Showing posts with label വര്‍ഗീയത. Show all posts
Showing posts with label വര്‍ഗീയത. Show all posts

Saturday, May 31, 2014

വര്‍ഗീയ-സാമ്പത്തിക ആക്രമണങ്ങള്‍

ഇരട്ടനാവോടെയാണ് ആര്‍എസ്എസും ബിജെപിയും സംസാരിക്കുന്നതെന്ന വസ്തുത തെളിയിക്കപ്പെട്ടതാണ്. ഇരട്ട അജന്‍ഡ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ "ഇരട്ട ഭാഷണം" അവര്‍ മികവോടെ തുടരുന്നത്. തീവ്രമായ തോതില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കല്‍ എന്ന ആര്‍എസ്എസിന്റെ പ്രധാന അജന്‍ഡയാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആര്‍എസ്എസും ബിജെപിയും നടപ്പാക്കിയ ഇരട്ടഅജന്‍ഡ സുവിദിതമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ "മുഖമായി" നരേന്ദ്രമോഡി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ അവര്‍ക്ക് വര്‍ഗീയധ്രുവീകരണം ഉറപ്പാക്കാനായി. മറുവശത്ത്, "വികസനം", "ഗുജറാത്ത് മോഡല്‍", "സദ്ഭരണം" തുടങ്ങിയ വര്‍ഗീയേതര വിഷയങ്ങള്‍ ചര്‍ച്ചചെയ്തും വോട്ടര്‍മാരുടെ പിന്തുണ തേടിയും ജനങ്ങളെ ആകര്‍ഷിച്ചു. ഈ ഇരട്ടതന്ത്രം ഫലപ്രദമായി നടപ്പാക്കിയാണ് ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. എന്നിരുന്നാലും സത്യപ്രതിജ്ഞയുടെ തലേന്ന് നരേന്ദ്രമോഡി സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡ മറനീക്കി.

ഹിന്ദുത്വസംഘടനകള്‍ ആസൂത്രണംചെയ്ത നിരവധി ഭീകരാക്രമണകേസുകളിലെ പ്രധാന പ്രതികളില്‍ ഒരാളും ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രേഷ്കുമാര്‍ ആവശ്യപ്പെട്ടത്, സിബിഐയും എന്‍ഐഎയും എടിഎസും അന്വേഷിക്കുന്ന ഇത്തരം എല്ലാ കേസും പിന്‍വലിക്കണമെന്നും അറസ്റ്റിലായ ഹിന്ദുത്വസംഘടനകളുടെ എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നുമാണ്. "രണ്ടാം സ്വാതന്ത്ര്യ"മാണ് തെരഞ്ഞെടുപ്പു ഫലമെന്നും ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

അധികാരമേറ്റയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചത് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെയും വിഭജനത്തിന്റെയുംസമയത്ത് ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചേര്‍ത്തതെന്ന വസ്തുത ഓര്‍ക്കണം. 370-ാം വകുപ്പ് റദ്ദാക്കാനുള്ള നടപടിയും ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടെന്ന വ്യക്തമായ ഈ പ്രസ്താവന ജമ്മു കശ്മീരിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിന് സ്വാഭാവികമായി വഴിയൊരുക്കിയിട്ടുണ്ട്. 370-ാം വകുപ്പ് റദ്ദാക്കല്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും "യഥാര്‍ഥ അജന്‍ഡ"യുടെ ഭാഗമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് 370-ാം വകുപ്പ് റദ്ദാക്കാന്‍ കഴിയാതിരുന്നതെന്ന് അവര്‍ പറയുന്നു. "ഈ വകുപ്പ് റദ്ദാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്" ബിജെപി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍, 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നിവയാണ് ഹിന്ദുത്വഅജന്‍ഡയുടെ കാതലെന്ന് ആര്‍എസ്എസും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെ, മതന്യൂനപക്ഷങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് മോഡിസര്‍ക്കാരിലെ മന്ത്രിമാര്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം എന്നതിന് ബിജെപി എതിരാണെന്നും കാരണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സംവരണം "ഭരണഘടനാവിരുദ്ധമാണെന്നും" സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. ന്യൂനപക്ഷസംവരണം എന്നതിന് താന്‍ എതിരാണെന്നും എന്തെന്നാല്‍ സംവരണം "മത്സരത്തിനുള്ള ആവേശം" ഇല്ലാതാക്കുമെന്നുമാണ് ന്യൂനപക്ഷക്ഷേമമന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞത്. മുസ്ലിങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷമല്ലെന്നും അവരുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും ജനസംഖ്യ കുറഞ്ഞുവരുന്ന പാഴ്സികളാണ് ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നതെന്നുകൂടി പറയാന്‍ നജ്മ മുതിര്‍ന്നു. മുസ്ലിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ തന്റെ മന്ത്രാലയത്തിന്റെ പങ്ക് കുറച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നജ്മയെന്ന ധാരണയാണ് അവര്‍ നല്‍കുന്നത്.

""മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. പാഴ്സികളാണ് ന്യൂനപക്ഷം. എണ്ണം കുറയാതിരിക്കാന്‍ അവരെ സഹായിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കണം"". ഇങ്ങനെയാണ് നജ്മ മാധ്യമങ്ങളോട് പറഞ്ഞത്. (ടൈംസ് ഓഫ് ഇന്ത്യ, മെയ് 28, 2014). പല മേഖലകളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് മുസ്ലിങ്ങള്‍ കഴിയുന്നതെന്ന് ഇവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് ഓര്‍ക്കണം. ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ യുപിഎ സര്‍ക്കാര്‍ നിയോഗിക്കുകയുംചെയ്തു. മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാര്‍ 2011 ഡിസംബറില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയത്.

ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പശ്ചിമബംഗാളിലെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വിവിധ മുസ്ലിംവിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഒബിസി സംവരണപരിധിക്കുള്ളില്‍ 10 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വളരെമുമ്പായിരുന്നു ഇത്. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മുസ്ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് അവര്‍ക്ക് പരിഗണന നല്‍കേണ്ടതെന്ന് പുതിയ ന്യൂനപക്ഷക്ഷേമമന്ത്രിയോട് പറയേണ്ടിവന്നിരിക്കുന്നു. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ പാഴ്സികളെപ്പോലുള്ള മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുമായി താരതമ്യംചെയ്യുന്നത് ക്രൂരതയാണ്. ഹിന്ദുത്വഅജന്‍ഡയുടെ കാതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ഇതേ അജന്‍ഡയുടെ വൃത്തികെട്ട മുഖം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധം പ്രത്യക്ഷപ്പെടുന്നുവെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.

നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവില്‍ മോഡിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് വിവിധ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുഫലം വന്നശേഷം കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കര്‍ണാടകത്തിലെ ബിജാപ്പുരില്‍ ബിജെപി നടത്തിയ വിജയഘോഷയാത്ര നഗരഹൃദയത്തിലെ പച്ചക്കറിച്ചന്തയില്‍ പൂര്‍ണതോതിലുള്ള വര്‍ഗീയകലാപത്തിലാണ് കലാശിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് കൊള്ളയടിക്കുകയുംചെയ്തു. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെ ഗോമതിപുരില്‍ സത്യപ്രതിജ്ഞയുടെ തലേന്ന് വര്‍ഗീയ ഏറ്റുമുട്ടലുകളുണ്ടായി. പരസ്പരം ഏറ്റുമുട്ടിയ ഹിന്ദു-മുസ്ലിം ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രണ്ടു സമുദായത്തിലെ ചിലര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് വന്‍ സംഘര്‍ഷമായി വളര്‍ന്നത്. നിരവധി കടകളും ബസും ഇരുചക്രവാഹനങ്ങളും കത്തിച്ചു.

സാമ്പത്തികരംഗത്ത് നവഉദാരനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രതിരോധ ഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുമെന്ന് പുതിയ പ്രതിരോധമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ മാനിക്കാതെ, ദേശീയസുരക്ഷ അടിയറവച്ച് പ്രതിരോധഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി സര്‍ക്കാരായിരുന്നു എന്നതും സ്മരണീയം.

തെരഞ്ഞെടുപ്പുകാലത്തുയര്‍ന്ന ആശങ്കകള്‍ ശരിവയ്ക്കുന്ന സൂചനകളാണ് സര്‍ക്കാരിന്റെ ആദ്യനടപടികളില്‍നിന്ന് ലഭിക്കുന്നത്; ഒരുവശത്ത് രാജ്യത്ത് വര്‍ഗീയധ്രുവീകരണം ശക്തമാക്കുക, മറുവശത്ത് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക- ഈ ഇരട്ടലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത്തരമൊരു ദ്വിമുഖ ആക്രമണത്തിനുമുന്നില്‍ നാം ഇരകളായി നിന്നുകൊടുക്കേണ്ട കാര്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വരുംനാളുകളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ സജ്ജമാവുകയാണ് ചെയ്യേണ്ടത്.

*
(പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം, മെയ് 28, 2014)

Sunday, March 23, 2014

വഞ്ചനയുടെ നീണ്ടകഥ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയും ഭഭരണഘടനാ ശില്‍പ്പിയുമായ അംബേദ്കര്‍ മന്ത്രിസഭാംഗത്വം രാജിവച്ച് നെഹ്റുവിെന്‍റ മുഖത്തുനോക്കി പറഞ്ഞു: സ്വാതന്ത്ര്യംകൊണ്ട് അടിസ്ഥാനവര്‍ഗത്തിന് ഒരുമാറ്റവും കരഗതമായിട്ടില്ല. പഴയ അതേ മര്‍ദകഭരണവും അതേ അടിച്ചമര്‍ത്തലും അതേ വിവേചനങ്ങളും തുടരുകയാണ്. ആദര്‍ശത്തിലൂന്നിയ ഒരു ലക്ഷ്യത്തിന്റെ അഭാവത്തില്‍ വിഡ്ഢികള്‍ക്കും പോക്കിരികള്‍ക്കും ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും വര്‍ഗീയവാദികള്‍ക്കും മതേതരവാദികള്‍ക്കും പുരോഗമനവാദികള്‍ക്കും കൊടിയ യാഥാസ്ഥിതികര്‍ക്കും ഒത്തുകൂടാനുള്ള ധര്‍മശാലയായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. അംബേദ്ക്കറുടെ വിലയിരുത്തല്‍ എത്ര യാഥാര്‍ഥ്യബോധത്തോടെയായിരുന്നെന്ന് കോണ്‍ഗ്രസിന്റെ പില്‍ക്കാലചരിത്രം കാണിച്ചുതന്നു. സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ടിയിരുന്ന ജനാധിപത്യസ്ഥാപനങ്ങളെ വരേണ്യഫ്യൂഡല്‍വര്‍ഗത്തിന്റെ താല്‍പ്പര്യസംരക്ഷണത്തിനുള്ള ഉപാധികളായി കോണ്‍ഗ്രസ് ഭരണകൂടം വികൃതമാക്കി എന്ന് മാത്രമല്ല, പരിവര്‍ത്തനത്തിന്റെ ആശയത്തെ മുളയില്‍ത്തന്നെ ചവിട്ടിയരയ്ക്കുകയും ചെയ്തു.

അധഃസ്ഥിതരും ദുര്‍ബലവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ദലിതരുമൊക്കെയാണ് ഈ പിന്തിരിപ്പന്‍നയത്തിന്റെ ബലിയാടുകളായത്. കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ കെട്ടിപ്പൊക്കിയത് ഈ അടിസ്ഥാനവര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളുടെ മേലായിരുന്നു. എന്നിട്ടും ഈ ജനവിഭാഗങ്ങളെ സാമൂഹികമായി മേല്‍ഗതിയിലത്തെിക്കാനോ ജനാധിപത്യപരമായി കൈപിടിച്ചുയര്‍ത്താനോ അവരുടെ ജീവിതമനോഗതിയില്‍ പുരോഗമനചിന്ത സന്നിവേശിപ്പിക്കാനോ നെഹ്റുവടക്കമുള്ളവര്‍ ബാധ്യതയായി ഏറ്റെടുത്തില്ല.

സ്വാതന്ത്ര്യത്തിന്റെ പാരമ്പര്യവും പൈതൃകവും കുത്തകയാക്കിവയ്ക്കുകയും അതുവഴി 1952ലെ പ്രഥമ തെരഞ്ഞെടുപ്പുതൊട്ട് അധികാരം കൈക്കലാക്കുകയും ചെയ്ത കോണ്‍ഗ്രസ്, മതേതരത്വത്തെക്കുറിച്ചാണ് എന്നും ഗീര്‍വാണങ്ങള്‍ മുഴക്കിയിരുന്നത്. എന്നാല്‍, ഇന്ത്യ പോലൊരു ബഹുമതസമൂഹത്തിന് അനുഗുണമായ ഒരു ജനായത്തസംസ്കാരം സ്വന്തം പാര്‍ടിയില്‍പ്പോലും ഊട്ടിവളര്‍ത്താന്‍ മെനക്കെട്ടില്ല എന്നിടത്താണ് ആ പാര്‍ടിയുടെ മൂലപരാജയം. നെഹ്റു വിചാരിച്ചാല്‍പ്പോലും അത് സാധ്യമാകുമായിരുന്നില്ല. കാരണം, കോണ്‍ഗ്രസ് ഒരിക്കലും ഒരു പുരോഗമന, മതനിരപേക്ഷ കക്ഷിയായിരുന്നില്ല. അതിന് അടിയുറപ്പുള്ള ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നില്ല. അധികാരത്തിനപ്പുറം ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അംബേദ്കര്‍ സൂചിപ്പിച്ചതുപോലെ ആവിര്‍ഭാവകാലം തൊട്ട് വര്‍ഗീയവാദികളും യാഥാസ്ഥിതികരും അധീശത്വം സ്ഥാപിച്ചെടുത്ത ജീര്‍ണിച്ച വഴിയമ്പലമായിരുന്നു അത്. ഹിന്ദുപരിഷ്കരണവാദികളായ രാജാറാംമോഹന്‍ റായ്, എം ജി റണഡെ, പണ്ഡിത രമാഭായ് എന്നിവരുടെ പുരോഗമനാശയങ്ങളല്ല, പ്രത്യുത തീവ്ര വലതു വിചാരഗതിയുടെ വക്താക്കളായ മദന്‍മോഹന്‍ മാളവ്യ, ബാലഗംഗാധര തിലക്, ലാലാലജ്പത് റായ്, പുരുഷോത്തംദാസ് ടണ്ഠന്‍ തുടങ്ങിയവരുടെ പ്രതിലോമചിന്തകളുടെ സ്വാധീനവലയത്തിലായിരുന്നു കോണ്‍ഗ്രസ് എന്നും. ചരിത്രകാരനായ എസ് ഗോപാല്‍ ഈ ദുഃസ്വാധീനത്തിന്റെ പ്രത്യാഘാതം കോണ്‍ഗ്രസിനെ ഏതുവിധം അപഥസഞ്ചാരത്തിലേക്ക് നയിച്ചുവെന്ന് വിശദീകരിക്കുന്നത് കാണുക:

ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഹൈന്ദവസംസ്കാരം നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന പുരുഷോത്തംദാസ് ടണ്ഠന്‍ 1950ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റു ടണ്ഠനെ നിര്‍ബന്ധിച്ചു രാജിവയ്പ്പിക്കുകയും വിമുഖത കാട്ടിയ പാര്‍ടിയെക്കൊണ്ട് ഒരു മതേതര നിലപാട് എടുപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ശക്തമായി എതിര്‍ത്തിട്ടും അടുത്ത വര്‍ഷം, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്ലിം ആക്രമികള്‍ തകര്‍ത്ത സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. നെഹ്റുവിന്റെ വിയോഗത്തിന് നിരവധി വര്‍ഷങ്ങള്‍ക്കുശേഷം, 1992 ഡിസംബറില്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ മൗനാനുമതിയോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള പോക്കിരികള്‍ ബാബരി മസ്ജിദ് തകര്‍ത്തു. (ദി ഹിന്ദു , ഇന്ത്യ, സ്വാതന്ത്ര്യദിന 50-ാം വാര്‍ഷികപ്പതിപ്പ്). ഇന്ന് നരേന്ദ്രമോഡിയും ഹിന്ദുത്വരാഷ്ട്രീയവും രാജ്യത്തെ ദുരന്തഗര്‍ത്തത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ഗീയഫാസിസത്തിന് ഇന്ത്യന്‍മണ്ണില്‍ ഈവിധം വേരോട്ടമുണ്ടായത് കോണ്‍ഗ്രസിന്റെ പിഴച്ച നയനിലപാടുകളില്‍നിന്നാണെന്നും അതു മനസ്സിലാക്കിയാണ് മുസ്ലിംങ്ങളാദി ദുര്‍ബലവിഭാഗങ്ങള്‍ ആ പാര്‍ടിയുമായുള്ള നാഭീനാളബന്ധം രാജ്യത്തുടനീളം അറുത്തുമാറ്റിയതെന്നും സമ്മതിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സത്യസന്ധത കാണിക്കണമെന്നില്ല. 1967നുശേഷം ഇന്ദിര ഗാന്ധി അനുവര്‍ത്തിച്ച തെറ്റായ നയങ്ങളാണ് കോണ്‍ഗ്രസിന്റെ കുടത്തില്‍നിന്ന് വര്‍ഗീയതതുടെ ഭൂതത്തെ തുറന്നുവിട്ടതും ഒരു മഹാരാജ്യത്തിന്റെ ദേശീയപ്രയാണത്തെ ദുര്‍വിധിഗ്രസ്തമാക്കിയതും. പാര്‍ടിയിലെ പിളര്‍പ്പിനുശേഷം പ്രഗത്ഭരായ നേതാക്കള്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞതും സംസ്ഥാനങ്ങള്‍ ഓരോന്നായി പാര്‍ടിക്ക് നഷ്ടപ്പെട്ടതും തങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് കുതറിമാറിയ സംസ്ഥാനങ്ങളില്‍ അസ്വാസ്ഥ്യം വിതക്കാന്‍ ഇന്ദിരയ്ക്ക് പ്രചോദനമായി. തല്‍ഫലമായി ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ അരങ്ങേറി. വിഭജനത്തിന്റെ കാലുഷ്യങ്ങള്‍ക്കുശേഷം സാമുദായിക ധ്രുവീകരണത്തിന്റെ വിഷക്കാറ്റുകള്‍ അന്തരീക്ഷത്തില്‍ ആഞ്ഞടിച്ച ആ നിര്‍ണായക ഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിത്വബോധവും അഭയവും നല്‍കുന്നതിനു പകരം ഇന്ദിര വേട്ടക്കാരുടെ പക്ഷത്താണ് നിലകൊണ്ടത്. പ്രവിശ്യാപൊലീസ് സേനകളായ യുപിയിലെ പിഎസിയെയും ബിഹാറിലെ ബിഎംസിയെയും ഉപയോഗിച്ചായിരുന്നു കുത്സിത അജണ്ട നടപ്പാക്കിയത്. ഇന്ത്യാപാക് യുദ്ധവും ബംഗ്ലാദേശിന്റെ പിറവിയുമെല്ലാം ആഭ്യന്തര വൈദേശികചക്രവാളം പ്രക്ഷുബ്ധതിയില്‍ തളച്ചിട്ട ആ കാലഘട്ടത്തില്‍ ഇന്ദിര സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാട് ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം അസ്വസ്ഥമാക്കി എന്നുമാത്രമല്ല, ഇന്ത്യയില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട് എന്ന് നിഷ്പക്ഷപഠനങ്ങള്‍ അടിവരയിടുന്നു. ആര്‍എസ്എസുമായുള്ള രഹസ്യബാന്ധവമാകാം ഭൂരിപക്ഷവര്‍ഗീയതകൊണ്ട് കളിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. 1972ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റാഞ്ചിയിലും ഗയയിലും പറ്റ്നയിലും പ്രസംഗിച്ച നെഹ്റുപുത്രി ഞങ്ങള്‍ക്ക് മുസ്ലിംവോട്ട് ആവശ്യമില്ല എന്ന് തുറന്നുപറയാന്‍ ധാര്‍ഷ്ട്യം കാണിച്ചു. വര്‍ഗീയ കാര്‍ഡ് തുറുപ്പ്ശീട്ടാക്കിയത് ഫലം കണ്ടപ്പോള്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ബിഹാറില്‍ അധികാരത്തിലേറി. ഈ പരീക്ഷണത്തില്‍നിന്ന് ആവേശംകൊണ്ട ഇന്ദിര താമസിയാതെ അലിഗര്‍മുസ്ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷസ്വഭാവം എടുത്തുകളയാനുള്ള നിയമനിര്‍മാണം കൊണ്ടുവന്നു. ഹിന്ദുവോട്ട്ബാങ്ക് എന്ന ആശയം ദേശീയരാഷ്ട്രീയ സംവാദങ്ങളില്‍ ഇടം പിടിക്കുന്നത് ഒരുപതിറ്റാണ്ടിനുശേഷമാണെങ്കിലും ബഹുസ്വരതയുടെ രാഷ്ട്രീയത്തിന്റെ മറുദിശയിലൂടെയുള്ള വിചിന്തനങ്ങള്‍ക്ക് ആക്കം കൂട്ടിയ കാലസന്ധിയാണിത്. 1975ലെ അടിയന്തരാവസ്ഥ ജനാധിപത്യമൂല്യങ്ങളോട് കോണ്‍ഗ്രസിനുള്ള പ്രതിബദ്ധത എന്തുമാത്രം കപടമാണെന്ന് ലോകത്തിനുമുന്നില്‍ അനാവൃതമാക്കി. ഇന്ദിര എന്ന ഏകാധിപതിയുടെ പിറവി ഇന്ത്യ എന്ന ആശയത്തെത്തന്നെ വികലവും വികൃതവുമാക്കി. രാഷ്ട്രീയനേതൃത്വത്തെ തുറുങ്കിലടച്ചും പ്രതിപക്ഷസ്വരത്തെ അടിച്ചമര്‍ത്തിയും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഞെരിച്ചുകൊന്നും അടിയന്തരാവസ്ഥയുടെ രാപ്പകലുകളെ ഇന്ദിര സ്വേച്ഛാധിപത്യത്തിന്റെ ഉത്സവപ്പറമ്പാക്കി. ഭരണകൂടഭീകരത അതിെന്‍റ ബീഭത്സമുഖം പുറത്തെടുത്തപ്പോള്‍ പീഡനങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്നത് ന്യൂനപക്ഷങ്ങളായിരുന്നു. സഞ്ജയ്ദത്ത് അന്നത്തെ ലഫ. ഗവര്‍ണര്‍ ജഗ്മോഹെന്‍റ നേതൃത്വത്തില്‍ നടപ്പാക്കിയ നിര്‍ബന്ധ വന്ധ്യംകരണത്തിന്റെയും തുര്‍ക്കുമാന്‍ഗേറ്റ് അതിക്രമങ്ങളുടെയും നടുക്കുന്ന വര്‍ത്തമാനങ്ങള്‍ ദുര്‍ബലവിഭാഗങ്ങളെ ചകിതരാക്കി എന്നുമാത്രമല്ല രാജ്യമാസകലം കോണ്‍ഗ്രസിനെതിരെ തിരിയാന്‍ പ്രചോദനമായി.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത പ്രഹരങ്ങള്‍ക്ക് ന്യൂനപക്ഷദലിതരോഷം വലിയപങ്കുവഹിച്ചു. ജനാധിപത്യധ്വംസനത്തിനെതിരായ ജനരോഷത്തിന്റെ രാഷ്ട്രീയത്തെ വര്‍ഗീയവിഭജനം വഴി നിര്‍വീര്യമാക്കാനുള്ള കുതന്ത്രങ്ങളെ കുറിച്ചാണ് പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചത്. ഭൂരിപക്ഷ ന്യുനപക്ഷസമുദായങ്ങള്‍ എല്ലാംമറന്ന് കൈകോര്‍ത്തതാണ് തന്നെ അധികാരത്തില്‍നിന്ന് നിഷ്കാസിതയാക്കിയതെന്ന വിലയിരുത്തല്‍ ഇന്ദിരയില്‍ പ്രതികാരദാഹം വളര്‍ത്തി. 1980ല്‍ അധികാരത്തില്‍ തിരിച്ചുവന്നെങ്കിലും പാര്‍ടിയുടെ അടിത്തറ തകര്‍ന്നുകഴിഞ്ഞിരുന്നു. അതോടെ എല്ലാ അധികാരങ്ങളും ഹൈക്കമാന്‍ഡില്‍ കേന്ദ്രീകരിക്കുകയും ആഭ്യന്തരജനാധിപത്യഘടന ശിഥിലമാവുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ജനായത്തവിരുദ്ധ മാര്‍ഗങ്ങളിലൂടെ നിലനില്‍പ്പ് ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുമുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കാനും അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കുത്സിതപദ്ധതികളാവിഷ്കരിച്ചു നടപ്പാക്കാന്‍ തുടങ്ങി. എണ്‍പതുകളുടെ പ്രാരംഭത്തില്‍ യുപിയിലും ബിഹാറിലുമൊക്കെ അരങ്ങേറിയ വ്യാപകമായ വര്‍ഗീയകലാപങ്ങള്‍ ഇതിന്റെ പരിണതിയായിരുന്നു. യുപിയിലെ മുറാദാബാദില്‍ പതിനായിരത്തോളം വിശ്വാസികള്‍ ഒത്തുകൂടിയ ഈദ്ഗാഹിനുനേരെ പിഎസി സേന വെടിയുതിര്‍ത്തപ്പോള്‍ പിടിഞ്ഞുവീണത് നൂറുകണക്കിന് നിരപരാധികളായിരുന്നു. വി പി സിങ്ങായിരുന്നു യുപി മുഖ്യമന്ത്രി. അതിക്രമകാരികളായ പൊലിസ് സേനയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം അവരെ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചപ്പോള്‍ മുറാദാബാദിന് പിറകെ മീറത്തിലും അലിഗഢിലും ബിഹാര്‍ ശരീഫീലുമൊക്കെ കലാപങ്ങള്‍ ആളിക്കത്തി.

വര്‍ഗീയതകൊണ്ടുള്ള കളി അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. സിഖുസമുദായത്തിനകത്ത് ആഭ്യന്തരസംഘര്‍ഷം വളര്‍ത്തി അകാലിദളിലെ തീവ്രവിഭാഗത്തെ വിഘടനവാദികളാക്കി മാറ്റിയെടുത്തു. ജര്‍ണയില്‍സിങ് ഭിന്ദര്‍വാലയുടെ രംഗപ്രവേശവും ഖാലിസ്ഥാന്‍ വാദവുമൊക്കെ ഇന്ദിരയുടെ പിഴച്ച നയത്തിന്റെ സന്തതികളാണ്. സിഖ് ന്യൂനപക്ഷം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നു എന്ന മുറവിളിയിലൂടെ ഭഭൂരിപക്ഷസമൂഹത്തില്‍ ഭ്രാന്തമായ ദേശീയാവേശവും ജിന്‍ഗോയിസവും ആളിക്കത്തിക്കുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ എന്ന സൈനിക നടപടിയിലൂടെ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച ഭിന്ദര്‍വാലയെയും അനുയായികളെയും കൊന്നൊടുക്കി. അതിന് പ്രതികാരമായി സ്വന്തം അംഗരക്ഷകര്‍ 1984 ഒക്ടോബറില്‍ ഇന്ദിരയെ വെടിവച്ചുകൊന്നു. കോണ്‍ഗ്രസ് ദല്‍ഹി നേതൃത്വത്തിന്റെ ഒത്താശയോടെ തലസ്ഥാനഗരിയിലും പ്രാന്തപ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ കൂട്ടക്കൊല അരങ്ങേറി. നാലായിരത്തോളം നിരപരാധികള്‍ രോഷത്തിന് ഇരയായി. വന്‍മരം കഴപുഴകി വീഴുമ്പോള്‍ അതിനടിയിലെ മണ്ണിളകുക സ്വാഭാവികമാണെന്നു പറഞ്ഞ് രാജീവ്ഗാന്ധി ഒരു മഹാദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണാന്‍ ശ്രമിച്ചു. ദേശീയരാഷ്ട്രീയം കൂടുതല്‍ വിപല്‍ക്കരമായ പന്ഥാവിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത് ഇതോടെയാണ്.

*
കാസിം ഇരിക്കൂര്‍

Monday, February 24, 2014

ഏകതാ കോളനി നല്‍കുന്ന സന്ദേശം

ഗുജറാത്തിലെ ഗോധ്രയ്ക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ന്യൂനപക്ഷവേട്ടയാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേത്. അറുപതിലധികം പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ അവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഏഴിന് കാവിയണിഞ്ഞ ജാട്ടുകള്‍ ആരംഭിച്ച കലാപത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ഏറെയും ജീവന്‍ നഷ്ടമായത്. മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലെ അരലക്ഷത്തോളംപേര്‍ സ്വന്തം സംസ്ഥാനത്ത് അഭയാര്‍ഥികളായി. 54 താല്‍ക്കാലിക ക്യാമ്പുകളിലായി ഇവരുടെ ജീവിതം. തണുപ്പുകാലം വന്നതോടെ സ്ഥിതി ശോചനീയമായി. 34 കുട്ടികള്‍ ക്യാമ്പുകളില്‍ തണുത്തുവിറച്ചു മരിച്ചു. ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പല ക്യാമ്പുകളും ഇടിച്ചുനിരത്തിയതോടെ പലര്‍ക്കും തെരുവിലിറങ്ങേണ്ടിവന്നു. ഭക്ഷണവും വസ്ത്രവും വീടും സ്വപ്നംമാത്രമായി.

കലാപം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ബസികലാന്‍, താവ്ലി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ദുരിതബാധിതര്‍ക്ക് ഒരു സഹായവും എത്തിയില്ല. എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, ഇവരെത്തേടി ഒരു സഹായവും കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്തിയില്ല. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഡിസംബറില്‍ രണ്ടാംതവണയും ഷാംലിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചെങ്കിലും കലാപബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനായില്ല. ഇവര്‍ക്ക് ഒരു സഹായവും നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ന്യൂനപക്ഷങ്ങളെ സഹായിച്ചാല്‍ ഭൂരിപക്ഷത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കോണ്‍ഗ്രസിന്. വിഭജനകാലത്ത് നവഖാലിയില്‍ ന്യൂനപക്ഷ സംരക്ഷണത്തിനായി സത്യഗ്രഹമിരുന്ന മഹാത്മാഗാന്ധിയുടെ പാര്‍ടിയാണ് ഇങ്ങനെ അധഃപതിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമായ ബിജെപിയാകട്ടെ, കലാപബാധിതര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരായതുകൊണ്ട് സഹായിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കാനാണ് ശ്രമിച്ചത്. കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയ അഖിലേഷ് സിങ് സര്‍ക്കാരും അവരെ സഹായിച്ചില്ല.

എന്നാല്‍, കലാപബാധിതര്‍ക്ക് ആശ്വാസമെത്തിച്ച് സിപിഐ എം മാതൃക കാട്ടുകയാണ്. സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് സിപിഐ എം കാട്ടിയത്. മുസഫര്‍നഗര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായംനല്‍കാന്‍ പാര്‍ടി ദേശവ്യാപകമായ ഫണ്ട് പിരിവിന് ആഹ്വാനംചെയ്തു. ന്യൂഡല്‍ഹിയിലെ സുര്‍ജിത് ഭവന്‍ ഫണ്ട് പിരിവിന് തൊട്ടുപുറകെയാണ് മുസഫര്‍നഗര്‍ ഫണ്ട് പിരിച്ചത്. എന്നിട്ടും കേരളത്തില്‍ നിന്നുമാത്രം 54 ലക്ഷം രൂപ ലഭിച്ചു. ആകെ 80 ലക്ഷം രൂപയും. കേരളത്തില്‍നിന്ന് ലഭിച്ച തുകയാണ് ഇപ്പോള്‍ 54 പേര്‍ക്ക് വീടുവച്ച് നല്‍കാന്‍ സിപിഐ എം നല്‍കിയത്. മൂവായിരം കിലോമീറ്റര്‍ അകലെ മുസഫര്‍നഗറില്‍ കേരളത്തില്‍നിന്ന് ലഭിച്ച പണംകൊണ്ട് വീടുകള്‍ ഉയരുകയാണ്. ബാക്കി തുക ഹസ്സന്‍പുര്‍ ഗ്രാമക്കാര്‍ ആവശ്യപ്പെട്ട സഹായം നല്‍കാനാണ് പരിപാടിയെന്ന് സിപിഐ എം ഉത്തര്‍പ്രദേശ് ഘടകം വ്യക്തമാക്കിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിട്ട് മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഏകതാകോളനിക്കാണ് സിപിഐ എം രൂപം നല്‍കിയത്. മുസഫര്‍നഗര്‍ ജില്ലയിലെ ബുഡാന ബ്ലോക്കിലെ ജോല ഗ്രാമത്തിലാണ് ഈ കോളനി. ജോലയില്‍ രണ്ടിടത്തായാണ് വീട് നിര്‍മാണം. മൂന്നു ലക്ഷത്തോളം രൂപയ്ക്കു വാങ്ങിയ സ്ഥലത്താണ് ഇഷ്ടികകൊണ്ട് വീട് നിര്‍മിക്കുന്നത്. ഒരിടത്ത് 36ഉം മറ്റൊരിടത്ത് 28ഉം വീടുകള്‍. ഏകതാ കോളനിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് വീട് നിര്‍മിക്കാനുള്ള സഹായം വിതരണംചെയ്തത്. ലാക്, ഭാവ്ഡി, ലിസാഡ് തുടങ്ങിയ ഗ്രാമങ്ങളില്‍നിന്ന് ജീവനുംകൊണ്ടോടി ജോല ഗ്രാമത്തില്‍ അഭയംപ്രാപിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത്. വീട് നല്‍കുന്നതിനുള്ള രേഖയും ഒരോലക്ഷം രൂപയുടെ സഹായവുമാണ് വിതരണംചെയ്തത്. തുണികൊണ്ടുള്ള ക്യാമ്പുകളിലെ ദുരിതജീവിതത്തില്‍നിന്ന് 54 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാന്‍ സിപിഐ എമ്മിനായത് ശ്ലാഘനീയമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്‍ഗീയധ്രുവീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസഫര്‍നഗര്‍ കലാപത്തിന് സംഘപരിവാര്‍ നേതൃത്വം നല്‍കിയത്. നരേന്ദ്രമോഡിയെ ആര്‍എസ്എസ് നിര്‍ദേശപ്രകാരം ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ഉത്തരേന്ത്യയിലെങ്ങും ചെറുതും വലുതുമായ വര്‍ഗീയകലാപങ്ങള്‍ വര്‍ധിക്കുകയാണ്. മോഡിയുടെ വലംകൈയായ അമിത്ഷാ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ചുമതലക്കാരനായശേഷം മാത്രം ഡസനിലധികം വര്‍ഗീയ കലാപങ്ങള്‍ അവിടെയുണ്ടായി. ഇതിന് നേതൃത്വം നല്‍കിയ ബിജെപിയെയും നരേന്ദ്രമോഡിയെയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെടുത്തുന്നതിന് ഇടതുപക്ഷം കഠിനശ്രമം നടത്തുമെന്ന സന്ദേശമാണ് സിപിഐ എം ഏകതാ കോളനിയുടെ നിര്‍മാണത്തിലൂടെ നല്‍കിയത്. സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്് മടിച്ചുനില്‍ക്കുമ്പോള്‍ സിപിഐ എമ്മാണ് ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തതെന്ന് ഏകതാ കോളനിയുടെ നിര്‍മാണം വ്യക്തമാക്കുന്നു. ഈ സന്ദേശം ഏറ്റെടുക്കാന്‍ രാജ്യത്തെ ഏല്ലാ പുരോഗമന മതനിരപേക്ഷ ജനാധിപത്യവാദികളും തയ്യാറാകണം. ഈ ദൗത്യത്തില്‍ സിപിഐ എമ്മിനെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ ചട്ടക്കൂട് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് തിരിച്ചറിയണം.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, November 30, 2013

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കരുത്

കേരളത്തിലെ മലയോരങ്ങളിലെ ജനജീവിതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും മാത്രമേ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂ എന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ് ജീവിതോപാധികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ആ കടമ കേരളജനത ഏറ്റെടുക്കേണ്ടതുണ്ട്.

ജയറാം രമേശ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യംചെയ്യുന്ന എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനു പകരം ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന പേരില്‍, കേരളത്തിലെ കര്‍ഷക താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കാനാണ് കസ്തൂരിരംഗന്‍ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടും എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചചെയ്തശേഷംമാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ. ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ എത്തിക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ഇളവുകള്‍ കേരളത്തിന് ലഭിച്ചില്ല. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് ബഹുജനങ്ങള്‍ വലിയ തോതില്‍ ഈ റിപ്പോര്‍ട്ടിനെതിരെ അണിനിരന്നത്.

കേരള സര്‍ക്കാര്‍ വൈകിമാത്രം നിയോഗിച്ച സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനെ പാടേ തകര്‍ക്കുന്ന ഈ സ്ഥിതിയെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ 16 എംപിമാര്‍ക്കോ 8 കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് കര്‍ഷക-കുടിയേറ്റ കുടുംബങ്ങളുടെ ജീവിതവും നിലനില്‍പ്പും ആശങ്കയുടെ മുള്‍മുനയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാനായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കലാണ്.

സംസ്ഥാനത്തെ 123 വില്ലേജുകളെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളെയും ബാധിക്കും. കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടില്‍ പ്രകൃതിലോല പ്രദേശങ്ങള്‍ക്കകത്ത് ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശവും ശക്തമാണ്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ, ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍മാത്രമേ സഹായിക്കുകയുള്ളൂ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് സമവായമുണ്ടാക്കുന്നതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്ന് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്ത്രീയ പദ്ധതികളാണ് രൂപപ്പെടേണ്ടത്. ഇത്തരം പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നതുവരെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്. ഈ റിപ്പോര്‍ട്ടുകള്‍ ഒരു വിദഗ്ധസമിതിയുടെ ഉചിതമായ പരിശോധനയ്ക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കിമാത്രമേ നടപ്പാക്കാവൂ. അതിനുപകരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകളില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.

വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുക

രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ കടുത്ത വെല്ലുവിളിയാണ് വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്നത്. മുതലാളിത്ത- നാടുവാഴിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയം അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഭരണത്തിന്, ജനങ്ങളുടെ അഭിലാഷം നിറവേറ്റാനായില്ല. ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ ഹിന്ദുരാഷ്ട്ര മുദ്രാവാക്യമുയര്‍ത്തിയാണ് വര്‍ഗീയ അജന്‍ഡ മുന്നോട്ടുവയ്ക്കുന്നത്. സംഘപരിവാറിന്റെ ഹീന നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ല.

2003 ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം കൂട്ടക്കൊല രാജ്യത്തിന് എക്കാലത്തേക്കുമുള്ള അപമാനമായി. ഭീതിയിലായ മുസ്ലിം ജനതയില്‍ ഒരുവിഭാഗത്തെ തീവ്രവാദികളാക്കാന്‍ സംഘടിതശ്രമം നടന്നു. മുസ്ലിം യുവാക്കളില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ന്നുവന്നത് ഈ സാഹചര്യത്തിലാണ്. എന്‍ഡിഎ ഭരണം 2004 ല്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ പാര്‍ടികള്‍ കൈക്കൊണ്ട നിലപാടാണ് ഇത് സാധ്യമാക്കിയത്. ജനവിരുദ്ധനയങ്ങള്‍ യുപിഎ സര്‍ക്കാരിനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ സാഹചര്യം ഉപയോഗിച്ച്, വീണ്ടും അധികാരത്തിലേറാന്‍ ബിജെപി നേതൃത്വത്തില്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണ്. തീവ്രഹിന്ദുത്വ നിലപാടുയര്‍ത്തി നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി വര്‍ഗീയത ആളിക്കത്തിച്ച് ഭൂരിപക്ഷം നേടാനാണവര്‍ ശ്രമിക്കുന്നത്. രാമജന്മഭൂമി പ്രശ്നം, കശ്മീരിന്റെ പ്രത്യേക പദവി, ഏക സിവില്‍ കോഡ്, ഗോവധം തുടങ്ങിയ പ്രശ്നങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനാകെ നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് ആണ്. വിവിധ ഭഭീകരാക്രമണങ്ങളെത്തുടര്‍ന്ന്, എല്ലാറ്റിനും ഉത്തരവാദികള്‍ മുസ്ലിങ്ങളാണെന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നു. പല സംഭവങ്ങളിലും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ പ്രതികളാക്കി ജയിലിലടച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വര്‍ഗീയ-തീവ്രവാദ സംഘടനകളില്‍ അണിനിരത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നു.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് ഇത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍. ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ജമാഅത്തെ ഇസ്ലാമിയുടെ മതാധിഷ്ഠിത രാഷ്ട്രസങ്കല്‍പ്പം. വര്‍ഗീയത, വര്‍ഗ ഐക്യം തകര്‍ക്കുന്നതാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യപോരാട്ടത്തെ തകര്‍ക്കലാണ് വര്‍ഗീയതയുടെ ലക്ഷ്യം. എല്ലാത്തരം വര്‍ഗീയതയെയും ചെറുത്തുതോല്‍പ്പിക്കാനാവണം. മതനിരപേക്ഷ സംസ്കാരം ശക്തിപ്പെടുത്താന്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പുരോഗമനശക്തികളെയും യോജിപ്പിച്ച് അണിനിരത്താന്‍ എല്ലാവരും രംഗത്തിറങ്ങണം.

*
ദേശാഭിമാനി

Thursday, October 31, 2013

മോഡിയിലൂടെ വരുന്ന വിപത്ത്

കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമ്മേളനം നരേന്ദ്രമോഡിയെ ഏതുവിധേനയും അധികാരത്തിലേറ്റാനുള്ള ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ് ആ സമ്മേളനത്തില്‍ പങ്കെടുത്ത് ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കാനുള്ള സന്നദ്ധതയറിയിച്ചു. രാമക്ഷേത്ര നിര്‍മാണമെന്ന അജന്‍ഡ ശക്തമായി മുന്നോട്ടുനീക്കാനും തീരുമാനമായി. ബിഹാറിലെ പട്നയില്‍ ബിജെപി റാലിക്കിടയിലുണ്ടായ സ്ഫോടനത്തിന്റെ മറപറ്റി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ യുദ്ധംചെയ്യുന്നുവെന്ന കുറ്റാരോപണത്തിലൂടെ, മതപരമായി ഇന്ത്യയെ വിഭജിക്കുകയെന്ന ഫാസിസത്തിന്റെ പരിപാടി മറയില്ലാതെ നരേന്ദ്രമോഡി തുറന്നുപറഞ്ഞു.

ഫാസിസം ഓരോ രാജ്യത്തും വ്യത്യസ്തരൂപത്തില്‍ പ്രത്യക്ഷപ്പെടും. ഇന്ത്യയിലെ ഫാസിസത്തിന്റെ വരവ് കപടഹിന്ദുത്വം ഉരുവിടുന്ന കാവിപ്പടയുടെ നേതൃത്വത്തിലാണെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ചെന്നാല്‍ അവിടത്തെ ഫാസിസത്തിന്റെ കേന്ദ്രം താലിബാനെന്നുകാണാം. മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായുണ്ടായ വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതദുരിതങ്ങളും പണപ്പെരുപ്പവും മൂലം ജനങ്ങള്‍ ഭരണസംവിധാനത്തെ വെറുക്കുന്ന ഘട്ടത്തിലാണ് ഫാസിസത്തിന്റെ കടന്നുവരവ് എളുപ്പമാകുന്നത്. ഇന്നലെവരെ ഏതൊരു വര്‍ഗത്തിനുവേണ്ടിയാണോ, ജനാധിപത്യ വ്യവസ്ഥയുടെ മറവില്‍ ബൂര്‍ഷ്വാസി വിടുപണിചെയ്തത്, ആ വിഭാഗങ്ങളെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളെയും സങ്കോചമില്ലാതെ കൈയൊഴിയുന്ന ഫിനാന്‍സ് മൂലധനം, തങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങളുടെ പുതിയ രക്ഷിതാക്കളായി ഫാസിസത്തെ അവരോധിക്കുന്നു. ഇന്ത്യന്‍ മൂലധനശക്തികളില്‍ ഗണ്യമായ ഒരു വിഭാഗവും കോര്‍പറേറ്റുകളും നരേന്ദ്രമോഡിയെ വാഴ്ത്തുന്നതും കോര്‍പറേറ്റു മാധ്യമങ്ങള്‍ മോഡിത്വത്തിന്റെ ദാര്‍ശനികരായി ചമയുന്നതും ഇതിന്റെ ഭാഗമായാണ്.

ആഗോളവല്‍ക്കരണ കാലത്തെ ദുരനുഭവങ്ങളില്‍നിന്ന് പാഠംപഠിച്ച് തൊഴിലാളിവര്‍ഗവും ജനസമൂഹങ്ങളും ഭരണകൂടത്തിനെതിരെ തിരിയുമ്പോള്‍, മുതലാളിത്തം ഫാസിസത്തെ വരിക്കുന്നതെങ്ങനെയെന്ന് നെഹ്റു മുമ്പ് എഴുതിയത് പ്രസക്തമാകുന്നു. ""തൊഴിലാളികള്‍ ശക്തരാവുകയും അവര്‍ മുതലാളിത്ത ഭരണകൂടത്തിന് യഥാര്‍ഥ ഭീഷണിയായിത്തീരുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മുതലാളിവര്‍ഗം ആത്മരക്ഷയ്ക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കും. സാധാരണഗതിയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളിലാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നുവരിക. സമ്പത്തിന്റെ ഉടമകളായ ഭരണവര്‍ഗത്തിന് പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചുള്ള സാമാന്യ ജനാധിപത്യരീതികളിലൂടെ തൊഴിലാളിവര്‍ഗത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെവരുമ്പോള്‍ അവര്‍ ഫാസിസ്റ്റ് മാര്‍ഗം അവലംബിക്കാനാരംഭിക്കുന്നു"". (വിശ്വ ചരിത്രാവലോകനത്തില്‍നിന്ന്) ഇന്ത്യയിലെ മുതലാളിത്ത പ്രതിസന്ധിയുടെ ഒരുഘട്ടത്തെ ഉപയോഗപ്പെടുത്തിയാണ് തൊണ്ണൂറ്റിയൊന്നില്‍ ആഗോളവല്‍ക്കരണ നയങ്ങളിലേക്ക് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവേശിച്ചത്. അതിനെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ആദ്യത്തെ ദേശീയപണിമുടക്ക് 1992 നവംബര്‍ 29നായിരുന്നു. ദിവസങ്ങള്‍ക്കകം ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ വര്‍ഗീയമായി കൂടുതല്‍ വിഘടിതമായ ഇന്ത്യയില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് സുഗമമായ പാതയൊരുങ്ങി. 2013 ഫെബ്രുവരി 20, 21 തീയതികളിലെ തൊഴിലാളി പണിമുടക്ക്, രാഷ്ട്രീയ പാര്‍ടികളുടെ വേലികള്‍ക്കപ്പുറത്ത് തൊഴിലാളികള്‍ കൈകോര്‍ത്ത മഹാസംഭവമായി. അഭൂതപൂര്‍വമായ ഈ ഐക്യത്തെ ശിഥിലീകരിക്കാനും ജനകീയ ഐക്യത്തെ വിഘടിപ്പിക്കാനും ഉചിതമായത് രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരിലുയര്‍ത്തുന്ന കോലാഹലങ്ങളാണെന്ന കൃത്യമായ തിരിച്ചറിവിലാണ് ആര്‍എസ്എസ് കരുക്കള്‍ നീക്കുന്നത്.

വാജ്പേയിസര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ക്ഷേത്ര നിര്‍മാണപ്രശ്നത്തില്‍ മൗനമായിരുന്നവര്‍ മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കിയതിനു പുറകെ അതേ അജന്‍ഡയുമായി വരുന്നത് ഫാസിസത്തിന്റെ അടവുകളിലൊന്നു മാത്രമാണ്. ആഗോളവല്‍ക്കരണ നയങ്ങളുടെ മൂലധനശാഠ്യങ്ങള്‍ കൈയാളുന്ന ഭരണവര്‍ഗ പ്രത്യയശാസ്ത്ര പാര്‍ടികളാണ് കോണ്‍ഗ്രസും ബിജെപിയും. അവ രണ്ടിനെയും അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഒരു ഭരണസംവിധാനം ഇന്ത്യയില്‍ സാധ്യമാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷം നല്‍കിയ പിന്തുണയെ, പിന്നീട് ബാധ്യതയായാണ് ഭരണവര്‍ഗങ്ങള്‍ക്ക് തോന്നിയത്. ഇടതുപക്ഷത്തിന്റെ ശാഠ്യങ്ങള്‍മൂലം ഒന്നാം യുപിഎ സര്‍ക്കാരിന് സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കുന്നില്ല എന്ന് പരാതി ഉയര്‍ത്തിയത് കോര്‍പറേറ്റുകളാണ്. അമേരിക്കയെയും വിദേശമൂലധനത്തെയും ഇന്ത്യന്‍ കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കാനുള്ള ജനവിരുദ്ധ നടപടികളാണ് കഴിഞ്ഞ അഞ്ചുകൊല്ലത്തിലേറെയായി കാണുന്നത്. ഇതിന്റെ ഫലമായി ജനം വെറുത്ത് പതനം കാത്തുകഴിയുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. പാരമ്പര്യസ്മരണകളും വ്യര്‍ഥമായ ഗീര്‍വാണങ്ങളും തങ്ങളെ രക്ഷിക്കുമെന്ന് ചിന്തിക്കുന്ന വിഡ്ഢിത്തങ്ങളുടെമേല്‍ സ്വപ്നാടനം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് യാഥാര്‍ഥ്യബോധം തീരെയില്ല. ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലപാടുയുദ്ധം ഇടതുപക്ഷത്തിന്റെ തനതു രീതിയാണ്.

ഇന്ത്യയില്‍ മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കാനുള്ള പ്രവണത ശക്തമാണ്. തീവെട്ടിയാക്രണമെന്ന രീതിയിലല്ല, നിലപാടില്‍ ഉറച്ചുനിന്ന് തുടര്‍ച്ചയായും ശാന്തമായും പൊരുതുകയെന്നതാണ്, ഫാസിസത്തിന്റെ കാലത്തെ മാര്‍ക്സിസം വികസിപ്പിച്ച അന്തോണിയോ ഗ്രാംഷിയെ ഉദ്ധരിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടുന്നത്. ഒരു വര്‍ഗീയതയോടും സന്ധിചെയ്യാതെയും കീഴ്പ്പെടാതെയും ജനാധിപത്യ പാര്‍ടികളെ ഉള്‍പ്പെടുത്തി മതേതരമുന്നണി രൂപപ്പെടുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കാവിപ്പടയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും മൂലധന രാഷ്ട്രീയത്തിന്റെ പ്രയോഗമാണവയൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയുന്നതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മേന്മ. എല്ലാ വര്‍ഗീയതകളെയും നിരാകരിച്ച് നിലയെടുത്തുനില്‍ക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മുന്‍കൈ ദേശീയ രാഷ്ട്രീയത്തിന് പുതിയ ദിശാസൂചി നല്‍കുണ്ട്.

*
കെ അനില്‍കുമാര്‍ ദേശാഭിമാനി

Friday, October 25, 2013

വീക്ഷണത്തിന്റെ ഫണം വിടര്‍ത്തിയ ഫാസിസം

കമ്യൂണിസ്റ്റുകാര്‍ക്ക് "ദേശാഭിമാനി" പോലെയാണ് കോണ്‍ഗ്രസുകാര്‍ക്ക് "വീക്ഷണം". "മനോരമ" എന്നു മാറ്റിയാലും തരക്കേടൊന്നുമില്ല. വീക്ഷണം കോണ്‍ഗ്രസുകാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് ചില ശ്രമങ്ങളൊക്കെ നടത്തിവരുന്നുണ്ട്. "ഫണം വിടര്‍ത്തിയ ഫാസിസം" എന്ന തലക്കെട്ടില്‍ നാലു ദിവസമാണ് എഡിറ്റോറിയല്‍ പേജില്‍ ഒരു പ്രൊഫസര്‍ ലേഖനമെഴുതിയത്. അത് വായിച്ചു നോക്കിയാല്‍ അദ്ദേഹത്തിേന്‍റത് വ്യാജബിരുദമോ എന്ന് സംശയം തോന്നും. അദ്ദേഹത്തിെന്‍റ പ്രധാന വാദമുഖങ്ങള്‍ താഴെ കൊടുക്കുന്നു.

1. ഫാസിസത്തെ എതിര്‍ക്കുവാനുള്ള ധാര്‍മികശക്തി മാര്‍ക്സിസത്തിനില്ല. കാരണം അടിസ്ഥാനപരമായി ഇത് രണ്ടും ഒരു നാണയത്തിെന്‍റ ഇരുവശങ്ങളാണ്.
2. ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ പ്രീണനം നടത്തിയാണ് ഇ എം എസ് നമ്പൂതിരിപ്പാടിെന്‍റ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയത്.
3. ഇന്ത്യയില്‍ സംഘപരിവാര്‍ വര്‍ഗീയത ശക്തി പ്രാപിച്ചത് സിപിഎം പിന്തുണയോടെയാണ്.
4. ഹിന്ദു ദേശീയത എന്നാല്‍ വംശീയത അല്ല മറിച്ച് "സാംസ്കാരികത" ആണ്. ഹിന്ദു ദേശീയത എന്ന ഇന്ത്യന്‍ ദേശീയതയെ തലമുറകളിലൂടെ കൈമാറി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഇന്ന് നിലനിര്‍ത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സല്ലാതെ മറ്റാരുമല്ല. ഇനി ഈ വാദമുഖങ്ങളെ നമുക്ക് ഒന്നൊന്നായി പരിശോധിക്കാം.

1. ഫാസിസം ലോകത്തെയാകെ വിഴുങ്ങാന്‍ ശ്രമം നടത്തിയത് രണ്ടാം ലോക യുദ്ധകാലത്താണ്. ജനാധിപത്യ രാജ്യങ്ങളെന്ന് പറയപ്പെടുന്ന അമേരിക്കയും ബ്രിട്ടനുമെല്ലാം അന്ന് ഹിറ്റ്ലറുടെ ജര്‍മനിക്കു മുമ്പിലേക്ക് സോവിയറ്റ് യൂണിയനെ പിടിച്ചിട്ടുകൊടുത്ത് സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ലക്ഷക്കണക്കിന് പടയാളികളെ ബലികൊടുത്തുകൊണ്ടാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി ഭരിച്ചിരുന്ന സോവിയറ്റ് യൂണിയനായിരുന്നു ജര്‍മനിയെ ഒറ്റയ്ക്കുനിന്നെതിരിട്ട് പരാജയപ്പെടുത്തിയത്. ജര്‍മന്‍ നിയമനിര്‍മാണ സഭക്കുമുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്ന ഐതിഹാസികമായ ചിത്രം അതാണ് വിളിച്ചോതുന്നത്. ഫാസിസത്തിന് മേല്‍ കമ്യൂണിസം അന്ന് നേടിയ വിജയമാണ് ലോകത്തില്‍ ജനാധിപത്യം നിലനില്‍ക്കാനിടയാക്കിയത്. ആ കമ്യൂണിസവും മാര്‍ക്സിസവുമൊക്കെ ഫാസിസത്തിെന്‍റ മറുവശമാണെന്ന് എഴുതി വിടുന്നവര്‍ക്ക് ഊളംപാറയിലാണ് സ്ഥലം കൊടുക്കേണ്ടത്. ഭരണകാലത്ത് സ്റ്റാലിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ആ വീഴ്ചകള്‍ തുറന്ന് പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടി തന്നെയായിരുന്നു എന്നതും മറക്കരുത്.

2. കേരള നിയമസഭയിലേക്ക് ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രീണനം നടത്തിയാണ് ഇ എം എസ് അധികാരത്തില്‍ വന്നത് എന്നാണ് രണ്ടാമത്തെ വാദം. തെക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായ ചിലരുടെ പേരിന് പിന്നില്‍ ജാതിപ്പേരുണ്ടായിരുന്നു എന്നതാണ് വര്‍ഗീയപ്രീണനത്തിന് തെളിവായി പ്രൊഫസര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പേരിന് പിന്നിലും ജാതിപ്പേരുണ്ടായിരുന്നു എന്ന കാര്യം പ്രൊഫസര്‍ മറന്നുപോയതാവും. അല്ലെങ്കില്‍ പിന്നെ വര്‍ഗീയപ്രീണനം കോണ്‍ഗ്രസും നടത്തി എന്ന് അംഗീകരിക്കേണ്ടതായി വരും. തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന ടി വി തോമസിനെ മുഖ്യമന്ത്രിയാക്കാതെ ഇ എം എസ്സിനെ മുഖ്യമന്ത്രിയാക്കിയത് ഹിന്ദു ലോബിയാണത്രെ! ഇ എം എസ് പാര്‍ടി കേന്ദ്ര കമ്മിറ്റിയംഗവും കേന്ദ്ര നേതാവുമൊക്കെയായിരുന്നു എന്നത് മറച്ചുവെക്കാന്‍ സെന്‍ട്രല്‍ കമ്മിറ്റി ആഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു പ്യൂണായിരുന്നു എന്നു തോന്നും വിധത്തിലാണ് അവതരണം.

3. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തിപ്രാപിച്ചത് സിപിഐ എം പിന്തുണയോടെയാണെങ്കില്‍ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലുമാണ് സംഘപരിവാറിന് ഏറെ ശക്തിയുണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ഏറ്റവും ദുര്‍ബലം ഈ മൂന്ന് സംസ്ഥാനങ്ങളിലുമാണ്. ബിജെപി വളര്‍ന്നത് കോണ്‍ഗ്രസിന്റെ ഹിന്ദുത്വ പ്രീണനനയം മുതലാക്കിയാണ്. അയോധ്യയിലെ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തതുമുതല്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കേരളത്തിലെ ബേപ്പൂരില്‍ അരങ്ങേറിയ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യവും പ്രൊഫസര്‍ മറന്നു കാണാനിടയില്ല.

4. ഹിന്ദു ദേശീയത എന്നാല്‍ വര്‍ഗീയത അല്ല സാംസ്കാരികതയാണെന്നാണ് പ്രൊഫസറുടെ മറ്റൊരു വാദം. ഇതുതന്നെയാണ് സംഘപരിവാറും പറയുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പു പത്രിക ഹിന്ദു ദേശീയതയെ നിര്‍വചിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ""ഭാരതത്തിെന്‍റ ഭൂമിശാസ്ത്രപരമോ, രാഷ്ട്രീയമോ മാത്രമായ സ്വത്വത്താല്‍ ബന്ധിതമല്ല നമ്മുടെ ദേശീയവീക്ഷണം. അതിന് അപ്പുറം ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യത്തിെന്‍റ അടിത്തറ അതിനുണ്ട്. നമ്മുടെ എല്ലാ ദേശങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും കേന്ദ്രമാണ് ആ പൈതൃകം. ആ സാംസ്കാരിക സ്വത്വമാണ് ഇന്ത്യയുടെ ദേശീയത നിര്‍ണയിക്കുന്നത്. അതിന്റെ ആന്തരസത്ത ഹിന്ദുത്വമാണ്"". ഇന്ത്യന്‍ സംസ്കാരത്തിന്റെ ആന്തരസത്ത ഹിന്ദുത്വമാണെന്നാണ് ബിജെപി പറയുന്നതെങ്കില്‍ അതുതന്നെ മറ്റു വാക്കുകളില്‍ പറയുകയാണ് വീക്ഷണവും ചെയ്യുന്നത്. മൃദുഹിന്ദുത്വത്തില്‍നിന്ന് വര്‍ഗീയതയിലേക്ക് അധികം ദൂരമില്ല എന്നാണിത് കാണിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങള്‍ ബിജെപി കയ്യടക്കുന്നത് വെറുതെയല്ല.

*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 25-10-13

Saturday, October 12, 2013

Defeat all Threats to our Unity

The Rashtriya Swayam Sevak Sangh and the members of its parivar are once again busy at what they do best - evoke communal passions, provoke violence and divide people to benefit their political wing, the BJP.

The recent communal riot in Muzaffarnagar, the worst in recent days, has led to the death of thirty two people. Hundreds of people including children have been injured. Hundreds of houses have been burned and looted. Tens of thousands people have been forced to leave their homes and live in camps. This was preceded by communal violence in other places in the state – in Kosikalan, Bareilly, Moradabad, Pratapgarh, Faizabad, etc. There has been a spurt in communal violence in various parts of the country in the last ten months – in Kishtwar in Jammu and Kashmir, in Nawada and Bettiah in Bihar, in Rajasthan etc. These provide an indication of things to come in the next months, if the RSS is allowed to have its way, as the country heads for Parliamentary elections due early next year.

During the last one year, the RSS and its outfits have been systematically working to raise communal tensions and create communal polarisation, which would benefit the BJP in the 2014 elections. It has once again raised the Ayodhya temple issue. The VHP and other frontal organisations have been deployed to project the Hindutva agenda. Having no alternative pro people economic policies, the BJP has decided to rely on the polarisation of society for its electoral gains. It has anointed Modi, who presided over the horrendous Gujarat communal carnage and is widely perceived as the most polarising personality, as its prime ministerial candidate.

The communal polarisation sought to be achieved by the RSS poses a serious challenge to the unity of the working class. The last four years have seen sustained united campaigns and struggles of the working class with all the eleven central trade unions coming together to fight against the devastating impact of the anti worker anti people neoliberal regime. This unprecedented unity resulted in the historic two day country wide strike in February this year and the call for continuation of the struggle against the apathetic attitude of the government. The enthusiasm created by the joint movement was once again witnessed in the participation of lakhs of workers belonging to all the central trade unions in the state level rallies on 25th September.

It is such unity that the ruling classes want to disrupt to carry out the pro rich, pro corporate neoliberal agenda. It is to be noted that Modi has the support of the entire spectrum of big corporate houses who believe that he is more competent in crushing resistance and fast tracking the neoliberal policies at the national level, as he has done in his home state Gujarat.

The working class of this country cannot allow such disruption of its unity, which has been built so assiduously over the years. This unity of the working class must be protected with utmost care. The working class must be made aware about the machinations of the communal forces and be mobilised en masse against any attempt to disrupt their unity. The campaign for the joint March to Parliament and district level demonstrations on 12th December has to be intensified.

It is the responsibility of all the CITU cadres, sympathisers and well wishers to be vigilant against any acts that threaten the unity of the toiling people.

*
Editorial, the voice of working women, October 2013

Thursday, October 3, 2013

കൂട്ടക്കുരുതിയ്ക്കു മുമ്പുള്ള സംഗീതം

2013 സെപ്തംബര്‍ 25ന്റെ മാതൃഭൂമി ദിനപത്രം തീക്ഷ്ണവും അര്‍ഥസാന്ദ്രവുമായ ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. ഒരുപക്ഷേ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും നിശിതമായ ഒരു രാഷ്ട്രീയ വിമര്‍ശനമായിരുന്നു ആ കാര്‍ട്ടൂണ്‍. കൂട്ടുപുരികംകൊണ്ടും ക്രുദ്ധമായ മുഖഭാവംകൊണ്ടും ശരീരഭാഷയിലെ മറ്റുനിരവധി പ്രത്യേകതകളാലും സമാനതകളുള്ള, ഒരേപോലെ വര്‍ഗീയരാഷ്ട്രീയം കളിക്കുന്ന രണ്ടു രാഷ്ട്രീയ നേതാക്കളില്‍ ഊന്നിയുള്ളതാണ് ആ കാര്‍ട്ടൂണ്‍. ""മോഡി വരുമെന്ന പേടി മതി മറ്റെല്ലാം മറക്കാന്‍"" എന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഒരു പ്രസ്താവന ഹാസ്യചിത്രത്തിന്റെ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. സ്വപ്നവിഭ്രാന്തിയില്‍ മോഡിയെന്നു ഭയന്നുപോകുന്ന രൂപം കുഞ്ഞാലിക്കുട്ടിയോടു പറയുന്നു. ""ഇതു ഞമ്മളാണ് മാഷേ, മജീദ്"".

ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമുള്ള ഒരേ മുഖച്ഛായയും, മുസ്ലിം ലീഗിനകത്തുതന്നെ രൂപംകൊള്ളുന്ന തീവ്രവാദബന്ധങ്ങളും സാമുദായിക പ്രീണനശൈലികളും എല്ലാം ആഴത്തില്‍ സൂചിപ്പിക്കുന്നതാണ് ഗോപീകൃഷ്ണന്റെ ഈ കാര്‍ട്ടൂണ്‍. ധരിക്കുന്ന കുപ്പായത്തിന്റെ ചെറിയ വര്‍ണവ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ ബാക്കി കാര്യങ്ങളിലെല്ലാം ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകളുടെ മുഖച്ഛായയും ആന്തരിക സൗഭ്രാത്രവും ഒന്നുതന്നെ. ഈ കാര്‍ട്ടൂണ്‍ പത്രത്തില്‍ പ്രത്യക്ഷപ്പെട്ട അതേ ദിവസമാണ് നിയുക്ത പ്രധാനമന്ത്രിയെന്നു ബിജെപി എടുത്തുകാട്ടുന്ന നരേന്ദ്രമോഡി തിരുവനന്തപുരത്തെത്തിയത്. എത്തിയതിന്റെ പിറ്റേന്ന് അദ്ദേഹം പോകുന്നത് വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി ആശ്രമത്തിലേക്കാണെന്നത് യാദൃച്ഛികമല്ല. മുന്‍പ് വര്‍ക്കല ശിവഗിരി ആശ്രമത്തില്‍ മോഡി വന്നത് പല അര്‍ഥത്തില്‍ വിമര്‍ശനവിധേയമായിരുന്നു. ശ്രീനാരായണഗുരുദേവന്റെ സ്മരണ തുടിക്കുന്ന മണ്ണില്‍ കാലു കുത്താനുള്ള മോഡിയുടെ അര്‍ഹത തന്നെയാണന്ന് പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. സത്നാംസിങ്ങിന്റെ കൊലപാതകമടക്കം പലതരം വിവാദങ്ങളുടെ കരിനിഴല്‍ വീണുകിടക്കുന്ന അമൃതാനന്ദമയി ആശ്രമത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് നിരവധി അര്‍ഥസാധ്യതകളുള്ള ഒരു സൂചകമായി മാറുന്നു. മതേതരത്വ നിലപാടുകളില്‍ ഊന്നിനില്‍ക്കുന്ന ശരാശരി ഇന്ത്യന്‍ പൗരന്റെ മുന്നില്‍ ചോരയിറ്റു വീഴുന്ന ഒരു ത്രിശൂലം ഉയര്‍ന്നുവരുന്നു. ഇന്ത്യന്‍ ബ്യൂറോക്രസിയും കോര്‍പറേറ്റുകളുമെല്ലാം ""ചോരകൊണ്ടു തെച്ചിമലര്‍മാല"" ചൂടി, കപാലമാലകള്‍ ചൂടി, നില്‍ക്കുന്ന മോഡിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. ഇന്ത്യയെ ""മോഡിഫൈ"" ചെയ്യുക എന്നാഹ്വാനം ചെയ്യുന്ന കൂറ്റന്‍ കട്ടൗട്ടുകള്‍ വഴിയോരങ്ങളില്‍ നിറയുന്നു. കൂട്ടക്കുരുതിയുടെ വലുപ്പമല്ലാതെ മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ മറ്റെന്തു വലുപ്പമാണുള്ളതെന്ന് ബിജെപി ഇനിയും പറയേണ്ടതായിട്ടാണിരിക്കുന്നത്. ശരീഅത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഫത്വകള്‍ പുറപ്പെടുവിച്ച് അന്തരീക്ഷം വിഷലിപ്തമാക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ താല്‍ക്കാലികാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന മുസ്ലിംലീഗ് നേതൃത്വം വര്‍ഗീയതക്കുള്ള മറുമരുന്ന് വര്‍ഗീയത തന്നെയാണെന്ന് ധരിക്കുകയുംചെയ്യുന്നു. മുന്‍പ് കേരളമുടനീളം ഫാസിസ്റ്റ് വിരുദ്ധ പാഠശാലകള്‍ സംഘടിപ്പിച്ച പുരോഗമന കലാസാഹിത്യസംഘം അന്നതിന് നേതൃത്വം നല്‍കിയ ഡോ. കെ എന്‍ പണിക്കരിലൂടെയും എം എന്‍ വിജയനിലൂടെയും മറ്റും ഊന്നിപ്പറഞ്ഞ ഒരു കാര്യം ഫാസിസത്തിന്റെ നികുംഭിലകളില്‍ രൂപം കൊള്ളുന്ന അജണ്ടകള്‍ ദശാബ്ദങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്നതായിരുന്നു. വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളുടെ പുരുഷാകാരമാണ് നരേന്ദ്രമോഡി. രാഷ്ട്രീയാധികാരം പരിത്യജിക്കുമ്പോള്‍ കാവിയിലേക്കുപോയ ഭാരതീയ പാരമ്പര്യത്തിന്റെ സ്ഥാനത്ത് രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയായി കാവി മാറുന്നു. ഇപ്പോള്‍ ശരീഅത്തും വ്യക്തിനിയമവും വിവാഹപ്രായവുമെല്ലാം വന്‍ ചര്‍ച്ചാവിഷയമാക്കുന്നവര്‍ മോഡിയെ പേടിക്കുകയല്ല മോഡിയുമായി കൂട്ടുകൂടുകയാണ് ചെയ്യുന്നത്. സെപ്തംബര്‍ 18 ന്റെ ഹിന്ദുദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ സദാനന്ദ് മേനോന്‍ എഴുതിയ ഒരു ലേഖനമുണ്ട്. സമാധാനം പുലരാന്‍ കശ്മീരില്‍ സംഗീതസപര്യ നടത്തിയ സുബിന്‍ മേഹ്തയെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ഒരു ലേഖനമാണത്.

റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോവിനെപ്പോലെയുള്ളതായി സുബിന്‍ മേഹ്തയുടെ ആ പരിപാടി എന്നും, വിഖ്യാത എഴുത്തുകാരന്‍ ആല്‍ബേര്‍ കമ്യുവിന്റെ കയ്പന്‍ പരിഹാസം കടമെടുത്തുകൊണ്ട് അതിനെ "കൂട്ടക്കുരുതിയ്ക്കു മുമ്പുള്ള സംഗീതം"  എന്നും മേനോന്‍ വിശേഷിപ്പിക്കുന്നുണ്ട്. അനതിവിദൂരമായ ഭാവിയില്‍ സുബിന്‍ മേഹ്ത്തമാര്‍ക്ക് ഇന്ത്യ മുഴുവന്‍ സമാധാനത്തിനുവേണ്ടി സംഗീതമാലപിക്കേണ്ടി വന്നേയ്ക്കാം. നിലയ വിദ്വാന്മാരെല്ലാം മോഡിക്കുവേണ്ടി സംഗീതം തീര്‍ക്കാനുള്ള തിരക്കിലാണ്. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകളുടെ മുഖച്ഛായകള്‍ തമ്മിലലിഞ്ഞ് ഒന്നായിത്തീരുകയാണ്. ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഏറ്റവും ശരിയായ ഒരു തെരഞ്ഞെടുപ്പ് ചുമരെഴുത്താണ്.

*
കെ പി മോഹനന്‍ ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

Tuesday, October 1, 2013

ലീഗ് വര്‍ഗീയതയുടെ ചായം പൂശുമ്പോള്‍

കണ്ണൂര്‍ ജില്ലയിലെ പട്ടുവം പഞ്ചായത്തില്‍പ്പെട്ട ചെറിയ പ്രദേശമാണ് അരിയില്‍. പഞ്ചായത്ത് ഭരണം സിപിഐ എമ്മിനാണ്. ആകെയുള്ള 13 വാര്‍ഡില്‍ പത്തിലും സിപിഐ എം അംഗങ്ങളാണ്. രണ്ടു വാര്‍ഡില്‍ കോണ്‍ഗ്രസും ഒരിടത്ത് മുസ്ലിംലീഗും. ലീഗ് ജയിച്ച അരിയില്‍ പ്രദേശത്ത് ലീഗ് പോക്കറ്റുണ്ട്. ഈ പ്രദേശമാണ് 2012 ഫെബ്രുവരിക്കുശേഷം ജില്ലയിലും പിന്നീട് സംസ്ഥാനവ്യാപകമായും ചര്‍ച്ചചെയ്യപ്പെട്ട പ്രക്ഷുബ്ധമായ നിരവധി സംഭവങ്ങളുടെ തുടക്കസ്ഥാനം.

2012 ഫെബ്രുവരി 19ന് പുലര്‍ച്ചെ അഞ്ചിനാണ് സിപിഐ എം മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി രാജന്‍ ദേശാഭിമാനി പത്രവിതരണത്തിനിടയില്‍ ലീഗുകാരാല്‍ ആക്രമിക്കപ്പെട്ടത്. ചെത്തുതൊഴിലാളിയായ അദ്ദേഹത്തിന്റെ രണ്ടുകാലുകളും അടിച്ചുതകര്‍ത്തു. എന്തായിരുന്നു പ്രകോപനം എന്ന ചോദ്യത്തിന് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. നിഗമനത്തിലെത്താവുന്നത് ഒന്നുമാത്രമാണ്-തങ്ങളുടെ പോക്കറ്റില്‍ മറ്റ് രാഷ്ട്രീയപാര്‍ടികളുടെ പ്രവര്‍ത്തനം അനുവദനീയമല്ല, മറ്റ് പത്രങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല എന്ന ഫാസിസ്റ്റ് സമീപനമാണ് ഇവിടെ ലീഗ് ഉയര്‍ത്തിയത്. രാജനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അന്നുവൈകിട്ട് പ്രദേശത്ത് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രകടനംനടന്നു. പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ലതയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആ പ്രകടനത്തെയും ലീഗുകാര്‍ ആക്രമിച്ചു. അതിലും അരിശമടങ്ങാതെ ഗോപാലന്‍ എന്നയാളുടെ ചായക്കടയും വീടും ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് പിറ്റേദിവസം സിപിഐ എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നത്. പാര്‍ടി ജില്ലാകമ്മിറ്റിയുടെ വാഹനത്തില്‍ അവിടെയെത്തിയ നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ചതും മറ്റും വലിയ വാര്‍ത്താപ്രാധാന്യം നേടിയതാണ്.

പിന്നീടാണ് പട്ടുവം പഞ്ചായത്തിന്റെ മറുകരയിലുള്ള കണ്ണപുരം പഞ്ചായത്തിലെ കീഴറയില്‍ ഷുക്കൂര്‍ എന്ന ലീഗ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം അരിയില്‍ പ്രദേശത്ത് ലീഗ് ക്രിമിനലുകളുടെ താണ്ഡവമാണരങ്ങേറിയത്. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ മുഴുവന്‍ വീടുകളിലെയും ലീഗ് അനുഭാവികളല്ലാത്ത പുരുഷന്മാര്‍ സ്ഥലംവിടേണ്ടിവന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൊന്നും ഇടപെടാറില്ലാത്ത വള്ളിയേരി മോഹനന്‍ എന്ന കാര്‍പ്പന്ററി തൊഴിലാളി സ്വന്തം വീട്ടിലിരിക്കെയാണ് ലീഗുകാരാല്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ മോഹനനെ വീട്ടില്‍നിന്ന് വലിച്ചിറക്കി തൊട്ടരികിലെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി തലയോട്ടി അടിച്ചുതകര്‍ത്തു. സംഭവം നടന്ന് ഒരുവര്‍ഷവും എട്ടുമാസവും കഴിഞ്ഞിട്ടും ഓര്‍മപോലും തിരിച്ചുകിട്ടാതെ ജീവച്ഛമായി കഴിയുന്ന മോഹനന്‍ ലീഗ് അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. അരിയില്‍ പ്രദേശത്തെ തീവ്രവാദികളായ ഒരുപറ്റം ലീഗുകാര്‍ ലീഗിതരരായ മുസ്ലിങ്ങളോടും ഹിന്ദുസമുദായത്തില്‍പ്പെട്ടവരോടും സ്ഥലംവിറ്റ് പൊയ്ക്കൊള്ളാനാണ് കല്‍പ്പന പുറപ്പെടുവിച്ചത് എന്ന കാര്യം സിപിഐ എം തുറന്നുപറഞ്ഞെങ്കിലും മുഖ്യധാരാമാധ്യമങ്ങള്‍ അതൊക്കെ തമസ്കരിച്ചു. മരണപ്പെട്ട ലീഗ് പ്രവര്‍ത്തകന്റെ പേരുമാത്രം പ്രചരിപ്പിച്ച ഈ മാധ്യമങ്ങള്‍ അവിടെ ലീഗ് നടത്തുന്ന വര്‍ഗീയ-തീവ്രവാദപ്രവര്‍ത്തനങ്ങളും ആയുധപരിശീലനങ്ങളും കണ്ടില്ലെന്നുനടിച്ചു. സെപ്തംബര്‍ 24ന് പുലര്‍ച്ചെ അരിയില്‍ ഉണ്ടായ മറ്റൊരു സംഭവം മാധ്യമങ്ങളാകെ ഒരു കൗതുകവാര്‍ത്തയായി പ്രസിദ്ധീകരിച്ചു. സിപിഐ എം ബ്രാഞ്ച് ഓഫീസ് പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയതായിരുന്നു ആ വാര്‍ത്ത. പ്രകോപനപരമായ ഈ കൃത്യംചെയ്തത് ലീഗിലെ തീവ്രവാദികളായ ക്രിമിനലുകളാണ്. പുലര്‍ച്ചെയാണ് സംഭവം നടന്നതെങ്കിലും ദൃക്സാക്ഷി ഉള്ളതിനാല്‍ ലീഗ് ക്രിമിനലുകളുടെ പങ്കാളിത്തം ഒരു മാധ്യമത്തിനും മറച്ചുവയ്ക്കാനായില്ല. സംസ്ഥാനഭരണത്തില്‍ പങ്കാളിത്തം വഹിച്ച് ലീഗ് നടത്തുന്ന അഹന്ത നിറഞ്ഞ അക്രമം ഒറ്റപ്പെട്ടതായിരുന്നില്ല. ഈ സംഭവം അറിഞ്ഞാണ് സിപിഐ എം നേതാക്കള്‍ അരിയില്‍ പ്രദേശത്ത് വീണ്ടുമെത്തുന്നത്. അവിടെയെത്തിയപ്പോള്‍ ജനങ്ങളുടെ പ്രതിഷേധപ്രകടനം കാണാനായി. അക്രമത്തിന് ദൃക്സാക്ഷിയായ നാസര്‍ അതിനിടയിലാണ് ഞങ്ങളുടെ അടുത്തുവന്നത്. നാസര്‍ ചെമ്മീന്‍കൃഷി നടത്തുന്ന യുവാവാണ്. അതോടൊപ്പം മത്സ്യവില്‍പ്പനയുമുണ്ട്. ഈ യുവാവിനെ കഴിഞ്ഞ വിഷുക്കാലത്ത് ലീഗുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അതിന്റെ കാരണമാണ് നാസര്‍ ഞങ്ങളോട് വെളിപ്പെടുത്തിയത്. നീ ഹിന്ദുക്കള്‍ക്ക് മത്സ്യംവിറ്റില്ലേ എന്നു ചോദിച്ചാണ് നാസറിനെ മര്‍ദിച്ചത്. ഈ പ്രദേശത്ത് ലീഗുകാരാണ് വര്‍ഗീയത നടപ്പാക്കുന്നതെന്നും നാസര്‍ തുറന്നുപറഞ്ഞു. ഇക്കാര്യം സ്ഥലത്തെത്തിയ മാധ്യമങ്ങളോടും നാസര്‍ വെളിപ്പെടുത്തി. മുസ്ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ടിയുടെ തണലില്‍ എന്താണ് പല പ്രദേശങ്ങളിലും നടക്കുന്നത് എന്നതിന്റെ ഒരുദാഹരണമാണിത്. തങ്ങള്‍ മതനിരപേക്ഷതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ലീഗ് നേതാക്കളുടെ അവകാശവാദം പൊള്ളയാണെന്നുമാത്രമല്ല, അസഹിഷ്ണുതയുടെ ആള്‍രൂപമാണ് ലീഗെന്ന് ഇതടക്കമുള്ള നിരവധി സംഭവങ്ങളിലൂടെ ആവര്‍ത്തിച്ച് സ്ഥാപിക്കപ്പെടുകയാണ്.

പട്ടുവത്തിന്റെ തൊട്ടപ്പുറമാണ് പരിയാരം പഞ്ചായത്ത്. അവിടെ ഓണപ്പറമ്പില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ രാത്രി പള്ളിയും മദ്രസയും ആക്രമിക്കപ്പെട്ടു. ആളുകള്‍ കാണ്‍കെ മുസ്ലിം ആരാധനാലയവും മതവിദ്യാഭ്യാസ സ്ഥാപനവും ആക്രമിച്ചത് ഹിന്ദുവര്‍ഗീയവാദികളായിരുന്നില്ല; മറിച്ച് ലീഗ് ക്രിമിനലുകളായിരുന്നു എന്നത് ഇസ്ലാംമത വിശ്വാസികളെ ഞെട്ടിച്ചു. ലീഗ് പോക്കറ്റിനകത്ത് തങ്ങള്‍ അംഗീകരിക്കാത്ത വിഭാഗത്തിന്റെ ആരാധനാലയംപോലും സഹിക്കാനാകില്ല എന്ന നിലപാടാണ് ലീഗുകാര്‍ സ്വീകരിച്ചത്. ഇതും ഒറ്റപ്പെട്ടതായിരുന്നില്ല. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പെരുവയല്‍കരിയില്‍ കാന്തപുരം വിഭാഗം നടത്തുന്ന മറ്റൊരു മദ്രസയും ലീഗുകാര്‍ ആക്രമിച്ചു. ഈ ആക്രമണങ്ങള്‍ക്ക് ലീഗ് നേതാക്കളുടെ പൂര്‍ണപിന്തുണയും പങ്കാളിത്തവുമുണ്ട്. സിപിഐ എം ഓഫീസിന് പച്ച പെയിന്റ് അടിച്ചതും കാന്തപുരം വിഭാഗത്തിന്റെ പള്ളിയും മദ്രസയും ആക്രമിച്ചതും സംബന്ധിച്ച് ഒരു ലീഗ് നേതാവും പ്രതികരിക്കാത്തത് ആ പങ്കാളിത്തംകൊണ്ടാണ്.

ഇത്തരം ആക്രമണങ്ങളില്‍ പൊലീസ് സ്വീകരിക്കുന്ന നിലപാടും വിമര്‍ശനവിധേയമാണ്. അക്രമംനടന്നാല്‍ പ്രതികള്‍ ലീഗുകാരാണെങ്കില്‍ ദുര്‍ബലവകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ്ചെയ്യുന്നു; കേസുകള്‍ കോടതിയിലെത്തിയാല്‍ സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ലീഗുകാര്‍ പ്രതികളായ 136 കേസുകളാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിന്‍വലിച്ചത്. സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസ് എടുക്കാനും പൊലീസിന് നിര്‍ബന്ധബുദ്ധിയാണ്. ഒരു മാസം മുമ്പ് അരിയില്‍ പ്രദേശത്ത്, ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയയച്ച് ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാക്കളെ ലീഗുകാര്‍ തടഞ്ഞ് ആക്രമിച്ചു. തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയ ഈ യുവാക്കളുടെ പേരില്‍ മതസ്പര്‍ധ ഉണ്ടാക്കിയെന്ന കുറ്റംചുമത്തി കേസെടുക്കുകയാണുണ്ടായത്. അരിയില്‍ സംഘര്‍ഷത്തിന്റെപേരിലാണ് സിപിഐ എം നേതാക്കളെ അടക്കം പ്രതിചേര്‍ത്ത കൊലക്കേസ് ചാര്‍ജ് ചെയ്തത്. രാഷ്ട്രീയപ്രേരിതമായ ഈ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നു. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെപേരില്‍ സംസ്ഥാനത്തുടനീളം ആയിരത്തിലധികം കേസുകളാണ് ചാര്‍ജ്ചെയ്യപ്പെട്ടത്, പതിനായിരക്കണക്കിന് "പ്രതി"കളും. യഥാര്‍ഥത്തില്‍ ലീഗ് ഒരു പ്രദേശത്ത് നടത്തുന്ന വര്‍ഗീയ-തീവ്രവാദപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം സംഘര്‍ഷം വിതച്ചത്. ഇത്തരം വര്‍ഗീയ-തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊലീസ് ഫലപ്രദമായ നടപടി തുടക്കത്തില്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒട്ടേറെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അരിയില്‍ സംഘര്‍ഷത്തിന്റെ യഥാര്‍ഥ കാരണമാണ് നാസറിന്റെ വെളിപ്പെടുത്തലിലുള്ളത്. ലീഗിലെ ഒരുവിഭാഗം തീവ്രവാദികളാണ് അക്രമങ്ങളിലൂടെ സംഘര്‍ഷത്തിന്റെ കാരണക്കാരാകുന്നത്. ഇത് മനസ്സിലാക്കിയാണ് നാടിന്റെ സമാധാനത്തോട് പ്രതിബദ്ധതയുള്ള സിപിഐ എം ഒടുവിലത്തെ സംഭവങ്ങളെ തുടര്‍ന്ന് അരിയില്‍ പ്രദേശത്തെ ജനങ്ങളെ നേരിട്ട് സമീപിക്കാന്‍ തീരുമാനിച്ചത്. അരിയില്‍ പ്രദേശത്തെ സംഘര്‍ഷങ്ങളുടെപേരില്‍ ഒന്നരവര്‍ഷമായി അവിടത്തെ ജനങ്ങളുമായി ഇടപഴകാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അന്യോന്യം സംശയത്തിന്റെ നിഴലിലായിരുന്നു പ്രദേശത്തെ ജനങ്ങള്‍. അവര്‍ക്കിടയിലാണ് തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ഉള്‍പ്പെടെയുള്ള പാര്‍ടി സഖാക്കള്‍ കടന്നുചെന്നത്. തീവ്രവാദികളെ ഒറ്റപ്പെടുത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള അഭ്യര്‍ഥനയടങ്ങിയ ലഘുലേഖയുമായി പ്രദേശത്തെ മുഴുവന്‍ വീടുകളിലും കടന്നുചെല്ലാനാണ് പാര്‍ടി തീരുമാനിച്ചത്. ഇങ്ങനെ വീടുകളില്‍ പാര്‍ടി സ്ക്വാഡ് പോകുന്നത് തടയാന്‍ ലീഗിലെ തീവ്രവാദികള്‍ പൊലീസിനെയാണ് ആശ്രയിച്ചത്. ജയിംസ് മാത്യുവിന് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അയച്ച നോട്ടീസില്‍ സെപ്തംബര്‍ 27ന് അരിയില്‍ പ്രദേശത്ത് എത്തിയാല്‍ സംഘര്‍ഷമുണ്ടാകും എന്ന മുന്നറിയിപ്പാണ് നല്‍കിയത്. അത് വകവയ്ക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സ്ക്വാഡ് മുഴുവന്‍ വീടുകളും കയറി ലഘുലേഖ നല്‍കി. കക്ഷിഭേദമെന്യേ നല്ല സ്വീകരണമാണ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ലീഗിന്റെ ക്രിമിനലുകള്‍ക്കൊപ്പമല്ല തങ്ങളെന്നാണ് അതിലൂടെ ജനങ്ങള്‍ പ്രഖ്യാപിച്ചത്. അവിടത്തെ മുസ്ലിംപള്ളിയിലെ ഖത്തീഫ് അടക്കമുള്ള ആളുകളുമായി പാര്‍ടി പ്രവര്‍ത്തകര്‍ സംവദിച്ചപ്പോഴും ഇതുതന്നെയാണ് തെളിഞ്ഞത്.

മുസ്ലിംവിരുദ്ധരായി അക്രമം നടത്തുകയാണ് സിപിഐ എം എന്നായിരുന്നു പ്രദേശത്ത് ലീഗുകാര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതാണ് പൊളിഞ്ഞത്. അരിയിലെ പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കണം. അനുയായികളെ തെറ്റിദ്ധരിപ്പിച്ച് സിപിഐ എം വിരോധം വളര്‍ത്താനുള്ള ശ്രമമാണ് ഇവിടെ ഉണ്ടായത്. അരിയില്‍ പ്രദേശത്ത് മാത്രമല്ല, എല്ലായിടത്തും ലീഗ് ചെയ്യുന്നത് അതുതന്നെയാണ്. അത് തിരിച്ചറിഞ്ഞ് യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളും തയ്യാറാകണം.

*
പി ജയരാജന്‍

Wednesday, September 25, 2013

ലീഗിന്റെ നീക്കം ആപല്‍ക്കരം

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ നീക്കം സാമുദായിക ധ്രുവീകരണത്തിന് ഇടവരുത്തുന്നതും മുസ്ലിം സമുദായത്തെ പിറകോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ഒരു രാഷ്ട്രീയപാര്‍ടിയാണെന്നാണ് മുസ്ലിംലീഗ് അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കേണ്ടത്. ശൈശവവിവാഹം എല്ലാ സമുദായങ്ങളിലും മുമ്പ് നിലനിന്നിരുന്നു. ഗാന്ധിജി വിവാഹിതനായപ്പോള്‍ കസ്തൂര്‍ബായുടെ പ്രായം പതിനാലായിരുന്നു. ഗാന്ധിജിയെ കുറ്റപ്പെടുത്താന്‍ ചൂണ്ടിക്കാണിക്കുന്നതല്ല. ശൈശവവിവാഹത്തിന് ഗാന്ധിജി ഉത്തരവാദിയാണെന്ന് പറയുന്നുമില്ല. അന്നത്തെ സമുദായ ആചാരമായിരുന്നു അത്. ഇപ്പോള്‍ കാലം മാറി. എല്ലാ സമുദായങ്ങളും പുരോഗതിയിലേക്കാണ് മുന്നേറുന്നത്. മുമ്പ് ഒരച്ഛന് പത്തും പന്ത്രണ്ടും മക്കളുണ്ടായിരുന്നു. വിവാഹത്തിന്റെ കാര്യത്തിലും അതായിരുന്നു നില. ഇപ്പോള്‍ അതൊക്കെ ഓര്‍മിക്കാന്‍പോലും പ്രയാസമാണ്. അതുകൊണ്ടാണ് വളരെ മുമ്പുതന്നെ കവി പാടിയത്: "ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രവുമാകാം, അതില്‍ മൂളായ്ക സമ്മതം രാജന്‍". കവി പാടിയത് മൂഢന്മാരുടെ കാര്യമാണ്. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരമാക്കരുതെന്നാണ് വളരെ കാലം മുമ്പുതന്നെ സമൂഹത്തിന് കവി മുന്നറിയിപ്പ് നല്‍കിയത്.

ഒരു പെണ്‍കുട്ടിയെ യുവതിയായി പരിഗണിക്കുന്നത് 18 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ്. ഭാവിയെപ്പറ്റി കാഴ്ചപ്പാടുണ്ടാകുന്നത് യൗവനയുക്തയാകുമ്പോഴാണ്. സ്ത്രീയുടെ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്താന്‍ കാരണവും അതുതന്നെ. ജീവിതസഖിയെയും ജീവിതസഖാവിനെയും തെരഞ്ഞെടുക്കാനുള്ള വിവേകം പ്രായപൂര്‍ത്തിയാകുമ്പോഴാണ് കൈവരുന്നത്. ശൈശവവിവാഹം അപരിഷ്കൃതമാണ്. അറബിക്കല്യാണം അതിലും അപരിഷ്കൃതമാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ആര്‍ക്കെങ്കിലും മകളെ കെട്ടിച്ചുകൊടുത്തു എന്ന സംതൃപ്തിയുണ്ടായാല്‍ പോരാ. അതുകൊണ്ടാണ് നിയമനിര്‍മാതാക്കള്‍ വേണ്ടത്ര ബുദ്ധിയും വിവേകവും ഉപയോഗിച്ച് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആലോചിച്ച് വിവാഹപ്രായം പതിനെട്ടായി നിശ്ചയിച്ചത്. 18 വയസ്സായാല്‍ വിവാഹം ചെയ്തുകൊള്ളണമെന്നല്ല, വിവാഹിതയാകുന്നതിന് ചുരുങ്ങിയ പ്രായം 18 തികഞ്ഞിരിക്കണമെന്നതാണ്. ബാല്യത്തില്‍തന്നെ വിവാഹം കഴിച്ച് അമ്മയായി കുടുംബമായി ജീവിക്കേണ്ടിവരുന്നത് സ്വന്തം ഭാവിക്കുതന്നെ ഗുണമല്ല. ഇത് ഏതെങ്കിലും ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമായി കാണരുത്. പരിഷ്കൃതസമുദായത്തിന്റെ ചിന്തയായി കാണണം. മുസ്ലിംലീഗ് നേതാക്കള്‍ മുന്‍കൈയെടുത്ത് മുസ്ലിം സമുദായത്തില്‍പ്പെട്ട എട്ട് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. വിവാഹപ്രായം കുറയ്ക്കണമെന്ന വിഷയമാണ് ചര്‍ച്ചചെയ്തത്. ഈ വിഷയം സര്‍ക്കാരിറക്കിയ ഒരു സര്‍ക്കുലറിന്റെ പേരില്‍ ചര്‍ച്ചചെയ്തതാണ്. മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍തന്നെ പറഞ്ഞത് ശൈശവവിവാഹത്തെ അനുകൂലിക്കുന്നില്ലെന്നാണ്. മുമ്പൊക്കെ ചിലര്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് വിവാഹിതരായി. അവര്‍ക്ക് നിയമതടസ്സംമൂലം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സാധിക്കാതെ പോയി. അത്തരക്കാരെ രക്ഷിക്കാനാണ് സര്‍ക്കുലര്‍ എന്നായിരുന്നു ന്യായീകരണം.

പരേതനായ എം പി ഗംഗാധരന്‍ സംസ്ഥാന മന്ത്രിയായിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് മകളുടെ വിവാഹം നടത്തി. ഗംഗാധരനെതിരെ കോടതിയില്‍ കേസുണ്ടായി. ഗംഗാധരന് ഇതിന്റെ പേരില്‍ ഏറെ മാനസികപ്രയാസം അനുഭവിക്കേണ്ടിവന്നു. അദ്ദേഹത്തെ സഹായിക്കാന്‍ നിയമത്തില്‍ മാറ്റംവരുത്തണമെന്ന് ആരും ആവശ്യപ്പെട്ടില്ല. സമുദായസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചത് മുസ്ലിം സ്ത്രീകളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ്. സുപ്രീംകോടതിയെ സമീപിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇവിടെ അതല്ല പ്രശ്നം. കേന്ദ്ര സര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും പങ്കാളിയായി രാജ്യഭരണം നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ് ഈ ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ലീഗ്നേതാക്കളുടെ കരുനീക്കം. ലോക്സഭയില്‍ മത്സരിക്കാന്‍ മൂന്ന് സീറ്റ് കിട്ടണമെന്ന വാദം ലീഗ് പരസ്യമായി ഉന്നയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുന്‍കൂട്ടി തുടങ്ങി. ലീഗ് അഞ്ചാംമന്ത്രിസ്ഥാനം ചോദിച്ചതാണ് കേരളത്തിലെ സാമുദായികസംഘടനകളില്‍ ചലനമുണ്ടാക്കിയത്. ശ്രീനാരായണ ഭക്തരെന്നു പറയുന്ന ചിലര്‍ നരേന്ദ്രമോഡിയെ ക്ഷണിച്ചുവരുത്തി. അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാനും മോഡി വരുന്നു.

ബിജെപി കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഹിന്ദു ഒന്നാണെന്നും ഹിന്ദുക്കള്‍ യോജിക്കണമെന്നുമാണ് മോഡി ആവശ്യപ്പെടുന്നത്. മുസ്ലിങ്ങള്‍ ഒന്നിക്കണമെന്ന് ലീഗും. സമുദായനേതാക്കളുടെ യോഗത്തില്‍ പ്രധാനി ലീഗ് നേതാവ് മായിന്‍ഹാജിയായിരുന്നു. അവര്‍ക്ക് മുസ്ലിം ഒന്നാകണം; ലീഗ് ശക്തിപ്പെടണം. നരേന്ദ്രമോഡിക്ക് ഹിന്ദു ഒന്നാകണം; ആര്‍എസ്എസും ബിജെപിയും ശക്തിപ്പെടണം. വര്‍ഗീയധ്രുവീകരണത്തിലേക്കാണ് ഇരുനേതൃത്വവും കേരളത്തെ നയിക്കുന്നത്. ഏതായാലും വിവാഹപ്രായത്തിന്റെ കാര്യത്തില്‍ മുസ്ലിം ജനവിഭാഗത്തില്‍നിന്നുതന്നെ അതിശക്തമായ എതിര്‍പ്പ് വളര്‍ന്നുവരുന്നത് സ്വാഗതാര്‍ഹമാണ്. ഹിന്ദുക്കള്‍ മോഡിയുടെ പിന്നില്‍ അണിനിരക്കുമെന്ന വ്യാമോഹം വേണ്ട; മുസ്ലീങ്ങള്‍ ലീഗിനു പിന്നിലും. ഇത് കേരളമാണ്. കേരളത്തെ പിറകോട്ട് നയിക്കാനാകില്ല. ലീഗ് നേതൃത്വം ഒറ്റപ്പെടുകതന്നെ ചെയ്യും. കോണ്‍ഗ്രസ് നേതാക്കളുടെ മൗനമാണ് ജനങ്ങള്‍ക്കിടയില്‍ ചോദ്യചിഹ്നമായി ഉയരുന്നത്. ആപല്‍ക്കരമായ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് ഞങ്ങള്‍ ലീഗ് നേതൃത്വത്തോട് അഭ്യര്‍ഥിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

Friday, September 20, 2013

മുസാഫര്‍ നഗറില്‍ ബിജെപിയുടെ തീക്കളി

ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വീണ്ടും തീവ്ര ഹിന്ദുത്വ അജണ്ട പൊടിതട്ടിപ്പുറത്തെടുത്ത ബിജെപി, ഇന്ത്യയിലൊട്ടാകെ വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹൈന്ദവ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ച, ""കോശി പരിക്രമ"" എന്ന പേരിലുള്ള അയോധ്യയിലേക്കുള്ള മാര്‍ച്ച് തികഞ്ഞ പരാജയമായിത്തീര്‍ന്നതോടെ, യുപിയില്‍ ഒറ്റപ്പെട്ട ബിജെപി വര്‍ഗീയ കലാപങ്ങള്‍ കൊണ്ടുള്ള കളിയാണ് ഇപ്പോഴവിടെ കളിക്കുന്നത്. യുപിയില്‍ അസംബ്ലിയില്‍ ഭൂരിപക്ഷമുള്ള, സംസ്ഥാനത്തെ ഒന്നാമത്തെ രാഷ്ട്രീയ കക്ഷിയായി 1990കളില്‍ ഉയര്‍ന്ന ആ പാര്‍ടി, ഒരു പതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തേയ്ക്കും നാലാം സ്ഥാനത്തേയ്ക്കും തള്ളപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ബിജെപി, ജനങ്ങളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും സ്വന്തം വര്‍ഗീയ കവചത്തിന് കീഴില്‍ കൊണ്ടുവരുന്നതിന് ഗുജറാത്തില്‍ വംശീയ കൂട്ടക്കൊല നടത്തിയ പരിചയം സിദ്ധിച്ച, നരേന്ദ്ര മോഡിയുടെ വലംകയ്യായ അമിത്ഷായെത്തന്നെയാണ് ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ പിടിയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നാല്‍പതോളം വര്‍ഗീയ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടന്നതില്‍നിന്ന്, ബിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 10 ശതമാനവും സംഭവിച്ചത് യുപിയിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍ നഗറില്‍ നടന്നുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം വീക്ഷിയ്ക്കാന്‍ .

മുസ്ലീങ്ങളും ജാതിഹിന്ദുക്കളും ദളിതരും ജനസംഖ്യയില്‍ ഒരു നല്ല ശതമാനം വീതം വരുന്ന പടിഞ്ഞാറന്‍ യുപിയില്‍ ആഗസ്ത് 26ന് ഉണ്ടായ ഒരു നിസ്സാര സംഭവത്തില്‍നിന്നാണ് തുടക്കം. സമ്പന്നരായ ജാട്ട് കൃഷിക്കാരുടെ സ്വാധീനമേഖലയായ മുസാഫര്‍നഗറില്‍ അന്യമതസ്ഥനായ ഒരു യുവാവ് ഒരു പെണ്‍കുട്ടിയോട് ""അപമര്യാദയായി"" പെരുമാറിയത്രെ. ജാതിപ്പഞ്ചായത്തുകള്‍ അരങ്ങുവാഴുന്ന പടിഞ്ഞാറന്‍ യുപിയില്‍ അന്യമതസ്ഥരെ പ്രേമിക്കുന്നതും സംസാരിക്കുന്നതുപോലും വലിയ ""കുറ്റ""മായിട്ടാണ് ഖാപ്പ് പഞ്ചായത്തുകള്‍ വീക്ഷിയ്ക്കുന്നത്. അതിനാല്‍ ""അപമര്യാദ""യായി പെരുമാറിയെന്ന കുറ്റത്തിന് ആ യുവാവിനെ പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാര്‍ പിറ്റേന്ന് വധിച്ചു. തുടര്‍ന്ന് ഈ രണ്ടു സഹോദരന്മാര്‍ കൊല്ലപ്പെട്ടു. ആഗസ്ത് 27ന് ഇവര്‍ കൊല്ലപ്പെടുന്നതിന്റെ ചിത്രങ്ങള്‍ എന്ന പേരില്‍, നാല് കൊല്ലം മുമ്പ് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ നടന്ന ഒരു അക്രമത്തിന്റെ ദൃശ്യങ്ങള്‍ എടുത്ത്, മോര്‍ഫ് ചെയ്ത് വിസിഡിയായി പ്രചരിപ്പിച്ച ബിജെപി എംഎല്‍എമാര്‍, അത് യുട്യൂബിലും പ്രചരിപ്പിച്ചു. അങ്ങനെ ""മുസ്ലീം ഭീകരത""യില്‍നിന്ന് ഹിന്ദുത്വത്തെ രക്ഷിക്കാനുള്ള പടയൊരുക്കം നടത്തി. അതിന്റെ ഫലമായി 38 പേര്‍ ഇതിനകം അവിടെ കൊല്ലപ്പെട്ടുകഴിഞ്ഞു. എത്രയോ പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. സംഭവം ആരംഭിച്ച ഉടനെ കര്‍ശനമായ നടപടി കൈക്കൊള്ളാത്തതും വര്‍ഗീയവല്‍കരിക്കപ്പെട്ട ചില ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ കുറ്റകരമായ നിസ്സഹകരണവും മായാവതിയുടെ ബിഎസ്പിയും കോണ്‍ഗ്രസ്സും കലക്കവെള്ളത്തില്‍നിന്ന് മീന്‍ പിടിയ്ക്കാന്‍ ശ്രമിക്കുന്നതും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പരിചയക്കുറവും എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍, ഒരു നിസ്സാര സംഭവത്തില്‍നിന്ന് വളര്‍ന്ന വര്‍ഗീയ സംഘട്ടനം നിയന്ത്രണാതീതമായി. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്നു പ്രതിപക്ഷ കക്ഷികളും (ബിജെപിയും ബിഎസ്പിയും കോണ്‍ഗ്രസ്സും) സ്ഥിതി ശാന്തമാക്കാനല്ല, മറിച്ച് എരിതീയില്‍ എണ്ണയൊഴിയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്കൊപ്പം അജിത്സിങ്ങിെന്‍റ പാര്‍ടിയുമുണ്ട്.

സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തണം എന്നുവരെയെത്തിയിരിക്കുന്നു അവരുടെ മുറവിളി. യുപിയില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബിജെപിയും സംഘപരിവാര്‍ സംഘങ്ങളും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള നീക്കം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. 1970കളുടെ ഒടുവില്‍ ജനസംഘം ബിജെപിയായി രൂപം മാറിയതിനുശേഷം പ്രത്യേകിച്ചും അത് രൂക്ഷമായിരിക്കുന്നു. മൊറാദബാദും സമസ്തിപ്പൂരും ഭഗല്‍പ്പൂരും ബീഹാര്‍ ഷെറീഫും മീററ്റും ഭീവണ്ടിയും മാലേഗാവും ബാഗ്പെറ്റും മെക്കാ മസ്ജിദും എല്ലാം അതിന്റെ ഓരോരോ രംഗങ്ങള്‍ മാത്രം. 1980ലെ ഈദ് ദിവസത്തോടനുബന്ധിച്ച് മൊറാദാബാദില്‍ ഉണ്ടായ കലാപത്തില്‍ 105 പേരാണ് കൊല്ലപ്പെട്ടത്. ഒരു മുസ്ലീം ചെറുപ്പക്കാരന്റെ സ്കൂട്ടര്‍ ഹിന്ദുവിന്റെ സൈക്കിളില്‍ ഒന്നു തട്ടിയാല്‍, ""സോറി"" പറഞ്ഞ് തീര്‍ക്കാവുന്ന സംഭവമാണത്. അല്ലെങ്കില്‍ ഒരു പന്നിത്തല പള്ളിമുറ്റത്ത് വന്നുവീഴുന്നു. അങ്ങനെ നിസ്സാര സംഭവങ്ങളില്‍നിന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. അതിനുവേണ്ടി ബിജെപിക്കാര്‍ (എംഎല്‍എമാരും അസംബ്ലിയിലെ പാര്‍ടി നേതാവും അടക്കം) മോര്‍ഫ് ചെയ്ത വ്യാജ വീഡിയോ ഉണ്ടാക്കുന്നു. യുപിയില്‍ 2007ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതവര്‍ പയറ്റിയതാണ്. ഇതിന്റെയൊക്കെ വിശ്വരൂപമാണ് 2002 ഫെബ്രുവരി അവസാനം - മാര്‍ച്ച് ആദ്യമായി ഗുജറാത്തില്‍ കണ്ടത്. അന്നത്തെ വംശീയ കൂട്ടക്കൊലയുടെ സൂത്രധാരനായ നരേന്ദ്രമോഡി ഇന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നിരിക്കുന്നുവെന്നും അന്നത്തെ മോഡിയുടെ വലംകയ്യായ അമിത്ഷാ യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അമരക്കാരനായി നില്‍ക്കുന്നുവെന്നും ഉള്ള കാര്യം വെറും യാദൃച്ഛികമല്ല. ബിജെപി വിഭാവനം ചെയ്യുന്ന ഭീകരമായ വര്‍ഗീയ ധ്രുവീകരണത്തിന്റെ മാരകമായ സൂചനകളാണ് അവയെല്ലാം.

അതിനോട്, പുറമേയ്ക്ക് തികഞ്ഞ അലംഭാവവും അകമേ അനുഭാവവും കാണിക്കുന്ന കോണ്‍ഗ്രസ്സ്, അയോധ്യയിലെ ഭൂമിപൂജയും ശിലാന്യാസവും തൊട്ട് പള്ളിപൊളിയ്ക്കലും ഗുജറാത്തിലെ കൂട്ടക്കൊലയും വരെയുള്ള വര്‍ഗീയ അജണ്ടകളില്‍ കൈക്കൊണ്ട മൃദുഹിന്ദുത്വ സമീപനം തന്നെയാണ് ഇപ്പോഴും കാണിക്കുന്നത്. മുസഫര്‍ നഗറില്‍ ഉടനടി സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള കര്‍ശനമായ നടപടി കൈക്കൊള്ളുന്നതിനോടൊപ്പം മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും യുപി സര്‍ക്കാര്‍ ശ്രമിക്കണം. അവര്‍ക്ക് അതിന് പൂര്‍ണമായ പിന്തുണയും സഹായവും നല്‍കുകയാണ് ജനാധിപത്യവിശ്വാസികളുടെ മുന്നിലുള്ള അടിയന്തിര കടമ. അതോടൊപ്പം മാരകമായ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടയുമായി മുന്നോട്ടുപോകുന്ന ബിജെപിയേയും അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന കോണ്‍ഗ്രസ്സിനേയും തുറന്നു കാണിയ്ക്കുകയും വേണം. മതനിരപേക്ഷ ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഈ രണ്ടു ശക്തികളും ആപത്താണ്.

*
Chintha Editorial 20-09-2013

Thursday, September 12, 2013

മുസഫര്‍ നഗര്‍ ഒരു മുന്നറിയിപ്പ്

ഉത്തര്‍പ്രദേശില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും രൂക്ഷമായ വര്‍ഗീയ ലഹളയാണ് മുസഫര്‍ നഗറിലേത്. ഒരു വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്ന കലാപ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവത്തെ കാണേണ്ടത്. കോസികലാന്‍, ബറേലി, പ്രതാപ്ഗഢ്, ഫൈസാബാദ് എന്നിവിടങ്ങളിലാണ് ഈ കാലയളവില്‍ പ്രധാനമായും കലാപങ്ങള്‍ നടന്നത്. ബാബറി മസ്ജിദ് നിലനിന്ന അയോധ്യക്കടുത്താണ് ഇതില്‍ അവസാനം പറഞ്ഞ ഫൈസാബാദ്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍പ്പോലും ഇവിടെ വര്‍ഗീയ ലഹളയുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കലാപകാരികള്‍ക്ക് ഇവിടെയും പ്രശ്നം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അത് സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും ശ്രമമുണ്ടായി.

മുസഫര്‍ നഗറില്‍ ഇതിനകം നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ടു. കലാപം ഗ്രാമങ്ങളിലേക്ക് പടര്‍ന്നുവെന്നതാണ് അപകടകരമായ കാര്യം. മേഖലയില്‍ ഏറെ സ്വാധീനമുള്ള ജാട്ടുകളും മുസ്ലിങ്ങളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒരു പെണ്‍കുട്ടിക്കെതിരെയുണ്ടായ പൂവാലശല്യത്തില്‍നിന്നാണ് കലാപത്തിന്റെ തുടക്കം. ഇതിനെത്തുടര്‍ന്ന് ഒരു മുസ്ലിംയുവാവ് കൊല്ലപ്പെട്ടു. പിന്നീട് രണ്ടു ഹിന്ദു യുവാക്കളും കൊല്ലപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെടാനുള്ള കാരണമിതാണ്. ചില ബിജെപി എംഎല്‍എമാര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ചെന്നും ആരോപണമുയര്‍ന്നു. യഥാര്‍ഥത്തില്‍ പാകിസ്ഥാനില്‍ ഷൂട്ടുചെയ്ത വീഡിയോയാണ് മുസഫര്‍നഗറിലെ രണ്ടു ഹിന്ദുയുവാക്കളെ മുസ്ലിങ്ങള്‍ കൊല്ലുന്ന ദൃശ്യങ്ങളായി വക്രീകരിച്ചത്.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സമാജ്വാദി പാര്‍ടി അധികാരത്തിലെത്തിയതിനുശേഷമാണ് ഈ വര്‍ഗീയസംഭവങ്ങള്‍ക്ക് തുടക്കം. ആര്‍എസ്എസും അവരുടെ സംഘടനകളും ആസൂത്രിതമായിത്തന്നെ വര്‍ഗീയസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ചെറിയ സംഭവങ്ങള്‍പോലും വര്‍ഗീയകലാപങ്ങളായി വളരുന്നത്. 2014ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയാണ് ആര്‍എസ്എസിന്റെ പദ്ധതി. ഉത്തര്‍പ്രദേശിലെ ജാതി- വര്‍ഗീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനം സൃഷ്ടിക്കാനും അതിനെ വര്‍ഗീയകലാപത്തിലേക്ക് നയിക്കാനും എളുപ്പമാണുതാനും.

ഇത്തരം വര്‍ഗീയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരത്തെ ഇടപെട്ട് തടയാനുള്ള ജാഗ്രത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നത് ശരിയാണ്. മുസഫര്‍ നഗറില്‍ ഭരണവിഭാഗത്തിന്റെ നിസ്സംഗത, ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുംവിധം സാഹചര്യങ്ങളെ ചൂഷണംചെയ്യാന്‍ വര്‍ഗീയശക്തികള്‍ക്ക് അവസരമൊരുക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് എടുത്തുപറയുമ്പോഴും ആര്‍എസ്എസ്- ബിജെപിയുടെ വര്‍ഗീയലക്ഷ്യങ്ങളെ കാണാതിരിന്നുകൂടാ. കഴിഞ്ഞ ഒരു മാസമായി ജമ്മുവിലെ കിസ്ത്വര്‍ നഗരത്തില്‍ വര്‍ഗീയകലാപം നടക്കുന്നു. ബിഹാറിലെ നൊവാഡയിലും ബെട്ടിയയിലും വര്‍ഗീയകലാപങ്ങളുണ്ടായി. ഇതിലെല്ലാംതന്നെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും കരങ്ങള്‍ വ്യക്തമാണ്.

ബിഹാര്‍ സര്‍ക്കാരില്‍നിന്ന് പുറത്തായതിനുശേഷം ആര്‍എസ്എസും ബിജെപിയും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത് തീവ്രഹിന്ദുത്വശക്തികള്‍ക്ക് യോജിക്കാനും വര്‍ഗീയ അജന്‍ഡ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും അവസരമൊരുക്കി. ഗുജറാത്തിലെ മുന്‍ മന്ത്രിയായ അമിത്ഷായെയാണ് ഉത്തര്‍പ്രദേശിലെ പാര്‍ടികാര്യങ്ങള്‍ നോക്കാന്‍ ബിജെപി നിയോഗിച്ചത്. മോഡിയുടെ വലംകൈയായ അമിത്ഷാ രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയുമാണ്. വന്‍ പ്രചാരണമഴിച്ചുവിട്ട് അയോധ്യയിലെ ബാബറിമസ്ജിദ് നിന്ന സ്ഥലത്തുള്ള താല്‍ക്കാലിക ക്ഷേത്രത്തില്‍ പോയി അമിത്ഷാ പ്രാര്‍ഥിക്കുകയുംചെയ്തു. ഇതിനു തൊട്ടുപുറകെ അയോധ്യയില്‍നിന്ന് യാത്ര തുടങ്ങാന്‍ വിശ്വഹിന്ദുപരിഷത്ത് തീരുമാനിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയുള്ളതുകൊണ്ടാണ് നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള തീരുമാനമുണ്ടായത്. സെപ്തംബര്‍ എട്ടിനും ഒമ്പതിനും ആര്‍എസ്എസ് അവരുടെ മുന്നണി സംഘടനകളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുകൂട്ടി. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. ഹിന്ദുത്വ അജന്‍ഡയിലെ പ്രധാന വിഷയങ്ങളായ രാമക്ഷേത്രം, ജമ്മു- കശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയല്‍, പൊതു സിവില്‍കോഡ് തുടങ്ങിയവയും പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും മറ്റ് സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളും യോഗം ചര്‍ച്ചചെയ്തു. ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, എല്‍ കെ അദ്വാനി, നരേന്ദ്ര മോഡി എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ആര്‍എസ്എസ് എങ്ങനെയാണ് ബിജെപിയെ നിയന്ത്രിക്കുന്നത് എന്നതിനുള്ള തുറന്ന പ്രഖ്യാപനമായിരുന്നു ഈ യോഗം.

ആര്‍എസ്എസും അതിന്റെ പോഷക സംഘടനകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്നും ഈ യോഗം ചര്‍ച്ചചെയ്തു. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ബിജെപി ഉടന്‍തന്നെ ഔപചാരികമായി തീരുമാനമെടുക്കും. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ആര്‍എസ്എസ്- ബിജെപി ഗൂഢപദ്ധതിയുമായി ബന്ധപ്പെട്ടുവേണം രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ കാണാന്‍. ആഗസ്ത് 17നും 18നും ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയശക്തികളുടെ ഭീഷണിയും വര്‍ഗീയ സംഘര്‍ഷങ്ങളുടെ വളര്‍ച്ചയും വിലയിരുത്തുകയുണ്ടായി.

വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം അഴിച്ചുവിടാനും രാജ്യത്തെ ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കാനും പാര്‍ടി ആഹ്വാനംചെയ്തു. ആര്‍എസ്എസ്- ബിജെപി സഖ്യത്തിന്റെ ഗൂഢലക്ഷ്യങ്ങളെയും ന്യൂനപക്ഷ സമുദായങ്ങളുടെ വര്‍ഗീയ സംഘടനകളെയും തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. വര്‍ഗീയശക്തികള്‍ക്കെതിരെ ബൃഹത്തായ പ്രചാരണത്തിന് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും എല്ലാ ജനാധിപത്യ- മതനിരപേക്ഷ ശക്തികളുടെയും പിന്തുണ ആവശ്യപ്പെടുകയാണ്. ഒക്ടോബറിലാണ് ദസറ പൂജ ഉത്സവങ്ങളും ബക്രീദും. വര്‍ഗീയശക്തികള്‍ ഈ അവസരം പ്രകോപനം സൃഷ്ടിക്കാന്‍ അവസരമാക്കുമെന്നതിനാല്‍ ഈ സമയത്ത് നിതാന്ത ജാഗ്രത അത്യാവശ്യമാണ്. മുസഫര്‍ നഗര്‍ കലാപം ഒരു മുന്നറിയിപ്പാണ്. വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം. അതുവഴി ആര്‍എസ്എസ് ബിജെപി സഖ്യത്തിന്റെ ആസൂത്രണം പരാജയപ്പെടുത്തണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 12 സെപ്തംബര്‍ 2013

Wednesday, September 11, 2013

ബിജെപിയുടെ ചോരക്കളി യുപിയിലേക്കും

ഡല്‍ഹിയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ വര്‍ഗീയ ലഹളകളാല്‍ കത്തുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്റെ വസതി ഇന്നും ചരിത്രസ്മാരകമായി സൂക്ഷിക്കുന്ന മുസഫര്‍നഗര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ പല സുപ്രധാന സംഭവങ്ങള്‍ക്കും വേദിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ മതനിരപേക്ഷതയുടെ കൊടി എന്നും ഉയര്‍ത്തിപ്പിടിച്ച പ്രദേശമായിരുന്നു അത്. മുപ്പത് ശതമാനത്തിലധികം വരുന്ന മുസ്ലിങ്ങളും ജാട്ടുകളും മറ്റ് പിന്നോക്ക സമുദായാംഗങ്ങളും ദളിതരും സഹവസിച്ച് കഴിഞ്ഞുകൂടിയ പ്രദേശം. ഗംഗ-യമുന സംസ്കാരത്തിന്റെ കേന്ദ്രമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഔധിലെ (അയോധ്യ) നവാബ് ഏറെ പ്രോത്സാഹിപ്പിച്ച ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ സംസ്കാരമായിരുന്നു ഇത്. ഉസ്താദ് ബിസ്മില്ലാ ഖാനായിരുന്നു ഗംഗ-യമുന സംസ്കാരത്തിന്റെ ഏറ്റവും പ്രധാന വക്താവ്. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വര്‍ഗീയ ലഹളകള്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളാകെ പൊളിച്ചെഴുതുകയാണ്.

ബാഗ്പത്ത്- മുസഫര്‍നഗര്‍- മീറത്ത് മേഖല ഉള്‍ക്കൊള്ളുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ എക്കാലത്തെയും തലയെടുപ്പുള്ള നേതാവായിരുന്നു ചൗധരി ചരണ്‍സിങ്. ജാട്ടുകളുടെ നേതാവായ ചരണ്‍സിങ് മറ്റുപിന്നോക്ക സമുദായാംഗങ്ങളെയും മുസ്ലിങ്ങളെയും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ഭാരതീയ ലോക്ദള്‍ പാര്‍ടിക്ക് അടിത്തറ തീര്‍ത്തത്. ഉത്തര്‍പ്രദേശില്‍ പ്രത്യേകിച്ച് പശ്ചിമ യുപിയില്‍ വന്‍ രാഷ്ട്രീയ പിന്തുണയുള്ള നേതാവായി ചൗധരി ചരണ്‍സിങ് മാറി. മുസ്ലിങ്ങളും ജാട്ടുകളും തമ്മില്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ അത് തന്റെ രാഷ്ട്രീയ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തുമെന്നതിനാല്‍ അതിന് തടയിടാന്‍ ചരണ്‍സിങ് ശ്രമിച്ചു.

1987ല്‍ ചൗധരി ചരണ്‍സിങ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചയ്ക്കായി മുലായംസിങ് യാദവും അജിത്സിങ്ങും മത്സരിച്ചു. ജാട്ട്- മുസ്ലിം ഐക്യത്തില്‍ ആദ്യ വിള്ളല്‍ ഉണ്ടാകുന്നത് ഇവിടെയാണ്. മറ്റ് പിന്നോക്ക സമുദായങ്ങള്‍ മുലായത്തിന്റെ സമാജ്വാദി പാര്‍ടിയിലേക്ക് പോയപ്പോള്‍ ജാട്ടുകള്‍ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന്റെ ഭാഗമായി. 2009 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും ഈ മേഖലയില്‍ നിന്ന് 44.6 ശതമാനം ജാട്ട് വോട്ട് ആര്‍എല്‍ഡിക്ക് ലഭിച്ചപ്പോള്‍ സമാജ്വാദി പാര്‍ടിക്ക് ലഭിച്ചത് 6.8 ശതമാനംമാത്രമായിരുന്നു. എന്നാല്‍, മുസ്ലിങ്ങളില്‍ 40 ശതമാനം വോട്ടും സമാജ്വാദി പാര്‍ടി നേടിയപ്പോള്‍ ആര്‍എല്‍ഡിക്ക് ലഭിച്ചത് 0.9 ശതമാനം മാത്രമായിരുന്നു. ഇതിന് സമാന്തരമായി ജാട്ട്- മുസ്ലിം കര്‍ഷകരുടെ പ്രസ്ഥാനമായി അറിയപ്പെട്ട മഹേന്ദ്രസിങ് ടിക്കായത്തിന്റെ ഭാരത് കിസാന്‍ യൂണിയനും ദുര്‍ബലമായി.

തന്റെ സംഘടനയിലേക്ക് മുസ്ലിങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമംതന്നെ ഒരു കാലത്ത് ടിക്കായത്ത് നടത്തിയിരുന്നു. 1989 ആഗസ്ത്- സെപ്തംബര്‍ മാസങ്ങളിലായി "നയീമ ലാവോ" എന്നപേരില്‍ നടത്തിയ പ്രക്ഷോഭം തന്നെയാണ് ഇതില്‍ എടുത്തുപറയേണ്ടത്. നയീമ എന്ന മുസ്ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയപ്പോഴായിരുന്നു ഈ പ്രക്ഷോഭം. അന്ന് പ്രക്ഷോഭത്തിന് വേദിയായി ടിക്കായത്ത് തെരഞ്ഞെടുത്തത് മുസഫര്‍നഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭോപ്പ ഗ്രാമമായിരുന്നു. 2011 ല്‍ ടിക്കായത്ത് മരിച്ചതോടെ ഈ ഐക്യത്തിനും വിള്ളല്‍ വീണു. ടിക്കായത്ത് തന്നെ അവസാന കാലമാവുമ്പോഴേക്കും സംഘപരിവാര്‍ ആശയഗതികളോട് താല്‍പ്പര്യം കാട്ടിയിരുന്നു. "ആയാറാം ഗയാറാം" രാഷ്ട്രീയത്തിന്റെ വക്താവായ അജിത്സിങ് 1999 ല്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ പൊതുവെ ആര്യസമാജികളായ ജാട്ടുകള്‍ക്കിടയില്‍ ഹിന്ദുവല്‍ക്കരണം ശക്തമായി. 1998 ല്‍ ചരണ്‍സിങ്ങിന്റെ തട്ടകമായ ബാഗ്പത്ത് സീറ്റില്‍ അജിത്സിങ് ബിജെപിയിലെ സോംപാലിനോട് തോറ്റത് ജാട്ടുകളുടെ വര്‍ധിച്ച ഹൈന്ദവവല്‍ക്കരണത്തിന്റെ ലക്ഷണമായിരുന്നു. അജിത്സിങ് രണ്ടാം യുപിഎ സര്‍ക്കാരില്‍ ചേര്‍ന്നതും കോണ്‍ഗ്രസുമായി കൂട്ടുപിടിച്ചതും ജാട്ടുകളില്‍ അമര്‍ഷമുളവാക്കിയതും അതുകൊണ്ടുതന്നെ. ഇതോടൊപ്പംതന്നെ ടിക്കായത്തിന്റെ മക്കളായ നരേന്ദ്രസിങ്ങും നരേഷും ബിജെപിയുമായി അടുത്തു. നരേഷ്സിങ് ബിഎസ്പിയെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. ജാട്ടുകളുടെ ഹൈന്ദവവല്‍ക്കരണത്തിന് ഇത് ആക്കം കൂട്ടി. കമ്പോളശക്തികളും ഈ സ്പര്‍ധ വളര്‍ത്തി. ഉത്തര്‍പ്രദേശിലെ സാമ്പത്തികമായി ഏറെ മുന്നിലുള്ള പ്രദേശമാണിത്. കൃഷിയും വ്യവസായവും ഒരുപോലെ ഈ സമൃദ്ധിക്ക് കാരണമാണ്. ജാട്ടുകളെപ്പോലെതന്നെ മുസ്ലിങ്ങളും സാമ്പത്തികമായി മെച്ചപ്പെട്ടു. ഇറച്ചിക്കച്ചവടത്തിലേര്‍പ്പെട്ട മുസ്ലിങ്ങള്‍ സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കിയെന്നും ഇത് ആര്യസമാജികളായ ജാട്ടുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ലഖ്നൗ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം തലവന്‍ രാകേഷ് കുമാര്‍ മിശ്ര നിരീക്ഷിക്കുന്നു. കൃഷിയുമായി ബന്ധമില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ പുത്തന്‍പണക്കാരുടെ വര്‍ധിച്ച മത രാഷ്ട്രീയതാല്‍പ്പര്യങ്ങളും ഉത്തര്‍പ്രദേശ് ഗ്രാമങ്ങളെ കലുഷമാക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മുസഫര്‍നഗറില്‍ കലാപം നഗരങ്ങളെമാത്രമല്ല ഗ്രാമങ്ങളെയും ബാധിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ നിരീക്ഷണത്തിലുണ്ട്. പശ്ചിമ ഉത്തര്‍പ്രദേശിലെ ഈ രാഷ്ട്രീയ ധ്രുവീകരണം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന സംഘപരിവാറിന്റെ തിരിച്ചറിവാണ് കരിമ്പു കൃഷിയുടെ കേന്ദ്രമായ മുസഫര്‍നഗറിനെ വര്‍ഗീയതയുടെ വിളനിലമാക്കിയത്. ജാട്ട് മഹാപഞ്ചായത്തില്‍ പോയി ബിജെപി നേതാക്കള്‍ വര്‍ഗീയവികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതും 2010 ല്‍ സിയാല്‍കോട്ടില്‍ രണ്ട് യുവാക്കളെ വധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാവല്‍ഗ്രാമത്തിലെ രണ്ട് ജാട്ട് യുവാക്കളെ വധിച്ച ദൃശ്യങ്ങളാണെന്ന് കാണിച്ച് പ്രദര്‍ശിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു.

നരേന്ദ്ര മോഡി- അമിത്ഷാ കൂട്ടുകെട്ട് ഉത്തര്‍പ്രദേശിനെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ തട്ടകമായി വീണ്ടും മാറ്റുകയാണ്. വര്‍ഗീയ ലഹളകളില്‍ എത്രപേരുടെ ജീവന്‍ അപഹരിച്ചാലും ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയനേട്ടം കൊയ്യാന്‍ കഴിയുമെന്ന രാഷ്ട്രീയ ദുഷ്ടലാക്കാണ് ബിജെപിയുടേത്. ജാട്ടുകളും മറ്റു പിന്നോക്ക സമുദായവും അജിത്സിങ്ങിന്റെയും മുലായത്തിന്റെയും പിറകില്‍ നിന്നാല്‍ ജയിക്കാന്‍ കഴിയില്ലെന്നറിയുന്ന ബിജെപി വര്‍ഗീയ ലഹളകളിലൂടെ ജാട്ടുകളെയും മറ്റ് പിന്നോക്കസമുദായത്തെയും ഹിന്ദുകൊടിക്കീഴില്‍ അണിനിരത്താനാണ് ശ്രമിക്കുന്നത്. അജിത്സിങ്ങിന് ജാട്ട് വോട്ടുകളും മുലായത്തിന് ഒബിസി വോട്ടുകളും നഷ്ടമാകും. അജിത്സിങ്ങുമായുള്ള സഖ്യത്തിലൂടെ ജാട്ട്- മുസ്ലിം ഐക്യം സ്ഥാപിച്ച് നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ് മോഹവും പൊലിഞ്ഞു. ജാട്ടുകളും മുസ്ലിങ്ങളും മുസഫര്‍നഗറില്‍ ചോരചിന്തുമ്പോള്‍ അത് ഊറ്റിക്കുടിച്ച് വീര്‍ക്കുന്നത് ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബഹുസ്വരതയാണ് ഇവിടെ നഷ്ടമാകുന്നത്. അതിനിരയാകുന്നത് ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 11 സെപ്തംബര്‍ 2013

Saturday, April 6, 2013

കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനം

ബാബറിമസ്ജിദ് തകര്‍ത്തതുസംബന്ധിച്ച കേസില്‍ അപ്പീല്‍ നല്‍കാന്‍ എന്തുകൊണ്ട് കാലതാമസംവരുത്തി എന്ന സുപ്രീംകോടതിയുടെ ചോദ്യം, വോട്ടിനുവേണ്ടി വര്‍ഗീയതയോട് വിട്ടുവീഴ്ചചെയ്യുന്ന യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും മതനിരപേക്ഷതാ നാട്യത്തെ വലിയ ഒരളവില്‍ പൊളിച്ചുകാട്ടുന്നുണ്ട്.

സുപ്രീംകോടതിയുടെ ചോദ്യത്തിനുള്ള യഥാര്‍ഥ ഉത്തരം ഇതാണ്: മൃദുഹിന്ദുത്വസമീപനത്തിലൂടെ ഹിന്ദുവര്‍ഗീയവോട്ടുകള്‍ സമാഹരിക്കാന്‍ യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും നടത്തിപ്പോരുന്ന വിട്ടുവീഴ്ചകളുടെ പരമ്പരയിലെ പുതിയ കണ്ണിയാണ് അപ്പീല്‍ കൊടുക്കുന്നതില്‍ വരുത്തിയ മനഃപൂര്‍വമായ കാലതാമസം.

ഈ കേസ് നിയമത്തിന്റെ വഴിയേ നിര്‍ബാധം പോകുന്ന നിലയുണ്ടാക്കിയാല്‍ ഹിന്ദുത്വവോട്ടുകള്‍ തങ്ങള്‍ക്ക് എതിരായിപ്പോകുമോ എന്ന് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബാബറിമസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടാതെ നോക്കാനുള്ള രാഷ്ട്രീയകരുനീക്കങ്ങള്‍ കേസ് നടപടികളുടെ അണിയറയില്‍ കോണ്‍ഗ്രസ് നടത്തുന്നു. ഹിന്ദുവോട്ടുകള്‍ക്കുവേണ്ടി ബിജെപിയോട് വര്‍ഗീയതയുടെതന്നെ കളത്തില്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസ്. ബാബറിമസ്ജിദ് തകര്‍ത്തതുസംബന്ധിച്ച കേസില്‍ ഉത്തരവാദിത്തമുള്ള സീനിയര്‍ ഓഫീസര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആ സത്യവാങ്മൂലത്തില്‍ സിബിഐ അപ്പീല്‍ കൊടുക്കുന്നതില്‍ വരുത്തിയ കാലതാമസത്തിന്റെ കാരണം വിശദീകരിക്കണമെന്നുമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യന്‍ മതനിരപേക്ഷതക്കേറ്റ ആഘാതമാണ് ബാബറിമസ്ജിദ് തകര്‍ത്ത സംഭവമെങ്കില്‍, അതിനേറ്റ അപമാനമാണ് ആ കേസ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നിടത്തേക്ക് എത്തുന്നത് തടയാന്‍ പാകത്തില്‍ യുപിഎ സര്‍ക്കാര്‍ അപ്പീലില്‍ കാലതാമസം വരുത്തിയെന്നത്. വര്‍ഗീയശക്തികളെ പ്രീണിപ്പിക്കാനുള്ള ഒത്തുകളിയാണിത്.

അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ ചെറിയ കാലതാമസമൊന്നുമല്ല വരുത്തിയത്. 167 ദിവസത്തെ കാലതാമസം. അപ്പീല്‍ സുപ്രീംകോടതി തള്ളാന്‍ ഇത് മതിയായ കാരണമാണ്. കോടതി അത് തള്ളിക്കോട്ടെ എന്ന മനോഭാവം സര്‍ക്കാരിനില്ലായിരുന്നുവെങ്കില്‍ സിബിഐ ഈ കാലതാമസം വരുത്തില്ലായിരുന്നു. 167 ദിവസത്തെ കാലതാമസം വരുത്തിയവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ കാരണം ബോധിപ്പിക്കേണ്ടിവന്നിരിക്കുകയാണിപ്പോള്‍ കോടതി ഇടപെടലിന്റെ ഫലമായി. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി എന്നിവരടക്കം 18 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ സ്പെഷ്യല്‍ കോടതി നടപടിയെ ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായി സുപ്രീംകോടതിയെ അപ്പീലുമായി സമീപിക്കുന്നതിലാണ് സിബിഐ കാലതാമസം വരുത്തിയത്.

എല്‍ കെ അദ്വാനിയും ജോഷിയും ഉമാഭാരതിയുമൊക്കെ നോക്കിനില്‍ക്കെയാണ് ബാബറിമസ്ജിദ് സംഘപരിവാര്‍ശക്തികള്‍ പൊളിച്ചടുക്കിയത്. ഈ നേതാക്കളാണതിന് കാര്‍മികത്വംവഹിച്ചത്. അപ്പീല്‍ കൊടുക്കുന്നതിലെ കാലതാമസം ഈ സംഘപരിവാര്‍- ബിജെപി നേതാക്കളെ രക്ഷപ്പെടുത്തുന്നതിനുള്ളതായിരുന്നു എന്നത് പകല്‍പോലെ വ്യക്തം. കാലതാമസത്തിന് സര്‍ക്കാര്‍ കാണിച്ച കാരണങ്ങള്‍ ബാലിശമാണ്. അപ്പീല്‍ എഴുതിയുണ്ടാക്കേണ്ട അഭിഭാഷകന് അസുഖമായിരുന്നു. അദ്ദേഹം 2ജി സ്പെക്ട്രം കേസിന്റെ തിരക്കിലായിരുന്നു. നിരവധി പേജുകള്‍ ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തേണ്ടതുണ്ടായിരുന്നുവെന്നൊക്കെയാണ് പറയുന്നത്.

സിബിഐക്ക് സമയബന്ധിതമായി ഇതൊന്നും ചെയ്യാന്‍ സംവിധാനമില്ലേ? ആകെ ഒരു അഭിഭാഷകന്‍ മാത്രമേയുള്ളോ സിബിഐക്ക്? നിലനില്‍ക്കാത്ത വാദങ്ങളുമായി കോടതിയില്‍ചെന്ന് കാലപരിധിക്കുശേഷം അപ്പീല്‍ കൊടുക്കുക. അത് കോടതിയെക്കൊണ്ട് തള്ളിക്കുക. അങ്ങനെ മൃദുഹിന്ദുത്വനിലപാടിലൂടെ വര്‍ഗീയവോട്ടുകള്‍ സമാഹരിക്കുക. മതനിരപേക്ഷതാവിരുദ്ധമായ ഈ ഗൂഢതന്ത്രമാണ് അരങ്ങേറുന്നത് എന്നത് വ്യക്തം. കോടതിക്ക് ക്ഷമിക്കാനരുതാത്തവിധത്തിലുള്ള കാലതാമസമാണ് അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ സിബിഐ വരുത്തിയിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ അപ്പീല്‍ തള്ളിക്കളയണമെന്നുമാണ് ഇപ്പോള്‍ എല്‍ കെ അദ്വാനിയുടെയും ജോഷിയുടെയും അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ വാദിക്കുന്നത്. ഈ വാദത്തിന് ഇടമുണ്ടാക്കിക്കൊടുക്കുക എന്ന ദൗത്യമാണ് സിബിഐ നിര്‍വഹിച്ചത്. ഇത്രമേല്‍ ഗുരുതരമായ ഒരു കേസില്‍ സിബിഐ സ്വന്തംനിലയ്ക്ക് ഇങ്ങനെയൊരു വീഴ്ച വരുത്താന്‍ ധൈര്യപ്പെടില്ല എന്നത് വ്യക്തം. യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുപ്രകാരമുള്ളതാണ് ഈ തന്ത്രം എന്നത് സംശയരഹിതമായ വസ്തുതയാണ്.

2010 മെയ് 20നാണ് സ്പെഷ്യല്‍ കോടതി ഉത്തരവ് ശരിവയ്ക്കുന്ന അലഹബാദ് ഹൈക്കോടതി വിധി വന്നത്. അതുകഴിഞ്ഞ് ഏതാണ്ട് 11 മാസമായി. ഇതിനിടെ ഈ കേസില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന് സിബിഐയുടെ ചുമതലയുള്ളവര്‍ ശ്രദ്ധിച്ചില്ല എന്നത് വിചിത്രമാണ്. അപ്പീല്‍ സമയപരിധികഴിയാന്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ കൊടുക്കാന്‍ നിയമപരമായി ബാധ്യസ്ഥമായിരുന്നു സിബിഐ. അതായത്, മൂന്നുമാസം. ആ മൂന്നുമാസത്തിനുശേഷം പിന്നീട് ഒരു ആറുമാസംകൂടി കഴിഞ്ഞ ഘട്ടത്തില്‍ മാത്രമാണ് അപ്പീലുമായി കോടതിയിലെത്തിയത്. പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന കള്ളക്കളിയല്ലാതെ മറ്റെന്താണിത്? പൊതുതെരഞ്ഞെടുപ്പ് ഏതുദിവസവും വരാം എന്ന അവസ്ഥയുണ്ടായിരിക്കെ ഹിന്ദുവര്‍ഗീയവോട്ടര്‍മാര്‍ക്ക് അസ്വീകാര്യമാകുന്ന നടപടിയുണ്ടാകരുത് എന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് വൈകി അപ്പീല്‍കൊടുത്ത് കേസ് തള്ളിപ്പോകുന്ന സ്ഥിതിയുണ്ടാക്കുന്നതിനു പിന്നിലുള്ളത്. മതനിരപേക്ഷതയ്ക്ക് അപകടകരമാണ് സ്വാര്‍ഥ രാഷ്ട്രീയലാഭത്തിലധിഷ്ഠിതമായ ഇത്തരം നടപടികളെന്ന് വ്യക്തമാക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 04 ഏപ്രില്‍ 2013

Sunday, February 3, 2013

വര്‍ഗീയത വിശ്വരൂപം കാട്ടുമ്പോള്‍

ഭരണാധികാരികളെ സൃഷ്ടിക്കുന്നത് മതവും ജാതിയുമാണെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഈ സൃഷ്ടിയുടെ പ്രത്യുപകാരമായി നിശബ്ദരാകുകമാത്രമാണ് വേണ്ടതെന്ന് ഭരണവര്‍ഗം തിരിച്ചറിയുന്നു. മതത്തെ എതിര്‍ക്കാന്‍ കഴിയാത്തവിധം വിനീതരായി ഭരണാധികാരികള്‍ മാറുന്ന ഈ രാജ്യത്ത് ഏത് സിനിമയും ആര്‍ക്കും നിരോധിക്കാം. ഭരണകൂടം നിശബ്ദമായി അത് കണ്ടുനില്‍ക്കും.

മതങ്ങളുടെ മേക്കിട്ടുകയറാന്‍ തക്ക പ്രാകൃതവാസനയുള്ള ഒരാളല്ല കമല്‍ഹാസന്‍. ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതവും വ്യക്തിജീവിതവും അകന്നു മാറിനിന്നു കാണുന്ന ഒരാള്‍ക്കുപോലും ഇത് സുവ്യക്തമാണ്. എന്നിട്ടും കമല്‍ ആക്രമിക്കപ്പെടുന്നു. മതതീവ്രവാദികള്‍ വിശ്വരൂപത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തുന്നു. മതമോ ജാതീയോ ആയി ബന്ധപ്പെട്ട പ്രശ്നത്തെ സിനിമയ്ക്ക് അനിവാര്യമെങ്കില്‍ ലഘുവായി പറഞ്ഞുപോകുന്നുവെന്നതിനപ്പുറം കമല്‍ഹാസന്റെ ചിത്രത്തില്‍ മറ്റൊന്നുമില്ല. മൃദുവായ ഒരു പരാമര്‍ശംപോലും താങ്ങാനാവാത്ത വിധത്തിലേക്ക് മതതീവ്രവാദികള്‍ വളര്‍ന്നതിന് കാരണങ്ങളുണ്ട്. ഇന്നത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടത് അതുമാത്രമാണ്.

ഇന്ന് കമല്‍ഹാസന്‍ നേരിട്ട ദുരനുഭവം നാളെ ഏതൊരു ചലച്ചിത്രകാരനും കലാപ്രവര്‍ത്തകനും നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. കഴിഞ്ഞുപോയ പല അനുഭവങ്ങള്‍ ഈ മുന്‍ധാരണയെ ശരിവയ്ക്കുന്നു. അതിലേക്കുള്ള കാരണങ്ങള്‍ പകല്‍പോലെ വ്യക്തം. ചരിത്രത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ശപിക്കപ്പെട്ട കാലമായിരിക്കും മധ്യകാലം. മതാധികാരവും രാഷ്ട്രീയ അധികാരവും കൈയാളിയിരുന്ന പൗരോഹത്യസമൂഹം പിച്ചിക്കീറാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ ആധുനിക സമൂഹത്തിന്റെ വൈജ്ഞാനികമോ ശാസ്ത്രീയമോ ആയ എല്ലാ കണ്ടെത്തലുകള്‍ക്കും എതിരെയായിരുന്നുവെന്നത് ചരിത്രവസ്തുതയാണ്. ചമ്മട്ടിക്ക് അടിയേറ്റവര്‍, കുരിശില്‍ തറയ്ക്കപ്പെട്ടവര്‍, നിര്‍ബന്ധപൂര്‍വം വിഷക്കോപ്പ മുത്തേണ്ടിവന്നവര്‍ നാടുപേക്ഷിച്ച് പലായാനം ചെയ്യേണ്ടിവന്നവര്‍ ദുരനുഭവങ്ങളുടെ അസംഖ്യം ജീവിതമാണ് മധ്യകാലം നല്‍കിയത്. പക്ഷേ, സത്യം മറച്ചുവയ്ക്കാന്‍ പൗരോഹിത്യ കിങ്കരന്മാര്‍ക്ക് കഴിഞ്ഞില്ലയെന്നത് ഇതിന്റെ മറുപുറം. ആശയങ്ങളുടെ തര്‍ക്ക വിതര്‍ക്കങ്ങളില്‍ നിന്നും മനുഷ്യന്‍ ആര്‍ജിച്ചത് ജീവിതത്തെക്കുറിച്ചുള്ള പുതിയ അവബോധമായിരുന്നു. അതുകൊണ്ടാണ് രാജ്യാതിര്‍ത്തികളും മതങ്ങളുടെ അതിര്‍ത്തികളും ഉള്ളപ്പോള്‍ത്തന്നെ സാഹോദര്യവും സഹവര്‍ത്തിത്വവും ലോകനന്മയുമാണ് മറ്റെന്തിനേക്കാളും വലുതെന്ന വിപ്ലവചിന്ത രൂപപ്പെട്ടത്.

ഈ നൂറ്റാണ്ടിന്റെ പിറവി ഓര്‍മിപ്പിക്കുന്നത് ചരിത്രത്തിലെ കറുത്ത മധ്യകാലത്തിലേക്ക് വീണ്ടും മനുഷ്യരെ തിരിച്ചു നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നതുമാത്രമാണ്. എല്ലാ സംഘടിത മതങ്ങളും കൈകോര്‍ത്തുകൊണ്ടാണ് ഈ നടത്തയ്ക്ക് ആക്കം കൂട്ടുന്നതെന്നതാണ് ഏറ്റവും ആപല്‍ക്കരമായ വസ്തുത. ഇയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് വിശ്വരൂപം എന്ന കമല്‍ചിത്രം നേരിടുന്ന എതിര്‍പ്പുകളെ വിലയിരുത്തേണ്ടത്. കേവലം ഒരു സിനിമയുടെ നേര്‍ക്കുയരുന്ന പ്രതിഷേധമല്ല ഇപ്പോഴുണ്ടായിട്ടുള്ളത്. സാഹിത്യത്തിനും കലയ്ക്കും വിശിഷ്യാ സിനിമയ്ക്കും നേര്‍ക്ക് ഇങ്ങനെയുള്ള എതിര്‍പ്പുകളും ആക്രമണങ്ങളും തുടങ്ങിയിട്ട് കാലമേറെയായി. ചലച്ചിത്രങ്ങളുടെ സെന്‍ഷര്‍ഷിപ്പ് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും തള്ളിക്കളഞ്ഞതാണ്. പക്ഷേ ഇന്ത്യയിലിന്നും ഇതിനൊരു സ്ഥാപനമുണ്ട്. പക്ഷേ, ഈ സ്ഥാപനത്തെയും ഭരിക്കുന്നത് അതിനെ സൃഷ്ടിച്ച ഭരണകൂടമല്ല മറിച്ച് മതമേലധ്യക്ഷന്മാരും വര്‍ഗീയ സംഘടനാ നേതാക്കളുമാണ്. അവര്‍ അനുശാസിക്കുന്ന തരത്തില്‍ മനുഷ്യന്റെ പ്രണയവും വിദ്വേഷവും ദുഃഖവുമെല്ലാം ചിത്രീകരിക്കപ്പെടണമെന്ന വാശിയിലാണവര്‍. ഇവിടെ മത താല്‍പ്പര്യങ്ങള്‍ക്ക് ആദ്യപ്രാധാന്യം വരുന്നു. അവര്‍ക്ക് പൂര്‍ണമായും കീഴ്പ്പെടുന്നതായി ഭരണവര്‍ഗവും മാറുന്നു. ഈ അദൃശ്യശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങി ചലച്ചിത്രപ്രദര്‍ശനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാരുകള്‍തന്നെ മുന്നോട്ടുവരികയും കോടതികളില്‍ ഇതിനായി വാദിക്കുകയുംചെയ്യുന്നു. ഇത് സാക്ഷാല്‍ക്കരിക്കുന്നത് മതം രാഷ്ട്രീയത്തില്‍നിന്ന് മാറി നില്‍ക്കണമെന്ന മതേതര ആവശ്യത്തെയല്ല. മതമേലധ്യക്ഷന്മാര്‍ക്ക് വിടുപണി ചെയ്യുന്നവര്‍ ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കൈയാളുന്നുവെന്നതുകൊണ്ട് മാത്രമാണ് ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. ജനാധിപത്യരാജ്യം എന്നതിനേക്കാള്‍ ജാതി - മത മേല്‍കോയ്മയുള്ള രാജ്യം എന്ന നിലയിലേക്ക് ഇന്ത്യ മാറുന്നു.
                                      
ഇന്ത്യന്‍ ജനജീവിതത്തിന്റെ വിശ്വസപ്രമാണങ്ങളെ നെടുകെ പിളര്‍ന്നുകൊണ്ട് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിലൂടെ ഊര്‍ജം നേടിയ ഹൈന്ദവ വര്‍ഗീയവാദികള്‍ കലാസൃഷ്ടികള്‍ക്കു മേലുള്ള കടന്നാക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്. ദീപാ മേത്തയുടെ വാട്ടര്‍ എന്ന ചിത്രം ഇന്ത്യയില്‍ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുക മാത്രമല്ല അതിനായി വാരാണസിയില്‍ നിര്‍മിച്ച ഷൂട്ടിങ് ലൊക്കേഷന്‍ തച്ചുതകര്‍ത്ത് വര്‍ഗീയവിഷത്തിന്റെ രൂക്ഷത തെളിയിച്ചു. ശ്രീലങ്കയിലെ ഒരു ഗ്രാമത്തില്‍വച്ചായിരുന്നു പിന്നീടവര്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. സ്ത്രീത്വത്തിന്റെ നീറ്റലുകള്‍ പറയാന്‍ ശ്രമിച്ച സിനിമയെ തിരിച്ചറിയുന്നതിന് പകരം അനുഷ്ഠാനങ്ങളില്‍ അമര്‍ന്നു ജീവിക്കേണ്ടവരാണ് സ്ത്രീകള്‍ എന്നതാണ് ഹൈന്ദവവര്‍ഗീയവാദികള്‍ ഇതിലൂടെ പ്രചരിപ്പിച്ചത്. കഞ്ചാവും ഭാംഗും തുടങ്ങി ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് അല്‍പ്പവസ്ത്രധാരികളോ വിവസ്ത്രരോ ആയി ഉത്തരേന്ത്യന്‍ അമ്പല പരിസരങ്ങളില്‍ ചുറ്റിത്തിരിഞ്ഞ സന്യാസിമാരുടെ കാമപ്പേക്കൂത്തുകളെക്കുറിച്ച് ഉരിയാടാനോ അത് കലാസൃഷ്ടിക്ക് വിഷയമാക്കാനോ അനുവദിച്ചില്ല. ഗുജറാത്തിലെ വംശീയ കലാപങ്ങളില്‍ ശൂലമുനകളില്‍ ഗര്‍ഭസ്ഥശിശുവിനെ കുത്തിയെടുത്തതും കൂട്ടമാനഭംഗത്തിന് ഇരയാക്കി സത്രീകളെ നശിപ്പിച്ചതും ചലചിത്രവിഷയമാക്കാനുള്ള അവകാശത്തെ ചോരപുരണ്ട ആയുധങ്ങള്‍കാട്ടി ഹൈന്ദവഫാസിസ്റ്റുകള്‍ ഹനിക്കുകയാണ് ചെയ്തത്. എം എഫ് ഹുസൈന്‍ പലായനത്തിന് നിര്‍ബന്ധിതനായ സാഹചര്യവും ചിന്തിക്കണം.

ഹൈന്ദവതീവ്രവാദികള്‍ ഏതൊക്കെ അളവുകോലുകള്‍ ഉപയോഗിച്ചാണോ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചത് അതേ നാണയത്തിലാണ് മുസ്ലിം മതതീവ്രവാദികള്‍ അവര്‍ക്കിഷ്ടമില്ലാത്തതിനെ നേരിട്ടത്. ചോദ്യപേപ്പര്‍ എഴുതിയ കൈയും വിമര്‍ശിക്കുന്ന നാവും മുറിച്ചെടുക്കാവുന്നതാണെന്ന് അവര്‍ കണക്കുകൂട്ടി. സല്‍മാന്‍ റുഷ്ദിയും തസ്ലിമ നസ്രിനും പലായനം ചെയ്യേണ്ടിവന്ന മതതീവ്രവാദ സാഹചര്യം ഇനിയും സജീവമായ ചര്‍ച്ചയ്ക്ക് വിഷയമാണ്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണവും ചില ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തുന്നുണ്ട്. പ്രകോപനപരമായി വസ്ത്രം ധരിക്കുന്നതാണ് കാരണമെന്ന് മതശ്രേഷ്ഠന്‍മാര്‍ക്ക് ഈ സംഭവത്തെച്ചൊല്ലി പുലമ്പാന്‍ മടിയുണ്ടാവാത്ത ഈ നാട്ടില്‍ വിശ്വരൂപം നിരോധിക്കപ്പെടും. പുരുഷന് തുല്യമായി സ്ത്രീയെ പരിഗണിക്കാനാവില്ലെന്ന് പരസ്യമായി പറയുന്ന നിലയിലേക്ക് ഇന്ത്യന്‍ ഭരണഘടനയുടെ കീഴില്‍ ജീവിക്കുന്നവര്‍ അംഗമായ മുജാഹിദ് സംഘങ്ങളുടെ തലവന്‍മാര്‍ വളര്‍ന്നിരിക്കുന്നു. ആധുനിക ജീവിതവീക്ഷണങ്ങളുടെ ലംഘനമാണ് ഇതെന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇവിടെയും മൗനം പാലിച്ചുവെന്നതാവും സ്ഥിതിഗതികള്‍ അങ്ങേയറ്റം ഭീതിദമാക്കുന്നത്.

ഒരു സിനിമയുടെ നിരോധനം അത്ഭുതമല്ലാതാകുന്നതിന്റെ സാമൂഹികസാഹചര്യം ഇതാണ്. മതം മാറുന്നവര്‍ക്ക് മരണമെന്ന പ്രാകൃതശിക്ഷ ലോകത്ത് ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നു. ജനാധിപത്യത്തെക്കുറിച്ച് ഘോരഘോരം പറയുന്ന അമേരിക്കയില്‍ എട്ട് സ്റ്റേറ്റില്‍ ക്രിസ്തുമതത്തില്‍നിന്ന് മാറിയാല്‍ ഗ്രീന്‍കാര്‍ഡ്, ലൈസന്‍സ് തുടങ്ങി ജീവിക്കാനാവശ്യമായ രേഖകള്‍ നല്‍കില്ല. കോടതികളില്‍ ഇവര്‍ക്ക് വാദിയോ സാക്ഷിയോ ആകാന്‍ കഴിയാതെ വരുന്നു. നിശബ്ദമായ ക്രൈസ്തവ വര്‍ഗീയതയുടെ രൂക്ഷത പലപ്പോഴും തലപൊക്കി പുറത്തുവരുന്നതിന് ഇന്ത്യയും പ്രത്യേകിച്ച് കേരളവും സാക്ഷിയാണ്. വിശ്വരൂപം എന്ന സിനിമയ്ക്ക് തടസ്സമുണ്ടാക്കാനുള്ള മനസ്ഥിതിയുള്ളവരില്‍നിന്ന് ഇത്തരം തീവ്രമതവാദികളും ഭിന്നരാവുന്നില്ല. മതം എന്തിലും പിടിമുറുക്കുന്നു. ഭരണാധികാരികളെ സൃഷ്ടിക്കുന്നത് മതവും ജാതിയുമാണെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഈ സൃഷ്ടിയുടെ പ്രത്യുപകാരമായി നിശബ്ദരാകുകമാത്രമാണ് വേണ്ടതെന്ന് ഭരണവര്‍ഗം തിരിച്ചറിയുന്നു. മതത്തെ എതിര്‍ക്കാന്‍ കഴിയാത്തവിധം വിനീതരായി ഭരണാധികാരികള്‍ മാറുന്ന ഈ രാജ്യത്ത് ഏത് സിനിമയും ആര്‍ക്കും നിരോധിക്കാം. ഭരണകൂടം നിശബ്ദമായി അത് കണ്ടുനില്‍ക്കും.

*
ലെനിന്‍ രാജേന്ദ്രന്‍

കമലിന്റെ സ്വരൂപം

കമല്‍ ഹാസന്‍ എന്ന കലാകാരന്‍ ആരുടെയൊക്കയോ വേട്ടമൃഗമാകുമ്പോള്‍ പൊതുസമൂഹം അതിനെതിരെ രംഗത്ത് വരേണ്ടത് എന്തുകൊണ്ടാണ്? സിനിമയെന്ന കലയില്‍ കമ്പോളതാല്‍പ്പര്യങ്ങള്‍ക്കപ്പുറം മറ്റൊരു താല്‍പ്പര്യങ്ങള്‍ക്കും ഇടം കൊടുക്കേണ്ടതില്ലെന്ന പൊതുമനസ്സിനോട് കലഹിച്ചിട്ടുള്ള കമല്‍ഹാസന്‍ചിത്രങ്ങള്‍ പലപ്പോഴും എതിര്‍പ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. ശരീരവും മനസ്സും സിനിമയില്‍ നിക്ഷേപിച്ച് ഒരു പരീക്ഷണശാലയുടെ സങ്കീര്‍ണതയോടെയാണ് കമലിന്റെ സിനിമാജീവിതത്തിന്റെ ഓരോ രംഗവും കടന്നുപോകുന്നത്. കമലിലെ ചലച്ചിത്രപ്രവര്‍ത്തകനും അതിനുള്ളിലെ മനുഷ്യനും ആശയപ്രചാരണത്തിനുള്ള വേദിയായി സിനിമയെ മാറ്റിയതിന് അനവധി ഉദാഹരണങ്ങളുണ്ട്.
                                          
 ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ സ്വകാര്യ ആശയവും വീക്ഷണവും പരമാവധി ഗോപ്യമാക്കി വയ്ക്കുന്നതാണ് പൊതുരീതി. തങ്ങളുടെ നിലപാടുകള്‍ പരസ്യമാക്കുന്നത് ചലച്ചിത്രരംഗത്തെ സുരക്ഷിതത്വത്തിന് ഗുണപരമാകില്ലെന്ന ധാരണയില്‍ പൊതുപ്രശ്നങ്ങളില്‍നിന്ന് പരമാവധി അകലം പാലിക്കുകയുംചെയ്യുന്നു. കമല്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാവുന്നത് ഇവിടെയാണ്. തൊട്ടാല്‍ പൊള്ളുന്ന മതത്തിന്റെ കാര്യത്തിലായാലും ഭരണകൂടം ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധിയിലായാലും വ്യക്തമായ നിലപാടുകളാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളത്. വിശ്വരൂപം എന്ന ചിത്രത്തിനു നേരെ മുസ്ലിം വര്‍ഗീയവാദികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വേണം കമലിന്റെ സംവിധാനമികവില്‍ ജനിച്ച ഹേ റാം നേരിട്ട എതിര്‍പ്പുകളെ നോക്കിക്കാണാന്‍. വിഭജനത്തിന്റെ മുറിപ്പാടുകള്‍ പുതുതലമുറയെ ഓര്‍മിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കമല്‍ പുറത്തിറക്കിയ ഹേ റാമിനു നേരെ എതിര്‍പ്പുയര്‍ന്നത് കോണ്‍ഗ്രസുകാരില്‍നിന്നായിരുന്നു. ഗാന്ധിജിയുടെ ആശയഗതികളുടെ ഔന്നത്യം പരിചയപ്പെടുത്തുന്ന ചിത്രം തിരിച്ചറിയുന്നതിന് പകരം കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ മറ്റൊരു തരത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ വിശ്വരൂപം നേരിടുന്നത്. കോണ്‍ഗ്രസിനൊപ്പം ഹിന്ദുത്വതീവ്രവാദികളും ഹേ റാമിനെതിരെ രംഗത്തുവന്നു.

അന്‍പേ ശിവം എന്ന ചിത്രത്തിന്റെ സത്യസന്ധത മാത്രംമതി കമല്‍ എന്ന ചലച്ചിത്രകാരനില്‍നിന്ന് ഒരു മനുഷ്യനെ തിരിച്ചറിയാന്‍. ഇടതുപക്ഷസിനിമയെന്ന് വര്‍ഗീകരിക്കപ്പെട്ട് തിയറ്ററുകളില്‍ നിന്ന് വിമര്‍ശകര്‍ പടിയിറക്കിവിട്ട സിനിമ മുന്നോട്ടുവച്ച ആഗോളവല്‍ക്കരണത്തിനെതിരെയുള്ള വ്യക്തമായ ആശയം കമലിന്റെ രാഷ്ട്രീയ നിലപാടുകളുടെ തുറന്ന പ്രഖ്യാപനമായിരുന്നു. അഴിമതിയില്‍ മുങ്ങിനിവരുന്ന ഇന്ത്യയെന്ന രാജ്യം നേരിടുന്ന വിപത്തുകള്‍ക്കെതിരെയുള്ള സന്ദേശമായിരുന്നു "ഇന്ത്യന്‍"മുന്നോട്ടുവച്ചത്. ദൈവം ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. ഉണ്ടെങ്കില്‍ നല്ലത്. എന്ന് ദശാവതാരത്തിലെ സ്വന്തം കഥാപാത്രത്തെക്കൊണ്ട് കമല്‍ഹാസന്‍ എന്ന തിരക്കഥാകൃത്തു തന്നെ പറയിപ്പിക്കുന്നുണ്ട്. തനിക്ക് മതവും അതിന്‍മേലുള്ള വിശ്വാസവുമില്ലെന്ന് കമലെന്ന വ്യക്തിയുടെ പരസ്യമായ പ്രഖ്യാപനങ്ങള്‍ പലവട്ടമുണ്ടായിട്ടുണ്ട്. മതങ്ങളെയോ വിശ്വാസങ്ങളെയോ നിന്ദിക്കുന്നതിന് താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. കമല്‍ചിത്രങ്ങളിലൊന്നിലും മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ങ്ങളോ രംഗങ്ങളോ കണ്ടെത്താനാവില്ല. പൂര്‍ത്തിയാകാനുള്ള കമലിന്റെ സ്വപ്ന പദ്ധതി "മരുതുനായകം" ജന്മംകൊണ്ട് ഹിന്ദുവെങ്കിലും മുസ്ലിം മതം സ്വീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രപുരുഷന്റെ കഥയാണ്.
                                           
കുത്തകകള്‍ക്കായി ചില്ലറവില്‍പ്പന രംഗം തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിനെതിരെ കവിതയായി കമലിന്റെ പ്രതിഷേധം പുറത്തുവന്നു. ഡിടിഎച്ചിലൂടെ സിനിമ കൊണ്ടുവരാന്‍ നടത്തിയ ശ്രമവും സാറ്റലൈറ്റ് സിനിമാ കച്ചവടത്തിനെതിരെയുള്ള നിലപാടുകളും ചലച്ചിത്രരംഗത്തെ പതിവു വേട്ടക്കാര്‍ക്ക് കമല്‍ ഇഷ്ടക്കേടുണ്ടാക്കി. ജയലളിതയെന്ന മുഖ്യമന്ത്രിയുടെ ശത്രുപക്ഷത്തായതും വിശ്വരൂപം തടയപ്പെടുന്നതിന് കാരണമായി.

^
സജീവ് പാഴൂര്‍

Friday, February 1, 2013

ആവിഷ്‌കാര സ്വാതന്ത്ര്യവും 'വിശ്വരൂപവും'

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുനേരെ എവിടെനിന്ന് പ്രതിലോമശക്തികള്‍ രംഗത്ത് വന്നാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും അത് കലയുടെ നേരയോ കലാകാരന്റെ നേരയോ ആകുമ്പോള്‍. കമലാഹാസന്റെ 'വിശ്വരൂപം' എന്ന സിനിമയ്ക്ക് നേരെ ചില മുസ്ലിം യാഥാസ്ഥിതിക സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് കലയും ആവിഷ്‌കാര സ്വാതന്ത്യവും എന്ന വിഷയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 'വിശ്വരൂപം' എന്ന സിനിമയില്‍ മുസ്ലിം വിരുദ്ധമായ രംഗങ്ങള്‍ ഉണ്ടെന്ന് കാട്ടി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള യാഥാസ്ഥിതിക മുസ്ലീം സംഘടനകളും മറ്റും രംഗത്ത് വരുമ്പോള്‍ ഈ സിനിമയില്‍ മുസ്ലിം വിരുദ്ധതയില്ലെന്നും മറിച്ച് ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വിമര്‍ശനവിധേയമാക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി കമലാഹാസനും പുരോഗമന പ്രസ്ഥാനങ്ങളും സാംസ്‌കാരിക ചിന്തകരും രംഗത്തുണ്ട്. അതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് പിന്തുണക്കുന്നവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിലപാടുകളുടെ പാപ്പരത്തവും മുസ്ലിം വിരോധവും മാത്രം ഉള്ളില്‍വെച്ച് ഇത് ഹിന്ദു അനുകൂല സിനിമയാണെന്ന് തെറ്റിദ്ധരിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് സംഘ്പരിവാര്‍ കക്ഷികളും ആവശ്യപ്പെടുന്നു. കോലാഹലങ്ങള്‍ കേട്ടാല്‍തോന്നുക കമലാഹാസന്‍ ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ്. ഒരു ഹിന്ദു കുടുംബത്തിലാണ് കമലാഹാസന്‍ ജനിച്ചതെങ്കിലും, ഒരു നിരീശ്വരവാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അത് തുറന്നു പ്രഖ്യാപിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉള്‍ച്ചേര്‍ന്നിട്ടുമുണ്ട്. അന്‍പേശിവം, ദശാവതാരം എന്നീ സിനിമകളാണ് ഇതിന് ഉദാഹരണങ്ങള്‍.

ലോകത്ത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കമ്യൂണിസ്റ്റുകളും മുസ്ലിം ജനതയുമാണ് എന്ന വസ്തുത അറിയാത്ത ആളല്ല കമലാഹാസന്‍. വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തിന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുമേല്‍ വലിയ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതിന് പൊതു ഇടങ്ങളെ സജ്ജമാക്കുന്നതിന് പകരം മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്ന ചില ഗ്രൂപ്പുകളാണ് സിനിമക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
കലാവിഷ്‌കാരങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക സമൂഹം രംഗത്ത് വരുന്നത് ഇത് ആദ്യ സംഭവമല്ല. എന്നാല്‍ അടുത്തകാലത്തായി ഏതു തരത്തിലുള്ള സംവാദങ്ങളെയും അടയ്ക്കുന്ന രീതിയില്‍ മതസംഘടനകള്‍ കലാവിഷ്‌കാരങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഒരു കാലത്ത് സാംസ്‌കാരിക സംവാദങ്ങളുടെ ഇടങ്ങള്‍ സൃഷ്ടിച്ചിരുന്ന കേരളമിപ്പോള്‍ മത ചിഹ്നങ്ങള്‍ അണിയുന്നവരുടെ കംപാര്‍ട്ട്‌മെന്റുകളാല്‍ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പുരോഗമന ശക്തികള്‍ രംഗത്ത് വരേണ്ട ചരിത്രഘട്ടമാണിത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമക്കെതിരെ തമിഴ്‌നാട് സര്‍ക്കാരും രംഗത്ത് വന്നു. ഇത്തരത്തില്‍ മതേതരത്വം ക്രൂശിക്കപ്പെട്ടാല്‍ നാട് വിടേണ്ടി വരുമെന്ന് വരെ കമലാഹാസന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കതന്നെ വളര്‍ത്തിയെടുത്ത മുസ്ലിം തീവ്രവാദികള്‍ രാഷ്ട്രീയ ഇസ്ലാമായി പരിണമിച്ച് മുസ്ലിംകളെ തീവ്രവാദത്തിലേയ്ക്ക് നയിക്കാന്‍ കാരണമാകുന്നുണ്ട്. ലോകത്ത് വളരുന്ന ഇസ്ലാമികഫോബിയ മുതലെടുക്കാനാണ് തീവ്രവാദ മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുനിന്ന് ലോകത്ത് സൗഹൃദത്തിന്റെ ലോകം തുറക്കുന്ന സാംസ്‌കാരിക ഇസ്ലാമിന് മേല്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ആധിപത്യം കൂടി വരുന്നുണ്ട്. ഇത്തരം രാഷ്ട്രീയ ഇസ്ലാമിന്റെ പ്രവര്‍ത്തകരും പ്രചാരകരുമാണ് ലോകത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കേണ്ടത് ജിഹാദി പ്രവര്‍ത്തനത്തിലൂടെയല്ലെന്നും   അമേരിക്കന്‍ ആധിപത്യത്തെ ചെറുക്കുന്ന ലോകജനതയുടെ ഐക്യത്തോടെ വേണമെന്നും ഇവര്‍ തിരിച്ചറിയുന്നില്ല. ഇത്തരത്തില്‍ പ്രതിലോമകരമായ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ഇപ്പോള്‍ സിനിമക്കെതിരെ രംഗത്ത് വരുന്നത്. മുസ്ലിം ജനതയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും ശരിയായ രീതിയില്‍ വിലയിരുത്തുന്നതിനു പകരം പ്രതിലോമകരമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ 'വിശ്വരൂപം'എന്ന സിനിമയെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോളിവുഡിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന കാഴ്ചയുടെ വ്യത്യസ്തതകള്‍ സിനിമ നല്‍കുന്നുണ്ടെങ്കിലും 'വിശ്വരൂപം' പൂര്‍ണമായും ഒരു സാമ്രാജ്യത്വവിരുദ്ധ സിനിമയാണെന്നോ മുസ്ലിംപക്ഷ സിനിമയാണെന്നോ പറയാന്‍ കഴിയില്ല. സൂക്ഷ്മാര്‍ഥത്തില്‍ അമേരിക്കയെ എതിര്‍ക്കുകയും മുസ്ലിംകള്‍ക്കിടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കാഴ്ചക്കാരന്റെ രാഷ്ട്രീയത്തിനനുസരിച്ച് വിലയിരുത്തേണ്ടി വരുന്നു. ഇടതുപക്ഷ പൊതുബോധത്തില്‍ കമലാഹാസന്റെ നിലപാടുകള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമ്പോള്‍ അമേരിക്കന്‍ പക്ഷപാതികള്‍ക്കോ മതയാഥാസ്ഥികര്‍ക്കോ അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് പക്ഷം ചേരാന്‍ കഴിയുന്നു. എന്നാല്‍ സിനിമ മുസ്ലിം വിരുദ്ധമല്ല. കമലാഹാസന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരബോധം പൂര്‍ണാര്‍ഥത്തില്‍ സിനിമയില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയാതിരുന്നത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചേക്കാം.  ഹിന്ദുത്വഭീകരതയെ തുറന്നു കാട്ടുന്ന കമല്‍ സിനിമകളുടെ കാഴ്ചകള്‍ പോലുള്ള വ്യക്തത ഈ സിനിമയില്‍ ഉണ്ടായില്ലെന്ന സംശയമാണ് പ്രേക്ഷകര്‍ക്കുണ്ടാകുക. ഇത് സിനിമയുടെ ആന്തരികഘടനയുടെ പ്രശ്‌നമല്ല മറിച്ച് കാഴ്ച ഉല്‍പാദിപ്പിച്ച വ്യതിരിക്തതയുടെ അല്ലെങ്കില്‍ സൂക്ഷ്മതയുടെ പ്രശ്‌നമാണ്. ലോകത്ത് ജിഹാദികള്‍ ഉണ്ടാകാനുള്ള കാരണം അമേരിക്കയാണെന്ന യാഥാര്‍ഥ്യം പ്രത്യക്ഷത്തില്‍ ഈ സിനിമ നല്‍കുന്നില്ല. എന്നാല്‍ പരോക്ഷമായി പറയുന്നുമുണ്ട്. ചരിത്രപരമായ വസ്തുതകള്‍ അവതരിപ്പിക്കുന്നതിലെ പാകപ്പിഴയാണ് ഇതിന് കാരണം. 'വിശ്വരൂപം' സിനിമയെ സംബന്ധിച്ചിടത്തോളം അടുത്തകാലത്തിറങ്ങിയ പല മലയാളം സിനിമകള്‍ ഉള്‍പ്പെടെ മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ 'വിശ്വരൂപം' അത്തരത്തില്‍ പ്രതിലോമകരമായ വിമര്‍ശനം നടത്തുന്നില്ല. ഇസ്ലാമിക സാംസ്‌കാരിക ധാരയെ അംഗീകരിക്കുമ്പോള്‍ തീവ്രവാദത്തെ മാത്രമാണ് എതിര്‍ക്കുന്നത്. അതുകൊണ്ടു തന്നെ തീവ്രമുസ്ലിം സംഘടനകള്‍ പറയുന്നതുപോലെ ഇത് മുസ്ലീം വിരുദ്ധ സിനിമയാകുന്നില്ല. അല്‍ഖ്വയ്ദ, താലിബാന്‍ ഇത്തരം സംഘടനകളെയാണ് സിനിമയില്‍ കാണാന്‍ കഴിയുന്നത് എന്നത് ഇതിന് ഉദാഹരണമാണ്. മുല്ല ഉമറിനോട് സാമ്യമുള്ള ഒറ്റക്കണ്ണനായ ഉമര്‍ എന്ന അഫ്ഗാന്‍ അല്‍ഖ്വയ്ദ നേതാവ് ന്യുയോര്‍ക്ക് നഗരത്തെ നശിപ്പിക്കാന്‍ ആസൂത്രണം ചെയ്ത ന്യൂക്ലിയര്‍ യുദ്ധതന്ത്രമായ സീസിയം ബോംബാക്രമണം തകര്‍ക്കാന്‍ കഥക് നൃത്താധ്യാപകന്റെ വേഷത്തില്‍ അമേരിക്കയിലെത്തിയ 'റോ' ഓഫീസറാണ് വിശ്വനാഥ്. തന്റെ ഭാര്യ നിരുപമ ന്യൂക്ലിയര്‍ ഓംഗോളജിയില്‍  പി  എച്ച് ഡി ചെയ്യുകയാണ്. ഭര്‍ത്താവിനെ സംശയമുള്ള നിരുപമ ഇത് നിരീക്ഷിക്കാന്‍ നിയോഗിച്ച പ്രൈവറ്റ് ഡിറ്റക്ടീവ് ഉമറിന്റെ സംഘത്താല്‍ കൊല്ലപ്പെടുന്നതോടെയാണ് അഫ്ഗാന്‍ പ്രദേശം സിനിമയിലെത്തുന്നു. അഫ്ഗാനിസ്ഥാനില്‍ ഉമറിന്റെ അനുയായി എന്ന നിലയില്‍ വിശ്വനാഥ്, വഹി അഹമ്മദ് കശ്മീരി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭൂതകാലമാണ് സിനിമയില്‍ പ്രത്യേകതയാകുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധതയും ഇസ്ലാമിക ചെറുത്തുനില്‍പുകളും വ്യക്തമാക്കുന്ന കാര്യത്തില്‍ വന്ന പാകപ്പിഴ സിനിമയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും സിനിമ മുസ്ലിം വിരുദ്ധമല്ല. ഇതിനെതിരെ കോലാഹലമുണ്ടാക്കേണ്ട ആവശ്യവുമില്ല.

സെപ്റ്റംബര്‍ 11ന്‌ശേഷം ഭീകരതക്കെതിരെ യുദ്ധം എന്ന പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ കാഴ്ചയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യക്ഷദൃശ്യങ്ങള്‍ ഒരുപക്ഷേ അമേരിക്കന്‍ നടപടിയെ ന്യായീകരിക്കുന്നതാണ് എന്ന് തോന്നാമെങ്കിലും പരോക്ഷമായി അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന സിനിമ തന്നെയാണിത്. എന്നാല്‍ ഓരോ കാഴ്ചക്കാരന്റെയും രാഷ്ട്രീയമായിരിക്കും ഇത് നിര്‍ണയിക്കുക. എന്നാല്‍ സിനിമയ്‌ക്കെതിരെ ചില യാഥാസ്ഥിതിക മുസ്ലിം സംഘടനകള്‍ രംഗത്ത് വരുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. അഭിനയത്തിലും സാങ്കേതിക മികവിന്റെ കാര്യത്തിലും മികച്ച നിലവാരമാണ് സിനിമയ്ക്കുള്ളത്.    ഒരു മതത്തിലും വിശ്വസിക്കാത്ത കമലാഹാസന്‍ എല്ലാ മതങ്ങളുടെയും ഫാസിസ്റ്റ് പ്രവണതയെ എതിര്‍ക്കുകയും മതേതരമുഖത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ കാഴ്ചകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനം അദ്ദേഹത്തിനൊപ്പം നിന്ന് എതിര്‍ക്കപ്പെടേണ്ടതാണ്. 

*
രാജേഷ് കെ എരുമേലി ജനയുഗം 01 ഫെബ്രുവരി 2013