Showing posts with label മാര്‍ക്വേസ്. Show all posts
Showing posts with label മാര്‍ക്വേസ്. Show all posts

Saturday, April 19, 2014

ഞാന്‍ കുറച്ചുറങ്ങും, കൂടുതല്‍ സ്വപ്നം കാണും

അസുഖബാധിതനായി പൊതുജീവിതത്തില്‍ നിന്ന് വിരമിച്ച മാര്‍ക്വേസ് കുറിച്ചിട്ട വിടവാങ്ങല്‍ കത്ത്

കുറേക്കൂടി സമയം ഈ ലോകത്ത് ലഭിക്കുമായിരുന്നെങ്കില്‍ അതു ഞാന്‍ കഴിവിെന്‍റ പരാമവധി ഉപയോഗപ്പെടുത്തുമായിരുന്നു. എെന്‍റ മനസ്സിലുള്ളതെല്ലാം പറയുമായിരുന്നില്ലെങ്കിലും, പറയുന്നത് കൂടുതല്‍ ചിന്താമൃതമാക്കുമായിരുന്നു. സംഗതികള്‍ എന്താണ് എന്ന നിലയിലല്ല, അവ എന്ത് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു എന്ന നിലയില്‍ അവയ്ക്ക് മൂല്യം കല്‍പിക്കുമായിരുന്നു. ഞാന്‍ കുറച്ചുറങ്ങും, കൂടുതല്‍ സ്വപ്നം കാണും. കാരണം നാം കണ്ണടക്കുന്ന ഓരോ നിമിഷവും വെളിച്ചത്തിെന്‍റ അറുപതു സെക്കന്റുകള്‍ നഷ്ടമാകുകയാണല്ലോ. മറ്റുള്ളവര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ നടക്കും. അവര്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കും. എനിക്ക് കുറേക്കൂടി സമയം ജീവിക്കാന്‍ ലഭിക്കുമായിരുന്നെങ്കില്‍, ഞാന്‍ ലളിത വസ്ത്രധാരിയായി സൂര്യനു മുമ്പില്‍ നില്‍ക്കുമായിരുന്നു.

എെന്‍റ ശരീരം മാത്രമല്ല, ആത്മാവ് മുഴുവന്‍ സവിതാവിെന്‍റ കാരുണ്യത്തിനായി തുറന്നു വെയ്ക്കുമായിരുന്നു. എല്ലാവര്‍ക്കുമായി ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ, പ്രായമാകുന്നതോടെ പ്രേമം നിലയ്ക്കുന്നുവെന്ന് കരുതുന്നവര്‍ മഠയന്മാരാണ്. പ്രേമിക്കാതെ ഊഷരമായിത്തീരുമ്പോഴാണ് പ്രായം പിടികൂടുന്നതെന്ന് അവര്‍ അറിയുന്നില്ലല്ലോ. ഞാന്‍ കുഞ്ഞുങ്ങള്‍ക്ക് ചിറകുകള്‍ നല്‍കും. സ്വയം പറന്നു പരിശീലിക്കാനായി അതവര്‍ക്ക് സ്വന്തമായി നല്‍കും. വൃദ്ധജനങ്ങളോട് പറയും, പ്രായമാകുന്നതിനുസരിച്ചല്ല മരണം വന്നെത്തുന്നത്, മറിച്ച് ഓര്‍മകള്‍ക്ക് നാശം നേരിടുമ്പോഴാണ്.

ഞാന്‍ നിങ്ങളുടെ കൂടെ ജീവിച്ച് ധാരാളം കാര്യങ്ങള്‍ പഠിച്ചു. എല്ലാവരും പര്‍വതങ്ങള്‍ക്കു നെറുകെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവിടെ എത്താന്‍ എടുത്ത യാത്രയാണ് യഥാര്‍ഥ സന്തോഷം നല്‍കുന്നതെന്ന് അവര്‍ അറിയുന്നില്ല. കുന്നിനു മുകളില്‍ എത്താന്‍ എന്തു രൂപമാണ് കൈകൊണ്ടത് എന്നതാണ് ജീവിതത്തിനു സന്തോഷം നല്‍കുന്നത് എന്ന് ഓര്‍ക്കുന്നുമില്ല. കുഞ്ഞ് അതിെന്‍റ കൈ കൊണ്ട് അച്ഛെന്‍റ വിരലുകള്‍ പിടിക്കുമ്പോള്‍, ശിഷ്ട കാലം അതിന്മേല്‍ കുടുങ്ങിപ്പോകുകയാണെന്ന് അറിയുന്നില്ല.ഊഴിയില്‍ നിന്ന് ഉയരാന്‍ ഒരാള്‍ക്ക് സഹായം വേണ്ടപ്പോള്‍ അത് നല്‍കുക ഒരാളുടെ അവകാശവും കര്‍ത്തവ്യവുമാണെന്ന് ഞാന്‍ പഠിച്ചു. നിങ്ങള്‍ ചിന്തിക്കുന്നതല്ല, ഹൃദയത്തില്‍ അനുഭവിക്കുന്നതാണ് പുറത്തു പറയേണ്ടത്. ഈ നിമിഷം നിങ്ങളുടെ അവസാനമാണ് എന്ന് അറിയാന്‍ എനിക്ക് കഴിഞ്ഞെന്നിരിക്കട്ടെ, എങ്കില്‍ ഞാന്‍ നിങ്ങളെ സര്‍വശക്തിയുമെടുത്ത് ആശ്ലേഷിച്ച് നിങ്ങളുടെ രക്ഷാ മാലാഖയായി എന്നെ മാറ്റാന്‍ പ്രാര്‍ഥിക്കുമായിരുന്നു. ഇതാണ് നിങ്ങളെ ഞാന്‍ അവസാനമായി കാണുന്ന നിമിഷമെങ്കില്‍, ഞാന്‍ പറയുമായിരുന്നു, നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നുവെന്ന്.

എല്ലായ്പ്പോഴും ഒരു നാളെയുണ്ട്. ജീവിതം നമുക്ക് ശരിയായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരവസരം തരുന്നു. എന്നാല്‍ ഞാനീ പറയുന്നത് തെറ്റാണെങ്കില്‍, ഇന്നീ ദിനം മാത്രമാണ് ശേഷിക്കുന്നത് എങ്കില്‍, ഞാന്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ഒരിക്കലും നിങ്ങളെ ഞാന്‍ മറക്കില്ല എന്നും പറയാന്‍ ഇഷ്ടപ്പെടുമായിരുന്നു. ചെറുപ്പക്കാര്‍ക്കാകട്ടെ, പ്രായം ചെന്നവര്‍ക്കാകട്ടെ, നാളെ ഒന്നും ഉറപ്പു നല്‍കുന്നില്ല. ഇന്നാകും നിങ്ങള്‍ സ്നേഹിക്കുന്നവരെ കാണാനുള്ള അവസാന അവസരം. അതുകൊണ്ട് കാത്തിരിക്കരുത്. ചെയ്യാനുള്ളത് ഇന്നു തന്നെ പൂര്‍ത്തിയാക്കുക. നാളെ ഒരിക്കലും വന്നു ചേര്‍ന്നില്ല എന്നു വരാം.

ഇന്നൊരു പുഞ്ചിരി സമ്മാനിക്കാന്‍, ചുംബനം നല്‍കാന്‍, ആശ്ലേഷം പകരാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണെങ്കില്‍; അവര്‍ക്ക് അവരുടെ അവസാനത്തെ ആഗ്രഹം നിറവേറ്റാനാവാത്തവിധം നിങ്ങള്‍ ധൃതി കൈകൊള്ളുകയാണെങ്കില്‍, തീര്‍ച്ചയായും ഖേദിക്കേണ്ടി വരും. നിങ്ങളുടെ ഇഷ്ട ഭാജനങ്ങളെ അടുത്തു നിര്‍ത്തുക. എത്രമാത്രം അവരെ നിങ്ങള്‍ക്ക് ആവശ്യമാണെന്നും എത്രമാത്രം നിങ്ങളവരെ സ്നേഹിക്കുന്നുവെന്നും അവരുടെ ചെവിയില്‍ മന്ത്രിക്കുക. അവരെ സ്നേഹിക്കുക, പരിചരിക്കുക. എന്നോട് ക്ഷമിക്കുമല്ലോ, ഞാന്‍ ഖേദിക്കുന്നു, ദയവായി മനസ്സിലാക്കുക, നന്ദി... തുടങ്ങി നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ സ്നേഹ വാക്കുകളും പറയാനായി എപ്പോഴും സമയം കണ്ടെത്തുക. നിങ്ങളുടെ രഹസ്യചിന്തകളെച്ചൊല്ലി ആരും നിങ്ങളെ അറിയുന്നില്ല. അവ ആവിഷ്കരിക്കാനുള്ള ശക്തിയും വിവേകവും ഉണ്ടാകുമാറാകട്ടെ. നിങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് എെന്‍റ ഈ കത്ത് ഇന്നു തന്നെ അയക്കുക. ഇന്ന് ഇത് ചെയ്യുന്നില്ലെങ്കില്‍, നാളെയും ഇന്നലത്തെപ്പോലെയാകും. നിങ്ങള്‍ ഒരിക്കലും അത് ചെയ്യുന്നില്ലെങ്കില്‍ പ്രശ്നമില്ല. എന്നാല്‍ ഇപ്പോള്‍ തന്നെയാണ് അത് നിര്‍വ്വഹിക്കേണ്ട സമയം.

ഫിദലിനോട് ആദരപൂര്‍വം

ഫിദല്‍ കാസ്ട്രോയുടെ അടുത്ത സൃഹുത്തും ആരാധകനുമായിരുന്നു മാര്‍ക്വേസ്. പരന്ന വായനക്കാരനായ ഫിദലിനെ എപ്പോഴും ബഹുമാനപൂര്‍വമാണ് ഓര്‍ത്തിരുന്നത്. തെന്‍റ രചനകളുടെ കൈയെഴുത്തുപ്രതികള്‍ പ്രസിദ്ധീകരണത്തിനു നല്‍കും മുമ്പ് അദ്ദേഹം കാസ്ട്രോവിനെ കാണിക്കുമായിരുന്നു. പലരും തള്ളിപ്പറഞ്ഞപ്പോഴും ക്യൂബയ്ക്കും അതിെന്‍റ നായകനുമൊപ്പം മാര്‍ക്വേസ് ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള അഗാധമായ ബന്ധം മുന്‍നിര്‍ത്തി രണ്ടു സ്പാനിഷ് ഗവേഷകര്‍ പുസ്തകമെഴുതിയിട്ടുണ്ട്. 1982ല്‍ മാര്‍ക്വേസിനു നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ കാസ്ട്രോ കപ്പലില്‍ സമ്മാനങ്ങള്‍ കൊടുത്തുവിടുകയും ഹവാനയില്‍ വസതി നിര്‍മിച്ചു നല്‍കുകയും ചെയ്തിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാര്‍ക്വിസ് ചുവടുറപ്പിക്കുന്നത് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടാണ്. ക്യൂബന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ്ന ലാറ്റിനയുടെ പ്രതിനിധിയായി ബൊഗോട്ടയിലും ന്യൂയോര്‍ക്കിലും പ്രവര്‍ത്തിച്ചു. ക്യൂബന്‍ വിപ്ലവത്തിന് എക്കാലത്തും മാര്‍ക്വേസ്് പിന്തുണ നല്‍കിപ്പോന്നപ്പോള്‍, തെന്‍റ ജീവിതാഭിലാഷം അദ്ദേഹത്തെപ്പോലെ എഴുത്തുകാരനാവുകയാണെന്ന് കാസ്ട്രോ പറയുമായിരുന്നു. കാസ്ട്രോയുടെ നേതൃത്വത്തില്‍ നടന്ന ഗറില്ലാ പോരാട്ടം റിപ്പോര്‍ട് ചെയ്യാനാണ് പത്രപ്രവര്‍ത്തകനായ മാര്‍ക്വേസ് ക്യൂബയിലെത്തുന്നത്. വിപ്ലവ വിജയത്തിനു ശേഷം അദ്ദേഹം കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി.

ഹവാനയിലെ മാര്‍ക്വേസിന്റെ വസതിയില്‍ ഏതുനേരത്തും പ്രതീക്ഷിക്കാവുന്ന വിശിഷ്ടാതിഥിയായിരുന്നു കാസ്ട്രോ. രാത്രിയുടെ അന്ത്യയാമങ്ങളില്‍പോലും അദ്ദേഹം വാതിലില്‍മുട്ടും. ഇരുവരും നേരം മായ്ച്ചുകളഞ്ഞ് സംഭാഷണങ്ങളില്‍ ഏര്‍പ്പെടും. സംസാരിച്ച് തളരുന്ന കാസ്ട്രോ പിന്നെ വിശ്രമിച്ചാവും ഭാഷണം തുടരുക. ക്യൂബയോടുള്ള അമേരിക്കയുടെ ശത്രുതാ മനോഭാവം മാര്‍ക്വേസിനെ പലപ്പോഴും ദുഃഖിപ്പിച്ചിരുന്നു. ബന്ധത്തിലെ പിരിമുറുക്കത്തിന് അയവുവരുത്താന്‍ അദ്ദേഹം അമേരിക്കന്‍ നേതൃത്വവുമായി കൂടിയാലോചന നടത്തി. 1994ല്‍ ബില്‍ ക്ലിന്റനുമായി കുടിയേറ്റ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ദൂതനായി നിന്നത് അതില്‍ പ്രധാനം. മൂന്നുവര്‍ഷത്തിന്ശേഷം ഭീകരതയ്ക്കെതിരായ നീക്കങ്ങളില്‍ ക്യൂബന്‍ സഹകരണം വാഗ്ദാനം ചെയ്തുള്ള കാസ്ട്രോയുടെ കത്ത് ക്ലിന്റണ് കൈമാറി. 2008ല്‍ മാര്‍ക്വേസിനെയും ഭാര്യ മെര്‍സിഡെസിനെയും കാസ്ട്രോ ഹവാനയില്‍ സ്വീകരിച്ച് സല്‍ക്കാരം നല്‍കിയത് മറ്റൊരു ആദരവ്. വരുംകാലത്തിന്റെ മനുഷ്യന്‍ എന്നാണ് മാര്‍ക്വേസിനെ കാസ്ട്രോ വിശേഷിപ്പിച്ചിരുന്നത്. കഥപറയാനായി ജീവിച്ച ആ എഴുത്തുകാരനോട് ലോകം എപ്പോഴും നന്ദി കാണിക്കണം. ഞങ്ങളുടെ സൗഹൃദം പതിറ്റാണ്ടുകള്‍കൊണ്ട് പുഷ്പിച്ചതാണ്. നൂറ് കണക്കിന് കൂടിക്കാഴ്ചകളും അവയിലെ സംഭാഷണങ്ങളും അത് ബലിഷ്ടമാക്കി. ഇതെല്ലാം എനിക്ക് എക്കാലവും ആനന്ദത്തിന്റെ അനുഭൂതിയാണ് നല്‍കിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ദേശാഭിമാനി)

നൂറ്റാണ്ടിന്റെ സ്മൃതിനാശം

ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിെന്‍റ രചനകളിലൂടെയാണ് മാജിക്കല്‍ റിയലിസം സാഹിത്യ ചര്‍ച്ചകളില്‍ സജീവമായത്. യഥാര്‍ഥ ജീവിതത്തില്‍ ഒളിഞ്ഞ, വിശദീകരണത്തിനു വഴങ്ങാത്ത അനുഭവങ്ങളുടെ ആവിഷ്കാരം എന്ന നിലയിലാണ് ആ ശൈലി അറിയപ്പെടുന്നതും. 1920കളില്‍ ചിത്രകലയെക്കുറിച്ചുള്ള പഠനത്തില്‍ ഫ്രാന്‍സ് റൂഹ് അത് ആദ്യമായി പരിചയപ്പെടുത്തി. എന്നാല്‍ ഈ ശൈലി സര്‍വ സൗന്ദര്യത്തോടെയും വികസിച്ചത് 1980കള്‍ക്കു ശേഷം.

ശാസ്ത്രവാദത്തിലും കൊളോണിയല്‍ യുക്തിയിലും നഷ്ടപ്പെട്ട മനുഷ്യജീവിതമാണ് അതു വീണ്ടെടുക്കാന്‍ ശ്രമിച്ചത്. മാര്‍ക്വേസിനെ കൂടാതെ, ലൂസിയ വെര്‍ഗോസ് ലോസ, ജൂലിയോ കോര്‍ട്ടാസ എന്നിവരുടെ രചനകള്‍ ഈ ശൈലിക്കു പ്രചാരം നല്‍കി. സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ഇതിനെ പിന്തുടര്‍ന്ന ഇന്തോ-ആംഗ്ലിയന്‍ നോവലാണ്. മലയാളത്തിലും മാജിക്കല്‍ റിയലിസം എന്നു വിളിക്കാവുന്ന കൃതികള്‍ ഉണ്ടായി . വൈക്കം മുഹമ്മദ് ബഷീറിെന്‍റ വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം എന്നിവ പൂര്‍ണ അര്‍ഥത്തിലല്ലെങ്കിലും അതിെന്‍റ ഘടകങ്ങള്‍ ഉള്‍കൊണ്ടു. ഒ വി വിജയന്റെ പല കൃതികളും അതോട് സാമ്യമുള്ള ശൈലിയായിരുന്നു. മാര്‍ക്വേസിന്റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങ"ളുടെ വിവര്‍ത്തനത്തോടെയാണ് മലയാളികള്‍ മാജിക്കല്‍ റിയലിസത്തെ തൊട്ടറിഞ്ഞത്. ലാറ്റിനമേരിക്കന്‍ ജീവിതം വിശ്വാസയോഗ്യമായി അവതരിപ്പിക്കാന്‍ അസാധാരണ ആഖ്യാന രീതി ആവശ്യമായിരുന്നു എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. മക്കണ്ടോ ഗ്രാമത്തിെന്‍റയും ബുവേണ്ടിയ എന്ന കുടുംബത്തിെന്‍റയും കഥയാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍.

മുഖ്യധാരാ എഴുത്തിന് യോഗ്യമല്ല എന്നു തോന്നിച്ച, സാധാരണ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും കഥ. വെളുവെളുത്ത കോഴിമുട്ട പോലുള്ള കല്ലിന്‍ മുകളിലൂടെ വെള്ളമൊഴുകിയിരുന്ന മക്കണ്ടോയിലെ നദി, വിവിധ ചരിത്ര ഘട്ടങ്ങളില്‍ മലിനമാക്കപ്പെടുന്ന രൂപകവുമായാണ് നോവല്‍ ആരംഭിക്കുന്നത്. കഥാവസാനം മക്കണ്ടോ കാറ്റില്‍ മാഞ്ഞുപോകുന്നു. കൊളോണിയല്‍ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്ന മക്കണ്ടോ ജനത താമസിയാതെ വീണ്ടും വൈദേശിക ആധിപത്യത്തിനു കീഴിലാകുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിക്കുന്ന വാഴപ്പഴ കമ്പനിയുടെ, കര്‍ഷകരംഗത്തെയും തൊഴിലാളികള്‍ക്കിടയിലെയും മോശം ചെയ്തികള്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളെ, ലഹളക്കാര്‍ എന്നാക്ഷേപിച്ച് അടിച്ചമര്‍ത്തി. അതിന് പ്രാദേശിക സര്‍ക്കാരിെന്‍റ പിന്തുണ തേടി.

എല്ലാ കാലത്തെയും ദേശത്തെയും സാമ്രാജ്യത്വ ഇടപെടലിന്റെ സ്വഭാവത്തെയാണ് മാര്‍ക്വേസ് ചിത്രീകരിച്ചത്. സമരം ചെയ്യുന്ന ജനങ്ങളെ കൂട്ടക്കൊല ചെയ്ത് അധിനിവേശ ശക്തികള്‍ വീണ്ടും അധികാരത്തിലേറുന്നു. തൊട്ടടുത്ത ദിവസം ആ ഓര്‍മ മക്കണ്ടോവാസികളില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. അത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്ന പ്രാദേശിക സര്‍ക്കാരിന്റെ വിശദീകരണത്തില്‍ തൃപ്തരായി. നിലനില്‍പ് സംബന്ധിച്ച ഭയം, മാധ്യമങ്ങളുടെ പ്രചാരം, ചരിത്ര പുസ്തകങ്ങളുടെ തിരുത്തല്‍ എന്നിവ വഴി സാധ്യമാക്കിയ സമരഭൂതങ്ങളുടെ മറവിയെയാണ്, മാര്‍ക്വേസ് സവിശേഷത ശൈലികൊണ്ട് പുനര്‍നിര്‍മ്മിച്ചത്.

മാജിക്കല്‍ റിയലിസം ചരിത്രത്തെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ഉപകരണമാണ് അദ്ദേഹത്തിന്റെ എഴുത്തില്‍. "ബനാന മസാക്കര്‍" എന്ന ഭാഗത്ത് , സ്വാതന്ത്ര്യാനന്തര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വം എങ്ങിനെ ഇടപെടുന്നുവെന്നും ഭൂതകാലം മറക്കുംവിധം ഭരണകൂടം ഓര്‍മകളുടെ നിരാസം സാധിച്ചെടുക്കുന്നത് എങ്ങനെയെന്നും മാര്‍ക്വേസ് കാണിച്ചുതന്നു. മക്കണ്ടോയില്‍ ആകസ്മികമായി വന്ന ജിപ്സികള്‍, അവര്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍, നാലു കൊല്ലം നീളുന്ന പേമാരി എന്നിവ വിവരിക്കുമ്പോള്‍, മാജിക്കല്‍ റിയലിസം പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകുന്നു.

*
മിര്‍സാ ഗാലിബ്

ദേശത്തിന്റെ മുദ്രകള്‍

ബ്യൂണേഴ്സ് അയേഴ്സിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് ഓസ്കാര്‍ മറീസിയെ പരിചയപ്പെടുന്നത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന Memories of My Melancholy Whores ശ്രദ്ധിച്ച അദ്ദേഹം, മാര്‍ക്വേസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. വളരെയധികം എന്ന സ്പാനിഷ് മറുപടി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. താനും കൊളംബിയക്കാരന്‍ തന്നെ, ഓസ്കാര്‍ തുടര്‍ന്നു, താമസം മെക്സിക്കോ സിറ്റിയില്‍. തൊട്ടടുത്ത് മകന്‍ ഫാബിയോ. ഞാന്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിപുലമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊളംബിയയില്‍ പോയിട്ടില്ല. അവിടെ നിന്നുള്ളവരെ പരിചയവുമില്ല.

മാര്‍ക്വേസും മെക്സിക്കോ സിറ്റിയിലല്ലേ താമസം എന്ന ചോദ്യത്തിന്, ഞങ്ങള്‍ അയല്‍വാസികളാണെന്നായിരുന്നു ഓസ്കാറിന്റെ മറുപടി. പിന്നെ തിരുത്തി. തൊട്ടടുത്ത വീടല്ല, ഒരേ നഗരത്തിലാണെന്നുമാത്രം. മാര്‍ക്വേസിന്റെ സാഹിത്യ കാര്യങ്ങള്‍ അറിയാന്‍ കാര്യമായി ബാക്കിയുണ്ടായിരുന്നില്ല. ഓസ്കാറിന് കൂടുതല്‍ അറിയാമെന്ന് തോന്നിയതുമില്ല. അദ്ദേഹം കൊളംബിയക്കാരനാണെന്ന് കേട്ടതുമുതല്‍ മറ്റൊരു കൗതുകം ബാക്കിനിന്നു. മാര്‍ക്വേസും ഓസ്കാറുമൊക്കെ ബാല്യം ചെലവിട്ട കൊളംബിയ എങ്ങനെയായിരുന്നു? മാര്‍ക്വേസിന്റെ സാഹിത്യ ജീവിതത്തില്‍ എന്തുമാത്രം പ്രാഭവം ആ ബാല്യകൗമാരയൗവനങ്ങള്‍ ചെലുത്തിക്കാണണം! വ്യക്തി- കഥാജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ച സംഭവങ്ങള്‍ മാര്‍ക്വേസ് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതില്‍ സുപ്രധാനം 1950 ഫെബ്രുവരിയില്‍ 22-ാം വയസ്സില്‍ അരാക്കതാക്ക ഗ്രാമത്തിലേക്കുള്ള വരവായിരുന്നു. പൊടിനിറഞ്ഞ തീരെ ചെറിയ കരീബിയന്‍ കടല്‍തീര ഗ്രാമമായിരുന്നു അന്ന്. അതാണ് മാന്ത്രിക തൂലികാസ്പര്‍ശമേറ്റ് മകോണ്ടോ എന്ന അത്ഭുത സ്ഥലമായത്. ആളുകള്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ, വൃത്തികെട്ട ആ പരിസരത്തിന്റെ ഒരേയൊരു പ്രാധാന്യം 1928-ലെ ബനാന സ്ട്രൈക്ക് മസാക്കര്‍ എന്ന നരഹത്യ. സമാധാനപരമായി പ്രകടനം നടത്തിയ കര്‍ഷകരെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി പട്ടാളക്കാരെകൊണ്ട് കൊന്നൊടുക്കിയ സ്ഥലം. ആ അഗ്നിസ്ഫുലിംഗങ്ങള്‍ക്ക് നടുവിലാണ് മാര്‍ക്വേസ് ജനിച്ചത്. ആ കാലഘട്ടത്തിലെ മറ്റു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളെപ്പോലെ കൊളംബിയന്‍ ചരിത്രവും അനിശ്ചിതത്വത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും അധികാര കൈമാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും വിളനിലമായിരുന്നു. പൊതുവില്‍ സ്ഥിതി അതായിരുന്നെങ്കിലും മാര്‍ക്വേസിന് തന്റെ ഗ്രാമത്തിന് മായിക ഭാവം തോന്നിച്ചിരുന്നു. കാരണം മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പും ചെലവിട്ട നാളുകളുടെ, മനോഹാരിതയായിരുന്നു.

തികഞ്ഞ സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു അമ്മയുടെ അച്ഛന്‍. 1899-1902 വരെ നിണ്ട &ഹറൂൗീ;ആയിരം ദിന യുദ്ധത്തില്‍ പങ്കെടുത്തയാള്‍. ഈ മുത്തച്ഛനെ "ആരും എഴുതാത്ത കേണലി"ല്‍ അനശ്വരനാക്കുന്നുണ്ട്. അമ്മയുടെ അമ്മയാകട്ടെ കഥാകഥനത്തെ കലയുടെ തലത്തിലേക്കുയര്‍ത്തിയവര്‍. യക്ഷികളുടെയും പ്രേതങ്ങളുടെയും അത്ഭുതങ്ങള്‍ യാഥാര്‍ഥ്യത്തോടൊട്ടി നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിദഗ്ധ. കഥ പറയാനുള്ള കലയും വൈദഗ്ധ്യവും ചെറുപ്പത്തില്‍ മാര്‍ക്വേസിന് സ്വായത്തമായതിന്റെ കാരണവും ആ സ്വാധീനം. മുത്തച്ഛന്റെ വീട് വില്‍ക്കുകയായിരുന്നു അരാക്കതാക്ക വരവിന്റെ ഉദ്ദേശ്യമെങ്കിലും, അതിനകത്ത് കാലുകുത്തിയ നിമിഷം പ്രജ്ഞ നഷ്ടപ്പട്ട് പ്രത്യേകതരം ബോധോദയം വന്നുനിറഞ്ഞു; വീടും മണ്ണും വിണ്ണും നാട്ടുകാരും സര്‍വചരാചരങ്ങളും ഫോക് വിശ്വാസങ്ങളും കെട്ടുപിണഞ്ഞ കൃതികള്‍ ബീജവാപം ചെയ്യുന്നത് ഈ സ്വാധീനത്തില്‍ നിന്നാണ്. മാസ്റ്റര്‍പീസായ മാജിക്കല്‍ റിയലിസം ഉത്ഭവിച്ചതും ഈ വഴി.

എഴുത്തില്‍ അനുഭവിച്ച ഏറ്റവും വിഷമമേറിയ പ്രശ്നം സത്യമായ ലോകവും അസത്യമായ കാല്‍പനിക ലോകവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുകയായിരുന്നു എന്ന് മാര്‍ക്വേസ് വ്യക്തമാക്കിയിട്ടുണ്ട്. ബൊഗോട്ടയില്‍ പഠിക്കാന്‍ എത്തുന്നതോടെയാണ് യൗവനഘട്ടം തുടങ്ങുന്നത്. വിപുലമായ വായനയിലൂടെ സഹപാഠികളില്‍നിന്ന് ബഹുദൂരം മുന്നിലായി. അക്കാലത്താണ് കാഫ്കയുടെ മെറ്റമോര്‍ഫോസിസ് വായിക്കുന്നത്. അസ്വസ്ഥമായ സ്വപ്നങ്ങളില്‍നിന്ന് ഉണരുന്ന ഗ്രിഗോര്‍ സംസ എന്ന ട്രാവലിങ് സെയില്‍സ്മാന്‍, കിടക്കയില്‍ ഭീമാകാരന്‍ പ്രാണിയായി രൂപാന്തരം പ്രാപിക്കുന്നതോടെയാണ് കഥയുടെ ആരംഭം. ആ വായന അടിമുടി പിടിച്ചുലച്ചു. എഴുത്തിന് ഇത്തരം മാനങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത് ഇതോടെ.

ഇതിനിടയിലാണ് ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, വിര്‍ജീനിയ വൂള്‍ഫ്, ഏണസ്റ്റ് ഹെമിങ്വേ എന്നിവരെ വായിക്കുന്നത്. ഫോക്നറുടെയും ഹെമിങ്വേയുടെയും ശൈലികള്‍ സ്വാധീനിച്ചു. പക്ഷേ നിക്കാരാഗ്വന്‍ കവി റൂബന്‍ ദാരിയോ ആയിരുന്നു പ്രചോദനം. കാല്‍പനികതയും അതിഭൗതികതയും തിങ്ങിയ ദാരിയോ കവിതകള്‍ നിതാന്ത സഹചാരിയായി. ഓസ്കാര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. ഞാന്‍ വാച്ചില്‍ നോക്കി. ബ്യൂണേഴ്സ് അയേഴ്സില്‍ എത്താറായിരിക്കുന്നു. മനസ്സില്‍ തികട്ടിനിന്ന ചില കാര്യങ്ങള്‍ ചോദിക്കാനായിട്ടില്ല. ഇപ്പോള്‍ മാര്‍ക്വേസിന്റെ സ്ഥിതി എന്താണ്? ആത്മകഥയുടെ രണ്ടാംഭാഗം പുറത്തുവരുമോ? മാര്‍ക്വേസിന് മറവിരോഗം ബാധിച്ചിരിക്കുന്നുവെന്നും എഴുത്ത് എന്ന കല ഇനി അസാധ്യമാണ് എന്നതും സത്യമാണോ? തൃപ്തികരമായ മറുപടി ഉണ്ടായിരുന്നില്ല.

*
ഡോ. എന്‍ ജെ നടരാജന്‍

മാര്‍ക്വേസും മാജിക്കല്‍ റിയലിസവും

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് എന്ന അതികായനായ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റിന്റെ പേര് മിക്കപ്പോഴും പൊന്തിവരുന്നത് മാജിക് റിയലിസം എന്നും മാജിക്കല്‍ റിയലിസമെന്നും വ്യവഹരിക്കപ്പെടുന്ന രചനാ രീതിയെക്കുറിച്ചുള്ള ആലോചനകളിലാണ്. ഈ ആഖ്യാന സവിശേഷതയുടെ ഉപയോഗത്തിന് ഉദാഹരണമായി പൊതുവെ എടുത്തുകാട്ടപ്പെടുന്ന നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് വാഴ്ത്തപ്പെടുന്ന One Hundred years of solitude  എന്ന ത്രോഡിക്കിള്‍ നോവലുമാണ്.

പലരും കരുതുന്നതുപോലെ Magic realism  എന്ന പദം/പ്രയോഗം കൊണ്ടുവന്നത് Garcia Marquez അല്ല. Franz Rosh  എന്ന ജര്‍മന്‍ കലാനിരൂപകനായിരുന്നു. Magic realism എന്ന് അദ്ദേഹം ഉപയോഗിച്ചത് ഒരു പുസ്തകത്തിന്റെ ശീര്‍ഷകത്തിലായിരുന്നു. സാഹിത്യമെഴുത്തില്‍ ഇത് കടന്നുവരുംമുമ്പേതന്നെ കലാനിരൂപണത്തിലും ശില്‍പ്പശാസ്ത്രത്തിലും Magic realism എന്നതിന്റെ സാന്നിധ്യം കാണാമായിരുന്നു. പല ചിത്രകാരന്മാരും Magic Realist വര്‍ഗീകരിക്കപ്പെട്ടു. Edward hoppes, Charles sheeler  എന്നീ പുകഴാര്‍ന്ന ചിത്രമെഴുത്തുകാരെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു.

ആദ്യത്തെ മാജിക്ക് റിയലിസ്റ്റ് നോവല്‍ Luis Bolger  എന്ന വിഖ്യാത അര്‍ജന്റീനിയന്‍ നോവലിസ്റ്റിന്റെ 1935ല്‍ പുറത്തുവന്ന Historia Universal de la Infamia  എന്ന ബൃഹദ്കൃതിയാണ്. അദ്ദേഹത്തിന്റെ പുതിയ ആഖ്യാനരീതിയില്‍ ആകൃഷ്ടനായിട്ടാണ് താന്‍ മാജിക് റിയലിസം പരീക്ഷിച്ച് തുടങ്ങിയതെന്ന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് പലതവണ പറഞ്ഞിട്ടുണ്ട്.

മാര്‍ക്വേസിനെപ്പോലെ മാജിക് (മാജിക്കല്‍) റിയലിസത്തിന്റെ അപാര സാധ്യതയുള്ള ആകാവുന്നത്ര പ്രയോജനപ്പെടുത്തിയ എഴുത്തുകാരനാണ് ക്യൂബന്‍നോലിസ്റ്റായ Alejo  carpentier.  Italo Carvino, John Fowles, Gunter gras,  Angela Carter, Salman Rushdie  എന്നീ പ്രാമാണികരായ കഥാകാരന്മാര്‍ മാജിക് റിയലിസത്തിന്റെ പ്രയോക്താക്കളാണ്. Milan Kundera  യുടെ പേരും മറക്കാന്‍ വയ്യ. റിയലിസവും കല്‍പ്പനയും തമ്മില്‍ എന്നും നിലനില്‍ക്കുന്ന പിരിമുറുക്കം ഉണ്ടല്ലോ. അതിനെ സര്‍ഗാത്മകമായി മറികടക്കാനും ഒരു വ്യത്യസ്ത കാഴ്ച കണ്ടെത്താനുമുള്ള പരിശ്രമം. അതാണ് മാജിക് റിയലിസമെന്നും മാര്‍ക്സിസ്റ്റ് സാഹിത്യ ചിന്തകനായ ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുകയുണ്ടായി.

മാജിക് റിയലിസം യാഥാര്‍ഥ്യത്തിന്റെ നിഷേധമല്ല. പുനര്‍നിര്‍മിതിയാണ്. മിത്തും ചരിത്രവുമൊക്കെ അതില്‍ പങ്കുചേരുന്നുണ്ട്. ഓര്‍മയുടെ ഇടനാഴികളെ അത് കലാത്മകമായി യോജിപ്പിക്കുന്നു. "മഹാഭാരതം" വാസ്തവത്തില്‍ മാജിക് റിയലിസത്തിന്റെ പ്രസരം ശക്തിയായുള്ള ഒരു ഇതിഹാസ കാവ്യമാണ്. Magic realism എന്നതിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തിയെന്നതാണ് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ എടുത്തുപറയേണ്ട നേട്ടം. അദ്ദേഹത്തിന് അനുകര്‍ത്താക്കള്‍ പലരുമുണ്ടായി. പഠിച്ച ആര്‍ക്കും ആ ആചാര്യനെ മറികടക്കാന്‍ കഴിഞ്ഞില്ല.

*
വി സുകുമാരന്‍

മാര്‍ക്വേസ് എന്ന ബഷീര്‍

"വിനീത ചരിത്രകാരന്‍" എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വയംവിശേഷണം ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിനും ഇണങ്ങും. എല്ലാ സര്‍ഗാത്മക സാഹിത്യകാരന്മാരും ചരിത്രകാരന്മാര്‍കൂടിയാണ്. കാള്‍മാര്‍ക്സ് ചാള്‍സ് ഡിക്കന്‍സിനെക്കുറിച്ച് പറഞ്ഞത് പ്രസിദ്ധമാണ്. അന്നത്തെ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും മറ്റും സാധിക്കാത്ത സൂക്ഷ്മതയോടെയാണ് ചാള്‍സ് ഡിക്കന്‍സ് തന്റെ കൃതികളില്‍ ഇംഗ്ലണ്ടിലെ സാധാരണക്കാരുടെ ജീവിതം പകര്‍ത്തിവച്ചത് എന്നായിരുന്നു മാര്‍ക്സിന്റെ നിരീക്ഷണം.

ചുരുക്കത്തില്‍ സമകാലിക ജീവിതസംഘര്‍ഷങ്ങളില്‍നിന്ന് കാലാതിവര്‍ത്തിയായ ജീവിത സത്യങ്ങളും ദാര്‍ശനിക തത്വങ്ങളും കടഞ്ഞെടുക്കലാണ് ഒരു സര്‍ഗാത്മക സാഹിത്യകാരന്റെ ദൗത്യം. ഇത് ഇന്നത്തെ ലോകത്ത് ഏറ്റവും ഗംഭീരമായി നിര്‍വഹിച്ച എഴുത്തുകാരനാണ് മാര്‍ക്വേസ്.

മലയാളി ഏറ്റവും പ്രിയപ്പെട്ട ബഷീറിനും തകഴിക്കും ദേവിനും പൊറ്റെക്കാട്ടിനും കാരൂരിനും വി കെ എന്നിനും മാധവിക്കുട്ടിക്കും ഒ വി വിജയനുമൊപ്പം ചര്‍ച്ചചെയ്യുന്ന കഥാകാരനാണ് മാര്‍ക്വേസ്. ഹെമിങ്വേയെപ്പോലെ പത്രപ്രവര്‍ത്തകന്‍ വളര്‍ന്നാണ് മാര്‍ക്വേസ് എന്ന കഥാകാരനും നോവലിസ്റ്റും രൂപം കൊള്ളുന്നത്. ചരിത്രത്തിന്റെ പ്രഥമ കരട് എന്നു പത്രവാര്‍ത്തയെ പറയാറുണ്ട്. ചരിത്രപുസ്തകങ്ങളിലുള്ളതിനേക്കാള്‍ സൂക്ഷ്മമായ ചരിത്ര സ്പന്ദനങ്ങള്‍ മഹത്തായ നോവലുകളില്‍ തുടിച്ചുനില്‍ക്കുന്നത് കാണാം. മാര്‍ക്വേസ് കൃതികള്‍ ഇതിനുദാഹരണമാണ്. ഇതാണ് ഡോണ്‍ക്വിക്സോട്ട് എഴുതിയ സര്‍വന്തിസിനു ശേഷം സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനായി മാര്‍ക്വേസിനെ പാബ്ലോ നെരൂദ വിശേഷിപ്പിക്കാന്‍ കാരണം. അദ്ദേഹം പ്രസിദ്ധമാക്കിയ മാജിക്കല്‍ റിയലിസം യഥാര്‍ഥത്തില്‍ ചില വ്യത്യാസങ്ങളോടെ മഹാഭാരതത്തിലും രാമായണത്തിലും ഗ്രീക്ക് ട്രാജഡിയിലും ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിലും കാണാന്‍ കഴിയും.

എന്നാല്‍, മാര്‍ക്വേസിന്റെ സാഹിത്യവിദ്യ വ്യതിരിക്തമാവുന്നത് വിചിത്രവും അവിശ്വസനീയവുമായ സംഭവപരമ്പരകളാല്‍ നിറഞ്ഞ ലാറ്റിനമേരിക്കല്‍ ഭൂഖണ്ഡത്തിന്റെ മാന്ത്രികജീവിതത്തെ ഒപ്പിയെടുത്തവതരിപ്പിക്കാന്‍ പോന്ന ഒരു സവിശേഷ ഭാഷയും വ്യാകരണവും അദ്ദേഹം വികസിപ്പിച്ചെടുത്തതിലൂടെയാണ്. അത് സ്പാനിഷാണെങ്കിലും വേറൊരു സ്പാനിഷാണ്. ഏതാനും അതുല്യരായ എഴുത്തുകാര്‍ ഒറ്റയേ്ക്കാ കൂട്ടായോ ഓരോ കാലത്ത് ഓരോ ഭാഷയെയും പുതിയൊരു ഭാഷാവികാസത്തിന്റെ മഹാതലത്തിലേക്ക് ഉയര്‍ത്താറുണ്ട്.

മലയാളത്തില്‍ എഴുത്തച്ഛനും കുമാരനാശാനും സി വി രാമന്‍പിള്ളയും ബഷീറും ചെയ്ത ഈ കര്‍മം മാര്‍ക്വേസും കൂട്ടരും ആധുനിക കാലത്ത് സ്പാനിഷിന്റെ കാര്യത്തില്‍ നിര്‍വഹിച്ചു. നൊബേല്‍സമ്മാനം സ്വീകരിച്ച് 1982 ഡിസംബര്‍ എട്ടാംതീയതി നടത്തിയ പ്രസംഗത്തില്‍ മാര്‍ക്വേസ് സാഹിത്യത്തേക്കാള്‍ സാഹിത്യത്തിന്റെ വിഷയമായ മനുഷ്യജീവിതത്തിന്റെ അവസ്ഥയെയും താന്‍ ജീവിക്കുന്ന ഭൂഖണ്ഡത്തെയും ലോകത്തെയും ചരിത്രത്തെയും കുറിച്ചാണ് സംസാരിച്ചത് എന്ന കാര്യം വളരെ ശ്രദ്ധേയമാണ്. മഗല്ലനോടൊപ്പം ആദ്യമായി ലോകംചുറ്റിവന്ന അന്റോണിയോ പിഗഫെറ്റ എന്ന ഫ്ളോറന്റൈന്‍ നാവികന്‍ തെക്കേ അമേരിക്കയില്‍ താന്‍ കണ്ട കാഴ്ചകള്‍ എഴുതിയത് ഉദ്ധരിക്കുന്ന മാര്‍ക്വേസ്, അതില്‍ പ്രതിഫലിക്കുന്ന മാന്ത്രികതയിലേക്കാണ് സദസ്യരുടെ ശ്രദ്ധ ക്ഷണിച്ചത്. അങ്ങനെ തന്റെ രചനകളിലെ വിചിത്രാനുഭവങ്ങള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുള്ളതാണ് എന്ന് മാര്‍ക്വേസ് നമ്മെ ഓര്‍മിപ്പിക്കുന്നു. മെക്സിക്കോയില്‍ മൂന്നു പ്രാവശ്യം സര്‍വാധിപതിയായിരുന്ന ജനറല്‍ അന്റോണിയോ ലോപസ് ഡി സാന്റന, ഒരു യുദ്ധത്തില്‍ ഛേദിക്കപ്പെട്ട തന്റെ വലതുകാലിന് ഒരു ഗംഭീരമായ സംസ്കാരച്ചടങ്ങ് സംഘടിപ്പിച്ച കാര്യം മാര്‍ക്വേസ് സൂചിപ്പിക്കുന്നു! താന്‍ നൊബേല്‍ സമ്മാനം സ്വീകരിക്കുന്നതിന് പതിനൊന്നുവര്‍ഷം മുമ്പ് പാബ്ലോ നെരൂദ ഇതേപോലൊരു സദസ്സിനെ തന്റെ വാക്കുകളാല്‍ ഉണര്‍ത്തിയതിനുശേഷം തങ്ങള്‍ക്ക് ഒരു നിമിഷംപോലും വിശ്രമിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാര്‍ക്വേസ് വെട്ടിത്തുറന്നു പറഞ്ഞു.

""പ്രോമിത്യൂസിനെപ്പോലെ ഒരു പ്രസിഡന്റിന് തന്റെ തീപിടിച്ച ഔദ്യോഗിക വസതിയില്‍ ഒരു സേനയോട് ഒറ്റയ്ക്ക് പൊരുതി മരിക്കേണ്ടിവന്നു; സംശയാസ്പദമായ രണ്ട് വിമാനാപകടങ്ങളില്‍. അത് ഇനിയും വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യാന്തസ്സ് ഉയര്‍ത്താന്‍ ശ്രമിച്ച, മഹാമനസ്കനായ ഒരു പ്രസിഡന്റിനും ജനാധിപത്യവാദിയായ ഒരു പടയാളിക്കും അകാലത്തില്‍ ജീവന്‍ വെടിയേണ്ടിവന്നു. അഞ്ച് യുദ്ധങ്ങളും 17 സൈനിക അട്ടിമറികളും ഇക്കാലത്തു നടന്നു. ഒരു പൈശാചികനായ സ്വേച്ഛാധിപതി, ദൈവത്തിന്റെ പേരില്‍, ലാറ്റിനമേരിക്കയിലെ ആദ്യത്തെ വംശീയ കൂട്ടക്കൊല നടപ്പാക്കുന്നു. ഒരു വയസ്സെത്തുന്നതിനുമുമ്പ് രണ്ടുകോടി ലാറ്റിനമേരിക്കന്‍ കുട്ടികള്‍ മരിക്കുന്നു. 1970നുശേഷം യൂറോപ്പില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത!്"" തുടര്‍ന്ന് അദ്ദേഹം തുറന്നടിക്കുന്നത് തന്റെ സാഹിത്യരചന, ഈ അനുഭവങ്ങളുടെ ആവിഷ്കാരമാണെന്നും പ്രസ്തുത യാഥാര്‍ഥ്യത്തിലാണ്, അതിന്റെ പ്രതിഫലനമായ സാഹിത്യത്തിലല്ല സ്വീഡിഷ് അക്കാദമി താല്‍പ്പര്യം കാട്ടേണ്ടത് എന്നുമാണ്!

ഈ മഹാസാഹിത്യകാരന്‍ ഫിദെല്‍ കാസ്ട്രോയുടെ ഉത്തമസുഹൃത്തായത് കേവലം യാദൃച്ഛികമായല്ല എന്ന് മാര്‍ക്വേസിന്റെ (നൊബേല്‍സമ്മാനം സ്വീകരിച്ചുകൊണ്ടുചെയ്ത) പ്രസംഗം വ്യക്തമാക്കുന്നു. തൊണ്ണൂറുകളുടെ മധ്യേ തിരുവനന്തപുരത്ത് മാര്‍ക്വേസിന്റെ അടുത്ത സുഹൃത്ത് മിഗ്വേല്‍ ലിറ്റിന്‍ എന്ന പ്രസിദ്ധ ചിലിയന്‍ ചലച്ചിത്ര സംവിധായകനെ കണ്ടതോര്‍ക്കുന്നു. ഫാസിസ്റ്റ് പിനോഷെയുടെ ഭീകരഭരണകാലത്ത് രഹസ്യമായി ചിലിയില്‍ചെന്ന് ആ രക്തപങ്കിലമായ അതിക്രമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റിന്റെ സാഹസിക ചെയ്തികളാണ് "ചിലിയില്‍ ആളറിയാതെ" എന്ന കൃതിയില്‍ മാര്‍ക്വേസ് ശക്തമായി ആവിഷ്കരിച്ചിട്ടുള്ളത്. ആ അറിവിന്റെ ബലത്തില്‍ പ്രിയ ഗാബോ, എന്ന് മാര്‍ക്വേസിന്റെ അടുപ്പക്കാര്‍ വിളിക്കുന്ന പേരില്‍ അദ്ദേഹത്തെ സംബോധനചെയ്ത്് ഒരു കത്തെഴുതി ലിറ്റിനെ ഏല്‍പ്പിക്കാന്‍ തക്ക "മലയാളിത്തം" ഞാന്‍ കാട്ടി. എണ്ണമറ്റ ആരാധകരുടെ കത്ത് കൊണ്ടുവലയുന്ന മാര്‍ക്വേസിന്റെ ശ്രദ്ധയില്‍പ്പെടാനുള്ള ഭാഗ്യം അതിനു കിട്ടിയിട്ടുണ്ടെങ്കില്‍ അതു കൊണ്ടുപോയത് മിഗ്വേല്‍ ലിറ്റില്‍ ആണെന്നത് മാത്രമായിരിക്കും കാരണം. മൃണാള്‍സെന്‍ ഒട്ടേറെ ചലച്ചിത്രോത്സവങ്ങളില്‍ മാര്‍ക്വേസുമായി കണ്ടുമുട്ടിയ കഥകള്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഹവാനായിലെ ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായും മാര്‍ക്വേസ് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ രചനകളുടെ ചലച്ചിത്രഭാഷ്യം ഉണ്ടെങ്കിലും ഏറ്റവും പ്രശസ്ത കൃതിയായ "ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍" സിനിമയാക്കാന്‍ മാര്‍ക്വേസ് അനുമതി നല്‍കിയില്ല. ജപ്പാനില്‍ ഷുജി തെറയാമ നാടകരൂപത്തില്‍ ഈ കൃതിയെ ആധാരമാക്കി അവതരണം നടത്തുകയുണ്ടായി. "ഏകാന്തത"യില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് "ഫെയര്‍വെല്‍ ടു ദ ആര്‍ക്ക്" എന്നൊരു ജാപ്പനീസ് ചലച്ചിത്രാവിഷ്കാരവും ഉണ്ടായിട്ടുണ്ട്.

ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയുടെ പ്രവര്‍ത്തനഫലമായി ഇന്ത്യയില്‍നിന്ന് ഒരു കപ്പലില്‍ ഐക്യദാര്‍ഢ്യ ധാന്യശേഖരവുമായി ഹവാന സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ മാര്‍ക്വേസ് ചര്‍ച്ചാവിഷയമായത് ഓര്‍ക്കുന്നു. സ. സുര്‍ജിത്, മുന്‍ കേന്ദ്രമന്ത്രി കെ എന്‍ സിങ് എന്നിവര്‍ക്കൊപ്പം ഫിദെല്‍ കാസ്ട്രോയുമായി രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സുദീര്‍ഘസംഭാഷണത്തിനൊടുവില്‍ സുജനമര്യാദമൂലം സ. ഫിദെല്‍ ഞങ്ങളോട് ഒരു ചോദ്യം ഉന്നയിച്ചു; "നിങ്ങളുടെ ഐക്യദാര്‍ഢ്യത്തിനും കൊണ്ടുവന്ന ഭക്ഷ്യധാന്യത്തിനും നന്ദി. പകരം ഞങ്ങള്‍ നിങ്ങള്‍ക്ക് എന്താണ് തരേണ്ടത്?" സുര്‍ജിത് അതിന് കൃത്യവും ശരിയുമായ മറുപടി നല്‍കി: "ഇത് ഞങ്ങളുടെ കടമയാണ്. കരുത്തുറ്റ സോഷ്യലിസ്റ്റ് ക്യൂബയുടെ മുന്നേറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്... തിരിച്ച് മറ്റൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല.."

അപ്പോഴാണ് ഞാന്‍ പതിയെ സുര്‍ജിത്തിനോട് ഒരു കാര്യം ഇപ്പോള്‍ പറഞ്ഞോട്ടെ എന്ന് ചോദിക്കുന്നത്. എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാവാതെയിരുന്ന സുര്‍ജിത്തിന്റെ ചെറിയ ആശയക്കുഴപ്പം നിറഞ്ഞ മൗനം സമ്മതമാണെന്ന് വ്യാഖ്യാനിച്ച് ഞാന്‍ വിഷയം ഫിദെലിന്റെ മുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയുടെ ഏതാനും പരിപാടികളില്‍ പങ്കെടുക്കാന്‍ താങ്കളുടെ സുഹൃത്ത് മാര്‍ക്വേസിനെ പ്രേരിപ്പിച്ച് സമ്മതിപ്പിക്കാമോ എന്നതായിരുന്നു ആ ആവശ്യം! വിമാനപ്പറക്കലിന് സങ്കോചമുള്ളയാളാണ് മാര്‍ക്വേസെന്നും താന്‍ എന്തായാലും ശ്രമിച്ചുനോക്കാമെന്നുമായിരുന്നു ഫിദെലിന്റെ മറുപടി. എന്നാല്‍, ആ ശ്രമം വിജയിച്ചില്ല. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അതിനു മുമ്പൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ച ഫിദെലിന്റെ പ്രത്യേക വിമാനത്തില്‍ മാര്‍ക്വേസ് ഇവിടെ വന്നിട്ടുണ്ട്.

*
എം എ ബേബി

ഉള്ളാഴങ്ങളുടെ മാന്ത്രികമായ ആഗോളവല്‍ക്കരണം

മാര്‍ക്വേസ് ഓര്‍മയാവുമ്പോള്‍ ഒട്ടേറെ നഷ്ടമാവുന്നു എന്നല്ലാതെ കൃത്യമായും എന്താണ് നഷ്ടമാകുന്നത് എന്നു പെട്ടെന്നു പറയാന്‍ പ്രയാസമാണ്. അദ്ദേഹവും പോയി എന്നൊരു തോന്നലാണ് ഈ നിമിഷത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിനു തൊട്ടു പിന്നാലെ വരുന്ന തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കിയ അനുഭൂതികളുടെ ശേഷിപ്പുകള്‍മാത്രം. ആ അനുഭൂതികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സില്‍ പെട്ടെന്നു നിറയുകയുംചെയ്യുന്നു.

ഈ നിറവിന്റെ പ്രധാനസവിശേഷത, ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളാണ് ഇത് എന്ന തോന്നലേ ജനിപ്പിക്കുന്നില്ല എന്നതത്രെ. വളരെ അടുത്തറിഞ്ഞ ആരോ ആണ് എന്നതാണ് പ്രതീതി. കൃതികളിലൂടെയുള്ള പരിചയം അത്രത്തോളം മിഴിവുള്ളതായതുതന്നെ കാരണം. ഇതുതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എഴുത്തിലൂടെ പുറകോട്ടു നടന്ന് കണ്ടെത്തി അറിയാന്‍ കഴിയുന്നവരും അതു സാധിക്കാന്‍ ഇടം തരാത്തവരും എന്ന് എഴുത്തുകാരെ രണ്ടായി തിരിക്കാം. രണ്ടാമത്തെ തരക്കാരാണ് കൂടുതലും. കൃതിയും കര്‍ത്താവും ഒന്നുതന്നെ ആവുന്ന അവസ്ഥ അത്ര സുലഭമല്ല. ആയാലും, ആ തനിമ വായനക്കാരന് അനുഭവവേദ്യമാക്കാന്‍ കൈത്തഴക്കമുള്ളവരും ചുരുക്കം. രണ്ടും മതിയാവോളം ഒത്തുവരുന്നതോ വളരെ വിരളം.

തനിക്കു മുമ്പില്ലാതിരുന്ന എന്താണ് ഒരു കലാകാരന്‍ സൃഷ്ടിച്ചത് എന്നതാണല്ലോ ചരിത്രത്തിലെ നാഴികക്കല്ലാകാനുള്ള യോഗ്യതയ്ക്കുള്ള അര്‍ഹത. മനുഷ്യാവസ്ഥയുടെ അടിസ്ഥാനപരങ്ങളായ അങ്കലാപ്പുകളില്‍നിന്ന് രക്ഷാമാര്‍ഗങ്ങള്‍ പുതുതായി തുറന്നതാണ് മാര്‍ക്വേസിന്റെ തച്ചുപണി. ഓരോന്നും ഓരോ പുതുതുരങ്കത്തിന്റെ ഫലം ചെയ്തു. അമ്പരപ്പും ആശ്വാസവും അത്ഭുതവും പ്രതീക്ഷയും ഭയവും എല്ലാം ഒരുമിച്ചുളവാക്കുന്നവയായിരുന്നു ഈ വഴികളിലൂടെയുള്ള യാത്രകള്‍. എല്ലാം വിചിത്രങ്ങളായ സ്വപ്നങ്ങള്‍. പേക്കിനാവുകളെന്നോ സുന്ദരസ്വപ്നങ്ങളെന്നോ തീര്‍ച്ചപ്പെടുത്താനാവാത്ത സങ്കരക്കിനാവുകള്‍. അതും, ചലിക്കുന്ന ചിത്രങ്ങള്‍. എന്തോ മാന്ത്രികവിദ്യയാലെന്നപോലെ സംഭവ്യങ്ങളായി മാറുന്ന അസംഭവ്യതകള്‍. ലോകം അതിനെ മാജിക്കല്‍ റിയലിസം എന്നു വിളിച്ചു. വേദനയുടെ സുഖം എന്നു പറയുന്ന രീതിയില്‍ ഒരു ഓമനപ്പേര്. സത്യത്തില്‍ ഒരു മാജിക്കും അതിലില്ല, റിയലായ ലോകവുമില്ല. പക്ഷേ, റിയലായ ലോകത്തിന്റെ അസുഖകരങ്ങളായ സുഖങ്ങള്‍ അഥവാ സുഖകരങ്ങളായ അസുഖങ്ങള്‍ ഇവയുമായുള്ള വായനാവേഴ്ചയിലൂടെ അനുഭവിക്കാം.

അദ്ദേഹത്തിന്റെ കൃതികളിലെ യഥാര്‍ഥലോകം നമ്മുടെയൊക്കെ ഉള്ളില്‍ എന്നോ ഉള്ളതാണ്. അതെല്ലാം അവിടെ ഉണ്ടെന്ന് നാം അറിഞ്ഞേ ഇല്ലായിരുന്നെന്നുമാത്രം. അകത്തുനിന്ന് വീണ്ടും വീണ്ടും അകത്തേക്ക് കുറെ വാതിലുകള്‍ കടന്നാണ് അവയില്‍ എത്തുന്നത്. ആ എത്തിപ്പെടലിലുമുണ്ട് അന്യമായ നാടകീയത. കൃതി വായിക്കുന്നതിലൂടെ നാം നമ്മെ കൂടുതല്‍ നന്നായി അറിയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ കാണാന്‍ കിട്ടിയ വായനാനുഭവസ്വപ്നങ്ങള്‍ നമ്മെ മാറ്റിത്തീര്‍ക്കുന്നു. ഗുണപരമാണ് ആ മാറ്റം. കാരണം, അതിന്റെ ഫലശ്രുതി പ്രത്യാശയും നിഷ്കളങ്കതയുമത്രെ. എത്ര അനായാസമാണ് മാര്‍ക്വേസ് കഥ പറയുന്നതെന്ന അത്ഭുതമാണ് ആ എഴുത്തിലേക്ക് എന്നെ ആകര്‍ഷിച്ച ആദ്യഘടകം.

വെറും രണ്ടു വാചകംകൊണ്ട് ഒരു സ്വപ്നലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്നപോലെ. അവിടന്നങ്ങോട്ട്, ഒരു പ്രിയങ്കരനായ മുതിര്‍ന്ന സുഹൃത്തിന്റെ വിരലില്‍ തൂങ്ങി നടക്കുന്ന കൊച്ചുകുട്ടിയായി മാറുകയാണ് വായനക്കാരന്‍. പത്തടി പോകുന്നതോടെ, ആ വിരല്‍ത്തുമ്പ് പിടിവിട്ടുപോകുന്നു. പിന്നെ, നാം തുടര്‍ന്നും നടന്നു കാണുന്നത് നാംതന്നെ നിര്‍മിക്കുന്ന സ്വപ്നമാണ്. നിറഞ്ഞ അറിവില്‍ അഴുക്കില്ലാത്ത നര്‍മം ചാലിച്ച ഒരു ചെറുചിരി പശ്ചാത്തലത്തില്‍ ചിറ്റോളമായി നിലനില്‍ക്കുന്നതുമാത്രമാണ് നമ്മെ അവിടെ കൊണ്ടെത്തിച്ച ആ പ്രിയസുഹൃത്തിന്റെ സാന്നിധ്യത്തിനു തെളിവ്. ഈ കഥനരീതി മലയാളത്തില്‍ വളരെപണ്ടേ ഭംഗിയായി ഉപയോഗിച്ച ഒരാളുണ്ട്. വേറെ ആരുമല്ല, നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സ്വപ്നാട്ടിലെ സിംഹാസനമില്ലാസുല്‍ത്താന്‍. വായനക്കാരന്റെ അകത്തു കയറിക്കൂടി അവനെക്കൊണ്ടുതന്നെ കഥ തുടര്‍ന്നു പറയിക്കുക എന്ന ഇന്ദ്രജാലം അദ്ദേഹം തന്റെ മിക്ക രചനകളിലും കാണിച്ചുവല്ലോ. അതിനു പക്ഷേ, നൊബേല്‍ സമ്മാനമൊന്നും കിട്ടിയില്ല. സാരമില്ല, മേലങ്കിയില്ലെന്നാലും അങ്കിയെങ്കിലും ഉണ്ടല്ലോ.

മനുഷ്യനില്‍ പരിവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കാത്തതുമായ രണ്ടു വശങ്ങളുണ്ടെന്ന് മാര്‍ക്വേസിനെ വായിക്കുമ്പോള്‍ തോന്നും. ഇതും രണ്ടും തമ്മില്‍ സദാ മല്‍പ്പിടിത്തവും നടക്കുന്നു. ഒന്നു മറ്റേതിനെ തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണിത്. ഈ മല്‍പ്പിടിത്തത്തിന്റെ തുടര്‍ക്കഥയാണ് മനുഷ്യചരിത്രം. വിപ്ലവങ്ങള്‍ ഉണ്ടാകുന്നതും ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം ഈ പോരിന്റെ ഫലനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. പല അവസ്ഥാന്തരങ്ങളുള്ളതാണ് ഈ പോര്. വെറും സൗഹൃദമത്സരംപോലെ ഒരു തമാശയ്ക്കാവാം, പാരമ്പര്യത്തിന്റെ കടുംപിടിത്തത്തിനെതിരെ വ്യതിയാനത്തിന്റെ പടവെട്ടായിരിക്കാം, വ്യതിയാനത്തിനെതിരെ പാരമ്പര്യം ദാക്ഷിണ്യമില്ലാതെ നടത്തുന്ന കുതിരകയറ്റമാകാം, ദുര്‍വാരമായ കാലത്തിനെതിരെ അന്തഃസത്തയുടെ നിത്യത ജീവന്‍മരണപോരാട്ടം നടത്തുന്നതുമാവാം. ഏതായാലും, മനുഷ്യജീവിതത്തിലെ സുകൃതവും പോഴത്തവും വെല്ലുവിളിയും ധന്യതയും എല്ലാം ഈ അനിവാര്യമായ അങ്കമാണ്.

എല്ലാതരം വിപ്ലവങ്ങളും ഇതിന്റെ രൂപാന്തരങ്ങളേ ആയിരിക്കുന്നുള്ളൂ. എന്നുവച്ചാല്‍, ഓരോ വ്യക്തിയും ഓരോ പ്രത്യേകവിപ്ലവമാണ് അരങ്ങേറ്റുന്നത്. വിപ്ലവത്തിന്റെ അനന്തരഫലം, അതിനാല്‍, പ്രവചനക്ഷമമല്ല, ഒരാള്‍ക്കും അത് പൂര്‍ണതൃപ്തി നല്‍കുന്നുമില്ല. ഇക്കാരണങ്ങളാല്‍, മനുഷ്യലോകത്ത് എക്കാലത്തെയും അനിവാര്യതയായിത്തീരുന്നു വിപ്ലവം.

കാലത്തെ ഇന്ദ്രജാലക്കാരന്റെ കൈയിലെ മാന്ത്രികവടിയായി മാര്‍ക്വേസ് അനായാസം ഉപയോഗിക്കുന്നു. അതിനെ ചുഴറ്റുകയും ചൂണ്ടുകയും വിറപ്പിക്കുകയും തല തിരിക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ അഖിലാണ്ഡബ്രഹ്മാണ്ഡഭൂമിമലയാളം ആകെ തൂവാലയായും പ്രാവായും ബലൂണായും ശൂന്യതയായും, മറ്റെന്തു വെണമെങ്കില്‍ അതായും, രൂപാന്തരപ്പെടുന്നു. നീണ്ട തൊപ്പിയില്‍നിന്ന് ചെവി പിടിച്ചു പൊക്കിയെടുക്കുന്ന മുയല്‍ ഇത്ര നേരവും അതില്‍ എങ്ങനെ ശാന്തമായി കുടികൊണ്ടു എന്ന് വിസ്മയിക്കാതിരിക്കുന്നതെങ്ങനെ?

എഴുത്തിന്റെ ആസ്വാദ്യതയ്ക്ക് എല്ലാ ദേശാതിര്‍ത്തികളെയും ലംഘിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നും, ഭാഷ എന്ന മാധ്യമത്തിന്റെ പരിമിതിപോലും ഇതിന് ഒരു തടസ്സമാകേണ്ടതില്ല എന്നും തെളിയിച്ച് വിശ്വത്തെ മുഴുവന്‍ വിരുന്നൂട്ടിയ ആ മഹാമാന്ത്രികന് പ്രണാമം! ഇനിയുള്ള നൂറുനൂറു വര്‍ഷങ്ങളില്‍ ലോകത്തിന് ഈ വിയോഗം സ്വകാര്യമായ ഏകാന്തതയുളവാക്കും.

*
സി രാധാകൃഷ്ണന്‍

ഹൃദയത്തിലേറിയ എഴുത്തുകാരന്‍

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ നിര്യാണത്തില്‍ കൊളംബിയക്കാരെപ്പോലെതന്നെ നമ്മള്‍ മലയാളികളും ദുഃഖിതരായിരിക്കും. കാരണം മാര്‍ക്വേസ്, നമ്മള്‍ അത്രയധികം ഹൃദയത്തില്‍ ഏറ്റെടുത്ത ഒരെഴുത്തുകാരനാണ്.

ഏകദേശം പതിനഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അര്‍ബുദ ബാധിതനായിരുന്നു. എന്നാല്‍, ലോകത്തിലെ മുഴുവന്‍ അക്ഷരസ്നേഹികളുടെയും പ്രാര്‍ഥനകളുടെ ഫലമായിട്ടായിരിക്കണം അദ്ദേഹം അതിനെ അതിജീവിച്ചു. അതിനുശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം മറവിരോഗവും മാനസിക വിഭ്രാന്തികളും കാരണം ദുരിതം അനുഭവിക്കുകയായിരുന്നു.

അറുപതുകള്‍ നമുക്ക് സാര്‍ത്രിന്റെയും കമ്യുവിന്റെയും കാലമായിരുന്നു. അസ്തിത്വവാദത്തിന്റെയും നിരര്‍ഥകതാ വാദത്തിന്റെയും അശാന്തികളില്‍നിന്നു നമ്മെ മോചിപ്പിക്കുന്നതില്‍ മാര്‍ക്വേസിന്റെ കൃതികളും ചിന്തകളും വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ളതിനു പകരം വയ്ക്കുവാന്‍ എന്തെങ്കിലും ഒന്നുണ്ടാകുമ്പോഴാണ് സാഹിത്യം മുന്നോട്ടു പോകുന്നത്. നമ്മള്‍ സാര്‍ത്രിനും കമ്യൂവിനും പകരം വയ്ക്കാന്‍ കണ്ടെത്തിയത് മാര്‍ക്വേസിനെയായിരുന്നു.

1982ല്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന അദ്ദേഹത്തിന്റെ നോവലിന് നൊബേല്‍ സമ്മാനം ലഭിച്ചതോടെയാണ് മാര്‍ക്വേസ് നമ്മുടെ ഇടയില്‍ പ്രശസ്തനായത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഒന്നാണിത്. നമ്മുടെ നോവല്‍സങ്കല്‍പ്പങ്ങളെ അതാകെ മാറ്റിമറിച്ചു. മാജിക് റിയലിസം എന്ന അത്ഭുതകരമായ ഒരു രചനാരീതി അദ്ദേഹം വളര്‍ത്തിയെടുത്തു. ലാറ്റിനമേരിക്കയിലെ ക്രൂരരായ ഏകാധിപതികളില്‍നിന്നും വിപ്ലവകാരികളില്‍നിന്നും കൊടുംദാരിദ്ര്യത്തില്‍ നിന്നും ഹിംസയില്‍നിന്നും രൂപംകൊണ്ട ഒന്നായിരുന്നു മാജിക് റിയലിസം. അതിലൂടെ അദ്ദേഹം സമാന്തരമായ ഒരു ലാറ്റിനമേരിക്കന്‍ ലോകം സൃഷ്ടിച്ചു. ദൈവങ്ങളെപ്പോലും അമ്പരപ്പിച്ച ഭാവനയുടെ ഒരു മഹാവിസ്ഫോടനമായിരുന്നു മാജിക് റിയലിസം. ആ ലോകം ലാറ്റിനമേരിക്കയുടേതു മാത്രമല്ല, ലോകത്തിന്റെ മുഴുവനുമായി മാറി. നമ്മള്‍ മലയാളികളുടേതും.

മാര്‍ക്വേസിന്റെ ലോകവീക്ഷണം ഇടതുപക്ഷത്തിന്റേതായിരുന്നു. ചിലിയന്‍ ഏകാധിപതി പിനോഷെയുടെ വലതുപക്ഷ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമായി വികസിച്ചതായിരുന്നു അത്. ഫിദെല്‍ കാസ്ട്രോയുടെ ആത്മസുഹൃത്തായിരുന്നു മാര്‍ക്വേസ്. അവര്‍ ഒന്നിച്ചായിരുന്നു ഡല്‍ഹി സന്ദര്‍ശിച്ചത്. പാവങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഓള്‍ഡ് ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ സൈക്കിള്‍ റിക്ഷയില്‍ കയറി സഞ്ചരിക്കുന്ന മാര്‍ക്വേസിനെക്കുറിച്ച് ഡല്‍ഹിയിലെ പത്രങ്ങള്‍ അന്ന് എഴുതുകയുണ്ടായി. എത്രയോ എഴുത്തുകാര്‍ മരിച്ചിരിക്കുന്നു. വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്നു. അങ്ങനെയായിരിക്കില്ല മാര്‍ക്വേസ്. ധിഷണപരമായി ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും ജനങ്ങളുടെ ഇടയിലായിരുന്നു മാര്‍ക്വേസിന്റെ മനസ്സ്. ബുദ്ധിജീവികളും സാധാരണക്കാരും ഒരേ ആവേശത്തോടെ വായിച്ച എഴുത്തുകാരനായിരുന്നു മാര്‍ക്വേസ്. അതുകൊണ്ടുതന്നെ അദ്ദേഹം അനശ്വരനായിരിക്കും.

*
എം മുകുന്ദന്‍

അത്ഭുതപ്പിറവിയായി ഒരു നോവല്‍

മലയാളിയെ ഇത്രമേല്‍ സ്വാധീനിച്ച വിദേശ എഴുത്തുകാരന്‍ മാര്‍ക്വേസിനെപ്പോലെ മറ്റൊരാളുണ്ടാകുമോ... സംശയമാണ്. മറവിരോഗം ബാധിച്ച മാര്‍ക്വേസിനായി പ്രാര്‍ഥനാനിരതരായി നമ്മള്‍ മലയാളികളും. മലയാളിക്ക് ആ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനോടുള്ള ആരാധന, ആഭിമുഖ്യം എല്ലാം പ്രകടമായിരുന്നു ആ പ്രാര്‍ഥനകളില്‍. എഴുത്തിലൂടെ ലോകം കീഴടക്കിയ പ്രതിഭയായിരുന്നു ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്. സമകാലിക എഴുത്തുകാരില്‍നിന്ന് ഏറെ വ്യത്യസ്തനായ മഹാപ്രതിഭാശാലി.

1970 ലാണ് മാര്‍ക്വേസിന്റെ രചന പരിചയപ്പെടാന്‍ സാധിക്കുന്നത്. ആദ്യ അമേരിക്കന്‍ യാത്രയിലായിരുന്നു അത്. യാത്രയില്‍ കൂടെയുണ്ടായിരുന്ന ആന്‍തണി ബാണി എന്ന ചെറുപ്പക്കാരനാണ് എന്നോട് മാര്‍ക്വേസിനെപ്പറ്റി പറയുന്നത്. സ്പാനിഷ് ഭാഷയില്‍ സ്വാധീനമുള്ള ആന്‍തണി "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍" സ്പാനിഷ് ഭാഷയിലാണ് വായിച്ചത്. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയ സമയമായിരുന്നു അത്. എനിക്കൊരു കോപ്പി സമ്മാനമായി തന്ന് ആന്‍തണി ഇങ്ങനെ പറഞ്ഞു ""ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന മഹത്തായ കൃതി"".

നാട്ടിലെത്തി ഞാനാ പുസ്തകം വായിച്ചു. സാവകാശത്തിലായിരുന്നു വായന. പക്ഷേ, അതൊരു അനുഭവമായിരുന്നു. വേറിട്ടതും വ്യത്യസ്തവുമായ സാഹിത്യാനുഭൂതി പകര്‍ന്ന വായന. സാഹിത്യപ്രേമിയായ ആന്‍തണി പറഞ്ഞതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് എനിക്ക് ബോധ്യമായി. കുറച്ചുവര്‍ഷം മുമ്പ്, 2008ലാണെന്ന് തോന്നുന്നു "മെമ്മറീസ് ഓഫ് മൈ മെലന്‍കളി ഹോഴ്സ്" എന്ന ചെറുനോവല്‍ എന്റെ പുസ്തകശേഖരത്തിലെത്തി. അല്‍പ്പം ആശങ്കയോടെയാണ് ഞാനാ നോവല്‍ തുറന്നത്. വായന തുടങ്ങുമ്പോഴും എന്തോ ഒരു പരിഭ്രമമുണ്ടായിരുന്നു. "70 തൊട്ട് എന്നെ അത്ഭുതപ്പെടുത്തിയ, വിസ്മയിപ്പിച്ച മാസ്മരവിദ്യ, കൈയടക്കം, രചനാസവിശേഷത എല്ലാം ഒട്ടും കുറവ് വരുത്താതെ നിലനിര്‍ത്തുന്നു എന്ന് കണ്ട് ഞാന്‍ ആ മഹാനായ എഴത്തുകാരനെ മനസ്സാ നമിച്ചു.

ഭാവനയുടെ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു സാമുവല്‍ റിച്ചാര്‍ഡ്സന്റെ പമേലയുടെ പ്രസിദ്ധീകരണം. നോവലിന്റെ തുടക്കമായിരുന്നു റിച്ചാര്‍ഡ്സണ്‍ പമേലയിലൂടെ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് റൂസോയുടെ ജൂലിയ വന്നപ്പോള്‍ നോവല്‍ മഹാസംഭവമായി. എന്നാല്‍, ഒരു നോവല്‍ അത്ഭുതപ്പിറവിയായിത്തീരുന്നത് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം 1970ല്‍ പുറത്തുവന്നപ്പോഴാണ്. അന്നുമുതല്‍ ലോകമാകെ ആഹ്ലാദകരമായ നടുക്കത്തോടെയും ഞെട്ടലോടെയും മാര്‍ക്വേസിനെ ആരാധിക്കാനും തുടങ്ങി. കാര്‍ലോസ് ഫുവേന്തസും മാറിയോ വര്‍ഗാസ് ലോസയും ഇതേകാലത്ത് ലാറ്റിനമേരിക്കയില്‍നിന്ന് പ്രസിദ്ധരായ മഹാന്മാരായ സ്പാനിഷ് എഴുത്തുകാരാണ്. ഇക്കൂട്ടത്തില്‍ ലാറ്റിനമേരിക്കയിലെ സ്പാനിഷ് എഴുത്തുകാരിലേക്ക് പ്രതീക്ഷാഭരിതരായി കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിച്ചത് മാര്‍ക്വേസിന്റെ രചനകളാണ്.

കെട്ടുകഥകളല്ല, ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് തന്റെ സൃഷ്ടികളെന്ന് മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്. ഭീകരരായ ഏകാധിപതികളെ കൃതികളില്‍ മാര്‍ക്വേസ് അവതരിപ്പിച്ചു. ഈ സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ യഥാര്‍ഥത്തിലുള്ളവരായിരുന്നു. ബുദ്ധിയും ധിഷണയുമൊന്നും പ്രസക്തമല്ലാത്തതും ആവശ്യമില്ലാത്തതുമായ വിനോദങ്ങള്‍ ചുറ്റിലും പെരുകുകയാണിന്ന്. പുതിയ സങ്കേതങ്ങള്‍ കണ്ടെത്തി എഴുത്തുകാര്‍ ഈ കാലത്തെ സാഹസികമായി അതിജീവിക്കുന്നു. ഭാവനയുടെ സമൃദ്ധിയാലവര്‍ വായനക്കാരന്റെ ഹൃദയം കീഴടക്കുന്നു. കഥ പറയുന്ന കല എന്നും നിലനില്‍ക്കുന്നുവെന്ന് അവര്‍ പ്രതിഭയാല്‍ തെളിയിക്കുന്നു. ഇങ്ങനെ കഥയെ, നോവലിനെ കലയാക്കി മാറ്റിയ കലാകാരനായിരുന്നു മാര്‍ക്വേസ്. ഏതുകാര്യം, എന്ത് വിഷയം മാര്‍ക്വേസ് എഴുതിയാലും മതിവരാത്ത മനംകവരുന്ന വായനാനുഭവമായി അത് മാറുന്നു. പത്രറിപ്പോര്‍ട്ടര്‍, ചലച്ചിത്രകാരന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ച, കൈവച്ച മണ്ഡലങ്ങളിലെല്ലാം വിജയത്തിന്റെ അടയാളമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ ഗാബോ അതിനാല്‍തന്നെ ഈ മലയാളക്കരയ്ക്കും മലയാളിക്കും എന്നും പ്രിയങ്കരനാകുന്നു.

*
എം ടി വാസുദേവന്‍നായര്‍

സര്‍ഗാത്മകതയുടെ വിസ്മയം

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരുംവിധം ലോകസാഹിത്യം ദരിദ്രമാവുകയാണ് വിശ്വസാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ വിയോഗത്തിലൂടെ. പല നൂറ്റാണ്ടുകള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍മാത്രം ഉണ്ടാകുന്ന സര്‍ഗാത്മകതയുടെ മഹാവിസ്മയമാണ് ഈ ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. സെര്‍വാന്റിസിന്റെ "ഡോണ്‍ ക്വിക്സോട്ട്" ഉണ്ടായത് പതിനേഴാം നൂറ്റാണ്ടിലാണ്. ആ കൃതി സ്പാനിഷ് ഭാഷയില്‍നിന്നുള്ള വിശ്വസാഹിത്യകൃതിയായി മാറി. അതിനുശേഷം രണ്ടു നൂറ്റാണ്ട് ലോകം കാത്തിരിക്കേണ്ടിവന്നു സെര്‍വാന്റിസിനു സമശീര്‍ഷനായി സ്പാനിഷ് ഭാഷയില്‍നിന്ന് ഒരു മാര്‍ക്വേസും "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" എന്ന ഇതിഹാസമാനമുള്ള വിശ്വസാഹിത്യകൃതിയും ഉയര്‍ന്നുവരാന്‍. ഇരുപതാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്ക ലോകത്തിന് നല്‍കിയത് രണ്ടു മഹാപ്രതിഭകളെയാണ്; കവിതയില്‍ പാബ്ലോ നെരൂദയെ; നോവലില്‍ മാര്‍ക്വേസിനെ. മാര്‍ക്വേസിനു സമനായി ഒരു സാഹിത്യകാരന്‍ വിശ്വസാഹിത്യരംഗത്തേക്ക് ഉയര്‍ന്നുവരാന്‍ കാലം ഇനി എത്ര കാത്തിരിക്കണം? ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്വേസിന്റെയും അദ്ദേഹത്തിന്റെ കൃതികളുടെയും അവ ഉണര്‍ത്തിവിട്ട ഭാവുകത്വമാറ്റത്തിന്റെയും പ്രസക്തി മനസിലാവുക.

സെര്‍വാന്റിസിന്റെ ദീപ്തമായ ഘട്ടത്തിനുശേഷം അന്ധകാരനിബിഡമായ ഒരു നീണ്ട കാലയളവ്. അതിന് അറുതി കുറിച്ചാണ് മാര്‍ക്വേസ് എത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ വീണ്ടും ശൂന്യതയുടെ ഒരു കാലമാരംഭിക്കുന്നു. കാരണം മാര്‍ക്വേസിനു സമനായി ജീവിച്ചിരിക്കെ ഇതിഹാസമായ മറ്റൊരു സാഹിത്യവ്യക്തിത്വം ഇല്ല. "മാജിക്കല്‍ റിയലിസം" എന്ന സങ്കേതത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞിട്ടുണ്ട് മാര്‍ക്വേസ്. എന്നാല്‍, പലരും കരുതുംപോലെ, മാജിക്കല്‍ റിയലിസം ആരംഭിക്കുന്നത് മാര്‍ക്വേസില്‍ നിന്നല്ല. ജോര്‍ജ് ലൂയി ബോര്‍ഹസും അലേജോ കാര്‍പെന്റിയറും ഒക്കെ മാര്‍ക്വേസിനു മുമ്പേതന്നെ ആ രംഗത്ത് വ്യാപരിച്ചിട്ടുണ്ട്. എന്നാല്‍, അത് മാര്‍ക്വേസിന്റെ മഹത്വം കുറയ്ക്കുന്നില്ല. മാജിക്കല്‍ റിയലിസത്തെ മാര്‍ക്വേസിന്റെയത്ര അനുഭൂതിജനകവും അനുഭവവേദ്യവുമാക്കാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ഭാഷയുടെ അതിര്‍വരമ്പുകളെ അതിലംഘിച്ച് ലോക സാഹിത്യവേദിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കി അതിനെ ഉയര്‍ത്താനും മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെയോ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയോ നിരാകരണമായിരുന്നില്ല മാജിക്കല്‍ റിയലിസത്തിലൂടെ മാര്‍ക്വേസ് നിര്‍വഹിച്ചത്. കറുപ്പും വെളുപ്പുമായ ജീവിത സാമൂഹിക യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ തീവ്രതരമായി മനസ്സുകളിലേക്ക് സംക്രമിപ്പിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് അത്.

ലാറ്റിനമേരിക്കന്‍ ജീവിതത്തിന്റെ പൊള്ളിക്കുന്ന സത്യങ്ങളെയും അവിടത്തെ ജനമനസ്സിന്റെ സ്വപ്നസന്നിഭമായ ഫാന്റസികളെയും പുരാവൃത്ത ധാരകളിലെ ഗോത്രസ്മൃതികളെയും ഒക്കെ കൂട്ടിക്കലര്‍ത്തി സൈക്കഡലിക് അനുഭൂതിയുടെ അതുവരെ അറിയാത്ത വിഭ്രാമകതകൊണ്ട് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുകയായിരുന്നു മാര്‍ക്വേസ് തന്റെ മാജിക്കല്‍ റിയലിസത്തിലൂടെ. ആ രീതി ലോകത്തെങ്ങുമുള്ള അനുവാചക സമൂഹത്തിന് പുതിയ ഒരു അനുഭവമായി. മാര്‍ക്വേസ് ഭാഷയെയും ഭാവുകത്വത്തെയും നവീകരിച്ചതിന്റെ പ്രധാന വഴി അതുതന്നെയാണ്. കരീബിയന്‍ തീരങ്ങളില്‍നിന്ന് ലോക ചക്രവാളങ്ങളിലേക്ക് ആഞ്ഞുവീശിയ ഭാവുകത്വമാറ്റത്തിന്റെ പ്രചണ്ഡമെങ്കിലും സര്‍ഗാത്മകംതന്നെയായ ഒരു കൊടുങ്കാറ്റായി അതു മാറി. അങ്ങനെ സ്വന്തം ഭാഷയെയും സാഹിത്യത്തെയും മാത്രമല്ല, ലോകസാഹിത്യത്തെയും അനുവാചകബോധത്തെയും കൂടി മാര്‍ക്വേസ് നവീകരിച്ചു. ആ പ്രക്രിയയിലാണ് ഓരോ മലയാളിയുടെയും മനസില്‍ മാര്‍ക്വേസ് സ്ഥാനമുറപ്പിച്ചത്. മലയാളിക്ക് വൈക്കം മുഹമ്മദ് ബഷീറും തകഴിയും എന്നപോലെ തന്നെയാണ് മാര്‍ക്വേസും. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്, ഓട്ടം ഓഫ് ദ പേട്രിയാര്‍ക്, ലൗ ഇന്‍ ദ ടൈം ഓഫ് കോളറ, ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത് തുടങ്ങിയ വിശിഷ്ട കൃതികളിലൊക്കെ മാര്‍ക്വേസ് സമൂഹത്തെത്തന്നെ നിര്‍ധാരണംചെയ്തു. ആ പ്രക്രിയയില്‍ അദ്ദേഹം രൂപപരമായി മാത്രമല്ല, ഭാവപരമായി കൂടി പുതിയ കാലത്തിന്റെ സാഹിത്യാവബോധത്തെ പുതുക്കിപ്പണിതു. "ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി"ലൂടെയാണ് ഓരോ ലാറ്റിനമേരിക്കക്കാരനും സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവാകട്ടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിനുള്ള ഊര്‍ജമാണ് പകര്‍ന്നുകൊടുത്തത്.

"ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത്" ആകട്ടെ, വിമോചനപ്പോരാളിയായ സൈമണ്‍ ബൊളിവറുടെ ജീവിതമാണ് പകര്‍ത്തിവച്ചത്. "ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍റ്റോള്‍ഡ്" എന്ന കൃതിയാകട്ടെ, ചിലിയിലെ സാമ്രാജ്യത്വ- പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിലുണ്ടായതാണ്. "നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍" എന്ന കൃതി വെനസ്വേലയിലെ ഏകാധിപത്യവാഴ്ച തകര്‍ത്തതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ്. മാര്‍ക്വേസ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നില്ല. എന്നാല്‍, പാര്‍ടി അംഗത്തിന്റെ പ്രതിബദ്ധതയോടെ എന്നും പ്രവര്‍ത്തിച്ചു. അമ്പതുകളില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിക്ക് പരസ്യമായി സംഭാവനകള്‍ പ്രഖ്യാപിച്ചു. അമേരിക്ക തുടര്‍ച്ചയായി വിസ നിഷേധിച്ചുകൊണ്ടിരുന്നപ്പോഴും പ്രീതിപ്പെടുത്താന്‍ നില്‍ക്കാതെ പത്രപംക്തികളില്‍ അതിശക്തമായ സാമ്രാജ്യത്വ വിമര്‍ശനം നടത്തി. ഫിദെല്‍ കാസ്ട്രോ മുതല്‍ ഹ്യൂഗോ ഷാവേസ് വരെയുള്ളവരുമായി ഗാഢമായ സൗഹൃദം പുലര്‍ത്തി. ചിലിയിലെ അധികാരത്തില്‍നിന്നു ജനറല്‍ പിനോച്ചെ പുറത്താകുംവരെ സാഹിത്യം എഴുതുകില്ല എന്നു പ്രഖ്യാപിച്ച് പ്രതിഷേധമൗനം തുടര്‍ന്നു. നൊബേല്‍ സമ്മാന സ്വീകരണ പ്രസംഗത്തില്‍ തെക്കനമേരിക്കന്‍ മേഖലയിലെ സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. നൊബേല്‍ സമ്മാനത്തുക സാമ്രാജ്യത്വവിരുദ്ധ പത്രം നടത്താന്‍ ചെലവാക്കുമെന്നു പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തനത്തിലൂടെ കടന്നുവന്ന മാര്‍ക്വേസ് സ്വന്തമായി പത്രം നടത്തി; പത്രപ്രവര്‍ത്തന ഫൗണ്ടേഷന്‍ സ്ഥാപിച്ചു, പത്രപംക്തികള്‍ നിരന്തരം കൈകാര്യംചെയ്തു. പത്രപ്രവര്‍ത്തനത്തിലൂടെ കൈവന്ന സാമൂഹ്യ യാഥാര്‍ഥ്യ ബോധമില്ലായിരുന്നെങ്കില്‍ താന്‍ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവുമായിരുന്നില്ല എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹ്യൂഗോ ഷാവേസുമായി അവസാനകാലത്ത് നടത്തിയ അഭിമുഖം ലോകശ്രദ്ധയാകര്‍ഷിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ പച്ചയായി എഴുതുന്ന രീതി മാര്‍ക്വേസ് നോവലുകളില്‍ അവലംബിച്ചില്ല. രാഷ്ട്രീയത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി വ്യക്തിഗത മനോവ്യാപാരങ്ങളിലൂടെ നീങ്ങുന്ന രീതിയാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആറു തലമുറകളിലൂടെ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. നഗരത്തിന്റെയും കൊളംബിയയുടെയും ചരിത്രം പറയുമ്പോള്‍ത്തന്നെ അത് ഏതു ലാറ്റിനമേരിക്കക്കാരനും സ്വന്തം കുടുംബകഥ കേള്‍ക്കുന്ന അനുഭവം പകര്‍ന്നു നല്‍കുകയുംചെയ്യുന്നു. സര്‍റിയല്‍ ബിംബങ്ങളുടെയും ഫാന്റസിയുടെയും ഭ്രമജനകമായ ചിത്രങ്ങള്‍ അത് നിവര്‍ത്തിത്തരുന്നു. അത് ഉളവാക്കിയ വിസ്മയത്തിന്റെ ദൃഷ്ടാന്തമാണ് ഇവയുടെ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്നു എന്നത്. സാഹിത്യകാരന് രാഷ്ട്രീയമുണ്ടായാല്‍ ഹൃദയച്ചുരുക്കം വന്നുപോകുമെന്ന വാദത്തിനുള്ള സര്‍ഗാത്മകമായ മറുപടിയാണ് മാര്‍ക്വേസ്. ജനജീവിതത്തോട് ചേര്‍ന്നു നിന്നുകൊണ്ടുതന്നെ സാഹിത്യത്തെ പുതുചക്രവാളങ്ങളിലേക്കുയര്‍ത്തുകയും ആ ഉല്‍കൃഷ്ടതലങ്ങളിലേക്ക് അനുവാചകസമൂഹത്തെ എത്തിക്കുകയും ചെയ്ത സര്‍ഗാത്മകതയുടെ ഈ മഹാവിസ്മയത്തിന് "ദേശാഭിമാനി"യുടെ ആദരാഞ്ജലികള്‍!
*
deshabhimani editorial