Showing posts with label ലാവ്ലിന്‍. Show all posts
Showing posts with label ലാവ്ലിന്‍. Show all posts

Sunday, November 24, 2013

ശകുനി രാഷ്ട്രീയത്തിന് തിരിച്ചടി

രാഷ്ടീയത്തിലെ ധാര്‍മ്മികതയെപ്പറ്റിയും സദാചാര മര്യാദകളെപ്പറ്റിയും ഗീര്‍വാണങ്ങളടിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും അവര്‍ക്ക് പിന്തുണ പാടുന്ന വലതുപക്ഷ ബുദ്ധിജീവികളും മാധ്യമ സമൂഹവും ഒരേപോലെ തുറന്നുകാട്ടപ്പെടുന്ന ചരിത്രപ്രധാനമായ വിധിയെഴുത്താണ് ലാവ്ലിന്‍ കേസ് തള്ളിക്കളഞ്ഞുകൊണ്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടത്തിയത്. തങ്ങള്‍ക്കെതിരായി നടത്തിയ കുറ്റപത്രത്തിന് പ്രഥമദൃഷ്ട്യാപോലും നിയമസാധുതയില്ലെന്നും തെളിവെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുമ്പുതന്നെ അത് തള്ളിക്കളയണമെന്നുമുള്ള അപേക്ഷ നല്‍കിയവരും, നല്‍കാതിരുന്നവരുള്‍പ്പെടെ, ഈ കള്ളക്കേസില്‍ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കിയ എല്ലാ പ്രതികളേയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയാണുണ്ടായത്. സിബിഐ ഫയല്‍ചെയ്ത കേസുകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്തവിധം ദുര്‍ബലമായ ഒരു കുറ്റപത്രത്തിന് ആദ്യ അവസരത്തില്‍തന്നെ ചരമക്കുറിപ്പെഴുതിയ പ്രത്യേക കോടതി പിണറായി വിജയന്‍ എന്ന വ്യക്തിയോടല്ല, കേരള സമൂഹത്തോടാണ് നീതികാട്ടിയിരിക്കുന്നത്. സാധാരണഗതിയില്‍ വിചാരണക്കോടതികള്‍ തങ്ങളുടെ അധികാര പരിധിയില്‍പെട്ട കാര്യമാണെങ്കിലും, അറച്ചുനില്‍ക്കാറുള്ള ഘട്ടമാണിത്. പ്രോസിക്യൂഷന്‍, അത് സിബിഐ ആയാലും പൊലീസായാലും എഴുതിക്കൊടുക്കുന്ന കുറ്റപത്രങ്ങള്‍, തെളിവെടുപ്പിനുപോലും വിധേയമാക്കാതെ തള്ളിക്കളയുന്നത് അത്യപൂര്‍വ്വമായ നടപടിയാണ്. തങ്ങള്‍ എന്തിന് ഉത്തരവാദിത്തം ഏറ്റെടുക്കണം, തെളിവുകൂടി കേട്ടിട്ട് അന്തിമവിധിയില്‍ നീതിനിര്‍വഹണം നടപ്പിലാക്കാമെന്നാണ് പൊതുവെയുള്ള രീതി. ഈ കേസില്‍ മുഖത്തടിയേറ്റ് ഹതാശരായ സിബിഐ, അപ്പീല്‍പോകുമെന്നൊക്കെ പറഞ്ഞുവയ്ക്കുന്നുണ്ടെങ്കിലും, ഇരുകരണത്തും പ്രഹരമേല്‍ക്കുന്ന തീരുമാനമേ, ഇതിനുമേല്‍ ഉണ്ടാകൂവെന്ന് കരാര്‍ നിയമത്തിന്റെ ഹരിശ്രീ അറിയുന്നവര്‍ക്കെല്ലാം മനസ്സിലാക്കാനാകും.

യുഡിഎഫ് എംഎല്‍എമാര്‍ സംഘമായി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിക്ക് നല്‍കിയ പരാതിയോടെ ഉത്ഭവിച്ച ഈ ക്രിമിനല്‍കേസ് സിബിഐ കോടതി വിധിയോടെ ചരമഗീതം പാടുന്നുവെങ്കിലും, ഇടയ്ക്ക് എത്രയോ തവണ ഈ കേസ് ചരമമടഞ്ഞിരുന്നതാണെന്നുകൂടി നമുക്ക് ഓര്‍മിക്കാം. കേരളാ വിജിലന്‍സ് നാലുകൊല്ലത്തിലേറെക്കാലം അന്വേഷിച്ചിട്ടും, പിണറായി വിജയനെ പ്രതിപ്പട്ടികയില്‍പെടുത്തണമെന്ന ഭരണകക്ഷി സമ്മര്‍ദ്ദം നടപ്പായില്ല. ഉമ്മന്‍ചാണ്ടിയുടെ കൈവശംകിട്ടിയ വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫിനെ നിരാശപ്പെടുത്തിയപ്പോഴാണ്, ""കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന"" രീതിയില്‍ കേന്ദ്ര കോണ്‍ഗ്രസിന്റെ മുന്‍കൈയില്‍ സിബിഐ ആനയിക്കപ്പെട്ടത്. കേരളാ പൊലീസ് അന്വേഷിച്ചു തള്ളിയ ഈ കേസ് ഇനി തങ്ങള്‍ എന്തിന് ചുമക്കുന്നുവെന്ന് സിബിഐ ചോദിച്ചപ്പോള്‍ കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജിയെത്തി. ഈയിടെ കേരളാ ഹൈക്കോടതി മറ്റൊരു പൊതു താല്‍പര്യക്കേസില്‍ നിരീക്ഷിച്ചതുപോലെ പല കേസുകളിലേയും "പൊതുതാല്‍പര്യം" കണ്ടെത്താന്‍ തീരെ വിഷമമാണ്. ലാവ്ലിന്‍ കേസിലെ പൊതു താല്‍പര്യ ഹര്‍ജിയില്‍ ലക്ഷ്യം കമ്യൂണിസ്റ്റ്വിരുദ്ധ രാഷ്ട്രീയം മാത്രമായിരുന്നു. അക്കാലത്തെ കോടതി നടപടികള്‍ പര്‍വതീകരിച്ച് റിപ്പോര്‍ട്ടുചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ഹൈക്കോടതിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നതിന് യുക്തമായ തെളിവുകള്‍ വിധിന്യായത്തില്‍ തന്നെയുണ്ട്. ഇപ്പോള്‍, സിബിഐ പ്രത്യേക കോടതിയിലും വിടുതല്‍ ഹര്‍ജിയുടെ വാദം സംബന്ധിച്ച മാധ്യമവാര്‍ത്തകളില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. ന്യായാധിപനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടുപോലും കേസ് നീട്ടിക്കൊണ്ടുപോയി. സിപിഐ എമ്മിനേയും പിണറായി വിജയനേയും വേട്ടയാടുന്നത് തുടരാനുള്ള ഹീനമായ ശ്രമങ്ങള്‍ക്ക് എത്രയോ തെളിവുകള്‍, കഴിഞ്ഞ നാലാഴ്ചയിലെ പത്രത്താളുകളിലും ചാനല്‍ റിപ്പോര്‍ട്ടുകളിലും കാണാം. അതിനൊന്നും ചെവികൊടുക്കാതെ, നിര്‍ഭയമായി നീതിനിര്‍വഹണം നടത്തിയ തിരുവനന്തപുരം സിബിഐ കോടതി നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് സ്തുത്യര്‍ഹമായ നീതിനിര്‍വഹണം നടത്തിയിരിക്കുകയാണ്. രാജ്യത്തെതന്നെ ബാധിക്കുന്ന പ്രമാദമായ കേസുകളില്‍ വിധിതീര്‍പ്പിന്റെ ചുമതലകളില്‍നിന്ന് ഉന്നത നീതിപീഠങ്ങള്‍പോലും ഒഴിഞ്ഞുമാറിയ മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിബിഐ കോടതി, സ്തുത്യര്‍ഹമായ ചുമതലാ നിര്‍വഹണമാണ് നടത്തിയത്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കും മാധ്യമ വിചാരണകള്‍ക്കും വിധേയമാകാതെ തങ്ങള്‍ക്ക് നിലനില്‍ക്കാനാകുമെന്ന് ഇവിടെ ഒരു നീതിപീഠം തെളിയിച്ചിരിക്കുന്നു. നിയമപരമായിത്തന്നെ നിര്‍വഹിക്കപ്പെട്ട ചുമതലയുടെ ഭാഗമാണെങ്കിലും അതിലെ ആര്‍ജവത്തെ തിരിച്ചറിയുന്നത് ഉചിതമായിരിക്കും.

രണ്ടായിരത്തിനാലുമുതല്‍, നാലുകൊല്ലക്കാലം ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്താങ്ങിയിരുന്നു. ജനപക്ഷ നയങ്ങള്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയെന്ന ശാഠ്യമല്ലാതെ, മറ്റൊരു ബാധ്യതയും കോണ്‍ഗ്രസിന് ഇടതുപക്ഷത്തെക്കൊണ്ട് പേറേണ്ടിവന്നിട്ടില്ല. ആ പിന്തുണയിലൂടെ ഭരണ സുഖമനുഭവിച്ച കോണ്‍ഗ്രസിന്റെ കേന്ദ്രഭരണക്കാര്‍തന്നെയാണ് തൊട്ടടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനമുമ്പായി സിബിഐയെക്കൊണ്ട് അരുതാത്തത് ചെയ്തത്. ഇടതുപക്ഷത്തെ അങ്ങേയറ്റം ദുര്‍ബലമാക്കണമെന്ന സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് വ്യക്തിഹത്യയോളം വളര്‍ന്ന ആക്രമണത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. അതിന്റെ മറവില്‍ എത്ര ഹീനമായ സ്വഭാവഹത്യയാണ് മാധ്യമങ്ങളിലൂടെ നിര്‍വഹിക്കപ്പെട്ടത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നുപോലും, ലാവ്ലിന്‍ കേസില്‍ യുക്തിസഹമായ ഒരു നിലപാട് സ്വീകരിക്കാതിരുന്നത് കേരള മാധ്യമ ചരിത്രത്തിന് തീരാക്കളങ്കമായിരിക്കുന്നു. ഈ തെറ്റായ മാധ്യമ നിലപാട് കേരള വികസനത്തിന് എത്രത്തോളം ദോഷകരമാണെന്ന് പല അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയിലെ മൂന്നുതൂണുകളിലൊന്നായ ജുഡീഷ്യറി ലാവ്ലിന്‍ കേസില്‍ ഉയര്‍ത്തിപ്പിടിച്ച നീതിബോധത്തിന്റെ നാലിലൊരംശം തങ്ങള്‍ പുലര്‍ത്തുന്നുവെങ്കില്‍ അല്‍പം ആത്മപരിശോധനയ്ക്ക് മാധ്യമങ്ങള്‍ തയ്യാറാവുമായിരുന്നു.

""ലാവ്ലിന്‍ കേസിലെ വിധി ഒരു പാഠം"" എന്ന തലക്കെട്ടില്‍ കേരള കൗമുദി മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: ""ഉന്നത നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഒരു ഉച്ചഭാഷിണിയെപ്പോലെ പ്രതിഫലിപ്പിക്കുന്ന മാധ്യമങ്ങളും സമൂഹത്തോട് കാട്ടുന്നത് അനീതിയല്ലേയെന്നു തോന്നാം. മാധ്യമങ്ങള്‍ക്ക് വേറെ എന്താണ് പോംവഴി. അന്വേഷണവും വിചാരണയുമൊക്കെ പൂര്‍ത്തിയാക്കി കോടതിവിധി വന്നശേഷം വാര്‍ത്ത കൊടുക്കാമെന്ന് ഏതെങ്കിലും മാധ്യമം കരുതിയാല്‍ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ."" കേരള കൗമുദിയുടെ മുഖപ്രസംഗം സ്വാഗതാര്‍ഹമാണ്. മറ്റ് മുഖ്യധാരാ മാധ്യമങ്ങള്‍ ലാവ്ലിന്‍ കേസിന്റെ വാര്‍ത്തകള്‍ തമസ്കരിച്ചില്ലെങ്കിലും, മംഗള്‍യാന്‍ ഭ്രമണപഥത്തിലെത്തിയത് അവര്‍ക്ക് തുണയായി. കഴിഞ്ഞ നാലഞ്ചുകൊല്ലത്തിനിടയില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളുടെയും മുന്‍പേജുള്‍പ്പെടെ മിക്കയിടങ്ങളും അപഹരിച്ച ഒരു കേസിന്, അസാധാരണമായ അന്ത്യം സംഭവിക്കുമ്പോഴെങ്കിലും, ആത്മപരിശോധനയില്ലെന്നതോ പോകട്ടെ, തങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ ആയിരത്തിലൊരംശം പാപ പരിഹാരമെങ്കിലാകട്ടെയെന്ന് ചിന്തിച്ചവര്‍ എത്രയുണ്ട്.

"ദി ഹിന്ദു" ദിനപത്രമാണ് ഈ കേസ് കെട്ടിച്ചമച്ച ഘട്ടത്തില്‍തന്നെ, അതിനുപിന്നിലെ രാഷ്ട്രീയക്കളിയെ തുറന്നുകാട്ടുന്ന ഒരു മുഖപ്രസംഗം എഴുതിയിരുന്നത്. മറ്റ് മാധ്യമങ്ങള്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാതെതന്നെ ലാവ്ലിന്‍ വാര്‍ത്തകള്‍ ഏതു കിട്ടിയാലും ""വലിയ ഇലയില്‍"" വിളമ്പിക്കൊണ്ടേയിരുന്നു. അവയൊക്കെ നിഷ്പക്ഷമെന്ന് ഇക്കാലത്ത് അവര്‍പോലും അവകാശപ്പെടാത്തനിലയ്ക്ക് മൂടിവയ്ക്കാത്ത പക്ഷപാതിത്വത്തിെന്‍റ ഭാഗമാണ് അവരുടെ വാര്‍ത്താവിന്യാസങ്ങളെന്ന് സമാധാനിച്ചാല്‍പോലും കോടതി വിധിക്കുശേഷം അവര്‍ കാണിക്കുന്ന മിതത്വത്തിനുപിന്നില്‍ പരാജയമടഞ്ഞത് തങ്ങള്‍കൂടിയാണ് എന്ന തിരിച്ചറിവുണ്ടാകാം. കോടതിവിധിയില്‍ ഏതോ ഒത്തുതീര്‍പ്പിന്റെ മണം പിടിച്ചാണ് നവംബര്‍ 7ന് മലയാളമനോരമ ഒരു വാര്‍ത്തകൊടുത്തത്. ഒരു നീതിന്യായ കോടതിവിധി രാഷ്ട്രീയപാര്‍ടികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന് വാര്‍ത്തയെഴുതുന്നിടത്തോളം കോടതിയലക്ഷ്യം വേറെയുണ്ടോ? വിധി വന്നിട്ടുപോലും തങ്ങള്‍ തിരുത്താന്‍ പോകുന്നില്ല എന്നാണ് ചിലരുടെ വെളിപാടുകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

കേരളകൗമുദി പറയുന്നതുപോലെ, ആരോപണങ്ങളുടെ "ഉച്ചഭാഷിണിയാവുക"" യെന്ന യാന്ത്രികതയല്ല ലാവ്ലിന്‍കേസില്‍ സംഭവിച്ചത്. 374.5 കോടി എന്ന വലിയ അക്കം പ്രചരിപ്പിക്കുമ്പോള്‍, ലാവ്ലിന്‍ കമ്പനിയുടെ കൈവശം കെഎസ്ഇബി മടക്കിക്കൊടുത്ത സംഖ്യ അതിന്റെ പകുതിപോലും വരില്ലായെന്ന സത്യം ആര്‍ക്കാണ് അറിയാന്‍ പാടില്ലാതിരുന്നത്? 1996 കാലത്തെ പവര്‍കട്ടിന്റെയും ലോഡ്ഷെഡ്ഡിംഗിന്റെയും യാതനകളില്‍നിന്ന് കേരളത്തെ രക്ഷിച്ച് 1084 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പാദിപ്പിച്ച ഭരണനിപുണനാണ് പിണറായിയെന്ന് അഭിപ്രായമെഴുതിയ മാധ്യമങ്ങള്‍ക്കുപോലും, പിന്നീട് എവിടെവെച്ചാണ് ഭാവമാറ്റമുണ്ടായത? ലാവ്ലിന്‍ കേസിന്റെ മാത്രമല്ല, ഇടതുപക്ഷ നേതൃത്വത്തിനെതിരെ സ്വഭാവഹത്യനടത്താന്‍ ഉയര്‍ത്തിയ ഏതെല്ലാം കേസുകളാണ് ഉള്ളിതൊലിച്ചതുപോലെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ട് ഇപ്പോള്‍ വിസ്തൃതിയിലായത്. ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയോട് സ്ഥായിയായ കൂറ് കാട്ടാത്തവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് കുറ്റപ്പെടുത്തുമ്പോഴും അതേ അങ്കക്കളരിയില്‍ ഇത്ര പച്ചയായ കൃത്രിമത്വം ഏതെങ്കിലും കാലത്ത് ഇടതുപക്ഷം കാട്ടിയിട്ടുണ്ടോ? എന്നിട്ടും ഇവിടത്തെ യുഡിഎഫ് - ബിജെപി നേതൃത്വവും മറ്റ് വലതുപക്ഷ - തീവ്ര ഇടതുപക്ഷഗ്രൂപ്പുകളും മാധ്യമങ്ങളുടെ അരുമയായി തുടരുകയും, അവരിലെ നേതാക്കള്‍ ബിംബവല്‍ക്കരിക്കപ്പെടുകയും വിഗ്രഹങ്ങളായിനില്‍ക്കുകയും ചെയ്യുന്നവിധം പ്രത്യക്ഷമായ അനീതിയാണ് മിക്ക മാധ്യമങ്ങളും കാട്ടുന്നത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷ വിരുദ്ധ ജ്വരം പടര്‍ത്താന്‍ സാമ്രാജ്യത്വ പിന്തുണയോടെ നടന്ന നെറികെട്ട ശകുനി രാഷ്ട്രീയത്തിന്റെ പരമകാഷ്ഠയാണ് ലാവ്ലിന്‍ കേസിലൂടെ ദൃശ്യമായത്. പശ്ചിമബംഗാളില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് ചോരവീണ തീവ്രാനുഭവങ്ങള്‍പോലെ കായികമായ കൂട്ടക്കൊലയുടെ അനുഭവം കേരളത്തിലെ സിപിഐ (എം)ന് ഇപ്പോള്‍ നേരിടേണ്ടി വരുന്നില്ല. സിപിഐ (എം) നേടിയ സംഘടനാപരമായ കരുത്താണ് എതിരാളികളെ കായികമായ കമ്യൂണിസ്റ്റ്വേട്ടയില്‍നിന്ന് വിലക്കുന്നത്. ആ സംഘടനയെ തകര്‍ക്കുകയെന്ന നീച ലക്ഷ്യത്തിന്റെ പെരുങ്കളിയാട്ടത്തിന്റെ ഒരു അധ്യായം മാത്രമാണ് ഇവിടെ പൂര്‍ണമാകുന്നത്. നേരും നെറിയുമില്ലാത്ത വലതുപക്ഷ രാഷ്ട്രീയം, ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞായാലും, ഫാസിസത്തിന്റെ വിശ്വരൂപംകാട്ടി വന്നാലും, അതിന്റെ വഴികള്‍ ഇതുതന്നെയാണ്. വലതുപക്ഷത്തിന്റെ ആയുധപ്പുരകള്‍ ശൂന്യമല്ല എന്ന തിരിച്ചറിവോടെ, ശകുനി രാഷ്ട്രീയത്തിന് ഇപ്പോള്‍ ലഭിച്ച തിരിച്ചടിയെ ആഹ്ലാദപൂര്‍വ്വം വരവേല്‍ക്കാം.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

Friday, November 15, 2013

ഉപജാപകര്‍ക്ക് ഇനി ആത്മപരിശോധനയുടെ ഊഴം

ലാവ്ലിന്‍ കേസില്‍ ജി. കാര്‍ത്തികേയനെതിരെയുളള സിബിഐയുടെ പുനരന്വേഷണ റിപ്പോര്‍ട്ടിന്റെയും അതേക്കുറിച്ചുളള മാധ്യമപ്രതികരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ""ഇനിയെന്ത് ലാവ്ലിന്‍"" എന്ന പുസ്തകം ഞാനെഴുതിയത്. പുസ്തകം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.. ഇന്നലെവരെ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ സ്വഭാവഹത്യചെയ്യാന്‍ ലാവ്ലിന്‍ ആയുധമാക്കിയവര്‍ക്ക് തലകുനിക്കാനും മാപ്പുയാചിക്കാനുമുള്ള വക ഈ കേസിെന്‍റ അവസാന ഘട്ടത്തില്‍ വേണ്ടതിലേറെയുണ്ട്. ചരിത്രം ഒരേദിശയില്‍ ഒഴുകുന്ന നദിയല്ല.

അക്കാദമിക് സ്വഭാവത്തോടെ ഈ കേസിനെ പിന്തുടര്‍ന്നവരെല്ലാം പ്രതീക്ഷിച്ചിരുന്ന വിധിയാണ് നവംബര്‍ അഞ്ചിന് സിബിഐ കോടതി പുറപ്പെടുവിച്ചത്. വിധിയെ തുടര്‍ന്ന് നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ് ഒരു വെളിപ്പെടുത്തല്‍ നടത്തി. നീതിവ്യവസ്ഥയിലും ഭരണഘടനയിലും വിശ്വാസമുളള, ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വശംവദനാകാത്ത ഒരു ജഡ്ജിയുടെ മുന്നില്‍ ഈ കുറ്റപത്രം എത്തുന്ന നിമിഷം അദ്ദേഹം അതെടുത്ത് വാഴത്തോപ്പില്‍ എറിയും എന്ന് സിബിഐയുടെ മുന്‍ ഡയറക്ടര്‍ കുറേ വര്‍ഷം മുമ്പുതന്നെ ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നുവത്രേ. അതു തന്നെയാണ് സംഭവിച്ചത്. ആദ്യമായാണ് സിബിഐയുടെ ആരോപണങ്ങളുടെ സാംഗത്യം ഒരു കോടതി പരിശോധിക്കുന്നത്. ആ കടമ്പയില്‍ സിബിഐ മുഖംപൊത്തി വീണുപോയി. അഴിമതി, അധികാരദുര്‍വിനിയോഗം, ചതി, വഞ്ചന, എന്നീ കുറ്റങ്ങളൊന്നും ഒരു പ്രതിയുടെയും മേല്‍ ചുമത്താനുളള തെളിവോ ന്യായമോ വസ്തുതയോ സിബിഐയുടെ പക്കലില്ലെന്ന് കോടതിയ്ക്കു ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ കുറ്റപത്രവും കെട്ടിച്ചമച്ച ആരോപണങ്ങളും പ്രത്യേക സിബിഐ കോടതി ജഡ്ജി ആര്‍. രഘു വലിച്ചുകീറി. അതുവഴി സാധൂകരിക്കപ്പെട്ടത് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഐഎമ്മിന്റെ നിലപാടാണ്.

അസാമാന്യമായ തന്റേടത്തോടെ, ആരോപണങ്ങളെ നിവര്‍ന്നു നിന്ന് നേരിട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീരോചിതമായിത്തന്നെ കുറ്റവിമുക്തനായി. തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനെടുത്ത തീരുമാനം അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന അസംബന്ധ യുക്തിയാണ് കുറ്റപത്രത്തില്‍ സിബിഐ മുന്നോട്ടു വെച്ചത്. അതിന്റെ പേരിലാണ് അഴിമതിനിരോധന നിയമം അനുസരിച്ച് പിണറായി വിജയനെ പ്രതിയാക്കിയത്. മലബാറിലെ ജനങ്ങള്‍ക്കു വേണ്ടി ഒരാശുപത്രി സ്ഥാപിക്കുന്നത് എങ്ങനെ അഴിമതിയാകും എന്ന ചോദ്യം സിപിഐഎം ഉയര്‍ത്തിയിരുന്നു. അതേ ചോദ്യം കോടതിയും സിബിഐയോടു ചോദിച്ചു. ഒരു മറുപടിയും അവര്‍ക്കുണ്ടായിരുന്നില്ല. പൊതുതാല്‍പര്യം എന്ന സങ്കല്‍പത്തെ സാമാന്യം വിശദമായിത്തന്നെ വിശകലനം ചെയ്ത ശേഷം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോടതി ആ തീരുമാനത്തെ വിശേഷിപ്പിച്ചത്, ശ്ലാഘനീയമായ പൊതുതാല്‍പര്യം എന്നാണ്.

കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനല്ലാതെ സ്വന്തമായി ലാഭമുണ്ടാക്കാന്‍ പ്രതികളില്‍ ഒരാള്‍ പോലും ശ്രമിച്ചെന്ന് സിബിഐയ്ക്കു തന്നെ ആക്ഷേപമില്ലെന്നും കൂടി കോടതി എടുത്തു പറഞ്ഞു. ഏതു സാധാരണ മനുഷ്യനും ചോദിക്കുന്നതേ കോടതിയും ചോദിച്ചുളളൂ. മലബാറിലെ കാന്‍സര്‍ രോഗികള്‍ക്ക് അന്നുവരെ തിരുവനന്തപുരത്തെ ആര്‍സിസി മാത്രമായിരുന്നു ആശ്രയം. എട്ടു ജില്ലകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. അങ്ങനെയൊരു ആശുപത്രി സ്ഥാപിക്കുന്നത് അഴിമതിയാണ് എന്ന് സാമാന്യബുദ്ധിയുളള ആരും വിശ്വസിക്കുകയില്ല. ഒരു കോടതിയും അത് അംഗീകരിക്കുകയുമില്ല. എന്നിട്ടും ഇത്തരമൊരു അസംബന്ധം എങ്ങനെ സിബിഐയുടെ കുറ്റപത്രത്തില്‍ വന്നു? ആത്മാഭിമാനമുളള ഒരുദ്യോഗസ്ഥനും സ്വന്തം നിലയില്‍ ഇങ്ങനെയൊരു ആരോപണം എഴുതിപ്പിടിപ്പിക്കുകയില്ല. അപ്പോള്‍ ഏതോ ബാഹ്യശക്തിയുടെ കല്‍പന അനുസരിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു സിബിഐ. ആരാണത്? ഒരു കോടതിയും ഈ ആരോപണം വിശ്വസിക്കുകയില്ല എന്ന് ഇതെഴുതിയവര്‍ക്കുപോലും നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടാണ് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സിബിഐ മുതിര്‍ന്നത്.

വിചാരണ കഴിയുന്നത്ര വെച്ചുതാമസിപ്പിക്കാന്‍ വല്ലാത്ത നിര്‍ബന്ധബുദ്ധിയാണ് സിബിഐ കാണിച്ചത്. പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ കുറ്റാരോപിതന്റെ മുദ്രയടിച്ച് അനന്തമായ കാത്തിരിപ്പിലേയ്ക്ക് തളളിവിടുക എന്ന ശിക്ഷയാണ് പിണറായി വിജയന് സിബിഐ വിധിച്ചത്. കോടതിയുടെ പ്രാഥമിക പരിശോധനയ്ക്കു മുന്നില്‍പ്പോലും പിടിച്ചുനില്‍ക്കുകയില്ല എന്നുറപ്പുളള കുറ്റപത്രം സംരക്ഷിക്കാന്‍ അതല്ലാതെ വേറെന്തു വഴി? അതുകൊണ്ട്, ആകാവുന്നത്ര വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ സിബിഐ കിണഞ്ഞു പരിശ്രമിച്ചു. വിചാരണ വേഗത്തിലാക്കണമെന്ന പിണറായി വിജയന്റെ ആവശ്യത്തെ അവര്‍ നഖശിഖാന്തം എതിര്‍ത്തു. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ മൂലമാണ് വിചാരണ വേഗം നടത്താനുളള അനുമതി ലഭിച്ചത്.

അംഗീകരിക്കപ്പെട്ട സിപിഐഎം വാദങ്ങള്‍

ജി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട അന്തിമ കരാറിലെ വിലകള്‍ കുറയ്ക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ഇക്കാര്യം ആരംഭം മുതല്‍ സിപിഐഎം പറയുന്നതാണ്. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട കരാര്‍ അപ്പടി അംഗീകരിക്കുകയായിരുന്നില്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അന്തിമകരാറില്‍ അംഗീകരിക്കപ്പെട്ട ലോണ്‍ തുകയിലും പലിശയിലും കമ്മിഷന്‍ ചാര്‍ജിലുമൊക്കെ വലിയ കുറവു വരുത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു കഴിഞ്ഞു. ഗ്രാന്റ് തുകയില്‍ വര്‍ദ്ധന വരുത്തി. കാര്‍ത്തികേയന്റെ കാലത്ത് അംഗീകരിച്ച വിലകള്‍ കുറയ്ക്കുക വഴി സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുകയാണ് ചെയ്തതെന്നും എസ്എന്‍സി ലാവ്ലിനെ അവിഹിതമായി സഹായിക്കണമെന്ന് ദുരുദ്ദേശമുണ്ടായിരുന്നെങ്കില്‍ വിലകളില്‍ ഗണ്യമായ കുറവുവരുത്തേണ്ട കാര്യം കുറ്റാരോപിതര്‍ക്കില്ലെന്നും അസന്ദിഗ്ദ്ധമായി കോടതി പറഞ്ഞു.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി കെട്ടിപ്പൊക്കിയ നുണയുടെ കോട്ടയും കോടതി ഇടിച്ചു നിരത്തി. വൈദ്യുതി മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് പൊതുവായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ബാലാനന്ദന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നതെന്നും പിഎസ്പി പദ്ധതികളെക്കുറിച്ച് പഠിക്കാനോ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിക്കാനോ ബാലാനന്ദന്‍ കമ്മിറ്റിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല എന്നും സിപിഐഎം തുടക്കം മുതല്‍ക്കു തന്നെ പറഞ്ഞതാണ്. തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ തളളാനും കൊളളാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ബാലാനന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും ആ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കാത്തത് മഹാ അപരാധമാണെന്ന പ്രചണ്ഡമായ പ്രചരണം കേരളത്തില്‍ നടന്നു. ആ പ്രചരണം സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലും ഇടംപിടിച്ചു.

ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതിരുന്നതില്‍ കുറ്റമാരോപിക്കാന്‍ കഴിയില്ലെന്ന് കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. ബാലാനന്ദന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പു തന്നെ പിഎസ്പി പദ്ധതികള്‍ക്കുളള അന്തിമ കരാര്‍ നിലവില്‍വന്നു കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. ഹ്രസ്വകാല ലക്ഷ്യം മുന്‍നിര്‍ത്തി ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പകരം 30 - 35 വര്‍ഷക്കാലത്തേയ്ക്കുളള ദീര്‍ഘകാല നേട്ടം ലക്ഷ്യമാക്കി ആധുനികീകരണവും നവീകരണവും വേണമെന്ന ബോര്‍ഡിന്റെ തീരുമാനം കോടതി അംഗീകരിക്കുകയും ചെയ്തു. അതോടെ ബാലാനന്ദന്‍ കമ്മിറ്റിയുടെ പേരില്‍ പെരുപ്പിച്ചു നിര്‍ത്തിയിരുന്ന നുണക്കുമിള പൊട്ടിത്തകര്‍ന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി നടത്തിയ അപവാദപ്രചരണമാണ് ലാവ്ലിന്‍ കേസിലെ സിബിഐ അന്വേഷണത്തിലേയ്ക്ക് എത്തിച്ചത്. വരദാചാരിയുടെ തല പരിശോധനക്കഥ പോലുളള പെരുങ്കളളങ്ങള്‍ സിബിഐയുടെ കുറ്റപത്രത്തില്‍പ്പോലും ഇടംപിടിച്ചിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത പൊതുബോധം.

യഥാര്‍ത്ഥത്തില്‍ സിബിഐയുടെ ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ടു വന്നപ്പോള്‍ത്തന്നെ നുണപ്രചരണങ്ങളുടെ കാറ്റുപോയിരുന്നു. ലാവ്ലിന്‍ കേസ് കോടതിയിലെ പട്ടടയിലൊടുങ്ങുമ്പോള്‍ മാധ്യമങ്ങളുടെ നുണ പ്രചരണങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കേണ്ടത് ആവശ്യമാണ്. വൈരനിര്യാതന ബുദ്ധിയോടെയുള്ള രാഷ്ട്രീയ പകപോക്കലിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ അകമ്പടി സേവിച്ചാല്‍ എന്തുസംഭവിക്കുമെന്നതിന്റെ ഭയാനകമായ ഉദാഹരണങ്ങളാണ് കേരള സമൂഹത്തിനു മുന്നില്‍ ലാവ്ലിന്‍കേസ് ബാക്കിവെയ്ക്കുന്നത്.

കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്സ് എന്ന കളളക്കഥ പിണറായി വിജയന് അദ്ദേഹത്തിന്റെ ഭാര്യ കമലയുടെ പേരില്‍ സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ടെന്നും ആ കമ്പനിയിലാണ് അഴിമതിപ്പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ആദ്യം ആരോപിച്ചത് ക്രൈം എന്ന മഞ്ഞപ്പത്രമാണ്. അത് പിന്നീട് പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഏറ്റുപാടി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പത്രക്കാരന്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ ആരോപണത്തെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സസ് അന്വേഷണം നടത്തി. സിംഗപ്പൂരില്‍ അങ്ങനെയൊരു സ്ഥാപനമേയില്ല എന്ന് സിംഗപ്പൂര്‍ ഫോറിന്‍ ടാക്സ് ഡിവിഷന്‍ അറിയിച്ചുവെന്ന് സിബിഡിടി കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അങ്ങനെ "കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ട്സ്" എന്ന കളളം പൊളിഞ്ഞു. അനധികൃത സ്വത്തുസമ്പാദനത്തിനോ നികുതിവെട്ടിപ്പിനോ തെളിവില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

ഇതുപോലെ മറ്റൊരു കളളപ്രചരണമായിരുന്നു ചെന്നൈയിലെ "ടെക്നിക്കാലിയ" എന്ന സ്ഥാപനം പിണറായി വിജയന്റെ ബിനാമിയാണ് എന്നത്. മഞ്ഞപ്പത്രക്കാരന്‍ തന്നെയായിരുന്നു ഈ കള്ളക്കഥയും സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ ടെക്നിക്കാലിയയെ ആദ്യമായി കേരളത്തിലെത്തിച്ചത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ എം വി രാഘവനാണ്. പുട്ടപര്‍ത്തിയിലെ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിസിന്‍, പുട്ടപര്‍ത്തിയിലെ തന്നെ സത്യസായി ഹോസ്പിറ്റല്‍, ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വിവിധ സംസ്ഥാനങ്ങളിലെ അസംഖ്യം മെഡിക്കല്‍ കോളേജുകള്‍ എന്നിവയൊക്കെ പണിത ഈ സ്ഥാപനം ഒരു കടലാസ് കമ്പനിയാണ് എന്ന് പ്രചരിപ്പിക്കാനും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായി.

കോടികള്‍ മുടക്കി സിംഗപ്പൂരില്‍ കെട്ടിപ്പടുത്ത കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ട്സിലേയ്ക്ക് നൂറിലേറെ തവണ പിണറായി വിജയന്‍ യാത്ര നടത്തിയിട്ടുണ്ട് എന്നായിരുന്നു മറ്റൊരു കഥ. ഈ കഥയിലും സത്യമില്ലെന്ന് സിബിഐയ്ക്കു ബോധ്യപ്പെട്ടു. അക്കാര്യം ഹൈക്കോടതിയില്‍ അവര്‍ അറിയിക്കുകയും ചെയ്തു. "കോടി"കളുടെ വിദ്യാഭ്യാസവും മണിമാളികയും ലാവ്ലിന്‍ അഴിമതിപ്പണം ഉപയോഗിച്ച് പിണറായി വിജയന്റെ മക്കള്‍ കോടികള്‍ മുടക്കി ഉന്നത വിദ്യാഭ്യാസം നേടുന്നു എന്നും പ്രചരിപ്പിക്കപ്പെട്ടു. അതിന്റെ പേരിലുമെത്തി ഹൈക്കോടതിയില്‍ പരാതി. അതും ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ പൊളിഞ്ഞു. പിണറായി വിജയന്റെ മകന്‍ വിവേകിന്റെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്നും ലോണെടുത്തതിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ഹൈക്കോടതിയ്ക്കു നല്‍കി. അങ്ങനെ അതും പൊളിഞ്ഞു.

അറ്റ്ലാന്റിക് സമുദ്രത്തിലെ ബര്‍മുഡാ ട്രയാംഗിളിനെക്കാള്‍ നിഗൂഢതയായിരുന്നു എത്രയോ കാലം പിണറായി വിജയന്റെ വീടിനെ ചുറ്റിപ്പറ്റി കേരളത്തില്‍ നിലനിന്നത്. പിണറായി വിജയന്റെ വീടിനെക്കുറിച്ച് പരാതിയുമായി ക്രൈം ഉടമ കേരള ഹൈക്കോടതിയിലെത്തി. ഒരു കോടി രൂപ ചെലവിലാണ് മണിമാളിക പണിയുന്നത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. പയനിയര്‍ പത്രത്തില്‍ 27-3-2006 ന് വന്ന വാര്‍ത്തയായിരുന്നു ആരോപണത്തിന് തെളിവ്. ഈ മണിമാളികയെക്കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിച്ചു. ഹൈക്കോടതിയില്‍ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇതാ: 1977 ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ട്. പതിനൊന്നു ലക്ഷത്തിന്റെ വിശദവിവരം - 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. ഭാര്യയുടെ പി എഫില്‍ നിന്ന് 1.98 ലക്ഷം രൂപ. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഈ വീടിനെക്കുറിച്ച് ഉപജാപകര്‍ പരത്തിയ കെട്ടുകഥ വിശ്വസിച്ച കുറേപ്പേര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു കുന്നംകുളം സ്വദേശിയുടെ മണിമാളികയുടെ ചിത്രത്തിന് തൊഴിലാളി വര്‍ഗനേതാവിന്റെ കൊച്ചു കുടില്‍ എന്ന അടിക്കുറിപ്പു നല്‍കി പ്രചരിപ്പിക്കുകയും അറസ്റ്റിലാവുകയും ചെയ്ത സംഭവവും ഉണ്ടായി.

വരദാചാരിയുടെ തലപരിശോധന

പിണറായി വിജയനെതിരെ കൂലംകുത്തിയൊഴുകിയ മാധ്യമപ്പകയുടെ ഏറ്റവും ഇരുണ്ട അധ്യായമാണ് വരദാചാരിയുടെ തലപരിശോധനക്കഥ. ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ലാവ്ലിന്‍ കരാറിനെ നഖശിഖാന്തം എതിര്‍ത്ത വരദാചാരി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലിലെഴുതി എന്ന കളളക്കഥയുടെ സ്രഷ്ടാവ് മനോരമയാണ്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലാണ് ഈയൊരു പരാമര്‍ശം ഉണ്ടായത്. 1997 ല്‍ കേരളത്തിലെ മുഖ്യാധാരാ പത്രങ്ങളെല്ലാം അക്കാര്യം ഒരേപോലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവത്തെയാണ് ലാവ്ലിന്‍ കേസുമായി ബന്ധപ്പെടുത്തിയതും പിന്നീട് സി ബി ഐയെക്കൊണ്ടുപോലും വിശ്വസിപ്പിക്കുന്ന തലത്തിലേക്ക് വളര്‍ത്തിയതും. സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ വരദാചാരിയെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നു: അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരി, കാന്‍സറും വൈദ്യുതിയും സംബന്ധിച്ചുള്ള അസാധാരണമായ ബന്ധത്തെക്കുറിച്ച് ചോദ്യമുയര്‍ത്തി നവീകരണ കരാറിനെ എതിര്‍ത്തപ്പോള്‍, അന്നത്തെ മന്ത്രി പിണറായി വിജയന്‍ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പ്രസക്തമായ രേഖകള്‍ കാണാനില്ലെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാമൊഴിത്തെളിവുകള്‍ ഈ വസ്തുത സ്ഥിരീകരിക്കും.

സി പി ഐ എമ്മിനെതിരെയുള്ള വന്‍രാഷ്ട്രീയ ആയുധമായി ലാവ്ലിന്‍ കേസ് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങിയ മലയാള മനോരമയാണ് വരദാചാരിയുടെ തലപരിശോധനക്കഥയ്ക്ക് ലാവലിന്‍ കരാറിനെ പശ്ചാത്തലമാക്കിയത്. 2003 മാര്‍ച്ച് 8ന് "കാനഡാ കരാര്‍ എതിര്‍ത്ത സെക്രട്ടറിക്ക് തലയ്ക്ക് തകരാറെന്ന് പിണറായി എഴുതി" എന്ന തലക്കെട്ടില്‍ പഴയ വാര്‍ത്തയെ മനോരമ അപനിര്‍മിച്ചതോടെ വരദാചാരിയുടെ "തലവര" മാറി. പഞ്ചായത്തുകളുടെ ഫണ്ട് അതത് പഞ്ചായത്തിലെ ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശവും അതിനോടുള്ള വരദാചാരിയുടെ നിലവിട്ട എതിര്‍പ്പും ഉദ്യോഗസ്ഥനെ നിലയ്ക്കു നിര്‍ത്തണമെന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തുമൊക്കെ ഇതോടെ വിസ്മൃതിയിലായി.

""ഫയലുകള്‍ എകെജി സെന്ററിലെത്തിച്ച് തീയിട്ടു""

ലാവ്ലിന്‍ അപവാദ പ്രചരണവുമായി ബന്ധപ്പെട്ട് മനോരമ സംവിധാനം ചെയ്ത മറ്റൊരു നാടകമായിരുന്നു അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളുടെ "മുങ്ങല്‍". ഓരോരോ ഫയലുകള്‍ കാണാനില്ല എന്ന വാര്‍ത്തയുമായി മനോരമ ഓരോ ദിവസവും ഇറങ്ങി. ഒരു ദിവസം ഒരു ഫയലെന്ന മട്ടിലാണ് കാണാതായത്. പക്ഷേ, കാണാനില്ലെന്ന് വാര്‍ത്തയെഴുതുമ്പോഴും ഫയലുകളിലെ വിവരങ്ങളത്രയും മനോരമയില്‍ പ്രത്യക്ഷപ്പെട്ടു. നിര്‍ണായകവും സുപ്രധാനവുമായ വിവരങ്ങളാണ് കാണാതായ ഫയലുകളില്‍ ഉണ്ടായിരുന്നതെന്ന് പത്രം തറപ്പിച്ചെഴുതി. വരദാചാരിയുടെ തല പരിശോധനപോലെ ഇതും ഒരു ദുരന്തപര്യവസായിയായിത്തീര്‍ന്നു.

വിജിലന്‍സ് വകുപ്പിന്റെ വാര്‍ഷികാഘോഷ ച്ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മ ഒരു ചോദ്യത്തോട് നടത്തിയ പ്രതികരണത്തെ വളച്ചൊടിച്ച് മനോരമ തന്നെയാണ് ഫയല്‍ മുക്കലും സംവിധാനം ചെയ്തത്. "വൈദ്യുതി ബോര്‍ഡില്‍ നിന്ന് പ്രതി ഫയല്‍ കടത്തി", "വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാന്‍ സംഘം", "ലാവ്ലിന്‍ കരാര്‍ ഫയല്‍ ഇടതു ഭരണകാലത്ത് മുക്കി", "അപ്രത്യക്ഷമായതില്‍ ഫയല്‍ നീക്കത്തിന്റെ രജിസ്റ്ററും" തുടങ്ങിയ തലക്കെട്ടുകളിലെഴുതിയ വാര്‍ത്തകളിലാണ് മനോരമാ ലേഖകരുടെ ഭാവനാവ്യാപാരം ചിറകടിച്ചു പറന്നത്. അങ്ങനെ കാണാതായ ഫയലുകളുടെ കൂട്ടത്തില്‍ വരദാചാരിയുടെ തലപരിശോധനയും അവര്‍ തിരുകിക്കയറ്റി. "കാണാതായ ഫയലില്‍ ധനവകുപ്പിന്റെ എതിര്‍പ്പും പിണറായിയുടെ മറുപടിയും" എന്ന വാര്‍ത്ത പ്രകാരം ആ ഫയലും കാണാനില്ല. അങ്ങനെ ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി ഫയലിലെഴുതി എന്നു വാര്‍ത്ത സൃഷ്ടിച്ച മനോരമ തന്നെ, ആ ഫയല്‍ മുങ്ങിയെന്നും പ്രചരിപ്പിച്ചു. എന്നാല്‍ ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പരസ്യമായി വ്യക്തമാക്കിയതോടെ ആ കഥയ്ക്ക് വിരാമമായി.

മുന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ വി രാജഗോപാലിന്റെ ആകസ്മിക മരണം കൊലപാതകമായി ചിത്രീകരിച്ച് വിവാദം കൊഴുപ്പിക്കാനും ഉപജാപകര്‍ ശ്രമിച്ചു. ഇഷ്ടമില്ലാത്ത കരാര്‍ ഒപ്പിട്ടതുമൂലമുണ്ടായ മാനസിക സംഘര്‍ഷമാണ് രാജഗോപാലിന്റെ ഹൃദയാഘാതത്തിലേക്ക് നയിച്ചത് എന്ന് മനോരമ ഗവേഷകന്മാര്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. തമാശയെന്താണെന്നു വെച്ചാല്‍ കരാര്‍ ഒപ്പിട്ടതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് അദ്ദേഹം മരണപ്പെട്ടത്! ലാവ്ലിന്‍: ബോര്‍ഡ് മുന്‍ചെയര്‍മാന്റെ മരണവും അന്വേഷിച്ചേക്കും എന്ന തലക്കെട്ടിലായിരുന്നു മനോരമ വാര്‍ത്ത. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോള്‍ 1997 ഫെബ്രുവരി 10ന് ലാവ്ലിനുമായി അനുബന്ധ കരാറുകള്‍ ഒപ്പിടുന്ന വേളയില്‍ കെ എസ് ഇ ബിയുടെ ചെയര്‍മാനായിരുന്നു വി രാജഗോപാല്‍. 1998 ല്‍ അദ്ദേഹം പദവി ഒഴിഞ്ഞു. 1999 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ തന്റെ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഈ മരണമാണ് 2007 സെപ്തംബര്‍ 12ന് വിവാദമായത്.

പന്നിയാറില്‍ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി മൂന്നുപേര്‍ മരിച്ച ദുരന്തവും ലാവ്ലിന്‍ കേസിന്റെ ചെലവിലാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. "അപ്രതീക്ഷിതമായ ദുരന്തത്തിനുപിന്നില്‍ ദുരൂഹതയുണ്ടായിരുന്നുവെന്നാണ് സി ബി ഐ സംശയിക്കുന്നത്" എന്ന നിഗമനമാണ് സിബിഐയെ ചാരി മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്. നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വൈദ്യുതിയന്ത്രങ്ങളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കാന്‍ സി ബി ഐ തയാറെടുത്തുകൊണ്ടിരിക്കെ, തെളിവ് നശിപ്പിക്കാന്‍ ചില നിഗൂഢശക്തികള്‍ നടത്തിയ അട്ടിമറിയാണ് പന്നിയാര്‍ദുരന്തം എന്നായിരുന്നു വ്യാഖ്യാനം. പൊതുമാധ്യമങ്ങളും അശ്ലീലവാരികയും ഏകമനസ്സോടെ പ്രചരിപ്പിച്ച ഈ ആരോപണവും സി ബി ഐ അന്വേഷണം തള്ളിക്കളഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍വേണ്ടി ആസൂത്രിതമായി സംഘടിപ്പിച്ചതാണ് പന്നിയാര്‍ അപകടം എന്ന നിരീക്ഷണമോ സൂചനയോ സംശയമോപോലും സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല. രാജഗോപാലിന്റെ മരണത്തില്‍ ദുരൂഹത കലര്‍ത്താന്‍ മാധ്യമങ്ങള്‍ വിനിയോഗിച്ച അധ്വാനവും വൃഥാവിലായി.

ലാവ്ലിന്‍ കരാറിന്റെ മറവില്‍ പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയെന്ന ആരോപണം യഥാര്‍ത്ഥത്തില്‍ സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ടു തന്നെ തളളിക്കളഞ്ഞതാണ്. മഞ്ഞപ്പത്രക്കാരനും മഹാമാധ്യമങ്ങളും ആഘോഷിച്ചു കൊണ്ടാടിയ ദുരാരോപണങ്ങളൊന്നും സിബിഐയുടെ കുറ്റപത്രത്തില്‍ ഇടംനേടിയില്ല. അതുകൊണ്ട് പിണറായി വിജയന്‍ കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടു എന്നു വിളിച്ചു പറയാന്‍ ഒരു ദൃക്സാക്ഷി ആവശ്യമായി. അങ്ങനെ പൊടുന്നനെ രംഗപ്രവേശം ചെയ്ത ദൃക്സാക്ഷിയാണ് ദീപക്കുമാര്‍. മഞ്ഞപ്പത്രക്കാരന്‍ തന്നെയാണ് ഈ "ഐ വിറ്റ്നസ്സിനെ"യും എഴുന്നെളളിച്ചത്. ആദ്യം ക്രൈം അച്ചടിക്കുന്നു. അത് തെളിവാക്കി ക്രൈം "പത്രാധിപര്‍" കോടതിയില്‍ ഹര്‍ജി നല്‍കുന്നു. തുടര്‍ന്ന് ആ ആരോപണങ്ങള്‍ എല്ലാ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഇതായിരുന്നല്ലോ ലാവ്ലിന്‍ അപവാദ പ്രചരണത്തിന്റെ രീതിശാസ്ത്രം. ദീപക്കുമാറിന്റെ വരവിലും അതിനു മാറ്റമുണ്ടായില്ല.

ക്രൈം വഴി രംഗത്തെത്തിയ ദീപക് കുമാറിനെ പൊതുമണ്ഡലത്തില്‍ ആദ്യം പ്രദര്‍ശനത്തിനുവെച്ച ബഹുമതി മാതൃഭൂമിയ്ക്കായിരുന്നു. "ദീപക് കുമാറിന്റെ പരാതി പരിശോധിക്കും - സിബിഐ" എന്ന തലക്കെട്ടിലെ വാര്‍ത്തയിലായിരുന്നു ആ പരിചയപ്പെടുത്തല്‍. തുടര്‍ന്ന് ദീപക് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി മാതൃഭൂമിയില്‍ തുടരനുകള്‍ പ്രത്യക്ഷപ്പെട്ടു. അന്വേഷണം പുതുവഴിയേ പുരോഗമിക്കുകയാണെന്നും നിര്‍ണായക തെളിവുകള്‍ സിബിഐയ്ക്കു ലഭിച്ചുകഴിഞ്ഞുവെന്നും മാതൃഭൂമി അത്യാഹ്ലാദത്തോടെ അച്ചുനിരത്തി. യഥാര്‍ത്ഥത്തില്‍ ക്രൈം നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെയാണ് ദൃക്സാക്ഷി വിവരണം എന്ന മട്ടില്‍ ദീപക് കുമാറും വിളിച്ചുപറഞ്ഞത്. ഒടുവില്‍ ദീപക് കുമാറിന്റെ അഭിമുഖവും മാതൃഭൂമി പ്രസിദ്ധീകരിച്ചു. "ലക്ഷ്യം പൊയ്മുഖം തുറന്നു കാട്ടല്‍" എന്നായിരുന്നു തലക്കെട്ട്. ആ അഭിമുഖം തുടങ്ങിയത് ഇങ്ങനെയായിരുന്നു: ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്. ലാവ്ലിന്‍ കേസില്‍ സി ബി ഐ ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു.

പക്ഷേ, ഇതൊക്കെ ചെയ്തിട്ടും ആരവമൊന്നുമുണ്ടായില്ല. എവിടെയോ എന്തോ ഒരു കുറവ് ദൃശ്യമായിരുന്നു. കോണ്‍ഗ്രസ്, ബിജെപി, പി സി ജോര്‍ജുമാരുടെ ലാവ്ലിന്‍ പത്രസമ്മേളനങ്ങള്‍ പതിയെ നിലച്ചു. പൊട്ടു കുത്തി, പുടവ ചാര്‍ത്തി, ചാന്തു തൊട്ട്, കരിവളയണിയിച്ച് ക്രൈം നന്ദകുമാര്‍ എഴുന്നെള്ളിച്ച "ദൃക്സാക്ഷി"ക്ക് സിപിഐ എമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ എതിരാളികളെപ്പോലും വശീകരിക്കാനായില്ല. എങ്ങും ഒരു ശ്മശാന മൂകതയായിരുന്നു. "മ" പ്രസിദ്ധീകരണങ്ങളിലെ കുറ്റാന്വേഷണ സൃഷ്ടികള്‍ക്കുളള സ്വീകാര്യതപോലും മാതൃഭൂമിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിന് കിട്ടിയില്ല. അതു തിരിച്ചറിഞ്ഞ് സാക്ഷാല്‍ "ദൃക്സാക്ഷി" ചാനലുകളിലേയ്ക്ക് നേരിട്ടെഴുന്നെള്ളി. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, മനോരമ ചാനലുകളുടെ പ്രൈം ടൈം 2010 നവംബര്‍ 11ന് ദൃക്സാക്ഷി അപഹരിച്ചു. എരിവും പുളിയുമുള്ള ഒരു വരവായിരുന്നു അത്. പിണറായി വിജയന്‍ കൈക്കൂലി വാങ്ങുന്നത് നേരിട്ടു കണ്ടു എന്നു പറഞ്ഞിട്ടും തന്നെ മൈന്‍ഡു ചെയ്യാത്തവര്‍ക്കു വേണ്ടി അദ്ദേഹം മറ്റൊരു തുറുപ്പു വീശി. ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകത്തിനും താന്‍ സാക്ഷിയാണ് എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ചാനലുകളായ ചാനലുകള്‍ ഈ കൊലപാതകക്കഥ ഏറ്റു വാങ്ങി "ബ്രേക്കിംഗ് ന്യൂസ്" ആക്കി. പ്രസക്തമായ ചോദ്യങ്ങളൊന്നും ചോദിച്ച് ഒരു ചാനല്‍ അവതാരകനും ദൃക്സാക്ഷിയെ ബുദ്ധിമുട്ടിച്ചില്ല. കൊല്ലപ്പെട്ടതാര്, കൊന്നതാര്, എന്നായിരുന്നു സംഭവം, ശവം എന്തു ചെയ്തു, ഇത്രയും കാലമായിട്ടും രണ്ടുതവണ മൊഴി നല്‍കിയിട്ടും കൊലപാതകക്കഥ സിബിഐയോടു പറയാത്തത് എന്ത് എന്നൊന്നും ആര്‍ക്കും അറിയേണ്ടിയിരുന്നില്ല.

ചാനല്‍ സ്റ്റുഡിയോയില്‍ നിന്നും ദൃക്സാക്ഷി നേരെ ചെന്നത് മാതൃഭൂമി ലേഖകന്റെ അടുത്തായിരുന്നു. ഒരിക്കല്‍ക്കൂടി ദൃക്സാക്ഷിയുടെ അഭിമുഖം മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, കൊലപാതകത്തിന്റെ വിശദാംശങ്ങളൊന്നും അവരും ചോദിച്ചില്ല. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ദിലീപ് രാഹുലന്‍ കണ്ണൂരിലെത്തി പിണറായി വിജയന് രണ്ടുകോടി രൂപ നല്‍കുമ്പോള്‍ താന്‍ ഒപ്പമുണ്ടായിരുന്നു, കനാറാ ബാങ്കിന്റെ എറണാകുളം ശാഖയില്‍ നിന്നാണ് ദിലീപ് രാഹുലന്‍ പണം പിന്‍വലിച്ചത് എന്നൊക്കെയായിരുന്നു ഈ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഫ്ളാറ്റില്‍നിന്ന് ബാങ്കിലേയ്ക്കു പോകുമ്പോള്‍ വലിയ ബാഗെടുത്ത് കാറിന്റെ ഡിക്കിയില്‍ വെച്ചു, ബാങ്ക് സമയം കഴിഞ്ഞാണ് ചെന്നതെങ്കിലും മാനേജര്‍ കാത്തിരിക്കുകയായിരുന്നു, ദിലീപിന്റെ സിയലോ കാര്‍ ഓടിച്ചത് ദീപക് കുമാറായിരുന്നു, പണമെടുത്ത ദിവസം തങ്ങിയത് കോഴിക്കോട് ഹോട്ടലില്‍. തൊട്ടുപിറ്റേന്ന് കണ്ണൂരിലേയ്ക്ക്, തലശേരിയിലെത്തിയപ്പോള്‍ വഴി കാണിക്കാന്‍ വേറൊരു കാറെത്തി, അതിനെ പിന്തുടര്‍ന്ന് പിണറായി വിജയന്റെ വീട്ടിലെത്തി എന്നിങ്ങനെയുളള വിശദാംശങ്ങളോടെയായിരുന്നു വാര്‍ത്ത. ആരോപണത്തിലൊന്നും ഒരു വാസ്തവവും സിബിഐയ്ക്കു കണ്ടെത്താനായില്ല. അതും പൊളിഞ്ഞു പോയി.

കോണ്‍ഗ്രസിന്റെ പ്രതികരണം

അസ്വാഭാവികം എന്നായിരുന്നു സിബിഐ കോടതി വിധിയോട് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. നിയമവാഴ്ചയ്ക്കു വിധേയമായി നീതി തേടുന്നത് അവരെ സംബന്ധിച്ചിടത്തോളം അസ്വാഭാവികം തന്നെയാണ്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി കൈക്കൊണ്ട നിലപാടുകളുമായി ചേര്‍ത്തുവേണം, ആ അസ്വാഭാവികതയെ മനസ്സിലാക്കേണ്ടത്. പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് സുപ്രിംകോടതി വരെ വിധിപറഞ്ഞ കേസാണ് പാമോയില്‍ കേസ്. ആ കുറ്റപത്രം റദ്ദാക്കാന്‍ കെ. കരുണാകരന്‍ പരമോന്നത കോടതി വരെ കയറിയിറങ്ങിയതുമാണ്. ഫലമുണ്ടായില്ല. പാമോയില്‍ കേസിന് മെരിറ്റുളളതുകൊണ്ടാണ് ആ കേസിലെ പ്രതിയായിരുന്ന മുന്‍ ചീഫ് സെക്രട്ടറി പി ജെ തോമസിന് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ സ്ഥാനം നഷ്ടമായത്. ആ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഇപ്പോഴും സംശയദൃഷ്ടിയില്‍ തന്നെയാണ്. പാമോയില്‍ ഇറക്കുമതിയെ എതിര്‍ത്തുകൊണ്ട് ധനവകുപ്പ് സ്വീകരിച്ച നിലപാട് മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചു എന്ന ആരോപണത്തിന് ഇതുവരെ തൃപ്തികരമായ മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു കഴിഞ്ഞിട്ടുമില്ല. മലേഷ്യന്‍ കമ്പനി വാഗ്ദാനം ചെയ്തതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് പാമോയില്‍ നല്‍കാമെന്നു സമ്മതിച്ചുകൊണ്ടുളള ക്വട്ടേഷനുകളും ഉമ്മന്‍ചാണ്ടിയുടെ മുന്നിലുണ്ടായിരുന്നു. ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെച്ചതാണ് പാമോയില്‍ അഴിമതി. ഇറക്കുമതിയുടെ അത്യാവശ്യമോ വിലയോ കോടതിയെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ദീപാവലിയുടെയും മകരസംക്രാന്തിയുടെയുമൊക്കെ പേരു പറഞ്ഞാണ് ഇറക്കുമതിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി തരപ്പെടുത്തിയത്. ഇതൊക്കെ ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രികോടതിയും പറഞ്ഞത്. ആ കേസ് പിന്‍വാതില്‍ വഴി പിന്‍വലിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. വിചാരണയ്ക്കു കീഴടങ്ങി നിരപരാധിത്വം തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു താല്‍പര്യമില്ല. അധികാരം ഉപയോഗിച്ച് കേസ് പിന്‍വലിച്ച് രക്ഷപ്പെടാമെന്നാണ് അദ്ദേഹം കരുതുന്നത്.

2005ല്‍ അദ്ദേഹം നടത്തിയ നീക്കം ഫലിച്ചില്ല. ഒടുവില്‍ താന്‍കൂടി കേസില്‍ കുടുങ്ങും എന്ന ഘട്ടം വന്നപ്പോള്‍ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി എന്ന അധികാരം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാനാണ് ശ്രമം. സോളാര്‍ തട്ടിപ്പുകേസിലും കോടതിയെ അഭിമുഖീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു ഭയമാണ്. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം ഉമ്മന്‍ചാണ്ടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണ്. നിര്‍ഭയമായും സ്വാധീനത്തിനു വഴങ്ങാതെയും പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയാണെങ്കില്‍, ശ്രീധരന്‍ നായര്‍ കോടതിയ്ക്കു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണം. പക്ഷേ അതല്ല സംഭവിച്ചത്. നിയമവാഴ്ചയില്‍ വിശ്വാസമുളളവരുടെ ദൃഷ്ടിയില്‍ ഇതൊക്കെയാണ് അസ്വാഭാവികമായ പെരുമാറ്റവും പ്രവൃത്തിയും.

ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്റെമേല്‍ ചുമത്തപ്പെട്ട കുറ്റപത്രത്തിന് നിലനില്‍പ്പില്ലെന്ന് കോടതിയാണ് കണ്ടെത്തിയത്. കോടതിയില്‍ നിന്ന് പിണറായി വിജയന് നീതി ലഭിക്കാതിരിക്കാനും ആസൂത്രിതമായ ശ്രമം നടന്നിരുന്നു. അതിനെയും അതിജീവിച്ചാണ് ഇപ്പോള്‍ ഈ വിധി പുറത്തുവന്നത്. പാമോയില്‍, സോളാര്‍ കേസുകളില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടും ലാവ്ലിന്‍ കേസില്‍ സിപിഎമ്മും പിണറായി വിജയനും സ്വീകരിച്ച നിലപാടും തമ്മില്‍ ഒരു താരതമ്യവുമില്ല. ജനങ്ങളോടു പറയാനുളളത് ജനങ്ങളോടു പറഞ്ഞും കോടതിയോടു പറയാനുളളത് കോടതിയോടു പറഞ്ഞുമാണ് ലാവ്ലിന്‍ കേസില്‍ നിന്ന് പിണറായി വിജയന്‍ പുറത്തുവന്നത്. സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നടുവില്‍ നിന്ന് ഒരിക്കലും സിപിഐഎം ഒളിച്ചോടിയില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരപവാദത്തിന്റെയും മുന്നില്‍ തലകുനിച്ചില്ല. കേസില്‍ നിന്നൊഴിവാകാന്‍ ഒരു വളഞ്ഞ വഴിയും സ്വീകരിച്ചതുമില്ല. രാഷ്ട്രീയമായി ജനങ്ങളെയും നിയമപരമായി നിഷ്പക്ഷനായ ന്യായാധിപന്റെ നീതിബോധത്തെയുമാണ് സിപിഐഎം വിശ്വസിച്ചത്. അതു തെറ്റിയില്ല. ഇനി ആത്മപരിശോധന നടത്തേണ്ടത് അപവാദങ്ങളുടെ സ്രഷ്ടാക്കളും ഉപജാപകരും അവര്‍ക്കു വഴങ്ങിയ മാധ്യമങ്ങളുമാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

Wednesday, November 6, 2013

അഗ്നിപരീക്ഷയില്‍ ചെറുചൂടേല്‍ക്കാതെ

അഗ്നിപരീക്ഷ കടന്ന് ചെറുചൂടുപോലുമേല്‍ക്കാതെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറത്തുവരുമ്പോള്‍ എരിഞ്ഞമരുന്നത് രാഷ്ട്രീയ കുടിലതന്ത്രങ്ങളുടെ കളങ്കപ്പെട്ട രാവണന്‍കോട്ടകളാണ്. നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന കണക്കുകൂട്ടലോടെ നീക്കിയ ഗൂഢാലോചനയുടെ കരുക്കളാണ് സിബിഐ കോടതി വിധിയോടെ ചൊവ്വാഴ്ച ചിതറിത്തെറിച്ചത്.

സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി സിഎജി ഒരു വിശദീകരണം ചോദിച്ചത് മുന്‍നിര്‍ത്തിയായിരുന്നു അഴിമതിയാരോപണത്തിന്റെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിത്തുടങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ യഥാസമയത്ത് വസ്തുനിഷ്ഠമായ മറുപടി നല്‍കിയിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നതേയുള്ളൂ അത്. അത് ചെയ്തില്ല. കാരണം, രാഷ്ട്രീയമുതലെടുപ്പിനുള്ള അനന്തസാധ്യതകളിലേക്ക് കടക്കാനുള്ള അവസരമായി അതിനെ ഉപയോഗിക്കാമെന്ന കണക്കുകൂട്ടല്‍തന്നെ. പക്ഷേ, സത്യം എത്രനാള്‍ മറച്ചുവയ്ക്കും? ആരോപണത്തിന്റെ മുനയൊടിക്കുന്ന വസ്തുതകള്‍ പിന്നീട് യുഡിഎഫ് കാലത്തുതന്നെ വൈദ്യുതിബോര്‍ഡ് സിഎജിക്ക് നല്‍കിയ വിവരങ്ങളിലുണ്ടായിരുന്നു. എന്നാല്‍, അതിന് നേര്‍വിപരീതമായ പ്രചാരണങ്ങളിലൂടെയും നീക്കങ്ങളിലൂടെയും അതിനിടെത്തന്നെ ലാവ്ലിന്‍ കരാര്‍ കേരളം കണ്ട വലിയ അഴിമതിയാണെന്ന പ്രതീതി ഇവിടെ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

നിയമക്രമങ്ങളെയും നടപടിക്രമങ്ങളെയുമൊക്കെ അട്ടിമറിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സിഎജി റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ അത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുകയാണ് സാധാരണ ചെയ്യുക. ഇവിടെ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കുകപോലും ചെയ്യാതെ നേരിട്ടുതന്നെ വിജിലന്‍സ് അന്വേഷണമായി. ആദിവാസി സമരം അതിരൂക്ഷമാവുകയും യുഡിഎഫ് സര്‍ക്കാര്‍ അതിനുമുന്നില്‍ നിസ്സഹായമാവുകയും ചെയ്തപ്പോള്‍ ശ്രദ്ധതിരിക്കാനുള്ള തന്ത്രംകൂടിയായിരുന്നു അത്.

വിജിലന്‍സ് അന്വേഷണം പിണറായി വിജയനെ കുരുക്കിക്കൊള്ളുമെന്ന് അവര്‍ കരുതി. ആ വിശ്വാസംകൊണ്ടാണ് വിജിലന്‍സ് അന്വേഷണം തൃപ്തികരമാംവിധം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭ അന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഉപേന്ദ്രവര്‍മയായിരുന്നു അന്ന് വിജിലന്‍സ് ഡയറക്ടര്‍. വിജിലന്‍സ് വകുപ്പിന്റെ ഭരണാധികാരി ഉമ്മന്‍ചാണ്ടിയും. പക്ഷേ, ഉമ്മന്‍ചാണ്ടി പറയുന്നത് എഴുതി ഒപ്പിട്ടുകൊടുക്കുന്നയാളായിരുന്നില്ല, സത്യത്തിന്റെ വഴിയേ സഞ്ചരിക്കുന്നയാളായിരുന്നു ഉപേന്ദ്രവര്‍മ. അതുകൊണ്ടുതന്നെ അദ്ദേഹം അന്വേഷിച്ച് കണ്ടെത്തിയ സത്യംതന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഴുതി: പിണറായി ക്രമവിരുദ്ധമായി എന്തെങ്കിലും ചെയ്തതിന് തെളിവില്ല. പിണറായിയെ പ്രതിയാക്കാനാകില്ല എന്നു വന്നപ്പോള്‍, ആ റിപ്പോര്‍ട്ടെഴുതിയ ഉപേന്ദ്രവര്‍മയെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.

രണ്ടാഴ്ചമുമ്പ് വിജിലന്‍സ് അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നുവെന്നെഴുതി ഹൈക്കോടതിയില്‍ കൊടുത്ത ഉമ്മന്‍ചാണ്ടിക്ക് പൊടുന്നനെ വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്തിയില്ലാതായി. രാഷ്ട്രീയശത്രുവിനെ കുരുക്കാന്‍ സഹായിക്കുന്നില്ല വിജിലന്‍സ് അന്വേഷണമെങ്കില്‍ പിന്നെ അദ്ദേഹത്തിന് എന്ത് തൃപ്തി! വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഫ്രീസറിലേക്കുമാറ്റി! അങ്ങനെയിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ വ്യാജപ്രചാരണവുമായി ഇറങ്ങാനാകില്ല. വ്യാജപ്രചാരണത്തിന് അരങ്ങൊരുക്കാന്‍ എന്തുവഴി എന്നായി പിന്നീട് ആലോചന. അങ്ങനെയാണ് ഇലക്ഷന്‍ കമീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിബിഐ അന്വേഷണം നിശ്ചയിച്ചത്. സിബിഐ ആണെങ്കില്‍, ഇതിനിടെ കേസ് സമഗ്രമായി പഠിച്ച് തങ്ങള്‍ക്ക് അന്വേഷിക്കാനുള്ളത്ര ഗൗരവമുള്ള ഒന്നും ഈ കേസിലില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും അതേ സിബിഐയെ അന്വേഷണം ഏല്‍ച്ചിച്ചു. "കൂട്ടിലടച്ച തത്ത" എന്നാണല്ലോ സുപ്രീംകോടതിപോലും പിന്നീട് സിബിഐയെ വിശേഷിപ്പിച്ചത്. കൂട്ടിലെ തത്ത യജമാനന്‍ ചൊല്ലിക്കൊടുത്തതുതന്നെ പാടി: പിണറായി വിജയന്‍ അങ്ങനെയാണ് പ്രതിയാകുന്നത്! സിബിഐ റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും അതിന്റെ സ്ഥാപകന്‍ ഇന്നയാളാണെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം കോണ്‍ഗ്രസ് നേതാവാണ്. അതുകൊണ്ട് പ്രതിയായില്ല. ലാവ്ലിന്‍ കമ്പനിയുമായി ചര്‍ച്ച തുടങ്ങിയതും ധാരണാപത്രം ഒപ്പുവച്ചതും ആദ്യകരാര്‍ ഒപ്പുവച്ചതുമൊക്കെ ഈ "സ്ഥാപകന്‍" ആണ്. എന്നിട്ടും അദ്ദേഹം പ്രതിയല്ല. പിണറായി വിജയന്‍ കമ്യൂണിസ്റ്റാണ്. അതുകൊണ്ട് അദ്ദേഹം പ്രതി! മറ്റേയാള്‍ക്കെതിരെ തെളിവില്ല എന്നാണ് സിബിഐ പറഞ്ഞത്. തെളിവില്ലെങ്കില്‍പ്പിന്നെ എന്തിന്റെയടിസ്ഥാനത്തില്‍ അദ്ദേഹം ഗൂഢാലോചനയുടെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിച്ചു? സിബിഐക്ക് ഉത്തരമില്ല. പിണറായി വിജയനെ പ്രതിയാക്കാന്‍ സിബിഐയുടെ പക്കല്‍ വല്ല തെളിവുമുണ്ടായിരുന്നോ? അതുമില്ല. എന്നിട്ടും പിണറായി പ്രതി! കേസിന്റെ ഒരു ഘട്ടത്തില്‍ സിബിഐക്കുതന്നെ കോടതിയില്‍ പറയേണ്ടിവന്നു; പിണറായി വ്യക്തിപരമായി നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന്. അപ്പോള്‍ കോടതി ചോദിച്ചു; പിന്നെന്തിന്റെയടിസ്ഥാനത്തില്‍ പിണറായിയെ പ്രതിയാക്കി? സിബിഐക്ക് അപ്പോഴും ഉത്തരമില്ല. അപ്പോഴൊക്കെ രാഷ്ട്രീയ ഗൂഢനാടകത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുകയായിരുന്നു.

ഔദ്യോഗികസ്ഥാനത്തിരുന്ന് നീതിയുക്തമെന്ന് സ്വയം ബോധ്യപ്പെട്ട് ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണാധികാരികളെ തല്‍പ്പരകക്ഷികള്‍ ദ്രോഹിക്കുന്നത് ഒഴിവാക്കാന്‍ നിയമപരമായ ഒരു പരിരക്ഷയുണ്ട്. ആ പരിരക്ഷ പിണറായി വിജയന്റെ കാര്യത്തില്‍ ബാധകമല്ലാതായി. പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ 19(1) വകുപ്പും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ 197-ാം വകുപ്പും ആ വിധത്തിലുള്ളവരുടെ പ്രോസിക്യൂഷന് പ്രത്യേകാനുമതി വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ശല്യവ്യവഹാരങ്ങളാല്‍ വലയ്ക്കുന്നത് തടയാനാണ്. ആ പരിരക്ഷയാണ് ഇവിടെ, സര്‍ക്കാര്‍ നിശ്ചയിച്ചിട്ട് നിഷേധിക്കപ്പെട്ടത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണറെ ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ അനുമതി പ്രശ്നം വന്നപ്പോള്‍ ഗവര്‍ണര്‍ ആദ്യം ചെയ്തത് മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് താനെന്ന ശരിയായ ബോധ്യത്തിന്റെതന്നെ അടിസ്ഥാനത്തിലാവണമല്ലോ ഇത്. മന്ത്രിസഭയാകട്ടെ, സ്വന്തം നിലയ്ക്ക് തീരുമാനിക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുകയും ആ ഉപദേശത്തിന്റെയടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ല എന്നും നിയമപരമായ പരിരക്ഷ പിണറായി വിജയന്‍ അര്‍ഹിക്കുന്നുവെന്ന് ശുപാര്‍ശചെയ്യുകയുമാണുണ്ടായത്. അപ്പോഴാണ് ഗവര്‍ണറെ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തവിധം ഉമ്മന്‍ചാണ്ടിയും കൂട്ടരും രാജ്ഭവനിലേക്ക് പോവുകയും സമരങ്ങള്‍ തുടങ്ങുകയും ചെയ്തത്. ഗവര്‍ണര്‍ ഭരണഘടനാബാഹ്യമായ സ്രോതസ്സില്‍നിന്ന് കിട്ടിയെന്നുപറയുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാതീരുമാനം തള്ളുന്നത് അങ്ങനെയാണ്. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഗവര്‍ണര്‍ സിബിഐക്ക് നേരിട്ട് അനുമതി കൊടുത്തു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടി! ഗവര്‍ണര്‍ എതിര്‍വാദക്കാര്‍ക്ക് ചെവികൊടുത്തു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പറയാനുള്ളതെന്തെന്ന് പറയാനുള്ള അവകാശം നിഷേധിക്കുകയുംചെയ്തു. മന്ത്രിസഭയുടെ ഉപദേശം മാത്രമല്ല, സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിതീര്‍പ്പുകൂടിയാണ് അപ്പോള്‍ കാറ്റില്‍ പറത്തപ്പെട്ടത്. ഓരോ ഘട്ടത്തിലും രാഷ്ട്രീയ ഇടപെടലുകളാണ് പിണറായിക്കെതിരായ കേസിനെ നയിച്ചത് എന്നര്‍ഥം.

പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം, അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയുംചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്.

പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറിവന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി.

സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍, ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയതലത്തില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്. ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. മുംബൈയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്.

ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍, അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം. മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാകുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്നു കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റു ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി സിപിഐ എം ആണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍, അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ.

കോടതിയുടെ അന്തിമവിധി തീര്‍പ്പുവന്ന സാഹചര്യത്തില്‍, കള്ളപ്രചാരണങ്ങളുടെ കരിങ്കോട്ടകള്‍ സത്യത്തിന്റെ ഇടിമിന്നലില്‍ തകര്‍ന്നടിത്ത സാഹചര്യത്തില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഒരു പൊതുപ്രവര്‍ത്തകനെ നിരവധി വര്‍ഷങ്ങള്‍ വേട്ടയാടിയതു മുന്‍നിര്‍ത്തി ആരോപണം ഉന്നയിച്ചവരും അതിന് വിശ്വാസ്യത പകര്‍ന്നുകൊടുക്കാന്‍ നോക്കിയവരും മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ഉള്ളില്‍ ബാക്കിയുണ്ടെങ്കില്‍ പിണറായി വിജയനോട് ഒരു വാക്ക് പറയേണ്ടിയിരിക്കുന്നു: ക്ഷമിക്കണം എന്ന വാക്ക്. അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്ന് പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ആ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്. ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ അവതാരകനും ഇവരോട് ചോദിച്ചില്ല.

*
പ്രഭാവര്‍മ

ലാവ്ലിന്‍ സിബിഐ പ്രത്യേക കോടതി വിധി: സത്യത്തിന്റെ വിജയം

ലാവ്ലിന്‍ കേസിന്റെ പേരില്‍ സിബിഐ കെട്ടിച്ചമച്ച ആരോപണങ്ങളത്രയും സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതംചെയ്യുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയ കോടതിവിധി ചരിത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. പള്ളിവാസല്‍- ചെങ്കുളം- പന്നിയാര്‍ നവീകരണപദ്ധതിയുടെ തുടക്കം യുഡിഎഫ് ഭരണത്തില്‍ ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോഴാണ്. ക്യാനഡയിലെ ലാവ്ലിന്‍ കമ്പനിയുമായി നവീകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടതും യുഡിഎഫ് ഭരണകാലത്തുതന്നെ. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത് നവീകരണപദ്ധതിക്കുവേണ്ടി ചെലവഴിച്ച തുകയ്ക്കു സമാനമായ നേട്ടമുണ്ടായില്ല എന്നാണ്. ഈ കണ്ടെത്തലും വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് തെളിഞ്ഞു. നവീകരണത്തിന്റെ ഫലമായി ഗണ്യമായ ഉല്‍പ്പാദനവര്‍ധനയുണ്ടായി എന്നതാണ് അനുഭവം. ഈ റിപ്പോര്‍ട്ടിന്റെ പേരിലാണ് യുഡിഎഫ് നേതാക്കളും പത്രമാധ്യമങ്ങളും ടിവി ചാനലുകളും പിണറായി വിജയനെതിരെ അഴിമതിയാരോപണം തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നത്. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചുള്ള കള്ളക്കഥകളാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും മാധ്യമ സിന്‍ഡിക്കറ്റായി പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത കൈവരുത്താനാണ് ഒരേ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരുടെ സമ്മര്‍ദത്തിനു വഴങ്ങി ലാവ്ലിന്‍ കേസ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടു. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതെ വന്നപ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ മുമ്പില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണുണ്ടായത്. വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചുനോക്കിയ ഉമ്മന്‍ചാണ്ടി, പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ കാണാതെ വന്നപ്പോള്‍ ക്ഷുഭിതനായി. വിജിലന്‍സ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി. 2006 ജനുവരി ഒന്നിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്കു പുറമെ ലാവ്ലിന്‍ വിഷയം അവതരിപ്പിച്ച് ചര്‍ച്ച നടത്തി കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അപ്രസക്തമാണെന്നായിരുന്നു സിബിഐയുടെ അഭിപ്രായം. തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. സിബിഐയുടെ ഉപദേശം അംഗീകരിച്ചു. തുടര്‍ന്ന് ഒരു സ്വകാര്യ അന്യായത്തിന്മേല്‍ ഹൈക്കോടതിവിധി അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തതും അന്വേഷണം പൂര്‍ത്തിയാക്കിയതും.

ലാവ്ലിന്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അന്നുതന്നെ വ്യക്തമാക്കിയതാണ്. സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദംമൂലമാണ് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുമ്പുതന്നെ വ്യക്തമായതാണ്. സിബിഐ അന്വേഷണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിണറായിക്കെതിരായ കുറ്റപത്രം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിനായി അയച്ചുകൊടുത്തു. കുറ്റപത്രം സൂക്ഷ്മമായി വായിച്ചു പഠിച്ച അഡ്വക്കറ്റ് ജനറല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രോസിക്യൂഷന്‍ നടപടി അനാവശ്യമാണെന്നും സര്‍ക്കാരിനെ ഉപദേശിച്ചു. ഈ ഘട്ടത്തിലാണ് സംസ്ഥാന ഗവര്‍ണറുടെ മേല്‍ സ്വാധീനവും സമ്മര്‍ദവും ചെലുത്തി ക്രമവിരുദ്ധമായി പ്രോസിക്യൂഷനുള്ള ഉത്തരവുണ്ടായത്. പ്രോസിക്യൂഷന്‍ നടപടി അനന്തമായി നീണ്ടുപോയ സാഹചര്യത്തില്‍ കേസില്‍നിന്ന് ലാവ്ലിന്‍ ഉടമകളെ ഒഴിവാക്കി വിചാരണ നടത്തണമെന്ന് പിണറായി വിജയന്‍ കോടതിയോട് അപേക്ഷിച്ചു. ഈ അപേക്ഷ കോടതി അനുവദിക്കുകയാണുണ്ടായത്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് നിരാശയുണ്ടായി. കേസ് വാദിച്ച പ്രോസിക്യൂഷന്‍ അഭിഭാഷകനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍വരെ തല്‍പ്പരകക്ഷികള്‍ തയ്യാറായി. പിണറായി ആകട്ടെ, പ്രതിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന അപേക്ഷയും കോടതിമുമ്പാകെ സമര്‍പ്പിച്ചു. ഈ അപേക്ഷ ശ്രദ്ധാപൂര്‍വം പരിഗണിക്കുകയും കുറ്റപത്രം സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തശേഷമാണ് സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയത്.

ഈ വിധിയോടെ ഒരു ദശാബ്ദത്തിലധികമായി പിണറായി വിജയനെതിരെ രാഷ്ട്രീയവിരോധത്തോടെ നടത്തിയ പ്രചാരവേലയുടെ ഇരുണ്ട അധ്യായം അവസാനിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ സിപിഐ എം തുടക്കംമുതല്‍ എടുത്ത നിലപാട് ശരിയാണെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുന്നു. പിണറായി വിജയന്‍ അഴിമതിക്കാരനല്ലെന്ന് വിധിച്ചിരിക്കുന്നു. ഈ വിധി സത്യത്തിന്റെ വിജയമാണ്. സിപിഐ എമ്മിന്റെയും പിണറായി വിജയന്റെയും മഹത്തായ വിജയമാണ്. പിണറായിക്കെതിരെ വൈരനിര്യാതനബുദ്ധിയോടെ ആരോപണമുന്നയിച്ചവര്‍ സ്വാഭാവികമായും നിരാശരായിരിക്കും. പാര്‍ടി ശത്രുക്കള്‍ എല്ലാ ഭാഗത്തുനിന്നും വരിഞ്ഞുമുറുക്കുകയായിരുന്നു എന്ന വസ്തുത പിണറായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. കോടതിവിധിയില്‍ ഞങ്ങള്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. പാര്‍ടിശത്രുക്കള്‍ക്കുണ്ടായ നിരാശയില്‍ സഹതപിക്കാനേ കഴിയൂ.

*
ദേശാഭിമാനി മുഖപ്രസംഗം 06 നവംബര്‍ 2013

Thursday, December 27, 2012

അതിവേഗ വിചാരണ മൗലികാവകാശം

ക്രിമിനല്‍ കേസില്‍ അതിവേഗവിചാരണ വേണം എന്നത് ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമാണ്. ഇന്ത്യന്‍ ഭരണഘടന, ക്രിമിനല്‍ കേസുകളില്‍ അതിവേഗവിചാരണ വേണം എന്നത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും സുപ്രീംകോടതിയുടെ പല വിധികളിലും അതിവേഗവിചാരണ നടന്നില്ലെങ്കില്‍ അത് പ്രതിയുടെ ജീവിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്ന 21-ാം അനുഛേദത്തിന്റെ ലംഘനമാകും എന്നു പറഞ്ഞിട്ടുണ്ട്.

ഇന്ന് പല ക്രിമിനല്‍ കേസുകളിലും ധാരാളം പ്രതികള്‍ വിചാരണ കാത്ത് ജയിലിലും ജയിലിനുപുറത്തും കാത്തിരിക്കുകയാണ്. നിയമത്തിന്റെ കണ്ണില്‍ കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണ് എന്ന് പറയുന്നുണ്ടെങ്കിലും സമൂഹത്തില്‍ ഇത്തരം പ്രതികളെ കുറ്റക്കാരായി കാണിക്കുകയും, പ്രതികള്‍ രാഷ്ട്രീയപ്രവര്‍ത്തകരാണെങ്കില്‍ രാഷ്ട്രീയമായി തേജോവധം ചെയ്യുകയും ചെയ്യുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതിവേഗവിചാരണയെപ്പറ്റി ക്രിമിനല്‍ നിയമങ്ങളില്‍ പറയുന്ന കാര്യങ്ങളും നമ്മുടെ കോടതികളും ലോ കമീഷന്‍ അധികാരികളും പറയുന്ന കാര്യങ്ങളും ഇവിടെ പ്രസക്തമാണ്.

ലോ കമീഷന്‍ അതിന്റെ വിവിധ റിപ്പോര്‍ട്ടുകളില്‍ ക്രിമിനല്‍ കേസുകളിലെ അതിവേഗവിചാരണയെപ്പറ്റി വിശദമായി പറയുന്നുണ്ട്. ഇന്റര്‍നാഷണല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് 1966ലെ 14-ാം അനുഛേദം പറയുന്നത് അതിവേഗ വിചാരണ എന്ന അവകാശത്തെപ്പറ്റിയാണ്. യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സിലെ അനുഛേദം 3 പറയുന്നതും അതിവേഗവിചാരണ എന്ന അവകാശത്തെപ്പറ്റിയാണ്. അമേരിക്കയുടെഭഭരണഘടന അതിന്റെ 6-ാം ഭേദഗതി ക്രിമിനല്‍ കേസുകളില്‍ അതിവേഗവിചാരണ പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്നു.

ക്രിമിനല്‍ നടപടി നിയമം 309-ാം വകുപ്പ് പറയുന്നത് എല്ലാ ക്രിമിനല്‍ വിചാരണയും കഴിയുന്നതുംവേഗം നടത്തണമെന്നതാണ്. കേരള ഹൈക്കോടതി ക്രിമിനല്‍ കോടതികളിലെ നടത്തിപ്പിന് സഹായകരമായി ഉണ്ടാക്കിയ ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് ഇവിടെ പ്രസക്തമാണ്. ചട്ടം 16 പറയുന്നത് ഒരു ക്രിമിനല്‍ കേസില്‍ ഒന്നിലധികം പ്രതികള്‍ ഉണ്ടാകുകയും അതില്‍ ചില പ്രതികള്‍ മാത്രം കോടതിയില്‍ ഹാജരാകുകയും മറ്റു പ്രതികളെ ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഹാജരാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഹാജരായ പ്രതികളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് കേസ് വിചാരണ കാലതാമസമില്ലാതെ നിയമപരമായി പൂര്‍ത്തിയാക്കണം എന്നതാണ്. ചട്ടം 18അ പ്രകാരം സെഷന്‍സ് കോടതികള്‍ക്കുംമേല്‍ ചട്ടങ്ങള്‍ ബാധകമാണ്.

സുപ്രീംകോടതി, എ ആര്‍ ആന്‍തുലെ & അദേര്‍സ് ഢെ. ആര്‍ എസ് നായക് & അനദര്‍ എന്ന കേസില്‍ ക്രിമിനല്‍ കേസിലെ അതിവേഗവിചാരണയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് മേല്‍പറഞ്ഞ വിധിയിലെ 86-ാം ഖണ്ഡികയില്‍ പറഞ്ഞ പതിനൊന്ന് നിഗമനങ്ങള്‍ വളരെ പ്രസക്തമാണ. അവയുടെ ചുരുക്കം ഇതാണ്.

(1) അതിവേഗവിചാരണ ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശങ്ങളില്‍ പെട്ടതാണ്.
(2) ഭരണഘടനയുടെ 21-ാം അനുഛേദം പ്രകാരമുള്ള അതിവേഗവിചാരണ ക്രിമിനല്‍ കേസിലെ എല്ലാ ഘട്ടങ്ങളിലുള്ള നടപടികള്‍ക്കും ബാധകമാണ്, എന്നുപറഞ്ഞാല്‍ അന്വേഷണം, വിചാരണ, അപ്പീല്‍, റിവിഷന്‍, പുനര്‍വിചാരണ എന്നിവയെല്ലാം അതിവേഗം തീര്‍ക്കുക എന്നത് പ്രതിയുടെ മൗലികാവകാശങ്ങളില്‍ പെട്ടതാണ്.
(3) അതിവേഗവിചാരണ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് വേണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ പ്രതികളുടെ വീക്ഷണത്തില്‍ പറഞ്ഞാല്‍; (എ) അനാവശ്യമായി പ്രതികളെ ശിക്ഷയ്ക്കുമുമ്പ് ജയിലിലടയ്ക്കാതിരിക്കുക. (ബി) പ്രതിയുടെ മാനസികാവസ്ഥ, ചെലവ്, അദ്ദേഹത്തിന്റെ തൊഴിലിലുണ്ടാകുന്ന ബുദ്ധിമുട്ട്, സമാധാനം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള അന്വേഷണം, വിചാരണ എന്നിവയുടെ കാലതാമസം. (സി) അനാവശ്യ കാലതാമസം പ്രതിയുടെ കേസ് നടത്തിപ്പിനെത്തന്നെ ബാധിക്കും.
(4) കോടതികളില്‍ അതിവേഗവിചാരണയുടെ ആവശ്യം ഉയര്‍ത്തുമ്പോള്‍ പ്രതികള്‍തന്നെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
(5) അതിവേഗവിചാരണയില്‍ തീരുമാനമെടുക്കുമ്പോള്‍ കേസിലെ സാക്ഷികളുടെ എണ്ണം, പ്രതികളുടെ എണ്ണം, കോടതിയുടെ ജോലി എന്നീ കാര്യങ്ങള്‍ കൂടി വിലയിരുത്തണം.
(6) എല്ലാത്തരം കാലതാമസവും പ്രതിയുടെ അവകാശലംഘനമാകുകയില്ല.
(7) അതിവേഗവിചാരണ വേണം എന്ന് പ്രതി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അത് പ്രതിയുടെ അവകാശമാണ്.
(8) കോടതി എല്ലാ സാഹചര്യവും വിലയിരുത്തി അതിവേഗ വിചാരണ നടന്നിട്ടുണ്ടോ എന്ന് തീരുമാനിക്കണം.
(9) അതിവേഗവിചാരണ എന്ന പ്രതിയുടെ അവകാശം ലംഘിച്ചു എന്ന് കോടതിക്ക് തോന്നുകയാണെങ്കില്‍ പ്രതിക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തലാക്കേണ്ടതാണ്. അതല്ലെങ്കില്‍ മറ്റ് നടപടികളും കോടതികള്‍ക്ക് എടുക്കാവുന്നതാണ്.
(10) ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ തീര്‍ക്കണമെന്ന് പറയാന്‍ സാധ്യമല്ല.
(11) അതിവേഗവിചാരണയ്ക്ക് വേണ്ടിയുള്ള ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കാവുന്നതാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞ പതിനൊന്ന് കാര്യങ്ങളും ഇപ്പോള്‍ കോടതികള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നത് സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ട കാര്യമാണ്.

നിയമവും കോടതികളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. കോടതികള്‍ നിയമങ്ങള്‍ അനുസരിക്കുകയും കോടതിവിധികള്‍ കോടതികള്‍തന്നെ ബഹുമാനിക്കുകയും ചെയ്തില്ലെങ്കില്‍ സമൂഹം കോടതികളെയും നിയമങ്ങളെയും പരിഹസിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവിടെയാണ് ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സ്ഥിതി വരുന്നത്. അവിടെയാണ് അരാജകത്വം വളരുന്നത്. മേല്‍ പറഞ്ഞ ഭരണഘടനാ ബെഞ്ച് വിധി പിന്നീട് രാജ്ദിയോ ശര്‍മ v/s സ്റ്റേറ്റ് ഓഫ് ബിഹാര്‍ (1999 (1)  173) എന്ന കേസിലും ഇതിന് തുടര്‍ച്ചയായി ഇതേ കേസില്‍ പിന്നീട് പുറപ്പെടുവിച്ച വിധിയിലും പ്രതിപാദിച്ചിട്ടുണ്ട്. ആന്തുലെ കേസിനേക്കാള്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ രാജ്ദിയോ ശര്‍മ കേസില്‍ സുപ്രീംകോടതി പ്രസ്താവിച്ചു. പക്ഷേ, ഇതൊന്നും നടപ്പില്‍ വരുന്നില്ല. ചുരുക്കം പറഞ്ഞാല്‍ മേല്‍ കോടതിയുടെ വിധികള്‍ കീഴ് കോടതികള്‍ അത് ഉദ്ദേശിക്കുന്ന തലത്തിലേക്ക് കാണുന്നില്ല എന്നതാണ്. ഇത് വേദനാജനകമാണ്.

ക്രിമിനല്‍ കേസുകളില്‍ വിചാരണകളില്‍ ഉണ്ടാകുന്ന കാലതാമസം, ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ക്രിമിനല്‍ നടപടി നിയമവും കേരള ഹൈക്കോടതി പുറപ്പെടുവിച്ച ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസും സുപ്രീംകോടതി വിധികളും പുസ്തകങ്ങളിലും കടലാസിലുമായി ഒതുങ്ങുകയാണ്. അതിവേഗവിചാരണ വേണമെന്നുപറഞ്ഞ് ഒരു പൗരന്‍ അല്ലെങ്കില്‍ ഒരു പ്രതി കോടതികളെ സമീപിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുകയും കോടതിയെ സമീപിച്ചയാളെ തേജോവധം ചെയ്യുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. കേരളത്തിലെ ജയിലുകളില്‍ നൂറുകണക്കിന് സാധാരണക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും വിചാരണ കാത്ത് അനാവശ്യ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജയിലിന് പുറത്തുള്ള നിരപരാധികളായ പ്രതികള്‍ അതിവേഗവിചാരണ വേണമെന്നുപറഞ്ഞ് കോടതികളെ സമീപിക്കുമ്പോള്‍ അത് ദുഷ്പ്രചാരണങ്ങളിലൂടെ കോടതികളിലെ വിധിയെത്തന്നെ സ്വാധീനിക്കാന്‍ തക്കവണ്ണമുള്ള സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്ക് ക്രിമിനല്‍ കേസുകളിലെ അതിവേഗവിചാരണ എന്ന അവകാശവും ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

*
അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍ ദേശാഭിമാനി 25 ഡിസംബര്‍ 2012

Wednesday, December 21, 2011

അഗ്നിപരീക്ഷയില്‍ കരിഞ്ഞത് ആരുടെ ചിറകുകള്‍ ?

സൂര്യനില്‍നിന്ന് ഒളിഞ്ഞുനില്‍ക്കാം; എന്നാല്‍ മനഃസാക്ഷിയുടെ സൂര്യനില്‍നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറും? ഗ്രീക്ക് മിഥോളജിയില്‍നിന്നുള്ള ഈ ചോദ്യം മനഃസാക്ഷിയുള്ളവര്‍ക്കേ ബാധകമാവൂ. എങ്കിലും ലാവ്ലിന്‍ സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ , ആരോപണകര്‍ത്താക്കള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ബാക്കിനില്‍ക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ ഒരു പൊതുപ്രവര്‍ത്തകനെ ദീര്‍ഘകാലം ക്രൂരമായി വേട്ടയാടിയത് മുന്‍നിര്‍ത്തി ഒരു വാക്ക് സമൂഹത്തോട് പറയേണ്ടതുണ്ട് - ക്ഷമിക്കണം എന്ന വാക്ക്. ക്ഷമിക്കണം എന്നുപറയാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സിബിഐ റിപ്പോര്‍ട്ടിലൂടെ വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും പകയുടെ ഭാഷ ഇവരില്‍ പലരില്‍നിന്നും പോവുന്നില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഇതുസംബന്ധിച്ച ചില ചാനല്‍ ചര്‍ച്ചകള്‍ . തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട സത്യത്തിന്റെ ഇടിമിന്നലേറ്റ് തകര്‍ന്നുകിടക്കുമ്പോഴും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വീണ്ടും അസത്യത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാനാവുമോ എന്ന് വൃഥാ നോക്കുകയായിരുന്നു ചിലര്‍ .

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഏതവസരവും ദുരുപയോഗിക്കാറുള്ളവരെ തെരഞ്ഞുപിടിച്ച് "നിഷ്പക്ഷ നിരീക്ഷകര്‍" ആക്കി അവതരിപ്പിക്കുകയാണ് പല ചാനലുകളും ചെയ്തത്. ഇവര്‍ക്ക് പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ല. വിരോധമുള്ളത് സിപിഐ എമ്മിനോടാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അതിനെ നയിക്കുന്നുവെന്നതിനാല്‍ ആ വിരോധമെല്ലാം പിണറായി വിജയനില്‍ വന്നുപതിക്കുന്നുവെന്നുമാത്രം. പാര്‍ടിനേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ പാര്‍ടിയുടെ വിശ്വാസ്യത തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെപ്പോലും പോറലേല്‍ക്കാതെ പുറത്തുവന്ന പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന നിലയിലായി ചില ചാനല്‍ ചര്‍ച്ചകള്‍ . എല്ലാ അന്വേഷണങ്ങളിലും ഒരുപോലെ കുറ്റവിമുക്തനായി നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു രേഖയുടെയോ തെളിവിന്റെയോ പിന്‍ബലമില്ലാതെ കല്‍പ്പിത കഥകളുണ്ടാക്കി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് ഉചിതമോ എന്ന് ചാനലുകള്‍ ചിന്തിക്കട്ടെ. ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതിന് തെളിവുണ്ട് എന്ന് ഇപ്പോഴും പറയാന്‍ ധൈര്യപ്പെടുന്ന ഈ "നിഷ്പക്ഷ" നിരീക്ഷകന്മാരോട്, ആ തെളിവുകള്‍ കൊണ്ടുപോയി സിബിഐക്ക് കൊടുക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക് എന്നെങ്കിലും ചോദിക്കാനുള്ള ധാര്‍മിക ചുമതലയുണ്ടായിരുന്നില്ലേ ഈ ടിവി ആങ്കര്‍മാര്‍ക്ക്?

പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ഈ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്.

ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ ആങ്കറും ഇവരോട് ചോദിച്ചില്ല. ഇല്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുവശത്ത് തീവ്രശ്രമം നടത്തുന്ന ഇക്കൂട്ടര്‍ മറുവശത്ത് ഉള്ളത് കാണാന്‍ കൂട്ടാക്കാതിരിക്കുകകൂടി ചെയ്യുന്നുണ്ട്. ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രാഥമികഘട്ടത്തില്‍തന്നെ, ബന്ധപ്പെട്ട എല്ലാ ഫയലുകളും സമഗ്രമായി പഠിച്ചിട്ട് സിബിഐ കോടതിയെ അറിയിച്ചത്, തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൗരവമുള്ള ഒന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വിദ്യാര്‍ഥിപ്രക്ഷോഭം, ആദിവാസിപ്രക്ഷോഭം, കോണ്‍ഗ്രസിലെ ഭിന്നത, അവിശ്വാസപ്രമേയം എന്നിങ്ങനെ പലതുകൊണ്ടും യുഡിഎഫ് ആടിയുലഞ്ഞുനിന്ന ഘട്ടത്തിലാണ്, അതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാനെന്നോണം പൊടുന്നനെ ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്നത് കേവലനിരീക്ഷകര്‍ക്കുപോലുമറിയാം. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ നടന്ന ആ വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. സ്വന്തം ഭരണത്തിന്‍കീഴില്‍ സ്വന്തം വിജിലന്‍സിനെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ തെറ്റ് ചെയ്തിട്ടില്ല എന്നത് സ്ഥിരീകരിക്കപ്പെടുകയും ആ റിപ്പോര്‍ട്ട് ഫലത്തില്‍ യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും ചെയ്തതാണ്. ഇതും കണ്ടില്ലെന്ന് നടിക്കുന്നു. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറി വന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല.

ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കാണാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് കണ്‍കളേ ഇല്ല എന്നായി. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്ന് ഇക്കാലമത്രയും പറഞ്ഞിരുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യത്തിനനുഗുണമല്ല എന്നുവന്നതോടെ, അതും അസ്വീകാര്യമായി. ഒരു "ചാനല്‍ നിഷ്പക്ഷന്‍" കഴിഞ്ഞദിവസം പറഞ്ഞത് പിണറായിയുടെ അക്കൗണ്ട് പരിശോധിച്ച് അഴിമതി തെളിയിക്കാനാവുമെന്നതില്‍ അര്‍ഥമില്ല എന്നാണ്. ആദായനികുതി വകുപ്പുമുതല്‍ കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍വരെ ഇന്ത്യയിലാകെയും പുറത്തും സമഗ്രമായി അന്വേഷിച്ച് കണ്ടെത്തിയത് പിണറായിക്ക് ഇത്തരം ഒരു പണനിക്ഷേപവും എവിടെയുമില്ല എന്നാണ്. അക്കൗണ്ടുമാത്രം പരിശോധിച്ച് എഴുതുന്നവരല്ല അവര്‍ . എവിടേക്കും കൈയെത്തുന്ന ആ അന്വേഷണ ഏജന്‍സികളുടെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് ഇതേ വ്യവഹാരി കൊടുത്ത മറ്റൊരു കേസില്‍ ഹൈക്കോടതി മുമ്പാകെ ഇരിക്കുന്നുണ്ട്. മറ്റൊരു ചാനല്‍ നിഷ്പക്ഷന്‍ പറഞ്ഞത് "ടെക്നിക്കാലിയ" കടലാസ് സംഘടനയാണെന്നും പിണറായിയുടെ സൃഷ്ടിയാണത് എന്നുമാണ്. പരിയാരം മെഡിക്കല്‍കോളേജിനുവേണ്ടിയടക്കം പ്രവര്‍ത്തിച്ച സ്ഥാപനമാണത് എന്നും പിണറായി വിജയനല്ല, അദ്ദേഹത്തോട് രാഷ്ട്രീയ ശത്രുത മാത്രമുള്ള എം വി രാഘവനാണ് ടെക്നിക്കാലിയയെ അതിന് ചുമതലപ്പെടുത്തിയതെന്നും ആ "നിഷ്പക്ഷന്‍" അറിയണം!

സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍ , ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയ-പത്രാധിപത്യതലങ്ങളില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്. ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. ബോംബെയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്‍മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ , അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം.

മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാവുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റ് ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. എല്ലാ പുകിലുമടങ്ങുമ്പോള്‍ സിപിഐ എം വിജയപതാകയുമായി 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് മുന്നേറുന്നു; ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി എന്ന നിലയില്‍ .

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍ , അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ , സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കെത്തുന്ന വേളയില്‍ ആ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുംവിധം സത്യങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യമാകുന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ടും അതുതന്നെ വ്യക്തമാക്കുന്നു. അതിലുള്ള അസ്വസ്ഥതകളാണ് "ചാനല്‍ നിഷ്പക്ഷ"രുടെ പരിഭ്രാന്തികളില്‍ ഇപ്പോള്‍ പ്രതിഫലിച്ചുകാണുന്നത്. എല്ലാ അന്വേഷണങ്ങളിലും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തോട് മാപ്പുപറയേണ്ടതാണ് ഇവര്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. എന്നാല്‍ അത് മഹത്വമുള്ളവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ആയിരം മാപ്പുപറഞ്ഞാലും പ്രായശ്ചിത്തമാകാത്ത ദുഷ്ചെയ്തികളുമായി നീങ്ങുന്നവരില്‍ നിന്ന് കേരളം അത് പ്രതീക്ഷിക്കുന്നില്ല. ഇവര്‍ ഇങ്ങനെ തന്നെ തുടരട്ടെ. സാര്‍ഥവാഹക സംഘം മുന്നോട്ടേക്കും.

*
പ്രഭാവര്‍മ ദേശാഭിമാനി 21 ഡിസംബര്‍ 2011

Monday, September 19, 2011

സൂചന... സൂചന... സൂചന മാത്രം

ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന പേര് മലയാളമനോരമയില്‍ വാര്‍ത്തയ്ക്കൊപ്പം കാണുമ്പോഴൊക്കെ പഴയ ചില വാര്‍ത്തകള്‍ ഞാനോര്‍ക്കാറുണ്ട്. "കടുത്ത നടപടികളുടെ സൂചനയുമായി വി എസ്" എന്ന 2009 ജനുവരി 30ലെ ഒന്നാം പേജ് വാര്‍ത്തയാണ് അതിലൊന്ന്. തലക്കെട്ടിലുള്‍പ്പെടെ അഞ്ചിടത്ത് ആ വാര്‍ത്തയില്‍ "സൂചന" എന്ന വാക്കുണ്ട്. രണ്ടുതവണ ആ വാക്ക് ആവര്‍ത്തിക്കുന്ന ഒരു വാചകം പോലുമുണ്ട്. "സൂചന" ജയചന്ദ്രന് അത്രയ്ക്ക് വിലപ്പെട്ടതാണ്. ഭാഷയില്‍ അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇങ്ങനെയൊരു പത്രലേഖകന്‍പോലും ഉണ്ടാകുമായിരുന്നില്ല.

വി എസ് സ്വീകരിക്കാന്‍ പോകുന്ന "കടുത്ത നടപടികളുടെ സൂചന" ജയചന്ദ്രന്‍ ഇലങ്കത്ത് മണത്തറിഞ്ഞത് എങ്ങനെയെന്ന് കേട്ടാല്‍ സഖാക്കളും വായനക്കാരും ചിരിക്കരുത്. വാര്‍ത്തയില്‍നിന്നുതന്നെ ഉദ്ധരിക്കട്ടെ: "വി എസിന്റെ ആലപ്പുഴ പുന്നപ്രയിലെ വീട് മിനുക്കുപണി നടത്താന്‍ നിര്‍ദേശം കിട്ടിയതായി അഭ്യൂഹം പരന്നു". പാര്‍ടി നേതാക്കളുടെ വീടുകളില്‍ പൊട്ടിയ ഓടും കതകിന്റെ കൊളുത്തുമൊക്കെ മാറ്റുന്നതില്‍പോലും പാര്‍ടിയില്‍ അവര്‍ സ്വീകരിക്കുന്ന "കടുത്ത നടപടികളുടെ" സൂചനകള്‍ കിലുങ്ങുന്നുണ്ട് എന്ന് തിരിച്ചറിയുന്ന ആറാമിന്ദ്രിയം ജയചന്ദ്രന്‍ ഇലങ്കത്തിനുണ്ട്. കണ്ടത്തില്‍ കുടുംബത്തിനും അക്കാര്യം ബോധ്യമുണ്ട്. അതുകൊണ്ട് ജയചന്ദ്രന്റെ വാര്‍ത്തകള്‍ വന്‍ പ്രാധാന്യത്തോടെ മനോരമ അച്ചടിക്കും. "സിപിഎം ഓഫീസുകള്‍ക്ക് ജാഗ്രതാനിര്‍ദേശം" എന്ന ഇലങ്കത്തുവങ്കത്തം അഞ്ചുകോളം വലുപ്പത്തിലാണ് 2009 ഫെബ്രുവരി 10ന് മനോരമ ഒന്നാംപേജില്‍ മുഖ്യവാര്‍ത്തയായി അച്ചടിച്ചത്.

വ്യക്തിപരമായ ഒരനുഭവംകൂടി മറക്കാനാകാതെ ഉണ്ട്. ജനകീയാസൂത്രണ വിവാദകാലത്ത് ഞാനുമായി അദ്ദേഹം സുദീര്‍ഘമായ ഇന്റര്‍വ്യൂ നടത്തി. തൊട്ടുപിറ്റേന്ന് മനോരമ കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത്, "റിച്ചാര്‍ഡ് ഫ്രാങ്കി വഴിയുള്ള എന്റെ സിഐഎ - വിദേശഫണ്ട് ബന്ധങ്ങളെ"ക്കുറിച്ചുളള "സൂചന"കളായിരുന്നത്രെ ഞാന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ നല്‍കിയ മറുപടിയോ എന്റെ വിശദീകരണമോ ഒന്നും ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. ഈ മാധ്യമപ്രവര്‍ത്തനപാടവത്തെ എങ്ങനെ നമിക്കാതിരിക്കും!

ഈ ജനുസില്‍പ്പെട്ട ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ദിവസത്തെ മനോരമയിലുമുണ്ട്. "ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവ്ലിന്‍ കേസ് വന്‍ അഴിമതിപ്പട്ടികയില്‍" എന്നാണ് നാലുകോളത്തില്‍ നീണ്ടുകിടക്കുന്ന ആ വാര്‍ത്തയുടെ തലക്കെട്ട്. "ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം" എന്ന തലക്കെട്ടില്‍ ഒരു പുസ്തകം ഞാനെഴുതുന്നുണ്ട്. സൈബര്‍ ലോകത്തും ആശയപ്രചാരണം അതിശക്തമാകുന്ന ഇക്കാലത്ത് ആ പുസ്തകരചനയ്ക്ക് പുതിയൊരു രീതിയാണ് സ്വീകരിച്ചത്. എഴുതിത്തീരുന്ന മുറയ്ക്ക് ഓരോ അധ്യായവും എന്റെ ബ്ലോഗില്‍ അപ്ലോഡ് ചെയ്യും. ഇന്റര്‍നെറ്റില്‍ സജീവമായി ഇടതുപക്ഷ ആശയപ്രചാരണത്തില്‍ ഏര്‍പ്പെടുന്ന വലിയൊരു സംഘത്തിന്റെ കൂട്ടായ്മയെ ഉപയോഗപ്പെടുത്തി ഇന്ററാക്ടീവ് മീഡിയയുടെ സാധ്യത പരീക്ഷിക്കുക എന്ന ലക്ഷ്യവും ഈ സംരംഭത്തിനു പിന്നിലുണ്ട്. അവരുടെ നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വഴി പുസ്തകം വികസിക്കും. ഒന്നാം അധ്യായം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. പുസ്തകത്തിന്റെ ലക്ഷ്യം, അധ്യായങ്ങളുടെ ഉളളടക്കം എന്നിവ ഈ അധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്. പന്ത്രണ്ടാം അധ്യായത്തിലാണ് ലാവ്ലിന്‍ സംബന്ധിച്ച പരാമര്‍ശമുളളത്. അതിങ്ങനെയാണ്:

"അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ടികള്‍ക്കൊന്നിനും അഴിമതിവിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവ്ലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ടികള്‍ക്കെതിരെ ഒരു ആരോപണംപോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവ്ലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവ്ലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നുകാണിക്കുന്നു (ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്). അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപകപ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടുമാത്രം അഴിമതിയില്ലാതാകില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്കരിക്കാനുണ്ട്."

മേല്‍ ഉദ്ധരണിയിലെ ഏതാണ്ട് എല്ലാ വാചകങ്ങളും ഇലങ്കത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അടിവരയിട്ട വാചകമൊഴികെ. സമര്‍ഥമായി ഒഴിവാക്കിയ വാചകം തോന്നിയപടി വ്യാഖ്യാനിച്ച് അദ്ദേഹം വായനക്കാരുടെ മുന്നിലേക്ക് എറിയുന്നു. അവയിങ്ങനെയാണ്:

"പാര്‍ടി സമ്മേളനങ്ങളുടെ വേളയില്‍ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ചര്‍ച്ചാവിഷയമാക്കണമെന്ന "സൂചന"യും ഐസക് നല്‍കുന്നുണ്ട്". വേറൊരു വാചകം "... പുതിയ പുസ്തകത്തില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗികചേരിയില്‍ രൂപമെടുത്ത പുതിയ ധ്രുവീകരണത്തിന്റെ സൂചനകളുമുണ്ട്" എന്നും (കണ്ടോ, എത്ര സൂചനകള്‍ . സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയദ്ദേഹം സൂചനേന്ദ്രന്‍ എന്നറിയപ്പെട്ടാലും അത്ഭുതമില്ല).

വാര്‍ത്തയുടെ അവസാനഭാഗത്തും "ഇലങ്കത്തുസൂചന"യുടെ തെരുക്കൂത്തുണ്ട്. അതിങ്ങനെ. " .... ഐസക് ഈ വിഷയത്തില്‍ വി എസ് അനുകൂലികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയും ലക്ഷ്യമിടുന്നുവെന്നാണ് സൂചന". പണ്ട്, "വി എസിന്റെ കടുത്ത നടപടിയുടെ സൂചന" മണത്തറിഞ്ഞ അതേ മൂക്ക്, അതെഴുതിപ്പിടിപ്പിച്ച അതേ പേന.

മനോരമ പത്രാധിപരോട് എനിക്കൊരപേക്ഷയുണ്ട്. വിഷലിപ്തമായ ഭാവനാവിലാസത്തിന്റെ ഉടമകളായ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ "കാളകൂടപ്രതിഭ" എന്നോ മറ്റോ ഒരവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ഉചിതമാകും. സിപിഐ എം വിരുദ്ധഭാവനയ്ക്ക് കോളം സെന്റീമീറ്റര്‍ അളന്ന് പാരിതോഷികം നല്‍കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നാലും, ഇലങ്കത്തുസേനയുടെ ആത്മവീര്യം ചോരാതിരിക്കാന്‍ ഇത്തരം അവാര്‍ഡുകള്‍ ഉപകരിക്കുമെന്നുറപ്പാണ്.

പാര്‍ടി സമ്മേളനങ്ങള്‍ അടുത്തുവരുന്നതോടെ ജയചന്ദ്രന്മാരുടെ ഭാവനകള്‍ ചിറകുവീശാനിരിക്കുന്നതേയുളളൂ. ഇതൊരു സാമ്പിള്‍ മാത്രമാണ്. ഒരുകാര്യം ഉറപ്പുപറയാം. സമ്മേളനം കഴിയുമ്പോള്‍ , ഇത്തരം വാര്‍ത്തകളെല്ലാം ഒന്നുകൂടി വായിക്കാനും വിശകലനം ചെയ്യാനും നമുക്കൊരു സന്ദര്‍ഭമുണ്ടാക്കാം.

പ്രിയപ്പെട്ട ജയചന്ദ്രാ, ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിനോ പിണറായി വിജയനോ ഒളിക്കാനൊന്നുമില്ല. ആ വിവാദത്തിന്റെ പൊളളത്തരം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുമ്പോള്‍ മുഖം നഷ്ടപ്പെടുന്നത് മനോരമയ്ക്കും അതിന്റെ ചില ലേഖകര്‍ക്കുമാണ്. ജയചന്ദ്രനടക്കമുളളവര്‍ മനോരമയില്‍ എഴുതിപ്പിടിപ്പിച്ച നുണകളെയും ദുര്‍വ്യാഖ്യാനങ്ങളെയുമാണ് ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വലിച്ചുകീറുന്നത്. ലാവ്ലിന്‍ കമ്പനിയെക്കൊണ്ട് കേരളത്തിലെ ജലവൈദ്യുത പദ്ധതികളെല്ലാം നവീകരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് പരിപാടിയുണ്ടാക്കിയത്. അതുപ്രകാരം കുറ്റ്യാടി നവീകരിച്ചു. പന്നിയാര്‍ -പള്ളിവാസല്‍ പ്രോജക്ടുകള്‍ക്ക് ധാരണാപത്രം മാത്രമല്ല, കരാറും ഒപ്പുവച്ചു. മറ്റുചില പ്രോജക്ടുകള്‍ക്കും ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രംമാത്രം ഒപ്പുവച്ച പ്രോജക്ടുകളുടെ കരാറുകള്‍ റദ്ദാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. നവീകരണം ടെന്‍ഡര്‍ വഴി മതി എന്നും തീരുമാനിച്ചു. ഒപ്പം അടിസ്ഥാനകരാറടക്കം ഒപ്പുവച്ച പിഎസ്പി പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. അല്ലാത്തപക്ഷം കേസും മറ്റുമായി വലിയകാലതാമസം വരുമായിരുന്നു. അതില്‍പ്പോലും യുഡിഎഫിന്റേതിനേക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥകള്‍ കരാറിലുണ്ടാക്കി. കരാറില്‍ ഒപ്പിട്ട കാര്‍ത്തികേയന്‍ ഇപ്പോള്‍ സ്പീക്കര്‍ പദവിയില്‍ ബഹുമാന്യനായി തുടരുന്നു.

ധാരണാപത്രം വഴിയുളള കരാറുകള്‍ അവസാനിപ്പിച്ച പിണറായി വിജയന്‍ കേസില്‍ പ്രതിയാകുന്നു. കോടതിയിലെ കാര്യങ്ങള്‍ നിയമപരമായിത്തന്നെ നേരിടും. യുഡിഎഫിന്റെയും അവര്‍ക്കുവേണ്ടി വിടുപണി ചെയ്ത മാധ്യമങ്ങളുടെയും രാഷ്ട്രീയപ്രചാരണത്തെയും നടപടികളെയും രാഷ്ട്രീയമായി നേരിടും. ഇതാണ് പുതിയ പുസ്തകത്തിലെ അധ്യായം 12ല്‍ ചെയ്യാന്‍ പോകുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവ്ലിന്‍ വാഗ്ദാനംചെയ്ത 86 കോടി രൂപ കിട്ടിയില്ല എന്നതാണ് ആറ്റിക്കുറുക്കിയാല്‍ ആ വിവാദത്തിന്റെ ആകത്തുക. എന്തുകൊണ്ട് പണം കിട്ടിയില്ല എന്ന ചോദ്യത്തിന് മനോരമയുടെ പഴയ താളുകളില്‍ ഉത്തരമുണ്ട്. സമയം കിട്ടുമ്പോള്‍ ജയചന്ദ്രന്‍ 2002 സെപ്തംബര്‍ 13ന്റെ പത്രമെടുത്തു നോക്കുക. "മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാവി ഭീഷണിയില്‍" എന്നൊരു വാര്‍ത്തയുണ്ട് അതില്‍ . ആ വാര്‍ത്ത ഇങ്ങനെ പറയുന്നു:

"മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനഡ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. ഇത് പുതുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ വൈദ്യുതിബോര്‍ഡിന്റെയോ ഭാഗത്തുനിന്ന് നടപടികളില്ല. ഇതോടെ മലബാറിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നാഴികക്കല്ലാകേണ്ടിയിരുന്ന കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായി".

ഇനിയെടുക്കേണ്ടത്, സെപ്തംബര്‍ 15ന്റെ പത്രം. വായിക്കേണ്ടത്, "കാന്‍സര്‍ സെന്റര്‍ : ലാവ്ലിന്‍ പിന്‍വാങ്ങിയത് സര്‍ക്കാരിന്റെ കത്തു കിട്ടാത്തതിനാല്‍" എന്ന തലക്കെട്ടിലെ വാര്‍ത്ത. അതിലിങ്ങനെ കാണാം:

"തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ടപ്രവര്‍ത്തനത്തിന് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചും അഭിനന്ദനം അറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കാനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ് എന്‍ സി ലാവലിന്റെ നിര്‍ദേശം വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ലാവ്ലിന് നല്‍കേണ്ട ലെറ്റര്‍ ഓഫ് അപ്രീസിയേഷനുളള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതി വകുപ്പില്‍ ചുവപ്പുനാടയിലാണ്".

ഈ രണ്ടു വാര്‍ത്തകളെ ആസ്പദമാക്കി "മലബാര്‍ കാന്‍സര്‍ സെന്ററിനെ രക്ഷിക്കണം" എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം മനോരമ എഴുതിയത് 2002 ഒക്ടോബര്‍ ഒന്നിന്. ആ മുഖപ്രസംഗത്തില്‍ മനോരമയുടെ ആവശ്യം എന്തായിരുന്നുവെന്നോ,

"ചെയ്ത ജോലികള്‍ക്ക് ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്‍കിയാല്‍ അടുത്തഘട്ടം പണം സമാഹരിച്ചുനല്‍കാമെന്ന് കാണിച്ച് എസ്എന്‍ സി ലാവ്ലിന്‍ ആശുപത്രി ഡയറക്ടര്‍ക്ക് കത്തുനല്‍കിയിരിക്കുന്നു. ഈ അപേക്ഷ വൈദ്യുതി വകുപ്പിന്റെ ഫയലിലുണ്ട്. ഭരണം മാറിയതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാമാണ് ആശുപത്രിയുടെ അമരത്ത്. ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കണം. രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്".

ലാവ്ലിന്‍ കമ്പനിയുടെ കത്ത് ഒന്നരവര്‍ഷത്തോളം ചുവപ്പുനാടയില്‍ കുരുക്കിയിട്ട് രോഗികളെ ബലിയാടാക്കി രാഷ്ട്രീയം കളിച്ചവരാണ് ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ . ഈ വാര്‍ത്തകളും മുഖപ്രസംഗവും മനോരമ എഴുതുന്ന കാലത്ത് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും. "രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്" എന്ന് എഴുതുമ്പോള്‍ ലാവ്ലിനുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കളി നടക്കുന്നുവെന്നും ആ കളി കളിച്ചത് കോണ്‍ഗ്രസാണെന്നും വ്യക്തമായും മനോരമയ്ക്ക് അറിയാമായിരുന്നു. കോണ്‍ഗ്രസാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം കിട്ടാത്ത അവസ്ഥയുണ്ടാക്കിയത്. ലാവ്ലിനുമായി ബന്ധപ്പെടുത്തി പിണറായി വിജയനെ ലക്ഷ്യമിടാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതീരുമാനമുണ്ടായശേഷം ഒരിക്കല്‍പോലും ഇവിടെ ഉദ്ധരിച്ച വാര്‍ത്തകളിലെയോ മുഖപ്രസംഗത്തിലെയോ വിവരങ്ങള്‍ മനോരമയില്‍ അച്ചടിമഷി പുരണ്ടിട്ടില്ല.

കോണ്‍ഗ്രസിനുവേണ്ടി ലാവ്ലിന്‍ ആരോപണങ്ങള്‍ മെനഞ്ഞു കൊടുത്തത് മലയാള മനോരമയിലെ നുണയെഴുതാനുളുപ്പില്ലാത്ത ഒരു സംഘം പത്രലേഖകരാണ് എന്ന വസ്തുത, അവരുടെ വാര്‍ത്തകളില്‍നിന്നുളള ഉദ്ധരണി സഹിതം, തുറന്നുകാണിക്കുന്ന ഒരു ഗവേഷണഗ്രന്ഥം എന്‍ പി ചന്ദ്രശേഖരനും ഞാനും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010ലാണ് ആ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നത്. ഗൗരവമുളള മാധ്യമപഠനം എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരെ പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കുന്ന ശൈലി ആ പുസ്തകത്തില്‍ സ്വീകരിച്ചിരുന്നില്ല. വാര്‍ത്തയെഴുതിയവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തണം എന്ന ശക്തമായ ആവശ്യമുയര്‍ന്നിട്ടും രണ്ടാംപതിപ്പിലും അവരുടെ പേരുകള്‍ ഒഴിവാക്കുകയാണ് ചെയ്തത്. അത്തരമൊരു സൗജന്യം അവരാരും അര്‍ഹിക്കുന്നില്ല എന്നാണ് ജയചന്ദ്രന്‍ ഇലങ്കത്തിനെപ്പോലുളളവര്‍ പാര്‍ടിക്കെതിരെ തുടരുന്ന വെല്ലുവിളികള്‍ തെളിയിക്കുന്നത്. അവരൊന്നും പുസ്തകത്തില്‍ ഉന്നയിച്ച വസ്തുതാപരമായ വിമര്‍ശങ്ങളോട് നേര്‍ക്കുനേരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആകെ നടന്നത്, ഗ്രന്ഥകര്‍ത്താക്കളുടെ താടിയും മുടിയും ഉടയാടകളും വര്‍ണിച്ച് പരിഹസിച്ചെന്ന് വരുത്തിത്തീര്‍ത്ത് സ്വയം സമാധാനിക്കുന്ന ഒരു ഫലിതമെഴുത്തുദ്യോഗസ്ഥന്റെ കോമാളിത്തരം.

ജയചന്ദ്രാ, ഒരു വിവാദത്തില്‍നിന്നും ഞങ്ങളാരും ഒളിച്ചോടുന്നില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങളുടെ പക്കല്‍ മറുപടിയുണ്ട്; അവ പറഞ്ഞിട്ടുണ്ട്, ഇനിയും പറയാന്‍ ഞങ്ങള്‍ തയ്യാറുമാണ്. പക്ഷേ, അവ പ്രസിദ്ധീകരിക്കാനുളള ചങ്കൂറ്റം മനോരമയ്ക്കില്ല. ലോട്ടറിക്കേസിനെക്കുറിച്ച് വാര്‍ത്തയില്‍ പറയുന്നുണ്ടല്ലോ. ആ കേസിനെ സംബന്ധിച്ച് എനിക്കെതിരെ മനോരമ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് ഞാനൊരു പ്രതികരണം അയച്ചിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച മര്‍മപ്രധാനമായ വാദങ്ങളും വസ്തുതകളും അപ്പാടെ വെട്ടിമാറ്റി വികലമായി പ്രസിദ്ധീകരിക്കുകയായിരുന്നു, മനോരമയിലെ കേമന്മാര്‍ .

അതുകൊണ്ട് ബഹുമാന്യനായ മനോരമ പത്രാധിപര്‍ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ ലേഖകന്മാര്‍ എഴുതിക്കൂട്ടിയ ലാവ്ലിന്‍ നുണപരമ്പരകള്‍ സംബന്ധിച്ച് ഒരു പ്രതികരണം പുതിയ പുസ്തകത്തിലും ചുരുക്കി നല്‍കാം. പത്രത്തിന്റെ പരിമിതികള്‍ക്കു പുറത്തുകടന്ന് ജയചന്ദ്രന്‍ ഇലങ്കത്തുമാരെപ്പോലുവര്‍ക്ക് ഓണ്‍ലൈന്‍ വഴിയെങ്കിലും തങ്ങളുടെ ഭാഗം വിശദീകരിക്കാനുളള സൗകര്യം ചെയ്തുകൊടുക്കണം. പത്രത്താളില്‍ ഏകപക്ഷീയമായി എന്തെങ്കിലും വിസര്‍ജിച്ച് കടന്നുകളയുന്ന ഭീരുക്കള്‍ എന്ന മാറാപ്പേര് ഇപ്പോഴവര്‍ക്കുണ്ട്. അതു മാറ്റിയെടുക്കാന്‍ മനോരമ ഓണ്‍ലൈനിലെങ്കിലും ഒരവസരം നല്‍കണം. വാര്‍ത്തകള്‍ക്കുനേരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിരിക്കണം എന്നൊരു നിബന്ധന ഏര്‍പ്പെടുത്താന്‍ താങ്കളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആരുടെ ഭാഗമാണ് ശരിയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്വന്തം വാര്‍ത്തകളെ പ്രതിരോധിക്കാനുളള നെഞ്ചുറപ്പ് എത്ര മനോരമാലേഖകര്‍ക്കുണ്ടെന്ന് നമുക്കു കണ്ടറിയാം.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 20 സെപ്തംബര്‍ 2011

Wednesday, March 16, 2011

ലാവ്‌ലിന്‍: പിണറായി പ്രതിയായിരുന്നില്ല- ഉമ്മന്‍ചാണ്ടി

എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്ന് മുഖ്യമന്ത്രിയായിരുന്ന തനിക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. ഈ റിപ്പോര്‍ട്ട് സ്വീകരിച്ച് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചതിനാലാണ് കേസ് സിബിഐക്ക് വിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒരു പത്രം 'എല്ലാവരും കള്ളന്‍മാര്‍' എന്ന് പ്രധാന വാര്‍ത്ത കൊടുത്തു. മറ്റ് പത്രങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത കൊടുത്തു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പലതും മറച്ചുവെക്കാനുള്ളതുകൊണ്ടാണ് പിണറായി വിജയനെ ഒഴിവാക്കിയതെന്നും എഴുതി. തെരഞ്ഞെടുപ്പ് മുന്നിലെത്തിയ സമയത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ എന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ലാവ്‌ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.

വിജിലന്‍സ് കേസ് വിശദമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു പൊതുതാല്‍പര്യ ഹര്‍ജി വന്നശേഷമാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. ആ തീരുമാനത്തിനു പിന്നില്‍ നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് അഞ്ചു വര്‍ഷത്തിനുശേഷം ഉമ്മന്‍ചാണ്ടി സമ്മതിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച 2006 മാര്‍ച്ച് ഒന്നിന്റെ മന്ത്രിസഭാ യോഗത്തില്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി പരിഗണിച്ചാണ് ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. അന്നുതന്നെ ഇതിനുപിന്നിലെ ഗൂഡാലോചന സിപിഐ എം തുറന്നുകാട്ടിയിരുന്നു. ഒരുവിഭാഗം മാധ്യമങ്ങള്‍ കൂടി പങ്കാളികളായി അന്നു നടത്തിയ ആ രാഷ്ട്രീയ കുതന്ത്രമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സ്ഥിരീകരിച്ചത്. പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടതിനുപിന്നിലും 'ചില കാര്യങ്ങള്‍ നടന്നതായി' ഉമ്മന്‍ചാണ്ടി പറയുന്നു. അത് എന്താണെന്ന് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. ആ രഹസ്യം കൂടി പുറത്തുവരുന്നതോടെ ലാവലിന്‍ കേസിനുപിന്നിലെ ഗൂഡാലോചനയുടെയും ഗൂഢാലോചകരുടെയും മുഖംമൂടി അഴിഞ്ഞുവീഴും.



*****


ദേശാഭിമാനി 16-03-2011

Saturday, January 15, 2011

വായിച്ച് മറക്കേണ്ടവയല്ല പത്രവാര്‍ത്തകള്‍

വായിച്ച് മറക്കേണ്ടവയല്ല പത്രവാര്‍ത്തകള്‍... ഇന്ന് നിങ്ങള്‍ വായിക്കുന്ന വാര്‍ത്തകള്‍ നാളെ മറ്റൊരു വേഷത്തില്‍ നിങ്ങളുടെ ഉമ്മറപ്പടിയിലെത്തിയേക്കാം. വാര്‍ത്തകളെ ഫാന്‍സിഡ്രസണിയിക്കുന്ന മാധ്യമ കൌശലത്തിന്റെ നാണംകെട്ട ഒരുദാഹരണം ഇതാ....

1997 സെപ്തംബര്‍ 11ന് കേരള കൌമുദി ഇങ്ങനെയൊരു വാര്‍ത്ത നല്‍കി....

1997 സെപ്തംബര്‍ 12ന് ഇതേ വാര്‍ത്ത മലയാള മനോരമയില്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടു...
വാര്‍ത്ത സമയത്ത് കിട്ടാത്തതിന്റെ ജാള്യം തീര്‍ക്കാന്‍ സാക്ഷാല്‍ വരദാചാരിയെ മുഖദാവില്‍ സന്ദര്‍ശിച്ച് മാതൃഭൂമിക്കാരന്‍ ഇങ്ങനെയൊരു ഭാഷ്യവുമായി രംഗത്തെത്തി. തീയതി 1997 സെപ്തംബര്‍ 13.


ശരിയാണ്. ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ് വരദാചാരിയുടെ മനോനില പരിശോധിക്കണമെന്ന് അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിന്റെ കാരണം എന്ത് എന്ന് മൂന്നു പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഒരേപോലെ. പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള പണം ട്രഷറിയില്‍അയയ്ക്കുന്നതിന് പകരം അതത് പഞ്ചായത്തുകളിലെ സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശം ശുദ്ധ അസംബന്ധമാണെന്ന് ധനകാര്യ സെക്രട്ടറി ഫയലില്‍ എഴുതിയതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ആ പരാമര്‍ശം.

ആറു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയെ 2003 മാര്‍ച്ച് 8ന് മലയാള മനോരമയിലെ പി കിഷോര്‍ ഇങ്ങനെ തിരുത്തി.

ഈ ഫയല്‍ മുങ്ങിയെന്നും കൂടി എഴുതിയാലോ... ഇങ്ങനെ എഴുതിയോ ഇല്ലയോ എന്ന് ഫയല്‍ കണ്ടെടുത്ത് ആര്‍ക്കും തെളിയിക്കാനാവില്ലല്ലോ. കിഷോറിന്റെ അതിബുദ്ധി നോക്കുക.

1997 സെപ്തംബര്‍ 12ലെ മനോരമയുടെ തന്നെ വാര്‍ത്ത വേഷം മാറിയത് കണ്ടില്ലേ... സന്ദര്‍ഭവും സാഹചര്യവും വിദഗ്ധമായി മറച്ചു വെച്ച് ലാവലിന്‍ ഫയലില്‍ ഒരു തലപരിശോധനക്കഥ പി കിഷോര്‍ നിര്‍മ്മിച്ചു. ആവര്‍ത്തിക്കുന്തോറും ഒരു നാടോടിക്കഥ പോലെ ജനമനസുകളില്‍ പതിയും. ഫയല്‍ കാണാതായെന്ന് ആദ്യമേ ജാമ്യമെടുത്ത സ്ഥിതിക്ക് ലോകത്തൊരാള്‍ക്കും സത്യാവസ്ഥ തെളിയിക്കാനാവില്ല. ഇല്ലാത്ത ഫയല്‍ കാണാതായെന്ന് പറഞ്ഞാല്‍ പിന്നെയത് ഇന്റര്‍പോളിനോ എഫ്‌ബിഐയ്ക്കോ പോലും കണ്ടെടുക്കാനാവില്ല.

ഇനി വായിക്കുക. 2005 ജൂലൈ 12ന് മനോരമയെഴുതിയ മുഖപ്രസംഗം...


നുണ നിര്‍മ്മിച്ച് വാര്‍ത്തയാക്കി. പിന്നീടത് മുഖപ്രസംഗത്തില്‍ പ്രതിഷ്ഠിച്ചു.. ഇനി പരമ്പരകളിലൂടെ ആവര്‍ത്തിക്കണം. 2005 ജൂലൈ 17 മുതല്‍ മനോരമയില്‍ ആരംഭിച്ച ലാവലിന്‍ പരമ്പര തുടങ്ങിയതെങ്ങനെയെന്ന് വായിക്കുക....
സാക്ഷി പറയാന്‍ പി കിഷോറിന്റെ മുന്നില്‍ സാക്ഷാല്‍ വരദാചാരി പ്രത്യക്ഷപ്പെട്ടു. അനന്തരം...

ഫയല്‍ കണ്ടില്ലെങ്കിലെന്ത്, മാതൃഭൂമിയടക്കം സകല പത്രങ്ങളും സമകാലിക മലയാളമടക്കം സകല മഞ്ഞവാരികകളും മനോരമ മെനഞ്ഞ് പ്രചരിപ്പിച്ച വരദാചാരിയുടെ തല ഏറ്റെടുത്തു. ഒടുവില്‍ സിബിഐയും.

ഉളുപ്പില്ലാതെ നുണ നിര്‍മ്മിക്കുന്ന മനോരമയെ, അതേറ്റുപാടുന്ന മാതൃഭൂമിയെ ഇനി നമ്മളെന്തിന് പടിക്കകത്ത് കയറ്റണം. നമ്മുടെ ഓര്‍മ്മയെ, അന്തസിനെ, വിലപ്പെട്ട സമയത്തെ നീചമായി വെല്ലുവിളിക്കുന്ന ഈ അഹന്തയെ ഇനിയെന്തിന് വെച്ചുപൊറുപ്പിക്കണം. പഴയ വാര്‍ത്ത ചികഞ്ഞെടുക്കാനും തെറ്റ് വിളിച്ചു പറയാനും എത്ര വായനക്കാര്‍ക്ക് സമയവും സാഹചര്യവുമുണ്ടാകും? മുതലാളിയെ തൃപ്തിപ്പെടുത്താന്‍ ഉളുപ്പില്ലാതെ നുണയെഴുതുന്നവരെ പത്രപ്രവര്‍ത്തകരെന്ന് വിളിച്ച് നാമെന്തിന് ആദരിക്കണം? അവനുണ്ടാക്കുന്ന നുണകള്‍ വായിക്കാന്‍ നാമെന്തിന് പണം ചെലവിടണം?

വിലപ്പെട്ടതാണ് നമ്മുടെ സമയവും പണവും അന്തസും. അതിന് വില പറയുന്ന ഈ പത്രഭീകരന്മാരെ പടിക്കു പുറത്താക്കാനുളള പ്രചരണത്തില്‍ പങ്കാളിയാവുക.

*
(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകം)

Saturday, December 4, 2010

ലാവ്ലിന്‍ നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും വഴി

എസ്എന്‍സി ലാവ്ലിന്‍ കേസ് നിയമപരിശോധനയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോവുകയാണ്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലും രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലും കേസ് നടക്കുന്നു. കോടതിനിര്‍ദേശപ്രകാരമുള്ള തുടരന്വേഷണവും നടക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍, കേസ് നിയമപരമായാണോ അല്ലാതെയാണോ നേരിടേണ്ടത് എന്ന മട്ടിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല, പ്രാധാന്യവുമില്ല. ഈ കേസുമായി ബന്ധപ്പെട്ട ഒരു വിഷയംപോലും സിപിഐ എം ചര്‍ച്ചചെയ്യാത്തതായോ നിലപാട് വ്യക്തമാക്കാത്തതായോ അവശേഷിക്കുന്നില്ല. പലകുറി ആവര്‍ത്തിക്കപ്പെട്ട ആ വസ്തുതകള്‍ മനസിലാക്കാത്ത ചില കേന്ദ്രങ്ങളും ഏതാനും മാധ്യമങ്ങളുമാണ് പാതി വെന്ത സംശയങ്ങളും വിവാദവുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്.

ഈ കേസ് ഉത്ഭവിച്ചതും വളര്‍ന്നുവന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളിലൂടെയാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് വിജിലന്‍സ് അനേഷണം നടത്തി. ആ അന്വേഷണത്തെ ആരും എതിര്‍ത്തതുമില്ല, അതുമായി നിസ്സഹകരിച്ചതുമല്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് എന്തിന് തള്ളിക്കളഞ്ഞു എന്ന് ഉമ്മന്‍ചാണ്ടിയോ യുഡിഎഫോ ഇന്നുവരെ പറഞ്ഞിട്ടില്ല. വിജിലന്‍സ് തുടര്‍നടപടിയുമായി കോടതിയിലെത്തിയപ്പോഴാണ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം(മാര്‍ച്ച് ഒന്ന്) മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയനെ കുരുക്കാനുള്ള ഒന്നും കണ്ടെത്തിയില്ല എന്ന ഒറ്റക്കാരണമാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് യുഡിഎഫ് ഗവണ്‍‌മെന്റിനെ നയിച്ചത്. സിപിഐ എം സംസ്ഥാനസെക്രട്ടറിയെ കേസില്‍പ്പെടുത്തുക; അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയുള്ള ഈ നടപടിയാണ് കേസിലെ രാഷ്ട്രീയം.

വിജിലന്‍സ് അന്വേഷിച്ച കേസില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നാണ് സിബിഐ തുടക്കത്തില്‍ നിലപാടെടുത്തത്. പിന്നീട് ഒരു സ്വകാര്യവ്യക്തിയുടെ ഹര്‍ജിയെത്തുടര്‍ന്ന് അനേഷണം സിബിഐക്ക് വിട്ടു. കൂലംകഷമായി അന്വേഷിച്ച സിബിഐക്ക് പിണറായി വിജയന്‍ ഒരു നയാപൈസയുടെ അഴിമതി നടത്തി എന്ന് പറയാന്‍ കഴിഞ്ഞില്ല. ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കി എന്നു സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയ താല്‍പ്പര്യം വച്ച് പിണറായിയെ പ്രതിചേര്‍ത്തു. പിന്നീട് അതേ സിബിഐതന്നെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറഞ്ഞു, പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നുപറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ല എന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ല എന്ന്.

വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ. അവര്‍ചെയ്ത അധിക കാര്യം, തങ്ങളുടെ പക്കല്‍ ഒരു തുമ്പുമില്ലാതിരുന്നിട്ടുകൂടി, പിണറായി വിജയന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തി എന്നതാണ്. വിദേശകമ്പനി ഉള്‍പ്പെട്ട കേസായതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടത് എന്ന് വാദിച്ചവരുണ്ടായിരുന്നു. അത്തരത്തിലൊരു വിദേശ അന്വേഷണമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയ ഗൂഢാലോചനയിലൂടെ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. അക്കാര്യം കേസ് കൈയില്‍ കിട്ടിയ ഉടനെ സിബിഐ പ്രത്യേക കോടതി നടത്തിയ പരാമര്‍ശത്തില്‍ തെളിയുന്നുണ്ട്. ഗൂഢാലോചനയുടെ തുടക്കക്കാരന്‍ എന്ന് കാര്‍ത്തികേയനെക്കുറിച്ച് എഴുതിവച്ചവര്‍ എന്തുകൊണ്ട് കാര്‍ത്തികേയനെ പ്രതിചേര്‍ത്തില്ല എന്നാണ് കോടതി സംശയിച്ചത്. കാര്‍ത്തികേയന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പിണറായിയെ ഉള്‍പ്പെടുത്തിയും കാര്‍ത്തികേയനെ ഒഴിവാക്കിയും സിബിഐ കളിച്ച(അവരെക്കൊണ്ട് കളിപ്പിച്ച) കളിയിലാണ് രാഷ്ട്രീയം.

ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് ചോദ്യം. ക്യാന്‍സര്‍ സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണാ പത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2000ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്-അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്. നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. അത്തരത്തിലൊരു ചര്‍ച്ചയാണ് ഈ പ്രശ്നത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരിക.

ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും ഒരു നയാപെസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഒടുവില്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നു, പിണറായി അഴിമതി നടത്തിയിട്ടില്ല എന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുവെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.

സിപിഐ എം നിയമപരമായ ഒരു പരിശോധനയ്ക്കും എതിരുനിന്നിട്ടില്ല. സിബിഐ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. എല്‍ഡിഎഫ് ഗവണ്‍‌മെന്റ് ഈ കേസ് കൈകാര്യംചെയ്തതും നൂറുശതമാനം നിയമത്തിന്റെ വഴിയിലൂടെയാണ്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍, ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെ പരിഗണനയ്ക്ക് ആ വിഷയം വിട്ടു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍‌മെന്റ് നല്‍കിയ ശുപാര്‍ശ അംഗീകരിക്കുന്നതിനുപകരം, സ്വേച്ഛാനുസൃതം ഒരു മുന്‍ജഡ്ജിയെക്കൊണ്ട് തനിക്കു താല്‍പ്പര്യപ്പെട്ട 'നിയമോപദേശം' എഴുതിവാങ്ങി അതിന്റെ മറവില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമോപദേശം നല്‍കാന്‍ ചുമതലപ്പെട്ട അറ്റോര്‍ണി ജനറലിനെ സമീപിക്കാതെ സ്വകാര്യ പ്രാക്ടീസില്‍ അഭയം തേടിയ ഗവര്‍ണര്‍ തികഞ്ഞ രാഷ്ട്രീയക്കളിയാണ് കളിച്ചത്. അത് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത കോടതിയെ സമീപിക്കുന്നത് നിയമപരമായ വഴി അല്ലാതാകുമോ? പിണറായി വിജയന് നിയമപരമായി നിരപരാധിത്വം തെളിയിക്കാനും കേസിന്റെ വ്യര്‍ഥത ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതാണോ നിയമത്തിന്റെ വഴി?

കേസിന്റെ നാനാവശങ്ങളും പരിശോധിച്ചശേഷമാണ് സിപിഐ എം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസിന്റെ ആ വശം കാണാതെ ശുദ്ധനിയമവാദികള്‍ വിവാദങ്ങളുയര്‍ത്തുകയും ഏതാനും മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ പോവുകയും ചെയ്യുന്നത് ജുഗുപ്സാവഹമാണ്. നിയമത്തിന്റെ പരിശോധനകള്‍ പ്രത്യേക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, നിയമപരമായിത്തന്നെ നേരിടണം എന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്.

കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍പ്പാണ്. ഒന്നേമുക്കാല്‍ ലക്ഷം കോടി കൊള്ളയടിച്ച 2 ജി സ്പെക്ട്രം അഴിമതി കോണ്‍ഗ്രസിനെയും ആ പാര്‍ടി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെയും ജനങ്ങളുടെ കടുത്ത രോഷത്തിനിരയാക്കിയിരിക്കുന്നു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുക മാത്രമല്ല, അതിനുത്തരവാദികളാരെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് സിഎജി. അതിന്റെ ഗൌരവം കുറയ്ക്കാന്‍ കോണ്‍ഗ്രസനുകൂലികള്‍ നിരത്തുന്ന വാദങ്ങളിലൊന്ന് ലാവ്ലിന്‍ കേസും സിഎജിയുടെ കണ്ടുപിടിത്തമായിരുന്നു എന്നാണ്. ലാവ്ലിന്‍ പ്രശ്നത്തില്‍ 'ചെലവിട്ട തുകയ്ക്ക് തുല്യമായ പ്രയോജനം ഉണ്ടായിട്ടില്ല' എന്നതാണ് സിഎജി അന്തിമറിപ്പോര്‍ട്ടില്‍ പറഞ്ഞ ഏക കാര്യം. അത്തരമൊരു വാദം ശരിയല്ല എന്ന് തെളിയിക്കുന്ന കണക്കുകള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ചെലവിട്ട തുകയ്ക്ക് തുല്യമായതുമാത്രമല്ല, അതിന്റെ പലമടങ്ങ് പ്രയോജനമുണ്ടായി എന്ന് വ്യക്തമാക്കുന്ന ആ കണക്കുകള്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് വൈദ്യുതി ബോര്‍ഡ് സിഎജിക്ക് നല്‍കിയത്. 2ജി സ്പെക്ട്രം അഴിമതിയെ വെള്ളപൂശാന്‍ ലാവ്ലിനില്‍ കയറിപ്പിടിക്കുന്നവര്‍ക്കുള്ള മറുപടി ആ കണക്കുതന്നെയാണ്. വിജിലന്‍സും സിബിഐയും അന്വേഷിച്ചിട്ടും ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തി എന്ന് പറഞ്ഞിട്ടില്ല എന്നത് മറ്റൊരു കാര്യം.

ഇതെല്ലാം അറിഞ്ഞിട്ടും അജ്ഞത ഭാവിച്ചോ, വേണ്ടവിധം മനസിലാക്കാതെയോ വിവാദമുയര്‍ത്തുന്നത് നല്ല കീഴ്വഴക്കമല്ലതന്നെ. ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിന്റെ നിലപാടില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ഇല്ല എന്നും നിയമത്തിന്റെ വഴിയില്‍തന്നെയാണ് കേസ് നേരിടുന്നതെന്നും, എന്നാല്‍, കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും കുതന്ത്രങ്ങളും തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചു പുറകോട്ട് പോകാന്‍ സിപിഐ എം തയ്യാറല്ല എന്നും ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടിവരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. വിവാദ സ്രഷ്ടാക്കള്‍ അവധാനതയോടെ ഈ പ്രശ്നം പഠിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 04 ഡിസംബര്‍ 2010