Showing posts with label മലബാര്‍ കലാപം. Show all posts
Showing posts with label മലബാര്‍ കലാപം. Show all posts

Saturday, January 19, 2013

മലബാര്‍ കലാപത്തെപ്പറ്റി - എ. കെ. ജി

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും  ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?

ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു.

അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട്  നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്യ്രസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്യ്രത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത  ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ  മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല;  പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്യ്രത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ  വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്.  ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത്  ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍  പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട്  ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍  അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി  മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി  തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ  ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും  ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ  ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം  ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല,  തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍  അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.

നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ,  ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല.  ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍ഗ്രസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം  സ്വാതന്ത്യ്രത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റാാേഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്യ്രം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.

ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്യ്രം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്യ്രം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''

(പ്രോഗ്രസ് പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തിന്റെ ആഹ്വാനം എന്ന പുസ്തകത്തില്‍ നിന്ന്)

യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്

Monday, April 2, 2012

തൊണ്ണൂറിലെത്തിയ ഒരു കടല്‍ കടത്തല്‍

1921 ലായിരുന്നു കൊളോണിയല്‍ ഭരണകൂടത്തെ അടിമുടി പിടിച്ചുലച്ച ആ ഐതിഹാസിക മുന്നേറ്റം. ചരിത്രരചയിതാക്കള്‍ തങ്ങളുടെ മത-രാഷ്ട്രീയ വിശ്വാസസംഹിതകളെ തൃപ്തിപ്പെടുത്തുംവിധം പ്രസ്തുത സംഭവത്തെ മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും സ്വാതന്ത്ര്യസമരമെന്നും കാര്‍ഷിക വിപ്ലവമെന്നും ഹിന്ദു-മുസ്ലിം കലഹമെന്നും ഖിലാഫത്ത് പ്രക്ഷോഭമെന്നും മറ്റും പേരിട്ടു വിളിച്ചു. പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും വിവാദകുതുകികള്‍ക്ക് ഇന്നും അതൊരു സങ്കീര്‍ണ വിഷയമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവരുടെ നോക്കെത്തും ദൂരങ്ങള്‍ക്കപ്പുറത്തെ കൊടും തമസ്സില്‍ വലിയൊരു ജനസമൂഹം പിന്‍തള്ളപ്പെട്ടു കിടപ്പുണ്ടെന്ന ക്രൂരയാഥാര്‍ഥ്യം വിസ്മരിച്ചുകളഞ്ഞു. കലാപക്കേസ്സുകളില്‍ അറസ്റ്റ് ചെയ്ത് അന്തമാനെന്ന നരകത്തിലേക്ക് കാലിക്കൂട്ടങ്ങളെപ്പോലെ കടല്‍ കടത്തിക്കൊണ്ടുപോയ മാപ്പിളമാരായിരുന്നു അവര്‍. സാമ്രാജ്യത്വ-ദുഷ്പ്രഭുത്വശക്തികള്‍ നീട്ടിയ നിറതോക്കുകള്‍ക്ക് നേരെ, മരണം ഉറപ്പാണെന്നറിഞ്ഞിട്ടും ഒരാഹ്വാനം കേട്ടുണര്‍ന്ന് അവര്‍ ഭ്രാന്തമായി പാഞ്ഞടുത്തതാണ. അവരില്‍ 150 കലാപകാരികളടങ്ങുന്ന ആദ്യസംഘത്തെ ടി എസ് എസ് മഹാരാജ എന്ന കപ്പലില്‍ മദിരാശി തുറമുഖത്ത്നിന്ന് വംഗസമുദ്രം കടത്തി അന്തമാനില്‍ എത്തിച്ചത് 1922 ഏപ്രില്‍ 22നായിരുന്നു. ഇപ്പോള്‍ ആ നിര്‍ബന്ധിത പ്രവാസത്തിന് തൊണ്ണൂറ് വയസ്സ് തികയുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ അന്തമാന്‍ ദ്വീപിനെ ഒരു തടങ്കല്‍ പാളയമാക്കി അവിടേക്ക് ജീവപര്യന്തം തടവുപുള്ളികളെ നാടുകടത്തിത്തുടങ്ങിയത് 1858ലാണ്. ഇവരില്‍ ഭൂരിഭാഗവും 1857ലെ ആദ്യ സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കായവരോ സമരത്തിന് ഒത്താശ ചെയ്തുകൊടുത്തവരോ ആയി മുദ്രകുത്തപ്പെട്ടവരായിരുന്നു. തീവ്ര വിപ്ലവകാരികളായ "ശല്യ"ക്കാരെ തൂക്കിലേറ്റുകയോ അല്ലെങ്കില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കാന്‍ അന്തമാനിലേക്ക് കാലാപാനി കടത്തുകയോ ആയിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ രീതി. അതോടൊപ്പം സാമൂഹിക സമാധാനത്തിന് ഭംഗം വരുത്തുന്ന കൊടും കുറ്റവാളികളെയും യഥേഷ്ട ഭരണത്തിന് വിഘാതം സൃഷ്ടിക്കുന്ന ഉപദ്രവകാരികളെയും ദ്വീപിലെ തടങ്കല്‍ സങ്കേതത്തില്‍ എത്തിച്ചിരുന്നു. തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കെതിരെ രൂക്ഷമായി ഉയരുന്ന ആഹ്വാനങ്ങളെയും പ്രഖ്യാപനങ്ങളെയും മുദ്രാവാക്യങ്ങളെയും എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢലക്ഷ്യവുമായാണ് കലാപകാരികളെ ഭരണകര്‍ത്താക്കള്‍ അന്തമാനില്‍ കൊണ്ടുപോയി തടവിലിട്ടത്. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മേഖലയില്‍ അധികമാരാലും അറിയപ്പെടാതെ പ്രാക്തനകാല നിഗൂഢതകളുമായി ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു അക്കാലത്ത് അന്തമാന്‍ ദ്വീപുകള്‍. (ബ്രിട്ടീഷിന്ത്യയില്‍ നിന്നെന്നപോലെ ബര്‍മ, സിലോണ്‍, ചൈന, ബലൂചിസ്ഥാന്‍ മുതലായ കോളനി രാജ്യങ്ങളില്‍നിന്നുള്ള ജയില്‍പുള്ളികളെയും ഈ ദ്വീപില്‍ കൊണ്ടുപോയി തള്ളിയിരുന്നു.)

1921 ആഗസ്ത് 20ന് മൂര്‍ധന്യത്തിലെത്തിയ സായുധകലാപത്തിന് മുന്നോടിയായി 1836 മുതല്‍തന്നെ ഏറനാട്-വള്ളുവനാട് താലൂക്കുകളില്‍ ജന്മിത്വ-ബ്രിട്ടീഷ് വിരുദ്ധ സംഘര്‍ഷങ്ങള്‍ പലപ്പോഴായി അരങ്ങേറിയതാണ്. പ്രസ്തുത കലഹങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും പ്രതികളായവരില്‍ പലരെയും ദീര്‍ഘകാലതടവ് വിധിച്ച് അന്തമാനിലേക്ക് നാടു കടത്തുകയുണ്ടായി. 1881, 1891, 1901, 1911 എന്നീ വര്‍ഷങ്ങളില്‍ തടങ്കല്‍ പാളയത്തില്‍ നടത്തിയ ജനസംഖ്യാ കണക്കെടുപ്പില്‍ സ്ത്രീകളടക്കം യഥാക്രമം 62 ഉം, 311 ഉം, 36 ഉം, 16 ഉം മലയാളി തടവുകാര്‍ ഉണ്ടായിരുന്നുവെന്ന് തത്സംബന്ധ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 1894ല്‍ മണ്ണാര്‍ക്കാട്ട് നടന്ന ഇംഗ്ലീഷ് വിരുദ്ധകലാപത്തില്‍ പങ്കെടുത്ത കുറ്റത്തിന് പയ്യനാട് അംശം നെല്ലിക്കുത്ത് ദേശത്തെ വാരിയംകുന്നന്‍ മൊയ്തീന്‍ കുട്ടിഹാജി, അദ്ദേഹത്തിന്റെ സ്യാലന്‍ പുന്നക്കാടന്‍ ചേക്കുഹാജി എന്നീ പ്രമുഖരും ആ കാലങ്ങളില്‍ അന്തമാന്‍ വനഭൂമിയുടെ പ്രാചീനതയില്‍ ജീവിതങ്ങള്‍ നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവരായിരുന്നു. (മലബാര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവാണ് മൊയ്തീന്‍കുട്ടി ഹാജി). ഇവരില്‍ മൊയ്തീന്‍കുട്ടി ഹാജി 1912-ലും ചേക്കുഹാജി അതിനടുത്ത വര്‍ഷവും രോഗപീഡിതരായി ദ്വീപില്‍ വെച്ചുതന്നെ ഇഹലോകവാസം വെടിഞ്ഞു.

1921-ലെ കണക്കെടുപ്പുവേളയില്‍ അന്തമാനില്‍ മലയാളികള്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, അധികം താമസിയാതെ വിവിധ ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് പൊന്നാനി കാഞ്ഞൂര്‍ സ്വദേശി പുറത്താട്ട് മൊയ്തുണ്ണി, പയ്യനാട് ഉണ്ണിമുഹമ്മദ്, വെള്ളാല മൊയ്തീന്‍കുട്ടി, വളാഞ്ചേരി ആതവനാട് വെട്ടിക്കാട്ടിരി ഖാദര്‍, മഞ്ചേരി കരിക്കാടുകാരായ ഉണ്ണിയാര്‍പ്പന്‍ നായര്‍, കൃഷ്ണന്‍നായര്‍, ഫറോക്ക് സ്വദേശി മാളിയേക്കല്‍ ഇമ്പിച്ചഹമ്മദ്, പാണംപുറ മൊയ്തീന്‍, ചിപ്പിക്കാടന്‍ അലവി, ചങ്ങരംകുളം മുത്തുണ്ണി, കാസര്‍ക്കോടന്‍ മുഹമ്മദ്കുഞ്ഞി മുസല്യാര്‍, കുപ്പോട്ടില്‍ മമ്മദ് എന്നിവരും വിവിധ വേളകളില്‍ ദ്വീപില്‍ എത്തപ്പെടുകയുണ്ടായി. 1922 ഏപ്രില്‍ മുതല്‍ സംഘം സംഘമായി നാട് കടത്തപ്പെട്ടവരില്‍ കലാപത്തിന് അനിഷേധ്യ നേതൃത്വം നല്‍കിയിരുന്ന ആലി മുസല്യാരുടെ ശിഷ്യന്മാരും ഉള്‍പ്പെട്ടിരുന്നു. ആലി മുസല്യാര്‍ ഒന്നാം പ്രതിയായും ഏറ്റവും അടുത്ത 37 അനുയായികള്‍ സഹപ്രതികളായും ചാര്‍ജ് ചെയ്യപ്പെട്ട കേസിന്റെ വിചാരണ 1921 നവംബര്‍ 2ന് കോഴിക്കോട്ട് ചേര്‍ന്ന പ്രത്യേക കോടതിയിലാണ് നടന്നത്. ആലിമുസല്യാര്‍ ഉള്‍പ്പെടെ 13 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കാനും മറ്റു പ്രതികളെ ജീവപര്യന്തം തടവറയിലിടാനോ നാട് കടത്താനോ ആയിരുന്നു കോടതി വിധി. ഇവരില്‍ 4-ാം പ്രതി മഞ്ചേരി എളങ്കൂര്‍ സ്വദേശി കുട്ടശ്ശേരി അഹമ്മദ്, 6-ാം പ്രതി മറ്റത്ത് സെയ്തലവി, 19-ാം പ്രതി നെച്ചിമണ്ണില്‍ കുഞ്ഞഹമ്മദ്, സഹോദരന്‍ 36-ാം പ്രതി നെച്ചിമണ്ണില്‍ കുഞ്ഞീന്‍, 37-ാം പ്രതി മുനിയൂര്‍ ചെമ്പന്‍ ആലിക്കുട്ടി എന്നീ സാഹസികരെ സെല്ലുലാര്‍ ജയിലിന്റെ വീര്‍പ്പുമുട്ടിക്കുന്ന അറകളില്‍ തളച്ചിടാനാണ് അധികൃതരുടെ കൊളോണിയല്‍ മനസ്സ് താല്പര്യപ്പെട്ടത്. കാപ്പ് കുളപ്പറമ്പ് അമ്പാട്ട് പറമ്പന്‍ സെയ്ദാലിപ്പ, പൂഴിക്കുന്നന്‍ മരക്കാര്‍, കാളികാവ് മഞ്ഞപ്പെട്ടി നെച്ചിയില്‍ കുഞ്ഞീതു, ഇരുമ്പുഴി നെല്ലിക്കണ്ടന്‍ ഇത്ത്യേലു, തൂത നാലകത്ത് കുഞ്ഞാലി, പൊന്നാനി ചാലിശ്ശേരി വലിയകത്ത് കുഞ്ഞയമു, കോട്ടക്കല്‍ കൂരിയാട് കടക്കാടന്‍ മൂസ്സക്കുട്ടി, കരിങ്കല്ലത്താണി ചേളപ്പറമ്പില്‍ സെയ്താലി, കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി മാട്ടുമ്മല്‍ മരക്കാര്‍, സഹോദരന്മാര്‍ അലവി, അഹമ്മദ്കുട്ടി, പട്ടാമ്പി പുതുതല വേളക്കാടന്‍ മമ്മി, ആമക്കുണ്ടന്‍ കോയാജി, ചേലക്കാടന്‍ അഹമ്മദ്, മച്ചിങ്കല്‍ രായിന്‍, കുളമ്പന്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ 1922-ല്‍ കാലാപാനി കടത്തപ്പെട്ട നൂറുകണക്കിന് ഏറനാടന്‍ മക്കളില്‍ ചിലര്‍ മാത്രം.

"സെല്ലുലാറിന്റെ നാട്ടില്‍" തടവുകാര്‍ക്ക് മാനസികമായും ശാരീരികമായും നേരിടേണ്ടിവന്ന പീഡനങ്ങള്‍ വിവരണാതീതമാണ്. ഒരാള്‍ക്ക്കിടക്കാന്‍ മാത്രം പാകത്തില്‍ പണിത ചുടുകട്ടത്തുറുങ്കറയിലെ ഏകാന്തവാസവും വെളിയില്‍ മാംസമുരുക്കുന്ന കഠിനവേലകളും ജയില്‍ മേധാവികളുടെ ദയാദാക്ഷിണ്യമില്ലാത്ത ശിക്ഷാരീതികളും മാപ്പിളമാരുടെ സഹനത്തിനും അപ്പുറമായിരുന്നു. നിബിഡ വനാന്തരങ്ങളില്‍ ആര്‍ത്ത് വളര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്താനും കരിങ്കല്‍ ക്വാറികളില്‍ പാറയുടച്ചു ചെറുതുണ്ടങ്ങളാക്കാനും കുന്നിടിച്ച് ഓരങ്ങളില്‍ റോഡ് പണിയാനും കുന്നിടിച്ച മണ്ണ് ചുമന്നുകൊണ്ടുപോയി ചതുപ്പുകള്‍ തൂര്‍ക്കാനും കടല്‍ത്തീരങ്ങള്‍ ബലപ്പെടുത്താന്‍ കരിങ്കല്‍ഭിത്തി കെട്ടാനും ചില്ലറ ഊര്‍ജമല്ല ഇവര്‍ക്ക് കത്തിച്ചുകളയേണ്ടി വന്നത്. പൊരിവെയിലായാലും പെരുമഴയായാലും പ്രഭാതം മുതല്‍ പ്രദോഷം വരെ വിശ്രമലേശമെന്യേ കൈമെയ് മറന്ന് മാപ്പിളമാര്‍ക്ക് അത്യധ്വാനം ചെയ്യേണ്ടിവന്നു. വിദേശാധിപത്യം അവസാനിപ്പിച്ച് ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ ആയുധമെടുത്ത് പോരാടിയ ആപത്കാരികളെന്ന് മുദ്ര കുത്തപ്പെട്ടിരുന്ന മാപ്പിളമാരെ പണിയിടങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ചിരുന്നത് ബലിഷ്ഠകായരും സീനിയര്‍ കുറ്റവാളികളുമായ പഠാന്‍കാരെയും സര്‍ദാര്‍ജിമാരെയും ആയിരുന്നു. ജോലിയില്‍ അമാന്തമോ വിയോജിപ്പോ പ്രകടിപ്പിക്കുന്നവരെ മേല്‍നോട്ടക്കാരുടെയും ജയിലധികൃതരുടെയും നിശിത ഭര്‍ത്സനങ്ങളും മൃഗീയ മര്‍ദനങ്ങളുമാണ് കാത്തിരുന്നത്.

അവിശ്രമ വേലയ്ക്കിടയില്‍ ഉച്ചനേരത്ത് കിട്ടിയ ചോറ് കല്ലും നെല്ലും പുഴുക്കളും നിറഞ്ഞതായിരുന്നു. നിന്നനില്പില്‍ ഇരുകൈപ്പത്തികളും ചേര്‍ത്ത് പിടിച്ച കുമ്പിളില്‍ വേണമായിരുന്നു ചോറ് വാങ്ങാന്‍. അതിന് മുകളില്‍ പരിപ്പ് കറിയെന്ന പേരില്‍ ഒരു കലക്കവെള്ളം ഒഴിച്ചുകൊടുക്കുമായിരുന്നു. അരോചകഗന്ധം വമിക്കുന്നതും ഓക്കാനം വരുത്തുന്നതുമായിരുന്നെങ്കിലും വയറ്റില്‍ ആളുന്ന തീ അണയ്ക്കാന്‍ മറ്റൊരു പോംവഴി ഇല്ലായിരുന്നു. അതിനാല്‍ മനമില്ലാമനസ്സോടെ, കിട്ടിയത് വായിലാക്കി വിഴുങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അതേ നില്പില്‍ വിശപ്പടക്കിയശേഷം ചെയ്തുകൊണ്ടിരുന്ന ജോലി തുടരണമായിരുന്നു. ഇവയ്ക്കെല്ലാം പുറമെ ആയിരുന്നു ഇടയ്ക്കിടെ മാരകമായി ആക്രമിച്ചുകൊണ്ടിരുന്ന മലമ്പനിയുമായുള്ളമല്‍പ്പിടുത്തം. ആദ്യമാദ്യം എല്ലാവിധ പീഡനങ്ങളും മാപ്പിളമാര്‍ സഹിച്ചു. എന്നാല്‍, പീഡനങ്ങള്‍ ഈ മുറയ്ക്ക് തുടര്‍ന്നാല്‍ തങ്ങള്‍ അധികകാലം ജീവിച്ചിരിക്കില്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. ഇനിയും അടിമകളെപ്പോലെ ജീവിക്കാനാവില്ലെന്നും മരണം വരിക്കേണ്ടി വന്നാലും പീഡനങ്ങള്‍ക്ക് കീഴ്പ്പെടേണ്ടതില്ലെന്നും അവരുറപ്പിച്ചു. അവര്‍ അധികൃതരുടെ ആജ്ഞകള്‍ നിരസിക്കാനും ദേഹോപദ്രവങ്ങളെ ചെറുക്കാനും തുടങ്ങി. ഒരുനാള്‍ ഏതോ പ്രകോപനം കാരണം കലുഷിതമായ അവര്‍ സംഘം ചേര്‍ന്ന് ജയില്‍വളപ്പിലെ മരത്തുണ്ടുകളും ഇരുമ്പു ദണ്ഡുകളും കൈക്കലാക്കി ജയിലുദ്യോഗസ്ഥരെ കണക്കിന് പ്രഹരിച്ചു. ഒരു ജീവന്മരണ പോരാട്ടത്തിന് തയാറായി നില്‍ക്കുന്ന മാപ്പിളമാരെ അനുനയിപ്പിച്ചുകൊണ്ട് ഭരണത്തലവന്‍ അവരുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. അന്തമാന്‍ സ്കീം ഭരണാധികാരികള്‍ അസാധാരണമാംവിധം പത്തി താഴ്ത്തി നില്‍ക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. മാപ്പിളത്തടവുകാരുടെ കുടുംബങ്ങളെയും കടല്‍കടത്തി കൊണ്ടുപോയി അന്തമാന്‍ മണ്ണില്‍ കുടിയിരുത്താനുള്ള ഒരു പദ്ധതിക്ക് അവര്‍ രൂപം നല്‍കുന്ന അവസരമായിരുന്നു അത്. കോളനി വിപുലപ്പെടുത്താനുള്ള ലാക്കായിരുന്നു ഇതിന് പിന്നിലെ പ്രേരണ. 1924 സെപ്തംബര്‍ 6ന് മലബാര്‍ കലക്ടര്‍ തോറന്‍ "അന്തമാന്‍ സ്കീം" സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. തങ്ങളെ ജീവപര്യന്തം ശിക്ഷ വിധിച്ച് വിദൂരസ്ഥമായ അന്തമാനില്‍ കൊണ്ടിട്ടതോടെ ഇനിയൊരിക്കലും ഭാര്യാസന്താനങ്ങളെ കാണാനാവില്ലെന്ന മാപ്പിളമാരുടെ വ്യഥചിന്തകള്‍ക്കറുതി വരുത്തി അന്തമാന്‍ സ്കീം.

ഉത്സാഹഭരിതരായ അവരില്‍ നല്ലൊരു പങ്ക് അധികൃതസമക്ഷം അപേക്ഷ സമര്‍പ്പിച്ചു. പലതിനും അനുകൂലമായ തീര്‍പ്പുകള്‍ ഉണ്ടായി. കലാപകാരികളുടെ കുടുംബങ്ങളെ തേടി അന്തമാന്‍ പൊലീസ് മലബാറിലെത്തി. കുടുംബനായകരെ നാടുകടത്തിയതോടെ അനാഥത്വത്തിന്റെയും പട്ടിണിയുടെയും മറ്റനേകം ദുരിതങ്ങളുടെയും നിലകിട്ടാക്കയത്തിലേക്ക് ആണ്ടുപോയിരുന്ന കുടുംബങ്ങള്‍ക്കും പുതിയ സ്കീം പ്രതീക്ഷകളുടെ പിടിവള്ളിയായി. വിജ്ഞാപനം പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അന്തമാനില്‍ അപ്പോഴുണ്ടായിരുന്ന 1133 മാപ്പിളക്കൈദികളില്‍ 258 പേരുടെ കുടുംബാംഗങ്ങളെ ദ്വീപിലെത്തിച്ചുകഴിഞ്ഞിരുന്നു. മറ്റുള്ള അപേക്ഷകള്‍ ഗവണ്‍മെന്റിന്റെ സജീവ പരിഗണനയിലുമായിരുന്നു. മേല്‍പറഞ്ഞ കുടുംബങ്ങളെ വിവിധ സംഘങ്ങളായി വിഭജിച്ച് പോര്‍ട്ട് ബ്ലയറിന്റെ പ്രാന്തപ്രദേശ ങ്ങളില്‍ കുടിയിരുത്തി. അവര്‍ക്ക് സൗജന്യമായി കൃഷിഭൂമിയും പുരയിടവും അനുവദിച്ചു. അവര്‍ അധിവാസം തുടങ്ങിയ സ്ഥലങ്ങള്‍ക്ക് മലബാറിലെ സ്ഥലനാമങ്ങള്‍ തന്നെ ചാര്‍ത്തി. കാലിക്കറ്റും മഞ്ചേരിയും മലപ്പുറവും മണ്ണാര്‍ക്കാടും തിരൂരും വണ്ടൂരും അങ്ങനെ അന്തമാന്‍ വനഭൂമിയിലും ജന്മം കൊണ്ടു. കൂടാതെ, മുസ്ലിം ബസതി, നയാപുരം, കന്യാപുരം തുടങ്ങി മറ്റേതാനും ഗ്രാമങ്ങളും ഏറനാടന്‍ കുടുംബങ്ങളുടെ അധിവാസ കേന്ദ്രങ്ങളായി. എന്നാല്‍, അന്തമാന്‍ സ്കീമിന്റെ മറപിടിച്ച് മലബാറില്‍നിന്നും മാപ്പിളമാരെ കൂട്ടത്തോടെ തുടച്ചുനീക്കാനുള്ള ഗൂഢലക്ഷ്യം സര്‍ക്കാന്‍ നടപ്പിലാക്കുന്നുവെന്നാണ് കേരളത്തില്‍ ഉയര്‍ന്നുകേട്ട ആക്ഷേപം. സ്കീമിനെ ചൊല്ലിയുള്ള പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു ഏറ്റവും രൂക്ഷമായി പ്രതികരിച്ചത്. പ്രതിഷേധത്തിന്റെയും വിമര്‍ശനത്തിന്റെയും അലയിളക്കങ്ങള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും എത്തിച്ചേര്‍ന്നു. തുടര്‍ന്ന്, അന്തമാനിലെ മാപ്പിളമാരുടെ ജീവിതാവസ്ഥ നേരിട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. സര്‍ക്കാര്‍ പക്ഷപാതിയായ ചെയര്‍മാന്‍ സ്കീമിനെ അനുകൂലിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മറ്റു രണ്ട് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ സമുദ്രം താണ്ടേണ്ടിവന്ന ദുരിതകുടുംബങ്ങളുടെ സ്ഥിതി മനസ്സിലാക്കാന്‍ തികച്ചും പര്യാപ്തമായിരുന്നു. ഈ (മാപ്പിള) വില്ലേജുകളുടെ സ്ഥലമോ പരിസരമോ തങ്ങള്‍ക്ക് ബോധിച്ചതേ ഇല്ലെന്നും അങ്ങുമിങ്ങുമായി ആശുപത്രികളില്‍നിന്നും പ്രധാന കച്ചവട സ്ഥലത്തുനിന്നും വളരെ ദൂരെ, തിങ്ങിയ കാടുകള്‍ക്ക് സമീപം മലഞ്ചെരിവുകളിലാണ് വില്ലേജുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലൂടെ അവര്‍ പുറംലോകത്തെ അറിയിച്ചു.

ജനങ്ങള്‍ക്ക് താമസിക്കാന്‍ ശോച്യങ്ങളായ ചെറ്റച്ചാളകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അവര്‍ രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളും പുരുഷന്മാരും വിളര്‍ത്ത് മെലിഞ്ഞ്, അഗതികളെപ്പോലെ കാണപ്പെട്ടുവെന്നും തങ്ങള്‍ സന്ദര്‍ശിച്ച മാപ്പിള വില്ലേജുകളില്‍ കിണറോ കക്കൂസോ ഇല്ലെന്നും കുടിക്കാന്‍ വേണ്ട വെള്ളം അശുദ്ധിയായ കാട്ടരുവിയില്‍നിന്ന് കൊണ്ടുവരികയാണെന്നും അവര്‍ വ്യക്തമാക്കി. ദ്വീപിലെ വഷളായ സദാചാര നിലയെപ്പറ്റിയും ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രകൃതിവിരുദ്ധ കൃത്യങ്ങളെപ്പറ്റിയും വളരെ വളരെ ദുഷിച്ചു മലീമസമായ സാന്മാര്‍ഗികാന്തരീക്ഷത്തെപ്പറ്റിയും കമ്മിറ്റി അംഗങ്ങള്‍ വിശദീകരിച്ചു. ഈ കാരണങ്ങള്‍കൊണ്ട് തന്നെ അന്തമാന്‍ സ്കീം നിര്‍ത്തലാക്കണമെന്നും പുരുഷത്തടവുകാരെ ഇന്ത്യയിലെ മറ്റേതെങ്കിലും ജയിലുകളിലേക്ക് മാറ്റണമെന്നും സ്ത്രീകളെയും കുട്ടികളെയും ജന്മനാട്ടിലേക്ക് തിരിച്ചയക്കണമെന്നും അവര്‍ അതിശക്തം ശുപാര്‍ശ ചെയ്തു. എന്നാല്‍, ചില ഭേദഗതികളോടെ സ്കീം തുടര്‍ന്നും നടപ്പാക്കാന്‍തന്നെയായിരുന്നു സര്‍ക്കാര്‍ തീരുമാനം. തടവുകാര്‍ ആവശ്യപ്പെടുന്നപക്ഷം കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കാനും അവര്‍ മറ്റേതെങ്കിലും കാരാഗൃഹത്തിലേക്ക് മാറാന്‍ ഔത്സുക്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ അതിനു വഴിയൊരുക്കണമെന്നും ആയിരുന്നു പുതിയൊരു നിബന്ധന. ഇവയ്ക്ക് തുലോം പരിമിതമായ പ്രതികരണങ്ങളേ മാപ്പിളമാരില്‍നിന്ന് ഉണ്ടായുള്ളൂ. നേരെമറിച്ച്, മറ്റേതെങ്കിലും തടവറകളില്‍ ദീര്‍ഘകാലശിക്ഷ അനുഭവിക്കുന്ന കലാപികള്‍ അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം അവര്‍ക്ക് കുടുംബത്തോടൊപ്പം അന്തമാനില്‍ കുടിയേറ്റത്തടവുകാരായി ജീവിക്കാന്‍ സൗകാര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് മറ്റൊരു ഭേദഗതി കൂടി ഉണ്ടായി. ഇതാണ് പ്രായേണ ഗുണകരമായി മാപ്പിളമാര്‍ക്ക് തോന്നിയത്. അനാഥരും നിരാശ്രയരുമായിത്തീര്‍ന്ന തങ്ങളുടെ വീട്ടുകാരില്‍നിന്നും വേര്‍പെട്ട് കല്‍ത്തുറുങ്കില്‍ വര്‍ഷങ്ങളോളം നരകിച്ച് കഴിയുന്നതിലും ഭേദം സമുദ്രത്തിനക്കരെയാണെങ്കിലും ഒരേ കൂരയ്ക്ക് കീഴെ എല്ലാവരും ഒന്നിച്ച് ജീവിക്കുന്നതാണെന്ന് മാപ്പിളമാര്‍ നിരൂപിച്ചു. മാത്രമല്ല, ഒരേ കുടുംബത്തില്‍നിന്ന്തന്നെ രണ്ടുംമൂന്നും സഹോദരങ്ങള്‍ ബന്ദീഗൃഹത്തില്‍ അടയ്ക്കപ്പെട്ടതോടെ ആണ്‍തുണ പാടേ ഇല്ലാതായ അവരുടെ ഭാര്യാസന്താനങ്ങളും അത്യന്തം പരിതാപകരമായ അവസ്ഥയിലായിരുന്നു. ഈദൃശ കാരണങ്ങളാല്‍ സ്കീമിലെ പുതിയ പരിവര്‍ത്തനത്തിന് അനുകൂലമായി മനസ്സ് തിരിക്കാന്‍ മാപ്പിളമാര്‍ വിമുഖത കാണിച്ചില്ല. ബെല്ലാരി ജയിലില്‍ കഴിയുകയായിരുന്ന മണ്ണാര്‍ക്കാട് കുമരം പുത്തൂര്‍ പൂവ്വക്കുണ്ടില്‍ മായിന്‍, തൂത സ്വദേശികളായ മഹാളി മമ്മദ്, അനുജന്‍ മൂസ്സ, പാറക്കളത്തില്‍ മൊയ്തീന്‍, സഹോദരങ്ങളായ കുഞ്ഞയമ്മദ്, മമ്മദ്, ചക്കുപുരക്കല്‍ കുട്ടി ഹസ്സന്‍, ചോലക്കല്‍ മൊയ്തീന്‍, കുത്തുകല്ലന്‍ കുഞ്ഞാറന്‍, അലനല്ലൂര്‍ പാലപ്പുറ കുഞ്ഞയമു, നെന്മിനി അരിപ്ര പോക്കുഹാജി, ചെര്‍പ്പുളശ്ശേരി ആനമങ്ങാട് നടുക്കാടന്‍ കുഞ്ഞയമ്മദ്, മേലാറ്റൂര്‍ വെട്ടത്തൂര്‍ കാക്കപ്പാറ അബ്ദുള്ള തുടങ്ങി അനേകം തടവുകാര്‍ അങ്ങനെ ഉറ്റവരെയുംകൂട്ടി അന്തമാനിലെത്തി. ഇവരില്‍ 50 കുടുംബങ്ങളെ കുടിയിരുത്തിയത് നയാപുരം ഗ്രാമത്തിലാണ്. 1936-37 ഓടെ അന്തമാന്‍ പാളയത്തില്‍ തടവുജീവിതം നയിക്കുകയായിരുന്ന, സ്വാതന്ത്ര്യസമര ഭടന്മാരും മലബാര്‍ കലാപികളും ഉള്‍പ്പെടെ, എല്ലാവരെയും ശിക്ഷാവിമുക്തരാക്കിയിരുന്നു. 1931-ലെ കണക്കുപ്രകാരം 1885 കലാപികളെയാണ് അതിനകം ദ്വീപില്‍ എത്തിച്ചിരുന്നത്. അവരില്‍ ചിലര്‍ക്ക് ശിക്ഷാകാലയവളില്‍തന്നെ പലവിധ രോഗപീഡകള്‍ നിമിത്തം മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നിട്ടുണ്ട്.

ജന്മനാട്ടില്‍ സ്വന്തമായി കൃഷിഭൂമിയും പാര്‍പ്പിടവും ഉണ്ടായിരുന്ന ചുരുക്കം ചിലരാവട്ടെ സ്വതന്ത്രരായശേഷം കുടുംബത്തോടൊപ്പം നാട്ടിലേക്കുതന്നെ തിരിച്ചുപോയി. എന്നാല്‍ തന്റേതെന്ന്പറയാന്‍ ഒരു കൂരയോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതിരുന്ന കേവലം കുടിയാന്മാരായിരുന്നു ഭൂരിപക്ഷം പേരും. ജന്മികളുടെ പാട്ടഭൂമികളില്‍ അവരുടെ ചൂഷണങ്ങള്‍ക്കും സര്‍ക്കാരുദ്യോഗസ്ഥരുടെ കര്‍ശന നിലപാടുകള്‍ക്കും വിധേയരായി ജീവിതം പുലര്‍ത്താന്‍ കാര്‍ഷികവൃത്തി നടത്തിയവരാണവര്‍. നാട്ടിലേക്ക് മടങ്ങിച്ചെന്നാല്‍ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാന്‍ ഭൂവുടമകള്‍ പാട്ടനിലം നല്‍കുമോയെന്ന കടുത്ത ആശങ്ക അവര്‍ക്കുണ്ടായി. സര്‍വോപരി ഒന്നരപ്പതിറ്റാണ്ട് നീണ്ട അവരുടെ അഭാവത്തില്‍ മലബാറില്‍ സംഭവിച്ചിരിക്കാനിടയുള്ള സാമൂഹിക മാറ്റങ്ങളെക്കുറിച്ചും അവര്‍ അജ്ഞരായിരുന്നു. തന്മൂലം അന്തമാനിന്റെ കന്നിമണ്ണില്‍തന്നെ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച "സ്വന്തം ഭൂമി"യില്‍ കൃഷിപ്പണി നടത്തി സൈ്വരജീവിതം നയിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ വെച്ചുപിടിപ്പിച്ച തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ്, മരച്ചീനി, വാഴ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയ്ക്ക് ദ്വീപാന്തരങ്ങളിലെ വളക്കൂറുള്ള മണ്ണില്‍ വേരോട്ടം കിട്ടിയതിനോടൊപ്പം അവരുടെ ജീവിതങ്ങളിലും അപ്പോഴേക്ക് പച്ചപ്പ് വിരിയാന്‍ തുടങ്ങിയിരുന്നു. ഗൃഹാതുരതയോടെ ജന്മനാട്ടിലെത്തിയ പലര്‍ക്കും ചില ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു. അന്തമാനിലേക്ക് കടല്‍ കടത്തികൊണ്ടുപോയവരെ മടങ്ങിവരാന്‍ നിയതി ഒരിക്കലും അനുവദിക്കില്ലെന്ന ദൃഢവിശ്വാസത്തില്‍ ചിലരുടെ വസ്തുവകകള്‍ കൈയേറി അടുത്ത ബന്ധുക്കള്‍ സ്വന്തമാക്കിവെച്ചിട്ടുണ്ടായിരുന്നു. സംവത്സരങ്ങള്‍ക്ക് ശേഷമുള്ള അവിചാരിത കൂടിക്കാഴ്ചയില്‍ ഉറ്റവരില്‍നിന്നും ഉടയവരില്‍നിന്നും സ്നേഹനിര്‍ഭരമായ സ്വീകരണവും പരിചരണവും പ്രതീക്ഷിച്ചുചെന്ന ആ മാപ്പിളമാര്‍ക്ക് "കൈയേറ്റക്കാരു"ടെ ദുര്‍മുഖങ്ങളാണ് കാണേണ്ടി വന്നത്. തങ്ങള്‍ യഥേഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു ദുര്‍മുഖങ്ങള്‍ക്ക് കാരണം.
പതിനഞ്ച് വര്‍ഷം വെള്ളക്കാരുടെ ചാട്ടവാറുകള്‍ക്ക് കീഴില്‍ അടിമകളെപ്പോലെ ജീവിക്കേണ്ടിവന്ന ദുര്യോഗത്തേക്കാളും കലാപികളുടെ കരള്‍കീറിയത് സ്വന്തപ്പെട്ടവരുടെ ഇത്തരം ദുഷ്ചെയ്തികളായിരുന്നു. അങ്ങനെയുള്ള അനഭികാമ്യ സാഹചര്യത്തില്‍ നാട്ടില്‍ പിടിച്ചുനില്‍ക്കുന്നത് ബദ്ധപ്പാടായിരിക്കുമെന്ന് തിരിച്ചറിഞ്ഞ പലരും വീട്ടുകാരെയും കൂട്ടി അന്തമാനിലേക്ക് തന്നെ മടക്കക്കപ്പല്‍ കയറി. ഒന്നര ദശാബ്ദം മുമ്പ് ബ്രിട്ടീഷ് പൊലീസിന്റെ തോക്കിനും ചങ്ങലപ്പൂട്ടിനും കീഴ്പ്പെട്ടാണ് ബംഗാള്‍ ഉള്‍ക്കടല്‍ താണ്ടാന്‍ അവര്‍ നിര്‍ബന്ധിതരായതെങ്കില്‍ തങ്ങളുടെ ബാക്കിജീവിതങ്ങള്‍ തേടിയുള്ള സമുദ്രാടനമാണ് ഇപ്പോള്‍ അവര്‍ക്ക് നടത്തേണ്ടി വന്നത്. ജപ്പാന്റെ കിരാത ഭരണം അന്തമാന്‍ ജനതയ്ക്ക് ബ്രിട്ടീഷധികൃതരില്‍നിന്ന് ഇത്രമേല്‍ ദുരിതാനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടും തമ്മില്‍ ഭേദം അവരായിരുന്നു എന്ന് തോന്നിപ്പിച്ച ദുഷ്കാലവും ജനങ്ങള്‍ക്കുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാരെ തോല്പിച്ച് ജപ്പാന്‍ സൈന്യം അന്തമാന്‍-നിക്കോബാറിന്റെ ഭരണം കൈയാളിയ വേളയിലായിരുന്നു അത്. ദ്വീപുകള്‍ക്ക് മേലുള്ള അധികാരം വെച്ചൊഴിയേണ്ടിവന്നെങ്കിലും ദ്വീപുകളെ വലയം ചെയ്ത് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ഉപരോധം സൃഷ്ടിച്ചിരുന്നു. തന്നിമിത്തം ജപ്പാന്റെ ചരക്കുകപ്പലുകള്‍ക്ക് ദ്വീപുകളിലേക്ക് കടന്നുവരാന്‍ പറ്റാത്ത ദുരവസ്ഥ സംജാതമായി. അതോടെ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും മറ്റവശ്യ സാധനങ്ങള്‍ക്കും ക്ഷാമമായി. ജനങ്ങള്‍ കൊടും പട്ടിണിയാല്‍ വലഞ്ഞു. ഇതിനിടയിലും വിമാനത്താവളം, റോഡ്, പാലം, വെടിക്കോപ്പറ, പീരങ്കിത്തറ എന്നിവ നിര്‍മിക്കാന്‍ മെയ്ക്കരുത്തുള്ള യുവാക്കളെ സൈനികര്‍ വീടുകള്‍തോറും കയറിയിറങ്ങി പിടിച്ചുകൊണ്ടുപോയിരുന്നു. നാളുകള്‍ നീണ്ട ജോലിക്കിടയില്‍ തളര്‍ന്നൊന്ന് ഇരുന്നാല്‍ അഭിനയമാണെന്നാരോപിച്ച് സൈനികര്‍ അതിക്രൂരം മര്‍ദിക്കുമായിരുന്നു. തെങ്ങിനോട് ചേര്‍ത്ത് കെട്ടിയിട്ടായിരുന്നു മര്‍ദനമുറകള്‍. മര്‍ദനമേറ്റ് തല്‍ക്ഷണം അന്ത്യശ്വാസംവലിച്ചവരുണ്ട്. ജനസംഖ്യ കുറയ്ക്കാന്‍ രോഗികളെയും വൃദ്ധരെയും കായികശേഷി ഇല്ലാത്തവരെയും ബോട്ടുകളില്‍ കയറ്റി രാത്രികാലങ്ങളില്‍ പുറംകടലില്‍ കൊണ്ടുപോയി സൈനികര്‍ മൃഗീയമായി തള്ളിയിട്ടുകൊന്നിട്ടുണ്ട്. അല്പമെങ്കിലും ഇംഗ്ലീഷ് അറിയാവുന്നവരെ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നുവെന്ന് ആരോപിച്ച് കൂട്ടത്തോടെ വെടിയുണ്ടകള്‍ക്കിരയാക്കിയിട്ടുണ്ട്. നൂറുകണക്കിന് നിരപരാധികള്‍ക്കാണ് ജാപ് ഭരണകാലത്ത് ഈവിധ നിഷ്ഠുരതകളിലൂടെ അപമൃത്യു സംഭവിച്ചത്. നാലകത്ത് കുഞ്ഞാലിയുടെ യൂസഫ്, സുലൈമാന്‍ എന്നീ രണ്ടു സന്താനങ്ങള്‍, ഉണ്ണിയാര്‍പ്പന്‍ നായര്‍, ചക്കുങ്കല്‍ സെയ്ദാലിക്കുട്ടി തുടങ്ങി ഏതാനും മലയാളികള്‍ക്കും ജാപ് സൈനികരുടെ രാക്ഷസീയതക്ക് മുമ്പില്‍ പ്രാണന്‍ വെടിയേണ്ടിവന്നു.

മാനുഷികതയ്ക്ക് ഒരു മൂല്യവും കല്പിക്കാത്ത മട്ടിലായിരുന്നു അധികൃതരുടെ വ്യവഹാരങ്ങള്‍. സൈനികരുടെയും പൊലീസുകാരുടെയും ജാഗരൂകത ഇരവിലും പകലിലും മുക്കിലും മൂലയിലും കാട്ടിലും മേട്ടിലും ദ്വീപീയരെ സദാ പിന്തുടര്‍ന്നു. ഏത് നിമിഷവും ഏതെങ്കിലും കുറ്റത്തിന്റെ പേര് പറഞ്ഞ് തങ്ങളുടെ കൈകളില്‍ ആമം വീണേക്കാമെന്ന് ഓരോ ദ്വീപുവാസിയും ഭയന്നു. വല്ലാത്തൊരു അരക്ഷിതാവസ്ഥയിലും വീര്‍പ്പുമുട്ടലിലും ഞെരുങ്ങി, വാള്‍ത്തലപ്പുകളില്‍ നില്‍ക്കുംപോലെയായിരുന്നു അവരുടെ ഓരോ നിമിഷവും. ഒടുവില്‍ സഖ്യകക്ഷികളുമായുണ്ടായ പോരാട്ടത്തില്‍ പരാജയം അറിഞ്ഞുതുടങ്ങിയ ജപ്പാന് ഭരണഭാരം ബ്രിട്ടീഷുകാര്‍ക്ക് തന്നെ കൈമാറി ദ്വീപുകളെ ഉപേക്ഷിക്കേണ്ടിവന്നു. അപ്പോള്‍ മാത്രമാണ് ഭയവിഹ്വലരായിരുന്ന ജനങ്ങള്‍ സര്‍വവിധ സമ്മര്‍ദങ്ങളില്‍നിന്നും മുക്തരായി അല്പമൊന്നാശ്വസിച്ചത്.

സമകാലിക മാപ്പിള സമൂഹം നാടു കടത്തപ്പെട്ട മാപ്പിളമാരില്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ഏറ്റവും ഒടുവിലായി ജീവാന്ത്യം സംഭവിച്ച വ്യക്തിയാണ് കരുവാരക്കുണ്ട് സ്വദേശി ആമക്കുണ്ടന്‍ കോയാജി; 1993ല്‍. അതിന് മുമ്പ് കാലഗതി പ്രാപിച്ച രണ്ട് കലാപ ഭടന്മാര്‍ നെച്ചിയില്‍ കുഞ്ഞീതു (1992-ല്‍) വും മാട്ടുമ്മല്‍ മരക്കാ(1990ല്‍)റും ആയിരുന്നു. (മരക്കാറുടെ സഹോദരന്‍ അഹമ്മദ്കുട്ടി 1983-ലും അലവി ജാപ് അധിനിവേശ കാലത്തുമായിരുന്നു നിര്യാതരായത്). കോയാജിയുടെ ദേഹവിയോഗത്തോടെ വിദേശമേല്‍ക്കോയ്മക്കും ജന്മിത്വത്തിനും എതിരെ ആയുധമെടുത്തടരാടിയ കുറ്റത്തിന് ജന്മനാട്ടില്‍നിന്നും വേരോടെ പിഴുതെറിയപ്പെട്ട ഒരു തലമുറയുടെ അന്ത്യമായി. മലബാര്‍ കലാപവുമായോ സ്വാതന്ത്ര്യസമര പരമ്പരകളുമായോ ബന്ധപ്പെട്ട ചരിത്ര നിര്‍മിതികളില്‍നിന്നും ഈ ഏറനാടന്‍ സന്താനങ്ങളെ എന്തുകൊണ്ടോ അകറ്റി നിര്‍ത്തിയിരിക്കയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അങ്ങുമിങ്ങും ജന്മംകൊണ്ട കൊച്ചുകൊച്ചു സംഘര്‍ഷങ്ങള്‍ക്ക് വരെ അമിത പ്രാധാന്യം ലഭിച്ച് അവ സമരപുരാവൃത്തങ്ങളില്‍ ഇടംനേടിയപ്പോള്‍ അന്തമാനിലേക്ക് കാലാപാനി കടത്തപ്പെട്ട മലബാര്‍ കലാപികള്‍ക്ക് നേരെ നീതികേടും നെറികേടും. പിറന്നുവീണ മണ്ണില്‍നിന്നും നിഷ്കാസനം ചെയ്യപ്പെട്ട കണക്കെ ചരിത്ര കൃതികളില്‍നിന്നും പുറംതള്ളപ്പെട്ട ചരിത്രസ്രഷ്ടാക്കളായി അന്തമാനിലെ മാപ്പിളകലാപികള്‍. 1980 മുതല്‍ മലബാര്‍ കലാപത്തെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ച് അതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രഗവണ്‍മെന്റ് ഉത്തരവിറക്കിയിരുന്നു. എങ്കിലും അന്തമാനിലെ മാപ്പിളമാര്‍ അതൊന്നും അറിഞ്ഞില്ല. അവരെ അറിയിക്കേണ്ട ഔദ്യോഗിക വക്താക്കള്‍ കുറ്റകരമായി നിശ്ശബ്ദത പാലിക്കുകയും ചെയ്തു. പ്രസ്തുത വിഷയത്തിലും ഈ ഹതഭാഗ്യരെ ഏതോ കുബുദ്ധികള്‍ കൗശലപൂര്‍വം കബളിപ്പിക്കുകയായിരുന്നു.

അന്തമാനിലെ വര്‍ത്തമാനകാല മാപ്പിള സമൂഹം സംതൃപ്തരും സുരക്ഷിതരുമാണ് (ഇപ്പോള്‍ അവര്‍ നാലാം തലമുറയില്‍ എത്തിനില്‍ക്കുന്നു). ആധുനിക ജീവിതക്രമങ്ങളുമായി യുവജനത താദാത്മ്യം പ്രാപിച്ചുകഴിഞ്ഞു. ചില സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്മാരായി മാപ്പിള മക്കളുണ്ട്. അവരില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പൊലീസ് ഓഫീസര്‍മാരും റവന്യൂ അധികാരികളുമുണ്ട്. രാഷ്ട്രീയ നേതാക്കളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുംവരെ അവരായിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ചില ഉപദേശകസമിതികളിലും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചിരുന്നു. മലബാറില്‍ അവശേഷിക്കുന്ന രക്തബന്ധങ്ങളെ അന്തമാനിലെ പുതുതലമുറകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ സന്താനങ്ങള്‍ കേരളത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളായുണ്ട്. അവരുടെ പ്രാദേശിക രക്ഷാകര്‍ത്താക്കള്‍ മലബാറിലെ ബന്ധുജനങ്ങളാണ്. അന്തമാനിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് മാപ്പിളസമൂഹം നല്‍കിവരുന്ന ഉണ്‍മയും ഊര്‍ജവും അപ്രധാനമല്ല. ജന്മനാട്ടില്‍നിന്നും വേരറുക്കപ്പെട്ട ഒരു തലമുറയുടെ ആത്മനൊമ്പരം ഇന്നത്തെ സമൂഹത്തിന് അതേപടി പകര്‍ന്ന് കിട്ടിയില്ലായിരിക്കാം. എന്നാല്‍, അന്തമാനെന്ന കന്യാവനഭൂമിയുടെ ഇരുളിമയില്‍ സ്വന്തം രക്തവും വിയര്‍പ്പും മോഹങ്ങളുംകൊണ്ട് പൂര്‍വികര്‍ നനച്ച്പടര്‍ത്തിയ വേരുകളില്‍നിന്നാണ് പ്രകാശധവളിമയില്‍ കുളിച്ചുനില്‍ക്കുന്ന ആധുനിക തലമുറകള്‍ ഉരുവം കൊണ്ടതെന്ന് ഓര്‍ക്കേണ്ടതാണ്.

*
വിജയന്‍ മടപ്പള്ളി (അന്തമാന്‍-നിക്കോബര്‍ ഫിഷറീസ് വകുപ്പില്‍ ചീഫ് ഇന്‍സ്ട്രക്ടറായിരുന്നു ലേഖകന്‍)

ദേശാഭിമാനി വാരിക

Friday, December 3, 2010

മാപ്പിള കര്‍ഷക കലാപങ്ങള്‍ ദേശീയതക്കും മുമ്പേ

"ഇന്ത്യയിലെ കുലീന ചരിത്ര പാരമ്പര്യം' (elitist historiography) കര്‍ഷക സമരങ്ങളോട് ഒരു താല്‍പ്പര്യവും പുലര്‍ത്തിയിരുന്നില്ല. അത്തരം രചനകളില്‍ ഏതെങ്കിലും കര്‍ഷകസമരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവ കര്‍ഷക ബോധ (peasant consciousness) ത്തിന് ബാഹ്യമായ സംഭവങ്ങളായാണ് പരാമര്‍ശിക്കപ്പെട്ടത്. പരപ്രേരണകൂടാതെ (spontaneous) രൂപപ്പെടുന്ന അത്തരം പ്രതിരോധങ്ങള്‍ കുലീന വ്യവഹാരങ്ങളില്‍നിന്നും തിരസ്കരിക്കപ്പെട്ടു. പരപ്രേരണ കൂടാതെ എന്ന കാരണത്താല്‍ മാത്രമാണ് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെപോയത്. വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ ഇടപെടലുകളിലൂടെയോ പരിഷ്കൃതമായ സംഘടനകളിലൂടെയോ മാത്രം സാധ്യമാകുന്ന ഒരു കാര്യമായാണ് കര്‍ഷകരുടെ ധ്രുവീകരണം (polarisation of peasantry) കുലീന ചരിത്രത്തില്‍ വ്യവഹരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ ദേശീയ ചരിത്ര പാരമ്പര്യത്തിന് കര്‍ഷകപ്രസ്ഥാനങ്ങളെ വിശദീകരിക്കുന്നതിനായി മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ആഗമനംവരെ കാത്തിരിക്കേണ്ടിവന്നു. ആയതിനാല്‍ ഒന്നാം ലോകയുദ്ധംവരെ നടന്ന ഇത്തരം പ്രധാന സംഭവങ്ങളെല്ലാം തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാഗ്ചരിത്ര (prehistory) മായാണ് ചിത്രീകരിക്കപ്പെട്ടത്.'' കീഴാള ചരിത്രരചനയുടെ (subaltern historiography) സ്ഥാപകനായ രണജിത് ഗുഹ കര്‍ഷക സമരങ്ങളോട് ഇന്ത്യയിലെ ചരിത്രരചനാപാരമ്പര്യം പുലര്‍ത്തിയ നിസ്സംഗതയെക്കുറിച്ച് സൂചിപ്പിക്കുന്ന ഏതാനും വരികളാണ് മുകളില്‍ ഉദ്ധരിച്ചത്.

ദേശീയ പ്രസ്ഥാനത്തിന് മുമ്പ് ഇന്ത്യന്‍ ജനത നടത്തിയ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലേക്ക് വെളിച്ചം വീശുന്നതില്‍ കീഴാള പഠനങ്ങള്‍ വഹിച്ച പങ്ക് അവഗണിക്കാവുന്നതല്ല, എന്നാല്‍ അതിന്റെ പൂര്‍ണ അവകാശം അവര്‍ക്ക് മാത്രമണെന്ന അര്‍ഥവുമില്ല. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ാം നൂറ്റാണ്ടിലുമായി മലബാറില്‍ നടന്ന മാപ്പിള കര്‍ഷക പ്രതിരോധസംരംഭങ്ങളുടെ സ്വാഭവത്തെക്കുറിച്ചുള്ള ഒരാലോചന എന്ന നിലയിലാണ് ഈ കുറിപ്പ് തയ്യാറാക്കപ്പെട്ടിരിക്കുന്നുത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിരോധ പദ്ധതികളുമായി എത്രത്തോളം സമാനതയുണ്ടെന്നും മലബാര്‍ മാപ്പിള കലാപങ്ങള്‍ എത്രത്തോളം കീഴാളപരമായിരുന്നുവെന്നും, രണജിത് ഗുഹയുടെ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്.

കാത്ലീന്‍ ഗഫ് (1976), ആര്‍ എ ഹാര്‍ഗ്രേവ് (1977) ഡി എന്‍ ധനാഗരെ (1977), സ്റ്റീന്‍ എഫ് ഡേല്‍ (1980) കോണ്‍റാഡ് വുഡ് (1987), കെ എന്‍ പണിക്കര്‍ (1989), എം ഗംഗാധരന്‍ എന്നീ ചരിത്രകാരന്മാരെല്ലാംതന്നെ മലബാറിലെ മാപ്പിള കര്‍ഷകകലാപങ്ങളുടെ വിവിധ വശങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും 1921 ന് മുമ്പ് നടന്ന ചെറുത്തുനില്‍പ്പുകള്‍ പൊതുസമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ദേശീയതക്കും ദേശീയ പ്രസ്ഥാനത്തിനും ഏറെ മുമ്പുനടന്ന ഈ സമരങ്ങള്‍ കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത സമരങ്ങളാണ്.

അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഒരു മഹത്തായ പാരമ്പര്യം മാപ്പിളമാര്‍ക്ക് അവകാശപ്പെടാനുണ്ട്. ബാര്‍ബോസ നിരീക്ഷിക്കുന്നതുപോലെ "പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ധര്‍മടത്തിന് വടക്കുള്ള മാപ്പിളമാര്‍ തങ്ങള്‍ക്ക് അപകടകരമാവുന്ന എന്തിനെതിരെയും നേരിട്ടെതിര്‍ക്കുക പതിവായിരുന്നു. മാത്രമല്ല, അവരെ നിയന്ത്രണവിധേയമാക്കാന്‍ രാജാവായ കോലത്തിരിക്ക് ഭീഷണിപ്പെടുത്തുകയോ അനുനയിപ്പിക്കുകയോ വേണ്ടിയിരുന്നു.''

ഇതിന് സമാനമായി 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന കൃതിയുടെ കര്‍ത്താവുകൂടിയായ ഷെയ്ഖ് സെയ്നുദ്ദീന്‍ മഖ്ദൂം (16ാം നൂറ്റാണ്ട്) മാപ്പിളമാര്‍ക്കെതിരെ അക്രമം നടത്തുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 15,16 നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട വലിയൊരു അധിനിവേശ വിരുദ്ധസാഹിത്യശേഖരംതന്നെ കേരള മുസ്ളിംകള്‍ക്ക് സ്വന്തമായുണ്ട്. 16-ാം നൂറ്റാണ്ടില്‍ കണ്ണൂരിലെ മമ്മാലികള്‍ എന്ന രാജവംശം (ആലിരാജ) തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ കര്‍ശനമായ നികുതിനയങ്ങളോട് മഞ്ചേരിയിലെ അത്തന്‍ഗുരുക്കള്‍ കലാപമുയര്‍ത്തിയിരുന്നു. (1786). മലപ്പുറത്തെ നാടുവാഴിയായിരുന്ന പറനമ്പിക്കെതിരെയും മുസ്ളിംകള്‍ പടനയിച്ചിരുന്നു. (ഈ യുദ്ധത്തില്‍ മരിച്ച ശുഹദാക്കളെ സ്മരിക്കുന്നതാണ് മലപ്പുറം നേര്‍ച്ച). ടിപ്പുവിനെതിരെ കുടകന്മാരും സാമൂതിരി കോവിലകത്തെ രവിവര്‍മയും നടത്തിയ ചെറുത്തുനില്‍പ്പുകളില്‍ (1788) മാപ്പിളമാര്‍ അകമഴിഞ്ഞു സഹായിച്ചിരുന്നതായി കാണാം.

പഴശ്ശി സമരങ്ങളിലും മാപ്പിളമാര്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. ഇത് വേണ്ടത്ര പഠിക്കപ്പെടാത്ത ഒരു മേഖലയാണ്. ചാലാടി തങ്ങള്‍, എലമ്പിലാശ്ശേരി ഉണ്ണിമൂത്തമൂപ്പന്‍, അത്തന്‍ഗുരുക്കള്‍, ചെമ്പന്‍ പോക്കര്‍ എന്നീ ആദ്യകാല റിബലുകള്‍ പഴശ്ശി രാജാവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ ചാലാടിതങ്ങള്‍ ഒഴികെയുള്ളവര്‍ ഏറനാട്, വള്ളുവനാട് മേഖലകളില്‍ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. ബ്രിട്ടീഷ് സ്വാധീനം ശക്തമാകുന്നതിന് തൊട്ടുമുമ്പും പിമ്പുമുള്ള വര്‍ഷങ്ങളില്‍ ഉണ്ണിമൂത്തമൂപ്പന്‍ കിഴക്കന്‍ വള്ളുവനാട്ടില്‍ തന്റെ പൂര്‍ണ അധികാരം അവകാശപ്പെട്ടിരുന്നു. തന്റെ പേരില്‍ 'നകാര'മടിക്കുകയും പള്ളിയില്‍ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. (എം ഗംഗാധരന്‍: മാപ്പിളപഠനങ്ങള്‍, പു. 49)

1792 മുതല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിനെ 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമാക്കുന്നതായി കാണാം. ഭരണസൌകര്യം എന്ന കാരണമായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും പഴശ്ശിരാജയുടെയും മാപ്പിളറിബലുകളുടെയും കലാപങ്ങളായിരുന്നു യഥാര്‍ഥ കാരണം. 1805ല്‍ പഴശ്ശിയുടെ ഭീഷണി അവസാനിക്കുകയും ക്രമസമാധാനം 'നിയന്ത്രണവിധേയമാക്കുകയും' ചെയ്തതോടെ ബ്രിട്ടീഷുകാര്‍ പുതിയ നികുതിവ്യവസ്ഥ നടപ്പാക്കാന്‍ തുടങ്ങി. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങള്‍ വിനാശകരമായിരുന്നു. തെക്കന്‍ മലബാറില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ദാരിദ്ര്യവും പട്ടിണിയും മൂര്‍ച്ഛിക്കുന്നതിന് ഈ പുതിയ നികുതിനയം കാരണമായി.

വില്യം ലോഗനെ സംബന്ധിച്ചിടത്തോളം കര്‍ഷകരുടെ ദാരിദ്ര്യത്തിന് കാരണം കൊളോണിയല്‍ കാര്‍ഷിക വ്യവസ്ഥയായിരുന്നു. അത് അവര്‍ക്ക് പാട്ടക്കാലാവധിയുടെ നിശ്ചിതത്വവും ന്യായമായ പാട്ടവും കുടിയാന് സുഗമമായി ഭൂമി ലഭിക്കുന്നതും നിഷേധിച്ചു. ചെറുകിടക്കാരനായ പാട്ടക്കുടിയാന്മാര്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടു; അഥവാ അവര്‍ക്ക് ഉല്‍പ്പാദന ഉപാധികള്‍ നഷ്ടമായി. ഭൂമിയും മതവിശ്വാസവും സ്വത്വവും മാപ്പിളമാര്‍ക്ക് മുമ്പില്‍ വെല്ലുവിളിയായി മാറുകയായിരുന്നു.

ഇത്തരമൊരു സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലത്തെ കൊളോണിയല്‍ വിരുദ്ധ സമരജ്വാലയാക്കാന്‍ ശ്രമിച്ച ബൌദ്ധിക സ്രോതസ്സുകളായിരുന്നു വെളിയംകോട് ഉമര്‍ ഖാളിയും മമ്പുറം തങ്ങന്മാരും. ഉമര്‍ഖാളി ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായി ഒരു ഫത്വ തന്നെ പുറപ്പെടുവിക്കുകയുണ്ടായി. നികുതി നിഷേധം നടത്താനുള്ള ഒരാഹ്വാനമായിരുന്നു അത്. 'സെയ്ഫുല്‍ ബതര്‍' എന്ന കൃതിയുടെ കാര്‍ത്താവായ സയിദ് അലവി തങ്ങള്‍ അന്ത്യംവരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനംചെയ്തു. 1801 ലും 1817ലുമായി നടന്ന ആദ്യകാല കലാപങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായതായി സംശയിക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ 'മതഭ്രാന്തന്‍' (religious fanatic) എന്ന് മുദ്രകുത്തി.

സയ്യിദ് ഫസല്‍ തങ്ങള്‍ ജാതീയതയുടെ ഉച്ചനീചത്വങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മുസ്ളിംകളുള്‍പ്പെടെ താഴ്ന്ന ജാതിക്കാര്‍ നായന്മാരെയും മറ്റും ആദരസൂചകമായി 'നിങ്ങള്‍ ' എന്നു വിളിക്കരുതെന്നും 'നീ' എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും ഉദ്ബോധിപ്പിച്ചു.

കലാപകാരികളുടെ പ്രചോദന കേന്ദ്രങ്ങളായ ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്യുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യവുമായിരുന്നു. മമ്പുറം തങ്ങന്മാരെ ബ്രിട്ടീഷുകാര്‍ നാടുകടത്തുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. പക്ഷേ ഇതിനെല്ലാം ബ്രിട്ടീഷുകാര്‍ വലിയ വില നല്‍കേണ്ടിവന്നു. മലബാര്‍ മജിസ്ട്രേറ്റും കലക്ടറുമായിരുന്ന എച്ച് വി കൊണോലി കോഴിക്കോട്ട് തന്റെ ബംഗ്ളാവില്‍വെച്ച് വെട്ടേറ്റ് മരിക്കുകയുണ്ടായി (1855). മമ്പുറം തങ്ങളെ നാടുകടത്തിയതിന്റെ സൂത്രധാരന്‍ കൊണോലിയാണെന്ന വിശ്വാസത്തിലാണ് കലാപകാരികള്‍ അദ്ദേഹത്തെ വധിച്ചത്. അതേപോലെ പിന്നീട് മലബാര്‍ കലക്ടറായിരുന്ന ഇന്നസും (1915) ആക്രമിക്കപ്പെട്ടു.

1840ല്‍ കൊണോലി നിരീക്ഷിച്ചതുപോലെ 'നാം മലബാറില്‍ രാഷ്ട്രീയമായ മേല്‍ക്കൈ നേടിയെടുത്തതു മുതല്‍ കലാപമില്ലാത്ത ഒരൊറ്റ വര്‍ഷവും കടന്നുപോയിട്ടില്ല.' ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം കലാപങ്ങളെല്ലാം കേവലം വഴക്കാളികളുടെ ലഹള മാത്രമായിരുന്നില്ല; മറിച്ച് രാജ്ഞിയുടെ അധീനതയിലുള്ള ഒരു രാജ്യത്തും നടക്കാത്തത്ര നിഷ്ഠുരമായ ആക്രമമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന കലാപങ്ങളുടെ ഒരു പ്രധാന സവിശേഷത അത് പൂര്‍ണമായും ചൂഷിതരായ ജന്മിമാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നതും അന്ത്യംവരെ പോരാടി രക്തസാക്ഷിത്വം വരിക്കുക എന്നതുമായിരുന്നു.

കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച ടി എല്‍ സ്ട്രേന്‍ജിന്റെ റിപ്പോര്‍ട് (1852) പ്രകാരം 1836 ല്‍ പന്തല്ലൂരിലാണ് ആദ്യത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതില്‍ ഒരു ഹിന്ദു ജ്യോത്സ്യന്‍ കുത്തേറ്റുമരിക്കുകയും മറ്റു മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 1836 മുതല്‍ 1919 വരെയുള്ള 31 പ്രധാന കലാപങ്ങളില്‍ 336 പേരാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ടവര്‍ (എല്ലാവരും മരിച്ചിട്ടില്ല) 78 പേരും മരണപ്പെട്ടു. കലാപങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയ സ്ട്രേന്‍ജ് കണ്ടെത്തിയ വസ്തുത, കലാപങ്ങള്‍ക്ക് പ്രധാന കാരണമായി വര്‍ത്തിച്ചത് മാപ്പിളമാരുടെ മതഭ്രാന്തായിരുന്നുവെന്നാണ്. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് കലാപത്തിന്റെ തീച്ചൂളയിലേക്കെടുത്തു ചാടിയതെങ്കിലും ബ്രിട്ടീഷുകാര്‍ കൂട്ടമായിട്ട് പിഴ ചുമത്തുകയും തുറങ്കിലടയ്ക്കുകയും ചെയ്തിരുന്നു. (1854ലെ Mappila outrages Act പ്രകാരം)

മാപ്പിളമാരുടെ മതവികാരങ്ങളും സ്വത്വ പ്രതിസന്ധിയും കലാപങ്ങളുടെ പ്രധാന കാരണമായിരുന്നെങ്കിലും അവ വര്‍ഗീയമായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കലാപകാരികള്‍ ഹിന്ദുക്കളായ ജന്മിമാരെ ആക്രമിച്ചു എന്നത് വസ്തുതയാണ്. അങ്ങനെ ചെയ്തത് അവര്‍ ഹിന്ദുക്കളായതുകൊണ്ടല്ല, മറിച്ച് ചൂഷകരായ ജന്മിമാരോ അവരുടെ സഹായികളോ ആയതുകൊണ്ടാണ്. മറ്റൊരു പ്രധാനകാര്യം കലാപകാരികള്‍ മറ്റുള്ള ഹിന്ദു വിഭാഗങ്ങളെ വിശിഷ്യാ കീഴ്ജാതിയില്‍പെട്ടവരെ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. കലാപ പ്രദേശങ്ങളിലെ കര്‍ഷക സമുദായങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തുകൊണ്ടിരുന്നത്.

1849 ല്‍ മഞ്ചേരിയില്‍ നടന്ന ഒരു കലാപത്തില്‍ പങ്കെടുത്തവരുടെ പട്ടിക പരിശോധിച്ചാല്‍ കലാപകാരികളുടെ സാമൂഹ്യഘടന മനസ്സിലാക്കാവുന്നതാണ്. മഞ്ചേരി അത്തന്‍ മോയന്‍ ഗുരുക്കള്‍ നയിച്ച പ്രസ്തുത കലാപത്തില്‍ 65 മാപ്പിളമാരാണ് പങ്കെടുത്തത്. ഇതില്‍ 9 കുടിയാന്മാര്‍, 33 തൊഴിലാളികള്‍, ഒരു തങ്ങള്‍, ദരിദ്രനാക്കപ്പെട്ട ഒരു കുടിയാന്റെ(മാപ്പിള) രണ്ട് മക്കള്‍, കരിയുണ്ടാക്കുന്ന രണ്ടുപേര്‍, ഒരു തട്ടാന്‍, ഒരു ക്ഷുരകന്‍, ഒരു കുഷ്ഠരോഗി എന്നിവരും തിരിച്ചറിയപ്പെടാത്ത 14 പേരുമായിരുന്നു. (K K N Kurup, 'The Early Mappila Uprising' in the Legacy of Islam in Kerala , 2006, P.63) കലാപങ്ങളില്‍ ഒരേ വര്‍ഗഘടനയില്‍പ്പെട്ടവരാണ് പങ്കെടുത്തത് എന്നും ഇതില്‍ ദരിദ്രരായിരുന്നു ഭൂരിഭാഗം പേരുമെന്നതും കലാപങ്ങളുടെ പ്രത്യേകതയാണ്.

'കീഴാള പഠന'ങ്ങളുടെ സ്ഥാപക എഡിറ്ററായ രണജിത് ഗുഹ കീഴാളരുടെ പ്രതിരോധ ബോധത്തെ അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയും ചെയ്തത് നിഷേധം (negation) സന്ദിഗ്ധത (ambiguity) ഐക്യദാര്‍ഢ്യം (Solidarity), ദേശപരത (territoriality)എന്നീ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. കീഴാളവിഭാഗങ്ങളെ അവരുടെതന്നെ ചരിത്രത്തിന്റെ കര്‍ത്താക്കളായി മനസ്സിലാക്കുന്നതിന്റെ ഭാഗമായി കീഴാള ചരിത്രകാരന്മാര്‍ കലാപങ്ങള്‍ക്ക് കേന്ദ്രസ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്. എന്നാല്‍ കലാപത്തിലൂടെ മാത്രമല്ല കര്‍ഷകന്‍ തന്റെ സ്വത്വത്തെക്കുറിച്ച് ബോധവാനാകുന്നതെന്നും ഗുഹ പ്രസ്താവിക്കുന്നു.

കീഴാള ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം നിഷേധം എന്നാല്‍ ഗ്രാംഷിയുടെ ആശയമായ ഋണാത്മകബോധമാണ് (negative consciousness). നിഷേധങ്ങളുടെ ഒരു പരമ്പരയിലൂടെ മാത്രമേ അടിയാളവര്‍ഗങ്ങള്‍ക്ക് സ്വയം ബോധം നേടാന്‍ സാധിക്കുകയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തിലെ കലാപങ്ങളെ സ്വഭാവവല്‍ക്കരിക്കുന്ന നിഷേധങ്ങള്‍ രണ്ട് തത്വങ്ങളിലധിഷ്ഠിതമായിരുന്നുവെന്ന് ഗുഹ വാദിക്കുന്നു. വിവേചനം എന്നു വിളിക്കപ്പെടുന്ന ആദ്യത്തേത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉന്നംവെച്ച് (ജന്മികളിലേക്കും മറ്റും) നടത്തുന്ന അക്രമങ്ങളിലൂടെയാണ് പ്രകടമാവുന്നത്. ഇത്തരം ആക്രമണങ്ങളുടെ മാതൃകകള്‍ (patterns) വ്യക്തമാക്കുന്ന പ്രധാന കാര്യം കലാപകാരികള്‍ക്ക് ഒന്നോ രണ്ടോ പ്രധാന ശത്രുക്കളെ മാത്രമാണ് നേരിടേണ്ടിയിരുന്നത് എന്നതാണ്. നിഷേധത്തിന്റെ രണ്ടാമത്തെ പ്രരൂപം അധികാരരൂപങ്ങളെയും അതിന്റെ ചിഹ്നങ്ങളെയും നശിപ്പിക്കുന്നതിനോ അവ കൈയടക്കുന്നതിനോ നടത്തുന്ന ശ്രമങ്ങളാണ്.

ഗുഹയെ സംബന്ധിച്ചിടത്തോളം നിഷേധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപം ഫ്യൂഡല്‍ അഥവാ അര്‍ധഫ്യൂഡല്‍ സമൂഹങ്ങളിലെ അധികാരിവര്‍ഗത്തെ കീഴാള വിഭാഗം അഭിസംബോധന ചെയ്യുന്ന ബഹുമാന സൂചകങ്ങളായ അഭിവാദ്യരൂപങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ആ വര്‍ഗത്തോട് നടത്തുന്ന വെല്ലുവിളിയാണ്. മലബാറിലെ മാപ്പിള കര്‍ഷക കലാപങ്ങളില്‍ ഇത്തരം നിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. മലബാറിലെ മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മമ്പുറം ഫസല്‍ തങ്ങള്‍ 1852ല്‍ തന്റെ അനുയായികള്‍ക്കായി നിര്‍ദേശങ്ങളുടെ പരമ്പരതന്നെ പുറത്തിറക്കുകയുണ്ടായി. അതിലൊന്ന്, തന്റെ അനുയായികള്‍ അവരുടെ ജന്മിമാരെ ആദരസൂചകമായി 'നിങ്ങള്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നതായിരുന്നു. ബംഗാളില്‍ കലാപം നടത്തിയ കര്‍ഷകരും സമാനമായ നിഷേധരൂപങ്ങള്‍ പിന്തുടര്‍ന്നതായി ഗുഹ രേഖപ്പെടുത്തുന്നുണ്ട്.

ക്ഷേത്രധ്വംസനവും വിഗ്രഹഭഞ്ജനവുമായിരുന്നു മുണ്ടാ (ഗോത്രവര്‍ഗം) കലാപത്തിലെ നിഷേധത്തിന്റെ സ്വഭാവം. മലബാറില്‍ ബ്രാഹ്മണരുടെ അധികാരം, അവരുടെ ഭൂസ്വത്തിലുള്ള കുത്തകാവകാശത്തില്‍നിന്നുമാത്രം രൂപംകൊണ്ടതായിരുന്നില്ല, ക്ഷേത്രങ്ങളുടെ ഊരാളന്മാരെന്നനിലയിലുള്ള അവരുടെ പദവികൊണ്ടുകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം നടന്ന മാപ്പിള കലാപങ്ങളിലെ ക്ഷേത്ര ധ്വംസനം ഇത്തരത്തിലുള്ള നിഷേധരൂപമായാണ് കാണേണ്ടത്. കൂടാതെ, ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായ ഉമര്‍ഖാളിയുടെ ഫത്വയും ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധംചെയ്യാനുള്ള സയ്യിദ് അലവി തങ്ങളുടെ ആഹ്വാനവുമെല്ലാം നിഷേധത്തിന്റെ രൂപങ്ങള്‍ തന്നെ.

'സന്ദിഗ്ധത' എന്ന ആശയത്തിലൂടെ അര്‍ഥമാക്കുന്നത് കലാപത്തെക്കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയാണ്. കലാപം ഒരു ക്രിമിനല്‍ കുറ്റം ആണെന്ന ധാരണ പരക്കെ നിലനിന്നിരുന്നു. തീര്‍ച്ചയായും കര്‍ഷക കലാപങ്ങള്‍ കൊള്ള, കൊള്ളിവെയ്പ്, കൊലപാതകങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പക്ഷേ ഇവയെല്ലാം സാധാരണ ക്രിമിനല്‍ കുറ്റങ്ങളായാണ് പരിഗണിക്കപ്പെട്ടത്. ബംഗാളില്‍ 1854 ല്‍ നടന്ന കൊള്ളകളെല്ലാം കൊള്ളപ്പലിശക്കാരെ ഉന്നംവെച്ചായിരുന്നു. മാപ്പിള കലാപകാരികളും സമാനമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകളും പണം പലിശക്ക്കൊടുക്കുന്നവരുടെ രേഖകളും നശിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്രിമിനല്‍ കുറ്റത്തിന്റെ ഈ ഘടകം ഒരു പ്രത്യേകതരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി. ടി എല്‍ സ്ട്രേന്‍ജ് തന്റെ റിപ്പോര്‍ടില്‍ മാപ്പിള കലാപങ്ങളെ കര്‍ഷക പ്രതിരോധം എന്നതിന്പകരം വര്‍ഗീയ കലാപം എന്ന് രേഖപ്പെടുത്തുക വഴി ഈ ആശയക്കുഴപ്പത്തെ ശക്തമാക്കുകയായിരുന്നു.

കലാപങ്ങളുടെ മറ്റൊരു പ്രധാന വശമായിരുന്ന ഐക്യദാര്‍ഢ്യം മലബാര്‍ കര്‍ഷക കലാപങ്ങളുടെ ശക്തിയായിരുന്നു. ജന്മിമാര്‍ക്കെതിരെ വര്‍ധിച്ചുവന്ന മാപ്പിള കലാപങ്ങളും (1836 മുതല്‍ 1854 വരെയുള്ള 18 വര്‍ഷത്തിനുള്ളില്‍ 24 കലാപങ്ങള്‍) അവയുടെ പ്രകടമായ മതകീയ/സാമുദായിക സ്വഭാവവും പള്ളിയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനും (1831ല്‍ 637 പള്ളികള്‍; 1851ല്‍ 1808 പള്ളികള്‍ സ്ഥാപിച്ചു), അത്രയൊന്നും പ്രബലമല്ലാതിരുന്ന തങ്ങള്‍മാരുടെ സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് വരുന്നതിനും കാരണമായി. പള്ളികളുടെയും തങ്ങള്‍മാരുടെയും ഈ മാധ്യസ്ഥത്തിന്റെ അനന്തര ഫലമായി ദരിദ്രമാപ്പിളമാരും താരതമ്യേന സമ്പന്നരായ സ്വമതക്കാരും തമ്മില്‍ ഒരു ഐക്യപ്പെടല്‍ സാധ്യമായി. 1873 ല്‍ നടന്ന പബ്ന കലാപത്തിലും മുസ്ളിംകള്‍ സമാനമായ ഒരു ഐക്യദാര്‍ഢ്യം രൂപീകരിച്ചിരുന്നു.

കര്‍ഷക കലാപങ്ങളുടെ മറ്റൊരു പ്രധാനവശം ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളിലൂടെയുള്ള ആശയ വിനിമയമാണ്. ഇന്ത്യയിലെ വിവിധ കീഴാള വിഭാഗങ്ങള്‍ ഡ്രം, ഓടക്കുഴല്‍, കൊമ്പ് എന്നീ ഉപകരണങ്ങളിലൂടെയും അമ്പ്, ചപ്പാത്തി സാല്‍ ചെടിയുടെ കൊമ്പുകള്‍ എന്നിവ ഉപയോഗിച്ചും ആശയങ്ങള്‍ കൈമാറി. ഊഹാപോഹങ്ങളും (rumours) കലാപത്തിന്റെ വാര്‍ത്തയെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഗുഹയുടെ അഭിപ്രായത്തില്‍ മലബാര്‍ കര്‍ഷകകലാപങ്ങളിലെ 'ഒരുക്കങ്ങള്‍' (preparations) തന്നെ ഒരു ആശയവിനിമയ രീതിയായിരുന്നു. കലാപകാരികളുടെ പടയൊരുക്കത്തെക്കുറിച്ച് കോണ്‍റാഡ് വുഡ് നല്‍കുന്ന വിവരണം ഇങ്ങനെ നീളുന്നു. "കലാപത്തിന് സജ്ജനായ ഒരു വ്യക്തി വെള്ള വസ്ത്രം ധരിക്കുകയും ഭാര്യയെ വിവാഹമോചനം നടത്തുകയും ചെയ്യുന്നു; താന്‍ ആരോടെങ്കിലും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു; തന്റെ പ്രവര്‍ത്തനത്തില്‍ വിജയം കാംക്ഷിച്ച് ഒരു തങ്ങളുടെയോ പുരോഹിതന്റെയോ അനുഗ്രഹം തേടിപ്പോകുന്നു. പോര്‍വിളിയായി കലാപകാരികള്‍ 'തക്ബീര്‍' (അല്ലാഹു അക്ബര്‍) മുഴക്കുകയും മുമ്പുനടന്ന കലാപങ്ങളെ ഓര്‍മിപ്പിക്കുന്ന പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.'' പൊലീസുമായോ സൈന്യവുമായോ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിക്കുന്നത് മാപ്പിളമാരുടെ വീര്യവും ഊര്‍ജവും വര്‍ധിപ്പിക്കുന്നതിനുള്ള രൂപകങ്ങളായി മാറ്റുകയായിരുന്നു.

19-ാം നൂറ്റാണ്ടിലെ കലാപകാലത്ത് മാപ്പിളമാര്‍ ഒരു പ്രത്യേക ജനുസില്‍പ്പെട്ട പാട്ടുകള്‍ -പടപ്പാട്ടുകള്‍ കെട്ടിപ്പാടുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. കലാപകാരികളെ സ്തുതിക്കലും യുദ്ധവിവരണവുമായിരുന്നു ഇവയുടെ ഉള്ളടക്കം. ഇത്തരം പാട്ടുകള്‍ 1921 ലെ മലബാര്‍ കലാപത്തെ സ്വാധീനിച്ചിരുന്നു.

ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധിക്കകത്ത് ഒതുങ്ങി നില്‍ക്കുക (territoriality) എന്ന കര്‍ഷകകലാപത്തിന്റെ പൊതുസ്വഭാവം മാപ്പിള കര്‍ഷക കലാപങ്ങളുടെ കാര്യത്തിലും കാണാവുന്നതാണ്. ഗുഹ അഭിപ്രായപ്പെടുന്നതുപോലെ ഒരു കര്‍ഷക കലാപം സാധാരണയായി ഒരു പ്രത്യേക പ്രദേശത്തിന് പുറത്തേക്ക് വ്യാപിക്കാറില്ല. ഒരു ദേശം സവിശേഷമായ ഒരു സാംസ്കാരിക ഭൂമിശാസ്ത്രസൂചകം കൂടിയാണെന്ന കാരണത്താലാവാം, മാപ്പിള കര്‍ഷകകലാപങ്ങള്‍ ദക്ഷിണ മലബാറില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു.

കര്‍ഷക കലാപങ്ങള്‍ പൊതുവെ അക്രത്തിലൂടെയാണ് അതിന്റെ സ്വരൂപം (identity)സ്ഥാപിച്ചെടുക്കുന്നത്. അവ പൊതുവായതും കൂട്ടായതും നശീകരണാത്മകവുമാണ്. ഇന്ത്യയിലെ മറ്റേതൊരു കര്‍ഷക കലാപംപോലെയും മാപ്പിള കലാപങ്ങള്‍ നശീകരണാത്മകമായി മാറി. 1875 ല്‍ പുണെയിലെയും അഹമ്മദ് നഗറിലെയും കുന്‍ബികള്‍ (kunbis) മാര്‍വാഡി പലിശക്കാരുടെ ബോണ്ടുകള്‍, കടകള്‍, വീടുകള്‍, കാലിത്തീറ്റകള്‍ എന്നിവ കലാപങ്ങള്‍ക്കിടെ അഗ്നിക്കിരയാക്കിയത് ഉദാഹരണമാണ്. മാപ്പിളമാര്‍ കലാപത്തിനിടെ ജന്മിമാരുടെ വീടുകളും ക്ഷേത്രങ്ങളും മറ്റും നശിപ്പിച്ചത് സമാനമായ സംഭവങ്ങളാണ്.

*
എം പി മുജീബു റഹ്മാന്‍ കടപ്പാട്: ദേശാഭിമാനി വാരിക 29 നവംബര്‍ 2010

Tuesday, November 30, 2010

ചരിത്രം സങ്കീര്‍ണമാണ്; ചരിത്ര വിശ്ളേഷണവും

2002-ല്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുമായി ബന്ധപ്പെട്ട് ഡോ. കെ എന്‍ പണിക്കരെ ഒരു പ്രമുഖപത്രത്തിനുവേണ്ടി ഈ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അഭിമുഖാരംഭത്തിനുമുമ്പുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 1989 ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ "എഗന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്റ്റേറ്റി''നെപ്പറ്റിയും ചില കാര്യങ്ങള്‍ സംസാരിച്ചു. (ഡിസി ബുക്സ് ഈ ഗ്രന്ഥം 'പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഈ ഗ്രന്ഥത്തിന്റെ ജീവനാഡി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാം അധ്യായത്തില്‍ (The Making of a Tradition) പരാമര്‍ശിക്കപ്പെടുന്ന സാമ്പ്രദായിക ബുദ്ധിജീവികളെക്കുറിച്ചാണ് ജൈവബുദ്ധിജീവിയായ പണിക്കര്‍ മാഷോട് ചില സംശയങ്ങള്‍ ചോദിച്ചത്. സാമ്പ്രദായിക- ജൈവബുദ്ധിജീവികളെപ്പറ്റിയും അവര്‍ അതത് സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ- സാമൂഹ്യപങ്കിനെക്കുറിച്ചും ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഗ്രാംഷി എഴുതിയത് മനസ്സില്‍വെച്ചായിരുന്നു എന്റെ ശൈശവനിലവാരത്തിലുള്ള സംശയം. അപ്പോള്‍ പണിക്കര്‍ മാഷ് കൌതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തയെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കി ഏതാണ്ട് അഞ്ഞൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയില്‍ ഭൂരിഭാഗം ഗ്രന്ഥങ്ങളിലൂടെയും ഗവേഷണകാലത്തും പിന്നീടും മാഷ് കടന്നുപോയിട്ടുണ്ട്. രസകരമായ വസ്തുത, അവയില്‍ പത്തിരുപതെണ്ണം ഗ്രാംഷി എന്ന മൌലികതയുള്ള മാര്‍ക്സിസ്റ്റ് ചിന്തകനെ തനി മാര്‍ക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുന്നവയാണ് എന്നതത്രേ. മലബാര്‍ കലാപത്തിന്റെയും അതിന് മുമ്പ് നടന്ന നിരവധി ചെറുകലാപങ്ങളുടെയും പ്രത്യയശാസ്ത്രപരിസരമൊരുക്കുന്നതില്‍ സാമ്പ്രദായിക ബുദ്ധിജീവികള്‍ വഹിച്ച പങ്കിനെ നിശിതമായ വിശ്ളേഷണപാടവത്തോടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.

ഈ ഗ്രന്ഥത്തില്‍ പരാമര്‍ശവിധേയമാകുന്ന, കലാപകാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയോട് കുടുംബപരമായ ഒരു ബന്ധം ഇവനുണ്ട്. മാപ്പിളകലാപകാരികള്‍ ഹിന്ദുജന്മിമാരെ മാത്രമല്ല, ബ്രിട്ടീഷുകാരുടെ സഹകാരികളായി വര്‍ത്തിച്ചിരുന്ന ചില മുസ്ളിം ജന്മിമാരെയും ആക്രമിച്ചിരുന്നു എന്ന് പരാമര്‍ശിക്കുന്ന ഭാഗത്ത് താഴക്കോട് അധികാരിയെക്കുറിച്ച് പറയുന്നുണ്ട് (Panikker 2001:175) താഴക്കോട് വില്ലേജ് അധികാരി ഇവന്റെ വല്ല്യാപ്പയുടെ വാപ്പയാണ്.

ഇതൊക്കെ വെറുമൊരു കൌതുകത്തിനുവേണ്ടി എഴുതിയതാണ്. അതിരിക്കട്ടെ. എന്താണ് ഈ ഗ്രന്ഥത്തെ വ്യതിരിക്തവും ശ്രദ്ധേയവുമാക്കുന്നത്? 1920കള്‍തൊട്ട് 21-ാം നൂറ്റാണ്ടിന്റെ പ്രഥമദശകംവരെ നിരവധി ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളും മലബാര്‍ കലാപസംബന്ധിയായി പുറത്തുവന്നിട്ടും കെ എന്‍ പണിക്കരുടെ ഈ കൃതി അവയില്‍ നിന്നെല്ലാം വേറിട്ടുമാറി, വിമര്‍ശകര്‍ക്കുപോലും അവഗണിക്കാനാവാത്ത ഒരു വിളക്കുമരമായി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതെന്തുകൊണ്ടാണ്? ചരിത്രകുതുകികളെ ഈ ഗ്രന്ഥം അത്ഭുതപ്പെടുത്തുന്നതിന്റെ രാസവിദ്യ എന്താണ്? ഇന്ത്യയിലെയും വിദേശത്തെയും നിരവധി ആര്‍ക്കൈവുകളില്‍ സസൂക്ഷ്മം നടത്തിയ അന്വേഷണങ്ങളും ഗ്രന്ഥകാരന്‍ ഇതിനായി കമ്പോട്കമ്പ് വായിച്ച പുസ്തകങ്ങളും കലാപസമയത്ത് ജീവിച്ചിരുന്ന പ്രമുഖരും അല്ലാത്തവരുമായി വിമര്‍ശബുദ്ധ്യാ നടത്തിയ സംഭാഷണങ്ങളുമാണോ? തീര്‍ച്ചയായും ഈ ഗ്രന്ഥത്തിന്റെ അനിതരസാധാരണമായ കെട്ടുറപ്പിനും ശില്‍പ്പഭദ്രതക്കും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായകമായിട്ടുണ്ട്.

പക്ഷേ, അതല്ല പ്രധാന കാര്യം. ചരിത്രസംഭവങ്ങള ഏകഹേതുകമായി (mono causal) വ്യാഖ്യാനിച്ച് ചരിത്രമെഴുതുന്നവരുണ്ട്. അത്തരം ചരിത്രങ്ങള്‍ ഉത്സവനോട്ടീസ്പോലെയാണ്. ഉപരിപ്ളവ നിരീക്ഷണങ്ങളുടെ ഒരു വസ്തുതാവിവരണ രീതിയാണത്. സംഭവങ്ങള്‍ ബഹുഹേതുകങ്ങളാണെന്ന് മനസ്സിലാക്കി ചരിത്രമെഴുതുന്നവരാണ് കൂടുതല്‍. അവരില്‍ മിക്കവരും ചരിത്രസംഭവങ്ങള്‍ക്ക് നിദാനമായ കാരണങ്ങളെ പ്രാധാന്യത്തിനനുസരിച്ച് ഒന്നിന് പിറകെ ഒന്നായി അക്കമിട്ട് നിരത്തി എഴുതുകയാണ് പതിവ്. പിന്നെയും ഒരു കൂട്ടര്‍ - അവര്‍ സൂക്ഷ്മന്യൂനപക്ഷമാണ്- വ്യത്യസ്ത കാരണങ്ങളുടെ പരസ്പരബന്ധവും അവ തമ്മിലുള്ള സങ്കീര്‍ണവും വൈരുധ്യാത്മകവുമായ പ്രതിപ്രവര്‍ത്തനങ്ങളും ബന്ധവിച്ഛേദങ്ങളും ഉള്‍പ്പിരിവുകളും അപഗ്രഥിച്ച് ചരിത്രമെഴുതുന്നവരാണ്. അതീവ ദുഷ്കരമായ കര്‍മപരിപാടിയാണത്. കെ എന്‍ പണിക്കരുടെ ഗ്രന്ഥം മറ്റുമിക്ക മലബാര്‍ കലാപചരിത്രഗന്ഥങ്ങളില്‍നിന്നും വേറിട്ടുമാറി നില്‍ക്കുന്നത് ഈ ബിന്ദുവില്‍ വെച്ചാണ്. ഭൂതകാലവിശ്ളേഷണം സങ്കീര്‍ണ പ്രക്രിയയാണെന്നും അതിന് ചെറിയതോതിലുള്ള ബുദ്ധിവ്യായാമം പോരെന്നും വെളിപ്പെടുത്തുന്നു ഈ പ്രൌഢഗ്രന്ഥം.

മലബാര്‍ കലാപത്തെക്കുറിച്ച് ഇ എം എസ് മുന്നോട്ടുവെച്ച വ്യാഖ്യാനത്തെ പാര്‍ടിയെ 'സന്തോഷിപ്പിക്കാന്‍' വേണ്ടി കെ എന്‍ പണിക്കര്‍ ഏറ്റുപിടിച്ചതിന്റെ പരിണതഫലമാണ് ഈ ഗ്രന്ഥമെന്ന് ഡോ. എം ജി എസ് നാരായണനെപ്പോലുള്ള വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. National questions in Kerala എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് മലബാര്‍ കലാപത്തെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കലാപത്തിന്റെ പൊതുസ്വഭാവം സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നു എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ഇ എം എസ് തന്നെയാണ്. (ഇക്കാര്യം കെ എന്‍ പണിക്കര്‍ തന്നെ പലപാട് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്). പക്ഷേ ഇ എം എസ് ഒരു അക്കാദമിക് ചരിത്രകാരനായിരുന്നില്ല. അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. ഇ എം എസിന്റെ വാദങ്ങളുടെ യാന്ത്രികമായ പുനരുല്‍പ്പാദനം മാത്രമാണ് ഈ ഗ്രന്ഥമെന്നും പാര്‍ടിയെ 'സേവിക്കാന്‍' വേണ്ടിയാണ് കെ എന്‍ പണിക്കര്‍ ഇത് എഴുതിയതെന്നും എം ജി എസ് പറയന്നത് ഒന്നര വ്യാഴവട്ടത്തോളമായി എം ജിഎസ് തുടരുന്ന വലതുപക്ഷസേവയെ മുന്‍നിര്‍ത്തി തല്‍ക്കാലം നമുക്ക് വിടാം. ചില പ്രത്യേക വിരോധം മനസ്സില്‍വെച്ച് എന്തിനെയും കാണുന്ന ഒരു സവിശേഷ 'ചരിത്രാപഗ്രഥനരീതി' എം ജി എസ് വികസിപ്പിച്ചെടുത്തിട്ട് കുറച്ചുകാലമായി. ഇത്തരം വിലകുറഞ്ഞ ഉദീരണങ്ങള്‍വഴി രീതിശാസ്ത്രപരമായി അങ്ങേയറ്റം കര്‍ക്കശത്വവും തെളിവുകളുടെ പുനര്‍വായനയില്‍ പുലര്‍ത്തുന്ന വിശ്ളേഷണപടുത്വവും അവതരണത്തിലുള്ള അസാധാരണമായ കൈയൊതുക്കവും പ്രഘോഷണംചെയ്യുന്ന ഈ ഗ്രന്ഥത്തെ 'ചെറുതാ'ക്കുന്ന വൃഥാവ്യായാമമാണ് എം ജി എസിന്റേത്.

മലബാര്‍ കലാപത്തെ സാമ്പത്തികകാരണങ്ങളുടെ 'അസംതൃപ്തനില'ങ്ങളില്‍ കുറ്റിയടിക്കാനോ മതപ്രോക്തചോദനകളുടെ തീവ്രസ്ഥലികളില്‍ പ്രതിഷ്ഠിക്കാനോ ആണ് പൊതുവെ ശ്രമിച്ചുകാണാറുള്ളത്. അല്ലെങ്കില്‍ ഇവ രണ്ടും സമാസമം ചേര്‍ത്തുള്ള 'സന്തുലിതവ്യാഖ്യാന' അഭ്യാസങ്ങളും കണ്ടുവരാറുണ്ട്. ഹിന്ദുകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ കര്‍ഷകജനസാമാന്യം ഒരുപോലെ ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടും എന്തുകൊണ്ട് മാപ്പിളമാര്‍ മാത്രം കലാപക്കളത്തിലിറങ്ങി എന്ന ചോദ്യം പ്രസക്തമാണ്. കെ എന്‍ പണിക്കര്‍ എഴുതുന്നത് കാണുക."അസംതൃപ്തി സംഘടിതരൂപത്തില്‍ പ്രകാശിപ്പിച്ചത് മാപ്പിളമാര്‍ മാത്രമാണ് എന്നത് കലാപത്തിന്റെ മതപരമായ ഉള്ളടക്കം എന്നതിനേക്കാളേറെ മതപരമായ സന്ദര്‍ഭത്തെയാണ് സൂചിപ്പിക്കുന്നത്... ഇത്തരത്തിലുള്ള ഒരു മതാത്മക പ്രത്യയശാസ്ത്ര പരിസരമൊരുക്കിയതില്‍ ധാരാളം ഘടകങ്ങള്‍ ഇടനിലപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അവയില്‍ പ്രധാനം മാപ്പിളമാര്‍ക്കിടയില്‍ നേരത്തെ നടന്ന സാമൂഹികീകരണം, ജനകീയ സംസ്കാരത്തിന്റെ സ്വാധീനം, സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്ക് എന്നിവയാണ് (Panikker 2001:49) എങ്ങനെയെല്ലാമാണ് ഈ ഘടകങ്ങളുടെ മധ്യസ്ഥത നടന്നിട്ടുള്ളത് എന്നത് ഒരു സങ്കീര്‍ണ പ്രകിയയാണ്. ഈ സങ്കീര്‍ണ പ്രക്രിയ അനാച്ഛാദനം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിക്കുന്ന സൂക്ഷ്മാപഗ്രഥന വൈഭവമാണ് ഈ കൃതിയെ വ്യതിരിക്തമാക്കുന്നത്. കലാപം ഒരേസമയം കാര്‍ഷികവും മതപരവും ആയിരുന്നു എന്ന് സമര്‍ഥിക്കുകയല്ല പണിക്കര്‍. രണ്ടിന്റെയും സങ്കീര്‍ണമായ പരസ്പരബന്ധത്തെ അനാവരണം ചെയ്യുകയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ കലാപത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ചില ശ്രദ്ധേയഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന വാദങ്ങളുടെ രത്നച്ചുരുക്കത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഹിച്ച്കോക്കും ടോട്ടന്‍ഹാമും മാധവന്‍നായരും സൌമ്യേന്ദ്രനാഥടാഗോറും ഭനഗരെയും റോബര്‍ട്ട് ഹാര്‍ഡ്ഗ്രേവും മുതല്‍ എം ഗംഗാധരനും കോണ്‍റാഡ്വുഡും സ്റ്റീഫന്‍ഡേലും എം ടി അന്‍സാരിയുമുള്‍പ്പെടുന്ന ഒരു നീണ്ട നിര ഗ്രന്ഥകാരന്മാര്‍ കലാപത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഇവരില്‍ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ കേണ്‍റാഡ്വുഡ് ഒരു സാമ്പത്തിക വ്യാഖ്യാനമാണ് മുന്നോട്ടുവെക്കുന്നത്. മതം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ കലാപസന്നാഹത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. കലാപത്തെക്കുറിച്ചുള്ള അമേരിക്കന്‍ ചരിത്രകാരനായ സ്റ്റീഫന്‍ എഫ് ഡേലിന്റെ പഠനം തികച്ചും മതകേന്ദ്രിതമാണ.് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാറില്‍ ഉദ്യോഗസ്ഥരായിരുന്ന ടി എല്‍ സ്ട്രേഞ്ചും എച്ച് വി കൊണോലിയും മുന്നോട്ടുവെച്ച 'മാപ്പിളമതഭ്രാന്ത'ന്മാരുടെ ലഹള എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് സ്റ്റീഫന്‍ ഡേല്‍. (1836 മുതല്‍ 1921 വരെ മുപ്പതില്‍പ്പരം ചെറു മാപ്പിള ലഹളകള്‍ നടന്നിരുന്നു. ഇവയെ ബ്രിട്ടീഷുകാര്‍ 'മതഭ്രാന്തരായ' മാപ്പിളമാര്‍ നടത്തിയ വിധ്വംസക കൃത്യങ്ങളായാണ് വിലയിരുത്തിയത്). ഡെയ്ലിന്റെ അഭിപ്രായത്തില്‍ കലഹശീലരായ ഒരു ചെറിയ വിഭാഗം പുരോഹിതരാല്‍ പ്രചോദിപ്പിക്കപ്പെട്ട മതാന്ധരായ മാപ്പിളമാരാണ് ഒരു മതപ്രവര്‍ത്തനമെന്ന നിലയില്‍ ഓരോ ലഹളയും നടത്തിയത്. ഈ പുരോഹിതവിഭാഗം അവരുടെ അധ്യാപനങ്ങള്‍ ജിഹാദിന്റെ ചട്ടക്കൂടിലാണ് പരുവപ്പെടുത്തിയെടുത്തത്. (Dale 1975:87) ഡെയ്ല്‍ തുടര്‍ന്നെഴുതുന്നത് ഓരോ മാപ്പിളലഹളയും 'ആത്മഹത്യാപരമായ ജിഹാദ്' ആയാണ് നടത്തപ്പെട്ടത് എന്നാണ്. മലബാറിലെ കാര്‍ഷികഘടനയില്‍ മാപ്പിളക്കുടിയാന്മാര്‍ അനുഭവിച്ചുപോന്ന പീഡനവും ചൂഷണവും ഒഴുക്കന്‍ മട്ടില്‍ ഡെയ്ല്‍ വിവരിച്ചുപോകുന്നുണ്ടെങ്കിലും അവ കലാപത്തിന് പര്യാപ്തമായ കാരണങ്ങളായി അദ്ദേഹം കാണുന്നില്ല.

മറ്റൊരു പ്രബന്ധത്തില്‍ രക്ത സാക്ഷിയാകാനുള്ള ത്വര ഇസ്ലാമിക സമൂഹത്തിന്റെ സഹജസ്വഭാവമാണെന്നും മലബാറിലെ മാപ്പിളമാരും ഈ ഇസ്ലാമിക ആദര്‍ശമാണ് മുറുകെപ്പിടിച്ചതെന്നും ഡെയ്ല്‍ എഴുതുന്നു (Dale: 1977:41) ഇനിയുമൊരു പ്രബന്ധത്തില്‍ 1921 ലെ മലബാര്‍ കലാപത്തെയും 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളെയും 'ആധുനികപൂര്‍വ ഭീകരവാദത്തിന്റെ' ഉദാഹരണങ്ങളായാണ് ഡെയ്ല്‍ വീക്ഷിക്കുന്നത്. മാത്രമല്ല, രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തിനാല്‍ പ്രചോദിതമായ സമകാലിക തീവ്രവാദത്തെ പഠിക്കുന്ന സാമൂഹികശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ഈ പൂര്‍വരൂപങ്ങളില്‍നിന്ന് തുടങ്ങണമെന്ന് ഡെയ്ല്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. (Dale: 1988)

ഡെയ്ലിന്റെ വാദമുഖങ്ങളുടെ വൃഥാസ്ഥൂലത കെ എന്‍ പണിക്കരുടെ ഗ്രന്ഥം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും പിടികിട്ടും. ഇസ്ളാമിനെ പാശ്ചാത്യയുക്തിചിന്തയുടെയും ആധുനികതയുടെയും അപരസ്ഥാനത്ത് നിര്‍ത്തുന്ന പൌരസ്ത്യവാദ സമീപനത്തിന്റെ ഉല്‍പ്പന്നമാണ് ഡെയ്ല്‍ മുന്നോട്ടുവെക്കുന്ന വികല വീക്ഷണം. എഡ്വേര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തിന്റെ വിശാലമായ ചട്ടക്കൂടില്‍നിന്നുകൊണ്ട് ചരിത്രനിര്‍ധാരണം നടത്തുന്ന ചില കീഴാളപക്ഷ ചരിത്രകാരന്മാര്‍ 'പ്രാകൃതനും മതഭ്രാന്തനുമായ മാപ്പിള' എന്ന നിര്‍മിതിയുടെ ജ്ഞാനശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ലക്ഷ്യവും അടിസ്ഥാനവും അനാവരണം ചെയ്തിട്ടുണ്ട്. (Ansari 2005)

എന്തുകൊണ്ട് മാപ്പിളകുടിയാന്മാരെപ്പോലെ നിസ്വരും ചൂഷിതരുമായിട്ടും ഹിന്ദുകുടിയാന്മാര്‍ കലാപത്തിന് ഒരുമ്പെട്ടില്ല എന്നതിന് യുക്തിഭദ്രമായ വിശദീകരണം പണിക്കര്‍ നല്‍കുന്നു. 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുലഹളകളില്‍ ഹിന്ദുകുടിയാന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നതേയില്ല. 1921 ല്‍ വിരലിലെണ്ണാവുന്ന ഹിന്ദുകര്‍ഷകര്‍ ലഹളയില്‍ പങ്കെടുത്തിരുന്നു.

ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്കും ജനകീയസംസ്കാരത്തിന്റെ സ്വാധീനവും മാപ്പിളമാര്‍ക്കിടയില്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ നടന്ന സാമൂഹികീകരണവും കേന്ദ്രസ്ഥാനത്തേക്ക് വരുന്നത്. സൌകര്യത്തിനുവേണ്ടി കെ എന്‍ പണിക്കരുടെ വാദമുഖങ്ങളെ ആറ്റിക്കുറുക്കി അക്കമിട്ടുനിരത്താം.

1. മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മധ്യസ്ഥത കലാപപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ഘടകങ്ങളായിരുന്നു. പക്ഷേ, ഹിന്ദുകര്‍ഷകര്‍ നിഷ്ക്രിയരായപ്പോള്‍ മാപ്പിളകര്‍ഷകര്‍ രണോത്സുകരായി കലാപത്തിലേക്ക് എടുത്തുചാടി. എന്തുകൊണ്ട്? വിഭിന്നങ്ങളായ കെട്ടുപാടുകള്‍ - മതപരം, സാമുദായികം, വൈവാഹികം- ഹിന്ദുകര്‍ഷകരെ അവരുടെ ജന്മിമാരുമായി ബന്ധിപ്പിച്ചിരുന്നു. ഹിന്ദുജന്മിമാര്‍ക്ക് മിക്കപ്പോഴും സാമ്പത്തിക അധികാരങ്ങള്‍ക്ക് പുറമെ മത-സാമുദായിക അധികാരങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുകര്‍ഷകരുടെ കീഴ്പ്പെടല്‍ സാമ്പത്തികമണ്ഡലത്തില്‍മാത്രം ഒതുങ്ങിനിന്നില്ല. അവരുടെ വിധേയത്വം സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മറ്റിടങ്ങളിലേക്കും നീണ്ടുകിടന്നു. സാമൂഹികഭ്രഷ്ട് ഉള്‍പ്പെടെയുള്ള വിലക്കുകളിലൂടെ 'നിഷേധി'യായ ഹിന്ദുകുടിയാനെ വരച്ച വരയില്‍ നിര്‍ത്താന്‍ ജന്മിമാര്‍ക്ക് അനായാസം സാധിക്കുമായിരുന്നു. ഹിന്ദുക്കള്‍ക്കിടയിലെ സാമ്പ്രദായികബുദ്ധിജീവികള്‍ ഒന്നുകില്‍ ജന്മിമാരോ അല്ലെങ്കില്‍ അവരുമായി പലവിധത്തില്‍ അടുത്ത ബന്ധമുള്ളവരോ ആയിരുന്നു. മുസ്ളിങ്ങളെപ്പോലെ പ്രാര്‍ഥനക്കും മറ്റും ഒത്തുകൂടാന്‍ അക്കാലത്ത് മലബാറില്‍ താഴ്ന്ന ജാതിക്കാരായ ഹൈന്ദവര്‍ക്ക് പൊതുസ്ഥലങ്ങള്‍ കുറവുമായിരുന്നു.

2. അതേസമയം മതം മുസ്ളിങ്ങള്‍ക്കിടയില്‍ വിപരീതകൃത്യമാണ് നിര്‍വഹിച്ചത്. സ്വത്തുവകകളുള്ള സമ്പന്ന മേല്‍ജാതി ഹിന്ദുക്കളുമായി പാവപ്പെട്ട മുസ്ളിം കര്‍ഷക ജനസഞ്ചയത്തിന് സാംസ്കാരികമോ സാമുദായികമോ ആയ ബന്ധങ്ങള്‍ നന്നേ കുറവായിരുന്നു. മമ്പുറം തങ്ങള്‍മാരെപ്പോലുള്ള സാമ്പ്രദായിക ബുദ്ധിജീവികള്‍ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്നും ഇത്തരം സാമൂഹിക അനീതികളെ ഹിംസകൊണ്ട് നേരിടുന്നത് മതം വിലക്കുന്നില്ലെന്നും ഇതിനിടയില്‍ രക്തസാക്ഷിത്വം വരിക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുമെന്നും മതപ്രബോധനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള യത്നത്തില്‍ 'ഷഹീദ്' ആകുന്നതിനെ മതത്തിന്റെ പിന്‍ബലത്തില്‍ ധാര്‍മികമായും പ്രത്യയശാസ്ത്രപരമായും അവര്‍ ന്യായീകരിച്ചു. പ്രമുഖ ഉലമാക്കള്‍ മാത്രമല്ല താഴെക്കിടയിലുള്ള ഖാസിമാരും മുസല്യാന്മാരും മുല്ലമാരും മുക്രിമാരുമെല്ലാം ഇതേ ആശയപ്രപഞ്ചമാണ് പ്രേഷണം ചെയ്തത്. മുസ്ളിങ്ങള്‍ക്ക് ഹിന്ദുകുടിയാന്മാര്‍ക്കില്ലാത്ത മറ്റുചില സൌകര്യങ്ങളുമുണ്ടായിരുന്നു. ഒത്തുകൂടാനുള്ള അവസരവും സ്ഥലങ്ങളും. പള്ളികളും പെരുന്നാളുകളും നേര്‍ച്ചകളും മൌലൂദുകളും അവര്‍ക്ക് പരിഭവങ്ങളും പരിദേവനങ്ങളും പരസ്പരം പങ്കുവെക്കാനും ജന്മിമാരുടെ അനീതിക്കെതിരില്‍ ലഹളകള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സൌകര്യം നല്‍കി. മധ്യകാല യൂറോപ്പിലെ കാര്‍ഷിക കലാപങ്ങളെക്കുറിച്ച് പഠിച്ച റോഡ്നി ഹില്‍ട്ടനെപ്പോലുള്ളവര്‍ ക്രിസ്തീയ വിരുന്നുസല്‍ക്കാരങ്ങളും പെരുന്നാളുകളും കര്‍ഷകരെ കലാപസജ്ജരാക്കുന്നതില്‍ വഹിച്ച പങ്ക് നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്പില്‍ താഴെക്കിടയിലുള്ള പുരോഹിതന്മാര്‍ കലാപകാരികള്‍ക്ക് പ്രചോദനം പകര്‍ന്നിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പ്രദായിക ബുദ്ധിജീവികളില്‍ പലര്‍ക്കും അമാനുഷമായ കഴിവുകള്‍ ഉണ്ടെന്ന് മാപ്പിളമാര്‍ ദൃഢമായി വിശ്വസിച്ചു. വെളിയങ്കോട്ടെ ഉമര്‍ഖാസിക്ക് പൊലീസ് ലോക്കപ്പില്‍നിന്ന് അപ്രത്യക്ഷനാകാന്‍ കഴിയുമെന്നും ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് ചീറിവരുന്ന വെടിയുണ്ടകളെ വെള്ളമോ പഞ്ഞിയോ ആക്കിമാറ്റാന്‍ കഴിയുമെന്നും മമ്പുറം തങ്ങള്‍മാര്‍ക്ക് മാറാവ്യാധികള്‍ സുഖപ്പെടുത്താനും കൊടുംവേനലില്‍ മഴ പെയ്യിക്കാനും നിലംപതിച്ച മരങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനും സാധിക്കുമെന്നുമെല്ലാം അധഃസ്ഥിത മുസ്ളിംജനസാമാന്യം വിശ്വസിച്ചു. സാമ്പ്രദായിക ബുദ്ധിജീവികള്‍ പ്രക്ഷേപിച്ച മതസങ്കല്‍പ്പങ്ങളാല്‍ ക്ളിപ്തപ്പെടുത്തപ്പെട്ടതായിരുന്നു മാപ്പിളകര്‍ഷകന്റെ പ്രത്യയശാസ്ത്രലോകം. ഈ പ്രത്യയശാസ്ത്രപരിസരത്തില്‍നിന്നാണ് അനീതിക്കെതിരെ സമരം ചെയ്യാനുള്ള ഊര്‍ജം മാപ്പിളകുടിയാന്മാര്‍ സംഭരിച്ചത്.

3. കാര്‍ഷിക അസംതൃപ്തിയെ കലാപത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതില്‍ മതം ഒരു പ്രത്യയശാസ്ത്രമായി വര്‍ത്തിച്ചു എങ്കിലും മാപ്പിളമാര്‍ക്കിടയിലെ ഐക്യദാര്‍ഢ്യം തിരശ്ചീനമായിരുന്നു. ലംബമാനമായിരുന്നില്ല. ഗ്രാമീണമാപ്പിളമാര്‍ ഒരു വര്‍ഗമെന്ന നിലയില്‍ രൂപപ്പെടുകയോ വളരുകയോ ചെയ്തിരുന്നില്ല. അവരിലുണ്ടായിരുന്നത് നിഷേധാത്മകരൂപത്തിലുള്ള വര്‍ഗബോധമായിരുന്നു (negative class consciouness) അതായത്, ശത്രുവര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു; സ്വന്തമായി ഒരു വര്‍ഗമെന്ന നിലക്ക് രൂപപ്പെട്ടിട്ടില്ലെങ്കിലും.

കെ എന്‍ പണിക്കര്‍ തന്റെ ഗ്രന്ഥം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. 'കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് സ്ഥാപിക്കുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഈ ബോധമാകട്ടെ ബ്രിട്ടീഷ്ഭരണത്തിന്റെ ആരംഭത്തില്‍ തന്നെ തുടങ്ങിയ പ്രക്രിയയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളുടെ അനുഭവജ്ഞാനത്തിലൂടെയാണ് അത് വികാസം പ്രാപിച്ചത്. വാമൊഴി പാരമ്പര്യത്തിലൂടെ വരുംതലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ട ആ ചെറുകലാപങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കര്‍ഷക അവബോധവളര്‍ച്ചയില്‍ മര്‍മപ്രധാനമായിരുന്നു. ഇതാണ് ഒടുവില്‍ 1921 ല്‍ ജന്മികള്‍ക്കും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള അതിശക്തമായ കലാപമായി പ്രകാശിപ്പിക്കപ്പെട്ടത്' ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന കേന്ദ്രവാദവും ഇതുതന്നെ.

*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

Monday, November 29, 2010

'ആഹ്വാനവും താക്കീതും' വീണ്ടും വായിക്കുമ്പോള്‍

സമകാലികസംഭവങ്ങളെ ഇ എം എസ് ചരിത്രപരമായി സമീപിക്കുകയും ചരിത്രത്തെ വിപ്ളവകരമായി വ്യാഖ്യാനിക്കുകയും ചെയ്തു. ശുദ്ധ സൈദ്ധാന്തികവ്യായാമങ്ങള്‍ക്ക് അദ്ദേഹത്തിന് താല്‍പ്പര്യവും സമയവും ഇല്ലായിരുന്നു. ഇ എം എസ്സിന്റെ വിചാരങ്ങളും വിശകലനങ്ങളും വിപ്ളവകരമായ രാഷ്ട്രീയപ്രയോഗങ്ങളായിരുന്നു. 1946 ആഗസ്ത് 19ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് 'ദേശാഭിമാനി'യില്‍ എഴുതിയ 'ആഹ്വാനവും താക്കീതും' എന്ന ലേഖനം അത്തരമൊരു വിശകലനരീതിയുടെ വിശിഷ്ട മാതൃകയാണ്. ഇ എം എസ്സിന്റെ ജീവചരിത്രകാരനായ പി ജി ചൂണ്ടിക്കാട്ടിയപോലെ 'മലബാര്‍ കലാപത്തിന്റെ ആരോഗ്യകരമായ ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ പൈതൃകത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആഹ്വാനവും, പിന്നീടതില്‍ പ്രത്യക്ഷപ്പെട്ട അനാരോഗ്യകരമായ വര്‍ഗീയതയെ വര്‍ജിക്കണം എന്ന താക്കീതു'മായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമായി പ്രസിദ്ധീകരിക്കപ്പെട്ട ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.

ക്വിറ്റിന്ത്യാ സമരത്തിന്റെ തിരയടങ്ങിയെങ്കിലും യുദ്ധാവസാനത്തോടെ രാജ്യമെമ്പാടും അഭൂതപൂര്‍വമായ ബഹുജനസമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. തെലുങ്കാനയിലെ കൃഷിക്കാര്‍ സായുധസമരം ആരംഭിച്ചിരുന്നു. ബോംബെയിലെ തൊഴിലാളികള്‍ മുതല്‍ വര്‍ളിയിലെ ആദിവാസികള്‍വരെ അസ്വസ്ഥരും പ്രക്ഷുബ്ധരും സമരോത്സുകരും ആയിരുന്നു. കയ്യൂരിലും വയലാറിലുമെന്നപോലെ മരണഭീതിയില്ലാത്ത ജനങ്ങളുടെ സമരവാഞ്ഛ എങ്ങും വളരുകയായിരുന്നു.

എല്ലാ അര്‍ഥത്തിലും പിന്നോക്കം കിടക്കുന്ന ഗ്രാമീണരുടെ രാഷ്ട്രീയപ്രബുദ്ധതക്ക് രാജ്യം സാക്ഷ്യം വഹിക്കുകയായിരുന്നു. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ ബഹുജനപ്രക്ഷോഭങ്ങളാണ് ഇവയെല്ലാം. നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളാണ് സമരസൈനികര്‍! ഗാന്ധിയും കോണ്‍ഗ്രസും വളര്‍ത്തിയെടുത്ത സമരശൈലിയില്‍ നിന്നുള്ള വിച്ഛേദവും വികാസവും ഈ പോരാട്ടങ്ങളുടെ ലക്ഷ്യവും ലക്ഷണവുമായിരുന്നു. മലബാര്‍ കലാപത്തിന്റെ അനുഭവങ്ങളിലേക്കും ഓര്‍മകളിലേക്കും അല്‍പ്പം ചരിത്രബോധമുള്ള ആരും തിരിഞ്ഞുനോക്കിപ്പോകുന്ന ഇത്തരം തീക്ഷ്ണമായ ഒരു വര്‍ത്തമാനകാല സന്ദര്‍ഭത്തിലിരുന്നാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്.

യുദ്ധാനന്തരം ഉയര്‍ന്നുവന്ന ബഹുജനസമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ബ്രിട്ടീഷ്ഭരണം, പരിമിതമായ വോട്ടവകാശവും വിഭാഗീയമായ സംവരണ വ്യവസ്ഥകളുമുള്ള പ്രവിശ്യാതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗും, മറ്റുള്ളിടത്ത് കോണ്‍ഗ്രസും വിജയികളായി. മലബാര്‍ അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. മദ്രാസില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അഖിലേന്ത്യാതലത്തില്‍ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞ ജനപിന്തുണയുടെ പിന്‍ബലത്തില്‍ ലീഗ് പാകിസ്ഥാനുവേണ്ടി 'ഡയറക്ട് ആക്ഷന്‍' ആരംഭിച്ചു. കാലേ തന്നെ ശക്തിപ്പെട്ട ഹിന്ദുരാഷ്ട്രവാദവും വര്‍ധിതവീര്യത്തോടെ രംഗത്തുവന്നു. അതുവരെ ഒന്നിച്ചുജീവിച്ച ഇന്ത്യക്കാര്‍ പൊടുന്നനെ ഭിന്നിച്ച് ഹിന്ദുക്കളും മുസ്ളിങ്ങളുമായി പരസ്പരം കലഹിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ച രാജ്യമാസകലം ദൃശ്യമായി. ഇങ്ങനെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് 'ആഹ്വാനവും താക്കീതും' പുറത്തുവരുന്നത്. സാധാരണ ഗതിയില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പ്രസ്തുത കുറിപ്പിന് ഏവരുടെയും ശ്രദ്ധാപാത്രമാകാന്‍ കഴിഞ്ഞതിന് കോണ്‍ഗ്രസിന്റെ മദ്രാസ് പ്രവിശ്യാ സര്‍ക്കാറിനോട് നന്ദി പറയയേണ്ടതുണ്ട്. ആരും പ്രതീക്ഷിക്കാത്തവിധം പ്രകോപനപരമായി പ്രതികരിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ച 'ദേശാഭിമാനി' നിരോധിച്ചു. അതുകൊണ്ടും അരിശം തീരാതെ ഇ എം എസ്സിനെ അറസ്റ്റ് ചെയ്തു. ലേഖനം വര്‍ഗീയത ഇളക്കിവിടുമെന്നായിരുന്നു ആക്ഷേപം.

രാഷ്ട്രീയക്കുഴപ്പങ്ങളുടേതു മാത്രമല്ല, ആശയക്കുഴപ്പങ്ങളുടെയും കാലമായിരുന്നു അത്. ദ്വിരാഷ്ട്രവാദവും, വര്‍ഗീയലഹളകളും ആസന്നമായ അധികരക്കൈമാറ്റവും, കിഴക്കന്‍ യൂറോപ്പിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും എല്ലാം വിലയിരുത്തി രാജ്യത്തെ വിപ്ളവശക്തികള്‍ക്കനുകൂലമായി, ആ രാഷ്ട്രീയസാഹചര്യത്തെ എങ്ങനെ മാറ്റാം എന്ന പ്രശ്നം കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ചൂടുപിടിച്ച സംവാദങ്ങള്‍ക്കും ആശയസംഘര്‍ഷങ്ങള്‍ക്കും വഴിതുറക്കുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ പക്വതയും അവ്യക്തതയും മൂലം പാര്‍ടി ഇടതു-വലതു വ്യതിയാനങ്ങള്‍ക്ക് മാറിമാറി വിധേയമായി. ഇങ്ങനെ രാജ്യത്തിന്റെ രാഷ്ട്രീയ ചക്രവാളവും കമ്യൂണിസ്റ്റുകാരുടെ ആശയലോകവും മേഘാവൃതമായിരിക്കുമ്പോഴാണ്, വിവാദകലുഷവും വിസ്ഫോടകവുമായ ഒരു പ്രമേയം, ഒട്ടും പാളിപ്പോകാതെ തികഞ്ഞ സൈദ്ധാന്തിക സൂക്ഷ്മതയോടെയും രാഷ്ട്രീയ ജാഗ്രതയോടെയും ഇ എം എസ് കൈകാര്യം ചെയ്തത്. കമ്യൂണിസത്തിന് ചിന്താപരമായ പ്രായപൂര്‍ത്തി വന്നതിന്റെ പ്രഖ്യാപനം കൂടി ആയതിനാലാണ് 'ആഹ്വാനവും താക്കീതും' ചരിത്രത്തില്‍ ഇടം പിടിച്ചെടുത്തത്.

'21 ലെ (തെക്കെ) മലബാറിലെ കലാപത്തില്‍ നിന്ന് '46 ലെ (വടക്കെ) മലബാറിലെ കര്‍ഷകസമരങ്ങളിലേക്ക് ചെന്നെത്താന്‍ കേവലം കാല്‍നൂറ്റാണ്ടിന്റെ കാലദൈര്‍ഘ്യം പോരെന്നുള്ളതാണ് വാസ്തവം. ജനകീയ ബോധത്തിലും സമരരൂപത്തിലുമുണ്ടായ ഈ ഗുണപരിണാമവും വളര്‍ച്ചയും ദൃഢീകരിക്കുവാനും വികസിപ്പിക്കാനും ചരിത്രവല്‍ക്കരിക്കാനും സൈദ്ധാന്തികമായ മുന്‍കൈയെടുക്കുകയായിരുന്നു ഇ എം എസ്. കോണ്‍ഗ്രസും ഖിലാഫത്തും തമ്മിലുള്ള അടുപ്പത്തിന്റെയും അകലത്തിന്റെയും പ്രശ്നങ്ങള്‍ മലബാര്‍ കലാപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. അതോടൊപ്പം മതമെന്ന പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതരായി കലാപസന്നദ്ധരാവുന്ന, താരതമ്യേന പിന്നോക്കം കിടക്കുന്ന ജനവിഭാഗത്തിന്റെ നൈസര്‍ഗികമായ പ്രക്ഷോഭങ്ങള്‍ക്ക് സഹജമായ ശക്തിയും ദൌര്‍ബല്യവും അതിലുണ്ട്.

ഇന്ത്യയെപ്പോലുള്ള കോളണിരാജ്യങ്ങളിലെ ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനങ്ങളോട് തൊഴിലാളിവഗത്തിന്റെ സമീപനം വൈരുധ്യാത്മകമായിരിക്കണമെന്ന് ലെനിന്റെ 'കൊളോണിയല്‍ തിസീസ്' നിര്‍ദേശിക്കുന്നുണ്ട്. ദേശീയ ബൂര്‍ഷ്വാസിയുടെ സാമ്രാജ്യവിരോധത്തോട് ഐക്യവും സാമ്പത്തിക താല്‍പ്പര്യത്തോട് സമരവും എന്ന ദ്വിമുഖ സമീപനമാണ് പാര്‍ടിക്കുണ്ടായിരുന്നത്. ഈ ലെനിനിസ്റ്റ് അടവുനയം പരമാവധി പ്രയോജനപ്പെടുത്തിയ കേരള കമ്യൂണിസത്തിന്റെ മുഖ്യ സൈദ്ധാന്തികനും സംഘാടകനുമെന്ന നിലക്കുള്ള അനുഭവങ്ങള്‍ ഇ എം എസ്സിനുണ്ടായിരുന്നു. മതമല്ലാതെ മറ്റൊന്നുമറിയാത്ത കര്‍ഷകജനതയുടെ സ്വാഭാവികമായ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്കും ഇരട്ട സ്വഭാവമുണ്ടെന്ന് ജര്‍മനിയിലെ കര്‍ഷക കലാപങ്ങളെപ്പറ്റി എഴുതുമ്പോള്‍ കാറല്‍ മാര്‍ക്സ് വിശദീകരിക്കുന്നുണ്ട്. കലാപകാരികളുടെ ആത്മനിഷ്ഠമായ സമരസന്നദ്ധതയും ത്യാഗധീരതയും സമരത്തിന്റെ ജനകീയമായ ഉള്ളടക്കവുമെല്ലാം വാഴ്ത്തപ്പെടേണ്ടതാണെങ്കിലും, നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളിലെന്നപോലെ പരമ്പരാഗത മൂല്യവ്യവസ്ഥയ്ക്കകത്തും കുടുങ്ങിക്കിടക്കുന്ന കൃഷിക്കാരുടെ ലോകവീക്ഷണത്തിന്റെ പരിമിതികൊണ്ട് അത്തരം സമരങ്ങള്‍ പരാജയപ്പെടാന്‍ വിധിയ്ക്കപ്പെട്ടവയാണെന്ന് മാര്‍ക്സ് നിരീക്ഷിക്കുകയുണ്ടായി. ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള ലെനിന്റെയും മധ്യകാല കര്‍ഷകപ്രക്ഷോഭങ്ങളെപ്പറ്റിയുള്ള മാര്‍ക്സിന്റെയും ആശയരൂപീകരണങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്.

സമരത്തിന്റെ മതപരതയും സാമ്രാജ്യ വിരുദ്ധതയും നേരത്തെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വര്‍ഗപരമായ ഉള്ളടക്കം ആദ്യമായി തുറന്നു കാട്ടിയത് സൌമ്യേന്ദ്രനാഥ ടാഗൂറിന്റെ 'മലബാറിലെ കര്‍ഷക കലാപം' എന്ന കൃതിയാണ്. അതിനെ പിന്തുടര്‍ന്നുകൊണ്ടും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു രാഷ്ട്രീയ പ്രമേയത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ ഏറെ സംക്ഷിപ്തമായും തയ്യാറാക്കിയ ഈ കുറിപ്പ് പിന്നീട് കേരളത്തിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തന്റെ കൃതികളില്‍ ഇ എം എസ് വികസിപ്പിക്കുകയും വിസ്തരിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും മലബാറിലെ കൃഷിക്കാരുടെ നാടുവാഴിത്തവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ വികാരങ്ങളുടെ വിസ്ഫോടനമെന്ന് കലാപത്തെ കൃത്യമായി നിര്‍വചിക്കുകയും, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതിന് വര്‍ഗീയനിറം വന്നുചേര്‍ന്നുവെന്ന സത്യം മടികൂടാതെ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രസ്തുത കുറിപ്പ്, ആസന്നഭൂതകാലത്തിലെ ഒരതിപ്രധാന ചരിത്രസംഭവത്തെ വിപ്ളവകരമായും വൈരുധ്യാത്മകമായും വ്യാഖ്യാനിച്ച് അതിലെ ശരിതെറ്റുകളെ ത്യാജ്യഗ്രാഹ്യ വിവേകത്തോടെ വ്യവച്ഛേദിച്ച് കാട്ടുകയും ചെയ്യുന്നുണ്ട്. മലബാര്‍ കലാപത്തിനെന്നപോലെ ഇ എം എസ് നടത്തിയ അതിന്റെ മാര്‍ക്സിസ്റ്റ് വായനക്ക് വര്‍ധിച്ച സമകാല പ്രസക്തിയുണ്ട്. ഇന്ന് നാം ഏറ്റുമുട്ടുന്നത് കോളനി വാഴ്ചയെക്കാള്‍ സമഗ്രവും സാര്‍വലൌകികവും ദയാരഹിതവും അമൂര്‍ത്തവുമായ ആഗോളമായ അധികാരവ്യവസ്ഥയോടാണ്. പലതരം ചെറുത്തുനില്‍പ്പുകള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. അവയില്‍ പലതും ഭൂതകാലവിശ്വാസങ്ങളെയും മൂല്യങ്ങളേയും സാമൂഹ്യബന്ധങ്ങളെയും പുനരുദ്ധരിച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തിന് ബദലുണ്ടാക്കാമെന്ന് കരുതുന്നു. മതവും വംശവും ഗോത്രവും ജാതിയും കൊണ്ട് നവജാത ശത്രുക്കളെ നേരിട്ടുകളയാമെന്ന് ചിലര്‍ വ്യാമോഹിക്കുകയും വാദിക്കുകയും ചെയ്യുന്നു. എന്നാല്‍ ശത്രുവിനോടൊപ്പം അവന്റെ ആയുധസാമഗ്രികളും ആയോധനമുറകളും പുതിയതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. പഴയ പടവാളുകള്‍ക്കും പരിചകള്‍ക്കും കവചങ്ങള്‍ക്കും പുതിയ യുദ്ധങ്ങളില്‍ വിജയമോ ഭാവിയുടെ കിരീടം ചൂടാന്‍ വിധിയോ ഇല്ലെന്ന് തിരിച്ചറിയാത്തവര്‍ മാപ്പര്‍ഹിക്കുന്നില്ല. മതപ്രത്യയശാസ്ത്രങ്ങള്‍ക്ക് മര്‍ദനത്തിനെതിരെ മനുഷ്യരെ ഇളക്കിവിടാന്‍ കഴിയും. ഒപ്പം നീതിതുലഞ്ഞ ഇഹലോകത്തെ മാറ്റിമറിക്കാനല്ല, നീതി തികഞ്ഞ ഒരു പരലോക പ്രവേശനത്തിന് പ്രേരണയരുളി ആളുകളെ അത് മയക്കുകയും ചെയ്യുന്നു. ഒരേ ശത്രുവിനെതിരെ ഒരേ യുദ്ധത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടവരെ വിശ്വാസത്തിന്റെ പേരില്‍ പരസ്പരം പടവെട്ടുന്നവരാക്കി, ജനശത്രുക്കളെ സഹായിക്കാനും മതേതരമല്ലാത്ത ആശയാവലികള്‍ വഴിയൊരുക്കുമെന്ന് മലബാര്‍ കലാപം മാത്രമല്ല, ഇന്നും നമ്മുടെ ചുറ്റും നടക്കുന്ന പല സമരങ്ങളുടെയും ഭാവപ്പകര്‍ച്ചകളും കാട്ടിത്തരുന്നുണ്ട്. അപ്പോള്‍ ഇറാനിലായാലും ഇന്ത്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും കിര്‍ഗിസ്ഥാനിലായാലും വളര്‍ന്നുവരുന്ന ജനമുന്നേറ്റങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയമായ വ്യതിയാനങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താനും ഏകകാലത്ത് കഴിയുന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

"ആഹ്വാനവും താക്കീതും'' പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ പുനര്‍വായന നടത്തുമ്പോള്‍, അന്ന് മലബാര്‍ കലാപത്തെക്കുറിച്ച് എഴുതും വേളയില്‍ ഇ എം എസ്സിന്റെ മുന്നില്‍ ഉയര്‍ന്നുവരാത്ത ചില പ്രശ്നങ്ങള്‍, വിഷയത്തിന്റെ വേണ്ടത്ര വെളിപ്പെടാത്ത ചില വശങ്ങള്‍ ഇപ്പോള്‍ കുറേക്കൂടി തെളിഞ്ഞുകിട്ടുന്നുണ്ട്.... കൊളോണിയല്‍ അധികാരവ്യവസ്ഥയും നാടുവാഴിത്ത സമ്പദ്വ്യവസ്ഥയും അടിച്ചേല്‍പ്പിച്ച അനീതിക്കെതിരായ കലാപമായിരുന്നു തൊള്ളായിരത്തിരുപത്തൊന്നില്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ശരിയായിത്തന്നെ ആ രേഖ പറഞ്ഞുവെച്ചിട്ടുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നും, അത് ലക്ഷണമൊത്ത ആ കര്‍ഷക കലാപം വര്‍ഗീയമായി വഴിതിരിഞ്ഞു പോവാന്‍ ഇടവരുത്തിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശ വംശ ലിംഗ മത ഭേദങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സാംസ്കാരിക മേല്‍ക്കോയ്മക്കെതിരായ സമരങ്ങള്‍ വര്‍ഗചൂഷണത്തിനെതിരായ സമരങ്ങളോടൊപ്പമോ ചിലപ്പോള്‍ അതിലധികമോ രാഷ്ട്രീയ അണിചേരലിനുള്ള മാധ്യമമായി മാറുന്ന ഒരു കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. തീര്‍ച്ചയായും പാശ്ചാത്യ കൊളോണിയലിസത്തിന്റെ അധിനിവേശം എല്ലായിടത്തും പാര്‍ശ്വവല്‍ക്കരിച്ച ഒരു ജനതയുടെ സ്വത്വപരമായ പ്രതിസന്ധികളുടെ, വ്യത്യസ്തതകളെ നിലനിര്‍ത്താനും രക്ഷിക്കാനുമുള്ള അഭിലാഷങ്ങളുടെ ഇഴകള്‍കൂടി മലബാര്‍ കലാപത്തില്‍ ഇടകലര്‍ന്നിരിക്കാമെന്ന് ന്യായമായും വിചാരിക്കാവുന്നതാണ്്. കഠിനജോലിക്ക് കുറഞ്ഞ കൂലി നല്‍കി മിച്ച മൂല്യം തട്ടിയെടുത്ത് ദരിദ്രവല്‍ക്കരിക്കപ്പെടുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിനും അനീതിക്കും പരിഹാരം, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ പുനഃസംഘടനയും സമ്പത്തിന്റെ പുനര്‍വിതരണ (Redistribution) വും ആകുന്നു. എന്നാല്‍ പീഡിതരായ ജനതയുടെ ഭാഷയും കലയും വിശ്വാസങ്ങളുമെല്ലാം വളരാനും വികസിക്കാനും വഴിയൊരുക്കുന്നതിലൂടെ, സാംസ്കാരിക വൈവിധ്യത്തിന്റെ അംഗീകാര (Recognition) ത്തിലൂടെ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്കാരിക അനീതി (Cultural insjustice) ക്ക് പരിഹാരമാവുകയുള്ളൂ. ഈ പുനര്‍വിതരണത്തിന്റെയും അംഗീകാരത്തിന്റെയും പ്രമേയങ്ങള്‍ പരസ്പരം വേര്‍തിരിക്കാന്‍ കഴിയാത്തതും ചിലപ്പോഴെങ്കിലും അന്യോന്യം ഒട്ടും ബന്ധമില്ലെന്ന് തോന്നിപ്പോകുന്നതും ആകാറുണ്ട്. മേല്‍പ്പറഞ്ഞ തൊഴിലാളി ചൂഷണത്തിന്റെ പ്രശ്നമെടുത്താല്‍ സാമ്പത്തിക പുനര്‍വിതരണത്തിനാണ്, സാംസ്കാരിക അംഗീകാരത്തിനല്ല, പ്രാമുഖ്യമുള്ളത്. എന്നാല്‍ ലൈംഗിക വൈകൃതമെന്ന് പരിഹസിച്ചും നിന്ദിച്ചും പൊതുസമൂഹം മാറ്റിനിര്‍ത്തുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് (Gay and Lesbian) വേണ്ടത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പുനര്‍വിതരണമല്ല, തങ്ങളുടെ സവിശേഷമായ ലൈംഗികജീവിതത്തിനുള്ള സ്വാതന്ത്ര്യവും അംഗീകാരവുമാണ്. ഇനി, ലിംഗസമത്വത്തിന്റെ (Gender equality) കാര്യമെടുത്താല്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ടത് എവിടെയും പുരുഷകേന്ദ്രിതമായ മൂല്യ വ്യവസ്ഥയില്‍നിന്നുള്ള മോചനമാണ്. പുരുഷത്വ (Masculinity) ത്തിന് സാമൂഹ്യസാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിന്റെ സകല സന്ദര്‍ഭങ്ങളിലും കിട്ടിവരുന്ന പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാവണം. ഒപ്പം, കൂലിയില്ലാത്ത നൂറായിരം വീട്ടുപണികള്‍ ചെയ്യേണ്ടിവരുന്ന, പുറത്ത് കൂലികുറഞ്ഞ ജോലികള്‍മാത്രം ലഭിക്കുന്ന, സാമ്പത്തികമായ കൊടിയ ചൂഷണവും ദരിദ്രയായ സ്ത്രീ അനുഭവിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ സ്ത്രീപ്രശ്നം പരിഹരിക്കന്‍ അംഗീകാരത്തോടൊപ്പം പുനര്‍വിതരണവും വേണമെന്ന് വരുന്നു. ഇവ്വിധം മലബാര്‍ കലാപത്തിനും സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളോടൊപ്പം സാംസ്കാരികമായ അടിയൊഴുക്കുകളും ഉണ്ട്. ഈ അവസാനം പറഞ്ഞതിനെ "ആഹ്വാനവും താക്കീതും'' അവഗണിച്ചിട്ടില്ലെങ്കിലും വേണ്ടത്ര പരിഗണിച്ചു എന്ന് പറയാനാവില്ല. ഏതായാലും പുനര്‍വിതരണത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തീവ്രമായ അഭിവാഞ്ഛകളാണ്, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഗ്രാമവാസികളായ സാധാരണ ബഹുജനങ്ങളെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തില്‍ പ്രാണനെപ്പോലും സംത്യജിക്കാന്‍ സന്നദ്ധരാക്കിയതെന്ന്, ഇന്ന് നമുക്ക് കൂടുതല്‍ സ്പഷ്ടമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

*
എം എം നാരായണന്‍ കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

Sunday, November 28, 2010

ചരിത്രത്തിന്റെ ചരിത്രം

ആധുനിക കേരളചരിത്രത്തില്‍ ഒരുവേള ഏറ്റവുമധികം എഴുതപ്പെട്ട ഒരു സംഭവമായിരിക്കും മലബാര്‍ കലാപം. ചരിത്രം പൂര്‍ണമായും വസ്തുനിഷ്ഠമല്ല എന്നതും പ്രത്യയശാസ്ത്രപരമാണെന്നതും ഇതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക മണ്ഡലങ്ങളില്‍ മലബാര്‍ കലാപംപോലെ പ്രത്യാഘാതം ഏല്പിച്ച മറ്റൊരു സംഭവമില്ല എന്നതാണ് മറ്റൊരു കാരണം. സൈനികോദ്യോഗസ്ഥര്‍, രാഷ്ട്രമീമാംസകര്‍, പൊതുപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍- കലാപത്തെപ്പറ്റി എഴുതിയവര്‍ അനവധിയുണ്ട്. ദൃക്സാക്ഷി വിവരണങ്ങളും ജീവസ്മരണകളും ധാരാളം. അക്കാദമിക പഠനങ്ങളെ കൂടാതെയാണിവ. ഇവയുടെ വിമര്‍ശനാത്മകമായ വിലയിരുത്തലിന് ഇവിടെ ശ്രമിച്ചിട്ടില്ല. ഏതാനും ചില കൃതികളെ ആസ്പദമാക്കിയുള്ള ഒരു പ്രാരംഭപഠനം മാത്രമാണിത്.

കലാപത്തെ തുടര്‍ന്ന് കുറ്റം മുഴുവന്‍ കോണ്‍ഗ്രസ്സില്‍ കെട്ടിവയ്ക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചു. ഹിച്ച്കോക്കിന്റെ1 പുസ്തകത്തെ ഈ ഗണത്തില്‍പെടുത്താം. വര്‍ഷങ്ങളോളം മലബാറില്‍ ദേശീയ പ്രസ്ഥാനം മന്ദീഭവിക്കുവാന്‍ ഇടയാക്കിയ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് കാഴ്ചപ്പാട് അവതരിപ്പിച്ചത് കെ മാധവന്‍നായരാണ്.2 ഒരു കേസ് അവതരിപ്പിക്കുന്ന വക്കീലിന്റെ സാമര്‍ഥ്യത്തോടെ അദ്ദേഹം കോണ്‍ഗ്രസ് ഒരു തെറ്റും ചെയ്തിട്ടില്ല എന്നും കലക്ടര്‍ തോമസിന്റെ എടുത്തുചാട്ടവും ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുടര്‍ന്ന മര്‍ദകഭരണവുമാണ് കലാപത്തിന് പ്രേരകമായത് എന്നും വാദിക്കുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതിനാല്‍ അഹിംസാ തത്വങ്ങള്‍ വേണ്ടരീതിയില്‍ മലബാറില്‍ പൊതുവെയും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പ്രത്യേകിച്ചും പ്രചരിപ്പിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം വാദിക്കുന്നു. അപ്പോള്‍ കുറ്റം ബ്രിട്ടീഷ് സര്‍ക്കാരിന്റേതാകുമല്ലോ. കലാപബാധിത പ്രദേശത്തെ ദാരിദ്രാവസ്ഥയെപ്പറ്റി അദ്ദേഹം ബോധവാനാണ്; അതാണ് കലാപത്തിന്റെ പ്രധാന ഹേതു എന്നു പറയുന്നില്ലെങ്കിലും. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നതിനെ കോണ്‍ഗ്രസുകാര്‍തന്നെ വിമര്‍ശിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ പങ്കില്ലായിരുന്നിട്ടും അറസ്റ്റിലായ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ലഹളയ്ക്കുള്ള ഉത്തരവാദിത്ത ത്തില്‍നിന്ന് തലയൂരാന്‍വേണ്ടി നടത്തിയ ശ്രമമായിട്ടാണ് ടി പ്രകാശം നടത്തിയ അന്വേഷണത്തെപ്പറ്റി എഴുതിയിട്ടുള്ളത്.3

'മാതൃഭൂമി'യില്‍ കലാപത്തെപ്പറ്റി മാധവന്‍നായര്‍ എഴുതിയിരുന്ന കാലത്തുതന്നെ സി ഗോപാലന്‍നായരുടെ4 പുസ്തകം പ്രസിദ്ധീകൃതമായി. ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാരിനോട് കൂറ് പ്രകടിപ്പിക്കാനുണ്ടായിരുന്നു. അതദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. പക്ഷേ അതിനുമപ്പുറം കലാപം ഒരു വര്‍ഗീയ ലഹളയായിരുന്നു. എന്ന് സ്ഥാപിക്കുവാനും അദ്ദേഹം ശ്രമിച്ചു.

വര്‍ഗീയകലാപം/കാര്‍ഷിക മുന്നേറ്റം എന്നീ ദ്വന്ദ്വങ്ങളെ ആസ്പദമാക്കിയുള്ള വിശകലനങ്ങള്‍ അന്നത്തെ രാഷ്ട്രീയത്തിലും പ്രതിഫലിച്ചതായി കാണാം. 1938 ല്‍ ഒമ്പതാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ 1921 ലെ കലാപം ഒരു കര്‍ഷക കലാപമാണെന്ന് അഭിപ്രായപ്പെട്ടത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. കോഴിപ്പുറത്ത് മാധവമേനോനാണ് ഇത്തരമൊരു ചിത്രീകരണത്തെ ശക്തമായി എതിര്‍ത്തത്.5

ആദ്യകാല രചനകള്‍ ആനുകാലികം എന്ന മേന്മമാത്രം ഉള്ളവയായിരുന്നു. സര്‍ക്കാര്‍ രേഖകളുടെ പിന്‍ബലം അവയ്ക്കില്ലായിരുന്നു. 1972ല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ ഗവേഷകര്‍ക്ക് തുറന്നുകൊടുത്തത്6 കലാപത്തെപ്പറ്റിയുള്ള പല അക്കാദമിക്ക് പഠനങ്ങളിലേക്കും വഴിതെളിച്ചു. അവയും, രാഷ്ട്രീയമായി ഉദ്ദീപിപ്പിക്കപ്പെട്ട മതവികാരത്തിന്റെ പ്രകടിതരൂപമായോ, കര്‍ഷക ദുരിതങ്ങളാല്‍ ഉയര്‍ന്ന പ്രക്ഷോഭമായോ മലബാര്‍ കലാപത്തെ വ്യാഖ്യാനിച്ചു. അമേരിക്കന്‍ ചരിത്ര വിശകലനത്തില്‍ ഉപയോഗിച്ച 'ഫ്രോണ്ടിയര്‍ തീസിസ്' (Frontier Thesis) സ്റ്റീഫന്‍ എഫ് ഡേല്‍ (Stephen F dale)7 ഉപയോഗിക്കുന്നത് ഈ കാലത്താണ്. തീരദേശത്തുനിന്ന് മാപ്പിളമാര്‍ ഉള്‍നാട്ടിലേക്ക് വ്യാപിക്കുന്നതിനെ വിശേഷിപ്പിക്കുവാനാണിത് ഉപയോഗിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സമീപനവും അടിസ്ഥാനപരമായി മതകേന്ദ്രീകൃതമാണ്. ജന്മിമാരുടെ ചൂഷണവും കര്‍ഷകരുടെ അവശതകളും കലാപത്തിന് മതിയായ കാരണങ്ങളല്ല. ഉലമാക്കളുടെ മതപ്രവര്‍ത്തനമാണ് ഇതില്‍ നിര്‍ണായകമായത്. കോണലി മമ്പുറം തങ്ങളെ മെക്കയിലേക്ക് നാടുകടത്തിയതിനെ തുടര്‍ന്നുള്ള 30 കൊല്ലം കാര്യമായ കലാപങ്ങള്‍ ഇവിടെ ഇല്ലായിരുന്നു എന്നത് ഡേല്‍ ചൂണ്ടിക്കാണിക്കുന്നു. തസ്കരസംഘങ്ങള്‍ പൂര്‍വാധികം ശക്തിയാര്‍ജിച്ച ഒരു കാലമായിരുന്നു ഇതെന്ന കാര്യം അദ്ദേഹം പക്ഷേ കണക്കിലെടുക്കുന്നില്ല.8

സാമ്പത്തിക ഹേതുക്കളിലൂന്നി നടത്തിയ വിശദീകരണങ്ങളില്‍ ആദ്യത്തേതായിരുന്നു സൌമേന്ദ്രനാഥ് ടാഗോറിന്റേത.9 ഇത് 1937 ല്‍ പ്രസിദ്ധീകൃതമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പരമേശ്വരന്‍ എന്ന തൂലികാ നാമത്തില്‍ എഴുതിയ പഠനത്തില്‍, കേരളത്തിലുണ്ടായിരുന്ന ജാതി-ജന്മി-നാടുവാഴിത്ത സമ്പ്രദായത്തെ (ഫ്യൂഡല്‍ എന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്) ഇ എം എസ് വിശകലനം ചെയ്യുന്നു.10 ഈ സമ്പ്രദായത്തിനെതിരായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായുമുള്ള മുന്നേറ്റമായാണ് അദ്ദേഹം കലാപത്തെ വിലയിരുത്തിയത്. മാപ്പിളമാരുടെ ഇടയിലെ വര്‍ഗവേര്‍തിരിവുകളെക്കുറിച്ച് ആദ്യമായി വിശകലനം ചെയ്തതും അദ്ദേഹമാണ്.

ബ്രിട്ടീഷ് കമ്യൂണിസ്റ്റായ കോണ്‍റാഡ് വുഡ്ഡിന്റെ11 പഠനം സാമ്പത്തിക കേന്ദ്രീകൃതമാണ്. ആശയങ്ങളെ (themes) ആസ്പദമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത്, കാലഗണന (chronology) അനുസരിച്ചില്ല. താഴെക്കിടയിലുള്ളവരുടെ ചെറിയ സംഭാവനകള്‍മാത്രം വരുമാനമായുണ്ടായിരുന്ന മതപുരോഹിതര്‍ കലാപത്തിന് അനുകൂലമായ നിലപാടെടുത്തതും, സമ്പന്നനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും അനുഭവിച്ച കൊണ്ടോട്ടി തങ്ങള്‍ കലാപവിരുദ്ധ, ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തതും അദ്ദേഹം എടുത്തുപറയുന്നു. മാപ്പിളമാരെ സംഘടിതരും സമര സന്നദ്ധരുമാക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായേ ഇസ്ളാമിനെ അദ്ദേഹം കാണുന്നുള്ളു.

ചരിത്രകാരനല്ലെങ്കിലും ഡോ. എം പി എസ് മേനോന്‍12 മലബാര്‍ കലാപത്തെപ്പറ്റി എഴുതിയ ആളാണ്. മറ്റ് ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തികേന്ദ്രീകൃതമാണ് ഈ പുസ്തകം. വ്യക്തികളുടെയോ സമൂഹത്തിന്റെയോ അന്തസ്സിനെ ചവിട്ടിമെതിച്ചാല്‍ അവര്‍ സമരത്തിന് മുതിര്‍ന്നേക്കുമെന്നും, 'ജന്മിമാരുടെ മുഷ്ക്ക്, മതത്തോടുള്ള അതിയായ കടപ്പാട്, സാമ്പത്തികചൂഷണം, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ പക്ഷപാതിത്വം' എന്നിവ ഇവയോട് കൂടിച്ചേര്‍ന്ന് ഒരു പൊട്ടിത്തെറിക്ക് മാപ്പിളമാരെ സന്നദ്ധരാക്കിയെന്നും മേനോന്‍ അഭിപ്രായപ്പെടുന്നു. മാധവന്‍നായരെ മോശമായി ചിത്രീകരിക്കുവാനുള്ള വ്യഗ്രതയും മറ്റ് പക്ഷപാതിത്വങ്ങളും പ്രകടമാണ് ഈ പുസ്തകത്തില്‍.

കലാപത്തെപ്പറ്റിയുള്ള ഏറ്റവും സമഗ്രമായ പഠനമാണ് കെ എന്‍ പണിക്കരുടേത്.13 കലാപമുണ്ടായ സാഹചര്യവും (കര്‍ഷകരും, ഭൂവുടമകളും, ഭരണകൂടവും എന്ന ഒന്നാം അധ്യായം), ഒരു പാരമ്പര്യം എങ്ങനെ രൂപപ്പെടുന്നു (രണ്ടാം അധ്യായം) എന്നും വിവിധ പരിഹാര ശ്രമങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാവാതെപോയി (മൂന്നാം അധ്യായം) എന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇറ്റാലിയന്‍ ചിന്തകനായ അന്റോണിയൊ ഗ്രാംഷിയുടെ ബുദ്ധിജീവികളെപ്പറ്റിയുള്ള ആശയങ്ങള്‍ പണിക്കര്‍ ഇവിടെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇസ്ളാംമത പ്രവര്‍ത്തകരെയും ചിന്തകരെയും പരമ്പരാഗത ബുദ്ധിജീവി (traditional intellectuals) കളായി പണിക്കര്‍ വിശേഷിപ്പിക്കുന്നു. ഇവര്‍ പുഷ്ടിപ്പെടുത്തിയെടുത്ത ജനകീയ സാംസ്കാരിക ( popular culture) സാഹചര്യം മാപ്പിള കലാപങ്ങള്‍ക്ക് മതപരമായ ന്യായീകരണം നല്‍കി എന്നും അദ്ദേഹം കണ്ടെത്തുന്നു. കലാപകാരികളായ നാട്ടിന്‍പുറത്തെ ദരിദ്രര്‍ ഒരു സാമ്പത്തികവര്‍ഗമായി ( economic class) സ്വയം മാറിക്കഴിഞ്ഞിരുന്നില്ല എന്നും അവരുടെ ശത്രുക്കളാര് എന്നതിലധിഷ്ഠിതമായ, വര്‍ഗവീക്ഷണം ഉള്‍ക്കൊണ്ട ഒരു നിഷേധാത്മക വര്‍ഗബോധമായിരുന്നു അവരുടേത് എന്നും അദ്ദേഹം ഉപസംഹരിക്കുന്നു. ഭൂവുടമകള്‍ക്കും കോളനി ഭരണത്തിനും വിരുദ്ധമായ ഒരവബോധത്തിന്റെ ശക്തമായ പ്രകടനമായി 1921ലെ അന്തിമപോരാട്ടത്തെ അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു.

ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവുമധികം എഴുതപ്പെട്ട ഒന്നാണ് വിഭജനം. വിഭജനത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ ഇപ്പോഴത്തെ ഒരു രീതി വിഭജനത്തില്‍പ്പെട്ടുപോയവരുടെ അനുഭവങ്ങള്‍ , പ്രത്യേകിച്ച് സ്ത്രീകാഴ്ചപ്പാടില്‍ ഊന്നിയുള്ളവ, വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്. കൂടാതെ കിംവദന്തികളെപ്പറ്റിയും പല പഠനങ്ങളും വരുന്നു. 1921 നെ സംബന്ധിച്ചിടത്തോളം ഇതൊരു പോരായ്മയാണ്. കിംവദന്തികളെപ്പറ്റി ഈ ലേഖനകര്‍ത്താവിന്റെ ഒരു പഠനമുണ്ട്.14 ഷംഷാദ് ഹുസൈന്‍, അഭിമുഖങ്ങളിലൂടെ 1921 നെ സംബന്ധിക്കുന്ന ഓര്‍മ പിടിച്ചെടുക്കുവാന്‍ ഒരു പ്രബന്ധത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ട്. കലാപത്തിന്റെ ദൃക്സാക്ഷികളില്‍നിന്നു മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നില്ല. ഉദാഹരണത്തിന് 1922ല്‍ ചൌെരിചൌെരയില്‍ നടന്ന അക്രമത്തെപ്പറ്റി പഠനം നടത്തിയ ഷഹീദ് അമീന്‍ '1922-1992' എന്നാണ് പഠനത്തിനെ കാലഗണന നടത്തിയിട്ടുള്ളത്. അക്രമത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ പേരക്കുട്ടികളുമായിപ്പോലും ഷഹീദ് അമീന്‍ സംഭാഷണം നടത്തുന്നുണ്ട്. എങ്ങനെ ചൌെരിചൌെര ഒരു ഓര്‍മയും ഒരു പ്രതീകവുമായി എന്നാണ് അമീന്‍ അന്വേഷിച്ചത്. 'സംഭവങ്ങളുടെ' യഥാതഥ വിവരണമല്ലല്ലൊ ചരിത്രം. 1921 ലെ കലാപത്തെതുടര്‍ന്ന് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ ഓര്‍മകളെന്താണ്? കലാപത്തില്‍ കിംവദന്തികള്‍ വഹിച്ച പങ്കെന്ത്? കലാപത്തില്‍ പരോക്ഷമായിപോലും പങ്കെടുക്കാത്ത സ്ത്രീകളുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? ഈ വക ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ തേടുന്നു.

അടിക്കുറിപ്പുകള്‍

1. ആര്‍ എച്ച് ഹിച്ച്കോക്ക്, എ ഹിസ്റ്ററി ഓഫ് ദ മലബാര്‍ റബല്ല്യന്‍, 1921 (1925) പുനഃപ്രസിദ്ധീകരണം 1983. കൂടാതെ ജി ആര്‍ എഫ് ടോട്ടന്‍ ഹാം (എഡി) ദ മാപ്പിള റബല്ല്യന്‍ 1921-22, മദിരാശി, 1922.

2. കെ മാധവന്‍നായര്‍, മലബാര്‍ കലാപം, കോഴിക്കോട്, 1971.

3. മോഴിക്കുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകള്‍, കോഴിക്കോട്, 1965.

4. സി ഗോപാലന്‍നായര്‍, ദ മലബാര്‍ റബല്ല്യന്‍, 1921, കോഴിക്കോട്, 1923.

5. മാതൃഭൂമി, 27-4-1938.

6. 30 കൊല്ല കാലാവധിയാണ് രേഖകള്‍ കാണുന്നതിന് പരിധിയായി സാധാരണ വയ്ക്കുക. കലാപത്തിന്റെ കാര്യത്തില്‍ ഇത് 50 കൊല്ലമാക്കി ദീര്‍ഘപ്പിച്ചിരുന്നു.

7. സ്റ്റീഫന്‍ എഫ് ഡേല്‍, ദ മാപ്പിളാസ് ഓഫ് മലബാര്‍, 1498-1922, ഓക്സ്ഫോര്‍ഡ്, 1980.

8. ഇവിടെ ഹോബ്സ്ബാമിന്റെ സാമൂഹിക തസ്കരന്മാര്‍ (ീരശമഹ യമിറശ) എന്ന ആശയം ഉപയോഗിക്കാവുന്നതാണ്. പീനല്‍കോഡ് അനുസരിച്ചല്ലല്ലൊ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ തസ്കരന്മാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ പഠന വിധേയമാക്കേണ്ടതും.

9. സൌമേന്ദ്രനാഥ് ടാഗോര്‍, പെസന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍, ബോംബെ, 1937.

10. എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പെസന്റ് മൂവ്മെന്റ് ഇന്‍ കേരള, ബോംബെ, 1943. കൂടാതെ കേരള എസ്റ്റര്‍ഡേ, ടുഡേ ആന്‍ഡ് ടു മാറോ. ഭൂ വ്യവസ്ഥയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആദ്യകാല കാഴ്ചപ്പാടുകള്‍ 1940 ലെ കുടിയായ്മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വിയോജനക്കുറിപ്പില്‍ കാണാം.

11. കോണ്‍റാഡ് വുഡ്ഡ്, ദ മാപ്പിള റബല്ല്യന്‍ ആന്‍ഡ് ഇറ്റ്സ് ജനിസിസ്, ന്യൂഡല്‍ഹി, 1987.

12. പ്രൊഫ. എം വി എസ് മേനോന്‍, മലബാര്‍ സമരം എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും കോഴിക്കോട്, 1992.

13. കെ എന്‍ പണിക്കര്‍, എഗെന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് സ്റ്റേറ്റ് ന്യൂഡല്‍ഹി, 1989.

14. കെ ഗോപാലന്‍കുട്ടി, മലബാര്‍ പഠനങ്ങള്‍, തിരുവനന്തപുരം, 2007.

*
കെ ഗോപാലന്‍കുട്ടി കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

Saturday, November 27, 2010

മലബാര്‍ കലാപത്തിന്റെ സാമൂഹികചലനം

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവ പരമ്പരയായിരുന്നു മലബാര്‍ കലാപം. കലാപത്തിന്റെ പല പഠനങ്ങളിലും ഊന്നിക്കാണിക്കാതെ വന്ന ഒരു മാനമാണിത്. ഗാന്ധിയന്‍ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടപ്പോള്‍ രക്തരൂഷിതം കൂടിയായ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കോണ്‍ഗ്രസുകാര്‍ പിന്‍മാറി. ഇതാകട്ടെ ഒരു വഞ്ചനയായിപ്പോയെന്നാണ് ആര്‍ സി മജുംദാറിനെപ്പോലുള്ള ദേശീയ ചരിത്രകാരന്മാര്‍ വിലയിരുത്തിയത്.

തെക്കെ മലബാറില്‍ സൈനിക നിയമം നടപ്പിലാക്കപ്പെട്ടതോടെ ജീവിതം നിലനിര്‍ത്തുവാനുള്ള ആത്യന്തികമായ ഒരു കലാപശ്രമത്തില്‍ മാപ്പിളമാരായ കലാപകാരികള്‍ ഹൈന്ദവ വിഭാഗത്തിലെ പാവപ്പെട്ടവരെപ്പോലും ഇരകളാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അവരെ തടയുവാനും നേതൃത്വത്തിലേക്ക് നയിക്കുവാനും ആളില്ലാത്തവിധം ഒരു പാക്ഷിക സമരമായി അത് രൂപാന്തരപ്പെട്ടു. ചൈനയില്‍ 1850കളില്‍ നടന്ന തെയ്പിങ് കലാപങ്ങളിലും ഇത്തരത്തിലുള്ള കാര്‍ഷികസമരങ്ങളുടെ സ്വഭാവം പ്രതിഫലിച്ചതായിക്കാണാം. കലാപം നല്‍കുന്ന താക്കീത് ഇ എം എസ്സിനെപ്പോലുള്ള രാഷ്ട്രീയ നേതൃത്വം സൂചിപ്പിക്കുന്നതും കലാപത്തിന്റെ ഈ വിഭജനപരമായ സ്വഭാവവും മതപരമായ ആശയ സ്വാധീനവുമാണ്.

തെക്കെ മലബാറിലെ ഏറനാടന്‍, വള്ളുവനാടന്‍ ഗ്രാമങ്ങള്‍ കൊളോണിയല്‍ ദാരിദ്യ്രത്തിന്റെ ഈറ്റില്ലമായി മാറിയ പശ്ചാത്തലം കൂടിയായി കലാപം രൂപാന്തരപ്പെട്ടു. ഹൈന്ദവ- ഇസ്ളാമിക സാഹോദര്യത്തെ എന്നത്തെക്കാളും ഈ സംഭവങ്ങള്‍ പ്രതികൂലമായി ബാധിച്ചു. മതപരമായ സംഘടനകളും ശക്തികളും ഈ സംഭവം തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് ഉപയോഗപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍പോലും വര്‍ഗീയമായി രൂപപ്പെടുത്തിവന്നു. ആര്യസമാജംപോലുള്ള സംഘടനകള്‍ ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചു. ഇതെല്ലാം ആത്യന്തികമായി ഗ്രാമങ്ങളില്‍ മതസൌഹാര്‍ദം നഷ്ടപ്പെടുത്തി. മതപരമായ വിഭജനം പിന്നീട് ഇന്ത്യന്‍ മുസ്ളിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ശക്തമാക്കി.

പിന്നീട് നടന്ന ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍നിന്നും ഈ ഗ്രാമങ്ങള്‍ എന്നേക്കുമായി വിച്ഛേദിക്കപ്പെട്ടു. അതാകട്ടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍പ്പോലും ദേശീയപ്രസ്ഥാനത്തിന്റെ മതേതരത്വ സ്വഭാവം, ലിംഗസമത്വം തുടങ്ങിയ ആശയങ്ങള്‍ വളര്‍ന്നുവരാന്‍ സഹായകമായില്ല. ഇന്ന് വലിയ വികസനസ്വഭാവം ഉള്‍ക്കൊണ്ടുവെങ്കിലും ഒരു പിന്നോക്കപ്രദേശമായി മലപ്പുറം മാറിയതിന്റെ കാരണം മലബാര്‍ കലാപമാണെന്നു പറയാം.

ജന്മിത്വത്തെ സംബന്ധിച്ച് ഏറ്റവും വലിയ ആഘാതമായിരുന്നു കലാപമേല്‍പ്പിച്ചത്. ഈ ആഘാതം ഭൂമി കാര്‍ഷികമായി കൃഷിചെയ്യുന്നവന്റെയും കുടികിടപ്പുകാരന്റെയും കൂടിയാണെന്നുള്ള ഒരു ബോധം കലാപത്തിന് അധികാരിവര്‍ഗത്തിലുളവാക്കുവാന്‍ കഴിഞ്ഞു. മലബാറിലെ കുഴിക്കാണം സംബന്ധിച്ച കുടിയായ്മ നിയമം 1928 ല്‍ അവതരിപ്പിച്ചതിന്റെ ഒരു കാരണം ഇതാണെന്നു പറയാം.

ഹൈന്ദവമായ ജാതി വ്യവസ്ഥയുടെ തൊട്ടുകൂടായ്മ തുടങ്ങിയ ആശയങ്ങളെ ഇല്ലാതാക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. ഒരു ഹരിജന്‍ യുവാവ് ഒരു അന്തര്‍ജനത്തെ വിവാഹം കഴിക്കുന്ന ചിത്രം കുമാരനാശാന്‍ തന്റെ ദുരവസ്ഥയില്‍ അവതരിപ്പിച്ചത് ആദ്യമായി ചിന്താപരമായ ഒരു വിപ്ളവത്തിന്റെ തുടക്കമായിരുന്നു. എത്ര സാവിത്രിമാര്‍ അന്ന് എത്ര ചാത്തന്മാരെ വിവാഹം കഴിച്ചുവെന്നതല്ല പ്രശ്നം. ആശയപരമായ ഇത്തരം ഒരു ചിന്ത അന്നത്തെ സമൂഹത്തില്‍ ഉളവാക്കിയത് കലാപത്തിന്റെ ദൃശ്യങ്ങളായിരുന്നു.അതുപോലെ പന്തിഭോജനം എന്ന ആശയംപോലും ജാതി വ്യവസ്ഥക്കെതിരായി ഉയര്‍ന്നുവന്ന പശ്ചാത്തലം ഇതായിരുന്നു. പിന്നീടത് ദേശീയ പ്രസ്ഥാനത്തിന്റെ ആശയമായി മാറി.

മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. കലാപബാധിത പ്രദേശങ്ങളില്‍ കെ എ കേരളീയന്‍ മുപ്പതുകളില്‍ ഏതാണ്ട് മൂന്നു മാസക്കാലം സഞ്ചാരം നടത്തിയിരുന്നു. അദ്ദേഹത്തെ ഈ കലാപം വലിയ ഒരു വിപ്ളവകാരിയാക്കി മാറ്റി.

ഇന്ത്യയില്‍ 1857 ന് ശേഷം ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ സായുധ സമരം ഈ കലാപമായിരുന്നു. ബ്രിട്ടീഷ് സൈന്യം ശത്രുരാജ്യം പിടിച്ചടക്കുന്ന തന്ത്രമായിരുന്നു പിന്തുടര്‍ന്നത്. റഷ്യയില്‍ ബോള്‍ഷെവിക്ക് വിപ്ളവവും മറ്റും നടന്നതുപോലെ തങ്ങള്‍ക്കെതിരായി വലിയ സായുധസമരങ്ങള്‍ ഉരുത്തിരിയുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. മീററ്റ് കലാപത്തെയും മറ്റും പിന്നീടവര്‍ ശക്തമായി നേരിട്ടത് ഇത്തരം ഒരു പശ്ചാത്തലത്തിലായിരുന്നു. കലാപം സംബന്ധിച്ച ഏതു ചര്‍ച്ചയും ആശയവും ബ്രിട്ടീഷ് ഭരണാധികാരികള്‍ അത്യന്തം ഭയപ്പെട്ടു. ഉദാഹരണത്തിന് സൌമ്യേന്ദ്രനാഥ ടാഗോര്‍ പ്രസിദ്ധീകരിച്ച കര്‍ഷക കലാപം എന്ന ഗ്രന്ഥം അവര്‍ നിരോധിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചതന്നെയായിട്ടായിരുന്നു മലബാര്‍ കലാപത്തിന്റെ ആഹ്വാനവും താക്കീതും എന്ന ലഘുലേഖയെ അവര്‍ നിരോധിച്ചതും അച്ചടിച്ച പ്രസ്സിനു പിഴ ചുമത്തിയതും.

കലാപം മുസ്ളിം സമൂഹത്തില്‍ ആയിരക്കണക്കില്‍ അഗതികളെയും അനാഥരെയും സൃഷ്ടിച്ചുകൊണ്ട് ഗ്രാമീണ ദാരിദ്യ്രം ഏറ്റവും തീക്ഷ്ണമാക്കി. ഈ പശ്ചാത്തലത്തില്‍ ജെ ഡി ടി ഇസ്ളാംപോലുള്ള അനാഥാലയങ്ങള്‍ വളര്‍ന്നുവന്നു, അത് സമൂഹത്തിന് കുറെ ആശ്വാസകരമായിരുന്നു.

കലാപം പല പ്രദേശങ്ങളിലേക്കും കുടിയേറുവാന്‍ വ്യക്തികളെ പ്രേരിപ്പിച്ചു. ഒരര്‍ഥത്തില്‍ ഗ്രാമീണമായ കുടിയേറ്റങ്ങള്‍ക്ക് ഇത് പശ്ചാത്തലമൊരുക്കി. മാപ്പിളമാരായ കലാപകാരികളെ അന്തമാന്‍ പ്രോജക്ടിലേക്ക് നാടുകടത്തുകയും അവരെ അവിടെ കൂടുതല്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. പലരും മലബാര്‍ വിട്ട് തൊഴിലന്വേഷിച്ച് രാജ്യാന്തരങ്ങളിലേക്ക് കൂടി കുടിയേറിയെന്ന് പറയാം.

ഇത്തരത്തില്‍ ഒരു വിശകലനം ചെയ്യുമ്പോള്‍ മലബാര്‍ കലാപം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവപരമ്പരയായിരുന്നു. ഈ വിഷയം ഇന്നും ഒരു വര്‍ഗീയ കലാപമായി വ്യാഖ്യാനിക്കുന്നവരെ നമുക്ക് കാണാവുന്നതാണ്. മതം ഉപയോഗപ്പെടുത്തിയപ്പോഴും രാഷ്ട്രീയവും കാര്‍ഷികവും സാമൂഹ്യവുമായ അനേകം പ്രശ്നങ്ങള്‍, കൊളോണിയല്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയം ഇതെല്ലാം കലാപത്തിന്റെ പിന്നിലെ പ്രചോദനപരമായ വസ്തുതകളാണ്. മാര്‍ക്സ് എഴുതിയതുപോലെ ബ്രിട്ടീഷ് ഭരണത്തിന് സംഹാരാത്മകവും നിര്‍മാണാത്മകവുമായ ചലനങ്ങള്‍ കാണാവുന്നതാണ്. ഇത്തരം രണ്ടു വശങ്ങള്‍ ഈ കലാപത്തിലും ചരിത്രപരമായി വിശകലനം നടത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. അതിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനെതിരായി പടപൊരുതുമ്പോള്‍ അതുയര്‍ത്തുന്ന താക്കീത് കൂടി ശ്രദ്ധിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടിയിരിക്കുന്നു.

*
ഡോ. കെ കെ എന്‍ കുറുപ്പ് കടപ്പാട്: ദേശാഭിമാനി വാരിക 28-11-2010