Showing posts with label പുസ്‌തകം. Show all posts
Showing posts with label പുസ്‌തകം. Show all posts

Friday, April 25, 2014

ചെറുകാടിന്റെ കരുത്ത്

മലയാളത്തിലെ വിഖ്യാത എഴുത്തുകാരനായ ചെറുകാടിന്റെ ജീവിതകഥയാണ് ""ചെറുകാട്: എഴുത്തും കരുത്തും"". കേരള സാഹിത്യഅക്കാദമിക്കുവേണ്ടി കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ഇയ്യങ്കോട് ശ്രീധരനാണ് ഗ്രന്ഥം രചിച്ചത്. സാഹിത്യഅക്കാദമിയിലും സംഗീതനാടക അക്കാദമിയിലും ഭാരവാഹിത്വം വഹിക്കുകയും പുരോഗമന കലാസാഹിത്യസംഘത്തെ നയിക്കുകയും ചെയ്തപ്പോള്‍ പതിറ്റാണ്ടുകളായി ചെറുകാടുമായി നിരന്തരം ഇടപഴകാന്‍ അവസരം ലഭിച്ച ഇയ്യങ്കോടിന് ചെറുകാട് ചരിതം കരതലാമലകമത്രേ. മഹാവനമായ ചെറുകാടിന്റെ സാഹിത്യവും മനോസഞ്ചാരവും വ്യാകുലതകളും വഴിത്തിരിവുകളും കാണിച്ചുതരുന്ന കൃതി എന്ന് പുരുഷന്‍ കടലുണ്ടി പരിചയപ്പെടുത്തിയതില്‍ അപാകതയില്ല. ""ഇതാ, എന്റെ സ്വന്തം ഒരാള്‍"" എന്ന തോന്നലുളവാക്കാറുള്ള ചെറുകാട് എന്ന് തുടങ്ങുന്ന അവതാരിക എം ടി വാസുദേവന്‍നായരുടേതാണ്. ജീവിതപ്പാതയെയാണ് ഇയ്യങ്കോട് പിന്തുടര്‍ന്നിട്ടുള്ളത്. കൂടെ ചേര്‍ത്തത് ദീര്‍ഘകാലം സഹപ്രവര്‍ത്തകനായതിന്റെ അനുഭവ സമ്പത്തും. ""നാടും തറവാടും കുട്ടിക്കാലവും"" പ്രഥമാധ്യായം.

ഞാനൊരു അമ്പലവാസിയാണ് എന്ന സത്യവാങ്മൂലത്തില്‍ പിടിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഗ്രന്ഥകാരന്‍ കടക്കുന്നു. പിഷാരടിമാര്‍ ജൈനമതക്കാരുടെ വംശപരമ്പരയില്‍പെട്ടതാണെന്ന് ഇയ്യങ്കോട് പ്രസ്താവിക്കുന്നു. അതിലേറെ വസ്തുതാപരമാണ് അമ്പലവാസികളുടെ സാമൂഹ്യാസ്തിത്വത്തെ ചെറുകാട് വെളിപ്പെടുത്തിയത് എന്ന് തോന്നി:

""നമ്പൂരിതന്‍ താഴെ,
നായര്‍ക്കുമീതെയായ്
അമ്പലവാസിഞാന്‍
മൂടിത്തിരിയവേ...""

വല്ലാത്തൊരു സന്ദിഗ്ധതയാണത്. അവിടെ തനിക്ക് വഴികാണിച്ചതും ലക്ഷ്യബോധം പകര്‍ന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ചെറുകാട് അരുളി. വള്ളുവനാട്, ഏറനാട് എന്നീ പ്രാചീന ഇടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്-പ്രാരംഭത്തില്‍. ഇവിടെ ഒരു കാര്യം ഓര്‍ക്കാവുന്നതാണ്, ജീവിതപ്പാതയില്‍ മാത്രമല്ല "മണ്ണിന്റെ മാറില്‍", "മുത്തശ്ശി", "ശനിദശ" എന്നീ നോവലുകളിലും ചെറുകാട് വള്ളുവനാടിന്റെ ചരിത്രം വിസ്തരിക്കുന്നുണ്ട്.

വള്ളുവനാടിന്റെ ഹൃദയം എന്ന് ചെറുകാട് കരുതുന്ന പുലാമന്തോളിലിരുന്ന് കുറിച്ചുവെച്ച ദേശചരിത്രം പ്രധാനമാണ്. എന്നല്ല ഒടുക്കം ""ജന്മഭൂമി"" എന്നൊരു നാടകംതന്നെ എഴുതി. സി വി രാമന്‍പിള്ള തിരുവിതാംകോടിന്റെയും അപ്പന്‍തമ്പുരാന്‍ കൊച്ചിയുടേതുമെന്നപോലെ ചെറുകാട് വള്ളുവനാടിന്റെ ചരിത്രകാരന്‍കൂടിയാണ് എന്നു പറഞ്ഞാല്‍ പാപമില്ല എന്നു തോന്നുന്നു. സുഖദുഃഖ സമ്മിശ്രമായിരുന്നു ചെറുകാടിന്റെ ബാല്യം. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശകാരവും ഭേദ്യവും ഒരുവശത്ത്. നേരവും കാലവുമനുസരിച്ച് വല്ലപ്പോഴും ഒഴുകുന്ന അമ്മാവന്റെ വാത്സല്യം മറുവശത്ത്. മരുമക്കളുടെ അനുസരണവും ആദരവും എപ്പോഴും. ആറ്റുനോറ്റു പിറന്ന ഉണ്ണിയായിരുന്നല്ലോ ഗോവിന്ദന്‍. സ്കൂള്‍ വിദ്യാഭ്യാസം വളവും തിരിവും നിറഞ്ഞ വഴികളില്‍. സംസ്കൃതപഠനവും വൈദ്യം ഹൃദിസ്ഥമാക്കിയതും ജീവിതപ്പാതയില്‍ താങ്ങും തണലുമായി. അതിനിടയ്ക്ക് മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടിയോടുള്ള പ്രണയത്തിന് വിത്തിട്ടു. ഇണങ്ങിയും പിണങ്ങിയും കണ്ണീരൊഴുക്കിയും ആവേശം പകര്‍ന്നും ആ കാക്കക്കുറത്തി കണവനെ കൊണ്ടുനടന്നു. അധ്യാപകവൃത്തിയും കര്‍ഷകവേലയുമായി ചെറുകാട് നിലയുറപ്പിച്ചുനിന്നു. ചെറുകാട് നിരത്തിയ ആത്മകഥാഖ്യാനം ഇയ്യങ്കോട് ഭംഗിയായി ആവിഷ്കരിച്ചിട്ടുമുണ്ട്. ക്ഷേത്രപ്രവേശന ശ്രമം, കോണ്‍ഗ്രസ് പ്രവര്‍ത്തനം, ഗാന്ധിജിയെ പിന്തുടര്‍ന്നത്, പതുക്കെ പതുക്കെ കമ്യൂണിസ്റ്റായത്. ഇ എം എസ് നമ്പൂതിരിപ്പാട് അയല്‍ക്കാരന്‍ മാത്രമല്ല ആരാധ്യ പുരുഷനുമായിരുന്നു. അപ്പോഴേക്ക് എഴുത്തുകാരനെന്ന ഖ്യാതിയും പരന്നിരുന്നു.

""ചെറുകാട്-പാര്‍ടിയുടെ കവി"" എന്നാണ് സഖാക്കള്‍ പരിചയപ്പെടുത്തുക. നാടകത്തിലാണ് അധികം മോഹവും മിടുക്കും. ചൊവ്വൂര്‍ നമ്പൂതിരിപ്പാട് ആണ് നാടകത്തിലേക്ക് ഉപനയിച്ചത്-പ്രഹ്ലാദ ചരിതം എന്ന സംഗീത നാടകമാണ് കന്നിക്കൃതി. (ഇവിടെ ഇയ്യങ്കോടിന് നിസ്സാരമെങ്കിലും ഒരു അശ്രദ്ധപറ്റി "കുട്ടിത്തമ്പുരാന്‍" സി എം നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് എന്ന്. അത് അനുജന്‍ സി എം എസ് നമ്പൂതിരിപ്പാടാണ്. കുട്ടിത്തമ്പുരാന്‍ എന്ന നാടകത്തിലെ വലിയ തമ്പുരാന്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടല്ലതാനും.) അതിനിടയ്ക്ക് തറവാടുഭരണവും ചുമക്കേണ്ടിവന്നു. പഴയ പ്രൗഢിയേ ഉള്ളൂ. കെട്ടിയിരിപ്പൊന്നുമില്ല. അധ്വാനിക്കാന്‍ വശത ഉള്ള ആണ്‍തരികളുമില്ല. എന്നാലും ചെറുകാട് പിടിച്ചുനടത്തി. അതിനിടയ്ക്ക് ലക്ഷ്മിക്കുട്ടിയെ പരിണയിക്കുകയും ചെയ്തു. പല സ്കൂളിലായി അവര്‍ അധ്യാപികയായി. പക്ഷേ വിവാഹനിശ്ചയവേളയിലെ വാക്കാല്‍ കരാറുപ്രകാരം അവരുടെ ശമ്പളം അമ്മാവന് കൊടുക്കണം. അന്നത്തെ ധര്‍മ്മസങ്കടമാണ് ""അടിമ"" എന്ന ലഘു നാടകത്തിലുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തനം കേമമായി നടന്നു. രാഷ്ട്രീയ ഗുരുനാഥന്‍ സി ആര്‍ - രാമന്‍കുട്ടിനായര്‍. പാര്‍ടി നേതാവ്, പില്‍ക്കാലത്ത് അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.

അതിനിടയ്ക്കാണ് കെ പി നാരായണപിഷാരടി പാവര്‍ട്ടി സംസ്കൃത കോളേജിലേക്ക് വിളിച്ചത്. അവിടെ ""ശീലാവതി മുന്‍ഷി"" യായി കുലപതിയുടെ സഹജീവിയായി കൂടി. കെ പി നാരായണപിഷാരടി, പി സി വാസുദേവനിളയത്, ശ്രീകൃഷ്ണശര്‍മ്മ, എം പി ശങ്കുണ്ണിനായര്‍ എന്നീ പണ്ഡിതവരേണ്യന്മാരുടെ സമ്പര്‍ക്കത്തില്‍ സംസ്കൃത മഹാകാവ്യങ്ങളുടെ മധുരം മോന്തിക്കുടിച്ചു. എം എസ് മേനോന്‍, കോവിലന്‍ എന്നീ ശിഷ്യന്മാരുടെ സഹവാസം ഉത്സാഹം പകര്‍ന്നു. അണ്ടത്തോട് ഫര്‍ക്കയിലെ പാര്‍ടി പ്രവര്‍ത്തനം സംതൃപ്തി നല്‍കി. എന്നാല്‍ പ്രണയിനിയുടെയും കുട്ടികളുടെയും കൂട്ടില്ലാത്തത് ചുളുചുളെ കുത്തലുണ്ടാക്കി. ജാപ്പ് വിരുദ്ധപാടകം, ഓട്ടന്‍തുള്ളല്‍ എന്നിങ്ങനെ പാര്‍ടിക്ക് ഉണര്‍വുണ്ടാക്കുന്ന കലാവിദ്യകള്‍ എം പി ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ ബോംബെതൊട്ട് കണ്ണൂര്‍വരെ കൊണ്ടുനടന്നത് ചെറുകാടിനെ ജനപ്രിയനാക്കി. പക്ഷേ പാവര്‍ടി ജീവിതംവിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചെറുകാടിന് ധൃതിയായി. പുലാമന്തോളിലും പാര്‍ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ചരിത്രപ്രസിദ്ധമായ നെല്ലായ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായത് ചെറുകാടിനെ സാഹിത്യലോകത്ത് പ്രസിദ്ധനാക്കി. മഹാകവി ജി, മുണ്ടശ്ശേരി തുടങ്ങിയ വമ്പന്മാരും കൊമ്പന്മാരും അണിനിരന്ന സമ്മേളനത്തിന്റെ സഹായികളില്‍ പ്രധാനി ഒ എം സി നാരായണന്‍ നമ്പൂതിരിയായിരുന്നു.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിനെ കേരളത്തിലെ ഒന്നാംകിട കോളേജാക്കി ഉയര്‍ത്തുന്നതില്‍ ഇ പി ഗോപാലനോടൊപ്പം ചെറുകാട് നടത്തിയ കഠിനാധ്വാനം വാഴ്ത്തത്തക്കതാണ്. ഇനിയും പറയാനേറെയുണ്ട്. ചെറുകാടിന്റെ കുടുംബത്തെ വിശദമായി പരിചയപ്പെടുത്തി ഒന്നാം പടലം അടയ്ക്കുന്നു. രണ്ടാം പടലത്തില്‍ ചെറുകാടിന്റെ സാഹിത്യദര്‍ശനം, രചനയിലെ രസതന്ത്രം എന്നീ ലേഖനങ്ങളാണ്. മഹാകവി പി കുഞ്ഞിരാമന്‍നായരുടെയും സി പി ചിത്രഭാനുവിന്റെയും ഓര്‍മ്മക്കുറിപ്പുകളുമുണ്ട്. ചെറുകാടിന്റെ കൃതികള്‍, ചെറുകാടിനെക്കുറിച്ചുള്ള പഠനങ്ങള്‍, കുറെ ഫോട്ടോകള്‍-ഇയ്യങ്കോടിന്റെ പഠന ഗ്രന്ഥത്തിന് പൂര്‍ണതയേകുന്നു.

*
പാലക്കീഴ് നാരായണന്‍

Wednesday, April 23, 2014

തിരിച്ചുപിടിക്കാം നിലപാടുകളെ

ഇന്ന് ലോകപുസ്തകദിനം. വിശ്വപ്രസിദ്ധ നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവുംകൂടിയാണ് ഇന്ന്. മഹാനായ ആ എഴുത്തുകാരനെ ആദരിക്കുന്നതോടൊപ്പം പുസ്തകങ്ങളുടെ ശക്തി തിരിച്ചറിയാനും ഈ ദിനം പ്രയോജനപ്പെടുന്നു. അന്തര്‍ദേശീയപുസ്തകസംഘടനയാണ് ലോകപുസ്തകദിനം എന്ന ആശയം അവതരിപ്പിച്ചത്. മനുഷ്യജീവിതത്തില്‍ ഗ്രന്ഥങ്ങള്‍ക്കുള്ള സ്വാധീനത്തിന്റെ അനിവാര്യതയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. പോയകാലത്തെ മഹാന്മാരാണ് പുസ്തകരൂപങ്ങളില്‍ നമുക്കിടയില്‍ ജീവിക്കുന്നത്.

പുസ്തകങ്ങള്‍ ആശയങ്ങളായി പെയ്തിറങ്ങുന്ന കാലമാണിത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇത്തിരിനേരം വായനയില്‍ ഏര്‍പ്പെടുക എന്നത് ശ്രമകരമാണ്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കേരളത്തിലങ്ങോളമിങ്ങോളം പുസ്തകോത്സവങ്ങളും അക്ഷരോത്സവങ്ങളും സംഘടിപ്പിക്കുന്നു. മനുഷ്യന്റെ സംസ്കാരത്തെയും പൗരബോധത്തെയും ത്വരിതപ്പെടുത്താനുള്ള പ്രക്രിയയായി പുസ്തകോത്സവങ്ങള്‍ പ്രയോജനപ്പെടുന്നു. ലക്ഷക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. നാളികേരത്തിന്റെ ഈ നാട്ടില്‍ ഇത്രയധികം വായനക്കാരുണ്ടായതെങ്ങനെ? കേരളത്തിന്റെ നവോത്ഥാനകാലം ഉല്‍പ്പാദിപ്പിച്ച ഉണര്‍വും സാക്ഷരതാനിലവാരത്തിന്റെ ഉയര്‍ച്ചയുമാകണം ഇതിന് പിന്‍ബലമായിട്ടുണ്ടാകുക. അക്ഷരം പഠിച്ചവര്‍ പുസ്തകങ്ങള്‍ തേടിപ്പോകുന്നു എന്നതാണ് പുതിയകാലത്തെ പ്രസക്തി. വായനക്കാര്‍ ഇവിടെ അറിവിന്റെ കര്‍ത്താക്കളായിത്തീരുന്നു. ആശയങ്ങളെ വ്യക്തമാക്കുന്നതിനും ഗൗരവമായ ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വായന ആവശ്യംതന്നെ. പുസ്തകങ്ങളിലെ ഉള്ളടക്കം ഓര്‍മവയ്ക്കുന്ന പ്രക്രിയയല്ല ഇന്ന് വായന. പുസ്തകം നല്‍കുന്ന ആശയങ്ങള്‍ക്ക് സാമൂഹ്യജീവിതത്തില്‍ പ്രായോഗികത കൈക്കൊള്ളാനുള്ള പ്രേരണയാണ്.

കേരളത്തിന് എന്നും പരിവര്‍ത്തനോന്മുഖമായ മനസ്സുണ്ട്. നാടുവാഴിത്തത്തിന്റെ ഇരുണ്ട അകത്തളങ്ങളില്‍നിന്ന് പരിഷ്കാരത്തിന്റെയും പുതുമയുടെയും നാട്ടുപാതകളിലേക്ക് കേരളം നടന്നെത്തിയത് ആരിലും വിസ്മയമുളവാക്കുന്നു. ഈ യാത്രയില്‍ ചിന്തകളെ സദാ നവീകരിച്ച് സൂര്യസാന്നിധ്യമായി ജ്വലിച്ചുനിന്നത് പുസ്തകങ്ങളും ഗ്രന്ഥശാലകളുമാണ്. അറിവ് സാര്‍വത്രികമാകുന്ന പുതിയ കാലത്തും ലൈബ്രറി കൗണ്‍സിലിന് പ്രസക്തിയും പ്രാധാന്യവുമുണ്ട്. കേരളപ്പിറവിക്കുമുമ്പുതന്നെ ഗ്രന്ഥശാലാസംവിധാനം വ്യാപിച്ചിരുന്നു. സാമൂഹിക ചരിത്രവും ജീവിതസാഹചര്യവും തിരിച്ചറിഞ്ഞ സാഹിത്യകാരന്മാര്‍ സൃഷ്ടികര്‍മത്തെ സാമൂഹ്യദൗത്യമായി ഏറ്റെടുത്തപ്പോള്‍ ഗ്രന്ഥങ്ങള്‍ക്കും ഗ്രന്ഥശാലകള്‍ക്കും ജനജീവിതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. സാംസ്കാരിക നവോത്ഥാനത്തിന്റെ തുയിലുണര്‍ത്ത് കേള്‍പ്പിക്കുന്ന ഗ്രന്ഥശാലകളെ ഞെക്കിക്കൊല്ലാനുള്ള നീക്കം എന്നും നടന്നിരുന്നു. ഇതിനെതിരെ കേരളത്തിലെ വായനക്കാരും ലൈബ്രറികൗണ്‍സില്‍ പ്രവര്‍ത്തകരും സാംസ്കാരികപ്രവര്‍ത്തകരും അക്ഷരസ്നേഹികളും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി.

ഗ്രന്ഥാലയങ്ങള്‍ മനുഷ്യകേന്ദ്രീകൃതമായ ഇടങ്ങളാണ്. വളക്കൂറുള്ള മണ്ണില്‍ ജീവിതം തളിരിടുന്നതിനെക്കുറിച്ചാണ് മലയാളികളെന്നും ചിന്തിച്ചത്. മാനവീയതയുടെയും ജനാധിപത്യത്തിന്റെയും പുതിയ കുടമാറ്റത്തിന് മലയാളികളെന്നും തുടിച്ചിരുന്നു. തൊട്ടുകൂടായ്മയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളില്‍നിന്ന് സ്നേഹത്തിന്റെയും സമത്വത്തിന്റെയും പ്രകാശത്തിലേക്ക് പ്രവഹിക്കാന്‍ അവരെന്നും കൊതിച്ചു. പാടവരമ്പുകളിലും മലഞ്ചെരുവുകളിലും ഉണര്‍വിന്റെ തോറ്റംപാട്ടുകള്‍ കേള്‍പ്പിച്ചത് പുസ്തകങ്ങളും വായനശാലകളുമാണ്. കേരളം ലോകത്തിനു കാഴ്ചവച്ച ശ്രദ്ധേയമായ മറ്റൊരു മാതൃകയാണ് ഗ്രന്ഥശാലാ പ്രസ്ഥാനം. കരയാതെ മക്കളേ, കല്‍പ്പിച്ചു തമ്പുരാന്‍ എന്ന ഗതകാലാവസ്ഥയെ മറികടന്ന്, ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ എന്ന പ്രബുദ്ധതയിലേക്ക് മലയാളികളെ എത്തിച്ചത് വായനശാലകളും ഗ്രന്ഥാലയങ്ങളുമാണ്. പുസ്തകങ്ങള്‍ പോരാട്ടത്തിന്റെ ആയുധങ്ങളായിതീര്‍ന്നതാണ് ചരിത്രപാഠം. രണ്ടാംലോകമഹായുദ്ധത്തിനുശേഷമാണ് പുസ്തക പ്രസാധനവും വായനയും പ്രതിബദ്ധതയോടെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. മനുഷ്യകേന്ദ്രീകൃത ഇടമെന്ന നിലയില്‍ ഗ്രന്ഥാലയങ്ങള്‍ക്കുള്ള പ്രാധാന്യം നമ്മുടെ പൂര്‍വികര്‍ തിരിച്ചറിഞ്ഞു. പത്രങ്ങളും പുസ്തകങ്ങളും സാമാന്യജനങ്ങള്‍ക്കിടയില്‍ ക്രമമായും വ്യാപകമായും എത്തിക്കേണ്ടതിന്റെ അനിവാര്യത പി കൃഷ്ണപിള്ള ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഗാന്ധിജി, നെഹ്റു, കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങിയ ജനായകരുടെ നാമധേയത്തിലാണ് ഒട്ടുമിക്ക വായനശാലകളും ഗ്രന്ഥശാലകളും പ്രവര്‍ത്തിക്കുന്നത്. പോരാട്ടവഴിയില്‍ ചോരചിന്തിയ രക്തസാക്ഷികളുടെയും സാഹിത്യകാരന്മാരുടെയും പേരുകളിലും ഇവ പ്രവര്‍ത്തിക്കുന്നു. വിപുലമായ ജനകീയാടിത്തറയില്‍ വികസിച്ചുവന്ന ഈ മഹാപ്രസ്ഥാനത്തെ തളര്‍ത്തിക്കളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരളീയ പ്രബുദ്ധത ആവശ്യപ്പെടുന്നു.

ആധുനിക സാങ്കേതികവിദ്യകളുടെ തള്ളിക്കയറ്റത്തിലും അക്ഷരം പഠിക്കുന്നതും പുസ്തകം വായിക്കുന്നതും ആത്മാഭിമാനത്തിന്റെ ലക്ഷണമായി മലയാളികള്‍ കൊണ്ടുനടക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മറികടക്കാനുള്ള കര്‍മോന്മുഖതയുടെ പാതയില്‍ അപൂര്‍വചൈതന്യമായി ഈ പ്രസ്ഥാനത്തെ മലയാളികള്‍ നെഞ്ചേറ്റുന്നു. നാട്ടുബോധത്തെ നന്മയുടെ പക്ഷംചേരാന്‍ പ്രേരിപ്പിക്കുന്ന അനേകം കൂട്ടായ്മകളും കലാജാഥകളും സെമിനാറുകളും സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മലയാളനാടിന് ചടുലത ചേര്‍ക്കുമ്പോള്‍ പുസ്തകങ്ങള്‍ ജനഹൃദയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. അതുകൊണ്ട് തളരാത്ത വായനശീലമുള്ള കേരളീയര്‍ ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി ഗ്രന്ഥശാലകളെ കൈക്കൊള്ളുന്നു. നിശിതമായ വായനപ്രവര്‍ത്തനം നിലപാടുകളെ തിരിച്ചുപിടിക്കാനുള്ള സാംസ്കാരികപ്രവര്‍ത്തനമാണ്. നാളിതുവരെ ചിട്ടപ്പെടുത്തിയ ജീവിതപരിസരങ്ങള്‍ മുറിച്ചുകടന്ന് നൂതനവും അഭിവൃദ്ധിദായകവുമായൊരു വിതാനത്തിലെത്താനുള്ള പ്രേരണ ഗ്രന്ഥങ്ങള്‍ നല്‍കുന്നു. അനാവശ്യ വിവാദങ്ങളും വിലയിരുത്തലുകളുംകൊണ്ട് തകര്‍ക്കാനുള്ളതല്ല ഈ ഗ്രാമീണ സര്‍വകലാശാലകള്‍. കലകള്‍ കച്ചവടമാവുകയും ജീവിതം നാട്യമാവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഭാവനാപൂര്‍ണവും അര്‍ഥപൂര്‍ണവുമായ ചുവടുവയ്പുകളോടെ ലൈബ്രറി കൗണ്‍സില്‍ പ്രതികരിക്കട്ടെ. ഒരുമയുടെയും സഹജീവിസ്നേഹത്തിന്റെയും താളാത്മകസംഗീതം ഇവകളില്‍നിന്നുയരട്ടെ.

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

Tuesday, April 22, 2014

മുസ്ലിം സ്ത്രീകളുടെ വര്‍ത്തമാനം

സ്ത്രീക്കുമേല്‍ പുരുഷന്റെ നിയന്ത്രണം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന മതമാണ് ഇസ്ലാം. എന്നാല്‍, നിയമപ്രകാരം അവകാശമായ സ്വത്തിനുമേല്‍ ഖുര്‍-ആന്‍സ്ത്രീക്ക് പൂര്‍ണാധികാരം നല്‍കുന്നുമുണ്ട്. വേദഗ്രന്ഥമായ ഖുര്‍-ആനില്‍ സുദീര്‍ഘമായ ഒരധ്യായംതന്നെ സ്ത്രീകളെക്കുറിച്ചാണ്. നൂറ്റിയെഴുപത്താറ് വാക്യങ്ങളുള്ള നാലാമധ്യായം-അന്നിസാഅ്-സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതെങ്ങനെയായാലും പ്രായോഗികതലത്തില്‍, അടുത്തകാലംവരെ, മുസ്ലിംസ്ത്രീ അടുക്കളയിലെ വീട്ടുപകരണത്തിനപ്പുറം മറ്റൊന്നുമായി പരിഗണിക്കപ്പെട്ടില്ല.

കേരളജനതയുടെ ഇരുപത്താറുശതമാനത്തിലധികം വരുന്ന മുസ്ലിങ്ങള്‍ക്കിടയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുസ്ലിംസ്ത്രീയെ സംവാദവിഷയമായി അവതരിപ്പിക്കാന്‍ ആദ്യം ധൈര്യം കാട്ടിയത് സാക്ഷാല്‍ ഇ എം എസാണെന്ന് ഓര്‍ക്കണം. ശരി-അത്ത് വിവാദത്തിന്റെ കാലത്ത് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായപ്രകടനങ്ങള്‍ ഇരുട്ടുമൂടിയ ഒരു ഭാഗത്തേക്ക് കടന്നുചെന്ന ആദ്യ പ്രകാശകിരണങ്ങളായി. എന്നാല്‍, മുസ്ലിംസ്ത്രീകളെപ്പറ്റി ആഴത്തില്‍ വിലയിരുത്തുന്ന ഒരു പുസ്തകം അപ്പോഴും ഉണ്ടായില്ല. മുസ്ലിങ്ങളുടെ ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന ആദ്യ പുസ്തകമായി എന്റെ ശ്രദ്ധയില്‍ വരുന്നത് കാല്‍ നൂറ്റാണ്ടുകാലം മലബാറില്‍ ജീവിച്ച കനേഡിയന്‍ പണ്ഡിതന്‍ റൊണാള്‍ഡ് ഇ മില്ലറിന്റെ "മാപ്പിള മുസ്ലിംസ് ഓഫ് കേരള"യാണ്. 1976ല്‍ പുറത്തിറങ്ങിയ അതില്‍ കൗതുകകരമായ ഒരു രചനയെ മില്ലര്‍ ഉദ്ധരിക്കുന്നുണ്ട്. പി മുഹമ്മദ് കുട്ടാശേരി 1964 ഒക്ടോബറില്‍ "മാപ്പിളനാടി"ലെഴുതിയ "മുസ്ലിംസ്ത്രീയുടെ ദയനീയചിത്രം" എന്ന കുറിപ്പാണത്. ഇത്തരം ചില പരാമര്‍ശങ്ങളൊഴിച്ചാല്‍ മില്ലറും മുസ്ലിംസ്ത്രീയെപ്പറ്റി അജ്ഞനാണ്. അകത്തേക്ക് പുരുഷനും പുറത്തേക്ക് സ്ത്രീക്കും പ്രവേശനമില്ലാത്ത ലോകത്തെക്കുറിച്ചുള്ള ആധികാരികവിവരങ്ങളുടെ ശൂന്യതയിലേക്ക് ഇതാ ഒരു പുസ്തകം- "കേരളത്തിലെ മുസ്ലിംസ്ത്രീകളുടെ വര്‍ത്തമാനകാലം". കഥാകൃത്തും ബാലസാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനും അധ്യാപകനുമായി പ്രശസ്തനായ എന്‍ പി ഹാഫിസ് മുഹമ്മദാണ് രചയിതാവ്. വേഷവിധാനം, വിവാഹക്കമ്പോളത്തിലെ ചരക്കാക്കിത്തീര്‍ക്കല്‍, തലാഖിലൂടെയുള്ള അനാഥത്വം, വിദ്യാഭ്യാസം, പഠിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രായോഗികബുദ്ധിമുട്ടുകള്‍, തൊഴില്‍, പൊതുരംഗത്തെ ഇടപെടലുകള്‍, ബഹുഭാര്യാത്വത്തിന്റെ ഭാഗമായി പുരുഷാസക്തിയുടെ ഇരയാക്കപ്പെടല്‍, പള്ളിപ്രവേശം, മാതൃദായക്രമം, ആചാരങ്ങള്‍, പുതിയ തലമുറയുടെ സാധ്യതകളും പരിമിതികളും തുടങ്ങി മുസ്ലിംസ്ത്രീയുമായി ബന്ധപ്പെട്ട മിക്കവാറുമെല്ലാ വിഷയങ്ങളും ഹാഫിസ് മുഹമ്മദ് ചര്‍ച്ചചെയ്യുന്നു.

സ്ത്രീയുടെ വേഷം പലപ്പോഴും പുരുഷസംവാദകരുടെ പ്രിയവിഷയമാണ്. മൗലികവാദികളെ വേഷം വേഗം പ്രകോപിപ്പിക്കും. കഴിഞ്ഞവര്‍ഷം കാസര്‍കോട്ട് റയാന ഖാസി എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ജീന്‍സ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ പുകിലെത്ര! ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയും മുസ്ലിംസ്ത്രീയുടെ പൊതുവേഷമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന പര്‍ദയ്ക്കുപിന്നിലെ വാണിജ്യതാല്‍പ്പര്യം ഹാഫിസ് തുറന്നുകാട്ടുന്നു. ലോകത്തെങ്ങും മുസ്ലിങ്ങള്‍ക്ക് ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന "ഹിജാബ്" എന്ന പൊതുരീതി സ്വീകരിക്കണമെന്നല്ലാതെ മറ്റൊരു വേഷനിബന്ധനയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ പല പ്രശ്നങ്ങളുടെയും കാണാപ്പുറങ്ങള്‍ ഹാഫിസ് കാട്ടിത്തരുന്നു. ഉദാഹരണം സ്ത്രീധനം.

നിയമംമൂലം നിരോധിക്കപ്പെട്ട സ്ത്രീധനം. ചിലര്‍ ഇപ്പോഴും അത് നേരിട്ട് ചോദിക്കും. മറ്റു ചിലരുണ്ട്. പെണ്ണുകാണാന്‍ വരുമ്പോള്‍ വരന്റെ ബന്ധുക്കള്‍ ഓരോരുത്തരായി പെണ്‍കുട്ടിക്ക് ഓരോ ആഭരണം ഇടും. അന്‍പതുപേര്‍ ഓരോ പവന്‍ ഇട്ടെന്നു കരുതുക. അതവരുടെ നിലവാരപ്രദര്‍ശനമാണ്. കല്യാണദിവസം ഇതിന്റെ മൂന്നോ അഞ്ചോ ഇരട്ടി വധു ധരിക്കാതെ പറ്റുമോ? മുഴുവന്‍ ആഭരണവും കല്യാണദിവസം വരന്റെ വീട്ടുകാര്‍ക്ക് ലഭിക്കുകയും ചെയ്യും! മുസ്ലിംസ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങളും ഹാഫിസ് കാട്ടിത്തരുന്നു. വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് പെണ്‍കുട്ടികള്‍ ആണുങ്ങളെ മറികടന്നു പോയിക്കഴിഞ്ഞിരിക്കുന്നു. ശരാശരി ആറുനൂറോളം മുസ്ലിംപെണ്‍കുട്ടികള്‍ പ്രതിവര്‍ഷം ഡോക്ടര്‍മാരായി പുറത്തുവരുന്നു, കേരളത്തില്‍. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം 18000. മലബാറിലെ കോളേജുകളില്‍ 70 ശതമാനം പെണ്‍കുട്ടികളാണ്. ഇതേ കാലത്തുതന്നെയാണ് അറബിക്കല്യാണങ്ങളും മൈസൂര്‍ കല്യാണങ്ങളും ടെലിഫോണ്‍ തലാക്കുകളും അരങ്ങുവാഴുന്നത്. സമുദായസംഘടനകളുടെയും അവരുടെ വനിതാവിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഗ്രന്ഥകാരന്‍ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നു.

മുസ്ലിംവനിതാസംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. അതുകൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ യജമാന്മാരുടെ സ്ത്രീപീഡനങ്ങളെപ്പോലും ന്യായീകരിക്കേണ്ട ഗതികേടിലേക്ക് അവര്‍ എത്തപ്പെടുന്നത്. മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിനെ ഹാഫിസ് പേരെടുത്ത് വിമര്‍ശിക്കുന്നത് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംവരണേതര വിഭാഗങ്ങളില്‍ ഒരു പെണ്‍കുട്ടിയെപോലും മത്സരിപ്പിക്കാന്‍ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ്. സ്ഥിതിവിവരക്കണക്കുകളുടെ ഭാരമില്ലാതെ വസ്തുതകളിലേക്ക് നേരിട്ടുകടന്നാണ് ഹാഫിസ് മുഹമ്മദ് മുസ്ലിംസ്ത്രീയുടെ വര്‍ത്തമാനജീവിതം കാട്ടിത്തരുന്നത്. വ്യക്തിപരമായ അനുഭവങ്ങള്‍ വിവരണങ്ങളെ ആധികാരികമാക്കുന്നു. മുസ്ലിം സമുദായത്തില്‍ എഴുത്തുകാരനുള്ള അംഗീകാരം യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഗവേഷണപരിചയവും മതേതരനിലപാടും സത്യസന്ധതയും പുസ്തകം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.

*
ബി അബുരാജ്

Sunday, February 16, 2014

പേരിനല്ലാത്ത പുസ്തകമെഴുത്ത്

മഹാത്മാഗാന്ധിക്ക് ഒരു ചെറുമകനുണ്ടായിരുന്നു, രാമചന്ദ്രഗാന്ധി. ഗാന്ധിജിയുടെ ഇളയ മകന്‍ ദേവദാസ് ഗാന്ധിയുടെ മകന്‍. ദാര്‍ശനികലോകത്താണ് രാമചന്ദ്രഗാന്ധിയുടെ പ്രശസ്തി. വിശ്വഭാരതിയടക്കമുള്ള പല സര്‍വകലാശാലകളിലും പഠിപ്പിച്ച പ്രഗത്ഭനായ അധ്യാപകന്‍. 2007 ജൂണ്‍ ഒമ്പതിന് ഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലെ മുറിയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത് അന്ന് കാര്യമായ വാര്‍ത്തയായില്ല. രാഷ്ട്രപിതാവിന്റെ പേരക്കുട്ടിയും അറിയപ്പെടുന്ന ബുദ്ധിജീവിയും ആയിട്ടുപോലും. "സീതാസ് കിച്ചന്‍" (സീതയുടെ അടുക്കള) അടക്കമുള്ള ഗ്രന്ഥങ്ങളുടെ കര്‍ത്താവായ രാമു(സുഹൃത്തുക്കള്‍ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുക) അദൈ്വത ദര്‍ശനത്തെ തന്റേതായ നിലയില്‍ വ്യാഖ്യാനിച്ച് തയ്യാറാക്കിയ "ഞാന്‍ തന്നെ നീയും" എന്ന പ്രാമാണിക ഗ്രന്ഥം പേരുവയ്ക്കാതെ എഴുതി പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചിരുന്നു.

വായനക്കാരില്‍ നിന്ന് മറഞ്ഞിരിക്കാന്‍ രാമചന്ദ്രഗാന്ധി ആഗ്രഹിച്ചത് എന്തുകൊണ്ടായിരിക്കാം. രമണമഹര്‍ഷിയെപ്പോലുള്ള മഹാഗുരുക്കന്മാരെ അവതരിപ്പിക്കുന്ന പുസ്തകത്തില്‍ തന്റെ പേരു വച്ചാല്‍ അത് അധികപ്പറ്റോ അഹങ്കാരമോ ആവുമെന്ന് കരുതിയോ? അതോ എഴുത്തുകാരനാകും ഞാനും വായനക്കാരനാകും നീയും രണ്ടല്ലെങ്കില്‍ പിന്നെ എന്തിന് എന്റെ മാത്രം പേര് വയ്ക്കണം എന്ന് ചിന്തിച്ചിട്ടുണ്ടാവുമോ? എന്തായാലും പുണെ സര്‍വകലാശാലയിലെ ചില ശിഷ്യര്‍ ഈ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി കണ്ടെടുത്ത് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. അതില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരുണ്ടാവുമോ എന്തോ? ഒരു പുസ്തകം കൈയില്‍ കിട്ടുമ്പോള്‍ നാമാദ്യം അതിന്റെ പുറംചട്ടയിലെ പേര് നോക്കും. പിന്നെ എഴുതിയത് ആരെന്ന് നോക്കും. പിന്നെ പുസ്തകത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പിന്‍ചട്ടയിലെ കുറിപ്പി(ബ്ലര്‍ബ്)ലേക്ക് കണ്ണോടിക്കും. വായനയില്‍ കുറെക്കൂടി താല്‍പ്പര്യമുള്ളവരെങ്കില്‍ പ്രസാധകര്‍ ആരെന്നും. കൃതിയുടെ പേരിനേക്കാള്‍ വലിയ അക്ഷരത്തില്‍ കര്‍ത്താവിന്റെ പേര് പുറംചട്ടയില്‍ നല്‍കുന്ന ഇംഗ്ലീഷിലെ രീതി ഒട്ടൊക്കെ മലയാളത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അനുഭവമെന്നോ യാത്രയെന്നോ ഓര്‍മയെന്നോ പേരിട്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ പ്രസാധകന് പണം നല്‍കി പുസ്തകങ്ങളാക്കുന്നതും നാട്ടാചാരം. ഇവയുടെ പുറംചട്ടയില്‍ ഗ്രന്ഥകര്‍ത്താവിന്റെ വര്‍ണചിത്രവും നിര്‍ബന്ധം. ഈ ചിത്രത്തിന് വേണ്ടത്ര തെളിച്ചമില്ലാത്തതിന്റെ പേരില്‍ പിണങ്ങിയ ആത്മരതിയുടെ ഉപാസകരായ എഴുത്തുകാരുടെ കഥകള്‍ പലതും പ്രസാധകര്‍ക്ക് പറയാനുണ്ടാകും.

രാമചന്ദ്രഗാന്ധി പേരുവയ്ക്കാതെ തയ്യാറാക്കിയ വൈജ്ഞാനിക ഗ്രന്ഥത്തെക്കുറിച്ച് കേട്ടമ്പരന്നവര്‍ക്ക് അതേ വികാരം തോന്നാനിടയാക്കുന്ന ഒരു പുസ്തകം ഇവിടെയുണ്ട്, നമ്മുടെ മലയാളത്തിലും. ഗ്രന്ഥത്തിന്റെ പേര് "ഒരു സാമൂഹിക കാഴ്ചപ്പാടില്‍ നിന്ന്". ഗ്രന്ഥകര്‍ത്താവിന്റെ പേര് ഈ പുസ്തകത്തില്‍ അങ്ങോളമിങ്ങോളം പരതിയാലും കാണില്ല. അതിനുപകരം പ്രസാധകരായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കളോജിക്കല്‍ സ്റ്റഡീസിന്റെ ഒറ്റവരി കുറിപ്പ്. ""ഗ്രന്ഥകര്‍ത്താവിന്റെ പേര് വെയ്ക്കരുതെന്ന അപേക്ഷ മാനിച്ചുകൊണ്ട് ..."" ഗ്രന്ഥകര്‍ത്താവിന്റെ പേര് വച്ചില്ലെന്നതു പോകട്ടെ, ഗ്രന്ഥകര്‍ത്താവിന്റെ പേരന്വേഷിക്കരുതെന്ന അഭ്യര്‍ഥനകൂടി ഈ കുറിപ്പില്‍നിന്ന് വായിച്ചെടുക്കാം. ഗ്രന്ഥകര്‍ത്താക്കള്‍ ആരെന്നറിയാത്ത പ്രാചീനമായ ഗ്രന്ഥങ്ങള്‍ പലതുണ്ട്. സെന്‍സര്‍ഷിപ്പും ഭീഷണിയും ഭയന്ന് പേരുമാറ്റി പുസ്തകങ്ങള്‍ എഴുതിയവരും ചരിത്രത്തിലുണ്ട്. രതിവര്‍ണനകള്‍ ധാരാളമായി ചേര്‍ക്കാന്‍മാത്രം പടയ്ക്കുന്ന പുസ്തകങ്ങളിലും എഴുത്തുകാര്‍ വ്യാജപ്പേരിന് പിന്നില്‍ മറഞ്ഞുനില്‍ക്കാറാണ് പതിവ്. യഥാര്‍ഥപേരില്‍ നിന്ന് മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഴുതുമ്പോള്‍ തൂലികാനാമം സ്വീകരിക്കാറുണ്ട്. എഴുത്തിന്റെ ലോകത്തില്‍ ഈ പേരില്‍മാത്രം അറിയപ്പെടണമെന്ന് നിര്‍ബന്ധമുള്ളവര്‍. ഉറൂബും വിലാസിനിയും മുതല്‍ സുബൈദ വരെയുള്ളവര്‍. എന്തുകൊണ്ടായിരിക്കാം ഇവിടെ ഗ്രന്ഥകാരന്‍ ഇങ്ങനെ മറഞ്ഞിരിക്കാന്‍ ഒരു തൂലികാനാമംപോലും സ്വീകരിക്കാഞ്ഞത്?

നാല്‍പ്പതോളം വര്‍ഷങ്ങളായി മലയാളത്തിലെ ആനുകാലികങ്ങളില്‍ പേരുവച്ച് എഴുതിയ ലേഖനങ്ങള്‍ ഈ ബൃഹദ്ഗ്രന്ഥത്തിലുണ്ട്്. ശ്രദ്ധേയമായ ആ ലേഖനങ്ങള്‍ വായിച്ചവര്‍ക്ക് ചിലപ്പോള്‍ ഈ പുസ്തകം അജ്ഞാതകര്‍തൃകമായി തോന്നണമെന്നില്ല. ചിന്ത, സമകാലിക മലയാളം, കലാകൗമുദി, കേരളീയം, വൈദ്യശാസ്ത്രം,ശീര്‍ഷകം, പച്ചക്കുതിര തുടങ്ങിയവയിലെല്ലാം എഴുതിയവ. അത്രയുമോ അതിലേറെയുമോ വരും തന്റെ പ്രഭാഷണങ്ങളുടെ പകര്‍ത്തെഴുത്ത്. പ്രഭാഷണങ്ങള്‍ക്കായി തയ്യാറാക്കിയ അടുക്കും ചിട്ടയുമുള്ള കുറിപ്പുകള്‍ വേറെയും. പ്രസാധകരായ കോഴിക്കോട്ടെ പൂവാട്ടുപറമ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കോളജിക്കല്‍ സ്റ്റഡീസിന്റെ പ്രവര്‍ത്തകരോടൊത്തുള്ള മുറതെറ്റാതുള്ള സത്സംഗങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍, അവയ്ക്കുവേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ ഇവയെല്ലാം ലേഖനരൂപത്തിലാക്കി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നു. ലേഖനങ്ങള്‍, കുറിപ്പുകള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗ്രന്ഥകാരനുമായുള്ള ഒരു അഭിമുഖം സംഭാഷണങ്ങള്‍ എന്ന നാലാംഖണ്ഡത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനൊപ്പം സങ്കല്‍പ്പന നിഘണ്ടുവും പദപ്പട്ടികയും ചേരുമ്പോള്‍ പേജുകള്‍ 680.

ഗ്രന്ഥത്തിലുടനീളം പൊതുവായും വിശേഷരൂപത്തിലും പ്രയോഗിച്ചിട്ടുള്ള സങ്കല്‍പ്പനങ്ങളുടെ വിശീദികരണമാണ് സങ്കല്‍പ്പന നിഘണ്ടുവിലുള്ളത്. ഈ പുസ്തകത്തെക്കുറിച്ച് ചിന്തകനായ വി സനില്‍ പറയുന്നതിങ്ങനെ: ""കര്‍ത്താവിന്റെ പേരില്ലാത്തതുകൊണ്ട് ഗ്രന്ഥത്തെ ആര്‍ക്കും എങ്ങനെയും തന്നിഷ്ടപ്രകാരം വായിച്ചുകളയാം എന്നു കരുതേണ്ട. പേരിട്ടാലും ഇല്ലെങ്കിലും എഴുത്തിന് കര്‍ത്താവുണ്ട്. ലാഭമുണ്ടായാല്‍ പങ്കുവെയ്ക്കാനും ലഹളയുണ്ടായാല്‍ അറസ്റ്റു ചെയ്യാനുമൊക്കെയായി വിപണിയും ഭഭരണകൂടവും കണ്ടുവെച്ചിരിക്കുന്ന ആള്‍രൂപം മാത്രമല്ല എഴുത്തുകാരന്‍. വായനയിലൂടെ പിറക്കാനിരിക്കുന്ന അര്‍ഥങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുന്ന ശ്രീമാനുമല്ലയാള്‍. കൃതിയുടെ സ്വഭാവമനുസരിച്ചിരിക്കും എഴുത്തുകാരനും, എഴുത്തും വായനയും തമ്മിലുള്ള ബന്ധം. കൃതിയുടെ നേരും എഴുത്തുകാരന്റെ പേരും തമ്മിലുള്ള ബന്ധം വായനയുടെ ചിട്ടയേയും ചട്ടക്കൂടിനേയും നിര്‍ണ്ണയിക്കുന്ന ഘടകമാണ്."" 1975ല്‍ ചിന്ത മെയ്ദിന പതിപ്പിലെഴുതിയ "കമ്യൂണിക്കേഷന്‍" എന്ന കുറിപ്പാണ് ഈ പുസ്തകത്തിലെ ഏറ്റവും പ്രായമേറിയ ലേഖനം. 39 വര്‍ഷം മുമ്പ് എഴുതിയ ഈ കുറിപ്പ് പിന്നീടുണ്ടായ വാര്‍ത്താവിനിമയ വിസ്ഫോടനത്തെയും അത് കൈവരിച്ച മര്‍ദക സ്വഭാവത്തെയും ദീര്‍ഘദര്‍ശനംചെയ്യുന്നുണ്ട്. "കമ്യൂണിക്കേഷന്‍ വിമര്‍ശനപരമോ വിപ്ലവാത്മകമോ ആകാത്തിടത്തോളം അത് മര്‍ദകംതന്നെയാണ്.

സമുദായ വിപ്ലവത്തിന്റെ മുന്നോടി നിലവിലുള്ള കമ്യൂണിക്കേഷന്റെ നിരാകാരവും വിപ്ലവമൂല്യാധിഷ്ഠിതമായ കമ്യൂണിക്കേഷനുമാണ്" എന്ന പ്രസ്താവത്തോടെയാണ് ഈ ചെറുകുറിപ്പ് അവസാനിക്കുന്നത്. മാധ്യമങ്ങള്‍ മുമ്പെന്നത്തേക്കാളുമേറെ മൂലധനത്താല്‍ നയിക്കപ്പെടുന്ന സമകാലീനാവസ്ഥയില്‍ നാലുപതിറ്റാണ്ടു മുമ്പെഴുതിയ ഈ കുറിപ്പിന്റെ സാംഗത്യം വര്‍ധിക്കുന്നു. ഭാരതീയ തത്വചിന്ത, അപരത്വം, ഉണ്മ, ഇല്ലായ്മ, സ്വത്വം, ശാസ്ത്രം, മതം, സംസ്കാരം, ജനാധിപത്യം, ആരോഗ്യം, നീതി, ചങ്ങാത്തം, രാഷ്ട്രീയം, മാര്‍ക്സ്, ഗാന്ധി, ആധുനികോത്തരത, വാസ്തുവിദ്യ, പ്ലാച്ചിമട തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളെ ഇഴയടുപ്പത്തോടെയാണ് ഗ്രന്ഥകാരന്‍ സമീപിക്കുന്നത്. നമ്മുടെ സമകാലികജീവിതത്തിലെ ഗുരുതരമായ മാനുഷിക പ്രശ്നങ്ങളുടെ തെളിമയുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ അപഗ്രഥനം.

കേരളത്തിലെ സാമൂഹികമായ പ്രശ്നങ്ങള്‍ എത്ര തീവ്രമാണെന്ന് കണ്ടെത്തുന്ന സ്പന്ദമാപിനിയാണ് ഈ പുസ്തകം. ചിരന്തനവും സമകാലികവുമായ നാനാവിഷയങ്ങളെ ഈ പുസ്തകം സമീപിക്കുന്നുണ്ട്. പ്രശസ്തിയോടുള്ള നിര്‍മമത്വം മാത്രമല്ല ഈ പുസ്തകത്തിലെ ഭൂരിഭാഗം ലേഖനങ്ങളും സുഹൃത്തുക്കളുടെ കൂടി വൈജ്ഞാനികാന്വേഷണത്തിന്റെ സൃഷ്ടിയാണെന്ന ബോധ്യവുംപേരുവയ്ക്കരുതെന്ന നിര്‍ബന്ധപൂര്‍വമായ അഭ്യര്‍ഥനയ്ക്കു പിന്നിലുണ്ടെന്ന് എഴുത്തുകാരനെ അറിയുന്ന സാഹിത്യകുതുകികള്‍ കരുതുന്നു. ഏതായാലും ഗ്രന്ഥകര്‍ത്താവിന്റെ അഭ്യര്‍ഥന മാനിച്ചുകൊണ്ടുതന്നെ ഈ കുറിപ്പ് അവസാനിപ്പിക്കാം.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 16-02-2014

Sunday, January 19, 2014

ചരിത്രവഴികളില്‍

കഴിഞ്ഞ നാലുവര്‍ഷമായി ചരിത്രവഴികളിലാണ് കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിശദമായ ചരിത്രരചനയാണ് പഠനകേന്ദ്രം ഏറ്റെടുത്തത്. ആദ്യത്തെ നാലുവര്‍ഷം കൊണ്ടുതന്നെ കണ്ണൂര്‍ ജില്ലയിലെ രക്തരൂഷിതമായ സമരങ്ങളുടെയും, സഹനങ്ങളുടെയും, രക്തസാക്ഷ്യങ്ങളുടെയും ചരിത്രം ഒന്നും രണ്ടും സഞ്ചികകളിലൂടെ പഠനകേന്ദ്രം ജനങ്ങളുടെ മുന്നില്‍ എത്തിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം മുതലുള്ള ഔപചാരിക പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമായല്ല ഈ പുസ്തകത്തില്‍ കണക്കാക്കുന്നത്.

കണ്ണൂരിന്റെ നീണ്ടകാല പൊതുചരിത്രത്തില്‍ നിന്നുതന്നെയാണ് കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം എന്ന പുസ്തകം ആരംഭിക്കുന്നത്. കണ്ണൂരിന്റെ അതിപ്രാചീന ചരിത്രം, നാടുവാഴിത്തകാലം, വിദേശികളുടെ വരവ്, നവോത്ഥാന പ്രസ്ഥാനങ്ങളുടെ കണ്ണൂരിലെ പ്രത്യേകമായ പ്രവര്‍ത്തനങ്ങളും ഇടങ്ങളും, ദേശീയപ്രസ്ഥാനത്തിന്റെ പ്രോജ്വലമായ തുടക്കങ്ങള്‍, 1930 ലെ പയ്യന്നൂരിലേക്കുള്ള ഉപ്പ് സത്യഗ്രഹജാഥയുടെ പൂര്‍ണചരിത്രം എന്നിവയെല്ലാം പൊതുചരിത്ര രചനയുടെ കാഴ്ചപ്പാടില്‍നിന്ന് വിശദീകരിച്ചുകൊണ്ടാണ് ആദ്യകാല കര്‍ഷകപ്രസ്ഥാനത്തിന്റെ സൂക്ഷ്മചരിത്രത്തിലേക്ക് കടക്കുന്നത്. ജന്മിത്വത്തിന്റെ കിരാതഭരണത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് മലബാറില്‍ കര്‍ഷകസംഘം വേരുറപ്പിച്ചത്. 1939 ഡിസംബറില്‍ പിണറായിയില്‍ ചേര്‍ന്ന രഹസ്യസമ്മേളനത്തോടെ പരസ്യപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച കമ്യൂണിസ്റ്റ് പാര്‍ടി ഈ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെ നടുനായകത്വം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കര്‍ഷകരും, അക്കാലത്തുതന്നെ ശക്തമായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുവന്ന തൊഴിലാളി സംഘടനകളുമാണ് 1940 ലെ സാമ്രാജ്വത്വവിരുദ്ധദിനാചരണം ചോരയില്‍ ചുവപ്പിച്ചുകൊണ്ട് ഇതിഹാസമെഴുതിയത്.

മൊറാഴയിലെ അഞ്ചാംപീടികയില്‍ എസ്ഐ കുട്ടിക്കൃഷ്ണമേനോനും ഗോപാലന്‍നായര്‍ എന്ന ഒരു പൊലീസുകാരനും മരിച്ചുവീണു. തലശേരിയില്‍ അബുമാസ്റ്ററും മുളിയന്‍ ചാത്തുക്കുട്ടിയും ധീരരക്തസാക്ഷികളായി. മട്ടന്നൂരില്‍ ഒരു പൊലീസുകാരന്‍ ഏറ്റുമുട്ടലില്‍ മരിച്ചു. ചോരയില്‍ കുതിര്‍ന്ന ഈ ചരിത്രങ്ങള്‍ വിശദമായി രേഖപ്പെടുത്തിക്കൊണ്ടാണ് ഒന്നാം സഞ്ചികയ്ക്ക് വിരാമമിടുന്നത്. രണ്ടാം ലോകമഹായുദ്ധവും അനന്തരസംഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയെ പൊതുവായും കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയെ പ്രത്യേകമായും ഏതുവിധേനയെല്ലാം ബാധിച്ചു എന്ന് വിശകലനംചെയ്തുകൊണ്ടാണ് രണ്ടാം സഞ്ചിക ആരംഭിക്കുന്നത്.

1942ലെ ക്വിറ്റിന്ത്യാ സമരകാലത്ത് പാര്‍ടി നേരിടേണ്ടിവന്ന പ്രശ്നങ്ങളെ പുസ്തകം നന്നായി അവലോകനംചെയ്യുന്നു. ഭക്ഷ്യക്ഷാമം നേരിടാനുളള ചെറുത്തുനില്‍പ്പിന്റെയും കൂട്ടുകൃഷിയുടെയും അനന്തരഫലമായാണ് ജന്മിമാരും കര്‍ഷകസംഘവും തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ന്യായമായ വിലയ്ക്ക് നെല്ല് സാധാരണ ജനങ്ങള്‍ക്ക് വില്‍ക്കണമെന്നും കരിഞ്ചന്ത തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് 1946 ല്‍ കരിവെള്ളൂരിലും കാവുമ്പായിയിലും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. രക്തരൂഷിതമായ ഈ സമരങ്ങളുടെയെല്ലാം സമ്പൂര്‍ണചരിത്രം രണ്ടാം സഞ്ചികയില്‍ കൈകാര്യംചെയ്തിട്ടുണ്ട്. കരിവെള്ളൂര്‍, കാവുമ്പായി രക്തസാക്ഷ്യങ്ങള്‍ കമ്യൂണിസ്റ്റ് ചരിത്രത്തിലെ സുവര്‍ണനക്ഷത്രങ്ങളാണ്. 1947-48 കാലം കണ്ണൂരില്‍ കമ്യൂണിസ്റ്റ് വേട്ടക്കാലമായിരുന്നു. കല്‍ക്കത്താ തീസീസിന്റെ പേരും പറഞ്ഞ് കോണ്‍ഗ്രസും ഗുണ്ടാപ്പടയും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. ഗാന്ധിയന്‍ കമ്യൂണിസ്റ്റായ മൊയാരത്ത് ശങ്കരനെപ്പോലും ഗുണ്ടകള്‍ പിടികൂടി നിഷ്ഠുരമായി മര്‍ദിച്ചുകൊലപ്പെടുത്തി. 57-ല്‍പ്പരം സഖാക്കള്‍ക്ക് ആ കാലംവരെ ആത്മത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്.

ചെറുത്തുനില്‍പ്പിന്റെ ഇതിഹാസോജ്വല സമരങ്ങളാണ് 1948 കാലം മുതല്‍ 1950 വരെ കണ്ണൂരില്‍ അരങ്ങേറിയത്. മുനയന്‍കുന്ന്, കോറോം, പെരളം, പഴശ്ശി, തില്ലങ്കേരി, പായം എന്നീ പടനിലങ്ങളിലെല്ലാം ചെറുത്തുനില്‍പ്പുകളുണ്ടായി. ജനനായകരായ കുഞ്ഞാപ്പു മാസ്റ്റര്‍, സി അനന്തന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ പടനായകരെല്ലാം രക്തസാക്ഷികളായി. ഈ പോരാട്ടങ്ങളുടെ ഇതുവരെ വേണ്ടത്ര അനാവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത വിശദചരിത്രം ഈ പുസ്തകത്തില്‍ അനാവരണംചെയ്യപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതയാണ് സേലം ജയിലില്‍ 1950 ല്‍ അരങ്ങേറിയത്. 22 സഖാക്കളെ നിഷ്ഠുരമായി ജയലധികാരികള്‍ വെടിവച്ചുകൊന്നു. അതില്‍ 18 പേരും കണ്ണൂര്‍ ജില്ലക്കാരായിരുന്നു. ഈ സഖാക്കളെക്കുറിച്ചെല്ലാം ചരിത്രപുസ്തകം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. സേലം ജയില്‍ വെടിവയ്പിനു ശേഷം നടന്ന മറ്റൊരു കൊടുംക്രൂരതയാണ് പാടിക്കുന്നിലെ വെടിവയ്പ്. ജയിലിലെ റിമാന്‍ഡ് തടവുകാരായിരുന്ന രയിരുനമ്പ്യാര്‍, കുട്ട്യപ്പ, ഗോപാലന്‍നമ്പ്യാര്‍ എന്നിവരെ കള്ളജാമ്യത്തില്‍ ഇറക്കി മെയ് 4ന് പുലര്‍കാലത്ത് പാടിക്കുന്നിന്റെ നെറുകയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്നു. കോണ്‍ഗ്രസ് ഭരണാധികാരികളുടെ നിഷ്ഠുരതകള്‍ കൂടിവരുംതോറും പാര്‍ടി കൂടുതല്‍ ജനസ്വീകാര്യത നേടിവന്നിരുന്ന ചരിത്രമാണ് കണ്ണൂര്‍ ജില്ലയുടേത്. 1952 ലെ തെരഞ്ഞെടുപ്പില്‍ മലബാറില്‍ പാര്‍ടി നേടിയ കനത്ത വിജയം അതാണ് തെളിയിച്ചത്. ഈ തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരണങ്ങളോടെയും, ഇക്കാലയളവില്‍ നമുക്ക് നഷ്ടപ്പെട്ട മഹാനായ നേതാവ് കൃഷ്ണപിള്ളയുടെ തീരാനഷ്ടം അടയാളപ്പെടുത്തിയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രത്തിന്റെ രണ്ടാം സഞ്ചിക അവസാനിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെമാത്രം ചരിത്രപുസ്തകമല്ല ഇത്. പതിതവര്‍ഗം എങ്ങനെ നിവര്‍ന്നുനിന്നു പോരാടി അടിമത്തം അവസാനിപ്പിച്ച് സാമൂഹ്യനീതിക്കുവേണ്ടി നായകസ്ഥാനം ഏറ്റെടുത്ത് സമൂഹത്തെ ആകെ മുന്നോട്ടുനയിച്ചു എന്ന് വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന സാമൂഹ്യചരിത്ര പുസ്തകംകൂടിയാണ്.

പുസ്തകരചനയുടെ സാമ്പ്രദായിക രീതികളെ ഈ പുസ്തകം നിരാകരിക്കുന്നു. ഒരുകൂട്ടം എഴുത്തുകാരുടെ കൂട്ടായ്മയുടെ സൃഷ്ടിയാണ് ഈ പുസ്തകം. അതില്‍ അക്കാദമിക് പണ്ഡിതന്മാരും അമേച്വര്‍ ചരിത്രകാരന്മാരും ഉള്‍ച്ചേര്‍ന്നിരുന്നു. വില്ലേജ് തലത്തില്‍ വിവരം ശേഖരിച്ച് നല്‍കി സിപിഐ എം ലോക്കല്‍ കമ്മിറ്റികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചീഫ് എഡിറ്ററും സി പി അബൂബക്കര്‍ എഡിറ്ററുമായ എഡിറ്റോറിയല്‍ ബോര്‍ഡാണ് ഈ പുസ്തകം എഴുതിത്തയ്യാറാക്കിയത്. ഡോ. സി ബാലന്‍, കവിയൂര്‍ രാജഗോപാലന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കെ ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് മറ്റു പങ്കാളികള്‍. കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം ഒന്നും രണ്ടും സഞ്ചികകള്‍ക്ക് യഥാക്രമം 200, 300 രൂപയാണ് വില.

*
കീച്ചേരി രാഘവന്‍ (പുസ്തകത്തിന്റെ എഡിറ്റോറിയല്‍ കോ-ഓഡിനേറ്ററായിരുന്നു ലേഖകന്‍ )

പിശാചുവേട്ട

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ലാങ്കഷയറില്‍ നടന്ന പിശാചുവേട്ട ഒരുപക്ഷേ ഏറ്റവും ആധുനികവും പ്രബുദ്ധവും എന്ന് സ്വന്തം സംസ്കാരത്തെക്കുറിച്ച് വീമ്പിളക്കിയ ബ്രിട്ടീഷ് ജനതയ്ക്ക് ചരിത്രത്തില്‍ മുഖം കുനിക്കേണ്ടിവന്ന ഒരേടാണ് എന്നുപറയാം. 1612ലെ ഈ പിശാച് വിചാരണയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇത്തരം വേട്ടകളില്‍ ആദ്യത്തേത്. ആഭിചാരിണികള്‍ എന്ന് മുദ്രകുത്തി കൊന്നൊടുക്കിയ അനേകം സ്ത്രീകള്‍ ലോകചരിത്രത്തിലുണ്ട്. പലപ്പോഴും മതവിരുദ്ധതയോ മതനിന്ദയോ രാജ്യദ്രോഹമോ ആരോപിച്ച് ഇവരെ അതിക്രൂരമായി നിയമത്തിന്റെ സഹായത്തോടെതന്നെ പീഡിപ്പിക്കുമ്പോഴും അതിന്റെ അടിസ്ഥാനം ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന ഒരുതരം മനോവൈകൃതമായിരുന്നു എന്നുള്ളതില്‍ സംശയമില്ല.

പുരുഷാധിപത്യത്തിനും പ്രബലമായ മത സാമൂഹികശക്തികള്‍ക്കും വഴങ്ങാത്ത സ്ത്രീകളെ ഒതുക്കാനും മെരുക്കാനും അല്ലെങ്കില്‍ ഇല്ലാതാക്കാനുമുള്ള അടവുനയങ്ങളില്‍ ഒന്നായിരുന്നു പിശാചുവേട്ട. 1605ല്‍ പ്രോട്ടസ്റ്റന്റ് മതവിശ്വാസിയും രാജാവുമായ ജെയിംസ് ഒന്നാമനെ വധിക്കാന്‍ രൂപംകൊണ്ട വെടിമരുന്ന് ഗൂഢാലോചനയ്ക്കു പിറകില്‍ പ്രവര്‍ത്തിച്ച പല കത്തോലിക്കാ വിശ്വാസികളും അന്ന് രക്ഷപ്പെട്ടത് ആരണ്യഭൂവായ ലാങ്കഷയറിലേക്കായിരുന്നു. അതുകൊണ്ടുതന്നെ പ്രൊട്ടസ്റ്റന്റ് പ്രഭുക്കന്മാരുടെ കണ്ണിലെ കരടായി മാറി ഈ കത്തോലിക്കാപ്രവിശ്യ എന്നുവേണം കരുതാന്‍. അതോടെ ജെയിംസ് ഒന്നാമന് ഒരു ബാധ പിടികൂടിയതുപോലെയായി. തന്റെ രാജ്യത്തെ പോപ്പില്‍നിന്നും പിശാചുക്കളില്‍നിന്നും രക്ഷിക്കുക എന്ന ഉച്ചാടനമന്ത്രവും ഉരുവിട്ട് നടപ്പായി അദ്ദേഹം. ഈ ചരിത്രസന്ദര്‍ഭമാണ് ജെനെറ്റ് വിന്റെര്‍സ എന്ന പ്രസിദ്ധ എഴുത്തുകാരി തന്റെ ഏറ്റവും പുതിയ നോവലായ ദി ഡേ ലൈറ്റ് ഗേറ്റിന്റെ ഇതിവൃത്തമാക്കിയിരിക്കുന്നത്.

കത്തോലിക്കര്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനപോലും ഒരു പ്രൊട്ടസ്റ്റന്റ് രാജഭരണകാലത്ത് ദുര്‍മന്ത്രവാദത്തിന്റെ അനുഷ്ഠാനരൂപമായി ചിത്രീകരിക്കപ്പെടുതെങ്ങനെ എന്ന് കാട്ടിത്തരുന്നു ഈ കൃതി. ദുര്‍മന്ത്രവാദിനികള്‍ എന്ന് മുദ്രകുത്തി കല്‍ത്തുറുങ്കുകളില്‍ അടച്ചിടുന്ന ഒരുപറ്റം പാവം കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍. അവര്‍ അവരുടെതന്നെ വിസര്‍ജ്യത്തില്‍ കിടന്നുറങ്ങുന്നു. ചെറുപ്പക്കാരികളെ നിത്യവും ബലാത്സംഗംചെയ്യുന്ന പാറാവുകാരന്‍. അങ്ങനെ ഭീതിജനകമായ ഒരു കാലത്തിന്റെ കറപുരണ്ടതും ഇരുള്‍മൂടിയതുമായ ചില ഏടുകളിലേക്ക് എത്തിനോക്കുന്ന ഈ കൃതി യുദ്ധവും പ്ലേഗും ഉറഞ്ഞാടിയ മണ്ണില്‍ അവശേഷിക്കുന്ന മനുഷ്യരുടെ വിലാപമാണ് ആലേഖനംചെയ്യാന്‍ ശ്രമിക്കുന്നത്. പഴയകാല ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അധികാരകേന്ദ്രങ്ങള്‍ നിസ്സാരവും നികൃഷ്ടവുമാക്കിയ സാമാന്യ മനുഷ്യജീവിതങ്ങളില്‍നിന്ന് മാനവീയമായ എല്ലാ ചേതനയും നഷ്ടപ്പെടുന്നതും അവര്‍ തീര്‍ത്തും മനുഷ്യത്വരഹിതമായ പെരുമാറ്റം കാഴ്ചവയ്ക്കുന്ന മൃഗങ്ങളായി മാറുന്ന സ്ഥിതിവിശേഷവും അതിസൂക്ഷ്മമായി വരച്ചുകാട്ടുന്നു ഈ കൃതി. വരേണ്യവര്‍ഗം എങ്ങനെ പ്രതികരണശേഷി നഷ്ടപ്പെട്ട കോമരങ്ങളെ സൃഷ്ടിക്കുന്നു എന്നും അവരിലൂടെ അധികാരം നിലനിര്‍ത്തുന്നു എന്നും അനേകം ചെറു കഥാപാത്രങ്ങളിലൂടെ നാം കാണുന്നു.

ഒരു യക്ഷിക്കഥയുടെ എല്ലാ ആഖ്യാനതന്ത്രങ്ങളും തെല്ലും കൂസലില്ലാതെ എടുക്കുകയും അതിമനോഹരമായി ആ സങ്കേതങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയുകയും ചെയ്തു എന്നുള്ളതാണ് ഈ നോവലിന്റെ സവിശേഷത. സമകാലീന രാഷ്ട്രീയ സാംസ്കാരിക ഇടങ്ങളിലും പൊതുമണ്ഡലങ്ങളിലും, എന്തിന് ഇന്ന് നമ്മുടെ പല സ്ഥാപനങ്ങളില്‍പ്പോലും ഏറിവരുന്ന പിശാചുവേട്ടകളുടെ പശ്ചാത്തലത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. തനിക്ക് അനഭിമതമെന്നു തോന്നുന്ന എന്തിനും ഭ്രഷ്ടുകല്‍പ്പിക്കുകയും ഉച്ചാടനംചെയ്യാന്‍ ശ്രമിക്കുകയുംചെയ്യുന്ന ഒരു പുത്തന്‍ ബൂര്‍ഷ്വാ നീതിശാസ്ത്രത്തിന്റെയും ധര്‍മബോധത്തിന്റെയും പഴകിയ വേരുകള്‍ അനാവരണംചെയ്യുന്നു ഈ കൃതി. ഇന്ന് ഇംഗ്ലീഷ് ഗദ്യത്തില്‍ വിന്റെര്‍സന്റെ എഴുത്തിലൂടെ മുദ്രണംചെയ്യപ്പെട്ട ഒരു കാവ്യാത്മകശൈലിയും ഒരു മുത്തശ്ശിക്കഥയുടെ ഉദ്വേഗപൂര്‍ണമായ വിവരണവും മനംകവരുന്ന ദൃശ്യാത്മകതയും എല്ലാം ഈ നോവലിന്റെ മുതല്‍ക്കൂട്ടുകളാണ്. ആരോ ബുക്സാണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള

Wednesday, December 4, 2013

പി ജിയുടെ രചനയിലെ സര്‍ഗതലം

പി ഗോവിന്ദപ്പിള്ള ദാര്‍ശനികനും സാഹിത്യ വിമര്‍ശകനും ആണെന്നതുപോലെ സര്‍ഗധനനായ സൃഷ്ടികാരന്‍കൂടിയാണ്. സാഹിത്യരൂപങ്ങളില്‍ ഗദ്യമാണ് എഴുതുന്നതിന് പി ജി സ്വീകരിച്ച മാധ്യമം. പ്രമേയത്തിന്റെ വൈവിധ്യങ്ങള്‍കൊണ്ട് വളരെ വിപുലമാണ് പി ജിയുടെ രചനാലോകം. ഒടുവില്‍ "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം" എഴുതി മലയാള ഭാഷയിലും സാംസ്കാരികതലത്തിലും ചരിത്രപുരുഷനായി. കേരളത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഒരു സംഘം എഴുത്തുകാര്‍ക്കുപോലും അനേകവര്‍ഷങ്ങള്‍ കൊണ്ടുമാത്രം സാധ്യമായൊരു പഠനമാണ് "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം". അതുവരെയുള്ള പി ജിയുടെ രചനയില്‍ ശക്തമായ ചില ജൈവസ്പന്ദനങ്ങളിലുണരുന്ന കവിയായ പി ജിയെ കണ്ടെത്താം.

കാളിദാസ കവിത പി ജിയെ സ്വാധീനിച്ചിരുന്നു. രഘുവംശത്തിലെയും കുമാരസംഭവത്തിലെയും പല ഭാഗങ്ങളും മനസ്സില്‍ കൊണ്ടുനടന്ന് ഉരുവിട്ട് ജീവിതത്തിന്റെ കോലാഹലങ്ങളില്‍നിന്നു മോചനം തേടുമെന്നു കേട്ടിട്ടുണ്ട്. ""അസ്തിത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ, പൂര്‍വാപരൗ വാരിനിധീ വിഗാഹ്യ, സ്ഥിതഃപൃഥിവ്യാ ഇവമാനദണ്ഡഃ"" എന്ന കുമാരസംഭവാരംഭവരികള്‍ അനേക അര്‍ഥതലങ്ങളില്‍ പി ജി വ്യാഖ്യാനിക്കും. കാളിദാസന്റെ ഭാഷ്യകാരനായ മല്ലീനാഥന്‍ പോലും കാണാത്ത തലങ്ങളായിരിക്കും അവ. ആര്‍ഷഭാരതത്തിന്റെ ഇതിഹാസതുല്യ തേജസിലുള്ള വിസ്മയം ഒരു മണ്ഡലത്തില്‍. സൂര്യചന്ദ്രന്മാര്‍ താഴ്വാരങ്ങളിലൂടെ സഞ്ചരിക്കുന്ന മഹാമേരുവിനെക്കുറിച്ചുള്ള സ്വപ്നം മറ്റൊരു ആസ്വാദനമണ്ഡലത്തില്‍. സമൂഹത്തിന്റെ താഴ്ന്ന തട്ടുകളില്‍ അമര്‍ന്നുപോകുന്നവരുടെ വേദനയില്‍ അസ്വസ്ഥമാകുന്ന ഹൃദയത്തിന്റെ തുടിപ്പ് ഇനിയുമൊരു വശത്ത്. ചെയ്യാത്ത തെറ്റിനു ചൂഷിതരാകുന്നവരുടെ തളര്‍ച്ചയിലും വിളര്‍ച്ചയിലും വിഹ്വലപ്പെടുന്ന ഉള്ളിലെ മനുഷ്യനന്മ ഇനിയുമൊരിടത്ത്. ഇവയെല്ലാം ചേര്‍ന്നൊരു മാനസികാവസ്ഥയുടെ ക്രിയാത്മക പ്രതികരണങ്ങളാണ് പി ഗോവിന്ദപ്പിള്ളയുടെ വാക്കുകള്‍. കൈലാസം പ്രകൃതിയുടെ പ്രതിഭാസമോ ദൃശ്യസാക്ഷാത്കാരമോ മറ്റെന്തെല്ലാമോ ആണ്. കാളിദാസ കവിതയിലൂടെ പി ജി കാണുന്ന കൈലാസം സൗന്ദര്യത്തിന്റെയും ആത്മപ്രഭാവത്തിന്റെയും പ്രതിരൂപം മാത്രമല്ല, പി ജിയില്‍ ഉണരുന്ന തീക്ഷ്ണമായ സൃഷ്ടി വാസനയുടെ അസംസ്കൃത ഘടകമാണ്.

കാളിദാസ കവിതയുടെ വായനാനുഭവം പി ജിയുടെ ക്രിയാശക്തിയെ പരാവര്‍ത്തനം ചെയ്യുന്നു. ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരിക്കുമ്പോഴും എ കെ ജി സെന്റര്‍ പഠനകേന്ദ്രത്തിലെ റിസോഴ്സ് പേഴ്സണ്‍ ആയിരിക്കുമ്പോഴും സര്‍ഗപ്രക്രിയയുടെ ചലനങ്ങളാണ് പി ജിയില്‍നിന്നു സമൂഹത്തിന് കിട്ടിയത്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന കാലം. മേശപ്പുറത്തു ചൂടുള്ള വാര്‍ത്തകളും വാര്‍ത്താകഥകളും. സാഹിത്യത്തിന്റെ പുരോഗതി, മൂല്യങ്ങളുടെ അന്വേഷണം ഇങ്ങനെ പല വിഷയങ്ങളും വേറെ. പി ജിയെന്ന പത്രാധിപരുടെ മനസ്സ് ഇവയ്ക്കിടയിലെ ജൈവമുകുളങ്ങന്വേഷിച്ചു തുടികൊട്ടുന്നതു കേള്‍ക്കാം. ആത്മാവില്ലാത്ത വാര്‍ത്തകള്‍; അപൂര്‍വം വാര്‍ത്തകള്‍ക്കിടയിലെ യാഥാര്‍ഥ്യങ്ങള്‍. വാര്‍ത്തകള്‍ കൊടുക്കുംമുമ്പ് സാമൂഹ്യനീതികള്‍ക്കായുള്ള സമവായം തേടല്‍. ക്രിയാത്മക സൃഷ്ടിയുടെ ചൈതന്യം ഹൃദയത്തിലുള്ളൊരു പത്രപ്രവര്‍ത്തകന്‍ നേരിടുന്ന പ്രതിസന്ധിയാണിത്. പത്രപ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കുമ്പോള്‍ തന്റെ ആത്മസംഘര്‍ഷം പി ജി തുറന്നുപറഞ്ഞിട്ടുണ്ട്. ഗ്രീക്ക് തത്വചിന്തകനും ജീവചരിത്രകാരനും ആയ പ്ലൂടാര്‍ക്കിന്റെ 50 ജീവിതചിത്രങ്ങളില്‍ ആവശ്യമുള്ളവ തെരഞ്ഞെടുത്ത്, അവയുടെ അസ്ഥിപഞ്ജരങ്ങള്‍ക്ക് ജീവനും രക്തവും കൊടുത്ത് ഷേക്സ്പിയര്‍ കാലാതീത ക്രിയാസൃഷ്ടികള്‍ ചെയ്തു. സ്ത്രീകളോടും കുട്ടികളോടും മൃഗങ്ങളോടും സ്നേഹവും ദയയുമുള്ളവനായിരുന്നു പ്ലൂടാര്‍ക്. ഈ പാഠം ഉള്‍ക്കൊള്ളണം. രചനയുടെയും മൗലിക സൃഷ്ടിയുടെയും ദ്വിമുഖ പ്രതിഭയുള്ളവര്‍ സമൂഹത്തിലുണ്ട്. രണ്ടും ഒരുപോലെ വികസിപ്പിക്കുന്ന വ്യക്തിത്വങ്ങള്‍ ചുരുക്കമല്ല. വാള്‍ട് വിറ്റ്മാന്‍ (അമേരിക്ക) യൗവനത്തില്‍ പത്രാധിപരായിരുന്നു. പത്രത്തിന്റെ ജോലി ചെയ്യുമ്പോള്‍ ഉള്ളിലൂറുന്ന കവിതകള്‍ അവിടെത്തന്നെ സൂക്ഷിക്കും. പിന്നെ രൂപഭാവങ്ങള്‍ കൊടുക്കും. അനന്തമധുരമായ കവിതകളെന്ന് ലീവ്സ് ഓഫ് ഗ്രാസിലെ കവിതകളെ നിരൂപകര്‍ വിശേഷിപ്പിച്ചു. എന്‍ വി കൃഷ്ണവാരിയര്‍ ഒരേസമയത്ത് പത്രപ്രവര്‍ത്തകനും കവിയും ആയിരുന്നു.

മലയാള കവിതയ്ക്ക് ആധുനികതയുടെ സ്വരം നല്‍കിയവരില്‍ പ്രമുഖനാണ് കൃഷ്ണവാരിയര്‍. ബ്ലിറ്റ്സിന്റെ പത്രാധിപരായിരുന്ന ആര്‍ കെ കരഞ്ചിയ നല്ല കവിയായിരുന്നു. എം ടി വാസുദേവന്‍ നായര്‍ പത്രമാപ്പീസിലെ വിരസമായ കൈയെഴുത്തു പ്രതികള്‍ വായിക്കുന്നതിനിടയില്‍ തന്റെ കലാസൃഷ്ടികളുടെ തിരിനാളങ്ങള്‍ അകക്കാമ്പില്‍ തെളിയിച്ചിരുന്നു. ഈവിധം അനേകം പേരെക്കുറിച്ചെഴുതാം. പി ജി പത്രപ്രവര്‍ത്തനം കൃത്യനിഷ്ഠയോടെ നിര്‍വഹിച്ചു. ആ ജീവിതത്തിനിടയില്‍ അനവധി ലേഖനങ്ങളും പഠനങ്ങളും എഴുതി. പി ജിയുടെ പഠനങ്ങളും ലേഖനങ്ങളും അന്വേഷിച്ചാല്‍ അവയില്‍ മൗലികമായ കലാത്മകത്വത്തിന്റെ ജനിസ്മൃതിനാദങ്ങള്‍ തിരിച്ചറിയാം. "സാഹിത്യം പുരോഗതിയും അധോഗതിയും" എന്ന ഗ്രന്ഥത്തില്‍ മനുഷ്യന്റെ സര്‍ഗശക്തിയും പ്രതിഭയും മൗലികതയും എല്ലാം ആത്യന്തികമായി സാമൂഹ്യജീവിതത്തിന്റെ സൃഷ്ടികളാണെന്നു വ്യക്തമാക്കുന്നു. അവയുടെ മൂല്യം മാനവികതയുടെ വികാസത്തിനുതകുന്ന മൂല്യമായി അടയാളപ്പെടുത്തണം. സാഹിത്യത്തില്‍ ഭവിക്കുന്ന കലാജീര്‍ണതയ്ക്കും സാംസ്കാരിക ജീര്‍ണതയ്ക്കും കാരണം അനുഭവങ്ങള്‍ ഭാവതലത്തിലേക്കു സംക്രമിക്കാതെ ഘനീഭൂതമാകുന്നതാണ്. മൂല്യബോധമുള്ള കലാകാരന്റെ മുന്നിലുള്ള വെല്ലുവിളിയാണിത്. കലാകാരന്‍ നേരിടുന്ന ഈ വെല്ലുവിളി പി ജിയും പല കാലത്തും അഭിമുഖീകരിച്ചിരുന്നു.

ഇ എം എസും മലയാള സാഹിത്യവും എന്ന കൃതിയിലെ വരികള്‍ക്കിടയില്‍ അതു വായിച്ചെടുക്കാം. ഒക്ടോബര്‍ വിപ്ലവം മനുഷ്യമഹത്വ വിളംബരമാണ്. 1930-കള്‍ക്കുശേഷം മലയാള സാഹിത്യത്തിലെ എല്ലാശാഖകളെയും സോഷ്യലിസ്റ്റു വിപ്ലവം സ്വാധീനിച്ചു. ഭാരതീയ സാഹിത്യത്തിലെ ചരിത്ര പുരുഷന്മാരായ രവീന്ദ്രനാഥ ടാഗോര്‍, മുഹമ്മദ് ഇക്ബാല്‍, സുബ്രഹ്മണ്യഭാരതി, മൈഥിലീശരണ്‍ ഗുപ്ത, ഫെയ്ദ് അഹമ്മദ് ഫെയ്സ്, സുമിത്രനന്ദന്‍ പന്ത്, ആശാന്‍, വള്ളത്തോള്‍, ജി ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ എന്നിവരുടെ സൃഷ്ടികള്‍ സാഹിത്യത്തില്‍ കേള്‍പ്പിച്ച ശബ്ദങ്ങള്‍ ഒട്ടേറെ പഠനങ്ങളില്‍ പി ജി വിലയിരുത്തിയിട്ടുണ്ട്. പി ജിയിലെ സര്‍ഗക്രിയാധനന്റെ സൗന്ദര്യ ദര്‍ശനവും പഠനവും മാനവികതയിലും മനുഷ്യത്വ വികാസത്തിലുമാണ് സമന്വയിക്കുന്നത്.

*
ഡോ. എ എം വാസുദേവന്‍പിള്ള ദേശാഭിമാനി വാരിക

സൈദ്ധാന്തിക സംവാദങ്ങള്‍

സുനില്‍ പി ഇളയിടം എഴുതിയ വീണ്ടെടുപ്പുകളെ സംബന്ധിച്ച് ഈ കോളത്തില്‍ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. കോളത്തിന്റെ പരിമിതിക്കകത്തുനിന്നുള്ള വിശകലനമാണെന്നും കൂടുതല്‍ ഗൗരവതരമായ വിമര്‍ശനാത്മക പരിശോധന കൃതി ആവശ്യപ്പെടുന്നുണ്ടെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. നിര്‍ബന്ധമായും അഭിസംബോധന ചെയ്യണമെന്നു കരുതിയ ചില പ്രധാന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഗൗരവമായ വിമര്‍ശനത്തിനാണ് അതില്‍ ഊന്നല്‍ ഉണ്ടായതെന്നു ശരിയാണ്. അതുകൊണ്ടുതന്നെ പല സുഹൃത്തുക്കളും അതു സംബന്ധിച്ച് ചില കാര്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇത് മാര്‍ക്സിസ്റ്റ് വിരുദ്ധകൃതിയാണല്ലോ എന്നതാണ് ഒരു അഭിപ്രായം. വിശകലന വിധേയമാക്കപ്പെടുന്ന കൃതിയില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വിമര്‍ശിക്കപ്പെടേണ്ടതെന്നു കരുതുന്ന വ്യതിയാനങ്ങളോ തെറ്റാണെന്നു കരുതുന്ന നിഗമനങ്ങളോ ഉണ്ടെന്നതുകൊണ്ടു മാത്രം ആ കൃതി മാര്‍ക്സിസ്റ്റ് വിരുദ്ധമാകണമെന്നില്ല. ഉന്നയിച്ച പ്രശ്നത്തോടുള്ള സമീപനം മാത്രമാണത്.

ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നതും സജീവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുമായ പ്രശ്നങ്ങളെ അവഗണിക്കുന്നതിലേക്ക് അത് വികസിക്കുന്നത് നന്നായിരിക്കുകയില്ല. പറവൂരില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എം എ ബേബിയാണ് പുസ്തകം പ്രകാശനംചെയ്തത്. പറവൂരിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലെ സെക്രട്ടറിയായ ജോഷിച്ചേട്ടനാണ് സുനില്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ജോഷിച്ചേട്ടന്‍ തന്നെയാണ് ബേബിയില്‍നിന്നും പുസ്തകം ഏറ്റുവാങ്ങിയതും.

ഞങ്ങളുടെയെല്ലാം എസ്എഫ്ഐ പ്രവര്‍ത്തനകാലത്ത് പറവൂരിന്റെ കേന്ദ്രം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായിരുന്നു. അന്നും ഇന്നും എസ്എഫ്ഐ പ്രവര്‍ത്തകരുമായി നല്ല ആത്മബന്ധം ജോഷി ച്ചേട്ടനുണ്ട്. പ്രൗഢഗംഭീരമായിരുന്നു ബേബിയുടെ പ്രസംഗം. പുസ്തകത്തെ ആഴത്തില്‍ വിലയിരുത്തുന്നതോടൊപ്പം തന്നെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കും സമകാലിക പ്രയോഗത്തിലേക്കും വരെ അദ്ദേഹത്തിന്റെ പ്രസംഗം ചെന്നെത്തി. ഞാന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങള്‍ അദ്ദേഹവും ഒടുവില്‍ ഉന്നയിക്കുകയുണ്ടായി. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഞങ്ങള്‍ രണ്ടുപേരും ഉന്നയിച്ച ഒരു വിമര്‍ശനം സുനില്‍ മറുപടിപ്രസംഗത്തില്‍ ഉള്‍ക്കൊണ്ടുവെന്നതാണ്. അത് സമകാലിക വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രം പാരിസ്ഥിതിക രാഷ്ട്രീയമാണെന്നതാണ്. ആ കേന്ദ്ര പ്രയോഗമാണ് ഞങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതില്‍ ഇടതുപക്ഷത്തിന് പോരായ്മകളുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ശരിയായി തന്നെ സുനില്‍ ഉന്നയിക്കുന്നുണ്ട്.

എല്ലാ ചൂഷണങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ടികള്‍ തന്നെ പ്രകൃതി ചൂഷണം ചെയ്യപ്പെടേണ്ടതാണെന്ന നിലപാടായിരുന്നു ഒരു കാലത്ത് സ്വീകരിച്ചത്. മാര്‍ക്സും ഒരുപക്ഷേ കുറേക്കൂടി വിശദമായി ഏംഗല്‍സും ഈ പ്രശ്നത്തെ സമീപിക്കുന്നുണ്ടെങ്കിലും ഗൗരവമായ സൈദ്ധാന്തിക തുടര്‍ച്ചയും പ്രയോഗമണ്ഡലത്തിലേക്കുള്ള വികാസവും സംഭവിച്ചില്ലെന്നത് പ്രധാനപ്പെട്ട കുറവ് തന്നെയാണ്. ഭൂമിയും വെള്ളവും ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളെ തകര്‍ത്തുകളയുന്ന മാര്‍ക്സിയന്‍ നിരീക്ഷണവും പ്രസക്തം. കാലോചിതമാക്കിയ സിപിഐ എം പരിപാടി പാരിസ്ഥിതിക പ്രശ്നങ്ങളെ ശരിയായ രൂപത്തില്‍ വിലയിരുത്തുന്നതിന് ശ്രമിക്കുന്നുണ്ട്. ആഗോളതാപന പ്രശ്നത്തില്‍ പ്രായോഗിക ഇടപെടലിലും ശരിയായ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. ഇത്തരം പ്രശ്നങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കേണ്ടതുണ്ട്. അതിനുള്ള ശരിയായ ശ്രമം സുനിലിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റെ തലം നിരന്തരം വികസിച്ചുവരുന്ന ഒന്നാണ്. അത് സിദ്ധാന്തത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

പ്രയോഗത്തിന്റെ പുതിയ അനുഭവപാഠങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കുന്നതില്‍ വലിയ പോരായ്മകളുള്ളതാണ് നമ്മുടെ നാട്. ഈ പോരായ്മ പരിഹരിക്കുന്നതിന് കൂട്ടായ ധൈഷണിക ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്ത് നടക്കുന്ന പുതിയ ഇടപെടലുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അത് ഇന്ത്യന്‍ അനുഭവങ്ങളുമായി കണ്ണിചേര്‍ത്ത് അവതരിപ്പിക്കുന്നതിലും സുനില്‍ കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണ്. അതിലെ നിരീക്ഷണങ്ങളില്‍ ചിലതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത് ഗൗരവമായ സംവാദത്തിന്റെ വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്ത പ്രവര്‍ത്തനരീതികള്‍ വിവിധ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്നതിന് പറ്റുന്ന ഏറ്റവും ശരിയായ ദര്‍ശനം മാര്‍ക്സിസം തന്നെയാണ്. ഈ പുതിയ പ്രശ്നങ്ങള്‍ പല പഴയകാല പ്രയോഗങ്ങളെ അപ്രസക്തമാക്കിയെന്നു വരാം. പുതിയ നിഗമനങ്ങളും പ്രയോഗരൂപങ്ങളും കണ്ടെത്തിയെന്നുവരാം. എല്ലാത്തിനുമുള്ള ഒറ്റമൂലി മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കൃതികളില്‍ അടങ്ങിയിട്ടുണ്ടെന്ന വാദം അസംബന്ധവുമാണ്. വര്‍ഗസമരത്തിന്റെ പ്രയോഗമണ്ഡലങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യവുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗത്തിന് ഇനി പ്രസക്തിയില്ലെന്ന വാദം അടിസ്ഥാനപരമായി തെറ്റാണെന്ന നിലപാടാണ് നേരത്തെ ഞാന്‍ ഉന്നയിച്ചത്. അത് ഗൗരവമായ പ്രശ്നം തന്നെയാണ്. വര്‍ഗസമരത്തെ സംബന്ധിച്ച് കൂടുതലായി ഒന്നും പറയാന്‍ പാടില്ലേയെന്ന ചോദ്യം തെറ്റുതന്നെയാണ്.

നാളിതുവരെയുള്ള ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്നാണ് മാര്‍ക്സും ഏംഗല്‍സും പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ക്സിന്റെ മരണശേഷം ഏംഗല്‍സാണ് അടിക്കുറിപ്പില്‍ ലിഖിതചരിത്രം എന്നെഴുതിച്ചേര്‍ത്തത്. മോര്‍ഗന്റെ വായനയില്‍നിന്നും തങ്ങള്‍ നേരത്തെ കണ്ടെത്തിയ നിഗമനങ്ങള്‍ അദ്ദേഹം ആമുഖത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗം തന്നെ കേന്ദ്രസ്ഥാനത്ത് വരുന്നെന്ന പ്രശ്നം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, തൊഴിലാളി വര്‍ഗത്തില്‍ വരുന്ന മാറ്റംപോലും സൂചിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് തെറ്റായിരിക്കും. എന്നു മാത്രമല്ല തൊഴിലാളി വര്‍ഗത്തിന്റെ സഖ്യശക്തികള്‍ എക്കാലത്തും എല്ലായിടത്തും ഒന്നു തന്നെയായിരിക്കണമെന്നില്ല. സാമൂഹ്യപ്രശ്നങ്ങളും വര്‍ഗപ്രശ്നങ്ങള്‍ക്കൊപ്പം ഏറ്റെടുക്കേണ്ടതാണെന്ന സിപിഐ എമ്മിന്റെ വിലയിരുത്തല്‍ ഒരു സ്വയം വിമര്‍ശനം കൂടിയാണ്. ഈ സാമൂഹ്യപ്രശ്നങ്ങളെ ഏറ്റെടുക്കുന്ന ഘട്ടത്തില്‍ പുതിയ സംഘടനാരൂപങ്ങളെ വരെ ആവിഷ്കരിച്ചെന്നുവരാം.

എന്നാല്‍, അതെല്ലാം തൊഴിലാളി വര്‍ഗ നേതൃത്വത്തിനു കീഴില്‍ തന്നെയാണ്. ഇത്തരം ഇഴുകിച്ചേരലുകളിലും പുതിയ സാമൂഹ്യവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലലിലും നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ പ്രധാനം തന്നെയാണ്. ഈ ദൗര്‍ബല്യം പരിഹരിക്കുന്നതിന് സൈദ്ധാന്തിക ഇടപെടലുകളും ആവശ്യമാണ്. സിപിഐ എം ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് തൊഴിലാളി വര്‍ഗത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുതന്നെയാണ്. കേന്ദ്രസ്ഥാനത്തെ സംബന്ധിച്ച ഈ നീരിക്ഷണമില്ലായിരുന്നെങ്കില്‍ കുറേക്കൂടി ആഴത്തിലുള്ള സംവാദസാധ്യത ശക്തിപ്പെടുമായിരുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാക്കുകളുടെ വയറിളക്കംകൊണ്ട് അമ്പരപ്പിക്കാന്‍ ശ്രമിക്കുന്ന പുകപടല രീതിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സുനിലിന്റെ രചനാരീതിയെന്നത് പറയാതെ വയ്യ. ഗൗരവമായ വിമര്‍ശനം ഉന്നയിച്ചത് ആഴത്തിലുള്ള സംവാദത്തിനും നിര്‍ബന്ധമായ വായനയ്ക്കും സഹായകരമാകുന്നതിനു കൂടിയാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

പൂത്തുനില്‍ക്കുന്ന മേശതന്‍ കൊമ്പുകള്‍ ചായ്ച്ചുപൊട്ടിച്ച പുസ്തകത്തിന്‍ മണം

ഒരു പൂവിറുത്തു വാസനിക്കുന്നതുപോലെ മേശപ്പുറത്തുനിന്ന് ഒരു പുസ്തകമെടുത്തു വായിക്കുന്ന കുട്ടിയുടെ കൗതുകമുണര്‍ത്തുന്ന ചിത്രമുണ്ട് പി രാമന്റെ ഈ ഈരടിക്കവിതയില്‍. പുസ്തകം വായിക്കാനുള്ളതു മാത്രമല്ല വാസനിക്കാന്‍ കൂടിയുള്ളതാണെന്ന് കുട്ടിക്കാലം നമ്മെ ഓര്‍മപ്പെടുത്തുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് പുത്തന്‍ പാഠപുസ്തകങ്ങള്‍ കൈയില്‍ കിട്ടിയാല്‍ വായിച്ചുനോക്കുംമുമ്പ് അത് വാസനിച്ചുനോക്കുന്ന ശീലമുണ്ടായിരുന്നു. ചില പുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പോലും മണം കൊണ്ട് തിരിച്ചറിയാനാവുമായിരുന്നു അന്ന്. സ്ഥിരമായി പൂജാവിഗ്രഹത്തിനടുത്ത് വച്ചതുകൊണ്ടാകാം, അമ്മ വായിക്കാറുള്ള രാമായണത്തിന് ചന്ദനത്തിരിയുടെയോ കര്‍പ്പൂരത്തിന്റെയോ ഒക്കെ സുഗന്ധമുണ്ടായിരുന്നു.

വായനശാലയില്‍നിന്നെടുക്കുന്ന പുസ്തകങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന മണങ്ങളാണുണ്ടാവുക. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളില്‍ പലപ്പോഴും റേഷനരിയുടേയും മണ്ണെണ്ണയുടേയും മണം പറ്റിനില്‍ക്കുന്നുണ്ടാവും. വായനക്കാരുടെ ജീവിതപശ്ചാത്തലത്തിലേക്കുകൂടി വെളിച്ചം പകരുകയാണ് ആ പുസ്തകങ്ങള്‍. വിദേശപുസ്തകങ്ങള്‍ അപരിചിതമായ സുഗന്ധങ്ങളും കൊണ്ടുവരുന്നു. "സോവിയറ്റ് യൂണിയന്റെ മണം" പിടിക്കാനാരംഭിച്ചത് പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ ക്ലാസിക്കുകളില്‍നിന്നാണ്. ഗോര്‍ക്കിയുടെ "അമ്മ"യ്ക്കും ഷോളോഹോവിന്റെ "ശാന്തമായൊഴുകുന്ന ഡോണി"നും ഒരേ വാസന!

പുസ്തകം വായനച്ചെപ്പും വാസനച്ചെപ്പുമായി കൂടെ കൊണ്ടുനടന്ന കൗമാരത്തിനുപോലുമുണ്ട് ഓര്‍മയുടെ സുഗന്ധം. വിനോദത്തിനും വിജ്ഞാനത്തിനും പുസ്തകമല്ലാതെ മറ്റുപാധികളില്ലാതിരുന്ന അക്കാലത്ത് അതു ദുര്‍ലഭമായ ഒരു വസ്തുവുമായിരുന്നു. വില കൊടുത്തുവാങ്ങാനാവാത്തതുകൊണ്ട് വായനശാലയായിരുന്നു ഞങ്ങളുടെ അഭയകേന്ദ്രം. സ്കൂള്‍പഠനകാലത്തെ വൈകുന്നേരങ്ങള്‍ക്ക് നിറംപകര്‍ന്നത് വട്ടംകുളത്തെ ഗ്രാമീണവായനശാലയായിരുന്നു. ദരിദ്രയെങ്കിലും ഉള്ളതുകൊണ്ട് മക്കളെ ഊട്ടുന്ന വാത്സല്യനിധിയായ ഒരമ്മയെപ്പോലെയായിരുന്നു ഞങ്ങളുടെ വായനശാല. ഭൗതികസൗകര്യങ്ങള്‍ നന്നേ കുറവ്. ശവപ്പെട്ടി കുത്തനെ നിര്‍ത്തിയതുപോലെ വലുപ്പക്രമമില്ലാത്ത ഏതാനും മരയലമാരകള്‍. പക്ഷേ അവയില്‍ ജീവനുള്ള പുസ്തകങ്ങള്‍ ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന് കൈകളിലേക്ക് എടുത്തുചാടാന്‍ കുതറിനിന്നു. പുസ്തകങ്ങളുടെ സ്വകാര്യശേഖരത്തേക്കാള്‍ വായനശാലയിലെ പൊതുശേഖരത്തെ ഞങ്ങള്‍ വിലമതിച്ചു. വിലകൊടുത്തുവാങ്ങാനുള്ള നിവൃത്തികേടുകൊണ്ട് മാത്രമായിരുന്നില്ല അത്. സ്വകാര്യതാല്‍പര്യങ്ങള്‍ക്കതീതമായി പങ്കിടലിന്റേതായ ഒരു പൊതുഇടം വായനശാലാ പുസ്തകങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്.

പകലന്തിയോളം പണിയെടുത്ത് പാതിരയോളം ചിമ്മിനിവിളക്കത്തിരുന്നു വായിക്കുന്ന പാവപ്പെട്ട കൂലിവേലക്കാരും വിദ്യാര്‍ഥികളും മറ്റുമായിരുന്നു അന്ന് വായനശാലയെ ആശ്രയിച്ചിരുന്നത്. അജ്ഞാതരായ നിരവധിപേര്‍ കൈമാറി വായിച്ചു തുന്നലടര്‍ന്നും താള്‍ മടങ്ങിയും മുഷിഞ്ഞ ആ പുസ്തകങ്ങള്‍ക്ക് അവകാശപ്പെടാവുന്ന ധന്യത ഒരു സ്വകാര്യപുസ്തകത്തിനും ഉണ്ടാവാനിടയില്ല. അനുവാദമില്ലായിരുന്നെങ്കിലും പുസ്തകത്താളുകളില്‍ വായനക്കാര്‍ അഭിപ്രായം എഴുതുക പതിവായിരുന്നു. "വളരെ നല്ല നോവല്‍" എന്നോ "ഇതെഴുതിയവന് ഇടിവെട്ടേല്‍ക്കട്ടെ" എന്നോ ആശംസകളും പ്രാക്കും കൊണ്ട് പിന്‍താളുകള്‍ നിറഞ്ഞിരുന്നു. ലൈംഗികവര്‍ണനകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ "മുപ്പത്താറാം പേജ് നോക്കുക" എന്നും മറ്റും പ്രത്യേകം ഇന്‍ഡക്സ് എഴുതിച്ചേര്‍ക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു. ഇഷ്ടവാക്യങ്ങള്‍ക്ക് അടിവരയിടുന്നതും പതിവുതന്നെ. ഇപ്പോള്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും മറ്റും നടക്കുന്നതുപോലുള്ള സംവാദങ്ങളും ഇത്തരം പിന്‍താള്‍ക്കുറിപ്പുകളില്‍ കാണാമായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ പുസ്തകം വിലകൊടുത്തു വാങ്ങാനാരംഭിച്ചു. അപ്പോഴേക്കും അഭിരുചിയില്‍ വന്ന മാറ്റം വായനശാലയിലെ ശേഖരത്തെ അപര്യാപ്തമാക്കിക്കഴിഞ്ഞിരുന്നു. നഗരങ്ങളിലെ ബുക്ക് ഷോപ്പുകളില്‍ പതിവുകാരനായി. പലപ്പോഴും എടുത്തോമനിച്ചും വാസനിച്ചും നില്‍ക്കുകയല്ലാതെ വാങ്ങാന്‍ നിവൃത്തിയില്ലാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നെപ്പിന്നെ വീട്ടില്‍ പുസ്തകം പെരുകി. സൂക്ഷിക്കാനിടമില്ലാതായി. ഷെല്‍ഫുകളില്‍നിന്നു പുറത്തു ചാടി അവ കിടക്കവിരിയിലും ഊണ്‍മേശയിലും ജാലകപ്പടിയിലും ഇരിക്കാന്‍ തുടങ്ങി. വീട്ടുകാര്‍ സ്വകാര്യമായി ശപിക്കാനും മുറുമുറുക്കാനുമാരംഭിച്ചു. വീട്ടില്‍ മാത്രമല്ല നാട്ടിലാകെ ഇപ്പോള്‍ പുസ്തകപ്പെരുപ്പംകൊണ്ടുള്ള വീര്‍പ്പുമുട്ടലാണ് അനുഭവപ്പെടുന്നത്. ഇന്നു പുസ്തകം വായനക്കാരെത്തേടി തെരുവിലേക്കിറങ്ങുകയാണ്. നഗരങ്ങളില്‍ ഉത്സവകാലത്തു സംഘടിപ്പിക്കാറുള്ള പുസ്തകച്ചന്തകള്‍ ഇപ്പോള്‍ പതിവുപരിപാടിയായിക്കഴിഞ്ഞു. പുസ്തകപ്രകാശനങ്ങളാകട്ടെ ദൈനംദിന സംഭവങ്ങളായിത്തീരുകയാല്‍ വാര്‍ത്താപ്രാധാന്യംപോലും ഇല്ലാത്തവയായി. ഇന്ന് വായനക്കാരുടെ ആവശ്യമായല്ല മറിച്ച് ഗ്രന്ഥകാരന്റെ ആവശ്യമായാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമാവുന്നത്. പലരും സ്വയം പരിചയപ്പെടുത്തുന്നതുപോലും സ്വന്തം പുസ്തകം സമ്മാനിച്ചുകൊണ്ടാണ്. പുസ്തകം ഒരു വിസിറ്റിങ് കാര്‍ഡായി മാറിയിരിക്കുന്നു. ഈയിടെ കോഴിക്കോട്ട് ഒരു സാഹിത്യക്യാമ്പില്‍ പ്രശസ്ത എഴുത്തുകാരി അനിതാനായര്‍ സംസാരിക്കുന്നതു കേള്‍ക്കാനിടയായി. സ്പെയിനില്‍ ഏപ്രില്‍ മാസത്തിലെ ഒരു ദിവസം പുസ്തക ദിനമായി ആചരിക്കാറുണ്ടത്രേ. അന്നേദിവസം ബന്ധുമിത്രാദികളും കമിതാക്കളും പരസ്പരം പുസ്തകം സമ്മാനിക്കും. ആ രാജ്യത്ത് ഒരു വര്‍ഷംകൊണ്ട് വിറ്റഴിയുന്ന പുസ്തകങ്ങള്‍ ഈ ഒറ്റദിവസത്തില്‍ത്തന്നെ വിറ്റുപോകുമത്രേ. അക്ഷയതൃതീയക്ക് ജ്വല്ലറികള്‍ക്കുമുമ്പില്‍ ക്യൂനില്‍ക്കുന്ന മലയാളികള്‍ക്കും ഇങ്ങനെയൊരു ദിവസമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ഏതെങ്കിലുമൊരു പ്രസാധകന്‍ "പുസ്തകതൃതീയ" എന്നൊരു ദിനാചരണത്തിന് ആഹ്വാനം ചെയ്താല്‍ അതിനുമുണ്ടാകും ഇവിടെ വിശ്വാസികളുടെ പിന്തുണ!

നവമാധ്യമങ്ങളുടെ പ്രചാരത്തോടെയാണ് പുസ്തകങ്ങള്‍ക്ക് ഈ അവസ്ഥാന്തരം സംഭവിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ സൈബര്‍ സ്പേസിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച അച്ചടി എന്ന മാധ്യമത്തിന് അതുവരെയുണ്ടായിരുന്ന മേല്‍ക്കെ ഇല്ലാതാക്കി. ബ്ലോഗുകളും സോഷ്യല്‍ മീഡിയയും ആത്മപ്രകാശനത്തിനും സംവാദങ്ങള്‍ക്കും നിയന്ത്രണങ്ങളില്ലാത്ത അവസരം സൃഷ്ടിച്ചു. വായനക്കാര്‍ എഴുത്തുകാരാവുകയും എഴുത്തുകാര്‍ വായനക്കാരായിത്തീരുകയും ചെയ്യുന്ന പുതിയ സാഹചര്യം സംജാതമായി. ആശയങ്ങളും അനുഭൂതികളും ദേശകാലാതിര്‍ത്തികളോ നിയന്ത്രണങ്ങളോ കൂടാതെ പ്രവഹിക്കാന്‍ തുടങ്ങി. പുസ്തകം എന്ന ഭൗതികവസ്തുവിനെ മാത്രമല്ല, അങ്ങനെയൊരു സങ്കല്പത്തെ സൃഷ്ടിച്ച ലോകവീക്ഷണത്തെയാണ് വിവരസാങ്കേതികവിദ്യ ചോദ്യം ചെയ്തത്. അച്ചടിച്ച പുസ്തകം ആദിമധ്യാന്തങ്ങളും കര്‍തൃത്വവുമുള്ള ഒരു ഘടനയാണ്.

ദൈവസൃഷ്ടിയായ പ്രപഞ്ചത്തിന്റെ ഘടനയാണ് പുസ്തകത്തിന് കല്പിക്കപ്പെട്ടത്. ഗ്രന്ഥകാരന്‍ സ്രഷ്ടാവുതന്നെയാവുന്നു. തന്റെ സൃഷ്ടിക്കുമേല്‍ കര്‍ത്താവിനുള്ള ആധികാരികത ചോദ്യം ചെയ്യാന്‍ അനുവാചകന് അവകാശമില്ല. അച്ചടിപ്പാഠങ്ങളുടെ അടഞ്ഞ ഘടനയെ ഇലക്ട്രോണിക് പാഠം മാറ്റിമറിച്ചു. ആദിമധ്യാന്തങ്ങളില്ലാത്ത തുറന്ന പാഠശേഖരമായി ഹൈപ്പര്‍ടെക്സ്റ്റ് മാറി. എഴുത്തുകാരനും വായനക്കാരനുമെന്ന വിടവ് മാഞ്ഞുപോയി. പുസ്തകത്തെക്കുറിച്ചുള്ള ഗുട്ടന്‍ബര്‍ഗ് സങ്കല്പം അട്ടിമറിക്കപ്പെട്ടു. അച്ചുകളുടെ കാലം കഴിഞ്ഞു. അടിക്കാലം (കീബോര്‍ഡില്‍ അടിച്ചുകയറ്റുകയാണല്ലോ) വരവായി. ഇക്കാലത്താണ് ഇ-പുസ്തകം അവതരിക്കുന്നത്. ആദ്യം ആരും അതത്ര കാര്യമാക്കിയില്ല. പുസ്തകത്തിന് ഒരു ബദല്‍ അസാധ്യമാണ് എന്നുതന്നെ കരുതി. എന്നാല്‍ സാങ്കേതികവിദ്യയിലെ പുതിയ "തിരനോട്ട"ങ്ങള്‍ അത്തരം ബദലുകളെ അനിവാര്യമാക്കിത്തീര്‍ക്കുകയാണുണ്ടായത്. "തിര" അഥവാ സ്ക്രീന്‍ ടെക്നോളജിയിലുണ്ടായ പുതിയ കണ്ടുപിടുത്തങ്ങളാണ് ഇ-ബുക്ക് റീഡര്‍ എന്ന പുതിയ ഉപകരണം പ്രചാരത്തിലാക്കിയത്.

ഇലക്ട്രോണിക് പുസ്തകവായനക്കു മാത്രമായി രൂപകല്‍പ്പനചെയ്ത ഉപകരണമാണ് ഇ-ബുക്ക് റീഡറുകള്‍. കണ്ണിലേക്കു വെളിച്ചമടിക്കുന്ന കംപ്യൂട്ടര്‍ സ്ക്രീന്‍ നോക്കിയുള്ള വായന ഒട്ടും സുഖകരമല്ലെന്ന് അനുഭവസ്ഥര്‍ക്കറിയാം. ഇതിന് പരിഹാരമായാണ് ഇ-ഇങ്ക് ടെക്നോളജി വന്നത്. ഇതില്‍ അച്ചടിത്താളിലെന്നപോലെ നിങ്ങള്‍ അക്ഷരം കാണുന്നു. കണ്ണില്‍ക്കുത്തുന്ന പിന്‍വെളിച്ചമില്ല. അക്ഷരങ്ങളുടെ രൂപം മാത്രം കറുപ്പില്‍ തെളിയുന്നു. കംപ്യൂട്ടറിലെന്നപോലെ പ്രതലം ഇളകിമാറുന്നില്ല. ഫോണ്ടുകളും പാരഗ്രാഫുകളും നമ്മുടെ സൗകര്യാര്‍ഥം വലുപ്പത്തിലോ അകലത്തിലോ വ്യത്യാസം വരുത്തി സ്വാധീനപ്പെടുത്താം. ആയിരക്കണക്കിനു പുസ്തകങ്ങള്‍ സൂക്ഷിക്കുകയുമാവാം. ശരിക്കും ഉള്ളംകൈയില്‍ കൊണ്ടുനടക്കാവുന്ന ഒരു ലൈബ്രറികൂടിയാണ് ഇ-പുസ്തകം. പുസ്തകനിര്‍മിതിക്കായി പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കേണ്ടതില്ലാത്തതിനാല്‍ ഇത് ഹരിതസൗഹൃദപരവുമാണ്. ആമസോണിന്റെ കിന്റില്‍ ആണ് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇ-ബുക്ക് റീഡര്‍. ഇതിനകം വായനപ്രേമികളുടെ "ചെല്ല"മായിക്കഴിഞ്ഞു ഇത്. ആറിഞ്ചു സ്ക്രീന്‍. വൈഫൈ കണക്ടിവിറ്റി. പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ സൗകര്യം. പണമടച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ പുസ്തകം റീഡറിലെത്തി. പ്രൊജക്ട് ഗുട്ടന്‍ബര്‍ഗ് പോലുള്ള സൈറ്റുകളില്‍നിന്ന് ആയിരക്കണക്കിനു ക്ലാസിക്ക് ഇ-പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും. ധാരാളം സ്റ്റോറേജ്. ഡിസ്പ്ലേക്ക് വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു മാസത്തോളം നിലനില്‍ക്കും.

പേപ്പര്‍ വൈറ്റ് എന്ന പുതിയ മോഡല്‍ ഇരുട്ടത്തും വായിക്കാന്‍ പറ്റുന്നതാണ്. കുറഞ്ഞതരം കിന്റിലിന് ആറായിരം രൂപയേ വില വരുന്നുള്ളൂ. പേപ്പര്‍വൈറ്റെങ്കില്‍ പത്തിനു മുകളില്‍. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഈ പുതിയ ഉപകരണം വാങ്ങാന്‍ നിശ്ചയിച്ചു. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു. അന്ന് ഇന്ത്യയില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ അമേരിക്കയില്‍നിന്നാണ് സാധനം അയച്ചുകിട്ടിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ വായന മിക്കവാറും ഇ-വായനയാണെന്നു പറയാം. പാമുക്കിന്റെ "സ്നോ", ഹെന്റി ഷാറിയറിന്റെ "പാപ്പിയോണ്‍", തോമസ് ട്രാന്‍സ്ട്രോമറുടെ കവിതകള്‍, ഇപ്പോള്‍ ബുക്കര്‍ സമ്മാനം ലഭിച്ച എലനോര്‍ കാര്‍ട്ടന്റെ "ദ ലൂമിനറീസ്" എന്നീ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചത് കിന്റില്‍ ഉപയോഗിച്ചാണ്. മലയാളത്തില്‍ വായിക്കാനാവില്ല എന്നതാണ് കിന്റിലിന്റെ വലിയ പരിമിതിയായി നമുക്ക് അനുഭവപ്പെടുക. എന്നാല്‍ ഇപ്പോള്‍ ഭാരതീയഭാഷകളെ പിന്തുണയ്ക്കുന്ന ഇ-ബുക്ക് റീഡറുകള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഏതാനും വര്‍ഷം മുമ്പ് ഡിസി ബുക്സ് അവതരിപ്പിച്ച വിങ്ക് എന്ന വായനോപകരണത്തിന് തണുപ്പന്‍ പ്രതികരണമാണ് മലയാളികളില്‍നിന്ന് ലഭിച്ചത്. മാര്‍ക്കറ്റിലിറങ്ങുന്ന ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വന്തമാക്കി അഭിമാനിക്കുന്ന നമ്മുടെ മധ്യവര്‍ഗസമൂഹം വായനക്കുമാത്രമായി രൂപകല്പന ചെയ്ത ഈ ഉപകരണത്തോട് മുഖം തിരിച്ചതില്‍ ഒരു സാംസ്കാരികവിവക്ഷയുണ്ട്. വാസനച്ചെപ്പുകളായോ വായനച്ചെപ്പുകളായോ നമ്മുടെ ബാല്യകൗമാരങ്ങളെ വ്യാമോഹിപ്പിച്ച പുസ്തകം എന്ന ഗുട്ടന്‍ബര്‍ഗ് യുഗത്തിന്റെ മഹാത്ഭുതത്തിന് ഈ ഡിജിറ്റല്‍ക്കാലത്ത് എന്തു സംഭവിക്കും? അ-പുസ്തകം ഇ-പുസ്തകത്തിന് വഴിമാറിക്കൊടുക്കുമോ? ഇതുവരെ എഴുതപ്പെട്ടതും എഴുതിക്കൊണ്ടിരിക്കുന്നതും ഇനി എഴുതാന്‍ പോകുന്നതുമായ മുഴുവന്‍ അക്ഷരസഞ്ചയവും താളില്‍നിന്ന് തിരയിലേക്ക് പകര്‍ന്നാടുമോ?

ഒട്ടും ചെലവില്ലാതെ അനന്തമായി പകര്‍പ്പെടുക്കാവുന്ന ഡിജിറ്റല്‍ സാങ്കേതികതയുള്ളപ്പോള്‍ പകര്‍പ്പവകാശം എന്ന സങ്കല്പത്തിന് എന്തു സംഭവിക്കും? ഗ്രന്ഥകാരന്റെ ആധികാരികതയ്ക്ക് സ്ഥാനമെന്താവും? പുസ്തകത്തിന്റെ ഭാവിയെക്കുറിച്ച് സമകാലം നേരിടുന്ന ചോദ്യങ്ങളാണിവ. ഇലക്ട്രോണിക് മാധ്യമം അച്ചടിമാധ്യമത്തെ ഇല്ലാതാക്കുമെന്നു ഞാന്‍ കരുതുന്നില്ല. അതിന്റെ ധര്‍മങ്ങളില്‍ മാറ്റം വരുത്തിയേക്കും എന്നു മാത്രം. ഇരുമാധ്യമങ്ങളും സമാന്തരമായി സഞ്ചരിക്കും. പ്രിന്റ് ഓണ്‍ ഡിമാന്റ് പോലെ വായനക്കാരന് തന്നിഷ്ടപ്രകാരം രൂപകല്പന ചെയ്യാവുന്ന അച്ചടിപ്പുസ്തകം ലഭ്യമാകുന്ന കാലവും വിദൂരമല്ല. ഉള്ളടക്കത്തോടൊപ്പം ഇഷ്ടപ്പെട്ട സുഗന്ധവും പുസ്തകത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ത്തന്നെ നിലവില്‍ വന്നിട്ടുണ്ട്. പുസ്തകലോകത്ത് വിസ്മയകരമായ പരിണാമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ കാലം.

*
പി പി രാമചന്ദ്രന്‍ ദേശാഭിമാനി

Sunday, November 17, 2013

നാസികളാല്‍ വേട്ടയാടപ്പെട്ട ഒരു ജനതയുടെ കഥ

ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച മൃഗീയതയാണ് നാസിഭരണകാലത്ത് അരങ്ങേറിയത്. വംശീയ ശുദ്ധതയുടെയും ആര്യന്‍ മഹിമയുടെയും സന്ദേശമുയര്‍ത്തിയ ഹിറ്റ്ലര്‍ ജൂതരെയും കമ്യൂണിസ്റ്റുകാരെയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലുമടച്ച് ക്രൂരമായി വധിച്ചത് ലോകചരിത്രത്തിലെതന്നെ ഇരുണ്ട അധ്യായമാണ്. നാസികളുടെ ക്രൂരത വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആന്‍ഫ്രാങ്കിന്റെ ഡയറിയാണ് അതില്‍ ഏറെ വായിക്കപ്പെട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച് ഹിറ്റ്ലറുടെ ജയത്തോടെ ആസ്റ്റര്‍ഡാമിലേക്ക് കുടിയേറി അവിടെവച്ച് ജര്‍മന്‍സേനയുടെ പിടിയലകപ്പെടുകയും ബെര്‍ഗന്‍ ബെല്‍സാന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്ത അനലിസ് ആന്‍ മേരി ഫ്രാങ്ക് എന്ന ജൂതപ്പെണ്‍കുട്ടിയുടെ തിക്താനുഭവങ്ങളാണ് ഈ ഡയറിയിലുള്ളത്.

1952ല്‍ ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഈ പുസ്തകം മലയാളമടക്കം ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പ്രിമോ ലെവിയുടെയും ജയിംസ് ഇ യങ്ങിന്റെയും ഉള്‍പ്പെടെ നാസിക്രൂരത വെളിവാക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അക്കൂട്ടത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചതാണ് വാലെന്റിന്‍ സെന്‍ഗറുടെ "നമ്പര്‍ 12 കൈസര്‍ഹോഫ് തെരുവ്" എന്ന ഓര്‍മ പുസ്തകം. നാസികള്‍ നടത്തിയ ജൂതവേട്ടയുടെ ആഴം വ്യക്തമാക്കുന്ന അനുഭവസാക്ഷ്യമാണ് വാലെന്റിന്‍ സെന്‍ഗറുടെ കൃതി. ജൂതനായി പിറന്നതുകൊണ്ട് ഒരോനിമിഷവും ഭയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വന്ന സെന്‍ഗറുടെ കഥ അക്കാലത്ത് ജര്‍മനിയില്‍ ജീവിച്ച ഒരോ ജൂതന്റെയും ചരിത്രമാണ്. ഹിറ്റ്ലര്‍ ജൂതരെ മാത്രമല്ല കമ്യൂണിസ്റ്റുകാരെയും വേട്ടയായടിയിരുന്നു. ജൂതനും അതേസമയം കമ്യൂണിസ്റ്റുമായാലുള്ള സ്ഥിതിയോ? അതി ഭീകരം എന്നേ പറയാനുള്ളൂ. ജൂതനും കമ്യൂണിസ്റ്റുമായിരുന്നു സെന്‍ഗര്‍. റഷ്യക്കാരായ മോഷെ റബിസാനോവിച്ചിന്റെയും ഓള്‍ഗസുദാനോവിച്ചിന്റെയും മകനായാണ് സെന്‍ഗറുടെ ജനനം. ലെനിനുമായിപ്പോലും സൗഹൃദമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു മോഷെ. സാര്‍ ചക്രവര്‍ത്തിയുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ കുടുംബം ബെര്‍ലിനിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ 12 കൈസര്‍ഹോഫ് തെരുവിലായിരുന്നു അവരുടെ ജീവിതം. കുട്ടികളുടെ ഗ്യാങ്ങില്‍നിന്ന് ജൂതനായതുകൊണ്ട് ഒഴിവാക്കപ്പെട്ടതായിരുന്നു സെന്‍ഗര്‍ക്കുണ്ടായിരുന്ന വംശീയവിദ്വേഷത്തിന്റെ ആദ്യ അനുഭവം.

1933 ജനുവരി 30ന് ഹിറ്റ്ലര്‍ അധികാരമേറിയതോടെ ജൂതപ്പക വര്‍ധിച്ചു. "കത്തിയില്‍നിന്ന് ജൂതരക്തം തെറിച്ചുവീഴുന്ന ദിനം മഹത്തായ ദിനം" എന്നതായിരുന്നു ഹിറ്റ്ലറുടെ മുദ്രാവാക്യം. "ഹെയ്ല്‍ ഹിറ്റ്ലര്‍" യുഗമായിരുന്നു അത്. സെന്‍ഗറുടെ അമ്മയാകട്ടെ തന്റെ കുട്ടികള്‍ ജൂതരാണെന്ന കാര്യം കഴിവതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയുംചെയ്തു. പലപ്പോഴും അത് വിജയിച്ചില്ലെന്നുമാത്രം. "ഹാവൂ രക്ഷപ്പെട്ടു"വെന്ന നെടുവീര്‍പ്പാണ് ഓരോഘട്ടത്തിലും ഉയര്‍ന്നത്. സ്കൂളില്‍ പഠിക്കവെ വംശവൃക്ഷത്തെക്കുറിച്ച് പ്രബന്ധമെഴുതാന്‍ ജീവശാസ്ത്ര അധ്യാപകന്‍ പറഞ്ഞപ്പോള്‍ സെന്‍ഗര്‍ അനുഭവിച്ച മാനസികവിഷമം, വയറുവേദനകൊണ്ട് പുളയുമ്പോഴും താന്‍ ജൂതനാണെന്ന് തിരിച്ചറിയുമെന്നതിനാല്‍ ഹിറ്റ്ലറുടെ കൊടുങ്കാറ്റ്പടയില്‍ പെട്ട ഡോക്ടറെ കാണാനുണ്ടായ വിഷമം, ജൂതരുടെ വൃത്തികെട്ട ഗന്ധത്തെക്കുറിച്ച് പരിതപിച്ച കാമുകി ലിസിന്റെ ക്രൂരമായ വാക്കുകള്‍, ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്ത അച്ഛന്റെ പീഡനകാലം, അവസാനം അമ്മയെ ഫ്രാങ്ക്ഫര്‍ട്ടില്‍ സംസ്കരിക്കാനുണ്ടായ വിഷമങ്ങള്‍... സെന്‍ഗറുടെ ആത്മകഥ വേട്ടയാടപ്പെട്ട ഒരു ജനതയുടെ നഖചിത്രമാണ്. ഡി സി ബുക്സാണ് ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ആത്മാവ് ചോര്‍ന്നുപോകാതെ വിവര്‍ത്തനംചെയ്ത ലളിത രാജകൃഷ്ണന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

*
വി ബി പരമേശ്വരന്‍

പ്രണയത്തിന്റെ മഹാഖ്യാനം

ഉത്തരാധുനികതയുടെകാലത്ത് മഹാഖ്യാനങ്ങളിലെ വാദത്തെ തിരുത്തുന്നവയാണ് ഓര്‍ഹന്‍ പാമുക്കിന്റെ നോവലുകള്‍. നൊബേല്‍സമ്മാനാര്‍ഹനായതോടെ അദ്ദേഹത്തിന്റെ രചനകള്‍ ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. തുര്‍ക്കിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് ഇസ്താംബുളിന്റെ ആഖ്യായികാകാരനെ എത്തിക്കുന്നതില്‍ ഈ വിവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇസ്താംബുളാണ് പാമുക്കിന്റെ സ്ഥിരം പശ്ചാത്തലമെങ്കിലും മനുഷ്യജീവിതമാണ് നോവലിന്റെ പ്രമേയമെന്നതുകൊണ്ട് ലോക ത്തെവിടെയും അവ സ്വീകാര്യമാകും. പ്രണയവും പ്രണയനഷ്ടവും ചതിയും അക്രമവും ആന്തരികവ്യഥകളും നിഗൂഢമായ ആനന്ദങ്ങളും ബന്ധങ്ങളും അനാഥത്വവും എല്ലാം കൂടിക്കുഴഞ്ഞ മനുഷ്യജീവിതം ഭൂമിയിലെവിടെയും ഒന്നുതന്നെ.

ഭാഷയും ഭൂമിശാസ്ത്രവും നമുക്ക് അപരിചിതമായേക്കാം; പക്ഷേ, ജീവിതം അങ്ങനെയാവില്ല. പാമുക്കിന്റെ നിഷ്കളങ്കതയുടെ ചിത്രശാല പ്രഥമവായനയില്‍ത്തന്നെ എന്റെ മനസ്സില്‍ ശക്തമായ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാനുണ്ടായ കാരണവും മറ്റൊന്നായിരിക്കില്ല. ദുരന്തപ്രണയത്തിന്റെ മഹാഖ്യാനമാണ് നിഷ്കളങ്കതയുടെ ചിത്രശാല. ധനികനായ കെമാല്‍ബായിയുടെയും അയാളുമായി പ്രണയം പങ്കുവച്ച ഫ്യൂസന്റയും കഥയാണിത്. തന്റെ നിലയ്ക്കും വിലയ്ക്കുമൊത്ത സിബലുമായി വിവാഹനിശ്ചയം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് കഥാനായകന്‍ നിര്‍ധനയായ ഫ്യൂസനെ കണ്ടുമുട്ടുന്നത്. പ്രഥമദര്‍ശനത്തില്‍ത്തന്നെ അയാള്‍ അവളില്‍ അനുരക്തനാകുന്നു. പരസ്പരം തിരിച്ചറിഞ്ഞതോടെ അവരിരുവരും പ്രണയത്തിന്റെ വന്‍കരകളിലേക്ക് യാത്രകള്‍ചെയ്തു. സിബലുമായുള്ള വിവാഹനിശ്ചയത്തോടെ കെമാല്‍ബായിയുടെ ദൃഷ്ടിപഥത്തില്‍നിന്ന് ഫ്യൂസന്‍ അകന്നുപോയി. കെമാല്‍ അവളെ തേടിക്കൊണ്ടേയിരുന്നു. അയാളുടെ വിവാഹം നടന്നില്ല. അത് സാധ്യമായിരുന്നില്ല. കാരണം, അയാള്‍ ഫ്യൂസനുമായി അഗാധമായ അനുരാഗത്തിലായിരുന്നല്ലോ. ഒടുവില്‍ കെമാല്‍ ഫ്യൂസനെ കണ്ടെത്തുമ്പോഴേക്കും അവള്‍ വിവാഹിതയായിക്കഴിഞ്ഞിരുന്നു. പിന്നീട് അവളുടെ കുടുംബത്തില്‍ അയാള്‍ ഒരു നിത്യസന്ദര്‍ശകനായി. ആ കുടുംബത്തിലെ എല്ലാവര്‍ക്കും കെമാല്‍ പ്രിയപ്പെട്ടവനായി. കെമാലിനാകട്ടെ ഫ്യൂസനുമായി ബന്ധപ്പെട്ട ഓരോ വസ്തുവും വിലപ്പെട്ടതായിരുന്നു. അതെല്ലാം അയാള്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. പ്രണയിനിയുടെ കേവല സാമീപ്യത്തിനായി കെമാല്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം ഒരു ദിവസവും തെറ്റാതെ അവളുടെ വീട്ടിലെത്തി.

ദസ്തയോവസ്കി തന്റെ വിഖ്യാതരചനകളിലൊന്നായ നിന്ദിതരും പീഡിതരിലും വിവരിക്കുന്നതുപോലെ പ്രണയത്തിനുവേണ്ടി കെമാലും അപമാനിതനാകാന്‍ തയ്യാറായിരുന്നു. ഒടുവില്‍ ഫ്യൂസന്‍ ഭര്‍ത്താവുമായി വേര്‍പെട്ടിട്ടും കെമാലിന് അവളുമായി ഒരുമിക്കാന്‍ സാധിക്കുന്നില്ല. ഫ്യൂസന്റെ ഓര്‍മയ്ക്കായി അവളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഒരു മ്യൂസിയം തുറക്കുകയാണയാള്‍ - ഠവല ാൗലൌാ ീള കിിീരലിരല. പ്രണയത്തിനായി എവിടെ എത്രവരെ താഴുകയും ഉയരുകയും ചെയ്യാമെന്നതിന്റെ ദൂരവും കാലവും കാണിച്ചുതരികയാണ് പാമുക്ക്. ദാര്‍ശനിക ഭാരങ്ങളൊന്നും ഇതിലില്ല. വലിയ പ്രപഞ്ച അപഗ്രഥനങ്ങളുമില്ല. എന്നാല്‍, പ്രമേയം വികസിക്കുന്ന ഇസ്താംബുള്‍ നഗരത്തിന്റെ വിശദമായ വിവരണമുണ്ട്. യൂറോ കേന്ദ്രീകൃത ഫിക്ഷന്റെ ഇതരപ്രദേശങ്ങളിലേക്കുള്ള ഇറങ്ങിവരല്‍കൂടിയാണ് പാമുക്കിനെപ്പോലുള്ളവരുടെ രചനകളില്‍ സാധ്യമാകുന്നത്. മുഖ്യധാര ദുര്‍ബലമാവുകയും ഉപധാരകള്‍ ശക്തമാകുകയും ചെയ്യുന്നതിന്റെ തെളിവാണിത്.

*
എസ് ജോസഫ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 നവംബര്‍ 2013

Sunday, October 20, 2013

അക്ഷരഖനികളുടെ അന്വേഷി

പുതിയ കാലത്തിലെ എഴുത്തിന്റെ പ്രഭവകേന്ദ്രം ഭൂതകാലത്തില്‍ നിലകൊള്ളുന്നതെന്തേ? സമകാലീന സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെ അടയാളപ്പെടുത്തുന്ന എഴുത്തിനെമാത്രം ഉദ്ഘോഷിച്ച കാലത്ത് പൈങ്കിളിസാഹിത്യമെന്നു പറഞ്ഞുതള്ളിയ ചരിത്ര നോവലുകള്‍ ഇന്ന് വായനക്കാരില്‍ ഏറെ ആവേശം ജനിപ്പിക്കുന്നതായി കാണാം. ഈ വര്‍ഷത്തെ ബുക്കര്‍ അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറു നോവലുകളില്‍ ഒട്ടുമുക്കാലും ഈ ഗണത്തില്‍പ്പെടുത്താമെന്നുള്ളത് ചരിത്രത്തിന്റെ കമ്പോളവല്‍ക്കരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. 1840കളിലെ അമേരിക്കയിലെ കാലിഫോര്‍ണിയന്‍ തീരങ്ങളിലെ സ്വര്‍ണഖനി തേടിയുള്ള പരക്കംപാച്ചിലിനുശേഷം 1860കളില്‍ ഈ തിക്കിത്തിരക്ക് ന്യൂസിലന്‍ഡിലെ പടിഞ്ഞാറന്‍ തീരങ്ങളിലേക്കും അവിടത്തെ ഖനികളിലേക്കുമായി.

സ്വര്‍ണവേട്ടയുടെ ഈ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സ്തോഭജനകമായ ഒരു കുറ്റാന്വേഷണ നോവലാണ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അവാര്‍ഡ് നേടിയ ന്യൂസിലന്‍ഡ് എഴുത്തുകാരി എലീനര്‍ കാറ്റെന്റെ "ദി ല്യൂമിനറീസ് " (തേജസ്വികള്‍). 828 പേജുള്ള ഈ ബൃഹത്തായ ഗ്രന്ഥം തീര്‍ത്തും വ്യത്യസ്തവും വിചിത്രവും അസാധാരണവുമായ പത്തൊമ്പതോളം കഥാപാത്രങ്ങളിലൂടെ അത്യന്തം ജിജ്ഞാസപൂര്‍ണമായ ഒരു കൊലപാതക കഥയുടെ ചുരുള്‍നിവര്‍ത്തുന്നു. ഹൊകിറ്റികാ നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഹൊകിറ്റികാ എന്ന ചെറുപട്ടണത്തിലാണ് കഥ അരങ്ങേറുന്നത്. കാറ്റും കോളുമുള്ള ഒരു ഇരുണ്ടരാത്രിയില്‍ കപ്പലിറങ്ങി ആദ്യം കണ്ട ഹോട്ടലിലെത്തുന്ന സ്കോട്ടിഷ് ചെറുപ്പക്കാരന്‍ അവിടെ അരങ്ങേറുന്ന ഒരു രഹസ്യയോഗത്തില്‍ പങ്കാളിയാകുന്നു.

12 പേരടങ്ങുന്ന ഒരു സംഘം നിഗൂഢമായ ചില രഹസ്യങ്ങള്‍ അവനോടു പറയുന്നു. ഒരു വേശ്യയുടെ ആത്മഹത്യാശ്രമവും, ഒരു ചെറുപ്പക്കാരന്റെ തിരോധാനവും, കറുപ്പുതീനികളുടെ സങ്കേതവും, പ്രേതകഥകളിലെപോലെ അജ്ഞാത തീരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കപ്പലും മറ്റും. ഭൂമിയുടെ തെക്കേയറ്റത്തെ അവസാനത്തെ നഗരമെന്നു വിളിക്കാവുന്ന ഈ തീരത്ത് വന്നടിഞ്ഞ ഇവര്‍ ആരുംതന്നെ ആ നാട്ടുകാരല്ല, മാവോരി ഗോത്രവര്‍ഗക്കാരനായ ഒരാള്‍ ഒഴിച്ച്. ഒരു ജ്യോതിഷ പട്ടികക്കുള്ളിലാണ് ഓരോ കഥാപാത്രത്തിന്റെയും നില്‍പ്പ്. രാശിചക്രത്തിലെ 12 രാശികള്‍പോലെ ഇവരുടെ സഞ്ചാരങ്ങള്‍ അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നു. പഴയ സ്വത്വങ്ങളെ തച്ചുടച്ച് വന്യവും നിഗൂഢവുമായ ഈ പുത്തന്‍ ലോകത്തിലെ വേറിട്ട അച്ചുകളില്‍ സ്വയം വാര്‍ത്തെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരുപറ്റം മനുഷ്യരുടെ കഥകൂടിയാണിത്.

ഓരോരുത്തര്‍ക്കും മറ്റാരോടും പങ്കുവയ്ക്കാത്ത ഒരു രഹസ്യമുണ്ട്. ആ രഹസ്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മാത്രമേ അവര്‍ തേടുന്ന വലിയ കടങ്കഥയുടെ ഉത്തരം കിട്ടൂ. ആദ്യവസാനംവരെ വായനക്കാരെ പിടിച്ചിരുത്തുന്ന ഉദ്വോഗജനകമായ ഇതിവൃത്തവും അതിനു പൂരകമായ ഒരു വിവരണശൈലിയും അത്യന്തം ഹൃദ്യമായ ഒരു വായനാനുഭവം പ്രദാനംചെയ്യുന്നു ഈ നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ മാതൃക പിന്തുടരുന്നെങ്കിലും സങ്കീര്‍ണവും വ്യത്യസ്തവുമായ രൂപഘടനയും പല വീക്ഷണകോണിനു നടുവില്‍ തത്തിക്കളിക്കുന്ന ആഖ്യാനവും ഈ നോവലിന്റെ സവിശേഷതകളാണ്. ഏറെ പ്രശംസനീയമായ പാത്രസൃഷ്ടിയും രസകരമായ സംഭാഷണങ്ങളും, മനുഷ്യമനസ്സുകളിലേക്ക് ഏറെ സൂക്ഷ്മതയോടെ ഇറങ്ങിച്ചെല്ലാനുള്ള കഥാകൃത്തിന്റെ അസാമാന്യ പാടവവും, വാക്കുകളെ മുത്തുകള്‍പോലെ കോര്‍ത്തെടുത്ത് അനുഭവങ്ങളുടെ മായാജാലം സൃഷ്ടിക്കാനുള്ള ചാതുര്യവും ഒക്കെ വായനക്കാരെ ത്രസിപ്പിക്കും എന്നുള്ളതിന് സംശയമില്ല.

ഒരേസമയം വൃത്താന്തങ്ങളിലേക്ക് വെളിച്ചം വിതറുകയും പിന്നീട് ഇരുളിലാഴ്ത്തുകയും ചെയ്യുന്നതിലൂടെ ഒരു അപസര്‍പ്പക കഥയുടെ പരിണാമഗുപ്തി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട് കാറ്റന്. ഒരു ഉത്തരാധുനിക കഥയുടെ അന്ത്യവെളിപാടിലാണ് നോവല്‍ അവസാനിക്കുന്നത്. മറ്റുള്ളവരുടെ സത്യങ്ങള്‍ ഒരിക്കലും നമ്മുടെ സത്യങ്ങളാക്കി ചുമലിലേറ്റരുതെന്ന അടിസ്ഥാന തത്വം. ബുക്കര്‍ നേടുന്ന ഏറ്റവും ദീര്‍ഘമേറിയ നോവല്‍കൂടിയാണ് ഇത്. ഗ്രാന്റയാണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ്

Wednesday, June 19, 2013

പുസ്തകപ്രസാധനത്തിന്റെ പെണ്‍ഭാഷ്യം

സ്ത്രീകളുടെ സാംസ്കാരിക പ്രതിരോധത്തിന്റെ പുത്തന്‍ ഏടാണ് പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമത - എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ്. ഒന്നര വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് പുസ്തകങ്ങള്‍-പന്ത്രണ്ടും പൊരുതുന്ന സ്ത്രീജീവിതത്തിന്റെ ആത്മമുദ്രകള്‍! ആണ്‍കോയ്മയുടെ ചാട്ടവാറടികള്‍ക്കിടയില്‍ അതിജീവനത്തിന്റെ വീരഗാഥകള്‍ രചിച്ച ഒരു പറ്റം കരുത്തുറ്റ സ്ത്രീകളെയാണ് "സമത" ഇതിനോടകം പരിചയപ്പെടുത്തിയത്.

ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ താണ്ടി കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ഉജ്വലനായികയായ കെ ദേവയാനി, മ്യാന്‍മറില്‍ പട്ടാളഭരണത്തെ മുട്ടുകുത്തിച്ച ആങ്സാന്‍ സൂചി, കെനിയയില്‍ ഭൂമിയുടെയും പെണ്ണിന്റെയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ യത്നിച്ചതിന് നൊബേല്‍ പുരസ്കാരം ലഭിച്ച വാംഗാരി മാതായ്, നൈജീരിയയിലെ ഒരു കുഗ്രാമത്തില്‍ മുസ്ലിം മതമൗലികവാദിയുടെ ഫത്വകള്‍ക്കിടയില്‍നിന്ന് രക്ഷപ്പെട്ട് ലോകശ്രദ്ധയിലേക്കുയര്‍ന്ന ഇതിഹാസതുല്യമായ ആത്മകഥയെഴുതിയ സഫിയ ഹുസൈനി, കേരളത്തിലെ വനിതാമുന്നേറ്റത്തിന് ചൂടും ചൂരുമേകിയ ദേവകി വാര്യര്‍, ലോകവിപ്ലവപ്രസ്ഥാനത്തിന്റെ എന്നത്തെയും ആവേശമായ ചെഗുവേരയുടെ ജീവിതസഖാവ് അലൈഡാ മാര്‍ച്ച് ചെഗുവേര, സരയേവോയിലെ യുദ്ധക്കെടുതികള്‍ക്കിടയില്‍നിന്ന് ഡയറിക്കുറിപ്പെഴുതിയ പതിനൊന്നുകാരി സ്ലാറ്റ, കേരളത്തിന്റെ മുഖഛായ മാറ്റിത്തീര്‍ത്ത അനേകം ജനകീയപോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന പാര്‍വതി നെന്മിനിമംഗലം, ഹലീമബീവി, ക്യാപ്റ്റന്‍ ലക്ഷ്മി, കൂത്താട്ടുകുളം മേരി, അറിയപ്പെടാത്ത സമരനായികമാരായ പി സി കുറുമ്പ, ഇറ്റ്യാനം, മുല്ലപ്പൂ വിപ്ലവത്തിന് തിരികൊളുത്തിയ നിരവധി അറബി പെണ്‍പോരാളികള്‍- ഈ പട്ടിക അന്തസ്സോടെ നീളുകയാണ്.

സമതയിലൂടെ രേഖപ്പെടുത്തുന്നത് വൈവിധ്യമാര്‍ന്ന സ്ത്രീജീവിതങ്ങളുടെ കനല്‍സത്യങ്ങള്‍. പാതി ആകാശവും പാതി ഭൂമിയും തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കുന്ന കാലഘട്ടത്തിലും ലോകത്തിന്റെ പാതി അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നില്ല. ഈ പൊള്ളുന്ന അനുഭവങ്ങള്‍ കാഴ്ചകള്‍, ശബ്ദങ്ങള്‍ ദൃശ്യവല്‍ക്കരിക്കുക എന്ന രാഷ്ട്രീയദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് സമതയുടെ മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി പറയുന്നു. അതിക്രമങ്ങള്‍ക്കിരയാകുന്ന അഞ്ചുവയസ്സുകാരിയുടെ നിലവിളി കേള്‍ക്കാതെ നമുക്ക് പ്രതിരോധത്തെക്കുറിച്ച് സംസാരിക്കാനാകില്ല. വിഹ്വലമായ ഈ യാഥാര്‍ഥ്യത്തെ നേരിടുന്നതിനുള്ള പ്രാപ്തി സ്ത്രീസമൂഹം നേടിയെടുക്കുന്നതിന് പുസ്തകങ്ങളും ആവശ്യമാണ് എന്ന് സമത പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നു. ഉഷാകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ ഇരുപത്തൊമ്പത് സ്ത്രീകളുടെ ട്രസ്റ്റാണ് സമതയ്ക്ക് ചുക്കാന്‍പിടിക്കുന്നത്. തൃശൂരാണ് കേന്ദ്രമെങ്കിലും അതിന്റെ വേരുകള്‍ കേരളത്തിലാകെ പടര്‍ന്നുകഴിഞ്ഞത് നിമിഷവേഗത്തില്‍. പുസ്തകപ്രസാധനരംഗത്തെ കുത്തകവല്‍ക്കരണത്തിനിടയിലാണ് ഒരുകൂട്ടം സ്ത്രീകള്‍ ഈ രംഗത്ത് കാല്‍കുത്തുന്നത്. ഇതിനു മുമ്പും കേരളത്തില്‍ സ്ത്രീകളുടെ പ്രസാധനശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എങ്കിലും സമത വ്യത്യസ്തമാകുന്നത് അവരുടെ വ്യക്തമായ രാഷ്ട്രീയനിലപാടുകൊണ്ടാണ്. കൃത്യമായ സ്ത്രീബോധവും സാമൂഹ്യപ്രതിബദ്ധതയും നിലനിര്‍ത്തിക്കൊണ്ട് പുസ്തകപ്രസാധനം സാധ്യമാകുമോയെന്ന സ്വാഭാവികസംശയം പലരും ഉന്നയിക്കുന്നുണ്ട്. കാരണം ചൂടപ്പംപോലെ വിറ്റഴിയുന്ന ചില പ്രത്യേക പുസ്തകങ്ങള്‍ കേരളത്തിലുണ്ട്. ഒളിഞ്ഞുനോട്ടത്തിന്റെ സുഖം നല്‍കുന്ന ഈ പുസ്തകങ്ങള്‍ അച്ചടിക്കുക സമതയുടെ ലക്ഷ്യമല്ല. സാമൂഹ്യമാറ്റത്തിന് സഹായിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനംതന്നെയാണ് തങ്ങള്‍ക്ക് പുസ്തകപ്രസാധനം എന്ന് ഉഷാകുമാരി വ്യക്തമാക്കുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെ നിലപാടെടുക്കാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കാന്‍ ഉതകുന്ന പുസ്തകങ്ങള്‍മാത്രമേ സമത വിപണിയില്‍ എത്തിക്കുന്നുള്ളൂ. നല്ല പുസ്തകങ്ങള്‍ തിരിച്ചറിയുന്ന മലയാളികള്‍ സമതയുടെ പുസ്തകങ്ങള്‍ തേടി ച്ചെല്ലുന്ന സ്ഥിതി ഇന്നുണ്ട്. ഗ്രന്ഥശാലാസംഘത്തിന്റെ പുസ്തകോത്സവങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങളിലും സമത ഒഴിവാക്കാനാകാത്ത സാന്നിധ്യമായിക്കഴിഞ്ഞു. കവയിത്രി ലളിതാ ലെനിനാണ് ട്രസ്റ്റിന്റെ ചെയര്‍പേഴ്സണ്‍. 1987ല്‍ തൃശൂരില്‍ രൂപംകൊണ്ട സമത പത്തുവര്‍ഷം സ്ത്രീപക്ഷ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

പിന്നീടുണ്ടായ ഒരു ഇടവേളയ്ക്കുശേഷമാണ് 2010 നവംബര്‍ ഒന്നിന് എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ് രൂപംകൊണ്ടത്. അതിവേഗത്തില്‍ സാഹിത്യലോകത്ത് ഇടം നേടിയെടുത്ത സമത പുസ്തകപ്രസാധനരംഗത്ത് ഒതുങ്ങിനില്‍ക്കുന്നുമില്ല. തൃശൂര്‍ മുക്കാട്ടുകര നല്ലെങ്കരയിലെ കര്‍ഷകത്തൊഴിലാളി സമരനായിക സ. ഇറ്റ്യാനത്തിന് ആയിരം രൂപ പ്രതിമാസം സമത നല്‍കുന്നുണ്ട്. കൂടാതെ വീടിനോടുചേര്‍ന്ന് കുളിമുറി പണിയാന്‍ 50,000 രൂപയും നല്‍കി. കടുത്ത ദാരിദ്ര്യവും രോഗവുംമൂലം ഇറ്റ്യാനം ദുരിതം അനുഭവിക്കുന്നെന്ന് മനസിലാക്കിയത് സമത പുറത്തിറക്കിയ "സമരപഥങ്ങളിലെ പെണ്‍പെരുമ" എന്ന പുസ്തകരചനയ്ക്കിടയിലായിരുന്നു. കേരളത്തിന്റെ സാംസ്കാരികവിഹായസ്സില്‍ പെണ്‍പ്രതിരോധത്തിന്റെ കൂറ്റന്‍ ചിറകുവിരിച്ച് സമത പൊങ്ങിപ്പറക്കുന്നതിനായി നമുക്ക് ഏറെനാള്‍ കാത്തിരിക്കേണ്ടിവരില്ല.

*
ആര്‍ പാര്‍വതീദേവി

Monday, April 15, 2013

യയാതിയും ജ്ഞാനപ്പാനയും

മുറുക്കമില്ലാത്ത കണ്ണട ഇളകിപ്പോകാതെ ഒരു കൈകൊണ്ട് മുഖത്തോട് ചേര്‍ത്തുപിടിച്ച് മറുകൈയിലിരിക്കുന്ന സി വി രാമന്‍പിള്ളയുടെ നോവലുകള്‍ ഉച്ചത്തില്‍ വായിക്കുന്ന അച്ഛന്‍ ഏഴുവയസ്സിനുശേഷം എന്റെ മനസ്സില്‍ ഓര്‍മമാത്രമാണ്. ഞാന്‍ ബാല്യത്തിന്റെ പടികടക്കുംമുമ്പ് അദ്ദേഹം ഞങ്ങളെ വിട്ടുപോയി. അച്ഛനെക്കുറിച്ച് ഇപ്പോഴോര്‍ക്കുമ്പോള്‍ വിളക്കുവെട്ടത്തിരുന്നുള്ള ആ വായനയുടെ ദൃശ്യമാണ് എന്നില്‍ തെളിഞ്ഞുവരുന്നത്. മാര്‍ത്താണ്ഡവര്‍മയിലും രാമരാജ ബഹദൂറിലും ധര്‍മരാജയിലും നിറയുന്ന തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയുടെ സൗന്ദര്യം കേട്ടുവളര്‍ന്നെങ്കിലും ചരിത്രാഖ്യായികകളിലായിരുന്നില്ല എനിക്ക് കമ്പം.

ഏത് സ്കൂള്‍വിദ്യാര്‍ഥിയെയുംപോലെ ഡിറ്റക്ടീവ് നോവലുകളുടെ ത്രസിപ്പിക്കുന്ന ലോകം എന്നെയും വായനയിലേക്ക് പിടിച്ചുകൊണ്ടുവന്നു. നെയ്യാറിനപ്പുറമാണ് എന്റെ വിദ്യാലയം- ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹൈസ്കൂള്‍. ആറ് മുറിച്ചുകടക്കുമ്പോള്‍ എങ്ങനെയായാലും അരനിക്കര്‍ നനയും. ഒറ്റയടിപ്പാതയിലൂടെ പുസ്തകക്കെട്ടും ചേര്‍ത്തുപിടിച്ച് നിക്കറിന്റെ നനവ് അസ്വസ്ഥതപ്പെടുത്തുന്ന മനസ്സുമായി നടന്നുപോകുമ്പോള്‍ തലേരാത്രി വായിച്ച ഡിറ്റക്ടീവ് കഥ ചെറുതായി പേടിപ്പിച്ചുതുടങ്ങും. അപ്പോഴാണ് രാമരാജ ബഹദൂറിന്റെ ഗുണം. അച്ഛന്‍ വായിച്ച നോവല്‍ഭാഗം അപ്പോള്‍ ഓര്‍ത്തെടുക്കും. അങ്ങനെ സി വി നമ്മളറിയാതെ ഉള്ളിലേക്ക് കടന്നു.

ഗൗരവമാര്‍ന്ന വായനയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു അത്. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങനെയോ കൈയിലെത്തിയതാണ് "യയാതി". വി എസ് ഖാണ്ഡേക്കറുടെ ഇതിഹാസമാനങ്ങളുള്ള നോവല്‍. അതിന്റെ മലയാള പരിഭാഷയായിരുന്നു. ഗാഢമായ ബന്ധങ്ങളുടെ സങ്കീര്‍ണതകളെ അതിമനോഹരമായി ആവിഷ്കരിക്കുന്ന യയാതി ഇന്നും എന്റെ ഏറ്റവും ദീപ്തമായ വായനാനുഭവമാണ്. ഗഹനമായ ഒരു തത്വശാസ്ത്രമാണ് ആ പുസ്തകം മുന്നോട്ടുവയ്ക്കുന്നതെന്ന് പില്‍ക്കാലത്തെ പുനര്‍വായനകളിലാണ് വ്യക്തമായത്. അതുതന്നെ യയാതിയുടെ ഇതിഹാസമാനങ്ങളും ക്ലാസിക് സ്വഭാവവും വെളിപ്പെടുത്തുന്നു.

ഒരുവന്റെ അനുഭവങ്ങള്‍ വിപുലവും വ്യത്യസ്തവുമാകുന്ന വ്യത്യസ്ത ജീവിതഘട്ടങ്ങളില്‍ അതിനനുസൃതമായി സംവദിക്കാന്‍ കഴിയുക എന്നതാണ് മഹത്തായ രചനയുടെ ഒന്നാമത്തെ പ്രത്യേകത. യയാതി ഇത്തരത്തിലൊരു കൃതിയാണ്. ലളിതമായ ആഖ്യാനശൈലികൊണ്ട് യയാതി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. ലാളിത്യം വലിയ മുതല്‍ക്കൂട്ടാണ്. സാധാരണക്കാരിലേക്ക് നമ്മുടെ ആശയങ്ങള്‍ എത്തിക്കാന്‍ അനിവാര്യമാണത്. ദാര്‍ശനികതയുടെ ഔന്നത്യമാണല്ലോ ബുദ്ധന്‍. പക്ഷേ, ബുദ്ധനേക്കാള്‍ ക്രിസ്തുവിനെ കൂടുതല്‍ ആളുകള്‍ ഉള്‍ക്കൊള്ളുന്നതെന്തുകൊണ്ടാണ്? ചരിത്രപരമായ ഘടകങ്ങള്‍ക്കൊപ്പം ആശയങ്ങള്‍ ലളിതമായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുകൂടിയാണ് ക്രിസ്തുമതം ഇത്രയേറെ പ്രചരിപ്പിക്കപ്പെട്ടതെന്ന് ഞാന്‍ കരുതുന്നു. ബൈബിള്‍ ഒരു ബാലികേറാമലയല്ല. അഷ്ടമാര്‍ഗങ്ങളേക്കാള്‍ പത്തു കല്‍പ്പനകള്‍ ക്രിസ്ത്യാനികളല്ലാത്തവര്‍പോലും അറിയാനിടയായത് ലളിതമായ ആവിഷ്കാരംകൊണ്ടാണ്.

യയാതി കഴിഞ്ഞാല്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് "ജ്ഞാനപ്പാന"യാണ്. വരേണ്യവല്‍ക്കൃതമായ ഒരു കാവ്യപരിസരത്ത് ഏതു മനുഷ്യനും എക്കാലവും ഉള്‍ക്കൊള്ളേണ്ട ആശയങ്ങളുടെ മഹാലോകം സൃഷ്ടിക്കാന്‍ പച്ചമലയാളത്തിന് സാധിക്കുമെന്ന് പൂന്താനം തെളിയിച്ചു. നാം ജ്ഞാനപ്പാനയെ ഭക്തിയുടെ ആധിക്യത്തില്‍ എഴുതിയ കൃഷ്ണസ്തുതിയാക്കി വ്യാഖ്യാനിച്ച് പൂന്താനത്തെ ഭക്തകവിയായി മാറ്റിനിര്‍ത്തുന്നു. എന്നാല്‍, മതേതരമായ ആശയലോകമല്ലേ അദ്ദേഹം സൃഷ്ടിച്ചത്! ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്ന ദര്‍ശനഗാംഭീര്യമല്ലേ പൂന്താനത്തിന്റെ വരികള്‍ നമുക്ക് പകരുന്നത്. പി ലീല തന്റെ ഭക്തിയുടെ പാരമ്യത്തില്‍ ആലപിച്ചതുകൊണ്ടുമാത്രം ജ്ഞാനപ്പാന ഭക്തിഗാനമാകില്ല. ജ്ഞാനപ്പാനയെ നാം ഇനിയും പൂര്‍ണമായും തിരിച്ചറിയേണ്ടതായിട്ടുണ്ട്.

കൂടിയല്ല പിറക്കുന്ന നേരത്ത് കൂടിയല്ല ജനിക്കുന്ന നേരത്ത് മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ? ഇങ്ങനെയെല്ലാം എഴുതിയ പൂന്താനത്തെ വെറും ഭക്തകവിയായി കാണാന്‍ സാധിക്കുമോ?

അദ്ദേഹത്തിനെതിരെ അക്കാലത്തെ ആഢ്യകവികള്‍ വാളോങ്ങി. ആ ചരിത്രം വിവരിക്കേണ്ടതില്ല. വരേണ്യവല്‍ക്കരണത്തിന്റെ ഈ മേല്‍പ്പത്തൂര്‍ ഇഫക്ട് ഇപ്പോഴും നിലനില്‍ക്കുന്നു. ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്കും മത്സ്യച്ചന്തയിലെ വില്‍പ്പനക്കാരികളായ അമ്മമാര്‍ക്കും പൊരിവെയിലത്ത് റോഡുപണിചെയ്യുന്ന ചെറുപ്പക്കാര്‍ക്കും കവിത പ്രാപ്യമാകണമെന്നു പറഞ്ഞാല്‍ ഇന്നും കല്ലേറുകിട്ടുന്നു. ആ കല്ലേറുകള്‍ക്കപ്പുറം കവിത ഒഴുകിയൊഴുകി പോകുമെന്നത് സത്യം. യയാതിക്കും ജ്ഞാനപ്പാനയ്ക്കും പൊതുവായി എന്തുണ്ട് എന്ന അന്വേഷണത്തിന് ഞാന്‍ മുതിര്‍ന്നിട്ടില്ല. എങ്കിലും ലാളിത്യത്തോടും വിവരണാത്മകതയുടെ സൗന്ദര്യത്തോടുമുള്ള മനസ്സിന്റെ ഇഷ്ടമാകാം യയാതിയെയും ജ്ഞാനപ്പാനയെയും എന്റെ പ്രിയപുസ്തകങ്ങളാക്കിയതെന്നു തോന്നുന്നു.

*
മുരുകന്‍ കാട്ടാക്കട ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013

അമ്മമാരെയും മറ്റുചിലരെയും പറ്റി

ഇന്നും ഇന്ത്യയില്‍ ഓരോ പത്ത് മിനിറ്റിലും പ്രസവത്തിനിടയില്‍ മരിക്കുന്ന ഒരമ്മയുണ്ട് എന്ന ലജ്ജിപ്പിക്കുന്ന സത്യത്തിന്റെ സ്മാരകംകൂടിയാണ് താജ്മഹല്‍. പറയുന്നത് മറ്റാരുമല്ല ശബാന ആസ്മിയാണ്. താജ് മഹല്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രേമത്തിന്റെ പ്രതീകമായിട്ടല്ല പകരം അനേകം പ്രസവങ്ങള്‍ക്കിടയില്‍ സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവന്ന മുംതാസ് മഹല്‍ എന്ന നിസ്സഹായയായ അമ്മയുടെ ശവകുടീരമായിട്ടാണ് അവര്‍ കാണുന്നത്. നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കുശേഷവും അത് ഇന്നും നമ്മെ ഓര്‍മപ്പെടുത്തുന്നു, ഇന്ത്യയിലെ മാതൃശിശു ആരോഗ്യ പരിപാലനം പണ്ടത്തെ പരിതാപകരമായ അവസ്ഥയില്‍ത്തന്നെ തുടരുന്നു എന്ന്. ഇന്ത്യയിലെ അദൃശ്യരായ അമ്മമാര്‍ എന്ന ആസ്മിയുടെ ഈ ആമുഖവുമായാണ് ജയശ്രീ മിശ്ര എഡിറ്റ് ചെയ്ത അമ്മമാരെയും മറ്റു ചിലരെയുംപറ്റി (Of Mothers and Others) എന്ന പുസ്തകം എത്തുന്നത്.

ജീവിതത്തിന്റെ പല തുറകളില്‍നിന്നും വന്നെത്തിയ സ്ത്രീകള്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ മാതൃത്വത്തിനും കുട്ടികള്‍ക്കും വേണ്ടി ഓരോരുത്തരും എന്തെങ്കിലും സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ജയശ്രീ മിശ്ര ഒരു പുസ്തകമാണ് ആ മഹത്സംരംഭത്തിന് സമര്‍പ്പിച്ചത്. Save the Children എന്ന സാമൂഹിക സംഘടനയ്ക്കു വേണ്ടി കഥകളും ഉപന്യാസങ്ങളും കവിതകളും നിറഞ്ഞ ഈ സമാഹാരം അവര്‍ എഡിറ്റ് ചെയ്തപ്പോള്‍ ഇന്ത്യയിലെ കോടാനുകോടി അമ്മമാരും കുട്ടികളുമാണ് ഈ താളുകളില്‍ പ്രതിനിധാനംചെയ്യപ്പെട്ടത്. 22 എഴുത്തുകാര്‍ പലതരം മാതൃഭാവങ്ങള്‍ ഈ പുസ്തകത്തില്‍ വര്‍ണിക്കുന്നു. വികലാംഗയായ കുട്ടിയെ ഒറ്റയ്ക്ക് നോക്കുന്ന അമ്മ, അമ്മയാകാന്‍ കൊതിക്കുന്ന ട്രാന്‍സ് സെക്ഷ്വല്‍ സ്ത്രീകള്‍, കുട്ടികള്‍ നഷ്ടപ്പെട്ട അമ്മമാര്‍, ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന അമ്മയുടെ നൊമ്പരങ്ങള്‍, ദത്തെടുത്ത കുട്ടിയുടെ അമ്മയാകല്‍, ഭ്രൂണഹത്യക്ക് കൂട്ടുനില്‍ക്കേണ്ടിവരുന്ന അമ്മയുടെ നിസ്സഹായത, അങ്ങനെ പിന്നെയും പിന്നെയും മിന്നിമറയുന്ന അമ്മമുഖങ്ങള്‍, ഭാവങ്ങള്‍, ഭാവനകള്‍. ആകെ ഒരു പുരുഷശബ്ദമാണ് ഈ സമാഹാരത്തില്‍ നാം കേള്‍ക്കുന്നത്. ജയ് അര്‍ജുന്‍ സിങ്ങിന്റെ ഹിന്ദി സിനിമയിലെ അമ്മയെ വര്‍ണിക്കുന്ന ഈ ലേഖനം ആക്ഷേപഹാസ്യത്തിന്റെ ഒന്നാംതരം ഉദാഹരണമാണ്. ഒരേ സമയം ജനപ്രിയ സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും മറുവശത്ത് നമ്മുടെ സംസ്കാരത്തിന്റെ വിരോധാഭാസമെന്നു തോന്നാവുന്ന അമ്മ മഹത്വവല്‍ക്കരണവും ലിംഗവിവേചനവും അനാവരണംചെയ്യുന്ന ലേഖനവുമാണിത്.

മാതൃത്വത്തിന്റെ വ്യവസ്ഥാപിത ഭാവങ്ങളില്‍നിന്നും വാര്‍പ്പ് രൂപങ്ങളില്‍നിന്നും ഏറെ വ്യതിചലിച്ച് യാഥാര്‍ഥ്യത്തോടടുത്തു നില്‍ക്കുന്ന സ്ത്രീജീവിതത്തിന്റെ ചിത്രങ്ങള്‍ പകര്‍ന്നുനല്‍കാന്‍ എഴുത്തുകാര്‍ക്കും സമ്പാദകയ്ക്കും കഴിഞ്ഞു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. മഹാഭാരതത്തിലെ കുന്തിയുടെ ചിത്രണത്തെ ഉടച്ചുവാര്‍ക്കുന്ന നമിത ഗോഖലെയുടെ കുന്തിയുടെ വിധ്വംസക മാതൃത്വവും ഉര്‍വശി ബുടാലിയയുടെ എന്തുകൊണ്ട് അമ്മയാവേണ്ട എന്ന് തീരുമാനമെടുത്തു എന്ന ലേഖനവും ഏറെ ശ്രദ്ധേയമാണ്. മീന അലക്സാണ്ടറുടെ കവിതകളും ശശി ദേശ്പാണ്ഡേയുടെ കഥയും മഞ്ജു കപൂറിന്റെ ആത്മലേഖനവും ഒക്കെ അമ്മയാകല്‍ എന്ന അവസ്ഥയെക്കുറിച്ചും അത് ഒരു സ്ത്രീയില്‍ ഉണര്‍ത്തുന്ന പലതരം സ്വത്വബോധങ്ങളും, അവളുടെ ശരീരം, എഴുത്ത്, സമൂഹം എന്നിവയെക്കുറിച്ചുമുള്ള പുതിയ അറിവുകളും, ചിന്തകളും, ചോദ്യങ്ങളും അതീവ സൂക്ഷ്മതയോടെ പരിശോധിക്കുന്നു. പെണ്‍ഭ്രൂണഹത്യ മുതല്‍ ഗാര്‍ഹികപീഡനം വരെ, ഇന്ത്യയിലെ കോടാനുകോടി സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എല്ലാ നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കുമ്പോള്‍തന്നെ മധ്യവര്‍ഗ സമൂഹത്തിലെങ്കിലും സൂക്ഷ്മസംവേദനക്ഷമത കൂട്ടാന്‍ ഇതുപോലെയുള്ള പുസ്തകങ്ങള്‍ സഹായിക്കും എന്ന് പ്രത്യാശിക്കാം. സുബാന്‍ ആണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013

Sunday, March 31, 2013

കഥയുള്ളവന്റെ കഥ

കവിയായ എം എന്‍ പാലൂരിനെയും മനുഷ്യനായ എം എന്‍ പാലൂരിനെയും കുറെയൊക്കെ അറിയാം എന്ന തോന്നലുണ്ടായിരുന്നു എനിക്ക്. പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ; വായിക്കുമ്പോഴാണ് എത്ര കുറച്ചേ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നുള്ളൂ എന്ന് എനിക്കു മനസ്സിലായത്. പാലൂരിന്റെ ജീവിതം ഒരു സമരമായിരുന്നു. പാലൂരിന്റെ ഭഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ സമൃദ്ധമായ ദാരിദ്ര്യം കുടികൊണ്ടിരുന്ന ഇല്ലത്തെ കുട്ടിക്കാലം, അവിടെനിന്ന് പല ഇല്ലങ്ങളിലും താമസിച്ചുള്ള വേദാഭ്യസനം, വിവിധ അമ്പലങ്ങളിലെ ശാന്തി, പട്ടിക്കാംതൊടിയുടെ കീഴില്‍ കഥകളി അഭ്യസനം, പല വീടുകളിലേയും യജമാനന്മാരുടെയും ഡ്രൈവര്‍പ്പണി, പിന്നെ ബോംബേയ്ക്കുള്ള പലായനം, ഒടുവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഡ്രൈവര്‍പ്പണി.

ഇതിനിടയ്ക്ക് പാലൂര്‍ ചെറിയ ഇടവേളകളിലാണെങ്കിലും ഹോട്ടലില്‍ വിളമ്പാന്‍പോലും നിന്നിട്ടുണ്ട്. നാരായണപ്പിഷാരോടിയുടെ കീഴിലുള്ള സംസ്കൃതപഠനവും ടി എം പി നെടുങ്ങാടി(നാദിര്‍ഷ)യുടെ കീഴിലുള്ള ഇംഗ്ലീഷ് പഠനവും ജീവിതസമരത്തിന്റെ ഭാഗം തന്നെ. ഒറ്റ നോട്ടത്തില്‍ അത്ര സംഭവബഹുലമൊന്നും അല്ലെന്നു തോന്നുമെങ്കിലും തീ പിടിച്ച ജീവിതംതന്നെയായിരുന്നു പാലൂരിന്റേത്. ആത്മകഥ എഴുതുമ്പോള്‍ പാലൂര്‍ ഒരു കവിയല്ല. പുസ്തകത്തിന്റെ മുക്കാല്‍ ഭാഗത്തോളം തന്റെ കാവ്യജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നതേയില്ല. അദ്ദേഹത്തിന്റെ ഒപ്പം സഞ്ചരിക്കുമ്പോള്‍ ഞാനും കുറെ സമയം അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് മറന്നുപോയിരുന്നു.

പാലൂരിന്റെ കഥയിലൂടെ അദ്ദേഹത്തിന്റെ ജീവിതം മാത്രമല്ല സമൂഹത്തിലെ ചില പ്രഭുക്കളുടെയും പ്രഭ്വികളുടെയും ഇരുണ്ട ജീവിതംകൂടി വെളിപ്പെടുന്നുണ്ട്. അതേസമയം ഡോ. വി ആര്‍ മേനോനെപ്പോലെയുള്ള മഹദ്വ്യക്തികളുടെ ജീവിതവും. എഴുത്തുകാരന്റെ സത്യസന്ധതകൊണ്ട് അനല്‍പ്പമായ ദീപ്തി ഈ പുസ്തകത്തില്‍ ഉടനീളം നമുക്ക് അനുഭവപ്പെടും. ഈ അടുത്ത കാലത്ത് ആത്മകഥകള്‍ക്ക് നല്ല വിപണിമൂല്യമാണ്. പത്രാധിപന്മാര്‍ അതു മനസ്സിലാക്കിയിട്ടുമുണ്ട്. അതുകൊണ്ട് അവര്‍ മീശ തെളിയാത്ത കുരുന്നുകളെക്കൊണ്ടുപോലും ആത്മകഥ എഴുതിക്കാറുണ്ട്. അതോടെ അത്തരം ചെറിയ ജീവിതങ്ങളുടെ മുന്നേറ്റംപോലും നിലയ്ക്കുകയാണ് എന്ന സത്യം അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം ഒരു കടുംവെട്ടല്ല പാലൂരിന്റെ കഥ. ഇത് കഥയില്ലാത്തവന്റെ കഥയല്ല തന്നെ. 2012ല്‍ ഏറ്റവുമധികം വായിക്കപ്പെട്ട മലയാളപുസ്തകമായതില്‍ എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല.

അഷ്ടമൂര്‍ത്തി

അധിനിവേശങ്ങളില്‍ നഷ്ടമാകുന്നത്

അര്‍ഹിക്കുന്ന പലര്‍ക്കും ലഭിക്കാത്ത ഒരു പുരസ്കാരമാണ് സാഹിത്യനൊബേല്‍ എന്ന് വാദിക്കുമ്പോള്‍ വിമര്‍ശകര്‍ ഉദാഹരിക്കുന്ന രണ്ടു പേരുകളിലൊന്നാണ് ചിനുവ അചെബെ. മറ്റേയാള്‍ എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ടോള്‍സ്റ്റോയിതന്നെ. അചെബെ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവാണ്. അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ ലോകം ആദരപൂര്‍വം ആ പദവി അദ്ദേഹത്തിന് നല്‍കിക്കഴിഞ്ഞിരുന്നു. കാല്‍നൂറ്റാണ്ട് നീണ്ട തടങ്കലില്‍ തനിക്ക് ആശ്വാസമായത് അചെബെ എന്ന എഴുത്തുകാരനാണെന്ന് നെല്‍സണ്‍ മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്.

"അചെബെ കൂട്ടായിരിക്കുമ്പോള്‍ തടവറഭിത്തികള്‍ ഇടിഞ്ഞുവീഴുന്നതായി തോന്നു"മെന്ന മണ്ടേലയുടെ വാക്കുകള്‍ക്കപ്പുറം കൊളോണിയല്‍ അടിമത്തത്തിനും വംശീയതയ്ക്കും നേരെ സര്‍ഗാത്മകമായി പ്രതികരിച്ച ഒരെഴുത്തുകാരന്റെ കരുത്തിന് എന്തു സാക്ഷ്യപത്രമാണ് വേണ്ടത്. നോവലിസ്റ്റ്, കവി, ഉപന്യാസകാരന്‍ എന്നിങ്ങനെ പല നിലകളില്‍ "ആഫ്രിക്കയുടെ വിശ്വസാഹിത്യകാരന്‍" അരനൂറ്റാണ്ടിലേറെ സജീവമായിരുന്നു. ഇപ്പോള്‍ എണ്‍പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍നിന്ന് വിടപറയുമ്പോഴും മനുഷ്യദുഃഖങ്ങള്‍ക്ക് കാരണമായ സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അദ്ദേഹമുയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമായിത്തന്നെ നില്‍ക്കുന്നു. തെക്കുകിഴക്കന്‍ നൈജീരിയയിലെ ഇബോ സംസ്കാരത്തിന്റെ നേരവകാശിയാണ് അചെബെ.

1958ല്‍ തന്റെ ഇരുപത്തെട്ടാം വയസ്സില്‍ എഴുതിയ "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" എന്ന പ്രഥമ നോവലില്‍ നായകനായ ഒക്വന്‍കോയും ഈ സംസ്കാരത്തെതന്നെയാണ് പ്രതിനിധാനംചെയ്യുന്നത്. മൂന്നു ഭാര്യമാരും എട്ട് കുട്ടികളുമായി പോരാളിയും ഗുസ്തിക്കാരനുമായ കഥാനായകന്‍ ജീവിക്കുന്നു. ആത്മഹത്യയിലൊടുങ്ങുന്ന ആ ജീവിതത്തിലൂടെ ബാഹ്യശക്തികളാല്‍ തുടച്ചുനീക്കപ്പെടുന്ന ആഫ്രിക്കയുടെ തനതുസംസ്കൃതിയുടെ ദുരന്തമാണ് അചെബെ ആവിഷ്കരിക്കുന്നത്. ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തിനും വ്യത്യസ്തതകള്‍ നിറഞ്ഞ ഗ്രാമീണ ജീവിത ചിത്രീകരണത്തിനുമപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു സംസ്കൃതിയുടെ മഹാഖ്യാനമായതുകൊണ്ട് "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" ക്ലാസിക്കുകളുടെ നിരയിലേക്കുയര്‍ത്തപ്പെടാന്‍ ഏറെ വൈകിയില്ല. കൊളോണിയലിസത്തിന്റെ രാഷ്ട്രീയ-സാമൂഹ്യമൂല്യങ്ങള്‍ തദ്ദേശീയ ഗ്രാമജീവിതത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് ഈ നോവല്‍ വിവരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് സമാനമായ ഒരു പുനര്‍വായന സാധ്യമാക്കുന്നുണ്ട് അചെബെയുടെ ആദ്യനോവല്‍. യഥാര്‍ഥത്തില്‍ ഒരു നോവല്‍ത്രിത്വത്തിലെ ആദ്യത്തേതുമാത്രമാണിത്. "നോ ലോങ്ങര്‍ അറ്റ് ഈസ്" എന്ന രണ്ടാമത്തെ നോവലില്‍ ആദ്യനോവലിലെ നായകനായ ഒക്വന്‍കോയുടെ രണ്ടാം തലമുറയാണ് കഥാപാത്രങ്ങളായി വരുന്നത്. കൊളോണിയല്‍ വിദ്യാഭ്യാസം കിട്ടുന്ന ഈ തലമുറ ആന്തരസംഘര്‍ഷങ്ങളില്‍ ആഴ്ന്നുപോകുന്നു. ത്രിത്വത്തിലെ അവസാന നോവല്‍ "ആരോ ഓഫ് ഗോഡ്" കൂടുതല്‍ രാഷ്ട്രീയമാണ്. ബയാഫ്ര സംഘര്‍ഷങ്ങളെയും പട്ടാള അട്ടിമറിയെയും പ്രമേയമാക്കുന്ന "എ മാന്‍ ഓഫ് ദ പീപ്പിള്‍" ഒരു സൈനികനൊപ്പം കഴിയേണ്ടിവരുന്ന മൂന്നു സുഹൃത്തുക്കളുടെ കഥപറയുന്ന "ആന്‍ഡ് ഹില്‍സ് ഓഫ് സാവന്ന" എന്നിങ്ങനെ രണ്ട് നോവലുകള്‍കൂടി അചെബെയുടേതായുണ്ട്.

വംശീയതയെക്കുറിച്ചുള്ള അചെബെയുടെ ഏറ്റവും ശക്തമായ വിമര്‍ശം മസാചുസെറ്റ്സ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ്. കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്നെസ് എന്ന പുസ്തകത്തോടുള്ള വിമര്‍ശമാണത്. ആഫ്രിക്കന്‍ ജീവിതത്തെ അപമാനവീകരിക്കാനുള്ള ശ്രമമാണ് കോണ്‍റാഡിന്റേതെന്ന് അചെബെ തുറന്നടിച്ചു. അചെബെയുടെ ഓരോ വാക്കിലും രാഷ്ട്രീയമുണ്ട്. ഓര്‍മക്കുറിപ്പുകള്‍പോലും ചരിത്രത്തിന്റെ ഇതളുകളാണ്. നൈജീരിയന്‍ ആഭ്യന്തര കലാപത്തിന്റെ നേര്‍ചിത്രങ്ങളാണ് "ദെയര്‍ വാസ് എ കണ്‍ട്രി" എന്ന കുറിപ്പുകള്‍. തന്റേതായ ഭാഷയാണ് അചെബെയുടെ അടയാളം. നേര്‍വരപോലെ ലളിതമാണത്. പക്ഷേ, ഇബോ സംസ്കാരത്തിന്റെ ആത്മാവായ പഴഞ്ചൊല്ലുകളും പ്രയോഗങ്ങളും ആപ്തവാക്യങ്ങളുംകൊണ്ട് സമ്പന്നം. അചെബെ ഒരു വഴികാട്ടിയല്ല. പക്ഷേ, പുതിയ പാതകള്‍ വെട്ടിത്തുറന്ന് മുന്നേറിയ പോരാളിയാണ്.

ബി എ


നവോത്ഥാന സംവാദത്തിന് മാര്‍ഗരേഖ

ഭൂതകാലം നമുക്ക് നല്‍കിയ നവോത്ഥാനാശയങ്ങള്‍ സാധ്യമാക്കിയ സംവാദാത്മകതയെ ശിഥിലമാക്കാന്‍ വര്‍ഗീയത അടക്കമുള്ള വിദ്വേഷപ്രത്യയശാസ്ത്രങ്ങള്‍ ശ്രമിക്കുമ്പോള്‍ നവോത്ഥാനത്തെക്കുറിച്ച് ആവര്‍ത്തിച്ചുപറയേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നവോത്ഥാനം നിരാകരിച്ച വൈദികാനുഷ്ഠാനങ്ങളില്‍ പലതും ഇന്നും നമ്മുടെ സാംസ്കാരികജീവിതത്തിന്റെ അടിത്തറയായി തുടരുന്ന പശ്ചാത്തലത്തില്‍. ആ ദൗത്യമാണ് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന കൃതിയിലൂടെ കെ ഇ എന്‍ നിര്‍വഹിക്കുന്നത്. കേരളീയനവോത്ഥാനത്തിന്റെ ആദ്യകാല ചരിത്രം, കേരളീയ നവോത്ഥാനത്തിന്റെ വര്‍ത്തമാനം എന്നിങ്ങനെ രണ്ടു ഭാഗമായി പ്രൗഢമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം നമ്മുടെ സംസ്കാരപഠനത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.

വൈകുണ്ഠം സ്വാമികള്‍, ശ്രീനാരായണഗുരു, ശ്രീകുമാരഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, ഡോ. വി വി വേലുക്കുട്ടി അരയന്‍ തുടങ്ങിയ നവോത്ഥാനപ്രതിഭകളുടെയും നവോത്ഥാനം കാരണമായി വധിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന തിരസ്കൃതപ്രതിഭയുടെയും സമരഭരിതമായ ജീവിതങ്ങളും ചിന്തകളുമാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തില്‍ വിലയിരുത്തപ്പെടുന്നത്. ഒരു മതേതരസമൂഹത്തില്‍ നിലവിലുള്ള വിശ്വാസം, അന്ധവിശ്വാസം, ആചാരം, ഭാഷ, ഭക്ഷണം, വസ്ത്രം, സാമാന്യബോധം, ദേശീയത, സ്ത്രീവിരുദ്ധത, ബന്ധങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി സങ്കുചിതരാഷ്ട്രീയം കടന്നുവരുന്ന രീതികളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു രണ്ടാം ഭാഗത്തില്‍. കേരളത്തിന്റെ സംസ്കാരപഠനത്തില്‍ തിരസ്കരിക്കപ്പെട്ട കീഴാള നവോത്ഥാനമെന്ന ആശയമാണ് നവോത്ഥാനപ്രതിഭകളുടെ ജീവിതത്തെയും ചിന്തയെയും അപഗ്രഥിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താവ് മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളി-കര്‍ഷകസംഘടനകള്‍ രൂപം കൊള്ളുംമുമ്പേ അധഃസ്ഥിതന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി കേരളത്തിന്റെ സ്പാട്ടക്കസ് ആയ അയ്യന്‍കാളി (1863-1941)യും അദ്ദേഹത്തിന്റെ സാധുനജനപരിപാലനസംഘവും നടത്തിയ സമരത്തില്‍ നിന്ന് നാം വീര്യമാര്‍ജിക്കണമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.

"കേരളത്തിലെ ആദ്യ സമരവാഹനം അയ്യന്‍കാളിയുടെ വില്ലുവണ്ടിയാണ്. "കേരളത്തനിമ" ആവിഷ്കരിക്കാന്‍ ചുമരില്‍ തൂക്കിയിടേണ്ടത് കഥകളിത്തലയല്ല, ആ കാളവണ്ടിയുടെ കൊച്ചുരൂപമാണ്. പഴയപ്രതാപികളായ രാജാക്കന്മാരുടെ അധിനിവേശ യാഗാശ്വങ്ങളെയോര്‍ത്ത് കോരിത്തരിക്കുന്നതിനു പകരം ആ വില്ലുവണ്ടിയില്‍ നിന്ന് വീര്യമാര്‍ജിക്കുകയാണ് വേണ്ടത്." നാടുവാഴിത്ത കാലത്തെ സാമൂഹ്യമായ പീഡനങ്ങള്‍ക്ക് ഇരയായ അധഃസ്ഥിത ജനവിഭാഗങ്ങളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ നവോത്ഥാനനായകരെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്ന സത്യമാണ് ഈ പഠനങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്്.

നവോത്ഥാനമെന്ന ബൃഹത്തായ ആശയത്തിനുള്ളിലെ സവര്‍ണ നവോത്ഥാനം, കീഴാള നവോത്ഥാനം എന്നീ സംജ്ഞകളെ രണ്ടായിത്തന്നെ വിശദീകരിക്കുകയാണ് ഇവിടെ. സവര്‍ണ നവോത്ഥാനം വളരെക്കാലത്തെ ആശയപ്രചാരണത്തിലൂടെയാണ് പതുക്കെ പ്രയോഗത്തിലേക്ക് വന്നതെങ്കില്‍, അവര്‍ണ നവോത്ഥാനം പ്രയോഗത്തിലൂടെ ആശയലോകം തുറക്കുകയാണെന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നു.

എന്‍ എസ് സജിത്

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 മാര്‍ച്ച് 2013

Friday, March 29, 2013

പ്രണയിക്കും പുസ്തകങ്ങള്‍

പുതിയ പുസ്തകം തുറക്കുമ്പോള്‍ ഇപ്പോഴും അറിയാതെ മണത്തുപോകും. അച്ചടിയുടേതാണോ അക്ഷരങ്ങളുടേതാണോ എന്നറിയാത്തവിധം ഒരു പ്രത്യേക മണം. കഴിഞ്ഞ ദിവസം പ്രിസം ബുക്സില്‍ ചെന്നപ്പോള്‍ സുധീര്‍ എടുത്തുനല്‍കിയ പുസ്തകങ്ങള്‍ ആദ്യം തുറന്ന് ഒന്നു ശ്വാസം അകത്തേക്ക് ആഞ്ഞുപിടിച്ചു. അക്ഷരത്തിന്റെ, അച്ചടിയുടെ, അറിവിന്റെ മണം അറിയാതെ ഉള്ളിലേക്ക് പതുക്കെ പതുക്കെ കയറി. നിങ്ങള്‍ക്കും ഈ അസുഖമുണ്ടോഎന്നായി സുധീര്‍. കഴിഞ്ഞ ദിവസം കഥാകൃത്ത് ഉണ്ണി വന്നപ്പോഴും പുസ്തകത്തിന്റെ മണം പിടിക്കുന്നുണ്ടായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു. പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുക രസകരമായ അനുഭവമാണ്.

ഇപ്പോള്‍ പഴയതുപോലെ വായനയ്ക്ക് സമയമില്ല. വായനയുടെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കും. സ്കൂളില്‍ പഠിക്കുമ്പോള്‍ നാട്ടിലെ വായനശാലയുടെ നടത്തിപ്പുകാരനായി പ്രവര്‍ത്തിച്ചിരുന്നപ്പോളാണ് പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്നതിനു പഠിച്ചത്. പഴയ പുസ്തകങ്ങള്‍ പലപ്പോഴും കോലം തെറ്റിയായിരിക്കും ഇരിക്കുന്നത്. അതു ബൈന്‍ഡ് ചെയ്യുമ്പോള്‍ പുതിയ മുഖമായിരിക്കും. പലതിന്റേയും മുഖം നഷ്ടപ്പെട്ടിട്ടുണ്ടാകും. പഴയ മാസികകളുടെ കവറായിരിക്കും മിക്കപ്പോഴും പുസ്തകത്തിന്റെ മുഖമായി മാറുന്നത്. അതൊരു രസകരമായ അനുഭവമാണ്. പുസ്തകവും വായനയും മരിക്കുന്നുവോ എന്ന ചോദ്യം ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. ഇന്ന് ആ ചോദ്യം അപ്രസക്തമായിരിക്കുന്നു.
 
ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവാണ് വായനയുടെ മരണത്തെ പ്രവചിച്ചത്. എന്നാല്‍, എല്ലാത്തിനും അതിന്റേതായ ഇടമുണ്ടെന്ന് തോന്നിപ്പിക്കുംവിധം വായന പിന്നെയും പിടിച്ചുനിന്നു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പുസ്തകം കൊണ്ടുനടക്കണമെന്നില്ലാത്തവിധം സാങ്കേതികവിദ്യയും വികസിച്ചു. ഇ റീഡറുകള്‍ വന്നു. പിന്നെ ഐപാഡും ടാബ്ലറ്റുകളും. നൂറുക്കണക്കിന് പുസ്തകങ്ങള്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവയായി അവ മാറി. ഏതു പുസ്തകവും കടകളില്‍ പോയി വാങ്ങാവുന്ന രീതി തന്നെ ഇന്റര്‍നെറ്റ് കൊണ്ടുവന്നു. കോപ്പിറൈറ്റ് കഴിഞ്ഞ പുസ്തകങ്ങള്‍ സൗജന്യമായി വാങ്ങാനും കഴിയും. ഏറ്റവും പുതിയ പുസ്തകങ്ങള്‍ വരെ ഇ ബുക്കായും ലഭിക്കാന്‍ തുടങ്ങി. ഇ പുസ്തകങ്ങള്‍ വായനയുടെ സ്വഭാവം മാറ്റി. ഇ റീഡറില്‍ പുസ്തകങ്ങളുടെ പേജുകള്‍ നമുക്ക് കൈകൊണ്ടുമറിക്കാം. പക്ഷേ, പുസ്തകങ്ങളിലെ പേജുകള്‍ മറിക്കുമ്പോഴുള്ള മര്‍മരം കേള്‍ക്കാന്‍ കഴിയില്ല. അതിനു ഒരു പ്രത്യേക താളമുണ്ട്. പിന്നെ പുതിയ പുസ്തകങ്ങളുടെ മണം അതു ഇ റീഡറില്‍ പ്രതീക്ഷിക്കുകയേ വേണ്ട. കുട്ടിക്കാലത്ത് പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ മയില്‍പ്പീലി സൂക്ഷിച്ചുവയ്ക്കും. മയില്‍പ്പീലി പ്രസവിച്ചോയെന്ന് ചിലര്‍ ചോദിക്കും. ഇ റീഡറില്‍ മയില്‍പ്പീലിക്ക് ഇടമില്ല. പക്ഷേ, പേജ് റീഡറുണ്ട്. നമുക്ക് വായിച്ചു അവസാനിപ്പിച്ച ഭാഗം മറക്കാതിരിക്കാന്‍ അടയാളം വയ്ക്കാം. വേണമെങ്കില്‍ ഹൈലൈറ്റര്‍ വച്ച് മാര്‍ക്ക് ചെയ്യാം.

മാര്‍ക്സിന്റേയും ഏംഗല്‍സിന്റയും ലെനിന്റേയും ഗ്രന്ഥങ്ങളുടെ ശേഖരം മുഴുവനും ആര്‍ക്കവൈസില്‍ ലഭിക്കും. നെറ്റിലൂടെയുള്ള തെരിച്ചിലിനുള്ള പുതിയ സൗകര്യങ്ങള്‍ പലപ്പോഴും പുസ്തക വായനയില്‍ ലഭിച്ചെന്നുവരില്ല. മുമ്പ് വായിച്ച ചില ഭാഗങ്ങള്‍ ഏത് പുസ്തകത്തിലാണെന്നോ ഏത് അധ്യായത്തിലാണെന്നോ ചിലപ്പോള്‍ ഓര്‍മയുണ്ടായിയെന്നു വരില്ല. ആവശ്യത്തിനായി ചിലപ്പോള്‍ തെരഞ്ഞ് വിഷമിക്കും. ഒരിക്കല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. അദ്ദേഹം മാവോയുടെ ഒരു ഉദ്ധരണിക്കായുള്ള തെരച്ചിലില്‍ സഹായിക്കുന്നതിനായാണ് വിളിച്ചത്. ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകള്‍ അതു സൗകര്യപ്രദമാക്കി. ഇ എം എസ് നാനാ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ചില ഉദ്ധരണികള്‍ തേടി നമ്മള്‍ വിഷമിച്ചുപോയെന്നുവരും. അതും ആര്‍ക്കവൈസുകളില്‍ ലഭ്യമാക്കേണ്ടതുണ്ട്. അച്ചടിച്ച പുസ്തകങ്ങള്‍ വായിക്കുന്നതിന്റെ സുഖം ഇ റീഡര്‍ പലപ്പോഴും തന്നെന്നുവരില്ല. പാര്‍ലമെന്റില്‍ മനോഹരമായ ലൈബ്രറിയുണ്ട്. ഏതു പുസ്തകവും അവിടെ ലഭിക്കും. റഫര്‍ ചെയ്യുന്ന പുസ്തകം വായിക്കുന്ന സ്ഥലത്തു വച്ചിട്ട് ലൈബ്രേറിയനോട് പറഞ്ഞാല്‍ മതി, അവിടെ തന്നെ സൂക്ഷിച്ചോളും. ആവശ്യപ്പെട്ട പുസ്തകമില്ലെങ്കില്‍ എഴുതി ക്കൊടുത്താല്‍ വാങ്ങിച്ചുവച്ചുകൊള്ളും. എന്നാല്‍, ലൈബ്രറി മിക്കവാറും ശൂന്യമായിരിക്കും. ഉപയോഗിക്കുന്ന അംഗങ്ങളുടെ എണ്ണം കുറവാണ്. പുറത്തുള്ളവര്‍ക്കും പാസ് എടുത്താല്‍ ലൈബ്രറിയില്‍ വന്ന് റഫര്‍ ചെയ്യാന്‍ കഴിയും. ലോകത്തുള്ള മിക്കവാറും ആനുകാലികങ്ങളും ഇവിടെ ലഭിക്കും.

പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പി ജിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അധികവും സംസാരിച്ചത് പാര്‍ലമെന്ററി ലൈബ്രറിയെ കുറിച്ചാണ്. പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ പറ്റിക്കപ്പെട്ടെന്നുവരാം. പുസ്തകത്തിന്റെ പേരും അതിന്റെ ഉള്ളടക്കച്ചുരുക്കവും കണ്ട് ആവേശത്തോടെ വാങ്ങുന്ന ചില പുസ്തകങ്ങള്‍ പറ്റിച്ചുകളയും. പണം വെറുതെ കളഞ്ഞല്ലോ എന്നു തോന്നിപ്പോകും. പുസ്തകശാലയിലുള്ള ചിലര്‍ പുസ്തകങ്ങള്‍ നന്നായി വായിക്കുന്നവരാണ്. തിരുവനന്തപുരത്തെ മോഡേണില്‍ സുധീറും ചിത്തനും പറ്റിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി സഹായിക്കുന്നവരാണ്. സുധീര്‍ ഇപ്പോള്‍ എറണാകുളത്ത് പ്രിസം ബുക്സിലാണ്. കുറേ നാളുകള്‍ക്ക് മുമ്പ് മാര്‍ക്സ് എന്ന വ്യക്തിയുടേയും അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിന്റേയും ചിത്രീകരണമായ പ്രണയവും മൂലധനവും എന്ന പുസ്തകം സുധീറാണ് എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുറന്നാല്‍ അടച്ചുവയ്പ്പിക്കാന്‍ സമ്മതിപ്പിക്കാത്തവിധം വായിപ്പിക്കുന്ന പുസ്തകം. എത്ര ആഴത്തിലുള്ള ഗവേഷണമാണ് മേരി ഗബ്രിയേല്‍ നടത്തിയിട്ടുള്ളത്. പ്രത്യേകം വിലയിരുത്തി എഴുതേണ്ട ഗ്രന്ഥമാണിത്.

ഇന്നത്തെ നയങ്ങളുടെ ശക്തനായ വിമര്‍ശകനായ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് എഴുതിയ അസമത്വത്തിന്റെ വിലയെന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്റ്റിഗ്ലിറ്റ്സും അമര്‍ത്യാസെന്നും മറ്റും ഉള്‍ക്കൊള്ളുന്ന ഒരു കമീഷനെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന നിക്കോളസ് സര്‍ക്കോസ്കി നിയോഗിക്കുകയുണ്ടായി. എന്തുകൊണ്ട് ജിഡിപി സമ്പദ്ഘടനയുടെ ആരോഗ്യം അളക്കുന്നതിനുള്ള സൂചകമല്ലെന്ന് ഇവര്‍ ആധികാരികമായി ഈ കമീഷനില്‍ പ്രഖ്യാപിക്കുന്നുണ്ട്. അതും പുസ്തക രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിലും പുതിയ പുസ്തകങ്ങള്‍ നൂറുകണക്കിനാണ് ഇറങ്ങുന്നത്. പുസ്തകങ്ങളുടെ നിലവാരത്തിലും ഗുണപരമായ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ചിന്ത ബുക്സിനെ തന്നെ ഉദാഹരണമായി എടുത്താല്‍ മതി. എത്ര വിപ്ലവകരമായ മാറ്റമാണ് പ്രസിദ്ധീകരണത്തില്‍ വരുത്തിയിട്ടുള്ളത്. കൂടുതല്‍ കൂടുതല്‍ വായിക്കുന്നതിനു പ്രേരിപ്പിക്കുന്ന പുസ്തകങ്ങള്‍ ഇനിയും ഇറങ്ങട്ടെ. വായന കൂടുതല്‍ ജീവനുള്ളതായി മാറട്ടെ. അത് മനുഷ്യന്റെ ചിന്തയെയും സംസ്കാരത്തെയും നിരന്തരം നവീകരിക്കട്ടെ.

*
പി രാജീവ് ദേശാഭിമാനി

Thursday, March 28, 2013

യുദ്ധകാലത്ത് ഹൃദയത്തിനേറ്റ മുറിവുകള്‍

യുദ്ധം സംഘര്‍ഷങ്ങളുടെ മാത്രം ഭൂമികയല്ല. നിസ്സഹായതയുടെയും വേര്‍പിരിയലുകളുടെയും വേദനയുടെയും സംഗമസ്ഥലികള്‍ കൂടിയാണ്. അവിടെയുയരുന്ന നിലവിളികള്‍ക്കും ഉതിര്‍ന്നുവീഴുന്ന കണ്ണീരിനും കാരണ ഭൂതരായവരാരായിരുന്നാലും, അതിെന്‍റ രാഷ്ട്രീയ കാരണങ്ങളെന്തൊക്കെ തന്നെയായാലും, ആത്യന്തികമായും ദുരിതം പേറേണ്ടിവരിക കുട്ടികളാണ് - മനുഷ്യരാശിയാകെത്തന്നെയാണ്. കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് 1990ല്‍ ബോസ്നിയ - ഹെര്‍സെഗോവിനയില്‍ സെര്‍ബുകളും ക്രോട്ടുകളും മുസ്ലീങ്ങളും ചേര്‍ന്നുള്ള ഭരണമുന്നണി രൂപീകരിക്കപ്പെട്ടത്. എന്നാല്‍ അധികം താമസിയാതെ തന്നെ ഈ മൂന്ന് കക്ഷികളും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും അതേ തുടര്‍ന്ന് ബോസ്നിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്നിയന്‍ - സെര്‍ബ് രാജ്യം രൂപീകരിക്കുന്നതിെന്‍റ ഭാഗമായി 1992 മുതല്‍ 1996 വരെ നീണ്ടുനിന്ന യുദ്ധം തലസ്ഥാനനഗരമായ സരിയേവോയെ ഉപരോധത്തിലാക്കി. ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ആ ഉപരോധത്തില്‍ നിഷ്കളങ്കരും നിസ്സഹായരുമായ സരയേവോ ജനതയ്ക്കുനേരെ അതിക്രൂരമായ ആക്രമണമാണ് ബോസ്നിയന്‍ സൈന്യം അഴിച്ചുവിട്ടത്. ഈ ക്രൂരതകള്‍ക്ക് സാക്ഷ്യംവഹിച്ച 11കാരിയായ സ്ലാറ്റ ഫിലിപ്പോവിച്ച് യുദ്ധപശ്ചാത്തലത്തിലെഴുതിയ ഡയറിക്കുറിപ്പുകള്‍ ആന്‍ ഫ്രാങ്കിനുശേഷം ലോകം വായിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.

""സരയേവോയിലെ ആന്‍ ഫ്രാങ്ക്"" എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ലാറ്റാ ഫിലിപ്പോവിച്ച് 1991 സെപ്തംബര്‍ മുതലാണ് ഡയറി എഴുതിത്തുടങ്ങുന്നത്. തുടക്കത്തില്‍ സ്വന്തം സന്തോഷങ്ങളെക്കുറിച്ചും ബാലികാസഹജമായ തന്റെ നൈമിഷിക കുതൂഹലങ്ങളെക്കുറിച്ചുമാണ് എഴുതിയത്. പിന്നീടങ്ങോട്ട് യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അവസ്ഥയില്‍ അവള്‍ തന്നെ തീരുമാനിക്കുന്നു, ഇനി തന്നെക്കുറിച്ച് എഴുതുന്നില്ല. പകരം യുദ്ധത്തെക്കുറിച്ചും മരണം, മുറിവ്, ഷെല്ലുകള്‍, സങ്കടം, ദുഃഖം എന്നിവയെക്കുറിച്ചുമാണ് ഇനി എഴുതുക. തന്റെ ചത്തുപോയ പ്രിയപ്പെട്ട സ്വര്‍ണ മല്‍സ്യത്തിന്റെ പേരായ "മിമ്മി" എന്നാണ് അവള്‍ തന്റെ ഡയറിയെ അഭിസംബോധന ചെയ്യുന്നത്. രാഷ്ട്രീയമെന്തെന്ന് അവള്‍ക്കറിയില്ല. രാഷ്ട്രീയത്തില്‍ താല്‍പര്യവുമില്ല. എന്നാല്‍ അ വളുടെ ഡയറിക്കുറിപ്പുകളില്‍ രാഷ്ട്രത്തിലെ കലുഷിതമായ യുദ്ധാന്തരീക്ഷത്തിന്റെ സങ്കീര്‍ണമായ വിവരണങ്ങളില്‍ തന്റെ രാജ്യത്തെ യുദ്ധ സംഘര്‍ഷങ്ങളിലേക്ക് നയിച്ച രാഷ്ട്രീയമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്. ദുബ്രാവ്നിക്കില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ സഹായാഭ്യര്‍ത്ഥന ടിവിയില്‍ കാണുമ്പോള്‍, സ്ലാറ്റ മധുര പലഹാരങ്ങളും ചോക്ലേറ്റുകളും നോട്ടുപുസ്തകങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ, യുദ്ധംമൂലം സ്കൂളില്‍ പോകാനും കളിക്കാനും കുട്ടിക്കാലം ആസ്വദിക്കാനും കഴിയാത്ത ഒരു കുട്ടിക്കുവേണ്ടി സമ്മാനപ്പൊതിയായി എത്തിച്ചുകൊടുക്കുന്നുണ്ട്. സരയേവോയില്‍ അപ്പോള്‍ യുദ്ധാന്തരീക്ഷമെത്തിയിട്ടുണ്ടായിരുന്നില്ല. അവിടെ സമാധാനമാണുള്ളതെന്ന ബോധ്യം വരുത്താനായി സ്ലാറ്റയെ പിതാവ് ഐക്യരാഷ്ട്ര സമാധാന സേനയുടെ കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി അവിടെ സമാധാനത്തിന്റെ നീലപ്പതാക പാറിക്കളിക്കുന്നത് കാട്ടിക്കൊടുക്കുന്നു. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

1992 മാര്‍ച്ച് 5ന് സരയേവോയിലും കാര്യങ്ങള്‍ കുഴപ്പത്തിലാവുന്നു. ബ്രെഡുപോലും കിട്ടാതെ ആളുകള്‍ തെരുവിലിറങ്ങുന്നു. റേഡിയോയില്‍ ""ചരിത്രം അതിെന്‍റ നിര്‍മ്മിതിയിലാണെ""ന്ന് ആ നിലയത്തിന്റെ ചീഫ് എഡിറ്റര്‍ പറയുന്നത് കേള്‍ക്കുന്നു. യുദ്ധത്തിനെതിരെ ജനങ്ങള്‍ തെരുവിലണിചേരുന്നു; അതേക്കുറിച്ച് സ്ലാറ്റ കുറിച്ചിട്ടതിങ്ങനെയാണ്: ""ഇന്നലെ അണിചേര്‍ന്ന ആ പദയാത്രയെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. അത് യുദ്ധത്തേക്കാള്‍ വലുതും കരുത്തുറ്റതുമാണ്. ജനങ്ങളാണ് വിജയിക്കേണ്ടത്. യുദ്ധമല്ല. യുദ്ധത്തിന് മനുഷ്യത്വവുമായി യാതൊരു ബന്ധവുമില്ല"". യുദ്ധത്തിന്റെ പ്രകമ്പനങ്ങള്‍ക്കിടയിലും അവര്‍ "വാസോമിസ്കിന്‍" എന്ന തെരുവിന് ""ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പിെന്‍റ അടയാളം"" എന്നു പേരിടുന്നു. യുദ്ധകാലത്തെ കുട്ടി എന്താണെന്നതിന് സ്ലാറ്റയുടെ നിര്‍വചനമിതാണ്: ""സ്കൂളിന്റെ കൗതുകങ്ങളും ആവേശങ്ങളും കിട്ടാത്ത, കളിക്കാന്‍ സാധിക്കാത്ത, കൂട്ടുകാരില്ലാത്ത, സൂര്യനെയും കിളികളെയും പ്രകൃതിയെയും കാണാന്‍ കഴിയാത്ത, അല്‍പം പാല്‍പ്പൊടി മാത്രം കിട്ടാറുള്ള കുട്ടി.ചുരുക്കിപ്പറഞ്ഞാല്‍ ബാല്യം നഷ്ടമായ കുട്ടി"". ലോകത്തെവിടെയും ഏതു ദേശത്തെയും യുദ്ധകാലത്തിലൂടെ കടന്നുപോകുന്ന കുട്ടിയുടെ ബാല്യമിതാണെന്ന് ആന്‍ ഫ്രാങ്കിെന്‍റ ഡയറിക്കുറിപ്പും നമ്മെ ഓര്‍മപ്പെടുത്തുന്നു. ഒരു തെറ്റും ചെയ്യാത്ത, യുദ്ധത്തിന്റെ രാഷ്ട്രീയമെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍ക്ക് യുദ്ധം നല്‍കുന്നത്, മരണഭീതിയ്ക്കും അതീതമായ, ഓരോ കോശത്തിലും ഷെല്ലിെന്‍റ ചീളുകള്‍ തറഞ്ഞ് ചോര വാര്‍ക്കുന്ന മുറിവുപോലെ നിറയുന്ന അനുഭവങ്ങളാണ്. യുദ്ധത്തിനിടയില്‍ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനും കൂട്ടുകാരിയും കൊല്ലപ്പെടുന്നു. അമ്മാവന് കാല്‍ നഷ്ടപ്പെടുന്നു. അടുപ്പമുള്ളവരൊക്കെ അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നു. വേണ്ടപ്പെട്ടവരുടെ മരണം അവളെ തളര്‍ത്തുന്നു. ""യുദ്ധകാലത്ത് കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ പലരും മരിച്ചുപോകും. പക്ഷേ അതൊന്നും നമ്മള്‍ അറിഞ്ഞുകൊള്ളണമെന്നില്ല"". വേണ്ടപ്പെട്ടവര്‍ വിട്ടുപോയ കാര്യം വളരെ നാള്‍ കഴിഞ്ഞാവും അറിയുക. അങ്ങനെ യുദ്ധം ഓരോരുത്തരെയും വെവ്വേറെ വൃത്തത്തിലൊതുക്കുന്നു; പുറംലോകത്തില്‍നിന്നുള്ള എല്ലാ ബന്ധങ്ങളെയും വിച്ഛേദിക്കുന്നു. ഇടതടവില്ലാതെയുള്ള ഷെല്ലാക്രമണ സമയത്ത്, ദുര്‍ഗന്ധപൂരിതമായ നിലവറയില്‍,വെള്ളവും വെളിച്ചവുമില്ലാതെ, തുച്ഛമായ ഭക്ഷണംകൊണ്ട് ഏറെ ദിവസം കഴിയേണ്ടിവന്നതിനെക്കുറിച്ച് അവള്‍ പറയുന്നു:

""യുദ്ധം എല്ലാ ആധുനിക സൗകര്യങ്ങളോടെയും ജീവിച്ച മനുഷ്യരെ മധ്യകാല യുഗത്തിലേക്ക് തള്ളിവിടുന്നു. അതുവരെ ഷവറില്‍ കുളിച്ചിരുന്നവര്‍ക്ക് കൂജ ഉപയോഗിക്കേണ്ടിവരും. മാസങ്ങളായി വൈദ്യുതിയില്ലാതിരിക്കുകയും വെള്ളം വരുന്ന വഴികളെല്ലാം തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍ പാത്രങ്ങളും വസ്ത്രങ്ങളും എങ്ങനെയെങ്കിലും വൃത്തിയാക്കേണ്ടതായി വരുന്നു. ഗ്യാസില്ലാതെ, ഭക്ഷണം വേവിക്കാതെ കഴിക്കേണ്ടിവരുന്നു. ""അങ്ങനെ തികച്ചും ഒരു പ്രാകൃത ജീവിതം നയിക്കേണ്ടിവരുന്നു"". യുദ്ധത്തിന്റെ വിഭജനത്തെ സ്ലാറ്റ വേദനയോടെ വരച്ചിടുന്നുണ്ട്. മുമ്പ് സെര്‍ബുകളെയും ക്രോട്ടുകളെയും മുസ്ലീങ്ങളെയും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ യുദ്ധം സെര്‍ബുകള്‍ക്കുമേല്‍ "ട" എന്നും ക്രോട്ടുകള്‍ക്കുമേല്‍ "ഇ" എന്നും മുസ്ലീങ്ങള്‍ക്കുമേല്‍ "ങ" എന്നുമുള്ള അക്ഷരങ്ങള്‍ പതിപ്പിച്ചിരിക്കുന്നു. ഒടുവില്‍ യുദ്ധത്തിനു നിദാനമായ രാഷ്ട്രീയക്കളികള്‍ സ്ലാറ്റ തിരിച്ചറിയുന്നു ""പിള്ളേര്‍ (രാഷ്ട്രീയക്കാര്‍ -ഗശറെ) ശരിക്കും കളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍, കുട്ടികള്‍ക്ക് കളിക്കാന്‍ കഴിയാത്തത്"". ഇങ്ങനെ യുദ്ധക്കൊതിയന്‍മാരെ അവള്‍ കളിയാക്കുന്നുമുണ്ട്. നിരാശയുടെ വക്കോളമെത്തുന്ന ഒരവസരത്തില്‍ സ്ലാറ്റയെന്ന ഈ 11 കാരി ""ഇതെല്ലാം സഹിച്ച് ജീവിക്കുന്നതെന്തിന്... പകരം ഒരു ചരടെടുത്ത്.... അതുകൊണ്ട് ജീവിതം അവസാനിപ്പിച്ചാലോ?"" എന്നുവരെ ചിന്തിച്ചു പോകുന്നുണ്ട്.

യുദ്ധമവസാനിക്കുമ്പോഴേക്കും സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. അവള്‍ തന്റെ ഡയറിക്കുറിപ്പുകള്‍ ടീച്ചര്‍ക്ക് സമര്‍പ്പിച്ചു. ഒടുവില്‍ അത് പുസ്തകമായി പ്രകാശനം ചെയ്യപ്പെട്ടു. പത്രക്കാരും ടിവിക്കാരും അവളെ കാണാന്‍ വീട്ടിലെത്തുന്നു. അങ്ങനെ ആന്‍ ഫ്രാങ്കിനുശേഷം ഒരിക്കല്‍കൂടി നമ്മള്‍ യുദ്ധത്തിന്റെ ക്രൂരമുഖം വായിച്ചറിയുന്നു, സ്ലാറ്റയുടെ ഡയറിക്കുറിപ്പിലൂടെ, അഥവാ സരയേവോയിലെ ഒരു കുട്ടിയുടെ ജീവിതത്തിലൂടെ. അങ്ങേയറ്റം നിന്ദ്യവും ക്രൂരവുമായ ആക്രമണങ്ങളാണ് സരയേവോയിലെ ജനതയ്ക്ക് യുദ്ധംകാരണം നേരിടേണ്ടിവന്നത്. യുദ്ധത്തെ നേരിട്ടനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത നമ്മള്‍ മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഏത് പടപ്പുറപ്പാടിനെ നേരിടാനും ഈ കൊച്ചുകുട്ടിയുടെ കുറിപ്പുകള്‍ കരുത്തേകും. പുസ്തക പ്രസാധനരംഗത്ത് തികച്ചും വ്യത്യസ്തമായ ശൈലിയും വ്യക്തമായ നിലപാടുകളുമുള്ള സമതയുടെ സുധീരമായ ഈ കാല്‍വെയ്പിന് അഭിനന്ദനങ്ങള്‍, ഒപ്പം കൃതി പരിഭാഷപ്പെടുത്തിയ രാജന്‍ തുവ്വാരയ്ക്കും.

*
കെ ആര്‍ മായ ചിന്ത വാരിക 29 മാര്‍ച്ച് 2013

Monday, March 18, 2013

ചരിത്രം നോവലും നോവല്‍ ചരിത്രവുമാകുന്ന നോവല്‍ പഴമ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട 15 നോവലുകള്‍ ഒരുമിച്ച് പുനഃപ്രസിദ്ധീകരിക്കുകയെന്ന നവീന ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണ് ചിന്ത പബ്ലിഷേഴ്സിന്റെ നോവല്‍ പഴമ എന്ന സീരീസ്. ""ചന്ദ്രന്‍ പ്രകാശിക്കുമ്പോള്‍ നാം മെഴുകുതിരിവെട്ടം കണ്ടില്ലെന്ന"" ഷേക്സ്പിയര്‍ വചനം പോലെ ഇന്ദുലേഖയുടെ വെളിച്ചത്തില്‍ നാം കാണാതെ പോയ നോവലുകളാണ് ഒരു പുസ്തകക്കൂടയിലാക്കി വായനക്കാര്‍ക്ക് നല്‍കുന്നത്. നോവല്‍പ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഗവേഷകര്‍ക്കും വായനയെ അര്‍ഥസമ്പൂര്‍ണമാക്കാന്‍ ഉതകുന്ന ഉജ്വലമായ പഠനങ്ങളുടെ അകമ്പടിയുമുണ്ട് ഇന്ദുലേഖയടക്കം 15 നോവലുകള്‍ക്കും. എന്‍ സന്തോഷ്കുമാറാണ് സീരീസ് എഡിറ്റര്‍. വ്യത്യസ്തവും ഒന്നിനൊന്ന് മികച്ചതുമായ കവര്‍ രൂപകല്‍പ്പനയും ഈ ഗ്രന്ഥാവലിയെ ശ്രദ്ധേയമാക്കുന്നു.

കൊളോണിയല്‍ ആധുനികതയുടെയും ഒപ്പം ഇന്ത്യന്‍ നവോത്ഥാനത്തിന്റെയും സൃഷ്ടികളായ ഈ നോവലുകള്‍ കേരളീയസമൂഹം ആധുനികസമൂഹമായി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അനിവാര്യമായും അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്. അക്കാലത്തെ ബ്രാഹ്മണാധിപത്യത്തിനും ജാതിമര്‍ദനത്തിനും എതിരായ നവോത്ഥാന-കീഴാള ഉയിര്‍പ്പുകളെയാണ് ഇവ സാക്ഷ്യപ്പെടുത്തുന്നത്. "ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ" മിസിസ് കാതറിന്‍ ഹന്ന മുല്ലന്‍സ് ബംഗാളിയില്‍ 1852ല്‍ രചിച്ച ഫൂല്‍മണി ഒ കരുണോര്‍ ബിബരണ്‍ എന്ന ബംഗാളി നോവലിന്റെ പരിഭാഷയാണ്. റവ. ജോസഫ് പീറ്റ് വിവര്‍ത്തനം ചെയ്ത ഈ കൃതി നോവലായല്ല, മതപ്രചാരണത്തിനുള്ള ഗദ്യമായാണ് രചിക്കപ്പെട്ടത്. പി പി രവീന്ദ്രന്റേതാണ് പഠനം. 1859ല്‍ രചിക്കപ്പെട്ട് 1864ല്‍ പുറത്തിറങ്ങിയ ഘാതകവധം ആണ് പരമ്പരയില്‍ രണ്ടാമത്തേത്. മിസിസ് റിച്ചാഡ് കോളിന്‍സ് എഴുതിയ ഈ നോവല്‍ ആദ്യത്തെ ഇന്ത്യന്‍-ഇംഗ്ലീഷ് നോവലായാണ് ഗണിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ധനാരാധനയ്ക്കും ജാതിവിവേചനത്തിനുമെതിരെ എല്‍എംഎസ്, സിഎംഎസ് മിഷനറി പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടത്തിന്റെ പ്രസക്തിയിലാണ് നോവല്‍ ഊന്നുന്നത്. എസ് എസ് ശ്രീകുമാറിന്റേതാണ് പഠനം.

ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലുണ്ടായ മാറ്റങ്ങളുടെ ചിത്രമാണ് ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലി കുഞ്ചു എന്ന നോവല്‍ തരുന്നത്. സനല്‍ മോഹന്റേതാണ് പഠനം. കുന്ദലത(1887)യിലൂടെ അപ്പു നെടുങ്ങാടി ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്ക് മുന്നില്‍ പുതിയൊരു സാഹിത്യ രൂപത്തെ അവതരിപ്പിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തത്. ഇ വി രാമകൃഷ്ണന്റേതാണ് പഠനം. കേരളത്തില്‍ സംവാദങ്ങളുടെ നിലയ്ക്കാത്ത പരമ്പരയ്ക്ക് തിരികൊളുത്തിയ, നോവല്‍ ചരിത്രത്തില്‍ സവിശേഷസ്ഥാനമുള്ള ഒയ്യാരത്ത് ചന്തുമേനോന്റെ ഇന്ദുലേഖ ഈ പരമ്പരയിലും സവിശേഷസ്ഥാനം കണ്ടെത്തിയിരിക്കുന്നു. കഥ നടക്കുന്ന കാലത്തെ മലബാറിലെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ മുഴുനീളന്‍ ചിത്രം കാണാന്‍ കഴിയും. വിനീത മേനോന്റെ പഠനം വായനയെ കൂടുതല്‍ സാരവത്താക്കും. ഇന്ദുലേഖയും കുന്ദലതയും രൂപപ്പെട്ട സാംസ്കാരികഘടനയില്‍ നിന്നാണ് പടിഞ്ഞാറെ കോവിലകത്ത അമ്മാമന്‍ രാജയുടെ ഇന്ദുമതീസ്വയംവരം രചിക്കപ്പെടുന്നത്. ഷീബ എം കുര്യന്റേതാണ് പഠനം. ഉയര്‍ന്ന ജാതിവിഭാഗങ്ങളിലെ സാധാരണ ജീവിതത്തില്‍ 19-ാം നൂറ്റാണ്ടില്‍ സംഭവിച്ച മാറ്റങ്ങളാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷി എന്ന നോവലിലുള്ളത്. ഹേമ ജോസഫ് സി യുടെതാണ് പഠനം.

മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികയായി വിലയിരുത്തപ്പെടുന്ന സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ സാമൂഹ്യസംഘര്‍ഷങ്ങളും ചരിത്രസന്ദര്‍ഭങ്ങളുമാണ് ആവിഷ്കരിക്കുന്നത്. ഷാജി ശങ്കറിന്റെ പഠനം മാര്‍ത്താണ്ഡവര്‍മ രചിക്കാനിടയാക്കിയ സാമൂഹസാഹചര്യങ്ങളെ വിലയിരുത്തുന്നു. ബ്രാഹ്മണ്യത്തിന് തീകൊളുത്തിയ നോവല്‍ എന്നാണ് പോത്തേരി കുഞ്ഞമ്പു 1892ല്‍ എഴുതിയ സരസ്വതീവിജയത്തെ പഠനത്തില്‍ എ ടി മോഹന്‍രാജ് വിശേഷിപ്പിക്കുന്നത്. കുന്നുകുഴിയില്‍ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കരി രചിച്ച പരിഷ്കാരപ്പാതി, ചന്തുമേനോന്റെ അപൂര്‍ണനോവല്‍ ശാരദ, രാമന്‍കുട്ടി മേനോന്‍ എഴുതിയ പറങ്ങോടീ പരിണയം, കോമാട്ടില്‍ പാഡു മേനോന്‍ എഴുതിയ ലക്ഷ്മീകേശവം, സി അന്തപ്പായിയുടെ നാലുപേരില്‍ ഒരുത്തന്‍ അഥവാ നാടകാദ്യം കവിത്വം, ജോസഫ് മൂളിയില്‍ എഴുതിയ സുകുമാരി എന്നിവയാണ് മറ്റുനോവലുകള്‍.

*
എന്‍ എസ് ദേശാഭിമാനി വാരാന്തപ്പതിപ്പ്