Showing posts with label വികെ‌എൻ. Show all posts
Showing posts with label വികെ‌എൻ. Show all posts

Sunday, July 17, 2011

ഇപ്പോഴും ഒപ്പമുണ്ട്

കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.

വി കെ എന്നിനുമാത്രം വേറിട്ട് പ്രതികരിക്കാവുന്ന ധാരാളം സംഭവങ്ങള്‍ കേരളത്തിലുണ്ടായി. പകരക്കാരനില്ലാത്ത ശൂന്യത ശേഷിപ്പിച്ച് വി കെ എന്‍ വിടവാങ്ങി. വി കെ എന്‍ ഇല്ലാത്ത വീട്ടില്‍ അദ്ദേഹത്തിന്റെ പത്നി വേദവതി താമസിക്കുന്നു. മലയാളത്തിലെ മാസ്റ്റര്‍പീസുകള്‍ പിറന്നു വീണ കുടിയാണ് വടക്കേകൂട്ടാല. അതിന് വേദവതി വി കെ എന്‍ സാക്ഷിയുമാണ്. വി കെ എന്നിന്റെ ജീവിതത്തിനും എഴുത്തിനും തുണനിന്ന അവര്‍ക്ക് ഭര്‍ത്താവിനെക്കുറിച്ച് ധാരാളം പറയാനുണ്ട്.

വി കെ എന്‍ ഉള്ള വീടും ഇല്ലാത്ത വീടും. ഈ വ്യത്യാസം കൃത്യമായി അനുഭവപ്പെടുന്നില്ലേ?

എങ്ങനെ അനുഭവപ്പെടാതിരിക്കാനാണ്. വി കെ എന്‍ ഉള്ളകാലത്ത് എപ്പോഴും ഫോണ്‍ , സംസാരം, കാണാന്‍ വരുന്നവര്‍ അങ്ങനെയായിരുന്നുവല്ലോ. ഇപ്പോള്‍ ഞങ്ങള്‍ തനിച്ചായി. പലരും വി കെ എന്നിന് ഫോണ്‍ ചെയ്യും. തിരിച്ച് അങ്ങോട്ടും. പിന്നെ ചിരിയും തമാശയുമൊക്കെയാണ്. കാണാന്‍ വരുന്നവരോടുമതെ. ഇന്ന വിഷയങ്ങള്‍ സംസാരിക്കുക എന്നില്ല. വി കെ എന്നിന് ഇഷ്ടപ്പെട്ടവരാണെങ്കില്‍ ഒരു പകല്‍ മുഴുവന്‍ വര്‍ത്തമാനം പറഞ്ഞിരിക്കും. താല്പര്യമില്ലാത്തവരാണെങ്കില്‍ പത്തു മിനുട്ട്. കഴിഞ്ഞു. ചിലരെ കാണാനേ കൂട്ടാക്കില്ല. എപ്പോഴും വായന തന്നെയാണ്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് അധികം വായിക്കുക. പിന്നെ എഴുത്തും.

വി കെ എന്‍ ഓര്‍മയായി ഒരാണ്ടു തികഞ്ഞപ്പോള്‍ അനുസ്മരണങ്ങളൊക്കെ ഉണ്ടായല്ലോ? പിന്നീട് അതൊരു ചടങ്ങായി. ഇതിലൊക്കെ ഖേദം തോന്നിയിട്ടുണ്ടോ?

തൃശൂരു വച്ച് ആദ്യത്തെ കൊല്ലം അനുസ്മരണം ഉണ്ടായി. തിരുവില്വാമലയില്‍ വച്ചും. വീട്ടില്‍ ഒത്തുകൂടാന്‍ വി കെ എന്‍ ആരാധകര്‍ വന്നു. പൊലീസിലുണ്ടായിരുന്ന തോമസ് ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നു. വി കെ എന്‍ എന്നുവച്ചാല്‍ തോമസിന് ജീവനായിരുന്നു. തോമസ് പാവം നേരത്തെ മരിച്ചു. ഈയിടെ ചില പഠനയാത്രക്കാരൊക്കെ വന്നു. വീടു കാണാന്‍ .

വി കെ എന്നിന് ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു എന്നുകേട്ടല്ലോ? പൊതുവെ ഇത്തരം സ്മാരക മണ്ഡപങ്ങളോടും പ്രതിമകളോടും എതിരായിരുന്നു വി കെ എന്നിന്റെ മനസ്സ്, അല്ലേ?

സ്മാരകം വരുന്നു എന്ന് കേട്ടു. നല്ലത്. വി കെ എന്നിന്റെ പുസ്തകങ്ങള്‍ തന്നെ സ്മാരകമല്ലേ. പിന്നെ പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. പടിയ്ക്കല്‍ത്തന്നെ. എല്ലാവരും ശ്രമിച്ചാല്‍ സ്മാരകമാവും. വേണ്ടതുതന്നെ.

വി കെ എന്നിന് തിരുവില്വാമലക്കാരുമായി അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണത്?

തിരുവില്വാമലക്കാര് അധികം വന്നിരുന്നില്ല. എന്നാല്‍ പോളൊക്കെ വി കെ എന്നിന്റെ അടുത്തയാളാണ്. പിന്നെ രാമകുമാരന്‍ . അങ്ങനെ ചിലരുണ്ട്. പൊതുവെ നാടുമായി അത്രയടുപ്പം ഉണ്ടായിരുന്നില്ല. ഇവിടെ വീട്ടിലിരുന്ന് വായിക്കാനാണ് ഇഷ്ടം. അത് പറയുകയും ചെയ്യും. കുറച്ചുകാലം രാവിലെ നടക്കാനിറങ്ങുമായിരുന്നു. ആളുകള്‍ കുശലം ചോദിയ്ക്കുന്നതിന് മറുപടി പറയാന്‍ വയ്യ എന്നുപറഞ്ഞ് അതും നിര്‍ത്തി. പദപ്രശ്നം പൂരിപ്പിക്കുന്നതുപോലെയാണത്രെ ഈ ചോദ്യോത്തരം. അതുപോലെ നാട്ടിലെ ആഘോഷങ്ങളില്‍നിന്നും വി കെ എന്‍ വിട്ടുനില്‍ക്കുമായിരുന്നു. ഒന്നിനും പോവില്ല.

വി കെ എന്നിന്റെ മരണത്തിനുശേഷം വേണ്ടപ്പെട്ടവര്‍ ഈ വഴി പോകുമ്പോള്‍ ഇവിടെ കയറുക പതിവുണ്ടോ?

ചിലരൊക്കെ വരും. ആര്‍ടിസ്റ്റ് നമ്പൂതിരി ഒരു ദിവസം വന്നിരുന്നു. മാത്രമല്ല വി കെ എന്നിന്റെ അടിയന്തിര ദിവസവും അദ്ദേഹം വന്നു. ഊണു കഴിച്ചു. നമ്പൂതിരി ഇപ്പോഴും വി കെ എന്നിനെക്കുറിച്ച് പലയിടത്തും പറയാറുണ്ട്. ആ ബന്ധം അത്രയ്ക്ക് സ്നേഹമുള്ളതായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും.

വി കെ എന്‍ ജീവിച്ചിരിക്കെ അദ്ദേഹത്തെ വിമര്‍ശിക്കാത്തവര്‍ മരണശേഷം പ്രത്യക്ഷമായി രംഗത്തുവരുന്നതായി കാണുന്നു. അത്തരം വി കെ എന്‍ വിമര്‍ശനങ്ങള്‍ കണ്ടുവോ?

ഇല്ല. ഇപ്പോഴിവിടെ വാരികകളൊന്നും വരാറില്ല. വി കെ എന്‍ ഉള്ളകാലത്ത് ഒരു കെട്ട് ഉരുപ്പടികളുമായിട്ടാണ് പോസ്റ്റ്മാന്‍ വരിക. നിത്യവും. ഇപ്പോള്‍ അതൊന്നുമില്ല. ഉള്ളകാലത്ത് എഴുതിയാല്‍ നല്ല മറുപടി കിട്ടും എന്ന് വിചാരിച്ചതുകൊണ്ടാകണം അന്നൊന്നും എഴുതാത്തത്. പറയുന്നവര് പറയട്ടെ. അല്ലാതെന്താ? അതുകൊണ്ടൊന്നും വി കെ എന്‍ സാഹിത്യത്തിന് ഒന്നും പറ്റില്ല. വി കെ എന്‍ മഹാപ്രതിഭയാണെന്ന് മാതൃഭൂമിയില്‍ കോവിലന്‍ എഴുതിയിരുന്നു. ഇതു കണ്ടപ്പോള്‍ സന്തോഷം തോന്നി. എല്ലാ എഴുത്തുകാരും വിമര്‍ശിക്കപ്പെടുന്നുണ്ടല്ലോ. അതൊന്നും ഞാന്‍ വായിക്കാറില്ല.

വിചിത്രമായ ചില സ്വഭാവങ്ങള്‍ വി കെ എന്നിന് ഉള്ളതായി കേട്ടിട്ടുണ്ട്. ജീവിതത്തെ നര്‍മ നിര്‍മമതയോടെ സമീപിക്കുന്ന ചില രീതികള്‍ ?

അങ്ങനെ ചില സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു. കല്പിച്ചു കൂട്ടിയല്ല. ഓരോ മൂഡില്‍ ഓരോന്നു തോന്നുകയാണ്. ഒരു പുസ്തക പ്രകാശനം. കോഴിക്കോട്ടു വച്ചാണ്. വരാമെന്നൊക്കെ സമ്മതിച്ചു. രാവിലെ അതിന്റെയാളുകള്‍ വന്നപ്പോഴേക്കും വി കെ എന്‍ ഇവിടെനിന്ന് മറ്റെങ്ങോട്ടോപോയി. പൊതുവേദികളില്‍ വരാനൊക്കെ മടിയായിരുന്നു. ചിലര്‍ നിര്‍ബന്ധിക്കും. പറ്റില്ലെന്നു പറഞ്ഞാലും നിര്‍ബന്ധിക്കും. തല്‍ക്കാലം സമ്മതിക്കും. പിന്നെ ഈ വഴിയാണ് തെരഞ്ഞെടുക്കുക. അതുപോലെ, വി കെ എന്നിന് ബഷീര്‍ അവാര്‍ഡ് കൊടുക്കുന്ന സമയം. തിരുവില്വാമലയില്‍ ചിത്രകലാക്യാമ്പും ഒക്കെയായി മൂന്നുദിവസം. വി കെ എന്‍ അങ്ങോട്ടൊന്നും പോയില്ല. അവരൊക്കെ ഇവിടേക്കു വന്നു. ബഷീര്‍ അവാര്‍ഡ് വാങ്ങാനും പോവുന്നില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഉച്ചവരെ ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് എം ടി വീട്ടില്‍വന്നു. എം ടി വന്നതും വി കെ എന്നിന് ഉത്സാഹമായി. ചെന്നു. കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാളെ ആദരിക്കുന്ന ചടങ്ങിന് വി കെ എന്‍ ഉത്സാഹത്തോടെ പോയതായി ഓര്‍മയുണ്ട്. പൊതുവേദികളില്‍ പ്രസംഗിക്കുക ഇഷ്ടമേ ആയിരുന്നില്ല. പരമാവധി മാറിനില്‍ക്കാനാണ് ഇഷ്ടം. എഴുതുന്നതൊക്കെ നല്ല പരിചയമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു. ഫ്രാന്‍സിനെപ്പറ്റി എഴുതുമ്പോള്‍ അവിടെ പോയിവന്നപോലെ തോന്നിച്ചു.

ജീവിച്ചിരിക്കുന്ന പലരെയും വി കെ എന്‍ കഥാപാത്രമാക്കിയിട്ടുണ്ട്. തന്റെ നേര്‍ക്കുള്ള ഹാസ്യത്തെ പുഞ്ചിരിച്ചു സ്വീകരിക്കുന്നതിനുപകരം അതൊരു വേദനയായി എടുത്തവരുണ്ടോ? വി കെ എന്നിനോട് നേരിട്ടുവന്നു പറഞ്ഞ സംഭവങ്ങള്‍ ? അങ്ങനെ വല്ലതും?

സത്യത്തില്‍ വി കെ എന്നിന് ഒരാളോടും വിദ്വേഷം ഉണ്ടായിരുന്നില്ല. എല്ലാം ഹാസ്യവും വിമര്‍ശനവുമല്ലേ. പിന്നെ ഭാഷകൊണ്ടുള്ള ചില സംഗതികളും. അങ്ങനെ നേരിട്ടു വന്ന് ആരും പരാതി പറഞ്ഞതായിട്ടൊന്നും ഓര്‍മയില്ല. ഒരു കഥയില്‍ വളരെ വേണ്ടപ്പെട്ട ചിലരെപ്പറ്റി എഴുതുകയുണ്ടായി. അവരില്‍ ചിലര്‍ ഒരു കെയ്സ് ബിയറുമായി വന്നു. വി കെ എന്‍ സസന്തോഷം അത് സ്വീകരിച്ചു. ഇരുവര്‍ക്കും കാര്യം മനസ്സിലായി. ഇങ്ങനെ അറിയുന്നവരെപ്പറ്റി എഴുതുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ ഒന്നു ചിരിക്കും. അത്രതന്നെ.

വി കെ എന്നിന്റെ മദ്യപാനവും പ്രസിദ്ധമാണല്ലോ? പലരും എഴുതിയിട്ടുണ്ട്. അതിന്റെ ദുരന്തം അനുഭവിച്ചിട്ടുണ്ടോ?

നന്നായി കഴിച്ചിരുന്ന കാലമുണ്ടായിരുന്നു. പിതാമഹനും മഞ്ചലുമൊക്കെ എഴുതുന്ന സമയം. ചിലപ്പോള്‍ എങ്ങോട്ടാണെന്നു പറയാതെ പോവും. രണ്ടാം ദിവസം തിരിച്ചുവരും. നന്നായി കുടിച്ചിട്ടുണ്ടാകും. ഈ രണ്ടു ദിവസവും കുടിയായിരിക്കും. ഇവിടെ വന്നാല്‍ ഞാന്‍ നല്ലപോലെ മോരു കൊടുക്കും. മീനൊക്കെയായി നല്ല ഭക്ഷണം നല്ലപോലെ കൊടുക്കും. ഒന്നു കുളിച്ച് ഈ ഭക്ഷണവും കഴിച്ചാല്‍ പഴയ വി കെ എന്നാകും. പിന്നെ എഴുത്തു തുടങ്ങുകയായി. കുടിച്ചസമയത്ത് വി കെ എന്‍ ഒറ്റയക്ഷരം എഴുതിയിട്ടില്ല. കുടിയ്ക്കുന്ന സമയത്ത് ഒപ്പമുള്ളവര്‍ പറയുന്ന കഥയെല്ലാം കേട്ടിരിക്കും. അതൊക്കെ പിന്നീട് കഥയിലൊക്കെ വരും. പലപ്പോഴും നിയന്ത്രണം വിട്ട് കുടിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും കുടുംബ ജീവിതത്തെ ബാധിച്ചിട്ടില്ല. ഇവിടെ അതിന്റെ പേരില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. കരുതിക്കൂട്ടി കുടിപ്പിക്കുന്നവരുണ്ട്. ഒരുകാലത്ത് കുടിക്കാതെ വയ്യ എന്ന അവസ്ഥയിലായിരുന്നു. അത് എഴുത്തിന് ഒരുതരം ശക്തി നല്‍കിയതായി തോന്നിയിട്ടുണ്ട്്. കുടിക്കാതിരിക്കാനും കഴിഞ്ഞിരുന്നു വി കെ എന്നിന്. കുടിച്ചു വന്നതിന്റെ പേരില്‍ ഞാന്‍ വി കെ എന്നിനെ ശപിച്ചിട്ടില്ല.

കഥാപാത്രങ്ങളുടെ ഭക്ഷണ പ്രിയത്വം വി കെ എന്നിന്റെയും സ്വഭാവമായിരുന്നുവല്ലോ. ഭക്ഷണത്തെ ആഘോഷമാക്കിയിരുന്നുവോ വി കെ എന്‍ ? "സസ്യവും അസസ്യവും" പ്രിയമായിരുന്നുവോ?

ഊണിന്റെ കാര്യത്തില്‍ വിഭവസമൃദ്ധിയല്ല പ്രധാനം. ഉള്ളത് നന്നാവണം. ഭക്ഷണം കഴിച്ചാല്‍ "സുഖമാവണം" എന്നായിരുന്നു വി കെ എന്നിന്റെ ഉള്ളില്‍ . ഹോട്ടല്‍ ഭക്ഷണത്തോട് അത്രയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ചില വൈകുന്നേരങ്ങളില്‍ പരിപ്പുവട വരുത്തി കഴിച്ചിരുന്നു. ആദ്യകാലങ്ങളില്‍ നന്നായി മാംസഭക്ഷണം കഴിച്ചിരുന്നു. പിന്നെ അസസ്യം വിട്ട് സസ്യമായി. പപ്പടം, കടുമാങ്ങ, മോര് ഇവയൊക്കെ ആസ്വദിച്ച് രുചിയ്ക്കും. അപ്പോള്‍തന്നെ കമന്റുകള്‍ പറയും. പന്ത്രണ്ടുമണിയുടെ ആകാശവാണി ഇംഗ്ലീഷ് വാര്‍ത്ത കഴിയുന്നതും വി കെ എന്‍ ഉണ്ണാന്‍ വരും. ഊണ് കഴിക്ക്വല്ലേ എന്ന് വിളിച്ചു ചോദിയ്ക്കും. ഇഡ്ഢലി, ദോശ, കനമുള്ള ചായ ഇവയോടൊക്കെ പ്രിയമായിരുന്നു. പട്ടണംപൊടി, നൂര്‍സേട്ട് ബീഡി, സിസര്‍ഫില്‍റ്റര്‍ ഇങ്ങനെ ചില ഇഷ്ടങ്ങള്‍ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഓംലറ്റിനോട് താല്പര്യം. അതിന് കുരുമുളുകുപൊടി ധാരാളം വേണം. ചൂര്‍ണ്ണം എന്നാണ് പറഞ്ഞിരുന്നത്. ആസ്വദിച്ചു കഴിക്കുക എന്നതായിരുന്നു വി കെ എന്നിന്റെ പ്രകൃതം.

വി കെ എന്നിന്റെ എഴുത്ത് നേരില്‍ കണ്ടിട്ടുണ്ടല്ലോ. അതിന്റെ സമ്പ്രദായം എങ്ങനെയായിരുന്നു?

ഈ വീട്ടിലെ ചെറിയ മുറിയിലിരുന്ന് വി കെ എന്‍ എത്രയോ എഴുതി. തട്ടിട്ട മുറി. കസേരയില്‍ ഇരുന്നാണ് എഴുത്ത്. മുമ്പൊക്കെ രാവിലെ കുളികഴിഞ്ഞ് നെയ്യിട്ട കഞ്ഞി കുടിച്ച് മുകളിലേക്ക് പോവും. അവിടെയായിരുന്നു എഴുത്തുമുറി. ഉച്ചവരെ എഴുത്തോട് എഴുത്ത്. ഇടയ്ക്ക് ബീഡി, സിഗററ്റ്, ചായ ഒക്കെയാവാം. ചില ദിവസങ്ങളില്‍ ഊണിന്റെ സമയം കഴിയുന്നതൊന്നും അറിയില്ല. ഇങ്ങനെ ആലോചിച്ചിരിക്കുന്നതു കാണാം. എഴുത്തിന്റെ ഹരത്തിലാവും. കുറേ കഴിഞ്ഞാണ് താഴത്തേക്കിറങ്ങി വരുക. പിന്നെ, കുറച്ച് വിശ്രമിച്ച് വീണ്ടും എഴുതാനിരിക്കും. രാത്രി പതിനൊന്ന് മണിവരെയൊക്കെ ഇരുന്നെഴുതിയ ദിവസങ്ങള്‍ ഓര്‍മ വരുന്നു. ഒന്നും എഴുതാത്ത കാലവും ഉണ്ടായിരുന്നു. പിന്നെ ധാരാളം എഴുതി. എഴുതാത്ത കാലത്ത് വായന തന്നെ.

എഴുത്തുകൊണ്ടുമാത്രം ജീവിച്ച കാലം ഉണ്ടായിരുന്നുവല്ലോ അല്ലേ?

ഡല്‍ഹിയില്‍ സ്ഥിരമായിരുന്നുവെങ്കില്‍ മറ്റൊരു വി കെ എന്നിനെയാവും കിട്ടുക എന്ന് തോന്നിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് മടങ്ങി. നാട്ടിലെ കൃഷി വിറ്റു. പിന്നെ പ്രധാനമായിട്ടും എഴുത്തുകൊണ്ടുതന്നെ ജീവിച്ചു. "കടലാസും പെന്നും കൊണ്ട് അവന്‍ ജീവിച്ചോളും" എന്ന് എന്റെ അച്ഛന്‍ വി കെ എന്നിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അത് ശരിയായി. മകളുടെ മക്കളുടെ വിവാഹത്തിന് പാരിതോഷികം നല്‍കാന്‍ , മരുമകള്‍ക്ക് വീട്ടിലേക്ക് സഹായത്തിന് ഒക്കെയായി ചില പുസ്തകങ്ങളുടെ കോപ്പിറൈറ്റ് നല്‍കുകയുണ്ടായി. കുടുംബകാര്യങ്ങളിലെല്ലാം വളരെ തല്പരനായിരുന്നു വി കെ എന്‍ . എല്ലാം അന്വേഷിക്കും. നോക്കിനടത്തും. എഴുത്തിനെക്കുറിച്ച് നേരത്തെ ഒന്നു പറയാന്‍ മറന്നു. വി കെ എന്നിന് എഴുതുക, മാറ്റി എഴുതുക, തിരുത്തുക അങ്ങനെ ശീലം ഉണ്ടായിരുന്നില്ല. നേരിട്ട് ഒറ്റ എഴുത്താണ്. ഇവിടെ കോപ്പി സൂക്ഷിയ്ക്കലും ഇല്ല. നേരിട്ട് അയക്കും. ഊണു കഴിക്കുമ്പോഴൊക്കെ ഞങ്ങളോട് പറയുന്ന കഥകള്‍ പിന്നീട് അച്ചടിച്ചുവരുന്നതുകാണാം.

കഥ പറയാന്‍ മിടുക്കുണ്ടായിരുന്നുവോ വികെഎന്നിന്?

കഥ അങ്ങനെ പറയുകയല്ല. എവിടെയെങ്കിലുമുള്ള സംഭവങ്ങള്‍ ഇങ്ങനെ പറയും. വര്‍ത്തമാനം പറയുന്ന രീതിയില്‍ . എഴുതുന്ന കഥയില്‍ ഭാഷ വേറെയാവും. കഥയൊക്കെ പറഞ്ഞ് വി കെ എന്‍ ചിരിക്കുമായിരുന്നു. ഇവിടെ വരുന്നവരോട് ചില കഥകളൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. സംഭവകഥകള്‍ . ഡല്‍ഹിയിലെ കഥകള്‍ . അത്രയ്ക്ക് അടുപ്പമുള്ളവരോടു മാത്രം.

വി കെ എന്‍ "ഡല്‍ഹി ഡേയ്സ്" എഴുതിയിരുന്നുവല്ലോ? എങ്ങനെയായിരുന്നു വി കെ എന്നിന്റെ ഡല്‍ഹിക്കാലം?

ശങ്കേഴ്സ് വീക്ക്ലിയില്‍ ജോലിയുണ്ടായിരുന്നു. പിന്നെ ഏതൊക്കെയോ ന്യൂസ് ഏജന്‍സികളില്‍ പണിയെടുത്തു. ഇംഗ്ലീഷ് പത്രങ്ങളില്‍ കോളം എഴുതിയിരുന്നു. അന്നൊക്കെ നാട്ടിലേക്ക് കത്തുകള്‍ അയയ്ക്കുമായിരുന്നു. ഞാന്‍ ഒപ്പം പോയപ്പോള്‍ ടു റൂം കിച്ചണുള്ള വീട് വാടകക്കെടുത്തു. സുഖതാമസം. സി പി രാമചന്ദ്രന്‍ , എം പി നാരായണപ്പിള്ള, വി കെ മാധവന്‍കുട്ടി, കെ പി ഉണ്ണികൃഷ്ണന്‍ , ടി കെ എന്‍ മേനോന്‍ , ഒ എം അനുജന്‍ , അകവൂര്‍ നാരായണന്‍ അങ്ങനെ നല്ലൊരു സൗഹൃദക്കാരുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ പല ഉന്നതരുമായും അടുപ്പമായിരുന്നു. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍ അന്ന് വി കെ എന്നിന്റെ അടുത്തയാളായിരുന്നു

ഐ കെ ഗുജ്റാള്‍ പ്രധാനമന്ത്രിയായപ്പോള്‍ വി കെ എന്‍ പഴയ ബന്ധം പുതുക്കുകയോ മറ്റോ ഉണ്ടായോ?

അങ്ങനെയൊന്നുമില്ല. വി കെ എന്നിന് അതിനോടൊന്നും താല്പര്യമില്ല. കെ പി ഉണ്ണികൃഷ്ണനുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹം പുസ്തകങ്ങള്‍ അയച്ചുകൊടുത്തിരുന്നു.

വി കെ എന്നും ഒ വി വിജയനും ഡല്‍ഹിയില്‍ ഒരുമിച്ചുണ്ടായിരുന്നുവല്ലോ?

ഒ വി വിജയനും ചില ചിട്ടകളുണ്ടായിരുന്നു. ഏതു വേനല്‍ക്കാലത്തും കൈ കഴുകാന്‍ ചൂടുവെള്ളം വേണം. വി കെ എന്‍ വിജയനെ ബുദ്ധിജീവി എന്നു വിളിക്കും. വീടൊഴിഞ്ഞ കാലത്ത് ഏതാണ്ട് ഒരു മാസം ഞങ്ങളുടെ ഒപ്പമായിരുന്നു ഒ വി വിജയന്‍ താമസിച്ചത്. സാധുപ്രകൃതം. ഒരു മുറിയിലിരുന്ന് കാര്‍ടൂണ്‍ വരയ്ക്കും. പുതിയ വീട് കിട്ടിയപ്പോള്‍ വിജയന്‍ മാറിത്താമസിച്ചു. ഒരു ദിവസം ഞങ്ങള്‍ പുറത്തുപോയി വന്നപ്പോള്‍ വാതിലില്‍ വിജയന്റെ ഒരു കുറിപ്പ്. തെരേസയെ കല്യാണം കഴിച്ചു എന്ന് മാത്രം. വിജയന്‍ തിരുവില്വാമലയില്‍ വന്നിട്ടുണ്ട്. പാവം തോന്നുന്ന രീതിയായിരുന്നു വിജയന്റേത്. എല്ലാറ്റിനും പേടി. അങ്ങനെ.

വി കെ എന്നിന്റെ ഒരു കഥയില്‍ ഒ വി വിജയന്‍ കഥാപാത്രമായതു സംബന്ധിച്ച് അവര്‍ തമ്മില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായി എന്ന് കേള്‍ക്കുന്നതില്‍ വാസ്തവമുണ്ടോ?

വി കെ എന്നും വിജയനും തമ്മില്‍ നല്ല ബന്ധമായിരുന്നു. വി കെ എന്‍ വേണമെന്നു വച്ച് എഴുതുകയൊന്നുമില്ല. പാലക്കാട്ട് വിജയന്‍ വന്നപ്പോള്‍ വി കെ എന്‍ കാണാന്‍ പോയി. വിജയന്റെ തെരഞ്ഞെടുത്ത കഥകള്‍ക്ക് വി കെ എന്‍ന്റെ അവതാരികയുണ്ടല്ലോ. വി കെ എന്‍ മരിച്ചപ്പോള്‍ ഒ വി വിജയന്‍ ഓര്‍മക്കുറിപ്പെഴുതിയിട്ടുണ്ടല്ലോ

ഇരുവരും അടുത്തടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു അല്ലേ?

അതെ. വി കെ എന്നിനെയും വിജയനെയും തിരുവില്വാമല ഭാരതപ്പുഴയോരത്താണ് സംസ്കരിച്ചത്.

എഴുത്തുകാരായ സമകാലികരില്‍ ആരൊക്കെയായിരുന്നു വി കെ എന്നിനു വേണ്ടപ്പെട്ടവര്‍ ?

അത് പറഞ്ഞാല്‍ ചില പേരുകള്‍ വിട്ടുപോയാല്‍ അവര്‍ക്ക് അലോഹ്യമാവും. അതുകൊണ്ട് പറയുന്നില്ല. ഇവിടെ ധാരാളം എഴുത്തുകാര്‍ വരുമായിരുന്നു. വായനക്കാരും വരും. വി കെ എന്നിനെ ഒന്നു കാണുകമാത്രം മതി എന്നുപറഞ്ഞ് വരുന്നവരും ഉണ്ടായിരുന്നു.

വി കെ എന്നിന്റെ പ്രേമവും വിവാഹവും എന്ന കഥ സത്യന്‍ അന്തിക്കാട് അപ്പുണ്ണി എന്ന പേരില്‍ സിനിമയാക്കിയല്ലോ. അതുകണ്ടിട്ട് എന്തെങ്കിലും അഭിപ്രായം പറയുകയോ മറ്റോ ഉണ്ടായോ?

അതൊക്കെ വളരെ മുമ്പല്ലേ? ഷൂട്ടിംഗ് സ്ഥലത്തേക്ക് വി കെ എന്‍ പോയതായി അറിയാം. തിയേറ്ററില്‍ പോയിരുന്ന് സിനിമ കാണുന്ന സ്വഭാവമൊന്നും ഇല്ലായിരുന്നു. റേഡിയോയിലൂടെ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. അതുപോലെ കഥകളിപ്പദവും കേള്‍ക്കും. പി ഭാസ്കരന്റെ പാട്ടുകളോടായിരുന്നു ഇഷ്ടം. പി ഭാസ്കരനെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്ന് പറയും.

റേഡിയോ വി കെ എന്നിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു അല്ലേ? പല കഥകളിലും റേഡിയോ വരുന്നുണ്ട്?

അതെ. റേഡിയോ കേള്‍ക്കുക ശീലമായിരുന്നു. ക്രിക്കറ്റ് കമന്ററിയൊക്കെ കേട്ടിരുന്നു. ടി വി വന്നപ്പോള്‍ ടെന്നീസ് കളി കാണുമായിരുന്നു. വി കെ എന്നിന്റെ റേഡിയോ ഇപ്പോള്‍ ഞങ്ങള്‍ കേള്‍ക്കുന്നു.

"വിവാഹപ്പിറ്റേന്നി"ലൂടെയാണല്ലോ വി കെ എന്‍ ശ്രദ്ധയനായത്. വിവാഹശേഷം എഴുതിയ കഥയാണോ അത്?

അല്ല. ഞങ്ങളുടെ വിവാഹത്തിനുംമുമ്പ് എഴുതിയതാണ്. വി കെ എന്‍ പല്ലാവൂര്‍ ദേവസ്വത്തില്‍ ഓഫീസറായിരുന്ന കാലത്ത് പാലക്കാടന്‍ ഭാഗങ്ങളിലെ ജീവിതവും ഭാഷയുമൊക്കെ മനസ്സിലാക്കി എഴുതിയ കഥയാണ് അത്. ഞാനത് വായിച്ച് ചിരിച്ചിട്ടുണ്ട്. പാലക്കാടന്‍ ഭാഷയെ നന്നായി പരിഹസിക്കുന്ന കഥ.

നിങ്ങള്‍ തമ്മില്‍ വിവാഹിതരായതിന്റെ പശ്ചാത്തലം എന്താണ്?

എന്റെ അച്ഛന്‍ ദേവസ്വം വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്നു. വി കെ എന്‍ ദേവസ്വം വകുപ്പില്‍ ക്ലാര്‍ക്കും. അച്ഛനെ കാണിക്കേണ്ട ഫയലുകളുമായി വി കെ എന്‍ വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ മേതില്‍ കുടുംബമാണ്. അന്ന് കണ്ടിട്ടുണ്ട്. അച്ഛന് പാലക്കാട്ടേക്ക് മാറ്റമായി. ഓഫീസ് ആവശ്യവുമായി വി കെ എന്‍ വരും. ഈ സമയത്താണ് വി കെ എന്നിന്റെ വീട്ടുകാര്‍ ആലോചനയുമായി വരുന്നത്. അച്ഛന്‍ സമ്മതിച്ചു. 1954 ഫെബ്രുവരിയിലായിരുന്നു വിവാഹം. ഞങ്ങള്‍ പല്ലാവൂരിലും പിന്നെ തൃക്കാളിയൂരിലും താമസിച്ചിട്ടുണ്ട്. തൃക്കാളിയൂരുള്ളപ്പോള്‍ കോഴിക്കോട്ടെ എഴുത്തുകാരുമായിട്ടായിരുന്നു ചങ്ങാത്തം.

ദേവസ്വം വകുപ്പിലെ ജോലിയാണോ വി കെ എന്നിനെ കലാകാരന്മാരുമായി അടുപ്പിച്ചത്?

തിരുവില്വാമലക്കാര്‍ക്ക് പൊതുവെ കലകളോട് താല്പര്യമാണല്ലോ. തൃശൂര്‍പൂരം പഞ്ചവാദ്യവും മേളവുമൊക്കെ റേഡിയോയിലൂടെ കേള്‍ക്കുമായിരുന്നു വി കെ എന്‍ . പല്ലാവൂര്‍ അപ്പുമാരാര്‍ക്കും മണിയന്‍ മാരാര്‍ക്കുമെല്ലാം വി കെ എന്നിനെ ബഹുമാനമായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയ്ക്കല്ല, പഴയ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയ്ക്ക്. അപ്പുമാരാരും വി കെ എന്നും ഒരിക്കല്‍ ഒരു കല്യാണത്തിന് തിരുവില്വാമല അമ്പലത്തില്‍വച്ച് കണ്ടുമുട്ടി. കുറേക്കാലത്തിനുശേഷം. അപ്പുമാരാര്‍ മരിച്ചപ്പോള്‍ വി കെ എന്‍ മാതൃഭൂമി പത്രത്തില്‍ ഓര്‍മക്കുറിപ്പെഴുതി. വാഴേങ്കട കുഞ്ചുനായര്‍ , കോട്ടയ്ക്കല്‍ ശിവരാമന്‍ , അപ്പുക്കുട്ടിപ്പൊതുവാള്‍ എന്നിവരുമായൊക്കെ നല്ല അടുപ്പമായിരുന്നു.

വി കെ എന്‍ കഥകളിലെ അന്തരീക്ഷവും അദ്ദേഹത്തിന്റെ ജീവിതവും തമ്മില്‍ ബന്ധമുണ്ടോ?

കഥവേറെ. ജീവിതംവേറെ. ഇവിടെ ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന വഴിയിലാണ് കോരുവിന്റെ വീട്. കോരു മരിച്ചു. കോരു വി കെ എന്നിന്റെ വിശ്വസ്തനായിരുന്നു. തിരിച്ചും. ധാരാളം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവരെയും വലിയ കാര്യമായിരുന്നു. മൂന്നു ദിവസത്തിലധികം ഞങ്ങള്‍ പിരിഞ്ഞിരുന്നിട്ടില്ല. അത്രയ്ക്കും കുടുംബസ്ഥനായിരുന്നു. മകളോടും മരുമകളോടും പേരക്കുട്ടികളോടും നല്ല വാത്സല്യമായിരുന്നു. കഥയുടെ അന്തരീക്ഷത്തിനനുസരിച്ച് എഴുതിച്ചേര്‍ക്കുന്നത് വേറെ.

ഒരുകാലത്ത് വി കെ എന്‍ ശ്രദ്ധാപുരുഷനായത് "അധികാരം" എന്ന നോവലുമായി ബന്ധപ്പെട്ടിട്ടാണല്ലോ? അന്ന് വി കെ എന്നിന്റെ അവസ്ഥ എന്തായിരുന്നു?

അതൊന്നും വി കെ എന്നിനെ അലട്ടിയില്ല. പത്രത്തിലൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. കൂസലില്ലാത്ത പ്രകൃതമായിരുന്നു.

എന്തായിരുന്നു വി കെ എന്നിന്റെ രാഷ്ട്രീയം?

അത് അറിയില്ല. ആര്‍ക്കാണ് വോട്ടു ചെയ്തത് എന്നു ചോദിച്ചാല്‍ ഒരു ചിരിയായിരുന്നു മറുപടി. പിന്നെപ്പിന്നെ വോട്ടു ചെയ്യാതായി. എല്ലാവരെയും എല്ലാ പാര്‍ടിക്കാരെയും വിമര്‍ശിച്ച് എഴതിയിട്ടുണ്ട്.

വി കെ എന്‍ മരിച്ചപ്പോള്‍ , സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങ് നടത്തിയില്ല എന്ന ആക്ഷേപം ഉണ്ടായല്ലോ? അങ്ങനെ വേണമെന്നുണ്ടായിരുന്നുവോ? എന്തുതോന്നി അന്ന്?

അതിലൊക്കെ എന്താണ് കാര്യം. ഇപ്പോള്‍ ഇതൊക്കെ പതിവായിരിക്കുന്നു. വിഷമമൊന്നും തോന്നിയില്ല. ധാരാളം പേര്‍ വീട്ടില്‍ വന്നു. വേണ്ടപ്പെട്ടവര്‍ക്ക് സദ്യ കൊടുത്തു. അതൊക്കെയാണ് കാര്യം.

വി കെ എന്നിന് ആര്‍ഭാടങ്ങളോടും ആഘോഷങ്ങളോടും താല്പര്യമുണ്ടായിരുന്നില്ലല്ലോ?

ഒട്ടും ഇല്ല. കിട്ടിയ അവാര്‍ഡുകളും മറ്റും മുറിയിലെ ഒരു അരികിലാണ് സൂക്ഷിച്ചുവച്ചിട്ടുള്ളത്. ഈ വീടുതന്നെ ഒട്ടും പുതുക്കിപ്പണിതില്ല. ഈ വീടിന്റെ സുഖം മാറ്റിപ്പണിതാല്‍ കിട്ടില്ല എന്നുപറയുമായിരുന്നു. രാവിലെ പേപ്പറൊക്കെ വായിച്ച് ഉമ്മറത്തു വന്നിരിക്കും. അതൊരു ശീലമായിരുന്നു. പിന്നെ ആ ചെറിയ മുറിയില്‍ . തുറന്നിട്ട ജനലിലൂടെ നോക്കി ഇരിക്കും. മല്ലു മുണ്ടും ബനിയനുമായിരുന്നു സ്ഥിരം. പുറത്തുപോകുമ്പോള്‍ വെള്ള സ്ലാക്ക് ഷര്‍ട്ടിടുമായിരുന്നു.

പൊതുവെ എഴുത്തിലെ ഫലിതം ജീവിതത്തിലും ഉണ്ടായിരുന്നുവോ വി കെ എന്നിന്?

തമാശകള്‍ പറയുക ശീലമായിരുന്നു. ഊണു കഴിക്കുമ്പോഴൊക്കെയാണ് അധികം തമാശകള്‍ ഉണ്ടാവുക. വിഭവങ്ങളെക്കുറിച്ചൊക്കെ വിസ്തരിച്ച് പറയും.

അവസാന കാലത്ത് വി കെ എന്‍ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്നുവോ?

ഇടയ്ക്ക് ചികിത്സയുണ്ടായിരുന്നു. ആയുര്‍വേദം. അതുകഴിഞ്ഞ് തൃശൂരും എറണാകുളത്തും കൊണ്ടുപോയി. അല്പം കിടന്നു. ആ സമയത്ത് ചില മാറിപ്പറയലുകളൊക്കെ ഉണ്ടായിരുന്നു. അപ്പോഴും ഇടയ്ക്കിടക്ക് ഹാസ്യം വരും. കവിതകള്‍ ചൊല്ലും. ജനുവരി കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെടുമെന്ന് പറഞ്ഞിരുന്നു. ജനുവരി കടന്നില്ലല്ലോ.

വി കെ എന്നിന്റെ മരണശേഷവും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ധാരാളമായി വായിക്കപ്പെടുന്നുണ്ട് അല്ലേ?

ഉണ്ടാകണം. ഡി സി രവിയൊക്കെ കൃത്യമായി പ്രതിഫലം തന്നു. തരുന്നുണ്ട്. മാതൃഭൂമി ബുക്സും തന്നു. ഇനി "അപ്പുണ്ണി" തിരക്കഥ പുറത്തിറങ്ങുന്നു.

പുതിയ തലമുറ വി കെ എന്നിനെ എങ്ങനെ വായിക്കും എന്നാണ് തോന്നുന്നത്?

വി കെ എന്നിനെ വായിക്കാന്‍ ശ്രദ്ധ വേണം. കുറേ അറിവുകള്‍ വേണം. ഹ്യൂമര്‍ എല്ലാവര്‍ക്കും ഇഷ്ടമാവുമല്ലോ.

വി കെ എന്‍ ഇല്ല എന്ന അനാഥത്വം എങ്ങനെ അതിജീവിക്കുന്നു?

വി കെ എന്‍ ഇപ്പോഴും ഒപ്പമുണ്ട് എന്ന തോന്നല്‍ കൊണ്ടുതന്നെ.


*****


എന്‍ പി വിജയകൃഷ്ണന്‍, കടപ്പാട്:ദേശാഭിമാനി വാരിക

Wednesday, July 6, 2011

ചരിത്രത്തിന്റെ അപനിര്‍മാണം

നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത്. ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ്. കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക-സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട്. വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത്. കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി.

കേരള സാഹിത്യചരിത്രത്തില്‍ നമ്പൂതിരി പരിഷ്കരണകാല കൃതികള്‍ വേറിട്ട പഠനം അര്‍ഹിക്കുന്നുണ്ട്. അതിന് അനുബന്ധമായി വായിക്കാവുന്ന കഥയാണ് വി കെ എന്നിന്റെ "അഹത്തുള്ളാള്‍". നമ്പൂതിരിമാരെ "ടൈപ്പ്" കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാധ്യതകള്‍ "ഇന്ദുലേഖ"യില്‍നിന്നുതന്നെ വായിച്ചുതുടങ്ങാം. വി കെ എന്‍ കഥകളില്‍ നമ്പൂതിരിയും ഹാജിയാരും ഇട്ടൂപ്പുമൊക്കെ ധാരാളം കടന്നുവരുന്നുണ്ട്. നമ്പൂതിരി നവോത്ഥാനകാലത്തെ, പുതിയകാല വായനയിലേക്ക് അന്വയിപ്പിക്കുന്ന കഥയാണ് "അഹത്തുള്ളാള്‍". പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ വി കെ എന്‍ ഉള്‍പ്പെടുത്തിയ കഥ. നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവ്, അവര്‍ ഇവിടെ വാസയോഗ്യമാക്കിയത്, സാമുദായിക ഘടനയിലെ പ്രത്യേകതകള്‍ , കുടുംബപ്രശ്നങ്ങള്‍ എന്നിവയെ അത്യന്തം ഹാസ്യോല്പാദനക്ഷമമായി അദ്ദേഹം എഴുതുന്നു. വി കെ എന്നിന്റെ ചരിത്രബോധവും ചരിത്രത്തെ അപനിര്‍മിക്കുന്നതിലെ വൈഭവവും നര്‍മത്തിന്റെ തീക്ഷ്ണതയും വിമര്‍ശനത്തിലെ ധീരതയും ഒത്തുചേര്‍ന്ന കഥകൂടിയാണ് "അഹത്തുള്ളാള്‍".

കഥയുടെ തലക്കെട്ടുതന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അകത്തുള്ളയാള്‍ ആണ് "അഹത്തുള്ളാള്‍". അകം കൊള്ളാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളാണവര്‍ . ഉള്ളിലുള്ള അവരുടെ "ഉള്ള്" കാണാന്‍ കഴിയാതെപോയ സമുദായത്തെയാണ് വി കെ എന്‍ പരിഹസിക്കുന്നത്. വ്യക്തിത്വത്തിന്റെ അക-പുറങ്ങള്‍ തമ്മിലുള്ള വൈരുധ്യംപോലെ പ്രസക്തമാണ് സമുദായത്തിന്റെ അക-പുറങ്ങളുടെ വൈരുധ്യവും. "അഹത്തുള്ളാള്‍" അഹത്തില്‍ - ഞാന്‍ എന്ന സ്വത്വത്തില്‍ - ഉള്ളടങ്ങിയ ആളുമാകാം. തന്നിലെ അക-പുറങ്ങള്‍ എത്രത്തോളം വൈരുധ്യം നിറഞ്ഞതാണെന്ന് അക്കാലത്തെ ഓരോ നമ്പൂതിരി ജനത്തെക്കൊണ്ടും ചിന്തിപ്പിക്കാന്‍ സാമുദായിക നവോത്ഥാനകാലത്തെ പരിവര്‍ത്തന യത്നങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അകത്തുള്ളാളെ പുറത്തിറക്കിക്കൊണ്ടുവരാനുള്ളവ കൂടിയായിരുന്നു ആ പരിശ്രമങ്ങള്‍ എന്നു കൂട്ടിവായിക്കുമ്പോഴാണ് "അഹത്തുള്ളാള്‍" എന്ന ചെറുകഥ മുന്നോട്ടു വെയ്ക്കുന്ന ചരിത്രപരമായ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാവുന്നത്.

അകത്തളങ്ങളില്‍ അടയ്ക്കപ്പെട്ട അന്തര്‍ജനങ്ങളുടെ അതൃപ്തവും അസന്തുലിതവുമായ ജീവിത സാഹചര്യങ്ങള്‍ കുറിയേടത്തു താത്രിമാര്‍ക്കു ജന്മം നല്കിയ സാഹചര്യത്തില്‍ , സാമുദായിക ശുദ്ധീകരണം എന്ന നിലയ്ക്ക് നടന്ന പരിവര്‍ത്തന യത്നങ്ങളുടെ പരിണിതഫലമെന്തായി എന്നും അവ ഇന്നെവിടെയെത്തിനില്ക്കുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ഈ കഥ ഉന്നയിക്കുന്നത്. നവോത്ഥാനകാല ചരിത്രത്തിന്റെ ബാക്കിപത്രമാവുന്ന കഥ ചരിത്രത്തെത്തന്നെ അപനിര്‍മിക്കുന്നു. ചരിത്രത്തിന്റെ പുനര്‍നിര്‍മാണവും അപനിര്‍മാണവും ഏകകാലത്ത് - വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ - സമന്വയിപ്പിച്ചിടത്താണ് വി കെ എന്നിന്റെ ആഖ്യാനപാടവത്തിന്റെ കൈയടക്കം പ്രകടമാവുന്നത്.

നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലവും ചരിത്രപശ്ചാത്തലവും എക്കാലത്തും തര്‍ക്കങ്ങളായി തുടരുന്ന ഒരു വസ്തുതയാണ്. ചരിത്രകാരന്മാര്‍ക്കുതന്നെ അതില്‍ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കെ, വളരെ ലളിതമായി വി കെ എന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത് നോക്കുക: കഥയുടെ തുടക്കം ഇങ്ങനെയാണ്:

"വെളളമുള്ളിടം തേടി ആന്ധ്രാപ്രദേശത്തെ റായലസീമയില്‍ നിന്നോ മറ്റോ ആറോ ഏഴോ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ എത്തിയവരാവണം നമ്പൂരിശ്ശന്മാര്‍ എന്ന് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം എന്നും ഞാന്‍ പാരായണം ചെയ്ത ചെമ്പോലയോ ശാസനമോ എന്താച്ചാല്‍ അത് എങ്ങെന്നും വിദഗ്ധര്‍ ചോദിച്ചാല്‍ തല്ക്കാലം ഓര്‍മയില്ല എന്നേ പറയാനുള്ളൂ" (എന്റെ പ്രിയപ്പെട്ട കഥകള്‍ വി കെ എന്‍ ഡി സി ബുക്സ് പുറം 67-68).

ചെമ്പോലയും ശാസനങ്ങളും ഉപാദാനങ്ങളാക്കിയുള്ള ചരിത്രനിര്‍മിതിക്കുനേരെയുള്ള വിമര്‍ശനമാണ് വി കെ എന്‍ ആദ്യം സാധിക്കുന്നത്. "നമ്പൂരിശ്ശന്മാര്‍" എന്നതിലെ പരിഹാസവും ശ്രദ്ധേയമാണ്. "ചൂടിന്റെ അഗ്നിപര്‍വതമായ കഡപ്പ, കര്‍ണൂല്‍ , ആനന്ദപുരം എന്നിവിടങ്ങളില്‍ നിന്ന് തെലുങ്കുദേശത്തെ പട്ടന്മാര്‍ കിഴക്കന്‍ കടലോരത്ത് തെക്കു വടക്കാവും, "ദാഹജലം തരുമോ" എന്നു പാടി ആദ്യം തെണ്ടിയിരിക്കുക" - ചൂടിന്റെ അഗ്നിപര്‍വതം എന്ന കല്പനയില്‍നിന്നുതന്നെ കാലാവസ്ഥയുടെ ഏകദേശ രൂപം കിട്ടുന്നു. "ദാഹജലം തരുമോ" എന്ന പാട്ടിന്റെ പശ്ചാത്തലം നാടകഗാനത്തെ ഓര്‍മിപ്പിക്കുന്നു. ഏഴു നൂറ്റാണ്ടിനു മുമ്പത്തെ ചരിത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകഗാനത്തിലേക്ക് വി കെ എന്‍ അന്വയിപ്പിച്ചു. അതുപോലെ ശ്രദ്ധേയമാണ് തെണ്ടിയിരിക്കുക, കണ്ടിരിക്കുക, നടന്നുതുടങ്ങിയിരിക്കുക, സമൂലം നശിപ്പിച്ചിരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ . ഇവയെല്ലാം ഊഹങ്ങള്‍ അഥവാ ഭാവന മാത്രമാണ്. ഇവയില്‍ വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം നന്നേ കുറവാണ്. "തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം" എന്ന ആദ്യഖണ്ഡികയില്‍ പരിഹാസം ഈ പദപ്രയോഗങ്ങളില്‍ ലീനധ്വനിയാവുന്നു. ചരിത്രം വെറും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണെന്നും ചെമ്പോലയും ശാസനങ്ങളെയും ഉപാദാനമാക്കുമ്പോഴും ചരിത്രം സാഹിത്യത്തെയും വെല്ലുന്ന ഭാവനാസൃഷ്ടിയാണെന്നും വി കെ എന്‍ കളിയാക്കുന്നു. "ഇങ്ങനെയൊക്കെയാവും ചരിത്രം ഉണ്ടായിരിക്കുക" എന്നൊരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ആശയം പൂര്‍ണമായി; പരിഹാസവും.

തുടര്‍ന്ന് "നടന്നുനീങ്ങിയ അവര്‍ അറബിക്കടല്‍ തീരത്തെത്തി." അവര്‍ ജാതി തിരിഞ്ഞതിനെ വി കെ എന്‍ നിരീക്ഷിക്കുന്നു. "ഹെഗ്ഡെ, എമ്പ്രാന്തിരി, ഭട്ട് എന്ന മട്ട് ഓരോ ജാതിയായി, പക്ഷേ പട്ടന്മാരായിത്തന്നെ കടലോരം വഴി തെക്കുനോക്കി നടന്നുതുടങ്ങിയിരിക്കുക, വടക്കുനോക്കി യന്ത്രത്തെ സമൂലം നശിപ്പിച്ചിരിക്കുക" - ഭട്ട് എന്ന മട്ട്, തെക്കുനോക്കി നടക്കുക എന്നതിനു സമാന്തരമായി വടക്കുനോക്കി യന്ത്രത്തെ വിന്യസിച്ചത്- ഇതെല്ലാം വി കെ എന്‍ തൂലികയില്‍ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന പ്രയോഗഭംഗികളാണ്. "വന്ന വഴിയാകെ ഇല്ലങ്ങളും മനകളും പടുത്തുയര്‍ത്തി. അവയില്‍ പടുതിരി കത്തിച്ചു. വന്നുവന്ന് പൊന്നാനി അഴിമുഖത്തെത്തിയപ്പോള്‍ സഞ്ചാരസാഹിത്യം നിര്‍ത്തി. തങ്ങളുടെ കുലപതിയെ അവിടെ സ്ഥാപിച്ചു. ആശാനെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്നു വിളിച്ചുകൂവി. ഇതുകേട്ടാണ് ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലും എന്നു മഹാകവി ഉള്ളൂര്‍ പാടിയത്. മേല്പടിയാന്‍ അയ്യന്‍ അയ്യങ്കാളിയായത് കഴിഞ്ഞ നൂറ്റാണ്ടിലുമാണല്ലോ" - സഞ്ചാരസാഹിത്യം നിര്‍ത്തുക എന്നതിലാണ് വി കെ എന്‍ ശൈലിയുടെ ആഴം കാണാനാവുക. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചരിത്രത്തെ ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേക്കും തുടര്‍ന്ന് അയ്യങ്കാളിയുടെ സമരചരിത്രത്തിന്റെ പുതുവായനയിലേക്കും സംക്രമിപ്പിക്കുന്ന വി കെ എന്‍ "എഴുത്തുവിദ്യ" ഈ കഥയിലും കാണാം.
സവര്‍ണാധിപത്യാധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെ പൊരുതിയ അയ്യങ്കാളിയെ, ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍തന്നെ വി കെ എന്‍ കണ്ടെടുക്കുന്നു. അഥവാ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍ഗാമികള്‍ പില്ക്കാലത്ത് നടത്തിയ സാമുദായിക പരിഷ്കരണസമരവും അയ്യങ്കാളിയുടെ സമരവും ഒരേ നാണയത്തിന്റെ രണ്ട വശങ്ങളാണെന്നും അക-പുറങ്ങളുടെ പോരാട്ടമായിരുന്നെന്നും അകത്ത് (സമൂഹത്തിനകത്തും വീടിനകത്തും) അടയ്ക്കപ്പെട്ടവരുടെ പുറത്തിറങ്ങലാണെന്നും വി കെ എന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുമ്പോള്‍ , "അഹത്തുള്ളാള്‍" എന്ന കഥയ്ക്ക് സാമൂഹികവും ചരിത്രപരവുമായ പുതിയ മാനങ്ങള്‍ തെളിഞ്ഞുകിട്ടുന്നു. തിരുവിതാംകൂറിലെത്തിയവര്‍ പോറ്റിമാരായ ചരിത്രത്തെതുടര്‍ന്ന് പൊന്നാനിപ്പരിസരം ചുറ്റി മതി കഥ എന്ന് കഥാകൃത്ത് നിശ്ചയിക്കുന്നു - "ജന്തുക്കളെ തലതൊട്ടെണ്ണിയപ്പോള്‍ പുരുഷന്മാര്‍ കമ്മിയും സ്ത്രീകള്‍ പെരുത്തും എന്നു കണ്ടു. മൂത്ത നമ്പൂതിരിക്ക് ഒരു സ്ത്രീ അഥവാ അന്തര്‍ജനം അഥവാ അകത്തുള്ളാള്‍ . അഹത്തുള്ളാള്‍ എന്നു ഗ്രാമ്യം!! അപ്പോള്‍ അവര്‍ യോഗം ചേര്‍ന്ന് ഇങ്ങനെ നിയമം നിര്‍മിച്ചു - "ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വജാതിയില്‍ വേളി - ഇതെത്രയെങ്കിലുമാവാം. വേളി കഴിഞ്ഞാല്‍ സ്ത്രീ അഹത്തുള്ളോളായി. അനുജന്‍ നമ്പൂതിരിമാരെ അപ്ഫന്‍ എന്നു വിളിച്ചുപോന്നു. ഇവര്‍ക്ക് വിധിച്ചത് സംബന്ധം. ഇരവുപകല്‍ വാതിലടയ്ക്കാതെ നാടാകെ വിലസുന്ന അമ്പലവാസി - നായര്‍ വീടുകളില്‍!"

ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വസമുദായത്തില്‍നിന്നു വിവാഹം; അത് ഒന്നിലധികമാവാം എന്ന നില വന്നപ്പോള്‍ നമ്പൂതിരിമാരുടെ കുടുംബനില ഛിദ്രമായി. പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികവും എന്ന സാഹചര്യമായി. വാര്‍ധക്യത്തില്‍ വേട്ട നമ്പൂതിരിമാരുടെ മരണം ചെറുപ്പക്കാരികളായ അന്തര്‍ജനങ്ങളെ അകാല വിധവകളാക്കിയതിന്റെ- വിധിവഞ്ചിതകള്‍ എന്നാണ് അക്കിത്തം ഒരു ലേഖനത്തില്‍ ഇവരെ വിലയിരുത്തുന്നത്-യും അവര്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണയച്ചതിന്റെയും ചരിത്രം വി കെ എന്‍ എഴുതുന്നുണ്ട്. നമ്പൂതിരി സമുദായത്തില്‍ നടന്ന കൊടുംക്രൂരത എന്നു പറയാവുന്ന "സ്മാര്‍ത്തവിചാരം" കഥയില്‍ കടന്നുവരുന്നുണ്ട്. വിധവാവിവാഹത്തെക്കുറിച്ചുള്ള ആശയം അപ്ഫന്‍ നമ്പൂതിരിമാര്‍ പ്രായോഗികമായി പ്രയോജനപ്പെടുത്തിയതും കഥയില്‍ വായിക്കാം. സാമുദായിക പരിഷ്കരണത്തിന് വഴിവെച്ച സാഹചര്യത്തെ വി കെ എന്‍ ഫലിതമയമാക്കുന്നു. യാഥാര്‍ഥ്യത്തില്‍ ചാലിച്ച നര്‍മം. ചരിത്രം കഥയായി മാറുകയാണ്. "എട്ടും ഒമ്പതും വേളി കഴിഞ്ഞ് തൊണ്ണൂറ് വയസെത്തിയ നമ്പൂതിരിമാര്‍ ചത്തുതുടങ്ങി. "അഹത്തുള്ളാള്‍"കള്‍ വിധവകളായി. ചാവിനനുപാതമായി ഇവരുടെ എണ്ണം പെരുകി. ശാരീരികാവശ്യത്തിന്റെ ആധിക്യത്താല്‍ ഇവളുമാര്‍ അസാരം നേരമ്പോക്ക് സംഘടിപ്പിച്ചു തുടങ്ങി. അപ്പോള്‍ തന്തനമ്പൂതിരിമാര്‍ സാധ്വികള്‍ക്ക് അടുക്കളദോഷം കല്പിച്ചു. അവര്‍ സാധനങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു. - "അടുക്കള ദോഷം" എന്നുപറഞ്ഞാല്‍ ചോറ് കൂടുതല്‍ വെന്തു, കൂട്ടാനില്‍ ഉപ്പ് പോരാതായി, സാധനം എന്നാല്‍ ഉലുവ, കടുക് തുടങ്ങിയ പലവ്യഞ്ജനം എന്നൊന്നുമല്ല അര്‍ഥം. അവിഹിതമായി നേരമ്പോക്ക് തരാക്കി എന്നാണ് സാരം. ഈ പശ്ചാത്തലത്തിലാണ് അപ്ഫന്‍ നമ്പൂതിരിമാര്‍ സംഘടിച്ചതും വൈധവ്യത്തിന്റെ സൗന്ദര്യമുള്ള, തന്ത നമ്പൂതിരി ചത്തുപോയി തനിച്ചുനില്ക്കുന്ന ഇവളുമാരെ കെട്ടിയാല്‍ മതിയല്ലോ എന്ന പുരോഗമനാശയം രൂപം കൊണ്ടതും. ഈ കുറുക്കുവഴി പ്രചരിപ്പിക്കാന്‍ ഇവന്മാര്‍ നാടെമ്പാടും നാടകവും കഥകളിയും അരങ്ങേറി. വിധവകള്‍ക്കും കാര്യം ബോധിച്ചു. ക്യൂ എന്ന അക്ഷരം, ഊഴം കാത്ത് ലൈനില്‍ നില്‍ക്കുന്ന സമ്പ്രദായം എന്നിവ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു പൂരത്തിലെ ജനക്കൂട്ടത്തെപ്പോലെ അപ്ഫന്‍ നമ്പൂതിരിമാര്‍ തിക്കിത്തിരക്കി മുന്നോട്ടാഞ്ഞു. അതേമാതിരി വിധവകള്‍ ഇങ്ങോട്ടും. എല്ലാവരും പരസ്പരം ചിലവായി". "സാധ്വി"കള്‍ "സാധന"ങ്ങളായതിന്റെ സാമൂഹ്യ പശ്ചാത്തലം; നവോത്ഥാന ലക്ഷ്യത്തിന്റെ പ്രചാരണത്തിന് നാടകം ആയുധമാക്കിയത് തുടങ്ങിയ ചരിത്രവസ്തുതകളെ വി കെ എന്‍ കുറുക്കി എഴുതുന്നു. ഒപ്പം സ്മാര്‍ത്തവിചാരത്തെ അപഹസിക്കുകയും ചെയ്യുന്നു. "എല്ലാവരും പരസ്പരം ചിലവായി" എന്ന വാക്യത്തിനുണ്ടൊരു "വികെ എന്‍ ടച്ച്". നമ്പൂതിരി സാമുദായികക്രമത്തില്‍ ചെലവാകാതെ നിന്നിരുന്ന രണ്ടു വിഭാഗങ്ങളായിരുന്നു അപ്ഫന്മാരും വിധവകളും. ചെലവാകാതെ നിന്ന ഇവരെ പരസ്പരം ചെലവാക്കാന്‍ മാത്രമേ സാമുദായിക നവീകരണം മൂലം സാധിച്ചുള്ളൂ എന്നും, സാമുദായിക ശുദ്ധീകരണത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍ , ഏറെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനകാല പരിഷ്കാരങ്ങള്‍ക്കായില്ലെന്നും ഇവിടെ വ്യംഗ്യപ്പെടുന്നു. കഥയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു "ട്വിസ്റ്റ്" ഈ വ്യംഗ്യത്തെ സ്ഫുടമാക്കുന്നു.

അപ്ഫന്‍മാരുടെ തുടര്‍ന്നുള്ള ചരിത്രം എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ആ ചരിത്രബാക്കി വി കെ എന്‍ പൂരിപ്പിക്കുന്നുണ്ട്. അമ്പലവാസി - നായര്‍ ഗൃഹങ്ങളില്‍ "അമ്പലക്കാള"യെപ്പോലെ (വി ടിയോട് കടപ്പാട്) സംബന്ധം ആഘോഷിച്ചു നടന്നിരുന്ന അപ്ഫന്മാര്‍ , ഏകപത്നീ വ്രതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങിയപ്പോള്‍ , സ്വഗൃഹത്തിലെ ദാമ്പത്യത്തിന്റെ അതിരുകള്‍ക്കുള്ളിലായപ്പോള്‍ പുതിയ ജീവിതക്രമം അഥവാ ലൈംഗികക്രമം അവരെ വീണ്ടും അതൃപ്തരും അസ്വസ്ഥരുമാക്കുകയായിരുന്നു എന്ന് വി കെ എന്‍ സൂചിപ്പിക്കുന്നു. നവോത്ഥാനമൂല്യങ്ങളെ പിറകോട്ടടിക്കുന്ന, ചരിത്രം പകച്ചുനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കഥ അവസാനിക്കുന്നത്. രണ്ട് അപ്ഫന്‍ നമ്പൂതിരിമാരുടെ സംഭാഷണത്തിലൂടെ ഈ സന്ദര്‍ഭത്തെ വി കെ എന്‍ സൃഷ്ടിക്കുന്നു. "അതിന് ഒരു വസ്തു പിടിയില്ല" എന്നാണ് തന്റെ പത്നിയെക്കുറിച്ച് ഒരു അപ്ഫന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍ . ശാരീരികാവശ്യത്തിനപ്പുറം സ്നേഹാധിഷ്ഠിതമായി പത്നിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു. - കിടക്കദോഷത്തിന് മറ്റേ "അഹത്തുള്ളാള്‍" ധാരാളം വേണം! -കള്‍സ്? -അല്ല. -പിന്നെ? -റാക്ക് ഓണ്‍ ദ റോക്സ് വെള്ളം തൊടാതെയുള്ള ഈ ലഹരിയുടെ അടിസ്ഥാനത്തിലാണ് അപ്ഫന്‍ നമ്പൂതിരിയുടെ ദാമ്പത്യം നിലനില്‍ക്കുന്നത്. അങ്ങനെ അഹത്തുള്ളാളെ കീഴടക്കാന്‍ "അഹത്തുള്ളാള്‍" (അകത്തുള്ളാള്‍ - മദ്യം എന്നു വ്യംഗ്യം) വേണമെന്ന തലത്തിലേക്ക് കഥ മാറുന്നു. കഥാശീര്‍ഷത്തിന്റെ അര്‍ഥം വീണ്ടും മറ്റൊന്നാവുന്നു.

ഒരു സമുദായം ചരിത്രത്തിലൂടെ നടന്നുനീങ്ങി പരീക്ഷണങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷം എത്തിച്ചേര്‍ന്ന സ്ഥിതിവിശേഷത്തെയാണ് കഥ അനാവരണം ചെയ്യുന്നത്. വെള്ളം തേടിയുള്ള യാത്രയില്‍ ആരംഭിക്കുന്ന കഥ "വെള്ള"ത്തില്‍ അവസാനിക്കുന്നതും ശ്രദ്ധേയം. സ്വാഭാവികതയില്‍നിന്ന് അസ്വാഭാവികതയിലേക്കുള്ള മാറ്റം വി കെ എന്‍ കഥകളുടെ സാമാന്യ സ്വഭാവം കൂടിയാണ്. നമ്പൂതിരിമാര്‍ക്ക് സ്വസമുദായ വിവാഹം അനുവദനീയമായതിനെ തുടര്‍ന്നുള്ള കാലത്തിന്റെ ചിത്രവും ഈ കഥയിലുണ്ട്. അവസാന സംഭാഷണം നമ്പൂതിരി ഫലിതമായും വായിക്കാം. ആ അപ്ഫന്‍മാരില്‍ വി കെ എന്‍ ഒളിഞ്ഞിരിക്കുന്നു. ഈ നിലയ്ക്കുള്ള ഒരു "നവോത്ഥാനം" കൂടി സമുദായത്തില്‍ സാധ്യമായിട്ടുണ്ട് എന്ന ഫലിതധ്വനിയും കഥയില്‍ വായിക്കാം.

നമ്പൂതിരി പരിഷ്കരണ കാലഘട്ടത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥ എന്ന നിലയ്ക്കും "അഹത്തുള്ളാള്‍" പ്രസക്തമാണ്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വി കെ എന്‍ ഈ കഥ എഴുതുന്നത്. ഒരു കാലഘട്ടം മൗനിയായിരുന്ന അദ്ദേഹം തിരിച്ചുവരവില്‍ എഴുതിയ ഗംഭീര കഥകളില്‍ ഒന്നാണ് "അഹത്തുള്ളാള്‍". സ്മാര്‍ത്തവിചാരത്തിന്റെ നൂറുവര്‍ഷം ആഘോഷിച്ച സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെച്ചു വായിക്കേണ്ടിയിരുന്ന കഥ. "അഹത്തുള്ളാളി"ല്‍ രണ്ടു കാലങ്ങളുടെ ഏകോപനമുണ്ട്. ഒരു പോരാട്ടകാലത്തെ ഇങ്ങനെ നര്‍മത്തോടെ നോക്കിക്കാണാന്‍ വി കെ എന്നിനേ കഴിയൂ. ചരിത്രത്തിനു മുകളില്‍ കയറിനിന്ന് വി കെ എന്‍ വര്‍ത്തമാനം പറയുന്നു. നമ്പൂതിരി നവോത്ഥാന ചരിത്രപശ്ചാത്തലത്തിനു നേരെ നോക്കി വി കെ എന്‍ ചിരിക്കുന്നു. ഈ ചിരിയുടെ അലകളാണ് "അഹത്തുള്ളാളി"ല്‍ മുഴങ്ങുന്നത്. മലയാളകഥയില്‍ മറ്റാര്‍ക്കും സാധിക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ . ചരിത്രത്തിന്റെ സാധുത അടര്‍ത്തിയെടുക്കാനാവാത്തവിധം ലയിപ്പിച്ചുകൊണ്ടുതന്നെ വി കെ എന്‍ ചരിത്രത്തെ അപനിര്‍മിക്കുന്നു. നമ്പൂതിരി സ്ത്രീവിമോചനം എന്ന ആശയംതന്നെ എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു എന്ന നോക്കിക്കാണലിനും ഈ കഥ സാധ്യതകള്‍ ഒരുക്കുന്നുണ്ട്.

*
ജ്യോതിക ദേശാഭിമാനി വാരിക 03 ജൂലൈ 2011

Thursday, June 30, 2011

പയ്യന്റെ തണലില്‍

ഹെമിങ്വേയും വി കെ എന്നും തമ്മില്‍ ശൈലിയുടെ കാര്യത്തില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടോ? ചോദ്യം എന്റേതാണ്. വി കെ എന്‍ ഏറെ ആദരിക്കുന്ന എഴുത്തുകാരനാണ് ഹെമിങ്വേ എന്നെനിക്കറിയാം. ഹെമിങ്വേയുടെ ശൈലീഗാംഭീര്യത്തെപ്പറ്റി, ഭാഷയുടെ ചടുതലയെയും താളാത്മകതയെയുംപറ്റി, ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി അദ്ദേഹം ടൈമും ന്യൂസ്വീക്കും നോക്കിയിരുന്നതിനെപ്പറ്റി വി കെ എന്‍ കുറച്ചു മുന്‍പാണ് സംസാരിച്ചത്. ഇത് മനസ്സില്‍ വച്ചുകൊണ്ടായിരുന്നു എന്റെ ഈ കുസൃതിച്ചോദ്യം. കേരള സാഹിത്യ അക്കാദമി 1980കളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ യുവസാഹിത്യകാരന്മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പാണ് രംഗം. ക്യാമ്പിലെ മുഖ്യ ആകര്‍ഷണം വി കെ എന്‍ ആയിരുന്നു. അപ്രതീക്ഷിതമായിരുന്നു എന്റെ ചോദ്യം. വി കെ എന്‍ എന്നെ നോക്കി, സാകൂതം. എന്നിട്ട് ഒരു മറുചോദ്യം:

"എന്താ ഇപ്പം അങ്ങനെ നിരീക്കാന്‍ ?"

ഞാന്‍ വിശദീകരിച്ചു. ഞങ്ങളില്‍ പലരെയും ലഹരി പിടിപ്പിച്ച ഒരു വി കെ എന്‍ പ്രയോഗമാണ് "ഉഗ്രന്‍". ഹെമിങ്വേയുടെ "ഫെയര്‍വെല്‍ ടു ആംസി"ല്‍ യു ആര്‍ ഗ്രേറ്റ്, കേമന്‍ , കെങ്കേമന്‍ തുടങ്ങിയ സദൃശപ്രയോഗങ്ങള്‍ കാണാം. എങ്ങനെ വന്നു ഈ സാദൃശ്യം?

അതെനിക്കറിയില്ല. വി കെ എന്‍ പറഞ്ഞു: വാസ്തവത്തില്‍ അങ്ങേര്‍ക്ക് എന്നെ ഫോളോ ചെയ്യേണ്ട കാര്യമില്ല. അപ്പോപ്പിന്നെ ഞാന്‍ ഫോളോ ചെയ്തുവോ? പാം പറ. എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് തള്ളാം, കൊള്ളാം. പക്ഷേ, "പറഞ്ഞുപോകരുതിതു മറ്റൊന്നിന്റെ പകര്‍പ്പെന്നുമാത്രം".

സംവാദം കഴിഞ്ഞ്, ഉച്ചയൂണിന്റെ ഇടവേളയില്‍ വി കെ എന്‍ എന്നെ തേടിപ്പിടിച്ചു. എന്റെ ബയോഡാറ്റയും വായനാശീലങ്ങളും ചോര്‍ത്തിയെടുത്തു. അധികവായനക്കായി ഏതാനും പുസ്തകങ്ങളും പറഞ്ഞുതന്നു. ഹെമിങ്വേയെ കൂടുതല്‍ പഠിക്കാന്‍ നിര്‍ദേശിച്ചു. അത് "വണ്‍ട്രാക്ക്" വായന ആയാല്‍ പോരെന്നും ക്രോസ് റീഡിങ് വേണമെന്നും ഓര്‍മിപ്പിച്ചു. പില്‍ക്കാലത്ത് ഹെമിങ്വേയുടെ "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ" ഭാഷാന്തരം ചെയ്യാന്‍ എന്നെ തുണച്ചത് വി കെ എന്നിന്റെ ഈ ഉപദേശമായിരുന്നു. അക്കാദമിയില്‍ അന്ന് പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുകയായിരുന്നു ഞാന്‍ . വി കെ എന്നുമായുള്ള ബന്ധത്തിന് ശക്തി പകരാന്‍ ഈ ജോലി എന്നെ സഹായിച്ചു. വേദച്ചേച്ചി (വി കെ എന്നിന്റെ ഭാര്യ) യുടെ പിതാവിന്റെയും എന്റെ ഭാര്യ ഇന്ദിരയുടെയും ദേശം കാസര്‍കോടാണ് എന്നുള്ളതും ഈ ബന്ധത്തിന് ആക്കംകൂട്ടി.
വിചിത്രമായിരുന്നു വി കെ എന്നിന്റെ രീതികള്‍ . അവ വിശേഷാല്‍ പഠനം അര്‍ഹിക്കുന്നു. തെന്നാലിരാമനും തോലനും കുഞ്ചനുമെല്ലാം വി കെ എന്നില്‍ ഉള്ളടങ്ങിയിരിക്കുന്നു. വാക് സാമര്‍ഥ്യവും പാണ്ഡിത്യവും നിരീക്ഷണ വൈഭവവും തീക്ഷ്ണമായ വിമര്‍ശന വാസനയുമെല്ലാം ഒപ്പത്തിനൊപ്പം ചേര്‍ന്നിട്ടുള്ള അപൂര്‍വ ചേരുവ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, പയ്യന്‍ വി കെ എന്നിന്റെ "ട്രൂ കോപ്പി" അല്ലേ എന്ന്. നമ്പൂതിരിയുടെ പയ്യന്‍ ചിത്രങ്ങള്‍ ഈ തോന്നലിനെ ബലപ്പെടുത്തിയിട്ടുമുണ്ട്. കേരളത്തില്‍, വി കെ എന്‍ പയ്യന്‍ശൈലിയില്‍ വസ്ത്രങ്ങള്‍ അണിയാറില്ലെന്നേയുള്ളു. പയ്യന്റെ പല ശീലങ്ങളും പെരുമാറ്റങ്ങളും പ്രത്യേകതകളും വി കെ എന്‍ കൊണ്ടുനടക്കാറുള്ളതാണ്.

"ഞാന്‍ സ്വയം രസികനാണെന്നു മാത്രമല്ല, മറ്റുള്ളവരുടെ രസികത്വത്തിന് കാരണവും ഞാന്‍ തന്നെയാണ്" - ഷെയ്ക്സ്പിയറുടെ ഫോള്‍സ്റ്റാഫ് പറയുന്നു. ഒരു വിധത്തില്‍ ഇതുപോലെയാണ് പയ്യന്റെയും അവസ്ഥയെന്ന് കെ പി അപ്പന്‍ തന്റെ ലേഖനത്തില്‍ (ചിരിയുടെ ചുറ്റികപ്രയോഗം) സൂചിപ്പിക്കുന്നു. ഫലിതം സൃഷ്ടിക്കുന്നത് പയ്യനാണ്. ഫലിതത്തിന്റെ കാരണവും പയ്യന്‍ തന്നെ. പ്രമേയത്തിന്റെ അടിത്തട്ടിലും മുകള്‍ത്തട്ടിലും ഒരുപോലെ കളിച്ചുകൊണ്ടാണ് ഇതെല്ലാം വി കെ എന്‍ സൃഷ്ടിക്കുന്നതെന്ന് കെ പി അപ്പന്‍ തുടര്‍ന്നുപറയുന്നു. കളിക്കാരന്‍ പയ്യനാണെങ്കിലും കളിക്കുന്നത് വി കെ എന്‍ തന്നെ.

മുണ്ടിലും ഷര്‍ട്ടിലുമാണ് വി കെ എന്‍ അക്കാദമിയില്‍ പ്രവേശിക്കുക. ആദ്യകാലങ്ങളില്‍ തിരുവില്വാമല-തൃശൂര്‍ ബസ്സിലായിരുന്നു യാത്ര. പിന്നീടത് കാറിലാക്കി. മിക്കപ്പോഴും കൂട്ടിന് ഒരാളുണ്ടാവും. അക്കാദമിയിലെ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്റെ മുറിയിലേക്ക് വരും. കൂടെ ആരെങ്കിലും കാണും. കാക്കനാടനോ സി വി ശ്രീരാമനോ വി പി മുഹമ്മദോ അങ്ങനെ ആരെങ്കിലും. തുടര്‍ന്ന് സംഭാഷണങ്ങളുടെ പെരുമഴയായി, പൊട്ടിച്ചിരികളുടെ വര്‍ണപ്പകിട്ടായി. ചരിത്രവും രാഷ്ട്രീയവും സാഹിത്യവും സാമൂഹിക വിജ്ഞാനവും സമ്പദ്ശാസ്ത്രവും പരിസ്ഥിതിയും ടെക്നോളജിയും ജ്യോതിഷവും കമ്യൂണിസവും കാമശാസ്ത്രവും പാചകവിദ്യയുമെല്ലാം ആ ഭാഷണങ്ങളില്‍ സമ്മേളിച്ചുനില്‍ക്കുന്നതുകണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ട്. നല്ലൊരു എന്‍സൈക്ലോപീഡിയ തുറന്നുവച്ച അനുഭവമാണ് ആ സംഭാഷണങ്ങള്‍ എനിക്ക് സമ്മാനിച്ചിരുന്നത്. ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍, ഹോമര്‍, ഷെയ്ക്സ്പിയര്‍, കാളിദാസന്‍, കാറല്‍മാര്‍ക്സ്, ജയിംസ് തര്‍ബര്‍, ആര്‍തര്‍ മില്ലര്‍, ടെന്നസി വില്യംസ്, ജോണ്‍ ഗന്തര്‍, ഇബ്സന്‍, വാള്‍ട്ടര്‍ സ്കോട്ട്, മാക്കം മഗ്റിജ്, റിച്ചഡ് ആര്‍മര്‍, വാള്‍ട്ടര്‍ മിറ്റി, ഫ്രോയിഡ്, യുങ്, കെയ്ന്‍സ്, ഇ എം എസ്, എം എസ് സ്വാമിനാഥന്‍, ലിറ്റന്‍ സ്ട്രാച്ചി, ടോയന്‍ബി, മാര്‍ക്ട്വയിന്‍, കര്‍ട്ട്വോണ്‍ഗട്ട്, വനഫൂല്‍, സാര്‍ത്ര്, ഹെമിങ്വേ, കാഫ്ക, കാമു, എലിയറ്റ് തുടങ്ങി പ്രശസ്തരുടെ ഒരു വന്‍ നിരതന്നെ ആ സംഭാഷണങ്ങളില്‍ കയറിയിറങ്ങും. ആ സംഭാഷണം ചിലപ്പോള്‍ അവരുടെ പുസ്തകങ്ങളിലേക്കും മറ്റു ചിലപ്പോള്‍ അവരുടെ സ്വകാര്യജീവിതങ്ങളിലേക്കും നീളുന്നത് അത്ഭുതത്തോടെ ഞാന്‍ ശ്രദ്ധിച്ചിരുന്നിട്ടുണ്ട്.

എങ്ങനെയാണ് ഇത്രയധികം "ഇന്‍ഫര്‍മേഷന്‍" വി കെ എന്‍ കൈക്കലാക്കിയത്? ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ചിന്തകനുമായ മാല്‍ക്കം മഗ്റിജ് ചിത്രകാരി അമൃത ഷെര്‍ഗിലുമായി പ്രണയത്തിലാണ്ട കഥ, നൊബേല്‍ സമ്മാന സമര്‍പ്പണവേളയില്‍ ഹെമിങ്വേ സമ്മാനം വാങ്ങാന്‍ സ്റ്റോക്ഹോമില്‍ പോകാതെ ഹവാനയില്‍ ചൂണ്ടയിട്ടു നടന്ന കഥ, കൊളോണിയല്‍ കാലത്ത് ഇന്ത്യയിലെ ക്ഷാമത്തെ ലോഡ് ലിട്ടന്‍ എന്ന വൈസ്രോയി പരിഹരിച്ച കഥ, കാളിദാസന്‍ ഭോജരാജന്റെ സന്നിധിയില്‍ ചെന്ന് ശ്ലോകം കാഴ്ചവച്ച് ശാപ്പാടും വരാഹനും തരപ്പെടുത്തിയ കഥ, ബ്രിട്ടനിലേയും അമേരിക്കയിലേയും രാഷ്ട്രത്തലവന്മാര്‍ ലോകമഹായുദ്ധ വേളയില്‍ കപ്പല്‍ യാത്രയ്ക്കിടയില്‍ സന്ധിച്ച കഥ, കല്പാത്തിയിലെ ബ്രാഹ്മണരില്‍ ചിലര്‍ രണ്ടാംലോക യുദ്ധകാലത്ത് ജര്‍മന്‍ പഠിക്കാന്‍ മിനക്കെട്ട കഥ അങ്ങനെ എത്രയോ കഥകള്‍ അക്കാദമിയിലെ ആ മുറിയില്‍വച്ച് കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പലതും ഞാന്‍ കുറിച്ചുവച്ചിട്ടുണ്ട്.
ഒരിക്കല്‍ കാളിദാസന്റെ ഭാവനയെപ്പറ്റി പറഞ്ഞത് ഓര്‍ക്കുന്നു. "കുമാരസംഭവത്തില്‍ കഷ്ടിച്ച് 96 ശ്ലോകങ്ങളേ ഉള്ളൂ. നായകന് പേര് പോലുമില്ല. ഏതോ ഒരു ജനാര്‍ദനന്‍നായര്‍ രാവിലെ എണീറ്റപ്പോള്‍ ഒരു ഉളുക്ക് തോന്നി. കശ്ചിത് കാന്താ... എന്നു തുടങ്ങുന്ന ശ്ലോകന്‍! ഒടുവില്‍ പാര്‍വതിയുടെ മേല്‍ പതിച്ച ആദ്യത്തെ മഴത്തുള്ളിയുടെ കഥ നോക്കുക. അത് നെറ്റിയിലും കണ്ണിലും ചുണ്ടിലും ഹാജരായ ശേഷം മുലകളില്‍ കയറി ചുറ്റും നോക്കി ട്രാഫിക് പൊലീസുകാരനെപ്പോലെ തിരിഞ്ഞ് നാഭിയില്‍ ചെന്നു പതിക്കുകയാണ്". ഇതാണ് ഭാവന.

ഇക്കാര്യം വി കെ എന്‍ വിവരിച്ചപ്പോള്‍ പണ്ട് എം എ ക്ലാസില്‍ ഇതേ ഭാവനയെ ഞാന്‍ ചോദ്യം ചെയ്ത കാര്യം വി കെ എന്നിനോട് പറഞ്ഞു. പിഷാരടി മാഷായിരുന്നു കുമാരസംഭവം പഠിപ്പിച്ചിരുന്നത്. മഴത്തുള്ളി മൂര്‍ധാവില്‍നിന്ന് ഇമകളിലേക്കും അവിടെനിന്ന് അധരത്തിലേക്കും പിന്നെ സ്തനങ്ങളിലേക്കും തുടര്‍ന്നു നാഭിയിലേക്കും കോണോടുകോണ്‍ ചേര്‍ന്നു സഞ്ചരിക്കുന്നതെങ്ങനെ എന്നായിരുന്നു എന്റെ ചോദ്യം. അതിന് പിഷാരടി മാസ്റ്റര്‍ നല്കിയ ഉത്തരം "അരസികേഷു കവിത്വ നിവേദനം ശിരസി മാലിഖ മാ ലിഖ" എന്നായിരുന്നു. പിഷാരടി മാസ്റ്ററെയും കവച്ചുവയ്ക്കുന്നതായിരുന്നു വി കെ എന്നിന്റെ പ്രതികരണം: ഭാഷയും സാഹിത്യവും അന്യംനിന്നുപോകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല! സംഭാഷണം ഇങ്ങനെ "കൊടുത്തും വാങ്ങിയും" മുന്നേറുന്നതിനിടയിലാവും ചില "വിശേഷാല്‍പ്പരുന്തു"കളുടെ വരവ്. വി കെ എന്നിനെ സല്‍ക്കരിക്കാനുള്ള തയാറെടുപ്പുമായാണ് അവരുടെ വരവ്. ടൗണിലെ ഏതെങ്കിലും ഹോട്ടല്‍മുറിയിലാകും മേളനം. ഭക്ഷണം, സുരാപാനം. ഭക്ഷണകാര്യത്തില്‍ പയ്യനും വികെ എന്നും സമാന മനസ്കര്‍ ആണ്. "പട്ടുപോലത്തെ കോഴി"യും "ആമ്പല്‍പ്പൂ പോലത്തെ ഇഡ്ഡലി"യും ഇരുവരുടെയും വീക്ക്നെസ് ആണ്. തീറ്റസാധനങ്ങള്‍ കാണുമ്പോഴല്ല, പയ്യന്‍ തിന്നുന്നത് കാണുമ്പോഴാണ് വായില്‍ വെള്ളമൂറുക എന്ന് "ലഞ്ച്" എന്ന കഥയില്‍ ഒരു പരാമര്‍ശമുണ്ട്. ഇത് വി കെ എന്നിനും ചാര്‍ത്തിക്കൊടുക്കാവുന്ന ബഹുമതിയാണ്.

ഒരിക്കല്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വച്ച് ഭക്ഷണത്തോടൊപ്പം കത്തിയും മുള്ളും നല്കിയപ്പോള്‍ അതൊക്കെ മാറ്റിവച്ച് വി കെ എന്‍ കൈവിരലുകള്‍ ഉപയോഗിച്ച് കൃത്യം അതീവ സുന്ദരമായി നിര്‍വഹിച്ച കഥ കേട്ടിട്ടുണ്ട്. വി കെ എന്നിന്റെ കൂസലില്ലായ്മ കണ്ട് ഹോട്ടല്‍ മാനേജര്‍ ലീവില്‍ പോയി എന്നാണ് കഥാന്തരം.

മദ്യപാനത്തിന്റെ കാര്യത്തില്‍ വി കെ എന്നിന് സമയവും സന്ദര്‍ഭവുമൊന്നും പ്രശ്നമല്ല. രാത്രിയായാലും രാവിലെയായാലും മദ്യപിക്കാന്‍ ഒരു സങ്കോചവുമില്ല. മദ്യപിച്ചാല്‍ സ്വഭാവപരിണാമം വന്ന് വി കെ എന്‍ മറ്റൊരു വ്യക്തിയായിത്തീരും. ഈ വേളയില്‍ വി കെ എന്നിനെ നിയന്ത്രിക്കുന്നത് മദ്യമാണ്. ബഹളം വയ്പിക്കുന്നതും ചാത്തന്‍സിന്റെ ഭാഷണങ്ങള്‍ ഉറക്കെ പറയിക്കുന്നതും ഗ്ലാസും മറ്റും എറിഞ്ഞുടയ്ക്കുന്നതും മറ്റു "വേണ്ടാതീനങ്ങള്‍" ചെയ്യിക്കുന്നതുമെല്ലാം മദ്യത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. മദ്യപിക്കാത്ത സന്ദര്‍ഭങ്ങളില്‍ വി കെ എന്നിനെപ്പോലെ സ്നേഹസൗശീല്യങ്ങള്‍ കാട്ടുന്ന വ്യക്തികള്‍ അപൂര്‍വമായിരിക്കും. വി കെ എന്നിന്റെ ചുണ്ടിലെ നേര്‍ത്ത ചിരി കണ്ടാല്‍ മതി കാണുന്നവരുടെ ഉള്ളിലെ പ്രശ്നങ്ങളെല്ലാം നൊടിയിടെ അപ്രത്യക്ഷമാകും.

വി കെ എന്‍ അക്കാദമി ഗസ്റ്റ് ഹൗസില്‍ തങ്ങിയിരുന്ന ഒരു ദിനം ഞാനോര്‍ക്കുന്നു. ഇന്റര്‍കോമില്‍ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ജീവനക്കാര്‍ വരുന്നതേയുള്ളു. വി കെ എന്‍ താഴേയ്ക്കിറങ്ങി നേരെ അഡ്മിനിസ്ട്രേറ്റീവ് റൂമില്‍ ചെന്നു. അവിടെ ലുങ്കി വേഷധാരിയായ ഒരു മധ്യവയസ്കന്‍ നിന്നുകൊണ്ട് ഫോണ്‍ ചെയ്യുന്നു. വി കെ എന്‍ അയാളോട് നിര്‍ദേശിച്ചു: "ബ്രിങ് മി വണ്‍ സോഡാ". അയാള്‍ കാര്യമറിയാതെ അമ്പരന്നുനില്‍ക്കെ വി കെ എന്‍ അക്ഷമനായി അലറി: "ഐ ടോള്‍ഡ് യു ടു ബ്രിങ് മി വണ്‍ സോഡാ". ആ മനുഷ്യന്‍ റസീവറും താഴെയിട്ട് പ്രാണനുംകൊണ്ട് ഓടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നീടയാളെ കണ്ടത് വി കെ എന്നുമായി ഹസ്തദാനം ചെയ്യുന്നതും വി കെ എന്നുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്നതുമായ നിലയിലാണ്, ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക്. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ആന്ധ്രയില്‍നിന്നെത്തിയ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു അയാള്‍ , ഐ എ എസ്സുകാരന്‍!

ഇങ്ങനെ എത്രയോ സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ അക്കാദമിയിലെ ജീവിതം എന്നെ തുണച്ചിട്ടുണ്ട്. പക്ഷേ എന്നെ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. അത് വി കെ എന്നിന് ഇംഗ്ലീഷ് സാഹിത്യത്തിലും ഭാഷയിലുമുള്ള അവഗാഹമാണ്. അക്കാദമിയുടെ വൈസ്പ്രസിഡന്റ് ആയിരിക്കെ അക്കാദമിയുടെ ഇംഗ്ലീഷ് ആനുകാലികമായ "മലയാളം ലിറ്ററി സര്‍വേ"യുടെ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ ആയും വി കെ എന്‍ നിയോഗിക്കപ്പെട്ടു. അക്കാദമി പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് എനിക്ക് വി കെ എന്നുമായി കൂടുതല്‍ ഇടപഴകാന്‍ ഇതവസരം നല്കി. മാസികയിലേക്ക് അയച്ചുകിട്ടിയ രചനകളുമായി ഞാന്‍ പലപ്പോഴും തിരുവില്വാമലയില്‍ ചെല്ലും. ആദ്യത്തെ തവണ ചെന്നപ്പോള്‍ വി കെ എന്‍ പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിക്കുകയാണ് ചെയ്തത്. വി കെ എന്‍ പറഞ്ഞു:

"പ്രഭാകരന്‍ , എന്റെ ഇംഗ്ലീഷ് ഇവിടത്തെ ചില പ്രൊഫസര്‍മാരുടെ ഇംഗ്ലീഷല്ല ട്ടോ, ഒരുമാതിരി "നോട്ടിനഫ്" ഇംഗ്ലീഷല്ലെന്നര്‍ഥം".

"അതെന്താ?"

എനിക്കു മനസിലായില്ല. വി കെ എന്‍ വ്യക്തമാക്കി:

"പണ്ടൊരു ഇംഗ്ലീഷ് പ്രൊഫസര്‍ വള്ളത്തോളിന്റെ പോരാ പോരാ നാളില്‍ നാളില്‍ ഇങ്കിരീസിലാക്കിയത് അങ്ങനെയാണ് -
"നോട്ട് ഇനഫ്, നോട്ട് ഇനഫ്, ഡേ ബൈ ഡേ, ഡേ ബൈ ഡേ..."

ഇത്തരം ഇംഗ്ലീഷ് എനിക്ക് വശമില്ല ട്ടോ".

ഭാഷ എന്താണെന്നും എന്തിനുവേണ്ടിയാണെന്നും എങ്ങനെയായിരിക്കണമെന്നുമുള്ള പാഠത്തിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു വി കെ എന്‍ . ഞാന്‍ ഒരു പഠിതാവായി വി കെ എന്നിന്റെ മുന്നിലിരിക്കും. സര്‍വേയിലേക്കുള്ള മാറ്റര്‍ ഒന്നൊന്നായി രണ്ടുപേരും കൂടി പരിശോധിക്കും. ചിലത് ഉറക്കെ വായിക്കാന്‍ പറയും. മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. ചിലപ്പോള്‍ വാക്കുകളിലുടെ, വരികളിലൂടെ, ഖണ്ഡികകളിലൂടെ, പുറങ്ങളിലൂടെ വി കെ എന്നിന്റെ പേന സഞ്ചരിക്കും. യുദ്ധരംഗം പോലിരിക്കും വി കെ എന്നിന്റെ പേനയോട്ടം നടന്ന പല പേജുകളും. എഡിറ്റിങ്ങും വെട്ടും തിരുത്തുമെല്ലാം അനായാസം നിര്‍വഹിക്കും. മുന്നിലുള്ള പെന്‍ഗ്വിന്‍ ഡിക്ഷ്ണറിയില്‍ ഇടയ്ക്ക് നോക്കും. She attained puberty എന്ന വാചകത്തിന്റെ സ്ഥാനത്ത് She flowered എന്നെഴുതിയതോര്‍ക്കുന്നു.

ഈ പരിശോധനയ്ക്കിടയില്‍ വേദച്ചേച്ചി കാപ്പി തരും, ഊണിന്റെ സമയമായാല്‍ ഊണ് തരും. വൈകുന്നേരമായാല്‍ ഞാന്‍ തൃശൂരിലേക്ക് തിരിക്കും. ഇത്തരം പരിശോധനാവേളയിലാണ് ഒരു ദിവസം വി കെ എന്നിന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ ഗുട്ടന്‍സിനെപ്പറ്റി ചോദിച്ചറിഞ്ഞത്.
"ഒരു ഗുട്ടന്‍സുമില്ല, വിദ്യാഭ്യാസം കാര്യമായിട്ടൊന്നുമില്ലെങ്കിലും ഹിന്ദുവൊക്കെ വായിക്കും. അതുപോലുള്ള മറ്റു പലതും. എന്നാല്‍ മദ്രാസ് മൂര്‍ മാര്‍ക്കറ്റില്‍നിന്ന് "പഞ്ച്" വാരികയുടെ പത്തു റാത്തല്‍ പഴയ ലക്കങ്ങള്‍ വാങ്ങി വായിച്ചപ്പോഴാണ് വലിയ വഴിത്തിരിവുണ്ടായത്. അന്നുവരെ മനസ്സിലാക്കിയതൊന്നും ഇംഗ്ലീഷല്ലെന്നു തിരിച്ചറിഞ്ഞു. ഡല്‍ഹിക്കുപോയ ശേഷം ഡിക്കന്‍സും ബ്രിട്ടീഷ്സാഹിത്യവുമൊക്കെ വായിച്ചു. ഷെയ്ക്സ്പിയറും വായിച്ചു. ഇംഗ്ലീഷ് വായിക്കുന്നവരായിരുന്നു ചുറ്റും. ഇന്ത്യനും വിദേശിയുമായി. അങ്ങനെ ഇംഗ്ലീഷ് ശരിയായി. 1947ല്‍ ഞാന്‍ ശങ്കേഴ്സ് വീക്കിലിയില്‍ എഴുതിത്തുടങ്ങിയതാണ്. ഇംഗ്ലീഷ് വായിച്ചിട്ടാണ് ഞാന്‍ മലയാളം പ്രയോഗിക്കാന്‍ പഠിച്ചത്. ഇംഗ്ലീഷില്‍ സമാന്തരമായ ശൈലികള്‍ കണ്ടെത്താനും ശ്രമിച്ചു. രണ്ടു നോവലും കുറെ കഥകളും ഇംഗ്ലീഷില്‍ ആക്കിയിട്ടുണ്ട്. ഞാന്‍ ലണ്ടനിലോ മറ്റോ ആണ് ജനിച്ചിരുന്നതെങ്കില്‍ പണം വാരിക്കൂട്ടിയേനെ"- വി കെ എന്‍ പറഞ്ഞു.

സ്ക്രിപ്റ്റ് പരിശോധനക്കിടയില്‍ നടന്ന രസകരമായ ഒരു സംഭവം ഓര്‍ക്കുന്നു. ഏതോ ഒരു ലക്കത്തിലേക്കുള്ള മാറ്റര്‍ തട്ടിക്കൂട്ടിയശേഷം അതില്‍നിന്ന് ഒരു കവിത വി കെ എന്‍ മാറ്റിവച്ചു. ബാക്കിയെല്ലാം പ്രസ്സിലേക്ക് പോയ്ക്കോട്ടെ. ഈ കവിത രണ്ടു ദിവസത്തിനകം അയച്ചുതരാം-വി കെ എന്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കവിത തപാലില്‍ വന്നു. കൂടെ വി കെ എന്നിന്റെ ഒരു കത്തും:

"പ്രഭാകരന്‍ , ........ ന്റെ തീട്ടം കറകളഞ്ഞ് ദുര്‍ഗന്ധമകറ്റി ഇതോടൊപ്പം അയക്കുന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക".

ഞാന്‍ അപ്രകാരം ചെയ്തു. ആ ലക്കം സര്‍വേയില്‍ അതുള്‍പ്പെടുത്തി. കവി തന്നെ പരിഭാഷപ്പെടുത്തിയ കവിതയായിരുന്നു. ലക്കം പുറത്തുവന്നതില്‍ പിന്നെ ഒരു പൊതുചടങ്ങില്‍വച്ച് പ്രസ്തുത കവി എന്നെ കണ്ടു പരിഭവം പറഞ്ഞു: ഞാന്‍ എഴുതിയ മാതിരിയൊന്നുമല്ല, കുറെ മാറ്റങ്ങളൊക്കെ വരുത്തി അല്ലേ? ഞാന്‍ ചിരിച്ചു. വി കെ എന്‍ ചെയ്തത് കവിതയുടെ പേരും കവിയുടെ പേരും ഒഴികെ ബാക്കിയെല്ലാം മാറ്റിയെഴുതുകയായിരുന്നു! ഫലത്തില്‍ അതൊരു "വി കെ എന്‍ കവിത" ആയിരുന്നു.

ഇത്തരം യാത്രയ്ക്കിടയില്‍ ഒരിക്കല്‍ വേദച്ചേച്ചിയുടെ നിര്‍ബന്ധപ്രകാരം ഞാന്‍ ഭാര്യ ഇന്ദിരയെയും മകന്‍ സൂര്യനെയും കൂട്ടി തിരുവില്വാമലയില്‍ ചെന്നതും മറ്റും ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. വി കെ എന്നിന്റെ മകന്‍ ബാലചന്ദ്രനുവേണ്ടി കാസര്‍കോട് ഭാഗത്തുനിന്ന് വധുവിനെ കണ്ടെത്താന്‍ നിര്‍ദേശിച്ചതും ജാതകക്കുറിപ്പ് അയച്ചുതന്നതും ഓര്‍മയുണ്ട്. പക്ഷേ ആ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അക്കാദമിയുടെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചെങ്കിലും വി കെ എന്നുമായുള്ള ബന്ധം തുടര്‍ന്നു. മിക്കവാറും ദിവസങ്ങളില്‍ വി കെ എന്‍ ഫോണ്‍ ചെയ്യും. അത് പുതിയൊരു കഥയെയോ ആശയത്തെയോ പുസ്തകത്തെയോ പറ്റി പറയാനായിരിക്കും. ഈ വര്‍ഷത്തെ അവാര്‍ഡ് ഇന്ന വ്യക്തിക്ക് കിട്ടും എന്നു പ്രവചിക്കാനായിരിക്കും, (സാറ ടീച്ചര്‍ക്ക് കേന്ദ്ര അവാര്‍ഡ് കിട്ടുമെന്ന കാര്യം രണ്ടുമാസം മുന്നെ വി കെ എന്‍ എന്നോടു പറഞ്ഞിരുന്നു). പേരക്കുട്ടിയുടെ വിവാഹത്തിന് ക്ഷണിക്കാനായിരിക്കും, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും രാഷ്ട്രീയ ചലനങ്ങള്‍ ചൂണ്ടിക്കാട്ടാനായിരിക്കും, അല്ലെങ്കില്‍ ഏതെങ്കിലും ഒരെഴുത്തുകാരനെ പ്രസംഗത്തിനു കിട്ടാനായിരിക്കും. ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചുപറഞ്ഞു, മലയാളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരിയെ തിരുവില്വാമലയില്‍ ഒരു പരിപാടിക്ക് വേണമെന്ന്. ആ എഴുത്തുകാരി അക്കാദമിയില്‍ എത്തിയ ദിവസമായിരുന്നു അത്. ഞാന്‍ വി കെ എന്നിന്റെ ഫോണ്‍ അവര്‍ക്കു കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ വി കെ എന്‍ വീണ്ടും എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ആയമ്മയ്ക്ക് ഓവര്‍ലോഡ് പറ്റില്ലെന്ന്, അന്ന് വേറെയും ലോഡുണ്ടെന്ന്!

അക്കാലത്ത് തൃശൂരില്‍ കാസിനോ ഹോട്ടലില്‍വച്ച് ലയണ്‍സ് ക്ലബ്ബുകാരുടെ സമ്മേളനം ഉണ്ടായതുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ലയണ്‍സ് ക്ലബ്ബുകാര്‍ക്ക് വി കെ എന്നിനെ വേണം. അവര്‍ എന്റെ സഹായം തേടി. ഞാന്‍ പറഞ്ഞപ്പോള്‍ വി കെ എന്‍ സമ്മതിച്ചു. പക്ഷേ വേദച്ചേച്ചിക്ക് സമ്മതമല്ല. വി കെ എന്‍ മദ്യപിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതാണ്. പ്രഭാകരന്‍ കൂടെയുണ്ടാകുമെങ്കില്‍ , കുടിക്കില്ലെന്ന് ഉറപ്പുവരുത്താമെങ്കില്‍ അയയ്ക്കാം. ഞാന്‍ സമ്മതിച്ചു. വി കെ എന്നിന്റെ ലഘുപ്രസംഗവും തുടര്‍ന്നുള്ള ചോദ്യോത്തരവേളയും വി കെ എന്നിന്റെ പ്രത്യുത്പന്നമതിത്വവും എല്ലാംകൊണ്ട് പരിപാടി ഗംഭീരമായി. "വി കെ എന്നിന്റെ കാലശേഷം വി കെ എന്‍ ഓര്‍മിക്കപ്പെടുമോ" എന്ന ഒരു ചോദ്യം ആരോ ചോദിച്ചപ്പോള്‍ വി കെ എന്നിന്റെ ഉത്തരം ഇതായിരുന്നു: "പാംപറ".
പരിപാടിക്കുശേഷം ഭക്ഷണത്തിനും സുരാപാനത്തിനുമുള്ള ഏര്‍പ്പാടുകള്‍ സിംഹങ്ങള്‍ ഒരുക്കിയിരുന്നു. ചപ്പാത്തിയും ചിക്കനും സ്റ്റ്യുവും സലാഡും മേശപ്പുറത്ത് നിരന്നു. ഒപ്പം ബിയര്‍ക്കുപ്പികളും ഗ്ലാസും. വി കെ എന്‍ എന്റെ മുഖത്തുനോക്കി. ഞാന്‍ പറഞ്ഞു: അരുത്, കഴിക്കരുത്. സദസ്സ് കുറച്ചുനേരം മൂകമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു: ഇതു ബിയറാണ്. ഇതു സ്ത്രീകള്‍ക്കുപോലും കഴിക്കാം. ഗോതമ്പു നീരല്ലേ. ഒരു കുഴപ്പവുമില്ല. വി കെ എന്‍ എന്റെ കരം ഗ്രഹിച്ചു. ദയനീയമായ നോട്ടം.
"പ്രഭാകരന്‍ , ഞാന്‍ കുടിക്കുന്നില്ല. പേരിന് ഒന്ന് ടേയ്സ്റ്റ് ചെയ്യുന്നതേയുള്ളു. ഏറിയാല്‍ ഒരു അര ഗ്ലാസ് ".

നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ഞാന്‍ സമ്മതിച്ചു. അര ഗ്ലാസ് ബീയര്‍ ഒരുപാട് സമയമെടുത്ത് വി കെ എന്‍ "സിപ്" ചെയ്തുകൊണ്ടിരുന്നു. അതിന്നിടയില്‍ , സമയം കുറെയായില്ലേ? തിരുവില്വാമല എത്തേണ്ടെ? ഡ്രൈവന്‍ എവിടെ? വി കെ എന്‍ അന്വേഷിച്ചു. ഞാന്‍ ഡ്രൈവനെ വിളിക്കാന്‍ പുറത്തേക്കു പോയി. ഡ്രൈവനോടൊപ്പം തിരിച്ചെത്തിയപ്പോള്‍ മേശപ്പുറത്തെ കുപ്പികളെല്ലാം ശൂന്യമായിരിക്കുന്നു. വി കെ എന്നിന്റെ മുഖഭാവവും ചലനങ്ങളും സംസാരവും ശ്ലോകങ്ങളും മറ്റും കേട്ടപ്പോള്‍ ആ കുപ്പികള്‍ സഞ്ചരിച്ച വഴി തെളിഞ്ഞു. വി കെ എന്‍ നല്ല ഫോമിലായിരുന്നു. അന്ന് എന്നെ കേരളവര്‍മ കോളേജ് റോഡിലുള്ള എന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷമാണ്, രാത്രി 11 മണിക്ക്, വി കെ എന്‍ തിരുവില്വാമലയ്ക്ക് പുറപ്പെട്ടത്. പിറ്റേന്നു രാവിലെ ഫോണില്‍ വേദച്ചേച്ചിയുടെ ശബ്ദം. പ്രഭാകരന്‍ , കാര്യങ്ങള്‍ അസ്സലായി. നല്ല ആളുടെ കൂടെയാണ് അയച്ചത്. എനിക്ക് നല്കിയ ഉറപ്പ് പ്രഭാകരന്‍ മറന്നോ? എനിക്ക് വാക്കുകളില്ലായിരുന്നു.



*****


കടാങ്കോട് പ്രഭാകരന്‍, കടപ്പാട്:ദേശാഭിമാനി വാരിക

ചരിത്രത്തിന്റെ അപനിര്‍മാണം

നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത്. ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ്. കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക-സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട്. വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത്. കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി. കേരള സാഹിത്യചരിത്രത്തില്‍ നമ്പൂതിരി പരിഷ്കരണകാല കൃതികള്‍ വേറിട്ട പഠനം അര്‍ഹിക്കുന്നുണ്ട്. അതിന് അനുബന്ധമായി വായിക്കാവുന്ന കഥയാണ് വി കെ എന്നിന്റെ "അഹത്തുള്ളാള്‍".

നമ്പൂതിരിമാരെ "ടൈപ്പ്" കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാധ്യതകള്‍ "ഇന്ദുലേഖ"യില്‍നിന്നുതന്നെ വായിച്ചുതുടങ്ങാം. വി കെ എന്‍ കഥകളില്‍ നമ്പൂതിരിയും ഹാജിയാരും ഇട്ടൂപ്പുമൊക്കെ ധാരാളം കടന്നുവരുന്നുണ്ട്. നമ്പൂതിരി നവോത്ഥാനകാലത്തെ, പുതിയകാല വായനയിലേക്ക് അന്വയിപ്പിക്കുന്ന കഥയാണ് "അഹത്തുള്ളാള്‍". പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ വി കെ എന്‍ ഉള്‍പ്പെടുത്തിയ കഥ. നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവ്, അവര്‍ ഇവിടെ വാസയോഗ്യമാക്കിയത്, സാമുദായിക ഘടനയിലെ പ്രത്യേകതകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെ അത്യന്തം ഹാസ്യോല്പാദനക്ഷമമായി അദ്ദേഹം എഴുതുന്നു.

വി കെ എന്നിന്റെ ചരിത്രബോധവും ചരിത്രത്തെ അപനിര്‍മിക്കുന്നതിലെ വൈഭവവും നര്‍മത്തിന്റെ തീക്ഷ്ണതയും വിമര്‍ശനത്തിലെ ധീരതയും ഒത്തുചേര്‍ന്ന കഥകൂടിയാണ് "അഹത്തുള്ളാള്‍". കഥയുടെ തലക്കെട്ടുതന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അകത്തുള്ളയാള്‍ ആണ് "അഹത്തുള്ളാള്‍". അകം കൊള്ളാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളാണവര്‍ . ഉള്ളിലുള്ള അവരുടെ "ഉള്ള്" കാണാന്‍ കഴിയാതെപോയ സമുദായത്തെയാണ് വി കെ എന്‍ പരിഹസിക്കുന്നത്. വ്യക്തിത്വത്തിന്റെ അക-പുറങ്ങള്‍ തമ്മിലുള്ള വൈരുധ്യംപോലെ പ്രസക്തമാണ് സമുദായത്തിന്റെ അക-പുറങ്ങളുടെ വൈരുധ്യവും. "അഹത്തുള്ളാള്‍" അഹത്തില്‍ - ഞാന്‍ എന്ന സ്വത്വത്തില്‍ - ഉള്ളടങ്ങിയ ആളുമാകാം.

തന്നിലെ അക-പുറങ്ങള്‍ എത്രത്തോളം വൈരുധ്യം നിറഞ്ഞതാണെന്ന് അക്കാലത്തെ ഓരോ നമ്പൂതിരി ജനത്തെക്കൊണ്ടും ചിന്തിപ്പിക്കാന്‍ സാമുദായിക നവോത്ഥാനകാലത്തെ പരിവര്‍ത്തന യത്നങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അകത്തുള്ളാളെ പുറത്തിറക്കിക്കൊണ്ടുവരാനുള്ളവ കൂടിയായിരുന്നു ആ പരിശ്രമങ്ങള്‍ എന്നു കൂട്ടിവായിക്കുമ്പോഴാണ് "അഹത്തുള്ളാള്‍" എന്ന ചെറുകഥ മുന്നോട്ടു വെയ്ക്കുന്ന ചരിത്രപരമായ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാവുന്നത്. അകത്തളങ്ങളില്‍ അടയ്ക്കപ്പെട്ട അന്തര്‍ജനങ്ങളുടെ അതൃപ്തവും അസന്തുലിതവുമായ ജീവിത സാഹചര്യങ്ങള്‍ കുറിയേടത്തു താത്രിമാര്‍ക്കു ജന്മം നല്കിയ സാഹചര്യത്തില്‍, സാമുദായിക ശുദ്ധീകരണം എന്ന നിലയ്ക്ക് നടന്ന പരിവര്‍ത്തന യത്നങ്ങളുടെ പരിണിതഫലമെന്തായി എന്നും അവ ഇന്നെവിടെയെത്തിനില്ക്കുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ഈ കഥ ഉന്നയിക്കുന്നത്.

നവോത്ഥാനകാല ചരിത്രത്തിന്റെ ബാക്കിപത്രമാവുന്ന കഥ ചരിത്രത്തെത്തന്നെ അപനിര്‍മിക്കുന്നു. ചരിത്രത്തിന്റെ പുനര്‍നിര്‍മാണവും അപനിര്‍മാണവും ഏകകാലത്ത്-വര്‍ത്തമാനകാലാന്തരീക്ഷത്തില്‍- സമന്വയിപ്പിച്ചിടത്താണ് വി കെ എന്നിന്റെ ആഖ്യാനപാടവത്തിന്റെ കൈയടക്കം പ്രകടമാവുന്നത്. നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലവും ചരിത്രപശ്ചാത്തലവും എക്കാലത്തും തര്‍ക്കങ്ങളായി തുടരുന്ന ഒരു വസ്തുതയാണ്. ചരിത്രകാരന്മാര്‍ക്കുതന്നെ അതില്‍ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കെ, വളരെ ലളിതമായി വി കെ എന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത് നോക്കുക:

കഥയുടെ തുടക്കം ഇങ്ങനെയാണ്: "വെളളമുള്ളിടം തേടി ആന്ധ്രാപ്രദേശത്തെ റായലസീമയില്‍ നിന്നോ മറ്റോ ആറോ ഏഴോ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ എത്തിയവരാവണം നമ്പൂരിശ്ശന്മാര്‍ എന്ന് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം എന്നും ഞാന്‍ പാരായണം ചെയ്ത ചെമ്പോലയോ ശാസനമോ എന്താച്ചാല്‍ അത് എങ്ങെന്നും വിദഗ്ധര്‍ ചോദിച്ചാല്‍ തല്ക്കാലം ഓര്‍മയില്ല എന്നേ പറയാനുള്ളൂ" (എന്റെ പ്രിയപ്പെട്ട കഥകള്‍ വി കെ എന്‍ ഡി സി ബുക്സ് പുറം 67-68). ചെമ്പോലയും ശാസനങ്ങളും ഉപാദാനങ്ങളാക്കിയുള്ള ചരിത്രനിര്‍മിതിക്കുനേരെയുള്ള വിമര്‍ശനമാണ് വി കെ എന്‍ ആദ്യം സാധിക്കുന്നത്. "നമ്പൂരിശ്ശന്മാര്‍" എന്നതിലെ പരിഹാസവും ശ്രദ്ധേയമാണ്.

"ചൂടിന്റെ അഗ്നിപര്‍വതമായ കഡപ്പ, കര്‍ണൂല്‍ , ആനന്ദപുരം എന്നിവിടങ്ങളില്‍ നിന്ന് തെലുങ്കുദേശത്തെ പട്ടന്മാര്‍ കിഴക്കന്‍ കടലോരത്ത് തെക്കു വടക്കാവും, "ദാഹജലം തരുമോ" എന്നു പാടി ആദ്യം തെണ്ടിയിരിക്കുക" - ചൂടിന്റെ അഗ്നിപര്‍വതം എന്ന കല്പനയില്‍നിന്നുതന്നെ കാലാവസ്ഥയുടെ ഏകദേശ രൂപം കിട്ടുന്നു. "ദാഹജലം തരുമോ" എന്ന പാട്ടിന്റെ പശ്ചാത്തലം നാടകഗാനത്തെ ഓര്‍മിപ്പിക്കുന്നു. ഏഴു നൂറ്റാണ്ടിനു മുമ്പത്തെ ചരിത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകഗാനത്തിലേക്ക് വി കെ എന്‍ അന്വയിപ്പിച്ചു. അതുപോലെ ശ്രദ്ധേയമാണ് തെണ്ടിയിരിക്കുക, കണ്ടിരിക്കുക, നടന്നുതുടങ്ങിയിരിക്കുക, സമൂലം നശിപ്പിച്ചിരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ . ഇവയെല്ലാം ഊഹങ്ങള്‍ അഥവാ ഭാവന മാത്രമാണ്. ഇവയില്‍ വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം നന്നേ കുറവാണ്. "തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം" എന്ന ആദ്യഖണ്ഡികയില്‍ പരിഹാസം ഈ പദപ്രയോഗങ്ങളില്‍ ലീനധ്വനിയാവുന്നു. ചരിത്രം വെറും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണെന്നും ചെമ്പോലയും ശാസനങ്ങളെയും ഉപാദാനമാക്കുമ്പോഴും ചരിത്രം സാഹിത്യത്തെയും വെല്ലുന്ന ഭാവനാസൃഷ്ടിയാണെന്നും വി കെ എന്‍ കളിയാക്കുന്നു. "ഇങ്ങനെയൊക്കെയാവും ചരിത്രം ഉണ്ടായിരിക്കുക" എന്നൊരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ആശയം പൂര്‍ണമായി; പരിഹാസവും.

തുടര്‍ന്ന് "നടന്നുനീങ്ങിയ അവര്‍ അറബിക്കടല്‍ തീരത്തെത്തി." അവര്‍ ജാതി തിരിഞ്ഞതിനെ വി കെ എന്‍ നിരീക്ഷിക്കുന്നു. "ഹെഗ്ഡെ, എമ്പ്രാന്തിരി, ഭട്ട് എന്ന മട്ട് ഓരോ ജാതിയായി, പക്ഷേ പട്ടന്മാരായിത്തന്നെ കടലോരം വഴി തെക്കുനോക്കി നടന്നുതുടങ്ങിയിരിക്കുക, വടക്കുനോക്കി യന്ത്രത്തെ സമൂലം നശിപ്പിച്ചിരിക്കുക" - ഭട്ട് എന്ന മട്ട്, തെക്കുനോക്കി നടക്കുക എന്നതിനു സമാന്തരമായി വടക്കുനോക്കി യന്ത്രത്തെ വിന്യസിച്ചത്- ഇതെല്ലാം വി കെ എന്‍ തൂലികയില്‍ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന പ്രയോഗഭംഗികളാണ്.

"വന്ന വഴിയാകെ ഇല്ലങ്ങളും മനകളും പടുത്തുയര്‍ത്തി. അവയില്‍ പടുതിരി കത്തിച്ചു. വന്നുവന്ന് പൊന്നാനി അഴിമുഖത്തെത്തിയപ്പോള്‍ സഞ്ചാരസാഹിത്യം നിര്‍ത്തി. തങ്ങളുടെ കുലപതിയെ അവിടെ സ്ഥാപിച്ചു. ആശാനെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്നു വിളിച്ചുകൂവി. ഇതുകേട്ടാണ് ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലും എന്നു മഹാകവി ഉള്ളൂര്‍ പാടിയത്. മേല്പടിയാന്‍ അയ്യന്‍ അയ്യങ്കാളിയായത് കഴിഞ്ഞ നൂറ്റാണ്ടിലുമാണല്ലോ" - സഞ്ചാരസാഹിത്യം നിര്‍ത്തുക എന്നതിലാണ് വി കെ എന്‍ ശൈലിയുടെ ആഴം കാണാനാവുക. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചരിത്രത്തെ ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേക്കും തുടര്‍ന്ന് അയ്യങ്കാളിയുടെ സമരചരിത്രത്തിന്റെ പുതുവായനയിലേക്കും സംക്രമിപ്പിക്കുന്ന വി കെ എന്‍ "എഴുത്തുവിദ്യ" ഈ കഥയിലും കാണാം.

സവര്‍ണാധിപത്യാധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെ പൊരുതിയ അയ്യങ്കാളിയെ, ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍തന്നെ വി കെ എന്‍ കണ്ടെടുക്കുന്നു. അഥവാ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍ഗാമികള്‍ പില്ക്കാലത്ത് നടത്തിയ സാമുദായിക പരിഷ്കരണസമരവും അയ്യങ്കാളിയുടെ സമരവും ഒരേ നാണയത്തിന്റെ രണ്ട വശങ്ങളാണെന്നും അക-പുറങ്ങളുടെ പോരാട്ടമായിരുന്നെന്നും അകത്ത് (സമൂഹത്തിനകത്തും വീടിനകത്തും) അടയ്ക്കപ്പെട്ടവരുടെ പുറത്തിറങ്ങലാണെന്നും വി കെ എന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുമ്പോള്‍ , "അഹത്തുള്ളാള്‍" എന്ന കഥയ്ക്ക് സാമൂഹികവും ചരിത്രപരവുമായ പുതിയ മാനങ്ങള്‍ തെളിഞ്ഞുകിട്ടുന്നു.

തിരുവിതാംകൂറിലെത്തിയവര്‍ പോറ്റിമാരായ ചരിത്രത്തെതുടര്‍ന്ന് പൊന്നാനിപ്പരിസരം ചുറ്റി മതി കഥ എന്ന് കഥാകൃത്ത് നിശ്ചയിക്കുന്നു - "ജന്തുക്കളെ തലതൊട്ടെണ്ണിയപ്പോള്‍ പുരുഷന്മാര്‍ കമ്മിയും സ്ത്രീകള്‍ പെരുത്തും എന്നു കണ്ടു. മൂത്ത നമ്പൂതിരിക്ക് ഒരു സ്ത്രീ അഥവാ അന്തര്‍ജനം അഥവാ അകത്തുള്ളാള്‍. അഹത്തുള്ളാള്‍ എന്നു ഗ്രാമ്യം!! അപ്പോള്‍ അവര്‍ യോഗം ചേര്‍ന്ന് ഇങ്ങനെ നിയമം നിര്‍മിച്ചു - "ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വജാതിയില്‍ വേളി - ഇതെത്രയെങ്കിലുമാവാം. വേളി കഴിഞ്ഞാല്‍ സ്ത്രീ അഹത്തുള്ളോളായി. അനുജന്‍ നമ്പൂതിരിമാരെ അപ്ഫന്‍ എന്നു വിളിച്ചുപോന്നു. ഇവര്‍ക്ക് വിധിച്ചത് സംബന്ധം. ഇരവുപകല്‍ വാതിലടയ്ക്കാതെ നാടാകെ വിലസുന്ന അമ്പലവാസി - നായര്‍ വീടുകളില്‍!"

ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വസമുദായത്തില്‍നിന്നു വിവാഹം; അത് ഒന്നിലധികമാവാം എന്ന നില വന്നപ്പോള്‍ നമ്പൂതിരിമാരുടെ കുടുംബനില ഛിദ്രമായി. പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികവും എന്ന സാഹചര്യമായി. വാര്‍ധക്യത്തില്‍ വേട്ട നമ്പൂതിരിമാരുടെ മരണം ചെറുപ്പക്കാരികളായ അന്തര്‍ജനങ്ങളെ അകാല വിധവകളാക്കിയതിന്റെയും - വിധിവഞ്ചിതകള്‍ എന്നാണ് അക്കിത്തം ഒരു ലേഖനത്തില്‍ ഇവരെ വിലയിരുത്തുന്നത്- അവര്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണയച്ചതിന്റെയും ചരിത്രം വി കെ എന്‍ എഴുതുന്നുണ്ട്.

നമ്പൂതിരി സമുദായത്തില്‍ നടന്ന കൊടുംക്രൂരത എന്നു പറയാവുന്ന "സ്മാര്‍ത്തവിചാരം" കഥയില്‍ കടന്നുവരുന്നുണ്ട്. വിധവാവിവാഹത്തെക്കുറിച്ചുള്ള ആശയം അപ്ഫന്‍ നമ്പൂതിരിമാര്‍ പ്രായോഗികമായി പ്രയോജനപ്പെടുത്തിയതും കഥയില്‍ വായിക്കാം. സാമുദായിക പരിഷ്കരണത്തിന് വഴിവെച്ച സാഹചര്യത്തെ വി കെ എന്‍ ഫലിതമയമാക്കുന്നു. യാഥാര്‍ഥ്യത്തില്‍ ചാലിച്ച നര്‍മം. ചരിത്രം കഥയായി മാറുകയാണ്.

"എട്ടും ഒമ്പതും വേളി കഴിഞ്ഞ് തൊണ്ണൂറ് വയസെത്തിയ നമ്പൂതിരിമാര്‍ ചത്തുതുടങ്ങി. "അഹത്തുള്ളാള്‍"കള്‍ വിധവകളായി. ചാവിനനുപാതമായി ഇവരുടെ എണ്ണം പെരുകി. ശാരീരികാവശ്യത്തിന്റെ ആധിക്യത്താല്‍ ഇവളുമാര്‍ അസാരം നേരമ്പോക്ക് സംഘടിപ്പിച്ചു തുടങ്ങി. അപ്പോള്‍ തന്തനമ്പൂതിരിമാര്‍ സാധ്വികള്‍ക്ക് അടുക്കളദോഷം കല്പിച്ചു. അവര്‍ സാധനങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു. - "അടുക്കള ദോഷം" എന്നുപറഞ്ഞാല്‍ ചോറ് കൂടുതല്‍ വെന്തു, കൂട്ടാനില്‍ ഉപ്പ് പോരാതായി, സാധനം എന്നാല്‍ ഉലുവ, കടുക് തുടങ്ങിയ പലവ്യഞ്ജനം എന്നൊന്നുമല്ല അര്‍ഥം. അവിഹിതമായി നേരമ്പോക്ക് തരാക്കി എന്നാണ് സാരം. ഈ പശ്ചാത്തലത്തിലാണ് അപ്ഫന്‍ നമ്പൂതിരിമാര്‍ സംഘടിച്ചതും വൈധവ്യത്തിന്റെ സൗന്ദര്യമുള്ള, തന്ത നമ്പൂതിരി ചത്തുപോയി തനിച്ചുനില്ക്കുന്ന ഇവളുമാരെ കെട്ടിയാല്‍ മതിയല്ലോ എന്ന പുരോഗമനാശയം രൂപം കൊണ്ടതും. ഈ കുറുക്കുവഴി പ്രചരിപ്പിക്കാന്‍ ഇവന്മാര്‍ നാടെമ്പാടും നാടകവും കഥകളിയും അരങ്ങേറി. വിധവകള്‍ക്കും കാര്യം ബോധിച്ചു. ക്യൂ എന്ന അക്ഷരം, ഊഴം കാത്ത് ലൈനില്‍ നില്‍ക്കുന്ന സമ്പ്രദായം എന്നിവ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു പൂരത്തിലെ ജനക്കൂട്ടത്തെപ്പോലെ അപ്ഫന്‍ നമ്പൂതിരിമാര്‍ തിക്കിത്തിരക്കി മുന്നോട്ടാഞ്ഞു. അതേമാതിരി വിധവകള്‍ ഇങ്ങോട്ടും. എല്ലാവരും പരസ്പരം ചിലവായി".

"സാധ്വി"കള്‍ "സാധന"ങ്ങളായതിന്റെ സാമൂഹ്യ പശ്ചാത്തലം; നവോത്ഥാന ലക്ഷ്യത്തിന്റെ പ്രചാരണത്തിന് നാടകം ആയുധമാക്കിയത് തുടങ്ങിയ ചരിത്രവസ്തുതകളെ വി കെ എന്‍ കുറുക്കി എഴുതുന്നു. ഒപ്പം സ്മാര്‍ത്തവിചാരത്തെ അപഹസിക്കുകയും ചെയ്യുന്നു. "എല്ലാവരും പരസ്പരം ചിലവായി" എന്ന വാക്യത്തിനുണ്ടൊരു "വികെ എന്‍ ടച്ച്". നമ്പൂതിരി സാമുദായികക്രമത്തില്‍ ചെലവാകാതെ നിന്നിരുന്ന രണ്ടു വിഭാഗങ്ങളായിരുന്നു അപ്ഫന്മാരും വിധവകളും. ചെലവാകാതെ നിന്ന ഇവരെ പരസ്പരം ചെലവാക്കാന്‍ മാത്രമേ സാമുദായിക നവീകരണം മൂലം സാധിച്ചുള്ളൂ എന്നും, സാമുദായിക ശുദ്ധീകരണത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍, ഏറെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനകാല പരിഷ്കാരങ്ങള്‍ക്കായില്ലെന്നും ഇവിടെ വ്യംഗ്യപ്പെടുന്നു.

കഥയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു "ട്വിസ്റ്റ്" ഈ വ്യംഗ്യത്തെ സ്ഫുടമാക്കുന്നു. അപ്ഫന്‍മാരുടെ തുടര്‍ന്നുള്ള ചരിത്രം എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ആ ചരിത്രബാക്കി വി കെ എന്‍ പൂരിപ്പിക്കുന്നുണ്ട്. അമ്പലവാസി - നായര്‍ ഗൃഹങ്ങളില്‍ "അമ്പലക്കാള"യെപ്പോലെ (വി ടിയോട് കടപ്പാട്) സംബന്ധം ആഘോഷിച്ചു നടന്നിരുന്ന അപ്ഫന്മാര്‍, ഏകപത്നീ വ്രതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങിയപ്പോള്‍ , സ്വഗൃഹത്തിലെ ദാമ്പത്യത്തിന്റെ അതിരുകള്‍ക്കുള്ളിലായപ്പോള്‍ പുതിയ ജീവിതക്രമം അഥവാ ലൈംഗികക്രമം അവരെ വീണ്ടും അതൃപ്തരും അസ്വസ്ഥരുമാക്കുകയായിരുന്നു എന്ന് വി കെ എന്‍ സൂചിപ്പിക്കുന്നു.

നവോത്ഥാനമൂല്യങ്ങളെ പിറകോട്ടടിക്കുന്ന, ചരിത്രം പകച്ചുനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കഥ അവസാനിക്കുന്നത്. രണ്ട് അപ്ഫന്‍ നമ്പൂതിരിമാരുടെ സംഭാഷണത്തിലൂടെ ഈ സന്ദര്‍ഭത്തെ വി കെ എന്‍ സൃഷ്ടിക്കുന്നു.

"അതിന് ഒരു വസ്തു പിടിയില്ല" എന്നാണ് തന്റെ പത്നിയെക്കുറിച്ച് ഒരു അപ്ഫന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍ . ശാരീരികാവശ്യത്തിനപ്പുറം സ്നേഹാധിഷ്ഠിതമായി പത്നിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു.

- കിടക്കദോഷത്തിന് മറ്റേ "അഹത്തുള്ളാള്‍" ധാരാളം വേണം!

-കള്‍സ്?

-അല്ല.

-പിന്നെ?
-റാക്ക് ഓണ്‍ ദ റോക്സ്

വെള്ളം തൊടാതെയുള്ള ഈ ലഹരിയുടെ അടിസ്ഥാനത്തിലാണ് അപ്ഫന്‍ നമ്പൂതിരിയുടെ ദാമ്പത്യം നിലനില്‍ക്കുന്നത്. അങ്ങനെ അഹത്തുള്ളാളെ കീഴടക്കാന്‍ "അഹത്തുള്ളാള്‍" (അകത്തുള്ളാള്‍ - മദ്യം എന്നു വ്യംഗ്യം) വേണമെന്ന തലത്തിലേക്ക് കഥ മാറുന്നു. കഥാശീര്‍ഷത്തിന്റെ അര്‍ഥം വീണ്ടും മറ്റൊന്നാവുന്നു.

ഒരു സമുദായം ചരിത്രത്തിലൂടെ നടന്നുനീങ്ങി പരീക്ഷണങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷം എത്തിച്ചേര്‍ന്ന സ്ഥിതിവിശേഷത്തെയാണ് കഥ അനാവരണം ചെയ്യുന്നത്. വെള്ളം തേടിയുള്ള യാത്രയില്‍ ആരംഭിക്കുന്ന കഥ "വെള്ള"ത്തില്‍ അവസാനിക്കുന്നതും ശ്രദ്ധേയം.

സ്വാഭാവികതയില്‍നിന്ന് അസ്വാഭാവികതയിലേക്കുള്ള മാറ്റം വി കെ എന്‍ കഥകളുടെ സാമാന്യ സ്വഭാവം കൂടിയാണ്. നമ്പൂതിരിമാര്‍ക്ക് സ്വസമുദായ വിവാഹം അനുവദനീയമായതിനെ തുടര്‍ന്നുള്ള കാലത്തിന്റെ ചിത്രവും ഈ കഥയിലുണ്ട്. അവസാന സംഭാഷണം നമ്പൂതിരി ഫലിതമായും വായിക്കാം. ആ അപ്ഫന്‍മാരില്‍ വി കെ എന്‍ ഒളിഞ്ഞിരിക്കുന്നു. ഈ നിലയ്ക്കുള്ള ഒരു "നവോത്ഥാനം" കൂടി സമുദായത്തില്‍ സാധ്യമായിട്ടുണ്ട് എന്ന ഫലിതധ്വനിയും കഥയില്‍ വായിക്കാം.

നമ്പൂതിരി പരിഷ്കരണ കാലഘട്ടത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥ എന്ന നിലയ്ക്കും "അഹത്തുള്ളാള്‍" പ്രസക്തമാണ്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വി കെ എന്‍ ഈ കഥ എഴുതുന്നത്. ഒരു കാലഘട്ടം മൗനിയായിരുന്ന അദ്ദേഹം തിരിച്ചുവരവില്‍ എഴുതിയ ഗംഭീര കഥകളില്‍ ഒന്നാണ് "അഹത്തുള്ളാള്‍". സ്മാര്‍ത്തവിചാരത്തിന്റെ നൂറുവര്‍ഷം ആഘോഷിച്ച സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെച്ചു വായിക്കേണ്ടിയിരുന്ന കഥ.

"അഹത്തുള്ളാളി"ല്‍ രണ്ടു കാലങ്ങളുടെ ഏകോപനമുണ്ട്. ഒരു പോരാട്ടകാലത്തെ ഇങ്ങനെ നര്‍മത്തോടെ നോക്കിക്കാണാന്‍ വി കെ എന്നിനേ കഴിയൂ. ചരിത്രത്തിനു മുകളില്‍ കയറിനിന്ന് വി കെ എന്‍ വര്‍ത്തമാനം പറയുന്നു. നമ്പൂതിരി നവോത്ഥാന ചരിത്രപശ്ചാത്തലത്തിനു നേരെ നോക്കി വി കെ എന്‍ ചിരിക്കുന്നു. ഈ ചിരിയുടെ അലകളാണ് "അഹത്തുള്ളാളി"ല്‍ മുഴങ്ങുന്നത്. മലയാളകഥയില്‍ മറ്റാര്‍ക്കും സാധിക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ . ചരിത്രത്തിന്റെ സാധുത അടര്‍ത്തിയെടുക്കാനാവാത്തവിധം ലയിപ്പിച്ചുകൊണ്ടുതന്നെ വി കെ എന്‍ ചരിത്രത്തെ അപനിര്‍മിക്കുന്നു. നമ്പൂതിരി സ്ത്രീവിമോചനം എന്ന ആശയംതന്നെ എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു എന്ന നോക്കിക്കാണലിനും ഈ കഥ സാധ്യതകള്‍ ഒരുക്കുന്നുണ്ട്.


*****


ജ്യോതിക, കടപ്പാട് :ദേശാഭിമാനി വാരിക