയാല്‍ മതി; ചാനല്‍ പരിപാടികള്‍ - പ്രത്യേകിച്ചും അന്തിചര്‍ച്ചകള്‍ - ഒന്നോര്‍ത്തെടുത്താല്‍ മതി.

അച്ചായെന്‍റ ഒരു "കുടുങ്ങല്‍"

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയും അവിവാഹിതയുമായ രാധ എന്ന സ്ത്രീയെ കോണ്‍ഗ്രസ് ഓഫീസിനകത്തുവെച്ച് ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം ചാക്കില്‍ കെട്ടി രണ്ടുനാള്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൈപ്പത്തി അങ്കിതമായ ത്രിവര്‍ണ പതാകയ്ക്കുകീഴില്‍ സൂക്ഷിച്ചിരുന്നു. നിലമ്പൂര്‍ അങ്ങാടിയിലെ തിരക്കേറിയ സ്ഥലത്താണ് കോണ്‍ഗ്രസ് ഓഫീസ്. ഭരണകക്ഷിയുടെ, അതും പ്രമുഖനായ ഒരു നേതാവിന്റെ, മന്ത്രിയുടെ സ്വന്തം തട്ടകത്തിലുള്ള, ഓഫീസില്‍ രണ്ടുദിവസം ആരും വരാതിരിക്കാനിടയില്ലല്ലോ, ചുരുങ്ങിയത് ആ പ്രദേശത്തെ ആര്യാടന്‍ ശിങ്കിടികളായ കോണ്‍ഗ്രസ് പ്രമാണിമാരെങ്കിലും. മാത്രമോ? കോണ്‍ഗ്രസ് അനുഭാവിയായ രാധ തന്നെയായിരുന്നു ആര്യാടന്‍ ഷൗക്കത്തിെന്‍റയും ആര്യാടന്‍ ആസാദിെന്‍റയും ഓഫീസുകളും തൂത്തു വൃത്തിയാക്കിയിരുന്നത്. ആ രാധയാണ് കൊല്ലപ്പെട്ടത്. രാധയുടെ സഹോദരങ്ങള്‍ രാധയെ അന്വേഷിച്ചലയുമ്പോള്‍ രാധയുടെ മൃതശരീരം കോണ്‍ഗ്രസ് ഓഫീസില്‍ ത്രിവര്‍ണ പതാകയ്ക്കുകീഴില്‍ ജീര്‍ണിക്കുകയായിരുന്നു.

ഫെബ്രുവരി 10നാണ് വാര്‍ത്ത പുറംലോകം അറിയുന്നത്, നിലമ്പൂരിനടുത്ത് ചുള്ളിയോട് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കപ്പെട്ടതിനെ തുടര്‍ന്ന്. സ്വാഭാവികമായും 11-ാം തീയതി മാധ്യമങ്ങളില്‍ ഒരു പ്രധാന വാര്‍ത്തയായി വരേണ്ടതല്ലേ? പ്രത്യേകിച്ചും ഒരു രാഷ്ട്രീയ പാര്‍ടിയുടെ അതും മുഖ്യഭരണകക്ഷിയുടെ ഓഫീസില്‍വെച്ച് നടന്ന കൊലപാതകമാകുമ്പോള്‍; ചരിത്രത്തില്‍ തന്നെ ഇതാദ്യത്തെ സംഭവം കൂടിയാകുമ്പോള്‍ ഇതിെന്‍റ പ്രാധാന്യവും വാര്‍ത്താമൂല്യവും വര്‍ദ്ധിക്കേണ്ടതല്ലേ? എന്നാല്‍ സംഭവിച്ചതോ? 11-ാം തീയതി "മനോരമ"യില്‍ 11-ാം പേജില്‍ ഒരു കുഞ്ഞു വാര്‍ത്ത ഇങ്ങനെ: ""തൂപ്പുകാരിയുടെ വധം; കോണ്‍ഗ്രസ് നിലമ്പൂര്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍"". തികച്ചും അപ്രധാനമായി അവതരിപ്പിച്ച് സംഭവം തമസ്കരിച്ചു. "മാതൃഭൂമി", "മാധ്യമം", "കേരള കൗമുദി" ആദിയായ മുഖ്യധാരക്കാര്‍ ഒന്നാം പേജിലാണെങ്കിലും അപ്രധാന കോണിലാണ് ഈ വാര്‍ത്തയ്ക്ക് ഇടം നല്‍കിയത്. തുടര്‍ന്നും അതിലൊരു മാറ്റവും വന്നതുമില്ല. അതുകൊണ്ട് തല്‍ക്കാലം "മനോരമ"യെ നമുക്ക് പിന്തുടരാം.

ഇതാ നോക്കൂ 12-ാം തീയതിയിലെ "മനോരമ". അന്ന് ഒന്നാം പേജില്‍ തന്നെ 5 കോളത്തില്‍ സംഭവം സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷേ, അതിങ്ങനെയാണ്: ""തൂപ്പുകാരി വധം : തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു കുടുങ്ങി"". ഒപ്പം ഒരു തുടരന്‍ പൈങ്കിളി സാധനോം ഒണ്ട് - ""പഴ്സനലായിട്ട് പറയുവാ"". മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ പറ്റി ഒരു സാധനം. കുറ്റം പറയരുതല്ലോ ഇടതുപക്ഷ ഭരണത്തിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെക്കുറിച്ച് ഗോസിപ്പ് മോഡലില്‍പോലും "പഴ്സനലായിട്ട്" ഒന്നു കാച്ചാന്‍ കിട്ടാത്തതില്‍ കോട്ടയം കുട്ടികള്‍ക്ക് കുണ്ഠിതം അസാരമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും രാധ വധം (സോറി, തൂപ്പുകാരി വധം) അപ്രധാനമായി കാണാമറയത്തു തന്നെ. മാത്രമോ? തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചാണ് പാവം കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി കം കറന്‍റ് മന്ത്രീടെ പേഴ്സണല്‍ സ്റ്റാഫ് "കുടുങ്ങിയത്". എന്തൊരു ഭാഷാ വൈദഗ്ദ്ധ്യമെന്നു നോക്കണേ! "കുടുങ്ങി"പ്പോയത്രെ! ഒരു സ്ത്രീ ഭരണകക്ഷീടെ ഓഫീസില്‍വെച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതൊന്നും ഈ പത്ര ഭീകരന്, വാര്‍ത്തയേ അല്ല! അതൊക്കെ ഒരു തൂപ്പ് ഏര്‍പ്പാട്! ഈ രീതിയില്‍ വാര്‍ത്താവതരണം നടത്തണോന്‍മാരേം ഈ മഞ്ഞപത്രത്തിെന്‍റ നടത്തിപ്പുകാരേം, നാട്ടിന്‍പുറത്തെ ഭാഷാപ്രയോഗ പ്രകാരമാണെങ്കില്‍, ചന്തീല്‍ തെരണ്ടിവാലുകൊണ്ട് പത്ത് പെട കൊടുക്കയാണ് വേണ്ടത്!

പോട്ടെ, നമ്മള വിഷയത്തില് വരാം. 15-ാം തീയതിയായപ്പോള്‍ "മനോരമ" 17-ാം പേജില്‍ ഒരു ചിന്ന കടിതം കൊടുക്കുന്നു: ""കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം. നിലമ്പൂരില്‍ പൊലീസിന്റെ മാരത്താണ്‍ തെളിവെടുപ്പ്. മുഖ്യപ്രതി കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിെന്‍റ മുന്‍ പിഎയുമായ ബിജു"". കൊലപാതകം നടക്കുമ്പോഴും ബിജു ആര്യാടെന്‍റ പിഎ തന്നെയാണ്. പിന്നെങ്ങനെ ഈ "മുന്‍" വാല് വച്ചുകെട്ടണത്? 5 ദിവസം പിന്നിട്ടപ്പോഴാണ് ""തൂപ്പുകാരി വധം"" "മനോരമ" 17-ാം പേജിലെങ്കിലും ""കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം"" എന്നവതരിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. 16-ാം തീയതി വീണ്ടും 9-ാം പേജില്‍, ""കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: 10 പേരെ ചോദ്യം ചെയ്തു"" എന്ന് നല്‍കിയിരിക്കുന്നു. 17-ാം തീയതിയാണ് "മനോരമേ"ടെ ഒരു കലക്കല്. 11-ാം പേജില്‍ ""നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: പീഡനം നടന്നിട്ടില്ല"". 12-ാം തീയതി മുതല്‍, ബലാല്‍സംഗം നടന്നതായുള്ള വാര്‍ത്ത പരന്നിട്ടും ചില ദൃശ്യമാധ്യമങ്ങളും പത്രങ്ങളും (ദേശാഭിമാനി, മാധ്യമം) അതു പ്രസിദ്ധീകരിച്ചിട്ടും "മനോരമ"യ്ക്ക് ആഴ്ചയൊന്നു കഴിഞ്ഞിട്ടും നിഷേധം പറയാനേ പറ്റുന്നുള്ളൂ.

ഞമ്മളെ സ്വന്തം പീഡനമല്ലേ, സ്വന്തം ആപ്പീസിലെ കൊലയല്ലേ. ഇതിന്റേക്കെ മുറിവെണ്ണാന്‍ പോയാല്‍ എവിടേക്കെ നോക്കണം, തപ്പണം? അതുകൊണ്ട്, കൂട്ടരേ, "മനോരമ" (നല്ല മണികെട്ടിയ "നുണരമ") തുടരുന്നു - ""രാധയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഓഫീസിലെ ചൂലിന്റെ പിടി ഭാഗം കൊണ്ടതുമൂലം ഉണ്ടായതാണെന്ന് ഐജി എസ് ഗോപിനാഥ് പറഞ്ഞു. പീഡന ശ്രമത്തിനിടെ ഉണ്ടാകുന്ന രീതിയിലുള്ള മുറിവുകള്‍ രാധയുടെ സ്വകാര്യ ഭാഗങ്ങളിലുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ആധികാരികമായി കണക്കിലെടുക്കേണ്ടതെന്നിരിക്കെ, അതു തള്ളിക്കളഞ്ഞ് വേറെ ഭാഷ്യം ചമയ്ക്കാന്‍ നോക്കണ പൊലീസേമാനും അതിന് ചൂട്ടു പിടിക്കണ റബറ് പത്രോം കൊലയാളികളെ രക്ഷിക്കാനും കേസട്ടിമറിക്കാനുമാണ് തത്രപ്പെടുന്നത്. നോക്കണേ ഒരു ശൈലി, (ഐപിഎസ് ഏമാന്റെയോ മനോരമേടെയോ എന്നറിയില്ല) - ""സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഓഫീസിലെ ചൂലിന്റെ പിടി ഭാഗം കൊണ്ടതുമൂലം"". ചൂലിന്റെ പിടി ഭാഗം അങ്ങു ചുമ്മാ അകത്തുകയറി മുറിവുണ്ടാക്കിയതായിരിക്കും അല്ലേ? അപ്പോ പ്രതി ചൂലിന്റെ പിടി? ആദ്യം ഒരു പൊലീസ് കോദണ്ഡരാമന്‍ പറഞ്ഞത്, അതിനകത്ത് മീന് കേറി കടിച്ചതെന്നാണ്. ഇപ്പോ ഈ ചൂലിനെ കണ്ടെടുത്തതു തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധരും. എെന്‍റ സാറന്മാരെ, ഡല്‍ഹീ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനിടയാക്കിയത് കമ്പിപ്പാരകൊണ്ടുള്ള പ്രയോഗമാണെന്നതു മറന്നുപോയോ? ഇവിടെ ഇന്നായിരുന്നെങ്കില്‍ നമ്മളെ പൊലീസേമാന്മാരും മനോരമ പിള്ളാരുംകൂടി "കമ്പിപ്പാര അകത്തുകയറി പോയതാ"ണെന്ന് പറയുമായിരുന്നല്ലോ!

സ്വന്തം രാഷ്ട്രീയ വളര്‍ത്തുനായ്ക്കളെ ലച്ചിച്ചെടുക്കാന്‍ ഈ പത്രം എത്ര തരംതാഴാനും തയ്യാറാകും എന്നതിന് ഇതിലും വലിയ തെളിവ് ഇനി എന്തു വേണം? അതേ സ്റ്റോറിയില്‍ നമുക്ക് ഇങ്ങനെ ഒരു സങ്കതി കൂടി വായിക്കാം: ""രാധയോടുള്ള രോഷം തീര്‍ക്കാന്‍ ചൂലിന്റെ പിടി ഉപയോഗിച്ചു മുഖ്യപ്രതി ബിജു അവരുടെ സ്വകാര്യ ഭാഗത്തു കുത്തിയെന്നാണ് പൊലീസ് ഭാഷ്യം. മുറിവ് അതുമൂലം ഉണ്ടായതാണെന്നു തെളിഞ്ഞതായും പൊലീസ് പറയുന്നു"". എത്ര ജുഗുപ്സാവഹമായ അവതരണമെന്നു നോക്കൂ. കേരളം ഭരിക്കുന്ന രാഷ്ട്രീയ ക്രിമിനലുകളെ വെള്ളപൂശാന്‍ മലയാള ഭാഷയെ തന്നെ "മനോരമ" (പൊലീസിന്റെ മറവില്‍) ബലാല്‍സംഗം ചെയ്യുകയാണ്. ബിജുവിന് "രോഷം തീര്‍ക്കാന്‍" ആ പാവം സ്ത്രീ ചൂലു കുത്തിക്കേറ്റാന്‍ പാകത്തിന് ഇരുന്നുകൊടുത്തതുപോലുള്ള നിസ്സാരവല്‍ക്കരിച്ച എഴുത്താണിതെന്നറിയാന്‍ എന്റെ മനോരമേ, പാഴൂര്‍ പടിക്കല്‍ വരെ പോകേണ്ടതില്ല. 48കാരിയായ ആ പാവം സ്ത്രീ സംഭവം നടക്കുമ്പോള്‍ കന്യകയുമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത വിദഗ്ദ്ധര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ മാധ്യമ ഭീകരന്മാര്‍, ഈ ഭരണവര്‍ഗ കൂലിത്തല്ലുസംഘം ഖദറണിഞ്ഞ ക്രിമിനലുകളെ ലച്ചിക്കാന്‍ ഇരയെ കുറ്റവാളിയായി ചിത്രീകരിക്കാനും മടിക്കില്ലായിരുന്നു.

ജസീക്കാ ലാലിന്റെയും നയനാ സാഹ്നിയുടെയും സുനന്ദാ പുഷ്ക്കറിന്റെയും പിന്നാലെ ഒരു രാധ കൂടി.

നമ്മുടെ മാധ്യമ പടുക്കള്‍ ചരിത്രം വേണ്ടപ്പോള്‍ വേണ്ടപോലെ മേമ്പൊടിയായി പറയാനും ബഹുകേമന്മാരാണ്. എന്നാല്‍ ഇവിടെ അവര്‍ മറക്കുന്ന ചരിത്രം വേറെയുമുണ്ട്. അരങ്ങ് നിലമ്പൂരാണ്. ഇതേ നിലമ്പൂരില്‍ വെച്ചാണ് നിലമ്പൂരിെന്‍റ വീരപുത്രന്‍ സഖാവ് കുഞ്ഞാലിയുടെ നെഞ്ചില്‍ ഖദര്‍ധാരികളുടെ വെടിയുണ്ട തുളച്ചുകയറിയത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നുതന്നെയായിരുന്നു അതും. മുഖ്യപ്രതി ഇന്നത്തെ മന്ത്രി ആര്യാടനും. ഇനീമുണ്ട് ചരിത്രം. പഴേതല്ല, നല്ല പുതുപുത്തന്‍. സരിതക്കഥ. സരീതേരെ രഹസ്യമൊഴീല്‍ ഈ മന്ത്രീംപെടും എന്നാണ് നാട്ടുവര്‍ത്തമാനം. അപ്പോള്‍ ഇവിടേം പ്രതി പിതാശ്രീയോ മക്കള്‍ശ്രീയോ എന്നന്വേഷിക്കേണ്ടതല്ലേ, മനോരമേ? ഈ സംഭവം പുറംലോകം അറിഞ്ഞ് കൃത്യം എട്ടുദിവസമായിട്ടും, "മനോരമ"യ്ക്കോ "മാതൃഭൂമി"യ്ക്കോ ഇത് മുഖപ്രസംഗത്തിന്റെ വിഷയമാക്കേണ്ടതാണെന്നും തോന്നിയിട്ടില്ല; നമ്മുടെ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകളും അന്തിചര്‍ച്ചകളും കണ്ടില്ല. മറുപുറത്ത് ആര്യാടനായതുകൊണ്ടായിരിക്കാം. എന്തായാലും "മാധ്യമം" 12-ാം തീയതി ഒരു രണ്ടാം മുഖപ്രസംഗം എഴുതിയിട്ടുണ്ട് - ""മന്ത്രിമാരുടെ തണലില്‍ ക്രിമിനലുകള്‍"". ""തങ്ങളുടെ എല്ലാ അത്യാചാരങ്ങള്‍ക്കും അനുയോജ്യരായ വ്യക്തികളെ മന്ത്രിമാര്‍ തിരഞ്ഞുപിടിച്ചുകൊണ്ടുവന്ന് സര്‍ക്കാര്‍ ചെലവില്‍ പോറ്റി വളര്‍ത്തുകയോ?"" ഇനി ഇതാ ഉറഞ്ഞുതുള്ളല്‍ കോണ്‍ഗ്രസ് ഓഫീസിലെ ഭീകരമായ കൊലപാതകത്തിെന്‍റ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ മുഖ്യധാരക്കാര്‍ തമസ്കരിച്ച (അപ്രധാനമാക്കി ഒതുക്കിയ) അതേ ദിവസം (ഫെബ്രുവരി 12) കോട്ടയം നുണരമയും കോയിക്കോട് വീരഭൂമിയും പുറത്തിറങ്ങിയതെങ്ങനെ എന്നു നോക്കണ്ടേ? അതാണ് അതിെന്‍റയൊരു ബ്യൂട്ടി!

"വീരഭൂമി" (നമ്മള തോട്ടം മുതലാളീന്റെ പത്രമേ) 12ന് ഒന്നാം പേജില്‍ 6 കോളം മത്തങ്ങയില്‍ അച്ച് നിരത്തിയിരിക്കുന്നു: ""കരാര്‍ മൂന്നിരട്ടി ഉയര്‍ന്ന നിരക്കില്‍ - സിബിഐ"". അതിനണിയിച്ചിരിക്കുന്ന തൊപ്പീംകൂടി വായിച്ചാലേ സങ്കതി പുടികിട്ടൂ: ""ലാവ്ലിന്‍: റിവിഷന്‍ ഹര്‍ജിയില്‍ പിണറായിക്ക് നോട്ടീസ്"". ഒപ്പം ഒരു ഹൈലൈറ്റും : ""കരാറിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍"". ഒരാഴ്ചമുന്‍പ്, ലാവ്ലിന്‍ ഇടപാടില്‍ ഒരു ക്രമക്കേടും ഉണ്ടായില്ലെന്ന് സംസ്ഥാന ഊര്‍ജവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തമസ്കരിച്ച പത്ര നീര്‍ക്കോലിയാണ് ഇപ്പോള്‍ തലപൊക്കി വിഷം ചീറ്റുന്നത്. ഇനി "നുണരമ"യോ? 12ന് ഒന്നാം പേജില്‍ 5 കോളം മത്തങ്ങയില്‍ സംഭ്രമജനകമായി കാച്ചിയിരിക്കുന്നു: ""ലാവ്ലിന്‍ കേസ് രേഖകള്‍ ഹൈക്കോടതിയിലേക്ക്"". ഹൈലൈറ്റ്: ""പിണറായി അടക്കമുള്ളവരെ വിട്ടയച്ച സിബിഐ കോടതി ഉത്തരവിനെതിരായ ഹര്‍ജി ഫയലില്‍"". പിന്നൊരു ബോക്സും: ""വിശദവാദം പിന്നീട്. വിധിക്കു സ്റ്റേ ആവശ്യം ഉയര്‍ന്നില്ല"". എന്താണിതിലെ "ന്യൂസ്"? "ക്രൈം കുമാര"നൊപ്പം സിബിഐയും ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അത് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയക്കാനും കീഴ്ക്കോടതിയിലെ രേഖകള്‍ വരുത്താനും നടപടി കൈക്കൊണ്ടു. വെറും സാധാരണ രീതി. ഏതെങ്കിലും പേജില്‍ ഒറ്റക്കോളത്തില്‍ ഒതുക്കാവുന്ന സങ്കതി. പക്ഷേ, ഇത് സിപിഐ എമ്മിനെതിരെയല്ലേ, പിണറായിക്കെതിരെയല്ലേ! വച്ച് താങ്ങുക തന്നെ മത്തങ്ങയില്‍! 2006 മുതല്‍ ഇതേ ചരക്ക് ഈ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് വിറ്റഴിക്കാന്‍ നോക്കണതുമാണ്. പിന്നെയോ: ഈ കേസു തന്നെ സിബിഐ പ്രത്യേക കോടതി വിചാരണാര്‍ഹം പോലുമല്ലാത്തവിധം ബാലിശവും അബദ്ധ പഞ്ചാംഗവുമാണെന്ന് വിധിച്ച് ഓടയിലെറിഞ്ഞതുമാണ്. എങ്കിലും നുണ നൂറാവര്‍ത്തിച്ച് കോണ്‍ഗ്രസിനായി ഒരു പ്രചരണം തന്നെ. അതുകൊണ്ടരിശം തീരാഞ്ഞവളുടെ മണ്ടിക്കളി വീണ്ടും.

14-ാം തീയതി "മനോരമ"യുടെ 11-ാം പേജില്‍ വായിക്കൂ: ""ലാവ്ലിന്‍ കേസ് കക്ഷിചേരാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കും"". അതില്‍ ഇങ്ങനെ: ""പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് 165 കോടി രൂപയുടെ പണിയേ നടന്നിട്ടുള്ളൂ എന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടത്"". സിബിഐ അണ്ണന്മാര്‍ അങ്ങനെ കണ്ടെങ്കില്‍ ആരാ അതിനുത്തരവാദി? പണി പൂര്‍ത്തിയായപ്പോള്‍ എത്ര രൂപയുടെ പണി ചെയ്തു എന്നുറപ്പാക്കി കരാര്‍ തുക നല്‍കിയവരല്ലേ? 2003ല്‍ ആന്‍റണി മുഖ്യനും കടവൂര്‍ ശിവദാസന്‍ വൈദ്യുതികാര്യവും വഹിച്ചിരുന്നപ്പോഴല്ലേ ഇത് നടന്നത്? അതിന് പിണറായി എന്തു പിഴച്ചു? ഇനി, എത്ര രൂപേടെ പണി ചെയ്താലും കരാറില്‍ ക്വാട്ട് ചെയ്ത തുകയത്രേം നല്‍കണമെന്നാണെങ്കില്‍ ആദ്യം കരാര്‍ ഉണ്ടാക്കിയ ജി കാര്‍ത്തികേയനെയല്ലേ കൂട്ടില്‍ കേറ്റേണ്ടത്? ഗണ്‍മോനെ മറന്നോ?

ലാവ്ലിന്‍ ആഘോഷമാക്കിയ ഇതേ ദിവസം തന്നെ (ഫെബ്രുവരി 12) സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിനെക്കുറിച്ച് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിബിഐ അപ്പീല്‍ പര്‍വതീകരിച്ച് ആഘോഷിച്ച "മനോരമേം" "മാതൃഭൂമീം" മുഖ്യന്റെ മുന്‍ ഗണ്‍മോന്‍ ഉള്‍പ്പെടുന്ന (കേരള പൊലീസ് അയാളെ ഇനീം പ്രതിചേര്‍ക്കാന്‍പോലും തയ്യാറാകാത്ത) കേസിലെ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തെ ചീളാക്കി ഒതുക്കുന്നത് നോക്കൂ. "മനോരമ" 12ന് 13-ാം പേജില്‍ ഇങ്ങനെ: ""സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം. സിബിഐ വേണോ വിജിലന്‍സ് മതിയോ എന്നു പരിശോധിക്കുകയാണ് എന്നു കോടതി"". മാതൃഭൂമീം സങ്കതി പേജ് 13ല്‍ തന്നെ ഒതുക്കീരിക്കുന്നു: ""സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി"". എത്ര ഗംഭീരമായി ഒടിച്ചുമടക്കി പെട്ടീല്‍ അടച്ചിരിക്കുന്നു, അധികമാരും ശ്രദ്ധിക്കാത്തവിധം. ""10 സെന്‍റുപോലും വാങ്ങാന്‍ കഴിവില്ലാത്ത രണ്ടുപേര്‍ ചേര്‍ന്ന് 500 കോടിയോളം മുടക്കാനും 45 ഏക്കര്‍ വാങ്ങാനും തയ്യാറാകുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല"" എന്ന് നിരീക്ഷിച്ച ഹൈക്കോടതി, ""അധികാര കേന്ദ്രങ്ങളില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടതായി ആരോപണമുള്ളതാണ് ഭൂമി തട്ടിപ്പു കേസുകള്‍"" എന്നും പ്രസ്താവിച്ചു. ("മാധ്യമം" റിപ്പോര്‍ട്ട്).

ഇതിനെക്കാള്‍ പ്രമാദമായ സാധനമാണോ പത്രാധിപശിങ്കങ്ങളേ, ഒരു കേസില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നത്? സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് 18-ാം ദിവസം പിന്നിട്ടിരിക്കുന്നു. നാടും നഗരവും ഇളക്കിമറിച്ച്, ഓരോ സ്വീകരണ കേന്ദ്രത്തിലും പതിനായിരങ്ങള്‍ അണിനിരന്ന് ആവേശകരമായി മാര്‍ച്ച് മലപ്പുറം ജില്ലവരെ എത്തിയിട്ടും നമ്മുടെ മാധ്യമ ശിങ്കങ്ങള്‍ അതു കണ്ട മട്ടില്ല. നൂറാള് കൂടാത്ത രമേടെ ഉണ്ണാവ്രതത്തെ മഹാസംഭവമാക്കി അവതരിപ്പിക്കാന്‍ ഭാഷയിലെ സര്‍വപദങ്ങളും വാരിവിതറിയ, നിരന്തര ചര്‍ച്ചകള്‍ നടത്തിയ മാധ്യമ ഭീകരന്മാര്‍ ഈ ജനമുന്നേറ്റത്തിനുനേരെ കണ്ണടച്ചിരുട്ടാക്കാന്‍ നോക്കുകയാണ്.

വാല്‍ക്കഷ്ണം

""കൊല്ലപ്പെട്ട ദിവസം ടി പി വിളിച്ചത് സ്ത്രീയെ അല്ല, ആറെംപി നേതാവിനെ"" (മാതൃഭൂമി 15.2.14). അച്ഛന്‍ പത്തായത്തിലുമില്ലെന്ന് സ്ഥാപിക്കാന്‍ "മാതൃഭൂമി" ക്കെന്തൊരു വ്യഗ്രതയെന്നു നോക്കണേ!

*
ഗൗരി