Showing posts with label ആങ് സാന്‍സൂകി. Show all posts
Showing posts with label ആങ് സാന്‍സൂകി. Show all posts

Monday, April 16, 2012

മ്യാന്‍മറിലെ മാറ്റങ്ങളും ഇപ്പോഴത്തെ ജനവിധിയും

മ്യാന്‍മറില്‍ നടന്ന പാര്‍ലമെന്‍ററി ഉപതിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യത്തിനായി പൊരുതുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) 45ല്‍ 43 സീറ്റുകളും കരസ്ഥമാക്കിയതായി അവകാശപ്പെടുന്നു. നിരീക്ഷകരും മാധ്യമങ്ങളും ഇത് ശരി തന്നെയെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യ പ്രക്ഷോഭത്തിന്റെ നായിക ആങ് സാന്‍ സൂകിയും യങ്ഗൂണ്‍ നഗരപ്രാന്തത്തിലെ കൗമു മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. പക്ഷേ ഔദ്യോഗികമായ ഫലപ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. ഭരണവും തിരഞ്ഞെടുപ്പ് നടത്തലുമെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയത് ആശങ്ക ഉണര്‍ത്തുന്നുമുണ്ട്.

2008ല്‍ സൈനിക ഭരണാധികാരികള്‍ രൂപം നല്‍കിയ ഭരണഘടന പ്രകാരമാണ് മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നടന്നത്. പൊതുതിരഞ്ഞെടുപ്പ് 2010 നവംബറില്‍ നടന്നിരുന്നു. സൈനിക നിയന്ത്രണത്തിലും സൂകി ഉള്‍പ്പെടെയുള്ള ജനാധിപത്യപോരാളികളെ തടവറയില്‍ അടച്ചും പ്രചരണ സ്വാതന്ത്ര്യം നിഷേധിച്ചും നടത്തിയ തിരഞ്ഞെടുപ്പ് എന്‍എല്‍ഡി ബഹിഷ്കരിക്കുകയാണുണ്ടായത്. എന്നാല്‍, ഇപ്പോള്‍ സൂകി ഉള്‍പ്പെടെ ഒരു വിഭാഗം പ്രക്ഷോഭകരെ ജയില്‍മോചിതരാക്കിയശേഷമാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തിയത്. മറ്റു സാഹചര്യങ്ങളിലൊന്നും വലിയ മാറ്റമുണ്ടായിട്ടുമില്ല. എന്തായാലും 22 വര്‍ഷത്തിനുശേഷം ഈ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തന്നെ എന്‍എല്‍ഡിയും സൂകിയും തീരുമാനിച്ചു.

1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി തകര്‍പ്പന്‍ വിജയം നേടി എങ്കിലും അത് അംഗീകരിക്കാന്‍ സൈന്യം തയ്യാറാകാതെ ജനാധിപത്യത്തെ കുരുതി കഴിക്കുകയാണുണ്ടായത്. സുദീര്‍ഘമായ ജനകീയപ്രക്ഷോഭങ്ങളെ തുടര്‍ന്ന്, പാര്‍ലമെന്‍റിന് പരിമിതമായ അധികാരം മാത്രമുള്ള പുതിയ ഭരണഘടനയ്ക്ക് സൈന്യം 2008ല്‍ രൂപം നല്‍കുകയും അതുപ്രകാരം 2010ല്‍ തിരഞ്ഞെടുപ്പ് നടത്തുകയുമാണുണ്ടായത്. മ്യാന്‍മര്‍ പാര്‍ലമെന്‍റിന് രണ്ട് തട്ടുകളാണുള്ളത്. ഇതില്‍ ഉപരിസഭയില്‍ 224 സീറ്റും അധോസഭയില്‍ 435 സീറ്റുമുണ്ട്. ഉപരിസഭയില്‍ 56 സീറ്റും അധോസഭയില്‍ 110 സീറ്റും സൈന്യത്തിനായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആ സീറ്റുകളിലേക്ക് സൈനിക മേധാവികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരായിരിക്കും എത്തുക. എന്‍എല്‍ഡി ബഹിഷ്കരിച്ച 2010ലെ തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍റ് ഡെവലപ്മെന്‍റ് പാര്‍ടി (യുഎസ്ഡിപി) ഉപരിസഭയില്‍ 123 സീറ്റും അധോസഭയില്‍ 219 സീറ്റും "വിജയിച്ച്" ഭരണം നേടി. മറ്റു കക്ഷികള്‍ക്ക് യഥാക്രമം 39ഉം 66ഉം സീറ്റുകള്‍ ലഭിച്ചിരുന്നു.

6 ഉപരിസഭാമണ്ഡലങ്ങളിലേക്കും 37 അധോസഭാ മണ്ഡലങ്ങളിലേക്കും പ്രാദേശിക ഭരണസമിതികളിലെ പ്രതിനിധി സഭയിലെ രണ്ട് മണ്ഡലങ്ങളിലേക്കുമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്. ""ആശ്വസിക്കാന്‍ സമയമായില്ല, ഇത് വെളിച്ചത്തിന്റെ ഒരു തരി മാത്രമാണ്; ഒരു ചെറിയ വഴിതുറക്കല്‍. ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ഇനിയും വഴി ഏറെ താണ്ടേണ്ടതുണ്ട്"" എന്നാണ് ജനാധിപത്യ പ്രക്ഷോഭത്തിന്റെ പോരാളികളില്‍ ഒരാളായി മാറിയ മുന്‍ സൈനികോദ്യോഗസ്ഥനും ആങ് സാന്‍ സൂകിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ യുതിന്‍ ഊ പ്രസ്താവിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥകളും ഭരണഘടനയും ഒന്നും ജനാധിപത്യമോ സ്വാതന്ത്ര്യമോ അനുവദിക്കുന്നതല്ല. ജുഡീഷ്യറിപോലും സ്വതന്ത്രമല്ല. മുന്‍ സൈനികോദ്യോഗസ്ഥരാണ് ജഡ്ജിമാരായി അവരോധിക്കപ്പെടുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ പാര്‍ലമെന്‍റില്‍ 25 ശതമാനം സൈന്യത്തിന് സംവരണം ചെയ്തിരിക്കുന്നു.

പ്രസിഡന്‍റിനെയും തിരഞ്ഞെടുക്കുന്നത് പരോക്ഷമായി സൈന്യം തന്നെയാണ്. എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്‍റ് പിരിച്ചുവിട്ട് സമ്പൂര്‍ണമായ അധികാരം ഏറ്റെടുക്കാന്‍ സൈന്യത്തിന് കഴിയുന്ന വ്യവസ്ഥയും ഭരണഘടനയിലുണ്ട്. തിരഞ്ഞെടുപ്പ് പോലും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അത്ര പരിമിതമായ മാറ്റം മാത്രമാണ് വന്നിട്ടുള്ളത്. പക്ഷേ, മ്യാന്‍മറിലെ മാറ്റങ്ങള്‍ക്ക് മറ്റൊരു തലം കൂടിയുണ്ട്. അത് കാണാതെ പോകാനാവില്ല. സമീപകാലം വരെ, വിശിഷ്യാ 2011 വരെ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും മ്യാന്‍മറിനോട് സ്വീകരിച്ചിരുന്ന ശത്രുതാപരമായ നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും മറ്റും സൈനിക ഭരണാധികാരികള്‍ക്ക് സര്‍വവിധ സഹായവും നല്‍കുകയും ആ രാജ്യങ്ങളില്‍, മറ്റെവിടെയും എന്ന പോലെ, ജനാധിപത്യം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത അമേരിക്ക മ്യാന്‍മറില്‍ പട്ടാളം അധികാരത്തിലാണെന്ന പേരില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മറിനെതിരെ ശത്രുതാപരമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെയും മറ്റു ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളെയും അമേരിക്ക നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു. എന്നാല്‍ സൈന്യം അധികാരം വിട്ടുപോവാതെ തന്നെ ഇപ്പോള്‍ അമേരിക്ക നയം മാറ്റിയതാണ് ശ്രദ്ധിക്കപ്പെടേണ്ടത്.

2011 നവംബറില്‍ ബാലിയില്‍ ചേര്‍ന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രസിഡന്‍റ് ഒബാമ, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളെ അമേരിക്ക സഹായിക്കുമെന്നും മ്യാന്‍മറില്‍ പുതിയ മാറ്റങ്ങള്‍ക്കായി ഇരുരാഷ്ട്രങ്ങള്‍ക്കും സഹകരിക്കാമെന്നും പ്രസ്താവിച്ചത് പുതിയ തുടക്കമായി അന്നുതന്നെ പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് 2011 ഡിസംബറില്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ച ഹില്ലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ പ്രസിഡന്‍റ് തീന്‍ സീനിനെയും സൂകിയെയും സന്ദര്‍ശിച്ചത് നിര്‍ണായകമായ വഴിത്തിരിവിന് ഇടയാക്കി. ഈ സന്ദര്‍ശനങ്ങളും കൂടിയാലോചനകളും ഏപ്രില്‍ ഒന്നിലെ ഉപതിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള സൂകിയുടെ തീരുമാനത്തിലും സ്വാധീനം ചെലുത്തിയിരുന്നു. 2010ലേതില്‍നിന്നും മൗലികമായ വ്യത്യാസമൊന്നും ഉണ്ടാകാതിരുന്നിട്ടും ഇപ്പോള്‍ എന്‍എല്‍ഡി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് പാശ്ചാത്യശക്തികളുടെ സമ്മര്‍ദ്ദം കാരണമാണെന്നാണ് കരുതപ്പെടുന്നത്. 2011ല്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ കൈക്കൊണ്ട ചില തീരുമാനങ്ങളും അന്താരാഷ്ട്ര പശ്ചാത്തലവും അമേരിക്കയുടെയും കൂട്ടരുടെയും ഒപ്പം മ്യാന്‍മര്‍ ഭരണാധികാരികളുടെയും സൂകിയുടെയും മാറ്റങ്ങളില്‍ ഓരോ വിധത്തില്‍ സ്വാധീനം ചെലുത്തിയതായി കാണാം. മ്യാന്‍മറിന്റെ വടക്കന്‍ ഭാഗത്ത് ഐരാവതി നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈനയുമായി ഉണ്ടാക്കിയിരുന്ന കരാര്‍ റദ്ദാക്കിയതായിരുന്നു മ്യാന്‍മര്‍ സര്‍ക്കാരിെന്‍റ തീരുമാനങ്ങളില്‍ ഒന്ന്. അണക്കെട്ട് നിര്‍മ്മാണം ""ജനകീയ ഇച്ഛയ്ക്ക് എതിരാണ്"" എന്ന് പറഞ്ഞാണ് ആ തീരുമാനങ്ങളില്‍നിന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയത്. അതിനു തൊട്ടുപിന്നാലെ ആയിരുന്നു ഹില്ലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ചത്.

ലോകബാങ്കില്‍നിന്നും ഐഎംഎഫില്‍നിന്നും മ്യാന്‍മറിന് വായ്പ നല്‍കുന്നതിനെ അമേരിക്ക ഇനി തടയില്ലെന്ന് ഹില്ലരി മ്യാന്‍മറിലെ സൈനിക ഭരണാധികാരികള്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. അമേരിക്കയില്‍നിന്നുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. 360 കോടി ഡോളര്‍ ചിലവഴിച്ച് ഐരാവതി നദിയില്‍ ഡാം നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതി, ദക്ഷിണ ചൈനയിലെ വ്യവസായങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനായി ഏഴ് ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു. മ്യാന്‍മറിന്റെ തെക്കന്‍ തീരത്തുനിന്ന് ചൈനയിലേക്ക് ഗ്യാസും പെട്രോളിയവും കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ നിര്‍മ്മിക്കാന്‍ ചൈനയിലെ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന് മ്യാന്‍മര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1100 കോടി ഡോളര്‍ 2010-2011ല്‍ മാത്രം ചൈന ഈ പദ്ധതിക്കായി മുതല്‍മുടക്കിയിരുന്നു. ഈ പൈപ്പ് ലൈന്‍ പദ്ധതിയും മ്യാന്‍മര്‍ സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി മ്യാന്‍മറുമായി വിച്ഛേദിച്ചിരുന്ന ബന്ധം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന്റെ പശ്ചാത്തലം ഇതാണ്.

വിഭവസമ്പന്നമായ മ്യാന്‍മറില്‍ അമേരിക്കന്‍ കുത്തകകള്‍ക്കും നോട്ടമുണ്ട്. കുറഞ്ഞ കൂലിക്ക് തൊഴിലാളിയെ പണിക്കു കിട്ടുന്ന മ്യാന്‍മറില്‍ പട്ടാള ഭരണത്തിന്‍കീഴില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്തതും നല്ല അവസരമായി ബഹുരാഷ്ട്ര കുത്തകകള്‍ കാണുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മ്യാന്‍മറില്‍ അധികാരത്തില്‍ തുടരുന്ന സൈനിക മേധാവികള്‍ പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍ അവരെ അനിവാര്യമായും അമേരിക്കന്‍ കൂടാരത്തില്‍ എത്തിക്കുകയാണുണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അണിയറയില്‍ നടന്നിരുന്ന ചരടുവലികള്‍ ഹില്ലരി ക്ലിന്‍റെന്‍റ മ്യാന്‍മര്‍ സന്ദര്‍ശനവും മ്യാന്‍മര്‍ വിദേശകാര്യമന്ത്രി വുന്ന മൗങ് ല്വിന്നിെന്‍റ വാഷിങ്ടണ്‍ സന്ദര്‍ശനവും നടന്നതോടെ വെളിച്ചത്തായി എന്നു മാത്രം.

ചൈനയെ ഒറ്റപ്പെടുത്താനും വലയംചെയ്യാനുമുള്ള അമേരിക്കയുടെ നീക്കവും മ്യാന്‍മറിനോടുള്ള അവരുടെ ചുവടുമാറ്റം വ്യക്തമാക്കുന്നു. അമേരിക്കന്‍ ഭരണാധികാരികളുടെ മുഖം രക്ഷിക്കാന്‍ ജനാധിപത്യത്തിനായി പ്രക്ഷോഭത്തിലേര്‍പ്പെട്ടവരെ ജയില്‍മോചിതരാക്കാന്‍ സൈനിക മേധാവികള്‍ നിര്‍ബന്ധിതരായത്, ""അറബ് വസന്ത""ത്തിന്റെ തുടര്‍ചലനങ്ങള്‍ മ്യാന്‍മറിലും എത്തുമെന്ന ഭീതി ആയിരുന്നു. ""അറബ് വസന്ത""ത്തിന്റെ മാതൃകയില്‍ ജനാധിപത്യത്തിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍നിന്ന് ആങ് സാന്‍ സൂകിയെയും എന്‍എല്‍ഡിയെയും അമേരിക്കന്‍ അധികാരികള്‍ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. 2010ല്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച സൂകിയും സംഘവും ഇപ്പോള്‍ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സാഹചര്യം ഇതാണ്. ജനാധിപത്യത്തിനായുള്ള അമേരിക്കയുടെ മുറവിളികളുടെ പൊയ്മുഖം ത്വരയുടെ തനിനിറം മ്യാന്‍മറില്‍ വീണ്ടും വെളിച്ചത്തായിരിക്കുന്നു. തുരങ്കത്തിന്റെ വിദൂരമായ മറുവശത്തെങ്കിലും വെളിച്ചത്തിന്റെ കിരണം മ്യാന്‍മര്‍ ജനതയ്ക്ക് കാണാന്‍ ഇനിയും കാത്തിരിപ്പ് തുടരേണ്ടതായി വരും.

*
പി വി അഖിലേഷ് ചിന്ത വാരിക

Tuesday, April 3, 2012

മ്യാന്‍മറിലെ പുതിയ പ്രതീക്ഷ

പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ കഴിയുന്ന മ്യാന്‍മറിനുമുന്നില്‍ ജനാധിപത്യപുനഃസ്ഥാപനത്തിലേക്കുള്ള വഴി തുറക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞദിവസം പാര്‍ലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലം. ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന മ്യാന്‍മറിന്റെ ഓങ് സാന്‍ സൂകിയുടെ പാര്‍ടി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി- എന്‍എല്‍ഡി) സമ്പൂര്‍ണ വിജയമാണ് നേടിയത്. പട്ടാളഭരണകൂടത്തിന് കീഴില്‍ രണ്ടു പതിറ്റാണ്ടോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂകി വന്‍ ഭൂരിപക്ഷത്തിനാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സൂകിയുടെ വിജയം അധികാരമാറ്റമുണ്ടാക്കാന്‍ പര്യാപ്തമല്ല. എന്നാല്‍, ജനാധിപത്യം സ്ഥാപിക്കാനുള്ള തുടര്‍നടപടികളില്‍ സൂകിയുടെ പാര്‍ലമെന്റിലെ സാന്നിധ്യം നിര്‍ണായകമാകും. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഉണ്ടായിട്ടില്ല. ഒരാഴ്ചക്കകം ഇതുണ്ടാകുമെന്നാണ് കരുതുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റംവരുമോ എന്ന ആശങ്കയുമുണ്ട്. ഈയൊരു ആശങ്ക ശരിവയ്ക്കുന്നതാണ് മ്യാന്‍മറിന്റെ പൂര്‍വകാലചരിത്രം.

ഇന്ത്യയിലെ നാലു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മര്‍. ബ്രിട്ടീഷ്ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ 1937ലാണ് വേര്‍പെടുത്തപ്പെട്ടത്. 1948ല്‍ സ്വതന്ത്രരാജ്യമായി. ജനാധിപത്യം അട്ടിമറിച്ച് പട്ടാളഭരണം സ്ഥാപിക്കുന്നതുവരെ ഇന്ത്യയുമായി മികച്ച ബന്ധമാണ് ബര്‍മയ്ക്കുണ്ടായിരുന്നത്. വര്‍ഷങ്ങളായി അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പ്രക്ഷോഭം നടക്കുന്നു. അതിന്റെ ഫലമായാണ് പുതിയ ഭരണഘടന കൊണ്ടുവരാന്‍ പട്ടാള നേതൃത്വം തയാറായത്. ആ ഭരണഘടനയിന്‍കീഴില്‍ 2010ല്‍ തെരഞ്ഞെടുപ്പ് നടത്തി. പട്ടാളഭഭരണത്തിന് സിവിലിയന്‍ മറയിടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും ജനങ്ങളുടെ ജനാധിപത്യ വികാരമാണ് തെരഞ്ഞെടുപ്പില്‍ അലയടിച്ചത്്. പട്ടാളഭരണത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളെയും നേരിട്ടാണ് സൂകിയും എന്‍എല്‍ഡിയും വിജയം നേടിയത്. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഭരണകക്ഷി തെരഞ്ഞെടുപ്പില്‍ വ്യാപകക്രമക്കേട് നടത്തിയിരുന്നു. 664 അംഗ പാര്‍ലമെന്റില്‍ 45 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കവ്ഹ്മു മണ്ഡലത്തിലെ 82 പോളിങ്സ്റ്റേഷനുകളില്‍ പോള്‍ചെയ്ത 65 ശതമാനത്തിലേറെ വോട്ട് നേടിയാണ് സൂകി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന 45 മണ്ഡലങ്ങളില്‍ 44ലും എന്‍എല്‍ഡി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ എന്‍എല്‍ഡി മത്സരിച്ചിരുന്നില്ല. എന്‍എല്‍ഡി വിട്ടുനിന്ന 2010ലെ തെരഞ്ഞെടുപ്പില്‍ പട്ടാളം പിന്തുണയ്ക്കുന്ന കക്ഷിയാണ് ഭൂരിപക്ഷം നേടിയത്. വിരമിച്ച സൈനിക ഓഫീസര്‍മാരും ബന്ധുക്കളും മറ്റുമടങ്ങുന്ന പട്ടാള അനുകൂല സര്‍ക്കാരാണ് അധികാരത്തില്‍ വന്നത്. 2010 നവംബര്‍ 13നാണ് സൂകിയെ മോചിപ്പിച്ചത്. തുടര്‍ന്ന് പാര്‍ടിയുടെ നിരോധനം പിന്‍വലിച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ അനുമതി നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ 45 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി മത്സരിച്ചത്. തയിന്‍ സയിന്‍ പ്രസിഡന്റ് പദം ഏറ്റെടുത്തതോടെയാണ് സൈന്യത്തിന്റെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അയവുവരുത്താനും ചില ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനും നടപടികള്‍ കൈക്കൊണ്ടത്. ഇതിനോട് പ്രതികരിച്ചാണ് ഓങ് സാന്‍ സൂകി തന്റെ പാര്‍ടി രജിസ്റ്റര്‍ ചെയ്തതും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും.

മ്യാന്‍മര്‍ എന്ന പഴയ ബര്‍മയുടെ വിമോചനായകന്‍ ജനറല്‍ ഓങ് സാനിന്റെ മകളായ സൂകി നാലുപതിറ്റാണ്ടിലേറെ നീണ്ട പട്ടാള വാഴ്ചയ്ക്കെതിരെ പോരാടിയാണ് ജനങ്ങളുടെ നായികയായത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 15 വര്‍ഷവും സൂകി വീട്ടുതടങ്കലിലായിരുന്നു. ജനകീയസമ്മര്‍ദവും വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇടപെടലുകളും ശക്തമായപ്പോള്‍ പട്ടാളഭരണകൂടം 1990ല്‍തെരഞ്ഞെടുപ്പ് നടത്തിയതാണ്. അന്ന് സൂകിയുടെ കക്ഷി വന്‍വിജയം നേടി. 59 ശതമാനം വോട്ടും പാര്‍ലമെന്റില്‍ 80 ശതമാനം സീറ്റുമാണ് ലഭിച്ചത്. വിജയം അംഗീകരിക്കാനോ, അധികാരം കൈമാറാനോ പട്ടാളം തയ്യാറായില്ല. സൂകിയെ വീട്ടുതടങ്കലില്‍നിന്ന് വിട്ടയച്ചില്ല. ഇടയ്ക്ക് മോചിപ്പിച്ചെങ്കിലും ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരുമ്പോള്‍ വീണ്ടും തടങ്കലിലാക്കി. അതുകൊണ്ടുതന്നെ പുതിയ മാറ്റം എത്രനാള്‍ എന്ന ചോദ്യം ഉയരുന്നുണ്ട്. മ്യാന്‍മറില്‍ സമ്പൂര്‍ണജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അവിടത്തെ ജനതയ്ക്ക് കഴിയേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സന്ദേശം അതുതന്നെയാണ്. മ്യാന്‍മര്‍ സര്‍ക്കാരുമായി നല്ല ബന്ധമുള്ള ഇന്ത്യയ്ക്ക് ജനാധിപത്യവ്യവസ്ഥയെ കൈപിടിച്ചാനയിക്കുന്ന കൂടുതല്‍ നടപടികള്‍ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യതയുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 03 ഏപ്രില്‍ 2012

Thursday, November 25, 2010

വിമോചനവും സാധ്യതകളും

ജീവിതവും സമാധാനവും സ്വസ്ഥതയും നിരന്തരം ബലികഴിച്ച് ജനാധിപത്യത്തിലേക്ക് ബര്‍മയെ (അങ്ങനെയാണ് സൂകി മ്യാന്‍മറിനെ വിളിക്കുന്നത്) മടക്കിക്കൊണ്ടുവരാനുള്ള ജനകീയശ്രമത്തിന്റെ അംഗീകാരമാണ് ആങ് സാങ് സൂ കിയുടെ മോചനം. ബഹുപാര്‍ടി ജനാധിപത്യപ്രക്രിയ രാഷ്ട്രീയലക്ഷ്യമാക്കി 1998 ആഗസ്ത് 15ല്‍ നടത്തിയ ആഹ്വാനത്തോടെയാണ് സൂ കി പൊതുരാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇതേ ആഗസ്തില്‍തന്നെ സൈന്യം നടത്തിയ അക്രമത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ അവകാശങ്ങള്‍ക്കുള്ള രാജ്യവ്യാപകമായ ഐക്യം സൂ കിയുടെ പാര്‍ടിയെ വിജയിപ്പിച്ചെങ്കിലും വിലക്കും ഗാര്‍ഹികതടവും ജയിലുമായി രണ്ട് പതിറ്റാണ്ട് അവര്‍ക്ക് കഴിയേണ്ടിവന്നു. സൂ കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വ്യാപകമായ അടിച്ചമര്‍ത്തലിനിരയായി.

സ്വതന്ത്രവും തുല്യരുമായി അര്‍ഥവത്തായി ജീവിക്കാനുള്ള ഒരു ജനതയുടെ, ബുദ്ധമാര്‍ഗ ആത്മീയതയില്‍ ഊന്നിയ സമരമായാണ് ജനാധിപത്യ പോരാട്ടത്തെ സൂ കി കണ്ടത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ നേടാന്‍ സഹായിക്കുകവഴി 'തികഞ്ഞ ജീവിതത്തിന് ഉടമയാവുക' എന്നതായിരുന്നു സൂ കിയുടെ മൌലിക ആത്മീയതത്വം. സത്യത്തെ വ്യക്തിനിഷ്ഠമായ ആന്തരികാന്വേഷണത്തിലൂടെ തിരിച്ചറിയാനും മറ്റുള്ളവരെ അത് തിരിച്ചറിയിക്കാന്‍ സഹായിക്കണമെന്നുള്ള ആത്മീയ വിപ്ളവ അടിത്തറയായിരുന്നു അവരുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് അടിത്തറ.

പാശ്ചാത്യേതര രാഷ്ട്രസമൂഹങ്ങളിലും രാഷ്ട്രീയ സമരരംഗങ്ങളിലും ജനാധിപത്യ അവകാശങ്ങള്‍ക്കുള്ള പോരാട്ടത്തെ സൈനികഭരണം മനുഷ്യക്കുരുതിയിലൂടെ തുടച്ചുമാറ്റുന്ന കാലത്താണ് സൂ കിയുടെ മോചനം എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഭീകരതയെ ഒരു ഉപായമെന്നതില്‍ ഉപരി രാഷ്ട്രീയപരിപാടിയുടെ കാതലായി സ്വീകരിച്ച അനവധി 'വികസ്വര' രാഷ്ട്രസമൂഹങ്ങള്‍ ഇന്നുണ്ട്. പൊതുരാഷ്ട്രീയ മനുഷ്യാവകാശ മുന്നേറ്റങ്ങളെ ദേശീയതക്കെതിരായ നീതി-ന്യായവ്യവസ്ഥ തകര്‍ക്കാനുള്ള അക്രമങ്ങളായി വ്യാഖ്യാനിച്ച് സൈനികമായി ഇല്ലാതാക്കുന്ന നയമാണ് പാശ്ചാത്യേതര രാഷ്ട്രസമൂഹങ്ങളിലെ സായുധ അടക്കിവാഴല്‍ വ്യക്തമാക്കുന്നത്. ബര്‍മയുടെ കാര്യത്തില്‍ ജനകീയ പ്രതിഷേധത്തെ തകര്‍ക്കാന്‍ സ്ഥാപിച്ച ദേശീയ നിയമ-അച്ചടക്ക സമിതി (സ്റ്റേറ്റ് ലോ ആന്‍ഡ് ഓര്‍ഡര്‍ റീസ്റ്റോറേഷന്‍ കൌണ്‍സില്‍) എന്ന പരമാധികാര സൈനിക സംഘടനയുടെ പേരുതന്നെ സാമൂഹ്യനീതിക്കായുള്ള ബഹുജന മുന്നേറ്റത്തെ തകര്‍ക്കാനുള്ള വ്യാഖ്യാനം സൈനിക ഭരണകൂടം പടച്ചുവിടുന്നതിന്റെ തെളിവാണ്. 1988 ആഗസ്ത് എട്ടിലെ കൂട്ടക്കൊലയ്ക്കുശേഷം നിലവില്‍ വന്ന ഈ സമിതി 1995ല്‍ ദേശീയ സമാധാന വികസന കൌണ്‍സില്‍ (സ്റ്റേറ്റ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കൌബ്ബ്സില്‍) എന്നു വേഷം മാറുന്നതോടെ 'സമാധാനം', 'വികസനം' എന്ന അര്‍ഥങ്ങളെ ഭരണകൂട ഭീകരത തട്ടിയെടുക്കുന്നതാണ് വെളിപ്പെടുന്നത്.

സൂ കിയുടെ ആദ്യകാലവിദ്യാഭ്യാസം ദില്ലിയില്‍ ആയിരുന്നു. എഴുത്തുകാരി, ഗവേഷക എന്നീ നിലയില്‍ സിംലയിലും അവര്‍ പിന്നീട് സമയം ചെലവഴിച്ചു. ഇന്ത്യന്‍ യുവത്വത്തിന് സൂ കി സൈനിക അടക്കിവാഴ്ചക്കെതിരായ സ്ത്രീശബ്ദമായിരുന്നു. ഇന്ത്യയില്‍ പലയിടത്തും 2006-08 കാലത്ത് ബര്‍മാ സോളിഡാരിറ്റി എന്ന സംഘടനയ്ക്ക് വന്നുചേര്‍ന്ന യുവനേതൃത്വം ഇതിന് തെളിവാണ്. ബര്‍മ സോളിഡാരിറ്റിയിലെ സജീവപ്രവര്‍ത്തകയും ഇന്ത്യയിലെ ബര്‍മ-രാഷ്ട്രീയ അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അചാന്‍ മെനോങ് പറയുന്നതുപോലെ "സൂ കിയുടെ മോചനം ജനാധിപത്യ പുനഃസ്ഥാപനത്തിന് എത്രമാത്രം ഉതകുമെന്ന് ബര്‍മയിലെ രാഷ്ട്രീയ-മനുഷ്യാവകാശ, പ്രസ്ഥാനങ്ങളെ സൈനിക ഭരണകൂടം എങ്ങനെ അംഗീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും''. ബുദ്ധമാര്‍ഗത്തിന്റെ കരുത്തും സ്ത്രീശക്തിയുടെ അനന്തസാധ്യതകളും ഒരുമിക്കുന്ന സൂ കിയുടെ വ്യക്തിത്വം, അവരുടെ എല്ലാ സംഭാഷണത്തിലും ഉയര്‍ന്നുനിന്നു.

ബെയ്‌ജിങ് സമ്മേളനം 1995ല്‍ പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളെക്കുറിച്ചും സ്ത്രീകളുടെമേലുള്ള ലിംഗപരമായ വിവേചനങ്ങളെ ഇല്ലാതാക്കാനുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവര്‍ എടുത്തുകാട്ടി. ജനാധിപത്യവും മനുഷ്യാവകാശവും 'നിര്‍മിക്കാന്‍' സൈനികശേഷി ഉപയോഗിക്കാമെന്ന ബഹുരാഷ്ട്രസമൂഹത്തിന്റെ തീവ്രവാദവിരുദ്ധ രാഷ്ട്രീയപരിപാടി പരക്കെ അംഗീകാരം നേടിവരുന്ന ലോകരാഷ്ട്രീയ പരിതഃസ്ഥിതിയിലാണ് സൂ കിയുടെ തടവറജീവിതം അവസാനിക്കുന്നത്. സൈനികശക്തി അഥവാ സായുധശേഷി ഭരണകൂടങ്ങള്‍ ജനകീയ അവകാശ പോരാട്ടങ്ങള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ രാഷ്ട്രീയസമൂഹങ്ങള്‍ ആ ബലപ്രയോഗത്തിന്റെ സാധുതയെച്ചൊല്ലി പിളരുന്ന കാഴ്ച പാശ്ചാത്യേതര ലോകത്ത് പ്രത്യേകിച്ച്, സര്‍വസാധാരണമായ ഇക്കാലത്ത് സൂ കിയുടെ മോചനം രാഷ്ട്രസമൂഹത്തില്‍ സൈന്യത്തിന്റെ സ്ഥാനം എവിടെയാണ് എന്ന് ജനാധിപത്യപരമായ അന്വേഷണത്തിന് തുടക്കം കുറിക്കുമോ?

*
എം വി ബിജുലാല്‍ (എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍‍)
കടപ്പാട്: ദേശാഭിമാനി

Monday, November 22, 2010

ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന ഒറ്റനക്ഷത്രം

ചരിത്രം അതിന്റെ അനിവാര്യതകളെ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ബോധ്യമാക്കിത്തരും. അതുകണ്ട് അത്ഭുതപ്പെടുന്നവരാവും നമ്മള്‍. സഹനത്തിന്റെയും പോരാട്ടത്തിന്റെയും അഗ്നി കടഞ്ഞ വര്‍ഷങ്ങളിലൂടെ സഞ്ചരിക്കുകയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ പറന്നുയരുകയും ചെയ്ത ഓങ്‌സാന്‍ സൂചി പുതിയ ഒരു അധ്യായമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്. തടവറകള്‍കൊണ്ടോ, ഇരുമ്പഴികള്‍കൊണ്ടോ തിളച്ചുമറിയുന്ന മനസ്സിനെയും അതിന്റെ ആയലുകളെയും തമസ്‌ക്കരിക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പീഡനത്തിന്റെ എല്ലാ രസതന്ത്രങ്ങളെയും ഉല്ലംഖിച്ച് അജ്ഞാതമായ വിതാനങ്ങളിലൂടെ പറക്കാന്‍ സ്വതന്ത്ര ചിന്തകള്‍ക്ക് കഴിയുമെന്നും. ഇവിടെ നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന നിരവധി തീച്ചിത്രങ്ങളുണ്ട്. ചുരുളഴിഞ്ഞു വരുമ്പോള്‍ ആ ചിത്രങ്ങളോരോന്നും പറയുന്ന അവിസ്മരണീയമായ ചരിത്രമുണ്ട്. മര്‍ദ്ദക ഭരണകൂടങ്ങളുടെ ചാട്ടവാറിനും തോക്കിന്‍ കുഴലിനും മുന്നില്‍ ഒട്ടും പതറാത്ത ഫീനിക്‌സ് പക്ഷിയുടേതുപോലുള്ള ജന്മങ്ങള്‍ ചരിത്രസൃഷ്ടാക്കളായി മാറുന്ന കാഴ്ചയും നിരവധി.

ബര്‍മ്മയുടെ ചരിത്രവും രാഷ്ട്രീയവും നിര്‍ണയിച്ചവഴികളില്‍-പലവിധത്തിലുള്ള അധികാര ചിഹ്നങ്ങള്‍ തേരോട്ടം നടത്തിയിട്ടുണ്ട്. അവിടെ അശരണരായ മനുഷ്യരുടെ ദീനവിലാപങ്ങളും ഗദ്ഗദങ്ങളും ആരും കേള്‍ക്കാതെ ഇടറി ഒടുങ്ങിയിട്ടുമുണ്ട്. അവിടെയാണ് ഓങ് സാന്‍-സൂചിയുടെ പ്രസക്തി. ജണ്ടാഭരണത്തിന്റെ അതിക്രൂരമായ നിലപാടുകളോട് നിശ്ശബ്ദതകൊണ്ടു പ്രതികരിച്ചവരുണ്ടായിരുന്നു. എന്നാല്‍ പോരാട്ടത്തിന്റെ വന്‍ പ്രവാഹത്തിലേയ്ക്കാണ് സൂചി ഓരോ നിമിഷത്തെയും ഒരുക്കിയെടുത്തത്. തന്റെ ജീവിതത്തില്‍ നഷ്ട സ്മൃതികളെ ഓര്‍ത്ത് വിലപിക്കാന്‍ ഒരിക്കലും സൂചി ഒരുക്കമായിരുന്നില്ല. മറിച്ച് തീക്ഷ്ണമായ നിലപാടുകളും വെളിപ്പെടുത്തലും കൊണ്ട് ഭരണകൂട ഭീകരതയെ നിഷ്പ്രഭമാക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനുവേണ്ടി തന്റെ ജീവിതം തന്നെ ബലി നല്‍കാന്‍ സൂചി ഒരുക്കമായിരുന്നു. അധികാരത്തിന്റെ ആള്‍രൂപങ്ങള്‍ നടത്തുന്ന ഭീതിതമായ നിഴല്‍ നാടകങ്ങളെ ആരേയും അത്ഭുതപ്പെടുത്തുന്ന സഹനത്തിലൂടെയാണ് സൂചി നേരിട്ടത്. അതുമനസ്സിലാക്കിയ ഭരണകൂടം എത്രയെത്ര സൂത്രവാക്യങ്ങള്‍ പ്രയോഗിച്ചിട്ടും അതിനെയൊക്കെ ചെറിയൊരു ചിരിയിലൂടെ താന്‍ സ്വീകരിച്ച നിലപാടുകളുടെ കറകളഞ്ഞ സ്ഥായിത്വത്തിലൂടെ എതിരിടാനും തിരസ്‌ക്കരിക്കാനുമാണ് സൂചി ശ്രമിച്ചതും, വിജയിച്ചതും.

ലോകത്തിന്റെ നെറുകയില്‍ ആഭിജാതമായ പോരാട്ടമുഖമായി സൂചിയുടെ സാന്നിധ്യം. അതിന് കരുത്തും കാതലും നല്‍കിയത് ഒരുപക്ഷെ അവര്‍ നേടിയ ചരിത്ര പാഠങ്ങളാകണം. പിതാവിന്റെ ജീവന്‍ ബലിനല്‍കിയത്, പ്രിയതമനില്‍ നിന്ന് ദൂരവാസിയാകാന്‍ നിശ്ചയിച്ചത്, മാതൃത്വത്തിന്റെ അകവിളികളെ അമര്‍ത്തിയത്-ഇതൊക്കെ തന്റെ ലക്ഷ്യത്തെക്കുറിച്ചും ഇടപെടലിന്റെ അനിവാര്യതയെക്കുറിച്ചുമുള്ള ബോധ്യം കൊണ്ടാകണം. ലോകത്ത് സ്ത്രീ ജീവിതത്തിന്റെ പുതിയ നിര്‍വചനമായി ഈ ഒളിമങ്ങാത്ത ചിരി മാറിയത്;’ അതിനു പിന്നില്‍ സഹിച്ച വേദനയുടെയും ദുരിതത്തിന്റേയും ആളല്‍കൊണ്ടാകണം. സ്ത്രീ അബലയാണെന്നൊക്കെയുള്ള പരമ്പരാഗത ധാരണകളെ അട്ടിമറിച്ച നിരവധി സ്ത്രീ ജന്മങ്ങളുണ്ട്. അവരൊക്കെ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നു വന്നിട്ടുള്ളത്. എന്നാല്‍ ലോകം അവരുടെ കണ്ണില്‍ തിരയടിച്ച കനല്‍വെട്ടം അത്ര പെട്ടന്നൊന്നും അംഗീകരിച്ചില്ല. ഭരണത്തിന്റെയും ആയുധത്തിന്റെയും ബലപരീക്ഷണത്തില്‍ അവര്‍ തോല്‍ക്കുമെന്നു കരുതിയവര്‍ ചരിത്രത്തിന്റെ മൂര്‍ദ്ധന്യ നിമിഷങ്ങളില്‍ കെട്ടൊടുങ്ങുന്നത് നാം കണ്ടിട്ടുണ്ട്. അതാണ് 'മ്യാന്‍മറില്‍' നാം കാണുന്നതും.

തടവറയെ ഭയക്കുന്നവര്‍ ചരിത്രത്തെ നിര്‍ണയിക്കാറില്ല. മറിച്ച് തനിക്കുമുന്നില്‍ ഭരണകൂടം തുറന്നുവെയ്ക്കുന്ന തടവറയെയും ആസുരമായ പീഡനങ്ങളെയും നിറഞ്ഞ ചിരിയോടും നിസ്സാരതയോടും നേരിട്ടവരാണ് ചരിത്രത്തിന്റെ വിധി കര്‍ത്താക്കളായി മാറുന്നത്. അതിന് ലോക ഭൂപടത്തില്‍ എത്രയെത്ര മാതൃകകളാണുള്ളത്. പതിനഞ്ചുവര്‍ഷമാണ് ഭരണകൂടം സൂചിയെ തടവറയുടെ ഇരുട്ടിലേയ്ക്ക് പറഞ്ഞയച്ചത്. ഓരോ സന്ദര്‍ഭങ്ങളിലും അവരെ നാടുകടത്തുന്നതിനും ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴിയിലേയ്ക്ക് പറഞ്ഞയക്കുന്നതിനും അവര്‍ ശ്രമിച്ചു. എന്നാല്‍ അപ്പോഴൊക്കെ തനിക്കുനേരെ വരുന്ന ആ കഴുകന്‍ കണ്ണിന്റെ കാടന്‍ ലക്ഷ്യങ്ങളെ മുന്‍കൂട്ടി കാണാന്‍ സൂചിക്ക് സാധിച്ചു. പുറത്ത് തനിക്കുവേണ്ടി വിലപിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന കണ്ണുകളിലെ പ്രതീക്ഷയുടെ തിരിവെട്ടം താന്‍ സ്വീകരിക്കുന്ന നിലപാടുകളാണെന്ന് സൂചി മനസ്സിലാക്കിയിരുന്നു. ഈ തിരിച്ചറിവിനെയാണ് ഭരണകൂടവും അതിന്റെ പരമാധികാരികളും ഭയന്നത്. എന്നാല്‍ ഭയത്തില്‍ അകപ്പെട്ടവര്‍ ഒരുനാള്‍ ചരിത്രത്തില്‍ നിന്നു ബഹിഷ്‌കൃതരാകുമെന്ന് ഇപ്പോള്‍ കാലവും ചരിത്രവും തെളിയിച്ചിരിക്കുന്നു.

ഗോത്രപാരമ്പര്യത്തിന്റെ കരുത്തും കാളലും ബര്‍മ്മീസ് ജനതയെ എന്നും പോരാട്ടത്തിന്റെ വാള്‍ത്തലയിലൂടെ നടക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. തിബത്ത്-ചൈന തുടങ്ങിയ സമൂഹങ്ങളില്‍ നിന്നും കുടിയേറിയ ജനതയുടെ നിസ്സഹായതയും അതിജീവനത്തിനായുള്ള വീര്യവും ബര്‍മ്മീസ് ജനത എന്നും പ്രകടിപ്പിച്ചിരുന്നു. പലവിധ അധിനിവേശങ്ങളെ മറികടന്നാണ് ബര്‍മ്മ ഇന്നത്തെ ചരിത്രം എഴുതിയുണ്ടാക്കിയത്. കോളനിവാഴ്ചയുടേയും ജപ്പാന്‍ പ്രാമാണ്യത്തിന്റെയും ഇരുണ്ട ദിനങ്ങളില്‍ നിന്നും കാലം ബര്‍മ്മീസ് ജനതയ്ക്ക് നല്‍കിയത് കൊടിയ ദുരിതങ്ങളായിരുന്നു. അങ്ങനെ അവിരാമമായ ഖേദങ്ങളുടെ ചരിത്രമാണ് ബര്‍മ്മയ്ക്ക് പറയാനുണ്ടായിരുന്നത്. 1974 ല്‍ നിലവില്‍ വന്ന പട്ടാളഭരണം ബര്‍മ്മയുടെ ഹൃദയത്തില്‍ മുറിവുകളുടെ ഘോഷയാത്രയാണ് സൃഷ്ടിച്ചത്. ഈ ചരിത്രസന്ധിയിലൊക്കെയും ഇല്ലാത്ത ഒരു രക്ഷാജാലകത്തിലേയ്ക്കു നോക്കി ഗദ്ഗദപ്പെടുകയായിരുന്നു അവിടുത്തെ ഓരോ മനസ്സും.

പട്ടാളഭരണകൂടം പലവിധ വഴികളിലൂടെ സൂചിയെയും അവര്‍ സൃഷ്ടിക്കാനിടയുള്ള പ്രതിരോധത്തെയും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. ഒങ്‌സാന്‍ കുടുംബം ബര്‍മ്മയുടെ ചരിത്രത്തെ പുനഃനിര്‍വചിക്കുമെന്ന് ജണ്ടാഭരണകൂടം ഭയന്നു. എന്നാല്‍ അപ്പോഴൊക്കെയും ഓങ്‌സാന്‍ സൂചി മാതൃരാജ്യത്തിന്റെ നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ഓരോ തവണയും താനും കുടുംബവും പലായനത്തിന് വിധേയയരാകുമ്പോഴൂം സൂചിയുടെ ഹൃദയം ഒരു തിരിച്ചുവരവിനെക്കുറിച്ചാണ് സ്വപ്നം കണ്ടത്. അതുകൊണ്ടാകണം ഇന്ത്യയില്‍ നിന്നും സൂചി സ്വാതന്ത്ര്യത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും തിരികെ ബര്‍മ്മയിലെത്തിയ സൂചി 1988 ല്‍ തന്റെ ദൗത്യം ജനിച്ച നാടിന്റെ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചു. അതുപറയുമ്പോള്‍, തന്നെ കാത്തിരിക്കുന്നത് കൊടിയ മര്‍ദ്ദനങ്ങളും ഇരുട്ടറകളുമായിരിക്കുമെന്ന് അവര്‍ക്ക് ബോധ്യമായിരുന്നു. എന്നാല്‍ കറകളഞ്ഞ ലക്ഷ്യം ഏതു പീഡനത്തെയും മറികടക്കാനുള്ള കരുത്ത് അവര്‍ക്ക് നല്‍കി,

നാഷണല്‍ ലിബറേഷന്‍ ഫോര്‍ ഡമോക്രസി എന്ന സംഘടനയിലൂടെ സൂചി ബര്‍മ്മയുടെ ചരിത്രത്തെ മറ്റൊരു വഴിയിലേയ്ക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചു. ജനങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ സൂചിയെയും അവര്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ നൈതികതയെയും അംഗീകരിച്ചെങ്കിലും ഭരണകൂടം അതിന് ഒരുക്കമായിരുന്നില്ല. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടും ഭരണകൂട ഭീകരത സൂചിയെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. തടവും ശിക്ഷയുമൊക്കെ തുടര്‍ന്നും അവര്‍ക്കുനേരേ കരാളമായി തുടര്‍ന്നു.

ബൗദ്ധ ദര്‍ശനത്തിന്റെ മണ്ണില്‍ മഴപോലെ പെയ്ത തിന്മകളെ എതിരിടുകയും തടവറകളും തോക്കിന്‍ കുഴലുകളും നിഷ്പ്രഭമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. സ്വാതന്ത്ര്യത്തിന്റെ ഇച്ഛകളെ ഒരു ഭരണകൂടത്തിനും ദീര്‍ഘനാള്‍ മെരുക്കാനോ, ഇല്ലാതാക്കാനോ കഴിയില്ലെന്ന് മ്യാന്‍മാര്‍ നമ്മോടു പറയുന്നു. ജീവിതത്തെ സഹനത്തിന്റെ ആകാശമാക്കിയ സൂചിയെ നക്ഷത്രങ്ങള്‍കൊണ്ട് ഭൂമി എതിരേല്‍ക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പക്ഷികള്‍ അവര്‍ക്കു ചുറ്റും ആഘോഷം സൃഷ്ടിക്കുന്നു. അത് ചരിത്രത്തിന്റെ അനവദ്യമായ കാഴ്ചയാണ്. ഇത് നമ്മെ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ഥങ്ങളെപ്പറ്റിയും വ്യാഖ്യാനങ്ങളെപ്പറ്റിയും ബോധ്യമാക്കുന്നു.

*
സി അനൂപ് കടപ്പാട് ജനയുഗം വാരാന്തപ്പതിപ്പ് 21-11-2010

Sunday, November 14, 2010

സൂകി സ്വതന്ത്ര; ജനാധിപത്യം കാതോര്‍ത്ത് മ്യാന്‍മര്‍

ലോകത്തിന്റെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ആങ് സാന്‍ സൂകി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചെങ്കിലും മ്യാന്‍മറില്‍ ജനാധിപത്യവെളിച്ചം അകലെ. സൂകി രാജ്യത്തെ രക്ഷിക്കുമെന്ന പ്രത്യാശയോടെ അവരുടെ അനുയായികള്‍ ആഹ്ളാദനിറവിലാണ് വിമോചിതയായ നേതാവിനെ വരവേറ്റത്. എന്നാല്‍, നവംബര്‍ ഏഴിനു നടന്ന തെരഞ്ഞെടുപ്പ് പ്രഹസനത്തിന്റെ പേരില്‍ വീണ്ടും ഭരണം ഉറപ്പാക്കിയ സൈനിക നേതൃത്വത്തിലുളള പാര്‍ടി സൂകിയെ എത്രത്തോളം മുന്നോട്ടുപോകാന്‍ അനുവദിക്കുമെന്ന് കണ്ടറിയണം. മ്യാന്‍മര്‍ സര്‍വകലാശാലാ വളപ്പിലെ മന്ദിരത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുവന്ന സൂകിയെ (65) ശനിയാഴ്ച വൈകിട്ടാണ് സ്വതന്ത്രയാക്കിയത്. കഴിഞ്ഞ 21 വര്‍ഷത്തില്‍ ഏറിയപങ്കും തടവിലായിരുന്ന സൂകിയെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ സൈനികമേധാവി ജനറല്‍ തന്‍ ഷ്യൂ നേരത്തെ ഒപ്പിട്ടിരുന്നു. സൂകിയുടെ മോചനം പ്രതീക്ഷിച്ച് അയ്യായിരത്തോളം അനുയായികള്‍ അവരുടെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു. വീടിനു മുന്‍വശത്തുനിന്ന് ബാരിക്കേഡുകള്‍ പൊലീസ് നീക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ആവേശം അണപൊട്ടി. വൈകിട്ട് അഞ്ചിന് സൈനികജനറലിന്റെ ഉത്തരവുമായി വന്ന ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കയറി അതു വായിച്ചു. സ്വാതന്ത്ര്യം ഉറപ്പായതോടെ പുറത്തേക്കു വന്ന സൂകിയെ സ്വീകരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുകുതിച്ചു. സുരക്ഷാഭടന്മാര്‍ ഇവരെ തടയാന്‍ തുനിഞ്ഞില്ല. സൂകി ജനക്കൂട്ടത്തോട് സംസാരിക്കാന്‍ മുതിര്‍ന്നെങ്കിലും മുദ്രാവാക്യം വിളിയിലും ദേശീയ ഗാനാലാപനത്തിലും വാക്കുകള്‍ മുങ്ങിപ്പോയി. സൂകി രാജ്യത്തെ രക്ഷിക്കുമെന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. കുറച്ചു സമയം അനുയായികളുമായി സന്തോഷം പങ്കിട്ടശേഷം സൂകി തന്റെ പാര്‍ടിയായ എന്‍എല്‍ഡിയുടെ നേതാക്കളുമായി വീടിനുള്ളിലേക്കു തന്നെ മടങ്ങി.

ഏഴു വര്‍ഷത്തിനുശേഷമാണ് സൂകി സഹപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഞായറാഴ്ച സൂകി മാധ്യമങ്ങളോടു സംസാരിക്കുമെന്ന് പാര്‍ടി നേതാക്കള്‍ പറഞ്ഞു. ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ചിരിക്കുന്ന രാജ്യത്ത് സൂകിക്ക് ഭാവിപ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാണ്. സംഘര്‍ഷം സൃഷ്ടിച്ച് അതിന്റെ പേരില്‍ സൂകിയെ വീണ്ടും ജയിലില്‍ അടയ്ക്കാന്‍ പട്ടാളനേതൃത്വം സദാ ശ്രമിച്ചേക്കാം. എന്നാല്‍, വെല്ലുവിളികള്‍ അതിജീവിക്കാനുള്ള കരുത്ത് സൂകി ആര്‍ജിച്ചിട്ടുണ്ടെന്ന് സൂകിയുടെ അഭിഭാഷകന്‍ യു ന്യാന്‍വിന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനം പാടില്ലെന്ന ഉപാധിയോടെയുള്ള സ്വാതന്ത്യ്രം സൂകി അംഗീകരിക്കില്ലെന്ന് ന്യാന്‍വിന്‍ തുടര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സൂകിയുടെ പാര്‍ടി ബഹിഷ്കരിച്ചിരുന്നു. 25 ശതമാനം സീറ്റ് സൈനികനേതൃത്വത്തിലുള്ള യുഎസ്ഡിപിക്ക് സംവരണംചെയ്തും തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മത്സരിക്കാന്‍ അവകാശമില്ലെന്ന് വ്യവസ്ഥ ചെയ്തുമാണ് 20 വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തിയത്. സമാധാനത്തിനുള്ള നൊബേല്‍സമ്മാന ജേതാവായ സൂകിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ ഇനിയും അവഗണിക്കാന്‍ സൈനികനേതൃത്വത്തിന് കഴിയില്ലെന്നു കരുതുന്ന നിരീക്ഷകരുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സൂകിയുടെ മോചനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, മ്യാന്‍മറില്‍ ജനാധിപത്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയിരിക്കുകയാണെന്ന് ഒബാമ പറഞ്ഞു.

എത്രനാള്‍... ഈ സ്വാതന്ത്ര്യം

പുറംലോകം കാണാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നെങ്കിലും സൂകി ദിവസവും പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കുമായിരുന്നു. സൈനികഭരണകൂടം തടവറയാക്കി മാറ്റിയ തന്റെ പഴയ ഇരുനില വസതിയില്‍ അവര്‍ മണിക്കൂറുകള്‍ ധ്യാനിച്ചിരിക്കും. തുടര്‍ന്ന് റേഡിയോ കേള്‍ക്കും. ആങ് സാന്‍ സൂകിക്ക് വര്‍ഷങ്ങളായി പുറംലോകത്തെ വിവരം ലഭിച്ചിരുന്നത് റേഡിയോ വഴി മാത്രം. ഫോണ്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് ഇവയൊന്നും അനുവദിച്ചിരുന്നില്ല. കത്തുകള്‍ കര്‍ശനമായി സെന്‍സര്‍ ചെയ്തിരുന്നു. പലപ്പോഴും ഇവ കൈമാറിയിരുന്നില്ല. വായനയാണ് സൂകിയെ മുന്നോട്ടു നയിച്ചിരുന്നത്. ഇംഗ്ളീഷ് സാഹിത്യം, തത്ത്വചിന്ത, ജീവചരിത്രങ്ങള്‍ എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍. ജോണ്‍ ലിക്കാറും ജോര്‍ജി സിമനോനും പ്രിയപ്പെട്ട എഴുത്തുകാര്‍. സൂകി പണ്ട് നന്നായി പിയാനോ വായിച്ചിരുന്നു. പോരാട്ടത്തിന്റെ തീക്ഷ്ണതയില്‍ പിയാനോയെയും കൈവിട്ടു. പക്ഷേ, സൂകി തീര്‍ത്തും തനിച്ചായിരുന്നില്ല. ദീര്‍ഘകാലമായുള്ള രണ്ടു സഹായികള്‍ കൂടെയുണ്ടായിരുന്നു. ഒരമ്മയും മകളും-ഖിന്‍ ഖിന്‍വിന്നും വിന്‍ മാമായും. ഇവരെയും സൂകിയോടൊപ്പം ശിക്ഷിച്ച് വീട്ടുതടങ്കലിലാക്കിയതാണ്. ചുരുക്കം സന്ദര്‍ശകരെ അനുവദിച്ചിരുന്നു. എന്നാല്‍, കടുത്ത നിരീക്ഷണത്തോടെ മാത്രം. ഭക്ഷണം ദിവസവും എത്തിച്ചിരുന്നു. കുടുംബ ഡോക്ടര്‍ മാസത്തില്‍ ഒരിക്കലെത്തും. സന്ദര്‍ശകരില്‍ ഒരാള്‍ സൂകിയുടെ അഭിഭാഷകനായ യുന്യാന്‍ വിന്‍ ആയിരുന്നു. സൂകി ലളിതവും കടുപ്പമേറിയതുമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ ഇറങ്ങാന്‍ പോലും സൂകിയെ അനുവദിച്ചിരുന്നില്ല. വ്യായാമംപോലും അകത്ത്.

കുടുംബസ്വത്തായി ലഭിച്ച 90 വര്‍ഷം പഴക്കമുള്ള വീടാണ് സൂകിയുടേത്. കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വൈദ്യുതി പലപ്പോഴും മുടങ്ങും. മെഴുകുതിരി വെളിച്ചത്തില്‍ വായിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. വീട്ടുപരിസരം കാട് പിടിച്ചിരിക്കുകയാണ്. സൂകിയുടെ ഭര്‍ത്താവ് ഡോ. മൈക്കിള്‍ ഏരിസ് അര്‍ബുദം ബാധിച്ച് 1999ല്‍ മരിച്ചു. മൈക്കിളിനെ മ്യാന്‍മര്‍ സന്ദര്‍ശിക്കാന്‍ സൈനികനേതൃത്വം അനുവദിച്ചിരുന്നില്ല. തന്റെ രണ്ടു മക്കളെയും സൂകി കണ്ടിട്ട് പത്തു വര്‍ഷത്തിലേറെയായി. പേരക്കുട്ടികളെ അവര്‍ കണ്ടിട്ടേയില്ല. ഓരോ വര്‍ഷവും സൂകിയുടെ മക്കള്‍ വിസയ്ക്ക് അപേക്ഷ നല്‍കുമെങ്കിലും വിശദീകരണം കൂടാതെ അവ തള്ളും. ഒടുവില്‍, ഇളയമകന്‍ കിമ്മിനു സൂകിയെ കാണാന്‍ വിസ അനുവദിച്ചതായി നവംബര്‍ 10നു റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇപ്പോള്‍ സൂകിയെ മോചിപ്പിച്ചെങ്കിലും വീണ്ടും എന്തെങ്കിലും കാരണത്തിന്റെ പേരില്‍ അറസ്റുചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. 1989ല്‍ ആദ്യമായി അറസ്റ്റുചെയ്തശേഷം ഇന്നേവരെ സൂകി പ്രത്യക്ഷമായോ പരോക്ഷമായോ തടവില്‍ തന്നെയായിരുന്നു. നിയമപരമായി തടവ് പ്രഖ്യാപിക്കാത്ത സമയത്തുപോലും യാന്‍ഗൂണിനു പുറത്തുപോകാന്‍ അവരെ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരംപോലും നിഷേധിച്ചശേഷമാണ് ഇപ്പോള്‍ 'സ്വാതന്ത്ര്യം' നല്‍കിയത്. സൂകിയുടെ സ്വാതന്ത്ര്യം ഹ്രസ്വായുസ്സാകാനുള്ള സാധ്യത അതുകൊണ്ട് വളരെയേറെയാണ്.

വെളിച്ചം കാണാതെ 2200ലേറെ രാഷ്ട്രീയത്തടവുകാര്‍

സൂകിയുടെ മോചനത്തില്‍ ബര്‍മന്‍ജനത ആഹ്ളാദിക്കുമ്പോഴും രാജ്യത്ത് 2200ല്‍പ്പരം രാഷ്ട്രീയത്തടവുകാര്‍ ഇപ്പോഴും നീതി നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നു. ഇവരില്‍ 68 വര്‍ഷംവരെ തടവിന് ശിക്ഷിക്കപ്പെട്ടവരുണ്ട്. രാജ്യത്തെ 43 ജയിലിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനേതാക്കളും ബുദ്ധസന്ന്യാസിമാരും മനുഷ്യാവകാശപ്രവര്‍ത്തകരും തടവുകാരില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് 1988ല്‍ അലയടിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ നേതാക്കളായിരുന്ന ക്യാവ് മിന്‍യു (കോ ജിമ്മി), നിലര്‍ തീന്‍ എന്നിവര്‍ തടവറയില്‍ കഴിയുന്ന ദമ്പതികളാണ്. 65 വര്‍ഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചിട്ടുള്ളത്. കോ ജിമ്മി 16 വര്‍ഷമായും നിലര്‍ തീന്‍ എട്ടുവര്‍ഷമായും ജയിലിലാണ്. സൂകിയുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഡെമോക്രസിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ 413 പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ജയിലിലാണ്. രാജ്യത്ത് 2007ല്‍ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബുദ്ധസന്ന്യാസിമാരെയും തടവിലാക്കി. അക്കൊല്ലം ആഗസ്തില്‍ അലയടിച്ച പ്രക്ഷോഭത്തിന് ബുദ്ധസന്ന്യാസിമാരുടെ സംഘടനയാണ് നേതൃത്വം നല്‍കിയത്. നവംബര്‍ നാലിന് പ്രക്ഷോഭം അടിച്ചമര്‍ത്തിയശേഷം നേതാക്കളെ തെരഞ്ഞുപിടിച്ച് തടവറയില്‍ തള്ളുകയായിരുന്നു. സന്ന്യാസിമാരുടെ നേതാവ് യു ഗംഭീരയെ 68 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ നടനായിരുന്ന സര്‍ഗനാറിനെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2006ല്‍ അഭിനയം വിലക്കി. അദ്ദേഹം വീറോടെ സൈനികഭരണത്തിനെതിരെ നിലകൊണ്ടു. ഇതേത്തുടര്‍ന്ന് 2008ല്‍ 20 സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ഗനാറിനെ അറസ്റ്റുചെയ്തു. 59 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് കാലാവധി 35 വര്‍ഷമായി കുറച്ചു. നിരവധി മാധ്യമപ്രവര്‍ത്തകരും തടവറകളിലുണ്ട്.

*
കടപ്പാട്: ദേശാഭിമാനി

Saturday, November 13, 2010

ഓങ് സാന്‍ സൂകി മോചിതയായി

മ്യാന്മറിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായ ഓങ് സാന്‍ സൂകി മോചിതയായി. ഇവരുടെ വീടിനുമുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ രണ്ടു പതിറ്റാണ്ടു നീണ്ട തടവറ ജീവീതത്തില്‍നിന്ന് സൂകി മോചിതയായി.

മ്യാന്‍മറില്‍ (പഴയ ബര്‍മ) ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയതിന്റെ പേരിലാണ് പട്ടാള ഭരണകൂടം ഓങ് സാന്‍ സൂകിയെ വീട്ടു തടങ്കലിലാക്കിയത്. സൂകിയുടെ മോചനത്തിനായി ലോകമെങ്ങും ഉയരുന്ന മുറവിളികള്‍ക്കിടെ, രണ്ടു പതിറ്റാണ്ടായി ഭരണകൂടം അവരുടെ തടങ്കല്‍ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 27ന് തടങ്കല്‍ കാലാവധി അവസാനിച്ചെങ്കിലും സൂകിയെ തടവിലാക്കിയിരിക്കുന്ന വീടിനു സമീപം ഒരു അമേരിക്കന്‍ പൗരനെ കണ്ടെത്തിയെന്ന പേരില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.

ഇരുപതു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ബര്‍മയുടെ സ്ഥാപകനായി കരുതപ്പെടുന്ന ജനറല്‍ ഓങ് സാന്റെ മകളായ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) വിജയം നേടിയിരുന്നു. നേരത്തെ യാംഗോണ്‍ വിടണമെന്ന നിബന്ധനയില്‍ ഭരണാധികാരികള്‍ സൂകിക്ക് മോചന വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

സൂകിയുടെ മോചനം പ്രതീക്ഷിച്ച് നൂറുകണക്കിന് അനുയായികളാണ് എന്‍ എല്‍ ഡി ആസ്ഥാനത്ത് തടിച്ചുകൂടിയത്.

2002ല്‍ തടങ്കലില്‍നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കപ്പെട്ട സൂകിക്ക് വന്‍ വരവേല്‍പ്പായിരുന്നു അനുയായികള്‍ യാംഗോണില്‍ ഒരുക്കിയത്. തൊട്ടടുത്ത വര്‍ഷം സൂകിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ ഭരണകൂടം വീണ്ടും വീട്ടുതടങ്കലിലാക്കുകയായിരുന്നു.

*
കടപ്പാട്: ജനയുഗം

പോരാട്ടത്തിന്റെ കനല്‍പ്പാതയില്‍

ദക്ഷിണാഫ്രിക്കയ്ക്ക് നെല്‍സന്‍ മണ്ടേല എന്നതു പോലെയാണ് ബര്‍മന്‍ജനതയ്ക്ക് സൂകി. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനതയുടെ സമാധാനപരമായ പോരാട്ടത്തിന്റെ പ്രതീകം. കഴിഞ്ഞ 21 വര്‍ഷത്തില്‍ കൂടുതല്‍ കാലവും തടവറയില്‍ കഴിഞ്ഞ ആങ് സാന്‍സൂകിയുടെ ജീവിതം ലോകമെമ്പാടുമുള്ള മര്‍ദ്ദിതരുടെ ചെറുത്തുനില്‍പ്പിന് ആവേശം പകരുന്നു.

സൂകിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് പിതാവ് ആങ് സാന്‍ വധിക്കപ്പെട്ടത്. ബര്‍മന്‍ജനതയുടെ വിമോചനനായകനായ ജനറല്‍ ആങ് സാനിനെ രാജ്യം സ്വാതന്ത്യ്രം നേടുന്നതിന് ആറ് മാസംമുമ്പ് 1947 ജൂലൈയിലാണ് വധിച്ചത്. പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ 1960ല്‍ ആങ് സാനിന്റെ ഭാര്യ ദാഖിന്‍ കീയെ ഇന്ത്യയില്‍ സ്ഥാനപതിയായി നിയമിച്ചു. അമ്മയോടൊപ്പം ഇന്ത്യയില്‍ വന്ന സൂകി നാല് വര്‍ഷത്തിനുശേഷം ഉപരിപഠനത്തിനായി ബ്രിട്ടനില്‍ പോയി. ഓക്സ്ഫഡില്‍ വിദ്യാര്‍ഥിനിയായി. പഠനത്തിനുശേഷം ഡോ. മൈക്കിള്‍ ഏരിസിനെ വിവാഹംചെയ്ത് ലണ്ടനില്‍ കുടുംബജീവിതം തുടങ്ങി. അലക്സാണ്ടര്‍, കിം എന്നീ ആകുട്ടികള്‍ പിറന്നു. 1988ല്‍ രോഗബാധിതയായ അമ്മയെ പരിചരിക്കാന്‍ സൂകി ബര്‍മയില്‍ തിരിച്ചെത്തിയതോടെയാണ് ജീവിതം തന്നെ മാറിമറിഞ്ഞത്.

അക്കാലത്ത് ജനറല്‍ നെവിന്റെ ഏകാധിപത്യഭരണത്തിനെതിരെ ബര്‍മ ഇളകിമറിയുകയായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രക്ഷോഭത്തില്‍. 1988 ആഗസ്ത് 26ന് റംഗൂണില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ സൂകി രാജ്യത്തെ ജനാധിപത്യപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നേതാവിന്റെ മകളായ തനിക്ക് ഇനി വിശ്രമമില്ലെന്ന് അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കത്തിപ്പടര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം കിരാതനടപടികള്‍ സ്വീകരിച്ചു. 1989ല്‍ സൂകിയെബ വീട്ടുതടങ്കലിലാക്കുകയും രാജ്യത്ത് സൈനികനിയമം പ്രഖ്യാപിക്കുകയും ചെയ്തു. ബര്‍മയുടെ പേര് മ്യാന്‍മര്‍ എന്നും രാജ്യത്തെ ഏറ്റവും വലിയ നഗരമായ റംഗൂണിന്റെ പേര് യാന്‍ഗൂ എന്നും മാറ്റി. 1990ല്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി വന്‍വിജയം നേടിയെങ്കിലും സൈന്യം അംഗീകരിച്ചില്ല. തൊട്ടടുത്ത വര്‍ഷം സൂകിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. മകന്‍ അലക്സാണ്ടറാണ് സൂകിക്ക് വേണ്ടി സമ്മാനം ഏറ്റുവാങ്ങിയത്. 1995ല്‍ സൂകിയെ മോചിപ്പിച്ചെങ്കിലും നീക്കങ്ങള്‍ സൈന്യം നിയന്ത്രിച്ചു. ഇതിനിടെ, അര്‍ബുദരോഗബാധിതനായ മൈക്കിളിന് ഭാര്യയെ സന്ദര്‍ശിക്കാന്‍ വിസ നല്‍കണമെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യര്‍ഥന മ്യാന്‍മര്‍ തള്ളി. ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ബ്രിട്ടനിലേക്ക് പോകാന്‍ സൂകിക്ക് അനുമതി നല്‍കാമെന്ന് സൈന്യം അറിയിച്ചുവെങ്കിലും പിന്നീട് മടങ്ങിവരാന്‍ സമ്മതിക്കില്ലെന്ന് കരുതിയ സൂകി ഈ വാഗ്ദാനം നിരസിച്ചു. 1999 മാര്‍ച്ച് 27ന് മൈക്കിള്‍ അന്തരിച്ചു. മക്കള്‍ രണ്ടുപേരും ബ്രിട്ടനില്‍ തുടര്‍ന്നു.

സൂകിയെ 2000-2002ല്‍ വീണ്ടും വീട്ടുതടങ്കലിലാക്കി. 2003ല്‍ ജനാധിപത്യ പ്രക്ഷോഭകര്‍ സൈന്യവുമായി ഏറ്റുമുട്ടിയതിനെതുടര്‍ന്ന് സൂകിയുടെ തടങ്കല്‍ നീട്ടി. പീന്നീട് ഓരോ കാരണങ്ങളുടെ പേരില്‍ അറസ്റ്റും വീട്ടുതടങ്കലും ദീര്‍ഘിപ്പിച്ചു. 2007 സെപ്തംബറിലാണ് സൂകി ഏറ്റവും ഒടുവില്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ബുദ്ധസന്യാസിമാരുടെ റാലിയില്‍. 2009ല്‍ മോചനം പ്രതീക്ഷിച്ചിരിക്കെയാണ് വീട്ടില്‍ അമേരിക്കന്‍ പൌരനെ പാര്‍പ്പിച്ചുവെന്ന പേരില്‍ തടവ് നീട്ടിയത്. അന്താരാഷ്ട്രസമ്മര്‍ദ്ദത്തിന് വഴങ്ങി ഈയിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സൂകിക്ക് മത്സരിക്കാന്‍ കഴിയാത്തവിധം നിയമം ഭേദഗതി ചെയ്തു. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നാണ് നിയമം മാറ്റിയത്. സൂകിയെ മാറ്റിനിര്‍ത്താന്‍ കൊണ്ടുവന്ന വിചിത്രമായ നിയമം. എന്നാല്‍ അഞ്ച് കോടിയില്‍പരം ബര്‍മക്കാരുടെ പ്രത്യാശയുടെ പ്രതീകമായി സൂകി തിളങ്ങിനില്‍ക്കുന്നു.
(സാജന്‍ എവുജിന്‍)

സൂകിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്

യാന്‍ഗൂണ്‍: മ്യാന്‍മറിലെ ജനാധിപത്യപ്രസ്ഥാനനേതാവ് ആങ് സാന്‍ സൂകിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവില്‍ സൈനികഭരണ നേതൃത്വം ഒപ്പിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്തില്‍ സൂകിക്ക് വിധിച്ച ശിക്ഷയുടെ കാലാവധി ശനിയാഴ്ച അവസാനിക്കും. എന്നാല്‍, സൂകിയുടെ മോചനം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് വിലക്കിക്കൊണ്ടാണ് മോചിപ്പിക്കുന്നതെങ്കില്‍ അത് സ്വീകരിക്കില്ലെന്ന് സൂകിയും വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്‍മര്‍ സര്‍വകലാശാല ക്യാമ്പസിലുള്ള സൂകിയുടെ വസതിക്കുപുറത്ത് അവരെ വരവേല്‍ക്കാന്‍ അനുയായികള്‍ കാത്തുനില്‍പ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി പൊലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. അറുപത്തഞ്ചുകാരിയായ സൂകിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. 1989ല്‍ രാജ്യത്ത് സൈനികനിയമം പ്രഖ്യാപിച്ചശേഷം കൂടുതല്‍ സമയവും സൂകി ജയിലിലോ വീട്ടുതടങ്കലിലോ ആയിരുന്നു. അമേരിക്കന്‍പൌരനെ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ചെന്ന് ആരോപിച്ചാണ് ഒടുവില്‍ ശിക്ഷിച്ചത്.

*
കടപ്പാട്: ദേശാഭിമാനി 13-11-2010