Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Saturday, May 24, 2014

യോജിച്ച പ്രക്ഷോഭത്തിലേക്ക്

മൂലധനശക്തികളുടെ കടുത്ത ചൂഷണങ്ങള്‍ക്കും ഭരണകൂടങ്ങളുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ സംഘടിതവും തീക്ഷ്ണവുമായ സമരങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് ലോകമെമ്പാടും. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും വന്‍തോതില്‍ കവര്‍ന്നെടുക്കപ്പെടുന്നു. വികസിത- വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും വ്യാപകമായ തൊഴില്‍നഷ്ടത്തിനും വേതനം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും തൊഴിലാളികള്‍ വിധേയരാകുന്നു. അതേസമയം, പ്രതിസന്ധിയുടെ സ്രഷ്ടാക്കളായ കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് വന്‍തോതില്‍ നികുതി ഇളവുകളും സൗജന്യങ്ങളും നല്‍കി അവര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് മുതലാളിത്തരാജ്യങ്ങള്‍ മുന്നില്‍ത്തന്നെ.

മാന്യമായ തൊഴിലും സാമൂഹ്യ- സാംസ്കാരിക- സാമ്പത്തിക വികസനത്തിലെ അവസരങ്ങളും ഭൂരിപക്ഷം ഇന്ത്യന്‍ യുവത്വത്തിനും നിഷേധിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനോ, നിലനിര്‍ത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലമായി എഫ്എസിടി അടക്കമുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. സാധാരണ ജനങ്ങളുടെ ജീവിതം അത്യന്തം ശോചനീയമായ അവസ്ഥയിലെത്തിയിട്ടും അതിന് പരിഹാരം കാണാന്‍ തയ്യാറാകാതെ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ അഴിമതിയിലൂടെ പൊതുധനം കോര്‍പറേറ്റുകളുടെ പോക്കറ്റിലായി. അഴിമതിയിലൂടെ സ്വരൂപിച്ച അളവില്ലാത്ത സമ്പത്തിന്റെ സ്വാധീനം പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ജനാഭിപ്രായത്തെ വിലയ്ക്കെടുക്കുന്ന തരത്തില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

വഴിപിഴച്ച സാമ്പത്തികനയങ്ങളും കോര്‍പറേറ്റ് പ്രീണനവും അന്ധമായ അമേരിക്കന്‍ വിധേയത്വവുമാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിയിലേക്ക് നയിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധനയങ്ങളും യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. സാധാരണക്കാരന് അര്‍ഹതപ്പെട്ട സബ്സിഡികള്‍ നിഷേധിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാനം മുട്ടെ വിലകയറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുമേഖലയുടെ ശവക്കുഴി തോണ്ടുന്നതിനും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സ്വീകരിച്ച ഭരണനടപടി ഭയാനകമായിരുന്നു. യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം അനുകൂലമാക്കുന്നതില്‍ ബിജെപിക്ക് വിജയിക്കാനായി. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ഗുജറാത്ത് വികസനത്തിന്റെ കെട്ടുകാഴ്ചയുടെ നിഴലില്‍ രാജ്യത്താകെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നടത്തിയ പ്രചാരവേല ജനങ്ങളെ സ്വാധീനിച്ചു. ഒന്നര പതിറ്റാണ്ടിലെ ഭരണത്തിനുള്ളില്‍ ഗുജറാത്തില്‍ സന്തുലിത വികസനമോ അടിസ്ഥാനനേട്ടങ്ങളോ കൊണ്ടുവരാന്‍ കഴിയാത്ത നരേന്ദ്ര മോഡിക്ക് പരിവേഷംചാര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ പിന്തുണയുണ്ടായി.

കോണ്‍ഗ്രസിന്റെ പരാജയം തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ മോഡിയെ സഹായിക്കുന്നതില്‍ മത്സരിച്ചു. മൂലധനശക്തികള്‍ക്ക് പ്രിയങ്കരനായ നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നയങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളില്‍നിന്ന് അല്‍പ്പംപോലും ഭിന്നമല്ല. മുന്‍ ബിജെപി സര്‍ക്കാരുകള്‍ അത് തെളിയിച്ചിട്ടുമുണ്ട്്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത ഭീഷണി ഉയരുകയാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖ്യ അജന്‍ഡയായി മാറുന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാരിന് പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ നിത്യനിദാന ചെലവുകള്‍ക്കായി 2000 കോടി രൂപ കടമെടുക്കേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും വിഭവസമാഹരണത്തിലെ അനാസ്ഥയും നികുതിവെട്ടിപ്പുകാര്‍ക്ക് സംരക്ഷണമൊരുക്കിയ ഭരണനേതൃത്വത്തിന്റെ നടപടികളുമാണ് സാമ്പത്തികത്തകര്‍ച്ച സൃഷ്ടിച്ചത്. ഇതുമൂലം വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സ്തംഭിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ കേരളത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്‍കിയ പൊതുവിതരണ സംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി ഉണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഏപ്രില്‍ ആദ്യം സറണ്ടര്‍, പിഎഫ് വായ്പ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പു കാലമായിട്ടുപോലും ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിലെ അപകടം തിരിച്ചറിഞ്ഞാണ് ഏപ്രില്‍ അവസാനവാരം ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങളില്‍ കൈവയ്ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. എന്നാല്‍, ഈ പിന്മാറ്റം താല്‍ക്കാലികംമാത്രമാണ്. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക, തസ്തികകള്‍ വെട്ടിച്ചുരുക്കുക, വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ചെലവുചുരുക്കലിലൂടെ ലക്ഷ്യമിടുന്നത്. 2002ലും ഇതേ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളത്തിന്റെ പത്തുശതമാനം തുക നിര്‍ബന്ധമായും പിടിച്ചെടുത്ത് പെന്‍ഷന്‍ഫണ്ട് സ്വരൂപിക്കണമെന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ ഇതിന്റെ ഭാഗമാണ്. പെന്‍ഷന്‍പ്രായം വര്‍ധനയും പങ്കാളിത്ത പെന്‍ഷനും ഒരു പാക്കേജായി അവതരിപ്പിച്ച് പങ്കാളിത്ത പെന്‍ഷന്‍ വ്യാപകമാക്കാനുള്ള നീക്കത്തെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. പത്താംശമ്പള കമീഷന്‍ രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. സംഘടിത പോരാട്ടങ്ങളെ അസഹിഷ്ണുതയോടെമാത്രം വീക്ഷിക്കുകയും സാമൂഹ്യപ്രശ്നങ്ങളില്‍ ജനവിരുദ്ധമായി ചിന്തിക്കുകയുംചെയ്യുന്ന വ്യക്തിയെ ചെയര്‍മാനായി നിയോഗിച്ചതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ശമ്പളപരിഷ്കരണത്തേക്കാള്‍ പ്രധാനം ജീവനക്കാരുടെ എണ്ണം കുറച്ചും ഓഫീസുകള്‍ അടച്ചുപൂട്ടിയും ഭരണപരിഷ്കരണമാണെന്ന ചെയര്‍മാന്റെ നിലപാട് ജീവനക്കാരുടെ ആശങ്ക ശരിവയ്ക്കുന്നു.

അധികാരത്തിലിരുന്ന കാലയളവുകളിലെല്ലാം സമയബന്ധിത ശമ്പളപരിഷ്കരണതത്വം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. 1983ല്‍ വേതനപരിഷ്കരണത്തിന്റെ പ്രാബല്യ തീയതിക്ക് വളരെമുമ്പേ കമീഷനെ നിയമിച്ചിട്ടും, അനിശ്ചിതകാല പണിമുടക്കുകളിലൂടെയാണ് വേതനപരിഷ്കരണം നേടിയെടുക്കാനായത്. മാത്രമല്ല, ഇരുപത്തൊന്നുമാസത്തെ കുടിശ്ശിക തട്ടിയെടുക്കുകയുംചെയ്തു. എട്ടാം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ 37 മാസത്തെ കുടിശ്ശികയും 27 മാസത്തെ പ്രാബല്യതീയതിയും നിഷേധിച്ചു. സമാനമായ സാഹചര്യത്തിലേക്ക് വേതനപരിഷ്കരണത്തെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ മറപറ്റി നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തീക്ഷ്ണമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. വര്‍ത്തമാനകാലത്ത് തൊഴില്‍മേഖലയില്‍ രൂപപ്പെടുന്ന പുതിയ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ്, എല്ലാവിഭാഗം ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണം.

*
എ ശ്രീകുമാര്‍ ( കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി

സൈന്യം അധികാരം പിടിച്ചെടുത്തത് പട്ടാള അട്ടിമറിയാണോയെന്നതിനെപ്പറ്റി ഇപ്പോള്‍ സംവാദമുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മുര്‍സി സര്‍ക്കാരിനെ സൈന്യം അധികാരത്തില്‍നിന്ന് പുറത്താക്കിയപ്പോഴാണ് ഈ നിര്‍വചനപ്രശ്നം ഉയര്‍ന്നത്. പ്രശ്നം പ്രധാനമായും അമേരിക്കയ്ക്കായിരുന്നു. ഈജിപ്തില്‍ നടന്നത് പട്ടാള അട്ടിമറിയായിരുന്നെങ്കില്‍, അമേരിക്കയുടെ സൈനിക, സാമ്പത്തികസഹായം തുടരാന്‍ നിയമം അനുവദിക്കുകയില്ലായിരുന്നു. അതുകൊണ്ട് ഈജിപ്തില്‍ നടന്നത് "അട്ടിമറിയല്ലാത്ത അട്ടിമറി" (രീൗു വേമേ ശെ ിീേ മ രീൗു)യെന്ന് വിശേഷിപ്പിക്കപ്പെട്ടു. തായ്ലന്‍ഡില്‍ മെയ് 22ന് നടന്നത് പട്ടാള അട്ടിമറിയാണെന്നതില്‍ അഭിപ്രായഭിന്നതയില്ല. അമേരിക്ക അതിനെ നിശിതമായി വിമര്‍ശിച്ചു. പട്ടാളം അധികാരം പിടിച്ചെടുത്തതിന് ഒരു നീതീകരണവുമില്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പറഞ്ഞു. യുഎന്നും ബ്രിട്ടനും ജര്‍മനിയും യൂറോപ്യന്‍ യൂണിയനുമെല്ലാം വിമര്‍ശനവുമായി രംഗത്തെത്തി.

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി പുത്തരിയല്ല; പതിവാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. 1932ല്‍ രാജാധികാരം ഭരണഘടന വിധേയമാക്കിയശേഷം നടക്കുന്ന 12-ാമത്തെ വിജയകരമായ പട്ടാള അട്ടിമറിയാണ് ഇപ്പോഴത്തേത്. മെയ് 20ന് തായ്ലന്‍ഡില്‍ സൈനിക നിയമം നടപ്പാക്കി. ""ഇത് ഒരു പട്ടാള അട്ടിമറിയല്ല, സൈനിക നിയമം നടപ്പാക്കുകമാത്രമാണ്"", സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ആരെങ്കിലും ഈ പ്രസ്താവന വിശ്വസിക്കുമോയെന്നുള്ള സംശയമൊന്നും അവര്‍ക്കുണ്ടായിരുന്നതായി തോന്നുന്നില്ല. സൈനിക നിയമം നടപ്പാക്കുന്നത് ഭരണഘടനാനുസൃതമാണെന്നു വാദിക്കാം. സൈന്യം അധികാരം പിടിച്ചെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജാധികാരത്തെപ്പറ്റിയുള്ള വ്യവസ്ഥകള്‍ ഒഴിച്ചുള്ള എല്ലാ ഭരണഘടനാ വ്യവസ്ഥകളും "അവസാനിപ്പിച്ചിരിക്കുന്നു", എന്നാണ് പ്രഖ്യാപനം. സൈന്യം സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യഘടനകളില്‍ മാറ്റം വരുത്തുമെന്നും സൈനിക മേധാവി ജനറല്‍ പ്രയുത്ചാന്‍ ഓച പറഞ്ഞു. മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെയും അസ്ഥിരതയുടെയും ഒടുവിലാണ് സൈനിക നിയമവും തുടര്‍ന്ന് പട്ടാളഭരണവും ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ദുബായില്‍ പ്രവാസിയായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി താക്സിന്‍ ഷിനവത്രയെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴത്തെ അധികാര വടംവലി.

ഒരു ദശകം മുമ്പ് താക്സിന്‍ അധികാരത്തിലായിരുന്നപ്പോള്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കൂടുതലും ഗ്രാമീണമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തര തായ്ലന്‍ഡിലെ ജനങ്ങള്‍ക്കു കുറേയേറെ പ്രയോജനംചെയ്തു. ഈ പരിഷ്കാരങ്ങളെ എതിര്‍ത്ത ബാങ്കോക്ക് കേന്ദ്രീകൃതമായ നഗരവാസികളായ വരേണ്യവര്‍ഗമാണ് പ്രക്ഷോഭണത്തിന്റെ മുന്നിലും പിന്നിലും. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലം 2006ലെ സൈനിക അട്ടിമറിയാണ്. താക്സിന്റെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായി. തായ്ലന്‍ഡിലെ സമ്പദ്ക്രമത്തെ തന്നെ ഇത് അപകടത്തിലാക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. "സമാധാനപരമായി" താക്സിനെ അധികാരഭ്രഷ്ടനാക്കി, ഭരണം പിടിച്ചെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. ഭരണഘടന റദ്ദാക്കി. രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി. അന്ന് പട്ടാള വിപ്ലവത്തിന് നേതൃത്വം നല്‍കിയവര്‍ രാജകുടുംബവുമായി അടുപ്പമുള്ളവരായിരുന്നു, സൈന്യം അധികാരം പിടിച്ചെടുത്ത് രാജാവിന്റെ അറിവോടെ, സമ്മതത്തോടെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ താക്സിന്‍ ശിക്ഷിക്കപ്പെട്ടു. അതിനകം അദ്ദേഹം നാടുവിട്ടിരുന്നു. അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത് താക്സിന്റെ ഇളയ സഹോദരി യിങ്ലക്ക് ഷിനവത്ര ആയിരുന്നു. താക്സിന്റെ കക്ഷിയുടെയും ഷിനാവത്ര കുടുംബത്തിന്റെയും ജനപിന്തുണ പ്രകടമായിരുന്നു. യിങ്ഗ്ലിക്ക് അധികാരത്തില്‍ വരാനും തുടരാനും താക്സിന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പ്രശ്നമെന്നും സഹോദരന്‍ തുടങ്ങിയ അഴിമതി സഹോദരി തുടരുകയാണെന്നുമായിരുന്നു പ്രക്ഷോഭകാരികളുടെ ആരോപണം. താക്സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാനുള്ള നിയമനിര്‍മാണത്തിന് ശിക്ഷാകാലാവധി അവസാനിപ്പിച്ചുകൊണ്ട് വ്യവസ്ഥചെയ്യുന്ന- താക്സിന്റെ കക്ഷി നടപടികള്‍ തുടങ്ങിയതാണ് പ്രക്ഷോഭത്തെ രൂക്ഷമാക്കിയത്. അറുപതില്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. ഫെബ്രുവരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബോയ്ക്കോട്ടു ചെയ്തു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടതാണ് മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍. ഭരണഘടനാ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതൊരു "രാഷ്ട്രീയ വിധിന്യായ"മാണെന്ന് വിമര്‍ശിക്കപ്പെട്ടു. മെയ് ഏഴിന് പ്രധാനമന്ത്രി യിങ്ലക്കിനെ അധികാരദുര്‍വിനിയോഗത്തിന് ഭരണഘടനാ കോടതി പുറത്താക്കി. "രാഷ്ട്രീയ" വിധിന്യായങ്ങള്‍ തുടരുകയാണെന്ന് തോന്നി. ഒരു കാവല്‍ പ്രധാനമന്ത്രി അധികാരത്തില്‍ വന്നു. ഇത്തരം പ്രതിസന്ധികളില്‍ മുമ്പ് തായ്ലന്‍ഡിന്റെ രാജാവ് ഇടപെടുകയോ മധ്യസ്ഥത വഹിക്കുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയോ ചെയ്യുമായിരുന്നു. തായ് ജനത അത് അംഗീകരിക്കുകയും ചെയ്യുമായിരുന്നു. പ്രായാധിക്യത്തിലുള്ള ഭൂമിബോള്‍ രാജാവിന് ഇന്ന് അത്തരം ഇടപെടലിനുള്ള കഴിവില്ല. കാവല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള കൂടിയാലോചനകള്‍ തിങ്കളാഴ്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സൈനിക നിയമത്തിന്റെ പ്രഖ്യാപനം. സൈനികനിയമം ഏര്‍പ്പെടുത്തിയശേഷം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു. പ്രതിപക്ഷവും താക്സിന്റെ കക്ഷിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സൈന്യം പൂര്‍ണ അധികാരം ഏറ്റെടുത്തത്.

നേരത്തെ തായ് സൈന്യത്തിന്റെ "സംയമ"ത്തെയും "പ്രൊഫഷണലിസ"ത്തെയും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്മാര്‍ പ്രശംസിച്ചിരുന്നു. പട്ടാള അട്ടിമറിയുണ്ടാകില്ലെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വിലയിരുത്തല്‍. തായ് സൈന്യവുമായി അമേരിക്കയ്ക്കുള്ള സഖ്യം ഇന്തോ-ചൈന യുദ്ധകാലത്ത് തുടങ്ങിയതാണ്. തായ് സൈന്യത്തിന് അമേരിക്കന്‍ സൈനിക ഉപദേഷ്ടാക്കളുണ്ട്. ജനുവരിയില്‍ സൈനിക മേധാവി ചെയ്ത ഒരു പ്രസ്താവന പട്ടാളഭരണത്തിന്റെ സാധ്യത സൂചിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, "ഭാവിയില്‍ സൈന്യം അധികാരത്തില്‍ വരുന്നതിനുള്ള വാതില്‍ തുറക്കുമെന്നോ, അടയ്ക്കുമെന്നോ" തനിക്ക് പറയാന്‍ കഴിയുകയില്ലെന്നായിരുന്നു. പട്ടാള അട്ടിമറിയുടെ "ടെക്സ്റ്റ് ബുക്ക്" വിശദീകരണം ഇവിടെയുമുണ്ടായി. "രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാണ്". മറ്റു ചില രാജ്യങ്ങളിലെന്നപോലെ, തായ്ലന്‍ഡിന്റെയും സൈന്യത്തിന്റെ സ്വയം ധാരണ, രാഷ്ട്രീയസ്ഥിരത കാത്തുസൂക്ഷിക്കാനും അതുകൊണ്ട് സിവിലിയന്‍ സര്‍ക്കാര്‍ എത്രകാലം അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം സൈന്യത്തിന്റേതാണെന്നത്രേ.

തായ്ലന്‍ഡില്‍ വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെപ്പറി അടുത്തയിടെ യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ "വിശ്വസിക്കാവുന്ന ഒരു പങ്കാളിയെന്ന നിലയിലും ആ മേഖലയിലെ ഒരു നേതാവെന്ന നിലയിലും എത്രമാത്രം തായ്ലന്‍ഡിനെ ആശ്രയിക്കാന്‍ കഴിയുമെന്" സംശയം പ്രകടിപ്പിച്ചു. ആ സംശയം ബലപ്പെടുത്തുന്നതാണ് പട്ടാള അട്ടിമറി. തായ് ജനതയെ സംബന്ധിച്ചിടത്തോളം ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന, സ്വേച്ഛാധിപത്യ സൈനിക ഭരണകൂടമാണ് അധികാരത്തില്‍ വന്നിരിക്കുന്നത്.

*
നൈാന്‍ കോശി

Thursday, May 22, 2014

ഭാഷയുടെ പരിവേഷ നഷ്ടം

ഫ്രഞ്ച് മഹാകവി ബോദ്ലെയര്‍ മുന്നോട്ടുവച്ച പരികല്‍പ്പനയാണ് "പരിവേഷ നഷ്ടം" എന്നത്. ആ ശീര്‍ഷകത്തില്‍ ഒരു കവിതതന്നെ എഴുതിയിട്ടുണ്ട് ബോദ്ലെയര്‍. ഭാഷ അതിന്റെ അതുവരെയുള്ള ആലങ്കാരികമായ പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് പച്ചയായ മനുഷ്യന്റെ സാധാരണ ഭാഷ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ബോദ്ലെയര്‍ "പരിവേഷ നഷ്ടം" എന്ന സങ്കല്‍പ്പംകൊണ്ട് സൂചിപ്പിച്ചത്. ആ സങ്കല്‍പ്പത്തിന്റെ നിഴലിലാണ് പൂനിലാവിനെക്കുറിച്ച് അതുവരെ പാടിക്കൊണ്ടിരുന്ന കവിത പൊടുന്നനെ തെരുവിലെ മനുഷ്യരക്തത്തെക്കുറിച്ച് പാടിത്തുടങ്ങിയത്; സ്വപ്നങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങിവന്നു തുടങ്ങിയത്. ഇങ്ങനെ സാഹിത്യം ജനകീയമാകുന്നതില്‍ അക്കാലത്തെ യാഥാസ്ഥിതിക വരേണ്യപക്ഷത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു. ചോരയെക്കുറിച്ചും നിലവിളിയെക്കുറിച്ചും ആക്രോശത്തെക്കുറിച്ചും കവിതയില്‍ എഴുതുകയോ? പൂനിലാവിനെക്കുറിച്ചും പൂങ്കാറ്റിനെക്കുറിച്ചും കുളിരരുവിയെക്കുറിച്ചും മാത്രമല്ലേ കവിതയില്‍ എഴുതാവൂ. ഇതായിരുന്നു യാഥാസ്ഥിതികപക്ഷത്തിന്റെ നിലപാട്. എന്നാല്‍, അവരെ അമ്പരപ്പിച്ചുകൊണ്ടുതന്നെ കവിത പച്ചയായ മനുഷ്യനെക്കുറിച്ചും അവന്റെ പച്ചയായ ജീവിതത്തെക്കുറിച്ചും പറഞ്ഞുതുടങ്ങി. തെരുവിലെ ചുടുചോര കാണാതെ താമരപ്പൊയ്കയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കരുത് എന്ന ഒരു പുതുബോധം അങ്ങനെ സാഹിത്യത്തില്‍ വന്നു.

ഇത് ഇപ്പോള്‍ പറയാന്‍ കാരണം തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട ഒരു വാക്ക് മുന്‍നിര്‍ത്തി കേരളത്തിലെ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഭാഷാചര്‍ച്ച സംഘടിപ്പിക്കുന്നു എന്നതാണ്. രാഷ്ട്രീയ നേതാക്കള്‍ ഏതു ഭാഷയിലാകണം സംസാരിക്കേണ്ടത് എന്ന് ചില മാധ്യമങ്ങള്‍ കല്‍പ്പിച്ചുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരില്‍നിന്നുയര്‍ന്നുവരുന്ന രാഷ്ട്രീയ നേതാക്കള്‍ സാധാരണക്കാരുടെ ഭാഷ സംസാരിക്കുമ്പോള്‍ ചില അഭിജാത- വരേണ്യ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിഷമം. അവരുടെ അഭിപ്രായത്തില്‍ അഭിജാതമായ ഭാഷയിലേ രാഷ്ട്രീയക്കാര്‍ സംസാരിക്കാവൂ. ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അത് തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യംകാട്ടില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണ് വേണ്ടത്. പ്രവൃത്തിയിലില്ലാത്ത മിനുപ്പും വെടിപ്പും അതേക്കുറിച്ച് പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്. ശ്ലാഘനീയം എന്നത് പറയാന്‍കൊള്ളാവുന്ന ഒരു നല്ല വാക്കാണ്. എന്നാല്‍ പ്രവൃത്തി ശ്ലാഘനീയമല്ലെങ്കിലോ? അപ്പോള്‍ പ്രവൃത്തിക്കു നിരക്കുന്ന വാക്കു വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ പ്രവൃത്തിയാണ് വാക്കിനെ നിര്‍ണയിക്കുക.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഒപ്പം വര്‍ഷങ്ങളായി നിലകൊള്ളുകയും ആ രാഷ്ട്രീയത്തിന്റെ ഭാഗമായി പലവട്ടം എംപിയും എംഎല്‍എയും മന്ത്രിയും ഒക്കെയാവുകയുംചെയ്ത ഒരാള്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നു പറഞ്ഞ് അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണ് കേരളം ഒരു പുലര്‍ച്ചയില്‍ കണ്ടത്. ആര്‍ക്കെതിരെയാണോ തലേന്നുവരെ അതിശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നത് കാലുമാറി അവര്‍ക്കൊപ്പം ചെന്നുനില്‍ക്കുക. ഏതു രാഷ്ട്രീയത്തെയാണോ ജീര്‍ണവും മലീമസവുമെന്ന് തലേരാത്രിവരെ എല്ലാ ചാനലുകളിലും പോയി മാറിമാറി വിശേഷിപ്പിച്ചുകൊണ്ടിരുന്നത് പിറ്റേന്ന്, അതേ രാഷ്ട്രീയത്തിന്റെ ജീര്‍ണതയില്‍ പോയി മുങ്ങുക; ഏത് ഭരണസംവിധാനത്തെയാണോ അഴിമതിയുടെ കെട്ടുകാഴ്ച എന്ന് തലേന്നുവരെ വിവരിച്ചത്, അതേ കെട്ടുകാഴ്ചയ്ക്ക് സ്വയം അലങ്കാരമായി മാറുക. ഇതൊക്കെയാണ് ഒരു രാത്രി വെളുക്കുന്നതിനിടയില്‍ കേരളം കണ്ടത്.

ഇതിന്റെ അര്‍ഥം എന്താണ്? തന്നെ എംപിയാക്കുന്നത് ഏതു രാഷ്ട്രീയമാണോ ആ രാഷ്ട്രീയം സ്വീകാര്യം എന്നതല്ലേ. രാഷ്ട്രീയത്തെ ഇതില്‍പ്പരം അപകീര്‍ത്തിപ്പെടുത്താനുണ്ടോ? ഇദ്ദേഹത്തെ എംപിയാക്കുക എന്നതാണോ ജനാധിപത്യത്തിന്റെ ധര്‍മം? സ്ഥാനം തരുന്നത് ആരോ, അവരുടെ കൂടെ എന്ന ഈ നിലാപടില്‍ എന്ത് ആദര്‍ശമാണുള്ളത്; അവസരവാദമല്ലാതെ. ഇത്രമേല്‍ അവസരവാദപരമായ ഒരു നിലപാടെടുത്ത് ഒപ്പംനിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട് ചെന്നുകയറിയ ഒരാളെ തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടുവേണോ വിമര്‍ശിക്കാന്‍? വിമര്‍ശനത്തിനുപയോഗിച്ച വാക്കില്‍ "അഭിജാത ഗൗരവം" കാണാത്ത വരേണ്യപക്ഷം വിമര്‍ശനവിധേയമായ ആ അവസരവാദത്തെയോ അതിലെ നെറികേടിനെയോ കാണാന്‍ കൂട്ടാക്കുന്നില്ല. അതാണ് വരേണ്യപക്ഷത്തിന്റെ രാഷ്ട്രീയം. നെറികേടു കാട്ടിയതില്‍ കുഴപ്പമില്ല, ആ നെറികേടിനെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ഭാഷ "ആഭിജാത്യ"മില്ലാത്തതായതിലാണ് കുഴപ്പം.

സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന് അവരില്‍പ്പെട്ടവരായിത്തന്നെ ഉയര്‍ന്ന് നേതൃത്വത്തിലേക്കെത്തിയവരാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ. നാട്ടുകാരുടെ ഭാഷയിലേ സംസാരിക്കൂ. അത് അവരുടെ ശുദ്ധതയാണ്; നന്മയാണ്. ആ ശുദ്ധതയും നന്മയും കാണാന്‍ വരേണ്യപക്ഷത്തെ പുത്തന്‍ തമ്പ്രാക്കള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാപട്യത്തിന്റെ ഭാഷയേ അവര്‍ക്ക് സ്വീകാര്യമാവൂ. തിന്മയെ തിന്മയായും നെറികേടിനെ നെടികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വവുമായേ കാണാന്‍ പറ്റൂ. അങ്ങനെ കാണുമ്പോള്‍ അവയെ വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളേ ഉപയോഗിക്കാന്‍ പറ്റൂ. പ്രവൃത്തിയിലില്ലാത്ത വൃത്തിയും ശുദ്ധിയും അതേക്കുറിച്ചുള്ള വിമര്‍ശനത്തിലുണ്ടാകണമെന്നു പറയുന്നതു കാപട്യമാണ്. "അഭിജാത" വിഭാഗത്തിന്റെ സ്വീകാര്യതയ്ക്കുവേണ്ടി മനസ്സില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്കൃതംകൊണ്ട് പുതപ്പിച്ചാല്‍ അതും കാപട്യമാണ്. ആ കാപട്യം കാട്ടിയില്ല എന്നതാണോ ഇവിടെ കുഴപ്പം?

ഭാഷയിലെ "മാന്യത"യ്ക്കുവേണ്ടി ഇപ്പോള്‍ മുറവിളികൂട്ടുന്ന മുഖ്യധാരാ പത്രങ്ങളിലൊന്ന് പണ്ട് ഒരു മുഖപ്രസംഗത്തില്‍ സ. പി കൃഷ്ണപിള്ളയെ "തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അന്ന് എവിടെപ്പോയിരുന്നു ഇവരുടെ ഭാഷാമാന്യതാ വാദം? കമ്യൂണിസ്റ്റുകാരെ എന്തും പറയാം; കമ്യൂണിസ്റ്റുകാര്‍ ഒന്നും പറയരുത്. ഇതാണോ ഇവരുടെ നിലപാട്? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഇ എം എസ്, ടി വി തോമസ്, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കേരളത്തില്‍ തെരഞ്ഞെടുപ്പുവേളയില്‍ പ്രചരിപ്പിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ ഓര്‍ത്തുനോക്കുക. ജാതിപറഞ്ഞുവരെയുള്ള ആക്ഷേപങ്ങളുണ്ടായിരുന്നു അവയില്‍. അന്നൊക്കെ ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള ഇവരുടെ ചിന്തകള്‍ എവിടെപ്പോയിരുന്നു? അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല എന്ന് വ്യക്തമാക്കാന്‍ ഇ കെ നായനാര്‍ നടത്തിയ ഒരു പദപ്രയോഗത്തെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി കോലാഹലമുണ്ടാക്കി ഒരിക്കല്‍ ഈ മാന്യതാവാദികള്‍. അവര്‍ പിണറായി വിജയന്റെ ഒരു പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള വാദവുമായി ഇന്ന് വീണ്ടും എത്തുമ്പോള്‍ ഭാഷ അഴിച്ചുവയ്ക്കേണ്ട അതിന്റെ അലങ്കാരപരിവേഷത്തെക്കുറിച്ച് നേരത്തെതന്നെ സൂചിപ്പിച്ച ബോദ്ലെയറെ ഓര്‍മിക്കാതിരിക്കുന്നതെങ്ങനെ?

*
deshabhimani editorial 23-05-14

Wednesday, May 21, 2014

പോരായ്മകള്‍ മറികടക്കണം

പതിനാറാം ലോക്സഭയില്‍ ബിജെപി തനിച്ച് ഭൂരിപക്ഷം നേടി വിജയിച്ചിരിക്കയാണ്. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തിനുപിന്നാലെയുണ്ടായ സഹതാപതരംഗത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 542ല്‍ 404 സീറ്റ് നേടി വിജയിച്ച് 30 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു പാര്‍ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.

തങ്ങളുടെ ജീവിതത്തിനുനേരെയുള്ള തുടര്‍ച്ചയായ കടന്നാക്രമണങ്ങളില്‍നിന്ന് ആശ്വാസമേകുന്ന ഒരു സര്‍ക്കാരിനെയാണ് രാജ്യത്തെ എല്ലാ ജനങ്ങളും ഉറ്റുനോക്കിയിരുന്നത്. ഒരു വശത്ത് നിരന്തരമായ വിലക്കയറ്റം, സാമ്പത്തികമാന്ദ്യം, അതിനെത്തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മ. മറുവശത്ത് ജനങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലേക്ക് നയിച്ച വന്‍കിട കുംഭകോണം. ഇവയിലൂടെയെല്ലാം അഭൂതപൂര്‍വമായ സാമ്പത്തികഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ചരിത്രമായിരുന്നു കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിനുണ്ടായിരുന്നത്, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍. ജനങ്ങള്‍ക്ക് അതിനോടുള്ള അസംതൃപ്തി ഫലപ്രദമായി ചൂഷണംചെയ്താണ് ബിജെപി തെരഞ്ഞെടുപ്പു വിജയം നേടിയത്.

മുമ്പെങ്ങും കാണാനാകാത്തവിധം പണമെറിഞ്ഞും മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയും ബിജെപി ഫലപ്രദമായ പ്രചാരണം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഹിന്ദുത്വ അജന്‍ഡയും വികസന വാഗ്ദാനവും സദ്ഭരണവും ഒരുമിച്ച് അവതരിപ്പിച്ച് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചു. ഒന്നാമതായി, 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗ്യചിഹ്നമാണ് മോഡി. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതുതന്നെ ധാരാളമാണെന്നും അനാവശ്യമായ മറ്റൊരു പൊതുപ്രചാരണത്തില്‍ ആശ്രയിക്കേണ്ടതില്ലെന്നും ആര്‍എസ്എസും ബിജെപിയും മനസ്സിലാക്കി. ബിജെപി പ്രചാരണത്തിന്റെ ശക്തിമത്തായ അടിയൊഴുക്കായി ഇത് തുടര്‍ന്നു.

വിപുലമായ ഒരു ജനവിഭാഗത്തെ ലക്ഷ്യംവച്ച് നടത്തിയ രണ്ടാമത്തെ ശ്രമം മുന്‍ പരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിന്ദുത്വശക്തികളുടെ അഭ്യര്‍ഥന ഇതുവരെ ഫലം കണ്ടില്ലെന്ന പ്രചാരണമായിരുന്നു. ഗുജറാത്തിലെ വികസനമെന്ന മിഥ്യഉയര്‍ത്തിക്കൊണ്ടുവരാനും മോഡി പ്രധാനമന്ത്രിയായാല്‍ മാത്രമേ ആ മാതൃക ഇന്ത്യയിലാകെ നടപ്പാക്കാനാകൂ എന്നുമുള്ള ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപി വിജയിച്ചു. പാലും തേനുമൊഴുകുന്ന സ്വപ്നരാജ്യമായാണ് ഗുജറാത്തിനെ അവതരിപ്പിച്ചത്. വാഷിങ്ടണ്‍ പോസ്റ്റ് പ്രതിനിധി രമ ലക്ഷ്മി മേക്കിങ് ഓഫ് ദ മോഡി മിതോളജിയില്‍ പറയുന്നപോലെ മോഡിയുടെ പ്രചാരണ മാനേജര്‍മാര്‍ക്ക് ഒരു തുണ്ട് ഭൂമിക്കും അതിലെ ആരാധനാമൂര്‍ത്തിക്കും ചുറ്റും ജനങ്ങളെ അണിനിരത്താന്‍ ഫലപ്രദമായി കഴിഞ്ഞു. ആ ഭൂമിയും ആരാധനാമൂര്‍ത്തിയും അയോധ്യയും രാമനുമല്ല, മറിച്ച് ഗുജറാത്തും നരേന്ദ്രമോഡിയുമാണ്. നരേന്ദ്രമോഡി എന്ന അത്ഭുതകരവും അക്ഷീണവുമായ കാല്‍പ്പനിക മിത്തിനെ ഉയര്‍ത്തിക്കാട്ടി വോട്ടര്‍മാരുടെ മനസ്സില്‍ വൈദ്യുതി, റോഡ്, വെള്ളം എന്നിങ്ങനെയുള്ള ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടതായി ഇതിഹാസകഥയിലെന്നപോലെ പ്രചരിപ്പിച്ചു. ഭൂമിയിലെ സ്വര്‍ഗമായ ഗുജറാത്ത് തൊഴിലുകൊണ്ടും വൈദ്യുതികൊണ്ടും കര്‍ഷക സമൃദ്ധികൊണ്ടും ലോകത്തെ ഏത് റോഡുമായും കിടപിടിക്കാവുന്ന നല്ല റോഡുകള്‍കൊണ്ടും സമ്പന്നമാണ്. ഈ നാട്ടില്‍ പകര്‍ച്ചവ്യാധിയോ അഴിമതിയോ ഇല്ല- എന്നൊക്കെയാണ് പ്രചരിക്കപ്പെട്ടത്.

അതേസമയം, കോണ്‍ഗ്രസ് പ്രചാരണമാകട്ടെ, ഈ മിത്തിന്റെ നിര്‍മിതിയെ വെല്ലുവിളിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. സ്ഥിതിവിവരക്കണക്കുകൊണ്ട് കളിച്ച് ഗുജറാത്ത് വികസനമാതൃകയെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചരിത്രം ആ വാദങ്ങളുടെ വിശ്വാസ്യത പൊളിച്ചടുക്കി. മാത്രമല്ല, പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, ഭരണഘടനാദത്തമായ അവകാശങ്ങളുടെ തുടര്‍ച്ചയായ വിദ്യാഭ്യാസ അവകാശനിയമം, അറിയാനുള്ള അവകാശനിയമം, ഗ്രാമീണ തൊഴിലുറപ്പു നിയമം, ആദിവാസികളുടെ വനാവകാശനിയമം തുടങ്ങിയ വിഷയങ്ങളില്‍ ആശയവിനിമയം നടത്താനുമായില്ല. ഇടതുപക്ഷ പാര്‍ടികളുടെ സ്വാധീനത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരാണ് ഈ വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിച്ചത്. ഈ നിയമനിര്‍മാണങ്ങളുടെ നിര്‍വഹണച്ചുമതല രണ്ടാം യുപിഎ സര്‍ക്കാരിനുമുണ്ടായിരുന്നു. ഈ നടപടികളുടെ ഖ്യാതി&ാറമവെ;ഇടതുപക്ഷത്തിന് നല്‍കാന്‍ വൈമുഖ്യമുള്ള കോണ്‍ഗ്രസിന്  അതുപക്ഷേ സ്വന്തമായി അവകാശപ്പെടാമായിരുന്നു. ഇടതുപക്ഷ പാര്‍ടികളുടെ നിര്‍ബന്ധബുദ്ധി ഇല്ലായിരുന്നെങ്കില്‍ ഇത്തരം നിയമങ്ങള്‍ വെളിച്ചം കാണില്ലായിരുന്നുവെന്ന സത്യമാണ് ഇതില്‍നിന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയ്ക്കും&ാറമവെ;ഈ തെരഞ്ഞെടുപ്പ് വഴിവയ്ക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിന് ഒഴുക്കിയ പണം ഇന്ത്യന്‍ ചരിത്രത്തിലെങ്ങുമില്ലാത്തത്ര അളവിലായിരുന്നു. ബിജെപി പ്രചാരണത്തെ ഇവന്റ് മാനേജ്മെന്റ് പരിപാടികളുടെ തലത്തിലേക്ക് എത്തിച്ചതിനു പിന്നില്‍ ഈ പണമായിരുന്നു. ഇത്തരം ധനാഗമ മാര്‍ഗങ്ങള്‍ നൈതികതയില്ലാത്ത മറ്റു വഴികളിലും പ്രയോഗിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമെറിയുന്ന രീതി മറ്റു പാര്‍ടികളും അവലംബിച്ചു. ഇതുവരെയില്ലാത്തവിധം വന്‍ കറന്‍സിശേഖരവും മദ്യവും മറ്റുമാണ് തെരഞ്ഞെടുപ്പു കമീഷന്‍ തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് പിടിച്ചെടുത്തത്.

ഇതുകൂടാതെ, രാഷ്ട്രീയപ്രചാരണായുധമായി ഭീകരതയും ഭീഷണിയും വ്യാപകമായി പ്രയോഗിക്കപ്പെട്ടത് പശ്ചിമ ബംഗാള്‍പോലുള്ള സംസ്ഥാനങ്ങളില്‍ കണ്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ഇടതുപക്ഷ പാര്‍ടികളെ ലക്ഷ്യമിട്ടുള്ള അതിക്രമവും ബൂത്തുപിടിത്തവും മറ്റും നടന്നത്. തെരഞ്ഞെടുപ്പു കമീഷന് നിരവധി പരാതികള്‍ നല്‍കിയിട്ടും അക്രമങ്ങള്‍ക്കും മറ്റും ഒരറുതിയും ഉണ്ടായില്ല. വിലക്കയറ്റം സൃഷ്ടിച്ച സാമ്പത്തിക ദുരിതങ്ങള്‍ക്കും,&ാറമവെ;വന്‍കിട അഴിമതികള്‍ക്കുമെതിരെ വന്‍ ജനമുന്നേറ്റമുണ്ടായിട്ടും അതൊന്നും തെരഞ്ഞെടുപ്പു നേട്ടമായി മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇടതുപക്ഷം ത്രിപുരയില്‍ വന്‍ വിജയം നേടി സീറ്റുകള്‍ നിലനിര്‍ത്തുമ്പോഴും കേരളത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും,&ാറമവെ;ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും അവ മറികടക്കുകയും ചെയ്യേണ്ടതിലേക്കാണ് ഈ തെരഞ്ഞെടുപ്പ് വിരല്‍ചൂണ്ടുന്നത്.

*
സീതാറാം യെച്ചൂരി ദേശാഭിമാനി

മന്‍മോഹന്റെ അനുഭവം ഉമ്മന്‍ചാണ്ടിക്കും ബാധകം

നവലിബറല്‍ നയങ്ങള്‍ പത്തുകൊല്ലം ആവേശത്തോടെ നടപ്പാക്കിയതിന്റെ ഫലമാണ് യുപിഎ ഭരണത്തിന്റെ താരതമ്യമില്ലാത്ത തകര്‍ച്ച. അതേയുപിഎയുടെ കേരളപ്പതിപ്പായ യുഡിഎഫ് സര്‍ക്കാര്‍ ആ തകര്‍ച്ചയുടെ കാരണങ്ങള്‍ കാണുന്നതേയില്ല. രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കാനായത് ഉമ്മന്‍ചാണ്ടിയില്‍ ആശ്വാസമല്ല, ജനവിരുദ്ധനയങ്ങളില്‍ മുറുകെപ്പിടിക്കാനുള്ള ആക്രാന്തമാണ് സൃഷ്ടിക്കുന്നത്. നയങ്ങളുടെ മാഹാത്മ്യംകൊണ്ടല്ല, നെറികെട്ട രാഷ്ട്രീയദുരാചാരങ്ങളുടെ ബലത്തിലാണ് തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് പിടിച്ചുനില്‍ക്കാനായത് എന്ന യാഥാര്‍ഥ്യം മറന്ന്, ജനങ്ങളെ വെല്ലുവിളിക്കാനാണ് ഉമ്മന്‍ചാണ്ടി മുതിരുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും കുടിവെള്ളവും ഉള്‍പ്പെടെ സര്‍ക്കാര്‍സേവനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അതിന് തെളിവാണ്.

പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ബാധ്യസ്ഥമായ 22 വകുപ്പുകളുടെ പ്രവര്‍ത്തനം സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും വില ഈടാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബസ്ചാര്‍ജ് വര്‍ധനയും വൈദ്യുതി താരിഫ് വര്‍ധനയുമെല്ലാം ജനങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കെയാണ്, സര്‍ക്കാരിനെത്തന്നെ കച്ചവടസ്ഥാപനമാക്കി മാറ്റുന്ന പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നത്. കുടിവെള്ളത്തിന് വില കുതിച്ചുയരുന്നതും നാടാകെ ടോള്‍ പിരിവുബൂത്തുകള്‍ സ്ഥാപിക്കുന്നതുമാണ് ഈ നയം. വിഷന്‍ 676ന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പുതിയ പ്രഖ്യാപനങ്ങളാകെ ഇതിന്റെ ചുവടുപിടിച്ചാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനും നദികളും പുഴകളും കുത്തകകള്‍ക്ക് തീറെഴുതാനും കേരളത്തിലും നീക്കം തുടങ്ങിയത് ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രി ആയപ്പോഴാണ്. ആ നീക്കം വിജയിച്ചില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അക്കാര്യവും ഉറപ്പിക്കുകയാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അകമ്പടിയോടെയാണ് എമെര്‍ജിങ് കേരള- 2012 അവസാനിച്ചത്്. കുടിവെള്ളം വില്‍ക്കാന്‍ കമ്പനി രൂപീകരിച്ച് 26 ശതമാനം ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയശേഷം ബാക്കി സ്വകാര്യവ്യക്തികള്‍ക്കോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ രണ്ടിനുംകൂടിയോ നല്‍കുന്ന മാതൃകയാണിത്. ഇപ്പോള്‍ കുടിവെള്ളവിതരണത്തിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. സ്വകാര്യകമ്പനി വന്നാല്‍ നഷ്ടംസഹിച്ച് താഴ്ന്നവിലയ്ക്ക് കുടിവെള്ളം നല്‍കാനാകില്ല. കുടിവെള്ളചാര്‍ജ് കുത്തനെ ഉയര്‍ത്തും. ""വെള്ളത്തിന്റെ വില താഴ്ന്നതുകൊണ്ടാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്; വില ഗണ്യമായി ഉയര്‍ത്തിയാല്‍ ആവശ്യത്തിനേ ചെലവാക്കൂ; പാവപ്പെട്ടവര്‍ ആവശ്യം ചുരുക്കി വരുമാനത്തിനുള്ളില്‍നിന്ന് ജീവിക്കാന്‍ പഠിക്കും."" എന്ന മന്‍മോഹന്‍ നയമാണ് നടപ്പാക്കുന്നത്.

സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ട്രെയിന്‍യാത്രയും ബസ്യാത്രയുമൊന്നും ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്നതല്ല. നിത്യജീവിതത്തിന്റെ ഭാഗമാണ്. ബസില്‍ സഞ്ചരിക്കുന്ന ഭൂരിപക്ഷം യാത്രക്കാരും സാധാരണക്കാരാണ്. അവരുടെ യാത്രാസൗകര്യം നിഷേധിക്കുന്നതും വെട്ടിച്ചുരുക്കുന്നതും ജനദ്രോഹമാണ്. കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്സിഡി നിഷേധിച്ച് മന്‍മോഹന്‍സര്‍ക്കാര്‍ കടുത്ത ജനദ്രോഹമാണ് ചെയ്തത്. ആ സ്ഥാപനത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ചെറുവിരലനക്കംപോലും നടത്താതെ, യാത്രക്കാരില്‍ ഭാരം കയറ്റിവച്ച് സ്വന്തം കടമയില്‍നിന്ന് മാറിനില്‍ക്കുകയാണ് സര്‍ക്കാര്‍.

വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യകണക്ഷനുകളും നിര്‍ത്തി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ആ ലക്ഷ്യം കൈവരിച്ചത്. ഉപയോക്താക്കളുടെ വര്‍ധനയ്ക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. വിരമിക്കുന്നവര്‍ക്കുപകരം നിയമനവും നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധനസാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാംചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. അങ്ങനെ കഴിവുകേട് തെളിയിച്ച് നില്‍ക്കുമ്പോഴാണ് അമിതമായ ചാര്‍ജ്വര്‍ധന കൊണ്ടുവരുന്നത്. ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചിന്‍- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി തുടങ്ങി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു പദ്ധതിയും മുന്നോട്ടുനീങ്ങിയിട്ടില്ല. ഇടയ്ക്കിടെ മന്ത്രിപ്പട ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട് പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍, ഒന്നും പ്രാവര്‍ത്തികമായില്ല.

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ഉണ്ടായില്ല. കേരളത്തില്‍ കേന്ദ്രത്തിന്റെ വികസനപദ്ധതികള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ എ കെ ആന്റണിതന്നെ പരസ്യമായി പ്രഖ്യാപിച്ച അനുഭവമുണ്ട്. ഇനി കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തില്‍നിന്ന് പോയ എട്ട് കേന്ദ്രമന്ത്രിമാര്‍ അധികാരമൊഴിഞ്ഞ് തിരിച്ചെത്തി. കോണ്‍ഗ്രസ് രാജ്യവ്യാപകമായി തകര്‍ന്നു. എന്നിട്ടും ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ കാണാതെ ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഉമ്മന്‍ചാണ്ടിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത് എന്നത് ആശ്ചര്യംതന്നെ. എക്കാലത്തും വോട്ടുബാങ്കുകളുടെ ബലത്തില്‍ രക്ഷപ്പെടാമെന്ന അഹങ്കാരമെന്നല്ലാതെ ഇതിനെ മറ്റൊരു പേര് വിളിക്കാനാകില്ല. കേരളത്തിലെ ജനങ്ങള്‍ എന്തും സഹിക്കുന്നവരാണെന്ന തെറ്റായ ബോധമാണ് ഇതിനുപിന്നില്‍. യുപിഎ സര്‍ക്കാരിന് അത്തരം തെറ്റുകള്‍ ബോധ്യപ്പെടാന്‍ സഹതാപാര്‍ഹമായ അനുഭവം ഏറ്റുവാങ്ങേണ്ടിവന്നുവെങ്കില്‍, അതേവിധിതന്നെയാണ് യുഡിഎഫിനെയും കാത്തിരിക്കുന്നത് എന്നതില്‍ തെല്ലും സംശയം വേണ്ട. ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്മാറുക; അല്ലെങ്കില്‍ ജനരോഷം ഏറ്റുവാങ്ങുക എന്ന മാര്‍ഗമേ ഉമ്മന്‍ചാണ്ടിക്കുമുന്നിലുള്ളൂ.
*
ദേശാഭിമാനി മുഖപ്രസംഗം 21-05-2014

Thursday, May 15, 2014

ബ്ലേഡിന്റെ സാമ്പത്തികശാസ്ത്രം

ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ദുര്‍ബലങ്ങളായ സര്‍ക്കാര്‍ നടപടികളും പുരോഗമിക്കുന്നു. തലസ്ഥാനത്ത് അഞ്ചംഗ കുടുംബത്തിന്റെ അതിദാരുണമായ അന്ത്യത്തിലേക്കു നയിച്ച ബ്ലേഡ് മാഫിയയുടെ അതിക്രമങ്ങളെ കടുത്ത ഭാഷയില്‍ അപലപിക്കണം. അവര്‍ക്ക് ഒത്താശ ചെയ്യുന്ന പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും നിശിതമായി വിമര്‍ശിക്കണം. അപ്പോഴും ചില അടിസ്ഥാന പ്രശ്നങ്ങള്‍ അവശേഷിക്കുന്നു.

അഞ്ചരക്കോടി രൂപയുടെ കടബാധ്യത മരിച്ച കുടുംബം വരുത്തിവച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദൈനംദിന വീട്ടാവശ്യങ്ങള്‍ക്കായല്ല അഞ്ചരക്കോടിയുടെ കടബാധ്യത ഉണ്ടായത്. ഓഹരി വിപണിയിലെ ചൂതാട്ടം നല്‍കിയേക്കാവുന്ന അധികവരുമാനമാണ് അത്ര ഉയര്‍ന്ന ബാധ്യത ഏറ്റെടുക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത്, അതിലും ഉയര്‍ന്ന ലാഭം ഓഹരി വിപണിയില്‍നിന്ന് ലഭിക്കുമെന്ന കണക്കുകൂട്ടല്‍ പിഴച്ചതാണ് കാര്യങ്ങളാകെ തകിടംമറിച്ചത്. ഊഹക്കച്ചവടത്തിന്റെ ഭ്രമാത്മകത കേരളീയ സമൂഹത്തിന് അന്യമായിരുന്നു 1991 വരെ. 1991 മുതല്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ ഉല്‍പ്പന്നമാണിത്.

പണമില്ലായ്മയല്ല കേരളത്തിന്റെ പ്രശ്നം. ബാങ്കുകളിലെ നിക്ഷേപം നല്‍കുന്ന സൂചന അതാണ്. 2000ത്തില്‍ മൊത്തം ബാങ്ക് നിക്ഷേപം 38,619 കോടി രൂപയായിരുന്നു. 2013 ജൂണിലെ കണക്കനുസരിച്ച് അത് 2,39,213 കോടിയായി വളര്‍ന്നു. 520 ശതമാനം വളര്‍ച്ച. പ്രവാസി നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനമാണ്. സഹകരണ മേഖലയിലെ നിക്ഷേപം ഇതിനു പുറമെ. പക്ഷേ, ഈ നിക്ഷേപം ഉല്‍പ്പാദനമേഖലയിലേക്ക് വഴിതിരിച്ചുവിടുന്നില്ല. കാര്‍ഷിക-വ്യവസായ നിക്ഷേപം ഇടിയുകയാണ്. സര്‍ക്കാരിന്റെ മൂലധന നിക്ഷേപവും ഇടിയുന്നു. ഉദാഹരണമായി, 2010-11ല്‍ കൃഷിക്കും അനുബന്ധ സേവനങ്ങള്‍ക്കും നടത്തിയ മൂലധന നിക്ഷേപം 339 കോടി രൂപയായിരുന്നു. 2012-13ല്‍ അത് 192 കോടിയായി ഇടിഞ്ഞു. വ്യവസായം, തൊഴില്‍ മേഖലയിലെ നിക്ഷേപം 364 കോടിയില്‍നിന്ന് 274 കോടി രൂപയിലേക്ക് കുറഞ്ഞു. വര്‍ധിച്ച മൂലധന നിക്ഷേപത്തിന്റെ അഭാവത്തില്‍ സ്തംഭനാവസ്ഥയില്‍ തുടരുന്ന കാര്‍ഷിക-വ്യവസായരംഗം, ലാഭക്കൊതിയന്മാരെ ആകര്‍ഷിക്കാതായി. വരുമാനവര്‍ധന നല്‍കുന്ന മറ്റു മാര്‍ഗങ്ങളായി അവര്‍ക്ക് പഥ്യം. മെയ്യനങ്ങാതെ, അധിക വരുമാനം നല്‍കുന്ന ഊഹക്കച്ചവടവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും അവര്‍ക്ക് അഭികാമ്യമായി. നവഉദാരവല്‍ക്കരണം അടിസ്ഥാനവും പ്രേരണയുമായി. ധന (ഓഹരി) മൂലധനത്തിന്റെ സ്വതന്ത്രവിന്യാസത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയാണല്ലോ നവഉദാരവല്‍ക്കരണത്തിന്റെ കാതല്‍.

വന്‍കിട ഓഹരി ഇടപാടുകാര്‍ ബാങ്കുവായ്പ ഉപയോഗിച്ച് ഓഹരിചൂതാട്ടം നടത്തുന്ന ദുരൂഹമേഖലയിലേക്ക്, ചൂതാട്ടത്തിന്റെ ബാലപാഠങ്ങളറിയാത്ത ഒരു കുടുംബം നടന്നുകയറുകയായിരുന്നു. അതിനവര്‍ സ്വീകരിച്ച മാര്‍ഗമോ? ബ്ലേഡു മാഫിയക്കുമുമ്പില്‍ സ്വയം ബലിയാടാവുകയും. പലിശയ്ക്ക് പണം കടംകൊടുക്കല്‍, ഭൂമിയുടെ ആവര്‍ത്തിച്ചുള്ള കൈമാറ്റം, മണലൂറ്റ്, പാറഖനം, കായലുകളുടെയും നദികളുടെയും വനങ്ങളുടെയും കൈയേറ്റം തുടങ്ങിയവ ലാഭസാധ്യതകളാക്കി വികസിപ്പിച്ച വലിയൊരു വിഭാഗം, മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ ഭീഷണിയുയര്‍ത്തി വളരുകയാണ്. സര്‍ക്കാരിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ഇടനിലക്കാരുടെ ഒരു പുതുസമൂഹത്തെ എല്ലാ പ്രദേശങ്ങളിലും സൃഷ്ടിച്ചു. സാധാരണക്കാരായ ജനങ്ങള്‍ പലിശനിരക്കും നിബന്ധനകളും അവഗണിച്ചുപോലും വായ്പ വാങ്ങുന്നത് മുഖ്യമായും മൂന്നു കാര്യങ്ങള്‍ക്കാണ്. പെണ്‍മക്കളുടെ വിവാഹം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, ഗുരുതരമായ രോഗങ്ങളുടെ ചികിത്സ. ഒഴിവാക്കാനാവാത്തവയാണ് ആ ചെലവുകള്‍. ആവശ്യത്തിന്റെ സമ്മര്‍ദം, മറ്റു സ്രോതസ്സുകളുടെ അഭാവത്തില്‍, ആവശ്യക്കാരനെ ബ്ലേഡ് വായ്പക്കാരുടെ അരികില്‍ എത്തിക്കുന്നു.

ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലല്ല വായ്പ നിക്ഷേപിക്കപ്പെടുന്നത്. സ്വാഭാവികമായും തിരിച്ചടയ്ക്കാനുള്ള ശേഷി ആര്‍ജിക്കുന്നില്ല. മുതലും പലിശയും പലിശയ്ക്കുമേല്‍ പലിശയും ചേര്‍ത്ത് വലിയൊരു ബാധ്യത ഏറ്റെടുക്കേണ്ട സ്ഥിതി സംജാതമാകുന്നു. ആത്മഹത്യയോ വീടും പറമ്പും വിറ്റ് ഒളിച്ചോട്ടമോ ആണ് ഫലം. പൊലീസിനെ ഉപയോഗിച്ച് കൊള്ളപ്പലിശക്കാരെ ജയിലിലടയ്ക്കുന്നതു കൊണ്ടുമാത്രം പ്രശ്നപരിഹാരമാകുന്നില്ല. ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ഉദാരമായ തിരിച്ചടവു വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാകണം. ഒപ്പം വിവാഹച്ചെലവുകളും കുറയ്ക്കാനാകണം. സര്‍ക്കാരിന്റെ ഇടപെടല്‍ ഇവിടെ അനിവാര്യമാകുന്നു.

രാജ്യത്ത് വായ്പയുടെ പ്രധാന സ്രോതസ്സാണ് വാണിജ്യ ബാങ്കുകള്‍. സുവികസിതമായ ഒരു ബാങ്കിങ് ശൃംഖല കേരളത്തിലുണ്ട്. ഏതെങ്കിലും വാണിജ്യ ബാങ്കുകളുടെ ശാഖകളില്ലാത്ത പ്രദേശങ്ങള്‍ ചുരുങ്ങും. ദൗര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് ബാലികേറാമലയാണ്. ഇടപാടുകളിലെ നടപടിക്രമങ്ങളും ബാങ്കുകളുടെ പൊതുസമീപനവും സാധാരണക്കാരെ പിന്തിരിപ്പിക്കുന്നു. ജനങ്ങളുടെ പണം കൈകാര്യംചെയ്യുന്ന ബാങ്കുകള്‍ക്ക് ജനങ്ങളോടു പ്രതിബദ്ധതയില്ല. വല്ലപ്പോഴും തുന്നല്‍ യന്ത്രങ്ങളോ വികലാംഗര്‍ക്ക് മുച്ചക്രവാഹനങ്ങളോ ദാനം ചെയ്യുന്നതില്‍ ഒതുങ്ങുന്നു വാണിജ്യബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത. വന്‍ ലാഭമാണ് അവ വാരിക്കൂട്ടുന്നത്. 2013 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കനറ ബാങ്ക് മൊത്തം 5890 കോടി രൂപ ലാഭമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക് 7467 കോടിയും. ഇവ ചില ഉദാഹരണങ്ങള്‍ മാത്രം. ലാഭത്തിന്റെ ചെറിയൊരു ശതമാനം ഉപയോഗപ്പെടുത്തിയാല്‍ കുറഞ്ഞ പലിശനിരക്കില്‍ സാധാരണക്കാര്‍ക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കാനാവും. അതിനവര്‍ക്ക് താല്‍പ്പര്യമില്ല. മറിച്ച്, വന്‍കിടകാര്‍ക്ക് നിര്‍ലോപം വായ്പ നല്‍കുന്നു. കോര്‍പറേറ്റ് മേഖല വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുന്നു. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു. അവസാനം വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നു. ഈ പ്രക്രിയ രാജ്യത്ത് നിരന്തരം നടക്കുന്നു.

കിട്ടാക്കടം എഴുതിത്തള്ളുമ്പോഴുള്ള നഷ്ടം നികത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ 2013-14ല്‍ 90,000 കോടി രൂപയാണ് നീക്കിവച്ചത്. 2013 സെപ്തംബര്‍വരെയുള്ള കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2,36,000 കോടി രൂപയാണ്. എത്ര ഭീമമായ സംഖ്യയാണ് കിട്ടാക്കടമായി അവശേഷിക്കുന്നത് എന്നു മനസിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ആകെ ചെലവുമായി താരതമ്യപ്പെടുത്തിയാല്‍ മതി. 2013-14 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം ചെലവ് കേവലം 68,264 കോടി രൂപയാണ്. അനുദിനം വര്‍ധിക്കുന്ന സ്വര്‍ണവിലയും സ്ത്രീധനത്തിന്റെ നീരാളിപ്പിടിത്തവും വിവാഹം രക്ഷാകര്‍ത്താക്കള്‍ക്കുമേല്‍ ദുര്‍വഹമായ ഭാരമേല്‍പ്പിക്കുന്നു.

സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതു വളരെ ദുര്‍ബലമാണ്; നടപ്പാക്കപ്പെടുന്നുമില്ല. സംസ്ഥാനത്തെ മൂന്നുകേന്ദ്രങ്ങളില്‍ ഡൗറി പ്രിവന്‍ഷന്‍ ഓഫീസര്‍മാരുണ്ട്. വിവാഹസമ്മാനം എന്ന നിലയ്ക്ക് പെണ്‍മക്കളെ സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുമ്പോള്‍, സ്ത്രീധന നിരോധന നിയമം ബാധകമാകുന്നില്ല. വിവാഹത്തോടനുബന്ധിച്ച് നല്‍കുന്ന സ്വര്‍ണാഭരണങ്ങളും വസ്തുവകകളും സ്ത്രീധനമായി കണക്കാക്കുകയും ഡൗറി പ്രിവന്‍ഷന്‍ ഓഫീസര്‍ക്ക് സ്വയമേവ കേസെടുക്കാന്‍ അധികാരം നല്‍കുകയും ചെയ്താല്‍ വലിയൊരു പരിധിവരെ വിവാഹച്ചെലവുകള്‍ ലഘൂകരിക്കാന്‍ കഴിയും. പക്ഷേ, അതിന് സ്വര്‍ണാഭരണ വ്യാപാരികളുടെ സമ്മര്‍ദം അതിജീവിക്കാന്‍ സര്‍ക്കാരിനു കഴിയണം. സമൂഹത്തിന്റെ പൊതുബോധത്തില്‍ മാറ്റമുണ്ടാവുകയാണ് ശാശ്വത പരിഹാരം.

രോഗചികിത്സയും വിദ്യാഭ്യാസവും താങ്ങാനാവാത്ത ഭാരമാണ് ജനങ്ങളില്‍ ഏല്‍പ്പിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും സ്വകാര്യമേഖല ആ രംഗങ്ങളില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും സാധാരണക്കാര്‍ക്ക് അപ്രാപ്യമായത്. അതായത്, ബ്ലേഡ് മാഫിയയുടെ മുന്നിലേക്ക് സാധാരണക്കാരെ എറിഞ്ഞുകൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ പ്രതിബദ്ധതയോടെ പിന്തുടരുന്ന നവഉദാരവല്‍ക്കരണ നയങ്ങളാണെന്നര്‍ഥം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Wednesday, April 23, 2014

താക്കോല്‍ വേണ്ടാത്ത വാതിലുകള്‍

സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ ഏറ്റവുംവലിയ ശക്തി, അതിനെ ഭയപ്പെടുന്നവരെക്കൂടി അനുകര്‍ത്താക്കളാക്കി മാറ്റാന്‍ കഴിയുന്നുവെന്നതാണെന്ന്പറഞ്ഞത് അഡോള്‍ഫ് ഹിറ്റ്ലറാണ്. അത്ഭുതം, ഭീകരത, അട്ടിമറി, നരഹത്യ തുടങ്ങിയവയിലൂടെ ശത്രുവിനെ ഉള്ളില്‍നിന്നുതന്നെ നിര്‍വീര്യമാക്കുക. ഭാവിയുടെ യുദ്ധം അതാണെന്നും അയാള്‍ ആവര്‍ത്തിച്ചു. തീരുമാനമെടുക്കുംമുമ്പ് പതിനായിരം വട്ടം ആലോചിക്കുക. തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പതിനായിരം പ്രതിബന്ധങ്ങള്‍ ഉയര്‍ന്നാലും പിന്തിരിയരുതെന്നും ഹിറ്റ്ലര്‍ വിശദീകരിക്കുകയുണ്ടായി. അനിഷ്ടത്തേക്കാള്‍ നിലനില്‍ക്കുന്നതാണ് വിദ്വേഷമെന്നും സത്യമല്ല, വിജയമാണ് പ്രധാനമെന്നും അയാള്‍ വിശദീകരിച്ചു. നരേന്ദ്രമോഡിയും സമാനമായ കുറേ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. പ്രസംഗങ്ങളിലൂടെയും മാധ്യമ വാര്‍ത്തകളിലൂടെയും മാത്രമല്ല അവ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ പുറത്തിറക്കിയ ഒരു പുസ്തകവും ഇതേ ദൗത്യമാണ് നിര്‍വഹിച്ചത്.

ബ്രിട്ടീഷ് എഴുത്തുകാരനും ടെലിവിഷന്‍ നിര്‍മാതാവുമായ ആന്‍ഡി മറിനോ രചിച്ച "നരേന്ദ്രമോഡി- എ പൊളിറ്റിക്കല്‍ ബയോഗ്രഫി"യാണ് മറ്റൊരു പ്രചാരണോപാധിയായതും. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ തനിക്ക് ദുഃഖമുണ്ടെങ്കിലും കുറ്റബോധമില്ലെന്നാണ് മറിനോയോട് മോഡി തുറന്നടിച്ചതത്രെ. മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധനായതായും ആ പുസ്തകം അവകാശപ്പെടുന്നു. കൂട്ടക്കൊലക്ക് ഒരു മാസത്തിനുശേഷം 2002 ഏപ്രില്‍ 12ന് പനാജിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയിലായിരുന്നു മോഡിയുടെ ആഗ്രഹപ്രകടനം. എന്നാല്‍ ""പാര്‍ടിയും ഗുജറാത്തിലെ ജനങ്ങളും എന്നെ ഒഴിവാക്കാന്‍ ഒരുക്കമായിരുന്നില്ല. അതുപോലെ പാര്‍ടി അച്ചടക്കത്തിനെതിരെ നിലകൊള്ളാന്‍ തയ്യാറായതുമില്ല ഞാന്‍..."" എന്ന വിശദീകരണങ്ങള്‍ ജനത/രാഷ്ട്രം/പാര്‍ടി തുടങ്ങിയ അതിവൈകാരികതകളിലേക്കാണ് ചേക്കേറിയത്. എന്നാല്‍ ഇരകളെ ഈ ഭ്രമണപഥത്തിന് പുറത്തേക്ക് തെറിപ്പിക്കുകയുമായിരുന്നു. ഐസക് ന്യൂട്ടന്റെ ചലന നിയമം കൂട്ടുപിടിച്ച് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനമുണ്ടെന്ന് വ്യാഖ്യാനിച്ച് വംശഹത്യയെ ന്യായീകരിച്ച മോഡിയാണ് ജീവചരിത്രകാരനോട് കുറ്റവിമുക്തിയുടെ വാക്കുകള്‍ പങ്കുവച്ചതെന്നോര്‍ക്കണം.

കൂട്ടക്കുഴപ്പ പരമ്പരകള്‍ അമര്‍ച്ചചെയ്യാന്‍ ഗുജറാത്തിനോട് തൊട്ടുരുമ്മിനില്‍ക്കുന്ന മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് മോഡി പൊലീസ് സഹായം തേടിയതായും ആന്‍ഡി മറിനോ എഴുതി. അശോക് ഘെലോട്ട് (രാജസ്ഥാന്‍), വിലാസ റാവു ദേശ്മുഖ് (മഹാരാഷ്ട്ര), ദിഗ്വിജയ് സിങ് (മധ്യപ്രദേശ്) എന്നിവരോടായിരുന്നത്രെ ആ അഭ്യര്‍ഥന. അവിടങ്ങളില്‍നിന്നെല്ലാം പത്ത് കമ്പനി സായുധ പൊലീസിനെയാണ് ആവശ്യപ്പെട്ടതും. രാജസ്ഥാനില്‍നിന്നും മധ്യപ്രദേശില്‍നിന്നും പ്രതികരണമേ ഉണ്ടായില്ല. മഹാരാഷ്ട്ര പേരിന് മാത്രം സേനയെ അയച്ചുവെന്ന ജീവചരിത്രകാരന്റെ വാദഗതികള്‍ അര്‍ഥമാക്കുന്നത് കലാപം അമര്‍ച്ചചെയ്യാന്‍ മോഡി ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നാണ്. അയല്‍ സംസ്ഥാനങ്ങള്‍ പിന്തുണച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് സമാധാനപൂര്‍ണമാവുമായിരുന്നെന്നും കഥയെഴുതുകയാണ് മറിനോ. ഒരു വ്യാഴവട്ടത്തിനുശേഷവും ചോരയൊലിപ്പിക്കുന്ന വംശഹത്യയെക്കുറിച്ചും ഹെലിക്കോപ്റ്ററുകളില്‍ മോഡിക്കൊപ്പം സഞ്ചരിച്ച ജീവചരിത്രകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. വളരെ ആധികാരികമായ സഹിഷ്ണുത നിറഞ്ഞ നേതൃരൂപമായിട്ടാണ് അദ്ദേഹം മോഡിയെ വരച്ചുവച്ചതും.

കോടതികളുടെയും മാധ്യമങ്ങളുടെയും പങ്കിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും അദ്ദേഹം സൗമ്യനായിനിന്നു. ""മാധ്യമങ്ങള്‍ അവയുടെ പണിയെടുക്കട്ടെ, ഞാന്‍ ഏറ്റുമുട്ടാനില്ല"" എന്ന മട്ടിലായിരുന്നു തുടക്കം. എല്ലാ കോടതികളും തനിക്ക് ക്ലീന്‍ചിറ്റാണ് നല്‍കിയതെന്നും തുടര്‍ന്നു. വികസനം തന്നെ സംബന്ധിച്ചൊരു ജനകീയ പ്രസ്ഥാനമാണെന്ന് പ്രതികരിച്ച മോഡി, പാശ്ചാത്യവല്‍ക്കരണമില്ലാത്ത ആധുനികതയെന്ന വ്യാമോഹവും തുറന്നുവച്ചു. അത്യാധുനികതയെ പുണരുമ്പോഴും ഇന്ത്യന്‍ പാരമ്പര്യത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍ എന്ന് സൂചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമങ്ങളുടെ മികച്ച പിന്തുണയ്ക്കൊപ്പം പുസ്തകങ്ങളുടെ പൂമഴയും ഫാസിസ്റ്റ് നേതൃത്വങ്ങളുടെ രക്ഷാകവചമായി മാറാറുണ്ട്. തൊള്ളായിരത്തി മുപ്പതുകള്‍ തൊട്ടുള്ള ജര്‍മന്‍ചരിത്രം അതിന്റെ മികച്ച ഉദാഹരണവുമാണ്. ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട ഭരണാധികാരികളില്‍ ഒരാളാണ് ഹിറ്റ്ലര്‍. നൂറിലധികം ജീവചരിത്രങ്ങള്‍ അയാളെക്കുറിച്ചുണ്ട്. ഓഗസ്റ്റ് ക്യൂബിസെക്, ജോസഫ് ഗീബല്‍സ്, ഹെര്‍മന്‍ ഗോറിങ്, വൊന്‍ പാപെന്‍, യോ വാഹിം ഡിഫെസ്റ്റ് തുടങ്ങിയവരുടെ കൃതികള്‍ പ്രധാനം. രണ്ടായിരത്തിലധികം പേജുകളില്‍ പരന്നുകിടക്കുന്ന ജീവചരിത്രങ്ങളുമുണ്ട്.

ഹിറ്റ്ലര്‍ പ്രതിഭാസത്തിന് ക്ഷമാപണം തീര്‍ത്തുകൊണ്ടുള്ള നിലയിലെഴുതിയവയാണ് ഏറെയും. അയാളെ മഹാനായി വാഴ്ത്തുന്നവയും ധാരാളം. ഡേവിഡ് നിക്കോള്‍സിന്റെ "അഡോള്‍ഫ് ഹിറ്റ്ലര്‍ എ ബയോഗ്രഫിക്കല്‍ കംപാനിയന്‍", ജെയിംസ് ക്രോസ് ഗിബ്ലിന്റെ "ദി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് അഡോള്‍ഫ് ഹിറ്റ്ലര്‍" തുടങ്ങിയവ ഓര്‍മിപ്പിക്കുംമട്ടില്‍ മോഡി പ്രകീര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്. എം വി കാമത്തും കാളിന്ദി രണ്‍ദേരിയും ചേര്‍ന്നെഴുതിയ "ദി മാന്‍ ഓഫ് ദി മോമന്റ്: നരേന്ദ്രമോഡി", കുമാര്‍ പങ്കജിന്റെ "നരേന്ദ്രമോഡി എ മാന്‍ വിത്ത് മിഷന്‍", ഡി പി സിങ്ങിന്റെ "നരേന്ദ്രമോഡി യെസ് ഹി കാന്‍", നീലാഞ്ജന്‍ മുഖോപാധ്യായയുടെ "നരേന്ദ്രമാഡി: ദി മേന്‍", ദി ടൈംസ് തുടങ്ങിയ കൃതികള്‍ ഹിറ്റ്ലര്‍ കാലത്തേക്കും സഞ്ചരിക്കുന്നവയാണ്. "ദി നമോ സ്റ്റോറി: എ പൊളിറ്റിക്കല്‍ ലൈഫ്" ഒരു സംഘം നടത്തിയ അന്വേഷണങ്ങളുടെ പുസ്തകരൂപവും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നേതൃസമസ്യകളില്‍ ഒന്നായാണ് മോഡി ഇതില്‍ വിശദീകരിക്കപ്പെടുന്നത്. പിന്തുണക്കുന്നവരെയും എതിരാളികളെയും ഒരുപോലെ അലട്ടുന്ന കണ്ടെത്തലുകളാണ് അതെന്നും പ്രസാധകര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗുജറാത്തിന്റെ ഉരുക്കുമനുഷ്യന്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ കളി മാറ്റക്കാരനായി മാറിയതാണ് പല ജീവചരിത്രങ്ങളുടെയും പ്രധാന ഊന്നല്‍. ആവേശത്തിന്റെ വൈദ്യുതിയായ മോഡിയെ യുവാക്കള്‍ രക്ഷകനായാണ് കാണുന്നതെന്നും ചിലര്‍ വാദിക്കുന്നു. ഒട്ടുമിക്ക വാതിലുകള്‍ തുറക്കുന്നത് താക്കോല്‍ ഉപയോഗിച്ചല്ലെന്നും പകരം യാചനയിലൂടെയാണെന്നും ഹിറ്റ്ലര്‍ സൂചിപ്പിക്കാറുണ്ടായിരുന്നു. മോഡിയെക്കുറിച്ചുള്ള അപദാനങ്ങള്‍ക്കും താക്കോല്‍ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് മാധ്യമങ്ങളും എഴുത്തുകാരും. ഹിറ്റ്ലര്‍/മോഡി ജീവചരിത്രങ്ങളിലെല്ലാം പൊതുവായി കടന്നുവരുന്ന ഉപശീര്‍ഷകങ്ങള്‍ വ്യക്തി/കാലം/ദൗത്യം എന്ന നിലയിലാണ്. കാലം അവരിലേല്‍പ്പിച്ച ദൗത്യമാണത്രെ ഫാസിസ്റ്റ് രാഷ്ട്രീയം. വ്യക്തിയെന്ന തരത്തില്‍ ഹിറ്റ്ലറില്‍ ദൃശ്യമായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍, വൈയക്തിക ദൗര്‍ബല്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങളും കൗതുകങ്ങളും ഏറ്റവും അനുചരരുടെ ഇടപെടലുകള്‍, പ്രചാരണ ശൃംഖലയുടെ ഗൂഢപദ്ധതികളും മാനിപ്പുലേഷനുകളും - ഇവയെല്ലാം മോഡിയിലും ഇറക്കിവയ്ക്കുന്നുമുണ്ട് ചില പഠനങ്ങള്‍. ""ജര്‍മന്‍ യുവാവേ, നീയൊരു ജര്‍മന്‍കാരനാണെന്ന് മറക്കാതിരിക്കുക, ജര്‍മനിയുടെ പെണ്‍കുട്ടീ ഒരിക്കല്‍ നീയൊരു ജര്‍മന്‍ അമ്മയാവാനുള്ളതാണെന്ന് ഓര്‍ത്തിരിക്കുക"" എന്ന വിളിച്ചുപറയലായിരുന്നു ഹിറ്റ്ലറുടെ ആദ്യകാല ചിന്തയുടെ അടിത്തറ. ""സ്കൂള്‍ അസംബ്ലിയിലും പൊതുവേദികളിലും കറുപ്പും ചുവപ്പും സ്വര്‍ണവും കലര്‍ന്ന ജര്‍മനിയുടെ നിറങ്ങള്‍ ധരിച്ച് ഞങ്ങള്‍ ഞങ്ങളെ പ്രദര്‍ശിപ്പിച്ചു. ഹെയ്ല്‍ എന്നേ അഭിവാദ്യം ചെയ്തുള്ളൂ. ഞങ്ങളുടെ ദേശീയ ഗാനമേ പാടിയുള്ളൂ. അന്ന് ഞങ്ങള്‍ വ്യക്തമായും രാഷ്ട്രീയ വിദ്യാഭ്യാസം തന്നെയാണ് നേടിയിരുന്നത്. മുതിര്‍ന്നവര്‍പോലും ഭാഷയ്ക്കപ്പുറം അസ്തിത്വമോ പോരാട്ടത്തിന്റെ ആവശ്യമോ തിരിച്ചറിയാത്ത കാലത്തായിരുന്നു ഇത്. മുന്നണിപ്പോരാളികളുടെ കൂട്ടത്തില്‍ തന്നെയായിരുന്നു ഞാന്‍. ശരിയായ ജര്‍മന്‍ ദേശീയവാദി. പതിനഞ്ച് വയസ്സാകുമ്പോഴേക്കും ഈ വഴിയില്‍ ഞാന്‍ ഏറെ മുന്നേറിയിരുന്നു. ഭരണകൂട വിപ്ലവവും ശുദ്ധ ദേശീയവാദവും തമ്മിലുള്ള അന്തരംപോലും തിരിച്ചറിയാന്‍ അന്നെനിക്കായി. ഉപാധികളില്ലാതെ എന്റെ രാജ്യം, എന്റെ ജനത എന്ന ആത്മാഭിമാനത്തിന്റെ വഴിയായിരുന്നു എന്റേത്..."" എന്നതിന്റെ ഹിന്ദി പരിഭാഷ മാധ്യമങ്ങള്‍ക്ക് കേള്‍ക്കാനേയാവുന്നില്ല. ജനസമൂഹം, അതിന്റെ ആധിപത്യം എന്നൊക്കെ പരത്തിപ്പറഞ്ഞാല്‍ ആര്‍ക്കും പാര്‍ടിയില്‍ കയറിയിറങ്ങാമെന്നും എന്തഭിപ്രായവും പറയാമെന്നുമുള്ള "അപകടം" ഹിറ്റ്ലറാണ് മോഡിയെ പഠിപ്പിച്ചത്. ഇത് പാര്‍ടിയിലെ ഐക്യവും അച്ചടക്കവും തകര്‍ക്കുമെന്ന് വിരല്‍ചൂണ്ടിയ ഹിറ്റ്ലര്‍, താന്‍ വിശ്വസിക്കുന്നതെന്തെന്നും ചെയ്യാന്‍ പോകുന്നതെന്തൊക്കെയെന്നും ആര്‍ക്കും കയറിപ്പറയാമെന്ന് വന്നാല്‍ പിന്നെ സംഘടനയുടെ കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ടാകില്ലല്ലോ എന്നും ഹിറ്റ്ലറെ അനുകരിച്ച് മോഡി പ്രവര്‍ത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ കുറ്റമേ കാണുന്നില്ല. സിനിമാതാരം രാജേഷ് ഖന്നയുടെ കടുത്ത ആരാധകനാണ് മോഡി. മാത്രമല്ല അദ്ദേഹത്തിന്റെ ഹെയര്‍സ്റ്റൈല്‍പോലും പകര്‍ത്തുകയുമുണ്ടായി. ജീവചരിത്രങ്ങളിലെ ഇത്തരം പൊടിപ്പും തൊങ്ങലും നാസി നേതാക്കളോടും മുപ്പതുകള്‍ ചേര്‍ത്തുവച്ചിരുന്നു. മക്കളേ ഇന്ത്യ സ്വന്തം ആക്കൂ! സാമ്പത്തിക - വിദേശ നയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കര്‍ഷക-തൊഴിലാളി വിരുദ്ധ സമീപനങ്ങളിലും ഇരുപാര്‍ടികളും ഒന്നിച്ചുനില്‍ക്കുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഒരേ തൂവല്‍പക്ഷികള്‍. തീര്‍ന്നില്ല, രാഷ്ട്രീയത്തെ വീണ്ടും ചില വീട്ടുകാര്യങ്ങളാക്കുന്നതിലും ഒപ്പത്തിനൊപ്പമാണ്. അടിത്തൂണ്‍ പറ്റിയവരും രോഗികളായവരും ജനരോഷം ഭയക്കുന്നവരും വെറുതെ ഒഴിഞ്ഞുപോവുകയല്ല. കുടുംബസ്വത്തുപോലെ ഭാര്യമാര്‍ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പാര്‍ലമെന്റ് സീറ്റുകള്‍ ഓഹരിവയ്ക്കുകയാണ്. രാജപരമ്പര ഭരണംപോലെ പിന്‍ഗാമികളെ തിരുകിക്കയറ്റുന്നതും മാധ്യമങ്ങള്‍ക്ക് ജനാധിപത്യംതന്നെ. കോണ്‍ഗ്രസിലെയും ബിജെപിയിലെയും രണ്ട് കുപ്രസിദ്ധ ധനമന്ത്രിമാര്‍ വംശമാഹാത്മ്യത്തിലൂടെ മക്കള്‍ക്ക് സീറ്റുകള്‍ ഒപ്പിച്ചെടുത്തു. കഴിഞ്ഞ യുപിഎ ധനമന്ത്രി പി ചിദംബരത്തിന്റെ ഹൈടെക് പുത്രന്‍ കാര്‍ത്തിക് ചിദംബരം അച്ഛന്റെ ശിവഗംഗാ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. 121 കോടി ജനസംഖ്യയുള്ള രാജ്യത്തെ 83 കോടി വോട്ടര്‍മാരും മുപ്പത്തിയഞ്ച് വയസ്സിന് താഴെയാണെന്ന ഗണിതക്കുറിപ്പ് നിരത്തിയായിരുന്നു ചിദംബരം മകന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശങ്കരപുരത്ത് ഉദ്ഘാടനം ചെയ്തതും. ബിജെപിയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയും സ്വന്തം മണ്ഡലം മകന് തീറെഴുതിക്കൊടുത്തു. ഹസാരിബാഗ് മണ്ഡലത്തില്‍ മറ്റാരും അവകാശവാദം ഉന്നയിക്കുംമുമ്പ് ജയന്ത് സിന്‍ഹ ചാടിവീഴുകയായിരുന്നു. 1998, 1999, 2009 വര്‍ഷങ്ങളില്‍ യശ്വന്തായിരുന്നു ആ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തരം ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും തെലങ്കാനയില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയും നാണംകെട്ട നിലയിലാണ് ബന്ധുരാഷ്ട്രീയം പയറ്റുന്നതെന്ന് കാണാം. തോല്‍വിഭയന്ന് ചില ആന്ധ്രാ മണ്ഡലങ്ങളില്‍ 2019 ലേക്കുപോലും സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ തെലങ്കാന മേഖലയില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പുറമെ ഭാര്യമാര്‍ക്കും ടിക്കറ്റ് നേടിയെടുക്കുകയാണ് ആ പാര്‍ടിയുടെ നേതാക്കള്‍. 119 നിയമസഭാ മണ്ഡലങ്ങളിലേക്കും 17 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ മുപ്പതിനാണ് അവിടെ തെരഞ്ഞെടുപ്പ്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പൊന്നല ലക്ഷ്മയ്യ, വര്‍ക്കിങ് പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി, ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സി ദാമോദര്‍രാജ് നരസിംഹ, മുന്‍ പിസിസി അധ്യക്ഷന്‍ ഡി ശ്രീനിവാസ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വൈസ് ചെയര്‍മാന്‍ മാരി ശശിധര്‍ റെഡ്ഡി തുടങ്ങിയവരെല്ലാം അരയും തലയും മുറുക്കി രംഗത്തെത്തിയത് ബന്ധുജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ജന്‍ഗവോണ്‍ നിയമസഭയില്‍നിന്നുള്ള എംഎല്‍എയായ ലക്ഷ്മയ്യ ഭോന്‍ഗിര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കും. അപ്പോള്‍ ഒഴിവുവരുന്ന നിയമസഭാ സീറ്റ് മകന്റെ ഭാര്യ വൈശാലിക്കായി ബുക്ക് ചെയ്യുകയുമായിരുന്നു.

ഉത്തംകുമാര്‍ റെഡ്ഡി കൊടാട് മണ്ഡലത്തില്‍ ഭാര്യ പത്മ റെഡ്ഡിക്കുവേണ്ടി ഡല്‍ഹിയിലേക്കും പറന്നുപോയി. ദാമോദര്‍രാജ് നരസിംഹയുടെ ഭാര്യ പത്മിനങ്ങളുടെ, ശങ്കറെഡ്ഡി മണ്ഡലമാണ് ഒപ്പിച്ചെടുത്തത്. മാരി ശശിധര്‍ റെഡ്ഡിയാവട്ടെ മകന്‍ ആദിത്യക്കാണ് ബെര്‍ത്ത് ശരിപ്പെടുത്തിയതും. ഇങ്ങനെ മക്കള്‍/മരുമക്കള്‍ പുരാണങ്ങളുമായി ഓടിനടന്ന നാല്‍പ്പതിലധികം നേതാക്കളുടെ ആര്‍ത്തിതെളിഞ്ഞു തെലങ്കാനയില്‍. ഇതിന്റെ ബിജെപി നാടകമാണ് മധ്യപ്രദേശില്‍ കൊഴുത്തത്. സംസ്ഥാനത്തെ 23 മന്ത്രിമാരില്‍ ഒമ്പതുപേരായിരുന്നു ഊണും ഉറക്കവുമൊഴിച്ച് കാത്തുകിടന്നത്. 2004ല്‍ ആകെയുള്ള 29ല്‍ 25 സീറ്റും നേടിയ ബിജെപി 2009ല്‍ പതിനാറിലേക്ക് താഴ്ന്നിരുന്നു. 230 അംഗ നിയമസഭയില്‍ ഇപ്പോള്‍ 165 സീറ്റുള്ള പാര്‍ടിയില്‍ ഇടപെടാന്‍ ചില നേതാക്കള്‍ ആര്‍എസ്എസ് മേധാവികളെയും ആശ്രയിച്ചു. ധനമന്ത്രി ജയന്ത് മലിയ ഭാര്യ സുധക്കുവേണ്ടി ദമോ പാര്‍ലമെന്റ് മണ്ഡലമാണ് എഴുതിയെടുത്തത്.

ഗതാഗതമന്ത്രി ഭൂപേന്ദ്ര സിങ് ഭാര്യ സരോജിന് വട്ടംവരച്ചുകൊടുത്തത് സാഗര്‍ മണ്ഡലം. അതിന് വഴിയൊരുക്കാന്‍ അദ്ദേഹം സാഗര്‍ എംപി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയുംചെയ്തു. റവന്യൂമന്ത്രി രംപല്‍ സിങ് ഭാര്യ ശശിപ്രഭക്കുവേണ്ടി ഹോഷങ്കബാദാണ് ആവശ്യപ്പെട്ടത്. കൃഷിമന്ത്രി ഗരന്‍ശങ്കര്‍ ബിസെന്‍ ഭാര്യ രേഖക്ക് വാങ്ങിക്കൊടുത്തതാകട്ടെ ബലാഘട്ട്. ഗ്വാളിയോര്‍, ഖര്‍ഗോണ്‍ ദമോ മണ്ഡലങ്ങളും ബന്ധുജന സംവരണങ്ങളാക്കി മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍. അടിയന്തരാവസ്ഥക്കാലത്തെ കരിനിയമങ്ങളിലൊന്നായ മിസ  യെ ചിലര്‍ പൂര്‍ണമാക്കിയത് "മകനേ ഇന്ത്യ സ്വന്തം ആക്കൂ" എന്നാണ്. ഇന്ദിരാഗാന്ധി മകന്‍ സഞ്ജയിനോട് പറഞ്ഞതായിരുന്നു അത്. കോണ്‍ഗ്രസിനൊപ്പം ബിജെപിയും ഇതേ നിലവാരത്തിലാണ്. മക്കളേ ഇന്ത്യ സ്വന്തം ആക്കൂ എന്ന ഭേദഗതിയുണ്ടെന്ന് മാത്രം. ആരാണ് ധനമന്ത്രി പ്രധാനമന്ത്രി ആരെന്നതിനേക്കാള്‍ കോര്‍പറേറ്റുകളും ബഹുരാഷ്ട്ര ഭീമന്മാരും വിദേശ നിക്ഷേപകരും മാധ്യമങ്ങളും ഉറ്റുനോക്കുന്ന പദവി ധനമന്ത്രിയുടേതാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികക്കൊപ്പം സാമ്പത്തിക മാനിഫെസ്റ്റോയും പുറത്തിറക്കണമെന്ന ചില കോണുകളില്‍നിന്നുള്ള നിര്‍ദേശം അതാണ് കാണിക്കുന്നതും.

നിശ്ശബ്ദത മാത്രമാണ് തെറ്റായി ഉദ്ധരിക്കപ്പെടാതിരിക്കുകയെന്ന പഴയ ധാരണയ്ക്കും ഇപ്പോള്‍ നിലനില്‍പ്പില്ല. അതിനാല്‍ ആഗ്രഹങ്ങള്‍ ആരും മറച്ചുവയ്ക്കുന്നില്ലെന്നായിരിക്കുന്നു. നീരാ റാഡിയയുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ രാഷ്ട്രീയ-മാഫിയാ - ബ്യൂറോക്രാറ്റിക് - മാധ്യമ കൂട്ടുകെട്ടുകളുടെയും സമ്പദ്വ്യവസ്ഥ തുറന്നുകാട്ടിയിട്ടും ജനാധിപത്യത്തിന്റെ നാവുകള്‍ക്ക് പക്ഷാഘാതമാണ്. സോണിയാഗാന്ധിയുടെ കാര്യം താനേറ്റുവെന്നും കോണ്‍ഗ്രസ് തന്റെ വാണിജ്യശാലയല്ലേ എന്നും വീമ്പിളക്കിയ മുകേഷ് അംബാനിയുടേത് ഒരു രോഗലക്ഷണം മാത്രമായിരുന്നു. എ രാജയെ മന്ത്രിയാക്കിയത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും പിന്നീട് തെളിഞ്ഞു. ഓരോ കോര്‍പറേറ്റ് ശൃംഖലയും തങ്ങള്‍ക്കാവശ്യമുള്ളവരെ ഓരോ മന്ത്രാലയത്തിലും കുടിയിരുത്തുകയായിരുന്നു. ജയ്പാല്‍ റെഡ്ഡിയെ മാറ്റി വീരപ്പ മൊയ്ലിയെ പെട്രോളിയം മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയെന്നത് വളരെ വ്യക്തം.

"വളര്‍ച്ചയും വികസനവും" എന്ന കൃത്രിമ അജണ്ട മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ചലനങ്ങളെല്ലാം നിയന്ത്രിക്കുന്നവര്‍ തീര്‍ച്ചയായും ധനമന്ത്രിയെപ്പറ്റിതന്നെയാവും തല പുണ്ണാക്കുക. ആ പദവി മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇപ്പോഴത്തെ ആവശ്യം സമ്മര്‍ദത്തിലേക്ക് വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇനി അതും പ്രതീക്ഷിക്കുന്നുണ്ടാവണം. ""മുഖ്യ പാചകക്കാരന്‍ ആരെന്നറിയാതെ പുതിയ റസ്റ്റോറന്റ് തുറക്കുന്നു""വെന്ന രൂപീകരണത്തിലൂടെ ചിലര്‍ അര്‍ഥമാക്കാന്‍ ശ്രമിച്ചതും വിട്ടുകളയാനാവില്ല. ബിജെപിയില്‍ ഇത് രണ്ടും ഒരാളാവും എന്ന ശുഭപ്രതീക്ഷയും എടുത്തിട്ടുണ്ട്. നരേന്ദ്രമോഡിയെയാണ് അക്കൂട്ടര്‍ ആനയിക്കുന്നത്. "ഗുജറാത്ത് മാതൃക"യിലൂടെ അദ്ദേഹം വളര്‍ച്ചയുടെയും വികസനത്തിന്റെയും പര്യായമായിരിക്കയാണത്രെ! കുപ്രസിദ്ധരായ രണ്ട് ധനമന്ത്രിമാര്‍ - പി ചിദംബരവും യശ്വന്ത് സിന്‍ഹയും മത്സരത്തില്‍നിന്ന് ഒഴിഞ്ഞുനിന്നതിനാല്‍ മറ്റുപല പേരുകളാണ് പംക്തിയെഴുത്തുകാര്‍ അടിവരയിട്ടുപോകുന്നത്. സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ പിന്തുണയും കൊളോണിയല്‍ പഠനകേന്ദ്രങ്ങളില്‍നിന്നുള്ള അഭ്യസനവും കൈമുതലാക്കിയ ചിലരെയും എഴുന്നള്ളിക്കുന്നുണ്ട്. എണ്ണിയെടുക്കാനാവാത്ത വിധം ബഹുഭാഷാ പണ്ഡിതനായ നരസിംഹറാവുവിന് ഹൃദയഭാഷ മാത്രം അറിയില്ലെന്നതുപോലെ ഇവര്‍ക്കും വേരില്ലാത്ത പാണ്ഡിത്യത്തിന്റെ, ജനാഭിമുഖ്യമില്ലാത്ത നിലപാടുകളുടെ പിന്‍ബലമേയുള്ളൂവെന്ന് സാമ്പത്തിക മാധ്യമങ്ങളും കാണുന്നില്ല. പതിനാറാം ലോക്സഭയില്‍ ധനമന്ത്രിമാരായി ബിജെപി പക്ഷത്തുനിന്ന് ഉയര്‍ത്തിക്കാട്ടുന്നവരില്‍ പ്രധാനികള്‍ രണ്ട് അരുണ്‍മാരാണ്. മുന്‍ വാണിജ്യ-വ്യാവസായിക മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മുന്‍ ടെലികോം മന്ത്രി അരുണ്‍ ഷൂറിയും. വിറ്റുതുലയ്ക്കലിന് പ്രത്യേക മന്ത്രാലയം തുറന്നയാളായിരുന്നു ഷൂറിയെന്നത് മാധ്യമങ്ങളുടെ പരിഗണനയിലേ എത്തിയില്ല. മോഡി പ്രധാനമന്ത്രിയായാല്‍ ധനവകുപ്പിന് കൂടുതല്‍ സാധ്യത ജെയ്റ്റ്ലിക്കാണെന്ന് സ്വപ്നം കാണുന്നവരുമുണ്ട്. മോഡിയുമായുള്ള പ്രവര്‍ത്തന പൊരുത്തമാണ് അതിന്റെ അടിസ്ഥാനം.

രണ്ട് അരുണ്‍മാരും ഡല്‍ഹിയിലും മുംബൈയിലും കോര്‍പറേറ്റ് മേധാവികളുമായി അടഞ്ഞ മുറി ചര്‍ച്ചകള്‍ നടത്തിയതായും ശ്രുതിയുണ്ട്. പാര്‍ലമെന്റിന്റെ അനുമതിയോ പിന്തുണയോ വാങ്ങാതെ പുത്തന്‍ തലമുറ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനായിരുന്നു ഈ കൂടിയാലോചന. ധനമന്ത്രി സ്ഥാനത്തേക്ക് സുബ്രഹ്മണ്യം സ്വാമിയുടെ പേരും ഉയരുന്നുണ്ട്. ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സ്വാമിയുടെ പ്രധാന ഉപദേശകന്‍ നൊബേല്‍ പുരസ്കാര ജേതാവ് സൈമണ്‍ കുസ്നെറ്റ്സാണ്. "കെയ്നീഷ്യന്‍ വിപ്ലവ"ത്തെ ഇന്ധനം നല്‍കി മുന്നോട്ടുനയിച്ച പ്രതിഭയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മുന്‍ ബിഹാര്‍ ധനമന്ത്രി സുശീല്‍കുമാര്‍ മോഡിക്കൊപ്പം ചില ടെക്നോക്രാറ്റുകളും ബിജെപി പട്ടികയിലുണ്ട്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ ജഗദീഷ് എന്‍ ഭഗവതി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് മുന്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് പനാഗരിയ തുടങ്ങിയവര്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി പട്ടികയില്‍ ഗ്രാമീണ വികസന മന്ത്രി ജയറാം രമേഷിനെ സങ്കല്‍പിക്കുന്നവരുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ പിന്തുണ ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേകനിക്കാണ്. കോര്‍പറേറ്റ് മേഖലയും അദ്ദേഹത്തിനൊപ്പമായിരിക്കും. പതിനാറാം ലോക്സഭയിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ഒരാളാണ് നിലേകനി. അതും ഒരു ശക്തിയായിക്കൂടെന്നില്ല. 7700 കോടി മൂലധനമുള്ള അദ്ദേഹത്തില്‍നിന്ന് രാജ്യത്തിന് ഇടയ്ക്ക് വായ്പ എടുക്കാമെന്ന സൗകര്യവുമുണ്ട്.

അരുണ്‍മാരായാലും നിലേകനിമാരായാലും വിദൂരങ്ങളിലിരുന്ന് മൂലധനശക്തികള്‍ കൈകൊട്ടിച്ചിരിക്കും. ഹാവാര്‍ഡ് സിന്‍ പ്രസ്താവിച്ചതുപോലെ, വിജയകരമായ യുദ്ധങ്ങള്‍ക്കുശേഷം യുദ്ധപ്പനി അവസാനിക്കുമ്പോള്‍ വീണ്ടും പക്വമായ ചിന്തകള്‍ ഉണരുക പതിവാണ്. യുദ്ധത്തിന് നല്‍കേണ്ടിവന്ന വിലയെപ്പറ്റിയും അതിന്റെ നേട്ടങ്ങളെപ്പറ്റിയും ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും. ഇറാഖ് അധിനിവേശം കൊടുമ്പിരിക്കൊണ്ടിരുന്ന 1991 ഫെബ്രുവരിയിലെ ജനഹിത പരിശോധനയില്‍ പങ്കെടുത്തവരെ യുദ്ധത്തിന്റെ ഭീകര ചെലവുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ പതിനേഴ് ശതമാനം മാത്രമാണ് ചെലവ് അമിതമാണെന്ന് അഭിപ്രായപ്പെട്ടത്. ജൂണില്‍ അത് മുപ്പത് ശതമാനമായി. (അമേരിക്കന്‍ ഐക്യനാടുകളുടെ ജനകീയ ചരിത്രം. ഭാഗം മൂന്ന്, പേജ് 323) ഇത് ഇന്ത്യന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ സംബന്ധിച്ചും ചിന്തിക്കേണ്ട വസ്തുതയാണ്. കോണ്‍ഗ്രസായാലും ബിജെപിയായാലും കെടുതികള്‍ക്ക് ഒരേ മുഖവും ഭാവവുമായിരിക്കും. അമേരിക്കന്‍-ഇറാഖ് ജനങ്ങളുടെ സാധാരണ വികാരങ്ങള്‍ വിട്ടുകളയാതെ ചരിത്രകാരന്‍ മരിലിന്‍ യങ് നല്‍കിയ മുന്നറിയിപ്പ് ഇന്ത്യക്കും ബാധകമാവും. ""

ഇറാഖിലെ റോഡുകള്‍ തകര്‍ക്കാന്‍ അമേരിക്കയ്ക്കാവും. എന്നാല്‍ സ്വന്തം റോഡുകള്‍ നിര്‍മിക്കാനാകില്ല. ഇറാഖില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമുണ്ടാക്കാം; എന്നാല്‍ സ്വന്തം നാട്ടിലെ ദശലക്ഷക്കണക്കായവര്‍ക്ക് ആരോഗ്യ പരിപാലനം ഉറപ്പുവരുത്താനാകില്ല. കുര്‍ദിഷ് ന്യൂനപക്ഷത്തോടുള്ള ഇറാഖിന്റെ പെരുമാറ്റത്തെ നാം നിശിതമായി വിമര്‍ശിക്കും. എന്നാല്‍ സ്വന്തം നാട്ടിലെ വംശീയസ്പര്‍ധ അവസാനിപ്പിക്കാനാവില്ല. അന്യനാട്ടിലെ ജനതയെ ഭവനരഹിതരാക്കും. സ്വന്തം നാട്ടില്‍ വീടുകള്‍ നിര്‍മിക്കുകയില്ല. യുദ്ധത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് സൈനികരെ മയക്കുമരുന്നുകളില്‍നിന്ന് സംരക്ഷിക്കാനാകും. എന്നാല്‍ നാട്ടില്‍ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കാന്‍ നമുക്ക് പണമില്ല. ഇതൊക്കെക്കൊണ്ടു തന്നെ യുദ്ധത്തില്‍ വിജയത്തിനുശേഷം നാം പരാജയം ഏറ്റുവാങ്ങുന്നു..."" എന്നതിന് ഇന്ത്യന്‍ വകഭേദമുണ്ട്. കോര്‍പറേറ്റ് മാധ്യമ വൃന്ദങ്ങള്‍ക്ക് രുചിക്കാത്ത യാഥാര്‍ഥ്യമാണത്. തെരഞ്ഞെടുപ്പിലെ ആരുടെയോ വിജയത്തിനുശേഷം പരാജയങ്ങള്‍ മാത്രം ഭക്ഷിക്കേണ്ടിവരുന്ന സാധാരണ ഇന്ത്യന്‍ പൗരന്റെ നിലവിളികള്‍ മുട്ടി പ്രതിധ്വനിക്കാന്‍ ചുവരുകള്‍പോലും ഇല്ലാതാവുകയാണോ?

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

Monday, April 21, 2014

അട്ടിമറിസമരക്കാരുടെ രാഷ്ട്രീയ വിരോധം

വിദ്യാര്‍ഥികളെ തെരുവിലിറക്കി രാഷ്ട്രീയ അട്ടിമറിസമരം നടത്തിയവരുടെ ഭരണമാണ് കേരളത്തില്‍. "അമ്മേ ഞങ്ങള്‍ പോകുന്നു, വന്നില്ലെങ്കില്‍ കരയരുതേ" എന്ന മുദ്രാവാക്യം മുഴക്കിച്ച് ആത്മാഹുതി സമരത്തിലേക്ക് വിദ്യാര്‍ഥികളെ ആട്ടിത്തെളിച്ച്, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഹീനമായ ജനാധിപത്യ അട്ടിമറിയിലൂടെ ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാരിനെ താഴെയിറക്കിയവര്‍ക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സംഘടനാപ്രവര്‍ത്തനം നടത്തുന്നത് സഹിക്കാനാവുന്നില്ല. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയെന്ന് അഹങ്കരിച്ച കെഎസ്യു കേരളത്തിലെ ഏറ്റവും ദുര്‍ബല സംഘടനയായി ചുരുങ്ങിപ്പോയതോടെ, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംഘടനകളേ വേണ്ട എന്നാണ് എ കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും നയിക്കുന്ന കോണ്‍ഗ്രസ് കരുതുന്നത്. വിദ്യാര്‍ഥികള്‍ക്ക് സംഘടന പാടില്ല; രാഷ്ട്രീയം പാടില്ല; പൊതു വിഷയങ്ങളില്‍ ഇടപെടല്‍ പാടില്ല എന്ന് വലതുപക്ഷം നിഷ്കര്‍ഷിക്കുന്നത്, പുതിയ തലമുറയ്ക്ക് പ്രതികരണശേഷി പാടില്ല എന്ന അത്യാഗ്രഹത്തിന്റെ ഭാഗമായാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നു- ഉന്നത വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് മേധാവികള്‍ക്കും സാമുദായിക താല്‍പ്പര്യങ്ങള്‍ക്കും നിര്‍ണായക നിയന്ത്രണം നല്‍കുന്നു- വിദ്യാര്‍ഥിപ്രവേശനവും അധ്യാപകനിയമനവും ഫീസ്നിരക്കും ശമ്പളവും നിശ്ചയിക്കുന്നതില്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യമുള്ള ഓട്ടോണമസ് കോളേജുകളാരംഭിക്കുന്നു- ഇങ്ങനെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികളുടെ നടത്തിപ്പിന് സുഗമമായ വഴിയൊരുക്കാന്‍ വിദ്യാര്‍ഥികളുടെ പ്രതികരണം തടസ്സമാകുമെന്ന് സര്‍ക്കാര്‍ കരുതുകയാണ്. അതിന്റെ ഭാഗമാണ്, വിദ്യാര്‍ഥിസംഘടനകള്‍ അനാവശ്യമെന്ന് വിശദീകരിച്ച് കഴിഞ്ഞദിവസം യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖ.

സ്വന്തം ഭൂതകാലത്തെമാത്രമല്ല, രാജ്യത്തിന്റെ പാരമ്പര്യത്തെത്തന്നെയാണ് ഇതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നിഷേധിക്കുന്നത്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞു നില്‍ക്കേണ്ടവരായല്ല ദേശീയപ്രസ്ഥാനം വിദ്യാര്‍ഥികളെ കണ്ടത്. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ പങ്കാളികളാകേണ്ടവരാണ് വിദ്യാര്‍ഥികള്‍ എന്ന ആ കാഴ്ചപ്പാടിനെതിരെ വന്ന ആക്രമണത്തെ പ്രതിരോധിച്ചുതന്നെയാണ് ഗാന്ധിജിയുള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്യാര്‍ഥികളെ സ്വാതന്ത്ര്യപ്പോരാട്ടത്തിലേക്ക് കൈപിടിച്ചാനയിച്ചത്. ആ പാരമ്പര്യത്തെ തെറ്റായ വഴിയിലൂടെ തിരിച്ചുവിട്ടത് ഗാന്ധിശിഷ്യ വേഷമിട്ടവര്‍തന്നെ. നടേ സൂചിപ്പിച്ച വിമോചനസമരം ഉദാഹരണം. വിദ്യാഭ്യാസരംഗത്തും കാര്‍ഷികബന്ധങ്ങളിലും കാലോചിതവും ജനാധിപത്യപരവുമായ മാറ്റങ്ങള്‍ നിയമനിര്‍മാണത്തിലൂടെ വരുത്തിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ജനാധിപത്യ വിരുദ്ധ സമരത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസിന്റെ പോഷകസംഘടനയാണ് കെഎസ്യു. നശീകരണമായിരുന്നു അതിന്റെ പിറവിതൊട്ടുള്ള സമരരൂപം.

ഇന്ന്, വിദ്യാഭ്യാസം കോര്‍പറേറ്റുകളുടെ കളിയരങ്ങായി മാറിയ ഘട്ടത്തില്‍, കച്ചവടത്തിന്റെ സംരക്ഷകരുടെ വേഷമാണ് കോണ്‍ഗ്രസിന്. സാമുദായികവും വാണിജ്യപരവും ലാഭകേന്ദ്രീകൃതവുമായ സങ്കുചിത- വിദ്യാഭ്യാസേതര താല്‍പ്പര്യങ്ങളാണ് വിദ്യാഭ്യാസ രംഗം അടക്കി വാഴുന്നത്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു പകരം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി- അധ്യാപക സമൂഹങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. അത്തരം എതിര്‍പ്പുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള സാധ്യത ഭരണവര്‍ഗത്തെ അലോസരപ്പെടുത്തുന്നു. വിദ്യാര്‍ഥികളുടെ സംഘടിതശേഷി ജനാധിപത്യസമരങ്ങള്‍ക്ക് അത്യധികം ഊര്‍ജം പകരുന്നതാകുമെന്ന ആ ഭീതിയില്‍നിന്നാണ്, സംഘടനാപ്രവര്‍ത്തനമേ അനുവദിക്കേണ്ടതില്ല എന്ന വിചിത്ര തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിക്കുന്നത്. വിദ്യാര്‍ഥികള്‍ സമരംചെയ്ത് നേടിയെടുത്തതാണ് ഇന്നുള്ള നിരവധി ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും. അത് നശീകരണത്തിനോ വിദ്യാഭ്യാസ നിലവാരം ഇടിച്ചുതാഴ്ത്താനോ ആയിരുന്നില്ല. തങ്ങളുടെ തീര്‍പ്പ് ചോദ്യംചെയ്യാതെ അനുസരിക്കുന്ന ഭീരുക്കളായ വിധേയരെ വിദ്യാലയങ്ങളില്‍ സൃഷ്ടിക്കാന്‍ വന്‍കിട സ്വത്തുടമകള്‍ക്കും അധികാരികള്‍ക്കും ആഗ്രഹിക്കാം. ആ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ഏജന്‍സിപ്പണി സര്‍ക്കാര്‍ എടുക്കുന്നത് മ്ലേച്ഛമാണ്.

പ്രതികരണബോധവും ശേഷിയുമില്ലാത്ത വിധേയക്കൂട്ടങ്ങളെ ഉല്‍പ്പാദിപ്പിച്ച് ചൂഷണവാഴ്ച അരക്കിട്ടുറപ്പിക്കാനുള്ള മൂലധന ശക്തികളുടെ ഇംഗിതമാണ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ രേഖ എന്ന് തിരിച്ചറിയപ്പെടണം. വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത്, പുതിയ തലമുറയെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ആസൂത്രിത പദ്ധതിയാണെന്ന് മനസിലാക്കി ജനാധിപത്യ സമൂഹത്തില്‍നിന്ന് പ്രതികരണമുണ്ടാകണം. ഇന്ത്യന്‍ജനത പോരാടി നേടിയ സ്വാതന്ത്ര്യവും മതനിരപേക്ഷ- ജനാധിപത്യ- സാമൂഹ്യനീതി തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ശക്തീകരിക്കാനും കൂടുതല്‍ അര്‍ഥവത്താക്കാനുമുള്ള കടമയില്‍നിന്ന് വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്താനുള്ള ഒരു നീക്കവും അനുവദിക്കപ്പെട്ടുകൂടാ. തങ്ങള്‍ നയിച്ച വിമോചന സമരമല്ല, അത്തരം അട്ടിമറികളല്ല, ജനാധിപത്യ സംരക്ഷണംതന്നെയാണ് വിദ്യാര്‍ഥികളുടെ രാഷ്ട്രീയ കടമയെന്നു മനസിലാക്കാത്തതുകൊണ്ടല്ല കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ജനാധിപത്യ ധ്വംസനത്തിനൊരുമ്പെടുന്നത്. തങ്ങളുടെ നശീകരണത്തിന്റെയും കച്ചവടത്തിന്റെയും രാഷ്ട്രീയത്തെ, അരാഷ്ട്രീയത്തിലൂടെ സംരക്ഷിക്കാനുള്ള വെപ്രാളമാണവരുടേത്. അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിലൂടെയാണ് വിദ്യാര്‍ഥി സമൂഹത്തിനും ജനാധിപത്യപരമായ കടമ നിര്‍വഹിക്കാനാവുക.

*
deshabhimani editorial

ബിജെപിയുടെ പ്രകടന പത്രിക രാജ്യത്തിന്റെ ഐക്യത്തിന് ആപത്ത്

പതിനാറാം പൊതുതിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ പ്രകടനപത്രിക ഒടുവില്‍ ബിജെപി പ്രസിദ്ധീകരിച്ചിരിക്കുന്നു. അടുത്ത ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ""ഇനി ജയിയ്ക്കുകയേ വേണ്ടൂ"" എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ടി, രാജ്യത്തിന്റെ ഭാവിയെ നയിക്കാന്‍ പോവുന്നതെങ്ങിനെയാണ് എന്നതു സംബന്ധിച്ച നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല എന്ന മുറവിളി ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നതിന്റെ ഫലമായിട്ടാണ് ഇതുണ്ടായത്. തിരഞ്ഞെടുപ്പ് പ്രക്രിയ യഥാര്‍ഥത്തില്‍ ആരംഭിച്ചതിനുശേഷം മാത്രമാണ് അവര്‍ തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കുന്നത് - മുമ്പൊന്നും ഇങ്ങനെയല്ല ഉണ്ടായിട്ടുള്ളത്. അതെന്തെങ്കിലുമാകട്ടെ, തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ നിര്‍ണായകമായ നടപടികള്‍ ഒഴിച്ച്, മറ്റ് വാചകമടികളെല്ലാം നിറഞ്ഞതാണ് ആ പ്രകടന പത്രിക. മുദ്രാവാക്യം വിളികള്‍ക്കിടയില്‍, വ്യക്തമായ രണ്ട് കാര്യങ്ങള്‍ മാത്രമാണ് ഉയര്‍ന്നുവരുന്നത്. അതില്‍ ഒന്നാമത്തേത്, മുരത്ത ഹിന്ദുത്വ അജണ്ട ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നതാണ്. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കും എന്ന് അത് ഒരിക്കല്‍ കൂടി വാഗ്ദാനം ചെയ്യുന്നു. പക്ഷെ, ""ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍നിന്നു കൊണ്ട്"" അങ്ങനെ ചെയ്യും എന്ന് കൗശലത്തോടുകൂടിയാണ് അത് പ്രസ്താവിക്കുന്നത്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് ""ഭരണഘടനാ ചട്ടക്കൂട്ടിനു""ള്ളില്‍ നിന്നുകൊണ്ടായിരുന്നുവോ എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയര്‍ന്നുവരും. ഏകീകൃത സിവില്‍ കോഡ്, ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നീ ആവശ്യങ്ങളും ബിജെപി ഊന്നിപ്പറയുന്നുണ്ട്. 1996 തൊട്ടുള്ള ബിജെപിയുടെ എല്ലാ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിലും (1999ലെ തിരഞ്ഞെടുപ്പില്‍ ഒഴിച്ച്; ആ വര്‍ഷം അവര്‍ പ്രകടന പത്രിക ഇറക്കിയില്ല) ഈ അജണ്ട ഉയര്‍ത്തിക്കാണിയ്ക്കപ്പെട്ടിരുന്നതാണ്. അങ്ങനെ, അവര്‍ റെക്കോര്‍ഡ് ശരിയാക്കിയിരിക്കുന്നു. ഇന്നത്തെ ബിജെപിയ്ക്ക് വ്യത്യാസമൊന്നുമില്ല. ആര്‍എസ്എസ്സിെന്‍റ രാഷ്ട്രീയ ഹസ്തമല്ലാതെ മറ്റൊന്നുമായിരിക്കാന്‍ അതിന് കഴിയുകയില്ല. വര്‍ഗീയധ്രുവീകരണത്തിന്റെ വിഷം കൂടുതല്‍ ആഴത്തില്‍ വിതയ്ക്കുന്നതും ""ഹിന്ദുവോട്ട് ബാങ്കി""നെ ദൃഢീകരിച്ച് നിര്‍ത്തുന്നതും ആയ പ്രഖ്യാപനം തന്നെയാണിത്. രണ്ടാമത്തേത് അവരുടെ സാമ്പത്തിക അജണ്ടയാണ്. മള്‍ട്ടി ബ്രാന്‍റ് ചില്ലറ വ്യാപാരത്തിലൊഴിച്ച് (അവര്‍ക്ക് പിന്‍തുണ നല്‍കുന്ന അടിത്തറയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണത്) മറ്റെല്ലാ മേഖലകളിലും (പശ്ചാത്തല വികസന സൗകര്യങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രതിരോധ വ്യവസായങ്ങളും അടക്കം) വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിയ്ക്കും എന്ന് ബിജെപിയുടെ പ്രകടന പത്രിക അസന്ദിഗ്ദ്ധമായ ഭാഷയില്‍ത്തന്നെ പ്രസ്താവിക്കുന്നു. ""തൊഴില്‍ നിയമങ്ങള്‍"" പുനഃപരിശോധിയ്ക്കുകയും ബിസിനസ്സുകാരെ സംബന്ധിച്ച ലൈസന്‍സിങ് നിബന്ധനകള്‍ ""ലളിത""മാക്കുകയും ചെയ്യും എന്നും അതില്‍ പറഞ്ഞിട്ടുണ്ട്.

നികുതി ഘടന ലളിതമാക്കുന്നതിനെക്കുറിച്ചും യുക്തിസഹമാക്കുന്നതിനെക്കുറിച്ചും അതില്‍ പറയുന്നുണ്ട്; ദേശീയതലത്തില്‍ പൊതുവിലുള്ള വില്‍പനനികുതിയെക്കുറിച്ചും. (ജിഎസ്ടി - ജനറല്‍ സേല്‍സ് ടാക്സ്. ഗുജറാത്ത് അടക്കമുള്ള അവരുടെ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ജിഎസ്ടിയെ ശക്തിയായി എതിര്‍ക്കുകയാണുതാനും). ബാക്കിയെല്ലാം, അവരുടെ സ്വഭാവം അനുസരിച്ചുള്ള വഞ്ചനാപരമായ പ്രസ്താവങ്ങള്‍ തന്നെ. ബിജെപിയുടെ യഥാര്‍ഥ ഉദ്ദേശവും പ്രഖ്യാപിത ഉദ്ദേശവും തികച്ചും വ്യത്യസ്തങ്ങള്‍ തന്നെയാണ്. തങ്ങളുടെ ""നേതാവിനെ"" ഉയര്‍ത്തിക്കാണിക്കുന്നതിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് ബിജെപിയുടെ ക്യാമ്പൈന്‍ പ്രവര്‍ത്തനങ്ങള്‍. നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ""ശോഭനമായ"" ഭാവിയ്ക്കും ഉള്ള ഒറ്റമൂലിയായി ബിജെപിയുടെ വെബ്സൈറ്റ് എടുത്തു പറയുന്നത് ""മോഡി മന്ത്ര""ത്തെക്കുറിച്ചാണ്. ഇതെങ്ങിനെ സംഭവിയ്ക്കും എന്നത്, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്നാണ് കരുതപ്പെടുന്നത്.

""പാലും തേനും"" ഒഴുകുന്ന, ചോദ്യം ചെയ്യപ്പെടാനാകാത്ത ""ശോഭന ഭാവി""യിലേക്കുള്ള മാര്‍ഗമാണ് ""ഗുജറാത്ത് മാതൃക"" എന്ന് അത് നമ്മോട് പറയുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ കാര്യത്തിലായാലും ശരി, ""ദ്രുതവേഗതയിലുള്ള വ്യവസായവല്‍ക്കരണവും ആധുനികവല്‍ക്കരണവും""എന്ന് പറയപ്പെടുന്ന പ്രക്രിയയുടെ കാര്യത്തിലായാലും ശരി, എത്രയോ പഠനങ്ങള്‍ ഗുജറാത്തില്‍ നടത്തപ്പെട്ടിട്ടുണ്ട് - അവയെല്ലാം ഈ മിഥ്യാ സങ്കല്‍പനത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. (സമഗ്രമായ വിവരണത്തിന് 2014 ഏപ്രില്‍ 6െന്‍റ ""ദി വീക്ക്"" കാണുക). ഇന്ത്യന്‍ മൂലധനത്തിനും വിദേശ മൂലധനത്തിനും നല്‍കപ്പെട്ട അഭൂതപൂര്‍വമായ സൗജന്യങ്ങളും നേട്ടങ്ങളും ആണ് ഗുജറാത്ത് മാതൃകയുടെ അന്തഃസത്ത എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ഈ ""മിശിഹ""യെ പ്രകീര്‍ത്തിക്കുന്ന വൈതാളികരുടെ നിരയില്‍ തള്ളിക്കയറി സ്ഥാനം പിടിയ്ക്കാന്‍ ചില ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വ്യഗ്രത കാണിക്കുന്നതില്‍ അല്‍ഭുതത്തിന്നവകാശമില്ലല്ലോ. അത്തരം സൗജന്യങ്ങള്‍ രാജ്യത്തെമ്പാടും വാരിവിതറുകയാണെങ്കില്‍, എത്ര വമ്പിച്ച കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു!

അതിനാല്‍ രണ്ട് ഇന്ത്യകള്‍ തമ്മില്‍ ഉള്ളതും വര്‍ധിച്ചുവരുന്നതുമായ വിടവിന് ഇപ്പോള്‍ തന്നെ കാരണമായിട്ടുള്ള നയങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കുക എന്ന ലക്ഷ്യമാണ് അവരുടെ സാമ്പത്തികവീക്ഷണത്തിനുള്ളത്. അതിനാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നാല്‍, മഹാഭൂരിപക്ഷം ജനങ്ങളെയും കാത്തിരിക്കുന്നത്, ദൈനംദിന ജീവിതത്തിലെ ദുരിതങ്ങളും ദുഃഖങ്ങളും മൂര്‍ച്ഛിക്കുക എന്നതു തന്നെയായിരിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ ബിജെപിയുടെ ""നേതാവ്"" വിസമ്മതിക്കുന്നത്, തികച്ചും ജനാധിപത്യവിരുദ്ധമായ അവരുടെ സമീപനത്തെയാണ് വെളിപ്പെടുത്തുന്നത്; നമ്മുടെ ഭരണഘടനയുടെ റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ബാധ്യതയെ നിഷേധിയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഏറ്റവും താഴേത്തട്ടില്‍ വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുക എന്ന ലക്ഷ്യംവച്ച് ജനങ്ങളെ അണിനിരത്തുന്നതിലാണ് ബിജെപി യഥാര്‍ഥത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന വസ്തുത ഇതിനെ കൂടുതല്‍ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. നേതാവിെന്‍റ വലംകയ്യായ മനുഷ്യന്‍, ""പകരംവീട്ടണം"" എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശില്‍ ഈയിടെ നടത്തിയ വിദ്വേഷജനകമായ പ്രസംഗം അതിന് തെളിവാണ്.

അതേ അവസരത്തില്‍ത്തന്നെ, വികസനത്തിന്റെയും യുപിഎ ഗവണ്‍മെന്‍റിെന്‍റ ദുര്‍ഭരണത്തിന്റെയും പ്രശ്നങ്ങളാണ് അവര്‍ പരസ്യമായി ഉയര്‍ത്തിക്കാണിക്കുന്നത്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും തലയില്‍ അഭൂതപൂര്‍വമായ ഭാരം കെട്ടിയേല്‍പിച്ച യുപിഎയുടെ നയങ്ങളില്‍ ജനങ്ങള്‍ അമര്‍ഷവും നിരാശയും പ്രകടിപ്പിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഈ നയങ്ങള്‍ തള്ളിക്കളയണം എന്ന കാര്യത്തിലും സംശയമില്ല. രാജ്യത്തിന് ആവശ്യമായ ഒരു ബദല്‍ നയത്തിലൂടെ ഇടതുപക്ഷം അതിന് സാധ്യമായ പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്ന കാര്യത്തില്‍ ബിജെപി തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, യഥാര്‍ഥത്തില്‍ യുപിഎയുടെ അതേ നയങ്ങള്‍ തന്നെ തുടരുമെന്ന് പറയുകയും ചെയ്യുന്നു. അഴിമതിയുടെ കാര്യത്തിലും സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല താനും. ഏറെ പണിപ്പെട്ട് ബിജെപി തയ്യാറാക്കിയ പ്രകടനപത്രികയുടെ ആമുഖത്തില്‍, ബിജെപിയുടെ യഥാര്‍ഥ അജണ്ട വെളിപ്പെടുന്നുമുണ്ട്. അത് ഇങ്ങനെയാണ് ആരംഭിക്കുന്നത്:

""ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരമാണ് ഇന്ത്യയിലേത്. (ഏറ്റവും പുരാതനമായ സംസ്കാരങ്ങളില്‍ ഒന്ന് എന്നല്ല പറഞ്ഞിരിക്കുന്നത്). സ്വാതന്ത്ര്യത്തിനുശേഷം ഭരണത്തിന്റെ അമരത്തില്‍ ഉണ്ടായിരുന്ന നേതാക്കള്‍ക്ക് വീക്ഷണവും ആത്മാവും നഷ്ടപ്പെട്ടതുകാരണം, ഇന്ത്യയ്ക്ക് ഒരു കാലത്തുണ്ടായിരുന്ന മഹത്വം നഷ്ടപ്പെട്ടു"". ""അതിനാല്‍ നമ്മുടെ സാംസ്കാരിക അവബോധത്തിന്റെ തുടര്‍ച്ച എവിടെവെച്ച് നഷ്ടപ്പെട്ടുവോ അവിടെനിന്ന് അതിന്റെ ചരട് വീണ്ടെടുക്കേണ്ട സമയം വന്നുചേര്‍ന്നിരിക്കുന്നു; നമ്മുടെ ഭാവി മഹത്വത്തിന്റെ ചാലകശക്തിയായിത്തീരേണ്ട ഇന്ത്യന്‍ മനസ്സിെന്‍റ ശക്തികളോടൊത്തു ചേര്‍ന്ന് രാഷ്ട്രശരീരത്തിന് പുനര്‍ദിശാബോധം പകരേണ്ടിയിരിക്കുന്നു"". ""ഒരു രാജ്യം, ഒരു ജനത, ഒരു രാഷ്ട്രം"" എന്നതാണ് ഈ മനസ്സ് എന്ന് അത് പ്രസ്താവിക്കുന്നു.

ആര്‍എസ്എസ്സിെന്‍റ പ്രത്യയശാസ്ത്ര പദ്ധതി ഭീഷണാത്മകമായ വിധത്തില്‍ നിര്‍വഹിച്ച ആര്‍എസ്എസ് ഗുരുജി ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: ""ഹിന്ദുസ്ഥാനില്‍, ഹിന്ദുക്കളുടെ നാട്ടില്‍, ഹൈന്ദവ ജനത ജീവിയ്ക്കുന്നു; ജീവിയ്ക്കുകയും വേണം. ഇന്നത്തെ ആലസ്യത്തില്‍നിന്ന് ഹൈന്ദവജനതയെ വീണ്ടും കെട്ടിപ്പടുക്കുകയും ഊര്‍ജിതമാക്കുകയും വിമോചിപ്പിയ്ക്കുകയും ചെയ്യുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസ്ഥാനങ്ങള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ "ദേശീയ"മായിട്ടുള്ളത്; അവര്‍ മാത്രമാണ് ദേശീയവാദികളായ രാജ്യസ്നേഹികള്‍........... മറ്റുള്ളവരെല്ലാം ഒന്നുകില്‍ വഞ്ചകരാണ്; അല്ലെങ്കില്‍ ശത്രുക്കളാണ്...."" അതിനാല്‍ രാജ്യവും രാഷ്ട്രവും ഒന്നുതന്നെയായിത്തീരുന്നു - ഹിന്ദുക്കളുടേതു മാത്രം!

മറ്റുള്ളവരെയൊക്കെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു വീക്ഷണം, ചരിത്രത്തിലെ, ഇന്ത്യയുടെ സമഞ്ജസമായ സാംസ്കാരിക മുന്നേറ്റത്തിന്റെ നിഷേധമാണ്. ഇത് വിഷമയമായ വര്‍ഗീയധ്രുവീകരണം ജനിപ്പിക്കുന്നു; ഇന്ത്യ എന്ന ആശയത്തെ തുറന്നു കാണിക്കുന്നതിന് അത് തടസ്സമായിത്തീരുന്നു- ഇന്ത്യയുടെ ആത്മാവിനെ ചരിത്രപരമായിത്തന്നെ നശിപ്പിയ്ക്കലാണത്. ഭാവിയിലെ ബിജെപി ഗവണ്‍മെന്‍റ് നടപ്പാക്കാന്‍ പോകുന്ന യഥാര്‍ഥ അജണ്ടയാണിത്.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

Thursday, April 17, 2014

മോര്‍ച്ചറിയല്ല കലാലയം

വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിനായി നടപടി കൈക്കൊള്ളുമെന്ന സത്യവാങ്മൂലം, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ദിവസങ്ങള്‍ക്കുമുമ്പാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സര്‍ക്കാര്‍നിലപാടിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. ജനകീയവിദ്യാഭ്യാസവും മതനിരപേക്ഷ കലാലയവും ഇവിടെ നിലനില്‍ക്കുന്നതിന്റെ കാരണം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ്. സാമൂഹ്യപ്രതിബദ്ധതയും പൗരബോധവുമുള്ള തലമുറയാണ് ഇത്തരം കലാലയങ്ങളിലൂടെ വളര്‍ന്നുവരുന്നത്. പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെയുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവരാണ് കലാലയവിദ്യാര്‍ഥികള്‍. രാഷ്ട്രഭരണം നിര്‍ണയിക്കാന്‍വരെ അവകാശമുള്ള വിഭാഗത്തിന്റെ ക്യാമ്പസ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഹാസ്യമാണ്. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവത്തെ മുന്‍നിര്‍ത്തി ക്യാമ്പസ് ജനാധിപത്യമാകെ തകരാറിലാണെന്ന് വാദിക്കുന്നത് ശരിയല്ല.

കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളിലും സംഘടനാടിസ്ഥാനത്തിലാണ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വാശ്രയകോളേജുകളില്‍ ചിലതിലെങ്കിലും ഇപ്രകാരം നടക്കുന്നു. യുവജനോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള അതിവിപുലമായ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനം ഇത്തരം ജനാധിപത്യവേദികള്‍ക്കാണ്. അധ്യയനവര്‍ഷത്തിലെ കല- സാംസ്കാരിക- കായിക പരിപാടികളുടെയെല്ലാം മേല്‍നോട്ടം ഇവയ്ക്കുതന്നെ. ആകയാല്‍ സംഘടനാപ്രവര്‍ത്തനത്തെ നിയന്തിക്കാനുള്ള നീക്കം ലക്ഷക്കണക്കിനു വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരുടെയും മതമാനേജ്മെന്റുകളില്‍ ചിലരുടെയും ആഗ്രഹംമാത്രമാണ് പുതിയ നീക്കത്തിനുപിന്നില്‍. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകളെല്ലാം ഇതിനെ ശക്തിയായി എതിര്‍ത്തുകഴിഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെമുതല്‍ വിദ്യാഭ്യാസ മാഫിയകള്‍ക്കെതിരെവരെ വിദ്യാര്‍ഥികള്‍ ഐതിഹാസികമായ പ്രക്ഷോഭം നടത്തി. മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ അണിചേരാന്‍ വിദ്യാര്‍ഥികളെ ആഹ്വാനംചെയ്തു. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഒരുകാലത്ത് വിദ്യാര്‍ഥിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ പില്‍ക്കാലത്ത് സാംസ്കാരികനായകരായും കലാപ്രതിഭകളായും ജനപ്രതിനിധികളായും മികവുറ്റ പ്രൊഫഷണലുകളായും ഉയര്‍ന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരായും പ്രശസ്തിനേടി. മികച്ച ന്യായാധിപന്മാരായി പേരെടുത്തവര്‍വരെ ഇതിലുണ്ട്.

വിദ്യാര്‍ഥികളാണ് സാമൂഹ്യ അനീതികളെ എക്കാലത്തും ചോദ്യംചെയ്തത്. ഭീമമായ ഫീസ്വര്‍ധനയും മെറിറ്റ് അട്ടിമറിയും സംവരണനിഷേധവും വിദ്യാഭ്യാസത്തെ കലുഷമാക്കിയപ്പോഴെല്ലാം പ്രതികരിച്ചത് വിദ്യാര്‍ഥിപ്രസ്ഥാനങ്ങളാണ്. അതിന്റെ നേട്ടങ്ങള്‍ വിദ്യാര്‍ഥിസമൂഹത്തിനാകെ ലഭിച്ചു. സ്കൂള്‍വിദ്യാഭ്യാസത്തിന്റെ നവീകരണംമുതല്‍ ഗവേഷണമേഖലയിലെ പ്രശ്നങ്ങള്‍വരെ ഏറ്റെടുത്തു. സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍- ഇവയുടെ വര്‍ധനയും യാത്രാകണ്‍സഷന്‍, മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍- ഇവയെല്ലാം വിദ്യാര്‍ഥിസമരത്തിന്റെ ഫലമാണ്. സ്വാശ്രയ കോളേജുകളില്‍ ശേഷിക്കുന്ന മെറിറ്റ് സീറ്റുകളും നിയന്ത്രിത ഫീസ്ഘടനയും വിദ്യാര്‍ഥിസമരത്തിന്റെ വിജയമാണ്. സാധാരണക്കാര്‍ പഠിക്കാനെത്തുന്ന നൂറുകണക്കിനു പൊതുവിദ്യാലയങ്ങള്‍ ഇപ്പോഴും അടച്ചുപൂട്ടാത്തത് വിദ്യാര്‍ഥികളുടെ മുദ്രാവാക്യത്തിന്റെ കരുത്തിലാണ്. സിലബസ് പരിഷ്കരണത്തിനായും ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താനും സര്‍വകലാശാലാ സമിതികളില്‍ നിരന്തരം ശബ്ദിക്കുന്നത് വിദ്യാര്‍ഥികളാണ്.

2006ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം രൂപീകരിക്കപ്പെട്ട ജെ എം ലിങ്ദോ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി യൂണിയനുകളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു. ക്യാമ്പസിലെ സംഘടനകളെ വിലക്കുന്ന നടപടിക്ക് ഒരു നിയമസാധുതയുമില്ല. ഭരണഘടനാലംഘനമാണിത്. ഭരണഘടനയുടെ അനുഛേദം പത്തൊമ്പത് പ്രകാരം ഇന്ത്യന്‍ പൗരന് നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള അവകാശത്തെ ഹനിക്കലാണിത്. ഏതൊരു ഇന്ത്യന്‍ പൗരനും അഭിപ്രായപ്രകടനത്തിനുള്ള അവകാശം ഭരണഘടനാപരമാണ്. നിരായുധരായും സമാധാനപരമായും സംഘടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍- ഇവയെല്ലാം ഈ അവകാശത്തിന്റെ ഭാഗംതന്നെ. ഏതൊരു പൗരനും സംഘടനകള്‍ രൂപീകരിക്കാനും അതില്‍ അംഗമാകാനുമുള്ള അവകാശവും ഭരണഘടനാപരമാണ്. ഏതോ ഒരു കോളേജില്‍ നടന്ന അനിഷ്ടസംഭവത്തിന്റെപേരില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മൗലികാവകാശം നിഷേധിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ-ഇതര മേഖലകളിലെ സര്‍ക്കാര്‍നയങ്ങളെല്ലാം അരാഷ്ട്രീയമായ ചര്‍ച്ചകളുടെയും അജന്‍ഡയുടെയും ഭാഗമാണ്. ആകയാല്‍ അതിന്റെ ഫലം അനുഭവിക്കുന്നവരോട് നിശബ്ദത പാലിക്കാന്‍ പറയുന്നത് ശരിയല്ല. അമുല്‍ബേബിമാരെയും അടിമകളെയും സൃഷ്ടിക്കലാണ് ഇതിനുപിന്നില്‍. അരാഷ്ട്രീയ കലാലയങ്ങള്‍ മനോഹരമാണെന്ന കുപ്രചാരണം ചിലര്‍ അഴിച്ചുവിടുന്നുണ്ട്. അവിടെയാണ് ഉന്നതഗുണനിലവാരമുള്ളതെന്ന വാദം അസംബന്ധമാണ്.

റാഗിങ്, ഗുണ്ട, മയക്കുമരുന്ന്, വാണിഭസംഘങ്ങള്‍ക്ക് എളുപ്പം കയറിപ്പറ്റാന്‍ കഴിയുന്നത് ഇവിടങ്ങളിലാണ്. ക്രിമിനല്‍സംഘങ്ങളായും ഗ്യാങ്ങുകളായും ഇവ മാറുന്നതിന്റെ തിക്തഫലം കുറച്ചൊക്കെ മലയാളിക്കും അറിയാം. ഇവിടങ്ങളില്‍ ഇന്റേണല്‍ അസസ്മെന്റ് പീഡനസാധ്യതയും വലുതാണ്. ഒളിക്യാമറ പ്രയോഗങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ചില പ്രൊഫഷണല്‍ മെഡിക്കല്‍കോളേജുകളില്‍ തീവ്ര മത-ജാതിശക്തികള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെയും അരാഷ്ട്രീയ ക്യാമ്പസുകളില്‍ നടക്കുന്ന അരാചകപ്രവണതകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. തൂത്തുക്കുടിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലിനെ മാസങ്ങള്‍ക്കുമുമ്പ് വെട്ടിക്കൊന്നത് അവിടത്തെ വിദ്യാര്‍ഥികളാണ്. ഈറോഡിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി കണ്ണൂരിലെ ദീപക്കിനെ വാഹനമിടിച്ച് കൊന്നത് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് പരാക്രമമാണ്. ബംഗളൂരുവിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി അഹാബ് ക്രൂരമായി കൊല്ലപ്പെട്ടു. വയനാട് സ്വദേശി മുഹമ്മദ് റാഫിയുടെ ചെവിയില്‍ തിളച്ച വെള്ളമൊഴിച്ചശേഷം മര്‍ദിച്ച് അവശനാക്കി. ഇതിനെല്ലാം പിന്നില്‍ അരാഷ്ട്രീയ ക്യാമ്പസിലെ ക്രിമിനല്‍ സംഘങ്ങള്‍തന്നെ. പണച്ചാക്കുകളായ രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട് അപരാധികള്‍ സുഖമായിരിക്കുന്നു. രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളല്ല ഇവിടെ പ്രതികളിലൊരാളും.

മനുഷ്യന്റെ വിമോചനം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും സംവാദമാണ് അതിനുള്ള മാര്‍ഗമെന്നും ലോകപ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ പൗലോഫ്രയര്‍ പറയുന്നു. എല്ലാത്തരം ഭൃത്യതകളില്‍നിന്നുമുള്ള മോചനമാണ് വിദ്യാഭ്യാസമെന്ന് ഗാന്ധിജി. വിദ്യകൊണ്ട് പ്രബുദ്ധനാകാനും സംഘടനകൊണ്ട് ശക്തരാകാനും പ്രേരിപ്പിച്ചത് ഗുരുവാണ്.

ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അന്തസ്സുള്ള ഏത് തൊഴിലെടുക്കുമ്പോഴും ജനാധിപത്യവാദിയാകാന്‍ ഒരുവന്‍ പഠിക്കുന്നത് ക്യാമ്പസില്‍നിന്നാണ്. മതനിരപേക്ഷ മാനവികമൂല്യങ്ങളുടെ വിത്തുമുളയ്ക്കുന്നത് അവിടെവച്ചാണ്. ഏതു ചോദ്യത്തിനും ഉത്തരമെഴുതുകമാത്രമല്ല, ചില ഉത്തരങ്ങളെ ചോദ്യംചെയ്യലാണ് തന്റെ കടമയെന്നും വിദ്യാര്‍ഥി തിരിച്ചറിയുന്നു. അക്കാരണത്താല്‍ കലാലയത്തെ മോര്‍ച്ചറിയുടെ നിശബ്ദതയിലേക്ക് വലിച്ചെറിയാന്‍ ആഗ്രഹിക്കുന്നവരോട് ശക്തിയായി കലഹിക്കേണ്ടിവരുന്നു. വിദ്യാര്‍ഥിരാഷ്രീയത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വിഘാതം ഉണ്ടാകുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ യോജിച്ച പോരാട്ടമാണ് അഭികാമ്യം.

*
ഷിജൂഖാന്‍ (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Sunday, April 13, 2014

അരാഷ്‌ട്രീയത കാമ്പസുകളെ രക്ഷിക്കില്ല

സംസ്ഥാനത്തെ യുഡിഎഫ്‌ സർക്കാർ അതിന്റെ പൊറുപ്പിച്ചുകൂടാത്ത പിന്തിരിപ്പൻ സ്വഭാവം വീണ്ടും പ്രകടമാക്കിയിരിക്കുന്നു. വിദ്യാർഥി സംഘടനാപ്രവർത്തനങ്ങൾക്ക്‌ വിലങ്ങുവയ്‌ക്കുമെന്നാണ്‌ സര്‍ക്കാർ ഇന്നലെ ഹൈക്കോടതിയെ തെര്യപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെ ചെയ്യുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ച്‌ തരിമ്പുപോലും ചിന്തിക്കാതെയാണ്‌ സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നിലപാടിലേക്ക്‌ എടുത്തുചാടുന്നത്‌. ഇത്‌ കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണ്‌. പുതിയ കേരളത്തിന്റെയും ഭാരതത്തിന്റെയും സൃഷ്‌ടിയിൽ നിർണായകമായ പങ്കുവഹിക്കാനുള്ള വിദ്യാർഥി സമൂഹത്തിന്റെമേൽ ചിന്താപരമായ ഷണ്ഡത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്‌. ഇതിന്റെ ഫലമായി കാമ്പസുകൾ ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ടതാകുമെന്ന്‌ ആരാണു സർക്കാരിനെ ഉപദേശിച്ചത്‌? പുതിയ കാലത്തിന്റെ സർഗ ചൈതന്യങ്ങളുടെ സന്ദേശ വാഹകരാണ്‌ വിദ്യാർഥികൾ. അവരിൽ നിന്ന്‌ ജനാധിപത്യബോധത്തിന്റെ വെളിച്ചം അപഹരിക്കുന്നത്‌ ഇരുട്ടിന്റെ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കു. അറിവിന്റെ കൈനിലകളിൽ കച്ചവടത്തിന്റെയും അന്ധകാരത്തിന്റെയും ശക്തികളെ അരിയിട്ടുവാഴിക്കാനാണ്‌ സർക്കാർ നീങ്ങുന്നത്‌. ഈ ദുരുപദിഷ്‌ട നീക്കത്തിൽ നിന്ന്‌ പിന്തിരിയണമെന്ന്‌ ഞങ്ങൾ ഗവൺമെന്റിനോട്‌ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ 25 വയസിന്‌ താഴെയുള്ളവരാണ്‌. ഈ രാജ്യത്തിന്റെ യുവത്വമാണ്‌ അത്‌ വിളംബരം ചെയ്യുന്നത്‌. 18 വയസ്‌ പൂർത്തിയായവർ നാടിന്റെ ഭാഗധേയം നിർണയിക്കുവാൻ അവകാശമുള്ളവരാണിവിടെ. എത്ര അഭിമാനകരമാണ്‌ ഇത്‌! നമ്മുടെ കാമ്പസ്‌ ജനസംഖ്യയിൽ ഏറെയും വോട്ടവകാശം രേഖപ്പെടുത്താൻ ഏപ്രിൽ 10 ന്‌ പോളിങ്‌ ബൂത്തിൽ എത്തിയവരാണെന്ന സത്യം സർക്കാർ കണക്കിലെടുക്കുന്നില്ലേ? വോട്ടവകാശമുള്ള ആ പൗരന്മാരോട്‌ അവരുടെ കാമ്പസുകളെ സംഘടനാമുക്തമാക്കുമെന്നാണ്‌ സർക്കാർ ഭീഷണിപ്പെടുത്തുന്നത്‌. അതിന്റെ പ്രത്യാഘാതങ്ങൾ തീർച്ചയായും ജനാധിപത്യ സംസ്‌കാരത്തെ ശക്തിപ്പെടുത്തുകയില്ല.

കാമ്പസുകളിലെ സംഘടനാപ്രവർത്തനം ഒരു പുതിയ വിഷയമല്ല. അതേപ്പറ്റി കാമ്പസിനകത്തും പുറത്തും വേണ്ടുവോളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്‌. 2006 ൽ സുപ്രിംകോടതി നിയോഗിച്ച ലിംഗ്‌ദോ കമ്മിറ്റിയും കോളജ്‌-സർവകലാശാലാതലങ്ങളിലെ വിദ്യാർഥിയൂണിയനുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ കാര്യം സർക്കാർ മറന്നുപോയി. വിദ്യാർഥികളുടെ സംഘടനാപ്രവർത്തനം ഒരു ഗവണ്‍മെന്റിന്റെയോ കമ്മിറ്റിയുടെയോ ഔദാര്യമായിരുന്നില്ല. വിദ്യാർഥി പ്രസ്ഥാനം ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെതന്നെ ഭാഗമാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നാടിന്റെ വിളികേട്ടുകൊണ്ടാണ്‌ ഇന്ത്യൻ വിദ്യാർഥികൾ സംഘടനാബോധത്തിന്റെ ആദ്യത്തെ പടവുകൾ ചവിട്ടിയത്‌. 1936 ൽ അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ ജന്മംകൊണ്ടത്‌ ദേശീയ പ്രസ്ഥാനത്തിന്റെ അനുഗ്രഹാശിസുകളോടെയാണ്‌. അതിന്റെ ആദ്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ ജവഹർലാൽ നെഹ്‌റുവാണ്‌. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പൈതൃകമുണ്ട്‌ വിദ്യാർഥിപ്രസ്ഥാനത്തിന്‌. വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന വണിക്കുകൾക്കുവേണ്ടി ഭരിക്കുന്ന സർക്കാർ ആ ചരിത്രമെല്ലാം മറക്കുന്നു.

എല്ലാത്തരം വിധ്വംസകശക്തികളും കാമ്പസുകൾക്കുമേൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോഴാണ്‌ വിദ്യാർഥികളുടെ സംഘടനാബോധത്തിന്റെ ചിറകരിയാൻ സർക്കാർ ശ്രമിക്കുന്നതെന്നത്‌ യാദൃശ്ചികമല്ല. യുഡിഎഫ്‌ സർക്കാരിന്റെ വർഗനയങ്ങളുടെ പ്രതിഫലനമാണത്‌. അരാഷ്‌ട്രീയത വിളയാടുന്ന കാമ്പസുകളിലെല്ലാം അരാജകത്വം കൊടികുത്തിവാഴുകയാണ്‌. അവിടെ മദ്യവും മയക്കുമരുന്നും റാഗിങും ലൈംഗികപീഡനങ്ങളും കൊള്ളയും കൊലപാതകവും കൂടിക്കൂടിവരുന്നു. ചീത്തപ്പണത്തിന്റെ ഹുങ്കും ക്രൂരതയും അത്തരം കാമ്പസുകളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. വിദ്യാർഥികളുടെ സംഘടനാപ്രവര്‍ത്തനത്തിന്‌ നാശം വിധിക്കുന്നവർ ഇത്തരം പ്രവണതകൾക്ക്‌ വളംവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പ്രഭുകുമാരന്മാരുടെ അനാശാസ്യമായ അഴിഞ്ഞാട്ടങ്ങൾക്ക്‌ ആരും തടസമായിക്കൂടെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്‌.

വിദ്യാർഥി പ്രസ്ഥാനത്തിന്റെയും ജനാധിപത്യ ശക്തികളുടെയും മുമ്പിൽ കടുത്ത വെല്ലുവിളിയാണ്‌ സർക്കാർ ഉയർത്തുന്നത്‌. കമ്പോള തേർവാഴ്‌ചയ്‌ക്കെതിരായി ലോകമെമ്പാടും ഉയരുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗത്താണ്‌ വിദ്യാർഥികൾ അണിചേരുന്നത്‌. കേരളത്തിലെ കാമ്പസുകളും ലക്ഷ്യബോധമുള്ള അത്തരം ചെറുത്തുനിൽപ്പുകളുടെ ഉരുക്കുകോട്ടകളാകണം. ഇതിന്‌ കരുത്തുപകരുന്ന ആശയ-രാഷ്‌ട്രീയ സംവാദങ്ങളാണ്‌ അവിടെയുണ്ടാകേണ്ടത്‌. രാഷ്‌ട്രീയം രണ്ടുതരമുണ്ട്‌. ജീർണോന്മുഖവും സർഗാത്മകവും. അതിൽ ജീർണോന്മുഖ രാഷ്‌ട്രീയത്തിന്റെ തടവുകാരായി വിദ്യാർഥി സംഘടനകൾ മാറിക്കൂടാ. സംഘടനാപ്രവർത്തനത്തിന്റെ പേരിൽ നിരർഥകമായ ഏറ്റുമുട്ടലുകളും തെരഞ്ഞെടുപ്പുകളുടെ പേരിൽ പണത്തിന്റെ കുത്തൊഴുക്കും കാമ്പസുകളിലേക്ക്‌ കടത്തിവിടുന്നത്‌ ജീര്‍ണോന്മുഖ രാഷ്‌ട്രീയമാണ്‌. വലതുപക്ഷത്തിന്റെ താൽപ്പര്യങ്ങളെ മാത്രമേ അത്‌ ആത്യന്തികമായി സഹായിക്കു. അതിനെ ചെറുത്തു പരാജയപ്പെടുത്തേണ്ടത്‌ സർഗാത്മക രാഷ്‌ട്രീയം കൊണ്ടുതന്നെയാണ്‌. വിദ്യാർഥി പ്രസ്ഥാനത്തിലെ ഇടതുപക്ഷ ശക്തികൾക്കാണ്‌ ഇക്കാര്യം ഓർത്തിരിക്കേണ്ട കടമയുള്ളത്‌. സർഗാത്മക രാഷ്‌ട്രീയത്തെ ഭയപ്പെടുന്ന സർക്കാർ അരാഷ്‌ട്രീയതയുടെ വാദമുഖങ്ങൾകൊണ്ട്‌ ജീർണതയുടെ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തുകയാണ്‌. വെളിച്ചം തേടിയുള്ള യാത്രയിൽ നിന്ന്‌ പുത്തൻ തലമുറയെ വഴിമാറ്റിക്കൊണ്ടു പോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നീതിബോധമുള്ളവരെല്ലാം രംഗത്തുവരുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌.

*
ജനയുഗം മുഖപ്രസംഗം

Wednesday, April 9, 2014

ഇടതുപക്ഷം വിശ്വാസികളുടെ ശത്രുപക്ഷമല്ല

എന്റെ മുമ്പിലുള്ളത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനമാണ്. "സുവിശേഷത്തിന്റെ ആനന്ദം" എന്ന പേരിലുള്ള പ്രസ്തുത ആഹ്വാനം മതവിശ്വാസികള്‍ക്കിടയിലും അല്ലാത്തവരിലും ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. 2013 നവംബര്‍ 24 ന് റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് നല്‍കപ്പെട്ട പ്രബോധനമാണത്.

ഫ്രാന്‍സിസ് മാര്‍പാപ്പ സുവിശേഷത്തിന്റെ ആനന്ദത്തിലെ അമ്പത്തി മൂന്നാം ഖണ്ഡികയില്‍ ഇങ്ങനെ ചോദിക്കുന്നു "...... ഇന്ന് ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും ഒരു സമ്പദ്വ്യവസ്ഥയോട് നമുക്ക് "അരുത്" എന്ന് പറയേണ്ടിയിരിക്കുന്നു. അത്തരം ഒരു സമ്പദ് വ്യവസ്ഥ മാരകമാണ്. പാര്‍പ്പിടമില്ലാത്ത പ്രായാധിക്യമുള്ള ഒരാള്‍ അനാവൃതനായതുകൊണ്ട് മരിക്കുമ്പോള്‍ വാര്‍ത്തയാകാതിരിക്കുകയും സ്റ്റോക്ക് മാര്‍ക്കറ്റില്‍ രണ്ടു പോയിന്റ് നഷ്ടപ്പെടുമ്പോള്‍ വാര്‍ത്തയാകുകയും ചെയ്യുന്നത് എങ്ങനെയാണ്? കമ്പോള ചങ്ങാത്ത വ്യവസ്ഥയോടും അതിന്റെ നവലിബറല്‍ നയങ്ങളോടുമുള്ള സഭയുടെ മാനുഷികവും അസന്ദിഗ്ദവുമായ വിമര്‍ശമാണിതെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. ഇതേ അപ്പസ്തോലിക ആഹ്വാനത്തില്‍, ഇന്ന് ലോകത്ത് നടക്കുന്നത് കമ്പോള തേര്‍വാഴ്ചയാണെന്ന ഭാഗം നിങ്ങള്‍ക്ക് വായിക്കാം. ധനത്തോടുള്ള പുതിയ വിഗ്രഹാരാധന വേണ്ടെന്ന് നിര്‍വിശങ്കം പറയുന്ന ധീരമായ ശബ്ദം ലോകം കേള്‍ക്കുകയാണ്. ഒരു മാര്‍പാപ്പയില്‍നിന്നാണ് അത് ഉണ്ടാകുന്നത് എന്നത് ആ ശബ്ദത്തെ വ്യത്യസ്തവും മുഴക്കമുള്ളതുമാക്കുന്നു. സംഘര്‍ഷഭരിതമായ ഇന്നത്തെ കാലഘട്ടത്തില്‍ ഇടതുപക്ഷവും വിശ്വാസികളും തമ്മിലുള്ള സംവാദത്തിന്റെ സര്‍ഗാത്മകമായ അടിത്തറയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍ എന്ന് ഇടതുപക്ഷം കാണുന്നു.

മാനവരാശിയുടെ പ്രകാശമാനമായ ഭാവിയില്‍ തല്‍പ്പരരായ എല്ലാവരും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍വയ്ക്കുന്ന ആശയങ്ങളില്‍ പലതും പങ്കുവയ്ക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "സുവിശേഷത്തിന്റെ ആനന്ദം" ആദരണീയനായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ വായിച്ചിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. എന്നിട്ടും പണ്ടുകാലത്ത് പറഞ്ഞുപോന്ന കാര്യംമാത്രമേ പറയൂ എന്ന് അദ്ദേഹം ശാഠ്യം പിടിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. സിപിഐ എമ്മിന്റെ പ്രകടനപത്രികയെ വിലയിരുത്തുന്നു എന്ന ഭാവത്തില്‍ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും മാറുന്ന കാലഘട്ടത്തില്‍ സഭയുടെയും ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെയും ഉത്തമ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്നതാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടണം. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ പക്ഷാന്തരമില്ല. മതേതര ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായാണ് ഇടതുപക്ഷം ന്യൂനപക്ഷ അവകാശങ്ങളെ കാണുന്നത്. ആ ജനവിഭാഗങ്ങളുടെ വിശ്വാസപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അവകാശങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷവും ന്യൂനപക്ഷ വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാവേണ്ടിയിരിക്കുന്നു. അതിന് കളമൊരുക്കുന്ന ഘടകങ്ങള്‍ അടുത്തും അകലെയും ധാരാളമാണ്. ആ ഘടകങ്ങള്‍ ശക്തിപ്പെടണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.

രാഷ്ട്രത്തിന്റെ മതം എന്ന ഒന്നുണ്ടെന്ന് ചിന്തിക്കുന്നവര്‍ ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങളുടെ ശത്രുക്കളാണ്. അവര്‍ മതനിരപേക്ഷതയെ കപടം എന്ന് മുദ്രകുത്തുന്നു. അവരുടെ "വിചാരധാര" മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളെന്നാണ് വിശേഷിപ്പിക്കുന്നത്. അതെ, ഗോള്‍വര്‍ക്കറുടെ വിചാരധാരയില്‍ പ്രത്യേക തലക്കെട്ടിന് താഴെ അങ്ങനെതന്നെയാണ് എഴുതിവച്ചിട്ടുള്ളത്. അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ആ ആശയത്തിന്റെ അനുയായികള്‍ ബാബറി മസ്ജിദ് പൊളിച്ചത്. ഗുജറാത്തില്‍ വംശഹത്യയ്ക്ക് വഴിതെളിച്ച ആശയമാണിത്. ഇന്ത്യയുടെ പല ഭാഗത്തും ക്രിസ്തീയ ദേവാലയങ്ങളെയും ശ്മശാനങ്ങളെയും അക്രമിച്ചവര്‍ "രാഷ്ട്രത്തിന്റെ മതം" എന്ന അബദ്ധവിശ്വാസത്തെ താലോലിച്ചവരാണ്. അതിന്റെ പ്രേരണയാലാണ് അവര്‍ ക്രിസ്തീയ പുരോഹിതന്‍മാരെയും കന്യാസ്ത്രീകളെയും നാടുനീളെ കടന്നാക്രമിച്ചത്. ഇന്ന് വന്‍കിട മൂലധന ശക്തികളുടെ പിന്തുണയോടെ അധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാണവര്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ ഇത്തരം അക്രമാസക്തിക്ക് മുമ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ചാഞ്ചാടിക്കളിച്ചതിന്റെ അനുഭവങ്ങള്‍ നാടിന് വേണ്ടുവോളമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം അടിപതറാതെ നിന്നവര്‍ ഇടതുപക്ഷംമാത്രമാണ്.

ഈ സത്യങ്ങള്‍ക്കുനേരെ പൗവ്വത്തില്‍ പിതാവിനെപ്പോലെ ഒരാള്‍ കണ്ണുപൂട്ടി നില്‍ക്കുന്നത് ദുഃഖകരമാണ്. ഇടതുപക്ഷ വിരോധത്തിന്റെ കണ്ണാടിയില്‍ക്കൂടിമാത്രമേ ലോകത്തെ കാണൂ എന്ന നിലപാട് ശരിയാണോ? ഇവിടെ ഇടതുപക്ഷവുമായി കലഹത്തിനുള്ള കാരണങ്ങള്‍മാത്രമേ പരതൂ എന്ന സമീപനം വിശ്വാസികളായ ഭൂരിപക്ഷം മനുഷ്യരുടെയും താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണോ? പൗവ്വത്തില്‍ പിതാവിനെപ്പോലെയുള്ള ചിന്താശേഷിയുള്ള സഭാവക്താക്കള്‍ ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, പ്രവേശനം, പാഠ്യപദ്ധതി, വിദ്യാര്‍ഥി യൂണിയന്‍ എന്നിവയെച്ചൊല്ലിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ ആര്‍ച്ച് ബിഷപ് പൗവ്വത്തില്‍ ഇടതുപക്ഷത്തിനെതിരായി വില്ലുകുലയ്ക്കുന്നത്. സിപിഐ എം പ്രകടനപത്രികയില്‍ ഇവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളോട് അദ്ദേഹത്തിന് വിയോജിക്കാന്‍ അവകാശമുണ്ട്. മേല്‍ച്ചൊന്ന വിഷയങ്ങളിലെല്ലാം സാമൂഹ്യനീതിയും ജനാധിപത്യവും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുനിലപാട്. അതിനോട് വിശ്വാസികള്‍ കലഹിക്കേണ്ട കാര്യമില്ല.

അന്തരിച്ച ആര്‍ച്ച് ബിഷപ് വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ആത്മകഥയായ "സ്ട്രെയിറ്റ് ഫ്രം ഹാര്‍ട്ട്" (ഹൃദയത്തില്‍നിന്ന് നേരിട്ട്) എന്ന പുസ്തകം ഓര്‍മയില്‍വരുന്നു. സഭയുടെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആ പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളെപ്പറ്റി ആ പുസ്തകത്തില്‍ വര്‍ക്കി വിതയത്തില്‍ പിതാവ് നടത്തുന്ന നിരീക്ഷണങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് ആരും പറയാനിടയില്ല. ഇടതുപക്ഷം വിശ്വാസികളുടെ എതിരാളിയല്ല. പണത്തെ ദൈവമായി വാഴ്ത്തുന്ന കമ്പോള തേര്‍വാഴ്ചയാണ് പൊതുശത്രുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘോഷിക്കുന്നു. യാഥാര്‍ഥ്യബോധമുള്ള ആ വാക്കുകളെ മുന്‍നിര്‍ത്തി ഇടതുപക്ഷവുമായി കൈകോര്‍ത്ത് പിടിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതല്ലേ...
*
ബിനോയ് വിശ്വം ദേശാഭിമാനി

Thursday, April 3, 2014

ഇന്ത്യക്കു സംഭവിക്കുന്നത്

$ 125 കോടി ജനങ്ങള്‍. തൊഴിലെടുക്കുന്നവര്‍ 70 കോടി. ഇവരില്‍ 92 ശതമാനവും അസംഘടിതമേഖലയില്‍. ദുര്‍ബലമായ സാമൂഹ്യസുരക്ഷ പോലും ഇല്ലാത്തവര്‍. $ ഇന്നത്തെ കടുത്ത വിലക്കയറ്റത്തില്‍ ഒരാള്‍ക്ക് അതിജീവിക്കാന്‍ 124 രൂപയെങ്കിലും വേണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റ് പറയുന്നു. തൊഴിലെടുക്കുന്നവരില്‍ 3/5ഉം ഇത്രപോലും വരുമാനമില്ലാത്തവരാണ്. നഗരത്തില്‍ 33ഉം ഗ്രാമത്തില്‍ 27ഉം രൂപ മതി ജീവിക്കാനെന്ന കേന്ദ്രത്തിന്റെ ഫലിതബിന്ദു പരിഗണിച്ചാല്‍പ്പോലും 28% ഭാരതീയര്‍ (ലോകത്തെ ദരിദ്രരുടെ 1/4) പട്ടിണിക്കാര്‍. മറ്റെല്ലാ ലോകരാജ്യങ്ങളിലും ഇതിന്റെ മൂന്നിരട്ടി (ഒന്നര ഡോളര്‍) ആണ് അതിജീവനച്ചെലവ്.

$ യുവശക്തിയില്‍ (15-28 വയസ്സുകാര്‍) പകുതിക്കും പണിയില്ല. ബിരുദധാരികളിലെ തൊഴിലില്ലായ്മ 2005-12 കാലത്ത് വളര്‍ന്നത് 21ല്‍നിന്ന് 33 ശതമാനത്തിലേക്ക്. കേന്ദ്രസര്‍ക്കാരില്‍ നികത്താതെ കിടക്കുന്നത് 10 ലക്ഷത്തോളം ഒഴിവ്. സംസ്ഥാനങ്ങളില്‍ 50 ലക്ഷത്തിലധികവും. യുവാക്കളെ തെരുവില്‍ തള്ളുന്ന വികസനം.

$ വിലക്കയറ്റം ശരാശരി 10 ശതമാനം ഉള്ളപ്പോള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലും കൂലിയില്‍ വന്ന വാര്‍ഷികവര്‍ധന 1.7 ശതമാനം മാത്രം. തൊഴിലാളിയുടെ ഉല്‍പ്പാദനശേഷി 300 ശതമാനം വര്‍ധിക്കുകയും രാജ്യം വന്‍ സമ്പത്തുല്‍പ്പാദനം നടത്തിയിട്ടും ന്യായമായ വിഹിതം പോയിട്ട് വിലക്കയറ്റത്തിന് അനുസരിച്ചുപോലും പങ്ക് തൊഴിലാളിക്ക് കിട്ടിയില്ല. തൊഴിലാളിയെ ചവിട്ടിത്തള്ളുന്ന വികസനം.

$ സ്ഥിരംതൊഴില്‍ സ്വപ്നമായി. സര്‍വത്ര കരാര്‍ജോലി. സ്ഥിരംതൊഴിലാളിയുടെ 1/10 മാത്രമാണ് കരാര്‍ത്തൊഴിലാളിയുടെ ശരാശരി കൂലി. ഇവര്‍ക്കാകട്ടെ ഒരു ആനുകൂല്യവുമില്ല. കേന്ദ്രപൊതുമേഖലയില്‍ ആറുകൊല്ലംകൊണ്ട് ഇല്ലാതായത് 2,16,000 സ്ഥിരംതൊഴില്‍ തസ്തികകള്‍. ഇനി യുവാക്കള്‍ "കൂലിപ്പണിക്കാര്‍" മാത്രം.

$ ഐടി മേഖലയില്‍ മൂന്നു വര്‍ഷമായി "ബിരുദധാരികളുടെ പടയെത്തന്നെ കൂലികൊടുക്കാതെ നിലനിര്‍ത്തിയിരിക്കുന്നു എന്ന് "ദ് ഹിന്ദു"വിന്റെ 2013 ഡിസംബര്‍ 30ലെ സമഗ്ര റിപ്പോര്‍ട്ട് പറയുന്നു. ജോലി വാഗ്ദാനം ചെയ്തു വര്‍ഷങ്ങള്‍ കാത്തുനിര്‍ത്തി വഴിയില്‍ തള്ളുന്ന പുതിയ തന്ത്രം.

$ ഇന്ത്യന്‍സ്ത്രീകളില്‍ 69 ശതമാനത്തിനും തൊഴിലില്ല. സംഘടിതമേഖലയിലെ സ്ത്രീയുടെ തൊഴില്‍സാന്നിധ്യം എട്ടു കൊല്ലത്തിനിടെ 29ല്‍നിന്ന് 22 ശതമാനമായി കുറഞ്ഞു. കുറഞ്ഞകൂലിയായിട്ടുപോലും സ്ത്രീയെ കമ്പോളത്തിനു വേണ്ട.

$ ബാലവേല നിരോധിച്ച ഇന്ത്യയില്‍ 50 ലക്ഷം കുട്ടികള്‍ വിശപ്പടക്കാന്‍ വേലചെയ്യുന്നു. $ ഐക്യരാഷ്ട്രസഭയുടെ "ഹാബിറ്റാറ്റ് സ്ലം ഓഫ് വേള്‍ഡ്" റിപ്പോര്‍ട്ട് പ്രകാരം 15.84 കോടി ഇന്ത്യക്കാര്‍ ചേരികളിലാണ്. നഗരവാസികളില്‍ 55 ശതമാനം.

$ വാക്ക് ഫ്രീ ഫൗണ്ടേഷന്‍ പഠനപ്രകാരം നൂറ്റാണ്ടില്‍ ലോകത്തെ മൂന്നുകോടി അടിമകളില്‍ പകുതി ഇന്ത്യയിലാണ്. "വിശപ്പുരേഖ" പ്രകാരം 21 കോടി മനുഷ്യര്‍ക്ക് വിശപ്പുമാറ്റാന്‍ യോഗ്യമായ ഭക്ഷണം കിട്ടുന്നില്ല.

$ കോര്‍പറേറ്റുകള്‍ക്ക് 2011-12ല്‍ ഇളവുചെയ്തുനല്‍കിയ നികുതി 5,33,000 കോടി രൂപ. അടുത്തവര്‍ഷം (2012-13ല്‍) 5,73,000 കോടിയും. അക്കൊല്ലത്തെ ധനക്കമ്മി 4,90,000 കോടി മാത്രം! പദ്ധതിച്ചെലവുപോലും ഈ സൗജന്യത്തേക്കാള്‍ കുറഞ്ഞ തുകയാണ് 4,13,000 കോടി! ധനികരോട് എന്തൊരു കാരുണ്യം!

$ ഒരു ജീവനക്കാരന്‍ വാങ്ങുന്ന ശമ്പളത്തില്‍ 100ല്‍ 30 രൂപ നികുതി നല്‍കണം. ഒരിക്കല്‍ നികുതി കൊടുത്ത പണംകൊണ്ട് സാധനം വാങ്ങുമ്പോള്‍ പിന്നെയും 220 ശതമാനം നികുതി. മിച്ചം ഉള്ളത് ഇന്‍ഷുറന്‍സില്‍ ഇട്ടാല്‍ 12.36 ശതമാനം സേവനികുതി. സ്ഥിരനിക്ഷേപത്തിനും നികുതി. ഒരു സ്കൂട്ടര്‍ വാങ്ങിയാല്‍ വിലയില്‍ പകുതിയും നികുതി. പെട്രോളിന് നികുതി... ഒരിക്കല്‍ നികുതി അടച്ച പണം ചെലവാക്കുന്നതിനാണ് ഇതെല്ലാം. 2006ല്‍ 6000 കോടി സേവനികുതി പിരിച്ചിടത്ത് 2013-14ല്‍ ഊറ്റിയത് 1.64 ലക്ഷം കോടി. ജനത്തോട് എന്തേ കാരുണ്യമില്ല?!

$ രാജ്യത്തെ നടുക്കിയ ലക്ഷം കോടികളുടെ അഴിമതികളെല്ലാം കോര്‍പറേറ്റുകള്‍ക്ക് ദേശീയവിഭവങ്ങള്‍ തീറെഴുതിയതിന്റെ കൂട്ടിക്കൊടുപ്പുകാശ് ആയിരുന്നു. കല്‍ക്കരിയും എണ്ണയും ഗ്യാസും ഭൂമിയും സ്പെക്ട്രവും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം ആരുടെയും കുടുംബസ്വത്തല്ല. നമുക്കെല്ലാം അവകാശപ്പെട്ടതാണ്. അതെല്ലാം മോഷ്ടിച്ചു വിരലിലെണ്ണാവുന്നവര്‍ക്ക് മറിച്ചുവിറ്റു. വിറ്റവരുടെ കീശയിലായതു മാത്രം പത്തുലക്ഷം കോടി രൂപയാണ്.

$ ഈ ഭാരമെല്ലാം പേറുന്ന ജനതയുടെ 2013ലെ ബാങ്കുകടം 9,27,300 കോടി രൂപ. മുന്‍വര്‍ഷം 7,97,400 കോടി. വര്‍ധന 16.3 ശതമാനം. സമ്പത്തികവളര്‍ച്ചയുടെ നാലിരട്ടി!

$ കടം ദാരിദ്ര്യമാണ്; വിലക്കയറ്റമാണ്. വിലക്കയറ്റം ദാരിദ്ര്യമാണ്. ദാരിദ്ര്യം കടം കൂട്ടുന്നു. $ കേന്ദ്ര വ്യവസായവാണിജ്യവകുപ്പ് പറയുന്നു: കഴിഞ്ഞ പത്തുകൊല്ലത്തെ വിലക്കയറ്റം പച്ചക്കറിക്ക് 402 ശതമാനം, അരിക്ക് 223 ശതമാനം, പയറുകള്‍ക്ക് 229 ശതമാനം, മുട്ട, മാംസം, മീന്‍ 283 ശതമാനം. ഇവ പാചകം ചെയ്യാനുള്ള ഇന്ധനത്തിന്, പെട്രോള്‍ 194 ശതമാനം, ഡീസല്‍ 222.14 ശതമാനം, വീട്ടിലേക്കുള്ള പാചകവാതകം 200 ശതമാനം, വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് 400 ശതമാനം വീതം വര്‍ധന. വിദ്യാഭ്യാസവിലക്കയറ്റം 3000 ശതമാനം; ഗതാഗതവിലക്കയറ്റം 300 ശതമാനം.... അതേസമയം, കൂലിയോ? ആണ്ടില്‍ നൂറുശതമാനം എങ്കിലും ഉയരേണ്ടിടത്ത് വെറും ഒരുശതമാനം. ബാക്കി 99 ശതമാനം കമ്പോളം വിഴുങ്ങി. ഈ വിലക്കയറ്റം കോര്‍പറേറ്റ് ലാഭക്കൊതിയുടെ സൃഷ്ടിയാണ്.

$ ഇതെല്ലാം ചെയ്തുകൂട്ടിയവര്‍ മനഃപൂര്‍വം സൃഷ്ടിക്കുകയാണ് ദാരിദ്ര്യം. ഇവര്‍ പറയുന്ന ഭക്ഷ്യസുരക്ഷ കേവലം ക്രൂരഫലിതം എന്നല്ലാതെ എന്താകാന്‍!

$ സര്‍ക്കാരിലെ പെന്‍ഷന്‍ എന്ന സങ്കല്‍പ്പമാണ് പൊതുമേഖലയിലും കൃഷി, കയര്‍, കശുവണ്ടി തുടങ്ങിയ രംഗങ്ങളിലും വൃദ്ധര്‍ക്കും വിധവകള്‍ക്കും തൊഴിലില്ലാത്തവര്‍ക്കുമൊക്കെ പെന്‍ഷനും വേതനവും നല്‍കാന്‍ പ്രേരണയായത്. എന്നാല്‍, ഇന്ന് പെന്‍ഷനുകള്‍ക്കെതിരെ മൂലധനശക്തികളും അവര്‍ക്കുവേണ്ടി അവരുടെ സര്‍ക്കാരുകളും നടത്തുന്ന പ്രചാരണക്കെണിയില്‍ നമ്മില്‍ പലരും വീണുപോകുന്നു.

$ പെന്‍ഷനെ കമ്പോളത്തിന് ചൂതാടാന്‍ വിട്ടുകൊടുത്ത കൊടുംകൊള്ള അവശ തൊഴിലാളികളെ പട്ടിണിയില്‍ തള്ളുന്നു. പെന്‍ഷന്‍ ഫണ്ടിലെ തുക രണ്ടുലക്ഷത്തില്‍ താഴെയാണെങ്കില്‍ തിരികെവാങ്ങി പോകണമത്രേ!

$ 2004ല്‍ ഈ പെന്‍ഷന്‍ പദ്ധതി തുടങ്ങിയ കര്‍ണാടകത്തില്‍ സര്‍ക്കാരിന്റെ വിഹിതം ഇതുവരെ അടച്ചിട്ടില്ല. 2010 വരെ പിടിച്ച വിഹിതം അതിനു പണമില്ലെന്നുപറഞ്ഞു തിരികെ നല്‍കി. ഒഡിഷയിലും ബിഹാറിലും ഛത്തീസ്ഗഢിലും സര്‍ക്കാര്‍വിഹിതം അടച്ചിട്ടില്ല. ഖജനാവ് കൊള്ളയടിച്ചുതീര്‍ത്ത കേരളത്തിലെ സ്ഥിതി...?!

*
deshabhimani

Wednesday, April 2, 2014

അബദ്ധംകൊണ്ട് പ്രതിരോധം

ഏത് ഉയര്‍ന്ന സ്ഥാനത്ത് ചെന്നിരുന്നാലും ഇരിക്കുന്നയാള്‍ അപക്വമതിയാണെങ്കില്‍ ആ അപക്വത, ആ സ്ഥാനത്തിന് താന്‍ പറ്റിയ ആളല്ല എന്നത് വെളിവാക്കിക്കൊണ്ട് അറിയാതെ പുറത്തുവരും.എ കെ ആന്റണിയുടെ കാര്യത്തില്‍ ഇതിന് ഉദാഹരണം നിരവധിയാണ്. ഇരിക്കുന്നത് പ്രതിരോധമന്ത്രിസ്ഥാനത്താണെങ്കിലും ആ സ്ഥാനത്തിന് നിരക്കുന്നതല്ല അദ്ദേഹം പറയുന്ന കാര്യങ്ങളൊന്നും.ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രതിരോധമന്ത്രി, പ്രതിരോധകാര്യത്തില്‍ രാജ്യം ദുര്‍ബലമാണെന്ന് വിളിച്ചുപറയുമോ? അതുപോലും ചെയ്ത പ്രതിരോധമന്ത്രിയാണ് നമുക്കുള്ളത്.

ഭീകരപ്രവര്‍ത്തകര്‍ മുംബൈ ആക്രമണം നടത്തിയതിന് ചില മാസങ്ങള്‍ക്കുമുമ്പായിരുന്നു പ്രതിരോധമന്ത്രിയുടെ രാജ്യസുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള വിളംബരം."കരയിലൂടെ ആക്രമണമുണ്ടായാല്‍ അത് നേരിടാന്‍ സജ്ജമാണ് നമ്മുടെ സൈന്യം. ആക്രമണം കടലിലൂടെയാണെങ്കില്‍ അത് നേരിടാന്‍ വേണ്ട പ്രാപ്തി നമുക്കില്ല\'. ഇതായിരുന്നു അന്ന് എ കെ ആന്റണി കൊച്ചിയില്‍ നടത്തിയ പ്രഖ്യാപനം.ഇത് പ്രതിരോധ സേനാധിപന്മാരുടെ രഹസ്യയോഗത്തില്‍ പ്രതിരോധമന്ത്രിക്ക് പറയാം. ഒരു പൊതുവേദിയില്‍ ഇങ്ങനെ രാജ്യസുരക്ഷാ ദൗര്‍ബല്യം പ്രസിദ്ധപ്പെടുത്താമോ ഒരു പ്രതിരോധമന്ത്രി? പാടില്ല എന്ന് അറിയാനുള്ള വിവേകമോ പക്വതയോപോലും നമ്മുടെ പ്രതിരോധമന്ത്രിക്കുണ്ടായില്ല.എ കെ ആന്റണി ഇത് പരസ്യമായിപ്പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസംതന്നെ പത്രങ്ങള്‍ വലിയ തലക്കെട്ടുകളോടെ ഇത് പ്രസിദ്ധപ്പെടുത്തി. പാകിസ്ഥാനിലെ ഡോണ്‍ എന്ന പത്രം ആന്റണിയുടെ പ്രഖ്യാപനം മുഖ്യതലക്കെട്ടാക്കി. "ആക്രമണം കടലിലൂടെയായാല്‍ ഇന്ത്യക്ക് നേരിടാന്‍ ശേഷിയില്ല: പ്രതിരോധമന്ത്രി\' ഇതായിരുന്നു തലക്കെട്ട്.ഇതുകഴിഞ്ഞ് ചില മാസങ്ങള്‍മാത്രം കഴിഞ്ഞ വേളയിലാണ് കടലിലൂടെതന്നെ ഭീകരര്‍ പാകിസ്ഥാനില്‍നിന്നെത്തി രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മുംബൈ ആക്രമണം നടത്തിയത്.

സത്യത്തില്‍, കടലിലൂടെ വന്നോളാന്‍ പാക് ഭീകരര്‍ക്ക് സന്ദേശം കൊടുക്കുന്നതിന് തുല്യമായിരുന്നില്ലേ ആന്റണിയുടെ പ്രഖ്യാപനം? ആന്റണി മനഃപൂര്‍വം അങ്ങനെ ചെയ്തുവെന്ന് പറയുന്നില്ല. എങ്കിലും, അവിവേകം നിറഞ്ഞ ഇത്തരം പ്രസ്താവനകള്‍ നടത്തിക്കൂടാത്തതാണെന്ന് തിരിച്ചറിയാനുള്ള പക്വതയെങ്കിലുമില്ലാത്ത ഒരാള്‍ പ്രതിരോധമന്ത്രിസ്ഥാനത്ത് ഇരുന്നുകൂടാത്തതാണ് എന്ന സത്യം പറയാതിരിക്കുന്നുമില്ല.മുംബൈ ഭീകരാക്രമണം ഉണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശിവരാജ്പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു. കടലിലൂടെ വിദേശ ഭീകരര്‍ ആക്രമണം നടത്തുന്നത് തടയേണ്ട ചുമതല കൂടുതലായുള്ളത് ആഭ്യന്തരമന്ത്രിക്കല്ല, രാജ്യത്തിന്റെ പ്രതിരോധമന്ത്രിക്കാണ്. ആദ്യം രാജിവയ്ക്കേണ്ടത് പ്രതിരോധമന്ത്രിയാണ്; കടലിലൂടെ വന്നാല്‍ ഇവിടെ ആരും തടയാനുണ്ടാവില്ലെന്ന് വിവരം കൊടുക്കുകകൂടി ചെയ്തയാളാണ് എന്നതുകൊണ്ട് പ്രത്യേകിച്ചും. എന്നാല്‍, ശിവരാജ്പാട്ടീല്‍ രാജിവച്ചു; ആന്റണി ഇളകിയില്ല.

ഇതേപോലെ മറ്റൊരിക്കല്‍ അതിര്‍ത്തി കടന്നു വന്ന പാക് സൈനികര്‍ അതിര്‍ത്തിക്കിപ്പുറത്തെ ഇന്ത്യന്‍ സേനാംഗങ്ങളുടെ തല വെട്ടിക്കൊണ്ടുപോയി. നമ്മുടെ പ്രതിരോധമന്ത്രി അന്നു പാര്‍ലമെന്റില്‍ പറഞ്ഞത്, അവര്‍ പാക് സൈനികരല്ല, സൈനികവേഷമിട്ട ആള്‍ക്കാര്‍മാത്രമാണ് എന്നാണ്. പാര്‍ലമെന്റില്‍ വലിയ ബഹളമായി. ഒടുവില്‍ പ്രതിരോധവക്താവിനുതന്നെ പ്രതിരോധമന്ത്രിയെ തിരുത്തേണ്ട ഗതികേടുണ്ടായി. ഒരു പ്രതിരോധമന്ത്രിക്കു പറയാന്‍ കൊള്ളുന്ന കാര്യമാണോ താന്‍ പറഞ്ഞത് എന്ന് ആന്റണി സാവകാശം ആലോചിക്കട്ടെ. ഇത്തരമൊരു സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനാണോ എന്ന കാര്യവും. അബദ്ധങ്ങള്‍ പറയാന്‍ പ്രതിരോധമന്ത്രിസ്ഥാനം വേണമെന്നൊന്നുമില്ല എ കെ ആന്റണിക്ക്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്നു കാലുമാറി കോണ്‍ഗ്രസിലേക്കുപോയ വേളയില്‍ ആന്റണി പറഞ്ഞത് ആരും മറന്നിട്ടുണ്ടാവില്ല. ""ഇനി നൂറുവര്‍ഷത്തേക്ക് സിപിഐ എം കേരളത്തില്‍ അധികാരത്തില്‍ വരില്ല\'\' എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സിപിഐ എം കേരളത്തില്‍ അധികാരത്തില്‍ വരുന്നത് എ കെ ആന്റണിക്ക് കാണേണ്ടിവന്നു. മത്സരം സിപിഐ എം- ബിജെപി കക്ഷികള്‍ തങ്ങളിലാണെങ്കില്‍ താന്‍ സിപിഐ എമ്മിന് വോട്ടുചെയ്യില്ല എന്ന് മറ്റൊരിക്കല്‍ ആന്റണി പറഞ്ഞു. സിപിഐ എമ്മിനെ ആക്ഷേപിക്കാനുള്ള വ്യഗ്രതയില്‍ ബിജെപിക്കു ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകൊടുക്കുകയല്ലേ ഫലത്തില്‍ ആന്റണി ചെയ്യുന്നത് എന്ന് കോണ്‍ഗ്രസുകാര്‍ പോലും അന്ധാളിച്ചു.

കോ-ലീ-ബി സഖ്യത്തിലൂടെയടക്കം ബിജെപിയുമായി ബന്ധം സ്ഥാപിച്ച് സിപിഐ എമ്മിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. വി പി സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മതനിരപേക്ഷ സര്‍ക്കാരിനെ ബിജെപിക്കൊപ്പംനിന്നു വോട്ടുചെയ്തു തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതാവ് ഇങ്ങനെ പറയുന്നതില്‍ അന്ധാളിക്കാന്‍ ഒന്നുമില്ലെന്നതു മറ്റൊരു കാര്യം!ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആന്റണി ഡല്‍ഹിയില്‍നിന്ന് എത്തിയിരിക്കുന്നു. ആദ്യംതന്നെ പറഞ്ഞത് പാര്‍ടി കോടതികള്‍ അനുവദിക്കില്ല എന്നാണ്. എവിടെയാണ് പാര്‍ടി കോടതിയുള്ളത്?

തെരഞ്ഞെടുപ്പുവരുമ്പോള്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളിലല്ലാതെ പാര്‍ടി കോടതി, പാര്‍ടി ഗ്രാമം എന്നൊക്കെയുള്ളവ സങ്കല്‍പ്പമായിപോലും എവിടെയും നിലവിലില്ല. യാഥാര്‍ഥ്യം പറഞ്ഞു ജയിക്കാനാകാതെ വരുമ്പോള്‍ സങ്കല്‍പ്പം പറഞ്ഞു പുകമറയുണ്ടാക്കി രക്ഷപ്പെടുന്ന സ്ഥിരം കോണ്‍ഗ്രസ് രാഷ്ട്രീയ രീതി!കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പറഞ്ഞത് കണ്ണൂരിലാകെ പാര്‍ടി ഗ്രാമങ്ങളാണെന്നും ആ ഗ്രാമങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വതന്ത്രമായി വോട്ടുചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയെന്നുമാണ്. അന്ന് ഇങ്ങനെ പറഞ്ഞുനടന്ന ആന്റണിയോട്, അതായിരുന്നു സത്യമെങ്കില്‍ കെ സുധാകരന്‍ ജയിച്ചതെങ്ങനെ എന്ന് ജനങ്ങള്‍ തിരിച്ചുചോദിക്കേണ്ടതുണ്ട്. ആ ചോദ്യം വന്നേക്കാമെന്നതുകൊണ്ടാകണം, ഇത്തവണ ആന്റണി ഇറങ്ങിയത് "പാര്‍ടി കോടതി\' എന്ന സങ്കല്‍പ്പവുമായാണ്!

ആന്റണി രണ്ടാമതു പറഞ്ഞത് സിബിഐ അന്വേഷണത്തെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും അതുമായി ബന്ധപ്പെട്ട ഫയലും പഠിച്ചശേഷം സിബിഐ നിശ്ചയിച്ചത് തങ്ങള്‍ അന്വേഷിക്കേണ്ട ഒന്നും ഇതിലില്ല എന്നാണ്. സിബിഐക്ക് അങ്ങനെ നിശ്ചയിക്കാന്‍ സ്വാതന്ത്ര്യവും അധികാരവുമുണ്ട്. എന്നാല്‍, ആ സ്വാതന്ത്ര്യവും അധികാരവും അനുവദിക്കില്ല എന്ന മട്ടിലാണ് ഇപ്പോള്‍ എ കെ ആന്റണി. സിബിഐ അന്വേഷണം ഉണ്ടാകും എന്ന പ്രതീതിപരത്താന്‍ കേന്ദ്രമന്ത്രിസ്ഥാനം ദുരുപയോഗിക്കുകയാണ് അദ്ദേഹം ഇതിലൂടെ ചെയ്യുന്നത്. ഇതു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നത് ആന്റണി മനസിലാക്കിയ മട്ടില്ല.

സിബിഐ അന്വേഷണം ഉണ്ടാകില്ലെന്നു കരുതിയവര്‍ ആഹ്ലാദിക്കാന്‍ വരട്ടെ, എന്നൊക്കെയാണ് ആന്റണി പറയുന്നത്. തന്റെ അധികാരം ഉപയോഗിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും എന്നു പറയുന്നതിനു തുല്യമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പാടുള്ള കാര്യമല്ല ഇത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെറിച്ചുപോകാനുള്ളതേയുള്ളൂ ആ മന്ത്രിക്കസേര. അതുപയോഗിച്ചു ഭീഷണി വേണ്ട! ഓരോ തെരഞ്ഞെടുപ്പുവരുമ്പോഴും ഓരോ വിഷയത്തില്‍ ഓരോ സിബിഐ അന്വേഷണം. സിബിഐ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഏറ്റുപാടുന്ന കൂട്ടിലടച്ച തത്തയാണെന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അത് അങ്ങനെതന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള പുറപ്പാടാണോ ആന്റണിയുടേത്?

തെരഞ്ഞെടുപ്പ് പ്രചാരണ മീറ്റ് ദ പ്രസില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് ആന്റണി സൂചിപ്പിക്കുന്നു; കുറച്ചു കഴിയുമ്പോള്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സിബിഐക്ക് കത്തയക്കുന്നു; അന്വേഷണ സാധ്യത അറിയിക്കാന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് സിബിഐ ഡയറക്ടര്‍ എഴുതുന്നു. അപ്പോള്‍ അന്വേഷണം വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് തീരുമാനിക്കുന്നതാരാണ്? സിബിഐയോ അതോ ഭരണരാഷ്ട്രീയമോ?

സിബിഐ അന്വേഷണ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ പതിനായിരത്തില്‍ ഒരംശം കേരളത്തിന്റെ വികസന താല്‍പര്യങ്ങളിലോ കസ്തൂരിരംഗന്‍ പോലുള്ള പ്രശ്നങ്ങളിലോ ആന്റണി കാണിച്ചിരുന്നുവെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോകും.ഏതായാലും ആന്റണിക്കു പറ്റിയ ശിഷ്യനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹവും സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ്. തന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തിനുകീഴില്‍ നടന്ന അന്വേഷണം ശരിയല്ലായിരുന്നുവെന്നു പുരപ്പുറത്തുനിന്ന് വിളിച്ചുകൂവുന്നതിനു തുല്യമാണിത്. ഇങ്ങനെ സ്വയം അവഹേളിക്കുന്ന മറ്റൊരു മന്ത്രിയെ ലോകം കണ്ടിട്ടുണ്ടാവില്ല. സിബിഐ അന്വേഷണം നടക്കില്ല എന്നറിഞ്ഞ് ആരോ പായസം വച്ചതായൊക്കെ ആന്റണി പറയുന്നുണ്ട്. ആര് പായസംവച്ചു എന്നാണ്? എ കെ ആന്റണിക്കല്ലാതെ രാജ്യത്തിന്റെ പ്രതിരോധമന്ത്രിക്ക് ചേരുന്നതല്ല ഇത്തരം വാക്കുകള്‍!

*
പ്രഭാവര്‍മ ദേശാഭിമാനി

ആ സുവിശേഷം മറക്കരുത്

രാമപുരത്ത് കൊണ്ടാട്ടിയിലേക്കുള്ള ഗ്രാമപാതയിലൂടെ നടക്കുകയായിരുന്ന തൊമ്മിച്ചേട്ടന്റെയും മത്തായിച്ചന്റെയും വര്‍ത്തമാനം യാദൃച്ഛികമായാണ് ശ്രദ്ധിച്ചത്. തെരഞ്ഞെടുപ്പായിരുന്നു ചര്‍ച്ച. വര്‍ത്തമാനത്തിനിടെ തൊമ്മിച്ചേട്ടന്‍ മത്തായിച്ചനോട് പറഞ്ഞു. "ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞതല്ലേ ശരി. പാപ്പ ചൂണ്ടിക്കാട്ടിയ അക്കാര്യങ്ങളൊക്കെത്തന്നെയല്ലേ ഇന്ത്യയിലും നടക്കുന്നത്. ഇപ്പോഴത്തെ മൊതലാളിത്തം ആളുകളെ കൊന്നൊടുക്കുകയാണെന്നാണ് പാപ്പ പറഞ്ഞത്. എല്ലാം പണത്തെ ആശ്രയിച്ചുമാത്രം. നമ്മുടെ നാട്ടിലും അതൊക്കെത്തന്നെയല്ലേ..." അവരുടെ വര്‍ത്തമാനം അങ്ങനെ തുടര്‍ന്നു.

തൊമ്മിച്ചേട്ടന്‍ പറഞ്ഞതുപോലെ ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും കാതോര്‍ത്ത് കേള്‍ക്കേണ്ട സുവിശേഷമാണത്. കഴിഞ്ഞ നവംബര്‍ 25ന് പുറത്തിറക്കിയ "സുവിശേഷത്തിന്റെ ആനന്ദം" എന്ന പ്രബോധന രേഖയിലാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ മുതലാളിത്തത്തെ നിശിതമായി വിമര്‍ശിച്ചത്. ഈ രേഖയിലെ 52 മുതല്‍ 59 വരെയുള്ള ഖണ്ഡികകള്‍ ലോകത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് രൂക്ഷമായ വിമര്‍ശമാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നകപ്പെട്ടിരിക്കുന്ന ദുരിതങ്ങളുടെ കാരണങ്ങള്‍ ഓരോന്നായി മാര്‍പ്പാപ്പ ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യവംശം അതിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നതെന്നു ചൂണ്ടിക്കാട്ടുന്ന അപ്പോസ്തലിക് പ്രഖ്യാപനത്തില്‍ അസമത്വം അപകടകരമായി പെരുകുന്ന ഇന്നത്തെ സമ്പദ്വ്യവസ്ഥ ഉപേക്ഷിക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനംചെയ്യുന്നു. ഉപഭോഗ സംസ്കാരം ഒഴിവാക്കണം. അമിത ഉപഭോഗം മാറ്റിവയ്ക്കണം. ജീവിതസുരക്ഷയും സ്വജീവിതസുഖവും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണം. ദൈവം മോസസിനോട് പറഞ്ഞ പത്തുകല്‍പ്പനകളെ ഓര്‍മിപ്പിച്ചാണ് മുതലാളിത്തത്തിനും അതിന്റെ ചൂതാട്ടത്തിനുമെതിരെ പാപ്പയുടെ വിമര്‍ശം ആരംഭിക്കുന്നത്. വീടില്ലാത്ത ഒരുപാവം തെരുവില്‍കിടന്നു മരിച്ചാല്‍ വാര്‍ത്തയല്ല. ഓഹരിവിപണിയില്‍ രണ്ടു പോയന്റ് കുറഞ്ഞാല്‍ അത് വലിയ വാര്‍ത്ത. ഒഴിവാക്കപ്പെടലിന്റേതാണ് ഈ സമ്പദ്വ്യവസ്ഥ (ഇക്കോണമി ഓഫ് എക്സ്ക്ലൂഷന്‍). ഒരു ഭാഗത്ത് ഒരു നേരത്തെ ഭക്ഷണമില്ലാതെ ജനകോടികള്‍ പട്ടിണികിടക്കുമ്പോള്‍ മറുഭാഗത്ത് തിന്നുമടുത്ത് വലിച്ചെറിയുന്നു. അപകടകരമായ അസമത്വം. സമത്വം നിഷേധിക്കുന്നു. ഈ മുതലാളിത്ത സമ്പദ്വ്യവസ്ഥ ജനങ്ങളെ കൊന്നൊടുക്കുകയാണ്. അതുകൊണ്ട് പത്തു കല്‍പ്പനകളില്‍ പറഞ്ഞതുപോലെ പറയേണ്ടിയിരിക്കുന്നു- "കൊല്ലരുത്". ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ വക്താക്കള്‍ പറയുന്ന "ഇറ്റിറ്റു വീഴല്‍ സിദ്ധാന്ത"ത്തെയും മാര്‍പ്പാപ്പ ശക്തിയായി എതിര്‍ക്കുന്നു.

അനിയന്ത്രിത കമ്പോളം നയിക്കുന്ന സാമ്പത്തികവളര്‍ച്ച എല്ലാവരിലേക്കും അരിച്ചിറങ്ങിക്കൊള്ളുമെന്നാണ് ഈ സിദ്ധാന്തം. അങ്ങനെയൊന്നു സംഭവിക്കുന്നില്ലെന്നും സംഭവിക്കുന്നത് കമ്പോളത്തിന്റെ സ്വേച്ഛാധിപത്യവും ധനമൂലധനത്തിന്റെ ഊഹക്കച്ചവടവുമാണെന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നു. കമ്പോളത്തിന്റെ പുതിയ സ്വേച്ഛാധിപത്യം (ന്യൂ ടിറണി) എന്നാണ് പാപ്പ പറഞ്ഞിരിക്കുന്നത്. അസമത്വത്തിന്റെ ഘടനാപരമായ കാരണങ്ങളെയും ഫ്രാന്‍സീസ് മാര്‍പ്പാപ്പ തുറന്നുകാട്ടുന്നുണ്ട്. പണ്ട് "സ്വര്‍ണക്കാളയെ" ആരാധിച്ചപോലെ ഇപ്പോള്‍ പണത്തെ വിഗ്രഹമായി ആരാധിക്കുകയാണ്. എല്ലാം പണം. ഉപഭോഗാര്‍ത്തിയും ലാഭാര്‍ത്തിയും മനുഷ്യനെ ഇല്ലാതാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അസമത്വവും അനീതിയും നിറഞ്ഞ മുതലാളിത്തത്തിനെതിരായ ഏറ്റവും ശക്തമായ കുറ്റാരോപണമാണ് മാര്‍പ്പാപ്പയുടേത്. അതുകൊണ്ടുതന്നെ ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്കെതിരെ ആഗോളമുതലാളിത്തത്തിന്റെ സിരാകേന്ദമായ അമേരിക്കയില്‍ വലിയ കോലാഹലമുയര്‍ന്നു. പേരുകേട്ട അമേരിക്കന്‍ റേഡിയോ പ്രഭാഷകന്‍ റുഷ് ലിംബാഗ് പറഞ്ഞത് പോപ്പിന്റെ വായില്‍നിന്നു വന്നത് ശുദ്ധ മാര്‍ക്സിസമാണെന്നാണ്.

ലിബറലി കണ്‍സര്‍വേറ്റീവ് ഡോട്ട് കോമില്‍ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് പോപ്പ് പുതിയ കമ്യൂണിസ്റ്റ് മാനിഫെസസ്റ്റോ എഴുതുവെന്നായിരുന്നു. അതിന് പോപ്പ് ഒരു ഇറ്റാലിയന്‍ പത്രത്തില്‍ നല്‍കിയ മറുപടി മാര്‍ക്സിസ്റ്റുകാര്‍ക്ക് നന്മചെയ്യാന്‍ കഴിയുമെന്നാണ്. മാര്‍പ്പാപ്പ അതിനിശിതമായി വിമര്‍ശിച്ച സാമ്പത്തികനയമാണ് യുപിഎ സര്‍ക്കാര്‍ ഇന്ത്യയില്‍ ശക്തമായി നടപ്പാക്കുന്നത്. അതുകൊണ്ട് വോട്ടെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ, രാമപുരത്തെ തൊമ്മിച്ചേട്ടന്‍ പറഞ്ഞതുപോലെ എല്ലാവരും മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഓര്‍ക്കുക. "സുവിശേഷത്തിന്റെ ആനന്ദം" എന്ന തലക്കെട്ടോടെ ആ പ്രബോധനം കേരളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

*
എന്‍ മധു ദേശാഭിമാനി