Showing posts with label നാടകം. Show all posts
Showing posts with label നാടകം. Show all posts

Thursday, July 11, 2013

തുപ്പേട്ടന്‍ ഒരു ചെറുനാടകമല്ല

ആഗോളഭീകരനായ കുത്തകമുതലാളിത്തത്തെ തുറന്നുകാട്ടാന്‍ തുപ്പേട്ടന് നമ്മുടെ പാവം ചക്ക ധാരാളമായിരുന്നു. സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം വസ്തുക്കളെ പ്രതീകമാക്കി ശക്തമായ ആശയസംവേദനമാണ് തുപ്പേട്ടന്‍ നാടകത്തിലൂടെ നടത്തിയത്

നാടകക്കമ്പക്കാരുടെ നാടായിരുന്നു പാഞ്ഞാള്‍. യാഥാസ്ഥിതികത്വത്തിന്റെ യാഗധൂപങ്ങളെ അകലേക്ക് പായിക്കാന്‍ കൊടുങ്കാറ്റ് കൂടുകൂട്ടിയ മനസ്സുമായി പലരും ഇവിടേക്കുവന്നു. അക്കൂട്ടത്തില്‍ വി ടിയും പ്രേംജിയുമുണ്ടായിരുന്നു. പാഞ്ഞാളിന്റെ സാംസ്കാരിക കേന്ദ്രമായ മുട്ടത്തുകാട്ടുമനയുടെ മുറ്റത്ത് അവര്‍ നാടകം കളിച്ചു - അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്. അതോടെ നാടകക്കാലമായി. തിരുവാതിരനാടകങ്ങള്‍, രാഷ്ട്രീയനാടകങ്ങള്‍, സാമൂഹ്യനാടകങ്ങള്‍... അതുവരെ താരപദവിയുണ്ടായിരുന്ന കഥകളിക്ക് വഴിമാറാതെ തരമുണ്ടായിരുന്നില്ല. സമീപദേശങ്ങളായ കിള്ളിമംഗലത്തും ആറ്റൂരുമൊക്കെ പാഞ്ഞാള്‍ നാടകങ്ങളുടെ സ്വാധീനമെത്തി. അവിടെയും നാടകക്കാരുണ്ടായി. മേലോട്ടുചുരുണ്ടുകയറുന്ന തിരശ്ശീലയും അരങ്ങിലെ പാനീസുവിളക്കും ചിന്തകള്‍ക്ക് തീപിടിപ്പിക്കുന്ന സംഭാഷണങ്ങളും വിസ്മയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളും കണ്ട് മുട്ടത്തുകാട്ടു മനയുടെ മുറ്റത്ത് ഒരു ബാലന്‍ വളരുന്നുണ്ടായിരുന്നു. വേദപണ്ഡിതനായ ഇട്ടിരവി നമ്പൂതിരിയുടെ മകന്‍ സുബ്രഹ്മണ്യന്‍.

പതിനാറ് കടക്കുംമുമ്പേ അവനും അരങ്ങിലെത്തി. "ഋതുമതി"യിലെ സ്ത്രീകഥാപാത്രമായ "ഉണ്ണീച്ച"യായി ആദ്യവേഷം. പിന്നെ പല വേഷങ്ങള്‍. നാടകരചയിതാവായി സുബ്രഹ്മണ്യന്‍ വീണ്ടും വളര്‍ന്നു - തുപ്പേട്ടനായി. തനതുലാവണം, മറുമരുന്ന്, മോഹനസുന്ദരപാലം, വേട്ടക്കാരപയല്‍, ചക്ക, ഡബിളാക്ട് അഥവാ കുഞ്ഞമ്പുവിന്റെ ചാഞ്ചാട്ടം, വന്നന്ത്യേകാണാം തുടങ്ങി ശ്രദ്ധേയമായ മുപ്പതിലധികം നാടകങ്ങളുടെ രചയിതാവായ തുപ്പേട്ടന്‍ എന്ന എം സുബ്രഹ്മണ്യന്‍ നമ്പൂതിരി.

ചക്കയും കുത്തകമുതലാളിത്തവും

"ചക്കക്കാരന്‍ ചക്കപ്പന്‍ ആകെ വിഷണ്ണനാണ്. കാരണം, ആര്‍ക്കും അയാളുടെ ചക്ക വേണ്ട. പോത്തച്ചന്‍ ചക്കയ്ക്കെതിരെ നടത്തിയ പ്രചാരണമാണ് ചക്കപ്പന് വിനയായത്. ചക്കയാണ് എയ്ഡ്സ് വരുത്തുന്നതെന്നായിരുന്നു പോത്തച്ചനും ശിങ്കിടികളും പറഞ്ഞുപരത്തിയത്. പക്ഷേ, ചക്കപ്പന് പോത്തച്ചന്‍തന്നെ രക്ഷകനായി. പഴുത്തളിഞ്ഞുപോകാതെ ചക്കയെല്ലാം അയാള്‍ വാങ്ങി. അയാള്‍തന്നെ നിശ്ചയിച്ച വിലയ്ക്ക്. അങ്ങനെ ചക്കയെല്ലാം പോത്തച്ചന്റെ കൈയില്‍. ചക്കക്കച്ചവടത്തില്‍നിന്ന് ചക്കപ്പന്‍ പുറത്ത്. പോത്തച്ചന്‍ അകത്ത്. ചക്കയ്ക്കെതിരായ പ്രചാരണം തെറ്റായിരുന്നുവെന്ന് പ്രമുഖപത്രം തിരുത്തിപ്പറയാന്‍ പിന്നെ വൈകിയില്ല. എന്നുമാത്രമോ? ചക്ക എയ്ഡ്സിനുള്ള അത്ഭുതമരുന്നാണെന്ന് "പുല്‍ക്കോല്‍ ചാരുഹാസിനി ഡോട്ടര്‍ ഓഫ് കണ്ടരുണ്ണി" പ്രസ്താവിക്കുകകൂടി ചെയ്തിരിക്കുന്നു. "ഒരു ചക്ക എവിടെ കിട്ടും" എന്ന് ആളുകള്‍ നെട്ടോട്ടമോടിയപ്പോഴും പോത്തച്ചന്റെ സഹായമെത്തി. ""മാന്യമഹാജനങ്ങളെ, ഇവിടെ, ഇതാ ഇവിടെ, നിങ്ങളുടെ ഭാഗ്യം. അത്യാവശ്യം ചക്കകള്‍ ഇവിടെയുണ്ട്"" എന്ന് പോത്തച്ചന്‍. പക്ഷേ, വില ചക്കക്കച്ചവടത്തിലെ കുത്തകയായ പോത്തച്ചന്‍ തോന്നുംപോലെ പറയും." തുപ്പേട്ടന്റെ "ചക്ക" എന്ന നാടകമാണിത.്്

വ്യാജപ്രചാരണത്തിലൂടെ ജനങ്ങളെ കബളിപ്പിച്ച് അവര്‍ക്കുള്ളതെല്ലാം തട്ടിയെടുക്കുന്ന ആഗോളഭീകരനായ കുത്തകമുതലാളിത്തത്തെ പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട ചക്ക തുറന്നുകാട്ടുന്നു. സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം വസ്തുക്കളെ പ്രതീകമാക്കി ശക്തമായ ആശയസംവേദനമാണ് തുപ്പേട്ടന്‍ നാടകത്തിലൂടെ നടത്തിയത്.

"ശീലക്കേടാ"ണ് ശീലം

മുഖ്യധാരയിലല്ല തുപ്പേട്ടന്‍. അത് ചെറുപ്പത്തിലേ ഉള്ള ഒരു "ശീലക്കേടാ"ണ്. പാഞ്ഞാള്‍ വായനശാലാ വാര്‍ഷികത്തിനുവേണ്ടിയാണ് അദ്ദേഹം മിക്ക നാടകങ്ങളുമെഴുതിയത്. വാര്‍ഷികത്തിന് ഒരു മുഖ്യധാരാ നാടകം എന്തായാലും ഉണ്ടാകും. അതിന് തൊട്ടുമുമ്പാണ് തുപ്പേട്ടന്റെ വിദ്യ. ഒരു ചെറുനാടകം. ഒറ്റയങ്കം. കഥാപാത്രങ്ങളും ചുരുക്കം. പക്ഷേ, പുരോഗമനചിന്തകളുടെ കനല്‍ വെളിച്ചം പേറി അവ. പുരോഗമനപ്രസ്ഥാനങ്ങള്‍ ദിശാബോധം പകര്‍ന്ന മണ്ണില്‍ ആ കനലുകള്‍ ആളിക്കത്തി. ഒമ്പതാംക്ലാസില്‍ സുബ്രഹ്മണ്യന്റെ പഠിത്തം മുടങ്ങി. ശാരീരിക അവശതയായിരുന്നു കാരണം. ഇതിനു പകരമായി അവന്‍ വായന ശീലമാക്കി. കൂട്ടുകാര്‍ സ്കൂളില്‍ ഗുണനപ്പട്ടിക കാണാതെപഠിച്ചപ്പോള്‍ സുബ്രഹ്മണ്യന്‍ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളും ദസ്തയേവസ്കിയുടെ കുറ്റവും ശിക്ഷയുമൊക്കെ വായിച്ച് വിവേകശാലിയായി.

ഇക്കാലത്ത് രാഷ്ട്രീയത്തിലും ഇടപെട്ടുതുടങ്ങി. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തകനായി. 1943ല്‍ ആരംഭിച്ച പാഞ്ഞാള്‍ നാടകകലാസമിതി നാട്ടില്‍ നല്ല നാടകങ്ങള്‍ അവതരിപ്പിച്ചു. തിരുവാതിര നാടകങ്ങളായിരുന്നു ഇതിന് പ്രചോദനം. തിരുവാതിരനാളില്‍ ഉറക്കമിളയ്ക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ണിനമ്പൂതിരിമാര്‍ പിന്നാമ്പുറത്ത് തിരശ്ശീലകെട്ടി അവതരിപ്പിക്കുന്ന ലഘുനാടകങ്ങളായിരുന്നു തിരുവാതിര നാടകങ്ങള്‍. കാലാന്തരത്തില്‍ ഈ നാടകങ്ങള്‍ക്കായി മുന്‍കൂര്‍ തയ്യാറെടുപ്പൊക്കെ തുടങ്ങി. റിഹേഴ്സലും മേക്കപ്പും ഉച്ചഭാഷിണിയുമൊക്കെ ഉണ്ടായി. "പാട്ടബാക്കി" തുടങ്ങിയ രാഷ്ട്രീയ നാടകങ്ങളോടൊപ്പം തോപ്പില്‍ ഭാസിയുടെ "ശരശയ്യ", "മൂലധനം", "അശ്വമേധം" എന്നിവയും സമിതിയിലൂടെ അരങ്ങിലെത്തി.

സൗഹൃദക്കൂട്ടം

ആറ്റൂര്‍ രവിവര്‍മ തുടങ്ങിയവരുമായുള്ള സൗഹൃദം തുപ്പേട്ടന്റെ നാടകചിന്തകള്‍ക്ക് ശക്തിപകര്‍ന്നു. സാമൂഹ്യപ്രശ്നങ്ങളെ നാടകമായും ഓട്ടന്‍തുള്ളലായും ഈ സുഹൃദ്സംഘം അരങ്ങിലെത്തിച്ചു. ഒരിക്കല്‍ നാടകംകണ്ട പൊലീസുകാര്‍ ആറ്റൂരിനെ അറസ്റ്റുചെയ്തു. നാടകവും നിരോധിച്ചു. 1948നെ തുടര്‍ന്നുള്ള കമ്യൂണിസ്റ്റ്വേട്ടയുടെ കാലമായിരുന്നു അത്. അറുപതുകളുടെ തുടക്കത്തില്‍ തുപ്പേട്ടന്‍ അവതരിച്ചു- വലിയ നാടകങ്ങള്‍ക്കുമുന്നേ കരുത്തുള്ള ഒരു ചെറിയ നാടകമായി! തുപ്പേട്ടന്റെ ഏകാങ്കങ്ങള്‍ പാഞ്ഞാള്‍ വായനശാലാ വാര്‍ഷികത്തിന് അരങ്ങില്‍ കൊണ്ടുവന്നത് EUBA (Educated Unemployed   Bachelors Association).

നാടകലോകം

ഗ്രാമീണശൈലി നിലനിര്‍ത്തി നൂതനമായ രംഗവ്യാഖ്യാനം നല്‍കുന്നു എന്നതാണ് തുപ്പേട്ടന്റെ രചനകളുടെ സവിശേഷത. സ്ഥലകാലങ്ങളെ കടന്നുനില്‍ക്കുന്ന കഥകള്‍, കഥാപാത്രങ്ങള്‍. ചിലപ്പോള്‍ ആസ്വാദകന്റെ ചിന്തകള്‍ക്കതീതമായിരിക്കാം. എങ്കിലും അവ സംസാരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ നേരുകളോട്, നേരില്ലായ്മകളോട്. തനത് ലാവണം, മോഹനസുന്ദരപാലം, എന്നിവ സ്വജനപക്ഷപാതം, ഉദ്യോഗസ്ഥ ജന്മിത്വം എന്നിവയെ തുറന്നുകാട്ടുന്ന നാടകങ്ങളാണ്. 2003ല്‍ നരിപ്പറ്റ രാജു, പ്രൊഫ. ദിലീപന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി നാടകം അവതരിപ്പിച്ചു. വൈരുധ്യങ്ങള്‍ക്കിടയിലൂടെ തുപ്പേട്ടന്‍ എന്ന നാടകക്കാരന്റെ സഞ്ചാരം. ചിത്രീകരിക്കുന്ന വ്യക്തി അരങ്ങിലെത്തി നാടകത്തെ മുന്നോട്ട് നയിക്കുന്ന മലയാളത്തിലെ ആദ്യത്തെ രംഗാഖ്യാനം. സ്വാപഹരണം, ഭദ്രായനം.വന്നന്ത്യേ കാണാം, മോഹനസുന്ദരപാലം, ഡബിളാക്ട് എന്നീ നാടകങ്ങളുടെ ചില രംഗങ്ങള്‍ കാരിക്കേച്ചര്‍ എന്നിവ കോര്‍ത്തിണക്കിയാണ് ദൃശ്യാഖ്യാനം.

പപ്പടം കാച്ചണോ ചുടണോ എന്ന ശങ്ക വലിയൊരു ദാര്‍ശനികവ്യഥയായി ഒരു വ്യക്തി രണ്ട് വ്യക്തികളായി പിളര്‍ക്കപ്പെടുന്നതാണ് "ഡബിളാക്ട്" എന്ന നാടകത്തിന്റെ പ്രമേയം. കാണികളില്‍ ചിരിയും ചിന്തയും പകരുന്നവയാണ് ഈ നാടകങ്ങള്‍. 1976ലാണ് അടിയന്തരാവസ്ഥയ്ക്കെതിരെ "ശന്തനുമുണ്ഡനം" എന്ന നാടകം എഴുതിയത്. സഞ്ജയ്ഗാന്ധി മൊട്ടയടിച്ച് സന്യസിക്കുന്നതോടെയാണ് നാടകത്തിന്റെ അവസാനം. ജി ശങ്കരപ്പിള്ള, മായാതങ്ബര്‍ഗ് എന്നിങ്ങനെ നിരവധിപേര്‍ തുപ്പേട്ടന്റെ നാടകതട്ടകത്തിലെത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ നാടകാവതരണങ്ങളും നടത്തി. മറുമരുന്ന്, കുന്താപ്പി ഗുലുഗുലു തുടങ്ങി കുട്ടികള്‍ക്കായും നാടകം എഴുതിയിട്ടുണ്ട്. വന്നന്ത്യേ കാണാം എന്ന നാടകസമാഹാരത്തിന് 2003ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

അങ്ങനെ പോയവന്‍ ശിവകരന്‍

1989ലാണ്. ഒരു ചെറുപ്പക്കാരന്‍ തൊഴുകൈകളോടെ തീവണ്ടിപാളത്തില്‍ നില്‍ക്കുന്നു. ആ കണ്ണുകളിലെ ഭാവമെന്തായിരുന്നു എന്നറിയില്ല; മനസ്സിലെ കടലിരമ്പവും. പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍നിന്ന് അയാള്‍ മാറിയില്ല. ""ബ്രേക്കിടാന്‍ കഴിയുന്നതൊക്കെചെയ്തു. കാര്യമുണ്ടായില്ല"" എന്‍ജിന്‍ ഡ്രൈവറുടെ മൊഴി. അത് ശിവകരനായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ ശിവകരന്‍. പാഞ്ഞാളിന്റെ ചെറുവട്ടത്തില്‍നിന്ന് തുപ്പേട്ടന്റെ നാടകങ്ങളെ പുറംലോകത്തെത്തിച്ച ശിവകരന്‍. ആകാശവാണി തൃശൂര്‍നിലയം സംഘടിപ്പിച്ച നാടകമത്സരത്തില്‍ തുപ്പേട്ടന്റെ "വന്നന്ത്യേകാണാം" ശിവകരന്‍ സംവിധാനംചെയ്തവതരിപ്പിച്ചു. മത്സരത്തിലെ ഒന്നാംസ്ഥാനം മാത്രമല്ല, ലോകം തുപ്പേട്ടനെ അറിയാന്‍ തുടങ്ങിയെന്നതുംകൂടിയായിരുന്നു ഇതിന്റെ ഫലം.

സംഗീത നാടക അക്കാദമിയുടെ ജില്ലാതലമത്സരത്തില്‍ "തനതുലാവണം" പുരസ്കാരങ്ങള്‍ നേടി. യുവജനോത്സവങ്ങളിലും മറ്റുമായി ചില നാടകങ്ങള്‍ അവതരിപ്പിച്ചു. ശിവകരന്‍ പക്ഷേ, തന്റെ ജീവിതത്തിനുമുന്നില്‍ സ്വയം വലിച്ചുതാഴ്ത്തിയിട്ട തിരശ്ശീല പാഞ്ഞാളിന്റെയും തുപ്പേട്ടന്റെയും നാടകപ്രവര്‍ത്തനങ്ങളുടെ ഇടവേളകൂടി സൃഷ്ടിച്ചു. മൂന്നുവര്‍ഷത്തിനുശേഷം "തനതുലാവണം" വീണ്ടും അരങ്ങിലെത്തി. പാഞ്ഞാള്‍ വായനശാലയുടെ സുവര്‍ണജൂബിലിക്ക്. 2000 ജനുവരിയില്‍ പാഞ്ഞാളില്‍ ഒരു "നാടകവേല" സംഘടിപ്പിച്ചു. തുപ്പേട്ടനും ശിവകരനുമെല്ലാം വീണ്ടും ചര്‍ച്ചകളില്‍ സജീവമാകാന്‍ ഇത് കാരണമായി.

ഞാന്‍ കാഴ്ചയുള്ള അന്ധന്‍

പ്രായം 84ലെത്തിയ തുപ്പേട്ടനോടുള്ള ആദരസൂചകമായി ഈയിടെ സംഗീത നാടക അക്കാദമിയുടെ ഓപ്പണ്‍ എയര്‍ തിയറ്ററില്‍ "ചക്ക" അരങ്ങേറി. കൊച്ചുകുട്ടികള്‍മുതല്‍ മുതിര്‍ന്ന കാരണവര്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍വരെ അടങ്ങിയ നിറഞ്ഞ സദസ്സ് തുപ്പേട്ടന്റെ ദീര്‍ഘദൃഷ്ടിക്ക് തെളിവായ നാടകമുഹൂര്‍ത്തങ്ങളെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. നല്ല നാടകം കാലാതിവര്‍ത്തിയായിരിക്കുമെന്നതിന് തെളിവ്. തുപ്പേട്ടന്‍ എപ്പോഴും വാക്കുകളില്‍ നര്‍മം കാത്തുസൂക്ഷിക്കുന്നു. ""പുതുതായി എഴുതാന്‍ മനസ്സില്‍ ഏറെയുണ്ട്. പക്ഷേ, കണ്ണിന്റെ കാഴ്ച കുറഞ്ഞു. എന്നാല്‍, ഈ കാഴ്ചയില്ലായ്മ ഇപ്പോള്‍ ഒരു അനുഗ്രഹമാണ്. വേണ്ടതിനെമാത്രം കാണുകയും വേണ്ടാത്തതിനെ കാണാതിരിക്കാനും കഴിയുന്നു. അതിനാല്‍ ഈ അന്ധത ഞാന്‍ ആസ്വദിക്കുന്നു. അതെ, ചിലപ്പോഴെല്ലാം ഞാന്‍ കാഴ്ചയുള്ള അന്ധനുമാണ്.""

*
ജിഷ ദേശാഭിമാനി

Wednesday, May 8, 2013

എഴുതപ്പെട്ടത്

തൃശൂരിലെ അഡ്വ. എം വിനോദ് നാടകപ്രവര്‍ത്തകനും സംവിധായകനുമാണ്. പ്രസിദ്ധനായ എന്ന് ഞാന്‍ എഴുതുന്നില്ല. നാടക സംവിധായകന്റെ സ്ഥാനം എല്ലായ്പ്പോഴും പിന്‍കര്‍ട്ടനും പിറകിലാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ആളായതുകൊണ്ട് വിനോദ് എത്രകണ്ട് അറിയപ്പെടുന്നു എന്നു നിശ്ചയമില്ല. എന്തായാലും രണ്ടു പതിറ്റാണ്ടായി അദ്ദേഹം നാടകരംഗത്തുണ്ട്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് വിനോദ് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. എന്റെ ചില കഥകള്‍ നാടകമായി അവതരിപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. സ്വാഭാവികമായും എനിക്കു വളരെ സന്തോഷമുണ്ടായി. നാടകം എന്റെ ഏറ്റവും പ്രിയപ്പെട്ട കലാരൂപമാണ്. ഇതുവരെയും ഒരു നാടകം എഴുതാത്തതില്‍ കുറ്റബോധമുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ പലതും ഞങ്ങളുടെ നാട്ടിന്‍പുറത്തെ അമച്വര്‍ നാടകാവതരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

ആള്‍ത്താമസമില്ലാത്ത വീടുകളിലായിരിക്കും അന്ന് മുതിര്‍ന്നവരുടെ നാടക പരിശീലനം. റിഹേഴ്സലിന്റെ അവസാന നാളുകളിലാണ് സംഗീതവിദ്വാന്മാര്‍ എത്തുക. ഹാര്‍മോണിയത്തിന്റെ നേര്‍ത്ത പശ്ചാത്തലത്തില്‍ തബലയില്‍ മുഴങ്ങിക്കേട്ട ശബ്ദമാണ് ജീവിതം കുറച്ചൊക്കെ മധുരതരമാണെന്ന് എന്നെ ധരിപ്പിച്ചത്. എന്റെ മൂന്നു കഥകളാണ് നാടകമാക്കാന്‍ വേണ്ടി വിനോദ് തെരഞ്ഞെടുത്തത്. രണ്ടു പുസ്തകങ്ങള്‍, മലമുകളിലെ വെളിച്ചം, പ്ലാശ്ശേരിയിലെ കടവ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ചരിത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പല കാലത്തായി ഞാന്‍ എഴുതിയവയാണ് അവ. കഥയുടെ നാടകാവിഷ്കാരം എന്നാല്‍ കഥ അതേപടി ഒന്നും ചോരാതെയും ഒന്നും ചേര്‍ക്കാതെയും അവതരിപ്പിക്കുക എന്നല്ലല്ലോ. ശരിക്കു പറഞ്ഞാല്‍ അതൊരു വായനയാണ്. നാടക സംവിധായകന്റെ ക്രിയാത്മകമായ വായന. എഴുത്തുകാരന്‍ എഴുതിയതാവണം വായനക്കാരന്‍ വായിച്ചെടുക്കേണ്ടതെന്ന് ഒരു നിര്‍ബന്ധവുമില്ല. തന്റെ "അധികാരം" എന്ന നോവലില്‍ അശ്ലീലമുണ്ടെന്ന് പണ്ട് കെഎസ്യുക്കാര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ വി കെ എന്‍ പ്രതികരിച്ചത് ഓര്‍മയുണ്ട്: "അതുവ്വോ? എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല."

വിനോദ് തെരഞ്ഞെടുത്ത കഥകളുടെ പൊതുസ്വഭാവം ഞാന്‍ ശ്രദ്ധിച്ചു. മൂന്നും രാഷ്ട്രീയ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. സമകാലിക സാമൂഹ്യജീവിതത്തില്‍ ആഴ്ന്നുകിടക്കുന്ന രാഷ്ട്രീയത്തെ സ്പര്‍ശിക്കാത്ത കഥകള്‍ ഞാന്‍ ഏറെയൊന്നും എഴുതിയിട്ടില്ല. പ്രതിസന്ധികള്‍ മറികടക്കാനുള്ള സാമാന്യ മനുഷ്യന്റെ പരിശ്രമങ്ങളില്‍ പങ്കു വഹിച്ചിട്ടുള്ള സ്ഥലങ്ങളും കാലങ്ങളും പ്രസ്ഥാനങ്ങളും, അറിയപ്പെടുന്നവരും അല്ലാത്തവരുമായ വ്യക്തികളും കഥാരചനയില്‍ എനിക്കു സഹായകമാകാറുണ്ട്. ഈ കഥകളാകട്ടെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം പ്രതിരോധ പ്രസ്ഥാനങ്ങള്‍ പൊതുവെ നേരിട്ട ആത്മപ്രതിസന്ധികളെ നിരീക്ഷിക്കുന്ന രീതിയില്‍ എഴുതപ്പെട്ടവയാണ്. ആത്മവിമര്‍ശനങ്ങള്‍ എന്നു പറയാം. സാമ്രാജ്യത്വം അതിന്റെ ഇരകളുടെ ആത്മാവില്‍ സൈനികത്താവളങ്ങള്‍ ഉണ്ടാക്കുന്ന ഇക്കാലത്ത് ആത്മപരിശോധനയാണ് പുരോഗമന സാഹിത്യത്തിന്റെ മുഖമുദ്ര എന്ന് എനിക്കു തോന്നുന്നു. വിനോദ് എങ്ങനെയാണ് ഈ കഥകള്‍ വായിച്ചെടുക്കുന്നത് എന്നറിയാന്‍ കൗതുകം തോന്നി. തൃശൂരിലെ സംഗീത നാടക അക്കാദമിയിലുള്ള നാട്യഗൃഹത്തിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. മൂന്നു നാടകങ്ങളും രണ്ടു ദിവസങ്ങളിലായി ആവര്‍ത്തിച്ച് അവതരിപ്പിച്ചു. നാട്യഗൃഹത്തിന്റെ പരിമിതമായ സൗകര്യത്തില്‍ തിങ്ങിനിറഞ്ഞ സദസ്സ് നിന്നും നിലത്തിരുന്നുമൊക്കെയാണ് നാടകം കണ്ടത്. ആദ്യ ദിവസത്തെ സദസ്സില്‍ ഞാനും സ്ഥലംപിടിച്ചു.

രണ്ടു പുസ്തകങ്ങള്‍, മലമുകളിലെ വെളിച്ചം എന്നീ കഥകളുടെ അവതരണത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും എഴുതുന്നില്ല. (നാടകാവതരണത്തെ പരിശോധിക്കാനും വിലയിരുത്താനും വേണ്ടിയല്ല ഈ കുറിപ്പ്.) പക്ഷേ മൂന്നാമത്തെ നാടകത്തെ- "പ്ലാശ്ശേരിയിലെ കടവി"നെക്കുറിച്ച് എഴുതാതെ വയ്യ. അത്യന്തം ആര്‍ജവമുള്ളതായിരുന്നു അവതരണം എന്നതുമാത്രമല്ല, അതുയര്‍ത്തിയ ചില ചോദ്യങ്ങള്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അതെഴുതിയ എഴുത്തുകാരനെ പരിഭ്രമിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. പിടിവിട്ടുപോയ വാക്ക് പിന്നീട് തിരിച്ചെത്തുന്നത് ഏതു രൂപത്തിലാണെന്നു പറയാന്‍ വയ്യ. എഴുതിക്കഴിഞ്ഞ കഥകളെ തികഞ്ഞ നിസ്സംഗതയോടെയാണ് ഞാന്‍ തിരിഞ്ഞുനോക്കുക പതിവ്. എഴുതുന്നതോടെ എഴുത്തുകാരനെ ആ ബാധ വിട്ടുപോകുന്നു. പിന്നെ അത് വായനക്കാരന്റെ പ്രശ്നമാണ്. പക്ഷേ, ഇവിടെ സംഗതി വ്യത്യസ്തമായി. പ്ലാശ്ശേരിയിലെ കടവും ഒരു രാഷ്ടീയകഥയാണ്. "വിപ്ലവം നമ്പീശന്‍" എന്നാണ് തന്റെ ആവിഷ്കാരത്തിന് വിനോദ് പേരു നല്‍കിയിരിക്കുന്നത്. പ്രസിദ്ധനായ ഒരു രാഷ്ട്രീയനേതാവ് തിരുവനന്തപുരത്തുനിന്ന് തന്റെ വീട്ടിലേക്കുള്ള യാത്രയില്‍ പൊടുന്നനെ എന്തോ ഓര്‍ത്ത് ഒരു പുലര്‍ച്ചയ്ക്ക് ചെറിയൊരു റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നു. അദ്ദേഹത്തിന് തന്റെ പഴയ സഹപ്രവര്‍ത്തകനായ പ്ലാശ്ശേരി നാരായണന്‍ നമ്പീശനെ ഒന്നു കാണണം. എത്ര കാലമായി കണ്ടിട്ട്? പ്ലാശ്ശേരി എന്ന ഗ്രാമത്തിന് ഒരു മാറ്റവുമില്ല. അവിടത്തെ പുഴയ്ക്കും മാറ്റമില്ല. പണ്ട് ഒരു നീണ്ട ജയില്‍വാസം കഴിഞ്ഞ് നമ്പീശനോടൊപ്പം ഇവിടെ വന്നത് അദ്ദേഹം ഓര്‍ക്കുന്നു. ലോക്കപ്പില്‍വച്ച് കിട്ടിയ കൊടിയ മര്‍ദനങ്ങളെ ഒരുവക ആത്മലഹരിയോടെയാണ് അന്നു നമ്പീശന്‍ സ്വീകരിച്ചത്. അദ്ദേഹം പറയുന്നുണ്ട്: "അവര് ഇടിക്കുമ്പോ എനിക്കതൊരു സുഖാഡോ. കണ്ണടച്ചങ്ങട് കെടന്ന് കൊടുത്താല് ഒരു തരം ലഹരി."

നമ്പീശന്‍ പിന്നെ രാഷ്ട്രീയ പ്രവര്‍ത്തനം പാടെ നിര്‍ത്തി. എല്ലാം നഷ്ടപ്പെട്ട് തികച്ചും ദരിദ്രമായ സാഹചര്യത്തില്‍ ജീവിക്കുകയാണ്. ഒരുകാലത്ത് പൊലീസ് മര്‍ദനത്തെ ലഹരിപോലെ ആസ്വദിച്ച അദ്ദേഹം ഇപ്പോള്‍ മദ്യലഹരിയുടെ പിടിയിലാണ്. പുലര്‍ച്ചയ്ക്കു തുടങ്ങുന്ന മദ്യപാനം ഏതാണ്ടൊരു ഉന്മാദാവസ്ഥയില്‍ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു. ലോകത്തോട് മുഴുവന്‍ പുച്ഛം. വൈരാഗ്യം. വെറുപ്പ്. തന്റെ പഴയ സഹപ്രവര്‍ത്തകന്‍, ഇന്നത്തെ സമുന്നതനായ നേതാവിനെ അടുത്തുകണ്ടപ്പോള്‍ വിരല്‍ ചൂണ്ടി നമ്പീശന്‍ ചോദിക്കുന്നു: "ഒരു പെണ്‍കുട്ടിക്ക് എത്ര വയസ്സായാലാണ് അവളെ ബലാത്സംഗം ചെയ്യാറാവുക? ഇന്നാള് പേപ്പറില് വായിച്ചു. പത്തു വയസ്സായ ഒരു കുട്ടീനെ ബലാത്സംഗം ചെയ്തൂന്ന്. കഴിഞ്ഞ ദിവസം വേറൊരു സ്ഥലത്ത് ആറു വയസ്സായപ്പൊള്‍ ചെയ്തൂന്ന് കേട്ടു. അങ്ങനെ പല പല വയസ്സാവുമ്പോള്‍ അതിനൊരു കൃത്യതല്യാണ്ടായില്ലേ? എത്ര വയസ്സാ കണിശ്ശം? തീരുമാനണ്ടോ?" നാട്യഗൃഹത്തില്‍ എഴുന്നേറ്റുനിന്ന് ഒരു പുരുഷന്‍ എന്ന നിലയില്‍, ഒരു മുതിര്‍ന്ന മനുഷ്യന്‍ എന്ന നിലയില്‍ ലോകത്തോട് മാപ്പു ചോദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അന്ന് ഇതെഴുതുമ്പോള്‍ ഈ വാക്കുകള്‍ക്ക് ഇത്രയൊന്നും ഗൗരവമുണ്ടെന്ന് തീര്‍ച്ചായായും ഞാന്‍ ചിന്തിച്ചിട്ടില്ല. വിനോദിന്റെ സംവിധാനമാണോ, ജയചന്ദ്രന്‍ എന്ന നടന്റെ അസാമാന്യ പ്രതിഭയാണോ വാക്കുകളെ ഇത്രമാത്രം സ്ഫോടനാത്മകമാക്കിയത്? അതൊക്കെ സഹായിച്ചിട്ടുണ്ടാകാം. ഞാന്‍ ഓര്‍മിച്ചു. ഇതിനകം എത്രയോ പരിവര്‍ത്തനങ്ങള്‍ നടന്നു. എത്രയോ പ്രഭാഷണങ്ങള്‍. എത്രയെത്ര തത്വവിചാര സംവാദങ്ങള്‍ക്ക് ലോകം സാക്ഷിയായി. മാനവികതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും എത്ര ടണ്‍ കടലാസുകളില്‍ എഴുതപ്പെട്ടു കഴിഞ്ഞു. എന്നിട്ടും നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം-

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി

Wednesday, March 27, 2013

അരങ്ങുണര്‍ത്തി വീണ്ടും നാടകം

അരങ്ങുണര്‍ത്തി വീണ്ടും നാടകം

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ മാറ്റങ്ങളുടെ രംഗപടമൊരുക്കിയ നാടകപ്രസ്ഥാനം വീണ്ടും അരങ്ങുണര്‍ത്തുന്നത് പുതുവെളിച്ചം പരത്തുമെന്ന് പ്രതീക്ഷിക്കാം. വെറും മാറ്റങ്ങള്‍ക്കപ്പുറം കേരളത്തിന്റെ മണ്ണില്‍ വിപ്ലവം തന്നെ എഴുതിച്ചേര്‍ത്ത പഴയകാല നാടകത്തിന്റെ വീണ്ടുമുള്ള അരങ്ങുണര്‍ത്തലായി സമീപകാല നാടക ക്യാമ്പുകളും നാടകോത്സവങ്ങളും മാറി.
ഉച്ചനീചത്വങ്ങളുടെ വിളനിലമായിരുന്ന ഈ മണ്ണില്‍ സാഹോദര്യത്തിനും സമത്വത്തിനുംവേണ്ടി പോരാടാനുള്ള വീര്യം പകരുന്നതില്‍ നാടകം പ്രധാന പങ്ക് വഹിച്ചു. വിപ്ലവപ്രസ്ഥാനത്തിനു വളക്കൂറുള്ള മണ്ണാവാന്‍ നാടകം കൈത്താങ്ങായി. അരങ്ങിലെ അനുഭവങ്ങള്‍ സമൂഹത്തിന്റെ നേര്‍കാഴ്ചകളായി അനുവാചകരിലേക്ക് എളുപ്പമെത്തിയത് നാടകത്തിലൂടെയായിരുന്നു.
പ്രപഞ്ചത്തിലെ ഏതൊന്നിനേയും പ്രതിനിധീകരിക്കാന്‍ നാടകത്തിനു കഴിയുമെന്നതുകൊണ്ടുതന്നെ സകലകലകളുടെയും അമ്മയായി നാടകത്തെ കാണാം. നാടകത്തിന്റെ ചരിത്രം 3000 വര്‍ഷം പിന്നിടുന്നതായിട്ടാണ് ശാസ്ത്രം പറയുന്നത്.

സകലതിനേയും പ്രതിനിധീകരിക്കാന്‍ നാടകത്തിനാവും എന്നു പറയുമ്പോഴും എല്ലാറ്റിന്റേയും തനി പ്രാതിനിധ്യ പ്രകടനമല്ല നാടകം. ജീവിച്ചഭിനയിക്കുന്നത് യഥാര്‍ഥ നാടകാഭിനയമല്ല. അതുകൊണ്ടാണ് റിയല്‍ എന്നു തോന്നിപ്പിക്കുന്ന അഭിനയ കലയായി നാടകം പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്നത്. നേരിട്ട് ലളിതമായി പ്രേക്ഷകരിലെത്താന്‍ നാടകത്തോളം ഒരു കലയ്ക്കും കഴിയുന്നില്ല.
സാമൂഹിക മാറ്റങ്ങള്‍ക്ക് നാടകം വഴിതുറക്കുന്നത് ഈ സര്‍ഗവൈഭവത്തിലൂടെ കേരളം ലോകത്തിനു കാണിച്ചുകൊടുത്തിട്ടുള്ളതാണ്. നിലവിലുള്ള നാടക സങ്കല്‍പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് അവതരിപ്പിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം മതി ഇതിന് ഉദാഹരണമായി എടുത്തുകാട്ടാന്‍.

നാടകത്തിന്റെ ആദ്യരൂപം കൂടിയാട്ടമാണ്. എന്നാല്‍ നാടകം മാറ്റങ്ങള്‍ക്കു കാരണമാവുന്നതായി ചരിത്രം തെളിയിക്കുന്നു. പാട്ടബാക്കി അപൂര്‍ണമാണെന്ന് വിലയിരുത്താവുന്നതാണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങള്‍ സാമൂഹ്യ നവോത്ഥാന വിഭാഗത്തില്‍പ്പെടുത്താവുന്നതും സമ്പന്നര്‍ക്ക് ആസ്വാദനത്തിനുവേണ്ടിയുള്ള കല എന്നതില്‍ നിന്നുള്ള മാറ്റമായും കാണാവുന്നതാണ്. എന്നാല്‍ അധസ്ഥിതര്‍ അരങ്ങില്‍ കഥാപാത്രങ്ങളായി വരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി യഥാര്‍ഥ രാഷ്ട്രീയ നാടകമാണ്. അരങ്ങില്‍ രാഷ്ട്രീയക്കാരന്‍ വരുന്നതുകൊണ്ട് ഒരു നാടകം രാഷ്ട്രീയ നാടകമാവില്ലല്ലൊ. ശകുനം, നാന്ദി സങ്കല്‍പങ്ങളെല്ലാം പൊളിച്ചെഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അവതരണത്തിലും വിപ്ലവം രചിച്ചു.

എന്നാല്‍ ഇന്ത്യയില്‍ നാടക കലാകാരന്‍മാര്‍ക്ക് അര്‍ഹമായ ഇടം കിട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കേരളത്തില്‍ നാടക പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ല. ഇന്ന് ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ നാടകത്തിന് പ്രേക്ഷകര്‍ കുറയാനുള്ള പ്രധാന കാരണം അവതരണരീതി തന്നെയാണ്. യുവകലാസാഹിതിയുടേയും സംഗീത നാടക അക്കാദമിയുടേയുമെക്കെ നേതൃത്വത്തില്‍ നടത്തിയ നാടക ക്ലാസുകള്‍ ഇതിനു തെളിവാണ്. കണ്ണൂരില്‍ നടന്ന ദേശീയ നാടകോത്സവം ദേശീയ-പ്രാദേശിക-ജനകീയ നാടകവൈവിധ്യങ്ങള്‍ കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു. തൃശൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലും ജനങ്ങളെ ആകര്‍ഷിച്ചു.

ഭരണകൂട ഭീകരതകള്‍ക്കും അഴിമതികള്‍ക്കുമെതിരെ ഹാസ്യനാടകാവിഷ്‌കാരങ്ങളിലൂടെ ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തി ലോകശ്രദ്ധനേടിയ ഇറ്റാലിയന്‍ നാടകകൃത്ത് ഡാരിയോഫോ ആണ് ഈ വര്‍ഷത്തെ ലോകനാടകദിനസന്ദേശ കര്‍ത്താവ്. 1997-ലെ നോബല്‍ സാഹിത്യ പുരസ്‌കാരം നേടിയ ഫോ തൊഴിലാളി വര്‍ഗത്തോടൊപ്പം നിന്ന് രാഷ്ട്രീയ അനീതികള്‍ക്കും അഴിമതികള്‍ക്കുമെതിരെ തന്റെ സര്‍ഗവൈഭവം കൊണ്ട് പോരാടിയ വിശ്രുതകലാകാരനാണ്. പണ്ട് നാടകത്തിന്റെ പ്രതീകാത്മക വിമര്‍ശനങ്ങളെ ഭരണകൂടം അസഹിഷ്ണുതയോടെ കാണുകയും നടപടികളെടുക്കുകയും ചെയ്തിരുന്നുവെന്ന് ഫോയുടെ സന്ദേശം പറയുന്നു.

എന്നാല്‍ ഇന്ന് നാടകപ്രസ്ഥാനം അതിന്റെ സ്വയം കഷ്ടപാടുകളിലും സങ്കീര്‍ണതകളിലുമാണ്. ഇതില്‍നിന്നു പുറത്തുകടക്കാനുള്ള തീവ്രമായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഫോ പറയുന്നു.
കേരളത്തിലും നാടകപ്രസ്ഥാനം അതിന്റേതായ പ്രതിസന്ധികളെ നേരിടുമ്പോള്‍ പ്രതിബദ്ധത പുലര്‍ത്തേണ്ട സമൂഹം കമ്പോളവത്കരണ സംസ്‌കാരത്തില്‍പ്പെട്ട് തങ്ങളുടെ കടമ മറക്കുകയാണ്. കലാ സാംസ്‌കാരിക രംഗത്തും ആഗോളവത്കരണ മാഫിയകള്‍ പിടിമുറുക്കുന്നതാണ് ഇന്നത്തെ അനുഭവം.

പ്രതികരിക്കേണ്ട സമൂഹത്തിനാവട്ടെ, അതിനും നേരമില്ലാത്ത പരക്കംപാച്ചിലും. പുത്തന്‍ ആശയാവിഷ്‌കാരവും സമര്‍പ്പണവും കൊണ്ട് ഇതിനെതിരെ പുതിയ ചരിത്രമെഴുതാന്‍ ഇനിയും നാടകപ്രസ്ഥാനത്തിന് കഴിയുമെന്ന സമകാലിക സൂചനകള്‍ പുതിയ പ്രതീക്ഷയുണര്‍ത്തുന്നു.

*
പൂവറ്റൂര്‍ ബാഹുലേയന്‍ ജനയുഗം

Wednesday, March 13, 2013

അര്‍ധവിധവകളുടെ താഴ്വാരം

"കശ്മീരിനോടുള്ള നിങ്ങളുടെ കൗതുകം ഒന്നുകില്‍ ആ നാടിന്റെ ഭംഗികൊണ്ടാകും അല്ലങ്കില്‍ തീവ്രവാദത്തിന്റെയും ഏറ്റുമുട്ടലുകളുടെയും നാട് എന്ന നിലയിലാകും. ഇതൊന്നുമല്ലാത്ത കശ്മീരിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അര്‍ധവിധവകളുടെ താഴ്വാരത്തെക്കുറിച്ച്." മണിയറയില്‍നിന്നോ വിവാഹവേദിയില്‍നിന്നുതന്നെയോ ഇറങ്ങിപ്പോവുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്ത ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്ന പെണ്ണുങ്ങള്‍. പത്തുമുതല്‍ അമ്പതുവരെ പ്രായമുള്ളവര്‍. അമ്മമാര്‍, സഹോദരിമാര്‍. നിങ്ങളീ കാണുന്ന ഭംഗിയൊന്നും ഇപ്പോള്‍ കശ്മീരിപെണ്ണുങ്ങളുടെ മുഖത്തിനില്ല. നിര്‍വികാരതമാത്രം. ബാല്യം മുരടിച്ച കുഞ്ഞുങ്ങളോട് എന്തു പറയാനാണ്. അതുകൊണ്ടാണ് ഞാന്‍ നാടകം ചെയ്യുന്നത്. എനിക്ക് പ്രസംഗിക്കാനാകില്ല. തോക്കെടുക്കാനുമാകില്ല. എന്റെ നാട് എന്നെ വേദനിപ്പിക്കുന്നു. ആ വേദനയും പ്രതിഷേധവും ഞാന്‍ നാടകത്തിലൂടെ പറയുന്നു. ഇഫ്ര മുഷ്താഖ് കാക്- കശ്മീരിലെ നാടകപ്രവര്‍ത്തക. നാടകത്തില്‍ പഠനം നടത്തിയ ഏക കശ്മീരി പെണ്‍കുട്ടി. മഞ്ഞുപോലെ നിര്‍മലമായ ചിരിക്കു പുറകില്‍ അവള്‍ കാത്തുവയ്ക്കുന്ന വേവലാതികളെക്കുറിച്ച് അണായാതെ കാക്കുന്ന പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുന്നു:

? സംഗീതംപോലും ഇസ്ലാംവിരുദ്ധമെന്ന് ഫത്വ പുറപ്പെടുവിക്കുന്ന നാട്ടില്‍നിന്ന് ഇഫ്ര എങ്ങനെയാണ് നാടകവേദിയിലെത്തുന്നത്.

ബാപ്പാജി നാടകപ്രവര്‍ത്തകനായിരുന്നു. ഡല്‍ഹിയിലെ ശ്രീറാം സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലെ സംവിധായകനായിരുന്നു. അതു കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ റിഹേഴ്സല്‍ ക്യാമ്പുകള്‍ എന്റെയുള്ളിലും ചില സ്വപ്നങ്ങള്‍ക്ക് തിരിവച്ചു. കശ്മീര്‍ ദൂരദര്‍ശനില്‍ ബാലതാരമായി. കോളേജ് പഠനകാലത്ത് തുടര്‍ച്ചയായി മോണോ ആക്ട് വിജയി. ശേഷം ഞാന്‍ എടുത്ത തീരുമാനമാണ് നാടകപഠനം. വളരെ വേദനയോടെയാണ് വീടുവിട്ട് ഹൈദരാബാദിലെത്തിയത്.

? എന്തുകൊണ്ട് നാടകം

ഇപ്പോള്‍ നാടകം എനിക്ക് ഒരു തരം രാഷ്ട്രീയപ്രവര്‍ത്തനമോ സാമൂഹ്യപ്രവര്‍ത്തനമോ ആണ്. ഉയര്‍ന്ന വിദ്യാഭ്യാസവും ആവശ്യത്തിലേറെ സ്വാതന്ത്ര്യവും അനുഭവിച്ചവളാണ് ഞാന്‍. അതുകൊണ്ടുതന്നെ കശ്മീരിന്റെ സാമൂഹ്യാവസ്ഥ അത്രയേറെ ബോധ്യമായിരുന്നില്ല. ഇപ്പോള്‍ എന്നെ അലട്ടുന്നത് എന്റെ നാടുതന്നെയാണ്. അതുകൊണ്ട് എന്റെ നാടിനെ പുറംലോകത്തിനു കാണിച്ചുകൊടുക്കാനാണ് ഞാന്‍ നാടകം ചെയ്യുന്നത്.

കശ്മീരിനെക്കുറിച്ച്

കച്ചവട ഹിന്ദിസിനിമയിലെ കശ്മീരല്ല യഥാര്‍ഥ കശ്മീര്‍. ഇപ്പോള്‍ അവിടത്തെ താഴ്വരകള്‍ക്ക് ചിത്രങ്ങളില്‍ കാണുന്ന ഭംഗിയില്ല. തോണികളില്‍ പൂക്കളുമായി നീങ്ങുന്ന, പൂക്കളേക്കാള്‍ ഭംഗിയുള്ള പെണ്‍മുഖങ്ങള്‍ അവിടെയില്ല. മഞ്ഞിന്റെ ധവളിമയിലെല്ലാം രക്തത്തിന്റെ ചുവപ്പുരാശി. കണ്ണീരുറഞ്ഞ മുഖങ്ങളാണ് പെണ്ണുങ്ങളുടേത്. ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്നവര്‍, മക്കളെ, പിതാവിനെ, സഹോദരനെ കാത്തിരിക്കുന്നവര്‍. അവര്‍ തീവ്രവാദികളുടെയോ സൈനികന്റെയോ ബന്ധുക്കളാകാം. ഇത് അര്‍ധവിധവകളുടെ നാടാണ്. അതുകൊണ്ടാണ് എന്റെ അടുത്ത നാടകം ഏരിയല്‍ കോര്‍ഫ്മാന്റെ "വിധവകള്‍" തന്നെയാകട്ടെ എന്നു ഞാന്‍ നിശ്ചയിച്ചത്. എന്നാല്‍, നാടകം കശ്മീരി അന്തരീക്ഷത്തിലേക്ക് പറിച്ചു നടാനായിരുന്നു എന്റെ തീരുമാനം. പക്ഷേ, എല്ലാവരും എന്നെ തടഞ്ഞു. കാരണം, ഒന്നുകില്‍ തീവ്രവാദികള്‍ അല്ലങ്കില്‍ സൈന്യം എന്നെ ശത്രുവാക്കും.

? കശ്മീരില്‍ നാടകപ്രവര്‍ത്തനം സുഗമമാണോ

കശ്മീരില്‍ ഒന്നും സുഗമമല്ല. എന്റെ നാട്ടില്‍ നാടകപഠനത്തിനു സാധ്യതയില്ലാത്തതുകൊണ്ടാണ് ഞാന്‍ ബിരുദത്തിന് പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചത്. അമ്മയ്ക്ക് ഞാന്‍ ഡോക്ടറാകണമെന്നായിരുന്നു. മൂത്ത സഹോദരന്‍ പ്രൊഫസറും താഴെയുള്ളയാള്‍ കംപ്യൂട്ടര്‍ എന്‍ജിനിയറുമാണ്. എനിക്കുവേണമെങ്കില്‍ എന്റെ നാട്ടിലെ പലരെയുംപോലെ കശ്മീരിലേക്ക് വരാതിരിക്കാമായിരുന്നു. ഡല്‍ഹിയില്‍ സമാധാനത്തോടെ നാടകപരീക്ഷണങ്ങളുമായി കഴിയാം. വലിയ വെളിച്ചവും കശ്മീരി സുന്ദരികളുടെ മുഖവും അരങ്ങില്‍ കാണിച്ച് "മിടുക്കിയാവാം". പക്ഷേ, എന്റെ നാട് എന്നെ അലട്ടുന്നുണ്ട്. ആ അലട്ടലുകള്‍ പുറത്തുകൊണ്ടുവരാന്‍ എനിക്കറിയാവുന്ന മാധ്യമം നാടകമാണ്.

? ഇഫ്രയുടെ പ്രവര്‍ത്തനം

15 ദിവസത്തെ വര്‍ക്ഷോപ്പ് യൂണിവേഴ്സിറ്റിയില്‍. അതിലാണ് സെല്‍ഫ് സ്റ്റോറീസ് എന്ന നാടകം ഉണ്ടായത്. മറ്റൊന്ന് കുപ്രസിദ്ധമായ കോത് ബല്‍വാല്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ 15 ദിവസത്തെ വര്‍ക്ഷോപ്പാണ്. കശ്മീരിലെ സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് രൂപപ്പെടുത്തിയ നാടകം "സോര്‍ഡിഡ് ടെയില്‍സ് ഓഫ് സഫറിങ്". മഹീന്ദ്ര എകസ്ലന്‍സ് അവാര്‍ഡും സാഹിത്യകലാ പരിഷത് അവാര്‍ഡും നേടിയ നാടകം "ചെക്കോവ് ഇന്‍ മൈ ലൈഫ്". ലിഡിയ അവിലോവയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ്. നന്ദികര്‍ നാഷണല്‍ ഫെസ്റ്റിവലിലും ഋത്വിക് അന്തര്‍ദേശീയ നാടകോത്സവത്തിലും അവതരിപ്പിച്ച "ഖയ്ര്‍ സരൂരി ലോഗ്," നാടകത്തിന്റെ ലൈറ്റ് ഡിസൈന്‍ ഞാനായിരുന്നു. അവസാനം നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായി സഹകരിച്ച് സംഘടിപ്പിച്ച തിയറ്റര്‍ വര്‍ക്ഷോപ്പിന്റെ ഡയറക്ടര്‍ ഞാനായിരുന്നു. ബ്രഹ്തിന്റെ "ത്രീ പെനി ഓപ്പെറ"യുടെ രംഗാവിഷ്കാരം "ദോ കോടി കാ ഖേല്‍" പൂര്‍ണമായും എന്റെ രംഗഭാഷ്യവും സംവിധാനവുമായിരുന്നു. ഇന്ത്യന്‍ സമകാലീന രാഷ്ട്രീയവും അഴിമതിയും കശ്മീരും എല്ലാം ഇതില്‍ കടന്നുവരുന്നുണ്ട്. വിവിധ ഫെസ്റ്റിവലുകളില്‍ ഇതവതരിപ്പിച്ചു. കേരളത്തിലെ അന്താരാഷ്ട്ര നാടകോത്സവത്തില്‍ രണ്ടുതവണ അസി. ടെക്നിക്കല്‍ ഡയറക്ടറായി.

? രാജ്യത്തെ ഏറ്റവും പ്രശ്നബാധിതമായ ജയിലാണ് കോത് ബള്‍വാള്‍. അവിടത്തെ അനുഭവം

ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമാണത്. തിയറ്റര്‍ തെറാപ്പിയിലൂടെ തടവുകാരുടെ മനസ്സിനെ ഉണര്‍ത്തലായിരുന്നു ലക്ഷ്യമിട്ടത്. മുന്നിലെത്തിയത് അഫ്ഗാനില്‍നിന്ന് ഉള്‍പ്പെടെയുള്ള തീവ്രവാദികളും വന്‍ ക്രിമിനലുകളുമടക്കമുള്ളവര്‍. ആദ്യമൊക്കെ പേടിയായിരുന്നു. പതുക്കെ മാറി. ഒരുപാട് മറക്കാനാകാത്ത അനുഭവങ്ങളുണ്ടായി. ഒരു ലോക്കറ്റ് എനിക്ക് സമ്മാനിച്ച ഒരാള്‍. കാരണം, അന്ന് അയാളുടെ സഹോദരിയുടെ വിവാഹമായിരുന്നു. ഇനിയെന്ന് പുറത്തിറങ്ങാനാകുമെന്ന് അയാള്‍ക്കറിയില്ല. എന്നെ സഹോദരിയാണെന്ന് സങ്കല്‍പ്പിച്ചാണ് അയാളെനിക്ക് അതു നല്‍കിയത്.ശില്‍പ്പശാലയുടെ അവസാന ദിവസം 40 തടവുപുള്ളികളും എന്നോടു ചോദിച്ചു. "നിനക്ക് ഭയമുണ്ടായില്ലേ?". സത്യസന്ധമായിത്തന്നെ ഞാന്‍ പറഞ്ഞു. ആദ്യമൊക്കെ ഉണ്ടായിരുന്നു. സത്യത്തില്‍ എല്ലാവരും ഇതോടെ കരയുകയായിരുന്നു. വീണ്ടും വരണം എന്നാവശ്യപ്പെട്ടാണ് എന്നെ യാത്രയയച്ചത്.

? ഒടുവില്‍ വിധവകളെപ്പറ്റി

ആദ്യമേ പറഞ്ഞതുപോലെ അതെന്റെ സ്വപ്ന പദ്ധതിയാണ്. കശ്മീരിലെ വിധവകളെയും അമ്മമാരെയും സഹോദരിമാരെയും തന്നെ അഭിനയിപ്പിക്കണമെന്നാണ് ആഗ്രഹം. നടികളെ കിട്ടും. അത് ഞാനഗ്രഹിക്കുന്നില്ല. പക്ഷേ, സ്ത്രീകള്‍ സംശയത്തോടും ദേഷ്യത്തോടുമാണ് നോക്കി ക്കാണുന്നത്. അവര്‍ക്ക് ജീവിതത്തോടുതന്നെ വെറുപ്പാണ്. മാത്രമല്ല, വിവാഹം കഴിക്കുകയും മക്കളെ നോക്കുകയുമാണ് തങ്ങളുടെ ജീവിതഗതിയെന്ന് വിശ്വസിക്കുന്നവരാണ് കശ്മീരില്‍ ഭൂരിപക്ഷവും. എനിക്കെന്റെ സ്വപ്നം ഉപേക്ഷിക്കാനാകില്ല. എന്റെ നാടകം എന്റെ നാടിന്റെ ജീവിതവും ചിത്രവുമാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എനിക്കുറപ്പാണ് എന്റെ താഴ്വരയില്‍ ഇനിയും പൂക്കള്‍ വിരിയും, മഞ്ഞിന് അതിന്റെ വിശുദ്ധി തിരികെ കിട്ടും. അതിനായി ഞാന്‍ എന്റെ നാടകം കളിക്കും.

*
കെ ഗിരീഷ് ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ഇഫ്ര മുഷ്താഖ് കാക്കിന്റെ ഫേസ്‌ബുക്ക് പേജ്

Looking at women from a woman’s perspective

Tuesday, February 5, 2013

അരങ്ങില്‍ മങ്ങിയ പെണ്‍കാഴ്ച

കടലും കരയും ചീയുന്ന കാലം. മുലപ്പാലു മണക്കുന്ന കുഞ്ഞിനു മുതല്‍ മുത്തശ്ശിക്കുവരെ ശരീരം ഭാരമാകുന്ന കാലം. ഇക്കാലത്ത് സ്വസ്ഥരായിരിക്കുന്നത് മഹാപരാധമാണ്. വെന്തുരുകുന്ന ഇക്കാലത്തിനോട് പ്രതിഷേധിക്കാത്ത കലയോ? തൃശൂരില്‍ നടന്ന അന്തരാഷ്ട്ര നാടകോത്സവത്തെ ഈ പശ്ചാത്തലത്തില്‍ നോക്കൂ. ചുറ്റും കണ്ണോടിക്കുന്നവരില്ലാതെ പോയല്ലോ എന്നു തോന്നും. പെണ്‍പക്ഷ കാഴ്ചയില്‍ തെല്ലാശ്വാസമായത് മൂന്ന് മലയാള നാടകങ്ങള്‍! സെക്സ് മൊറിലിറ്റി സെന്‍സര്‍ഷിപ്പ് എന്ന ഹിന്ദി-മറാത്തി നാടകവും അരുനിന്നു. മായാകൃഷ്ണ റാവു, മല്ലികാപ്രസാദ് ഇരുവരും സമകാലീന നാടകവേദിയിലെ ശക്തര്‍. പക്ഷേ, അവതരണം നിരാശപ്പെടുത്തി. രാവണന്റെ ഉള്ളുതേടലായിരുന്നു മായാ കൃഷ്ണറാവുവിന്റെ "രാവണാ." അരങ്ങില്‍ മായയുടെ വിസ്മയപ്രകടനങ്ങളെ ആര്‍ക്കും തള്ളിക്കളയാനാകില്ല.

എന്നാല്‍, മുന്‍നാടകങ്ങളുടെ വെളിച്ചത്തില്‍ പ്രസ്തുത പ്രമേയത്തിന്റെ പ്രസക്തിയും സാധുതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്. പുതിയ രംഗവേദിയില്‍ കരുത്തുറ്റ ഇന്ത്യന്‍ സാന്നിധ്യമാണ് നടിയും സംവിധായകയുമായ മല്ലികാപ്രസാദ്. അവരുടെ "ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റ്" വിവിധ സാഹചര്യങ്ങളില്‍ നിന്നുള്ള നാലു സ്ത്രീകളുടെ ജീവിതമാണ് വരച്ചുകാണിക്കാന്‍ ശ്രമിച്ചത്. പ്രശ്നങ്ങളെ വ്യക്ത്യധിഷ്ഠിതമാക്കി ചുരുക്കിയ നാടകം പറഞ്ഞതൊന്നും കാണിയിലേക്ക് എത്തിച്ചേര്‍ന്നുമില്ല. കാഴ്ചയിലെ കൗതുകം റൊമാനിയയിലെ പെസ് പാര്‍ട് ഔട്ട് ദല്‍ പുരിക് കമ്പനിയുടെ "ടൂ ഓഫ് അസ്," ടിബ്ലീസി ജോര്‍ജിയയുടെ "കാര്‍മെന്‍ കോറിയോ ഡ്രാമ" യുഎസ്എയില്‍ നിന്നുള്ള നോക്കിങ് വിതിന്‍, ക്രിയേറ്റ് ആക്ട് എന്‍ജോയ് റൊമാനിയയുടെ ദിസ് ഈസ് മൈ ബോഡി, കം ഇന്‍ടു മൈ മൈന്‍ഡ് എന്നിവയാണ് പ്രണയവും സ്ത്രീമനസ്സും വിശകലനം ചെയ്ത വിദേശനാടകങ്ങള്‍. വിഖ്യതമായ കഥയുടെ ആവിഷ്കാരമായിരുന്നു കാര്‍മെന്‍. നൃത്തവും സംഗീതവും ചേര്‍ന്നുള്ള മനോഹരദൃശ്യം മാത്രമായി അതവസാനിച്ചു. ശരീരത്തെ മറന്ന് അതിനെ രംഗോപകരണമാക്കി മാറ്റുന്നതിന്റെ കരുത്ത് മലയാളത്തിലെ പുരുഷകാഴ്ചകള്‍ക്കു മുകളിലേക്ക് വലിച്ചെറിഞ്ഞ കൂര്‍ത്ത കത്തികളായി മിക്ക അവതരണങ്ങളിലും.

അവതരണത്തിനും അഭിനയത്തിനും വിദേശനാടകങ്ങളും നടികളും കണ്ടെടുക്കുന്ന നവരീതികള്‍ ആസ്വാദ്യവും അത്ഭുതവുമാണ്്. വീരാംഗന, മതിലേരിക്കന്നി പെണ്ണിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച ഒരു നാടകം അസമിലെ പൂര്‍ബരംഗയുടെ വീരാംഗനയാണ്. ഭര്‍തൃമതി, പതിവ്രത, പക എല്ലാം ചേര്‍ത്ത് ഇന്ത്യന്‍ സ്ത്രീസങ്കല്‍പ്പത്തെ വ്യവസ്ഥാപിതവട്ടത്തില്‍ ഉറപ്പിക്കുകയാണ് നാടകം. അവതരണരീതിയാകട്ടെ അങ്ങേയറ്റ പഴഞ്ചന്‍. കാഴ്ചസമൃദ്ധമായി എന്നതിലപ്പുറം മറ്റൊന്നും മതിലേരിക്കന്നി നല്‍കിയില്ല. പെണ്‍കരുത്തിനെ കന്നിമാരിലേക്കും പൂമാത്തെ പൊന്നമ്മമാരിലും കെട്ടിയിടുന്നത് കുറേക്കാലമായി മലയാള മുഖ്യധാരാ നാടകവേദിയുടെ രീതി. സെക്സ്, മൊറാലിറ്റി, സെന്‍സര്‍ഷിപ്പ് സമകാലീന ഇന്ത്യന്‍ പെണ്ണിനെ നോക്കിക്കാണുന്നതില്‍ ചിലത് ബോധപൂര്‍വം മറച്ചുവച്ചു, ചില കാഴ്ചകളെ വേണ്ടെന്നുവച്ചു. ഒരു വികാരവും കാണിയില്‍ ഉണ്ടാക്കിയില്ല. എന്നാല്‍, മുംബൈ അപര്‍ണയ്ക്കുവേണ്ടി സുനില്‍ ഷാന്‍ബാഗ് സംവിധാനം ചെയ്ത "സെക്സ് മൊറാലിറ്റി സെന്‍സര്‍ഷിപ്പ്" എന്ന നാടകം ഇതിനു വിരുദ്ധമായി. സാമൂഹ്യസദാചാരത്തിനും സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ക്കും നേര്‍ക്കുള്ള കടുത്ത ആക്രമണമായി നാടകം. 1970ല്‍ നിരോധിച്ച വിജയ് തെണ്ടുല്‍ക്കറിന്റെ "സക്കാറാം ബൈന്‍ഡര്‍" എന്ന നാടകത്തിലെ രംഗം പുനരവതരിപ്പിച്ചാണ് ആക്രമണത്തിന് മുന കൂര്‍പ്പിച്ചത്. ഫാസിസത്തോടുള്ള കലാപം, പെണ്‍സ്വാതന്ത്ര്യത്തോടുള്ള ഐക്യപ്രഖ്യാപനം എന്നീ നിലകളില്‍ നാടകം ശ്രദ്ധേയമായി.

മലയാള നാടകങ്ങള്‍ പെണ്‍വായന കൃത്യമായും ശരിയായും കാത്തുസൂക്ഷിച്ചത് മലയാള നാടകങ്ങള്‍ തന്നെയാണ്. കോഴിക്കോട് ദൃഷ്ടിയുടെ വൈദേഹി പറയുന്നത്, വല്ലച്ചിറ യുവജനകലാസമിതിയുടെ ഒരു ദേശം നുണ പറയുന്നു, തിരുവനന്തപുരം ടിവിയുടെ ഏകപാത്ര നാടകം മത്സ്യഗന്ധി എന്നിവ ശരിയായ കാഴ്ചയും നിലപാടും പെണ്‍പക്ഷപാതിത്വവും കാത്തുവച്ച നാടകമാണ്. ജീവിതത്തിലെ ഫിലോസഫിയല്ല, പെണ്‍ജീവിതത്തിന്റെ ഏറ്റിറക്കങ്ങള്‍ തന്നെയാണ് ഇവ കാഴ്ചവച്ചത്.

*
കെ ഗിരീഷ്

Monday, January 21, 2013

ഒറ്റയാള്‍ പലതായി പകര്‍ന്നാട്ടം

യുദ്ധം വിജയിച്ച പാണ്ഡവരെ അനുഗ്രഹിക്കുന്ന കുന്തിയാണ് അരങ്ങത്ത്. പെട്ടെന്ന് അദൃശ്യമായ ഒരു പക്ഷിയുടെ ചിറകടിയൊച്ച. കുന്തി ഭയചകിതയാകുന്നു. കര്‍ണനെ ഉപേക്ഷിച്ച നാള്‍മുതല്‍ പിന്തുടരുന്നതാണ് ഈ ശബ്ദം, അപശകുനംപോലെ. രാജമാതാവായ കുന്തിക്ക് ദുഃഖവും ഭയവും നിസ്സഹായതയും പറഞ്ഞിറയിക്കാനാകാത്ത മറ്റെന്തൊക്കെയോ വികാരങ്ങളും അനുഭവപ്പെടുന്നു. തിരുവനന്തപുരം ആപ്റ്റിന്റെ (എ പ്ലെയ്സ് ഫോര്‍ തിയറ്റര്‍) "ഏതോ ചിറകടിയൊച്ചകള്‍" എന്ന നാടകത്തിന്റെ ആരംഭമാണിത്. അരങ്ങിന്റെ വിതാനത്തിനുള്ളില്‍ കുന്തിയുടെ അന്തര്‍സംഘര്‍ഷങ്ങളിലേക്ക് മനസ്സിനെയും ശരീരത്തെയും പകര്‍ന്നുവച്ച് കുന്തിക്ക് ജീവന്‍ പകരുന്നത് ശൈലജയാണ്. ശക്തവും വ്യതിരിക്തവുമായ ഏകപാത്രനാടകങ്ങളിലൂടെ ആസ്വാദകരുടെഹൃദയത്തില്‍ ചെറുതല്ലാത്ത ഇരിപ്പിടമുള്ള നാടകപ്രവര്‍ത്തകയാണ് ശൈലജ പി അംബു.

നാടകനടി എന്ന് ഒരിടത്തേക്ക് മാത്രം ചുരുക്കാനാകാത്തതുകൊണ്ട് മനഃപൂര്‍വമാണ് നാടകപ്രവര്‍ത്തക എന്നു പറഞ്ഞത്. കാരണം ശൈലജ നടിയും ഗായികയും നാടകാധ്യാപികയും ആക്ടിവിസ്റ്റുമൊക്കെയാണ്. വൈക്കം മുഹമ്മദ്ബഷീറിന്റെ വിഖ്യാതമായ "ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്" എന്ന നോവലിന് നാടകാവിഷ്കാരം നല്‍കിയാണ് ഏകപാത്രനാടകത്തില്‍ ശൈലജ പുതിയ രംഗസാധ്യതയുടെ പരീക്ഷണത്തിന് തുടക്കമിട്ടത്. നോവലിലെ പ്രധാന കഥാപാത്രമായ കുഞ്ഞുതാച്ചുമ്മയെ നിരവധി വേദികളില്‍ അതുല്യയായ ഈ നാടകകാരി അനശ്വരമാക്കി. പിന്നീട് സജിത മഠത്തിലിന്റെ "മത്സ്യഗന്ധി" എന്ന നാടകം. മത്സ്യത്തൊഴിലാളികളുടെ ജീവിതം പറയുന്ന ഈ നാടകം നിരവധി ഇടങ്ങളില്‍, തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനും മറ്റ് വേദികളിലും കളിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിനുവേണ്ടി ഇവര്‍ ഒരുപാട് നാടകങ്ങള്‍ ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. തെരുവുനാടകമാണ് ശൈലജയുടെ മറ്റൊരു സങ്കേതം. അതുകൊണ്ടുതന്നെ ഇവരുടെ മിക്ക നാടകങ്ങളും അരങ്ങേറിയത്(?) ജനങ്ങള്‍ക്കിടയിലാണ്. കൃത്യമായ വേദിയില്‍ കളിക്കുമ്പോഴും തെരുവിലെ ജനക്കൂട്ടത്തിനോടെന്നപോലെ ഇവര്‍ കഥാപാത്രമായും അല്ലാതെയും കാണികളോട് സംവദിക്കാറുണ്ട്. ചിന്നത്തുറയില്‍ കടപ്പുറത്ത് മത്സ്യതൊഴിലാളികള്‍ക്കിടയില്‍ "മത്സ്യഗന്ധി" കളിച്ചപ്പോള്‍ ആദ്യം അകന്നിരുന്ന സ്ത്രീകളടക്കമുള്ളവര്‍ അടുത്തടുത്ത് വന്നതായും ഒടുവില്‍ നാടകത്തിന്റെ അവസാനം ഒരു വര്‍ത്തമാനം പോലെ വന്നുകൂടിയതായുമുള്ള അനുഭവം ശൈലജ ഓര്‍ക്കുന്നു. കാണാനെത്തുന്നവര്‍ നല്‍കുന്ന ഈ ഐക്യം വല്ലാത്ത ഊര്‍ജമാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. അങ്ങനെ അനേകം ഓര്‍മകള്‍. "ഏതോ ചിറകടിയൊച്ചകള്‍" അടുത്ത ദിവസം ഡല്‍ഹിയില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഭാരത് രംഗമഹോത്സവത്തില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചു.കേരളത്തില്‍നിന്നുള്ള ഏക നാടകമായിരുന്നു ഇത്. പ്രൊഫ. ജി ശങ്കരപ്പിള്ളയുടേതാണ് നാടകം. സാം ജോര്‍ജ് ആണ് സംവിധാനം ചെയ്തത്. കരകുളത്തെ കലാഗ്രാമം കേന്ദ്രമാക്കിയാണ് ശൈലജയുടെയും ആപ്റ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കലാഗ്രാമത്തില്‍ നാടകത്തില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് അരങ്ങിന്റെ വ്യാകരണങ്ങളും വ്യാകരണത്തെറ്റുകളും ഇവര്‍ പകര്‍ന്നുകൊടുക്കുന്നുണ്ട്. സംഗീതത്തില്‍ ബിരുദമുള്ള, നല്ല ഗായികയായ ഇവര്‍ നാടന്‍പാട്ടിലും സ്വന്തം ഇടം ഉണ്ടാക്കിയിട്ടുണ്ട്. നല്ല നാടകം കാണാന്‍ എന്നും ആളുണ്ടാകുമെന്ന പക്ഷക്കാരിയാണ് ഇവര്‍. ഉപാധികളില്ലാത്ത സൗഹൃദങ്ങള്‍ ഉണ്ടായതും മനസ്സില്‍ എന്നും മനുഷ്യത്വം സൂക്ഷിക്കാന്‍ കഴിയുന്നതുമാണ് നാടകം തനിക്കുതന്ന നേട്ടമെന്ന് ശൈലജ പറയുന്നു.

കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ രോഗികള്‍ക്കുവേണ്ടി ഒരു നാടകയാത്ര സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. തിരുവനന്തപുരത്ത് കരകുളം ഏണിക്കരയിലെ ശൈലജയുടെ വീടും ഒരു നാടകവീടാണ്. ജീവിതത്തില്‍ ഇവര്‍ക്കൊപ്പം അരങ്ങ് പങ്കിടുന്ന കിഷോര്‍ നാടക സഹയാത്രികനാണ്. റെയില്‍വേയില്‍ പാന്‍ട്രി കാര്‍ മാനേജരായ കിഷോറാണ് നാടകത്തിന് സംഗീതം പകരുന്നത്. അഞ്ചുവയസ്സുകാരിയായ മകള്‍ അലമേലു അമ്മയുടെ നാടകങ്ങളെ "വിമര്‍ശിച്ച്" തുടങ്ങിയത്രെ. കിഷോറിന്റെ അമ്മ രാധാമണി വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ശൈലജ. കൊല്ലം പുനലൂരുകാരിയായ ഈ നാടകപ്രതിഭയുടെ അച്ഛന്‍ അംബുജാക്ഷനും അമ്മ ചെല്ലമ്മാളും മകള്‍ക്ക് പ്രോത്സാഹനമല്ലാതെ തടസ്സമായിട്ടില്ല. അനുജത്തി സ്മിതയും നാടകപ്രവര്‍ത്തകതന്നെ.

*
ടി ആര്‍ ശ്രീഹര്‍ഷന്‍ ദേശാഭിമാനി വാരാ‍ന്തപ്പതിപ്പ് 20 ജനുവരി 2013

Tuesday, November 6, 2012

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന്തതി

നാടകസാഹിത്യവും നാടകരംഗവും പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി'യെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു ഞാന്‍ കരുതുന്നു. മാത്രമല്ല 'പാട്ടബാക്കി'യുടെ കര്‍ത്താവായ കെ. ദാമോദരന്റെ ജന്മശതാബ്ദി (1912 ഫെബ്രുവരി 26 - 2012 ഫെബ്രുവരി 26) വര്‍ഷവും കൂടിയാണ് ഈ കാലം. സഖാവ് ഇ.എം.എസിന്റെ ആത്മകഥയില്‍ 'ജീവല്‍ സാഹിത്യസമ്മേളനം' എന്ന അന്‍പതാമധ്യായത്തിലൊരു ഭാഗത്തു പറയുന്നു.

"തൃശൂര്‍ സമ്മേളനം (1937 മധ്യവേനലവധിക്കാലം) കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് ജീവല്‍ സാഹിത്യപ്രസ്ഥാനത്തിന്റെ 'ആദ്യസന്തതി'യെന്ന് വിശേഷിപ്പിക്കാവുന്ന 'പാട്ടബാക്കി' എന്ന നാടകം അങ്ങേറിയത്. നാടകലക്ഷണങ്ങള്‍ എന്ന നിലക്ക് പണ്ഡിതരംഗീകരിച്ചിരുന്ന യാതൊന്നും ആ നാടകത്തില്‍ ഒരു പക്ഷേ കാണാനുണ്ടാവില്ല. പക്ഷേ 'പാമരന്‍'മാരായ കൃഷിക്കാര്‍ അതുകണ്ടു രസിച്ചു. അവരുടെ ജീവിതത്തിന്റെ ചിലഭാഗങ്ങളാണ് അവരതില്‍ കണ്ടത്. തങ്ങള്‍ക്കനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ചിത്രീകരിക്കുന്നതോടൊപ്പം തന്നെ അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗവും അതില്‍ പൊതുവേ നിര്‍ദേശിക്കപ്പെട്ടിരുന്നു. മലയാള സാഹിത്യരംഗത്ത് വര്‍ഗസമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യബോധത്തോടെ എഴുതപ്പെട്ട ആദ്യനാടകമാണ് കെ. ദാമോദരന്റെ പാട്ടബാക്കി.''

മലയാള സാഹിത്യത്തിന്റേയും സാഹിത്യ കലാരൂപങ്ങളുടേയും രൂപത്തിലും ഭാവത്തിലും അടിസ്ഥാനപരമായ മാറ്റുമുണ്ടാക്കിയ പ്രസ്ഥാനമാണ് 'ജീവല്‍ സാഹിത്യപ്രസ്ഥാനം'. 1936 ഏപ്രില്‍ 10ന് ലഖ്നൌവില്‍ ചേര്‍ന്ന പുരോഗമനസാഹിത്യനായകന്മാരുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ പ്രചോദനത്തിലാണ് കേരളത്തിലും അത്തരത്തില്‍ ഒരു സംഘം രൂപീകരണത്തിനുള്ള ശ്രമം നടന്നത്. ഇ.എം.എസിന്റെ വാക്കുകളില്‍ "ഇതിനുമുന്‍കൈ എടുത്തത് പതുക്കെ പതുക്കെ ആയി കമ്യൂണിസത്തിലേക്ക് മാറിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റുകാരാണ്.'' 'കല കലയ്ക്കുവേണ്ടി' എന്ന സമീപനം അംഗീകരിച്ചു രചന നടത്തിയിരുന്ന യാഥാസ്ഥിതിക സാഹിത്യകാരന്മാര്‍ക്കെതിരെ 'കല ജീവിതത്തിനുവേണ്ടി'യാണെന്നും, കലയെ സാമൂഹ്യപുരോഗതിയുടെ ആയുധമാക്കുകയാണ് വേണ്ടതെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പുരോഗമനവാദികളാണ്, അഖിലേന്ത്യാ പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ 'ജീവല്‍ സാഹിത്യ' സംഘം രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത്. ഇ.എം.എസ്., കെ. ദാമോദരന്‍, എന്‍.പി. ദാമോദരന്‍, എ. മാധവന്‍, കെ.കെ. വാര്യര്‍ എന്നിവര്‍ മുന്‍കൈ എടുത്ത് 1937-ല്‍ ഏപ്രില്‍ 20ന് തൃശൂര്‍ ട്യൂട്ടോറിയല്‍ അക്കാദമിയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനമാണ് ജീവല്‍സാഹിത്യസംഘത്തിന് രൂപം നല്‍കിയത്. പിന്നീടത് പുരോഗമനസാഹിത്യസംഘമായി.

അധ്വാനത്തിന്റെ മഹത്വവും, അധ്വാനിക്കുന്നവരുടെ പ്രണയവും ആദ്യം സര്‍ഗാത്മകരചനയ്ക്ക് വിഷയമാക്കിയത് മഹാകവി കുമാരനാശാനാണ്. അധ്വാനത്തിന്റെ മഹത്വത്തെ ആശാന്‍ 'ദുരവസ്ഥ' യില്‍ ഇങ്ങിനെ ഘോഷിച്ചു:

"..ല്ലില്ല ഞാനെന്റെ കാലം നയിക്കുമി
പുല്ലുമാടത്തില്‍ പ്പുലയിയായ്ത്താന്‍
അല്ലല്‍ മറന്നു ചെറുമികളോടുഞാന്‍
എല്ലാപണികളും ശീലിച്ചിടും''

ചാത്തന്റെ ഉല്‍ക്കൃഷ്ട പ്രണയത്തെക്കുറിച്ച് സാവിത്രിയിലൂടെ ആശാന്‍ പറഞ്ഞു:

"എത്ര വിലപെറും വസ്തു നീ ഹാ ചാത്താ
ചിത്രം നീ നിന്നെ അറിയുന്നില്ല.''
താണുകിടക്കുമീ രത്നത്തെ മുങ്ങും ഞാന്‍
കാണുമാറായ് വിധിസങ്കല്‍പത്താല്‍''

എന്നാല്‍ വാഴനട്ടവനാണ് അതിന്റെ 'കുലയുടെ' അവകാശി എന്ന പ്രഖ്യാപനത്തിലൂടെ ചൂഷിതനും, ചൂഷകനും തമ്മിലുള്ള ഏറ്റുമുട്ടല്‍ - വര്‍ഗസമരം - മലയാളസാഹിത്യത്തില്‍ തന്നെ ആദ്യം അവതരിപ്പിച്ചത് ചങ്ങമ്പുഴ 'വാഴക്കുല' എന്ന തന്റെ കവിതയിലൂടെയാണ്. മലയപ്പുലയന്റെ കഥ ഹൃദയസ്പൃക്കായി അവതരിപ്പിച്ചുകൊണ്ട് ജന്മിത്തത്തിന്റെ അക്രമത്തിനും അനീതിക്കും ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധം, കാവ്യാത്മകപ്രസംഗത്തിലൂടെ കവി തന്നെ നടത്തിയത് സഹിക്കാത്ത കേവലസൌന്ദര്യ പക്ഷപാതികള്‍ അത് അനൌചിത്യമായി ചൂണ്ടിക്കാട്ടി 'പല്ലുകടിക്കുകയും' കണ്ണുരുട്ടുകയും ആക്രോശിക്കുകയും ചെയ്തു. അത്തരം കേവല സൌന്ദര്യപക്ഷപാതികള്‍ 'പാട്ടബാക്കി'ക്കെതിരേയും ആക്ഷേപശരംതൊടുത്തുവിട്ടു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

കഥകളിയും കൂടിയാട്ടവും തകര്‍ത്താടിയ മലയാളത്തിന് ഏറെക്കാലത്തേക്ക് സ്വന്തം തിയറ്ററിന്റെ അഭാവം അനുഭവപ്പെടാത്തതില്‍ അല്‍ഭുതപ്പെട്ടിട്ടു കാര്യമില്ല. ജാതിവ്യവസ്ഥയുടെ മുറുകിയ ചട്ടക്കൂട്ടില്‍ വെള്ളരി നാടകങ്ങളും, നാടോടിനാടകങ്ങളും കൊണ്ട് കീഴാളര്‍ തൃപ്തിപ്പെട്ടു കഴിഞ്ഞതും സ്വാഭാവികം. ഇതിനിടയ്ക്കാണ് കച്ചവടക്കണ്ണും കണ്ണഞ്ചിക്കുന്ന വേഷപ്പകിട്ടും കാതടപ്പിക്കുന്ന 'രാഗവിസ്തരാവുമായി തമിഴ് നാടകസംഘങ്ങള്‍ കേരളത്തിലേക്കെത്തിയത്. തുടര്‍ന്ന് അതിനെ അനുകരിച്ച് മലയാളത്തിലും നാടകങ്ങളും നാടകക്കമ്പനികളുമുണ്ടായി. കേരളവര്‍മ വലിയ കോയിത്തമ്പുരാനെപ്പോലുള്ളവര്‍ കാളിദാസനുപോലും പിടികിട്ടാത്ത പണ്ഡിതോചിത ഭാഷയില്‍ 'ശാകുന്താളാദികള്‍' തര്‍ജ്ജമ ചെയ്ത് കേരള കാളിദാസന്മാരായ ഒരു ഘട്ടവും നമ്മുടെ നാടകപ്രസ്ഥാനത്തിനുണ്ട്. പുരാണകഥകള്‍ മറയാക്കി ദേശീയ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിക്കാന്‍ നാടകമെഴുതി യ കുറേ നാടകകൃത്തുക്കളും നമ്മുടെ നാടകപ്രസ്ഥാനത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരവും, അതില്‍ നിന്നുല്‍ഭൂതമായ പുതിയ ഒരു സംഘം ബുദ്ധിജീവികളും കലാശാലാ പ്രൊഫസറന്മാരും വിദ്യാര്‍ഥികളും സ്വാഭാവികമായി ഷേക്സ്പിയര്‍ നാടകങ്ങളും തുടര്‍ന്ന് പുതിയ പാശ്ചാത്യ നാടകങ്ങളും മലയാളരംഗവേദിയിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. ഈ പാശ്ചാത്യനാടക സാഹിത്യസങ്കേതങ്ങള്‍ സ്വീകരിച്ച് 'പ്രഹസനങ്ങള്‍' എന്ന പേരില്‍ മലയാള നാടകവേദിക്ക് ഒരു പുതുമ നല്‍കാന്‍ ശ്രമിച്ച ആദ്യത്തെ പ്രതിഭാശാലി സി.വി. രാമന്‍പിള്ളയാണെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ കൂടി മുന്‍കൈയില്‍ തിരുവനന്തപുരത്തു രൂപീകരിക്കപ്പെട്ട 'നാഷണല്‍ ക്ളബിന്റെ' വാര്‍ഷികങ്ങള്‍ക്കും ഓണാഘോഷങ്ങള്‍ക്കും മറ്റുമായി അദ്ദേഹം എഴുതിയ പ്രഹസനങ്ങളാണ് ഒരര്‍ഥത്തില്‍ മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകങ്ങള്‍.

എന്നാല്‍ മുപ്പതുകളില്‍ തെക്കേ മലബാറില്‍ ദേശീയപ്രസ്ഥാനത്തിനു സമാന്തരമായി ഉടലെടുത്ത സാമൂഹ്യനവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായ 'നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള' യോഗക്ഷേമസഭയുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സാമൂഹ്യപുരോഗതിയെ ആസ്പദമാക്കിയുള്ള നാടകപ്രസ്ഥാനം ഉടലെടുത്തത്. വി.ടി. ഭട്ടതിരിപ്പാടും ഇ.എം.എസുമായിരുന്നു ഇതിന്റെ മുഖ്യസംഘാടകര്‍. നാടകം എന്ന രംഗകലയെ ഒരു പ്രചരണോപാധിയും, സംഘാടന ഉപാധിയുമാക്കി മാറ്റാന്‍ തീരുമാനിച്ച അക്കാലത്തെക്കുറിച്ച് ഇ.എം.എസ്. തന്റെ ആത്മകഥയില്‍ ഇങ്ങിനെ പറയുന്നു:

"കൂടുതല്‍ സജീവമായ സംഘടനാ പ്രവര്‍ത്തനത്തിനായി വി.ടി. തൃശൂര്‍ വിടുകയുണ്ടായെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഈ സംഘടനാപ്രവര്‍ത്തനത്തിന്റെ ആദ്യരൂപം ഒരു നാടകസംഘരൂപീകരിക്കലും അതിന്റെ പരിപാടികളുമായിരുന്നു. വ്യക്തമായ ഒരു പൊതുലക്ഷ്യം മുന്‍നിര്‍ത്തി അതിന്റെ പ്രചാരണത്തിനുവേണ്ടി നാടകമെഴുതുക. ആ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന കുറേ ആളുകള്‍ കൂടി അത് അഭിനയിക്കുക. അങ്ങനെ രൂപം കൊള്ളുന്ന നാടകം ഒരിടത്തുനിന്ന് മറ്റൊരിടത്തുപോയി അഭിനയിക്കുന്നതിലൂടെ പ്രചാരവേലയും സംഘടനാ ജോലിയും നടത്തുക.'' (ഇ.എം.എസ്. ആത്മകഥ - 19-ാം അധ്യായം).

ഇങ്ങനെ രൂപപ്പെട്ട നാടകസംഘമാണ് വി.ടിയുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം അഭിനയിച്ചത്. മലയാളനാടക സാഹിത്യത്തിലും രംഗവേദിയിലും 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' ഒരു വഴിത്തിരിവായിരുന്നു.
 
ഒരര്‍ഥത്തില്‍ 'പാട്ടബാക്കി', 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്റെ ആരോഗ്യകരമായ ഒരു തുടര്‍ച്ചയാണെന്നു പറയാം. രണ്ടും സോദ്ദേശ നാടകങ്ങളാണ്. എന്നാല്‍ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന് 'സമുദായ പരിഷ്കരണം - നമ്പൂതിരിസമുദായത്തിലെ അന്ധവിശ്വാസം അനാചാരം തുടങ്ങിയവയ്ക്കെതിരായ പോരാട്ടം എന്ന സങ്കുചിതമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 'പാട്ടബാക്കി' ഒരു സാമൂഹ്യഘടനയെ 'സമ്പത്തിന്റെ കേന്ദ്രീകരണം' സാമൂഹ്യതിന്മകള്‍, ഇവയെ സംരക്ഷിക്കുന്ന അധികാരഘടന - ആകെ ഉടച്ചുവാര്‍ക്കുക എന്ന വിശാലമായ ലക്ഷ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. നിന്ദിതരും പീഡിതരുമായ അധ്വാനിക്കുന്ന വര്‍ഗത്തെ മോചിപ്പക്കുക എന്ന വര്‍ഗസമരമാണ് അതു ലക്ഷ്യം വച്ചത്. അതുകൊണ്ടുതന്നെ 'പാട്ടബാക്കി'യില്‍ ആവിഷ്കരിക്കപ്പെട്ടത് സാധാരണ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ചെറുകച്ചവടക്കാരുടെയും അവരെ ചൂഷണം ചെയ്യുന്ന ജന്മി മുതലാളിമാരുടെയും ജീവിതമാണ്.

കെ. ദാമോദരന്റെ 'പാട്ടബാക്കി'ക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സംഘര്‍ഷാത്മകമായ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്. 1930ലെ മഹാത്മാഗാന്ധിയുടെ ദണ്ഡിമാര്‍ച്ചിനെ തുടര്‍ന്ന് കേരളത്തില്‍ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹവും തുടര്‍ന്ന് കോഴിക്കോട്ടു കടപ്പുറത്തു നടന്ന നിയമലംഘനപ്രസ്ഥാനവും കേരളത്തില്‍ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വഴിത്തിരിവു കുറിച്ച ഒരു ഘട്ടമായിരുന്നു. അക്കാലത്ത് കോണ്‍ഗ്രസിലേക്ക് കടന്നുവന്ന ഒരു സംഘം ചെറുപ്പക്കാര്‍ അവരില്‍ ഭൂരിപക്ഷവും പിന്നിട് കമ്യൂണിസ്റുകാരായി - അന്നത്തെ 'ഞായറാഴ്ച കോണ്‍ഗ്രസുകാരാ'യ വക്കീല്‍ മേനവന്മാരില്‍ നിന്ന് സംഘടനയുടെ നേതൃത്വം പിടിച്ചെടുക്കുകയും കോണ്‍ഗ്രസിനെ ഒരു സജീവദേശീയസമരസംഘടനയാക്കുകയും ചെയ്തു. കൃഷിക്കാരുടേയും, തൊഴിലാളികളുടേയും വര്‍ഗസംഘടനകള്‍ രൂപീകരിച്ച് അവരെ കൂടി വിശ്വാസത്തിലെടുത്തു ദേശീയ പ്രസ്ഥാനത്തെ വിപുലീകരിക്കുന്നതിലായിരുന്നു അവരുടെ ശ്രമം. കര്‍ഷകസംഘവും തൊഴിലാളിയൂണിയനും വിദ്യാര്‍ഥിസംഘവുമെല്ലാം കെട്ടിപ്പടുത്തുകൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമമാണ് ഇടതുപക്ഷ കെ.പി.സി.സി. നേതാക്കളായ ചെറുപ്പക്കാര്‍ അക്കാലത്ത് ചെയ്തത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ. ഗോപാലന്‍, കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍, അബ്ദുല്‍ റഹ്മാന്‍ സാഹിബ് തുടങ്ങിയവരായിരുന്നു അന്ന് നേതൃനിരയിലുണ്ടായിരുന്നത്.

കൃഷിക്കാര്‍ക്കെതിരെ ജന്മിമാര്‍ നടത്തുന്ന പാട്ടപ്പിരിവ്, കുടിയൊഴിക്കല്‍ തുടങ്ങിയ അക്രമത്തെ ചെറുക്കാനും കര്‍ഷകരെ സംരക്ഷിക്കാനും നാടൊട്ടുക്ക് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനും അവര്‍ തീരുമാനിച്ചു. സമ്മേളനങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ എന്തൊക്കെയാവാമെന്ന് അവര്‍ ആലോചിച്ചു. ആ ആലോചനയുടെ ക്രിയാത്മകഫലങ്ങളിലൊന്നാണ് 'പാട്ടബാക്കി' എന്ന നാടകം.പാട്ടബാക്കിയുടെ  രചനക്ക് പിന്നിലെ സംഭവങ്ങളെക്കുറിച്ച് കെ. ദാമോദരന്‍ തന്നെ പറഞ്ഞിട്ടുള്ളത് ഇവിടെ ഉദ്ധരിക്കട്ടെ:

"കൊല്ലം 1937. ഗുരുവായൂരില്‍നിന്ന് അഞ്ചാറുനാഴിക വടക്ക് വൈലത്തൂര്‍ എന്ന സ്ഥലത്തുവച്ച് പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനം നടക്കാന്‍ പോവുകയാണ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്നുചേര്‍ന്ന് നേതാക്കന്മാര്‍ കടലായി മനയ്ക്കലിരുന്നു കൊണ്ട് സമ്മേളനം വിജയിപ്പിക്കേണ്ടത് എങ്ങിനെയെന്നതിനെപ്പറ്റി കൂടിയാലോചനകള്‍ നടത്തുകയാണ്. ഞാനൊരഭിപ്രായമെടുത്തിട്ടു. ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കില്‍ കൂടുതല്‍ കൃഷിക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞു

 "നാടകമുണ്ടെന്നറിഞ്ഞാല്‍ സമ്മേളനത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കും. എന്തെങ്കിലും നാടകമായാല്‍പ്പോര. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം. പക്ഷേ അത്തരമൊരു നാടകം മലയാളത്തിലാരും ഇതേവരെ എഴുതിയിട്ടില്ല. പ്രായോഗികമായ വല്ല നിര്‍ദേശങ്ങളുമുണ്ടോ?''

എന്നിട്ട് എന്റെ നേര്‍ക്കുതിരിഞ്ഞുകൊണ്ടു ചോദിച്ചു "തനിക്കൊരു നാടകമെഴുതിക്കൂടേ?'' നിശബ്ദത. എല്ലാവരും എന്റെ നേരെ നോക്കുന്നു. ഞാന്‍ പറഞ്ഞു "ശ്രമിച്ചുനോക്കാം'' ഇ.എം.എസ്. "നോക്കാമെന്നുപറഞ്ഞാല്‍ പോര ഇനി ഒരാഴ്ചയേയുള്ളൂ'' ഞാന്‍ 'ശരി എഴുതാം' ... എന്റെ മനസ്സു മന്ത്രിച്ചു 'കഴിയുമോ ഏല്‍ക്കേണ്ടിയിരുന്നില്ല'. പക്ഷേ ഏറ്റുപോയി... രണ്ടുദിവസം കൊണ്ടുനാടകം എഴുതിതീര്‍ത്തു'' (കെ. ദാമോദരന്റെ സമ്പൂര്‍ണ കൃതികള്‍ ഏഴാംഭാഗത്തില്‍ നിന്ന്)

പതിനാലുരംഗങ്ങളും മുഖ്യകഥാപാത്രങ്ങളും, അപ്രധാനകഥാപാത്രങ്ങളുമടക്കം പതിനെട്ടിലേറെ കഥാപാത്രങ്ങളുമുള്ള നാടകമാണ് പാട്ടബാക്കി. മുക്കാട്ടിരിമനയ്ക്കലെ കുടിയാന്റെ മകനായ കിട്ടുണ്ണി, കൃഷികൊണ്ടുജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പട്ടണത്തിലെ കമ്പനിയില്‍ തൊഴിലാളിയായി പണിയെടുക്കാന്‍ നിര്‍ബന്ധിതനായി തലചായ്ക്കാനൊരു കൂരയ്ക്കുവേണ്ടിയാണ് കിട്ടുണ്ണി അയാളുടെ അമ്മ, യൌവ്വനയുക്തയായ പെങ്ങള്‍ കുഞ്ഞിമാളു, നാലുവയസുകാരനായ സഹോദരന്‍ ബാലന്‍ എന്നിവര്‍ അടങ്ങിയ ആ കുടുംബം മുക്കാട്ടിരിമനയ്ക്കലെ പാട്ടാക്കാരായത്. കിട്ടുന്ന നെല്ലുമുഴുവന്‍ 'പാട്ട'മളക്കുകയും. നാളികേരം മാത്രമുള്ള തുണ്ടുപറമ്പിലേ ആദായം നിത്യവൃത്തിക്കുപോലും തികയാത്ത അവസ്ഥയില്‍ 'പാട്ടബാക്കി' പിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായര്‍, അനുദിനം ആ കുടുംബത്തിന് പേടിസ്വപ്നമായി മാറുന്നു.

മുക്കാട്ടിരിമനയ്ക്കലെ ജന്മിയും - കിട്ടുണ്ണിയുടെ കുടുംബവും തമ്മില്‍ 'പാട്ടബാക്കി'യുടെ പേരില്‍ നടക്കുന്ന ഏറ്റുമുട്ടലാണ് നാടകത്തിന്റെ മര്‍മം. ഒപ്പം തൊഴിലാളി - മുതലാളി ഏറ്റുമുട്ടലും കൊളോണിയല്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ ഇരകളായ സാധാരണക്കാരുടെ ജീവിതത്തിന്റെ പൊറുതിമുട്ടലും. 1930കളിലെ ലോകമുതലാളിത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടതാണ് നാടകത്തിലെ ഇതിവൃത്തം.

നാടകം ആരംഭിക്കുന്നത് കിട്ടുണ്ണിയുടെ ചെറ്റപ്പുരയുടെ പശ്ചാത്തലത്തിലാണ്. പാവപ്പെട്ട സാധാരണക്കാരന്റെ പട്ടിണിയുടെയും വറുതിയുടെയും പ്രതീകമായി ഒട്ടിയ വയറുതടവി "അമ്മേ വിശക്കുന്നു... വല്ലാതെ വിശക്കുന്നു'' എന്നുറക്കെ കരഞ്ഞുവിളിച്ചു കയറിവരുന്ന ബാലന്റെ രംഗപ്രവേശം തുടക്കത്തിലേ നാടകീയതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. കടം മേടിച്ചെങ്കിലും ഒരു നേരത്തെ കഞ്ഞിക്കു വകതേടാന്‍ 'കുഞ്ഞിമാളു' ഓപ്പോള്‍ പോയിട്ടുണ്ടെന്നും അവള്‍ എന്തെങ്കിലും കൊണ്ടുവരാതിരിക്കില്ലെന്നും വന്നാല്‍ കഞ്ഞി ഉണ്ടാക്കി കൊടുക്കാമെന്നും സമാധാനപ്പെടുത്തി കുഞ്ഞുമകനെ കളിക്കാന്‍ പറഞ്ഞയയ്ക്കുന്ന അമ്മയും പാട്ടബാക്കി പിരിക്കാനെത്തുന്ന കാര്യസ്ഥന്‍ രാമന്‍നായരുടെ സംസ്കാരശൂന്യമായ പരുക്കന്‍ പെരുമാറ്റവും വറ്റില്ലാത്ത കഞ്ഞിവെള്ളവുമായെത്തുന്ന കുഞ്ഞിമാളുവും അതു കുടിച്ച് അതൃപ്തി പ്രകടിപ്പിക്കുന്ന ബാലനും ഒക്കെ ചേര്‍ന്ന് അക്കാലത്തെ കുടിയാന്റെ ജീവിതചിത്രം തന്മയത്വത്തോടെ സഹൃദയര്‍ക്ക് അനുഭവവേദ്യമാക്കുന്നു.

 കൂലിക്കുറവും ഉല്‍പന്നവിലയിടിവും തൊഴിലില്ലായ്മയും കൊണ്ട് നിരന്തരം ദരിദ്രവാസികളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന സാധാരണക്കാരും അതിന്റെ തിക്തഫലം അനുഭവിക്കുന്ന ചെറുകച്ചവടക്കാരും രൊക്കം പണം കൊടുത്ത് ഒരു ചായപോലും വാങ്ങിക്കുടിക്കാന്‍ കഴിയാത്ത സാധാരണക്കാരും അവരുടെ ധര്‍മസങ്കടങ്ങളും ചിത്രീകരിച്ച് ബദല്‍ രാഷ്ട്രീയസാമ്പത്തിക ജീവിതചിന്തകള്‍ അവതരിപ്പിക്കുകയാണ് രണ്ടാംരംഗത്തില്‍. ചായപ്പീടികയില്‍ ചായകുടിക്കാന്‍ കയറിയ മുഹമ്മദ് എന്ന തൊഴിലാളി തന്റെ സുഹൃത്തായ കിട്ടുണ്ണിയെ പീടികയിലേയ്ക്ക് ക്ഷണിക്കുന്നു. അയാള്‍ക്കൊരു ചായയും പുട്ടും നല്‍കാന്‍ പീടികക്കാരനോടു പറയുന്നു. എന്നിട്ട് തങ്ങളുടെ പങ്കപ്പാടുകള്‍ പരസ്പരം കൈമാറുന്നു. കിട്ടുണ്ണി തന്റെ മുതലാളി ഒരു തൊഴിലാളിയുടെ മുഖത്തു തുപ്പിയകാര്യം മുഹമ്മദിനോട് പറയുമ്പോള്‍ രോഷകുലനാകുന്ന വര്‍ഗബോധമുള്ള മുഹമ്മദ് എന്ന തൊഴിലാളിയെ നാടകകൃത്ത് അവതരിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

 "മുഹമ്മദ് - തുപ്പുക എന്ത് തെമ്മാടിത്തം. എല്ലു മുറിയെ പണിചെയ്താല്‍ പോര ഇവരുടെ ചവിട്ടും കുത്തും കൊള്ളണം! അപമാനം സഹിക്കണം!

കിട്ടുണ്ണി - എന്തുചെയ്യാം! യാതൊരുനിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഞാന്‍ കമ്പനിയില്‍ പോകുന്നത്. അച്ഛനുള്ള കാലത്ത് കൃഷിമാത്രമേ നടത്തിയിരുന്നുള്ളൂ. അനുഭവം കിട്ടുമെന്നു വിചാരിച്ചിട്ടല്ല. കിടന്നു പാര്‍ക്കാന്‍ ഒരു സ്ഥലം വേണം.

മുഹമ്മദ് - എന്തൊരുനിര്‍ദയത. ഇന്നത്തെ നീചമായ സമുദായത്തില്‍ മനുഷ്യന്‍ മൃഗമാണ്. പിടിച്ചുപറിനീതിയും. അതേ ഒരു സോഷ്യലിസ്റു സമുദായത്തില്‍ മാത്രമേ മനുഷ്യനു മനുഷ്യനായി ജീവിക്കാന്‍ കഴിയൂ''

പാവപ്പെട്ടവരും കൂലിവേലക്കാരുമായ മനുഷ്യര്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മറ്റൊരു ബദല്‍ വ്യവസ്ഥയുണ്ടെന്ന പ്രത്യാശ തന്റെ നാടകത്തിലൂടെ സൂചിപ്പിക്കുകയാണ് നാടകകൃത്ത് ഇവിടെ ചെയ്തിട്ടുള്ളത്. നാടകലക്ഷ്യത്തിന്റെ സാക്ഷാല്‍കാരത്തിന് ഈ സംഭാഷണശകലം വളരെയേറെ സഹായിക്കുന്നുമുണ്ട്.

നിത്യപട്ടിണിയിലായ കിട്ടുണ്ണിയുടെ വീട്ടില്‍, കടംപിരിക്കാനെത്തുന്ന അവറാനും പാട്ടംപിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായരും സൃഷ്ടിക്കുന്ന ബാഹ്യസംഘര്‍ഷങ്ങളും വിശന്നുകരയുന്ന കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ 'കടം' തേടിപ്പോകുന്ന കിട്ടുണ്ണിയുടെ അന്തസംഘര്‍ഷവും കൊണ്ട് നാടകത്തിനുപിരിമുറുക്കം കൂട്ടുന്നതരത്തിലാണ് മൂന്നാംരംഗം ഒരുക്കിയിട്ടുള്ളത്.

കിട്ടുണ്ണിയുടെ മുതലാളിയുടെ ഭവനത്തിലാണ് നാലാംരംഗത്തിലെ സംഭവങ്ങള്‍. 30കളില്‍ സോഷ്യലിസത്തിനും തൊഴിലാളിസംഘടനയ്ക്കും അത് സംഘടിപ്പിക്കുന്ന നേതാക്കള്‍ക്കുമെതിരായ അപവാദങ്ങളും അനാവശ്യ ഇടപെടലുകളും യൂണിയന്‍ തകര്‍ക്കാന്‍ പോലീസിനെ ഇടപെടുത്തലും ഒക്കെ ചിത്രീകരിക്കുന്നതാണ് ഈ രംഗത്തിന്റെ ഉള്ളടക്കം. ആശയരംഗത്ത് ജന്മി - മുതലാളിചൂഷണത്തെ വെള്ളപൂശാന്‍ പണം കൊടുത്ത് കൂലിക്കെഴുത്തുകാരെ സംഘടിപ്പിക്കുന്ന മുതലാളിമാരുടെ നാണംകെട്ട പ്രവൃത്തിയേയും ഈ രംഗം അനാവരണം ചെയ്യുന്നുണ്ട്.

കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ പലപല പടിവാതില്‍ക്കലും മുട്ടിയിട്ടും കടം കിട്ടാതെ സ്വന്തം മുതലാളിയുടെ മുന്നില്‍ കടം യാചിച്ചെത്തിയ കിട്ടുണ്ണിക്ക് കടംകിട്ടിയില്ലാ എന്നു മാത്രമല്ല, നായയെ വിട്ടുകടിപ്പിക്കുമെന്ന സ്ഥിതിവരെ വന്നപ്പോള്‍ അയാള്‍ തെരുവിലേയ്ക്കിറങ്ങി ഓടേണ്ടതായിവന്നു. അങ്ങനെ എല്ലാം നഷ്ടപ്പെട്ട്, തന്റെ കുഞ്ഞനുജന്റെ വിശപ്പുമാറ്റാന്‍ എന്തു ചെയ്യണമെന്നറിയാതെ തെരുവിലലഞ്ഞ കിട്ടുണ്ണി... കട്ടിട്ടായാലും അനുജന്റെ വിശപ്പു കെടുത്തണമെന്ന് ഒരു നിമിഷം ചിന്തിച്ചുപോകുന്നു. ഒടുവില്‍ അതൊരിക്കലും ശരിയല്ല എന്ന് സ്വയം ഉറച്ച് ഒരു സേര്‍ അരിയെങ്കിലും കടംവാങ്ങാമെന്ന ചിന്തയോടെ അത്തന്‍കുട്ടിയുടെ കടയിലേക്ക് കയറിച്ചെല്ലുന്നു. കിട്ടുണ്ണി എത്ര കെഞ്ചിയിട്ടും അത്തന്‍കുട്ടി അരികൊടുക്കാന്‍ തയ്യാറായില്ല. ഒരു ദുര്‍ബല നിമിഷത്തില്‍ തഞ്ചത്തില്‍ അത്തന്‍കുട്ടി അറിയാതെ കിട്ടുണ്ണി ഒരുപിടി അരി മോഷ്ടിക്കുന്നു. അതു കൈയോടെ പിടിച്ച അത്തന്‍കുട്ടി കിട്ടുണ്ണിയെ പോലീസിലേല്‍പ്പിക്കുന്നു. താന്‍ കള്ളനല്ലെന്നും സാഹചര്യം കൊണ്ട് മോഷ്ടിക്കേണ്ടിവന്നതാണെന്നു പറഞ്ഞിട്ടും കിട്ടുണ്ണിയെ കണ്ണൂര്‍ ജയിലില്‍ ആറുമാസത്തേയ്ക്ക് ശിക്ഷിച്ചയയ്ക്കുന്നു. കുഞ്ഞുമാളുവിനോട് അപമര്യാദയായി പെരുമാറിയ കാര്യസ്ഥന്‍ രാമന്‍നായരെ അവള്‍ ചൂലുകൊണ്ടടിച്ചതിന്റെ പ്രതികാരമായി ആ കുടുംബത്തെ കുടിയിറക്കുന്നു. രോഗിയായ അമ്മയുടേയും കുഞ്ഞനുജന്റെയും കൈയും പിടിച്ച് കുഞ്ഞിമാളുതെരുവിലേയ്ക്കിറങ്ങുന്നു. പട്ടിണിയും രോഗവുംകൊണ്ട് അമ്മ തെരുവില്‍ കിടന്നു മരിക്കുന്നു. തന്റെ കുഞ്ഞനുജന്റെ വിശപ്പടക്കാന്‍ ഗത്യന്തരമില്ലാതെ കുഞ്ഞിമാളു വ്യഭിചാരശാലയെ അഭയം പ്രാപിക്കുന്നു. ജയില്‍ ശിക്ഷകഴിഞ്ഞുനാട്ടിലെത്തുന്ന കിട്ടുണ്ണി വ്യഭിചാരശാലയില്‍ സ്വന്തം പെങ്ങളെ തേടിയെത്തുന്നു. ആദ്യം പൊട്ടിത്തെറിച്ചെങ്കിലും കാര്യങ്ങള്‍ മനസിലാക്കി അയാള്‍ സമചിത്തതയോടെ അവളെ സാന്ത്വനപ്പെടുത്തുന്നു.

നാടകാന്ത്യത്തിലെ ഈ സന്ദര്‍ഭം വികാരഭരിതവും വിശ്വാസയോഗ്യവുമായാണ് നാടകകൃത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെ ജയിലില്‍നിന്ന് കുടുംബത്തെ തേടി നാട്ടിലേയ്ക്കെത്തിയ കിട്ടുണ്ണി അമ്മയുടെ മരണവും പെങ്ങളുടെ അപ്പോഴത്തെ അവസ്ഥയും താങ്ങാനാവാതെ വ്യഭിചാരശാലയിലെത്തുന്നു. അവളെ കണ്ടുമുട്ടുന്നു. രോഷാകുലനായ കിട്ടുണ്ണി പെങ്ങളുടെ പുതിയമാറ്റത്തിന്റെ സാഹചര്യം മനസ്സിലാക്കി മനസാന്തരപ്പെടുക മാത്രമല്ല, അവളെ സമാശ്വസിപ്പിക്കുകയും ഇതിനൊക്കെ കാരണമായ സാമൂഹ്യസാമ്പത്തികനീതിയോടും അതിനെ സംരക്ഷിക്കുന്ന അധികാരത്തോടും പൊരുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നാടകം അവസാനിക്കുന്നത് ഇങ്ങനെയാണ്:

"കിട്ടുണ്ണി - അതേ ക്രൂരമായ സമുദായത്തില്‍ മുതലാളികളുടേയും അവരുടെ കിങ്കരന്മാരുടേയും ഉപദ്രവംകൊണ്ട്, മര്‍ദനംകൊണ്ട് അനേകം ജനങ്ങള്‍ക്ക് പട്ടിണികിടക്കേണ്ടിവരുന്ന ഇന്നത്തെ സമുദായത്തില്‍ കളവും വ്യഭിചാരവും പാപമല്ല! കുഞ്ഞിമാളു, ദാരിദ്ര്യമാണ് മനുഷ്യരെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. മോഷണവും വ്യഭിചാരവും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം  നശിക്കണം. ദാരിദ്ര്യം നശിക്കണമെങ്കിലോ ഇന്നത്തെ ഭരണസമ്പ്രദായം മാറണം

കുഞ്ഞിമാളു - മാറണം. പക്ഷേ എങ്ങിനെ?

കിട്ടുണ്ണി - കുഞ്ഞിമാളൂ നമുക്കീ സമുദായത്തോടു പകരം ചോദിക്കണം. ഈ സമുദായസംഘടനയെ നമുക്കൊന്നുടച്ചുവാര്‍ക്കണം.

കുഞ്ഞുമാളു - പകരം ചോദിക്കണം! ഉടച്ചുവാര്‍ക്കണം. പക്ഷേ എങ്ങിനെ.

കിട്ടുണ്ണി - എങ്ങിനെയെന്നു ഞാന്‍ പറഞ്ഞുതരാം.''

കിട്ടുണ്ണിയുടെ ഈ വാക്കുകളോടെയാണ് നാടകത്തിന്റെ തിരശീല വീഴുന്നത്. കെ. ദാമോദരനും ദാമോദരന്റെ പാര്‍ടിയും പറഞ്ഞുതന്ന ആ വഴികളിലൂടെയാണ് കേരളത്തിലെ കൃഷിക്കാരും തൊഴിലാളികളും അവരുടെ സ്വപ്നങ്ങള്‍ പൂവണിയിച്ച 1957 ഏപ്രില്‍ 5ന്റെ പുലരിപൂമുഖത്തു ചെങ്കൊടി ഉയര്‍ത്തിയത്. നാടകത്തിന്റെ മുഖ്യപ്രേരകനായ ഇ.എം.എസിനെ അതിന്റെ നായകനാക്കിയത്.

നാടകാന്ത്യത്തിലെ നാടകീയതയെയും ഔചിത്യത്തേയും ചമല്‍ക്കാരഭംഗിയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പ്രശസ്ത നാടകചിന്തകനും നാടകകൃത്തുമായ സി.ജെ. തോമസ് പ്രകടിപ്പിച്ച അഭിപ്രായത്തിലെ പ്രസക്തമായ വരികള്‍ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ!

"പാട്ടബാക്കിയില്‍ മറ്റൊരു പ്രത്യേകതയുള്ളത് അതിന്റെ അവസാനമാണ്. മറ്റൊരു സാഹിത്യകാരനായിരുന്നെങ്കില്‍ കുഞ്ഞിമാളു കിട്ടുണ്ണിയുടെ കഠാരയ്ക്കിരയാവുകയെന്നത് തീര്‍ച്ചയായിരുന്നു. പക്ഷേ ഇവിടെ പശ്ചാത്താപം പരാജയമനോഭാവത്തിലേക്കോ ആത്മഹത്യയിലേക്കോ അല്ല വഴി തെളിക്കുന്നത്. അത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചിന്താഗതിയായിരുന്നുകൂടാ. അതു സത്യമായിരുന്നെങ്കില്‍ ഇന്നു വടക്കേ മലബാറിലേയും ചേര്‍ത്തലയിലേയും ഒട്ടുവളരെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നു. കിട്ടുണ്ണി "എങ്ങിനെയെന്നു കാണിച്ചുതരാം വരൂ!'' എന്നു പറഞ്ഞു കുഞ്ഞിമാളുവിന്റെ കൈയും പിടിച്ച് പടക്കളത്തിലേയ്ക്കിറങ്ങുകയാണ്.''

തുടര്‍ന്ന് സി.ജെ. പറയുന്നു. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും 'പാട്ടബാക്കി'യെ മലയാളത്തിലെ ഏറ്റവും വിജയകരമായ നാടകമാക്കിത്തീര്‍ക്കുന്നു.

ആദ്യാവതരണത്തിന്റെ അനുഭവം ഏതൊരു നാടകകൃത്തിനും മറക്കാനാവില്ല. ആദ്യാവതരണ അനുഭവം ദാമോദരന്‍ ഇങ്ങിനെ സ്മരിക്കുന്നു.

"നാടകം അവസാനിച്ചയുടനേ പ്രവര്‍ത്തകര്‍ എന്റെ ചുറ്റുംകൂടി. "നാടകം അസ്സലായി'' "ഗംഭീരമായി'' "കാണികള്‍ക്കിഷ്ടായി''

ഇ.എം.എസ്. അഭിപ്രായപ്പെട്ടു, "നമുക്കൊരു കാര്യം ചെയ്യണം. മറ്റു താലൂക്കുകളിലും നമുക്കീനാടകം കളിക്കണം.''

നാടകം നടന്നുകൊണ്ടിരുന്നപ്പോള്‍ കൈ അടിച്ചവരുടെ കൂട്ടത്തില്‍ സ: പി. കൃഷ്ണപിള്ളയുമുണ്ടായിരുന്നു. കളികഴിഞ്ഞ് കാണികള്‍ പിരിഞ്ഞുപോയശേഷം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു:


"ആകപ്പാടെ നന്നായിട്ടുണ്ട് പക്ഷേ ചില രംഗങ്ങള്‍ കുറച്ചുകൂടി നന്നാക്കണം. ഉദാഹരണത്തിന് ചായപ്പീടിക. മുഹമ്മദിനെപ്പോലെ സംസ്കൃതത്തില്‍ പ്രസംഗിക്കുന്ന ഏതെങ്കിലും തൊഴിലാളിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? താന്‍ പ്ളാറ്റുഫോറത്തില്‍ കയറി പ്രസംഗിക്കുന്നതുപോലെയുണ്ട്. ഒരു കാര്യം ചെയ്താലെന്താണ്. ചായപ്പീടിക അതാതു സന്ദര്‍ഭത്തിലെ രാഷ്ട്രീയകാര്യങ്ങളെപ്പറ്റിയും അതത് സ്ഥലത്തെ മര്‍ദനങ്ങളെപ്പറ്റിയുമെല്ലാം സാധാരണജനങ്ങളുടെ ഭാഷയില്‍ വാദപ്രതിവാദം നടത്തുന്ന ഒരു രംഗമായികൂടേ'' -
ഇതുപോലെ ക്രിയാത്മകമായ നിരവധി ഉപദേശങ്ങളും നിര്‍ദേശങ്ങളും നാടകത്തെകുറിച്ച് അക്കാലത്തുണ്ടായി.

നാടകമര്‍മജ്ഞനും, സാഹിത്യചരിത്രകാരനുമായ പി.കെ. പരമേശ്വരന്‍നായര്‍ തന്റെ സാഹിത്യചരിത്രത്തില്‍ 'പാട്ടബാക്കി'യുടെ സ്ഥാനം അടയാളപ്പെടുത്തിയതിങ്ങനെയാണ്.

"കഥാഘടന വിശ്വസനീയവും കലാസുന്ദരവുമായ രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതത്തില്‍നിന്ന് അടര്‍ത്തി എടുത്ത ഒരേടാണ് അത്. അതിനാല്‍ സാമാന്യജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കി എടുക്കാന്‍ പ്രയാസമില്ല. അതിലെ സംഘട്ടനം അവരെ ആവേശം കൊള്ളിക്കുകയും ചെയ്യും''
എന്നാല്‍ അന്നത്തെ യാഥാസ്ഥിതിക സാഹിത്യ നിരൂപകന്മാര്‍ തികഞ്ഞ പുച്ഛത്തോടും, ശത്രുതയോടുമാണ് 'പാട്ടബാക്കി' എന്ന മലയാളസാഹിത്യത്തിലെ രാഷ്ട്രീയ നാടകശാഖക്ക് അടിത്തറയിട്ട 'പാട്ടബാക്കി'യെ വിലയിരുത്തിയത്. പ്രശസ്ത മാര്‍ക്സിയന്‍ സൌന്ദര്യചിന്തകനായ പി. ഗോവിന്ദപ്പിള്ള തന്റെ 'കെ. ദാമോദരന്‍ പോരും പൊരുളും' എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്

"നിരൂപകവരേണ്യരില്‍ പ്രമുഖരും കമ്യൂണിസത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുക്കളും ആയിരുന്ന കുട്ടിക്കൃഷ്ണമാരാരും എം.ആര്‍. നായര്‍ എന്ന സഞ്ജയനും 'പാട്ടബാക്കി' കലാമൂല്യമില്ലാത്ത വെറും പ്രചരണോപാധിയാണെന്നക്ഷേപിക്കുകയുണ്ടായി'' എന്നാണ്.

'പാട്ടബാക്കി' പുസ്തകമാക്കിയതിനു പിന്നിലും ഒരു ചരിത്രമുണ്ട്. നാടകം എഴുതിക്കഴിഞ്ഞ് റിഹേഴ്സല്‍ ഉടനേ തുടങ്ങണം. എഴുതിയ പുസ്തകത്തിലെ താളുകള്‍ കീറിയെടുത്തു നടന്മാര്‍ക്കുകൊടുത്തു. നാടകം വിജയകരമായി അരങ്ങേറുകയും ചെയ്തു. അപ്പോഴാണ് നാടകകൃതി കൈയ്യിലില്ലെന്ന ബോധ്യം നാടകകൃത്തിനുണ്ടായത്. പിന്നെ നടന്മാര്‍ക്കുകൊടുത്ത കടലാസുകളെല്ലാം തിരികെ വാങ്ങി തുന്നിചേര്‍ത്ത് അതിന്റെ പകര്‍പ്പെടുത്താണ് മാതൃഭൂമിയ്ക്കയച്ചുകൊടുത്തത്. മൂന്നുലക്കങ്ങളിലായി 'മാതൃഭൂമി' അത് പ്രസിദ്ധീകരിച്ചു.

എം.പി. ഭട്ടതിരിപ്പാട് (പ്രേംജി) പരിയാനംപറ്റ, എം.എസ്. നമ്പൂതിരി തുടങ്ങിയ അക്കാലത്തെ ജനകീയകലാകാരന്മാരടക്കം നിരവധിപേര്‍ നൂറുകണക്കിനു വേദികളില്‍ നാടിന്റെ നാനാഭാഗത്തുമായി ഈ നാടകം അരങ്ങേറി. ആദ്യനാടകാവതരണം കണ്ട്  പി. കൃഷ്ണപിള്ള അഭിപ്രായപ്പെട്ടപോലെ പില്‍ക്കാലത്ത് ഓരോ വേദിയിലും അവശ്യം ആവശ്യമായ മാറ്റങ്ങളോടുകൂടിയാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. അങ്ങിനെ അക്കാലത്തെ കാര്‍ഷികപ്രശ്നങ്ങളും സംഘര്‍ഷങ്ങളും അതിസമര്‍ഥമായി അവതരിപ്പിക്കുന്ന ലക്ഷ്യബോധമുള്ള ശക്തമായ ഒരു കലാശില്‍പമായി 'പാട്ടബാക്കി' സ്വയംമാറി. ഇതൊന്നും അറിയാതെ നാടകകൃത്തായ ദാമോദരനാകട്ടെ ഒളിവില്‍ നിന്നു ജയിലിലും ജയിലില്‍നിന്ന് ഒളിവിലുമായി രാഷ്ട്രീയ സംഘടനാപപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കേരളത്തിലൂടനീളം സഞ്ചരിക്കുന്നതിനിടയില്‍ 'പാട്ടബാക്കി'യുടെ കാര്യം തന്നെ വിസ്മരിച്ചമട്ടായി. മുന്‍പ് 'അടുക്കളയില്‍ നിന്നരങ്ങത്തേയ്ക്കെന്ന' നാടകത്തെപ്പോലെ സമാനമനസ്കരായ നിരവധി കലാകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 'പാട്ടബാക്കി' യും കലാസുഭഗവും ശക്തവുമായ ഒരു ദൃശ്യശില്‍പമായി മാറിക്കഴിഞ്ഞിരുന്നു.

ഈ മാറ്റത്തെ കെ. ദാമോദരന്‍ പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. “1946-ല്‍ തൃശൂരിലെ വി.എസ്. പ്രസിന്റെ ഉടമസ്ഥന്‍ കോഴിക്കോട്ടുവന്നു. മാതൃഭൂമിയില്‍ പണ്ട് പ്രസിദ്ധീകരിച്ച നാടകം പുസ്തകരൂപത്തിലാക്കാനാണ് അനുവാദം ചോദിച്ചത്. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് ഞാനുടനെ സമ്മതം മൂളി.

പുസ്തകം വായിച്ചപ്പോളാണ് അബദ്ധം മനസിലായത്. ഇത് നൂറുകണക്കിനുള്ള ഗ്രാമങ്ങളിലുള്ള കൃഷിക്കാര്‍ കണ്ടാസ്വദിച്ച നാടകമല്ല. കടലായി മനയ്ക്കല്‍ വച്ചെഴുതിയ പഴയനാടകമാണ്. എനിയ്ക്കല്‍പം ലജ്ജ തോന്നി. നാടകമാകെ മാറ്റിയെഴുതി ഒരു പുതിയ പതിപ്പ് അച്ചടിക്കാന്‍ പ്ളാനിട്ടു. അപ്പോഴേയ്ക്ക് ഞാന്‍ വീണ്ടും അറസ്റിലായി.''

1950ല്‍ പരോളില്‍ വരികയും പരോളില്‍നിന്ന് ഒളിവില്‍ പോവുകയും ചെയ്ത ഘട്ടത്തില്‍ ടി.എന്‍. നമ്പൂതിരിയുടെയും പി. ഭാസ്കരന്റെയും സഹായത്തോടെ ഇരിങ്ങാലക്കുടയിലെ ഒരു ശ്രീകണ്ഠവാരിയരുടെ വിജയാ പ്രസിലാണ് 'പാട്ടബാക്കി' പുസ്തകരൂപത്തില്‍ ആദ്യമായി അച്ചടിപ്പിച്ചത്. പ്രസ്സുടമ നാടകകൃത്തിനയച്ച രണ്ടു കോപ്പി ഒഴികെ മറ്റു കോപ്പികളും പ്രസും കൊച്ചി ഗവമെന്റ് കണ്ടുകെട്ടി. ഇങ്ങിനെ സംഭവബഹുലമായ ഒരു ചരിത്രം കൂടി 'പാട്ടബാക്കി' യ്ക്കുണ്ട്.

'പാട്ടബാക്കി'യുടെ രചനയിലൂടെ കേരളത്തിലെ  'രാഷ്ട്രീയ നാടക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച കെ. ദാമോദരന്റെ ഈ ജന്മശതാബ്ദി വേളയില്‍ വിപ്ളവകേരളത്തിന്റെ ആ അനശ്വര പുത്രന് നമുക്ക് അക്ഷരാഞ്ജലി അര്‍പ്പിച്ച് കൃതാര്‍ഥരാകാം.



*****

പിരപ്പന്‍കോട് മുരളി, കടപ്പാട് : ഗ്രന്ഥാലോകം


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

Sunday, April 22, 2012

നാടകം വീട്ടുമുറ്റങ്ങള്‍ അന്വേഷിക്കണം

ഡോക്ടറാക്കാന്‍ കൊതിച്ച് മകനെ തൃശൂര്‍ കേരളവര്‍മയില്‍ രണ്ടാംഗ്രൂപ്പിന് ചേര്‍ത്ത അച്ഛന്‍. പക്ഷേ, മകന്‍ അവിടെ നിന്നില്ല. നാടകത്തിന്റെ അനാട്ടമിയിലേക്കാണ് അവന്‍ പോയത്. ഇറങ്ങാന്‍ പറഞ്ഞു ഇറങ്ങി. അവിടെയാണ് യാത്ര തുടങ്ങിയത്. 1983ല്‍ തൃശൂരില്‍നിന്ന് ആരംഭിച്ച ഷാജി കാര്യട്ടിന്റെ യാത്ര തുടങ്ങിയേടത്തേക്ക് എത്താന്‍ പോകുകയാണ്. എണ്‍പതുകളില്‍ നാടകം ആളിക്കത്തിയ കാലത്തിന്റെ നൊസ്റ്റാള്‍ജിയ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മനുഷ്യന്‍ അക്കാലത്തെ തിരിച്ചുപിടിക്കാനാകുമോ എന്ന ശ്രമത്തിലാണ്. മാറിയ കാലത്തിന്റെയും മനുഷ്യരുടെയും യാഥാര്‍ഥ്യത്തെ തിരിച്ചറിയാഞ്ഞിട്ടല്ല ഈ സ്വപ്നം. നാട്ടുകാര്‍ നാടകത്തെ തേടി വരുന്ന കാലം കൈവിട്ടെങ്കില്‍ നാടകം അവരെ തേടിച്ചെല്ലുന്ന കാലം, ഓരോ നാട്ടിലും അവിടുത്തെ രംഗതലം കണ്ടെത്തുന്ന നാടകം. അത്തരമൊരു സ്വപ്നത്തിന്റെ പുറകിലാണ് ഇയാള്‍. ഷേക്സ്പിയര്‍ നാടകങ്ങളുടെ കളിത്തട്ടായ ഫുട്സ്ബാനിലെ കുത്തിമറിച്ചിലുകള്‍ക്കിടയില്‍നിന്നാണ് ഷാജി മടങ്ങാന്‍ കൊതിക്കുന്നത്. അപ്പോള്‍ ഷാജിക്ക് പറയാനുണ്ട്. 15 വര്‍ഷം ഫ്രാന്‍സിലെ നാടകാനുഭവത്തിന്റെ വെളിച്ചത്തില്‍, കേരളത്തിന്റെ എണ്‍പതുകളുടെ ഗൃഹാതുരതയുടെ ഭൂമികയില്‍നിന്ന് ഒരുപാട്.....എല്ലാം നാടകത്തെപ്പററിത്തന്നെ.

ഫുട്സബാന്‍ തിയറ്ററിന്റെ "ഇന്ത്യന്‍ ടെംപസ്റ്റ്" പ്രൊജക്ടുമായി കേരളത്തിലെത്തിയ തൃശൂര്‍ മണലൂര്‍ സ്വദേശി ഷാജി കാര്യാട്ടിന്റെ നാടകവര്‍ത്തമാനങ്ങള്‍

?എന്തുകൊണ്ട് വീണ്ടും കേരളത്തിലേക്ക്

കേരളത്തില്‍ ഒരിടമുണ്ട് ഇപ്പോഴും. എണ്‍പതുകളുടെ കേരളത്തില്‍നിന്നാണ് ഞാന്‍ തുടങ്ങുന്നത്. അവിടെ നമുക്ക് നമ്മുടെ ഇടമുണ്ടായിരുന്നു. അന്നത്തെ കാഴ്ചകള്‍ മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.

? എങ്ങനെയായിരുന്നു തുടക്കം

193ല്‍ കേരളവര്‍മ കോളേജിലെ പ്രീഡിഗ്രികാലം. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ ക്യാമ്പസ്സ് തിയറ്റര്‍ "കളിയരങ്ങ്"ലൂടെത്തന്നെയാണ് തുടക്കം. ഇന്ന് തൃശൂരില്‍നിന്നുയര്‍ന്ന മിക്ക തിയറ്റര്‍ ആര്‍ടിസ്റ്റുകളുടെയുംപോലെ റൂട്ട്, ജോസ് ചിറമ്മല്‍. ആദ്യത്തെ കോഴിക്കോട് സര്‍വകലാശാല സാംസ്കാരിക ജാഥ, ശാസ്ത്രസാഹിത്യപരിഷത് കലാജാഥകള്‍. തീപിടിച്ച കാലം തന്നെയായിരുന്നു. തലക്കും അരങ്ങിനും.

?റൂട്ടില്‍ നിന്ന് കൂടുതകര്‍ത്തത്

88ല്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ പണം റൂട്ടിലേക്കെത്തുന്നതോടെ പലരെയുംപോലെ തുറന്ന ഒരിടം സാധ്യമല്ല എന്ന തോന്നല്‍ ഉണ്ടായി. ഒരു പക്ഷേ, കേരളത്തിലെ സജീവമായിനിന്ന സമാന്തരനാടകപ്രവര്‍ത്തനത്തിലേക്ക് കടന്നു വന്ന സാംസ്കാരിക അധിനിവേശത്തിന്റെ ആദ്യ പടിയാകാംഅത്.

?തുടര്‍ച്ച എന്തായിരുന്നു

നേരെ തിരുവനന്തപുരം. ഡി രഘുത്തമന്‍ നാടസംഘമുണ്ടാക്കാനും ഞാന്‍ നാടകം കളിക്കാനും കൊതിച്ചു. അതിനു മുമ്പ് അദ്ദേഹത്തോടൊപ്പം "നോക്ക്" എന്ന പേരില്‍ ഇന്ത്യമുഴുവന്‍ ഒരു നാടകയാത്ര നടത്തിയിരുന്നു. എസ് അജയനും ചേര്‍ന്ന് അഭിനയക്ക് തുടക്കം കുറിച്ചു. വിരല്‍പ്പാടുകള്‍, പൈങ്കിളിക്കഥ, അമ്മ പറഞ്ഞ കഥ, ദിസ് ഈസ് ഇന്ത്യ ഒട്ടേറെ നാടകങ്ങള്‍.

?ഫുട്സ്ബാനിലേക്ക് എപ്പോള്‍

1994ലാണ് ഫുട്സ്ബാന്‍ കേരളത്തിലെത്തുന്നത്. അതോടെ അവരോടൊപ്പം ചേര്‍ന്നു. പിന്നെ ഇതുവരെ 15 വര്‍ഷങ്ങള്‍. മുഴുവന്‍ സമയം നാടകം.

? കത്തുന്ന 80ലെ കേരളനാടകവേദിയില്‍നിന്ന് ഫ്രാന്‍സിലെ പ്രശസ്തമായസംഘത്തിലേക്ക് ഒരു താരതമ്യം സാധ്യമാകുമോ

ഫ്രാന്‍സില്‍ തിയറ്റര്‍ ഒരു പ്രൊഫഷനാണ്. കൃത്യമായി ശമ്പളം പറ്റുന്ന തൊഴില്‍. എന്നാല്‍, ഒരു നാടകപ്രവര്‍ത്തകനെന്ന നിലയില്‍ അത് നല്‍കിയ അനുഭവജ്ഞാനം വലുതാണ്. ക്ലാസ്സിക്കുകളുടെ സമകാലീന ആവിഷ്കാരമാണ്ഫുട്സ്ബാന്‍ നടത്തുന്നത്. ഒപ്പം യാത്രകള്‍. ലോകം മുഴുവന്‍ നടന്ന് നാടകം കളിക്കുന്ന അനുഭവം ജീവിതത്തെയും കാഴ്ചപ്പാടുകളെയും നവീകരിച്ചു. കേരളത്തില്‍ നാടകം അന്വേഷിച്ചുനടന്ന ഒരാള്‍ക്ക് പക്ഷേ ഏറെക്കാലം അത്തരമൊരു സുരക്ഷിത വലയത്തിനകത്ത് നില്‍ക്കാനാകില്ല. 2003ല്‍ ഫുട്സ്ബാന്‍ വിട്ടു താല്‍ക്കാലികമായി. വേറെയെന്തൊക്കെയോ കാണാനുണ്ടെന്ന തോന്നല്‍...

? തുടര്‍ന്നുള്ള നാടകക്കാലം

തുടര്‍ന്ന് സ്വന്തമായി ഒരു സംഘം "കളരി" എന്ന പേരില്‍ ആരംഭിച്ചു. പേരിന് ഒരുപാട് അര്‍ഥമുണ്ടായിരുന്നു. ഇടുങ്ങിയ സ്പെയിസില്‍പോലും വലിയ ദൃശ്യഭാഷ സൃഷ്ടിക്കാന്‍ കളരിക്ക് കഴിയും. ഏകാപാത്രനാടകങ്ങളാണ് നടത്തിയത്. കുളൂരിന്റെ ചില സ്കെച്ചുകളുടെ ഫ്രെഞ്ച് വ്യാഖ്യാനം. ദൈവത്തിന്റെ വേട്ടക്കാരന്‍ എന്ന ആഫ്രിക്കന്‍ കഥയുടെ നാടകരൂപം. അവിടെ നാടകം കളിക്കാനായി ആളെകിട്ടില്ല. തൊഴില്‍തന്നെയാണ് നാടകം. പണം പ്രശ്നമാണ്. ഇതിനിടെ മറ്റു പലസംഘങ്ങളിലേക്ക് കൂടുമാറി. സമകാലീന ഫ്രഞ്ച് നാടകവേദിയിലെ യുവാക്കളുമായി പ്രവര്‍ത്തിക്കാന്‍ ലഭിച്ചത് വലിയ അവസരമായി അത്. എല്‍സിഡ്, ഫെഡറിക് രണ്ടാമന്‍ എന്നീ നാടകങ്ങള്‍,ഫാബ്രിക് എപ്യൂറ്റട്ടപ്പി എന്ന സംഘം. തിരിച്ച് ഇപ്പോള്‍ ഫുട്സ്ബാനില്‍, ഇന്ത്യന്‍ ടെംപസ്റ്റുമായി സഹകരിക്കുന്നു.

? വീണ്ടും കേരളത്തിലേക്ക്-എന്താണ് കേരളതിയറ്ററില്‍ താങ്കള്‍ക്കുള്ള ഇടം

കേരളനാടകവേദി മുന്നോട്ടു പോയിരിക്കുന്നു. പക്ഷേ, എവിടെയോ ചില അകലം സംഭവിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ നാടകത്തിനുവേണ്ടി ജീവിച്ചിരുന്ന കാലത്തുനിന്ന് നാടകം അക്കാദമിക് വ്യാപാരമായി മാറി കേരളത്തിലും. അത് വ്യവസ്ഥയുടെക്കൂടി ഭാഗമാണ്. അതിനെതില്‍നിന്നിരുന്ന കൂട്ടായ്മകളെല്ലാം ഇല്ലാതാകുന്നു. ഒരു പക്ഷേ, കേരളത്തിലെ മാത്രം പ്രശ്നമല്ല ഇത്. എങ്കിലും ഇനിയും എനിക്കുള്ള ഇടം ഇവിടെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പാട് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.കഴിയുമെന്ന വിശ്വാസവും. നാടകശാലകളുടെ വട്ടത്തില്‍ കുടുങ്ങാതെ രംഗതലത്തിന്റെ വിഭിന്നസാധ്യതകള്‍ അന്വേഷിക്കാന്‍ സാധ്യതയുള്ള മണ്ണാണ് കേരളത്തില്‍.

ഗ്രാമീണനാടകങ്ങളെക്കുറിച്ച്. അതാണ് പറഞ്ഞത്. എണ്‍പതുകളില്‍ കൊച്ചുകൊച്ചു സംഘങ്ങള്‍ ഗ്രാമങ്ങളിലേക്ക് കയറിച്ചെന്നിരുന്നു. നാടകം കാണാന്‍ ആളുകള്‍ വന്നിരുന്നു. ഇന്നതില്ല. നാടകം വീട്ടുമുറ്റത്തേക്ക് എത്തിക്കല്‍ തന്നെയാണ് എന്റെ ലക്ഷ്യം. അത് ആകര്‍ഷകവുമാകണം. മത്സരനാടകങ്ങളോട് നിങ്ങളുടെ സമീപനം എന്തുമാകട്ടെ, നാട്ടിന്‍ പുറത്ത് കുറെ നാടകങ്ങള്‍ കാണാന്‍ അവസരമൊരുക്കിയിരുന്നു മത്സരങ്ങള്‍.കാലത്തിന്റെയും തലമുറയുടെയും പ്രശ്നങ്ങളുണ്ട്്. ജോസ് ചിറമ്മലിനുണ്ടായിരുന്ന സാമൂഹികബന്ധം ഇന്ന് തൃശൂരിലെ പുതിയ നാടകക്കാര്‍ക്കില്ല. ഇതിന് പല കാരണവുമുണ്ട് രാഷ്ട്രീയഅപചയവും പുതിയ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനവും ലോകത്തെമ്പാടും ഇത്തരം സാഹചര്യം ഉണ്ടാക്കി. ഫ്രഞ്ച് നാടകവേദിയുടെയും ശക്തമായ കാലം എഴുപതുകളായിരുന്നു. അത്തരമൊരവസ്ഥ അനിവാര്യമാണ്. അതു കാലം ആവശ്യപ്പെടുന്നുമുണ്ട്. പഴയ രീതിയില്‍ അതിനി തുടരനാകില്ല. എന്നാല്‍, അതിന്റെ പുതുഭാഷയും കണ്ടെത്തണം. നാടകം ജനങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്.

*
കെ ഗിരീഷ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ഏപ്രില്‍ 2012

Wednesday, March 21, 2012

രാഷ്ട്രീയ നാടകത്തിന്റെ താഴാത്ത കൊടിപ്പടം

പണവും ലാഭക്കൊതിയും തിമര്‍ക്കുന്ന ലോകത്തിനപ്പുറത്ത് പ്രഭുക്കളും പ്രമാണിമാരും വാഴുന്ന നാടിനപ്പുറം സാധാരണമനുഷ്യര്‍ക്ക് പാര്‍ക്കാനാകുന്ന ഇടമായി ലോകം മാറുമെന്ന് നാടകത്തിലൂടെ നിരന്തരം വിളിച്ചുപറഞ്ഞു താജ്. മലയാളത്തിലെ രാഷ്ട്രീയനാടകവേദിയുടെ യവനിക താഴ്ത്താനാവില്ലെന്ന് അരങ്ങിലൂടെ തെളിയിച്ച പ്രതിഭയെന്ന് ചെറുപ്പത്തിലേ വിടവാങ്ങിയ താജിനെ വിശേഷിപ്പിക്കാം. കൃഷിക്കാര്‍ ജീവനൊടുക്കുന്ന, നാടാകെ കടത്തില്‍ മുങ്ങിയ കാലത്തുനിന്ന് നോക്കുമ്പോള്‍ താജ് പ്രവാചകനാണ്. ക്ഷോഭിക്കുന്ന, അസ്വസ്ഥമാക്കുന്ന പകര്‍ന്നാട്ടങ്ങളും കനലാട്ടങ്ങളും നടത്തിയ ജനകീയനാടകകാരന്‍ . വിശക്കുന്നവരുടെ വേദനയും വേദാന്തവും കലഹവുമെല്ലാം കലാപമാക്കാനുള്ള ജ്വലനശേഷിയോടെ പകര്‍ത്തി അരങ്ങിലെത്തിച്ച താജ് മലയാള പുരോഗമനസാഹിത്യത്തിന്റെ കനിവാര്‍ന്ന മാനുഷികതയുടെ ഉടപ്പിറപ്പ്. സ്വാതന്ത്ര്യവും അവകാശവും അരങ്ങും നഷ്ടമായ ജീവിതങ്ങളെ രംഗവേദിയിലെത്തിച്ച തെരുവിന്റെയും ദേശത്തിന്റെയും നാടകകാരന്‍ . നാടകമെന്നത് നാടിന്റെ അകം തേടലാണെന്ന് തെളിയിച്ച നാടകാചാര്യന്‍ കെ ടി മുഹമ്മദിനുശേഷം കോഴിക്കോട്ടു നിന്നും നാടകലോകത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രം.

തന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വരാറുള്ള കുട്ടിയായ താജിനെക്കുറിച്ച് അമ്മാവന്‍ കൂടിയായ കെ ടി എഴുതി: "ഞാന്‍ നിന്നെ പഠിപ്പിക്കുകയായിരുന്നില്ല. നീ സ്വയം പഠിക്കുകയായിരുന്നു. നീ നാടകമെഴുതാന്‍ തുടങ്ങി. അവതരിപ്പിക്കാന്‍ തുടങ്ങി. അത് ആഹ്ലാദകരമായിരുന്നു. ഇന്നവന്റെ മേല്‍വിലാസം പി എം താജ് കെയര്‍ ഓഫ് എന്നായിരിക്കാം. അവന്‍ വളര്‍ന്നപ്പോള്‍ എന്റെ കെയറോഫില്‍ നിന്ന് അവന്‍ രക്ഷപ്പെടുകയായിരുന്നു. ഒരു പക്ഷേ നിന്റെ മൗലിക ചേതന കെ ടി മുഹമ്മദ് കെയര്‍ ഓഫ് താജ് എന്ന് മാറ്റിയേക്കാം."

പുതിയ കാര്‍ഷികമുതലാളിത്തം ചവച്ചുതുപ്പിയ കരിമ്പിന്‍ചണ്ടികളായി കൃഷിക്കാര്‍ മരിക്കുന്നത് "രാവുണ്ണി"യിലൂടെ താജ് അരങ്ങിലെത്തിച്ചത് എണ്‍പതുകളിലാണ്. കടം വാങ്ങലാണ് ഏറ്റവും നല്ല തൊഴില്‍ . നല്ലൊരു കടക്കാരനാവാന്‍ ഈശ്വരാ നീയെന്നെയനുഗ്രഹിക്കുക എന്ന രാവുണ്ണിയിലെ കൃഷിക്കാരന്റെ പറച്ചില്‍ ഇന്നും നാടകപ്രേമികളില്‍ മുഴങ്ങുന്നു. വിദര്‍ഭയും വയനാടും കര്‍ഷകരുടെ ശവപ്പറമ്പായി മാറുംമുമ്പെഴുതിയതാണ് രാവുണ്ണി. ചത്തിട്ടും കഷ്ടപ്പാട് തീരുന്നില്ലെന്ന് പറയുന്ന രാവുണ്ണിയിലൂടെ ശവത്തിനുപോലും അസഹ്യമാകുന്ന ജീവിതാന്തരീക്ഷമാണിവിടെയെന്ന് താജ് വിളിച്ചു പറഞ്ഞു. അധികാര മത്സരമാണ് "പെരുമ്പറ"യുടെ പ്രമേയം. നമ്മോട് കൂറില്ലാത്ത ദൈവം നമുക്കെന്തിനെന്ന് ചോദിക്കുന്നു "കനലാട്ട"ത്തില്‍ . മനുഷ്യര്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കുക, അപ്പോള്‍ ശബ്ദത്തിന് സംഗീതത്തിന്റെ സുഗന്ധമുണ്ടാകുമെന്ന് പറയുന്നു പാവത്താന്‍നാടില്‍ .

ജനവിരുദ്ധമായ അധികാര രീതികളോടും ചോരക്കലിപുരണ്ട ചൂഷണസംവിധാനങ്ങളോടും മുപ്പത്തിമുക്കോടി ദൈവങ്ങളോടും നിരന്തരം ചോദ്യങ്ങളുന്നയിച്ച താജിലെ നാടകപ്രതിഭയെ മലയാള നാടകവേദിക്ക് മറക്കാനാവില്ലെന്ന് മാര്‍ക്സിസ്റ്റ് ചിന്തകന്‍ പി ഗോവിന്ദപ്പിള്ള നിരീക്ഷിച്ചിട്ടുണ്ട്. തനത് എന്ന പേരില്‍ അരാഷ്ട്രീയത കെട്ടിയാടിയപ്പോഴാണ് താജ് വഴിമാറി നടന്നത്. തലസ്ഥാനത്ത് നിന്നൊരു വാര്‍ത്തയുമില്ല, മേരിലോറന്‍സ്, ഇത്രമാത്രം സ്വകാര്യം, കുറുക്കന്‍ കുഞ്ഞിരാമന്റെ വാല്‍ , പ്രിയപ്പെട്ട അവിവാഹിതന്‍ തുടങ്ങി ഇരുപതോളം നാടകളുണ്ട് താജിന്റേതായി. കേരളസംഗീതനാടക അക്കാദമി പുരസ്കാരവും ചെറുകാട് സ്മാരക പുരസ്കാരവും താജ് നേടിയ ബഹുമതികളില്‍ ചിലതുമാത്രം. ഡിവൈഎഫ്ഐ മുഖപത്രം യുവധാരയുടെ പത്രാധിപര്‍ , കവി, തിരക്കഥാകൃത്ത് തുടങ്ങി സാംസ്കാരിക ജീവിതത്തില്‍ വിവിധവേഷങ്ങളില്‍ സര്‍ഗപ്രതിഭയുടെ സ്പര്‍ശം ചാര്‍ത്തിയാണ് താജ് അരങ്ങൊഴിഞ്ഞത്, 1990-ജൂലൈ 29-ന്.

കാല്‍മടമ്പുകളില്‍ തട്ടിയുരഞ്ഞ് എല്ലാ ചങ്ങലകളും തേഞ്ഞുപൊട്ടുമെന്നും നിശ്വാസങ്ങളില്‍ വെന്തുരുകി എല്ലാ തടവറകളും പൊളിഞ്ഞുവീഴുമെന്നും പറഞ്ഞ താജ് ശുഭകാലത്തിന്റെ നാടകകാരനാണ്. രാവിന്റെയരുകീറി പൂവുപൂക്കുന്നതും കാര്‍മേഘമിരുണ്ടുകറുത്തു ചൂടുപെരുത്ത വാനത്ത് ഇരുളിന്‍ തലകൊയ്യാന്‍ ചൂടിന്‍ ഗര്‍വ്വുതളര്‍ത്താനിന്നൊരു പുതുപുലരിയുദിച്ചുയരുന്നതും പുതുമഴയൊന്നാര്‍ത്തുവരുന്നേയ് പൊയ്പ്പോയ വസന്തം വീണ്ടും, എന്ന താജിന്റെ നാടകഗാനങ്ങള്‍ പതിതരുടെ ജീവിതഗാനമാണ്. അതിനാല്‍ തന്നെ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന നാടകത്തിന്റെ ഹരിതാഭയായി താജ് നമുക്കിടയില്‍തന്നെയുണ്ടെന്ന് വിശ്വസിക്കാം.

*
ദേശാഭിമാനി 21 മാര്‍ച്ച് 2012

Saturday, February 18, 2012

പൊന്നരിവാളമ്പിളിയില്...

കൊല്ലത്തെ ചവറ തട്ടാശേരി സുദര്‍ശന തിയേറ്റര്‍ വലിയൊരു ചരിത്രസംഭവത്തിന് അരങ്ങൊരുക്കിയെന്നതിന് ഇന്ന് തെളിവൊന്നുമില്ല. തിയേറ്റര്‍ മാത്രമല്ല, ആ സ്ഥലവും തിരിച്ചറിയാനാവാത്ത വിധം മാറി. ഇപ്പോള്‍ അത് കച്ചവടകേന്ദ്രം. എന്നാല്‍ ഓലമേഞ്ഞ സുദര്‍ശനയില്‍ അറുപതാണ്ടു മുമ്പ് അരങ്ങേറിയ നാടകം കേരളത്തിന്റെ ചരിത്രമുന്നേറ്റത്തിന് സാക്ഷിയും സഹായിയും. 1952 ഡിസംബര്‍ ആറ് രാത്രി ഒമ്പത്. തിയേറ്ററിന്റെ അണിയറയില്‍ മണിമുഴങ്ങി. പിന്നീട് ഘനഗംഭീര ശബ്ദത്തില്‍ അനൗണ്‍സ്മെന്റ്-"നിങ്ങള്‍ ഉല്‍ക്കണ്ഠയോടെ പ്രതീക്ഷിച്ചിരിക്കുന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന്റെ ഉദ്ഘാടനം ആരംഭിക്കുകയായി." നാടക ചരിത്രത്തിലെ മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യപുരോഗതിയുടെ പന്ഥാവിലേക്കുള്ള മണിമുഴക്കം കൂടിയായിരുന്നു അത്.

ജന്മിത്വത്തിന്റെ കരാളതകളില്‍ പണിയെടുക്കുന്നവന്റെയും പാവപ്പെട്ടവന്റെയും ജീവിതം മുങ്ങിത്താഴുന്ന ഘട്ടം. അവിടെയാണ് പുതിയ പ്രതീക്ഷയുടെയും കാലത്തിന്റെയും സന്ദേശമുയര്‍ത്തി നാടക അരങ്ങേറ്റം. കമ്യൂണിസ്റ്റ് പാര്‍ടിയെയും മാനവസ്നേഹത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയും ജനഹൃദയങ്ങളില്‍ കുടിയിരുത്തുന്നതില്‍ അത് വഹിച്ച പങ്ക് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ രൂപീകരണത്തിന് ഭൂമികയൊരുക്കുന്നതില്‍ നാടകം ചെലുത്തിയ സ്വാധീനം ചെറുതല്ല. പതിനായിരത്തിലേറെ വേദികളില്‍ അരങ്ങേറിയ അത് ഇന്നും ആസ്വാദകരെ മാടിവിളിക്കുന്നു.

അസമത്വത്തിന്റെയും പീഡനങ്ങളുടെയും കെട്ട കാലത്ത് പുതിയ സാമൂഹ്യക്രമത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ സിരകളില്‍ പടര്‍ത്തിയ ഒരുപറ്റം ചെറുപ്പക്കാരാണ് അരങ്ങിലും അണിയറയിലും നിറഞ്ഞത്. ജി ജനാര്‍ദനക്കുറുപ്പും കെ എസ് രാജാമണിയും എന്‍ രാജഗോപാലന്‍ നായരും അടങ്ങുന്ന സംഘത്തിന്റെ ഒത്തുചേരലില്‍ പിറവികൊണ്ട കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് (കെപിഎസി) "കമ്യൂണിസ്റ്റാക്കി"യുടെ അവതരണത്തിന് ബാനറൊരുക്കി. കലാപ്രവര്‍ത്തനത്തിനപ്പുറം സാമൂഹ്യ-സാംസ്കാരിക മുന്നേറ്റത്തിനുള്ള അരങ്ങും ആയുധവുമായിരുന്നു അവര്‍ക്കത്. ശൂരനാട് കേസില്‍ ഒളിവിലായിരുന്ന തോപ്പില്‍ഭാസി സോമന്‍ എന്ന പേരിലാണ് നാടകം രചിച്ചത്. രാജഗോപാലന്‍ നായരും ജനാര്‍ദനക്കുറുപ്പും ചേര്‍ന്ന് പല രംഗങ്ങളും മാറ്റിയെഴുതി. ആദ്യ റിഹേഴ്സലും അരങ്ങേറ്റവും ചവറയില്‍ . കോടാകുളങ്ങര വാസുപിള്ളയുടെ ചെലവില്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് പന്തല്‍ കെട്ടി. മലയാറ്റൂര്‍ രാമകൃഷ്ണന്‍ ബ്ലോക്ക് വരച്ചു. നോട്ടീസ് കായംകുളംപട്ടാണിപ്പറമ്പില്‍ മത്തായിക്കുട്ടിയുടെ പ്രസ്സില്‍ നിന്ന്.

1952 ഡിസംബര്‍ ആറിന് വ്യാഴാഴ്ച രാത്രി ഒമ്പതിന് സുദര്‍ശന തിയേറ്ററില്‍ ഡി എം പൊറ്റക്കാട്ട് നാടകം ഉദ്ഘാടനം ചെയ്തു. കാമ്പിശേരി കരുണാകരനായിരുന്നു മുഖ്യകഥാപാത്രമായ പരമുപിള്ളയെ അവതരിപ്പിച്ചത്. മറ്റ് അഭിനേതാക്കളായ എന്‍ രാജഗോപാലന്‍ നായരും വി സാംബശിവനും ജി ജനാര്‍ദനക്കുറുപ്പും ഒ മാധവനും തോപ്പില്‍ കൃഷ്ണപിള്ളയും കെപിഎസി സുലോചനയും സുധര്‍മയുമൊക്കെ പില്‍ക്കാലത്ത് നമ്മുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തെ ചിട്ടപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കി. നാടകത്തില്‍ ഗാനങ്ങളൊരുക്കിയ ഒഎന്‍വി-ദേവരാജന്‍ കൂട്ടുകെട്ടും അരങ്ങില്‍ പാടി അഭിനയിച്ച കെ എസ് ജോര്‍ജും സുലോചനയും പാട്ടിന്റെ പൂക്കാലം സമ്മാനിച്ചു. "പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ"യും "വെള്ളാരംകുന്നിലെ പൊന്‍മുളംകാട്ടിലെ"യും വരികള്‍ കേരളം ഏറ്റുപാടി.

ആശയപ്രചാരണത്തില്‍ അഗ്രഗാമിയായ "കമ്യൂണിസ്റ്റാക്കി"ക്ക് അധികാരിവര്‍ഗത്തിന്റെ നിരോധനം നേരിടേണ്ടിയും വന്നു. 1953 മാര്‍ച്ച് 20ന് ബാലരാമപുരം മുരുകന്‍ ടാക്കീസില്‍ കളിക്കാനൊരുങ്ങുമ്പോഴായിരുന്നു നിരോധനം. സര്‍ക്കാരിനെതിരെ ജനങ്ങളെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നുവെന്നു കാട്ടി ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റാണ് നിരോധിച്ചത്. ഇതിനെതിരെ അപ്പീല്‍ പോയി. നാടകം നിരോധിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ബാലരാമപുരത്ത് അവതരിപ്പിക്കുകയും ചെയ്തു. ഒരു ദേശത്തിന്റെ ജീവിതമാകെ പുതുക്കിപ്പണിയുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ "കമ്യൂണിസ്റ്റാക്കി"യുടെ നിരോധനവും പിന്നീടുള്ള വിജയഭേരിയും ചരിത്രത്തിന്റെ ഭാഗം.

*
കെ വി സുധാകരന്‍ ദേശാഭിമാനി 18 ഫെബ്രുവരി 2012

Sunday, January 29, 2012

പാട്ടബാക്കി: ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍

തൊഴിലാളി കുടുംബം മുങ്ങിത്താഴ്ന്ന ദുരിതങ്ങളും ദുരന്തങ്ങളും.സമുദായ ഘടനയുടെ ഭാഗമായ കള്ളവും വ്യഭിചാരവും. ഭൂപ്രഭുക്കളുടെയും കാര്യസ്ഥന്മാരുടെയും കാമപൂരണത്തിനിരയായ സ്ത്രീകള്‍ . വിശപ്പ് അപരാധമാകുന്ന സമൂഹം. കഷ്ടതകള്‍ ദൈവഹിതമെന്ന വിധിതീര്‍പ്പ്. ദൈവം മരിച്ചാല്‍ സുഖമുണ്ടാവുമല്ലോ എന്ന പ്രതികരണം- അതെ, ഒരു കാലഘട്ടത്തിന്റെ കറുത്തമുഖം പിച്ചിച്ചീന്തുകയായിരുന്നു പാട്ടബാക്കി. ബദല്‍ലോകത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു അത്. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമെന്ന് സി ജെ തോമസും ജീവല്‍ സാഹിത്യസംഘത്തിന്റെ ആദ്യ സന്തതിയെന്ന് ഇ എം എസും വിശേഷിപ്പിച്ച പാട്ടബാക്കി 1937ല്‍ വൈലത്തൂരില്‍ നടന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിനുവേണ്ടിയാണ് കെ ദാമോദരന്‍ എഴുതിയത്. തൊഴിലാളിയായ കിട്ടുണ്ണി, അമ്മ, സഹോദരങ്ങളായ കുഞ്ഞിമാളു, ബാലന്‍ എന്നിവരുടെ ദുരിത ജീവിതവും ദുരന്തങ്ങളും. നിലവിലെ വ്യവസ്ഥിതിയാണ് പ്രശ്നകാരണമെന്ന തിരിച്ചറിവും മാറ്റത്തിന് അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നതുമാണ് കേന്ദ്ര പ്രമേയം.

"മുതലാളിമാരുടെയും മറ്റും ഉപദ്രവംകൊണ്ട്, ജനങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടിവരുന്ന സമുദായത്തില്‍ കള്ളവും വ്യഭിചാരവും പാപമല്ല. കുഞ്ഞിമാളൂ, ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. അവ രണ്ടും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം നശിക്കണം. അങ്ങനെയാവാന്‍ ഭരണസമ്പ്രദായം മാറണം. ഈ സമുദായസംഘടനയെ ഉടച്ചുവാര്‍ക്കണം" എന്ന് നാടകാന്ത്യത്തില്‍ കിട്ടുണ്ണി. അധ്വാനിക്കുന്ന വര്‍ഗം സംഘടിത ശക്തിയായ കാലത്തിന്റെ ശബ്ദമാണത്. ആ സംഭാഷണം പതിനായിരങ്ങള്‍ ഏറ്റുപറഞ്ഞു.

കര്‍ഷകസംഘം പരിപാടി നടക്കുന്നിടത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. പ്രേക്ഷകര്‍ അവരുടെ ജീവിതം നാടകത്തില്‍ കണ്ടു. ഭൂപ്രഭുക്കളുടെയും കാര്യസ്ഥരുടെയും കാമവെറിയുടെ ഇരകള്‍ കുഞ്ഞുമാളുവിനൊപ്പം കരഞ്ഞു. കൊച്ചനിയന് വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചതിന് ജയിലില്‍പോയ കിട്ടുണ്ണിക്കൊപ്പം പ്രേക്ഷകരും ഭൂപ്രഭുത്വത്തെയും അതിന്റെ നീതിന്യായ വ്യവസ്ഥയേയും ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍കൊണ്ട് ശപിച്ചു.

ജയിലില്‍ കിട്ടുണ്ണിയും സഹതടവുകാരായ മുഹമ്മദും നാരായണന്‍നമ്പ്യാരും കയര്‍ പിരിക്കുന്നതിനിടെ നടത്തുന്ന സംഭാഷണമുണ്ട്. അധ്വാനം അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ലോകം അസുന്ദരമാവുന്നതിനെക്കുറിച്ചുള്ള വാചകം കിട്ടുണ്ണിയില്‍നിന്ന് പുറത്തുവരുന്നു: "നമ്മുളുണ്ടാക്കിയ നെല്ലില്‍നിന്ന് ഒരുപിടി വാരിയാല്‍ കുറ്റമായി!" അപ്പോള്‍ മറ്റൊരു തടവുകാരന്റെ പ്രതികരണം: "ഇന്നത്തെ സമൂഹത്തില്‍ വിശപ്പ് ഒരപരാധമാണ്". ഉപരിവര്‍ഗ താല്‍പ്പര്യത്തിന്റെ മറ പ്രേക്ഷകര്‍ക്കുവേണ്ടി നാടകകൃത്ത് തുറന്നുകാണിക്കുന്ന ഒരു സംഭാഷണമാണ് തുടര്‍ന്ന്. കിട്ടുണ്ണി പറയുന്നു: "മുതലാളി, തൊഴിലാളിയുടെ ചെകിട്ടത്തടിക്കുമ്പോഴും കുടകൊണ്ടടിച്ച് തലയില്‍നിന്ന് ചോരയൊലിപ്പിക്കുമ്പോഴും നിര്‍ദയമായി ചവിട്ടിത്തേക്കുമ്പോഴും, കൂലി കുറച്ചും മറ്റും പട്ടിണിക്കിട്ട് നരകിപ്പിക്കുമ്പോഴും വിരലനക്കാത്ത അഹിംസാഭക്തന്മാര്‍ , പട്ടിണിക്കൊരറുതിയുണ്ടാക്കാന്‍ നാം പ്രക്ഷോഭം കൂട്ടുമ്പോള്‍ ആക്ഷേപിക്കുന്നു. നമ്മെ ജയിലിലിടാന്‍ അവരൊറ്റു നില്‍ക്കുന്നു". മുഹമ്മദ് എന്ന തടവുകാരന്റെ പരിഹാരം: "ഒരൊറ്റ നിവൃത്തിയേയുള്ളു. ഇന്ന് എല്ലാ അധികാരവും ധനികവര്‍ഗങ്ങള്‍ക്ക് മാത്രമാണ്. ആ അധികാരവും ഭരണകൂടവും തൊഴിലാളികളും കൃഷിക്കാരുംകൂടി പ്രക്ഷോഭം നടത്തി പിടിച്ചെടുക്കണം". നാലു വയസുമാത്രം പ്രായമുള്ള കിട്ടുണ്ണിയുടെ കൊച്ചനുജന്‍ അരിയും ഉടുപ്പും വാങ്ങാന്‍ നമുക്കെന്താ കാശില്ലാത്തതെന്ന് അമ്മയോടു ചോദിക്കുന്നുണ്ട്. "ദൈവം തന്നില്ല" എന്ന മറുപടി. വീണ്ടും അവന്‍ : "അപ്പോമ്മേ, ഈ ദൈവം ചത്താലേ നമുക്ക് സുഖാവു അല്ലേ...?" മനുഷ്യനുണ്ടാക്കിയ ദൈവത്തെ മനുഷ്യന്‍ തന്നെ കൈയൊഴിയുന്ന അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ഏതോ ബിന്ദുവില്‍ നാലുവയസുകാരന്റെ ചോദ്യം തിരശീല വീണാലും മാറ്റൊലികൊള്ളും.

പോഷകാഹാരക്കുറവു കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണം നടക്കുന്ന ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. നീതിപാലകര്‍ക്കാണെങ്കില്‍ എല്ലാം തമാശ. എലിയും പൂച്ചയും കളിയിലാണ് അവര്‍ . "പാട്ടബാക്കിയി"ല്‍ ഇത്തരമൊരു കളിയുണ്ട്. ഒരുപിടി അരിമോഷ്ടിച്ചതിന് അറസ്റ്റിലായ കിട്ടുണ്ണിയെ ചോദ്യം ചെയ്യവെ ഇന്‍സ്പെക്ടര്‍ : "മോഷണം ആദ്യത്തെ തവണയാണല്ലേ... ആദ്യമായി ഒരു പട്ടിണി വന്നു... ആദ്യമായി കട്ടു... ആദ്യമായി പിടിക്കപ്പെട്ടു... അല്ലേ?" ഇത്തരം കറുത്ത ഹാസ്യം 74 വര്‍ഷം മുമ്പ് നമ്മുടെ നാടകലോകത്തിന് ഏറെക്കുറെ അപരിചിതം. പാട്ടബാക്കിയില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച എ കെ ജി ആത്മകഥയില്‍ കുറിച്ചു: ആ നാടകം കര്‍ഷകരെ അണിനിരത്തുന്നതിലും വളരെ സഹായകമായി. അക്കാലത്താണ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഞാന്‍ മനസിലാക്കുന്നത്. കര്‍ഷകയോഗങ്ങള്‍ നടക്കുന്ന സ്ഥലത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. ദാമോദരന്‍ , കെ പി ആര്‍ , പെരച്ചുട്ടി, പി ശേഖരന്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ഞാനും അതിലൊരു നടനായിരുന്നു".

*
പി വി കെ പനയാല്‍ ദേശാഭിമാനി 29 ജനുവരി 2012

Sunday, January 8, 2012

ആണ്ടറുതിയുടെ നാടകവിള

ജീവിതദര്‍ശനങ്ങളുടെ സമഗ്രമായ വിശകലനമാണ് നാടകം ആകേണ്ടതെന്ന് അടിസ്ഥാന വിശ്വാസം. സമ്പൂര്‍ണമായ സാമൂഹിക അവലോകനത്തിന്റെ അടിത്തട്ടിലൂടെ ജീവിതത്തിന്റെ ഗതിനിയന്ത്രണത്തില്‍ ഭാഗഭാക്കാകാനും ഈ സര്‍ഗകര്‍മത്തിന് ധര്‍മമുണ്ടെന്നും ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.

ആണ്ടറുതിയുടെ കണക്കെടുപ്പില്‍ ബാക്കിവരുന്നത് വിരളമാണ്. അത് നാളെയും ഓര്‍ത്തുവയ്ക്കാന്‍ നിമിത്തമാകും. വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അതിലെ വിഷയത്തിന്റെ പ്രാധാന്യം കൊണ്ടുമാത്രമാകില്ല ഓര്‍ത്തുവയ്ക്കപ്പെടുന്നത്. മറിച്ച് അതിലെ പാത്രസൃഷ്ടിയുടെ സൂക്ഷ്മതയിലൂടെ വിന്യാസം ചെയ്യപ്പെട്ട കഥാഖ്യാനത്തിന്റെ തീവ്രതയാലാണെന്ന് ബോധ്യമാകുകയുംചെയ്യും. കെടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, തോപ്പില്‍ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ അപൂര്‍വ മാതൃകകളിലൂടെ ഉള്ള ഓര്‍മകളുടെ ഇങ്ങേത്തലയ്ക്കല്‍ ഇതേ അര്‍ഥത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന മാതൃകയായി മനോജ്കാനയുടെ ഉറാട്ടിയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയും അടയാളപ്പെട്ടുകിടക്കുന്നതങ്ങനെതന്നെ. 2011 വര്‍ഷത്തിന്റെ ബാക്കിപത്രത്തില്‍ നിന്ന് ഒരു കൈവിരലെണ്ണം കുറിച്ചെടുക്കുക പ്രയാസമാണ്.

ചണ്ഡാലിക - തിരുവനന്തപുരം സോപാനം

മഹാകവി ടാഗോറിന്റെ ചണ്ഡാലിക എന്ന കാവ്യഖണ്ഡത്തെ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുമായി സാമ്യപ്പെടുത്തി കവി പി നാരായണക്കുറുപ്പ് എഴുതി നാടകാചാര്യനായ കാവാലം നാരായണപ്പണിക്കര്‍ സംവിധാനംചെയ്ത ചണ്ഡാലിക എന്ന നാടകം അനന്യസൗകുമാര്യത്താലും പ്രമേയതീക്ഷ്ണതയാലും പാത്ര അവതരണ ഭദ്രതയാലും ഹൃദയാര്‍ദ്രതയുടെ ശക്തി നിറഞ്ഞ നാടക അനുഭവമായത് ഇക്കൊല്ലത്തെ സുകൃതസാക്ഷ്യം. ദാഹിച്ചുവലഞ്ഞുവന്ന ബുദ്ധഭിക്ഷു ചണ്ഡാലസ്ത്രീയോട് ദഹജലം ദദാമി എന്നഭ്യര്‍ഥിക്കുമ്പോള്‍ ചണ്ഡാലയുവതിയില്‍ (പ്രകൃതി) ഉണ്ടാകുന്ന മാനസിക സംഘര്‍ഷം, നിലനില്‍ക്കുന്ന സാമൂഹിക സദാചാര നീതി വ്യവസ്ഥകളുടെയും അത്തരം വിലക്കുകളെ ഓര്‍മിപ്പിച്ചുകൊണ്ട് ഒപ്പം സഞ്ചരിക്കുന്ന സ്വമാതാവിന്റെയും പ്രേരണാശക്തിയാലാണെന്ന് വ്യക്തം. എങ്കില്‍ക്കൂടിയും ദാഹിച്ചുവലഞ്ഞു യാചിക്കുന്ന ആത്മാവിന് ഉപകാരപ്പെടേണ്ടതാണ് ദാഹജലം എന്ന് അവള്‍ തിരിച്ചറിയുകയും അത് ഭാവിയിലേക്കുള്ള ഒരു പുതിയ വെളിച്ചമായി മനസ്സില്‍ നിറയുകയും ചെയ്യുന്നു.

തസ്കരന്‍ - തിരുവനന്തപുരം സൂര്യ

വികെ പ്രഭാകരന്‍ എഴുതി സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനംചെയ്ത തസ്കരന്‍ എന്ന നാടകവും പോയകൊല്ലത്തിന്റെ കണക്കെടുപ്പില്‍ തെളിമയോടെ അവശേഷിക്കുന്ന അവതരണമായി കണക്കാക്കാം. കാലികമായ ദുര്‍മോഹങ്ങളുടെയും പ്രേരണകളുടെയും അടിസ്ഥാനത്തില്‍ ഭവനഭേദനത്തിന് തയ്യാറെടുക്കുന്ന കള്ളന്‍ , ടിവി ചാനലുകളിലെ പരസ്യ വാചകങ്ങള്‍ മൂളിക്കൊണ്ടും താന്‍ചെയ്യുന്ന തെറ്റിനെ ആത്മഗതത്തിലൂടെ വിശകലനംചെയ്ത് ന്യായീകരിച്ചും മുന്നേറുകയാണ്. ഗൃഹനാഥനെ കീഴ്പ്പെടുത്തി അയാളുടെ ധനസമ്പത്തുകള്‍ അപഹരിക്കുന്നത് കൗശലക്കാരനായ തസ്കരന്റെ മര്‍മവും അയാളുടെ വാഗ്ചാതുരിയിലെ നര്‍മവും അറിഞ്ഞ് പ്രേക്ഷക സമൂഹം അനുഗമിക്കുന്നത് സുതാര്യമായ അരങ്ങിലെ അനുഭവമായി.

അക്കിത്തക്കിത്തം -തിരുവനന്തപുരം സുമേരു

രാജീവ് ഗോപാലകൃഷ്ണന്‍ എഴുതി എസ് രാധാകൃഷ്ണന്‍ സംവിധാനംചെയ്ത അക്കിത്തക്കിത്തം എന്ന നാടകം മേല്‍പ്പറഞ്ഞ ഗണത്തില്‍ ചേര്‍ന്നുവരുന്ന മറ്റൊരു ഹൃദ്യാനുഭവമാണ്. നമ്മുടെ പാരമ്പര്യത്തെയും പഴമയെയും നമ്മുടെ പിതൃപരമ്പരകളെയും തിരിച്ചറിയുവാനാകാത്ത തരത്തില്‍ മൃഗതൃഷ്ണയോടെ അനുഭവ ആസക്തികളുടെ നാഗരിക തീവ്രതയില്‍ കൂടിക്കുഴഞ്ഞും മതിമറന്നും ജീവിക്കുന്ന പുതുതലമുറയുടെ പര്യായമായ യുവാവാണ് നാടകത്തില്‍ പ്രതിനായകസ്ഥാനത്ത്. ആലോചനയുടെയും ധ്യാനത്തിന്റെയും ത്രിസന്ധ്യയില്‍ തന്റെ ഗ്രാമത്തിലൂടൊഴുകുന്ന നിറനദിയുടെ തീരത്തിരുന്ന് താംബൂലം ചവയ്ക്കുന്ന പിതൃതുല്യനോട് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പരിഹാസ സമാനമായ മറുപടികള്‍ എറിയുകയും ചെയ്തു രസിക്കുന്ന ഇതിലെ കഥാപുരോഗതി അതിന്റെ പരമകാഷ്ഠയില്‍ ആ യുവാവിന്റെ പരാജയവും അബദ്ധങ്ങളുടെ തിരിച്ചറിവുമായി അവസാനിക്കുന്നു.

രാമകഥ - തൃശൂര്‍ നാടകസൗഹൃദം

എം വിനോദിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച രാമകഥ എന്ന നാടകവും അവതരണത്തിന്റെ ലാളിത്യത്താലും അതിലൂടെ പ്രസരിക്കുന്ന ശക്തിയാലും അതിലെല്ലാമുപരി നാടകം പറഞ്ഞുവയ്ക്കുന്ന പ്രമേയത്തിലെ ധ്വനിപാഠതീവ്രതയാലും എണ്ണപ്പെട്ട ഒന്നാവുകയാണ്. സി എന്‍ ശ്രീകണ്ഠന്‍നായരുടെ കാഞ്ചനസീത എന്ന നാടകത്തിന്റെ അന്തരാത്മാവിനെ സ്വാംശീകരിച്ച്, തിക്കോടിയന്‍ എഴുതിയ പുഷ്പവൃഷ്ടി എന്ന നാടകത്തിന്റെ ശക്തി സന്നിവേശിപ്പിച്ച്, ഒ എന്‍ വി യുടെ സരയുവിലേക്ക് എന്ന കവിതയുടെ അന്തര്‍ധാരയിലൂടെ സഞ്ചരിച്ച്, ആനന്ദിന്റെ അശാന്തമാകുന്ന അയോധ്യ എന്ന ലേഖനത്തിന്റെ ഉള്‍ക്കാമ്പിനെ ഉള്‍പ്പെടുത്തി സമഗ്രമായ ആശയവിനിമയം നടത്തുകയായിരുന്നു ഈ നാടക അവതരണത്തിന്റെ മേന്മ. സ്വന്തം പശ്ചാത്താപത്തില്‍നിന്നുള്ള മോചനമെന്ന നിലയില്‍ പാപപുണ്യങ്ങളുടെ വിലയ സ്ഥാനമായ നദിയില്‍ സ്വയം ഒടുങ്ങാന്‍ പ്രാര്‍ഥിച്ചുറയ്ക്കുന്ന പ്രജാപതിക്കൊപ്പം അദ്ദേഹത്തെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമൂഹവും മുഴുവനായി ആ വീരസാഹസികമായ ആത്മാഹുതിയെ വരിക്കുകയുംചെയ്യുന്നു.

മതിലേരിക്കന്നി - കോഴിക്കോട് സങ്കീര്‍ത്തന

വടക്കന്‍പാട്ടുകളിലെ ധീരവനിതകളില്‍ ഒന്നായ മതിലേരിക്കന്നിയുടെ ചരിത്രത്തെ പുതിയ കാലത്തിന്റെ അനുഭവ വിചാരങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ പ്രേരിപ്പിക്കുന്ന ശ്രമമാണ് ജയന്‍ തിരുമന എഴുതി സംവിധാനം ചെയ്ത മതിലേരിക്കന്നിയുടെ പ്രത്യേകത. ചിറക്കര വാഴുന്നോരുടെ ഏകപുത്രിയെ വിവാഹം കഴിച്ച വേണാട്ടുരാജാവിന് വിവാഹരാത്രിയില്‍ത്തന്നെ യുദ്ധത്തിന് പുറപ്പെടേണ്ടിവരുന്നു. പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന രാജാവിനെ സഹായിക്കാനായി കന്നി പൊന്നനെന്ന പേരില്‍ പടത്തലവന്റെ വേഷത്തില്‍ യുദ്ധക്കളത്തിലെത്തി യുദ്ധംചെയ്ത് രാജാവിനെ രക്ഷിക്കുന്നതും അനാചാരങ്ങളുടെ ഇരകളായി തീരുന്ന കുലസ്ത്രീകളുടെ രക്ഷയ്ക്കായി പുരുഷവേഷത്തില്‍ എത്തുന്നതും ചതിയുടെ പൊരുള്‍ അറിയാതെ കൊട്ടാരവാസിയായ യുവതിയുടെ പ്രേരണയാല്‍ പോരിന് പുറപ്പെടുന്നതും ഒടുവില്‍ യുദ്ധക്കളത്തില്‍ അന്ത്യശ്വാസം വലിക്കുന്നതുമായ കഥ അതിന്റെ തീവ്രത ചോരാത്തവിധം പറഞ്ഞുവെയ്ക്കുവാന്‍ നാടക സംവിധായകന് കഴിഞ്ഞു.

*
അലക്സ് വള്ളിക്കുന്നം ദേശാഭിമാനി വാരാന്തപ്പതിപ്പ് 08 ജനുവരി 2012

Saturday, December 31, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും നാടക ഗറില്ലകളും

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ആശയം സംവാദവും വിവാദവുമൊക്കെയായി വളര്‍ന്നത് 1980-കളിലാണ്. പി എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അപ്രീതിക്ക് പാത്രമായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആലപ്പുഴ സൂര്യകാന്തി തിയേറ്റേഴ്‌സാണ് ഈ നാടകം അരങ്ങിലെത്തിച്ചത്. മതമില്ലാത്ത ജീവന് എന്ന മതേതരപാഠത്തിന്റെ പേരില്‍ സമീപകാലത്ത് സംഘടിത-വര്‍ഗീയശക്തികള്‍ സൃഷ്ടിച്ച പ്രശ്‌നത്തേക്കാളും തീവ്രമായിരുന്നു അത്. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും വിമോചന സമരകാലത്തെന്ന പോലെ കുഞ്ഞാടുകളെയും നയിച്ച് പാതപ്രകടനം നടത്തി. ഇവരിലാരും തന്നെ ആ നാടകം കണ്ടിട്ടുണ്ടായിരുന്നില്ല.

നാടകത്തിന് പലസ്ഥലങ്ങളിലും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വിഷയം ഉയര്‍ന്നുവന്നു. നാടകം കളിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് സൂര്യകാന്തി തിയേറ്റേഴ്‌സിലെ അംഗങ്ങള്‍, സ്വയം വിലങ്ങണിഞ്ഞു നടത്തിയ പ്രകടനം കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷിയെ തട്ടിയുണര്‍ത്തി. നാടകസംഘാംഗങ്ങള്‍ അറസ്റ്റുചെയ്യപ്പെട്ടു. സ്വാതന്ത്ര്യദാഹികളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വമ്പിച്ച കൂട്ടായ്മ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുണ്ടായി.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകം കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ അട്ടിമറിച്ച മഹാനായ തോപ്പില്‍ഭാസി അടക്കമുള്ളവര്‍ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. കേരളത്തിലെവിടെയും പ്രതിഷേധയോഗങ്ങളും അറസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിയായുള്ള കേസുകളുമുണ്ടായി.

തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ മതമേലധ്യക്ഷന്മാര്‍ക്ക് തണലായി നിന്ന വലതുപക്ഷ ഭരണകൂടം പരാജയപ്പെട്ടു. ഒരു പ്രത്യേകസമിതിയുടെ ശുപാര്‍ശ പ്രകാരം 1987ല്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം കേരളത്തില്‍ നിരോധിച്ചു.

വാസ്തവത്തില്‍ എന്തായിരുന്നു ആ നാടകം? റോമന്‍ അധിനിവേശത്തിനെതിരെയുള്ള ഇസ്രായേലിന്റെ പോരാട്ടത്തില്‍ ക്രിസ്തു എടുത്ത നിലപാട് അനാവാരണം ചെയ്യുകയായിരുന്നു ആ നാടകം. ചില സന്ദര്‍ഭങ്ങളില്‍ ആ നാടകം വിഖ്യാത ഗ്രീക്ക് സാഹിത്യകാരന്‍ കസാന്‍ദ് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയോട് ചേര്‍ന്നുനിന്നു. വലിയ പഠനങ്ങള്‍ ഒരു നാടകകൃത്ത് നടത്തിയതിന്റെ ഫലമായിരുന്നു ക്രിസ്തുവിന്റെ ആറാം തിരുമുറിവ്.

പി എം ആന്റണി ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും നല്ല നാടകമായി കേരളസര്‍ക്കാരിന്റെ സമ്മാനം നേടിയ കടലിന്റെ മക്കളുടെ രചയിതാവായിട്ടാണ്. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുകയെന്നത് ഏതു കമ്മ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലുള്ളതാണ്. പി എം ആന്റണിയെന്ന കമ്മ്യൂണിസ്റ്റ് നാടകകൃത്ത് ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു.

ആലപ്പുഴയില്‍ ഉന്മൂലനം നടക്കുമ്പോള്‍ ആന്റണി, കിലോമീറ്ററുകള്‍ അകലെയുള്ള അരങ്ങില്‍ നാടകം കളിക്കുകയായിരുന്നു! ശിക്ഷക്കാലത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചെഴുതിയ മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസര്‍ക്കാരിന്റെ അവാര്‍ഡു നേടി. വിശുദ്ധ പാപങ്ങള്‍, ടെററിസ്റ്റ്, അയ്യന്‍കാളി, സ്റ്റാലിന്‍, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഇന്‍ക്വിലാബിന്റെ പുത്രന്‍ തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തിനു തന്ന നാടകങ്ങള്‍. എല്ലാ നാടകങ്ങളുടെയും പഞ്ചാത്തലം ലോകചരിത്രമായിരുന്നു.

നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളെ ഉപേക്ഷിച്ച് അമേച്വര്‍ നാടകവഴിയിലൂടെ സ്വന്തം സൈക്കിള്‍ ഓടിച്ചുപോയി പി എം ആന്റണി. സംഘാടകരെയോ സന്ദര്‍ഭങ്ങളെയോ കാത്തുനില്‍ക്കാതെ വീട്ടുമുറ്റത്തും തെരുവിലും കടന്നുചെന്ന് നാടകം അവതരിപ്പിക്കുന്ന ഒരു രീതി അദ്ദേഹം രൂപപ്പെടുത്തി. 'സ്പാര്‍ട്ടക്കസ്' എന്ന നാടകം അതിവിദഗ്ധമായി സംവിധാനം ചെയ്ത ആന്റണിക്ക് അതു സാധിക്കുമായിരുന്നു. ഉജ്വലനിഷേധി ആയിരുന്ന പി ജെ ആന്റണി ആയിരുന്നല്ലോ പി എം ആന്റണിയുടെ മനസ്സില്‍. അരങ്ങില്‍ നിന്നും അടുക്കളയിലെത്തി നാടകം കളിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ അദ്ദേഹം തിയേറ്റര്‍ ഗറില്ലകള്‍ എന്നു വിളിച്ചു.

പള്ളിയോടും പള്ളിത്വമുള്ള വ്യവസ്ഥിതിയോടും നിരന്തരം കലഹിച്ചു പി എം ആന്റണി മകളുടെ വിവാഹം വീട്ടുമുറ്റത്ത് നടത്തി. വധൂവരന്മാര്‍ക്ക് മുല്ലനേഴിയും ഞാനും മാലയെടുത്ത് കൊടുത്തു. ശിഷ്യന്‍ പ്രിയനന്ദനന്‍ ആശംസാപ്രസംഗം നടത്തി.

മരണാനന്തരവും ആന്റണി പള്ളിയില്‍ പോയില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇരു കണ്ണുകളും ദാനം ചെയ്തു. മൃതദേഹം തുമ്പോളിക്കടപ്പുറത്തെ വീട്ടുമുറ്റത്ത് ദഹിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സദസ്സിലെ രക്തനക്ഷത്രമായി മാറി പി എം ആന്റണി.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 31 ഡിസംബര്‍ 2011

Sunday, October 16, 2011

രക്തകരബിയിലൂടെ

എവിടെയെല്ലാം അടിമത്തം ഉണ്ടോ അവിടെയെല്ലാം സ്ത്രീ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കാലാന്തരങ്ങളായി അതിനെതിരെ അവള്‍ സമരം തുടരുന്നു... ഒന്നിനോടും സമരസപ്പെടാനാകാതെ... ഒടുവില്‍ അവള്‍ സ്വയം നിര്‍വചിച്ചെടുക്കുന്ന നിഷേധത്തിന്റെ കുറിപ്പുകള്‍ . ഇപ്പോള്‍ യാത്രാമധ്യേ വഴിവക്കിലെ മൗനമരണങ്ങള്‍ അവളെ സ്തബ്ദയാക്കുന്നില്ല... കണ്ണുകള്‍ അമര്‍ത്തി ആ കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല. അപ്രതിരോധ്യമായ സത്യങ്ങള്‍ ചേര്‍ത്ത് പിടിച്ച് കാലത്തിന് കുറുകെ ഇപ്രകാരം ഒരാള്‍ നടന്നടുക്കുക തന്നെചെയ്യും. കാലം ആവശ്യപ്പെടുന്നതും അത്തരമൊരാളെയാണ് .... "വുമണ്‍ എ വ്യൂ- രക്തകരബിയിലൂടെ ഒരു ദര്‍ശനം" എന്ന നാടകം നമ്മോട് ഉറക്കെ സംസാരിക്കുന്നു, ചിന്തിപ്പിക്കുന്നു.

ഇനി നമുക്ക് കാത്തിരിക്കാനൊന്നുമില്ല. മരണത്തിനുമുമ്പ് ചെയ്തുതീര്‍ക്കേണ്ട കടമകള്‍ മാത്രം. എല്ലാ ഓര്‍മകളെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് നടക്കാം. വരും... വിശ്രമത്തിന്റെ, സ്നേഹത്തിന്റെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം നമുക്ക് മുന്നില്‍ തെളിയാതിരിക്കില്ല. തൃശൂര്‍ രംഗചേതനയുടെ ആഭിമുഖ്യത്തിലാണ് "വുമണ്‍ എ വ്യൂ- രക്തകരബിയിലൂടെ ഒരു ദര്‍ശനം" എന്ന നാടകം അരങ്ങേറിയത്. ഔന്നത്യം കൊണ്ട് അനശ്വരമായ രവീന്ദ്രനാഥടാഗോറിന്റെ ദര്‍ശനങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ശ്രദ്ധേയമായ രചനയാണ് രക്തകരബി എന്ന നാടകം. അദ്ദേഹത്തിന്റെ "വുമണ്‍ എ വ്യൂ" എന്ന പ്രശസ്ത ചിത്രത്തെ ഈ നാടകവുമായി ചേര്‍ത്തിണക്കിയാണ് പുതിയ നാടകാവതരണം. പിണഞ്ഞുകിടക്കുന്നതും സ്വത്വബോധത്താല്‍ ശക്തിയാര്‍ജിച്ചതുമായ ഒരു സ്ത്രീ രൂപത്തെയാണ് ടാഗോര്‍ വരച്ചിരിക്കുന്നത്.

രക്തകരബി നാടകത്തിലെ നന്ദിനി എന്ന കഥാപാത്രത്തിലൂടെ ആ ചിത്രത്തിലേക്കുള്ള സഞ്ചാരമാണ് നാടകം. സ്ത്രീയുടെ സ്വാതന്ത്ര്യബോധവും പോരാട്ടവും അടിച്ചമര്‍ത്തപ്പെടുന്നവന്റെ യാതനകളും ഉയിര്‍പ്പും ഈ നാടകം അഭിമുഖം ചെയ്യുന്നു. ബ്രിട്ടീഷുകാരാല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം നാട്ടുരാജാക്കന്മാര്‍ . ദുര്‍ബലമായ ഈ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളോട് കലഹിക്കുന്ന തൊഴിലാളികള്‍ . ഇവിടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ രാജാവ് ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഭരണമെന്ന കൂടത്തില്‍ തളച്ചതും ചക്കില്‍ കെട്ടിയതുമായ കാളകള്‍ മാത്രമാണ് ഈ തൊഴിലാളികള്‍ . എവിടെയാണ് സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശം... എവിടെയാണ് പ്രണയത്തിന്റെ ഗന്ധമുള്ള രക്തകരബിപ്പൂക്കള്‍ ... ഇടയില്‍ എപ്പോഴോ ഇവര്‍ക്കിടയിലേക്ക് പ്രണയം..സ്നേഹം.. സൗന്ദര്യം.. വിശ്രമം എന്നിവയെല്ലാം നിറഞ്ഞ സന്ദേശവുമായി നന്ദിനി യെത്തുന്നു. അടിമകളെപ്പോലെ ജീവിച്ചിരുന്ന അവര്‍ക്ക് നന്ദിനിയുടെ സൗന്ദര്യത്തെപ്പോലും ഭയമായിരുന്നു. വിശു എന്ന പാട്ടുകാരനും രക്തകരബിപ്പൂക്കള്‍ തേടിക്കൊടുക്കുന്ന കിശോരനും ഒടുവില്‍ ഇവളുടെ സ്നേഹത്തിന് അര്‍ഥം കണ്ടെത്തുന്നു.

ജീവിതത്തെ അതിന്റെ എല്ലാ മാധുര്യങ്ങളും ചേര്‍ത്തുപിടിച്ച് എല്ലാ ദുഃഖങ്ങളും മാറ്റിനിര്‍ത്തി അവര്‍ സ്നേഹിക്കാന്‍ ആരംഭിക്കുന്നു. ആ ശക്തിയാല്‍ തകര്‍ക്കപ്പെടുന്നത് രാജാവിന്റെ കോട്ടകളാണ്. കോട്ടക്കുള്ളില്‍ ബന്ധിതനായ രഞ്ജനെ ഇവിടെ നന്ദിനി കാത്തിരിക്കുന്നു. പക്ഷേ, അധികാരത്തിന്റെ അടിച്ചമര്‍ത്തലില്‍ രഞ്ജന്‍ മരിച്ചുവീഴുന്നു. തടവറകള്‍ തകര്‍ത്തെത്തുന്ന വിശു രഞ്ജന്റെ രക്തത്തില്‍ മുക്കിയ ബ്രഷ് എടുത്ത് ഒരു സ്ത്രീ രൂപം വരയ്ക്കാനാരംഭിക്കുതോടെയാണ് നാടകം അവസാനിക്കുന്നത്. ഇവിടെ നന്ദിനി യാത്രയാകുന്നു, മറ്റൊരു പടപ്പുറപ്പാടിന് തുടക്കം കുറിച്ച്.

അഭിനയിക്കാന്‍ സ്ത്രീകള്‍ മടിക്കുന്ന കാലത്താണ് ടാഗോര്‍ നന്ദിനി എന്ന ശക്തമായ കഥാപാത്രത്തെ അരങ്ങിലെത്തിക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ പര്യായമായാണ് സ്ത്രീയെ ടാഗോര്‍ കണ്ടെത്തുന്നത്. ആ ദീര്‍ഘദര്‍ശനത്തിനുമുന്നില്‍ ഇവിടെ ഒരു കവി ജനിക്കുകയായിരുന്നു. സൗന്ദര്യവും, സര്‍ഗാത്മഗതയും ചോദ്യം ചെയ്യപ്പെടുന്നത് സ്ത്രീയുടെ സ്വത്വബോധത്തിലാണെന്നും അരങ്ങ് പ്രഖ്യാപിക്കുന്നു. ശില്‍പ്പകലയുടെ അനന്യമായ സൗന്ദര്യം ഈ നാടകത്തിന്റെ വിവിധഘട്ടങ്ങളില്‍ അരങ്ങിലെത്തുന്നുണ്ട്. അതോടൊപ്പം ശക്തവും വ്യക്തവുമായ ഒരു രാഷ്ട്രീയം ഈ നാടകം മുന്നോട്ടുവയ്ക്കുന്നു. പ്രകൃതിക്ക് മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധത്തെ എടുത്തുകാട്ടുന്ന ഒന്നായിരുന്നു നാടകത്തിലെ സംഗീതം. നാടകത്തിന്റെ സംവിധാനവും രംഗപാഠവും നിര്‍വഹിച്ചത് കേന്ദ്രസാംസ്കാരികവകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പിന് അര്‍ഹനായ കെ വി ഗണേശാണ്. കുട്ടികളുടെ നാടകവേദിയില്‍ ഏറെ ശ്രദ്ധേയനായ ഗണേശ് ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സംവിധാനവും ചെയ്തിട്ടുണ്ട്. രംഗചേതനയുടെ സാരഥിയായ ഇ ടി വര്‍ഗീസ് രംഗാധികാരിയും സി എസ് അലക്സ്, നിതിന്‍ തിമോത്തി എന്നിവര്‍ സംവിധാന സഹായികളുമായി.


*****


ജിഷ, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്