Showing posts with label മട്ടാഞ്ചേരി. Show all posts
Showing posts with label മട്ടാഞ്ചേരി. Show all posts

Saturday, September 14, 2013

മട്ടാഞ്ചേരി മറക്കാമോ

മട്ടാഞ്ചേരി രക്തസാക്ഷിത്വത്തിന് ഞായറാഴ്ച അറുപതു വയസ്സാകുന്നു. സഖാക്കള്‍ സെയ്തും സെയ്താലിയും ആന്റണിയും രക്തസാക്ഷികളായ മട്ടാഞ്ചേരിയിലെ വെടിവയ്പും തൊഴിലാളികളുടെ പോരാട്ടവും സമരചരിത്രത്തിലെ ഉജ്വല ഏടാണ്. 1953 സെപ്തംബര്‍ 15നാണ് പണിയെടുക്കുന്നവന്റെ ഉരുക്കുമുഷ്ടികളെ തകര്‍ക്കാന്‍ പൊലീസും പട്ടാളവും മട്ടാഞ്ചേരിയിലെ തെരുവുകളില്‍ തേര്‍വാഴ്ച നടത്തിയത്. മൂന്ന് തൊഴിലാളികള്‍ രക്തസാക്ഷികളായി. നൂറുകണക്കിനു പേര്‍ ക്രൂരമര്‍ദനത്തിനിരയായി.

കൊച്ചി തുറുമുഖം ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത കാലം. വില്ലിങ്ടണ്‍ ഐലന്റ് തുറമുഖം പ്രാമുഖ്യം നേടിവരുന്നു. വിദേശ ചരക്കുകളുമായി കപ്പലുകള്‍ പുറംകടലിലെത്തും. വലിയ തോണിയില്‍ കപ്പലില്‍നിന്ന് ചരക്കിറക്കി തുറമുഖത്തെ പണ്ടികശാലകളിലെത്തിക്കും. കയറ്റുമതി ചരക്കുകളും തോണിയില്‍ കയറ്റി കപ്പലിലെത്തിക്കും. ആയിരക്കണക്കിന് തൊഴിലാളികളാണ് തുറമുഖത്തും മട്ടാഞ്ചേരിയിലും പണിയെടുത്തിരുന്നത്. മട്ടാഞ്ചേരി അന്ന് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്നു. കിഴക്കന്‍മേഖലകളില്‍നിന്ന് മലഞ്ചരക്കുകളും ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള ഭാഗങ്ങളില്‍നിന്ന് കയറുല്‍പ്പന്നങ്ങളും കശുവണ്ടിയും കയറ്റുമതിചെയ്യാന്‍ മട്ടാഞ്ചേരിയിലും ചുറ്റുപാടുമുള്ള പണ്ടികശാലകളിലെത്തിക്കുന്നതും ബസാറിലെത്തുന്ന അവശ്യവസ്തുക്കള്‍ കയറ്റിറക്കുന്നതുമെല്ലാം തൊഴിലാളികളായിരുന്നു. കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ തൊഴില്‍തേടി ഇവിടെയെത്തി.

കപ്പലുകളില്‍നിന്ന് ചരക്കിറക്കുന്നതിനും ചരക്കുകയറ്റുന്നതിനും കരാര്‍ എടുത്തിരുന്നത് സ്റ്റീവഡോര്‍മാര്‍ എന്ന കോണ്‍ട്രാക്ടര്‍മാരാണ്. ഇവര്‍ക്കുവേണ്ടി തൊഴിലാളികളെ എത്തിച്ചിരുന്നത് മൂപ്പന്മാര്‍ എന്നറിയപ്പെട്ട കങ്കാണിമാരും. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്തവരായിരുന്നു മൂപ്പന്മാര്‍. കോണ്‍ട്രാക്ടര്‍മാര്‍ക്കാവശ്യമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ മൂപ്പന്മാര്‍ സ്വീകരിച്ചിരുന്നത് ചാപ്പ ഏറാണ്. നാകത്തിലോ ചെമ്പിലോ നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മുദ്രപതിപ്പിച്ച തുട്ടാണ് ചാപ്പ. പത്തുപേര്‍ ആവശ്യമുള്ള ജോലിയാണെങ്കില്‍ എത്തുന്നത് നൂറുകണക്കിനുപേരാകും. തന്റെ കൈവശമുള്ള ചാപ്പയില്‍ ചിലത് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി ബാക്കിയാണ് മൂപ്പന്‍ തൊഴിലാളികള്‍ക്ക് വീതിക്കുന്നത്. മൂപ്പന്‍ കൈവശമുള്ള ചാപ്പകള്‍ ദൂരത്തെറിയും. ഈ ചാപ്പകള്‍ക്കായി തൊഴിലാളികള്‍ പരസ്പരം മത്സരിക്കും. ചാപ്പ ലഭിച്ചവന് അന്ന് ജോലികിട്ടും. തികച്ചും പ്രാകൃതമായ ഈ സമ്പ്രദായമാണ് കൊച്ചിയില്‍ നിലനിന്നത്. സ്വാതന്ത്ര്യ സമരകാലത്തുതന്നെ കൊച്ചിയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ചുവടുറപ്പിക്കുകയും തൊഴില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു. അതില്‍ ആദ്യസമരമായിരുന്നു ടിന്‍ ഫാക്ടറി സമരം.

ആലാട്ടുപിരി (കപ്പലില്‍ കെട്ടുന്ന വലിയ കയറുവടം പിരിച്ചുണ്ടാക്കുന്നത്) തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ ഒക്കെ സമരപ്രസ്ഥാനത്തില്‍ അണിനിരന്നു. തുറമുഖത്തും ചുറ്റുപാടും തൊഴിലാളികള്‍ സംഘടിച്ചിരുന്നു. പി ഗംഗാധരന്‍, എം ബി കെ മേനോന്‍, ജോര്‍ജ് ചടയംമുറി, പി എ എസ് നമ്പൂതിരി, ടി എം അബു, എ ജി വേലായുധന്‍, സി ഒ പോള്‍, സാന്റോ ഗോപാലന്‍, എം എന്‍ താച്ചോ, എം എം ലോറന്‍സ്, പി കെ ധീവര്‍, ധാരാസിങ്, ചൊവ്വര പരമേശ്വരന്‍, മത്തായി മാഞ്ഞൂരാന്‍, ടി വി ദിവാകരന്‍ തുടങ്ങിയവരായിരുന്നു പ്രധാന തൊഴിലാളി പ്രവര്‍ത്തകര്‍. ഇ കെ നാരായണന്‍, ടി എം മുഹമ്മദ് തുടങ്ങിയവര്‍ ഇവിടത്തെ തൊഴിലാളിപ്രസ്ഥാനങ്ങളെ സംഘടിപ്പിച്ചവരും നയിച്ചവരുമാണ്. അര്‍ഹരായ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കാതെ വന്നത് തൊഴിലാളികളില്‍ പ്രതിഷേധം ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനവും ഒപ്പം എഐടിയുസിയിലേക്ക് തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനവും സജീവമാകുന്നത്. പ്രാകൃതമായ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധന വേണമെന്നുമുള്ള ആവശ്യം തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തി. തോണിത്തൊഴിലാളികളാണ് ആദ്യം സമരമുഖത്ത് അണിനിരന്നത്. സാഗര്‍വീണ കപ്പല്‍ നങ്കൂരമിട്ടപ്പോള്‍ അതില്‍ പണിചെയ്ത തൊഴിലാളികള്‍ സമരംചെയ്തു. പണിമുടക്ക് ഏത് വിധത്തിലും പൊളിക്കണമെന്ന തീരുമാനം സ്റ്റീവ്ഡോര്‍മാരും സ്റ്റീമര്‍ ഏജന്‍സികളും കൈക്കൊണ്ടു. അതിനു കൂട്ടായി തിരുകൊച്ചി സര്‍ക്കാരും നിലപാടെടുത്തു. പൊലീസുകാര്‍ അക്രമം അഴിച്ചുവിട്ട് സമരം പൊളിക്കാന്‍ തീവ്രശ്രമം നടത്തി. സമരം ശക്തമായി മുന്നോട്ടുപോകവെ ചര്‍ച്ചക്കെന്നു പറഞ്ഞ് നേതാക്കളെ ക്ഷണിച്ചുവരുത്തി അറസ്റ്റുചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ വന്‍ പ്രതിഷേധവുമായി കമ്പനിക്കുമുന്നിലേക്ക് നീങ്ങി. ഇവര്‍ക്കു നേരെയാണ് പൊലീസും പട്ടാളവും ലാത്തിച്ചാര്‍ജും പിന്നെ വെടിവയ്പും നടത്തിയത്. പൊലീസിന്റെ ഇടിവണ്ടികള്‍ പലയിടത്തും തൊഴിലാളികള്‍ തടഞ്ഞു. വെടിവയ്പ് നടത്തിയ പൊലീസിനുനേരെയും പട്ടാളത്തിനുനേരെയും തൊഴിലാളികള്‍മാത്രമല്ല ആ പ്രദേശമാകെ പ്രതിരോധം തീര്‍ത്തു. പച്ചമാംസവും തീതുപ്പുന്ന തോക്കുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. കൈയില്‍കിട്ടിയവ ഉപയോഗിച്ച് തൊഴിലാളികള്‍ ചെറുത്തുനിന്നു. നിരവധിപേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പൊലീസ് വണ്ടിതടഞ്ഞ ഇമ്പിച്ചിബാവയെയും മുഹമ്മദ് ബാവയെയും തെരുവിലിട്ടു മര്‍ദിച്ചു. ഈ നരനായാട്ടിലാണ് തൊഴിലാളികളായ സെയ്തും സെയ്താലിയും വെടിയേറ്റു മരിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ടി അംഗവും കപ്പലിലെ ബീഞ്ച് ഡ്രൈവറുമായ ആന്റണി തുടര്‍ന്ന് മരണപ്പെട്ടു. ക്രൂരമായ മര്‍ദനത്തെതുടര്‍ന്നാണ് ആന്റണി രക്തസാക്ഷിയായത്. ഈ പൊലീസ് നായാട്ടിനെതിരെ അതിശക്തമായ ബഹുജനരോഷം ഉയര്‍ന്നുവന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് താമസിക്കുന്ന മട്ടാഞ്ചേരി, കൊച്ചി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഐക്യത്തിന്റെ പുതിയ പാത തെളിച്ചു. സഹവര്‍ത്തിത്വത്തിന്റെ പാതയില്‍ ഈ മേഖലയെ നിലനിര്‍ത്തിയത് തൊഴിലാളികളുടെ പ്രക്ഷോഭങ്ങളാണ്.

മട്ടാഞ്ചേരി വെടിവയ്പിനെത്തുടര്‍ന്ന് ചാപ്പ സമ്പ്രദായം അവസാനിച്ചു. കങ്കാണിമാരുടെയും മൂപ്പന്മാരുടെയും വംശം കുറ്റിയറ്റു. പക്ഷേ, ഇന്ന് മട്ടാഞ്ചേരി- കൊച്ചി തൊഴില്‍മേഖല പ്രശ്നസങ്കീര്‍ണമാണ്. ആഗോളമൂലധന ശക്തികള്‍ക്ക് സര്‍വതും അടിയറവയ്ക്കുന്ന കേന്ദ്രഭരണാധികാരികള്‍ കൊച്ചി തുറമുഖത്തെയും പണയപ്പെടുത്തുന്നു. മട്ടാഞ്ചേരി, കൊച്ചി പ്രദേശം ഇന്ന് ടൂറിസം കേന്ദ്രംമാത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആയിരങ്ങള്‍ തൊഴിലിനായി അന്യപ്രദേശങ്ങളെ ആശ്രയിക്കുന്നു. പുതിയ കങ്കാണിമാരെ പ്രതിഷ്ഠിക്കുകയാണ് വലതുപക്ഷ തൊഴിലാളി സംഘടനകള്‍. മട്ടാഞ്ചേരി സമരമുഖത്ത് ധീരനേതൃത്വം വഹിച്ച സമരനേതൃനിര ഓരോരുത്തരായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇടപ്പള്ളി പൊലീസ് ആക്രമണക്കേസില്‍ പ്രതിയാക്കപ്പെട്ട് പീഡനങ്ങള്‍ക്കിരയായ എം എം ലോറന്‍സിനെപ്പോലുള്ളവരുടെ ഓര്‍മകളിലാണ് ഇന്ന് മട്ടാഞ്ചേരിയിലെ തൊഴിലാളി സമരം ഒളിമങ്ങാതെ കിടക്കുന്നത്. കൂടുതല്‍ കരുത്തോടെ സമരമുഖത്ത് അണിനിരക്കാന്‍ മട്ടാഞ്ചേരി രക്തസാക്ഷിസ്മരണ കരുത്തുപകരും.

*
ജോണ്‍ ഫെര്‍ണാണ്ടസ് ദേശാഭിമാനി 14 സെപ്തംബര്‍ 2013

Saturday, February 4, 2012

തൊഴിലാളി സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം

1953 സെപ്റ്റംബര്‍ 15നായിരുന്നു വെടിവെപ്പ്. തൊഴിലാളികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ പതറിയ അന്നത്തെ ഭരണാധികാരികള്‍ സമരത്തെ സായുധമായി നേരിടാനാണ് തീരുമാനിച്ചത്. തിരുകൊച്ചി സര്‍ക്കാരാണ് അന്ന് ഭരണത്തിലുണ്ടായിരുന്നത്. അവര്‍ സായുധപൊലീസിനെ രംഗത്തിറക്കി. ഒരുവശത്ത് സായുധപൊലീസ്, മറുവശത്ത് ചെങ്കൊടിയും ത്രിവര്‍ണ്ണപതാകയുമേന്തി തൊഴിലാളികളും മുഖാമുഖം നിന്നു.

പ്രാകൃതതൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി ജെ ഘോന കമ്പനിയുടെ മുന്നില്‍ ആരംഭിച്ച സത്യഗ്രഹത്തിന്റെ 75-ാം ദിവസമാണ് വെടിവെപ്പ് ഉണ്ടാകുന്നത്. പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ടി എം അബു ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരെ കമ്പനി ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചയില്‍ ഐഎന്‍ടിയുസിയും സിടിടിയു (കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍)യും ചാപ്പ സമ്പ്രദായത്തിനായി നിലകൊണ്ടുവെന്നാണ് ചരിത്രം പറയുന്നത്. സ്റ്റീവ് ഡോര്‍മാരാണ് അന്ന് ചാപ്പ തൊഴിലാളികള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്തിരുന്നത്. ഈ ചുമതല ഇവരില്‍ നിന്ന് ഐഎന്‍ടിയുസി, സിടിടിയു എന്നീ യൂണിയനുകള്‍ ഏറ്റെടുത്തു. കൊച്ചിന്‍ പോര്‍ട്ട് നേരിട്ട് തൊഴിലാളികളെ ജോലിക്ക് വിളിക്കണമെന്നുള്ളതായിരുന്നു എഐടിയുസിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ടി എം അബു ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ചര്‍ച്ച തെറ്റിപ്പിരിഞ്ഞതോടെ സമരനായകന്‍ ടി എം അബു ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.

നിരായുധരായിരുന്നു തൊഴിലാളികള്‍. എന്നാല്‍ സായുധരായ പൊലീസ് തൊഴിലാളികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നേതാക്കളെ അറസ്റ്റ് ചെയ്തതോടെ തൊഴിലാളികള്‍ പൊലീസ് വാഹനങ്ങള്‍ക്ക് മുന്നില്‍ കുറുകെ കിടന്നുകൊണ്ടു തടഞ്ഞു. തൊഴിലാളികളെ മാറ്റാതെ അറസ്റ്റ് ചെയ്ത ടി എം അബു ഉള്‍പ്പെടെയുള്ള നേതാക്കളെ കൊണ്ട് പോകാന്‍ കഴിയുകയില്ലെന്ന് ബോധ്യപ്പെട്ട ഭരണകൂടത്തിന്റെ പിണിയാളുകളായ പൊലീസ് ഏമാന്‍മാര്‍ ക്രൂരമായി തൊഴിലാളികളെ നേരിടാന്‍ തീരുമാനമെടുക്കുകയായിരുന്നു.

തൊഴിലാളികള്‍ക്ക് നേരെ പൊലീസ് വെടി ഉതിര്‍ത്തതോടെ സമരക്കാര്‍ ചിന്നിച്ചിതറി. പൊലീസിന്റെ ക്രൂരമായ നരനായാട്ടില്‍ വെടിയേറ്റ് രണ്ട് സഖാക്കള്‍ മരിച്ചുവീണു. സഖാക്കള്‍ സെയ്ത്, സെയ്താലി എന്നിവരാണ് സമരപോരാട്ടത്തില്‍ പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറു കാട്ടി വീര രക്തസാക്ഷിത്വം വരിച്ചത്. സമര പോരാട്ടത്തില്‍ ധീരമായി പൊരുതിയ സഖാക്കളുടെ ചോരവീണതോടെ രോഷാകുലരായ തൊഴിലാളികള്‍ കയ്യില്‍ കിട്ടിയതെല്ലാം കൊണ്ട് പൊലീസിനെ നേരിട്ടു. കല്ലും കട്ടയും ഉപയോഗിച്ചുള്ള തൊഴിലാളികളുടെ ധീരമായ ചെറുത്ത് നില്‍പ്പില്‍ രോഷംപൂണ്ട ഭരണവര്‍ഗ്ഗത്തിന്റെ കൂലിപട്ടാളം ക്രൂരമായാണ് തൊഴിലാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. ഇതോടെ മട്ടാഞ്ചേരി ചോരക്കളമായി. നൂറോളം വരുന്ന തൊഴിലാളികള്‍ ജയിലിലടയ്ക്കപ്പെടുകയും കൊടിയ മര്‍ദ്ദനത്തിന് ഇരയാകുകയും ചെയ്തു. സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ടി എം അബുവിനെ കാണാന്‍ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയ കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍ അസി. സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായ സഖാവ് ആന്റണിയെ പൊലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അവശനായ ആന്റണി പിന്നീട് മരണമടഞ്ഞു. ഇതോടെ ചാപ്പ സമ്പ്രദായത്തിനെതിരെ സമരം ചെയ്ത് ധീര രക്തസാക്ഷിത്വം വരിച്ചവരില്‍ ഒരാളായി സഖാവ് ആന്റണിയും മാറി.

ടി എം അബു, ജോര്‍ജ് ചടയംമുറി, പി ഗംഗാധരന്‍ എന്നിവരായിരുന്നു സമരത്തിന്റെ നേതൃത്വത്തില്‍. കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. യൂണിയന്റെ ജനറല്‍ സെക്രട്ടറി ടി എം അബുവും പ്രസിഡന്റ് ജോര്‍ജ് ചടയം മുറിയുമായിരുന്നു. കൊച്ചി തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനെതിരെയായിരുന്നു സമരം. ചാപ്പ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള യൂണിയന്റെ പ്രധാന ആവശ്യത്തിനായി തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ തൊഴിലാളികളെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള മുഴുവന്‍ അടവുകളും ഭരണാധികാരികളും കൊച്ചിന്‍ പോര്‍ട്ട് മാനേജ്‌മെന്റും പുറത്തെടുത്തു. ചാപ്പ അവകാശം ഐഎന്‍ടിയുസിക്കും സിടിടിയുവിനും വീതിച്ചു നല്‍കി മാനേജ്‌മെന്റ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുമുള്ള അവസാനത്തെ നീക്കവും നടത്തി. ചതി മനസ്സിലാക്കി തൊഴിലാളികള്‍ കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങുകയായിരുന്നു.

സമരത്തില്‍ അറസ്റ്റ് വരിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഏഴ് മാസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ മോചിതരായി. ജസ്റ്റിസ് ശിവരാമേനോന്‍ ജഡ്ജിയായ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. ജയിലിലടയ്ക്കപ്പെട്ട് ക്രൂരമര്‍ദ്ദനത്തിന് വിധേയനായ സമരനായകന്‍ ടി എം അബു, ഒരുവേള മരിച്ചു എന്ന ശ്രുതി നാട്ടില്‍ പരക്കപ്പെട്ടു. ഇതോടെ തൊഴിലാളികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒടുവില്‍ ടി എം അബു മരിച്ചിട്ടില്ല എന്നറിഞ്ഞതോടെയാണ് തൊഴിലാളികള്‍ ശാന്തരായത്.

പ്രാകൃതമായ തൊഴില്‍ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയില്‍ തൊഴിലാളികള്‍ നടത്തിയ സമരം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടു ലോകത്തിന്റെ നാനാഭാഗത്തുള്ള ട്രേഡ് യൂണിയനുകളും തൊഴിലാളി ഫെഡറേഷനുകളും വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയനും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എഐടിയുസിയും സമരക്കാര്‍ക്കൊപ്പം ഉറച്ചു നിന്നു. കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ലഭിച്ച പ്രതിഫലത്തിന്റെ സിംഹഭാഗവും സമരത്തിനായി ചിലവഴിച്ചു. സമരത്തിലൂടെ തുറമുഖത്തെ പ്രാകൃതതൊഴില്‍ സമ്പ്രദായത്തിന് അറുതിവരുത്താന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞു.

തൊഴിലാളി സമര ചരിത്രത്തില്‍ എക്കാലത്തെയും ജ്വലിക്കുന്ന അദ്ധ്യായമാണ് ചാപ്പ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയിലെ തൊഴിലാളി സമരമെന്ന് സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവുമായ പി ടി സേവ്യര്‍ അനുസ്മരിച്ചു.

''ടി എം അബുവിനെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്താല്‍ മാത്രമേ തൊഴിലാളികളെ അടക്കാന്‍ കഴിയൂ എന്ന ധാരണയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി വന്ന ടി എം അബുവിനെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികള്‍ക്ക് നേരെ മര്‍ദ്ദനം അഴിച്ച് വിട്ട് പൊലീസ് കുറേ പേരെ തള്ളിമാറ്റി. കല്‍വത്തി പാലത്തിന്റെ അപ്പുറത്തേക്ക് മാറ്റപ്പെട്ടവരില്‍ ഞാനുമുണ്ടായിരുന്നു. പാലത്തിന്റെ അപ്പുറത്ത് പൊലീസ് വലയത്തിലകപ്പെട്ടുപോയ ഞങ്ങള്‍ക്ക് പക്ഷെ ഇപ്പുറത്തേക്ക് വരാന്‍ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ വെടിയൊച്ചയാണ് കേട്ടത്. അല്‍പ്പസമയം കഴിഞ്ഞാണ് രണ്ടു സഖാക്കള്‍ മരിച്ച വിവരം അറിഞ്ഞത്.

ടി എം അബുവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചതിന് ശേഷം മട്ടാഞ്ചേരിയില്‍ പൊലീസിന്റെ തേര്‍വാഴ്ചയായിരുന്നു. തൊഴിലാളി സഖാക്കളെ പൊലീസ് തെരഞ്ഞ് പിടിച്ച് വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു.

ഇതിനിടയില്‍ ലോക്കപ്പിലടയ്ക്കപ്പെട്ട ടി എം അബുവിനെ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി എം അബുവിനെ കാണാന്‍ ആരെയും അനുവദിച്ചില്ല. അബു മരിച്ചുപോയോ എന്ന സംശയം തൊഴിലാളി സഖാക്കള്‍ക്കിടയില്‍ ഉണ്ടായി. അന്ന് എ ജെ ജോണായിരുന്നു തിരുകൊച്ചി മുഖ്യമന്ത്രി. തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ടി വി തോമസിനെ അബുവിനെ കാണാന്‍ അനുവാദം നല്‍കി. ടി വി ആശുപത്രിയില്‍ എത്തുന്ന സമയത്ത് ഞങ്ങളും കാത്ത് നിന്നെങ്കിലും ടി വിക്ക് മാത്രമേ കാണാന്‍ അനുവാദമുണ്ടായുള്ളൂ. അബു മരിച്ചിട്ടില്ലെന്ന് ടി വി തോമസ് പറഞ്ഞപ്പോഴാണ് തൊഴിലാളികള്‍ ശാന്തരായത്'' സേവ്യര്‍ ഓര്‍ക്കുന്നു.

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തൊഴിലെടുക്കുന്നതിന് മുതലാളിത്തത്തിന്റെ പ്രതീകങ്ങളായ കങ്കാണിമാര്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്ന ചാപ്പയ്ക്ക് വേണ്ടി മൃഗങ്ങളെപോലെ കടിപിടികൂടുന്ന തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിലേക്കുള്ള പാതയായിരുന്നു ചാപ്പ സമരം. മട്ടാഞ്ചേരിയിലെ ധീരരായ തൊഴിലാളികള്‍ നടത്തിയ ചെറുത്ത് നില്‍പ്പ് പിന്നിട്ട് മറ്റു മേഖലകളിലും തൊഴിലാളികളുടെ സമരപോരാട്ടത്തിന് ഊര്‍ജ്ജം പകരാന്‍ കാരണമായി.

നേതാക്കളെ അറസ്റ്റ് ചെയ്താല്‍ തൊഴിലാളി സമരത്തിന് വിരാമമാകുമെന്ന് കരുതിയ അധികാരവര്‍ഗ്ഗങ്ങളെ ഞെട്ടിപ്പിക്കുന്നതായിരുന്നു തൊഴിലാളികളുടെ ചെറുത്ത് നില്‍പ്പ്.
സമരത്തിന്റ ഓര്‍മ്മയ്ക്കായി പി ജെ ആന്റണി രചിച്ച കാട്ടാളന്‍മാര്‍ നാട് ഭരിച്ചു, നാട്ടില്‍ തീ മഴ പെയ്തപ്പോള്‍, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ എന്ന ഈരടികള്‍ ഇന്നും മട്ടാഞ്ചേരിയുടെ മണല്‍ത്തരികളെ പുളകം കൊള്ളിക്കുന്നു.

*
കടപ്പാട്: ജനയുഗം