Showing posts with label എ.കെ.ജി.. Show all posts
Showing posts with label എ.കെ.ജി.. Show all posts

Saturday, March 22, 2014

പാവങ്ങളുടെ പടത്തലവന്‍

പ്രക്ഷോഭങ്ങളെ ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായിരുന്നു എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. ജീവിതംതന്നെ പോരാട്ടമാക്കിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 37 വര്‍ഷം പൂര്‍ത്തിയാകുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും നേതൃപരമായ പങ്കാണ് സഖാവ് വഹിച്ചത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തില്‍ നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സുപ്രധാന അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിലുണ്ടായ ഭീകര മര്‍ദനവും. എ കെ ജി ഈ സമരത്തിന്റെയും മുന്‍നിരയിലുണ്ടായി. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് സഖാവിനെ പാവങ്ങളുടെ പടത്തലവനാക്കിയത്. താന്‍ പ്രവര്‍ത്തിച്ച എല്ലാമേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണെന്ന വിശേഷണത്തിന് ഇടയാക്കിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്ക് അനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന മാതൃകാ കമ്യൂണിസ്റ്റായിരുന്നു സഖാവ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകി. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടപ്പാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി രാജ്യത്തു നടന്ന സമരപോരാട്ടങ്ങളുടെ നേതൃനിരയില്‍ എ കെ ജി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു അദ്ദേഹം. കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു. മുടവന്‍മുകള്‍ മിച്ചഭൂമി സമരം എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് സഖാവ് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനപക്ഷനിലപാട് ഉയര്‍ത്തിയാണ് എ കെ ജി പോരടിച്ചത്.

എ കെ ജിയുടെ ചരമദിനമാചരിക്കുന്ന ഈ ഘട്ടത്തില്‍ രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. യുപിഎ സര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ കുത്തുപാളയെടുപ്പിക്കുകയുമാണ്. 2003ല്‍ പതിമൂന്ന് ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നത് ഇന്ന് 122 ആയി വര്‍ധിച്ചു. അതേ അവസരത്തില്‍ 20 രൂപ ദിനംപ്രതി വരുമാനമുള്ളവരുടെ എണ്ണം 77 ശതമാനമാണ്. അതായത്, 86.3 കോടിയോളം. രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ടി ഭരിച്ചാലാണ് നേട്ടമുണ്ടാവുക എന്ന നിലപാടായിരുന്നു യുഡിഎഫിന്റേത്. ഇന്നേവരെ ഇല്ലാത്ത രീതിയില്‍ കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായി. എന്നാല്‍, കേരളം ഇതുപോലെ അവഗണിക്കപ്പെട്ട ഒരു കാലമുണ്ടായിട്ടില്ല. 1970ല്‍ കേന്ദ്രനിക്ഷേപത്തിന്റെ 3.1 ശതമാനം കേരളത്തിലുണ്ടായിരുന്നു. ഇന്നത് 1.2 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങളോട് തികഞ്ഞ അവഗണനയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറെ മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളിലൊന്നാണ് ഐഐടി ലഭിക്കുക എന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കുതിപ്പ് പകരാന്‍ സഹായിക്കുന്നതാണ് റെയില്‍വേ സോണ്‍. എന്നാല്‍, ഇത് അനുവദിക്കുന്നതിനുപകരം കേരളത്തിലെ പ്രധാന ഡിവിഷനുകളിലൊന്നായ പാലക്കാടിനെ തുടര്‍ച്ചയായി വെട്ടിമുറിക്കുന്നു.
കേരളത്തിന്റെ വികസനത്തിന് സഹായകമായ മറ്റൊരു പദ്ധതിയാണ് വിഴിഞ്ഞംപദ്ധതി. പലവിധ ന്യായങ്ങള്‍ പറഞ്ഞ് വിഴിഞ്ഞംപദ്ധതി തകര്‍ക്കുകയാണ്. പുതിയ കേന്ദ്രനിക്ഷേപങ്ങള്‍ കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ച തുക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. എച്ച്എംടി, പാലക്കാട് ഐടിഐ, എഫ്എസിടി തുടങ്ങിയ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമംപോലും ഉണ്ടായില്ല. പരമ്പരാഗതവ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള പാക്കേജും നടക്കാതെ പോയി. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും കേരളമെന്ന സംസ്ഥാനത്തെ പരിഗണിക്കാന്‍പോലും തയ്യാറായില്ല. കേരളത്തിലെ

സുപ്രധാന നാണ്യവിളകളിലൊന്നായ റബറിന്റെ വില കുത്തനെ ഇടിയുകയാണ്. ഇത് തടയുന്നവിധം ഇറക്കുമതി നിയന്ത്രിക്കുന്നതിന് തയ്യാറാകുന്നില്ല. മറ്റു കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇതേ നില തുടരുന്നു. കേരളത്തിന് അടുത്തകാലത്ത് ഏറെ പരിഗണന ലഭിച്ചത് ഇടതുപക്ഷം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഘട്ടത്തിലായിരുന്നു. അക്കാലത്ത് അനുവദിക്കപ്പെട്ടതാണ് പാലക്കാട്ടെ കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി, തിരുവനന്തപുരത്തെ റെയില്‍വേ മെഡിക്കല്‍ കോളേജ്, നേമത്തെ കോച്ച് റിപ്പയറിങ് സെന്റര്‍ എന്നിവ. എന്നാല്‍, ഈ പദ്ധതികള്‍ തുടര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു ഇടപെടലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കേരളത്തിലെ മലയോരത്തെയും തീരദേശത്തെയും ജനങ്ങളെ കിടപ്പാടത്തില്‍നിന്ന് പുറത്താക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ വിജ്ഞാപനം അത്തരത്തിലുള്ളതാണ്. 1986ലെ പരിസ്ഥിതി നിയമത്തിന്റെ സെക്ഷന്‍ 5 പ്രകാരം ഇറക്കിയ ഈ വിജ്ഞാപനം നിലനില്‍ക്കെ ഓഫീസ് മെമ്മോറാണ്ടംകൊണ്ടോ കരട് വിജ്ഞാപനംകൊണ്ടോ മലയോരജനതയുടെ ആശങ്ക പരിഹരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഇറക്കിയ കരട് വിജ്ഞാപനത്തിലും, 2013 നവംബര്‍ 13ന്റെ വിജ്ഞാപനത്തെ അടിസ്ഥാനപ്പെടുത്തിയാകും കാര്യങ്ങള്‍ നീങ്ങുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, കരട് വിജ്ഞാപനംകൊണ്ട് മലയോരജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ സംരക്ഷണ നിയമമാകട്ടെ മത്സ്യത്തൊഴിലാളികളെ കടലോരമേഖലയില്‍നിന്ന് ആട്ടിപ്പുറത്താക്കുന്ന വിധത്തിലുള്ളതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് പുതുതായി വീട് നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം ഉണ്ടാവുക. അതേസമയം, അഞ്ചുകോടിയിലേറെ ചെലവഴിച്ച് ഉണ്ടാക്കുന്ന കെട്ടിടങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ നിര്‍മിക്കുന്നതിന് തടസ്സവുമില്ല. അതുകൊണ്ടുതന്നെ, ഫലത്തില്‍ ഈ നിയമം കടലോരമേഖലയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ പുറത്താക്കുന്നതും റിസോര്‍ട്ട് മാഫിയകള്‍ക്ക് അവിടെ പിടിമുറുക്കുന്നതിന് സാഹചര്യമൊരുക്കുന്നതുമാണ്. മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചും മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ചും കടലോരമേഖലയിലെ ജനതയെ കണ്ണീര്‍ കുടിപ്പിച്ചതിനു പുറമെയാണിത്. ഇറ്റാലിയന്‍ നാവികര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കൊലചെയ്തിട്ടും അവര്‍ക്കെതിരെ സുവ നിയമപ്രകാരം കേസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളജനതയുടെ ജീവനേക്കാള്‍ ഇറ്റലിക്കാരുടെ രോദനമാണ് കേന്ദ്രസര്‍ക്കാരിന് പ്രധാനമെന്ന് വരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസി മലയാളികള്‍. സ്വദേശിവല്‍ക്കരണം ഉള്‍പ്പെടെ അവിടെ ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങള്‍ ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. ഈ സ്ഥിതിഗതികളെ നേരിടുന്നതിന് മറ്റു പല രാജ്യങ്ങളും മുന്‍കൂട്ടി പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. രാജ്യത്തെ വിദേശനാണ്യശേഖരത്തിന് വലിയ സംഭാവന നല്‍കുന്ന പ്രവാസികളോട് കാണിക്കുന്ന അവഗണന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നയസമീപനമാകട്ടെ കേരളം നേടിയ നേട്ടങ്ങളെയെല്ലാം തകര്‍ക്കുന്ന വിധത്തിലാണ്. കേരളത്തിന്റെ വികസനത്തിന് അടിത്തറയായി വര്‍ത്തിച്ച ഭൂപരിഷ്കരണ നിയമത്തെപ്പോലും അട്ടിമറിക്കുന്നു. വിശ്വവിഖ്യാതമായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യ സംവിധാനത്തെയും തകര്‍ക്കുന്നു. പുതുതായി 2500 സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് പൊതുവിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കും. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് കൊണ്ടുവന്ന പരിഷ്കാരങ്ങളെല്ലാം അട്ടിമറിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഒരു നടപടിയും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. അഴിമതിയാകട്ടെ സര്‍വതലങ്ങളെയും ബാധിച്ചു. സോളാര്‍ തട്ടിപ്പുകേസില്‍ പലവട്ടം കോടതി പരാമര്‍ശം നടത്തിയിട്ടും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തിയ അഴിമതികളെ വെള്ളപൂശാനും അവരെ വിജിലന്‍സ് കേസുകളില്‍നിന്ന് രക്ഷിക്കുന്നതിനുമാണ് ഇപ്പോള്‍ ശ്രമം. ക്രമസമാധാനരംഗത്ത് മുമ്പന്തിയിലായിരുന്ന കേരളം ഇന്ന് പുറകോട്ട് പോയി. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് സംസ്ഥാനം മാറുന്നു. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിനുപകരം എല്ലാ തലങ്ങളിലുമുള്ള സ്ത്രീപീഡകരെ സംരക്ഷിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലുള്‍പ്പെടെ ഇത്തരം നില തുടരുന്നതു കാണാം.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച നേതാവായിരുന്നു എ കെ ജി. പൊതുവിതരണസമ്പ്രദായം പ്രാബല്യത്തിലാക്കുന്നതിനും കൊച്ചി കപ്പല്‍നിര്‍മാണശാലപോലുള്ള കേന്ദ്രപദ്ധതികള്‍ കൊണ്ടുവരുന്നതിനും സഖാവ് നടത്തിയ പോരാട്ടങ്ങള്‍ എക്കാലവും ഓര്‍മിക്കുന്നതാണ്. നാടിന്റെ വികസനത്തിനുവേണ്ടിയും ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും പാര്‍ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എ കെ ജിയുടെ ഓര്‍മ കരുത്തു പകരും. അതിന്റെ ഭാഗമായി 16-ാം ലോക്സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പോരാട്ടത്തില്‍ സഖാവിന്റെ ഓര്‍മ നമുക്ക് ആവേശമാകും.
*
പിണറായി വിജയന്‍

Friday, March 22, 2013

പാവങ്ങളുടെ പടനായകന്‍

ജീവിതംതന്നെ പോരാട്ടമാക്കി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നായി മാറിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 36 വര്‍ഷം പൂര്‍ത്തിയാകുന്നു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായിരുന്നു എ കെ ജി. കമ്യൂണിസ്റ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ് പാവങ്ങളുടെ പടനായകന്‍ എന്ന അതുല്യവിശേഷണം ഏറ്റുവാങ്ങിയ എ കെ ജിയുടെ സമരജീവിതം.

പോര്‍മുഖത്തെ പതറാത്ത മനസ്ഥൈര്യവും ഒന്നിനെയും കൂസാത്ത ധീരതയുമായിരുന്നു എ കെ ജിയുടെ ജീവിതമുദ്ര. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും എ കെ ജി നേതൃപരമായ പങ്ക് വഹിച്ചു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാന അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും തുടര്‍ന്നുണ്ടായ ഭീകരമായ മര്‍ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ പാവങ്ങളുടെ പടത്തലവനാക്കിയത്. ആ സമരജീവിതം ആര്‍ജിച്ച ആദരം അതിരുകളില്ലാത്തതാണ്. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണ് എന്ന വിശേഷണത്തിന് ഇടയാക്കിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന മാതൃകാ കമ്യൂണിസ്റ്റ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരഗാന്ധിയെക്കുറിച്ച് ""പെണ്‍ഹിറ്റ്ലര്‍ ജനിക്കുന്നു"" എന്നാണ് എ കെ ജി പറഞ്ഞത്. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടത്തിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളുടെ നേതൃനിരയില്‍ എ കെ ജിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി.

കേരളത്തില്‍ നടന്ന മിച്ചഭൂമിസമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മുകള്‍ മിച്ചഭൂമി സമരം എടുത്തു പറയേണ്ടതാണ്. അന്ന് അറസ്റ്റു ചെയ്യപ്പെട്ട എ കെ ജി തിരുവനന്തപുരം സബ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇങ്ങനെ പറഞ്ഞു: ""കാര്‍ഷിക നിയമം 118, 119 വകുപ്പു പ്രകാരം എത്ര ഭൂമിയുണ്ടെന്ന് ലിസ്റ്റ് കൊടുക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും അവരെ ശിക്ഷിക്കാനും അധികാരം ഉള്ളതാണ്. എന്നിട്ടുകൂടി ഒരിഞ്ചു ഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യാത്ത ഭരണാധികാരികളാണ് കുറ്റംചെയ്തവര്‍. അവരെയാണ് ശിക്ഷിക്കേണ്ടത്"". ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായി ജനപക്ഷ നിലപാട് ഉയര്‍ത്തിയാണ് എ കെ ജി പോരാടിയത്. തുടര്‍ച്ചയായ ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഘട്ടത്തിലാണ് ഇത്തവണ എ കെ ജിയുടെ ചരമദിനമാചരിക്കുന്നത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ ദുരിതത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്നു. എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ്. പകരം ധനമൂലധനശക്തികള്‍ക്ക് കടന്നുവരുന്നതിന് അവസരമൊരുക്കി. പൊതുമേഖല നിഷ്കരുണം തകര്‍ക്കപ്പെടുന്നു. ചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തത്ര കഠിനമായ വിലക്കയറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. കൃഷിയെയും കൃഷിക്കാരെയും തകര്‍ക്കുക മാത്രമല്ല, കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയമടഞ്ഞു. ലോകത്ത് സ്ത്രീകള്‍ ഏറ്റവുമധികം ഭയക്കേണ്ട രാജ്യമായി ഇന്ത്യ മാറി. അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ജനദ്രോഹം അജന്‍ഡയാക്കിയ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രക്ഷോഭങ്ങള്‍, യുപിഎയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന സൂചനയാണ് നല്‍കുന്നത്. രാജ്യം ഭരിക്കാനുള്ള അവകാശം ഇന്ന് യുപിഎയ്ക്കില്ല. പാര്‍ലമെന്റില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണയേ അവര്‍ക്കുള്ളൂ. 545 അംഗ സഭയില്‍ 272 അംഗങ്ങളുടെ പിന്തുണയെങ്കിലുമുണ്ടാകുമ്പോഴാണ് ഭൂരിപക്ഷമാകുന്നത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥ പിന്തുണ ആ അക്കത്തിലേക്ക് വരുന്നില്ല. അതുതന്നെ എസ്പിയുടെ 22ഉം ബിഎസ്പിയുടെ 21ഉം ഉള്‍പ്പെടെയാണ്. പുറത്തുനിന്നുള്ള പിന്തുണകൊണ്ടുപോലും ഭൂരിപക്ഷമുണ്ടാക്കാനാകാത്ത യുപിഎ, പാര്‍ലമെന്ററി അഭ്യാസങ്ങളിലൂടെയാണ് ഭരണം നിലനിര്‍ത്തുന്നത്. തെലങ്കാന രാഷ്ട്രീയസമിതി, എംഡിഎംകെ, പട്ടാളിമക്കള്‍ കക്ഷി, ഓള്‍ ഇന്ത്യാ മജ്ലിസ് ഇത്തേഹാദുള്‍ മുസ്ലിമിന്‍, ടിഎംസി, പിഡിപി എന്നിവയ്ക്കു പിന്നാലെ ഡിഎംകെയും കൈവിട്ടതോടെ യുപിഎ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലാവസ്ഥയിലാണ്. ഈ ദൗര്‍ബല്യത്തില്‍നിന്ന് മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും ഫലിക്കുന്നില്ല. ഒറ്റപ്പാര്‍ട്ടി എന്ന നിലയില്‍ ബിജെപി തര്‍ക്കങ്ങളുടെയും നേതൃതലത്തിലുള്ള വടംവലികളുടെയും രാഷ്ട്രീയ നിലപാടുകളിലെ അവ്യക്തതകളുടെയും കൂടാരമാണ്. സംഘപരിവാര്‍ അജന്‍ഡകളും തീവ്രഹിന്ദുത്വത്തിന്റെ പ്രയോഗവും ആ പാര്‍ട്ടിയുടെ മുഖം കൂടുതല്‍ കറുപ്പിക്കുന്നു. ദക്ഷിണേന്ത്യയുടെ കാവിക്കവാടമെന്ന് അവര്‍ പ്രചരിപ്പിച്ച കര്‍ണാടകത്തിലടക്കം ബിജെപിക്ക് ലഭിച്ചത് കനത്ത തിരിച്ചടിയാണ്. സാമ്പത്തിക നയങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ കുടക്കീഴില്‍ നില്‍ക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്കും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും ബദലായി മൂന്നാംശക്തി ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ച ഘട്ടമാണിത്. രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്ന ഉത്തമ ലക്ഷ്യത്തോടെ അത്തരം ഒരു ബദല്‍ ഉയര്‍ത്താന്‍ കഴിയുന്നത് ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷ ബദല്‍ എന്ന മഹത്തായ ആശയത്തിലേക്കുള്ള ചുവടുവയ്പാണ് ഇ എം എസ് ദിനമായ മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ സിപിഐ എം നേതൃത്വത്തില്‍ നടന്ന മഹാറാലി. രാജ്യത്താകെ സമര സന്ദേശവുമായി ജാഥകള്‍ സംഘടിപ്പിച്ചശേഷമാണ് രാംലീല മൈതാനിയില്‍ വന്‍ജനാവലിയെ അണിനിരത്തിയ റാലിക്ക് പാര്‍ടി നേതൃത്വം നല്‍കിയത്. സിപിഐ എമ്മിന്റെ ഉജ്വലമായ സമര പ്രഖ്യാപനമായി ആ റാലി മാറി.

നവലിബറല്‍ നയങ്ങളുടെ പ്രയോഗത്തിലൂടെ കേന്ദ്രം ജനങ്ങളെയും രാജ്യത്തെയും പാപ്പരാക്കുമ്പോള്‍, അതിന്റെ ആഘാതം വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലയെ തകര്‍ത്തും വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജീവിത ദുരിതങ്ങള്‍ സംഭാവന ചെയ്തുമാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ച ഈ വര്‍ഷത്തെ ബജറ്റ് ഇതിനുദാഹരണമാണ്. 1138 കോടി രൂപയുടെ അധിക നികുതിബാധ്യതയാണ് ബജറ്റ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുന്നു. പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പദ്ധതിപോലുമില്ല. വിലക്കയറ്റം പരിഹരിക്കുന്നതിനുള്ള കര്‍മപദ്ധതികളും ബഡ്ജറ്റിലില്ല. പിപിപി നടപ്പാക്കി സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ക്രമസമാധാനരംഗം പാടെ വഷളായി. പെണ്‍വാണിഭ- ഗുണ്ടാസംഘങ്ങള്‍ക്ക് അടിയറ പറയുന്ന പൊലീസ്, രാഷ്ട്രീയ വിരോധം വച്ച് കേസ് ചമയ്ക്കുന്നതിന് അറച്ചുനില്‍ക്കുന്നില്ല. അഴിമതി കേസുകളില്‍നിന്ന് മന്ത്രിമാരെ രക്ഷപ്പെടുത്തുന്നതിന് നഗ്നമായ ഇടപെടലുകളുണ്ടാകുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെ രക്ഷിക്കാന്‍ ഹീനമായ നീക്കമാണ് നടത്തിയത്.

ജനങ്ങളുടെ ജീവനും സ്വത്തിനുമല്ല അഴിമതിക്കാര്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നത്. കേരളത്തെ നശിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ സമരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ജനങ്ങളുടെ ദുരിതമകറ്റാനുള്ള നിരന്തരപ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമ്രാജ്യത്വശക്തികളെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കാനുള്ള പോരാട്ടത്തിലും സജീവ പങ്കാളിയായിരുന്നു എ കെ ജി. ഇന്ത്യയില്‍ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക- വിദേശ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇതിനെതിരായുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക്, പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച എ കെ ജിയുടെ ഓര്‍മകള്‍ തീര്‍ച്ചയായും കരുത്തുപകരും. സാമ്രാജ്യത്വശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന ആഗോള സാമ്പത്തിക നയങ്ങള്‍ക്ക് ബദലുയര്‍ത്താന്‍ പോരാടുന്ന പ്രസ്ഥാനത്തിന് സഖാവിന്റെ ഓര്‍മകള്‍ ആവേശം പകരും.

*
പിണറായി വിജയന്‍

Saturday, January 19, 2013

മലബാര്‍ കലാപത്തെപ്പറ്റി - എ. കെ. ജി

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും  ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?

ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു.

അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട്  നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്യ്രസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്യ്രത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത  ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ  മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല;  പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്യ്രത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ  വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്.  ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത്  ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍  പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട്  ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍  അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി  മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി  തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ  ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും  ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ  ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം  ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല,  തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍  അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.

നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ,  ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല.  ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍ഗ്രസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം  സ്വാതന്ത്യ്രത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റാാേഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്യ്രം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.

ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്യ്രം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്യ്രം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''

(പ്രോഗ്രസ് പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തിന്റെ ആഹ്വാനം എന്ന പുസ്തകത്തില്‍ നിന്ന്)

യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്

Wednesday, May 16, 2012

"കാലന്‍ വന്നുവിളിച്ചിട്ടും"

ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

അഞ്ചാം ഭാഗം: അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന എ കെ ജിയെക്കുറിച്ച്, ""കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"" എന്നു മുദ്രാവാക്യം മുഴക്കിയതില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മനസ്സ് കേരളം തെളിഞ്ഞുകണ്ടു. ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച, പാവങ്ങളുടെ പടത്തലവനായി രാജ്യത്തെ ജനങ്ങള്‍ ആദരിച്ച എ കെ ജി ശത്രുക്കളുടെയും ആദരം നേടിയിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരോട് എന്നും കയര്‍ത്ത കത്തോലിക്ക സഭപോലും എ കെ ജിയെ മഹാനായ മനുഷ്യസ്നേഹിയായാണ് കണ്ടത്. ആ പ്രോജ്വല ജീവിതം ഇനിയും നീട്ടിക്കിട്ടണമെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളാകെ ഉള്ളുരുകി ആശിക്കുമ്പോഴാണ്, "രോഗം വന്ന് അവശനായിട്ടും എന്താണ് ഗോപാലന്‍ മരിക്കാത്തതെ"ന്ന ചോദ്യം ഗാന്ധിശിഷ്യന്‍മാരില്‍നിന്നുയര്‍ന്നത്.

"മാവിലായി മാടനാ"യിരുന്നു അവര്‍ക്കന്ന് എ കെ ജി. അദ്ദേഹത്തിന്റെ അവസാന നാളുകളിലെ പോരാട്ടം അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ് ഭീകരവാഴ്ചയ്ക്കെതിരായിരുന്നു. രാജനും കണ്ണനും വിജയനും കൊല്ലപ്പെട്ട അടിയന്തരാവസ്ഥ. പൊലീസും കോണ്‍ഗ്രസുകാരും താണ്ഡവമാടിയ നാളുകള്‍. ഖദറിട്ടവര്‍ ആജ്ഞാപിച്ചു-കാക്കിയിട്ടവര്‍ അനുസരിച്ചു. പൊലീസ് സേനയെ ഭരണകക്ഷിയുടെ പാദസേവകരാക്കി അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ചു. കേസുകള്‍ അട്ടിമറിച്ചു. സിപിഐ എം നേതാക്കള്‍ കൂട്ടത്തോടെ ജയിലില്‍. കേരള രാഷ്ട്രീയത്തില്‍ ബോംബ് കടന്നുവന്നത് അടിയന്തരാവസ്ഥയിലാണ്. 1976 ജൂണ്‍ അഞ്ചിന് മമ്പറത്തുനിന്ന് രണ്ടുജീപ്പില്‍ ബോംബുകളുമായി കോണ്‍ഗ്രസിന്റെ പ്രമുഖ ഗുണ്ടാസംഘം പുറപ്പെട്ടു. പൊലീസ് അവരെ യാത്രയയച്ചു എന്നു പറയാം. ജീപ്പുകള്‍ നേരെ ചെന്നത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയിലേക്കാണ്. തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും സുരക്ഷിതമാണെന്ന വിശ്വാസം അന്ന് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ബീഡിക്കമ്പനിയിലേക്ക് ഇരച്ചുകയറിയ സംഘം ഇരുമ്പുപാരകളും കൊടുവാളുകളുമായി അഴിഞ്ഞാടി. ബീഡിയിലയും പുകയിലയും ചിതറിപ്പരന്ന നിലത്ത് കൊളങ്ങരത്ത് രാഘവന്‍ എന്ന തൊഴിലാളിയെ വെട്ടിവീഴ്ത്തി. പെരളശ്ശേരി സ്വദേശിയായ, സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായ രാഘവനെ അക്ഷരാര്‍ഥത്തില്‍ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കമ്പനിക്കകത്ത് പാലേരി അച്യുതന്റെ ഒന്നര വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞു. അക്രമികള്‍ക്കുപിന്നാലെ പൊലീസ് എത്തി. നിരവധിപേര്‍ സാരമായ പരിക്കോടെ കിടക്കുമ്പോള്‍ അവരെയും ആക്രമിക്കുകയായിരുന്നു അടിയന്തരാവസ്ഥയുടെ പൊലീസ്. രാഘവന്‍ വധക്കേസിലെ പ്രധാന പ്രതി മമ്പറം ദിവാകരന്‍ ഇന്ന് കെപിസിസി സെക്രട്ടറിയാണ്. കൊലക്കേസ് തെളിയിക്കപ്പെട്ട് ഏഴുകൊല്ലം ജയിലില്‍ കിടന്നശേഷവും ഖദര്‍കുപ്പായവും നേതൃപദവിയും മാന്യതയും ദിവാകരന് കല്‍പ്പിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ദിവാകരന് സ്തുതി പാടാന്‍ മാതൃഭൂമിയും മനോരമയും ഇന്നും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഭവങ്ങള്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് കണ്ണൂര്‍ കുറ്റൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ സി പി കരുണാകരന്‍ വധമാണ്. 1967 സപ്തംബര്‍ 11നാണ് കരുണാകരനെ കുത്തിക്കൊന്നത്. പ്രധാന പ്രതികളില്‍ കെ പി നൂറുദീന്‍ എന്ന പേരുണ്ടായിരുന്നു. ആ പ്രതിയെ പിന്നീട് കോണ്‍ഗ്രസ് എംഎല്‍എയാക്കിയും മന്ത്രിയാക്കിയും ആദരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ യഥാര്‍ഥ ഭരണാധികാരി എന്‍ രാമകൃഷ്ണനായിരുന്നു. അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാകമാന്‍ഡര്‍. ഭീകരഭരണത്തിനിടെ കോണ്‍ഗ്രസുകാരന്‍ കോണ്‍ഗ്രസുകാരനെ കൊല്ലുന്ന അവസ്ഥപോലുമുണ്ടായി. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വിലക്കായിരുന്നു. കാവുമ്പായി രക്തസാക്ഷി ദിനാചരണംപോലും വിലക്കി. അതു വകവയ്ക്കാതെ പതാക ഉയര്‍ത്താന്‍ പോയപ്പോഴാണ് കണാരന്‍വയലിലെ സി എം ജോസിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പിന്തുടര്‍ന്ന് കൊന്നത്. ജോസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ എല്ലാ ഭീഷണിയെയും അവഗണിച്ച് പണിമുടക്കും പ്രതിഷേധപ്രകടനങ്ങളും നടന്നു. അക്രമത്തിന് പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പ് തോലമ്പ്രയിലായിരുന്നു. രാപ്പകലില്ലാതെ അഴിഞ്ഞാടിയ ക്രിമിനലുകളെ സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തു. ആ വിരോധമാണ് 1977 ജൂലൈ 11ന് കുന്നുമ്പ്രോന്‍ ഗോപാലനെ കൊല്ലുന്നതില്‍ കലാശിച്ചത്. ചിറ്റാരിപ്പറമ്പ്, ഇടുമ്പയിലെ സിപിഐ എം പ്രവര്‍ത്തകനായിരുന്നു കുന്നുമ്പ്രോന്‍. കാല്‍ വെട്ടിമാറ്റിയശേഷമാണ് അദ്ദേഹത്തെ കൊന്നത്.

കക്കയത്ത് പൊലീസ് ക്യാമ്പിലാണ് നരമേധം നടന്നതെങ്കില്‍, മറ്റു പലേടത്തും സമാനമായ കോണ്‍ഗ്രസ് ഗുണ്ടാ ക്യാമ്പുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ആയുധം രാകി. ആ സമയത്ത്, ഇന്ദിരയുടെ ഇരുപതിനത്തിന് സ്തുതിപാടുകയും അടിയന്തരാവസ്ഥയുടെ മഹത്വം വാഴ്ത്തുകയുമായിരുന്നു മാധ്യമങ്ങള്‍. സിപിഐ എം നേതാക്കള്‍ മിക്കവരും ജയിലിലോ ഒളിവിലോ ആയിരുന്നു അന്ന്. പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ. അദ്ദേഹത്തെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോയി കൂത്തുപറമ്പ് ലോക്കപ്പിലിട്ട് നേരം വെളുക്കുവോളം മര്‍ദിച്ചു. അഞ്ചുപേര്‍ മാറിമാറി ബോധരഹിതനാകുംവരെ തല്ലി. പിണറായിയെ അവസാനിപ്പിക്കാന്‍ മമ്പറത്ത് ഗുണ്ടാപ്പട സ്ഥിരമായി തമ്പടിച്ചു. അക്രമങ്ങളില്‍ രോഷാകുലനായ എ കെ ജിക്ക് പെരളശ്ശേരിയിലെ സ്ത്രീകളോട് തിരിച്ചടിക്കാന്‍ ആഹ്വാനംചെയ്യേണ്ടിവന്നു. പശ്ചിമ ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ മറ്റൊരു പതിപ്പായിരുന്നു അന്ന് കേരളത്തിലാകെ.

പക്ഷേ, അന്നും സിപിഐ എമ്മിനെതിരെ കഥകള്‍ പ്രചരിച്ചു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍പോലും സിപിഐ എമ്മിനെ ഒറ്റുകൊടുത്തു-പൊലീസിനും ഗുണ്ടകള്‍ക്കും. വെളുത്ത ചിരിക്കും നീലംമുക്കിയ ഖദറിനുമുള്ളില്‍ അറവുകാരന്റെ മനസ്സും ക്രൂരതയുമാണെന്നതിന് അടിയന്തരാവസ്ഥയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. കൊലപാതകത്തിന്റെ, ആക്രമണത്തിന്റെ, പിടിച്ചുപറിയുടെ, കൊടും പീഡനത്തിന്റെ, സ്വാതന്ത്ര്യ നിഷേധത്തിന്റെ, പൊലീസ് താണ്ഡവത്തിന്റെ, ഒറ്റുകൊടുക്കലിന്റെ എണ്ണമറ്റ കഥകള്‍ അതിലുണ്ട്. എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നതുപോലെ, അന്ന് കേരളത്തിന്റെ ജനാധിപത്യത്തെയും ഉരുട്ടുകയായിരുന്നു. (അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 16 മേയ് 2012

Thursday, March 22, 2012

പാവങ്ങളുടെ പടത്തലവന്‍

ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 35 വര്‍ഷം പൂര്‍ത്തിയാകുന്നു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായിരുന്നു എ കെ ജി. കമ്യൂണിസ്റ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ് ആ സമരജീവിതം. പോര്‍മുഖത്തെ പതറാത്ത മനസ്ഥൈര്യവും ഒന്നിനെയും കൂസാത്ത ധീരതയുമായിരുന്നു എ കെ ജിയുടെ ജീവിതമുദ്ര. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും എ കെ ജി നേതൃപരമായ പങ്കാണ് വഹിച്ചത്.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍ , പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാന അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും തുടര്‍ന്നുണ്ടായ ഭീകരമായ മര്‍ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ പാവങ്ങളുടെ പടത്തലവനാക്കിയത്. ആ സമരജീവിതം ആര്‍ജിച്ച ആദരം അതിരുകളില്ലാത്തതായിരുന്നു. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണ് എന്ന വിശേഷണത്തിന് ഇടയാക്കിയത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന മാതൃകാ കമ്യൂണിസ്റ്റ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്.

1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകി. ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരഗാന്ധിയെക്കുറിച്ച് "പെണ്‍ഹിറ്റ്ലര്‍ ജനിക്കുന്നു" എന്നാണ് എ കെ ജി പറഞ്ഞത്. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടത്തിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളുടെ നേതൃനിരയില്‍ എ കെ ജിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി. കേരളത്തില്‍ നടന്ന മിച്ചഭൂമിസമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മുകള്‍ മിച്ചഭൂമി സമരം എടുത്തു പറയേണ്ടതാണ്. അന്ന് അറസ്റ്റു ചെയ്യപ്പെട്ട എ കെ ജി തിരുവനന്തപുരം സബ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇങ്ങനെ പറഞ്ഞു: "കാര്‍ഷിക നിയമം 118, 119 വകുപ്പു പ്രകാരം എത്ര ഭൂമിയുണ്ടെന്ന് ലിസ്റ്റ് കൊടുക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും അവരെ ശിക്ഷിക്കാനും ഉള്ള അധികാരം നിയമത്തില്‍ ഉള്ളതാണ്. എന്നിട്ടുകൂടി ഒരിഞ്ചു ഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യാത്ത ഭരണാധികാരികളാണ് കുറ്റംചെയ്തവര്‍ . അവരെയാണ് ശിക്ഷിക്കേണ്ടത്".

ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായി ജനപക്ഷ നിലപാട് ഉയര്‍ത്തിയാണ് എ കെ ജി പോരാടിയത്. തുടര്‍ച്ചയായ ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഘട്ടത്തിലാണ് ഇത്തവണ എ കെ ജിയുടെ ചരമദിനമാചരിക്കുന്നത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ ദുരിതത്തിലേക്ക് വലിച്ചിഴയ്ക്കുകയുംചെയ്യുന്നതാണ് സര്‍ക്കാര്‍നയം. ജനങ്ങളില്‍ വന്‍ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രണ്ടാം യുപിഎ സര്‍ക്കാരിനുവേണ്ടി അവതരിപ്പിച്ച കേന്ദ്രബജറ്റ്. ബജറ്റ് നിര്‍ദേശങ്ങള്‍ സര്‍വമേഖലയിലും വിലക്കയറ്റം രൂക്ഷമാക്കുന്നതാണ്. അതില്‍ യുപിഎ ഘടകകക്ഷികള്‍തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. റെയില്‍വേ ബജറ്റ് അവതരിപ്പിച്ചശേഷം മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാടകമാണെങ്കിലും, ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നയങ്ങള്‍ നടപ്പാക്കുന്നതിന്റെ പ്രത്യാഘാതം അവര്‍ ഭയപ്പെടുന്നു എന്നതിന്റെ സൂചനയാണ്. ഇന്ധന സബ്സിഡിയില്‍ 25,000 കോടി രൂപയുടെ വെട്ടിക്കുറവാണ് ബജറ്റിലൂടെ വരുത്തിയത്. ഇത് ഇന്ധനവില ഇനിയും ഉയര്‍ത്താനും അതിലൂടെ വിലക്കയറ്റത്തിന്റെ തോത് വര്‍ധിപ്പിക്കാനും ഇടയാക്കും. 60 ശതമാനത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന കൃഷിമേഖലയില്‍ നിക്ഷേപം ഉയര്‍ത്തിയില്ല. രാസവളത്തിന്റെ വില കൂടുന്നത് ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതമാര്‍ഗത്തെ പ്രതികൂലമായി ബാധിക്കുന്നതും കാര്‍ഷിക ആത്മഹത്യകളുടെ തോത് വര്‍ധിപ്പിക്കുന്നതുമാണ്. എക്സൈസ് നികുതിയും സേവനനികുതിയും വര്‍ധിപ്പിച്ചതുവഴി 45,940 കോടി രൂപയുടെ അധികഭാരമാണ് അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ , കോര്‍പറേറ്റുകളെ സഹായിക്കുന്നതില്‍ പുതിയ ബജറ്റിലും യുപിഎ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കാട്ടിയിട്ടുണ്ട്.

എല്ലാ മറയും നീക്കിയുള്ള കോര്‍പറേറ്റ്-വിദേശ ആശ്രിതത്വമാണ് ബജറ്റില്‍ പ്രകടിപ്പിച്ചത്. 2010-11ല്‍ 8.4 ശതമാനമായിരുന്ന രാജ്യത്തിന്റെ മൊത്തം ദേശീയോല്‍പ്പാദനം 6.9 ലേക്ക് ഇപ്പോള്‍ മൂക്കുകുത്തി. 3.8 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് 9.1 ശതമാനം കടന്നു. കാര്‍ഷിക-വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ല. സര്‍വീസ് മേഖലയിലെ മിക്കവാറും എല്ലാ ജനങ്ങളെയും ബാധിക്കുന്ന രീതിയില്‍ നികുതിനിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ 51,000 കോടി രൂപയുടെ നികുതിയിളവ് കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ചു. റെയില്‍വേ ബജറ്റില്‍ സെക്കന്‍ഡ് ക്ലാസിലെയും സ്ലീപ്പര്‍ ക്ലാസിലെയും യാത്രക്കൂലിയുള്‍പ്പെടെ താങ്ങാനാവാത്തവിധം വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ ചുവടുപിടിച്ചുതന്നെയാണ് വലതുപക്ഷതാല്‍പ്പര്യങ്ങളെമാത്രം സംരക്ഷിക്കുന്ന ബജറ്റ് കേരളത്തിലും അവതരിപ്പിച്ചത്. രാജ്യവും ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ മനസിലാക്കാനോ വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഉള്ള ഒരു ശ്രമവും ഇരുബജറ്റിലും കാണാനില്ലെന്ന് മാത്രമല്ല, കൂടുതല്‍ ജനദ്രോഹ നടപടികള്‍ക്ക് മുന്‍കൈ എടുക്കുകയുംചെയ്യുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കേന്ദ്രം തുടരുമ്പോള്‍ ബദല്‍ സമീപനം ഉയര്‍ത്തിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. ആ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുകയാണ്. നികുതി നിരക്ക് വര്‍ധിപ്പിച്ചതിലൂടെ 1500 കോടി രൂപയുടെകൂടി അധികഭാരം ജനങ്ങളുടെ മുകളില്‍ ചുമത്തി കത്തിപ്പടരുന്ന വിലക്കയറ്റത്തിന് എണ്ണ ഒഴിച്ചുകൊടുത്തു യുഡിഎഫ് സര്‍ക്കാര്‍ .

കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനുപകരം പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലില്ലാത്തവരെ സൃഷ്ടിക്കുന്നു. കേരളത്തില്‍ തിരിച്ചുവന്ന കര്‍ഷക ആത്മഹത്യക്ക് പരിഹാരം കാണാനുള്ള എന്തെങ്കിലും നടപടി ബജറ്റില്‍ ജനം പ്രതീക്ഷിച്ചു. അതു സംബന്ധിച്ച ഒരു പരാമര്‍ശംപോലും ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായില്ല. പൊതു-സ്വകാര്യ പങ്കാളിത്തം പ്രാവര്‍ത്തികമാക്കുന്നതിന് ആസൂത്രണബോര്‍ഡില്‍ പ്രത്യേക സെല്‍തന്നെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പശ്ചാത്തലമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയിലേക്കും നയിക്കും. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ പരിപാടികളൊന്നും ബജറ്റിലില്ല. പകരം വിദേശ സര്‍വകലാശാലകള്‍ക്ക് കടന്നുവരുന്നതിനുള്ള അവസരം ഒരുക്കുന്നതിനെക്കുറിച്ച് പറയുന്നുമുണ്ട്. കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ ഉള്‍പ്പെടെ ഒരുരൂപയുടെ വര്‍ധനപോലും വരുത്തിയിട്ടില്ല എന്നത് സര്‍ക്കാര്‍ ആരുടെ പക്ഷത്താണെന്നുള്ളത് കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ചുവടുപിടിച്ചുതന്നെയാണ് യുഡിഎഫ് സര്‍ക്കാരും നീങ്ങുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും എന്ന് മാത്രമല്ല, കേരളം ഇതുവരെ നേടിയെടുത്ത നേട്ടങ്ങള്‍ക്ക് തുരങ്കംവയ്ക്കുകകൂടി ചെയ്യും.

ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് ഏതറ്റംവരെയും പോകും എന്നാണ് നെയ്യാറ്റിന്‍കര എംഎല്‍എയെ കൂറുമാറ്റിച്ചതിലൂടെ തെളിഞ്ഞത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമാണെന്ന അവകാശവാദം അസംബന്ധമാണ്. സ്ഥിരമായി വലതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ എല്ലാവിധ ജാതി-മത-സങ്കുചിത ശക്തികളെയും ഭരണത്തിന്റെ സൗകര്യങ്ങളെയും ഏകോപിപ്പിച്ചാണ് അവര്‍ വിജയം ആവര്‍ത്തിച്ചത്. പ്രകടമായ അധികാര ദുര്‍വിനിയോഗം അവിടെ നടന്നു. പണമൊഴുക്കിയും ആശാസ്യമല്ലാത്ത വഴികളിലൂടെയും വ്യക്തികളെയും ശക്തികളെയും സ്വാധീനിച്ചാണ് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ യുഡിഎഫ് ശ്രമിച്ചത്. എന്നിട്ടും, ഇടതുമുന്നണിക്ക് വോട്ട് വര്‍ധിപ്പിക്കാനായി എന്നത്, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ജനരോഷം വര്‍ധിച്ചുവരികയാണ് എന്ന് തെളിയിക്കുന്നു. പിറവം വോട്ടെടുപ്പിന് ശേഷമാണ്, ബജറ്റിലൂടെ തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിപ്പിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായത്. ഈ നയങ്ങള്‍ തിരുത്തിക്കുന്നതിന് കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതിന്റെ പ്രസക്തിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ജനങ്ങളുടെ ദുരിതമകറ്റാനുള്ള നിരന്തരപ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമ്രാജ്യത്വശക്തികളെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കാനുള്ള പോരാട്ടത്തിലും സജീവ പങ്കാളിയായിരുന്നു എ കെ ജി. ഇന്ത്യയില്‍ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക-വിദേശ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇതിനെതിരായുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക്, പ്രക്ഷോഭങ്ങളെ ജീവവായുകണക്കെ സ്വാംശീകരിച്ച എ കെ ജിയുടെ ഓര്‍മകള്‍ തീര്‍ച്ചയായും കരുത്തുപകരും. സാമ്രാജ്യത്വശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന ആഗോള സാമ്പത്തിക നയങ്ങള്‍ക്ക് ബദലുയര്‍ത്താന്‍ പോരാടുന്ന പ്രസ്ഥാനത്തിന് സഖാവിന്റെ ഓര്‍മകള്‍ ആവേശം പകരും.

*
പിണറായി വിജയന്‍ ദേശാഭിമാനി 22 മാര്‍ച്ച് 2012

Monday, March 19, 2012

അവരുടെ ജ്വലിക്കുന്ന ഓര്‍മ എന്നും നമുക്കാവേശം

മഹാന്മാരായ കമ്യൂണിസ്റ്റ് വിപ്ലവനായകരായ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം യഥാക്രമം മാര്‍ച്ച് 19ഉം 22ഉം ആണല്ലോ. ഇ എം എസ് 1909 ജൂണ്‍ 13ന് ജനിച്ചു. 1998 മാര്‍ച്ച് 19ന് അന്തരിച്ചു. എ കെ ജി 1904 ഒക്ടോബര്‍ ഒന്നിന് ജനിച്ചു. 1977 മാര്‍ച്ച് 22ന്അന്തരിച്ചു. ചരമദിനങ്ങളില്‍ മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവരെ നമുക്കോര്‍ക്കേണ്ടിവരും. ഇ എം എസ് ഇ ന്നും ജീവിച്ചിരുന്നെങ്കില്‍ , എ കെ ജി ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന അവസരം ധാരാളമുണ്ടായിട്ടുണ്ട്. പാര്‍ടിക്കെതിരെ വര്‍ഗശത്രുക്കള്‍ നുണപ്രചാരണം അഴിച്ചുവിടുമ്പോള്‍ ഇ എം എസ് ഉരുളക്കുപ്പേരിയെന്ന നിലയില്‍ നല്‍കുമായിരുന്ന മറുപടി നമ്മള്‍ ഓര്‍മിക്കും. സമരമുഖങ്ങളില്‍ എ കെ ജിയുടെ സാന്നിധ്യവും നേതൃത്വവും ഇടപെടലും ഓരോ സഖാവിന്റെയും ഓര്‍മയില്‍ വരും. ഇ എം എസ് അന്തരിച്ച് 14 വര്‍ഷം കടന്നുപോയി. എ കെ ജി അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞു.

ഇ എം എസ് എഴുതിയ ലേഖനങ്ങളും ലഘുലേഖകളും ഗ്രന്ഥങ്ങളും സമാഹരിച്ച ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ എന്ന നിലയില്‍ 100 സഞ്ചിക എ കെ ജി പഠനഗ വേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിന്ത പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇ എം എസിന്റെ ബൗദ്ധികമായ ഇടപെടല്‍ മനസ്സിലാക്കാന്‍ ഈ കൃതികള്‍ നമുക്ക് വെളിച്ചം നല്‍കുന്നു. ഒരാളുടെ ആയുഷ്ക്കാലം മുഴുവന്‍ ശ്രമിച്ചാലും ഈ 100 ഗ്രന്ഥങ്ങള്‍ കമ്പോട്കമ്പ് ഒരു തവണ വായിച്ചു പഠിക്കാന്‍ പ്രയാസമാണ്. സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തിലൂടെയാണ് ഇ എം എസ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1927ല്‍ 18-ാമത്തെ വയസ്സില്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. 1932 ജനുവരി നാലിന് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ പഠിത്തം അവസാനിപ്പിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തീവണ്ടി കയറി. നിയമം ലംഘിച്ച് ജയലിലടയ്ക്കപ്പെട്ടു. ജയിലില്‍ കഴിയുമ്പോഴാണ് കമ്യൂണിസ്റ്റാശയഗതിയിലേക്ക് മാറിയത്. പി കൃഷ്ണപിള്ളയുമായും പി സുന്ദരയ്യയുമായും പരിചയപ്പെട്ടു.

1934ല്‍ പാറ്റ്നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനത്തില്‍ സഖാവ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. കേരളത്തില്‍ തിരിച്ചുവന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് മുഖപത്രം ആരംഭിച്ചു. സഖാവ് പണം നല്‍കിയാണ് പ്രസ് വാങ്ങിയത്. ഷൊര്‍ണൂരില്‍ നിന്ന് പ്രഭാതം ആരംഭിച്ചു. 1935ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടു. ഇ എം എസ് തന്നെ എഴുതുന്നു: "കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് അന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായ സുന്ദരയ്യയുമായി ഞാന്‍ ബന്ധപ്പെട്ടു. അതിനെ തുടര്‍ന്ന് കൃഷ്ണപിള്ളയും ഞാനും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിച്ചു. 1937 ജൂലൈയിലോ മറ്റോ എന്‍ സി ശേഖര്‍ , കെ ദാമോദരന്‍ , കൃഷ്ണപിള്ള, ഞാന്‍ എന്നിവരടങ്ങുന്ന ഒരു നിയമവിരുദ്ധ കമ്യൂണിസ്റ്റ് കേരളക്കമ്മിറ്റി സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ ഘാട്ടെയുടെ സാന്നിദ്ധ്യത്തില്‍ രൂപപ്പെട്ടു". 1939ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാരെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി. 1942ല്‍ ദേശാഭിമാനി വാരികയായും 1946ല്‍ ദിനപത്രമായും പ്രസിദ്ധീകരിക്കപ്പെട്ടു. ഇ എം എസ് ഒളിവില്‍ കഴിയുമ്പോള്‍ സഖാവിന്റെ സ്വത്ത് കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ ഘട്ടത്തിലാണ് തനിക്ക് ഭാഗിച്ചു കിട്ടിയ സ്വത്ത് പൂര്‍ണമായും ദേശാഭിമാനിക്കും പാര്‍ടിക്കും നല്‍കിയത്. അവസാനം എഴുതിയ ഒസ്യത്തില്‍ സഖാവെഴുതിയ പുസ്തകത്തിന്റെ റോയല്‍റ്റിവരെ പാര്‍ടിക്ക് നല്‍കാന്‍ തീരുമാനിച്ചു. 1957ലും 1967ലും കേരളത്തിലെ മുഖ്യമന്ത്രിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1964ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്ന 32 പേരില്‍ ഇ എം എസും എ കെ ജിയും ഉണ്ടായിരുന്നു എന്ന വിവരം കേരളത്തിലെ പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും ആവേശഭരിതരാക്കി. 1998 മാര്‍ച്ച് 19ന് അന്തരിക്കുന്ന ദിവസം കാലത്ത് ദേശാഭിമാനിക്ക് തുടര്‍ ലേഖന പരമ്പരയിലെ അവസാന ഭാഗം നല്‍കിയതിനു ശേഷമാണ് രോഗം മൂര്‍ഛിച്ച് ആശുപത്രിയിലേക്കു പോകേണ്ടിവന്നത്. ആരംഭം മുതല്‍ അവസാനംവരെ ദേശാഭിമാനിയുടെ എല്ലാമായിരുന്നു ഇ എം എസ്. എ കെ ജി ജനനായകനായിരുന്നു. എ കെ ജിയുടെ ജീവിതത്തില്‍ ആദ്യകാലത്തെ പട്ടിണിജാഥയാണ് മലബാറിനെയാകെ ഇളക്കിമറിച്ചത്. മലബാറിന്റെ വടക്കെ അറ്റത്തു നിന്ന് തെക്കെ അറ്റംവരെയും അവിടെ നിന്ന് തമിഴ്നാട്ടിലൂടെ മദിരാശിവരെയും എ കെ ജിയുടെ നേതൃത്വത്തില്‍ യൂണിഫോം ധാരികളായ 40 വളണ്ടിയര്‍മാര്‍ 800 കിലോമീറ്റര്‍ ദൂരം പട്ടിണിജാഥ നടത്തി. തൊഴിലാളി സംഘടനകളെയും കര്‍ഷകസംഘത്തെയും വളര്‍ത്തുന്നതില്‍ ഈ ജാഥ പ്രധാന പങ്കാണ് വഹിച്ചത്. അതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരായി മാറിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായിരുന്നു. ജാഥയുടെ വിജയകരമായ പരിസമാപ്തി ട്രേഡ്യൂണിയന്‍ കിസാന്‍ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു. എ കെ ജിയ്ക്ക് പലതവണ ജയിലില്‍ കഴിയേണ്ടിവന്നു. അയിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമായി നടത്തിയ ഗുരുവായൂര്‍ സത്യഗ്രഹം സഖാവിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ്. കെ കേളപ്പന്‍ , എ കെ ജി, പി കൃഷ്ണപിള്ള, വിഷ്ണുഭാരതീയന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. സഖാവിന്റെ ജീവിതം ബഹുജനസമരങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു. പാര്‍ലമെന്റില്‍ പങ്കെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സഭയ്ക്കു പുറത്തു വന്നാല്‍ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചാബില്‍ ബെറ്റര്‍മെന്റ് ലെവിക്കെതിരെ നടത്തിയ സമരം, അമരാവതി സമരം, ചുരുളി കീരിത്തോട് സമരം, മുടവന്‍മുകള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന് മിച്ചഭൂമിയില്‍ പ്രവേശിച്ച് നടത്തിയ സമരം തുടങ്ങി നിരവധി സമരങ്ങള്‍ ജനജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമായതാണ്. കുടികിടപ്പില്‍ സ്ഥിരാവകാശം ലഭിക്കുന്നതിനായി നടത്തിയ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കുന്നതിനായി ആലപ്പുഴയില്‍ ചേര്‍ന്ന കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത് എ കെ ജിയായിരുന്നു. പാര്‍ലമെന്റ് യോഗം കഴിഞ്ഞാല്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ലമെന്റിനകത്ത് നടത്തിയ പോരാട്ടം നാട്ടുകാര്‍ക്കിടയില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തും. ബഹുജന സമരനായകനായിരുന്നു എ കെ ജി. അടിയന്തരാവസ്ഥക്കാലത്ത് നാട്ടിലാകെ നടന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ നിര്‍ഭയം പ്രചാരവേല അഴിച്ചുവിട്ടു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തവണ നാം സഖാക്കളുടെ ചരമദിനം ആചരിക്കുന്നത്.

ദേശീയ രാഷ്ട്രീയം വളരെ സങ്കീര്‍ണമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അതിവേഗം ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്. അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ കൊച്ചു സംസ്ഥാനമായ മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ച് സ്വന്തമായ സ്വാധീനത്തില്‍ അധികാരത്തില്‍ വന്നത്. ഉത്തരാഖണ്ഡില്‍ നാലുപേരെ ചാക്കിട്ടു പിടിച്ചാണ് അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസം തന്നെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പദവിക്കുള്ള കടിപിടിയാണ് തുടങ്ങിയത്. പഞ്ചാബില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല. ഗോവയില്‍ ഭരണം നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ 403 അസംബ്ലി സീറ്റുള്ള യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് 27 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അജിത്സിങ്ങിന്റെ പാര്‍ടി കൂടെയുണ്ടായിട്ടും രാഹുല്‍ഗാന്ധിയും പ്രിയങ്കയും യുപിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും പരാജയത്തില്‍ നിന്ന് യാതൊരു പാഠവും പഠിക്കാന്‍ തയ്യാറായിട്ടില്ല. പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. റെയില്‍വേ കടത്ത്കൂലി 20 ശതമാനം വര്‍ധിപ്പിച്ചു. യാത്രാകൂലി 30 ശതമാനമാണ് വര്‍ധിപ്പിച്ചത്. പരാജയത്തിന്റെ മുഖ്യകാരണം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തിരിച്ചറിഞ്ഞു. എന്നിട്ടും വീണ്ടും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നാടിനെ വലിച്ചിഴക്കുന്ന നടപടിയാണ് സ്വീകരിച്ചത്.

മുതലാളിത്തത്തെ ബാധിച്ച ആഴമേറിയ സാമ്പത്തികക്കുഴപ്പത്തില്‍ നിന്നോ അതിനെതിരായ ബഹുജന സമരങ്ങളില്‍ നിന്നോ യാതൊരുപാഠവും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. മറുഭാഗത്തുള്ളത് വര്‍ഗീയ തീവ്രവാദശക്തിയായ ബിജെപിയാണ്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയം തന്നെയാണ് ബിജെപിയും അംഗീകരിക്കുന്നത്. രണ്ടിനും എതിരായ ഒരു മൂന്നാംബദല്‍ ദേശീയ രാഷ്ട്രീയത്തില്‍ രൂപം പ്രാപിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളു. അതിനുള്ള സാഹചര്യം വളര്‍ന്നുവരുന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. അതിനാകട്ടെ ഇടതുപക്ഷ ശക്തികളില്‍ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എം ശക്തിപ്പെടണം. താല്‍ക്കാലികമായ തിരിച്ചടിയില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. ബഹുജന പിന്തുണയും സംഘടനാശേഷിയും വര്‍ധിപ്പിക്കണം. അതിനുതകുന്നതാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്ര രേഖയും. പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സഖാക്കള്‍ ഇ എം എസ്സിന്റെയും എ കെ ജിയുടെയും ജ്വലിക്കുന്ന ഓര്‍മ നമുക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കും.

*
വി വി ദക്ഷിണാമൂര്‍ത്തി ചിന്ത വാരിക

Thursday, March 8, 2012

പോരാട്ടത്തിന്‍ പൊന്‍ശോഭയിലിന്നും അമരാവതി

"ഉരിയരിപോലും കിട്ടാനില്ല പൊന്നുകൊടുത്താലും, ഉദയാസ്തമയം പീടികമുന്നില്‍ നിന്ന് നരച്ചാലും, പട്ടിണിയേക്കാള്‍ വലുതല്ല പട്ടാളത്തിന്‍ വെടിയുണ്ട..."

ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും പകര്‍ച്ചവ്യാധിയും കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യാനന്തര കാലത്ത് നാടെങ്ങും ഉയര്‍ന്ന മുദ്രാവാക്യം. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനായി തിരുവിതാംകൂറിലെ പട്ടംതാണുപിള്ള സര്‍ക്കാര്‍ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നിയമപരമായി പ്രോത്സാഹിപ്പിച്ചു. ദുരിതയാതനകളില്‍ കഴിഞ്ഞിരുന്ന നാടിന്റെ നാനാമേഖലയിലുള്ളവര്‍ പട്ടിണിയില്ലാത്ത ജീവിതം സ്വപ്നംകണ്ട് മലനാട്ടിലെത്തി. പ്രതിസന്ധികളോടും പ്രതികൂല കാലാവസ്ഥയോടും യുദ്ധം ചെയ്ത കര്‍ഷകജനത പുതുമണ്ണില്‍ നൂറുമേനി വിളയിച്ചു തുടങ്ങി.

അപ്പോഴാണ് ഇടിത്തീപോലെ കുടിയിറക്ക് വന്നത്. 1961ല്‍ ഇടുക്കി പദ്ധതിയുടെ പേരില്‍ പട്ടംതാണുപിള്ള സര്‍ക്കാര്‍ അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ കൃഷി ഭൂമിയില്‍ നിന്നും 1700 കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കി. ഇതറിഞ്ഞയുടന്‍ പാവപ്പെട്ടവരുടെ പടത്തലവന്‍ എ കെ ജി ഓടിയെത്തി. ഇറക്കിവിട്ടവരെ മണ്ണിലുറപ്പിച്ചു നിര്‍ത്താന്‍ കടുത്തരോഗം വകവയ്ക്കാതെ അയ്യപ്പന്‍കോവില്‍ , അമരാവതി എന്നിവിടങ്ങളില്‍ നിരാഹാരം കിടന്നു. അതോടെ മലയോര മണ്ണില്‍ സംഘടിത പ്രസ്ഥാനം ശക്തിപ്പെട്ടു. കുടിയിറക്കപ്പെട്ടവര്‍ക്കെല്ലാം എ കെ ജി രക്ഷകനായി. വടക്കേ ഇന്ത്യയില്‍ വച്ചാണ് കുടിയിറക്ക് സംബന്ധിച്ച വിവരം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും കര്‍ഷക സംഘം പ്രസിഡന്റുമായ എകെജി അറിയുന്നത്. അപ്പോള്‍തന്നെ ഇടുക്കിയിലേക്ക്. ഇഎംഎസുമൊത്ത് അമരാവതിയിലെത്തിയ എ കെ ജി ഉടന്‍ നിരാഹാര സമരം തുടങ്ങി. സമരത്തില്‍ പങ്കാളിയായ പടിഞ്ഞാറേക്കരയില്‍ കുര്യാക്കോസ് ആ നാളുകള്‍ ഓര്‍ക്കുന്നു:
"തങ്ങള്‍ രാവിലെമുതല്‍ മഴനനഞ്ഞ് കാത്തിരിക്കുകയാണെന്നും ഇനിയും എത്രനേരംവരെയും നില്‍ക്കാന്‍ തയ്യാറാണെന്നും ജനക്കൂട്ടം നേതാക്കളെ കണ്ടയുടനെ വിളിച്ചുപറഞ്ഞു. രണ്ട് ഷെഡ്മാത്രമെ പൂര്‍ത്തീകരിച്ചിട്ടുള്ളു. അപ്പോള്‍തന്നെ എകെജി നിരാഹാരം ആരംഭിച്ചു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നാനാതുറകളിലുള്ളവര്‍ എത്തിക്കൊണ്ടിരുന്നു. പള്ളിയില്‍ പോകാന്‍ വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈബിളും കൊന്തയുമായി എ കെ ജിയുടെ സമീപംനിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. എ കെ ജിയുടെ സഹനസമരം വളരെ തീക്ഷ്ണമായിരുന്നുവെന്നും ദൈവദൂതനപ്പോലെ എത്തിയില്ലായിരുന്നെങ്കില്‍ അവിടെ ശവപ്പറമ്പാവുമായിരുന്നു"- തേക്കടി ഓര്‍ത്തഡോക്സ് സഭാ പള്ളിയില്‍ 50 വര്‍ഷമായി ശുശ്രൂഷകനായി ജോലിചെയ്യുകയാണ് ഈ എഴുപത്താറുകാരന്‍ .

ആരോഗ്യം മോശമായതോടെ എകെജിയെ അറസ്റ്റുചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം സമരവും പ്രകടനങ്ങളും. സമരം കനത്താല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും ഭയന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒടുവില്‍ ഇടപെട്ടു. സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പട്ടംതാണുപിള്ളയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഇ എം എസുമായി ആഭ്യന്തര മന്ത്രി പി ടി ചാക്കോ നടത്തിയ ചര്‍ച്ചയിലാണ് മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് സമരം അവസാനിപ്പിച്ചത്. യാഥാര്‍ഥ്യങ്ങളും നിലപാടും ബോധ്യപ്പെട്ടപ്പോള്‍ വിമോചന സമരത്തിലൂടെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അട്ടിമറിച്ച ഫാ. വടക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ അമരാവതി സമരത്തിന് പിന്തുണയായി ഓടിയെത്തി. ഇതും പില്‍ക്കാല സമരചരിത്രത്തിലെ തിളങ്ങുന്ന ഏടായി.

*
കെ ടി രാജീവ് ദേശാഭിമാനി 08 മാര്‍ച്ച് 2012

Sunday, January 29, 2012

മയ്യഴിപ്പുഴയോരത്തെ ധീരരക്തസാക്ഷികള്‍

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ എണ്ണമറ്റ സമരങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. പല സ്ഥലനാമങ്ങളായി അവയെല്ലാം ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്തിന്റെ തുടിപ്പുകളാണ് ഈ പോരാട്ടങ്ങള്‍ക്ക് കരുത്തുനല്‍കിയത്. അടിമയുടെ വിമോചനത്തിനായുള്ള അഭിവാഞ്ചയാണ് ആ സമരപരമ്പരകളെ പിന്നീട് വിജയത്തിലേക്ക് നയിച്ചത്. രണ്ട് സാമ്രാജ്യങ്ങളുടെ അധിനിവേശത്തിനെതിരായി സമരം നയിച്ച ചരിത്രമാണ് പഴയ കുറുമ്പ്രനാട്, കോട്ടയം താലൂക്കിലെ പോരാളികള്‍ക്കുള്ളത്. പ്രസ്തുത താലൂക്കുകളില്‍പെട്ട കണ്ണൂര്‍ ജില്ലയുടെ തെക്കും കോഴിക്കോട് ജില്ലയുടെ വടക്കും അറ്റത്തുള്ള പ്രദേശങ്ങളാണിത്. ഭാരതം ബ്രിട്ടീഷുകാരില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് വിമോചിതമായെങ്കിലും കണ്ണൂര്‍ - കോഴിക്കോട് ജില്ലയുടെ ഇടയില്‍ കിടക്കുന്ന മയ്യഴിയും ചെറുകല്ലായിയും ഫ്രഞ്ച് ആധിപത്യത്തില്‍ തന്നെ തുടര്‍ന്നു. വിമോചനത്തിനായുള്ള നിരവധി സമരങ്ങള്‍ നടന്നുവെങ്കിലും നിരോധനം നീങ്ങിയ ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഈ പ്രദേശങ്ങളുടെ വിമോചനത്തിന് ഫ്രഞ്ചുകാരെ പ്രേരിപ്പിക്കുന്ന ബഹുജന പ്രക്ഷോഭമായി വളര്‍ന്നത്. നാടിനെ മോചിപ്പിക്കുന്നതിന് മാര്‍ച്ച് ചെയ്തവര്‍ക്കു നേരെ പൊലീസ് വെടിവെയ്ക്കുകയും രണ്ട് പേര്‍ - പി പി അനന്തനും എം അച്ചുതനും രക്തസാക്ഷികളാവുകയും ചെയ്തു. ചെറുകല്ലായി സമരത്തെ തുടര്‍ന്ന് രണ്ട് ധീരര്‍ രക്തസാക്ഷികളായ സംഭവം ഐക്യരാഷ്ട്രസഭയിലടക്കം പ്രതിധ്വനിച്ചു. ഫ്രഞ്ച് മയ്യഴിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും അഭിഭാഷകരുമെല്ലാം സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് വിമോചന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. മാഹി വിമോചനസമരത്തെ ശക്തിപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചെറുകല്ലായി സമരമാണ്. രക്തസാക്ഷികള്‍ പി പി അനന്തന്റെയും എം അച്ചുതന്റെയും വീരസ്മരണ എക്കാലവും സ്മരിക്കപ്പെടുകയും ചെയ്യും. കാരണം 233 വര്‍ഷത്തെ ഫ്രഞ്ച് വാഴ്ച അവസാനിപ്പിച്ച ജനമുന്നേറ്റമെന്ന നിലയിലാണ് ഈ പോരാട്ടത്തെ ചരിത്രം അടയാളപ്പെടുത്തുന്നത്.

ഫ്രഞ്ച് കോളനിയുടെ വിമോചനം!

ഫ്രഞ്ചുകാരുടെ കോളനിയായിരുന്ന മാഹിയെ മോചിപ്പിച്ച് സ്വതന്ത്രഭാരതത്തോട് ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളിലെ ചുവന്ന അധ്യായമാണ് ചെറുകല്ലായിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റവും രണ്ട് ധീരന്മാരുടെ രക്തസാക്ഷിത്വവും. ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷവും കേരളത്തില്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലകള്‍ക്കിടയില്‍ കിടക്കുന്ന മാഹിയും ചെറുകല്ലായിയും ഫ്രഞ്ച് അധിനിവേശ പ്രദേശമായി നിലനില്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് വാഴ്ചയില്‍ നിന്ന് രാജ്യം സ്വതന്ത്രയായ ഘട്ടത്തില്‍ തന്നെ മാഹി ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ മോചനത്തിനായുള്ള ആവശ്യവും ശക്തമായിരുന്നു. ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ഇതിനായി നടന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ വിമോചന പോരാട്ടത്തോടെയാണ് ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാഹി ചെറുകല്ലായി പ്രദേശങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേക്ക് ചുവടുവെച്ചത്.

1952 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം പിന്‍വലിച്ച ശേഷമാണ് മാഹിയിലെ ഫ്രഞ്ചിന്ത്യന്‍ പോരാട്ടത്തില്‍ പാര്‍ട്ടി സജീവമായത്. അതിനു മുമ്പ് നടന്ന സമരങ്ങളില്‍ മഹാജന സഭ എന്ന സംഘടനക്കൊപ്പം ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചത്. 1948 ല്‍ മഹാജനസഭക്കാര്‍ പിന്‍മാറിയപ്പോള്‍ നിരോധിത പാര്‍ട്ടിയായിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തനിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. 1953 ല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായിരുന്ന എ കെ ജി ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളിലെ വിമോചന സമരത്തോടുള്ള നിലപാട് മാറ്റണമെന്നും പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉപക്ഷേപം ഉന്നയിച്ചു. ഇതിന്റെ ഫലമായി 1953 മെയ് ഒന്ന് മുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. എല്ലാ പാര്‍ട്ടികളുടേയും പിന്‍തുണയോടെ ഉപരോധ സമരവും ആരംഭിച്ചു. മയ്യഴി ഉള്‍പ്പെടെയുള്ള ഫ്രഞ്ചിന്ത്യന്‍ ജനതയോട് അന്തിമ സമരത്തിനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനമുണ്ടായതും ഇതേ സമയത്തായിരുന്നു. 1954 ജനുവരിയില്‍ ചേര്‍ന്ന സി പി ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഫ്രഞ്ച് ഇന്ത്യന്‍ ലിബറേഷന്‍ സെക്രട്ടറി വി സുബ്ബയ്യയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. യോഗത്തിന് ശേഷം വി സുബ്ബയ്യയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി സെക്രട്ടറി അജയഘോഷ് പത്ര സമ്മേളനം നടത്തിയത്.

കേന്ദകമ്മറ്റി യോഗത്തിന് ശേഷം മാഹി പാലം, മൂഴിക്കര, അഴിയൂര്‍, എന്നിവിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് അന്തിമ സമരത്തിനുള്ള പാര്‍ട്ടിയുടെ ആഹ്വാനം ജനങ്ങളെ അറിയിച്ചു. ഇ എം എസ്, എ കെ ജി, എന്‍ ഇ ബാലറാം, സി എച്ച് കണാരന്‍, എം കെ കേളു, പി വി കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കളാണ് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്. മയ്യഴി നാലുതറ പ്രദേശങ്ങളില്‍ പി വി കുഞ്ഞിരാമന്‍ നടത്തിയ ഉജ്ജ്വല പ്രസംഗങ്ങള്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നവയായിരുന്നു. ഇതിനിടയില്‍ പി വി കുഞ്ഞിരാമനെ പന്തക്കല്‍ വെച്ച് അറസ്റ്റ് ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു.

ഇന്തോ ചീന ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ വിമോചന പോരാട്ടങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആഹ്വാനം ചെയ്തതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണയോഗങ്ങള്‍ സംഘടിപ്പിച്ചു. ഇത് പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇതേ തുടര്‍ന്ന് പട്ടാണിപ്പറമ്പത്ത് നാരായണന്‍, പിതാവ് മരക്കാന്‍ എന്നിവരെ പിടികൂടി കയ്യാമം വെച്ച് കോടതിയില്‍ ഹാജരാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഫ്രഞ്ച് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പറമ്പത്ത് ബാലന്‍, പി കെ ഭാസ്‌കരന്‍ എന്നിവരെ മയ്യഴിയില്‍ നിന്നു തന്നെ പുറത്താക്കി. വിദ്യാര്‍ഥി പ്രക്ഷോഭവും ഇതോടൊപ്പം തന്നെ ശക്തിപ്പെട്ടു. എ ഐ എസ് എഫ് നേതാക്കളായ ഇ മാധവന്‍, വാസുദേവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായതിനാല്‍ പൂത്തട്ട നാരായണനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും മുച്ചിക്കല്‍ പത്മനാഭനെ സ്ഥലം മാറ്റുകയും ചെയ്തു. ഫ്രഞ്ച് അധിനവേശത്തിനെതിരായ സമരത്തിന്റെ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായതോടെ വിമോചന പ്രസ്ഥാനം കൂടുതല്‍ ശക്തവും സംഘടിതവും വ്യാപകവുമായി. 1954 മാര്‍ച്ച് 31 ന് പുതുശ്ശേരിയിലെ നെട്ടപ്പാക്കം, തിരുഭവനം എന്നിവയും ഏപ്രില്‍ അഞ്ചിന് ബാഹൂറും ഫ്രഞ്ചുകാരില്‍ നിന്ന് ജനങ്ങള്‍ മോചിപ്പിച്ചു. ഈ സംഭവങ്ങള്‍ മാഹിയില്‍ വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഈ പാശ്ചാത്തലത്തിലാണ് കേരളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുകല്ലായിയെ മോചിപ്പിക്കണമെന്ന ആശയം ശക്തിപ്പെട്ടത്. അഴിയൂരില്‍ രഹസ്യമായി ചേര്‍ന്ന കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ യോഗമാണ് ചെറുകല്ലായിയെ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തത്.

1954 ഏപ്രില്‍ 26 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 30 ഓളം വളണ്ടിയര്‍മാര്‍ മാഹിപ്പാലത്തിനടുത്ത് കുറിച്ചിയില്‍ കടപ്പുറത്ത് ഒത്തുചേര്‍ന്ന് രണ്ടു വഴികളിലൂടെ ചെറുകല്ലായിയിലേക്ക് മാര്‍ച്ച് ചെയ്തു. മെയിന്‍ റോഡിലൂടെ നടന്ന വളണ്ടിയര്‍മാര്‍ പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സമീപിച്ച് ആയുധം വെച്ച് കീഴടങ്ങാനാവശ്യപ്പെട്ടു. സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ പരിഭ്രാന്തനായ ഒരു പൊലീസുകാരന്‍ പ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ പി പി അനന്തനെ പ്രവര്‍ത്തകര്‍ സമീപത്തെ എം എസ് പി ക്യാമ്പിലും തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെയ്പിനെ തുടര്‍ന്ന് ഫ്രഞ്ചുകാര്‍ ഉപേക്ഷിച്ചുപോയ കാവല്‍ പുരയിലാണ് അച്ചുതന്റെ ജഡം കാണപ്പെട്ടത്. അടിയേറ്റു വീണ അച്ചുതനെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് കാവല്‍ നിന്നിരുന്ന പൊലീസുകാര്‍ സ്ഥലംവിട്ടു. ചെറുകല്ലായി മോചിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ചാലക്കര, ചെമ്പ്ര, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അടുത്ത ഒരാഴ്ചയ്ക്കകം ഫ്രഞ്ചുകാര്‍ പിന്‍വാങ്ങി. 1954 മെയ് മാസത്തില്‍ വിയറ്റ്‌നാമിലെ വിമോചന പോരാട്ടത്തിനു മുന്നില്‍ ഫ്രാന്‍സ് കീഴടങ്ങി. ഇന്തോ ചീനയിലെ ഫ്രഞ്ച് കോളനികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ഫ്രഞ്ച് മന്ത്രിസഭ നിര്‍ബന്ധിതമായി. ചെറുകല്ലായി സംഭവവും രക്തസാക്ഷിത്വവും തുടര്‍ന്നുണ്ടായ ജനമുന്നേറ്റവും കാരണം ഇന്ത്യയിലെ ഭരണവും അവസാനിപ്പിക്കാതെ വഴിയില്ലെന്ന് വന്നു. അങ്ങിനെ 1954 ജൂലൈ 16 ന് മയ്യഴിക്കാര്‍ക്ക് അധികാരം കൈമാറി ഫ്രഞ്ചുകാര്‍ എന്നെന്നേക്കുമായി കെട്ടുകെട്ടി.

*
പൊന്ന്യം കൃഷ്ണന്‍ ജനയുഗം 29 ജനുവരി 2012

Friday, January 27, 2012

ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ജേക്കബ് പണിക്കര്‍

പട്ടം താണുപിള്ള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ അമരാവതി സമരത്തിന്റെ ഓര്‍മ്മകള്‍ക്ക് അര നൂറ്റാണ്ട് പഴക്കമുണ്ട്. സമരത്തിന്റെ മുന്നണി പോരാളിയായി നിന്ന ജേക്കബ് പണിക്കര്‍ക്ക് അമരാവതി സമരം ഇന്നലത്തെ ഓര്‍മ്മയാണ്. കോട്ടയം ജില്ലയില്‍ സി പി ഐയെ വര്‍ഷങ്ങളോളം നയിച്ച സമരനേതാവ് പണിക്കര്‍ക്ക് സമരത്തെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പറയുമ്പോള്‍ ഇന്നും നൂറുനാവ്. കുടിയിറക്ക് പീഡനത്തിനെതിരെ കത്തിജ്വലിച്ച കര്‍ഷക രോഷം സര്‍ക്കാരിനെ വിറപ്പിച്ച സമരമായും പിന്നീട് കര്‍ഷകരുടെ വിജയമായും മാറിയതിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ അന്നത്തെ 29 വയസ്സുകാരന് ഇന്ന് ഓര്‍ത്തെടുക്കാനുള്ളത് നിരവധി മുഹൂര്‍ത്തങ്ങളാണ്. കര്‍ഷകരുടെ ദുരിതമറിഞ്ഞ് അമരാവതിയിലെത്തിയ നിമിഷം മുതല്‍ സമരം വിജയിച്ചിട്ടും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പിന്നീടും വര്‍ഷങ്ങളോളം ഇടുക്കിയില്‍ കഴിഞ്ഞ ഓരോ മുഹൂര്‍ത്തവും ജേക്കബ് പണിക്കര്‍ക്ക് മറക്കാനാവില്ല.

അയ്യപ്പന്‍കോവില്‍ കുടിയിറക്ക് ഹൈറേഞ്ചിലെ പഴയ തലമുറക്ക് ഇന്നും ഭീതിജനകമായ ഓര്‍മയാണ്. 1961ല്‍ കോട്ടയം, ഇടുക്കി ജില്ലയിലെ പാര്‍ട്ടിയും കര്‍ഷക സംഘടനകളും കോട്ടയം ജില്ലാകമ്മറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി അയ്യപ്പന്‍കോവില്‍ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിച്ചവരെ കുമളിയിലെ അമരാവതിയില്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു. മേയ് രണ്ടിനാണ് സര്‍ക്കാര്‍ അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ സ്ഥലത്ത് നിന്ന് 1700 കുടുംബങ്ങളിലെ പതിനായിരത്തോളം ആളുകളെ കുടിയിറക്കിയത്. എതിര്‍ത്ത് നിന്നവരെ പൊലീസ് ഭീകരമായി മര്‍ദിച്ചു. വീടുകളും കൃഷികളും തീയിട്ട് നശിപ്പിച്ചു.

തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ അകത്തും പുറത്തുമായി ആളുകളെ കുത്തിനിറച്ച് 40 മൈല്‍ അകലെ അമരാവതിയില്‍ കൂട്ടത്തോടെ ഇറക്കിവിടുകയായിരുന്നു. ഭക്ഷണമോ വെള്ളമോ പാര്‍പ്പിടമോ ചികിത്സാ സൗകര്യമോ ഇല്ലാതെ നരകിച്ച മനുഷ്യരുടെ യാതനകള്‍ക്കിടയിലേക്കാണ് ജേക്കബ് പണിക്കര്‍ എത്തിയത്. അമരാവതിയിലെ ജനങ്ങളുടെ യാതനകള്‍ കിസാന്‍സഭയുടെ സംസ്ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സി എച്ച് കണാരനും, പന്തളം പി ആറും, കെ ടി ജേക്കബും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അവിടെ എത്തിയപ്പോള്‍ കണ്ട ആള്‍ക്കൂട്ടത്തെ ഒരുമിപ്പിച്ച് എം ഇ ജോസഫിനെ പ്രസിഡന്റാക്കി കര്‍ഷകരക്ഷാസമിതി രൂപീകരിച്ചു. പിന്നീട് സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.

കാഞ്ചിയാറും കൊക്കപ്പാളയത്തും മുരിക്കാട്ടുകുഴിയിലും കുടിയൊഴിപ്പിക്കുന്നവരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും പൊലീസ് അഴിഞ്ഞാടുകയായിരുന്നെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.

അമരാവതിയിലെ തോരാതെ പെയ്യുന്ന മഴയിലും കൊടും തണുപ്പിലും സ്ത്രീകളും കുട്ടികളും രോഗികളും കൊടിയ യാതനയാണ് അനുഭവിച്ചത്. നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കെ ടി ജേക്കബുമൊത്ത് എ കെ ജി അമരാവതി സന്ദര്‍ശിച്ചു. തുടര്‍ന്ന് തിരികെ പോരും വഴി കാറില്‍വച്ച് അമരാവതിയില്‍ സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി തന്നെ അറിയിക്കുകയായിരുന്നുവെന്ന് പണിക്കര്‍ ഓര്‍മ്മിക്കുന്നു. പിന്നീട് കോട്ടയത്ത് വച്ചാണ് സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി പ്രസ്താവിക്കുന്നത്. ജൂണ്‍ ആറിന് മുമ്പ് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അമരാവതിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ജൂണ്‍ ആറിന് കര്‍ഷക സമിതി പ്രസിഡന്റ് എം ഇ ജോസഫിന്റെ അധ്യക്ഷതയില്‍ കുമളിയില്‍ നടന്ന പൊതുയോഗത്തില്‍ എ കെ ജിയും ഇ എം എസും സംസാരിച്ചു. തുടര്‍ന്ന് ചാത്തുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ കര്‍ഷകരും നാട്ടുകാരും പ്രകടനമായി അമരാവതിയിലേക്ക് ചെന്നു. തുടര്‍ന്ന് എ കെ ജി നിരാഹാര സമരം ആരംഭിച്ചു. സമരത്തിന് രാജ്യമാകെ വന്‍ പ്രചാരവും പിന്തുണയുമാണുണ്ടായത്.

സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരാരും അമരാവതിയിലേക്കെത്തിയില്ല. 14ന് രാത്രി 11 മണിയോടെ എ കെ ജിയെ അറസ്റ്റു ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ കീഴടങ്ങാന്‍ താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പണിക്കര്‍ അനുസ്മരിച്ചു. എ കെ ജി സത്യാഗ്രഹമിരുന്ന സമയത്ത് ഒരിക്കല്‍ പൊന്‍കുന്നത്തുനിന്നുമാണ് രാത്രി ഡോക്ടറെ എത്തിച്ചത്. റോസമ്മ പുന്നൂസിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെള്‍പ്പെടെയുള്ള സംഘം കളക്‌ട്രേറ്റ് പിക്കറ്റിംഗ് നടത്തി.

ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഇടപെടേണ്ടി വന്നു. വിമോചന സമര നായകന്‍ ഫാദര്‍ വടക്കനും കത്തോലിക്കാ സഭയും സമരത്തെ പിന്തുണച്ചു.

ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് ഇന്ത്യയിലെ കര്‍ഷക സമര ചരിത്രത്തില്‍ സുപ്രധാന ഇടമാണുള്ളത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 17 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എ കെ ജി സമരം അവസാനിപ്പിച്ചത്. പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കിയ ശേഷമേ പദ്ധ തികള്‍ക്കായി കുടിയൊഴിപ്പിക്കാവൂവെന്ന നിയമവും ഇതോടെ നിലവില്‍ വന്നു. അങ്ങനെ അമരാവതി സമരം ചരിത്രത്തിന്റെ താളുകളിലേക്ക് നീങ്ങി. അമരാവതിയും വളഞ്ഞാംകാലയും, ഇരുമ്പൂന്നിക്കരയും അടങ്ങുന്ന നിരവധി സമരചരിത്രങ്ങള്‍ ഒളിമങ്ങാതെ ഓര്‍മ്മയില്‍ തെളിയുമ്പോഴും പണിക്കര്‍ സാറിനെ വേദനിപ്പിക്കുന്നത് പാര്‍ട്ടിയുടെ പിളര്‍പ്പ് തന്നെയാണ്. അതിന്റെ പേരിയുണ്ടായ തര്‍ക്കങ്ങളും വഴക്കുകളും നീറുന്ന വേദനയായി ഇന്നും മനസിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിന്റെ മണ്ണില്‍ ചുവപ്പന്‍ ആശയങ്ങളും ചിന്തകളും ആഴത്തില്‍ വേരോടിതുടങ്ങിയപ്പോള്‍ മുതല്‍ കമ്മ്യൂണിസത്തെ നെഞ്ചേറ്റി തുടങ്ങിയതാണ് ജേക്കബ് പണിക്കര്‍. ആവേശം അതിന്റെ കൊടുമുടിയിലെത്തിയപ്പോള്‍ 1950ല്‍ പാര്‍ട്ടിയിലേക്കെത്തി. സജീവപ്രവര്‍ത്തകനായി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സഖാവ് 1965-68, 1978-80 കാലത്ത് കോട്ടയത്ത് പാര്‍ട്ടിയെ നയിച്ചു. കമ്മ്യൂണിസത്തെ നെഞ്ചേറ്റിയ സഖാവ് സമരങ്ങള്‍ വിജയിപ്പിക്കുക എന്നത് തന്റെ കടമയായി മാത്രം കണ്ടു. യാതനകള്‍ തെല്ലും വിഷമിപ്പിക്കാത്ത നാളുകളില്‍ വെയിലും മഴയും ജയിലുകളിലെ മാറിവരുന്ന ക്രൂര പീഢനങ്ങളും വകവെച്ചില്ല. എല്ലാം പാര്‍ട്ടിക്കുവേണ്ടി എന്ന് മനസ്സില്‍ ഉറപ്പിച്ചു. തന്റെ ജീവന്‍പോലും പാര്‍ട്ടിയാണെന്ന് വിശ്വസിച്ച പണിക്കര്‍ വെള്ളൂര്‍ കോളശേരില്‍ ലീലാമ്മയെ ജീവിതസഖിയായി കൂടെ കൂട്ടുന്നത് തന്റെ മുപ്പത്തിരണ്ടാം വയസ്സിലാണ്.

പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷവും പിന്നെ ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ തന്നെ പണിക്കര്‍സാര്‍ നിന്നു. ജില്ലയില്‍ കമ്മ്യൂണിസത്തെ നയിക്കാനും അതിന് വേരോട്ടമുണ്ടാക്കാനും പ്രായത്തിന്റെ അവശതകള്‍ തളര്‍ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയെ മറക്കാന്‍ പണിക്കര്‍ സാറിന് ആവില്ല. അതുകൊണ്ടുതന്നെ മക്കളും കൊച്ചുമക്കളുമൊക്കെയായുള്ള ജീവിതത്തില്‍ പാര്‍ട്ടിയുടെ കീഴ്ഘടകത്തില്‍ തനിക്ക് ആവുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി പണിക്കര്‍സാറുണ്ട്. വളര്‍ന്നുവരുന്ന പുതു തലമുറയ്ക്ക് കമ്മ്യൂണിസത്തിന്റെ ആശയം പകര്‍ന്നു നല്‍കാന്‍...

*
സരിത കൃഷ്ണന്‍ ജനയുഗം

Monday, January 16, 2012

ജനഹൃദയങ്ങളിലെ പോരാട്ടവീര്യം

കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ഒരു യാത്രയായിരുന്നു ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാരുടെ ജീവിതത്തിലെ വഴിത്തിരിവ്. സ്വാതന്ത്ര്യസമര പോരാളിയായിരുന്ന അധ്യാപകനെ പ്രക്ഷോഭകാരിയും ജനനേതാവുമാക്കിയ ചരിത്രത്തിന്റെ ആദ്യചുവട്. ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി കെ കേളപ്പന്റെ മുന്‍കൈയില്‍ നടത്തിയ കാല്‍നടജാഥയ്ക്ക് ചൊവ്വയില്‍ എകെജിയുടെ നേതൃത്വത്തില്‍ സ്വീകരണം. അടക്കിനിര്‍ത്താനാവാത്ത സ്വാതന്ത്ര്യവാഞ്ഛ എ കെ ജിയുടെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. അധ്യാപക ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലലിയാന്‍ ഉറച്ചു. പിറ്റേന്ന് രഹസ്യമായി കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക്. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത എകെജിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആദ്യ ജയില്‍ശിക്ഷ. ഒന്നിനുപിറകെ ഒന്നായുള്ള കാരാഗൃഹവാസങ്ങളും ഒളിവുജീവിതവും ഭരണകൂട ദണ്ഡനങ്ങളും കല്ലും മുള്ളും പാകിയ പോരാട്ടജീവിതത്തിന്റെ നെടുമ്പാതയിലേക്കുള്ള ആദ്യപാഠങ്ങളായി.
ദുഷ്ക്കരമായിരുന്നു അക്കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം. കമ്മിറ്റികള്‍ ഉണ്ടായിരുന്നില്ല. ദിവസവും ഇരുപതും ഇരുപത്തഞ്ചും മൈല്‍ നടന്ന് പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. വിശപ്പും ദാഹവും ക്ഷീണവും വകവെക്കാതെ നാട്ടിടവഴികള്‍ നടന്നുതീര്‍ത്തു. എ കെ ജിയുടെ നേതൃത്വം ദേശീയ പ്രസ്ഥാനത്തിന് സവിശേഷമായ ഉണര്‍വുനല്‍കി. എന്നാല്‍ , കോണ്‍ഗ്രസിന്റെ ആന്തരിക ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള ചിന്ത ആ മനസ്സില്‍ പുകയുന്നുണ്ടായിരുന്നു.

"ഗാന്ധിസം ഒരു പരാജയമായിരുന്നു. കര്‍ഷകരും തൊഴിലാളികളും സമരമുന്നണിയിലേക്ക് വരാത്തിടത്തോളം സ്വാതന്ത്ര്യം നേടാന്‍ കഴിയുമായിരുന്നില്ല. വെറും സ്വരാജിനുള്ള അപേക്ഷകള്‍കൊണ്ട് അവരെ ഇളക്കാനാവുമായിരുന്നില്ല. സ്വരാജ് അതിനപ്പുറമുള്ള എന്തോ ആണ്"-ആത്മകഥയില്‍ എ കെ ജി എഴുതി.

കര്‍ഷകരെയും തൊഴിലാളികളെയും അണിനിരത്തണമെങ്കില്‍ അവരുടെ അടിയന്തിരാവശ്യങ്ങള്‍ നേടാനുള്ള സമരങ്ങളും പ്രവര്‍ത്തനവുമാണ് വേണ്ടതെന്ന ചിന്തയാണ് എ കെ ജിയടക്കമുള്ളവരെ സോഷ്യലിസ്റ്റും പിന്നീട് കമ്യൂണിസ്റ്റുമാക്കിയത്. അങ്ങനെയാണ് കേരളത്തില്‍ തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങള്‍ രൂപമെടുക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പുഴുക്കളായി ഒടുങ്ങിയിരുന്ന കര്‍ഷകരെ മണ്ണിനുടമകളാക്കി, സ്വന്തം ശരീരമല്ലാതെ സമ്പാദ്യമില്ലാതിരുന്ന തൊഴിലാളികളെ അവകാശബോധത്തിലേക്ക് ഉണര്‍ത്തി. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ആദ്യാനുഭവങ്ങള്‍ എ കെ ജി നേടിയത് കോഴിക്കോട്ടുവെച്ച്. ആത്മകഥയില്‍ അത് വവരിക്കുന്നുണ്ട്.

"ആദ്യം ഞങ്ങള്‍ കോഴിക്കോട് തൊഴിലാളി യൂണിയന്‍ എന്നൊരു യൂണിയന്‍ സ്ഥാപിച്ചു. കര്‍ഷക തൊഴിലാളി സമരത്തില്‍ നിന്ന് എനിക്ക് വളരെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ആദ്യപാഠം കോട്ടണ്‍മില്‍ തൊഴിലാളികളുടെ പണിമുടക്കായിരുന്നു. ഇത്തരം അനുഭവങ്ങളാണ് പിന്നീട് എന്നെ ഉറച്ച മാര്‍ക്സിസ്റ്റാക്കിയത്."

പിന്നീടങ്ങോട്ട് നെറികേടുകളോട് എതിരിട്ട സമരപരമ്പരകള്‍ . ജനങ്ങളുടെ ജീവിതമായിരുന്നു എ കെ ജിയുടെ രാഷ്ട്രീയപാഠശാല. അചഞ്ചലമായ ആത്മാര്‍ഥതയും ത്യാഗസന്നദ്ധതയും കീഴടക്കാനാവാത്ത ഇഛാശക്തിയും ആരെയും ആകര്‍ഷിക്കുന്ന സ്നേഹപ്രകൃതിയും അദ്ദേഹത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. വിരുദ്ധചേരിയില്‍ നിന്നവര്‍പോലും സ്നേഹിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. "ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് എ കെ ജിയെയാണ്. അദ്ദേഹം കമ്യൂണിസ്റ്റായതുകൊണ്ടല്ല. എ കെ ജിയുടെ സത്യനിഷ്ഠയും സ്നേഹപ്രകൃതിയുമാണ് അതിന് കാരണം. അദ്ദേഹത്തിന്റെ മുന്‍കോപം പിന്നാലെ വരുന്ന സ്നേഹ പ്രവാഹത്തില്‍ അലിഞ്ഞുപോകുന്നു. എ കെ ജിയുടെ ശകാരം പുഷ്പശരം പോലെയാണ് സഖാക്കള്‍ പരിഗണിക്കാറ്"- ഒരു കാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയെ നയിച്ച ഫാദര്‍ ജോസഫ് വടക്കന്റെ വാക്കുകള്‍ .(എന്റെ കുതിപ്പും കിതപ്പും).

മനുഷ്യന്റെ നെടുവീര്‍പ്പും നിലവിളിയും ഉയര്‍ന്നിടത്തെല്ലാം എ കെ ജി പാഞ്ഞെത്തി പടനയിച്ചു. അമരാവതിയിലും കീരിത്തോടും കൊട്ടിയൂരും നീലഗിരിയിലും മാത്രമല്ല, രാജസ്ഥാനിലെ അനൂപ്ഗഡിലും ശ്രീഗംഗാനഗറിലും കര്‍ണാടകയിലെ കോലാറിലും ചിക്ബല്ലാപുരിലും മഹാരാഷ്ട്രയിലെ ഷോലാപുരിലുമെല്ലാം കര്‍ഷകര്‍ സ്നേഹശാന്തവും സമരതീക്ഷ്ണവുമായ സാന്നിധ്യം അറിഞ്ഞു. മദിരാശിയിലേക്കുള്ള പട്ടിണിജാഥ, ഗുരുവായൂര്‍ സത്യഗ്രഹം, വെല്ലൂര്‍ ജയില്‍ചാട്ടം, മിച്ചഭൂമി സമരങ്ങള്‍ ... പാര്‍ലമെന്റും ജനങ്ങള്‍ക്കായുള്ള സമരവേദിയാണെന്ന് അദ്ദേഹം കാണിച്ചു. ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ച അടിയന്തരാവസ്ഥയുടെ നാളുകളില്‍ പല നാക്കുകളും നിശ്ശബ്ദമാക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ സിംഹഗര്‍ജനമായി. 1977 മാര്‍ച്ച് 22ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അന്ത്യശ്വാസം വലിക്കുംവരെ മഹാനായ ആ മനുഷ്യസ്നേഹി വിശ്രമമറിഞ്ഞില്ല. നിമിഷം പോലും മങ്ങാതെ ജ്വലിച്ച വിപ്ലവജ്യോതിസ്-അതായിരുന്നു എ കെ ജി.

*
ദേശാഭിമാനി 16 ജനുവരി 2012

Sunday, January 15, 2012

കേരളം കേട്ടു; ഫറോക്കിന്റെ സമര സൈറണ്‍

ഫറോക്ക്:

നൂറ്റാണ്ടുകള്‍ മുമ്പേ വന്‍കരകള്‍ക്കപ്പുറമെത്തിയ പെരുമയുള്ള ബേപ്പൂര്‍ തുറമുഖം. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ചെറുത്തുനിന്ന ടിപ്പുസുല്‍ത്താന്‍ തലസ്ഥാനമായി കണ്ടെത്തിയ ഫാറൂഖാബാദ്. അറബിക്കടലും ചാലിയാറും അതിരിടുന്ന ബേപ്പൂരും ഫറോക്കും ചെറുവണ്ണൂരും ഉള്‍പ്പെടുന്ന മേഖലയ്ക്ക് പോരാട്ടത്തിന്റെ വലിയ ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്തെ വാള്‍ത്തലപ്പുകൊണ്ടും പീരങ്കിമുഴക്കംകൊണ്ടും വിറപ്പിച്ച ടിപ്പുവിനു പിന്നാലെ മുതലാളിമാരുടെ ക്രൂരതകളെ സംഘശക്തിയും നെഞ്ചൂക്കുംകൊണ്ട് നേരിട്ട ഓട്ടുകമ്പനി തൊഴിലാളികളുടെ ചരിത്രംകൂടി പറയാനുണ്ട് അതിന്. കേരളത്തിലെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തില്‍ തിളങ്ങുന്ന ഏടാണ് ഫറോക്ക്-ചെറുവണ്ണൂര്‍ മേഖലയിലെ ഓട്ടുകമ്പനി സമരങ്ങള്‍ . അവകാശബോധത്തിന്റെ വിത്തുപാകിയത് പി കൃഷ്ണപിള്ളയെയും എ കെ ജിയെയും പോലുള്ളവര്‍ .

ഫറോക്കിലെ സമരത്തെക്കുറിച്ച് എ കെ ജി "എന്റെ ജീവിതകഥ"യില്‍ പറഞ്ഞു:

"സമരത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ കവലയില്‍ വമ്പിച്ച പൊതുയോഗം. സ്ഥലത്തെ മുസ്ലിം മുതലാളി ജനാബ് ഇമ്പിച്ചിമമ്മത് ഏതാനും മുസ്ലിങ്ങളോടുകൂടി വന്നു. യോഗം കലക്കാനായി പണം കൊടുത്ത് ഏറനാട്ടില്‍നിന്ന് കൊണ്ടുവന്നതായിരുന്നു. ഒരു വയസന്‍ മുല്ലാക്ക മുതലാളിക്കുവേണ്ടി സംസാരിക്കണമെന്ന് പറഞ്ഞു. ഞങ്ങള്‍ അത് അനുവദിച്ചു. അയാള്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കല്ല് അയാളുടെ അടുത്ത് വന്നു വീണു. മുല്ലാക്കയെ ആരോ കല്ലെറിഞ്ഞുവെന്നും അത് എ കെ ഗോപാലനാണെന്നും ഗുണ്ടകളില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഞാന്‍ മുല്ലാക്കയുടെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു. യോഗം ആകെ കുഴപ്പത്തിലായി."

എ കെ ജിയും മറ്റും പ്രസംഗിക്കുമ്പോള്‍ കല്ലെറിഞ്ഞും വര്‍ഗീയ പ്രചാരണം നടത്തിയുമായിരുന്നു മുതലാളിമാര്‍ നേരിട്ടത്. യോഗം കലക്കാന്‍ പ്രത്യേക സംഘങ്ങള്‍ . തൊഴിലാളികളെ പിരിച്ചുവിടല്‍ , ഓഫീസുകള്‍ ആക്രമിക്കല്‍ , പൊലീസ് മര്‍ദനം എന്നിവയും പതിവ്. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സമരത്തെ പിന്തുടര്‍ന്നാണ് ഓട്ടുകമ്പനി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. മുതലാളിമാരുടെ ദ്രോഹത്തില്‍ പ്രതിഷേധിച്ച് മലബാര്‍ കമ്പനി പടിക്കല്‍ കെ പി ഗോപാലന്‍ നിരാഹാരം ആരംഭിച്ചതോടെ സമരചരിത്രം തുടങ്ങുന്നു. ഐക്യദാര്‍ഢ്യവുമായി കൂറ്റന്‍ റാലി. പണിമുടക്കാന്‍ തീരുമാനിച്ച് പൊതുയോഗം പിരിഞ്ഞു. നേരിടാന്‍ 144-ാം വകുപ്പ്. യോഗങ്ങള്‍ക്ക് നിരോധനം. പണിമുടക്ക് പരാജയപ്പെട്ടു. പക്ഷേ അത് തൊഴിലാളികളെ ചടുലമായ സമരങ്ങള്‍ക്ക് സജ്ജരാക്കി. ആത്മധൈര്യം പകരാന്‍ പാര്‍ടി നിയോഗിച്ച എ കെ ജി തൊഴിലാളികളില്‍ ഒരാളായി, അവരുടെ വീടുകളില്‍ താമസിച്ച്, സ്നേഹം പങ്കിട്ട്, വര്‍ഗസമരപാഠങ്ങള്‍ പകര്‍ന്നു.

"ഞാന്‍ തൊഴിലാളികളോടൊത്ത് പട്ടിണികിടന്നു. അവരുടെ കൂടെ രാത്രി പുഴയില്‍ പോയി മീന്‍ പിടിച്ചു. കിട്ടിയത് അവരോടൊത്ത് വേവിച്ചു തിന്നു" (എന്റെ ജീവിത കഥ).

പാര്‍ടി നിരോധിച്ച കാലത്ത് കൊളത്തറ, നടുവട്ടം, മണ്ണൂര്‍ , മീഞ്ചന്ത ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ എ കെ ജി അച്യുതമേനോക്കി, കെ പത്മനാഭന്‍ , എന്‍ പി ദാമോദരന്‍ തുടങ്ങിയ നേതാക്കളെ കണ്ടെത്തി. പില്‍ക്കാലത്ത് ഇവരാണ് പുതിയ സമരമുഖങ്ങള്‍ തുറന്നത്. കരുണന്‍ , മഞ്ചുനാഥറാവു, ടി സി നാരായണന്‍നമ്പ്യാര്‍ , കുമാരന്‍ മാസ്റ്റര്‍ , എ വി കുഞ്ഞമ്പു തുടങ്ങിയവര്‍ ഒളിവില്‍നിന്ന് സഹായിച്ചു.

1949ല്‍ സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സില്‍ ബോണസിന് സമരംചെയ്ത തൊഴിലാളികളെ പൊലീസ് വേട്ടയാടി. സമരം വിജയിച്ചില്ല. നേതാക്കള്‍ ഉള്‍പ്പെടെ പലരെയും പിരിച്ചുവിട്ടു. ഇതിനെതിരെയും ചെറുത്തുനില്‍പ്പ്. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ മറ്റ് കമ്പനികളിലുള്ളവര്‍ക്കും ജോലി നഷ്ടം. പട്ടിണിയിലും സമരമുഖത്ത് ഉറച്ചുനിന്നു. 1948ലും 1951ലും കോമണ്‍വെല്‍ത്ത് ടൈല്‍സില്‍ നടന്ന ബോണസ് സമരങ്ങള്‍ , പിരിച്ചുവിടലിനെതിരെ 1949ലെ സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ് സമരം, ഓട് വ്യവസായത്തെ സീസണല്‍ ഫാക്ടറികളാക്കി മാറ്റുന്നതിനെതിരായ പ്രതിഷേധം, 1954ലും 1964ലും ഹിന്ദുസ്ഥാന്‍ ടൈല്‍സ് ബോണസ് പ്രശ്നം, 1974ലെ മൂലോട് പ്രക്ഷോഭം എന്നിങ്ങനെ എണ്ണമറ്റ പോരാട്ടങ്ങള്‍ . പൊതുസമൂഹത്തിന്റെ പിന്തുണ നേടാനും യൂണിയന് സാധിച്ചു. തൊഴിലാളി സംഘടനകളും കമ്യൂണിസ്റ്റ്പാര്‍ടിയും ശക്തമായതോടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മുതലാളിമാര്‍ തയ്യാറായി. കങ്കാണിപ്പണി ചെയ്ത കോണ്‍ഗ്രസ് സംഘടനകള്‍ നാമാവശേഷമായതിനും ചരിത്രം സാക്ഷി. കള്ളക്കേസെടുത്ത് തൊഴിലാളികളെ നിര്‍വീര്യമാക്കാനുള്ള ശ്രമം ചെറുത്തതും ആവേശകരം. ഭാസ്കരന്‍നായരെയും കുഞ്ഞിരാമപൊതുവാളെയും പോലുള്ളവര്‍ പ്രതിഫലമില്ലാതെ കേസ് വാദിച്ചു. ചില ആനുകൂല്യങ്ങള്‍ക്കായി സുപ്രീംകോടതി വരെ പോയി.

ആദ്യകാലത്ത് ഓരോ ഓട്ടുകമ്പനിക്കും ഒരോ യൂണിയനായിരുന്നു. പുറത്തുള്ള സേവാസംഘം പ്രവര്‍ത്തകരായിരുന്നു തലപ്പത്ത്. 1935ല്‍ ഫറോക്ക് ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍ രൂപീകരിച്ച് രഹസ്യപ്രവര്‍ത്തനം തുടങ്ങി. 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ള നിരോധനം നീങ്ങിയ ശേഷമാണ് ടൈല്‍ വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിച്ചത്. എ കെ ജി ആദ്യ പ്രസിഡന്റായി. കെ പത്മനാഭന്‍ സെക്രട്ടറിയും. സമരം ചെയ്യാന്‍ മാത്രമല്ല കമ്പനി നടത്താനും സാധിക്കുമെന്ന് ഇവിടുത്തെ കാല്‍ലക്ഷം തൊഴിലാളികള്‍ തെളിയിച്ചു. നഷ്ടക്കണക്കിന്റെ പേരില്‍ മുതലാളിമാര്‍ അടച്ച കമ്പനികള്‍ അവര്‍ തുറന്നു. സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ് ആന്‍ഡ് സെറാമിക്സ്, ജനതാ ടൈല്‍ വര്‍ക്സ്, കല്ലായി സ്റ്റാര്‍ ടൈല്‍ വര്‍ക്സ് എന്നിവയില്‍ അങ്ങനെ വീണ്ടും സൈറണ്‍ മുഴങ്ങി. അവ ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

*
സി പ്രജോഷ്കുമാര്‍ ദേശാഭിമാനി

Tuesday, June 7, 2011

അരനൂറ്റാണ്ടു പിന്നിടുന്ന അമരാവതി സമരം

ഐതിഹാസികമായ അയ്യപ്പന്‍ കോവില്‍- അമരാവതി കര്‍ഷക സമരത്തിന് അരനൂറ്റാണ്ടു പ്രായമാകുന്നു. ഐക്യകേരള പിറവിക്ക് തൊട്ടുപിറകെ കേരളം കണ്ട ഏറ്റവും ഉജ്ജ്വലമായ സമരമാണിത്. 1960 ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മുക്കൂട്ടുമുന്നണി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ, ഹൈറേഞ്ചിന്റെ എക്കാലത്തെയും സമരനായകന്‍ കെ റ്റി ജേക്കബ്ബ് നേതൃത്വം നല്‍കി ആരംഭിച്ച്, എ കെ ജിയുടെ നിരാഹാര സമരത്തിലൂടെ വിജയം കണ്ട ഈ സമരം സംസ്ഥാന ചരിത്രത്തിലെ തന്നെ തിളക്കമാര്‍ന്ന ഒരേടാണ്.

1940-കളിലാണ് ഹൈറേഞ്ചിലേയ്ക്ക് കുടിയേറ്റം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരു-കൊച്ചി ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ രൂപം നല്‍കിയ ഊര്‍ജ്ജിത ഭക്ഷ്യോല്പാദന പരിപാടിയുടെ ഭാഗമായി ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ കൃഷിക്കാരെ കുടിയിരുത്തി കൊന്നത്തടി. രാജാക്കാട്, രാജകുമാരി, അടിമാലി, അയ്യപ്പന്‍കോവില്‍, വാഴത്തോപ്പ്, വെള്ളത്തൂവല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിക്കാര്‍ക്ക് ഭൂമി നല്‍കി. പിന്നീട് പട്ടംതാണുപിള്ളയുടെ കാലത്ത് നെടുങ്കണ്ടം കല്ലാര്‍ തുടങ്ങി നിരവധി മേഖലകളില്‍ കൃഷിക്കാരെ കുടിയിരുത്തി.

സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൃഷിക്കാരെ ഹൈറേഞ്ചില്‍ കുടിയിരുത്താന്‍ തുടങ്ങിയതോടെ പുറം നാടുകളില്‍ നിന്ന് ഹൈറേഞ്ചിലേക്ക് കൃഷിക്കാരുടെ പ്രവാഹം തന്നെ ആരംഭിച്ചു. ഇതോടൊപ്പം വമ്പന്‍മാരുടെ നേതൃത്വത്തില്‍ വനംകൊള്ളയും തുടങ്ങി. ഇതിനായി വലിയ സംഘടനകള്‍ തന്നെ കോണ്‍ഗ്രസ് പ്രമാണിമാര്‍ മുന്‍കൈ എടുത്തു രൂപീകരിച്ചു. പുറത്ത് നിന്ന് വരുന്നവരെ സ്വാധീനിച്ച് ഈ സംഘം വന്‍തോതില്‍ ഭൂമി വില്‍പ്പനയും ആരംഭിച്ചു.

സ്വന്തമായുള്ളതെല്ലാം വിറ്റുപെറുക്കി ഹൈറേഞ്ചിലെത്തിയ കൃഷിക്കാര്‍ പ്രമാണി സംഘങ്ങളുടെ വലയില്‍ അകപ്പെടുക സ്വാഭാവികം. കുടിയേറ്റം ശക്തമായതോടെ കൃഷിക്കാര്‍ കുടിയിറക്കു ഭീഷണിയിലുമായി. 1954 ല്‍ തന്നെ കൃഷിക്കാരെ കുടിയിറക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായതാണ്.

1957 ല്‍ സിപിഐ നേതൃത്വത്തില്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോഴാണ് കൃഷിക്കാര്‍ക്കു സമാധാനം ആയത്. കുടിയിറക്ക് ഗവണ്‍മെന്റ് നിരോധിച്ചു. 1957 ഏപ്രില്‍ 27 ന് മുമ്പ് കയ്യേറിയ ആരെയും ഒഴിപ്പിക്കുകയില്ലെന്നും തുടര്‍ന്നുള്ള കയ്യേറ്റം അനുവദിക്കില്ലെന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി ഒഴിഞ്ഞു കിട്ടിയപ്പോള്‍ രാവും പകലും അധ്വാനമാരംഭിച്ചു. കൊടുങ്കാട്ടിലെ ജീവിതം നരകതുല്യം. സ്വന്തമാക്കിയ മണ്ണില്‍ ചോര ചീന്തി പണിയെടുത്തവരുടെ മനസ്സുനിറയെ പുതിയ ജീവത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍.

1960ല്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പട്ടം താണുപിള്ള മുഖ്യമന്ത്രിയും പി റ്റി ചാക്കോ ആഭ്യന്തരമന്ത്രിയുമായി ഭരണമാരംഭിച്ചതോടെ ഹൈറേഞ്ചില്‍ വീണ്ടും കയ്യേറ്റമാരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് കൃഷിക്കാരെ കോണ്‍ഗ്രസ് പ്രമാണിമാര്‍ സ്വാധീനിച്ച് പണം വാങ്ങി ഹൈറേഞ്ചില്‍ കുടിയിരുത്തി. ആദായകരമായ വന്‍ ബിസിനസ്സ് ആയി ഈ കച്ചവടം മാറി.

1961 മെയ് മാസമായപ്പോഴേയ്ക്കും അയ്യപ്പന്‍ കോവിലില്‍ നിന്ന് കൃഷിക്കാരെ കുടി ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇടുക്കി പ്രൊജക്റ്റിനുവേണ്ടി എന്ന പേരിലാണ് കുടിയിറക്ക് തുടങ്ങിയത്. കുടിയിറക്ക് ഉറപ്പായതോടെ ഭൂമി കച്ചവടം നടത്തിയ പ്രമാണിമാരും അവരുടെ സംഘടനകളും രംഗം വിട്ടു. മെയ് രണ്ടിന് പ്രഭാതത്തില്‍ ഉണെര്‍ന്നെഴുന്നേറ്റ കൃഷിക്കാര്‍ കണി കണ്ടത് വന്‍ പൊലീസ് പടയെയാണ്.

ഈ കുടിയിറക്കിന്റെ ചരിത്രം 1961 ജൂലായ് ലക്കം കമ്മ്യൂണിസ്റ്റ് മാസികയില്‍ കെ റ്റി ജേക്കബ്ബ് വിവരിക്കുന്നുണ്ട്. ജേക്കബ്ബാശാന്‍ എഴുതുന്നു : 1960 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആരേയും ഒഴിപ്പിക്കില്ല എന്ന ധാരണ ശക്തമായി. കോണ്‍ഗ്രസ് പ്രമാണിമാരുടെ നേതൃത്വത്തില്‍ വന്‍ തുക വാങ്ങി കൃഷിക്കാര്‍ക്ക് ഭൂമി വിറ്റു. വനം വകുപ്പുദ്യോഗസ്ഥന്‍മാരും ഈ കച്ചവടത്തില്‍ പങ്കാളികളായി.

കോണ്‍ഗ്രസ് പ്രമാണിമാര്‍ നല്‍കിയ എല്ലാ ഉറപ്പുകളും കാറ്റില്‍ പറന്നു. അയ്യപ്പന്‍കോവിലില്‍ ഒരു പൊലീസ് സ്റ്റേഷനും മജിസ്‌ട്രേട്ടു കോടതിയും സ്ഥാപിതമായി. മെയ് 27 ന് 18 കുടിലുകള്‍ കത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 100, 200 ക്രമത്തില്‍ വീടുകള്‍ കത്തിച്ചു. എങ്ങും സായുധ പൊലീസ്. സര്‍വ്വത്ര യുദ്ധത്തിന്റെ പ്രതീതി. പകല്‍ തീയും പുകയുമില്ലാതെ മറ്റൊന്നുമില്ല ”. ഈ യുദ്ധഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയത് അന്നത്തെ പ്രതിപക്ഷ ഉപനേതാവായിരുന്ന സി അച്യുതമേനോനും ജേക്കബ്ബാശാനുമായിരുന്നു.

അയ്യപ്പന്‍ കോവില്‍ സമരത്തില്‍ ആശാന്റെ പങ്കിനെപ്പറ്റി സി അച്യുതമേനോന്‍ എഴുതുന്നു. (ജേക്കബ്ബാശാന്‍ സ്മരണിക)

ഹൈറേഞ്ചില്‍ കുടിയിറക്കു ഭീഷണി ഉണ്ടായ കാലം മുതല്‍ ആശാന്‍ പാര്‍ട്ടിക്ക് അതേപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചില പ്രമേയങ്ങള്‍ പാസ്സാക്കുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അന്നൊരുദിവസം (മെയ് 3) തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ആശാന്‍ ധൃതിപ്പെട്ട് ഓടി വന്നു. പാര്‍ട്ടി സെക്രട്ടറിയോ കിസാന്‍ സഭ നേതാവോ ഉടന്‍ അയ്യപ്പന്‍കോവിലിലേയ്ക്കു പോകണമെന്ന് ആശാന്‍ ശഠിച്ചു. തല്‍ക്കാലം അവരാരും സ്ഥലത്തില്ലാത്തതിനാല്‍ ഞാന്‍ മുട്ടുശാന്തിക്കായി പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ ഞങ്ങള്‍ പുറപ്പെട്ടു. പിറ്റേദിവസം ഉച്ചതിരിഞ്ഞ് അമരാവതിയിലെത്തി. കൃഷിക്കാരുടെ വീടുകള്‍ തീ വച്ച് നശിപ്പിച്ച് കുഞ്ഞുകുട്ടി പരാധീനങ്ങളോടു കൂടി ബലം പ്രയോഗിച്ച് ലോറിയില്‍ കയറ്റി കോരിച്ചൊരിയുന്ന മഴയത്ത് അമാരവതിയില്‍ കൊണ്ടുവന്നിറക്കി എന്നവര്‍ കണ്ണീരോടെ ഞങ്ങളോടു പറഞ്ഞു.” അമരാവതിയിലെ കരളലയിപ്പിക്കുന്ന ആ കാഴ്ചകള്‍ ആരെയും കണ്ണീരിലാഴ്ത്തുമെന്ന് അച്യുതമേനോന്‍ എഴുതി.

അന്നും പിറ്റേന്നും ജേക്കബ്ബാശാനോടൊപ്പം അയ്യപ്പന്‍കോവിലിലെ കുടിയിറക്കു പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മനുഷ്യത്വരഹിതമായ ഈ കുടിയിറക്കിനെതിരെ കര്‍ഷക പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് കൃഷിക്കാര്‍ തിരിച്ചറിഞ്ഞു. മുഴുവന്‍ കൃഷിക്കാരേയും ഒരുമിച്ച് അണിനിരത്തുന്നതിന് ജേക്കബ്ബാശാന്‍ നേതൃത്വം നല്‍കി. കിസാന്‍സഭയോടൊപ്പം അയ്യപ്പന്‍കോവിലില്‍ ജോസഫ് കണ്‍വീനറുമായി കര്‍ഷക രക്ഷാസമിതി രൂപീകരിച്ചു.

ജേക്കബ്ബാശാന്‍ തന്റെ ലേഖനത്തില്‍ തുടര്‍ന്നെഴുതുന്നു : കിസാന്‍സഭ നേതാക്കന്‍മാര്‍ക്ക് അയ്യപ്പന്‍ കോവിലില്‍ അനന്യ സാധാരണവും അപ്രതീക്ഷിതവുമായ സ്വീകരണങ്ങളാണ് ലഭിച്ചത്. തങ്ങളുടെ സമരം ഏറ്റെടുക്കണമെന്നും സമരത്തിന് നേതൃത്വം നല്‍കണമെന്നും കൃഷിക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. മെയ് 5- ന് അയ്യപ്പന്‍ കോവിലില്‍ കൂടിയ മഹായോഗത്തില്‍ 10,000 -ഓളം കൃഷിക്കാര്‍ പങ്കെടുത്തു. പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഒഴുപ്പിക്കുന്നതെങ്കില്‍ തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ പുനരധിവാസത്തിനുള്ള എല്ലാം ഏര്‍പ്പാടുകളും ചെയ്തശേഷമേ ഒഴിപ്പിക്കാവൂ എന്നും ഒഴിപ്പിക്കല്‍ സംബന്ധിച്ച നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.”

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷക രക്ഷാസമിതിയുടെ ചുമതലയില്‍ 5 റിജീയണല്‍ കമ്മറ്റികളും 30 പ്രാദേശിക സംഘടനകളും രൂപീകരിച്ചു.

മെയ് 6 ന് സത്യാഗ്രഹം ആരംഭിച്ചു. മെയ് 16 ന് കര്‍ഷകര്‍ കോട്ടയം കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി. അയ്യപ്പന്‍കോവിലില്‍ നിന്ന് 150 കര്‍ഷകര്‍ കാല്‍നടയായി കളക്‌ട്രേറ്റിലേയ്ക്ക് മാര്‍ച്ചു ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായര്‍ അയ്യപ്പന്‍കോവില്‍ സന്ദര്‍ശിച്ചു. കേരളത്തിലെ പാര്‍ട്ടിയുടേയും കര്‍ഷക പ്രസ്ഥാനത്തിന്റെയും നേതാക്കള്‍ അയ്യപ്പന്‍കോവിലും, അമരാവതിയിലും കേന്ദ്രീകരിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും കിസാന്‍സഭ പ്രസിഡന്റുമായ എ കെ ജിയും ഇ എം എസും ജൂണ്‍ 1 ന് അമരാവതിയിലെത്തി. കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍ 6 ന് മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് എകെജി പ്രഖ്യാപിച്ചു.

ജൂണ്‍ 6 ന് എകെജി സ്വന്തം ആരോഗ്യം മറന്ന് അമരാവതിയില്‍ നിരാഹാരം ആരംഭിച്ചു. സമരം കേരളത്തിന്റെ മൊത്തം സമരമായി മാറി. ജൂണ്‍ 12 ന് നിയമസഭയില്‍ എകെജിയുടെ നിരാഹാര സമരത്തിന്റെ കാര്യം സി അച്യുതമേനോന്‍ ഉന്നയിച്ചു ചര്‍ച്ച ചെയ്യിച്ചു. പാര്‍ലമെന്റില്‍ പി കെ വി വിഷയം ഉന്നയിച്ചു.

കക്ഷി രാഷ്ട്രീയത്തിനതീതമായി പട്ടം സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തിനെതിരെ ജനങ്ങള്‍ അണിനിരന്നു. അമരാവതിയിലെത്തിയ ഫാദര്‍ വടക്കന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞു : അമരാവതിയിലെ പതിനായിരത്തോളം മനുഷ്യജീവിതങ്ങളെ ഒരു ഷെഡ്ഡുപോലും നിര്‍മ്മിച്ചുകൊടുക്കാതെ അഗണ്യമായി തള്ളി വിട്ട സര്‍ക്കാരിന്റെ നടപടി മനുഷ്യത്വത്തോടു കാണിച്ച വലിയൊരു ആക്രമണമായിരുന്നു. ഇവരുടെ അവശതകള്‍ പരിഹരിക്കുവാന്‍ മുന്നോട്ടു വന്ന മിസ്റ്റര്‍ ഗോപാലനും കമ്മ്യൂണിസ്റ്റു സഖാക്കളുമാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാനുഷിക മൂല്യങ്ങള്‍ മറന്ന നമ്മുടെ നേതാക്കളെക്കാള്‍ നല്ലവരെന്ന് അമരാവതിയില്‍ ചെല്ലുന്ന ഏതൊരാള്‍ക്കും ബോധ്യമാകും.” (ജനയുഗം ജൂണ്‍ 22, 1961)

സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് നേതാവ് സി കെ ഗോവിന്ദന്‍നായര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു : ഒരു ജനസമൂഹത്തെ ഒന്നടങ്കം വേണ്ടത്ര നോട്ടീസ് കൊടുക്കാതെ കുടിയിറക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല ഈ കുടിയിറക്കിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. അമരാവതിയില്‍ കഴിഞ്ഞു കൂടുന്ന കര്‍ഷകരുടെ സ്ഥിതി അത്യന്തം ദയനീയവും, അവര്‍ കഴിഞ്ഞു കൂടുന്ന സാഹചര്യം ഒട്ടും മനുഷ്യോചിതവുമല്ലന്നേ പറയാന്‍ കഴിയൂ ( കേരള കൗമുദി 22, 1961)
അയ്യപ്പന്‍ കോവിലിലെ മനുഷ്യത്വരഹിതമായ കുടിയിറക്കിനെ അപലപിച്ചുകൊണ്ട് മാത്യു മണിയങ്ങാടന്‍ എം പി, കെ എം ചാണ്ടി, പനമ്പള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ പ്രസ്താവനയിറക്കി.

രാജ്യവും ജനതയുമൊന്നടങ്കം ഈ കര്‍ഷക സമരത്തിനു പിന്നില്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞ ഭരണകൂടം ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു തയ്യാറായി. ആഭ്യന്തരമന്ത്രി പി റ്റി ചാക്കോ കോട്ടയെത്തെ സമരസമിതി നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കി.

കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം ഭൂമി, വീടു വയ്ക്കുന്നതിനുള്ള മരം, മുള തുടങ്ങിയവ, പുര വയ്ക്കാന്‍ 25 രൂപ ധനസഹായം, കൃഷി ചെയ്യുന്നതിന് 10 രൂപ സഹായവും, 100 രൂപ വായ്പയും ,ഒരംഗത്തിന് ഒരു ദിവസം നാഴി അരി എന്ന കണക്കിന് എല്ലാവര്‍ക്കും സൗജന്യ റേഷന്‍, കുട്ടികളുടെ പഠനത്തിന് സഹായം, അമരാവതിയില്‍ ആശുപത്രി, ജോലി എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും കൃഷിക്കാര്‍ക്കനുകൂലമായ തീരുമാനങ്ങളാണ് ഉണ്ടായത്. സര്‍വ്വോപരി ഇനി കുടിയിറക്കേണ്ടി വന്നാല്‍ കൃഷിക്കാരും അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് യോജിച്ച തീരുമാനമെടുക്കുമെന്നും തീരുമാനിക്കപ്പെട്ടു. ഈ തീരുമാനങ്ങളോടെ എകെജി ജൂണ്‍ 17 ന് നിരാഹാരം അവസാനിപ്പിച്ചു. മെയ് 5 മുതല്‍ ജേക്കബ്ബാശാന്‍ നേതൃത്വം നല്‍കി ആരംഭിച്ച സമരം ജൂണ്‍ 17 ന് എകെജി നിരാഹാരം അവസാനിപ്പിച്ചതോടെ വിജയ സമാപ്തിയിലെത്തി.

അമരാവതിയുടെ അനുഭവത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ല. പട്ടം താണുപിള്ളയെ ഗവര്‍ണ്ണറാക്കി പറഞ്ഞു വിട്ടതിനുശേഷം ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. ശങ്കറുടെ ഭരണകാലത്ത് ചുരുളിയിലും കീരിത്തോട്ടിലും ആയിരക്കണക്കിനു കൃഷിക്കാരെ കുടിയിറക്കി. വീണ്ടും 1982 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വണ്ണപ്പുറത്തും, തൊമ്മന്‍കുത്തിലും നൂറുകണക്കിനു കൃഷിക്കാരെ കുടിയിറക്കി. ഈ കുടിയിറക്കുകള്‍ക്കെതിരെയും പ്രക്ഷോഭരംഗത്തുവന്നത് കമ്മ്യൂണിസ്റ്റുകാരാണ്.

ഹൈറേഞ്ചിന്റെയും ജില്ലയുടെയും ചരിത്രം പരിശോധിച്ചാല്‍ അവിടെയല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കന്‍മാരും ഇന്നോളം നടത്തിയ കര്‍ഷകദ്രോഹത്തിന്റെ കഥകള്‍ തെളിഞ്ഞുവരും. കൃഷിക്കാരുടെ പട്ടയപ്രശ്‌നം വഷളാക്കിയതും അനന്തമായി നീണ്ടുപോയതും കോണ്‍ഗ്രസിന്റെ നയം മൂലമാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ് പട്ടയവിതരണത്തിനുള്ള നിയമതടസ്സങ്ങള്‍ പരിഹരിച്ചതും, നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്ത് ഉപാധി രഹിത പട്ടയം വിതരണം ആരംഭിച്ചതും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൃഷിക്കാര്‍ ആശങ്കയിലാണ്. ഈ ആശങ്ക അസ്ഥാനത്താണോ എന്ന് ഇനിയുള്ള ദിവസങ്ങളില്‍ തെളിയും.

*
കെ കെ ശിവരാമന്‍ ജനയുഗം 07 ജൂണ്‍ 2011

Monday, June 6, 2011

അമരാവതി സത്യഗ്രഹത്തിന് 50 വയസ്സ്

അരനൂറ്റാണ്ടിനപ്പുറം അമരാവതി കേരളത്തിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൊന്നായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ എ കെ ജി നടത്തിയ 12 ദിവസത്തെ നിരാഹാര സമരത്തിലൂടെ ഈ ഗ്രാമം ഇന്ത്യയിലെങ്ങും അറിയപ്പെട്ടു. കര്‍ഷക സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി മാറിയ എ കെ ജിയുടെ സഹനസമരത്തിന് ഇന്ന് 50 വര്‍ഷം തികയുകയാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ പാവപ്പെട്ട കര്‍ഷകരെ കുടിയൊഴിപ്പിച്ചതാണ് അമരാവതിയിലെ ഐതിഹാസിക സമരത്തിലേക്ക് നയിച്ചത്.

തിരുവിതാംകൂറിലെ കിഴക്കന്‍മലകളിലേക്ക് ചെറിയ തോതില്‍ ആരംഭിച്ച കുടിയേറ്റം 1948ല്‍ തിരുവിതാംകൂര്‍ സംസ്ഥാന കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ വര്‍ധിച്ചു. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഓരോ കര്‍ഷകനും 5 ഏക്കര്‍ വനഭൂമി കാര്‍ഷികാവശ്യത്തിനായി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ഇത് ധനികരായ കര്‍ഷകരുടെ സമര്‍ഥമായ അനധികൃത വനംകൈയേറ്റത്തിലെത്തി. ഒരു ദശാബ്ദത്തിനകം വലിയൊരു വിഭാഗം കര്‍ഷകര്‍ വന്‍ ഭൂവുടമകളായിത്തീര്‍ന്നു. 1957ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ ഉടനെ എടുത്ത തീരുമാനം സംസ്ഥാനത്ത് കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവക്കാനുള്ളതായിരുന്നു. 1957ല്‍ ഏപ്രില്‍ 27ന് മുമ്പ് ഭൂമി കൈവശം വച്ചിരിക്കുന്ന ആരെയും കുടിയൊഴിപ്പിക്കില്ലെന്നും എന്നാല്‍ , സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് എവിടെയെങ്കിലും കുറച്ചുഭൂമി നല്‍കുമെന്നും പുതിയ വനംകൈയേറ്റം തടയുമെന്നതുമായിരുന്നു കുടിയൊഴിപ്പിക്കല്‍ നിരോധന നിയമത്തിന്റെ സാരാംശം. കേരള കര്‍ഷകന് ഏറ്റവും ജീവല്‍പ്രദവും ഗുണപ്രദവുമായ ഈ നിയമത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ കക്ഷികള്‍ സംഘടിതമായി വനം കൈയേറ്റത്തിന് പ്രോത്സാഹനം നല്‍കി. കോട്ടയം ജില്ലയിലെ തൊടുപുഴ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലെ ചില വന്‍കിട ഭൂവുടമകളും പ്രമാണിമാരും വനം കൈയേറ്റത്തിന് നേതൃത്വം നല്‍കുകയും ഇതിനായി കര്‍ഷകരുടെ ചില സംഘടനകള്‍തന്നെ രൂപീകരിക്കുകയും ചെയ്തു. വനം കൈയേറ്റക്കാരുടെ പ്രതിനിധികള്‍ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് കുറഞ്ഞ വിലയ്ക്ക് നല്ല ഫലഭൂയിഷ്ഠമായ വനഭൂമി നല്‍കാമെന്ന് പറഞ്ഞ് പാവപ്പെട്ട കര്‍ഷകരെ വ്യാമോഹിപ്പിച്ചു.

അങ്ങനെ നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി ഗ്രാമീണ കര്‍ഷകര്‍ ഹൈറേഞ്ചിലെത്തി. കൈയേറിയ അനധികൃതഭൂമിയാണ് വാങ്ങുന്നതെന്ന് കര്‍ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. 1959ലെ വിമോചന സമരത്തെതുടര്‍ന്ന് ജനാധിപത്യ വിരുദ്ധമായി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ ഹൈറേഞ്ച് മേഖലയില്‍ വനഭൂമി കൈയേറ്റം വ്യാപകമായി. 1961 മെയ് രണ്ടിന് അയ്യപ്പന്‍കോവിലില്‍ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു. കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍മാത്രമായി അവിടെ ഒരു പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചു. മെയ് രണ്ടിന് രാവിലെതന്നെ പൊലീസുകാര്‍ കുടിലുകള്‍ പൊളിക്കാന്‍ തുടങ്ങി. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും അഗ്നിക്കിരയാക്കി. അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ സ്ഥലത്തുനിന്ന് 1700 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. പതിനായിരത്തോളം കര്‍ഷകരെ ബലംപ്രയോഗിച്ച് കുമളിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള അമരാവതിയിലേക്ക് മാറ്റി. അഭയാര്‍ഥികളെപ്പോലെ അമരാവതിയിലെത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് ഒരു കുടുംബത്തിന് ഒരേക്കര്‍ തരിശുഭൂമി എന്ന കണക്കിലാണ്. മുളയും പുല്ലും ഉപയോഗിച്ച് പശുത്തൊഴുത്തിനേക്കാള്‍ മോശമായ ഷെഡ്ഡുകള്‍ കെട്ടിക്കൊടുത്തു. കിരാതമായ കുടിയൊഴിപ്പിക്കല്‍കാലത്ത് എ കെ ജി കേരളത്തിലുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ചറിഞ്ഞ എ കെ ജി ഉത്തരേന്ത്യയിലെ പരിപാടി ഉപേക്ഷിച്ച് നാട്ടിലേക്ക് ഓടിയെത്തി. ജൂണ്‍ 1ന് കെ ടി ജേക്കബ്ബിനൊപ്പം അദ്ദേഹം അമരാവതിയിലെത്തി. കര്‍ഷകര്‍ പാര്‍ക്കുന്ന ഷെഡ്ഡുകളും ചുടലക്കളമായി മാറിയ അയ്യപ്പന്‍ കോവിലും സന്ദര്‍ശിച്ചു. പിറ്റേന്ന് കോട്ടയത്ത് നടന്ന പൊതുയോഗത്തില്‍ കുടിയൊഴിപ്പിക്കല്‍പ്രശ്നത്തില്‍ നടപടി സ്വീകരിക്കുന്നതുവരെ അമരാവതിയില്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം കിടക്കുമെന്ന് പ്രഖ്യാപിച്ചു.

ജൂണ്‍ ആറിന് ഇ എം എസിനൊപ്പം എ കെ ജി കുമളിയിലെത്തി. നൂറുകണക്കിന് കര്‍ഷകരുടെ സാന്നിധ്യത്തില്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്തു. അവിടെനിന്ന് കനത്ത മഴ വകവയ്ക്കാതെ ജാഥയായി അമരാവതിയിലെത്തി. അമരാവതിയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം മുളയും പുല്ലുംകൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ എ കെ ജി സത്യഗ്രഹം തുടങ്ങി. എ കെ ജിയുടെ നിരാഹാര സമരത്തിന്റെ വാര്‍ത്ത പരന്നതോടെ സത്യഗ്രഹപ്പന്തലിലേക്ക് കര്‍ഷകരുടെയും സന്ദര്‍ശകരുടെയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു. ഒരാഴ്ച പിന്നിടുമ്പോഴേക്കും ദേശീയ പ്രാധാന്യമുള്ള വിഷയമായി മാറി. അമരാവതിപ്രശ്നത്തില്‍ ഉടനടി ഉചിതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനും മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്കും കത്തുകളുടെയും ടെലിഗ്രാമിന്റെയും പ്രവാഹംതന്നെയുണ്ടായി. പൊലീസ്-റവന്യൂ ഭരണകൂടം എങ്ങനെയെങ്കിലും എ കെ ജിയെ അറസ്റ്റ്ചെയ്തത് ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 14ന് പുലര്‍ച്ചെ കോട്ടയം ജില്ലാ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സത്യഗ്രഹപ്പന്തലിലേക്കെത്തി. ഈ വിവരമറഞ്ഞതോടെ അഭയാര്‍ഥിക്യാമ്പുകളില്‍നിന്ന് ആബാലവൃദ്ധം സത്യഗ്രഹപ്പന്തലിലേക്ക് ഓടിയെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണം വിടാതിരിക്കണമെങ്കില്‍ പൊലീസ് സേനയെ സ്ഥലത്തുനിന്ന് ഉടന്‍ പിന്‍വലിക്കണമെന്ന എ കെ ജിയുടെ നിര്‍ദേശം പൊലീസ് സൂപ്രണ്ടിന് സ്വീകരിക്കേണ്ടിവന്നു. രാവിലെ 10 മണിക്ക് എകെ ജിയെ അറസ്റ്റ്ചെയ്തു. ഈ അറസ്റ്റ് സര്‍ക്കാരിന്റെ പരാജയത്തെയാണ് കുറിക്കുന്നതെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും എ കെ ജി അവിടെ തിങ്ങിനിറഞ്ഞ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അറസ്റ്റിലായ എ കെ ജിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പോയ വഴിയില്‍ വണ്ടിപ്പെരിയാറിലും കുട്ടിക്കാനത്തും മുണ്ടക്കയത്തും പൊന്‍കുന്നത്തും ജനങ്ങള്‍ ആവേശപൂര്‍വം മുദ്രാവാക്യം വിളികളോടെ അഭിവാദ്യമര്‍പ്പിച്ചു.

കോട്ടയം ജില്ലാ ആശുപത്രിയിലും എ കെ ജി നിരാഹാരം തുടര്‍ന്നു. വിവരമറിഞ്ഞ് ആശുപത്രിപരിസരം ജനങ്ങളാല്‍ നിറഞ്ഞു. നിരാഹാര സമരത്തിന്റെ 11-ാം ദിവസമായ ജൂണ്‍ 16ന് രാവിലെ എ കെ ജിക്ക് ബോധക്ഷയമുണ്ടായി. എന്നാല്‍ , സദാ ജാഗ്രതയോടെ കാത്തുനിന്ന ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തെതുടര്‍ന്ന് ബോധം തിരിച്ചുകിട്ടി. ആരോഗ്യസ്ഥിതി പരിഗണിച്ച് എ കെ ജി നിരാഹാരസമരം പിന്‍വലിക്കണമെന്ന് പലരും അഭ്യര്‍ഥിച്ചു. ആദ്യം അഭ്യര്‍ഥിച്ചത് സര്‍വോദയ നേതാവ് കെ കേളപ്പനായിരുന്നു.

"അമരാവതിയിലെ കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് കൊടുപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം. തല്‍ക്കാലത്തേക്ക് നിങ്ങളുടെ നിരാഹാരവ്രതം അവസാനിപ്പിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ ഞാനും അമരാവതിയില്‍ വന്ന് നിങ്ങളോടൊപ്പം നിരാഹാരവ്രതം തുടങ്ങും"-ഇതായിരുന്ന കേളപ്പന്റെ കമ്പിസന്ദേശത്തിലുണ്ടായിരുന്നത്.

അമരാവതിയിലെ കര്‍ഷകര്‍ക്കു വേണ്ടി കൃത്യമായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ സമരം പിന്‍വലിക്കുകയില്ലെന്ന് എ കെ ജി മറുപടി അയച്ചു. ഇതിന് മറുപടിയായി എ കെ ജിക്ക് ലഭിച്ചത് ഹൃദയസ്പര്‍ശിയായ ഒരു കത്തായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ എ കെ ജിയും കേളപ്പജിയും അനുഷ്ഠിച്ച ത്യാഗങ്ങള്‍ അനുസ്മരിച്ച അദ്ദേഹം സമരം നിര്‍ത്തിവയ്ക്കണമെന്നും വേണ്ടിവന്നാല്‍ നമുക്ക് ഒരുമിച്ച് അമരാവതിയില്‍ സത്യഗ്രഹം നടത്തി ജീവത്യാഗംചെയ്യാമെന്നും കത്തില്‍ വാഗ്ദാനംചെയ്തു. ഇതിനിടയില്‍ അമരാവതി സമരം ഒത്തുതീര്‍പ്പിലെത്തിച്ച് എ കെ ജിയുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി പി ടി ചാക്കോ ജൂണ്‍ 15ന് നേരിട്ടെത്തി സമരമവസാനിപ്പിക്കാന്‍ എ കെ ജിയോട് അഭ്യര്‍ഥിച്ചു. ഓരോ കര്‍ഷക കുടുംബത്തിനും മൂന്ന് ഏക്കര്‍ ഭൂമി നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന് എ കെ ജി വ്യക്തമാക്കി. വിഷയം ഇ എം എസുമായും കര്‍ഷകസംഘം നേതാക്കളുമായും ചര്‍ച്ചചെയ്യാമെന്ന് പി ടി ചാക്കോ സമ്മതിച്ചു. ജൂണ്‍ 15നും 16നും നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം കുടിയിറക്കപ്പെട്ട ഓരോ കര്‍ഷകനും മൂന്നേക്കര്‍ ഭൂമി വീതം നല്‍കാമെന്ന് പി ടി ചാക്കോ സമ്മതിച്ചു. കര്‍ഷകര്‍ക്ക് മറ്റ് ചില ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി.

ജൂണ്‍ 17ന് ഉച്ചയ്ക്ക് അഭയാര്‍ഥി കമ്മിറ്റി പ്രസിഡന്റ് ജോസഫ് നല്‍കിയ നാരങ്ങാവെള്ളം കുടിച്ചുകൊണ്ട് എ കെ ജി സത്യഗ്രഹം അവസാനിപ്പിച്ചു. ഇ എം എസ്, സി എച്ച് കണാരന്‍ , പി ടി ചാക്കോ, കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായര്‍ തുടങ്ങിയവര്‍ സാക്ഷികളായി. മണ്ണിന്റെ മക്കള്‍ക്കു വേണ്ടി പാവങ്ങളുടെ പടത്തലവന്‍ നടത്തിയ സമരപരമ്പരകളിലെ ദീപ്തമായ ഏടാണ് അമരാവതി സത്യഗ്രഹം. ഇന്ത്യയിലെ നിരവധി കര്‍ഷക സമരങ്ങള്‍ക്ക് അമരാവതി പ്രചോദനമായിട്ടുണ്ട്. അമരാവതി സത്യഗ്രഹത്തെയും അതിന്റെ സാഹചര്യങ്ങളെയും വിഷമതകളെയും കുറിച്ച് എ കെ ജി "എന്റെ ജീവിതകഥ"യില്‍ വിശദീകരിക്കുന്നുണ്ട്. സത്യഗ്രഹത്തില്‍ ഭാര്യ സുശീലയുടെ പങ്കും എ കെ ജി എടുത്തുപറയുന്നു. എ കെ ജിയുടെ മകള്‍ ലൈലയും ഭര്‍ത്താവ് പി കരുണാകരന്‍ എംപിയും താമസിക്കുന്ന നീലേശ്വരം പള്ളിക്കരയിലെ വീടിന്റെ പേര് അമരാവതി എന്നാണ്. കേരള കര്‍ഷക സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായി ഇന്നും അമരാവതി സത്യഗ്രഹം ഓര്‍മിക്കപ്പെടുന്നു.

*
പ്രൊഫ. കെ പി ജയരാജന്‍ ദേശാഭിമാനി 06 ജൂണ്‍ 2011