Showing posts with label ആണാവയുദ്ധം. Show all posts
Showing posts with label ആണാവയുദ്ധം. Show all posts

Monday, April 21, 2014

ഇന്ത്യയുടെ ആണവനയം: ബിജെപി തെരഞ്ഞെടുപ്പു പത്രികയിൽ അപകടസൂചനകൾ

“ഇന്ത്യയുടെ ആണവനയം പുനരവലോകനം ചെയ്യും”; ലോക്‌സഭാ തെരഞ്ഞെടുപ്പു പത്രികയിൽ ബിജെപി പ്രസ്‌താവിക്കുന്നു, എന്താണ്‌ ഇതിന്റെ വിവക്ഷകൾ?

ആണവനയത്തിന്‌ പ്രതിരോധ വിദേശകാര്യ പ്രതിമാനങ്ങളുണ്ട്‌. ഇതിന്റെ പുനരവലോകനം സാർവദേശീയ ശ്രദ്ധയാകർഷിക്കും.

ആണവനയത്തിന്‌ ആധാരം ആണവസിദ്ധാന്തമാണ്‌. ഇന്ത്യയുടെ ആണവ സിദ്ധാന്തത്തിന്‌ രൂപംനൽകിയത്‌ ബിജെപി നേതൃത്വത്തിലുളള എൻഡിഎ ഗവൺമെന്റാണ്‌. ഈ സിദ്ധാന്തം അതേപടി പിന്തുടരുകയായിരുന്നു യുപിഎ സർക്കാരുകൾ.

ആദ്യം മുതൽ തന്നെ അവ്യക്തതകളും വൈരുധ്യങ്ങളും നിറഞ്ഞതാണ്‌ ഇന്ത്യയുടെ ആണവസിദ്ധാന്തം. ഇന്നും നിലവിലുള്ളത്‌ 1999 ൽ രൂപംനൽകിയ ഒരു നക്കൽ ആണവസിദ്ധാന്തമാണ്‌. അതേ, ഇപ്പോഴും നക്കൽ തന്നെ. 1999 ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ബിജെപി നേതൃത്വത്തിലുളള കാവൽ മന്ത്രിസഭ ഇത്‌ പ്രസിദ്ധീകരിച്ചത്‌ തെരഞ്ഞെടുപ്പ്‌ അജണ്ടയിൽ ആണവായുധ പരിപാടിക്ക്‌ ഒരു പ്രമുഖ സ്ഥാനം നൽകാനായിരുന്നു.

കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഇതിനെ വിമർശിച്ചു. രേഖയിലുള്ള നിരുത്തരവാദപരമായ“ നിരീക്ഷണങ്ങൾ ഒരു ആണവായുധ മത്സരത്തിന്‌ തുടക്കംകുറിക്കുമെന്ന ”ഭീതി കോൺഗ്രസ്‌ പ്രകടിപ്പിച്ചു. വിശ്വസനീയമായ `ഡിറ്ററൻസ്‌` എന്നു പറഞ്ഞു ജനങ്ങളെ കളിപ്പിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ പ്രണബ്‌ മുഖർജി പ്രസ്‌താവിച്ചു. (ഇതേ സിദ്ധാന്തത്തെയാണ്‌ യുപിഎ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രിയായും പിന്നീട്‌ വിദേശകാര്യ മന്ത്രിയായും മുഖർജി ആലിംഗനം ചെയ്‌തത്‌).

ബിജെപി സർക്കാർ ആണവായുധ പരീക്ഷണം നടത്തുമ്പോൾ, അതിന്റെ പിന്നിൽ ഒരു ആണവ സിദ്ധാന്തവും ഇല്ലായിരുന്നു. എന്തിനാണ്‌ ആണവായുധങ്ങൾ ഉണ്ടാക്കുന്നതെന്ന്‌ വ്യക്തമല്ലായിരുന്നു. എന്തായിരിക്കണം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്നതിനെപ്പറ്റി ഒരു സമവായം ഉണ്ടാക്കാൻ ശ്രമം നടത്തിയതുമില്ല.

ആണവ സിദ്ധാന്തത്തെപ്പറ്റി ദീർഘകാലം മൗനം പാലിച്ച ശേഷം സിദ്ധാന്തം പ്രവർത്തനരൂപത്തിലാക്കുന്നതിനെപ്പറ്റി, സുരക്ഷക്കായുള്ള കാബിനറ്റ്‌ സമിതിയുടെ അവലോകനം ഒരു പത്രക്കുറിപ്പിലൂടെ. 2003 ജനുവരി നാലിന്‌ “പൊതുജനങ്ങളുമായി പങ്കുവച്ചു.”

പത്രക്കുറിപ്പിൽ പറഞ്ഞ പ്രധാനകാര്യങ്ങൾ ഇവയാണ്‌.

വിശ്വാസജനകമായ ഒരു “മിനിമം ഡിറ്ററൻസു”ണ്ടാക്കി നിലനിർത്തുക.

“ആദ്യ ഉപയോഗമില്ലാ നിലപാട്‌”, ഇന്ത്യയുടെ പ്രദേശത്തോ, എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരെയോ ആണവാക്രമണം ഉണ്ടായാൽ അതിന്‌ പ്രതിക്രിയയായി മാത്രമെ ആണവായുധങ്ങൾ ഉപയോഗിക്കുകയുള്ളു.

ഇന്ത്യയുടെ മേലുള്ള ആദ്യപ്രഹരത്തിനെതിരെയുള്ള ആണവ പ്രതിക്രിയ, പ്രതിയോഗിക്ക്‌ വൻതോതിലുള്ള, അസ്വീകാര്യമായ നാശമുണ്ടാക്കുന്നതായിരിക്കും.

ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾക്കെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുകയില്ല.

എന്നാൽ ഇന്ത്യക്കെതിരെയോ, എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരെയോ ജൈവായുധമോ, രാസായുധമോ ഉപയോഗിക്കപ്പെട്ടാൽ ആണവായുധങ്ങൾ കൊണ്ടു തിരിച്ചടി നൽകുവാനുള്ള അവകാശം ഇന്ത്യക്കുണ്ടായിരിക്കും.

കാബിനറ്റ്‌ തലത്തിൽ ആണവ സിദ്ധാന്തം എത്തിയപ്പോഴേക്കും അതിന്റെ അപാകതകളും വൈരുധ്യങ്ങളും വർധിച്ചതായി തോന്നി. കൂടുതൽ അക്രമോത്സുകവും.
ആണവായുധങ്ങൾ ഉപയോഗിച്ച്‌ ഒരുരാജ്യം നൽകുമെന്ന്‌ ഉറപ്പായ തിരിച്ചടിയുടെ ഭീഷണിമൂലം അതിനെതിരെ ആക്രമണം ഉണ്ടാകയില്ലെന്ന വിശ്വാസമാണ്‌ `ഡിറ്ററൻസ്‌`. ഇന്ത്യയെ ഏതെങ്കിലും രാജ്യം ആണവായുധങ്ങൾകൊണ്ട്‌ ആക്രമിച്ചാൽ ഉടനടി ആണവായുധം ഉപയോഗിച്ച്‌ കൂടുതൽ ശക്തമായ തിരിച്ചടി നൽകുവാനുള്ള കഴിവാണ്‌ `ഡിറ്ററൻസി`ന്‌ ആവശ്യം. ഇതിന്‌ രണ്ടാം പ്രഹരശക്തിയും ഏതൂനിമിഷത്തിലും ആണവായുധം പ്രയോഗിക്കാനുള്ള സന്നദ്ധതയും തയാറെടുപ്പും വേണം.

ആണവായുധങ്ങളുള്ള ഒരു രാഷ്‌ട്രവും അതിന്റെ ശേഖരം മിനിമം തലത്തിന്‌ ഉപരിയാണെന്ന്‌ സമ്മതിച്ചിട്ടില്ല. മിനിമത്തിന്റെ പരിധികളെ തുടർച്ചയായിമാറ്റുന്ന ദൂരവ്യാപകവും തുറസായതുമായ ആണവായുധവൽക്കരണത്തിനുള്ള സിദ്ധാന്തമാണ്‌ ഇന്ത്യയുടേത്‌. `ഡിറ്ററൻസ്‌` എന്നത്‌ ഒരേസമയം മിനിമവും വിശ്വാസജനകവുമായിരിക്കുകയില്ല. ഇന്ത്യയുടെ മിനിമം, പാകിസ്ഥാന്റെയും ചൈനയുടെയും മിനിമത്തിനുള്ള പ്രതികരണമാണ്‌. അങ്ങനെ ആണവപന്തയത്തിനുള്ള പാതയാണ്‌.

ആദ്യം പ്രയോഗിക്കുകയില്ലെന്ന നയത്തിന്‌ രണ്ട്‌ വശങ്ങളുണ്ട്‌: ഒന്ന്‌, ആണവായുധങ്ങൾ ഇല്ലാത്ത രാജ്യത്തിനെതിരെ ഒരു സാഹചര്യത്തിലും ആണവായുധങ്ങൾ ഉപയോഗിക്കുകയില്ല. രണ്ട്‌, ആണവായുധമുള്ള രാജ്യത്തിനെതിരെ, ആ രാജ്യത്തിൽ നിന്ന്‌ ആണവായുധാക്രമണം ഉണ്ടായശേഷമെ ആണവായുധം പ്രയോഗിക്കുകയുളളു.

ആണവ സിദ്ധാന്തം, ക്യാബിനറ്റ്‌ തലത്തിൽ എത്തിയപ്പോൾ ഈ നിലപാടിന്‌ ഉപാധികൾ വയ്‌ക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. `രാസായുധങ്ങളോ, ജൈവായുധങ്ങളോ ഇന്ത്യക്കെതിരെയോ, എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരെയോ, പ്രയോഗിച്ചാൽ ഇന്ത്യ പ്രതിക്രിയക്കു ആണവായുധങ്ങൾ ഉപയോഗിക്കുമെന്നാണ്‌ സിദ്ധാന്തത്തിന്റെ പരിഷ്‌കരിച്ച രൂപം. ഇതിന്റെ അർഥം ആണവായുധങ്ങൾ ഇന്ത്യ പ്രയോഗിക്കുന്നത്‌ വേറൊരു രാജ്യത്തുനിന്ന്‌ ആണവായുധാക്രമണം ഉണ്ടായശേഷമായിരിക്കണമെന്നില്ല. ആണവായുധങ്ങളില്ലാത്ത രാഷ്‌ട്രങ്ങൾക്കെതിരെ ഇന്ത്യ ആണവായുധങ്ങൾ ഉപയോഗിക്കുകയില്ലെന്ന നയവും ഉപേക്ഷിക്കപ്പെടുന്നു.

കാബിനറ്റ്‌ തലത്തിൽ ആണവസിദ്ധാന്തം പരിഗണിച്ചപ്പോൾ ഏറ്റവം അധികം സ്വാധീനം ചെലുത്തിയ ഒരു രേഖയുമ​‍ുണ്ട്‌- അമേരിക്കയുടെ “ആണവനിലപാട്‌ പുനരവലോകനം” (ന്യൂക്ളയിർ പോയിറ്റർ റിവ്യു 2002) ഉപാധികൾ വച്ചതോടെ ഇന്ത്യ ആദ്യ പ്രയോഗമില്ലെന്ന നയം ഉപേക്ഷിക്കുകയും അമേരിക്കയുടേതുമായി സാധർമ്യമുള്ള ഒരു ആണവ സിദ്ധാന്തം സ്വീകരിക്കുകയും ചെയ്‌തു.
കാബിനറ്റ്‌ സമിതിയുടെ തലത്തിൽ എത്തിയപ്പോൾ ആണവസിദ്ധാന്തത്തിൽ ശ്രദ്ധേയമായ ഒരു ഭേദഗതി കൂടെ വരുത്തി. സിദ്ധാന്തത്തിന്റെ പരിഷ്‌കരിച്ച രൂപത്തിൽ രണ്ടിടത്ത്‌ “എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരായോ” എന്ന പ്രയോഗമുണ്ട്‌. യുദ്ധത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്നാണ്‌ ഇതിന്റെ അർഥം. ഏതായാലും ഇത്‌ യുഎൻ സമാധാനസേനകളിൽ ഇന്ത്യ പങ്കെടുക്കുന്നതിനെപ്പറ്റിയല്ല. പ്രത്യുത അമേരിക്കയുമായുള്ള സൈനിക സഖ്യത്തിന്റെ ഭാഗമായി, അമേരിക്കയുടെ താൽപര്യങ്ങൾക്കായി എവിടെയെങ്കിലും ഇന്ത്യൻ സേന യുദ്ധം ചെയ്യുന്നതിനെപ്പറ്റിയാണ്‌.

യുപിഎ സർക്കാർ എൻഡിഎയുടെ ആണവനയം പുനരവലോകനം ചെയ്‌തില്ല. 1994 ലെ നക്കൽ ആണവ സിദ്ധാന്തത്തിന്‌ അന്തിമരൂപം നൽകാൻപോലും ശ്രമിച്ചിട്ടില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവായുധ ക്ളബിൽ അംഗത്വം നേടാനായിരുന്നു മൻമോഹൻസിങിന്റെ ശ്രമം. ഇതിൽ ഭാഗികമായി വിജയിക്കുകയും ചെയ്‌തു.

എന്താണ്‌ ആണവസിദ്ധാന്തത്തിന്റെ അവലോകനം എന്ന്‌ പ്രകടനപത്രികയിൽ വ്യക്തമല്ല. 2009 ലെ പ്രകടനപത്രികയിൽ ബിജെപി പുനരവലോകനത്തെപ്പറ്റി പറഞ്ഞിരുന്നില്ല.
ആണവ സിദ്ധാന്ത പുനരവലോകനത്തിൽ ഏറ്റവും പ്രധാനം “ആദ്യ ഉപയോഗമില്ലാ” എന്നത്‌ ഉപേക്ഷിക്കുകയാണെന്ന്‌ കരുതപ്പെടുന്നു. ഇപ്പോൾ ചില ഉപാധികളോടെയാണ്‌ ഈ സിദ്ധാന്തം എന്ന്‌ നാം കണ്ടു. അങ്ങനെയൊരു സിദ്ധാന്തമേ വേണ്ടയെന്ന അത്യന്തം അപകടകരമായ ഒരു നിലപാടിലേക്കാണ്‌ ബിജെപി നീങ്ങുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ആണവയുദ്ധം ആരംഭിക്കാനുള്ള അവകാശമാണ്‌ പുതിയ സിദ്ധാന്തം. ആണവായുധങ്ങളില്ലാത്ത രാജ്യത്തിനെതിരെയും ആണവ യുദ്ധമാകാം.

സുദീർഘമായ ഒരു ചരിത്രമാണ്‌ ഇന്ത്യക്ക്‌ ആണവനിരായുധീകരണകാര്യത്തിൽ. തത്വദീക്ഷിതമായ ഒരു നിലപാടും ബിജെപിയുടെ 1994 ലെ ആണവ പരീക്ഷണംവരെ നിലനിന്നിരുന്നു. ആണവായുധ നിരായുധീകരണമെന്നത്‌ രക്ഷയും സമാധാനവും നടപ്പാക്കാനുള്ള ഒരു ധാർമികശാസനം കൂടെയാണെന്ന്‌ ഇന്ത്യയുടെ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ദക്ഷിണേഷ്യയിൽ ആണവ പന്തയത്തിന്റെ ആക്കം കൂട്ടാനും സംഘർഷങ്ങൾ വർധിപ്പിക്കാനും ആണവ യുദ്ധഭീതി വളർത്താനുമേ ബിജെപി ലക്ഷ്യമിടുന്ന പുതിയ സിദ്ധാന്തം സഹായിക്കുകയുള്ളു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.

*
നൈനാൻ കോശി Janayugom

Saturday, October 23, 2010

മാധ്യമങ്ങള്‍ക്ക് ഏത് കാസ്ട്രോ? എന്ത് കാസ്ട്രോ?

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് Global Research and Cuba Debate ആണവായുധങ്ങള്‍ക്കെതിരെ ഫിദല്‍ കാസ്ട്രോ നല്‍കിയ വീഡിയോ സന്ദേശവും അതിന്റെ ട്രാന്‍സ്ക്രിപ്റ്റും പുറത്ത് വിട്ടിരുന്നു. പൂര്‍ണ്ണരൂപം ചുവടെ:

"In a Nuclear War the 'Collateral Damage' would be the Life of All Humanity."

The use of nuclear weapons in a new war would mean the end of humanity. This was candidly foreseen by scientist Albert Einstein who was able to measure their destructive capability to generate millions of degrees of heat, which would vaporize everything within a wide radius of action. This brilliant researcher had promoted the development of this weapon so that it would not become available to the genocidal Nazi regime.

Each and every government in the world has the obligation to respect the right to life of each and every nation and of the totality of all the peoples on the planet.

Today there is an imminent risk of war with the use of that kind of weapon and I don’t harbour the least doubt that an attack by the United States and Israel against the Islamic Republic of Iran would inevitably evolve towards a global nuclear conflict.

The World’s peoples have an obligation to demand of their political leaders their Right to Live. When the life of humankind, of your people and your most beloved human beings run such a risk, nobody can afford to be indifferent; not one minute can be lost in demanding respect for that right; tomorrow will be too late.

Albert Einstein himself stated unmistakably: “I do not know with what weapons World War III will be fought, but World War IV will be fought with sticks and stones”. We fully comprehend what he wanted to convey, and he was absolutely right, yet in the wake of a global nuclear war, there wouldn’t be anybody around to make use of those sticks and stones.

There would be “collateral damage”, as the American political and military leaders always affirm, to justify the deaths of innocent people.

In a nuclear war the “collateral damage” would be the life of all humanity.

Let us have the courage to proclaim that all nuclear or conventional weapons, everything that is used to make war, must disappear!

(Fidel Castro Ruz)

ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ സന്ദേശത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയെങ്കിലും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമങ്ങള്‍ ഈ സന്ദേശത്തെ പൂര്‍ണ്ണമായും തമസ്കരിച്ചുവെന്ന് Michel Chossudovsky തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കാസ്ട്രോയുടെ സന്ദേശം തമസ്കരിച്ച മാധ്യമങ്ങള്‍ ക്യൂബന്‍ വിമതനായ Guillermo Farinas നു ലഭിച്ച യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശത്തിനുള്ള സമ്മാനം ആഘോഷിക്കുകയും ചെയ്തു. എല്ലാ യൂറോപ്യന്‍ ദിനപത്രങ്ങളും അസോസിയേറ്റഡ് പ്രസ് ഹവാനയില്‍ നിന്ന് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിന്റെ ഈച്ചയടിക്കോപ്പി പ്രസിദ്ധീകരിക്കുകയും ചെയ്തത്രെ.

Michel Chossudovsky തന്റെ ലേഖനം ഇങ്ങനെ തുടരുന്നു.

Visibly, nuclear war is not front-page news. The overriding threat of war and destruction is overshadowed by a barrage of media disinformation.

The military agenda is presented as a humanitarian endeavor.

War criminals are rewarded for their contributions to World peace. The corporate media is complicit in its biased coverage, particularly with regard to the loss of life resulting from the US-NATO led war in the Middle East and Central Asia.

The lie prevails.

In an utterly twisted logic, war is presented as a means to preserving World Peace.

ലേഖനത്തിന്റെ ലിങ്ക് ഒരിക്കല്‍ കൂടി ഇവിടെ

Wednesday, August 18, 2010

ഹിരോഷിമയുടെ സന്ദേശം

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമാനതകളില്ലാത്ത പൈശാചികതയുടെ നിത്യസ്‌മാരകങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. ചരിത്ര കാലഘട്ടത്തില്‍ മനുഷ്യന്‍ മനുഷ്യനോടു ചെയ്‌ത ഏറ്റവും വലിയ ക്രൂരത. ഞൊടിയിടകൊണ്ട് സമസ്‌ത ജീവജാലങ്ങളേയും തുടച്ചുനീക്കി ഹരിതഭൂമിയെ ഊഷരഭൂമിയാക്കി മാറ്റാന്‍ കെല്‍പുള്ള അണ്വായുധം ജീവന്റെ അതിജീവനത്തെ അപകടകരമാംവിധം അസ്ഥിരപ്പെടുത്തിയിരിക്കുന്നു.

രണ്ടാംലോക മഹായുദ്ധത്തിന്റെ ഒന്നാം പാദത്തില്‍ (1939-41) അച്ചുതണ്ട് ശക്തികള്‍ (ഇറ്റലി - ജര്‍മ്മനി - ജപ്പാൻ‍) വന്‍ മുന്നേറ്റം നടത്തി. യൂറോപ്യന്‍ വന്‍കര ഏറെക്കുറെ പൂര്‍ണ്ണമായി ഹിറ്റ്ലറുടെ നിയന്ത്രണത്തിലായി. ഏഷ്യയില്‍ ജപ്പാന്‍ അതിദ്രുതം മുന്നേറി. ബ്രിട്ടനും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന സഖ്യശക്തികള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങി. ജര്‍മ്മനിയുടെ റഷ്യന്‍ ആക്രമണത്തോടെയാണ് യൂറോപ്പില്‍ യുദ്ധത്തിന്റെ ഗതി മാറുന്നത്. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ജനത നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പില്‍ മൊത്തം ജനസംഖ്യയുടെ ഇരുപത് ശതമാനം - ഏകദേശം 2 കോടി റഷ്യക്കാര്‍ - കൊല്ലപ്പെട്ടു. കമ്യൂണിസ്‌റ്റ് റഷ്യയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനും ശക്തനുമായ ഏകാധിപതി - അഡോള്‍ഫ് ഹിറ്റ്ലര്‍ - പരാജയത്തിന്റെ പനിനീർ കുടിച്ച് കാമുകി ഇവാ ബ്രൌണിനൊപ്പം ആത്മഹത്യ ചെയ്‌തു.

1940 ജൂണ്‍ 11ന് സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇറ്റലി 1942 അവസാനമാകുമ്പോഴേയ്‌ക്കും പരാജയത്തിന്റെ വഴിയിലായി. ഇറ്റലിയിലെ ഫാസിസ്‌റ്റ് വിരുദ്ധ ശക്തികള്‍ മുസ്സോളിനിയെ പുറത്താക്കി. 1945 ഏപ്രില്‍ 28ന് മുസ്സോളിനിയേയും ഭാര്യയേയും വെടിവെച്ചു കൊന്നതോടെ ഫാസിസത്തിന് ഇറ്റലിയില്‍ അന്ത്യമായി.

ഹിറ്റ്ലറും മുസ്സോളിനിയും വീണെങ്കിലും കിഴക്കന്‍ ഏഷ്യയില്‍ ജനറല്‍ ടോജോയുടെ ജപ്പാന്‍ മുന്നേറ്റം തുടര്‍ന്നു. 1941ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതിനെതുടര്‍ന്ന് ബ്രിട്ടനും അമേരിക്കയും ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചു. 1817-1825 കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ ആവിഷ്‌ക്കരിച്ച 'മണ്‍റോ സിദ്ധാന്ത' പ്രകാരം അമേരിക്കന്‍ വന്‍കരകള്‍ക്ക് പുറത്ത് രാഷ്‌ട്രീയ - സൈനിക ഇടപെടലുകള്‍ അമേരിക്ക നടത്തിയിരുന്നില്ല. ലീഗ് ഓഫ് നേഷന്‍സില്‍ അമേരിക്ക അംഗമാകാതിരുന്നത് ഇതുമൂലമാണ്. സാര്‍വ്വദേശീയ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈ 'ഒറ്റപ്പെടല്‍ നയം' (Isolation Policy) എന്നന്നേയ്‌ക്കുമായി അവസാനിപ്പിച്ച് അമേരിക്ക രണ്ടാംലോക മഹായുദ്ധത്തില്‍ പ്രവേശിച്ചത് പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്നാണ്.

രണ്ടാംലോക മഹായുദ്ധത്തിന്റെ രണ്ടാംപാദത്തില്‍ (1941-1945) സോവിയറ്റ് ചെമ്പടയുടെ മുന്നേറ്റം സാമ്രാജ്യത്വശക്തികളെ അലോസരപ്പെടുത്തി. സോവിയറ്റ് സ്വാധീനമേഖലകള്‍ വിപുലമാകുന്നത് മുതലാളിത്തശക്തികളുടെ സൈനിക - രാഷ്‌ട്രീയ - സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നതിനാല്‍ സോവിയറ്റ് ഇതര സഖ്യകക്ഷികളുടെ സഖ്യത്തിന് 1940കളില്‍ത്തന്നെ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചിരുന്നു. 1941 ആഗസ്‌ത് 14ന് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ന്യൂഫൌണ്ട്ലാന്റിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലില്‍ ഒത്തുചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇതിനുള്ള തുടക്കമായിരുന്നു. 'അറ്റ്ലാന്റിക് ചാര്‍ട്ടർ‍' എന്നറിയപ്പെട്ട എട്ട് തത്വങ്ങള്‍ അടങ്ങിയ ഈ പ്രഖ്യാപനമാണ് ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണത്തിന് അടിത്തറയിട്ടത്. "എല്ലാ രാജ്യങ്ങള്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അസംസ്‌കൃത വസ്‌തുക്കള്‍ ശേഖരിക്കാനുള്ള അവകാശമുണ്ടായിരിക്കും'' എന്ന ആറാമത്തെ തത്വത്തില്‍ സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥയുടെ നിരാസം അടങ്ങിയിട്ടുണ്ട്. സോവിയറ്റ് സ്വാധീനമേഖലകളില്‍ "മാര്‍ക്കറ്റ് ഇല്ലാത്ത സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥകൾ‍'' ഉണ്ടാകാതിരിക്കണമെന്ന ലക്ഷ്യം ഇതിനുണ്ടായിരുന്നു.

1945 ആയപ്പോഴേയ്‌ക്കും ജപ്പാനടക്കമുള്ള അച്ചുതണ്ട് ശക്തികളുടെ പതനം പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് പോസ്‌റ്റ് ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളി എന്ന ന്യായം പറഞ്ഞ് അമേരിക്ക അണ്വായുധം പ്രയോഗിക്കുന്നത്. പരാജയം സുനിശ്ചിതമായ ജപ്പാനുമേല്‍ ആറ്റംബോംബ് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് യുദ്ധനീതിക്ക് വിരുദ്ധവുമാണ്. എന്നാല്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ ചൂഷണവും ഹൃദയശൂന്യമായ രൊക്കം പണവും'' മാത്രം അവശേഷിപ്പിച്ച മുതലാളിത്ത സാമ്രാജ്യത്വത്തിന് ലോകാധിപത്യം നേടാന്‍ ഹിരോഷിമയും നാഗസാക്കിയും അനിവാര്യമായിരുന്നു.

ശാന്തസമുദ്രത്തിലെ ടിനിയന്‍ ദ്വീപിലെ നോര്‍ത്ത് ഫീല്‍ഡ് എയര്‍ബേസില്‍നിന്ന് കുതിച്ചുയര്‍ന്ന 'എ നോല ഗേ' എന്ന ബി -29 യുദ്ധവിമാനം 1945 ആഗസ്‌ത് 6ന് പുലര്‍ച്ചെ 8.15ന് ഹോന്‍സു ദ്വീപിലെ ഹിരോഷിമ നഗരത്തില്‍ 'ലിറ്റില്‍ ബോയ്' എന്നു പേരിട്ട യുറേനിയം -235 ആറ്റംബോംബ് വര്‍ഷിച്ചു. 9700 പൌണ്ട് (ഏകദേശം 4000 കിലോഗ്രാം) ഭാരമുള്ള ഈ കൊച്ചുരാക്ഷസന്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശം വിതച്ചു. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും 43 സെക്കന്റിനുള്ളില്‍ കത്തിച്ചാമ്പലായി. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു. ഹിരോഷിമയിലെ മൊത്തം ജനസംഖ്യ 3 ലക്ഷമായിരുന്നു എന്നോര്‍ക്കുക. "അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം (Mushroom Cloud) നഗരത്തെ മൂടി'' എന്നാണ് ബി-29ന്റെ പൈലറ്റ് പോള്‍ ടിബറ്റ്സിന്റെ വിവരണം.

ഹിരോഷിമയിലെ കരളലിയിക്കുന്ന കാഴ്‌ചകള്‍ സാമ്രാജ്യത്വത്തിന്റെ ക്രൌര്യം ഒട്ടും കുറച്ചില്ല. 1945 ആഗസ്‌ത് 9ന് രാവിലെ 11.02ന് ബോക്‌‌സ് കാര്‍ എന്ന യുദ്ധവിമാനം "ഫാറ്റ്മാൻ‍'' എന്നു പേരിട്ട 4500 കിലോ ഭാരമുള്ള പ്ളൂട്ടോണിയം ബോംബ് നാഗസാക്കിയുടെ മേല്‍ വര്‍ഷിച്ചു. 75000 പേര്‍ തല്‍ക്ഷണം കരിഞ്ഞ് ചാരമായി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നടത്തിയ ആറ്റംബോംബ് ആക്രമണങ്ങള്‍ സാമ്രാജ്യത്വ യുദ്ധവെറിയുടെ ഭീകരമായ മുഖം പുറത്തുകാട്ടി.

ശാസ്‌ത്ര സാങ്കേതിക വിദ്യകളെ ചൂഷണത്തിനും സര്‍വ്വനാശത്തിനും വിനിയോഗിച്ച ചരിത്രമാണ് സാമ്രാജ്യത്വശക്തികള്‍ക്കുള്ളത്. അണ്വായുധം നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ രഹസ്യപദ്ധതി "മാന്‍ഹാട്ടണ്‍ പ്രോജക്‌ട്'' എന്നാണറിയപ്പെടുന്നത്. ബ്രിട്ടനും കാനഡയും ഈ പ്രോജക്‌ടില്‍ പങ്കാളികളാണ്. അമേരിക്കന്‍ ഭൌതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹെയ്‌മര്‍ ആയിരുന്നു ശാസ്‌ത്ര ഗവേഷണത്തിന്റെ ഡയറക്‌ടർ‍. 1945 ജൂലൈ 16ന് ആദ്യത്തെ അണുബോംബ് ന്യൂ മെക്‌സിക്കോയിലെ അലമോഗോര്‍ഡോയില്‍ വിജയകരമായി പരീക്ഷിച്ചു.

1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണം വരെ അമേരിക്കന്‍ വന്‍കരകളില്‍മാത്രം ചുറ്റിത്തിരിഞ്ഞിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്രാജ്യത്വമോഹം യുദ്ധാനന്തരം ആഫ്രോ-ഏഷ്യന്‍ വന്‍കരകളിലേക്കും യൂറോപ്പിലേയ്‌ക്കും വ്യാപിച്ചു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യൂറോപ്യന്‍ ശക്തികളുടെ കൈകളില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിന്റെ നിയന്ത്രണവും ലോകമുതലാളിത്തത്തിന്റെ നേതൃത്വവും അമേരിക്ക ഏറ്റെടുത്തു. രണ്ടാംലോകമഹായുദ്ധം ഏറെക്കുറെ അവസാനിക്കുകയും സഖ്യശക്തികളുടെ വിജയം സുനിശ്ചിതമാവുകയും ചെയ്‌ത ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയാണ് തങ്ങളെന്ന് ലോകത്തെയാകെ ബോധ്യപ്പെടുത്താനാണ് അമേരിക്ക അണ്വായുധം പ്രയോഗിച്ചത്. യുദ്ധാനന്തര ലോകത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള മനഃശാസ്‌ത്രയുദ്ധത്തിന്റെ അടിത്തറയായിരുന്നു അണ്വായുധം.

ഹിരോഷിമ - നാഗസാക്കി ആക്രമണങ്ങള്‍ക്ക് സൈനികലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സോവിയറ്റ് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുദ്ധാനന്തര ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുക, മുതലാളിത്ത ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, കമ്യൂണിസത്തിന്റെ വ്യാപനം തടയുക, മൂന്നാംലോക രാജ്യങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കുക തുടങ്ങിയ സൈനീകേതര ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിരോഷിമ - നാഗസാക്കി കൂട്ടക്കൊല നടത്തിയത്. ഇതോടൊപ്പം സര്‍വ്വ സംഹാരശേഷിയുള്ള അണ്വായുധം കൈവശമുള്ള ഏകരാഷ്‌ട്രം എന്ന നിലയില്‍ ആഗോള ശാക്തീക ബലാബലം തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യവും അമേരിക്കയ്‌ക്കുണ്ടായിരുന്നു.

1949ല്‍ സോവിയറ്റ് യൂണിയന്‍ ആറ്റംബോംബ് നിര്‍മ്മിച്ചതോടുകൂടി ഏകധ്രുവലോകം സൃഷ്‌ടിക്കാനുള്ള അമേരിക്കന്‍ ശ്രമം വിഫലമാവുകയും ആഗോള രാഷ്‌ട്രീയത്തില്‍ ശാക്‌തിക സംതുലനം സാധ്യമാവുകയും ചെയ്‌തു. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച് അമേരിക്കയുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ യുദ്ധവെറിയനായ ട്രൂമാന്‍ 'കമ്യൂണിസത്തെ ചുറ്റിവളയുക' (Containment of Communism) എന്ന നയം സ്വീകരിച്ച് ശീതയുദ്ധത്തിന് തുടക്കംകുറിച്ചു. ശീതയുദ്ധമെന്ന ഒളിയുദ്ധത്തിലേക്ക് തന്ത്രപരമായി പിന്മാറാന്‍ സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം സോവിയറ്റ് യൂണിയന്‍ ആണവശക്തിയായി മാറിയതാണ്.

രണ്ടാംലോക മഹായുദ്ധകാലത്ത് മുസ്സോളിനി പറഞ്ഞു "രണ്ട് ലോകങ്ങള്‍ (ജനാധിപത്യം -ഏകാധിപത്യം) തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പുകളില്ല; ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവർ‍''. ശീതയുദ്ധത്തിന് തുടക്കംകുറിച്ച് ട്രൂമാന്‍ ഇതേ അഭിപ്രായം ചില്ലറ മാറ്റത്തോടെ അവതരിപ്പിച്ചു; "കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഒന്നുകില്‍ നമ്മള്‍ അല്ലെങ്കിൽ അവർ‍. നമ്മുടെ കൂടെ നില്‍ക്കാത്തവരെല്ലാം നമ്മുടെ ശത്രുക്കളാണ് ''. 'ഭീകരതയ്ക്കെതിരായ ആഗോള'യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ജ് ബുഷ് (ജൂനിയർ‍) പ്രഖ്യാപിച്ചു, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം ശത്രുപക്ഷത്താണ് ''.

ഹിറ്റ്ലറും മുസ്സോളിനിയും ട്രൂമാനും ബുഷും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് സാമ്രാജ്യത്വ പ്രരൂപങ്ങളുടെ ആന്തര ഐക്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ സൃഷ്‌ടിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങളും നിലയ്‌ക്കാത്ത കണ്ണീരും സാക്ഷിനിര്‍ത്തി മണ്ണിനും മനുഷ്യനുംവേണ്ടി ബദല്‍ സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹിരോഷിമയും നാഗസാക്കിയും നമുക്ക് കരുത്ത് പകരും.

*****

ഡോ. പി ജെ വിന്‍സെന്റ് , കടപ്പാട് : ചിന്ത വാരിക

Sunday, August 8, 2010

ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍

ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 65 വര്‍ഷം തികയുകയാണ്. നടുക്കുന്ന ഓര്‍മകളായി ഇന്നും ആ ദിനങ്ങള്‍ അവശേഷിക്കുന്നു. മൂന്നര ലക്ഷത്തോളം പേര്‍ തത്സമയം ചുട്ടുചാമ്പലായി. അനേകം ആളുകള്‍ ജീവച്ഛവങ്ങളായി. അരനൂറ്റാണ്ടിലേറെ ആയിട്ടും അത് പാകിയിട്ട വിഷവിത്തുകള്‍ രോഗമായും മരണമായും ഇന്നും പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യത്വ വിരുദ്ധമായി സയന്‍സിന്റെ സിദ്ധികളെ ഉപയോഗിച്ചാല്‍ അത് മനുഷ്യവംശത്തിന് തന്നെ ഭീഷണി ആകും.

അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1941 ഡിസംബര്‍ ഏഴിനായിരുന്നു പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചത്. പിറ്റേന്ന് അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമുണ്ടായി. 1945 ജൂലൈ 26 ന് ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. കീഴടങ്ങുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജപ്പാനെ ആക്രമിക്കുവാന്‍ തീരുമാനിച്ചു.

യു കെ, കാനഡ എന്നി രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ആദ്യത്തെ ആറ്റംബോംബ് രൂപപ്പെടുത്തി. ഇത് മാന്‍ഹട്ടണ്‍ പ്രോജക്ട് എന്നറിയപ്പെടുന്നു. ഈ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ആയിരുന്നു.

ആറ്റംബോംബിന്റെ തത്വമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ചത് 'ഓട്ടോഹാന്‍' എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്. യുറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങളെ പിളര്‍ത്താന്‍ കഴിയുമെന്നും അപ്പോള്‍ ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ഹാന്‍ കണ്ടെത്തി. തന്റെ കണ്ടെത്തലിന്റെ സാധ്യത മനസ്സിലാക്കിയ ഹാന്‍ ഹിറ്റ്‌ലറോട് പറഞ്ഞു. 'ഇതാ ലണ്ടനെ രണ്ടു മണിക്കൂറിനകം തകര്‍ത്തു തരിപ്പണമാക്കാവുന്ന ശക്തി കരഗതമായിരിക്കുന്നു.'

ഹിറ്റ്‌ലര്‍ ചോദിച്ചു. 'ആ ആയുധം നിര്‍മിക്കാന്‍ എത്രകാലം വേണ്ടിവരും' എന്ന്. ഒന്നോ രണ്ടോ കൊല്ലം വേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് ഉപേക്ഷിച്ചുകൊള്ളാന്‍ ഹിറ്റ്‌ലര്‍ മറുപടി പറഞ്ഞത്രേ. ഓട്ടോഹാന്റെ കണ്ടുപിടിത്തം മനസ്സിലാക്കിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആണ് ഹിറ്റ്‌ലര്‍ ആറ്റംബോംബ് ഉണ്ടാക്കുന്നതിന് മുമ്പ് അത് ഉണ്ടാക്കണമെന്ന് ഭരണാധികാരികളെ അറിയിച്ചതും തുടര്‍ന്ന് അമേരിക്ക ആറ്റംബോംബുണ്ടാക്കിയതും.

ചെറിയൊരു സമയത്തിനുള്ളില്‍ വലിയൊരു അളവില്‍ ഊര്‍ജം വിമുക്തമാക്കപ്പെടുന്ന പ്രക്രിയയാണ് ആറ്റംബോംബില്‍ നടക്കുന്നത്. ഇന്ധനമായി യുറേനിയം- 235 അല്ലെങ്കില്‍ പ്ലൂട്ടോണിയം-239 ഉപയോഗിക്കുന്നു. യുറേനിയത്തിന്റെ ഐസോടോപ്പായ യു-235 ഉപയോഗിച്ചാണ് 'ലിറ്റില്‍ബോയ്' എന്നറിയപ്പെടുന്ന ഹിരോഷിമ ബോംബ് ഉണ്ടാക്കിയത്. 1945 ജൂലൈ 16ന് ന്യൂമെക്‌സിക്കോയിലെ ട്രിനിറ്റി സൈറ്റിലായിരുന്നു ആറ്റംബോംബ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. പരീക്ഷണത്തിന് ഉപയോഗിച്ച ആറ്റംബോംബിന്റെ പേര് 'ഗാഡ്‌ജറ്റ്' എന്നായിരുന്നു.

ന്യൂക്ലിയര്‍ ബോംബിംഗ് മിഷന്റെ ആദ്യ ലക്ഷ്യം ഹിരോഷിമ തന്നെയായിരുന്നു. 1945 മെയ് 10, 11 ദിവസങ്ങളില്‍ റോബര്‍ട്ട് ഓപ്പണ്‍ ഹീമറിന്റെ നേതൃത്വത്തില്‍ ഒരു ടാര്‍ഗിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ, ഹിരോഷിമ, യോക്കോഹോമ, കോക്കുറയിലെ ആയുധപ്പുര എന്നിവയായിരുന്നു ബോംബിടാനായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍.

1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക് വീണു. 'ലിറ്റില്‍ ബോയ് ' എന്ന് പേരുള്ള അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് പൊട്ടി. ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ തത്സമയം കത്തിച്ചാമ്പലായി. ഹിരോഷിമയിലെ തദ്ദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അമേരിക്ക ബോംബ് വര്‍ഷിച്ചത്.

ഹിരോഷിമ ബോംബിംഗിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നാണ്. നാല് വ്യവസ്ഥകളോടെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങാന്‍ സമ്മതിച്ചു. നാല് വ്യവസ്ഥകള്‍ ഇവയായിരുന്നു.

  1. ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം.
  2. ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം.
  3. നിരായുധീകരണം പ്രാവര്‍ത്തികമാക്കണം.
  4. യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം.

ഇവ അംഗീകരിക്കാനാവില്ല എന്നതിനാല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബിടാന്‍ തീരുമാനിച്ചു. തെക്കന്‍ ജപ്പാനിലെ ഒരു വലിയ തുറമുഖനഗരം ആയിരുന്നു നാഗസാക്കി. ജാപ്പനീസ് മാതൃകയില്‍ പഴയ ഫാഷനില്‍ ഡിസൈന്‍ ചെയ്ത കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. 1945 ഓഗസ്റ്റ് 9. സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി ബോക്‌സ്‌കാര്‍ എന്ന ബോംബര്‍ വിമാനം പറന്നുവന്നു. അതില്‍ നിന്ന് 'ഫാറ്റ്മാന്‍' എന്ന് പേരിട്ട അണുബോംബ് താഴേക്ക് വീണു. പ്ലൂട്ടോണിയം - 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ അനേകായിരം ആളുകള്‍ വെന്തുമരിച്ചു.

നാഗസാക്കിയില്‍ ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്തംബര്‍ 2 നാണ്.

ബോംബിംഗിന് ഇരയായ ആള്‍ക്കാര്‍ 'ഹിബാക്കുഷ' എന്നാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച ജനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍ മരിച്ച ഹിബാക്കുഷകളുടെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ വാര്‍ഷികം നടക്കുമ്പോഴും പേരുകളുടെ പട്ടിക പുതുക്കാറുണ്ട്.

മാനിഷാദ!

ഒരു അണുയുദ്ധത്തിന് ശേഷം അതിനെപ്പറ്റി ദുഃഖിക്കേണ്ടി വരുന്നില്ല. കാരണം ദുഃഖിക്കാന്‍ ആരും കാണുകയില്ല എന്നതു തന്നെ.

കൂട്ടുകാരേ,

വിവേകത്തിന്റെയും മാനവീയതയുടെയും വെളിച്ചം ഓരോ മനുഷ്യനിലും ഉണ്ടാകട്ടെ എന്നും അങ്ങനെ യുദ്ധക്കൊതിക്ക് അറുതി വരട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം.

ദുരന്തത്തിന്റെ ബഹുമുഖങ്ങള്‍

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആ മഹാദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് ലോകത്തെമ്പാടും യുദ്ധവിരുദ്ധവികാരം ശക്തിയാര്‍ജിച്ചു. എന്നാല്‍ വന്‍ശക്തികളുടെ കയ്യില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന ആണവായുധങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്. ഭൂമിക്കും സര്‍വജീവജാലങ്ങള്‍ക്കും വിനാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെ അണിനിരക്കാന്‍ വീണ്ടും ഒരു ഹിരോഷിമ ദിനം.

അണുയുഗം പിറക്കുന്നു

1930 കളില്‍ തന്നെ നാസി ജര്‍മ്മനി ആണവായുധങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും അതു തങ്ങള്‍ക്കുനേരെ പ്രയോഗിക്കുമെന്നുമുള്ള ഭയത്തില്‍ നിന്നാണ് മാന്‍ഹട്ടന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടന്‍, കാനഡ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്. അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹീമറിന്റെ നേതൃത്വത്തില്‍ മാന്‍ഹാട്ടന്‍ ദ്വീപിലടക്കം മുപ്പതു കേന്ദ്രങ്ങളിലായി ഗവേഷണം തുടങ്ങി. എന്റിക്കോഫെര്‍മി, നീല്‍സ് ബോര്‍ തുടങ്ങി ഒട്ടനവധി പ്രമുഖ ശാസ്ത്രജ്ഞര്‍ ഗവേഷണത്തില്‍ പങ്കാളികളായിരുന്നു. 1939 ല്‍ ഐന്‍സ്റ്റീന്റെ കത്തുപ്രകാരം അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൂസ്‌വെല്‍ട്ടാണ് ഗവേഷണത്തിന് ഉത്തരവിട്ടത്. ബോംബ് നിര്‍മാണത്തില്‍ ഐന്‍സ്റ്റീന്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും പദാര്‍ഥത്തെ ഊര്‍ജമാക്കി മാറ്റാമെന്ന സിദ്ധാന്തമാണ് ന്യൂക്ലിയര്‍ ഫിഷന്റെയും ആറ്റംബോംബിന്റെയും അടിസ്ഥാനതത്വം.

ആയിരം കടലാസ് കൊക്കുകള്‍ക്കായി...

ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച ലക്ഷക്കണക്കിന് ജനങ്ങളില്‍ സഡാകോ സസാക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടിയുടെ കഥ നമ്മെ കരയിപ്പിക്കുന്നതാണ്. പന്ത്രണ്ട് വയസ്സ് വരെ മാത്രം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സഡാക്കോയ്ക്ക് അണുവികിരണമേല്‍ക്കുന്നത് രണ്ടാമത്തെ വയസിലാണ്. ഹിരോഷിമയില്‍ ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ ഒരു നാഴികയകലെയുള്ള തന്റെ വീട്ടിലായിരുന്നു സഡാകോ. 1954 ല്‍ കഴുത്തിന് ചുറ്റും തുടര്‍ന്ന് കാലിലും പിങ്ക് നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. വിദഗ്ധപരിശോധനയില്‍ ലൂക്കേമിയ എന്ന കാന്‍സറാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഡാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സഡാക്കോയെ കാണാന്‍ വന്ന കൂട്ടുകാരി ചിസുക്കോ കടലാസ് കൊണ്ട് ഒരു കൊക്കിനെയുണ്ടാക്കി. ആയിരം കടലാസ് കൊക്കുകളെ ഉണ്ടാക്കിയാല്‍ ആഗ്രഹിക്കുന്നത് സഫലീകരിക്കുമെന്ന ജാപ്പനീസ് വിശ്വാസപ്രകാരം സഡാക്കോ കൊക്കുകളെ ഉണ്ടാക്കാന്‍ തുടങ്ങി. കൂട്ടുകാരികള്‍ കൊണ്ടുവരുന്ന കടലാസ് കൊണ്ടും മരുന്ന് പൊതിഞ്ഞ കടലാസുകൊണ്ടും 644 കൊക്കുകളെ ഉണ്ടാക്കാനേ ആ ബാലികയ്ക്ക് കഴിഞ്ഞുള്ളു. അപ്പേഴേക്കും മരണം തട്ടിയെടുത്ത തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി സഹപാഠികള്‍ ബാക്കി കൊക്കുകള്‍കൂടി ഉണ്ടാക്കി സഡാക്കോയുടെ ഭൗതിക ശരീരത്തോടൊപ്പം അടക്കം ചെയ്തു. കയ്യില്‍ കൊക്കുമായി നില്‍ക്കുന്ന സഡാക്കോയുടെ പ്രതിമ യുദ്ധസ്മാരകമായി ഇന്നും നിലകൊള്ളുന്നുണ്ട്.

റിയാക്ടര്‍ ദുരന്തങ്ങള്‍

വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും രോഗചികിത്സക്കാവശ്യമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ നിര്‍മാണത്തിനുമാണ് ന്യൂക്ലിയര്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആറ്റം ബോംബിലും ആണവനിലയങ്ങളിലും നടക്കുന്നത് ന്യൂക്ലിയര്‍ ഫിഷന്‍ പ്രവര്‍ത്തനമാണ്. നിയന്ത്രിത പ്രവര്‍ത്തനമാണ് ന്യൂക്ലിയര്‍ റിയാക്ടറില്‍ നടക്കുന്നത്. അശ്രദ്ധകൊണ്ടും സാങ്കേതികാരണങ്ങളാലും അപകടം സംഭവിക്കാം. അപ്പോള്‍ മാരകമായ അണുവികിരണങ്ങള്‍ ഉണ്ടാകും. അത്തരത്തിലുണ്ടായ ആദ്യത്തെ അപകടമായിരുന്നു 1973 ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ 'ത്രീമൈല്‍ ഐലന്റ് ' അപകടം. ആണവ ചോര്‍ച്ചയ്ക്ക് പന്ത്രണ്ട് ദിവസം മുമ്പ് ഇറങ്ങിയ 'ചൈനീസ് സിന്‍ഡ്രോ' എന്ന സിനിമയില്‍ ഒരു കഥാപാത്രം ആണവ വിദഗ്ധനോട് അപകടസാധ്യതയെകുറിച്ച് ചോദിച്ചതിനുള്ള മറുപടി ''പെന്‍സില്‍വാനിയയുടെയത്രയും സ്ഥലം വാസയോഗ്യമല്ലാതായിത്തീരും' എന്നായിരുന്നു. ഈ വാക്കുകള്‍ യാഥാര്‍ഥ്യമായി. അയൊഡിന്‍-131 വികിരണം ധാരാളമായി ഉണ്ടായി. നിരവധിപേര്‍ മരിക്കുകയും നിത്യരോഗികളായി മാറുകയും ചെയ്തു. അതോടെ ആണവനിലയങ്ങളുടെ നിര്‍മാണം തന്നെ താത്കാലികമായി നിലച്ചു.

ഹിരോഷിമയിലുണ്ടായിരുന്നതിന്റെ നാലിരട്ടി മാരകവികിരണങ്ങള്‍ വിതറിയ അപകടമായിരുന്നു 1986 ഏപ്രില്‍ 21 ന് ചെര്‍ണോബിലിലുണ്ടായത്. പഴയ സോവിയറ്റ് യൂണിയനില്‍പെട്ട ഉക്രൈനിലെ ചെര്‍ണോബില്‍ നാലാം നമ്പര്‍ റിയാക്ടറാണ് പൊട്ടിത്തെറിച്ചത്. അയൊഡിന്‍-131, സീസിയം-137, സ്‌ട്രോന്‍ഷ്യം-90 എന്നീ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ പുറത്തുവന്നു. അപകടം ജനങ്ങളില്‍ നിന്നും മറച്ചുവെക്കാനുള്ള അധികൃതരുടെ ശ്രമം കൂടുതല്‍ നാശമുണ്ടാക്കി. മൂന്നുലക്ഷത്തിലധികം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് ലക്ഷം ആള്‍ക്കാര്‍ക്കാണ് റേഡിയേഷന്‍ ബാധിച്ചത്. ദിവസങ്ങള്‍ വേണ്ടിവന്നു തീയണയ്ക്കാന്‍. മുപ്പതു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം ജനവാസ യോഗ്യമല്ലാതായി. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ആയിരം കിലോമീറ്റര്‍ അകലെയുള്ള രാജ്യങ്ങളില്‍പോലും കാറ്റില്‍ പറന്നെത്തിയ അണുവികിരണം നാശം വിതച്ചു. അണുവികിരണത്തിന്റെ ഇരകളായ കുട്ടികള്‍ 'ചെര്‍ണോബില്‍ കുട്ടികള്‍' എന്നറിയപ്പെടുന്നു.

ഹിബാകുഷകള്‍

ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ ഇരകളായി ജപ്പാനില്‍ കഴിയുന്ന ഹിബാകുഷകള്‍ ഇന്നും കാന്‍സറും ജനിതക വൈകല്യങ്ങളുമായി കഴിയുകയാണ്. ജപ്പാനിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഇവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ലത്രെ! അറുപത്തിയഞ്ച് കൊല്ലത്തിനുശേഷം ഇപ്പോഴും പിറന്നുവീഴുന്ന കുട്ടികളിലധികവും അംഗവൈകല്യമുളളവരാണ്. കഴിഞ്ഞവര്‍ഷം വരെ ഏകദേശം രണ്ടരലക്ഷം ഹിബാകുഷകളെയാണ് ജാപ്പനീസ് ഗവണ്‍മെന്റ് കണ്ടെത്തിയത്. അണുവികിരണം ജനിതകവ്യതിയാനം വരുത്തുന്നതിനാല്‍ ഇനിയും എത്രയോ തലമുറകള്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.

2009 ഓഗസ്റ്റ് വരെയായി ഇപ്രകാരം 413171 പേരാണ് പട്ടികയിലുള്ളത്.

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട

സഡാക്കോ സസാക്കിമാരും ഹിബാകുഷകളും ലോകത്ത് ഇനിയും ഉണ്ടാവാതിരിക്കണമെങ്കില്‍ അണുവികിരണമുണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണം. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളവര്‍ അവ നിര്‍വീര്യമാക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും വേണം. ആണവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സുരക്ഷിതമായ മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആണവ നിലയങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. സ്‌കൂളുകളില്‍ പോസ്റ്റര്‍ രചനയും പ്രദര്‍ശനവും നടത്തി മുഴുവന്‍ കുട്ടികളിലും യുദ്ധവിരുദ്ധ സന്ദേശം എത്തിക്കാവുന്നതാണ്. ചിത്രരചന, പ്രബന്ധം, പ്രസംഗമത്സരം എന്നിവയും നടത്താം.

യുദ്ധത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ കൂടിവരുന്ന വര്‍ത്തമാനകാലത്ത് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം കുട്ടികളിലെത്തിക്കണം. യുദ്ധത്തിന്റെ ഭീകരത കാണിക്കുന്ന ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ആരോഗ്യത്തോടെ, സമാധാനത്തോടെ, ജീവിക്കാനുള്ള നമ്മുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. ഹിരോഷിമാ - നാഗസാക്കി ദിനങ്ങള്‍ അതിന് പ്രചോദനമാകണം.


*****

ഗീത എസ് പെരുമണ്‍ , കടപ്പാട് : ജനയുഗം